വിഭാഗം - 13

7:100
 • أَوَلَمْ يَهْدِ لِلَّذِينَ يَرِثُونَ ٱلْأَرْضَ مِنۢ بَعْدِ أَهْلِهَآ أَن لَّوْ نَشَآءُ أَصَبْنَـٰهُم بِذُنُوبِهِمْ ۚ وَنَطْبَعُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَسْمَعُونَ ﴾١٠٠﴿
 • ഭൂമിയെ, അതിലെ (പൂര്‍വ്വിക) ആള്‍ക്കാരുടെ ശേഷം, അനന്തരാവകാശമെടുക്കുന്നവര്‍ക്കു മാര്‍ഗ്ഗദര്‍ശകമായി [വ്യക്തമായി]ട്ടുമില്ലേ? നാം ഉദ്ദേശിക്കുന്ന പക്ഷം, അവരുടെ പാപങ്ങള്‍ നിമിത്തം നാം അവര്‍ക്കു (ആപത്തു) ബാധിപ്പിക്കുമെന്നു! നാം അവരുടെ ഹൃദയങ്ങള്‍ക്കു മുദ്ര വെക്കുകയും ചെയ്യുന്നു; അങ്ങനെ അവര്‍ കേള്‍ക്കുന്നില്ല.
 • أَوَلَمْ يَهْدِ മാര്‍ഗ്ഗദര്‍ശകവുമാകുന്നില്ലേ, വ്യക്തമാകുന്നുമില്ലേ لِلَّذِينَ يَرِثُونَ അനന്തരമെടുക്കുന്നവര്‍ക്ക്, അനന്തരാവകാശികളായി വരുന്ന (കൈകാര്യം ചെയ്യുന്ന) വര്‍ക്ക് الْأَرْضَ ഭൂമിയെ مِن بَعْدِ ശേഷം, ശേഷമായി أَهْلِهَا അതിന്റെ ആള്‍ക്കാരുടെ أَن لَّوْ نَشَاءُ നാം ഉദ്ദേശിക്കുന്നപക്ഷം എന്നു أَصَبْنَاهُم അവര്‍ക്കു നാം (ആപത്തു) ബാധിപ്പിക്കും (എന്നു) بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം وَنَطْبَعُ നാം മുദ്രവെക്കുകയും ചെയ്യും (ചെയ്യുന്നു) عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്ക്, ഹൃദയങ്ങളുടെ മേല്‍ فَهُمْ എന്നിട്ടവര്‍, അങ്ങനെ لَا يَسْمَعُونَ അവര്‍ കേള്‍ക്കുകയില്ല (കേള്‍ക്കുന്നില്ല).

മുന്‍ സമുദായങ്ങളുടെ അനന്തരാവകാശികളും പിന്‍ഗാമികളുമായി ഈ ഭൂമിയില്‍ രംഗത്തു വന്നിട്ടുള്ളവരാണല്ലോ ഈ അവിശ്വാസികള്‍. അവരുടെ പാപങ്ങള്‍ നിമിത്തം അവരെ ശിക്ഷിച്ചതുപോലെ ഇവരെയും വേണമെങ്കില്‍ നമുക്കു ശിക്ഷിക്കാവുന്നതാണെന്ന് അവരുടെ ചരിത്രങ്ങളില്‍ നിന്നു ഇവര്‍ക്കു വ്യക്തമായി മനസ്സിലായിട്ടില്ലേ?! പിന്നെയും വിശ്വസിക്കാതിരിക്കുകയാണ് ഇവര്‍. ഇവരുടെ ഹൃദയങ്ങള്‍ക്കു നാം മുദ്രവെക്കുകയാണ് ചെയ്യുന്നത്. അങ്ങനെ സത്യായാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യാതിരിക്കുകയാണ് എന്ന് സാരം. അല്ലാഹു ഹൃദയങ്ങള്‍ക്കു മുദ്രവെക്കുക എന്നു പറയുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് ഒന്നിലധികം പ്രാവശ്യം മുമ്പ് നാം വിവരിച്ചു കഴിഞ്ഞിട്ടുല്ലതാണ്. അടുത്ത വചനത്തില്‍ നിന്നു തന്നെ അതു മനസ്സിലാക്കാം.

7:101
 • تِلْكَ ٱلْقُرَىٰ نَقُصُّ عَلَيْكَ مِنْ أَنۢبَآئِهَا ۚ وَلَقَدْ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ فَمَا كَانُوا۟ لِيُؤْمِنُوا۟ بِمَا كَذَّبُوا۟ مِن قَبْلُ ۚ كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلْكَـٰفِرِينَ ﴾١٠١﴿
 • ആ രാജ്യങ്ങള്‍ അവയുടെ വൃത്താന്തങ്ങളില്‍ നിന്നു (ചിലതൊക്കെ) നാം നിനക്കു തരുകയാണ്‌.

  തീര്‍ച്ചയായും, അവര്‍ക്കു [ആ രാജ്യക്കാര്‍ക്കു] അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി ചെല്ലുകയുണ്ടായി. എന്നാല്‍, മുമ്പു അവര്‍ യാതൊന്നിനെ വ്യാജമാക്കിയോ അതില്‍ അവര്‍ വിശ്വസിക്കു (വാന്‍ തയ്യാറാകു) കയുണ്ടായില്ല. അപ്രകാരം, അവിശ്വാസികളുടെ ഹൃദയങ്ങള്‍ക്കു അല്ലാഹു മുദ്ര കുത്തുന്നു.
 • تِلْكَ الْقُرَىٰ ആ രാജ്യങ്ങള്‍ نَقُصُّ عَلَيْكَ നിനക്കു നാം (കഥ) വിവരിച്ചു തരുന്നു مِنْ أَنبَائِهَا അതിന്റെ വൃത്താന്ത (വര്‍ത്തമാന) ങ്ങളില്‍ നിന്നു وَلَقَدْ جَاءَتْهُمْ തീര്‍ച്ചയായും അവര്‍ക്കു വന്നിട്ടുണ്ട്, ചെല്ലുകയുണ്ടായി رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ തെളിവുകളുമായി فَمَا كَانُوا എന്നിട്ടു അവര്‍ (തയ്യാര്‍) ആയില്ല لِيُؤْمِنُوا അവര്‍ വിശ്വസിക്കുവാന്‍ بِمَا كَذَّبُوا അവര്‍ വ്യാജമാക്കിയതില്‍, വ്യാജമാക്കിയതുകൊണ്ട് مِن قَبْلُ മുമ്പു, മുമ്പേ كَذَٰلِكَ അപ്രകാരം يَطْبَعُ اللَّـهُ അല്ലാഹു മുദ്രവെക്കുന്നു (വെക്കും) عَلَىٰ قُلُوبِ ഹൃദയങ്ങള്‍ക്കു الْكَافِرِينَ അവിശ്വാസികളുടെ.

തെളിവുകളും ദൃഷ്ടാന്തങ്ങളും ധാരാളം ലഭിച്ചിട്ടു പിന്നെയും മുന്‍സ്ഥിതിയില്‍ മാറ്റം വരാതെ, സത്യനിഷേധത്തിലും, വ്യാജവാദത്തിലും ശഠിച്ചു നിന്നുകൊണ്ടേ ഇരിക്കുമ്പോഴാണു വേണ്ടതൊന്നും ഉള്ളില്‍ പ്രവേശിക്കാത്ത വിധം അല്ലാഹു ഹൃദയങ്ങള്‍ക്കു മുദ്ര വെക്കുന്നതെന്നു ഈ വചനത്തില്‍ അല്ലാഹു വ്യക്തമാക്കുന്നു. بِمَا كَذَّبُوا مِن قَبْلُ എന്ന വാക്കിന് ‘അവര്‍ മുമ്പു വ്യാജമാക്കിയതു നിമിത്തം’ എന്നും അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. അഥവാ അതുകൊണ്ടവര്‍ വിശ്വസിക്കുവാന്‍ തയ്യാറാകാത്തതു എന്നു താല്‍പര്യം.

7:102
 • وَمَا وَجَدْنَا لِأَكْثَرِهِم مِّنْ عَهْدٍ ۖ وَإِن وَجَدْنَآ أَكْثَرَهُمْ لَفَـٰسِقِينَ ﴾١٠٢﴿
 • അവരില്‍ അധികപേരും യാതൊരു കരാറും [കരാറു പാലിക്കേണ്ട ബോധവും] നാം കണ്ടെത്തിയില്ല; അവരില്‍ അധികമാളുകളെയും തോന്നിയവാസികളായിത്തന്നെ നാം കണ്ടെത്തുകയും ചെയ്തു.
 • وَمَا وَجَدْنَا നാം കണ്ടെത്തിയില്ല لِأَكْثَرِهِم അവരില്‍ അധികമാള്‍ക്കും مِّنْ عَهْدٍ ഒരു കരാറും, പ്രതിജ്ഞയും وَإِن وَجَدْنَا നിശ്ചയമായും നാം കണ്ടെത്തുകയും ചെയ്തു أَكْثَرَهُمْ അവരില്‍ അധികത്തെയും لَفَاسِقِينَ തോന്നിയവാസികളായി തന്നെ.

അതുകൊണ്ടാണു മേല്‍ വിവരിച്ച രാജ്യങ്ങളിലെ ആളുകള്‍ക്കു ആ അനുഭവങ്ങള്‍ നേരിട്ടതെന്നു താല്‍പര്യം. മനുഷ്യന്‍ പ്രകൃത്യാതന്നെ തന്റെ സൃഷ്ടാവിനെക്കുറിച്ചു ബോധവാനായിരിക്കുവാന്‍ കടമപ്പെട്ടവനാകുന്നു. പ്രവാചകന്‍മാരും, വേദഗ്രന്ഥങ്ങളും മുഖേന തെളിവുകളും ദൃഷ്ടാന്തങ്ങളും ലഭിക്കുന്നതോടെ ആ ബാദ്ധ്യത കൂടുതല്‍ ദൃഢപ്പെടുന്നു. പരീക്ഷണ ഘട്ടങ്ങള്‍ വരുമ്പോള്‍ അതു പിന്നെയും ഒന്നുകൂടി ശക്തിപ്പെടുന്നു. എന്നിട്ടൊന്നും ആ ബാദ്ധ്യത നിറവേറ്റുവാനുള്ള ബോധവും തയ്യാറും അവര്‍ക്കുണ്ടായില്ല എന്നത്രെ ‘അവര്‍ക്കു യാതൊരു കരാറും നാം കണ്ടെത്തിയില്ല’ എന്നു പറഞ്ഞതിന്റെ സാരം.

ഈ സത്യനിഷേധികള്‍ അവരുടെ മര്‍ക്കട മുഷ്ടിയും ധിക്കാരവും തുടര്‍ന്നുകൊണ്ടിരിക്കുന്നതില്‍ അത്ഭുതത്തിനോ വ്യസനത്തിനോ ആവശ്യമില്ലെന്നും, ഇങ്ങിനെ എത്രയോ ഉദാഹരണങ്ങള്‍ ഇതിനു മുമ്പു കഴിഞ്ഞുപോയിട്ടുണ്ടെന്നും ചരിത്ര സംഭവങ്ങള്‍ നിരത്തി ചൂണ്ടിക്കാട്ടിയശേഷം, നിലവിലുള്ള വേദക്കാരില്‍ റസൂലായി അയക്കപ്പെട്ട മൂസാ (عليه الصلاة والسلام) നബി സത്യപ്രബോധനം നടത്തിയപ്പോള്‍ അദ്ദേഹത്തിനു നേരിട്ട അനുഭവങ്ങള്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു വിവരിച്ചു കൊടുക്കുന്നു:-

7:103
 • ثُمَّ بَعَثْنَا مِنۢ بَعْدِهِم مُّوسَىٰ بِـَٔايَـٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَظَلَمُوا۟ بِهَا ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ ﴾١٠٣﴿
 • പിന്നീടു, അവരുടെ [മേല്‍ പറയപ്പെട്ടവരുടെ] ശേഷം, ഫിര്‍ഔന്റെയും, അവന്റെ പ്രധാനികളുടെയും അടുക്കലേക്കു നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം മൂസായെ നിയോഗിച്ചയച്ചു. എന്നിട്ടു, അവര്‍ അവയില്‍ (വിശ്വസിക്കാതെ) അക്രമം പ്രവര്‍ത്തിച്ചു.

  അപ്പോള്‍, (ആ) കുഴപ്പം പ്രവര്‍ത്തിച്ചവരുടെ പര്യവസാനം എങ്ങനെ ആയെന്നു നോക്കുക!
 • ثُمَّ بَعَثْنَا പിന്നെ നാം അയച്ചു, എഴുന്നേല്‍പിച്ചു (നിയോഗിച്ചു) مِن بَعْدِهِم അവരുടെ ശേഷം مُّوسَىٰ മൂസായെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെയും അടുത്തേക്കു وَمَلَئِهِ അവന്റെ സംഘക്കാരിലേക്കും, പ്രധാനികളിലേക്കും فَظَلَمُوا എന്നിട്ടു അവര്‍ അക്രമം പ്രവര്‍ത്തിച്ചു بِهَا അവയില്‍, അവകൊണ്ടു فَانظُرْ അപ്പോള്‍ നോക്കുക كَيْفَ كَانَ എങ്ങിനെ ആയി (ഉണ്ടായി) عَاقِبَةُ പര്യവസാനം, കലാശം നാശം (കുഴപ്പം) الْمُفْسِدِينَ പ്രവര്‍ത്തിക്കുന്നവരുടെ.
7:104
 • وَقَالَ مُوسَىٰ يَـٰفِرْعَوْنُ إِنِّى رَسُولٌ مِّن رَّبِّ ٱلْعَـٰلَمِينَ ﴾١٠٤﴿
 • മൂസാ പറയുകയും ചെയ്തു: 'ഫിര്‍ഔനേ, നിശ്ചയമായും ഞാന്‍, ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു റസൂലാകുന്നു.
 • وَقَالَ مُوسَىٰ മൂസാ പറയുകയും ചെയ്തു يَا فِرْعَوْنُ ഫിര്‍ഔനേ إِنِّي رَسُولٌ ഞാന്‍ ഒരു ദൂതനാണു مِّن رَّبِّ രക്ഷിതാവിങ്കല്‍ നിന്നു الْعَالَمِينَ ലോകരുടെ.
7:105
 • حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ قَدْ جِئْتُكُم بِبَيِّنَةٍ مِّن رَّبِّكُمْ فَأَرْسِلْ مَعِىَ بَنِىٓ إِسْرَٰٓءِيلَ ﴾١٠٥﴿
 • 'അല്ലാഹുവിന്റെ പേരില്‍ യഥാര്‍ത്ഥമല്ലാതെ (ഒന്നും) പറയാതിരിക്കുവാന്‍ അവകാശപ്പെട്ടവനാണു (ഞാന്‍). നിങ്ങളുടെ റബ്ബിങ്കല്‍നിന്നും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ തെളിവും കൊണ്ടു വന്നിട്ടുണ്ട്; ആകയാല്‍, എന്റെ കൂടെ നീ ഇസ്രാഈല്‍ സന്തതികളെ അയച്ചു [വിട്ടു] തരുക.'
 • حَقِيقٌ അവകാശപ്പെട്ട (കടമപ്പെട്ട) വനാണു عَلَىٰ أَن لَّا أَقُولَ ഞാന്‍ പറയാതിരിക്കുവാന്‍ عَلَى اللَّـهِ അല്ലാഹുവിന്റെ പേരില്‍ إِلَّا الْحَقَّ യഥാര്‍ത്ഥമല്ലാതെ, സത്യമൊഴികെ قَدْ جِئْتُكُم ഞാന്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ട് بِبَيِّنَةٍ തെളിവുംകൊണ്ടു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു فَأَرْسِلْ അതിനാല്‍ അയച്ചു തരുക مَعِيَ എന്റെ കൂടെ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ.

സത്യവിശ്വാസത്തിലേക്കും തൗഹീദിലേക്കും ക്ഷണിക്കുകയെന്ന ദൗത്യത്തിനു പുറമെ, മൂസാ (عليه الصلاة والسلام) നബി നിര്‍വ്വഹിക്കേണ്ടിയിരുന്ന ഒരു പ്രത്യേക ദൗത്യമായിരുന്നു ഇസ്രാഈല്യരെ ഫിര്‍ഔന്റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കല്‍. ഇസ്രഈല്‍ സന്തതികളെ എന്റെ കൂടെ അയച്ചു തരേണമെന്ന് അദ്ദേഹം പറഞ്ഞതു അതിനെക്കുറിച്ചാകുന്നു. ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ പൗത്രനും, ഇസ്രാഈല്‍ എന്ന യഅ്ക്വൂബ് (عليه الصلاة والسلام) നബിയുടെ മകന്‍ യൂസുഫ് (عليه الصلاة والسلام) നബിയുടെ ചരിത്രം സൂറത്തു യൂസുഫില്‍ വരുന്നുണ്ട്. അതില്‍ കാണാവുന്ന പ്രകാരം, അദ്ദേഹവും അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരങ്ങളും അവസാനം ഈജിപ്തില്‍ താമസമായി. കാലക്രമത്തില്‍ ആ കുടുംബം ഒരു വമ്പിച്ച ജനതയായി വര്‍ദ്ധിച്ചു. ഈജിപ്തിലെ ഭരണാധിപത്യം ക്വിബ്ത്വി (കൊപ്ത്തി)കളായ ഫിര്‍ഔന്‍ (ഫറോവാ) രാജവംശത്തിന്റെ കയ്യിലായിരുന്നു. ആദ്യകാലത്തു ഇസ്രാഈല്യര്‍ക്ക് അവിടെ ഉണ്ടായിരുന്ന പേരും പ്രശസ്തിയുമെല്ലാം കാലാന്തരങ്ങളില്‍ നഷ്ടപ്പെടുകയും, അവര്‍ കൊപ്തി വര്‍ഗ്ഗത്തിന് അടിമപ്പെട്ടും അവരുടെ അക്രമം മര്‍ദ്ദനങ്ങള്‍ സഹിച്ചും കഴിഞ്ഞുകൂടേണ്ടി വരികയും ചെയ്തു. ഈ അവസരത്തിലായിരുന്നു മൂസാ (عليه الصلاة والسلام) നബിയെ അല്ലാഹു റസൂലായി നിയോഗിച്ചത്.

ക്വുര്‍ആനില്‍ വളരെയേറെ ആവര്‍ത്തിച്ചും വിസ്തരിച്ചും വിവരിക്കപ്പെട്ടിട്ടുള്ള ഒരു ചരിത്രമാണ് മൂസാ (عليه الصلاة والسلام) നബിയുടെയും ഇസ്രാഈല്യരുടെയും ചരിത്രം. ആ ചരിത്രത്തിന്റെ ചില വശങ്ങള്‍ ചില സൂറത്തുകളില്‍ പ്രത്യേകം വിശദീകരിക്കപ്പെട്ടു കാണാം. ആ കൂട്ടത്തില്‍ പെട്ടതാണ് ഈ സൂറത്തും, ക്വസ്വസ്വും, ത്വാഹായും. മക്കീ സൂറത്തുകളിലാണ്‌ ഇത് കൂടുതല്‍ കാണപ്പെടുക. നൂറ്റി മുപ്പതില്‍പരം സ്ഥലത്ത് മൂസാ (عليه الصلاة والسلام) നബിയുടെ പേര്‍ ക്വുര്‍ആനില്‍ പറയപ്പെട്ടിരിക്കുന്നു. കഴിഞ്ഞുപോയ സമുദായങ്ങളില്‍ വെച്ച് ഏറ്റവും വലിയ ഒരു സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട റസൂലും, ആദ്യന്തം സംഭവബഹുലമായ ഒരു നീണ്ട ചരിത്രത്തിന്റെ നായകനുമായിരുന്നു ആ പ്രവാചകന്‍. ആ നിലക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കും അവിടത്തെ സമുദായത്തിനും ആ ചരിത്രത്തില്‍ നിന്നും അല്ലാഹു വളരെയധികം മാതൃകകളും പാഠങ്ങളും ഗ്രഹിക്കുവാനുണ്ട്. അതുകൊണ്ടാണ് ആ പ്രവാചകവര്യന്റെ ചരിത്രത്തിന് അല്ലാഹു ഇത്രയധികം പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്.

7:106
 • قَالَ إِن كُنتَ جِئْتَ بِـَٔايَةٍ فَأْتِ بِهَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴾١٠٦﴿
 • അവന്‍ [ഫിര്‍ഔന്‍] പറഞ്ഞു: "നീ വല്ല ദൃഷ്ടാന്തവും കൊണ്ടു വന്നിട്ടുണ്ടെങ്കില്‍, അതു (ഇങ്ങു) കൊണ്ടുവാ, നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍!"
 • قَالَ അവന്‍ പറഞ്ഞു إِن كُنتَ നീ ആണെങ്കില്‍ جِئْتَ നീ വന്നിരിക്കുന്നു (എങ്കില്‍) بِآيَةٍ വല്ല ദൃഷ്ടാന്തവും കൊണ്ടു فَأْتِ بِهَا എന്നാലതു കൊണ്ടുവാ إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍.
7:107
 • فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌ مُّبِينٌ ﴾١٠٧﴿
 • അപ്പോള്‍ അദ്ദേഹം തന്റെ വടിയിട്ടു; അപ്പോഴതാ അതു പ്രത്യക്ഷമായ ഒരു സര്‍പ്പം!
 • فَأَلْقَىٰ അപ്പോള്‍ അദ്ദേഹം ഇട്ടു عَصَاهُ അദ്ദേഹത്തിന്റെ വടി فَإِذَا هِيَ അപ്പോള്‍ (അതാ) അതു ثُعْبَانٌ ഒരു സര്‍പ്പം مُّبِينٌ പ്രത്യക്ഷമായ, തനി.
7:108
 • وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّـٰظِرِينَ ﴾١٠٨﴿
 • അദ്ദേഹം തന്റെ കൈ പുറത്തെടുത്തു (കാട്ടി); അപ്പോഴതാ നോക്കുന്നവര്‍ക്കു (അതു) വെള്ള നിറമുള്ളത്!
 • وَنَزَعَ അദ്ദേഹം നീക്കി (പുറത്തു) എടുക്കുകയും ചെയ്തു يَدَهُ തന്റെ കൈ فَإِذَا هِيَ അപ്പോള്‍ (അതാ) അതു بَيْضَاءُ വെളുത്തതു لِلنَّاظِرِينَ നോക്കുന്നവര്‍ക്കു.

സീനാ താഴ്വരയില്‍ വെച്ച് അല്ലാഹു മൂസാ (عليه الصلاة والسلام) നബിയെ ഫിര്‍ഔന്റെ അടുക്കലേക്കും മറ്റും റസൂലായി നിയോഗിച്ചയച്ച അവസരത്തില്‍തന്നെ, അദ്ദേഹത്തിനു രണ്ടു മഹാദൃഷ്ടാന്തങ്ങളായി നിശ്ചയിച്ചു കൊടുത്തിരുന്നതാണ് അദ്ദേഹത്തിന്റെ വടിയും കയ്യും. കൂടുതല്‍ വിവരത്തിനു സൂ: ക്വസ്വസ്വും, ത്വാഹായും നോക്കുക.

വിഭാഗം - 14

7:109
 • قَالَ ٱلْمَلَأُ مِن قَوْمِ فِرْعَوْنَ إِنَّ هَـٰذَا لَسَـٰحِرٌ عَلِيمٌ ﴾١٠٩﴿
 • ഫിര്‍ഔന്റെ ജനങ്ങളില്‍ നിന്നുള്ള പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും ഇവന്‍, (വളരെ) അറിവുള്ളവതായ ഒരു ജാലവിദ്യക്കാരന്‍ തന്നെ;
 • قَالَ الْمَلَأُ സംഘം (പ്രധാനി)കള്‍ പറഞ്ഞു مِن قَوْمِ ജനങ്ങളില്‍ നിന്നുള്ള فِرْعَوْنَ ഫിര്‍ഔന്റെ إِنَّ هَـٰذَا നിശ്ചയമായും ഇതു, ഇവന്‍ لَسَاحِرٌ ഒരു സിഹ്രുകാരന്‍ (ജാലവിദ്യക്കാരന്‍) തന്നെ عَلِيمٌ അറിവുള്ള.
7:110
 • يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُمْ ۖ فَمَاذَا تَأْمُرُونَ ﴾١١٠﴿
 • 'നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നു. അതിനാല്‍, (ഇവനെപ്പറ്റി) നിങ്ങള്‍ എന്തു കല്‍പിക്കുന്നു. [എന്താണു നിങ്ങള്‍ക്കു നിര്‍ദ്ദേശിക്കുവാനുള്ളത്]?!
 • يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يُخْرِجَكُم നിങ്ങളെ പുറത്താക്കു (ബഹിഷ്കരിക്കു) വാന്‍ مِّنْ أَرْضِكُمْ നിങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍) നിന്നു فَمَاذَا അപ്പോള്‍ (അതിനാല്‍) എന്താണു تَأْمُرُونَ നിങ്ങള്‍ കല്‍പിക്കുന്നു (നിര്‍ദ്ദേശിക്കുന്നു).

മൂസാ (عليه الصلاة والسلام) ദൃഷ്ടാന്തങ്ങള്‍ കാട്ടിക്കൊടുത്തപ്പോള്‍ അവരിലുള്ള പ്രധാനികള്‍ തമ്മില്‍ പറയുന്നതാണിത്. ഫിര്‍ഔനും ഇപ്രകാരം പറഞ്ഞതായും, പ്രധാനികളോടു നിര്‍ദ്ദേശം ആവശ്യപ്പെട്ടതായും സൂ: ശുഅറാഇല്‍: 34, 35 കാണാം. അപ്പോള്‍, എല്ലാവരും അന്യോന്യം കൂടിയാലോചിച്ചായിരുന്നു മൂസാ (عليه الصلاة والسلام)നബിക്കെതിരെയുള്ള നയം അവര്‍ തീരുമാനിച്ചുറച്ചതെന്നു മനസ്സിലാക്കാം. വളരെ നിപുണനായ ഒരു ജാലവിദ്യക്കാരനാണിവന്‍. അതു വഴി നിങ്ങളെ മയക്കി വഞ്ചിച്ച് നിങ്ങളെ ഇവിടെനിന്നു ബഹിഷ്കൃതരാക്കുവാനുള്ള ഒരു സൂത്രമാണിത്. അതുകൊണ്ടു ഇവനെ വെറുതെ വിട്ടുകൂടാ. അതെങ്ങിനെ വേണം? ഇതാണവരുടെ ആലോചന.

ജാലവിദ്യ, ആഭിചാരം, ഇന്ദ്രജാലം, ചെപ്പിടിവിദ്യ മുതലായവക്കെല്ലാം പറയപ്പെടുന്ന വാക്കാണ്‌ سِحْر (സിഹ്ര്‍) എന്നും, അതിന്റെ കര്‍ത്തൃനാമമാണു سَاحِرٌ (സാഹിര്‍) എന്നും, യഥാര്‍ത്ഥം മനസ്സിലാക്കുവാന്‍ പ്രയാസമായ എല്ലാ പകിട്ടുവേലകള്‍ക്കും ഈ വാക്കു ഉപയോഗിക്കപ്പെടുമെന്നും സൂ: അല്‍ബക്വറ 102ന്റെ വ്യാഖ്യാനത്തിലും മറ്റും മുമ്പു വിവരിച്ചിട്ടുള്ളതു ഓര്‍ക്കുക.

7:111
 • قَالُوٓا۟ أَرْجِهْ وَأَخَاهُ وَأَرْسِلْ فِى ٱلْمَدَآئِنِ حَـٰشِرِينَ ﴾١١١﴿
 • അവര്‍ (ഫിര്‍ഔനോടു) പറഞ്ഞു: "അവന്നും, അവന്റെ സഹോദരന്നും ഇടകൊടുക്കുക; നഗരങ്ങളില്‍ ശേഖരിക്കുന്ന ആളുകളെ നിയോഗിച്ചയക്കുകയും ചെയ്യുക;-
 • قَالُوا അവര്‍ പറഞ്ഞു أَرْجِهْ അവനെ പിന്തിച്ചു വെക്കുക, അവന്നു ഒഴിവു (ഇട) നല്‍കുക وَأَخَاهُ അവന്റെ സഹോദരനെയും وَأَرْسِلْ അയക്കുക (നിയോഗിക്കുക) യും ചെയ്യുക فِي الْمَدَائِنِ പട്ടണങ്ങളില്‍ حَاشِرِينَ ശേഖരിക്കുന്ന (ഒരുമിച്ചു കൂട്ടുന്ന) വരെ.
7:112
 • يَأْتُوكَ بِكُلِّ سَـٰحِرٍ عَلِيمٍ ﴾١١٢﴿
 • (നല്ലപോലെ) അറിയുന്നവരായ എല്ലാ ജാലവിദ്യക്കാരെയും (ശേഖരിച്ച്) അവര്‍ അങ്ങയുടെ അടുക്കല്‍ കൊണ്ടുവരട്ടെ."
 • يَأْتُوكَ അവര്‍ നിനക്കു (അങ്ങേക്കു) വരും (വരട്ടെ) بِكُلِّ سَاحِرٍ എല്ലാ ജാലവിദ്യക്കാരെയും عَلِيمٍ അറിവുള്ള.

മൂസാ (عليه الصلاة والسلام) നബിയെ റസൂലായി നിശ്ചയിച്ചപ്പോള്‍, അദ്ദേഹത്തിനു വാചാലമായി സംസാരിക്കുവാന്‍ വിഷമമുണ്ടായിരുന്നതു നിമിത്തം. അദ്ദേഹത്തിന്റെ അപേക്ഷയനുസരിച്ച് സഹോദരന്‍ ഹാറൂന്‍ (عليه الصلاة والسلام) നബിയെ ഒരു സഹായകനായി അദ്ദേഹത്തിനു അല്ലാഹു നിശ്ചയിച്ചു കൊടുത്തിരുന്നു. രണ്ടുപേരും കൂടിയായിരുന്നു ഫിര്‍ഔനെ സമീപിച്ചത്. അതുകൊണ്ടാണ് ‘അവനെയും അവന്റെ സഹോദരനെയും തല്‍ക്കാലം ഇടകൊടുത്തു വിടുക’ എന്നു അവര്‍ പറഞ്ഞത്. ഫിര്‍ഔന്റെ നിര്‍ദ്ദേശപ്രകാരം വളരെ ജാലവിദ്യക്കാര്‍ ശേഖരിക്കപ്പെട്ടു.

7:113
 • وَجَآءَ ٱلسَّحَرَةُ فِرْعَوْنَ قَالُوٓا۟ إِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ ٱلْغَـٰلِبِينَ ﴾١١٣﴿
 • ജാലവിദ്യക്കാര്‍ ഫിര്‍ഔന്റെ അടുക്കല്‍ വരുകയും ചെയ്തു. അവര്‍ പറഞ്ഞു: "വിജയിക്കുന്നവര്‍ ഞങ്ങളാണെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ക്കു ഒരു (വമ്പിച്ച) പ്രതിഫലം ഉണ്ടായിരിക്കുമല്ലോ?"
 • وَجَاءَ السَّحَرَةُ ജാലവിദ്യക്കാര്‍ വരുകയും ചെയ്തു فِرْعَوْنَ ഫിര്‍ഔന്റെ അടുക്കല്‍ قَالُوا അവര്‍ പറഞ്ഞു إِنَّ لَنَا നിശ്ചയമായും ഞങ്ങള്‍ക്കുണ്ടു (അല്ലേ) لَأَجْرًا ഒരു (വമ്പിച്ച) പ്രതിഫലം തന്നെ إِن كُنَّا ഞങ്ങള്‍ ആയെങ്കില്‍ نَحْنُ ഞങ്ങള്‍ (തന്നെ) الْغَالِبِينَ വിജയികള്‍, കവച്ചുവെക്കുന്നവര്‍.
7:114
 • قَالَ نَعَمْ وَإِنَّكُمْ لَمِنَ ٱلْمُقَرَّبِينَ ﴾١١٤﴿
 • അവന്‍ പറഞ്ഞു: "അതെ, (മാത്രമല്ല) നിശ്ചയമായും നിങ്ങള്‍, (നമ്മുടെ അടുക്കല്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവരുമായിരിക്കും."
 • قَالَ نَعَمْ അവന്‍ പറഞ്ഞു അതെ وَإِنَّكُمْ നിശ്ചയമായും നിങ്ങള്‍ (ആകുന്നു താനും) لَمِنَ الْمُقَرَّبِينَ സാമീപ്യം നല്‍കപ്പെട്ട (സിദ്ധിച്ച) വരില്‍ പെട്ട (വര്‍) തന്നെ.

മൂസാ (عليه الصلاة والسلام) നബിയോടു മത്സരിക്കുവാന്‍ വേണ്ടി ജാലവിദ്യക്കാര്‍ വമ്പിച്ച ഒരുക്കങ്ങള്‍ ചെയ്തിരുന്നു. അതിനായി അവരുടെ വടികള്‍, കയറുകള്‍ മുതലായ സാമഗ്രികളും കൊണ്ടു വന്നിരുന്നു (20: 59) എല്ലാവരും രംഗത്തു ഒരുമിച്ചു കൂടി.

7:115
 • قَالُوا۟ يَـٰمُوسَىٰٓ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ نَحْنُ ٱلْمُلْقِينَ ﴾١١٥﴿
 • അവര്‍ [ജാലവിദ്യക്കാര്‍] പറഞ്ഞു: "മൂസാ, ഒന്നുകില്‍ നീ (ആദ്യം വടി) ഇടുക. ഒന്നുകില്‍ (ആദ്യം) ഇടുന്നവര്‍ ഞങ്ങളായിരിക്കുക (ഏതാണു വേണ്ടതു)?"
 • قَالُوا അവര്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِمَّا أَن تُلْقِيَ ഒന്നുകില്‍ നീ ഇടുക وَإِمَّا أَن نَّكُونَ ഒന്നുകില്‍ ഞങ്ങളായിരിക്കുക نَحْنُ ഞങ്ങള്‍ (തന്നെ) الْمُلْقِينَ ഇടുന്നവര്‍.
7:116
 • قَالَ أَلْقُوا۟ ۖ فَلَمَّآ أَلْقَوْا۟ سَحَرُوٓا۟ أَعْيُنَ ٱلنَّاسِ وَٱسْتَرْهَبُوهُمْ وَجَآءُو بِسِحْرٍ عَظِيمٍ ﴾١١٦﴿
 • അദ്ദേഹം [മൂസാ] പറഞ്ഞു: "നിങ്ങള്‍ ഇട്ടു കൊള്ളുവിന്‍."

  അങ്ങനെ, അവര്‍ (വടി) ഇട്ടപ്പോള്‍, അവര്‍ മനുഷ്യരുടെ കണ്ണുകളെ പകിട്ടാക്കുകയും, അവര്‍ അവരെ പേടിപ്പെടുത്തുകയും ചെയ്തു. അവര്‍ ഒരു വമ്പിച്ച ജാലവിദ്യ (തന്നെ) കൊണ്ടുവരുകയും ചെയ്തു.
 • قَالَ അദ്ദേഹം പറഞ്ഞു أَلْقُوا നിങ്ങള്‍ ഇട്ടുകൊള്ളുവിന്‍ فَلَمَّا أَلْقَوْا അങ്ങനെ അവര്‍ ഇട്ടപ്പോള്‍ سَحَرُوا അവര്‍ പകിട്ടാക്കി, മായത്തിലാക്കി أَعْيُنَ النَّاسِ മനുഷ്യരുടെ കണ്ണുകളെ وَاسْتَرْهَبُوهُمْ അവരെ അവര്‍ പേടിപ്പെടുത്തുകയും ചെയ്തു وَجَاءُوا അവര്‍ വരുകയും ചെയ്തു بِسِحْرٍ ഒരു ജാലവിദ്യയുമായി عَظِيمٍ വമ്പിച്ചതായ.

ചില മായതന്ത്രങ്ങള്‍ വഴി ജാലവിദ്യക്കാരുടെ വടികളും കയറുകളും കാണികളുടെ ദൃഷ്ടിയില്‍ പാമ്പുകളായി തോന്നി. അവര്‍ അതു കണ്ട് ഭയപ്പെടുകയും ചെയ്തു. ജാലവിദ്യയുടെ ഇനത്തില്‍ വളരെ വമ്പിച്ച വിദ്യ തന്നെയായിരുന്നു അവര്‍ പ്രകടിപ്പിച്ചത്. അല്ലാഹു പറയുന്നു:-

7:117
 • وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ ﴾١١٧﴿
 • മൂസാക്കു നാം 'വഹ്-യു' [സന്ദേശം] നല്‍കുകയും ചെയ്തു: 'നിന്റെ വടി നീ ഇട്ടേക്കുക' എന്നു. അപ്പോഴതാ, അവര്‍ കൃത്രിമമാ(യുണ്ടാ)ക്കിയിരുന്നതിനെ അതു വിഴുങ്ങുന്നു!
 • وَأَوْحَيْنَا നാം സന്ദേശം നല്‍കുകയും ചെയ്തു إِلَىٰ مُوسَىٰ മൂസാക്കു أَنْ أَلْقِ നീ ഇടുക (ഇടണം) എന്നു عَصَاكَ നിന്റെ വടി فَإِذَا هِيَ അപ്പോള്‍ (അതാ) അതു تَلْقَفُ അതു വിഴുങ്ങുന്നു مَا يَأْفِكُونَ അവര്‍ കൃത്രിമം (കള്ളം) പ്രവര്‍ത്തിച്ചിരുന്നത്.
7:118
 • فَوَقَعَ ٱلْحَقُّ وَبَطَلَ مَا كَانُوا۟ يَعْمَلُونَ ﴾١١٨﴿
 • അങ്ങനെ, യഥാര്‍ത്ഥം സംഭവിച്ചു. [സത്യം പുലര്‍ന്നു]; അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു വിഫലമാകുകയും ചെയ്തു.
 • فَوَقَعَ അങ്ങനെ സംഭവിച്ചു, സ്ഥാപിതമായി الْحَقُّ യഥാര്‍ത്ഥം, സത്യം, കാര്യം وَبَطَلَ വിഫലമാകുക (നിരര്‍ത്ഥമാകുക) യും ചെയ്തു مَا كَانُوا അവര്‍ ആയിരുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
7:119
 • فَغُلِبُوا۟ هُنَالِكَ وَٱنقَلَبُوا۟ صَـٰغِرِينَ ﴾١١٩﴿
 • അപ്പോള്‍, അവിടംവെച്ച് അവര്‍ പരാജയപ്പെട്ടു; അവര്‍ നിസ്സാരന്‍മാരായി മാറുകയും ചെയ്തു.
 • فَغُلِبُوا അപ്പോള്‍ (അങ്ങനെ) അവര്‍ ജയിക്കപ്പെട്ടു, പരാജയപ്പെട്ടു هُنَالِكَ അവിടത്തില്‍ وَانقَلَبُوا അവര്‍ മറിയുക (മാറുക) യും ചെയ്തു صَاغِرِينَ ചെറിയവരായി (നിസ്സാരന്‍മാരായി).

മൂസാ (عليه الصلاة والسلام) വടി നിലത്തിട്ടതു അല്ലാഹുവില്‍ നിന്നുള്ള വഹ്-യനുസരിച്ചാണെന്നു പറഞ്ഞതു പ്രത്യേകം ശ്രദ്ധേയമാണ്. ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തുന്നതു അല്ലാഹുവാണെന്നും, അതില്‍ നബിമാര്‍ക്കോ മറ്റോ തങ്ങളുടെ കഴിവൊന്നും പ്രയോഗിക്കുവാനില്ലെന്നുമാണതു സൂചിപ്പിക്കുന്നത്. ജാലവിദ്യക്കാരുടെ സാമഗ്രികള്‍ പാമ്പുകളാണെന്നു ജനങ്ങള്‍ക്കു തോന്നിയതല്ലാതെ യഥാര്‍ത്ഥത്തില്‍ അവക്കു മാറ്റമൊന്നും സംഭവിച്ചിട്ടില്ല. മൂസാ (عليه الصلاة والسلام) ന്റെ വടിയാകട്ടെ, യഥാര്‍ത്ഥ സര്‍പ്പം തന്നെയാണു താനും. ആ കൃത്രിമപ്പാമ്പുകളെയെല്ലാം ആ സര്‍പ്പം വിഴുങ്ങുകയായി. അതു കണ്ടപ്പോള്‍ ജാലവിദ്യക്കാര്‍ക്കു കാര്യം മനസ്സിലായി. അതെ, മൂസാ (عليه الصلاة والسلام) നബിയുടേതു ജാലവിദ്യയല്ലെന്നും, ദിവ്യദൃഷ്ടാന്തം തന്നെയാണെന്നും. അവര്‍ പരാജയം സമ്മതിച്ചു. മാത്രമല്ല:-

7:120
 • وَأُلْقِىَ ٱلسَّحَرَةُ سَـٰجِدِينَ ﴾١٢٠﴿
 • ജാലവിദ്യക്കാര്‍ സാഷ്ടാംഗം നമസ്കരിക്കുന്നവരായി വീഴ്ത്തപെടുക [നിലംപതികുക] യും ചെയ്തു.
 • وَأُلْقِيَ ഇടപ്പെടുക (വീഴ്ത്തപെടുക) യും ചെയ്തു (നിലംപതിച്ചു) السَّحَرَةُ ജാലവിദ്യക്കാര്‍ سَاجِدِينَ സുജൂദു (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായി.
7:121
 • قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَـٰلَمِينَ ﴾١٢١﴿
 • അവര്‍ പറഞ്ഞു: "ഞങ്ങള്‍ (സര്‍വ്വ) ലോക രക്ഷിതാവില്‍ വിശ്വസിച്ചു;-
 • قَالُوا അവര്‍ പറഞ്ഞു آمَنَّا ഞങ്ങള്‍ വിശ്വസിച്ചു بِرَبِّ രക്ഷിതാവില്‍ الْعَالَمِينَ ലോകരുടെ (സര്‍വ്വ ലോകത്തിന്റെ).
7:122
 • رَبِّ مُوسَىٰ وَهَـٰرُونَ ﴾١٢٢﴿
 • (അതെ) മൂസായുടെയും, ഹാറൂന്റെയും റബ്ബില്‍."
 • رَبِّ مُوسَىٰ അതായതു മൂസായുടെ റബ്ബു وَهَارُونَ ഹാറൂന്റെയും.

പക്ഷേ, ഫിര്‍ഔനും സില്‍ബന്ധികളും പരാജയം സമ്മതിച്ചില്ല. അവരുടെ അഹന്ത അതിനു അനുവദിക്കുകയില്ലല്ലോ. മൂസാ (عليه الصلاة والسلام) കാണിച്ചതു സിഹ്റിന്റെ ഇനത്തില്‍പെട്ടതല്ലെന്നു അവര്‍ക്ക് മനസ്സിലായാല്‍ തന്നെയും അവരുടെ സര്‍വ്വാധിപത്യത്തിനും ഔദ്ധത്യത്തിനും അതെങ്ങിനെ യോജിക്കും?! ഞാനല്ലാതെ നിങ്ങള്‍ക്കു വേറെ ദൈവമില്ലെന്നും, നിങ്ങളുടെ ഏറ്റവും വലിയ റബ്ബു ഞാന്‍ തന്നെയാണെന്നും വിളംബരം ചെയ്തവനാണു ഫിര്‍ഔന്‍ (28:38; 79:24). എന്നിരിക്കെ, ജാലവിദ്യക്കാരെ വെറുതെ വിടുവാനോ, അവര്‍ പരാജയപ്പെട്ടതിന്റെ രഹസ്യം അന്വേഷിച്ചറിയുവാനോ അവനു എങ്ങിനെ സന്മനസ്സുണ്ടാകും?! അങ്ങനെ, അധികാര ശക്തിയും, മര്‍ദ്ദനമുറയും തന്നെ ഉപയോഗിക്കുവാന്‍ അവന്‍ തീര്‍ച്ചയാക്കി. അതിനായി അവരുടെ മേല്‍ സൂത്രപരമായ ഒരു ആരോപണവും!-

7:123
 • قَالَ فِرْعَوْنُ ءَامَنتُم بِهِۦ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّ هَـٰذَا لَمَكْرٌ مَّكَرْتُمُوهُ فِى ٱلْمَدِينَةِ لِتُخْرِجُوا۟ مِنْهَآ أَهْلَهَا ۖ فَسَوْفَ تَعْلَمُونَ ﴾١٢٣﴿
 • ഫിര്‍ഔന്‍ പറഞ്ഞു: "നിങ്ങള്‍ക്കു ഞാന്‍ സമ്മതം നല്‍കുന്നതിനു മുമ്പ് നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവോ?! നിശ്ചയമായും, ഇതു നിങ്ങള്‍ നഗരത്തില്‍ വെച്ചു നടത്തിയ ഒരു (ഗൂഢ) തന്ത്രമാണ്; അതിലെ ആള്‍ക്കാരെ അതില്‍ നിന്നു ബഹിഷ്കരിക്കുവാനായി. അതിനാല്‍, വഴിയെ നിങ്ങള്‍ക്കറിയാം.
 • قَالَ فِرْعَوْنُ ഫിര്‍ഔന്‍ പറഞ്ഞു آمَنتُم നിങ്ങള്‍ വിശ്വസിച്ചുവോ بِهِ അവനില്‍ قَبْلَ മുമ്പു أَنْ آذَنَ ഞാന്‍ സമ്മതം തരുന്നതിനു لَكُمْ നിങ്ങള്‍ക്കു إِنَّ هَـٰذَا നിശ്ചയമായും ഇതു لَمَكْرٌ ഒരു തന്ത്രംതന്നെ مَّكَرْتُمُوهُ നിങ്ങളതു തന്ത്രം ചെയ്തു (നടത്തിയിരിക്കുന്നു) فِي الْمَدِينَةِ നഗരത്തില്‍ لِتُخْرِجُوا നിങ്ങള്‍ പുറത്താക്കുവാന്‍വേണ്ടി مِنْهَا അതില്‍ നിന്നു أَهْلَهَا അതിലെ ആള്‍ക്കാരെ فَسَوْفَ അതിനാല്‍ വഴിയെ تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം.
7:124
 • لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَـٰفٍ ثُمَّ لَأُصَلِّبَنَّكُمْ أَجْمَعِينَ ﴾١٢٤﴿
 • "നിങ്ങളുടെ കൈകളും കാലുകളും (ഒന്നൊന്നിന്റെ) എതിരില്‍ ഞാന്‍ മുറിച്ചു കളയുക തന്നെ ചെയ്യും. പിന്നെ, നിങ്ങളെ മുഴുവനും ഞാന്‍ ക്രൂശിക്കുകയും തന്നെ ചെയ്യും."
 • لَأُقَطِّعَنَّ തീര്‍ച്ചയായും ഞാന്‍ മുറിച്ചുകളയും أَيْدِيَكُمْ നിങ്ങളുടെ കൈകളും وَأَرْجُلَكُم നിങ്ങളുടെ കാലുകളും مِّنْ خِلَافٍ എതിരില്‍ ثُمَّ പിന്നെ, പിന്നീടു لَأُصَلِّبَنَّكُمْ നിങ്ങളെ ഞാന്‍ ക്രൂശിക്കുകയും തന്നെ ചെയ്യും أَجْمَعِينَ മുഴുവനും.

ജാലവിദ്യക്കാര്‍ പരാജയപ്പെട്ടതിലല്ല – സമ്മതം കൂടാതെ അവര്‍ മൂസാ (عليه الصلاة والسلام) നബിയില്‍ വിശ്വസിച്ചതിലാണു ഫിര്‍ഔനു കൂടുതല്‍ അമര്‍ഷമുള്ളത്. നിങ്ങളുടെയെല്ലാം ദൈവവും സര്‍വ്വാധികാരിയുമായ ഞാന, എന്റെ പക്ഷം വിജയിപ്പിക്കുവാന്‍ വേണ്ടി വമ്പിച്ച പ്രതിഫലവും സ്ഥാനമാനവും വാഗ്ദാനം ചെയ്തുകൊണ്ടു രംഗത്തിറക്കിയവരാണു നിങ്ങള്‍. എന്നിരിക്കെ, എന്റെ ഉത്തരവു കിട്ടാതെ നിങ്ങള്‍ അവനില്‍ വിശ്വസിക്കുകയോ? ഇതായിരുന്നു അവരുടെ മേലുള്ള കുറ്റാരോപണം. അതോടു കൂടി മറ്റൊരു അപവാദവും. ഒപ്പം തന്നെ വിധിയും! മൂസായും നിങ്ങളും ചേര്‍ന്നു ഈ നഗരത്തില്‍ വെച്ചു നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമാണിത്. മൂസായുടെ ആവശ്യം – ഈ നാട്ടുകാരെ ഇവിടെ നിന്നു ബഹിഷ്കരിച്ചു ഇവിടെ പ്രതാപം വരിക്കുക – സാധ്യമാകുവാന്‍ വേണ്ടി ആസൂത്രണം ചെയ്യപ്പെട്ടതാണിത്. അതുകൊണ്ടു ഞാന്‍ നിങ്ങളെ ഒന്നു പഠിപ്പിക്കാം. നിങ്ങളുടെ മുഴുവനും കയ്യും കാലും – ഒന്നു വലത്തേതെങ്കില്‍ മറ്റേതു ഇടത്തേതായി – ഞാന്‍ ഛേദിക്കുകയും അവസാനം നിങ്ങളെ കുരിശില്‍ തറക്കുകയും ചെയ്യും എന്നു ഫിര്‍ഔന്‍ ആക്രോശിച്ചു. കൂട്ടത്തില്‍, നിങ്ങള്‍ക്കു സിഹ്ര്‍ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവാണ്‌ മൂസാ എന്നു കൂടി ഫിര്‍ഔന്‍ പറഞ്ഞിരുന്നതായി മറ്റൊരു സ്ഥലത്തു (20:71ല്‍) അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. ആ സത്യവിശ്വാസികള്‍ കുലുങ്ങിയില്ല. സത്യം ബോധ്യപ്പെടുകയും വിശ്വാസം ദൃഢപ്പെടുകയും ചെയ്‌താല്‍ പിന്നെ ഭീഷണിക്കും ശിക്ഷക്കും വിലയില്ലല്ലോ.

7:125
 • قَالُوٓا۟ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ﴾١٢٥﴿
 • അവര്‍ പറഞ്ഞു: "ഞങ്ങള്‍ ഞങ്ങളുടെ റബ്ബിങ്കലേക്കു തിരിച്ചെത്തുന്നവരാണ്.
 • قَالُوا അവര്‍ പറഞ്ഞു إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَىٰ رَبِّنَا ഞങ്ങളുടെ റബ്ബിങ്കലേക്കു مُنقَلِبُونَ തിരിഞ്ഞു (മടങ്ങി) എത്തുന്നവരാണു.
7:126
 • وَمَا تَنقِمُ مِنَّآ إِلَّآ أَنْ ءَامَنَّا بِـَٔايَـٰتِ رَبِّنَا لَمَّا جَآءَتْنَا ۚ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ ﴾١٢٦﴿
 • "ഞങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്കു വന്നപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചതിനല്ലാതെ (മറ്റൊന്നിനും) ഞങ്ങളെ നീ കുറ്റപ്പെടുത്തുന്നില്ല താനും."

  (അവര്‍ പ്രാര്‍ത്ഥിച്ചു:) ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ഒഴിച്ചു തരേണമേ! ഞങ്ങളെ 'മുസ്‌ലിം'കളായിക്കൊണ്ടു മരിപ്പിക്കുകയും ചെയ്യേണമേ!.
 • وَمَا تَنقِمُ നീ കുറ്റപ്പെടുത്തുന്നുമില്ല(ല്ലോ) مِنَّا ഞങ്ങളെപ്പറ്റി إِلَّا أَنْ آمَنَّا ഞങ്ങള്‍ വിശ്വസിച്ചതല്ലാതെ, വിശ്വസിച്ചതിനല്ലാതെ بِآيَاتِ ദൃഷ്ടാന്തങ്ങളില്‍ رَبِّنَا ഞങ്ങളുടെ റബ്ബിന്റെ لَمَّا جَاءَتْنَا അതു ഞങ്ങള്‍ക്കു വന്നപ്പോള്‍ رَبَّنَا ഞങ്ങളുടെ റബ്ബേ أَفْرِغْ നീ ഒഴിക്ക (വര്‍ഷിപ്പിക്ക) ണേ عَلَيْنَا ഞങ്ങളില്‍, ഞങ്ങള്‍ക്കു صَبْرًا ക്ഷമയെ وَتَوَفَّنَا ഞങ്ങളെ പൂര്‍ത്തിയായെടുക്കുക (മരിപ്പിക്കുക)യും വേണമേ مُسْلِمِينَ മുസ്‌ലിംകളായി, കീഴൊതുങ്ങിയവരായിക്കൊണ്ടു.

ഞങ്ങള്‍ ഏതായാലും ഞങ്ങളുടെ റബ്ബിങ്കലേക്കു തിരിചു ചെല്ലേണ്ടുന്നവരാണ്. ഞങ്ങളുടെ മേല്‍ നീ ആരോപിച്ച കുറ്റം യഥാര്‍ത്ഥത്തില്‍ ഒരു കുറ്റമല്ല. ഞങ്ങള്‍ ഞങ്ങളുടെ കടമ നിര്‍വ്വഹിച്ചുവെന്നേയുള്ളു. അതുകൊണ്ടു നിന്റെ ഭീഷണിയും ശിക്ഷയും ഞങ്ങള്‍ ഭയപ്പെടുന്നില്ല. എന്നു ആ ധീരമനസ്കര്‍ ഫിര്‍ഔനു മറുപടി കൊടുത്തു. തങ്ങള്‍ക്ക് ദൃഢതയും ക്ഷമയും നല്‍കുവാനും, തങ്ങളെ കീഴൊതുക്കവും അനുസരണവുമുള്ള സത്യവിശ്വാസികളായിത്തന്നെ അവസാനിപ്പിക്കുവാനും അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഫിര്‍ഔന്‍ ഭീഷണിപ്പെടുത്തിയ ആ ശിക്ഷ അവന്‍ നടപ്പില്‍ വരുത്തിയോ ഇല്ലേ എന്നു അല്ലാഹു വ്യക്തമാക്കിയിട്ടില്ല. നടപ്പില്‍ വരുത്താതിരിക്കുമാറുള്ള കാരണങ്ങളൊന്നും കാണപ്പെടാത്ത സ്ഥിതിക്കും, ഫിര്‍ഔന്റെ ഔദ്ധത്യവും, ഡംഭും ആലോചിക്കുമ്പോഴും അതവന്‍ ശരിക്കും നടപ്പില്‍ വരുത്തിയിരിക്കാമെന്നു കരുതുവാനേ വഴി കാണുന്നുള്ളു. അല്ലാഹുവിനറിയാം. അങ്ങനെ – ഇബ്നു അബ്ബാസ്, ഖത്താദഃ, ഇബ്നു ജുറൈജ് (رَضِيَ اللهُ تَعَالَى عَنْهُم) മുതലായവരില്‍ നിന്നു നിവേദനം ചെയ്യപ്പെട്ടതുപോലെ – രാവിലെ ജാലവിദ്യക്കാരായി രംഗപ്രവേശനം ചെയ്ത അവര്‍ വൈകുന്നേരം രക്തസാക്ഷികളായിത്തീര്‍ന്നു.