വിഭാഗം - 5

7:40
  • إِنَّ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱسْتَكْبَرُوا۟ عَنْهَا لَا تُفَتَّحُ لَهُمْ أَبْوَٰبُ ٱلسَّمَآءِ وَلَا يَدْخُلُونَ ٱلْجَنَّةَ حَتَّىٰ يَلِجَ ٱلْجَمَلُ فِى سَمِّ ٱلْخِيَاطِ ۚ وَكَذَٰلِكَ نَجْزِى ٱلْمُجْرِمِينَ ﴾٤٠﴿
  • നിശ്ചയമായും, നമ്മുടെ 'ആയത്തു' [ലക്‌ഷ്യം] കളെ വ്യാജമാക്കുകയും, അവയെപ്പറ്റി അഹംഭാവം നടിക്കുകയും ചെയ്തവര്‍, അവര്‍ക്കു ആകാശത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കപ്പെടുകയില്ല; സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം കടന്നു പോകുന്നതു വരേക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയുമില്ല.

    അപ്രകാരമത്രെ, കുറ്റവാളികള്‍ക്കു നാം പ്രതിഫലം നല്‍കുന്നത്.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ كَذَّبُوا അവര്‍ കളവാക്കി بِآيَاتِنَا നമ്മുടെ ആയത്തു (ലക്ഷ്യ - ദൃഷ്ടാന്തം) കളെ وَاسْتَكْبَرُوا അഹംഭാവം നടിക്കുകയും ചെയ്തു عَنْهَا അവയെക്കുറിച്ചു لَا تُفَتَّحُ തുറന്നുകൊടുക്കപ്പെടുകയില്ല لَهُمْ അവര്‍ക്കു, അവര്‍ക്കുവേണ്ടി أَبْوَابُ വാതിലു (കവാടം) കള്‍ السَّمَاءِ ആകാശത്തിന്റെ وَلَا يَدْخُلُونَ അവര്‍ പ്രവേശിക്കുകയുമില്ല الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ حَتَّىٰ يَلِجَ കടക്കുന്നതുവരെ الْجَمَلُ ഒട്ടകം فِي سَمِّ ദ്വാരത്തിലൂടെ الْخِيَاطِ സൂചിയുടെ وَكَذَٰلِكَ അപ്രകാരമത്രെ نَجْزِي നാം പ്രതിഫലം നല്‍കുന്നതു الْمُجْرِمِينَ കുറ്റവാളികള്‍ക്ക്.
7:41
  • لَهُم مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ ۚ وَكَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ ﴾٤١﴿
  • അവര്‍ക്കു 'ജഹന്നമി'ല്‍ [നരകത്തില്‍] നിന്നും (അടിയില്‍) വിരിപ്പുണ്ടായിരിക്കും; അവരുടെ മീതേക്കൂടി പുതപ്പുമുണ്ടായിരിക്കും.

    അപ്രകാരമത്രെ, അക്രമികള്‍ക്കു നാം പ്രതിഫലം കൊടുക്കുന്നത്.
  • لَهُم അവര്‍ക്കുണ്ട്, ഉണ്ടായിരിക്കും مِّن جَهَنَّمَ ജഹന്നമില്‍ നിന്നും مِهَادٌ വിരിപ്പു وَمِن فَوْقِهِمْ അവരുടെ മീതെയും غَوَاشٍ മൂടികള്‍ (പുതപ്പുകള്‍) وَكَذَٰلِكَ അപ്രകാരമാണ് نَجْزِي നാം പ്രതിഫലം കൊടുക്കുന്നതു الظَّالِمِينَ അക്രമികള്‍ക്ക്.

‘അവര്‍ക്കു ആകാശത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കപ്പെടുകയില്ല’ എന്നു പറഞ്ഞതിന്റെ താല്‍പര്യം, അവരുടെ കര്‍മ്മങ്ങള്‍ക്കും, ആത്മാക്കള്‍ക്കും മേല്‍പോട്ടു പ്രവേശനം നല്‍കപ്പെടുകയില്ല എന്നാകുന്നു. അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകയില്ല എന്നും ആകാവുന്നതാണ്. സൂ: ഫാത്വിറില്‍ അല്ലാഹു പറയുന്നു: إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ (അവങ്കലേക്കത്രെ നല്ലതായ വാക്കുകള്‍ കയറിപ്പോകുന്നതു; സല്‍ക്കര്‍മ്മമാകട്ടെ; അതിനെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. (ഫാത്വിര്‍: 10). സത്യവിശ്വാസികള്‍ മരണപ്പെടുമ്പോള്‍ അവരുടെ ആത്മാക്കള്‍ക്കു ആകാശത്തെ മലക്കുകളില്‍നിന്നു വളരെ സ്വാഗതവും, സ്വീകരണവും ലഭിക്കുമെന്നും, അവിശ്വാസികള്‍ മരണപ്പെടുമ്പോള്‍ അവരുടെ ആത്മാക്കള്‍ക്കു അവിടെ സ്വീകരണം ലഭിക്കാതെ   മേല്‍പോട്ടുള്ള പ്രവേശനം തടയപ്പെടുമെന്നും പല ഹദീഥുകളിലും വന്നിട്ടുള്ളതാകുന്നു. (അ; ദാ; ന; ജ). ‘ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടക്കുന്നതുവരെ’ എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, ഒരു കാലത്തും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല എന്നത്രെ. അസംഭവ്യമെന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുള്ള ഒരു ഉപമ വാക്കാണത്. നരകത്തില്‍നിന്നും അവര്‍ക്കു വിരിപ്പും പുതപ്പുമുണ്ടെന്നു പറഞ്ഞതു അവരുടെ അടിയിലും മുകളിലുമേല്ലാം തന്നെ നരകാഗ്നിയാല്‍ മൂടപ്പെട്ടു കൊണ്ടിരിക്കുന്നതിനെ പരിഹാസപൂര്‍വ്വം വിരുപ്പിനോടും, പുതപ്പിനോടും ഉപമിച്ചു പറഞ്ഞതാകുന്നു. أعاذنا الله من عذاب جهنم . آمين (നരകശിക്ഷയില്‍ നിന്നു അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ).

7:42
  • وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ ﴾٤٢﴿
  • വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, ഒരു വ്യക്തിയോടും [ആളോടും] അതിന്റെ കഴിവ(നുസരിച്ച)ല്ലാതെ നാം ശാസിക്കുന്നില്ല - അക്കൂട്ടര്‍, സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാകുന്നു; അവര്‍ അതില്‍ സ്ഥിരവാസികളായിരിക്കും.
  • وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ നല്ല കാര്യങ്ങള്‍ لَا نُكَلِّفُ നാം ശാസിക്കുക (നിര്‍ബ്ബന്ധിക്കുക) യില്ല نَفْسًا ഒരു ആത്മാവിനോടും, ദേഹത്തോടും (വ്യക്തിയോടും, ആളോടും) إِلَّا وُسْعَهَا അതിനു കഴിവതല്ലാതെ أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാകുന്നു هُمْ فِيهَا അവരതില്‍ خَالِدُونَ ശാശ്വതരായിരിക്കണം.

അവിശ്വാസികളുടെ പര്യവസാനം മുകളില്‍ വിവരിച്ച പ്രകാരമാണെങ്കില്‍ സത്യവിശ്വാസികളുടെ പര്യവസാനം എങ്ങിനെയായിരിക്കുമെന്ന് ഈ വചനത്തില്‍ വിവരിക്കുന്നു. വിശ്വാസം കൊണ്ട് മാത്രം മതിയാക്കുവാന്‍ പാടില്ലെന്നും, അതോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ പ്രവൃത്തിക്കലും അനിവാര്യമാണെന്നും മറ്റു പലേടത്തുമെന്നപോലെ ഇവിടെയും അല്ലാഹു ഉണര്‍ത്തിയിരിക്കുന്നു. സല്‍ക്കര്‍മ്മങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ ഓരോരുത്തരുടെയും കഴിവനുസരിച്ചല്ലാതെ ആരോടും ശാസിക്കുകയില്ലെന്ന്‍ ഇടക്ക് വെച്ച് പ്രത്യേകം ഉണര്‍ത്തിയത് ശ്രദ്ധേയമാകുന്നു. പ്രവര്‍ത്തിക്കുവാനുള്ള കഴിവ് എല്ലാവര്‍ക്കും ഒരുപോലെയുണ്ടായിരിക്കുകയില്ലല്ലോ. അതുകൊണ്ട് ഓരോ വ്യക്തിയുടെയും കഴിവും സാധ്യതയും അനുസരിച്ച് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണമെന്നേ നിര്‍ബ്ബന്ധമുള്ളുവെന്ന് താല്‍പര്യം. സത്യവിശ്വാസികളെപ്പറ്റി തുടര്‍ന്ന്‍ പറയുന്നു:-

7:43
  • وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ ۖ وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى هَدَىٰنَا لِهَـٰذَا وَمَا كُنَّا لِنَهْتَدِىَ لَوْلَآ أَنْ هَدَىٰنَا ٱللَّهُ ۖ لَقَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ ۖ وَنُودُوٓا۟ أَن تِلْكُمُ ٱلْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ ﴾٤٣﴿
  • ഉള്‍പകയായി (അഥവാ വിദ്വേഷമായി) അവരുടെ നെഞ്ചു [ഹൃദയം] കളിലുള്ളതു (എല്ലാം) നാം നീക്കിക്കളയുന്നതുമാണ്. അവരുടെ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും.

    അവര്‍ പറയുകയും ചെയ്യും: "ഞങ്ങളെ ഇതിലേക്കു വഴി ചേര്‍ത്തു തന്നവനായ അല്ലാഹുവിനു (സര്‍വ്വ) സ്തുതി?- അല്ലാഹു ഞങ്ങളെ വഴിചേര്‍ത്തു തന്നിട്ടില്ലായിരുന്നെങ്കില്‍, ഞങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമായിരുന്നില്ല. തീര്‍ച്ചയായും, ഞങ്ങളുടെ റബ്ബിന്റെ 'റസൂലു'കള്‍ യഥാര്‍ത്ഥവുമായി (ത്തന്നെ) വരുകയുണ്ടായി."

    അവരോടു വിളിച്ചു പറയപ്പെടുകയും ചെയ്യും: "അതാ സ്വര്‍ഗ്ഗം! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം നിങ്ങള്‍ക്കു അതു അവകാശമായി നല്‍കപ്പെട്ടിരിക്കുന്നു" എന്നു!
  • وَنَزَعْنَا നാം നീക്കിക്കളയുകയും ചെയ്യും مَا فِي صُدُورِهِم അവരുടെ നെഞ്ചു(ഹൃദയം)കളിലുള്ളതു مِّنْ غِلٍّ ഉള്‍പക (അസൂയ - വിദ്വേഷം - ഈര്‍ഷ്യത) യായിട്ടു تَجْرِي ഒഴുകും مِن تَحْتِهِمُ അവരുടെ അടിയിലൂടെ الْأَنْهَارُ അരുവികള്‍ وَقَالُوا അവര്‍ പറയുകയും ചെയ്യും الْحَمْدُ (സര്‍വ്വ) സ്തുതി لِلَّهِ അല്ലാഹുവിനാകുന്നു الَّذِي هَدَانَا നമ്മെ വഴി ചേര്‍ത്ത, സന്മാര്‍ഗ്ഗത്തിലാക്കിയ لِهَٰذَا ഇതിലേക്കു وَمَا كُنَّا നാം ആകുമായിരുന്നില്ല لِنَهْتَدِيَ നാം നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാന്‍ لَوْلَا ഇല്ലായിരുന്നെങ്കില്‍ أَنْ هَدَانَا നമ്മെ വഴി ചേര്‍ക്കല്‍, സന്മാര്‍ഗ്ഗത്തിലാക്കിയതു اللَّهُ അല്ലാഹു لَقَدْ جَاءَتْ തീര്‍ച്ചയായും വന്നിട്ടുണ്ടു رُسُلُ رَبِّنَا നമ്മുടെ റബ്ബിന്റെ റസൂലുകള്‍ بِالْحَقِّ യഥാര്‍ത്ഥവുമായി وَنُودُوا അവര്‍ വിളിക്കപ്പെടുക (അവരോടു വിളിച്ചു പറയപ്പെടുക)യും ചെയ്യും أَن تِلْكُمُ അതു (ആണു) എന്നു الْجَنَّةُ സ്വര്‍ഗ്ഗമാണു (എന്നു) أُورِثْتُمُوهَا നിങ്ങള്‍ക്കതു അവകാശമായി നല്‍കപ്പെട്ടിരിക്കുന്നു بِمَا كُنتُمْ നിങ്ങളായിരുന്നതു കൊണ്ടു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.

ഇഹത്തില്‍വെച്ച് തമ്മതമ്മില്‍ വല്ല പകയോ, അസൂയയോ, വെറുപ്പു വിദ്വേഷങ്ങളോ ഉണ്ടായിരുന്നുവെങ്കില്‍ പോലും അതൊന്നും സ്വര്‍ഗ്ഗത്തില്‍ അവരില്‍ അവശേഷിക്കുകയില്ല. ചിലര്‍ക്ക് ചിലരെക്കാള്‍ ഉന്നതസ്ഥാനവും ബഹുമതിയും ഉണ്ടായിരുന്നാലും ആര്‍ക്കും അതില്‍ വെറുപ്പും അസൂയയും തോന്നുകയില്ല. അത്തരം മാലിന്യങ്ങളില്‍ നിന്നെല്ലാം അവരുടെ ഹൃദയങ്ങളെ അല്ലാഹു ശുദ്ധമാക്കും എന്നൊക്കെയാണ് ‘അവരുടെ ഹൃദയങ്ങളിലുള്ള ഉള്‍പക നാം നീക്കിക്കളയും’ എന്നു പറഞ്ഞതിന്റെ താല്‍പര്യം. അവരോടു വിളിച്ചു പറയപ്പെടും എന്ന് തുടങ്ങിയ വാക്യത്തിന് ഒരു വിശദീകരണമെന്നോണം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തതായി അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: “അതായത്, നിങ്ങള്‍ ആരോഗ്യത്തോടു കൂടിയിരിക്കുവിന്‍, എനി നിങ്ങള്‍ക്ക് രോഗം ബാധിക്കുകയില്ല; നിങ്ങള്‍ സുഖജീവിതം ആസ്വദിക്കുവിന്‍, എനി നിങ്ങള്‍ക്ക് നിരാശ ബാധിക്കുകയില്ല. നിങ്ങള്‍ യുവത്വത്തോടിരിക്കുവിന്‍, എനി നിങ്ങള്‍ക്ക് വാര്‍ദ്ധക്യം ബാധിക്കുകയില്ല; നിങ്ങള്‍ ശാശ്വതരായിരിക്കുവിന്‍, എനി നിങ്ങള്‍ മരണമടയുകയില്ല എന്നു അവരോട് വിളിച്ചു പറയപ്പെടും.” (അ; മു; ദാരിമി; ഇബ്നു ജരീര്‍)

നിങ്ങള്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തത് നിമിത്തം നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തിനും അനുഗ്രഹത്തിനും പാത്രമായി, അങ്ങിനെ നിങ്ങളെ അവന്‍ സ്വര്‍ഗ്ഗത്തിന് അവകാശികളാക്കിയിരിക്കുവാന്‍ എന്നത്രെ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ (നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് നിമിത്തം നിങ്ങള്‍ക്ക് അത് – സ്വര്‍ഗ്ഗം – അവകാശമാക്കപ്പെട്ടിരിക്കുന്നു) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം. അല്ലാതെ, അവരുടെ പ്രവര്‍ത്തനത്തിന്റെ പേരില്‍ അതവര്‍ക്ക്‌ അവകാശപ്പെട്ടു വാങ്ങാമെന്നും, അത് നല്‍കല്‍ അല്ലാഹുവിന്റെ ബാധ്യതയാണെന്നുമുള്ള അര്‍ത്ഥത്തിലല്ല അത്. സല്‍ക്കര്‍മ്മങ്ങള്‍ സ്വര്‍ഗ്ഗം ലഭിക്കുവാന്‍ കാരണമാകുന്നത് അല്ലാഹു അവയെ സ്വീകരിക്കുന്നത് കൊണ്ടും, ആ സ്വീകരണം അവന്റെ അനുഗ്രഹം കൊണ്ടുമാണുണ്ടാകുന്നത്. കൂടാതെ, മനുഷ്യകര്‍മ്മം എത്രമേല്‍ വമ്പിച്ചതായിരുന്നാലും അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങളെ അപേക്ഷിച്ച് അത് എത്രയോ നിസ്സാരമായിരിക്കും. അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറഞ്ഞത്: ‘ഒരാളെയും അവന്റെ കര്‍മ്മം സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല’ ഇത് കേട്ടപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, അങ്ങുന്നും പ്രവേശിക്കുകയില്ലേ?” തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “അല്ലാഹു അവന്റെ കാരുണ്യവും അനുഗ്രഹവുംകൊണ്ട് എന്നെ മൂടിയായലല്ലാതെ എന്റെ കര്‍മ്മം എന്നെയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല.” (ബു. മു).

7:44
  • وَنَادَىٰٓ أَصْحَـٰبُ ٱلْجَنَّةِ أَصْحَـٰبَ ٱلنَّارِ أَن قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدتُّم مَّا وَعَدَ رَبُّكُمْ حَقًّا ۖ قَالُوا۟ نَعَمْ ۚ فَأَذَّنَ مُؤَذِّنٌۢ بَيْنَهُمْ أَن لَّعْنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ ﴾٤٤﴿
  • സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാര്‍ നരകത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: "ഞങ്ങളുടെ റബ്ബ് ഞങ്ങളോടു വാഗ്ദത്തം ചെയ്തതു യഥാര്‍ത്ഥമായി ഞങ്ങള്‍ (അനുഭവത്തില്‍) കണ്ടെത്തിക്കഴിഞ്ഞു; എന്നാല്‍, നിങ്ങളുടെ റബ്ബ് വാഗ്ദത്തം ചെയതതു നിങ്ങള്‍ യഥാര്‍ത്ഥമായി കണ്ടെത്തിയോ?"

    അവര്‍ പറയും: "അതെ".

    അപ്പോള്‍, അവരുടെ ഇടയില്‍ ഒരാള്‍ (ഉറക്കെ) വിളിച്ചു പറയും: "അല്ലാഹുവിന്റെ ശാപം അക്രമികളുടെ മേലുണ്ടായിരിക്കുമെന്ന്;-"
  • وَنَادَىٰ വിളിക്കുന്നതാണു (വിളിച്ചു പറയും) أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാര്‍ أَصْحَابَ النَّارِ നരകത്തിന്റെ ആള്‍ക്കാരെ أَن قَدْ ഉണ്ടായിട്ടുണ്ടെന്നു وَجَدْنَا ഞങ്ങള്‍ കണ്ടെത്തി(യിട്ടുണ്ടു) مَا وَعَدَنَا ഞങ്ങളോടു വാഗ്ദത്തം ചെയ്തതു رَبُّنَا ഞങ്ങളുടെ റബ്ബ് حَقًّا യഥാര്‍ത്ഥമായി فَهَلْ وَجَدتُّم എന്നാല്‍ നിങ്ങള്‍ കണ്ടെത്തിയോ مَّا وَعَدَ വാഗ്ദത്തം ചെയ്തതു رَبُّكُمْ നിങ്ങളുടെ റബ്ബു حَقًّا യഥാര്‍ത്ഥമായി قَالُوا അവര്‍ പറയും نَعَمْ അതെ فَأَذَّنَ അപ്പോള്‍ ഉച്ചത്തില്‍ അറിയിക്കും (വിളിച്ചു പറയും), പ്രഖ്യാപനം ചെയ്യും مُؤَذِّنٌ ഒരു ഉച്ചത്തില്‍ (ഉറക്കെ) അറിയിക്കുന്നവന്‍ بَيْنَهُمْ അവരുടെ ഇടയില്‍ أَن لَّعْنَةُ ശാപം എന്നു اللَّهِ അല്ലാഹുവിന്റെ عَلَى الظَّالِمِينَ അക്രമികളുടെ മേലുണ്ടായിരിക്കും (എന്നു).
7:45
  • ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا وَهُم بِٱلْـَٔاخِرَةِ كَـٰفِرُونَ ﴾٤٥﴿
  • അതായതു, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ആളുകളെ) തിരിച്ചു വിടുകയും, അതിനു വളവു(ണ്ടാകണമെന്നു) ആഗ്രഹിക്കുകയും ചെയ്യുന്നവര്‍; അവരാകട്ടെ, പരലോകത്തില്‍ അവിശ്വാസികളുമാണ്. [ഇങ്ങിനെയുള്ളവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കുമെന്ന്.]
  • الَّذِينَ يَصُدُّونَ തടഞ്ഞു കളയുന്ന (തിരിച്ചു വിടുന്ന)വര്‍ عَن سَبِيلِ اللَّهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു وَيَبْغُونَهَا അവര്‍ അതിനു ആഗ്രഹിക്കുകയും (അതിനെ തേടുകയും) ചെയ്യുന്നു عِوَجًا വളവിനെ, വളഞ്ഞതായി وَهُم അവരാകട്ടെ, അവരോ بِالْآخِرَةِ പരലോകത്തില്‍ كَافِرُونَ അവിശ്വാസികളാണു.

സജ്ജനങ്ങള്‍ക്കു പ്രവാചകന്‍മാര്‍ മുഖേന അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള സല്‍ഫലങ്ങള്‍ ഞങ്ങള്‍ അനുഭവത്തില്‍ കണ്ടുകഴിഞ്ഞു. ദുര്‍ജ്ജനങ്ങള്‍ക്കു അവന്‍ നല്‍കുമെന്നു താക്കീതു ചെയ്തിരുന്ന ശിക്ഷകള്‍ നിങ്ങള്‍ക്കു അനുഭവപ്പെട്ടുവോ? എന്നു സ്വര്‍ഗ്ഗസ്ഥരായ ആളുകള്‍ നരകത്തിലുള്ളവരോടു വിളിച്ചു ചോദിക്കുന്നു. ഇതു അന്വേഷണ രൂപത്തിലുള്ള ഒരു ചോദ്യമല്ലെന്നും, അധിക്ഷേപ രൂപത്തിലും പരിഹാസ രൂപത്തിലുമുള്ള ചോദ്യമാണെന്നും പറയേണ്ടതില്ല. അതൊക്കെ പരിഹസിച്ചു തള്ളിയിരുന്നവരാണല്ലോ അവിശ്വാസികള്‍. അതിയായ വ്യസനത്തോടും നിരാശയോടും കൂടിയാണെങ്കിലും ‘അതെ’ എന്നുതന്നെ അവര്‍ ഉത്തരം പറയും. ഈ അവസരത്തില്‍ മൂന്നാമതൊരു വക്താവു – ഇതു വല്ല മലക്കുകളുമായിരിക്കാം – വിളിച്ചു പറയും: അക്രമികളുടെ മേലാണു അല്ലാഹുവിന്റെ ശാപമുള്ളതെന്ന്. ഇതവര്‍ക്കു നിരാശക്കു മേല്‍ നിരാശ വര്‍ദ്ധിപ്പിക്കുന്നതാണ്. “അക്രമികള്‍” എന്നു പറഞ്ഞതു ആരെപ്പറ്റിയാണെന്നു തുടര്‍ന്നുള്ള വിശേഷണങ്ങളില്‍ നിന്നു വ്യക്തമാകുന്നു:

1. അവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു ആളുകളെ തിരിച്ചു കളയുന്നു. ആക്ഷേപം, പരിഹാസം, അക്രമം, അധികാരശക്തി, സ്വാധീനം, ആശയക്കുഴപ്പം സൃഷ്ടിക്കല്‍ ആദിയായവ വഴി സത്യവും സന്മാര്‍ഗ്ഗവും സ്വീകരിക്കുന്നതില്‍നിന്നു ജനങ്ങളെ തടയുന്നവര്‍ എന്നര്‍ത്ഥം.

2. അല്ലാഹുവിന്റെ മാര്‍ഗ്ഗം വക്രമായിക്കാണുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. മതസിദ്ധാന്തങ്ങളും, അതിന്റെ നിയമ നിര്‍ദ്ദേശങ്ങളിലും സംശയവും ആശയക്കുഴപ്പവും ഉണ്ടാക്കിത്തീര്‍ക്കുക, ദുര്‍വ്യാഖ്യാനങ്ങള്‍ വഴി മത നിയമങ്ങളെ മാറ്റി മരിക്കുക പോലെയുള്ളതെല്ലാം ഇതില്‍ ഉള്‍പെടുന്നു.

3. പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമായിരിക്കും അവര്‍. ബഹുദൈവ വിശ്വാസം, ദൈവനിഷേധം, നിര്‍മ്മതവാദം, ഭൗതികവാദം തുടങ്ങിയ എല്ലാതരം അവിശ്വാസങ്ങളും ഇതില്‍ ഉള്‍പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അവിശ്വാസികളെ ഉദ്ദേശിച്ചാണ് ‘അക്രമികള്‍’ എന്നു പറഞ്ഞിരിക്കുന്നതു.

7:46
  • وَبَيْنَهُمَا حِجَابٌ ۚ وَعَلَى ٱلْأَعْرَافِ رِجَالٌ يَعْرِفُونَ كُلًّۢا بِسِيمَىٰهُمْ ۚ وَنَادَوْا۟ أَصْحَـٰبَ ٱلْجَنَّةِ أَن سَلَـٰمٌ عَلَيْكُمْ ۚ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ ﴾٤٦﴿
  • അതു രണ്ടിനുമിടയില്‍ ഒരു മറയുണ്ട്‌: "അഅ്റാഫി"ന്‍മേല്‍ ചില പുരുഷന്‍മാരുമുണ്ട്. എല്ലാവരെയും അവരുടെ അടയാളങ്ങള്‍ കൊണ്ട് അവര്‍ അറിയുന്നതാണ്.

    അവര്‍ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: 'നിങ്ങള്‍ക്കു സലാം [സമാധാനശാന്തി] ഉണ്ടാവട്ടെ' എന്നു. അവര്‍ അതില്‍ പ്രവേശിച്ചിട്ടില്ല - അവരാകട്ടെ (അതിനു) മോഹിച്ചുകൊണ്ടിരിക്കുന്നു.
  • وَبَيْنَهُمَا അതു രണ്ടിനുമിടയിലുണ്ട് حِجَابٌ ഒരു മറ وَعَلَى الْأَعْرَافِ അഅ്റാഫിലുണ്ട്, അഅ്റാഫിന്‍മേലുണ്ട് رِجَالٌ ചില പുരുഷന്‍മാര്‍ يَعْرِفُونَ അവര്‍ അറിയും كُلًّا എല്ലാവരെയും بِسِيمَاهُمْ അവരുടെ അടയാളം കൊണ്ടു, ലക്ഷണം മുഖേന وَنَادَوْا അവര്‍ വിളിക്കും (വിളിച്ചു പറയും) أَصْحَابَ الْجَنَّةِ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ أَن سَلَامٌ സലാം (സമാധാന ശാന്തി) എന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ (ഉണ്ടാവട്ടെ - ഉണ്ടായിരിക്കും) لَمْ يَدْخُلُوهَا അതിലവര്‍ പ്രവേശിച്ചിട്ടില്ല وَهُمْ അവരാകട്ടെ, അവര്‍ يَطْمَعُونَ മോഹിക്കുന്നു, ആശിക്കയും ചെയ്യുന്നു.
7:47
  • وَإِذَا صُرِفَتْ أَبْصَـٰرُهُمْ تِلْقَآءَ أَصْحَـٰبِ ٱلنَّارِ قَالُوا۟ رَبَّنَا لَا تَجْعَلْنَا مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ ﴾٤٧﴿
  • അവരുടെ ദൃഷ്ടികള്‍ നരകത്തിലെ ആള്‍ക്കാരുടെ നേരെ തിരിക്കപ്പെട്ടാല്‍, അവര്‍ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങളെ (ഈ) അക്രമികളായ ജനങ്ങളുടെകൂടെ ആക്കരുതേ!".
  • وَإِذَا صُرِفَتْ തിരിക്കപ്പെട്ടാല്‍ أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍ تِلْقَاءَ നേരെ, ഭാഗത്തേക്ക് أَصْحَابِ النَّارِ നരകക്കാരുടെ, നരകത്തിന്റെ ആളുകളുടെ قَالُوا അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ لَا تَجْعَلْنَا ഞങ്ങളെ നീ ആക്കരുതേ مَعَ الْقَوْمِ ജനങ്ങളുടെകൂടെ الظَّالِمِينَ അക്രമികളായ.

ആ രണ്ടിനുമിടയില്‍ (وَبَيْنَهُمَا) എന്നു പറഞ്ഞതു, സ്വര്‍ഗ്ഗക്കാരുടെയും നരകക്കാരുടെയും ഇടയില്‍ എന്ന അര്‍ത്ഥത്തിലും, സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയില്‍ എന്ന അര്‍ത്ഥത്തിലുമാവാം. രണ്ടായാലും സാരത്തില്‍ ഒന്നുതന്നെ. മറ (حِجَابٌ) കൊണ്ടുദ്ദേശ്യം സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയിലുള്ള അതിര്‍ത്തി മറയത്രെ. ക്വിയാമത്തുനാളില്‍ സത്യവിശ്വാസികള്‍ക്കു പ്രകാശം ലഭിച്ചിരിക്കുന്നതു കാണുമ്പോള്‍, കപട വിശ്വാസികള്‍ ഞങ്ങളെയും ഗൗനിക്കണേ എന്നപേക്ഷിച്ചുകൊണ്ട് അല്‍പം പ്രകാശം നല്‍കുവാന്‍ ആവശ്യപ്പെടുമെന്നും, സത്യവിശ്വാസികള്‍ അവരോടു നിഗ്നല്‍ മടങ്ങിപ്പോയി വല്ല പ്രകാശവും ലഭിക്കുമോ എന്നു നോക്കിക്കൊള്ളണമെന്നു മറുപടി പറയുമെന്നും പ്രസ്താവിച്ചുകൊണ്ട് സൂറത്തുല്‍ ഹദീദില്‍ അല്ലാഹു പറയുന്നു: “അപ്പോള്‍, അവര്‍ക്കിടയില്‍ ഒരു വാതിലുള്ളതായ അതിര്‍ത്തി മറ – അഥവാ മതില്‍ – ഏര്‍പ്പെടുത്തപ്പെടുന്നതാണ്. അതിന്റെ ഉള്‍ഭാഗമാകട്ടെ, കാരുണ്യം – സ്വര്‍ഗ്ഗം – ആകുന്നു. അതിന്റെ പുറഭാഗമാകട്ടെ, അതിന്റെ ഭാഗത്തിലൂടെയാണു ശിക്ഷ.” (فَضُرِبَ بَيْنَهُم بِسُورٍ لَّهُ بَابٌ بَاطِنُهُ فِيهِ الرَّحْمَةُ وَظَاهِرُهُ مِن قِبَلِهِ الْعَذَابُ : الحديد: ١٣)

മുന്‍കാലത്തു പട്ടണങ്ങളുടെയും, രാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ ചുറ്റുപുറവും വമ്പിച്ച മതിലുകള്‍ കെട്ടി സുരക്ഷിതമാക്കുക പതിവുണ്ടായിരുന്നു. അതിനുള്ള പേരാണ് سُور (അതിര്‍ത്തിമറ – അതിര്‍ത്തിമതില്‍). ഇങ്ങനെയുള്ള ഒരു അതിര്‍ത്തിമറ സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടക്കും ഉണ്ടെന്നു സാരം. ഈ അതിര്‍ത്തിമറയെ ഉദ്ദേശിച്ചാണു ‘അഅ്റാഫു’ എന്നു പറഞ്ഞതെന്നു സാമാന്യമായി പറയാം. അകലെനിന്നു തെളിഞ്ഞുകാണത്തക്കവണ്ണം പൊന്തിനില്‍ക്കുന്ന മേടും കുന്നും പോലെയുള്ളതിനെല്ലാം പറയപ്പെടുന്ന വാക്കാണു ‘عُرْف’ (ഉര്‍ഫ്). പൂവന്‍ കോഴിയുടെ തലയില്‍ പൊന്തിനില്‍ക്കുന്ന പൂവിനും (കൊഴിച്ചൂട്ടിനും) ഈ വാക്കു ഉപയോഗിക്കുന്നു. അതിന്റെ ബഹുവചനമാണു أَعْرَاف (അഅ്റാഫ്). എന്നാല്‍, ഇഹത്തിലെയും പരത്തിലെയും മതിലുകളെയാകട്ടെ, മേടുകളെയാകട്ടെ പരസ്പരം താരതമ്യം ചെയ്തുകൊണ്ടു അവക്കു രൂപസങ്കല്‍പം ചെയ്‌വാന്‍ നിവൃത്തിയില്ല.

وَعَلَى الْأَعْرَافِ رِجَالٌ (‘അഅ്റാഫില്‍ ചില പുരുഷന്മാരുണ്ട്’) എന്ന് പറഞ്ഞുവല്ലോ. ഇവര്‍ ആരായിരിക്കും, ഇങ്ങിനെയുള്ളവരായിരിക്കും? ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഇതിനെപ്പറ്റി പല അഭിപ്രായങ്ങളും കാണാം. ഇമാം റാസി (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, അവയെല്ലാം കൂടി പരിശോധിച്ചാല്‍:-

1. പ്രവാചകന്‍മാര്‍, രക്തസാക്ഷികള്‍, പണ്ഡിതന്‍മാര്‍ മുതലായ ഉന്നത നിലവാരക്കാരായ ആളുകളായിരിക്കും അവരെന്നും

2. അതല്ല, കേവലം താണപടിക്കാരായ ചില ആളുകളായിരിക്കും അവരെന്നുമാണ് ആ അഭിപ്രായങ്ങളുടെ രത്നച്ചുരുക്കം.

ചില വ്യാഖ്യാതാക്കള്‍ ഒന്നാമത്തെ അഭിപ്രായത്തിനാണു മുന്‍ഗണന നല്‍കിയിരിക്കുന്നതെങ്കിലും തുടര്‍ന്നുള്ള വാക്യങ്ങളില്‍ നിന്നു രണ്ടാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശരിയായിരിക്കുവാന്‍ ന്യായമുള്ളതെന്നു മനസ്സിലാകുന്നു. ഈ ആളുകളെപ്പറ്റിയാണല്ലോ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ (അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിട്ടില്ല, അവര്‍ അതിനു മോഹിക്കുന്നു) എന്നു പറഞ്ഞത്. അപ്പോള്‍, അതുവരെ അവര്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിച്ചിട്ടില്ലെന്നും അവര്‍ക്കു സ്വര്‍ഗ്ഗം ലഭിച്ചേക്കാമെന്ന പ്രതീക്ഷയിലും മോഹത്തിലുമാണവര്‍ ഉള്ളതെന്നും ഇതില്‍ നിന്ന് വ്യക്തമാകുന്നു. അതോടു കൂടി നരകത്തിലെ ആള്‍ക്കാരോടൊപ്പം ആയിത്തീരുന്നതിനെപ്പറ്റി അവര്‍ക്കു ഭയപ്പാടുമുണ്ട് എന്നാണ് لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ (ഞങ്ങളെ അക്രമികളോടു കൂടി ആക്കരുതേ) എന്ന അവരുടെ പ്രാര്‍ത്ഥന കാണിക്കുന്നത്. വ്യാഖ്യാതാക്കളില്‍ അധിക ഭാഗവും ഈ രണ്ടാമത്തെ അഭിപ്രായക്കാരാണുതാനും. സ്വഹാബികളില്‍ നിന്നും, താബിഉകളില്‍ നിന്നുമുള്ള ചില രിവായത്തുകള്‍ ഇതിനു പിന്‍ബലവും നല്‍കുന്നുണ്ട്;-

ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു സഈദുബ്നുല്‍ മുസയ്യബ് (رحمه الله) ഉദ്ധരിച്ച ഒരു രിവായത്തു ഈ വിഷയത്തില്‍ കൂടുതല്‍ സ്പഷ്ടമാകുന്നു. അതിന്റെ സാരം ഇപ്രകാരം പറയാം: “ക്വിയാമത്തുനാളിലെ വിചാരണയില്‍ ആരുടെ നന്‍മകള്‍ അവന്റെ തിന്‍മകളെക്കാള്‍ അല്‍പമെങ്കിലും അധികമായോ അവന്‍ സ്വര്‍ഗ്ഗത്തിലും, ആരുടെ തിന്‍മകള്‍ അവന്റെ നന്‍മകളെക്കാള്‍ അല്‍പമെങ്കിലും അധികമായോ അവന്‍ നരകത്തിലും പ്രവേശിക്കും.” എന്നു പറഞ്ഞു കൊണ്ടദ്ദേഹം …. فَمَن ثَقُلَتْ مَوَازِينُهُ ….( ആരുടെ തൂക്കങ്ങള്‍ ഭാരം തൂങ്ങിയോ …..) എന്നു തുടങ്ങിയ ഈ സൂറത്തിലെ 8ഉം 9ഉം വചനങ്ങള്‍ ഓതി. എന്നിട്ടു പറഞ്ഞു: “അപ്പോള്‍, ആരുടെ നന്മകളും തിന്മകളും സമമായോ അവരാണു ‘അഅ്റാഫി’ന്റെ ആള്‍ക്കാര്‍. അവര്‍ സ്വര്‍ഗ്ഗക്കാരെയും, നരകക്കാരെയും നോക്കി അറിയും. സ്വര്‍ഗ്ഗക്കാരെ നോക്കുമ്പോള്‍ അവര്‍ക്കു സലാം (سَلَامٌ عَلَيْكُمْ) പറയും. നരകക്കാരിലേക്കു നോക്കുമ്പോള്‍, “റബ്ബേ, ഞങ്ങളെ അക്രമികളുടെ കൂടെ ആക്കരുതേ” എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും. പിന്നീടു സജ്ജനങ്ങള്‍ക്ക് പ്രകാശം നല്‍കപ്പെടുന്നതിനെയും കുറിച്ചു പറഞ്ഞശേഷം അദ്ദേഹം (ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: “അഅ്റാഫിലെ ആള്‍ക്കാരുടെ പ്രകാശം നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കയില്ല. ഈ സന്ദര്‍ഭത്തെപ്പറ്റിയാണു അവരതില്‍ പ്രവേശിച്ചിട്ടില്ല, അവര്‍ അതിനു മോഹിക്കുന്നു (لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ) എന്നു പറഞ്ഞിരിക്കുന്നത്. അങ്ങനെ, അവരുടെ മോഹം (അവസാനം സ്വര്‍ഗ്ഗത്തിലേക്കുള്ള) പ്രവേശനം തന്നെ ആയിത്തീരും. പിന്നീടു അദ്ദേഹം പറഞ്ഞു: ‘ഒരാള്‍ ഒരു നന്മ ചെയ്‌താല്‍ അവനു പത്തു നന്‍മ രേഖപ്പെടുത്തപ്പെടുന്നു. ഒരു തിന്‍മ ചെയ്‌താല്‍ ഒരു തിന്‍മ മാത്രമേ രേഖപ്പെടുത്തുകയുള്ളു. എന്നിട്ടും ആരുടെ ആ ‘ഒന്നു’കള്‍ അവന്റെ ‘പത്തു’കളെ കവച്ചുവെക്കുന്നുവോ അവന്‍ നാശമടഞ്ഞതു തന്നെ. (ഇബ്നു ജരീര്‍).

ഈ രിവായത്തില്‍ നിന്നും മറ്റും അറിയപ്പെടുന്നതുപോലെ, മറ്റുള്ളവരോടൊപ്പം ആദ്യം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിട്ടില്ലെങ്കിലും പിന്നീടു അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെടുന്നവരാണു ‘അഅ്റാഫിലെ ആള്‍ക്കാര്‍’ എന്നു മനസ്സിലാക്കാം. ഇബ്നു ജരീര്‍ (رحمه الله) പ്രസ്താവിക്കുന്നതിങ്ങിനെയാണ്: ‘അഅ്റാഫിലെ ആള്‍ക്കാരെപ്പറ്റി വ്യാഖ്യാതാക്കാളുടെ പ്രസ്താവനകള്‍ വ്യത്യസ്ത രൂപത്തിലാണുള്ളത്. അവയെല്ലാം ഒരേ സാരത്തില്‍ കലാശിക്കുന്നു. അതായതു, നന്‍മകളും തിന്‍മകളും സമമായ ആളുകളാണ് അവര്‍ എന്നത്രെ അത്. ഹുദൈഫ (رَضِيَ اللهُ تَعَالَى عَنْهُ), ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ), ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) എന്നീ സ്വഹാബികളും, മുന്‍ഗാമികളിലും പിന്‍ഗാമികളിലുമുള്ള അനേകം ആളുകളും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതും അതാണ്‌.’

എല്ലാവരെയും അവരുടെ അടയാളം കൊണ്ടു അവര്‍ അറിയും (يَعْرِفُونَ كُلًّا بِسِيمَاهُمْ) എന്നു പറഞ്ഞതിന്റെ താല്‍പര്യം, സ്വര്‍ഗ്ഗക്കാരുടേതായ ലക്ഷണം മുഖേന അവരെയും, നരകക്കാരുടേതായ അടയാളം കൊണ്ടു അവരെയും അവര്‍ തിരിച്ചറിയും എന്നായിരിക്കും. സത്യവിശ്വാസികളുടെ മുഖങ്ങള്‍ തെളിഞ്ഞവയും, ചിരിക്കുന്നവയും, സന്തോഷം കൊള്ളുന്നവയും ആയിരിക്കുമെന്നും, അവിശ്വാസികളുടെ മുഖങ്ങള്‍ പൊടിമൂടിയവയും ഇരുണ്ടവയുമായിരിക്കുമെന്നും (80: 36-42) മറ്റും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കൂടാതെ, ചില വ്യക്തികള്‍ അവര്‍ക്കു നേരിട്ടറിയുന്നവരും ഉണ്ടാകുമല്ലോ. الله أعلم

വിഭാഗം - 6

7:48
  • وَنَادَىٰٓ أَصْحَـٰبُ ٱلْأَعْرَافِ رِجَالًا يَعْرِفُونَهُم بِسِيمَىٰهُمْ قَالُوا۟ مَآ أَغْنَىٰ عَنكُمْ جَمْعُكُمْ وَمَا كُنتُمْ تَسْتَكْبِرُونَ ﴾٤٨﴿
  • 'അഅ്റാഫി'ലെ ആള്‍ക്കാര്‍ ചില പുരുഷന്‍മാരെ വിളിക്കും, അവരുടെ അടയാളം കൊണ്ട് അവരെ അവര്‍ അറിയുന്നതാണു. അവര്‍ പറയും: "നിങ്ങളുടെ ശേഖരണവും, നിങ്ങള്‍ അഹംഭാവം നടിച്ചുകൊണ്ടിരുന്നതും നിങ്ങള്‍ക്കു എന്താണു ഉപകരിച്ചത്?!
  • وَنَادَىٰ വിളിച്ചു പറയും أَصْحَابُ ആള്‍ക്കാര്‍ الْأَعْرَافِ അഅ്റാഫിന്റെ رِجَالًا ചില പുരുഷന്മാരെ يَعْرِفُونَهُم അവരെ അവര്‍ അറിയുന്നതാണു بِسِيمَاهُمْ അവരുടെ അടയാളം (ലക്ഷണം) കൊണ്ടു قَالُوا അവര്‍ പറയും مَا أَغْنَىٰ എന്തു ധന്യമാക്കി (എന്താണു ഉപകരിച്ചതു) عَنكُمْ നിങ്ങള്‍ക്കു جَمْعُكُمْ നിങ്ങളുടെ ഒരുമിച്ചുകൂട്ടല്‍, ശേഖരണം وَمَا كُنتُمْ നിങ്ങള്‍ ആയിരുന്നതും تَسْتَكْبِرُونَ നിങ്ങള്‍ വലുപ്പം (അഹംഭാവം) നടിക്കും.
7:49
  • أَهَـٰٓؤُلَآءِ ٱلَّذِينَ أَقْسَمْتُمْ لَا يَنَالُهُمُ ٱللَّهُ بِرَحْمَةٍ ۚ ٱدْخُلُوا۟ ٱلْجَنَّةَ لَا خَوْفٌ عَلَيْكُمْ وَلَآ أَنتُمْ تَحْزَنُونَ ﴾٤٩﴿
  • '(ഇതാ) ഇക്കൂട്ടരാണോ അല്ലാഹു അവര്‍ക്കു ഒരു കാരുണ്യവും കൊടുക്കുകയില്ലെന്നു (പറഞ്ഞ്) നിങ്ങള്‍ സത്യം ചെയ്തവര്‍?!'

    "നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവിന്‍, നിങ്ങളുടെ മേല്‍ യാതൊരു ഭയവുമില്ല, നിങ്ങള്‍ വ്യസനപ്പെടുകയും ചെയ്കയില്ല' (എന്നാണല്ലോ അവരോടു പറയപ്പെട്ടതു)."
  • أَهَٰؤُلَاءِ ഇക്കൂട്ടരോ الَّذِينَ യാതൊരുവര്‍ أَقْسَمْتُمْ നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞു لَا يَنَالُهُمُ അവര്‍ക്കു എത്തുക(കൊടുക്കുക)യില്ല اللَّهُ അല്ലാഹു بِرَحْمَةٍ ഒരു കാരുണ്യവും കൊണ്ടു, കാരുണ്യത്തെയും ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ لَا خَوْفٌ ഒരു ഭയവുമില്ല عَلَيْكُمْ നിങ്ങളുടെ മേല്‍ وَلَا أَنتُمْ നിങ്ങള്‍ ഇല്ലതാനും تَحْزَنُونَ നിങ്ങള്‍ വ്യസനപ്പെടും.

ജനസ്വാധീനം, കക്ഷിബലം, ധനപ്പെരുപ്പം ആദിയായവയില്‍ അഹങ്കരിച്ചിരുന്നവരും, ഇപ്പോള്‍ നരകശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നവരുമായ നേതാക്കളോടു അഅ്റാഫിലെ ആളുകള്‍ അധിക്ഷേപിച്ചും പരിഹസിച്ചും പറയുന്ന ചില വാക്കുകളാണ് അല്ലാഹു ഉദ്ധരിച്ചത്. സത്യനിഷേധികളായ നേതാക്കള്‍ തങ്ങളുടെ ജനസ്വാധീനം, സാമ്പത്തികശേഷി മുതലായതില്‍ അഹങ്കരിക്കലും, അതവരുടെ ധിക്കാരത്തെ വര്‍ദ്ധിപ്പിക്കലും എക്കാലത്തും പതിവാണല്ലോ. അല്ലാഹു പറയുന്നു: وَمَا أَرْسَلْنَا فِي قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَا (സാരം: ഒരു രാജ്യത്തുംതന്നെ, വല്ല താക്കീതുകാരനെ – റസൂലിനെ – യും അയച്ചിട്ട് അതിലെ സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല: നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍, നിശ്ചയമായും ഞങ്ങള്‍ അവിശ്വാസികളാണെന്നും ഞങ്ങള്‍ സ്വത്തുക്കളും മക്കളും അധികമുള്ളവരാണു; ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരുമല്ല എന്നും അവര്‍ പറയും. (34:34, 35). ഇങ്ങിനെയുള്ള നേതാക്കളെ മേല്‍ ചൂണ്ടിക്കാട്ടിയതുപോലെയുള്ള അടയാളങ്ങള്‍ മുഖേന അഅ്റാഫിലുള്ളവര്‍ മനസ്സിലാക്കുന്നു. അവരോടു അവര്‍ വിളിച്ചുപറയും: “നിങ്ങളുടെ അന്നത്തെ സംഘബലവും, ധനപ്പെരുപ്പവും, ഗര്‍വ്വും, അഹങ്കാരവുമൊക്കെ ഇപ്പോള്‍ എവിടെപ്പോയി?! അതുകൊണ്ടു എന്താണു നിങ്ങള്‍ക്കു ലഭിച്ച പ്രയോജനം?! മുമ്പു സത്യവിശ്വാസവും സന്മാര്‍ഗ്ഗവും സ്വീകരിച്ചു വന്നവരും ഇപ്പോള്‍ സ്വര്‍ഗ്ഗീയ ജീവിതം ലഭിച്ചവരുമായ ഈ ആളുകളെപ്പറ്റി നിങ്ങള്‍ പരിഹസിച്ചിരുന്നുവല്ലോ. അവര്‍ക്കു ഒരു നന്മയും സിദ്ധിക്കുവാനില്ലെന്നും, നിങ്ങളാണ് വലിയ അനുഗ്രഹീതര്‍ എന്നു നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞിരുന്നു. ഇപ്പോള്‍, അവരോടു സസന്തോഷം നിരുപാധികം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനാണല്ലോ കല്‍പനയുണ്ടായത്. നിങ്ങളുടെ സ്ഥിതിയോ….?

7:50
  • وَنَادَىٰٓ أَصْحَـٰبُ ٱلنَّارِ أَصْحَـٰبَ ٱلْجَنَّةِ أَنْ أَفِيضُوا۟ عَلَيْنَا مِنَ ٱلْمَآءِ أَوْ مِمَّا رَزَقَكُمُ ٱللَّهُ ۚ قَالُوٓا۟ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلْكَـٰفِرِينَ ﴾٥٠﴿
  • നരകത്തിലെ ആള്‍ക്കാര്‍ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: "വെള്ളത്തില്‍ നിന്ന്, അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു (ആഹാരമായി) നല്‍കിയതില്‍ നിന്നു (അല്‍പം) നിങ്ങള്‍ക്കു (ആഹാരമായി) നല്‍കിയതില്‍ നിന്നു (അല്‍പം) നിങ്ങള്‍ ഞങ്ങള്‍ക്കു ഒഴുക്കിത്തരണേ" എന്ന്! അവര്‍ പറയും: "നിശ്ചയമായും അല്ലാഹു, അതു രണ്ടും അവിശ്വാസികള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു;-
  • وَنَادَىٰ വിളിച്ചു പറയും أَصْحَابُ النَّارِ നരകത്തിലെ ആള്‍ക്കാര്‍ أَصْحَابَ الْجَنَّةِ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ أَنْ أَفِيضُوا നിങ്ങള്‍ ഒഴുക്കിത്തരണമെന്നു عَلَيْنَا ഞങ്ങളുടെ മേല്‍, ഞങ്ങളില്‍ مِنَ الْمَاءِ വെള്ളത്തില്‍ നിന്നു أَوْ مِمَّا അല്ലെങ്കില്‍ യാതൊന്നില്‍ നിന്നു رَزَقَكُمُ اللَّهُ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ قَالُوا അവര്‍ പറയും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു حَرَّمَهُمَا അതു രണ്ടും നിഷിദ്ധമാക്കിയിരിക്കുന്നു عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍.
7:51
  • ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَهْوًا وَلَعِبًا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ نَنسَىٰهُمْ كَمَا نَسُوا۟ لِقَآءَ يَوْمِهِمْ هَـٰذَا وَمَا كَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ ﴾٥١﴿
  • അതായതു, തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം തങ്ങളെ വഞ്ചിക്കുകയും ചെയ്തവര്‍ക്ക്."

    (അതെ) അതിനാല്‍, അവരുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ അവര്‍ മറന്നുകളഞ്ഞതും, നമ്മുടെ 'ആയത്തു' [ദൃഷ്ടാന്തം] കളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതും പോലെ, അവരേ നാം ഇന്ന് മറന്നുകളയുന്നു.
  • الَّذِينَ اتَّخَذُوا അതായതു ആക്കിത്തീര്‍ത്തവര്‍ دِينَهُمْ തങ്ങളുടെ മതത്തെ لَهْوًا വിനോദം, തമാശ وَلَعِبًا കളിയും, വിളയാട്ടവും وَغَرَّتْهُمُ അവരെ വഞ്ചിക്കുകയും ചെയ്തു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം فَالْيَوْمَ എന്നാല്‍ (അതിനാല്‍) ഇന്നു നാം نَنسَاهُمْ അവരെ വിസ്മരിക്കുന്നു كَمَا نَسُوا അവര്‍ മറന്നതുപോലെ لِقَاءَ കണ്ടുമുട്ടുന്നതിനു يَوْمِهِمْ അവരുടെ ദിവസത്തെ هَٰذَا ഈ وَمَا كَانُوا അവരായിരുന്നതും بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ يَجْحَدُونَ അവര്‍ നിഷേധിക്കും.

വിശപ്പും, ദാഹവും സഹിക്കവയ്യാതെ കഷ്ടപ്പെടുമ്പോള്‍ നരകക്കാര്‍ സ്വര്‍ഗ്ഗക്കാരെ വിളിച്ചപേക്ഷിക്കുകയാണ്; അല്‍പം വെള്ളമോ നിങ്ങള്‍ക്കു ലഭിച്ചിട്ടുള്ള പദാര്‍ത്ഥങ്ങളില്‍ നിന്ന് മറ്റു വല്ലതുമോ ഞങ്ങള്‍ക്ക് ഒന്നൊഴിച്ചുതന്നു ഞങ്ങളെ രക്ഷിക്കണേ എന്നു! നരകവാസികള്‍ക്ക് ‘സക്ക്വൂം, ഗിസ്‌ലീന്‍, ഹാമീം, ദ്വരീഉ്’ (زَقُوم , غِسْلِين , حَمِيم , ضَرِيع) മുതലായ ഭക്ഷണ പാനീയങ്ങളല്ലാതെ നല്‍കപ്പെടുകയില്ലെന്നും, അവയും നരകത്തിലെ ശിക്ഷാ വകുപ്പുകളില്‍പെട്ടവ മാത്രമാണെന്നും, വിശപ്പിനോ ദാഹത്തിനോ അവ ഉത്തകുന്നതല്ലെന്നും (44:43 ; 69:36 ; 88:6 മുതലായ സ്ഥലങ്ങളില്‍) അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാണ്. അവര്‍ എത്ര കേണപേക്ഷിച്ചാലും ആ അപേക്ഷമൂലം അവര്‍ക്ക് കൂടുതല്‍ നിരാഷയല്ലാതെ ഒന്നും ലഭിക്കുവാന്‍ പോകുന്നില്ല. അങ്ങിനെയുള്ള അനുഗ്രഹങ്ങളെല്ലാം അവിശ്വാസികളായ നിങ്ങള്‍ക്കു അല്ലാഹു നിഷിദ്ധമാക്കിയിരിക്കുകയാണ് – ഭാവിയിലെങ്കിലും അവ ലഭിച്ചേക്കുമെന്ന് കരുതേണ്ടാ – എന്നായിരിക്കും അവര്‍ക്ക് സ്വര്‍ഗ്ഗവാസികള്‍ നല്‍കുന്ന മറുപടി. ഭക്ഷണം തുടങ്ങിയ ഉപജീവന സൗകര്യങ്ങള്‍ പരലോകത്ത് സത്യവിശ്വാസികള്‍ക്കു മാത്രമുള്ളതാണെന്ന് 32-ാം വചനത്തില്‍ അല്ലാഹു പറഞ്ഞുവല്ലോ. അവിശ്വാസികള്‍ക്ക്‌ അവയെല്ലാം നിഷിദ്ധമാക്കുവാനുള്ള കാരണം. അവര്‍ അല്ലാഹുവിന്റെ ശാസനാ നിയമങ്ങളെ കാര്യമാക്കാതെ, കളി വിനോദമാക്കിത്തള്ളിയതും, ഐഹിക ജീവിതത്തില്‍ മാത്രം ശ്രദ്ധ പതിച്ച് പരലോക ജീവിതത്തെ ഓര്‍മ്മിക്കാതിരുന്നതും, ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് കൊണ്ടിരുന്നതുമാണ്. അല്ലാതെ അവരോട് പക്ഷഭേദമോ അനീതിയോ കാണിച്ചതല്ല. എന്നത്രെ 51-ാം വചനം ചൂണ്ടിക്കാട്ടുന്നത്.

ഒരു വസ്തുത ഇവിടെ പ്രത്യേകം ഓര്‍മ്മിപ്പിക്കാം: സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടക്കുള്ള ഒരു അതിര്‍ത്തി മറയാണ് അഅ്റാഫ്. അവിടെയുള്ളവരും സ്വര്‍ഗ്ഗനരകങ്ങളിലുള്ളവരും തമ്മില്‍ സംഭാഷണം നടക്കുകയും നോക്കിക്കാണുകയും ചെയ്യും എന്നൊക്കെ പറഞ്ഞുവല്ലോ. അപ്പോള്‍, സ്വര്‍ഗ്ഗവും നരകവും കേവലം വമ്പിച്ച രണ്ട് കെട്ടിടങ്ങളോ പട്ടണങ്ങളോ പോലെയായിരിക്കുമെന്ന ഒരു പ്രതീതി അല്‍പജ്ഞരായ ആളുകളുടെ മനസ്സില്‍ ഉളവായേക്കാം. വാസ്തവത്തില്‍ സ്വര്‍ഗ്ഗവും നരകവുമാകട്ടെ, നമ്മുടെ ഊഹത്തിലോ അനുമാനത്തിലോ ഒതുങ്ങാത്ത വിധം അതിവിശാലമായ രണ്ട് ലോകങ്ങളാണെന്ന് (3: 133; 57: 21 എന്നിവിടങ്ങളില്‍) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. സ്വര്‍ഗ്ഗത്തിലെ ഒരു വൃക്ഷത്തേതിന്റെ തണലിലൂടെ ഒരു വാഹനക്കാരന്‍ നൂറ് കൊല്ലം സഞ്ചരിച്ചാലും അത് തീരുകയില്ല എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും പ്രസ്താവിച്ചിരിക്കുന്നു. (ബു; മു). നരകത്തിന്റെ വക്കില്‍ നിന്ന് ഒരു കല്ല്‌ കീഴ്പോട്ടിട്ടാല്‍, എഴുപത് സംവത്സരക്കാലം അത് കീഴ്പോട്റ്റ് പോയാലും അത് അതിന്റെ അടിയില്‍ എത്തുകയില്ലെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു. (മു.). എന്നിരിക്കെ, ഈ രണ്ട് മഹാലോകങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഒരു വിശാലമായ അതിര്‍ത്തി സ്ഥലമായിരിക്കും അഅ്റാഫ് എന്ന് സാമാന്യമായി പറയാം. എന്നല്ലാതെ വസ്തു നിഷ്ഠമായ ഒരു നിര്‍ണ്ണയമോ ഒരേകദേശ സങ്കല്‍പ്പമോ നമുക്ക് അതിനെപ്പറ്റി കരുതുവാന്‍ നിവൃത്തിയില്ല.

അങ്ങനെയാകുമ്പോള്‍, സ്വര്‍ഗ്ഗനരകങ്ങളിലും അഅ്റാഫിലും സ്ഥിതിചെയ്യുന്നവര്‍ തമ്മില്‍ അന്യോന്യം കാണുവാനും സംസാരിക്കുവാനും എങ്ങിനെ കഴിയും? എന്നു സംശയിക്കാം. വാസ്തവത്തില്‍, നമ്മുടെ ഭൗതികമായ അറിവിനെയും പരിച്ചയത്തെയും മുമ്പില്‍ വെച്ചു കൊണ്ടുമാത്രം ഉണ്ടാകുന്ന ഒരു സംശയമാണിത്. ഭൗതിക പ്രകൃതിനിയമങ്ങളില്‍ നിന്നെല്ലാം എത്രയോ ഭിന്നമായ പ്രകൃതി സ്വഭാവങ്ങളോട് കൂടിയതാണ്. ലോകത്തിന്റെ ഏതു മൂലയിലുള്ളവര്‍ തമ്മിലും – അല്ല, ഭൂമിയിലും ശൂന്യാകാശത്തില്‍ അതി വിദൂരത്ത് സ്ഥിതി ചെയ്യുന്നവര്‍ തമ്മില്‍പോലും – റേഡിയോ, ടെലിഫോണ്‍, ടെലിവിഷ്യന്‍ മുതലായവരുടെ സഹായത്തോടെ സംസാരിക്കുകയും കാണുകയും ചെയ്‌വാന്‍ ഇന്നു മനുഷ്യര്‍ക്ക് സാധിക്കുന്നു. ആ സ്ഥിതിക്ക് ഈ ലോകത്ത് അസംഭവ്യമായ പലതും നിത്യസംഭവങ്ങളായിരിക്കുന്ന പരലോകകാര്യങ്ങളില്‍ അത്ഭുതത്തിനോ സംശയത്തിനോ അവകാശമില്ല തന്നെ.

7:52
  • وَلَقَدْ جِئْنَـٰهُم بِكِتَـٰبٍ فَصَّلْنَـٰهُ عَلَىٰ عِلْمٍ هُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ ﴾٥٢﴿
  • തീര്‍ച്ചയായും, അറിഞ്ഞും കൊണ്ടു (തന്നെ) നാം വിശദീകരി(ച്ചു വിവരി)ച്ചിട്ടുള്ള ഒരു ഗ്രന്ഥം ഇവര്‍ക്കു നാം കൊണ്ടുചെന്നിട്ടുണ്ടു; വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമായിട്ട്.
  • وَلَقَدْ جِئْنَا തീര്‍ച്ചയായും നാം ചെന്നിട്ടുണ്ട് هُم അവര്‍ക്കു, അവരുടെ അടുക്കല്‍ بِكِتَابٍ ഗ്രന്ഥവും കൊണ്ടു فَصَّلْنَاهُ നാം അതു വിശദീകരി(വിവരി)ച്ചിരിക്കുന്നു عَلَىٰ عِلْمٍ അറിവോടെ (അറിഞ്ഞും കൊണ്ടു) هُدًى മാര്‍ഗ്ഗദര്‍ശനമായിട്ടു وَرَحْمَةً കാരുണ്യമായും لِّقَوْمٍ ഒരു ജനങ്ങള്‍ക്കു يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു.

7:53
  • هَلْ يَنظُرُونَ إِلَّا تَأْوِيلَهُۥ ۚ يَوْمَ يَأْتِى تَأْوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبْلُ قَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشْفَعُوا۟ لَنَآ أَوْ نُرَدُّ فَنَعْمَلَ غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ قَدْ خَسِرُوٓا۟ أَنفُسَهُمْ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ﴾٥٣﴿
  • അതിന്റെ പുലര്‍ച്ചയല്ലാതെ (വല്ലതും) അവര്‍ നോക്കി (ക്കാത്തു)കൊണ്ടിരിക്കുന്നുവോ?!

    അതിന്റെ പുലര്‍ച്ച വന്നെത്തുന്ന ദിവസം, മുമ്പ് അതിനെ മറന്നുകളഞ്ഞവര്‍ പറയും: "ഞങ്ങളുടെ റബ്ബിന്റെ 'റസൂലു'കള്‍ യഥാര്‍ത്ഥവുംകൊണ്ടു ഞങ്ങള്‍ക്കു വരുകയുണ്ടായി. [അന്നു ഞങ്ങളതു വിശ്വസിച്ചില്ല] എനി, ഞങ്ങള്‍ക്കു വല്ല ശുപാര്‍ശക്കാരും ഉണ്ടോ - എന്നാലവര്‍ ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യുമായിരുന്നു?!- അല്ലെങ്കില്‍, ഞങ്ങള്‍ മടക്കപ്പെടുമോ? എന്നാല്‍ ഞങ്ങള്‍ (മുമ്പു) പ്രവര്‍ത്തിച്ചിരുന്നതല്ലാത്തതു [സല്‍ക്കര്‍മ്മങ്ങള്‍] ഞങ്ങള്‍ പ്രവര്‍ത്തിക്കുമായിരുന്നു!"

    (അതെ) അവര്‍ തങ്ങളെത്തന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞു. അവര്‍ കെട്ടിച്ചമച്ചിരുന്നതു (ഒക്കെയും) അവരെ വിട്ടു മറഞ്ഞുപോകയും ചെയ്തു.
  • هَلْ يَنظُرُونَ അവര്‍ നോക്കുന്നു (കാത്തിരിക്കുന്നു) വോ إِلَّا تَأْوِيلَهُ അതിന്റെ പുലര്‍ച്ച (വ്യാഖ്യാനം - പൊരുള്‍ - പര്യവസാനം) അല്ലാതെ يَوْمَ يَأْتِي വരുന്ന ദിവസം تَأْوِيلُهُ അതിന്റെ പുലര്‍ച്ച يَقُولُ പറയും الَّذِينَ نَسُوهُ അതിനെ മറന്ന (വിസ്മരിച്ച) വര്‍ مِن قَبْلُ മുമ്പു قَدْ جَاءَتْ വരുകയുണ്ടായി رُسُلُ رَبِّنَا നമ്മുടെ റബ്ബിന്റെ റസൂലുകള്‍ بِالْحَقِّ യഥാര്‍ത്ഥം കൊണ്ടു فَهَل لَّنَا എനി (അപ്പോള്‍) ഞങ്ങള്‍ (നമു)ക്കുണ്ടോ مِن شُفَعَاءَ ശുപാര്‍ശക്കാരില്‍ നിന്നു (വല്ലവരും) فَيَشْفَعُوا എന്നിട്ടു അവര്‍ ശുപാര്‍ശ ചെയ്യുമാറ്, എന്നാല്‍ ശുപാര്‍ശ ചെയ്യുമായിരുന്നു لَنَا ഞങ്ങള്‍ക്കു, നമുക്കു أَوْ نُرَدُّ അല്ലെങ്കില്‍ നാം മടക്കപ്പെടുമോ فَنَعْمَلَ എന്നിട്ടു നാം പ്രവര്‍ത്തിക്കുമാറ്, എന്നാല്‍ നമുക്കു (ഞങ്ങള്‍ക്കു) പ്രവര്‍ത്തിക്കാം غَيْرَ الَّذِي യാതൊന്നല്ലാത്തതു كُنَّا نَعْمَلُ നാം (ഞങ്ങള്‍) പ്രവര്‍ത്തിച്ചിരുന്നു قَدْ خَسِرُوا അവര്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു أَنفُسَهُمْ തങ്ങളെത്തന്നെ, അവരുടെ സ്വന്തങ്ങളെ وَضَلَّ പിഴച്ചു (മറഞ്ഞു) പോകയും ചെയ്തു عَنْهُم അവരെവിട്ട് مَّا كَانُوا അവരായിരുന്നതു يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും.

സ്വര്‍ഗ്ഗക്കാരുടെയും, നരകക്കാരുടെയും പല സ്ഥിതിഗതികളും വിവരിച്ചശേഷം, സംസാരഗതി ക്വുര്‍ആനെ നിഷേധിക്കുന്നവരിലേക്കു തിരിഞ്ഞിരിക്കുകയാണ്. ഈ വചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ സാരം ഇതാണു: സത്യം സ്വീകരിക്കുവാന്‍ തയ്യാറുള്ളവര്‍ക്കു വേണ്ടത്ര മാര്‍ഗ്ഗദര്‍ശനങ്ങളും അനുഗ്രഹങ്ങളും സഹിതം എന്തെല്ലാമാണ്, എങ്ങിനെയെല്ലാമാണ് വിവരിക്കേണ്ടതെന്നു ശരിക്കും അറിഞ്ഞുകൊണ്ടുതന്നെ – ആവശ്യമായ വിശദീകരണങ്ങളോടു കൂടിയുള്ള ഒരു മഹത്തായ ഗ്രന്ഥം (ക്വുര്‍ആന്‍) ഇതാ നാം അവര്‍ക്കു നല്‍കിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അതില്‍ വിശ്വസിക്കാതെ എനി വേറെയെന്താണു അവര്‍ക്കു കാത്തിരിക്കുവാനുള്ളത്! വല്ലതും ഉണ്ടെങ്കില്‍, ആ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുള്ള യഥാര്‍ത്ഥ്യങ്ങള്‍ അനുഭവത്തില്‍ പുലര്‍ന്നു കാണുക മാത്രമാണ്. അതാണവര്‍ കാത്തിരിക്കുന്നതെങ്കില്‍, അതവര്‍ക്കു നല്ലതിനല്ല. ആ അവസരം വന്നു കഴിഞ്ഞാല്‍ അവര്‍ ഖേദിക്കേണ്ടി വരും. റസൂലുകളും വേദഗ്രന്ഥങ്ങളും പ്രബോധനം ചെയ്തിരുന്നതു തന്നെയായിരുന്നു യഥാര്‍ത്ഥമെന്നു അപ്പോള്‍ അവര്‍ തുറന്നു സമ്മതിക്കും. അയ്യോ! പിഴച്ചുപോയല്ലോ! എനി എന്താണു രക്ഷാമാര്‍ഗ്ഗം! എന്ന് അവര്‍ വിലപിക്കും. വല്ല ശുപാര്‍ശക്കാരെയും കിട്ടിയിരുന്നുവെങ്കില്‍ ശുപാര്‍ശകൊണ്ടു രക്ഷപ്പെടാമായിരുന്നു! ഒന്നുകൂടി ഐഹികജീവിതത്തിലേക്കു മടക്കിത്തന്നെങ്കില്‍ മുമ്പത്തെ നില മാറ്റി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാമായിരുന്നു എന്നൊക്കെ അവര്‍ കൊതിച്ചു പോകും. പക്ഷെ, ഫലമെന്ത്?! തങ്ങള്‍ക്കു ലഭിക്കുമായിരുന്ന രക്ഷാമാര്‍ഗ്ഗങ്ങളെല്ലാം നേരത്തെത്തന്നെ അവര്‍ സ്വയം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. തങ്ങളെ രക്ഷിക്കുമെന്നും സഹായിക്കുമെന്നും സങ്കല്‍പിച്ചുകൊണ്ട് അവര്‍ കെട്ടിയുണ്ടാക്കിയിരുന്ന കൃത്രിമ ദൈവങ്ങളും ശുപാര്‍ഷക്കാരുമൊക്കെ എങ്ങോ മറഞ്ഞു പോകയും ചെയ്തു. എനി, അവര്‍ എങ്ങിനെ രക്ഷപ്പെടുവനാണ്?!