സൂറത്തുല്‍ അഅ്‌റാഫ് : 01-25
അഅ്‌റാഫ് (ഉന്നത സ്ഥലങ്ങൾ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 206 – വിഭാഗം (റുകുഉ്) 24
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
ഈ സൂറത്തിലെ 46, 48 വചനങ്ങളില്‍ ‘അഅ്റാഫു’ എന്ന പേരിലുള്ള ഒരു സ്ഥാനത്തെക്കുറിച്ചു പ്രസ്താവിക്കുന്നുണ്ട്. അതു നിമിത്തമാണ് ഇതിന് ‘സൂറത്തുല്‍ അഅ്റാഫു’ എന്ന് പേര്‍ വന്നത്. ‘ഉന്നത സ്ഥലങ്ങള്‍’ എന്നാണ് പദാര്‍ത്ഥം.
- كِتَٰبٌ أُنزِلَ إِلَيْكَ فَلَا يَكُن فِى صَدْرِكَ حَرَجٌ مِّنْهُ لِتُنذِرَ بِهِۦ وَذِكْرَىٰ لِلْمُؤْمِنِينَ ﴾٢﴿
- (നബിയേ) നിനക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് (ഇതു); അതിനാല്‍, നിന്റെ നെഞ്ചില്‍ [മനസ്സില്‍] അതിനെക്കുറിച്ചു ഒരു വിഷമവും ഉണ്ടായിരിക്കരുത്; നീ അതു മൂലം (ജനങ്ങളെ) താക്കീതു ചെയ്‌വാന്‍ വേണ്ടിയും, സത്യവിശ്വാസികള്‍ക്കു ഉപദേശമായിട്ടും.
- كِتَابٌ ഒരു ഒരു ഗ്രന്ഥമാകുന്നു أُنزِلَ إِلَيْكَ അത് നിന്നിലേക്കു (നിനക്കു) അവതരിപ്പിക്കപ്പെട്ടു فَلَا يَكُن അതിനാല്‍ ഉണ്ടായിരിക്കരുതു فِي صَدْرِكَ നിന്റെ നെഞ്ചില്‍ (മനസ്സില്‍) ഒരു حَرَجٌ വിഷമം, പ്രയാസം مِّنْهُ അതു നിമിത്തം, അതു സംബന്ധിച്ചു لِتُنذِرَ നീ താക്കീതു (മുന്നറിയിപ്പു) നല്‍കുവാന്‍ വേണ്ടി بِهِ അതുമൂലം, അതുകൊണ്ടു وَذِكْرَىٰ ഉപദേശം (സ്മരണ) ആയും لِلْمُؤْمِنِينَ വിശ്വസിക്കുന്നവര്‍ക്കു (സത്യവിശ്വാസികള്‍ക്കു).
പ്രാരംഭ വചനത്തിലെ കേവലാക്ഷരങ്ങളെപ്പറ്റി സൂറത്തുല്‍ ബക്വറഃയുടെ ആരംഭത്തില്‍ വിവരിച്ചു കഴിഞ്ഞ കാര്യങ്ങള്‍ ഇവിടെയും ഓര്‍ക്കുക. ഈ വേദഗ്രന്ഥവും, അതിന്റെ സിദ്ധാന്തങ്ങളും പ്രബോധനം ചെയ്യുന്നതില്‍ പല വിഷമങ്ങളും എതിര്‍പ്പുകളും നേരിടേണ്ടി വന്നേക്കാം. അവയെപ്പറ്റി മനസ്സു ഞെരുങ്ങാതെ, ക്ഷമയും, സഹനവും കൈകൊണ്ടു കൊണ്ടു പ്രബോധനം തുടര്‍ന്നുകൊണ്ടിരിക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ഉപദേശിക്കുകയാണ്. فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ (റസൂലുകളിലുള്ള ദൃഢമനസ്കരായ ആളുകള്‍ ക്ഷമിച്ചതുപോലെ ക്ഷമിച്ചു കൊള്ളുക. (46:35) എന്നു പറഞ്ഞതു പോലെയുള്ള ഒരു ഉപദേശമാവാം ഇതും. അല്ലെങ്കില്‍, ധാരാളം ഉപദേശിക്കുകയും തെളിവുകള്‍ നല്‍കുകയും ചെയ്തിട്ടും നിഷേധത്തില്‍തന്നെ ജനങ്ങള്‍ ശഠിച്ചു നില്‍ക്കുന്നതിനെപ്പറ്റി കുണ്ഠിതപ്പെടേണ്ടതില്ലെന്നും, ദിവ്യ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കല്‍ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാധാനിപ്പിക്കലുമാവാം ഉദ്ദേശ്യം. ജനങ്ങള്‍ സത്യം സ്വീകരിക്കാതെ നിഷേധത്തില്‍ ശഠിച്ചു നില്‍ക്കുന്നതിനെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വളരെ വ്യസനത്തിലും മനഃക്ലേശത്തിലുമായിരുന്നുവെന്നും, അത്രയൊന്നും മനോവേദന അനുഭവിക്കേണ്ടുന്ന കാര്യമില്ലെന്നും അല്ലാഹു പലപ്പോഴും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കാറുള്ളതാകുന്നു. (11:12; 27:70 മുതലായവ നോക്കുക). ഉദ്ദേശ്യം രണ്ടില്‍ ഏതായിരുന്നാലും ശരി, വിശ്വസിക്കാത്തവര്‍ക്കു ക്വുര്‍ആന്‍ മുഖേന താക്കീതു നല്‍കലും, വിശ്വസിക്കുന്നവര്‍ക്കു ഉപദേശം നല്‍കലുമാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്യേണ്ടതെന്നുകൂടി ഉണര്‍ത്തിയിരിക്കുന്നു. ജനങ്ങളോടായി അല്ലാഹു പറയുന്നു:-
- ٱتَّبِعُوا۟ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۗ قَلِيلًا مَّا تَذَكَّرُونَ ﴾٣﴿
- നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍. അവനു പുറമെ നിങ്ങള്‍ (വേറെ) കാര്യകര്‍ത്താക്കളെ പിന്‍പറ്റുകയും ചെയ്യരുത്. വളരെ കുറച്ചു (മാത്രം) നിങ്ങള്‍ ഓര്‍മ്മവെക്കുന്നു!
- اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍ مَا أُنزِلَ അവതരിപ്പിക്കപ്പെട്ടതു إِلَيْكُم നിങ്ങള്‍ക്കു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നു وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുതു مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ أَوْلِيَاءَ കാര്യകര്‍ത്താക്കളെ قَلِيلًا مَّا ഏതോ (വളരെ) കുറച്ചു (മാത്രം) تَذَكَّرُونَ നിങ്ങള്‍ ഓര്‍മ്മവെക്കുന്നു.
- وَكَم مِّن قَرْيَةٍ أَهْلَكْنَٰهَا فَجَآءَهَا بَأْسُنَا بَيَٰتًا أَوْ هُمْ قَآئِلُونَ ﴾٤﴿
- എത്ര രാജ്യങ്ങളെ (രാജ്യക്കാരെ) യാണു നാം നശിപ്പിച്ചിരിക്കുന്നത്?! അങ്ങനെ, ഒരു നിശാക്രമണമായോ, അല്ലെങ്കില്‍ അവര്‍ (രാജ്യക്കാര്‍) മദ്ധ്യാഹ്ന വിശ്രമം കൊള്ളുന്നവരായിരിക്കെയോ നമ്മുടെ ശൗര്യം [ശിക്ഷ] അവര്‍ക്കു [ആ രാജ്യക്കാര്‍ക്കു] വന്നു.
- وَكَم എത്രയാണു, എത്രയോ مِّن قَرْيَةٍ രാജ്യത്തില്‍ നിന്നു, രാജ്യമായി أَهْلَكْنَاهَا നാം അവയെ നശിപ്പിച്ചിരിക്കുന്നു فَجَاءَهَا എന്നിട്ടു [അങ്ങനെ] അവക്കു ചെന്നു, വന്നു بَأْسُنَا നമ്മുടെ ശൗര്യം, ഊക്കു, ശക്തി (ശിക്ഷ) بَيَاتًا രാത്രിയിലെ [നിശാ സമയത്തെ] ആക്രമണമായി أَوْ هُمْ അല്ലെങ്കില്‍ അവര്‍ ആയിരിക്കെ قَائِلُونَ മദ്ധ്യാഹ്ന (ഉച്ച) വിശ്രമം കൊള്ളുന്നവര്‍.
- فَمَا كَانَ دَعْوَىٰهُمْ إِذْ جَآءَهُم بَأْسُنَآ إِلَّآ أَن قَالُوٓا۟ إِنَّا كُنَّا ظَٰلِمِينَ ﴾٥﴿
- എന്നിട്ടു നമ്മുടെ ശൗര്യം [ശിക്ഷ] അവര്‍ക്കു വന്നപ്പോള്‍, അവരുടെ (മുറ) വിളിയായിരുന്നില്ല, 'നിശ്ചയമായും, ഞങ്ങള്‍ അക്രമികളായിരുന്നു'വെന്നു അവര്‍ പറഞ്ഞതല്ലാതെ.
- فَمَا كَانَ എന്നിട്ടു (അപ്പോള്‍) ആയിരുന്നില്ല دَعْوَاهُمْ അവരുടെ വിളിച്ചുപറയല്‍, വാദം إِذْ جَاءَهُم അവര്‍ക്കു വന്നപ്പോള്‍ بَأْسُنَا നമ്മുടെ ശൗര്യം [ശിക്ഷ] إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ, പറയുകയല്ലാതെ إِنَّا كُنَّا നിശ്ചയമായും നാം (ഞങ്ങള്‍) ആയിരുന്നു ظَالِمِينَ അക്രമികള്‍.
മുമ്പു എത്രയോ രാജ്യക്കാരെ അവരുടെ അക്രമം നിമിത്തം രാത്രിയില്‍ പെട്ടെന്നോ, പകലത്തെ മദ്ധ്യാഹ്ന വിശ്രമവേളയിലോ – അഥവാ ഓര്‍ക്കാപ്പുറത്തു – നാം പൊതുശിക്ഷ നല്‍കി നശിപ്പിക്കുകയുണ്ടായിട്ടുണ്ട്. ശിക്ഷ വരുമ്പോള്‍ അവരുടെ മുമ്പത്തെ ധിക്കാരമൊന്നും അവര്‍ കാണിച്ചിരുന്നില്ല. ഞങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചുവല്ലോ എന്നു മുറവിളി കൂട്ടുകയും വിളിച്ചു പ്രാര്‍ത്ഥിക്കുകയുമാണവര്‍ ചെയ്തത്. സൂക്ഷിച്ചു കൊള്ളണമെന്നു താല്‍പര്യം
- فَلَنَسْـَٔلَنَّ ٱلَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْـَٔلَنَّ ٱلْمُرْسَلِينَ ﴾٦﴿
- എന്നാല്‍, യാതൊരു കൂട്ടരിലേക്കു (റസൂലുകള്‍) അയക്കപ്പെട്ടുവോ അവരോടു നിശ്ചയമായും നാം ചോദ്യം ചെയ്യുന്നതാണ്; (അയക്കപ്പെട്ട) 'മുര്‍സലു'കളോടും നിശ്ചയമായും നാം ചോദ്യം ചെയ്യും.
- فَلَنَسْأَلَنَّ എന്നാല്‍ നിശ്ചയമായും നാം ചോദിക്കും الَّذِينَ യാതൊരുവരോടു أُرْسِلَ അയക്കപ്പെട്ടിരിക്കുന്നു إِلَيْهِمْ അവരിലേക്കു, അവര്‍ക്കു وَلَنَسْأَلَنَّ നിശ്ചയമായും നാം ചോദിക്കുകയും ചെയ്യും الْمُرْسَلِينَ അയക്കപ്പെട്ടവരോടു, മുര്‍സലുകളോട്.
- فَلَنَقُصَّنَّ عَلَيْهِم بِعِلْمٍ ۖ وَمَا كُنَّا غَآئِبِينَ ﴾٧﴿
- എന്നിട്ട് അറിഞ്ഞുകൊണ്ടു (തന്നെ) നിശ്ചയമായും, നാം അവര്‍ക്കു കഥ വിവരിച്ചുകൊടുക്കുന്നതാണ്. (കാണാതെ) നാം മറഞ്ഞു പോയവരായിരുന്നതുമില്ല.
- فَلَنَقُصَّنَّ എന്നിട്ടു നാം നിശ്ചയമായും വിവരിച്ചു കൊടുക്കും, കഥ പറഞ്ഞുകൊടുക്കുകതന്നെ ചെയ്യും عَلَيْهِم അവര്‍ക്കു بِعِلْمٍ അറിവോടെ, അറിഞ്ഞുകൊണ്ടു وَمَا كُنَّا നാം ആയിരുന്നതുമില്ല غَائِبِينَ മറഞ്ഞ (കാണാത്ത) വര്‍.
ഏതെല്ലാം സമുദായങ്ങളിലേക്കു ദിവ്യസന്ദേശങ്ങളുമായി റസൂലുകള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടോ ആ സമുദായങ്ങളെയെല്ലാം തന്നെ അല്ലാഹു ചോദ്യം ചെയ്യാതെ വിടുകയില്ല. മാത്രമല്ല, അവരിലേക്കു അയക്കപ്പെട്ടിരുന്ന റസൂലുകളോടും അവന്‍ ചോദ്യം ചെയ്യും. ഇഹത്തില്‍ അവര്‍ കൈകൊണ്ടിരുന്ന നയങ്ങളും നിലപാടുകളും ഇന്നിന്നപ്രകാരമായിരുന്നില്ലേ എന്നു സവിശദം അവന്‍ അവരെ വിവരിച്ചുകേള്‍പ്പിക്കും. അവന്‍ എല്ലാം കണ്ടറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഒന്നും അവന്‍ അറിയാതെയോ, കാണാതെയോ വിട്ടുപോയിട്ടില്ല എന്നു സാരം. നിങ്ങള്‍ക്കു റസൂലുകള്‍ വന്നില്ലേ? നിങ്ങള്‍ അവരെ അനുസരിച്ചുവോ? എന്തുകൊണ്ടു സത്യം സ്വീകരിച്ചില്ല? എന്നൊക്കെ, ജിന്നുകളും മനുഷ്യരുമടക്കം എല്ലാവരോടും അല്ലാഹു ചോദ്യം ചെയ്യുന്നതാണ്. (6:130; 28:65; 16:93 മുതലായവ നോക്കുക). എന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ അവര്‍ക്കു എത്തിച്ചും വിവരിച്ചും കൊടുത്തപ്പോള്‍ അവരില്‍നിന്നു എന്തു പ്രതികരണമാണുണ്ടായതു? അവരെന്തുചെയ്തു? എന്നൊക്കെ റസൂലുകളോടും ചോദിക്കപ്പെടും. (5:112). ചോദ്യം ചെയ്യല്‍ മാത്രമല്ല, ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ കൃത്യവും കണിശവുമായി പരിശോധിച്ചു വിലയിരുത്തുകയും ചെയ്യുമെന്നുകൂടി അല്ലാഹു അറിയിക്കുന്നു:-
- وَٱلْوَزْنُ يَوْمَئِذٍ ٱلْحَقُّ ۚ فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٨﴿
- അന്നത്തെ ദിവസം, (കര്‍മ്മങ്ങള്‍) തൂക്കല്‍ യഥാര്‍ത്ഥമായുള്ളതത്രെ. അപ്പോള്‍, ആരുടെ (നന്‍മയുടെ) തൂക്കങ്ങള്‍ ഘനം തൂങ്ങിയോ അക്കൂട്ടര്‍തന്നെയാണ് വിജയികള്‍.
- وَالْوَزْنُ തൂക്കം തൂക്കല്‍ يَوْمَئِذٍ ആ ദിവസം الْحَقُّ യഥാര്‍ത്ഥമാകുന്നു فَمَن അപ്പോള്‍ ആര്‍, യാതൊരുവന്‍ ثَقُلَتْ ഘനപ്പെട്ടു, ഭാരം തൂങ്ങി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍, തുലാസ്സുകള്‍ فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ الْمُفْلِحُونَ അവരത്രെ വിജയികള്‍.
- وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُم بِمَا كَانُوا۟ بِـَٔايَٰتِنَا يَظْلِمُونَ ﴾٩﴿
- ആരുടെ തൂക്കങ്ങള്‍ ലഘുവായോ അക്കൂട്ടര്‍തന്നെയാണു തങ്ങളെത്തന്നെ നഷ്ടപ്പെടുത്തിയവര്‍; (അതെ) നമ്മുടെ ദൃഷ്ടാന്തങ്ങളോടു അവര്‍ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം.
- وَمَنْ ആര്‍, ഏതൊരുവന്‍ خَفَّتْ ലഘുവായി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍ فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ الَّذِينَ خَسِرُوا നഷ്ടപ്പെടുത്തിയവരാണു, നഷ്ടപ്പെട്ടവരാണു أَنفُسَهُم തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ بِمَا كَانُوا അവരായിരുന്നതു നിമിത്തം بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെക്കൊണ്ടു, ദൃഷ്ടാന്തങ്ങളോടു يَظْلِمُونَ അക്രമം പ്രവര്‍ത്തിക്കും.
ക്വിയാമത്തുനാളില്‍ എല്ലാവരുടെയും കര്‍മ്മങ്ങള്‍ തൂക്കിക്കണക്കാക്കപ്പെടുമെന്നും, നന്മക്ക് മുന്‍തൂക്കമുള്ളവര്‍ വിജയികളും, പിന്‍തൂക്കമുള്ളവര്‍ നഷ്ടക്കാരുമായിരിക്കുമെന്നും ക്വുര്‍ആനില്‍ ഒന്നിലധികം സ്ഥലത്തു പ്രസ്താവിച്ചു കാണാം. ഒരു സ്ഥലത്തു പറയുന്നു: …وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا (സാരം: ക്വിയാമത്തു നാളില്‍ നീതിമുറയുള്ള തുലാസുകളെ നാം സ്ഥാപിക്കും. അതിനാല്‍, ഒരാളോടും യാതൊരു അനീതിയും ചെയ്യപ്പെടുകയില്ല. ഒരു കടുകുമണിത്തൂക്കമായിരുന്നാലും നാമതു കൊണ്ടു വരുന്നതാണ്. സൂ: അമ്പിയാഉ് : 47).
എന്നാല്‍, കര്‍മ്മങ്ങളെ തൂക്കുന്ന ഈ തുലാസ്സിനെയും, അതിന്റെ തൂക്കത്തെയും സംബന്ധിച്ചു – പരലോകത്തെ മറ്റെല്ലാ വസ്തുക്കളെയും പോലെത്തന്നെ – അതു എപ്രകാരത്തിലുള്ളതായിരിക്കുമെന്നു നമുക്കു തിട്ടപ്പെടുത്തുവാന്‍ സാദ്ധ്യമല്ല. ഭൗതിക പ്രകൃതിയില്‍നിന്നു തികച്ചും വ്യത്യസ്തമായ പ്രകൃതി ചട്ടങ്ങളാണ് പരലോകത്തിലുള്ളതെന്നും, അല്ലാഹു സര്‍വ്വശക്തനും സര്‍വ്വജ്ഞനുമാണെന്നും, അല്ലാഹുവും അവന്റെ റസൂലും പറയുന്നതെല്ലാം സത്യമായിരിക്കുമെന്നും വിശ്വാസമുള്ളവരെ സംബന്ധിച്ചിടത്തോളം അതില്‍ വല്ല സംശയത്തിനോ അത്ഭുതത്തിനോ അവകാശമില്ല. മനുഷ്യബുദ്ധിക്കോ, ഭൗതിക ശാസ്ത്രങ്ങള്‍ക്കോ രൂപപ്പെടുത്തുവാന്‍ കഴിയാത്തതാണത്. പദാര്‍ത്ഥങ്ങളല്ലാതെ കര്‍മ്മങ്ങള്‍ – എങ്ങിനെ തൂക്കിക്കണക്കാക്കുമെന്നു മനസ്സില്‍ രൂപപ്പെടുത്തുവാന്‍ കഴിയായ്ക നിമിത്തം ചില ആളുകള്‍ ഇതിനു അവരുടെ വകയായ ചില വ്യാഖ്യാനങ്ങള്‍ നല്‍കി തൃപ്തി അടയുകയുണ്ടായിട്ടുണ്ട്. തുലാസ്സുകൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ നീതിയാണെന്നും, തൂക്കല്‍കൊണ്ടുദ്ദേശ്യം നീതി പാലിക്കലാണെന്നും ചിലര്‍ പറയുമ്പോള്‍, വേറെ ചിലര്‍ പറയുന്നത് മലക്കുകളാല്‍ എഴുതി രേഖപ്പെടുത്തപ്പെട്ട കര്‍മ്മ രേഖകളായിരിക്കും തൂക്കപ്പെടുക എന്നാകുന്നു. മറ്റു ചിലര്‍ക്കു അവരുടേതായ വേറെ ചില വ്യാഖ്യാനങ്ങളും പറയുവാനുണ്ട്.
ഇന്നത്തെ ശാസ്ത്രീയ നേട്ടങ്ങളും, അളവും, തൂക്കവും കണക്കാക്കുവാന്‍ നിലവിലുള്ള ശാസ്ത്രീയമായ പലതരം മാപിനി യന്ത്രങ്ങളും നോക്കുമ്പോള്‍, അത്തരം വ്യാഖ്യാനങ്ങള്‍ക്കൊന്നും യാതൊരവശ്യവുമില്ല. ചൂട്, തണുപ്പ്, കാറ്റിന്റെ ഗതിവിഗതി, വൈദ്യുതി, യന്ത്രങ്ങളുടെ പ്രവര്‍ത്തന ശക്തി, ഇന്ധനത്തിന്റെ ഊര്‍ജ്ജം, ശബ്ദം ആദിയായ മുന്‍കാലത്തു ഊഹിക്കുവാന്‍പോലും കഴിയാതിരുന്ന പലതിന്റെയും അളവു കണക്കാക്കുവാന്‍ ഇന്നു യന്ത്രങ്ങളുണ്ട്. എനിയും എന്തെല്ലാം കണ്ടുപിടിക്കപ്പെടുവാനിരിക്കുന്നുവെന്നു ആര്‍ക്കറിയാം?! എന്നിരിക്കെ, ഇതെല്ലാം കണ്ടുപിടിക്കുന്ന മനുഷ്യരെയും, ആ കണ്ടുപിടുത്തങ്ങള്‍ക്കുള്ള അവരുടെ കഴിവിനെയും സാഹചര്യങ്ങളെയും സൃഷ്‌ടിച്ച സര്‍വ്വശക്തനു മനുഷ്യന്റെ നന്‍മതിന്‍മകളാകുന്ന കര്‍മ്മങ്ങളെ തൂക്കിക്കണക്കാക്കുവാനുണ്ടോ വല്ല പ്രയാസവും?! ആലോചിച്ചു നോക്കുക! അപ്പോള്‍ – മുന്‍ഗാമികളായ മഹാന്‍മാര്‍ ചെയ്തിരുന്നതുപോലെ – ക്വിയാമത്തുനാളില്‍ നന്‍മ തിന്‍മകളെ തൂക്കുന്ന ഒരു തുലാസ്സു യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നും, അതിനെപ്പറ്റി അല്ലാഹുവും അവന്റെ റസൂലും പറഞ്ഞു തന്നതെല്ലാം സത്യമാണെന്നും, നമുക്കു സുദൃഢമായി വിശ്വസിക്കാം. അതിന്റെ രൂപ – വലുപ്പം തുടങ്ങിയ വിശദവിവരങ്ങള്‍ നമ്മുടെ അറിവിനും അനുമാനത്തിനും അതീതമാകകൊണ്ട് അവയെപ്പറ്റി നമുക്കു മൗനമവലംബിക്കുകയും ചെയ്യാം. والله الموفق
- وَلَقَدْ مَكَّنَّٰكُمْ فِى ٱلْأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَٰيِشَ ۗ قَلِيلًا مَّا تَشْكُرُونَ ﴾١٠﴿
- തീര്‍ച്ചയായും, നാം നിങ്ങള്‍ക്കു ഭൂമിയില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്; നിങ്ങള്‍ക്കു അതില്‍ നാം (പല) ജീവിത മാര്‍ഗ്ഗങ്ങളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. വളരെ കുറച്ചു (മാത്രം) നിങ്ങള്‍ നന്ദി ചെയ്യുന്നു!
- وَلَقَدْ مَكَّنَّاكُمْ തീര്‍ച്ചയായും നിങ്ങള്‍ക്കു നാം സൗകര്യപ്പെടുത്തിയിട്ടുണ്ടു فِي الْأَرْضِ ഭൂമിയില്‍ وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്തിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു فِيهَا അതില്‍ مَعَايِشَ ജീവിത മാര്‍ഗ്ഗങ്ങളെ قَلِيلًا مَّا എന്തോ (വളരെ) കുറച്ചു تَشْكُرُونَ നിങ്ങള്‍ നന്ദി കാണിക്കുന്നു.
യഥേഷ്ടം വിഹരിക്കുവാനും, ഇഷ്ടപ്പെട്ട ജീവിത മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുവാനുമുള്ള സൗകര്യങ്ങള്‍ അല്ലാഹു മനുഷ്യര്‍ക്കു ഈ ഭൂമിയില്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും അവര്‍ വേണ്ടത്രയില്ലെങ്കില്‍ കഴിവനുസരിച്ചെങ്കിലും നന്ദി കാണിക്കുന്നില്ലെന്നാണു അല്ലാഹു പറയുന്നത്. അതെ, وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ ﴿ (അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണിയാല്‍ അതു നിങ്ങള്‍ കണക്കാക്കുകയില്ല. നിശ്ചയമായും, മനുഷ്യന്‍ അക്രമിയും നന്ദികെട്ടവനും തന്നെ. 14:34). മനുഷ്യരുടെ പൊതുനിലയാണ് ഈ വാക്യത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.
വിഭാഗം - 2
- وَلَقَدْ خَلَقْنَٰكُمْ ثُمَّ صَوَّرْنَٰكُمْ ثُمَّ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِءَادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ لَمْ يَكُن مِّنَ ٱلسَّٰجِدِينَ ﴾١١﴿
- തീര്‍ച്ചയായും, നാം നിങ്ങളെ സൃഷ്ടിക്കുകയുണ്ടായി; പിന്നീടു നിങ്ങളെ നാം രൂപപ്പെടുത്തി; പിന്നെ, മലക്കുകളോടു നാം പറഞ്ഞു: "നിങ്ങള്‍ ആദമിന്നു 'സുജൂദു' ചെയ്യുവിന്‍". എന്നിട്ട് അവര്‍ 'സുജൂദു' ചെയ്തു - ഇബ്ലീസ് ഒഴികെ. അവന്‍ 'സുജൂദു' ചെയ്തവരുടെ കൂട്ടത്തില്‍ ആയില്ല. [സുജൂദു ചെയ്തില്ല].
- وَلَقَدْ തീര്‍ച്ചയായും ഉണ്ടു خَلَقْنَاكُمْ നിങ്ങളെ നാം സൃഷ്ടിച്ചു ثُمَّ صَوَّرْنَاكُمْ പിന്നെ നിങ്ങളെ നാം രൂപപ്പെടുത്തി ثُمَّ قُلْنَا പിന്നെ നാം പറഞ്ഞു لِلْمَلَائِكَةِ മലക്കുകളോടു اسْجُدُوا നിങ്ങള്‍ സുജൂദു ചെയ്യുവിന്‍ لِآدَمَ ആദമിനു فَسَجَدُوا എന്നിട്ടു അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ لَمْ يَكُن അവന്‍ ആയില്ല, ആയിരുന്നില്ല مِّنَ السَّاجِدِينَ സുജൂദു ചെയ്ത (ചെയ്യുന്ന) വരില്‍ (പെട്ടവന്‍).
മനുഷ്യവര്‍ഗ്ഗത്തിനു ഭൂമിയില്‍ അല്ലാഹു പല സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുത്ത് അനുഗ്രഹിച്ചതിനെ ഓര്‍മ്മിപ്പിച്ചശേഷം, ഉത്ഭവം മുതല്‍ക്കേ ആ വര്‍ഗ്ഗത്തെ അവന്‍ ഉല്‍കൃഷ്ടമാക്കി വെച്ചിട്ടുണ്ടെന്നും, അതോടൊപ്പം തന്നെ, അവന്റെ ഉല്‍കൃഷ്ടതയിലുള്ള അസൂയ കാരണം അവനൊരു ആ ജീവനാന്ത ശത്രുകൂടി ഉണ്ടെന്നും അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു.
മനുഷ്യ പിതാവായ ആദം (عليه الصلاة والسلام) നബിക്കു മലക്കുകളോടു സുജൂദു ചെയ്‌വാന്‍ കല്‍പിച്ച സംഭവം അല്‍ബക്വറഃ, ഹിജ്ര്‍, ഇസ്രാഉ്, അല്‍കഹ്ഫ്, ത്വാഹാ, സ്വാദു എന്നീ സൂറത്തുകളിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. താരതമ്യേന സ്വാദിലും, ഹിജ്റിലും കൂടുതല്‍ വിശദീകരണം കാണാമെങ്കിലും അധിക വിശദീകരണം ഈ സൂറത്തിലാണുള്ളത്. ആദ്യം നിങ്ങളെ – അഥവാ മനുഷ്യരെ – സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തുവെന്നു പ്രസ്താവിച്ച ശേഷമാണു ‘പിന്നെ നാം മലക്കുകളോടു പറഞ്ഞു (ثُمَّ قُلْنَا لِلْمَلَائِكَةِ) എന്നു പറഞ്ഞുകൊണ്ടാണ് ആ സംഭവം അല്ലാഹു ഇവിടെ വിവരിക്കുന്നത്. അതുകൊണ്ടു മനുഷ്യരെ സൃഷ്‌ടിച്ച ശേഷമാണ് ആദം (عليه الصلاة والسلام) നബിക്കു സുജൂദു ചെയ്‌വാനുള്ള കല്‍പനയുണ്ടായതെന്നു ധരിക്കേണ്ടതില്ല. മനുഷ്യവര്‍ഗ്ഗത്തിന്റെ ആദ്യ പിതാവായ ആദം (عليه الصلاة والسلام) നബിയെ സൃഷ്‌ടിച്ചു രൂപപ്പെടുത്തിയ ഉടനെ – മറ്റു മനുഷ്യരൊന്നും സൃഷ്ടിക്കപ്പെടുന്നതിനു മുമ്പായി – ത്തന്നെ നടന്നതാണ് ആ സംഭവമെന്നു മറ്റു സൂറത്തുകളില്‍ നിന്നു സ്പഷ്ടമാണ്. പൂര്‍വ്വപിതാക്കളില്‍ കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ചു നിലവിലുള്ള ജനങ്ങളോടു പറയുമ്പോള്‍, അവരെ അഭിമുഖീകരിച്ചു കൊണ്ടു, അവരില്‍ കഴിഞ്ഞതാണെന്നു പ്രത്യക്ഷത്തില്‍ തോന്നിയേക്കാവുന്ന രൂപത്തിലുള്ള ശൈലി ഉപയോഗിച്ചു കൊണ്ടു വിവരിക്കുക ഭാഷാസാഹിത്യങ്ങളിലെ ഒരു പതിവാകുന്നു. ഈ പതിവു ക്വുര്‍ആനിലും കാണാം. ഉദാഹരണമായി: ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തുള്ള ഇസ്രാഈല്യരെ അഭിമുഖീകരിച്ചുകൊണ്ട് رَفَعْنَا فَوْقَكُمُ الطُّورَ (നിങ്ങളുടെ മീതെ നാം പര്‍വ്വതങ്ങളെ ഉയര്‍ത്തി എന്നും, نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ (നിങ്ങളെ ഫിര്‍ഔന്റെ കൂട്ടരില്‍നിന്നു നാം രക്ഷപ്പെടുത്തി) എന്നും മറ്റും ക്വുര്‍ആനില്‍ സാധാരണ കാണാറുള്ളതാണ്. വാസ്തവത്തില്‍ പര്‍വ്വതം ഉയര്‍ത്തലും, ഫിര്‍ഔനില്‍ നിന്നുള്ള രക്ഷപ്പെടുത്തലും വളരെ കാലം മുമ്പ് അവരുടെ പൂര്‍വ്വികന്‍മാരില്‍ കഴിഞ്ഞുപോയ സംഭവങ്ങളാണല്ലോ.
ഈ സൂജുദു കൊണ്ടുള്ള വിവക്ഷ, അതിന്റെ താല്‍പര്യം, ആദിയായ വിഷയങ്ങളെപ്പറ്റി അല്‍ബഖറഃ 34ന്റെയും, സ്വാദ് 71-74 ന്റെയും വ്യാഖ്യാനത്തിലും മറ്റുമായി ഒന്നിലധികം തവണ വിവരിച്ചിരിക്കകൊണ്ട് ഇവിടെ അതാവര്‍ത്തിക്കുന്നില്ല. ഒരു സംഗതി ഇവിടെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ആദം (عليه الصلاة والسلام) നബിക്കു മലക്കുകള്‍ സുജൂദു ചെയ്തതു, ഇബ്ലീസ് അതിനു വിസമ്മതിച്ചതു, അവന്‍ അതിനെത്തുടര്‍ന്നു മനുഷ്യവര്‍ഗ്ഗത്തിന്റെ ശത്രുവായിത്തീര്‍ന്നത്, അവന്റെ ദുര്‍മ്മന്ത്രം കാരണം ആദം (عليه الصلاة والسلام) സ്വര്‍ഗത്തില്‍ നിന്നും ബഹിക്ഷ്കൃതനായി ഭൂവാസം തുടങ്ങിയതു എന്നിവയൊക്കെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുള്ള സംഭവങ്ങളാണെന്നു അവയെ സംബന്ധിച്ച ക്വുര്‍ആന്റെ പ്രസ്താവനകളില്‍നിന്നു പൊതുവെയും, ഈ സൂറത്തിലെ തുടര്‍ന്നുള്ള പ്രസ്താവനകളില്‍നിന്നു വിശേഷിച്ചും ആര്‍ക്കും നിസ്സംശയം മനസ്സിലാകുന്നതാണ്. പക്ഷേ, ഹൃദയത്തില്‍ ചില വക്ര താല്‍പര്യങ്ങള്‍ ഒളിച്ചുവെക്കുകയും, അതനുസരിച്ചു ചില മുന്‍വിധികള്‍ക്കൊപ്പിച്ചു ക്വുര്‍ആനെ വ്യാഖ്യാനിക്കുവാന്‍ ധാര്‍ഷ്ട്യം കാണിക്കുകയും ചെയ്യുന്ന ചിലര്‍, അതൊക്കെ ഉപമാലങ്കാര രൂപത്തിലുള്ള ചില സങ്കല്‍പ കഥകളാണെന്നു വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിച്ചു കാണാം. അതിനെപ്പറ്റി സൂറത്തുല്‍ ബക്വറഃ 39-ാം ആയത്തിനുശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പില്‍ ഒരു നിരൂപണം മുമ്പു നല്‍കിയിട്ടുണ്ട്.
- قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا۠ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ ﴾١٢﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: "നിന്നോടു ഞാന്‍ കല്‍പിച്ചപ്പോള്‍ നീ 'സുജൂദു' ചെയ്യാതിരിക്കുവാന്‍ (തക്കവണ്ണം) നിന്നെ തടസ്സപ്പെടുത്തിയതെന്താണു?"
അവന്‍ പറഞ്ഞു: "ഞാന്‍ അവനെ [ആദമിനെ]ക്കാള്‍ ഉത്തമനാകുന്നു; എന്നെ നീ അഗ്നിയില്‍ നിന്നു സൃഷ്ടിച്ചിരിക്കുന്നു; അവനെ നീ കളിമണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. [ഇതാണു തടസ്സം]. - قَالَ അവന്‍ പറഞ്ഞു مَا مَنَعَكَ നിന്നെ തടസ്സപ്പെടുത്തിയതെന്തു, എന്താണു നിന്നെ മുടക്കിയതു أَلَّا تَسْجُدَ നീ സുജൂദു ചെയ്യാതിരിക്കുവാന്‍ إِذْ أَمَرْتُكَ നിന്നോടു ഞാന്‍ കല്‍പിച്ചപ്പോള്‍, കല്‍പിച്ച സ്ഥിതിക്കു قَالَ അവന്‍ പറഞ്ഞു أَنَا خَيْرٌ ഞാന്‍ ഉത്തമനാകുന്നു مِّنْهُ അവനെക്കാള്‍ خَلَقْتَنِي എന്നെ നീ സൃഷ്ടിച്ചിരിക്കുന്നു مِن نَّارٍ അഗ്നിയില്‍നിന്നു وَخَلَقْتَهُ അവനെ നീ സൃഷ്ടിച്ചിരിക്കുന്നു مِن طِينٍ കളിമണ്ണില്‍നിന്നു.
ഇബ്ലീസു ജിന്നു വര്‍ഗ്ഗത്തില്‍ പെട്ടവനാണ് (18:50). എന്നാലും ആ കല്‍പന അവനും ബാധകമായിരുന്നു. അവന്റെ അസൂയയും, അഹന്തയും, ധിക്കാരവും അവനെ സുജൂദു ചെയ്‌വാന്‍ അനുവദിച്ചില്ല. അവന്‍ പറഞ്ഞ ന്യായം – തന്നെ തീയില്‍ നിന്നും ആദമിനെ മണ്ണില്‍ നിന്നും സൃഷ്ടിച്ചതായിരിക്കെ, താന്‍ ആദമിനെക്കാള്‍ ഉത്തമനാണെന്നും, അതുകൊണ്ടു താന്‍ ആദമിനു സുജൂദ് ചെയ്യേണ്ടതില്ലെന്നുമുള്ള വാദം – ശരിയായിരുന്നാല്‍ തന്നെയും അല്ലാഹുവിന്റെ കല്‍പന അവന്‍ അനുസരിക്കേണ്ടതായിരുന്നു. ഏതു മൂല വസ്തുവില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്നുള്ളതിനെക്കാള്‍ വസ്തുക്കളുടെ ഗുണവും, സവിശേഷതയുമാണ് പരിഗണിക്കപ്പെടേണ്ടതെന്ന്‍ അവന്‍ ആലോചിച്ചില്ല. അവന്‍ പറഞ്ഞ ന്യായമനുസരിച്ച് സുജൂദു ചെയ്യാതിരിക്കുവാന്‍ അവനെക്കാള്‍ അര്‍ഹത മലക്കുകള്‍ക്കായിരുന്നുവെന്നും അവന്‍ ആലോചിച്ചില്ല. അവര്‍ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണല്ലോ.
മനുഷ്യവര്‍ഗ്ഗം മണ്ണിനാലും, ജിന്നു വര്‍ഗ്ഗം തീയിനാലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു ക്വുര്‍ആനില്‍ നിന്നു വ്യക്തമാണ്. മലക്കുകള്‍ പ്രകാശത്തില്‍ നിന്നാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു ആയിശാ (رَضِيَ اللهُ تَعَالَى عَنْها) യില്‍ നിന്നു ഇമാം മുസ്‌ലിം (رحمه الله) ഉദ്ധരിച്ച ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും വ്യക്തമാക്കിയിരിക്കുന്നു.
- قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّٰغِرِينَ ﴾١٣﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: "എന്നാല്‍ ഇതില്‍ നിന്നു നീ ഇറങ്ങിപ്പോകുക! കാരണം, ഇതില്‍ വെച്ച് അഹംഭാവം നടിക്കുവാന്‍ നിനക്കു പാടില്ല. ആകയാല്‍, പുറത്തു പോകുക! നിശ്ചയമായും, നീ നിസ്സാരന്‍മാരില്‍ പെട്ടവനാകുന്നു."
- قَالَ അവന്‍ പറഞ്ഞു فَاهْبِطْ എന്നാല്‍ നീ ഇറങ്ങിപ്പോകുക مِنْهَا ഇതില്‍ [ഇവിടത്തില്‍] നിന്നു فَمَا يَكُونُ എന്നാല്‍ (കാരണം) ആകുകയില്ല (പാടില്ല) لَكَ നിനക്കു أَن تَتَكَبَّرَ നീ അഹംഭാവം നടിക്കല്‍ فِيهَا ഇതില്‍, ഇവിടത്തില്‍ فَاخْرُجْ അതിനാല്‍ പുറത്തു പോകുക إِنَّكَ നിശ്ചയമായും നീ مِنَ الصَّاغِرِينَ ചെറിയവരി (നിസ്സാരന്‍മാരി) ല്‍ പെട്ടവനാണ്.
- قَالَ أَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ ﴾١٤﴿
- അവന്‍ പറഞ്ഞു: "അവര്‍ [മനുഷ്യര്‍] എഴുന്നേല്‍പിക്കപ്പെടുന്ന [പുനരുത്ഥാന] ദിവസം വരെ എനിക്കു നീ (അവധി തന്നു) ഒഴിവു നല്‍കേണമേ!"
- قَالَ അവന്‍ പറഞ്ഞു أَنظِرْنِي എന്നെ നീ കാത്തുവെച്ചു (ഒഴിവാക്കി) തരേണം, അവധി നല്‍കണേ إِلَىٰ يَوْمِ ദിവസം വരെ يُبْعَثُونَ അവര്‍ എഴുന്നേല്‍പിക്കപ്പെടുന്ന.
- قَالَ إِنَّكَ مِنَ ٱلْمُنظَرِينَ ﴾١٥﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: "നിശ്ചയമായും, നീ ഒഴിവു നല്‍കപ്പെട്ടവരില്‍ പെട്ടവനാണ്."
- قَالَ അവന്‍ പറഞ്ഞു إِنَّكَ നിശ്ചയമായും നീ مِنَ الْمُنظَرِينَ കാത്തുവെക്ക (ഒഴിവാക്ക)പ്പെട്ടവരില്‍ പെട്ട (വനാണ്).
ഇബ്ലീസിന്റെ അഹന്ത നിമിത്തം അവനോടു സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്തു പോകുവാന്‍ അല്ലാഹു കല്‍പിച്ചു. ഇപ്പോഴെങ്കിലും അവനു ഖേദം തോന്നുകയുണ്ടായില്ല. മനുഷ്യരുടെ ജീവിതം അവസാനിച്ച് ക്വിയാമത്തു നാളില്‍ അവര്‍ രണ്ടാമതു ജീവിപ്പിക്കപ്പെടുന്നതുവരെ തനിക്കു ആയുഷ്ക്കാലം നീട്ടിത്തരണമെന്ന് അപേക്ഷിക്കുകയാണു ചെയ്തത്. ഇതിന്റെ ആവശ്യം സ്പഷ്ടമാണ്; മനുഷ്യവര്‍ഗ്ഗം നിലനില്‍ക്കുന്ന കാലത്തോളം അവരെ വഞ്ചിക്കുവാനും, വഴിപിഴപ്പിക്കുവാനും തനിക്കു അവസരം ഉണ്ടാവണം. അതോടുകൂടി, രണ്ടാമത്തെ ജീവിതത്തിനുശേഷം പിന്നീടു ആര്‍ക്കും മരണമില്ലാത്ത സ്ഥിതിക്കു മരണത്തില്‍ നിന്നു തനിക്കു രക്ഷപ്രാപിക്കുകയും ചെയ്യാമെന്നു അവന്‍ കരുതിയിരിക്കാം. اهْبِطْ مِنْهَا (ഇതില്‍ നിന്നു ഇറങ്ങിപ്പോകുക) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം സ്വര്‍ഗ്ഗത്തില്‍നിന്ന് എന്നോ, ആകാശത്തില്‍നിന്ന് എന്നോ, മലക്കുകളുടെ കൂട്ടത്തില്‍ നിന്ന് എന്നോ ആയിരിക്കാവുന്നതാകുന്നു. الله أعلم
ഒഴിവ് കൊടുക്കുവാനുള്ള ഇബ്ലീസിന്റെ അപേക്ഷ അല്ലാഹു സ്വീകരിച്ചു. ഏത് കാലം വരെയാണ് ഒഴിവു കൊടുത്തതെന്നു ഇവിടെ അല്ലാഹു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, സൂ: ഹിജ്റിലും, സൂ: സ്വാദിലും قَالَ فَإِنَّكَ مِنَ الْمُنظَرِينَ . إِلَىٰ يَوْمِ الْوَقْتِ الْمَعْلُومِ (അറിയപ്പെട്ട സമയത്തിന്റെ ദിവസംവരെ നീ ഒഴിവു നല്‍കപ്പെട്ടവനാകുന്നു) എന്നാണു പറഞ്ഞിരിക്കുന്നത്. ഒന്നാമത്തെ കാഹളമൂത്തിനെത്തുടര്‍ന്നു സൃഷ്ടികളെല്ലാം നാശമടയുന്ന ദിവസം വരെ എന്നുദ്ദേശ്യം. അവന്‍ ചോദിച്ചതാകട്ടെ, – പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നതുപോലെ – രണ്ടാമത്തെ കാഹളം ഊത്തിനെത്തുടര്‍ന്നുണ്ടാകുന്ന പുനരുത്ഥാന ദിവസംവരെ എന്നായിരുന്നു. അവന്റെ മുഴുവന്‍ അപേക്ഷയും സ്വീകരിക്കപ്പെട്ടില്ലെങ്കിലും, ഒന്നാമത്തെ ആവശ്യം – മനുഷ്യനുള്ള കാലംവരെ അവനെ വഞ്ചിക്കുവാനുള്ള അവസരം – അവനു സാധിച്ചു കിട്ടി. അല്ലാഹു കണ്ടുവെച്ച അതിമഹത്തായ ഒരു യുക്തി രഹസ്യമത്രെ അതു. മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവന്റെ വിജയത്തിനും പുരോഗതിക്കും അനുകൂലമായ സാഹചര്യങ്ങള്‍ മാത്രമാണു നിലവിലുള്ളതെങ്കില്‍, മനുഷ്യജീവിതം കേവലം യാന്ത്രികമായിരിക്കും. നേരെമറിച്ച് കനത്ത പ്രതികൂല ശക്തി ഉണ്ടായിരിക്കുകയും, അതിനോട് മല്ലിട്ടുകൊണ്ട് മുന്നേറുകയും ചെയ്യുമ്പോഴായിരിക്കും അതു മനുഷ്യന്റെ യഥാര്‍ത്ഥ പുരോഗതിയും സാക്ഷാല്‍ വിജയവുമായിത്തീരുന്നത്. അല്ലാഹു ഇബ്ലീസിനു ആയുഷ്കാലം നീട്ടികൊടുത്തപ്പോള്‍ അവന്‍ പറഞ്ഞതു നോക്കുക:-
- قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ ﴾١٦﴿
- അവന്‍ [ഇബ്ലീസ്] പറഞ്ഞു: "എന്നാല്‍, നീ എന്നെ വഴിപിഴവിലായിരിക്കകൊണ്ടു തീര്‍ച്ചയായും, നിന്റെ ചൊവ്വായ പാതയില്‍ അവര്‍ക്കായി ഞാന്‍ (കാത്ത്) ഇരിക്കുക തന്നെ ചെയ്യും;
- قَالَ അവന്‍ പറഞ്ഞു فَبِمَا أَغْوَيْتَنِي എന്നാല്‍ നീ എന്നെ വഴിപിഴവിലാക്കിയ (വഴി തെറ്റിയവനാക്കിയ) തു കൊണ്ടു لَأَقْعُدَنَّ തീര്‍ച്ചയായും ഞാന്‍ ഇരിക്കുക തന്നെ ചെയ്യും لَهُمْ അവര്‍ക്കുവേണ്ടി, അവര്‍ക്കായി صِرَاطَكَ നിന്റെ പാതയില്‍ الْمُسْتَقِيمَ ചൊവ്വായ.
- ثُمَّ لَءَاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ ﴾١٧﴿
- പിന്നെ, അവരുടെ മുമ്പിലൂടെയും, അവരുടെ പിമ്പിലൂടെയും, അവരുടെ വലഭാഗത്തു നിന്നും അവരുടെ ഇടഭാഗത്തു നിന്നും ഞാന്‍ അവരുടെ അടുക്കല്‍ ചെല്ലുകതന്നെ ചെയ്യും; അവരില്‍ അധികമാളെയും നന്ദി കാണിക്കുന്നവരായി നീ കണ്ടെത്തുന്നതുമല്ല.
- ثُمَّ പിന്നെ لَآتِيَنَّهُم ഞാന്‍ അവരുടെ അടുക്കല്‍ ചെല്ലുക തന്നെ ചെയ്യും مِّن بَيْنِ أَيْدِيهِمْ അവരുടെ കൈകള്‍ക്കിടയിലൂടെ (മുമ്പിലൂടെ) وَمِنْ خَلْفِهِمْ അവരുടെ പിമ്പിലൂടെയും وَعَنْ أَيْمَانِهِمْ അവരുടെ വലതുകളിലായും, വലവശത്തും وَعَن شَمَائِلِهِمْ അവരുടെ ഇടതുകളിലായും, ഇടവശത്തും وَلَا تَجِدُ നീ കണ്ടെത്തുകയുമില്ല (കാണുകയുമില്ല) أَكْثَرَهُمْ അവരില്‍ അധികമാളുകളെ شَاكِرِينَ നന്ദി കാണിക്കുന്നവരായിട്ടു.
ഈ മനുഷ്യവര്‍ഗ്ഗത്തിന്റെ കാരണം കൊണ്ടാണല്ലോ എന്നെ നീ വഴി തെറ്റിയവനാക്കി നിശ്ചയിച്ചത്. അതിനാല്‍, നിന്റെ നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ അവരെ അനുവദിക്കാതെ, അവരെ വഴിപിഴപ്പിക്കുവാന്‍ ഞാന്‍ തക്കം പാര്‍ത്തുകൊണ്ടേ ഇരിക്കും. നാനാ പ്രകാരേണയും, വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും അവരെ ഞാന്‍ വഞ്ചിച്ചു കൊണ്ടിരിക്കും. അങ്ങനെ, ഭൂരിഭാഗം മനുഷ്യരെയും നിന്നോട് നന്ദിയും കൂറുമില്ലാത്തവരായിട്ടേ കാണുകയുള്ളു എന്നൊക്കെയാണ് ആ ശപിക്കപ്പെട്ടവന്‍ പറയുന്നത്. അല്ലാഹുവിനോടുള്ള നന്ദികേടില്‍ നിന്നാണല്ലോ എല്ലാ അവിശ്വാസവും ദുര്‍മ്മാര്‍ഗ്ഗവും ഉടലെടുക്കുന്നത്.
മുമ്പിലൂടെയും, പിമ്പിലൂടെയും, വലതും ഇടത്തും ഭാഗങ്ങളിലൂടെയും ചെല്ലുമെന്നു പറഞ്ഞതിന്റെ താല്‍പര്യം, അവരെ വഞ്ചിക്കുവാന്‍ സാധ്യമാകുന്ന എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും അവരെ ഞാന്‍ സമീപിക്കും എന്നത്രെ. വ്യാമോഹം ജനിപ്പിക്കുക, വാഗ്ദാനങ്ങളും ഭീഷണികളും നല്‍കുക, ചീത്ത കാര്യങ്ങളെ ഭംഗിയാക്കിത്തോന്നിക്കുക, നല്ലതിനെ ചീത്തയായി ചിത്രീകരിച്ചു കൊടുക്കുക, ഭൗതിക സുഖസൗകര്യങ്ങളില്‍ അമിതമായ താല്‍പര്യമുളവാക്കുക ആദിയായ പലതുമാണ് അതിനവന്‍ ഉപയോഗപ്പെടുത്തുന്ന മാര്‍ഗ്ഗങ്ങള്‍. (നിസാഉ് 118-120; ഹിജ്ര്‍: 39 മുതലായവ നോക്കുക). ഇബ്ലീസിന്റെ ഈ വീരവാദത്തെ അല്ലാഹു നിഷേധിക്കുകയോ ഖണ്ഡിക്കുകയോ ചെയ്തില്ല. പക്ഷേ, എന്റെ നിഷ്കളങ്കരായ അടിയാന്‍മാരെ വഴിപിഴപ്പിക്കുവാന്‍ നിനക്കു സാധിക്കുകയില്ല. നിന്നെ പിന്‍പറ്റുന്ന ദുര്‍മ്മാര്‍ഗ്ഗികളെ മാത്രമേ നിനക്കു പിഴപ്പിക്കുവാന്‍ കഴിയുകയുള്ളുവെന്നു തീര്‍ത്തു പറയുകയാണു അല്ലാഹു ചെയ്തത്.
(ഹിജ്ര്‍ : 42) .إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلَّا مَنِ اتَّبَعَكَ مِنَ الْغَاوِينَ
- قَالَ ٱخْرُجْ مِنْهَا مَذْءُومًا مَّدْحُورًا ۖ لَّمَن تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنكُمْ أَجْمَعِينَ ﴾١٨﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: 'അപമാനിക്കപ്പെട്ടവനും, ആട്ടപ്പെട്ടവനുമായിക്കൊണ്ട് ഇവിടത്തില്‍ നിന്നു നീ പുറത്തു പോകുക! തീര്‍ച്ചയായും, അവരില്‍ [മനുഷ്യരില്‍] നിന്നു നിന്നെ ആര്‍ പിന്‍പറ്റിയോ നിങ്ങളെ [നിന്നെയും അവരെയും] എല്ലാവരെയും കൊണ്ടു ഞാന്‍ 'ജഹന്നം' [നരകം] നിറക്കുക തന്നെ ചെയ്യും.'
- قَالَ അവന്‍ പറഞ്ഞു اخْرُجْ നീ പുറത്തു പോകുക مِنْهَا ഇതില്‍ (ഇവിടത്തില്‍) നിന്നു مَذْءُومًا അപമാനിക്കപ്പെട്ടവനായി, ആക്ഷേപിക്കപ്പെട്ടവനായിട്ടു مَّدْحُورًا ആട്ടപ്പെട്ടവനായി لَّمَن തീര്‍ച്ചയായും ആര്‍ تَبِعَكَ നിന്നെ തുടര്‍ന്നു مِنْهُمْ അവരില്‍ നിന്നു لَأَمْلَأَنَّ നിശ്ചയമായും നാം നിറക്കുക തന്നെ ചെയ്യും جَهَنَّمَ ജഹന്നമിനെ, നരകത്തെ مِنكُمْ നിങ്ങളാല്‍ (നിങ്ങളെക്കൊണ്ടു) أَجْمَعِينَ എല്ലാവരെയും.
- وَيَٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ ﴾١٩﴿
- 'ആദമേ നീയും, നിന്റെ ഇണ [ഭാര്യ]യും സ്വര്‍ഗ്ഗത്തില്‍ താമസിച്ചു കൊള്ളുവിന്‍; എന്നിട്ട്, നിങ്ങള്‍ രണ്ടുപേരും നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്തു നിന്നു തിന്നുകൊള്ളുക; ഈ (ഒരു) വൃക്ഷത്തെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്; എന്നാല്‍, നിങ്ങള്‍ രണ്ടുപേരും അക്രമികളില്‍പെട്ടവരായിത്തീരും.'
- وَيَا آدَمُ ആദമേ اسْكُنْ താമസിക്കുക, പാര്‍ക്കുക أَنتَ നീ(യും) وَزَوْجُكَ നിന്റെ ഇണ(ഭാര്യ)യും الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ فَكُلَا എന്നിട്ടു നിങ്ങള്‍ തിന്നുകൊള്ളുക مِنْ حَيْثُ ഇടത്തില്‍നിന്നു, വിധേന شِئْتُمَا നിങ്ങള്‍ ഉദ്ദേശിച്ച وَلَا تَقْرَبَا നിങ്ങള്‍ സമീപിക്കയും ചെയ്യരുത് هَٰذِهِ الشَّجَرَةَ ഈ വൃക്ഷത്തെ فَتَكُونَا എന്നാല്‍ നിങ്ങള്‍ ആയിത്തീരും مِنَ الظَّالِمِينَ അക്രമികളില്‍ പെട്ട (വര്‍).
ഇബ്ലീസിനെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്താക്കി. ആദം (عليه الصلاة والسلام) നബിയോടും, ഭാര്യ ഹവാഉ് (عليها الصلاة والسلام)നോടും സ്വര്‍ഗ്ഗത്തില്‍ യഥേഷ്ടം ഭക്ഷിച്ചും സുഖിച്ചും താമസിച്ചു കൊള്ളുവാന്‍ കല്‍പിക്കുകയും ചെയ്തു. ഈ സ്വര്‍ഗ്ഗം (الْجَنَّةَ) കൊണ്ടുദ്ദേശ്യം, സജ്ജനങ്ങള്‍ക്കു പരലോകത്തു വെച്ചു പ്രതിഫലമായി നല്‍കപ്പെടുന്ന അതേ സ്വര്‍ഗ്ഗം തന്നെയാണോ, മറ്റു വല്ല സ്വര്‍ഗ്ഗവുമായിരുന്നുവോ? നമുക്കറിഞ്ഞു കൂടാ. അതു ക്വുര്‍ആനിലും ഹദീഥിലും വ്യക്തമാക്കപ്പെട്ടു കാണുന്നില്ല. അതറിഞ്ഞുകൊണ്ടു പ്രത്യേകം പ്രയോജനവുമില്ല. جَنَّة (ജന്നത്ത്) എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം ‘തോട്ടം’ അല്ലെങ്കില്‍ ‘തോപ്പു’ എന്നാണെന്നുവെച്ച് – ചില ആളുകള്‍ പറയുന്നതു പോലെ – അതു ഭൂമിയിലെവിടെയോ ഉള്ള ഒരു തോട്ടമായിരുന്നുവെന്നുവെക്കുവാന്‍ നിവൃത്തിയില്ല. കാരണം, അവിടെ വിശപ്പുണ്ടാകുകയില്ല; നഗ്നത വെളിപ്പെടുകയില്ല; ദാഹമുണ്ടാവുകയില്ല; വെയില്‍ കൊള്ളുകയില്ല എന്നൊക്കെ ആദം (عليه الصلاة والسلام) നോടു അല്ലാഹു പറഞ്ഞതായി സൂ: ത്വാഹാ 118, 119 ല്‍ വന്നിരിക്കുന്നു. കൂടാതെ, അവരോടു സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിപ്പോകുവാന്‍ കല്‍പിച്ചപ്പോള്‍, നിങ്ങള്‍ക്കു ഭൂമിയില്‍ താമസിക്കുകയും ഉപയോഗമെടുക്കുകയും ചെയ്യാമെന്നു അല്ലാഹു അറിയിച്ചതായി താഴെ 24-ാം വചനത്തില്‍ വരുന്നുമുണ്ട്. അപ്പോള്‍, ഈ ‘സ്വര്‍ഗ്ഗം’ ഭൂമിയില്‍ തന്നെയുള്ള ‘സ്വര്‍ഗ്ഗമയമായ ഒരു തോട്ടമായിരിക്കുവാന്‍ തരമില്ലല്ലോ.
ആദം (عليه الصلاة والسلام) നബിക്കു മലക്കുകള്‍ ചെയ്ത ഈ സുജൂദിന്റെ സംഭവം ബൈബ്ലില്‍ പ്രസ്താവിക്കപ്പെട്ടിട്ടില്ല. പക്ഷേ, ഏറെക്കുറെ വ്യത്യസ്തമായ രൂപത്തിലാണെങ്കിലും പിശാചിന്റെ ദുര്‍മ്മന്ത്രത്തിനു വഴങ്ങി ആദമും ഹവ്വാഉം (عليهما السلام) വിലക്കപ്പെട്ട വൃക്ഷത്തിന്റെ ഫലം ഭുജിച്ച സംഭവം അതില്‍ വിവരിച്ചിട്ടുണ്ട്. ‘ദൈവം കിഴക്കു ഏദേനില്‍ ഒരു തോട്ടം ഉണ്ടാക്കി അതിലാണു ആദമിനെ താമസിപ്പിച്ചത്’ എന്നു അതില്‍ പറയുന്നു. (ഉല്‍പത്തി: 2ല്‍9). ഈ വാക്കിനെ ആസ്പദമാക്കിയായിരിക്കാം ചിലര്‍, അറബിക്കടലും ചെങ്കടലും കൂടിച്ചേരുന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന അദ്ന്‍ (عدن – ഏഡന്‍) ആയിരുന്നു അതെന്നു അഭിപ്രായപ്പെട്ടത്. ബൈബ്ള്‍ പറഞ്ഞ ഏദേന്‍ തോട്ടത്തെപ്പറ്റി ‘വേദപുസ്തക നിഘണ്ടു’ പറഞ്ഞതിന്റെ ചുരുക്കം: ‘അതു എവിടെയായിരുന്നുവെന്നു ഇതുവരെയും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല; പലരും അവരുടെ ഇഷ്ടം പോലെ ഇതിനെ വിവരിച്ചിട്ടുണ്ടു; പുതിയ നിയമത്തില്‍ ആ വാക്കില്ലെങ്കിലും പറുദീസാ (فردوس – ഫിര്‍ദൌസു) എന്ന വാക്ക് എദേനെ സംബന്ധിച്ച ആശയത്തില്‍ നിന്നാണു അതില്‍ വന്നിരിക്കുന്നത്.’ (പേ: 71) എന്നൊക്കെയാകുന്നു. അതേ സമയത്ത് സ്വര്‍ഗ്ഗത്തെപ്പറ്റി ‘അദ്ന്‍’ എന്നും, ‘ഫിര്‍ദൌസു’ എന്നും (جنات عدن, جنات الفردوس) ക്വുര്‍ആനില്‍ ഒന്നിലധികം സ്ഥലത്തു പ്രസ്താവിക്കപ്പെട്ടിട്ടുണ്ടു എന്നുള്ളതും പ്രസ്താവ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍, അതു ഭൂമിയിലുള്ള ഒരു തോട്ടമായിരുന്നില്ലെന്നു പറയുവാനേ നിവൃത്തിയിളളു. الله أعلم
ഏതായാലും സ്വര്‍ഗ്ഗത്തില്‍ താമസിച്ചുകൊളളുവാനും, യഥേഷ്ടം എവിടെനിന്നും ഭുജിച്ചുകൊള്ളുവാനും ആദം (عليه الصلاة والسلام) നബിക്കു അനുവദിച്ചുകൊടുത്തപ്പോള്‍ അല്ലാഹു ഒരു നിബന്ധന വെച്ചു. ഒരു നിശ്ചിത വൃക്ഷത്തെ സമീപിക്കരുതു – അഥവാ അതിന്റെ ഫലം ഭുജിക്കരുതു – എന്നായിരുന്നു ആ നിബന്ധന. മനുഷ്യവര്‍ഗ്ഗത്തെക്കൊണ്ടു അല്ലാഹു ഉദ്ദേശിച്ചുവെച്ച മഹത്തായ ഒരു ലക്ഷ്യത്തിന്റെ നാന്ദി കുറിക്കുന്നതായിരുന്നു ആ കല്‍പനയെന്നു തുടര്‍ന്നുള്ള നടപടികളില്‍ നിന്നു മനസ്സിലാകുന്നു. ഇബ്ലീസാകട്ടെ, താന്‍ പ്രതിജ്ഞയെടുത്ത കൃത്യങ്ങളുടെ ഉല്‍ഘാടനം നിര്‍വ്വഹിക്കുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തി.
- فَوَسْوَسَ لَهُمَا ٱلشَّيْطَٰنُ لِيُبْدِىَ لَهُمَا مَا وُۥرِىَ عَنْهُمَا مِن سَوْءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنْ هَٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ ٱلْخَٰلِدِينَ ﴾٢٠﴿
- എന്നിട്ട്, അവര്‍ രണ്ടുപേര്‍ക്കും മറക്കപ്പെട്ടിരുന്നതായ അവരുടെ നഗ്നത അവര്‍ക്കു വെളിവാക്കുവാനായി പിശാചു അവരോടു ദുര്‍മ്മന്ത്രം നടത്തി. അവന്‍ പറയുകയും ചെയ്തു: "നിങ്ങളുടെ രണ്ടാളുടെയും റബ്ബ് നിങ്ങളോടു ഈ വൃക്ഷത്തെക്കുറിച്ചു വിരോധിച്ചിട്ടില്ല, നിങ്ങള്‍ രണ്ടു പേരും മലക്കുകള്‍ ആയിത്തീരുകയോ, അല്ലെങ്കില്‍ നിങ്ങള്‍ ശാശ്വതവാസികളില്‍പെട്ടവരായിത്തീരുകയോ ചെയ്യുമെന്നതിനാല്‍ അല്ലാതെ."
- فَوَسْوَسَ എന്നിട്ടു ദുര്‍മ്മന്ത്രം നടത്തി لَهُمَا അവര്‍ രണ്ടാളോടും الشَّيْطَانُ പിശാചു لِيُبْدِيَ അവന്‍ വെളിവാക്കുവാന്‍വേണ്ടി لَهُمَا അവര്‍ക്കു രണ്ടാള്‍ക്കും مَا وُورِيَ മറക്ക (മൂടിവെക്ക)പ്പെട്ടതു عَنْهُمَا അവരില്‍ നിന്നു, അവര്‍ക്കു مِن سَوْآتِهِمَا അവരുടെ നഗ്നതയില്‍ നിന്നു وَقَالَ അവന്‍ പറയുകയും ചെയ്തു مَا نَهَاكُمَا നിങ്ങളെ രണ്ടാളെയും വിരോധിച്ചിട്ടില്ല رَبُّكُمَا നിങ്ങളുടെ റബ്ബു عَنْ هَٰذِهِ الشَّجَرَةِ ഈ വൃക്ഷത്തില്‍ നിന്ന്, മരത്തെപ്പറ്റി إِلَّا أَن تَكُونَا നിങ്ങള്‍ ആകുന്നതിനാലല്ലാതെ, ആയിത്തീരുമെന്നതു കൊണ്ടല്ലാതെ مَلَكَيْنِ രണ്ടു മലക്കുകള്‍ أَوْ تَكُونَا അല്ലെങ്കില്‍ നിങ്ങള്‍ ആയിത്തീരുമെന്നതിനാല്‍ مِنَ الْخَالِدِينَ ശാശ്വതന്‍മാരില്‍, നിത്യവാസികളില്‍ പെട്ട (വര്‍).
- وَقَاسَمَهُمَآ إِنِّى لَكُمَا لَمِنَ ٱلنَّٰصِحِينَ ﴾٢١﴿
- അവന്‍ അവരോടു സത്യം ചെയ്തു പറയുകയും ചെയ്തു: "നിശ്ചയമായും, ഞാന്‍ നിങ്ങള്‍ രണ്ടാള്‍ക്കും ഗുണകാംക്ഷികളില്‍ പെട്ടവന്‍ തന്നെയാണെന്നു.
- وَقَاسَمَهُمَا അവന്‍ അവരോടു സത്യം ചെയ്തു കാട്ടുക (പറയുക) യും ചെയ്തു إِنِّي നിശ്ചയമായും ഞാന്‍ لَكُمَا നിങ്ങള്‍ രണ്ടാള്‍ക്കും لَمِنَ النَّاصِحِينَ ഗുണകാംക്ഷികളില്‍ പെട്ട(വന്‍) തന്നെ.
വിരോധിക്കപ്പെട്ട വൃക്ഷം ഏതായിരുന്നു? അതില്‍നിന്നു ഭുജിച്ചതു നിമിത്തം അവരുടെ നഗ്നത എങ്ങിനെ വെളിവായി? അതുവരെ അതു മറക്കുവാന്‍ അവര്‍ക്കു വല്ല വസ്ത്രവും ഉണ്ടായിരുന്നുവോ? ഇതൊന്നും ഉറപ്പിച്ചു പറയത്തക്ക തെളിവുകളില്ല. എങ്കിലും ആദമിനും, ഹവ്വാഇനും (عليهما الصلاة والسلام) പ്രകാശം കൊണ്ടുള്ള ഒരുതരം സ്വര്‍ഗ്ഗീയ വസ്ത്രമുണ്ടായിരുന്നുവെന്നും, വൃക്ഷത്തില്‍നിന്നു ഭുജിച്ചതോടെ അതു നീങ്ങിപ്പോയെന്നും വഹബുബ്നു മുനബ്ബഹ് (റ) പറഞ്ഞതായി ഇബ്നു ജരീര്‍, തിര്‍മദി (رحمهما الله) മുതലായവര്‍ ഉദ്ധരിച്ചിരിക്കുന്നു. മറ്റുള്ളവര്‍ കാണുന്നതു ലജ്ജയും അനിഷ്ടവുമായി കരുതപ്പെടുന്നതിനെല്ലാം سَوْآة എന്നു പറയപ്പെടും. ആദം (عليه الصلاة والسلام) ന്റെ ഒരു പുത്രന്‍ തന്റെ സഹോദരനെ കൊലപ്പെടുത്തിയ സംഭവം വിവരിച്ചപ്പോള്‍, കൊല്ലപ്പെട്ട മൃതദേഹത്തെ ഉദ്ദേശിച്ച് അവന്റെ സഹോദരന്റെ سَوْءَة എന്നു സൂ: മാഇദഃ 31ല്‍ പറഞ്ഞതു ഈ അര്‍ത്ഥത്തിലാണ്. ഇവിടെ سَوْآتِهِمَا എന്നു പറഞ്ഞതു അവരുടെ ഗുഹ്യസ്ഥാനത്തെ – അഥവാ നഗ്നതയെ – ഉദ്ദേശിച്ചാണെന്നാണു ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്.
അവരുടെ നഗ്നത വെളിപ്പെടുത്തുവാന്‍വേണ്ടി പിശാചു ദുര്‍മ്മന്ത്രണം നടത്തി (فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِن سَوْآتِهِمَا) എന്നു പറഞ്ഞതിന്റെ താല്‍പര്യം, അവന്റെ ദുര്‍മ്മന്ത്രണത്തിന്റെ ഫലമായി അതു വെളിപ്പെട്ടു എന്നായിരിക്കും. അല്ലെങ്കില്‍, അല്ലാഹുവിന്റെ കല്‍പനക്കെതിരായി ആ വൃക്ഷത്തില്‍നിന്നു ഭുജിച്ചാല്‍ ഗുഹ്യസ്ഥാനം വെളിപ്പെടുമെന്നു പിശാചിനു അറിയാമായിരുന്നുവെന്നും, അങ്ങിനെ വെളിപ്പെടുവാന്‍വേണ്ടി അവനതു ചെയ്തുവെന്നുമായിരിക്കാം. (അല്ലാഹുവിനറിയാം). ഈ വൃക്ഷത്തില്‍നിന്നു ഭക്ഷിച്ചാല്‍ നിങ്ങള്‍ മലക്കുകളോ ശാശ്വത ജീവികളോ ആയിത്തീരുമെന്നു (تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ) പറഞ്ഞുകൊണ്ടാണു ഇബ്ലീസു അവരെ വഞ്ചിച്ചത്.
മലക്കുകള്‍ക്കാണ് മനുഷ്യരെക്കാള്‍ ശ്രേഷ്ഠതയുള്ളതെന്ന അഭിപ്രായക്കാര്‍ – ഇവരില്‍ അധികവും മുഅ്തസിലഃ കക്ഷിക്കാരാണുള്ളതു – ഈ വസ്തുത തങ്ങളുടെ വാദത്തിനു തെളിവായി എടുക്കാറുണ്ട്. നേരെമറിച്ച് മലക്കുകളോടു ആദം (عليه الصلاة والسلام) നബിക്ക് സുജൂദു ചെയ്‌വാന്‍ കല്‍പിച്ചതും, അദ്ദേഹത്തിന് അല്ലാഹു വസ്തുക്കളേപ്പറ്റി പഠിപ്പിച്ചപ്പോള്‍ മലക്കുകള്‍ അവരുടെ അജ്ഞത സമ്മതിച്ചതു – മറു ഭാഗക്കാര്‍ തങ്ങള്‍ക്കും തെളിവാക്കാറുണ്ട്. രണ്ടഭിപ്രായത്തിനും വ്യക്തമായ തെളിവുകളില്ലതാനും. അതുകൊണ്ടു പണ്ഡിതന്‍മാര്‍ക്കിടയില്‍ ഈ വിഷയത്തില്‍ ഏകോപിച്ച ഒരഭിപ്രായമില്ല. പ്രവാചകന്‍മാര്‍ മലക്കുകളേക്കാള്‍ ശ്രേഷ്ഠരാണെന്നുള്ളതില്‍ ഭൂരിപക്ഷം പണ്ഡിതന്‍മാരും യോജിക്കുന്നുവെന്നു മാത്രം. ക്വുര്‍ആനില്‍ മനുഷ്യന്റെ ഉല്‍കൃഷ്ടതയെ കുറിക്കുന്ന പല പ്രസ്താവനകളുണ്ടെങ്കിലും മലക്കുകളേക്കാള്‍ മനുഷ്യര്‍ക്കു ശ്രേഷ്ഠതയുണ്ടെന്നോ, എല്ലാ സൃഷ്ടികളേക്കാളും അവര്‍ ശ്രേഷ്ഠരാണെന്നോ എവിടെയും വ്യക്തമായി പ്രസ്താവിക്കുന്നില്ല. അതേ സമയത്ത് ഒരിടത്തില്‍ മനുഷ്യന്റെ ശ്രേഷ്ഠത വിവരിക്കുന്ന മദ്ധ്യെ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا… (നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ പലരേക്കാളും അവരെ – മനുഷ്യരെ – നാം ശ്രേഷ്ഠമാക്കുകയും ചെയ്തിരിക്കുന്നു. (17: 70) എന്നും പറഞ്ഞിരിക്കുന്നു. അപ്പോള്‍, മനുഷ്യരെക്കാളോ, അല്ലെങ്കില്‍ മനുഷ്യരുടെ അത്ര തന്നെയോ ശ്രേഷ്ഠതയുള്ള വേറെ ചില സൃഷ്ടികളും ഉണ്ടായിരിക്കുവാന്‍ സാധ്യതയുണ്ടെന്നു വരുന്നു. ആ സ്ഥിതിക്ക് ഭൂമിയിലുള്ള ജീവികളില്‍വെച്ച് ഉല്‍കൃഷ്ട ജീവി മനുഷ്യനാണ് എന്നല്ലാതെ, പലരും പറയാറുള്ളതുപോലെ അഖിലാണ്ഡ ജീവികളെക്കാളെല്ലാം ഉല്‍കൃഷ്ടനാണ് മനുഷ്യന്‍ എന്നു പറയുവാന്‍ ന്യായം കാണുന്നില്ല. الله أعلم
- فَدَلَّىٰهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۖ وَنَادَىٰهُمَا رَبُّهُمَآ أَلَمْ أَنْهَكُمَا عَن تِلْكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيْطَٰنَ لَكُمَا عَدُوٌّ مُّبِينٌ ﴾٢٢﴿
- എന്നിട്ട്, അവര്‍ രണ്ടുപേരെയും അവന്‍ വഞ്ചന മൂലം (തരം) താഴ്ത്തി. അങ്ങനെ, അവര്‍ (ആ) വൃക്ഷ (ഫലത്തെ) രുചി നോക്കിയപ്പോള്‍, അവര്‍ക്കു അവരുടെ നഗ്നത വെളിവായി, സ്വര്‍ഗ്ഗത്തിലെ ഇലയില്‍ നിന്നും (എടുത്ത്) അവര്‍ തങ്ങളുടെമേല്‍ പറ്റിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അവര്‍ രണ്ടാളുടെയും റബ്ബ് അവരെ വിളിച്ചു (പറഞ്ഞു): "ആ വൃക്ഷത്തെപ്പറ്റി ഞാന്‍ നിങ്ങളോടു വിരോധിച്ചിട്ടില്ലേ?! പിശാച് നിങ്ങള്‍ക്കു രണ്ടാള്‍ക്കും സ്പഷ്ടമായ ശത്രുവാണെന്നു ഞാന്‍ നിങ്ങളോടു പറയുകയും (ചെയ്തിട്ടില്ലേ)?!
- فَدَلَّاهُمَا എന്നിട്ടു അവന്‍ അവരെ താഴ്ത്തി, അധഃപതിപ്പിച്ചു, താഴെ ഇറക്കി بِغُرُورٍ വഞ്ചനയാല്‍, വഞ്ചനമൂലം, കൃത്രിമമായി فَلَمَّا ذَاقَا അങ്ങനെ അവര്‍ രുചി നോക്കിയപ്പോള്‍, ആസ്വദിച്ചാരെ الشَّجَرَةَ വൃക്ഷത്തെ بَدَتْ വെളിവായി لَهُمَا അവര്‍ക്കു രണ്ടാള്‍ക്കും سَوْآتُهُمَا അവരുടെ നഗ്നത وَطَفِقَا അവര്‍ രണ്ടാളും തുടങ്ങി يَخْصِفَانِ പറ്റിക്കുവാന്‍, വെചുചേര്‍ക്കുവാന്‍ عَلَيْهِمَا രണ്ടാളുടെയും മേല്‍ مِن وَرَقِ ഇലയില്‍നിന്നു الْجَنَّةِ സ്വര്‍ഗ്ഗത്തിലെ وَنَادَاهُمَا അവരെ രണ്ടാളെയും വിളിക്കുകയും ചെയ്തു رَبُّهُمَا അവരുടെ റബ്ബു أَلَمْ أَنْهَكُمَا ഞാന്‍ നിങ്ങളെ വിരോധിച്ചില്ലേ عَن تِلْكُمَا الشَّجَرَةِ ആ വൃക്ഷത്തെപ്പറ്റി وَأَقُل لَّكُمَا നിങ്ങളോടു ഞാന്‍ പറയുകയും (ചെയ്തില്ലേ?) إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു لَكُمَا നിങ്ങള്‍ രണ്ടാള്‍ക്കും عَدُوٌّ ശത്രുവാണു مُّبِينٌ പ്രത്യക്ഷ, സ്പഷ്ടമായ.
മനുഷ്യനെ വഞ്ചിക്കുവാന്‍ പ്രതിജ്ഞയെടുത്ത പിശാചു അവന്റെ പ്രവര്‍ത്തനം ഒന്നാമത്തെ മനുഷ്യനായ ആദമിലും അദ്ദേഹത്തിന്റെ ഇണയായ ഹവ്വാഇലും തന്നെ ആരംഭിച്ചു. ആദം (عليه الصلاة والسلام) അന്നു പ്രവാചകനായിട്ടില്ലെന്നു മാത്രമല്ല, മനുഷ്യ പ്രകൃതിയുടെ ശൈശവാവസ്ഥയുടെ പ്രാരംഭ ദശയിലുമാണല്ലോ ഉള്ളത്. അങ്ങനെ 20: 115ല്‍ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ ദൃഢനിശ്ചയക്കുറവു കാരണം അവര്‍ അല്ലാഹുവിന്റെ കല്‍പന വിസ്മരിക്കുകയും, പിശാചിന്റെ മന്ത്രത്തില്‍ വഞ്ചിതരാവുകയും ചെയ്തു. അതിന്റെ ഫലമായി അനുഭവപ്പെട്ട ഒന്നാമത്തെ തരം താഴ്ച അതുവരെ അവര്‍ക്കുണ്ടായിരുന്ന സ്വര്‍ഗ്ഗീയ വസ്ത്രം നഷ്ടപ്പെട്ടതായിരുന്നു. മാനം മറക്കുവാന്‍ ഇലകളെ ആശ്രയിക്കേണ്ടുന്ന ഗതികേടു നേരിട്ടു. അവസാനം തെറ്റു ബോധ്യമായി ഖേദിക്കുകയായി.
മലക്കുകള്‍ കുറ്റവാസന തീണ്ടാത്തവരും പാപത്തില്‍നിന്നു പരിശുദ്ധരുമാണ്. പിശാചാകട്ടെ, നേരെ വിപരീതവും. രണ്ടിനും സാധ്യതയുള്ള ഒരു പ്രകൃതി വിശേഷമാണു മനുഷ്യന് അല്ലാഹു നല്‍കിയിരിക്കുന്നത്. സന്മാര്‍ഗ്ഗനിഷ്ഠനായി പുരോഗമിച്ചു മലക്കുകളേക്കാള്‍ ഉന്നതമായ നിലപാടിലേക്കു ഉയരുവാനും, ദുര്‍മ്മാര്‍ഗ്ഗ നിരതനായി തനി പൈശാചികത്വത്തിലേക്കു അധഃപതിക്കുവാനും ഉതകുന്ന പ്രകൃതിയിലാണു മനുഷ്യനുള്ളത്. ആ പ്രകൃതിയുടെ നാന്ദിയാണിത്. ആദം (عليه الصلاة والسلام) തെറ്റു ചെയ്തുവെങ്കിലും അതില്‍ ഇബ്ലീസിനെപ്പോലെ അദ്ദേഹം ഉറച്ചുനിന്നില്ല.
- قَالَا رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَٰسِرِينَ ﴾٢٣﴿
- അവര്‍ രണ്ടാളും പറഞ്ഞു: "ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു; നീ ഞങ്ങള്‍ക്കു പൊറുത്തു തരുകയും, ഞങ്ങളോടു കരുണ ചെയ്യുകയും ചെയ്തില്ലെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍പ്പെട്ടവരായിത്തീരുക തന്നെ ചെയ്യും.!"
- قَالَا അവര്‍ രണ്ടാളും പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ ظَلَمْنَا ഞങ്ങള്‍ അക്രമം (അനീതി) ചെയ്തു أَنفُسَنَا ഞങ്ങളോടു തന്നെ, ഞങ്ങളുടെ സ്വന്തങ്ങളെ وَإِن لَّمْ تَغْفِرْ നീ പൊറുത്തില്ലെങ്കില്‍ لَنَا ഞങ്ങള്‍ക്കു وَتَرْحَمْنَا ഞങ്ങളോടു കരുണ ചെയ്യുകയും (ചെയ്തില്ലെങ്കില്‍) لَنَكُونَنَّ നിശ്ചയമായും ഞങ്ങള്‍ ആയിത്തീരുക തന്നെ ചെയ്യും مِنَ الْخَاسِرِينَ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍.
സൂ: അല്‍ബക്വറഃ 37ല്‍ പ്രസ്താവിച്ചതുപോലെ, പശ്ചാത്താപം പ്രകടിപ്പിക്കുവാനുള്ള വാക്കുകള്‍ അല്ലാഹുവില്‍ നിന്നുതന്നെ അവര്‍ക്കു സിദ്ധിക്കുകയുണ്ടായി. അവരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കുകയും ചെയ്തു. 23-ാം വചനത്തില്‍ അവര്‍ പറഞ്ഞതായി അല്ലാഹു ഉദ്ധരിച്ച അതേ വാക്കുകളാണ് അല്‍ബക്വറ 37ല്‍ അല്ലാഹുവില്‍ നിന്നും അവര്‍ ഏറ്റെടുത്തു പഠിച്ചുവെന്നു പറഞ്ഞ വാക്കുകള്‍ എന്നു ദ്വഹ്ഹാക് (رحمه الله) പ്രസ്താവിച്ചതായി ഇബ്നു ജരീര്‍ (رحمه الله) നിവേദനം ചെയ്തിട്ടുള്ളതു പ്രസ്താവ്യമാണ്. അപ്പോള്‍, നബി മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെക്കൊണ്ടു ‘തവസ്സുല്‍’ (ഇടതേട്ടം) ചെയ്തുകൊണ്ടാണ് അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടതെന്നും മറ്റുമുള്ള അടിസ്ഥാനരഹിതങ്ങളായ വാര്‍ത്തകള്‍ക്കു ഇവിടെ നിലനില്‍പില്ല തന്നെ. അല്ലാഹു അവര്‍ക്കു പാപം പൊറുത്തുകൊടുക്കുകയും കരുണ ചെയ്യുകയും ചെയ്തുവെങ്കിലും സ്വര്‍ഗ്ഗത്തില്‍ വസിക്കുവാനുള്ള നിബന്ധന അവര്‍ തെറ്റിച്ചതിനെത്തുടര്‍ന്ന് അവര്‍ക്കു ഭൂമിയിലേക്കു താമസം മാറ്റേണ്ടി വന്നു. മനുഷ്യ വാസത്തിന് അല്ലാഹു നിശ്ചയിച്ച വെച്ചതാണല്ലോ ഭൂമി. അതെ,-
- قَالَ ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَٰعٌ إِلَىٰ حِينٍ ﴾٢٤﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: "നിങ്ങള്‍ (എല്ലാവരും) ഇറങ്ങിക്കൊള്ളുവിന്‍; നിങ്ങളില്‍ ചിലര്‍ ചിലര്‍ക്കു ശത്രുവാകുന്നു. [ഇതു ഓര്‍മ്മവെക്കണം.] "ഭൂമിയില്‍ നിങ്ങള്‍ക്കു ഒരു (നിശ്ചിത) സമയംവരെ താമസ (സൗകര്യ)വും, ഉപയോഗവുമുണ്ടായിരിക്കും."
- قَالَ അവന്‍ പറഞ്ഞു اهْبِطُوا നിങ്ങള്‍ ഇറങ്ങുവിന്‍ بَعْضُكُمْ നിങ്ങളില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്കു عَدُوٌّ ശത്രുവാകുന്നു وَلَكُمْ നിങ്ങള്‍ക്കുണ്ടു فِي الْأَرْضِ ഭൂമിയില്‍ مُسْتَقَرٌّ താമസം, തങ്ങുന്ന സ്ഥാനം, വാസസ്ഥലം وَمَتَاعٌ ഉപയോഗവും, ഉപകരണവും إِلَىٰ حِينٍ ഒരു സമയംവരെ.
- قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ ﴾٢٥﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: "അതില്‍ തന്നെ നിങ്ങള്‍ ജീവിക്കും, അതില്‍ തന്നെ നിങ്ങള്‍ മരിക്കും, അതില്‍ നിന്നു തന്നെ നിങ്ങള്‍ (വീണ്ടും) പുറത്തു വരുത്തപ്പെടുകയും ചെയ്യും."
- قَالَ അവന്‍ പറഞ്ഞു فِيهَا അതില്‍ (തന്നെ) تَحْيَوْنَ നിങ്ങള്‍ ജീവിക്കും وَفِيهَا അതില്‍ (തന്നെ) تَمُوتُونَ നിങ്ങള്‍ മരിക്കുന്നു وَمِنْهَا അതില്‍ നിന്നു (തന്നെ) تُخْرَجُونَ നിങ്ങള്‍ പുറപ്പെടുവിക്ക (പുറത്തുകൊണ്ടുവര) പ്പെടുകയും ചെയ്യുന്നു.
സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്കു അയച്ചപ്പോള്‍, അവര്‍ക്കാവശ്യമായ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അല്ലാഹു അവര്‍ക്കു നല്‍കി. നിങ്ങള്‍ക്കവിടെ യഥേഷ്ടം താമസിക്കാം. അതിലെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം. നിങ്ങള്‍ക്കു വേണ്ടതൊക്കെ ഒരുക്കിവെച്ചു കൊണ്ടാണു നിങ്ങളെ അങ്ങോട്ടയക്കുന്നത്. നിങ്ങളുടെ ജീവിതവും മരണവും അവിടെ വെച്ചുതന്നെയായിരിക്കും. എന്നാല്‍, നിങ്ങള്‍ക്കവിടെ ഒരു കാലാവധി വരെയുള്ള ജീവിതമേയുള്ളു. അതു കഴിഞ്ഞാല്‍ നിങ്ങള്‍ രണ്ടാമതും അല്ലാഹുവിങ്കലേക്കു തിരിച്ചു കൊണ്ടുവരപ്പെടും എന്നൊക്കെ. അവരെ അഭിമുഖീകരിച്ചുകൊണ്ടു നിങ്ങള്‍ ഇറങ്ങുവിന്‍ (اهْبِطُوا) എന്നു ബഹുവചന രൂപത്തില്‍ പറഞ്ഞിരിക്കക്കൊണ്ടു ആദം, ഹവ്വാഉ് (عليهما السلام), ഇബ്ലീസു എന്നീ മൂന്നു പേരോടുമായിരുന്നു ഈ കല്‍പനയെന്നു മനസ്സിലാക്കാം. എന്നാല്‍, ഭൂമിയില്‍ എവിടെയാണവര്‍ ആദ്യം വന്നത്? അല്ലാഹുവിനറിയാം. സിലോണിലാണെന്നും മറ്റുമുള്ള പ്രസ്താവനകളെല്ലാം കേവലം ചില ഐതിഹ്യങ്ങള്‍ മാത്രമാകുന്നു.
മനുഷ്യാരംഭഘട്ടത്തില്‍ ആദ്യത്തെ മനുഷ്യരായ ആദമിലും, ഹവ്വാഇലും (عليهما السلام) നടന്ന ഈ സംഭവങ്ങളില്‍ നിന്നു മനുഷ്യന്റെ ഉയര്‍ച്ചയെയും, താഴ്ചയും കുറിക്കുന്നതും, അവന്‍ അറിഞ്ഞിരിക്കേണ്ടതുമായ പല പാഠങ്ങളും നമുക്കു പഠിക്കുവാനുണ്ട്. പലരും അവരവരുടെ ചിന്താഗതിയും വീക്ഷണഗതിയും അനുസരിച്ച് – പലതും ചൂണ്ടിക്കാട്ടുകയും ചെയ്യാറുണ്ട്. എന്നാല്‍, ഈ സംഭവങ്ങള്‍ വിവരിച്ചുകൊണ്ടു അല്ലാഹു തുടര്‍ന്നു ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമത്രെ. ആദമിന്റെ സന്തതികളെ (يَا بَنِي آدَمَ) എന്നു വിളിച്ചുകൊണ്ട് അടുത്ത രണ്ടു വചനങ്ങളില്‍ അല്ലാഹു പറയുന്നതു നോക്കുക:-