വിഭാഗം - 19

2:153
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ ﴾١٥٣﴿
 • ഹേ, വിശ്വസിച്ചവരേ, ക്ഷമയും നമസ്‌കാരവും വഴി നിങ്ങള്‍ സഹായം തേടിക്കൊള്ളുവിന്‍ നിശ്ചയമായും, അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമായിരിക്കും.
 • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ اسْتَعِينُوا നിങ്ങള്‍ സഹായം തേടുവിന്‍ بِالصَّبْرِ സഹനംകൊണ്ട് وَالصَّلَاةِ നമസ്‌കാരവും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു مَعَ الصَّابِرِينَ ക്ഷമിക്കുന്നവരുടെ കൂടെയാണ്

കഴിഞ്ഞ വചനത്തില്‍ അല്ലാഹുവിനെ ഓര്‍ക്കുവാനും അവനോട് നന്ദി കാണിക്കുവാനും പറഞ്ഞശേഷം ഈ വചനത്തില്‍ ക്ഷമയും നമസ്‌കാരവും മുറുകെ പിടിക്കുവാനും, അത് വഴി സഹായം തേടിക്കൊള്ളുവാനും ഉപദേശിക്കുന്നു. ക്ഷമയുള്ളവരുടെ പക്ഷത്തായിരിക്കും അല്ലാഹു എന്ന് പറഞ്ഞുകൊണ്ട് ക്ഷമയുടെ കാര്യം പ്രത്യേകം ഊന്നിപ്പറയുകയും ചെയ്തിരിക്കുന്നു. അവന്‍റെ പ്രത്യേക സഹായവും അനുഗ്രഹാശിസ്സുകളും അവര്‍ക്കുണ്ടായിക്കൊണ്ടിരിക്കുമെന്ന് താല്‍പര്യം. അനുഗ്രഹത്തിലും സന്തോഷത്തിലും നന്ദിയെന്നപോലെ, പരീക്ഷണങ്ങളിലും വിഷമങ്ങളിലും ക്ഷമ കൈക്കൊള്ളല്‍ സത്യവിശ്വാസിയുടെ സ്വഭാവമായിരിക്കേണ്ടതാണ്. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു : സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യം തന്നെ! അവന്‍റെ കാര്യങ്ങളെല്ലാം അവന് ഗുണകരമായിരിക്കും. ഇത് സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. അവന് സന്തോഷകരമായത് വല്ലതും ഭവിച്ചാല്‍ അവന്‍ നന്ദികാണിക്കുന്നു. അപ്പോള്‍ അതവന് ഗുണമായിത്തീരുന്നു. അവന് ഉപദ്രവകരമായത് വല്ലതും ഭവിച്ചാല്‍ അവന്‍ ക്ഷമിക്കുകയും ചെയ്യും. അപ്പോള്‍ അതും അവന് ഗുണമായിത്തീരുന്നു. (മു) ക്ഷമയെക്കുറിച്ചും അതിന് പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള വളരെ ക്വുര്‍ആന്‍ വചനങ്ങളും നബിവാക്യങ്ങളും കാണാവുന്നതാണ്.

നമസ്‌കാരമാകട്ടെ, ശാരീരികമായ അനുഷ്ഠാന കര്‍മങ്ങളില്‍ അതി പ്രധാനമായ ഒരു കര്‍മമാകുന്നു. അല്ലാഹുവുമായുള്ള ഒരു കൂടിക്കാഴ്ചയും, അവന്‍റെ മുമ്പില്‍ സാഷ്ടാംഗം ചെയ്തുകൊണ്ട് നടത്തപ്പെടുന്ന ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയുമാകുന്നു അത്. ആ പ്രാര്‍ത്ഥനക്ക് അല്ലാഹു പ്രത്യേകം വില കല്‍പിക്കുമെന്നതില്‍ സംശയിക്കുവാനില്ല. വല്ല അനിഷ്ട സംഭവങ്ങളും നേരിടുമ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമസ്‌കാരത്തെ അഭയം പ്രാപിച്ചിരുന്നതായി-വേഗം നമസ്‌കാരത്തിലേക്ക് പ്രവേശിച്ചിരുന്നതായി-ഹദീഥുകളില്‍ വന്നിട്ടുള്ളതും അതുകൊണ്ടാകുന്നു. ഈ വചനത്തിന്‍റെ വിവരണത്തിലേക്ക് ആവശ്യമായ വിവരങ്ങള്‍ പലതും 45-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ മുമ്പ് കഴിഞ്ഞുപോയിട്ടുള്ളത് ഓര്‍ക്കുക.

2:154
 • وَلَا تَقُولُوا۟ لِمَن يُقْتَلُ فِى سَبِيلِ ٱللَّهِ أَمْوَٰتٌۢ ۚ بَلْ أَحْيَآءٌ وَلَـٰكِن لَّا تَشْعُرُونَ ﴾١٥٤﴿
 • അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്നവരെക്കുറിച്ച് നിങ്ങള്‍ 'മരണപ്പെട്ടവര്‍' എന്ന് പറയരുത്. എന്നാല്‍, (അവര്‍) ജീവി ച്ചിരിക്കുന്നവരാകുന്നു; എങ്കിലും നിങ്ങള്‍ (അത്) ഗ്രഹിക്കുകയില്ല.
 • وَلَا تَقُولُوا നിങ്ങള്‍ പറയരുത് لِمَن يُقْتَلُ കൊല്ലപ്പെടുന്നവരെക്കുറിച്ച് فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أَمْوَاتٌ മരിച്ചുപോയവര്‍ എന്ന് بَلْ പക്ഷേ, എന്നാല്‍ أَحْيَاءٌ ജീവിച്ചിരിക്കുന്നവരാണ് وَلَٰكِن എങ്കിലും لَّا تَشْعُرُونَ നിങ്ങള്‍ ഗ്രഹിക്കുകയില്ല, അറിയുകയില്ല

മുന്‍ ആയത്തില്‍ ക്ഷമയെയും നമസ്‌കാരത്തെയും കുറിച്ച് പ്രസ്താവിച്ചു. ക്ഷമയുള്ളവര്‍ സഹനമുള്ളവരും, നമസ്‌കാരമുള്ളവര്‍ ഭയഭക്തരുമായിരിക്കുമല്ലോ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്‌വാനും ജീവന്‍ ത്യജിക്കുവാനും തയ്യാറാകുന്നതും ഇങ്ങിനെയുള്ളവരായിരിക്കും. സമരവേളയില്‍ വല്ലവരും വധിക്കപ്പെട്ടു രക്തസാക്ഷികളാകുന്ന പക്ഷം, അവര്‍ പ്രത്യക്ഷത്തില്‍ മരണപ്പെട്ടവരാണെങ്കിലും യഥാര്‍ത്ഥത്തില്‍ മരണപ്പെട്ടവരല്ല; അത്‌കൊണ്ട് അവരെപ്പറ്റി സാധാരണ മരണപ്പെട്ടവരെപ്പോലെ കരുതിക്കൂടാ; അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ്. പക്ഷേ, നിങ്ങള്‍ക്കത് മനസ്സിലാക്കുവാന്‍ കഴിയുകയില്ല എന്നൊക്കെ അല്ലാഹു അറിയിക്കുന്നു. രക്തസാക്ഷികളുടെ (ശഹീദുകളുടെ)മരണം വാസ്തവത്തില്‍ മരണമല്ലെന്നോ, മരിച്ചുവെന്ന് അവരെപ്പറ്റി പറയുവാന്‍ പാടില്ലെന്നോ അല്ല-മറ്റുള്ളവരുടെ മരണവും അവരുടെ മരണവും ഒരേ നിലയില്‍ കണക്കാക്കികൂടാ എന്നത്രെ- അല്ലാഹു പറഞ്ഞതിന്‍റെ അര്‍ത്ഥം. ആലുഇംറാന്‍ 169-171 വചനങ്ങളില്‍ ഇതിനെപ്പറ്റി കൂടുതല്‍ വിവരം കാണാവുന്നതാണ്. إِن شَاءَ اللَّهُ അവര്‍ക്ക് ആഹാരം നല്‍കപ്പെട്ടുകൊണ്ടിരിക്കുമെന്നും അതോടൊപ്പം വന്നുചേരുവാനിരിക്കുന്നവരെപ്പറ്റി അവര്‍ സന്തുഷ്ടരായിക്കൊണ്ടിരിക്കുമെന്നും മറ്റും അവിടെ പ്രസ്താവിച്ചിരിക്കുന്നു.

ശുഹദാക്കളുടെ (രക്തസാക്ഷികളുടെ) ആത്മാക്കള്‍ പച്ചവര്‍ണമുള്ള ചില പക്ഷികളുടെ ഉള്ളങ്ങളിലായി സ്വര്‍ഗത്തില്‍ അവര്‍ ഉദ്ദേശിച്ചേടത്തുകൂടി മേഞ്ഞുകൊണ്ടിരിക്കുമെന്നും, അവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന പ്രതിഫലങ്ങള്‍ കണ്ട് തങ്ങളെ ഇഹത്തിലേക്ക് മടക്കി വീണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊല്ലപ്പെടുമാറാക്കിക്കൊടുക്കുവാന്‍ അവര്‍ അല്ലാഹുവിനോട് അപേക്ഷിക്കുമെന്നും, എനി മടക്കമില്ലെന്ന് നിശ്ചയിച്ചുവെച്ചിരിക്കുന്നതായി അല്ലാഹു അവരോട് മറുപടി പറയുമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നു. (മു) അല്ലാഹുവും റസൂലും അറിയിച്ചുതന്നതിനപ്പുറം അവരുടെ ആത്മീയമായ ആ അദൃശ്യജീവിതത്തെപ്പറ്റി നമുക്കൊന്നും അനുമാനിക്കുവാന്‍ സാധ്യമല്ല. അതാണ് وَلَٰكِن لَّا تَشْعُرُونَ (എങ്കിലും നിങ്ങള്‍ അത് ഗ്രഹിക്കുകയില്ല) എന്ന് അല്ലാഹു പറഞ്ഞതും. യുദ്ധത്തില്‍വെച്ചോ, ശത്രുക്കളുടെ കൈക്കൊ കൊല്ലപ്പെട്ടാല്‍ മാത്രംപോരാ, നിഷ്‌കളങ്ക മനസ്സോടും, ഐഹികമായി ലക്ഷ്യങ്ങള്‍വെച്ചു കൊല്ലാതെയും രണാങ്കണത്തിലിറങ്ങി കൊല്ലപ്പെട്ടവരായെങ്കില്‍ മാത്രമേ ഇപ്പറഞ്ഞ നേട്ടങ്ങള്‍ ഉണ്ടായിരിക്കുകയുള്ളൂവെന്ന് പല ഹദീഥുകളിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യക്തമാക്കിയിരിക്കുന്നു. ക്ഷമയെപ്പറ്റി വീണ്ടും പറയുന്നു:

2:155
 • وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ ﴾١٥٥﴿
 • ഭയം, വിശപ്പ്, സ്വത്തുക്കളിലും ദേഹങ്ങളിലും ഫലങ്ങളിലും കുറവ് എന്നിവയില്‍ പെട്ട വല്ലതും കൊണ്ട് നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യുന്നതാണ്. ക്ഷമിക്കുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
 • وَلَنَبْلُوَنَّكُم നിങ്ങളെ നാം നിശ്ചയമായും പരീക്ഷിക്കുക തന്നെ ചെയ്യും بِشَيْءٍ ഒരു വസ്തു (അല്‍പം-വല്ലതും) കൊണ്ട് مِّنَ الْخَوْفِ ഭയത്തില്‍ നിന്ന് وَالْجُوعِ വിശപ്പില്‍ നിന്നും وَنَقْصٍ കുറവില്‍ (ചുരുക്കലില്‍) നിന്നും مِّنَ الْأَمْوَالِ സ്വത്തുക്കളില്‍ നിന്ന് وَالْأَنفُسِ ദേഹങ്ങളില്‍ നിന്ന് وَالثَّمَرَاتِ ഫലങ്ങളില്‍ നിന്നും وَبَشِّرِ നീ സന്തോഷമറിയിക്കുകയും ചെയ്യുക الصَّابِرِينَ ക്ഷമിക്കുന്നവര്‍ക്ക്
2:156
 • ٱلَّذِينَ إِذَآ أَصَـٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ ﴾١٥٦﴿
 • അതായത് യാതൊരു കൂട്ടര്‍ക്ക്, അവര്‍ക്ക് വല്ല ബാധയും [ആപത്തും] ബാധിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്; ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു.
 • الَّذِينَ യാതൊരു കൂട്ടര്‍ക്ക് إِذَا أَصَابَتْهُم അവര്‍ക്ക് ബാധിച്ചാല്‍, എത്തിയാല്‍ مُّصِيبَةٌ വല്ല ബാധയും, ഒരു വിപത്ത് قَالُوا അവര്‍ പറയും إِنَّا لِلَّهِ ഞങ്ങള്‍ നിശ്ചയമായും അല്ലാഹുവിന്ന് (ഉള്ളവര്‍) ആകുന്നു, ഞങ്ങള്‍ അല്ലാഹുവിന് തന്നെ وَإِنَّا إِلَيْهِ ഞങ്ങള്‍ അവനിലേക്കു തന്നെ رَاجِعُونَ മടങ്ങുന്നവരുമാണ്
2:157
 • أُو۟لَـٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُهْتَدُونَ ﴾١٥٧﴿
 • അക്കൂട്ടര്‍ - അവരില്‍ അവരുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹാശിസ്സുകളും, കാരുണ്യവും ഉണ്ടായിരിക്കും. അക്കൂട്ടര്‍ തന്നെയാണ്, സന്‍മാര്‍ഗം പ്രാപിച്ചവരും.
 • أُولَٰئِكَ അക്കൂട്ടര്‍ عَلَيْهِمْ അവരുടെ മേല്‍ ഉണ്ടായിരിക്കും, അവര്‍ക്കുണ്ട് صَلَوَاتٌ അനുഗ്രഹാശിസ്സുകള്‍ مِّن رَّبِّهِمْ അവരുടെ റബ്ബില്‍ നിന്ന് وَرَحْمَةٌ കാരുണ്യവും وَأُولَٰئِكَ അക്കൂട്ടര്‍ هُمُ അവര്‍ തന്നെ الْمُهْتَدُونَ സന്മാര്‍ഗികള്‍, നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍

അല്ലാഹുവിങ്കല്‍ നിന്നുളള പരീക്ഷണം രണ്ടുവിധത്തിലുണ്ട്. തിന്‍മ മുഖേനയും നന്‍മ മുഖേനയും? وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً (തിന്മകൊണ്ടും നന്മകൊണ്ടും നിങ്ങളെ നാം ഒരു പരീക്ഷണം പരീക്ഷിക്കുന്നതാണ്. (21:35) തിന്മയില്‍ ക്ഷമയും സഹനവും, നന്മയില്‍ നന്ദിയും കൂറും പുലര്‍ത്തുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. അങ്ങിനെ ചെയ്യുന്ന പക്ഷം 153-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ച നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വചനത്തില്‍ കണ്ടതുപോലെ -രണ്ടു തരം പരീക്ഷണവും അവര്‍ക്കു ഗുണകരമായിതന്നെ കലാശിക്കും. ഇല്ലെങ്കിലോ? രണ്ടും ദോഷമല്ലാതെ വരുത്തുകയുമില്ല. കഴിഞ്ഞ വചനങ്ങളില്‍ ക്ഷമയെക്കുറിച്ച് പലതും പ്രസ്താവിച്ചു. അതിനെത്തുടര്‍ന്ന് മനുഷ്യനില്‍ ഇടക്കിടെ അനുഭവപ്പെട്ടേക്കാവുന്ന വിപത്തുകള്‍ മുഖേനയുണ്ടാകുന്ന പരീക്ഷണങ്ങളെക്കുറിച്ചും, അവയില്‍ ക്ഷമ കൈക്കൊള്ളേണ്ടതിനെക്കുറിച്ചും ഈ വചനങ്ങളില്‍ അല്ലാഹു പ്രസ്താവിക്കുകയാണ്.

അഞ്ചുവിധം പരീക്ഷണങ്ങളെയാണ് അല്ലാഹു എടുത്തു പറഞ്ഞത്:

(1) ഭയം, യുദ്ധം, കലഹം, ശത്രുക്കള്‍ തുടങ്ങിയ എല്ലാ കാരണത്താലും ഏര്‍പ്പെടുന്ന ഭയം ഇതില്‍ ഉള്‍പ്പെടുന്നു.

(2) വിശപ്പ്: ക്ഷാമംകൊണ്ടോ ദാരിദ്ര്യാധിക്യംകൊണ്ടോ, മറ്റു കാരണം കൊണ്ടോ ഉണ്ടാകുന്ന പട്ടിണിയെന്നര്‍ത്ഥം

(3) ധനനഷ്ടം : ഉള്ള ധനത്തിന് നാശനഷ്ടം പിണഞ്ഞും, വരവ് കുറഞ്ഞും ഉണ്ടാകുന്ന എല്ലാതരം നഷ്ടങ്ങളും

(4) ആള്‍ നഷ്ടം : രോഗം പകര്‍ച്ച വ്യാധികള്‍, അപകടങ്ങള്‍, യുദ്ധങ്ങള്‍, അത്യാഹിതങ്ങള്‍ എന്നിങ്ങിനെയുള്ള ഏതെങ്കിലും കാരണത്താല്‍ സ്വന്തം കുടുംബങ്ങളിലും ബന്ധുമിത്രങ്ങളിലും ഉണ്ടാകുന്ന എല്ലാ ജീവനാശങ്ങളും

(5) ഫലങ്ങളുടെ കുറവ്: കൃഷിയുല്‍പന്നങ്ങള്‍, കായ്കനികള്‍ മുതലായവയില്‍ ഏര്‍പ്പെടുന്ന ഉല്‍പാദനക്കുറവ്. ഇവയെല്ലാം പലപ്പോഴും ഉണ്ടാകാറുള്ള വിപത്തുകളാണല്ലോ. ബാഹ്യമായ കാര്യകാരണബന്ധങ്ങളെ മുന്‍നിറുത്തി ഇവക്കെല്ലാം ചില കാരണങ്ങള്‍ മനുഷ്യന് പലപ്പോഴും പറയുവാനുണ്ടായിരിക്കും. എങ്കിലും അവയൊക്കെ വാസ്തവത്തില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ചില പരീക്ഷണങ്ങളാകുന്നു. അവയില്‍ ക്ഷമ കൈക്കൊള്ളുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് മഹത്തായ അനുഗ്രഹങ്ങളും നന്‍മകളും ലഭിക്കുന്നതാണെന്നും അവരാണ് സന്‍മാര്‍ഗം പ്രാപിച്ച ഭാഗ്യവാന്‍മാരെന്നും അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നു. നേരെ മറിച്ച് അക്ഷമയും വേവലാതിയുമായി കഴിയുന്നവരെ സംബന്ധിച്ചിടത്തോളം, ഇഹത്തില്‍ ആപത്തുകളുടെ ഗൗരവം വര്‍ദ്ധിക്കലും, പരത്തില്‍ അല്ലാഹുവിന്‍റെ അപ്രീതി സമ്പാദിക്കലും മാത്രമായിരിക്കും അനുഭവം. മേല്‍പറഞ്ഞ അഞ്ച് കാര്യങ്ങളെക്കൊളും പരീക്ഷണം നടത്തും എന്ന് പറയാതെ അവയില്‍ അല്‍പം വല്ലതും കൊണ്ട് പരീക്ഷണം നടത്തും ( وَلَنَبْلُوَنَّكُم بِشَيْءٍ ) എന്നത്രെ അല്ലാഹു പറഞ്ഞ വാക്ക്. ഇവയില്‍പെട്ട ഏതെങ്കിലും ചിലതൊക്കെ ചിലപ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടെന്ന് വരും. അപ്പോള്‍ അതിന്‍റെ പേരില്‍ ക്ഷമകേടും നിരാശയും ബാധിക്കരുത്. നേരെമറിച്ച് ക്ഷമ അവലംബിച്ചുകൊണ്ട് അവ നിങ്ങള്‍ക്ക് ഗുണകരമായി കലാശിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. അതിനെക്കാള്‍ വമ്പിച്ച ആപത്തുകള്‍ സംഭവിക്കാത്തത് അല്ലാഹുവിങ്കല്‍ നിന്നുള്ള ഔദാര്യമായി കരുതണം എന്നൊക്കെയുള്ള സൂചനകള്‍ ആ വാക്കില്‍ അടങ്ങിയിരിക്കുന്നതായി കാണാം. ഒരു ആപത്ത് നേരിടുമ്പോള്‍, അതുപോലെ സംഭവിക്കാന്‍ സാധ്യതയുള്ള കൂടുതല്‍ വലുതായ ആപത്തുകളെപ്പറ്റി വിഭാവനം ചെയ്യുന്നത് സംഭവിച്ച ആപത്തിന്‍റെ ഗൗരവം ലഘൂകരിക്കുവാന്‍ ഉതകുന്നതായിരിക്കും. ക്ഷമാലുക്കളുടെ ഒരു നിര്‍വ്വചനമെന്നോണം അവരെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. അവര്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ (ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരാണ് ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാണ്) എന്ന് അവര്‍ പറയും.

വല്ല ആപത്തുകളും നേരിടുമ്പോള്‍ ഈ വാക്ക് പറയുന്നത് നല്ലതാണെന്ന് ഈ വചനത്തില്‍ നിന്നും പല ഹദീഥുകളില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍, നാവ് കൊണ്ട് ഉരുവിട്ടതുകൊണ്ട് മാത്രം പ്രയോജനമില്ല. അതിലടങ്ങിയ ആശയം മനസ്സിലാക്കിക്കൊണ്ടും, ഓര്‍മിച്ചുകൊണ്ടും ആയിരിക്കണം അത്. തങ്ങള്‍ അല്ലാഹുവിന്‍റെ സൃഷ്ടികളാണ് അവന്‍റെ അടിമകളാണ്, തങ്ങളുടെ കൈകാര്യങ്ങളും നിയന്ത്രണങ്ങളുമെല്ലാം അവന്‍റെ കയ്യിലാണ് അവന്ന് തങ്ങളില്‍ എന്തും നടപ്പിലാക്കുവാന്‍ അധികാരവകാശമുണ്ട്, അതിന് വഴങ്ങുന്നത് തങ്ങളുടെ കടമയാണ്, ഞങ്ങള്‍ മരണാനന്തരം അവനിലേക്ക് മടങ്ങിച്ചെല്ലേണ്ടവരുമാണ്. ഇവിടെ വെച്ച് ഞങ്ങള്‍ ചെയ്യുന്ന എല്ലാറ്റിനും അവന്‍റെ മുമ്പില്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടിവരും, യാതൊരു നന്‍മയും അവന്‍റെയടുക്കല്‍ ഞങ്ങള്‍ക്ക് പാഴായിപ്പോകുകയില്ല, ഒരു തിന്‍മയും അവന്‍റെ ശ്രദ്ധയില്‍പെടാതെ ഒഴിവാകുകയുമില്ല എന്നൊക്കെയാണ് ആ വാക്യത്തിലടങ്ങിയ ആശയം. ആപത്തുകള്‍ നേരിടുമ്പോള്‍, ഈ ബോധത്തോടുകൂടി ആ വാക്ക് പറഞ്ഞു സ്വയം സമാധാനിക്കുന്ന ക്ഷമാലുക്കള്‍ക്ക് അവരുടെ രക്ഷിതാവിങ്കില്‍ നിന്നുള്ള അനുഗ്രഹാശിസ്സുകളും കാരുണ്യവും ഉണ്ടായിരിക്കുമെന്ന സന്തോഷവാര്‍ത്ത അറിയിക്കുക മാത്രമല്ല അല്ലാഹു ചെയ്യുന്നത്. അവര്‍ തന്നെയാണ് സന്‍മാര്‍ഗികള്‍ എന്നൊരു സാക്ഷിപത്രംകൂടി അവര്‍ക്ക് നല്‍കിയിരിക്കുയാണ്. ഇതില്‍ നിന്ന് തന്നെ, ഈ വാക്യം വളരെ മഹത്തായ ഒരു ആശയമാണ് ഉള്‍ക്കൊളളുന്നതെന്ന് ഊഹിക്കാമല്ലോ. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ (ക്ഷമാലുക്കള്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ ഒരു കണക്കും കൂടാതെത്തന്നെയായിരിക്കും നിറവേറ്റപ്പെടുക (സുമര്‍ 10)

ആപത്തുകള്‍ ചെറുതായാലും വലുതായാലും ശരി, അത് സംഭവിക്കുമ്പോള്‍ ഇപ്രകാരം (إِنَّا للهِ – الخ) പറയേണ്ടതാണെന്ന് ഹദീഥുകളില്‍ നിന്ന് വ്യക്തമാകുന്നു. ആയത്തില്‍ നിന്ന് തന്നെയും മനസ്സിലാക്കാവുന്നതാണത്. ഈ വാക്ക് പറയുന്നതിന് ഇസ്തിര്‍ജാഉ് (اِسْتِرْجَاع : മടക്കം കാണിക്കല്‍) എന്ന് പറയപ്പെടുന്നു. വല്ല ആപത്തും സംഭവിച്ച ശേഷം, കുറേകാലം കഴിഞ്ഞിട്ട് പിന്നെയും അത് ഓര്‍മവരുമ്പോള്‍ ഇസ്തിര്‍ജാഉ് പുതുക്കുന്ന പക്ഷം അല്ലാഹു അതിന് പ്രതിഫലം നല്‍കാതിരിക്കുകയില്ല, എന്ന് അഹ്മദും, ഇബ്‌നുമാജഃ (رحمهما الله)യും നിവേദനം ചെയ്ത ഒരു ഹദീഥില്‍ വന്നിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്‌നി ഉമ്മുസലമഃ (رضي الله عنها) പറഞ്ഞതായി മുസ്‌ലിം (رحمه الله) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: വല്ല അടിയാന്നും ഒരു ആപത്ത് ബാധിക്കുമ്പോള്‍ അവന്‍ إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ، اللَّهُمَّ أَجِرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْرًا مِنْهَا (ഞങ്ങള്‍ അല്ലാഹുവിന്‍റെതാണ്, ഞങ്ങള്‍ അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്. അല്ലാഹുവേ, എന്‍റെ ഈ ആപത്തില്‍ നീ എനിക്ക് പ്രതിഫലം നല്‍കേണമേ! എനിക്ക് അതിനേക്കാള്‍ ഉത്തമമായതിനെ നീ പകരം നല്‍കുകയും ചെയ്യേണമേ!) എന്ന് പറയുന്നപക്ഷം, അവന്‍റെ ആപത്തില്‍ അല്ലാഹു അവന് പ്രതിഫലം കൊടുക്കുകയും, അതിനെക്കാള്‍ ഉത്തമമായതിനെ അവന് പിന്നീട് നല്‍കുകയും ചെയ്യാതിരിക്കയില്ല. എന്നിങ്ങിനെ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങിനെ, എന്‍റെ ഭര്‍ത്താവ് അബൂ സലമഃ മരണപ്പെട്ടപ്പോള്‍, റസൂല്‍കല്‍പിച്ച പ്രകാരം ഞാന്‍ പറഞ്ഞു. എനിക്ക് അദ്ദേഹത്തേക്കാള്‍ ഉത്തമനായ ആളെ അല്ലാഹു പകരം തരുകയും ചെയ്തു. അതെ, അല്ലാഹുവിന്‍റെ റസൂലിനെ.

2:158
 • إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ ۖ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ ﴾١٥٨﴿
 • നിശ്ചയമായും സ്വഫായും, മര്‍വഃയും അല്ലാഹുവിന്‍റെ (വക) ചിഹ്നങ്ങളില്‍ പെട്ടതാണ്. അതിനാല്‍, ആരെങ്കിലും (ആ) ഭവനത്തിങ്കല്‍ [കഅ്ബഃയുടെ അടുക്കല്‍] ഹജ്ജ് ചെയ്യുകയോ, ഉംറഃ ചെയ്യുകയോ ചെയ്യുന്നതായാല്‍, അവന്‍ ആരിലൂടെയും പ്രദക്ഷിണം ചെയ്യുന്നതിന് തെറ്റില്ല. ആരെങ്കിലും സ്വമേധയാ, വല്ല നന്മയും പ്രവര്‍ത്തിക്കുന്നതായാല്‍, നിശ്ചയമായും, അല്ലാഹു നന്ദി കാണിക്കുന്നവനും, സര്‍വ്വജ്ഞനുമാകുന്നു [അതവന്‍ പാഴാക്കുകയില്ല].
 • إِنَّ ٱلصَّفَا നിശ്ചയമായും സ്വഫാ وَالْمَرْوَةَ മര്‍വഃയും مِن شَعَائِرِ ചിഹ്ന (അടയാള)ങ്ങളില്‍പെട്ടതാണ് اللَّهِ അല്ലാഹുവിന്‍റെ فَمَنْ حَجَّ അതുകൊണ്ട് ആരെങ്കിലും ഹജ്ജ് ചെയ്താല്‍, കരുതിച്ചെന്നാല്‍ الْبَيْتَ (ആ) വീട്ടിങ്കല്‍, വീട്ടിനെ (കഅ്ബഃയെ) أَوِ اعْتَمَرَ അല്ലെങ്കില്‍ ഉംറഃ ചെയ്താല്‍, സന്ദര്‍ശനത്തിന് വന്നാല്‍ فَلَا جُنَاحَ എന്നാല്‍ തെറ്റില്ല, വിരോധമില്ല عَلَيْهِ അവന്‍റെ മേല്‍ أَن يَطَّوَّفَ അവന്‍ പ്രദക്ഷിണം ചെയ്യല്‍, ചുറ്റിനടക്കല്‍ بِهِمَا അവ രണ്ടിനെയും, രണ്ടിലൂടെ وَمَن تَطَوَّعَ വല്ലവനും സ്വമേധയാ ചെയ്താല്‍, പുണ്യം പ്രവര്‍ത്തിച്ചാല്‍ خَيْرًا ഒരു നന്മയെ, വല്ല ഗുണവും فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു شَاكِرٌ നന്ദി ചെയ്യുന്നവനാണ് عَلِيمٌ അറിവുള്ളവനാണ്, സര്‍വ്വജ്ഞനാണ്

കഅ്ബഃയുടെ അടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് മേട് (ചെറിയ കുന്നു)കളാണ് സ്വഫായും മര്‍വഃയും. ഹജ്ജും ഉംറഃയും ചെയ്യുന്നവര്‍ അവ രണ്ടിനുമിടയില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി ഏഴ് പ്രാവശ്യം നടക്കേതുണ്ട്. ഇബ്‌റാഹീം (അ) ഹാജറിനെയും ഇസ്മാഈല്‍ (അ) നെയും മക്കയില്‍ കൊണ്ടുവന്നാക്കി തിരിച്ചുപോയശേഷം തനിക്കും തന്‍റെ പൈതലിനും വെള്ളമില്ലാതെ ഹാജര്‍ വിഷമിച്ചു. ദാഹം കഠിനമായപ്പോള്‍, വല്ല വഴിയാത്രക്കാരും ആ വഴിക്കു പോകുന്നത് കണ്ടാല്‍ അവരോട് വെള്ളം ചോദിച്ചു നോക്കാമെന്ന് കരുതി ഇസ്മാഈലിനെ ഇപ്പോള്‍ സംസം കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കിടത്തി അവര്‍ ആ കുന്നുകളില്‍ ഓരോന്നിലും കയറി നോക്കുകയുണ്ടായി. രണ്ടിനുമിടയില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി ഏഴ് പ്രാവശ്യം അവര്‍ നടക്കുകയുണ്ടായി…. ഈ സംഭവം സവിസ്തരം ഹദീഥുകളില്‍ വിവരിക്കപ്പെട്ടതാണ്. (കൂടുതല്‍ വിവരത്തിന് സൂഃ ഇബ്‌റാഹീമിന്‍റെ ആമുഖക്കുറിപ്പ് നോക്കുക) ഹജ്ജ്കര്‍മങ്ങളുടെ അധികഭാഗവും ഇബ്‌റാഹീം നബി (അ)യുടെയും ഇസ്മാഈല്‍ നബി (അ)യുടെ ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ. ഹാജറിന്‍റെ ആ നടത്തത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ നടത്തം എന്ന് ഇബ്‌നു അബ്ബാസ് (رضي الله عنه) പ്രസ്താവിച്ചതായി ബുഖാരി (رحمه الله) ഉദ്ധരിച്ചിരിക്കുന്നു. സഅ്‌യ് (سعى വേഗം നടക്കല്‍) എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ നടത്തത്തെപ്പറ്റിയാണ് أَن يَطَّوَّفَ بِهِمَا (അവ രണ്ടിനുമിടയില്‍ പ്രദക്ഷിണം ചെയ്യുക) എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്.

ഏതാനും കൊല്ലങ്ങളായി സുഊദി ഭരണകൂടം മസ്ജിദുല്‍ ഹറാമില്‍ നടത്തിവരുന്ന വിപുലീകരണത്തിന്‍റെയും പരിഷ്‌കരണങ്ങളുടെയും കൂട്ടത്തില്‍, സ്വഫായും, മര്‍വഃയും, അവയുടെ ഇടയിലുള്ള നടപ്പാതയും മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സുദീര്‍ഘവും ഭീമവുമായ ഒരു കെട്ടിടം നിര്‍മിച്ചിരിക്കുന്നു. അത്‌കൊണ്ട് ഇപ്പോള്‍ ‘സഅ്‌യ്’ ചെയ്യുന്നവര്‍ക്ക് വെയിലും മഴയും കൊളളാതെ അത് നിര്‍വ്വഹിക്കുവാന്‍ കഴിയും. ഹജ്ജിലും ഉംറഃയിലും സഅ്‌യ് നിര്‍ബന്ധമാണ്. അത് നിര്‍ബ്ബന്ധമല്ലെന്നു തോന്നിയേക്കാവുന്നവിധം لاجُنَاحَ (തെറ്റില്ല) എന്ന് അല്ലാഹു പറയുവാനുള്ള കാരണം താഴെ വിവരിക്കുന്നുണ്ട്. ഹജ്ജും ഉംറഃയും തമ്മിലുള്ള വ്യത്യാസം ഇതാണ്: ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത് ദുല്‍ഹിജ്ജഃ മാസത്തിലെ നിശ്ചിത ദിവസങ്ങളിലായിരിക്കല്‍ നിര്‍ബ്ബന്ധമാണ്. ഉംറഃക്ക് കാല നിശ്ചയമില്ല. മറ്റൊന്ന്, ഹജ്ജിന്‍റെ പ്രധാന ഘടകമാണ് അറഫഃയില്‍ സമ്മേളിക്കല്‍. ഉംറഃയില്‍ അതില്ല താനും.

ജാഹിലിയ്യഃ കാലത്ത് മുശ്‌രിക്കുകളുടെ മേല്‍നോട്ടത്തിലായിരുന്നുവല്ലോ കഅ്ബഃയും, ഹജ്ജ് കര്‍മവുമല്ലാം. കഅ്ബഃയും പരിസരങ്ങളും വിഗ്രഹങ്ങളാല്‍ നിറക്കപ്പെട്ടിരുന്ന അക്കാലത്ത് സ്വഫായില്‍ ഇസാഫ് (اساف) എന്നും മര്‍വായില്‍ നാഇലഃ (نائلة) എന്നും ഓരോ ബിംബങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. മക്കാ വിജയത്തോടുകൂടി വിഗ്രഹങ്ങളെല്ലാം തുടച്ചു നീക്കപ്പെട്ട കൂട്ടത്തില്‍ അവയും നീക്കപ്പെട്ടു. എന്നാലും, ആ രണ്ടു സ്ഥലവും വിഗ്രഹങ്ങളുടെയും വിഗ്രഹാരാധനയുടെയും സ്ഥാനമായിരുന്നത്‌ കൊണ്ടും ആ രണ്ടു സ്ഥലത്തിനും ഇസ്‌ലാമി ലുള്ള യഥാര്‍ത്ഥസ്ഥാനമെന്താണെന്ന് അറിയപ്പെടാതിരുന്നതു കൊണ്ടും രണ്ടിനുമിടയില്‍ സഅ്‌യ് നടത്തുന്നത് നന്നല്ലെന്നും, അത് തെറ്റായിരിക്കുമെന്നും മുസ്‌ലിംകള്‍ക്കിടയില്‍ ഒരു ധാരണ ഉളവായി. കൂടാതെ, ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചതുപോലെ ജാഹിലിയ്യാ സമ്പ്രദായ പ്രകാരം മദീനയില്‍ നിന്നും ഹജ്ജിന് വരുന്നവര്‍ മനാത്ത് (منات) എന്ന വിഗ്രഹത്തിന്‍റെ നാമത്തില്‍ ഹജ്ജ്കര്‍മം നിര്‍വ്വഹിക്കുന്നവരും, സ്വഫാ-മര്‍വഃയിലെ ബിംബങ്ങള്‍ക്കിടയില്‍ സഅ്‌യ് ചെയ്‌വാന്‍ മടിക്കുന്നവരുമായിരുന്നു. കഅ്ബഃയെ മാത്രം പ്രദക്ഷിണം ചെയ്താല്‍ മതിയെന്നായിരുന്നു അവരുടെ നിലപാട്.

പ്രസ്തുത ധാരണ ശരിയല്ലെന്നും, സ്വഫായും, മര്‍വഃയും അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍പെട്ട പരിപാവന സ്ഥാനങ്ങളാണെന്നും ഇബ്‌റാഹീം (അ) മുതല്‍ക്ക് തന്നെ നടപ്പാക്കപ്പെട്ട ഹജ്ജ് കര്‍മങ്ങളില്‍ അവക്കിടയിലുള്ള നടത്തവും ഉള്‍പ്പെടുമെന്നും ബിംബങ്ങളില്‍ നിന്ന് ശുദ്ധമാക്കപ്പെട്ടിരിക്കുന്നത്‌കൊണ്ട് എനി ആ കര്‍മം നിര്‍വ്വഹിക്കുന്നതില്‍ അവര്‍ ധരിച്ചതുപോലെയുള്ള ആശങ്കകള്‍ക്കൊന്നും സ്ഥാനമില്ലെന്നും ഈ വചനം മുഖേന അല്ലാഹു സത്യവിശ്വാസികളെ പഠിപ്പിക്കുകയാണ്. അതുകൊണ്ടാണ് ഹജ്ജും ഉംറഃയും ചെയ്യുന്നവര്‍ അവ രണ്ടിലൂടെയും പ്രദക്ഷിണം ചെയ്യുന്നതിന് തെറ്റില്ല എന്നു പറഞ്ഞത്. അതിനു തെറ്റില്ല എന്നു പറയുമ്പോള്‍ അത് ചെയ്യാതിരിക്കുന്നതിനും വിരോധമില്ലല്ലോ എന്നു ഉര്‍വത്തുബ്‌നു സുബൈര്‍ (റ) ചോദിച്ചപ്പോള്‍, ആഇശാഃ (റ) ഈ വചനം അവതരിച്ച (മേല്‍ വിവരിച്ച) പശ്ചാത്തലം അദ്ദേഹത്തിനു വിവരിച്ചുകൊടുക്കുകയും അത് റസൂല്‍ചെയ്തു നടപ്പാക്കിയിട്ടുള്ളതാകകൊണ്ട് ആര്‍ക്കും അത് വിട്ടുകളയുവാന്‍ പാടില്ലാത്തതാണെന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തതായി ബുഖാരി (رحمه الله) രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ ശക്തിപ്പെടുത്തുന്ന വേറെയും ഹദീഥുകള്‍ ബുഖാരിയിലും മുസ്‌ലിമിലും മറ്റും കാണാവുന്നതാണ്.

شَعِيرَة (ശഈറത്ത്) എന്ന വാക്കിന്‍റെ ബഹുവചനമാണ് شَعَائِرِ (ശആഇര്‍). അടയാളം, ചിഹ്നം എന്നാണ് വാക്കര്‍ത്ഥം. അല്ലാഹുവിന്‍റെ ചിഹ്നങ്ങള്‍ എന്നോ ഇസ്‌ലാമിന്‍റെ ചിഹ്നങ്ങള്‍ എന്നോ (شَعَائِرِ اللَّهِ شَعَائِرِ الاسلاَم) പറയുമ്പോള്‍, മതകല്‍പനകളും മതസിദ്ധാന്തങ്ങളും അനുഷ്ഠിക്കുകയും മാനിക്കുകയും ചെയ്യുന്നതിന്‍റെ പ്രത്യക്ഷ അടയാളമായി ഗണിക്കപ്പെടുന്ന എല്ലാ കാര്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ഹജ്ജും ഉംറയുമാകുന്ന ആരാധനാകര്‍മങ്ങളും അവയുമായി ബന്ധപ്പെട്ട സ്ഥാനങ്ങളുമാണ് ഇവിടെ പ്രധാനമായും ഉദ്ദേശ്യം. ഈ രണ്ട് സ്ഥലവും അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍പെട്ടതാണെന്ന് അല്ലാഹു പറഞ്ഞപ്പോള്‍, അത് രണ്ടും രണ്ട് പരിപാവന സ്ഥലങ്ങളാണെന്നും അവയുടെ ഇടയിലുള്ള സഅ്‌യ് ഒരു പ്രധാനപ്പെട്ട പുണ്യകര്‍മമാണെന്നും വ്യക്തമാണ്. അല്ലാഹു പറയുന്നു: وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ (ആരെങ്കിലും അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്ന പക്ഷം, നിശ്ചയമായും അത് ഹൃദയങ്ങളുടെ ഭക്തിയില്‍ നിന്നുള്ളതാകുന്നു (ഹജ്ജ് : 32) وَمَن تَطَوَّعَ خَيْرًا – الخ ആരെങ്കിലും സ്വമേധയാ വല്ല നല്ല കര്‍മവും പ്രവര്‍ത്തിച്ചാല്‍ അല്ലാഹു നന്ദികാണിക്കുന്നവനും, എല്ലാം അറിയുന്നവനുമാണ്) എന്ന വാക്യവും തന്നെ അതിന് അല്ലാഹു കല്‍പിക്കുന്ന പ്രാധാന്യത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.

ഒരു വസ്തുത പ്രത്യേകം ഓര്‍ത്തിരിക്കേതുണ്ട്. ഏതെങ്കിലും പുണ്യസ്ഥലങ്ങളെ പ്പറ്റി അവ അല്ലാഹുവിന്‍റെ ചിഹ്നങ്ങളാണെന്നോ, അവയെ ബഹുമാനിക്കേണ്ടതാ ണെന്നോ പറയുന്നതിന്‍റെ അര്‍ത്ഥം, ആ സ്ഥലത്തെ മണ്ണിനോ കല്ലിനോ മറ്റോ ഒരു തരം ദിവ്യത്വമുണ്ടെന്നോ, അവ തൊട്ടുതടവിയോ മറ്റോ വല്ല കാര്യങ്ങളും സാധിപ്പിക്കാമെന്നോ അല്ല. ആ സ്ഥലങ്ങളില്‍ വെച്ച് നിര്‍വ്വഹിക്കപ്പെടുവാന്‍ നിയമിക്കപ്പെട്ട കര്‍മങ്ങള്‍ യഥാവിധി ഭയഭക്തിയോടെ അനുഷ്ഠിക്കുകയും, അവയെ ഒരു വിധത്തിലും അനാദരിക്കുകയോ അവഹേളിക്കുകയോ ചെയ്യാതിരിക്കുകയും എന്നാണുദ്ദേശ്യം. ആ സ്ഥലങ്ങളില്‍വെച്ചുള്ള പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ പ്രത്യേക പരിഗണനയുണ്ടായിരിക്കുന്നതുമാകുന്നു.

وَمَن تَطَوَّعَ خَيْرًا – الخ (ആരെങ്കിലും സ്വമേധയാ ഒരു നല്ല കര്‍മം ചെയ്താല്‍….) എന്ന വാക്യത്തില്‍ നിര്‍ബന്ധ കര്‍മങ്ങള്‍ക്ക് പുറമെ ചെയ്യപ്പെടുന്ന എല്ലാ ഐച്ഛിക കര്‍മങ്ങള്‍ക്കുമുള്ള പ്രോല്‍സാഹനം അടങ്ങിയിരിക്കുന്നു. എന്നാലും -സന്ദര്‍ഭം നോക്കുമ്പോള്‍-ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ഐച്ഛികമായി ചെയ്യപ്പെടുന്ന ഹജ്ജും ഉംറഃയുമാണെന്ന് കാണാവുന്നതാണ്. സ്വഫാ-മര്‍വഃക്കിടയിലുള്ള നടത്തമാകട്ടെ, ഹജ്ജിലും ഉംറഃയിലുമല്ലാതെ ഒരു പ്രത്യേക കര്‍മമായി നിയമിക്കപ്പെട്ടിട്ടുമില്ല. അഥവാ കഴിവുള്ളവര്‍ക്ക് ആയുസ്സില്‍ ഒരിക്കല്‍ മാത്രമേ ഹജ്ജും ഉംറഃയും നിര്‍ബന്ധമുള്ളൂവെങ്കിലും കൂടുതല്‍ ചെയ്യുന്നത് പുണ്യകര്‍മവും അല്ലാഹു ഇഷ്ടപ്പെടുന്നതുമാണെന്ന് ഈ വാക്യത്തില്‍ നിന്ന് മനസ്സിലാക്കാം. ഹദീഥുകളില്‍ നിന്ന് അത് വ്യക്തമായി മനസ്സിലാക്കുവാനും കഴിയുന്നു. അപ്പോള്‍, കഴിവുള്ളവര്‍ക്ക് പോലും ഒന്നിലധികം പ്രാവശ്യം ഹജ്ജും ഉംറയും ചെയ്യുന്നതിന് ഇസ്‌ലാമില്‍ പരിഗണനയൊന്നുമില്ലെന്നും മറ്റുമൊക്കെ വക്രതാല്‍പര്യക്കാരായ ചില ആധുനിക പണ്ഡിതന്‍മാര്‍ പറഞ്ഞും പ്രചരിപ്പിച്ചും വരുന്നത് തെററാണെന്നും അടുത്ത വചനത്തിലെ താക്കീത് അവര്‍ക്കും ബാധകമായേക്കുമെന്ന് അവര്‍ ഭയപ്പെടേതുണ്ടെന്നും അതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. മദീനാ ഹിജ്‌റഃക്ക് ശേഷം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹജ്ജല്ലാതെ ചെയ്തതായി അറിയപ്പെട്ടിട്ടില്ല. വാസ്തവത്തില്‍ അതിന് ചില കാരണങ്ങളുമുണ്ടായിരുന്നതായി കാണാം. മക്കാ ജീവിതകാലത്ത് അവിടുന്ന് എത്ര ഹജ്ജ് ചെയ്തിരിക്കുമെന്നുള്ളതിന് തെളിവുമില്ല. പക്ഷേ, മദീന ഹിജ്‌റഃക്ക്‌ശേഷം നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അറിവോടും കല്‍പനപ്രകാരവും തന്നെ സ്വഹാബികള്‍ ഹജ്ജും ഉംറഃയും ഒന്നിലധികം ചെയ്തിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. والله أعلم

2:159
 • إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَـٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّـٰهُ لِلنَّاسِ فِى ٱلْكِتَـٰبِ ۙ أُو۟لَـٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّـٰعِنُونَ ﴾١٥٩﴿
 • നിശ്ചയമായും (വ്യക്തമായ) തെളിവുകളായും, മാര്‍ഗ ദര്‍ശനമായും നാം അവതരിപ്പിച്ചിട്ടുള്ളതിനെ - വേദഗ്രന്ഥത്തില്‍ നാം അത് മനുഷ്യര്‍ക്ക് വേണ്ടി വിവരിച്ചതിനു ശേഷം - മറച്ചുവെക്കുന്നവര്‍ (അതെ,) അക്കൂട്ടര്‍ - അവരെ അല്ലാഹു ശപിക്കുന്നതാണ്, (മറ്റ്) ശപിക്കുന്നവരും അവരെ ശപിക്കുന്നതാണ്.
 • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَكْتُمُونَ അവര്‍ മൂടിവെക്കും مَا أَنزَلْنَا നാം അവതരിപ്പിച്ചതിനെ مِنَ الْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി, തെളിവുകളില്‍ നിന്നും وَالْهُدَىٰ മാര്‍ഗദര്‍ശനവും, സന്‍മാര്‍ഗവും مِن بَعْدِ ശേഷം, പിറകെയായി مَا بَيَّنَّاهُ നാമതിനെ വിവരിച്ചതിന്‍റെ, വ്യക്തമാക്കിയതിന്‍റെ لِلنَّاسِ മനുഷ്യര്‍ക്ക് فِي الْكِتَابِ (വേദ)ഗ്രന്ഥത്തില്‍ أُولَٰئِكَ അക്കൂട്ടര്‍ يَلْعَنُهُمُ അവരെ ശപിക്കും اللَّهُ അല്ലാഹു وَيَلْعَنُهُمُ അവരെ ശപിക്കുകയും ചെയ്യും اللَّاعِنُونَ ശപിക്കുന്നവര്‍
2:160
 • إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَبَيَّنُوا۟ فَأُو۟لَـٰٓئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ ﴾١٦٠﴿
 • പശ്ചാത്തപിക്കുകയും (പ്രവൃത്തി) നന്നാക്കുകയും (വ്യക്തമാക്കി) വിവരിച്ചുകൊടുക്കുകയും ചെയ്തവരെയൊഴികെ. എന്നാല്‍, അക്കൂട്ടരാകട്ടെ, അവരുടെ പശ്ചാത്താപം നാം സ്വീകരിക്കുന്നതാണ്. ഞാനത്രെ, വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
 • إِلَّا الَّذِينَ യാതൊരു കൂട്ടരെയൊഴികെ تَابُوا അവര്‍ പശ്ചാത്തപിച്ചു وَأَصْلَحُوا അവര്‍ നല്ലത് ചെയ്കയും ചെയ്തു وَبَيَّنُوا അവര്‍ വ്യക്തമാക്കുകയും, വിവരിക്കുകയും ചെയ്തു فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ أَتُوبُ عَلَيْهِمْ ഞാന്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും وَأَنَا ഞാന്‍ التَّوَّابُ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ الرَّحِيمُ കരുണാനിധി

നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും, അവിടുത്തെ ദൗത്യങ്ങളെയും സംബന്ധിച്ചു തൗറാത്തിലും ഇന്‍ജീലിലും വന്നിട്ടുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കാതെ മൂടിവെക്കുന്ന ജൂത-ക്രിസ്തീയ പണ്ഡിതന്മാരെപ്പറ്റിയാണ് ഈ വചനം അവതരിച്ചതെന്ന് ചില രിവായത്തുകളില്‍ വന്നിട്ടുണ്ടെങ്കിലും സത്യം മൂടിവെക്കുകയും ജനങ്ങള്‍ക്ക് അത് വിവരിച്ചുകൊടുക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ബാധകമാണ് ഈ താക്കീതെന്നുള്ളതില്‍ സംശയമില്ല. അവതരണഹേതു പ്രത്യേകമായിരുന്നാലും ആയത്തുകളിലെ വിധി തത്തുല്യമായ എല്ലാ സംഭവങ്ങള്‍ക്കും ബാധകമാണെന്നുള്ളതില്‍ തര്‍ക്കമില്ലാത്തതാണ്.

അബൂഹുറയ്‌റഃ (റ) പറഞ്ഞതായി ബുഖാരി (رحمه الله) ഉദ്ധരിക്കുന്നു: അല്ലാഹുവിന്‍റെ കിതാബിലുള്ള ഒരു ആയത്ത് ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ നിങ്ങള്‍ക്ക് ഒരു വിവരവും പറഞ്ഞുതരുമായിരുന്നില്ല. തുടര്‍ന്നുകൊണ്ട് അദ്ദേഹം ഈ വചനം ഓതുകയും ചെയ്തു. റസൂല്‍അരുളിച്ചെയ്തതായി അബൂഹുറയ്‌റഃ (റ)യില്‍ നിന്നും ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ആരോടെങ്കിലും ഒരു അറിവിനെക്കുറിച്ച് ചോദിക്കപ്പെട്ടിട്ട് അവന്‍ അത് (ശരിക്കു പറഞ്ഞുകൊടുക്കാതെ) മറച്ചുവെക്കുന്ന പക്ഷം, ക്വിയാമത്തുനാളില്‍ അവനു അഗ്നിയാലുള്ള ഒരു കടിഞ്ഞാണിടപ്പെടുന്നതാകുന്നു (ദാ;തി) അബൂഉമാമ (റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു നബി വചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു. നിശ്ചയമായും അല്ലാഹുവും അവന്‍റെ മലക്കുകളും, ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും -മാളത്തിലുള്ള ഉറുമ്പുപോലും- ജനങ്ങള്‍ക്ക് നല്ലകാര്യം പഠിപ്പിക്കുന്ന ആളുടെ മേല്‍ അനുഗ്രഹം നേരുന്നതാണ് (തി). ജനങ്ങള്‍ക്കുവേണ്ടെപ്പട്ട കാര്യങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്നതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ച ഈ മഹാഭാഗ്യത്തിന്‍റെ നേരെ വിപരീത ഫലമാണ് അറിവുണ്ടായിട്ടും അത് മൂടിവെക്കുന്നവര്‍ക്ക് അല്ലാഹു ഈ വചനത്തില്‍ താക്കീതു ചെയ്തിരിക്കുന്നത്. മതവിജ്ഞാനങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാതിരിക്കുന്നതിനെക്കാള്‍ കടുത്ത അക്രമമാണല്ലോ അറിഞ്ഞിട്ട് പിന്നെയും കല്‍പിച്ചുകൂട്ടി അത് മൂടിവെക്കുന്നത്. അല്ലാഹുവിനോടും വേദഗ്രന്ഥത്തോടും, ജനങ്ങളോടും, സ്വന്തം ആത്മാവിനോടും ചെയ്യുന്ന കടുത്ത വഞ്ചനയും അനീതിയുമാണത് . അതുകൊണ്ട് അതുമൂലം നേരിടുന്ന ഭവിഷ്യത്തും അതിഭയങ്കരമായിരിക്കും. അതെ, അല്ലാഹുവിന്‍റെ ശാപവും, ശപിക്കുന്ന എല്ലാവരുടെയും ശാപങ്ങളും!

വെറുപ്പിന്‍റെ ആധിക്യം നിമിത്തം ദയാകാരുണ്യങ്ങളില്‍ നിന്ന് അകറ്റിക്കളയുന്നതിനാണ് ശാപം (لَعَنة) എന്ന് പറയുന്നത്. അല്ലാഹുവിന്‍റെ ശാപംകൊണ്ട് വിവക്ഷ ഇഹത്തിലും പരത്തിലും അവന്‍റെ ദയാദാക്ഷിണ്യങ്ങളും സഹായവും ലഭിക്കാതിരിക്കലും പരലോകശിക്ഷക്ക് വിധേയമാകലുമാകുന്നു. സൃഷ്ടികള്‍ ഒരാളെ ശപിക്കുക എന്നതിന്‍റെ താല്‍പര്യം അവര്‍ക്ക് അവനോട് വെറുപ്പും വിരോധവും ഉണ്ടായിരിക്കലും അവന്നെതിരില്‍ പ്രാര്‍ത്ഥിക്കലുമായിരിക്കും. ‘അല്ലാഹുവും ശപിക്കുന്നവരും ശപിക്കും’ എന്ന് ഒറ്റ വാക്യമായി പറയാതെ, ‘അല്ലാഹു ശപിക്കും ശപിക്കുന്നവരും ശപിക്കും’ എന്ന് രണ്ട് വാക്യങ്ങളായി പറഞ്ഞതില്‍ രണ്ട് ശാപങ്ങളും തമ്മിലുള്ള വ്യത്യാസത്തിലേക്ക് സൂചന കാണാം. ശപിക്കുന്നവര്‍ എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം ശാപം ആരില്‍ നിന്നെല്ലാം ഉണ്ടാകാമോ അവരുടെയെല്ലാം ശാപം എന്ന് തന്നെ. അടുത്ത വചനത്തില്‍ കാണാവുന്നത്‌പോലെ, മലക്കുകളും മനുഷ്യരും അതില്‍ ഉള്‍പ്പെടുന്നു. ഇത്രയും കടുത്ത അപരാധമാണ് യഥാര്‍ത്ഥത്തെ മൂടിവെക്കല്‍. എങ്കിലും ഖേദിച്ചു മടങ്ങുന്നവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. പശ്ചാത്തപിച്ചു മടങ്ങല്‍ യഥാര്‍ത്ഥവും ഫലപ്രദവുമാകേണമെങ്കില്‍, ചെയ്തുപോയതിനെപ്പറ്റി നിര്‍വ്യാജ്യം ഖേദിക്കുകയും   ചെയ്ത തെറ്റ് തിരുത്തുകയും അഥവാ മൂടിവെച്ചത് വ്യക്തമാക്കുകയും -അതാവര്‍ത്തിക്കാതിരിക്കുകയും വേണമല്ലോ. പശ്ചാത്തപിക്കുകയും പ്രവൃത്തി നന്നാക്കുകയും വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തവരൊഴികെ എന്ന വാക്യത്തിന്‍റെ താല്‍പര്യം ഇതൊക്കെത്തന്നെയാണ്

2:161
 • إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ أُو۟لَـٰٓئِكَ عَلَيْهِمْ لَعْنَةُ ٱللَّهِ وَٱلْمَلَـٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ ﴾١٦١﴿
 • നിശ്ചയമായും, അവിശ്വസിക്കുകയും അവിശ്വാസികളായും കൊണ്ട് മരണപ്പെടുകയും ചെയ്തവര്‍ (അതെ) അക്കൂട്ടര്‍ - അവരുടെ മേല്‍ അല്ലാഹുവിന്‍റെയും മുഴുവന്‍ മലക്കുകളുടെയും, മനുഷ്യരുടെയും ശാപമുണ്ടായിരിക്കും.
 • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَمَاتُوا അവര്‍ മരണപ്പെടുകയും ചെയ്തു وَهُمْ അവരാകട്ടെ كُفَّارٌ അവിശ്വാസികളുമാണ് أُولَٰئِكَ അക്കൂട്ടര്‍ عَلَيْهِمْ അവരുടെ മേലുണ്ടായിരിക്കും لَعْنَةُ اللَّهِ അല്ലാഹുവിന്‍റെ ശാപം وَالْمَلَائِكَةِ മലക്കുകളുടെയും وَالنَّاسِ മനുഷ്യരുടെയും أَجْمَعِينَ മുഴുവന്‍
2:162
 • خَـٰلِدِينَ فِيهَا ۖ لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ ﴾١٦٢﴿
 • അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയുമില്ല ; അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമില്ല.
 • خَالِدِينَ ശാശ്വത വാസികളായിട്ട് فِيهَا അതില്‍ لَا يُخَفَّفُ ലഘുവാക്കപ്പെടുകയില്ല عَنْهُمُ അവര്‍ക്ക് الْعَذَابُ ശിക്ഷ وَلَا هُمْ അവരല്ലതാനും يُنظَرُونَ അവര്‍ നോക്കപ്പെടും (ഇടകൊടുക്കപ്പെടും)

ഒരാള്‍ സത്യവിശ്വാസിയോ അവിശ്വാസിയോ എന്ന് അവസാനമായി തിട്ടപ്പെടുത്തുന്നത് അയാളുടെ മരണത്തോടു കൂടിയായിരിക്കും. ആയുഷ്‌കാലമത്രയും അവിശ്വാസിയായിരുന്ന ഒരാള്‍, ഒടുക്കംവെച്ച് സത്യവിശ്വാസം സ്വീകരിക്കുകയും അതേ നിമിഷത്തില്‍ തന്നെ മരിക്കുകയും ചെയ്യുന്ന പക്ഷം അയാള്‍ സത്യവിശ്വാസികളില്‍ ഒരാളായിത്തീരുന്നു. മറിച്ച് ഒരു സത്യവിശ്വാസി മരണത്തിന്‍റെ തൊട്ടു മുമ്പുള്ള നിമിഷത്തില്‍ ആ വിശ്വാസം വെടിഞ്ഞു അവിശ്വാസം സ്വീകരിക്കുന്ന പക്ഷം അയാള്‍ അവിശ്വാസികളുടെ കൂട്ടത്തിലുമാകുന്നു. അതുകൊണ്ടാണ് ശാപത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, അവിശ്വസിച്ചവരുടെ മേല്‍ എന്ന് പറഞ്ഞു മതിയാക്കാതെ, അവിശ്വാസി കളായി മരണമടയുകയും ചെയ്തവരുടെമേല്‍ എന്ന് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ ഒരാള്‍ അവിശ്വാസിയായി കാണപ്പെട്ടത്‌ കൊണ്ട് അയാളെ ശപിക്കുവാന്‍ പാടില്ലെന്നും അവിശ്വാസിയായി മരണപ്പെട്ടുവെന്ന് അറിയപ്പെട്ടെങ്കില്‍ മാത്രമേ അയാളെ ശപിക്കുവാന്‍ പാടുള്ളൂവെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം. അവിശ്വാസികളെ മൊത്തത്തില്‍ ശപിക്കാമെങ്കിലും, അവിശ്വാസിയായ പ്രത്യേക വ്യക്തികളെ ശപിക്കുവാന്‍ പാടില്ലെന്ന് പണ്ഡിതന്‍മാര്‍ പറയുവാന്‍ കാരണം ആ വ്യക്തിയുടെ അന്ത്യം എങ്ങിനെ കലാശിച്ചുവെന്ന് അല്ലാഹുവിനല്ലാതെ അറിയുകയില്ല എന്നുള്ളതാണ്. വഹ്‌യ്‌കൊണ്ട് മാത്രമേ നബിമാര്‍ക്കുപോലും അത് തീര്‍ച്ചപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ തന്നെയും ആ വ്യക്തിയെ ശപിക്കാമെന്നല്ലാതെ, അതൊരു നല്ല കര്‍മമായി ഗണിക്കുന്നതുമല്ല. അവിശ്വാസികളെയും അക്രമികള്‍, വ്യാജവാദികള്‍ മുതലായവരെയും പൊതുവെ ശപിച്ചുകൊണ്ടുള്ള പലവാക്യങ്ങളും ക്വുര്‍ആനില്‍ കാണാം. എന്നാല്‍ പിശാചിനെയല്ലാതെ വ്യക്തികളെ ശപിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ വാക്യങ്ങള്‍ കാണുന്നില്ല. പല പ്രാവശ്യം മദ്യപാനം ചെയ്ത ഒരാളെ ശിക്ഷിച്ച അവസരത്തില്‍, അവിടെ സന്നിഹിതരായിരുന്ന ഒരാള്‍: അല്ലാഹു അവനെ ശപിക്കട്ടെ, എത്രയധികം പ്രാവശ്യമാണവന്‍ കുടിച്ചത്! എന്ന് പറയുകയുണ്ടായെന്നും അത് കേട്ടപ്പോള്‍, നിങ്ങളുടെ സഹോദരന്നെതിരില്‍ നിങ്ങള്‍ പിശാചിന് സഹായമായിത്തീരരുത് എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞുവെന്നും ഹദീഥില്‍ വന്നിരിക്കുന്നു. (ബു.മു)

മനുഷ്യരില്‍ വിശ്വാസികളും അവിശ്വാസികളും ഉണ്ടായിരിക്കെ, അവിശ്വാസികളുടെമേല്‍ എല്ലാ മനുഷ്യരുടെയും ശാപമുണ്ടാകുന്നതെങ്ങിനെ? അവിശ്വാസികള്‍ പരസ്പരം ശപിക്കുമോ? എന്ന് ചോദിക്കപ്പെടാം. സത്യവിശ്വാസികളായ ആളുകളുടെ ശാപമാണ് ഇവിടെ ഉദ്ദേശ്യമെന്നത്രെ ചിലര്‍ ഇതിന് നല്‍കുന്ന മറുപടി. പക്ഷേ, ഈ ശപിക്കല്‍ ഇഹത്തില്‍വെച്ചോ, പരലോകത്തില്‍വെച്ചോ, രണ്ടിടത്തും വെച്ചോ എന്നൊന്നും അല്ലാഹു വ്യക്തമാക്കീട്ടില്ല. അതേ സമയം പരലോകത്ത് വെച്ച് അവിശ്വാസികള്‍ പരസ്പരം നിഷേധിക്കുകയും ശപിക്കുകയും ചെയ്യുന്നതാണ് എന്ന് സൂറഃ അന്‍കബൂത്ത് 25-ല്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട് താനും. ഇവിടെയും അതാവാം ഉദ്ദേശ്യം. അല്ലാഹുവിനറിയാം. എതായാലും ശാപത്തില്‍ നിന്ന് അവിശ്വാസികള്‍ക്ക് ഒരിക്കലും രക്ഷയില്ലെന്നും അവര്‍ക്ക് കാലാകാല ശിക്ഷയായിരിക്കും അനുഭവമെന്നും, ഒരിക്കലെങ്കിലും ശിക്ഷ ലഘൂകരിക്കപ്പെടുകയോ ആശ്വാസത്തിന്‍റെതായ ഇടവേളയോ അവധി നല്‍കപ്പെടുകയോ ഇല്ലെന്നും അല്ലാഹു സ്പഷ്ടമാക്കുന്നു.

2:163
 • وَإِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ لَّآ إِلَـٰهَ إِلَّا هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ ﴾١٦٣﴿
 • നിങ്ങളുടെ ഇലാഹ് [ആരാധ്യന്‍] ഏക ഇലാഹാകുന്നു. അവനല്ലാതെ ഇലാഹേയില്ല; കാരുണ്യവാനും കരുണാനിധിയുമായുള്ളവനത്രെ (അവന്‍).
 • وَإِلَٰهُكُمْ നിങ്ങളുടെ ഇലാഹ്, ആരാധ്യന്‍, ദൈവം إِلَٰهٌ وَاحِدٌ ഒരേ ഇലാഹാകുന്നു لَّا إِلَٰهَ ഒരു ഇലാഹുമില്ല إِلَّا هُوَ അവനല്ലതെ الرَّحْمَٰنُ കാരുണ്യവാന്‍ الرَّحِيمُ കരുണാനിധി

إِلَٰهٌ (ഇലാഹ് = ആരാധ്യന്‍) എന്ന വാക്കിലടങ്ങിയ സാരങ്ങളെപ്പറ്റി സൂറത്തുല്‍ ഫാതിഹഃയുടെ വ്യാഖ്യാനത്തിലും الرَّحْمَٰنِ الرَّحِيمِ (റഹ്മാന്‍, റഹീം) എന്നീ വാക്കുകളിലടങ്ങിയ സാരങ്ങളെപ്പറ്റി ബിസ്മിയുടെ വിവരണത്തിലും മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണ്. لَّا إِلَٰهَ إِلاالله (അല്ലാഹു അല്ലാതെ ഇലാഹ് – ആരാധ്യന്‍ – ഇല്ല) എന്ന് പറയുന്നതിന്‍റെ അര്‍ത്ഥം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ആരാധന ചെയ്യപ്പെടുന്നില്ല എന്നല്ല. യഥാര്‍ത്ഥത്തിലുള്ള ആരാധ്യന്‍ അല്ലാഹുമാത്രമാണ്, ആരാധനക്ക് അര്‍ഹനായുള്ളവന്‍ അവനല്ലാതെ വേറെയില്ല. ആരാധ്യനായി ഗണിക്കപ്പെട്ടു വരുന്നവയെല്ലാം മിഥ്യകളും കൃതിമങ്ങളുമാണ് എന്നൊക്കെയാണ് അര്‍ത്ഥം. അല്ലാഹു മാത്രമേ ഇലാഹായിരിക്കുവാന്‍ അര്‍ഹനായുള്ളൂവെന്നുള്ളതിന്‍റെ തെളിവുകളാണ് അടുത്ത വചനത്തില്‍ കാണുന്നത്.

വിഭാഗം - 20

2:164
 • إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍ وَتَصْرِيفِ ٱلرِّيَـٰحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلْأَرْضِ لَـَٔايَـٰتٍ لِّقَوْمٍ يَعْقِلُونَ ﴾١٦٤﴿
 • നിശ്ചയമായും, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചതിലും, രാവും പകലും (മാറി മാറി) വ്യത്യാസപ്പെടുന്നതിലും, മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്നവ (സ്തുക്കളെ)യും കൊണ്ട് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും, ആകാശത്തുനിന്ന് അല്ലാഹു വെള്ളത്തെ ഇറക്കുകയും, എന്നിട്ട് അത്മൂലം, ഭൂമിയുടെ നിര്‍ജ്ജീവതക്ക് ശേഷം അതിനെ സജീവമാക്കി അതില്‍ എല്ലാ(തരം) ജീവജന്തുക്കളെയും വ്യാപിപ്പിക്കുകയും ചെയ്തിട്ടുള്ളതിലും, കാററുകളുടെയും, ആകാശത്തിനും ഭൂമിക്കുമിടയില്‍ കീഴ്‌പ്പെടുത്ത [നിയന്ത്രിക്ക]പ്പെടുന്ന മേഘത്തിന്‍റെയും നടത്തിപ്പിലും, ബുദ്ധികൊടു(ത്ത് ഗ്രഹി)ക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
 • إِنَّ فِي خَلْقِ നിശ്ചയമായും, സൃഷടിപ്പില്‍ (ഉണ്ട്) السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَاخْتِلَافِ വ്യത്യാസത്തിലും, വ്യത്യാസപ്പെടുന്നതിലും اللَّيْلِ രാത്രിയുടെ وَالنَّهَارِ പകലിന്‍റെയും وَالْفُلْكِ കപ്പലുകളിലും, കപ്പലിലും الَّتِي تَجْرِي സഞ്ചരിക്കുന്ന فِي الْبَحْرِ സമുദ്രത്തില്‍ بِمَا يَنفَعُ ഉപകാരം ചെയ്യുന്നതുമായി النَّاسَ മനുഷ്യര്‍ക്ക് وَمَا أَنزَلَ اللَّهُ അല്ലാഹു ഇറക്കിയതിലും مِنَ السَّمَاءِ ആകാശത്തു നിന്ന് مِن مَّاءٍ വെള്ളമായി, വെള്ളത്തില്‍ നിന്നും فَأَحْيَا بِهِ എന്നിട്ട് അത്കൊണ്ട് അവന്‍ ജീവിപ്പിച്ചു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്‍റെ മരണത്തിന്‍റെ ശേഷം وَبَثَّ പരത്തുക(വിതരണം ചെയ്യുക-വ്യാപിപ്പിക്കുക)യും فِيهَا അതില്‍ مِن كُلِّ دَابَّةٍ എല്ലാ(തരം)ജന്തുക്കളെയും, ജന്തുക്കളില്‍ നിന്നും وَتَصْرِيفِ നടത്തിപ്പിലും, നിയന്ത്രണത്തിലും الرِّيَاحِ കാറ്റുകളുടെ وَالسَّحَابِ മേഘത്തിന്‍റെയും الْمُسَخَّرِ കീഴ്‌പെടുത്തപ്പെട്ട (നിയന്ത്രിക്കപ്പെടുന്ന) بَيْنَ السَّمَاءِ وَالْأَرْضِ ആകാശത്തിനും ഭൂമിക്കുമിടയില്‍ لَآيَاتٍ പല (ചില)ദൃഷടാന്തങ്ങള്‍ (ഉണ്ട്) لِّقَوْمٍ ഒരു ജനതക്ക് يَعْقِلُونَ അവര്‍ ചിന്തിക്കും

അല്ലാഹുവിന്‍റെ ഏകത്വം, സാര്‍വ്വത്രികമായ കഴിവ്, മഹത്തായ അനുഗ്രഹം, സൃഷ്ടിവൈഭവം ആദിയായവക്ക് സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാണ് ഈ വചനത്തില്‍ പ്രസ്താവിക്കപ്പെട്ട ഓരോ കാര്യവും. ഓരോന്നിനെക്കുറിച്ചും എത്ര ഗാഢമായും വ്യാപകമായും ചിന്തിക്കുവാന്‍ മനുഷ്യന് കഴിയുമോ -അല്ലെങ്കില്‍ അവന്‍ അതിന് തയ്യാറാകുമോ- അത്രത്തോളമായിരിക്കും അവയില്‍ നിന്ന് അവന് സിദ്ധിക്കുന്ന വിജ്ഞാന സമ്പത്തുക്കള്‍. അല്ലാഹു ചൂണ്ടിക്കാട്ടിയ ദൃഷ്ടാന്തങ്ങള്‍ ഇവയാകുന്നു:

1) ആകാശ ഭൂമികളെ സൃഷ്ടിച്ചത്: അനന്തവിശാലമായ ആകാശങ്ങള്‍, എണ്ണവും വണ്ണവും അജ്ഞാതങ്ങളായ അവയിലെ നക്ഷത്ര ലോകങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, ഓരോന്നിന്‍റെയും വ്യവസ്ഥാപിതവും അത്യല്‍ഭുതകരവുമായ ഗതിവിഗതികള്‍, പരസ്പര ബന്ധങ്ങള്‍, നാം നിവസിക്കുന്ന ഈ ഭൂമി, അതിന്‍റെ ചലനങ്ങള്‍, അതുള്‍ക്കൊള്ളുന്ന വന്‍കരകള്‍, സമുദ്രങ്ങള്‍, പര്‍വ്വതങ്ങള്‍, നദികള്‍, മരുഭൂമികള്‍, നാടുകള്‍, കാടുകള്‍, ജീവജാലങ്ങള്‍, പദാര്‍ത്ഥങ്ങള്‍, വ്യത്യസ്തമായ ഭൂപ്രകൃതികള്‍, അവയെ കീഴടക്കുവാനും ചൂഷണം ചെയ്യുവാനുമുള്ള മാര്‍ഗങ്ങള്‍ അങ്ങിനെ പലതും പലതും.

2) രാപ്പകലുകളുടെ വ്യത്യാസം: ഒന്നിന് പിന്നാലെ മറ്റൊന്നായിക്കൊണ്ട് അവരും മാറിമാറിക്കൊണ്ടിരിക്കുന്നു. ഒന്നിന്‍റെ സമയം വര്‍ദ്ധിച്ചാല്‍ മറ്റേതിന്‍റെ സമയം ചുരുങ്ങുന്നു. ഭൂമിയുടെ ഒരര്‍ദ്ധഭാഗത്ത് പകല്‍ വെളിച്ചം വീശുമ്പോള്‍ മറ്റേ അര്‍ദ്ധഭാഗത്ത് രാത്രി ഇരുട്ട് മൂടുന്നു. അങ്ങിനെ പലതും.

3) ജനങ്ങള്‍ക്ക് ഉപകാരപ്രദങ്ങളായ വസ്തു വിഭവങ്ങളെ വഹിച്ചുകൊണ്ടു സമുദ്രങ്ങളിലുടെ അങ്ങുമിങ്ങും സഞ്ചരിക്കുന്ന കപ്പലുകള്‍. അഥവാ ആഴക്കടലും, ദൂരക്കടലും വ്യത്യാസമില്ലാതെ, രാപ്പകല്‍ വ്യത്യാസം കൂടാതെ ഓരോ നാട്ടിലെ കയറ്റുമതി ചരക്കുകള്‍ മറ്റു നാടുകളില്‍ എത്തിച്ചു ഇറക്കുമതി ചെയ്‌വാനും സമുദ്രവിഭവങ്ങളെ തേടിപ്പിടിക്കുവാനും കാററും കോളും തിരമാലകളും ഭേദിച്ചുകൊണ്ട് അന്തരീക്ഷത്തില്‍ പാറിപ്പറന്നു നടക്കുന്ന പറവകള്‍ കണക്കെ, അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്ന വിവിധ തരത്തിലുള്ള എണ്ണമറ്റ ജലവാഹനങ്ങളും, അവയുടെ സഞ്ചാരത്തിന് ഉപയുക്തമാംവിധം സമുദ്രമാര്‍ഗങ്ങള്‍ എര്‍പ്പെടുത്തിയതും മറ്റും.

4) ആകാശത്തുനിന്ന് -ഉപരിഭാഗത്ത് നിന്ന്- മഴവെള്ളം ഇറക്കി അതുവഴി, നിര്‍ജ്ജീവമായിക്കിടക്കുന്ന തരിശു ഭൂമികള്‍ക്ക് നവജീവന്‍ നല്‍കുന്നത്. ഈര്‍പ്പമില്ലാതെ, ഉല്‍പാദന ശേഷിയില്ലാതെ, വരണ്ടു കിടക്കുന്ന ഭൂമിയില്‍ മഴപെയ്യുന്നതോടുകൂടി അതിന്‍റെ മട്ടുമാറുന്നു; നനവുതട്ടി മണ്ണു ചീര്‍ക്കുന്നു; സസ്യലതാദികള്‍ മുളച്ചുപൊങ്ങുന്നു; കൃഷിയോഗ്യമായിത്തീരുന്നു; അങ്ങിനെ ഭൂതലം പച്ച വിതാനമായിമാറുന്നു.

5) വിവിധതരം ജീവജന്തുക്കളെ ഭൂമിയില്‍ വിതരണം ചെയ്തത്. ദൃഷ്ടിക്ക് ഗോചരമല്ലാത്ത വിധം ചെറുതായ പ്രാണികള്‍ തൊട്ടു ഭീമാകാരികളായ ജീവികള്‍ വരെ, ഏറ്റവും അപരിഷ്‌കൃതങ്ങളെന്ന് കരുതപ്പെടുന്ന താഴേകിട ജീവികള്‍ തൊട്ട് ഏറ്റവും പരിഷ്‌കൃതരും മേലേ കിടയിലുള്ളവരുമായ മനുഷ്യര്‍വരെ, കരയിലും കടലിലും, നാട്ടിലും കാട്ടിലും അന്തരീക്ഷത്തിലുമായി കഴിഞ്ഞുകൂടുന്ന എണ്ണമറ്റ ജീവജാലങ്ങള്‍, അവയുടെ ജാതി – വര്‍ണ – വര്‍ഗ – സ്വഭാവ വ്യത്യാസങ്ങള്‍, ഒന്നിനൊന്ന് വ്യത്യസ്തമായ ജീവിത രീതികള്‍, ആവശ്യങ്ങള്‍, ഉപയോഗങ്ങള്‍, ആകൃതികള്‍, പ്രകൃതികള്‍ തുടങ്ങിയവ.

6) കാററുകളുടെ നടത്തിപ്പും, നിയന്ത്രണവും, കാലവര്‍ഷക്കാറ്റ്, വാണിജ്യക്കാറ്റ്, ശീതക്കാറ്റ്, ഉഷ്ണക്കാറ്റ്, ഇളങ്കാറ്റ്, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് ആദിയായവയും, അവയുടെ ഉല്‍ഭവം, ഗതി, ഉപകാരം, ഉപദ്രവം ആദിയായവയും.

7) ആകാശത്തിനും ഭൂമിക്കുമിടയില്‍വെച്ച് നിയന്ത്രിക്കപ്പെടുന്ന മേഘത്തിന്‍റെ  നടത്തിപ്പ്, ആവശ്യത്തിലധികം മേല്‍പോട്ട് കയറിപ്പോകാതെ, ഉപദ്രവകരമായവിധം ഭൂമിയില്‍ താഴോട്ടിറങ്ങി ഉപദ്രവിക്കാതെ, അന്തരീക്ഷത്തില്‍ ഒതുങ്ങി നില്‍ക്കുകയും, ആവശ്യമുള്ള ഭാഗങ്ങളിലേക്ക് ഓടിനീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാര്‍മേഘങ്ങളുടെ നിയന്ത്രണ നടപടി ക്രമങ്ങള്‍ തുടങ്ങിയവ.

ഇത്യാദി മഹല്‍ കാര്യങ്ങളെല്ലാം ഒന്നിനൊന്ന് വിരുദ്ധമോ തടസ്സമോ ആകാതെ തികച്ചും വ്യവസ്ഥാപിതമായ രീതിയില്‍, സൃഷ്ടിച്ചു നിയന്ത്രിച്ചു നടത്തിപ്പോരുന്നവനാരോ അവന് -അല്ലാഹുവിന്- മാത്രമേ ഇലാഹായിരിക്കുവാന്‍ (ആരാധിക്കപ്പെടുവാന്‍) അര്‍ഹതയുള്ളൂവെന്നും, മററുളള ആരാധ്യവസ്തുക്കളൊന്നും ആരാധനക്കര്‍ഹതയില്ലാത്ത മിഥ്യകളാണെന്നും ബുദ്ധികൊടുത്തു ചിന്തിക്കുന്ന ഏവര്‍ക്കും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ഇവ മാത്രമല്ല, ഇവപോലുള്ള അനേകം ദൃഷ്ടാന്തങ്ങള്‍ വേറെയും. പക്ഷേ, യഥാര്‍ത്ഥ സ്രഷ്ടാവിനെ നേരത്തെത്തന്നെ ചിന്താമണ്ഡലത്തില്‍ നിന്ന് വൈരാഗ്യപൂര്‍വ്വം ഒഴിച്ചുനിറുത്തി പകരം മറ്റൊരു സ്രഷ്ടാവിനെ – അതിന് പേര്‍ പ്രകൃതിയെന്നോ, ഊര്‍ജ്ജമെന്നോ, പരിണാമമെന്നോ, വിസ്‌ഫോടനമെന്നോ എന്തുതന്നെ പറഞ്ഞാലും ശരി-പ്രതിഷ്ഠിച്ചു പൂജിച്ചുകൊണ്ട് അവയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് അവയിലൂടെ യഥാര്‍ത്ഥ സ്രഷ്ടാവിനെയും അവന്‍റെ മാഹാത്മ്യങ്ങളെയും കണ്ടെത്തുവാന്‍ കഴിഞ്ഞെന്ന് വരുകയില്ല. മുന്‍വിധിയും യഥാവിധം ബുദ്ധി ഉപയോഗിക്കാത്തതും, ചിലപ്പോള്‍ അഹന്തയുമായിരിക്കും അതിന്‍റെ കാരണം. എന്നാല്‍ മുന്‍വിധികൂടാതെ സത്യം ദര്‍ശിക്കുവാനുള്ള താല്‍പര്യത്തില്‍ ബുദ്ധി ഉപയോഗിക്കുന്നവര്‍ സ്രഷ്ടാവിനെയും സൃഷ്ടിമാഹാത്മ്യത്തെയും കണ്ടെത്തുകയും സ്രഷ്ടാവിനെ വാഴ്ത്തുകയും ചെയ്യും. സൂറഃ ആലുഇംറാനില്‍ അല്ലാഹു പറയുന്നു: ആകാശ ഭൂമികളെ സൃഷ്ടിച്ചതിലും, രാവും പകലും വ്യത്യാസപ്പെടുന്നതിലും നിശ്ചയമായും ബുദ്ധിമാന്‍മാര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. അതായത്, നിന്നും ഇരുന്നും, പാര്‍ശ്വങ്ങളിലായും -കിടന്നും- അല്ലാഹുവിനെ ഓര്‍മിക്കുകയും, ആകാശഭൂമികളുടെ സൃഷ്ടിയില്‍ ചിന്തിക്കുകയും ചെയ്യുന്നവര്‍, തുടര്‍ന്നുകൊണ്ട് അവരുടെ ചിന്താഫലമായി അവര്‍ ഇങ്ങിനെ പറയുമെന്ന്കൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു:

رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ

(സാരം: ഞങ്ങളുടെ രക്ഷിതാവേ, ഇതൊക്കെ നീ നിരര്‍ത്ഥമായി സൃഷ്ടിച്ചതല്ല. നീ മഹാപരിശുദ്ധന്‍! ആകയാല്‍ നീ ഞങ്ങളെ നരകത്തില്‍ നിന്ന് കാത്തു രക്ഷിക്കണേ! (ആലു ഇംറാന്‍ 190, 191)

2:165
 • وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ ﴾١٦٥﴿
 • മനുഷ്യരിലുണ്ട് ചിലര്‍: അവര്‍ അല്ലാഹുവിന് പുറമെ (അവന്) ചില സമന്‍മാരെ ഉണ്ടാക്കുന്നു. അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോലെ അവര്‍ അവരെ സ്‌നേഹിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അല്ലാഹുവിനോട് ഏറ്റവും ശക്തമായ സ്‌നേഹമുള്ളവരത്രെ, (ആ)അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷയെ (നേരില്‍) കാണുന്ന അവസരത്തില്‍, ശക്തി മുഴുവനും അല്ലാഹുവിനാണുള്ളതെന്ന് അവര്‍ കണ്ടറിഞ്ഞിരു ന്നുവെങ്കില്‍! അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും (കണ്ടറിഞ്ഞിരുന്നുവെങ്കില്‍)!
 • وَمِنَ النَّاسِ മനുഷ്യരിലുണ്ട് مَن يَتَّخِذُ ചിലര്‍ - അവരുണ്ടാക്കും, ഉണ്ടാക്കുന്ന (സ്വീകരിക്കുന്ന)ചിലര്‍ مِن دُونِ اللَّهِ അല്ലാഹുവിന് പുറമെ, അല്ലാഹുവിനെകൂടാതെ أَندَادًا (ചില) സമന്‍മാരെ يُحِبُّونَهُمْ അവര്‍ അവരെ സ്‌നേഹിക്കും كَحُبِّ اللَّهِ അല്ലാഹുവിനെ സ്‌നേഹിക്കുന്നത്‌ പോലെ وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ أَشَدُّ حُبًّا സ്‌നേഹത്തില്‍ കൂടുതല്‍ ശക്തരാണ് لِّلَّهِ അല്ലാഹുവിനോട് وَلَوْ يَرَى കണ്ടിരുന്നെങ്കില്‍ الَّذِينَ ظَلَمُوا അക്രമം ചെയതവര്‍ إِذْ يَرَوْنَ അവര്‍ കാണുന്ന സന്ദര്‍ഭം, കാണുമ്പോള്‍ الْعَذَابَ ശിക്ഷയെ أَنَّ الْقُوَّةَ ശക്തി (ആകുന്നു) എന്ന് لِلَّهِ അല്ലാഹുവിന് جَمِيعًا മുഴുവനും وَأَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നും شَدِيدُ കഠിനമായവന്‍ الْعَذَابِ ശിക്ഷ
2:166
 • إِذْ تَبَرَّأَ ٱلَّذِينَ ٱتُّبِعُوا۟ مِنَ ٱلَّذِينَ ٱتَّبَعُوا۟ وَرَأَوُا۟ ٱلْعَذَابَ وَتَقَطَّعَتْ بِهِمُ ٱلْأَسْبَابُ ﴾١٦٦﴿
 • (അതെ) പിന്‍പറ്റപ്പെട്ടവര്‍ (തങ്ങളെ)പിന്‍പറ്റിയവരില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സന്ദര്‍ഭം: അവര്‍ (രണ്ടു കൂട്ടരും) ശിക്ഷ(നേരില്‍) കാണുകയും, അവരില്‍ (നിന്ന്) ബന്ധങ്ങള്‍ മുറിഞ്ഞു പോകുകയും ചെയ്യുന്ന (സന്ദര്‍ഭം)
 • إِذْ تَبَرَّأَ ഒഴിഞ്ഞു മാറുമ്പോള്‍, നിരപരാധിത്വം നടിക്കുമ്പോള്‍ الَّذِينَ اتُّبِعُوا പിന്‍പററപ്പെട്ടവര്‍ (നേതാക്കള്‍) مِنَ الَّذِينَ യാതൊരുവരില്‍ നിന്ന് اتَّبَعُوا അവര്‍ പിന്‍തുടര്‍ന്നിരിക്കുന്നു وَرَأَوُا അവര്‍ കാണുകയും (ചെയ്യുമ്പോള്‍) الْعَذَابَ ശിക്ഷയെ وَتَقَطَّعَتْ മുറിഞ്ഞു (അറ്റു) പോകുകയും بِهِمُ അവരില്‍ الْأَسْبَابُ ബന്ധങ്ങള്‍ (ബന്ധപ്പെട്ട കാരണങ്ങള്‍)
2:167
 • وَقَالَ ٱلَّذِينَ ٱتَّبَعُوا۟ لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا۟ مِنَّا ۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعْمَـٰلَهُمْ حَسَرَٰتٍ عَلَيْهِمْ ۖ وَمَا هُم بِخَـٰرِجِينَ مِنَ ٱلنَّارِ ﴾١٦٧﴿
 • പിന്‍പറ്റിയവര്‍ പറയുകയും ചെയ്യും: ഞങ്ങള്‍ക്ക് ഒരു മടക്കം ഉണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ - ഞങ്ങളില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി യതുപോലെ, അവരില്‍ നിന്ന് ഞങ്ങളും ഒഴിഞ്ഞുമാറുമായിരുന്നു! അപ്രകാരം, അവരുടെ കര്‍മങ്ങളെ അവരുടെ മേല്‍ ഖേദങ്ങളായി അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതാണ്. അവര്‍ നരകത്തില്‍ നിന്ന് പുറത്ത് പോകുന്നവരല്ലതാനും.
 • وَقَالَ പറയുകയും ചെയ്യും الَّذِينَ اتَّبَعُوا പിന്‍പറ്റിയവര്‍ لَوْ أَنَّ لَنَا ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ كَرَّةً ഒരു മടക്കം, ഒരു ചാട്ടം, ഒരു പ്രാവശ്യം فَنَتَبَرَّأَ مِنْهُمْ എന്നാല്‍ ഞങ്ങള്‍ അവരില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഞങ്ങള്‍ക്ക് ഒഴിഞ്ഞുമാറാമായിരുന്നു كَمَا تَبَرَّءُوا അവര്‍ ഒഴിഞ്ഞുമാറിയത്‌ പോലെ مِنَّا ഞങ്ങളില്‍ നിന്ന് كَذَٰلِكَ അപ്രകാരം يُرِيهِمُ اللَّهُ അവര്‍ക്ക് അല്ലാഹു കാണിക്കും أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ حَسَرَاتٍ ഖേദങ്ങളായി, ചേതങ്ങളായി عَلَيْهِمْ അവര്‍ക്ക്, അവരുടെ മേല്‍ وَمَا هُم അവരല്ലതാനും بِخَارِجِينَ പുറത്ത്‌പോകുന്നവരേ مِنَ النَّارِ നരകത്തില്‍ നിന്ന്

പ്രാഥമിക ബുദ്ധികള്‍ക്കുപോലും ഗ്രഹിക്കുവാന്‍ കഴിയുന്ന മുന്‍വിവരിച്ചതുപോലെയുള്ള ദൃഷ്ടാന്തങ്ങള്‍ പലതുണ്ടായിട്ടും അവയെപ്പറ്റി ചിന്തിക്കുവാന്‍ തയ്യാറില്ലാതെ, അല്ലാഹുവിന് ചില സമന്‍മാരെ സ്വീകരിച്ചു അവരെ ആരാധിച്ചും, അവരോട് പ്രാര്‍ത്ഥിച്ചും വരുന്ന ഒരു തരം ആളുകള്‍ മനുഷ്യരിലുണ്ടെന്നും അവര്‍ക്ക് നേരിടുവാനിരിക്കുന്ന ഭാവി അങ്ങേയറ്റം ഖേദകരമായിരിക്കുമെന്നും, ഇപ്പോള്‍ അവര്‍ കണ്ണ് തുറക്കാത്ത പക്ഷം അന്ന് കണ്ണ് തുറക്കുമെന്നും പക്ഷേ, അതുകൊണ്ട് ഒരു പ്രയോജനവും അവര്‍ക്ക് ലഭിക്കുകയില്ലെന്നും അല്ലാഹു ശക്തിയായി താക്കീത് ചെയ്യുന്നു.

أَنْدَاد (സമന്‍മാര്‍) എന്ന വാക്കിന്‍റെ അര്‍ത്ഥോദ്ദേശ്യത്തെപറ്റി 22-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. സമന്‍മാരെക്കൊണ്ട് ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്നത് വിഗ്രഹങ്ങളാണെന്നും ശിര്‍ക്കിന്‍റെ നേതാക്കളും തലവന്‍മാരുമാണെന്നും, അതല്ല, അല്ലാഹുവിന്‍റെ ഏതെങ്കിലും ഗുണവിശേഷങ്ങളിലോ, പ്രവര്‍ത്തികളിലോ അധികാരാവകാശങ്ങളിലോ, സാമ്യമോ പങ്കോ ഉണ്ടെന്ന് കരുതപ്പെടുന്ന എല്ലാ വസ്തുക്കളുമാണെന്നും ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചു കാണാം. സൂക്ഷ്മജ്ഞാനികളായ പല മഹാന്‍മാരും അഭിപ്രായപ്പെടുന്നത് ‌പോലെ, ഒടുവില്‍ പറഞ്ഞ അഭിപ്രായമാണ് ഏറ്റവും ശരിയായിട്ടുള്ളത്. ഈ ക്വുര്‍ആന്‍ വചനങ്ങള്‍ ഒന്നാമതായി അഭിമുഖീകരിക്കുന്നത് അറബിമുശ്‌രിക്കുകളെയാണല്ലോ. അപ്പോള്‍, അന്ന് അവര്‍ ദിവ്യത്വം കല്‍പിച്ചിരുന്ന കല്ലുകള്‍, മരങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, മലക്കുകള്‍, പിശാചുക്കള്‍ മുതലായവര്‍ തന്നെയായിരിക്കും പ്രധാനമായും ഉദ്ദേശ്യമെന്ന് കരുതാം. അല്ലാഹുവില്‍ നിന്ന് ശ്രദ്ധവിടുത്തിക്കളയുന്ന എല്ലാവസ്തുക്കളും സമന്‍മാരില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് ഇമാം ബൈദ്വാവി (റ) അഭിപ്രായപ്പെട്ടിരിക്കുന്നത്. സയ്യിദ് ക്വുത്വുബ് ചൂണ്ടിക്കാട്ടിയത് പോലെ, സ്ഥലകാലങ്ങള്‍ക്കനുസരിച്ച് സമന്‍മാരുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ആളുകളോ, വസ്തുക്കളോ, ചിഹ്നങ്ങളോ, പ്രതിമകളോ എല്ലാം തന്നെ സമന്‍മാരായി ഗണിക്കപ്പെടാവുന്നതാണ്. അല്ലാഹുവിന് സമത്വം കല്‍പിക്കുകയെന്നതിന്‍റെ വൃത്തം എത്ര വലുതാണെന്നും, ശിര്‍ക്ക് കടന്നുകൂടുവാനുള്ള മാര്‍ഗങ്ങള്‍ എത്ര നിഗൂഢങ്ങളാണെന്നും താഴെ കാണുന്നത്‌പോലെയുള്ള ഉദ്ധരണികളില്‍ നിന്ന് സത്യാന്വേഷികള്‍ക്ക് മനസ്സിലാക്കാവുന്നതാകുന്നു.

1. ഇബ്‌നു അബ്ബാസ് (رضي الله عنه) പറയുന്നു : അല്ലാഹുവും അങ്ങുന്നും ഉദ്ദേശിച്ചത് (مَا شَاءَ لله وَ شئت) എന്ന് ഒരു മനുഷ്യന്‍ ഒരിക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പറയുകയുണ്ടായി. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു : താന്‍ എന്നെ അല്ലാഹുവിന് സമനാക്കി! അല്ലാഹു മാത്രം ഉദ്ദേശിച്ചത് എന്നാണ് പറയേണ്ടത് (അ; ന; ജ. മുതലായവരും അദബുല്‍ മുഫ്‌റദില്‍ ബുഖാരിയും).

2. ഹുദൈഫത്തുബ്‌നുല്‍യമാന്‍ (رضي الله عنه) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഉദ്ധരിക്കുന്നു : അല്ലാഹുവും ഇന്ന ആളും ഉദ്ദേശിച്ചത് (مَا شَاءَ لله وَشاء فلا ن) എന്ന് നിങ്ങള്‍ പറയരുത്. അല്ലാഹു ഉദ്ദേശിച്ചത് എന്നും, പിന്നീട് ഇന്ന ആള്‍ ഉദ്ദേശിച്ചത് എന്നും പറഞ്ഞുകൊളളുക. (അ; ദാ; ന; ജ; ബ; ഇബ്‌നു അബീശൈബഃ) ഇതേ അര്‍ത്ഥത്തില്‍ വേറെയും രിവായത്തുകളുണ്ട്.

3. ഇബ്‌നു അബ്ബാസ് (رضي الله عنه) പ്രസ്താവിച്ചതായി ഇബ്‌നു അബീഹാതിം (റ) ഉദ്ധരിച്ച ഒരു രിവായത്ത് പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. അതിപ്രകാരമാണ്: അന്‍ദാദ് (സമന്‍മാര്‍) എന്ന് പറഞ്ഞത്, രാത്രിയുടെ ഇരുട്ടില്‍ കറുത്ത മിനുസമുള്ള കല്ലിലൂടെ ഉറുമ്പ് അരിക്കുന്നത്‌പോലെ വളരെ ഗൂഢമായ ശിര്‍ക്കാകുന്നു (ഒരാളെ അഭിമുഖീകരിച്ചുകൊണ്ട്) അല്ലാഹുവിനെത്തന്നെയാണ, താങ്കളുടെ ജീവിതത്തെയും തന്നെയാണ എന്‍റെ ജീവിതത്തെയും തന്നെയാണ (സത്യം) എന്നിങ്ങിനെ പറയുക, ഇന്ന ആളുടെ പട്ടി ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെ വീട്ടില്‍ ഇന്നലെ രാത്രികള്ളന്‍മാര്‍ വരുമായിരുന്നുവെന്നും, പാറാവില്ലായിരുന്നുവെങ്കില്‍ കള്ളന്‍മാര്‍ വന്നിരുന്നുവെന്നും പറയുക. അല്ലാഹുവും താനും ഉദ്ദേശിച്ച പ്രകാരം എന്ന് പറയുക. അല്ലാഹുവും ഇന്ന ആളും ഇല്ലായിരുന്നുവെങ്കില്‍… എന്ന് പറയുക. ഇവയെല്ലാം ശിര്‍ക്കാകുന്നു.

4. പാപങ്ങളില്‍ വെച്ച് ഏറ്റവും വമ്പിച്ചത് ഏതാണെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഇബ്‌നുമസ്ഊദ് (റ) ചോദിച്ചു. നിന്നെ സൃഷ്ടിച്ചത് അല്ലാഹുവായിരിക്കെ, അവന് നീ വല്ല സമനെയും ഏര്‍പ്പെടുത്തലാണ് എന്നായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞത് (ബു; മു)

ഇതുപോലെയുള്ള രേഖകള്‍ മുമ്പില്‍ വെച്ചുകൊണ്ട് മുസ്‌ലിം ബഹുജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ചില വാക്കുകളെപ്പറ്റിയും, ആ വാക്കുകള്‍ പ്രതിനിധീകരിക്കുന്ന വിശ്വാസങ്ങളെപ്പറ്റിയും ഒന്നാലോചിച്ചു നോക്കുക! ഉദാഹരണമായി: അല്ലാഹുവിന്‍റെയും നിങ്ങളുടെയും സഹായം ഉണ്ടെങ്കില്‍, പടച്ചവനും നേര്‍ച്ചക്കാരും സഹായിച്ചാല്‍, അല്ലാഹുവിന്‍റെയും ശുഹദാക്കളുടെയും കാവല്‍, അല്ലാഹുവിന്‍റെയും അമ്പിയാ – ഔലിയാക്കളുടെയും സഹായംകൊണ്ട്, ശൈഖിന്‍റെ ബര്‍ക്കത്ത് കൊണ്ട് എന്നിത്യാദി പലതും! ഇതെല്ലാം അല്ലാഹുവിന് ഓരോ തരത്തിലുള്ള സമന്‍മാരെ എര്‍പ്പെടുത്തലാണെന്ന് നിഷ്പക്ഷ ഹൃദയത്തോടുകൂടി ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഇങ്ങിനെയുള്ള ഒരു വാക്ക് ഒരു വ്യക്തി പറയുമ്പോഴേക്ക് അയാള്‍ മുശ്‌രിക്കായി എന്നോ, അയാള്‍ ഇസ്‌ലാമില്‍ നിന്ന് ഭ്രഷ്ടായിപ്പോയി എന്നോ വിധി കല്‍പിക്കാം – കല്‍പിക്കണം – എന്നല്ല ഇപ്പറഞ്ഞതിന്‍റെ അര്‍ത്ഥം. ശിര്‍ക്കില്‍ തന്നെ പ്രത്യക്ഷമായതും, പരോക്ഷമായതും, ചെറുതും, വലുതും ഉള്ളത്‌കൊണ്ട് യാതൊരു വിധ വ്യാഖ്യാനത്തിനും ഇടമില്ലാത്തവണ്ണം വ്യക്തമായ അവിശ്വാസം (كَفربواح) കൊണ്ടേ വ്യക്തിയെക്കുറിച്ച് അങ്ങിനെ വിധി കല്‍പിക്കപ്പെടാവൂ. പാപങ്ങളില്‍ വെച്ച് ഏറ്റവും വലിയതും, പൊറുക്കുകയില്ലെന്ന് അല്ലാഹു വ്യക്തമായി പ്രഖ്യാപിച്ചതുമാണ് ശിര്‍ക്ക് എന്നോര്‍ക്കേതുണ്ട്. എന്നിരിക്കെ, ന്യായീകരിക്കുവാന്‍ കാരണങ്ങള്‍ എത്രതന്നെ നിലവിലുണ്ടായിരുന്നാലും ശരി, ശിര്‍ക്കിന്‍റെ ഇനങ്ങളില്‍ പെട്ടതായിരിക്കുവാന്‍ സാധ്യതയുള്ള ഏതൊരു കാര്യത്തില്‍ നിന്നും തികച്ചും ഒഴിഞ്ഞു നില്‍ക്കുന്നത് ഓരോ സത്യവിശ്വാസിയുടെയും ഒഴിച്ചുകൂടാത്ത കടമയത്രെ. അല്ലാത്തപക്ഷം അവന്‍റെ ഭാവിയെപ്പറ്റി അവന്‍ ഭയപ്പെടേണ്ടതാകുന്നു.

അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതുപോലെ അവന്‍റെ സൃഷ്ടികളായ ചില മഹാന്‍മാരെ വിളിച്ചു പ്രാര്‍ത്ഥിക്കുക, അവനോട് സഹായം തേടുന്ന അതേ മാതിരി അവരോട് സഹായം തേടുക, അവരുടെ നാമത്തില്‍ നേര്‍ച്ചവഴിപാടുകള്‍ നടത്തുക മുതലായ ചില കാര്യങ്ങളെ ശിര്‍ക്കില്‍ നിന്ന് മാറ്റി നിറുത്തുവാനും, അവയൊക്കെ ഇസ്‌ലാമികാചാരങ്ങളായി സമര്‍ത്ഥിക്കുവാനും ചില പണ്ഡിതന്‍മാര്‍ പാടുപെടുന്നത് കാണുമ്പോള്‍ വളരെ അല്‍ഭുതവും സങ്കടവും തോന്നിപ്പോകുന്നു. എന്തെല്ലാം വ്യാഖ്യാനങ്ങളും ന്യായവാദങ്ങളും അവര്‍ക്ക് സമര്‍പ്പിക്കുവാനുണ്ടെങ്കിലും ശരി, അല്ലെങ്കില്‍ ചില നല്ല പേരുകള്‍ നല്‍കിയോ, മതഛായ നല്‍കിയോ അവയെ മോടികൂട്ടിയാലും ശരി, വാസ്തവത്തില്‍ അവയെല്ലാം നേര്‍ക്കുനേരെയുള്ള അര്‍ത്ഥത്തില്‍ തന്നെ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കലാകുന്നു. സത്യാന്വേഷിയും നിഷ്പക്ഷ ബുദ്ധിയുമായ ഒരാള്‍ക്ക് ഇത്തരം കാര്യങ്ങളുടെ യഥാര്‍ത്ഥനില മനസ്സിലാക്കുവാന്‍ അധികമൊന്നും പരതിനോക്കേണ്ടതില്ല. ക്വുര്‍ആനിലെ രണ്ട് മൂന്ന് വാക്യങ്ങള്‍ മാത്രം മതിയാകുന്നതാണ്. ഉദാഹരണമായി : ഓരോ മുസ്‌ലിമും നിത്യവും ഓതിവരുന്ന സൂറത്തുല്‍ ഫാതിഹഃയിലെ إِيَّاكَ نَعْبُدُ وَ إِيَّاكَ نَسْتَعِينُ  (നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു; നിന്നോട് മാത്രം ഞങ്ങള്‍ സഹായമര്‍ത്ഥിക്കുന്നു) എന്ന വാക്യവും, സൂറത്തുല്‍ ജിന്ന് : 18ലെ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (നിങ്ങള്‍ അല്ലാഹുവിനോട് കൂടി ഒരാളെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്) എന്ന വാക്യവും, സൂറത്ത്-സുമര്‍ 36ലെ أَلَيْسَ اللَّهُ بِكَافٍ عَبْدَهُ (അല്ലാഹുപോരേ, അവന്‍റെ അടിയാന്ന് ?!) എന്ന വാക്യവും, വാസ്തവത്തില്‍ ഈ മൂന്ന് വാക്യങ്ങള്‍ മുഴുവന്‍ തന്നെയും ആവശ്യമില്ല. ഇവയില്‍ ഏതെങ്കിലും ഒരു വാക്യം തന്നെ മതി-ഒരു സത്യാന്വേഷിക്ക് കാര്യം സ്പഷ്ടമായി മനസ്സിലാക്കുവാന്‍.

ഒരു വസ്തുത പ്രത്യേകം മനസ്സിരുത്തേതുണ്ട്. നിരീശ്വരവാദികള്‍ അല്ലാഹുവിനെയും, അവന്‍റെ ഗുണങ്ങളെയും നിഷേധിക്കുന്നവരാകകൊണ്ട് അവര്‍ അല്ലാഹുവിനോട് മറ്റുള്ളവരെ സമപ്പെടുത്തുന്നവരായിരിക്കയില്ല. അല്ലാഹുവിന്‍റെ സ്ഥാനത്ത് മറ്റു വല്ലതിനെയും പ്രതിഷ്ഠിക്കുകയായിരിക്കും അവര്‍ ചെയ്യുക. ദൈവവാദികളും അതോടൊപ്പം വിശ്വാസം ശരിയായിട്ടില്ലാത്തവരുമായിരിക്കും മറ്റുള്ളവര്‍ക്ക് അല്ലാഹുവിനോട് സമത്വം കല്‍പിക്കുക ഇങ്ങിനെയുളളവരാണ് മനുഷ്യരില്‍ അധികഭാഗവും. അല്ലാഹു പറയുന്നു: وَمَا يُؤْمِنُ أَكْثَرُهُم بِاللَّهِ إِلَّا وَهُم مُّشْرِكُونَ  (അവരില്‍ -മനുഷ്യരില്‍- അധികമാളുകളും തങ്ങള്‍ക്ക് ശിര്‍ക്ക് പ്രവര്‍ത്തിക്കുന്നവരായും കൊണ്ടല്ലാതെ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല (യൂസുഫ്:106) മുന്‍കാലത്തും ഇക്കാലത്തുമുള്ള വിഗ്രഹാരാധകന്‍മാരും അല്ലാഹുവിനെ നിഷേധിക്കുന്നവരല്ല. അല്ലാഹുവില്‍ അവര്‍ക്ക് വിശ്വാസമുണ്ട്. പക്ഷേ, വിശ്വാസം യഥാര്‍ത്ഥ രൂപത്തിലും പൂര്‍ണരൂപത്തിലുമല്ലെന്നുളളതാണ് അവരുടെ ശിര്‍ക്കിന് കാരണം. ഈ ദുരവസ്ഥ തന്നെയാണ് ഇന്ന് മുസ്‌ലിം സമുദായത്തിലും കടന്നുകൂടിയിരിക്കുന്നതെന്ന് -അപാരമായ വ്യസനത്തോടും ലജ്ജയോടും കൂടിയാണെങ്കിലും- പറയാതെ വയ്യ. വിഗ്രഹാരാധകന്‍മാര്‍ തങ്ങളുടെ ആരാധനയെ ന്യായീകരിക്കുവാന്‍ പറഞ്ഞിരുന്നതും. പറഞ്ഞുവരുന്നതുമായ അതേ ന്യായങ്ങളും, അവക്ക് സമാന്തരങ്ങളായ മററു ചില ന്യായങ്ങളും തന്നെയാണ് ശിര്‍ക്ക്പരമായ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുവാന്‍ മുസ്‌ലിംകള്‍ക്കിടയിലും നിലവിലുള്ളത്. ബാഹ്യത്തില്‍ മഹാത്മാക്കളെ വിളിച്ചാണ് പ്രാര്‍ത്ഥിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥന അല്ലാഹുവിനോടാണ്; ഗുണവും ദോഷവും ചെയ്‌വാന്‍ അല്ലാഹുവിന് മാത്രമേ യഥാര്‍ത്ഥത്തില്‍ കഴിവുള്ളൂവെന്നറിഞ്ഞുകൊണ്ട് മഹാത്മാക്കളെ വിളിച്ചു   വല്ല കാര്യത്തിനും അപേക്ഷിക്കുന്നത് അവര്‍ അക്കാര്യം സാധിപ്പിച്ചു തരുമെന്ന് കരുതിക്കൊണ്ടല്ല. അവരുടെ ശുപാര്‍ശ മൂലം അല്ലാഹു അത് സാധിപ്പിച്ചു തരുമെന്ന വിശ്വാസത്തിലാണ്. ആ മഹാത്മാക്കള്‍ സ്വന്തം നിലക്കുതന്നെ അത് സാധിപ്പിച്ചു തരുമെന്ന വിശ്വാസത്തോടെ അപേക്ഷിക്കുന്നത് മാത്രമേ പ്രാര്‍ത്ഥനയാകുകയുളളൂ….. എന്നൊക്കെയാണല്ലോ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന് പറയപ്പെടാറുള്ള ന്യായങ്ങള്‍. പണ്ഡിത വിഭാഗങ്ങളില്‍ നിന്ന് കേള്‍ക്കുന്ന ഇത്തരം ന്യായങ്ങള്‍ കേട്ട് സാധാരണക്കാര്‍ വഞ്ചിതരാവുകയും ചെയ്യുന്നു! نعوذ بالله

സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടിയോ, നേതൃത്വവും സ്വാധീനവും നിലനിറുത്തുവാന്‍ വേണ്ടിയോ, കക്ഷിതാല്‍പര്യങ്ങള്‍ക്കു വേണ്ടിയോ കല്‍പിച്ചുകൂട്ടി സത്യത്തെ മൂടിവെക്കുകയും പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് രേഖകളും തെളിവുകളും വിവരിച്ചിട്ട് കാര്യമില്ല. എങ്കിലും, അറിവില്ലായ്മകൊണ്ടും, തെറ്റിദ്ധരിച്ചുകൊണ്ടും ശിര്‍ക്ക്പരമായ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അകപ്പെടുന്നവര്‍ക്ക് വേണ്ടി ചില സംഗതികള്‍ ഇവിടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. സല്‍ബുദ്ധിയും, ശുദ്ധമനസ്‌കതയും ഉള്ളവര്‍ക്ക് നിശ്ചയമായും അതില്‍ നിന്ന് ഏറെക്കുറെ സത്യാവസ്ഥ മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്  إِن شَاءَ اللَّهُ

(1) മഹാന്‍മാരും പുണ്യാത്മാക്കളുമായ അന്‍ബിയാഉ്, ശൈഖുകള്‍, ശുഹദാഉ് മുതലായവരെ വിളിച്ചു സഹായത്തിനും രക്ഷക്കും അപേക്ഷിക്കുന്നത് ഇസ്‌ലാമിലെ ഒരു നിര്‍ബന്ധ നിയമമാണെന്നോ, ഒരു മുസ്‌ലിം തന്‍റെ മരണം വരെ അല്ലാഹുവിനെയല്ലാതെ മറ്റാരെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്ത പക്ഷം, അവന്‍ ഇസ്‌ലാമില്‍ നിന്ന് തെറ്റിപ്പോകുമെന്നോ ഒരൊറ്റ മുസ്‌ലിമിനും വാദമില്ല. അങ്ങിനെ ആരും വിശ്വസിക്കുന്നുമില്ല. എന്തെല്ലാം ദുര്‍ന്യായങ്ങള്‍ സമര്‍പ്പിച്ചാലും ശരി , അത് അനുവദനീയമാണെന്നോ, കവിഞ്ഞ പക്ഷം ഒരു നല്ല കാര്യമാണെന്നോ അല്ലാതെ, അതിനെപ്പുറം ഒരു കക്ഷിയും വാദിക്കുന്നുമില്ല. അതേ സമയത്ത് അത് അല്ലാഹുവിനോട് ആ മഹാന്‍മാരെ സമപ്പെടുത്തലും ശിര്‍ക്കുമാണെന്ന് ക്വുര്‍ആനും, ഹദീഥും, മുന്‍ഗാമികളായ മഹാന്‍മാരുടെ പ്രസ്താവനകളും തുറന്ന മനസ്സോടെ പരിശോധിക്കുന്ന ഏവര്‍ക്കും വ്യക്തമാകുന്നതുമാണ്. ആ സ്ഥിതിക്ക് അതിനെ ന്യായീകരിക്കുന്നവരുടെ വാദമനുസരിച്ച് പുണ്യം സമ്പാദിക്കാമെന്നാണോ, അതല്ല, അത് ശിര്‍ക്കും ഏറ്റവും വമ്പിച്ച മഹാപാപവുമാണെന്നുവെച്ച് നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടണമെന്നാണോ ഒരു മുസ്‌ലിം നിശ്ചയിക്കേണ്ടത് ? വിശേഷ ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ!

(2) മക്കാ മുശ്‌രിക്കുകള്‍ അവരുടെ ആരാധ്യ വസ്തുക്കളായ ദൈവങ്ങള്‍ അവര്‍ക്ക് ഗുണമോ ദോഷമോ ചെയ്‌വാന്‍ കഴിവുള്ളവരായിരുന്നുവെന്ന് വിശ്വസിച്ചു കൊണ്ടല്ല അവയെ ആരാധിച്ചിരുന്നത്. അവയെ ആരാധിക്കുന്നതു വഴി അവ തങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ സാമീപ്യം നേടിക്കൊടുക്കുമെന്നും, അവ അല്ലാഹുവിന്‍റെ അടുക്കല്‍ തങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ നടത്തുമെന്നും, അങ്ങനെ അല്ലാഹു അവരുടെ കാര്യം സാധിപ്പിച്ചു കൊടുക്കുമെന്നുമുള്ള വിശ്വാസത്തോടെയായിരുന്നു ആരാധിച്ചു വന്നിരുന്നത്. തനി പാമരന്‍മാരല്ലാത്ത എല്ലാ വിഗ്രഹാരാധകരുടെയും ന്യായം ഇതുതന്നെയായിരിക്കും. അല്ലാഹു പറയുന്നു: وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ (സാരം: അല്ലാഹുവിന് പുറമെ ഔലിയാഇനെ – കാര്യകര്‍ത്താക്കളെ – സ്വീകരിച്ചവര്‍ പറയുന്നു: അല്ലാഹുവിങ്കലേക്ക് ഞങ്ങളെ ഒരു അടുപ്പം അടുപ്പിക്കുവാന്‍ വേിയല്ലാതെ ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല. (സുമര്‍ :3) വീണ്ടും പറയുന്നു: وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰؤُلَاءِ شُفَعَاؤُنَا عِندَ اللَّهِ (തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും ഉപദ്രവം ചെയ്യാത്തതുമായ   വസ്തുക്കളെ അല്ലാഹുവിനു പുറമെ അവര്‍ ആരാധിക്കുന്നു. ഇവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നമ്മുടെ ശുപാര്‍ശക്കാരാണെന്ന് അവര്‍ പറയുകയും ചെയ്യുന്നു (യൂനുസ് :18) ഇതേ ന്യായീകരണം തന്നെയാണ് മഹാന്‍മാരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്കുള്ള ന്യായീകരണവും. അപ്പോള്‍, പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ക്ക് ഗുണവും ദോഷവും ചെയ്‌വാന്‍ കഴിയുമെന്ന വിശ്വാസമല്ല ഇത് ശിര്‍ക്കാകുവാന്‍ കാരണമെന്ന് ഇതില്‍ നിന്ന് സ്പഷ്ടമാണല്ലോ.

(3) നമസ്‌കാരം പോലെയുള്ള ശാരീരികമായ കര്‍മങ്ങള്‍ മാത്രമെ ആരാധനയാകുകയുള്ളൂവെന്നില്ല. സത്യം ചെയ്യല്‍, നേര്‍ച്ചയാക്കല്‍, അദൃശ്യമായ മാര്‍ഗേണ ലഭിക്കേണ്ടുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള അപേക്ഷ, അഥവാ പ്രാര്‍ത്ഥന, അത്തരം കാര്യങ്ങള്‍ക്ക് കഴിവുണ്ടെന്ന വിശ്വാസം ഇവയെല്ലാം തന്നെ ആരാധനകളില്‍ പെട്ടതും അത് അല്ലാഹു അല്ലാത്ത ഏതൊരാളുടെ പേരിലായാലും ശിര്‍ക്കും, അല്ലാഹുവിനോട് അവരെ സമപ്പെടുത്തലുമാകുന്നു. അല്ലാഹുവിന്‍റെ പേരിലും, അവന്‍റെ മഹത്വത്തെയും പ്രീതിയെയും ഉന്നമാക്കിയും കൊണ്ട് ചെയ്യപ്പെടേണ്ടുന്ന ഏത് കാര്യങ്ങളും അവനല്ലാത്തവരുടെ പേരിലോ, അവരുടെ മഹത്വത്തെയും പ്രീതിയെയും ഉന്നം വെച്ചു കൊണ്ടോ ചെയ്യപ്പെടുന്ന പക്ഷം. അത് അവരെ അല്ലാഹുവിനോട് സമമാക്കല്‍ തന്നെ. സത്യത്തെ സത്യമായും, അസത്യത്തെ അസത്യമായും കാണുവാന്‍ അല്ലാഹു നമുക്കെല്ലാം തൗഫീക്വ് നല്‍കട്ടെ امين

അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോലെ അവര്‍ ആ സമന്‍മാരെയും സ്‌നേഹിക്കും (يُحِبُّونَهُمْ كَحُبِّ اللَّهِ) എന്ന് പറഞ്ഞതിന്‍റെ സാരം ഇതാണ്: അല്ലാഹുവിനെ അവര്‍ നിഷേധിക്കുകയോ, നിശ്ശേഷം കൈവെടിയുകയോ ചെയ്യുന്നില്ല; പക്ഷേ, ആരാധനകളും പ്രാര്‍ത്ഥനകളും സമര്‍പ്പിക്കുകവഴി അല്ലാഹുവിനെ ബഹുമാനിക്കുന്നതുപോലെ അവരെ ബഹുമാനിക്കുകയും, അവനോട് ഭക്തി കാണിക്കുന്നതുപോലെ അവരോട് ഭക്തി കാണിക്കുകയുമാണ് ചെയ്യുന്നത്. സ്‌നേഹത്തില്‍ നിന്നാണല്ലോ ഭക്തിയും ബഹുമാനവും ഉല്‍ഭവിക്കുന്നത്. കരുണയും ദയയും തോന്നുന്നതും സ്‌നേഹം നിമിത്തം തന്നെ. (ഇതിനെപ്പറ്റി ഇബാദത്തിന്‍റെ അര്‍ത്ഥ വിവരണത്തില്‍ സൂറത്തുല്‍ ഫാതിഹഃയില്‍ വെച്ച് വിവരിച്ചത് ഓര്‍ക്കുക.) അല്ലാഹു പറയുന്നു: قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ (പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ  പിന്‍പറ്റിക്കൊള്ളുവിന്‍. എന്നാല്‍, അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് അവന്‍ പൊറുത്തുതരുകയും ചെയ്യും. ആലുഇംറാന്‍ : 31) എന്നാല്‍, സത്യവിശ്വാസികളുടെ സ്ഥിതി ഇതില്‍ നിന്നും വ്യത്യസ്തമാണ് . അവര്‍ക്ക് മറ്റുള്ളവരോട് സ്‌നേഹമുണ്ടായിരിക്കുമെങ്കിലും അതിനൊരു പരിധിയുണ്ട്. അവരെ ആരാധിക്കുവാനോ പ്രാര്‍ത്ഥിക്കുവാനോ അതവരെ പ്രേരിപ്പിക്കുകയില്ല. അല്ലാഹുവിനോടുള്ള അവരുടെ സ്‌നേഹം മാത്രമേ അതിന് അവരെ പ്രേരിപ്പിക്കുകയുള്ളൂ. അതെ, അല്ലാഹുവിനോടുള്ള അവരുടെ സ്‌നേഹം ഏറ്റവും കടുത്ത സ്‌നേഹമായിരിക്കും (وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّهِ)

ആ അക്രമം ചെയ്തവര്‍ കണ്ടിരുന്നുവെങ്കില്‍ (وَلَوْ يَرَى الَّذِينَ ظَلَمُوا) എന്ന് തുടങ്ങിയ വാക്യത്തിലെ ആശയം ഇപ്രകാരമാകുന്നു. അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കുകവഴി അനീതി പ്രവര്‍ത്തിച്ചവര്‍ പരലോകത്ത് ചെല്ലുമ്പോള്‍, അല്ലാഹുവിനല്ലാതെ-അവരുടെ ആരാധ്യ വസ്തുക്കള്‍ക്കോ മറ്റോ – യാതൊരു കഴിവുമില്ലെന്നും അല്ലാഹുവിന്‍റെ ശിക്ഷാ നടപടികളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ലെന്നും അവര്‍ക്ക് അനുഭവത്തില്‍ കാണാറാകും. അപ്പോള്‍, അവര്‍ തീരാദുഃഖത്തിലുമായിത്തീരും. ഈ സംഗതി അവര്‍ നേരത്തെത്തന്നെ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ കടുത്ത ദുരവസ്ഥ അവര്‍ക്ക് നേരിടുമായിരുന്നില്ല.

166, 167 വചനങ്ങളുടെ സാരം ഇങ്ങിനെ മനസ്സിലാക്കാം: ദുര്‍മാഗത്തിന്‍റെയും, ശിര്‍ക്കിന്‍റെയും നേതൃത്വം വഹിച്ചിരുന്ന തലവന്‍മാരും, അവരെ പിന്‍പറ്റിയിരുന്ന അനുയായികളും ഒരു പോലെ ശിക്ഷക്ക് വിധേയരും നിസ്സഹായരുമായിത്തീരും. ആ അവസരത്തില്‍, തങ്ങള്‍ക്ക് വല്ല ലഘുത്വവും കിട്ടിയെങ്കിലോ എന്നു കരുതി അനുയായികള്‍ നേതാക്കളെപ്പറ്റി ആക്ഷേപിക്കുകയും, അവരെ പഴിചാരുകയും ചെയ്യും. നേതാക്കളാകട്ടെ, അതിനെ നിഷേധിക്കുകയും, ഞങ്ങളെവരെ പിഴപ്പിച്ചതല്ലെന്നും അവര്‍ സ്വയം പിഴച്ചുപോയതാണെന്നും വാദിക്കുകയുമാണ് ചെയ്യുക. ഇരുകൂട്ടരും തമ്മിലുണ്ടായിരുന്ന ആ പഴയ ബന്ധങ്ങളും, കൂട്ടുകെട്ടുകളുമൊന്നും അവിടെ കാണുകയില്ല. ഓരോരുത്തര്‍ക്കും അവരുടെ സ്വന്തം കാര്യം മാത്രമായിരിക്കും പ്രശ്‌നം. അനുയായികളുടെ സങ്കടവും അമര്‍ഷവും ഇതുമൂലം വര്‍ദ്ധിക്കുമല്ലോ. ഈ സന്ദര്‍ഭത്തില്‍ അവര്‍ പറയും: അയ്യോ! ഭൂമുഖത്തേക്ക് ഒന്നുകൂടി മടങ്ങിപ്പോകുവാനുള്ള ഒരവസരം ഞങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായേനേ! എന്നാല്‍ ഇതിന് പകരം ഞങ്ങള്‍ അവര്‍ക്ക് കാട്ടിക്കൊടുത്തേനേ!….. എന്നൊക്കെ. പക്ഷേ, രണ്ട് കൂട്ടര്‍ക്കും ഒരിക്കലെങ്കിലും ഒഴിവുകിട്ടാത്ത ശാശ്വതമായ നരകശിക്ഷ തന്നെയായിരിക്കും ഫലം.

വിഭാഗം - 21

2:168
 • يَـٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَـٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴾١٦٨﴿
 • ഹേ, മനുഷ്യരേ, ഭൂമിയിലുള്ളവയില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ തിന്നുകൊള്ളുവിന്‍, പിശാചിന്‍റെ കാലടികളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്. നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാകുന്നു.
 • يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ كُلُوا നിങ്ങള്‍ തിന്നുകൊളളുവിന്‍ مِمَّا യാതൊന്നില്‍ നിന്ന് فِي الْأَرْضِ ഭൂമിയിലുള്ള حَلَالًا അനുവദനീയമായത് طَيِّبًا നല്ല, ശുദ്ധമായ, ഹൃദ്യമായത്, വിശിഷ്ടമായത് وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പററുകയും ചെയ്യരുത് خُطُوَاتِ കാലടികളെ, ചവിട്ടടികളെ الشَّيْطَانِ പിശാചിന്‍റെ إِنَّهُ لَكُمْ നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് عَدُوٌّ ശത്രുവാണ് مُّبِينٌ പ്രത്യക്ഷമായ
2:169
 • إِنَّمَا يَأْمُرُكُم بِٱلسُّوٓءِ وَٱلْفَحْشَآءِ وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ ﴾١٦٩﴿
 • തിന്‍മക്കും, നീചവൃത്തിക്കും മാത്രമേ അവന്‍ നിങ്ങളോട് കല്‍പിക്കുകയുള്ളൂ; (കൂടാതെ) അല്ലാഹുവിന്‍റെ പേരില്‍, നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുവാനും.
 • إِنَّمَا يَأْمُرُكُم അവന്‍ നിങ്ങളോട് കല്‍പിക്കുകയുളളൂ, നിശ്ചയമായും കല്‍പിക്കുന്നു بِالسُّوءِ തിന്മകൊണ്ട് (മാത്രം) وَالْفَحْشَاءِ നീച(ദുഷ്ട)വൃത്തിയും وَأَن تَقُولُوا നിങ്ങള്‍ പറയുവാനും عَلَى اللَّهِ അല്ലാഹുവിന്‍റെമേല്‍ مَا لَا تَعْلَمُونَ നിങ്ങള്‍ക്കറിയാത്തത്

അല്ലാഹു മാത്രമാണ് സ്രഷ്ടാവും, രക്ഷിതാവുമെന്നപോലെ, അവന്‍ മാത്രമാണ് ആരാധ്യനുമെന്നതിനെക്കുറിച്ച് പലതും കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ചു. അതിന് ശേഷം അന്നദാതാവും അവന്‍തന്നെയാണെന്നും, ഭൂവിഭവങ്ങളില്‍ പ്രത്യേകം വിരോധിക്കപ്പെട്ടതോ ദോഷകരമായതോ അല്ലാത്ത വസ്തുക്കളെല്ലാം മനുഷ്യര്‍ക്ക് ഭക്ഷിക്കാവുന്നതാണെന്നും, പിശാചിന്‍റെ ദുരുപദേശങ്ങള്‍ക്ക് വിധേയരായിക്കൊണ്ട് ഇല്ലാത്ത നിരോധങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കി അവയെ കുടുസ്സാക്കരുതെന്നും ഓര്‍മിപ്പിക്കുന്നു. ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത് വിഗ്രഹങ്ങളുടെ പേരില്‍ നേര്‍ച്ച വഴിപാടാക്കപ്പെട്ട ചില മൃഗങ്ങളെ മുശ്‌രിക്കുകള്‍ നിഷിദ്ധമായി ഗണിച്ചുവന്നിരുന്നു. (ഇവയെപ്പറ്റി കൂടുതല്‍ വിവരം മാഇദഃ : 106 ല്‍ വരുന്നുണ്ട്) യഹൂദികള്‍ ചിലര്‍ ഒട്ടകമാംസവും, വേറെ ചിലര്‍ മറ്റു ചില വസ്തുക്കളും നിഷിദ്ധമാക്കിയിരുന്നതായും പറയപ്പെടുന്നു. ഇതെല്ലാം വളരെ പ്രധാനപ്പെട്ട മതനിയമങ്ങളായിട്ടാണ് ആചരിക്കപ്പെട്ടിരുന്നതും. ഇങ്ങിനെയുള്ള വിലക്കുകളൊന്നും അല്ലാഹു നിയമിച്ചിട്ടുള്ളതല്ല. മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവായ പിശാചിന്‍റെ പ്രേരണ പ്രകാരം അല്ലാഹുവിന്‍റെ പേരില്‍ വെച്ചുകെട്ടപ്പെടുന്ന നിയമങ്ങള്‍ മാത്രമാണവ; ദുരുപദേശങ്ങള്‍ വഴി മനുഷ്യനെ വഴിപിഴപ്പിക്കുവാന്‍ ഒരുമ്പെട്ടവനാണ് പിശാച്; അത്‌കൊണ്ട് അവന്‍റെ കെണിയില്‍ പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ സദാ ജാഗരൂകരായിരിക്കണം എന്നൊക്കെ മനുഷ്യരെ ഉണര്‍ത്തുകയാണ് അല്ലാഹു.

ഭൂമിയിലുള്ളതെല്ലാം മനുഷ്യര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് 29-ാം വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ ഉപയോഗപ്രദമായിരിക്കാത്ത പദാര്‍ത്ഥങ്ങള്‍ ഭൂമിയിലില്ല. എങ്കിലും മുഴുവന്‍ വസ്തുക്കളും തിന്നാന്‍ കൊള്ളുന്നവയല്ല. അതുകൊണ്ടാണ് كُلُوامِمَّافِي الأرْضِ (ഭൂമിയിലുള്ളവയില്‍ നിന്ന് തിന്നുകൊള്ളുവിന്‍)എന്ന് പറഞ്ഞിരിക്കുന്നത്. താഴെ, 173-ാം വചനത്തില്‍ കാണാവുന്നതു പോലെ, അല്‍പം ചില വസ്തുക്കള്‍ ഭക്ഷിക്കുന്നത് വിരോധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഭക്ഷിക്കുവാന്‍ കഴിയുന്ന വസ്തുക്കളില്‍ ചിലത് വൃത്തികെട്ടതോ ഉപദ്രവകരമോ ആയിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് (حَلالاطَيِّبًا) അനുവദനീയമായതും, വിശിഷ്ടമായതും എന്നുകൂടി പറഞ്ഞിരിക്കുന്നത്. നല്ലത് ശുദ്ധമായത്, ഹൃദ്യമായത്, വിശിഷ്ടമായത് എന്നൊക്കെ അര്‍ത്ഥം കല്‍പിക്കാവുന്ന വാക്കാണ് طَيِّب (ത്വയ്യിബ്). ഇതിന്‍റെ എതിര്‍ പദമാണ് خَبِيث (ഖബീഥ്), ചീത്തയായത്, ദുഷിച്ചത്, മ്‌ളേച്ഛമായത് എന്നൊക്കെയാണിതിനര്‍ത്ഥം. മനസ്സിന് സ്വതവേ നന്നായും തൃപ്തികരമായും തോന്നുന്നത് എന്നാണ് ഇവിടെ ഉദ്ദേശ്യമെന്ന് സാമാന്യമായി പറയാം. ചുരുക്കത്തില്‍, മതത്തിന്‍റെ വ്യക്തമായ വിലക്കില്ലാത്തതും, മ്‌ളേച്ഛവും ഉപദ്രകരവുമല്ലാത്തതുമായ വസ്തുക്കളെല്ലാം ഭക്ഷിക്കുന്നതിന് വിരോധമില്ലെന്നാണ് ഇസ്‌ലാമിന്‍റെ വിധിയെന്ന് പൊതുവില്‍ മനസ്സിലാക്കാവുന്നതാണ്.

2:170
 • وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًٔا وَلَا يَهْتَدُونَ ﴾١٧٠﴿
 • അല്ലാഹു അവതരിപ്പിച്ചതിനെ പിന്‍പറ്റുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, അവര്‍ പറയും: (ഇല്ല) പക്ഷേ, ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ ഏതൊരു പ്രകാരത്തില്‍ കണ്ടെത്തിയോ അത് ഞങ്ങള്‍ പിന്‍പറ്റും. അവരുടെ പിതാക്കള്‍യാതൊന്നും ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കാതെയും , സന്‍മാര്‍ഗം പ്രാപിക്കാതെയും ആയിരുന്നാലുമോ [എന്നിരുന്നാലും അവരെത്തന്നെ പിന്‍പററുമോ]?
 • وَإِذَا قِيلَ പറയപ്പെട്ടാല്‍ لَهُمُ അവരോട് اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍, തുടരുവിന്‍ مَا أَنزَلَ اللَّهُ അല്ലാഹു അവതരിപ്പിച്ചതിനെ قَالُوا അവര്‍ പറയും بَلْ പക്ഷേ نَتَّبِعُ ഞങ്ങള്‍ പിന്‍പറ്റും مَا യാതൊന്ന് أَلْفَيْنَا عَلَيْهِ അത് പ്രകാരം ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു آبَاءَنَا ഞങ്ങളുടെ പിതാക്കളെ (പൂര്‍വ്വികന്‍മാരെ) أَوَلَوْ كَانَ ആയിരുന്നാലുമോ آبَاؤُهُمْ അവരുടെ പിതാക്കള്‍ لَا يَعْقِلُونَ അവര്‍ ഗ്രഹിക്കുകയില്ല شَيْئًا യാതൊന്നും وَلَا يَهْتَدُونَ അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നതുമില്ല
2:171
 • وَمَثَلُ ٱلَّذِينَ كَفَرُوا۟ كَمَثَلِ ٱلَّذِى يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَآءً وَنِدَآءً ۚ صُمٌّۢ بُكْمٌ عُمْىٌ فَهُمْ لَا يَعْقِلُونَ ﴾١٧١﴿
 • അവിശ്വസിച്ചവരുടെ ഉദാഹരണം (പറയുന്നതായാല്‍), ഒരു വിളിയും തെളിയും അല്ലാതെ (മറ്റൊന്നും) കേട്ടറിയാത്തതിനോട് (മൃഗത്തോട്) ഒച്ചയിടുന്നവന്‍റെ മാതിരിയാണ്. (അതെ) ബധിരന്‍മാര്‍! ഊമകള്‍!! അന്ധന്‍മാര്‍!!! അതിനാല്‍, അവര്‍ ബുദ്ധികൊടു(ത്തു ഗ്രഹി)ക്കുകയില്ല,
 • وَمَثَلُ الَّذِينَ യാതൊരു കൂട്ടരുടെ ഉപമ, ഉദാഹരണം كَفَرُوا അവര്‍ അവിശ്വസിച്ചു كَمَثَلِ الَّذِي യാതൊരുവന്‍റെ മാതിരിയാണ് يَنْعِقُ അവന്‍ ശബ്ദം (ഒച്ച)ഇടുന്നു بِمَا لَا يَسْمَعُ കേള്‍ക്കാത്ത (കേട്ടറിയാത്ത)തിനോട് إِلَّا دُعَاءً ഒരു വിളി (ക്കുന്ന ശബ്ദം)അല്ലാതെ وَنِدَاءً ഒരു വിളി(തെളി)യും, സംബോധനവും صُمٌّ ബധിരര്‍ بُكْمٌ ഊമകള്‍ عُمْيٌ അന്ധന്‍മാര്‍ فَهُمْ അതിനാലവര്‍ لَا يَعْقِلُونَ ഗ്രഹിക്കുകയില്ല

സത്യവും തെളിവും അന്വേഷിച്ചറിയുവാന്‍ തുനിയാതെയും, അതു വിവരിച്ചു കൊടുത്താല്‍ സ്വീകരിക്കുവാന്‍ തയ്യാറില്ലാതെയും പൂര്‍വ്വികന്‍മാരുടെ വിശ്വാസാചാരങ്ങളെ അനുകരിച്ചു വരുന്ന സമ്പ്രദായത്തെക്കുറിച്ചുള്ള ആക്ഷേപമാണ് ആദ്യത്തെ വചനത്തില്‍ കാണുന്നത്. അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കുക, അനുവദനീയമായ ചില വസ്തുക്കളെ നിഷിദ്ധമാക്കുക പോലെയുള്ള ദുര്‍മാര്‍ഗങ്ങളെല്ലാം ആ സമ്പ്രദായത്തിന്റെ സന്തതികളാണല്ലോ. ഈ അന്ധമായ അനു കരണരോഗം ബാധിച്ചവരെ സത്യോപദേശം നല്‍കി നേര്‍മാര്‍ഗത്തിലേക്ക് വരുത്തുവാന്‍ സാധ്യമല്ലെന്ന് രണ്ടാമത്തെ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അവതരണഹേതു അന്നത്തെ മുശ്‌രിക്കുകളോ യഹൂദികളോ ആയിരുന്നുകൊള്ളട്ടെ, പൂര്‍വ്വികന്‍മാരെ അനുകരിക്കല്‍ സത്യത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്ന സമ്പ്രദായം എല്ലാ കാലത്തും മനുഷ്യരില്‍ കണ്ടുവരുന്ന ഒരു മഹാവ്യാധിയാകുന്നു. അല്ലാഹുവും, അവന്റെ റസൂലും കാണിച്ചു തരുന്നത് ഇന്നിന്നപ്രകാരമാണ്, അതിലേക്ക് മടങ്ങേതാണ് എന്ന് അവരോട് പറയപ്പെട്ടാല്‍, അക്കാലത്തുള്ള അവിശ്വാസികള്‍ പറഞ്ഞിരുന്ന അതേ മറുപടി തന്നെയായിരിക്കും എല്ലാവര്‍ക്കും പറയുവാനുള്ളത്. വാസ്തവത്തില്‍, പൂര്‍വ്വികന്‍മാര്‍ എങ്ങിനെയായിരുന്നുവെന്നല്ല-അല്ലാഹു നിയമിച്ചിരിക്കുന്നത് എങ്ങിനെയാണെന്നത്രെ-നോക്കേണ്ടത്. അല്ലാഹുവിന്റെ നിയമങ്ങളനുസരിച്ച് തന്നെയാണ് പൂര്‍വ്വികന്‍മാരുടെ നടപടിയെങ്കില്‍ അതില്‍ ആക്ഷേപിക്കുവാനൊന്നുമില്ല; അവരെ അതില്‍ പിന്തുടരുന്നത് ആവശ്യവുമാണ്. നേരെ മറിച്ച് അല്ലാഹു നിയമിച്ചതും, അവരില്‍ നിന്ന് ലഭിച്ച പാരമ്പര്യവും പരസ്പരം വ്യത്യസ്തമാണെങ്കില്‍, അവര്‍ സത്യം ഗ്രഹിച്ചിരുന്നില്ലെന്നും, അവര്‍ സ്വീകരിച്ചു വന്ന മാര്‍ഗം ശരിയായിരുന്നില്ലെന്നുമുള്ളതിന് തെളിവാണത്. അതാണ് അല്ലാഹു ചോദിക്കുന്നത്: അവരുടെ പിതാക്കള്‍ യാതൊന്നും ഗ്രഹിക്കുകയാകട്ടെ, നേര്‍മാര്‍ഗം പ്രാപിക്കുകയാകട്ടെ ചെയ്യാതായിരുന്നാലും അവരെത്തന്നെ പിന്‍പറ്റുകയോ?!

അനുകരണത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍, അവിശ്വാസത്തിലും അന്ധവിശ്വാസത്തിലും അടിയുറച്ചു സത്യത്തെക്കുറിച്ച് ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവര്‍ തനി മൃഗതുല്യരാണെന്നാണ് രണ്ടാമത്തെ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അവയെ മേക്കുന്നവന്‍ അവയെ വിളിക്കുകയോ തെളിക്കുകയോ ചെയ്യുമ്പോള്‍ അവന്റെ ശബ്ദം അവ കേള്‍ക്കുന്നുവെന്നല്ലാതെ, അവന്‍ പറയുന്നതെന്താണെന്നും ആ ശബ്ദമിടുന്നവന്‍ പറയുന്നതിന്റെ അര്‍ത്ഥവും സാരവുമെന്താണെന്നും ആ മൃഗങ്ങള്‍ക്കറിയുകയില്ലല്ലോ. അതുപോലെത്തന്നെയാണ് ഇവരുടെയും സ്ഥിതി. അവരെ സത്യത്തിലേക്ക് ക്ഷണിക്കുകയും, അവര്‍ക്ക് ഉപദേശം നല്‍കുകയും ചെയ്യുന്നവരുടെ ശബ്ദം കേള്‍ക്കുകയല്ലാതെ അതിനപ്പുറമൊന്നും അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയില്ല; അവരുടെ നാവിലൂടെ സത്യത്തിന്‍റെ വാക്കുകള്‍ പുറത്തു വരുകയുമില്ല; കണ്ണുകൊണ്ട് നോക്കി സത്യാവസ്ഥ അവര്‍ മനസ്സിലാക്കുകയുമില്ല. അതെ, സത്യത്തെ സംബന്ധിച്ചിടത്തോളം അവര്‍ ബധിരന്‍മാരും ഊമകളും അന്ധന്‍മാരുമായിരിക്കും എന്ന് സാരം.

2:172
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴾١٧٢﴿
 • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്നു നിങ്ങള്‍ തിന്നുകൊള്ളുവിന്‍. നിങ്ങള്‍ അല്ലാഹുവിന് നന്ദി കാണിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ അവനെത്തന്നെയാണ് ആരാധിക്കുന്നതെങ്കില്‍.
 • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ كُلُوا നിങ്ങള്‍ തിന്നുവിന്‍ مِن طَيِّبَاتِ നല്ലതായ (വിശിഷ്ടമായ)വയില്‍ നിന്ന് مَا رَزَقْنَاكُمْ നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള وَاشْكُرُوا നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുവിന്‍ لِلَّهِ അല്ലാഹുവിനോട് إِن كُنتُمْ നിങ്ങള്‍ ആകുന്നുവെങ്കില്‍ إِيَّاهُ അവനെ (തന്നെ) تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നു

മനുഷ്യരെ പൊതുവില്‍ സംബോധന ചെയ്തുകൊണ്ട് ഭൂവിഭവങ്ങളില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായ വസ്തുക്കളെ ഭക്ഷിച്ചു കൊള്ളുവിന്‍ എന്ന് 168-ാം വചനത്തില്‍ പ്രസ്താവിച്ചു. സത്യവിശ്വാസികളെ പ്രത്യേകം സംബോധന ചെയ്തുകൊണ്ട് അവര്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള വിശിഷ്ടവസ്തുക്കളെ ഭക്ഷിച്ചു കൊള്ളുവാന്‍ ഈ വചനത്തില്‍ വീണ്ടും കല്‍പിച്ചിരിക്കുകയാണ്. അവിടെ ആ കല്‍പനയോടൊപ്പം അല്ലാഹു അനുവദിച്ചുതന്ന ചില വസ്തുക്കളെ നിഷിദ്ധമാക്കുക പോലുള്ള പൈശാചിക സമ്പ്രദായങ്ങളെക്കുറിച്ച് താക്കീതും ചെയ്കയുണ്ടായി. ഇവിടെ, ആ കല്‍പനയോടനുബന്ധിച്ചുകൊണ്ട് പറഞ്ഞത് നിങ്ങള്‍ അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കില്‍ അവന് നന്ദിയും ചെയ്യണം എന്നത്രെ. അവിടെ ഭൂമിയിലുള്ള വസ്തുക്കളില്‍ അനുവദനീയവും വിശിഷ്ടവുമായത് തിന്നുകൊള്ളുവിന്‍ (كُلُوامِمَّافِي الأرْضِ حَلالاطَيِّبًا) എന്ന് പറഞ്ഞതിന് പകരം, ഇവിടെ നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശുദ്ധ വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുവിന്‍ (كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ) എന്നുമാണ് പറഞ്ഞിരിക്കുന്നത്.   അഥവാ അനുവദനീയമായത് (حَلالا) എന്ന് ഇവിടെ വിശേഷിപ്പിച്ചിട്ടില്ല. അവിടത്തെ ആഭിമുഖ്യം വിശ്വാസികളും അവിശ്വാസികളുമടക്കം എല്ലാ മനുഷ്യരോടും, ഇവിടത്തെ ആഭിമുഖ്യം സത്യവിശ്വാസികളോട് മാത്രവുമായതാണ് ഇതിന് കാരണം.

അല്ലാഹു അനുവദനീയമാക്കിയതെല്ലാം അനുവദനീയവും, അല്ലാഹു നിഷിദ്ധമാക്കിയത് മാത്രം നിഷിദ്ധവുമാക്കുന്നവരായിരിക്കും സത്യവിശ്വാസികള്‍. അവര്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയും ചെയ്കയുള്ളൂ. എന്നിരിക്കെ, അവരോട് വിശിഷ്ടമായ വസ്തുക്കള്‍ ഭക്ഷിക്കണമെന്നും, അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കില്‍ അവനോട് നന്ദികാണിക്കണമെന്നും കല്‍പിക്കുന്നതില്‍ ചില സൂചനകള്‍ അടങ്ങിയിട്ടുള്ളതായി കാണാം. ബാഹ്യദൃഷ്ട്യാ അനുവദനീയമാണെന്ന് തോന്നാമെങ്കിലും – താഴെ ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാവുന്നതു പോലെ- ഏതെങ്കിലും വിധേനയുള്ള സംശയത്തിന്‍റെയോ പാപത്തിന്‍റെയോ കലര്‍പ്പില്‍ നിന്നുകൂടി ആ വസ്തുക്കള്‍ ശുദ്ധമായിരിക്കുവാന്‍ സത്യവിശ്വാസികള്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും, നിങ്ങള്‍ അല്ലാഹുവിനെമാത്രം ആരാധിച്ചുവരുന്നവരായ സ്ഥിതിക്ക് അവന്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവനോട് സദാ നന്ദിയുള്ളവരും കൂടിയായിരിക്കേതുണ്ടെന്നും മറ്റുമാണ് ആ സൂചനകള്‍.

മനുഷ്യരെ പൊതുവിലും, സത്യവിശ്വാസികളെ പ്രത്യേകമായും അഭിമുഖീകരിച്ചുകൊണ്ടുള്ള ഈ കല്‍പന അല്ലാഹുവിന്‍റെ റസൂലുകളെ സംബോധന ചെയ്തുകൊണ്ടും മറ്റൊരിടത്ത് അല്ലാഹു കല്‍പിച്ചിരിക്കുന്നത് കാണാം, അല്ലാഹു പറയുന്നു: يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا  ۖ إِنِّي بِمَا تَعْمَلُونَ عَلِيمٌ (ഹേ റസൂലു കളേ, നിങ്ങള്‍ വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുവിന്‍. സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞാന്‍ അറിയുന്നവനാണ് (മുഅ്മിനൂന്‍ : 51) ഇവിടെയും അനുവദനീയമായത് എന്ന് വിശേഷിച്ചിട്ടില്ല. സത്യവിശ്വാസികളോട് നന്ദി ചെയ്യുവിന്‍ എന്ന് കല്‍പിച്ചതിന്‍റെ സ്ഥാനത്ത് ഇവിടെ സല്‍കര്‍മം പ്രവര്‍ത്തിക്കുവിന്‍ എന്നുമാണ് പറഞ്ഞിരിക്കുന്നത്. ഒരേ വിഷയം തന്നെയാണെങ്കിലും അത് ആരെ അഭിമുഖീകരിച്ചുകൊണ്ട് പറയുന്നുവോ അവരുടെ സ്ഥിതിഗതികള്‍ കണക്കിലെടുത്തു കൊണ്ട് അവതരിപ്പിക്കലും, അവരോട് യോജിച്ച ചില നിര്‍ദ്ദേശങ്ങളും സൂചനകളും അതോടൊപ്പം നല്‍കലും ക്വുര്‍ആന്‍റെ പതിവാകുന്നു.

ബാഹ്യാവസ്ഥ നോക്കുമ്പോള്‍ നിയമാനുസൃതമാകാമെങ്കിലും, യഥാര്‍ത്ഥത്തില്‍ വല്ല ദോഷവും കലര്‍ന്നിരിക്കുവാന്‍ ഇടയുള്ള ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കേണ്ടതാണെന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം ഭക്ഷ്യ വസ്തുക്കളില്‍ മാത്രമല്ല, എല്ലാ വസ്തുക്കളിലും ഇത് ഗൗനിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്യുന്നു: നിശ്ചയമായും, അല്ലാഹു വിശിഷ്ടനാകുന്നു. വിശിഷ്ടമായതല്ലാതെ അവന്‍ സ്വീകരിക്കുകയുമില്ല. റസൂലുകളോട് കല്‍പിച്ച പ്രകാരം തന്നെ അല്ലാഹു സത്യവിശ്വാസികളോടും കല്‍പിച്ചിരിക്കുന്നു. അതായത്, (റസൂലുകളോട്)അവന്‍ പറഞ്ഞു: يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ (ഹേ റസൂലുകളേ, നിങ്ങള്‍ വിശിഷ്ട വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുവിന്‍. സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍…) എന്ന്. (സത്യവിശ്വാസികളോട്) അവന്‍ പറഞ്ഞു: يَا أَيُّهَا الّذىن ا منو كُلُوا مِنَ الطَّيِّبَاتِ (ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ട വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുവിന്‍..) എന്നും. (തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തുടര്‍ന്നു:) ജടമൂടിയും, പൊടിയാടിയും കൊണ്ട് മനുഷ്യന്‍ ദീര്‍ഘയാത്ര ചെയ്യും. അവന്‍റെ ഭക്ഷണമാകട്ടെ, അവന്‍റെ പാനീയമാകട്ടെ, അവന്‍റെ വസ്ത്രമാകട്ടെ ഹറാമും (നിഷിദ്ധവും) ആയിരിക്കും. അവന്‍ അന്നമൂട്ടി വളര്‍ത്തപ്പെട്ടിരിക്കുന്നതും ഹറാമുകൊണ്ടായിരിക്കും. അവന്‍ ആകാശത്തേക്ക് എന്‍റെ റബ്ബേ എന്ന് കൈനീട്ടും, അപ്പോള്‍, അതിന് എങ്ങിനെയാണ് അവന്ന് ഉത്തരം കിട്ടുക?! (അ:മു:തി.)

2:173
 • إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٧٣﴿
 • ശവവും, രക്തവും, പന്നിമാംസവും അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും മാത്രമേ അവന്‍ നിങ്ങള്‍ക്ക് ഹറാമാക്കി [നിഷിദ്ധമാക്കി]യിട്ടുള്ളൂ. എന്നാല്‍, (നിയമലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതിരുവിട്ടവനല്ലാതെയും ആരെങ്കിലും നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്‍റെ മേല്‍ (അതില്‍) കുറ്റമില്ല. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനാണ് , കരുണാനിധിയാണ്.
 • إِنَّمَا حَرَّمَ അവന്‍ നിഷിദ്ധമാക്കിയിട്ടുള്ളത് عَلَيْكُمُ നിങ്ങള്‍ക്ക് الْمَيْتَةَ ശവം (മാത്രം) وَالدَّمَ രക്തവും وَلَحْمَ മാംസവും الْخِنزِيرِ പന്നിയുടെ وَمَا യാതൊന്നും أُهِلَّ بِهِ അതുകൊണ്ട് [അതുമൂലം] ശബ്ദമുയര്‍ത്തപ്പെട്ടിരിക്കുന്നു, ഉറക്കെ ശബ്ദിക്കപ്പെട്ടിരിക്കുന്നു لِغَيْرِ اللَّهِ അല്ലാഹു അല്ലാത്തവര്‍ക്കായി فَمَنِ എന്നാല്‍ വല്ലവനും اضْطُرَّ നിര്‍ബന്ധത്തിലകപ്പെട്ടു (നിര്‍ബന്ധിതനായി) غَيْرَ بَاغٍ കാംക്ഷിക്കുന്നവനല്ലാത്തനിലയില്‍, ധിക്കാരം ചെയ്യുന്നവനല്ലാതെ وَلَا عَادٍ അതിക്രമം ചെയ്യുന്ന (അതിരുവിട്ട)വനുമല്ലാതെ فَلَا إِثْمَ എന്നാല്‍ കുറ്റമില്ല, പാപമില്ല عَلَيْهِ അവന്‍റെ മേല്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

മനുഷ്യരെ പൊതുവായും, സത്യവിശ്വാസികളെ പ്രത്യേകമായും സംബോധന ചെയ്തുകൊണ്ട് ഈ ഭൂമിയിലെ വിശിഷ്ട വസ്തുക്കളെ ഭക്ഷിക്കുവാന്‍ അനുവദിച്ചുകൊടുത്ത അനുഗ്രഹത്തിന് അവര്‍ നന്ദി ചെയ്‌വാനും, പിശാചിനെ പിന്‍പറ്റിക്കൊണ്ട് ആ അനുഗ്രഹത്തെ അവഗണിക്കാതിരിക്കുവാനും കല്‍പിച്ച ശേഷം, വളരെ കുറഞ്ഞ വസ്തുക്കളെ മാത്രമേ യഥാര്‍ത്ഥത്തില്‍ അല്ലാഹു നിയമ വിരുദ്ധമാക്കിയിട്ടുള്ളൂവെന്നും, അവ ഇന്നതൊക്കെയാണെന്നും ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു. നിരോധിച്ച വസ്തുക്കള്‍ ആകെ നലെണ്ണമാണുള്ളത്. ഈ വചനത്തിന് പുറമെ, സുറഃ മാഇദഃ 4-ലും ആന്‍ആം 145-ലും നഹ്ല്‍ 115-ലും ഈ വിഷയം പ്രസ്താവിച്ചിട്ടുണ്ട്. ഈ വചനത്തിലുള്ളതുപോലെ, പ്രത്യേക വിശദീകരണമൊന്നും കൂടാതെയാണ് സൂറത്തുന്നഹ്‌ലിലെ ആയത്തും ഉള്ളത് . മാഇദഃയിലെയും, അന്‍ആമിലെയും ആയത്തുകളില്‍ വിഷയം കുറേകൂടി വിശദീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇവിടെ ഒരു ചുരുങ്ങിയ വിവരണം കൊണ്ട് മതിയാക്കി കൂടുതല്‍ വിവരം നമുക്ക് ആ രണ്ട് സൂറത്തുകളിലേക്കും നീട്ടിവെക്കാം. ومن لله التوف يق

(1) നിഷിദ്ധമാക്കപ്പെട്ട വസ്തുക്കള്‍ ഇവയാകുന്നു: الْمَيْتَة (ശവം) അറവു കൊണ്ടല്ലാതെ – രോഗം കൊണ്ടോ പരുക്കുകൊണ്ടോ – ജീവന്‍ നഷ്ടപ്പെട്ട എല്ലാ ശവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, സമുദ്രത്തില്‍ നിന്നും വേട്ടയാടി പിടിക്കപ്പെടുന്ന വസ്തുക്കള്‍ ഇതില്‍ നിന്നും ഒഴിവാണെന്ന് മാഇദഃ 99-ല്‍ നിന്നും, മല്‍സ്യവും വെട്ടുകിളിയും ഒഴിവാണെന്ന് ഹദീഥുകളില്‍നിന്നും വ്യക്തമാകുന്നത് കൊണ്ട് കരജീവികളുടെ ശവമാണ് ഉദ്ദേശ്യമെന്ന് മനസ്സിലാക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: രണ്ട് ശവങ്ങളും രണ്ട് രക്തങ്ങളും നമുക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു. അതായത്. മല്‍സ്യവും വെട്ടുകിളിയും, കരളും പ്‌ളീഹയും (അ;ജ;ഹാ;) ജാബിര്‍ (رضي الله عنه) ഉദ്ധരിച്ച ഒരു പ്രസിദ്ധ സംഭവത്തില്‍, സമുദ്രത്തില്‍ നിന്നു കരക്കടിഞ്ഞ ഒരു ചത്ത തിമിംഗലത്തെ സ്വഹാബികള്‍ ഭക്ഷിച്ചതായും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതിനെ അനുകൂലിച്ചതായും ബുഖാരിയും മുസ്‌ലിമും (رحمه الله) ഉദ്ധരിച്ചിരിക്കുന്നു.

(2) الدٌم രക്തം മാംസത്തില്‍ പറ്റിപിടിച്ചു നില്‍ക്കുന്ന രക്തത്തിന് വിരോധമില്ലെന്നും ഒഴുകി വരുന്ന രക്തമാണ് വിരോധിക്കപ്പെട്ടിരിക്കുന്നതെന്നും സൂറഃ അന്‍ആമിലെ 145-ാം ആയത്തില്‍ നിന്നും മനസ്സിലാക്കാം. അവിടെ مسفوح (ഒഴുക്കപ്പെട്ടത്) എന്ന് രക്തത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.

(3) لَحْمَ خِنْزِيرِ (പന്നിമാംസം) സാധാരണ നിലക്ക് ഭക്ഷിക്കപ്പെടാറുള്ള മാംസമായതുകൊണ്ട് മാംസം എന്ന് പറഞ്ഞുവെങ്കിലും പന്നിയുടെ എല്ല് മുതലായ അംശങ്ങളും വിരോധിക്കപ്പെട്ടതു തന്നെ. പന്നിയെ നിഷിദ്ധമാക്കുവാന്‍ കാരണം അത് മ്‌ളേച്ഛമായ ഒരു വസ്തുവാണ് (فَانَّهُ رِجْس) എന്ന് അന്‍ആമില്‍ പറയുന്നുണ്ട്. പന്നി അറുക്കപ്പെട്ടതായാലും അല്ലെങ്കിലും നിഷിദ്ധം തന്നെ.

(4) مَا أُهِلَّ بِهِ لِغَيْرِ ا للهِ (അല്ലാഹു അല്ലാത്തവര്‍ക്ക്‌വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ടത്). അല്ലാഹു അല്ലാത്ത മറ്റാരുടെയെങ്കിലും – അത് വിഗ്രഹങ്ങളോ മഹാന്‍മാരോ പിശാചുക്കളോ ആരുതന്നെ ആയാലും ശരി- നാമത്തിലോ, അവരുടെ പ്രീതിക്കുവേണ്ടിയോ അറുക്കപ്പെട്ടത് എന്നാണിത് ‌കൊണ്ട് വിവക്ഷ. അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയോ വഴിപാടോ ആയി അറുക്കപ്പെട്ടതും, യാഗം, ബലി മുതലായവക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥാനങ്ങളില്‍ വെച്ച് അറുക്കപ്പെട്ടതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്. അറുക്കപ്പെട്ടത് എന്ന ഉദ്ദേശ്യത്തില്‍ مَا أُهِلَّ بِهِ (ശബ്ദം ഉയര്‍ത്തപ്പെട്ടത്)എന്ന വാക്ക് പ്രയോഗിച്ചതിനെപ്പറ്റി ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചതിന്റെ സാരം ഇബ്‌നു ജരീര്‍ (റ) പറയുന്നത് കാണുക: مَا أُهِلَّ بِهِ എന്ന് പറയുവാന്‍ കാരണം അവര്‍ (മുശ്‌രിക്കുകള്‍) തങ്ങളുടെ ദൈവങ്ങള്‍ക്ക് വഴിപാടാക്കപ്പെട്ടിരുന്ന വസ്തുക്കളെ അറുക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍, ആ ദൈവങ്ങളുടെ പേരുകള്‍ പറയുകയും അത് ഉച്ചത്തില്‍ ശബ്ദിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങിനെ പതിവായിപ്പോന്ന് അവസാനം (ദൈവങ്ങളുടെ)പേരുപറഞ്ഞോ പറയാതെയോ, ഉച്ചത്തില്‍ ശബ്ദിച്ചോ അല്ലാതെയോ അറുക്കുന്ന എല്ലാവര്‍ക്കും مُهِلّ (ശബ്ദം ഉയര്‍ത്തുന്നവന്‍)എന്ന് പറയപ്പെട്ടുവന്നു. مَا أُهِلَّ بِهِ لِغَيْرِ اللَّهِ (അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ടത്) എന്ന് അല്ലാഹു പറഞ്ഞതിലെ ശബ്ദം ഉയര്‍ത്തല്‍ (إهْلال) കൊണ്ട് വിവക്ഷ ഇതാണ്. ഹജ്ജിലോ ഉംറഃയിലോ തല്‍ബിയത്ത് (*) പറയുന്നവന്‍ ശബ്ദം ഉയര്‍ത്താറുള്ളത് കൊണ്ട് അവനെപ്പറ്റി مُهِلّ (ശബ്ദം ഉയര്‍ത്തുന്നവര്‍ എന്ന് പറയുന്നതും, ശിശു ജനിക്കുമ്പോള്‍ അത് ഒച്ചയിട്ട് കരയുന്നതിനും, മഴ നിലത്ത് വീണ് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതിനും لاسهلا (ശബ്ദം ഉയര്‍ത്തിക്കാട്ടുക) എന്ന് പറയുന്നതും ഈ കൂട്ടത്തില്‍പെട്ടതാണ്. (**)


(*) ഹജ്ജിലും ഉംറഃയിലും لبيك اللهم لبيك എന്ന ദിക്ര്‍ ചൊല്ലപ്പെടാറുള്ളതിനാണ് തല്‍ബിയത്ത് (تَلْبِيَة) എന്നു പറയുന്നത്

(**) മാസപ്പിറവി കണ്ടു വിളിച്ചു പറയുന്നതിലും ഈ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്. 


ഇബ്‌നു ജരീര്‍ (റ)ന്റെ പ്രസ്താവനയില്‍ നിന്ന് ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും: അറുക്കുമ്പോള്‍ ആരുടെ പേര് പറഞ്ഞുവെന്നല്ല നോക്കേണ്ടത് . ആര്‍ക്ക് വേണ്ടിയാണ് – ആരുടെ പേരിലോ പ്രീതിക്കോ വേണ്ടിയാണ്- അറുക്കപ്പെടുന്നത് എന്നാണ് നോക്കേണ്ടത്. അല്ലാഹു അല്ലാത്ത ആരുടെ പേരിലോ ‘ആരുടെ പ്രീതിക്കോ’ ആര്‍ക്ക് നേര്‍ച്ച വഴിപാടായോ അറുക്കപ്പെട്ടാലും, അതെല്ലാം ഈ വാക്കില്‍ ഉള്‍പ്പെടുന്നതും ഭക്ഷിക്കുവാന്‍ പാടില്ലാത്തതുമാകുന്നു. അല്ലാഹു അല്ലാത്തവരില്‍ വിഗ്രഹങ്ങളും, മഹാന്‍മാരും, ദേവീദേവന്‍മാരും, വിശിഷ്ടന്‍മാരും, നികൃഷ്ടന്‍മാരും എന്നിങ്ങിനെയുള്ള വ്യത്യാസമില്ലാതെ എല്ലാ വസ്തുക്കളും ഉള്‍പ്പെടുന്നതാണ്. അലി (رضي الله عنه)യില്‍ നിന്ന് മുസ്‌ലിം (رحمه الله) ഉദ്ധരിച്ച ഒരു നബി വചനത്തില്‍ ولعن الله من ذبح لغير الله (അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെയും അല്ലാഹു ശപിച്ചിരിക്കുന്നു) എന്ന വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവീ (റ) ഇപ്രകാരം പ്രസ്താവിച്ചത് കാണാം. അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക എന്നത് കൊണ്ടുദ്ദേശ്യം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കുക എന്നാകുന്നു. അതായത്, വിഗ്രഹത്തിനോ, കുരിശിനോ, മൂസാ (അ)ക്കോ, ഈസാ (അ)ക്കോ, കഅ്ബഃ മുതലായതിനോ വേണ്ടി അറുക്കുന്നതുപോലെ. ഇതെല്ലാം ഹറാമാകുന്നു. ഈ അറുക്കപ്പെട്ടത് (ഭക്ഷിക്കല്‍) അനുവദനീയവുമല്ല. അറുത്തവന്‍ മുസ്‌ലിമോ, ക്രിസ്ത്യാനിയോ, യഹൂദിയോ ആയിക്കൊള്ളട്ടെ. ശാഫിഈ (رحمه الله) അത് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. നമ്മുടെ ആള്‍ക്കാര്‍(പണ്ഡിതന്‍മാര്‍) അതില്‍ യോജിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവല്ലാത്ത ഏതൊന്നിനായി അറുക്കപ്പെട്ടുവോ അതിനെ ബഹുമാനിക്കലും ആരാധിക്കലും കൂടി അതോടൊപ്പം കരുതിയിട്ടുണ്ടെങ്കില്‍ അത് കുഫ്‌റു (അവിശ്വാസവു)മാണ്. അറുത്തവന്‍ മുമ്പ് മുസ്‌ലിമായിരുന്നാല്‍ അവനിപ്പോള്‍ മതഭ്രഷ്ടനാകുകയും ചെയ്തു (من شرح مسلم)

സുല്‍ത്താന്റെ (ഭരണാധിപന്റെ) സ്വീകരണവേളയില്‍, അദ്ദേഹത്തിന്റെ സാമീപ്യം ഉദ്ദേശിച്ച് കൊണ്ടുള്ള അറവ് ഹറാമാണെന്നും അത് അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കപ്പെട്ട (مَا أُهِلَّ بِهِ لِغَيْرِ اللَّهِ) തില്‍ പെടുമെന്നും, അദ്ദേഹത്തിന്റെ വരവിലുള്ള സന്തോഷപ്രകടനമെന്ന നിലക്കാണെങ്കില്‍ വിരോധമില്ലെന്നുമുള്ള ചില അഭിപ്രായങ്ങളും തുടര്‍ന്ന് കൊണ്ട് നവവീ (رحمه الله) ഉദ്ധരിച്ചു കാണാം. അപ്പോള്‍, അറുക്കുമ്പോള്‍ അല്ലാഹുവിന്റെ പേര് പറഞ്ഞു അറുത്താല്‍തന്നെയും അല്ലാഹു അല്ലാത്ത ഏതെങ്കിലും ആളുടെയൊ വസ്തുവിന്‍റെയോ ബഹുമാനാര്‍ത്ഥം അറുക്കുന്നതും നിഷിദ്ധമാണെന്ന് ഇതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. ഈ വചനത്തില്‍ പ്രസ്താവിച്ച നാല് വസ്തുക്കള്‍ക്ക് പുറമെയാണെന്ന് ബാഹ്യത്തില്‍ തോന്നാവുന്നതും, വാസ്തവത്തില്‍ ഈ നാലില്‍ തന്നെ ഉള്‍പ്പെടുന്നതുമായ ചില ഇനങ്ങളെപ്പറ്റി സൂറഃ മാഇദഃയിലും, ഇവക്ക് പുറമെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചില വസ്തുക്കളെക്കുറിച്ച് വിരോധിച്ചതായി ഹദീഥുകളിലും കാണാം. ആദ്യത്തെതിനെപ്പറ്റി മാഇദഃ 4-ന്‍റെയും, രണ്ടാമത്തേതിനെപ്പറ്റി അന്‍ആം 145-ന്‍റെയും വ്യാഖ്യാനത്തില്‍ നമുക്ക് സംസാരിക്കാം. إِن شَاءَ اللَّهُ

ഈ നാലു വസ്തുക്കളും നിഷിദ്ധങ്ങളാകകൊണ്ട് അവ ഉപയോഗിക്കുന്നത് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷാര്‍ഹമായ പാപമാണെന്ന് പറയേണ്ടതില്ല. എന്നാല്‍, നിര്‍ബന്ധിതാവസ്ഥ നേരിടുന്ന പക്ഷം, അപ്പോള്‍ അവ ഉപയോഗിക്കുന്നതിന് തെറ്റില്ലെന്ന് അല്ലാഹു അറിയിക്കുന്നു. സഹിക്കവയ്യാത്ത വിശപ്പോ ദാഹമോ ഉണ്ടാകുകയും ഇവയില്‍ ഏതെങ്കിലുമല്ലാതെ മറ്റൊന്നും കിട്ടാതിരിക്കുകയും ചെയ്യുക എന്നത്രെ നിര്‍ബന്ധിതാവസ്ഥ കൊണ്ടുദ്ദേശ്യം. പക്ഷേ, ഇതിലും ചില ഉപാധികളുണ്ട്. നിയമത്തെ ലംഘിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ടാവരുത്. ആവശ്യത്തില്‍ കവിഞ്ഞുകൊണ്ടുമാവരുത്. അഥവാ നിഷിദ്ധ വസ്തുക്കളെ ഉപയോഗിക്കുവാന്‍ സ്വന്തം നിലക്ക് ആഗ്രഹം തോന്നാതിരിക്കുകയും, അസഹനീയമായ വിഷമത്തില്‍ നി്ന്ന് മോചനം ലഭിക്കുവാനുള്ള അളവില്‍ കവിയാതിരിക്കുകയും വേണം. ഇസ്‌ലാമിക ഭരണകൂടത്തിനെതിരില്‍ രാജ്യദ്രോഹം നടത്തുക, കൊള്ളയും കവര്‍ച്ചയും നടത്തുക മുതലായ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് നിമിത്തമാണ് നിര്‍ബന്ധിതാവസ്ഥ നേരിട്ടതെങ്കില്‍, ഈ ആനുകൂല്യം അങ്ങിനെയുള്ളവര്‍ക്ക് ബാധകമാകുന്നതല്ലെന്ന് ഈ ഉപാധികളെ വ്യാഖ്യാനിച്ചുക്കൊണ്ട് ചില മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍, ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ തെറ്റായത് കൊണ്ട് ഒരാള്‍ അയാളുടെ ജീവനെ പട്ടിണിയിട്ട് കൊല്ലുകയെന്ന തെറ്റ് ഇല്ലാതാകുന്നു. അത്‌കൊണ്ട് നിര്‍ബന്ധിതാവസ്ഥയിലുള്ള ഈ ആനുകൂല്യം അവര്‍ക്കും ബാധകം തന്നെയാണെന്നുമാണ് ഇബ്‌നു ജരീര്‍ (റ) മുതലായവരുടെ അഭിപ്രായം. ഈ ആനുകൂല്യത്തെയും ഉപാധിയെയും സംബന്ധിച്ച് മാഇദഃയിലെ ആയത്തിലെ വാചകം ഇപ്രകാരമാകുന്നു فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ ﻹِثْمٍ فَإِنَّ اﷲَ غَفُورٌ رَّحِيم (എന്നാല്‍, ആരെങ്കിലും കുറ്റത്തിലേക്ക് ചായ്‌വ് കാണിക്കാതെ കഠിന വിശപ്പിലായി നിര്‍ബ്ബന്ധിതനായാല്‍, അപ്പോള്‍ അല്ലാഹു നിശ്ചയമായും പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു)

2:174
 • إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَـٰبِ وَيَشْتَرُونَ بِهِۦ ثَمَنًا قَلِيلًا ۙ أُو۟لَـٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَـٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴾١٧٤﴿
 • നിശ്ചയമായും വേദഗ്രന്ഥത്തില്‍ നിന്ന് അല്ലാഹു അവതരിപ്പിച്ചതിനെ മറച്ചുവെക്കുകയും, അതിന് (പകരം)അല്‍പമായ വില വാങ്ങുകയും ചെയ്യുന്നവര്‍, അക്കൂട്ടര്‍ - അവരുടെ വയറുകളില്‍ (നരക) അഗ്നിയല്ലാതെ തിന്നു (നിറക്കു)ന്നില്ല. ക്വിയാമത്തുനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയുമില്ല; അവരെ സംസ്‌കരി (ച്ചുശുദ്ധമാ) ക്കുകയുമില്ല; അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും.
 • إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ يَكْتُمُونَ അവര്‍ മറച്ചു (മൂടി )വെക്കും مَا أَنزَلَ اللَّهُ അല്ലാഹു അവതരിപ്പിച്ചതിനെ مِنَ الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ നിന്ന്, ഗ്രന്ഥത്തില്‍പെട്ടതായി وَيَشْتَرُونَ അവര്‍ വാങ്ങുകയും ചെയ്യും بِهِ അതിന് (പകരം) ثَمَنًا വില قَلِيلًا അല്‍പമായ أُولَٰئِكَ ആ കൂട്ടര്‍ مَا يَأْكُلُونَ അവര്‍ തിന്നുന്നില്ല فِي بُطُونِهِمْ അവരുടെ വയറുകളില്‍ إِلَّا النَّارَ അഗ്നിയല്ലാതെ وَلَا يُكَلِّمُهُمُ അവരോട് സംസാരിക്കുകയില്ല اللَّهُ അല്ലാഹു يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ وَلَا يُزَكِّيهِمْ അവരെ സംസ്‌കരിക്കുക (ശുദ്ധമാക്കി നന്നാക്കുക)യുമില്ല وَلَهُمْ അവര്‍ക്കുണ്ട് താനും عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
2:175
 • أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَـٰلَةَ بِٱلْهُدَىٰ وَٱلْعَذَابَ بِٱلْمَغْفِرَةِ ۚ فَمَآ أَصْبَرَهُمْ عَلَى ٱلنَّارِ ﴾١٧٥﴿
 • അക്കൂട്ടര്‍, സന്‍മാര്‍ഗത്തിന് (പകരം)ദുര്‍മാര്‍ഗവും പാപമോചനത്തിന്(പകരം) ശിക്ഷയും വാങ്ങിയവരത്രെ. അപ്പോള്‍ നരകത്തെപ്പറ്റി അവര്‍ക്ക് (ഇത്രയേറെ) സഹനമുണ്ടാക്കിയതെന്താണ്?!
 • أُولَٰئِكَ الَّذِينَ അവര്‍ യാതൊരുകൂട്ടരാണ് اشْتَرَوُا അവര്‍ വാങ്ങി الضَّلَالَةَ വഴിപിഴവ്, ദുര്‍മാര്‍ഗം بِالْهُدَىٰ നേര്‍മാര്‍ഗത്തിന് (പകരം) وَالْعَذَابَ ശിക്ഷയെയും بِالْمَغْفِرَةِ പാപമോചനത്തിന് (പകരം), പൊറുക്കുന്നതിന് فَمَا أَصْبَرَهُمْ അപ്പോള്‍ അവര്‍ക്ക് സഹനമുണ്ടാക്കിയതെന്ത് عَلَى النَّارِ നരകത്തെക്കുറിച്ച്
2:176
 • ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلْكِتَـٰبَ بِٱلْحَقِّ ۗ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِى ٱلْكِتَـٰبِ لَفِى شِقَاقٍۭ بَعِيدٍ ﴾١٧٦﴿
 • വേദഗ്രന്ഥത്തെ അല്ലാഹു യഥാര്‍ത്ഥ (മുറ)പ്രകാരം അവതരിപ്പിച്ചിരിക്കുന്നതുകൊണ്ടത്രെ അത്. [അതാണ് ഈ കടുത്ത ശിക്ഷക്ക് കാരണം] വേദഗ്രന്ഥത്തില്‍ ഭിന്നാഭിപ്രായം കാണിച്ചവരാകട്ടെ, നിശ്ചയമായും, വിദൂരമായ കക്ഷി പിരിവില്‍ തന്നെയാകുന്നു.
 • ذَٰلِكَ അത് بِأَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നതുകൊണ്ടാണ് نَزَّلَ الْكِتَابَ ഗ്രന്ഥം ഇറക്കി (എന്നത്) بِالْحَقِّ യഥാര്‍ത്ഥപ്രകാരം, മുറയനുസരിച്ച് وَإِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ اخْتَلَفُوا അവര്‍ ഭിന്നാഭിപ്രായത്തിലായിരിക്കുന്നു فِي الْكِتَابِ (വേദ)ഗ്രന്ഥത്തില്‍ لَفِي شِقَاقٍ കക്ഷിത്തത്തില്‍ തന്നെ بَعِيدٍ വിദൂരമായ

അവതരണ സന്ദര്‍ഭം നോക്കുമ്പോള്‍ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സത്യതയെ സ്ഥാപിച്ചും പ്രവചിച്ചുംകൊണ്ട് തൗറാത്തിലും ഇന്‍ജീലിലും വന്നിട്ടുള്ള സത്യങ്ങളെ ജനങ്ങള്‍ക്ക് വെളിവാക്കിക്കൊടുക്കാതെ മൂടിവെക്കുന്ന വേദക്കാരായ പണ്ഡിതന്‍മാരെ -വിശേഷിച്ചും യഹൂദി പണ്ഡിതന്‍മാരെ- സംബന്ധിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കപ്പെടുന്നത്. പക്ഷേ, ഈ വചനങ്ങളിലെ വാചകങ്ങള്‍ പരിശോധിക്കുമ്പോഴും, അവതരണ കാരണം പ്രത്യേകമായിരുന്നാലും വിധി പൊതുവായിരിക്കുമെന്ന തത്വപ്രകാരവും ഈ വചനങ്ങള്‍ അവരെ മാത്രം ബാധിക്കുന്നതാണെന്ന് കരുതിക്കൂടാ. വേദവിജ്ഞാനങ്ങളും മതസത്യങ്ങളും അറിഞ്ഞുകൊണ്ട് -എന്തെങ്കിലും കാര്യലാഭങ്ങളെയും, സ്വാര്‍ത്ഥ താല്‍പര്യങ്ങളെയും ഉദ്ദേശിച്ചുകൊണ്ട്- മൂടിവെക്കുന്ന എല്ലാവര്‍ക്കും ബാധകമാണ് ഈ താക്കീതുകള്‍ എന്നതില്‍ സംശയമില്ല. ഈ ദുഃസ്സമ്പ്രദായത്തിന്‍റെ ഭയങ്കരത എത്രമാത്രമാണെന്ന് ഈ വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നത് നോക്കുക:

(1) അല്ലാഹു വേദഗ്രന്ഥത്തില്‍ അവതരിപ്പിച്ചതിനെയാണവര്‍ മൂടിവെക്കുന്നത്. ഇത് അല്ലാഹുവിനോട് ചെയ്യുന്ന ധിക്കാരമാണല്ലോ.

(2) മൂടിവെക്കുന്നതിന് പകരം അവര്‍ക്ക് ലഭിക്കുന്ന വില – അതിന് പകരം ലഭിക്കുന്ന നേട്ടം-കേവലം തുച്ഛവും നിസ്സാരവുമായിരിക്കും. ഐഹികമായ ലാഭങ്ങളോ താല്‍കാലിക നേട്ടങ്ങളോ മാത്രമാണ് ഈ കൃത്യത്തിന് അവരെ പ്രേരിപ്പിക്കുന്നത്. ഐഹികമായ നേട്ടങ്ങള്‍ എത്ര തന്നെ വമ്പിച്ചതായിരുന്നാലും അത് കേവലം നിസ്സാരം തന്നെയായിരിക്കും. فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الْآخِرَةِ إِلَّا قَلِيلٌ (ഇഹലോക ജീവിതത്തിന്‍റെ സുഖസൗകര്യം പരലോകസുഖത്തെ അപേക്ഷിച്ച് തുച്ഛമല്ലാതെ ഇല്ല. (തൗബ : 38)

(3) ധനസമ്പാദനവും നേതൃത്വമോഹവും ഉദരപൂരണവുമായിരിക്കുമല്ലോ ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം. വാസ്തവത്തില്‍ അത് അഗ്നികൊണ്ട് വയറു നിറക്കലാണ്. അഥവാ അതിന്‍റെ പേരില്‍ അവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ ഓരോന്നും പരലോകത്തില്‍ അവരെ നരകാഗ്നിക്ക് ഇരയാക്കുകയാണ് ചെയ്യുന്നത്

(4) അത്തരക്കാര്‍ ഇവിടെ വലിയ നേതാക്കളും വമ്പന്മാരുമായി അഭിനയിക്കുന്നവരായിരിക്കുമെങ്കിലും അല്ലാഹുവിന്‍റെ മുമ്പില്‍ അവര്‍ നിന്ദ്യരും വെറുക്കപ്പെട്ടവരുമായിരിക്കും. അതിനാല്‍, ക്വിയാമത്തുനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകപോലും ചെയ്കയില്ല. ഇതിലധികം നിന്ദ്യത മറ്റെന്താണുള്ളത് ?!

(5) അവരുടെ ദയനീയതയോ നിസ്സഹായതയോ പരിഗണിച്ച് അവരെ ഏതെങ്കിലും വിധേന നന്നാക്കി എടുക്കുവാനോ, അവര്‍ക്ക് പരിശുദ്ധി നല്‍കുവാനോ അല്ലാഹു തയ്യാറാകുന്നതുമല്ല.

(6) ഇതിനെല്ലാം പുറമെ, വേദനയേറിയ ശിക്ഷയും, അഥവാ കഠിനകഠോരമായ നരകശിക്ഷയും!

സത്യം ഇന്ന പ്രകാരമാണെന്ന് അറിയാതെയും, അന്വേഷിക്കാതെയും വഴിപിഴച്ചു പോകുന്നതിനെക്കാള്‍ ഗൗരവപ്പെട്ടതാണ് ഇക്കൂട്ടരുടെ വഴിപിഴവ്. സത്യം അറിഞ്ഞിട്ടും കല്‍പിച്ചു കൂട്ടി ഒളിച്ചുവെക്കുകയാണിവര്‍ ചെയ്യുന്നത്. അതും തുച്ഛമായ നേട്ടങ്ങള്‍ക്ക് വേണ്ടി. അപ്പോള്‍, സന്‍മാര്‍ഗം വിറ്റു ദുര്‍മാര്‍ഗം വിലക്കുവാങ്ങുകയും, അല്ലാഹുവിങ്കല്‍ നിന്ന് പാപമോചനം ലഭിക്കുവാനുള്ള മാര്‍ഗങ്ങള്‍ കൊട്ടി അടച്ചു അതിന് പകരം അവന്‍റെ ശിക്ഷ കൈനീട്ടി വാങ്ങുകയുമാണ് വാസ്തവത്തില്‍ ഈ പ്രവര്‍ത്തനം മുഖേന സംഭവിക്കുന്നത്. നരക ശിക്ഷ എത്രതന്നെ കഠിനകഠോരമായാലും അത് ഞങ്ങള്‍ സഹിച്ചും ക്ഷമിച്ചും കൊള്ളാം. താല്‍ക്കാലികമായ ഈ കാര്യലാഭങ്ങളാണ് അതിനെക്കാള്‍ തങ്ങള്‍ക്ക് പ്രിയംകരമായത് എന്ന ഭാവമാണല്ലോ ഇവരില്‍ നിന്ന് പ്രകടമാകുന്നത്. അതാണ് അല്ലാഹു ചോദിക്കുന്നത്, ഇവര്‍ക്ക് നരകത്തെപ്പറ്റി ഇത്ര സഹനം നല്‍കിയത് എന്താണ്? (فَمَا أَصْبَرَهُمْ عَلَى النَّارِ) എന്ന്. ഇക്കാര്യം ഇത്രത്തോളം ഭയങ്കര പാതകമാകുവാനുളള മര്‍മപ്രധാനമായ കാരണങ്ങളാണ് അവസാനത്തെ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അതായത് : അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത് യഥാര്‍ത്ഥ മുറയനുസരിച്ചാണ്. അതിലുള്ളതെല്ലാം തന്നെയാണ് യഥാര്‍ത്ഥം. അത് വിവരിക്കേണ്ടുന്ന മുറപ്രകാരം തന്നെ അതില്‍ വിവരിക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍, അതില്‍ നിന്ന് വല്ലതും ഒളിപ്പിച്ചുവെക്കുന്നത് യഥാര്‍ത്ഥത്തില്‍ വേദഗ്രന്ഥത്തിന്‍റെ നിഷേധവും അല്ലാഹുവിന്‍റെ ലക്ഷ്യത്തെ അവതാളപ്പെടുത്തലുമാണ്. വേദഗ്രന്ഥത്തില്‍ ഭിന്നിപ്പും ഭിന്നാഭിപ്രായവും ഉണ്ടാക്കുന്ന ഇവര്‍ അല്ലാഹുവിന്‍റെ എതിര്‍കക്ഷിയായി അവനെതിരില്‍ മല്‍സരം നടത്തുകയാണ് ചെയ്യുന്നത്. ഇതാകട്ടെ, വിജയ സാധ്യതയില്‍ നിന്നും, ന്യായ സാധുതയില്‍ നിന്നും അതിവിദൂരംതന്നെ!

വിഭാഗം - 22

2:177
 • لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَـٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَـٰٓئِكَةِ وَٱلْكِتَـٰبِ وَٱلنَّبِيِّـۧنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَـٰهَدُوا۟ ۖ وَٱلصَّـٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَـٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُتَّقُونَ ﴾١٧٧﴿
 • നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ ഉദയസ്ഥാനത്തിന്‍റെയും, അസ്തമയ സ്ഥാനത്തിന്‍റെയും നേര്‍ക്ക് [കിഴക്കോട്ടും പടിഞ്ഞാറോട്ടും] തിരിക്കുന്നതല്ല പുണ്യം. പക്ഷേ, പുണ്യവാന്‍ എന്നാല്‍ യാതൊരുവനാണ്: അല്ലാഹുവിലും, അന്ത്യ ദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും അവന്‍ വിശ്വസിച്ചു; ധനം - അതിനോട് പ്രിയമുള്ളതോടെ (ത്തന്നെ) - കുടുംബബന്ധമുള്ളവര്‍ക്കും, അനാഥ (കുട്ടി) കള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനും, ചോദിച്ചുവരുന്നവര്‍ക്കും അടിമ കളുടെ വിഷയത്തിലും അവന്‍ കൊടുക്കുകയും ചെയ്തു; നമസ്കാരം നിലനി റുത്തുകയും സകാത്ത് കൊടുക്കുകയും ചെയ്തു. (ഇങ്ങിനെ യുള്ളവനാണ്). (അതെ) കരാര്‍ ചെയ്താല്‍, തങ്ങളുടെ കരാര്‍ നിറവേറ്റുന്നവരും. (വിശേഷിച്ച്) വിഷമതയിലും കഷ്ടതയിലും യുദ്ധത്തിന്‍റെ അവസരത്തിലും ക്ഷമകൈകൊള്ളുന്നവരും. അക്കൂട്ടരത്രെ, സത്യം പറഞ്ഞവര്‍, അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മതയുള്ള [ഭയഭക്തരായുള്ള]വരും.
 • لَّيْسَ അല്ല الْبِرَّ പുണ്യം, നന്‍മ أَن تُوَلُّوا നിങ്ങള്‍ തിരിക്കല്‍ وُجُوهَكُمْ നിങ്ങളുടെ മുഖങ്ങളെ قِبَلَ നേരെ, നേര്‍ക്ക് الْمَشْرِقِ ഉദയസ്ഥാനത്തിന്‍റെ, കിഴക്കിന്‍റെ وَالْمَغْرِبِ അസ്തമയസ്ഥാനത്തി (പടിഞ്ഞാറി)ന്‍റെയും وَلَٰكِنَّ പക്ഷേ, എങ്കിലും, എന്നാല്‍ الْبِرَّ പുണ്യം, പുണ്യവാന്‍, നന്മ, നന്മ ചെയ്യുന്നവന്‍ مَنْ യാതൊരുവനാണ്, യാതൊരുവന്‍റെയാണ് آمَنَ അവന്‍ വിശ്വസിച്ചു بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَالْمَلَائِكَةِ മലക്കുകളിലും وَالْكِتَابِ (വേദ) ഗ്രന്ഥത്തിലും وَالنَّبِيِّينَ പ്രവാചകന്‍മാരിലും وَآتَى അവന്‍ കൊടുക്കുകയും ചെയ്തു الْمَالَ ധനം عَلَىٰ حُبِّهِ അതിനോട് പ്രിയത്തോടെ ذَوِي الْقُرْبَىٰ അടുത്ത(കുടുംബ) ബന്ധം ഉള്ളവര്‍ക്ക് وَالْيَتَامَىٰ അനാഥകള്‍ക്ക് وَالْمَسَاكِينَ അഗതികള്‍ക്കും وَابْنَ السَّبِيلِ വഴിപോക്കനും وَالسَّائِلِينَ ചോദിക്കുന്നവര്‍ക്കും وَفِي الرِّقَابِ അടിമകളിലും وَأَقَامَ അവന്‍ നിലനിറുത്തുകയും ചെയ്തു الصَّلَاةَ നമസ്‌കാരം وَآتَى الزَّكَاةَ അവന്‍ സകാത്ത് കൊടുക്കുകയും (ചെയ്തു) وَالْمُوفُونَ നിറവേറ്റുന്നവരും بِعَهْدِهِمْ തങ്ങളുടെ കരാറിനെ, ഉടമ്പടിയെ, പ്രതിജ്ഞയെ إِذَا عَاهَدُوا അവര്‍ കരാര്‍(ഉടമ്പടി-പ്രതിജ്ഞ)ചെയ്താല്‍ وَالصَّابِرِينَ ക്ഷമിക്കുന്നവരും (വിശേഷിച്ച്) فِي الْبَأْسَاءِ വിഷമതയില്‍, ദുരിതാവസ്ഥയില്‍ وَالضَّرَّاءِ കഷ്ടപ്പാടിലും وَحِينَ الْبَأْسِ സങ്കടത്തിന്‍റെ (യുദ്ധത്തിന്‍റെ) അവസരത്തിലും أُولَٰئِكَ അക്കൂട്ടര്‍ الَّذِينَ صَدَقُوا സത്യം പറഞ്ഞവരത്രെ وَأُولَٰئِكَ അക്കൂട്ടര്‍ هُمُ അവര്‍ (തന്നെ) الْمُتَّقُونَ സൂക്ഷ്മതയുള്ളവര്‍, ഭയഭക്തന്‍മാര്‍

بِرّ (ബിര്‍റ്) എന്നാല്‍ പുണ്യം, നല്ലകാര്യം എന്നൊക്കെയാണ് അര്‍ത്ഥം. പുണ്യവാന്‍ നന്മ ചെയ്യുന്നവന്‍ എന്നീ അര്‍ത്ഥങ്ങളിലും അതേ വാക്ക് ഉപയോഗിക്കപ്പെടും. ഈ വചനത്തിലും താഴെ 189-ാം വചനത്തിലും ഈ രണ്ടര്‍ത്ഥത്തില്‍ അത് ഉപയോഗിച്ചിരിക്കുന്നു. ഇതുപോലെയുള്ള മറ്റൊരു പദമാണ് عَدْل (അദ്ല്‍). നീതി എന്നൂം നീതിമാന്‍ എന്നുമുള്ള അര്‍ത്ഥങ്ങളില്‍ ഇതും ഉപയോഗിക്കാറുണ്ട്.

ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും നേരെ തിരിയുക -കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയുക- എന്ന് പറഞ്ഞത് ക്വിബ്‌ലഃ മാറ്റത്തെച്ചൊല്ലി വേദക്കാര്‍ പുറപ്പെടുവിച്ച ആക്ഷേപങ്ങളെ സൂചിപ്പിക്കുന്നുവെന്ന് ചിലരും, അതല്ല, ഉപമാലങ്കാര രൂപത്തില്‍ പറഞ്ഞതാണെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു കാണാം. രണ്ടായാലും ഈ വചനത്തിലടങ്ങിയ ആശയത്തിന്‍റെ ചുരുക്കം ഇതാണ്; ഒരു നിശ്ചിത ഭാഗത്തേക്ക് തിരിയുകപോലെയുള്ള ചില ബാഹ്യമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത്‌കൊണ്ട് ഒരാള്‍ പുണ്യവാനും സദ്‌വൃത്തനും ആകുന്നതല്ല. ഇന്ന ഭാഗത്തേക്ക് തിരിയണമെന്ന് അല്ലാഹു കല്‍പിക്കുമ്പോള്‍ അത് നിര്‍ബന്ധമായിത്തീരുന്നുവെന്നല്ലാതെ, അതുകൊണ്ട് മാത്രം പുണ്യം നേടുക സാധ്യമല്ല. ഒരാള്‍ പുണ്യവാനായിത്തീരണമെങ്കില്‍, അവന്‍ വിശ്വസിക്കേണ്ടുന്ന കാര്യങ്ങളിലെല്ലാം വിശ്വസിക്കുകയും, അനുഷ്ഠിക്കേുന്ന കാര്യങ്ങളെല്ലാം അനുഷ്ഠിക്കുകയും വേണം.

വിശ്വാസകാര്യങ്ങളില്‍ പ്രധാനമായത് ഇവയാണ് :

(1) അല്ലാഹുവിലുള്ള വിശ്വാസം: അതായത്, അല്ലാഹുവിന്‍റെ അസ്തിത്വം, ഏകത്വം, അധികാരാവകാശങ്ങള്‍, ഉല്‍കൃഷ്ടഗുണങ്ങള്‍ എന്നിവയിലെല്ലാം വിശ്വസിക്കുക.

(2) അന്ത്യനാളിലുള്ള വിശ്വാസം: അതായത്, ഐഹിക ജീവിതത്തിന് ശേഷം രണ്ടാമതൊരു ജീവിതം കൂടിയുണ്ട്. ഈ ജീവിതത്തില്‍ ചെയ്ത സകല കര്‍മങ്ങളെക്കുറിച്ചും അവിടെ വെച്ച് ചോദ്യം ചെയ്യപ്പെടുകയും പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും. സല്‍കര്‍മികള്‍ക്ക് രക്ഷയും ദുഷ്‌കര്‍മികള്‍ക്ക് ശിക്ഷയുമായിരിക്കും ഫലം ആദിയായ വിശ്വാസം.

(3) മലക്കുകളിലുള്ള വിശ്വാസം: മലക്കുകള്‍ എന്ന ഒരുതരം ആത്മീയ ജീവികളുണ്ട്. അവര്‍ അല്ലാഹുവിന്‍റെ ആജ്ഞയനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അല്ലാഹുവിന് അവര്‍ സ്‌തോത്രകീര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. ഈ ലോകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അവര്‍ മുഖാന്തരം അല്ലാഹു നടത്താറുണ്ട്. അല്ലാഹുവിനും അവന്‍റെ പ്രവാചകന്‍മാരായ റസൂലുകള്‍ക്കുമിടയിലുള്ള ദൗത്യവാഹകന്‍മാര്‍ മലക്കുകളാണ്. എന്നിങ്ങിനെയുള്ള വിശ്വാസങ്ങള്‍

(4) വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം: അല്ലാഹു അവന്‍റെ പ്രവാചകന്‍മാര്‍ക്ക് നല്‍കിയിട്ടുള്ള വേദഗ്രന്ഥങ്ങളില്‍ പൊതുവിലും മൊത്തമായും വിശ്വസിക്കുക, ക്വുര്‍ആന്‍ അവസാനത്തെ ഗ്രന്ഥവും ലോകാവസാനം വരെ നിലനില്‍ക്കുന്നതുമാകകൊണ്ട് അതില്‍ പ്രത്യേകം വിശദമായും വിശ്വസിക്കുക.

(5) നബിമാരില്‍ വിശ്വസിക്കുക: പേരറിയപ്പെട്ടവരും അല്ലാത്തവരുമായി മുന്‍ കഴിഞ്ഞ എല്ലാ പ്രവാചകന്‍മാരിലും പൊതുവെയും അന്ത്യപ്രവാചകനായ മുഹമ്മദ്  തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ പ്രത്യേകമായും വിശ്വസിക്കുക. ഇതാണ് വിശ്വാസകാര്യങ്ങളില്‍ പ്രധാനമായ വിഷയങ്ങള്‍. അല്ലാഹുവിന്‍റെ വിധിവ്യവസ്ഥകള്‍ (القضاء والقدر) സ്വര്‍ഗനരകങ്ങള്‍ ആദിയായവയിലുള്ള വിശ്വാസങ്ങള്‍ ഒന്നാമത്തെയും രണ്ടാമത്തെയും വിഷയങ്ങളുടെ വിശദാംശങ്ങളില്‍ ഉള്‍പ്പെടുന്നവയത്രെ.

അനുഷ്ഠാനപ്രധാനമായ വിഷയങ്ങളില്‍ അല്ലാഹു എടുത്തുപറഞ്ഞ 1-ാമത്തെ വിഷയം ധനത്തോട് ഇഷ്ടവും സ്‌നേഹവും ഉണ്ടായിരിക്കെ അത് ചിലവഴിക്കുക എന്നാകുന്നു. ധനത്തില്‍ പ്രതിപത്തിയോ മോഹമോ ഇല്ലാത്തവര്‍ക്ക് ധനം ചിലവഴിക്കുന്നതില്‍ മടിയുണ്ടാകുകയില്ല. അവരെ സംബന്ധിച്ചിടത്തോളം അതില്‍ ത്യാഗത്തിന്‍റെ മനഃസ്ഥിതിയോ പുണ്യസമ്പാദനത്തിന്‍റെ മോഹമോ ഉണ്ടായിരിക്കുന്നതുമല്ല. ധനത്തോടുള്ള പ്രേമം എത്രകണ്ടുണ്ടോ അതനുസരിച്ചായിരിക്കും അത് നല്ല വിഷയത്തില്‍ ചെലവഴിക്കുന്നവന്‍റെ ഉദ്ദേശ്യ ശുദ്ധി വിലയിരുത്തപ്പെടുന്നത്. അത്‌കൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിചെയ്തതും: ദാനധര്‍മത്തില്‍ വെച്ച് ഏറ്റം ശ്രേഷ്ഠമായത് നീ ധനത്തെ മോഹിച്ചും ദാരിദ്ര്യത്തെ ഭയന്നും കൊണ്ട് ആരോഗ്യവാനും പിശുക്കനുമായിരിക്കെ ചെയ്യുന്ന ദാനധര്‍മമാകുന്നു. (ബു;മു) വേറൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍ നിന്ന് ചിലവഴിക്കുന്നതുവരെ നിങ്ങള്‍ പുണ്യം പ്രാപിക്കുകയില്ല. (3:92) ഇതിനെക്കാള്‍ കുറച്ചുകൂടി കവിഞ്ഞ നിലപാടാണ് സ്വന്തം നിലക്ക് അത്യാവശ്യമുണ്ടായിരുന്നിട്ടുപോലും മറ്റുള്ളവരുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കല്‍. ഇത് അന്‍സ്വാരികളായ സ്വഹാബികളുടെ ഒരു വിശിഷ്ട ഗുണമായി സൂറത്തുല്‍ ഹശ്‌റില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് കാണാം. (59:9)

ധനം ചിലവഴിക്കേണ്ട മാര്‍ഗങ്ങള്‍ കൂടി അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ചിലവഴിക്കുന്നവന്‍റെ മനഃസ്ഥിതിപോലെതന്നെ അത് വിനിയോഗിക്കപ്പെടുന്നത് ആരിലാണെന്നും, ആര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നുകൂടി ഗൗനിക്കേതുണ്ടെന്നാണ് ഇത് പഠിപ്പിക്കുന്നത്

(1) കുടുംബന്ധമുള്ളവര്‍: ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: സാധുക്കള്‍ക്ക് ധര്‍മം കൊടുക്കുന്നത് ഒരു ധര്‍മമാകുന്നു. ചാര്‍ച്ച ബന്ധമുളളവര്‍ക്ക് കൊടുക്കുന്നത് രണ്ടു കാര്യങ്ങളാണ് : ധര്‍മവും ചാര്‍ച്ച ബന്ധം പാലിക്കലും (അ;തി;ന;ജ.;)

(2) യതീമു (അനാഥ)കള്‍: അതായത്, പിതാക്കള്‍ മരണപ്പെട്ടവരും; ഉപജീവനത്തിന് വകയില്ലാത്തവരുമായ കുട്ടികള്‍. ഇവരെപ്പറ്റി ക്വുര്‍ആനും ഹദീഥും ശക്തിയായ ഭാഷയില്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള കാര്യം പ്രസിദ്ധമാണല്ലോ. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയാണ് : തന്‍റെതോ മറ്റുള്ളവരുടെതോ ആയ യത്തീമിനെ ഏറ്റെടുക്കുന്നവനും ഞാനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും. ഇത് പറയുമ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  ചൂണ്ടാണിവിരലും  നടുവിരലും വിടര്‍ത്തിപ്പിടിച്ചു കാണിക്കുകയും ചെയ്തിരുന്നു (മു). സ്വന്തം കുടുംബത്തില്‍ പെട്ടതായാലും അന്യകുടുംബത്തില്‍ പെട്ടതായാലും ശരി, യത്തീമിന്‍റെ ഉത്തരവാദിത്വം ഏല്‍ക്കുന്നവന് സ്വര്‍ഗത്തില്‍ വമ്പിച്ച പദവിയാണുള്ളതെന്നു സാരം.

(3) മിസ്‌കീനുകള്‍ (അഗതികള്‍): മിസ്‌കീന്‍ എന്നാല്‍ ആരാണെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീഥില്‍ പ്രസ്താവിച്ചു കാണാം. ഹദീഥിന്‍റെ സാരം ഇപ്രകാരമാകുന്നു: ഒരു കാരക്കയോ, രണ്ട് കാരക്കയോ, ഒരു പിടി ഭക്ഷണമോ, രണ്ട് പിടി ഭക്ഷണമോ കിട്ടിയാല്‍ മടങ്ങുമാറ് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഈ ആളുകള്‍ക്കല്ല മിസ്‌കീന്‍ എന്നു പറയുന്നത്. എന്നാല്‍, മറ്റൊരാളെ ആശ്രയിക്കാതിരിക്കത്തക്ക ധനം കയ്യിലില്ലാതിരിക്കുകയും മറ്റുള്ളവരില്‍ നിന്ന് വല്ല ദാനധര്‍മവും കിട്ടത്തക്കവണ്ണം തന്‍റെ സ്ഥിതി മറ്റുള്ളവര്‍ക്ക് മനസ്സിലാകാതിരിക്കുകയും ചെയ്യുന്നവനാണ് മിസ്‌കീന്‍ (ബു;മു). അഥവാ ബുദ്ധിമുട്ടും തിടുക്കവുമുണ്ടെങ്കിലും അത് മറ്റുളളവരെ അറിയിക്കാതെ അഭിമാനം കാത്തുസൂക്ഷിച്ചു വരുന്നവന്‍ എന്നു താല്‍പര്യം.

(4) വഴിപോക്കന്‍: അതായത്, സ്വദേശത്തേക്ക് തിരിച്ചു പോകുവാന്‍ വകയില്ലാതെ ബുദ്ധിമുട്ടുന്ന യാത്രക്കാരന്‍, വേണ്ടപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി യാത്രക്കൊരുങ്ങിയവന്‍, നിരാശ്രയരായ വിദേശികള്‍ മുതലായവര്‍.

(5) ചോദിച്ചുവരുന്നവര്‍: യാചിക്കുന്ന സമ്പ്രദായം മാന്യന്മാര്‍ക്ക് യോജിച്ചതല്ല. ഇസ്‌ലാമാണെങ്കില്‍, വളരെയധികം വെറുക്കുന്ന ഒരു കാര്യവുമാകുന്നു അത്. നേരെ മറിച്ച് യാചിച്ചു വരുന്നവരെപ്പറ്റി ചുഴിഞ്ഞന്വേഷണം നടത്തി വഷളാക്കി വിടുവാന്‍ ശ്രമിക്കുന്നതും, ഒന്നും കൊടുക്കാതെ -നല്ലവാക്കെങ്കിലും പറയാതെ- വിരട്ടി തിരിച്ചയക്കുന്നതും അങ്ങിനെത്തന്നെ. ഒരു ഹദീഥില്‍ ഇപ്രകാരം വന്നിട്ടുള്ളത് ശ്രദ്ധേയമാകുന്നു : ചോദിച്ചു വന്നവന് ഒരവകാശമുണ്ട്. അവന്‍ കുതിരപ്പുറത്ത് വന്നിരുന്നാലും ശരി (അ;ദാ). സജ്ജനങ്ങളുടെ ഗുണങ്ങളെ എടുത്ത് പറയുന്ന കൂട്ടത്തില്‍ അവരുടെ സ്വത്തുക്കളില്‍ ചോദിക്കുന്നവനും (ചോദിക്കുവാന്‍)തടസ്സം നേരിട്ടവനും അവകാശമുണ്ടായിരിക്കും (51: 19, 70: 24, 25) എന്ന് അല്ലാഹുവും പറയുന്നു.

(6) അടിമകളുടെ വിഷയത്തില്‍: അതായത് അടിമകളെ മോചിപ്പിക്കുക, അവരുടെ മോചനത്തിനും, രക്ഷക്കും സഹായകമാകുന്ന സംരംഭങ്ങളില്‍ ധനസഹായം ചെയ്യുക മുതലായവ. ഇക്കാര്യവും ക്വുര്‍ആനിലും ഹദീഥിലും വളരെയധികം പ്രാധാന്യം കല്‍പിക്കപ്പെട്ടിട്ടുള്ളതത്രെ.

അനുഷ്ഠാന കാര്യങ്ങളില്‍ 2-ാമത്തെ വിഷയം നമസ്‌കാരം നിലനിറുത്തലും, 3-ാമത്തേത് സകാത്ത് കൊടുക്കലുമാണ്. ഈ രണ്ടു കാര്യങ്ങളെക്കുറിച്ചുമുള്ള ക്വുര്‍ആന്‍ വചനങ്ങളും നബി വചനങ്ങളും നിരവധിയാണ്. രണ്ടിനും ഇസ്‌ലാം കല്‍പിച്ചിട്ടുള്ള പ്രാധാന്യം-രണ്ടിലും വീഴ്ച വരുത്തുന്നവര്‍ക്കിടയില്‍പോലും-പ്രസിദ്ധമാണ്. 4-ാമത്തെ വിഷയം കരാര്‍ ചെയ്താല്‍ അത് നിറവേറ്റുകയാണ്. ഇതിന്‍റെ പ്രാധാന്യത്തെപ്പറ്റിയും ഒരു വിശദീകരണത്തിന്‍റെ ആവശ്യമില്ല. കപടവിശ്വാസിയുടെ ലക്ഷണങ്ങള്‍, കളവുപറയലും, വാഗ്ദത്തം ലംഘിക്കലും, വിശ്വാസവഞ്ചനയും എന്നിങ്ങിനെ മൂന്നെണ്ണമാണെന്നുള്ള സുപ്രസിദ്ധ നബി വചനം മാത്രം മതി ഇതിന്‍റെ ഗൗരവം മനസ്സിലാക്കുവാന്‍. 5-ാമത്തെത് ക്ഷമയാണ്. ക്ഷമയും തന്നെ ധാരാളക്കണക്കില്‍ ക്വുര്‍ആനിലും ഹദീഥിലും പരാമര്‍ശവിഷയമാകുന്നു. ക്ഷമിക്കുന്നവരെപ്പറ്റി പ്രസ്താവിച്ചപ്പോള്‍, അതിന്‍റെ മുമ്പുള്ള വാക്യങ്ങളില്‍ തുടര്‍ന്നുപോന്ന വ്യാകരണ ശൈലിയില്‍ അല്‍പമൊരു മാറ്റം വരുത്തിക്കൊണ്ട് ക്ഷമിക്കുന്നവരെപ്പറ്റി വിശേഷിച്ചും ഓര്‍മിപ്പിക്കുന്നു എന്നര്‍ത്ഥം വരാറുള്ള ഒരു പ്രത്യേക ശൈലി (*) അല്ലാഹു സ്വീകരിച്ചതും ശ്രദ്ധേയമാകുന്നു. (അറബി വ്യാകരണത്തില്‍ അല്‍പം പരിചയമുള്ളവര്‍ക്ക് ഇത് വേഗം മനസ്സിലാകും) ക്ഷമകൈകൊള്ളേണ്ടത് എപ്പോഴാണെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അതെ, വിഷമാവസ്ഥയിലും, കഷ്ടാവസ്ഥയിലും, അഥവാ ദാരിദ്ര്യം തുടങ്ങിയ ബുദ്ധിമുട്ടുകളിലും, രോഗം പോലെയുള്ള കഷ്ടനഷ്ടങ്ങളിലുമെല്ലാം തന്നെ. കൂട്ടത്തില്‍ വളരെ ഗൗരവപ്പെട്ടതും, സത്യവിശ്വാസികള്‍ക്ക് നേരിടേണ്ടിവരുന്നതുമായ ഒരു ഘട്ടമാണല്ലോ യുദ്ധാവസരം. അതുകൊണ്ട് അത് പ്രത്യേകം എടുത്ത് പറയുകയും ചെയ്തിരിക്കുന്നു.


يعنى أن قوله : الصابرين منصوب على المدح والحث فلهذا لم يرفع ولم يعطف عطف النسق (*)


പുണ്യപ്രധാനങ്ങളായ വിശ്വാസാനുഷ്ഠാന കാര്യങ്ങള്‍ യഥാവിധി സ്വീകരിച്ചു വരുന്നവര്‍ക്ക് അവസാനമായി രണ്ട് സാക്ഷ്യപത്രങ്ങളും അല്ലാഹു നല്‍കിയിരിക്കുന്നു. (1) أُولَٰئِكَ الَّذِينَ صَدَقُوا (അവരാണ് സത്യം പറഞ്ഞവര്‍) എന്നും (2) أُولَٰئِكَ هُمُ الْمُتَّقُونَ (അവര്‍ തന്നെയാണ് മുത്തക്വികളും) എന്നും. അതെ, വിശ്വാസം സാക്ഷാല്‍ക്കരിച്ചവരും, വിശ്വാസികളാണെന്ന വാദം പ്രവര്‍ത്തനം മുഖേന സത്യമായി പുലര്‍ത്തിയവരും അവരാണ്. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് സൂക്ഷ്മതപാലിക്കുകയും, പുണ്യകര്‍മങ്ങള്‍ ചെയ്തുകൊണ്ട് ഭയഭക്തരായിത്തീരുകയും ചെയ്ത യഥാര്‍ത്ഥ പുണ്യവാന്‍മാരും അവരാണ് എന്ന് സാരം. ഇങ്ങിനെയുള്ള പുണ്യവാന്‍മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. امين

2:178
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌ فَٱتِّبَاعٌۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَـٰنٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ ﴾١٧٨﴿
 • ഹേ, വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവരുടെ വിഷയത്തില്‍ പ്രതിക്രിയ നടത്തല്‍ നിങ്ങളുടെ മേല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. അതായത്, സ്വതന്ത്രന് സ്വതന്ത്രനും, അടിമക്ക് അടിമയും, സ്ത്രീക്ക് സ്ത്രീയും (എന്ന നിലക്ക്) എന്നാല്‍, ആര്‍ക്കെങ്കിലും തന്‍റെ സഹോദരനില്‍ നിന്ന് വല്ലതും മാപ്പു ചെയ്തു കിട്ടുന്ന പക്ഷം അപ്പോള്‍, (ആചാര)മര്യാദയെ പിന്‍പറ്റലും, നല്ലനിലയില്‍ അവന് കൊടുത്തുവീട്ടലുമാണ് (വേണ്ടത്). അത്, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് (നിങ്ങള്‍ക്ക്) ഒരു ഇളവ് നല്‍കലും, കാരുണ്യവുമാകുന്നു. എനി, അതിനുശേഷം, ആരെങ്കിലും അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന പക്ഷം, അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
 • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ كُتِبَ രേഖപ്പെടുത്ത (നിയമിക്ക) പ്പെട്ടിരിക്കുന്നു عَلَيْكُمُ നിങ്ങളുടെ മേല്‍ الْقِصَاصُ പ്രതിക്രിയ നടത്തല്‍ فِي الْقَتْلَى വധിക്കപ്പെട്ട വിഷയത്തില്‍ الْحُرُّ സ്വതന്ത്രന്‍ بِالْحُرِّ സ്വതന്ത്രന് (പകരം) وَالْعَبْدُ അടിമയും بِالْعَبْدِ അടിമക്ക്(പകരം) وَالْأُنثَىٰ സ്ത്രീയും بِالْأُنثَىٰ സ്ത്രീക്ക്(പകരം) فَمَنْ അപ്പോള്‍ വല്ലവരും, ആര്‍ عُفِيَ لَهُ അവന് മാപ്പ് ചെയ്യപ്പെട്ടു (വെങ്കില്‍) مِنْ أَخِيهِ തന്‍റെ സഹോദരനില്‍ നിന്ന് شَيْءٌ വല്ലതും, എന്തെങ്കിലും വസ്തു فَاتِّبَاعٌ എന്നാല്‍ പിന്‍പറ്റല്‍, തുടരല്‍ بِالْمَعْرُوفِ സദാചാര പ്രകാരം, മര്യാദ (വഴക്കം) അനുസരിച്ച് وَأَدَاءٌ കൊടുത്തുവീട്ടലും إِلَيْهِ അവനിലേക്ക്, അവന് بِإِحْسَانٍ നന്‍മ ചെയ്തുകൊണ്ട് (നല്ല നിലയില്‍) ذَٰلِكَ അത് تَخْفِيفٌ ലഘൂകരണം (ഇളവ്) مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് رَحْمَةٌ കാരുണ്യവും فَمَنِ اعْتَدَىٰ എനി ആരെങ്കിലും അതിരുവിട്ടാല്‍, ക്രമം തെറ്റിയാല്‍ بَعْدَ ذَٰلِكَ അതിന് ശേഷം فَلَهُ എന്നാല്‍ അവനുണ്ട് عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
2:179
 • وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌ يَـٰٓأُو۟لِى ٱلْأَلْبَـٰبِ لَعَلَّكُمْ تَتَّقُونَ ﴾١٧٩﴿
 • പ്രതിക്രിയ നടത്തുന്നതില്‍ നിങ്ങള്‍ക്ക് - ഹേ, ബുദ്ധിമാന്‍മാരേ - ഒരു (തരം)ജീവിതം ഉണ്ടായിരിക്കും. നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാവുന്നതാണ്.
 • وَلَكُمْ നിങ്ങള്‍ക്കുണ്ട് فِي الْقِصَاصِ പ്രതികാര നടപടിയില്‍ حَيَاةٌ ഒരു (തരം) ജീവിതം يَا أُولِي الْأَلْبَابِ ബുദ്ധിമാന്‍മാരേ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ നിങ്ങള്‍ സുക്ഷ്മത പാലിക്കും

كَتَبَ (കതബ) ക്രിയയുടെ കര്‍മണി പ്രയോഗ (مَجْهُول) രൂപമാണ് كُتِبَ (കുതിബ). ഒന്നൊന്നിനോട് കൂട്ടിച്ചേര്‍ക്കുക എന്നത്രെ ഇതിന്‍റെ സാക്ഷാല്‍ ഭാഷാര്‍ത്ഥം. അക്ഷരങ്ങളും പദങ്ങളും അന്യോന്യം കൂട്ടിച്ചേര്‍ക്കലെന്ന നിലക്ക് ‘എഴുതുക’ എന്ന അര്‍ത്ഥത്തിലാണ് സാധാരണയായി ഉപയോഗിക്കപ്പെടാറുള്ളത്. ഇതില്‍ നിന്നാണ് ഗ്രന്ഥം എന്ന് كِتَاب (കിതാബ്) എന്ന പദത്തിന് അര്‍ത്ഥം വരുന്നതും. രേഖപ്പെടുത്തുക, നിയമിക്കുക, വിധിക്കുക, നിശ്ചയിക്കുക എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളിലും അത് ഉപയോഗിക്കപ്പെടുന്നു. നിയമിക്കപ്പെട്ടു എന്ന അര്‍ത്ഥത്തിലാണ് ഇവിടെയും താഴെ 180, 183 മുതലായ സ്ഥലങ്ങളിലും كُتِبَ (കുതിബ) ഉപയോഗിച്ചിരിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ വരുമ്പോള്‍ മിക്കപ്പോഴും ആ നിയമനം നിര്‍ബ്ബന്ധ രൂപത്തിലുള്ള തായിരിക്കുകയാണ് പതിവ്. ചിലപ്പോള്‍ നിര്‍ബന്ധമല്ലാതെയും വന്നേക്കും. എല്ലാം സന്ദര്‍ഭംകൊണ്ടും, മറ്റു തെളിവുകള്‍കൊണ്ടും മനസ്സിലാക്കേണ്ടതാകുന്നു. مَعْرُوفِ (മഅ്‌റൂഫ്)എന്ന പദം ക്വുര്‍ആനില്‍ പലേടത്തും ഉപയോഗിച്ചു കാണാം. അറിയപ്പെട്ടത്, പരിചയപ്പെട്ടത് എന്നൊക്കെയാണിതിന് വാക്കര്‍ത്ഥം. ഇമാം റാഗിബ് (റ) പ്രസ്താവിച്ചതുപോലെ ബുദ്ധി മുഖേനയോ, മതനിയമങ്ങള്‍ മുഖേനയോ നല്ല വഴക്കമായി അറിയപ്പെട്ട എല്ലാ കാര്യത്തിനും മഅ്‌റൂഫ് എന്ന് പറയപ്പെടും. ഇതിന്‍റെ നേരെ വിപരീതമാണ് مُنْكَر (മുന്‍കര്‍). ഈ വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ട് مَعْرُوفِ ന് സദാചാരം, ആചാരം, മര്യാദ എന്നിങ്ങിനെയും مُنْكَر ന് ദുരാചാരം, ദുര്‍മര്യാദ, വെറുക്കപ്പെട്ടത്, അപരിചിതം എന്നിങ്ങിനെയും സന്ദര്‍ഭോചിതം അര്‍ത്ഥം കല്‍പിക്കപ്പട്ടു വരുന്നു.

കൊലക്ക് പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേ പതിവുണ്ടായിരുന്നു. പക്ഷേ, അതില്‍ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. മേലേക്കിടയിലുള്ളവരായി ഗണിക്കപ്പെടുന്നവരെ താഴേക്കിടയിലുള്ളവര്‍ കൊലപ്പെടുത്തിയാല്‍ ഒന്നിലധികം പേരെ പകരം കൊല്ലുക, ഘാതകന്‍ അടിമയാണെങ്കില്‍ അവന്‍റെ യജമാനനെ കൊല്ലുക, സ്ത്രീയാണെങ്കില്‍ ഭര്‍ത്താവിനെയോ ബന്ധത്തില്‍പെട്ട ഏതെങ്കിലും പുരുഷനെയോ കൊല്ലുക എന്നിങ്ങനെയുള്ള അക്രമങ്ങളും അനീതികളും അംഗീകരിക്കപ്പെട്ടിരുന്നു. നേരെമറിച്ച് പ്രതാപത്തിലും ശക്തിയിലും താണ നിലവാരക്കാരെ ഉയര്‍ന്നവര്‍ കൊല്ലുന്ന പക്ഷം ഏതെങ്കിലും തരത്തിലുള്ള ഉപായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് ഘാതകനെ പ്രതിക്കൊലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. ഇങ്ങിനെയുള്ള ചില അനീതികള്‍ ഇന്നും ചില ജനവിഭാഗങ്ങളില്‍ നിലവിലുള്ളതാണ്. ഇത്തരം നീതികെട്ട സമ്പ്രദായങ്ങളെ ഉന്മൂലനം ചെയ്ത് കൊലക്കുറ്റത്തിനുള്ള പ്രതികാരത്തില്‍ സമത്വം പാലിക്കല്‍ നിര്‍ബന്ധമാണെന്ന് ഈ വചനം മുഖേന അല്ലാഹു കല്‍പിക്കുന്നു. പ്രതിക്രിയ നടത്തല്‍ നിങ്ങളില്‍ നിയമിക്കപ്പെട്ടിരിക്കുന്നു. (كُتِبَ عَلَيْكُمُ الْقِصَاصُ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം കൊന്നവനെ കൊല്ലല്‍ നിര്‍ബന്ധമാണെന്നല്ല. പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കേണമെന്നാണ് ഉദ്ദേശ്യം. സ്വതന്ത്രന് സ്വതന്ത്രനും, അടിമക്ക് അടിമയും, സ്ത്രീക്ക് സ്ത്രീയും എന്ന് പറഞ്ഞത് അതിന്‍റെ വിശദീകരണമത്രെ. പകരം കൊല്ലാതെ, പ്രായശ്ചിത്തം- തെണ്ടം-കൊണ്ട് മതിയാക്കുവാന്‍ വധിക്കപ്പെട്ടവന്‍റെ അവകാശികള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നതും, അതിന് അവര്‍ക്ക് പ്രോത്സാഹനം നല്‍കപ്പെട്ടിരിക്കുന്നതും അതുകൊണ്ടാണല്ലോ.

എന്നാല്‍, ഒരു അടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ, ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോ വധിച്ചുവെങ്കിലോ? ഇതിനപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്‍റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളും തെളിവുകളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അത് കുറേ ദീര്‍ഘിച്ചുപോകുന്നത് കൊണ്ട് ഇവിടെ അതിലേക്ക് പ്രവേശിക്കുന്നില്ല. ഫിക്വ്ഹിന്‍റെ (കര്‍മശാസ്ത്രത്തിന്‍റെ)ഗ്രന്ഥങ്ങളിലാണ് അതിന്‍റെ സ്ഥാനം. സൂറഃ മാഇദഃ 48 ല്‍ വെച്ച് ഏതാനും ചില വിവരങ്ങള്‍ കാണാവുന്നതുമാകുന്നു. إِن شَاءَ اللَّهُ ഒരാളെ കൊല ചെയ്തത് ഒന്നിലധികം പേര്‍ ചേര്‍ന്നുകൊണ്ടാണെങ്കില്‍, അവരെല്ലാം കൊല ശിക്ഷക്ക് ബാദ്ധ്യസ്ഥരാണെന്നത്രെ ഭൂരിപക്ഷാഭിപ്രായം. ഒരു സംഭവത്തില്‍ ഉമര്‍ (റ) അപ്രകാരം വിധിച്ചതായി ബുഖാരി (رحمه الله) രേഖപ്പെടുത്തിയിട്ടുമുണ്ട്.

فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ (ആര്‍ക്കെങ്കിലും തന്‍റെ സഹോദരനില്‍ നിന്ന് വല്ലതും മാപ്പ് ചെയ്യപ്പെടുന്ന പക്ഷം, അപ്പോള്‍ സദാചാര മര്യാദയെ പിന്‍പറ്റലും, അവന് നല്ല നിലയില്‍ കൊടുത്തുവീട്ടലുമാണ് വേണ്ടത്) എന്ന വാക്യത്തില്‍ ഇരുഭാഗക്കാരെയും ബാധിക്കുന്ന പല സംഗതികളും അടങ്ങിയിരിക്കുന്നു. ഉദാഹരണമായി:

(1) ഒരു കൊലപാതകം നടന്നത്‌കൊണ്ട് ഇരുകൂട്ടരും തമ്മിലുള്ള ഇസ്‌ലാമിക സഹോദര്യ ബന്ധം മുറിഞ്ഞുപോകുന്നില്ല. ‘അവന്‍റെ സഹോദരനില്‍ നിന്ന് വല്ലതും മാപ്പ് ചെയ്യപ്പെട്ടാല്‍ എന്ന വാക്ക് ഇത് സൂചിപ്പിക്കുന്നു. പരസ്പരം സഹോദരന്‍മാരായ തുകൊണ്ട് പ്രതിക്രിയയില്‍ വല്ലതും വിട്ടുകൊടുക്കേണ്ടതാണെന്നും അത് സൂചിപ്പിക്കുന്നു.

(2) കൊല്ലപ്പെട്ടവന്‍റെ കൈകാര്യം നടത്തുന്നവരില്‍ ചിലരെങ്കിലും പ്രതിക്കൊല നടത്തുന്നതില്‍ ഇളവ് നല്‍കുന്ന പക്ഷം ഘാതകനെ പകരം കൊലചെയ്തുകൂടാ എന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. ‘വല്ലതും മാപ്പ് ചെയ്യപ്പെട്ടാല്‍,’ എന്നാണല്ലോ അല്ലാഹു പറഞ്ഞത്.

(3) പ്രതിക്കൊലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടാല്‍ പിന്നെ സദാചാര മര്യാദയെ പിന്‍പറ്റലും, അവന് നല്ല നിലയില്‍കൊടുത്തുതീര്‍ക്കലുമാണ് വേണ്ടത്. അതായത് സദാചാര മുറപ്രകാരമുള്ള നഷ്ടപരിഹാരം – പ്രായശ്ചിത്തം – ഘാതകന്‍റെ പക്ഷത്തുനിന്ന് വധിക്കപ്പെട്ടവന്‍റെ അവകാശികള്‍ക്ക് കൊടുത്തുതീര്‍ക്കണം. അതില്‍ വീഴ്ചയോ, തര്‍ക്കമോ നടത്തിക്കൂടാ. ഭംഗിയായും നല്ലനിലയിലും അത് നിര്‍വ്വഹിക്കണം. എന്നിങ്ങിനെ പലതും ഈ വാക്യത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

ഒരിക്കല്‍ കൊലയില്‍ നിന്ന് മാപ്പ് നല്‍കിയിട്ട് പിന്നെയും കൊലപ്പെടുത്തുക, ചില അവകാശികള്‍ മാപ്പ് നല്‍കിയ ശേഷം മറ്റേ അവകാശികള്‍ കൊല നടത്തുക, പ്രായശ്ചിത്തം വാങ്ങിയിട്ട് പിന്നെയും കൊലചെയ്യുക, യഥാര്‍ത്ഥ ഘാതകനെയല്ലാതെ മറ്റാരെയെങ്കിലും കൊല്ലുക, പ്രായശ്ചിത്തത്തിന്‍റെ സംഖ്യയില്‍ ആചാര വഴക്കത്തില്‍ കവിഞ്ഞ് ആവശ്യപ്പെടുക, പ്രായശ്ചിത്തം നല്‍കുവാന്‍ നിശ്ചയിച്ചിട്ട് അത് ശരിക്ക് കൊടുത്തു തീര്‍ക്കാതിരിക്കുക മുതലായ അനീതികളെക്കുറിച്ചുള്ള താക്കീതാണ് فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ (അതിന് ശേഷം ആരെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അവന് വേദനയേറിയ ശിക്ഷയുണ്ട്) എന്ന വാക്യം. ഉദ്ദേശ്യപൂര്‍വ്വമല്ലാതെ അബദ്ധത്തില്‍ വന്നുപോകുന്ന കൊലകളില്‍ പ്രായശ്ചിത്തം നല്‍കുകയാണ് വേണ്ടതെന്ന് സൂറത്തുന്നിസാഉ് 92-ാം വചനത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നതുകൊണ്ട് കല്‍പിച്ചുകൂട്ടിയുള്ള കൊലയെപ്പറ്റിയാണ് ഇവിടെ പ്രസ്താവിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. പ്രായശ്ചിത്തം നൂറ് ഒട്ടകമാണ്ക ണക്കാക്കപ്പെട്ടിരിക്കുന്നത്. അവ കൊടുത്ത് തീര്‍ക്കേണ്ടതെങ്ങിനെയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളിലും ഫിക്വ്ഹ് ഗ്രന്ഥങ്ങളിലും വിശദീകരിക്കപ്പെട്ടുകാണാം.

يَا أُولِي الْأَلْبَابِ (ബുദ്ധിമാന്‍മാരേ) എന്ന സംബോധനയോടുകൂടി 179-ാം വചനത്തില്‍, കൊലക്കുപകരം കൊല ചെയ്യുകയെന്ന നിയമത്തിലടങ്ങിയ തത്വം അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ബുദ്ധിമാന്‍മാര്‍ക്കേ അത് ചിന്തിച്ചു ഗ്രഹിക്കുവാന്‍ കഴിയുകയുള്ളൂ-സാധാരണക്കാര്‍ക്കും ബാഹ്യാവസ്ഥമാത്രം കണക്കിലെടു ക്കുന്നവര്‍ക്കും അത് വേഗത്തില്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞെന്ന് വരികയില്ല- എന്നാണ് ആ സംബോധന സൂചിപ്പിക്കുന്നത്. പ്രതിക്കൊല നിയമിച്ചതില്‍ മനുഷ്യര്‍ക്ക് ഒരു ജീവിതമുണ്ട് -അവരുടെ ജീവന് ഒരു തരത്തില്‍ രക്ഷയുണ്ട്- എന്നാണ് അല്ലാഹു പറഞ്ഞത്. ആലോചിച്ചു നോക്കുക! ഈ നിയമം മുഖേന കൊലക്കുറ്റം സമുദായത്തില്‍ കുറഞ്ഞുപോകുമെന്ന് തീര്‍ച്ചയാണ്. എന്തെങ്കിലും വിരോധമോ, സ്വാര്‍ത്ഥമോ ഉണ്ടാകുമ്പോഴേക്കും അന്യനെ വധിക്കുവാന്‍ പ്രേരിതരാകുന്ന ആളുകള്‍-ഇത്തരക്കാര്‍ മനുഷ്യ സമുദായത്തില്‍ ദുര്‍ല്ലഭമല്ലെന്നുള്ളത് അനിഷേധ്യമത്രെ-ആ കൃത്യത്തില്‍ നിന്ന് പിന്‍മാറുവാന്‍ ഈ നിയമം കാരണമാകുന്നു. ഒരിക്കല്‍ ഒരാളെ കൊലചെയ്തവന്, അവന്‍ ഒരു കഠിന ശിക്ഷക്ക് വിധേയനാകുന്നില്ലാത്തപക്ഷം, വീണ്ടും കൊല നടത്തുവാനുള്ള ധൈര്യം വര്‍ദ്ധിക്കുകയാണ് ചെയ്യുക. അവന്‍ കൊലശിക്ഷ അനുഭവിക്കേണ്ടി വരുന്നത് അവനെപ്പോലെയുള്ള മറ്റുള്ളവര്‍ക്കും ഒരു പാഠമായിരിക്കുമെന്ന പോലെത്തന്നെ, അവന്‍റെ കൈക്ക് വീണ്ടും കൊല നടക്കുവാനുള്ള മാര്‍ഗം ഇല്ലാതായിത്തീരുകയും ചെയ്യുന്നു. ദശക്കണക്കിലും നൂറുകണക്കിലും ഭീമമായ കൊലകള്‍ നടത്തിയ ക്രൂരന്‍മാരെപ്പറ്റി പലപ്പോഴും നാം കേള്‍ക്കാറുണ്ട്.   ഒന്നാമത്തെ കൊലയില്‍ അവന്‍റെ മേല്‍ കൊലശിക്ഷ വിധിക്കപ്പെട്ടിരുന്നുവെങ്കില്‍, അങ്ങനെ സംഭവിക്കുമായിരുന്നില്ലെന്ന് പറയേണ്ടതില്ല. മനുഷ്യപ്ര കൃതിയെയും, അവന്‍റെ അക്രമവാസനയില്‍ നിന്നും അവിവേകത്തില്‍ നിന്നും അവനെ തടയുവാനുള്ള നടപടിയെയും കുറിച്ച് മനുഷ്യനെക്കാള്‍ അറിയുക അവന്‍റെ സ്രഷ്ടാവിനാണല്ലോ. അക്രമവാസനകളില്‍ നിന്ന് മനുഷ്യരെ തടയുവാനുള്ള മാര്‍ഗം, കുറ്റത്തിനനുസരിച്ച് ശിക്ഷ നല്‍കുകയാണെന്നുള്ള അടിസ്ഥാന തത്വം സ്വീകരിക്കാത്തവര്‍ -അവര്‍ നിര്‍മത നിരീശ്വരവാദികളായിരുന്നാല്‍ പോലും- ഉണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. അല്ലെന്നു വല്ലവരും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളില്‍ വിഡ്ഢികളാണെന്നേ പറയുവാനുള്ളൂ. ഈ   അടിസ്ഥാന തത്വമനുസരിച്ച് പ്രായോഗികവും യുക്തവുമായ ശിക്ഷാനിയമങ്ങളാണ് അല്ലാഹു ഇസ്‌ലാമിന്‍റെ നിയമങ്ങളായി അവതരിപ്പിച്ചിരിക്കുന്നതും.

കൊലക്ക് പകരം പ്രതിക്കൊല ചെയ്യുന്നതില്‍ ജാഹിലിയ്യാ കാലത്ത് പലരും അതിരു കവിഞ്ഞിരുന്നതായി മുമ്പ് പ്രസ്താവിച്ചുവല്ലോ. എന്നാല്‍, അവരില്‍ ചില വിഭാഗക്കാര്‍ പ്രതിക്കൊല നടത്താതെ   നഷ്ടപരിഹാരം വാങ്ങി തൃപ്തി അടഞ്ഞിരുന്നതായും പറയപ്പെടുന്നു. ഇന്ന് ‘പരിഷ്‌കൃത രാഷ്ട്രങ്ങള്‍’ എന്ന് അഭിമാനിക്കുന്ന ചില നാടുകളില്‍ പ്രതിക്കൊല നടത്തുന്നത് ഒരു പഴഞ്ചന്‍ സമ്പ്രദായമാണെന്നും, കിരാതനിയമമാണെന്നുമൊക്കെയുള്ള ഒരു ചിന്താഗതി പ്രചരിച്ചിരിക്കുന്നു. ഭൗതികവീക്ഷണഗതികളില്‍ നിന്നും പൈശാചികമായ ദുഷ്‌പ്രേരണകളില്‍ നിന്നും ഉടലെടുത്ത ഈ ചിന്താഗതി നിമിത്തം ചിലേടങ്ങളില്‍ കൊലശിക്ഷ നിറുത്തല്‍ ചെയ്യുകയും, പകരം മറ്റു ചില ശിക്ഷ കള്‍കൊണ്ട് മതിയാക്കുകയും ചെയ്തിരിക്കുന്നു, അതിന്‍റെ ഫലമോ? കൊലക്കുറ്റത്തിന്‍റെ വര്‍ദ്ധനവും, കൊല ചെയ്യുന്ന രൂപത്തിലുള്ള വികൃത പരിഷ്‌കാരങ്ങളുമല്ലാതെ മറ്റൊന്നുമല്ലതാനും! കണ്ണുള്ളവര്‍ക്കൊക്കെ   കാണുവാനും, കാതുള്ളവര്‍ക്കൊക്കെ കേള്‍ക്കുവാനും കഴിയുന്ന ഒരു പരമാര്‍ത്ഥമാണിത്. കൊലശിക്ഷ എടുത്തുകളഞ്ഞ   ശേഷം വീണ്ടും അത് നടപ്പിലാക്കുവാന്‍ നിര്‍ബന്ധിതമായ രാഷ്ട്രങ്ങളും ഉണ്ട്. പഴഞ്ചനെന്നും കിരാതമെന്നും മുദ്രകുത്തപ്പെട്ട   ആ ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പിലുള്ള നാട്ടിലും, പരിഷ്‌കൃതമെന്നും ആധുനികമെന്നും മറ്റും ഘോഷിക്കപ്പെടുന്ന   ശിക്ഷാനിയമങ്ങള്‍ നിലവിലുള്ള നാടുകളിലും നടമാടിക്കൊണ്ടിരിക്കുന്ന കൊല, കളവ്, കവര്‍ച്ച തുടങ്ങിയ അക്രമ ങ്ങളുടെ കണക്കുകളൊന്ന് പരിശോധിച്ചു നോക്കിയാല്‍ ഈ പരമാര്‍ത്ഥം ആര്‍ക്കും ബോധ്യപ്പെടും. ഇസ്‌ലാമിക നിയമം നടപ്പുള്ള രാഷ്ട്രങ്ങളില്‍ ഒരു കൊല്ലം പത്തിന് താഴെ കൊലകളാണ് നടക്കുന്നതെങ്കില്‍, മറ്റേതില്‍ മണിക്കൂറില്‍ പത്തോ നൂറോ കണക്കിലായിരിക്കും   കൊലപാതകങ്ങളുടെ എണ്ണം കാണുക. എന്നിട്ടും മനുഷ്യന്‍ കണ്ണ് തുറക്കാത്തതാണ് അല്‍ഭുതം. (*) പക്ഷേ, സ്രഷ്ടാവിനെയും, സ്രഷ്ടാവിന്‍റെ നിയമങ്ങളെയും ധിക്കരിക്കുന്നവര്‍ക്ക് ഈ വക യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിയാത്തതില്‍ അല്‍ഭുതമില്ല.


(*) വാഷിംഗ്ടനില്‍ നിന്നുള്ള ഒരു വാര്‍ത്തയില്‍, ലോകത്തിലെ ഏറ്റവും പരിഷ്‌കൃതവും സമ്പന്നരാഷ്ട്രവുമായ അമേരിക്കയില്‍ കഴിഞ്ഞവര്‍ഷം 12,000 ആളുകള്‍ – അതായത് ദിനംപ്രതി 32 പേര്‍- കൊല്ലപ്പെട്ടതായി ‘മലയാള മനോരമ’ ദിനപത്രം അതിന്റെ 10.07.1978 ലെ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.

2:180
 • كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ إِن تَرَكَ خَيْرًا ٱلْوَصِيَّةُ لِلْوَٰلِدَيْنِ وَٱلْأَقْرَبِينَ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ ﴾١٨٠﴿
 • നിങ്ങളില്‍ ഒരാള്‍ക്ക് മരണം ആസന്നമായാല്‍ - അവന്‍ വല്ല ഗുണവും [ധനവും] വിട്ടുപോകുന്നപക്ഷം - നിങ്ങളുടെ മേല്‍ നിയമിക്കപ്പെട്ടിരിക്കുന്നു : മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും (ആചാര) മര്യാദയനുസരിച്ച് 'വസ്വിയ്യത്ത്' ചെയ്യല്‍. സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ ഒരു കടമ(യത്രെ അത്).
 • كُتِبَ നിയമിക്ക (രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ إِذَا حَضَرَ ആസന്നമായാല്‍ أَحَدَكُمُ നിങ്ങളില്‍ ഒരുവന് الْمَوْتُ മരണം إِن تَرَكَ അവന്‍ വിട്ടു (ബാക്കിയാക്കി) പോകുന്നപക്ഷം خَيْرًا വല്ല ഗുണവും, നല്ലതിനെ الْوَصِيَّةُ വസ്വിയ്യത്ത് (ഒസ്യത്ത്) ചെയ്യല്‍, മരണപത്രം لِلْوَالِدَيْنِ മാതാപിതാക്കള്‍ക്ക് وَالْأَقْرَبِينَ അടുത്ത ബന്ധുക്കള്‍ക്കും بِالْمَعْرُوفِ ആചാരമനുസരിച്ച്, മര്യാദപ്രകാരം حَقًّا കടമ, മുറ عَلَى الْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവരുടെ (ഭയഭക്തമാരുടെ) മേല്‍
2:181
 • فَمَنۢ بَدَّلَهُۥ بَعْدَ مَا سَمِعَهُۥ فَإِنَّمَآ إِثْمُهُۥ عَلَى ٱلَّذِينَ يُبَدِّلُونَهُۥٓ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ ﴾١٨١﴿
 • എന്നിട്ട് ആരെങ്കിലും അത് കേട്ടതിന് ശേഷം അതിനെ മാറ്റി മറിച്ചാല്‍ അതിന്‍റെ കുറ്റം അത് മാറ്റിമറിക്കുന്നവരുടെ മേല്‍ തന്നെയായിരിക്കും. നിശ്ചയമായും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
 • فَمَن എന്നിട്ട് (എന്നാല്‍) ആരെങ്കിലും بَدَّلَهُ അതിനെ മാറ്റി മറിച്ചു, ഭേദഗതി വരുത്തി بَعْدَمَا ശേഷം, പിറകെ سَمِعَهُ അതവന്‍ കേട്ടതിന്‍റെ فَإِنَّمَا إِثْمُهُ എന്നാലതിന്‍റെ കുറ്റം (തന്നെ- മാത്രം) عَلَى الَّذِينَ യാതൊരുവരുടെ മേല്‍ يُبَدِّلُونَهُ അവര്‍ അതിനെ മാറ്റി മറിക്കും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്
2:182
 • فَمَنْ خَافَ مِن مُّوصٍ جَنَفًا أَوْ إِثْمًا فَأَصْلَحَ بَيْنَهُمْ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٨٢﴿
 • എനി , 'വസ്വിയ്യത്ത് ' ചെയ്യുന്ന വല്ലവനില്‍ നിന്നും (ഏതെങ്കിലും) ഒരു തെറ്റോ കുറ്റമോ (ഉണ്ടായതായി) ആരെങ്കിലും ഭയപ്പെട്ടിട്ട് അവരുടെ [വസ്വിയ്യത്ത് ചെയ്യപ്പെടുന്നവരുടെ] ഇടയില്‍ അവന്‍ നന്നാക്കിത്തീര്‍ത്താല്‍, അവന്‍റെ മേല്‍ (അതില്‍) കുറ്റമില്ല. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
 • فَمَنْ خَافَ എന്നാല്‍ ആരെങ്കിലും ഭയപ്പെട്ടാല്‍ مِن مُّوصٍ വല്ല വസ്വിയ്യത്തുകാരനില്‍ (വസ്വിയ്യത്തു ചെയ്യുന്ന ഒരാളില്‍) നിന്ന് جَنَفًا വല്ല ചായ്‌വും, മറിവും, أَوْ إِثْمًا അല്ലെങ്കില്‍ തെറ്റ്, പാപം فَأَصْلَحَ എന്നിട്ട് അവന്‍ നന്നാക്കി بَيْنَهُمْ അവര്‍ക്കിടയില്‍ فَلَا إِثْمَ എന്നാല്‍ കുറ്റമില്ല عَلَيْهِ അവന്‍റെ മേല്‍, إِنَّ اللَّهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

خَيْر (ഗുണം അഥവാ നന്മ) കൊണ്ട് ഇവിടെ ധനമാണ് വിവക്ഷ. ധനത്തെ ഉദ്ദേശിച്ചു അറബികള്‍ക്കിടയില്‍ ആ വാക്ക്  ഉപയോഗിക്കപ്പെടാറുണ്ട്. മലയാള ഭാഷക്കാരായ നമ്മുടെ ഇടയിലും ധനത്തെ ഉദ്ദേശിച്ചു ‘ഗുണം’ എന്ന് പറയാറുണ്ടല്ലോ. എന്നാല്‍, നാമമാത്രമായ അല്‍പം വല്ലതിനെയും ഉദ്ദേശിച്ചു ഈ വാക്ക് ഉപയോഗിക്കാറില്ലെന്നും ഒരു ധനികന്‍ എന്ന് പറയപ്പെടത്തക്കവണ്ണം കുറച്ചധികം വല്ലതും ഉണ്ടാകുമ്പോഴേ ആ വാക്ക് പറയാറുള്ളുവെന്നും, അതുകൊണ്ട് എല്ലാവര്‍ക്കും ഈ വസ്വിയ്യത്ത് ബാധകമല്ല- അല്‍പം വകയും കഴിവും ഉള്ളവര്‍ക്കേ നിര്‍ബന്ധമുള്ളൂ- എന്നും ചില പണ്ഡി തന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. مَعْرُوفِ (മര്യാദ) എന്ന വാക്കിന്‍റെ അര്‍ത്ഥവും ഉദ്ദേ ശ്യവും കഴിഞ്ഞ വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്.

ഈ വചനങ്ങളില്‍ പ്രസ്താവിച്ചതിന്‍റെ സാരം ഇങ്ങനെ മനസ്സിലാക്കാം: അല്‍പം ധനം കൈവശമുള്ള ആളുകള്‍ ആസന്നമരണരാകുമ്പോള്‍- മരണം അടുത്തിരിക്കുന്നുവെന്ന് തോന്നിക്കുന്ന രോഗമോ മറ്റോ  സംഭവിക്കുമ്പോള്‍- തങ്ങളുടെ മാതാപിതാക്കള്‍ക്കും, അടുത്ത കുടുംബ ബന്ധമുള്ളവര്‍ക്കും സാധാരണ നിലക്ക്  മര്യാദയായി ഗണിക്കപ്പെടുന്ന തോതില്‍ തന്‍റെ ധനത്തില്‍ നിന്ന് കൊടുക്കുവാന്‍ വസ്വിയ്യത്ത് ചെയ്യുന്നത് സത്യവിശ്വാസികളുടെ മേല്‍ കടമയാകുന്നു. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സൂക്ഷിച്ചുപോരുന്ന ഭയഭക്തന്‍മാരെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു കടമയാണത്. വസ്വിയ്യത്ത് ശരിക്ക് കേട്ട് മനസ്സിലാക്കിയ ശേഷം, സാക്ഷികളിലോ, വസ്വിയ്യത്ത് പ്രകാരം ധനം ലഭിക്കേണ്ടവരിലോ ആരെങ്കിലും അതിന്‍റെ യഥാരൂപത്തിന് വല്ല വ്യത്യാസവും വരുത്തുന്ന പക്ഷം, അതിന്‍റെ കുറ്റം അവര്‍ക്കായിരിക്കും. വസ്വിയ്യത്ത് ചെയ്തവന് അതുകൊണ്ട് കുറ്റമൊന്നും ബാധിക്കുവാനില്ല. യഥാര്‍ത്ഥ കുറ്റക്കാര്‍ ആരാണെന്നുള്ളത് അല്ലാഹുവിന്  നല്ലവണ്ണം അറിയുന്നതാണല്ലോ. എനി, ഒരാളുടെ വസ്വിയ്യത്തില്‍ മര്യാദകേടായി വല്ലതും വന്നുപോകുകയോ, കുറ്റകരമായ  വല്ലതും ഉള്‍പ്പെടുത്തപ്പെടുകയോ ചെയ്തതായി കണ്ടാല്‍, അത് മനസ്സിലാക്കിയവര്‍ ആ തെറ്റുകുറ്റം പരിഹരിക്കുമാറ്  വസ്വിയ്യത്തിന്‍റെ അവകാശികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കി നന്നാക്കി വിടുന്നതിന് വിരോധമില്ലതാനും. അത് നല്ലതും  കൂടിയാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും കാരുണ്യവും അവര്‍ക്ക് സിദ്ധിച്ചേക്കുന്നതുമാണ്.

സൂറത്തുന്നിസാഇല്‍ അനന്തരാവകാശ നിയമങ്ങള്‍ സവിശദം വിവരിച്ചുകൊണ്ടുള്ള കല്‍പനകള്‍ അവതരിക്കുന്നതിന് മുമ്പ് അവതരിച്ചതാണ് ഈ വചനങ്ങള്‍. അനന്തരാവ കാശികള്‍ ആരെല്ലാമാണെന്നും, ഓരോരുത്തരുടെയും അവകാശം ഇന്നിന്ന പ്രകാരമാ ണെന്നും അവിടെ വിവരിച്ചിരിക്കുന്നതുപോലെ വസ്വിയ്യത്തിനെക്കുറിച്ച് ഇവിടെ വിശ ദമായി വിവരിച്ചിട്ടില്ല. ധനത്തിന്‍റെ എത്രഭാഗം വസ്വിയ്യത്ത് ചെയ്യണമെന്നോ, ഓരോരുത്തര്‍ക്കും എത്ര വീതം  നല്‍കണമെന്നോ, മാതാപിതാക്കള്‍ക്ക് പുറമെ പറഞ്ഞ അടുത്ത ബന്ധുക്കളില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നോ നിര്‍ണയിക്കപ്പെട്ടിട്ടുമില്ല. ‘മര്യാദയനുസരി ച്ച് (بِالْمَعْرُوفِ)’ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അനന്തരാവകാശികള്‍ക്കെല്ലാം അനന്തരാവകാശ നിയമപ്രകാരം  അവരവരുടെ അവകാശങ്ങള്‍ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ള തുകൊണ്ട് അനന്തരാവകാശികള്‍ക്ക് മേലില്‍ വസ്വിയ്യത്ത് പാടില്ലെന്ന് താഴെ ഉദ്ധരിക്കുന്നതുപോലെയുള്ള ഹദീഥുകളില്‍  വന്നിട്ടുമുണ്ട്. ഇതെല്ലാം കാരണമായി, ഈ വച നങ്ങളില്‍ കല്‍പിക്കപ്പെട്ട വസ്വിയ്യത്തിന്‍റെ വിധിയെപ്പറ്റി പണ്ഡിതന്‍മാര്‍ക്കിടയില്‍ ഒന്നിലധികം അഭിപ്രായങ്ങളാണുള്ളത്.  അവ ശരിക്ക് പരിശോധിക്കുന്ന പക്ഷം, ചില വിശദാംശങ്ങളൊഴിച്ച് ബാക്കിയുള്ളതിലെല്ലാം അവ പരസ്പരം  വിരുദ്ധങ്ങളാകുന്നില്ലെന്നും, സാങ്കേതികമായ ചില സമീപനങ്ങളില്‍ നിന്നുല്‍ഭവിച്ചവയാണ് ആ അഭിപ്രായങ്ങളെന്നും കാണാവുന്നതാകുന്നു. الله أعلم

ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും, പ്രധാനപ്പെട്ട പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. അനന്തരാവകാശത്തിന്‍റെ ആയത്തുകള്‍ അവതരിച്ചതോടുകൂടി വസ്വിയ്യത്തിന്‍റെ നിര്‍ബന്ധം കാലഹരണപ്പെട്ടു (മന്‍സൂഖായി) പോയിട്ടുണ്ട് എന്നാകു ന്നു. മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ക്ക് പുറമെ, ഇവര്‍ക്കുള്ള പ്രധാന തെളിവുകള്‍ താഴെ കാണുന്നതുപോലെയുള്ള ഹദീഥുകളാണ്:

(1) ഒരു പ്രസംഗത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി അംറുബ്‌നുഖാരിജ: (റ) ഉദ്ധരിച്ചിരിക്കുന്നു: ‘നിശ്ചയമായും, എല്ലാ അനന്തരാവകാശികള്‍ക്കും അവരുടെ അവകാശം (ഓഹരി) കൊടുത്തുകഴിഞ്ഞിട്ടുണ്ട്. അതിനാല്‍, ഒരു അനന്തരാവകാശിക്കും വസ്വിയ്യത്തില്ല.’ (അ; ജ; ബ; ദാ.) അല്‍പം ചില അക്ഷരവ്യത്യാസങ്ങളോടുകൂടിയാണെ ങ്കിലും ഈ ആശയം വ്യക്തമാക്കുന്ന ഹദീഥുകളും, മഹാന്‍മാരില്‍ നിന്നുള്ള രിവായ ത്തുകളും വേറെയും പലരും ഉദ്ധരിച്ചിട്ടുണ്ട്. ഹദീഥാണെങ്കില്‍ ന്യൂനതകളില്ലാത്തതുമാ കുന്നു. (2) സഅ്ദുബ്‌നു അബീവക്ക്വാസ്വ് (റ) രോഗ ശയ്യയിലായിരുന്നപ്പോള്‍, തനിക്ക് കുറേ ധനമുണ്ടെന്നും, നേരേ അവകാശിയായി ഒരു മകള്‍ മാത്രമേ ഉള്ളുവെന്നും പറഞ്ഞുകൊണ്ട് തന്‍റെ ധനത്തിന്‍റെ മൂന്നില്‍  രണ്ടംശം വസ്വിയ്യത്തായി നല്‍കാമോ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അദ്ദേഹം ചോദിക്കുകയുണ്ടായി. അത് പാടില്ലെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു. എന്നാല്‍ പകുതി ആകാമോ എന്ന് അദ്ദേഹം ചോദിച്ചു. അതും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അനുവദിച്ചില്ല. എന്നാല്‍ മൂന്നില്‍ ഒരംശം ആകാമോ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെ പറഞ്ഞു: ‘എന്നാല്‍ മൂന്നിലൊന്ന്. മൂന്നിലൊന്ന് തന്നെ ധാരാളമാണ്. തന്‍റെ അനന്തരാവ കാശികളെ ജനങ്ങളോട് കൈകാട്ടുന്നവരായി വിട്ടുപോകുന്നതിനെക്കാള്‍ തനിക്ക് ഉത്തമം, അവരെ ധനികരായി വിട്ടുപോകുന്നതാകുന്നു.’ ഈ സംഭവം ബുഖാരിയും, മുസ്‌ലിമും (റ) രേഖപ്പെടുത്തിയിട്ടുള്ളതാണ്. അനന്തരാവകാശ നിയമപ്രകാരം സ്വത്തിന് അവകാശികളായിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വസ്വിയ്യത്തിന്‍റെ  നിയമം ദുര്‍ബ്ബലപ്പെട്ടുപോയിട്ടുണ്ടെന്നും, അവകാശികളല്ലാതായിത്തീരുന്ന മാതാപിതാക്കളെയും അടുത്ത കുടുംബങ്ങളെയും  സംബന്ധിച്ചിടത്തോളം വസ്വിയ്യത്തിന്‍റെ നിയമം നിലവിലുണ്ടെന്നുമാണ് മറ്റൊരു അഭിപ്രായം. വിമതസ്ഥരായതു കൊണ്ടോ, സ്വത്തുടമയെ വധിച്ചതുകൊണ്ടോ മാതാപിതാക്കള്‍ക്ക് നിയമ പ്രകാരം അനന്തരാവകാശം ലഭിക്കാതെ വരാം. കൂടുതല്‍ അടുത്ത കുടുംബാംഗങ്ങള്‍ ഉള്ള കാരണത്താല്‍ അവരെക്കാള്‍ അകന്ന കുടുംബാംഗങ്ങള്‍ക്കും അവകാശം കിട്ടാതെ വരാം. അതോടുകൂടി അവര്‍ ദരിദ്രരും ജീവിത ക്‌ളേശം അനുഭവിക്കുന്നവരും ആയിരി ക്കാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഈ മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും വസ്വിയ്യത്ത് ചെയ്യേതുണ്ടെന്നും, അനന്തരാവകാശം ലഭിക്കുന്ന ആര്‍ക്കും വസ്വിയ്യത്ത് നിര്‍ബന്ധമില്ലെന്നുമാണ് ഈ അഭിപ്രായക്കാരുടെ പക്ഷം. വസ്വിയ്യത്തിന്‍റെ കല്‍പന ഒരു നിര്‍ബന്ധ നിയമമല്ലെന്ന അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം. അനന്തരാവകാശ നിയമംകൊണ്ട് വസ്വിയ്യത്തിന്‍റെ നിയമം ദുര്‍ബലപ്പെടുത്തപ്പെടുകയല്ല ചെയ്തിരിക്കുന്ന തെന്നും, വസ്വിയ്യത്തിന്‍റെ നിയമം പ്രാവര്‍ത്തികമാക്കുന്നതിന്‍റെ ഒരു വിശദീകരണം മാത്രമാണ് അനന്തരാവകാശ നിയമങ്ങളെന്നുമാണ് വേറെ ചിലര്‍ പറയുന്നത്. ഇത് അര്‍ത്ഥ വത്തായ ഒരഭിപ്രായമായി തോന്നുന്നില്ല.

മേല്‍ കണ്ട അഭിപ്രായങ്ങളും, അവയുടെ ഏതാനും തെളിവുകളും ചൂണ്ടിക്കാട്ടിയശേഷം ഇബ്‌നു കഥീര്‍ (റ) ചെയ്ത ഒരു പ്രസ്താവന ശ്രദ്ധേയമാകുന്നു. അതിങ്ങനെ ഉദ്ധരിക്കാം: വസ്വിയ്യത്തിന്‍റെ നിയമം ഒരു നിര്‍ബന്ധിത നിയമം തന്നെ ആയിരുന്നുവെ ന്നാണ് ചിലര്‍ പറയുന്നത്. അതുതന്നെയാണ് ആയത്തിന്‍റെ വാചകങ്ങളില്‍ നിന്ന് വ്യക്തമാ കുന്നതും. അപ്പോള്‍, ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അധികമാളുകളും ഫുക്വഹാക്ക ളില്‍ കാര്യപ്പെട്ടവരായ ആളുകളും പറയുന്നത് പോലെ, ഇത്- വസ്വിയ്യത്തിന്‍റെ ഈ ആയത്ത്- അനന്തരാവകാശത്തിന്‍റെ ആയത്ത് മുഖേന ‘മന്‍സൂഖാ’യി (കാലഹരണപ്പെ ട്ടതായി)രിക്കണമെന്ന് തീര്‍ച്ചപ്പെടുന്നു. കാരണം, അനന്തരാവകാശികളായി വരുന്ന മാതാ പിതാക്കള്‍ക്കും അടുത്ത കുടുംബങ്ങള്‍ക്കും വസ്വിയ്യത്ത് ചെയ്യുന്നതിന്‍റെ നിര്‍ബന്ധം ദുര്‍ബ്ബലപ്പെട്ടു പോയിട്ടുണ്ട് എന്ന് ‘ഇജ്മാഉ്’ (പണ്ഡിതന്‍മാരുടെ ഏകോപിച്ച അഭിപ്രായം) ഉള്ളതാകുന്നു. അത്രയുമല്ല, ‘എല്ലാ അനന്തരാവകാശികള്‍ക്കും അവരുടെ അവ കാശം അല്ലാഹു കൊടുത്തിട്ടുണ്ട്. എനി ഒരു അനന്തരാവകാശിക്കും വസ്വിയ്യത്തില്ല’ എന്ന് മേലുദ്ധരിച്ച ഹദീഥ്മൂലം അത് വിരോധിക്കപ്പെടുകയും ചെയതിരിക്കുന്നു. അപ്പോള്‍, അനന്തരാവകാശത്തിന്‍റെ ആയത്ത് ഒരു സ്വതന്ത്ര നിയമം തന്നെയാകുന്നു. (അത് വസ്വിയ്യ ത്തിന്‍റെ വിശദീകരണമല്ല) അനന്തരാവകാശത്തിന്‍റെ ഓഹരിയും പങ്കുള്ള വര്‍ക്ക് അല്ലാഹു നിശ്ചയിച്ചുകൊടുത്ത ഒരു നിര്‍ബന്ധ വിധിയുമാണത്. അത് മുഖേന വസ്വിയ്യത്തിന്‍റെ ഈ വിധി പാടെ നിറുത്തല്‍ ചെയ്യപ്പെട്ടിരിക്കുന്നു. എനി, അനന്തരാവകാശികളല്ലാത്ത അടുത്ത ബന്ധുക്കളുടെ കാര്യമാണ് ബാക്കിയുള്ളത്. അവര്‍ക്ക് സ്വത്തിന്‍റെ മൂന്നിലൊരുഭാഗത്തില്‍ നിന്ന് വസ്വിയ്യത്ത്  ചെയ്യുന്നത് ഒരു വേണ്ടപ്പെട്ട കാര്യവുമാകുന്നു. ഈ ആയത്തിന്‍റെ സാരം വ്യാപകമാണെന്നുള്ളതിന് പുറമെ, ഇബ്‌നു ഉമര്‍ (റ)ല്‍ നിന്ന് ബുഖാ രിയിലും മുസ്‌ലിമിലും ഇപ്രകാരം രേഖപ്പെടുത്തിയിട്ടുള്ളതും ഇതിന് തെളിവാകുന്നു. അതായത് ‘ഒരാള്‍ക്ക് വസ്വിയ്യത്ത് ചെയ്യത്തക്ക വല്ലതും ഉണ്ടെങ്കില്‍ അത് തന്‍റെ അടു ക്കല്‍ എഴുതിവെക്കപ്പെടാതെ രണ്ട് രാത്രി കഴിച്ചുകൂട്ടാതിരിക്കല്‍ അവന്‍റെ കടമയാണ് എന്ന് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു.’ ഇബ്‌നു ഉമര്‍ (റ) പറയുകയാണ്: ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇത് പറയുന്നത് കേട്ടതുമുതല്‍ ഒരു രാത്രി പോലും എന്‍റെ വസ്വിയ്യത്ത് എന്‍റെ അടുക്കല്‍ എഴുതിവെക്കപ്പെടാതെ ഉണ്ടായിട്ടില്ല.’ അടുത്ത ബന്ധുക്കള്‍ക്ക് നന്മയും ഗുണവും ചെയ്തുകൊടുക്കുന്നത് സംബന്ധിച്ച് ആയത്തുകളും ഹദീഥുകളും വളരെ അധികമുണ്ടുതാനും.’ (ابن كثير)

ഒരാളുടെ ധനം എത്ര കുറച്ചോ അധികമോ ആയിരുന്നാലും അയാളുടെ അവകാശി കള്‍ ആരൊക്കെയാണെന്നും ഓരോരുത്തര്‍ക്കും അവകാശപ്പെട്ടത് എത്രയാണെന്നും അനന്തരാവകാശ നിയമപ്രകാരം വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. വസ്വിയ്യത്തും കടവും ഉണ്ടെങ്കില്‍ അത് രണ്ടും കഴിച്ച് ബാക്കി മാത്രമേ അവകാശികള്‍ക്ക് ഭാഗിക്കാവൂ എന്നും ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വസ്വിയ്യത്ത് ആര്‍ക്കെല്ലാം എത്ര വീതം വേണമെ ന്ന് ആയത്തിലും ഹദീഥിലും നിര്‍ണയിക്കപ്പെട്ടിട്ടുമില്ല. കവിഞ്ഞപക്ഷം ആകെയുള്ള സ്വത്തിന്‍റെ മൂന്നിലൊരംശം മാത്രമേ വസ്വിയ്യത്ത് ചെയ്യാവൂ എന്ന് മുകളില്‍ സഅ്ദു ബ്‌നുഅബീവക്ക്വാസ്വ് (റ)ന്‍റെ സംഭവത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിക്കുകയും ചെയ്തിരിക്കു ന്നു. മേല്‍ ചൂണ്ടിക്കാട്ടിയ എല്ലാ വസ്തുതകളും തെളിവുകളും പരിശോധിക്കുമ്പോള്‍ വസ്വിയ്യത്തിനെ സംബന്ധിച്ച് ഇത്രയും കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ്:-

(1) അനന്തരാവകാശ നിയമ പ്രകാരം സ്വത്തവകാശം ലഭിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് പ്രത്യേകമായി വസ്വിയ്യത്ത് ചെയ്യേണ്ടതില്ല. അത് പാടില്ലാത്തതുമാകുന്നു.

(2) സ്വത്തവകാശം കിട്ടുന്നവരില്‍ തന്നെ കൂടുതല്‍ ദാരിദ്ര്യവും ബുദ്ധിമുട്ടുമുള്ളവര്‍ക്ക് അവരുടെ ആ പ്രത്യേകത  കണക്കിലെടുത്തുകൊണ്ട് വല്ലതും വസ്വിയ്യത്ത് ചെയ്യുന്നപക്ഷം, അത് മറ്റുള്ള അവകാശികളുടെ സമ്മതത്തോടുകൂടി ആയിരിക്കേണ്ടതാണ്. ചില ഹദീഥുകളില്‍ ഇത് വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്.

(3) സ്വത്തവകാശം ലഭിക്കാത്ത അടുത്ത ബന്ധുക്കള്‍ക്ക് വല്ലതുമൊക്കെ വസ്വിയ്യത്ത് ചെയ്യല്‍ എല്ലാവരുടെയും ധാര്‍മികമായ കടമയാകുന്നു. ഈ കടമയെകുറിച്ച് നീതിന്യായ കോടതിയില്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടാവതല്ലെങ്കിലും ഒഴിച്ചുകൂടാത്ത ഒരു ബാധ്യതയാണ്. സൂക്ഷ്മതയുള്ള ഭയഭക്തന്‍മാരുടെ മേല്‍ കടമയാണത് (حَقًّا عَلَى الْمُتَّقِينَ) എന്ന വാക്യത്തില്‍ നിന്ന് ഇതിന്‍റെ ഗൗരവം മനസ്സിലാക്കാം.

(4) ധനത്തിന്‍റെ തോതും, അടുത്ത ബന്ധുക്കളുടെ സ്ഥിതിഗതികളും കണക്കിലെടു ത്തുകൊണ്ടായിരിക്കണം വസ്വിയ്യത്ത്. അതില്‍ പക്ഷഭേദം വരുത്താതെ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. വസ്വിയ്യത്ത് ആചാര മര്യാദയനുസരിച്ച് (بِالْمَعْرُوفِ) ആയിരിക്കണമല്ലോ.

(5) ആകെ സ്വത്തിന്‍റെ മൂന്നിലൊരംശത്തില്‍ ഒതുങ്ങി നില്‍ക്കണം വസ്വിയ്യത്ത്. ഒരു കാരണത്താലും അതില്‍ കവിയുവാന്‍ പാടില്ലെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീഥില്‍ നിന്ന് വ്യക്തമാണ്.

വസ്വിയ്യത്തിന്‍റെ പ്രാധാന്യത്തെ സംബന്ധിച്ച് ക്വുര്‍ആനിലും ഹദീഥിലും വളരെ അധികം പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെങ്കിലും മുസ്‌ലിം സമുദായമദ്ധ്യേ ഈ വിഷയത്തില്‍ വളരെ അലസതയും അവഗണനയുമാണുള്ളത്. വസ്വിയ്യത്ത് ചെയ്യുന്നവരില്‍ പോലും ചിലര്‍ അവകാശികളെ തോല്‍പിക്കുക മുതലായ ചില ദുരുദ്ദേശ്യങ്ങള്‍ വെച്ചുകൊണ്ട് അത് ചെയ്യുന്നവരും ദുര്‍ലഭമല്ല. ഇത്തരം സമ്പ്രദായങ്ങളില്‍ നിന്നാണ് ഇസ്‌ലാമിന്‍റെ ഗുണകാംക്ഷികളായി ചമയുകയും, യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിക നിയമങ്ങളെ മാറ്റിമറി ക്കുവാന്‍ യത്‌നിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ചില പിന്‍തിരിപ്പന്‍മാര്‍ മുതലെടുത്ത് വരുന്നത്. ഒരാളുടെ ജീവിതകാലത്ത് അയാളുടെ ഒരു പുത്രന്‍ മരണപ്പെട്ടാല്‍, മറ്റു ജീവിച്ചിരിപ്പുള്ള പുത്രന്‍മാരെപ്പോലെ ആ മരണപ്പെട്ട പുത്രന്‍റെ മക്കള്‍ക്കും- സ്വത്തുടമയുടെ നേരെ പുത്രന്‍മാരുള്ളപ്പോള്‍ തന്നെ പൗത്രന്‍മാര്‍ക്കും- സ്വത്തവകാശം നല്‍കപ്പെടാത്തത് അനന്തരാവകാശ നിയമത്തിലെ  ഒരു അനീതിയാണെന്നും, അനാഥരായ ആ പൗത്രരോട് ചെയ്യുന്ന അക്രമമാണെന്നും, ഈ നിയമം തിരുത്തേണ്ടതാണെന്നും മറ്റും അവര്‍ ജല്‍പിക്കുന്നു. ഇസ്‌ലാമിന്‍റെ പേരില്‍ ഈ അപവാദം പുറപ്പെടുവിക്കുന്ന ആ ആളു കള്‍ ഒരു യഥാര്‍ത്ഥം വിസ്മരിച്ചിരിക്കുകയാണ്. ഒരാള്‍ മരണപ്പെടുമ്പോള്‍ ജീവിച്ചിരിപ്പുള്ളവരില്‍ അയാളുമായി കൂടുതല്‍ അടുപ്പവും ബന്ധവുമുള്ളവര്‍ ആരാണെന്ന അടിസ്ഥാന ത്തിലാണ് അനന്തരാവകാശം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ദാരിദ്ര്യമോ ധനമോ, കഴിവോ കഴിവുകേടോ അതില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. നേരെ മറിച്ച് വസ്വിയ്യത്തിലാകട്ടെ, അക്കാര്യങ്ങളാണ് പ്രധാനമായും പരിഗണിക്കപ്പെട്ടിരിക്കുന്നതും. അതുകൊണ്ടാണ് ഇന്നിന്നവര്‍ക്ക് ഇത്രവീതം എന്ന് കണക്കാക്കാതെ മര്യാദയും സദാചാരവുമനുസരിച്ചായി രിക്കണം വസ്വിയ്യത്ത് എന്ന് കല്‍പിച്ചിരിക്കുന്നതും. അല്ലാഹുവും അവന്‍റെ റസൂലും പഠിപ്പിച്ചു തന്ന മുറപ്രകാരം അനന്തരാവകാശനിയമവും, വസ്വിയ്യത്ത് നിയമവും സമു ദായം കൈകാര്യം ചെയ്യാത്തതില്‍ നിന്നാണ് ഇത്തരക്കാര്‍ക്ക് ഇസ്‌ലാമിന്‍റെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ ഇടവന്നതും, വരുന്നതുമെന്ന് മുസ്‌ലിം സമുദായം ഓര്‍ക്കേണ്ടിയിരിക്കുന്നു.