വിഭാഗം - 3

7:26
 • يَـٰبَنِىٓ ءَادَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَٰرِى سَوْءَٰتِكُمْ وَرِيشًا ۖ وَلِبَاسُ ٱلتَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ ءَايَـٰتِ ٱللَّهِ لَعَلَّهُمْ يَذَّكَّرُونَ ﴾٢٦﴿
 • ആദമിന്റെ സന്തതികളേ, നിങ്ങളുടെ നഗ്നത മറക്കുന്ന വസ്ത്രവും, അലങ്കാര വസ്ത്രവും നാം നിങ്ങള്‍ക്ക് ഇറക്കിത്തന്നിട്ടുണ്ട്.

  സൂക്ഷമത [ഭയഭക്തി]യാകുന്ന വസ്ത്രമാകട്ടെ, അതത്രെ (കൂടുതല്‍) ഉത്തമം.

  അതു അല്ലാഹുവിന്റെ [ആയത്തു' [ദൃഷ്ടാന്തം] കളില്‍ പെട്ടതാകുന്നു. അവര്‍ [മനുഷ്യര്‍] ഉറ്റാലോചിച്ചേക്കാം.
 • يَا بَنِي സന്തതികളേ, മക്കളേ آدَمَ ആദമിന്റെ قَدْ أَنزَلْنَا നാം ഇറക്കിയിട്ടുണ്ട് عَلَيْكُمْ നിങ്ങള്‍ക്കു لِبَاسًا വസ്ത്രം يُوَارِي മറക്കുന്ന, മൂടുന്ന سَوْآتِكُمْ നിങ്ങളുടെ നഗ്നത وَرِيشًا അലങ്കാര വസ്ത്രവും وَلِبَاسُ التَّقْوَىٰ സൂക്ഷ്മത (ഭയഭക്തി) യാകുന്ന വസ്ത്രം ذَٰلِكَ അതു خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് ذَٰلِكَ അത് مِنْ آيَاتِ ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം) കളില്‍ പെട്ടതാണു اللَّهِ അല്ലാഹുവിന്റെ لَعَلَّهُمْ അവരായേക്കാം, അവരാകുവാന്‍വേണ്ടി يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കും.
7:27
 • يَـٰبَنِىٓ ءَادَمَ لَا يَفْتِنَنَّكُمُ ٱلشَّيْطَـٰنُ كَمَآ أَخْرَجَ أَبَوَيْكُم مِّنَ ٱلْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْءَٰتِهِمَآ ۗ إِنَّهُۥ يَرَىٰكُمْ هُوَ وَقَبِيلُهُۥ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا ٱلشَّيَـٰطِينَ أَوْلِيَآءَ لِلَّذِينَ لَا يُؤْمِنُونَ ﴾٢٧﴿
 • ആദമിന്റെ സന്തതികളേ,

  പിശാചു നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കിയതുപോലെ, നിങ്ങളെ അവന്‍ കുഴപ്പത്തിലാക്കാതിരുന്നുകൊള്ളട്ടെ; (അതെ) അവര്‍ക്കു രണ്ടാള്‍ക്കും അവരുടെ നഗ്നത കാണിക്കുവാന്‍വേണ്ടി അവരുടെ വസ്ത്രം അവരില്‍ നിന്നും നീക്കം ചെയ്തുകൊണ്ട് (പുറത്താക്കിയതു പോലെ).

  നിശ്ചയമായും, അവനും അവന്റെ കൂട്ടരും നിങ്ങള്‍ അവരെ (അങ്ങോട്ട്‌) കാണാത്ത വിധത്തില്‍ നിങ്ങളെ (ഇങ്ങോട്ട്) കാണുന്നതാണ്. വിശ്വസിക്കാത്തവര്‍ക്കു നാം പിശാചുക്കളെ ബന്ധുമിത്രങ്ങളാക്കിയിരിക്കുന്നു.
 • يَا بَنِي آدَمَ ആദമിന്റെ സന്തതികളേ لَا يَفْتِنَنَّكُمُ നിങ്ങളെ കുഴപ്പത്തിലാക്കരുതു, കുഴപ്പപ്പെടുത്താതിരിക്കട്ടെ الشَّيْطَانُ പിശാചു كَمَا أَخْرَجَ അവന്‍ പുറത്താക്കിയതുപോലെ أَبَوَيْكُم നിങ്ങളുടെ മാതാപിതാക്കളെ مِّنَ الْجَنَّةِ സ്വര്‍ഗ്ഗത്തില്‍ നിന്നു يَنزِعُ നീക്കം ചെയ്തു (ഉരിഞ്ഞു - അഴിച്ചു) കൊണ്ടു عَنْهُمَا അവര്‍ രണ്ടാളില്‍ നിന്നു لِبَاسَهُمَا അവരുടെ വസ്ത്രം لِيُرِيَهُمَا അവന്‍ അവര്‍ക്കു കാണിക്കു (കാട്ടിക്കൊടുക്കു) വാന്‍ سَوْآتِهِمَا അവരുടെ നഗ്നത إِنَّهُ നിശ്ചയമായും അവന്‍ يَرَاكُمْ هُوَ അവന്‍ നിങ്ങളെ കാണും وَقَبِيلُهُ അവന്റെ കൂട്ടവും, കൂട്ടരും مِنْ حَيْثُ വിധേന لَا تَرَوْنَهُمْ നിങ്ങളവരെ കാണാത്ത إِنَّا جَعَلْنَا നിശ്ചയമായും നാം ആക്കിയിരിക്കുന്നു الشَّيَاطِينَ പിശാചുക്കളെ أَوْلِيَاءَ ബന്ധുമിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍ لِلَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ക്ക്.

ആദം (عليه الصلاة والسلام) നബിയുടെയും ഇബ്ലീസിന്റെയും സംഭവത്തില്‍ നിന്നു ആദം (عليه الصلاة والسلام) നബിയുടെ സന്തതികളായ മനുഷ്യവര്‍ഗ്ഗം ഓര്‍മ്മിച്ചിരിക്കേണ്ടുന്ന ചില കാര്യങ്ങളാണ് ‘ആദമിന്റെ സന്തതികളേ’ (يَا بَنِي آدَمَ) എന്നു വിളിച്ചുകൊണ്ടു ഈ വചനങ്ങളില്‍ അല്ലാഹു നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ആദ്യത്തെ വചനങ്ങളില്‍ നഗ്നത മറക്കുവാനും, അലങ്കാരത്തിനും ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കി അനുഗ്രഹിച്ചതിനെ ഓര്‍മ്മിപ്പിക്കുന്നു. ഭക്ഷണപാനീയങ്ങളെപ്പോലെത്തന്നെ മനുഷ്യന്റെ ജീവിതാവശ്യങ്ങളില്‍ അനിവാര്യമായ ഒന്നത്രെ നഗ്നത മറക്കുവാനാവശ്യമായ വല്ല സാമഗ്രിയും അവനുണ്ടായിരിക്കലും. നാഗരീക ജീവിതം അറിഞ്ഞുകൂടാത്ത കാട്ടാള വര്‍ഗ്ഗങ്ങള്‍പോലും വല്ല ഇലകളോ മരത്തോലുകളോ കൊണ്ട് ഗുഹ്യസ്ഥാനം മറക്കാറുള്ളതില്‍ നിന്നു ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. ജീവിതത്തില്‍ പരിഷ്കാരം സിദ്ധിക്കും തോറും വസ്ത്രത്തിന്റെ ആവശ്യകതയും, അതില്‍ വൈവിധ്യത്തിന്റെ ആഗ്രഹവും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത്തരജീവി വര്‍ഗ്ഗങ്ങളില്‍ നിന്നു മനുഷ്യവര്‍ഗ്ഗത്തെ വേര്‍തിരിക്കുന്ന ജീവിതാവശ്യങ്ങില്‍ ഒന്നത്രെ അത്. ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചതുപോലെ, സ്വര്‍ഗ്ഗത്തിലായിരുന്നപ്പോള്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ ആദ്യ മാതാപിതാക്കളായ ആദം (عليه الصلاة والسلام) നും ഹവ്വാഉ് (عليها الصلاة والسلام)നും നഗ്നത മറക്കുവാനുള്ള ഏതോ ഒരു തരം വസ്ത്രം ഉണ്ടായിരുന്നതും, പിശാചിന്റെ ദുരുപദേശത്തില്‍ വഞ്ചിതരായതിന്റെ ഫലമായി അവരുടെ ആ വസ്ത്രം നഷ്ടപ്പെട്ട് നഗ്നത പ്രത്യക്ഷപ്പെട്ടുവെന്നുള്ളതും, ഉടനെ അവര്‍ സ്വര്‍ഗ്ഗത്തിലെ ഇലകള്‍ എടുത്തു ദേഹത്തില്‍ പറ്റിക്കുവാന്‍ തുടങ്ങിയതും കൂടി ആലോചിക്കുമ്പോള്‍ വസ്ത്ര വിഭവം വഴി അല്ലാഹു മനുഷ്യവര്‍ഗ്ഗത്തിനു നല്‍കിയ അനുഗ്രഹത്തിന്റെ മഹത്വം മനസ്സിലാക്കാവുന്നതാകുന്നു. അതിന്റെ പേരില്‍ മനുഷ്യന്‍ സദാ അല്ലാഹുവിനു നന്ദിയുള്ളവരായിരിക്കേണ്ടതുമാകുന്നു. (*)

——-
(*). മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങളില്‍നിന്നു മനുഷ്യര്‍ അകന്നുകൊണ്ടിരിക്കുകയും, മൃഗീയതയിലേക്കും പൈശാചിക സ്വഭാവങ്ങളിലേക്കും അണഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. അക്കൂട്ടത്തില്‍, ഇന്നു സര്‍വ്വത്ര പ്രചാരത്തിലുള്ള പലതരം അര്‍ദ്ധനഗ്ന പ്രസ്ഥാനങ്ങളിലും പൂര്‍ണ നഗ്ന സംരംഭങ്ങളും അറപ്പും, വെറുപ്പും തോന്നാത്തവരെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ഈ മഹത്തായ അനുഗ്രഹത്തെ വിലയിരുത്തുവാന്‍ അവര്‍ക്ക് കഴിയാതിരിക്കുക സ്വാഭാവികമത്രെ. എന്നാലും പ്രകൃതി പരമായ ഒരനുഗ്രഹമെന്ന നിലക്കെങ്കിലും കണക്കാക്കാതിരിക്കുക അവര്‍ക്കും സാധ്യമല്ല.

——-

رِيش (രീഷ്) എന്ന വാക്കിനു ‘അലങ്കാര വസ്ത്രം’ എന്നാണു മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്. അലങ്കാരത്തിനും, ഭംഗിക്കും വേണ്ടി ഉപയോഗിക്കപ്പെടുന്ന എല്ലാ വസ്തുക്കള്‍ക്കും ആ വാക്കു ഉപയോഗിക്കാമെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. പക്ഷിയുടെ തൂവല്‍ എന്നാണു رِيش ന്റെ പ്രസിദ്ധമായ അര്‍ത്ഥമെന്നും, ചിലപ്പോള്‍ അതു ചിറകിലെ തൂവലിനെ മാത്രം ഉദ്ദേശിച്ചു പറയാറുണ്ടെന്നും പറഞ്ഞശേഷം ഇമാം റാഗിബ് (رحمه الله) പറയുന്നു: “പക്ഷിയുടെ തൂവല്‍ മനുഷ്യന്റെ വസ്ത്രം പോലെയായതുകൊണ്ടു വസ്ത്രങ്ങള്‍ക്കും അതു ഉപയോഗിക്കപ്പെട്ടിരിക്കുന്നു.” ഏതായാലും, വസ്ത്രത്തെ സംബന്ധിച്ചു പറയുന്ന സന്ദര്‍ഭമായതുകൊണ്ട് പ്രധാനമായും അലങ്കാരത്തിനുള്ള വസ്ത്രമാണ് ഉദ്ദേശ്യമെന്നു വെക്കുവാന്‍ ഇവിടെ ന്യായമുണ്ട്. ബാഹ്യവും ശാരീരികവുമായ വസ്ത്രത്തെപ്പറ്റി പ്രസ്താവിച്ചപ്പോള്‍ അതിനെത്തുടര്‍ന്നു ആന്തരീകവും ആത്മീയവുമായ മറ്റൊരു വസ്ത്രം കൂടിയുണ്ടെന്നും അതിനാണു ഇതിനെക്കാള്‍ പ്രാധാന്യം കല്‍പിക്കപ്പെടേണ്ടതെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടു അല്ലാഹു പറയുന്നു: وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ (സൂക്ഷ്മത – അഥവാ ഭയഭക്തി – യാകുന്ന വസ്ത്രമത്രെ കൂടുതല്‍ ഉത്തമമായത്). ശാരീരികമായ അപമാനം വസ്ത്രം കൊണ്ടു മറക്കുന്നതുപോലെ, ആന്തരീകമായ അപമാനം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിക്കുക വഴിയുണ്ടാകുന്ന ഭയഭക്തികൊണ്ടാണു മറക്കേണ്ടത്; ഈ വസ്ത്രത്തിനാണു മറ്റേ വസ്ത്രത്തെക്കാള്‍ മുന്‍ഗണന നല്‍കപ്പെടേണ്ടത് എന്നു സാരം. ഹജ്ജു യാത്രയില്‍ യാത്രാ സാമാനങ്ങള്‍ ഒരുക്കിക്കൊണ്ടു പോകുവാന്‍ ഉപദേശിച്ചപ്പോള്‍, സൂ: അല്‍ബക്വറ: 197ല്‍ ‘യാത്രാ സാമാനങ്ങളില്‍വെച്ച് ഉത്തമമായത് സൂക്ഷമതയാകുന്നു’ (فَإِنَّ خَيْرَ الزَّادِ التَّقْوَىٰ) എന്നു അല്ലാഹു ഉപദേശിക്കുകയുണ്ടായല്ലോ. അതുപോലെയുള്ള ഒരു ഉപദേശം തന്നെയാണ് ഇതും.

2-ാമത്തെ വചനത്തില്‍, പിശാചിന്റെ ദുര്‍മ്മന്ത്രത്തില്‍ അകപ്പെട്ട് കുഴപ്പത്തില്‍ പതിക്കാതിരിക്കുവാന്‍ മനുഷ്യന്‍ സദാ സൂക്ഷിക്കേണമെന്നു താക്കീതു ചെയ്തിരിക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗ്ഗത്തില്‍ നിന്നു അവനാണ് പുറത്താക്കിയത്. അവന്‍ നിങ്ങളുടെ ബദ്ധശത്രുവും, നിങ്ങളെ വഴിപിഴപ്പിക്കുവാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നു പ്രതിജ്ഞയെടുത്തവനുമാകുന്നു. അതുകൊണ്ട് അവനെപ്പറ്റി നിങ്ങള്‍ വളരെ ജാഗരൂകരായിരിക്കേണ്ടതുണ്ട് എന്നത്രെ താക്കീതിന്റെ ചുരുക്കം. كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ (നിങ്ങളുടെ മാതാപിതാക്കളെ അവന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്താക്കിയതുപോലെ) എന്നു പറഞ്ഞു മതിയാക്കാതെ يَنزِعُ عَنْهُمَا لِبَاسَهُمَا (അവരുടെ വസ്ത്രം അവരില്‍ നിന്നു നീക്കം ചെയ്തുകൊണ്ടു പുറത്താക്കിയതുപോലെ) എന്നുകൂടി അല്ലാഹു പറഞ്ഞതു ശ്രദ്ധിക്കുക. നഗ്നത മറക്കുന്നതിന്റെ പ്രാധാന്യവും, അതു വെളിവാക്കുന്നതിന്റെ ഗൗരവവുമാണിതു ചൂണ്ടിക്കാട്ടുന്നത്. ചിലര്‍ അഭിപ്രായപ്പെട്ടു കാണുന്ന പ്രകാരം ഭൂവാസം തുടങ്ങുമ്പോള്‍ അവരുടെ സ്വര്‍ഗ്ഗീയ വസ്ത്രം അവര്‍ക്കു നഷ്ടപ്പെട്ടിരിക്കുമെന്നും, ഭൂമിയില്‍ വെച്ചു നഗ്നത മറക്കുവാനുള്ള മാര്‍ഗ്ഗം വല്ലതും സ്വീകരിക്കുന്നതുവരെ അവര്‍ നഗ്നരായിക്കഴിഞ്ഞിരിക്കുമെന്നും സങ്കല്‍പിച്ചാല്‍ തന്നെയും നഗ്നത മറക്കുന്നതിന്റെ ആവശ്യകതയും അതിന്റെ പ്രാധാന്യവുമാണിതു കുറിക്കുന്നത്. സംശയമില്ല.

പിശാചിന്റെ കെണിയില്‍ പെട്ടുപോകുന്നതിനെപ്പറ്റി ഇത്ര ശക്തിയായി താക്കീതു ചെയ്‌വാനുള്ള കാരണവും അല്ലാഹു നമുക്കു പറഞ്ഞു തരുന്നു. അവനും അവന്റെ കൂട്ടുക്കാരും നിങ്ങളെ ഇങ്ങോട്ടു കാണും, എന്നാല്‍ നിങ്ങള്‍ക്കു അവരെ അങ്ങോട്ടു കാണുവാന്‍ കഴിയുകയില്ല (إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ) എന്നത്രെ അത്. നിങ്ങള്‍ക്കു അവരെ കാണുവാന്‍ കഴിയുമായിരുന്നുവെങ്കില്‍ അവരുടെ കുതന്ത്രങ്ങളും ഗൂഡപ്രയോഗങ്ങളും കുറെയൊക്കെ നിങ്ങള്‍ക്കു കണ്ടു മനസ്സിലാക്കി അതില്‍നിന്നു നിങ്ങള്‍ക്കു ഒഴിഞ്ഞു മാറുവാന്‍ കഴിയുമായിരുന്നു. എന്നാല്‍, നിങ്ങള്‍ക്കവരെ കാണുവാന്‍ സാധ്യമല്ല. അവര്‍ ഒരു തരാം അദൃശ്യ ജീവികളാകുന്നു. അതുകൊണ്ടു നിങ്ങള്‍ വളരെ കരുതലോടിരിക്കണം എന്നുദ്ദേശ്യം. പിശാചിന്റെ കൂട്ടുകാര്‍ قَبِيلُهُ എന്നു പറഞ്ഞതു ഇബ്ലീസിന്റെ സന്തതികളെയും സൈന്യങ്ങളെയും ഉദ്ദേശിച്ചാകുന്നു. അഥവാ മനുഷ്യപ്പിശാചുക്കളെ ഉദ്ദേശിച്ചല്ല. മനുഷ്യപിശാച്ചുക്കള്‍ ഇങ്ങോട്ടു കാണുന്നതുപോലെ അവരെ അങ്ങോട്ടും കാണാമല്ലോ. ഇബ്ലീസ്‌ ആദം നബി (عليه الصلاة والسلام) ക്കു സുജൂദ് ചെയ്യാത്തതിനെപ്പറ്റി പറഞ്ഞശേഷം സൂ: അല്‍കഹ്ഫില്‍ പറയുന്നു: أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِن دُونِي وَهُمْ لَكُمْ عَدُوٌّ (എന്നിരിക്കെ, അവനും – ഇബ്ലീസും – അവന്റെ സന്തതികളും നിങ്ങള്‍ക്കു ശത്രുവായിരുന്നിട്ടും നിങ്ങള്‍ അവരെ എനിക്കു പുറമെ കാര്യകര്‍ത്താക്കളാക്കുകയോ?!) (അല്‍കഹഫ്: 50). വഴിപിഴച്ചു ദുര്‍മാര്‍ഗികളായവര്‍ നരകത്തിലേക്കു മറിച്ചിടപ്പെടുമെന്നു പറഞ്ഞശേഷം, സൂ: ശുഅറാഉ് : 95ല്‍ പറയുന്നു: وَجُنُودُ إِبْلِيسَ أَجْمَعُونَ (ഇബ്ലീസിന്റെ സൈന്യങ്ങളും മുഴുവന്‍ മറിചിടപ്പെടും.).

ആദം (عليه الصلاة والسلام) നബിയുടെയും ഇബ്ലീസിന്റെയും ഈ സംഭവം കേവലം ഒരു ഉപമാലങ്കാരമാണ് – സംഭവിച്ച ഒരു യഥാര്‍ത്ഥ കഥയല്ല – എന്നു വരുത്തിത്തീര്‍ക്കുകയും, ജിന്നുവര്‍ഗ്ഗം എന്ന ഒരു പ്രത്യേക വര്‍ഗ്ഗത്തെയും ആ വര്‍ഗ്ഗത്തില്‍പെട്ട അദൃശ്യജീവികളായ പിശാചുക്കളെയും നിഷേധിക്കുകയും ചെയ്യുന്ന ചില ആളുകള്‍ ഇവിടെ ചില മറിമായങ്ങള്‍ നടത്തിക്കാണാം. പിശാചും അവന്റെ കൂട്ടരും നിങ്ങളെ ഇങ്ങോട്ടു കാണും, നിങ്ങള്‍ അവരെ അങ്ങോട്ടു കാണുകയില്ല! (إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ) എന്നു അല്ലാഹു പറഞ്ഞതിന് അവര്‍ നല്‍കിക്കാണുന്ന വ്യാഖ്യാനം ഇതാണ്: “പിശാചിനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും കണ്ടു മനസ്സിലാക്കുവാന്‍ വളരെ പ്രയാസമുണ്ട്.” അല്ലാഹു പറഞ്ഞ വാക്കും ഈ വ്യാഖ്യാനവും തമ്മില്‍ വല്ല പൊരുത്തവും ഉണ്ടോ എന്നു നിഷ്പക്ഷ ബുദ്ധിയുള്ളവര്‍ ആലോചിച്ചു നോക്കുക! അടുത്ത വാക്യത്തില്‍ വിശ്വസിക്കാത്ത ആളുകള്‍ക്കു നാം പിശാചുക്കളെ ബന്ധുമിത്രങ്ങളാക്കിയിരിക്കുന്നു ( إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ) അല്ലാഹു പറഞ്ഞതിനു ഇവര്‍ കല്‍പിക്കുന്ന അര്‍ത്ഥം ഇങ്ങിനെയാണു: “വിശ്വസിക്കാത്തവര്‍ക്കാണ് പിശാചുക്കളെ നാം രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്”. അതിനുശേഷം ഇപ്പറഞ്ഞതിന്റെ താല്‍പര്യം അവരുടെ ഭാഷയില്‍ ഇങ്ങിനെയാകുന്നു: “സത്യത്തില്‍ വിശ്വസിക്കാത്തവരുടെ രക്ഷാധികാരികള്‍ക്കാണ് ക്വുര്‍ആന്‍ ഇവിടെ പിശാച് എന്ന് നാമകരണം ചെയ്തിരിക്കുന്നത്, ഇതു പ്രത്യേകം ഗൗനിക്കേണ്ടതാണു”(*). أَوْلِيَاء എന്ന വാക്കിനു ‘രക്ഷാധികാരികള്‍’ എന്നും അര്‍ത്ഥം വരാം. പക്ഷേ, ‘വിശ്വസിക്കാത്തവര്‍ക്കാണു പിശാചുക്കളെ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നതു’ എന്നല്ല അല്ലാഹു പറഞ്ഞ വാക്യത്തിന്റെ അര്‍ത്ഥമെന്നു അറബിഭാഷയില്‍ അല്‍പ പരിചയമെങ്കിലും ഉള്ള ഏവര്‍ക്കും അറിയാവുന്നതാണ്. അതുപോലെത്തന്നെ, ‘വിശ്വസിക്കാത്തവരുടെ രക്ഷാധികാരികള്‍ക്കാണ് ഇവിടെ പിശാച് എന്ന് നാമകരണം ചെയ്തിരിക്കുന്നത്’ എന്നു പറഞ്ഞതും വാസ്തവ വിരുദ്ധമത്രെ. ആദം (عليه الصلاة والسلام) നബിയെ സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്താക്കിയ ഇബ്ലീസിനെയും, അവന്റെ കൂട്ടരെയും ഉദ്ദേശിച്ചാണു ക്വുര്‍ആന്‍ ഇവിടെ ‘പിശാചുക്കള്‍’ എന്നു നാമകരണം ചെയ്തിരിക്കുന്നതെന്നു പ്രാഥമിക ബുദ്ധിയെങ്കിലുമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ഈ വിഷയകമായി കൂടുതല്‍ മനസ്സിലാക്കുവാന്‍ അല്‍ബക്വറ 39-ാം ആയത്തിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പും സൂ: അസ്സ്വാഫാത്തിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പും ഉപകരിക്കും.

7:28
 • وَإِذَا فَعَلُوا۟ فَـٰحِشَةً قَالُوا۟ وَجَدْنَا عَلَيْهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَا ۗ قُلْ إِنَّ ٱللَّهَ لَا يَأْمُرُ بِٱلْفَحْشَآءِ ۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ ﴾٢٨﴿
 • അവര്‍ വല്ല നീചവൃത്തിയും ചെയ്‌താല്‍ അവര്‍ പറയും: 'ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ അപ്രകാരം കണ്ടെത്തിയിരിക്കുന്നു; അല്ലാഹു ഞങ്ങളോട് അതിനു കല്‍പിക്കുകയും ചെയ്തിരിക്കുന്നു'. പറയുക "നിശ്ചയമായും, അല്ലാഹു നീചവൃത്തിക്കു കല്‍പിക്കുകയില്ല.

  അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു അറിഞ്ഞു കൂടാത്തതു നിങ്ങള്‍ പറയുകയോ?"
 • وَإِذَا فَعَلُوا അവര്‍ ചെയ്‌താല്‍ فَاحِشَةً ഒരു നീചവൃത്തി, വല്ല നീചകൃത്യവും قَالُوا അവര്‍ പറയും وَجَدْنَا ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു عَلَيْهَا അതിന്‍മേല്‍ (അപ്രകാരം) آبَاءَنَا ഞങ്ങളുടെ പിതാക്കളെ (പൂര്‍വ്വികന്‍മാരെ) وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ أَمَرَنَا ഞങ്ങളോടു കല്‍പിക്കയും ചെയ്തിരിക്കുന്നു بِهَا അതിനു, അതുകൊണ്ടു, അതിനെപ്പറ്റി قُلْ പറയുക إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يَأْمُرُ അവന്‍ കല്‍പിക്കയില്ല بِالْفَحْشَاءِ നീചവൃത്തിക്കു أَتَقُولُونَ നിങ്ങള്‍ പറയുന്നുവോ, പറയുകയോ عَلَى اللَّهِ അല്ലാഹുവിന്റെ പേരില്‍ مَا لَا تَعْلَمُونَ നിങ്ങള്‍ക്കറിയാത്തത്.

7:29
 • قُلْ أَمَرَ رَبِّى بِٱلْقِسْطِ ۖ وَأَقِيمُوا۟ وُجُوهَكُمْ عِندَ كُلِّ مَسْجِدٍ وَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ۚ كَمَا بَدَأَكُمْ تَعُودُونَ ﴾٢٩﴿
 • പറയുക: "എന്റെ റബ്ബ് നീതി മുറക്ക് [അതു പാലിക്കുവാന്‍] കല്‍പിച്ചിരിക്കുന്നു.

  എല്ലാ നമസ്കാര സ്ഥാനത്തിങ്കലും നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ നേരെ നിറുത്തുവിന്‍ എന്നും; മതം (അഥവാ കീഴ്വണക്കം) അവനു നിഷ്കളങ്കമാക്കിക്കൊണ്ടു അവനെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും ചെയ്യുവിന്‍ എന്നും (കല്‍പിച്ചിരിക്കുന്നു).
  നിങ്ങളെ അവന്‍ ആദ്യമാ(യി ഉണ്ടാ)ക്കിയതു പോലെത്തന്നെ, നിങ്ങള്‍ മടങ്ങുന്നതാണ്.
 • قُلْ പറയുക أَمَرَ رَبِّي എന്റെ റബ്ബു കല്‍പിച്ചിരിക്കുന്നു بِالْقِسْطِ നീതിമുറക്ക്‌, നീതിയെപ്പറ്റി وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുക (ശരിക്കു നിറുത്തുക)യും ചെയ്യുവിന്‍ وُجُوهَكُمْ നിങ്ങളുടെ മുഖങ്ങളെ عِندَ كُلِّ എല്ലാറ്റിങ്കലും, എല്ലാറ്റിന്റെ അടുത്തും مَسْجِدٍ സുജൂദു (നമസ്കാര) സ്ഥാനം, പള്ളി وَادْعُوهُ അവനെ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും ചെയ്യുവിന്‍ مُخْلِصِينَ നിഷ്കളങ്കമാക്കിക്കൊണ്ടു, തനിച്ചാക്കിയവരായി لَهُ അവനു الدِّينَ മതം, കീഴ്വണക്കം, വഴിപ്പാടു كَمَا بَدَأَكُمْ നിങ്ങളെ അവന്‍ തുടങ്ങിയ (ആദ്യമുണ്ടാക്കിയ) തുപോലെ تَعُودُونَ നിങ്ങള്‍ മടങ്ങും (വീണ്ടും ആകും).
7:30
 • فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيْهِمُ ٱلضَّلَـٰلَةُ ۗ إِنَّهُمُ ٱتَّخَذُوا۟ ٱلشَّيَـٰطِينَ أَوْلِيَآءَ مِن دُونِ ٱللَّهِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ ﴾٣٠﴿
 • ഒരു വിഭാഗത്തെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു; ഒരു വിഭാഗത്തെയാകട്ടെ, - അവരുടെമേല്‍ വഴിപിഴവു അവകാശപ്പെട്ടിരിക്കുന്നു. (അവരെ വഴിപിഴവിലുമാക്കിയിരിക്കുന്നു). (കാരണം) നിശ്ചയമായും, ഇവര്‍ അല്ലാഹുവിനു പുറമെ പിശാചുക്കളെ ബന്ധുമിത്രങ്ങളാക്കിവെച്ചിരിക്കുന്നു. തങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നു അവര്‍ കണക്കാക്കുകയും ചെയ്യുന്നു.
 • فَرِيقًا ഒരു വിഭാഗത്തെ, കൂട്ടരേ هَدَىٰ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു وَفَرِيقًا ഒരു വിഭാഗത്തെയാകട്ടെ حَقَّ عَلَيْهِمُ അവരില്‍ അവകാശപ്പെട്ടിരിക്കുന്നു الضَّلَالَةُ ദുര്‍മ്മാര്‍ഗ്ഗം, വഴിപിഴവു إِنَّهُمُ നിശ്ചയമായും അവര്‍ اتَّخَذُوا ആക്കിവെച്ചു, സ്വീകരിച്ചു الشَّيَاطِينَ പിശാചുക്കളെ أَوْلِيَاءَ ബന്ധുമിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍ مِن دُونِ اللَّهِ അല്ലാഹുവിനെ കൂടാതെ, പുറമെ وَيَحْسَبُونَ അവര്‍ കണക്കാക്കുകയും (വിചാരിക്കുകയും) ചെയ്യുന്നു, ഗണിക്കുകയും ചെയ്തിരുന്നു أَنَّهُم അവര്‍ (ആകുന്നു) എന്നു مُّهْتَدُونَ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരാണു (എന്നു).

فَاحِشَة (നീചവൃത്തി) കൊണ്ടുദ്ദേശ്യം ബിംബാരാധന തുടങ്ങിയ എല്ലാ നീചവൃത്തികളും, ആകാവുന്നതാണ്. വസ്ത്രം ധരിക്കാതെ പൂര്‍ണ്ണ നഗ്നരായിക്കൊണ്ടു മുശ്രിക്കുകള്‍ ത്വവാഫു (കഅ്ബ പ്രദക്ഷിണം) ചെയ്തിരുന്നതിനെയാണ് ഇവിടെ പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത് എന്നത്രെ അധിക വ്യാഖ്യാതാക്കളുടെയും അഭിപ്രായം. തുടര്‍ന്നുള്ള വാക്യങ്ങള്‍ പരിശോധിക്കുമ്പോഴും, ചില രിവായത്തുകള്‍ പരിഗണിക്കുമ്പോഴും ആ അഭിപ്രായം ശരിയാകുവാന്‍ ന്യായമുണ്ട് താനും. പാപം ചെയ്‌വാന്‍ ഉപയോഗിച്ച വസ്ത്രം ഉടുത്തുകൊണ്ടു ത്വവാഫു ചെയ്യുന്നതു നന്നല്ലെന്നായിരുന്നു അതിനു അവര്‍ പറയുന്ന കാരണം. നമ്മുടെ മാതാക്കള്‍ നമ്മെ പ്രസവിച്ചപ്പോഴുള്ള അതേ രൂപത്തില്‍ നമുക്കു ത്വവാഫു ചെയ്യാമെന്നും അവര്‍ പറഞ്ഞിരുന്നുവത്രെ. സ്ത്രീ പുരുഷ വ്യത്യാസം അതിലില്ലായിരുന്നു. എങ്കിലും സ്ത്രീകള്‍ രാത്രിയും, പുരുഷന്‍മാര്‍ പകലും ആയിരുന്നു അങ്ങിനെ ചെയ്തിരുന്നതെന്നു ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നും മുസ്‌ലിം (رحمه الله) നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീഥില്‍ വന്നിരിക്കുന്നു.

ഇങ്ങിനെയുള്ള ദുര്‍വൃത്തികള്‍ക്കു അവരുടെ ന്യായീകരണം, പൂര്‍വ്വപിതാക്കളുടെ അനുകരണമായിരിക്കും. പരമ്പരാഗതമായ അന്ധവിശ്വാസങ്ങളിലും, അനാചാരങ്ങളിലും മുഴുകിയവര്‍ക്കു എല്ലാ കാലത്തും പറയുവാനുള്ള ഒരു ന്യായമാണല്ലോ അത്. പൂര്‍വ്വികന്‍മാര്‍ മുതല്‍ക്കേ നടന്നു വരുന്നതാക കൊണ്ട് ഇതെല്ലാം അല്ലാഹു കല്‍പിച്ച മതവിധികള്‍ തന്നെയാണെന്നും അവര്‍ വാദിക്കും. ഇതൊക്കെ ബുദ്ധിഹീനമായ നീചകൃത്യങ്ങളാണു; ഇമ്മാതിരി നീചകൃത്യങ്ങള്‍ക്ക് ഒരിക്കലും അല്ലാഹു കല്‍പിക്കുകയില്ല; യുക്തിപരമോ പ്രമാണപരമോ ആയ ഒരടിസ്ഥാനം കൂടാതെ അല്ലാഹുവിന്റെ പേരില്‍ കളവു പറഞ്ഞുണ്ടാക്കലാണത്; നമസ്കാരം, പ്രാര്‍ത്ഥന മുതലായ ആരാധനാ കര്‍മ്മങ്ങള്‍ അവനു മാത്രം അര്‍പ്പിച്ചു കൊണ്ടു മുഖവും മനസ്സും അവനിലേക്കു തിരിക്കണം എന്നിങ്ങനെയുള്ള നീതി യുക്തമായ കാര്യങ്ങള്‍ക്കു മാത്രമേ അവന്‍ കല്‍പിക്കൂ എന്നൊക്കെയാണ് അവര്‍ക്കു മറുപടി നല്‍കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിച്ചതിന്റെ സാരം.

مَسْجِد (മസ്ജിദ്) എന്ന വാക്കിന്റെ അര്‍ത്ഥം ‘സുജൂദു ചെയ്യുന്ന സ്ഥലം’ എന്നാകുന്നു. ‘നമസ്കാരവേള, പള്ളി, പ്രാര്‍ത്ഥനാ സ്ഥലം’ എന്നിങ്ങിനെയുള്ള ഉദ്ദേശ്യങ്ങളിലാണതു സാധാരണ ഉപയോഗിക്കപ്പെടാറുള്ളത്. دِين (ദീന്‍) എന്ന വാക്കിനു ‘മതം, നടപടി, അനുസരണം, കീഴ്വണക്കം, ആചാരം, വഴിപ്പാടു, പതിവു, ചര്യ, പ്രതിഫലം’ എന്നിങ്ങിനെ സന്ദര്‍ഭമനുസരിച്ചു പല അര്‍ത്ഥങ്ങളും വരാം. നിങ്ങളെ ആദ്യമായി ഉണ്ടാക്കിയതുപോലെ നിങ്ങള്‍ വീണ്ടും മടങ്ങും (كَمَا بَدَأَكُمْ تَعُودُونَ) എന്ന വാക്യത്തിനു പലരും പലതരം വ്യാഖ്യാനം നല്‍കിക്കാണുന്നു. ഇഹത്തില്‍ ജീവിച്ചതുപോലെ മരണശേഷം വീണ്ടും ജീവിക്കും; മണ്ണില്‍ നിന്നു സൃഷ്ടിക്കപ്പെട്ടതുപോലെ വീണ്ടും മണ്ണോടു ചേരും; ജനിക്കുമ്പോള്‍ നഗ്നരും ചേലാകര്‍മ്മം ചെയ്യപ്പെടാത്തവരുമായിരുന്നതുപോലെത്തന്നെ രണ്ടാമതു ജീവിക്കുമ്പോഴും ആയിരിക്കും; മുസ്ലിമായിരുന്നവര്‍ മുസ്ലിമായും, അവിശ്വാസിയായിരുന്നവര്‍ അവിശ്വാസിയായും മടങ്ങിവരും; ശൂന്യതയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയതുപോലെ വീണ്ടും ജീവിപ്പിക്കപ്പെടും എന്നൊക്കെയാണു ആ വ്യാഖ്യാനങ്ങളുടെ ചുരുക്കം. അല്ലാഹു ഉപയോഗിച്ച വാക്കു ഈ വ്യാഖ്യാനങ്ങളെല്ലാം ഉള്‍ക്കൊള്ളുമാറു വിശാലാര്‍ത്ഥമുള്ളതാണു താനും.

രണ്ടാമത്തെ വചനത്തില്‍ പറഞ്ഞതിന്റെ സാരം ഇതാണ്; മരണശേഷം മടങ്ങിവരുമ്പോള്‍ നിങ്ങള്‍ രണ്ടു തരക്കാരായിരിക്കും. ഒരു കൂട്ടര്‍ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കിയ ഭാഗ്യവാന്‍മാര്‍. മറ്റൊരു കൂട്ടര്‍ ദുര്‍മ്മാര്‍ഗ്ഗികളായിരിക്കുവാന്‍ അവകാശപ്പെട്ടവരാകകൊണ്ടു ദുര്‍മ്മാര്‍ഗ്ഗികളായി വിധിക്കപ്പെട്ട ദുര്‍ഭാഗ്യവാന്‍മാര്‍. ഇവര്‍ ദുര്‍മ്മാര്‍ഗ്ഗികളാകുവാന്‍ കാരണം അവര്‍ തന്നെയാണ്. അവരുടെ ബദ്ധ ശത്രുക്കളായ പിശാചുക്കളെയാണവര്‍ തങ്ങളുടെ ബന്ധുമിത്രങ്ങളും കാര്യകര്‍ത്താക്കളുമാക്കി വെച്ചത്. അവരുടെ ദുരുപദേശങ്ങളെ അവര്‍ അനുസരിക്കുകയും, അതൊക്കെ നേരായ മാര്‍ഗ്ഗം തന്നെയെന്നു ധരിച്ചുവശാകുകയും ചെയ്തു വന്നു.

തങ്ങള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നു അവര്‍ ഗണിക്കുകയും ചെയ്തിരുന്നു (وَيَحْسَبُونَ أَنَّهُم مُّهْتَدُونَ) എന്നു ദുര്‍മ്മാര്‍ഗ്ഗികളെപ്പറ്റി പറഞ്ഞതില്‍നിന്ന് ഒരാള്‍ താന്‍ സ്വീകരിച്ച മാര്‍ഗ്ഗം നല്ലതും ശരിയുമാണെന്നു വിചാരിച്ചതുകൊണ്ടു കാര്യമില്ലെന്നും, അതു യഥാര്‍ത്ഥത്തില്‍ നല്ലതും ശരിയും ആയിരിക്കുക തന്നെ വേണ്ടതുണ്ടെന്നും, എന്നാല്‍ മാത്രമേ അല്ലാഹുവിങ്കല്‍ അതു സ്വീകാര്യമായിരിക്കുകയുള്ളുവെന്നും, അതുകൊണ്ടു നല്ലതും ചീത്തയും ഏതേതാണെന്നു അന്വേഷിച്ചറിയല്‍ മനുഷ്യന്റെ കടമയാണെന്നും, മനസ്സിലാക്കാവുന്നതാകുന്നു. ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിട്ടുണ്ട്: “ഒരു അടിയാന്‍, മനുഷ്യരുടെ ദൃഷ്ടിയില്‍ സ്വര്‍ഗ്ഗക്കാരുടെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കും; അവന്‍ യഥാര്‍ത്ഥത്തില്‍ നരകക്കാരില്‍പെട്ടവനുമായിരിക്കും. ഒരുവന്‍ മനുഷ്യരുടെ ദൃഷ്ടിയില്‍ നരകക്കാരുടെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കും; അവന്‍ യഥാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗക്കാരില്‍പെട്ടവനുമായിരിക്കും. കര്‍മ്മങ്ങള്‍ (വിലയിരുത്തപ്പെടുന്നതു) അവസാന സ്ഥിതിഗതികള്‍ക്കനുസരിച്ചായിരിക്കും’ (ബു.). മനുഷ്യരെ വിളിച്ചുകൊണ്ടു വീണ്ടും അല്ലാഹു പറയുന്നു:-

7:31
 • يَـٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ ﴾٣١﴿
 • ആദമിന്റെ സന്തതികളേ, എല്ലാ നമസ്കാരസ്ഥാനത്തിങ്കലും നിങ്ങള്‍ നിങ്ങളുടെ ഭംഗി [വസ്ത്രങ്ങള്‍] എടുത്തു (പയോഗിച്ചു) കൊള്ളുവിന്‍; നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുവിന്‍, അമിതമാക്കുകയും അരുത്.

  നിശ്ചയമായും, അമിതമാക്കുന്നവരെ അവന്‍ [അല്ലാഹു] ഇഷ്ടപ്പെടുകയില്ല.
 • يَا بَنِي آدَمَ ആദമിന്റെ സന്തതികളേ (മക്കളേ) നിങ്ങള്‍ خُذُوا എടുത്തു (ഉപയോഗിച്ചു - സ്വീകരിച്ചു) കൊള്ളുവിന്‍ زِينَتَكُمْ നിങ്ങളുടെ ഭംഗി, അലങ്കാരം, അഴകു عِندَ كُلِّ مَسْجِدٍ എല്ലാ സുജൂദു (നമസ്കാര) വേളയിലും, നമസ്കാര സ്ഥലത്തിങ്കലും وَكُلُوا തിന്നുകയും ചെയ്യുവിന്‍ وَاشْرَبُوا കുടിക്കുകയും ചെയ്യുവിന്‍ وَلَا تُسْرِفُوا നിങ്ങള്‍ അമിതമാക്കുക (അതിരു കടക്കുക) യും ചെയ്യരുതു إِنَّهُ നിശ്ചയമായും لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുകയില്ല الْمُسْرِفِينَ അതിരു വിടുന്നവരെ, അമിതമാക്കുന്നവരെ.

മുകളില്‍ പ്രസ്താവിച്ചപോലെ, നഗ്നരായ നിലയില്‍ ത്വവാഫും നമസ്കാരം പോലെയുള്ള ആരാധനാകര്‍മ്മങ്ങളും നടത്തുന്ന സമ്പ്രദായം ഉപേക്ഷിക്കണം; ആരാധനാ കര്‍മ്മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ നഗ്നത മറക്കുക മാത്രമല്ല, ഭംഗിക്കും അലങ്കാരത്തിനുമുള്ള വസ്ത്രങ്ങള്‍ ധരിക്കുക കൂടി വേണ്ടതാണ് എന്നു അല്ലാഹു ഉപദേശിക്കുന്നു. അതിനോടനുബന്ധിച്ചുകൊണ്ടു ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഉപദേശിച്ചിരിക്കുന്നു. ഭക്ഷണപാനീയങ്ങള്‍ മുതലായ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ ഉപേക്ഷിച്ച് ബുദ്ധിമുട്ടും ഞെരുക്കവും അനുഭവിക്കുന്നതു ഒരു പുണ്യകര്‍മ്മമാണെന്നും, മോക്ഷമാര്‍ഗ്ഗമാണെന്നും ചില ആളുകള്‍ മുന്‍കാലത്തും ഇക്കാലത്തും കരുതാറുണ്ട്‌. ആ സമ്പ്രദായം ഉപേക്ഷിക്കണമെന്നും, അല്ലാഹു നല്‍കിയ ആ അനുഗ്രഹങ്ങള്‍ ആവശ്യവും സന്ദര്‍ഭവും അനുസരിച്ചു ഉപയോഗപ്പെടുത്തണമെന്നും, അതില്‍ മടികാണിക്കരുതെന്നും, അതേ സമയം അതിലൊന്നും അമിതത്വം ഉണ്ടാവാന്‍ പാടില്ലെന്നും കല്‍പിക്കുന്നു. അല്ലാഹുവിന്റെ ഈ കല്‍പനകളുടെ അടിസ്ഥാനത്തിലാണു നമസ്കാര വേളകളില്‍ – ജുമുഅഃ, ജമാഅത്ത്, പെരുന്നാള്‍ നമസ്കാരം എന്നിവയില്‍ വിശേഷിച്ചും – നല്ല വസ്ത്രങ്ങള്‍ ധരിക്കുക, വാസനദ്രവ്യം ഉപയോഗിക്കുക, വായ വൃത്തിയാക്കുക, കുളിച്ചു ശുദ്ധിയാകുക മുതലായ കാര്യങ്ങള്‍ക്കു ഹദീഥുകളില്‍ പ്രോത്സാഹനം നല്‍കപ്പെട്ടു കാണുന്നത്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു: “അമിതത്വവും, അഹങ്കാരവുമില്ലാത്ത വിധം തിന്നുകയും, കുടിക്കുകയും, ഉടുക്കുകയും, ധര്‍മ്മം കൊടുക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ അടയാളം അവന്റെ അടിയാനില്‍ കാണപ്പെടുന്നതു അവന്‍ ഇഷ്ടപ്പെടുന്നതാണ്. (അ; ന; ജ). ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ബുഖാരി (رحمه الله) പറയുന്നു: “രണ്ടു കാര്യങ്ങള്‍ നിന്നില്‍നിന്നു ഒഴിവായാല്‍ നിനക്കു വേണ്ടതു നീ തിന്നുകയും, നിനക്കു വേണ്ടതു നീ കുടിക്കുകയും ചെയ്തു കൊള്ളുക; അമിതത്വവും, അഹങ്കാരവും.” മുന്‍ഗാമികളായ ചില മഹാന്‍മാര്‍ ഇപ്രകാരം പറഞ്ഞതായി ഇബ്നു കഥീര്‍ (رحمه الله) ഉദ്ധരിക്കുന്നു: അല്ലാഹു വൈദ്യം മുഴുവനും ഒരു ആയത്തിന്റെ പകുതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നു. അതായതു: وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا (തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക – അമിതമാക്കുകയും അരുത്.). ആവശ്യത്തിലധികം ഉപയോഗിക്കുക, കഴിവിലധികവും സന്ദര്‍ഭം നോക്കാതെയും ഉപയോഗിക്കുക, പത്രാസിനും അന്തസ്സിനും വേണ്ടി ഉപയോഗിക്കുക, മുന്തിയതരംതന്നെ വേണമെന്നു ശഠിക്കുക, ഹറാമും ഹലാലും നോക്കാതിരിക്കുക മുതലായവയെല്ലാം അമിതത്വത്തില്‍ ഉള്‍പ്പെടുന്നതാണ്.

വിഭാഗം - 4

7:32
 • قُلْ مَنْ حَرَّمَ زِينَةَ ٱللَّهِ ٱلَّتِىٓ أَخْرَجَ لِعِبَادِهِۦ وَٱلطَّيِّبَـٰتِ مِنَ ٱلرِّزْقِ ۚ قُلْ هِىَ لِلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا خَالِصَةً يَوْمَ ٱلْقِيَـٰمَةِ ۗ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ ﴾٣٢﴿
 • (നബിയേ) പറയുക: "അല്ലാഹു അവന്റെ അടിയാന്‍മാര്‍ക്കുവേണ്ടി പുറപ്പെടുവിച്ചിട്ടുള്ളതായ അവന്റെ (വക) ഭംഗി (വസ്തുക്കളെ)യും, ആഹാരത്തില്‍ നിന്നുള്ള നല്ല (വിശിഷ്ട) വസ്തുക്കളെയും നിഷിദ്ധമാക്കിയതാരാണ്?!"

  പറയുക: "അവ ഐഹിക ജീവിതത്തില്‍ വിശ്വസിച്ചവര്‍ക്കുവേണ്ടിയുള്ളതാകുന്നു; ക്വിയാമത്തുനാളില്‍ അവര്‍ക്കു മാത്രമായിക്കൊണ്ട്."

  ഇപ്രകാരം, അറിയാവുന്ന ജനങ്ങള്‍ക്കുവേണ്ടി 'ആയത്തു' [ലക്‌ഷ്യം]കളെ നാം വിശദീകരിക്കുന്നു.
 • قُلْ പറയുക مَنْ حَرَّمَ നിഷിദ്ധ (ഹറാ) മാക്കിയതാരാണ് زِينَةَ اللَّهِ അല്ലാഹുവിന്റെ ഭംഗിയെ (അലങ്കാരത്തെ) الَّتِي أَخْرَجَ അവന്‍ പുറപ്പെടുവിച്ച (ഉല്പാദിപിച്ച) തായ لِعِبَادِهِ തന്റെ (അവന്റെ) അടിയാന്‍മാര്‍ക്കുവേണ്ടി وَالطَّيِّبَاتِ നല്ല (വിശിഷ്ട) വസ്തുക്കളെയും مِنَ الرِّزْقِ ആഹാര (ഉപജീവന)ത്തില്‍ നിന്നു قُلْ هِيَ പറയുക അവ لِلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്കുള്ളതാണു (വേണ്ടിയാണു) فِي الْحَيَاةِ ജീവിതത്തില്‍ الدُّنْيَا ഇഹലോക, ഐഹിക خَالِصَةً മാത്രമായിക്കൊണ്ടു, തനിയേയായിട്ടു يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ كَذَٰلِكَ അ(ഇ)പ്രകാരം نُفَصِّلُ നാം വിശദീകരിക്കുന്നു الْآيَاتِ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കുവേണ്ടി يَعْلَمُونَ അറിയുന്ന.

ഭംഗിക്കും അഴകിനും വേണ്ടി മനുഷ്യര്‍ ഉപയോഗിക്കാറുള്ള വസ്ത്രം മുതലായ ഉപകരണങ്ങളെയും, വിശിഷ്ട തരങ്ങളായ ഭക്ഷണപാനീയങ്ങളെയും ഈ ഭൂമിയില്‍ സൃഷ്ടിച്ചുണ്ടാക്കിത്തന്നതു അല്ലാഹുവാണ്. അതവന്റെ അടിയാന്‍മാര്‍ക്കുവേണ്ടി ഉണ്ടാക്കിയതുമാകുന്നു. എന്നിരിക്കെ, അവയില്‍ ചിലതു നിഷിദ്ധമായതാണ് – ഉപയോഗിച്ചു കൂടാ – എന്നു വിധി കല്‍പിക്കാന്‍ ആര്‍ക്കാണു അധികാരവും അവകാശവുമുള്ളത്?! എന്നു അല്ലാഹു ചോദിക്കുന്നു. ഇല്ല; അല്ലാഹുവിനല്ലാതെ ആര്‍ക്കും അതിനവകാശമില്ല; വല്ലവരും അങ്ങിനെ ചെയ്‌താല്‍ അതു സ്വീകാര്യവുമല്ല എന്നര്‍ത്ഥം. നല്ല വസ്ത്രം ധരിക്കുക, നല്ല ആഹാരം കഴിക്കുക മുതലായവ തെറ്റാണെന്നും, അതു ആത്മീയ പുരോഗതിക്കു ഹാനികരമാണെന്നും ധരിക്കുന്ന എല്ലാവരുടെയും – അവര്‍ മുസ്ലിംകളോ അമുസ്ലിംകളോ ആവട്ടെ – നേരെയുള്ള ശക്തിയുള്ള ഒരു പ്രതിഷേധമാണ് അല്ലാഹുവിന്റെ ഈ ചോദ്യം. അല്ലാഹു നിഷിദ്ധമാക്കാത്തതിനെ നിഷിദ്ധമാക്കുന്നതു അക്രമവും ധിക്കാരവുമാകുന്നു. മാത്രമല്ല, അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ സൗകര്യമുണ്ടായിട്ടും കല്‍പിച്ചുകൂട്ടി അതു ഉപേക്ഷിക്കുന്നതു നന്ദികേടുമാണ്. അതുകൊണ്ടാണ് ഇത്രയും ശക്തിയായ സ്വരത്തില്‍ ഇതിനെപ്പറ്റി പ്രസ്താവിക്കുന്നത്. പിന്നീടു പറഞ്ഞതിന്റെ താല്‍പര്യം ഇതാണ്; മേല്‍ സൂചിപ്പിച്ചതുപോലെയുള്ള വസ്തുക്കളെല്ലാം അല്ലാഹു ഈ ലോകത്തു ഉല്‍പാദിപ്പിച്ചിരിക്കുന്നതു യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍ക്കു വേണ്ടിയാകുന്നു. എങ്കിലും അവിശ്വാസികളും അവയുടെ ഉപയോഗത്തില്‍ പങ്കുകൊണ്ടു വരുന്നുവെന്നു മാത്രം. അല്ലാഹു അതു തടയുന്നുമില്ല. എന്നാല്‍, അന്ത്യനാള്‍ വന്നുകഴിഞ്ഞാല്‍ പിന്നെ, ഇങ്ങിനെയുള്ള അനുഗ്രഹങ്ങള്‍ സത്യവിശ്വാസികള്‍ക്കു മാത്രമേ ലഭിക്കുകയുള്ളു. അവസാനത്തെ വാക്യത്തില്‍ ഇതൊക്കെ ഇങ്ങിനെ വിശദീകരിച്ചു വിവരിച്ചു തരുന്നതു കാര്യങ്ങള്‍ ഗ്രഹിച്ചു മനസ്സിലാക്കുന്നവര്‍ക്കു അറിയുവാന്‍ വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണപാനീയങ്ങളില്‍ പോലും അമിതത്വവും അതിരു കവിച്ചാലും പാടില്ലെന്നും, പത്രാസും പെരുമയും ഉണ്ടായിക്കൂടാ എന്നും കഴിഞ്ഞ വചനത്തില്‍ നിന്നും മേലുദ്ധരിച്ചതുപോലെയുള്ള ഹദീഥുകളില്‍ നിന്നും വ്യക്തമായിരിക്കെ, അലങ്കാര വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ പ്രത്യേകിച്ചും മിതത്വം പാലിക്കേണ്ടതുണ്ടെന്നു പറയേണ്ടതില്ലല്ലോ. നമ്മുടെ കാലത്തെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍, അല്ലാഹു നല്‍കിയ സുഖസൗകര്യങ്ങളും അലങ്കാര വിഭവങ്ങളും ഉപയോഗപ്പെടുത്താത്തവരായി അധികമാരേയും കാണപ്പെടുകയില്ല. അവ ഉപയോഗിക്കുന്നതിലും വര്‍ദ്ധിപ്പിക്കുന്നതിലുമുള്ള വാശിയും കിടമത്സരവുമാണു പരക്കെയുള്ളത്. മാത്രമല്ല, അലങ്കാരത്തിന്റെയും ഭംഗിയുടെയും പേരില്‍ ഏതു വികൃത മാര്‍ഗ്ഗവും സ്വീകരിക്കാമെന്നും, ഐഹിക ജീവിതത്തിന്റെ പ്രധാന ലക്ഷ്യം തന്നെ അതാണെന്നുമുള്ളിടത്തോളം പൊതുജന മനസ്ഥിതി എത്തിച്ചേര്‍ന്നിരിക്കുകയാണ്! അല്ലാഹുവില്‍ ശരണം!

7:33
 • قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ ﴾٣٣﴿
 • പറയുക: "നിശ്ചയമായും, എന്റെ റബ്ബു നിഷിദ്ധമാക്കിയിരിക്കുന്നതു: നീചവൃത്തികളും അവയ്ളി പ്രത്യക്ഷമായതും പരോക്ഷമായതും, പാപവും, ന്യായവുമല്ലാതെയുള്ള അതിക്രമ (അഥവാ കയ്യേറ്റ)വും, യാതൊരു (അധികൃത) രേഖയും അല്ലാഹു അവതരിപ്പിച്ചിട്ടില്ലാത്തതിനെ നിങ്ങള്‍ അവനോടു പങ്കുചേര്‍ക്കുന്നതും, നിങ്ങള്‍ക്കു അറിഞ്ഞു കൂടാത്തതു നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കുന്നതും (മാത്രം) ആകുന്നു.
 • قُلْ പറയുക إِنَّمَا حَرَّمَ നിഷിദ്ധമാക്കിയതു (ഇവ മാത്രം), നിശ്ചയമായും ഹറാമാക്കി رَبِّيَ എന്റെ റബ്ബു الْفَوَاحِشَ നീചവൃത്തികളെ (മാത്രം) مَا ظَهَرَ പ്രത്യക്ഷമായതു (വെളിവായതു) مِنْهَا അവയില്‍ നിന്നു وَمَا بَطَنَ പരോക്ഷമായതും (മറഞ്ഞതും) وَالْإِثْمَ കുറ്റവും, പാപവും അതിക്രമവും, وَالْبَغْيَ കയ്യേറ്റവും, ധിക്കാരവും, അക്രമവും بِغَيْرِ الْحَقِّ ന്യായമില്ലാതെ, അവകാശമില്ലാതെ وَأَن تُشْرِكُوا നിങ്ങള്‍ പങ്കു ചേര്‍ക്കലും بِاللَّهِ അല്ലാഹുവിനോടു, അല്ലാഹുവില്‍ مَا لَمْ يُنَزِّلْ അവന്‍ അവതരിപ്പിക്കാത്തതിനെ بِهِ അതിനു, അതിനെപ്പറ്റി سُلْطَانًا ഒരു (അധികൃത) രേഖ (ശക്തി - അധികാരം) وَأَن تَقُولُوا നിങ്ങള്‍ പറയലും (പറഞ്ഞുണ്ടാക്കലും) عَلَى اللَّهِ അല്ലാഹുവിന്റെ പേരില്‍ مَا لَا تَعْلَمُونَ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതു.

നല്ല വസ്തുക്കളെയൊന്നും അല്ലാഹു നിഷിദ്ധമാക്കിയിട്ടില്ലെന്നു പറയുമ്പോള്‍, എന്നാല്‍ പിന്നെ ഏതുതരം കാര്യങ്ങളാണ് അവന്‍ നിഷിദ്ധമാക്കിയിരിക്കുന്നതെന്ന് ചോദിക്കപ്പെടാമല്ലോ. അതിനൊരു മറുപടിയാണ് ഈ വചനം. അടിസ്ഥാനപരമായി അഞ്ച് തരത്തിലുള്ള കാര്യങ്ങള്‍ മാത്രമേ അവന്‍ നിഷിദ്ധമാക്കിയിട്ടുള്ളു – അവയില്‍പെടാത്ത കാര്യങ്ങളൊന്നും അവന്‍ നിഷിദ്ധമാക്കിയിട്ടില്ല – എന്ന് ഈ വചനത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അതായത്:-

1. പ്രത്യക്ഷമോ പരോക്ഷമോ ആയ എല്ലാ നീചവൃത്തികളും, ഇവയെപ്പറ്റി കഴിഞ്ഞ സൂറത്തിലെ 151-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മറ്റും മുമ്പ് വിവരിച്ചിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു; ‘അല്ലാഹുവിനെക്കാള്‍ രോഷമുള്ളവരായി ആരും തന്നെയില്ല. അതുകൊണ്ടാണ് പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ അവന്‍ നിഷിദ്ധമാക്കിയിരിക്കുന്നത്. അവനെക്കാള്‍ പ്രശംസയെ ഇഷ്ടപ്പെടുന്നവരും വേറെയില്ല.’ (ബു. മു). മാന്യതക്കും ശുദ്ധക്കും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങളോട് അല്ലാഹുവിനുള്ള വെറുപ്പിന്റെ കാഠിന്യംകൊണ്ടാണ് അവന്‍ എല്ലാവിധ നീച്ചവൃത്തികളെയും നിരോധിച്ചതു. നേരെമറിച്ച് മാന്യതക്കും, സല്‍പേരിനും കാരണമാകുന്ന കാര്യങ്ങളെല്ലാം അവന് വളരെ ഇഷ്ടവുമാണു എന്ന് താല്‍പര്യം.

2. കുറ്റകരമായതു. അഥവാ ശാരീരികമോ, ആത്മീയമോ ആയ ദോഷം നിമിത്തം പാപങ്ങളായി നിയമിക്കപ്പെട്ട കാര്യങ്ങള്‍.

3. ന്യായമില്ലാത്ത അതിക്രമം. അഥവാ മറ്റുള്ളവരുടെമേല്‍ അക്രമവും കയ്യേറ്റവും ആയിത്തീരുന്ന കാര്യങ്ങള്‍.

4. അല്ലാഹുവിനോട് – അവന്റെ സത്തയിലോ അധികാരാവകാശങ്ങളിലോ ഗുണഗണങ്ങളിലോ – ഏതെങ്കിലും വസ്തുവെ പങ്കു ചേര്‍ക്കല്‍, എല്ലാ നിഷിദ്ധങ്ങളിലുംവെച്ച് ഏറ്റവും ഗൗരവപ്പെട്ടതും ഇതുതന്നെ. അല്ലാഹുവിങ്കല്‍ നിന്നുള്ള അധികൃതമായ രേഖയില്ലാത്തതിനെ പങ്കു ചേര്‍ക്കുക എന്നു പറഞ്ഞത് ശ്രദ്ധേയമാകുന്നു. വിശ്വാസപരമായ മൗലിക സിദ്ധാന്തങ്ങള്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വഹ്-യുമൂലം ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലെ അംഗീകരിക്കപ്പെടുകയുള്ളു, അതില്‍ അഭിപ്രായത്തിനും അനുമാനത്തിനും സ്ഥാനമില്ല എന്നാണിത് സൂചിപ്പിക്കുന്നതു.

5. വിവരമില്ലാതെ – അഥവാ തക്കതായ തെളിവും രേഖയും കൂടാതെ – അല്ലാഹുവിന്റെ പേരില്‍ വല്ലതും വെച്ചുകെട്ടിപ്പറയുക. മതത്തിലില്ലാത്തത് കൂട്ടിച്ചേര്‍ക്കല്‍, അല്ലാഹ് നിയമിക്കാത്ത ആചാരാനുഷ്ഠാനങ്ങള്‍ നിര്‍മ്മിക്കല്‍, സ്വാഭിപ്രായത്തിനുംസ്ഥാപിത താല്‍പര്യത്തിനും യോജിച്ച ഫത്-വാ (മതവിധി) പുറപ്പെടുവിക്കല്‍, അല്ലാഹു അനുവദനീയമാക്കിയതിനെ നിഷിദ്ധവും നിഷിദ്ധമാക്കിയതിനെ അനുവദനീയവുമാക്കല്‍ തുടങ്ങിയതെല്ലാം ഇതില്‍ ഉള്‍പെട്ടതാകുന്നു. ഈ അഞ്ചില്‍ ഏതെങ്കിലും ഒരു തരത്തില്‍പെട്ട കാര്യങ്ങളെ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളുവെന്നാണ് അല്ലാഹു പറയുന്നത്.

7:34
 • وَلِكُلِّ أُمَّةٍ أَجَلٌ ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ﴾٣٤﴿
 • എല്ലാ (ഓരോ) സമുദായത്തിനുമുണ്ട് ഒരു അവധി. അങ്ങനെ, അവരുടെ അവധി വന്നാല്‍ അവര്‍ ഒരു നാഴിക നേരവും പിന്നോട്ടു പോകുകയാകട്ടെ, മുന്നോട്ടു പോകുകയാകട്ടെ ചെയ്കയില്ല.
 • وَلِكُلِّ أُمَّةٍ എല്ലാ സമുദായത്തിനുമുണ്ട് أَجَلٌ ഒരു അവധി فَإِذَا جَاءَ അങ്ങനെ (അതിനാല്‍) വന്നാല്‍ أَجَلُهُمْ അവരുടെ അവധി لَا يَسْتَأْخِرُونَ അവര്‍ പിന്തി (പിന്നോട്ടു) പോകുകയില്ല سَاعَةً ഒരു നാഴികനേരം وَلَا يَسْتَقْدِمُونَ അവര്‍ മുന്തി (മുന്നോട്ടു) പോകുകയുമില്ല.

നൂഹ് (عليه الصلاة والسلام) നബിയുടെ സമുദായവും, അതിനുശേഷം മറ്റു ചില സമുദായങ്ങളും അവരവരുടെ അക്രമഫലമായി ഉന്‍മൂലനാശത്തിന് ഇരയായ കഥ വിവരിച്ചശേഷം, സൂറത്തുല്‍ മുഅ്മിനൂനില്‍ പറയുന്നു: مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَأْخِرُونَ ﴿٤٣ (ഒരു സമുദായവും തന്നെ അതിന്റെ അവധിയെ മുന്‍കടക്കുകയില്ല; അവര്‍ പിന്നോട്ടു പോവുകയുമില്ല). നശിപ്പിക്കപ്പെട്ട ഓരോ രാജ്യവും – അഥവാ രാജ്യക്കാരും – അതാതിനു നിശ്ചയിക്കപ്പെട്ട അവധി അനുസരിച്ചു തന്നെയാണു നശിച്ചതെന്നു സൂചിപ്പിച്ചുകൊണ്ടു സൂ: ഹിജ്ര്‍ 5ലും ഇതേ വാക്യം കാണാം. ഈ ആശയം തന്നെയാണു ഈ വചനത്തിലും കാണുന്നത്. അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും സന്മാര്‍ഗ്ഗ നിഷ്ഠയും അവശേഷിക്കുന്ന കാലത്തോളം സമുദായങ്ങള്‍ ജീവനോടും ജീവസ്സോടും കൂടിയിരിക്കും. നേരെമറിച്ച് ധിക്കാരത്തിലും ദുര്‍മ്മാര്‍ഗ്ഗത്തിലും അതിരു കവിയുമ്പോള്‍ അവര്‍ക്കു നാശം സംഭവിക്കുകയും ചെയ്യും. എപ്പോഴാണത് സംഭവിക്കുകയെന്നും, സംഭവിക്കേണ്ടതെന്നും അല്ലാഹുവിനു മാത്രമേ അറിയുകയുള്ളു. അതിനു നിശ്ചയിക്കപ്പെട്ട സമയത്തല്ലാതെ അതിന്റെ അല്‍പമെങ്കിലും മുമ്പോ പിമ്പോ അതൊരിക്കലും സംഭവിക്കുകയില്ല.

നാശം എന്നു പറഞ്ഞതില്‍, മുന്‍സമുദായങ്ങളില്‍ കഴിഞ്ഞപോലെയുള്ള ഉന്‍മൂല ശിക്ഷകള്‍ക്കു പുറമെ, സമുദായത്തെ പൊതുവായി ബാധിക്കുന്ന തരത്തിലുള്ള അധഃപതനം, നിന്ദ്യത, പരാധീനത, ശത്രുമര്‍ദ്ദനം, പ്രകൃതിക്ഷോഭം മുതലായവയും ഉള്‍പ്പെടുന്നു. മുന്‍ സമുദായങ്ങളെപ്പോലെ ഈ സമുദായത്തിനും ബാധകമാണ് ഈ താക്കീത്.

7:35
 • يَـٰبَنِىٓ ءَادَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَـٰتِى ۙ فَمَنِ ٱتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾٣٥﴿
 • ആദമിന്റെ സന്തതികളെ,

  എന്റെ 'ആയത്തു [ലക്‌ഷ്യം] കള്‍' നിങ്ങള്‍ക്കു വിവരിച്ചുതന്നുകൊണ്ട് നിങ്ങളില്‍നിന്നുള്ള 'റസൂലു'കള്‍ നിങ്ങള്‍ക്കു (വല്ലപ്പോഴും) വന്നെത്തുന്നപക്ഷം, അപ്പോള്‍ - ആര്‍ സൂക്ഷമത പാലിക്കുകയും, (പ്രവൃത്തി) നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ വ്യസനിക്കുകയുമില്ല.
 • يَا بَنِي آدَمَ ആദമിന്റെ സന്തതികളെ إِمَّا يَأْتِيَنَّكُمْ നിങ്ങള്‍ക്കു (വല്ലപ്പോഴും) വരുന്നപക്ഷം رُسُلٌ റസൂലുകള്‍, ദൂതന്‍മാര്‍ مِّنكُمْ നിങ്ങളില്‍നിന്നുള്ള يَقُصُّونَ വിവരിച്ചുതന്നുകൊണ്ടു عَلَيْكُمْ നിങ്ങള്‍ക്കു آيَاتِي എന്റെ ലക്ഷ്യങ്ങള്‍, ദൃഷ്ടാന്തങ്ങള്‍ فَمَنِ اتَّقَىٰ അപ്പോള്‍ ആര്‍ സൂക്ഷിച്ചുവോ (കര്‍മ്മം) وَأَصْلَحَ നന്നാക്കുകയും ചെയ്തു, നന്നായിത്തീരുകയും ചെയ്തു فَلَا خَوْفٌ എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെമേല്‍ وَلَا هُمْ അവര്‍ ഇല്ലതാനും يَحْزَنُونَ അവര്‍ വ്യസനിക്കും.

7:36
 • وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱسْتَكْبَرُوا۟ عَنْهَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ ﴾٣٦﴿
 • നമ്മുടെ 'ആയത്തു' [ലക്‌ഷ്യം] കളെ വ്യാജമാക്കുകയും, അവയെക്കുറിച്ച് അഹംഭാവം നടിക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍ നരകത്തിന്റെ ആള്‍ക്കാരാകുന്നു; അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
 • وَالَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളെ وَاسْتَكْبَرُوا അഹംഭാവം (വലുപ്പം - ഗര്‍വ്വു) നടിക്കുകയും ചെയ്തു عَنْهَا അവയെപ്പറ്റി أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകത്തിന്റെ ആള്‍ക്കാരാകുന്നു هُمْ അവര്‍ فِيهَا അതില്‍ خَالِدُونَ സ്ഥിര (നിത്യ) വാസികളാണു, ശാശ്വതമായിരിക്കും.

ആദം (عليه الصلاة والسلام) ന്റെ സന്തതികളോടു – അതെ, മനുഷ്യാരംഭം തൊട്ടു കാലാവസാനംവരെയുള്ള മനുഷ്യരോടു – അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു പൊതു അറിയിപ്പാണിത്. അദ്ദേഹത്തെ സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്കു ഇറക്കിയപ്പോള്‍ തന്നെ ഈ അറിയിപ്പു നല്‍കികൊണ്ടായിരുന്നു അയച്ചതെന്നു അല്‍ബക്വറ 38, 39 വചനങ്ങളില്‍ കാണാവുന്നതാണ്‌. ആ വചനങ്ങളിലെ ആശയം തന്നെയാണു ഈ വചനങ്ങളിലുമുള്ളതു. അല്ലാഹുവിന്റെ സന്ദേശങ്ങളും ലക്ഷ്യങ്ങളും പ്രബോധനം ചെയ്യുന്ന റസൂലുകള്‍ വരുമ്പോള്‍ അവരുടെ മാര്‍ഗ്ഗദര്‍ശനം എല്ലാവരും സ്വീകരിക്കണമെന്നും, അതനുസരിക്കുന്നവര്‍ക്കേ രക്ഷയുള്ളുവെന്നും, അല്ലാത്തവര്‍ക്കു നരകശിക്ഷയായിരിക്കും ആധാരമെന്നുമാണല്ലോ ഈ അറിയിപ്പിന്റെ സാരം. അങ്ങിനെയുള്ള ഒരു റസൂലാണു നിങ്ങളില്‍ ഇപ്പോള്‍ വന്നിരിക്കുന്നതു; അതുകൊണ്ടു അദ്ദേഹത്തെ പിന്‍പറ്റല്‍ നിങ്ങളുടെ ഒഴിച്ചുകൂടാത്ത കടമയാകുന്നുവെന്നു താല്‍പര്യം.

7:37
 • فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۚ أُو۟لَـٰٓئِكَ يَنَالُهُمْ نَصِيبُهُم مِّنَ ٱلْكِتَـٰبِ ۖ حَتَّىٰٓ إِذَا جَآءَتْهُمْ رُسُلُنَا يَتَوَفَّوْنَهُمْ قَالُوٓا۟ أَيْنَ مَا كُنتُمْ تَدْعُونَ مِن دُونِ ٱللَّهِ ۖ قَالُوا۟ ضَلُّوا۟ عَنَّا وَشَهِدُوا۟ عَلَىٰٓ أَنفُسِهِمْ أَنَّهُمْ كَانُوا۟ كَـٰفِرِينَ ﴾٣٧﴿
 • അപ്പോള്‍, അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കില്‍ അവന്റെ 'ആയത്തു' [ലക്‌ഷ്യം] കളെ വ്യാജമാക്കുകയോ ചെയ്തവനെക്കാള്‍ അക്രമി ആരാണു?! അവര്‍ക്കു (രേഖാ) ഗ്രന്ഥത്തില്‍നിന്നുള്ള അവരുടെ ഓഹരി (എത്തി) കിട്ടുന്നതാണ്.

  അങ്ങനെ, (അവസാനം) അവരെ പിടിച്ചെടുക്കുവാനായി നമ്മുടെ ദൂതന്‍മാര്‍ അവരുടെ അടുക്കല്‍ വരുമ്പോള്‍ അവര്‍ [ദൂതന്‍മാര്‍] പറയും: "നിങ്ങള്‍ അല്ലാഹുവിനു പുറമേ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരുന്നവ എവിടെ(പ്പോയി)?!"

  അവര്‍ (മറുപടി) പറയും: "അവര്‍ ഞങ്ങളെ വിട്ടു മറഞ്ഞുപോയി!" തങ്ങള്‍ അവിശ്വാസികളായിരുന്നുവെന്ന് തങ്ങള്‍ക്കു തന്നെ എതിരില്‍ അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതാണ്.
 • فَمَنْ അപ്പോള്‍ ആരാണു أَظْلَمُ ഏറ്റം (കൂടുതല്‍) അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ച (കെട്ടിപ്പറഞ്ഞ) വനെക്കാള്‍ عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ (പേരില്‍) كَذِبًا വ്യാജം, കളവു أَوْ كَذَّبَ അല്ലെങ്കില്‍ വ്യാജമാക്കിയ بِآيَاتِهِ അവന്റെ ആയത്തുകളെ أُولَٰئِكَ അക്കൂട്ടര്‍ يَنَالُهُمْ അവര്‍ക്കു എത്തും, കിട്ടും نَصِيبُهُم അവരുടെ ഓഹരി, പങ്കു مِّنَ الْكِتَابِ ഗ്രന്ഥത്തില്‍ (രേഖയില്‍) നിന്നുള്ള حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا جَاءَتْهُمْ അവര്‍ക്കു വന്നാല്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ يَتَوَفَّوْنَهُمْ അവരെ പിടിച്ചെടുത്തുകൊണ്ടു (പിടിച്ചെടുക്കുവാനായി) قَالُوا അവര്‍ പറയും أَيْنَ എവിടെ مَا كُنتُمْ നിങ്ങളായിരുന്നതു, ആയിരുന്നവ تَدْعُونَ നിങ്ങള്‍ വിളിക്കും, പ്രാര്‍ത്ഥിക്കും مِن دُونِ اللَّهِ അല്ലാഹുവിനു പുറമെ, കൂടാതെ قَالُوا അവര്‍ പറയും ضَلُّوا അവര്‍ പിഴച്ചു (മറഞ്ഞു) പോയി عَنَّا ഞങ്ങളെ വിട്ട്, ഞങ്ങളില്‍നിന്നു وَشَهِدُوا അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യും عَلَىٰ أَنفُسِهِمْ തങ്ങളുടെ സ്വന്തങ്ങളുടെമേല്‍, തങ്ങള്‍ക്കു തന്നെ എതിരെ أَنَّهُمْ كَانُوا അവരായിരുന്നുവെന്നു كَافِرِينَ അവിശ്വാസികള്‍.

സാരം: കാര്യത്തിന്റെ യഥാര്‍ത്ഥ സ്ഥിതി മുകളില്‍ പറഞ്ഞ പ്രകാരമായിരിക്കെ, അല്ലാഹുവിനു സമന്മാരും പങ്കുകാരുമുണ്ടെന്നും മറ്റും കെട്ടിപ്പറഞ്ഞുണ്ടാക്കുകയും, അവന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്യുന്നവരെക്കാള്‍ അക്രമികളായി ആരുമില്ല. എന്നിരുന്നാലും പെട്ടെന്ന് അല്ലാഹു അവരുടെ മേല്‍ നടപടി എടുക്കുന്നില്ല. അല്ലാഹു അവര്‍ക്കു നിശ്ചയിച്ചു കണക്കാക്കിവെച്ചിട്ടുള്ള അവരുടെ വിഹിതങ്ങളെല്ലാം – ആഹാരം, ആയുസ്സ് മുതലായവ – അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. അവസാനം ആയുഷ്ക്കാലം തീരുമ്പോള്‍ അവരെ പിടിച്ചെടുത്തുകൊണ്ടു പോകുവാനായി – മരണപ്പെടുത്തുവാന്‍ വേണ്ടി – മലക്കുകളാകുന്ന ദൈവദൂതന്‍മാര്‍ അവരുടെ അടുക്കല്‍ ചെല്ലും. നിങ്ങള്‍ വിളിച്ചും ആരാധിച്ചും വന്നിരുന്ന ആ ദൈവങ്ങളൊക്കെ എവിടെപ്പോയി അവര്‍ നിങ്ങളെ സഹായിക്കുന്നില്ലേ? എന്നിങ്ങിനെ ആ മലക്കുകള്‍ അവരോടു പരിഹാസപൂര്‍വ്വം ചോദിക്കും. അയ്യോ! അവരൊക്കെ ഞങ്ങളെ വിട്ടുപോയിക്കഴിഞ്ഞു! അവരെക്കൊണ്ടു ഒരു ഉപകാരവും ഞങ്ങള്‍ക്കുണ്ടായില്ല! എന്നായിരിക്കും അവരുടെ മറുപടി. അങ്ങനെ, തങ്ങളുടെ മരണംവരെ തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്നു അവര്‍ ഈ അവസരത്തില്‍ ഞങ്ങള്‍ക്കെതിരായി സാക്ഷ്യപ്പെടുത്തുക തന്നെ ചെയ്യും.

7:38
 • قَالَ ٱدْخُلُوا۟ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِكُم مِّنَ ٱلْجِنِّ وَٱلْإِنسِ فِى ٱلنَّارِ ۖ كُلَّمَا دَخَلَتْ أُمَّةٌ لَّعَنَتْ أُخْتَهَا ۖ حَتَّىٰٓ إِذَا ٱدَّارَكُوا۟ فِيهَا جَمِيعًا قَالَتْ أُخْرَىٰهُمْ لِأُولَىٰهُمْ رَبَّنَا هَـٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمْ عَذَابًا ضِعْفًا مِّنَ ٱلنَّارِ ۖ قَالَ لِكُلٍّ ضِعْفٌ وَلَـٰكِن لَّا تَعْلَمُونَ ﴾٣٨﴿
 • 38. അവന്‍ [അല്ലാഹു] പറയും: "ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍നിന്നുമായി നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചു കൊള്ളുവിന്‍!"

  ഓരോ സമുദായവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്റെ സഹോദരിയെ [സഹോദര സമുദായത്തെ] അതു ശപിക്കുന്നതാണ്.

  അങ്ങനെ, അവര്‍ മുഴുവനും അതില്‍വെച്ച് പരസ്പരം കണ്ടുമുട്ടി (ഒരുമിച്ചു കൂടി) യാല്‍, അവസാനത്തേവര്‍ ആദ്യത്തേവരെക്കുറിച്ചു പറയും: "ഞങ്ങളുടെ റബ്ബേ! ഇക്കൂട്ടര്‍ ഞങ്ങളെ വഴിപിഴപ്പിച്ചിരിക്കുന്നു; അതിനാല്‍ അവര്‍ക്കു നരകത്തില്‍ നിന്നും ഇരട്ടി ശിക്ഷ നീ കൊടുക്കേണമേ!"

  അവന്‍ പറയും: "എല്ലാവര്‍ക്കുമുണ്ട് ഇരട്ടി. പക്ഷെ, നിങ്ങള്‍ അറിയുന്നില്ല."
 • قَالَ അവന്‍ പറയും ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ فِي أُمَمٍ സമുദായങ്ങളിലായി (സമുദായങ്ങളുടെ കൂട്ടത്തില്‍) قَدْ خَلَتْ കഴിഞ്ഞു പോയിട്ടുള്ള مِن قَبْلِكُم നിങ്ങള്‍ക്കു മുമ്പു مِّنَ الْجِنِّ ജിന്നുകളില്‍ നിന്നു وَالْإِنسِ മനുഷ്യരില്‍ നിന്നും فِي النَّارِ നരകത്തില്‍ كُلَّمَا دَخَلَتْ പ്രവേശിക്കുമ്പോഴെല്ലാം أُمَّةٌ ഒരു സമുദായം لَّعَنَتْ അതു ശപിക്കും أُخْتَهَا അതിന്റെ സഹോദരിയെ (സഹോദരസമുദായത്തെ) حَتَّىٰ അങ്ങനെ إِذَا ادَّارَكُوا അവര്‍ പരസ്പരം കണ്ടുമുട്ടിയാല്‍, വന്നു ചേര്‍ന്നാല്‍ (ഒരുമിച്ചു കൂടിയാല്‍) فِيهَا അതില്‍ جَمِيعًا മുഴുവനും, എല്ലാവരും قَالَتْ പറയും أُخْرَاهُمْ അവരില്‍ അവസാനത്തേവര്‍ لِأُولَاهُمْ അവരില്‍ ആദ്യത്തേവരെപ്പറ്റി رَبَّنَا ഞങ്ങളുടെ റബ്ബേ هَٰؤُلَاءِ ഇക്കൂട്ടര്‍ أَضَلُّونَا അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചിരിക്കുന്നു فَآتِهِمْ അതിനാല്‍ അവര്‍ക്കു നീ കൊടുക്കണം عَذَابًا ശിക്ഷ ضِعْفًا ഇരട്ടി, ഇരട്ടിയായ مِّنَ النَّارِ നരകത്തില്‍നിന്നു قَالَ അവന്‍ പറയും لِكُلٍّ എല്ലാവര്‍ക്കുമുണ്ടു ضِعْفٌ ഇരട്ടി وَلَٰكِن എങ്കിലും لَّا تَعْلَمُونَ നിങ്ങള്‍ അറിയുന്നില്ല, അറിയുകയില്ല.

7:39
 • وَقَالَتْ أُولَىٰهُمْ لِأُخْرَىٰهُمْ فَمَا كَانَ لَكُمْ عَلَيْنَا مِن فَضْلٍ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْسِبُونَ ﴾٣٩﴿
 • അവരില്‍ ആദ്യത്തേവര്‍, അവസാനത്തേവരോടു പറയും: "അപ്പോള്‍, നിങ്ങള്‍ക്കു ഞങ്ങളേക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല; ആകയാല്‍, നിങ്ങള്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചിരുന്നതു നിമിത്തം നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍."
 • وَقَالَتْ പറയുകയും ചെയ്യും أُولَاهُمْ അവരില്‍ ആദ്യത്തേവര്‍ لِأُخْرَاهُمْ അവരില്‍ അവസാനത്തേവരോടു, അവസാനത്തേവരെക്കുറിച്ചു فَمَا كَانَ അപ്പോള്‍ ഉണ്ടായില്ല, ഇല്ല لَكُمْ നിങ്ങള്‍ക്കു عَلَيْنَا ഞങ്ങളെക്കാള്‍ مِن فَضْلٍ ഒരു ശ്രേഷ്ഠതയും, മെച്ചവും فَذُوقُوا ആകയാല്‍ (എനി - അപ്പോള്‍) ആസ്വദിക്കുവിന്‍ (അനുഭവിക്കുക) الْعَذَابَ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുനിമിത്തം تَكْسِبُونَ നിങ്ങള്‍ സമ്പാദിക്കും.

കഴിഞ്ഞ വചനത്തില്‍ നിന്നു വ്യക്തമായതുപോലെ, അവിശ്വാസികള്‍ അവരുടെ കര്‍മ്മഫലം മരണവേളയില്‍ തന്നെ കണ്ടു തുടങ്ങും. പിന്നീടു ക്വിയാമത്തുനാളില്‍ വരാനിരിക്കുന്ന സ്ഥിതിഗതികളാണ് ഈ വചനത്തില്‍ അല്ലാഹു വിവരിക്കുന്നതു. ഓരോ സമുദായത്തില്‍പെട്ടവരും മറ്റേവരെ പഴിക്കുന്നു. അവര്‍ പരസ്പരം സഹകരിച്ചും അനുകരിച്ചും കൊണ്ടാണല്ലോ ഈ ഗതിയിലെത്തിച്ചേര്‍ന്നത്. എല്ലാ സമുദായക്കാരും ഒരുമിച്ചു ചേരുമ്പോള്‍ പില്‍ക്കാലക്കാര്‍ മുന്‍കാലക്കാരെ കുറ്റപ്പെടുത്തുകയായി. ഇവരാണു ഞങ്ങളെ പിഴപ്പിച്ചതു – ഇവരുടെ മാതൃകയും പാരമ്പര്യവും ഉപദേശ നിര്‍ദ്ദേശങ്ങളുമാണു ഞങ്ങളെ നേര്‍വഴി തെറ്റിച്ചത് – അതുകൊണ്ടു അവര്‍ക്കു ശിക്ഷ ഇരട്ടിപ്പിക്കേണമെന്ന് അവര്‍ അല്ലാഹുവിനോടു അപേക്ഷിക്കും. തങ്ങള്‍ക്കു ഏതായാലും ശിക്ഷയില്‍നിന്നു ഒഴിവില്ലെന്നു അവര്‍ക്കറിയാം. എന്നാലും മറ്റേവരോടുള്ള അമര്‍ഷം നിമിത്തം അവര്‍ക്കു കൂടുതല്‍ ശിക്ഷ ലഭിക്കുവാന്‍ അവര്‍ ആഗ്രഹിക്കുകയാണു. അല്ലാഹുവിന്റെ മറുപടിയാകട്ടെ, ആര്‍ക്കും ശിക്ഷ കുറവൊന്നുമില്ല. എല്ലാവര്‍ക്കുമുണ്ട് ഇരട്ടി ശിക്ഷ എന്നായിരിക്കും. നേതാക്കളെ സംബന്ധിച്ചിടത്തോളം, അവരുടെ നിഷേധത്തിനും, ദൃഷ്ടാന്തങ്ങളും തെളിവുകളും നോക്കാതെ നേതാക്കളെ അനുകരിച്ചും അനുസരിച്ചും കൊണ്ടിരുന്നതിനും ശിക്ഷ അനുഭവിക്കേണ്ടതുണ്ടല്ലോ, ആര്‍ക്കും ഒഴിവില്ലെന്നും, ലഘുത്വമില്ലെന്നും കാണുമ്പോള്‍, ആദ്യത്തേവര്‍ തങ്ങളോടു കാണിച്ച അമര്‍ഷത്തിനു അവര്‍ തിരിച്ചടി നല്‍കുന്നു.’ എല്ലാവരും ഒരുപോലെത്തന്നെ; ഞങ്ങളുടെ മേല്‍ പഴിചാരിയതുകൊണ്ടു നിങ്ങള്‍ക്കു ഒരു മെച്ചവും കിട്ടിയില്ലല്ലോ. നിങ്ങള്‍ ചെയ്തതിന്റെ ഫലം നിങ്ങള്‍ തന്നെ അനുഭവിച്ചേക്കുക; ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തി ഒഴിവാകാമെന്ന വ്യാമോഹം വെച്ചുകൊണ്ടിരിക്കേണ്ടാ എന്നൊക്കെ. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. آمين