സൂറത്തുല്‍ അഅ്റാഫ് : 127-141
വിഭാഗം - 15
ജാലവിദ്യക്കാരെ ശിക്ഷിച്ചതുകൊണ്ടൊന്നും ഫിര്‍ഔന്റെ അരിശം തീരുകയില്ലല്ലോ. മൂസാ (عليه الصلاة والسلام) നബിയുടെ ദൗത്യം പരാജയപ്പെടുത്തുവാനുള്ള മാര്‍ഗ്ഗമെന്താണെന്നായി അവന്റെയും അവന്റെ ആള്‍ക്കാരുടെയും ആലോചന.
- وَقَالَ ٱلْمَلَأُ مِن قَوْمِ فِرْعَوْنَ أَتَذَرُ مُوسَىٰ وَقَوْمَهُۥ لِيُفْسِدُوا۟ فِى ٱلْأَرْضِ وَيَذَرَكَ وَءَالِهَتَكَ ۚ قَالَ سَنُقَتِّلُ أَبْنَآءَهُمْ وَنَسْتَحْىِۦ نِسَآءَهُمْ وَإِنَّا فَوْقَهُمْ قَـٰهِرُونَ ﴾١٢٧﴿
- ഫിര്‍ഔന്റെ ജനങ്ങളില്‍ നിന്നുള്ള പ്രധാനികള്‍ പറയുകയും ചെയ്തു; 'മൂസയെയും, അവന്റെ ജനങ്ങളെയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും അവന്‍ വിട്ടുകളയുവാനും അങ്ങുന്നു (ഒഴിച്ചു) വിടുകയോ?! [അതിനൊരു പരിഹാരമുണ്ടാക്കുക തന്നെ വേണം.]'
അവന്‍ പറഞ്ഞു: 'അവരുടെ ആണ്‍മക്കളെ നാം (നിര്‍ദ്ദയം) കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ (ബാക്കിയാക്കി) ജീവിക്കുവാന്‍ വിടുകയും ചെയ്തുകൊള്ളാം. നാം അവരുടെ മേല്‍ സര്‍വ്വാധിപത്യം നടത്തുന്നവരുമാകുന്നു.' - وَقَالَ الْمَلَأُ പ്രധാനികള്‍ പറയുകയും ചെയ്തു, പ്രധാനികളും പറഞ്ഞു مِن قَوْمِ ജനങ്ങളില്‍ നിന്നു فِرْعَوْنَ ഫിര്‍ഔന്റെ أَتَذَرُ നീ (അങ്ങുന്നു) വിടുകയോ مُوسَىٰ മൂസായെ وَقَوْمَهُ അവന്റെ ജനങ്ങളെയും لِيُفْسِدُوا അവര്‍ കുഴപ്പം (നാശം) ഉണ്ടാക്കുവാന്‍ فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَيَذَرَكَ അവന്‍ നിന്നെ (അങ്ങയെ) വിടുവാനും, ഉപേക്ഷിക്കുവാനും وَآلِهَتَكَ നിന്റെ (അങ്ങയുടെ) ഇലാഹു (ദൈവം) കളെയും قَالَ അവന്‍ പറഞ്ഞു سَنُقَتِّلُ നാം കൊന്നൊടുക്കാം(ധാരാളം കൊല്ലാം) أَبْنَاءَهُمْ അവരുടെ ആണ്‍മക്കളെ, പുത്രന്മാരെ وَنَسْتَحْيِي നാം ജീവിക്കുമാറാക്കുക (ബാക്കിയാക്കുക) യും ചെയ്യും نِسَاءَهُمْ അവരുടെ സ്ത്രീകളെ وَإِنَّا നിശ്ചയമായും നാം فَوْقَهُمْ അവരുടെ മീതെ قَاهِرُونَ സര്‍വ്വാധിപത്യം നടത്തുന്നവരുമാണ്.
മൂസായെയും അവന്റെ ആള്‍ക്കാരെയും നിലക്കു നിറുത്താത്തപക്ഷം അവന്‍ നമ്മുടെ മതരംഗത്തും ഭരണരംഗത്തും കുഴപ്പങ്ങളുണ്ടാക്കും, അതിനൊരു നിവാരണം ഉണ്ടാക്കുകതന്നെ വേണമെന്നു ആ പ്രധാനികള ഫിര്‍ഔനോടു ശുപാര്‍ശ ചെയ്തു. ഫിര്‍ഔനു തന്നെയും അങ്ങിനെ അഭിപ്രായമുണ്ടായിരുന്നു. അല്ലാഹു പറയുന്നു: وَقَالَ فِرْعَوْنُ ذَرُونِي أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُ ۖ إِنِّي أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِي الْأَرْضِ الْفَسَادَ ﴿٢٦ (സാരം: ഫിര്‍ഔന്‍ പറഞ്ഞു: എന്നെ വിട്ടേക്കുവിന്‍, ഞാന്‍ മൂസായെ കൊലപ്പെടുത്തട്ടെ. അവന്‍ അവന്റെ റബ്ബിനെ വിളിക്കുകയും ചെയ്യട്ടെ, അവന്‍ നിങ്ങളുടെ മതത്തെ മാറ്റിമറിക്കുകയോ, ഭൂമിയില്‍ കുഴപ്പം പുറപ്പെടുവിക്കുകയോ ചെയ്യുമെന്നു ഞാന്‍ ഭയപ്പെടുന്നു. 40:26.) രാജകീയ ശാസനം ഉണ്ടായതു ഇസ്രാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെ കൊലപ്പെടുത്തുവാനായിരുന്നു. പെണ്‍കുട്ടികളെ ഒഴിവാക്കുവാനും. ഇതൊരു കടുത്ത ശിക്ഷയും അവരുടെ വീര്യം നശിപ്പിക്കുന്നതുമാണെന്നതിനുപുറമെ, ഇസ്രാഈല്യരുടെ സംഖ്യാബലം ഇല്ലാതാക്കുവാനും കൂടിയായിരുന്നു. അതോടുകൂടി സ്ത്രീകളെ തങ്ങളുടെ ദാസ്യവേലക്കും മറ്റും ഉപയോഗപ്പെടുത്തുകയും ചെയ്യാമല്ലോ.
ഈ ക്രൂര ശിക്ഷക്കു പുറമെ, ഇസ്രാഈല്യരുടെ മേലുള്ള അധികാര നടപടികള്‍ കുറേ കൂടി കര്‍ക്കശമാക്കുമെന്നും, അവര്‍ക്കു മേലില്‍ അവരുടെ ഇഷ്ടംപോലെ ഇവിടെ വിഹരിക്കുവാന്‍ സാധ്യമാകുകയില്ലെന്നും ഫിര്‍ഔന്‍ വ്യക്തമാക്കി. ഇസ്രാഈല്യരുടെ ആണ്‍കുട്ടികളെ വധിക്കുവാന്‍ ഫിര്‍ഔന്‍ കല്‍പനയിടുന്നത് ഇത് ആദ്യമായിട്ടല്ല. മുമ്പും ആ കടും കൃത്യത്തിനു ഇസ്രാഈല്യര്‍ വിധേയരായിട്ടുണ്ട്. അവരുടെ വര്‍ദ്ധനവ് ഫറോവ ഭരണകൂടത്തിന് ആപത്തായിത്തീര്‍ന്നേക്കുമെന്നു ഭയപ്പെട്ടു തന്നെയായിരുന്നു അതും. അക്കാലത്തായിരുന്നു അതേ ഭരണം കടപുഴകുവാന്‍ കാരണഭൂതനായ മൂസാ (عليه الصلاة والسلام) നബി ജനിച്ചതും, അതേ രാജക്കൊട്ടാരത്തില്‍ തന്നെ അദ്ദേഹം വളര്‍ന്നതും. (സൂ: ക്വസ്വസ്വ് നോക്കുക).
താന്‍ ഇലാഹും റബ്ബമാണെന്നു വാദിച്ചിരുന്നവനാണു ഫിര്‍ഔന്‍. എന്നിരിക്കെ ‘അങ്ങയെയും അങ്ങയുടെ ഇലാഹുകളെയും വിട്ടേക്കുക’ (وَيَذَرَكَ وَآلِهَتَكَ) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം ഒന്നിലധികം പ്രകാരത്തിലായിരിക്കാവുന്നതാണ്. അതായതു: ഫിര്‍ഔന്‍ ദൈവമായി ഗണിക്കപ്പെട്ടിരുന്നുവെങ്കിലും വേറെയും അംഗീകരിക്കപ്പെട്ട ദൈവങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. സൂര്യദേവന്‍ തുടങ്ങിയ ദേവന്മാരും, പശുക്കളും അക്കാലത്തു ഈജിപ്തിലെ ആരാധ്യ വസ്തുക്കളായിരുന്നുവെന്നു ചരിത്രകാരന്മാര്‍ പറയുന്നു. ഈജിപ്തിലെ പശു ആരാധനയില്‍നിന്നാണല്ലോ പിന്നീടു സാമിരീ സ്വര്‍ണ്ണപ്പശുക്കുട്ടിയെ ഉണ്ടാക്കുവാനും, ഇസ്രാഈല്യര്‍ അതിനെ ആരാധിക്കുവാനും പ്രചോദനം ഉണ്ടായത്. ഫറോവാ രാജാക്കള്‍ സൂര്യ പുത്രന്‍മാരായി ഗണിക്കപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ജീവിച്ചിരിപ്പുള്ള ചില വ്യക്തികള്‍ ദൈവങ്ങളായോ, ദൈവാവതാരങ്ങളായോ ഗണിക്കപ്പെടുന്നതോടൊപ്പം, അവരും അവരുടെ ആരാധകന്മാരും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹ ദൈവങ്ങളെ ആരാധിച്ചു വരുന്ന സമ്പ്രദായം ഇന്നും ഇന്ത്യയില്‍ നിലവിലുള്ളതാണ്. അടുത്ത കാലംവരെ ജപ്പാന്‍, സയാം മുതലായ ചില രാജ്യങ്ങളിലെ സിംഹാസനാധിപരായ രാജാക്കളെ അവരുടെ പ്രജകള്‍ ദൈവങ്ങളായി കരുതി ആരാധിക്കുക പതിവുണ്ടായിരുന്നു. അതോടൊപ്പം അവര്‍ക്ക് വേറെയും ദൈവങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യും. വിഗ്രഹാരാധകന്‍മാര്‍ക്കു ശതക്കണക്കിനും ശതലക്ഷക്കണക്കിനുമൊക്കെ ദൈവങ്ങളുണ്ടാകാറുണ്ടെന്നതും അവയില്‍ ചിലതു ചിലതിനെക്കാള്‍ ഉന്നതസ്ഥാനം കല്‍പിക്കപ്പെടുന്നവയായിരിക്കുമെന്നതും പ്രസ്താവ്യമാകുന്നു. ഫിര്‍ഔന്‍ മറ്റുള്ളവരെപ്പോലെ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നില്ലെന്നു വന്നാല്‍ തന്നെയും പ്രജകള്‍ക്കു വേറെ ദൈവങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍ വലിയ ദൈവമായ അങ്ങയെയും, അങ്ങുന്നു ഞങ്ങള്‍ക്കു അംഗീകരിച്ചുതന്ന മറ്റു ദൈവങ്ങളെയും എന്ന അര്‍ത്ഥത്തിലും ആയിരിക്കാമല്ലോ ആ പ്രയോഗം. ഇവിടെ آلِهَتَكَ (ആലിഹതക) എന്നതിന്റെ സ്ഥാനത്തു اِلِهَتَكَ (ഇലാഹതക) എന്നും വായിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ‘അങ്ങയെയും, അങ്ങയുടെ ദിവ്യത്വത്തെയും (അങ്ങയെ ആരാധിക്കുന്നതിനെയും) വിട്ടു കളയുക’ എന്നായിരിക്കും അതിന്റെ അര്‍ത്ഥം. ഈ വായനപ്രകാരം മുകളില്‍ പറഞ്ഞ സംശയം ഉദിക്കുന്നില്ലതാനും.
ക്വിബ്ത്ത്വികളില്‍ മാത്രമല്ല, അവരുമായുള്ള സമ്പര്‍ക്കം നിമിത്തം പ്രവാചകന്മാരുടെ സന്തതികളായ ഇസ്രാഈല്യരില്‍ പോലും വിഗ്രാഹാരാധന പ്രചരിച്ചിരുന്നു. മൂസാ (عليه الصلاة والسلام) വന്നതോടുകൂടി ക്രമേണ അവര്‍ ഏകദൈവ വിശ്വാസികളായിത്തീര്‍ന്നു. ഇസ്രാഈല്യര്‍ ചെങ്കടല്‍ കടന്നു രക്ഷപ്പെട്ട ശേഷം വഴിമദ്ധ്യേ ചിലര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്കും അതുപോലെ ചില ദൈവങ്ങളെ സ്വീകരിക്കുവാന്‍ അവര്‍ മൂസാ (عليه الصلاة والسلام) യോട് ആവശ്യപ്പെട്ടതായി 138-ാം വചനത്തില്‍ കാണാം. ഇതും, സീനാ താഴ്വരയില്‍ വെച്ചു സാമിരീ നിര്‍മ്മിച്ച പശുക്കുട്ടിയെ അവര്‍ ആരാധിക്കുവാന്‍ തയ്യാറായതും അവരുടെ ആ പഴയ വാസന നിമിത്തമായിരുന്നു. മൂസാ (عليه الصلاة والسلام) നബിയുടെ വടി പാമ്പായിത്തീര്‍ന്ന സംഭവം വിവരിച്ചശേഷം സൂ: യൂനുസില്‍ പറയുന്നു: فَمَا آمَنَ لِمُوسَىٰ إِلَّا ذُرِّيَّةٌ مِّن قَوْمِهِ عَلَىٰ خَوْفٍ مِّن فِرْعَوْنَ وَمَلَئِهِمْ أَن يَفْتِنَهُمْ ۚ (സാരം: ഫിര്‍ഔനെയും അവരിലെ പ്രധാനികളെയും കുറിച്ചു – അവന്‍ അവരെ കുഴപ്പത്തിലാക്കുമെന്നു – ഭയത്തോടു കൂടി മൂസായുടെ ജനങ്ങളില്‍ നിന്നുള്ള ചില സന്തതികളല്ലാതെ അദ്ദേഹത്തില്‍ വിശ്വസിച്ചില്ല. യൂനുസ്: 83). അതായതു, മൂസാ (عليه الصلاة والسلام) ന്റെ ജനതയായ ഇസ്രാഈല്യരില്‍ നിന്നുള്ള ചില ചെറുപ്പക്കാര്‍ മാത്രം വിശ്വസിച്ചു. അതു തന്നെയും ഫിര്‍ഔനെയും അവരിലുള്ള പ്രധാനികളെയും ഭയന്നുകൊണ്ടായിരുന്നുവെന്നു സാരം. കൂടുതല്‍ വിവരം യഥാസ്ഥാനത്തു വെച്ചു കാണാം. إن شاء الله
ആണ്‍കുട്ടികളെ കൊലപ്പെടുത്തുവാനുള്ള ഫിര്‍ഔന്റെ തീരുമാനം അവരെ അധികം അലട്ടിയിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. മൂസാ (عليه الصلاة والسلام) അവരെ സമാധാനിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. അതെ,-
- قَالَ مُوسَىٰ لِقَوْمِهِ ٱسْتَعِينُوا۟ بِٱللَّهِ وَٱصْبِرُوٓا۟ ۖ إِنَّ ٱلْأَرْضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنْ عِبَادِهِۦ ۖ وَٱلْعَـٰقِبَةُ لِلْمُتَّقِينَ ﴾١٢٨﴿
- മൂസാ തന്റെ ജനങ്ങളോടു പറഞ്ഞു: "നിങ്ങള്‍ അല്ലാഹുവിനോടു സഹായമര്‍ത്ഥിക്കുകയും, ക്ഷമിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, ഭൂമി അല്ലാഹുവിന്റേതാകുന്നു; അവന്റെ അടിയാന്‍മാരില്‍ നിന്നു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അതിനെ അവകാശപ്പെടുത്തിക്കൊടുക്കുന്നു.
പര്യവസാനമാകട്ടെ, സൂക്ഷമത പാലിക്കുന്നവര്‍ക്കു (ഗുണകരം) ആയിരിക്കും. - قَالَ مُوسَىٰ മൂസാ പറഞ്ഞു لِقَوْمِهِ തന്റെ ജനങ്ങളോടു اسْتَعِينُوا നിങ്ങള്‍ സഹായമര്‍ത്ഥിക്കുവിന്‍, സഹായം തേടുവിന്‍ بِاللَّـهِ അല്ലാഹുവിനോടു, അല്ലാഹുവിനെക്കൊണ്ടു وَاصْبِرُوا ക്ഷമിക്കുകയും ചെയ്യുവിന്‍ إِنَّ الْأَرْضَ നിശ്ചയമായും ഭൂമി لِلَّـهِ അല്ലാഹുവിന്റേതാണു يُورِثُهَا അതിനെ അവന്‍ അവകാശ(അനന്തര)പ്പെടുത്തുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍ നിന്നു وَالْعَاقِبَةُ പര്യവസാനം, അന്ത്യം, കലാശം لِلْمُتَّقِينَ സൂക്ഷമതയുള്ളവര്‍ (ഭയഭക്തന്മാര്‍) ക്കാകുന്നു.
ക്ഷമിക്കുകയും, അല്ലാഹുവിന്റെ സഹായം തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പക്ഷം, ഫിര്‍ഔന്റെ ആധിപത്യത്തില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നും നിങ്ങള്‍ക്കു രക്ഷകിട്ടുകയും, നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട നാട്ടില്‍ – ഫലസ്തീനില്‍ – നിങ്ങള്‍ക്കു സ്വാധീനം ലഭിക്കുകയും ചെയ്യുമെന്നു നിങ്ങള്‍ക്കു പ്രതീക്ഷിക്കാം. ഭൂമിയിലെ അധികാരവും സ്വാധീനവും ആരുടെയും കുത്തകയല്ല. അതിന്റെ നിയന്ത്രണം അല്ലാഹുവിങ്കലാണ്. ചിലര്‍ക്കു ചിലപ്പോള്‍ അതവന്‍ നല്‍കുന്നുവെന്നു മാത്രം. അന്തിമ വിജയം അവനെ സൂക്ഷിച്ചു ജീവിക്കുന്നവര്‍ക്കായിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ് എന്നു താല്‍പര്യം.
- قَالُوٓا۟ أُوذِينَا مِن قَبْلِ أَن تَأْتِيَنَا وَمِنۢ بَعْدِ مَا جِئْتَنَا ۚ قَالَ عَسَىٰ رَبُّكُمْ أَن يُهْلِكَ عَدُوَّكُمْ وَيَسْتَخْلِفَكُمْ فِى ٱلْأَرْضِ فَيَنظُرَ كَيْفَ تَعْمَلُونَ ﴾١٢٩﴿
- അവര്‍ പറഞ്ഞു: 'താങ്കള്‍ ഞങ്ങളില്‍ (റസൂലായി) വരുന്നതിന്ന് മുമ്പും, താങ്കള്‍ ഞങ്ങളില്‍ വന്നതിനുശേഷവും ഞങ്ങള്‍ ഉപദ്രവിക്കപ്പെട്ടിരിക്കുന്നു! [താങ്കളുടെ വരവുകൊണ്ടും ഞങ്ങള്‍ക്കു രക്ഷയില്ലല്ലോ!]
അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ റബ്ബ് നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, (തല്‍സ്ഥാനത്തു) ഭൂമിയില്‍ നിങ്ങളെ പകരമാക്കുകയും ചെയ്തേക്കാം; എന്നിട്ടു, നിങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നു അവന്‍ നോക്കുകയും (ചെയ്തേക്കാം).' - قَالُوا അവര്‍ പറഞ്ഞു أُوذِينَا ഞങ്ങള്‍ ഉപദ്രവിക്ക (മര്‍ദ്ദിക്ക - സ്വൈര്യം കെടുത്ത) പ്പെട്ടു مِن قَبْلِ മുമ്പു أَن تَأْتِيَنَا നീ ഞങ്ങളില്‍ വരുന്നതിനുമുമ്പു وَمِن بَعْدِ ശേഷവും مَا جِئْتَنَا നീ ഞങ്ങളില്‍ വന്നതിനു قَالَ അദ്ദേഹം പറഞ്ഞു عَسَىٰ رَبُّكُمْ നിങ്ങളുടെ റബ്ബു ആയേക്കാം أَن يُهْلِكَ അവന്‍ നശിപ്പിക്കുക عَدُوَّكُمْ നിങ്ങളുടെ ശത്രുവെ وَيَسْتَخْلِفَكُمْ നിങ്ങളെ പകരമാക്കുക (പിന്‍ഗാമികളാക്കുക - പ്രതിനിധികളാക്കുക) യും فِي الْأَرْضِ ഭൂമിയില്‍ فَيَنظُرَ എന്നിട്ടവന്‍ നോക്കുകയും كَيْفَ എങ്ങിനെ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു (എന്നു).
മൂസാ (عليه الصلاة والسلام) നബിയുടെ ഈ മറുപടി അവര്‍ക്കു കുറേക്കൂടി പ്രതീക്ഷക്കു വക നല്‍കുന്നതും, അവര്‍ കൂടുതല്‍ ബോധവാന്‍മാരായിരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നതുമാകുന്നു.
വിഭാഗം - 16
- وَلَقَدْ أَخَذْنَآ ءَالَ فِرْعَوْنَ بِٱلسِّنِينَ وَنَقْصٍ مِّنَ ٱلثَّمَرَٰتِ لَعَلَّهُمْ يَذَّكَّرُونَ ﴾١٣٠﴿
- ഫിര്‍ഔന്റെ കൂട്ടരെ (വറുതി പിടിച്ച) കൊല്ലങ്ങളും, ഫലവര്‍ഗ്ഗങ്ങളുടെ കുറവും കൊണ്ടു നാം പിടികൂടുകയുണ്ടായി; അവര്‍ ഓര്‍മ്മവെക്കുവാന്‍ വേണ്ടി.
- وَلَقَدْ أَخَذْنَا നാം പിടിക്കുക (പിടികൂടുക - ശിക്ഷിക്കുക) യുണ്ടായിട്ടുണ്ടു آلَ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരെ, ആള്‍ക്കാരെ بِالسِّنِينَ കൊല്ലങ്ങള്‍ (ക്ഷാമകാലങ്ങള്‍) കൊണ്ടു وَنَقْصٍ കുറവുകൊണ്ടും مِّنَ الثَّمَرَاتِ ഫലവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള (കായഫലങ്ങളുടെ) لَعَلَّهُمْ അവരാകുവാന്‍വേണ്ടി يَذَّكَّرُونَ ഓര്‍മ്മിക്കും, ഉറ്റാലോചിക്കും.
- فَإِذَا جَآءَتْهُمُ ٱلْحَسَنَةُ قَالُوا۟ لَنَا هَـٰذِهِۦ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَطَّيَّرُوا۟ بِمُوسَىٰ وَمَن مَّعَهُۥٓ ۗ أَلَآ إِنَّمَا طَـٰٓئِرُهُمْ عِندَ ٱللَّهِ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾١٣١﴿
- എന്നാല്‍, അവര്‍ക്കു നന്‍മ വന്നാല്‍ അവര്‍ പറയും: 'നമുക്കു (കിട്ടേണ്ടതു) ള്ളതു തന്നെയാണിത്.' അവര്‍ക്കു വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ, മൂസായെയും, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും അവര്‍ ദുശ്ശകുനമാക്കുകയും ചെയ്യും.
അല്ലാ! (അറിഞ്ഞേക്കുക:) നിശ്ചയമായും അവരുടെ ശകുനപ്പിഴ അല്ലാഹുവിന്റെ പക്കല്‍ തന്നെയാകുന്നു. എങ്കിലും അവരില്‍ അധികമാളും അറിയുന്നില്ല. - فَإِذَا جَاءَتْهُمُ എന്നാല്‍ അവര്‍ക്കു വന്നാല്‍ الْحَسَنَةُ നന്‍മ, നല്ല കാര്യം قَالُوا അവര്‍ പറയും لَنَا നമുക്കുള്ളതാണു (നമുക്കു വേണ്ടതാണു) هَـٰذِهِ ഇതു, ഇവ وَإِن تُصِبْهُمْ അവര്‍ക്കു ബാധിക്കുന്നുവെങ്കില്‍ سَيِّئَةٌ വല്ല തിന്‍മയും, തീയതും يَطَّيَّرُوا അവര്‍ ദുശ്ശകുനമാക്കും, ദുര്‍ലക്ഷണം പറയും بِمُوسَىٰ മൂസായെക്കൊണ്ടു وَمَن مَّعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും أَلَا അല്ലാ, അറിയുക إِنَّمَا طَائِرُهُمْ നിശ്ചയമായും അവരുടെ പക്ഷി (ശകുനപ്പിഴ - ദുര്‍ലക്ഷണം) عِندَ اللَّـهِ അല്ലാഹുവിന്റെ പക്കല്‍ (തന്നെ) ആകുന്നു وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല.
سِّنِين (സിനീന്‍) എന്ന പദത്തിനു ‘കൊല്ലങ്ങള്‍’ എന്നാണ് വാക്കര്‍ത്ഥം. ക്ഷാമം പിടിപെട്ട കൊല്ലങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ അതും, അതിന്റെ ഏകവചനമായ سَنَة (സനത്ത്) എന്ന പദവും ഉപയോഗിക്കപ്പെടുന്നു. അതുപോലെത്തന്നെ طَائِر (ത്വാഇര്‍) എന്ന പദത്തിന് ‘പക്ഷി’ എന്നാണ് വാക്കര്‍ത്ഥം. പക്ഷികളുടെ ചലനത്തെ ആസ്പദമാക്കി പല ശകുനങ്ങളും ലക്ഷണങ്ങളും കണക്കാക്കപ്പെടാറുള്ളതുകൊണ്ട് ശകുനം എന്ന ഉദ്ദേശ്യത്തില്‍ അത് സാധാരണ ഉപയോഗിക്കപ്പെടുന്നു. ഇവടെ ദുശ്ശകുനമാണുദ്ദേശ്യം.
മൂസാ (عليه الصلاة والسلام) നബിയുടെ ദൗത്യത്തിനു ദൃഷ്ടാന്തങ്ങളായി ഫിര്‍ഔനും അവന്റെ ജനങ്ങള്‍ക്കും ബാധിച്ച രണ്ട് പരീക്ഷണങ്ങളെപ്പറ്റിയാണ് ഒന്നാമത്തെ വചനത്തില്‍ പ്രസ്താവിച്ചത്. മറ്റു പല പരീക്ഷണങ്ങളെക്കുറിച്ചും തുടര്‍ന്ന്‍ പ്രസ്താവിക്കുന്നുമുണ്ട്. നല്ലതു വരുമ്പോള്‍, അത് തങ്ങള്‍ക്കു കിട്ടേണ്ടതും അര്‍ഹതപ്പെട്ടതുമാണെന്ന നാട്യമായിരിക്കും അവര്‍ക്കുണ്ടാകുക. അല്ലാഹു നല്‍കിയ അനുഗ്രഹമാണെന്ന വിചാരമോ അതിന്റെ പേരില്‍ നന്ദിയോ ഉണ്ടായിരിക്കയില്ല. നേരെമറിച്ച് തീയത വരുമ്പോള്‍, അത് തങ്ങളിലുള്ള കൊള്ളരുതായ്മമൂലം സംഭവിച്ചതാണെന്ന ബോധവും അവര്‍ക്കില്ല. മൂസാ (عليه الصلاة والسلام) ന്റെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരുടെയും കൊള്ളരുതായ്മയില്‍ നിന്നുണ്ടായ ദുശ്ശകുനമാണെന്നേ കണക്കാക്കൂ. വാസ്തവത്തില്‍, അവര്‍ക്കു വരുന്ന ദുശ്ശകുനങ്ങളൊക്കെ അല്ലാഹു കണക്കാക്കുന്നതാകുന്നു. അതിനു കാരണക്കാര്‍ അവര്‍ തന്നെയാണുതാനും. എന്നിങ്ങനെയാണ് രണ്ടാമത്തെ വചനത്തിന്റെ താല്‍പര്യം.
- وَقَالُوا۟ مَهْمَا تَأْتِنَا بِهِۦ مِنْ ءَايَةٍ لِّتَسْحَرَنَا بِهَا فَمَا نَحْنُ لَكَ بِمُؤْمِنِينَ ﴾١٣٢﴿
- അവര്‍ (ഇങ്ങിനെ) പറയുകയും ചെയ്തു: '(മൂസാ) നീ ഞങ്ങളെ പകിട്ടാ(ക്കി വശീകരി)ക്കുവാന്‍വേണ്ടി ദൃഷ്ടാന്തമായിക്കൊണ്ട് എന്തുതന്നെ ഞങ്ങള്‍ക്കു കൊണ്ടു വന്നാലും, ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നവരല്ല (തന്നെ).'
- 132. وَقَالُوا അവര്‍ പറയുകയും ചെയ്തു مَهْمَا എന്തുതന്നെ تَأْتِنَا بِهِ നീ അതു കൊണ്ടുവന്നാലും مِنْ آيَةٍ വല്ല ദൃഷ്ടാന്തമായിട്ടു لِّتَسْحَرَنَا ഞങ്ങളെ നീ പകിട്ടാക്കുവാന്‍, വശീകരിക്കുവാന്‍ بِهَا അതു കൊണ്ടു فَمَا نَحْنُ എന്നാല്‍ ഞങ്ങളല്ല لَكَ നിന്നെ بِمُؤْمِنِينَ വിശ്വസിക്കുന്നവര്‍.
ഏതു ദൃഷ്ടാന്തം കണ്ടാലും വിശ്വസിക്കുകയില്ലെന്ന ദുശ്ശാഠ്യത്തിനു പുറമെ, മൂസാ (عليه الصلاة والسلام) നബി മുഖാന്തരം കാണുന്ന ദൃഷ്ടാന്തങ്ങള്‍ മുഴുവനും ജാലവിദ്യയാണെന്ന ഒരു ആരോപണവും കൂടി ഇതില്‍ അടങ്ങിയിരിക്കുന്നു. അല്ലാഹു പറയുന്നു:
- فَأَرْسَلْنَا عَلَيْهِمُ ٱلطُّوفَانَ وَٱلْجَرَادَ وَٱلْقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَـٰتٍ مُّفَصَّلَـٰتٍ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا مُّجْرِمِينَ ﴾١٣٣﴿
- അപ്പോള്‍, അവരില്‍ നാം ജലപ്രളയവും, വെട്ടുകിളിയും, പേനും (അഥവാ ചെള്ളും), തവളകളും, രക്തവും അയച്ചു; വിശദമാ(യി വ്യക്ത്മാ)ക്കപ്പെട്ട ദൃഷ്ടാന്തങ്ങളായിക്കൊണ്ടു.
എന്നാല്‍, അവര്‍ അഹംഭാവം നടിക്കയാണു ചെയ്തതു, അവര്‍ കുറ്റവാളികളായ ഒരു ജനതയായിരുന്നു താനും. - فَأَرْسَلْنَا അപ്പോള്‍ (എന്നിട്ടു) നാം അയച്ചു عَلَيْهِمُ അവരില്‍ الطُّوفَانَ ജലപ്രളയം, വെള്ളപ്പൊക്കം, വമ്പിച്ച ആപത്തും وَالْجَرَادَ വെട്ടുകിളിയും وَالْقُمَّلَ പേനും, ചെള്ളും وَالضَّفَادِعَ തവളകളും وَالدَّمَ രക്തവും آيَاتٍ ദൃഷ്ടാന്തങ്ങളായിട്ടു مُّفَصَّلَاتٍ വിസ്തരിക്ക (വിശദകരിക്ക)പ്പെട്ട فَاسْتَكْبَرُوا എന്നിട്ടവര്‍ അഹംഭാവം നടിച്ചു وَكَانُوا അവരായിരുന്നു താനും, ആയിത്തീരുകയും ചെയ്തു قَوْمًا ഒരു ജനത مُّجْرِمِينَ കുറ്റവാളികളായ.
طُوفَان (ത്വൂഫാന്‍) എന്ന പദം എല്ലാവിധ പൊതു ആപത്തുകള്‍ക്കും, പറയപ്പെടുമെങ്കിലും വെള്ളപ്പൊക്കം കൊണ്ടുള്ള ആപത്തിലാണ് അധികവും പ്രയോഗം. അതാണു ഇവിടെ ഉദ്ദേശ്യമെന്നത്രെ അധിക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. മഹാവ്യാധികള്‍ മൂലമുള്ള വമ്പിച്ച ജീവനാശമാണ് ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്. قُمَّل (ക്വുമ്മല്‍) കൊണ്ടുദ്ദേശ്യം പേനാണെന്നും, ഒരുതരം ചെള്ളോ ഈച്ചയോ ആണെന്നും അഭിപ്രായങ്ങള്‍ കാണാം. മേല്‍പറഞ്ഞ ഓരോ ദൃഷ്ടാന്തങ്ങളെക്കുറിച്ചും അവ അല്ലാഹുവിങ്കല്‍നിന്നുള്ള ദൃഷ്ടാന്തമാണെന്നും, ജാലവിദ്യയോ മറ്റോ അല്ലെന്നുമൊക്കെ അവര്‍ക്ക് നേരത്തെക്കൂട്ടി പ്രത്യേകം വിവരിച്ചു കൊടുക്കപ്പെട്ടിരുന്നുവെന്നത്രെ آيَاتٍ مُّفَصَّلَاتٍ (വിശദീകരിച്ചു കൊടുക്കപ്പെട്ട ദൃഷ്ടാന്തങ്ങളായിക്കൊണ്ട് എന്ന് പറഞ്ഞതിന്റെ സാരം.
ഫിര്‍ഔനും കൂട്ടര്‍ക്കും കാട്ടിക്കൊടുക്കപ്പെട്ട ദൃഷ്ടാന്തങ്ങളെപ്പറ്റി ബൈബിളില്‍ (പുറപ്പാട്, പുസ്തകം അദ്ധ്യായം 7 -10) വളരെ വിസ്തരിച്ചു വിവരിച്ചുകാണാം. എന്നാല്‍, മൂസാ (عليه الصلاة والسلام) നബിയുടെ കൈ വെള്ള നിറംപൂണ്ട സംഭവം അതില്‍ കാണപ്പെടുന്നില്ല. വടി സര്‍പ്പമായി മാറിയതും, ജാലവിദ്യക്കാര്‍ പരാജയപ്പെട്ടതും പറയപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ വിശ്വസിച്ചതും, ഫിര്‍ഔന്‍ അവരെ ശിക്ഷിച്ചതും പ്രസ്താവിക്കപ്പെട്ടിട്ടില്ല. ചില പരാമര്‍ശങ്ങള്‍ ക്വുര്‍ആനോട് യോജിച്ച് കാണാമെങ്കിലും ചിലതൊക്കെ യോജിക്കാത്തതും, ചിലത് രണ്ടും കല്‍പിക്കുവാന്‍ സാധിക്കാത്തതുമാകുന്നു. ഈ ദൃഷ്ടാന്തങ്ങളെപ്പറ്റി കൂടുതല്‍ വിശദീകരണം നല്‍കുന്ന ബലവത്തായ ഹദീഥുകളോ രിവായത്തുകളോ കാണപ്പെടുന്നില്ല. മുന്‍ഗാമികളില്‍നിന്നുള്ള ഏതാനും രിവായത്തുകള്‍ നിലവിലുണ്ടെങ്കിലും മിക്കതും വേദക്കാരില്‍നിന്നു കേട്ടതും അറിയപ്പെട്ടതുമാണുതാനും. ഓരോ ദൃഷ്ടാന്തത്തെപ്പറ്റിയും വിശദമായി അറിയാത്തതുകൊണ്ട് ആശയം മനസ്സിലാകാതിരിക്കുകയില്ലല്ലോ.
ഒരുകാര്യം ഇവിടെ പ്രസ്താവ്യമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അക്ഷരജ്ഞാനമില്ലാത്ത ആളാണ്
വേദഗ്രന്ഥങ്ങളുമായി അവിടത്തേക്കു പരിചയവുമില്ല. മദീനാ ഹിജ്റക്കുശേഷമേ വേദക്കാരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുമുള്ളു. മക്കയിലും പരിസരങ്ങളിലുമുള്ള അറബികളുടെ പൊതുനിലയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. നന്നെച്ചുരുക്കം വ്യക്തികള്‍ക്കേ എഴുത്തും വായനയും അറിഞ്ഞുകൂടു. അവര്‍ക്കുപോലും തൗറാത്തിന്റെ പകര്‍പ്പുകളുമായി പരിചയപ്പെടത്തക്കവണ്ണം അതിന്റെ പകര്‍പ്പുകളും അധികമൊന്നും അന്ന് നിലവിലില്ലായിരുന്നു. വേദക്കാരില്‍തന്നെ ഭൂരിഭാഗവും അവരുടെ വേദഗ്രന്ഥം കണ്ടിട്ടില്ലാത്തവരാണ്. ഇങ്ങിനെയെല്ലാമായിരിക്കെ, ക്വുര്‍ആനില്‍ – അതും മക്കീ സൂറത്തുകളില്‍ – മുന്‍കാല സംഭവങ്ങള്‍ ഇത്രയും വ്യക്തവും സ്പഷ്ടവുമായ വിധത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓതിക്കേള്‍പ്പിക്കുമ്പോള്‍, ക്വുര്‍ആന്‍ അല്ലാഹുവില്‍നിന്നുള്ളതാണെന്നുള്ളതിനു അതും വ്യക്തമായ ഒരു തെളിവാകുന്നു.
- وَلَمَّا وَقَعَ عَلَيْهِمُ ٱلرِّجْزُ قَالُوا۟ يَـٰمُوسَى ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ ۖ لَئِن كَشَفْتَ عَنَّا ٱلرِّجْزَ لَنُؤْمِنَنَّ لَكَ وَلَنُرْسِلَنَّ مَعَكَ بَنِىٓ إِسْرَٰٓءِيلَ ﴾١٣٤﴿
- അവരുടെ മേല്‍ ശിക്ഷ ഭവിച്ചപ്പോള്‍, അവര്‍ പറഞ്ഞു: 'മൂസാ, നിന്റെ റബ്ബു നിന്റെ അടുക്കല്‍ കരാറു നല്‍കിയ (നിശ്ചയ) പ്രകാരം, അവനോടു ഞങ്ങള്‍ക്കുവേണ്ടി നീ പ്രാര്‍ത്ഥിക്കുക. ഞങ്ങളില്‍ നിന്നു (ഈ) ശിക്ഷ നീ (നീക്കി) തുറവിയാക്കിത്തന്നുവെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം ഇസ്രാഈല്‍ സന്തതികളെ ഞങ്ങള്‍ അയച്ചു തരുകയും തന്നെ ചെയ്യുന്നതാണ്.'
- 134. وَلَمَّا وَقَعَ സംഭവിച്ച (ഉണ്ടായ) പ്പോള്‍ عَلَيْهِمُ അവരുടെമേല്‍, അവരില്‍ الرِّجْزُ കുലുക്കം, മ്ലേച്ഛത (ശിക്ഷ) قَالُوا അവര്‍ പറഞ്ഞു يَا مُوسَى മൂസാ ادْعُ لَنَا ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക رَبَّكَ നിന്റെ റബ്ബിനോടു بِمَا عَهِدَ അവന്‍ കരാറു (ഉത്തരവു) നല്‍കിയ പ്രകാരം (നല്‍കിയതുകൊണ്ടു) عِندَكَ നിന്റെ അടുക്കല്‍ لَئِن كَشَفْتَ നീ നീക്കി (തുറവിയാക്കി) തന്നെങ്കില്‍ عَنَّا ഞങ്ങളില്‍ നിന്നു الرِّجْزَ ശിക്ഷയെ لَنُؤْمِنَنَّ لَكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ വിശ്വസിക്കുക തന്നെ ചെയ്യും وَلَنُرْسِلَنَّ ഞങ്ങള്‍ അയക്കുകയും തന്നെ ചെയ്യും مَعَكَ നിന്റെ കൂടെ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ.
- فَلَمَّا كَشَفْنَا عَنْهُمُ ٱلرِّجْزَ إِلَىٰٓ أَجَلٍ هُم بَـٰلِغُوهُ إِذَا هُمْ يَنكُثُونَ ﴾١٣٥﴿
- എന്നാല്‍, ഒരു അവധി - അതവര്‍ പ്രാപിക്കും - വരെ നാം അവരില്‍ നിന്നു ശിക്ഷയെ (നീക്കി) തുറവിയാക്കിയപ്പോള്‍, അപ്പോള്‍, (അതാ) അവര്‍ (വാക്കു) ലംഘിക്കുന്നു!
- فَلَمَّا كَشَفْنَا എന്നിട്ടും നാം തുറവിയാക്കി (നീക്കി) യപ്പോള്‍ عَنْهُمُ അവരില്‍ നിന്നു الرِّجْزَ ശിക്ഷയെ إِلَىٰ أَجَلٍ ഒരവധിവരെ هُم അവര്‍ بَالِغُوهُ അതിങ്കല്‍ എത്തുന്നവരാണു إِذَا هُمْ അപ്പോള്‍ അവര്‍ (അതാ) يَنكُثُونَ ലംഘിക്കുന്നു.
മേല്‍ വിവരിച്ച തരത്തിലുള്ള ശിക്ഷകള്‍ അനുഭവപ്പെടുമ്പോള്‍, മൂസാ (عليه الصلاة والسلام) നബിയെ സമീപിച്ച് ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്നും, ഇസ്രാഈല്യരെ വിട്ടുതരാമെന്നും അവര്‍ വാക്കു കൊടുക്കുകയും, ആപത്തില്‍നിന്നു രക്ഷക്കായി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിക്കുകയും ചെയ്യും. അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ആപത്തു നീങ്ങുകയും ചെയ്തുകഴിഞ്ഞാല്‍, പിന്നെയും സ്ഥിതി മുമ്പത്തെപ്പോലെത്തന്നെ. അങ്ങിനെ, അവര്‍ക്കു എത്താവുന്നേടത്തോളം കാലം അവര്‍ക്കു അല്ലാഹു ഒഴിവു നല്‍കി. എന്നിട്ടൊന്നും അവര്‍ വാക്കു പാലിച്ചില്ല എന്നു സാരം.
- فَٱنتَقَمْنَا مِنْهُمْ فَأَغْرَقْنَـٰهُمْ فِى ٱلْيَمِّ بِأَنَّهُمْ كَذَّبُوا۟ بِـَٔايَـٰتِنَا وَكَانُوا۟ عَنْهَا غَـٰفِلِينَ ﴾١٣٦﴿
- അപ്പോള്‍ നാം അവരോടു പ്രതികാര (ശിക്ഷാ) നടപടിയെടുത്തു; അങ്ങനെ, അവരെ നാം സമുദ്രത്തില്‍ മുക്കി (നശിപ്പിച്ചു); (അതെ) നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ വ്യാജമാക്കുകയും, അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്ത കാരണത്താല്‍.
- فَانتَقَمْنَا مِنْهُمْ അപ്പോള്‍ അവരോടു നാം പ്രതികാര (ശിക്ഷാ) നടപടിയെടുത്തു فَأَغْرَقْنَاهُمْ അങ്ങനെ നാം അവരെ മുക്കി فِي الْيَمِّ സമുദ്രത്തില്‍ بِأَنَّهُمْ അവരാണെന്നതുകൊണ്ടു, അവര്‍ (ആയ) കാരണത്താല്‍ كَذَّبُوا വ്യാജമാക്കി (എന്ന) بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَكَانُوا അവര്‍ ആയിരിക്കുക (ആയിത്തീരുക) യും ചെയ്തു (വെന്ന) عَنْهَا അവയെപ്പറ്റി غَافِلِينَ അശ്രദ്ധര്‍.
അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ (عليه الصلاة والسلام) ഇസ്രാഈല്യരെയും കൂട്ടി ഒരു രാത്രി ഈജിപ്തില്‍ നിന്നു കിഴക്കോട്ടു പുറപ്പെട്ടു. വഴിമദ്ധ്യെ ചെങ്കടലിനടുത്തെത്തി. കല്‍പനപ്രകാരം മൂസാ (عليه الصلاة والسلام) നബി തന്റെ വടികൊണ്ടു സമുദ്രത്തില്‍ അടിച്ചു. ജലം ഇരുവശത്തേക്കും ഒഴിഞ്ഞു നില്‍ക്കുകയും മദ്ധ്യത്തിലൂടെ തുറന്നു വിശാലമായ ഒരു വഴിയുണ്ടായിത്തീരുകയും ചെയ്തു. ആ വഴിയിലൂടെ ഇസ്രാഈല്യര്‍ സുരക്ഷിതരായി കടന്നുപോയി അക്കരെപ്പറ്റി. അവര്‍ പിന്‍തുടര്‍ന്നു വന്നിരുന്ന ഫിര്‍ഔനും സൈന്യവും ആ വഴിയില്‍ ഇറങ്ങിയതോടെ വെള്ളം കൂട്ടിമുട്ടി. അവര്‍ അതില്‍ പെട്ടു മുങ്ങി നശിക്കുകയും ചെയ്തു. സൂ: ത്വാഹായിലും, ശുഅറാഇലും, ദുഖാനിലും ഈ സംഭവം വിവരിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിശദമായി അറിയേണ്ടുന്നവര്‍ സൂ: ത്വാഹാക്കുശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പും കാണുക.
- وَأَوْرَثْنَا ٱلْقَوْمَ ٱلَّذِينَ كَانُوا۟ يُسْتَضْعَفُونَ مَشَـٰرِقَ ٱلْأَرْضِ وَمَغَـٰرِبَهَا ٱلَّتِى بَـٰرَكْنَا فِيهَا ۖ وَتَمَّتْ كَلِمَتُ رَبِّكَ ٱلْحُسْنَىٰ عَلَىٰ بَنِىٓ إِسْرَٰٓءِيلَ بِمَا صَبَرُوا۟ ۖ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُۥ وَمَا كَانُوا۟ يَعْرِشُونَ ﴾١٣٧﴿
- ബലഹീനരായി ഗണിക്കപ്പെട്ടിരുന്നതായ (ആ) ജനതക്കു നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു, നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂമിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ.
നിന്റെ റബ്ബിന്റെ വളരെ നല്ലതായ വാക്കു ഇസ്രാഈല്‍ സന്തതികളില്‍ പൂര്‍ത്തിയാകുകയും ചെയ്തു. അവര്‍ ക്ഷമിച്ചതു നിമിത്തം.
ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്നതും നാം തകര്‍ത്തുകയും ചെയ്തു. - وَأَوْرَثْنَا നാം അവകാശപ്പെടുത്തി (അനന്തരമാക്കി) കൊടുക്കുകയും ചെയ്തു الْقَوْمَ ജനങ്ങള്‍ക്കു الَّذِينَ كَانُوا ആയിരുന്നതായ يُسْتَضْعَفُونَ അവര്‍ ബലഹീനരാക്കപ്പെടും, അവര്‍ക്കു ദുര്‍ബ്ബലത കല്‍പിക്കപ്പെടും مَشَارِقَ ഉദയ (കിഴക്കു) സ്ഥല (ഭാഗ)ങ്ങളെ الْأَرْضِ (ആ) ഭൂമിയുടെ وَمَغَارِبَهَا അതിന്റെ അസ്തമന (പടിഞ്ഞാറു) സ്ഥല (ഭാഗ)ങ്ങളെയും الَّتِي بَارَكْنَا നാം അനുഗ്രഹം - അഭിവൃദ്ധി - ആശിര്‍വാദം നല്‍കിയതായ فِيهَا അതില്‍ وَتَمَّتْ പൂര്‍ത്തിയാകുകയും ചെയ്തു كَلِمَتُ رَبِّكَ നിന്റെ റബ്ബിന്റെ വാക്കു, വാക്യം الْحُسْنَىٰ വളരെ നല്ല, അതിസുന്ദരമായ, ഏറ്റം നല്ല عَلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളില്‍, ഇസ്രാഈല്യര്‍ക്കു بِمَا صَبَرُوا അവര്‍ ക്ഷമിച്ച (സഹിച്ച) തു നിമിത്തം وَدَمَّرْنَا നാം തകര്‍ത്തുക (താറുമാറാക്കുക) യും ചെയ്തു مَا كَانَ ആയിരുന്നതു يَصْنَعُ പ്രവര്‍ത്തിക്കും, ഉണ്ടാക്കിത്തീര്‍ക്കും فِرْعَوْنُ ഫിര്‍ഔന്‍ وَقَوْمُهُ അവന്റെ ജനതയും وَمَا كَانُوا അവരായിരുന്നതും يَعْرِشُونَ അവര്‍ ഉയര്‍ത്തിയുണ്ടാക്കും, കെട്ടിപ്പൊക്കും.
ബലഹീനമായി ഗണിക്കപ്പെട്ട ജനത ഇസ്രാഈല്യര്‍ തന്നെ. അവര്‍ക്കു അവകാശപ്പെടുത്തിക്കൊടുക്കപ്പെട്ട അനുഗ്രഹീത ഭൂമി ഫലസ്തീന്‍ ഉള്‍ക്കൊള്ളുന്ന ശാം പ്രദേശവുമാകുന്നു الْأَرْضِ الَّتِي بَارَكْنَا فِيهَا (നാം ബറക്കത്ത് നല്‍കിയ – അഥവാ അനുഗ്രഹിച്ച ഭൂമി) എന്നു ശാം പ്രദേശങ്ങളെ ക്വുര്‍ആനില്‍ വേറെ സ്ഥലത്തും വിശേഷിപ്പിച്ചിട്ടുണ്ട് (17:1). കൃഷി വ്യവസായങ്ങളുടെ ആധിക്യത്തിലും ഫലപുഷ്ടിയിലും ശാംപ്രദേശം അന്നും ഇന്നും പ്രസിദ്ധമത്രെ. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ കാലം തൊട്ട് ഈസാ (عليه الصلاة والسلام) നബിയുടെ കാലംവരെയായി വളരെയധികം പ്രവാചകന്‍മാരുണ്ടായതും ആ പുണ്യഭൂമിയില്‍ തന്നെ. അതിന്റെ കിഴക്കു ഭാഗത്തും പടിഞ്ഞാറു ഭാഗത്തുമുള്ള എല്ലാ സ്ഥലങ്ങളും അവര്‍ക്കു അധീനപ്പെടുത്തിക്കൊടുത്തുവെന്നര്‍ത്ഥം. മുമ്പ് ഭൂമിയില്‍ എവിടെയും അധികാരമോ സ്വാതന്ത്ര്യമോ ഇല്ലാതെ, മര്‍ദ്ദിതരും അടിമകളുമായിക്കഴിയുകയായിരുന്നുവല്ലോ അവര്‍. അതേ സമയത്തു ഫിര്‍ഔന്റെയും കൂട്ടരുടെയും കഥ നേരെ മറിച്ചും. ഫിര്‍ഔനും സൈന്യവും കടലില്‍ മുങ്ങി നശിച്ചുവെന്നു മാത്രമല്ല, അവര്‍ നേടിവെച്ചിരുന്ന കണക്കറ്റ സമ്പാദ്യങ്ങളും, കോട്ടകള്‍, കൊട്ടാരങ്ങള്‍, അണക്കെട്ടുകള്‍, കൂറ്റന്‍ കെട്ടിടങ്ങള്‍, തോട്ടങ്ങള്‍, കൃഷികള്‍ മുതായവയെല്ലാം തകര്‍ന്നു പോകുകയും ചെയ്തു.
ഇസ്രാഈല്യര്‍ സമുദ്രം കടന്നു രക്ഷപ്പെട്ടപ്പോഴേക്കും ശാം രാജ്യങ്ങള്‍ അവരുടെ അധീനത്തില്‍ വന്നുവെന്നും, ഫിര്‍ഔനും സൈന്യവും മുങ്ങിനശിച്ചപ്പോഴേക്കും ഈജിപ്തില്‍ അവരുടെ വകയായുള്ളതെല്ലാം തകര്‍ന്നു നശിച്ചുവെന്നുമല്ല അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം. ആ സംഭവത്തെത്തുടര്‍ന്നു ക്രമേണ ആ രണ്ടു കാര്യങ്ങളും അനുഭവപ്പെട്ടുവെന്നത്രെ. ചെങ്കടല്‍ കടന്നതിനുശേഷം സംഭവബഹുലമായ നാല്‍പതു വര്‍ഷത്തിനുശേഷമാണ് ഇസ്രാഈല്യര്‍ക്കു ശാം പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ക്കുവാനും ആ രാജ്യങ്ങള്‍ അധീനപ്പെടുത്തി സുഖജീവിതം അനുഭവിക്കുവാനും കഴിഞ്ഞത്. അതുപോലെ, ഫിര്‍ഔനും കൂട്ടരും മുങ്ങിനശിക്കുന്നതിനു മുമ്പുതന്നെ കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ട പലതരം ശിക്ഷകളാല്‍ നശോന്‍മുഖമായിക്കഴിഞ്ഞിരുന്ന ഈജിപ്ത് അതോടുകൂടി ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെപ്പോലെ അനാഥമായിത്തീരുകയും ചെയ്തു. രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നടത്തപ്പെട്ടിരുന്ന ഭാരപ്പെട്ട ജോലികള്‍ക്കെല്ലാം യന്ത്രം കണക്കെ ക്വിബ്ത്തികള്‍ ഉപയോഗപ്പെടുത്തിയിരുന്നതു ഇസ്രാഈല്യരെയായിരുന്നു. അവര്‍ കടല്‍ താണ്ടി രക്ഷപ്പെട്ടത്തോടുകൂടി ആ വാതിലും അടഞ്ഞുപോയി. അങ്ങനെ, ഫിര്‍ഔനും അവന്റെ ജനതയും ഈജിപ്തില്‍ നിര്‍മ്മിച്ചതും കെട്ടിപ്പൊക്കിയിരുന്നതുമെല്ലാം ക്രമേണ തകര്‍ന്നു ശൂന്യമാകുകയും ചെയ്തു.
129-ാം വചനത്തില്‍, നിങ്ങളുടെ റബ്ബു നിങ്ങളുടെ ശത്രുവെ നശിപ്പിച്ചു തരുകയും, ഭൂമിയില്‍ നിങ്ങളെ പകരമാക്കിത്തരുകയും ചെയ്തേക്കാമെന്നു മൂസാ (عليه الصلاة والسلام) ഇസ്രാഈല്യരോടു പറഞ്ഞു സമാധാനിപ്പിച്ചതായി അല്ലാഹു ഉദ്ധരിച്ചുവല്ലോ. മൂസാ (عليه الصلاة والسلام) ന്റെ ജനന സംഭവവും സന്ദര്‍ഭവും വിവരിക്കുന്ന മദ്ധ്യേ സൂറത്തുല്‍ ക്വസ്വസ്വില്‍ അല്ലാഹു ഇപ്രകാരം പറയുന്നു: “ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടവര്‍ക്കു ദാക്ഷിണ്യം ചെയ്യണമെന്നും, അവരെ നേതാക്കളാക്കണമെന്നും, അവരെ അനന്തരാവകാശികളാക്കണമെന്നും നാം ഉദ്ദേശിക്കുകയും ചെയ്യുന്നു” (ക്വസ്വസ്വ്: 5,6), ഫിര്‍ഔന്റെയും അവന്റെ സൈന്യത്തിന്റെയും നാശത്തോടുകൂടി ഇതെല്ലാം പൂര്‍ത്തിയാകുകയും ചെയ്തു. അതൊക്കെ സൂചിപ്പിച്ചുകൊണ്ടാണ് وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَىٰ عَلَىٰ بَنِي إِسْرَائِيلَ بِمَا صَبَرُوا (ഇസ്രാഈല്യര്‍ ക്ഷമിച്ചതു നിമിത്തം, നിന്റെ റബ്ബിന്റെ വളരെ നല്ലതായ വാക്കു അവരില്‍ പൂര്‍ത്തിയാകുകയും ചെയ്തു) എന്നു പറഞ്ഞിരിക്കുന്നത്.
മൂസാ (عليه الصلاة والسلام) നബിയുടെ ദൗത്യ പ്രബോധനത്തെത്തുടര്‍ന്നു ഫിര്‍ഔനുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭവങ്ങള്‍ ഇവിടംവെച്ചു അവസാനിച്ചു. അടുത്തവചനം മുതല്‍ അദ്ദേഹത്തിന്റെ ജനതയായ ഇസ്രാഈല്യരുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭവങ്ങള്‍ വിവരിക്കുന്നു:-
- وَجَـٰوَزْنَا بِبَنِىٓ إِسْرَٰٓءِيلَ ٱلْبَحْرَ فَأَتَوْا۟ عَلَىٰ قَوْمٍ يَعْكُفُونَ عَلَىٰٓ أَصْنَامٍ لَّهُمْ ۚ قَالُوا۟ يَـٰمُوسَى ٱجْعَل لَّنَآ إِلَـٰهًا كَمَا لَهُمْ ءَالِهَةٌ ۚ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ ﴾١٣٨﴿
- ഇസ്രാഈല്‍ സന്തതികളെ നാം സമുദ്രം വിട്ടു കടത്തി (രക്ഷപ്പെടുത്തി); എന്നിട്ടു തങ്ങളുടെ ചില ബിംബങ്ങളുടെ അരികില്‍ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ വന്നു (ചേര്‍ന്നു). അവര്‍ പറഞ്ഞു: "മൂസാ, ഇവര്‍ക്കു ചില ദൈവങ്ങളുള്ളതുപോലെ, ഞങ്ങള്‍ക്കു ഒരു ദൈവത്തെ നീ ഏര്‍പ്പെടുത്തിത്തരണം." അദ്ദേഹം പറഞ്ഞു: "നിശ്ചയമായും നിങ്ങള്‍, അറിവില്ലാത്ത ഒരു (മൂഢ) ജനതയാകുന്നു.
- وَجَاوَزْنَا നാം വിട്ടു കടക്കുകയും ചെയ്തു (നാം കടത്തി) بِبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ الْبَحْرَ സമുദ്രം (ആ) കടല്‍ فَأَتَوْا എന്നിട്ടവര്‍ വന്നു, അങ്ങനെ അവര്‍ ചെന്നു عَلَىٰ قَوْمٍ ഒരു ജനതയുടെ അടുക്കല്‍, ജനതയില്‍, ജനതയിലൂടെ يَعْكُفُونَ അവര്‍ ഭജനമിരിക്കുന്നു عَلَىٰ أَصْنَامٍ ചില ബിംബങ്ങളുടെ അടുക്കല്‍ لَّهُمْ തങ്ങളുടെ قَالُوا അവര്‍ പറഞ്ഞു يَا مُوسَى മൂസാ اجْعَل لَّنَا ഞങ്ങള്‍ക്കു നീ (താങ്കള്‍) ഏര്‍പ്പെടുത്തിത്തരുക, ആക്കിത്തരണം إِلَـٰهًا ഒരാരാധ്യ വസ്തുവെ (ദൈവത്തെ) كَمَا لَهُمْ അവര്‍ക്കു (ഇവര്‍ക്കു) ള്ളതുപോലെ آلِهَةٌ ആരാധ്യ വസ്തുക്കള്‍ (ദൈവങ്ങള്‍) قَالَ അദ്ദേഹം പറഞ്ഞു إِنَّكُمْ നിശ്ചയമായും നിങ്ങള്‍ قَوْمٌ ഒരു ജനതയാണു تَجْهَلُونَ വിവരമില്ലാത്ത (അജ്ഞരായ - വിഡ്ഢികളായ - മൂഢന്മാരായ).
- إِنَّ هَـٰٓؤُلَآءِ مُتَبَّرٌ مَّا هُمْ فِيهِ وَبَـٰطِلٌ مَّا كَانُوا۟ يَعْمَلُونَ ﴾١٣٩﴿
- 'നിശ്ചയമായും ഇക്കൂട്ടര്‍ - അവര്‍ ഏതൊന്നില്‍ സ്ഥിതി ചെയ്യുന്നുവോ അതു [ആ മാര്‍ഗ്ഗം] - മുറിച്ചു (നശിപ്പിച്ചു) കളയപ്പെടുന്നതാകുന്നു; അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതു ഫലശൂന്യവുമാകുന്നു.'
- إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ مُتَبَّرٌ മുറിച്ചു കളയപ്പെടുന്ന (നശിപ്പിക്കപ്പെടുന്ന) താകുന്നു مَّا യാതൊന്നു, എന്തോ (അതു) هُمْ അവര്‍ فِيهِ അതിലൊന്നു وَبَاطِلٌ ഫലശൂന്യ (അര്‍ത്ഥരഹിത - നിരര്‍ത്ഥ) വുമാകുന്നു مَّا كَانُوا അവരായിരുന്നതു, ആയിക്കൊണ്ടിരിക്കുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുക.
- قَالَ أَغَيْرَ ٱللَّهِ أَبْغِيكُمْ إِلَـٰهًا وَهُوَ فَضَّلَكُمْ عَلَى ٱلْعَـٰلَمِينَ ﴾١٤٠﴿
- അദ്ദേഹം പറഞ്ഞു: "അല്ലാഹു അല്ലാത്തതിനെയോ ഞാന്‍ നിങ്ങള്‍ക്കു ദൈവമായി (തേടി) അന്വേഷിക്കുന്നത്?" അവന്‍ നിങ്ങളെ ലോകരെക്കാള്‍ ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു (എന്നിരിക്കെ)!
- قَالَ അദ്ദേഹം പറഞ്ഞു أَغَيْرَ اللَّـهِ അല്ലാഹു അല്ലാത്തവരെയോ أَبْغِيكُمْ ഞാന്‍ നിങ്ങള്‍ക്കു തേടുന്നു (അന്വേഷിക്കുന്നു) إِلَـٰهًا ആരാധ്യനായി, ദൈവമായിട്ടു وَهُوَ അവനാകട്ടെ, അവന്‍ ആയിരിക്കെ فَضَّلَكُمْ നിങ്ങളെ ശ്രേഷ്ഠരാക്കിയിരിക്കുന്നു (എന്നിരിക്കെ) عَلَى الْعَالَمِينَ ലോകരെക്കാള്‍.
കഴിഞ്ഞ 136-ാം വചനത്തില്‍ ഫിര്‍ഔന്റെ കൂട്ടരെ നാം സമുദ്രത്തില്‍ മുക്കി നശിപ്പിച്ചുവെന്നും, ഈ വചനത്തില്‍ ഇസ്രാഈല്യരെ നാം സമുദ്രം കടത്തി എന്നും പറഞ്ഞതു ഒരേ സംഭവം തന്നെ. ഫിര്‍ഔന്റെയും അവന്റെ ആള്‍ക്കാരുടെയും ധിക്കാരത്തിന്റെയും നിഷേധത്തിന്റെയും ഫലം അവര്‍ക്കു അനുഭവത്തില്‍ കാണിച്ചുകൊടുത്തുവെന്ന നിലക്കാണ് ‘അവരെ നാം മുക്കി നശിപ്പിച്ചു’ എന്നു അവിടെ പറഞ്ഞത്. ആ സംഭവം കഴിഞ്ഞ് അതിന്റെ ഓര്‍മ്മയും പുതുമയും നശിക്കുന്നതിന്റെ മുമ്പു തന്നെ ഇസ്രാഈല്യരില്‍ നിന്നുണ്ടായതും, അവരുടെ നന്ദികേടിനും ബുദ്ധിഹീനതക്കും മകുടോദാഹരണവുമായ ഒരു സംഭവത്തിന്റെ തുടക്കം എന്ന നിലക്കാണ് ‘അവരെ നാം സമുദ്രം വിട്ടു കടത്തി’ എന്നു ഇവിടെ പറഞ്ഞിരിക്കുന്നത്. ഫിര്‍ഔനും സൈന്യവും നശിപ്പിക്കപ്പെടുകയും, മൂസാ (عليه الصلاة والسلام) നബിയും ഇസ്രാഈല്യരും ചെങ്കടല്‍ കടന്നു രക്ഷപ്പെടുകയും ചെയ്തതിനു ശേഷം വഴി മദ്ധ്യേ ഇസ്രാഈല്യര്‍ ബിംബാരാധകരായ ഒരു ജനതയുടെ വാസസ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്നു. അവര്‍ ബിംബങ്ങളെ ആരാധിക്കുന്നതും, അവയുടെ ചുറ്റും ഭജനത്തിലും ധ്യാനത്തിലുമിരിക്കുന്നതും കണ്ടപ്പോള്‍, ഇസ്രാഈല്യര്‍ക്കു അവരുടെ പഴയ ബിംബാരാധനയുടെയും പശു പൂജയുടെയും ഓര്‍മ്മ വന്നു. ഇവരെപ്പോലെ ഞങ്ങള്‍ക്കും വല്ല ദൈവങ്ങളെയും അനുവദിച്ചു കിട്ടിയാല്‍ കൊള്ളാമെന്നായി. അതിനു വേണ്ടി അവര്‍ മൂസാ (عليه الصلاة والسلام) നബിയോടു അപേക്ഷിച്ചു. ഇതാണു സംഭവം.
മൂസാ (عليه الصلاة والسلام) അവര്‍ക്കു നല്‍കിയ മറുപടിയില്‍, ഒന്നാമതായി അവരുടെ വിഡ്ഢിത്തം അദ്ദേഹം അവരെ ഓര്‍മ്മപ്പെടുത്തി. അതായതു, അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ വിസമ്മതിച്ചതിന്റെ ഫലമായി. അധികാര ശക്തിയിലും പ്രതാപത്തിലും ഉച്ചകോടിയിലെത്തിയിരുന്ന ഫിര്‍ഔന്റെയും സൈന്യത്തിന്റെയും അതിദാരുണമായ കലാശവും, അല്ലാഹുവിന്റെ ഏകാത്വത്തില്‍ വിശ്വസിച്ചതിന്റെ ഫലമായി നിങ്ങള്‍ക്കു ലഭിച്ച മഹാനുഗ്രഹവും മറ്റനേകം ദൃഷ്ടാന്തങ്ങളും നിങ്ങള്‍ കണ്ടറിഞ്ഞു. എന്നിട്ടും ഇത്ര വേഗം അതെല്ലാം വിസ്മരിച്ചുകൊണ്ടു ഈ ബിംബാരാധകന്‍മാരെപ്പോലെ നിങ്ങള്‍ക്കും ചില ദൈവങ്ങള്‍ വേണമെന്നു നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍, നിങ്ങള്‍ അങ്ങേഅറ്റം വിഡ്ഢികള്‍ തന്നെയാണു എന്നുണര്‍ത്തി. പിന്നീടു ബിംബാരാധാകരായ ഈ ജനങ്ങളുടെ മാര്‍ഗ്ഗം പിഴച്ചതും ഭാവിയില്ലാത്തതുമാണെന്നും ചൂണ്ടിക്കാട്ടി. അവസാനം അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചവരെന്ന നിലക്കു ലോകത്തു മറ്റാര്‍ക്കും ഇതേവരെ ലഭിക്കാത്ത അനുഗ്രഹങ്ങളും സ്ഥാന പദവിയും നല്‍കി നിങ്ങളെ അവന്‍ ഉല്‍കൃഷ്ട സമുദായമാക്കിത്തന്നിരിക്കുന്നു; പിന്നെയും നിങ്ങള്‍ക്കു അവനല്ലാത്ത ദൈവങ്ങളെത്തന്നെ വേണമെന്നാണോ എന്നോടു നിങ്ങള്‍ ആവശ്യപ്പെടുന്നതു? അതിനു സംമാതിക്കത്തക്കവണ്ണമുള്ള ഒരു വിഡ്ഢിയാണു ഞാനെന്നാണോ നിങ്ങള്‍ കരുതുന്നത്….? ഇസ്രാഈല്യര്‍ കണ്ട ബിംബാരാധകരായിരുന്ന ആ ജനത ചില പൗരാണിക അറബി ഗോത്രങ്ങളായിരുന്നുവെന്നും, അതല്ല – പിന്നീടു ഇസ്രാഈല്യര്‍ക്കു ഏറ്റു മുട്ടേണ്ടിവന്ന – അമാലിഖ (*) വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നുവെന്നും പറയപ്പെട്ടു കാണുന്നു. രണ്ടായാലും ശരി, ചെങ്കടലിന്റെ കിഴക്കേ കര തൊട്ടു ഫലസ്തീന്‍വരെയുള്ള പ്രദേശങ്ങള്‍ അധികം താമസിയാതെ ഇസ്രാഈല്യരുടെ പ്രതാപത്തില്‍ കീഴിലായിത്തീരുകയും, ഏകദൈവ വിശ്വാസത്തിനു പ്രചാരം സിദ്ധിക്കുകയും ഉണ്ടായിട്ടുണ്ടെന്നുള്ളതു പ്രസ്താവ്യമാകുന്നു.
—–
(*). അമാലിഖ (عمالقة = അമലേക്യര്‍) എന്നു പറയുന്നതു ഈജിപ്തിന്റെ കിഴക്കും ഫലസ്തീനിന്റെ തെക്കുമായി സ്ഥിതിചെയ്യുന്ന മരുപ്രദേശങ്ങളില്‍ അവിടവിടെയായി നിവസിച്ചിരുന്ന ഒരു പ്രാചീന വര്‍ഗ്ഗമാകുന്നു. ഇവരോടു ഏറ്റുമുട്ടി പരാജയപ്പെടുത്തിയ ശേഷമാണു ഇസ്രാഈല്യര്‍ അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട ഫലസ്തീന്‍ രാജ്യങ്ങളില്‍ പിന്നീടു കൂടിയേറിപ്പാര്‍ത്തത്.
—–
ഇമാം അഹ്മദു, നസാഈ, ഇബ്നുജരീര്‍ (رحمه الله) എന്നിവര്‍ അബൂവാഖിദില്ലൈഥീ (رَضِيَ اللهُ تَعَالَى عَنْهُ) യില്‍ നിന്നു ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു. ‘ഞങ്ങള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയൊന്നിച്ചു ഹുനൈനിന്റെ ഭാഗത്തേക്കു പോകുകയായിരുന്നു. അവിടെ (വഴിയില്‍) ഒരു ഇലന്തമരം ഉണ്ടായിരുന്നു. അവിശ്വാസികള്‍ അതിന്റെ അടുത്തു ഭജനമിരിക്കുകയും, അവരുടെ ആയുധങ്ങള്‍ അതിന്‍മേല്‍ (പുണ്യം കരുതി) കെട്ടിത്തൂക്കുകയും ചെയ്യാറുണ്ടായിരുന്നു. അതിനു ഒരു ‘ദാത്തു അന്‍വാത്ത്വ്’ (ذات انوات = കെട്ടിത്തൂക്കുന്നതു) എന്നും പറഞ്ഞു വന്നിരുന്നു. അങ്ങനെ, ഒരു വലിയ ഇലന്തരത്തിനടുത്തുകൂടി പോകുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു: “റസൂലേ അവര്‍ക്കു ‘ദാത്തു അന്‍വാത്ത്വു’ള്ളതു പോലെ ഞങ്ങള്‍ക്കും ഒരു മരം നിശ്ചയിച്ചു തന്നാലും!’ അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “അല്ലാഹു അക്ബര്‍! സത്യമായും, ഇതു മൂസാ (عليه الصلاة والسلام) നോടു ഇസ്രാഈല്യര്‍ ചോദിച്ചതു പോലെയാണല്ലോ!” പിന്നീടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ ക്വുര്‍ആന്‍ വചനങ്ങള്‍ (138, 139 വചനങ്ങള്‍) ഓതുകയും ചെയ്തു. ഈ മാതിരിയിലുള്ള ചില ആരാധ്യ വൃക്ഷങ്ങളും, മതിലുകളും, കെട്ടിടങ്ങളുമൊക്കെ ഇന്നും മുസ്‌ലിം സമുദായ മദ്ധ്യെ നിലവിലുണ്ടെന്നുള്ളതു അനിഷേധ്യമായ ഒരു വസ്തുതയാകുന്നു. അത്തരം വസ്തുക്കളില്‍ വല്ല സാധനങ്ങളും വെച്ചെടുക്കുകയോ തടവിത്തൊടുകയോ ചെയ്യുന്നതു ഒരു പുണ്യമായി കരുതപ്പെടുകയും പതിവുണ്ട്. അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്ന ഏതൊരു സത്യവിശ്വാസിയും അത്തരം കൃത്യങ്ങള്‍ കാണുമ്പോള്‍ മൂക്കിന്‍മേല്‍ കൈവിരല്‍ വെച്ചുകൊണ്ട് പറഞ്ഞു പോകും: “അല്ലാഹു അക്ബര്‍” എന്നു! മൂസാ (عليه الصلاة والسلام) ഇസ്രാഈല്യരോട് പറഞ്ഞ അതേവാക്യം إِنَّكُمْ قَوْمٌ تَجْهَلُونَ (നിശ്ചയമായും നിങ്ങള്‍ വിവരമില്ലാത്ത ജനങ്ങളാണ്) എന്നു തന്നെയാണ് അങ്ങിനെയുള്ളവരെപ്പറ്റിയും പറയുവാനുള്ളത്. അല്ലാഹു മുസ്‌ലിം സമുദായത്തിനു നേര്‍മ്മാര്‍ഗ്ഗവും തന്റേടവും നല്‍കട്ടെ. ആമീന്‍.
- وَإِذْ أَنجَيْنَـٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ ۖ يُقَتِّلُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌ مِّن رَّبِّكُمْ عَظِيمٌ ﴾١٤١﴿
- (ഇസ്രാഈല്‍ സന്തതികളേ) ഫിര്‍ഔന്റെ കൂട്ടര്‍ നിങ്ങള്‍ക്കു കടുത്ത ശിക്ഷ അനുഭവിപ്പിച്ചുകൊണ്ടിരിക്കെ അവരില്‍ നിന്നു നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങളുടെ ആണ്‍മക്കളെ അവര്‍ അറുകൊല നടത്തുകയും, നിങ്ങളുടെ സ്ത്രീക(ളായ മക്ക)ളെ ജീവിക്കുവാന്‍ വിടുകയും ചെയ്തിരുന്നു.
അതില്‍ (നിങ്ങള്‍ക്കു) നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള വമ്പിച്ച ഒരു പരീക്ഷണം ഉണ്ടായിരുന്നു. - وَإِذْ أَنجَيْنَاكُم നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം مِّنْ آلِ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരില്‍ നിന്നു يَسُومُونَكُمْ അവര്‍ നിങ്ങള്‍ക്കു അനുഭവിപ്പിച്ചുകൊണ്ടിരിക്കെ سُوءَ الْعَذَابِ ദുഷിച്ച (കടുത്ത - മോശകരമായ) ശിക്ഷ يُقَتِّلُونَ അവര്‍ അറുകൊല ചെയ്തുകൊണ്ടിരുന്ന (കൊണ്ടിരിക്കെ) أَبْنَاءَكُمْ നിങ്ങളുടെ ആണ്‍മക്കളെ وَيَسْتَحْيُونَ അവര്‍ ജീവിക്കുമാറാക്കുക (ബാക്കിയാക്കുക)യും نِسَاءَكُمْ നിങ്ങളുടെ സ്ത്രീകളെ وَفِي ذَٰلِكُم അതിലുണ്ടു بَلَاءٌ ഒരു പരീക്ഷണം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നും عَظِيمٌ വമ്പിച്ച.
മേല്‍ വിവരിച്ചതും, തങ്ങളുടെ പൂര്‍വ്വികന്‍മാര്‍ കണ്ടനുഭവിച്ചതുമായ ചരിത്രസംഭവങ്ങളെ ഇപ്പോള്‍ നിലവിലുള്ള ഇസ്രാഈല്യരെ അല്ലാഹു ഓര്‍മ്മിപ്പിക്കുകയാണ്. നിങ്ങളില്‍ കഴിഞ്ഞുപോയ ആ മഹത്തായ അനുഗ്രഹങ്ങളില്‍ അഭിമാനം കൊള്ളുന്ന നിങ്ങള്‍ അതിന്റെ പേരില്‍ സദാ നന്ദിയുള്ളവരായിരിക്കുകയും, അവന്റെ കല്‍പനകള്‍ അനുസരിച്ചുകൊണ്ടിരിക്കുകയും വേണ്ടതാണെന്നു താല്‍പര്യം. തുടര്‍ന്നുകൊണ്ട് അതിനുശേഷമുണ്ടായ ചില പ്രധാന സംഭവങ്ങള്‍ വിവരിക്കുന്നു:-