വിശുദ്ധ ക്വുർആൻ വിവരണം
മർഹൂം കെ. എം. മൗലവി സാഹിബിന്റെ
അവതാരിക
(ഒന്നാം പതിപ്പിൽ)
മാന്യ സഹോദരങ്ങളെ,
ഏകദേശം നാലു കൊല്ലം മുമ്പ് ഒരു ദിവസം, ജനാബ് കെ. പി. മുഹമ്മദ് സാഹിബിന്റെ ഒരു കത്ത് എനിക്ക് കിട്ടുകയുണ്ടായി. പരിശുദ്ധ ഖുർആന്റെ ഒരു തഫ്സീർ മലയാളത്തിൽ പ്രസിദ്ധീകരിക്കുവാനുള്ള ആഗ്രഹവും, അതിന്റെ സാമ്പത്തികവശമല്ലാത്ത മറ്റു കാര്യങ്ങളിൽ വേണ്ടുന്ന സഹായസഹകരണങ്ങൾ ചെയ്തുതരണമെന്നുളള അഭ്യർത്ഥനയുമായിരുന്നു കത്തിൽ അടങ്ങിയിരുന്നത്. അനുസരിച്ച് ഞാനും മറ്റു ചില സ്നേഹിതൻമാരും കൂടി അദ്ദേഹവുമായി കണ്ട് ഈ വിഷയത്തിൽ ആലോചന നടത്തി. പലരിൽ നിന്നുമായി, ഖുർആന്റെ ആദ്യത്തെ 15 ജുസുഉ വരെയുള്ള തഫ്സീർ മലയാളത്തിൽ അതിനു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതുകൊണ്ട് ബാക്കിയുള്ള ഒടുവിലത്തെ 15  ജൂസുജന്റെ തഫ്സീർ ആദ്യം തയ്യാറാക്കാമെന്നും, ജനാബുമാർ പി.കെ. മൂസാമൗലവി, എ. അലവി മൗലവി, മുഹമ്മദ് അമാനി മൗലവി എന്നീ മൂന്നു സ്നേഹിതൻമാരും കൂടി ആ കൃത്യം നിർവഹിക്കാമെന്നും തീരുമാനം ചെയ്തു.
അല്ലാഹുവിന്റെ സഹായം കൊണ്ട് ഒടുവിലത്തെ പതിനഞ്ചു ജുസുഇന്റെ  തഫ്സീർ എഴുതി പൂർത്തിയായിരിക്കുന്നു. അതിന്റെ ആദ്യത്തെ വാള്യം ഇപ്പോൾ പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കുകയാണ്. ബാക്കിയുള്ള മേലേ പതിനഞ്ചു ജുസ്ഉം പൂർത്തിയാക്കുവാനും, എല്ലാ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ! ആമീൻ.
ഈ ഗ്രന്ഥം എഴുതി വന്നത്  മേൽപ്പറഞ്ഞ മൂന്നു സ്നേഹിതൻമാരാണെങ്കിലും, ഇതിന്റെ പ്രവർത്തനങ്ങളിൽ പല നിലക്കും ഞാനും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ, ഈ പരിഭാഷയും, ഇതിലെ വ്യാഖ്യാനങ്ങളുമെല്ലാം ‘സലഫീ’ങ്ങളുടെ മാതൃകയനുസരിച്ചു കൊണ്ടുളളതാണെന്ന് എനിക്ക് തീർച്ചയായും പറയുവാൻ കഴിയുന്നതാണ്. പൗരാണിക മഹാൻമാരുടെ മാതൃക പിൻപറ്റുന്നതിലാണ് നമ്മുടെ എല്ലാ നൻമയും സ്ഥിതി ചെയ്യുന്നത്. പിൻകാലക്കാരുടെ പുത്തൻ നിർമ്മാണങ്ങളിലാണ് എല്ലാ തിൻമയും നിലകൊളളുന്നത്.
ഇതിന്റെ മുഖവുരയിൽ നിന്നുതന്നെ, ഈ ഗ്രന്ഥത്തിന്റെ സ്വഭാവത്തെപ്പറ്റി വായനക്കാർക്ക് നല്ലപോലെ അറിയുവാൻ കഴിയുന്നതുകൊണ്ട് അതിനെക്കുറിച്ച് ഇവിടെ കൂടുതലൊന്നും പറയുവാൻ ഞാൻ വിചാരിക്കുന്നില്ല. പൊതുജനങ്ങൾ ഈ ഖുർആൻ വ്യാഖ്യാനഗ്രന്ഥം വായിച്ചറിയണമെന്ന് ഞാൻ പ്രത്യേകം അപേക്ഷിച്ചുകൊള്ളുന്നു.
ഇതിന്റെ പ്രസാധകൻമാരും, എന്റെ മാന്യ സ്നേഹിതൻമാരുമായ ജനാബ് കെ. പി. മുഹമ്മദ് സാഹിബിന്റെയും, അദ്ദേഹത്തിന്റെ അനുജൻ ജ: കെ. പി. മൊയ്തീൻകുട്ടി സഹാബിന്റെയും ഈ മഹത്തായ സേവനം അല്ലാഹു  സ്വീകരിക്കട്ടെ. ഇതിന്റെ ബാക്കി ഭാഗങ്ങൾ പസിദ്ധീകരിച്ചു പൂർത്തിയാക്കുവാനും ഇതുപോലെയുള്ള മഹൽ സേവനങ്ങൾ എപ്പോഴും ചെയ്തുകൊണ്ടിരിക്കുവാനും അവർക്കു തൗഫീഖ് നൽകുകയും ചെയ്യട്ടെ! ഇതിന്റെ പരിഭാഷകൻമാരായ സ്നേഹിതൻമാർക്കും, നമുക്കെല്ലാവർക്കും അല്ലാഹു സദാ ഹിദായത്തും, തൗഫീഖും നൽകട്ടെ! ആമീൻ.
എന്ന്,
കെ. എം. മൗലവി
തിരൂരങ്ങാടി.
(6-06-1964)