വിഭാഗം - 23

7:182
  • وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ ﴾١٨٢﴿
  • നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരാകട്ടെ, അവര്‍ അറിയാത്ത വിധത്തിലൂടെ അവരെ നാം പടിപടിയായി കൊണ്ടുവന്നു (ശിക്ഷിച്ചു) കൊള്ളാം.
  • وَالَّذِينَ كَذَّبُوا വ്യാജമാക്കിയവരാകട്ടെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ سَنَسْتَدْرِجُهُم നാം അവരെ പടിപടിയായി കൊണ്ടുവരും, പതുക്കെ കൊണ്ടുവരും مِّنْ حَيْثُ വിധത്തിലൂടെ لَا يَعْلَمُونَ അവര്‍ അറിയാത്ത
7:183
  • وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ ﴾١٨٣﴿
  • അവര്‍ക്കു നാം താമസം ചെയ്തു കൊടുക്കുകയും ചെയ്യും. നിശ്ചയമായും, എന്റെ തന്ത്രം ശക്തിമത്തായതാകുന്നു.
  • وَأُمْلِي നാം താമസം (അയവു) നല്‍കും, നീട്ടിയിട്ടുകൊടുക്കും لَهُمْ അവര്‍ക്കു إِنَّ كَيْدِي നിശ്ചയമായും എന്റെ തന്ത്രം, ഉപായം مَتِينٌ ശക്തിമത്താണു, ബലവത്താണു

സൂ: അന്‍ആം 44-ാം വചനത്തിലെ ആശയം തന്നെയാണു ഈ വചനങ്ങളിലും ഉള്ളതു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ വകവെക്കാതെ നിഷേധിച്ചു തള്ളിക്കളയുന്നവരുടെ മേല്‍ ഉടനടി നടപടിയെടുക്കാതെ, സുഖസൗകര്യങ്ങള്‍ നല്‍കിക്കൊണ്ടു ആദ്യം അല്ലാഹു അവരെ അയച്ചുവിടും. പിന്നീടു ഓര്‍ക്കാപ്പുറത്തു അവരെ പിടിച്ചു ശിക്ഷിക്കുകയും ചെയ്യും. അല്ലാഹുവിന്റെ തന്ത്രം ഒരു കാലത്തും പരാജയപ്പെടാത്തവിധം ശക്തിമത്താകുന്നു എന്നു സാരം.

7:184
  • أَوَلَمْ يَتَفَكَّرُوا۟ ۗ مَا بِصَاحِبِهِم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌ مُّبِينٌ ﴾١٨٤﴿
  • അവര്‍ ചിന്തിച്ചു നോക്കുന്നില്ലേ?! അവരുടെ ചങ്ങാതിക്കു (നബിക്കു) ഒരു ഭ്രാന്തുമില്ല; അദ്ദേഹം പ്രത്യക്ഷമായ ഒരു താക്കീതുകാരനല്ലാതെ (മറ്റൊന്നും) അല്ല.
  • أَوَلَمْ يَتَفَكَّرُوا അവര്‍ ചിന്തിക്കുന്നില്ലേ مَا بِصَاحِبِهِم അവരുടെ ചങ്ങാതിയില്‍ (ആള്‍ക്കു - കൂട്ടുകാരനു) ഇല്ല مِّن جِنَّةٍ ഒരു ഭ്രാന്തും, ഭ്രാന്തായിട്ടു (ഒന്നും) إِنْ هُوَ അദ്ദേഹമല്ല إِلَّا نَذِيرٌ ഒരു താക്കീതുകാരന്‍ (മുന്നറിയിപ്പുകാരന്‍) അല്ലാതെ مُّبِينٌ സ്പഷ്ടമായ (തനി), വ്യക്തമായ

അല്ലാഹുവിന്റെ റസൂലുകള്‍ വന്ന്‍ ജനങ്ങളെ തൗഹീദിലേക്കും നേര്‍മ്മാര്‍ഗ്ഗത്തിലേക്കും ക്ഷണിക്കുമ്പോള്‍, സത്യനിഷേധികള്‍ അവരെപ്പറ്റി പലതും പറഞ്ഞുണ്ടാക്കുന്ന കൂട്ടത്തില്‍, അവര്‍ ജാലവിദ്യക്കാരാണു, അല്ലെങ്കില്‍ ഭ്രാന്തന്മാരാണു എന്നു പറയുക പണ്ടേയുള്ള ഒരു പതിവത്രെ. (51: 62). നൂഹ് (عليه الصلاة والسلام) ന്റെ ജനത അദ്ദേഹത്തെപ്പറ്റി അവന്‍ ഭ്രാന്തു പിടിച്ചവനാണെന്നു പറഞ്ഞു (23: 25). മൂസാ (عليه الصلاة والسلام) നെപ്പറ്റി ഫിര്‍ഔനും അങ്ങിനെ പറഞ്ഞു (26 : 27). അതുപോലെ, അവിശ്വാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടും പറഞ്ഞു വന്നിരുന്നു (68:51). ക്വത്താദഃ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇബ്‌നുജരീറും, ഇബ്‌നുല്‍ മുന്‍ദിറും (رحمهما الله) ഉദ്ധരിക്കുന്നു: “സ്വഫാ കുന്നില്‍വെച്ച്‌ ഒരു ദിവസം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി, ഓരോ തറവാട്ടുകാരെയും പ്രത്യേകം പ്രത്യേകം വിളിച്ചു വരുത്തി അവരോടു അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു താക്കീതു നല്‍കുകയുണ്ടായി. അപ്പോള്‍, അവരില്‍ ഒരാള്‍ പറഞ്ഞു: ‘നിങ്ങളുടെ ചങ്ങാതി ഒരു ഭ്രാന്തന്‍ തന്നെയാണു; ഇവന്‍ നേരം പുലരുന്നതുവരെ ഇങ്ങിനെ അട്ടഹസിച്ചു കൊണ്ടിരിക്കുന്നുവല്ലോ.’ അങ്ങനെ ഈ വചനം അവതരിച്ചുവെന്നു എനിക്കു വിവരം ലഭിച്ചിരിക്കുന്നു.”

ജനനം മുതല്‍ക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി ഇടപഴകി പരിചയിച്ചവരാണു ആ ജനത. അദ്ദേഹത്തിനു ഭ്രാന്തോ ബുദ്ധിഭ്രമമോ ഇല്ലെന്നു അവര്‍ക്കു നന്നായി അറിയാം. ഇപ്പോള്‍ അവര്‍ ഈ നിലപാടു തുടരുന്ന പക്ഷം അവര്‍ക്കു അല്ലാഹുവിങ്കല്‍നിന്നു വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ചു അദ്ദേഹം താക്കീതു ചെയ്‌വാന്‍ തുടങ്ങിയപ്പോഴേക്കും അദ്ദേഹം എങ്ങിനെ ഒരു ഭ്രാന്തനായിത്തീരുന്നു?! ഇതവര്‍ ചിന്തിക്കുന്നില്ലേ?! എന്നാണു അല്ലാഹു ചോദിക്കുന്നത്‌.

7:185
  • أَوَلَمْ يَنظُرُوا۟ فِى مَلَكُوتِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا خَلَقَ ٱللَّهُ مِن شَىْءٍ وَأَنْ عَسَىٰٓ أَن يَكُونَ قَدِ ٱقْتَرَبَ أَجَلُهُمْ ۖ فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ ﴾١٨٥﴿
  • ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യത്തിലും അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ള ഏതൊരു വസ്‌തുവിലും, അവരുടെ അവധി അടുത്തു കൂടിയിട്ടുണ്ടായിരിക്കാമെന്നുള്ളതിലും അവര്‍ (മനസ്സിരുത്തി)നോക്കുന്നില്ലേ?!
    എനി, ഇതിനുശേഷം (വേറെ) ഏതൊരു വിഷയത്തിലാണ്‌ അവര്‍ വിശ്വസിക്കു (വാന്‍ പോകു) ന്നത്‌?!
  • أَوَلَمْ يَنظُرُوا അവര്‍ നോക്കുന്നില്ലേ (ആലോചി - ചിന്തി) ക്കുന്നില്ലേ فِي مَلَكُوتِ രാജാധിപത്യത്തില്‍ السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَمَا خَلَقَ اللَّـهُ അല്ലാഹു സൃഷ്‌ടിച്ചതിലും, യാതൊന്നു സൃഷ്ടിച്ചുവോ അതിലും مِن شَيْءٍ ഒരു വസ്‌തുവായിട്ടു, ഏതൊരു വസ്തുവും وَأَنْ عَسَىٰ ആയേക്കാമെന്നതിലും أَن يَكُونَ ഉണ്ടായിരിക്കുക, ആയിരിക്കുക قَدِ اقْتَرَبَ അടുത്തു കൂടിയിട്ടുണ്ട് أَجَلُهُمْ അവരുടെ അവധി فَبِأَيِّ حَدِيثٍ എനി ഏതൊരു വിഷയത്തിലാണു, വര്‍ത്തമാനം കൊണ്ടാണു بَعْدَهُ ഇതിനു (അതിനു) ശേഷം يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഭ്രാന്തൊന്നുമില്ല – ബോധപൂര്‍വ്വം കാര്യം തന്നെയാണു പറയുന്നതു എന്നു കഴിഞ്ഞ വചനത്തില്‍ സ്ഥാപിച്ചു. എനി, അതല്ലെങ്കില്‍ ആകാശഭൂമികളുടെ ഭരണ – കൈകാര്യ – നിയന്ത്രണ വിഷയങ്ങളെപ്പറ്റി അവരൊന്നു ചിന്തിച്ചു നോക്കട്ടെ. വേണ്ടാ, അല്ലാഹു സൃഷ്‌ടിച്ച ഏതൊരു വസ്‌തുവെപ്പറ്റിയും അവരൊന്നു ചിന്തിച്ചു നോക്കട്ടെ. എന്നാലും അവര്‍ക്കു മനസ്സിലാക്കുവാന്‍ കഴിയും, അല്ലാഹു ഏകനാണു, അവനല്ലാതെ റബ്ബും ഇലാഹുമില്ല, മരണാനന്തരം ഒരു ജീവിതമുണ്ടു എന്നിങ്ങിനെ ഈ ക്വുര്‍ആനും മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും പറയുന്നതു ശരിയാണെന്ന്‌. അതുമല്ലെങ്കില്‍ അവര്‍ എനി അധികകാലമൊന്നും ജീവിക്കുകയില്ല – ഒരു പക്ഷേ, വളരെ അടുത്തുതന്നെ മരണപ്പെട്ടേക്കാം – എന്ന വസ്‌തുതയും അവര്‍ക്കറിയാമല്ലോ. അതിനുമുമ്പായി സത്യാവസ്ഥ ഒന്നു മനസ്സിലാക്കുവാന്‍ എന്തുകൊണ്ടു അവര്‍ തുനിയുന്നില്ല?! മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയും പോലെയാണു കാര്യമെങ്കില്‍ അവരുടെ കാര്യം വളരെ അപകടത്തിലായിരിക്കും എന്നെങ്കിലും അവര്‍ ചിന്തിക്കാത്തതു എന്താണു?! തികച്ചും വ്യക്തമായ സത്യയാഥാര്‍ത്ഥ്യങ്ങളാണു ഈ ക്വുര്‍ആന്‍ മുഖേന മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യുന്നത്‌, എന്നിട്ടും അതില്‍ വിശ്വസിക്കുവാന്‍ തയ്യാറല്ലെങ്കില്‍ പിന്നെ എനി ഏതാണു ഇവര്‍ക്കു വിശ്വസിക്കുവാന്‍ പറ്റിയതായി വേറെയുള്ളതു?! എന്നൊക്കെയാണു അല്ലാഹു പറഞ്ഞതിന്റെ താല്‍പര്യം.

7:186
  • مَن يُضْلِلِ ٱللَّهُ فَلَا هَادِىَ لَهُۥ ۚ وَيَذَرُهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ ﴾١٨٦﴿
  • ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവനു (പിന്നെ) നേര്‍മ്മാര്‍ഗ്ഗം നല്‍കുന്നവനില്ല. അ(ങ്ങിനെയുള്ള) വരെ അവരുടെ അതിക്രമത്തില്‍ (അന്തംവിട്ട്‌) അലയുന്നവരായി അവന്‍ വിട്ടുകളയുന്നതുമാണു.
  • مَن يُضْلِلِ ഏതൊരുവനെ (ആരെ) വഴിപിഴവിലാക്കുന്നുവോ اللَّـهُ അല്ലാഹു فَلَا هَادِيَ എന്നാല്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്ന (വഴി കാട്ടുന്ന) വനില്ല لَهُ അവനു وَيَذَرُهُمْ അവരെ അവന്‍ വിടുകയും ചെയ്യും فِي طُغْيَانِهِمْ അവരുടെ അതിരു കവിച്ചലില്‍, ധിക്കാരത്തില്‍ يَعْمَهُونَ അവര്‍ അലയുന്നതായി, (അന്തംവിട്ടു - അന്ധാളിച്ചു - പരിഭ്രമിച്ചു) നടക്കുമാറു

ശാഠ്യത്തിലും മര്‍ക്കട മുഷ്‌ടിയിലും ഉറച്ചു നില്‍ക്കുന്നവരെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല. അവന്‍ സന്‍മാര്‍ഗത്തിലാക്കാത്തവരെല്ലാം വഴിപിഴച്ചവര്‍ തന്നെ. അവര്‍ക്കു നേര്‍വഴി കാട്ടി സന്‍മാര്‍ഗത്തിലേക്കു നയിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. വഴിതെറ്റി മരുഭൂമിയില്‍ അലഞ്ഞു നടക്കുന്നവരെപ്പോലെ, ലക്ഷ്യബോധമില്ലാതെ മതിമറന്നും അന്തംവിട്ടും അലഞ്ഞു നടക്കുവാന്‍ തല്‍ക്കാലം അല്ലാഹു അവരെ വിട്ടേക്കും, അവസാനം പിടിച്ചു ശിക്ഷിക്കുകയും ചെയ്യും.

7:187
  • يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّى ۖ لَا يُجَلِّيهَا لِوَقْتِهَآ إِلَّا هُوَ ۚ ثَقُلَتْ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً ۗ يَسْـَٔلُونَكَ كَأَنَّكَ حَفِىٌّ عَنْهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾١٨٧﴿
  • (നബിയേ,) അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നു; അതിന്റെ സ്ഥാപനം [അതു സംഭവിക്കല്‍] ഏതു സമയത്താണെന്നു. പറയുക: "നിശ്ചയമായും അതിന്റെ അറിവു എന്റെ റബ്ബിന്റെ പക്കല്‍ മാത്രമാണു. അതിന്റെ സമയത്തു അവനല്ലാതെ (ആരും) അതിനെ വെളിപ്പെടുത്തുകയില്ല. ആകാശങ്ങളിലും, ഭൂമിയിലും അതു (വളരെ) ഭാരിച്ചതായിരിക്കുന്നതാണു. പെട്ടന്നല്ലാതെ അതു നിങ്ങള്‍ക്കു വരുകയില്ല."
    (നബിയേ) നീ അതിനെക്കുറിച്ച്‌ കിണഞ്ഞന്വേഷിച്ച(റിഞ്ഞ)വനാണെന്നവിധം അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: "നിശ്ചമായും, അതിന്റെ അറിവു അല്ലാഹുവിങ്കല്‍ മാത്രമാകുന്നു; എങ്കിലും, മനുഷ്യരില്‍ അധികമാളുകളും അറിയുന്നില്ല.
  • يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ السَّاعَةِ അന്ത്യസമയത്തെപ്പറ്റി أَيَّانَ ഏതു സമയത്താണു, എന്നേരമാണു مُرْسَاهَا അതിന്റെ സ്ഥാപനം (സംഭവിക്കല്‍), നങ്കൂരമിടല്‍ قُلْ പറയുക إِنَّمَا عِلْمُهَا നിശ്ചയമായും അതിന്റെ (അതു സംബന്ധിച്ച) അറിവു عِندَ رَبِّي എന്റെ റബ്ബിന്റെ അടുക്കല്‍ (മാത്രം) ആകുന്നു لَا يُجَلِّيهَا അതിനെ വെളിപ്പെടുത്തുകയില്ല لِوَقْتِهَا അതിന്റെ സമയത്തേക്ക് (സമയത്തു) إِلَّا هُوَ അവനല്ലാതെ ثَقُلَتْ അതു ഭാരിച്ചതാണു, ഭാരമായിരിക്കുന്നു فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും لَا تَأْتِيكُمْ അതു നിങ്ങള്‍ക്കു വരുകയില്ല إِلَّا بَغْتَةً പെട്ടന്നല്ലാതെ يَسْأَلُونَكَ നിന്നോടവര്‍ ചോദിക്കുന്നു كَأَنَّكَ നീ ആണെന്നപോലെ, ആകുന്നുവെന്നോണം حَفِيٌّ കിണഞ്ഞന്വേഷിക്കുന്ന (അറിയുന്ന) വന്‍ عَنْهَا അതിനെപ്പറ്റി قُلْ പറയുക إِنَّمَا عِلْمُهَا നിശ്ചമായും അതിന്റെ അറിവു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ (മാത്രം) ആകുന്നു وَلَـٰكِنَّ എങ്കിലും, എന്നാല്‍, പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല

السَّاعَة (സാഅത്ത്‌) എന്നാല്‍ അല്‍പം സമയം എന്നത്രെ ഭാഷാര്‍ത്ഥം. നാഴിക, വിനാഴിക, മണിക്കൂര്‍ (ഒരു ദിവസത്തിന്റെ ഇരുപത്തിനാലില്‍ ഒരംശം) എന്നീ അര്‍ത്ഥങ്ങളില്‍ അതു ഉപയോഗിച്ചു വരുന്നു. ال (അല്‍) എന്ന അവ്യയം കൂടി ചേര്‍ത്ത്‌ السَّاعَة എന്നു പറയുമ്പോള്‍ അതു ഒരു പ്രത്യേക സമയത്തെ കുറിക്കുന്നു. ലോകാവസാന ദിവസമാകുന്ന അന്ത്യസമയത്തെ ഉദ്ദേശിച്ചാണ്‌ ക്വുര്‍ആനില്‍ ആ വാക്കു ഉപയോഗിക്കാറുള്ളത്‌. നാല്‍പത്‌ സ്ഥലത്തു ക്വുര്‍ആനില്‍ അതു വന്നിട്ടുണ്ട്‌. അവിടെയെല്ലാം ഈ അര്‍ത്ഥത്തിലാണു അതുള്ളത്‌. രണ്ടു പ്രാവശ്യം കാഹളം ഊതപ്പെടുമെന്നും, ഒന്നാമത്തെ ഊത്തോടുകൂടി ലോകാവസാനവും ജീവികളുടെ നാശവും സംഭവിക്കുകയും, രണ്ടാമത്തെ ഊത്തോടുകൂടി പുനര്‍ജീവിതവും വിചാരണ മുതലായ അനന്തര സംഭവങ്ങളും ഉണ്ടാകുകയും ചെയ്യുമെന്നും ക്വുര്‍ആനില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാണ്‌. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന വാക്കുകളാണ്‌ ‘ക്വിയാമത്തുനാളും’, ‘അന്ത്യനാളും’ (يَوْمُ الْقِيَمَةِ وَالْيَوْمُ الْآخِرَ). ക്വിയാമത്തുനാളിന്റെ ആദ്യഘട്ടത്തെ – അഥവാ ലോകനാശം സംഭവിക്കുന്ന സമയത്തെ – ഉദ്ദേശിച്ചാണു السَّاعَة എന്ന വാക്കു അധികം പറയപ്പെടാറുള്ളത്‌. ഒരു മിടിയിടകൊണ്ടു എല്ലാം കഴിഞ്ഞുപോകുമാറ്‌ അത്ര പെട്ടെന്നായിരിക്കും അതു സംഭവിക്കുക. അതുകൊണ്ടായിരിക്കാം അതിനു ഈ വാക്കു ഉപയോഗിക്കുന്നത്‌. അല്ലാഹുവിനറിയാം. ‘അന്ത്യസമയം, അന്ത്യഘട്ടം’ എന്നൊക്കെ അതു ഭാഷാന്തരം ചെയ്യപ്പെട്ടുവരുന്നു.

حَفِيٌّ (ഹഫിയ്യ്‌) എന്നതു ഏതെങ്കിലും വിഷയത്തിലുള്ള താല്‍പര്യം നിമിത്തം അതിനെപ്പറ്റി കിണഞ്ഞു അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലും, കൃപയും സ്‌നേഹവുമുള്ള മാന്യന്‍ – അല്ലെങ്കില്‍ സ്‌നേഹിതന്‍ – എന്ന അര്‍ത്ഥത്തിലും വരാവുന്ന വാക്കാകുന്നു. രണ്ടു പ്രകാരത്തിലും ഇവിടെ അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുമുണ്ട്‌. ആദ്യത്തെ അര്‍ത്ഥപ്രകാരം كَأَنَّكَ حَفِيٌّ عَنْهَا എന്നു പറഞ്ഞതിന്റെ സാരം ഇങ്ങിനെയായിരിക്കും: ആ സമയത്തെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നതു കണ്ടാല്‍ നീ അതിനെപ്പറ്റി വേണ്ടത്ര അന്വേഷിച്ചറിഞ്ഞുവെച്ച ആളാണെന്നു തോന്നിപ്പോകും. രണ്ടാമത്തെ അര്‍ത്ഥപ്രകാരം, ആ സമയത്തെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നതു കണ്ടാല്‍ നീ അവരുടെ ഒരു ഉറ്റ സ്‌നേഹിതനാണെന്നു തോന്നിപ്പോകും – അഥവാ അതുകൊണ്ടു നീ അവര്‍ക്കതു പറഞ്ഞുകൊടുക്കാതിരിക്കുകയില്ല – എന്നായിരിക്കും സാരം.

അല്ലാഹുവിന്റെ ഏകത്വത്തെ സംബന്ധിക്കുന്ന തൗഹീദിലും, പരലോക ജീവിതത്തോടു ബന്ധപ്പെട്ട അന്ത്യനാളിലുമാണല്ലോ അവിശ്വാസികള്‍ക്കു ഏറ്റവുമധികം നിഷേധമുള്ളതു. അതുകൊണ്ടു അങ്ങനെ ഒരു അന്ത്യസമയമുണ്ടെങ്കില്‍ അതെപ്പോഴാണു സംഭവിക്കുക എന്നു പരിഹാസ രൂപത്തിലും, നിഷേധ രൂപത്തിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അവര്‍ ചോദിച്ചുകൊണ്ടിരിക്കും. ഇതിനുള്ള മറുപടിയാണു ഈ വചനത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നത്‌. ഈ ചോദ്യവും മറുപടിയും ക്വുര്‍ആനില്‍ ഒന്നിലധികം സ്ഥലത്തു കാണാവുന്നതാകുന്നു. എല്ലാ സ്ഥലത്തും പറഞ്ഞ മറുപടിയുടെ ചുരുക്കം ഇതാണു: അതെപ്പോഴാണെന്നു അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ. മറ്റാര്‍ക്കും അറിയുകയില്ല. ആര്‍ക്കും അവന്‍ അറിയിച്ചുകൊടുക്കുകയുമില്ല. അവനുമാത്രം അറിയാവുന്ന ഒരു പരമ രഹസ്യമാണതു’. ഈ ആശയം വളരെ വ്യക്തമായും ആവര്‍ത്തിച്ചും പറയപ്പെട്ടിട്ടുണ്ടു താനും. അപ്പോള്‍ ഭൂലോകത്തുള്ള എല്ലാ ശാസ്‌ത്രജ്ഞന്‍മാരും, ഗണിതക്കാരും, വേദാന്തികളും – എന്നു വേണ്ട, എല്ലാ തരം ആളുകളും – ഒത്തു ചേര്‍ന്നുകൊണ്ടു ലോകാവസാന സംഭവം ഇന്ന കാലത്തു നടക്കുമെന്നു പ്രവചിച്ചാലും അല്ലാഹുവിന്റെ ഈ മറുപടിയെപ്പറ്റി അറിയാവുന്ന ഒരു സത്യവിശ്വാസിക്കു അതു തനി വിഡ്‌ഢിത്തമായിട്ടല്ലാതെ കണക്കാക്കുവാന്‍ സാധിക്കുകയില്ല. ചില ജ്യോല്‍സ്യന്‍മാര്‍ ചേര്‍ന്നു ലോകാവസാനം ഇന്ന കാലത്തു സംഭവിക്കുമെന്നു പ്രവചിക്കുകയും, അതു കേട്ടു പാശ്ചാത്യരും പൗരസ്‌ത്യരുമടക്കം എത്രയോ ജനങ്ങള്‍ ഭയവിഹ്വലരായിക്കൊണ്ടു അതു കാത്തിരിക്കുകയും, അവസാനം അതൊരു ദുഃസ്വപ്‌നമായി കലാശിക്കുകയും ചെയ്‌തിട്ടുള്ളതു ഒന്നിലധികം പ്രാവശ്യം നാമൊക്കെ കണ്ടു കഴിഞ്ഞതാണ്‌. ആ കാത്തിരിപ്പില്‍ കുറേ മുസ്‌ലിം സാമാന്യ ജനങ്ങളും അകപ്പെടാതിരുന്നിട്ടില്ല. അറിവില്ലായ്‌മയോ, വിശ്വാസക്കുറവോ മാത്രമാണതിനു കാരണമെന്നു തീര്‍ച്ചതന്നെ. ക്വുര്‍ആനില്‍ വിശ്വസിക്കുകയും, അതിലെ പ്രാഥമിക പാഠങ്ങള്‍ ഗ്രഹിക്കുകയും ചെയ്‌തിട്ടുള്ള ഒരാളും അത്തരം പ്രവചനങ്ങള്‍ക്കു ചെവി കൊടുക്കുകയില്ല താനും.

അന്ത്യസമയം എപ്പോഴാണെന്നു അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ല. എന്നാല്‍, അതിനു അവന്‍ ഒരു നിശ്ചിത സമയം നിശ്ചയിച്ചുവെച്ചിട്ടുണ്ട്‌; ആ സമയം വരുമ്പോഴായിരിക്കും അതു സംഭവിക്കുക; അതു വെളിപ്പെടുത്തുന്നതില്‍ മറ്റാര്‍ക്കും ഒരു പങ്കും ഉണ്ടായിരിക്കുകയില്ല എന്നൊക്കെ لايُجَلِّيهَا لِوَقْتِهَا إِلاهُوَ (അതിന്റെ സമയത്തു അവനല്ലാതെ അതിനെ വെളിപ്പെടുത്തുകയില്ല) എന്ന വാക്യത്തില്‍ നിന്നും മനസ്സിലാക്കാം. അന്നത്തെ ദിവസം സകല ജീവികളും നാശമടയും, ആകാശഭൂമികളുടെ നിലയെല്ലാം താറുമാറായിപ്പോകും, സൂര്യചന്ദ്ര നക്ഷത്രങ്ങളെല്ലാം സ്ഥാനം തെറ്റി ഉതിര്‍ന്നു പോകും എന്നിങ്ങിനെ അതിഭയങ്കരങ്ങളായ അനേകം സംഭവവികാസങ്ങള്‍ ഉണ്ടായിത്തീരുമെന്നു പല സ്ഥലങ്ങളിലും – താഴേ സൂറത്തുകളില്‍ വിശേഷിച്ചും – അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. സൂറത്തുല്‍ ഹജ്ജിന്റെ ആദ്യവചനത്തില്‍ അല്ലാഹു പറയുന്നു: “നിശ്ചയമായും അന്ത്യസമയത്തിന്റെ പ്രകമ്പനം വമ്പിച്ച ഒരു കാര്യമാണ്‌: അതു നിങ്ങള്‍ കാണുന്ന ദിവസം, മുലകൊടുക്കുന്ന സ്‌ത്രീകളെല്ലാം അവര്‍ മുലകൊടുക്കുന്നവരെപ്പറ്റി ശ്രദ്ധവിട്ടുപോകും; ഗര്‍ഭിണികളെല്ലാം അവരുടെ ഗര്‍ഭം പ്രസവിച്ചു പോകും: മനുഷ്യരെ മത്തുപിടിച്ചവരായും നിനക്കു കാണാം’. ثَقُلَتْ فِي السَّمَاوَاتِ وَالأرْضِ (ആകാശങ്ങളിലും ഭൂമിയിലും അതു വളരെ ഭാരിച്ചതാണു) എന്നു പറഞ്ഞതു അതൊക്കെയാണു സൂചിപ്പിക്കുന്നത്‌. യാതൊരു മുന്നറിയിപ്പും കൂടാതെ തികച്ചും യാദൃശ്ചികമായിട്ടായിരിക്കും അതു സംഭവിക്കുകയെന്നും അല്ലാഹു അറിയിച്ചു തരുന്നു. لَا تَأْتِيكُمْ إِلَّا بَغْتَةً (പെട്ടെന്നല്ലാതെ അതു നിങ്ങള്‍ക്കു വരുകയില്ല) എന്നാണു ഇവിടെ അല്ലാഹു പറഞ്ഞ വാക്ക്‌. മറ്റൊരു സ്ഥലത്ത്‌ പറയുന്നതു ഇങ്ങിനെയാണു:

وَمَاأَمْرُ السَّاعَةِ إِلاكَلَمْح الْبَصَرِ أَوْ هُوَ أَقْرَبُ

(സാരം: അന്ത്യസമയത്തിന്റെ കാര്യം കണ്ണിമവെട്ടുന്നതുപോലെയല്ലാതെ ഇല്ല. അല്ലെങ്കില്‍ അതു കൂടുതല്‍ അടുപ്പം – വേഗത – യുള്ളതാകുന്നു (നഹ്‌ല്‍: 77). ‘അന്ത്യസമയം നിലവില്‍ വരുമ്പോള്‍, കൊള്ളക്കൊടുക്കല്‍ നടത്തുന്ന രണ്ടാളുകള്‍ അവര്‍ക്കിടയില്‍ നിവര്‍ത്തിപ്പിടിച്ച വസ്‌ത്രം മടക്കുവാന്‍ അവര്‍ക്കു കഴിയുകയില്ല. വെള്ളത്തൊട്ടി ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്നവനു അതില്‍ നിന്നു വെള്ളം കുടിക്കുവാന്‍ കഴിയുകയില്ല, പാല്‍ കറക്കുന്നവനു അതു കുടിക്കുവാന്‍ കഴിയുകയില്ല. ഭക്ഷണം വായിലേക്കു പൊക്കിയവനു അതു തിന്നുവാന്‍ കഴിയുകയില്ല’. എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും അരുളിച്ചെയ്‌തിരിക്കുന്നു (ബു.മു).

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയടക്കമുള്ള പ്രവാചകന്‍മാര്‍ക്കോ, ജിബ്‌രീല്‍ (عليه الصلاة والسلام) അടക്കമുള്ള മലക്കുകള്‍ക്കോ ആര്‍ക്കും തന്നെ അന്ത്യസമയം എപ്പോഴായിരിക്കും എന്നറിയുകയില്ലെന്നുള്ളതില്‍ സംശയമില്ല. അതുകൊണ്ടാണ്‌ സ്വഹാബികള്‍ക്കു മതകാര്യങ്ങള്‍ ചോദിച്ചറിയുന്നതു പഠിക്കുവാന്‍ വേണ്ടി മനുഷ്യ രൂപത്തില്‍ ജിബ്‌രീല്‍ (عليه الصلاة والسلام) വന്നു നടത്തിയ ചോദ്യോത്തരങ്ങളില്‍, അന്ത്യസമയം എപ്പോഴാണെന്ന്‌ ജിബ്‌രീല്‍ (عليه الصلاة والسلام) ചോദിച്ചപ്പോള്‍ مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ (ചോദിക്കപ്പെട്ടവന്‍ ചോദ്യകര്‍ത്താവിനേക്കാള്‍ അതിനെപ്പറ്റി അറിയുന്നവനല്ല) എന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞത്‌ (മു). എന്നിരിക്കെ, ലോകാവസാനം ഇന്നപ്പോഴായിരിക്കുമെന്നു സൂചിപ്പിച്ചുകൊണ്ട്‌ ചില ഗ്രന്ഥങ്ങളില്‍ കാണുന്ന രിവായത്തുകള്‍ സ്വീകാര്യങ്ങളല്ലെന്നു പറയേണ്ടതില്ലല്ലോ. എന്നാല്‍, അതിനു മുമ്പായി ചില അടയാളങ്ങള്‍ ഉണ്ടാവാനുണ്ടെന്നും, ചില അടയാളങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടെന്നും ക്വുര്‍ആനില്‍ നിന്നും ഹദീഥുകളില്‍ നിന്നുമായി മനസ്സിലാക്കാവുന്നതുമാകുന്നു. സൂഃ മുഹമ്മദില്‍ “അന്ത്യസമയം അവര്‍ക്കു -അവിശ്വാസികള്‍ക്കു – പെട്ടെന്നു വന്നെത്തുന്നതല്ലാതെ അവര്‍ നോക്കിക്കാത്തുകൊണ്ടിരിക്കുന്നുവോ?!’ എന്നു ചോദിച്ചുകൊണ്ടു അല്ലാഹു പറയുന്നു: فَقَدْ جَاءَ أَشْرَاطُهَا (എന്നാല്‍ അതിന്റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞു (മുഹമ്മദ്‌ : 18). ഈ അടയാളത്തില്‍ പ്രധാനപ്പെട്ട ഒന്നാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വെളിപാടു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ചൂണ്ടുവിരലും നടുവിരലും ചേര്‍ത്തു പിടിച്ചുകൊണ്ട്‌ بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ (ഞാനും അന്ത്യസമയവും ഈ രണ്ടും പോലെ – അടുത്തതായി – നിയോഗിക്കപ്പെട്ടിരിക്കുന്നു.) എന്നു പറഞ്ഞിരിക്കുന്നു (ബു.മു).

കുഴപ്പങ്ങളുടെയും കലഹങ്ങളുടെയും ആധിക്യം, വ്യഭിചാരത്തിന്റെയും സദാചാര വിരുദ്ധമായ പ്രസ്ഥാനങ്ങളുടെയും മറ്റും പ്രചാരം, ധാര്‍മ്മികാരാജകത്വം, കള്ളവാദികളുടെ വെളിപാടു, ദൈവനിഷേധത്തിന്റെയും ശിര്‍ക്കിന്റെയും വളര്‍ച്ച, സ്‌ത്രീകളുടെ പെരുപ്പം, സ്‌ത്രീകള്‍ പുരുഷവേഷം അണിയല്‍ എന്നിങ്ങനെ പലതും കാലാവസാനത്തിന്റെ അടയാളങ്ങളായി ബലവത്തായ ഹദീഥുകളില്‍ വന്നിരിക്കുന്നു. പ്രസ്‌തുത ഹദീഥുകളുടെ യഥാര്‍ത്ഥോദ്ദേശ്യം മനസ്സിലാക്കാത്ത ചില സാമാന്യ ബുദ്ധികള്‍ ധരിക്കാറുള്ളതും വക്രതാല്‍പര്യക്കാരായ ചില ദുര്‍ബുദ്ധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുള്ളതും പോലെ, അന്ത്യസമയത്തെക്കുറിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു വല്ല മുന്നറിവും ഉണ്ടെന്നല്ല അവയുടെ അര്‍ത്ഥം. കാലാവസാനത്തിനു മുമ്പു ഇങ്ങിനെ ചിലതെല്ലാം സംഭവിച്ചേക്കുമെന്നും അതു അടുത്തടുത്തുവന്നുകൊണ്ടിരിക്കുന്നുവെന്നും, കാണിക്കുന്ന ചില ലക്ഷണങ്ങളാണു അവയെന്നുമത്രെ താല്‍പര്യം. അല്ലാഹുവില്‍ നിന്നു അറിവ് ലഭിക്കാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറഞ്ഞ കാര്യങ്ങളൊന്നും പറയുകയില്ല തന്നെ.

7:188
  • قُل لَّآ أَمْلِكُ لِنَفْسِى نَفْعًا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُ ۚ وَلَوْ كُنتُ أَعْلَمُ ٱلْغَيْبَ لَٱسْتَكْثَرْتُ مِنَ ٱلْخَيْرِ وَمَا مَسَّنِىَ ٱلسُّوٓءُ ۚ إِنْ أَنَا۠ إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ ﴾١٨٨﴿
  • (നബിയേ) പറയുക: "എന്റെ സ്വന്തത്തിനു (തന്നെ) ഒരു ഉപകാരമാകട്ടെ, ഉപദ്രവമാകട്ടെ ഞാന്‍ അധീനമാക്കുന്നില്ല [എനിക്കതിനു കഴിവില്ല]; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. ഞാന്‍ അദൃശ്യ കാര്യം അറിയുമായിരുന്നുവെങ്കില്‍, ഞാന്‍ ഗുണത്തില്‍ നിന്നു (ധാരാളം) വര്‍ദ്ധിപ്പിച്ചു വെക്കുക തന്നെ ചെയ്യുമായിരുന്നു; തിന്മ എന്നെ സ്‌പര്‍ശിക്കുകയുമില്ലായിരുന്നു. ഞാന്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്കു ഒരു താക്കീതുകാരനും, സന്തോഷമറിയിക്കുന്നവനുമല്ലാതെ (മറ്റാരും) അല്ല."
  • قُل പറയുക لَّا أَمْلِكُ ഞാന്‍ ഉടമ (സ്വാധീന) പ്പെടുത്തുന്നില്ല (എനിക്കു കഴിയുകയില്ല) لِنَفْسِي എന്റെ സ്വന്തത്തിനു, എനിക്കുതന്നെ نَفْعًا ഒരു ഉപകാരത്തെയും وَلَا ضَرًّا ഉപദ്രവത്തെയുമില്ല إِلَّا مَا شَاءَ ഉദ്ദേശിച്ചതല്ലാതെ اللَّـهُ അല്ലാഹു وَلَوْ كُنتُ ഞാനായിരുന്നെങ്കില്‍ أَعْلَمُ ഞാന്‍ അറിയും الْغَيْبَ അദൃശ്യത്തെ, മറഞ്ഞ കാര്യം لَاسْتَكْثَرْتُ ഞാന്‍ പെരുപ്പി (അധികരിപ്പി - വര്‍ദ്ധിപ്പി) ക്കുക തന്നെ ചെയ്യുമായിരുന്നു مِنَ الْخَيْرِ ഗുണത്തില്‍ (നല്ലതില്‍) നിന്നു وَمَا مَسَّنِيَ എന്നെ സ്‌പര്‍ശിക്കുക (തോടുക - ബാധിക്കുക) യുമില്ല السُّوءُ തിന്മ, ദോഷം إِنْ أَنَا ഞാനല്ല إِلَّا نَذِيرٌ ഒരു താക്കീതു (മുന്നറിയിപ്പു) കാരന്‍ അല്ലാതെ وَبَشِيرٌ ഒരു സന്തോഷമറിയിക്കുന്നവനും لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌

അന്ത്യസമയം എപ്പോള്‍ സംഭവിക്കുമെന്നു എനിക്കറിഞ്ഞുകൂടാ എന്നു പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞ വചനം മുഖേന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു കല്‍പിച്ചു. ഈ വചനത്തില്‍, അതുപോലെയുള്ള പല കാര്യങ്ങളും ഉള്‍പ്പെടുന്ന ഒരു പൊതു തത്വം ജനങ്ങളോടു പ്രഖ്യാപിക്കുവാന്‍ കല്‍പിക്കുന്നു. അദൃശ്യമായ – അഥവാ മനുഷ്യന്റെ ഗ്രഹണേന്ദ്രിയങ്ങള്‍ക്കതീതമായ – കാര്യങ്ങളൊന്നും എനിക്കറിഞ്ഞുകൂടാ, എന്റെ സ്വന്തം ദേഹത്തിനു പോലും വല്ല ഗുണമോ ദോഷമോ ചെയ്‌വാന്‍ എനിക്കു സ്വന്തം നിലക്കു കഴിവില്ല. അല്ലാഹു വല്ലതും അറിയിച്ചു തന്നാല്‍ അതറിയും, ഏതെങ്കിലും ഗുണമോ, ദോഷമോ എനിക്കുണ്ടാകണമെന്നു അവന്‍ ഉദ്ദേശിച്ചാല്‍ അതുണ്ടാകുകയും ചെയ്യും. അതിനപ്പുറം ഒരു കഴിവും എനിക്കില്ല. അദൃശ്യങ്ങളെപ്പറ്റി എനിക്കറിയാമായിരുന്നുവെങ്കില്‍ എനിക്കു എത്രയോ നന്മകള്‍ നേടിവെക്കാമായിരുന്നു. തിന്മകളായി ഒന്നുംതന്നെ എന്നെ ബാധിക്കുകയും ചെയ്യുമായിരുന്നില്ല. മനുഷ്യാതീതമായ കഴിവുകളൊന്നും എനിക്കില്ല. പക്ഷെ, ഞാന്‍ അല്ലാഹു നിയോഗിച്ചയച്ച അവന്റെ റസൂലാണ്‌, സജ്ജനങ്ങള്‍ക്കു പുണ്യഫലങ്ങളെക്കുറിച്ചു സന്തോഷവാര്‍ത്തയും, ദുര്‍ജ്ജനങ്ങള്‍ക്കു ശിക്ഷകളെക്കുറിച്ചു താക്കീതും നല്‍കലാണു എന്റെ ചുമതല, സത്യവിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറുള്ളവര്‍ക്കേ അതു പ്രയോജനപ്പെടുകയുള്ളൂ. എന്നൊക്കെയാണു ഈ പ്രഖ്യാപനത്തിന്റെ സാരം.

അന്ത്യപ്രവാചകനും, പ്രവാചക ശ്രേഷ്‌ഠനുമായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അവസ്ഥ തന്നെ ഇതാണെങ്കില്‍, മറ്റേതെങ്കിലും ഒരു മഹാത്മാവിനോ, പുണ്യവാളനോ മറഞ്ഞ കാര്യം അറിയും – അല്ലെങ്കില്‍ മനുഷ്യാതീതമായ വല്ല കാര്യവും ചെയ്‌വാന്‍ കഴിയും – എന്നു ഊഹിക്കുവാന്‍ സാധ്യമാണോ? ആലോചിച്ചു നോക്കുക! മുമ്പ്‌ മരണപ്പെട്ടവരോ, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരോ ആയ ചില വ്യക്തികള്‍ക്കു – അവര്‍ എത്രതന്നെ ഉന്നതന്‍മാരായിരുന്നാലും – അങ്ങിനെയുള്ള കഴിവുകള്‍ വല്ലതും നല്‍കപ്പെട്ടിട്ടുണ്ടെന്നു വിശ്വസിക്കുന്ന പാമരന്‍മാരെപ്പറ്റി അവര്‍ക്കറിഞ്ഞു കൂടായ്‌മയാണെന്നു സമാധാനിച്ചേക്കാം. അത്തരം അന്ധവിശ്വാസങ്ങളെയും അജ്ഞതകളെയും ഊട്ടിയുറപ്പിച്ചു നിലനിറുത്തുന്ന പണ്ഡിതന്മാരെപ്പറ്റി എന്താണു വിധി കല്‍പിക്കേണ്ടതെന്നു നിഷ്‌പക്ഷ ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ!

അദൃശ്യജ്ഞാനം ഉള്ളവര്‍ക്കു ഇന്നകാര്യം ഇന്നപ്പോള്‍ ഇന്നതുപോലെ സംഭവിക്കുമെന്നറിയാവുന്നതുകൊണ്ടു ഇന്നിന്ന പ്രകാരമുള്ള നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കേണ്ടതുണ്ടെന്നും, അല്ലെങ്കില്‍ സ്വീകരിച്ചു കൂടാ എന്നും നേരത്തെത്തന്നെ അറിയുമല്ലോ. അങ്ങിനെ, ഇടപാടുകള്‍ ലാഭകരമായിരിക്കുവാനും, യുദ്ധത്തിലും, വ്യവഹാരത്തിലും വിജയം മാത്രം വരിക്കുവാനും, എന്നുവേണ്ട, ഉദ്ദേശിച്ച കാര്യങ്ങളത്രയും പ്രയാസം കൂടാതെ സാധിക്കുവാനും അവര്‍ക്കു കഴിയുന്നതാണ്‌. അപായങ്ങളും ബുദ്ധിമുട്ടുകളും നേരിടാതെ മുന്‍ കരുതലെടുക്കുവാനും കഴിയും. എനിക്കു അതിനൊന്നും കഴിയുന്നില്ലല്ലോ, എന്നത്രെ …وَلَوْ كُنْتُ أَعْلَمُ الْغَيْبَ (ഞാന്‍ അദൃശ്യ കാര്യം അറിയുമായിരുന്നെങ്കില്‍……..) എന്നു തുടങ്ങിയ വാക്യത്തിന്റെ താല്‍പര്യം.

വിഭാഗം - 24

7:189
  • هُوَ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا ۖ فَلَمَّا تَغَشَّىٰهَا حَمَلَتْ حَمْلًا خَفِيفًا فَمَرَّتْ بِهِۦ ۖ فَلَمَّآ أَثْقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنْ ءَاتَيْتَنَا صَـٰلِحًا لَّنَكُونَنَّ مِنَ ٱلشَّـٰكِرِينَ ﴾١٨٩﴿
  • അവനത്രെ, ഒരേ വ്യക്തിയില്‍ [ആളില്‍] നിന്നു നിങ്ങളെ സൃഷ്‌ടിച്ചവന്‍. അതില്‍ നിന്നു (തന്നെ) അതിന്റെ ഇണയെ [ഭാര്യയെ] യും അവന്‍ ഉണ്ടാക്കി - അവന്‍ അവളുടെ അടുക്കല്‍ (ചെന്ന്‌) സമാധാനിക്കുവാന്‍ വേണ്ടി.
    അങ്ങനെ, അവന്‍ [പുരുഷന്‍] അവളില്‍ [സ്‌ത്രീയില്‍] പ്രവേശനമുണ്ടായപ്പോള്‍, അവള്‍ ഒരു ലഘുവായ ഗര്‍ഭം ധരിച്ചു; എന്നിട്ടു അതുമായി അവള്‍ നടക്കുകയായി.
    അങ്ങനെ, അവള്‍ക്കു (ഗര്‍ഭ) ഭാരം കൂടി വന്നപ്പോള്‍, അവര്‍ രണ്ടാളും തങ്ങളുടെ റബ്ബായ അല്ലാഹുവിനെ വിളിച്ചു [പ്രാര്‍ത്ഥിച്ചു]. "നീ ഞങ്ങള്‍ക്കു ഒരു നല്ലവനെ [നല്ലതായ കുട്ടിയെ] നല്‍കുന്ന പക്ഷം, നിശ്ചയമായും, ഞങ്ങള്‍ നന്ദി കാണിക്കുന്നവരില്‍ പെട്ടവരായിരിക്കുന്നതാണ്‌."
  • هُوَ الَّذِي خَلَقَكُم അവനത്രെ നിങ്ങളെ സൃഷ്‌ടിച്ചവന്‍ مِّن نَّفْسٍ ഒരേ ആത്മാവില്‍ (ആളില്‍ - വ്യക്തിയില്‍ - ദേഹത്തില്‍) നിന്നു وَاحِدَةٍ ഒരേ, ഏക وَجَعَلَ مِنْهَا അതില്‍നിന്നു ആക്കുക (ഉണ്ടാക്കുക) യും ചെയ്തു زَوْجَهَا അതിന്റെ ഇണ (ഭാര്യ) യെ لِيَسْكُنَ അവന്‍ സമാധാനിക്കു(ഇണങ്ങു)വാന്‍വേണ്ടി إِلَيْهَا അവളിലേക്കു, അവളുടെ അടുക്കല്‍ (ചെന്ന്‌) فَلَمَّا تَغَشَّاهَا അങ്ങനെ അവന്‍ അവളില്‍ പ്രവേശനമുണ്ടായപ്പോള്‍ حَمَلَتْ അവള്‍ വഹിച്ചു (ധരിച്ചു) حَمْلًا ഒരു വഹിക്കല്‍ (ഗര്‍ഭം) خَفِيفًا ലഘുവായ, നേരിയ فَمَرَّتْ എന്നിട്ടവള്‍ നടന്നു بِهِ അതുകൊണ്ടു, അതുമായി فَلَمَّا أَثْقَلَت അങ്ങനെ അവള്‍ (ഗര്‍ഭം മൂലം) ഭാരപ്പെട്ട (ഭാരം കൂടിയ) പ്പോള്‍ دَّعَوَا അവര്‍ രണ്ടാളും വിളിച്ചു, പ്രാര്‍ത്ഥിച്ചു اللَّـهَ رَبَّهُمَا അവരുടെ റബ്ബായ അല്ലാഹുവിനെ لَئِنْ آتَيْتَنَا നീ ഞങ്ങള്‍ക്കു നല്‍കിയെങ്കില്‍ صَالِحًا ഒരു നല്ലവനെ (നല്ല കുട്ടിയെ) لَّنَكُونَنَّ നിശ്ചയമായും ഞങ്ങള്‍ ആയിത്തീരും مِنَ الشَّاكِرِينَ നന്ദി കാണിക്കുന്നവരില്‍ പെട്ടവര്‍.
7:190
  • فَلَمَّآ ءَاتَىٰهُمَا صَـٰلِحًا جَعَلَا لَهُۥ شُرَكَآءَ فِيمَآ ءَاتَىٰهُمَا ۚ فَتَعَـٰلَى ٱللَّهُ عَمَّا يُشْرِكُونَ ﴾١٩٠﴿
  • എന്നിട്ട്‌, അവന്‍ [റബ്ബ്‌] അവര്‍ക്കു രണ്ടാള്‍ക്കും [പുരുഷനും അവന്റെ ഇണക്കും] ഒരു നല്ലവനെ [നല്ലകുട്ടിയെ] നല്‍കിയപ്പോള്‍, തങ്ങള്‍ക്ക്‌ അവന്‍ നല്‍കിയതില്‍, അവനു ചില പങ്കാളികളെ അവര്‍ ഉണ്ടാക്കി(ത്തീര്‍ത്തു.) എന്നാല്‍, അവര്‍ [മനുഷ്യര്‍] പങ്കു ചേര്‍ത്തു വരുന്നതില്‍ നിന്നും അല്ലാഹു വളരെ ഉന്നതനായിരിക്കുന്നു.
  • فَلَمَّا آتَاهُمَا അങ്ങനെ, എന്നിട്ടു അവന്‍ അവര്‍ക്കു നല്‍കിയപ്പോള്‍ صَالِحًا ഒരു നല്ലവനെ جَعَلَا لَهُ അവര്‍ (രണ്ടാളും) അവനു ആക്കി, ഉണ്ടാക്കി شُرَكَاءَ ചില പങ്കാളികളെ, പങ്കുക്കാരെ فِيمَا آتَاهُمَا അവന്‍ അവര്‍ക്കു നല്‍കിയതില്‍ فَتَعَالَى എന്നാല്‍ വളരെ ഉന്നതനായി (ഉന്നതിപ്പെട്ടി) രിക്കുന്നു اللَّـهُ അല്ലാഹു عَمَّا يُشْرِكُونَ അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു

ഒരേ ആളില്‍നിന്നു നിങ്ങളെ സൃഷ്‌ടിച്ചുവെന്നും, ആ ആളില്‍നിന്നു അതിന്റെ ഇണയെ ഉണ്ടാക്കി എന്നും പറഞ്ഞതു, മനുഷ്യ പിതാവായ ആദം (عليه الصلاة والسلام) നെയും, അദ്ദേഹത്തിന്റെ ഇണയായ ഹവ്വാഉ്‌ (عليها الصلاة والسلام) നെയും കുറിച്ചാണെന്നു സൂഃ നിസാഇലെ ഒന്നാമത്തെ വചനത്തിന്റെ വ്യാഖ്യാനത്തില്‍ മുമ്പു വിവരിച്ചു കഴിഞ്ഞിട്ടുണ്ടു “ഒരേ ആളില്‍നിന്നും” എന്നു നാം അര്‍ത്ഥം കല്‍പിച്ച مِّن نَّفْسٍ وَاحِدَةٍ എന്ന വാക്കിന്‌ ഒരേ വര്‍ഗ്ഗത്തില്‍നിന്നു (من جنس واحد) എന്നും ചിലര്‍ അര്‍ത്ഥം കല്‍പിച്ചിട്ടുണ്ടെന്നും, പല കാരണങ്ങളാല്‍ ആ അര്‍ത്ഥം അതിനു കല്‍പിക്കുവാന്‍ മാര്‍ഗ്ഗമില്ലെന്നും നാം അവിടെ കാര്യകാരണ സഹിതം വിവരിച്ചിരിക്കുന്നു. ആ ഒരേ ആളില്‍നിന്നു തന്നെ അതിന്റെ ഇണയെയും ഉണ്ടാക്കി (وَجَعَلَ مِنْهَا زَوْجَهَا) എന്നു പറഞ്ഞതിന്റെ താല്‍പര്യവും അവിടെ വിവരിച്ചു കഴിഞ്ഞിട്ടുണ്ടു. അതുകൊണ്ട്‌ വീണ്ടും അതൊന്നും ആവര്‍ത്തിക്കേണ്ടതായിട്ടില്ല.

نَفْس എന്ന വാക്കിന്‌ ‘വ്യക്തി, ആള്‍, സ്വന്തം, ആത്മാവ്‌, ദേഹം’ എന്നിങ്ങിനെയുള്ള ഏതു അര്‍ത്ഥം കല്‍പിച്ചാലും – അല്ലെങ്കില്‍ ചിലര്‍ പറയുഞ്ഞതുപോലെ ‘വര്‍ഗ്ഗം’ എന്നു അര്‍ത്ഥം കല്‍പിച്ചാലും – ശരി, അതില്‍ നിന്ന്‌ അതിന്റെ ഇണയാകുന്ന പെണ്ണിനെ സൃഷ്‌ടിച്ചതു അവനു അവളുമായി ഇണക്കവും സ്‌നേഹവും ഉണ്ടാകുവാനും, അവളെ സമീപിക്കുന്നതില്‍ അവനു മനസ്സമാധാനം ഉണ്ടായിത്തീരുവാനും വേണ്ടിയാണ്‌ എന്നത്രെ لِيَسْكُنَ إِلَيْهَا (അവന്‍ അവളുടെ അടുക്കല്‍ സമാധാനമടയുവാന്‍ വേണ്ടി) എന്ന വാക്കില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്‌. സൂഃ റൂമില്‍ അല്ലാഹു പറയുന്നു : وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً (അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണ്‌ നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്കു ഇണകളെ അവന്‍ ഉണ്ടാക്കിത്തന്നതും – നിങ്ങള്‍ അവരുടെ അടുക്കല്‍ സമാധാനമടയുവാന്‍ വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്‌നേഹബന്ധവും, കാരുണ്യവും ഏര്‍പ്പെടുത്തുകയും ചെയ്‌തിരിക്കുന്നു (30:21)). അല്ലാഹു ചെയ്‌ത വമ്പിച്ച ഒരു അനുഗ്രഹമത്രെ ഇതു. ഭാര്യാഭര്‍ത്താക്കള്‍ തമ്മിലുള്ള ഈ ഇണക്കവും സ്‌നേഹബന്ധവും ഇല്ലായിരുന്നുവെങ്കില്‍, പല നിലക്കും അതു മനുഷ്യവര്‍ഗ്ഗ്ഗത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചക്കും വളരെ ഹാനികരമാകുമായിരുന്നു. തുടര്‍ന്നു പറഞ്ഞ വാക്യങ്ങളുടെ സാരം ഇങ്ങിനെ വിവരിക്കാം:

അങ്ങനെ, പുരുഷനും അവന്റെ ഇണയും തമ്മിലുള്ള ഇണക്കവും സ്‌നേഹബന്ധവും കാരണമായി അവന്‍ അവളില്‍ പ്രവേശിച്ചു. ആ സമ്പര്‍ക്കത്തെത്തുടര്‍ന്ന്‌ സ്‌ത്രീ ഗര്‍ഭം ധരിച്ചു. ആദ്യം അതു ലഘുവായ തോതിലായിരുന്നു അനുഭവപ്പെട്ടതു. ഗര്‍ഭത്തിന്റെ അടയാളം പ്രത്യക്ഷത്തില്‍ കാണുകയോ, ശാരീരികമായി പറയത്തക്ക വല്ലമാറ്റവും അനുഭവപ്പെടുകയോ ചെയ്‌തിരുന്നില്ല. ക്രമേണ അതു പ്രത്യക്ഷത്തില്‍ തന്നെ കാണാറാവുകയും, ശരീര സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്‌തു. ഗര്‍ഭധാരണത്തെക്കുറിച്ചും മറ്റും മുമ്പു പരിചയം സിദ്ധിച്ചിട്ടില്ലാത്തവരാണല്ലോ അവര്‍ രണ്ടാളും. സന്താനത്തെക്കുറിച്ചുള്ള ഒരു പിടിപാടും അവര്‍ക്കു മുമ്പുണ്ടായിട്ടില്ല. ജനിക്കുവാന്‍ പോകുന്ന കുട്ടി എന്തായിരിക്കും, എങ്ങിനെയായിരിക്കും എന്നും അറിഞ്ഞുകൂടാ. തങ്ങള്‍ക്കു ഉണ്ടാവാന്‍ പോകുന്ന സന്താനം ആകൃതിയിലും, പ്രകൃതിയിലുമൊക്കെ നന്നായിരിക്കുവാന്‍ അവര്‍ ആഗ്രഹിച്ചു. അതിനായി, അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. അതിനു അനുഗ്രഹിക്കുന്നപക്ഷം തങ്ങള്‍ നന്ദിയുള്ളവരായിരിക്കുമെന്നുകൂടി പ്രാര്‍ത്ഥനയില്‍ വ്യക്തമാക്കി.

മനുഷ്യവര്‍ഗ്ഗ്ഗ്ഗത്തിലെ ഒന്നാമത്തെ ഇണകളും മാതാപിതാക്കളുമായ ആ രണ്ടു വ്യക്തികളുടെ – ആദം, ഹവ്വ (عليهما الصلاة والسلام) എന്നിവരുടെ – സ്ഥിതി അതായിരുന്നു. അതെ, അവര്‍ക്കു സന്താനം ഉണ്ടായപ്പോള്‍, അവര്‍ അതിന്റെ നന്മക്കുവേണ്ടി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും സന്താനം ലഭിച്ചതിന്റെ പേരില്‍ അവനോടു നന്ദിയുള്ളവരാകുകയും ചെയ്‌തു. എന്നാല്‍, പിന്നീട്‌ അവരുടെ ആ നല്ല മാതൃക പുലര്‍ത്തിപ്പോരുവാന്‍ ബാധ്യസ്ഥരായ അവരുടെ സന്താനപരമ്പരകളില്‍ ഉണ്ടായ മാതാപിതാക്കള്‍ പലരും തങ്ങള്‍ക്കു സന്താനം ജനിച്ചപ്പോള്‍ അല്ലാഹുവിനോടു നന്ദികേടു കാണിക്കുകയാണുണ്ടായത്‌. എന്നിപ്രകാരമാണ്‌ രണ്ടാമത്തെ വചനത്തിലടങ്ങിയ ആശയം. ഈ വചനത്തിന്റെ താല്‍പര്യം വേണ്ടതുപോലെ മനസ്സിലാക്കുവാന്‍ താഴെ ചൂണ്ടിക്കാട്ടുന്ന ചില സംഗതികള്‍ അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും:-

189-ാം വചനത്തിലെ പരാമര്‍ശങ്ങള്‍ ആദമിനെയും, ഹവ്വാഇനെയും (عليهما السلام) കുറിച്ചാകുന്നു. വിഷയപരമായി അതോടു ബന്ധപ്പെട്ടതാണെങ്കിലും 190-ാം വചനത്തിലെ പരാമര്‍ശങ്ങളില്‍ യഥാര്‍ത്ഥത്തില്‍ അവര്‍ രണ്ടു പേരെയും കുറിച്ചുള്ളതല്ല. അവരുടെ സന്തതികളില്‍ പിന്നീടുണ്ടായിത്തീര്‍ന്ന ഏതാനും ഇണകളെ – ഭാര്യാഭര്‍ത്താക്കളെ – സംബന്ധിക്കുന്നതാണ്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രണ്ടാമത്തെ വചനത്തില്‍ ‘അവര്‍ക്കു രണ്ടാള്‍ക്കും ഒരു നല്ലകുട്ടിയെ നല്‍കിയപ്പോള്‍ (فَلَمَّا آتَاهُمَا صَالِحًا) എന്നും, ‘അവര്‍ രണ്ട്‌ പേരും അല്ലാഹുവിന്‌ പങ്കാളികളെ ഏര്‍പ്പെടുത്തി’ (جَعَلَا لَهُ شُرَكَاءَ) എന്നും പറഞ്ഞതിലെ സര്‍വ്വനാമങ്ങള്‍ (الضمائر) ആദമിനെയും, ഹവ്വാഇനെയും(عليهما السلام) ഉദ്ദേശിച്ചാണെന്നു പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അവ അവരുടെ ഭാവി സന്താനങ്ങളില്‍ ഉണ്ടാകുന്ന ഇണകളെ ഉദ്ദേശിച്ചാകുന്നു. ഇതേ വചനത്തിന്റെ അവസാനത്തിലെ فَتَعَالَى اللَّهُ عَمَّا يُشْرِكُونَ (എന്നാല്‍, അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു അല്ലാഹു വളരെ ഉന്നതനായിരിക്കുന്നു) എന്നതില്‍ അവര്‍ എന്ന്‌ ബഹുവചന രൂപത്തില്‍ പറഞ്ഞതില്‍ നിന്നു തന്നെ ഇതു മനസ്സിലാക്കാവുന്നതാകുന്നു. ആദ്യത്തെ വചനത്തിലെന്നപോലെ ഈ വചനത്തിലെയും പരാമര്‍ശം ആദമിനെയും ഹവ്വാഇനെയും (عليهما السلام) ഉദ്ദേശിച്ചായിരുന്നുവെങ്കില്‍ – അറബി ഭാഷാമുറയനുസരിച്ച്‌ – തല്‍സ്ഥാനത്തു عَمَّا يَشْرِكَانِ (അവര്‍ രണ്ടുപേരും പങ്കു ചേര്‍ക്കുന്നതില്‍ നിന്നു) എന്ന്‌ ദ്വിവചന രൂപത്തിലായിരുന്നു പറയേണ്ടിയിരുന്നത്‌. മാത്രമല്ല, ഈ വചനങ്ങളുടെ തുടര്‍ച്ചയും, വിഷയപരമായി പരസ്‌പരം ബന്ധപ്പെട്ടതുമായ അടുത്ത (191-ാം) വചനത്തില്‍ أَيُشْرِكُونَ (അവര്‍ പങ്കു ചേര്‍ക്കുന്നുവോ) എന്നും وَهُمْ يُخْلَقُونَ (അവരാകട്ടെ, സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നു) എന്നുമുള്ള വാക്കുകളിലെ സര്‍വ്വ നാമങ്ങളും ബഹുവചന രൂപത്തില്‍ തന്നെയാണുള്ളത്‌.

‘രാജ്യക്കാരോടു ചോദിക്കുക’ എന്ന ഉദ്ദേശ്യത്തില്‍ ‘രാജ്യത്തോടു ചോദിക്കുക’ (وَاسْأَلِ الْقَرْيَة) എന്നും, ‘നിങ്ങളുടെ പൂര്‍വ്വികന്‍മാരെ ഫിര്‍ഔന്റെ ആള്‍ക്കാരില്‍ നിന്നു രക്ഷപ്പെടുത്തി’ എന്ന ഉദ്ദേശ്യത്തില്‍ ‘നിങ്ങളെ ഫിര്‍ഔന്റെ ആള്‍ക്കാരില്‍ നിന്നു രക്ഷപ്പെടുത്തി’ (نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ) എന്നും പോലെയുള്ള പ്രയോഗങ്ങള്‍ ക്വുര്‍ആനില്‍ പലപ്പോഴും കാണാം. ഭാഷാസാഹിത്യങ്ങളിലും പതിവാണത്‌. ഇതുപോലെയുള്ള ഒരു പ്രയോഗം തന്നെയാണ്‌ ഇവിടെയുമുള്ളത്‌. 189-ാം വചനത്തില്‍ മനുഷ്യവര്‍ഗ്ഗത്തിലെ ഒന്നാമത്തെ രണ്ടു ഇണകളെപ്പറ്റി പ്രസ്‌താവിച്ചതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടടു അവരുടെ ശേഷം അവരുടെ സന്താന പരമ്പരകളിലെ ഇണകളില്‍ നിന്നു പിന്നീടു അവരുടെ നിലപാടിനു വിരുദ്ധമായ മറ്റൊരു നിലപാട്‌ ഉണ്ടായിത്തീര്‍ന്നു എന്നത്രെ (190-ാം) വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയത്‌. ചുരുക്കിപ്പറഞ്ഞാല്‍, രണ്ടാമത്തെ (190-ാം) വചനത്തിലെ ആശയം ഇങ്ങിനെ മനസ്സിലാക്കാം :-

മനുഷ്യവര്‍ഗ്ഗത്തിന്റെ ആദ്യത്തെ മാതാപിതാക്കളും ഭാര്യാഭര്‍ത്താക്കളും അവര്‍ക്കു ഒരു സന്താനം ജനിച്ചപ്പോള്‍ സ്വീകരിച്ച നിലപാടു 189-ാം വചനത്തില്‍ കണ്ട പ്രകാരമായിരുന്നു. പിന്നീടു രംഗത്തു വന്ന പല മാതാപിതാക്കളും ഭാര്യാഭര്‍ത്താക്കളും അവരുടെ ആ മാതൃകക്കു വിപരീതമായി പ്രവര്‍ത്തിച്ചു. അവര്‍ അല്ലാഹുവിനോടു നന്ദിക്കു പകരം നന്ദികേടാണു ചെയ്‌തത്‌. ചിലര്‍ തങ്ങളുടെ സന്താനങ്ങള്‍ക്കു ‘ഉസ്സാ’ എന്ന വിഗ്രഹത്തിന്റെ അടിമ (عبد العزى) എന്നും, സൂര്യന്റെ അടിമ (عبد شمس) എന്നും വേറെ ചിലര്‍ ഹുസൈന്റെ അടിമ (عبد الحسين) എന്നും പ്രവാചകന്റെ അടിമ (عبد النبى) എന്നും വേറെ ചിലര്‍ യേശുദാസ്‌, സൂര്യദാസ്‌, ചന്ദ്രദാസ്‌ എന്നിങ്ങിനെയും സന്താനങ്ങള്‍ക്കു പേരു നല്‍കി. മറ്റു ചിലര്‍, തങ്ങള്‍ക്കു സന്താനം ജനിച്ചതു ചില മഹാത്മാക്കളുടെയോ, ദേവീദേവന്‍മാരുടെയോ ഗുരുത്വപൊരുത്തവും ആശീര്‍വാദവും കൊണ്ടാണെന്നു ധരിക്കുകയും, അവര്‍ക്കു നേര്‍ച്ചകളും വഴിപാടുകളും നടത്തുകയും ചെയ്‌തുകൊണ്ടിരുന്നു. എനിയും ചിലര്‍ തങ്ങളുടെ മക്കളെ ചില പ്രതിഷ്‌ഠകള്‍ക്കും, ദിവ്യന്‍മാര്‍ക്കും ദാസന്‍മാരും സേവകന്‍മാരുമായി ഉഴിഞ്ഞുവെച്ചു. എന്നുവെച്ചാല്‍, അല്ലാഹുവിന്റെ അനുഗ്രഹവും, അവന്റെ സൃഷ്‌ടി വ്യവസ്ഥയും അനുസരിച്ചു ജനിച്ച സന്താനങ്ങളുടെ വിഷയത്തില്‍ അവനല്ലാത്തവര്‍ക്കും അവര്‍ പങ്കും അവകാശവും നല്‍കുകയാണു ചെയ്‌തത്‌. ഇങ്ങിനെയുള്ള എല്ലാതരം ശിര്‍ക്കുകളില്‍നിന്നും പരമപരിശുദ്ധനത്രെ അല്ലാഹു.

സൂക്ഷ്‌മാന്വേഷികളും, മഹാന്‍മാരുമായ പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ (190-ാം) വചനത്തിനു നല്‍കിയ വ്യാഖ്യാനത്തെ ആധാരമാക്കിയാണു മുകളില്‍ നാം വിവരിച്ചത്‌. എന്നാല്‍, ചില വ്യാഖ്യാതാക്കള്‍ ഈ രണ്ടാമത്തെ വചനത്തിനു നല്‍കിക്കാണുന്ന വ്യാഖ്യാനം മറ്റൊരു തരത്തിലാകുന്നു. അതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘ആദമിനും, ഹവ്വാഇനും (عليهما والسلام) ആദ്യം ജനിച്ച മക്കള്‍ ജീവിച്ചില്ല. അവര്‍ വ്യസനത്തിലായി. ഇബ്‌ലീസു ചെന്ന്‌ അടുത്ത പ്രസവത്തിലെ കുട്ടിക്കു ‘ഹാരിഥിന്റെ അടിമ’ (عبد الحارث) എന്നു പേരുവെച്ചാല്‍ കുട്ടി ജീവിക്കുമെന്നു ഉപദേശിച്ചു. ‘ഹാരിഥ്‌’ എന്നുള്ളതു ഇബ്‌ലീസിന്റെ ഒരു പേരാകുന്നു. ഈ ഉപദേശപ്രകാരം അടുത്ത്‌ ജനിച്ച കുട്ടിക്കു അവര്‍ പ്രസ്‌തുത പേരു നല്‍കി. ഈ പേരു സ്വീകരിച്ചതിനെ ഉദ്ദേശിച്ചാണ്‌ ‘അവര്‍ രണ്ടാളും അല്ലാഹുവിനു പങ്കാളികളെ ഉണ്ടാക്കി’ (جَعَلَا لَهُ شُرَكَاءَ) എന്നു പറഞ്ഞിരിക്കുന്നത്‌. ഇവിടെ അവര്‍ രണ്ടാളും ശിര്‍ക്കു പ്രവര്‍ത്തിച്ചു എന്നു പറഞ്ഞതു സാധാരണ അര്‍ത്ഥത്തില്‍ ആരാധനയിലുള്ള ശിര്‍ക്കു എന്ന ഉദ്ദേശ്യത്തിലല്ലെന്നും, ശിര്‍ക്കിന്റെ അര്‍ത്ഥവ്യാപ്‌തിയില്‍ ഉള്‍പ്പെടുന്ന ഒരു നാമമാത്ര ശിര്‍ക്കു എന്ന നിലക്കാണെന്നും ഈ അഭിപ്രായക്കാര്‍ പറയുന്നു. പല കാരണങ്ങളാലും ഈ വ്യാഖ്യാനം സ്വീകാര്യമല്ലെന്നു ഇമാം റാസീ (رحمه الله) മുതലായ പ്രധാനപ്പെട്ട പല വ്യാഖ്യാതാക്കളും പ്രസ്‌താവിച്ചുകാണാം.

മുകളില്‍ നാം ചൂണ്ടിക്കാട്ടിയതുപോലെ 189 ഉം 190ഉം വചനങ്ങളിലെ സര്‍വ്വനാമങ്ങളുടെ (ضمير കളുടെ) വ്യത്യാസങ്ങള്‍ക്കു പുറമെ വേറെയും കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ്‌ റാസീ (رحمه الله) ഈ വ്യാഖ്യാനത്തെ ഖണ്‌ഡിച്ചിരിക്കുന്നത്‌. ഇബ്‌ലീസിന്റെ ദുരുപദേശങ്ങളെപ്പറ്റി മറ്റാരെക്കാളും അനുഭവത്തില്‍നിന്നു മനസ്സിലാക്കിയ ആദം നബി (عليه الصلاة والسلام) പിന്നെയും അവന്റെ ഉപദേശം സ്വീകരിച്ചുവെന്നും, എത്രയോ ലഘുവായിരുന്നാലും ശിര്‍ക്കിന്റെ ഇനത്തില്‍പെട്ട ഒരു കാര്യം അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും സമ്മതിക്കുവാന്‍ നിവൃത്തിയില്ലെന്നുകൂടി റാസി (رحمه الله) ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇമാം ഇബ്‌നു കഥീറും (رحمه الله) ഈ വ്യാഖ്യാനം ശരിയല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്‌. ഈ വ്യാഖ്യാനത്തിനു ആധാരമായി ഉദ്ധരിക്കപ്പെടുന്ന രിവായത്തുകളില്‍ ഒന്നുപോലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്‌താവിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടു ഇബ്‌നു കഥീര്‍ (رحمه الله) ഒരു പ്രസ്‌താവന ചെയ്‌തിരിക്കുന്നു. അതിന്റെ ചുരുക്കം ഇതാണു:-

“ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു ചില പ്രധാനികളടക്കം പലരും ഈ വിവരം നിവേദനം ചെയ്‌തിട്ടുണ്ട്‌. ഇതു – അല്ലാഹുവിനറിയാം – വേദക്കാരില്‍നിന്നു കിട്ടിയതായിരിക്കുമെന്നാണു തോന്നുന്നത്‌. വേദക്കാരില്‍നിന്നു ലഭിക്കുന്ന വാര്‍ത്തകളാകട്ടെ, ക്വുര്‍ആന്‍ക്കൊണ്ടും സുന്നത്തുകൊണ്ടും ശരിയാണെന്നു തെളിഞ്ഞതും, കളവാണെന്നു തെളിഞ്ഞതും, രണ്ടും നിശ്ചയിക്കുവാന്‍ നിവൃത്തിയില്ലാത്തതും എന്നിങ്ങിനെ മൂന്നു വിധത്തിലുണ്ടായിരിക്കും. ഈ മൂന്നാമത്തേതിനെപ്പറ്റിയാണ്‌ “അവരെ നിങ്ങള്‍ ശരിവെക്കുകയും കളവാക്കുകയും ചെയ്യരുത്‌” എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നത്‌. സ്വഹാബികളില്‍ നിന്നോ താബിഉകളില്‍ നിന്നോ വല്ലവരും ഇത്തരം വാര്‍ത്ത നിവേദനം ചെയ്യുന്നതായാല്‍ അതു ഈ മൂന്നാമത്തെ ഇനത്തില്‍ പെട്ടതാണെന്നു അവര്‍ കരുതുന്നതു കൊണ്ടായിരിക്കും. എന്നാല്‍, നമ്മെ സംബന്ധിച്ചിടത്തോളം നാം ഹസന്‍ ബസ്വരി (رحمه الله) യുടെ അഭിപ്രായമാണു സ്വീകരിക്കുന്നത്‌. അതായത്‌, ‘അവര്‍ രണ്ടാളും അവനു പങ്കാളികളെ ഏര്‍പ്പെടുത്തി (جَعَلَا لَهُ شُرَكَاءَ) എന്നു പറഞ്ഞതു ആദമിനെയും ഹവ്വാഇനെയും ഉദ്ദേശിച്ചല്ല, അവരുടെ സന്തതികളിലുള്ള മുശ്‌രിക്കുകളെ മാത്രം ഉദ്ദേശിച്ചാകുന്നു – എന്ന്‌. അതുകൊണ്ടാണു പിന്നീട്‌ ‘അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു അല്ലാഹു വളരെ ഉന്നതനാകുന്നു’ (فَتَعَالى اللهُ عمَّا يُشْرِكُونَ) എന്നു (ബഹുവചന രൂപത്തില്‍) പറഞ്ഞതു. ആദ്യം ആദമിനെയും ഹവ്വാഇനെയും കുറിച്ചു പ്രസ്‌താവിച്ചതു പിന്നീടുള്ള മാതാപിതാക്കളെക്കുറിച്ചു പ്രസ്‌താവിച്ചതിനു ഒരു ചവിട്ടുപടി എന്നോണമാകുന്നു….’. അല്ലാഹുവിനു പങ്കാളികളെ ഏര്‍പ്പെടുത്തിയ മാതാപിതാക്കളെപ്പറ്റി അല്ലാഹു ചോദിക്കുന്നു:-

7:191
  • أَيُشْرِكُونَ مَا لَا يَخْلُقُ شَيْـًٔا وَهُمْ يُخْلَقُونَ ﴾١٩١﴿
  • യാതൊരു വസ്‌തുവെയും സൃഷ്‌ടിക്കാത്തവരെ (അല്ലാഹുവിനോട്‌) അവര്‍ പങ്കു ചേര്‍ക്കുന്നുവോ? അവരാകട്ടെ, സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നു!
  • أَيُشْرِكُونَ അവര്‍ പങ്ക്‌ ചേര്‍ക്കുന്നുവോ مَا لَا يَخْلُقُ സൃഷ്‌ടിക്കാത്തതിനെ, സൃഷ്‌ടിക്കാത്തവയെ, പടക്കാത്തവരെ شَيْئًا യാതൊന്നും, ഒരു വസ്‌തുവും وَهُمْ അവരാകട്ടെ يُخْلَقُونَ സൃഷ്‌ടിക്കപ്പെടുന്നു (താനും)
7:192
  • وَلَا يَسْتَطِيعُونَ لَهُمْ نَصْرًا وَلَآ أَنفُسَهُمْ يَنصُرُونَ ﴾١٩٢﴿
  • (മാത്രമല്ല) അവര്‍ക്കു വല്ല സഹായവും ചെയ്‌വാന്‍ (അവര്‍ പങ്കാളികളാക്കുന്ന) അവര്‍ക്കു സാധ്യമാകുന്നതുമല്ല; തങ്ങളുടെ സ്വന്തങ്ങളെത്തന്നെയും അവര്‍ സഹായി(ച്ചു രക്ഷി)ക്കുന്നതുമല്ല.
  • وَلَا يَسْتَطِيعُونَ അവര്‍ക്കു സാധ്യമാകുകയുമില്ല لَهُمْ അവര്‍ക്കു نَصْرًا ഒരു സഹായത്തിനും, വല്ല സഹായം ചെയ്‌വാനും وَلَا أَنفُسَهُمْ തങ്ങളെത്തന്നെയും (അവരുടെ സ്വന്തങ്ങളെയും) ഇല്ല يَنصُرُونَ അവര്‍ സഹായിക്കും
7:193
  • وَإِن تَدْعُوهُمْ إِلَى ٱلْهُدَىٰ لَا يَتَّبِعُوكُمْ ۚ سَوَآءٌ عَلَيْكُمْ أَدَعَوْتُمُوهُمْ أَمْ أَنتُمْ صَـٰمِتُونَ ﴾١٩٣﴿
  • അവരെ നിങ്ങള്‍ നേര്‍മാര്‍ഗത്തിലേക്കു ക്ഷണിക്കുന്ന പക്ഷം, അവര്‍ നിങ്ങളെ പിന്‍ പറ്റുന്നതുമല്ല. നിങ്ങള്‍ അവരെ ക്ഷണിച്ചുവോ, അല്ലെങ്കില്‍ നിങ്ങള്‍ മൗനവലംബിക്കുന്നവരാണോ (രണ്ടായാലും) നിങ്ങള്‍ക്കു സമമത്രെ.
  • وَإِن تَدْعُوهُمْ അവരെ നിങ്ങള്‍ ക്ഷണി (വിളി) ക്കുന്നപക്ഷം, ക്ഷണിച്ചാലാകട്ടെ إِلَى الْهُدَىٰ നേര്‍മാര്‍ഗ്ഗ (സന്മാര്‍ഗ്ഗ) ത്തിലേക്കു لَا يَتَّبِعُوكُمْ അവര്‍ നിങ്ങളെ പിന്‍ പറ്റുകയില്ല, പിന്തുടരുന്നതുമല്ല سَوَاءٌ സമമത്രെ, ഒരുപോലെയാണു عَلَيْكُمْ നിങ്ങള്‍ക്കു أَدَعَوْتُمُوهُمْ അവരെ നിങ്ങള്‍ വിളിച്ചു (ക്ഷണിച്ചു - പ്രാര്‍ത്ഥിച്ചു) വോ أَمْ أَنتُمْ അതല്ല (അല്ലെങ്കില്‍) നിങ്ങള്‍ صَامِتُونَ മൗനവലംബിക്കുന്ന (മിണ്ടാതിരിക്കുന്ന) വരാണു
7:194
  • إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ عِبَادٌ أَمْثَالُكُمْ ۖ فَٱدْعُوهُمْ فَلْيَسْتَجِيبُوا۟ لَكُمْ إِن كُنتُمْ صَـٰدِقِينَ ﴾١٩٤﴿
  • നിശ്ചയമായും, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവര്‍ നിങ്ങളെപ്പോലെയുള്ള അടിയാന്‍മാരാകുന്നു, [എല്ലാവരും അവന്റെ അടിമകള്‍ തന്നെ] എന്നാല്‍ അവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുക; എന്നിട്ട്‌ അവര്‍ നിങ്ങള്‍ക്കു ഉത്തരം നല്‍കട്ടെ, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍! [എന്നാലതൊന്നു കാണാമല്ലോ].
  • إِنَّ നിശ്ചയമായും الَّذِينَ تَدْعُونَ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന (വിളിക്കുന്ന) വര്‍ مِن دُونِ اللَّـهِ അല്ലാഹുവിനു കൂടാതെ പുറമെ عِبَادٌ അടിയാന്‍മാരാണു, അടിമകളാണു أَمْثَالُكُمْ നിങ്ങളെപ്പോലെയുള്ളവരായ فَادْعُوهُمْ എന്നാല്‍ നിങ്ങളവരെ വിളിക്കുക, പ്രാര്‍ത്ഥിച്ചുകൊള്ളുവിന്‍ فَلْيَسْتَجِيبُوا എന്നിട്ടവര്‍ ഉത്തരം നല്‍കട്ടെ لَكُمْ നിങ്ങള്‍ക്കു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍, സത്യവാന്‍മാര്‍

അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലോ, പ്രവൃത്തികളിലോ അവന്റെ പങ്കുകാരായി ഗണിക്കപ്പെടുകയും, വിളിച്ചാരാധിക്കപ്പെടുകയും ചെയ്യുന്ന ഏതൊരു വസ്‌തുവിന്റെയും സ്ഥിതിഗതികള്‍ ഇപ്രകാരമാകുന്നു. ജീവനില്ലാത്തതും ജീവനുള്ളതുമെന്ന വ്യത്യാസമില്ല. എന്നിരിക്കെ, അവരെ പങ്കുകാരാക്കുന്നതിനു എന്തു ന്യായമാണുള്ളത്‌?! അവരെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നതില്‍ എന്താണു പ്രയോജനമുള്ളതു? എന്നു സാരം. ഈ വചനങ്ങളിലെ പരാമര്‍ശങ്ങള്‍ വിഗ്രഹങ്ങളും വിഗ്രഹങ്ങളല്ലാത്തതുമായ എല്ലാ ആരാധ്യ വസ്‌തുക്കളെയും ബാധിക്കുന്നവയാണെങ്കിലും മുഖ്യമായും വിഗ്രഹങ്ങളെ ഉദ്ദേശിച്ചാണുള്ളതെന്നു അടുത്ത വചനങ്ങളില്‍ നിന്നു മനസ്സിലാക്കാം. ക്വുര്‍ആന്‍ അവതരിക്കുമ്പോള്‍ മുശ്‌രിക്കുകള്‍ തങ്ങളുടെ ദൈവങ്ങളായി കല്‍പിച്ചു വന്നിരുന്നതു വിഗ്രഹങ്ങളെയാണല്ലോ.

നിങ്ങളെപ്പോലെയുള്ള അടിയാന്‍മാര്‍ (عِبَادٌ أَمْثَالُكُمْ) എന്ന പ്രയോഗം ആരാധ്യ വസ്‌തുക്കളായി ഗണിക്കപ്പെട്ടിരുന്ന മലക്കുകള്‍, പ്രവാചകന്‍മാര്‍, പുണ്യാത്മാക്കള്‍ മുതലായവരെ സംബന്ധിച്ചിടത്തോളം വ്യക്തം തന്നെ. എന്നാല്‍ അടുത്ത വചനത്തില്‍ നിന്നും ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പ്രസ്‌താവനകളില്‍ നിന്നും മനസ്സിലാകുന്നതു പോലെ, ഇവിടെ പ്രധാനമായും പരാമര്‍ശിക്കപ്പെടുന്നതു വിഗ്രഹ ദൈവങ്ങളെപ്പറ്റിയാണ്‌ എന്നിരിക്കെ, ആ വാക്കു (عِبَادٌ أَمْثَالُكُمْ) നിര്‍ജ്ജീവങ്ങളും,ബുദ്ധിയില്ലാത്തവയുമായ വിഗ്രഹങ്ങളെപ്പറ്റി പ്രസ്‌താവിച്ചതിന്റെ അര്‍ത്ഥമെന്താണെന്നു സംശയിക്കപ്പെട്ടേക്കാം. വാസ്‌തവത്തില്‍, നിങ്ങളെപ്പോലെ അവയും അല്ലാഹുവിന്റെ സൃഷ്‌ടികളും അടിമകളുമാണെന്നത്രെ അതിന്റെ അര്‍ത്ഥം. ജീവികളും, നിര്‍ജ്ജീവികളും, വിഗ്രഹങ്ങളും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെ എല്ലാം അവന്റെ അടിമയും സൃഷ്‌ടിയും തന്നെയാണല്ലോ. മാത്രമല്ല, വിഗ്രഹങ്ങള്‍ പ്രതിഷ്‌ഠിക്കപ്പെടുന്നതു ഏതെങ്കിലും പുണ്യവാന്‍മാരുടെ നാമങ്ങളിലായിരിക്കും. അപ്പോള്‍, കവിഞ്ഞപക്ഷം അവ ആരുടെ പേരില്‍ പ്രതിഷ്‌ഠിക്കപ്പെടുന്നുവോ അവരെപ്പോലെ ആ വിഗ്രഹങ്ങള്‍ക്കു സ്ഥാനം കല്‍പിക്കണമെന്നു സങ്കല്‍പിച്ചാല്‍ തന്നെയും അപ്പോഴും അവ അല്ലാഹുവിന്റെ അടിമകള്‍ തന്നെയായിരിക്കും. യഥാര്‍ത്ഥമാകട്ടെ, വിഗ്രഹങ്ങളെല്ലാം അവയുടെ ആരാധകന്‍മാരുടെ കൈക്കു നിര്‍മ്മിച്ചുണ്ടാക്കപ്പെടുന്നവയും, ബുദ്ധിയോ ജീവനോ ഗ്രഹണശക്തിയോ ഇല്ലാത്തവയുമാകുന്നു. അപ്പോള്‍, നിങ്ങളെപ്പോലെയുള്ള സ്ഥാനം പോലും വാസ്‌തവത്തില്‍ അവര്‍ക്കില്ല – നിങ്ങളെക്കാള്‍ നിസ്സാരങ്ങളാണവ – എന്നുകൂടി അവയുടെ ആരാധകരെ മനസ്സിലാക്കുന്നതാണു അടുത്ത വചനത്തിലെ ചോദ്യങ്ങള്‍.

7:195
  • أَلَهُمْ أَرْجُلٌ يَمْشُونَ بِهَآ ۖ أَمْ لَهُمْ أَيْدٍ يَبْطِشُونَ بِهَآ ۖ أَمْ لَهُمْ أَعْيُنٌ يُبْصِرُونَ بِهَآ ۖ أَمْ لَهُمْ ءَاذَانٌ يَسْمَعُونَ بِهَا ۗ قُلِ ٱدْعُوا۟ شُرَكَآءَكُمْ ثُمَّ كِيدُونِ فَلَا تُنظِرُونِ ﴾١٩٥﴿
  • അവര്‍ക്കു നടക്കുവാനുള്ള കാലുകള്‍ ഉണ്ടോ?! അതല്ല, അവര്‍ക്കു പിടിക്കുവാനുള്ള കൈകള്‍ ഉണ്ടോ?! അതല്ല, അവര്‍ക്കു കാണുവാനുള്ള കണ്ണുകള്‍ ഉണ്ടോ?! അതല്ല, അവര്‍ക്കു കേള്‍ക്കുവാനുള്ള കാതുകള്‍ ഉണ്ടോ?! (നബിയേ) പറയുക: 'നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളി (ച്ചു പ്രാര്‍ത്ഥി) ച്ചു കൊള്ളുവിന്‍; പിന്നെ (വേണമെങ്കില്‍) എന്നോടു നിങ്ങള്‍ തന്ത്രം പ്രയോഗിച്ചു കൊള്ളുവിന്‍ - എന്നിട്ടു നിങ്ങള്‍ എനിക്കു ഒഴിവു നല്‍കേണ്ടാ.
  • أَلَهُمْ അവര്‍ക്കുണ്ടോ أَرْجُلٌ കാലുകള്‍ يَمْشُونَ അവര്‍ നടക്കും بِهَا അവകൊണ്ടു അതല്ല (അതോ - അല്ലെങ്കില്‍) أَمْ لَهُمْ അവര്‍ക്കുണ്ടോ أَيْدٍ കൈകള്‍ يَبْطِشُونَ അവര്‍ പിടിക്കും എതിര്‍ക്കുന്ന بِهَا അവകൊണ്ടു أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ أَعْيُنٌ കണ്ണുകള്‍ يُبْصِرُونَ بِهَا അതു കൊണ്ടവര്‍ കാണും أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ آذَانٌ കാതു (ചെവി) കള്‍ يَسْمَعُونَ بِهَا അതുകൊണ്ടവര്‍ കേള്‍ക്കും, കേള്‍ക്കുന്ന قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുവിന്‍ شُرَكَاءَكُمْ നിങ്ങളുടെ പങ്കാളികളെ ثُمَّ പിന്നെ (എന്നിട്ടു) كِيدُونِ നിങ്ങള്‍ എന്നോടു തന്ത്രം പ്രയോഗിക്കുക فَلَا تُنظِرُونِ എന്നിട്ടു നിങ്ങള്‍ എനിക്കു ഒഴിവു നല്‍കേണ്ടാ, താമസം നല്‍കേണ്ട

നിങ്ങളും നിങ്ങളുടെ ദൈവങ്ങളുംകൂടി ഒത്തൊരുമിച്ചുകൊണ്ട് യാതൊരു വിട്ടുവീഴ്ചയും എനിക്ക് നല്‍കാത്ത വിധം എനിക്കെതിരായി എന്തു തന്ത്രങ്ങള്‍ തന്നെ പ്രയോഗിച്ചാലും ഞാനതിനു ഒരു നിലയും വിലയും കല്‍പിക്കയില്ല എന്നു സാരം.

7:196
  • إِنَّ وَلِـِّۧىَ ٱللَّهُ ٱلَّذِى نَزَّلَ ٱلْكِتَـٰبَ ۖ وَهُوَ يَتَوَلَّى ٱلصَّـٰلِحِينَ ﴾١٩٦﴿
  • 'നിശ്ചയമായും, എന്റെ രക്ഷാധികാരി (ഈ) വേദഗ്രന്ഥം ഇറക്കിയ അല്ലാഹുവാകുന്നു. അവന്‍ സജ്ജനങ്ങളെ ഏറ്റെടു(ത്തു രക്ഷി)ക്കുകയും ചെയ്യും.
  • إِنَّ وَلِيِّيَ നിശ്ചയമായും എന്റെ രക്ഷാധികാരി, കൈകാര്യക്കാരന്‍, ബന്ധു اللَّـهُ അല്ലാഹുവാകുന്നു الَّذِي نَزَّلَ ഇറക്കിയവനായ الْكِتَابَ (വേദ)ഗ്രന്ഥം وَهُوَ അവനാകട്ടെ, അവന്‍ يَتَوَلَّى ഏറ്റെടുക്കുന്നു, ഏറ്റെടുക്കുക (രക്ഷ നല്‍കുക)യും ചെയ്യും الصَّالِحِينَ സദ്‌വൃത്തരെ, സജ്ജനങ്ങളെ
7:197
  • وَٱلَّذِينَ تَدْعُونَ مِن دُونِهِۦ لَا يَسْتَطِيعُونَ نَصْرَكُمْ وَلَآ أَنفُسَهُمْ يَنصُرُونَ ﴾١٩٧﴿
  • നിങ്ങള്‍ അവനു പുറമെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരാകട്ടെ, നിങ്ങളെ സഹായിക്കുവാന്‍ അവര്‍ക്കു സാധിക്കുകയില്ല; അവരുടെ സ്വന്തങ്ങളെത്തന്നെയും അവര്‍ സഹായിക്കുകയില്ല.'
  • وَالَّذِينَ تَدْعُونَ നിങ്ങള്‍ വിളിക്കു (പ്രാര്‍ത്ഥിക്കു) ന്നവര്‍ مِن دُونِهِ അവനു പുറമെ لَا يَسْتَطِيعُونَ അവര്‍ക്കു സാധ്യമാകയില്ല نَصْرَكُمْ നിങ്ങളെ സഹായിക്കുവാന്‍, നിങ്ങളുടെ സഹായത്തിനു وَلَا أَنفُسَهُمْ അവരെത്തന്നെയും ഇല്ല يَنصُرُونَ അവര്‍ സഹായിക്കും
7:198
  • وَإِن تَدْعُوهُمْ إِلَى ٱلْهُدَىٰ لَا يَسْمَعُوا۟ ۖ وَتَرَىٰهُمْ يَنظُرُونَ إِلَيْكَ وَهُمْ لَا يُبْصِرُونَ ﴾١٩٨﴿
  • അവരെ നിങ്ങള്‍ നേര്‍മാര്‍ഗത്തിലേക്കു വിളിക്കുന്നപക്ഷം, അവര്‍ (അതു) കേള്‍ക്കുകയില്ല. (മനുഷ്യാ) നിന്നിലേക്കു നോക്കുന്നതായി നിനക്കു അവരെ കാണാവുന്നതാണു; അവരാകട്ടെ, (ഒന്നും) കാണുന്നില്ല താനും.
  • وَإِن تَدْعُوهُمْ അവരെ നിങ്ങള്‍ വിളിച്ചാലോ, വിളിക്കുന്നപക്ഷം إِلَى الْهُدَىٰ നേര്‍(സന്‍)മാര്‍ഗ്ഗത്തിലേക്കു لَا يَسْمَعُوا അവര്‍ കേള്‍ക്കുകയില്ല وَتَرَاهُمْ അവരെ നീ കാണും, നിനക്കു കാണാം يَنظُرُونَ അവര്‍ നോക്കുന്നതായി إِلَيْكَ നിന്നിലേക്കു وَهُمْ അവരാകട്ടെ لَا يُبْصِرُونَ കാണുകയില്ല, കാണുന്നുമില്ല

വിഗ്രഹങ്ങള്‍ക്കു കണ്ണു, മൂക്കു, ചെവി തുടങ്ങിയ അവയവങ്ങള്‍ കൊത്തിയുണ്ടാക്കപ്പെട്ടിരിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവക്കു കാഴ്‌ചയോ, കേള്‍വിയോ, മറ്റേതെങ്കിലും ഗ്രഹണശക്തിയോ ഇല്ലെന്നു തീര്‍ച്ചയാണല്ലോ.

7:199
  • خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَـٰهِلِينَ ﴾١٩٩﴿
  • (നബിയേ) നീ മാപ്പ്‌ (അഥവാ വിട്ടുവീഴ്‌ച എന്ന തത്വം) സ്വീകരിക്കുക; സദാചാരം (അഥവാ സല്‍കാര്യം) കൊണ്ടു ഉപദേശിക്കുകയും ചെയ്യുക; വിവരമില്ലാത്തവരില്‍ നിന്നു തിരിഞ്ഞുകളയുകയും ചെയ്യുക.
  • خُذِ എടുക്കുക (സ്വീകരിക്കുക) الْعَفْوَ മാപ്പ്‌ وَأْمُرْ കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യുക بِالْعُرْفِ സദാചാരം (സല്‍കാര്യം) കൊണ്ടു وَأَعْرِضْ തിരിഞ്ഞും കളയുക, അവഗണിക്കുകയും ചെയ്യുക عَنِ الْجَاهِلِينَ അജ്ഞാനികളെപ്പറ്റി, വിഡ്ഢികളില്‍ നിന്നു
7:200
  • وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَـٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۚ إِنَّهُۥ سَمِيعٌ عَلِيمٌ ﴾٢٠٠﴿
  • പിശാചില്‍ നിന്നു വല്ല ദുഷ്‌പ്രേരണയും നിന്നെ(യെങ്ങാനും) ഇളക്കി വിടുന്നപക്ഷം, നീ അല്ലാഹുവിനോടു ശരണം തേടിക്കൊള്ളുക. നിശ്ചയമായും, അവന്‍ (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
  • وَإِمَّا يَنزَغَنَّكَ നിന്നെ ഇളക്കി വിടുന്ന പക്ഷം مِنَ الشَّيْطَانِ പിശാചില്‍ നിന്നു نَزْغٌ വല്ല ഇളക്കിവിടലും, ഒരു തോണ്ടല്‍ (ദുഷ്‌പ്രേരണ) فَاسْتَعِذْ എന്നാല്‍ ശരണം (കാവല്‍) തേടുക بِاللَّـهِ അല്ലാഹുവിനോടു إِنَّهُ നിശ്ചയമായും അവന്‍ سَمِيعٌ കേള്‍ക്കുന്നവനാണു عَلِيمٌ അറിയുന്നവനാണു

മുശ്‌രിക്കുകളെയും, അവരുടെ ശിര്‍ക്കുകളെയും സംബന്ധിച്ചു പലതും പ്രസ്‌താവിച്ചശേഷം, അവരടക്കം എല്ലാവരോടും പെരുമാറുന്നതു എങ്ങിനെയായിരിക്കണമെന്നു ഈ വചനം മുഖേന അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു. അന്യരോടുള്ള പെരുമാറ്റത്തില്‍ അനുവര്‍ത്തിക്കേണ്ടുന്ന സല്‍സ്വഭാവ മൂല്യങ്ങളെല്ലാം ഈ മൂന്നു ചെറുവാക്യങ്ങളില്‍ അല്ലാഹു അടക്കിയിരിക്കുന്നതു കാണാം.

1) خُذِ الْعَفْوَ (മാപ്പ്‌ – അഥവാ വിട്ടുവീഴ്‌ച – സ്വീകരിക്കുക) വളരെ അര്‍ത്ഥ വിശാലതയുള്ള ഒരു വാക്യമാണിത്‌. സ്വഭാവം, പ്രവൃത്തി, ഇടപാടു, സംസാരം ആദിയായവയിലെല്ലാം തന്നെ മററുള്ളവര്‍ക്കു വിഷമവും ബുദ്ധിമുട്ടും അനുഭവപ്പെടാതെ – നീതിയുക്തവും, സൗകര്യപ്രദവുമായ രീതിയില്‍ – പെരുമാറുക, അവരില്‍ നിന്നു അനുഭവപ്പെടുന്ന വിഷമങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും നേരെ കണ്ണടക്കുക എന്നൊക്കെയാണു അതിന്റെ ചുരുക്കം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: يَسِّرُوا ، وَلا تُعَسِّرُوا ، وَسَكِّنُوا ، وَلا تُنَفِّرُوا : متفق عليه (നിങ്ങള്‍ എളുപ്പമുണ്ടാക്കുവിന്‍, ഞെരുക്കമുണ്ടാക്കരുത്‌, നിങ്ങള്‍ സമാധാനമുണ്ടാക്കുവിന്‍, വെറുപ്പിക്കരുത്‌ (ബു.മു). ഇബ്‌നുജരീര്‍, ഇബ്‌നു അബീഹാതിം (رحمه الله) എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍, ഈ വചനം അവതരിപ്പിച്ചപ്പോള്‍ ഇതിന്റെ താല്‍പര്യം എന്താണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജിബ്‌രീല്‍ (عليه الصلاة والسلام) നോടു ചോദിച്ചുവെന്നും, അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞുവെന്നും വന്നിരിക്കുന്നു: “താങ്കളോട്‌ അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു താങ്കള്‍ മാപ്പ്‌ നല്‍കുവാനും, താങ്കള്‍ക്കു (വേണ്ടതു തരാതെ) മുടക്കം ചെയ്‌തവര്‍ക്കു താങ്കള്‍ (അങ്ങോട്ടു) കൊടുക്കുവാനും, താങ്കളോടു ബന്ധം മുറിച്ചവരോടു താങ്കള്‍ ബന്ധം ചേര്‍ക്കുവാനും അല്ലാഹു കല്‍പിച്ചിരിക്കുകയാണ്‌.’

2) وَأْمُرْ بِالْعُرْفِ (സദാചാരം – അഥവാ സല്‍കാര്യം – കൊണ്ടു ഉപദേശിക്കുക) നല്ലതും വേണ്ടപ്പെട്ടതുമായ എല്ലാ കാര്യങ്ങളും – മറ്റൊരു രൂപത്തില്‍ പറയുന്ന പക്ഷം, അല്ലാഹുവിങ്കല്‍ പുണ്യകരവും, ജനങ്ങളില്‍ ഉപകാരപ്രദവുമായ എല്ലാ കാര്യങ്ങളും – ഉള്‍ക്കൊള്ളുന്നവാക്കാണ്‌ الْعُرْف എന്ന വാക്ക്‌. സദാചാരത്തെക്കുറിച്ചു ഉപദേശിക്കലും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കലും സത്യവിശ്വാസികളുടെ കടമയാണെന്നും, എല്ലാ നിലവാരത്തിലുള്ള ആളുകളും അവരവരുടെ കഴിവുപോലെ അതിനു ബാധ്യസ്ഥരാണെന്നും അനേകം ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാകുന്നു. ഇമാം റാസി (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, എല്ലാ സന്ദര്‍ഭങ്ങളിലും മാപ്പും വിട്ടുവീഴ്‌ചയും മാത്രം സ്വീകരിക്കുന്ന പക്ഷം, അതു ചിലപ്പോള്‍ മതപരവും അല്ലാത്തതുമായ അനാശാസ്യതക്കു കാരണമായെന്നു വരും. അതിനൊരു പരിഹാരംകൂടിയാണു രണ്ടാമത്തെ ഈ ഉപദേശം. അതായതു, സദാചാരത്തിനും സല്‍ക്കര്‍മങ്ങള്‍ക്കും ഹാനികരമാകത്തക്ക വിട്ടുവീഴ്‌ചകള്‍ ഉണ്ടായിക്കൂടാ എന്നു ഇതില്‍നിന്നു മനസ്സിലാക്കാം. അതു പോലെത്തന്നെ, സല്‍കാര്യങ്ങളെക്കുറിച്ചു ഉപദേശിക്കുകയും ദുഷ്‌കാര്യങ്ങളെക്കുറിച്ചു വിരോധിക്കുകയും ചെയ്യുമ്പോള്‍, അജ്ഞാനികളായ മൂഢജനങ്ങളില്‍ നിന്നു അനഭിലഷണീയമായ പ്രതികരണങ്ങളോ നേരിടേണ്ടിയും വന്നേക്കും. അടുത്ത ഉപദേശത്തില്‍ അതിനുള്ള പരിഹാരവും കാണാവുന്നതാകുന്നു.

3) وَأَعْرِضْ عَنِ الْجَاهِلِينَ (വിവരമില്ലത്ത ആളുകളില്‍ നിന്നു തിരിഞ്ഞു കളയുക) അഥവാ അജ്ഞാനികളും മൂഢന്‍മാരുമായ ആളുകളുടെ നേരെ അവഗണനാ നയം സ്വീകരിക്കണം എന്നു താല്‍പര്യം. അവരില്‍ നിന്നുണ്ടായേക്കുന്ന എതിര്‍പ്പുകളെയും ഉപദ്രവങ്ങളെയും സഹിക്കുക, മാന്യമല്ലാത്ത വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും പ്രതികാരത്തിനു മുതിരാതിരിക്കുക, അനാവശ്യങ്ങളില്‍ അവരോടു സഹകരിക്കാതെ അവയില്‍ നിന്നു അകന്നു നില്‍ക്കുക, അനിഷ്‌ടകരമായ പെരുമാറ്റം കണ്ടാല്‍ കണ്ണടക്കുക മുതലായതെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പല മഹാന്‍മാരും ചൂണ്ടിക്കാട്ടാറുള്ളതുപോലെ, സത്യവിശ്വാസികളില്‍ ഉണ്ടായിരിക്കേണ്ടുന്ന ഉല്‍കൃഷ്‌ട സ്വഭാവങ്ങള്‍ ഈ മൂന്നു വാക്യങ്ങളില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഈ ഉപദേശങ്ങള്‍ മൂന്നും പ്രത്യക്ഷത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചു കൊണ്ടുള്ളതാണെങ്കിലും, എല്ലാ ഒരോ സത്യവിശ്വാസിയോടുമുള്ള കല്‍പനയാണിതെന്നുള്ളതില്‍ സംശയമില്ല.

ഈ വചനത്തിന്റെ ശീര്‍ഷകത്തിലും, “ക്വുര്‍ആനും സുന്നത്തും മുറുകെ പിടിക്കുക” എന്ന അദ്ധ്യായത്തിലും ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നും ബുഖാരി (رحمه الله) ഉദ്ധരിച്ച ഒരു സംഭവം അറിയുന്നതു ഇവിടെ സന്ദര്‍ഭോചിതമാകുന്നു. സംഭവം ഇതാണു: ഉയൈനത്തു (*) ബ്‌നുഹിസ്വാന്‍ (رَضِيَ اللهُ تَعَالَى عَنْهُ) അദ്ദേഹത്തിന്റെ സഹോദര പുത്രനായ ഹുര്‍-റുബ്‌നു ക്വൈസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ അടുക്കല്‍വന്ന്‌ തനിക്കു ഖലീഫ ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നോടു ഒരു സംഭാഷണത്തിനു അനുമതി വാങ്ങികൊടുക്കുവാന്‍ ആവശ്യപ്പെട്ടു. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ സദസ്സിലും, കാര്യാലോചനകളിലും അംഗങ്ങളായിരുന്നവര്‍ ക്വുര്‍ആന്‍ അധികം പഠിച്ചവരായിരുന്നു. അവര്‍ യുവാക്കളോ വയസ്സു ചെന്നവരോ എന്ന വ്യത്യാസമില്ലായിരുന്നു. ആ കൂട്ടത്തില്‍ ഒരാളായിരുന്നു ഹുര്‍റും (رَضِيَ اللهُ تَعَالَى عَنْهُ). അങ്ങനെ സമ്മതം ലഭിച്ചു ഉയൈനത്ത്‌ ചെന്നപ്പോള്‍ അദ്ദേഹം (ഖലീഫയോട്‌) ഇങ്ങനെ പറഞ്ഞു: “ഖത്ത്വാബിന്റെ മകനേ, അല്ലാഹുവിനെത്തെന്നയാണ! താങ്കള്‍ ഞങ്ങള്‍ക്കു അധികമൊന്നും തരാറില്ല; ഞങ്ങളില്‍ നീതിയനുസരിച്ചു വിധിക്കാറുമില്ല.” ഇതു കേട്ടപ്പോള്‍ ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നു കോപം വന്നു. അദ്ദേഹത്തെ വല്ലതും ചെയ്‌വാനുള്ള ഭാവമായി. അപ്പോള്‍, ഈ (199-ാം) വചനം ഓതിക്കേള്‍പ്പിച്ചുകൊണ്ടു ഹുര്‍റ്‌ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: “അമീറുല്‍ മുഅ്‌മിനീന്‍! അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ഇങ്ങിനെയാണു പറഞ്ഞിരിക്കുന്നത്‌. ഇയാള്‍ (ഉയയ്‌നത്ത്‌) വിഡ്‌ഢികളില്‍പെട്ടവനുമാകുന്നു”. ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ عَنْهُ) പറയുകയാണു: “അല്ലാഹുവാണ! ഈ വചനം ഓതിക്കേട്ടപ്പോള്‍ അതിനപ്പുറം പിന്നെ ഉമര്‍ ഒന്നും ചെയ്‌തില്ല. അദ്ദേഹം ക്വുര്‍ആന്‍ കേട്ടാല്‍ നില്‍ക്കുന്ന ആളായിരുന്നു.” (ബു). ക്വുര്‍ആനില്‍ വ്യക്തമാക്കപ്പെട്ട അതിര്‍ത്തിക്കപ്പുറം കടന്നു വല്ലതും പറയുകയോ ചെയ്യുകയോ ചെയ്യാത്ത ആളായിരുന്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) എന്നത്രെ ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ عَنْهُ) പറഞ്ഞതിന്റെ താല്‍പര്യം.


(*) عينية بن حصن الفزاري رضى لله عنه ഇദ്ദേഹം സ്വഹാബികളില്‍ എണ്ണപ്പെടുന്ന ഒരു വ്യക്തിയും ഫിസാര്‍ (فزار) ഗോത്രത്തിലെ ഒരു നേതാവുമായിരുന്നു. എങ്കിലും കുറച്ചു പരുക്കന്‍ സ്വഭാവവും അല്‍പം വിഡ്‌ഢിത്തവും അദ്ദേഹത്തിനുണ്ടായിരുന്നു. മക്കാ വിജയ കാലത്തു അദ്ദേഹം മുസ്‌ലിമായി. ഹുനൈന്‍ യുദ്ധത്തില്‍ സംബന്ധിക്കുകയും ചെയ്‌തു. ത്വുലൈഹത്തുല്‍ അസദീ എന്ന കള്ള പ്രവാചകന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, അവനെ അംഗീകരിക്കുകയുണ്ടായെങ്കിലും പിന്നീട്‌ അതില്‍ നിന്നു മടങ്ങി ഖേദിക്കുകയും നന്നായിത്തീരുകയും ചെയ്‌തു. (من فتح الباري – 13)


കോപംകൊണ്ടോ, മററു വല്ല വികാരവും നിമിത്തമോ മനുഷ്യന്റെ പക്കല്‍ അവിവേകവും പാകപ്പിഴവും വരുക സ്വാഭാവികമാണ്‌. മനുഷ്യന്റെ വര്‍ഗ്ഗശത്രുവായ പിശാചിന്റെ ദുഷ്‌പ്രേരണകളായിരിക്കും ഇതിനു പിന്നിലുള്ളത്‌. അങ്ങിനെ വല്ലതും അനുഭവപ്പെടുന്നപക്ഷം, അതിനുള്ള നിവാരണ മാര്‍ഗ്ഗമാണു രണ്ടാമത്തെ വചനത്തില്‍ അല്ലാഹു നിര്‍ദ്ദേശിക്കുന്നത്‌ …وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ (പിശാചില്‍നിന്നു വല്ല ദുഷ്‌പ്രേരണയും നിന്നെ ഇളക്കി വിടുന്നപക്ഷം നീ അല്ലാഹുവിനോടു ശരണം തേടിക്കൊള്ളുക) അതായതു, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്കു നിരക്കാത്ത വല്ലതും വന്നുപോയാല്‍, അതു പൈശാചിക പ്രേരണയില്‍ നിന്നുണ്ടായതാണെന്നും മനസ്സിലാക്കിക്കൊണ്ട്‌ അതില്‍നിന്നു പിന്‍മാറുകയും, പിശാചിന്റെ അത്തരം ദുഷ്‌പ്രേരണകളില്‍നിന്നു രക്ഷിക്കുവാന്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയുമാണു ചെയ്യേണ്ടതു എന്നു സാരം. ഇതിനു മുമ്പു നിര്‍ദ്ദേശിച്ച മൂന്നു നിര്‍ദ്ദേശങ്ങളും പിശാചിനെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. കാരണം, പിശാചിനെ മനുഷ്യനു കാണുവാന്‍ കഴിയുന്നതല്ല. അവന്റെ പ്രവൃത്തികളും ചെയ്തികളും അദൃശ്യവുമാണു. അതുകൊണ്ടു അവനോടു വിട്ടുവീഴ്‌ചക്കോ, സദുപദേശത്തിനോ സ്ഥാനമില്ല. അവനെക്കുറിച്ചു അവഗണിക്കുന്നതാകട്ടെ, അവനില്‍ നിന്നുള്ള കൂടുതല്‍ ഉപദ്രവത്തിനേ വഴിവെക്കുകയുള്ളൂ. കിട്ടുന്ന അവസരമെല്ലാം ഉപയോഗപ്പെടുത്തി മനുഷ്യനെ വഞ്ചിച്ചു വഴിപിഴപ്പിക്കുവാന്‍ പ്രതിജ്ഞയെടുത്തവനാണു പിശാചു. മനുഷ്യരെ സംബന്ധിച്ചിടത്തോളം, അവര്‍ എത്രതന്നെ ദുഃസ്വഭാവികളോ, ശത്രുക്കളോ ആയാലും പ്രസ്‌തുത മാര്‍ഗ്ഗങ്ങളിലൂടെ അവരെ നന്നാക്കിത്തീര്‍ക്കുവാനും, മയപ്പെടുത്തുവാനും സാധിച്ചെന്നുവരും. ചുരുക്കത്തില്‍, പിശാചില്‍ നിന്നുള്ള ഏകരക്ഷാമാര്‍ഗം അല്ലാഹുവില്‍ ശരണം പ്രാപിക്കലത്രെ.

അതുകൊണ്ടാണ്‌ മനുഷ്യരുടെ ഇണക്കവും സ്‌നേഹവും സമ്പാദിക്കുന്നതിനും, അവരുടെ ഉപദ്രവങ്ങളില്‍ നിന്നു രക്ഷ നേടുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടു ഈ വചനത്തിലെന്നപോലെ, 23:96-98 ലും, 41:34, 36 ലും ഇതുപോലെ, പിശാചില്‍നിന്നുള്ള രക്ഷക്ക്‌ അല്ലാഹുവിനോടു തേടണമെന്നു കല്‍പിച്ചിരിക്കുന്നതു. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരം സൂറത്തുല്‍ ഫാത്തിഹഃയുടെ ആരംഭത്തില്‍ കഴിഞ്ഞുപോയിട്ടുണ്ടു. അവിടെ നോക്കുക, പിശാചിന്റെ പ്രവൃത്തികളും ചെയ്‌തികളും വളരെ ഗൂഢമായതും മനുഷ്യര്‍ക്കു കണ്ടെത്തുവാന്‍ കഴിയാത്തതുമാണെങ്കിലും അവയെപ്പറ്റി അല്ലാഹുവിന്നു നല്ലപോലെ അറിയാം. അതില്‍നിന്നുള്ള രക്ഷാമാര്‍ഗമെന്താണെന്നും അവന്നറിയാം. അതുകൊണ്ടു അവനോടു ശരണം തേടുകയാണു നിങ്ങള്‍ ചെയ്യേണ്ടതു എന്നത്രെ അവസാനത്തെ വാക്യം ചൂണ്ടിക്കാട്ടുന്നതു. അതെ, إِنَّهُ سَمِيعٌ عَلِيمٌ (നിശ്ചയമായും, അവന്‍ കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു). അടുത്ത വചനവും കൂടി ശ്രദ്ധിക്കുക:-

7:201
  • إِنَّ ٱلَّذِينَ ٱتَّقَوْا۟ إِذَا مَسَّهُمْ طَـٰٓئِفٌ مِّنَ ٱلشَّيْطَـٰنِ تَذَكَّرُوا۟ فَإِذَا هُم مُّبْصِرُونَ ﴾٢٠١﴿
  • നിശ്ചയമായും, സൂക്ഷ്‌മത പാലിക്കുന്നവര്‍, അവരെ പിശാചില്‍ നിന്നുണ്ടാകുന്ന വല്ല തോന്നലും ബാധിച്ചാല്‍ അവര്‍ക്കു ഓര്‍മ്മ വരുന്നതാണ്‌; അപ്പോള്‍, അവര്‍ (ഉള്‍)കാഴ്‌ചയുള്ളവരായിരിക്കും!
  • إِنَّ നിശ്ചയമായും الَّذِينَ اتَّقَوْا സൂക്ഷ്‌മത പാലിച്ചവര്‍ إِذَا مَسَّهُمْ അവരെ സ്പര്‍ഷിച്ചാല്‍, ബാധിച്ചാല്‍ طَائِفٌ വല്ല (ഒരു) നിഴലും, ബാധ, നിഴലാട്ടം (തോന്നല്‍) مِّنَ الشَّيْطَانِ പിശാചില്‍ നിന്നു تَذَكَّرُوا അവര്‍ ഓര്‍മ്മവെക്കും, അവര്‍ക്കു ഓര്‍മ്മവരും فَإِذَا هُم എന്നിട്ടു (അപ്പോള്‍) അവര്‍ مُّبْصِرُونَ കാണുന്ന (ഉള്‍കാഴ്‌ചയുള്ള) വരായിരിക്കും
7:202
  • وَإِخْوَٰنُهُمْ يَمُدُّونَهُمْ فِى ٱلْغَىِّ ثُمَّ لَا يُقْصِرُونَ ﴾٢٠٢﴿
  • അവരുടെ [പിശാചുക്കളുടെ] സഹോദരങ്ങളാകട്ടെ, അവര്‍ അവരെ ദുര്‍മാര്‍ഗ്ഗത്തില്‍ അയച്ചു വിട്ടുകൊണ്ടിരിക്കയും ചെയ്യും; പിന്നെ, അവര്‍ കുറവു വരുത്തുകയില്ല.
  • وَإِخْوَانُهُمْ അവരുടെ സഹോദരങ്ങളാകട്ടെ يَمُدُّونَهُمْ അവരെ അയച്ചുവിടും, അവര്‍ക്കു സഹായം നല്‍കിക്കൊണ്ടിരിക്കും فِي الْغَيِّ ദുര്‍മാര്‍ഗത്തില്‍ ثُمَّ പിന്നെ (അതിനു പുറമെ) لَا يُقْصِرُونَ അവര്‍ കുറവു (വീഴ്ച) വരുത്തുകയില്ല

സാരം: അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുഷ്‌ഠിച്ചുകൊണ്ട്‌ അവനെ സൂക്ഷിച്ചു പോരുന്ന ഭയഭക്തന്‍മാര്‍ വല്ലപ്പോഴും പിശാചിന്റെ ദുഷ്‌പ്രേരണകള്‍ക്കു വിധേയമായിത്തീരുന്ന പക്ഷം, ഉടനെത്തന്നെ തങ്ങളുടെ പക്കല്‍ വന്നുപോയ അബദ്ധത്തെപ്പറ്റി അവര്‍ക്കു ബോധം വരുന്നതായിരിക്കും. അങ്ങനെ, അതില്‍നിന്നു പിന്‍വാങ്ങുകയും, മേലില്‍ അത്തരം വഞ്ചനകളില്‍ അകപ്പെടാതെ സൂക്ഷിക്കുവാനുള്ള മുന്‍കരുതലും ദീര്‍ഘദൃഷ്‌ടിയും അവര്‍ക്കുണ്ടായിത്തീരുകയും ചെയ്യും. സൂക്ഷ്‌മതയും ഭയഭക്തിയുമില്ലാതെ പിശാചിന്റെ സഹോദരങ്ങളും മിത്രങ്ങളുമായിക്കഴിയുന്നവരുടെ സ്ഥിതിയാകട്ടെ, മറിച്ചുമായിരിക്കും. പിശാചിന്റെ ദുഷ്‌പ്രേരണവഴി വല്ല വേണ്ടാവൃത്തിയിലും അകപ്പെട്ടു കഴിഞ്ഞാല്‍, അതില്‍നിന്നു പിന്‍മടങ്ങുവാനുള്ള ബോധവും, സന്‍മനസ്സും അവര്‍ക്കു വരികയില്ല. തങ്ങളാല്‍ കഴിയുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ പിശാചിനു പ്രോത്സാഹനവും സഹായവും നല്‍കുകയായിരിക്കും അവര്‍ ചെയ്യുക. ചുരുക്കിപ്പറഞ്ഞാല്‍, പിശാചിന്റെ ദുഷ്‌പ്രേരണകള്‍ക്കു വിധേയനായി തെറ്റു കുറ്റങ്ങള്‍ ചെയ്‌തു പോകുക മനുഷ്യ സഹജമായ പതിവാണു. എന്നാല്‍, ഭയഭക്തരായ ആളുകള്‍ തങ്ങള്‍ക്കു പിണഞ്ഞ അമളി വേഗം മനസ്സിലാക്കുകയും, അല്ലാഹുവില്‍ ശരണം തേടി മേലില്‍ ശ്രദ്ധാലുക്കളായിരിക്കയും ചെയ്യും. വന്നു പോയതിനെപ്പറ്റി വീണ്ടുവിചാരം തോന്നാത്തവരാകട്ടെ, അവര്‍ പിന്നെപ്പിന്നെ പിശാചിനു അടിമയായിത്തീരുകയും, ഒടുക്കം രക്ഷാമാര്‍ഗ്ഗം അടഞ്ഞുപോകുകയുമായിരിക്കും ഉണ്ടാകുക.

ചില പരമാര്‍ത്ഥങ്ങള്‍ ഇവിടെ ഓര്‍മിക്കുന്നതു നന്ന്‌. ഒരാള്‍ക്കു അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും, ഭയഭക്തിയും എത്ര കണ്ടുണ്ടോ അത്രകണ്ട്‌ അവന്‍ പിശാചിന്റെ ചതിയെക്കുറിച്ച്‌ ഭയപ്പെടുന്നവനും, പിശാചില്‍ നിന്നുള്ള രക്ഷക്കുവേണ്ടി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുന്നവനുമായിരിക്കും. ഒരാള്‍ക്കു പിശാചിന്റെ കെണിയില്‍ അകപ്പെടുന്നതിനെക്കുറിച്ചു ഭയമില്ലെങ്കില്‍, അതിനുള്ള കാരണം അവന്റെ വിശ്വാസദാര്‍ഢ്യമോ, മറ്റേതെങ്കിലും ഉല്‍കൃഷ്‌ട ഗുണമോ അല്ല. ഒന്നുകില്‍, അല്ലാഹുവിന്റെയും റസൂലിന്റെയും വചനങ്ങളില്‍ വേണ്ടത്ര വിശ്വാസമില്ലായ്‌മ, അഥവാ അദൃശ്യ സൃഷ്‌ടികളായ ജിന്നു വര്‍ഗ്ഗത്തെയും, അവരില്‍ പെട്ട പിശാചുക്കളെയും നിഷേധിക്കുന്നവരായിരിക്കുക. അതല്ലെങ്കില്‍, പിശാചിന്റെ ദുര്‍മന്ത്രങ്ങള്‍ക്കു ഒരിക്കലും വിധേയനാകാത്തവണ്ണം – പ്രവാചകന്‍മാരെപ്പോലെയോ, അതിലും ഉപരിയായോ – ഉന്നത നിലവാരത്തിലുള്ള ആളാണു താനെന്ന ഒരു അഹങ്കാരം. രണ്ടിലൊന്നായിരിക്കും അതിനു കാരണം. കാരണം ഏതായാലും ശരി, അത്തരക്കാരുടെ ഹൃദയമാണ്‌ നിഷ്‌പ്രയാസം പിശാചിനു സ്വൈരവിഹാരം നടത്തുവാന്‍ ഏറ്റവും ഉതകുന്ന രംഗം. അവനെകൊണ്ടു എന്തു ചെയ്യിക്കുവാനും, എന്തു പറയിക്കുവാനും പിശാചിനു നിരുപാധികം സാധ്യമാണല്ലോ. പിശാചിന്റെ വഞ്ചനയില്‍ അകപ്പെടുന്നതിനെപ്പറ്റി ഭയവും ശ്രദ്ധയും ഉള്ളവനാകട്ടെ, അല്ലാഹു ചൂണ്ടിക്കാട്ടിയതുപോലെ, സദാ അതിനെക്കുറിച്ചു ജാഗരൂകനായിരിക്കുന്നതു കൊണ്ടു യഥേഷ്‌ടം അവനെ വഴിപിഴപ്പിക്കുവാന്‍ പിശാചിനു സാധ്യമാകുന്നതുമല്ല.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്‌തതായി അനസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ചിരിക്കുന്നു: ‘നിശ്ചയമായും, പിശാചു മനുഷ്യനില്‍നിന്നും അവന്റെ രക്തം സഞ്ചരിക്കുന്നേടത്തൊക്കെ സഞ്ചരിക്കുന്നതാണ്‌.’ (ബു.മു) ഇബ്‌നുമസ്‌ഊദ്‌ (رَضِيَ اللهُ تَعَالَى عَنْهُ) പറയുന്നു : റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നിങ്ങളില്‍ ഒരാളും തന്നെ, ജിന്നില്‍ നിന്നുള്ള അവന്റെ കൂട്ടുകാരനും, മലക്കുകളില്‍ നിന്നുള്ള അവന്റെ കൂട്ടുകാരനും അവനില്‍ ഏല്‌പിക്കപ്പെടാത്തവരായിട്ടില്ല. അവര്‍ (സ്വഹാബികള്‍) ചോദിച്ചു: ‘അങ്ങുന്നും (അങ്ങിനെ) തന്നെയോ?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘(അതെ) ഞാനും തന്നെ. പക്ഷേ, എനിക്കു അല്ലാഹു അവന്നെതിരില്‍ സഹായം നല്‍കിയിരിക്കുന്നു. അതിനാല്‍, അവന്‍ കീഴൊതുങ്ങിയിരിക്കുകയാണ്‌. ആകയാല്‍, അവന്‍ എന്നോടു നല്ലതിനെയല്ലാതെ കല്‍പിക്കുകയില്ല.’ (മു). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്‌നുമസ്‌ഊദ്‌ (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു ഇപ്രകാരവും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: “നിശ്ചയമായും മനുഷ്യനില്‍ പിശാചിനു ഒരു (തരം) പ്രവേശനമുണ്ട്‌. മലക്കിനും ഒരു (തരം) പ്രവേശനമുണ്ട്‌. പിശാചിന്റെ പ്രവേശനം, തിന്മയെക്കുറിച്ചുള്ള വാഗ്‌ദത്തവും, യഥാര്‍ത്ഥത്തെ വ്യാജമാക്കലുമായിരിക്കും. മലക്കിന്റെ പ്രവേശനമാകട്ടെ, നന്മയെക്കുറിച്ചുള്ള വാഗ്‌ദത്തവും, യഥാര്‍ത്ഥത്തെ സത്യമാക്കലുമായിരിക്കും. ഇതു ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍, അതു അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നു അവന്‍ അറിഞ്ഞുകൊള്ളട്ടെ. അവന്‍ അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്യട്ടെ. മറ്റേതു (പിശാചിന്റേതു) ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍, ആട്ടപ്പെട്ട പിശാചില്‍നിന്നു അവന്‍ അല്ലാഹുവിനോടു ശരണം തേടുകയും ചെയ്യട്ടെ”. പിന്നീട്‌ തിരുമേനി الشَّيْطَانُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُم بِالْفَحْشَاءِ (പിശാചു നിങ്ങളോടു ദാരിദ്ര്യത്തെക്കുറിച്ചു താക്കീതു ചെയ്യുകയും, നിങ്ങളോടു നീചവൃത്തികൊണ്ടു കല്‍പിക്കുകയും ചെയ്യുന്നു) എന്ന ക്വുര്‍ആന്‍ വചനം ഓതുകയും ചെയ്‌തു (തി.).

7:203
  • وَإِذَا لَمْ تَأْتِهِم بِـَٔايَةٍ قَالُوا۟ لَوْلَا ٱجْتَبَيْتَهَا ۚ قُلْ إِنَّمَآ أَتَّبِعُ مَا يُوحَىٰٓ إِلَىَّ مِن رَّبِّى ۚ هَـٰذَا بَصَآئِرُ مِن رَّبِّكُمْ وَهُدًى وَرَحْمَةٌ لِّقَوْمٍ يُؤْمِنُونَ ﴾٢٠٣﴿
  • (നബിയേ) നീ അവര്‍ക്കു വല്ല (പ്രത്യേക) ആയത്തും [ദൃഷ്‌ടാന്തവും അഥവാ സൂക്തവും] കൊണ്ടു ചെല്ലുന്നില്ലെങ്കില്‍ അവര്‍ പറയും: 'അത്‌ തനിക്കു (സ്വയം) തിരഞ്ഞെടുത്തു (നിര്‍മിച്ചു) കൂടേ?!' നീ പറയുക: 'എന്റെ റബ്ബിങ്കല്‍ നിന്നു എനിക്കു വഹ്‌യു [സന്ദേശം] നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണു ഞാന്‍ ചെയ്യുന്നതു. ഇതു [ഈ ക്വുര്‍ആന്‍] നിങ്ങളുടെ റബ്ബിങ്കല്‍നിന്നു (ഉള്‍ക്കാഴ്‌ച നല്‍കുമാറു) ള്ള തെളിവുകളാകുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമാകുന്നു.
  • وَإِذَا لَمْ تَأْتِهِم നീ അവര്‍ക്കു ചെല്ലുന്നില്ലെങ്കില്‍, ചെല്ലാതിരുന്നാല്‍ بِآيَةٍ വല്ല ദൃഷ്‌ടാന്തവും (ലക്ഷ്യവും - സൂക്തവും) കൊണ്ടു قَالُوا അവര്‍ പറയും لَوْلَا ആയിക്കൂടേ, എന്തുകൊണ്ടായിക്കൂടാ اجْتَبَيْتَهَا നീ (താന്‍) അതു തിരഞ്ഞെടുക്കുക قُلْ പറയുക إِنَّمَا أَتَّبِعُ ഞാന്‍ പിന്‍പറ്റുക മാത്രമേ ചെയ്യുന്നുള്ളു مَا يُوحَىٰ വഹ്‌യ്‌ (സന്ദേശം) നല്‍കപ്പെടുന്നതിനെ إِلَيَّ എനിക്കു, എന്നിലേക്കു مِن رَّبِّي എന്റെ റബ്ബിങ്കല്‍നിന്നു هَـٰذَا ഇതു بَصَائِرُ ചില ഉള്‍ക്കാഴ്‌ചകളാകുന്നു, തെളിവുകളാകുന്നു مِن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു وَهُدًى മാര്‍ഗദര്‍ശനവും وَرَحْمَةٌ കാരുണ്യവും لِّقَوْمٍ ഒരു ജനങ്ങള്‍ക്കു يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു.

آيَة (ആയത്തു) എന്ന വാക്കു പ്രകൃതിപരമായ ദൃഷ്‌ടാന്തങ്ങള്‍ക്കും, വേദഗ്രന്ഥത്തിലെ സൂക്തങ്ങള്‍ക്കും ഉപയോഗിക്കപ്പെടാവുന്നതു കൊണ്ട്‌ മുശ്‌രിക്കുകളുടെ ഈ ചോദ്യത്തിന്‌ രണ്ടു പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെടാറുണ്ട്‌.

(1) എന്തുകൊണ്ടു തനിക്കു തന്റെ സ്വന്തം വകയായി ചില ക്വുര്‍ആന്‍ സൂക്തങ്ങള്‍ രചിച്ചുണ്ടാക്കിക്കൂടാ? എന്നും, (2) ഞങ്ങള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വല്ല പ്രത്യേക ദൃഷ്‌ടാന്തങ്ങളും എന്തുകൊണ്ടു തന്റെ വകയായി ഞങ്ങള്‍ക്കു കാണിച്ചു തന്നുകൂടാ? എന്നും. വ്യക്തമായ ഭാഷയില്‍ തന്നെ, ഈ രണ്ടു തരത്തിലുള്ള ചോദ്യങ്ങളും അവര്‍ ചോദിക്കുകയുണ്ടായിട്ടുണ്ടു താനും. ائْتِ بِقُرْآنٍ غَيْرِ هَٰذَا أَوْ بَدِّلْهُ (ഇതല്ലാത്ത ഒരു ക്വുര്‍ആന്‍ നീ കൊണ്ടു വരുക, അല്ലെങ്കില്‍ അതു മാറ്റി മറിക്കുക) എന്നു അവര്‍ ആവശ്യപ്പെടുകയുണ്ടായി (10:15)). ഭൂമിയില്‍ നിന്നു ഒരു നീരുറവ പുറപ്പെടുവിച്ചു തരുക, ആകാശത്തു നിന്നൊരു കഷ്‌ണം വീഴ്‌ത്തിത്തരുക, സ്വര്‍ണംകൊണ്ടൊരു വീടു നിനക്കുണ്ടായിരിക്കുക മുതലായ പല കാര്യങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ട്‌ ഇവ ഏതെങ്കിലും കാണിച്ചു തന്നല്ലാതെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല എന്നും അവര്‍ പറഞ്ഞിട്ടുണ്ട്‌. (17:90-93)). ആ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, അവര്‍ക്കു നല്‍കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിച്ച മറുപടിയുടെയും, ഈ ചോദ്യത്തിനു നല്‍കുവാന്‍ കല്‍പിച്ച മറുപടിയുടെയും ആശയം ഒന്നുതന്നെ. അതായതു, എനിക്കു സ്വന്തമായി ഒന്നും കൊണ്ടുവരുവാനോ, നിര്‍മ്മിക്കുവാനോ നിവൃത്തിയില്ല. അല്ലാഹുവിങ്കല്‍നിന്നു ലഭിക്കുന്നതു പ്രബോധനം ചെയ്‌വാനും, കാണിച്ചുതരുവാനും മാത്രമേ എനിക്കു നിവൃത്തിയുള്ളൂ. അതിനപ്പുറം എനിക്കൊന്നും സാധ്യമല്ല. കാര്യം മനസ്സിലാക്കുവാന്‍ വേണ്ടുവോളം തെളിവുകളും ന്യായങ്ങളും ക്വുര്‍ആനിലുണ്ട്‌. അതില്‍ വിശ്വസിച്ചാല്‍ നിങ്ങള്‍ക്കു രക്ഷയും വിജയവും ലഭിക്കും.

7:204
  • وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ ﴾٢٠٤﴿
  • ക്വുര്‍ആന്‍ വായി (ച്ചു കേള്‍പ്പി) ക്കപ്പെട്ടാല്‍, നിങ്ങള്‍ അതിലേക്കു ചെവി കൊടുക്കുകയും, അടങ്ങിയിരിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ക്കു കരുണ ചെയ്യപ്പെട്ടേക്കാം.
  • وَإِذَا قُرِئَ ഓതപ്പെട്ടാല്‍ الْقُرْآنُ ക്വുര്‍ആന്‍ فَاسْتَمِعُوا നിങ്ങള്‍ കേള്‍വി (ചെവി) കൊടുക്കുവിന്‍, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ لَهُ അതിലേക്കു, അതിനെ وَأَنصِتُوا അടങ്ങുകയും (മൗനമായിരിക്കയും) ചെയ്‍വിന്‍ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تُرْحَمُونَ നിങ്ങള്‍ക്ക്‌ കരുണ ചെയ്യപ്പെടും

സത്യം ഗ്രഹിക്കുവാനുള്ള തെളിവുകളാണു ക്വുര്‍ആന്‍; വിശ്വസിക്കുന്നവര്‍ക്കു അതു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമാണ്‌ എന്നു പറഞ്ഞുവല്ലോ. ഇതെങ്ങിനെ ഫലവത്താക്കാമെന്നു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ക്വുര്‍ആന്‍ ഓതിക്കേള്‍ക്കുമ്പോള്‍ അതിലേക്കു നല്ലപോലെ ശ്രദ്ധകൊടുക്കുകയും, ശബ്‌ദകോലാഹലങ്ങളോ കുതര്‍ക്കങ്ങളോ ഉണ്ടാക്കാതെ അടങ്ങിയിരുന്നു കേള്‍ക്കുകയും ചെയ്യുക. ഇതാണത്‌. ഇങ്ങിനെ ചെയ്‌താല്‍, അതിലെ ആശയങ്ങള്‍ മനസ്സില്‍ പതിയുകയും, അങ്ങനെ സത്യം ഗ്രഹിക്കുവാനും ആസ്വദിക്കുവാനും സാധിക്കുകയും ചെയ്യുമെന്നു തീര്‍ച്ചയാണ്‌. ഇതിനു പല ഉദാഹരണങ്ങളും കടുത്ത മുശ്‌രിക്കുകളുടെ ചരിത്രത്തില്‍ തന്നെയുണ്ട്‌. ദുരുദ്ദേശ്യപൂര്‍വ്വം അല്‍പനേരം സ്വസ്ഥമായിരുന്നു ക്വുര്‍ആന്‍ കേള്‍ക്കുവാന്‍ ഇടയായവര്‍പോലും അതില്‍ ആകൃഷ്‌ടരാകുകയും വിശ്വസിക്കുകയും ചെയ്‌ത സംഭവങ്ങളും പലതുണ്ടായിട്ടുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ لَا تَسْمَعُوا لِهَٰذَا الْقُرْآنِ وَالْغَوْا فِيهِ…… (നിങ്ങള്‍ ഈ ക്വുര്‍ആനിലേക്കു ചെവികൊടുക്കരുത്‌; അതില്‍ ബഹളംകൂട്ടി ഒച്ചപ്പാടുണ്ടാക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ വിജയം നേടിയേക്കും (41:26).) എന്നും മറ്റും അവര്‍ പറഞ്ഞിരുന്നതും.

ക്വുര്‍ആന്‍ ഓതിക്കേള്‍ക്കുമ്പോള്‍ മൗനവലംബിക്കുകയും, ശ്രദ്ധ കൊടുക്കുകയും വേണമെന്ന കല്‍പന അവിശ്വാസികള്‍ക്കു മാത്രം ബാധകമല്ല. എല്ലാവര്‍ക്കും, എല്ലായ്‌പ്പോഴും ബാധകം തന്നെയാകുന്നു. ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍, ഇമാമിന്റെ ക്വുര്‍ആന്‍ പാരായണം കേള്‍ക്കുന്ന മഅ്‌മൂമുകള്‍ (പിന്നില്‍ തുടര്‍ന്നു നമസ്‌കരിക്കുന്നവര്‍) ക്വുര്‍ആനും മറ്റും ഓതരുതെന്നും, ഓതുന്ന പക്ഷം അതു വളരെ പതുക്കെയായിരിക്കണമെന്നും മറ്റുമുള്ള അഭിപ്രായ വ്യത്യാസങ്ങളും ഫിക്വ്‌ഹു (കര്‍മശാസ്‌ത്ര) ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചിരിക്കുന്നതു ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ നിന്നാണെന്നറിയുമ്പോള്‍, ഇതിന്റെ അര്‍ത്ഥവ്യാപ്‌തി ഏറെക്കുറെ ഊഹിക്കാവുന്നതാകുന്നു. ഈ കല്‍പനയുടെ ലക്ഷ്യം പൂര്‍ണ്ണമായി ഫലത്തില്‍ വരേണമെങ്കില്‍, കേള്‍ക്കുന്നവര്‍ക്കു ക്വുര്‍ആന്റെ അര്‍ത്ഥവും ആശയവും സാമാന്യമായെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ടെന്നു പറയേണ്ടതില്ല. എന്നാലും അര്‍ത്ഥം അറിയാത്തവര്‍ക്കും ഈ കല്‍പന ഒട്ടും ബാധകമല്ലെന്നു കരുതുവാനും പാടില്ലാത്തതാകുന്നു. അര്‍ത്ഥം അറിയാത്തവരായിരുന്നാല്‍ പോലും അല്ലാഹുവിന്റെ വചനമായ ക്വുര്‍ആന്‍ കേള്‍ക്കുമ്പോള്‍ അച്ചടക്കത്തോടു കൂടി അതു ശ്രദ്ധിക്കുകയും മറ്റു കോലാഹലങ്ങളില്‍ മുഴുകാതിരിക്കുകയും ചെയ്യുന്നതു അതിനോടു കാണിക്കേണ്ട ഒരു മര്യാദയത്രെ. അതിനോടു അനാദരവും അവഗണനാനയവും കാണിക്കുന്നതു ധിക്കാരവുമാകുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ചു മുഖവുരയില്‍ വിവരിച്ചതു ഓര്‍ക്കുക.

7:205
  • وَٱذْكُر رَّبَّكَ فِى نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ ٱلْجَهْرِ مِنَ ٱلْقَوْلِ بِٱلْغُدُوِّ وَٱلْـَٔاصَالِ وَلَا تَكُن مِّنَ ٱلْغَـٰفِلِينَ ﴾٢٠٥﴿
  • വിനയപ്പെട്ടും, ഭയപ്പെട്ടും കൊണ്ട്‌ നിന്റെ റബ്ബിനെ നീ സ്വയം ഓര്‍ക്കുക (അഥവാ കീര്‍ത്തനം ചെയ്യുക). വാക്കില്‍ നിന്നും ഉച്ചത്തിലല്ലാതെയും (ഓര്‍ക്കുക); രാവിലെയും, വൈകുന്നേരങ്ങളിലും. നീ അശ്രദ്ധന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കയും ചെയ്യരുത്‌.
  • وَاذْكُر ഓര്‍ക്കുക, സ്മരിക്കുക, കീര്‍ത്തനം ചെയ്യുക, പ്രസ്താവിക്കുക رَّبَّكَ നിന്റെ റബ്ബിനെ فِي نَفْسِكَ നിന്റെ സ്വന്തത്തില്‍ (മനസ്സില്‍ - സ്വയം) تَضَرُّعًا വിനയപ്പെട്ടു (ഭക്തി താഴ്മകാട്ടി) കൊണ്ടു وَخِيفَةً ഭയപ്പെട്ടുകൊണ്ടും, പേടിച്ചും وَدُونَ الْجَهْرِ ഉച്ചത്തിലല്ലാതെയും مِنَ الْقَوْلِ വാക്കില്‍ നിന്നും بِالْغُدُوِّ രാവിലെ وَالْآصَالِ വൈകുന്നേരങ്ങളിലും وَلَا تَكُن നീ ആയിരിക്കയും ചെയ്യരുതു مِّنَ الْغَافِلِينَ അശ്രദ്ധന്‍മാരുടെ കൂട്ടത്തില്‍
7:206
  • إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسْجُدُونَ ۩ ﴾٢٠٦﴿
  • നിശ്ചയമായും, നിന്റെ റബ്ബിന്റെ അടുക്കലുള്ളവര്‍, അവനെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അവര്‍ അഹംഭാവം നടിക്കുകയില്ല; അവര്‍ അവന്‌ 'തസ്‌ബീഹ്‌' [സ്‌തോത്രകീര്‍ത്തനം] നടത്തുകയും അവനു 'സുജൂദു' [സാഷ്‌ടാംഗ നമസ്‌കാരം] ചെയ്യുകയും ചെയ്യുന്നു.
  • إِنَّ നിശ്ചയമായും الَّذِينَ عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കലുള്ളവര്‍ لَا يَسْتَكْبِرُونَ അവര്‍ അഹംഭാവം (ഗര്‍വ്വു) നടിക്കുകയില്ല عَنْ عِبَادَتِهِ അവനെ ആരാധിക്കുന്നതിനെക്കുറിച്ചു وَيُسَبِّحُونَهُ അവര്‍ അവനു തസ്‌ബീഹും ചെയ്യും, സ്‌തോത്രകീര്‍ത്തനം നടത്തുകയും ചെയ്യും وَلَهُ അവനു يَسْجُدُونَ അവര്‍ സുജൂദും (സാഷ്‌ടാംഗ നമസ്‌ക്കരിക്കയും) ചെയ്യും

ഈ വചനം ഓതിയ ഉടനെ ഒരു സുജൂദു ചെയ്യേണ്ടതാകുന്നു. ഓത്തിന്റെ സുജൂദു (سجود التلاوة) നിയമിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളില്‍ ഒന്നാമത്തേതാണിതു. ഇതില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. സുജൂദിനു പ്രേരിപ്പിച്ചുകൊണ്ടുള്ള ചില വചനങ്ങളിലാണു പാരായണ വേളയില്‍ സുജൂദു നിയമിക്കപ്പെട്ടിരിക്കുന്നത്‌. അവ അതതിന്റെ സ്ഥാനങ്ങളില്‍ ‘മുസ്വ്‌ഹഫി’ല്‍ അടയാളപ്പെടുത്തിയിരിക്കും. അല്‍പം ചില സ്ഥലങ്ങളില്‍ സുജൂദു വേണ്ടതുണ്ടോ, ഇല്ലേ എന്നതില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം കാണാമെങ്കിലും മിക്ക സ്ഥലവും അഭിപ്രായ വ്യത്യാസമില്ലാത്തതാകുന്നു. സുജൂദിന്റെ ആയത്തുകളില്‍ ഈ വചനവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എണ്ണിയതായി ഹദീഥില്‍ വന്നിരിക്കുന്നു. (ജ.)

ذِكْر (ദിക്‌ര്‍) എന്ന വാക്കിനു ‘ഓര്‍ക്കുക, സ്‌മരിക്കുക, പറയുക, പ്രഖ്യാപിക്കുക, കീര്‍ത്തനം ചെയ്യുക, പ്രസ്‌താവിക്കുക’ എന്നൊക്കെ സന്ദര്‍ഭോചിതം അര്‍ത്ഥങ്ങള്‍ വരും. മനസ്സുകൊണ്ടും, വാക്കുകൊണ്ടുമുള്ള ധ്യാനങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നുവെന്നു ആദ്യത്തെ വചനത്തില്‍നിന്നും മറ്റും വ്യക്തമാകുന്നു. തസ്‌ബീഹു, ഹംദു, തക്‌ബീര്‍, ദുആ (സ്‌തോത്രകീര്‍ത്തനം, സ്‌തുതി കീര്‍ത്തനം, മഹത്വകീര്‍ത്തനം, പ്രാര്‍ത്ഥന) മുതലായവയെക്കുറിച്ചാണു സാധാരണ ‘ദിക്‌ര്‍’ എന്നു പറഞ്ഞു വരുന്നതു. ഇവയെല്ലാം വിനയത്തോടും, ഭയഭക്തിയോടു കൂടിയും മിതമായ ശബ്‌ദത്തോടുകൂടിയും ആയിരിക്കേണ്ടതുണ്ടെന്നും, രാവിലെയും വൈകുന്നേരവും പ്രത്യേകം അല്ലാഹുവിനെ സ്‌മരിക്കേണ്ടതുണ്ടെന്നും അല്ലാഹു അറിയിച്ചു തരുന്നു. ഉച്ചത്തില്‍ ശബ്‌ദമിട്ടുകൊണ്ടും, ഹൃദയം സ്‌പര്‍ശിക്കാതെ നാവിലൂടെ ഉരുവിട്ടുകൊണ്ടുമുള്ള ധ്യാനങ്ങളും പ്രാര്‍ത്ഥനകളും നന്നല്ലെന്നു ഇതില്‍ നിന്നു സ്‌പഷ്‌ടമാണു. കഴിഞ്ഞ 55, 56 വചനങ്ങളുടെ വ്യാഖ്യാനത്തില്‍ വിവരിച്ച സംഗതികളും ഇവിടെ ഓര്‍ക്കത്തക്കവയാണ്‌.

സമയ വ്യത്യാസം കൂടാതെ എല്ലായ്‌പ്പോഴും അല്ലാഹുവിനെക്കുറിച്ചുള്ള സ്‌മരണ ഉണ്ടായിരിക്കേണ്ടതു തന്നെ. എങ്കിലും രാവും പകലും മാറിക്കൊണ്ടിരിക്കുന്ന അവസരങ്ങളാണല്ലോ രാവിലെയും വൈകുന്നേരവും. പലതരം പ്രകൃതി മാറ്റങ്ങളും സംഭവിക്കുന്ന ആ സമയങ്ങള്‍ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളെയും അനുഗ്രഹങ്ങളെയും കുറിച്ചു ഓര്‍മ്മിക്കുവാന്‍ പറ്റിയ പ്രത്യേക അവസരമത്രെ. മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളില്‍ അവന്‍ വ്യാപൃതനാകുന്നതു പകലിലാണു. രാത്രി അവന്‍ വിശ്രമത്തിനു ഉപയോഗിക്കയും ചെയ്യുന്നു. ഈ രണ്ടവസ്ഥയുടെയും ആരംഭത്തില്‍ അല്‍പസമയം അല്ലാഹുവിന്റെ സ്‌മരണക്കുവേണ്ടി വിനിയോഗിക്കുന്നതു ഏതു നിലക്കും ഉപയുക്തമാണല്ലോ. ചില പ്രത്യേക സമയങ്ങളില്‍ നമസ്‌കാരം, ദിക്‌ര്‍ മുതലായവ നിശ്ചയിക്കപ്പെട്ടതിനെക്കുറിച്ച്‌ സൂഃ റൂം 17,19 വചനങ്ങളുടെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുള്ളതു നോക്കുക.

ഭയഭക്തിയോടും അച്ചടക്കത്തോടുംകൂടി അല്ലാഹുവിനെ സ്‌മരിക്കുവാന്‍ കല്‍പിച്ചതിനെത്തുടര്‍ന്നു ആ വിഷയത്തില്‍ മലക്കുകളുടെ സ്ഥിതി എന്താണെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അതായതു, അഹംഭാവം തീണ്ടാതെ – ഭക്തി വിനയത്തോടുകൂടി അവര്‍ അവനു സദാ തസ്‌ബീഹു, സുജൂദു മുതലായ ആരാധനകള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നു. മനുഷ്യരും അവരെപ്പോലെ, അല്ലാഹുവിനെപ്പറ്റി അശ്രദ്ധരാകാതെ ഭക്തി വിനയമുള്ളവരായിക്കൊണ്ടിരിക്കേണ്ടതുണ്ട്‌ എന്നു നമ്മെ ഉണര്‍ത്തുകയാണ്‌ മലക്കുകളെ സംബന്ധിച്ച ഈ പ്രശംസയുടെ താല്‍പര്യം. മലക്കുകളെപ്പററി അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ അടുക്കലുള്ളവര്‍ അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല; അവര്‍ ക്ഷീണിച്ചു കുഴങ്ങുകയുമില്ല. അവര്‍ രാവും പകലും സ്‌തോത്രകീര്‍ത്തനം ചെയ്‌തുകൊണ്ടിരിക്കുന്നു. അവര്‍ തളരുന്നില്ല’ (അന്‍ബിയാഉ്‌ 19,20). ഇവിടങ്ങളിലൊക്കെ الَّذِينَ عِندَه (അല്ലാഹുവിന്റെ അടുക്കലുള്ളവര്‍) എന്നു പറഞ്ഞതു മലക്കുകളെ ഉദ്ദേശിച്ചാണെന്നു ഏതു നിഷ്‌പക്ഷ ബുദ്ധിക്കും തുടര്‍ന്നു പറഞ്ഞ വാക്കുകളില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്‌. എങ്കിലും ചില സ്ഥാപിത താല്‍പര്യക്കാരായ പുത്തന്‍ വ്യാഖ്യാനക്കാര്‍ ‘ദൈവ സാമീപ്യം സിദ്ധിച്ച മഹാപുരുഷന്‍മാരാണ്‌ അതുകൊണ്ടുദ്ദേശ്യം’ എന്നു പറഞ്ഞു കാണുന്നു. അദൃശ്യസൃഷ്‌ടികളിലുള്ള വിശ്വാസക്കുറവില്‍ നിന്നു ഉടലെടുത്ത ഏതോ ഒരു താല്‍പര്യമായിരിക്കാം ഇവരെ ഈ വ്യാഖ്യാനത്തിലെത്തിച്ചതു (അല്ലാഹുവിനറിയാം). ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആരും അങ്ങിനെ അഭിപ്രായപ്പെട്ടിട്ടില്ലെന്നതു പോകട്ടെ, അറബിഭാഷാ പരിജ്ഞാനമുള്ള ഒരു സത്യവിശ്വാസിയും അങ്ങിനെ പറയുവാന്‍ മുതിരുമെന്നു തോന്നുന്നില്ല.

ഈ വചനങ്ങളിലടങ്ങിയ ആശയം പരിഗണിക്കുമ്പോള്‍, ഇവിടെ ഓത്തിന്റെ സുജൂദു ചെയ്‌വാന്‍ നിശ്ചയിക്കപ്പെട്ടതു വളരെ യുക്തവും അര്‍ത്ഥവത്തുമാണെന്നു വ്യക്തമാകുന്നു.

الحمد لله أولا وآخرا – اللهم لك المنة والفضل

(كان الفراغ من تسويد تفسير هذه السورة ليلة الاحد غرة ربيع الاول سنة ١٣٩٧ ه الموافق : ١٩-٢-١٩٧٧ م
ومن تبيضه ضحوة يوم الاثنين – اليوم الثاني من ايام التشريق سنة ١٣٩٨ ه الموافق : ١٣-١١-١٩٧٨ م -م نى)