സൂറത്തുല്‍ അഅ്റാഫ് : 54-64
വിഭാഗം - 7
- إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلَّيْلَ ٱلنَّهَارَ يَطْلُبُهُۥ حَثِيثًا وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتٍۭ بِأَمْرِهِۦٓ ۗ أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ ﴾٥٤﴿
- നിശ്ചയമായും നിങ്ങളുടെ റബ്ബ് ആകാശങ്ങളെയും, ഭൂമിയും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. പിന്നെ, അവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു.
രാത്രിയെ അവന്‍ പകലിനു മൂടിയിടുന്നു - അത് അതിനെ ധൃതഗതിയില്‍ തേടിക്കൊണ്ടു. അവന്റെ കല്‍പനക്കു വിധേയങ്ങളാക്കപ്പെട്ടുകൊണ്ട് സൂര്യനെയും, ചന്ദ്രനെയും, നക്ഷത്രങ്ങളെയും (അവന്‍ സൃഷ്ടിച്ചു).
അല്ലാ (അറിയുക)! അവന്റേതാണ് സൃഷ്ടിപ്പും, കല്‍പനയും. [സൃഷ്ടിക്കലും, കല്‍പനാധികാരവും അവന്റെ വക തന്നെ.]
ലോകരുടെ രക്ഷിതാവായ അല്ലാഹു നന്‍മ (അഥവാ മഹത്വം) ഏറിയവനാകുന്നു. - إِنَّ رَبَّكُمُ നിശ്ചയമായും നിങ്ങളുടെ റബ്ബു اللَّهُ അല്ലാഹു الَّذِي خَلَقَ സൃഷ്‌ടിച്ച السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയും فِيسِتَّةِ ആറിലായി أَيَّامٍ ദിവസങ്ങള്‍ ثُمَّ പിന്നെ اسْتَوَىٰ അവന്‍ ആരോഹണം ചെയ്തു, ആസനസ്ഥനായി عَلَى الْعَرْشِ അര്‍ശില്‍, സിംഹാസനത്തിന്‍മേല്‍ يُغْشِي അവന്‍ മൂടുന്നു, മൂടിയിടുന്നു اللَّيْلَ രാത്രിയെ (രാവിനെക്കൊണ്ടു) النَّهَارَ പകലിനു, പകലിനെ يَطْلُبُهُ അതതിനെ തേടിക്കൊണ്ടു حَثِيثًا ധൃതഗതിയില്‍, ബദ്ധപ്പെട്ടുകൊണ്ടു, വേഗമായി وَالشَّمْسَ സൂര്യനെയും وَالْقَمَرَ ചന്ദ്രനെയും وَالنُّجُومَ നക്ഷത്രങ്ങളെയും مُسَخَّرَاتٍ വിധേയമാക്ക (നിയന്ത്രിക്ക) പ്പെട്ടതായിക്കൊണ്ടു بِأَمْرِهِ അവന്റെ കല്‍പനക്ക്, ആജ്ഞപ്രകാരം أَلَا അല്ലാ - അറിയുക لَهُ അവന്നാണു, അവന്റേതാണു الْخَلْقُ സൃഷ്ടിപ്പു, സൃഷ്ടി وَالْأَمْرُ കല്‍പനയും تَبَارَكَ നന്‍മ (മഹത്വം - മേന്‍മ - ഗുണം) ഏറിയിരിക്കുന്നു (അധികരിച്ചവനാണു) اللَّهُ അല്ലാഹു رَبُّ الْعَالَمِينَ ലോകരുടെ (ലോക) രക്ഷിതാവായ.
അല്ലാഹു ആകാശഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചുവെന്നും, പിന്നീട് അവന്‍ അര്‍ശിന്മേല്‍ ആരോഹണം ചെയ്തുവെന്നും ക്വുര്‍ആനില്‍ പലേടത്തും പ്രസ്താവിച്ചിരിക്കുന്നു. ആറു ദിവസങ്ങളിലായി സൃഷ്‌ടിച്ചതിനെപ്പറ്റി യൂനുസ് : 3; സജദഃ: 4; ഫുര്‍ക്വാന്‍: 59; ഹദീദു: 4; ക്വാഫ്: 38; ഹൂദു: 7 എന്നീ സ്ഥലങ്ങളിലും, അര്‍ശില്‍ ആരോഹണം ചെയ്തതിനെപ്പറ്റി ആദ്യം പറഞ്ഞ നാലു സൂറത്തുകളിലും, ത്വാഹാ: 5ലുമം റഅ്ദ് 2ലും പ്രസ്താവിച്ചു കാണാം. ഇവിടെ ആ രണ്ടു വിഷയത്തെക്കുറിച്ചും സംക്ഷിപ്തമായി വിവരിക്കുന്നു. കൂടുതല്‍ വിശദീകരണം മേല്‍ സൂചിപ്പിച്ച സ്ഥലങ്ങളിലും കാണാം.
1. സൂര്യന്റെ ഉദയാസ്തമനങ്ങളാല്‍ ഉണ്ടായിത്തീരുന്ന ഒരു രാവും പകലും ചേര്‍ന്ന സമയത്തിനാണു നാം സാധാരണ ദിവസം എന്നു പറയുന്നതു. ആറു ദിവസങ്ങള്‍ എന്നു പറഞ്ഞതു ഈ അര്‍ത്ഥത്തിലുള്ള ദിവസങ്ങളായിരിക്കുവാന്‍ തരമില്ല. കാരണം, ആകാശഭൂമികളുടെ സൃഷ്ടിയും, അവയുടെ നിലവിലുള്ള വ്യവസ്ഥയും, പൂര്‍ത്തിയാകും മുമ്പ് രാപ്പകലുകളോ, ഈ അര്‍ത്ഥത്തിലുള്ള ദിവസങ്ങളോ ഉണ്ടാകുകയില്ലല്ലോ. ക്വിയാമത്തു നാളിനെക്കുറിച്ചു അമ്പതിനായിരം കൊല്ലം വലുപ്പമുള്ള ഒരു ദിവസം (70:4) എന്നും, നിന്റെ റബ്ബിന്റെ അടുക്കല്‍ ഒരു ദിവസം നിങ്ങള്‍ എണ്ണി വരുന്ന ആയിരം കൊല്ലം പോലെയാണു (22:47) എന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അപ്പോള്‍, ഈ ആറു ദിവസം കൊണ്ടു വിവക്ഷ, ദീര്‍ഘകാലം വരുന്ന ഏതോ ഒരു ആറു ദിവസങ്ങളായിരിക്കാം. അവ എങ്ങിനെയുള്ളതാണെന്നോ, ഓരോ ദിവസത്തിന്റെയും ദൈര്‍ഘ്യവും എത്രയാണെന്നോ നമുക്കു തിട്ടപ്പെടുത്തുക സാദ്ധ്യമല്ല.
ഈ വചനത്തിനൊരു സാമാന്യ വിശദീകരണമെന്നോണം, ഭൂമിയെ സൃഷ്ടിച്ചതും, അതിലെ പര്‍വ്വതങ്ങള്‍, ആഹാര പദാര്‍ഥങ്ങള്‍ മുതലായവ ശരിപ്പെടുത്തിയതും നാലു ദിവസം കൊണ്ടാണെന്നും, ആകാശങ്ങളെ പൂര്‍ത്തിയാക്കിയത് രണ്ടുദിവസം കൊണ്ടാണെന്നും 49: 9-12ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. നിലവിലുള്ള അഖിലാണ്ഡ വ്യവസ്ഥ ഈ നിലയില്‍ എത്തിച്ചേരുന്നതിനു മുമ്പ് കോടിക്കണക്കന് കൊല്ലങ്ങളും, പല വ്യത്യസ്ത ഘട്ടങ്ങളും കഴിഞ്ഞുപോയിട്ടുണ്ടെന്ന് – വിശദീകരണങ്ങളില്‍ നീക്കുപോക്കും അഭിപ്രായ വ്യത്യാസവും പലതുണ്ടെങ്കിലും – പൊതുവെ അംഗീകരിക്കപ്പെട്ടുവരുന്ന ശാസ്ത്രീയ സിദ്ധാന്തമാണെന്നുള്ളതും സ്മരണീയമത്രെ. ഞായര്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഓരോന്നിലും ഇന്നിന്ന വസ്തുക്കളെ അല്ലാഹു സൃഷ്ടിച്ചുവെന്നു വിവരിക്കുന്ന ചില രിവായത്തുകള്‍ കാണാമെങ്കിലും – ഇബ്നുകഥീര്‍ (رحمه الله) മുതലായവര്‍ സൂചിപ്പിച്ചതുപോലെ – അവ യഥാര്‍ത്ഥത്തില്‍, ഇസ്രാഈലീ വാര്‍ത്തകളില്‍ നിന്ന് ഉടലെടുത്തവയാകുന്നു.
2. ‘അര്‍ശ്’ (عَرْش) എന്ന വാക്ക് രാജകീയ സിംഹാസനം എന്ന അര്‍ത്ഥത്തില്‍ സാധാരണ ഉപയോഗിക്കപ്പെടുന്നു. വീടുകളുടെ മേല്‍പുര, മുന്തിരിത്തോട്ടത്തിന്റെ പന്തല്‍ എന്നിവ പോലെ ഉയരത്തില്‍ സ്ഥാപിക്കപെടുന്ന ചില വസ്തുക്കള്‍ക്കും ആ വാക്കു ഉപയോഗിക്കപ്പെടും. എന്നാല്‍, മഹാന്‍മാരായ പലരും പ്രസ്താവിച്ചതുപോലെ, അല്ലാഹുവിന്റെ അര്‍ശു എപ്രകാരത്തിലുള്ളതായിരിക്കുമെന്നു കണക്കാക്കുവാന്‍ നമുക്കു സാധിക്കുകയില്ല. ഇമാം റാഗിബ് (رحمه الله) അദ്ദേഹത്തിന്റെ ‘അല്‍മുഫ്റദാത്ത്’ എന്ന നിഘണ്ടുവില്‍ പറയുന്നു: അല്ലാഹുവിന്റെ അര്‍ശിനെക്കുറിച്ച് അതിന്റെ പേരല്ലാതെ അതിന്റെ യാഥാര്‍ത്ഥ്യത്തെപ്പറ്റി മനുഷ്യര്‍ക്ക് അറിയാവതല്ല. പൊതുജനങ്ങള്‍ ഊഹിക്കുന്നതുപോലെയുള്ളതല്ല അത്. അങ്ങിനെയാണെങ്കില്‍, അതു അവനെ (അല്ലാഹുവിനെ) വഹിച്ചുകൊണ്ടിരിക്കുന്നതായിരിക്കണമല്ലോ. അല്ലാഹുവാകട്ടെ, അതില്‍നിന്നും എത്രയോ ഉന്നതനുമാകുന്നു.
അല്ലാഹു സൃഷ്ടികളില്‍ നിന്നെല്ലാം വ്യത്യസ്തനും, അവരുടെ ഭാവനകള്‍ക്കെല്ലാം അതീതനുമാകുന്നു. അതെ, لَيْسَ كَمِثْلِهِ شَيْءٌ (അവനെപോലെ ഒരു വസ്തുവും ഇല്ല). وَلَمْ يَكُن لَّهُ كُفُوًا أَحَدٌ (അവനു തുല്യനായി ഒരാളും ഇല്ല). അതുകൊണ്ട്, അല്ലാഹു അര്‍ശില്‍ ആരോഹണം ചെയ്തു (اسْتَوَىٰ عَلَى الْعَرْشِ) എന്ന വാക്യത്തെപ്പറ്റി മുന്‍ഗാമികളായ മഹാന്‍മാര്‍ക്കു പൊതുവിലും, പിന്‍ഗാമികളില്‍ അവരുടെ മാതൃക പിന്‍പറ്റിയവര്‍ക്കും പറയുവാനുള്ളതു ഇതാകുന്നു: ‘സിംഹാസനാരോഹണമെന്നതു നമുക്കറിയാം. പക്ഷെ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതിന്റെ മാതിരി എങ്ങിനെയാണെന്നുള്ളതു നമുക്കു അജ്ഞാതമാകുന്നു. (الاستواء معلومٌ والكيفية مجهولةٌ). താഴെ സൂചിപ്പിക്കുന്നതുപോലെയുള്ള ചില വ്യാഖ്യാനങ്ങള്‍ കൊണ്ടു തൃപ്തി അടയുന്നതും, കൂടുതല്‍ അന്വേഷണത്തിനും വിമര്‍ശനത്തിനും മുതിരുന്നതും അബദ്ധത്തിനു കാരണമായിരിക്കുന്നതാണ്. ആകയാല്‍, പ്രസ്തുത മഹാന്മാര്‍ സ്വീകരിച്ച അതേ മാര്‍ഗ്ഗം തന്നെയാണു നമുക്കും സ്വീകരിക്കുവാനുള്ളത്. അതാണു കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗവും.
3. ‘അര്‍ശില്‍ അവന്‍ ആരോഹണം ചെയ്തു’ (اسْتَوَىٰ عَلَى الْعَرْشِ) എന്ന വാക്യത്തിന്റെ ഭാഷാര്‍ത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അര്‍ശിന്‍മേല്‍ ഇരിക്കുകയാണെന്നും മറ്റും ചില ആളുകള്‍ പറഞ്ഞിട്ടുള്ളതു സ്വീകാര്യമല്ലതന്നെ. അല്ലാഹുവിനെ സൃഷ്ടികളോടു സമപ്പെടുത്തലും, അവന്റെ ഗുണവിശേഷങ്ങളുടെ പരിശുദ്ധിയെ നിരാകരിക്കലുമാണത്. അവന്‍ അര്‍ശിന്റെ മേലുള്ള അധികാരം ഏറ്റെടുത്തു, അല്ലെങ്കില്‍ ആകാശഭൂമികളുടെ നിയന്ത്രണം ഔപചാരികമായി സ്വീകരിച്ചു എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളിലും ചില പണ്ഡിതന്‍മാര്‍ അതിനെ വ്യാഖ്യാനിക്കാറുണ്ട്. വേറെ ചിലര്‍, ‘അര്‍ശു’ എന്നൊരു പ്രത്യേക വസ്തു യഥാര്‍ത്ഥത്തില്‍ ഇല്ലെന്നും, ‘അധികാരം’ എന്നാണതുകൊണ്ടു വിവക്ഷയെന്നും വരുമാറുള്ള ചില വ്യാഖ്യാനങ്ങളും നല്‍കിക്കാണുന്നു. ഇതു തികച്ചും വാസ്തവ വിരുദ്ധമാകുന്നു. അര്‍ശിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചു നമുക്കു അറിഞ്ഞുകൂടാ. എങ്കിലും ‘അര്‍ശു’ എന്ന അതിമഹത്തായ ഒരു സൃഷ്ടി യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നുള്ളതു ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും, നബി വചനങ്ങളില്‍ നിന്നും അനിഷേധ്യമായി അറിയപ്പെട്ടിട്ടുള്ളതാണ്. ഒരു കാര്യം ഇവിടെ വിസ്മരിക്കാവതല്ല. اسْتَوَىٰ عَلَى الْعَرْشِ എന്ന വാക്യത്തിന്റെ അര്‍ത്ഥം, അവന്‍ അധികാരം ഏറ്റെടുത്തുവെന്നല്ലെങ്കിലും ആകാശഭൂമികളുടെ ആജ്ഞാധികാരവും, കൈകാര്യ നിയന്ത്രണവും അവന്റെ പക്കലാണെന്നു ആ വാക്യം സൂചിപ്പിക്കുന്നുവെന്നുള്ളതില്‍ സംശയമില്ല. ആ വാക്യത്തെത്തുടര്‍ന്നു – സൂ: യൂനുസിലും, സജദഃയിലും കാണാവുന്നതുപോലെ -എ വന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു (يُدَبِّرُ الْأَمْرَ) എന്നോ, ആ അര്‍ത്ഥത്തിലുള്ളതോ ആയ വാചകങ്ങള്‍ പല സൂറത്തുകളിലും കാണുന്നതു അതുകൊണ്ടാകുന്നു. ഈ വചനത്തിലും തന്നെ തുടര്‍ന്നുകൊണ്ട് രാപ്പകലുകളുടെയും, സൂര്യചന്ദ്ര നക്ഷത്രങ്ങളുടെയും നിയന്ത്രണങ്ങളും, എല്ലാറ്റിന്റെയും, സൃഷ്ടിപ്പും ആജ്ഞാധികാരവും അവനാണെന്നും പറഞ്ഞിരിക്കുന്നു. والله أعلم
ഇബ്നു കഥീര്‍ (رحمه الله) ഈ വിഷയത്തില്‍ ഇവിടെ ചെയ്ത പ്രസ്താവന ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നത്: “ജനങ്ങള്‍ക്കു ഈ രംഗത്തു വളരെയധികം സംസാരങ്ങളുണ്ട്. അതിവിടെ വിസ്തരിക്കേണ്ടുന്ന സന്ദര്‍ഭമല്ല. സദ്-വൃത്തരും പൗരാണികരുമായ മാലിക്, ഔസാഈ, ഥൌരീ, ലൈഥ്, ശാഫിഈ, അഹ്മദു, ഇസ്ഹാക്വ് (رحمهم الله) മുതലായവരും മറ്റുമായി മുന്‍കാലത്തും പിന്‍കാലത്തുമുള്ള മുസ്‌ലിം നേതാക്കള്‍ സ്വീകരിച്ച അതേ മാര്‍ഗ്ഗമാണു നാം ഇതില്‍ സ്വീകരിക്കുന്നത്. രൂപനിര്‍ണയമോ, സൃഷ്ടികളോടു സാമ്യപ്പെടുത്തലോ, അല്ലാഹുവിന്റെ മഹല്‍ ഗുണങ്ങള്‍ക്കു കോട്ടം തട്ടിക്കലോ കൂടാതെ (ക്വുര്‍ആനിലും ഹദീഥിലും) എങ്ങിനെ വന്നുവോ അതുപോലെ സ്വീകരിക്കുക എന്നുള്ളതാണു ആ മാര്‍ഗ്ഗം. അല്ലാഹുവിനെ സൃഷ്ടികളുമായി സാമ്യപ്പെടുത്തുന്നവരുടെ മനസ്സില്‍ പ്രത്യക്ഷപ്പെടുന്നതൊന്നും തന്നെ അതില്‍ ഉണ്ടാവാന്‍ പാടില്ല. لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ (അവനെപ്പോലെ ഒരു വസ്തുവും ഇല്ല. അവന്‍ കേള്‍ക്കുന്നവനാണു, കാണുന്നവനാണ്) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. അത്രയുമല്ല, ബുഖാരിയുടെ ഗുരുവായ നുഐമുബ്നു ഹമ്മാദില്‍ ക്വുസാഈ (رحمه الله) പറഞ്ഞതുപോലെ, ‘അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നവനും, അവന്റെ ഗുണവിശേഷങ്ങളായി അവന്‍ പറഞ്ഞതിനെ നിഷേധിക്കുന്നവനും അവിശ്വാസിയാകുന്നു. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളായി അവനോ, അവന്റെ റസൂലോ പറഞ്ഞതിലൊന്നും തന്നെ സാദൃശ്യപ്പെടുത്തല്‍ ഇല്ല. വ്യക്തമായ ക്വുര്‍ആന്‍ വചനങ്ങളിലും, ബലവത്തായ ഹദീഥുകളിലും, വന്നതൊക്കെ അല്ലാഹുവിനോട് യോജിക്കുന്നവിധം സ്ഥിരപ്പെടുത്തുകയും, അവനോട് യോജിക്കാത്ത കാര്യമൊക്കെ നിരസിക്കുകയും ചെയ്യുന്നത് ആരാണോ അവര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചു.'”
രാത്രിയെ പകലിനു മൂടിയിടുന്നു – അഥവാ രാവിനെക്കൊണ്ടു പകലിനെ മൂടി അതിന്റെ വെളിച്ചം ഇല്ലാതാക്കുന്നു – എന്നു പറഞ്ഞതു രാപ്പകലുകളുടെ നിയന്ത്രണത്തെയും, അതിനെ അതു ധൃതഗതിയില്‍ തേടിക്കൊണ്ടിരിക്കുന്നുവെന്നു പറഞ്ഞതു, പകലിനെ ഒരിടത്തു ഉറച്ചു നില്‍ക്കുവാന്‍ അനുവദിക്കാതെ രാത്രി അതിന്റെ പിന്നാലെ ഓടിച്ചെന്നുകൊണ്ടിരിക്കുന്നതിനെയും കുറിക്കുന്നു. എല്ലാം അവന്റെ നിയന്ത്രണത്തിനും, വ്യവസ്ഥക്കും അനുസരിച്ചാണു നടമാടുന്നതു എന്നു പ്രസ്താവിച്ചശേഷം, എല്ലാം സൃഷ്ടിക്കുന്നതും അവന്‍ തന്നെയാണെന്നും, എല്ലാറ്റിലുമുല്ല ആജ്ഞാധികാരം അവനുമാത്രമാണെന്നും അവയിലൊന്നും ആര്‍ക്കും പങ്കില്ലെന്നും, അപ്പോള്‍ ഏറ്റവും മഹത്വവും നന്‍മയും മേന്‍മയും ഉള്ള റബ്ബ് ലോകരക്ഷിതാവായ അവന്‍ തന്നെയാണെന്നും സ്ഥാപിക്കുന്നു. എന്നിട്ട് അല്ലാഹു പറയുന്നു:-
- ٱدْعُوا۟ رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُۥ لَا يُحِبُّ ٱلْمُعْتَدِينَ ﴾٥٥﴿
- (മനുഷ്യരെ) നിങ്ങളുടെ റബ്ബിനെ താഴ്മ കാണിച്ചുകൊണ്ടും, സ്വകാര്യമായിക്കൊണ്ടും നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുവിന്‍. നിശ്ചയമായും, അവന്‍ അതിരുവിടുന്നവരെ ഇഷ്ടപ്പെടുകയില്ല.
- ادْعُوا നിങ്ങള്‍ വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍ رَبَّكُمْ നിങ്ങളുടെ റബ്ബിനെ تَضَرُّعًا താഴ്മ (ഭക്തി) കാട്ടിക്കൊണ്ട് وَخُفْيَةً മറഞ്ഞുകൊണ്ടും, സ്വകാര്യ (രഹസ്യ) മായും إِنَّهُ നിശ്ചയമായും അവന്‍ لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുകയില്ല الْمُعْتَدِينَ അതിരുവിടുന്നവരെ.
- وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَٰحِهَا وَٱدْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ ٱللَّهِ قَرِيبٌ مِّنَ ٱلْمُحْسِنِينَ ﴾٥٦﴿
- ഭൂമിയെ നന്നാക്കിയതിനു ശേഷം നിങ്ങള്‍ അതില്‍ നാശമുണ്ടാക്കുകയും ചെയ്യരുത്. ഭയപ്പെട്ടുകൊണ്ടും, മോഹിച്ചുകൊണ്ടും അവനെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹുവിന്റെ കാരുണ്യം സുകൃതവാന്‍മാരോട് അടുത്തതാകുന്നു.
- وَلَا تُفْسِدُوا നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കുകയും അരുത് فِي الْأَرْضِ ഭൂമിയില്‍ بَعْدَ إِصْلَاحِهَا അതിനെ നന്നാക്കിയതിനു (പരിഷ്കരണത്തിന്) ശേഷം وَادْعُوهُ അവനെ നിങ്ങള്‍ വിളിക്കുക (പ്രാര്‍ത്ഥിക്കുക) യും ചെയ്യുവിന്‍ خَوْفًا ഭയപ്പെട്ടുകൊണ്ട് وَطَمَعًا മോഹിച്ചുകൊണ്ടും إِنَّ رَحْمَتَ നിശ്ചയമായും കാരുണ്യം اللَّهِ അല്ലാഹുവിന്റെ قَرِيبٌ അടുത്തതാണു, സമീപമാകുന്നു مِّنَ الْمُحْسِنِينَ സുകൃതവാന്മാരോട്.
കഴിഞ്ഞ വചനത്തില്‍ അല്ലാഹുവാണ് അഖില ലോകത്തിന്റെയും സൃഷ്ടാവും രക്ഷിതാവും എന്നുള്ള വന്റെ ‘റുബൂബിയ്യത്തു’ (رُبُوبِيَّة) സ്ഥാപിച്ചശേഷം, അവന്‍ മാത്രമാണു ആരാധനക്കര്‍ഹന്‍ എന്നുള്ള ‘ഉലൂഹിയ്യത്തി’ (أُلُوهِيَّة)ലേക്കാണു ഈ വചനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. റൂബൂബിയ്യത്തിന്റെ സ്ഥാപനത്തെത്തുടര്‍ന്ന് ഉലൂഹിയ്യത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടല്‍ ക്വുര്‍ആനില്‍ പലപ്പോഴും കാണാവുന്നതാകുന്നു. ഹദീഥുകളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യക്തമാക്കിയിട്ടുള്ളതുപോലെ, ആരാധനകളുടെ കാമ്പും കാതലുമാണല്ലോ പ്രാര്‍ത്ഥന. പ്രാര്‍ത്ഥന അല്ലാഹുവിനോടായിരിക്കണം. അത് ഭക്തിയോടും താഴ്മയോടും കൂടിയായിരിക്കണം. അഥവാ ഹൃദയം സ്പര്‍ശിക്കാതെയുള്ള ഉരുവിടലായിരിക്കരുത്. സ്വകാര്യവും രഹസ്യവുമായിക്കൊണ്ടു പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. അഥവാ ഉച്ചത്തിലും പരസ്യമായും ആയിരിക്കരുത്. എന്നൊക്കെ ആദ്യത്തെ വചനത്തില്‍ അറിയിക്കുന്നു. പ്രവാചകന്‍മാര്‍ മുഖേനയും, വേദഗ്രന്ഥങ്ങള്‍ മുഖേനയും ഭൂമിയില്‍ ആവശ്യമായ പരിഷ്കരണങ്ങള്‍ അല്ലാഹു നടപ്പില്‍ വരുത്തിയിട്ടുണ്ട്. എന്നിട്ടു പിന്നെയും നിങ്ങള്‍ അതില്‍ അക്രമവും അനീതിയും നടത്തി കുഴപ്പമുണ്ടാക്കരുതെന്നാണ് രണ്ടാമത്തെ വചനത്തില്‍ പറഞ്ഞതിന്റെ സാരം.
ഭക്തിയും താഴ്മയും തീണ്ടാതെ, കുറേ പ്രാര്‍ത്ഥനാ വാക്യങ്ങള്‍ ഉരുവിടുന്നതുകൊണ്ടു പ്രയോജനമില്ല. എന്നാലതു, രഹസ്യമായും പതുക്കെയും മാത്രമേ പാടുള്ളുവെന്നോ, പരസ്യമായോ ഉച്ചത്തിലോ പാടില്ലെന്നോ അല്ല അല്ലാഹു പറഞ്ഞതിന്റെ താല്‍പര്യം. പക്ഷേ, പതുക്കെയും, സ്വകാര്യമായും ആയിരിക്കുന്നതാണ് കൂടുതല്‍ ഉത്തമവും മര്യാദയും. അബൂമൂസല്‍ അശ്അരീ (رَضِيَ اللهُ تَعَالَى عَنْهُ) പറയുന്നു: ജനങ്ങള്‍ പ്രാര്‍ത്ഥനയില്‍ ശബ്ദം ഉയര്‍ത്തുകയുണ്ടായി. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘മനുഷ്യരെ, നിങ്ങള്‍ നിങ്ങളോടു മായം കാണിക്കുവിന്‍. നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതു ബധിരനായ ഒരാളെയോ, മറഞ്ഞുപോയ ഒരാളെയോ അല്ല. നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍ കേള്‍ക്കുന്നവനും സമീപമുള്ളവാനും തന്നെയാണ്.’ (ബു; മു). സക്കരിയ്യ നബി (عليه الصلاة والسلام) തന്റെ വാര്‍ദ്ധക്യകാലത്തു തനിക്കൊരു കുട്ടിയെ നല്‍കുവാന്‍വേണ്ടി അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ച സംഭവം ഉദ്ധരിച്ചതില്‍, അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയെ പ്രശംസിച്ചുകൊണ്ട് إِذْ نَادَىٰ رَبَّهُ نِدَاءً خَفِيًّا (അദ്ദേഹം തന്റെ റബ്ബിനെ സ്വകാര്യമായി വിളിച്ചപേക്ഷിച്ചു: 19:3) എന്നാണ് അല്ലാഹു പറഞ്ഞത്. പ്രാര്‍ത്ഥന മുതലായ പുണ്യകര്‍മ്മങ്ങള്‍ സ്വകാര്യമായി നടത്തുന്നത് അവ നിഷ്കളങ്കവും ഭക്തിപൂര്‍വ്വവുമാണെന്നുള്ളതിന്റെ ഒരു ലക്ഷണമാകുന്നു. താബിഉകളില്‍ പ്രസിദ്ധനായ ഹസന്‍ ബസ്വരീ (رحمه الله) യില്‍ നിന്നു ഇബ്നുജരീര്‍ (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഒരു രിവായത്ത് ഇവിടെ പ്രസ്താവ്യമാകുന്നു. അതിന്റെ സാരം ഇപ്രകാരമാണ്: ചിലര്‍ ക്വുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കിയിരിക്കുന്നു. അതാരും അറിഞ്ഞിരിക്കയില്ല. ചിലര്‍ മതസംബന്ധമായി വളരെ പഠിച്ചിരിക്കും. അതാരും അറിഞ്ഞിരിക്കയില്ല. ഒരാള്‍ അയാളുടെ വീട്ടില്‍വെച്ച് ദീര്‍ഘനേരം നമസ്കരിക്കാറുണ്ടായിരിക്കും. സന്ദര്‍ശകന്മാരാരും അത് അറിഞ്ഞിരിക്കുകയില്ല. രഹസ്യമായി ചെയ്‌വാന്‍ കഴിയുന്ന ഏതു കാര്യവും ഒട്ടും പരസ്യമായി ചെയ്യാത്ത പല ആളുകളെയും ഞങ്ങള്‍ കാണുകയുണ്ടായിട്ടുണ്ട്. മുസ്ലിംകള്‍ പ്രാര്‍ത്ഥനയില്‍ വളരെ ഉത്സാഹം കാണിക്കാറുണ്ടായിരുന്നു. എന്നാല്‍ അവരുടെ ശബ്ദങ്ങള്‍ കേള്‍ക്കപ്പെടുമായിരുന്നില്ല. അവര്‍ക്കും അവരുടെ റബ്ബിനുമിടയില്‍ പതുക്കെ നടക്കുന്ന ഒരു മന്ത്രമായിരിക്കും അത്. കാരണം, അല്ലാഹു പറയുന്നു: ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً (നിങ്ങളുടെ റബ്ബിനെ ഞങ്ങള്‍ താഴ്മയായും സ്വകാര്യമായും വിളിച്ചു പ്രാര്‍ത്ഥിക്കുവിന്‍).
إِنَّهُ لَا يُحِبُّ الْمُعْتَدِينَ (അതിരു വിടുന്നവരെ അവന്‍ ഇഷ്ടപ്പെടുകയില്ല) എന്നു പറഞ്ഞതു ഒരു പൊതു തത്വമത്രെ. അതിരുവിടല്‍ പ്രാര്‍ത്ഥനയിലും ഉണ്ടാകാറുള്ളതുകൊണ്ടു അതിവിടെ ഉണര്‍ത്തിയതാണു. ഉദാഹരണമായി:
1. പ്രാര്‍ത്ഥന വളരെ ഉച്ചത്തില്‍ ശബ്ദിച്ചു കൊണ്ടായിരിക്കുക.
2. ഭക്തി വിനയങ്ങള്‍ക്കു യോജിക്കാത്ത വിധം മര്യാദകെട്ട വാക്കുകളും, വാക്യങ്ങളും ഉപയോഗിക്കുക.
3. ഇന്ന കാര്യം ഇന്നിന്നപോലെയൊക്കെ ആക്കിത്തരണമെന്നു കണിശമായ രൂപത്തിലായിരിക്കുക.
4. നന്നല്ലാത്തതും അല്ലാഹുവിങ്കല്‍ തൃപ്തികരമല്ലാത്തതുമായ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.
5. പ്രാര്‍ത്ഥിക്കുന്നതു അല്ലാഹു അല്ലാത്തവരോട്, അവരെ മുന്‍നിരുത്തിക്കൊണ്ടോ ആയിരിക്കുക.
6. ഉദ്ദേശിച്ചപോലെ ഉത്തരം കിട്ടാത്തതില്‍ നിരാശയും അതൃപ്തിയും പ്രകടിപ്പിക്കുക മുതലായവയെല്ലാം പ്രാര്‍ത്ഥനയിലുള്ള അതിരുകവിച്ചലില്‍പെടുന്നു. പ്രാര്‍ത്ഥന ഭക്തിയോടും ഭയപ്പാടോടുകൂടിയും, അതേ സമയത്തു മോഹത്തോടും സുപ്രതീക്ഷയോടും കൂടിയുമായിരിക്കണമെന്നു രണ്ടാമത്തെ വചനത്തില്‍ അല്ലാഹു ഉപദേശിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ശിക്ഷ, കോപം, പ്രാര്‍ത്ഥന സ്വീകരിക്കപ്പെടായ്മ ആദിയായവയെക്കുറിച്ചുള്ള ഭയവും, അവന്റെ കാരുണ്യവും അനുഗ്രഹവും ലഭിക്കുമെന്നും പ്രാര്‍ത്ഥന സ്വീകരിക്കാപ്പെടുമെന്നുള്ള സല്‍പ്രതീക്ഷയും ഉണ്ടായിരിക്കണമെന്നു സാരം. പ്രാര്‍ത്ഥനയില്ലെന്നു മാത്രമല്ല, എല്ലാ സമയത്തും മനുഷ്യന്‍ അല്ലാഹുവിനെക്കുറിച്ചു പേടിയും സല്‍പ്രതീക്ഷയും (الخوف والرَّجاء) ഉള്ളവനായിരിക്കേണ്ടതുണ്ടു. മേല്‍ പ്രസ്താവിച്ച നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അനുസരിക്കുന്നവരാണു നിഷ്കളങ്കരായ സുകൃതവാന്‍മാരെന്നും, അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുവാന്‍ എളുപ്പമുള്ളതു അവര്‍ക്കാണെന്നും അവസാനമായി ഉണര്‍ത്തിയിരിക്കുന്നു.
- وَهُوَ ٱلَّذِى يُرْسِلُ ٱلرِّيَٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۖ حَتَّىٰٓ إِذَآ أَقَلَّتْ سَحَابًا ثِقَالًا سُقْنَٰهُ لِبَلَدٍ مَّيِّتٍ فَأَنزَلْنَا بِهِ ٱلْمَآءَ فَأَخْرَجْنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِ ۚ كَذَٰلِكَ نُخْرِجُ ٱلْمَوْتَىٰ لَعَلَّكُمْ تَذَكَّرُونَ ﴾٥٧﴿
- അവനത്രെ, തന്റെ കാരുണ്യത്തിന്റെ [മഴയുടെ] മുമ്പിലായി ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ട് കാറ്റുകളെ അയക്കുന്നവന്‍.
അങ്ങനെ, അവ ഘനത്ത മേഘങ്ങളേ (പൊക്കി) വഹിച്ചാല്‍, വല്ല നിര്‍ജ്ജീവമായ നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ടുപോകുന്നു: എന്നിട്ട്, നാം [അല്ലാഹു] അതില്‍ വെള്ളം ഇറക്കുകയും, എന്നിട്ട് അതുമൂലം എല്ലാ ഫലവര്‍ഗ്ഗങ്ങളെയും നാം പുറപ്പെടുവിക്കുകയും ചെയ്യുന്നു.
അതുപോലെ, നാം മരണപ്പെട്ടവരെ (വീണ്ടും ജീവിപ്പിച്ചു) പുറപ്പെടുവിക്കുന്നു. നിങ്ങള്‍ ഉറ്റാലോചിച്ചു നോക്കിയേക്കാമല്ലോ. - وَهُوَ അവനത്രെ الَّذِي يُرْسِلُ അയക്കുന്നവന്‍ الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷവാര്‍ത്തയായിട്ടു بَيْنَ يَدَيْ മുമ്പില്‍ رَحْمَتِهِ അവന്റെ കാരുണ്യത്തിന്റെ حَتَّىٰ വരെ, (അങ്ങനെ - ഇതുവരെ) إِذَا أَقَلَّتْ അതു പൊന്തിച്ചാല്‍, വഹിച്ചാല്‍ سَحَابًا മേഘത്തെ ثِقَالًا ഘനപ്പെട്ട, ഭാരമുള്ള سُقْنَاهُ അതിനെ നാം തെളിക്കുന്നു, നയിക്കുകയായി لِبَلَدٍ രാജ്യത്തേക്കു, നാട്ടിലേക്കു مَّيِّتٍ ചത്ത (നിര്‍ജ്ജീവമായ) فَأَنزَلْنَابِهِ എന്നിട്ടു അതില്‍ നാം ഇറക്കും ഇറക്കുകയായി الْمَاءَ വെള്ളം, ജലം فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിക്കും (ഉല്‍പാദിപ്പിക്കും) بِهِ അതുമൂലം, അതുകൊണ്ടു مِن كُلِّ എല്ലാറ്റില്‍ നിന്നും الثَّمَرَاتِ ഫലവര്‍ഗ്ഗങ്ങള്‍, കായ്കനികള്‍ كَذَٰلِكَ അതുപോലെ, അപ്രകാരം نُخْرِجُ നാം പുറപ്പെടുവിക്കുന്നു, വെളിക്കു വരുത്തും الْمَوْتَىٰ മരണപ്പെട്ടവരെ, നിര്‍ജ്ജീവമായവരെ لَعَلَّكُمْ تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിച്ചേക്കാം.
കഴിഞ്ഞ വചനങ്ങളില്‍ അല്ലാഹുവിന്റെ ‘റുബൂബിയ്യത്തും’, ‘ഉലൂഹിയ്യത്തും’ (രക്ഷാകര്‍ത്തൃത്വവും, ആരാധ്യതയും) സ്ഥാപിച്ച ശേഷം, അവന്റെ മഹത്തായ അനുഗ്രഹങ്ങളും, വ്യക്തമായ ദൃഷ്ടാന്തങ്ങളുമായ, ചില നിത്യസംഭവങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മരണാനന്തര ജീവിതത്തിന്റെ സാധ്യത തെളിയിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന മഴയുടെ മുന്നോടിയായി കാറ്റുകള്‍ വീശുന്നു. അവ കാര്‍മേഘങ്ങളെ ഇളക്കിവിടുന്നു. വെള്ളം വറ്റി നിര്‍ജ്ജീവമായി വരണ്ടു കിടക്കുന്ന നാട്ടിലേക്ക് അവ നീങ്ങുന്നു. അവിടെ മഴ വര്‍ഷിക്കുന്നു.അങ്ങനെ ആ നാട് പുനര്‍ജ്ജീവിച്ചു പച്ച പിടിക്കുന്നു. കായ്കനികളും വിളകളും ഉല്‍പാദിതമാകുന്നു. ഇതിന്റെയെല്ലാം കര്‍ത്താവ് അല്ലാഹുവാകുന്നു. അപ്പോള്‍, ഇതുപോലെ മനുഷ്യന്‍ നിര്‍ജ്ജീവനായിപ്പോയശേഷം അവനെ വീണ്ടും ജീവിപ്പിക്കുവാന്‍ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല എന്ന് നിങ്ങള്‍ക്ക് ആലോചിച്ചാല്‍ അറിയാമല്ലോ എന്ന് ഉണര്‍ത്തുകയാണ്.
മഴവെള്ളം ഇറക്കി നിര്‍ജ്ജീവമായിക്കിടക്കുന്ന ഭൂമിയെ വീണ്ടും ഉല്‍പാദന യോഗ്യമാക്കി ജീവിപ്പിക്കുന്നതിനെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട് അതുപോലെ മനുഷ്യന്റെ മരണശേഷം പുനര്‍ജീവിതവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുക ക്വുര്‍ആനില്‍ പലപ്പോഴും കാണാവുന്ന ഒരു പതിവാകുന്നു. നിഷ്പക്ഷമായി ചിന്തിക്കുന്ന ഏത് സാധാരണക്കാരനും മനസ്സിലാക്കാവുന്ന ഒരു ദൃഷ്ടാന്തവുമാണത്. അതുപോലെത്തന്നെ, മഴ പെയ്യുന്നതിനെയും, മഴ മൂലം സസ്യലതാദികള്‍ ഉല്‍പാദിക്കുന്നതിനെയും സംബന്ധിച്ചു പറയുമ്പോള്‍ – അതുവരെയുള്ള സംസാര ശൈലിയനുസരിച്ചു ‘അവന്‍ ഇറക്കി’ എന്നും, അവന്‍ ഉല്‍പാദിപ്പിച്ചു എന്നും (أَنزَل , َخْرَج) പറയാതെ – ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ട് ‘നാം ഇറക്കി’ എന്നും, ‘നാം ഉല്‍പാദിപ്പിച്ചു’ (أَنزَلْنَا , أَخْرَجْنَا) എന്നുമൊക്കെയുള്ള പ്രയോഗങ്ങളും, സാധാരണ കാണാവുന്നതാണ്. അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹങ്ങളും, അവന്റെ ശക്തിമാഹാത്മ്യത്തെ കുറിക്കുന്ന ദൃഷ്ടാന്തങ്ങളുമാണവ എന്ന് ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടിയാണത്. والله أعلم
- وَٱلْبَلَدُ ٱلطَّيِّبُ يَخْرُجُ نَبَاتُهُۥ بِإِذْنِ رَبِّهِۦ ۖ وَٱلَّذِى خَبُثَ لَا يَخْرُجُ إِلَّا نَكِدًا ۚ كَذَٰلِكَ نُصَرِّفُ ٱلْءَايَٰتِ لِقَوْمٍ يَشْكُرُونَ ﴾٥٨﴿
- നല്ല (മെച്ചപ്പെട്ട) തായ രാജ്യം, അതിലെ സസ്യങ്ങള്‍ [വിളകള്‍] അതിന്റെ റബ്ബിന്റെ അനുമതി പ്രകാരം [ധാരാളമായി] പുറത്തു വരുന്നു. ചീത്തയായതാകട്ടെ, അതു [അതിലെ സസ്യങ്ങള്‍] മോശമായിട്ടല്ലാതെ പുറത്തുവരുന്നതല്ല.
അപ്രകാരം, നന്ദി കാണിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി നാം 'ആയത്തു' [ദൃഷ്ടാന്തം]കളെ വിവിധ രൂപത്തില്‍ വിവരിക്കുന്നു. - وَالْبَلَدُ രാജ്യം, നാടു الطَّيِّبُ നല്ല, വിശിഷ്ടമായ, പരിശുദ്ധമായ, മെച്ചപ്പെട്ട يَخْرُجُ പുറപ്പെടും, വെളിക്കു വരുന്നു نَبَاتُهُ അതിലെ സസ്യം, ചെടികള്‍ (വിള - കൃഷി) بِإِذْنِ ഉത്തരവു (അനുമതി) കൊണ്ടു رَبِّهِ അതിന്റെ റബ്ബിന്റെ وَالَّذِي خَبُثَ ചീത്തയായ (ദുഷിച്ച) താകട്ടെ لَايَخْرُجُ പുറത്തു വരുകയില്ല إِلَّا نَكِدًا അല്‍പമായി (മോശമായി - ഞെരുങ്ങിയതായി) ട്ടല്ലാതെ كَذَٰلِكَ അപ്രകാരം, ഇതുപോലെ نُصَرِّفُ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു الْآيَاتِ ദൃഷ്ടാന്ത(ലക്ഷ്യ)ങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കു വേണ്ടി يَشْكُرُونَ നന്ദി കാണിക്കുന്ന.
സല്‍ബുദ്ധിയും സല്‍വിചാരവും ഉള്ളവരുടെയും, ദുര്‍ബുദ്ധിയും ദുര്‍വിചാരവും ഉള്ളവരുടെയും ഒരു ഉപമയാണിത്. നല്ല മണ്ണും, നല്ല വളക്കൂറുമുള്ള നാട്ടില്‍ മഴയും മറ്റു സൗകാര്യങ്ങളും ലഭിക്കുമ്പോള്‍, അധികരിച്ച അദ്ധ്വാനം കൂടാതെത്തന്നെ, ധാരാളം വിളവുകളും ഫലങ്ങളും ഉല്‍പാദിതമാകുന്നു. നേരെ മറിച്ചു ചീത്ത മണ്ണുള്ളതും വളപ്പറ്റില്ലാത്തതുമായ പൊറ്റ പ്രദേശങ്ങളില്‍ മഴയും മറ്റും വേണ്ടത്ര ലഭിച്ചാല്‍ പോലും നാമമാത്ര വരുമാനങ്ങളേ അവയില്‍ നിന്നു പ്രതീക്ഷിക്കുവാനുള്ളു. അതുപോലെയാണ് മനുഷ്യന്റെയും സ്ഥിതി. നല്ല മനുഷ്യര്‍ക്ക് ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും ലഭിക്കും തോറും അവരില്‍ അതിന്റെ ഫലം വര്‍ദ്ധിച്ച് കണ്ടുകൊണ്ടിരിക്കും. ദുഷിച്ച മനുഷ്യന്‍ എന്തു തന്നെ കണ്ടാലും, കേട്ടാലും അതവര്‍ക്ക് ഫലപ്രദമാകുകയില്ല. അതവരുടെ ഉള്ളോട്ടു കടക്കുകയുമില്ല.
വിഭാഗം - 8
അല്ലാഹുവിന്റെ പരലോകത്തിലും വിശ്വസിക്കേണ്ടതിന്റെ ആവശ്യകത വിവരിച്ച് കൊണ്ട് പലതും പ്രസ്താവിച്ചശേഷം, മുന്‍ സമുദായങ്ങളുടെയും, അവരുടെ പ്രവാചകന്‍മാരുടെയും ചരിത്ര പാഠങ്ങളാണ് തുടര്‍ന്നുള്ള ഏതാനും വചനങ്ങളില്‍ വിവരിക്കുന്നത്.
- لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ﴾٥٩﴿
- നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കില്ല. നിശ്ചയമായും, ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ (ഭവിക്കുന്നതു) ഞാന്‍ ഭയപ്പെടുന്നു.
- لَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയിലേക്കു فَقَالَ എന്നിട്ടദ്ദേഹം പറഞ്ഞു يَاقَوْمِ എന്റെ ജനങ്ങളേ اعْبُدُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരാരാധ്യനും غَيْرُهُ അവനൊഴികെ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച.
ആദം (عليه الصلاة والسلام) നബിയുടെ കഥ മുമ്പ് വിവരിച്ചുവല്ലോ. അറിയപ്പെട്ടിടത്തോളം അദ്ദേഹത്തിനുശേഷം അയക്കപ്പെട്ട റസൂലുകളില്‍ ഒന്നാമത്തെ ആള്‍ നൂഹ് (عليه الصلاة والسلام) നബിയാകുന്നു. ബാബിലോണു (*) യിലായിരുന്നു അദ്ദേഹം നിയോഗിക്കപ്പെട്ടത്. മരണപ്പെട്ട മഹാത്മാക്കളുടെ സ്മരണക്ക് വേണ്ടി ആദ്യം അവരുടെ പ്രതിമകള്‍ ഉണ്ടാക്കുകയും, പിന്നീട് അവയെ ആരാധിച്ചു വരുകയും, അങ്ങിനെ വിഗ്രഹാരാധന നടപ്പിലാക്കിത്തീര്‍ക്കുകയും ചെയ്ത ഒന്നാമത്തെ സമുദായം അദ്ദേഹത്തിന്റെ സമുദായമായിരുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്കു സൂറത്തു നൂഹും അതിനുശേഷമുള്ള ‘വിഗ്രഹാരാധനയുടെ തുടക്കം എന്ന വ്യാഖ്യാന കുറിപ്പും നോക്കുക) തൊള്ളായിരത്തമ്പത് കൊല്ലക്കാലം ഒരു സമുദായത്തെ തൗഹീദിലേക്കു ക്ഷണിച്ചു കൊണ്ടിരുന്ന ചരിത്രമാണ് ആ പ്രവാചകവര്യന്നുള്ളത്. (28:14). അതുകൊണ്ടെല്ലാം തന്നെയാണു അദ്ദേഹത്തെപ്പറ്റി നബിമാരുടെ കാരണവര്‍ – അഥവാ ഗുരുവര്യന്‍ (شيخ الأنبياء) എന്നു പറയപ്പെടുന്നതും. ആ നീണ്ട ചരിത്രത്തിന്റെ സംക്ഷിപ്ത രൂപമാണു അല്ലാഹു ഇവിടെ ഉദ്ധരിക്കുന്നത്.
—–
(*). ഒന്നാം വാള്യത്തില്‍ കൊടുത്ത പടം 6 നോക്കുക.
—–
- قَالَ ٱلْمَلَأُ مِن قَوْمِهِۦٓ إِنَّا لَنَرَىٰكَ فِى ضَلَٰلٍ مُّبِينٍ ﴾٦٠﴿
- അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നുള്ള പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും ഞങ്ങള്‍ നിന്നെ പ്രത്യക്ഷമായ വഴിപിഴവിലായി കാണുന്നു."
- قَالَ الْمَلَأُ പ്രധാനി (പ്രമാണി) കള്‍ (പ്രമുഖ സംഘം) പറഞ്ഞു مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു إِنَّا നിശ്ചയമായും നാം, ഞങ്ങള്‍ لَنَرَاكَ നിന്നെ നാം (ഞങ്ങള്‍) കാണുക തന്നെ ചെയ്യുന്നു فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ مُّبِينٍ വ്യക്തമായ.
- قَالَ يَٰقَوْمِ لَيْسَ بِى ضَلَٰلَةٌ وَلَٰكِنِّى رَسُولٌ مِّن رَّبِّ ٱلْعَٰلَمِينَ ﴾٦١﴿
- അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, എനിക്കു ഒരു വഴിപിഴവും (തന്നെ) ഇല്ല; എങ്കിലും, ഞാന്‍ ലോകരുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു റസൂല്‍ [ദൂതന്‍] ആകുന്നു.
- قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ لَيْسَ بِي എനിക്കില്ല, എന്നിലില്ല ഒരു ضَلَالَةٌ വഴിപിഴവും (ദുര്‍മ്മാര്‍ഗ്ഗവും) وَلَٰكِنِّي എങ്കിലും ഞാന്‍ رَسُولٌ ഒരു റസൂലാണു, ദൂതനാണു مِّن رَّبِّ രക്ഷിതാവി (റബ്ബി) ങ്കല്‍ നിന്നു الْعَالَمِينَ ലോകരുടെ.
- أُبَلِّغُكُمْ رِسَٰلَٰتِ رَبِّى وَأَنصَحُ لَكُمْ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ ﴾٦٢﴿
- "എന്റെ റബ്ബിന്റെ 'രിസാലത്തു' [ദൗത്യം]കളെ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തരുകയാണ്; ഞാന്‍ നിങ്ങള്‍ക്കു ഗുണം കാക്ഷിക്കുക (അഥവാ ഉപദേശം നല്‍കുക) യും ചെയ്യുന്നു; നിങ്ങള്‍ക്കറിഞ്ഞു കൂടാത്തതു (പലതും), അല്ലാഹുവില്‍ നിന്നും ഞാന്‍ അറിയുകയും ചെയ്യുന്നു.
- أُبَلِّغُكُمْ ഞാന്‍ നിങ്ങള്‍ക്കു എത്തിക്കുന്നു, പ്രബോധനം നല്‍കുന്നു رِسَالَاتِ ദൗത്യങ്ങളെ رَبِّي എന്റെ റബ്ബിന്റെ وَأَنصَحُ ഞാന്‍ ഗുണം കാക്ഷിക്കുക (ഉപദേശിക്കുക) യും ചെയ്യുന്നു لَكُمْ നിങ്ങള്‍ക്കു, നിങ്ങളോടു وَأَعْلَمُ ഞാനറിയുകയും (എനിക്കറിയുകയും) ചെയ്യാം مِنَ اللَّهِ അല്ലാഹുവില്‍നിന്നു مَا لَا تَعْلَمُونَ നിങ്ങള്‍(ക്കു) അറിയാത്തതു.
- أَوَعَجِبْتُمْ أَن جَآءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ وَلِتَتَّقُوا۟ وَلَعَلَّكُمْ تُرْحَمُونَ ﴾٦٣﴿
- "നിങ്ങള്‍ക്കു നിങ്ങളില്‍ പെട്ട ഒരു പുരുഷന്‍ മുഖേന നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് ഒരു ഉല്‍ബോധനം വന്നതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയും ചെയ്തുവോ?! (അതെ), അവന്‍ [ആ പുരുഷന്‍] നിങ്ങളെ താക്കീതു ചെയ്‌വാന്‍ വേണ്ടിയും, ഞങ്ങള്‍ സൂക്ഷിക്കുവാന്‍ വേണ്ടിയും. നിങ്ങള്‍ കരുണ ചെയ്യപ്പെടുകയും ചെയ്യാമല്ലോ."
- أَوَعَجِبْتُمْ നിങ്ങള്‍ അത്ഭുത (ആശ്ചര്യ) പ്പെടുകയും ചെയ്തുവോ أَن جَاءَكُمْ നിങ്ങള്‍ക്കുവന്നതിനാല്‍, വന്നതിനു ذِكْرٌ ഉല്‍ബോധനം, പ്രസ്താവന, സ്മരണ, ഉദ്ദേശം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നു عَلَىٰ رَجُلٍ ഒരു പുരുഷനിലായി (പുരുഷന്‍ മുഖേന) مِّنكُمْ നിങ്ങളില്‍നിന്നു لِيُنذِرَكُمْ അവന്‍ നിങ്ങളെ താക്കീതു (മുന്നറിയിപ്പു) ചെയ്‌വാന്‍ وَلِتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുവാനും وَلَعَلَّكُمْ നിങ്ങളാകുകയും ചെയ്യാമല്ലോ, ആകുവാനും تُرْحَمُونَ നിങ്ങള്‍ കരുണ ചെയ്യപ്പെടും.
- فَكَذَّبُوهُ فَأَنجَيْنَٰهُ وَٱلَّذِينَ مَعَهُۥ فِى ٱلْفُلْكِ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَآ ۚ إِنَّهُمْ كَانُوا۟ قَوْمًا عَمِينَ ﴾٦٤﴿
- എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അപ്പോള്‍, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും കപ്പലില്‍ നാം രക്ഷപ്പെടുത്തി: നമുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരെ നാം മു(ക്കി നശിപ്പി)ക്കുകയും ചെയ്തു.
നിശ്ചയമായും, അവര്‍ അന്ധരായ ഒരു ജനതയായിരുന്നു. - فَكَذَّبُوهُ എന്നാല്‍ (എന്നിട്ടു) അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَنجَيْنَاهُ അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും فِي الْفُلْكِ കപ്പലില്‍ وَأَغْرَقْنَا നാം മുക്കുക (മുക്കി നശിപ്പിക്കുക) യും ചെയ്തു الَّذِينَ كَذَّبُوا വ്യാജമാക്കിയവരെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്ത (ലക്ഷ്യ) ങ്ങളെ إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَوْمًا ഒരു ജനത عَمِينَ അന്ധരായ.
വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ മുമ്പിലുണ്ടായിരുന്നിട്ടും പരമാര്‍ത്ഥം മനസ്സിലാക്കാതിരിക്കത്തക്കവണ്ണം ഉള്‍ക്കാഴ്ച നശിച്ചവരായിരുന്നു അവര്‍. അതാണവര്‍ മുക്കി നശിപ്പിക്കപ്പെടുവാന്‍ കാരണമായിത്തീര്‍ന്നതെന്നു സാരം. അവരുടെ ബാഹ്യമായ കാഴ്ച നശിച്ചിരുന്നുവെന്നല്ല, ഹൃദയങ്ങളുടെ ഉള്‍ക്കാഴ്ച നശിച്ചിരുന്നുവെന്നാണു ഉദ്ദേശ്യം. (فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَـٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ : الحج:46)