വിഭാഗം - 17

7:142
  • وَوَٰعَدْنَا مُوسَىٰ ثَلَـٰثِينَ لَيْلَةً وَأَتْمَمْنَـٰهَا بِعَشْرٍ فَتَمَّ مِيقَـٰتُ رَبِّهِۦٓ أَرْبَعِينَ لَيْلَةً ۚ وَقَالَ مُوسَىٰ لِأَخِيهِ هَـٰرُونَ ٱخْلُفْنِى فِى قَوْمِى وَأَصْلِحْ وَلَا تَتَّبِعْ سَبِيلَ ٱلْمُفْسِدِينَ ﴾١٤٢﴿
  • മൂസായോടു (ഒരു) മുപ്പതു രാത്രിക്കു നാം വാഗ്ദാനം നടത്തുകയുണ്ടായി; അതിനെ (വീണ്ടും) ഒരു പത്തു (രാത്രി) കൊണ്ടു നാം പൂര്‍ത്തിയാക്കുകയും ചെയ്തു.

    അങ്ങനെ, അദ്ദേഹത്തിന്റെ റബ്ബിന്റെ നിശ്ചിത സമയം നാല്‍പതു രാത്രിയായി തികഞ്ഞു.

    മൂസാ തന്റെ സഹോദരന്‍ ഹാറൂനോടു പറയുകയും ചെയ്തു: '(എന്റെ അഭാവത്തില്‍) നീ എന്നെ പ്രതിനിധികരിക്കുക; നീ നല്ലതു പ്രവര്‍ത്തിക്കുകയും ചെയ്യുക; കുഴപ്പമുണ്ടാക്കുന്നവരുടെ മാര്‍ഗ്ഗത്തെ നീ പിന്‍പറ്റുകയും ചെയ്യരുത്.'
  • وَوَاعَدْنَا നാം വാഗ്ദാനം (കരാര്‍) നടത്തി (നിശ്ചയം ചെയ്തു) مُوسَىٰ മൂസായോടു, മൂസയുമായി ثَلَاثِينَ لَيْلَةً മുപ്പതു രാത്രിക്ക്‌ (ദിവസത്തേക്ക്) وَأَتْمَمْنَاهَا അവയെ (അതിനെ) നാം പൂര്‍ത്തിയാക്കുകയും ചെയ്തു بِعَشْرٍ ഒരു പത്തു കൊണ്ടു فَتَمَّ അങ്ങനെ പൂര്‍ത്തിയായി, തികഞ്ഞു مِيقَاتُ നിശ്ചിത സമയം, സമയ നിശ്ചയം رَبِّهِ തന്റെ റബ്ബിന്റെ أَرْبَعِينَ لَيْلَةً നാല്‍പതു രാത്രി (ദിവസം) وَقَالَ مُوسَىٰ മൂസാ പറയുകയും ചെയ്തു لِأَخِيهِ തന്റെ സഹോദരന്‍ هَارُونَ ഹാറൂനോടു اخْلُفْنِي നീ എനിക്കു പിന്‍ഗാമിയാകുക (പ്രതിനിധികരിക്കുക) فِي قَوْمِي എന്റെ ജനതയില്‍ وَأَصْلِحْ നന്നാക്കുക (നല്ലതു പ്രവര്‍ത്തിക്കുക) യും ചെയ്യുക وَلَا تَتَّبِعْ പിന്‍പറ്റുകയും ചെയ്യരുതു سَبِيلَ മാര്‍ഗ്ഗം, വഴി الْمُفْسِدِينَ നാശം (കുഴപ്പം) ഉണ്ടാക്കുന്നവരുടെ.

ഇതുവരെയും മൂസാ (عليه الصلاة والسلام) നബിക്കു വേദഗ്രന്ഥം ലഭിച്ചിട്ടുണ്ടായിരുന്നില്ല. ആദ്യം മുപ്പതു ദിവസവും, പിന്നീടു അതിനുശേഷം പത്തു ദിവസവും കൂടി ആകെ നാല്‍പതു ദിവസം നോമ്പും ധ്യാനവും സീനാമലയില്‍ കഴിച്ചു കൂട്ടണമെന്നും, അതിനുശേഷം തൗറാത്തു നല്‍കാമെന്നും അല്ലാഹു മൂസാ (عليه الصلاة والسلام) നബിയോടു നിശ്ചയം ചെയ്തു. ആ കാലത്തു അദ്ദേഹത്തിന്റെ അഭാവത്തില്‍ തനിക്കുപകരം ജനങ്ങളുടെ നേതൃത്വം വഹിക്കുവാനും അവരെ നയിക്കുവാനും സഹോദരന്‍ ഹാറൂന്‍ (عليه الصلاة والسلام) നബിയെ അദ്ദേഹം ഏല്‍പിക്കുകയും ചെയ്തു. അവരില്‍ ആവശ്യമായികാണുന്ന നല്ല കാര്യങ്ങള്‍ നടപ്പില്‍ വരുത്തുവാനും, കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനങ്ങളിലൊന്നും അകപ്പെടാതിരിക്കുവാനും പ്രത്യേകം ഉപദേശിക്കുകയും ചെയ്തു. ഹാറൂന്‍ (عليه الصلاة والسلام) അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനും (*) അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം തനിക്കു ഒരു സഹായകനായി അല്ലാഹു നിശ്ചയിച്ചു കൊടുത്ത പ്രവാചകനുമായിരുന്നു. സൂ: ത്വാഹായില്‍ ഇതിനെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. ആ ജനതയുടെ സ്വഭാവ പ്രകൃതി വേണ്ടതുപോലെ മനസ്സിലാക്കിയ ആളാണല്ലോ മൂസാ നബി (عليه الصلاة والسلام). അതാണ്‌ സഹോദരനോടു ഇങ്ങിനെ പ്രത്യേകം വസിയ്യത്ത്‌ ചെയ്യുവാന്‍ കാരണം.

—–

(*). ഹാറൂന്‍ (عليه الصلاة والسلام) നബിക്ക് മൂസാ (عليه الصلاة والسلام) നബിയേക്കാള്‍ അല്‍പം വയസ്സു കൂടുതല്‍ ഉണ്ടായിരുന്നുവെന്നു പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞു കാണാം. ‘ഫറാവാനോട്‌ സംസാരിച്ച കാലത്തു മോശെക്കു് എണ്പതു വയസ്സും, അഹറോന്നു എണ്‍പത്തിമൂന്ന്‍ വയസ്സുമായിരുന്നു’ എന്ന് ബൈബ്ലും പറയുന്നു. (പുറപ്പാട്: 7ല്‍ 7).

—–

ദിവസം (يَومٌ) എന്ന അര്‍ത്ഥത്തില്‍ لَيْلَةً (രാത്രി) എന്ന പദം ഉപയോഗിക്കുക അറബി ഭാഷയില്‍ പതിവുണ്ട്. അതാണിവിടെയും ഉദ്ദേശ്യം. ഇതുപോലെത്തന്നെ يَومٌ (യൗംമ്) എന്ന വാക്ക് ദിവസം എന്ന അര്‍ത്ഥത്തിനുപുറമെ ‘പകല്‍’ (نَهَار) എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ട്. നാല്‍പതു രാത്രി നിശ്ചയിച്ചുവെന്നു പറയാതെ, ആദ്യം മുപ്പതും, പിന്നീട് പത്തുംകൂടി നാല്‍പതു പൂര്‍ത്തിയായി എന്ന് പറഞ്ഞിരിക്കക്കൊണ്ട് ആദ്യത്തെ നിശ്ചയം മുപ്പത് ദിവസമായിരുന്നുവെന്നും, പിന്നീട് എന്തോ കാരണത്താല്‍ പത്തുംകൂടി വര്‍ദ്ധിപ്പിച്ചതാണെന്നും മനസ്സിലാക്കാം. (*). ഇതിന്റെ കാരണമെന്തായിരുന്നുവെന്നതിനു പറയത്തക്ക തെളിവുകളൊന്നുമില്ല.

—–

(*). മോശെ അവിടെ ഭക്ഷാനം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്‍പതു പകലും നാല്‍പതു രാവും യഹോവയോടു കൂടെയായിരുന്നുവെന്നത്രെ ബൈബ്ള്‍ പറയുന്നത്. (പുറപ്പാട്: 34ല്‍ 28).

——

ആദ്യത്തെ മുപ്പതു ദിവസം ദുല്‍ക്വഅ്ദഃ മാസവും, പിന്നത്തെ പത്തുദിവസം ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിവസവും ആയിരുന്നുവെന്ന് മുജാഹിദ്, മസ്റൂഖ്, ഇബ്നു ജുറൈജ് (رحمهم الله) എന്നിവരും, ഇബ്നു അബ്ബാസും (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. الله أعلم

7:143
  • وَلَمَّا جَآءَ مُوسَىٰ لِمِيقَـٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِىٓ أَنظُرْ إِلَيْكَ ۚ قَالَ لَن تَرَىٰنِى وَلَـٰكِنِ ٱنظُرْ إِلَى ٱلْجَبَلِ فَإِنِ ٱسْتَقَرَّ مَكَانَهُۥ فَسَوْفَ تَرَىٰنِى ۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلْجَبَلِ جَعَلَهُۥ دَكًّا وَخَرَّ مُوسَىٰ صَعِقًا ۚ فَلَمَّآ أَفَاقَ قَالَ سُبْحَـٰنَكَ تُبْتُ إِلَيْكَ وَأَنَا۠ أَوَّلُ ٱلْمُؤْمِنِينَ ﴾١٤٣﴿
  • നമ്മുടെ നിശ്ചിത സമയത്തേക്കു മൂസാ വരുകയും, അദ്ദേഹത്തിന്റെ റബ്ബു അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്റെ റബ്ബേ! എനിക്കു (നിന്നെ) കാട്ടിത്തരേണമേ - ഞാന്‍ നിന്നിലേക്കു (ഒന്നു) നോക്കിക്കാണട്ടെ!' അവന്‍ പറഞ്ഞു: 'നീ എന്നെ കാണുകയില്ല തന്നെ; എങ്കിലും നീ (ആ) മലയിലേക്കു നോക്കുക; (അതായതു:) എന്നിട്ട് അതു അതിന്റെ സ്ഥാനത്തു ഉറച്ചു നിന്നുവെങ്കില്‍ വഴിയെ നീ എന്നെ കണ്ടുകൊള്ളും.'

    അങ്ങനെ, അദ്ദേഹത്തിന്റെ റബ്ബ് മലയിലേക്കു വെളിപ്പെട്ടപ്പോള്‍, അതു അതിനെ പൊടിയാക്കി (തകര്‍ത്തു); മൂസാ ബോധമറ്റവനായി വീഴുകയും ചെയ്തു. എന്നിട്ടു അദ്ദേഹത്തിനു ബോധം വന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: 'നീ മഹാ പരിശുദ്ധന്‍ [-നിനക്കു സ്തോത്രം]! ഞാന്‍ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങി; ഞാന്‍ സത്യവിശ്വാസികളില്‍ ഒന്നാമത്തേവനുമാകുന്നു.'
  • وَلَمَّا جَاءَ വന്നപ്പോള്‍, വന്നപ്പോഴോ مُوسَىٰ മൂസാ لِمِيقَاتِنَا നമ്മുടെ നിശ്ചിത സമയത്തേക്കു وَكَلَّمَهُ അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്തു رَبُّهُ അദ്ദേഹത്തിന്റെ റബ്ബു قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ أَرِنِي എനിക്കു കാണിച്ചു തരണം أَنظُرْ إِلَيْكَ നിന്നിലേക്കു ഞാന്‍ നോക്കിട്ടെ (കാണട്ടെ) قَالَ അവന്‍ പറഞ്ഞു لَن تَرَانِي നിശ്ചയമായും നീ എന്നെ കാണുന്നതല്ല, കാണുകയില്ല തന്നെ وَلَـٰكِنِ എങ്കിലും, എന്നാല്‍ انظُرْ നീ നോക്കുക إِلَى الْجَبَلِ മലയിലേക്കു فَإِنِ اسْتَقَرَّ എന്നിട്ടു (അതായതു) അതു ഉറച്ചു (സ്ഥിരപ്പെട്ടു) നിന്നെങ്കില്‍ مَكَانَهُ അതിന്റെ സ്ഥാനത്തു فَسَوْفَ എന്നാല്‍ വഴിയെ تَرَانِي നീ എന്നെ കാണും فَلَمَّا تَجَلَّىٰ എന്നിട്ടു (അങ്ങനെ) വെളിപ്പെട്ടപ്പോള്‍ رَبُّهُ അദ്ദേഹത്തിന്റെ റബ്ബ് لِلْجَبَلِ മലയിലേക്കു, പര്‍വ്വതത്തിനു جَعَلَهُ അതു (അവന്‍) അതിനെ ആക്കി دَكًّا പൊടി, തുരുമ്പല്‍ وَخَرَّ (അടഞ്ഞ്) വീഴുകയും ചെയ്തു مُوسَىٰ മൂസാ صَعِقًا ബോധമറ്റവനായി, നിശ്ചേഷ്ടനായി فَلَمَّا أَفَاقَ എന്നിട്ട് അദ്ദേഹത്തിനു ബോധം വന്നപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു سُبْحَانَكَ നീ മഹാ പരിശുദ്ധന്‍, നിനക്കു സ്തോത്രം تُبْتُ ഞാന്‍ പശ്ചാത്തപിച്ചു മടങ്ങി إِلَيْكَ നിന്നിലേക്കു وَأَنَا ഞാനാകട്ടെ أَوَّلُ ഒന്നാമത്തേവനാണു الْمُؤْمِنِينَ സത്യവിശ്വാസികളില്‍.

7:144
  • قَالَ يَـٰمُوسَىٰٓ إِنِّى ٱصْطَفَيْتُكَ عَلَى ٱلنَّاسِ بِرِسَـٰلَـٰتِى وَبِكَلَـٰمِى فَخُذْ مَآ ءَاتَيْتُكَ وَكُن مِّنَ ٱلشَّـٰكِرِينَ ﴾١٤٤﴿
  • അവന്‍ [റബ്ബ്] പറഞ്ഞു: 'മൂസാ, നിശ്ചയമായും, എന്റെ ദൗത്യങ്ങള്‍ കൊണ്ടും, എന്റെ സംസാരം കൊണ്ടും നിന്നെ ഞാന്‍ (മറ്റു) മനുഷ്യരെക്കാള്‍ (പ്രത്യേകമാക്കി) തിരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍, ഞാന്‍ നിനക്കു നല്‍കിയതു നീ എടുത്തു [സ്വീകരിച്ചു] കൊള്ളുക. നീ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.'
  • قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنِّي നിശ്ചയമായും ഞാന്‍ اصْطَفَيْتُكَ നിന്നെ തിരഞ്ഞു (തെളിയിച്ചു) എടുത്തിരിക്കുന്നു عَلَى النَّاسِ മനുഷ്യരെക്കാള്‍ بِرِسَالَاتِي എന്റെ ദൗത്യങ്ങള്‍കൊണ്ടു وَبِكَلَامِي എന്റെ സംസാരം കൊണ്ടും فَخُذْ അതിനാല്‍ എടുത്തു (പിടിച്ചു - സ്വീകരിച്ചു) കൊള്ളുക مَا آتَيْتُكَ നിനക്കു ഞാന്‍ നല്‍കിയതു وَكُن ആയിരിക്കുകയും ചെയ്യുക مِّنَ الشَّاكِرِينَ നന്ദി കാണിക്കുന്നവരുടെ.

നിശ്ചയം പൂര്‍ത്തിയാക്കി മൂസാനബി (عليه الصلاة والسلام) വന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തോട് സംസാരിച്ചു. സ്വപ്നം വഴിയോ, മനസ്സില്‍ തോന്നിപ്പിച്ചോ നല്‍കുന്ന വഹ്-യു അല്ലെങ്കില്‍ ഒരു മറയുടെ അപ്പുറത്തു നിന്നുള്ള സംസാരം, അല്ലെങ്കില്‍ ഒരു ദൂതനെ – അഥവാ മലക്കിനെ – അയച്ചുകൊണ്ടു നല്‍കുന്ന വഹ്-യു എന്നിങ്ങിനെ മൂന്നു പ്രകാരത്തിലല്ലാതെ അല്ലാഹു ഒരു മനുഷ്യനോടു സംസാരിക്കുന്നതല്ല എന്നു അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. (സൂ: ശൂറായിലെ 51-ാം വചനവും വ്യാഖ്യാനവും നോക്കുക). ഇവയില്‍ രണ്ടാമതു പറഞ്ഞ തരത്തിലുള്ള സംസാരമാണു മൂസാ (عليه الصلاة والسلام) നബിയുമായി നടന്നത്. ഈ മഹത്തായ അനുഗ്രഹം മൂസാ (عليه الصلاة والسلام) നബിക്കല്ലാതെ മറ്റാര്‍ക്കും ഉണ്ടായതായി അറിയപ്പെട്ടിട്ടില്ല. ഈ വചനത്തില്‍ നിന്നു തന്നെ അതു വ്യക്തമാവുന്നു. മൂസാ (عليه الصلاة والسلام) ഈജിപ്തില്‍ നിന്നു അഭയാര്‍ത്ഥിയായി മദ്-യനില്‍ ചെന്നു ഏതാനും കൊല്ലം താമസിച്ച ശേഷം അവിടെ നിന്നു ഭാര്യാസമേതം ഈജിപ്തിലേക്കു മടങ്ങിപ്പോരുമ്പോഴായിരുന്നു സീനാ താഴ്വരയില്‍ വെച്ചു ആദ്യമായി അല്ലാഹുവിന്റെ സംസാരം അദ്ദേഹം കേട്ടതു. ആ അവസരത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തെ ഫിര്‍ഔന്റെ അടുക്കലേക്കു റസൂലായി അയച്ചതും. ഈ വചനത്തില്‍ പറയുന്നതു അദ്ദേഹം തൗറാത്ത് ഏറ്റുവാങ്ങുവാന്‍വേണ്ടി നിശ്ചയപ്രകാരം സീനാപര്‍വ്വതത്തില്‍ ചെന്നപ്പോഴുണ്ടായ സംസാരത്തെക്കുറിച്ചുമാകുന്നു.

അല്ലാഹുവിന്റെ സംസാരം എങ്ങിനെയായിരിക്കും? അതിനു അക്ഷരവും ശബ്ദവുമുണ്ടോ? ഏതു ഭാഷയിലായിരിക്കും? ഇതൊന്നും നമുക്കു അറിയുവാനോ സങ്കല്‍പിക്കുവാനോ സാധ്യമല്ല. സൃഷ്ടികളുടെ സംസാരങ്ങളുമായി അതിനു യാതൊരു വിധ സാമ്യവും ഉണ്ടായിരിക്കുകയില്ലെന്നു നമുക്കു തീര്‍ത്തും പറയാം. ഈ മഹത്തായ അനുഗ്രഹം – മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഈ മഹാഭാഗ്യം – ആസ്വദിച്ചപ്പോള്‍ മൂസാ (عليه الصلاة والسلام) നബിക്കുണ്ടായ മധുരമോഹനമായ അനുഭവം നിമിത്തം, അല്ലാഹുവിനെ നേരില്‍ ഒന്നു കാണുവാനുള്ള മഹാഭാഗ്യം കൂടി സിദ്ധിച്ചെങ്കില്‍ കൊള്ളാമെന്നു അദ്ദേഹത്തിനു അത്യാവേശം ജനിച്ചു. അദ്ദേഹം അപേക്ഷിച്ചു: ‘റബ്ബേ! ഈയുള്ളവനു നിന്നെ ഒന്നു കാണുവാനുള്ള മഹാഭാഗ്യം കൂടി നല്‍കണേ! എനിക്കു നിന്നെ കാണുമാറാക്കിത്തരണേ! ഞാനൊന്നു നോക്കിക്കാണട്ടെ. (رَبِّ أَرِنِي أَنظُرْ إِلَيْكَ). മൂസാ (عليه الصلاة والسلام) നബിയുടെ വിശ്വാസക്കുറവുകൊണ്ടല്ല. വിഡ്ഢിത്തംകൊണ്ടുമല്ല, രാജാധി രാജനായ പരമോല്‍കൃഷ്ടനായ അല്ലാഹുവിന്റെ മഹിത മഹത്വങ്ങളെക്കുറിച്ചു ബോധാമില്ലാത്തതുകൊണ്ടുമല്ല ആ അപേക്ഷ. ആ തിരു സംസാരങ്ങള്‍ കേട്ടപ്പോള്‍, ആ തിരുസന്നിധിയെ ഒന്നു കണ്ടാസ്വദിക്കുവാനുണ്ടായ അടങ്ങാത്ത മോഹം കൊണ്ടു മാത്രം.

എല്ലാമെല്ലാം അറിയുന്ന അല്ലാഹു അദ്ദേഹത്തെ ആക്ഷേപിച്ചില്ല. ആ അപേക്ഷയില്‍ പ്രതിഷേധിച്ചതുമില്ല. എങ്കിലും ഈ ഐഹിക ജീവിതത്തില്‍ ആര്‍ക്കും സാധ്യമാല്ലാത്തതും, ഈ ലോക പ്രകൃതിക്കതീതമായതുമാണു അക്കാര്യമെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയാണ് അല്ലാഹു ചെയ്തത്. അല്ലാഹു പറഞ്ഞു: ‘നിനക്കെന്നെ കാണുവാന്‍ കഴിയുകയില്ല (لَن تَرَانِي). അതോടൊപ്പം, ആ കാഴ്ച താങ്ങുവാനുള്ള ശക്തി അദ്ദേഹത്തെക്കാള്‍ എത്രയോ ഉറപ്പും കെല്‍പുമുള്ള ആ പര്‍വ്വതത്തിനുപോലുമില്ലെന്നു അനുഭവത്തിലൂടെ കാട്ടിക്കൊടുക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞു: ‘എങ്കിലും ആ മലയിലേക്ക് നോക്കൂ; അതു അതിന്റെ സ്ഥാനത്തു ഉറച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ നിനക്കെന്നെ കണ്ടേക്കാവുന്നതാണ്. (وَلَـٰكِنِ انظُرْ إِلَى الْجَبَلِ فَإِنِ اسْتَقَرَّ مَكَانَهُ فَسَوْفَ تَرَانِي). എന്നിട്ട് റബ്ബ് മലയിലേക്കു വെളിപ്പെട്ടു. ഉടനെ അതു പൊടിപൊടിയായി. അല്ലാഹുവിന്റെ ഈ വെളിപ്പാടു എങ്ങിനെയായിരുന്നുവെന്നു അല്ലാഹുവിനു മാത്രം അറിയാം. അവന്റെ മഹത്വത്തിനും പരിശുദ്ധതക്കും അനുയോജ്യമായ ഒരു വെളിപ്പടായിരിക്കും അതെന്നുമാത്രം നമുക്കു പറയാം. അബൂസഈദില്‍ ഖുദ്-രി (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ച ഒരു നബി വചനം മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയതിന്റെ സാരം ഇപ്രകാരമാകുന്നു: “അല്ലാഹുവിന്റെ മറ, പ്രകാശമാകുന്നു. ആ പ്രകാശം അവന്‍ തുറന്നുവിട്ടാല്‍ അവന്റെ തിരുമുഖത്തിന്റെ ജ്യോതിസ്സു സൃഷ്ടികളെയെല്ലാം കരിച്ചുകളഞ്ഞേക്കും.” ഇമാം അഹ്മദു, തിര്‍മുദി, ബൈഹക്വി, ഇബ്നു ജരീര്‍ (رحمهم الله) മുതലായവര്‍ അനസ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍നിന്നു ഉദ്ധരിക്കുകയും ഹാകിം (رحمه الله) ബലപ്പെട്ടതെന്നു സ്ഥിരപ്പെടുത്തുകയും ചെയ്തിട്ടുള്ള ഒരു ഹദീഥില്‍ فَلَمَّا تَجَلَّىٰ رَبُّهُ (റബ്ബു വെളിപ്പെട്ടപ്പോള്‍….) എന്നുള്ള ഈ വചനം ഓതിക്കൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അവിടുത്തെ പെരുവിരല്‍ ചെറു വിരലിന്റെ തലപ്പത്തുവെച്ചു വളരെ തുച്ഛം മാത്രമെന്നു സൂചിപ്പിക്കുകയുണ്ടായെന്നും വന്നിരിക്കുന്നു. ഇതല്ലാതെ ഇതിനപ്പുറം ഒരു വിശദീകരണം നമുക്കിവിടെ സാദ്ധ്യമല്ല.

മല തകര്‍ന്നു തരിപ്പണമായ കാഴ്ച കണ്ടു മൂസാ (عليه الصلاة والسلام) ബോധം കെട്ടു നിലംപതിച്ചു. ബോധം വീണ്ടു കിട്ടിയപ്പോള്‍ അദ്ദേഹത്തിനു ബോധ്യമായി അല്ലാഹുവിനെ കാണുവാനുള്ള കഴിവ് തനിക്കില്ലെന്നും, തന്റെ അപേക്ഷ കുറേ കടന്ന അപേക്ഷയായിട്ടുണ്ടെന്നും, അദ്ദേഹം പറഞ്ഞു: ‘റബ്ബേ! നീ മഹാപരിശുദ്ധന്‍! ഞാനിതാ നിങ്കലേക്കു പശ്ചാത്തപിച്ചു മടങ്ങുന്നു!’ (فَلَمَّا أَفَاقَ قَالَ سُبْحَانَكَ تُبْتُ إِلَيْكَ). അപേക്ഷിച്ചതു മര്യാദകേടാണെങ്കിലും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കുറവുകൊണ്ടോ, വിശ്വാസത്തിലുള്ള വക്രതകൊണ്ടോ അല്ല അതു സംഭവിച്ചതെന്നും നിലവിലുള്ള സത്യവിശ്വാസികളില്‍ താന്‍ ഒന്നാമത്തേവനും മുമ്പനുമാകുന്നു (وَأَنَا أَوَّلُ الْمُؤْمِنِينَ) എന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

മൂസാ (عليه الصلاة والسلام) നബിയുടെ ഈ അപേക്ഷ കേവലം ഒരു ധിക്കാരമോ, കുറ്റകരമായ ഒരു പാപമോ ആയി അല്ലാഹു കണക്കാക്കിയിട്ടില്ലെന്നു മേല്‍ വിവരിച്ചതില്‍നിന്നു മനസ്സിലായല്ലോ. 144-ാം വചനത്തില്‍ നിന്നു തന്നെ ഈ വാസ്തവം കൂടുതല്‍ സ്പഷ്ടമാകുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ നേരെ ആക്ഷേപത്തിന്റെ യാതൊരു സൂചനപോലും കൂടാതെ, എന്റെ ദൗത്യങ്ങള്‍ നല്‍കിയും, ഞാന്‍ നേരില്‍ സംസാരിച്ചുംകൊണ്ടു മറ്റെല്ലാ മനുഷ്യരേക്കാളും നിനക്കു ശ്രേഷ്ഠത നല്‍കിയിട്ടുണ്ടെന്നും, അതുകൊണ്ടു ഞാന്‍ നല്‍കുന്നതു – വേദഗ്രന്ഥം, ഉപദേശനിര്‍ദ്ദേശങ്ങള്‍ മുതലായവ – വേണ്ട വിധം സ്വീകരിച്ചു നന്ദിയുള്ളവനായിരിക്കണം എന്നുമൊക്കെയാണല്ലോ അതില്‍ പറയുന്നത്. ആ അപേക്ഷ സ്വീകരിക്കുവാന്‍ നിവൃത്തിയില്ലെങ്കിലും ഞാന്‍ നിനക്ക് പല പ്രത്യേക പദവികളും നല്‍കി അനുഗ്രഹിച്ചിട്ടുണ്ടെന്നാണ് അതിന്റെ രത്നച്ചുരുക്കം.
സന്ദര്‍ഭവശാല്‍ ഇവിടെ ചില സംഗതികള്‍ ചൂണ്ടിക്കാട്ടുന്നതു നന്നായിത്തോന്നുന്നു.
1. അല്ലാഹുവിനെ കാണുവാനോ, പാരത്രികമായ കാഴ്ചകള്‍ കാണുവാനോ കഴിയുമാറുള്ള ഒരു പ്രകൃതി ഈ ലോകത്തു അല്ലാഹു ആര്‍ക്കും നല്‍കിയിട്ടില്ല. അതിനാല്‍, മനുഷ്യന്റെ ബാഹ്യേന്ദ്രിയങ്ങള്‍ക്കോ, ആന്തരേന്ദ്രിയങ്ങള്‍ക്കോ അവയൊന്നും താങ്ങുവാനുള്ള കെല്‍പുമില്ല. മരണത്തോടുകൂടി ഈ ഭൗതിക കാഴ്ചപ്പാടു അവസാനിക്കുന്നതോടൊപ്പം തന്നെ മുമ്പില്ലാത്ത പല അനുഭവങ്ങളും കാഴ്ചകളും അവനു വെളിപ്പെട്ടുകൊണ്ടിരിക്കും. പരലോകത്താകട്ടെ, കൂടുതല്‍ വ്യത്യസ്തമായ അനുഭവങ്ങളും കാഴ്ചപ്പാടുകളുമായിരിക്കും ഉണ്ടായിരിക്കുക. ഇവിടെ വെച്ചു അസംഭവ്യമായതും, ഊഹിക്കുവാന്‍ പോലും കഴിയാത്തതുമായ പലതും അവിടെ വെച്ചു സാധ്യമായിരിക്കും. കുറ്റവാളികളായ ആളുകളോടു ക്വിയാമത്തു നാളില്‍ പറയപ്പെടുന്ന സൂ: ക്വാഫിലെ ഒരു വാക്യം ഈ വാസ്തവം ചൂണ്ടികാട്ടുന്നു. لَّقَدْ كُنتَ فِي غَفْلَةٍ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ (തീര്‍ച്ചയായും ഇതിനെക്കുറിച്ചു നീ അശ്രദ്ധയിലായിരുന്നു. ഇപ്പോള്‍, നിനക്കു നിന്റെ മൂടിയെ നാം തുറന്നു നീക്കിത്തന്നിരിക്കുന്നു. ആകയാല്‍, നിന്റെ കാഴ്ച ഇന്നു മൂര്‍ച്ചയുള്ളതാകുന്നു (ക്വാഫ്: 22). ക്വിയാമത്തു നാളില്‍ അക്രമികള്‍ക്കു നേരിടുന്ന ചില അനുഭവങ്ങളെപ്പറ്റി പറയുന്ന കൂട്ടത്തില്‍ മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നു: وَبَدَا لَهُم مِّنَ اللَّـهِ مَا لَمْ يَكُونُوا يَحْتَسِبُونَ (അവര്‍ കണക്കു കൂട്ടിയിരുന്നില്ലാത്ത കാര്യങ്ങള്‍ അവര്‍ക്കു അല്ലാഹുവില്‍ നിന്നും വെളിവാകുകയും ചെയ്യും. സുമര്‍: 47).

2. സത്യവിശ്വാസികള്‍ പരലോകത്തുവെച്ചു അല്ലാഹുവിനെ കാണുമെന്നും, അതു അവര്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമായിരിക്കുമെന്നും ചില ക്വുര്‍ആന്‍ വചനങ്ങള്‍ വഴിയും, അനേകം ഹദീഥുകള്‍ വഴിയും സംശയരഹിതമായി അറിയപ്പെട്ടിട്ടുള്ളതാണ്. ഒരു സ്ഥലത്തു അല്ലാഹു പറയുന്നു: وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣﴾ (ചില മുഖങ്ങള്‍ അന്നു -ക്വിയാമത്തുനാളില്‍ – പ്രസന്നങ്ങളായിരിക്കും; അവയുടെ റബ്ബിങ്കലേക്കു നോക്കിക്കാണുന്നവയായിരിക്കും. 75:22, 23). സത്യനിഷേധികളെക്കുറിച്ചു പറയുന്നു: كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ﴿١٥﴾ (വേണ്ടാ, നിശ്ചയമായും അവര്‍, അന്നത്തെ ദിവസം തങ്ങളുടെ റബ്ബില്‍നിന്നും മറയിടപ്പെട്ടവര്‍ തന്നെയായിരിക്കും. 83:15). ഇരുപതോളം സ്വഹാബികളില്‍ നിന്നായി അനേകം മാര്‍ഗ്ഗങ്ങളില്‍കൂടി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പല ഹദീഥുകളിലും സത്യവിശ്വാസികള്‍ പരലോകത്തുവെച്ചു അല്ലാഹുവിനെ കാണുന്നതാണെന്നു സ്പഷ്ടമായ വാക്കുകളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിയിച്ചു തന്നിട്ടുമുണ്ട്. അപ്പോള്‍, മൂസാ (عليه الصلاة والسلام) നബിയോടു അല്ലാഹു لَن تَرَانِي (നീ എന്നെ കാണുകയില്ല തന്നെ) എന്നു പറഞ്ഞ വാക്കു ആധാരമാക്കിക്കൊണ്ട് അല്ലാഹുവിനെ പരലോകത്തുവെച്ചും ആര്‍ക്കും കാണുവാന്‍ സാധ്യമല്ലെന്നു മുഅ്തസിലികളെപ്പോലെയുള്ള യുക്തിവാദികള്‍ പറയാറുള്ളതു തെറ്റാണെന്നു തീര്‍ത്തു പറയാവുന്നതാണ്. ഈ വിഷയത്തില്‍ വളരെയേറെ തര്‍ക്കവിതര്‍ക്കങ്ങളും, ആരോപണ പ്രത്യാരോപണങ്ങളും മുന്‍കാലത്തു കഴിഞ്ഞുപോയിട്ടുണ്ട്‌. ഇന്നും ചില യുക്തിവാദക്കാര്‍ ആ പഴയ അഭിപ്രായം പുറപ്പെടുവിക്കുന്നതും കാണാം. യുക്തി ന്യായങ്ങള്‍ എന്തുതന്നെ സമര്‍പ്പിക്കപ്പെട്ടാലും, അല്ലാഹുവും റസൂലും വ്യക്തമാക്കിയ അക്കാര്യത്തില്‍, അവയെല്ലാം കേവലം നിരര്‍ത്ഥവാദങ്ങള്‍ മാത്രമായേ ഗണിക്കപ്പെടുവാനുള്ളു. മൂസാ (عليه الصلاة والسلام) നബിയോടു അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം ഈ ലോകത്തുവെച്ചു നിനക്കു എന്നെ കാണുവാന്‍ കഴിയുന്നതല്ല എന്നുമാത്രമാണെന്നും, ഇഹത്തിലോ പരത്തിലോ വെച്ചു എന്നെ ആര്‍ക്കും കാണുവാന്‍ കഴിയുകയില്ല എന്നല്ല എന്നും മേല്‍ ചൂണ്ടിക്കാട്ടിയ തെളിവുകളില്‍ നിന്നു വ്യക്തമാണ്.

3. ഇസ്രാഈല്യരെ അഭിമുഖീകരിച്ചുകൊണ്ടു അവരുടെ ധിക്കാരങ്ങളെക്കുറിച്ചു പറയുന്ന കൂട്ടത്തില്‍, അല്ലാഹുവിനെ പരസ്യമായി കാണാതെ ഞങ്ങള്‍ താങ്കളെ വിശ്വസിക്കുന്നതേയല്ലെന്നു നിങ്ങള്‍ മൂസായോടു പറഞ്ഞുവെന്നും, അപ്പോള്‍ നിങ്ങള്‍ക്കു ഇടിത്തീ ബാധിച്ചുവെന്നും സൂറത്തുല്‍ ബക്വറ 55ല്‍ അല്ലാഹു പറഞ്ഞിരിക്കുന്നു. وَإِذْ قُلْتُمْ يَا مُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّـهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنتُمْ تَنظُرُونَ ﴿٥٥﴾ . താഴെ ഈ സൂറത്തിലെ 155-ാം വചനത്തില്‍, മൂസാ തന്റെ ജനങ്ങളില്‍ നിന്നു എഴുപതു പേരെ നമ്മുടെ നിശ്ചിത സമയത്തേക്കു തിരഞ്ഞെടുത്തുവെന്നും, അവര്‍ക്കു കമ്പനം الرَّجْفَةُ പിടിപെട്ടപ്പോള്‍ ഞങ്ങളിലുള്ള ഭോഷന്‍മാര്‍ പ്രവര്‍ത്തിച്ചതിനു ഞങ്ങളെ നീ നശിപ്പിക്കുന്നുവോ എന്നും മറ്റും മൂസാ (عليه الصلاة والسلام) ചോദിച്ചുവെന്നും പ്രസ്താവിക്കുന്നുമുണ്ട്. ഈ രണ്ടു വചനങ്ങളിലും പ്രസ്താവിക്കപ്പെട്ട സംഭവങ്ങള്‍ ഒന്നുതന്നെയാണോ അതല്ല രണ്ടും വെവ്വേറെ സംഭവങ്ങളാണോ എന്നുള്ളതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം കാണാം. എന്നാല്‍, നമ്മുടെ മുമ്പിലുള്ള ഈ വചനത്തില്‍ മൂസാ (عليه الصلاة والسلام) നബി
رَبِّ أَرِنِي أَنظُرْ إِلَيْكَ (റബ്ബേ എനിക്കു നിന്നെ കാട്ടിത്തരണേ, ഞാന്‍ നിന്നെ നോക്കിക്കാണട്ടെ) എന്നു ചോദിച്ചതും لَن تَرَانِي (നീ എന്നെ കാണുകയില്ലതന്നെ) എന്നു അല്ലാഹു മറുപടി പറഞ്ഞതും, മേല്‍ പ്രസ്താവിച്ച ആ രണ്ടു വചനങ്ങളില്‍ പറഞ്ഞതും എല്ലാം ചേര്‍ന്നു ഒരേ സംഭവമാണെന്നു മുഅ്തസിലികളും, അവരെ അനുകരിച്ച ചിലരും പറയുന്നു. മൂന്നു വചനങ്ങളിലെയും സംഭവം ഒന്നാണെന്നു വ്യക്തമാക്കാതെത്തന്നെ ചില ആളുകള്‍ മൂസാ (عليه الصلاة والسلام) അദ്ദേഹത്തിന്റെ സ്വന്തം നിലക്കല്ല – ജനങ്ങളുടെ ആവശ്യപ്രകാരമാണു – അല്ലാഹുവിനെ കാണുവാന്‍ ആവശ്യപ്പെട്ടതെന്നും പറഞ്ഞു കാണുന്നു. ഇഹത്തിലും പരത്തിലും വെച്ചു അല്ലാഹുവിനെ കാണുക അസംഭവ്യമാണെന്ന അവരുടെ വാദത്തില്‍നിന്നും, അതിനു لَن تَرَانِي (നീ എന്നെ കാണുകയില്ല തന്നെ) എന്ന വാക്യത്തെ തെളിവാക്കുന്നതില്‍നിന്നും ഉടലെടുത്തതാണു യഥാര്‍ത്ഥത്തില്‍ ഈ വാദം.

മൂന്നു വചനങ്ങളിലും പറയുന്നതു ഒരേ സംഭവത്തെപ്പറ്റിയാണെന്ന വാദക്കാരില്‍ ചിലരുടെ പ്രസ്താവനകള്‍ നോക്കുമ്പോള്‍ സംഭവത്തിന്റെ രൂപം ഇങ്ങിനെയാകുന്നു: എഴുപതു പേരെ തിരഞ്ഞെടുത്തുകൊണ്ടു മൂസാ (عليه الصلاة والسلام) അല്ലാഹു നിശ്ചയിച്ച സമയത്തു പര്‍വ്വതത്തില്‍ ചെന്നു. അവര്‍ മലയുടെ അടിയിലും മൂസാ (عليه الصلاة والسلام) മുകളിലുമായിരുന്നു. മൂസാ (عليه الصلاة والسلام) മടങ്ങി വന്നപ്പോള്‍, തന്നോടു അല്ലാഹു സംസാരിച്ചുവെന്നും, തനിക്കു വേദഗ്രന്ഥം നല്‍കിയെന്നുമൊക്കെ പറയുന്നതു ഞങ്ങള്‍ വിശ്വസിക്കേണമെങ്കില്‍ ഞങ്ങള്‍ക്കു താന്‍ അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണിച്ചു തരുകതന്നെ വേണം എന്നു അവര്‍ മൂസാ (عليه الصلاة والسلام) നോടു ശഠിച്ചു. അദ്ദേഹം അവര്‍ക്കുവേണ്ടി അതിനായി അല്ലാഹുവിനോടു ആവശ്യപ്പെടുകയും ചെയ്തു. ധിക്കാരപരമായ ഈ ചോദ്യം നിമിത്തം ഒരു ഭൂകമ്പം മുഖേന അല്ലാഹു അവരെ ശിക്ഷിച്ചു. സൂറത്തുല്‍ ബക്വറഃയില്‍ പറഞ്ഞ ഇടിത്തീ الصَّاعِقَةُ യും, 155-ാം വചനത്തില്‍ കാണുന്ന കമ്പനം الرَّجْفَةُ വും, ഈ വചനത്തില്‍ മല പൊടി പൊടിയാക്കി (جَعَلَهُ دَكًّا) എന്നു പറഞ്ഞതും – എല്ലാം തന്നെ – ആ ഭൂകമ്പത്തെ ഉദ്ദേശിച്ചാകുന്നു. അങ്ങനെ, കേവലം അസംഭവ്യമായ ഒരു കാര്യം മൂസാ നബി (عليه الصلاة والسلام) ജനങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോടു ആവശ്യപെട്ടു. ഈ ചോദ്യം കുറ്റകരമായ ഒരു പാപമായതുകൊണ്ടാണു മൂസാ (عليه الصلاة والسلام) ഞാന്‍ പശ്ചാത്തപിച്ചു മടങ്ങി (تُبْتُ إِلَيْكَ) എന്നു പറഞ്ഞത്. ഇതാണു മൂന്നു വചനങ്ങളും കൂട്ടി യോജിപ്പിച്ചുകൊണ്ടു അവര്‍ പറഞ്ഞതിന്റെ ചുരുക്കം.

മനസ്സില്‍ ഒരു മുന്‍വിധി നേരത്തെത്തന്നെ ഒളിച്ചുവെക്കാതെ – തുറന്ന മനസ്സോടെ – ഈ മൂന്നു ക്വുര്‍ആന്‍ വചനങ്ങളും, അവയിലെ വാക്കുകളും, പ്രതിപാദന രീതിയും കണക്കിലെടുത്തുകൊണ്ടു പരിശോധിക്കുന്ന ഇതൊരു നിഷ്പക്ഷ ബുദ്ധിക്കും വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയും: മൂസാ (عليه الصلاة والسلام) അല്ലാഹുവിനെ കാണുവാന്‍ അപേക്ഷിച്ച സംഭവവും, ജനങ്ങള്‍ അല്ലാഹുവിനെ കാണണമെന്നു ശഠിച്ച സംഭവവും വെവ്വേറെയാണെന്നും, എല്ലാം ഒരു സംഭാവമാക്കിക്കൂട്ടിയിണക്കുവാന്‍ ശ്രമിക്കുന്നതു സദുദ്ദേശപൂര്‍വ്വമല്ലെന്നും ഇമാം റാസീ (رحمه الله) മുതലായ പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഇവരുടെ ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ടും, അതിലെ കൊള്ളരുതായ്മകളെ എടുത്തുകാട്ടിക്കൊണ്ടും വളരെയേറെ സംസാരിച്ചിരിക്കുന്നതു കാണാം. ദൈര്‍ഘ്യം ഭയന്നു അവ ഉദ്ധരിക്കുവാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. അവര്‍ ചൂണ്ടിക്കാട്ടിയ ചുരുക്കം ചില സംഗതികളുടെ സാരം മാത്രം ഉദ്ധരിക്കാം.
1. അല്ലാഹുവിനെ കാണണമെന്നു ശഠിക്കുന്നതു ഒരു തെറ്റായ കാര്യമായിരുന്നിട്ടും അതിനെപ്പറ്റി അവരെ ആക്ഷേപിക്കുകയോ, അവര്‍ക്കു കാര്യം പറഞ്ഞു മനസ്സിലാക്കുകയോ ചെയ്യാതെ, അതിനുവേണ്ടി അല്ലാഹുവിനോടു നേരില്‍ ആവശ്യപ്പെടുവാന്‍ മാത്രം ബുദ്ധിമോശം മൂസാ (عليه الصلاة والسلام) നബിക്കില്ലെന്നു തീര്‍ച്ചയാണ്. ‘ഈ ജങ്ങള്‍ക്കുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ ഏര്‍പ്പെടുത്തിത്തരണം’ എന്നു അവര്‍ ആവശ്യപ്പെട്ടപ്പോള്‍, മൂസാ (عليه الصلاة والسلام) ചെയ്തതെന്താണെന്നു (138, 139 വചനങ്ങളില്‍ നാം കണ്ടുവല്ലോ).

2. ജനങ്ങളുടെ ആവശ്യ പ്രകാരമാണു മൂസാ (عليه الصلاة والسلام) അപേക്ഷിച്ചതെങ്കില്‍ ‘നിന്നെ എനിക്കു കാണിച്ചുതരണം’ എന്നും, ‘ഞാന്‍ നിന്നെ നോക്കിക്കാണട്ടെ’ എന്നും (أَرِنِي ,أَنظُرْ) അല്ല അദ്ദേഹം പറയേണ്ടിയിരുന്നത്. ‘അവര്‍ക്കു കാണിച്ചു കൊടുക്കണം’ എന്നും ‘അവര്‍ നോക്കിക്കാണട്ടെ’ എന്നും (اَرْهُمْ , يِنْظُرُوا) എന്നും ആയിരുന്നു പറയേണ്ടിയിരുന്നത്. ചുരുങ്ങിയപക്ഷം, ‘ഞങ്ങള്‍ക്കു കാണിച്ചുതരണം’, ‘ഞങ്ങള്‍ നോക്കട്ടെ’ (اَرِنَا , نَنْظُرْ) എന്നെങ്കിലുമായിരുന്നു പറയേണ്ടത്. അല്ലാഹുവിന്റെ മറുപടിയിലും തന്നെ നീ എന്നെ കാണുകയില്ല (لَن تَرَانِي) എന്നായിരുന്നില്ല പറയേണ്ടത്.

3. അല്ലാഹുവിനെ കാണല്‍ രണ്ടു ലോകത്തുവേച്ചും അസംഭവ്യമാണെങ്കില്‍, ആ വാദക്കാരായ ഓരോരുത്തര്‍ക്കും മനസ്സിലാക്കുവാന്‍ കഴിഞ്ഞ അക്കാര്യം മൂസാ (عليه الصلاة والسلام) നബിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ലെന്നും, അങ്ങനെ, ഒരു അസംഭവ്യ കാര്യത്തിനുവേണ്ടി ആവശ്യപ്പെടുമാറ് അറിവില്ലാത്ത ആളായിരുന്നു ആ പ്രവാചകവര്യനെന്നുമാണ് അതിന്റെ അര്‍ത്ഥം. معاذ الله

4. മൂസാ (عليه الصلاة والسلام) ബോധം കെട്ടു വീണുവെന്നും, ബോധം വന്നപ്പോള്‍ പശ്ചാത്തപിച്ചുവെന്നും ഇവിടെ പറയുന്നു. ജനങ്ങളെപ്പറ്റി അതൊന്നും പറയുന്നില്ല. അല്‍ബക്വറഃ 55ലും, താഴെ 155 ലുമാകട്ടെ, ജനങ്ങള്‍ക്കു ഇടിത്തീയും, കമ്പനവും ബാധിച്ചുവെന്നല്ലാതെ, മൂസാ (عليه الصلاة والسلام) നബിക്കു ഒന്നും ബാധിച്ചതായും പറയുന്നില്ല കൂടാതെ 155-ാം വചനത്തില്‍ ജനങ്ങള്‍ക്കു കമ്പനം പിടിപെട്ടപ്പോള്‍, അദ്ദേഹം അവരെപ്പറ്റി അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചതായും പറയുന്നു. അപ്പോള്‍, കമ്പനം അദ്ദേഹത്തിനു ബാധിച്ചില്ലെന്നാണു അതില്‍നിന്നു വരുന്നത്. ഇത്രയും പറഞ്ഞതില്‍നിന്നു തന്നെ ഇവരുടെ ഈ വാദം ശരിയല്ലെന്നും ഒരു മുന്‍വിധിയോടുകൂടി നടത്തപ്പെടുന്ന ഒരു ദുര്‍വ്യാഖ്യാനംമാത്രമാണ് അവരുടേതെന്നും ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

സന്ദര്‍ഭത്തോടു ബന്ധപ്പെട്ട മറ്റൊരു കാര്യംകൂടി ഇവിടെ ഉണര്‍ത്തേണ്ടതായി തോന്നുന്നു. സാധാരണ ഗതിയില്‍ ‘മുഅ്തസിലീ’കളെ പലപ്പോഴും അനുകരിക്കാറുള്ള ഒരു പണ്ഡിതന്‍, ഇവിടെ സംസാരിക്കുന്ന മദ്ധ്യെ പരലോകത്തുവെച്ചു അല്ലാഹുവിനെ കാണുന്നതിനെ അനുകൂലിച്ചു കാണുന്നു. പക്ഷെ, അതിനു അദ്ദേഹത്തിന്റെ വക ഒരു വിചിത്രമായ ന്യായമാണു തെളിവാക്കിയിരിക്കുന്നത്. മനുഷ്യന്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും, മരണശേഷവും ആ പുരോഗമനം തുടര്‍ന്നുകൊണ്ടിരിക്കുമെന്നും, ഇന്നില്ലാത്ത പല കഴിവുകളും അങ്ങിനെ മനുഷ്യനുണ്ടാകുമെന്നും, അങ്ങനെ പ്രപഞ്ച കര്‍ത്താവിനെ അവന്‍ കാണുമെന്നുമാണതിന്റെ ചുരുക്കം. പുരോഗമിച്ച്‌ പുരോഗമിച്ചു പ്രപഞ്ചകര്‍ത്താവിനെ – അല്ലാഹുവിനെ കാണുവാനുള്ള കഴിവു മനുഷ്യനു ഭാവിയിലുണ്ടാകുമെന്നര്‍ത്ഥം. എന്നാല്‍, അല്ലാഹുവിനെ കാണുന്നകാര്യം സത്യവിശ്വാസികള്‍ക്കു അല്ലാഹു നല്‍കുന്ന ഒരു വമ്പിച്ച അനുഗ്രഹം മാത്രമാണെന്നും, അതു ശാസ്ത്രീയമോ ബുദ്ധിപരമോ ആയ പുരോഗമനംകൊണ്ടു സിദ്ധിക്കുന്ന കഴിവല്ലെന്നും, ക്വുര്‍ആനും ഹദീഥുമായി അല്‍പമാത്ര ബന്ധമെങ്കിലും ഉള്ളവര്‍ക്കറിയാം. അവരതില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഈ തരത്തിലുള്ള പ്രസ്താവനകള്‍ക്കു ധൈര്യം വരുവാന്‍ കാരണം ആലോചിക്കുമ്പോള്‍ وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ (അല്ലാഹുവിനെ കണക്കാക്കേണ്ടപ്രകാരം അവര്‍ കണക്കാക്കിയിട്ടില്ല) എന്ന ക്വുര്‍ആന്‍ വചനമാണു ഓര്‍മ്മവരുന്നത്.

7:145
  • وَكَتَبْنَا لَهُۥ فِى ٱلْأَلْوَاحِ مِن كُلِّ شَىْءٍ مَّوْعِظَةً وَتَفْصِيلًا لِّكُلِّ شَىْءٍ فَخُذْهَا بِقُوَّةٍ وَأْمُرْ قَوْمَكَ يَأْخُذُوا۟ بِأَحْسَنِهَا ۚ سَأُو۟رِيكُمْ دَارَ ٱلْفَـٰسِقِينَ ﴾١٤٥﴿
  • അദ്ദേഹത്തിനു [മൂസാക്കു] എല്ലാ കാര്യങ്ങളെക്കുറിച്ചും പലകകളില്‍ നാം എഴുതിക്കൊടുക്കുകയും ചെയ്തു. അതായതു, സദുപദേശവും, എല്ലാ കാര്യത്തിനുമുള്ള വിശദീകരണവും. (നാം പറയുകയും ചെയ്തു:) 'അതിനാല്‍ നീ അവയെ ബലത്തോടെ എടുത്തു [സ്വീകരിച്ചു] കൊള്ളുക; നിന്റെ ജനങ്ങളോട് അവയിലെ വളരെ നല്ല കാര്യങ്ങളെ അവര്‍ സ്വീകരിക്കുവാന്‍ കല്‍പിക്കുകയും ചെയ്യുക.

    തോന്നിയവാസികളുടെ പാര്‍പ്പിടം ഞാന്‍ നിങ്ങള്‍ക്കു വഴിയെ കാണിച്ചു തരാം.'
  • وَكَتَبْنَا നാം എഴുതുക (എഴുതിക്കൊടുക്കുക) യും ചെയ്തു لَهُ അദ്ദേഹത്തിനു فِي الْأَلْوَاحِ പലകകളില്‍ مِن كُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും, എല്ലാ കാര്യത്തില്‍ നിന്നും مَّوْعِظَةً അതായതു സദുപദേശം وَتَفْصِيلًا വിശദീകരണവും لِّكُلِّ شَيْءٍ എല്ലാ കാര്യത്തിനും فَخُذْهَا അതിനാല്‍ അവ എടുത്തു (പിടിച്ചു - സ്വീകരിച്ചു) കൊള്ളുക بِقُوَّةٍ ശക്തിയോടെ, ബലത്തില്‍ وَأْمُرْ കല്‍പിക്കുകയും ചെയ്യുക قَوْمَكَ നിന്റെ ജനങ്ങളോടു يَأْخُذُوا അവര്‍ എടുക്കട്ടെ, (സ്വീകരിക്കുവാന്‍) بِأَحْسَنِهَا അവയിലെ(അതിലെ) വളരെ നല്ലതിനെ (നല്ല കാര്യങ്ങളെ) سَأُرِيكُمْ നിങ്ങള്‍ക്കു ഞാന്‍ വഴിയെ കാട്ടിത്തരും دَارَ പാര്‍പ്പിടം, ഭവനം, വസതി الْفَاسِقِينَ തോന്നിയവാസി (ധിക്കാരി) കളുടെ.

അല്ലാഹുവിനെ കാണുവാനുള്ള അപേക്ഷ സ്വീകരിക്കുവാന്‍ നിവൃത്തിയില്ലെന്നു ബോധ്യപ്പെടുത്തിയശേഷം, മൂസാ (عليه الصلاة والسلام) നബിക്കു ചെയ്തുകൊടുത്ത ചില അനുഗ്രഹങ്ങളെ അല്ലാഹു ഓര്‍മ്മിപ്പിച്ച കൂട്ടത്തില്‍ فَخُذْ مَا آتَيْتُكَ (നിനക്കു ഞാന്‍ നല്‍കിയത് എടുത്തു കൊള്ളുക) എന്നും പറഞ്ഞിരുന്നുവല്ലോ. അതിന്റെ ഒരു വിശദീകരണമാണ് ഈ വചനത്തില്‍ കാണുന്നത്. അതായതു, ആവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും വേണ്ടതുപോലെ വിവരിക്കുകയും, ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അടങ്ങുകയും ചെയ്യുന്ന തൗറാത്താകുന്ന വേദഗ്രന്ഥം ചില പലകകളിലായി അല്ലാഹു അദ്ദേഹത്തിനു എഴുതിക്കൊടുത്തു. അതിനെ ശരിക്കും മുറുകെപിടിച്ചു കൊണ്ടിരിക്കണമെന്നും, അതില്‍ കാണുന്ന നല്ല കാര്യങ്ങളെ അനുഷ്ഠിക്കുവാന്‍ ജനങ്ങളെ ഉപദേശിക്കണമെന്നും കല്‍പിക്കുകയും ചെയ്തുവെന്നു സാരം.

തൗറാത്തിന്റെ പലകകള്‍ എന്തു കൊണ്ടുള്ളതായിരുന്നു? എത്ര എണ്ണം ഉണ്ടായിരുന്നു? എങ്ങിനെയാണതു എഴുതപ്പെട്ടതു? എന്നൊന്നും നമുക്കറിഞ്ഞുകൂടാ. അതറിയാത്തതുകൊണ്ടു ഒരു ദോഷവും ബാധിക്കുവാനുമില്ല. പലരും പലതും പറഞ്ഞു കാണുമെങ്കിലും അവയെല്ലാം പരസ്പരം പൊരുത്തപ്പെടാത്ത ചില ഇസ്രാഈലി വാര്‍ത്തകള്‍ മാത്രമാകുന്നു. എന്റെ കല്‍പനാനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുന്ന ധിക്കാരികള്‍ക്കു അതിന്റെ ഫലം വഴിയെ അനുഭവത്തില്‍ കാണാം. അവരെ വെറുതെ വിട്ടേക്കുമെന്നു അവര്‍ ധരിക്കേണ്ട എന്നുള്ള ഒരു താക്കീതാണു അവസാനത്തെ വാക്യം.

7:146
  • سَأَصْرِفُ عَنْ ءَايَـٰتِىَ ٱلَّذِينَ يَتَكَبَّرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَإِن يَرَوْا۟ كُلَّ ءَايَةٍ لَّا يُؤْمِنُوا۟ بِهَا وَإِن يَرَوْا۟ سَبِيلَ ٱلرُّشْدِ لَا يَتَّخِذُوهُ سَبِيلًا وَإِن يَرَوْا۟ سَبِيلَ ٱلْغَىِّ يَتَّخِذُوهُ سَبِيلًا ۚ ذَٰلِكَ بِأَنَّهُمْ كَذَّبُوا۟ بِـَٔايَـٰتِنَا وَكَانُوا۟ عَنْهَا غَـٰفِلِينَ ﴾١٤٦﴿
  • ന്യായമില്ലാതെ ഭൂമിയില്‍ അഹംഭാവം നടിച്ചു കൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നു ഞാന്‍ തിരിച്ചുവിടുന്നതാണ്.

    എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവര്‍ അവയില്‍ വിശ്വസിക്കുകയില്ല.

    തന്റേടത്തിന്റെ (നേര്‍) മാര്‍ഗ്ഗം കണ്ടാല്‍ അതിനെ അവര്‍ ഒരു മാര്‍ഗ്ഗമായി സ്വീകരിക്കുകയുമില്ല.

    പിഴവിന്റെ (ദുര്‍) മാര്‍ഗ്ഗം കണ്ടാല്‍ അതിനെ അവര്‍ ഒരു മാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്യും.

    അതു, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ വ്യാജമാക്കുകയും, അവയെക്കുറിച്ചു അശ്രദ്ധരായിരിക്കുകയും ചെയ്തതുകൊണ്ടത്രെ.
  • سَأَصْرِفُ ഞാന്‍ തിരിച്ചു വിടും, തിരിച്ചു വിട്ടേക്കും عَنْ آيَاتِيَ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നു الَّذِينَ യാതൊരുകൂട്ടരെ يَتَكَبَّرُونَ അഹംഭാവം നടിക്കുന്ന, വലുപ്പം കാണിക്കുന്ന فِي الْأَرْضِ ഭൂമിയില്‍ بِغَيْرِ الْحَقِّ ന്യായം (കാര്യം - അവകാശം) ഇല്ലാതെ وَإِن يَرَوْا അവര്‍ കാണുന്നപക്ഷം, കണ്ടാലും كُلَّ آيَةٍ എല്ലാ ദൃഷ്ടാന്തവും لَّا يُؤْمِنُوا بِهَا അതില്‍ അവര്‍ വിശ്വസിക്കുകയില്ല وَإِن يَرَوْا അവര്‍ കാണുന്നപക്ഷം, കണ്ടാലാകട്ടെ سَبِيلَ الرُّشْدِ തന്റേടത്തിന്റെ മാര്‍ഗ്ഗം, നേര്‍വഴി لَا يَتَّخِذُوهُ അതവര്‍ ആക്കുക (സ്വീകരിക്കുക) യില്ല سَبِيلًا മാര്‍ഗ്ഗമായിട്ടു, വഴിയായിട്ടു وَإِن يَرَوْا അവര്‍ കണ്ടുവെങ്കിലോ سَبِيلَ الْغَيِّ പിഴവിന്റെ മാര്‍ഗ്ഗം يَتَّخِذُوهُ അതവര്‍ ആക്കും, സ്വീകരിക്കും سَبِيلًا മാര്‍ഗ്ഗമായി ذَٰلِكَ അതു بِأَنَّهُمْ كَذَّبُوا അവര്‍ വ്യാജമാക്കിയിരുന്നതുകൊണ്ടാണ് بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَكَانُوا അവര്‍ ആയിരിക്കുകയും عَنْهَا അവയെപ്പറ്റി غَافِلِينَ അശ്രദ്ധര്‍.
7:147
  • وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَلِقَآءِ ٱلْـَٔاخِرَةِ حَبِطَتْ أَعْمَـٰلُهُمْ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ ﴾١٤٧﴿
  • നമ്മുടെ ദൃഷ്ടാന്തങ്ങളെയും, പരലോകത്തെ കണ്ടുമുട്ടുന്നതിനെയും വ്യാജമാക്കിയവരാകട്ടെ, അവരുടെ പ്രവൃത്തികള്‍ (പൊളിഞ്ഞ്) വിഫലമായി. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്നല്ലാതെ അവര്‍ക്കു പ്രതിഫലം കൊടുക്കപ്പെടുമോ?! [ഇല്ല തന്നെ].
  • وَالَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَلِقَاءِ കാണുന്ന (കണ്ടുമുട്ടുന്ന) തിനെയും الْآخِرَةِ പരലോകത്തെ حَبِطَتْ വിഫലമായി, പൊളിഞ്ഞു أَعْمَالُهُمْ അവരുടെ പ്രവൃത്തി (കര്‍മ്മം) കള്‍ هَلْ يُجْزَوْنَ അവര്‍ക്കു പ്രതിഫലം കൊടുക്കപ്പെടുമോ إِلَّا مَا كَانُوا അവര്‍ ആയിരുന്നതിന്നല്ലാതെ يَعْمَلُونَ (അവര്‍) പ്രവര്‍ത്തിക്കും.

ഫിര്‍ഔന്റെയും ആള്‍ക്കാരുടെയും അഹന്തയും ഗര്‍വ്വും നിമിത്തം അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
നിഷേധിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി അവര്‍ അനുഭവിച്ച ദാരുണമായ പര്യവസാനത്തെയും, അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളെയും സംബന്ധിച്ചായിരുന്നു കഴിഞ്ഞ വചനങ്ങളില്‍ സംസാരം. ഫിര്‍ഔന്റെ കൂട്ടര്‍ക്ക് അത്രയും ശോചനീയമായ ദുരവസ്ഥ വന്നു ചേരുവാനുള്ള സാക്ഷാല്‍ കാരണം അവരുടെ അഹംഭാവവും ഗര്‍വ്വുമാണെന്നും, അഹംഭാവത്തിന്റെയും ഗര്‍വ്വിന്റെയും അനന്തരഫലം അതിഭയങ്കരമായിരിക്കുമെന്നും, ഇടക്കുവെച്ചു അല്ലാഹു ഓര്‍മ്മിപ്പിക്കുകയാണ്. ഒരു വ്യാഖ്യാനത്തിന്റെയും സഹായംകൂടാതെത്തന്നെ ഈ വചനങ്ങളിലെ ആശയം വ്യക്തമാണ്.

ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറയുന്നു: “ഹൃദയത്തില്‍ ഒരു കടുകു മണിയോളം അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല” എന്നു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു. അപ്പോള്‍ ഒരാള്‍ ചോദിച്ചു: “ഒരാള്‍ക്കു അവന്റെ വസ്ത്രം നല്ലതായിരിക്കുവാനും, ചെരുപ്പു നല്ലതായിരിക്കുവാനും ഇഷ്ടമുണ്ടായിരിക്കും (ഇതു അഹംഭാവമാണോ)?” തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “നിശ്ചയമായും അല്ലാഹു സൗന്ദര്യവാനാണ്. അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു. അഹംഭാവമെന്നാല്‍, യഥാര്‍ത്ഥത്തെ ധിക്കരിക്കലും, ജനങ്ങളെ നിസ്സാരമാക്കലുമാകുന്നു”. (മുസ്‌ലിം). അടുത്ത വചനങ്ങളില്‍ സംസാര വിഷയം തുടരുന്നു:-

വിഭാഗം - 18

7:148
  • وَٱتَّخَذَ قَوْمُ مُوسَىٰ مِنۢ بَعْدِهِۦ مِنْ حُلِيِّهِمْ عِجْلًا جَسَدًا لَّهُۥ خُوَارٌ ۚ أَلَمْ يَرَوْا۟ أَنَّهُۥ لَا يُكَلِّمُهُمْ وَلَا يَهْدِيهِمْ سَبِيلًا ۘ ٱتَّخَذُوهُ وَكَانُوا۟ ظَـٰلِمِينَ ﴾١٤٨﴿
  • മൂസാ (പോയതി)ന്റെ ശേഷം അദ്ദേഹത്തിന്റെ ജനത അവരുടെ ആഭരണം കൊണ്ടു ഒരു പശുക്കുട്ടിയെ - മുക്കുറ (ശബ്ദം) ഉള്ളതായ ഒരു ശരീരം [സ്വരൂപം] - ഉണ്ടാക്കിത്തീര്‍ത്തു. [അതിനെ ആരാധിച്ചു വന്നു.]

    അവര്‍ക്കു കണ്ടുകൂടേ, അതവരോടു സംസാരിക്കുന്നുമില്ല, ഒരു മാര്‍ഗ്ഗവും അവര്‍ക്കു കാട്ടിക്കൊടുക്കുന്നുമില്ല എന്നു?! (അതെ) അതവര്‍ ഉണ്ടാക്കി അവര്‍ അക്രമികളുമായിരുന്നു.
  • وَاتَّخَذَ ഉണ്ടാക്കിത്തീര്‍ത്തു قَوْمُ مُوسَىٰ മൂസായുടെ ജനത ജനത مِن بَعْدِهِ അദ്ദേഹത്തിനു ശേഷം مِنْ حُلِيِّهِمْ അവരുടെ ആഭരണംകൊണ്ടു عِجْلًا ഒരു പശുക്കുട്ടി, മൂരിക്കുട്ടി جَسَدًا ഒരു ശരീരം, തടി لَّهُ خُوَارٌ അതിനു മുക്കുറ (ശബ്ദം) (ഉണ്ട്) ഉള്ളതായ أَلَمْ يَرَوْا അവര്‍ കണ്ടില്ലേ, അവര്‍ക്കു കണ്ടുകൂടേ أَنَّهُ അതു (ആണ്) എന്നു لَا يُكَلِّمُهُمْ അവരോടു സംസാരിക്കുന്നില്ല (എന്നു) وَلَا يَهْدِيهِمْ അവര്‍ക്കു കാട്ടിക്കൊടുക്കു (അവരെ നയിക്കു) ന്നുമില്ല سَبِيلًا ഒരു മാര്‍ഗ്ഗവും, ഒരു വഴിക്കും اتَّخَذُوهُ അതിനെ അവരുണ്ടാക്കി وَكَانُوا അവരായിരുന്നുതാനും ظَالِمِينَ അക്രമികള്‍.
7:149
  • وَلَمَّا سُقِطَ فِىٓ أَيْدِيهِمْ وَرَأَوْا۟ أَنَّهُمْ قَدْ ضَلُّوا۟ قَالُوا۟ لَئِن لَّمْ يَرْحَمْنَا رَبُّنَا وَيَغْفِرْ لَنَا لَنَكُونَنَّ مِنَ ٱلْخَـٰسِرِينَ ﴾١٤٩﴿
  • അവര്‍ കൈകളില്‍ വീഴുക [ഖേദിച്ചു തലതാഴ്ത്തുക] യും, തങ്ങള്‍ വഴിപിഴച്ചിട്ടുണ്ടെന്നു കാണുകയും ചെയ്തപ്പോള്‍, അവര്‍ പറഞ്ഞു: 'തീര്‍ച്ചയായും, നമ്മുടെ റബ്ബ് നമ്മോട് കരുണ കാണിക്കുകയും, നമുക്കു പൊറുത്തു തരുകയും ചെയ്തില്ലെങ്കില്‍, നാം നഷ്ടക്കാരില്‍പെട്ടവരായിത്തീരുകതന്നെ ചെയ്യും!'.
  • وَلَمَّا سُقِطَ വീഴുകയുണ്ടായപ്പോള്‍ فِي أَيْدِيهِمْ അവരുടെ കൈകളില്‍ وَرَأَوْا അവര്‍ കാണുകയും أَنَّهُمْ അവര്‍ (ആകുന്നു) എന്നു قَدْ ضَلُّوا തങ്ങള്‍ വഴിപിഴച്ചിട്ടുണ്ടെന്നു (എന്നു) قَالُوا അവര്‍ പറഞ്ഞു لَئِن لَّمْ തീര്‍ച്ചയായും ഇല്ലെങ്കില്‍ يَرْحَمْنَا നമ്മോട് (നമുക്കു) കരുണ ചെയ്തി(ല്ലെങ്കില്‍) رَبُّنَا നമ്മുടെ റബ്ബു وَيَغْفِرْ لَنَا അവന്‍ നമുക്കു പൊറുക്കുകയും لَنَكُونَنَّ നിശ്ചയമായും നാം ആയിരിക്കുക തന്നെ ചെയ്യും مِنَ الْخَاسِرِينَ നഷ്ടക്കാരില്‍പെട്ട(വര്‍).

ഇസ്രാഈല്യര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ച വിവരം സൂറത്തു ത്വാഹായില്‍ വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്: 142-ാം വചനത്തില്‍ കണ്ടതുപോലെ, ഇസ്രാഈല്യരുടെ നേതൃത്വം സഹോദരന്‍ ഹാറൂന്‍ (عليه الصلاة والسلام) നബിയെ ഏല്‍പിച്ചുകൊണ്ടു മൂസാ (عليه الصلاة والسلام) അല്ലാഹുവിന്റെ കല്‍പന പ്രകാരം തൗറാത്തു ഏറ്റു വാങ്ങുവാന്‍ വേണ്ടി സീനാ മലയിലേക്കു പോയി. അദ്ദേഹത്തിന്റെ അഭാവത്തില്‍ അവര്‍ ഒരു പശുക്കുട്ടിയുടെ രൂപമുണ്ടാക്കി അതിനെ ആരാധിച്ചു. അവരുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ ഉരുക്കി അതു കൊണ്ടു സാമിരി എന്നു പേരായ ഒരാളാണതു നിര്‍മ്മിച്ചത്. എന്തോ ചില കൌശലപ്രയോഗങ്ങള്‍ വഴി അതിനു പശുക്കളെപ്പോലെയുള്ള മുക്കുറയിടുന്ന ശബ്ദമുണ്ടാകുമായിരുന്നു. ജാലവിദ്യക്കു പ്രചാരമുള്ള കാലമായിരുന്നുവല്ലോ അത്. ഇസ്രാഈല്യരാകട്ടെ, ഈജിപ്തിലെ ചിരകാല വാസത്തില്‍നിന്ന് പശു പൂജയും വിഗ്രഹാരാധനയും പരിചയിച്ചവരും. പശുവാരാധന അവരുടെ ഹൃദയങ്ങളില്‍ പ്രത്യേകം സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. കൂടാതെ, ഇതാണു നിങ്ങളുടെയും മൂസായുടെയും റബ്ബു – മൂസാ മറന്നു പോയതാണു – എന്നു അവരില്‍ ചിലര്‍ പറഞ്ഞുണ്ടാക്കുകയും ചെയ്തു. മൂസാ (عليه الصلاة والسلام) മടങ്ങി വരാന്‍ താമസിച്ചതും ഇവരുടെ കുപ്രചരണത്തിനു ആക്കം കൂട്ടി. മൂസാക്കു എന്തുപറ്റി എന്നറിഞ്ഞുകൂടാ എന്നും മറ്റും അവര്‍ പറഞ്ഞു. ഹാറൂന്‍ (عليه الصلاة والسلام) നബിയുടെ വിലക്കും ഉപദേശവും അവര്‍ വിലവെച്ചതുമില്ല. മൂസാ (عليه الصلاة والسلام) തൗറാത്തുമായി വന്നപ്പോള്‍ കണ്ട കാഴ്ച, അവര്‍ ആ പശുക്കുട്ടിയുടെ ചുറ്റും കൂടി അവര്‍ അതിനെ ആരാധിക്കുന്നതും അതിനടുത്തു ഭജനമിരിക്കുന്നതുമാണ്. അദ്ദേഹം അടക്കവയ്യാത്ത കോപത്തിലായി. സാമിരിയെയും ജനങ്ങളെയും ചോദ്യം ചെയ്തശേഷം പശുക്കുട്ടിയെ ചുട്ടു ഭസ്മമാക്കി കടലില്‍ പാറ്റിക്കളഞ്ഞു. സാമിരിയുമായുള്ള സമ്പര്‍ക്കം തടയുകയും ചെയ്തു. (ത്വാഹാ: 85- 97ഉം വ്യാഖ്യാനവും നോക്കുക).
പശുക്കുട്ടിയെ നിര്‍മ്മിച്ചതു സാമിരിയാണെങ്കിലും, മറ്റുള്ളവരുടെയും താല്‍പര്യവും സഹകരണവും ഉണ്ടായിരുന്നതുകൊണ്ടും, ആരാധനയില്‍ മറ്റുള്ളവരും പങ്കുകൊണ്ടിരുന്നതുകൊണ്ടുമാണ് ‘മൂസായുടെ ജനത പശുക്കുട്ടിയെ ഉണ്ടാക്കി’ എന്നു പറഞ്ഞത്. ലോഹനിര്‍മ്മിതമായ ആ പ്രതിമയില്‍ എന്തെങ്കിലും വിശേഷതയോ, പുതുമയോ ഉണ്ടായിരുന്നാലും അതൊരു ദൈവമായിരിക്കുവാന്‍ നിവൃത്തിയില്ലെന്നു പ്രാഥമിക ബുദ്ധികള്‍ക്കുപോലും മനസ്സില്‍ക്കാവുന്നതാണ്. ചുരുങ്ങിയപക്ഷം, സംസാരിക്കുവാനും, ആരാധകന്‍മാര്‍ക്കു വല്ല മാര്‍ഗ്ഗദര്‍ശനവും നല്‍കുവാനുമെങ്കിലും അതിനു കഴിയേണ്ടതാണല്ലോ. ഇതൊന്നും അവര്‍ ആലോചിച്ചില്ല. പശുക്കുട്ടിയെ ആരാധിക്കുന്നതിലുള്ള ആവേശം അവരെ അന്ധരാക്കിത്തീര്‍ത്തു. ‘ഒരു വസ്തുവിനോടുള്ള സ്നേഹം നിന്നെ അന്ധനും ബാധിരനുമാക്കും’ എന്നു ഒരു ഹദീഥില്‍ വന്നിട്ടുള്ളതു പ്രസ്താവ്യമാകുന്നു. (അ; ദാ). അവസാനം അവര്‍ ഖേദത്തിലായി. തങ്ങളുടെ പക്കല്‍ വന്ന അപരാധം അവര്‍ക്കു ബോധ്യപ്പെട്ടു. അവര്‍ ഖേദിച്ചു വിലപിക്കുകയായി.

വന്നുപോയ ഒരു കാര്യത്തെക്കുറിച്ചു വല്ലവരും ഖേദിക്കുകയോ ലജ്ജിക്കുകയോ ചെയ്യുമ്പോള്‍, ‘അവര്‍ കൈകടിച്ചു, നാക്കടിച്ചു, തലതാഴ്ത്തി’ എന്നൊക്കെ മലയാളത്തില്‍ പറയാറുള്ളതുപോലെ അറബിയിലുള്ള ചില പ്രയോഗങ്ങളാണു: سُقِطَ فِي أَيْدِيهِمْ (കൈകളില്‍ വീണു), عَضُّوا الْأَنَامِلَ (വിരല്‍ കടിച്ചു) , نُكِسُوا عَلَى رُءُوسهمْ (തലകുത്തനെയായി) മുതലായവ.

7:150
  • وَلَمَّا رَجَعَ مُوسَىٰٓ إِلَىٰ قَوْمِهِۦ غَضْبَـٰنَ أَسِفًا قَالَ بِئْسَمَا خَلَفْتُمُونِى مِنۢ بَعْدِىٓ ۖ أَعَجِلْتُمْ أَمْرَ رَبِّكُمْ ۖ وَأَلْقَى ٱلْأَلْوَاحَ وَأَخَذَ بِرَأْسِ أَخِيهِ يَجُرُّهُۥٓ إِلَيْهِ ۚ قَالَ ٱبْنَ أُمَّ إِنَّ ٱلْقَوْمَ ٱسْتَضْعَفُونِى وَكَادُوا۟ يَقْتُلُونَنِى فَلَا تُشْمِتْ بِىَ ٱلْأَعْدَآءَ وَلَا تَجْعَلْنِى مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ ﴾١٥٠﴿
  • കുപിതനായും, ദുഃഖിതനായും കൊണ്ടു മൂസാ തന്റെ ജനതയിലേക്കു മടങ്ങി വന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: "എന്റെ (പോക്കിനു) ശേഷം നിങ്ങള്‍ എന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതു എത്രയോ ചീത്ത! നിങ്ങളുടെ റബ്ബിന്റെ കല്‍പനക്കു (കാത്തിരിക്കാതെ) നിങ്ങള്‍ ധൃതികാട്ടിയോ?!"

    അദ്ദേഹം പലകകള്‍ ഇടുകയും ചെയ്തു; തന്റെ സഹോദരന്റെ തല (മുടി) പിടിച്ചു തന്നിലേക്കു വലിക്കുകയും ചെയ്തു.

    അദ്ദേഹം [സഹോദരന്‍] പറഞ്ഞു: "എന്റെ മാതൃപുത്രാ [ഏകോദര സഹോദരാ]! നിശ്ചയമായും, (ഈ) ജനങ്ങള്‍ എന്നെ ബലഹീനനാക്കിത്തീര്‍ക്കുകയും, എന്നെ അവര്‍ കൊലപ്പെടുത്തുമാറാകുകയും ചെയ്തു. ആകയാല്‍, എന്നെ (നിന്ദിച്ചു) കൊണ്ട് നീ ശത്രുക്കളെ സന്തോഷപ്പെടുത്തരുതേ! എന്നെ നീ (ഈ) അക്രമികളോടു കൂടെ [അക്രമികളുടെ പക്ഷക്കാരന്‍] ആക്കുകയും ചെയ്യരുത്."
  • وَلَمَّا رَجَعَ മടങ്ങിയപ്പോള്‍ مُوسَىٰ മൂസാ إِلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയിലേക്കു غَضْبَانَ കുപിതനായി, ദ്വേഷ്യപ്പെട്ടവനായിട്ടു أَسِفًا ഖേദക്കാരനായി, ദുഃഖിതനായിട്ടു قَالَ അദ്ദേഹം പറഞ്ഞു بِئْسَمَا യാതൊന്നു എത്രയോ (വളരെ) ചീത്ത, ദുഷിച്ചതു خَلَفْتُمُونِي നിങ്ങള്‍ എനിക്കു (എന്റെ) പിന്നില്‍ ചെയ്ത مِن بَعْدِي എന്റെ ശേഷം أَعَجِلْتُمْ നിങ്ങള്‍ ധൃതിപ്പെട്ടോ, ബദ്ധപ്പാടു കാട്ടിയോ أَمْرَ കല്‍പനക്കു, കല്‍പനയെ(ക്കാള്‍) رَبِّكُمْ നിങ്ങളുടെ റബ്ബിന്റെ وَأَلْقَى അദ്ദേഹം ഇടുകയും ചെയ്തു الْأَلْوَاحَ പലകകളെ وَأَخَذَ പിടിക്കുകയും ചെയ്തു بِرَأْسِ തലക്കു, തലയെ أَخِيهِ തന്റെ സഹോദരന്റെ يَجُرُّهُ അതു വലിച്ചുകൊണ്ടു إِلَيْهِ തന്നിലേക്കു قَالَ അദ്ദേഹം പറഞ്ഞു ابْنَ أُمَّ എന്റെ ഉമ്മയുടെ മകനേ, മാതൃപുത്രാ إِنَّ الْقَوْمَ നിശ്ചയമായും (ഈ) ജനത اسْتَضْعَفُونِي എന്നെ ബലഹീനനാക്കി (ദുര്‍ബ്ബലനാക്കി) وَكَادُوا يَقْتُلُونَنِي അവര്‍ എന്നെ കൊല്ലുമാറാവുകയും ചെയ്തു فَلَا تُشْمِتْ അതിനാല്‍ നീ സന്തോഷപ്പെടുത്തരുതു بِيَ എന്നെകൊണ്ടു, ഞാന്‍ മൂലം الْأَعْدَاءَ ശത്രുക്കളെ وَلَا تَجْعَلْنِي എന്നെ നീ ആക്കുകയും ചെയ്യരുതു مَعَ الْقَوْمِ ജനങ്ങളോടു കൂടെ الظَّالِمِينَ (കൂട്ടത്തില്‍) അക്രമികളായ.

7:151
  • قَالَ رَبِّ ٱغْفِرْ لِى وَلِأَخِى وَأَدْخِلْنَا فِى رَحْمَتِكَ ۖ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ ﴾١٥١﴿
  • അദ്ദേഹം [മൂസാ] പറഞ്ഞു: "റബ്ബേ! എനിക്കും, എന്റെ സഹോദരനും നീ പൊറുത്തു തരുകയും, നിന്റെ കാരുണ്യത്തില്‍ ഞങ്ങളെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ! നീയാകട്ടെ, കരുണ ചെയ്യുന്നവരില്‍ ഏറ്റവും കരുണയുള്ളവനുമാകുന്നു."
  • قَالَ رَبِّ അദ്ദേഹം പറഞ്ഞു റബ്ബേ اغْفِرْ لِي എനിക്കു പൊറുത്തു തരണേ وَلِأَخِي എന്റെ സഹോദരനും وَأَدْخِلْنَا ഞങ്ങളെ നീ പ്രവേശിപ്പിക്കുകയും വേണമേ فِي رَحْمَتِكَ നിന്റെ കാരുണ്യത്തില്‍, ദയവില്‍ وَأَنتَ നീയാകട്ടെ, നീയോ أَرْحَمُ ഏറ്റവും കരുണയുള്ളവനാകുന്നു الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍.

സാമിരീ പശുക്കുട്ടിയെയുണ്ടാക്കി ഇസ്രാഈല്യരെ പിഴപ്പിച്ച വിവരം നേരത്തെത്തന്നെ അല്ലാഹു മൂസാ (عليه الصلاة والسلام) നബിയെ അറിയിച്ചിരുന്നു. (20:85). അദ്ദേഹത്തിനു അതിയായ കോപവും വ്യസനവും ഉണ്ടാകുക സ്വാഭാവികമാണല്ലോ. തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ കൂടുതല്‍ ക്ഷുഭിതനാക്കുകയും ചെയ്തു. അല്‍പ ദിവസങ്ങളോളം ഞാന്‍ നിങ്ങളെ വിട്ടു പോയപ്പോഴേക്കും നിങ്ങള്‍ ഇങ്ങിനെയെല്ലാം ചെയ്തുവല്ലോ! നിങ്ങള്‍ക്കു വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏറ്റു വാങ്ങുവാനായി അല്ലാഹുവിന്റെ കല്‍പനപ്രകാരമാണു ഞാന്‍ വിട്ടു പോയിരുന്നതും. എന്റെ വരവു കാത്തിരിക്കുവാനുള്ള ക്ഷമ പോലുമില്ലാതെ നിങ്ങള്‍ ഇത്ര വേഗം ഈ മഹാ പാതകം ചെയ്തുവല്ലോ എന്നൊക്കെ അദ്ദേഹം ആക്ഷേപിച്ചു. വികാരാധിക്യം നിമിത്തം കൈവശമുണ്ടായിരുന്ന തൗറാത്തിന്റെ പലകകള്‍ നിലത്തിടുകയും, സഹോദരന്‍ ഹാറൂന്‍ (عليه الصلاة والسلام) ന്റെ തലമുടി പിടിച്ചു വലിക്കുകയും ചെയ്തു. ജനങ്ങളെ വേണ്ട പ്രകാരം നയിക്കുവാന്‍ അദ്ദേഹത്തെ ഏല്‍പിച്ചുകൊണ്ടാണല്ലോ മൂസാ (عليه الصلاة والسلام) സ്ഥലം വിട്ടിരുന്നത്. സഹോദരന്‍ തന്റെ ഉത്തരവാദിത്വം ശരിക്കു പാലിച്ചില്ലെന്നും, അതില്‍ കൃത്യവിലോപം വരുത്തിയിര്‍ക്കുമെന്നും മൂസാ (عليه الصلاة والسلام) കരുതി. വാസ്തവത്തില്‍ സഹോദരന്‍ തികച്ചും നിര്‍ദ്ദോഷിയായിരുന്നു. അവരെ മുടക്കുവാന്‍ അദ്ദേഹം കഴിവതെല്ലാം ചെയ്തുനോക്കിയിരുന്നു. അതൊന്നും വകവെക്കാതെ അവര്‍ അദ്ദേഹത്തിനു നേരെ കയര്‍ക്കുകയും കൊലപ്പെടുത്തുവാന്‍ പോലും ശ്രമം നടത്തുകയുമാണുണ്ടായത്. മൂസാ (عليه الصلاة والسلام) നബിയുടെ വികാരാധിക്യം മനസ്സിലാക്കിയ ആ ജ്യേഷ്ഠന്‍ അനുകമ്പയോടു കൂടി ‘എന്റെ മാതൃപുത്രാ (പ്രിയപ്പെട്ട സഹോദരാ)’ എന്നു വിളിച്ചുകൊണ്ട് സംഗതികള്‍ ശാന്തമായി വിവരിച്ചു കൊടുത്തു. യഥാര്‍ത്ഥം ഇങ്ങിനെയിരിക്കെ എന്നോടു കയര്‍ക്കുന്നതു നമ്മുടെ എതിരാളികളെ സന്തോഷിപ്പിക്കുവാനായിരിക്കും ഉത്തകുകയെന്നും, അതിനു ഇടവരുത്തരുതെന്നും, എന്നെ അക്രമികളുടെ പക്ഷക്കാരനായി കരുതരുതെന്നും അദ്ദേഹം അപേക്ഷിക്കുകയും ചെയ്തു. മൂസാ (عليه الصلاة والسلام) നബിക്കു കാര്യം മനസ്സിലായി. അദ്ദേഹം തനിക്കും, സഹോദരനും വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

മൂസാ (عليه الصلاة والسلام) സഹോദരനോടു കോപിച്ചു സംസാരിച്ച കൂട്ടത്തില്‍, ‘ഹാറൂനേ, ഇവര്‍ വഴി പിഴച്ചു കണ്ടപ്പോ എന്നെ പിന്‍തുടര്‍ന്നു വരാതിരിക്കുവാന്‍ നിനക്കെന്താണു തടസ്സം നേരിട്ടതു? നീ എന്റെ കല്‍പനക്കു എതിരു പ്രവര്‍ത്തിച്ചുവോ?” എന്നു ചോദിച്ചതായും, ‘എന്റെ മാതൃപുത്രാ, എന്റെ തലയും താടിയും പിടിക്കേണ്ടാ, ഇസ്രാഈല്യര്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിയെന്നും, എന്റെ വാക്കു ഗൗനിച്ചില്ലെന്നും നീ പറയുമെന്നു ഞാന്‍ ഭയപ്പെട്ടു’ എന്നു ഹാറൂന്‍ (عليه الصلاة والسلام) മറുപടി പറഞ്ഞതായും ത്വാഹാ സൂറത്തില്‍ (92-94) അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. അപ്പോള്‍ പശുക്കുട്ടിയുടെ സംരംഭം തടയുവാന്‍ ഹാറൂന്‍ (عليه الصلاة والسلام) നബി അദ്ദേഹത്തിന്റെ കഴിവു മുഴുവനും ഉപയോഗിച്ചു നോക്കിയിട്ടുണ്ടെന്നും, അതു വിലവെക്കാതെ, അദ്ദേഹത്തെ കൊലപ്പെടുത്തുവാനുള്ള ആലോചന കൂടി നടത്തുകയാണവര്‍ ചെയ്തതെന്നും ഇതില്‍ നിന്നൊക്കെ സ്പഷ്ടമാകുന്നു. ഈ പ്രസ്താവനകളൊന്നും അദ്ദേഹത്തെക്കുറിച്ചു ക്വുര്‍ആനില്‍ വന്നിട്ടില്ലെങ്കില്‍പോലും അദ്ദേഹത്തെപ്പറ്റി അങ്ങനെ ധരിക്കുവാനേ നിവൃത്തിയുള്ളു താനും, കാരണം, അദ്ദേഹവും ഒരു പ്രവാചകനും റസൂലുമാണ്. മൂസാ (عليه الصلاة والسلام) നബിയുടെ ദൗത്യ പ്രബോധനത്തില്‍ അദ്ദേഹത്തിന്റെ സഹായിയായി അല്ലാഹു നിശ്ചയിച്ച ആളുമാണ്. എന്നിരിക്കെ, അതിനെല്ലാം കടക വിരുദ്ധമായ ആ സംരംഭത്തില്‍ അദ്ദേഹം എങ്ങിനെ മൗനം ദീക്ഷിക്കും?!

എന്നാല്‍, ഇതിനു നേരെ വിപരീതമായിട്ടാണു ബൈബ്ലില്‍ പറയുന്നതു: മോശെ പര്‍വ്വതത്തില്‍നിന്നു ഇറങ്ങി വരുവാന്‍ താമസിച്ചു കണ്ടപ്പോള്‍ ജനങ്ങള്‍ അഹറോന്റെ അടുക്കല്‍ ചെന്ന് ഞങ്ങളുടെ മുമ്പില്‍ നടക്കേണ്ടതിനു ഞങ്ങള്‍ക്കു ഒരു ദൈവമുണ്ടാക്കിത്തരണമെന്നു ആവശ്യപ്പെട്ടു. അവന്‍ അവരുടെ കാതുകളിലുള്ള പൊന്നാഭരണങ്ങള്‍ കൊണ്ടുവരുവാന്‍ കല്‍പിക്കുകയും, അവയെല്ലാം ചേര്‍ത്തു കൊത്തുളികൊണ്ടു ഭാഷ വരുത്തി ഒരു കാളക്കുട്ടി വാര്‍ത്തുണ്ടാക്കുകയും ചെയ്തു. പിറ്റേന്നു അവന്‍ പറഞ്ഞ പ്രകാരം ഒരു ഉത്സവദിവസമായി കൊണ്ടാടി അതിന്റെ മുമ്പില്‍ ആരാധനകള്‍ നടത്തുകയും ചെയ്തു എന്നൊക്കെയാണതില്‍ പറയുന്നതു. (പുറപ്പാടു പുസ്തകം: 32ല്‍ 1-6 നോക്കുക). തൗറാത്തില്‍ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെടുകയോ, മാറ്റി മറിക്കപ്പെടുകയോ ചെയ്തിട്ടുള്ള പല കള്ള പ്രസ്താവനകളില്‍ ഒന്നാണു ഇതും എന്നുള്ളതില്‍ നമുക്കു സംശയമില്ല. ഇതുപോലെ, ചില നബിമാരെപ്പറ്റിയും മറ്റും – അല്ലാഹുവിനെക്കുറിച്ചു പോലും – പല അസംബന്ധങ്ങളും വ്യാജങ്ങളും ബൈബ്ലില്‍ കാണാവുന്നതാണ്‌. ബൈബ്ള്‍ വേദപുസ്തകമായി അംഗീകരിച്ചു വരുന്ന വേദക്കാര്‍ക്കിടയില്‍ പോലും സ്വീകാര്യമല്ലാത്ത പലതും ബൈബ്ലില്‍ നിലവിലുണ്ടെന്നുള്ളത് ഒരു വാസ്തവമത്രെ.

വിഭാഗം - 19

 


വിഭാഗം – 19


 

7:152
  • إِنَّ ٱلَّذِينَ ٱتَّخَذُوا۟ ٱلْعِجْلَ سَيَنَالُهُمْ غَضَبٌ مِّن رَّبِّهِمْ وَذِلَّةٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَكَذَٰلِكَ نَجْزِى ٱلْمُفْتَرِينَ ﴾١٥٢﴿
  • നിശ്ചയമായും പശുക്കുട്ടിയെ ഉണ്ടാക്കി (ആരാധന നടത്തി) യവര്‍, അവര്‍ക്കു തങ്ങളുടെ റബ്ബിങ്കല്‍ നിന്നു കോപവും, ഐഹിക ജീവിതത്തില്‍ നിന്ദ്യതയും ബാധിക്കുന്നതാണ്.

    അപ്രകാരമത്രെ, (വ്യാജം) കെട്ടിച്ചമക്കുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നത്.
  • إِنَّ നിശ്ചയമായും الَّذِينَ اتَّخَذُوا ഉണ്ടാക്കിയവര്‍ الْعِجْلَ പശു(മൂരി)ക്കുട്ടിയെ سَيَنَالُهُمْ അവര്‍ക്കു എത്തും, ബാധിക്കും غَضَبٌ കോപം, ദേഷ്യം مِّن رَّبِّهِمْ അവരുടെ റബ്ബിങ്കല്‍ നിന്ന് وَذِلَّةٌ നിന്ദ്യതയും فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ وَكَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُفْتَرِينَ കെട്ടിച്ചമക്കുന്നവര്‍ക്കു.
7:153
  • وَٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ ثُمَّ تَابُوا۟ مِنۢ بَعْدِهَا وَءَامَنُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌ رَّحِيمٌ ﴾١٥٣﴿
  • തിന്‍മകള്‍ പ്രവര്‍ത്തിക്കുകയും, പിന്നീടു അതിനുശേഷം പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും, അതിനുശേഷം നിന്റെ റബ്ബു (അവര്‍ക്കു) പൊറുത്തുകൊടുക്കുന്നവനും, കരുണാനിധിയും തന്നെ.
  • وَالَّذِينَ عَمِلُوا പ്രവര്‍ത്തിച്ചവരാകട്ടെ السَّيِّئَاتِ തിന്‍മകളെ ثُمَّ تَابُوا പിന്നെ അവര്‍ പശ്ചാത്തപിച്ചു, മടങ്ങി مِن بَعْدِهَا അതിനു (അവക്കു) ശേഷം وَآمَنُوا വിശ്വസിക്കുകയും ചെയ്തു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു مِن بَعْدِهَا അതിനുശേഷം لَغَفُورٌ (വളരെ) പൊറുക്കുന്നവന്‍ തന്നെ رَّحِيمٌ കരുണാനിധി.

പശുക്കുട്ടിയെയുണ്ടാക്കി ആരാധിച്ചവര്‍ക്കു അല്ലാഹുവിന്റെ കോപവും, നിന്ദ്യതയും ഈ ലോകത്തു വെച്ചുതന്നെ സംഭവിക്കുകയും ചെയ്തു. അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതിനു ഉപാധിയായി അവരില്‍ വലിയ കുറ്റക്കാര്‍ പരസ്പരം കൊലപ്പെടുത്തണമെന്ന് നിശ്ചയിക്കപ്പെട്ടു (2:54). പശുക്കുട്ടിയെ ചുട്ടെരിച്ചു കടലില്‍ വിതറുകയും ചെയ്തു (20:97). ഇതു ഇഹത്തില്‍ വെച്ചുതന്നെ അവര്‍ക്കുണ്ടായ അനുഭവമാണല്ലോ.എന്നാല്‍, ആ മഹാപാപത്തില്‍ പങ്കു വഹിച്ചെങ്കിലും പിന്നീടു ശരിക്കും ഖേദിച്ചു മടങ്ങി സത്യവിശ്വാസം ഉറപ്പിച്ചവര്‍ക്കു അല്ലാഹു പൊറുത്തു മാപ്പാക്കുകയും ചെയ്തു. പശുക്കുട്ടിയുടെ സംഭവത്തോടു ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണു ഈ വചനമെങ്കിലും അല്ലാഹുവിന്റെ പേരില്‍ കളവു കെട്ടിപ്പറയുന്ന എല്ലാവരും അവന്റെ കോപത്തിനും നിന്ദ്യതക്കും പാത്രമായിരിക്കുമെന്നാണു وَكَذَٰلِكَ نَجْزِي الْمُفْتَرِينَ (അപ്രകാരമാണു നാം കെട്ടിച്ചമക്കുന്നവര്‍ക്കു പ്രതിഫലം നല്‍കുക) എന്ന വാക്യം കുറിക്കുന്നതു. ഹസന്‍ ബസ്വരീ (رحمه الله) പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു: “ബിദ്അത്തിന്റെ – അനാചാരത്തിന്റെ – നിന്ദ്യത അതിന്റെ ആള്‍ക്കാരുടെ ചുമലുകളിലുണ്ടായിരിക്കും. അവരെയും കൊണ്ടു കോവര്‍ കഴുതകള്‍ ചീറിപ്പാഞ്ഞാലും ശരി. തുര്‍ക്കിക്കുതിരകള്‍ കുളമ്പടിച്ചു ഓടിയാലും ശരി. (അതവരെ വിട്ടുമാറുകയില്ല)’. ഈ വചനം ഓതിക്കൊണ്ടു ‘ഇതു എല്ലാ കെട്ടിച്ചമക്കുന്നവര്‍ക്കുമുള്ളതു തന്നെയാണു’ എന്നു അബൂക്വുലാബ (റ) പറഞ്ഞതായും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.

അല്‍ബക്വറഃ 54ല്‍ മൂസാ (عليه الصلاة والسلام) തന്റെ ജനങ്ങളോടു ഇപ്രകാരം പറഞ്ഞതായി അല്ലാഹു ഉദ്ധരിക്കുന്നു: “ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ സൃഷ്ടാവിലേക്കു പശ്ചാത്തപിച്ചു മടങ്ങണം. അങ്ങനെ, നിങ്ങള്‍ നിങ്ങളെത്തന്നെ (പരസ്പരം) കൊലപ്പെടുത്തണം. അതു നിങ്ങള്‍ക്കു നിങ്ങളുടെ റബ്ബിന്റെ അടുക്കല്‍ ഉത്തമമായതാണ്.’ തുടര്‍ന്നുകൊണ്ടു ‘അങ്ങനെ, അവന്‍ നിങ്ങളില്‍ പശ്ചാത്താപം സ്വീകരിച്ചു തന്നു’ എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. പശുക്കുട്ടിയെ ഉണ്ടാകിയതിനെക്കുറിച്ചുള്ള അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതിനു ഒരു ഉപാധിയായിട്ടായിരുന്നു അവര്‍ പരസ്പരം കൊലചെയ്യാന്‍ കല്‍പിച്ചതെന്നും, ആ ഉപാധി അവര്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടതെന്നും ഇതില്‍നിന്നു വ്യക്തമാകുന്നു. ഈ വചനങ്ങളിലും അതു സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, സൂറത്തുല്‍ ബക്വറയിലെ ആ വചനത്തില്‍ പ്രസ്താവിച്ച കൊലയുടെ ആവശ്യമില്ലെന്നും, അവര്‍ പശ്ചാത്തപിച്ചു മടങ്ങിയാല്‍ മാത്രം മതി – പരസ്പരം കൊല നടത്തേണ്ടതില്ല ൦ എന്നുമാണു ഈ വചനങ്ങളുടെ താല്‍പര്യമെന്നും, അതുകൊണ്ടു ആ കൊല നടന്നിട്ടില്ലെന്നുമാണു വിചാരിക്കേണ്ടതെന്നും ഇവിടെ ചിലര്‍ പ്രസ്താവിച്ചു കാണുന്നു. ഇതു കേവലം എന്തോ താല്‍പര്യപൂര്‍വ്വം അവതരിപ്പിച്ച ഒരു അഭിപ്രായം മാത്രമാണെന്നുള്ളതില്‍ സംശയമില്ല. പ്രസ്തുത കൊലയെപ്പറ്റി തല്‍സ്ഥാനത്തു വിവരിച്ചു കഴിഞ്ഞിട്ടുള്ളതുകൊണ്ടു ഇവിടെ അതാവര്‍ത്തിക്കേണ്ടതില്ല.

7:154
  • وَلَمَّا سَكَتَ عَن مُّوسَى ٱلْغَضَبُ أَخَذَ ٱلْأَلْوَاحَ ۖ وَفِى نُسْخَتِهَا هُدًى وَرَحْمَةٌ لِّلَّذِينَ هُمْ لِرَبِّهِمْ يَرْهَبُونَ ﴾١٥٤﴿
  • മൂസായില്‍ നിന്നു കോപം അടങ്ങിയപ്പോള്‍, അദ്ദേഹം പലകകള്‍ എടുത്തു. അവയിലെ എഴുത്തില്‍, തങ്ങളുടെ റബ്ബിനെക്കുറിച്ചു യാതൊരുകൂട്ടര്‍ ഭയപ്പെടുന്നുവോ അവര്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവും ഉണ്ടായിരുന്നു.
  • وَلَمَّا سَكَتَ അടങ്ങിയപ്പോള്‍ عَن مُّوسَى മൂസായില്‍നിന്നു, മൂസാക്കു الْغَضَبُ കോപം أَخَذَ അദ്ദേഹം എടുത്തു الْأَلْوَاحَ പലകകളെ وَفِي نُسْخَتِهَا അവയുടെ പകര്‍പ്പില്‍ (എഴുത്തില്‍) ഉണ്ടായിരുന്നു هُدًى മാര്‍ഗ്ഗദര്‍ശനം وَرَحْمَةٌ കാരുണ്യവും لِّلَّذِينَ യാതൊരുവര്‍ക്കു هُمْ അവര്‍ لِرَبِّهِمْ തങ്ങളുടെ റബ്ബിനെക്കുറിച്ചു يَرْهَبُونَ അവര്‍ ഭയപ്പെടുന്നു, പേടിക്കുന്നു.

മൂസാ (عليه الصلاة والسلام) കുപിതനായിക്കൊണ്ടു പലകകള്‍ നിലത്തിട്ടപ്പോള്‍ അവ പൊട്ടിപ്പോയെന്നും, അദ്ദേഹം അവ പെറുക്കിയെടുത്തുവെന്നും മറ്റും ഇവിടെ പല വ്യാഖ്യാതാക്കളും പറഞ്ഞു കാണാം. വാസ്തവം അല്ലാഹുവിനറിയാം. അനന്തരം ഉണ്ടായ സംഭവമാണു തുടര്‍ന്നു പറയുന്നത്.

7:155
  • وَٱخْتَارَ مُوسَىٰ قَوْمَهُۥ سَبْعِينَ رَجُلًا لِّمِيقَـٰتِنَا ۖ فَلَمَّآ أَخَذَتْهُمُ ٱلرَّجْفَةُ قَالَ رَبِّ لَوْ شِئْتَ أَهْلَكْتَهُم مِّن قَبْلُ وَإِيَّـٰىَ ۖ أَتُهْلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآ ۖ إِنْ هِىَ إِلَّا فِتْنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهْدِى مَن تَشَآءُ ۖ أَنتَ وَلِيُّنَا فَٱغْفِرْ لَنَا وَٱرْحَمْنَا ۖ وَأَنتَ خَيْرُ ٱلْغَـٰفِرِينَ ﴾١٥٥﴿
  • മൂസാ തന്റെ ജനങ്ങളില്‍നിന്നു നമ്മുടെ നിശ്ചിത സമയത്തേക്കു എഴുപതു പുരുഷന്‍മാരെ തിരഞ്ഞെടുത്തു. എന്നിട്ട് അവര്‍ക്കു കഠിന കമ്പനം പിടിപെട്ടപ്പോള്‍, അദ്ദേഹം പറഞ്ഞു: 'എന്റെ റബ്ബേ! നീ (വേണമെന്നു) ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പു (തന്നെ) അവരെയും, എന്നെയും നിനക്കു നശിപ്പിക്കാമായിരുന്നു. ഞങ്ങളില്‍ നിന്നുള്ള ഭോഷന്‍മാര്‍ ചെയ്തതിനു ഞങ്ങളെ നീ നശിപ്പിക്കുന്നുവോ?! അതു നിന്റെ പരീക്ഷണമല്ലാതെ (മറ്റൊന്നും) അല്ല(ല്ലോ);

    അതുമൂലം, നീ ഉദ്ദേശിക്കുന്നവരെ നീ വഴിപിഴവിലാക്കുന്നു; നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.

    നീ ഞങ്ങളുടെ കൈകാര്യകര്‍ത്താവത്രെ. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തുതരുകയും, ഞങ്ങളോടു കരുണ ചെയ്യുകയും വേണമേ! നീയാകട്ടെ, പൊറുക്കുന്നവരില്‍ വെച്ചു ഉത്തമനുമാകുന്നു.
  • وَاخْتَارَ തിരഞ്ഞെടുത്തു مُوسَىٰ മൂസാ قَوْمَهُ തന്റെ ജനതയെ (ജനങ്ങളില്‍നിന്നു) سَبْعِينَ എഴുപതു رَجُلًا പുരുഷന്‍മാരെ لِّمِيقَاتِنَا നമ്മുടെ (നാമുമായുള്ള) നിശ്ചിത സമയത്തേക്കു فَلَمَّا أَخَذَتْهُمُ എന്നിട്ടു അവരെ പിടിച്ച (അവര്‍ക്കു പിടിപെട്ട)പ്പോള്‍ الرَّجْفَةُ (കഠിന) കമ്പനം قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ لَوْ شِئْتَ നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ أَهْلَكْتَهُم അവരെ നീ (നിനക്കു) നശിപ്പിക്കാമായിരുന്നു مِّن قَبْلُ മുമ്പേ وَإِيَّايَ എന്നെയും أَتُهْلِكُنَا നീ ഞങ്ങളെ നശിപ്പിക്കുകയാണോ بِمَا فَعَلَ ചെയ്തതു നിമിത്തം السُّفَهَاءُ ഭോഷന്‍മാര്‍, വിഡ്ഢികള്‍ مِنَّا ഞങ്ങളില്‍ നിന്നുള്ള إِنْ هِيَ അതല്ല إِلَّا فِتْنَتُكَ നിന്റെ പരീക്ഷണമല്ലാതെ تُضِلُّ بِهَا അതുമൂലം നീ വഴിപിഴവിലാക്കുന്നു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ وَتَهْدِي നീ വഴി ചേര്‍ക്കുക (നേര്‍മാര്‍ഗ്ഗത്തിലാക്കുക)യും ചെയ്യുന്നു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ أَنتَ നീ وَلِيُّنَا ഞങ്ങളുടെ കൈകാര്യകര്‍ത്താവാണു, രക്ഷാധികാരിയാണു فَاغْفِرْ لَنَا അതിനാല്‍ ഞങ്ങള്‍ക്കു പൊറുത്തുതരണേ وَارْحَمْنَا ഞങ്ങള്‍ക്കു (ഞങ്ങളോടു) കരുണ ചെയ്യുകയും വേണമേ وَأَنتَ നീയാകട്ടെ خَيْرُ الْغَافِرِينَ പൊറുക്കുന്നവരില്‍ ഉത്തമനാകുന്നു.
7:156
  • وَٱكْتُبْ لَنَا فِى هَـٰذِهِ ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ إِنَّا هُدْنَآ إِلَيْكَ ۚ قَالَ عَذَابِىٓ أُصِيبُ بِهِۦ مَنْ أَشَآءُ ۖ وَرَحْمَتِى وَسِعَتْ كُلَّ شَىْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِـَٔايَـٰتِنَا يُؤْمِنُونَ ﴾١٥٦﴿
  • 'ഈ ഐഹികലോകത്തു ഞങ്ങള്‍ക്കു നീ നന്മ (നിശ്ചയിച്ച്) രേഖപ്പെടുത്തേണമേ. പരലോകത്തിലും (രേഖപ്പെടുത്തേണമേ)! (നിശ്ചയമായും, ഞങ്ങള്‍ നിന്നിലേക്കു (ഖേദിച്ചു) മടങ്ങിയിരിക്കുന്നു.' അവന്‍ [റബ്ബ്] പറഞ്ഞു: "എന്റെ ശിക്ഷ - ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതിനെ ഞാന്‍ ബാധിപ്പിക്കുന്നതാണ്. എന്റെ കാരുണ്യമാകട്ടെ, അതു എല്ലാ വസ്തുവിനും വിശാലമായിരിക്കുന്നു. എന്നാല്‍, സൂക്ഷ്മത പാലിക്കുകയും, സക്കാത്തു കൊടുക്കുകയും ചെയ്യുന്നവര്‍ക്കു ഞാന്‍ അതു രേഖപ്പെടുത്തിയേക്കുന്നതാണ്. യാതൊരുകൂട്ടര്‍ക്കും - അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നു (അങ്ങിനെയുള്ളവര്‍ക്കും രേഖപ്പെടുത്തും).
  • وَاكْتُبْ എഴുതുക (രേഖപ്പെടുത്തുക) യും ചെയ്യേണമേ لَنَا ഞങ്ങള്‍ക്കു فِي هَـٰذِهِ الدُّنْيَا ഈ ഇഹത്തില്‍ حَسَنَةً നന്മയെ وَفِي الْآخِرَةِ പരത്തിലും إِنَّا هُدْنَا നിശ്ചയമായും ഞങ്ങള്‍ മടങ്ങിയി (ഖേദിച്ചി) രിക്കുന്നു إِلَيْكَ നിന്നിലേക്കു قَالَ അവന്‍ പറഞ്ഞു عَذَابِي എന്റെ ശിക്ഷ أُصِيبُ بِهِ അതിനെ ഞാന്‍ ബാധിപ്പിക്കും, എത്തിക്കുന്നു مَنْ أَشَاءُ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَرَحْمَتِي എന്റെ കാരുണ്യമാകട്ടെ وَسِعَتْ അതു വിശാലമായിരിക്കുന്നു, വിശാലപ്പെട്ടതാണു كُلَّ شَيْءٍ എല്ലാ വസ്തുവിനും فَسَأَكْتُبُهَا എന്നാല്‍ അതിനെ ഞാന്‍ എഴുതും (രേഖപ്പെടുത്തിവെക്കും) لِلَّذِينَ യാതൊരു കൂട്ടര്‍ക്കു يَتَّقُونَ സൂക്ഷ്മത പാലിക്കുന്ന وَيُؤْتُونَ കൊടുക്കുകയും ചെയ്യുന്ന الزَّكَاةَ സകാത്തു وَالَّذِينَ യാതൊരുകൂട്ടര്‍ക്കും هُم അവര്‍ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ يُؤْمِنُونَ വിശ്വസിക്കുന്നു.

അല്ലാഹുവിന്റെ കല്‍പന പ്രകാരം നാല്‍പത് ദിവസത്തെ സമയ നിശ്ചയം (مِيقَات) കഴിഞ്ഞപ്പോള്‍ മൂസാ നബി (عليه الصلاة والسلام) ക്ക് തൗറാത്ത് ലഭിച്ചുവെന്നും, അത് കൊണ്ടുവന്നപ്പോഴേക്കാണ് ജനങ്ങള്‍ പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചതെന്നും, അദ്ദേഹം അതില്‍ കഠിനമായി കോപിക്കുകയും വ്യസനിക്കുകയും ചെയ്തുവെന്നും മറ്റും മുമ്പ് പ്രസ്താവിച്ചു. അതിനുശേഷം ഇസ്രാഈല്യരെ പ്രതിനിധീകരിച്ചുകൊണ്ട് – അവരുടെ ആ അപരാധത്തെപ്പറ്റി അല്ലാഹുവിനോടു ഒഴിവുകഴിവു പറയുവാനും, പശ്ചാത്താപം സ്വീകരിക്കുന്നതിനു ശുപാര്‍ശ ചെയ്‌വാനും വേണ്ടി – അവരില്‍ നിന്നും നല്ലവരായ പ്രമുഖരായ എഴുപതു പേരെ തിരഞ്ഞെടുത്തുകൊണ്ട്‌ അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ (عليه الصلاة والسلام) വീണ്ടും സീനാ പര്‍വ്വതത്തിലേക്കു പോയി. ഇതാണു ഈ വചനത്തില്‍ പറയുന്ന നിശ്ചിത സമയം (مِيقَات) കൊണ്ടുദ്ദേശ്യം. മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം ഇതാണ്. ഒന്നാമത്തെ പ്രാവശ്യം തന്നെയാണ് എഴുപത് പേരെയും കൊണ്ടുപോയതെന്നും, അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണാതെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ലെന്ന് (2:55ല്‍ പ്രസ്താവിച്ച പ്രകാരം) മൂസാ (عليه الصلاة والسلام) നോടു പറഞ്ഞതു അവരാണെന്നും അതുകൊണ്ടാണ് അവര്‍ക്കു കഠിനകമ്പനം (الرَّجْفَةُ) ബാധിച്ചതെന്നുമാണ് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. അങ്ങിനെയാണെങ്കില്‍, അവര്‍ക്കു കമ്പനം ബാധിച്ചപ്പോള്‍ മൂസാ (عليه الصلاة والسلام) അല്ലാഹുവിനോടു സങ്കടപ്പെട്ടു പറഞ്ഞ കൂട്ടത്തില്‍ أَتُهْلِكُنَا بِمَا فَعَلَ السُّفَهَاءُ مِنَّا (ഞങ്ങളിലുള്ള ഭോഷന്മാര്‍ ചെയ്തതിനു ഞങ്ങളെ നീ നശിപ്പിക്കുകയാണോ?) എന്നു ചോദിച്ചതിനുപകരം … أَتُهْلِكُنَا بِمَا قَالَ (ഞങ്ങളിലുള്ള ഭോഷന്മാര്‍ പറഞ്ഞതിനു ഞങ്ങളെ നീ ശിക്ഷിക്കുകയാണോ?) എന്നല്ലേ പറയേണ്ടത്? കൂടാതെ, ആ ശിക്ഷ അവര്‍ക്കു ബാധിക്കുവാന്‍ കാരണമായത് അവര്‍ പശുക്കുട്ടിയെ ഉണ്ടാക്കിയതാണെന്ന് إِنْ هِيَ إِلَّا فِتْنَتُكَ (അത് നിന്റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല) എന്ന വാക്കും സൂചിപ്പിക്കുന്നു. പശുക്കുട്ടിയെ ഉണ്ടാക്കിയതിനെ പറ്റി സൂറഃ ത്വാഹാ 85ല്‍ قَدْ فَتَنَّا قَوْمَكَ (നിന്റെ ജനങ്ങളെ നാം പരീക്ഷണം ചെയ്തിട്ടുണ്ട്) എന്നു അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു താനും. ഇങ്ങിനെയെല്ലാം ഒന്നാമത്തെ അഭിപ്രായക്കാര്‍ തങ്ങളുടെ അഭിപ്രായത്തിന് ന്യായങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഈ ന്യായം കേവലം യുക്തമായി തോന്നുന്നുതാനും. والله أعلم

ചുരുക്കിപ്പറഞ്ഞാല്‍, എഴുപതു പേരെ തിരഞ്ഞെടുത്തു മീക്വാത്തിന് (നിശ്ചിത സമയത്തേക്ക്) കൊണ്ടുപോയതു മൂസാ (عليه الصلاة والسلام) തൗറാത്തു ഏറ്റുവാങ്ങുവാന്‍ പോയ അതേ പ്രാവശ്യത്തില്‍ തന്നെയാണെന്നും, പശുക്കുട്ടിയുടെ സംഭവത്തിനു ശേഷം അതിനെക്കുറിച്ചു അവര്‍ക്കുണ്ടായ പശ്ചാത്താപത്തെത്തുടര്‍ന്നു രണ്ടാമതൊരു പ്രാവശ്യത്തിലാണെന്നും – രണ്ടാമത്തെ അഭിപ്രായമാണു കൂടുതല്‍ ശരിയായി തോന്നുന്നതെങ്കിലും – ഇങ്ങിനെ രണ്ടു അഭിപ്രായങ്ങള്‍ വ്യാഖ്യാതാക്കള്‍ക്കിടയിലുണ്ട്. പക്ഷേ, മൂസാ (عليه الصلاة والسلام) അല്ലാഹുവിനോടു എനിക്കു നിന്നെ ഒന്നു കാണിച്ചു തരണമെന്നാവശ്യപ്പെട്ടതും,അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണാതെ നിന്നെ ഞങ്ങള്‍ വിശ്വസിക്കുകയില്ലെന്ന ജനങ്ങള്‍ പറഞ്ഞതും രണ്ടു സംഭവങ്ങളാണെന്നുള്ളതില്‍ സംശയമില്ല. ഇതു സംബന്ധിച്ചു 143-ാംവചനത്തില്‍ നാം സംസാരിക്കുകയുണ്ടായി. ഈ സംഭവങ്ങളെക്കുറിച്ചെല്ലാം കൂടുതല്‍ വിശദീകരിക്കത്തക്ക സ്വീകാര്യമായ തെളിവുകളൊന്നുമില്ലാത്തതുകൊണ്ടു ക്വുര്‍ആന്റെ വാക്കുകളില്‍ നിന്നു കൂടുതല്‍ വ്യക്തമായിക്കാണുന്നതെന്തോ അതു സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുകയേ നമുക്കു നിവൃത്തിയുള്ളു. واالله الموفق

….فَلَمَّا أَخَذَتْهُمُ الرَّجْفَةُ قَالَ (അവര്‍ക്കു കഠിന കമ്പനം പിടിപെട്ടപ്പോള്‍ അദ്ദേഹം – മൂസാ – പറഞ്ഞു) എന്നു തുടങ്ങി മൂസാ (عليه الصلاة والسلام) നബി അല്ലാഹുവിനെ അഭിമുഖീകരിച്ചു പറഞ്ഞതായി അല്ലാഹു ഉദ്ധരിച്ച വാക്കുകള്‍ പരിശോധിച്ചു നോക്കുക. അതായതു: ‘വേണമെങ്കില്‍ അവരെയും, എന്നെത്തന്നെയും നിനക്കു നശിപ്പിക്കാമായിരുന്നു. ഞങ്ങളില്‍ ഭോഷന്‍മാര്‍ ചെയ്തതിനു ഞങ്ങളെ നശിപ്പിക്കുകയാണോ, അതു നിന്റെ പരീക്ഷണം മാത്രമാണല്ലോ’ എന്നൊക്കെ മൂസാ (عليه الصلاة والسلام) പറഞ്ഞ വാക്കുകള്‍ ശാന്തമായി ചിന്തിച്ചു നോക്കുക. അപ്പോള്‍ – അധിക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നതുപോലെ – പശുക്കുട്ടിയെ ആരാധിച്ച സംഭവമാണിതിനു പിന്നിലുള്ളതെന്നും, ആ എഴുപതു പേര്‍ – അല്ലെങ്കില്‍ അവരില്‍പെട്ട ചിലര്‍ – ചെയ്തുപോയ ഏതോ ഒരു ദുഷ്കൃത്യം മൂലമായിരുന്നു അവര്‍ക്കു ആ കഠിന കമ്പനം ബാധിച്ചതെന്നും, അതേ സമയത്ത് മൂസാ (عليه الصلاة والسلام) നബിക്കു ആ കമ്പനം നിമിത്തം ആപത്തൊന്നും പിണഞ്ഞിരുന്നില്ലെന്നും മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്. ബൈബ്ലില്‍ ഈ വിഷയം സംബന്ധിച്ചു പലതും പറഞ്ഞു കാണാമെങ്കിലും മിക്കതും പരസ്പരം വിരുദ്ധവും അവിശ്വസനീയവുമാകുന്നു. അവയില്‍ ചിലതെല്ലാം 2:85ന്റെ വിവരണത്തില്‍ നാം ഉദ്ധരിച്ചിട്ടുമുണ്ട്.

അവര്‍ക്കു കഠിന കമ്പനം പിടിപെട്ടപ്പോള്‍, മൂസാ (عليه الصلاة والسلام) അല്ലാഹുവിനോടു ചെയ്ത ആ പ്രാര്‍ത്ഥനക്കു അല്ലാഹു നല്‍കിയ ഉത്തരമാണു ഈ വചനത്തിന്റെ അവസാന ഭാഗം:-

ശിക്ഷ എല്ലാവര്‍ക്കും ബാധിക്കുകയില്ല. അത് ആര്‍ക്ക്, എപ്പോള്‍, എങ്ങിനെ വേണമെന്നൊക്കെ ചളിയ നിശ്ചയവും വ്യവസ്ഥയുമുണ്ട്. അതനുസരിച്ചു അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു അതവന്‍ നല്‍കുന്നു. എന്നാല്‍, കാരുണ്യമാകട്ടെ, അതു എല്ലാവര്‍ക്കും – എല്ലാ വസ്തുവിനും – ലഭിക്കുന്നതും അതിവിശാലമായതുമാകുന്നു എന്നാണു ആദ്യത്തെ വാക്യങ്ങളില്‍ ഉണര്‍ത്തുന്നത്. അല്ലാഹുവിന്റെ കാരുണ്യവും അവന്റെ കോപത്തെ കവച്ചുവെക്കുന്നതാണെന്നും അവന്റെ കാരുണ്യത്തിന്റെ നൂറിലൊരുഭാഗം മാത്രമാണു ഈ ഭൂമിയില്‍ അവന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും, അതു മൂലമാണു കാട്ടുമൃഗങ്ങള്‍പോലും അവയുടെ കുഞ്ഞുങ്ങളോടു ദയ കാണിക്കുന്നതെന്നും, അതിന്റെ തൊണ്ണൂറ്റൊമ്പതു ഭാഗവും അവന്‍ പരലോകത്തേക്കു വെച്ചിരിക്കുകയാണെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തിട്ടുള്ളതു സ്മരണീയമാകുന്നു. ഹദീഥുകളുടെ പൂര്‍ണരൂപം സൂ: അന്‍ആം 54-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നാം ഉദ്ധരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള വാക്യങ്ങളില്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടു ജീവിക്കുകയും, സകാത്തു കൊടുക്കുകയും ചെയ്യുന്നവരും, ദൃഷ്ടാന്തങ്ങളില്‍ ശരിക്കു വിശ്വസിക്കുന്നവരുമായ ആളുകള്‍ക്കു കാരുണ്യം നല്‍കുവാന്‍ അവന്‍ പ്രത്യേകം നിശ്ചയിച്ചുവെച്ചിട്ടുണ്ടെന്നു മൂസാ (عليه الصلاة والسلام) നബിയെ ഉണര്‍ത്തുന്നു. ഈ പ്രത്യേക കാരുണ്യത്തിനു പാത്രമാകുന്നവര്‍ ആരായിരിക്കുമെന്നു അല്ലാഹു തന്നെ തുടര്‍ന്നു വിവരിക്കുകയും ചെയ്യുന്നു:-

7:157
  • ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِىَّ ٱلْأُمِّىَّ ٱلَّذِى يَجِدُونَهُۥ مَكْتُوبًا عِندَهُمْ فِى ٱلتَّوْرَىٰةِ وَٱلْإِنجِيلِ يَأْمُرُهُم بِٱلْمَعْرُوفِ وَيَنْهَىٰهُمْ عَنِ ٱلْمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَـٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَـٰٓئِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَٱلْأَغْلَـٰلَ ٱلَّتِى كَانَتْ عَلَيْهِمْ ۚ فَٱلَّذِينَ ءَامَنُوا۟ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُوا۟ ٱلنُّورَ ٱلَّذِىٓ أُنزِلَ مَعَهُۥٓ ۙ أُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾١٥٧﴿
  • അതായത് 'ഉമ്മിയ്യാ'യ [അക്ഷരജ്ഞാനമില്ലാത്ത] പ്രവാചകനായ (ആ) റസൂലിനെ പിന്‍പറ്റുന്നവര്‍ക്കു [അവര്‍ക്കാണ് കാരുണ്യം രേഖപ്പെടുത്തിവെക്കുന്നത്]. (അതെ) അവരുടെ അടുക്കല്‍ തൗറാത്തിലും, ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ കണ്ടുവരുന്ന ആളെ (പിന്‍പറ്റുന്നവര്‍ക്കു). അവരോടു അദ്ദേഹം സദാചാരംകൊണ്ടു കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യും. അവര്‍ക്കു അദ്ദേഹം നല്ല (വിശിഷ്ട) വസ്തുക്കളെ അനുവദനീയമാക്കിക്കൊടുക്കുകയും, ദുഷിച്ച (ചീത്ത) വസ്തുക്കളെ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യും. അവരുടെ ഭാരത്തെയും, അവരുടെ മേലുണ്ടായിരുന്ന ബന്ധങ്ങളെയും അവരില്‍നിന്നു അദ്ദേഹം (ഇറക്കി) വെക്കുക [ഒഴിവാക്കിക്കൊടുക്കുക]യും ചെയും.

    അപ്പോള്‍, യാതൊരുകൂട്ടര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ ബഹുമാനിക്കുകയും, സഹായിക്കുകയും, അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള (ആ) പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തുവോ, അക്കൂട്ടര്‍ത്തന്നെയാണു വിജയികള്‍.
  • الَّذِينَ يَتَّبِعُونَ പിന്‍പറ്റുന്നവര്‍ക്കു الرَّسُولَ റസൂലിനെ, ദൂതനെ النَّبِيَّ നബിയായ, പ്രവാചകനായ الْأُمِّيَّ അക്ഷരജ്ഞാനമില്ലാത്ത, എഴുത്തും വായനയും അറിയാത്തവനായ الَّذِي അതായതു യാതൊരാള്‍ يَجِدُونَهُ അദ്ദേഹത്തെ അവര്‍ കണ്ടുവരുന്നു مَكْتُوبًا എഴുതപ്പെട്ടവനായിട്ടു عِندَهُمْ തങ്ങളുടെ അടുക്കല്‍ فِي التَّوْرَاةِ തൗറാത്തില്‍ وَالْإِنجِيلِ ഇഞ്ചീലിലും يَأْمُرُهُم അവരോടു അദ്ദേഹം കല്‍പിക്കും بِالْمَعْرُوفِ സദാചാരം (മര്യാദ - നല്ലതു) وَيَنْهَاهُمْ അവരെ അദ്ദേഹം വിരോധിക്കുകയും ചെയ്യും عَنِ الْمُنكَرِ ദുരാചാര (ദുഷ്കാര്യ - വെറുക്കപ്പെട്ട കാര്യ)ത്തെപ്പറ്റി وَيُحِلُّ لَهُمُ അവര്‍ക്കു അനുവദനീയമാക്കിക്കൊടുക്കുകയും ചെയ്യും الطَّيِّبَاتِ നല്ല (വിശിഷ്ട - ശുദ്ധമായ) വസ്തുക്കളെ وَيُحَرِّمُ നിഷിദ്ധമാക്കുകയും عَلَيْهِمُ അവരുടെ മേല്‍ الْخَبَائِثَ ദുഷിച്ച (ചീത്ത) വസ്തുക്കളെ وَيَضَعُ വെക്കുകയും ചെയും (ഇറക്കി -താഴ്ത്തി - എടുത്തു) عَنْهُمْ അവരില്‍നിന്നു إِصْرَهُمْ അവരുടെ ഭാരം وَالْأَغْلَالَ കുടുക്കുകളും, ബന്ധങ്ങളും الَّتِي كَانَتْ ഉണ്ടായിരുന്നതായ عَلَيْهِمْ അവരുടെമേല്‍, അവരില്‍ فَالَّذِينَ എന്നാല്‍ യാതൊരുവര്‍ آمَنُوا بِهِ അദ്ദേഹത്തില്‍ വിശ്വസിച്ചു وَعَزَّرُوهُ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു, ബലപ്പെടുത്തുകയും ചെയ്തു وَنَصَرُوهُ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു وَاتَّبَعُوا പിന്‍പറ്റുകയും ചെയ്തു النُّورَ പ്രകാശത്തെ الَّذِي أُنزِلَ مَعَهُ അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْمُفْلِحُونَ വിജയികള്‍.

സൂക്ഷ്‌മത പാലിക്കുകയും സകാത്തു കൊടുക്കുകയും, ദൃഷ്‌ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്ന കൂട്ടര്‍ക്കു പ്രത്യേകം കാരുണ്യം നല്‍കുവാന്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെന്നു കഴിഞ്ഞ വചനത്തിന്‍റെ അവസാനത്തില്‍ പറഞ്ഞു. ആ പ്രസ്‌താവന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍ വിശ്വസിച്ച സത്യവിശ്വാസികളെ ഉദ്ദേശിച്ചാണെന്നു ഈ വചനത്തില്‍ സ്‌പഷ്‌ടമാക്കിയിരിക്കുന്നു. കഴിഞ്ഞ വചനത്തില്‍ കാരുണ്യത്തിന്‌ അര്‍ഹരാകുന്നവരുടെ ഗുണങ്ങളായി സൂക്ഷ്‌മത പാലിക്കുകയും, ദൃഷ്‌ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ എന്നു മൊത്തത്തില്‍ പറഞ്ഞു മതിയാക്കാതെ സകാത്തു കൊടുക്കുന്നവര്‍ എന്നു കൂടി പ്രത്യേകം എടുത്തു പറഞ്ഞതില്‍ ഒരു സൂചന അന്തര്‍ഭവിച്ചിരിക്കുന്നതായി കാണാം. ധനം ചിലവഴിക്കുന്ന വിഷയത്തില്‍ അങ്ങേയറ്റം ലുബ്‌ധത കാണിക്കുന്നവരാണല്ലോ യഹൂദികള്‍. സത്യവിശ്വാസികളായ മുസ്‌ലിംകള്‍ അവരെപ്പോലെ ആയിരിക്കയില്ല-അവര്‍ തങ്ങളുടെ ധനപരമായ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ ലുബ്‌ധത കാണിക്കുകയില്ല- എന്നത്രെ ആ സൂചന. الله أعلم

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പേരു പറഞ്ഞിട്ടില്ലെങ്കിലും അക്ഷരജ്ഞാനമില്ലാത്ത പ്രവാചകന്‍ (النَّبِيَّ الْأُمِّيَّ) എന്നും, തൗറാത്തിലും ഇഞ്ചീലിലും എഴുതപ്പെട്ടു കാണുന്ന ആള്‍ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ എന്നുമുള്ള വിശേഷണങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ചാണെന്നുള്ളതില്‍ സംശയമില്ല. അക്ഷരജ്ഞാനമില്ലാത്ത – അഥവാ അക്കാരണത്താല്‍ വേദഗ്രന്ഥങ്ങളുമായി പരിചയം സിദ്ധിച്ചിട്ടില്ലാത്ത-പ്രവാചകനാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി. അതാകട്ടെ, അവിടുത്തെ പ്രവാചകത്വത്തിനു ബുദ്ധിപരവും സ്‌പഷ്‌ടവുമായ ഒരു തെളിവുമാകുന്നു. തൗറാത്തിലും ഇഞ്ചീലിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചു പരാമര്‍ശങ്ങളും പ്രവചനങ്ങളും പലതും അടങ്ങിയിട്ടുണ്ടെന്നും, ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തു വേദക്കാര്‍ക്കിടയില്‍ അവ അറിയപ്പെട്ടിരുന്നുവെന്നും ഈ വചനത്തില്‍നിന്നു വ്യക്തമാണു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമന കാലം അടുത്തപ്പോള്‍, വേദക്കാര്‍ മുഴുവനും അറേബ്യായില്‍ പ്രത്യക്ഷപ്പെടുവാനിരിക്കുന്ന ഒരു പ്രവാചകനെ അക്ഷമയോടെ പ്രതീക്ഷിച്ചു കൊണ്ടിരുന്നതും അതു കൊണ്ടാണല്ലോ. പക്ഷേ, പിന്നീടു തങ്ങളുടെ അനാചാര ദുരാചാരങ്ങളോടു ആ പ്രവാചകന്‍ യോജിക്കാത്തതിന്‍റെ പേരിലും അദ്ദേഹം തങ്ങളുടെ സമുദായത്തില്‍പെട്ട ആളായിരിക്കാത്തതിന്‍റെ പേരിലും അവര്‍ പാടു മറിയുകയാണുണ്ടായത്‌.

ക്വുര്‍ആന്‍ അവതരിക്കും മുമ്പു തന്നെ തൗറാത്തു – ഇഞ്ചീലുകള്‍ ചില മാറ്റത്തിരുത്തങ്ങള്‍ക്കു വിധേയമായിക്കഴിഞ്ഞിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വെളിപ്പാടിനുശേഷം പിന്നെയും പലതും നടന്നിട്ടുണ്ട്‌. ഈ യാഥാര്‍ത്ഥ്യം വേദക്കാര്‍ സമ്മതിക്കുകയില്ലെങ്കിലും മൂസാ (عليه الصلاة والسلام) നബിക്കു ലഭിച്ച തൗറാത്തിന്‍റെയും, ഈസാ നബി (عليه الصلاة والسلام) ക്കു ലഭിച്ച ഇഞ്ചീലിന്‍റെയും യഥാര്‍ത്ഥമായ പകര്‍പ്പു – യാതൊന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യപ്പെട്ടിട്ടില്ലെന്നു അവര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമില്ലാത്ത വിധം അതിന്‍റെ സാക്ഷാല്‍ രൂപത്തില്‍ -നിലവിലുണ്ടെന്നു അവര്‍ക്കുപോലും വാദമില്ലാത്തതാണു. എന്നിരുന്നാലും വേദക്കാര്‍ തങ്ങളുടെ വേദഗ്രന്ഥമായി സ്വീകരിച്ചു വരുന്നതും തൗറാത്തും ഇഞ്ചീലും അടങ്ങുന്നതെന്നു അവര്‍ അവകാശപ്പെടുന്നതുമായ നിലവിലുള്ള ബൈബ്‌ളില്‍ പോലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബന്ധിച്ചു ഇന്നും പലതും കാണാവുന്നതാണ്‌. ചില ഉദാഹരണങ്ങള്‍ മാത്രം കാണുക:-

ബൈബ്‌ളിന്‍റെ പഴയ നിയമത്തിലെ ചില ഉദാഹരണങ്ങള്‍:- (1) മോശെ തന്‍റെ മരണത്തിനു മുമ്പു യിസ്രായേല്‍ മക്കളെ അനുഗ്രഹിച്ച അനുഗ്രഹമാവിതു: അവന്‍ പറഞ്ഞതെന്തെന്നാല്‍: യഹോവ സീനായില്‍ നിന്നു വന്നു. അവര്‍ക്കു സേയീറില്‍ നിന്നു ഉദിച്ചു. പാറാന്‍ പര്‍വ്വതത്തില്‍ നിന്നു വിളങ്ങി….. (ആവര്‍ത്തന പുസ്‌തകം:33 ല്‍ 1,2). സീനാ (سِينَا) യില്‍ നിന്നു വന്നതു മൂസാ (عليه الصلاة والسلام) നബിയെയും, സേയീരി (سَاعِيرِ)ല്‍ നിന്നു ഉദിച്ചതു ഈസാ (عليه الصلاة والسلام) നബിയെയും, പാറാനി (فَارَان) ല്‍ നിന്നു വിളങ്ങിയതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെയും കുറിക്കുന്നു. സേയിര്‍ ഫലസ്‌തീനിലും, പാറാന്‍ ഹിജാസിലുമുള്ള മലകളാകുന്നു.

(2) യിസ്രായേലിനെ നോക്കി മോശെ പറയുന്നു : നിന്‍റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്‍റെ മദ്‌ധ്യെ നിന്‍റെ സഹോദരന്‍മാരുടെ ഇടയില്‍ നിന്നു എഴുന്നേല്‍പിച്ചു തരും. അവന്‍റെ വചനം നിങ്ങള്‍ കേള്‍ക്കണം… യഹോവ എന്നോടു (മോശെയോടു) അരുളിച്ചെയ്‌തതു എന്തെന്നാല്‍… നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു അവരുടെ സഹോദരന്‍മാരുടെ ഇടയില്‍ നിന്നു എഴുന്നേല്‍പ്പിച്ചു. എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്‍മേല്‍ ആക്കും……(ആവര്‍ത്തനം: 18 ല്‍ 15-18) ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മകന്‍ ഇസ്‌ഹാക്വ്‌ (عليه الصلاة والسلام) ന്‍റെ സന്തതികളാണു ഇസ്രാഈല്യര്‍. അദ്ദേഹത്തിന്‍റെ മറ്റേ മകനായ ഇസ്‌മായീല്‍ (عليه الصلاة والسلام) ന്‍റെ സന്തതികളാണ്‌ അറബികള്‍. അതുകൊണ്ടാണു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെക്കുറിച്ചു നിങ്ങളുടെ സഹോദരന്‍മാരില്‍ നിന്നു എഴുന്നേല്‍പിക്കുമെന്നു പറഞ്ഞത്‌.

(3) ഇസ്‌മായീല്‍ (عليه الصلاة والسلام) കുട്ടിയായിരുന്നപ്പോള്‍ അദ്ദേഹത്തെയും മാതാവായ ഹാജറിനെയും മരുഭൂമിയിലേക്കു (അറേബ്യായിലേക്കു) കൊണ്ടാക്കിയ വിവരവും, വെള്ളം കിട്ടാതെ അവര്‍ വിഷമിച്ചതും വിവരിച്ചുകൊണ്ട്‌ ഇസ്‌മായീല്‍ (عليه الصلاة والسلام) നെപ്പറ്റി പറയുന്നു:- ദൈവം ബാലനോട്‌ കൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായി അവന്‍ പാറാന്‍ മരുഭൂമിയില്‍ പാര്‍ത്തു. (ഉല്‍പത്തി: 21-ല്‍ 20,21) അപ്പോള്‍, പാറാന്‍ മരുഭൂമിയില്‍ പാര്‍ത്ത ഇസ്‌മായീലിന്‍റെ സന്തതികളായ അറബികള്‍ ഇസ്രാഈല്യരുടെ സഹോദരങ്ങളാണെന്നു പറയേണ്ടതില്ലല്ലോ.

പുതിയ നിയമത്തിലെ ചില പരാമര്‍ശങ്ങള്‍:- (1) യേശു പറയുന്നു: എന്നാല്‍, ഞാന്‍ നിങ്ങളോടു സത്യം ചെയ്‌തു പറയുന്നു: ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം. ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനുബോധം വരുത്തും…. ഇനിയും വളരെ പറവാനുണ്ട്‌. എന്നാല്‍, നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്‍റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ കേള്‍ക്കുന്നതു സംസാരിക്കയും, വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചു തരുകയുംചെയ്യും… (യോഹന്നാന്‍: 16 ല്‍ 7-14). പരിശുദ്ധാത്മാവ്‌ എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരുകയും, ഞാന്‍ നിങ്ങളോടു പറയുന്നതൊക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. (യോഹന്നാന്‍: 14ല്‍ 26). സത്യത്തിന്‍റെ കാര്യസ്ഥന്‍ എന്നും, സത്യത്തിന്‍റെ ആത്മാവു എന്നും പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പേര്‍ സൂചിപ്പിക്കുന്ന ഫാറക്വലീത്വ (فَارَقَلِيط) എന്ന വാക്കില്‍ കാലക്രമേണയുണ്ടായിത്തീര്‍ന്ന ഭാഷാന്തര വ്യത്യാസമാകുന്നു. ഇതു സംബന്ധിച്ചു സൂഃ സ്വഫ്‌ഫ്‌ 6-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ കൂടുതല്‍ വിവരിച്ചിട്ടുണ്ട്‌. അവിടെ നോക്കുക. വേറെയും പല ഉദ്ധരണികള്‍ അവിടെ കൊടുത്തിട്ടുള്ളതും ശ്രദ്ധിക്കുക.

(2) യോഹന്നാന്‍റെ (യഹ്‌യാ (عليه الصلاة والسلام) നബിയുടെ) അടുക്കലേക്കു യഹൂദികള്‍ പുരോഹിതന്‍മാരെയും ലേവ്യരെയും അയച്ച്‌ നീ ആരാണെന്നു ചോദിച്ചപ്പോള്‍, അദ്ദേഹം: ഞാന്‍ ക്രിസ്‌തുവല്ല എന്നും, ഞാന്‍ ഏലിയാവല്ല എന്നും, ആ പ്രവാചകന്‍ അല്ല എന്നും മറുപടി പറഞ്ഞു. എന്നാല്‍ പിന്നെ നീ ആരാണെന്നു ചോദിച്ചപ്പോള്‍, ഞാന്‍ യശയ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ കര്‍ത്താവിന്‍റെ വഴി നേരെ ആക്കുന്നവന്‍ എന്നു വിളിച്ചു പറയുന്നവന്‍റെ ശബ്‌ദം ആകുന്നുവെന്നു അവന്‍ ഉത്തരം പറഞ്ഞു (യോഹന്നാന്‍ : 1 ല്‍ 20-24). അപ്പോള്‍, യഹ്‌യാ (عليه الصلاة والسلام) നബിയുടെ കാലത്തു അവര്‍ ഒരു ക്രിസ്‌തുവിനെയും ഒരു ഏലിയാവിനെയും കൂടാതെ, ഒരു പ്രത്യേക പ്രവാചകനെയും കാത്തിരുന്നുവെന്നു വ്യക്തമാണ്‌. ആ പ്രവാചകനത്രെ മുഹമ്മദ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ). (*)

——

(*). വേറെയും പല ഉദ്ധരണികളും ബൈബ്‌ളില്‍നിന്നു ഉദ്ധരിക്കുവാന്‍ കഴിയും. എല്ലാറ്റിനും വേദക്കാരുടെ അതതു കാലത്തെ മഹാസഭക്കാര്‍ അവരുടേതായ ചില വ്യാഖ്യാനങ്ങള്‍ നല്‍കി തങ്ങളുടെ ഹിതത്തിനൊപ്പിച്ചു തൃപ്‌തി അടഞ്ഞു കൊണ്ടിരിക്കുകയാണ്‌. എന്നിട്ടും അവ പരസ്‌പര വൈരുദ്ധ്യങ്ങളില്‍നിന്നു രക്ഷപ്പെടുന്നുമില്ല. ഇത്തരം കാര്യങ്ങള്‍ സവിശദം എടുത്തുകാട്ടിയും, വേദക്കാരുടെ കൈകടത്തലുകള്‍ സ്ഥാപിച്ചുംകൊണ്ടു പല മഹാന്‍മാരും പ്രത്യേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. അവയില്‍ പല നിലക്കും പ്രധാനപ്പെട്ട ഒരു ഗ്രന്ഥമത്രെ ഇബ്‌നുതൈമിയ്യഃ (رحمه الله) രചിച്ച الجَواب الصحِيح لمن بدل دين المسيح (മസീഹിന്‍റെ മതത്തെ മാറ്റി മറിച്ചവര്‍ക്കു ശരിയായ മറുപടി) എന്ന ഗ്രന്ഥം. കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച അല്ലാമ റഹ്‌മത്തുല്ലാഹില്‍ ഹിന്ദീ (رحمه الله) യുടെ اظهار الحق (സത്യം വെളിപ്പെടുത്തല്‍) എന്ന ഗ്രന്ഥവും കൂട്ടത്തില്‍ പ്രത്യേകം പ്രസിദ്ധമാകുന്നു. അരനൂറ്റാണ്ടിനു മുമ്പു രചിക്കപ്പെട്ട ഡോക്‌ടര്‍ മുഹമ്മദ്‌ തൗഫീക്വ്‌ അഫന്‍ദീ(رحمه الله)യുടെ دين الّله فى كتب انبيائه (പ്രവാചകന്‍മാരുടെ വേദഗ്രന്ഥങ്ങളില്‍ അല്ലാഹുവിന്‍റെ മതം) മുതലായവയും പ്രസ്‌താവ്യങ്ങളത്രെ. അതേ കാലത്തു ഈ രംഗത്തു വളരെ സേവനം ചെയ്‌ത കേരളത്തിലെ ഒരു ഗ്രന്ഥകാരനാണു സയ്യിദ്‌ഥനാഉല്ലാഹി എന്ന മഖ്‌ദീതങ്ങളും(رحمه الله).

——

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സവിശേഷതകളായി ഈ വചനത്തില്‍ പറയപ്പെട്ട കാര്യങ്ങള്‍ ഇവയാകുന്നു:-
(1,2) അദ്ദേഹം സദാചാരപരമായ നല്ലകാര്യങ്ങള്‍ കൊണ്ടു കല്‍പിക്കുകയും, ദുരാചാരപരമായ ചീത്ത കാര്യങ്ങളെ വിരോധിക്കുകയും ചെയ്യുന്നു. ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും ഒരു വിശദീകരണത്തിന്‍റെ ആവശ്യമില്ല. സദാചാര വിഷയങ്ങളില്‍വെച്ച്‌ ഏറ്റവും പ്രധാനമായതു ഏകദൈവ സിദ്ധാന്തവും (തൗഹീദും), ദുരാചാര വിഷയങ്ങളില്‍വെച്ചു ഏറ്റവും വമ്പിച്ചതു ബഹുദൈവ സിദ്ധാന്തവും (ശിര്‍ക്കും) തന്നെ. അവ രണ്ടും തൊട്ട്‌ ഭക്ഷണം കഴിക്കുന്നതു വലതു കൈകൊണ്ടായിരിക്കണമെന്നും, ശൗച്യം ചെയ്യുന്നതു ഇടതു കൈകൊണ്ടായിരിക്കണമെന്നും, വെള്ളം കുടിക്കുന്ന പാത്രത്തിലേക്കു ശ്വാസം വിടരുതെന്നും പോലെയുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളെ ഉപദേശിച്ചിട്ടുണ്ടെന്നുള്ളത്‌ ചരിത്ര പ്രസിദ്ധമത്രെ.

(3,4) അദ്ദേഹം നല്ലതായ വസ്‌തുക്കളെ അനുവദനീയമാക്കുകയും , ദുഷിച്ച വസ്‌തുക്കളെ നിഷിദ്ധമാക്കുകയും ചെയ്യുന്നു. വേദക്കാര്‍ നിഷിദ്ധമായി സ്വീകരിച്ചു വന്നിരുന്ന ഒട്ടക മാംസം, കൊഴുപ്പു മുതലായവ അനുവദനീയങ്ങളാണെന്നും, ശവം, പന്നിമാംസം, രക്തം, അല്ലാഹു അല്ലാത്തവര്‍ക്കു വഴിപാടാക്കപ്പെട്ടവ മുതലായ വസ്‌തുക്കള്‍ നിഷിദ്ധങ്ങളാണെന്നുമുള്ള ഇസ്‌ലാമിലെ നിയമങ്ങള്‍ പോലെയുള്ള പലതും ഇതിനു ഉദാഹരണങ്ങളാകുന്നു.

(5) അവരുടെ ഭാരവും, അവരിലുള്ള കുടുക്കും ബന്ധനങ്ങളും ഇറക്കിവെച്ചു ഒഴിവാക്കിക്കൊടുക്കുന്നു. വേദക്കാര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടിരുന്ന നിയമങ്ങള്‍ വഴിയോ, പിന്നീടു അവരുടെ പണ്ഡിത പുരോഹിതന്‍മാരുടെ കൈക്കു നടപ്പില്‍ വരുത്തപ്പെട്ട നടപടിക്രമങ്ങള്‍ വഴിയോ അവരില്‍ ഉണ്ടായിരുന്ന പല കര്‍ശന നിയമങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ‘ശരീഅത്തി’ല്‍ ലഘൂകരിക്കപ്പെട്ടിട്ടുണ്ടെന്നാണു ഇതിന്‍റെ താല്‍പര്യം. പശുക്കുട്ടിയെ ആരാധിച്ചതില്‍നിന്നുള്ള പശ്ചാത്താപത്തിന്‍റെ ഉപാധിയായി കുറ്റവാളികളെ കൊലപ്പെടുത്തണമെന്നു നിശ്ചയിച്ചതു, കൊലക്കുറ്റങ്ങളുടെ പ്രതികാര നടപടിയില്‍ പകരം കൊലപ്പെടുത്തല്‍ മാത്രം നിശ്ചയിക്കപ്പെട്ടിരുന്നത്‌. ധര്‍മ്മ യുദ്ധങ്ങളില്‍ ശത്രുപക്ഷത്തുനിന്നു ലഭിക്കുന്ന ‘ഗനീമത്തു’ സ്വത്തുക്കള്‍ ഉപയോഗിച്ചു കൂടാതിരുന്നത്‌. ശനിയാഴ്‌ച ദിവസം (ഞായറാഴ്‌ചയും തന്നെ) ജോലി ചെയ്‌വാന്‍ പാടില്ലെന്നുള്ളതു, ആരാധനാ കര്‍മ്മങ്ങളിലും ഇടപാടുകളിലും ഉണ്ടായിരുന്ന ചില കര്‍ക്കശ നിയമങ്ങള്‍ എന്നിങ്ങിനെ പല ഭാരങ്ങളില്‍നിന്നും കെട്ടിക്കുടുക്കുകളില്‍ നിന്നും അവര്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖേന ഇളവു ലഭിക്കുകയുണ്ടായിട്ടുണ്ട്‌.

മൊത്തമായി പറയുകയാണെങ്കില്‍, വേദക്കാര്‍ക്കിടയില്‍ നടപ്പുണ്ടായിരുന്ന നിയമ നടപടി ക്രമങ്ങളെക്കാള്‍ എത്രയോ ലഘുവായതും, സൗകര്യപ്രദമായതുമാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി മുഖാന്തരം നിലവിലുള്ള നിയമ നടപടിക്രമം. പണ്ഡിതവര്‍ഗ്ഗങ്ങളുടെ നിയമ നിര്‍മ്മാണ ചട്ടങ്ങളാല്‍ ബന്ധിക്കപ്പെട്ടിരുന്ന അവര്‍ക്കു ഇസ്‌ലാം അതില്‍ നിന്നു മോചനം നല്‍കി. ഇസ്‌ലാമിലെ അടിസ്ഥാനപരമായ ഒരു പൊതുതത്വമായി അല്ലാഹു അറിയിക്കുന്നു: يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ (അല്ലാഹു നിങ്ങളില്‍ എളുപ്പത്തെ ഉദ്ദേശിക്കുന്നു, നിങ്ങളില്‍ അവന്‍ ഞെരുക്കത്തെ ഉദ്ദേശിക്കുന്നുമില്ല (2: 185). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: «يَسِّرُوا وَلاَ تُعَسِّرُوا، وَبَشِّرُوا، وَلاَ تُنَفِّرُوا» (നിങ്ങള്‍ സന്തോഷപ്പെടുത്തുവിന്‍, വെറുപ്പിക്കരുത്‌; എളുപ്പമുണ്ടാക്കുകയും ചെയ്യുവിന്‍. ഞെരുക്കമുണ്ടാക്കരുതു. (ബു; മു).

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രത്യേകതകളും സവിശേഷതകളും ചൂണ്ടിക്കാട്ടുകയും, തൗറാത്തിലും ഇഞ്ചീലിലും പ്രവചിക്കപ്പെട്ട ആ പ്രവാചകന്‍ തന്നെയാണു തിരുമേനിയെന്നു പരിചയപ്പെടുത്തുകയും ചെയ്‌തശേഷം അല്ലാഹു പറയുന്നു: അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ ബഹുമാനിക്കുകയും – അഥവാ സഹായിച്ചും ശക്തിപ്പെടുത്തിയും വരുകയും – അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തെ സഹായിച്ചുകൊണ്ടിരിക്കുകയും, അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട പ്രകാശത്തെ – അഥവാ വിശുദ്ധ ക്വുര്‍ആനെ-പിന്‍പറ്റി നടക്കുകയും ചെയ്യുന്നവര്‍ മാത്രമാണു വിജയികളെന്നു. അതെ, ഇങ്ങിനെ ചെയ്യുന്നവര്‍ ആരായാലും ശരി – അവര്‍ വേദക്കാരാവട്ടെ അല്ലാതിരിക്കട്ടെ – അവര്‍ക്കേ വിജയമുള്ളുവെന്നു. عزر (അസ്‌സറ)എന്ന വാക്കിനു ‘ബഹുമാനിച്ചു, ശക്തിപ്പെടുത്തി, സഹായിച്ചു’ എന്നും മറ്റും അര്‍ത്ഥങ്ങളുണ്ട്‌. ‘ബഹുമാനിക്കുന്നതോടൊപ്പം സഹായം നല്‍കുക (النصرة مع التعظيم) എന്നാണു ഇമാം റാഗിബ്‌ (رحمه الله) മുതലായവര്‍ അതിനു അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്‌.

വിഭാഗം - 20

7:158
  • قُلْ يَـٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِ ٱلنَّبِىِّ ٱلْأُمِّىِّ ٱلَّذِى يُؤْمِنُ بِٱللَّهِ وَكَلِمَـٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ ﴾١٥٨﴿
  • (നബിയേ) പറയുക: 'ഹേ, മനുഷ്യരേ, നിശ്ചയമായും ഞാന്‍, നിങ്ങള്‍ എല്ലാവരിലേക്കും ഉള്ള അല്ലാഹുവിന്റെ റസൂല്‍ [ദൂതന്‍] ആകുന്നു; അതായതു, ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധികാരം യാതൊരുവന്നാണോ അവന്റെ (റസൂലാകുന്നു). അവനല്ലാതെ ആരാധ്യനില്ല; അവന്‍ ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു.

    ആകയാല്‍, അല്ലാഹുവിലും അവന്റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവിന്‍; (അതെ) അല്ലാഹുവിലും, അവന്റെ വാക്യങ്ങളിലും വിശ്വസിക്കുന്ന 'ഉമ്മിയ്യാ'യ [അക്ഷരജ്ഞാനമില്ലാത്ത] പ്രവാചകന്‍. അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്യുവിന്‍; നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചേക്കാം.'
  • قُلْ പറയുക يَا أَيُّهَا النَّاسُ ഹേ, മനുഷ്യരേ إِنِّي നിശ്ചയമായും ഞാന്‍ رَسُولُ اللَّـهِ അല്ലാഹുവിന്റെ റസൂലാണു, ദൂതനാകുന്നു إِلَيْكُمْ നിങ്ങളിലേക്കു മുഴുവനും, جَمِيعًا എല്ലാം الَّذِي യാതൊരുവന്‍, യാതൊരുത്തന്റെ لَهُ അവന്നാണു, അവന്റേതാണു مُلْكُ രാജത്വം, രാജാധികാരം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും لَا إِلَـٰهَ ഒരു ഇലാഹു (ആരാധ്യനും ദൈവവും) ഇല്ല إِلَّا هُوَ അവനല്ലാതെ يُحْيِي അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ മരണപ്പെടുത്തുകയും ചെയ്യുന്നു فَآمِنُوا അതിനാല്‍ വിശ്വസിക്കുവിന്‍ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും النَّبِيِّ الْأُمِّيِّ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ الَّذِي يُؤْمِنُ വിശ്വസിക്കുന്നവനായ بِاللَّـهِ അല്ലാഹുവില്‍ وَكَلِمَاتِهِ അവന്റെ വാക്കു (വാക്യം) കളിലും وَاتَّبِعُوهُ അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്യുവിന്‍ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَهْتَدُونَ നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കും.

മൂസാ (عليه الصلاة والسلام) നബിയെയും, ഇസ്രാഈല്യരെയും, തൗറാത്തിനെയും സംബന്ധിച്ചു വിവരിക്കുന്ന മദ്ധ്യെ തൗറാത്തിലും ഇഞ്ചീലിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചു വന്ന ചില പരാമര്‍ശങ്ങളെപ്പറ്റി 156-ാം വചനത്തില്‍ സൂചിപ്പിച്ചു. 157-ാം വചനത്തില്‍ അതിനെപ്പറ്റി ഒന്നുകൂടി വിശദമാക്കി. അതിനുശേഷം, ആ പരാമര്‍ശങ്ങളും പ്രവചനങ്ങളും ഇതാ സാക്ഷാല്‍കൃതമായിരിക്കുന്നുവെന്നുള്ള ഒരു വിളംബരമാണു ഈ വചനമെന്നു പറയാം. ആകാശഭൂമികളുടെയെല്ലാം അധിപനും കൈകാര്യകര്‍ത്താവുമായ അല്ലാഹുവിങ്കല്‍ നിന്നു വേദ – കുല – കാല- ദേശ – ഭാഷാ വ്യത്യാസമന്യെ സകല മനുഷ്യരിലേക്കുമായി അയക്കപ്പെട്ട ദൈവദൂതനാണു ഈ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ഞാന്‍; അല്ലാഹുവിലും, എല്ലാം പ്രവാചകന്‍മാര്‍ക്കും അവനാല്‍ നല്‍കപ്പെട്ട അവന്റെ എല്ലാ വചനങ്ങളിലും വിശ്വസിക്കുന്ന ആളാണു ഞാന്‍; അതുകൊണ്ട് നിങ്ങള്‍ സന്മാര്‍ഗ്ഗികളായിത്തീരേണ്ടതിനു അല്ലാഹുവിലും എന്നിലും നിങ്ങള്‍ വിശ്വസിക്കുകയും, ഞാന്‍ കൊണ്ടുവന്ന മാര്‍ഗ്ഗം നിങ്ങള്‍ പിന്‍തുടരുകയും ചെയ്യേണ്ടതുണ്ടു എന്നൊക്കെ മനുഷ്യലോകത്തോടു പ്രഖ്യാപനം ചെയ്യണമെന്നു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു കല്‍പിക്കുകയാണ്.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രവാചകത്വത്തെ അടിയോടെ നിഷേധിക്കാതെ – മുസ്‌ലിം പാമര ജനങ്ങളെ വഴിപിഴപ്പിക്കുവാന്‍ വേണ്ടി – അവിടുന്നു അറബികളിലേക്കു മാത്രം നിയോഗിക്കപ്പെട്ട റസൂലാണെന്നും, വേദക്കാരിലേക്കു തിരുമേനി റസൂലായി നിയോഗിക്കപ്പെട്ടിട്ടില്ലെന്നും ചില അരമുറി ക്വുര്‍ആന്‍ വാക്യങ്ങള്‍ എടുത്തുദ്ധരിച്ചു കൊണ്ട് ചില ക്രിസ്തീയ പാതിരിമാര്‍ സമര്‍ത്ഥിക്കാറുണ്ട്. അതുപോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ‘ശരീഅത്തു’ നിയമങ്ങളില്‍ ചിലതൊക്കെ അക്കാലത്തെയും, അന്നത്തെ ജനങ്ങളേയും മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതാണു – ഈ പരിഷ്കൃത കാലത്തെയും, ഇക്കാലത്തെ ജനങ്ങളെയും ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല – എന്നു മുസ്‌ലിം നാമധാരികളായ ചില ആധുനിക തല്‍പരന്മാരും (അഥവാ മോഡേണിസ്റ്റുകളും) ജല്‍പിക്കുന്നതു കാണാം. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇതെല്ലാം അവരുടെ സ്വയം സൃഷ്ടിയാണെന്നും, അല്ലാഹുവിന്റെയും, റസൂലിന്റെയും പേരില്‍ താല്‍പര്യപൂര്‍വ്വം നടത്തപ്പെടുന്ന കള്ള പ്രചരണമാണെന്നും ഈ വചനത്തില്‍നിന്നും, ഇതുപോലെയുള്ള മറ്റു പല വചനങ്ങളില്‍ നിന്നും സ്പഷ്ടമത്രെ.

റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അരുളിച്ചെയ്തതായി ജാബിര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: ” മുമ്പ് ഒരു പ്രവാചകന്നും നല്കപ്പെട്ടിട്ടില്ലാത്ത അഞ്ചു കാര്യങ്ങള്‍ എനിക്കു നല്‍കപ്പെട്ടിരിക്കുന്നു ഒരു മാസത്തെ വഴി ദൂരത്തില്‍ (എന്നെപ്പറ്റി ശത്രു ജങ്ങള്‍ക്കു) ഭീതി നല്‍കിക്കൊണ്ടു എനിക്കു സഹായം നല്‍കപ്പെട്ടിരിക്കുന്നു. ഭൂമി എനിക്കു നമസ്കാര സ്ഥലവും ശുദ്ധീകരണ വസ്തുവും ആക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു എന്റെ സമുദായത്തില്‍ ആര്‍ക്കെങ്കിലും നമസ്കാര സമയം വന്നാല്‍ അവന്‍ നമസ്ക്കരിച്ചുകൊള്ളട്ടെ. എനിക്കു ‘ഗനീമത്തു’ (ധര്‍മ്മയുദ്ധത്തില്‍ ശത്രുക്കളില്‍ നിന്നു ലഭിക്കുന്ന) സ്വത്തുക്കള്‍ അനുവദനീയമാക്കപ്പെട്ടിരിക്കുന്നു. എന്റെ മുമ്പ് ആര്‍ക്കും അതു അനുവദനീയമാക്കപ്പെട്ടിരുന്നില്ല. എനിക്കു ‘ശഫാഅത്തു’ (ക്വിയാമത്തുനാളില്‍ ജനങ്ങളെ വിചാരണക്കെടുക്കുവാന്‍വേണ്ടി അല്ലാഹുവിനോടു ചെയ്യുന്ന ശുപാര്‍ശ) നല്‍കപ്പെട്ടിരിക്കുന്നു. പ്രവാചകന്‍മാര്‍ അവരുടെ ജനതയിലേക്കായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്. ഞാന്‍ മനുഷ്യരിലേക്കു മുഴുവനുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു.” (ബു; മു). ഇതുപോലെ വേറെയും പല ഹദീഥുകള്‍ കാണാം.

7:159
  • وَمِن قَوْمِ مُوسَىٰٓ أُمَّةٌ يَهْدُونَ بِٱلْحَقِّ وَبِهِۦ يَعْدِلُونَ ﴾١٥٩﴿
  • മൂസായുടെ ജനങ്ങളില്‍(തന്നെ) യഥാര്‍ത്ഥമനുസരിച്ചു മാര്‍ഗ്ഗദര്‍ശനം നല്‍കുകയും, അതനുസരിച്ചു തന്നെ നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉണ്ടുതാനും.
  • وَمِن قَوْمِ ജനങ്ങളിലുണ്ടു, ജനതയില്‍പെട്ടതാണു مُوسَىٰ മൂസായുടെ أُمَّةٌ ഒരു സമൂഹം يَهْدُونَ അവര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു, സന്മാര്‍ഗ്ഗത്തില്‍ ചലിക്കുന്നു بِالْحَقِّ യഥാര്‍ത്ഥമനുസരിച്ചു وَبِهِ അതനുസരിച്ചു തന്നെ يَعْدِلُونَ അവര്‍ നീതി (മര്യാദ) പാലിക്കുന്നു (താനും).

മുന്‍വചനങ്ങളില്‍ കഴിഞ്ഞുപോയ പൊതുവായ ചില പരാമര്‍ശങ്ങളില്‍ നിന്ന് മൂസാ (عليه الصلاة والسلام) നബിയുടെ സമുദായം മുഴുക്കെ പിഴച്ചു പോയിട്ടുണ്ടെന്നും, അവരില്‍ സന്മാര്‍ഗ്ഗത്തില്‍ അവശേഷിക്കുന്നവര്‍ ആരുമില്ലെന്നും ഒരു തെറ്റിദ്ധാരണക്കവകാശമുണ്ടു. ആ ധാരണ ശരിയല്ലെന്നു ഇടക്കുവെച്ച് ഈ വചനം മുഖേന അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്. യഥാര്‍ത്ഥ പ്രകാരം ജനങ്ങള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും, ന്യായം തെറ്റാതെ യഥാര്‍ത്ഥമനുസരിച്ചു തന്നെ പ്രവര്‍ത്തിച്ചും വരുന്ന ചില ആളുകള ആ സമുദായത്തില്‍ ഉണ്ടെന്നു അല്ലാഹു അറിയിക്കുന്നു. അതുകൊണ്ടാണു യഹൂദികളില്‍ നിന്നും ചില വ്യക്തികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുവാന്‍ മുന്നോട്ടു വന്നതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമനത്തിനുശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചു അറിവായിട്ടു പിന്നെയും വിശ്വസിക്കുവാന്‍ തയ്യാറാകാത്തവര്‍ ഇതില്‍ ഉള്‍പെടുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ല. (‘സമൂഹം’ എന്നു ഇവിടെ അര്‍ത്ഥം കല്‍പിക്കപ്പെട്ട أُمَّةٌ എന്ന വാക്കിന്റെ അര്‍ത്ഥങ്ങളെപ്പറ്റി 164-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിക്കാം. ان شاء الله).

7:160
  • وَقَطَّعْنَـٰهُمُ ٱثْنَتَىْ عَشْرَةَ أَسْبَاطًا أُمَمًا ۚ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ إِذِ ٱسْتَسْقَىٰهُ قَوْمُهُۥٓ أَنِ ٱضْرِب بِّعَصَاكَ ٱلْحَجَرَ ۖ فَٱنۢبَجَسَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۚ وَظَلَّلْنَا عَلَيْهِمُ ٱلْغَمَـٰمَ وَأَنزَلْنَا عَلَيْهِمُ ٱلْمَنَّ وَٱلسَّلْوَىٰ ۖ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ ۚ وَمَا ظَلَمُونَا وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ ﴾١٦٠﴿
  • അവരെ നാം പന്ത്രണ്ടു ഗോത്രങ്ങളായി - അതായതു സമൂഹങ്ങളായി - മുറി(ച്ചു ഭാഗി)ച്ചു. മൂസയുടെ ജനങ്ങള്‍ അദ്ദേഹത്തോടു (വെള്ളം) കുടിപ്പാന്‍ കൊടുക്കുവാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു നാം 'വഹ്-യു' [സന്ദേശം] നല്‍കി: "നിന്റെ വടികൊണ്ട് പാറക്കല്ലിന്ന് അടിച്ചു കൊള്ളുക" എന്നു. അപ്പോള്‍, അതില്‍നിന്നു പന്ത്രണ്ടു നീരുറവകള്‍ പൊട്ടി ഒഴുകി. (അവരില്‍) എല്ലാ മനുഷ്യരും അവ(രവ)ര്‍ക്കു കുടിക്കുവാനുള്ള സ്ഥാനം അറിയുകയുണ്ടായി.

    അവര്‍ക്കു നാം മേഘത്തെ തണലാക്കിക്കൊടുക്കുകയും ചെയ്തു. അവര്‍ക്കു നാം 'മന്നാ'യും, 'സല്‍വാ'യും ഇറക്കിക്കൊടുക്കുകയും ചെയ്തു. 'നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള നല്ല (വിശിഷ്ട) വസ്തുക്കളില്‍ നിന്നു തിന്നുകൊള്ളുവിന്‍' (എന്നു നാം പറഞ്ഞു). (എന്നാല്‍,) അവര്‍ നമ്മോട് (ഒന്നും) അക്രമം ചെയ്തില്ല; എങ്കിലും, അവര്‍ അവരോടു തന്നെയായിരുന്നു അക്രമം ചെയ്തിരുന്നതു.
  • وَقَطَّعْنَاهُمُ അവരെ നാം മുറിക്കുക (കഷ്ണിക്കുക - ഭാഗിക്കുക - പിരിക്കുക)യും ചെയ്തു اثْنَتَيْ عَشْرَةَ പന്ത്രണ്ടു أَسْبَاطًا ഗോത്രങ്ങളായി أُمَمًا സമൂഹങ്ങളായി, കൂട്ടങ്ങളായി وَأَوْحَيْنَا നാം വഹ്-യ് (സന്ദേശം) നല്‍കുകയും ചെയ്തു إِلَىٰ مُوسَىٰ മൂസാക്കു إِذِ اسْتَسْقَاهُ അദ്ദേഹത്തോട് കുടിക്കുവാനാവശ്യപ്പെട്ട (വെള്ളം തേടിയ)പ്പോള്‍ قَوْمُهُ അദ്ദേഹത്തിന്റെ ജനത أَنِ اضْرِب നീ അടിക്കുക എന്നു بِّعَصَاكَ നിന്റെ വടികൊണ്ടു الْحَجَرَ പാറക്ക്, പാറക്കല്ലിനെ فَانبَجَسَتْ അപ്പോള്‍ പൊട്ടി ഒഴുകി مِنْهُ അതില്‍നിന്നു, അതിലൂടെ اثْنَتَا عَشْرَةَ പന്ത്രണ്ടു عَيْنًا നീരുറവ, അരുവി قَدْ عَلِمَ അറിഞ്ഞിട്ടുണ്ട്, അറിയുകയുണ്ടായി كُلُّ أُنَاسٍ എല്ലാ മനുഷ്യരും (മനുഷ്യക്കൂട്ടങ്ങളും) مَّشْرَبَهُمْ അവരുടെ കുടിക്കുന്ന സ്ഥലം وَظَلَّلْنَا നാം തണലാക്കുകയും ചെയ്തു, നിഴലിട്ടു കൊടുത്ത് عَلَيْهِمُ അവരുടെമേല്‍, അവര്‍ക്കു الْغَمَامَ മേഘത്തെ وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു عَلَيْهِمُ അവരില്‍, അവര്‍ക്കു الْمَنَّ മന്നാ (കട്ടിത്തേന്‍) وَالسَّلْوَىٰ സല്‍വായും (കാടപ്പക്ഷിയും) كُلُوا തിന്നുകൊള്ളുവിന്‍ مِن طَيِّبَاتِ നല്ല (ശുദ്ധ - വിശിഷ്ട) വസ്തുക്കളില്‍ നിന്നു مَا رَزَقْنَاكُمْ നിങ്ങള്‍ക്കു നാം നല്‍കിയതിലെ وَمَا ظَلَمُونَا അവര്‍ നമ്മോട് അക്രമം ചെയ്തതുമില്ല وَلَـٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ അവരോടു തന്നെ يَظْلِمُونَ അക്രമം ചെയ്യുക.

ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ മകനായ ഇസ്ഹാക്വ് (عليه الصلاة والسلام) നബിയുടെ മകന്‍ യഅ്ക്വൂബ് (عليه الصلاة والسلام) നബിക്കു ഇസ്രാഈല്‍ എന്നും ഒരു പേരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പന്ത്രണ്ടു പുത്രന്‍മാരില്‍നിന്നു പെരുകിയുണ്ടായ സന്താനപരമ്പരകള്‍ക്കാണു പന്ത്രണ്ടു ഇസ്രാഈല്‍ ഗോത്രങ്ങള്‍ എന്നു പറയുന്നത്. ഓരോ ഗോത്രവും അതതു ഗോത്രത്തിന്റെ ആദ്യ പിതാവിന്റെ നാമത്തില്‍ അറിയപ്പെടുന്നു. ആശീര്‍, ദാന്‍, ഗാദു (ജാദ്), യിസ്സാഖാര്‍, യഹൂദാ, നഫ്താലീ, റൂബിന്‍ (റൂബേന്‍, ശംഊന്‍ (ശിമയോന്‍), സബൂലൂല്‍ (സെബുലൂന്‍), ലാവീ (ലേവീ), യൂസുഫ്, ബിന്‍യാമീന്‍ ഇവയാണ് ആ നാമങ്ങള്‍. ഇതില്‍ യൂസുഫ് (عليه الصلاة والسلام) ന്റെ സന്തതികള്‍ പിന്നീടു അദ്ദേഹത്തിന്റെ രണ്ടു മക്കളായ അഫ്രായീം, മനശ്ശാ (എഫ്രയീം, മനാശ്ശ) എന്നിങ്ങിനെ രണ്ടു പേരില്‍ അറിയപ്പെടുകയുണ്ടായെങ്കിലും മൊത്തത്തില്‍ ഇസ്രാഈല്യര്‍ പന്ത്രണ്ടു ഗോത്രങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു. സീനാ അര്‍ദ്ധ ദ്വീപിലെ മരുഭൂമിയില്‍ അവിടവിടെയായി നാല്‍പതുകൊല്ലം കഴിഞ്ഞുകൂടിയ അവര്‍ മൂസാ (عليه الصلاة والسلام) നബിയുടെ ശേഷം യൂശഉ് (عليه الصلاة والسلام) നബിയുടെ നേതൃത്വത്തില്‍ ശാമിലെ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ക്രമേണ കുടിയേറിപ്പാര്‍ത്തു. (*).

—-

(*). അതതു ഗോത്രങ്ങള്‍ കുടിയേറിപ്പാര്‍ത്ത പ്രദേശങ്ങള്‍ 2-ാം നമ്പര്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിക്കാണാം. പന്ത്രണ്ട് ഗോത്ര നാമങ്ങളുടെ അറബി രൂപം ക്രമപ്രകാരം ഇങ്ങിനെ ഉപയോഗിച്ചു വരുന്നു.
أَشِيرَ , دَانَ, جَادَ, يَسَّاكَرَ, يَهُوذَا, نَفْتَالِي, رَأُوبِينَ, شَمْعُونَ, زَبُولُونَ, لاَوِي, يُوسُفُ, (أَفْرَايِمُ, مَنَسَّى), بنْيَامِينَ

——-

ഇസ്രാഈല്യര്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടിയപ്പോള്‍, അല്ലാഹുവിന്റെ കല്‍പനപ്രകാരം മൂസാ (عليه الصلاة والسلام) പാറക്കല്ലിനു അടിക്കുകയും, അതില്‍നിന്നു പന്ത്രണ്ടു ഉറവുകള്‍ പൊട്ടി ഒഴുകുകയും ചെയ്ത സംഭവത്തെപ്പറ്റി സൂ: അല്‍ബക്വറ 60ലും, അവര്‍ക്കു മരുഭൂമിയില്‍വെച്ചു മേഘത്തണല്‍ നല്‍കിയതിനെക്കുറിച്ചും, ‘മന്നാ’യും ‘സല്‍വാ’യും (ഒരുതരം കട്ടിത്തേനും, കാടപ്പക്ഷി പോലുള്ള ഒരുതരം പക്ഷിയും) ആഹാരം നല്‍കിയതിനെക്കുറിച്ചു 57ലും മുമ്പു വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അവിടെ നോക്കുക.

7:161
  • وَإِذْ قِيلَ لَهُمُ ٱسْكُنُوا۟ هَـٰذِهِ ٱلْقَرْيَةَ وَكُلُوا۟ مِنْهَا حَيْثُ شِئْتُمْ وَقُولُوا۟ حِطَّةٌ وَٱدْخُلُوا۟ ٱلْبَابَ سُجَّدًا نَّغْفِرْ لَكُمْ خَطِيٓـَٔـٰتِكُمْ ۚ سَنَزِيدُ ٱلْمُحْسِنِينَ ﴾١٦١﴿
  • അവരോടു പറയപ്പെട്ട സന്ദര്‍ഭവും (ഓര്‍ക്കുക): 'നിങ്ങള്‍ ഈ രാജ്യത്ത് താമസിക്കുകയും, അതില്‍ നിന്നു നിങ്ങള്‍ ഉദ്ദേശിച്ചേടത്തു നിന്നു തിന്നുകയും ചെയ്തു കൊള്ളുവിന്‍; നിങ്ങള്‍ 'ഹിത്ത്വതുന്‍' [പാപമോചനം] എന്നു പറയുകയും, 'സുജൂദു' ചെയ്തു [തലകുനിച്ചു] കൊണ്ട് (അതിന്റെ) പടിവാതില്‍ കടക്കുകയും ചെയ്യുവിന്‍. (എന്നാല്‍) നിങ്ങള്‍ക്കു നിങ്ങളുടെ തെറ്റുകളെ നാം പൊറുത്തു തരുന്നതാണ്. സുകൃതവാന്‍മാര്‍ക്കു നാം (വഴിയെ) വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്.
  • وَإِذْ قِيلَ പറയപ്പെട്ട സന്ദര്‍ഭവും لَهُمُ അവരോടു اسْكُنُوا താമസിക്കു (പാര്‍ക്കു) വിന്‍ هَـٰذِهِ الْقَرْيَةَ ഈ രാജ്യത്ത് وَكُلُوا തിന്നുകയും ചെയ്യുവിന്‍ مِنْهَا അതില്‍നിന്നു حَيْثُ شِئْتُمْ നിങ്ങള്‍ ഉദ്ദേശിച്ചേടത്തു (നിന്നു), ഉദ്ദേശിച്ച പ്രകാരം وَقُولُوا പറയുകയും ചെയ്യുവിന്‍ حِطَّةٌ താഴ്ത്തല്‍ (പാപമോചനം), ഇറക്കിവെക്കുക وَادْخُلُوا പ്രവേശിക്കുക (കടക്കുക) യും ചെയ്യുവിന്‍ الْبَابَ വാതില്‍, പടിവാതില്‍, കവാടം سُجَّدًا സുജൂദു ചെയ്യുന്നവരായി, തലകുനിച്ചവരായി نَّغْفِرْ لَكُمْ നിങ്ങള്‍ക്കു നാം പൊറുത്തു തരും خَطِيئَاتِكُمْ നിങ്ങളുടെ തെറ്റുകള്‍, പിഴവു (പാപം) കള്‍ سَنَزِيدُ നാം (വഴിയെ) വര്‍ദ്ധിപ്പിക്കും الْمُحْسِنِينَ നന്മ ചെയ്യുന്നവര്‍ക്കു, സുകൃതവാന്‍മാര്‍ക്കു.
7:162
  • فَبَدَّلَ ٱلَّذِينَ ظَلَمُوا۟ مِنْهُمْ قَوْلًا غَيْرَ ٱلَّذِى قِيلَ لَهُمْ فَأَرْسَلْنَا عَلَيْهِمْ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَظْلِمُونَ ﴾١٦٢﴿
  • എന്നിട്ട്, അവരില്‍ നിന്നു അക്രമം പ്രവര്‍ത്തിച്ചവര്‍, തങ്ങളോടു പറയപ്പെട്ടതല്ലാത്ത ഒരു വാക്കു (അതിനു) പകരമാക്കി (മാറ്റി). അതിനാല്‍, അവരുടെ മേല്‍ നാം ആകാശത്തു നിന്ന് ഒരു (കഠിന) ശിക്ഷ അയച്ചു; അവര്‍ അക്രമം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതു നിമിത്തം.
  • فَبَدَّلَ എന്നിട്ടു പകരമാക്കി, മാറ്റി മറിച്ചു الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ مِنْهُمْ അവരില്‍നിന്നു قَوْلًا ഒരുവാക്കു غَيْرَ ഒഴികെ الَّذِي قِيلَ لَهُمْ അവരോടു പറയപ്പെട്ട فَأَرْسَلْنَا അപ്പോള്‍ നാം അയച്ചു عَلَيْهِمْ അവരില്‍ رِجْزًا ഒരു (കഠിന) ശിക്ഷ مِّنَ السَّمَاءِ ആകാശത്തുനിന്നു بِمَا كَانُوا അവര്‍ ആയിരുന്നതു നിമിത്തം (കൊണ്ടു) يَظْلِمُونَ അവര്‍ അക്രമം ചെയ്യും.

ഈ വിവരവും അല്‍ബക്വറഃ 58, 59 വചനങ്ങളില്‍ കഴിഞ്ഞുപോയിട്ടുണ്ടു. വിശദ വിവരങ്ങള്‍ക്കു അവയുടെ വ്യാഖ്യാനം നോക്കുക.