വിഭാഗം - 11

2:87
  • وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ وَقَفَّيْنَا مِنۢ بَعْدِهِۦ بِٱلرُّسُلِ ۖ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَٰتِ وَأَيَّدْنَٰهُ بِرُوحِ ٱلْقُدُسِ ۗ أَفَكُلَّمَا جَآءَكُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ ﴾٨٧﴿
  • തീര്‍ച്ചയായും മൂസാക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്റെ ശേഷം നാം ദൂതന്‍മാരെ തുടര്‍ച്ചയായി അയക്കുകയും ചെയ്തിരിക്കുന്നു. മര്‍യമിന്റെ മകന്‍ ഈസാക്ക് വ്യക്തമായ തെളിവുകള്‍ നാം നല്‍കുകയും ചെയ്തു. അദ്ദേഹത്തെ നാം പരിശുദ്ധാത്മാവിനാല്‍ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ നിങ്ങളുടെ ദേഹങ്ങള്‍ (അഥവാ മനസ്സുകള്‍) ഇഷ്ടപ്പെടാത്തതുമായി നിങ്ങള്‍ക്ക് വല്ല റസൂലും വരുമ്പോഴൊക്കെയും നിങ്ങള്‍ അഹംഭാവം നടിക്കുകയാണോ?! അങ്ങനെ, ഒരു കൂട്ടരെ നിങ്ങ ള്‍വ്യാജമാക്കി; ഒരു കൂട്ടരെ നിങ്ങള്‍കൊലപ്പെടുത്തുകയും ചെയ്യുന്നു!
  • وَلَقَدْ തീര്‍ച്ചയായും ഉണ്ട് آتَيْنَا നാം നല്‍കുകയുണ്ടായി مُوسَى മൂസാക്ക് الْكِتَابَ (വേദ) ഗ്രന്ഥം وَقَفَّيْنَا നാം തുടര്‍ത്തുകയും ചെയ്തു مِن بَعْدِهِ അദ്ദേഹത്തിന് ശേഷം بِالرُّسُلِ ദൂതന്മാരെ وَآتَيْنَا നാം നല്‍കുകയും ചെയ്തു عِيسَى ഈസാക്ക് ابْنَ مَرْيَمَ മര്‍യമിന്റെ മകന്‍ الْبَيِّنَاتِ വ്യക്തമായ തെളിവുകള്‍ وَأَيَّدْنَاهُ അദ്ദേഹത്തെ നാം ബലപ്പെടുത്തുകയുംചെയ്തു بِرُوحِ الْقُدُسِ പരിശുദ്ധാത്മാവിനെക്കൊണ്ട് أَفَكُلَّمَا جَاءَكُمْ എപ്പോള്‍ (എന്നിട്ട്) നിങ്ങള്‍ക്ക് വരുമ്പോഴൊക്കെയുമോ رَسُولٌ ഒരു ദൂതന്‍, വല്ല റസൂലും بِمَا യാതൊന്നുമായി لَا تَهْوَىٰ ഇഷ്ടപ്പെടുന്നില്ല أَنفُسُكُمُ നിങ്ങളുടെ ദേഹങ്ങള്‍, മനസ്സുകള്‍ اسْتَكْبَرْتُمْ നിങ്ങള്‍ അഹംഭാവം കാണിച്ചു(വോ) فَفَرِيقًا എന്നിട്ട് ഒരു വിഭാഗത്തെ كَذَّبْتُمْ നിങ്ങള്‍ കളവാക്കി وَفَرِيقًا ഒരു കൂട്ടരെ تَقْتُلُونَ നിങ്ങള്‍ വധിക്കുന്നു

മൂസാ നബി (عليه السلام) മുതല്‍ ഈസാ നബി (عليه السلام) വരെയുള്ള എത്രയോ പ്രവാചകന്‍മാരുടെ പ്രബോധനങ്ങളെയും ശിക്ഷണങ്ങളെയും ധിക്കരിക്കുകയും, പല പ്രവാചകന്‍മാരെയും കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്ന പാരമ്പര്യമാണ് ഇസ്‌റാഈല്യരുടേത്. പ്രവാചകന്‍മാര്‍ കൊണ്ടുവരുന്ന സന്ദേശങ്ങള്‍ അവരുടെ ദേഹേച്ഛകള്‍ക്കും തന്നിഷ്ടത്തിനും അനുയോജ്യമല്ലായ്ക നിമിത്തം അവര്‍ ഗര്‍വ്വിഷ്ടരും അഹംഭാവികളുമായിത്തീര്‍ന്നതാണിതിന് കാരണമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അവര്‍ നബിമാരെ കൊലപ്പെടുത്തിയിരുന്നതിനെപ്പറ്റി 61-ാം വചനത്തിലും വ്യാഖ്യാനത്തിലും മുമ്പ് വിവരിച്ചിട്ടുണ്ട്.

വ്യക്തിപരമായും, സാമൂഹ്യമായുമുള്ള നിയമനിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളും സവിസ്തരം പ്രതിപാദിച്ചിട്ടുള്ള ഒരു വേദഗ്രന്ഥമാണ് തൗറാത്ത്. അതിന്റെ സത്യതക്ക് തെളിവായിപല ദൃഷ്ടാന്തങ്ങളും അവര്‍ കണ്ടിട്ടുണ്ട്. പിന്നീട് വളരെയധികം പ്രവാചകന്‍മാര്‍ അവരില്‍ തുടരെത്തുടരെ വന്നുകൊണ്ടുമിരുന്നു. എല്ലാവരുടെയും ലക്ഷ്യം തൗറാത്തിന്റെ അദ്ധ്യാപനങ്ങളും സന്ദേശങ്ങളും നടപ്പില്‍ വരുത്തുകയും അതിലേക്ക് ക്ഷണിക്കുകയുമായിരുന്നു. സൂറഃ മാഇദഃയില്‍ അല്ലാഹു പറയുന്നു:

إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ  ۚ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالْأَحْبَارُ

(സാരം: നാം തൗറാത്ത് അവതരിപ്പിച്ചു. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. യഹൂദരായുള്ളവര്‍ക്ക് വേണ്ടി ഇസ്‌ലാമിനെ അംഗീകരിച്ചവരായ നബിമാരും, റബ്ബാനീകളും -പുണ്യപുരുഷന്‍മാരും- പണ്ഡിതന്‍മാരും അതനുസരിച്ച് വിധിച്ചിരുന്നു’ (മാഇദഃ : 44) ഇസ്‌റാഈല്യരില്‍ അവസാനത്തെ റസൂലായ ഈസാ (عليه السلام) വന്നപ്പോള്‍, തൗറാത്തിലെ ചുരുക്കം ചില നടപടിക്രമങ്ങള്‍ ഭേദപ്പെടുത്തപ്പെട്ടുവെങ്കിലും മൊത്തത്തില്‍ തൗറാത്തിന്റെ നിയമസംഹിത തന്നെയാണ് അദ്ദേഹവും പിന്‍പറ്റിയിരുന്നത്. അദ്ദേഹത്തിന്റെ ദൗത്യകാലത്തുണ്ടായ ആ ഭേദഗതിയുടെ പേരില്‍ അദ്ദേഹം തൗറാത്തിനെ നിഷേധിക്കുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ സത്യത സ്ഥാപിക്കുന്നതിന് വ്യക്തമായ പല തെളിവുകളും ദിവ്യദൃഷ്ടാന്തങ്ങളും അദ്ദേഹത്തിന് അല്ലാഹു നല്‍കി. (അദ്ദേഹത്തിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ആലുഇംറാനില്‍ പ്രസ്താവിക്കുന്നുണ്ട്). അതിനെത്തുടര്‍ന്ന് ഇസ്‌റാഈല്യരോട് അദ്ദേഹം പറഞ്ഞതായി അല്ലാഹു ഇപ്രകാരം ഉദ്ധരിക്കുന്നു: وَمُصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ (സാരം: എന്റെ മുമ്പിലുള്ള തൗറാത്തിനെ സത്യെപ്പടുത്തിക്കൊണ്ടും നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങളെ നിങ്ങള്‍ക്ക് അനുവദനീയമാക്കുവാനുമാണ് ഞാന്‍ വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ റബ്ബിങ്കല്‍ നിന്നും ദൃഷ്ടാന്തം കൊണ്ടുവരുകയും ചെയ്തിരിക്കുന്നു. (ആലുഇംറാന്‍ : 49,50 നോക്കുക)

وَأَيَّدْنَاهُ بِرُوحِ الْقُدُسِ (അദ്ദേഹത്തെ നാം പരിശുദ്ധാത്മാവു കൊണ്ട് ബലപ്പെടുത്തി) എന്ന് പറഞ്ഞതിന് ഒന്നിലധികം വ്യാഖ്യാനങ്ങള്‍ പറയപ്പെട്ടിട്ടു്.

(1) ഇന്‍ജീലാകുന്ന വേദഗ്രന്ഥമാണ് പരിശുദ്ധാത്മാവ് അഥവാ റൂഹുല്‍ ക്വുദുസ് ഐഹികവും പാരത്രികവുമായ വിജയങ്ങളും, ആത്മീയ പരിശുദ്ധിയും കൈവരുത്തുന്നതാണല്ലോ ഇന്‍ജീല്‍ എന്നതാണ് ഇതിനുള്ള ന്യായം.

(2) ഈസാ (عليه السلام) ന്റെ ആത്മാവാണുദ്ദേശ്യം. അദ്ദേഹം പിതാവില്ലാതെ ജനിച്ചതും, അദ്ദേഹത്തിന്റെ മാതാവില്‍ അല്ലാഹു അവന്റെ വക ജീവന്‍ ഊതിയിട്ടുണ്ടെന്ന് (21:91ല്‍) പറഞ്ഞിട്ടുള്ളതും മററുമാണിതിന് പറയുന്ന ന്യായം.

(3) ജിബ്‌രീല്‍ (عليه السلام) എന്ന മലക്കാണ് പരിശുദ്ധാത്മാവു കൊണ്ട് വിവക്ഷ. ഇതാണ്ബലപ്പെട്ട അഭിപ്രായവും, ക്വുര്‍ആന്റെയും ഹദീഥിന്റെയും പിന്‍ബലമുള്ളതും. ക്വുര്‍ആനെപ്പറ്റി نَزَّلَهُ رُوحُ الْقُدُسِ مِن رَّبِّكَ (നിന്റെ റബ്ബിങ്കല്‍ നിന്ന് അതിനെ പരിശുദ്ധാത്മാവ് ഇറക്കിയിരിക്കുന്നു. (നഹ്ല്‍ :102) എന്ന് അല്ലാഹു പറയുന്നു. ഇത് ജിബ്‌രീല്‍ (عليه السلام) നെ ഉദ്ദേശിച്ചതാണെന്നുള്ളതില്‍ തര്‍ക്കമില്ല. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രസിദ്ധ കവിയായിരുന്ന ഹസ്സാനുബ്‌നുഥാബിത്ത് (حسان بن ثا بت – رض)നു വേണ്ടി ‘അല്ലാഹുവേ, അദ്ദേഹത്തെ റൂഹുല്‍ ക്വുദ്‌സിനെക്കൊണ്ട് ബലപ്പെടുത്തേണമേ!’ എന്ന് തിരുമേനി പ്രാര്‍ത്ഥിച്ചതായും, ‘ജിബ്‌രീല്‍ തന്നോട് കൂടെയുണ്ടായിരിക്കും എന്ന് തിരുമേനി അദ്ദേഹത്തോട് പറഞ്ഞതായും’ ഹദീഥില്‍ വന്നിരിക്കുന്നു (ബു. മു) പരിശുദ്ധാത്മാവിനെക്കൊണ്ട് അദ്ദേഹത്തെ ബലപ്പെടുത്തി എന്ന് പറഞ്ഞതിന്റെ താല്‍പര്യം, അദ്ദേഹത്തിന് ജിബ്‌രീല്‍ (عليه السلام) മുഖേന ലഭിച്ചിരുന്ന ആത്മീയ സഹായങ്ങളായിരിക്കുമെന്ന് മൊത്തത്തില്‍ മനസ്സിലാക്കാം. ഈസാ (عليه السلام) നോട് അല്ലാഹു പറയുന്നു:

 إِذْ أَيَّدتُّكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا

(സാരം : തൊട്ടിലില്‍വെച്ചും, മദ്ധ്യവയസ്‌കനായിരുന്നപ്പോഴും ജനങ്ങളോട് നീ സംസാരിച്ചു കൊണ്ടിരിക്കെ നാം നിന്നെ പരിശുദ്ധാത്മാവിനെക്കൊണ്ട് ബലപ്പെടുത്തിയസന്ദര്‍ഭം…. (മാഇദഃ : 110)

2:88
  • وَقَالُوا۟ قُلُوبُنَا غُلْفٌۢ ۚ بَل لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَقَلِيلًا مَّا يُؤْمِنُونَ ﴾٨٨﴿
  • അവര്‍ പറയുന്നു: 'ഞങ്ങളുടെ ഹൃദയങ്ങള്‍ (ഉറയിട്ട്) മൂടപ്പെട്ടവയാണ്. (അതല്ല) പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കൂ.
  • وَقَالُوا അവര്‍ പറഞ്ഞു, പറയുകയും ചെയ്യുന്നു قُلُوبُنَا ഞങ്ങളുടെ ഹൃദയങ്ങള്‍ غُلْفٌ ഉറയിടപ്പെട്ടതാണ്, മൂടിക്കിടക്കുന്നവയാണ് بَل പക്ഷേ لَّعَنَهُمُ അവരെ ശപിച്ചിരിക്കുന്നു اللَّهُ അല്ലാഹു بِكُفْرِهِمْ അവരുടെ അവിശ്വാസം നിമിത്തം فَقَلِيلًا വളരെ കുറച്ച് (മാത്രം) مَّا يُؤْمِنُونَ അവര്‍ വിശ്വസിക്കും

ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് പുതുതായൊന്നും പ്രവേശിക്കാത്തവിധം അവ ഉറയിട്ട് മൂടപ്പെട്ടുകിടക്കുകയാണ്. അതുകൊണ്ട് മുഹമ്മദും മറ്റും നല്‍കുന്ന ഉപദേശങ്ങളൊന്നും ഞങ്ങളുടെ മനസ്സില്‍ കടക്കുന്നില്ല എന്ന് യഹൂദികള്‍ പരിഹാസപൂര്‍വ്വം പറഞ്ഞിരുന്നു. സൂറഃ ഹാമീം സജദഃ 5 ല്‍ അവിശ്വാസികളെപ്പറ്റി അല്ലാഹു പറയുന്നു وَقَالُوا قُلُوبُنَا فِي أَكِنَّةٍ مِّمَّا تَدْعُونَا إِلَيْهِ (അവര്‍ പറയുന്നു : നിങ്ങള്‍ ഞങ്ങളെ ഏതൊന്നിലേക്കു ക്ഷണിക്കുന്നുവോ അതിനെക്കുറിച്ച് ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികളിലാകുന്നു. ഞങ്ങളുടെ കാതുകളിലും ഒരു തരം കട്ടിയുണ്ട്. ഞങ്ങളുടെയും നിന്റെയും -നബിയുടെയും-ഇടക്ക് ഒരു തരം മറയുണ്ട്.) ഇതുപോലെയുള്ള ഒരു വാക്കാണ് യഹൂദികളും പറയുന്നത്. അവരുടെ ഹൃദയങ്ങളിലേക്ക് വേണ്ടതൊന്നും പ്രവേശിക്കുന്നില്ലെന്നുള്ളത് ശരിതന്നെ. പക്ഷേ, അവ മൂടപ്പെട്ടിരിക്കുന്നതോ മറ്റോ അല്ല അതിന് കാരണം. അവരുടെ അവിശ്വാസവും സത്യനിഷേധവും നിമിത്തം അവര്‍ അല്ലാഹുവിന്റെ ശാപത്തിന് പാത്രമായതാണ് യഥാര്‍ത്ഥത്തില്‍ അതിനു കാരണമെന്ന് അല്ലാഹു അവര്‍ക്ക് മറുപടിനല്‍കുന്നു.

യഹൂദികളുടെ അവിശ്വാസം അറബികളുടെ അവിശ്വാസത്തെക്കാള്‍ ആക്ഷേപാര്‍ഹമാണല്ലോ. കാരണം അടുത്ത വചനത്തില്‍ പറയുന്നതുപോലെ നബിയെ സംബന്ധിച്ച യാഥാര്‍ത്ഥ്യം അറിഞ്ഞുകൊണ്ടും കല്‍പിച്ചു കൂട്ടിക്കൊണ്ടുമുള്ള നിഷേധമാണ് യഹൂദികളുടേത്. അതില്‍ നിന്ന് ഉടലെടുത്തതാണ് ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടപ്പെട്ടതാണെന്നും മറ്റുമുള്ള അവരുടെ പരിഹാസവാക്കുകള്‍. ആ വാക്ക് നിഷേധിച്ചുകൊണ്ട് بَل لَّعَنَهُمُ اللَّهُ بِكُفْرِهِمْ (പക്ഷേ, അവരുടെ അവിശ്വാസം മൂലം അല്ലാഹു അവരെ ശപിച്ചിരിക്കയാണ്) എന്ന് ഇവിടെയും, അതേ വാക്ക് ഉദ്ധരിച്ച ശേഷം അതിനെ ഖണ്ഡിച്ചുകൊണ്ട് بَل لَّعَنَهُمُ اللَّهُ بِكُفْرِهِمْ (പക്ഷേ അവരുടെ അവിശ്വാസം മൂലം അല്ലാഹു അവയുടെ മീതെ മുദ്രകുത്തിയിരിക്കുകയാണ്) എന്ന് സൂറഃ നിസാഉ് 155 ലും അല്ലാഹു നല്‍കിയ മറുപടി ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു് (*) അങ്ങിനെ, അല്ലാഹുവിന്റെ ശാപകോപത്തിന് അവര്‍ പാത്രമായിത്തീര്‍ന്നത് കൊണ്ട് അവരില്‍ നിന്ന് അധികമൊന്നും വിശ്വാസം പ്രതീക്ഷിക്കേണ്ടതില്ല -അവര്‍ വളരെ കുറച്ചേ വിശ്വസിക്കുകയുള്ളൂ- എന്ന് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിക്കുന്നു. ‘അവര്‍ വളരെ കുറച്ചേ വിശ്വസിക്കൂ’ എന്ന് പറഞ്ഞതിന് രണ്ടു തരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്.


(*) അല്ലാഹു ഹൃദയങ്ങള്‍ക്ക് മുദ്രവെച്ചുവെന്നും മറ്റും പറയുന്നതിന്റെ ഉദ്ദേശ്യം 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്.


(1) യഹൂദികളില്‍ നിന്ന് വളരെ കുറഞ്ഞ ആളുകളേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കയുള്ളൂവെന്ന്. വാസ്തവത്തില്‍ യഹൂദികളില്‍ നിന്ന് മുസ്‌ലിമായവര്‍ വളരെ കുറഞ്ഞ വ്യക്തികളേയുള്ളൂവെന്നത് പ്രസിദ്ധമാണ്.

(2) പൂര്‍ണമായ വിശ്വാസം അവരില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ -വളരെ കുറഞ്ഞ വിശ്വാസമേ അവര്‍ക്കുണ്ടാകുകയുള്ളൂ- എന്ന്. അവര്‍ വേദക്കാരായതുകൊണ്ട് ഏതാനും ചിലകാര്യങ്ങളിലൊക്കെ അവര്‍ക്ക് വിശ്വാസമുണ്ടായിരിക്കുക സ്വാഭാവികമാണ്. പക്ഷേ, വിശ്വസിക്കേണ്ടുന്ന എല്ലാ വിഷയത്തിലും അവര്‍ വിശ്വസിക്കുവാന്‍ തയ്യാറാകുകയില്ല. ഉള്ള വിശ്വാസം തന്നെ പരിപൂര്‍ണമായിരിക്കുകയുമില്ല എന്ന് സാരം. രണ്ട് വ്യാഖ്യാനവും പരസ്പരം എതിരല്ലതാനും.

2:89
  • وَلَمَّا جَآءَهُمْ كِتَٰبٌ مِّنْ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمْ وَكَانُوا۟ مِن قَبْلُ يَسْتَفْتِحُونَ عَلَى ٱلَّذِينَ كَفَرُوا۟ فَلَمَّا جَآءَهُم مَّا عَرَفُوا۟ كَفَرُوا۟ بِهِۦ ۚ فَلَعْنَةُ ٱللَّهِ عَلَى ٱلْكَٰفِرِينَ ﴾٨٩﴿
  • തങ്ങളുടെ കൂടെയുള്ളതിനെ (ശരിവെച്ച്) സത്യമാക്കുന്നതായ ഒരു ഗ്രന്ഥം അവര്‍ക്ക് അല്ലാഹുവിന്റെ പക്കല്‍ നിന്നും വന്നപ്പോള്‍, - മുമ്പ് അവര്‍, അവിശ്വസിച്ചവര്‍ക്കെതിരില്‍ വിജയം അര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു താനും. (അതെ) അങ്ങനെ, അവര്‍ക്കറിയാവുന്ന (ആ) കാര്യം അവര്‍ക്ക് വന്നപ്പോള്‍, അവരതില്‍ അവിശ്വസിക്കുകയായി. ആകയാല്‍ (ആ) അവിശ്വാസികളുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കും.
  • وَلَمَّا جَاءَهُمْ അവര്‍ക്ക് വന്നപ്പോള്‍ كِتَابٌ ഒരു (വേദ)ഗ്രന്ഥം مِّنْ عِندِ اللَّهِ അല്ലാഹുവിന്റെ അടുക്കല്‍ നിന്ന് مُصَدِّقٌ സത്യമാക്കുന്ന (ശരിവെക്കുന്ന) لِّمَا مَعَهُمْ അവരുടെ കൂടെ ഉള്ളതിനെ وَكَانُوا അവരായിരുന്നുതാനും مِن قَبْلُ മുമ്പ് يَسْتَفْتِحُونَ അവര്‍ വിജയം (സഹായം) അര്‍ത്ഥിക്കും عَلَى الَّذِينَ യാതൊരു കൂട്ടര്‍ക്ക് (എതിരില്‍) كَفَرُوا അവര്‍ അവിശ്വസിച്ചു فَلَمَّا جَاءَهُم എന്നിട്ട് അവര്‍ക്ക് വന്നപ്പോള്‍ مَّا عَرَفُوا അവര്‍ക്കറിയാവുന്നത് كَفَرُوا بِهِ അതില്‍ അവര്‍ അവിശ്വസിച്ചു فَلَعْنَةُ اللَّهِ ആകയാല്‍ അല്ലാഹുവിന്റെ ശാപം عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍ ഉണ്ടായിരിക്കും

അന്ത്യപ്രവാചകന്റെ ആഗമനത്തെയും, അദ്ദേഹത്തിന്റെ ഗുണഗണങ്ങളെയും സംബന്ധിച്ച് തൗറാത്ത് മുഖേനയും പ്രവാചകന്‍മാര്‍ മുഖേനയും യഹൂദികള്‍ക്ക് പരമ്പരാഗതമായ അറിവുണ്ട്. മദീനയിലെ യഹൂദികള്‍ അക്ഷമരായിക്കൊണ്ട് ആ പ്രവാചകന്റെ വരവ് കാത്തിരിക്കുകയുമായിരുന്നു. അവര്‍ മുഖാന്തരം അറികള്‍ക്കും ഇതിനെപ്പറ്റി അറിയാമായിരുന്നു. അറികളും അവരും തമ്മില്‍ വല്ല ഇടയലോ ഏറ്റുമുട്ടലോ ഉണ്ടാകുമ്പോള്‍ അടുത്ത് വെളിവാകുവാനിരിക്കുന്ന പ്രവാചകന്‍ വരട്ടെ, ഞങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം, അന്ന് ഞങ്ങള്‍ക്ക് ആ പ്രവാചകന്‍ മുഖേന ശക്തിയും പ്രതാപവും അല്ലാഹു നല്‍കുന്നതായിരിക്കും എന്നൊക്കെ അവര്‍ അഭിമാനപൂര്‍വ്വം പറഞ്ഞിരുന്നു.’ആ പ്രവാചകനെ വേഗം അയച്ചു തന്ന് ഞങ്ങളെ സഹായിക്കണേ’ എന്ന് അവര്‍ പ്രാര്‍ത്ഥിക്കാറുമുണ്ടായിരുന്നു. അവര്‍ പ്രതീക്ഷിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ടിരുന്ന ആ പ്രവാചക ന്‍വരുകയും അവരുടെ കൈവശമുള്ള വേദ്രഗന്ഥത്തെ -തൗറാത്തിനെ- ശരിവെച്ചു അതിന്റെ സത്യത സ്ഥാപിക്കുന്ന ഒരു വേദഗ്രന്ഥം -ക്വുര്‍ആന്‍- അവതരിക്കുകയും ചെയ്തപ്പോള്‍അതാ അവരുടെ മട്ടെല്ലാം മാറി! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇസ്‌റാഈല്‍ വര്‍ഗത്തില്‍ പെട്ട ആളായില്ല അറബികളില്‍പെട്ട ആളായിപ്പോയി, തങ്ങള്‍ മതമായി ആചരിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അദ്ദേഹം അനുവദിക്കുന്നുമില്ല. ഇതൊക്കെയാണ് നിഷേധത്തിന് കാരണം. അങ്ങനെ, ആ പ്രവാചകന്റെ കടുത്ത ശത്രുക്കളും പരിപൂര്‍ണ നിഷേധികളുമായി മാറുകയും, അല്ലാഹുവിന്റെ ശാപത്തിനും കോപത്തിനും പാത്രമാകുകയുമാണ് അവര്‍ചെയ്തത്. ഇതാണ് ഈ വചനത്തില്‍ അല്ലാഹു പറയുന്നത്.

2:90
  • بِئْسَمَا ٱشْتَرَوْا۟ بِهِۦٓ أَنفُسَهُمْ أَن يَكْفُرُوا۟ بِمَآ أَنزَلَ ٱللَّهُ بَغْيًا أَن يُنَزِّلَ ٱللَّهُ مِن فَضْلِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٍ ۚ وَلِلْكَٰفِرِينَ عَذَابٌ مُّهِينٌ ﴾٩٠﴿
  • യാതൊന്നിന് (പകരം) അവര്‍ തങ്ങളെത്തന്നെ വിറ്റു കളഞ്ഞുവോ അത് വളരെ ചീത്ത! അതായത്,അല്ലാഹു അവതരിപ്പിച്ചതില്‍അവര്‍ അവിശ്വസിക്കുന്നത്. (അതെ) അല്ലാഹു തന്റെ അടിയാന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ അനുഗ്രഹത്തില്‍ നിന്ന് അവതരിപ്പിച്ചു കൊടുക്കുന്നതിനാലുള്ള അസൂയകൊണ്ട്. അങ്ങനെ, അവ ര്‍കോപത്തിനുമേല്‍ കോപവുമായി മടങ്ങി, (അതാണവര്‍ക്ക് ലഭിച്ച നേട്ടം) അവിശ്വാസികള്‍ക്ക് നിന്ദ്യമായശിക്ഷയുമുണ്ട്.
  • بِئْسَمَا യാതൊന്ന് വളരെ (എത്രയോ) ചീത്ത اشْتَرَوْا بِهِ അതിന് അവര്‍ വിറ്റു, വാങ്ങി أَنفُسَهُمْ അവരുടെ സ്വന്തങ്ങളെ أَن يَكْفُرُوا അതായത് അവര്‍ അവിശ്വസിക്കുന്നത് بِمَا أَنزَلَ അവതരിപ്പിച്ചതില്‍ اللَّهُ അല്ലാഹു بَغْيًا അക്രമമായിട്ട്, അസൂയകൊണ്ട് أَن يُنَزِّلَ ഇറക്കുന്നതിനാല്‍ اللَّهُ അല്ലാഹു مِن فَضْلِهِ അവന്റെ അനുഗ്രഹത്തില്‍ നിന്ന് عَلَىٰ مَن ചിലരുടെമേല്‍, യാതൊരുവന് يَشَاءُ അവന്‍ ഉദ്ദേശിക്കുന്നു مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍ നിന്ന് فَبَاءُوا അങ്ങനെ അവര്‍മടങ്ങി (അവര്‍ നേടി) بِغَضَبٍ കോപവും കൊണ്ട്, കോപത്തെ عَلَىٰ غَضَبٍ കോപത്തിനു മേല്‍ وَلِلْكَافِرِينَ അവിശ്വാസികള്‍ക്കുണ്ട് താനും عَذَابٌ ശിക്ഷ مُّهِينٌ നിന്ദ്യകരമായ, അപമാനിക്കുന്ന

താല്‍കാലികമായ ദേഹേച്ഛകളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും സംരക്ഷിക്കുവാന്‍ വേണ്ടിയാണവര്‍ ക്വുര്‍ആനില്‍ വിശ്വസിക്കാതെ അതിനെ നിഷേധിക്കുന്നത്. അതാകട്ടെ, അവരുടെ ഭാവിയെ എന്നെന്നേക്കും നഷ്ടപ്പെടുത്തുന്നതുമാണ്. അപ്പോള്‍, അവിശ്വാസമാകുന്ന വിലവാങ്ങികൊണ്ട് തങ്ങളെത്തന്നെ വിറ്റു നശിപ്പിക്കുകയാണവര്‍ ചെയ്യുന്നത്. ക്രയവിക്രയങ്ങളില്‍ വില്‍ക്കപ്പെടുന്ന വസ്തുവെക്കാള്‍ പ്രിയംകരമായത് അതിന്പകരം ലഭിക്കുന്ന വിലയായിരിക്കുമല്ലോ. ഇവിടെ നേരെ മറിച്ചാണുള്ളത്. വിറ്റ് നശിപ്പിച്ചത് ശാശ്വതമായ ഭാവിവിജയവും പകരം കിട്ടിയത് ശാശ്വതമായ ശിക്ഷയുമാകുന്നു. അപ്പോള്‍ ഇതിനെക്കാള്‍ ബുദ്ധിഹീനമായ ഇടപാട് മറ്റെന്താണ്?! അവരുടെ നിഷേധത്തിന് കാരണം, തങ്ങളുടെ വര്‍ഗത്തില്‍ പെടാത്ത ഒരാള്‍ക്ക് -നബിക്കു- പ്രവാചകത്വം ലഭിച്ചതിലുള്ള അസൂയയാണല്ലോ. എന്നാല്‍, പ്രവാചകത്വമാകട്ടെ, ഏതെങ്കിലും വിഭാഗത്തിന്റെ കുത്തകാവകാശമോ, വല്ല യോഗ്യത കൊണ്ടും സിദ്ധിക്കുന്നതോ അല്ല. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്ന ഒരനുഗ്രഹം മാത്രമാണ്. അങ്ങനെ, പലനിലക്കും അല്ലാഹുവിന്റെ കോപത്തിന് മുമ്പേ വിധേയരായ അവര്‍, ക്വുര്‍ആനിലും മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലുമുള്ള അവിശ്വാസം നിമിത്തം വീണ്ടും അല്ലാഹുവിന്റെ കോപത്തിന് പാത്രമായിരിക്കുകയാണ്. ഇതാണ് ആ ക്രയവിക്രയം കൊണ്ട് അവര്‍ക്ക് കിട്ടിയനേട്ടം.

اشْتَرَوْا എന്ന ക്രിയക്കാണ് ‘അവര്‍ വിറ്റു’ എന്ന് വിവര്‍ത്തനം നല്‍കിയത്. ‘അവര്‍വാങ്ങി’ എന്നും അതിന് വിവര്‍ത്തനം നല്‍കാം. ഈ അര്‍ത്ഥത്തിലാണ് ആ വാക്കിന്റെ അധികം ഉപയോഗവും. ക്രയവിക്രയത്തില്‍ ഇരുഭാഗത്ത് നിന്നും, സാധനം കൈമാറുമ്പോള്‍ അതില്‍ വിലയായി ഗണിക്കപ്പെടുന്ന സാധനം ആര്‍ കൈപ്പറ്റുന്നുവോ അവനെ സംബന്ധിച്ചിടത്തോളം ആ ഇടപാടിന് വില്‍പന എന്നും, മറ്റേ സാധനം കൈപ്പറ്റുന്നവനെ സംബന്ധിച്ചടത്തോളം അതിന് വാങ്ങുക എന്നും, പറയുന്നുവെന്ന് മാത്രം. അതിനാല്‍, ഒരു വസ്തുവിന് പകരം മറ്റൊരു വസ്തു കൈമാറുകയെന്ന നിലക്ക് വില്‍പനയിലും വാങ്ങലിലും അത് ഉപയോഗിക്കാറുണ്ട്. ഇവിടെ ‘വാങ്ങുക’ എന്ന് തന്നെ അതിന് അര്‍ത്ഥം കല്‍പിച്ചാലും -അങ്ങിനെ അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുമുണ്ട്- സാരം ഏതാണ്ട് മേല്‍ വിവരിച്ച പോലെത്തന്നെയായിരിക്കും കലാശിക്കുക.

2:91
  • وَإِذَا قِيلَ لَهُمْ ءَامِنُوا۟ بِمَآ أَنزَلَ ٱللَّهُ قَالُوا۟ نُؤْمِنُ بِمَآ أُنزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلْحَقُّ مُصَدِّقًا لِّمَا مَعَهُمْ ۗ قُلْ فَلِمَ تَقْتُلُونَ أَنۢبِيَآءَ ٱللَّهِ مِن قَبْلُ إِن كُنتُم مُّؤْمِنِينَ ﴾٩١﴿
  • അവരോട്: 'അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുവിന്‍' എന്നു പറയപ്പെട്ടാല്‍, അവര്‍ പറയും: 'ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതില്‍ ഞങ്ങള്‍വിശ്വസിക്കുന്നു' എന്ന് അതിനപ്പുറമുള്ളതില്‍ അവര്‍ അവിശ്വസിക്കുകയും ചെയ്യുന്നു. അതാവട്ടെ, അവരുടെ കൂടെയുള്ളതിനെ (ശരിവെച്ച്) സത്യമാക്കിക്കൊണ്ടുള്ള യഥാര്‍ത്ഥമാണ്താനും (എന്നിട്ടും) (നബിയേ) പറയുക: എന്നാല്‍ നിങ്ങള്‍ എന്തിനാണ് മുമ്പ് അല്ലാഹുവിന്റെ നബിമാരെ കൊലപ്പെടുത്തിയിരുന്നത്- നിങ്ങള്‍ വിശ്വാസികളാണെങ്കില്‍!
  • وَإِذَا قِيلَ പറയപ്പെട്ടാല്‍ لَهُمْ അവരോട് آمِنُوا നിങ്ങള്‍ വിശ്വസിക്കുവിന്‍ بِمَا أَنزَلَ അവതരിപ്പിച്ചതില്‍ اللَّهُ അല്ലാഹു قَالُوا അവര്‍ പറയുകയായി نُؤْمِنُ ഞങ്ങള്‍ വിശ്വസി ക്കുന്നു بِمَا أُنزِلَ ഇറക്കപ്പെട്ടതില്‍ عَلَيْنَا ഞങ്ങള്‍ക്ക് وَيَكْفُرُونَ അവര്‍ അവിശ്വസിക്കുകയും ചെയ്യും بِمَا وَرَاءَهُ അതിനപ്പുറമുള്ളതില്‍ وَهُوَ അതാകട്ടെ الْحَقُّ യഥാര്‍ത്ഥമാണ് مُصَدِّقًا സത്യമാക്കിക്കൊണ്ട് لِّمَا യാതൊന്നിനെ مَعَهُمْ അവരുടെ കൂടെയുള്ള قُلْ നീ പറയുക فَلِمَ എന്നാലെന്തിന് تَقْتُلُونَ നിങ്ങള്‍ കൊല്ലുന്നു أَنبِيَاءَ اللَّهِ അല്ലാഹുവിന്റെ നബി (പ്രവാചകന്‍)മാരെ مِن قَبْلُ മുമ്പ് إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വാസികള്‍
2:92
  • ۞ وَلَقَدْ جَآءَكُم مُّوسَىٰ بِٱلْبَيِّنَٰتِ ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَٰلِمُونَ ﴾٩٢﴿
  • മൂസാ നിങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ കൊണ്ടുവരികയുണ്ടായല്ലോ. പിന്നെ, അതിനു ശേഷം നിങ്ങള്‍ അക്രമികളായും കൊണ്ട് പശുക്കുട്ടിയെ നിങ്ങള്‍ ഉണ്ടാക്കി (ആരാധിച്ചു)
  • وَلَقَدْ جَاءَكُم തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിട്ടുണ്ട് مُّوسَىٰ മൂസാ بِالْبَيِّنَاتِ വ്യക്തമായ തെളിവുകള്‍കൊണ്ട് ثُمَّ اتَّخَذْتُمُ പിന്നെ നിങ്ങള്‍ ഉണ്ടാക്കി, ഏര്‍പ്പെടുത്തി الْعِجْلَ പശു ക്കുട്ടിയെ مِن بَعْدِهِ അതിന് ശേഷം وَأَنتُمْ നിങ്ങള്‍ (ആയിക്കൊണ്ട്) ظَالِمُونَ അക്രമികള്‍

അല്ലാഹു അവതരിപ്പിച്ചതിലെല്ലാം വിശ്വസിക്കല്‍ നിര്‍ബന്ധമാണല്ലോ. അപ്പോള്‍നിങ്ങള്‍ ക്വുര്‍ആനില്‍ വിശ്വസിക്കേണ്ടതില്ലേ എന്ന് യഹൂദികളോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് അത് തന്നെ മതി എന്നായിരിക്കും അവരുടെ ഉത്തരം. ക്വുര്‍ആനാണെങ്കില്‍ അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട ആ ഗ്രന്ഥത്തെ നിഷേധിക്കുകയല്ല -അതിന്റെ സത്യത സ്ഥാപിക്കുകയാണ്- ചെയ്യുന്നതും. എന്നിട്ടും അതിലവര്‍ അവിശ്വസിക്കുകയാണ് ചെയ്യുന്നത്. ആ നിലക്ക് വേദത്തെപ്പറ്റി അറിയാത്തവരായ അറബികളെക്കാള്‍ വിശ്വാസത്തിലേക്ക് മുന്നോട്ട് വരേണ്ടവരാണവര്‍. എന്നാല്‍ അവരുടെ കയ്യിലുള്ള ആ ഗ്രന്ഥത്തില്‍ അവര്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞത് ശരിയാണോ? അല്ല. അതിലവര്‍ ശരിക്ക് വിശ്വസിക്കുന്നുണ്ടെങ്കില്‍, മുമ്പ് അവരിലുണ്ടായിരുന്ന പല നബിമാരെയും അവര്‍ കൊലപ്പെടുത്തുമായിരുന്നില്ല. അപ്പോള്‍ ആ പറഞ്ഞത് ശരിയല്ല. അത് മാത്രമോ? മൂസാ നബി (عليه السلام) യാണല്ലോ അവരുടെ പ്രവാചകന്‍മാരില്‍ തലവന്‍. അദ്ദേഹം അല്ലാഹുവിന്റെ ഏകത്വത്തിന് സുവ്യക്തങ്ങളായ പല ദൃഷ്ടാന്തങ്ങളും കൊണ്ടു വന്നിട്ടുകൂടി പശുക്കുട്ടിയെ ദൈവമാക്കി ആരാധിച്ചവരാണവര്‍. അപ്പോള്‍ ക്വുര്‍ആനിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും അവര്‍ വിശ്വസിക്കുന്നില്ലെന്ന് മാത്രമല്ല, അവരുടെ വേദഗ്രന്ഥമായ തൗറാത്തിലും അവരുടെ പ്രവാചകനായ മൂസാ നബി (عليه السلام)യിലും തന്നെ ശരിക്ക് വിശ്വാസമില്ലാത്തവരാണവര്‍.

2:93
  • وَإِذْ أَخَذْنَا مِيثَٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱسْمَعُوا۟ ۖ قَالُوا۟ سَمِعْنَا وَعَصَيْنَا وَأُشْرِبُوا۟ فِى قُلُوبِهِمُ ٱلْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُم بِهِۦٓ إِيمَٰنُكُمْ إِن كُنتُم مُّؤْمِنِينَ ﴾٩٣﴿
  • നാം നിങ്ങളുടെ ഉറപ്പ് [കരാര്‍] വാങ്ങുകയും നിങ്ങളുടെ മീതെ നാം 'ത്വൂര്‍' [പര്‍വ്വതം] ഉയര്‍ത്തുകയും ചെയ്ത സന്ദര്‍ഭം: 'നിങ്ങള്‍ക്ക് നാം നല്‍കിയതിനെ നിങ്ങള്‍ ബലമായി പിടിക്കുവിന്‍; കേള്‍ക്കുകയും (മനസ്സി ലാക്കുകയും) ചെയ്യുവിന്‍' (എന്ന് പറഞ്ഞും കൊണ്ട്) അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടു; ഞങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നു. അവരുടെ അവിശ്വാസം നിമിത്തം അവരുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് പശുക്കുട്ടി കുടിപ്പിക്കപ്പെടുക [പശുക്കുട്ടിയോടുള്ള സ്നേഹം നിറയുക]യും ചെയതിരിക്കുന്നു. നീ പറയുക: 'നിങ്ങളുടെ (ആ) വിശ്വാസം നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്തയത്രെ, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍!'
  • وَإِذْ أَخَذْنَا നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ നിങ്ങളുടെ ഉറപ്പ്, കരാര്‍ وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തു فَوْقَكُمُ നിങ്ങളുടെ മീതെ الطُّورَ ത്വൂര്‍ പര്‍വ്വതം خُذُوا നിങ്ങള്‍ പിടിച്ചു (എടുത്തു)കൊള്ളുവിന്‍ مَا آتَيْنَاكُم നിങ്ങള്‍ക്ക് നാം നല്‍കിയത് بِقُوَّةٍ ബലമായി وَاسْمَعُوا നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍ قَالُوا അവര്‍ പറഞ്ഞു سَمِعْنَا ഞങ്ങള്‍ കേട്ടു وَعَصَيْنَا ഞങ്ങള്‍ അനുസരണക്കേട് കാണിച്ചു, എതിര്‍ പ്രവര്‍ത്തിക്കുന്നു وَأُشْرِبُوا അവര്‍ കുടിപ്പിക്കപ്പെട്ടിരിക്കുന്നു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الْعِجْلَ പശുക്കുട്ടി بِكُفْرِهِمْ അവരുടെ അവിശ്വാസം നിമിത്തം قُلْ നീ പറയുക بِئْسَمَا യാതൊന്ന് വളരെ ചീത്ത يَأْمُرُكُم بِهِ അതിനെ നിങ്ങളോട് കല്‍പിക്കുന്നു إِيمَانُكُمْ നിങ്ങളുടെ വിശ്വാസം إِن كُنتُم നിങ്ങള്‍ ആകുന്നുവെങ്കില്‍ مُّؤْمِنِينَ വിശ്വാസികള്‍

ഇസ്‌റാഈല്യരോട് ഉറപ്പ് വാങ്ങിയെന്നും, പര്‍വ്വതം ഉയര്‍ത്തിയെന്നും പറഞ്ഞത് മുമ്പ് 63-ാം വചനത്തില്‍ പ്രസ്താവിച്ച അതേ സംഭവങ്ങള്‍ തന്നെ ഒന്നുകൂടി ആവര്‍ത്തിച്ചു ഓര്‍മിപ്പിക്കുകയും അതോടൊപ്പം ബന്ധപ്പെട്ട ചില വിഷയങ്ങള്‍ കൂടി വിവരിക്കുകയുമാണ് ഇവിടെ ചെയ്തിരിക്കുന്നത്. തൗറാത്ത് വളരെ കാര്യമായും കണിശമായും സ്വീകരിക്കണം, അതിലെ കല്‍പനകളെല്ലാം കേട്ട് മനസ്സിലാക്കണം എന്നൊക്കെ അവരോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞ മറുപടി سَمِعْنَا وَعَصَيْنَا (ഞങ്ങള്‍ കേട്ടു, അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നു) എന്നായിരുന്നു. കാതുകൊണ്ട് കേട്ടുകൊള്ളാം, പക്ഷേ, പ്രവര്‍ത്തനത്തില്‍ കൊണ്ടുവരുവാന്‍ തയ്യാറല്ല എന്ന് സാരം. വാക്കുകളിലും പ്രവൃത്തികളിലും ധിക്കാരവും ധാര്‍ഷ്ട്യവും കാണിക്കല്‍ ഇസ്‌റാഈല്യരുടെ പതിവാണല്ലോ. താങ്കളും താങ്കളുടെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങളിവിടെ ഇരിക്കുകയാണ് എന്നും, അല്ലാഹുവിനെ നേരില്‍ കാണാതെ ഞങ്ങള്‍ താങ്കളെ വിശ്വസിക്കുകയില്ല എന്നും മറ്റും മൂസാ നബി (عليه السلام) യോട് പറഞ്ഞത് പോലെയുള്ള ഒരു വാക്കായിട്ടേ അവരെ സംബന്ധിച്ചിടത്തോളം ഇതിനെപ്പറ്റിയും കരുതേണ്ടതുള്ളൂ. ഒരു പക്ഷേ വായകൊണ്ട് അനുസരിച്ചുവെന്നും, ഭാവംകൊണ്ടും പ്രവൃത്തികൊണ്ടും അനുസരണക്കേട് കാണിക്കുകയാണുണ്ടായതെന്നും ആയിരിക്കാം ആ വാക്കിന്റെ ഉദ്ദേശ്യം. അല്ലെങ്കില്‍, മല ഉയര്‍ത്തി ഉറപ്പ് വാങ്ങിയപ്പോള്‍ കേട്ടനുസരിച്ചുകൊള്ളാമെന്ന് പറഞ്ഞുവെന്നും, പിന്നീട് കുറേ കഴിഞ്ഞപ്പോള്‍ അനുസരിക്കുവാന്‍ തയ്യാറല്ലെന്ന് പറഞ്ഞുവെന്നും ആവാം. (അല്ലാഹുവിനറിയാം)

وَأُشْرِبُوا فِي قُلُوبِهِمُ (അവരുടെ അവിശ്വാസം നിമിത്തം അവരുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് പശുക്കുട്ടി കുടിപ്പിക്കപ്പെട്ടിരിക്കുന്നു) എന്ന വാക്യം, അവര്‍ ആരാധ്യവസ്തുവായി സ്വീകരിച്ച ആ പശുക്കുട്ടിയോട് അവര്‍ക്കുള്ള പ്രേമത്തിന്റെ ആധിക്യമാണ് ചൂണ്ടിക്കാട്ടുന്നത്. ആലങ്കാരികമായ ഒരു ഉന്നത സാഹിത്യശൈലിയിലാണ് ഈ വാചകമുള്ളത്. പശുക്കുട്ടിയെ അതിനോടുള്ള പ്രേമത്തെ ഒരു പാനീയത്തോടും, ഹൃദയങ്ങളെ വയറുകളോടും ഇതില്‍ സാദൃശ്യപ്പെടുത്തിയിരിക്കുന്നു. വളരെ രുചികരവും ഹൃദ്യവുമായ പാനീയം മൂക്കറ്റം കുടിച്ചു വയറ് നിറഞ്ഞാലുണ്ടാകുന്ന ഒരു പ്രതീതിയാണ് ആ പശുക്കുട്ടിയോടുള്ള സ്‌നേഹത്തില്‍ അവരുടേത് -ആകയാല്‍ അവരുടെ ഹൃദയത്തിലേക്ക് ഉപദേശങ്ങള്‍ക്കൊന്നും പ്രവേശനമില്ലാതായിരിക്കുന്നു- എന്ന് ചുരുക്കം. ഞങ്ങള്‍ മുമ്പേ വിശ്വാസികളാണ്, എനി പുതുതായി ഒന്നിലും ഞങ്ങള്‍ വിശ്വസിക്കേണ്ടതില്ല എന്നാണല്ലോ യഹൂദികളുടെ വാദം. വിശ്വാസമാകട്ടെ സല്‍കര്‍മങ്ങളിലേക്കും സന്‍മാര്‍ഗത്തിലേക്കുമാണ് നയിക്കുക. അവരുടെ നിലയാണെങ്കില്‍ നേരെ മറിച്ചുമാണ്. ഇതിനെപ്പറ്റിയാണ് അവരോട്  بِئْسَمَا يَأْمُرُكُم بِهِ إِيمَانُكُمْ (നിങ്ങളുടെ വിശ്വാസം നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്ത!) എന്ന് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ വിശ്വസിച്ചിട്ടുണ്ടെന്ന് പറയുന്നത് ശരിയല്ല; ശരിയാണെങ്കില്‍ നിങ്ങളുടെ സ്ഥിതിഗതികള്‍ ഇപ്രകാരമാകുമായിരുന്നില്ല എന്ന് സൂചന.

2:94
  • قُلْ إِن كَانَتْ لَكُمُ ٱلدَّارُ ٱلْءَاخِرَةُ عِندَ ٱللَّهِ خَالِصَةً مِّن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَٰدِقِينَ ﴾٩٤﴿
  • (നബിയേ) പറയുക: 'പരലോക ഭവനം (മറ്റുള്ള) മനുഷ്യരെക്കൂടാതെ, അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് മാത്രമായുള്ളതാണെങ്കില്‍, നിങ്ങള്‍ മരിക്കുവാന്‍ കൊതിക്കുവിന്‍- നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!'
  • قُلْ നീ പറയുക إِن كَانَتْ ആണെങ്കില്‍, ആയിരുന്നാല്‍ لَكُمُ നിങ്ങള്‍ക്ക് الدَّارُ الْآخِرَةُ പരലോക ഭവനം عِندَ اللَّهِ അല്ലാഹുവിങ്കല്‍ خَالِصَةً മാത്രമായി مِّن دُونِ കൂടാതെ, പുറമെ النَّاسِ മനുഷ്യരെ فَتَمَنَّوُا എന്നാല്‍ നിങ്ങള്‍ കൊതിക്കുവിന്‍ الْمَوْتَ മരണം, മരിക്കാന്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
2:95
  • وَلَن يَتَمَنَّوْهُ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّٰلِمِينَ ﴾٩٥﴿
  • അവരുടെ കൈകള്‍ മുന്‍ചെയ്തു വെച്ചിട്ടുള്ളത് നിമിത്തം അവര്‍ അതിന് ഒരു കാലത്തും കൊതിക്കുകയില്ല തന്നെ. അല്ലാഹു അക്രമികളെപ്പറ്റി (ശരിക്ക്) അറിയുന്നവനാകുന്നു.
  • وَلَن يَتَمَنَّوْهُ അവര്‍ അതിന് കൊതിക്കുകയേ ഇല്ല أَبَدًا ഒരു കാലത്തും بِمَا قَدَّمَتْ മുന്‍ ചെയ്തത് നിമിത്തം أَيْدِيهِمْ അവരുടെ കൈകള്‍ وَاللَّهُ അല്ലാഹു عَلِيمٌ (വളരെ) അറിയുന്നവനാണ് بِالظَّالِمِينَ അക്രമികളെപ്പറ്റി
2:96
  • وَلَتَجِدَنَّهُمْ أَحْرَصَ ٱلنَّاسِ عَلَىٰ حَيَوٰةٍ وَمِنَ ٱلَّذِينَ أَشْرَكُوا۟ ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِۦ مِنَ ٱلْعَذَابِ أَن يُعَمَّرَ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ ﴾٩٦﴿
  • നിശ്ചയമായും മനുഷ്യരില്‍വെച്ച് ജീവിതത്തിന് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ നീ കണ്ടെത്തുക തന്നെ ചെയ്യും: 'ശിര്‍ക്ക്' [ബഹുദൈവ വിശ്വാസം] സ്വീകരിച്ചവരെക്കാള്‍ തന്നെയും അവരില്‍ ഒരാള്‍ [ഓരോരുത്തന്‍] മോഹിക്കുന്നു, തനിക്ക് ആയിരം കൊല്ലം ആയുസ്സ് നല്‍കപ്പെട്ടിരുന്നെങ്കില്‍ എന്ന്! അവന് ദീര്‍ഘായുസ്സ് നല്‍കപ്പെടുന്നത് അവനെ ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന തല്ലതാനും. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
  • وَلَتَجِدَنَّهُمْ തീര്‍ച്ചയായും അവരെ നീ കണ്ടെത്തുകതന്നെ ചെയ്യും أَحْرَصَ النَّاسِ മനുഷ്യരില്‍ ഏറ്റവും മോഹമുള്ളവരായി عَلَىٰ حَيَاةٍ ജീവിതത്തിന് وَمِنَ الَّذِينَ യാതൊരു കൂട്ടരെക്കാളും أَشْرَكُوا അവര്‍ ശിര്‍ക്ക് സ്വീകരിച്ചു يَوَدُّ മോഹിക്കുന്നു أَحَدُهُمْ അവരിലൊരാള്‍ لَوْ يُعَمَّرُ അവന് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നെങ്കില്‍ എന്ന് أَلْفَ سَنَةٍ ആയിരം കൊല്ലം وَمَا هُوَ അതല്ലതാനും بِمُزَحْزِحِهِ അവനെ അകറ്റികളയുന്നത് مِنَ الْعَذَابِ ശിക്ഷയില്‍ നിന്ന് أَن يُعَمَّرَ അവന് ദീര്‍ഘായുസ്സ് നല്‍കപ്പെടല്‍ وَاللَّهُ അല്ലാഹു بَصِيرٌ കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

പരലോകഭവനം (الدَّارُ الْآخِرَةُ) കൊണ്ടുദ്ദേശ്യം സ്വർഗ്ഗമത്രെ. സ്വർഗ്ഗം തങ്ങളുടെ കുത്തകാവകാശമാണെന്നും, മറ്റാരും സ്വര്‍ഗത്തില്‍ പ്രവേശിക്കയില്ലെന്നും, തങ്ങള്‍ അല്ലാഹുവിന്റെ ഇഷ്ടക്കാരും മക്കളുമാണെന്നുമൊക്കെ യഹൂദികള്‍ വാദിക്കുന്നു. ക്രിസ്ത്യാനികളിലുമുണ്ട് ഈ വാദങ്ങള്‍ (2:80, 2:111, 5:18 നോക്കുക) ഈ വാദത്തെ അല്ലാഹു അടിയോടെ ഖണ്ഡിക്കുകയും, കളവാണെന്നത് സ്ഥാപിക്കുകയും ചെയ്യുന്നു. സത്യമായും, ആത്മാര്‍ത്ഥയോടു കൂടിയുമാണ് അവര്‍ ഈ വാദം പുറപ്പെടുവിക്കുന്നതെങ്കില്‍ അവരൊന്ന് മരിക്കുവാന്‍ കൊതിക്കട്ടെ എന്ന് പറഞ്ഞു അല്ലാഹു മതിയാക്കുന്നില്ല. ഒരു കാലത്തും അവരതിന് തയ്യാറാകുകയില്ലെന്ന് കൂടി ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. അത്രയുമല്ല എല്ലാ മനുഷ്യരെക്കാളും -പരലോകത്തില്‍ വിശ്വസിക്കാത്ത മുശ്‌രിക്കുകളെക്കാള്‍ പോലും- ജീവിക്കുവാനുള്ള ആഗ്രഹമാണവര്‍ക്കുള്ളതെന്നും, ഒരു പക്ഷേ ആയിരം കൊല്ലത്തെ ജീവിതം അവരില്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ തന്നെയും അതുകൊണ്ട് അവന് ശിക്ഷക്കു യാതൊരു ഒഴിവും ലഭിക്കുവാന്‍ പോകുന്നില്ലെന്നും കൂടി വ്യക്തമാക്കിയിരിക്കുന്നു.

فَتَمَنَّوُا الْمَوْتَ (നിങ്ങള്‍ മരിക്കുവാന്‍ കൊതിക്കുവിന്‍) എന്ന് പറഞ്ഞതിന്റെ താല്‍പര്യം അവര്‍ അവരുടെ മനസ്സു കൊണ്ട് മോഹിക്കുക എന്നാവാന്‍ തരമില്ല. കാരണം മനസ്സില്‍ ഒട്ടും മോഹമില്ലാതെത്തന്നെ ‘ഞങ്ങള്‍ മോഹിക്കുന്നു’ എന്നു അവർ പറയുന്നപക്ഷം അത് കളവാണെന്ന് സ്ഥാപിക്കുവാന്‍ പ്രയാസമാണല്ലോ. അതുകൊണ്ട് تَمَنَّوُا (നിങ്ങള്‍ കൊതിക്കുവിന്‍) എന്നു പറഞ്ഞതിന്റെ സാരം രണ്ട് പ്രകാരത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിച്ചിരിക്കുന്നു.

(1) ഞങ്ങള്‍ മരിച്ചാല്‍ നന്നായേനേ എന്ന് അവര്‍ വായകൊണ്ട് പറയുക എന്നാണുദ്ദേശ്യം. ക്വുര്‍ആന്റെ വാക്കിനോട് കൂടുതല്‍ യോജിച്ചത് ഇതാണെന്നും ഇതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നുമാണ് ഇമാം റാസി (رحمه الله) പറയുന്നത്.

(2) മുസ്‌ലിംകളും യഹൂദികളുമാകുന്ന ഇരുകക്ഷികളില്‍ അസത്യവാദിയായ കക്ഷി ഏതാണോ ആ കക്ഷി മരണമടയട്ടെ എന്നു പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ തയ്യാറാകുക എന്നാണ് സാരം. ഇബ്‌നു അബ്ബാസ് (رضي الله عنه)ന്റെ അഭിപ്രായം ഇതാണ്. ഇതനുസരിച്ച് ഇത് യഹൂദികളോടുള്ള ഒരു മുബാഹലഃ (അന്യോന്യം ശാപപ്രാര്‍ത്ഥന നടത്തല്‍) ക്കുള്ള ഒരു (*) വെല്ലുവിളിയായിരിക്കും. ഇബ്‌നുകഥീര്‍ (رحمه الله) ശരിവെച്ചിരിക്കുന്നത് ഈ അഭിപ്രായമാകുന്നു. ഒന്നാമത്തെ അഭിപ്രായത്തെ അദ്ദേഹം വിമര്‍ശിച്ചിരിക്കുകയാണ്. വിമര്‍ശനത്തിന്റെ ചുരുക്കം ഇതാകുന്നു:


(*) ഇരുകക്ഷികളില്‍ വ്യാജവാദിയായ കക്ഷി ഏതാണോ അതിന്റെ മേല്‍ അല്ലാഹുവിന്റെ ശാപത്തിനും ശിക്ഷക്കും വേണ്ടി ഇരുകൂട്ടരും പ്രാര്‍ത്ഥിക്കുന്നതിനാണ് മുബാഹലഃ (مُبَاھَلةَ) എന്നു പറയുന്നത്. ക്രിസ്ത്യാനികളെ ഒരു മുബാഹലഃക്ക് ആഹ്വാനം ചെയ്ത വിവരം ആലുഇംറാന്‍ 61ല്‍ വെച്ചുകാണാവുന്നതാണ്. 


‘ആ വ്യാഖ്യാനം യഹൂദികള്‍ക്കെതിരില്‍ ന്യായീകരിക്കാവതല്ല. അവരുടെ വാദത്തില്‍ അവര്‍ സത്യവാന്‍മാരാണെന്ന് അവര്‍ വിശ്വസിക്കുന്നത്‌ കൊണ്ട് അവര്‍ മരണത്തിന് കൊതിച്ചു കൊള്ളണമെന്നില്ല. മരണമോഹവും നന്‍മയും തമ്മില്‍ അഭേദ്യമായ ബന്ധമൊന്നുമില്ല. എത്രയോ നല്ല മനുഷ്യര്‍ മരണപ്പെടുവാന്‍ മോഹിക്കാത്തവരായുണ്ട്. കൂടുതല്‍ പദവികള്‍ ലഭിക്കുവാനായിരിക്കും അവരുടെ മോഹം. ആയുസ്സ് വര്‍ദ്ധിച്ചു കിട്ടുകയും കര്‍മം നന്നായിരിക്കുകയും ചെയ്തവനാണ് നിങ്ങളില്‍ വെച്ച് ഉത്തമന്‍ എന്ന് ഹദീഥില്‍ വന്നിട്ടുമുണ്ട്. യഹൂദികള്‍ ഇങ്ങനെ പറയുവാനും ഇടയുണ്ട്: ‘മുസ്‌ലിംകളേ, നിങ്ങള്‍ സ്വര്‍ഗാവകാശികളാണെന്നു നിങ്ങള്‍ പറയുന്നുവല്ലോ, എന്നിട്ടും നിങ്ങള്‍ ആരോഗ്യമുള്ളപ്പോള്‍ മരിക്കുവാന്‍ കൊതിക്കുന്നില്ല. എന്നിരിക്കെ, നിങ്ങള്‍ക്ക് ബാധകമാകാത്ത ആ കാര്യം ഞങ്ങള്‍ക്ക് ബാധകമാക്കുന്നതെങ്ങിനെ?’ പ്രസ്തുത വ്യാഖ്യാനത്തിന്റെ ന്യൂനതയാണിത്. ഇബ്‌നു അബ്ബാസ് (رضي الله عنه)ന്റെ വ്യാഖ്യാന പ്രകാരം ഈ ദോഷമൊന്നുമില്ല, നിങ്ങള്‍ സ്വര്‍ഗാവകാശികളും അല്ലാഹുവിന്റെ ഇഷ്ടക്കാരുമൊക്കെയാണെന്ന് നിങ്ങള്‍ക്ക് ശരിക്കു വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ ഒരു മുബാഹലഃക്കു തയ്യാറാകുവിന്‍. അഥവാ രണ്ടു കൂട്ടരില്‍ വ്യാജവാദിയായ കക്ഷി ഏതാണെങ്കില്‍ അവര്‍ മരണമടയട്ടെ എന്ന് പ്രാര്‍ത്ഥന നടത്തുക എന്നാണ് ആ വ്യാഖ്യാനത്തിന്റെ താല്‍പര്യം. മുബാഹലഃ വ്യാജവാദികളെ തീര്‍ച്ചയായും നശിപ്പിക്കുമെന്ന് യഹൂദികള്‍ക്ക് അറിയാവുന്നത് കൊണ്ട് അവരതിന് തയ്യാറായില്ല. ഈ മുബാഹലഃക്ക് تَمَنّى (കൊതിക്കുക) എന്നു പറയുവാന്‍ കാരണം അസത്യത്തിന്റെ കക്ഷിയെ അല്ലാഹു നശിപ്പിച്ചാല്‍ നന്നായേനേ എന്ന് സത്യത്തിന്റെ കക്ഷിക്കു കൊതിയുണ്ടാകുന്നതാണ്; വ്യക്തമായ തെളിവുള്ളപ്പോള്‍ വിശേഷിച്ചും.

ഏതായാലും യഹൂദികള്‍ ഈ വെല്ലുവിളിയെ നേരിടാന്‍ ധൈര്യപ്പെട്ടില്ല. ധൈര്യപ്പെടുകയില്ലെന്ന് അല്ലാഹു തീര്‍ത്തു പറയുകയും ചെയ്തിട്ടുണ്ടല്ലോ. അപ്പോള്‍, നബി (صلى الله عليه وسلم) തിരുമേനിയുടെ സത്യതക്ക് ഒന്നല്ല – രണ്ട് തെളിവുകള്‍ തന്നെ – ഈ വെല്ലുവിളി ഉള്‍ക്കൊള്ളുന്നു. യഹൂദികളോടുള്ള ഈ വെല്ലുവിളി സൂറത്തുല്‍ ജുമുഅഃയിലും ആവര്‍ത്തിക്കപ്പെട്ടു കാണാം قُلْ فَلِلَّهِ الْحُجَّةُ الْبَالِغَةُ

വിഭാഗം - 12

2:97
  • قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلْبِكَ بِإِذْنِ ٱللَّهِ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ ﴾٩٧﴿
  • (നബിയേ) പറയുക: ആരെങ്കിലും ജിബ്‌രീലിന് ശത്രുവാണെങ്കില്‍ (ആയിക്കൊള്ളട്ടെ)! എന്നാല്‍, അദ്ദേഹമത്രെ അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അത് [ക്വുര്‍ആന്‍] നിന്റെ ഹൃദയത്തില്‍ അവതരിപ്പിച്ചത്. അതിന്റെ മുമ്പിലുള്ളതിനെ സത്യമാക്കിക്കൊണ്ടും, സത്യവിശ്വാസികള്‍ക്ക് മാര്‍ഗ ദര്‍ശനവും, സന്തോഷ വാര്‍ത്തയുമായിക്കൊണ്ടും.
  • قُلْ നീ പറയുക مَن كَانَ ആരെങ്കിലുമാണെങ്കില്‍ عَدُوًّا ശത്രു لِّجِبْرِيلَ ജിബ്‌രീലിന് فَإِنَّهُ എന്നാലദ്ദേഹം نَزَّلَهُ അതിനെ അവതരിപ്പിച്ചു عَلَىٰ قَلْبِكَ നിന്റെ ഹൃദയത്തില്‍ بِإِذْنِ ഉത്തരവ് (അനുമതി) പ്രകാരം اللَّهِ അല്ലാഹുവിന്റെ مُصَدِّقًا സത്യമാക്കിക്കൊണ്ട് لِّمَا بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ളതിനെ وَهُدًى മാര്‍ഗദര്‍ശനമായും وَبُشْرَىٰ സന്തോഷവാര്‍ത്തയായും لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്
2:98
  • مَن كَانَ عَدُوًّا لِّلَّهِ وَمَلَٰٓئِكَتِهِۦ وَرُسُلِهِۦ وَجِبْرِيلَ وَمِيكَىٰلَ فَإِنَّ ٱللَّهَ عَدُوٌّ لِّلْكَٰفِرِينَ ﴾٩٨﴿
  • ആരെങ്കിലും അല്ലാഹുവിനും അവന്റെ മലക്കുകള്‍ക്കും അവന്റെ റസൂലുകള്‍ക്കും ജിബ്‌രീലിനും മീകാഈലിനും ശത്രുവാണെങ്കില്‍ (അവര്‍ അറിഞ്ഞിരിക്കട്ടെ): എന്നാല്‍, നിശ്ചയമായും അല്ലാഹു (ആ) അവിശ്വാസികള്‍ക്ക് ശത്രുവാകുന്നു.
  • مَن كَانَ ആരെങ്കിലുമായാല്‍ عَدُوًّا ശത്രു لِّلَّهِ അല്ലാഹുവിന് وَمَلَائِكَتِهِ അവന്റെ മലക്കുകള്‍ക്കും وَرُسُلِهِ അവന്റെ റസൂലുകള്‍ക്കും, ദൂതന്‍മാര്‍ക്കും وَجِبْرِيلَ ജിബ്‌രീലിനും وَمِيكَالَ മീകാഈലിനും فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു عَدُوٌّ ശത്രുവാണ് لِّلْكَافِرِينَ അവിശ്വാസികള്‍ക്ക്

ജിബ്‌രീല്‍ (عليه السلام) തങ്ങളുടെ ശത്രുവാണെന്നും, അതിനാല്‍ അദ്ദേഹം കൊണ്ടുവന്നു തന്ന ക്വുര്‍ആന്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും യഹൂദികള്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഈ വചനങ്ങള്‍ അവതരിച്ചതെന്നുള്ളതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. ജിബ്‌രീലിനെ ആരെങ്കിലും ശത്രുവായി ഗണിക്കുന്നുവെങ്കില്‍ ഗണിക്കട്ടെ, അതിന്റെ ഫലം അവര്‍ക്ക് കാണാം. എന്നാല്‍, അവര്‍ ഒരു യഥാര്‍ത്ഥം അറിഞ്ഞിരിക്കട്ടെ: അല്ലാഹുവിന്റെ ഉത്തരവ് പ്രകാരമാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അദ്ദേഹം ക്വുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. അല്ലാതെ, അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടത്തിനൊത്ത് അവതരിപ്പിച്ചതൊന്നുമല്ല. അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാണദ്ദേഹം. ക്വുര്‍ആനാകട്ടെ, മുന്‍ വേദങ്ങളെ നിഷേധിക്കുന്നുമില്ല. അവയുടെ സത്യത സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്. അതോടുകൂടി സത്യവിശ്വാസികള്‍ക്ക് അത് സന്‍മാര്‍ഗദായകവും, വമ്പിച്ച നേട്ടങ്ങളെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നതുമാണ്താനും. എന്നിരിക്കെ, ജിബ്‌രീലിനോട് പകവെക്കുന്നവര്‍, അല്ലാഹുവിനോടും, അവന്റെ ദൂതന്മാരായ ജിബ്‌രീല്‍, മീകാഈല്‍ തുടങ്ങിയ മലക്കുകളോടും, മനുഷ്യദൂതന്‍മാരായ പ്രവാചകന്‍മാരോടും പകവെക്കുകയാണ് ചെയ്യുന്നത്. ഇതാകട്ടെ തനി കുഫ്‌റും നിഷേധവുമാണ്. അല്ലാഹു അവരുടെ ശത്രുവുമാകുന്നു. എന്നൊക്കെയാണ് അല്ലാഹു അവരോട് പറഞ്ഞതിന്റെ സാരം.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും, യഹൂദികളും തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍, അവിടുത്തെ പ്രവാചകത്വത്തെ സംബന്ധിച്ച ഒരു വാഗ്വാദത്തിലായിരുന്നു അവര്‍ ജിബ്‌രീല്‍ (عليه السلام) തങ്ങളുടെ ശത്രുവാണെന്ന് പറഞ്ഞതെന്നും, അതല്ല, ഉമറും (رضي الله عنه) അവരും തമ്മില്‍ നടന്ന ഒരു സംഭാഷണത്തിലാണ് അതുണ്ടായതെന്നും കാണിക്കുന്ന രണ്ട് തരം രിവായത്തുകള്‍ കാണാം. എങ്കിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി നടന്ന സംഭാഷണത്തിലാണെന്നുള്ള രിവായത്തുകള്‍ക്കാണ് മുന്‍ഗണനയുള്ളത്. രണ്ടായിരുന്നാലും അവയുടെ സാരം ചുരുക്കത്തില്‍ ഇതാണ്: യഹൂദികള്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. മറുപടി അവര്‍ സമ്മതിക്കേണ്ടി വരുകയും ചെയ്തു. എന്നാല്‍ പിന്നെ നിങ്ങള്‍ എന്തുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുന്നില്ല? എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വഹ്‌യ് കൊണ്ടുവരുന്നത് ജിബ്‌രീലാകകൊണ്ടാണ് ഞങ്ങള്‍ വിശ്വസിക്കാത്തത്. അദ്ദേഹം ഞങ്ങളുടെ ശത്രുവാണ്. ആപത്തുകളും ശിക്ഷകളുമായി വരുന്ന ആളാണദ്ദേഹം. മീകാഈലാണ് കൊണ്ടുവരുന്നതെങ്കില്‍ ഞങ്ങള്‍ വിശ്വസിക്കുമായിരുന്നു. അദ്ദേഹം ഞങ്ങളുടെ മിത്രമാണ്.

അനസ് (رضي الله عنه) പ്രസ്താവിച്ചതായി ബുഖാരി (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍ വന്നിട്ടുള്ളതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘റസൂല്‍ തിരുമേനി’  (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  മദീനയില്‍ വന്ന വിവരം അറിഞ്ഞ് അബ്ദുല്ലാഹിബ്‌നു സലാം (റ) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു. പ്രവാചകന്‍മാര്‍ക്കല്ലാതെ മറുപടി പറയുവാന്‍ കഴിയാത്ത ചില കാര്യങ്ങളെക്കുറിച്ച് ഞാന്‍ ചോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അല്‍പം മുമ്പ് ജിബ്‌രീല്‍ (عليه السلام) എനിക്ക് അവയെക്കുറിച്ച് വിവരം നല്‍കിയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതിന് മറുപടി കൊടുത്തു. ജിബ്‌രീല്‍ (عليه السلام) നെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ജിബ്‌രീലോ? അദ്ദേഹം യഹൂദികളുടെ ശത്രുവാണ്. അപ്പോള്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വചനങ്ങള്‍ ഓതി, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മറുപടി കേട്ട് അബ്ദുല്ലാഹിബ്‌നു സലാം (റ) അപ്പോള്‍ തന്നെ വിശ്വസിക്കുകയും ചെയ്തു. ഇമാം അസ്‌ക്വലാനി (റ) ബുഖാരിയുടെ വ്യാഖ്യാനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ, അബ്ദുല്ലാഹിബ്‌നു സലാം (റ) ന്റെ സംഭാഷണത്തിന് മുമ്പ് ഈ വചനങ്ങള്‍ അവതരിച്ചിട്ടുണ്ടായിരിക്കുമെന്നാണ് ഈ ഹദീഥില്‍ നിന്ന് വ്യക്തമാകുന്നത് الله أعلم യഹൂദികളുടെ കൂട്ടത്തിലുള്ള ഒരു വലിയ പണ്ഡിതനും നേതാവുമായിരുന്നു അബ്ദുല്ലാഹിബ്‌നു സലാം (റ).

2:99
  • وَلَقَدْ أَنزَلْنَآ إِلَيْكَ ءَايَٰتٍۭ بَيِّنَٰتٍ ۖ وَمَا يَكْفُرُ بِهَآ إِلَّا ٱلْفَٰسِقُونَ ﴾٩٩﴿
  • തീര്‍ച്ചയായും നിനക്ക് നാം സുവ്യക്തങ്ങളായ പല ദൃഷ്ടാന്തങ്ങള്‍ ഇറക്കിത്തന്നിട്ടുണ്ട് തോന്നിയവാസികളല്ലാതെ (ആരും) അവയില്‍ അവിശ്വസിക്കുകയില്ല.
  • وَلَقَدْ തീര്‍ച്ചയായും ഉണ്ട് أَنزَلْنَا നാം ഇറക്കി(യിട്ടുണ്ട്) إِلَيْكَ നിനക്ക് آيَاتٍ പലദൃഷ്ടാന്തങ്ങള്‍, സൂക്തങ്ങള്‍ بَيِّنَاتٍ സുവ്യക്തമായ وَمَا يَكْفُرُ അവിശ്വസിക്കുകയില്ല (താനും) بِهَا അവയില്‍ إِلَّا الْفَاسِقُونَ തോന്നിയവാസികള്‍ (ദുര്‍ന്നടപ്പുകാര്‍) അല്ലാതെ
2:100
  • أَوَكُلَّمَا عَٰهَدُوا۟ عَهْدًا نَّبَذَهُۥ فَرِيقٌ مِّنْهُم ۚ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ ﴾١٠٠﴿
  • അവര്‍ വല്ല കരാറും (പ്രതിജ്ഞയും) ചെയ്യുമ്പോഴൊക്കെയും അവരില്‍ നിന്ന് ഒരു കൂട്ടര്‍ അതിനെ വലിച്ചെറിയുകയാണോ?! എന്നല്ല, അവരില്‍ അധികമാളും വിശ്വസിക്കുന്നില്ല.
  • أَوَكُلَّمَا എല്ലായ്‌പ്പോഴുമോ عَاهَدُوا അവര്‍ കരാര്‍ ചെയ്തു عَهْدًا വല്ല കരാറും, ഒരു ഉടമ്പടി نَّبَذَهُ അതിനെ ഇട്ടു (എറിഞ്ഞു) കളഞ്ഞു فَرِيقٌ مِّنْهُم അവരില്‍ നിന്ന് ഒരു സംഘം بَلْ എന്നല്ല, പക്ഷേ أَكْثَرُهُمْ അവരിലധികം (ആള്‍) لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല
2:101
  • وَلَمَّا جَآءَهُمْ رَسُولٌ مِّنْ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمْ نَبَذَ فَرِيقٌ مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ كِتَٰبَ ٱللَّهِ وَرَآءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ ﴾١٠١﴿
  • അവരുടെ കൂടെയുള്ളതിനെ സത്യമാക്കുന്നതായ ഒരു റസൂല്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വന്നപ്പോള്‍, ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു കൂട്ടര്‍ അല്ലാഹുവിന്റെ ഗ്രന്ഥം തങ്ങളുടെ പിന്‍പുറത്തേക്ക് വലിച്ചെറിഞ്ഞു: അവര്‍ അറിയാത്തതുപോലെ.
  • وَلَمَّا جَاءَهُمْ അവര്‍ക്ക് വന്നപ്പോള്‍ رَسُولٌ ഒരു റസൂല്‍ مِّنْ عِندِ اللَّهِ അല്ലാഹുവിന്റെ അടുക്കല്‍ നിന്ന് مُصَدِّقٌ സത്യമാക്കുന്ന لِّمَا مَعَهُمْ അവരുടെ കൂടെയുള്ളതിനെ نَبَذَ ഇട്ടു(എറിഞ്ഞു)കളഞ്ഞു فَرِيقٌ ഒരു കൂട്ടര്‍, വിഭാഗം مِّنَ الَّذِينَ യാതൊരുവരില്‍ നിന്ന് أُوتُوا الْكِتَابَ അവര്‍ക്ക് (വേദ)ഗ്രന്ഥം നല്‍കപ്പെട്ടു كِتَابَ اللَّهِ അല്ലാഹുവിന്റെ ഗ്രന്ഥത്തെ وَرَاءَ പിമ്പുറത്ത് ظُهُورِهِمْ തങ്ങളുടെ മുതുകുക (പുറം) ളുടെ كَأَنَّهُمْ അവര്‍ (ആകുന്നു) എന്നപോലെ لَا يَعْلَمُونَ അവര്‍ അറിയുന്നില്ല

സുവ്യക്തങ്ങളായ ദൃഷ്ടാന്തങ്ങള്‍ (آيَاتٍ بَيِّنَاتٍ) എന്ന വാക്ക് ഏതെങ്കിലും പ്രത്യേകതരത്തിലുള്ള ദൃഷ്ടാന്തങ്ങളെ സൂചിപ്പിക്കുന്നില്ലെങ്കിലും സന്ദര്‍ഭം നോക്കുമ്പോള്‍, വേദക്കാരുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങളെ ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതല്‍ സാധ്യത. യഹൂദികള്‍ക്ക് മാത്രം അറിയാവുന്ന വിവരങ്ങള്‍, അല്ലെങ്കില്‍ അവരുടെ പണ്ഡിതന്മാര്‍ക്കു മാത്രം അറിയാമായിരുന്ന രഹസ്യങ്ങള്‍, മുന്‍ഗാമികളായ ഇസ്‌റാഈല്യരില്‍ കഴിഞ്ഞു പോയ വാര്‍ത്തകള്‍, വേദഗ്രന്ഥത്തില്‍ അവര്‍ നടത്തിയ കൈകടത്തലുകള്‍ ആദിയായവയെപ്പറ്റി ക്വുര്‍ആന്‍ മുഖേന നബിവെളിപ്പെടുത്തിയ ദൃഷ്ടാന്തങ്ങളെല്ലാം അതില്‍ ഉള്‍പ്പെടുന്നു. അക്ഷരജ്ഞാനവും, വേദഗ്രന്ഥങ്ങളെക്കുറിച്ച് പരിചയവും ഇല്ലാത്ത നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതെല്ലാം വെളിപ്പെടുത്തുമ്പോള്‍ അവിടുത്തെ സത്യതയെ നിഷേധിക്കുവാന്‍ നിഷ്പക്ഷ ബുദ്ധിയും നീതിബോധവുമുള്ള ആര്‍ക്കും സാദ്ധ്യമല്ലല്ലോ. ധിക്കാരികളും തോന്നിയവാസികളും മാത്രമേ അതിനു മുതിരുകയുള്ളൂ. പ്രതിജ്ഞകളും, കരാറുകളും ലംഘിക്കല്‍ ഇസ്‌റാഈല്യരുടെ ചിരകാല പാരമ്പര്യമാണെന്ന് ഇതുവരെയുള്ള വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാലും അതില്‍ ഉള്‍പ്പെടാത്തവരായി ചുരുക്കം വ്യക്തികളെങ്കിലും നല്ലവരുണ്ടായിരിക്കുമെന്ന് പറയേണ്ടതില്ല. അതാണ് ‘അവര്‍ അത് വലിച്ചെറിഞ്ഞു’ എന്നു പറയാതെ അവരില്‍ ഒരു കൂട്ടര്‍ അത് വലിച്ചെറിഞ്ഞു (نَّبَذَهُ فَرِيقٌ مِّنْهُم) എന്ന് പറഞ്ഞതിലെ സൂചന. പക്ഷേ, കരാര്‍ പാലിക്കാതെ വലിച്ചെറിഞ്ഞവരായിരുന്നു അവരില്‍ അധികഭാഗവും എന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. കരാര്‍ ലംഘിക്കുക പതിവാക്കിയ അവര്‍ അവസാനം അവരുടെ വേദഗ്രന്ഥത്തെതന്നെ പുറം തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. അതെ, അവരുടെ ഗ്രന്ഥത്തില്‍ പ്രവചിച്ചതും, അവര്‍ക്ക് വേണ്ടത്ര അറിയാവുന്നതും അവര്‍ അക്ഷമരായി കാത്തിരുന്നതും, തങ്ങളുടെ ഗ്രന്ഥത്തിന്റെ സത്യത ശരിവെച്ചു സ്ഥാപിക്കുന്നതുമായ ആ അന്ത്യപ്രവാചകന്‍ വന്നു കഴിഞ്ഞപ്പോള്‍, തങ്ങള്‍ക്ക് അദ്ദേഹത്തെപ്പറ്റി യാതൊന്നും അറിയാത്ത ഭാവത്തില്‍ -തനി അസൂയയും ധിക്കാരവും കൊണ്ട് മാത്രം- അദ്ദേഹത്തെ അവര്‍ നിഷേധിക്കുകയാണ് ചെയ്തത്. അങ്ങനെ തങ്ങള്‍ വിശ്വസിക്കുന്നതും, തങ്ങളുടെ ഏക ഗ്രന്ഥമെന്ന് അവര്‍ അവകാശപ്പെടുന്നതുമായ തൗറാത്തിനെ പുറകോട്ട് വലിച്ചെറിയുകയാണ് ഫലത്തില്‍ അവര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അത് മാത്രമോ? അവര്‍ ‘സിഹ്‌റി’ന്റെ മാര്‍ഗം പിന്‍പറ്റുക കൂടി ചെയ്തിരിക്കുകയാണ്. അല്ലാഹു പറയുന്നു:

2:102
  • وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَٰطِينُ عَلَىٰ مُلْكِ سُلَيْمَٰنَ ۖ وَمَا كَفَرَ سُلَيْمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَٰرُوتَ وَمَٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْءَاخِرَةِ مِنْ خَلَٰقٍ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ ﴾١٠٢﴿
  • സുലൈമാന്റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കള്‍ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവര്‍ പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യര്‍ക്ക് 'സിഹ്ര്‍' [ആഭിചാരം] പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലില്‍ [ബാബിലോണില്‍] ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും (അവര്‍ പിന്‍പറ്റി) (അവരാകട്ടെ) 'ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതിനാല്‍ നീ അവിശ്വസിച്ചു പോകരുത്' എന്ന് പറയാതെ ഒരാള്‍ക്കും അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാല്‍, മനുഷ്യന്റെയും, അവന്റെ ഇണയുടെയും ഇടയില്‍ ഭിന്നിപ്പിക്കുന്ന കാര്യം അവര്‍ ആ രണ്ടാളില്‍ നിന്നും പഠിച്ചിരുന്നു. (വാസ്തവത്തില്‍), അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ഒരാള്‍ക്കും തന്നെ അതുകൊണ്ട് അവര്‍ ഉപദ്രവം വരുത്തുന്നവരല്ലതാനും, അവര്‍ക്ക് ഉപദ്രവം വരുത്തുകയും അവര്‍ക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവര്‍ പഠിക്കുകയും ചെയ്യും. തീര്‍ച്ചയായും, അവര്‍ അറിഞ്ഞിട്ടുണ്ട്: അതിനെ ആര്‍ വാങ്ങിയോ അവന് പരലോകത്തില്‍ യാതൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവര്‍ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു (കളഞ്ഞു)വോ അത് വളരെ ചീത്തതന്നെ! അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനേ)!
  • وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തു مَا تَتْلُو ഓതിയിരുന്നതിനെ الشَّيَاطِينُ പിശാചുക്കള്‍ عَلَىٰ مُلْكِ രാജത്വത്തിന്റെ പേരില്‍, രാജവാഴ്ചയെപ്പറ്റി سُلَيْمَانَ സുലൈമാന്റെ وَمَا كَفَرَ അവിശ്വസിച്ചിട്ടുമില്ല سُلَيْمَانُ സുലൈമാന് ‍وَلَٰكِنَّ الشَّيَاطِينَ എങ്കിലും പിശാചുക്കള്‍ كَفَرُوا അവര്‍ അവിശ്വസിച്ചു يُعَلِّمُونَ പഠിപ്പിച്ചുകൊണ്ട് النَّاسَ മനുഷ്യര്‍ക്ക് السِّحْرَ സിഹ്ര്‍, ആഭിചാരം, മാരണം وَمَا أُنزِلَ ഇറക്കപ്പെട്ടതും عَلَى الْمَلَكَيْنِ രണ്ട് മലക്കുകളുടെ മേല്‍ بِبَابِلَ ബാബിലി (ബാബിലോണി)ല്‍ هَارُوتَ അതായത് ഹാറൂത്തിന് وَمَارُوتَ മാറൂത്തിനും وَمَا يُعَلِّمَانِ അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നില്ല مِنْ أَحَدٍ ഒരാള്‍ക്കും തന്നെ حَتَّىٰ يَقُولَا അവര്‍ രണ്ടാളും പറയുന്നത് വരെ (പറയാതെ) إِنَّمَا نَحْنُ ഞങ്ങള്‍ മാത്രമാണ് , നിശ്ചയമായും ഞങ്ങള്‍ فِتْنَةٌ ഒരു പരീക്ഷണം (മാത്രമാണ്) فَلَا تَكْفُرْ അതിനാല്‍ നീ അവിശ്വസിക്കരുത്, കാഫിറാകേണ്ട فَيَتَعَلَّمُونَ എന്നിട്ട് അവര്‍ പഠിച്ചിരുന്നു, പഠിക്കും مِنْهُمَا രണ്ടാളില്‍ നിന്നും مَا യാതൊന്ന്, ഒരു കാര്യം يُفَرِّقُونَ അവര്‍ ഭിന്നിപ്പുണ്ടാക്കും, വേര്‍പ്പെടുത്തും بِهِ അതുകൊണ്ട്, അതിനാല്‍ بَيْنَ الْمَرْءِ മനുഷ്യന്റെ ഇടയില്‍ وَزَوْجِهِ അവന്റെ ഇണ (ഭാര്യ)യുടെയും وَمَا هُم അവരല്ലതാനും بِضَارِّينَ ഉപദ്രവം വരുത്തുന്നവര്‍ بِهِ അതുകൊണ്ട് مِنْ أَحَدٍ ഒരാളെയും (തന്നെ) إِلَّا بِإِذْنِ അനുമതി (ഉത്തരവ്)കൂടാതെ اللَّهِ അല്ലാഹുവിന്റെ وَيَتَعَلَّمُونَ അവര്‍ പഠിക്കുകയും ചെയ്യും مَا يَضُرُّهُمْ അവര്‍ക്ക് ഉപദ്രവം വരുത്തുന്നത് وَلَا يَنفَعُهُمْ അവര്‍ക്ക് ഉപകാരം ചെയ്യാത്തതും وَلَقَدْ عَلِمُوا തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട് لَمَنِ اشْتَرَاهُ അതിനെ വാങ്ങിയവന്‍ (തീര്‍ച്ചയായും) مَا لَهُ അവനില്ല فِي الْآخِرَةِ പരലോകത്തില്‍ مِنْ خَلَاقٍ ഒരു ഓഹരിയും, വിഹിതവും وَلَبِئْسَ വളരെ ചീത്തതന്നെ مَا യാതൊന്ന് (കാര്യം) شَرَوْا അവര്‍ വിറ്റു بِهِ അതിന് أَنفُسَهُمْ തങ്ങളെത്തന്നെ, തങ്ങളുടെ സ്വന്തങ്ങളെ لَوْ كَانُوا അവരായിരുന്നെങ്കില്‍ (നന്നായേനെ) يَعْلَمُونَ അവര്‍ അറിയും
2:103
  • وَلَوْ أَنَّهُمْ ءَامَنُوا۟ وَٱتَّقَوْا۟ لَمَثُوبَةٌ مِّنْ عِندِ ٱللَّهِ خَيْرٌ ۖ لَّوْ كَانُوا۟ يَعْلَمُونَ ﴾١٠٣﴿
  • അവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍! അല്ലാഹുവിങ്കല്‍ നിന്നുള്ള ഏതൊരു പ്രതിഫലവും ഏറ്റവും ഉത്തമമത്രെ. അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനെ)!
  • وَلَوْ أَنَّهُمْ അവര്‍ ആയിരുന്നെങ്കില്‍ آمَنُوا അവര്‍ വിശ്വസിച്ചു وَاتَّقَوْا അവര്‍ സൂക്ഷിക്കുകയും ചെയതു لَمَثُوبَةٌ തീര്‍ച്ചയായും വല്ല പ്രതിഫലവും, ഒരു പ്രതിഫലം مِّنْ عِندِ اللَّهِ അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള خَيْرٌ നല്ലതാണ്, ഏറ്റം ഉത്തമമാണ് لَّوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അവര്‍ അറിയും

ഇസ്‌റാഈല്യര്‍ തങ്ങളുടെ വേദഗ്രന്ഥത്തിന്റെ അദ്ധ്യാപനങ്ങളെ പുറം തള്ളിക്കളഞ്ഞ വിവരം കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ചു. അവരുടെ മറ്റൊരു ദുഷ്‌ചെയ്തിയാണ് ഈ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത് . സിഹ്ര്‍ അഥവാ ക്ഷുദ്രകല അഭ്യസിക്കലും, പ്രവര്‍ത്തിക്കലും, പ്രചരിപ്പിക്കലും, അതിന് മതത്തിന്റെ പരിവേഷം നല്‍കലും അവരുടെ പതിവായിരുന്നു. പല കൃതികളും ഈ വിഷയത്തില്‍ അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അങ്ങിനെയുള്ള കൃതികളെല്ലാം ശേഖരിച്ചു സുലൈമാന്‍ നബി (عليه السلام) ഭൂമിക്കടിയില്‍ കുഴിച്ചിട്ടുവെന്നും, അദ്ദേഹത്തിന്റെ മരണത്തിന്‌ശേഷം പിശാചുക്കള്‍ അവയെപ്പറ്റി മനുഷ്യര്‍ക്ക് അറിവ് കൊടുത്തുവെന്നും, ജനങ്ങള്‍ അവ കണ്ടെടുത്തു അവ ഉപയോഗപ്പെടുത്തി വന്നുവെന്നും പ്രസ്താവിക്കപ്പെട്ടു കാണുന്നു. ഏതായാലും സുലൈമാന്‍ (عليه السلام)ന്റെ രാജവാഴ്ച നടന്ന കാലത്ത് ജിന്നുകള്‍, പറവകള്‍ മുതലായവയെ കീഴ്‌പ്പെടുത്തുക തുടങ്ങി മറ്റാര്‍ക്കും സിദ്ധിക്കാത്ത പല കഴിവുകളും അദ്ദേഹത്തിന് സിദ്ധിച്ചിരുന്നുവല്ലോ. ഇതൊക്കെ സിഹ്ര്‍ മൂലമാണെന്ന് അവര്‍ ജനമദ്ധ്യെ പ്രചരിപ്പിച്ചു. അങ്ങിനെ സിഹ്‌റിന് പ്രചുരപ്രചാരണം സിദ്ധിച്ചു. ഇതിനെപ്പറ്റിയാണ് ഈ വചനത്തില്‍ പരമാര്‍ശിക്കുന്നത്. സിഹ്‌റിന്റെ പാരമ്പര്യം നിലനിറുത്തിപ്പോന്ന യഹൂദികള്‍ സുലൈമാന്‍ (عليه السلام) നെ ആഭിചാര വിദഗ്ധനായ ഒരു രാജാവായി ഗണിച്ചു വരുന്നു. അതിനൊരു ഖണ്ഡനം കൂടിയാണ് ഈ വചനം.

تلاوة (ഓതുക, പാരായണം ചെയ്യുക) എന്ന വാക്ക് വേദഗ്രന്ഥങ്ങളെപ്പോലെ വന്ദിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ വായനയിലാണ് സാധാരണ ഉപയോഗിക്കപ്പെടാറുള്ളത്. സിഹ്‌റിന് ഒരു മത വിജ്ഞാനത്തിന്റെ ഛായകൂടി അവര്‍ നല്‍കിയിരുന്നത് കൊണ്ടാണ് مَاتَتْلوُالشَّيَاطِين (പിശാചുക്കള്‍ ഓതിക്കൊടുത്തിരുന്നത്) എന്ന് സിഹ്‌റിന്റെ വായനയെപ്പറ്റി പ്രസ്താവിച്ചതെന്ന് ഇമാം റാഗിബ് (റ) ചൂിക്കാട്ടിയിരിക്കുന്നു. പിശാചുക്കള്‍ കൊണ്ട് ഇവിടെ ഉദ്ദേശ്യം ജിന്ന് വര്‍ഗത്തില്‍ പെട്ടവരും, മനുഷ്യവര്‍ഗത്തില്‍ പെട്ടവരുമായ രണ്ട് തരം പിശാചുക്കളുമാണെന്നാണ് മനസ്സിലാകുന്നത്. മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കളെ എല്ലാ നബിമാര്‍ക്കും നാം ശത്രുക്കളാക്കിയിട്ടുണ്ട്  وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الْإِنسِ وَالْجِنِّ…. എന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ.

ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം, വശീകരണം, ജാലവിദ്യ, കണ്‍കെട്ട്, മാരണം എന്നീ അര്‍ത്ഥങ്ങളിലെല്ലാം മൊത്തത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് സിഹ്ര്‍ (السِّحْر) കാര്യകാരണബന്ധം മനസ്സിലാക്കുവാന്‍ പ്രയാസമായ എല്ലാ ഉപായകൃത്യങ്ങള്‍ക്കും സിഹ്ര്‍ എന്നു പറയാം. സിഹ്‌റിന്റെ പല വകുപ്പുകളും ഉദാഹരണങ്ങളും പല മഹാന്‍മാരും വിവരിച്ചു കാണാം. ചുരുക്കത്തില്‍ മന്ത്രതന്ത്രങ്ങള്‍, ജപഹോമാദികള്‍, ഉറുക്കുനറുക്കുകള്‍, അക്കക്കളങ്ങള്‍, രക്ഷാതകിടുകള്‍, കയ്യൊതുക്കം, മെസ്മരിസം, ഹിപ്‌നോട്ടിസം, മയക്കുവിദ്യകള്‍ ആദിയായവയെല്ലാം സിഹ്‌റിന്റെ ഇനങ്ങളത്രെ. ‘ഇസ്മിന്റെ പണി’, ‘ത്വല്‍സമാത്ത്’ മുതലായ പേരുകളിലറിയപ്പെടുന്ന വിദ്യകളും അങ്ങിനെത്തന്നെ. മിക്കതിലും ഭൂതം, ജിന്ന്, മലക്ക്, ദേവന്‍, ദേവി, പിശാച്, മരണമടഞ്ഞവര്‍, നക്ഷത്രഗ്രഹങ്ങള്‍ ആദിയായ ഏതില്‍ നിന്നെങ്കിലുമുള്ള സഹായാര്‍ത്ഥനകളും ചില പ്രത്യേക തരത്തിലുള്ള കര്‍മമുറകളും അടങ്ങിയിരിക്കും. ചിലപ്പോള്‍, ചില മരുന്നുകളും മന്ത്രതന്ത്രങ്ങളും കൂട്ടിയിണക്കിക്കൊണ്ടുമായിരിക്കും. ഗൂഢവും അദൃശ്യവുമായ മാര്‍ഗത്തിലൂടെ ആപത്തുകളില്‍ നിന്ന് രക്ഷനേടുക, ശത്രുക്കള്‍ക്കും മറ്റും ആപത്ത് വരുത്തുക, മറഞ്ഞ കാര്യങ്ങള്‍ അറിയുക, വന്‍കാര്യങ്ങള്‍ സാധിക്കുക, ആളുകളെ തമ്മില്‍ ഇണക്കുകയോ പിണക്കുകയോ ചെയ്യുക, മരണപ്പെട്ടവരുടെ ആത്മാക്കളുമായി ബന്ധപ്പെടുക, അല്‍ഭുത കൃത്യങ്ങള്‍ കാണിക്കുക മുതലായവയാണ് സിഹ്‌റിന്റെ ലക്ഷ്യങ്ങള്‍. മിക്കവാറും ഇനങ്ങള്‍ യാഥാര്‍ത്ഥ്യമില്ലാത്തതും, തനി പകിട്ടും മായയുമായിരിക്കും. ചിലതാകട്ടെ, മാനസികമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നതും, അതുവഴി ചില അനുഭവങ്ങള്‍ പ്രകടമാകുന്നതുമായിരിക്കും.

മേല്‍ വിവരിച്ചതില്‍ നിന്ന് സിഹ്ര്‍ പലതരത്തിലുണ്ടെന്നും, ഗൗരവത്തിലും ലാഘവത്തിലും എല്ലാം ഒരു പോലെയല്ലെന്നും മനസ്സിലാക്കാമല്ലോ. മൊത്തത്തില്‍ എല്ലാം കുറ്റകരവും വെറുക്കപ്പെട്ടതും തന്നെയാണെങ്കിലും എല്ലാതരം സിഹ്‌റും യഥാര്‍ത്ഥത്തില്‍ ശിര്‍ക്കും കുഫ്‌റുമാകുന്നില്ല എന്നുള്ളതാണ് വാസ്തവം. എല്ലാ സിഹ്‌റും കുഫ്‌റാണെന്ന് ചിലര്‍ പറഞ്ഞുകാണാമെങ്കിലും സിഹ്‌റിന്റെ അര്‍ത്ഥവ്യാപ്തിയും അതിലെ തരാതരങ്ങളും ഗൗനിക്കാതെയുള്ള ഒരഭിപ്രായമാണത്. ഏതായാലും സത്യവിശ്വാസത്തിനും സത്യവിശ്വാസികള്‍ക്കും യോജിക്കാത്തതും അവിശ്വാസത്തിനും, അവിശ്വാസികള്‍ക്കും മാത്രം യോജിക്കുന്നതുമാണ് സിഹ്‌റിന്റെ എല്ലാ ഇനങ്ങളുമെന്നതില്‍ സംശയമില്ല. كُفْر (കുഫ്ര്‍)എന്ന ശീര്‍ഷകത്തില്‍ ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയ ഒരു വസ്തുത ഇവിടെ അറിയുന്നത് ഉപകാരമായിരിക്കും. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: ‘പ്രശംസിക്കപ്പെട്ട എല്ലാ (നല്ല) കാര്യങ്ങളും, ഈമാനില്‍ (സത്യവിശ്വാസത്തില്‍) ഉള്‍പ്പെടുത്തപ്പെട്ടതാകകൊണ്ട് ആക്ഷേപിക്കപ്പെട്ട എല്ലാ (ചീത്ത) കാര്യങ്ങളും കുഫ്‌റില്‍ (അവിശ്വാസത്തില്‍) ഉള്‍പ്പെടുന്നതായും ഗണിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് സിഹ്‌റിനെക്കുറിച്ച് പറഞ്ഞപ്പോള്‍ (ഇവിടെ) ‘സുലൈമാന്‍ അവിശ്വസിച്ചിട്ടില്ല, എങ്കിലും സിഹ്ര്‍ പഠിപ്പിച്ചുംകൊണ്ട് പിശാചുക്കള്‍ അവിശ്വസിച്ചിരിക്കുന്നു’ എന്നും ഹജ്ജിന്റെ നിര്‍ബന്ധത്തെപ്പറ്റി പറഞ്ഞപ്പോള്‍ ആരെങ്കിലും അവിശ്വസിച്ചാല്‍ അല്ലാഹു ലോകരുടെ ആശ്രയം വേണ്ടാത്തവനാണ് (3:97) എന്നുമൊക്കെ (ക്വുര്‍ആനില്‍) പറഞ്ഞിരിക്കുന്നത്.’

സുലൈമാന്‍ നബി (عليه السلام)യുടെ ജ്ഞാനം, അദ്വിതീയവും അതിവിദഗ്ധവുമായ രാജവാഴ്ച, ഭരണപരവും കലാപരവുമായ അഭിവൃദ്ധി ആദിയായവയെപ്പറ്റി വേദക്കാര്‍ പുകഴ്ത്തിപ്പറയുക പതിവാണ്. അവരുടെ ഗ്രന്ഥങ്ങളില്‍ അതുസംബന്ധമായ അനേകം പ്രസ്താവനകളും കാണാം. അതേ സമയത്ത് അദ്ദേഹത്തെ അവര്‍ ഒരു പ്രവാചകനായ രാജാവായിട്ടല്ല ഗണിക്കുന്നത്. കേവലം അക്രമിയും, ധൂര്‍ത്തനും, സ്വേച്ഛാധിപതിയുമായ ഒരു രാജാവായിട്ടേ ഗണിക്കുന്നുള്ളൂ. വിഗ്രഹാരാധന പോലും അദ്ദേഹത്തിന്റെ പേരില്‍ അവര്‍ ചുമത്തിക്കാണാം. വേദ പുസ്തക നിഘണ്ടുവില്‍ അദ്ദേഹത്തെ പരാമര്‍ശിച്ചെഴുതിയ ചില വാക്യങ്ങളില്‍ നിന്നുതന്നെ ഈ വാസ്തവം മനസ്സിലാക്കാവുന്നതാണ്. അതിലെ ചില വാചകങ്ങള്‍ നോക്കുക:

(1) ഇവന്‍ (ശലോമോന്‍) ഇതര ജനങ്ങളാല്‍ എത്രത്തോളം പ്രശംസനീയനായിത്തീര്‍ന്നുവോ അത്രത്തോളം സ്വജനങ്ങളെ നാശഗര്‍ത്തത്തിലേക്ക് വലിച്ചുകൊണ്ടുപോയി എന്ന് പറയാവുന്നതാണ്. എങ്കിലും ഇവന്റെ കാലത്ത് യഹോവയുടെ ആരാധനക്ക് വളരെ പ്രസിദ്ധിയുണ്ടായി.

(2) ഇവന്‍ (ശലോമോന്‍) ഉത്തമമായ യഹോവാ വന്ദന സ്ഥാപിക്കുന്നതിനും, യിസ്‌റായേല്‍ രാജ്യത്തെ വിസ്തൃതമാക്കുന്നതിനും ഇതര ജനങ്ങള്‍ക്കും യിസ്‌റായേല്‍ ജനതക്കുമിടയില്‍ സഖ്യമുണ്ടാക്കുന്നതിനും ആദ്യമായി ശ്രമിച്ചു. എന്നാല്‍, ഇവന്‍ താമസിപ്പിച്ചിരുന്ന അനേകം ഭാര്യമാരുടെ പ്രേരണക്ക് വശംവദനായി അന്യദേവന്‍മാരെ ആരാധിക്കയാലും വ്യര്‍ത്ഥാഢംബരങ്ങള്‍ക്കായി അനവധി ദ്രവ്യം ദുര്‍വ്യയം ചെയ്കയാലും തന്റെ രാജ്യത്തില്‍ താന്‍ ഉണ്ടാക്കിയ അഭിവൃദ്ധിയെല്ലാം നഷ്ടമാക്കി. തനിക്കുണ്ടായിരുന്ന ജ്ഞാനത്താല്‍ തന്നെത്താന്‍ നിയന്ത്രിച്ചു നടത്തുന്നതിന് പ്രാപ്തിയില്ലാതെ സ്വാര്‍ത്ഥ തല്‍പരതയും, അഹംഭാവവും നിമിത്തം തനിക്ക് മുമ്പുണ്ടായിരുന്ന മഹിമയെല്ലാം അവന്‍ ക്ഷയിപ്പിച്ചു. (വേദ പുസ്തക നിഘു പേജ് 509) അതേ പുസ്തകത്തില്‍ തന്നെ യിസ്‌റായേലിന്റെ ചരിത്രത്തിന്നാധാരമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ ഇങ്ങിനെയും പറഞ്ഞിരിക്കുന്നു: ഇവയെല്ലാം ഒത്തുനോക്കിയാല്‍ ശാലോമോന്റെ മരണപര്യന്തമുള്ള ചരിത്രത്തിലെ ചില ഭാഗങ്ങളില്‍ കുറേശ്ശെ സംശയങ്ങള്‍ ഉള്ളതായി തോന്നാം. (വേദ പുസ്തക നിഘണ്ടു പേജ് 372)

സുലൈമാന്‍ നബി (عليه السلام)യെപ്പറ്റി വേദക്കാര്‍ ഗണിച്ചുവരുന്നതെങ്ങിനെയാണെന്ന് ഈ വരികളില്‍ നിന്ന് വ്യക്തമാണല്ലോ. ഇതെല്ലാം കാരണമായിട്ടാണ് സുലൈമാന്‍ സിഹ്ര്‍ ചെയ്തിട്ടില്ല എന്നോ മറ്റോ പറയാതെ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا (സുലൈമാന്‍ അവിശ്വസിച്ചിട്ടില്ല ; എങ്കിലും പിശാചുക്കളത്രെ അവിശ്വസിച്ചത്) എന്ന് അല്ലാഹു പറയുന്നതും. എല്ലാ ദുര്‍മാര്‍ഗത്തിന്റെയും ദുഷ്ടതകളുടെയും മൂര്‍ത്തികളാണല്ലോ പിശാചുക്കള്‍. ജിന്ന് പിശാചുക്കള്‍ അവരാല്‍ കഴിയുന്ന മാര്‍ഗങ്ങളും മനുഷ്യപിശാചുക്കള്‍ അവരാല്‍ കഴിയുന്ന മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി മനുഷ്യര്‍ക്ക് സിഹ്‌റിന്റെ വിദ്യകള്‍ പഠിപ്പിച്ചും പ്രചരിപ്പിച്ചും കൊണ്ടിരുന്നതിനെപ്പറ്റിയാണ്  يُعَلِّمُونَ النَّاسَ السِّحْرَ (അവര്‍ ജനങ്ങള്‍ക്ക് സിഹ്ര്‍ പഠിപ്പിച്ചിരുന്നു) എന്ന് പറഞ്ഞത്. അടുത്ത വാക്യത്തില്‍  وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ (ബാബിലോണില്‍ രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം വിവരിക്കുന്നതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവയുടെ ചുരുക്കം ഇതാണ്:

(1) وَمَاأنُزِلَ എന്ന വാക്കിന് ഇറക്കപ്പെട്ടതും എന്നാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളും അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത് .വാചകഘടനയുടെ സ്വാഭാവികമായ നില നോക്കുമ്പോഴും അതാണ് മുന്‍ഗണന അര്‍ഹിക്കുന്നത് . ഇതനുസരിച്ച് ഈ വാക്ക് അതിന്റെ നേരെ മുമ്പുള്ള يُعَلِّمُونَ النَّاسَ السِّحْرَ (അവര്‍ മനുഷ്യര്‍ക്ക് സിഹ്ര്‍ പഠിപ്പിച്ചിരുന്നു) എന്ന വാക്യത്തോട്ചേര്‍ന്നതായിരിക്കും. അപ്പോള്‍, പിശാചുക്കള്‍ സിഹ്‌റും അതിന് പുറമെ രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും പഠിപ്പിച്ചിരുന്നു എന്നായിരിക്കും അര്‍ത്ഥം. അല്ലെങ്കില് ‍اتَّبَعُوا مَا تَتْلُو الشَّيَاطِينُ (പിശാചുക്കള്‍ ഓതിക്കൊടുത്തതിനെ അവര്‍ പിന്‍പറ്റി) എന്നവാക്യത്തോട് ചേര്‍ന്നതുമാവാം. ഇതാണ് പലരും സ്വീകരിച്ചു കാണുന്നത്. അപ്പോള്‍, പിശാചുക്കള്‍ ഓതിക്കൊടുത്തിരുന്നതിന് പുറമെ രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും യഹൂദികള്‍ പിന്‍പറ്റി -പ്രയോഗിച്ചു വന്നു- എന്നായിരിക്കും അര്‍ത്ഥം.

(2) وَمَاأنُزِلَ എന്ന വാക്കിന് ‘ഇറക്കപ്പെട്ടിട്ടുമില്ല’ എന്നും ചില വ്യാഖ്യാതാക്കള്‍അര്‍ത്ഥം കല്‍പിച്ചിരിക്കുന്നു. مَا (മാ) എന്ന പദത്തിന് ഇല്ല എന്ന് നിഷേധത്തി (نفى)ന്റെ അര്‍ത്ഥമുണ്ടെങ്കിലും, വാചകത്തിന്റെ ഘടനാപരമായ സ്വഭാവം, ആ മലക്കുകളെപ്പറ്റിതുടര്‍ന്ന് പറയുന്ന പ്രസ്താവനകള്‍ മുതലായവ നോക്കുമ്പോള്‍ ഈ അഭിപ്രായം കേവലം ദുര്‍ബ്ബലമായ ഒരു അഭിപ്രായമായിട്ടാണ് തോന്നുന്നത്. ദൈര്‍ഘ്യം ഭയന്ന് കൂടുതല്‍ വിശദീകരിക്കുന്നില്ല. ഒന്നാമത്തെ അഭിപ്രായ പ്രകാരം മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും എന്ന് അര്‍ത്ഥമാകുമ്പോള്‍ മലക്കുകള്‍ക്ക് സിഹ്‌റിന്റെ വകുപ്പില്‍ പെട്ടകാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടുവെന്നും അവര്‍ ജനങ്ങള്‍ക്ക് സിഹ്ര്‍ പഠിപ്പിച്ചുവെന്നും വരുമല്ലോ. ഇതില്‍ നിന്നുളവാകുന്ന സംശയങ്ങളാണ് വാസ്തവത്തില്‍ മലക്കുകള്‍ക്ക് ഇറക്കപ്പെട്ടിട്ടില്ല എന്ന രണ്ടാമത്തെ അര്‍ത്ഥം  കല്‍പിക്കപ്പെടുവാന്‍കാരണമായിരിക്കുന്നത്. ഈ സംശയങ്ങള്‍ക്കുള്ള മറുപടി താഴെ വരുന്ന വിവരണങ്ങളില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. إِن شَاءَ اللَّهُ

مَلَكَيْنِ (മലകൈനി) എന്ന് പറഞ്ഞത് രണ്ട് യഥാര്‍ത്ഥ മലക്കുകളെ ഉദ്ദേശിച്ചു തന്നെയാണെന്നത്രെ ഭൂരിപക്ഷാഭിപ്രായം. മലക്കുകളെപ്പോലെ ശുദ്ധന്‍മാരായ -ശുദ്ധന്‍മാരും നല്ലവരുമെന്ന് കരുതപ്പെടുന്ന- രണ്ട് മനുഷ്യന്‍മാര്‍ എന്നാണുദ്ദേശ്യമെന്നും അഭിപ്രായമുണ്ട് مَلِكَيْنِ (മലികൈനി) എന്നും ആ വാക്ക് വായിക്കപ്പെട്ടിട്ടുണ്ട് താനും. രാജാക്കള്‍ എന്നായിരിക്കും അപ്പോള്‍ അതിനര്‍ത്ഥം. യഥാര്‍ത്ഥ മലക്കുകള്‍ തന്നെഎന്നുള്ളതാണ് കൂടുതല്‍ ബലപ്പെട്ട അഭിപ്രായം. മലക്കുകള്‍ മനുഷ്യരൂപത്തില്‍പ്രത്യക്ഷപ്പെടുകയും, ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്നത് അസാധാരണമാണെങ്കിലും അതില്‍ അസാംഗത്യമായി ഒന്നുമില്ല. ഉദ്ദേശിച്ചതു പോലെയുള്ള രൂപത്തില്‍ പ്രത്യക്ഷപ്പെടുവാന്‍ കഴിവുള്ളവരാണ് മലക്കുകള്‍. തുടര്‍ന്നു പറയുന്നതുപോലെ ഒരു പരീക്ഷണമായിരുന്നു അതെന്നുകൂടി വരുമ്പോള്‍, അതൊട്ടും വിദൂരമല്ല താനും. ഇബ്‌റാഹീം നബി (عليه السلام) യുടെ അടുക്കല്‍ അതിഥികളുടെ രൂപത്തിലും, ലൂത്വ് നബി (عليه السلام)യുടെ അടുക്കല്‍ സുന്ദരന്‍മാരായ യുവാക്കളുടെ രൂപത്തിലും, മര്‍യം (അ) ന്റെ അടുക്കല്‍ പുരുഷരൂപത്തിലും മലക്കുകള്‍ ചെന്നത്‌ ക്വുര്‍ആനില്‍ തന്നെ പ്രസ്താവിക്കപ്പെട്ടതാണല്ലോ. ഒരിക്കല്‍ സ്വഹാബികള്‍ക്ക് അപരിചിതനായ ഒരാള്‍ വന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പലതും ചോദിച്ചറിഞ്ഞു പോയശേഷം. അത് ജിബ്‌രീല്‍ (عليه السلام) ആയിരുന്നുവെന്നും, മതകാര്യങ്ങള്‍ ചോദിച്ചറിയുന്നതെങ്ങിനെയെന്ന് നിങ്ങള്‍ക്ക് കാണിച്ചു തരുവാന്‍ വേണ്ടി വന്നതായിരുന്നു അദ്ദേഹമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി മുസ്‌ലിം (رحمه الله) ഉദ്ധരിച്ച ഒരു പ്രസിദ്ധ ഹദീഥിലും കാണാം. ഇറക്കപ്പെട്ടത് (مَاأنُزِلَ) എന്ന് പറഞ്ഞിരിക്കകൊണ്ട് അത് വഹ്‌യിന്റെ നിലക്കുള്ളതാവണമെന്നൊന്നുമില്ല. ഭൂമിയില്‍ ഇരുമ്പ് ഉല്‍പാദിപ്പിച്ചതിനെപ്പറ്റി وَأَنْزَلْنَاالْحَدِيدَ (നാം ഇരുമ്പ് ഇറക്കുകയും ചെയ്തു. (57:25) എന്നും, റസൂല്‍ തിരുമേനിക്കും (സത്യവിശ്വാസികള്‍ക്കും മനഃശാന്തി നല്‍കിയതിനെപ്പറ്റി) أَنْزَلَ الَّله سُكِينَتَهُ (അല്ലാഹു അവന്റെ ശാന്തി ഇറക്കി. (9:26) എന്നും അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍, ജനങ്ങള്‍ക്കൊരു പരീക്ഷണമായി അയക്കപ്പെട്ട ആ രണ്ട് മലക്കുകള്‍ ഏതെങ്കിലും വിധേന അറിയപ്പെട്ടുവെന്നേ അതില്‍ നിന്ന് മനസ്സിലാക്കേതുള്ളൂ. ഏതായാലും അവര്‍ക്ക് പ്രത്യേകമായി നല്‍കപ്പെട്ടിരുന്നത് സിഹ്‌റിന്റെ ഇനത്തില്‍പെട്ട ചില അറിവുകളായിരുന്നുവെന്ന് തുടര്‍ന്നുള്ള പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാം.

പരീക്ഷണമായി അയക്കപ്പെട്ട ആ രണ്ട് പേരും യഥാര്‍ത്ഥ മലക്കുകളാണെങ്കിലും അല്ലെങ്കിലും ശരി, അവരുടെ പേര്‍ ഹാറൂത്ത് എന്നും മാറൂത്ത് എന്നുമായിരുന്നു. സംഭവം നടന്നത് ബാബിലോണില്‍ വെച്ചുമായിരുന്നു. (بِبَابِلَ هَارُوتَ وَمَارُوتَ) നെബോക്വദ്‌നേസര് ‍(بخنتصر) രാജാവിന്റെ ആക്രമണത്തില്‍ ഇസ്‌റാഈല്യരെ ബാബിലോണിലേക്ക് നടുകടത്തപ്പെട്ടതും, വളരെക്കാലം അവിടെ അവര്‍ അടിമകളായി കഴിഞ്ഞുകൂടിയതും പ്രസിദ്ധമാണ്. അക്കാലത്തായിരിക്കാം ഒരു പക്ഷേ ഈ സംഭവം. (അല്ലാഹുവിനറിയാം) ഹാറൂത്തും, മാറൂത്തും ചെയ്തിരുന്നതെന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു: وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ (ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതുകൊണ്ട് നീ അവിശ്വാസിയായിപ്പോകരുത് എന്ന് പറയാതെ അവര്‍ ആര്‍ക്കും പഠിപ്പിക്കുമായിരുന്നില്ല). അതേ, അവര്‍ ജനങ്ങള്‍ക്ക് ചിലതെല്ലാം പഠിപ്പിച്ചു കൊടുത്തിരുന്നു. പക്ഷേ, ഇത് പഠിച്ചു പ്രയോഗിക്കുവാനുള്ളതല്ല, അങ്ങിനെ ചെയ്താല്‍ നീ അവിശ്വാസിയാകുവാന്‍ ഇടവരും, അത് സൂക്ഷിക്കണം. നല്ലവരെയും ദുഷിച്ചവരെയും വേര്‍തിരിക്കുവാനുള്ള ഒരു പരീക്ഷണമായി നിയോഗിക്കപ്പെട്ടവര്‍ മാത്രമാണ് ഞങ്ങള്‍. അത്‌കൊണ്ട് നീ വഞ്ചിതനാകരുത് എന്നൊക്കെ ഉപദേശിച്ചു കൊണ്ടായിരുന്നു അവര്‍ ജനങ്ങള്‍ക്ക് അത് പഠിപ്പിച്ചിരുന്നത്.

ആ രണ്ട് പേരില്‍ നിന്നും മനുഷ്യര്‍ പഠിച്ചിരുന്ന അറിവിന്റെ സ്വഭാവം എന്തായിരുന്നുവെന്നും അല്ലാഹു വ്യക്തമാക്കുന്നു: فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ (അതെ, മനുഷ്യനും അവന്റെ ഇണക്കുമിടയില്‍ -ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍- ഭിന്നിപ്പും ഛിദ്രവുമുണ്ടാക്കുന്ന ചില കാര്യങ്ങള്‍.) ഇതേ സിഹ്‌റിന്റെ ഇനത്തില്‍ പെട്ടതും വിരോധിക്കപ്പെട്ടതുമാണെന്ന് പറയേണ്ടതില്ല. എന്നിരിക്കെ, അതുമൂലം ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ പിണക്കവും ഭിന്നിപ്പുമുണ്ടാക്കുവാന്‍ അവര്‍ക്കെങ്ങിനെ കഴിയും? അതെ, وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ (അല്ലാഹുവിന്റെ ഉത്തരവുകൂടാതെ ഒരാള്‍ക്കും അവര്‍ ഉപദ്രവം വരുത്തുന്നവരല്ല) ഇന്ന കാര്യം പ്രവര്‍ത്തിച്ചാല്‍ ഇന്ന ഫലമുണ്ടാകുമെന്ന് അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുണ്ട്. ഫലങ്ങളാകട്ടെ, നല്ലതും ചീത്തയുമാവാം. ഉപകാരവും ഉപദ്രവുമാകാം. അതുകൊണ്ടാണ് ചീത്തയും ഉപദ്രവകരവുമായ കാര്യങ്ങള്‍ ചെയ്യരുതെന്ന് അവന്‍ വിരോധിക്കുന്നതും. ഉദാഹരണമായി: വാളെടുത്തു മനുഷ്യന്റെ കഴുത്തിന് വെട്ടിയാല്‍ മരണത്തിന് ഇടയാകാമെന്നുള്ളത് അല്ലാഹുവിന്റെ നിശ്ചയങ്ങളില്‍ ഒന്നാണ്. അതുകൊണ്ടാണ് വിരോധിക്കപ്പെട്ടിരിക്കുന്നതും. അതേ സമയത്ത് അല്ലാഹുവിന്റെ ഉദ്ദേശ്യവും ഉത്തരവും കൂടാതെ ഒരു കാര്യവും സംഭവിക്കുന്നതുമല്ല. ഓരോന്നിനും കാരണങ്ങള്‍ നിശ്ചയിച്ചതും, ആ കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അതത് കാര്യങ്ങള്‍ സംഭവിക്കുന്നതും അവന്റെ ഉദ്ദേശ്യവും ഉത്തരവും അനുസരിച്ചു തന്നെ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ ഉദ്ദേശ്യവും ഉത്തരവും കൂടാതെ സിഹ്‌റിന്റെയോ, സിഹ്ര്‍ ചെയ്യുന്നവന്റെയോ സ്വന്തം കഴിവ് കൊണ്ടല്ല -സിഹ്‌റിനെ ഒരു ഉപദ്രവകാരണമാക്കി അല്ലാഹു നിശ്ചയിച്ചതു കൊണ്ടാണ്- ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ അതുമൂലം ഭിന്നിപ്പുണ്ടാകുന്നത് എന്ന് സാരം.

ഇവിടെ പ്രത്യേകം മനസ്സിരുത്തേണ്ടുന്ന ഒരു സംഗതിയുണ്ട്: ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന കാര്യം എന്ന് മൊത്തത്തിലങ്ങ് പറഞ്ഞതല്ലാതെ, അക്കാര്യം പ്രാവര്‍ത്തികമാകുന്നത് എങ്ങിനെയാണെന്ന് അല്ലാഹു വിവരിച്ചിട്ടില്ല. അത് വിവരിക്കലല്ല ഇവിടെ ഉദ്ദേശ്യവും. അങ്ങിനെ ചില ദുഷ്പ്രവര്‍ത്തികളൊക്കെയുണ്ട്; അവ അവിശ്വാസത്തില്‍ പെട്ടതാണ്; പക്ഷേ, അവമൂലം ഉപദ്രവകരങ്ങളായ അനുഭവങ്ങള്‍ വല്ലതും ഉണ്ടായേക്കാം; എന്നാലത് തല്‍കര്‍ത്താക്കള്‍ക്ക് അദൃശ്യമോ അമാനുഷികമോ ആയ വല്ല കഴിവുകളും ഉള്ളതുകൊണ്ടോന്നുമല്ല; അല്ലാഹു നിശ്ചയിച്ചതും മനുഷ്യര്‍ക്കു പിടിക്കുവാന്‍ സാധിക്കാത്തതുമായ ചില രഹസ്യങ്ങള്‍ നിലവിലുണ്ട്; അതുകൊണ്ട് അത്തരം വിഷയങ്ങള്‍ കണ്ട് മനുഷ്യര്‍ വഞ്ചിതരാവരുത്. എന്നൊക്കെ ഉണര്‍ത്തുകയാണ് ഈവാക്യം കൊണ്ട് ഉദ്ദേശ്യം. തുടര്‍ന്ന് പറയുന്ന വാക്യങ്ങള്‍ നോക്കുക:

وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ (അവര്‍ക്ക് ഉപദ്രവം വരുത്തുന്നതും അവര്‍ക്ക് ഉപകാരം വരുത്താത്തതുമായ കാര്യം അവര്‍ പഠിക്കുന്നു) സിഹ്ര്‍ മൂലം യാതൊരു ഗുണവും ലഭിക്കുവാനില്ലെന്ന് മാത്രമല്ല, അത് ദോഷം വരുത്തുകയും ചെയ്യുന്നു. എനി, ഇഹത്തില്‍വെച്ച് താല്‍ക്കാലികമായ വല്ല നിസ്സാര നേട്ടങ്ങളും അതുവഴി ലഭിച്ചാല്‍ തന്നെയും അവരുടെ പരലോകഗുണം നഷ്ടപ്പെടലാണ് അതുകൊണ്ടുണ്ടാകുന്നത് وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ (അവര്‍ക്ക് തീര്‍ച്ചയായും അറിയാം, അതിനെ വാങ്ങിയവന് പരലോകത്തില്‍ യാതൊരു പങ്കുമില്ലെന്ന്) ഞങ്ങള്‍ വെറും പരീക്ഷണമാണെന്നും, ഇത് പഠിച്ച് അവിശ്വാസിയാകുവാന്‍  ഇടവരുത്തരുതെന്നുമുള്ള താക്കീതോടുകൂടിയാണല്ലോ മലക്കുകള്‍ അത് പഠിപ്പിച്ചിരുന്നത്. അപ്പോള്‍, അറിയാതെ അപകടത്തില്‍ ചാടുകയല്ല അവര്‍ ചെയ്തിരുന്നത് എന്ന് സാരം. അറിഞ്ഞുകൊണ്ടും കല്‍പിച്ചുകൂട്ടിയും പരലോകഗുണം നഷ്ടപ്പെടുത്തുകയും ആപത്ത് വിലക്കുവാങ്ങുകയുമാണവര്‍ ചെയ്യുന്നത്. അതെ, وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ (അവര്‍ തങ്ങളുടെ സ്വന്തങ്ങളെ ഏതൊന്നിന് വിറ്റു കളഞ്ഞുവോ അത് വളരെ ചീത്ത തന്നെ!) ഈ വാസ്തവം അവര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇത്രയും ഭീമമായ അപകടത്തില്‍ അവര്‍ പതിക്കുമായിരുന്നില്ല. ഹാ! لَوْ كَانُوايَعْلَمُونَ (അവര്‍ അറിഞ്ഞിരുന്നെങ്കില്‍ നന്നായേനേ!) وَلَوْ أَنَّهُمْ آمَنُوا وَاتَّقَوْا (അവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന ഏതൊരു പുണ്യഫലവും അവര്‍ക്ക് വളരെ ഉത്തമം തന്നെ. അവര്‍ അറിഞ്ഞിരുന്നെങ്കില്‍ നന്നായേനേ!) അതെ, ഇത്രയും വിനാശകരമായ സിഹ്‌റിന്റെ പ്രവര്‍ത്തനം പിന്‍പറ്റി പരലോകഗുണം പാടെ നഷ്ടപ്പെടുത്തുന്നതിന് പകരം, അവര്‍ സത്യവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചുപോരുകയും ചെയ്തിരുന്നുവെങ്കില്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ ലഭിക്കുവാനിരിക്കുന്ന പുണ്യഫലം എത്രമാത്രം ഉത്തമമാകുമായിരുന്നു! പക്ഷേ, അതൊന്നും അവര്‍ മനസ്സിലാക്കിയില്ല. കഷ്ടം!

ബാബിലോണില്‍ വെച്ച് ഇസ്‌റാഈല്യര്‍ക്കിടയില്‍ സിഹ്‌റിന് പ്രചാരം സിദ്ധിച്ചതും, സിഹ്‌റിന്റെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴകിയിരുന്നതും വേദക്കാര്‍ക്കിടയില്‍ പരക്കെ അറിയപ്പെടുന്ന വിഷയമാണ്. ബൈബ്‌ളില്‍ നിന്ന് തന്നെ ഈ വാസ്തവം സ്പഷ്ടമാണ്. അതുകൊണ്ടാണ് ഈ വിഷയത്തെപ്പറ്റി അല്ലാഹു വിശദമായി വിവരിക്കാതെ വിഷയം ചൂണ്ടിക്കാട്ടുക മാത്രം ചെയ്തിരിക്കുന്നത്. ഇസ്‌റാഈല്യര്‍ സത്യമാര്‍ഗം വിട്ടു വ്യതിചലിച്ചുപോയ കാരണങ്ങള്‍ എടുത്തുപറയുന്ന കൂട്ടത്തില്‍ അതും എടുത്തു പറയുക മാത്രമാണിവിടെ അല്ലാഹു ചെയ്തിരിക്കുന്നത്. ക്വുര്‍ആന്‍ അവതരിച്ച കാലത്തുള്ള യഹൂദികള്‍ക്ക് ക്വുര്‍ആന്റെ ഈ ആരോപണത്തെ എതിര്‍ക്കുവാനോ വിമര്‍ശിക്കുവാനോ കഴിയാതെ അവര്‍ മൗനമവലംബിച്ചതും അതുകൊണ്ടായിരുന്നു (*)


(*) ബൈബ്‌ളിന്റെ ആധികാരിക നിഘണ്ടുവായ വേദപുസ്തക നിഘണ്ടുവില്‍ നിന്ന് ക്ഷുദ്രത്തെ (സിഹ്‌റിനെ) സംബന്ധിച്ച ചില പ്രസ്താവനകള്‍ ഇവിടെ സ്മര്‍ത്തവ്യമാകുന്നു. അതിലെ ചില പ്രസക്ത ഭാഗങ്ങള്‍ മാത്രം ചുരുക്കി ഉദ്ധരിക്കാം:


1) എബ്രായര്‍ (ഇസ്‌റാഈല്യര്‍) കനാന്‍ (ഫലസ്തീന്‍) ദേശത്തു വന്നപ്പോള്‍ പൂര്‍വ്വവാസികള്‍ ആരാധിച്ചു വന്നിരുന്ന ദേവന്‍മാരുടെ ദയ ലഭിക്കുകയും രഹസ്യങ്ങള്‍ വെളിപ്പെടുത്തി കിട്ടുകയും വേണമെന്നുള്ളത് അവരുടെ ഇടയില്‍ നടപ്പുള്ള ക്ഷുദ്രത്തിന് കാരണമായി.

2) മന്ത്രോച്ചാരണത്താല്‍ ദൈവഹിതം മനസ്സിലാക്കാമെന്ന് എല്ലാ ദേശക്കാരും പൊതുവെ വിചാരിച്ചിരുന്നപോലെ ക്ഷുദ്രവിദഗ്ധന്‍മാര്‍ക്ക് മരിച്ചവരെ പാതാളത്തില്‍ നിന്നു വിളിച്ചു വരുത്തുവാന്‍ കഴിയുമെന്നുള്ള വിശ്വാസം എബ്രായര്‍ക്ക് ദൃഢമായിരുന്നു.

3) അശ്ശൂര്യര്‍ (ബാബിലോണിയക്കാര്‍) യിസ്രായേല്യരോട് യുദ്ധത്തിന് വന്നപ്പോള്‍ യിസ്രായേല്യര്‍ ചുറ്റുമുള്ളവരോട് യോജിച്ച് അവരില്‍ നിന്ന് ക്ഷുദ്രപ്രയോഗം വശമാക്കുവാന്‍ തങ്ങളുടെ ദേശത്ത് അവര്‍ക്ക് സ്ഥലം കൊടുക്കുവാനിടയായി.

4) ബാബിലോണ്‍ പ്രവാസകാലത്ത് പല രസകരങ്ങളായ ക്ഷുദ്രപ്രയോഗങ്ങളെക്കുറിച്ച് എബ്രായര്‍ക്ക് അറിയാനിടയായി. ബാബിലോണില്‍ ക്ഷുദ്രപ്രയോഗവും, രഹസ്യം വെളിപ്പെടുത്തലും രാജാവിന്റെ പരിവാരങ്ങളില്‍ പലരുടെയും ഉദ്യോഗമായിരുന്നു. മന്ത്രവാദികളും, ആഭിചാരികളും, ക്ഷുദ്രക്കാരും ഉണ്ടായിരുന്നു.

5) സ്വപ്നം മൂലമായി യഹോവയുടെ ഇഷ്ടമറിയാമെന്ന് യിസ്രായേല്‍ ദൃഢമായി വിശ്വസിച്ചു. ചിലപ്പോള്‍ ഇത് വാസ്തവമാണെങ്കിലും കള്ള പ്രവാചകന്‍മാര്‍ ഇത്മൂലം പലരെയും കബളിപ്പിച്ചിട്ടുണ്ട്.

6) ലക്ഷണം നോക്കല്‍ പലവിധത്തിലായിരുന്നു. പാത്രത്തില്‍ വെള്ളമോ വീഞ്ഞോ ഒഴിച്ച് അഞ്ജനം നോക്കുന്നവരെപ്പോലെ നോക്കി ഭാവിഫലങ്ങള്‍ പറയാമെന്ന് വാദിച്ചു. മേഘങ്ങളെയും നക്ഷത്രങ്ങളെയും നോക്കി ലക്ഷണം പറയുന്ന ജോല്‍സ്യന്‍മാര്‍ ബാബിലോണിലുണ്ടായിരുന്നു.

7) ക്ഷുദ്രവിദഗ്ധന്‍മാര്‍ ഭാവികാര്യം അറിയുവാന്‍ ഭൂതങ്ങളെയും മരിച്ചവരെയും വിളിച്ചു വരുത്തുമെന്നും മറ്റും യിസ്രായേല്യര്‍ ദൃഢമായി വിശ്വസിച്ചു. യെഹൂദര്‍ മാത്രമല്ല, യവനന്‍മാരും (ഗ്രീക്കുകാരും) വിശ്വസിച്ചിരുന്നു. മരിച്ചവരുടെ ആത്മാക്കള്‍ ഈ ലോകത്ത് വരികയില്ലെന്ന് നമുക്ക് പറയുവാന്‍ കഴിയുകയില്ല. എന്നാല്‍ ക്ഷുദ്രപ്രയോഗത്തിന് അവയെ വരുത്തുവാന്‍ കഴിയുമെന്നുള്ളതിന് തെളിവില്ല.

8) ഭൂമിയില്‍ നിന്ന് നിധി എടുക്കുക, ശത്രുക്കള്‍ക്ക് ആപത്തുണ്ടാക്കുക എന്നിവ ക്ഷുദ്രത്താല്‍ സാധിക്കുമെന്ന് എബ്രായര്‍ വിശ്വസിച്ചു. ക്ഷുദ്രത്തിലുള്ള ആപത്തിന് പകരം ക്ഷുദ്രം നല്ലതാണെന്നായിരുന്നു ആ അഭിപ്രായം.

9) മറ്റുള്ളവര്‍ക്ക് വിരോധമായ ക്ഷുദ്രത്തെക്കുറിച്ച് പ്രവാചകന്‍മാര്‍ പലപ്പോഴും ശാസിച്ചിട്ടുണ്ട്. ചിലര്‍ മന്ത്രം പറഞ്ഞു ചീരവേവിച്ചു ശാപവാക്കുകള്‍ ഉച്ചരിക്കും. ചിലര്‍ മരുന്നിടും, ചിലര്‍ കയറുകളില്‍ മുടിച്ചിടും (കെട്ടുകളിടും) ചിലര്‍ ശുഭാശുഭ ദിനങ്ങള്‍ ഗണിക്കും. ചിലര്‍ ശത്രുക്കളുടെ രൂപമുണ്ടാക്കി അതില്‍ മുറിവുകളുണ്ടാക്കും.

10) ആദ്യ ക്രിസ്ത്യാനികളില്‍ പലരും ക്ഷുദ്രത്തെ ഭയപ്പെട്ടു. എന്നാല്‍, കാലക്രമത്തില്‍ ക്ഷുദ്രത്തില്‍ യാതൊരു വാസ്തവവുമില്ലെന്ന് അവര്‍ തീരുമാനിച്ചു.

11) ക്ഷുദ്രക്കാര്‍ മറ്റുള്ളവര്‍ക്ക് അജ്ഞാതമായ ശാസ്ത്രജ്ഞാനം നിമിത്തം അല്‍ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നും, അവര്‍ പറഞ്ഞതുപോലെ യാദൃശ്ചികമായി സംഭവിക്കുന്നത് കണ്ട് അവര്‍ക്ക് അല്‍ഭുത കാര്യങ്ങള്‍ പ്രവര്‍ത്തിക്കാമെന്നും ബുദ്ധിഹീനന്‍മാര്‍ വിചാരിച്ചു (വേ. പു. നി. പേജ് 117, 118 നോക്കുക).

മലക്കുകള്‍ വന്ന് ജനങ്ങള്‍ക്ക് സിഹ്‌റിന്റെ വകുപ്പുകള്‍ പഠിപ്പിച്ചുവെന്നതിനെ സംബന്ധിച്ചുണ്ടാകുന്ന പല സംശയങ്ങള്‍ക്കും മുകളില്‍ കണ്ട വിവരണത്തില്‍ നിന്നു മറുപടി ലഭിക്കുന്നതാണ്. മര്‍ഹൂം സയ്യിദ് ക്വുത്വ് ബ് അദ്ദേഹത്തിന്റെ (فى ظلال القرآن) (ക്വുര്‍ആന്റെ തണലുകളില്‍) എന്ന തഫ്‌സീര്‍ ഗ്രന്ഥത്തില്‍, ഈ വചനത്തിന്റെ വ്യാഖ്യാനത്തോടനുബന്ധിച്ച് ചെയ്ത ഒരു പ്രസ്താവനയില്‍ നിന്ന് ഇതിലേക്ക് കുറേകൂടി വെളിച്ചം ലഭിക്കുന്നതുകൊണ്ട് അതിന്റെ സാരംകൂടി ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കും. ആ പ്രസ്താവന അദ്ദേഹം ഇങ്ങിനെ ആരംഭിക്കുന്നു: ”എനി, ആ യഹൂദികള്‍ അല്ലാഹുവിന്റെ കിത്താബിനെ ഉപേക്ഷിച്ചുകൊണ്ട് പിന്‍പറ്റിയ സിഹ്‌റിനെയും, ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ ഭിന്നിപ്പിച്ചിരുന്ന കാര്യത്തെയും കുറിച്ച് ഒരു വാക്ക് പറയേണ്ടിയിരിക്കുന്നു. അദ്ദേഹം തുടര്‍ന്നു പറയുന്നു:

”ശാസ്ത്രത്തിന് യാഥാര്‍ത്ഥ്യം വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ചില ആളുകളില്‍ എല്ലാ കാലത്തും കാണപ്പെടാറുണ്ട്. അവക്ക് ശാസ്ത്രം ചില പേരുകള്‍ മാത്രം നല്‍കുന്നു. അവയുടെ യാഥാര്‍ത്ഥ്യമോ മാര്‍ഗമോ അതിനറിയുകയില്ല. ഇതാ ടെലെപ്പതി (*) നോക്കുക. എന്താണത്? അതെങ്ങിനെ സാധിക്കുന്നു? മനുഷ്യന്റെ കഴ്ചയോ ശബ്ദമോ എത്താത്ത ദൂരത്ത് നിന്ന് ഒരാള്‍ ഒരാളെ വിളിച്ചുപറയുകയും അത് മറ്റെയാള്‍ കേട്ട് സ്വീകരിക്കുകയും ചെയ്യുന്നു. മറകളും ദൂരങ്ങളും അതിന് തടസ്സമാകുന്നില്ല. ഇതാ മാഗ്നറ്റിസം (**) അതെന്താണ്? എങ്ങിനെയാണ്? ഒരാളുടെ ഉദ്ദേശ്യം മറ്റേയാളില്‍ എങ്ങിനെ ശക്തിചെലുത്തുന്നു? ഒരു തുറന്ന പുസ്തകം നോക്കി വായിച്ചാലെന്നപോലെ ഒരാളുടെ സ്വകാര്യ സന്ദേശം മറ്റെയാള്‍ ഏറ്റുവാങ്ങുന്നു, ഇതിനൊക്കെ ചില പേരുകള്‍ നല്‍കുകയല്ലാതെ അതിനെ അപഗ്രഥിക്കുവാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇങ്ങിനെ പലതുമുണ്ട്. സമ്മതിച്ചുകൊടുക്കുവാന്‍ മതിയായ അനുഭവമോ, പരിചയമോ സിദ്ധിക്കാത്തതിന്റെ പേരില്‍ ശാസ്ത്രം അവയെപ്പറ്റി തര്‍ക്കവിമര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ആത്മീയ ശക്തികളെയും നിഷേധിച്ചു തള്ളുന്ന വമ്പന്‍മാര്‍ക്ക് അങ്ങിനെ ഒന്നില്ലെന്ന് സ്ഥാപിക്കുവാന്‍ കഴിയുകയില്ല. അജ്ഞാതമായ ഭാവിയെക്കുറിച്ച് ഞാനൊരു സ്വപ്നം കാണുന്നു. ആ സ്വപ്നം അതേമാതിരി പുലരുന്നു. അവര്‍ നിഷേധിക്കുന്ന ആത്മീയേന്ദ്രിയങ്ങള്‍ക്ക് ഇങ്ങിനെയൊരു ഭാവി സംഭവിക്കുവാന്‍ പോകുന്നുവെന്ന് എങ്ങിനെയാണ് ബോധമുണ്ടാകുന്നത്? അറിയായ്മയും, കണ്ടുപിടിക്കാനുള്ള മാര്‍ഗം ഇല്ലായ്മയും കൊണ്ട് മാത്രം മനുഷ്യനില്‍ അന്തര്‍ഭവിച്ചു കിടപ്പുള്ള ഇത്തരം അജ്ഞാത ശക്തികളെ നിഷേധിക്കുന്നത് തികച്ചും ഗര്‍വ്വല്ലാതെ മറ്റൊന്നുമല്ല.


(*) Telepathy- മാനസ സന്ദേശം, അന്തകരണവിദ്യ – അഥവാ മനസ്സുകള്‍ക്കിടയില്‍ നടക്കുന്ന വാര്‍ത്താവിനിമയം
(**) Personal magnetism വ്യക്തിത്വത്തിന്റെ വശീകരണ ശക്തി


സയ്യിദ് ക്വുത്വ്.ബ് തുടരുന്നു: ”ഈ ഇനത്തില്‍പെട്ടതാണ് സിഹ്‌റും. പിശാചുക്കള്‍ മനുഷ്യര്‍ക്ക് പഠിപ്പിക്കലും അതില്‍പെട്ടത് തന്നെ. ഒരു പക്ഷേ, ശരീരത്തിലോ അവയവങ്ങളിലോ, ഇന്ദ്രിയശക്തികളിലോ, ചിന്താശക്തികളിലോ സ്വാധീനം ചെലുത്തുവാനുള്ള വല്ല കഴിവുകളുമായിരിക്കാം ഇതിന്റെ രൂപങ്ങളില്‍ ഒന്ന്. എന്നാല്‍, ഫിര്‍ഔന്റെ സിഹ്‌റുകാര്‍ ചെയ്തതായി ക്വുര്‍ആനില്‍ പറഞ്ഞ സിഹ്ര്‍ കേവലം ചില പകിട്ട് വിദ്യകളായിരുന്നു (അതും ഇതും തമ്മില്‍ വ്യത്യാസമുണ്ട്) അതിന് യാഥാര്‍ത്ഥ്യമുണ്ടായിരുന്നില്ല.  (അവരുടെ സിഹ്ര്‍ മൂലം അവരുടെ വടികളും കയറുകളും ഓടുന്നതായി മൂസാ നബിക്ക് തോന്നിപ്പിക്കപ്പെട്ടിരുന്നു) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ഇങ്ങിനെയുള്ള ഏതെങ്കിലും ഒരു സ്വാധീനം ഭാര്യാഭര്‍ത്താക്കള്‍ക്കും, സ്‌നേഹ ജനങ്ങള്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന ഫലം ഉളവാകുന്നതിന് തടസ്സമില്ല. പ്രതികരണങ്ങളില്‍ നിന്ന് മാനസാന്തരം ഉണ്ടാകുന്നു. കാര്യങ്ങളും, കാരണങ്ങളുമെല്ലാം അല്ലാഹുവിന്റെ അനുമതി കൊണ്ടല്ലാതെ സംഭവിക്കുന്നതല്ലെന്ന് മുമ്പ് പറഞ്ഞുവല്ലോ.”

വീണ്ടും അദ്ദേഹം തുടരുന്നു: ”എനി, ഹാറൂത്ത്, മാറൂത്ത് എന്നുള്ള മലക്കുകള്‍ ആരാണ്? എപ്പോഴാണവര്‍ ബാബിലോണില്‍ ഉണ്ടായിരുന്നത്? ഇതിന്റെ കഥ യഹൂദികള്‍ക്കിടയില്‍ സുപരിചിതമായിരുന്നു. ക്വുര്‍ആനില്‍ അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. അതവര്‍ നിഷേധിക്കുകയോ, കളവാക്കുകയോ ചെയ്യാത്തതുതന്നെ അതിന് തെളിവാണ്. ഏതൊരു കൂട്ടരെ അഭിമൂഖീകരിച്ചു കൊണ്ടാണോ പറയുന്നതെങ്കില്‍, അവര്‍ക്കിടയില്‍ പരിചയമുള്ള സംഭവം പറയുമ്പോള്‍, ക്വുര്‍ആന്‍ അത് വിസ്തരിച്ചുപറയാതെ ചൂണ്ടിക്കാട്ടികൊണ്ട് പലപ്പോഴും പറയാറുണ്ട്. ഉദ്ദേശ്യം നിറവേറ്റുവാന്‍ അതുമതി. പിന്നെ, വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ രണ്ട് മലക്കുകളുടെ സംഭവത്തെപ്പറ്റി വന്നിട്ടുള്ള കഥകളുടെ പിന്നാലെ പോകുവാന്‍ ക്വുര്‍ആന്റെ തണലുകളില്‍, (ഈ ഗ്രന്ഥത്തില്‍) നാം ഉദ്ദേശിക്കുന്നില്ല. വിശ്വസനീയമായ ഒരു രിവായത്തും അതില്‍ ഇല്ല.” ”മനുഷ്യചരിത്രത്തില്‍ അതതു കാലഘട്ടങ്ങള്‍ക്കനുസൃതമായി പലവിധ ദൃഷ്ടാന്തങ്ങളും പരീക്ഷണങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. അക്കൂട്ടത്തില്‍ രണ്ട് മലക്കുകളുടെയോ, മലക്കുകളെപ്പോലെയുള്ള രണ്ട് സല്‍പുരുഷന്മാരുടെയോ ഒരു പരീക്ഷണം നടന്നുവെങ്കില്‍ -മനുഷ്യചരിത്രത്തില്‍ കഴിഞ്ഞുപോയ അസാധാരണങ്ങളും വിവിധ രൂപങ്ങളിലുള്ളവയുമായ സംഭവങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍- അതില്‍ പുതുമയൊന്നുമില്ലതന്നെ. ദൈവികമായ പ്രകാശകിരണങ്ങളിലേക്ക് മനുഷ്യചരിത്രം അടിവെച്ചു നീങ്ങിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഈ ആയത്തില്‍ വ്യക്തവും ദൃഢവുമായി പ്രസ്താവിക്കപ്പെട്ട സാരങ്ങള്‍ ഒരു നീണ്ടകാലത്തിന്‌ ശേഷം, അവ്യക്തങ്ങളായ മറ്റൊന്നിനെയും ആശ്രയിക്കാതെ നമുക്ക് മനസ്സിലായേക്കും. ഐതിഹ്യങ്ങളുടെ പിന്നാലെ കൂടിയും അല്ലാഹുവിന്റെ കിതാബിനെ പുറം തള്ളിയും ഇസ്‌റാഈല്യര്‍ വഴിപിഴച്ചുപോയി എന്നും സിഹ്ര്‍ പിശാചിന്റെ പ്രവൃത്തിയാണെന്നും, അത് കുഫ്‌റില്‍പെട്ടതാണെന്നും അത് പരലോകം നിശ്ശേഷം നഷ്ടപ്പെടുത്തുമെന്നും അറിയുന്നത് കൊണ്ട് നമുക്കിപ്പോള്‍ മതിയാക്കാം.”  (فى ظلال القرآن)