സൂറത്തുല്‍ അഅ്റാഫ് : 163-181
—
വിഭാഗം - 21
- وَسْـَٔلْهُمْ عَنِ ٱلْقَرْيَةِ ٱلَّتِى كَانَتْ حَاضِرَةَ ٱلْبَحْرِ إِذْ يَعْدُونَ فِى ٱلسَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُم بِمَا كَانُوا۟ يَفْسُقُونَ ﴾١٦٣﴿
- സമുദ്രത്തിനടുത്തു സ്ഥിതി ചെയ്തിരുന്നതായ (ആ) രാജ്യത്തെക്കുറിച്ചു - (അതെ) അവര്‍ 'സബ്ത്തി'ല്‍ [ശബ്ബത്ത് ആചരണത്തില്‍] അതിക്രമം നടത്തിയിരുന്ന സന്ദര്‍ഭത്തെ (ക്കുറിച്ചു) - അവരോടു ചോദി(ച്ചു നോ)ക്കുക! അതായതു, അവരുടെ 'സബ്ത്തി'ന്റെ ദിവസം അവരുടെ മത്സ്യങ്ങള്‍ (വെള്ളത്തിനു മീതെ തല) പൊങ്ങിക്കൊണ്ട് അവര്‍ക്കു വന്നിരുന്ന സന്ദര്‍ഭം. അവര്‍ 'സബ്ത്തു' [ശബ്ബത്ത്] ആചരിക്കാത്ത ദിവസമാകട്ടെ, അവ അവര്‍ക്കു വന്നിരുന്നതുമില്ല. അപ്രകാരം, അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതു നിമിത്തം അവരെ നാം പരീക്ഷണം ചെയ്തിരുന്നു.
- وَاسْأَلْهُمْ അവരോടു ചോദിക്കുക عَنِ الْقَرْيَةِ രാജ്യത്തെക്കുറിച്ചു الَّتِي كَانَتْ ആയിരുന്നതായ حَاضِرَةَ അരികെ സ്ഥിതി ചെയ്യുന്നതു الْبَحْرِ സമുദ്രത്തിങ്കല്‍ (കടലിന്റെ) إِذْ يَعْدُونَ അവര്‍ അതിക്രമം ചെയ്യുന്ന (അതിരു വിട്ടി) രുന്ന സന്ദര്‍ഭം فِي السَّبْتِ ശബ്ബത്തില്‍ (ശബ്ബത്ത് ആചരണത്തില്‍) إِذْ تَأْتِيهِمْ അതായതു അവര്‍ക്കു വരുന്ന സന്ദര്‍ഭം حِيتَانُهُمْ അവരുടെ മത്സ്യങ്ങള്‍ يَوْمَ سَبْتِهِمْ അവരുടെ ശബ്ബത്തിന്റെ ദിവസം (നാളില്‍) شُرَّعًا പൊങ്ങിക്കൊണ്ടു (മൂക്കെടുത്തുകൊണ്ട്) وَيَوْمَ لَا يَسْبِتُونَ അവര്‍ ശബ്ബത്ത് ആചരിക്കാത്ത ദിവസമാകട്ടെ لَا تَأْتِيهِمْ അവ അവര്‍ക്കു വരുകയുമില്ല كَذَٰلِكَ അപ്രകാരം نَبْلُوهُم അവരെ നാം പരീക്ഷിച്ചിരുന്നു بِمَا كَانُوا അവര്‍ ആയിരുന്നതുകൊണ്ടു يَفْسُقُونَ അവര്‍ തോന്നിയവാസം (ധിക്കാരം) പ്രവര്‍ത്തിക്കും.
അല്‍ബക്വറഃ 65, 66 വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ട സംഭവത്തിന്റെ വിശദ രൂപമാണു ഇവിടെ അല്ലാഹു വിവരിക്കുന്നതു. ചെങ്കടലിന്റെ വടക്കേ ഭാഗത്തു സമുദ്രം ഇടത്തും വലത്തുമായി രണ്ടു ശാഖകളായി പിരിഞ്ഞു നില്‍ക്കുന്നു. ഒന്നിനു സൂയസ് ഉള്‍ക്കടല്‍ എന്നും മറ്റേതിനു അല്‍രേഖബ ഉള്‍ക്കടല്‍ എന്നും പറയപ്പെടുന്നു. മുന്‍ കാലത്തു ഐലത്ത് (ഏലാത്ത് -الايلة) എന്നു പറയപ്പെട്ടിരുന്ന അല്‍അഖബയാണ് ഈ ഉള്‍ക്കടലിന്റെ തുറമുഖ പട്ടണം. അവിടെയാണു ഈ സംഭവം നടന്നതെന്നത്രെ പലരും പറഞ്ഞു കാണുന്നതു. വേറെയും അഭിപ്രായം ഇല്ലാതില്ല. അവിടത്തെ നിവാസികളായ ഇസ്രാഈല്യര്‍ മീന്‍ പിടുത്തക്കാരായിരുന്നു. ശനിയാഴ്ച ദിവസം അവര്‍ തൗറാത്തിന്റെ നിയമ പ്രകാരം ശബ്ബത്ത് ആചരിക്കേണ്ടുന്ന ദിവസമാണു, അന്നു ജോലിക്കു പോകാതെ പ്രത്യേകം ചില ആരാധനാ കര്‍മ്മങ്ങള്‍ നടത്തേണ്ടതുണ്ടു. അതനുസരിച്ചാണു – ക്രിസ്ത്യാനികള്‍ ഞായറാഴ്ചയെന്ന പോലെ – യഹൂദികള്‍ ഇന്നും ശനിയാഴ്ച ഒഴിവു ദിവസമായി ആചരിച്ചു വരുന്നതു. മത ശാസനകളില്‍ നിന്നു ഒഴിഞ്ഞു മാറുവാനുള്ള കൗശലങ്ങള്‍ കണ്ടുപിടിക്കല്‍ യഹൂദികളുടെ ഒരു പതിവാകുന്നു. അതുകൊണ്ട് അല്ലാഹു അവരില്‍ ഒരു പരീക്ഷണം നടത്തി. ശനിയാഴ്ച ദിവസം മത്സ്യങ്ങള്‍ കൂട്ടം കൂട്ടമായി വന്നു വെള്ളത്തിനു മീതെ തലപൊക്കിക്കൊണ്ടിരിക്കും. മറ്റു ദിവസങ്ങളില്‍ അങ്ങനെ സംഭവിക്കാറുമില്ല. ഇതു കാണുമ്പോള്‍ അവര്‍ക്കു സഹിക്കുവാന്‍ കഴിയാതായി. അവര്‍ ഒരു സൂത്രം പ്രയോഗിച്ചു. അല്‍പം അകലെ ചില കുളങ്ങള്‍ സ്ഥാപിക്കുക. സമുദ്രത്തില്‍ നിന്നു അതിലേക്കു വെള്ളച്ചാലുകളും നിര്‍മ്മിക്കുക. മത്സ്യങ്ങള്‍ ചാലുകളിലൂടെ കുതിച്ചു വന്നു കുളത്തില്‍ തങ്ങിക്കണ്ടാല്‍ ഉടനെ കുളത്തിന്റെ മുഖം അടച്ചു കെട്ടുകയും, പിറ്റേന്നു മത്സ്യങ്ങളെ പിടിക്കുകയും ചെയ്യുക. ഇതുവഴി, ശനിയാഴ്ച മത്സ്യം പിടിക്കുന്ന ജോലിക്കുപോയി എന്ന ആരോപണത്തില്‍നിന്നു അവര്‍ ഒഴിവാകുകയും, മത്സ്യം ശേഖരിക്കുവാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യുന്നു. ഇതു കാപട്യവും, അക്രമവും, നിയമത്തിന്റെ യുക്തിതത്വത്തെ മറികടക്കലുമാണല്ലോ. അതു കൊണ്ടാണു അവര്‍ അതിക്രമം പ്രവര്‍ത്തിച്ചിരുന്നുവെന്നു അല്ലാഹു പറഞ്ഞതു.
ഇതുപോലെ, സകാത്തിന്റെ വിഷയത്തിലും, പലിശ ഇടപാടുകളിലും മറ്റും മതനിയമങ്ങള്‍ പാലിച്ചുവെന്നു വരുത്തിത്തീര്‍ക്കുകയും, അതോടൊപ്പം അവയില്‍ നിന്നു മോചനം നേടുവാന്‍ ചില കൗശല മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന പലരെയും മുസ്‌ലിംകളിലും കാണാം. കേവലം ചില ‘ഫിഖ്ഹുമസ്അല’ കളെ മാത്രം ആധാരമാക്കുകയും, മതനിയമങ്ങളുടെ ആന്തരാര്‍ത്ഥങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും കണക്കിലെടുക്കാതിരിക്കുകയും ചെയ്യുന്ന പണ്ഡിത വര്‍ഗ്ഗത്തിലായിരിക്കും ഈ ദുസ്സമ്പ്രദായം വിശേഷിച്ചും കാണപ്പെടുക. ഈ സമ്പ്രദായം എത്രമാത്രം ദുഷിച്ചതാണെന്നുള്ളതിനു ഇസ്രാഈല്യറില്‍ പണ്ടു കഴിഞ്ഞ ഈ സംഭവം അല്ലാഹു ക്വുര്‍ആനില്‍ വിവരിച്ചതില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. അതിനു വേണ്ടിത്തന്നെയാണു ഇത്തരം സംഭവങ്ങള്‍ അല്ലാഹു നമുക്കു വിവരിച്ചു തരുന്നതും. അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു നബി വചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘യഹൂദികള്‍ പ്രവര്‍ത്തിച്ചതുപോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അതായതു, അല്ലാഹു ഹറാമാക്കിയ കാര്യങ്ങളെ താണതരം ഉപായങ്ങള്‍ വഴി നിങ്ങള്‍ ഹലാലാക്കരുത്.’ (حكاه ابن كثير عن بطة باسنادجيّد)
മത്സ്യം ശനിയാഴ്ച ദിവസങ്ങളില്‍ ധാരാളം പൊങ്ങിവന്നിരുന്നുവെന്നും, മറ്റു ദിവസങ്ങളില്‍ അങ്ങിനെ വന്നിരുന്നില്ലെന്നുമുള്ളതിനു കാരണം كَذَٰلِكَ نَبْلُوهُم (അപ്രകാരം അവരെ നാം പരീക്ഷണം ചെയ്തിരുന്നു) എന്നു പറഞ്ഞുകൊണ്ടു അല്ലാഹു തന്നെ അറിയിച്ചു തന്നിരിക്കുന്നു. ഏതു സംഭവത്തിലും വല്ല അസാധാരണത്വവും കാണുന്നതു സഹിക്കുവാന്‍ വയ്യാത്ത ചിലര്‍ അതിനു ഇങ്ങിനെ കാരണം പറഞ്ഞു കാണുന്നു: ‘ശനിയാഴ്ച അവര്‍ മത്സ്യം പിടിക്കുകയില്ലെന്ന നിത്യാനുഭവത്തില്‍നിന്നു മത്സ്യങ്ങള്‍ മനസ്സിലാക്കിയിരുന്നതു കൊണ്ടാണു അവ അന്നു വെള്ളത്തിനു മീതെ ധാരാളമായി പൊങ്ങിയിരുന്നത്. അല്ലാഹു പറഞ്ഞ കാരണം ഇവര്‍ക്കു തൃപ്തിപ്പെട്ടില്ലെന്നു തോന്നുന്നു: അതിരിക്കട്ടെ എത്രയോ കൊല്ലങ്ങളായി വെള്ളിയാഴ്ച ദിവസം മത്സ്യം പിടിക്കുന്നവര്‍ ജോലിക്കിറങ്ങാത്ത കടപ്പുറങ്ങള്‍ നമ്മുടെ നാടുകളില്‍ ഉണ്ടായിരുന്നിട്ടും വെള്ളിയാഴ്ച ദിവസം പ്രത്യേകമായി മത്സ്യങ്ങള്‍ പൊന്തിവരാറുള്ള വാര്‍ത്ത ഇതുവരെ കേള്‍ക്കുകയുണ്ടായിട്ടില്ല. അപ്പോള്‍ ഇക്കാലത്തു മത്സ്യങ്ങള്‍ക്കില്ലാത്ത വല്ല ബുദ്ധിശക്തിയും അന്നത്തെ മത്സ്യങ്ങള്‍ക്കുണ്ടായിരിക്കുമെന്നായിരിക്കാം ഇവരുടെ ധാരണ. അത്ഭുതം തന്നെ! അല്ലാമ സയ്യിദുക്വുത്ത്വുബ് ഇവിടെ പ്രസ്താവിച്ച ഒരു പ്രസ്താവന ശ്രദ്ധേയമാകുന്നു. അതിന്റെ സാരം ഇങ്ങിനെ ഉദ്ധരിക്കാം: “പ്രകൃതി നിയമങ്ങളെന്നു ഇക്കൂട്ടര്‍ സങ്കല്‍പിച്ചുവെച്ചതിനപ്പുറം അല്ലാഹു ഒന്നും ഉദ്ദേശിക്കുവാന്‍ പോകുന്നില്ലെന്നാണു ഇവരുടെ വിചാരം. ഇസ്‌ലാമിക വീക്ഷണത്തില്‍ – സംഭവത്തിലും അങ്ങിനെത്തന്നെ. ഈ ലോകത്തിനു സാധാരണമായ ഒരു നടപടിക്രമം അല്ലാഹു നിശ്ചയിച്ചിട്ടുള്ളതു ശരിയാണ്. പക്ഷെ, അല്ലാഹുവിന്റെ ഉദ്ദേശ്യം ആ നടപടി ക്രമത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ആണെന്നു ധരിക്കുന്നവര്‍ – അവര്‍ കേമന്‍മാരായാലും ശരി – ലോകപ്രകൃതിയെക്കുറിച്ചു പോലും അജ്ഞന്‍മാരാകുന്നു. അല്ലാഹുവിന്റെ ഉദ്ദേശ്യത്തെ സംബന്ധിച്ചിടത്തോളം, അവന്‍ ഉദ്ദേശിക്കുന്നതു എന്ത് എന്നല്ലാതെ വേറെ പ്രകൃതി നിയമമൊന്നും അതിനു ബാധകമല്ല.’
ഈ സംഭവം മദനീ സൂറതതായ അല്‍ബക്വറയില്‍ ചുരുക്കിയും, മക്കീ സൂറത്തായ ഈ സൂറത്തില്‍ വിശദീകരിച്ചുമാണു അല്ലാഹു ഉദ്ധരിച്ചിരിക്കുന്നത്. മുന്‍കാല ചരിത്ര സംഭവങ്ങള്‍ സത്യസന്ധമായും, വസ്തുനിഷ്ഠമായും വിവരിക്കുവാന്‍ വേദഗ്രന്ഥങ്ങള്‍ വായിച്ചറിഞ്ഞിട്ടില്ലാത്ത നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു സാധിച്ചതു മദീനായില്‍ ചെന്ന ശേഷം വേദക്കാരുമായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇടപഴകിയപ്പോള്‍ അവരില്‍ നിന്നു കിട്ടിയ വിവരമനുസരിച്ചാണെന്നു ഇസ്ലാമിന്റെ ശത്രുക്കളില്‍ ചിലര്‍ പറയാറുണ്ട്. ഇതു ശുദ്ധ നുണയാണെന്നുള്ളതിനു ഒരു തെളിവാണത്. മക്കീസൂറത്തുകളില്‍ ചുരുക്കിപ്പറഞ്ഞശേഷം മദനീ സൂറത്തുകളില്‍ സംഭവങ്ങളെ വിശദീകരിച്ചു പറഞ്ഞിരിക്കയാണെങ്കില്‍ – വാസ്തവവിരുദ്ധമാണെങ്കിലും – അങ്ങിനെ വാദിക്കുന്നതിനു വല്ല ന്യായവും ഉണ്ടാകുമായിരുന്നു. നേരെമറിച്ച് മുന്‍കാല സംഭവങ്ങള്‍ അധികവും മക്കീ സൂറത്തുകളിലാണു കൂടുതല്‍ വിവരികപ്പെട്ടിരിക്കുന്നത്. ചില സംഭവങ്ങള്‍ മക്കീ സൂറത്തുകളില്‍ മാത്രമേ വിവരിക്കപ്പെട്ടിട്ടുള്ളു താനും. സൂറത്തു യൂസുഫിലെ ഒരൊറ്റ കഥാ വിവരണത്തില്‍ നിന്നുതന്നെ ഈ യഥാര്‍ത്ഥം വേണ്ടത്ര മനസ്സിലാക്കാവുന്നതാണ്. ക്വുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നുള്ളതിനു ഒരു നിഷ്പക്ഷ ബുദ്ധിക്കു വേറെ തെളിവിന്റെ ആവശ്യമേ ഇല്ല. ഇതു സൂചിപ്പിച്ചുകൊണ്ടു തന്നെയാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പലപ്പോഴും അക്ഷരജ്ഞാനമില്ലാത്ത ആള്‍ (الْأُمِّيِّ) എന്നു അല്ലാഹു വിശേഷിപ്പിക്കുന്നതും. قُلْ فَلِلَّهِ الْحُجَّةُ الْبَالِغَةُ . അല്ലാഹു തുടരുന്നു:-
- وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ ٱللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا۟ مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ ﴾١٦٤﴿
- അവരില്‍ നിന്നുള്ള ഒരു സമൂഹം (ആളുകള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): 'അല്ലാഹു നശിപ്പിക്കുകയോ, അല്ലെങ്കില്‍ കഠിനമായ വല്ല ശിക്ഷയും ശിക്ഷിക്കുകയോ ചെയ്തേക്കുന്ന ഒരു ജനതക്ക് എന്തിനാണു നിങ്ങള്‍ സദുപദേശം നല്‍കുന്നത്?!'
അവര്‍ (മറുപടി) പറഞ്ഞു: 'നിങ്ങളുടെ റബ്ബിങ്കലേക്കു ഒരു ഒഴികഴിവായിട്ടു (മാത്രം); അവര്‍ [ആ ജനങ്ങള്‍] സൂക്ഷിക്കുകയും ചെയ്യാമല്ലോ.' - وَإِذْ قَالَتْ പറഞ്ഞ സന്ദര്‍ഭവും أُمَّةٌ مِّنْهُمْ അവരില്‍ നിന്നു ഒരു സമൂഹം لِمَ تَعِظُونَ നിങ്ങള്‍ എന്തിനു സദുപദേശം നല്‍കുന്നു قَوْمًا ഒരു ജനതക്ക്, ജനങ്ങളോടു اللَّـهُ അല്ലാഹു مُهْلِكُهُمْ അവരെ നശിപ്പിക്കുന്നവനാണു (നശിപ്പിച്ചേക്കും) أَوْ مُعَذِّبُهُمْ അല്ലെങ്കില്‍ അവരെ ശിക്ഷിക്കുന്നവനാണു (ശിക്ഷിച്ചേക്കും) عَذَابًا ഒരു ശിക്ഷ, വല്ല ശിക്ഷയും شَدِيدًا കഠിനമായ قَالُوا അവര്‍ പറഞ്ഞു مَعْذِرَةً ഒഴികഴിവിനായിട്ടു, ഒരൊഴികഴിവു إِلَىٰ رَبِّكُمْ നിങ്ങളുടെ റബ്ബിങ്കലേക്ക് وَلَعَلَّهُمْ അവരായേക്കുകയും ചെയ്യാമല്ലോ يَتَّقُونَ അവര്‍ സൂക്ഷിക്കും.
- فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦٓ أَنجَيْنَا ٱلَّذِينَ يَنْهَوْنَ عَنِ ٱلسُّوٓءِ وَأَخَذْنَا ٱلَّذِينَ ظَلَمُوا۟ بِعَذَابٍۭ بَـِٔيسٍۭ بِمَا كَانُوا۟ يَفْسُقُونَ ﴾١٦٥﴿
- എന്നാല്‍, അവരോടു ഉപദേശിക്കപ്പെട്ടതു അവര്‍ (വക വെക്കാതെ) മറന്നുകളഞ്ഞപ്പോള്‍, (ആ) ദുഷ്പ്രവര്‍ത്തിയെക്കുറിച്ചു വിരോധിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തി; അക്രമം പ്രവര്‍ത്തിച്ചവരെ അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചിരുന്നതു നിമിത്തം ഗൗരവപ്പെട്ട ഒരു ശിക്ഷ മുഖേന നാം പിടിക്കുകയും ചെയ്തു.
- فَلَمَّا نَسُوا എന്നാല്‍ അവര്‍ വിസ്മരിച്ചപ്പോള്‍ مَا ذُكِّرُوا بِهِ അവരോടു യാതൊന്നുകൊണ്ടു ഉപദേശിക്കപ്പെട്ടുവോ അതു, അവര്‍ ഓര്‍മ്മിപ്പിക്കപ്പെട്ടതു أَنجَيْنَا നാം രക്ഷപ്പെടുത്തി الَّذِينَ يَنْهَوْنَ വിരോധിക്കുന്നവരെ عَنِ السُّوءِ തിന്‍മ (ദുഷ്പ്രവര്‍ത്തി) യെപ്പറ്റി وَأَخَذْنَا നാം പിടികൂടുകയും ചെയ്തു الَّذِينَ ظَلَمُوا അക്രമം ചെയ്തവരെ بِعَذَابٍ ഒരു ശിക്ഷകൊണ്ടു بَئِيسٍ ഗൗരവപ്പെട്ട, വിഷമകരമായ بِمَا كَانُوا അവര്‍ ആയിരുന്നതു നിമിത്തം يَفْسُقُونَ അവര്‍ തോന്നിയവാസം പ്രവര്‍ത്തിക്കും.
- فَلَمَّا عَتَوْا۟ عَن مَّا نُهُوا۟ عَنْهُ قُلْنَا لَهُمْ كُونُوا۟ قِرَدَةً خَـٰسِـِٔينَ ﴾١٦٦﴿
- എന്നുവെച്ചാല്‍, അവരോടു വിരോധിക്കപ്പെട്ടതിനെ (ലംഘിച്ച്) അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍, അവരോടു നാം പറഞ്ഞു: "നിങ്ങള്‍ നിന്ദ്യന്മാരായ കുരങ്ങുകളായിക്കൊള്ളുവിന്‍!"
- فَلَمَّا عَتَوْا അതായതു (അങ്ങിനെ - എന്നാല്‍) അവര്‍ ധിക്കരിച്ച (അതിലംഘിച്ച)പ്പോള്‍ عَن مَّا نُهُوا عَنْهُ അവരോടു വിരോധിക്കപ്പെട്ടതിനെ قُلْنَا നാം പറഞ്ഞു لَهُمْ അവരോടു, അവരെക്കുറിച്ചു كُونُوا നിങ്ങള്‍ ആകുവിന്‍, ആയിത്തീരുവിന്‍ قِرَدَةً കുരങ്ങുകള്‍ خَاسِئِينَ നിന്ദ്യന്മാരായ.
أُمَّةٌ (ഉമ്മത്ത്) എന്ന വാക്കിനാണു ഇവിടെയും 159-ാം വചനത്തിലും ‘സമൂഹം’ എന്നു നാം അര്‍ത്ഥം നല്‍കിയതു. ‘സമുദായം’ എന്നാണു സാധാരണ അതിനു നല്‍കപ്പെട്ടു വരാറുള്ള വിവര്‍ത്തനം. എങ്കിലും സന്ദര്‍ഭമനുസരിച്ച് ‘കൂട്ടം, വിഭാഗം, സംഘം, സമൂഹം’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളിലും അതു ഉപയോഗിക്കപ്പെടാറുണ്ടു. മതം, സംസ്കാരം, സ്ഥലം, കാലം ആദിയായ ഏതെങ്കിലും ഒരു കാര്യത്തില്‍ ഐക്യതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഈ ഐക്യത്ത സ്വയമേവ ഉണ്ടായതായാലും മറ്റൊരു ശക്തിക്കു വിധേയമായതു നിമിത്തം ഉണ്ടായിത്തീര്‍ന്നതായാലും ശരി – ‘ഉമ്മത്തു’ (സമുദായം) എന്നു പറയാവുന്നതാണെന്നു ഇമാം റാഗിബ് (رحمه الله) അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ പ്രസ്താവിച്ചിരിക്കുന്നു. ഇബ്രാഹീം (عليه الصلاة والسلام) നബി അല്ലാഹുവിനോടുള്ള ഭക്തിയുള്ള ഒരു സമുദായമായിരുന്നു إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ എന്നും, മനുഷ്യര്‍ ഒരേ സമുദായമായിരുന്നു كَانَ النَّاسُ أُمَّةً وَاحِدَةً എന്നുമുള്ള ക്വുര്‍ആന്‍ വാക്യങ്ങളും, ക്വിയാമത്തുനാളില്‍ സൃഷ്ടികള്‍ സമ്മേളിക്കുമ്പോള്‍ ചില നബിമാരുടെ സമുദായം (أُمَّة) ഒരാളോ രണ്ടാളോ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്നു ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതും ഇതുകൊണ്ടാകുന്നു.
ആ രാജ്യക്കാരുടെ മൂന്നു വിഭാഗക്കാരായിരുന്നുവെന്നു ഈ വചനങ്ങളില്‍നിന്നു മനസ്സിലാക്കാം.
1. നിയമം ലംഘിച്ചുകൊണ്ടു മത്സ്യം പിടിച്ചിരുന്നവര്‍. ഇതവരുടെ പതിവായിരുന്നുവെന്നാണു അല്ലാഹുവിന്റെ വാക്കുകള്‍ കാണിക്കുന്നതു.
2. അവരുടെ ഈ ദുഷ്പ്രവൃത്തിയെക്കുറിച്ചു ആക്ഷേപിക്കുകയും, അവരെ അതില്‍നിന്നു പിന്‍തിരിപ്പിക്കുവാന്‍വേണ്ടി ഉപദേശിക്കുകയും ചെയ്തുവന്നിരുന്ന ഗുണകാംക്ഷികള്‍.
3. ആ പ്രവൃത്തിയെപ്പറ്റി മനസ്സു കൊണ്ടു വെറുക്കുകയും, അതോടുകൂടി അവരെ ഉപദേശിച്ചിട്ടു ഫലമില്ലെന്നും, അവര്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഏതെങ്കിലും ശിക്ഷക്കു വിധേയരായിത്തീരുക തന്നെ ചെയ്തേക്കുമെന്നും, കരുതി മൗനമവലംബിച്ചവര്‍.
രണ്ടാമത്തെ വിഭാഗക്കാരായ ആ നല്ല മനുഷ്യര്‍ ഒന്നാമത്തെ വിഭാഗക്കാരായ അക്രമികളെ ഉപദേശിച്ചതുകൊണ്ടു അവര്‍ക്കു മാനസാന്തരം വരുന്നില്ലെന്നു കണ്ടപ്പോഴാണു മൂന്നാമത്തെ വിഭാഗക്കാര്‍ അവരോടു ചോദിക്കുന്നതു: “നിങ്ങളെന്തിനാണു ഇവരെ ഉപദേശിക്കുവാന്‍ മിനക്കെടുന്നതു? നിങ്ങളുടെ ഉപദേശം കൊണ്ടു അവര്‍ക്കു ഫലമൊന്നും കാണുന്നില്ലല്ലോ? അവരെ അല്ലാഹു നശിപ്പിക്കുകയോ, വല്ല കഠിന ശിക്ഷയും മുഖേന പാഠം പഠിപ്പിക്കുകയോ ചെയ്യാതിരിക്കയില്ല. വൃഥാ അവരെ ഉപദേശിച്ചിട്ടു എന്താണു കാര്യം?” എന്നൊക്കെ. അതിനു ആ നല്ല മനുഷ്യര്‍ മറുപടി നല്‍കുന്നു: “ഉപദേശം അവരില്‍ ഫലം ചെയ്യുന്നില്ലെങ്കിലും സല്‍ക്കാര്യംകൊണ്ടു ഉപദേശിക്കുകയെന്ന ഞങ്ങളുടെ കടമ ഞങ്ങള്‍ നിര്‍വ്വഹിച്ചില്ലെന്ന കുറ്റത്തില്‍നിന്നു ഞങ്ങള്‍ക്കു ഒഴിവു കിട്ടുമല്ലോ. നിങ്ങള്‍ എന്തുകൊണ്ടു ഉപദേശിച്ചില്ലെന്നു ഞങ്ങളോടു അല്ലാഹു ചോദിക്കുവാന്‍ ഇടവരാതിരിക്കട്ടെ എന്നാണു ഞങ്ങളുടെ ഉദ്ദേശ്യം. ഒരു പക്ഷേ, ഉപദേശം കേട്ട് അവര്‍ പിന്‍ മടങ്ങുവാനും സാധ്യതയുണ്ടല്ലോ.”
പക്ഷേ, അക്രമികള്‍ ഉപദേശം ചെവികൊണ്ടതേയില്ല. വിശ്വാസ ദൗര്‍ബ്ബല്യത്തില്‍ നിന്നും, സ്വാര്‍ത്ഥ താല്‍പര്യത്തില്‍ നിന്നും ഉത്ഭവിച്ച അവരുടെ സ്വഭാവം ധിക്കാര ശീലമായി മാറി. ധിക്കാരം മുഴുത്തപ്പോള്‍ അല്ലാഹു അവരെ കഠിനമായ ശിക്ഷ – ചരിത്രത്തില്‍ ഇണയില്ലാത്ത ഒരു ശിക്ഷ – ശിക്ഷിച്ചു. ആ ധിക്കാരത്തില്‍നിന്നു അവരെ തടയുവാന്‍ ശ്രമിച്ചിരുന്ന ഉപദേഷ്‌ടാക്കളെ അല്ലാഹു ശിക്ഷയില്‍ പെടാതെ രക്ഷിക്കുകയും ചെയ്‌തു. മേല്‍പറഞ്ഞ മൂന്നാമത്തെ വിഭാഗക്കാരെപ്പറ്റി അല്ലാഹു ഒന്നും പ്രസ്‌താവിച്ചിട്ടില്ല. അവരെ പ്രശംസിക്കുകയോ ആക്ഷേപിക്കുകയോ ചെയ്‌തിട്ടുമില്ല. അവരുടെ പക്കല്‍ കുറേ വീഴ്‌ച വന്നിട്ടുണ്ടെങ്കിലും – ചില മഹാന്‍മാരുടെ പ്രസ്‌താവനകളില്‍ കാണപ്പെടുന്നതുപോലെ – അവര്‍ ശിക്ഷക്കു വിധേയരായ അക്രമികളില്‍ പെട്ടവരല്ലാത്ത സ്ഥിതിക്കു അല്ലാഹു അവരെയും രക്ഷപ്പെടുത്തിയിരിക്കുമെന്നാണു കരുതേണ്ടത്. അക്രമികള്‍ക്കു നല്‍കിയ ശിക്ഷ അല്ലാഹു അവരോടു നിന്ദ്യന്‍മാരായ കുരങ്ങുകളായിത്തീരുവിന്‍ (كُونُوا قِرَدَةً خَاسِئِينَ) എന്നു പറഞ്ഞതായിരുന്നു. അല്ലാഹു പറഞ്ഞാല്‍ പിന്നെ അതു സംഭവിച്ചതു തന്നെ എന്നു പറയേണ്ടതില്ല. ഏതൊരു കാര്യവും ഉണ്ടാവണമെന്നു അവന്‍ പറഞ്ഞാല്‍ അതു ഉണ്ടാകുക തന്നെ ചെയ്യും (36; 82; 3:59).
അവര്‍ യഥാര്‍ത്ഥ കുരങ്ങന്‍മാരായി മാറി എന്നാണു ഈ പറഞ്ഞ വാക്കിന്റെ അര്‍ത്ഥമെന്നു വ്യക്തമാണ്. ചിലര്‍ പറഞ്ഞു കാണുന്നപോലെ ‘കുരങ്ങുകളെപ്പോലെ ആയിത്തീരുവിന്‍’ എന്നോ, ‘നിന്ദ്യന്മാരായി ജീവിച്ചു കൊള്ളുവിന്‍’ എന്നോ മറ്റോ വ്യാഖ്യാനം പറയുവാന്‍ നമുക്കു ന്യായമില്ല തന്നെ. അതിനു ധൈര്യം കാണിക്കുന്നതു ധിക്കാരവുമായിരിക്കും. അവരുടെ സ്വഭാവവും മനസ്സും കുരങ്ങുകളെപ്പോലെ ആയി എന്നാണിതിന്റെ ഉദ്ദേശ്യമെന്നു മുജാഹിദു (رحمه الله) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടതു ഒഴിച്ചാല്‍, കാര്യപ്പെട്ട ഒരു ക്വുര്‍ആന്‍ വ്യാഖ്യാതാവും അങ്ങിനെ പറഞ്ഞിട്ടില്ല. മുജാഹിദ് (رحمه الله) ന്റെ ഈ അഭിപ്രായം ശരിയല്ലെന്ന് ഇബ്നു കഥീര്‍ (رحمه الله) മുതലായവര്‍ പ്രസ്താവിച്ചതു സൂറത്തുല്‍ ബക്വറയില്‍ നാം ഉദ്ധരിച്ചിട്ടുണ്ട്. ചിലതെല്ലാം മാഇദയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുജാഹിദ് (رحمه الله) ന്റെ അഭിപ്രായം തങ്ങള്‍ക്കൊരു ഊന്നുവടിയാക്കുവാന്‍ ചിലര്‍ ശ്രമിക്കാറുള്ളതു ശരിയല്ലെന്നു പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ.
كُونُوا قِرَدَةً (നിങ്ങള്‍ കുരങ്ങന്‍മാരാകുവിന്‍) എന്നു പറഞ്ഞു മതിയാക്കാതെ خَاسِئِينَ (നിന്ദ്യന്‍മാരായ) എന്നുകൂടി ഇവിടെയും, അല്‍ബക്വറയിലെ ആയത്തിലും അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നു. അതിനു മുമ്പ് ആ ശിക്ഷയെ عَذَاب بَئِيس (ഗൗരവപ്പെട്ട ശിക്ഷ) എന്നും ഇവിടെ വിശേഷിപ്പിച്ചു. അല്‍ബക്വറയിലാകട്ടെ, ആ ശിക്ഷയെപ്പറ്റി فَجَعَلْنَاهَا نَكَالًا لِمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِلْمُتَّقِينَ (അതിനെ അതിന്റെ മുന്നിലുള്ളവര്‍ക്കും പിന്നിലുള്ളവര്‍ക്കും ഒരു മാതൃകാപരമായ ശിക്ഷയും സൂക്ഷ്മതയുള്ളവര്‍ക്കു ഒരു സദുപദേശവും ആക്കിയിരിക്കുന്നു) എന്നും പറഞ്ഞിരിക്കുന്നു. نَكَال (മാതൃകാ ശിക്ഷ) എന്ന ഈ വാക്കു മൂന്നു സ്ഥലത്താണു അല്ലാഹു ക്വുര്‍ആനില്‍ ഉപയോഗിച്ചു കാണുന്നത്. ഒന്ന് 5:41ല്‍ മോഷ്ടാവിന്റെ കൈമുറിക്കലിനെക്കുറിച്ചും, മറ്റൊന്ന് 79:25ല്‍ ഫിര്‍ഔനെയും കൂട്ടരെയും മുക്കി നശിപ്പിച്ചതിനെക്കുറിച്ചും, മൂന്നാമത്തേതു ഇതേ സംഭവത്തെക്കുറിച്ചു 2:66ലുമാകുന്നു. അതതു ശിക്ഷയുടെ ഗൗരവത്തെയും പുതുമയെയുമാണതു കാണിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടും, പൗരാണിക സമുദായങ്ങളിലും, ഈ സമുദായത്തിലുമുള്ള നടപടി ക്രമങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുള്ള വ്യത്യാസ രഹസ്യങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടുമായിരിക്കണം സംഭവങ്ങളെ വിലയിരുത്തുന്നത്. അല്ലാത്തപക്ഷം, അല്ലാഹുവിന്റെയും, റസൂലിന്റെയും പ്രസ്താവനകളില്‍ ചിലതൊക്കെ സഹിക്കാത്തവയായി തോന്നിയേക്കുക സ്വഭാവികമായിരിക്കും.
- وَإِذْ تَأَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَن يَسُومُهُمْ سُوٓءَ ٱلْعَذَابِ ۗ إِنَّ رَبَّكَ لَسَرِيعُ ٱلْعِقَابِ ۖ وَإِنَّهُۥ لَغَفُورٌ رَّحِيمٌ ﴾١٦٧﴿
- (നബിയേ,) നിന്റെ രക്ഷിതാവ് പ്രഖ്യാപനം ചെയ്ത (അഥവാ അറിയിപ്പു നല്‍കിയ) സന്ദര്‍ഭവും (ഓര്‍ക്കുക): അവരുടെ [യഹൂദികളുടെ] മേല്‍ ക്വിയാമത്തുനാള്‍ വരെ അവര്‍ക്കു കടുത്തശിക്ഷ [മര്‍ദ്ദനം] അനുഭവിപ്പിക്കുന്നവരെ താന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്നു.
നിശ്ചയമായും നിന്റെ റബ്ബ്, വേഗം ശിക്ഷാനടപടി എടുക്കുന്നവന്‍ തന്നെ; നിശ്ചയമായും അവന്‍, വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെ. - وَإِذْ تَأَذَّنَ അറിയിപ്പു (പ്രഖ്യാപനം) നല്‍കിയ സന്ദര്‍ഭവും رَبُّكَ നിന്റെ റബ്ബു لَيَبْعَثَنَّ നിശ്ചയമായും താന്‍ അയക്കും, നിയോഗിക്കുക തന്നെ ചെയ്യും عَلَيْهِمْ അവരുടെ മേല്‍ إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്തുനാള്‍ വരെ مَن يَسُومُهُمْ അവര്‍ അനുഭവിപ്പിക്കുന്നവരെ سُوءَ الْعَذَابِ മോശകരമായ (കടുത്ത) ശിക്ഷ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു لَسَرِيعُ വേഗതയുള്ള (വേഗം ചെയ്യുന്ന) വന്‍ തന്നെ الْعِقَابِ ശിക്ഷാനടപടി وَإِنَّهُ നിശ്ചയമായും അവന്‍ لَغَفُورٌ വളരെ പൊറുക്കുന്നവനും തന്നെ رَّحِيمٌ കരുണാനിധി(യും).
- وَقَطَّعْنَـٰهُمْ فِى ٱلْأَرْضِ أُمَمًا ۖ مِّنْهُمُ ٱلصَّـٰلِحُونَ وَمِنْهُمْ دُونَ ذَٰلِكَ ۖ وَبَلَوْنَـٰهُم بِٱلْحَسَنَـٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمْ يَرْجِعُونَ ﴾١٦٨﴿
- അവരെ ഭൂമിയില്‍ നാം പല സമൂഹങ്ങളായി കഷ്ണിക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ സദ്‌വൃത്തന്‍മാരുണ്ടു; അവരില്‍ അതല്ലാത്ത (അഥവാ അതിനു താഴെയുള്ള) വരും ഉണ്ടു.
നന്‍മകള്‍കൊണ്ടും, തിന്‍മകള്‍കൊണ്ടും അവരെ നാം പരീക്ഷിക്കുകയും ചെയ്തിരിക്കുന്നു; അവര്‍ മടങ്ങുവാന്‍വേണ്ടി. - وَقَطَّعْنَاهُمْ അവരെ നാം പിരിക്കുക (കഷ്ണിക്കുക - ഭാഗിക്കുക)യും ചെയ്തു فِي الْأَرْضِ ഭൂമിയില്‍ أُمَمًا പല സമൂഹങ്ങളായി مِّنْهُمُ അവരിലുണ്ടു, അവരില്‍ പെട്ടതാണു الصَّالِحُونَ നല്ലവര്‍, സദ്‌വൃത്തര്‍ وَمِنْهُمْ അവരിലുണ്ടു دُونَ ذَٰلِكَ അതല്ലാത്ത അതിനു താഴെയുള്ള - (വരും) وَبَلَوْنَاهُم അവരെ നാം പരീക്ഷിക്കുകയും ചെയ്തു بِالْحَسَنَاتِ നന്‍മകള്‍കൊണ്ടു وَالسَّيِّئَاتِ തിന്‍മകള്‍കൊണ്ടും لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ അവര്‍ മടങ്ങും.
ഇസ്രാഈല്യരുടെ അനുസരണക്കേടും, ധിക്കാരശീലവും പ്രസിദ്ധമാകുന്നു. മൂസാ (عليه الصلاة والسلام) നബിയെ അവര്‍ പൊറുതി മുട്ടിച്ച സന്ദര്‍ഭങ്ങള്‍ അല്ലാഹു പലേടത്തും വിവരിച്ചിട്ടുള്ളതാണ്. ബൈബ്ള്‍ നോക്കിയാലും ഇതിനു ധാരാളം ഉദാഹരണങ്ങള്‍ കാണാം. ചുരുക്കിപ്പറഞ്ഞാല്‍ വളരെ കാലമായി ശാപകോപങ്ങളുടെ പാരമ്പര്യം പുലര്‍ത്തിപ്പോന്ന ഒരു സമുദായമത്രെ ഇസ്രാഈല്യര്‍, അഥവാ യഹൂദികള്‍. ഈ ശാപഫലം പരലോകത്തുവെച്ചു മാത്രമല്ല, ഇഹലോകത്തുവെച്ചും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുമെന്നു ഒന്നിലധികം സ്ഥലത്തു അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അതിനു പുറമെ ക്വിയാമത്തുനാള്‍ വരെയും ഓരോ കൂട്ടരില്‍ നിന്നായി ആ സമുദായം മര്‍ദ്ദനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുമെന്നുള്ള ഒരു അറിയിപ്പും അവര്‍ക്കു നല്‍കിയിട്ടുണ്ടെന്നാണു ഇവിടെ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ഈ അറിയിപ്പു ഇപ്പോള്‍ പുതുതായി അറിയിക്കുന്നതല്ല – മുമ്പു തന്നെ കഴിഞ്ഞു പോയിട്ടുള്ളതാണ് – എന്നത്രെ وَإِذْ تَأَذَّنَ (അറിയിപ്പു നല്‍കിയ സന്ദര്‍ഭം ഓര്‍ക്കുക) എന്ന വാക്കില്‍ നിന്നു മനസ്സിലാകുന്നത്. അവരുടെ ഇന്നുവരെയുള്ള ചരിത്രം അതിനു സാക്ഷ്യം വഹിക്കുന്നുമുണ്ട്.
5:22ല കാണാവുന്നതുപോലെ, വളരെയധികം പ്രവാചകന്‍മാരുടെയും, രാജാക്കളുടെയും പാരമ്പര്യം സിദ്ധിച്ച ഒരു സമുദായമാണ് യഹൂദികള്‍. എന്നിട്ടും സ്വതന്ത്രമായ ഒരു നിലനില്‍പ്പു ആ സമുദായത്തിനുണ്ടായിട്ടില്ല. ഇത്രയധികം അന്യാധീനപ്പെട്ടും, അടിമപ്പെട്ടും, മര്‍ദ്ദനം സഹിച്ചും കൊണ്ടിരിക്കേണ്ടുന്ന ഗതികേടും മറ്റു സമുദായങ്ങളുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ആദ്യകാലങ്ങളില്‍ വിഗ്രഹാരാധകരുടെയും, പിന്നീടു ക്രിസ്ത്യാനികളുടെയും, അനന്തരം മുസ്ലിംകളുടെയും ഭരണത്തിന്‍ കീഴില്‍ അവര്‍ നിന്ദ്യരായി കഴിയേണ്ടിവന്നു. ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തു അവര്‍ അറേബ്യയില്‍ പലേടങ്ങളിലായി കുടിയേറിപ്പാര്‍ത്തു വരുകയായിരുന്നു. അധികം താമസിയാതെ പല സ്ഥലങ്ങളില്‍ നിന്നും ഓരോ കാരണത്താല്‍ പിന്നീടു അവര്‍ കുടിയൊഴിച്ചു പോകുവാന്‍ നിര്‍ബ്ബന്ധിതരായി. ചില യുറോപ്യന്‍ രാഷ്ട്രങ്ങളില്‍ വെച്ചു കൂട്ടക്കൊലക്കും ബഹിഷ്കരണത്തിനും വിധേയരായി. അങ്ങനെ, وَقَطَّعْنَاهُمْ فِي الْأَرْضِ أُمَمًا (ഭൂമിയില്‍ നാം അവരെ പല സമൂഹങ്ങളായി കഷ്ണിച്ചു) എന്നു അല്ലാഹു പറഞ്ഞതുപോലെ, ഭൂമിയുടെ നാനാഭാഗങ്ങളിലുമായി അവര്‍ ചിന്നിച്ചിതറി. അവസാനം ആയിരക്കണക്കിനു കൊല്ലങ്ങള്‍ക്കു ശേഷം – ക്രിസ്താബ്ദം 1918ല്‍ – ഫലസ്തീന്റെ ഏതാനും ഭാഗം കയ്യേറിക്കൊണ്ടു ഒരു ഇസ്രാഈല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും, തങ്ങള്‍ക്കൊരു സങ്കേതം അവര്‍ കണ്ടെത്തുകയും ചെയ്തതു ശരിയാണ്. പക്ഷെ, അതു യഹൂദികളുടെ സ്വന്തം പ്രതാപം കൊണ്ടോ നന്മകൊണ്ടോ അല്ല. അവരെക്കൊണ്ടു പൊറുതി മുട്ടിയ ചില വന്‍കിട ലോകരാഷ്ട്രങ്ങളുടെ ഇടപെടല്‍ കൊണ്ടും പരിശ്രമം കൊണ്ടും മാത്രം സ്ഥാപിതമായതും, നിലനിന്നു പോരുന്നതുമാകുന്നു. (*). ആ വന്‍കോയ്മകളുടെ താങ്ങും തണലും എപ്പോള്‍ ഇല്ലാതാകുന്നുവോ, അതോടെ അതിന്റെ നിലനില്‍പും അസാദ്ധ്യമായിത്തീരും. ഇത്രയധികം ശത്രുക്കളാല്‍ പൊതിയപ്പെട്ടതും, അനുനിമിഷവും ചുറ്റുപുറത്തു നിന്നും ശത്രുക്കളെ ഭയപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഒരു രാഷ്ട്രം ലോകത്തില്ല.
—–
(*). കൃഷ്ണചൈതന്യ എഴുതിയതും, കോട്ടയം നാഷണല്‍ ബുക്ക്സ്റ്റാള്‍ ക്രി. 1963ല്‍ പ്രസിദ്ധികരിച്ചതുമായ ‘യഹൂദ സാഹിത്യ ചരിത്രം’ എന്ന ഗ്രന്ഥത്തിലെ ഏതാനും വരികള്‍ ഇവിടെ ഉദ്ധരിക്കുന്നതു സന്ദര്‍ഭോചിതമായി തോന്നുന്നു. ക്രിസ്താബ്ദം നാലാം നൂറ്റാണ്ടുവരെ യഹൂദികള്‍ അനുഭവിച്ച മര്‍ദ്ദനങ്ങളും കഷ്ടപ്പാടുകളും, അവരുടെ ദേശാടനങ്ങളും സവിസ്തരം വിവരിച്ചശേഷം ഗ്രന്ഥ കര്‍ത്താവു പറയുന്നു: ഇവരുടെ ഈ ദേശാടനം പരിതാപരകമായ ഒരു കഥയാണ്. ലോകം മുഴുവന്‍ അവരെ കഷ്ടത്തിലാക്കുവാന്‍ ഗൂഢാലോചന ചെയ്തപോലെ തോന്നും. നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്‍റിയാസ് ജൂതമത പുരോഹിതരെ സാമ്രാജ്യത്തിലെങ്ങും ഭ്രഷ്ടരാക്കി. ഒരു ജൂതന്‍ ഒരു ക്രൈസ്തവ സ്ത്രീയെ വിവാഹം ചെയ്‌താല്‍ മരണ ശിക്ഷക്കു വിധേയനായിത്തീര്‍ന്നു. മദ്ധ്യകാലങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളൊത്തു ചേര്‍ന്നു സാരസന്‍മാരില്‍ നിന്നു പുണ്യസ്ഥലമായ ഫലസ്തീന്‍ വീണ്ടെടുക്കുവാന്‍ സേനകളെ അയച്ചപ്പോള്‍, രാജാക്കന്‍മാര്‍ കുരിശു യുദ്ധത്തിനുള്ള ചിലവിനുവേണ്ടി ജൂതന്‍മാരെ ഊറ്റി വാര്‍ത്തു; പട്ടാലങ്ങള്‍ വഴിനീളെ ജൂതന്‍മാരെ പിടിച്ചു പറിച്ചു. ഓരോ രാജ്യത്തും, പ്രത്യേകിച്ചും പോളണ്ടിലും, ചക്രവര്‍ത്തി ഭരണകാലത്തെ റഷ്യയിലും, ജൂതന്‍മാര്‍ ക്രൈസ്തവ ശിഷിക്കളെ മതാരാധനകളില്‍ ബലികഴിച്ചിരുന്നുവെണ്ണ അസംബന്ധമായ കെട്ടുകഥകള്‍ വിശ്വസിച്ച് ക്രൂദ്ധരായ ജനക്കൂട്ടം പലപ്പോഴും അവരെ കൂട്ടക്കൊല ചെയ്തു. ഈ തുടര്‍ന്ന ഉപദ്രവം പത്തൊമ്പതാം നൂറ്റാണ്ടില്‍ ജൂതരുടെ ഇടയില്‍ രണ്ടു വിപരീതാഭിപ്രായങ്ങള്‍ ഉന്നയിപ്പിച്ചു. ഒരു വിഭാഗം തങ്ങളുടെ പ്രത്യേക സംസ്കാരം കൈവിട്ട് തങ്ങള്‍ വന്ന നാട്ടിലെ ആചാരങ്ങള്‍ അതേപടി സ്വീകരിച്ച് ജീവിച്ചെങ്കില്‍ മാത്രമേ രക്ഷയുള്ളുവെന്നു വിശ്വസിച്ചു. മറ്റേ പ്രസ്ഥാനം സയോണിസം ആയിരുന്നു.’ (ഗ്രന്ഥകര്‍ത്താവ് തുടരുന്നു:) ‘സയോണ്‍ എന്നതു ജറുശലത്തില്‍ പൗരാണിക ക്ഷേത്രവും, ഡേവിഡിന്റെ കൊട്ടാരവും സ്ഥിതിചെയ്യുന്ന കുന്നിന്റെ പേരാണ്. ഈ പ്രസ്ഥാനത്തിന്റെ ലക്‌ഷ്യം ഒരു ജൂതരാഷ്ട്രം ഉണ്ടാക്കുകയെന്നതായിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലത്തു സഖ്യ ശക്തികള്‍ ഈ അഭിലാഷം സാധിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ജൂതന്‍മാരുടെ സഹകരണം നേടിയിരുന്നു. 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ഈ കരാറുമുള്‍പ്പെട്ടിരുന്നു. അതനുസരിച്ചു ജൂതന്‍മാര്‍ യുദ്ധം കഴിഞ്ഞയുടന്‍ ഫലസ്തീനിലേക്കു മാറിത്താമസിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഹിബ്രു സര്‍വ്വകലാശാല സ്ഥാപിച്ചതു 1925ലാണ്. ജര്‍മ്മന്‍ നിവാസികള്‍ നടത്തിയ നിഷ്ഠൂര കൂട്ടക്കൊല ജൂതരുടെ സയോണിസ്റ്റ് പ്രസ്ഥാനത്തെ കൂടുതല്‍ ശക്തമാക്കിത്തീര്‍ത്തു. അങ്ങനെ, 1948ല്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇസ്രായേലും ചുറ്റുമുള്ള അറബി രാഷ്ട്രങ്ങളുമായി ഇപ്പോള്‍ അസുഖകരമായ വടംവലികലുണ്ട്. ഈ ജനതയുടെ ശോകലിപ്തമായ കഥയറിയുന്നവരാരും, ഇസ്രായേലും അയല്‍രാജ്യങ്ങളുമായി കഴിയും വേഗം ശാന്തിയും സമാധാനവും സ്ഥാപിക്കണമെന്നു പ്രാര്‍ത്ഥിക്കാതിരിക്കയില്ല.’ (പേ: 32,23).
മദ്ധ്യേഷയിലെ സമാധാനത്തിനു എക്കാലത്തും ഒരു ഭീഷണിയായിക്കൊണ്ടും, ലോക രാഷ്ട്ര സംഘടനക്കു എന്നും ഒരു തീരാപ്രശ്നമായിക്കൊണ്ടുമാണു ഇസ്രഈല്‍ രാഷ്ട്രം അതിന്റെ സ്ഥാപനംതൊട്ട് ഇന്നോളം സ്ഥിതി ചെയ്യുന്നതെന്നും, ചില വന്‍കോയ്മകളാണിതിന്റെ പിന്നിലുള്ളതെന്നും എല്ലാവര്‍ക്കും അറിയാം.
—–
യഹൂദ സമുദായത്തെ ഇത്രയൊക്കെ ആക്ഷേപിക്കുകയും ശപിച്ചു പറയുകയും ചെയ്യുന്നതിനിടക്കുപോലും അല്ലാഹു പറയുന്നതു നോക്കുക: مِّنْهُمُ الصَّالِحُونَ وَمِنْهُمْ دُونَ ذَٰلِكَ (അവരില്‍ നല്ല സദ്‌വൃത്തരുണ്ടു; അവരില്‍ അതല്ലാത്ത – അഥവാ അതിന്റെ താഴെ കിടയിലുള്ള – വരും ഉണ്ട്). യഹൂദികളെക്കുറിച്ചു മൊത്തത്തില്‍ ഇങ്ങിനെയെല്ലാമാണു പറയുവാനുള്ളതെങ്കിലും ആ സമുദായത്തില്‍ തന്നെ വളരെ നല്ലവരായ ചില വ്യക്തികളും, പൂര്‍ണ്ണമല്ലെങ്കിലും കുറെയൊക്കെ നല്ലവരായ വ്യക്തികളും ഉണ്ടെന്നു സാരം. ക്വുര്‍ആന്റെ നിഷ്പക്ഷതയും, സത്യസന്ധതയുമാണിതു കാണിക്കുന്നതെന്നു പറയേണ്ടതില്ല. അതതു കാലങ്ങളില്‍ വന്ന പ്രവാചകന്‍മാരില്‍ വിശ്വസിക്കുകയും, അവരുടെ പ്രബോധനങ്ങളെ പിന്‍തുടരുകയും ചെയ്തിരുന്നവരും, ശബ്ബത്തുനാളില്‍ മത്സ്യം പിടിച്ചുകൊണ്ടിരുന്നവരെ ഉപദേശിച്ചു വന്നിരുന്നവരും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വന്നതിനുശേഷം തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യിലും അവിടുത്തെ പ്രബോധനങ്ങളിലും വിശ്വസിക്കുവാന്‍ മുമ്പോട്ടു വന്നവരുമെല്ലാം ഈ നല്ലവരില്‍ ഉള്‍പെടുന്നു.
- فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ وَرِثُوا۟ ٱلْكِتَـٰبَ يَأْخُذُونَ عَرَضَ هَـٰذَا ٱلْأَدْنَىٰ وَيَقُولُونَ سَيُغْفَرُ لَنَا وَإِن يَأْتِهِمْ عَرَضٌ مِّثْلُهُۥ يَأْخُذُوهُ ۚ أَلَمْ يُؤْخَذْ عَلَيْهِم مِّيثَـٰقُ ٱلْكِتَـٰبِ أَن لَّا يَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ وَدَرَسُوا۟ مَا فِيهِ ۗ وَٱلدَّارُ ٱلْـَٔاخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ ﴾١٦٩﴿
- അനന്തരം, വേദഗ്രന്ഥത്തെ പാരമ്പര്യമെടുത്തിട്ടുള്ള ഒരു (തരം) പിന്‍ഗാമികള്‍ അവര്‍ക്കുശേഷം (രംഗത്തു) വന്നു. അവര്‍ ഈ അധമമായ (ലോക) വിഭവത്തെ സ്വീകരിച്ചു വരുന്നു; 'ഞങ്ങള്‍ക്കു വഴിയെ പൊറുക്കപ്പെടും' എന്നു അവര്‍ പറയുകയും ചെയ്യുന്നു.
അവര്‍ക്കു അതുപോലെയുള്ള (വേറെ) വല്ല വിഭവവും വന്നു കിട്ടിയാല്‍ അവര്‍ അതും സ്വീകരിക്കുന്നതാണ്.
അവരോടു (വേദ) ഗ്രന്ഥത്തിന്റെ [വേദഗ്രന്ഥം മുഖേന] ഉറപ്പു മേടിക്കപ്പെട്ടിട്ടില്ലേ? അവര്‍ അല്ലാഹുവിന്റെ പേരില്‍ യഥാര്‍ത്ഥമല്ലാതെ പറയുകയില്ലെന്ന്! അതിലുള്ളതു അവര്‍ പഠിക്കുകയും (ചെയ്തിട്ടില്ലേ)?!
പരലോക ഭവനമാകട്ടെ, സൂക്ഷ്മതപാലിക്കുന്നവര്‍ക്കു ഉത്തമവുമാകുന്നു. അപ്പോള്‍, നിങ്ങള്‍ ബുദ്ധി കൊടു(ത്ത് ആലോചി)ക്കുന്നില്ലേ?! - فَخَلَفَ എന്നിട്ടു (അനന്തരം) പിന്നില്‍ വന്നു, പിന്നാലെയുണ്ടായി مِن بَعْدِهِمْ അവരുടെശേഷം خَلْفٌ ഒരു പിന്‍തലമുറ, പിന്‍ഗാമികള്‍ وَرِثُوا അവര്‍ അവകാശമെടുത്തു, പാരമ്പര്യമെടുത്തു الْكِتَابَ വേദഗ്രന്ഥത്തെ يَأْخُذُونَ അവര്‍ എടുക്കു (സ്വീകരിക്കു) ന്നു عَرَضَ വിഭവത്തെ,സാധനം (ചരക്കു) കളെ (കാര്യലാഭം) هَـٰذَا الْأَدْنَىٰ ഈ താണതിന്റെ, അധമമായതിന്റെ وَيَقُولُونَ അവര്‍ പറയുകയും ചെയ്യും سَيُغْفَرُ لَنَا നമുക്കു (വഴിയെ) പൊറുത്തുതരപ്പെടും وَإِن يَأْتِهِمْ അവര്‍ക്കു വരുന്ന (കിട്ടുന്ന) പക്ഷം عَرَضٌ വല്ല വിഭവവും مِّثْلُهُ അതുപോലുള്ള يَأْخُذُوهُ അവര്‍ അതെടുക്കും أَلَمْ يُؤْخَذْ എടുക്ക (വാങ്ങ - മേടിക്ക) പ്പെട്ടിട്ടില്ലേ عَلَيْهِم അവരോടു مِّيثَاقُ ഉറപ്പു, കരാര്‍ (വേദ) الْكِتَابِ ഗ്രന്ഥത്തിന്റെ أَن لَّا يَقُولُوا അവര്‍ പറയുകയില്ല (പറയരുതു) എന്നു عَلَى اللَّـهِ അല്ലാഹുവിന്റെ പേരില്‍ إِلَّا الْحَقَّ യഥാര്‍ത്ഥമല്ലാതെ وَدَرَسُوا അവര്‍ പഠിക്കുകയും (ചെയ്തിട്ടില്ലേ), പഠിക്കുകയും ചെയ്തിരിക്കുന്നു مَا فِيهِ അതിലുള്ളതു وَالدَّارُ الْآخِرَةُ പരലോക ഭവനം, അവസാന വീടു خَيْرٌ ഉത്തമമാണു لِّلَّذِينَ يَتَّقُونَ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ.
- وَٱلَّذِينَ يُمَسِّكُونَ بِٱلْكِتَـٰبِ وَأَقَامُوا۟ ٱلصَّلَوٰةَ إِنَّا لَا نُضِيعُ أَجْرَ ٱلْمُصْلِحِينَ ﴾١٧٠﴿
- (വേദ) ഗ്രന്ഥത്തെ (കൈവിടാതെ) പിടിച്ചു നില്‍ക്കുകയും നമസ്‌കാരം നിലനിറുത്തുകയും ചെയ്യുന്നവരാകട്ടെ, നിശ്ചയമായും (ആ) നല്ലതു പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കിക്കളയുകയില്ല.
- وَالَّذِينَ يُمَسِّكُونَ പിടിച്ചു നില്‍ക്കുന്നവര്‍ بِالْكِتَابِ ഗ്രന്ഥത്തെ وَأَقَامُوا الصَّلَاةَ നമസ്‌കാരം നിലനിറുത്തുകയും ചെയ്തു إِنَّا നിശ്ചയമായും നാം لَا نُضِيعُ നാം പാഴാക്കുക (വ്യഥാവിലാക്കുക) യില്ല أَجْرَ പ്രതിഫലം, കൂലി الْمُصْلِحِينَ നല്ലതു പ്രവര്‍ത്തി (നന്നാ) ക്കുന്നവരുടെ.
خَلْف (ഖല്‍ഫ്) خَلَف (ഖലഫ്) എന്നീ രണ്ടുവാക്കുകള്‍ക്കും ‘പിന്‍ഗാമികള്‍, പിന്‍തലമുറ, പിന്‍തുടര്‍ച്ചക്കാര്‍’ എന്നൊക്കെയാണു വാക്കര്‍ത്ഥം. പക്ഷേ, ആദ്യത്തേതു ദുഷിച്ച പിന്‍ഗാമികളിലും, രണ്ടാമത്തേതു നല്ല പിന്‍ഗാമികളിലും ഉപയോഗിക്കപ്പെട്ടു വരുന്നു. ഈ അധമ ലോകത്തിന്റെ വിഭവം (عَرَضَ هَٰذَا الْأَدْنَىٰ) എന്നു പറഞ്ഞതു ഐഹികമായ കാര്യലാഭങ്ങളും നേട്ടങ്ങളുമാകുന്നു.
കഴിഞ്ഞ വചനത്തില്‍ പറഞ്ഞതുപോലെ, ഇസ്രാഈല്യരില്‍ ചുരുക്കം ചില നല്ല ആളുകളും അധികം ദോഷമില്ലാത്തവരും ഉണ്ടായിരുന്നു. പിന്നീടു അവരില്‍നിന്നു ഒരു പിന്‍ തലമുറ രംഗത്തു വന്നു. അവര്‍ തങ്ങളുടെ വേദഗ്രന്ഥത്തിന്റെ – തൗറാത്തിന്റെ – പാരമ്പര്യം കൈവിട്ടില്ല. അതിന്റെ അനുയായികളായിത്തന്നെ അഭിമാനം കൊള്ളുന്നു. പക്ഷേ, അതിന്റെ അദ്ധ്യാപനങ്ങളും ശിക്ഷണങ്ങളും കൈവെടിയുകയും, ഐഹികമായ കാര്യലാഭങ്ങള്‍ക്കു പ്രാധാന്യം നല്‍കുകയും ചെയ്‌തിരിക്കുകയാണു. എന്തു തോന്നിയവാസം പ്രവര്‍ത്തിച്ചാലും തങ്ങള്‍ക്കു അതൊക്കെ അല്ലാഹു പൊറുത്തു തരുമെന്നാണു അവരുടെ ജല്‍പനം. അഥവാ മോക്ഷം തങ്ങളുടെ കുത്തകയാണെന്നു അവര്‍ കരുതുന്നു. ഒരിക്കല്‍ ഒരു കാര്യലാഭത്തിനുവേണ്ടി സത്യത്തെ ധിക്കരിച്ചശേഷം, മറ്റൊരു കാര്യലാഭം കണ്ടാല്‍ അതിനു വേണ്ടിയും സത്യത്തെ ധിക്കരിക്കുക അവരുടെ പതിവാകുന്നു. അല്ലാഹുവിന്റെ കല്‍പനക്കും, നിയമനിര്‍ദ്ദേശങ്ങള്‍ക്കും എതിരായി ഒന്നും സ്വീകരിക്കുവാനോ, കെട്ടിക്കൂട്ടിയുണ്ടാക്കുവാനോ പാടില്ലെന്നുള്ളതു വേദഗ്രന്ഥത്തിന്റെ വിട്ടുവീഴ്‌ചയില്ലാത്ത ഒരു ശാസനയാണ്. അതു പാലിക്കുവാന്‍ പ്രതിജ്ഞാബദ്ധരുമാണവര്‍. വേണ്ടതെല്ലാം അവര്‍ വേദഗ്രന്ഥത്തില്‍ നിന്നും പഠിച്ചറിഞ്ഞിട്ടുണ്ടു. എന്നിട്ടും ഇതാണവരുടെ അവസ്ഥ. ക്ഷണികമായ ഈ ഭൗതിക കാര്യലാഭങ്ങളെക്കാള്‍ എത്രയോ ഉത്തമം പരലോകത്തെ അനശ്വരമായ നേട്ടങ്ങളാണു. ഇതവര്‍ ബുദ്ധികൊടുത്തു ചിന്തിക്കാത്തതു അല്‍ഭുതം തന്നെ. വേദഗ്രന്ഥത്തിന്റെ പാരമ്പര്യവാദം ശരിയാണെങ്കില്‍ ഈ ദുരവസ്ഥ ഒരിക്കലും അവരില്‍ ഉണ്ടാവാന്‍ പാടില്ല. വേദഗ്രന്ഥം മുറുകെ പിടിക്കുന്നവര്‍ അതിന്റെ ശാസനകള്‍ അനുസരിക്കുക തന്നെ ചെയ്യും. അതിന്റെ പുണ്യഫലം അവര്‍ക്കു ലഭിക്കാതിരിക്കുകയുമില്ല എന്നൊക്കെയാണു ഈ വചനങ്ങളുടെ സാരം.
വേദ ഗ്രന്ഥത്തിന്റെ അദ്ധ്യാപനവും തദടിസ്ഥാനത്തിലുള്ള പ്രതിജ്ഞയും നില നിറുത്തിപ്പോന്ന ചുരുക്കം ആളുകളില്‍പെട്ടവരത്രെ അബ്‌ദുല്ലാഹിബ്‌നു സലാം (رَضِيَ اللهُ تَعَالَى عَنْهُ) പോലെ യഹൂദികളില്‍നിന്നും സത്യവിശ്വാസം സ്വീകരിച്ചവര്‍.
- وَإِذْ نَتَقْنَا ٱلْجَبَلَ فَوْقَهُمْ كَأَنَّهُۥ ظُلَّةٌ وَظَنُّوٓا۟ أَنَّهُۥ وَاقِعٌۢ بِهِمْ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ ﴾١٧١﴿
- അവരുടെ മീതെ നാം ഒരു തണല്‍ (അഥവാ കുട) എന്ന പോലെ മലയെ പുഴക്കി (ഉയര്‍ത്തി)യ സന്ദര്‍ഭവും (ഓര്‍ക്കുക); അതു അവരില്‍ വീണുപോകുന്നതാണെന്നു അവര്‍ ധരിക്കുകയും ചെയ്‌തു.
'നിങ്ങള്‍ക്കു നാം നല്‍കിയതു നിങ്ങള്‍ ബലത്തോടെ എടുത്തു (സ്വീകരിച്ചു) കൊള്ളുവിന്‍; അതിലുള്ളതു നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ സൂക്ഷ്‌മത പാലിച്ചേക്കാം' (എന്നു നാം പറയുകയും ചെയ്‌തു). - وَإِذْ نَتَقْنَا നാം പറിച്ചെടുത്ത(പുഴക്കിയെടുത്ത) സന്ദര്‍ഭം الْجَبَلَ മലയെ, പര്‍വ്വതത്തെ فَوْقَهُمْ തങ്ങളുടെ മീതെ كَأَنَّهُ അതാണെന്നപോലെ ظُلَّةٌ ഒരു തണല്‍ (മേഘം), കുട وَظَنُّوا അവര്‍ ധരിക്കു(വിചാരിക്കുക)കയും ചെയ്‌തു أَنَّهُ وَاقِعٌ അതു വീഴുന്നതാണെന്നു بِهِمْ അവരില്‍ خُذُوا എടുത്തു (സ്വീകരിച്ചു) കൊള്ളുവിന്‍ مَا آتَيْنَاكُم നിങ്ങള്‍ക്കു നാം നല്‍കിയതു بِقُوَّةٍ ശക്തിയോടെ, ബലത്തില്‍ وَاذْكُرُوا നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുവിന്‍ مَا فِيهِ അതിലുള്ളതു لَعَلَّكُمْ നിങ്ങളായേക്കാം تَتَّقُونَ നിങ്ങള്‍ സൂക്ഷ്‌മത പാലിക്കും.
യഹൂദികള്‍ തൗറാത്തിന്റെ അനുയായികളാണെന്നു വാദിക്കുകയും, അതോടുകൂടി അതിന്റെ അദ്ധ്യാപനങ്ങളെ ഐഹികമായ സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി ബലികഴിക്കുകയും ചെയ്യുന്നുവെന്നു കഴിഞ്ഞ വചനങ്ങളില്‍ പ്രസ്‌താവിച്ചു. ഈ തോന്നിയവാസം അവരില്‍ ഇപ്പോള്‍ മാത്രം ഉല്‍ഭവിച്ചതല്ല – തൗറാത്തു ലഭിച്ച ആദ്യകാലത്തുള്ള അവരുടെ പൂര്‍വ്വികന്‍മാരില്‍ നിന്നു തന്നെ ഈ തോന്നിയവാസം ആരംഭിച്ചിട്ടുണ്ട് – എന്നും, തൗറാത്തിനെ വേണ്ടതു പോലെ അനുസരിക്കായ്‌ക നിമിത്തം അവരുടെ മീതെ പര്‍വ്വതം പുഴക്കി ഉയര്‍ത്തി ഭയപ്പെടുത്തിക്കൊണ്ടു അതിനെ മുറുകെ പിടിക്കുവാന്‍ കല്‍പിക്കുകയുണ്ടായിട്ടുണ്ടെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു.
ഇസ്രാറാഈല്യരുടെ മീതെ മല ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നിങ്ങള്‍ക്കകു നല്‍കിയിട്ടുള്ള ഈ വേദഗ്രന്ഥം ബലമായി എടുത്തുകൊള്ളണം എന്നു കല്‍പിച്ച സംഭവം ഈ വചനത്തിലുള്ളതിനു പുറമെ, അല്‍ബക്വറഃ 63ലും 93ലും അല്ലാഹു ഉദ്ധരിച്ചിട്ടുണ്ട്. ചുരുങ്ങിയ രൂപത്തില്‍ സൂറത്തു ന്നിസാഉ് 154ലും ആവര്‍ത്തിച്ചിരിക്കുന്നു. അല്‍ബക്വറഃ യിലെ രണ്ടു വചനങ്ങളിലും وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطّوُرَ (നിങ്ങളോടു നാം ഉറപ്പു വാങ്ങുകയും, നിങ്ങള്‍ക്കു മീതെ നാം പര്‍വ്വതത്തെ ഉയര്‍ത്തുകയും ചെയ്‌ത സന്ദര്‍ഭം ഓര്‍ക്കുക) എന്നു പ്രസ്‌താവിച്ചു കൊണ്ടാണ് …..خُذُواْ مَا آتَيْنَاكُم بِقُوَّةٍ (നിങ്ങള്‍ക്കു നാം നല്‍കിയതിനെ നിങ്ങള്‍ ബലമായി സ്വീകരിച്ചു കൊള്ളണം….) എന്നു കല്‍പിച്ച വിവരം അവിടെ പറഞ്ഞിരിക്കുന്നത്. ഉറപ്പു – അഥവാ കരാര്‍ – വാങ്ങിയ വിവരം ഇവിടെ പ്രസ്‌താവിച്ചിട്ടില്ല. എങ്കിലും മല ഉയര്‍ത്തിയതിന്റെ രൂപം ഇവിടെ കൂടുതല്‍ വിശദമാക്കിയിട്ടുണ്ട്.
ക്വുര്‍ആന്റെ ഒരു ഭാഗം മറ്റേ ഭാഗത്തെ വ്യാഖ്യാനിക്കുന്നു. (القرآن يفسر بعضه بعضا) എന്ന സര്‍വ്വാംഗീകൃത തത്വമനുസരിച്ച് രണ്ടു സംഗതികള്‍ ഇതില്‍നിന്നു മനസ്സിലാക്കാം :
(1) അല്‍ബക്വറഃ 63ന്റെ വ്യാഖ്യാനത്തില്‍ കണ്ടതു പോലെ, തൗറാത്തു അവതരിപ്പിച്ചതിനു ശേഷം ഇസ്രാഈല്യര്‍ അതിനെ വേണ്ടതുപോലെ ശരിക്കും പിന്‍പറ്റണമെന്നു അവരോടു കല്‍പിച്ചുവെന്നുതന്നെയാണ് ഇവിടെയും ഉദ്ദേശ്യം. അഥവാ, തൗറാത്തു അവതരിപ്പിച്ചപ്പോള്‍ തന്നെ മല ഉയര്‍ത്തിക്കാട്ടി അതില്‍ വിശ്വസിക്കണമെന്നും, അതിനെ സ്വീകരിക്കണമെന്നും നിര്‍ബ്ബന്ധിച്ചുവെന്നല്ല ഉദ്ദേശ്യം.
(2) മല ഉയര്‍ത്തി എന്നു അവിടെ പറഞ്ഞതിന്റെ ഉദ്ദേശ്യം – ഇവിടെ വിശദീകരിച്ചതുപോലെ – മല അവരുടെ തലക്കുമീതെ ഒരു കുട – അല്ലെങ്കില്‍ തണല്‍ – എന്നോണം ആയിത്തീരുമാറ് കട പുഴക്കി പൊക്കിക്കാട്ടുകയും, അതു തങ്ങളുടെ മേല്‍ വീണുപോയേക്കുമെന്നു അവര്‍ ഭയപ്പെടുകയും ചെയ്‌തു എന്നാകുന്നു. ഈ അവസരത്തിലാണു തൗറാത്തു മുറുകെ പിടിക്കണമെന്നും അതിലുള്ളതൊക്കെ ശരിക്കും ഓര്‍മ്മവെക്കണമെന്നും അവരോടു കല്‍പിക്കുന്നത്. അഥവാ മല അതിന്റെ യഥാസ്ഥാനത്തു തന്നെ നിന്നുകൊണ്ട് ഒന്നു കുലുങ്ങുകയും, ആ കുലുക്കം നിമിത്തമോ, അല്ലെങ്കില്‍ ഒരു കുടയെന്നോണം വളരെ പൊക്കത്തില്‍ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന കാഴ്‌ച നിമിത്തമോ മല തങ്ങളുടെ മേല്‍ വീണേക്കുമെന്ന് അതിന്റെ അടിവാരത്തില്‍ നില്‍ക്കുന്ന ഇസ്രാറാഈല്യര്‍ക്ക് തോന്നിപ്പോകുകയുമല്ല ഉണ്ടായത്.
അസാധാരണ സംഭവങ്ങളെയെല്ലാം ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ പ്രത്യേകം താല്‍പര്യമെടുക്കാറുള്ള യുക്തിവാദക്കാരായ ചില ആളുകള്‍ ഈ സംഭവത്തിന്റെ അസാധരണത്വം ഇല്ലാതാക്കുവാന്‍ ഇവിടെ നടത്തിക്കാണുന്ന സൂത്രങ്ങള്‍ ഇവയാണ്:
(1) മല ഉയര്‍ത്തിയ ഈ സംഭവവും, അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണണമെന്നു ഇസ്രാഈല്യര്‍ ആവശ്യപ്പെടുമ്പോഴുണ്ടായ കമ്പന സംഭവവും ഒന്നു തന്നെയാണെന്നു അവര്‍ ജല്‍പിക്കുന്നു.
(2) മല അവരുടെ തലക്കു മീതെ ഉയര്‍ത്തി എന്നു പറഞ്ഞതിന്റെ താല്‍പര്യം മല അവരുടെ മീതെ വളരെ ഉയരത്തില്‍ കുത്തനെ ഉയര്‍ന്നു നിന്നിരുന്നുവെന്നാണെന്നും അവര്‍ സമര്‍ത്ഥിക്കുന്നു.
(3) അതുകൊണ്ടു മലയുടെ അടിവാരത്തില്‍ നിന്നിരുന്ന അവര്‍ക്കു മലയെ ഒരു കുടപോലെ തോന്നിയിരുന്നുവെന്നാണു അതു അവരില്‍ വീഴുമെന്ന് അവര്‍ ധരിച്ചു (وَظَنّوُا أَنَّهُ وَاقِعٌ بِهِمْ) വെന്നു പറഞ്ഞതിനു അവര്‍ അര്‍ത്ഥമാക്കുന്നതു.
(4) മല ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു തൗറാത്തില്‍ വിശ്വസിക്കണമെന്നു കല്‍പിക്കുന്നതു അവരെ നിര്‍ബന്ധിച്ചു വിശ്വസിപ്പിക്കലാണു. നിര്‍ബന്ധിച്ചു വിശ്വസിപ്പിക്കുന്ന സമ്പ്രദായം ഇസ്‌ലാമിലില്ല താനും. എന്നത്രെ മറ്റൊന്നു. വാസ്‌തവത്തില്‍, മല ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു തൗറാത്തിലോ, മൂസാ നബി (عليه الصلاة والسلام) യിലോ വിശ്വസിക്കുവാനാണ് അവരോടു കല്‍പിച്ചതെന്നു അല്ലാഹുവാകട്ടെ, റസൂലാകട്ടെ പറഞ്ഞിട്ടില്ല. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നില്ല. എന്നിരിക്കെ, ഇവര്‍ സ്വയം ഒരു ആരോപണം കെട്ടിച്ചമച്ച് അതിനെ എതിര്‍ക്കുക മാത്രമാണിതു. ഇതിനൊന്നും ഇവിടെ മറുപടി പറഞ്ഞു ദീര്‍ഘിപ്പിക്കുവാന്‍ മുതിരുന്നില്ല.
വിഭാഗം - 22
- وَإِذْ أَخَذَ رَبُّكَ مِنۢ بَنِىٓ ءَادَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰٓ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا۟ بَلَىٰ ۛ شَهِدْنَآ ۛ أَن تَقُولُوا۟ يَوْمَ ٱلْقِيَـٰمَةِ إِنَّا كُنَّا عَنْ هَـٰذَا غَـٰفِلِينَ ﴾١٧٢﴿
- ആദമിന്റെ മക്കളില്‍നിന്നു - അവരുടെ മുതുകുകളില്‍നിന്നും - നിന്റെ റബ്ബ് അവ(രവ)രുടെ സന്തതികളെ (പുറത്ത്) എടുക്കുകയും, അവരെ അവരുടെ സ്വന്തം പേരില്‍ (തന്നെ) സാക്ഷ്യപ്പെടുത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക); 'ഞാന്‍ നിങ്ങളുടെ റബ്ബ് അല്ലയോ?" (എന്നു പറഞ്ഞതും കൊണ്ടു)
അവര്‍ പറഞ്ഞു: 'അല്ലാതേ! [അങ്ങിനെത്തന്നെ] ഞങ്ങള്‍ (ഇതാ) സാക്ഷ്യം വഹിച്ചിരിക്കുന്നു.'
'നിശ്ചയമായും ഞങ്ങള്‍ ഇതിനെപ്പറ്റി അശ്രദ്ധരായിരുന്നു'വെന്നു ക്വിയാമത്തുനാളില്‍ നിങ്ങള്‍ പറഞ്ഞേക്കുന്നതിനാലത്രെ (ഇങ്ങിനെ ചെയ്തതു). - وَإِذْ أَخَذَ ۛ എടുത്ത (പിടിച്ച) സന്ദര്‍ഭം رَبُّكَ നിന്റെ റബ്ബു مِن بَنِي آدَمَ ആദമിന്റെ മക്കളില്‍ (സന്തതികളില്‍) നിന്നു مِن ظُهُورِهِمْ അവരുടെ മുതുകുകളില്‍നിന്നും ذُرِّيَّتَهُمْ അവരുടെ സന്തതികളെ وَأَشْهَدَهُمْ അവരെ സാക്ഷ്യപ്പെടുത്തുകയും (ചെയ്ത - ചെയ്തു) عَلَىٰ أَنفُسِهِمْ അവരുടെ സ്വന്തങ്ങളുടെ മേല്‍ أَلَسْتُ ഞാനല്ലയോ بِرَبِّكُمْ നിങ്ങളുടെ റബ്ബു قَالُوا അവര്‍ പറഞ്ഞു بَلَىٰ അല്ലാതേ (അതെ) شَهِدْنَا ഞങ്ങള്‍ സാക്ഷ്യം വഹിച്ചു أَن تَقُولُوا നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍, പറയുമെന്നതിനു يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു عَنْ هَـٰذَا ഇതിനെപ്പറ്റി غَافِلِينَ അശ്രദ്ധര്‍, ബോധാരഹിതര്‍.
- أَوْ تَقُولُوٓا۟ إِنَّمَآ أَشْرَكَ ءَابَآؤُنَا مِن قَبْلُ وَكُنَّا ذُرِّيَّةً مِّنۢ بَعْدِهِمْ ۖ أَفَتُهْلِكُنَا بِمَا فَعَلَ ٱلْمُبْطِلُونَ ﴾١٧٣﴿
- അല്ലെങ്കില്‍ 'മുമ്പ് ഞങ്ങളുടെ പിതാക്കള്‍ 'ശിര്‍ക്കു' ചെയ്തു [അല്ലാഹുവിനു പങ്കുകാരെയുണ്ടാക്കി]; ഞങ്ങള്‍ അവരുടെ ശേഷം (അവരുടെ) സന്തതികളായിരിക്കയും ചെയ്തുവെന്നേയുള്ളു' എന്നു നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍.
എന്നിരിക്കെ, (ആ) വ്യര്‍ത്ഥകാരികള്‍ ചെയ്തതിനു ഞങ്ങളെ നീ (ശിക്ഷിച്ച്) നശിപ്പിക്കുകയാണോ?" (എന്നും നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍). - أَوْ تَقُولُوا അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കു (പറയു) മെന്നതിനാല്‍ إِنَّمَا أَشْرَكَ ശിര്‍ക്കു ചെയ്യുക (മാത്രം) ചെയ്തു, പങ്കു ചേര്‍ത്തതേയുള്ളു آبَاؤُنَا ഞങ്ങളുടെ പിതാക്കള്‍ مِن قَبْلُ മുമ്പു وَكُنَّا ഞങ്ങളായിരിക്കയും ചെയ്തു, ഞങ്ങളായിരുന്നു ذُرِّيَّةً സന്തതികള്‍ (മക്കള്‍) مِّن بَعْدِهِمْ അവരുടെ ശേഷം (അവരുടെ) أَفَتُهْلِكُنَا അപ്പോള്‍ (എന്നിരിക്കെ) ഞങ്ങളെ നീ നശിപ്പിക്കുന്നുവോ بِمَا فَعَلَ ചെയ്തതുകൊണ്ടു الْمُبْطِلُونَ വ്യര്‍ത്ഥകാരികള്‍, നിരര്‍ത്ഥം പ്രവര്‍ത്തിച്ചവര്‍.
- وَكَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ وَلَعَلَّهُمْ يَرْجِعُونَ ﴾١٧٤﴿
- അപ്രകാരം നാം 'ആയത്തു' [ലക്ഷ്യം] കളെ വിശദീകരിച്ചു തരുന്നു; അവര്‍ മടങ്ങുകയും ചെയ്തേക്കാമല്ലോ.
- وَكَذَٰلِكَ അപ്രകാരം نُفَصِّلُ നാം വിശദീകരിക്കുന്നു الْآيَاتِ ആയത്തുകള്‍, ലക്ഷ്യങ്ങളെ وَلَعَلَّهُمْ അവരാകുകയും ചെയ്യാമല്ലോ, ആയേക്കുവാനും يَرْجِعُونَ അവര്‍ മടങ്ങും.
ആദമിന്റെ മക്കളുടെ – മനുഷ്യരുടെ – മുതുകുകളില്‍ നിന്നു അവരുടെ സന്തതികളെ പുറത്തു കൊണ്ടുവരുകയും ‘ഞാന്‍ നിങ്ങളുടെ റബ്ബല്ലേ’ എന്നു അല്ലാഹു അവരോടു ചോദിക്കയും, ‘അതെ’ എന്നു അവര്‍ അതിനു മറുപടി പറഞ്ഞ് സാക്ഷ്യം വഹിക്കുകയും ചെയ്‌തുവെന്നു ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു. ഈ പറഞ്ഞതിന്റെ താല്‍പര്യം വിവരിക്കുന്നതില്‍ മുന്‍ഗാമികളും പിന്‍ഗാമികളുമായ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്‌തമായ അഭിപ്രായഗതികള്‍ കാണാം. അവയില്‍ പ്രധാനമായതു താഴെ കാണുന്ന രണ്ടഭിപ്രായങ്ങളാകുന്നു:-
(1) അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചുള്ള ബോധം മനുഷ്യനില്‍ പ്രകൃത്യാതന്നെ അല്ലാഹു നിക്ഷേപിച്ചു വെച്ചിട്ടുണ്ട്. ആ ശുദ്ധ പ്രകൃതിയോടു കൂടിയാണ് ഒരോരുത്തരും ജനിച്ചു പുറത്തു വരുന്നതും. നൈസര്‍ഗികമായ ഈ ബോധം നിമിത്തം തൗഹീദിനു വിരുദ്ധമായ നിലപാടുകളൊന്നും സ്വീകരിക്കാതിരിക്കുവാന്‍ ഓരോ മനുഷ്യനും ബാധ്യസ്ഥനാണ്. പരപ്രേരണ നിമിത്തമോ, ചുറ്റുപാടുകളുടെ സ്വാധീനം കൊണ്ടോ അവന്‍ ശിര്‍ക്കിലേക്കു വഴുതിപ്പോകുന്ന പക്ഷം, അവന്‍ അതിനു ഉത്തരവാദിയുമായിരിക്കും. ഈ നൈസര്‍ഗിക ബോധത്തെയാണു ഈ വചനത്തില്‍ സൂചിപ്പിക്കുന്നതു എന്നത്രെ പല മഹാന്‍മാരും സ്വീകരിച്ച അഭിപ്രായം. താഴെ കാണുന്നതുപോലുള്ള ഹദീഥുകളാണു ഈ അഭിപ്രായത്തിനു അവര്‍ തെളിവായെടുക്കുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറയ്‌റ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇതാകുന്നു: “എല്ലാ കുട്ടികളും ജനിക്കുന്നതു ശുദ്ധ പ്രകൃതിയോടെയാണ്. എന്നിട്ട് അവന്റെ മാതാപിതാക്കള്‍ അവനെ യഹൂദിയും, ക്രിസ്‌ത്യാനിയും, മജൂസിയുമാക്കുകയാണ് ചെയ്യുന്നതു.” (ബു.മു.) ഇയാദ്വുബ്‌നുഹിമാര്‍ (عياض بن حمار (رَضِيَ اللهُ تَعَالَى عَنْهُ)) ഉദ്ധരിച്ച ഒരു നബി വചനം ഇങ്ങിനെയാണു: ‘അല്ലാഹു പറയുന്നു: “എന്റെ അടിയാന്‍മാരെ ഞാന്‍ ഋജുമാനസരായി സൃഷ്‌ടിച്ചിരിക്കുന്നു. എന്നിട്ട് പിശാചുക്കള്‍ വന്നു അവരുടെ മതത്തില്‍നിന്നു അവരെ പിഴപ്പിച്ചുകൊണ്ടു പോകുകയും, ഞാന്‍ അവര്‍ക്കു അനുവദനീയമാക്കിയതു അവര്‍ക്കു നിഷിദ്ധമാക്കുകയും ചെയ്യുന്നു (മു.) ഈ ആശയം വ്യക്തമാക്കുന്ന ഹദീഥുകള്‍ വേറെയും കാണാം. الله أعلم
(2) ആദം നബി(عليه الصلاة والسلام)യുടെ മുതുകില്‍നിന്നു അദ്ദേഹത്തില്‍നിന്നു ഉണ്ടാകുവാന്‍ പോകുന്ന സന്തതികളെ – അവരുടെ അണുധൂളികളെ അല്ലെങ്കില്‍ ആത്മാക്കളെ – അല്ലാഹു പുറത്തെടുക്കുകയും, അവര്‍ വലതു പക്ഷക്കാരായും (സൗഭാഗ്യവാന്മാരായും) ഇടതുപക്ഷക്കാരായും (ദുര്‍ഭാഗ്യവാന്മാരായും) വേര്‍തിരിയുകയും ചെയ്‌തുവെന്നു കാണിക്കുന്ന പല ഹദീഥുകളും വന്നിട്ടുണ്ടു. ചിലതില്‍, അല്ലാഹുവാണു തങ്ങളുടെ റബ്ബ് എന്നു അവര്‍ സമ്മതിച്ചു സാക്ഷ്യപ്പെടുത്തിയതായും വന്നിരിക്കുന്നു. ഈ സംഭവത്തെപ്പറ്റിയാണു ഈ വചനത്തില്‍ പ്രസ്‌താവിച്ചിരിക്കുന്നതു എന്നത്രെ രണ്ടാമത്തെ അഭിപ്രായം. അല്ലാഹുവാണ് ഞങ്ങളുടെ റബ്ബ് എന്ന തൗഹീദു അവര്‍ സാക്ഷ്യപ്പെടുത്തിയ വിവരം – ഇബ്‌നു കഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ-നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രസ്‌താവനയായി (`മര്‍ഫൂആ’യി) ക്കൊണ്ടല്ല നിവേദനം ചെയ്യപ്പെട്ടിരിക്കുന്നതു. ഇബ്‌നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ)ന്റെയും, ഇബ്‌നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെയും പ്രസ്‌താവനകളായി (`മൗക്വൂഫു’കളായി)ക്കൊണ്ടാണുള്ളതു. ഇതു സംബന്ധിച്ചു വന്ന ഹദീഥുകളില്‍ ചിലതു ദുര്‍ബ്ബലമാണെങ്കിലും സംഭവത്തെ അടിയോടെ നിഷേധിക്കുവാന്‍ വയ്യാത്ത വിധം ബലവത്താണു ചിലതു. പക്ഷേ, ഈ വചനത്തില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ആ സംഭവം തന്നെയാണോ എന്നുള്ളതാണു തര്‍ക്ക വിഷയം. ചില രിവായത്തുകളില്‍ ഈ വചനത്തിന്റെ ഉദ്ദേശ്യമെന്ന നിലക്കുതന്നെ പ്രസ്‌തുത സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നതു ശരിയാണ്. എന്നാലും, താഴെ ഇബ്‌നുകഥീര്‍ (رحمه الله)ന്റെ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടിയതു പോലുള്ള കാരണങ്ങളെ പരിഗണിക്കുമ്പോള്‍ ഒന്നാമത്തെ അഭിപ്രായമാണു കൂടുതല്‍ ശരിയായതെന്നു കാണാം. الله أعلم
മേല്‍കണ്ട രണ്ടു അഭിപ്രായങ്ങള്‍ക്കും ആസ്‌പദങ്ങളായ പല ഹദീഥുകളും രിവായത്തുകളും ഉദ്ധരിക്കുകയും, രണ്ടാമത്തെ വിഭാഗത്തില്‍ പെട്ട ഹദീഥുകളുടെ ചില അവ്യക്തതകളും, മേല്‍ സൂചിപ്പിച്ചതു പോലെയുള്ള ന്യൂനതകളും ചൂണ്ടിക്കാട്ടുകയും ചെയ്‌തശേഷം ഇബ്‌നുകഥീര്‍ (رحمه الله) അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഒരു പ്രസ്‌താവന ചെയ്‌തിരിക്കുന്നു. അതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ഇതുകൊണ്ടാണ് അബൂഹുറയ്‌റഃ (رَضِيَ اللهُ تَعَالَى عَنْهُ) യുടെയും ഇയാദ്വ് (رَضِيَ اللهُ تَعَالَى عَنْهُ) ന്റെയും ഹദീഥുകളില്‍ വന്ന പ്രകാരം, മനുഷ്യരെ തൗഹീദിന്റെ പ്രകൃതിയോടെ സൃഷ്‌ടിച്ചിരിക്കുന്നുവെന്നാണ് ഈ വചനത്തിലെ സാക്ഷ്യപ്പെടുത്തല്‍ കൊണ്ട് ഉദ്ദേശ്യമെന്നു മുന്‍ഗാമികളിലും പിന്‍ഗാമികളിലുമുള്ള പല ആളുകളും പറയുന്നത്. ഹസന്‍ ബസ്വരീ (رحمه الله) ഈ ആയത്തിനു ഈ വ്യാഖ്യാനം തന്നെയാണു നല്‍കിയിരിക്കുന്നതു. ആദമിന്റെ മക്കളുടെ മുതുകുകളില്‍ നിന്നു നിന്റെ റബു പുറത്തെടുത്തു وَإِذْ أَخَذَ رَبُّكَ مِن بَنِي آدَمَ مِن ظُهُورِهِمْ എന്നാണു അല്ലാഹു പറഞ്ഞിരിക്കുന്നതു. ആദമില്‍ നിന്നു പുറത്തെടുത്തുവെന്നോ, ആദമിന്റെ മുതുകില്‍ നിന്നു പുറത്തെടുത്തുവെന്നോ (من آدم او من ظهر آدم) പറഞ്ഞിട്ടില്ല. അവരുടെ സന്തതികള്‍ (ذُرِّيَّتَهُمْ) എന്നു പറഞ്ഞതു തലമുറകളായും സമൂഹങ്ങളായും വരുന്ന എല്ലാവരെയും ഉദ്ദേശിച്ചാകുന്നു. അവരെ തങ്ങളുടെ സ്വന്തങ്ങളുടെ പേരില്‍ സാക്ഷ്യപ്പെടുത്തി; ഞാന്‍ നിങ്ങളുടെ റബ്ബല്ലയോ എന്നു ചോദിച്ചു: അവര്‍ ‘അതെ’ എന്നു ഉത്തരം പറഞ്ഞു وَأَشْهَدَهُمْ عَلَىٰ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا بَلَىٰ എന്നൊക്കെ പറഞ്ഞതിന്റെ ഉദ്ദേശ്യം, വാക്കുകൊണ്ടോ സ്ഥതിഗതികള്‍ കൊണ്ടോ അങ്ങിനെ സാക്ഷ്യപ്പെടുത്തുന്നവരായിട്ടാണു അവരെ സൃഷ്‌ടിച്ചിരിക്കുന്നതു എന്നുമാകുന്നു. സാക്ഷ്യപ്പെടുത്തലും ചോദ്യവും ചിലപ്പോള്‍ വാക്കുകൊണ്ടല്ലാതെ സ്ഥിതിഗതികള്‍ വഴിയും ഉണ്ടാകാറുണ്ട്. ഉദാഹരണമായി: ‘തങ്ങളുടെ മേല്‍ അവിശ്വാസത്തിനു സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ടു മുശ്‌രിക്കുകള്‍ക്കു അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കുവാന്‍ പാടില്ല.’ (مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُوا) എന്ന് (9:17-ല്‍) പറഞ്ഞതിന്റെ അര്‍ത്ഥം അവര്‍ വാക്കുമൂലം തന്നെ സാക്ഷ്യപ്പെടുത്തുന്നവരാണെന്നല്ല. വാക്കുമൂലമോ സ്ഥിതി ഗതികള്‍ മൂലമോ സാക്ഷ്യപ്പെടുത്തുന്നവരാകുന്നുവെന്നത്രെ. അതുപോലെത്തന്നെ ‘നിങ്ങള്‍ ചോദിക്കുന്നതില്‍ നിന്നെല്ലാം നിങ്ങള്‍ക്കു അവന്‍ നല്‍കിയിരിക്കുന്നു’ (وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ) എന്ന (14:34) വാക്യവും, (ഇവിടെയും വാക്കു മൂലം മാത്രം ചോദിക്കുന്നതു എന്നല്ല ഉദ്ദേശ്യം).
ഇബ്‌നു കഥീര്‍ (رحمه الله) തുടര്‍ന്നു പറയുന്നു: ‘ശിര്‍ക്കു പ്രവര്‍ത്തിക്കുന്നവര്‍ക്കു എതിരെയുള്ള ഒരു ന്യായമായിക്കൊണ്ടാണു ഈ സാക്ഷ്യപ്പെടുത്തല്‍ നിലകൊള്ളുന്നതെന്ന വസ്‌തുതയും ഈ വ്യാഖ്യാനമാണു ഇവിടെ ഉദ്ദേശ്യമെന്നുളളതിനു തെളിവാകുന്നു. മറ്റേ അഭിപ്രായക്കാര്‍ പറഞ്ഞതു പോലെയുള്ള ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നുവെക്കുന്ന പക്ഷം, അതു എല്ലാവര്‍ക്കും എതിരെയുള്ള ന്യായമായിരിക്കണമെങ്കില്‍, ഓരോരുത്തര്‍ക്കും ആ സംഭവം ഓര്‍മയുണ്ടായിരിക്കേണ്ടതുമാണു. എനി (അതു ഓര്‍മ്മയില്ലെങ്കില്‍ തന്നെയും) റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആ സംഭവം വിവരിച്ചു തരുന്നുണ്ടല്ലോ – അതു മതിയല്ലോ – എന്നു പറയപ്പെടുന്ന പക്ഷം, അതിനുള്ള മറുപടി ഇതാണു: ഇതു മാത്രമല്ല, റസൂലുകള്‍ കൊണ്ടു വരുന്ന എല്ലാ വാര്‍ത്തകളും വ്യാജമാക്കുന്നവരാണു മുശ്‌രിക്കുകള്‍. (പിന്നെ, ഇതെങ്ങിനെയാണു അവര്‍ക്കെതിരില്‍ ഒരു ന്യായമായിത്തീരുക?!) ഈ സാക്ഷ്യപ്പെടുത്തലാകട്ടെ, അവര്‍ക്കെതിരില്‍ ഒരു പ്രത്യേക ന്യായമായിട്ടാണു പറയപ്പെട്ടിരിക്കുന്നതും. ഇത്രയും പറഞ്ഞതില്‍ നിന്നു മനസ്സിലായി ആ സാക്ഷ്യപ്പെടുത്തല്‍ കൊണ്ടു ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു തൗഹീദിനെ സമ്മതിക്കുന്ന ശുദ്ധ പ്രകൃതിയാണെന്നു. അതുകൊണ്ടാണു അതിനെത്തുടര്‍ന്ന് أَن تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَـٰذَا غَافِلِينَ… (ഞങ്ങള്‍ ഇതിനെപ്പറ്റി നിശ്ചയമായും അശ്രദ്ധരായിരുന്നുവെന്നു നിങ്ങള്‍ പറഞ്ഞേക്കുമെന്നതുകൊണ്ടാണ് – അഥവാ പറയാതിരിക്കുവാന്‍ വേണ്ടിയാണു – ഇങ്ങിനെ ചെയ്‌തത്….) എന്നു പറഞ്ഞിരിക്കുന്നതും.’ (اه:ابن كثير).
അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചുള്ള നൈസര്‍ഗ്ഗിക ബോധത്തോടെ മനുഷ്യരെ സൃഷ്‌ടിച്ചിട്ടുള്ളതിനെയാണു ഈ വചനത്തില്‍ ഉദ്ദേശിച്ചിരിക്കുന്നതു എന്ന അഭിപ്രായം സ്വീകരിക്കുന്നവരെല്ലാം ആദം (عليه الصلاة والسلام) ന്റെ മുതുകില്‍ നിന്നു അദ്ദേഹത്തിന്റെ സന്തതികളെ അല്ലാഹു പുറത്തെടുക്കുകയും, അവര്‍ സൗഭാഗ്യവാന്മാരും ദുര്‍ഭാഗ്യവാന്മാരുമായി വേര്‍തിരിയുകയും ചെയ്‌തുവെന്നു ഹദീഥുകളില്‍ വന്നിട്ടുള്ളതിനെ നിഷേധിക്കുന്നവരാണെന്നു ധരിക്കരുതു. അതിന്റെ സാദ്ധ്യതയെപ്പറ്റി ഇമാം റാസീ (رحمه الله) മുതലായവര്‍ പ്രത്യേകം വിവരിച്ചിരിക്കുന്നതു കാണാം. സയ്യിദ് ഖുത്വ്‌ബ് ഇതു സംബന്ധിച്ചു പറഞ്ഞ ചില വാക്കുകള്‍ ശ്രദ്ധാര്‍ഹമാകുന്നു. അദ്ദേഹം പ്രസ്‌തുത സംഭവത്തെ ചൂണ്ടിക്കൊണ്ടു പറയുകയാണു: “എങ്ങിനെയാണു ഈ കരാര്‍ വാങ്ങിയതും, സാക്ഷ്യപ്പെടുത്തിയതും? ഞാന്‍ നിങ്ങളുടെ റബ്ബല്ലയോ എന്നു ചോദിച്ചതും, അതെ എന്നു അവര്‍ ഉത്തരം പറഞ്ഞതും എങ്ങിനെയാണു? ഇതിനുള്ള മറുപടി: അല്ലാഹുവിന്റെ സത്തയെപ്പോലെത്തന്നെ അവന്റെ പ്രവൃത്തിയും അദൃശ്യകാര്യമാണു. അവന്റെ സത്തയെപ്പറ്റി മനസ്സിലാക്കുവാന്‍ കഴിയാത്ത കാലത്തോളം അവന്റെ പ്രവൃത്തി എങ്ങിനെയാണെന്നും മനസ്സിലാക്കുവാന്‍ മനുഷ്യനു കഴിയുകയില്ല. “പിന്നെ അവന്‍ ആകാശത്തേക്കു തിരിഞ്ഞു- അതൊരു പുകയായിരുന്നു” (41:11), “പിന്നെ അവന്‍ ‘അര്‍ശി’ന്മേല്‍ ആരോഹണം ചെയ്‌തു (7:54)”. “ആകാശങ്ങള്‍ അവന്റെ വലങ്കയ്യില്‍ ചുരുട്ടി പിടിക്കപ്പെട്ടതാണ്” (39:67) എന്നിങ്ങനെ അല്ലാഹുവിന്റെ പ്രവൃത്തികളായി സ്‌പഷ്‌ടമായ ഭാഷയില്‍ (ക്വുര്‍ആനില്‍) അവന്‍ പറഞ്ഞതെല്ലാം തന്നെ-അതെങ്ങിനെയാണ് എന്നു – കണ്ടുപിടിക്കുവാന്‍ ശ്രമം നടത്താതെ, അതു സമ്മതിക്കുവാനേ നമുക്കു നിവൃത്തിയുള്ളൂ. കാരണം لَيْسَ كَمِثْلِهِ شَيْءٌ (അവനെപ്പോലെ മറ്റൊരു വസ്‌തുവും ഇല്ല. (42:11)…….’ (فى ظلال القرآن).
- وَٱتْلُ عَلَيْهِمْ نَبَأَ ٱلَّذِىٓ ءَاتَيْنَـٰهُ ءَايَـٰتِنَا فَٱنسَلَخَ مِنْهَا فَأَتْبَعَهُ ٱلشَّيْطَـٰنُ فَكَانَ مِنَ ٱلْغَاوِينَ ﴾١٧٥﴿
- (നബിയേ) നമ്മുടെ ദൃഷ്ടാന്തങ്ങളെ നാം നല്‍കുകയും, എന്നിട്ട് അവയില്‍നിന്നു ഊരി ഒഴിയുകയും ചെയ്ത ഒരുവന്റെ വൃത്താന്തം അവര്‍ക്കു ഓതിക്കേള്‍പ്പിക്കുക; അങ്ങനെ, പിശാചു അവന്റെ പിന്നാലെ കൂടി; എന്നിട്ട് അവന്‍ ദുര്‍മ്മാര്‍ഗ്ഗികളില്‍ പെട്ടവനായിത്തീര്‍ന്നു.
- وَاتْلُ عَلَيْهِمْ അവര്‍ക്കു ഓതിക്കൊടുക്കുക (ഓതിക്കേള്‍പ്പിക്കുക) نَبَأَ الَّذِي യാതൊരുവന്റെ വൃത്താന്തം (വര്‍ത്തമാനം) آتَيْنَاهُ അവനു നാം നല്‍കി آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ فَانسَلَخَ എന്നിട്ടവന്‍ ഊരിപ്പോയി, കഴിച്ചലായി مِنْهَا അവയില്‍ നിന്നു فَأَتْبَعَهُ അപ്പോള്‍ അവനു പിന്നാലെ കൂടി الشَّيْطَانُ പിശാചു فَكَانَ അങ്ങനെ അവനായി مِنَ الْغَاوِينَ ദുര്‍മ്മാര്‍ഗ്ഗികളില്‍ പെട്ട (വന്‍).
- وَلَوْ شِئْنَا لَرَفَعْنَـٰهُ بِهَا وَلَـٰكِنَّهُۥٓ أَخْلَدَ إِلَى ٱلْأَرْضِ وَٱتَّبَعَ هَوَىٰهُ ۚ فَمَثَلُهُۥ كَمَثَلِ ٱلْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا ۚ فَٱقْصُصِ ٱلْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ ﴾١٧٦﴿
- നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവനെ അവ [ആ ദൃഷ്ടാന്തങ്ങള്‍] മൂലം നാം ഉയര്‍ത്തുകതന്നെ ചെയ്യുമായിരുന്നു. എങ്കിലും അവന്‍ ഭൂമിയിലേക്കു ശാശ്വതത്വം നടിച്ചു [അതിലേക്കു ചാഞ്ഞു]; തന്റെ ഇച്ഛയെ അവന്‍ പിന്‍പറ്റുകയും ചെയ്തു.
അപ്പോള്‍, അവന്റെ ഉപമ നായയുടെ മാതിരിയാകുന്നു. (അതായതു) നീ അതിനോടു എതിര്‍ത്താല്‍ അതു (കിതച്ചു കൊണ്ടു വാ പിളര്‍ന്നു) നാവു തൂക്കിയിടും; അല്ലെങ്കില്‍ നീ അതിനെ (എതിര്‍ക്കാതെ) വിട്ടു കളഞ്ഞാലും അതു (കിതച്ചുകൊണ്ടു വാ പിളര്‍ന്നു) നാവു തൂക്കിയിടും, അതു നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ജനങ്ങളുടെ ഉപമയാകുന്നു.
അതിനാല്‍, (ഈ) കഥ അവര്‍ക്കു നീ വിവരിച്ചുകൊടുക്കുക. അവര്‍ ചിന്തിക്കുവാന്‍വേണ്ടി. - وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَرَفَعْنَاهُ അങ്ങനെ നാം ഉയര്‍ത്തുകതന്നെ ചെയ്തിരുന്നു بِهَا അവ മൂലം وَلَـٰكِنَّهُ എങ്കിലും أَخْلَدَ അവന്‍ ശാശ്വതത്വം നടിച്ചു إِلَى الْأَرْضِ ഭൂമിയിലേക്ക് وَاتَّبَعَ പിന്‍പറ്റുകയും ചെയ്തു هَوَاهُ തന്റെ ഇച്ഛയെ فَمَثَلُهُ അപ്പോള്‍ അവന്റെ ഉപമ, മാതൃക, ഉദാഹരണം كَمَثَلِ ഉപമപോലെ(മാതിരി)യാണ് الْكَلْبِ നായയുടെ إِن تَحْمِلْ നീ തിരക്കിയാല്‍ (എതിര്‍ത്താല്‍) عَلَيْهِ അതിനോടു, അതിനെതിരെ يَلْهَثْ അതു (കിതച്ചു) നാവു തൂക്കിയിടും (വാ പിളര്‍ന്നു നാക്കുനീട്ടും) أَوْ تَتْرُكْهُ അല്ലെങ്കില്‍ നീ അതിനെ വിട്ടുകളഞ്ഞാലും يَلْهَث അതു നാവു തൂക്കിയിടും ذَّٰلِكَ مَثَلُ അതു ഉപമ (മാതൃക) യാണു الْقَوْمِ الَّذِينَ യാതൊരു ജനങ്ങളുടെ كَذَّبُوا അവര്‍ വ്യാജമാക്കി നമ്മുടെ بِآيَاتِنَا ദൃഷ്ടാന്തങ്ങളെ فَاقْصُصِ അതിനാല്‍ കഥ പറയുക (വിവരിച്ചു കൊടുക്കുക) الْقَصَصَ (ഈ) കഥ, കഥനം لَعَلَّهُمْ അവരാകുവാന്‍, ആയേക്കാം يَتَفَكَّرُونَ അവര്‍ ചിന്തിക്കും.
- سَآءَ مَثَلًا ٱلْقَوْمُ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَأَنفُسَهُمْ كَانُوا۟ يَظْلِمُونَ ﴾١٧٧﴿
- ഉപമയില്‍ വളരെ ചീത്തയത്രെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുകയും, തങ്ങളുടെ സ്വന്തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്ത ജനത(യുടെ ഉപമ)!.
- سَاءَ വളരെ (എത്രയോ) ചീത്ത, ദുഷിച്ചതു مَثَلًا ഉപമയില്‍, മാതൃകയാല്‍, ഉദാഹരണം الْقَوْمُ ജനത, ജനങ്ങള്‍ الَّذِينَ كَذَّبُوا വ്യാജമാക്കിയവരായ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَأَنفُسَهُمْ അവരുടെ സ്വന്തങ്ങളെത്തന്നെ كَانُوا അവരായിരുന്നു, ആയിക്കൊണ്ടിരുന്നു يَظْلِمُونَ അക്രമം ചെയ്യുക.
ദൃഷ്ടാന്തങ്ങള്‍ വഴി നേര്‍മ്മാര്‍ഗ്ഗവും സത്യവും മനസ്സിലാക്കുവാനുള്ള പാണ്ഡിത്യം ലഭിച്ചിട്ടു പിന്നെയും ഭൂമിയില്‍ നിത്യവാസിയാണെന്ന ഭാവേന ഐഹികമായ കാര്യലാഭങ്ങളെ മോഹിച്ചുകൊണ്ട് അതെല്ലാം അവഗണിച്ചു തള്ളുകയും, പിശാചിന്റെ ദുരുപദേശങ്ങള്‍ക്കു വഴങ്ങി ദുര്‍മ്മാര്‍ഗ്ഗിയായി അധഃപതിക്കുകയും ചെയ്‌ത പണ്ഡിതന്റെ ഉപമയാണു ഈ വചനങ്ങളില്‍ വിവരിക്കുന്നത്. ഈ വ്യക്തി ഏതായിരുന്നുവെന്നു നിര്‍ണ്ണയിച്ചു പറയത്തക്ക തെളിവുകളൊന്നുമില്ല. ഇസ്രാഈല്യരില്‍ ഉണ്ടായിരുന്ന ബല്‍ആമുബ്‌നു ബാഊറാ (بَلْعَام بِنُ بَاعُورَا) യാണെന്നു പല വ്യാഖ്യാതാക്കളും പറഞ്ഞു കാണുന്നു. വേറെ ചിലര്‍ ഉമയ്യത്തുബ്‌നു അബിസ്സ്വല്‍ത്ത് (أمَيَّة بن ابي الصلت) ആണെന്നും മറ്റും പറഞ്ഞു കാണാം. ആരായിരുന്നാലും – ഒരു പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചു പറഞ്ഞതെല്ലന്നിരുന്നാല്‍ പോലും – അല്ലാഹു വിവരിച്ച ദുര്‍ഗ്ഗുണങ്ങളോടു കൂടിയ എല്ലാ പണ്ഡിതനെയും ബാധിക്കുന്ന ഉപമയാണിതു എന്നുള്ളതില്‍ സംശയമില്ല.
ബല്‍ആമിനെപ്പറ്റി പറയപ്പെടുന്നതു ഇങ്ങനെയാണു: അവന്‍ നന്നായി പഠിച്ചറിഞ്ഞ പണ്ഡിതനും സച്ചരിതനുമായിരുന്നു, പ്രാര്‍ത്ഥനകള്‍ക്കു വേഗം ഉത്തരം കിട്ടാറുള്ളവനായിരുന്നു. പിന്നീടു ശത്രുക്കളില്‍ നിന്നു കൈക്കൂലി വാങ്ങി മൂസാ നബി (عليه الصلاة والسلام) ക്കെതിരില്‍ പ്രാര്‍ത്ഥന നടത്തുവാന്‍ ശ്രമിച്ചു. പക്ഷേ പ്രാര്‍ത്ഥിച്ചപ്പോള്‍ നാവില്‍ വന്നതു മറിച്ചായിരുന്നു. അങ്ങനെ, അവനു ഇഹവും പരവും നഷ്‌ടപ്പെട്ടു. പിന്നീടു സ്ഥിതിഗതികള്‍ കൂടുതല്‍ ദുഷിക്കുകയും ജനങ്ങളെ ദുര്‍മാര്‍ഗത്തിലേക്കു പ്രേരിപ്പിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ബൈബ്‌ളില്‍ ഇവനെപ്പറ്റി പല പ്രസ്‌താവനകളും കാണാം (*). ബെയോറിന്റെ മകനായ ബിലെയാം എന്നാണ് അതില്‍ ഇയാളുടെ പേരു പറഞ്ഞിരിക്കുന്നത്. ഒരു പക്ഷേ, അതില്‍ നിന്നായിരിക്കാം ഈ അഭിപ്രായം ഉത്ഭവിച്ചിരിക്കുന്നത്. അല്ലാഹുവിനറിയാം. ഉമയ്യത്തുബ്‌നു അബീസ്വല്‍ത്ത് നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലത്ത് ജീവിച്ച ഒരു കവിയായിരുന്നു. ഇയാളും വളരെ പഠിച്ചറിഞ്ഞ ബുദ്ധിമാനായിരുന്നു. അടുത്ത കാലത്ത് ഒരു പ്രവാചകന്‍ വരാനുണ്ടെന്ന് ഉമയ്യത്തു പറഞ്ഞിരുന്നു. പക്ഷേ, അതു താനായിരിക്കുമെന്നായിരുന്നു തന്റെ പ്രതീക്ഷ. എന്നാല്‍, സംഭവിച്ചതു മറ്റൊന്നായപ്പോള്‍ ഉമയ്യത്ത് പാടു മാറി. മുശ്‌രിക്കുകളുടെ പക്ഷത്തു ചേരുകയും, കവിതകള്‍ വഴി അവര്‍ക്കു പിന്‍ബലം നല്‍കുകയും ചെയ്‌തുകൊണ്ടിരുന്നു. അവന്റെ വിജ്ഞാനപരമായ ചില കവിതകളെപ്പറ്റി ‘അവന്റെ കവിത വിശ്വസിച്ചു; അവന്റെ ഹൃദയം വിശ്വസിച്ചിട്ടില്ല’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി നിവേദനം വന്നിരിക്കുന്നു.
—–
(*) ബൈബ്‌ളിന്റെ പഴയനിയമത്തില്‍, സംഖ്യാ പുസ്‌തകം 22-24 എന്നീ അദ്ധ്യായങ്ങളിലും, പുതിയ നിയമത്തില്‍, 2. പത്രോസ് : 2 ല്‍ 15, വെളിപാട് 2 ല്‍ 14 യൂദാ 1 ല്‍ 11 എന്നിവിടങ്ങളിലും പ്രസ്‌താവിക്കപ്പെട്ടുകാണാം. ബൈബ്‌ളിലെ പ്രസ്‌താവനകളെ അടിസ്ഥാനമാക്കി വേദപുസ്‌തക നിഘണ്ടുവില്‍ ഇവനെപ്പറ്റി പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: അവന്‍ (ബെലയോറിന്റെ മകന്‍ ബിലെയാം) ലക്ഷണം അറിയുന്നവനും സമര്‍ത്ഥനുമായിരുന്നു. ഇസ്രാഈല്യര്‍ സീനാ മരുഭൂമിയിലുടെ മോവാബി (موأب) ലെത്തിയപ്പോള്‍ അവിടത്തെ രാജാവ് അവനെ വിളിപ്പിച്ച് ഇസ്രാഈല്യരെ ശപിക്കുവാനാവശ്യപ്പെട്ടു. അതിനൊരുങ്ങിയ ശേഷം അവസാനം ശപിക്കുന്നതിന് പകരം അനുഗ്രഹിക്കുകയാണ് ചെയ്‌തത്. ഈ വഞ്ചന നിമിത്തം രാജാവ് നിശ്ചയപ്രകാരമുള്ള വാഗ്‌ദാനം നിറവേറ്റിയില്ല. ഇവന്‍ ഇസ്രാഈല്യരെ ദുര്‍ന്നടപ്പിന് പ്രേരിപ്പിച്ചു. വഞ്ചന, ദ്രവ്യമോഹം, അറിവുണ്ടായിട്ടും അതിനെതിരായി പ്രവര്‍ത്തിക്കല്‍, ബുദ്ധി മുതലായ അനുഗ്രഹങ്ങളെ ദുരുപയോഗപ്പെടുത്തല്‍ എന്നിങ്ങിനെ പല കാര്യങ്ങളിലും ഇവന്റെ ചരിത്രത്തില്‍ നിന്നും വേദ പണ്ഡിതന്‍മാരായ ആളുകള്‍ പാഠം പഠിക്കേണ്ടതാകുന്നു. (വേദ പു. നി. പുറം 297).
——
സത്യവും നേര്‍വഴിയും ഇന്നതാണെന്നു ശരിക്കും അറിവുണ്ടായിരുന്നിട്ടും ഐഹിക കാര്യലാഭങ്ങള്‍ക്കും സ്വാര്‍ത്ഥങ്ങള്‍ക്കുംവേണ്ടി കൃതിമ ‘ഫത്‌വാ’കള്‍ കൊടുക്കുക സത്യത്തിനും സദാചാരത്തിനും വിരുദ്ധമായ സംരംഭങ്ങളില്‍ മനഃപൂര്‍വ്വം ഏര്‍പ്പെടുക, സ്വാര്‍ത്ഥങ്ങള്‍ക്കും കക്ഷി താല്‍പര്യത്തിനും വേണ്ടി മതവിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുക മുതലായ കൃത്യങ്ങള്‍ നടത്തുന്ന പണ്ഡിതന്മാരെ എല്ലാകാലത്തും കാണാം. ഇക്കാലത്തു കൂടുതലും കാണും. ഇങ്ങിനെയുള്ള എല്ലാ പണ്ഡിതന്മാര്‍ക്കുമുള്ള ഉപമ തന്നെയാണു അല്ലാഹു ഇവിടെ എടുത്തു കാണിച്ച നായയുടെ ഉപമയും. നായയോടാണു അവരെ അല്ലാഹു ഉപമിച്ചിരിക്കുന്നതെന്ന വസ്‌തുത തന്നെ മതി, അവരുടെ ദുഷ്‌ചെയ്‌തികളുടെ നികൃഷ്‌ടത മനസ്സിലാക്കുവാന്‍. നായയെക്കുറിച്ചുള്ള വര്‍ണ്ണന കൂടി കണക്കിലെടുക്കുമ്പോള്‍ അല്ലാഹുവിനു അവരോടുള്ള അറപ്പും വെറുപ്പും എത്ര കടുത്തതാണെന്നും ഗ്രഹിക്കാവുന്നതാണ്. വായ പിളര്‍ന്നു നാവു പുറത്തേക്കു തൂക്കിയിട്ട് കിതച്ചും കൊണ്ടായിരിക്കും നായ സാധാരണ നടക്കുക. ആരെങ്കിലും ഉപദ്രവിക്കുമ്പോഴും അല്ലാത്തപ്പോഴും അതങ്ങിനെത്തന്നെ. അതിന്റെ തീറ്റയിലും വികാര പ്രകടനങ്ങളിലും മാത്രമേ അതിനു ശ്രദ്ധയുണ്ടായിരിക്കുകയുള്ളു. അതുപോലെയാണു ഇവരുടെയും സ്ഥിതിയെന്നു അല്ലാഹു പറയുന്നു. അതായതു, ഇവരുടെ ദുഷ്‌ചെയ്‌തികളെപ്പറ്റി ആരെങ്കിലും ഗുണദോഷിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്നതുകൊണ്ടൊന്നും അവരുടെ നിലയില്‍ മാറ്റം വരുന്നതല്ല. കാരണം, അവരുടെ ലക്ഷ്യം ഭൗതിക നേട്ടമാണ്. അതിനുള്ള വളഞ്ഞ മാര്‍ഗ്ഗങ്ങള്‍ ആരായുന്നതില്‍ നിരതരായിരിക്കും അവര്‍. അതിനുവേണ്ടി എന്തു ചെയ്‌വാനും അവര്‍ മടിക്കുകയുമില്ല. തങ്ങളുടെ അറിവിനു എതിരായി പ്രവര്‍ത്തിക്കുക മാത്രമല്ല അവര്‍ ചെയ്യുന്ന കുറ്റം. തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ ലഭിക്കുമായിരുന്ന ഉന്നത പദവികളെ നഷ്‌ടപ്പെടുത്തി പകരം ഐഹികമായ നിസ്സാര നേട്ടങ്ങള്‍ക്കു പ്രാധാന്യം നല്‍കുകയും, അതിനുവേണ്ടി തന്നിഷ്‌ടങ്ങള്‍ പ്രവര്‍ത്തിക്കുകയുമാണവര്‍ ചെയ്യുന്നത്. ഇതു കൊണ്ടൊക്കെത്തന്നെയാണു അല്ലാഹു അവരോടു ഇത്രയും കടുത്ത വെറുപ്പു പ്രകടിപ്പിക്കുന്നതും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീന്‍. അല്ലാഹു പറയുന്നു:-
- مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِى ۖ وَمَن يُضْلِلْ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ ﴾١٧٨﴿
- ഏതൊരുവനെ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നുവോ അവനത്രെ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവന്‍. ഏതൊരുവരെ അല്ലാഹു വഴി പിഴവിലാക്കുന്നുവോ അക്കൂട്ടരത്രെ നഷ്ടപ്പെട്ടവരും.
- مَن ആര്‍, ഏതൊരുവന്‍ يَهْدِ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നുവോ اللَّـهُ അല്ലാഹു فَهُوَ എന്നാലവനത്രെ الْمُهْتَدِي നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവന്‍ وَمَن ആര്‍, ഏതൊരാള്‍ يُضْلِلْ അവന്‍ വഴി പിഴവിലാക്കുന്നുവോ فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ അവരത്രെ الْخَاسِرُونَ നഷ്ടപ്പെട്ടവര്‍.
സൂറഃ ക്വസ്വസ്വില്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അഭിമുഖീകരിച്ചുകൊണ്ടു അല്ലാഹു പറയുന്നു: إِنَّكَ لا تَهْدِي مَنْ أَحْبَبْتَ (നിശ്ചയമായും, നീ ഇഷ്‌ടപ്പെട്ടവരെ നീ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല. എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു. നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനുമത്രെ. (ക്വസ്വസ്: 56). നേര്‍മ്മാര്‍ഗ്ഗം ഇന്നതാണെന്നു അറിഞ്ഞതുകൊണ്ടോ മറ്റൊരാള്‍ ഉപദേശിച്ചതുകൊണ്ടോ ആരും നേര്‍മ്മാര്‍ഗ്ഗത്തിലായിക്കൊള്ളണമെന്നില്ല. അതിനു അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും തൗഫീക്വും അനിവാര്യമാകുന്നു. അതു ലഭിക്കാത്തവര്‍ വഴിപിഴച്ചവര്‍ തന്നെ. അതുകൊണ്ടാണല്ലോ കഴിഞ്ഞ വചനത്തില്‍ പ്രസ്‌താവിക്കപ്പെട്ടതുപോലെയുള്ള ആളുകള്‍ അവര്‍ക്കു വിവരമുണ്ടായിട്ടും-വഴിപിഴച്ചു പോകുന്നത്. അല്ലാഹു നാം എല്ലാവരെയും നേര്‍മ്മാര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുന്ന സൗഭാഗ്യവാന്‍മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍. അടുത്ത വചനം നോക്കുക:-
- وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ ۚ أُو۟لَـٰٓئِكَ كَٱلْأَنْعَـٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَـٰٓئِكَ هُمُ ٱلْغَـٰفِلُونَ ﴾١٧٩﴿
- ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍നിന്നും വളരെ ആളുകളെ 'ജഹന്നമി' [നരകത്തി]നുവേണ്ടി നാം സൃഷ്ടിച്ചുണ്ടാക്കിയിട്ടുണ്ടു: അവര്‍ക്കു ഹൃദയങ്ങളുണ്ടു, അവകൊണ്ടു അവര്‍ ഗ്രഹി(ച്ചു മനസ്സിലാ)ക്കുകയില്ല; അവര്‍ക്കു കണ്ണുകളുമുണ്ടു, അവകൊണ്ടു അവര്‍ കണ്ടറിയുകയില്ല. അവര്‍ക്കു കാതുകളുമുണ്ടു. അവകൊണ്ടു അവര്‍ കേട്ടറിയുകയില്ല: അക്കൂട്ടര്‍ കാലികളെപ്പോലെയാകുന്നു. എന്നല്ല, (അവയെക്കാള്‍) അധികം വഴിപിഴച്ചവരാകുന്നു. അക്കൂട്ടര്‍ തന്നെയാണ് അശ്രദ്ധന്‍മാര്‍.
- وَلَقَدْ തീര്‍ച്ചയായും ഉണ്ടു ذَرَأْنَا നാം സൃഷ്ടിച്ചുണ്ടാക്കി لِجَهَنَّمَ ജഹന്നമിനുവേണ്ടി كَثِيرًا വളരെ (ആളുകളെ) مِّنَ الْجِنِّ ജിന്നുകളില്‍ നിന്നു وَالْإِنسِ മനുഷ്യരില്‍നിന്നും لَهُمْ അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും قُلُوبٌ ഹൃദയങ്ങള്‍, മനസ്സുകള്‍ لَّا يَفْقَهُونَ അവര്‍ ഗ്രഹിക്കുകയില്ല بِهَا അവകൊണ്ടു, അവയാല്‍ وَلَهُمْ അവര്‍ക്കുണ്ടു أَعْيُنٌ കണ്ണുകള്‍(ളും) അതുകൊണ്ടു لَّا يُبْصِرُونَ അവര്‍ കാണുകയില്ല بِهَا അവര്‍ക്കു وَلَهُمْ آذَانٌ കാതുകളുമുണ്ടു لَّا يَسْمَعُونَ بِهَا അതുകൊണ്ടു അവര്‍ കേള്‍ക്കുകയില്ല أُولَـٰئِكَ അക്കൂട്ടര്‍ كَالْأَنْعَامِ കാലികളെ (ആടുമാടു ഒട്ടകങ്ങളെ) പ്പോലെയാണു بَلْ എങ്കിലും, പക്ഷേ, എന്നല്ല هُمْ അവര്‍ أَضَلُّ കൂടുതല്‍ വഴിപിഴച്ചവരാണു أُولَـٰئِكَ هُمُ അക്കൂട്ടര്‍ തന്നെ الْغَافِلُونَ അശ്രദ്ധര്‍, ബോധരഹിതര്‍.
ചിന്തിച്ചു മനസ്സിലാക്കുവാനുള്ള ഹൃദയവും, കണ്ടു മനസ്സിലാക്കുവാനുള്ള കണ്ണും, കേട്ടു മനസ്സിലാക്കുവാനുള്ള കാതും ഇവയാണല്ലോ കാര്യങ്ങള്‍ വിവേചിച്ചറിയുവാനും സത്യാസത്യങ്ങള്‍ മനസ്സിലാക്കുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍. അവയെല്ലാം ഉണ്ടായിരുന്നിട്ടും അവ ഉപയോഗപ്പെടുത്താതെ – അല്ലെങ്ക്ളി ദുരുപയോഗപ്പെടുത്തിക്കൊണ്ടു – സത്യ യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുകയും അതനുസരിച്ചു ചരിക്കുകയും ചെയ്യാതിരിക്കുന്നവര്‍ നരകത്തിലേക്കു വിറകായി സൃഷ്ടിക്കപ്പെട്ടവരാകുന്നു. അഥവാ അവരുടെ പര്യവസാനം നരകശിക്ഷയായിരിക്കും. അവര്‍ നാല്‍ക്കാലി മൃഗങ്ങളെക്കാള്‍ മോശപ്പെട്ടവരാണു എന്നു അല്ലാഹു അറിയിക്കുന്നു. ഇവര്‍ നരകത്തിനു അവകാശപ്പെട്ടവരായിരിക്കുവാനുള്ള കാരണം ഇതില്‍ നിന്നു വ്യക്തമാണ്. നാല്‍ക്കാലികളെ സംബന്ധിച്ചിടത്തോളം ബാഹ്യത്തില്‍ അവര്‍ക്കു പ്രസ്തുത ഗ്രഹണേന്ദ്രിയങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും വിവേചിച്ചറിയുവാനുള്ള ബുദ്ധിശക്തി നല്‍കപ്പെട്ടിട്ടില്ല. അവ സന്മാര്‍ഗ്ഗത്തില്‍ ചരിക്കണമെന്നോ ദുര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കരുതെന്നോ ശാസിക്കപ്പെട്ടിട്ടുമില്ല. ആ സ്ഥിതിക്കു ഇങ്ങിനെയുള്ള അശ്രദ്ധരായ ആളുകള്‍ നാല്‍ക്കാലികളെക്കാള്‍ മോശപ്പെട്ടവരാണെന്നു വ്യക്തം തന്നെ. ആദ് സമുദായത്തിന്റെ അക്രമങ്ങളെയും, അവര്‍ക്കു നല്‍കപ്പെട്ട ശിക്ഷയെയും കുറിച്ചു പറഞ്ഞശേഷം, അവര്‍ക്കു ആ ഗതി വന്നു ചേരുവാനുള്ള കാരണം പറഞ്ഞ കൂട്ടത്തില്‍ അല്ലാഹു പറയുന്നു: “അവര്‍ക്കു നാം കേള്‍വിയും, കാഴ്ചയും, ഹൃദയവും നല്‍കിയിരുന്നു. എന്നാല്‍, അവരുടെ കേള്‍വിയാകട്ടെ, കാഴ്ചയാകട്ടെ, ഹൃദയമാകട്ടെ, ഒട്ടും തന്നെ അവര്‍ക്കു ഉപകരിച്ചില്ല. (കാരണം) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍.” (46: 26).
ആരെല്ലാമാണു തങ്ങളുടെ ഗ്രഹണേന്ദ്രിയങ്ങള്‍ ഉപയോഗപ്പെടുത്തി സന്മാര്‍ഗ്ഗം സ്വീകരിക്കുക, ആരൊക്കെയാണു അങ്ങിനെ ചെയ്യാതിരിക്കുക എന്നു അല്ലാഹുവിനു നേരത്തെത്തന്നെ അറിയാമല്ലോ. അത്രയുമല്ല, ഭൂത – വര്‍ത്തമാന – ഭാവികാലങ്ങളിലെ ചെറുതും വലുതുമായ സകല കാര്യങ്ങളും സസൂക്ഷ്മം അവന്‍ അറിയുന്നു. അവന്റെ അറിവിനെതിരായി ഒന്നും സംഭവിക്കുകയുമില്ല. ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും വളരെ ആളുകളെ നാം നരകത്തിനു വേണ്ടി സൃഷ്ടിച്ചിരിക്കുന്നു وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا എന്നു പറഞ്ഞതു ഈ യാഥാര്‍ത്ഥ്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. രണ്ടു വര്‍ഗ്ഗങ്ങള്‍ക്കും സത്യാസത്യങ്ങള്‍ വിവേചിച്ചറിയുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്; അവരില്‍ പലരും അതു യഥാവിധി ഉപയോഗപ്പെടുത്തുകയില്ല; അങ്ങനെ അവര്‍ക്കു നരകം ആധാരമായിത്തീരുന്നുവെന്നു സാരം. എന്നല്ലാതെ – ഒരു ലക്കും ലഗാനും കൂടാതെ – കുറേ അധികം ആളുകളെ നരകത്തിലും ബാക്കിയുള്ളവരെ സ്വര്‍ഗ്ഗത്തിലും ആക്കുമെന്നല്ല ഉദ്ദേശ്യം. മനുഷ്യവര്‍ഗ്ഗത്തിലും ജിന്നുവര്‍ഗ്ഗത്തിലും നല്ലവരും ചീത്തപ്പെട്ടവരും ഉണ്ടാകാവുന്ന പ്രകൃതിസ്വഭാവത്തോടുകൂടിയാണു അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണു സ്വര്‍ഗ്ഗവും നരകവും സ്ഥാപിക്കപ്പെട്ടിരിക്കുന്നതും. സ്വര്‍ഗ്ഗത്തെപ്പറ്റി അതു സൂക്ഷ്മത പാലിക്കുന്നവര്‍ക്കു – അഥവാ ഭയഭക്തന്‍മാര്‍ക്കു – വേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നുവെന്നും (3:133), അതു അല്ലാഹുവിലും അവന്റെ റസൂലുകളിലും വിശ്വസിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നുവെന്നു (57: 21). നരകത്തെപ്പറ്റി അതു അവിശ്വാസികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നുവെന്നും (2: 24; 3: 131) അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ.
- وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَـٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ ﴾١٨٠﴿
- അല്ലാഹുവിനു ഏറ്റവും നല്ലതായ [അത്യുല്‍കൃഷ്ടമായ] നാമങ്ങളുണ്ടു; ആകയാല്‍, അവ [ആ നാമങ്ങള്‍] കൊണ്ടു നിങ്ങള്‍ അവനെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചു കൊള്ളുവിന്‍; അവന്റെ നാമങ്ങളില്‍ ക്രമക്കേടു കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍.
അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിന് അവര്‍ക്കു വഴിയെ പ്രതിഫലം നല്‍കപ്പെടും. - وَلِلَّـهِ അല്ലാഹുവിനുണ്ടു الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍ الْحُسْنَىٰ ഏറ്റവും നല്ല, അത്യുല്‍കൃഷ്ടമായ فَادْعُوهُ അതിനാല്‍ അവനെ വിളിക്കു (പ്രാര്‍ത്ഥിക്കു) വിന്‍ بِهَا അവകൊണ്ടു, അവയാല്‍ وَذَرُوا നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍ الَّذِينَ യാതൊരു കൂട്ടരെ يُلْحِدُونَ അവര്‍ ക്രമക്കേടു കാണിക്കുന്നു, തെറ്റിപ്പോകുന്നു, വക്രത കാണിക്കുന്നു فِي أَسْمَائِهِ അവന്റെ നാമങ്ങളില്‍سَيُجْزَوْنَ അവര്‍ക്കു വഴിയെ പ്രതിഫലം നല്‍കപ്പെടും مَا كَانُوا അവരായിരുന്നതിനു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
- وَمِمَّنْ خَلَقْنَآ أُمَّةٌ يَهْدُونَ بِٱلْحَقِّ وَبِهِۦ يَعْدِلُونَ ﴾١٨١﴿
- നാം സൃഷ്ടിച്ചവരില്‍ ഒരു സമൂഹം (ആളുകള്‍) ഉണ്ട്; അവര്‍ യഥാര്‍ത്ഥം അനുസരിച്ചു (മറ്റുള്ളവര്‍ക്കു) മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു; അതനുസരിച്ചു തന്നെ നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
- وَمِمَّنْ خَلَقْنَا നാം സൃഷ്ടിച്ചവരിലുണ്ടു, സൃഷ്ടിച്ചവരില്‍പെട്ടതാണു أُمَّةٌ ഒരു സമൂഹം, ഒരു കൂട്ടക്കാര്‍ يَهْدُونَ അവര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു, വഴി കാട്ടുന്നു بِالْحَقِّ യഥാര്‍ത്ഥമനുസരിച്ചു, യഥാര്‍ത്ഥവുമായി وَبِهِ അതുകൊണ്ടു തന്നെ يَعْدِلُونَ അവര്‍ നീതി പാലി (പ്രവര്‍ത്തി) ക്കുന്നു.
ഒരു വസ്‌തുവെ മറ്റുളളവയില്‍ നിന്നു വേര്‍ തിരിച്ചറിയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന സംജ്‌ഞകള്‍ക്കാണു നാമങ്ങള്‍ അഥവാ പേരുകള്‍ എന്നു പറയുന്നതു. ചിലപ്പോള്‍ അവയില്‍ അതതു വസ്‌തുവിന്റെ ഏതെങ്കിലും ഗുണവിശേഷങ്ങളും ഉള്‍ക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ നാമങ്ങളെ സംബന്ധിച്ചിടത്തോളം അവ കേവലം ചില സംജ്‌ഞാ നാമങ്ങളോ സാധാരണ വിശേഷണനാമങ്ങളെപ്പോലെയുള്ളവയോ അല്ല. ഓരോ നാമവും വളരെ ഉന്നതവും, ഉല്‍കൃഷ്‌ടവുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, അതിവിപുലമായ അര്‍ത്ഥസാരങ്ങള്‍ അടങ്ങിയതുമായ വിശേഷണങ്ങളായിരിക്കും. അതുകൊണ്ടാണു അവന്റെ നാമങ്ങളെക്കുറിച്ച് الْأَسْمَاءُ الْحُسْنَىٰ (ഏറ്റവും നല്ലതായ – അത്യുല്‍കൃഷ്‌ടമായ – നാമങ്ങള്‍) എന്നു പറയപ്പെടുന്നത്. അവന്റെ ആ നാമങ്ങളില്‍ തന്നെ അവനെ വിളിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണമെന്നും, അവയില്‍ ക്രമകേടു കാണിക്കുന്നവരെ അനുകരിക്കാതെ വിട്ടുകളയണമെന്നും അല്ലാഹു കല്‍പിക്കുന്നു. അവന്റെ മഹത്വത്തിനും പരിശുദ്ധതക്കും യോജിക്കുന്ന നാമങ്ങള്‍ ഏതേതാണെന്നു ശരിക്ക് അറിയേണമെങ്കില്‍ അവനില്‍ നിന്നോ, അവന്റെ റസൂലില്‍ നിന്നോ തന്നെ അതു അറിയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണു ക്വുര്‍ആനിലോ ഹദീഥിലോ വന്നതല്ലാത്ത നാമങ്ങളെ അല്ലാഹുവിന്റെ നാമങ്ങളായി ഉപയോഗിച്ചുകൂടാ എന്നു മിക്ക പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നതും.
അവന്റെ പരമോന്നതിക്കും പരിശുദ്ധതക്കും അനുയോജ്യമല്ലാത്ത പേരുകളില്‍ അവനെ സംബോധന ചെയ്യുക, അങ്ങിനെയുള്ള വാക്കുകളാല്‍ അവനെ വിശേഷിപ്പിക്കുക, അവനു മാത്രം യോജിക്കുന്നതോ അവന്റെ നാമവിശേഷണമായി അറിയപ്പെട്ടതോ ആയ വാക്കുകളില്‍ മറ്റുള്ളവരെ വിശേഷിപ്പിക്കുക മുതലായതെല്ലാം അവന്റെ നാമങ്ങളില്‍ വക്രതയും ക്രമക്കേടും കാണിക്കല്‍ (إلْحَاد) തന്നെ. അല്ലാഹുവിനു മാത്രം ഉപയോഗിക്കപ്പെടാവുന്ന “റഹ്‌മാന്‍”, “ജഗദീശ്വരന്‍”, “ശഹീന്‍ശാഹ്” (രാജാധി രാജന്‍)പോലെയുള്ള പേരുകള്‍ മനുഷ്യര്‍ക്കു നല്‍കുന്നതും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. എല്ലാറ്റിലും പ്രത്യക്ഷത്തില്‍ ശിര്‍ക്കിന്റെ കലര്‍പ്പു കാണുന്നില്ലെങ്കില്‍ തന്നെയും അല്ലാഹുവിന്റെ മഹത്വത്തെ തരം താഴ്‌ത്തിക്കാണിക്കുകയെന്ന ദോഷത്തില്‍ നിന്നു അതൊന്നും ഒഴിവാകുന്നില്ല. അതുകൊണ്ടാണു അങ്ങിനെ ചെയ്യുന്നവര്‍ക്കു അതിനു വഴിയെ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നു അല്ലാഹു താക്കീതു നല്‍കുന്നത്. സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ശിര്‍ക്കുപരമായ അന്ധവിശ്വാസങ്ങളില്‍ അധികവും അല്ലാഹുവിന്റെ നാമങ്ങളെ മനസ്സിലാക്കിയതിലോ ഉപയോഗപ്പെടുത്തുന്നതിലോ വന്ന പാകപ്പിഴവുകളില്‍ നിന്നായിരിക്കും അവയുടെ ഉല്‍ഭവമെന്നു കാണാവുന്നതാണ്.
അല്ലാഹുവിനു തൊണ്ണൂറ്റൊമ്പതു നാമങ്ങള്‍ ഉണ്ടെന്നും, അവ സൂക്ഷ്‌മമായി പഠിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്നും നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്‌തതായി അബൂഹുറയ്‌റഃ (رَضِيَ اللهُ تَعَالَى عَنْهُ)യില്‍ നിന്നു ബുഖാരിയും, മുസ്‌ലിമും (رحمهما الله) രേഖപ്പെടുത്തിയിട്ടുണ്ട്. ആ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ഗ്രഹിക്കുകയും, അവയെക്കുറിച്ചു ബോധവാനായിരിക്കുകയും ചെയ്യുക എന്നത്രെ, അവയെ സൂക്ഷിച്ചു പഠിക്കുക എന്നതിന്റെ താല്‍പര്യം. അല്ലാതെ – ചിലര്‍ ധരിച്ചുവശായതുപോലെ – ആ പേരുകള്‍ മനഃപ്പാഠമാക്കിവെച്ചു ഉരുവിടുക എന്നല്ല. ചില രിവായത്തുകളില്‍ ഈ തൊണ്ണൂറ്റൊമ്പതു നാമങ്ങള്‍ ഇന്നിന്നവയാണെന്നു വിവരിക്കപ്പെട്ടു കാണാമെങ്കിലും – ഇബ്‌നുകഥീര്‍ (رحمه الله) മുതലായവര്‍ വ്യക്തമാക്കിയതുപോലെ – ക്വുര്‍ആനില്‍ നിന്നു ചിലര്‍ മനസ്സിലാക്കി എടുത്തതു മാത്രമാണവ. മേല്‍കണ്ട നബി വചനത്തില്‍ തൊണ്ണൂറ്റൊമ്പതു നാമങ്ങള്‍ ഉണ്ടെന്നല്ലാതെ, തൊണ്ണൂറ്റൊമ്പതെണ്ണം മാത്രമെയുള്ളൂവെന്നു പ്രസ്‌താവിച്ചിട്ടില്ലാത്തതുകൊണ്ടു അതിലധികം പേരുകള്‍ ഉണ്ടാകാമെന്നതിനു അതു എതിരല്ലെന്നും പല മഹാന്മാരും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിന്റെ നാമങ്ങളുടെ ആധിക്യം അവന്റെ ഉല്‍കൃഷ്‌ട ഗുണങ്ങളുടെ ആധിക്യത്തെയാണു കുറിക്കുന്നത്.
ജിന്നുകളിലും മനുഷ്യരിലുമുള്ള വളരെ ആളുകള്‍ നരകത്തിലേക്കുള്ളവരാണെന്നും, അതിനുള്ള കാരണം ഇന്നതാണെന്നും മുമ്പു പ്രസ്‌താവിച്ചുവല്ലോ. എന്നാല്‍, മറ്റൊരു വിഭാഗം ആളുകളുമുണ്ട്. അവര്‍ സത്യവും യഥാര്‍ത്ഥവും മനസ്സിലാക്കി അതനുസരിച്ചു ചരിക്കുകയും, മറ്റുള്ളവരെ അതിലേക്കു ക്ഷണിക്കുകയും ചെയ്‌തു കൊണ്ടിരിക്കും; അവര്‍ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളെ അവഗണിക്കുകയോ, അവന്റെ നാമങ്ങളില്‍ ക്രമക്കേടു കാണിക്കുകയോയില്ല എന്നൊക്കെയാണു രണ്ടാമത്തെ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതിന്റെ സാരം ഇപ്രകാരമാകുന്നു: “ഈ സമുദായത്തില്‍ ഒരു വിഭാഗം ആളുകള്‍ ക്വിയാമത്തു നാള്‍വരേക്കും സത്യത്തില്‍ അടിയുറച്ചു നിലകൊളളുന്നവരായി ഉണ്ടായിക്കൊണ്ടിരിക്കും. മറ്റുള്ളവര്‍ അവരെ കൈവെടിയുകയോ, അവരോടു ഭിന്നിച്ചു നില്‍ക്കുകയോ ചെയ്‌തതുകൊണ്ടടു അവര്‍ക്കു തടസ്സം നേരിടുകയില്ല.” (ബു.മു). ഇങ്ങിനെയുള്ള സത്യസന്ധന്‍മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. آمِين .