വിഭാഗം - 9

7:65
 • وَإِلَىٰ عَادٍ أَخَاهُمْ هُودًا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۚ أَفَلَا تَتَّقُونَ ﴾٦٥﴿
 • 'ആദു' (ഗോത്രത്തി) ലേക്കു അവരുടെ സഹോദരന്‍ ഹൂദിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരാരാധ്യനും നിങ്ങള്‍ക്കില്ല. എന്നിരിക്കെ, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!"
 • وَإِلَىٰ عَادٍ ആദിലേക്കും أَخَاهُمْ അവരുടെ സഹോദരനെ هُودًا ഹൂദിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ اعْبُدُوا اللَّهَ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരു ആരാധ്യനും غَيْرُهُ അവനല്ലാതെ أَفَلَا അപ്പോള്‍ (അതിനാല്‍) ഇല്ലേ, ആയിക്കൂടേ تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കും.
7:66
 • قَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦٓ إِنَّا لَنَرَىٰكَ فِى سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ ٱلْكَـٰذِبِينَ ﴾٦٦﴿
 • അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു അവിശ്വസിച്ചവരായ പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും നിന്നെ ഞങ്ങള്‍ ഒരു (വമ്പിച്ച) ഭോഷത്തിലായി കാണുന്നു; നിശ്ചയമായും, നിന്നെ ഞങ്ങള്‍ വ്യാജം പറയുന്നവരില്‍ പെട്ടവനാണെന്നു വിചാരിക്കുകയും ചെയ്യുന്നു."
 • قَالَ الْمَلَأُ പ്രധാനികള്‍ (പ്രമുഖ സംഘം) പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു إِنَّا لَنَرَاكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ കാണുന്നു فِي سَفَاهَةٍ ഒരു (തരം) വിഡ്ഢിത്തത്തില്‍ وَإِنَّا لَنَظُنُّكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ വിചാരിക്കുകയും ചെയ്യുന്നു مِنَ الْكَاذِبِينَ വ്യാജം (കളവു - കള്ളം) പറയുന്നവരില്‍ പെട്ട (വനായി).

സത്യനിഷേധികളില്‍ സാധാരണക്കാരും ഉണ്ടായിരിക്കുമെങ്കിലും നിഷേധത്തിലും, എതിര്‍പ്പിലും പ്രധാന പങ്കു വഹിക്കുന്നവര്‍ അവരിലുള്ള പ്രമാണികളും നേതാക്കളുമായിരിക്കുമല്ലോ. ജനങ്ങളുടെ ജിഹ്വയും അവരായിരിക്കും. അതുകൊണ്ടാണു പ്രവാചാകന്‍മാരെ ധിക്കരിച്ചുകൊണ്ടുള്ള അവരുടെ മറുപടികള്‍ ഉദ്ധരിക്കുമ്പോള്‍ മിക്കപ്പോഴും قَالَ الْمَلَأُ مِن قَوْمِهِ (അദ്ദേഹത്തിന്‍റെ ജനങ്ങളില്‍ നിന്നുള്ള പ്രധാനികള്‍ പറഞ്ഞു) എന്നു അല്ലാഹു പറയുന്നത്. ‘പ്രധാനികള്‍, നേതാക്കള്‍, പ്രമാണികള്‍, പ്രധാനസംഘം, കൂട്ടം’ എന്നൊക്കെയാണു مَلَأ (മലഉ്) എന്ന വാക്കിന്റെ അര്‍ത്ഥം. ഇവിടെ ഹൂദ്‌ (عليه الصلاة والسلام) നബിയെ ‘അവരുടെ സഹോദരന്‍’ (أَخَاهُمْ) എന്ന് വിശേഷിപ്പിച്ചിരിക്കുന്നതുകൊണ്ടു അദ്ദേഹം ‘ആദു ഗോത്രത്തില്‍പെട്ട’ ഒരു അംഗമായിരുന്നുവെന്നു മനസ്സിലാകുന്നു. വേറെ സ്ഥലങ്ങളില്‍ വേറെയും ചില നബിമാരെപ്പറ്റി ഇങ്ങിനെ ‘അവരുടെ സഹോദരന്‍’ എന്നു വിശേഷിപ്പിച്ചിരിക്കുന്നതു കാണാം. അവരും അതതു ജനതയിലെ പ്രധാന ഗോത്രങ്ങളില്‍ പെട്ട അംഗങ്ങളായിരുന്നുവെന്നു കരുതാം. الله أعلم

7:67
 • قَالَ يَـٰقَوْمِ لَيْسَ بِى سَفَاهَةٌ وَلَـٰكِنِّى رَسُولٌ مِّن رَّبِّ ٱلْعَـٰلَمِينَ ﴾٦٧﴿
 • അദ്ദേഹം പറഞ്ഞു: 'എന്റെ ജനങ്ങളേ, എനിക്കു ഒരു ഭോഷത്തവുമില്ല. എങ്കിലും ഞാന്‍, ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു റസൂല്‍ [ദൂതന്‍] ആകുന്നു."
 • قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ لَيْسَ بِي എനിക്കു (എന്നില്‍) ഇല്ല سَفَاهَةٌ ഒരു ഭോഷത്തവും, വിഡ്ഢിത്തം وَلَٰكِنِّي എങ്കിലും ഞാന്‍ رَسُولٌ ഒരു ദൂതനാണു مِّن رَّبِّ രക്ഷിതാവില്‍നിന്നു الْعَالَمِينَ ലോകരുടെ.
7:68
 • أُبَلِّغُكُمْ رِسَـٰلَـٰتِ رَبِّى وَأَنَا۠ لَكُمْ نَاصِحٌ أَمِينٌ ﴾٦٨﴿
 • "എന്റെ റബ്ബിന്റെ 'രിസാലത്തു' [ദൗത്യം] കളെ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തരുകയാണു. ഞാന്‍, നിങ്ങള്‍ക്കു വിശ്വസ്തനായ ഒരു ഗുണകാംക്ഷി (അഥവാ ഉപദേശി) യുമാകുന്നു."
 • أُبَلِّغُكُمْ നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചു തരുന്നു رِسَالَاتِ ദൗത്യങ്ങളെ رَبِّي എന്റെ റബ്ബിന്റെ وَأَنَا ഞാന്‍, ഞാനാകട്ടെ لَكُمْ നിങ്ങള്‍ക്കു نَاصِحٌ ഗുണകാംക്ഷിയാണു, ഉപദേശകനാകുന്നു أَمِينٌ വിശ്വസ്തനായ.
7:69
 • أَوَعَجِبْتُمْ أَن جَآءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ ۚ وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ قَوْمِ نُوحٍ وَزَادَكُمْ فِى ٱلْخَلْقِ بَصْۜطَةً ۖ فَٱذْكُرُوٓا۟ ءَالَآءَ ٱللَّهِ لَعَلَّكُمْ تُفْلِحُونَ ﴾٦٩﴿
 • "നിങ്ങള്‍ക്കു നിങ്ങളില്‍ നിന്നുള്ള ഒരു പുരുഷന്‍ മുഖേന - അവന്‍ നിങ്ങളെ താക്കീതു ചെയ്‌വാന്‍ വേണ്ടി - നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയും ചെയ്തുവോ?! നൂഹിന്റെ ജനതക്കു ശേഷം, നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കിയിട്ടുള്ളതു നിങ്ങള്‍ ഓര്‍(ത്തു നോ)ക്കുവിന്‍. സൃഷ്ടികളില്‍ അവന്‍ നിങ്ങള്‍ക്കു വികാസം [പൊക്കവും ശക്തിയും] വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ ഓര്‍ക്കുവിന്‍ - നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'.
 • أَوَعَجِبْتُمْ നിങ്ങള്‍ ആശ്ചര്യ (അത്ഭുത) പ്പെടുകയും ചെയ്തുവോ أَن جَاءَكُمْ നിങ്ങള്‍ക്കു വന്നതിനാല്‍ ذِكْرٌ ഉല്‍ബോധനം, ഒരു സ്മരണ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നും عَلَىٰ رَجُلٍ ഒരു പുരുഷനിലായി (പുരുഷന്‍ മുഖേന) مِّنكُمْ നിങ്ങളില്‍പെട്ട لِيُنذِرَكُمْ നിങ്ങളെ അവന്‍ (അദ്ദേഹം) താക്കീതു ചെയ്‌വാന്‍ വേണ്ടി وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുവിന്‍ إِذْ جَعَلَكُمْ അവന്‍ നിങ്ങളെ ആകിയതിനെ خُلَفَاءَ പിന്‍ഗാമികള്‍ مِن بَعْدِ ശേഷം, ശേഷമായി قَوْمِ نُوحٍ നൂഹിന്റെ ജനതയുടെ وَزَادَكُمْ അവന്‍ നിങ്ങള്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്തു فِي الْخَلْقِ സൃഷ്ടിപ്പില്‍, സൃഷ്ടികളില്‍ بَسْطَةً വികാസം, വലുപ്പം, പൊക്കം, വിരിവു, ശക്തി فَاذْكُرُوا അപ്പോള്‍ (അതിനാല്‍) ഓര്‍ക്കുവിന്‍ آلَاءَ اللَّهِ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُفْلِحُونَ നിങ്ങള്‍ വിജയം പ്രാപിക്കും.

നൂഹ് (عليه الصلاة والسلام) നബിയുടെ ജനതക്കുശേഷം, ഒരു സമുദായമെന്ന നിലക്കു അഭിവൃദ്ധി പ്രാപിച്ച ഒരു ജനതയായിരുന്നു ആദ് വര്‍ഗ്ഗം. നൂഹ് (عليه الصلاة والسلام) ഒന്നിച്ചു കപ്പലില്‍ രക്ഷപ്പെട്ടവരുടെ പിന്‍തലമുറകളായി വര്‍ദ്ധിച്ചുണ്ടായവരാണവര്‍. അത് കൊണ്ടാണവരുടെ ശേഷമുള്ള പിന്‍ഗാമികള്‍ എന്ന് പറഞ്ഞത്. അറേബ്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കേ കടലോര്‍ പ്രദേശങ്ങളിലായി യമനിനും, ഹദ്വര്‍ മൗത്തിനും ഇടയില്‍ അഹ്ക്വാഫ് പ്രദേശമായിരുന്നു അവരുടെ വാസസ്ഥലം. (*). ആരോഗ്യം, കയ്യൂക്ക്, മെയ്യൂക്ക് ആദിയായവയില്‍ മികച്ചവരും, അതികായന്മാരുമായിരുന്നു ആദുവര്‍ഗ്ഗം. (26:128 -130; 41:15 മുതലായവ). ഇതൊക്കെ സൂചിപ്പിച്ചു കൊണ്ടാണ് അവന്‍ നിങ്ങള്‍ക്ക് വികാസം – അഥവാ പൊക്കവും ശക്തിയും – വര്‍ദ്ധിപ്പിച്ചു തന്നുവെന്ന് പറഞ്ഞത്.

—–
(*). പടം 8, 10 നോക്കുക.
—–

7:70
 • قَالُوٓا۟ أَجِئْتَنَا لِنَعْبُدَ ٱللَّهَ وَحْدَهُۥ وَنَذَرَ مَا كَانَ يَعْبُدُ ءَابَآؤُنَا ۖ فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴾٧٠﴿
 • അവര്‍ പറഞ്ഞു: "(ഹൂദേ,) ഞങ്ങള്‍ അല്ലാഹുവിനെ മാത്രമായി ആരാധിക്കുവാന്‍ വേണ്ടി ഞങ്ങളുടെ അടുക്കല്‍ നീ വന്നിരിക്കുകയാണോ?! ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവന്നിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും?! എന്നാല്‍ [അങ്ങിനെയാണെങ്കില്‍] നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതു [ആ ശിക്ഷ] ഞങ്ങള്‍ക്കു നീ കൊണ്ടുവാ - നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍!"
 • قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ لِنَعْبُدَ ഞങ്ങള്‍ ആരാധിക്കുവാന്‍ വേണ്ടി اللَّهَ അല്ലാഹുവിനെ وَحْدَهُ അവനെ ഒറ്റക്ക് (മാത്രം) وَنَذَرَ ഞങ്ങള്‍ വിട്ടുകളയുവാനും مَا كَانَ يَعْبُدُ ആരാധിച്ചു വരുന്നതിനെ آبَاؤُنَا ഞങ്ങളുടെ (നമ്മുടെ) പിതാക്കള്‍ فَأْتِنَا എന്നാല്‍ നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളോടു വാഗ്ദത്തം (താക്കീതു - ഭീഷണി) ചെയ്യുന്നതും കൊണ്ടു إِن كُنتَ നീ ആകുന്നുവെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍ (സത്യം പറയുന്നവരില്‍) പെട്ട (വന്‍).

ഞങ്ങളുടെ ഈ ബിംബാരാധാന ഞങ്ങള്‍ പുതുതായി നിര്‍മ്മിച്ചുണ്ടാക്കിയതൊന്നുമല്ല. പൂര്‍വ്വികന്‍മാര്‍ മുതല്‍ നടന്നു വരുന്നതാണ്. അതുവിട്ട് അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നാണു നീ പറയുന്നതെങ്കില്‍ അതിനു ഞങ്ങള്‍ തയ്യാറില്ല. അങ്ങിനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ക്കു ശിക്ഷ ബാധിക്കുമെന്നല്ലേ നീ ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍, ആ ശിക്ഷ ഇങ്ങു വരട്ടെ. നീ പറയുന്നതു സത്യമാണെങ്കില്‍ അതൊന്നു കാണാമല്ലോ എന്നു അവര്‍ അദ്ദേഹത്തെ വെല്ലുവിളിച്ചു.

7:71
 • قَالَ قَدْ وَقَعَ عَلَيْكُم مِّن رَّبِّكُمْ رِجْسٌ وَغَضَبٌ ۖ أَتُجَـٰدِلُونَنِى فِىٓ أَسْمَآءٍ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ ﴾٧١﴿
 • അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങളുടെ മേല്‍ ശിക്ഷയും, കോപവും (ഇതാ) സംഭവിക്കുകയായി! നിങ്ങളും നിങ്ങളുടെ പിതാക്കളും നിര്‍ണ്ണയിച്ചു വെച്ചിട്ടുള്ള ചില പേരുകളുടെ കാര്യത്തില്‍ എന്നോടു നിങ്ങള്‍ തര്‍ക്കം നടത്തുന്നുവോ?! യാതൊരു അധികൃത രേഖയും അവയെപ്പറ്റി അല്ലാഹു അവതരിപ്പിച്ചിട്ടില്ല. എന്നാല്‍, നിങ്ങള്‍ (നോക്കി) കാത്തുകൊണ്ടിരിക്കുവിന്‍! ഞാന്‍ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവന്‍ തന്നെ."
 • قَالَ അദ്ദേഹം പറഞ്ഞു قَدْ وَقَعَ സംഭവിച്ചു കഴിഞ്ഞു (സംഭവിക്കുകയായി) عَلَيْكُم നിങ്ങളുടെ മേല്‍ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു رِجْسٌ മ്ലേച്ഛത (ശിക്ഷ) وَغَضَبٌ കോപവും أَتُجَادِلُونَنِي നിങ്ങള്‍ എന്നോട് തര്‍ക്കം നടത്തുകയോ فِي أَسْمَاءٍ ചില പേരുകളുടെ കാര്യത്തില്‍ سَمَّيْتُمُوهَا അവയെ നിങ്ങള്‍ പേരുവെച്ചിരിക്കുന്നു, അവക്ക് നിങ്ങള്‍ നാമനിര്‍ണയം ചെയ്തു أَنتُمْ നിങ്ങളും وَآبَاؤُكُم നിങ്ങളുടെ പിതാക്കളും مَّا نَزَّلَ اللَّهُ അല്ലാഹു അവതരിപ്പിച്ചിട്ടില്ല بِهَا അവക്കു, അവയെപ്പറ്റി مِن سُلْطَانٍ ഒരു അധികൃതരേഖയും فَانتَظِرُوا എന്നാല്‍ (അതിനാല്‍) നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍ إِنِّي مَعَكُم നിശ്ചയമായും ഞാന്‍ നിങ്ങളോടൊപ്പം مِّنَ الْمُنتَظِرِينَ (നോക്കി) കാത്തിരിക്കുന്നവരില്‍ പെട്ടവനാകുന്നു.

നിങ്ങള്‍ ശഠിച്ചുതന്നെ നില്‍ക്കുവാനാണു ഭാവമെങ്കില്‍ ഞാന്‍ താകീതുചെയ്യുന്ന ശിക്ഷ ഇതാ എത്തിക്കഴിഞ്ഞു,  അതു വരുവാന്‍ ഏറെ താമസമൊന്നുമില്ല. ഇന്നിന്നവ ദൈവങ്ങളെന്നും, ആരാധ്യന്‍മാരെന്നുമൊക്കെ നിങ്ങളും നിങ്ങളുടെ പൂര്‍വ്വീകന്‍മാരും ചില വസ്തുക്കളെ വിളിച്ചു വന്നുവെന്നതല്ലാതെ, അല്ലാഹുവിന്റെ ഭാഗത്തു നിന്നു യാതൊരു ആധികാരികമായ തെളിവും ഇല്ലാത്ത ആ ബിംബങ്ങളെപ്പറ്റിയാണല്ലോ നിങ്ങള്‍ എന്നോടു തര്‍ക്കിച്ചും, എന്റെ നേരെ തട്ടിക്കയറിയും കൊണ്ടിരിക്കുന്നത്. ശരി, അതിന്റെ ഭവിഷ്യത്തു എന്തായിരിക്കുമെന്നു നാം ഇരുകൂട്ടരും കാത്തിരുന്നു കാണുക.

7:72
 • فَأَنجَيْنَـٰهُ وَٱلَّذِينَ مَعَهُۥ بِرَحْمَةٍ مِّنَّا وَقَطَعْنَا دَابِرَ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا ۖ وَمَا كَانُوا۟ مُؤْمِنِينَ ﴾٧٢﴿
 • അങ്ങനെ, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നമ്മുടെ വക കാരുണ്യം കൊണ്ടു നാം രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരുടെ മുരടു നാം മുറിച്ചു കളയുകയും ചെയ്തു. അവര്‍ സത്യവിശ്വാസികളായിരുന്നുമില്ല.
 • فَأَنجَيْنَاهُ അങ്ങനെ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍ നിന്നുള്ള, നമ്മുടെ വക وَقَطَعْنَا നാം മുറിക്കുകയും ചെയ്തു دَابِرَ മൂടു (മുരടു) الَّذِينَ كَذَّبُوا വ്യാജമാക്കിയവരുടെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَمَاكَانُوا അവരായിരുന്നതുമില്ല مُؤْمِنِينَ വിശ്വാസികള്‍.

ഹൂദ്‌ (عليه الصلاة والسلام) അവരെ താക്കീതു ചെയ്തിരുന്ന ശിക്ഷ സംഭവിച്ചു. അദ്ദേഹത്തെയും സത്യവിശ്വാസികളെയും അതില്‍ അകപ്പെടാതെ രക്ഷപ്പെടുത്തിക്കൊണ്ട് ആ ജനതയെയാകമാനം അതില്‍ നശിപ്പിച്ചു കളഞ്ഞു. ഈ ശിക്ഷ എന്തായിരുന്നുവെന്നു ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഏഴു രാത്രിയും എട്ടു പകലും നീണ്ടുനിന്ന അത്യുഗ്രമായ ഒരു കൊടുങ്കാറ്റായിരുന്നു അതെന്നും, കട പുഴങ്ങി വീണ ഈന്തത്തടികളെപ്പോലെ അവരെല്ലാം വീണടിഞ്ഞുവെന്നും സൂ: അല്‍ഹാക്-ക്വഃ (6,7) യില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

വിഭാഗം - 10

7:73
 • وَإِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ هَـٰذِهِۦ نَاقَةُ ٱللَّهِ لَكُمْ ءَايَةً ۖ فَذَرُوهَا تَأْكُلْ فِىٓ أَرْضِ ٱللَّهِ ۖ وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ ﴾٧٣﴿
 • ഥമൂദ് (ഗോത്രത്തി) ലേക്കു അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു). അദ്ദേഹം (അവരോടു) പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍, അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കു ഇല്ല.

  നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങള്‍ക്കു വ്യക്തമായ തെളിവു വന്നിട്ടുണ്ട്. ഇതാ, അല്ലാഹുവിന്റെ (വക) ഒട്ടകം നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ടായിക്കൊണ്ട്!- ആകയാല്‍, അതിനെ നിങ്ങള്‍ വിട്ടേക്കുവിന്‍ - അല്ലാഹുവിന്റെ ഭൂമിയില്‍ അതു (മേഞ്ഞു) തിന്നു കൊള്ളട്ടെ; അതിനു ഒരു തിന്‍മയും [ഉപദ്രവവും] നിങ്ങള്‍ ബാധിപ്പിക്കുകയും ചെയ്യരുത്. എന്നാല്‍, (അപ്പോള്‍) വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.
 • وَإِلَىٰ ثَمُودَ ഥമൂദിലേക്കും أَخَاهُمْ صَالِحًا അവരുടെ സഹോദരന്‍ സ്വാലിഹിനെ قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ اعْبُدُوا اللَّهَ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരു ആരാധ്യനും غَيْرُهُ അവനല്ലാതെ قَدْجَاءَتْكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നു هَٰذِهِ ഇതാ (ഇതു) نَاقَةُ اللَّهِ അല്ലാഹുവിന്റെ ഒട്ടകം (ആകുന്നു) لَكُمْ നിങ്ങള്‍ക്കു آيَةً ദൃഷ്ടാന്തമായിട്ടു فَذَرُوهَا അതിനാല്‍ അതിനെ വിട്ടേക്കുവിന്‍ അതു تَأْكُلْ തിന്നുകൊള്ളട്ടെ, തിന്നുകൊള്ളും فِي أَرْضِ ഭൂമിയില്‍ اللَّهِ അല്ലാഹുവിന്റെ وَلَا تَمَسُّوهَا അതിനെ തൊടുകയും (ബാധിപ്പിക്കുകയും) അരുത് بِسُوءٍ ഒരു തിന്‍മകൊണ്ടും (തിന്‍മയെ) فَيَأْخُذَكُمْ എന്നാല്‍ നിങ്ങളെ പിടികൂടും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
7:74
 • وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ عَادٍ وَبَوَّأَكُمْ فِى ٱلْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًا وَتَنْحِتُونَ ٱلْجِبَالَ بُيُوتًا ۖ فَٱذْكُرُوٓا۟ ءَالَآءَ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ﴾٧٤﴿
 • 'ആദിനു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കിയതും, ഭൂമിയില്‍ നിങ്ങള്‍ക്കവന്‍ (താമസ) സൗകര്യം നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍. അതിലെ സമതലങ്ങളിലൂടെ നിങ്ങള്‍ കൊട്ടാരങ്ങളുണ്ടാക്കുന്നു; മലകളെ നിങ്ങള്‍ വീടുകളായി വെട്ടിയുണ്ടാക്കുകയും ചെയ്യുന്നു.

  അപ്പോള്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ ഓര്‍(ത്തു നോ)ക്കുവിന്‍. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ തെമ്മാടിത്തം പ്രവര്‍ത്തിക്കുകയും അരുത്.'
 • وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുവിന്‍ إِذْ جَعَلَكُمْ നിങ്ങളെ അവന്‍ ആക്കിയ സന്ദര്‍ഭം (ആക്കിയതു) خُلَفَاءَ പിന്‍ഗാമികള്‍ (പിന്‍തലമുറകള്‍) مِن بَعْدِ عَادٍ ആദിനു ശേഷം وَبَوَّأَ كُمْ നിങ്ങള്‍ക്കവന്‍ താമസം നല്‍കി (സൗകര്യപ്പെടുത്തി)യതും فِي الْأَرْضِ ഭൂമിയില്‍ تَتَّخِذُونَ നിങ്ങള്‍ ഉണ്ടാക്കുന്നു مِن سُهُولِهَا അതിലെ സമതലങ്ങളിലൂടെ, നിരന്ന സ്ഥലങ്ങളില്‍ നിന്നു قُصُورًا മാളിക (കൊട്ടാരം - വന്‍ കെട്ടിടം) കളെ وَتَنْحِتُونَ നിങ്ങള്‍ തുരന്നു (വെട്ടിക്കീറി - ശില്‍പവേല ചെയ്തു) ണ്ടാക്കുകയും ചെയ്യുന്നു الْجِبَالَ മലകളെ, പര്‍വ്വതങ്ങളെ بُيُوتًا വീടുകളായി, മുറികളായി فَاذْكُرُوا അപ്പോള്‍ ഓര്‍ക്കുവിന്‍ آلَاءَ اللَّهِ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ وَلَا تَعْثَوْا തെമ്മാടിത്തം (കുഴപ്പം) പ്രവര്‍ത്തിക്കയും അരുതു فِي الْأَرْضِ ഭൂമിയില്‍ مُفْسِدِينَ നാശകാരികളായി, കുഴപ്പമുണ്ടാക്കുന്നവരായി.

ആദു സമുദായത്തിനുശേഷം വലിയ അഭിവൃദ്ധിയും പരിഷ്കാരവും പ്രാപിച്ച ഒരു സമൂഹമാണു ഥമൂദു ജനത. മദീനായില്‍ നിന്നു സിറിയായിലേക്കുള്ള യാത്രാമാര്‍ഗ്ഗത്തില്‍ സ്ഥിതി ചെയ്യുന്ന ‘ഹിജ്ര്‍’ ആയിരുന്നു അവരുടെ വാസസ്ഥലം. (*). ‘മദാഇനു സ്വാലിഹ്’ (സ്വാലിഹിന്റെ പട്ടണങ്ങള്‍) എന്നും അതിനു പേരുണ്ട്. നിരപ്പായ സമതല പ്രദേശങ്ങളില്‍ വമ്പിച്ച കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിലും, മലമ്പാറകള്‍ വെട്ടിത്തുരന്നു അവയില്‍ വീടുകളുണ്ടാകുന്നതിലും വളരെ വിദഗ്ദ്ധരും തല്‍പരരുമായിരുന്നു അവര്‍. ആരോഗ്യഗാത്രന്‍മാരും, ശക്തന്‍മാരുമായിരുന്നു. മുന്‍ സമുദായങ്ങളെപ്പോലെ വിഗ്രഹാരാധനകളില്‍ അവരും മുഴുകിപ്പോന്നു. അതുകൊണ്ട് എല്ലാ പ്രവാചകന്‍മാരെയുംപോലെ, സ്വാലിഹു (عليه الصلاة والسلام) നബി അവരെയും തൗഹീദിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു. അവര്‍ക്കു അല്ലാഹു നല്‍കിയ വമ്പിച്ച അനുഗ്രഹങ്ങള്‍ക്കു നന്ദി ചെയ്‌വാന്‍ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. തങ്ങള്‍ക്കു ഒരു പ്രത്യക്ഷ ദൃഷ്ടാന്തം കാട്ടിക്കൊടുക്കുവാന്‍ അദ്ദേഹത്തെ അവര്‍ വെല്ലുവിളിച്ചു. (26: 154). അല്ലാഹു ഒരു ഒട്ടകട്ടെ അവര്‍ക്കു ദൃഷ്ടാന്തമായി അയച്ചു. അതൊരു അസാധാരണ ഒട്ടകമായിരുന്നു. അതിനു സാധാരണയില്‍ കവിഞ്ഞ തീറ്റയും വെള്ളവും വേണ്ടിയിരുന്നു. അതവര്‍ക്കൊരു ശല്യമായി. അവര്‍ക്കതിനോടു അമര്‍ഷം തോന്നി. അതിനെ ഉപദ്രവിക്കരുതെന്നും, ഉപദ്രവിച്ചാല്‍ ശിക്ഷ ഇറങ്ങുമെന്നും അദ്ദേഹം താക്കീതു ചെയ്തു.

(*). ഒന്നാം വാള്യത്തില്‍ കൊടുത്ത പടം 8 നോക്കുക.

7:75
 • قَالَ ٱلْمَلَأُ ٱلَّذِينَ ٱسْتَكْبَرُوا۟ مِن قَوْمِهِۦ لِلَّذِينَ ٱسْتُضْعِفُوا۟ لِمَنْ ءَامَنَ مِنْهُمْ أَتَعْلَمُونَ أَنَّ صَـٰلِحًا مُّرْسَلٌ مِّن رَّبِّهِۦ ۚ قَالُوٓا۟ إِنَّا بِمَآ أُرْسِلَ بِهِۦ مُؤْمِنُونَ ﴾٧٥﴿
 • അദ്ദേഹത്തിന്റെ ജനതയില്‍ നിന്നു അഹംഭാവം നടിച്ച പ്രധാനികള്‍, ദുര്‍ബ്ബലരായി ഗണിക്കപ്പെട്ടവരോടു - അതായതു അവരില്‍ നിന്നും വിശ്വസിച്ചവരോടു - പറഞ്ഞു: 'സ്വാലിഹ് അവന്റെ റബ്ബില്‍ നിന്നും (റസൂലായി) അയക്കപ്പെട്ട ഒരാളാണെന്ന് നിങ്ങള്‍ക്ക് (ശരിക്കും) അറിയാമോ?'

  അവര്‍ പറഞ്ഞു: '(അതെ) നിശ്ചയമായും, അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നവരാകുന്നു.'
 • قَالَ الْمَلَأُ പ്രധാനികള്‍ (സംഘക്കാര്‍) പറഞ്ഞു الَّذِينَ اسْتَكْبَرُوا അഹംഭാവം (വലുപ്പം) നടിച്ചവരായ مِن قَوْمِهِ അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന് لِلَّذِينَ യാതൊരുവരോടു اسْتُضْعِفُوا അവര്‍ ദുര്‍ബ്ബലരായി ഗണിക്കപ്പെട്ടിരിക്കുന്നു لِمَنْ آمَنَ അതായതു വിശ്വസിച്ചവരോടു مِنْهُمْ അവരില്‍നിന്നു أَتَعْلَمُونَ നിങ്ങള്‍ക്കറിയാമോ أَنَّ صَالِحًا സ്വാലിഹു ആണെന്നു مُّرْسَلٌ അയക്കപ്പെട്ടവന്‍ مِّن رَّبِّهِ അവന്റെ റബ്ബിങ്കല്‍നിന്നു قَالُوا അവര്‍ പറഞ്ഞു إِنَّا നിശ്ചയമായും ഞങ്ങള്‍ بِمَا أُرْسِلَ بِهِ അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍, അദ്ദേഹം അയക്കപ്പെട്ടതില്‍ مُؤْمِنُونَ വിശ്വസിക്കുന്നവരാകുന്നു.
7:76
 • قَالَ ٱلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا بِٱلَّذِىٓ ءَامَنتُم بِهِۦ كَـٰفِرُونَ ﴾٧٦﴿
 • അഹംഭാവം നടിച്ചവര്‍ പറഞ്ഞു: "നിശ്ചയമായും ഏതൊന്നില്‍ നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വാസികളാകുന്നു."
 • قَالَ പറഞ്ഞു الَّذِينَ اسْتَكْبَرُوا അഹംഭാവം (വലുപ്പം നടിച്ചവര്‍) إِنَّا നിശ്ചയമായും ഞങ്ങള്‍ بِالَّذِي യാതൊന്നില്‍, യാതൊന്നിനെപ്പറ്റി آمَنتُم بِهِ നിങ്ങളില്‍ വിശ്വസിച്ചിരിക്കുന്നു, നിങ്ങള്‍ വിശ്വസിച്ച كَافِرُونَ അവിശ്വാസികളാകുന്നു.

പ്രവാചകന്‍മാര്‍ പ്രബോധനം ചെയ്യുന്ന ദൗത്യ സന്ദേശങ്ങളില്‍ വിശ്വസിക്കുവാന്‍ മുമ്പോട്ട് വരുന്നത് സ്വാഭാവികമായും സാധുക്കളും ദുര്‍ബ്ബല വിഭാഗക്കാരുമായിരിക്കും. പ്രമാണി വര്‍ഗ്ഗത്തിന്റെ അഹന്തയും ഗര്‍വ്വും കാരണം അവര്‍ നിഷേധത്തിനും ധിക്കാരത്തിനും മുതിരുകയായിരിക്കും പതിവ്. നൂഹ് (عليه الصلاة والسلام) നബിയുടെ ജനത മുതല്‍ക്കേ കാണപ്പെടുന്ന ഒരു പതിവാണത്. ഥമൂദ് ഗോത്രത്തിലും അതാണ്‌ സംഭവിച്ചത്. സ്വാലിഹു (عليه الصلاة والسلام) നബിയില്‍ വിശ്വസിച്ച ആ സാധുക്കളെ പരിഹസിച്ചുകൊണ്ട് നിഷേധികളായ ആ അഹങ്കാരികള്‍ ചോദിക്കുകയാണ്: താന്‍ അല്ലാഹുവിന്റെ റസൂലാണെന്നു സ്വാലിഹ് പറയുന്നത് ശരിയാണെന്ന് നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ബോധ്യമാണോ? അവര്‍ അതവരുടെ നില വ്യക്തമാക്കി. അദ്ദേഹം റസൂലാണെന്ന് മാത്രമല്ല, അദ്ദേഹം പ്രബോധനം ചെയ്യുന്നതെല്ലാം സത്യമാണെന്നും, തങ്ങളതില്‍ വിശ്വസിക്കുന്നവരാണെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു. വീണ്ടു വിചാരവും സത്യന്വേഷണവും ഗര്‍വിഷ്ഠന്മാരുടെ സ്വഭാവമാണല്ലോ. കുറേ കൂടി ധിക്കാരസ്വരത്തില്‍ അവര്‍ അവരുടെ നിലപാട് വ്യക്തമാക്കി: നിങ്ങള്‍ വിശ്വസിക്കുന്ന ആ വിഷയങ്ങളതറയും ഞങ്ങള്‍ നിഷേധിക്കുന്നു – അതില്‍ സത്യമുണ്ടോ ഇല്ലേ എന്ന് പരിശോധിക്കുവാന്‍ പോലും ഞങ്ങള്‍ തയ്യാറില്ല – എന്ന്.

7:77
 • فَعَقَرُوا۟ ٱلنَّاقَةَ وَعَتَوْا۟ عَنْ أَمْرِ رَبِّهِمْ وَقَالُوا۟ يَـٰصَـٰلِحُ ٱئْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلْمُرْسَلِينَ ﴾٧٧﴿
 • അങ്ങനെ, (ആ) ഒട്ടകത്തെ അവര്‍ അറുകൊല ചെയ്തു; തങ്ങളുടെ റബ്ബിന്റെ കല്‍പനയെ അവര്‍ ധിക്കരിക്കുകയും ചെയ്തു.

  അവര്‍ പറയുകയും ചെയ്തു: "സ്വാലിഹേ, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ [ആ ശിക്ഷയെ] ഞങ്ങള്‍ക്കു നീ കൊണ്ടു വാ; നീ (റസൂലായി) അയക്കപെട്ടവരില്‍ പെട്ടവനാണെങ്കില്‍! [അതൊന്നു കാണാമല്ലോ!]."
 • فَعَقَرُوا അങ്ങനെ അവര്‍ അറുകൊല ചെയ്തു, വെട്ടിക്കൊന്നു, കുത്തി അറുത്തു النَّاقَةَ (ആ) ഒട്ടകട്ടെ وَعَتَوْا അവര്‍ ധിക്കരിക്കുകയും ചെയ്തു عَنْ أَمْرِ കല്‍പനയെ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ وَقَالُوا അവര്‍ പറയുകയും ചെയ്തു يَا صَالِحُ സ്വാലിഹേ ائْتِنَا നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നതുമായി إِن كُنتَ നീ ആണെങ്കില്‍ مِنَ الْمُرْسَلِينَ റസൂലുകളില്‍ (അയക്കപ്പെട്ടവരില്‍) പെട്ട (വന്‍).
7:78
 • فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ ﴾٧٨﴿
 • അപ്പോള്‍ അവരെ കഠിന കമ്പനം പിടികൂടി. അങ്ങനെ, അവര്‍ അവരുടെ വാസ സ്ഥലത്തില്‍ (കാലത്തു) കമിഴ്ന്നു വീണവരായിത്തീര്‍ന്നു.
 • فَأَخَذَتْهُمُ അപ്പോള്‍ (അതിനാല്‍) അവരെ പിടികൂടി, അവരെ പിടിച്ചു الرَّجْفَةُ (കഠിന) കമ്പനം, പൊട്ടിത്തെറി فَأَصْبَحُوا അങ്ങനെ അവര്‍ (രാവിലെ) ആയി فِي دَارِهِمْ അവരുടെ പാര്‍പ്പിടത്തില്‍, വാസ സ്ഥലത്തു جَاثِمِينَ കമിഴ്ന്നു (അടഞ്ഞു) വീണവര്‍.
7:79
 • فَتَوَلَّىٰ عَنْهُمْ وَقَالَ يَـٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّى وَنَصَحْتُ لَكُمْ وَلَـٰكِن لَّا تُحِبُّونَ ٱلنَّـٰصِحِينَ ﴾٧٩﴿
 • എന്നിട്ട് അദ്ദേഹം അവരില്‍ നിന്നു വിട്ടുമാറി; അദ്ദേഹം പറയുകയും ചെയ്തു: "എന്റെ ജനങ്ങളേ, തീര്‍ച്ചയായും, ഞാന്‍ എന്റെ റബ്ബിന്റെ ദൗത്യം നിങ്ങള്‍ക്കു എത്തിച്ചു തരുകയും, നിങ്ങള്‍ക്കു ഗുണം കാംക്ഷി(ച്ചു ഉപദേശി)ക്കുകയും ചെയ്യുകയുണ്ടായി. പക്ഷേ, നിങ്ങള്‍ ഗുണകാംക്ഷികളെ [ഉപദേഷ്ടാക്കളെ] ഇഷ്ടപ്പെടുന്നില്ല!"
 • فَتَوَلَّىٰ അപ്പോള്‍ അദ്ദേഹം തിരിഞ്ഞു (മാറി) عَنْهُمْ അവരില്‍ നിന്നു وَقَالَ പറയുകയും ചെയ്തു يَا قَوْمِ എന്റെ ജനങ്ങളേ لَقَدْ أَبْلَغْتُكُمْ ഞാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്കെത്തിച്ചു തന്നിട്ടുണ്ടു رِسَالَةَ رَبِّي എന്റെ റബ്ബിന്റെ ദൗത്യം وَنَصَحْتُ لَكُمْ ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുക (ഉപദേശം നല്‍കുക) യും ചെയ്തു وَلَٰكِن എങ്കിലും, പക്ഷെ لَّاتُحِبُّونَ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല النَّاصِحِينَ ഗുണം കാംക്ഷിക്കുന്നവരെ, ഉപദേശികളെ.

അവരിലുള്ള കഠിന ധിക്കാരികളായ ഒമ്പത് പേര്‍ ഗൂഡാലോചന നടത്തി (27: 48). ഒട്ടകത്തെ ചിലര്‍ കൊല ചെയ്തു. നീ ഭീഷണിപ്പെടുത്തുന്ന ആ ശിക്ഷ ഇങ്ങോട്ട് കൊണ്ട് വാ എന്ന് സ്വാലിഹ് (عليه الصلاة والسلام) നെ അവര്‍ വെല്ലു വിളിക്കുകയും ചെയ്തു. മൂന്ന്‍ ദിവസം വരെ മാത്രമേ എനി നിങ്ങള്‍ക്ക് ജീവിതമുള്ളുവെന്നും, അപ്പോഴേക്കും ശിക്ഷ ഇറങ്ങുമെന്നും അദ്ദേഹം അറിയിച്ചു (11:65). അദ്ദേഹം പറഞ്ഞത് പോലെ സംഭവിക്കുകയും ചെയ്തു. കാലത്ത് പെട്ടന്ന്‍ അതിഭയങ്കരമായ ഘോരശംബ്ദവും പൊട്ടിത്തെറിയും ഉണ്ടായി. എല്ലാവരും അവരവരുടെ വാസ സ്ഥലങ്ങളില്‍ തന്നെ മറിഞ്ഞു വീണു ചത്തൊടുങ്ങി. സ്വാലിഹ് (عليه الصلاة والسلام) നബിയെയും, സത്യവിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തി എന്ന് പറയേണ്ടതില്ലല്ലോ. ചത്തൊടുങ്ങിയ ആ ജനതയെ നോക്കി അതിയായ സങ്കടത്തോടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് 79-ാം വചനത്തില്‍ കാണുന്നത്. ഞാന്‍ നിങ്ങളെ വേണ്ടത് പോലെ ഉപദേശിച്ചു. നിങ്ങളത് ചെവിക്കൊണ്ടില്ല. അത് കൊണ്ടാണ് ഈ ഗതി നിങ്ങള്‍ക്ക് എത്തിയതെന്ന് സാരം. എത്ര മനോവേദനയോടെയായിരിക്കും ആ പ്രവാചകവര്യന്‍ അതു പറഞ്ഞിരിക്കുക?! ഓര്‍ത്തു നോക്കുക! തബൂക് യുദ്ധ യാത്രയില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും ഥമൂദിന്റെ വാസ സ്ഥലമായ ഹിജ്റിന്റെ അടുത്തെത്തിയപ്പോള്‍ കരഞ്ഞു കൊണ്ടല്ലാതെ നിങ്ങളതില്‍ പ്രവേശിക്കരുതെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വഹാബികളോടു പറയുകയുണ്ടായി (അ; ബു; മു).

പുത്തന്‍ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിക്കാറുള്ള ഒരു പണ്ഡിതന്‍ പറയുന്നതു ശിക്ഷയില്‍ അകപ്പെട്ട് മരണപ്പെടാതെ ബാക്കിയായ ആളുകളെ അഭിമുഖീകരിച്ചു കൊണ്ടാണു – മരണപ്പെട്ടു കിടക്കുന്നവരെ അഭിമുഖീകരിച്ചുകൊണ്ടല്ല – സ്വാലിഹു (عليه الصلاة والسلام) ആ വാക്കുകള്‍ പറഞ്ഞതെന്നാണു. ഒരു സമുദായത്തെ നശിപ്പിച്ചു എന്നു പറഞ്ഞാല്‍ അതിലെ എല്ലാ വ്യക്തികളെയും മരിച്ചൊടുങ്ങി എന്നര്‍ത്ഥമില്ലെന്നും, ചിലരൊക്കെ മരണപ്പെടാതെ അവശേഷിക്കാമെന്നും, അങ്ങനെ അവശേഷിച്ച ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണു സ്വാലിഹു (عليه الصلاة والسلام) ആ വാക്കുകള്‍ പറഞ്ഞതെന്നും, ആ സംഭവത്തിനുശേഷം അവരെ ഉപദേശിക്കുന്ന ജോലിയില്‍ നിന്നു അദ്ദേഹം വിരമിച്ചുവെന്നുമാണദ്ദേഹം പറയുന്നത്. ഒരു സമുദായത്തിലെ ഏതാനും ആളുകള്‍ നശിച്ചാല്‍ തന്നെ ആ സമുദായം നശിച്ചുവെന്നു പറയാമെന്നുള്ളതില്‍ നമുക്കും തര്‍ക്കമില്ല. പക്ഷേ, അല്ലാഹു ഈ സൂറത്തില്‍ ഉദ്ധരിച്ച സംഭവങ്ങളില്‍ – നൂഹ്, ഹൂദ്‌, സ്വാലിഹു, ലൂത്ത്വ്, ശുഐബ് (عليهم السلام) എന്നീ നബിമാരുടെ സമുദായങ്ങള്‍ക്കു ബാധിച്ച ശിക്ഷകളില്‍ – അങ്ങിനെ മരിക്കാതെ അവശേഷിച്ചവരുണ്ടായിരുന്നുവോ എന്നാണു നോക്കുവാനുള്ളത്. അതു ക്വുര്‍ആനെയോ, ക്വുര്‍ആന്റെ വാക്കുകള്‍ക്കു എതിരാവാത്ത ചരിത്ര രേഖകളെയോ ആസ്പദമാക്കി ആയിരിക്കുകയും വേണം. എന്നാല്‍, ഇതു സംബന്ധിച്ച് ക്വുര്‍ആനിലെ ചില വാക്യങ്ങള്‍ നോക്കുക:-

1. അവിശ്വാസികളില്‍ ഒരാളെയും ബാക്കിയാക്കരുതെന്നു നൂഹ് (عليه الصلاة والسلام) പ്രാര്‍ത്ഥിച്ചു (71:20). അതിനെത്തുടര്‍ന്നാണു അദ്ദേഹത്തിന്റെ സമുദായത്തെ ജലപ്രളയം കൊണ്ടു നശിപ്പിച്ചതു. അദ്ദേഹത്തെയും കൂടെയുള്ളവരെ – സത്യവിശ്വാസികളെ – യും കപ്പലില്‍ രക്ഷപ്പെടുത്തിയതെന്നും, ബാക്കിയുള്ളവരെ മുക്കി നശിപ്പിച്ചുവെന്നും പറയുന്നു (26: 119, 120). അപ്പോള്‍, ആ അവിശ്വാസികളില്‍ ആരെങ്കിലും നശിക്കാതെ ബാക്കിയായിരിക്കുമെന്നു വിചാരിക്കാമോ?!

2. ആദു വര്‍ഗ്ഗം ഉഗ്രമായ കൊടുങ്കാറ്റില്‍ ഈന്തത്തടികള്‍ കണക്കെ മറിഞ്ഞു വീണുവെന്നു പറഞ്ഞ ശേഷം “അവരുടെ വല്ല അവശിഷ്ടവും നീ കാണുന്നുണ്ടോ?!” എന്നു അല്ലാഹു ചോദിക്കുന്നു (69:8). ആ കാറ്റ് ഏതൊന്നില്‍ ചെന്നുവോ അതിനെയൊന്നും തുരുമ്പുപോലെ ആക്കാതെ വിട്ടിട്ടില്ല എന്നും പറയുന്നു (51:42). അപ്പോള്‍, ചിലര്‍ അതില്‍ നിന്നു രക്ഷപ്പെട്ടിരിക്കുമെന്നു എങ്ങിനെ പറയും?!

3. ഥമൂദിനെപ്പറ്റി, അവരെയും അവരുടെ ജനതയെയും മുഴുവന്‍ നാം തകര്‍ത്തിക്കളഞ്ഞു എന്നും (27:51). അവര്‍ നോക്കിക്കൊണ്ടിരിക്കെ അവരെ ഇടിത്തീ പിടികൂടി; എന്നിട്ടവര്‍ക്കു നില്‍ക്കുവാന്‍ പോലും കഴിഞ്ഞില്ല എന്നും (51:45) പറയുന്നു.

4. ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ ജനതയെപ്പറ്റി പറഞ്ഞപ്പോള്‍, അദ്ദേഹവും അദ്ദേഹത്തിന്റെ ആള്‍ക്കാരും രാത്രി കടന്നുപോകേണമെന്നും, രാവിലേക്ക് ആ ജനതയുടെ മുരടു മുറിച്ചു കളയുമെന്നും (15:65,66), അദ്ദേഹത്തെയും, ഒരു കിഴവി ഒഴിച്ചുള്ള അദ്ദേഹത്തിന്റെ കുടുംബത്തെയും രക്ഷപ്പെടുത്തിയശേഷം ബാക്കിയുള്ളവരെ തകര്‍ത്തിക്കളഞ്ഞു എന്നും (26: 170-172), അവരുടെ രാജ്യത്തെ അടിമേലായി മറിച്ചു എന്നും (15:74; 11:82) പറയുന്നു. താഴെ 83, 84 വചനങ്ങളും നോക്കുക.

5. ശുഐബ് (عليه الصلاة والسلام) നബിയുടെ ജനതയെപ്പറ്റി അവര്‍ക്കു കഠിന കമ്പനം പിടിപെട്ടു. അവര്‍ അവരുടെ വാസസ്ഥലത്തു കമിഴ്ന്നു വീണു – അവിടെ അവര്‍ നിവസിച്ചിട്ടില്ലാത്തമാതിരിയായി എന്നിങ്ങിനെ താഴെ 91, 92 വചനങ്ങളും നോക്കുക.

ഇതെല്ലാം മുമ്പില്‍വെച്ചുകൊണ്ടു ആ സമുദായങ്ങില്‍ ചിലരെല്ലാം ശിക്ഷയില്‍ മരണമടയാതെ ബാക്കിയായിരുന്നുവെന്നും, അക്കൂട്ടത്തില്‍ സ്വാലിഹു (عليه الصلاة والسلام) നബിയുടെ ജനതക്കു ബാധിച്ച ശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടിരുന്ന ചില അവിശ്വാസികളോടാണ് അദ്ദേഹം ആ വാക്കുകള്‍ പറഞ്ഞതെന്നും പറയുവാന്‍ സാധിക്കുമോ? കൂടാതെ, ഇങ്ങിനെയുള്ള പൊതുശിക്ഷകളെക്കുറിച്ചു പറയുമ്പോള്‍ അതതു സമുദായത്തിലുണ്ടായിരുന്ന പ്രവാചകനെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും നാം രക്ഷപ്പെടുത്തി എന്നും അല്ലാഹു പലപ്പോഴും എടുത്തു പറയാറുണ്ടു. അവരെപ്പോലെ ചില അവിശ്വാസികളും കൂടി ശിക്ഷയില്‍ അകപ്പെടാതെ രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ ആ പ്രസ്താവനയുടെ ആവശ്യമെന്താണ്? ആലോചിച്ചു നോക്കുക! എന്നാല്‍, ഥമൂദ് ഗോത്രത്തിലെ അബൂ റുഗാല്‍ (ابو رغال) എന്നു പേരായ ഒരാള്‍ അവര്‍ക്കു ശിക്ഷ ബാധിച്ച അന്നു മക്കാ ഹറമിലായിരുന്നതുകൊണ്ടു ശിക്ഷയില്‍ അകപ്പെട്ടിരുന്നില്ല എന്നു അഹ്മദ് (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍ വന്നിട്ടുണ്ട്. പക്ഷേ, അതേ ഹദീഥില്‍തന്നെ, അയാള്‍ ഹറമില്‍നിന്നു പുറത്തു പോയതോടെ അയാള്‍ക്കും ശിക്ഷ ബാധിച്ചു മരണമടഞ്ഞുവെന്നും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്‌ താനും. പൊതുശിക്ഷ നിമിത്തം ഒരു സമുദായത്തിലെ അവിശ്വാസികള്‍ നശിപ്പിക്കപ്പെടുമ്പോള്‍ അവരില്‍ ആരും അതില്‍ ബാക്കിയാകാറില്ലെന്നാണു ഈ ഹദീഥും മനസ്സിലാക്കിത്തരുന്നതു. ചുരുക്കിപ്പറഞ്ഞാല്‍, ഇത്തരം പൊതുശിക്ഷകളില്‍ പ്രവാചകന്‍മാരും സത്യവിശ്വാസികളുമല്ലാതെ – അവിശ്വാസികളില്‍പെട്ടവര്‍ – രക്ഷപ്പെട്ടേക്കാമെന്നു പറയുന്നതു പ്രമാണത്തിനു മാത്രമല്ല, യുക്തിക്കും നിരക്കാത്തതാകുന്നു.

വാസ്തവത്തില്‍, ബദര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ട ശത്രുത്തലവന്‍മാരെ അഭിമുഖീകരിച്ചുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായതു പോലെയുള്ള ചില വാക്കുകളാണ് സ്വാലിഹു (عليه الصلاة والسلام) നബിയും മരണമടഞ്ഞു കിടക്കുന്ന തന്റെ സമുദായത്തെ അഭിമുഖീകരിച്ചു പറഞ്ഞ ഈ വാക്കുകള്‍. ബദ്റില്‍ കൊല്ലപ്പെട്ടവരുടെ ശവങ്ങള്‍ ഇട്ടുമൂടപ്പെട്ട പൊട്ടക്കിണറ്റിനടുത്തു ചെന്ന് അബൂജഹല്‍ മുതലായ ക്വുറൈശി തലവന്മാരുടെ പേരെടുത്തു വിളിച്ചുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചോദിച്ചു: “ഞങ്ങളുടെ റബ്ബ് ഞങ്ങളോടു ചെയ്ത വാഗ്ദത്തം ഞങ്ങള്‍ യഥാര്‍ത്ഥമായി കണ്ടിരിക്കുന്നു. നിങ്ങളുടെ റബ്ബ് നിങ്ങളോട് ചെയ്ത വാഗ്ദത്തം നിങ്ങള്‍ യഥാര്‍ത്ഥമായി കണ്ടുവോ?” (قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدتُّم مَّا وَعَدَ رَبُّكُمْ حَقًّا). ഈ അവസരത്തില്‍ ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ചോദിച്ചു: “ഈ ജീവനില്ലാത്ത ശരീരങ്ങളോടു എന്തിനാണു സംസാരിക്കുന്നതു?” നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മറുപടി ഇതായിരുന്നു: “ഞാന്‍ ഈ പറയുന്നതു അവരെക്കാള്‍ കേള്‍ക്കുന്നവരല്ല നിങ്ങള്‍.” (ബു;മു). അല്ലാഹു പറഞ്ഞതെല്ലാം സത്യമാണെന്ന് അവര്‍ ഇപ്പോള്‍ അനുഭവത്തിലെ കണ്ടറിഞ്ഞിരിക്കുന്നു: അതുകൊണ്ടു അതിന്റെ സത്യത ഇപ്പോള്‍ നിങ്ങളെക്കാള്‍ അവര്‍ക്കറിയാം എന്നാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതിന്റെ സാരം.

ഥമൂദ് സമുദായത്തിനു ബാധിച്ച ശിക്ഷയെപ്പറ്റി ഇവിടെ الرَّجْفَةُ (കഠിന കമ്പനം) എന്നും, 11:67ല്‍ الصَّيْحَةُ (ഘോര ശബ്ദം) എന്നും, 51:44ല്‍ الصَّاعِقَةُ (ഇടിത്തീ) എന്നും പറഞ്ഞിരിക്കുന്നു. അപ്പോള്‍, ഇതെല്ലാം ചേര്‍ന്നുള്ള അത്യുഗ്രമായ ഒരു മഹാ സംഭവമായിരുന്നു അതെന്നു മൊത്തത്തില്‍ മനസ്സിലാക്കാം. الله أعلم

7:80
 • وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ ٱلْعَـٰلَمِينَ ﴾٨٠﴿
 • ലൂത്ത്വിനെയും (നാം അയച്ചു): അദ്ദേഹം തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ (ഈ) നീചവൃത്തിക്കു ചെല്ലുകയോ? ലോകരില്‍ ഒരാളും തന്നെ നിങ്ങള്‍ക്കു മുമ്പു ഇതു ചെയ്തിട്ടില്ല!
 • وَلُوطًا ലൂത്ത്വിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം لِقَوْمِهِ തന്റെ ജനതയോടു أَتَأْتُونَ നിങ്ങള്‍ ചെല്ലുന്നുവോ, ചെല്ലുകയോ الْفَاحِشَةَ നീചവൃത്തിക്ക് مَا سَبَقَكُم നിങ്ങളെ മുന്‍കടന്നിട്ടില്ല, നിങ്ങളുടെ മുമ്പ് ചെയ്തിട്ടില്ല بِهَا അതുകൊണ്ടു, അതിനെ مِنْ أَحَدٍ ഒരാളും തന്നെ مِّنَ الْعَالَمِينَ ലോകരില്‍നിന്നു.
7:81
 • إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴾٨١﴿
 • നിങ്ങള്‍ സ്ത്രീകളെ കൂടാതെ [സ്ത്രീകളെ വിട്ടേച്ച്‌] കാമവികാരത്താല്‍ പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുന്നല്ലോ! പക്ഷേ, (അത്രയുമല്ല) നിങ്ങള്‍ അതിരു കവിഞ്ഞ ഒരു ജനതയാകുന്നു.
 • إِنَّكُمْ لَتَأْتُونَ നിശ്ചയമായും നിങ്ങള്‍ ചെയ്യുകതന്നെ ചെയ്യുന്നു الرِّجَالَ പുരുഷന്‍മാരുടെ അടുക്കല്‍ شَهْوَةً കാമവികാരത്താല്‍, ഇച്ഛക്കായി مِّن دُونِ النِّسَاءِ സ്ത്രീകളെ കൂടാതെ, സ്ത്രീകളെ വിട്ട് بَلْ أَنتُمْ പക്ഷേ (എന്നാല്‍, എങ്കിലും) നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് مُّسْرِفُونَ അതിരുകവിഞ്ഞവരായ.

ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ സഹോദരപുത്രനും, അദ്ദേഹത്തില്‍ വിശ്വസിച്ച് അദ്ദേഹത്തോടൊപ്പം ഹിജ്ര പോന്ന ദേഹവുമാണ് ലൂത്ത്വ് (عليه الصلاة والسلام) നബി. പിന്നീടു ഫലസ്തീന്റെ അടുത്തുള്ള ബഹ്ര്‍ലൂത്ത്വ് (بحر لوط) എന്നും മറ്റും പറയപ്പെടുന്ന ചാവു കടലിനടുത്തുള്ള സദൂം (സോദോം) പ്രദേശത്തേക്കു അദ്ദേഹം റസൂലായി നിയോഗികപ്പെട്ടു. [*]. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണു അദ്ദേഹത്തിന്റെ ചരിത്രം. അതുകൊണ്ട് ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ സംഭവങ്ങളെ തുടര്‍ന്നാണു ക്വുര്‍ആനില്‍ സാധാരണ ലൂത്ത്വ് (عليه الصلاة والسلام) ന്റെ സംഭവം വിവരിക്കാറുള്ളത്. ഇവിടെ അങ്ങിനെയല്ല. ഒരു സ്വതന്ത്ര സംഭവമെന്നോണം വിവരിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹുവിന്റെ സന്ദേശങ്ങളെ ധിക്കരിച്ചതു മൂലം പല രാജ്യങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു 4-ാം വചനത്തില്‍ പ്രസ്താവിച്ചതിന്റെ ഒരു വിശദീകരണമെന്നോണമാണു ഇവിടെ ഈ സംഭവങ്ങളൊക്കെ വിവരിക്കപ്പെടുന്നത്. ഇബ്രാഹീം (عليه الصلاة والسلام) നബിയെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തെ എതിര്‍ത്ത നിഷേധികളായ നാട്ടുകാരെ വിട്ടേച്ച്‌ അവരില്‍ നിന്നും അദ്ദേഹം ഹിജ്ര പോരുകയാണുണ്ടായത്. ആ നാട്ടുകാര്‍ ഒരു പൊതുശിക്ഷക്കു വിധേയരാകുകയുണ്ടായില്ല. അതുകൊണ്ടായിരിക്കാം സയ്യിദ് ഖുത്ത്വ്ബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ – ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ സംഭവങ്ങളുമായി ബന്ധപ്പെടുത്താതെ ഈ സംഭവം ഇവിടെ വിവരിച്ചത്. الله أعلم

——
[*]. ഈ പ്രദേശങ്ങളെയും ചാവുകടലിനെയും സംബന്ധിച്ച് സൂ: ശുഅറാഇന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പുനോക്കുക.

——

മുന്‍ സമുദായങ്ങള്‍ക്കിടയില്‍ പതിവില്ലാത്തതും മാനുഷിക പ്രകൃതിക്കു നിരക്കാത്തതുമായ ഒരു ദുര്‍വൃത്തി ലൂത്ത്വ് (عليه الصلاة والسلام) ന്റെ ജനങ്ങള്‍ക്കിടയില്‍ സര്‍വ്വത്ര പടര്‍ന്നു പിടിച്ചിരുന്നു. കാമ നിവാരണാര്‍ത്ഥം ഈ നീച സമ്പ്രദായത്തെക്കുറിച്ചാണു ലൂത്ത്വ് (عليه الصلاة والسلام) അവരെ ആക്ഷേപിച്ചത്. കൂടാതെ, വേറെയും പല തോന്നിയവാസങ്ങളിലും അക്രമങ്ങളിലും ആ ജനത മുഴുകിയിട്ടുണ്ടായിരുന്നു. അതെല്ലാം സൂചിപ്പിച്ചുകൊണ്ടാണു അദ്ദേഹം: “അത്രയുമല്ല, നിങ്ങള്‍ അതിരു കവിഞ്ഞ ഒരു ജനതയാണു” എന്നു പറഞ്ഞതു. ആ ജനത എത്രമാത്രം ദുഷിച്ചു പോയിരുന്നുവെന്നു അവര്‍ അദ്ദേഹത്തിനു നല്‍കിയ മറുപടിയില്‍ നിന്നു തന്നെ ഏതാണ്ടു മനസ്സിലാക്കാവുന്നതാണ്. അല്ലാഹു പറയുന്നു:-

7:82
 • وَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوهُم مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ ﴾٨٢﴿
 • അദ്ദേഹത്തിന്റെ ജനങ്ങളുടെ മറുപടി, അവര്‍ (ഇങ്ങിനെ) പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല; 'ഇവരെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുവിന്‍; (കാരണം) നിശ്ചയമായും അവര്‍, ശുദ്ധത പാലിച്ചു വരുന്ന ഒരു (തരം) മനുഷ്യരാകുന്നു.'
 • وَمَا كَانَ ആയിരുന്നില്ല جَوَابَ മറുപടി, ഉത്തരം قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളുടെ إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ أَخْرِجُو هُم അവരെ (ഇവരെ) പുറത്താക്കുവിന്‍ مِّن قَرْيَتِكُمْ നിങ്ങളുടെ രാജ്യത്തുനിന്ന് إِنَّهُمْ നിശ്ചയമായും അവര്‍ (ഇവര്‍) أُنَاسٌ ചില മനുഷ്യരാകുന്നു يَتَطَهَّرُونَ ശുദ്ധത പാലിക്കുന്ന (ശുദ്ധമായ).

ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ ഉപദേശത്തിനു അവരില്‍ ഉണ്ടായ പ്രതികരണം ഇതായിരുന്നു. നേര്‍ക്കുനേരെയുള്ള മറുപടിയൊന്നും അവര്‍ക്കു പറയുവാനില്ല. ഇവരൊക്കെ വലിയ ശുദ്ധന്‍മാരായ ആളുകളാണ്. നാം നമ്മുടെ നീചത്വം കൈവിടുവാനും പോകുന്നില്ല. ആ സ്ഥിതിക്കു ഇരുകൂട്ടരും ഈ നാട്ടില്‍ ഒത്തു പോകുവാന്‍ മാര്‍ഗ്ഗമില്ല. അതുകൊണ്ടു ഇവരെ – ലൂത്ത്വ് (عليه الصلاة والسلام) നെയും അദ്ദേഹത്തിന്റെ ആള്‍ക്കാരെയും – ഈ നാട്ടില്‍ നിന്നു പുറത്താക്കുക. എന്നാല്‍ നമുക്കിവിടെ സ്വൈര്യമായി കഴിഞ്ഞു കൂടാമല്ലോ. എന്നിങ്ങിനെ അവര്‍ തമ്മതമ്മില്‍ പറയുകയാണ്‌ ചെയ്തത്. പരിഹാസവും ധിക്കാരവും അല്ലാതെ മറ്റൊന്നും അവരില്‍ നിന്നു പ്രകടമായില്ല.

7:83
 • فَأَنجَيْنَـٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَـٰبِرِينَ ﴾٨٣﴿
 • അപ്പോള്‍, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെയുള്ള അദ്ദേഹത്തിന്റെ ആള്‍ക്കാരെയും നാം രക്ഷപ്പെടുത്തി; അവള്‍ (രക്ഷപ്പെടാതെ) കഴിഞ്ഞുപോയവരില്‍ പെട്ടവളായിത്തീര്‍ന്നു.
 • فَأَنجَيْنَاهُ എന്നിട്ടു (അങ്ങിനെ, അപ്പോള്‍) അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَأَهْلَهُ അദ്ദേഹത്തിന്റെ ആള്‍ക്കാരെയും, കുടുംബത്തെയും, വീട്ടുകാരെയും إِلَّاامْرَأَتَهُ അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെ كَانَتْ അവളായിത്തീര്‍ന്നു مِنَ الْغَابِرِينَ ശേഷിച്ചവരില്‍ - കഴിഞ്ഞുപോയവരില്‍ - പെട്ട(വള്‍).
7:84
 • وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ ﴾٨٤﴿
 • അവരുടെ മേല്‍ നാം ഒരു (തരം) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നോക്കൂ, (ആ) കുറ്റവാളികളുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്ന്.
 • وَأَمْطَرْنَا നാം വര്‍ഷിപ്പിക്കുകയും ചെയ്തു عَلَيْهِم അവരുടെ മേല്‍ مَّطَرًا ഒരു മഴ فَانظُرْ അപ്പോള്‍ നോക്കൂ كَيْفَ كَانَ എങ്ങിനെ ആയിരുന്നു (ഉണ്ടായി) എന്നു عَاقِبَةُ കലാശം, പര്യവസാനം الْمُجْرِمِينَ കുറ്റവാളികളുടെ.

ആ ജനത അവരുടെ തോന്നിയവാസവും ധിക്കാരവും കൈവിടുവാന്‍ ഭാവമില്ലെന്നു സ്പഷ്ടമായി. ആ അവസരത്തില്‍ ലൂത്ത്വ് (عليه الصلاة والسلام) നബിയോടും, അദ്ദേഹത്തിന്റെ ആള്‍ക്കാരോടും ഒരു രാത്രി ആ നാടു വിട്ടു പോയിക്കൊള്ളുവാന്‍ അല്ലാഹു കല്‍പിച്ചു. ആരും വഴിയില്‍വെച്ചു തിരിഞ്ഞുനോക്കരുതെന്നും, അദ്ദേഹത്തിന്റെ ഭാര്യ ഇതില്‍നിന്ന് ഒഴിവാണെന്നും, അവള്‍ക്ക്  ശിക്ഷ ബാധിക്കുന്നതാണെന്നും, പ്രഭാതവേളയില്‍ ആ ജനത ശിക്ഷക്കു വിധേയമാകുമെന്നും അറിയിച്ചു. (11:81). അങ്ങിനെ, ലൂത്ത്വ് (عليه الصلاة والسلام) നബിയും, കൂട്ടരും രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഒരു കിഴവി മാത്രം അവരൊന്നിച്ചുപോയി രക്ഷപ്പെട്ടില്ല. അവള്‍ ആ ജനതയുടെ പക്ഷക്കാരിയായിരുന്നു. അവള്‍ അവരുടെ കൂട്ടത്തില്‍ അവശേഷിച്ചു ശിക്ഷയില്‍ അകപ്പെടുകയാണുണ്ടായത്. ഈ ജനതയ്ക്കു ബാധിച്ച ശിക്ഷയെപ്പറ്റി ‘ഒരു തരം മഴ’ എന്നു മാത്രമേ ഇവിടെ അല്ലാഹു പറഞ്ഞിട്ടുള്ളു. എങ്കിലും, അതു ഒരു തരം കല്ലുമഴയായിരുന്നുവെന്നും, അതിനെത്തുടര്‍ന്നു ആ രാജ്യം മുഴുവനും അടിമേലായി മറിക്കപ്പെട്ടുവെന്നും (11:82ലും മറ്റും) വേറെ സ്ഥലങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്‌. സംഭവത്തിന്റെ ചുരുക്കം മാത്രമാണു ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നംല്, ശുഅറാഉ്, ദാരിയാത്ത്, ഹൂദ്‌, ഹിജ്ര്‍ എന്നീ സൂറത്തുകളില്‍ കൂടുതല്‍ വിവരം കാണാവുന്നതാണ്.