വിഭാഗം - 11

7:85
  • وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَـٰحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ﴾٨٥﴿
  • മദ്-യനിലേക്കു അവരുടെ [മദ്-യന്‍കാരുടെ] സഹോദരന്‍ ശുഐബിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: 'എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കില്ല.

    നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങള്‍ക്കു വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍, നിങ്ങള്‍ അളത്തവും, തൂക്കവും (ജനങ്ങള്‍ക്കു) പൂര്‍ത്തിയാക്കികൊടുക്കുവിന്‍, മനുഷ്യര്‍ക്കു അവരുടെ സാധനങ്ങള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യരുത്. ഭൂമിയെ നന്നാക്കിത്തീര്‍ത്തതിനു ശേഷം, നിങ്ങളതില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യരുത്.

    അതു നിങ്ങള്‍ക്കു ഉത്തമമത്രെ - നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍!
  • وَإِلَىٰ مَدْيَنَ മദ്-യനിലേക്കും أَخَاهُمْ അവരുടെ സഹോദരനെ شُعَيْبًا ശുഐബിനെ قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ اعْبُدُوا اللَّهَ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരു ഇലാഹും, ആരാധ്യനുംതന്നെ غَيْرُهُ അവനല്ലാതെ قَدْ جَاءَتْكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു, തീര്‍ച്ചയായും വന്നിരിക്കുന്നു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു فَأَوْفُوا അതിനാല്‍ നിറവേറ്റിക്കൊടുക്കുവിന്‍ الْكَيْلَ അളവു, അളത്തം وَالْمِيزَانَ തൂക്കവും, തുലാസ്സും وَلَا تَبْخَسُوا നിങ്ങള്‍ നഷ്ടപ്പെടുത്തുക (കുറക്കുക) യും ചെയ്യരുതു النَّاسَ മനുഷ്യര്‍ക്കു أَشْيَاءَهُمْ അവരുടെ വസ്തു (സാധനം) ക്കളെ وَلَا تُفْسِدُوا നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കരുതു فِي الْأَرْضِ ഭൂമിയില്‍ بَعْدَ إِصْلَاحِهَا അതിനെ നന്നാക്കിയതിനുശേഷം ذَٰلِكُمْ അതു (മുകളില്‍ പറഞ്ഞതു) خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഉത്തമമാകുന്നു إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വസിക്കുന്നവര്‍ (സത്യവിശ്വാസികള്‍).
7:86
  • وَلَا تَقْعُدُوا۟ بِكُلِّ صِرَٰطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ بِهِۦ وَتَبْغُونَهَا عِوَجًا ۚ وَٱذْكُرُوٓا۟ إِذْ كُنتُمْ قَلِيلًا فَكَثَّرَكُمْ ۖ وَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ ﴾٨٦﴿
  • '(ജനങ്ങളെ) ഭീഷണിപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ എല്ലാ പാതകളിലും ഇരിക്കുകയും ചെയ്യരുത്; അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു അവനില്‍ വിശ്വസിച്ചവരെ തിരിച്ചു വിട്ടുകൊണ്ടും, അതിനു വളവ് (ഉണ്ടായിരിക്കുവാന്‍)ആഗ്രഹിച്ചുകൊണ്ടും (ഇരിക്കരുത്).

    നിങ്ങള്‍ അല്‍പം ആളുകളായിരുന്നിട്ട് നിങ്ങളെ അവന്‍ വര്‍ദ്ധിപ്പിച്ചു തന്നതു നിങ്ങള്‍ ഓര്‍ക്കുവിന്‍. കുഴപ്പമുണ്ടാക്കുന്നവരുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്നു നോക്കുകയും ചെയ്യുവിന്‍.
  • وَلَا تَقْعُدُوا നിങ്ങള്‍ ഇരിക്കുകയും ചെയ്യരുതു بِكُلِّ صِرَاطٍ എല്ലാ പാത (വഴി) യിലും تُوعِدُونَ നിങ്ങള്‍ ഭീഷണിപ്പെടുത്തിക്കൊണ്ടു وَتَصُدُّونَ നിങ്ങള്‍ തിരിച്ചു വിട്ടു (തട്ടി വിട്ടു) കൊണ്ടും عَن سَبِيلِ മാര്‍ഗ്ഗത്തില്‍നിന്നു اللَّهِ അല്ലാഹുവിന്റെ مَنْ آمَنَ بِهِ അവനില്‍ വിശ്വസിച്ചവരെ وَتَبْغُونَهَا നിങ്ങള്‍ അതിനെതേടി (അതിനു ആഗ്രഹിച്ചു) കൊണ്ടും عِوَجًا വളഞ്ഞതായി(രിക്കുവാന്‍) وَاذْكُرُوا നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ إِذْ كُنتُمْ നിങ്ങള്‍ ആയിരുന്നതിനെ قَلِيلًا അല്‍പം (ആളുകള്‍) فَكَثَّرَكُمْ എന്നിട്ട് അവന്‍ നിങ്ങളെ പെരുപ്പിച്ചു, വര്‍ദ്ധിപ്പിച്ചു وَانظُرُوا നിങ്ങള്‍ നോക്കുകയും ചെയ്യുവിന്‍ كَيْفَ كَانَ എങ്ങിനെ ആയിരുന്നുവെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُفْسِدِينَ കുഴപ്പക്കാരുടെ, നാശക്കാരുടെ.
7:87
  • وَإِن كَانَ طَآئِفَةٌ مِّنكُمْ ءَامَنُوا۟ بِٱلَّذِىٓ أُرْسِلْتُ بِهِۦ وَطَآئِفَةٌ لَّمْ يُؤْمِنُوا۟ فَٱصْبِرُوا۟ حَتَّىٰ يَحْكُمَ ٱللَّهُ بَيْنَنَا ۚ وَهُوَ خَيْرُ ٱلْحَـٰكِمِينَ ﴾٨٧﴿
  • "ഞാന്‍ യാതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍. നിങ്ങളില്‍ നിന്ന് ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, ഒരു വിഭാഗം വിശ്വസിച്ചിട്ടില്ലാതിരിക്കുകയുമാണെങ്കില്‍, എന്നാല്‍ - നമുക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതുവരെ ക്ഷമിക്കുവിന്‍.

    അവന്‍ വിധി കര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനായുള്ളവനത്രെ."
  • وَإِن كَانَ ആകുന്നുവെങ്കില്‍ طَائِفَةٌ مِّنكُمْ നിങ്ങളില്‍ നിന്നു ഒരു വിഭാഗം آمَنُوا അവര്‍ വിശ്വസിച്ചു بِالَّذِي യാതൊന്നില്‍ أُرْسِلْتُ بِهِ ഞാന്‍ അതുമായി അയക്കപ്പെട്ടു وَطَائِفَةٌ ഒരു വിഭാഗം لَّمْ يُؤْمِنُوا വിശ്വസിക്കുന്നുമില്ല (വിശ്വസിച്ചുമില്ല) فَاصْبِرُوا എന്നാല്‍ ക്ഷമിക്കുക حَتَّىٰ يَحْكُمَ വിധിക്കുന്നതുവരെ اللَّهُ അല്ലാഹു بَيْنَنَا നമുക്കിടയില്‍ وَهُوَ അവനാകട്ടെ خَيْرُ الْحَاكِمِينَ വിധികര്‍ത്താക്കളില്‍ ഉത്തമനാകുന്നു.

അല്‍അഖബ ഉള്‍ക്കടലി[*]നും, ലൂത്ത്വ് കടല്‍ എന്ന ചാവുകടലിനും ഇടയില്‍ കിഴക്കുഭാഗത്തു മആനി (معان) നും, പടിഞ്ഞാറു ഭാഗത്തു സീനാ മരുഭൂമിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായിരുന്നു മദ്-യന്‍ [**]. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ ഒരു ഭാര്യയായിരുന്ന കെതൂറ (قطورة) യില്‍ ജനിച്ച മദ്-യന്‍ (മിദ്യാന്‍) എന്ന പുത്രന്റെ സന്തതികളായിരുന്നു മദ്-യന്‍ നിവാസികളെന്നും, ഗോത്രപിതാവിന്റെ നാമത്തില്‍ ആ സ്ഥലവും അറിയപ്പെട്ടുവന്നുവെന്നും പറയപ്പെടുന്നു. الله أعلم . മദ്-യന്‍ കാരിലേക്കു അവരില്‍ ഒരാളായ ശുഐബു (عليه الصلاة والسلام) നബി റസൂലായി നിയോഗിക്കപ്പെട്ടു. സൂ: ക്വസ്വസ്വില്‍ പ്രസ്താവിച്ച പ്രകാരം, മൂസാ (عليه الصلاة والسلام) ഈജിപ്തില്‍ നിന്നു മദ്-യനില്‍ അഭയാര്‍ത്ഥിയായി ചെന്നപ്പോള്‍ അദ്ദേഹത്തിനു അഭയം നല്‍കിയതും, മകളെ വിവാഹം കഴിച്ചുകൊടുത്തതുമായ വൃദ്ധന്‍ ശുഐബു (عليه الصلاة والسلام) നബി ആയിരുന്നുവെന്നാണു പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത്. ബൈബിളില്‍ ഈ വൃദ്ധന്റെ പേര്‍ യിത്രോ (يترون) എന്നാണു കാണുന്നത്. ഇദ്ദേഹത്തിനു രെയുവേല്‍ (رعوئيل) എന്ന് ഒരു മറുപേരും ഉണ്ടായിരുന്നുവത്രെ. വാസ്തവം അല്ലാഹുവിനറിയാം.

—-
[*]. മുന്‍കാലത്തു ايلة (ഏലാത്ത്) എന്നായിരുന്നു ഇതിനു പേരു പറയപ്പെട്ടിരുന്നത്.

[**]. ഒന്നാം വാള്യത്തില്‍ കൊടുത്ത പടം 4 നോക്കുക. ബൈബിളില്‍ പറയുന്ന മിട്യാനും മദ്-യനും ഒന്നുതന്നെ.

—-

എല്ലാ റസൂലുകളുടെയും പ്രബോധന വിഷയങ്ങളില്‍ പ്രഥമ പ്രധാനമായതു തൗഹീദു തന്നെ. അതോടുകൂടി, ഓരോ റസൂലിനും അവരവരുടെ സമുദായത്തില്‍ പടര്‍ന്നു പിടിച്ചിട്ടുള്ള തെറ്റായ വിശ്വാസാചാരങ്ങളെയും, ദുര്‍ന്നടപ്പുകളെയും കുറിച്ചു പ്രത്യേകം ഉപദേശിക്കുകയും, ആക്ഷേപിക്കുകയും ചെയ്യേണ്ടതുമുണ്ടായിരിക്കും. ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ ജനതയില്‍ പ്രചാരത്തിലുണ്ടായിരുന്ന ആ മൃഗീയമായ ദുര്‍വൃത്തിയെപ്പറ്റി അദ്ദേഹം അവരെ ഉപദേശിച്ചതു നാം കണ്ടു. അതുപോലെ, ശുഐബു (عليه الصلاة والسلام) നബി അദ്ദേഹത്തിന്റെ ജനതയെ തൗഹീദിലേക്കു ക്ഷണിച്ചതിനെത്തുടര്‍ന്നു അവരില്‍ നിലവിലുണ്ടായിരുന്ന ചില അഴിമതികളെപ്പറ്റി അവരെ ഗുണദോഷിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കണം, അവനല്ലാതെ വേറെ ആരാധ്യനില്ല എന്നു പറഞ്ഞശേഷം ‘നിങ്ങള്‍ക്കു നിങ്ങളുടെ രിക്ഷിതാവിങ്കല്‍നിന്നു വ്യക്തമായ തെളിവു വന്നിട്ടുണ്ട് ( قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ) എന്നു പറഞ്ഞുകൊണ്ടാണു അദ്ദേഹം മറ്റു വിഷയങ്ങളിലേക്കു പ്രവേശിക്കുന്നത്. സ്വാലിഹു (عليه الصلاة والسلام) നബി അദ്ദേഹത്തിന്റെ ജനതക്കു നല്‍കിയ ഉപദേശത്തിലും ഈ കാര്യം ഉണര്‍ത്തിയിട്ടുണ്ട്. പക്ഷേ, അവിടെ അതിനെത്തുടര്‍ന്ന് ‘ഇതാ നിങ്ങള്‍ക്കു ദൃഷ്ടാന്തമായി അല്ലാഹുവിന്റെ ഒട്ടകം (هَٰذِهِ نَاقَةُ اللَّهِ لَكُمْ آيَةً) എന്നുകൂടി പറഞ്ഞിരിക്കുന്നു. ഇവിടെ ശുഐബു (عليه الصلاة والسلام) നബിയുടെ സത്യതക്കു ദൃഷ്ടാന്തമായി ഒരു പ്രത്യേക ദൃഷ്ടാന്തമൊന്നും പറയപ്പെട്ടിട്ടില്ല. അതുകൊണ്ടു തൗഹീദിന്റെ അനിവാര്യതക്കും, പ്രവാചകന്റെ സത്യതക്കും സാക്ഷ്യം വഹിക്കുന്ന – ബുദ്ധിപരമോ, പ്രകൃതിപരമോ ആയ – തെളിവുകളെ പൊതുവില്‍ ഉദ്ദേശിച്ചുകൊണ്ടായിരിക്കാം ഇവിടെ ‘നിങ്ങള്‍ക്കു തെളിവു വന്നിരിക്കുന്നു’വെന്നു പറഞ്ഞത്.

പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീഥില്‍ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “ജനങ്ങള്‍ക്കു വിശ്വസിക്കത്തക്ക ദൃഷ്ടാന്തങ്ങള്‍ വല്ലതും നല്‍കപ്പെട്ടിട്ടില്ലാത്ത ഒരു പ്രവാചകനുമില്ല. എനിക്കു നല്‍കപ്പെട്ടിരിക്കുന്നതു അല്ലാഹു എനിക്കു നല്‍കിയ വഹ്-യു (ക്വുര്‍ആന്‍) തന്നെയാകുന്നു. അതുകൊണ്ട് ക്വിയാമത്തുനാളില്‍ അവരെക്കാളെല്ലാം അധികം അനുയായികള്‍ ഉള്ളവന്‍ ഞാനായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.’ (ബു; മു). ഓരോ നബിമാര്‍ക്കും സ്വന്തം ചുറ്റുപാടിനും പരിതസ്ഥിതിക്കും അനുസരിച്ചു ചില പ്രത്യേക ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ടിരിക്കുമെന്നാണു ഈ ഹദീഥില്‍ നിന്നു മനസ്സിലാകുന്നത്. അതനുസരിച്ച് ശുഐബ് (عليه الصلاة والسلام) നബിക്കും വല്ല പ്രത്യേക ദൃഷ്ടാന്തവും നല്‍കപ്പെട്ടിരിക്കുന്നുവെന്നും, അതിനെ ഉദ്ദേശിച്ചാണു അതു പറഞ്ഞതെന്നും വരാം. വാസ്തവം അല്ലാഹുവിനറിയാം.

അനന്തരം, മദ്-യന്‍ നിവാസികളില്‍ പ്രചാരത്തിലുണ്ടായിരുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിരമിക്കുവാന്‍ അദ്ദേഹം അവരെ ഉപദേശിക്കുന്നു.

1-ാമത്തെ ഉപദേശം, ജനങ്ങള്‍ക്കു അളവും തൂക്കവും പൂര്‍ത്തിയാക്കി കൊടുക്കണമെന്നും, ജനങ്ങള്‍ക്കു അവരുടെ സാധനങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നുമാകുന്നു. അളവിലും തൂക്കത്തിലും കൃത്രിമം നടത്തില്‍ അവരില്‍ സര്‍വ്വസാധാരണമായിരുന്നതുകൊണ്ടാണു അദ്ദേഹം ഈ ഉപദേശം നല്‍കുന്നതെന്നു വ്യക്തമാണ്. ശുഐബു (عليه الصلاة والسلام) നബിയുടെ ഈ ഉപദേശത്തെ ധിക്കരിച്ചുകൊണ്ടു ആ സമുദായം അദ്ദേഹത്തോടു നടത്തിയ തര്‍ക്കങ്ങളും, വാക്കേറ്റങ്ങളും സൂറത്തു ഹൂദില്‍ അല്ലാഹു ഉദ്ധരിച്ചു കാണാം. അവ പരിശോധിച്ചാല്‍, ആ വിഷയത്തില്‍ ആ ജനത എത്രമാത്രം അതിരു കവിഞ്ഞു പോയിരുന്നുവെന്നു മനസ്സിലാക്കാവുന്നതാണ്. ‘ഞങ്ങളുടെ ധനത്തില്‍ ഞങ്ങളുടെ ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നതു തടയുവാന്‍ നിന്റെ നമസ്കാരമാണോ നിന്നോടു കല്‍പിക്കുന്നത്‌?!’ എന്നുവരെ അവര്‍ പറയുകയുണ്ടായി (ഹൂദ്‌ 67 നോക്കുക). മുസ്ലിമെന്നോ അമുസ്ലിമെന്നോ വ്യത്യാസം കൂടാതെ ഇന്നു നമ്മുടെ നാടുകളിലെ അവസ്ഥയും ഏറെക്കുറെ ഇതു തന്നെ. ക്വുര്‍ആനിലും ഹദീഥിലും അതികര്‍ശനമായി വിരോധിക്കപ്പെട്ടിട്ടുള്ള സ്ഥിതിക്കു മറ്റാരെക്കാളും ഈ പാതകത്തില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുവാന്‍ ബാധ്യസ്ഥരാണു മുസ്ലിംകള. എന്നിട്ടും അനുഭവം വെച്ചു നോക്കുമ്പോള്‍, മുസ്ലിം സമുദായത്തില്‍പെട്ടവരും മറ്റുള്ളവരെപ്പോലെ അതില്‍ മുന്‍പന്തിയിലുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. വ്യസനം!

2-ാമത്തെ ഉപദേശം, ഭൂമിയെ നന്നാക്കിത്തീര്‍ത്തശേഷം അതില്‍ കുഴപ്പവും നാശവും ഉണ്ടാക്കരുതു എന്നത്രെ. പ്രകൃതി വ്യവസ്ഥകള്‍, നീതിന്യായ വ്യവസ്ഥകള്‍, പ്രമാണങ്ങള്‍ മുഖേനയുള്ള വിധിവിലക്കുകള്‍ ആദിയായവ വഴി അല്ലാഹു ഭൂഒമിയില്‍ നടപ്പാക്കിയിട്ടുള്ള സാന്‍മാര്‍ഗ്ഗിക പരിധികളെ ലംഘിക്കുമാറുള്ള എല്ലാതരം നടപടികളും ഭൂമിയില്‍ കുഴപ്പമുണ്ടാക്കല്‍ തന്നെ. മദ്-യന്‍കാരെ സംബന്ധിച്ചു പറയുകയാണെങ്കില്‍, വഴിപോക്കരെ ആക്രമിക്കുക, പിടിച്ചുപറി, ചുങ്കം വാങ്ങല്‍ തുടങ്ങിയ പല അക്രമങ്ങളും അവരിലുണ്ടായിരുന്നു. പരിഷ്കൃത യുഗമെന്നു ഘോഷിക്കപ്പെടുന്ന ഇക്കാലത്തെ സ്ഥിതിയും അതില്‍ നിന്നു വ്യത്യസ്തമല്ല. അത്തരം കുഴപ്പങ്ങളും അക്രമങ്ങളും എണ്ണത്തിലും വണ്ണത്തിലും അധികരിച്ചുകൊണ്ടേ ഇരിക്കുകയാണ്. ശരിയായ അര്‍ത്ഥത്തിലുള്ള സ്വൈര്യജീവിതം പോലും മനുഷ്യനു അസാദ്ധ്യമായിക്കൊണ്ടിരിക്കുകയാണു. അപ്പോള്‍, ഈ ഉപദേശത്തെത്തുടര്‍ന്നുകൊണ്ട് ‘നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണു നിങ്ങള്‍ക്കു ഉത്തമം’ (ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ) എന്നു ശുഐബ് (عليه الصلاة والسلام) പറഞ്ഞതു എത്രമാത്രം അര്‍ത്ഥഗര്‍ഭമാണെന്നു ആലോചിച്ചു നോക്കുക!

3-ാമതായി, വഴികളിലിരുന്നു ആളുകളെ ഭീഷണിപ്പെടുത്തരുതെന്നും, അല്ലാഹുവില്‍ വിശ്വസിച്ച സത്യവിശ്വാസികളെ വഴിതെറ്റിക്കുവാന്‍ ശ്രമിക്കരുതെന്നും, അല്ലാഹുവിന്റെ നേരായ മാര്‍ഗ്ഗം വളവും വക്രതയുമുള്ളതായിരിക്കുവാന്‍ ആഗ്രഹിക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. വഴിപോക്കരെ ഭീഷണിപ്പെടുത്തി അവരുടെ വസ്തുക്കള്‍ കൈക്കലാക്കുക, ചരക്കുകളുമായി പോകുന്നവരില്‍നിന്നു ചുങ്കം വസൂലാക്കുക, ശുഐബു (عليه الصلاة والسلام) നബിയുമായി ബന്ധപ്പെടുന്നവരെ മുടക്കം ചെയ്യുക, അദ്ദേഹത്തിന്റെ പേരില്‍ കള്ളം പറയുക, അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങളില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുക എന്നിങ്ങിനെ പലതും അവര്‍ ചെയ്തിരുന്നതായി ചില രിവായത്തുകളില്‍നിന്നു മനസ്സിലാകുന്നു. ഏറെക്കുറെ അവയെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തുള്ള മുശ്രിക്കുകളുടെയും പതിവായിരുന്നു. അന്നത്തെ മുശ്രിക്കുകല്ടെ കാലം ഇരിക്കട്ടെ, ഇന്നത്തെ ജനങ്ങളുടെ അവസ്ഥതന്നെ ആലോചിച്ചു നോക്കുക! ഇതുപോലെയുള്ള അക്രമങ്ങളും അഴിമതികളും എണ്ണത്തിലും വണ്ണത്തിലും അധികരിച്ചുകൊണ്ടിരിക്കുകയാണ്. കാലത്തിനൊത്തവിധം അവയുടെ സ്വഭാവത്തില്‍ മാറ്റം കാണുമെന്നു മാത്രം. മറ്റൊരു വ്യത്യാസം കൂടി കാണാം. നബിമാരുടെ കാലത്ത് അവരില്‍ വിശ്വസിച്ച സത്യവിശ്വാസികള്‍ക്കു അതിലൊന്നും പങ്കുണ്ടായിരിക്കുകയില്ല. ഇന്നാകട്ടെ, മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍ വിശ്വസിക്കുകയും, മുസ്ലിംകളെന്നു അവകാശപ്പെടുകയും ചെയ്യുന്നവരില്‍പോലും ഇത്തരം തോന്നിയവാസങ്ങളിലും അഴിമതികളിലും പങ്കുവഹിക്കുന്നവരുണ്ട്. അപ്പോള്‍, ആയിരക്കണക്കിനു കൊല്ലങ്ങള്‍ക്കുമുമ്പ് ശുഐബ് (عليه الصلاة والسلام) മദ്-യന്‍ നിവാസികളായ ഒരു ചെറിയ സമുദായത്തിനു നല്‍കിയ ഉപദേശങ്ങള്‍ ലോകാവസാനംവരെ നിലനില്‍ക്കുന്ന വിശുദ്ധ ക്വുര്‍ആനില്‍ ഇത്ര വിസ്തരിച്ചു പറഞ്ഞുതന്നതിന്റെ യുക്തി ഇതില്‍നിന്നൊക്കെ വ്യക്തമാണ്. മുന്‍ കഴിഞ്ഞ പ്രവാചകന്മാരുടെയും, അവരുടെ സമുദായങ്ങളുടെയും ചരിത്രം അല്ലാഹു ക്വുര്‍ആനില്‍ വിവരിച്ചു തരുന്നതിന്റെ ഉദ്ദേശ്യം. ക്വുര്‍ആന്‍ നിലവിലുള്ള കാലാത്തോളം അതിന്റെ ആവശ്യകതയും നിലവിലുള്ളതു കൊണ്ടാണല്ലോ. അതെ, അവരുടെ കഥകളില്‍ സല്‍ബുദ്ധിയുള്ള ആളുകള്‍ക്കു ചിന്തിച്ചു മനസ്സിലാക്കുവാനുണ്ട്. (لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ – يوسف).

മുമ്പ് നിങ്ങള്‍ വളരെ കുറഞ്ഞ ആളുകളെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ നിങ്ങളെ അല്ലാഹു പെരുപ്പിച്ചുതന്നു ഒരു ജനതയാക്കി അനുഗ്രഹിച്ചിരിക്കുന്നു, അതില്‍ നിങ്ങള്‍ അവനോട് നന്ദിയുള്ളവരായിരിക്കേണ്ടതുണ്ട്. നന്ദിക്കു പകരം മേല്‍ പറഞ്ഞത് പോലെയുള്ള കുഴപ്പപ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കൊണ്ടിരിക്കുവാനാണു നിങ്ങള്‍ മുതിരുന്നതെങ്കില്‍ മുമ്പ് അങ്ങിനെയുള്ളവര്‍ക്കുണ്ടായ അതേ അനുഭവങ്ങള്‍ തന്നെയായിരിക്കും നിങ്ങള്‍ക്കും അനുഭവപ്പെടുക. ഇത്രയൊക്കെ ഉപദേശിച്ചിട്ടും – മുമ്പ് വിശ്വസിച്ചു കഴിഞ്ഞ ചുരുക്കം ചിലരല്ലാതെ – നിങ്ങള്‍ സത്യം സ്വീകരിക്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് നിങ്ങള്‍ കണ്ടറിയുകതന്നെ ചെയ്യും. എന്നൊക്കെയാണ് പിന്നീട് ശുഐബ് (عليه الصلاة والسلام) അവരോട് പറഞ്ഞതിന്റെ സാരം. ഇതെല്ലാം അദ്ദേഹം ഒരിക്കലോ, ഒരു രംഗത്ത് വെച്ചോ മാത്രം ഉപദേശിച്ചതല്ലെന്നും, പലപ്പോഴും ഉപദേശിച്ചു കൊണ്ടിരുന്നതിന്റെ രത്നചുരുക്കമാണെന്നും പറയേണ്ടതില്ല. എന്നാല്‍, ആ സമുദായത്തിന്റെ കടിഞ്ഞാണ്‍പിടിക്കുന്ന നേതാക്കള്‍ അതിനു നല്‍കിയ മറുപടി നോക്കുക! അല്ലാഹു പറയുന്നു:-

ജുസ്ഉ് - 9

7:88
  • قَالَ ٱلْمَلَأُ ٱلَّذِينَ ٱسْتَكْبَرُوا۟ مِن قَوْمِهِۦ لَنُخْرِجَنَّكَ يَـٰشُعَيْبُ وَٱلَّذِينَ ءَامَنُوا۟ مَعَكَ مِن قَرْيَتِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۚ قَالَ أَوَلَوْ كُنَّا كَـٰرِهِينَ ﴾٨٨﴿
  • അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നും അഹംഭാവം നടിച്ചവരായ പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും - ശുഐബേ - നിന്നെയും, നിന്നോടൊപ്പം വിശ്വസിച്ചിട്ടുള്ളവരെയും ഞങ്ങളുടെ രാജ്യത്തില്‍ നിന്നു ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും; അല്ലെങ്കില്‍, നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ മടങ്ങി വരുക തന്നെ വേണം.

    അദ്ദേഹം പറഞ്ഞു: "ഞങ്ങള്‍ (അതു) വെറുക്കുന്നവരായിരുന്നാലുമോ?!
  • قَالَ الْمَلَأُ പ്രധാനികള്‍ പറഞ്ഞു الَّذِينَ اسْتَكْبَرُوا അഹംഭാവം നടിച്ചവരായ مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു لَنُخْرِجَنَّكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ പുറത്താക്കും يَاشُعَيْبُ ശുഐബേ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും مَعَكَ നിന്റെകൂടെ مِن قَرْيَتِنَا ഞങ്ങളുടെ രാജ്യത്തില്‍ നിന്നു أَوْ لَتَعُودُنَّ അല്ലെങ്കില്‍ നിങ്ങള്‍ മടങ്ങുക (തിരിച്ചുവരുക) തന്നെ ചെയ്യണം فِي مِلَّتِنَا ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ (മത നടപടിയിലേക്കു) قَالَ അദ്ദേഹം പറഞ്ഞു أَوَلَوْ كُنَّا ഞങ്ങളായിരുന്നാലുമോ كَارِهِينَ വെറുക്കുന്നവര്‍, തൃപ്തിപ്പെടാത്തവര്‍.

7:89
  • قَدِ ٱفْتَرَيْنَا عَلَى ٱللَّهِ كَذِبًا إِنْ عُدْنَا فِى مِلَّتِكُم بَعْدَ إِذْ نَجَّىٰنَا ٱللَّهُ مِنْهَا ۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَا ۚ وَسِعَ رَبُّنَا كُلَّ شَىْءٍ عِلْمًا ۚ عَلَى ٱللَّهِ تَوَكَّلْنَا ۚ رَبَّنَا ٱفْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِٱلْحَقِّ وَأَنتَ خَيْرُ ٱلْفَـٰتِحِينَ ﴾٨٩﴿
  • 'നിങ്ങളുടെ മാര്‍ഗ്ഗത്തില്‍, നിന്നു അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിനു ശേഷം, ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയായിരിക്കും ചെയ്യുന്നത്.

    'അതില്‍ മടങ്ങിവരുകയെന്നതു ഞങ്ങള്‍ക്കു (ഒരിക്കലും) പാടില്ലാത്തതാകുന്നു; ഞങ്ങളുടെ റബ്ബായ അല്ലാഹു (അങ്ങിനെ) ഉദ്ദേശിക്കുന്നതായാലല്ലാതെ. ഞങ്ങളുടെ റബ്ബ് അറിവു കൊണ്ടു എല്ലാ വസ്തുവിനും വിശാലമായിരിക്കുന്നു. [എല്ലാം അവന്റെ അറിവില്‍ ഉള്‍പെടുന്നു.] അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ (എല്ലാം) ഭരമേല്‍പിച്ചിരിക്കുന്നു.

    'ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്കും, ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ യഥാര്‍ത്ഥപ്രകാരം നീ (തീരുമാനം വരുത്തി) തുറവി നല്‍കണേ! നീ തുറവി നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു.'
  • قَدِ افْتَرَيْنَا തീര്‍ച്ചയായും ഞങ്ങള്‍ കെട്ടിച്ചമച്ചു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ كَذِبًا വ്യാജം إِنْ عُدْنَا ഞങ്ങള്‍ മടങ്ങിയാല്‍ فِي مِلَّتِكُم നിങ്ങളുടെ മാര്‍ഗ്ഗത്തില്‍, മതത്തിലേക്കു بَعْدَ ശേഷം إِذْ نَجَّانَا اللَّهُ ഞങ്ങളെ അല്ലാഹു രക്ഷപ്പെടുത്തിയത്തിനു مِنْهَا അതില്‍ നിന്നു وَمَا يَكُونُ ആകുകയില്ല (പാടില്ല) لَنَا ഞങ്ങള്‍ക്കു أَن نَّعُودَ ഞങ്ങള്‍ മടങ്ങിവരല്‍ فِيهَا അതില്‍ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّهُ رَبُّنَا ഞങ്ങളുടെ റബ്ബായ അല്ലാഹു وَسِعَ വിശാലമായിരിക്കുന്നു رَبُّنَا ഞങ്ങളുടെ (നമ്മുടെ) റബ്ബു كُلَّ شَيْءٍ എല്ലാ വസ്തുവിനും عِلْمًا അറിവാല്‍, അറിവു കൊണ്ടു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ تَوَكَّلْنَا ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ افْتَحْ തുറന്നു (തുറവിയാക്കി) തരേണമേ بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَ قَوْمِنَا ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയിലും بِالْحَقِّ യഥാര്‍ത്ഥപ്രകാരം, ന്യായമനുസരിച്ചു وَأَنتَ നീയാകട്ടെ خَيْرُ الْفَاتِحِينَ തുറന്നു (തുറവിയാക്കി) തരുന്നവരില്‍ ഉത്തമനാകുന്നു.

ശുഐബ് (عليه الصلاة والسلام) നബി അവരെ ഉപദേശിക്കുകയും സത്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തപ്പോള്‍ ആ നാട്ടിലെ പ്രമാണിവര്‍ഗ്ഗം – അവരാണല്ലോ പൊതു ജനങ്ങളുടെ നേതൃത്വം വഹിക്കുന്നവര്‍ – നല്‍കിയ മറുപടിയുടെ ആകെത്തുകയാണ് അല്ലാഹു ഉദ്ധരിക്കുന്നത്: ശുഐബേ, നിന്നെയും നിന്റെ അനുയായികളെയുമൊക്കെ ഈ നാട്ടില്‍നിന്ന് ഞങ്ങള്‍ പുറത്താക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ ഞങ്ങളുടെ മത മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വരുക. ഈ രണ്ടിലൊന്ന് കൂടിയേകഴിയൂ. അഥവാ നിങ്ങളുടെ മതം ഉപേക്ഷിച്ചു ഞങ്ങളുടെ മതം നിങ്ങള്‍ സ്വീകരിക്കാത്തപക്ഷം നിങ്ങളെ ഞങ്ങള്‍ നാട്ടില്‍ നിന്ന് പുറത്താക്കാതിരിക്കുകയില്ല എന്നര്‍ത്ഥം. സത്യവും, ന്യായവും കൈവശമില്ലാത്ത ഗര്‍വ്വിഷ്ടരായ പ്രമാണിവര്‍ഗ്ഗത്തിനു ഇതുപോലെയുള്ള ധിക്കാര വാക്കുകളും ഭീഷണികളുമല്ലാതെ മറ്റെന്താണ് പറയുവാനുള്ളത്?! ഈ ഭീഷണിക്ക് മുമ്പില്‍ പ്രവാചകനും സത്യവിശ്വാസികളും മുട്ടുകുത്തുമെന്നായിരിക്കും ആ വിഡ്ഢികളുടെ വിചാരം.

അതേ സ്വരത്തിലല്ലെങ്കിലും ആ കണക്കുകൂട്ടലിനെ അടിയോടെ പിഴുതെറിയുന്ന മറുപടിയായിരുന്നു ശുഐബ് (عليه الصلاة والسلام) അങ്ങോട്ട്‌ നല്‍കിയത്. ഞങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗം കൈവെടിഞ്ഞു നിങ്ങളുടെ മാര്‍ഗ്ഗം സ്വീകരിക്കുകയാണല്ലോ നിങ്ങളുടെ ആവശ്യം. അതിന് ഞങ്ങള്‍ തയ്യാറില്ല. നിര്‍ബന്ധം കൊണ്ടോ ഭീഷണികൊണ്ടോ അക്കാര്യം സംഭവിക്കാനും പോകുന്നില്ല. നിങ്ങളുടെ മാര്‍ഗ്ഗം സ്വീകരിക്കുക എന്നതിന്റെ അര്‍ത്ഥം, ഞങ്ങള്‍ ഇതുവരെ സ്വീകരിച്ച് വന്നത് അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കൃത്രിമമാര്‍ഗ്ഗമായിരുന്നുവെന്നാണല്ലോ നിങ്ങളുടേതുപോലെ കെട്ടിച്ചമക്കപ്പെട്ട മാര്‍ഗ്ഗമല്ല ഞങ്ങളുടേത്. അല്ലാഹു ഉദ്ദേശിച്ചാല്‍ എന്തും സംഭവിക്കുമെന്നത് ശരി. പക്ഷെ, തല്‍ക്കാലം ഞങ്ങള്‍ ഞങ്ങളുടെ മതം കൈവിടുമെന്ന് നിങ്ങള്‍ കാത്തിരിക്കേണ്ട. പിന്നെ, ഞങ്ങളെ നാട്ടില്‍ നിന്ന് നിങ്ങള്‍ പുറത്താക്കുമെന്നുള്ള ഭീഷണിയാണ് ബാക്കിയുള്ളത്. അതിനെപ്പറ്റി ഞങ്ങള്‍ക്കു ഭയമില്ല. കാരണം, അല്ലാഹു സര്‍വ്വജ്ഞനാണ്. ഞങ്ങളുടെ സര്‍വ്വകാര്യങ്ങളും ഞങ്ങള്‍ അവനില്‍ അര്‍പ്പിച്ചിരിക്കുകയാണ്. അതില്‍ വേണ്ടുന്ന നടപടി അവന്‍ എടുത്തു കൊള്ളും. എന്നൊക്കെയാണ് ശുഐബ് (عليه الصلاة والسلام) പറഞ്ഞതിലടങ്ങിയ ആശയം. അവര്‍ ഭീഷണിക്കും അക്രമത്തിനും മുതിരുകയല്ലാതെ, സത്യാന്വേഷണത്തിനോ, വീണ്ടു വിചാരത്തിനോ തയ്യാറാകുമെന്ന പ്രതീക്ഷക്ക് വകയില്ലെന്ന് ശുഐബു (عليه الصلاة والسلام) കണ്ടു. അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ഒരു തീരുമാനമുണ്ടാക്കി കാര്യം കലാശിക്കണേ…..!

ശുഐബ് (عليه الصلاة والسلام) നബിയില്‍ വിശ്വസിച്ചിരുന്ന ആളുകള്‍ സ്വാഭാവികമായും ശിര്‍ക്കിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു വന്നവരായിരുന്നു. പ്രവാചകന്‍മാരെ സംബന്ധിച്ചിടത്തോളം പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പും അവര്‍ ശിര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ലെന്നു പൊതുവേ അറിയപ്പെട്ടതുമാണ്. എന്നിരിക്കെ, അദ്ദേഹത്തെയും സത്യവിശ്വാസികളെയും അഭിമുഖീകരിച്ചുകൊണ്ടു നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗത്തിലേക്കു മടങ്ങിവരണമെന്നു അവിശ്വാസികളും, ഞങ്ങള്‍ക്കു അതിലേക്കു മടങ്ങി വരുവാന്‍ നിവൃത്തിയില്ലെന്നു ശുഐബു (عليه الصلاة والسلام) നബിയും പറയുമ്പോള്‍, അദ്ദേഹവും ഒരിക്കല്‍ അവരുടെ ശിര്‍ക്കിന്റെ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നുവെന്നു വരുന്നില്ലേ? എന്നു വല്ലവര്‍ക്കും തോന്നിയേക്കാം. പ്രവാചകത്വം ലഭിക്കും മുമ്പ് പ്രവാചകന്മാര്‍ ശിര്‍ക്കില്‍ അകപ്പെടാതെ അല്ലാഹു അവരെ കാത്തുരക്ഷിക്കുമെങ്കിലും അക്കാലത്തു അവര്‍ തങ്ങളില്‍ നിന്നും ഭിന്നമായ ഒരു മാര്‍ഗ്ഗമാണെന്നു അവരെപ്പറ്റി ജനങ്ങള്‍ കരുതി വരാറില്ല. പ്രവാചകത്വം ലഭിച്ച് തൗഹീദിന്റെ പ്രബോധനം ആരംഭിക്കുന്നതോടെയായിരിക്കും പ്രവാചകന്‍മാരുടെ മാര്‍ഗ്ഗവും ജനങ്ങളുടെ മാര്‍ഗ്ഗവും രണ്ടായി വേര്‍തിരിയുന്നത്. അപ്പോള്‍ മുതല്‍ക്കായിരിക്കും എതിര്‍പ്പും ശത്രുതയും ആരംഭിക്കുന്നതു. അതുവരെ പ്രവാചകന്‍മാരെ അവര്‍ ഒരു അന്യനായി ഗണിക്കാറില്ല. അവര്‍ക്കു പ്രത്യേകമായ ഒരു കര്‍മ്മ പദ്ധതി ആരംഭിക്കുന്നതു പ്രവാചകത്വം മുതല്‍ക്കായിരിക്കുമാല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്ഥിതിയും അങ്ങിനെത്തന്നെയായിരുന്നു. ശിര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളിലോ, ജാഹിലിയ്യാ ദുരാചാരങ്ങളിലോ ഒന്നും തന്നെ പ്രവാചകത്വത്തിനു മുമ്പും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പങ്കെടുക്കുകയുണ്ടായിട്ടില്ല. അക്കാരണത്താല്‍, ആരും തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഒരു പുതിയ മാര്‍ഗ്ഗക്കാരനായി ആക്ഷേപിച്ചിരുന്നതുമില്ല. പ്രവാചകത്വം സിദ്ധിച്ച് തൗഹീദിന്റെ പ്രബോധനം ആരംഭിച്ചപ്പോഴാണ് എതിര്‍പ്പുകള്‍ തലപൊക്കിയതും. മതത്തില്‍ ഭിന്നിപ്പുണ്ടാക്കി എന്നുള്ള ആരോപണം തുടങ്ങിയതുമെല്ലാം.

7:90
  • وَقَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ لَئِنِ ٱتَّبَعْتُمْ شُعَيْبًا إِنَّكُمْ إِذًا لَّخَـٰسِرُونَ ﴾٩٠﴿
  • അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു അവിശ്വസിച്ചവരായ പ്രധാനികള്‍ പറയുകയും ചെയ്തു: "നിശ്ചയമായും, നിങ്ങള്‍ ശുഐബിനെ പിന്‍പറ്റുന്ന പക്ഷം, അപ്പോള്‍ നിങ്ങള്‍ നഷ്ടപ്പെട്ടവര്‍ തന്നെയായിരിക്കും."
  • وَقَالَ പറയുകയും ചെയ്തു الْمَلَأُ പ്രധാനികള്‍ الَّذِينَ كَفَرُوا അവിശ്വസിച്ച مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു لَئِنِ اتَّبَعْتُمْ നിങ്ങള്‍ പിന്‍പറ്റിയെങ്കില്‍ شُعَيْبًا ശുഐബിനെ إِنَّكُمْ എന്നാല്‍ (അപ്പോള്‍) നിശ്ചയമായും നിങ്ങള്‍ إِذًا لَّخَاسِرُونَ നഷ്ടപ്പെട്ടവര്‍ തന്നെ.

സത്യത്തിന്നെതിരില്‍ പ്രചാരണം നടത്തുന്നവരുടെ എല്ലാ കാലത്തുമുള്ള ഒരു പ്രചരണ മാര്‍ഗ്ഗമാണിതും. സത്യം സ്വീകരിച്ചവരെ ഭീഷണിക്കൊണ്ടും, നിര്‍ബ്ബന്ധം കൊണ്ടും പിന്‍മടക്കുവാന്‍ കഴിയുന്നില്ലെങ്കില്‍, പൊതുജനങ്ങളെ അതില്‍നിന്നു തടഞ്ഞു നിറുത്തുവാന്‍വേണ്ടി ‘അതു സ്വീകരിച്ചു പോകരുത്, സ്വീകരിച്ചാല്‍ പിഴച്ചുപോകും. പുരോഗതിയും മോക്ഷവും നഷ്ടപ്പെടും’, എന്നിങ്ങിനെ പറഞ്ഞുപരത്തുക. ‘നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗത്തിലേക്കു മടങ്ങാത്തപക്ഷം ഞങ്ങള്‍ നിങ്ങളെ നാട്ടില്‍നിന്നു പുറത്താക്കു’മെന്ന ഭീഷണി മുഴക്കിയ വക്താക്കള്‍ ആ സമുദായത്തിലെ ഏറ്റവും കടുത്ത ധിക്കാരികളായിരുന്നുവെന്നും, ശുഐബി(عليه الصلاة والسلام) നെ പിന്‍പറ്റിയവര്‍  നഷ്ടക്കാരായിത്തീരുമെന്നു പ്രചാരണം നടത്തുന്നതില്‍ അവരല്ലാത്തവര്‍ക്കും പങ്കുണ്ടായിരുന്നുവെന്നുമാണു മനസ്സിലാകുന്നത്. കാരണം, ഭീഷണി മുഴക്കിയ പ്രധാനികളെപ്പറ്റി പറഞ്ഞപ്പോള്‍, അവരെ الَّذِينَ اسْتَكْبَرُوا (അഹംഭാവം നടിച്ചവര്‍) എന്നും, ശുഐബിനെ പിന്‍പറ്റിയാല്‍ നഷ്ടക്കാരാകുമെന്നു പറഞ്ഞ പ്രധാനികളെപ്പറ്റി പറഞ്ഞപ്പോള്‍ الَّذِينَ كَفَرُوا (അവിശ്വസിച്ചവര്‍) എന്നുമാണ് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്.

7:91
  • فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ ﴾٩١﴿
  • അപ്പോള്‍, അവര്‍ക്കു കഠിന കമ്പനം പിടിപെട്ടു. അങ്ങനെ, അവരുടെ വാസസ്ഥലത്തില്‍ അവര്‍ (കാലത്തു) കമിഴ്ന്നു വീണവരായി!
  • فَأَخَذَتْهُمُ അപ്പോള്‍ അവരെ പിടികൂടി, അവര്‍ക്കു പിടിപെട്ടു الرَّجْفَةُ കഠിന കമ്പനം, കിടുകിടുക്കം, പ്രകമ്പനം فَأَصْبَحُوا അങ്ങനെ അവര്‍ (കാലത്തു) ആയി فِي دَارِهِمْ അവരുടെ വസതിയില്‍, ഭവനത്തില്‍ جَاثِمِينَ കമിഴ്ന്നു (മറിഞ്ഞു) വീണവര്‍.
7:92
  • ٱلَّذِينَ كَذَّبُوا۟ شُعَيْبًا كَأَن لَّمْ يَغْنَوْا۟ فِيهَا ۚ ٱلَّذِينَ كَذَّبُوا۟ شُعَيْبًا كَانُوا۟ هُمُ ٱلْخَـٰسِرِينَ ﴾٩٢﴿
  • ശുഐബിനെ വ്യാജമാക്കിയവര്‍ - അവര്‍ അവിടത്തില്‍ നിവസിച്ചിട്ടില്ലാത്തതു പോലെ (യായി)!

    (അതെ) ശുഐബിനെ വ്യാജമാക്കിയവര്‍ - അവര്‍ തന്നെയായിരുന്നു നഷ്ടക്കാര്‍!
  • الَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ شُعَيْبًا ശുഐബിനെ كَأَن لَّمْ يَغْنَوْا അവര്‍ താമസിച്ചിട്ടില്ലാത്തപോലെ, ധന്യമായിരുന്നില്ലാത്തമാതിരി فِيهَا അതില്‍, അവിടത്തില്‍ الَّذِينَ كَذَّبُوا شُعَيْبًا ശുഐബിനെ വ്യാജമാക്കിയവര്‍ كَانُوا هُمُ അവര്‍ തന്നെയായിരുന്നു الْخَاسِرِينَ നഷ്ടപ്പെട്ടവര്‍.

ഞങ്ങള്‍ക്കിടയില്‍ ഒരു തീരുമാനമുണ്ടാക്കിത്തരണേ എന്നു ശുഐബു (عليه الصلاة والسلام) പ്രാര്‍ത്ഥിച്ചിരുന്നുവല്ലോ. ആ പ്രാര്‍ത്ഥന സ്വീകരിച്ചുകൊണ്ട് അല്ലാഹു ഉണ്ടാക്കിയ തീരുമാനമായി ഒരു രാത്രി പെട്ടെന്നു അതിഭയങ്കരമായ ഒരു പ്രകമ്പനം! രാത്രി സുഖമായി കിടന്നുറങ്ങിയ അവര്‍ പ്രഭാതം പുലര്‍ന്നപ്പോഴെക്കും തങ്ങളുടെ വസതികളില്‍ മറിഞ്ഞു വീണു ചത്തൊടുങ്ങി. മുമ്പ് ആ നാട്ടില്‍ അവരാരും താമസിച്ചിട്ടേയില്ലെന്നു തോന്നുമാറ് ഒന്നടങ്കം അവര്‍ നശിച്ചു. ശുഅബി(عليه الصلاة والسلام)നെ പിന്‍പറ്റുന്നവര്‍ നഷ്ടക്കാരായിരിക്കുമെന്നാണ് അവര്‍ പ്രചരിപ്പിച്ചിരുന്നത്. പക്ഷെ, നഷ്ടക്കാരായതു യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെ. ശുഐബ് (عليه الصلاة والسلام) നബിയും സത്യവിശ്വാസികളും നേരത്തെത്തന്നെ രക്ഷപ്പെട്ടുവെന്നു പറയേണ്ടതില്ല. പൊതു ശിക്ഷ വരുമ്പോള്‍ അതിനു മുമ്പായി പ്രവാചകനേയും അനുയായികളെയും രക്ഷപ്പെടുത്തുക അല്ലാഹുവിന്റെ പതിവാണല്ലോ.

മദ്-യന്‍കാര്‍ക്കു ബാധിച്ച ശിക്ഷയെപ്പറ്റി കഠിനമായ കമ്പനം الرَّجْفَةُ എന്നാണു ഇവിടെ പറഞ്ഞതു. സൂ: ഹൂദില്‍ അതിനെപ്പറ്റി ഘോരശബ്ദം الصَّيْحَةُ എന്നും പറഞ്ഞിരിക്കുന്നു. അപ്പോള്‍ അതിശക്തമായ ഒരു തരം പൊട്ടിത്തെറിയോ, ഭൂകമ്പമോ ആയിരിക്കും അതെന്നു കരുതാം. الله أعلم

7:93
  • فَتَوَلَّىٰ عَنْهُمْ وَقَالَ يَـٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَـٰلَـٰتِ رَبِّى وَنَصَحْتُ لَكُمْ ۖ فَكَيْفَ ءَاسَىٰ عَلَىٰ قَوْمٍ كَـٰفِرِينَ ﴾٩٣﴿
  • അപ്പോള്‍, അദ്ദേഹം അവരില്‍നിന്നു വിട്ടുമാറി; അദ്ദേഹം പറയുകയും ചെയ്തു: 'എന്റെ ജനങ്ങളേ, തീര്‍ച്ചയായും, എന്റെ റബ്ബിന്റെ ദൗത്യങ്ങളെ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തന്നിട്ടുണ്ട്; നിങ്ങള്‍ക്കു ഞാന്‍ ഗുണം കാംക്ഷിക്കുക [ഉപദേശം നല്‍കുക]യും ചെയ്തു. എന്നിരിക്കെ, അവിശ്വാസികളായ ഒരു ജനതയുടെ പേരില്‍ ഞാന്‍ എങ്ങിനെ സങ്കടപ്പെടും?! [അതിനവകാശമില്ലല്ലോ.]'
  • فَتَوَلَّىٰ അങ്ങനെ അദ്ദേഹം മാറി, തിരിഞ്ഞു عَنْهُمْ അവരെ വിട്ടു, അവരില്‍ നിന്നു وَقَالَ പറയുകയും ചെയ്തു يَا قَوْمِ എന്റെ ജനങ്ങളേ لَقَدْ أَبْلَغْتُكُمْ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചിട്ടുണ്ട് رِسَالَاتِ ദൗത്യങ്ങളെ رَبِّي എന്റെ റബ്ബിന്റെ وَنَصَحْتُ لَكُمْ ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുകയും (ഉപദേശിക്കുകയും) ചെയ്തു فَكَيْفَ അപ്പോള്‍ എങ്ങിനെ آسَىٰ ഞാന്‍ സങ്കടപ്പെടും, വ്യസനപ്പെടും عَلَىٰ قَوْمٍ ഒരു ജനതയുടെ മേല്‍ كَافِرِينَ അവിശ്വാസികളായ.

ഥമൂദു ഗോത്രം ഒന്നടങ്കം ശിക്ഷയില്‍പെട്ട് നശിച്ചപ്പോള്‍ സ്വാലിഹു (عليه الصلاة والسلام) നബി അവരെ നോക്കി പറഞ്ഞതായി 79-ാം വചനത്തില്‍ പ്രസ്താവിച്ചതുപോലെയുള്ള വാക്കുകള്‍ തന്നെയാണു ശുഐബ് (عليه الصلاة والسلام) അദ്ദേഹത്തിന്റെ ചത്തൊടുങ്ങിയ ജനതയെ നോക്കിയും പറഞ്ഞത്.
സന്ദര്‍ഭവശാല്‍, രസകരമായ ഒരു വസ്തുത ഇവിടെ ചൂണ്ടിക്കാട്ടുവാന്‍ ആഗ്രഹിക്കുന്നു. സ്വാലിഹു (عليه الصلاة والسلام) നബി പറഞ്ഞതായി 79-ാം വചനത്തില്‍ കണ്ട വാക്കുകള്‍ അദ്ദേഹം തന്റെ മരണമടഞ്ഞ ജനങ്ങളെ നോക്കിപ്പറഞ്ഞതല്ലെന്നും, പൊതുശിക്ഷ ബാധിക്കുമ്പോള്‍ സ്വാഭാവികമായും ചിലരൊക്കെ അതില്‍നിന്നു രക്ഷപ്പെടാറുണ്ടെന്നും, അങ്ങിനെ രക്ഷപ്പെട്ടിരുന്ന ചിലരോടായിരുന്നു അദ്ദേഹം അതു പറഞ്ഞതെന്നുമൊക്കെ ചില ആളുകള്‍ പ്രസ്താവിച്ചതായി മുമ്പു പറഞ്ഞുവല്ലോ. അതു ശരിയല്ലെന്നും നാം അവിടെ ചൂണ്ടിക്കാട്ടി. എന്നാല്‍, അതേ കൂട്ടര്‍ – ആ പറഞ്ഞതു മറന്നുപോയതുകൊണ്ടോ എന്തോ എന്നറിഞ്ഞുകൂടാ – ഈ വചനത്തിന്റെ അര്‍ത്ഥം വിവരിക്കുന്ന കൂട്ടത്തില്‍ ഇങ്ങിനെ എഴുതുന്നു: ‘…. അവരുടെ അന്തസ്സു മാത്രമല്ല, സ്മാരകങ്ങള്‍കൂടി നശിച്ചുപോയി. ചുരുക്കത്തില്‍, അവിടെ അവര്‍ തീരെ നിവസിക്കുക തന്നെ ചെയ്തിട്ടില്ലാത്തപോലെയായിത്തീര്‍ന്നു.’ അപ്പോള്‍ പിന്നെ, നശിക്കാതെ ബാക്കിയാകുകയും സ്മരണ നില നിറുത്തുകയും ചെയ്ത ചില ആളുകളോടാണു ശുഐബു (عليه الصلاة والسلام) ഇതു പറഞ്ഞതെന്നുവെക്കുവാന്‍ തരമില്ലല്ലോ. സ്വാലിഹു (عليه الصلاة والسلام) നബിയുടെ ജനതയെക്കുറിച്ചു മാത്രം അങ്ങിനെ പറയുവാന്‍ ഇവരെ പ്രേരിപ്പിച്ചതെന്താണെന്നു മനസ്സിലാകുന്നില്ല.

വിഭാഗം - 12

7:94
  • وَمَآ أَرْسَلْنَا فِى قَرْيَةٍ مِّن نَّبِىٍّ إِلَّآ أَخَذْنَآ أَهْلَهَا بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَضَّرَّعُونَ ﴾٩٤﴿
  • ഒരു രാജ്യത്തിലും (തന്നെ) ഒരു നബിയെയും നാം അയച്ചിട്ടില്ല, അതിലെ ആള്‍ക്കാരെ ദുരിതവും, കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതെ; അവര്‍ താഴ്മ കാണിക്കുവാന്‍ വേണ്ടി.
  • وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല فِي قَرْيَةٍ ഒരു രാജ്യത്തിലും مِّن نَّبِيٍّ ഒരു നബിയെയും إِلَّا أَخَذْنَا നാം പിടിക്കാതെ أَهْلَهَا അതിന്റെ ആള്‍ക്കാരെ بِالْبَأْسَاءِ ദുരിതം കൊണ്ടു وَالضَّرَّاءِ കഷ്ടപ്പാടും لَعَلَّهُمْ അവരാകുവാന്‍ വേണ്ടി يَضَّرَّعُونَ അവര്‍ താഴ്മ കാണിക്കും.
7:95
  • ثُمَّ بَدَّلْنَا مَكَانَ ٱلسَّيِّئَةِ ٱلْحَسَنَةَ حَتَّىٰ عَفَوا۟ وَّقَالُوا۟ قَدْ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذْنَـٰهُم بَغْتَةً وَهُمْ لَا يَشْعُرُونَ ﴾٩٥﴿
  • പിന്നീടു, തിന്‍മയുടെ സ്ഥാനത്തു നാം നന്‍മയെ പകരമാക്കി. അങ്ങനെ, അവര്‍ അഭിവൃദ്ധിപ്പെട്ടു; അവര്‍ പറയുകയും ചെയ്തു: "നമ്മുടെ പിതാക്കളെ കഷ്ടാവസ്ഥയും, സന്തോഷാവസ്ഥയും ബാധിക്കുകയുണ്ടായിട്ടുണ്ട്. [അതുപോലെ നമുക്കും ബാധിച്ചുവെന്നു മാത്രം.]'. അപ്പോള്‍, അവര്‍ അറിയാത്ത വിധത്തില്‍ പെട്ടെന്നു അവരെ നാം പിടി(ച്ചു ശിക്ഷി)ച്ചു.
  • ثُمَّ പിന്നെ بَدَّلْنَا നാം പകരമാക്കി مَكَانَ സ്ഥാനത്തു السَّيِّئَةِ തിന്‍മയുടെ الْحَسَنَةَ നന്‍മയെ حَتَّىٰ عَفَوا അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു, അവര്‍ വളര്‍ച്ച പ്രാപിക്കുന്നതുവരെ وَّقَالُوا അവര്‍ പറയുകയും ചെയ്തു قَدْ مَسَّ ബാധിച്ചിട്ടുണ്ടു آبَاءَنَا നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ الضَّرَّاءُ കഷ്ടപ്പാടു (കഷ്ടാവസ്ഥ) وَالسَّرَّاءُ സന്തോഷവും (സന്തോഷാവസ്ഥയും) فَأَخَذْنَاهُم അപ്പോള്‍ നാമവരെ പിടിച്ചു (ശിക്ഷിച്ചു) بَغْتَةً പെട്ടെന്നു وَهُمْ അവരാകട്ടെ, അവരായിരിക്കെ لَا يَشْعُرُونَ അവര്‍ അറിയുന്നില്ല.

പ്രവാചകന്‍മാരെ ധിക്കരിച്ച ചില സമുദായങ്ങളുടെ ചരിത്രം പ്രത്യേകം പ്രത്യേകം എടുത്തു വിവരിച്ച ശേഷം, കഴിഞ്ഞുപോയ പല സമുദായങ്ങളെപ്പറ്റി പൊതുവെയുള്ള ഒരു പ്രസ്താവനയാണിത്. പ്രവാചകന്‍മാര്‍ സത്യത്തിലേക്കു ക്ഷണിക്കുമ്പോള്‍ എതിര്‍പ്പും നിഷേധവും കൂടാതെ ഒരു സമുദായവും അതു സ്വീകരിക്കുവാന്‍ തയ്യാറാകാറില്ല. പക്ഷേ, അക്കാരണത്താല്‍ അല്ലാഹു ഒരു സമുദായത്തെയും ശിക്ഷിച്ചു നശിപ്പിക്കുക പതിവില്ല. ആദ്യം അവനില്‍ വിനയവും താഴ്മയും ഉണ്ടാക്കിത്തീര്‍ക്കുവാന്‍ വേണ്ടി അല്ലാഹു അവരുടെ ദേഹങ്ങളിലോ ധനത്തിലോ വല്ല കഷ്ടപ്പാടുകളും വഴി പരീക്ഷണം നടത്തും. അതില്‍ നിന്നു അവര്‍ പാഠം പഠിക്കാത്തപ്പോള്‍ തല്‍സ്ഥാനത്തു അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും നല്‍കി പരീക്ഷണം നടത്തും. ഈ അവസരത്തില്‍ നന്ദിക്കു പകരം നന്ദികേടും ധിക്കാരവുമായിരിക്കും അവരില്‍ നിന്നു പ്രകടമാകുക. സുഖദുഃഖങ്ങള്‍ നമുക്കുമാത്രമല്ല, മുമ്പുള്ളവര്‍ക്കും ഉണ്ടാകാറുള്ളതാണ്, അതു ലോകപ്രകൃതിയാണ്, അല്ലാതെ നമുക്കു പ്രത്യേകമായുള്ളതൊന്നുമല്ല എന്നൊക്കെയായിരിക്കും അവര്‍ പറയുക. ചുരുക്കത്തില്‍ തിന്‍മ ബാധിച്ചാലും നന്മ ബാധിച്ചാലും അതില്‍നിന്നു പാഠം പഠിക്കുകയില്ല. അങ്ങനെ, അഭിവൃദ്ധിയിലും സന്തോഷത്തിലും വിഹരിച്ചുകൊണ്ടിരിക്കെയായിരിക്കും ഓര്‍ക്കാപ്പുറത്തു അവര്‍ക്കു പെട്ടെന്നു ശിക്ഷകള്‍ വന്നു ഭവിക്കുന്നത്. അപ്പോള്‍, ഖേദിക്കും. പക്ഷേ, ഫലമുണ്ടാകയില്ല എന്നൊക്കെയാണു അല്ലാഹു പറഞ്ഞതിന്റെ സാരം. അല്ലാഹു തുടരുന്നു:-

7:96
  • وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَـٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ وَلَـٰكِن كَذَّبُوا۟ فَأَخَذْنَـٰهُم بِمَا كَانُوا۟ يَكْسِبُونَ ﴾٩٦﴿
  • (ആ) രാജ്യക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍, നാം അവര്‍ക്കു ആകാശത്തു നിന്നും, ഭൂമിയില്‍ നിന്നും 'ബര്‍ക്കത്തുകള്‍' [അനുഗ്രഹാഭിവൃദ്ധികള്‍] തുറന്നു കൊടുക്കുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും, അവര്‍ വ്യാജമാക്കുകയാണു ചെയ്തതു; അതിനാല്‍, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചിരുന്നതു നിമിത്തം അവരെ നാം പിടിച്ചു (ശിക്ഷിച്ചു).
  • وَلَوْ أَنَّ ആയിരുന്നെങ്കില്‍ أَهْلَ الْقُرَىٰ (ആ) രാജ്യക്കാര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَاتَّقَوْا അവര്‍ സൂക്ഷിക്കുകയും ചെയ്തു(വെങ്കില്‍) لَفَتَحْنَا നാം തുറക്കുക തന്നെ ചെയ്യും عَلَيْهِم അവര്‍ക്കു, അവരില്‍ بَرَكَاتٍ അനുഗ്രഹങ്ങളെ, അഭിവൃദ്ധികളെ, വളര്‍ച്ചകളെ مِّنَ السَّمَاءِ ആകാശത്തു നിന്നു وَالْأَرْضِ ഭൂമിയില്‍നിന്നും وَلَـٰكِن كَذَّبُوا എങ്കിലും അവര്‍ വ്യാജമാക്കി فَأَخَذْنَاهُم അപ്പോള്‍ നാമവരെ പിടിച്ചു بِمَا كَانُوا അവര്‍ ആയിരുന്നതുകൊണ്ടു يَكْسِبُونَ അവര്‍ സമ്പാദിക്കും, പ്രവര്‍ത്തിച്ചുവെക്കും.

സത്യവിശ്വാസം സ്വീകരിച്ചും അല്ലാഹുവിന്റെ വിധി വിലക്കുകള്‍ സൂക്ഷിച്ചും ജീവിക്കാത്തതു കൊണ്ടാണ് അവര്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. അല്ലായിരുന്നുവെങ്കില്‍, ആകാശത്തു നിന്നു മഴ മുതലായ അനുഗ്രഹങ്ങളും, ഭൂമിയില്‍ നിന്നു ഉല്‍പന്നങ്ങളുടെ വര്‍ദ്ധനവു മുതലായ അനുഗ്രഹങ്ങളും അവര്‍ക്കു സുഭിക്ഷം ലഭിച്ചുകൊണ്ടു സുഖമായി കഴിയുമായിരുന്നുവെന്നു സാരം. അല്ലാഹു ചോദിക്കുന്നു:-

7:97
  • أَفَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا بَيَـٰتًا وَهُمْ نَآئِمُونَ ﴾٩٧﴿
  • അപ്പോള്‍, തങ്ങള്‍ ഉറങ്ങുന്നവരായിരിക്കെ രാത്രി വേളയില്‍ നമ്മുടെ ശിക്ഷ തങ്ങള്‍ക്കു വരുന്നതിനെക്കുറിച്ചു (ഭയപ്പെടാതെ) രാജ്യക്കാര്‍ സമാധാനപ്പെട്ടിരിക്കുകയോ?!
  • أَفَأَمِنَ അപ്പോള്‍ സമാധാനപ്പെട്ടിരിക്കുകയോ, നിര്‍ഭയമായോ أَهْلُ الْقُرَىٰ രാജ്യക്കാര്‍ أَن يَأْتِيَهُم അവര്‍ക്കു വരുന്നതിനെക്കുറിച്ചു, വന്നെത്തുന്നതു بَأْسُنَا നമ്മുടെ ഗൗരവം, ശൗര്യം, ഊക്കു, ശിക്ഷ بَيَاتًا രാത്രി വേളയില്‍, രാത്രിയിലെ ആക്രമണമായിട്ടു وَهُمْ അവരായിരിക്കെ نَائِمُونَ ഉറങ്ങുന്നവര്‍.

7:98
  • أَوَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ ﴾٩٨﴿
  • തങ്ങള്‍ കളിച്ചുകൊണ്ടിരിക്കെ പൂര്‍വ്വാഹ്ന [ഇളയുച്ച] വേളയില്‍ തങ്ങള്‍ക്കു നമ്മുടെ ശിക്ഷ വരുന്നതിനെയും (ഭയപ്പെടാതെ) രാജ്യക്കാര്‍ സമാധാനപ്പെട്ടിരിക്കുകയാണോ?!
  • أَوَأَمِنَ സമാധാനപ്പെടുകയും ചെയ്തുവോ (ചെയ്യുകയാണോ) أَهْلُ الْقُرَىٰ രാജ്യക്കാര്‍ أَن يَأْتِيَهُم അവര്‍ക്കു വരുന്നതിനെ بَأْسُنَا നമ്മുടെ ശിക്ഷ ضُحًى പൂര്‍വ്വാഹ്നത്തില്‍, ഇളയുച്ചക്കു وَهُمْ അവരായിരിക്കെ يَلْعَبُونَ അവര്‍ കളിച്ചുകൊണ്ടിരിക്കും.
7:99
  • أَفَأَمِنُوا۟ مَكْرَ ٱللَّهِ ۚ فَلَا يَأْمَنُ مَكْرَ ٱللَّهِ إِلَّا ٱلْقَوْمُ ٱلْخَـٰسِرُونَ ﴾٩٩﴿
  • (അതെ) അപ്പോള്‍, അല്ലാഹുവിന്റെ തന്ത്രത്തെക്കുറിച്ചു (ഭയപ്പെടാതെ) അവര്‍ സമാധാനപ്പെട്ടിരിക്കുകയോ?!

    എന്നാല്‍, അല്ലാഹുവിന്റെ തന്ത്രത്തെക്കുറിച്ച് (ഭയപ്പെടാതെ) നഷ്ടപ്പെട്ട ജനങ്ങളല്ലാതെ സമാധാനപ്പെട്ടിരിക്കുകയില്ല.
  • أَفَأَمِنُوا അപ്പോള്‍ അവര്‍ സമാധാനപ്പെട്ടുവോ, നിര്‍ഭയരായിരിക്കയോ مَكْرَ اللَّـهِ അല്ലാഹുവിന്റെ തന്ത്രത്തെ (ക്കുറിച്ചു) فَلَا يَأْمَنُ എന്നാല്‍ സമാധാനപ്പെടുക (ഭയപ്പെടാതിരിക്ക) യില്ല مَكْرَ اللَّـهِ അല്ലാഹുവിന്റെ തന്ത്രത്തെ إِلَّا الْقَوْمُ ജനങ്ങളല്ലാതെ الْخَاسِرُونَ നഷ്ടപ്പെട്ട, നഷ്ടക്കാരായ.

അവിശ്വാസികളും ദുര്‍മ്മാര്‍ഗ്ഗികളുമായിരുന്ന പല രാജ്യക്കാരുടെയും സമുദായങ്ങളുടെയും അനുഭവങ്ങള്‍ മുമ്പു വിവരിച്ചല്ലോ. അതുപോലെയുള്ള ചില ശിക്ഷാ നടപടികള്‍ ഇവരിലും ഏതുസമയത്തും സംഭവിച്ചു കൂടായ്കയില്ലെന്ന് ഈ ജനങ്ങളും ഓര്‍മ്മിച്ചു കൊള്ളട്ടെ. ആ ചരിത്ര സംഭവങ്ങളില്‍ നിന്നു പാഠം പഠിക്കാതെ ഞങ്ങള്‍ക്കൊന്നും ബാധിക്കുകയില്ലെന്നു സമാധാനിച്ചു കൊണ്ടിരിക്കുന്നപക്ഷം, അതു വമ്പിച്ച നഷ്ടത്തിനു ഇടവരുത്തിയേക്കുമെന്ന് അല്ലാഹു അവിശ്വാസികളെ താക്കീതു ചെയുകയാണ്.

തങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നും, തങ്ങള്‍ക്കു ആരോടും ഉത്തരം പറയേണ്ടതില്ലെന്നും കരുതുന്നവര്‍ മാത്രമേ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചും ഭയപ്പെടാതെ നിര്‍ഭയരായിരിക്കയുള്ളു. ഹസന്‍ ബസ്വരീ (رحمه الله) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ട ഒരു വാക്യം വളരെ അര്‍ത്ഥവത്താകുന്നു: “സത്യവിശ്വാസി സല്‍പ്രവൃത്തികള്‍ ചെയ്യുന്നതു ഭയപ്പാടോടും പേടിയോടും കൂടിയായിര്‍ക്കും. തോന്നിയവാസി പാപങ്ങള്‍ ചെയ്യുന്നതു ഭയപ്പാടില്ലാതെ നിര്‍ഭയനായും കൊണ്ടായിരിക്കും.”