വിഭാഗം - 26

അല്ലാഹു മേഘത്തണലുകളില്‍ വരുക എന്നതിന് ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടു കാണാം. ക്വുര്‍ആനിലും നബി വാക്യങ്ങളിലും വന്നിട്ടുള്ള അല്ലാഹു വിന്‍റെ തീരുമാനങ്ങളെയും ഗുണ വിശേഷണങ്ങളെയും (اسماء الّله وصفاتة) വ്യാഖ്യാനിക്കുന്നതില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടുവന്നിട്ടുള്ള രണ്ട് വ്യത്യസ്ത നിലപാടുകളാണ് ഇതിന് കാരണം. അതിന്‍റെ ചുരുക്കം ഇതാണ്:

(1) അവക്ക് വ്യാഖ്യാനങ്ങളോ ഉപാധികളോ നല്‍കാതെ അവയുടെ ബാഹ്യാര്‍ത്ഥ ത്തില്‍ നിന്ന് മനസ്സിലാകുന്നതുകൊണ്ട് മതിയാക്കുകയും, സാക്ഷാല്‍ ഉദ്ദേശ്യവും വ്യാഖ്യാ നവും അല്ലാഹുവിനറിയാമെന്ന് വെച്ച് വിട്ടേക്കുകയും ചെയ്യുക . അവ ഉപയോഗിച്ച് സന്ദര്‍ഭ ങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്തുകൊണ്ട് അവയെ കൈകാര്യം ചെയ്യാതെയും ഇരി ക്കുക. ഇതാണ് മുന്‍ഗാമികളായ മഹാന്‍മാര്‍ സ്വീകരിച്ചുവന്ന നയം.

(2) അല്ലാഹുവിന്‍റെ മഹത്വത്തിനും പരിശുദ്ധതക്കും എതിരാവാത്ത വിധം സന്ദര്‍ഭ ത്തിനനുസരിച്ച് അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ അവക്ക് നല്‍കുക. ‘മുതകല്ലിമു’കളും (വിശ്വാസ ശാസ്ത്ര പണ്ഡിതന്‍മാരും) പിന്‍ഗാമിക ളില്‍ അധികപക്ഷവും സ്വീകരിച്ചുവരുന്ന മാര്‍ഗം ഇതാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതാണ് കൂടുതല്‍ കരണീയമായി തോന്നുകയെങ്കിലും കൂടുതല്‍ സുരക്ഷിതവും, അല്ലാഹുവിന്‍റെ മഹിത മഹത്വത്തോട് കൂടുതല്‍ യോജിച്ചതും മുന്‍ഗാമികളുടെ നയമത്രെ. ഈ വിഷയകമായി കുറേ കൂടി വിശദീകരണം ആലുഇംറാന്‍, 7-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ വരുന്നതാണ്. إِن شَاءَ اللَّهُ

ക്വിയാമ ത്തുനാളില്‍ സൃഷ്ടികളെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന ആ ‘മഹ്ശര്‍’ മഹാ സമ്മേ ളനത്തില്‍ എല്ലാവരും ദീര്‍ഘകാലം അങ്ങേഅറ്റം പരിഭ്രമത്തിലും ഭയത്തിലും മുഴുകിക്കൊണ്ടിരിക്കെ, തങ്ങളുടെ കാര്യത്തില്‍ വല്ല തീരുമാനവും എടുക്കുവാന്‍ വേണ്ടി അല്ലാഹു വിനോട് ശുപാര്‍ശ ചെയ്യാനപേക്ഷിച്ചുകൊണ്ട് അവര്‍ പ്രവാചകന്‍മാരില്‍ പ്രധാനി കളായ പലരെയും സമീപിക്കുമെന്നും, എല്ലാവരും ഓരോ കാരണം പറഞ്ഞ് അതില്‍ നിന്ന് ഒഴിവാകുമെന്നും, ഒടുക്കം മുഹമ്മദ് നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിനോട് അതി നായി അപേക്ഷിക്കുമെന്നും, ആ ശുപാര്‍ശ സ്വീകരിച്ചുകൊണ്ട് അല്ലാഹു സൃഷ്ടികളുടവെിചാരണ നടത്തുമെന്നും പല ഹദീഥുകളിലും വന്നിട്ടുള്ളത് പ്രസിദ്ധമാകുന്നു. അക്കൂട്ടത്തില്‍, ഇബ്‌നു ജരീര്‍ (റ) മുതലായ പലരും അബൂഹുറയ്‌റഃ (റ)യില്‍നിന്ന് ഉദ്ധ രിച്ച ഒരു ഹദീഥില്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും വരവിനെപ്പറ്റി പ്രസ്താവിച്ച തിന്‍റെ ചുരുക്കം ഇതാകുന്നു: ‘…..എന്നിട്ട് ഓരോ ആകാശവും പൊട്ടിപ്പിളര്‍ന്ന് അതിലെ മലക്കുകളെല്ലാം ഇറങ്ങിവരും. അങ്ങനെ, മേഘത്തണലുകളിലായി അല്ലാഹുവും മല ക്കുകളും വരും. മലക്കുകള്‍ പലവിധം തസ്ബീഹു (സ്‌തോത്ര കീര്‍ത്തനം)കള്‍ ആല പിച്ചുകൊണ്ടിരിക്കും. അല്ലാഹു പറയും: ‘ജിന്നുകളുടെയും, മനുഷ്യരുടെയും കൂട്ടമേ! നിങ്ങളെ സൃഷ്ടിച്ചത് മുതല്‍ ഇതുവരെ ഞാന്‍ നിങ്ങളോട് സംസാരിക്കാതിരുന്നുവെ ങ്കിലും നിങ്ങള്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ ഞാന്‍ കേട്ടും കണ്ടും കൊണ്ടിരുന്നു. നിങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തിയ ഏടുകള്‍ ഇതാ. അതില്‍ നന്മ കണ്ടെത്തു ന്നവര്‍ അല്ലാഹുവിനെ സ്തുതിച്ചുകൊള്ളട്ടെ. മറ്റു വല്ലതും കാണുന്നവര്‍ അവരവരെ ത്തെ ന്നയല്ലാതെ കുറ്റപ്പെടുത്താതിരുന്നുകൊള്ളട്ടെ’. അങ്ങനെ, അല്ലാഹു സൃഷ്ടികള്‍ക്കി ടയില്‍ തീരുമാനമെടുക്കും.’

ക്വിയാമത്ത് നാളില്‍ അല്ലാഹു സൃഷ്ടികളുടെ വിചാരണക്ക് വരുന്ന സന്ദര്‍ഭത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഇവിടെ പ്രസ്താവിച്ചതെന്നാണ് ഈ ഹദീഥില്‍നിന്ന് മനസ്സിലാകുന്നത്. എന്നാല്‍, മേഘത്തണ ല്‍ എന്ന് പറഞ്ഞത് എന്താണ്? എങ്ങനെയാണ്? എന്തുകൊണ്ട് മേഘത്തണലില്‍ വരുന്നു? ഇതൊന്നും നമുക്കറിഞ്ഞുകൂടാ. അല്ലാഹുവിനറിയാം. അവന്‍ പറഞ്ഞതില്‍ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ നമുക്കത് വിശ്വസിക്കാം. അപ്പോള്‍, ഈ വചനത്തിന്‍റെ താല്‍പര്യം ഇങ്ങനെയായിരിക്കും: അവര്‍- കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ച പ്രകാരം ഇസ്‌ലാമില്‍ പരിപൂര്‍ണമായി പ്രവേശിക്കാതെ പിശാചിന്‍റെ കാലടികളെ പിന്‍പറ്റി പിഴച്ചുപോയവര്‍- വ്യക്തമായ തെളിവുകളില്‍ നിന്ന് സത്യം മനസ്സിലാക്കി നേര്‍മാര്‍ഗത്തില്‍ ചരിക്കാത്ത പക്ഷം, മലക്കുകള്‍ സഹിതം അല്ലാഹു വന്ന് അവരുടവെിചാരണ നടത്തി തീരുമാനമെടുക്കുന്ന ആ സന്ദര്‍ഭമല്ലാതെ, മറ്റെന്താണ് അവര്‍ക്ക് കാത്തിരിക്കുവാനുള്ളത്?! അതെ, മറ്റൊന്നും കാത്തിരിക്കുവാനില്ല. ആ സന്ദര്‍ഭം വന്നുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്കൊട്ട് രക്ഷയുമില്ല.

‘അല്ലാഹു വരുക’ എന്നതിന്‍റെ ഉദ്ദേശ്യം, അല്ലാഹുവിന്‍റെ കല്‍പന- അല്ലെങ്കില്‍ ശിക്ഷ- വരുക എന്നും മറ്റുമാണ് മേല്‍ പ്രസ്താവിച്ച രണ്ടാമത്തെ മാര്‍ഗം സ്വീകരിച്ചവരുടെ അഭിപ്രായം. മുമ്പ് ചില സമുദായങ്ങളില്‍ ഇറങ്ങിയ ശിക്ഷയുടെ മുന്നോടിയായി അവര്‍ ആദ്യം കണ്ടത് മേഘരൂപത്തിലുള്ള വസ്തുവായിരുന്നു. മഴ പെയ്യുമെന്ന സുപ്ര തീക്ഷയോടെ അവര്‍ സന്തോഷപ്പെട്ടുകൊണ്ടിരിക്കെയാണ് മലക്കുകള്‍ അവരില്‍ മഹാ ശിക്ഷ വര്‍ഷിപ്പിച്ചത്. അതുപോലെയുള്ള വന്‍ശിക്ഷ ഇവര്‍ക്കും സംഭവിക്കുവാന്‍ കാത്തിരിക്കുകയാണോ ഇവര്‍ ചെയ്യുന്നത്?! എന്നിങ്ങനെയായിരിക്കും ഈ അഭിപ്രായ പ്രകാരം ഏതാണ്ട് ആയത്തിന്‍റെ സാരം. രണ്ടായിരുന്നാലും, അവസരം മുഴുവന്‍ പാഴാ ക്കിക്കളഞ്ഞ ശേഷം, പിന്നീട് ഖേദിച്ചിട്ട് ഫലമില്ലാത്ത അവസരത്തില്‍ ഖേദിക്കേണ്ടി വരുമെന്ന ശക്തിയായ ഒരു താക്കീതാണിത്.

وَقُضِيَ الأمْرُ (കാര്യം തീരുമാനിക്കപ്പെടുകയും ചെയ്തിരിക്കുന്നു) എന്ന് പറഞ്ഞ തിന്‍റെ താല്‍പര്യം, ഇന്ന കാര്യം ഇന്ന വിധമെന്നും, വിശ്വാസത്തിന്‍റെയും പ്രവര്‍ത്തന ത്തിന്‍റെയും കാലം ഇന്നതാണെന്നും, പ്രതിഫലത്തിന്‍റെ സന്ദര്‍ഭം ഇന്നതാണെന്നുമൊക്കെ മുമ്പേ വ്യവസ്ഥെ പ്പടുത്തി തീരുമാനിക്കെ പ്പട്ടിരിക്കുന്നുവെന്നാകുന്നു. ഭൂത ക്രിയാരൂപ ത്തിലാണ് وَقُضِيَ എന്ന ക്രിയ ഉള്ളത് എന്ന നിലക്കാണ് ഇപ്പറഞ്ഞത്. ‘തീരുമാനി ക്കപ്പെടുകയും ചെയ്യും’ എന്ന് ഭാവികാലരൂപത്തിലും അതിനര്‍ത്ഥം വന്നുകൂടാ എന്നില്ല. ചില വ്യാഖ്യാതാക്കള്‍ ഇങ്ങനെയാണതിന് അര്‍ത്ഥം കല്‍പിക്കുന്നതും. അപ്പോള്‍ ഉദ്ദേശ്യം കൂടുതല്‍ വ്യക്തവുമാണല്ലോ. സംഭവിക്കുമെന്ന് തിട്ടപ്പെട്ട കാര്യം ഭൂതകാലരൂ പത്തില്‍ വിവരിക്കുക ഭാഷയില്‍ പതിവുളളതും, ക്വുര്‍ആനില്‍ പലപ്പോഴും കാണപ്പടൊറുള്ളതുമാകുന്നു. എല്ലാം വ്യവസ്ഥ ചെയ്തുവെച്ച അല്ലാഹുവിങ്കലേക്ക് തന്നയാണല്ലോ എല്ലാ കാര്യങ്ങളും ഒടുക്കം ചെന്നവസാനിക്കുന്നതും. (والى الله ترجع الامور)

2:211
 • سَلْ بَنِىٓ إِسْرَٰٓءِيلَ كَمْ ءَاتَيْنَـٰهُم مِّنْ ءَايَةٍۭ بَيِّنَةٍ ۗ وَمَن يُبَدِّلْ نِعْمَةَ ٱللَّهِ مِنۢ بَعْدِ مَا جَآءَتْهُ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾٢١١﴿
 • (നബിയേ) ഇസ്‌റാഈല്‍ സന്തതികളോട് നീ ചോദി(ച്ചു നോ)ക്കുക: വ്യക്തമായ എത്ര ദൃഷ്ടാന്തമാണ് നാം അവര്‍ക്ക് നല്‍കിയിരിക്കുന്നത്?! ആരെങ്കിലും അല്ലാഹുവിന്‍റെ അനുഗ്രഹം തനിക്ക് വന്നതിനുശേഷംഅതിനെ മാറ്റി മറിക്കുന്നപക്ഷം, നിശ്ചയമായും, അല്ലാഹുകഠിനമായി ശിക്ഷാ നടപടി എടുക്കുന്നവനാകുന്നു.
 • سَلْ നീ ചോദിക്കുക بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളോട് كَمْ എത്ര(യധികം) آتَيْنَاهُم അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു مِّنْ آيَةٍ ദൃഷ്ടാന്തമായിട്ട് بَيِّنَةٍ വ്യക്തമായ, തെളിവായ وَمَن يُبَدِّلْ ആരെങ്കിലും പകരമാക്കിയാല്‍, മാറ്റിമറിച്ചെങ്കില്‍ نِعْمَةَ اللَّهِ അല്ലാഹുവിന്‍റെ അനുഗ്രഹത്തെ مِن بَعْدِ ശേഷം, ശേഷമായി مَا جَاءَتْهُ അതവന്ന് വന്നതിന് فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു شَدِيدُ കഠിനമായവനാണ് الْعِقَابِ ശിക്ഷാനടപടി
2:212
 • زُيِّنَ لِلَّذِينَ كَفَرُوا۟ ٱلْحَيَوٰةُ ٱلدُّنْيَا وَيَسْخَرُونَ مِنَ ٱلَّذِينَ ءَامَنُوا۟ ۘ وَٱلَّذِينَ ٱتَّقَوْا۟ فَوْقَهُمْ يَوْمَ ٱلْقِيَـٰمَةِ ۗ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ ﴾٢١٢﴿
 • അവിശ്വസിച്ചിട്ടുള്ളവര്‍ക്ക് ഐഹിക ജീവിതം ഭംഗിയാക്കപ്പെട്ടിരിക്കുന്നു. വിശ്വസിച്ചവരെപ്പറ്റി അവര്‍ പരിഹസിക്കുകയും ചെയ്യുന്നതാണ്. സൂക്ഷ്മത പാലിച്ചവരാകട്ടെ, ക്വിയാമത്തുനാളില്‍ അവരുടെ മീതെയുമായിരിക്കും. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ നല്‍കുകയും ചെയ്യും.
 • زُيِّنَ ഭംഗിയാക്കപ്പെട്ടിരിക്കുന്നു, അലങ്കാരമാക്കപ്പെട്ട لِلَّذِينَ യാതൊരുവര്‍ക്ക് كَفَرُوا അവര്‍ അവിശ്വസിച്ചു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം وَيَسْخَرُونَ അവര്‍ പരിഹസിക്കുകയും ചെയ്യും مِنَ الَّذِينَ آمَنُوا വിശ്വസിച്ചവരെ وَالَّذِينَ اتَّقَوْا സൂക്ഷ്മത പാലിച്ചവരാകട്ടെ فَوْقَهُمْ അവരുടെ മീതെയായിരിക്കും يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ وَاللَّهُ يَرْزُقُ അല്ലാഹു നല്‍കും مَن يَشَاءُ അവന്‍ ഉദ്ദേ ശിക്കുന്നവര്‍ക്ക് بِغَيْرِ حِسَابٍ കണക്കില്ലാതെ

ഇസ്‌റാഈല്യര്‍ക്ക് സുവ്യക്തങ്ങളായ എത്രയോ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്തുകൊണ്ട് അല്ലാഹു അവരെ അനുഗ്രഹിച്ചിട്ടുണ്ട്. അവക്ക് നന്ദി കാണിക്കുന്നതിന് പകരം അവര്‍ നന്ദികേട് കാണിക്കുകയാണ് ചെയ്തത്. അതിന് തക്കതായ കഠിനശിക്ഷ അല്ലാഹു നല്‍കാതിരിക്കുകയില്ല. അതുപോലെ സത്യവിശ്വാസികള്‍ ആയിത്തീരരുത് എന്നത്രെ ആദ്യത്തെ വചനത്തിന്‍റെ താല്‍പര്യം. സത്യനിഷേധികള്‍ സത്യവിശ്വാസം സ്വീകരിക്കാതിരിക്കുവാന്‍ കാരണം അവര്‍ ഐഹിക ജീവിതത്തിന്‍റെ മോടിയില്‍ വഞ്ചിതരായതാണ്. അവരുടെ ഏകലക്ഷ്യം ഐഹിക സുഖസൗകര്യങ്ങളായിരിക്കും. അതുകൊണ്ട് സത്യവിശ്വാസികള്‍ സ്വാഭാവികമായും സുഖസൗകര്യങ്ങളില്‍ അവരുടെ താഴേക്കിടയിലായി കാണുന്നതിനെയും, സത്യത്തിന്‍റെ മാര്‍ഗത്തില്‍ അവര്‍ പരമാവധി പരിശ്രമിക്കുകയും ചിലവഴിക്കുകയും ചെയ്യുന്നതിനെയും സംബന്ധിച്ച് അവര്‍ പരിഹസിച്ചുകൊണ്ടിരിക്കും. അത് വിലവെക്കരുത്, ഇഹത്തിലെ സ്ഥിതി എന്തായിരുന്നാലും ശരി, സത്യവിശ്വാസം സ്വീകരിക്കുകയും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ച് ജീവിക്കുകയും ചെയ്തവരായിരിക്കും ക്വിയാമത്ത് നാളില്‍ അവരെക്കാള്‍ മീതെക്കിടയിലുള്ളവര്‍. അതിനും പുറമെ, അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ കണക്കില്ലാതെ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യും എന്നൊക്കെയാണ് രണ്ടാമത്തെ വചനത്തിന്റെ സാരം.

2:213
 • كَانَ ٱلنَّاسُ أُمَّةً وَٰحِدَةً فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلْكِتَـٰبَ بِٱلْحَقِّ لِيَحْكُمَ بَيْنَ ٱلنَّاسِ فِيمَا ٱخْتَلَفُوا۟ فِيهِ ۚ وَمَا ٱخْتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ بَغْيًۢا بَيْنَهُمْ ۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُوا۟ لِمَا ٱخْتَلَفُوا۟ فِيهِ مِنَ ٱلْحَقِّ بِإِذْنِهِۦ ۗ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٢١٣﴿
 • മനുഷ്യര്‍ ഒരേ സമുദായമായിരുന്നു. അങ്ങനെ സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായി അല്ലാഹു നബിമാരെ നിയോഗി(ച്ചയ)ച്ചു. അവരോടൊപ്പം യഥാര്‍ത്ഥവുമായി വേദഗ്രന്ഥവും അവന്‍ അവതരിപ്പിച്ചു; മനുഷ്യര്‍ യാതൊന്നില്‍ ഭിന്നാഭിപ്രായത്തിലായോ അതില്‍ അവര്‍ക്കിടയില്‍ അത് വിധി കല്‍പിക്കുവാന്‍ വേണ്ടി, അത് നല്‍കപ്പെട്ടവരല്ലാതെ അതില്‍ ഭിന്നാഭിപ്രായത്തിലായില്ലതാനും; (അതെ) അവര്‍ക്ക് (വ്യക്തമായ) തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം, അവര്‍ക്കിടയിലുള്ള സ്പര്‍ദ്ധ (അഥവാ ധിക്കാരം) നിമിത്തം. അപ്പോള്‍, യാതൊന്നില്‍ അവര്‍ ഭിന്നാഭിപ്രായത്തിലായോ ആ യാഥാര്‍ത്ഥ്യത്തിലേക്ക് തന്റെ അനുമതിപ്രകാരം അല്ലാഹു വിശ്വസിച്ചവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് (നേരെ) ചൊവ്വായ പാതയിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്.
 • انَ النَّاسُ മനുഷ്യരായിരുന്നു أُمَّةً وَاحِدَةً ഒരേ സമുദായം فَبَعَثَ എന്നിട്ട് (അങ്ങനെ) അയച്ചു, നിയോഗിച്ചു اللَّهُ അല്ലാഹു النَّبِيِّينَ പ്രവാചകന്‍മാരെ مُبَشِّرِينَ സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി وَمُنذِرِينَ താക്കീത് (മുന്നറിയിപ്പ്) നല്‍കുന്നവരായും وَأَنزَلَ അവതരിപ്പിക്കുകയും ചെയ്തു مَعَهُمُ അവരോടൊപ്പം الْكِتَابَ (വേദ)ഗ്രന്ഥം بِالْحَقِّ യാഥാര്‍ത്ഥ്യവുമായി لِيَحْكُمَ അത് (അവന്‍- അദ്ദേഹം) വിധിക്കുവാന്‍ വേണ്ടി بَيْنَ النَّاسِ മനുഷ്യര്‍ക്കിടയില്‍ فِيمَا യാതൊന്നില്‍ اخْتَلَفُوا അവര്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി), വ്യത്യാസപ്പെട്ടു فِيهِ അതില്‍ وَمَا اخْتَلَفَ ഭിന്നിച്ചതുമില്ല فِيهِ അതില്‍ إِلَّا الَّذِينَ യാതൊരുവരൊഴികെ أُوتُوهُ അവര്‍ക്കത് നല്‍കപ്പെട്ടു مِن بَعْدِ ശേഷം مَا جَاءَتْهُمُ അവര്‍ക്ക് വന്നതിന് الْبَيِّنَاتُ തെളിവുകള്‍ بَغْيًا സ്പര്‍ദ്ധ (അതിക്രമം- ധിക്കാരം- മാല്‍സര്യം- അസൂയ) നിമിത്തം بَيْنَهُمْ അവര്‍ക്കിടയില്‍ فَهَدَى اللَّهُ അപ്പോള്‍ അല്ലാഹു മാര്‍ഗദര്‍ശനം നല്‍കി الَّذِينَ آمَنُوا വിശ്വസിച്ചവരെ لِمَا യാതൊന്നിലേക്ക് اخْتَلَفُوا فِيهِ അതില്‍ അവര്‍ ഭിന്നിച്ചിരിക്കുന്നു مِنَ الْحَقِّ യാഥാര്‍ത്ഥ്യത്തില്‍ നിന്നും, യഥാര്‍ത്ഥമാകുന്ന بِإِذْنِهِ അവന്‍റെ അനുമതി (സമ്മത) പ്രകാരം, അനുവാദംകൊണ്ട് وَاللَّهُ يَهْدِي അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നു, വഴി കാട്ടുന്നു, ചേര്‍ക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ إِلَىٰ صِرَاطٍ പാതയിലേക്ക് مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ

മനുഷ്യസമുദായം അതിന്റെ ആരംഭം മുതല്‍ നേരായ മാര്‍ഗത്തിലൂടെയാണ് ചരിച്ചുകൊണ്ടിരുന്നത്. ഭിന്നിപ്പോ പിളര്‍പ്പോ ഉണ്ടായിരുന്നില്ല. ക്രമേണ അഭിപ്രായ ഭിന്നതകളും പിളര്‍പ്പുകളുമായി. അപ്പോള്‍ അല്ലാഹു നബിമാരെയും വേദഗ്രന്ഥങ്ങളെയും അയച്ചുഭിന്നിപ്പുള്ള വിഷയങ്ങളുടെ യഥാര്‍ത്ഥം മനസ്സിലാക്കിക്കൊടുത്തു. എന്നിട്ടും ഭിന്നിച്ചവര്‍ അവരുടെ ധിക്കാരവും, സ്പര്‍ദ്ധയും കൈവിടാതെ അതില്‍ തന്നെ ശഠിച്ചു നില്‍ക്കുകയാണ് ചെയ്തത്. വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ ആരും ഭിന്നിപ്പില്‍ ഉറച്ചു നില്‍ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍, സത്യം മനസ്സിലാക്കി അതില്‍ വിശ്വസിക്കുവാന്‍ തയ്യാറാ യവര്‍ക്ക് അതുവഴി സന്‍മാര്‍ഗം പ്രാപിക്കുവാനുള്ള ഭാഗ്യം അല്ലാഹു കൊടുത്തു. അവരെ അവന്‍ നേര്‍വഴിയിലാക്കിത്തീര്‍ത്തു.

സൂറത്തു യൂനുസില്‍ അല്ലാഹു പറയുന്നു: وَمَاكَانَ النَّاسُ إِلاأمُة وًاحِدَة فًاخْتَلَفُوا (മനുഷ്യര്‍ ഒരേ സമുദായമല്ലാതെ ആയിരുന്നില്ല. എന്നിട്ട് അവര്‍ ഭിന്നിക്കുകയാണ് ചെയ്തത്. യൂനുസ്, 19.) ഇബ്‌നു അബ്ബാസ് (റ) പ്രസ്താവിച്ചതായി ഇബ്‌നു ജരീരും, ഹാകിമും (റ) ഉദ്ധരിക്കുന്നു: ‘ആദമിനും, നൂഹിനും (അ) ഇടയില്‍ പത്തുതലമുറയുണ്ടായിരുന്നു. എല്ലാവരും യഥാര്‍ത്ഥ ശരീഅത്തില്‍ തന്നെയായിരുന്നു. എന്നിട്ട് അവര്‍ ഭിന്നിച്ചു. അപ്പോള്‍ അല്ലാഹു നബിമാരെ സന്തോഷവാര്‍ത്ത അറിയിക്കുന്നവരായും, താക്കീത് നല്‍കുന്നവരായും കൊണ്ട് നിയോഗിച്ചയച്ചു.’ ആദ്യകാലങ്ങളില്‍ മനുഷ്യരെല്ലാം നേര്‍മാര്‍ഗത്തിലായിരുന്നു, പിന്നീടാണ് അഭിപ്രായ ഭിന്നതകളുണ്ടായത്. അപ്പോഴാണ് അല്ലാഹു പ്രവാചകന്‍മാരെ അയച്ചുവന്നത് എന്ന് കാണിക്കുന്ന ചില രിവായത്തുകള്‍ അബുല്‍ആലിയ:, ക്വത്താദഃ, മുജാഹിദ് (റ) എന്നിവരില്‍നിന്ന് ഇബ്‌നു കഥീറും (റ) ഉദ്ധരിച്ചു കാണാം. അദ്ദേഹം ചൂണ്ടികാട്ടിയതുപോലെ, ആദ്യകാലത്ത് മനുഷ്യരെല്ലാം ആദം നബി (അ)യുടെ മതമാര്‍ഗം സ്വീകരിച്ചു വരുന്നവരായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ വിഗ്രഹാരാധന നിലവില്‍ വന്നു. അപ്പോള്‍ അല്ലാഹു നൂഹ് നബി (അ)യെ റസൂലായി അയച്ചു അങ്ങനെ, അദ്ദേഹമാണ് അറിയപ്പെട്ടിടത്തോളം ഒന്നാമതായി അയക്കപ്പെട്ട റസൂല്‍.

‘ആരംഭകാലത്ത് മനുഷ്യന് ദൈവത്തെപ്പറ്റി ഒന്നും അറിഞ്ഞിരുന്നില്ല; ക്രമേണ ചില ശക്തികളെയും വസ്തുക്കളെയും ദൈവങ്ങളായി ഗണിച്ചു വന്നു; അവസാനമാണ് ദൈവ വിശ്വാസത്തിലും ഏകദൈവ വിശ്വാസത്തിലും മനുഷ്യന്‍ എത്തിച്ചേര്‍ന്നത്.’ എന്നും മറ്റുമൊക്കെ ചിലര്‍ മനുഷ്യചരിത്രത്തെക്കുറിച്ച് ഊഹിച്ചു പറയാറുണ്ട്. ഇതുശരിയല്ലെന്നും നേരെമറിച്ചാണ് യഥാര്‍ത്ഥത്തിലുള്ളതെന്നും മേല്‍വിവരിച്ചതില്‍ നിന്ന് വ്യക്തമാണല്ലോ.

2:214
 • أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ ﴾٢١٤﴿
 • അതല്ല, (ഒരുപക്ഷേ) നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ ഗണിച്ചിരിക്കുന്നുവോ? നിങ്ങളുടെ മുമ്പ് കഴിഞ്ഞു പോയിട്ടുള്ളവരുടെ മാതൃകനിങ്ങള്‍ക്ക് വന്നുകഴിഞ്ഞിട്ടല്ലാതെ! അവര്‍ക്ക് വിഷമതയും,കഷ്ടതയും ബാധിക്കുകയുണ്ടായി.(മാത്രമല്ല) റസൂലും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും 'അല്ലാഹുവിന്‍റെസഹായം എപ്പോഴായിരിക്കും'എന്ന് പറയു(കപോലും ചെയ്യു)മാറ് അവര്‍ കിടിലം കൊള്ളുകയുംചെയ്തു. അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും, അല്ലാഹുവിന്‍റെ സഹായം സമീപത്തുള്ളത് (തന്നെ) ആകുന്നു.
 • أَمْ അതല്ല, അതോ حَسِبْتُمْ നിങ്ങള്‍ ഗണിച്ചു, ധരിച്ചു(വോ) أَن تَدْخُلُوا നിങ്ങള്‍ കടക്കുമെന്ന്, നിങ്ങള്‍ക്ക് പ്രവേശിക്കാമെന്ന് الْجَنَّةَ സ്വര്‍ഗത്തില്‍ وَلَمَّا يَأْتِكُم നിങ്ങള്‍ക്ക് വന്നിട്ടുമില്ല, വരാതെ مَّثَلُ الَّذِينَ യാതൊരു കൂട്ടരുടെ മാതൃക, മാതിരി خَلَوْا അവര്‍ കഴിഞ്ഞുകടന്നു مِن قَبْلِكُم നിങ്ങളുടെ മുമ്പ് مَّسَّتْهُمُ അവരെ സ്പര്‍ശിച്ചു, ബാധിച്ചു الْبَأْسَاءُ വിഷമത, ബുദ്ധിമുട്ട് وَالضَّرَّاءُ കഷ്ടപ്പാടും, ദുരിതവും وَزُلْزِلُوا അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു حَتَّىٰ يَقُولَ പറയും വരെ, പറയുമാറ് الرَّسُولُ (ദൈവ)ദൂതന്‍ وَالَّذِينَ آمَنُوا വിശ്വസിച്ചവരും مَعَهُ അദ്ദേഹത്തോടൊപ്പം مَتَىٰ എപ്പോഴാണ് نَصْرُ اللَّهِ അല്ലാഹുവിന്‍റെ സഹായം أَلَا അറിയുക, അല്ലാ إِنَّ نَصْرَ اللَّهِ നിശ്ചയമായും അല്ലാഹുവിന്‍റെ സഹായം قَرِيبٌ അടുത്തതാണ്; സമീപത്തുള്ളതാണ്

മുന്‍ കഴിഞ്ഞ പ്രവാചകന്‍മാരുടെ സമുദായങ്ങളിലും രോഗം, യുദ്ധം, ദാരിദ്ര്യം, ക്ഷാമം തുടങ്ങിയ ദുരിതങ്ങളും കഷ്ടപ്പാടുകളും ഉണ്ടായിട്ടുണ്ട്. സത്യനിഷേധികളുടെ ഭാഗത്തു നിന്നും സത്യവിശ്വാസികള്‍ വളരെയേറെ മര്‍ദ്ദനങ്ങളും, ആക്രമണങ്ങളും, യാതനകളും അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. സഹിക്കവയ്യാതെ ഭയവിഹ്വലരായിത്തീരുകയും, പേടിച്ച്  വിറക്കുകയും ചെയ്തുകൊണ്ട് ‘എപ്പോഴാണ് എനി നമുക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായം വന്നെത്തുക- നമുക്ക്  സഹിക്കവയ്യാതായല്ലോ…..’ എന്നൊക്കെ സമുദായങ്ങളിലുണ്ടായിരുന്ന റസൂലുകളും അവരോടൊപ്പമുള്ള സത്യവിശ്വാസികളും സങ്കടപ്പെടുകപോലും ഉണ്ടായിട്ടുണ്ട്. അത്രയും കടുത്ത പരീക്ഷണങ്ങള്‍ക്ക് അവര്‍ വിധേയരായിരുന്നു. സത്യത്തിന്‍റെ മാര്‍ഗത്തില്‍ അങ്ങനെയുള്ള ചില പരീക്ഷണങ്ങള്‍ക്ക് നിങ്ങളും വിധേയരാകേണ്ടി  വരും. അതൊന്നും കൂടാതെ, സത്യവിശ്വാസം സ്വീകരിച്ച് കഴിയുമ്പോഴേക്കും സ്വര്‍ഗത്തില്‍ കടന്നുകളയാമെന്ന് നിങ്ങള്‍ കണക്കുകൂട്ടുന്നുണ്ടെങ്കില്‍ അത് ശരിയല്ല എന്ന് അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുകയാണ്. അങ്ങനെയുള്ള  പരീക്ഷണ ഘട്ടങ്ങളുടെ പിന്നാലെത്തന്നെ അല്ലാഹുവിന്‍റെ സഹായവും ഉണ്ടായിരിക്കും, അത് വളരവെിദൂരമൊന്നുമല്ല,  അതിന്‍റെ സമയമാകുമ്പോള്‍ ലഭിക്കത്തക്കവണ്ണം സമീപത്തുതന്നെയുണ്ട് എന്നൊക്കെ അവരെ സമാശ്വസിപ്പിക്കുകയും  ചെയ്യുന്നു. ഈ വചനത്തിലടങ്ങിയ ആശയം സൂ: അന്‍കബൂത്ത്  2, 3 വചനങ്ങളിലും മറ്റുമായി അല്ലാഹു വേറെ സ്ഥലത്തും വ്യക്തമാക്കിയിരിക്കുന്നത് കാണാം. ഖബ്ബാബ് ബ്നുല്‍ അറത്ത് (റ)ല്‍ നിന്നുള്ള ഒരു ഹദീഥിന്‍റെ സാരം ഇപ്രകാരമാകുന്നു: ‘അല്ലാഹുവിന്‍റെ റസൂലിനോട് അങ്ങുന്ന് ഞങ്ങള്‍ക്ക് വേണ്ടി സഹായം തേടുന്നില്ലേ, ഞങ്ങള്‍ക്കു വേണ്ടി  പ്രാര്‍ത്ഥിക്കുന്നില്ലേ എന്നിങ്ങനെ ഞങ്ങള്‍ പറയുകയുണ്ടായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങളുടെ മുമ്പുണ്ടായിരുന്നവരില്‍, ഒരാളുടെ തലയുടെ മൂര്‍ദ്ധാവില്‍ ഈര്‍ച്ചവാള്‍ വെച്ച് അയാളുടെ കാലടി വരെ പൊളിക്കപ്പെടുമായിരുന്നു. എന്നിട്ടതും അത് അയാളെ അയാളുടെ മതത്തില്‍ നിന്ന് തിരിച്ചുകളയുമായിരുന്നില്ല. ഇരുമ്പിന്‍റെ  ചീര്‍പ്പുകൊണ്ട് ഒരാളുടെ മാംസം എല്ലില്‍ നിന്നും ഈര്‍ന്നെടുക്കപ്പെടുമായിരുന്നു. അതും അയാളുടെ മതത്തില്‍ നിന്ന്  അയാളെ തിരിച്ചുകളയുമായിരുന്നില്ല. പിന്നീട് തിരുമേനി പറഞ്ഞു: നിശ്ചയമായും, അല്ലാഹു ഇക്കാര്യം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. ഒരു വാഹനക്കാരന്‍ സ്വന്‍ആയില്‍ നിന്ന് ഹദ്വറമൗത്തുവരെ അല്ലാഹുവിനെയും, ആടുകളെ സംബന്ധിച്ച് ചെന്നായകളെയും അല്ലാതെ മറ്റൊന്നും പേടിക്കുവാനില്ലാതെ യാത്രചെയ്‌തേക്കുകയും ചെയ്യും. പക്ഷേ, നിങ്ങള്‍ ധൃതികൂട്ടുകയാണ് ചെയ്യുന്നത്. (ബു.) (*)


(*) യമനിലെ ഒരു പ്രധാന പട്ടണമാണ് സ്വന്‍ആഅ് (صنعاء) അവിടെ നിന്ന് ഹദ്വറമൗത്തി (حَضَرَ مَوْت) ലേക്ക് പോകുന്നവര്‍ അറേബ്യാ ഉപദ്വീപിന്‍റെ തെക്കേ തീരങ്ങളിലും  അറിക്കടലിന്‍റെ വടക്കേ കരയിലുമായി അനേകം മലമ്പ്രദേശങ്ങള്‍ താണ്ടി പോകേണ്ടതുണ്ട്. 

2:215
 • يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ ﴾٢١٥﴿
 • (നബിയേ) അവര്‍ നിന്നോട്ചോദിക്കുന്നു: എന്താണ് അവര്‍ചിലവഴിക്കേണ്ടത് എന്ന്, നീ പറയുക: നല്ലതായുള്ളതെന്ത് (തന്നെ) നിങ്ങള്‍ ചിലവഴിക്കുന്നുവോ അത്, മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനുമാണ് വേണ്ടത്). നിങ്ങള്‍ നല്ലതായുള്ളതെന്ത് ചെയ്താലും നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.
 • يَسْأَلُونَكَ അവര്‍ നിന്നോട് ചോദിക്കും, ചോദിക്കുന്നു مَاذَا എന്തൊന്ന് يُنفِقُونَ അവര്‍ ചിലവഴിക്കും, ചിലവാക്കണം قُلْ നീ പറയുക مَا أَنفَقْتُم നിങ്ങള്‍ എന്ത് ചിലവഴിച്ചുവോ, എന്ത് ചിലവഴിച്ചാലും مِّنْ خَيْرٍ നല്ലതായി, നല്ലതില്‍പെട്ട فَلِلْوَالِدَيْنِ (അത്) മാതാപിതാക്കള്‍ക്കാണ് (വേണ്ടത്) وَالْأَقْرَبِينَ അടുത്തവര്‍ (ബന്ധു കുടുംബങ്ങള്‍)ക്കും وَالْيَتَامَىٰ അനാഥകള്‍ക്കും وَالْمَسَاكِينِ അഗതികള്‍ക്കും, പാവങ്ങള്‍ക്കും وَابْنِ السَّبِيلِ വഴിപോക്കനും وَمَا تَفْعَلُوا നിങ്ങള്‍ എന്തു ചെയ്യുന്നുവോ مِنْ خَيْرٍ നല്ലതായിട്ട്, വല്ല നന്മയും فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു بِهِ عَلِيمٌ അതിനെപ്പറ്റി അറിയുന്നവനാകുന്നു

എന്താണ് ചിലവഴിക്കേണ്ടത് എന്നതിനെക്കാള്‍ പ്രസക്തം എങ്ങനെയാണ് ചിലവഴിണ്ടക്കേത് എന്നുള്ളതാകുന്നു. എന്തെങ്കിലും നന്മ- പ്രയോജനം- ഉള്ള ഏത് വസ്തുവും ചിലവഴിക്കുവാന്‍ പറ്റിയത് തന്നെ. വന്‍ തുകയോ, വിലപിടിച്ചതോ തന്നെ ആയിരിക്കണമെന്നൊന്നുമില്ല. എന്നാല്‍, ചിലവഴിക്കുമ്പോള്‍ മുന്‍ഗണന നല്‍കേണ്ടത് മാതാപിതാക്കള്‍, അടുത്ത കുടുംബങ്ങൾ, അനാഥകള്‍, സാധുക്കള്‍, സ്വദേശം വിട്ട് ബുദ്ധിമുട്ടുന്ന വഴിയാത്രക്കാര്‍ എന്നിവര്‍ക്കൊക്കെയാകുന്നു. ദാനധര്‍മങ്ങളിലെന്നല്ല, എല്ലാ തുറയിലുമുള്ള ഏത് നന്മയും വൃഥാവിലായിപ്പോകുകയില്ല. എല്ലാം അല്ലാഹു അറിഞ്ഞും കണക്കുവെച്ചുംകൊണ്ടിരിക്കുന്നുണ്ട്. ഓരോന്നിനും അവന്‍ പ്രതിഫലം നല്‍കാതിരിക്കുകയില്ല എന്ന് സാരം. ധര്‍മവിഷയങ്ങളില്‍ ഏറ്റവും മുന്‍ഗണന നല്‍കേണ്ടത് കൂടുതല്‍ ഉറ്റവര്‍ക്കും, കൂടുതല്‍ ബുദ്ധിമുട്ടുള്ളവര്‍ക്കുമാണെന്നുള്ള തത്വം ക്വുര്‍ആനിലും ഹദീഥിലും ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ളതാണ്. മേല്‍ പറയപ്പെട്ടവര്‍ക്ക് ഉപജീവനത്തിന് വകയില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ അത് നല്‍കല്‍ ഓരോരുത്തന്‍റെയും കഴിവനുസരിച്ച് ഒഴിച്ചുകൂടാത്ത കടമകൂടിയാകുന്നു.

2:216
 • كُتِبَ عَلَيْكُمُ ٱلْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰٓ أَن تُحِبُّوا۟ شَيْـًٔا وَهُوَ شَرٌّ لَّكُمْ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴾٢١٦﴿
 • (സത്യവിശ്വാസികളേ)നിങ്ങളുടെ മേല്‍ യുദ്ധം നിയമിക്കപ്പെട്ടിരിക്കുന്നു. അതാവട്ടെ, നിങ്ങള്‍ക്ക് (സ്വതവേ) ഒരു വെറുപ്പു(ള്ളതു)മാകുന്നു. ഒരു കാര്യം നിങ്ങള്‍ക്ക് (വാസ്തവത്തില്‍) ഗുണകരമായിരിക്കെ,നിങ്ങള്‍ക്കതിനോട് വെറുപ്പുണ്ടായേക്കാം; ഒരു കാര്യം നിങ്ങള്‍ക്ക് (വാസ്തവത്തില്‍) ദോഷകരമായിരിക്കെനിങ്ങള്‍ അതിനെ ഇഷ്ടപ്പെടുകയും ചെയ്‌തേക്കാം. (യഥാര്‍ത്ഥം) അല്ലാഹു അറിയുന്നു; നിങ്ങള്‍ക്ക് അറിയുകയില്ല.
 • كُتِبَ നിയമിക്ക (വിധിക്ക, രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു عَلَيْكُمُ നിങ്ങളുടെ മേല്‍ الْقِتَالُ യുദ്ധം وَهُوَ അത്, അതാകട്ടെ كُرْهٌ അനിഷ്ടമാണ് لَّكُمْ നിങ്ങള്‍ക്ക് وَعَسَىٰ ആയേക്കാവുന്നതുമാണ് أَن تَكْرَهُوا നിങ്ങള്‍ വെറുക്കുക شَيْئًا ഒരു കാര്യം, വസ്തു وَهُوَ അത്, അതാകട്ടെ خَيْرٌ لَّكُمْ നിങ്ങള്‍ക്ക് ഗുണം (നല്ലത്) ആയിരിക്കും وَعَسَىٰ ആയേക്കുകയും ചെയ്യാം أَن تُحِبُّوا നിങ്ങള്‍ ഇഷ്ടപ്പെടുക شَيْئًا ഒരു കാര്യം وَهُوَ شَرٌّ അത് ദോഷവുമാണ്, മോശമാകുന്നു لَّكُمْ നിങ്ങള്‍ക്ക് وَاللَّهُ يَعْلَمُ അല്ലാഹു അറിയുന്നു وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ لَا تَعْلَمُونَ അറിയുന്നതല്ല (താനും)

യുദ്ധം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കല്‍പനയാണിത്. യുദ്ധം മൂലം പലതരം ഞെരുക്കങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുന്നതു കൊണ്ട് അതിനോട് നിങ്ങള്‍ക്ക് വെറുപ്പും, അനിഷ്ടവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. തല്‍ക്കാലം ചില ദോഷങ്ങള്‍ അത് മൂലം ഉണ്ടായേക്കുമെങ്കിലും ഇസ്‌ലാമിന്‍റെയും മുസ്‌ലിംകളുടെയും രക്ഷക്കും അഭിവൃദ്ധിക്കും അത്യാവശ്യമാണെന്ന് അല്ലാഹുവിനറിയാം. അതുകൊണ്ടാണതിന് കല്‍പിക്കുന്നത് എന്ന് അല്ലാഹു സത്യവിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നു. ചില കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ അനിഷ്ടമായിരിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവമൂലം പല നന്മയും ലഭിക്കുവാനുണ്ടായിരിക്കും. നേരെമറിച്ച് ചില കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ വളരെ ഇഷ്ടപ്പെട്ടതും അഭികാമ്യവുമായിരിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവമൂലം പല ദോഷങ്ങളും ബാധിക്കുവാനുമുണ്ടായിരിക്കും. അതൊന്നും മനുഷ്യന് അറിയുവാന്‍ കഴിയുകയില്ല. അല്ലാഹുവിന്നേ അതറിയൂ. അതിനാല്‍, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ നിങ്ങളുടെ യഥാര്‍ത്ഥ നന്മയും ഭാവിഗുണവും കണക്കിലെടുത്ത് കൊണ്ടായിരിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും, പൂര്‍ണമനസ്സോടെ അവ സ്വീകരിക്കുകയും വേണമെന്ന് കൂടി ഉണര്‍ത്തുകയും ചെയ്യുന്നു. ഇത് സത്യവിശ്വാസികള്‍ക്ക് വളരെ മനസ്സമാധാനവും ആവേശവും നല്‍കുന്നതാണെന്ന് പറയേണ്ടതില്ലല്ലോ. (യുദ്ധം ആരോട് നടത്തണമെന്നും മറ്റുമുള്ള വിവരങ്ങള്‍ കഴിഞ്ഞ 190 – 193 വചനങ്ങളില്‍ വിവരിച്ചത് ഓര്‍ക്കുക.)

വിഭാഗം - 27

2:217
 • يَسْـَٔلُونَكَ عَنِ ٱلشَّهْرِ ٱلْحَرَامِ قِتَالٍ فِيهِ ۖ قُلْ قِتَالٌ فِيهِ كَبِيرٌ ۖ وَصَدٌّ عَن سَبِيلِ ٱللَّهِ وَكُفْرٌۢ بِهِۦ وَٱلْمَسْجِدِ ٱلْحَرَامِ وَإِخْرَاجُ أَهْلِهِۦ مِنْهُ أَكْبَرُ عِندَ ٱللَّهِ ۚ وَٱلْفِتْنَةُ أَكْبَرُ مِنَ ٱلْقَتْلِ ۗ وَلَا يَزَالُونَ يُقَـٰتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ ٱسْتَطَـٰعُوا۟ ۚ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِۦ فَيَمُتْ وَهُوَ كَافِرٌ فَأُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ ﴾٢١٧﴿
 • (നബിയേ) നിന്നോട് അവര് ‍'ഹറാമാ'യ [പവിത്രമായ] മാസത്തെ-അതായത്, അതില്‍ യുദ്ധം ചെയ്യുന്നതിനെ-പ്പറ്റി ചോദിക്കുന്നു.പറയുക: അതില്‍ യുദ്ധം ചെയ്യല്‍ഒരു വലിയ കാര്യം (തന്നെ) ആകുന്നു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തടയലും, അവനില്‍ അവിശ്വസിക്കലും, 'മസ്ജിദുല്‍ഹറാമി'ല്‍ നിന്ന് (ജനങ്ങളെ തടയലും), അതിന്‍റെ ആള്‍ക്കാരെ [അവിടുത്തുകാരെ] അവിടെ നിന്ന് പുറത്താക്കലും അല്ലാഹുവിന്‍റെ അടുക്കൽ (അതിനെക്കാള്‍) കൂടുതല്‍ വലിയതാകുന്നു.'ഫിത്‌ന' [കുഴപ്പം] കൊലയെക്കാള്‍ വലിയതാകുന്നു. അവര്‍ക്ക് സാധ്യമായെങ്കില്‍, നിങ്ങളെ നിങ്ങളുടെ മതത്തില്‍ നിന്ന് മടക്കിക്കളയുന്നതുവരേക്കും അവര്‍ നിങ്ങളോട് യുദ്ധം നടത്തിക്കൊണ്ടേയിരിക്കുന്നതാണ്. നിങ്ങളില്‍ നിന്ന് ആരെങ്കിലും തന്റെ മതത്തില്‍ നിന്ന് വിട്ടു പിന്‍തിരിയുകയും, അങ്ങനെ, അവന്‍ അവിശ്വാസിയായിക്കൊണ്ട് മരണപ്പെടുകയും ചെയ്യുന്നപക്ഷം, അപ്പോള്‍ അക്കൂട്ടര്‍, ഇഹത്തിലും, പരത്തിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായി. അക്കൂട്ടര്‍, നരകത്തിന്റെ ആള്‍ക്കാരുമാകുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
 • يَسْـَٔلُونَكَ അവര്‍ നിന്നോട് ചോദിക്കുന്നു, ചോദിക്കും عَنِ الشَّهْرِ മാസത്തെപ്പറ്റി الْحَرَامِ ഹറാമായ, അലംഘനീയമായ, പവിത്രമായ قِتَالٍ فِيهِ അതായത് അതില്‍ യുദ്ധം ചെയ്യലിനെ(പ്പറ്റി) قُلْ നീ പറയുക قِتَالٌ فِيهِ അതില്‍ യുദ്ധം ചെയ്യല്‍ كَبِيرٌ വലുതാണ്, വലിയൊരു കാര്യമാണ് وَصَدٌّ തടയല്‍, തിരിച്ചുവിടല്‍ عَن سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് وَكُفْرٌ بِهِ അവനില്‍ അവിശ്വസിക്കലും وَالْمَسْجِدِ الْحَرَامِ മസ്ജിദുല്‍ ഹറാമില്‍ നിന്നും وَإِخْرَاجُ ബഹിഷ്‌കരിക്കലും أَهْلِهِ അതിന്‍റെ ആള്‍ക്കാരെ (അവിടത്തുകാരെ) مِنْهُ അതില്‍ നിന്ന് أَكْبَرُ കൂടുതല്‍ (ഏറ്റം) വലുതാകുന്നു عِندَ اللَّهِ അല്ലാഹുവിന്‍റെ അടുക്കല്‍ وَالْفِتْنَةُ ഫിത്‌ന, കുഴപ്പം أَكْبَرُ അധികം വലിയതാണ് مِنَ الْقَتْلِ കൊലയെക്കാള്‍ وَلَا يَزَالُونَ അവര്‍ ആയിക്കൊണ്ടിരിക്കും يُقَاتِلُونَكُمْ അവര്‍ നിങ്ങളോട് യുദ്ധം ചെയ്യും حَتَّىٰ يَرُدُّوكُمْ നിങ്ങളെ അവര്‍ മടക്കുന്നത് (പിന്‍തിരിപ്പിക്കുന്നത്) വരേക്കും عَن دِينِكُمْ നിങ്ങളുടെ മതത്തില്‍ നിന്ന് إِنِ اسْتَطَاعُوا അവര്‍ക്ക് സാധ്യമായെങ്കില്‍ وَمَن ആരെങ്കിലും يَرْتَدِ പിൻതിരിയുന്ന (മടങ്ങുന്ന) തായാൽ مِنكُمْ നിങ്ങളില്‍ നിന്ന് عَن دِينِهِۦ തന്റെ മതത്തില്‍ നിന്ന് فَيَمُتْ എന്നിട്ട് അവന്‍ മരണപ്പെടുന്ന (തായാല്‍) وَهُوَ كَافِرٌ അവന്‍ അവിശ്വാസിയായും കൊണ്ട് فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ حَبِطَتْ നിഷ്ഫലമായി, വെറുതെയായി أَعْمَالُهُمْ അവരുടെ കര്‍മങ്ങള്‍ فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും وَأُولَٰئِكَ അക്കൂട്ടരാകട്ടെ أَصْحَابُ النَّارِ നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ സ്ഥിരവാസികളാകുന്നു
2:218
 • إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ أُو۟لَـٰٓئِكَ يَرْجُونَ رَحْمَتَ ٱللَّهِ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٢١٨﴿
 • നിശ്ചയമായും, വിശ്വസിച്ചവരും, 'ഹിജ്‌റഃ' [സ്വദേശം വിട്ട്] പോകുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്തവരും, (അതെ) അക്കൂട്ടര്‍, അല്ലാഹുവിന്‍റെകാരുണ്യം പ്രതീക്ഷിക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവാകട്ടെ, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 • إِنَّ الَّذِينَ آمَنُوا നിശ്ചയമായും വിശ്വസിച്ചവര്‍ وَالَّذِينَ هَاجَرُوا ഹിജ്‌റഃ പോയവരും وَجَاهَدُوا അവര്‍ ജിഹാദ് (സമരം) ചെയ്യുകയും ചെയ്തു فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أُولَٰئِكَ അക്കൂട്ടര്‍ يَرْجُونَ അവര്‍ പ്രതീക്ഷിക്കുന്നു, അഭിലഷിക്കുന്നു رَحْمَتَ اللَّهِ അല്ലാഹുവിന്‍റെ കാരുണ്യത്തെ وَاللَّهُ അല്ലാഹു غَفُورٌ (വളരെ) പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്‌

ഒരു പ്രത്യേക സംഭവത്തോട് ബന്ധപ്പെട്ടുകൊണ്ടാണ് ആദ്യത്തെ വചനത്തിന്റെ അവതരണമെന്ന് പല രിവായത്തുകളില്‍ നിന്നും വ്യക്തമാകുന്നു. സംഭവത്തിന്‍റെ ചുരുക്കം ഇതാണ്: ഹിജ്‌റഃ രണ്ടാം കൊല്ലത്തില്‍ അബ്ദുല്ലാഹിബ്നു ജഹ്ശ് (റ)ന്റെ നേതൃത്വത്തില്‍ മുഹാജിറുകളായ ഏഴോ എട്ടോ പേരടങ്ങുന്ന ഒരു ചെറിയ സൈന്യസംഘത്തെ ഒരു എഴുത്ത് സഹിതം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അയക്കുകയുണ്ടായി. രണ്ട് ദിവസത്തെ യാത്രക്കു ശേഷം മാത്രമേ എഴുത്തുപൊളിച്ചു വായിക്കാവൂ എന്നും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിച്ചിരുന്നു. അവരുടെ ലക്ഷ്യത്തെപ്പറ്റി ശത്രുക്കളാരും മണത്തറിയാന്‍ ഇടവരാതിരിക്കുവാനായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങനെ ചെയ്തത്. കത്ത് തുറന്ന് നോക്കുമ്പോള്‍ (മക്കായുടെയും ത്വാഇഫിന്‍റെയും ഇടയിലുള്ള ഒരു സ്ഥലമായ) നഖ്‌ലഃ (نَخْلَة) യില്‍ ചെന്ന് പതിയിരുന്ന് ക്വുറൈശികളുടെ നീക്കങ്ങള്‍ മനസ്സിലാക്കി വരണമെന്നായിരുന്നു അതിലെ ഉള്ളടക്കം. ഇടക്കുവെച്ച് അവരില്‍ രണ്ട് പേര്‍ അവരുടെ വാഹനമായിരുന്ന ഒട്ടകം വഴി തെറ്റിപ്പോയത് നിമിത്തം കൂട്ടം വിട്ടുപോകയുണ്ടായി. ബാക്കിയുള്ളവര്‍ നഖ്‌ലഃയിലായിരിക്കെ ക്വുറൈശികളുടെ ഒരു ചെറിയ കച്ചവടസംഘം ആ വഴിക്ക് വന്നു. അതില്‍ അംറുബ്നുല്‍ഹള്വ്‌റമിയും വേറെ മൂന്ന് പേരുമാണുണ്ടായിരുന്നത്. അവിടെവെച്ച് സൈന്യസംഘം എന്തുവേണമെന്ന് തമ്മില്‍ കൂടിയാലോചന നടത്തി അവസാനം കച്ചവടസംഘവുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഇബ്‌നുല്‍ഹള്വ്‌റമി കൊല്ലപ്പെടുകയും, രണ്ട് പേര്‍ ബന്ധനസ്ഥരാകുകയും ചെയ്തു. മൂന്നാമന്‍ ഓടി രക്ഷപ്പെട്ടു. ഇത് റജബ് മാസം അവസാനിക്കുകയും ശഅ്ബാന്‍ മാസം ആരംഭിക്കുകയും ചെയ്യുന്ന അവസരത്തിലായിരുന്നു. അതല്ല, ജമാദുല്‍ ആഖിറിന്‍റെ അവസാനവും റജബിന്റെ ആദ്യവുമായിരുന്നുവെന്നും ചില രിവായത്തുകളിലുണ്ട്. ബന്ധനത്തിലാക്കിയവരെയും, കിട്ടിയ കച്ചവടച്ചരക്കുകളെയും കൊണ്ട് അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു. ഇതായിരുന്നു മുസ്‌ലിംകള്‍ക്ക് ശത്രുക്കളില്‍ നിന്ന് ലഭിച്ച ഒന്നാമത്തെ ഗനീമത്ത് (غَنِيمَة യുദ്ധത്തില്‍ ശത്രുപക്ഷത്തുനിന്ന് ലഭിക്കുന്ന ധനം). ശത്രുക്കള്‍ ഈ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് ആക്ഷേപവും പരിഹാസവും തൊടുത്തുവിട്ടു. യുദ്ധം നിഷിദ്ധമായ മാസത്തില്‍ (റജില്‍) മുഹമ്മദും കൂട്ടരും യുദ്ധം നടത്തി അതിനെ അവഹേളിച്ചുവെന്ന് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ നിങ്ങളോട് യുദ്ധം നിഷിദ്ധമായ മാസത്തില്‍ യുദ്ധം ചെയ്യാന്‍ കല്‍പിച്ചിട്ടില്ലല്ലോ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും പറഞ്ഞു. മുസ്‌ലിംകളും അവരോട് പ്രതിഷേധം നടത്തുകയുണ്ടായി. അവര്‍ വളരെ ഖേദത്തിലായി. ഇതിനെത്തുടര്‍ന്നാണ് ഈ വചനം അവതരിച്ചത്.

ഇതില്‍, ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടായ ആരോപണങ്ങള്‍ക്ക് അല്ലാഹു നല്‍കിയ മറുപടിയുടെ സാരം ഇതാണ്: യുദ്ധം ഹറാമായ (അലംഘ്യ) മാസത്തില്‍ യുദ്ധം ചെയ്യുന്നത് വമ്പിച്ച തെറ്റുതന്നെ. എന്നാല്‍, അല്ലാഹുവിന്റെ മാര്‍ഗമായ സത്യമതം സ്വീകരിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയുക, അല്ലാഹുവില്‍ അവിശ്വസിക്കുക, അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ സ്ഥാപിതമായ മസ്ജിദുല്‍ ഹറാമിലേക്ക് സത്യവിശ്വാസികളെ പ്രവേശിക്കുവാന്‍ അനുവദിക്കാതിരിക്കുക, ആ നാട്ടുകാരായ ആളുകളെ അവിടെ താമസിക്കുവാന്‍ സമ്മതിക്കാതെ ബഹിഷ്‌കരിക്കുക മുതലായ കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് അതിനെക്കാള്‍ വമ്പിച്ച തെറ്റാകുന്നു. രണ്ട് തെറ്റുകള്‍ പരസ്പരം അഭിമു ഖീകരിക്കുമ്പോള്‍, കൂടുതല്‍ വമ്പിച്ച തെറ്റിനെ ഇല്ലാതാക്കുവാന്‍ വേണ്ടി ചെറിയ തെറ്റ് സ്വീകരിക്കുകയെന്നുള്ളത് കേവലം ന്യായവും പ്രായോഗികവുമാകുന്നു. മാത്രമല്ല, പ്രസ്തുത കുഴപ്പങ്ങള്‍കൊണ്ടും അവര്‍ മതിയാക്കുവാനും ഭാവമില്ല . ഇസ്‌ലാമിനെ അംഗീ കരിച്ചവരെ കഴിയുമെങ്കില്‍ അതില്‍ നിന്ന് പിന്‍മടക്കുവാനുള്ള ഉദ്ദേശ്യവും കൂടി അവര്‍ക്കുണ്ട്. അതിനായി മുസ്‌ലിംകളോട് യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുവാനാണ് അവരുടെ പരിപാടി. അപ്പോള്‍, മുസ്‌ലിംകള്‍ക്കെതിരില്‍ അവര്‍ (മുശ്‌രിക്കുകള്‍) നടത്തുന്ന ഫിത്‌നയുടെ ഗൗരവം വളരവെമ്പിച്ചതാണ്. എന്നിരിക്കെ, അതിനെ അപേക്ഷിച്ച് അവരില്‍ നിന്ന് ചിലരെ കൊലെപ്പടുത്തിയത് കേവലം നിസ്സാരമായി ഗണിക്കാവതേയുള്ളൂ. (ഫിത്‌നയെപ്പറ്റി 191-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ പ്രസ്താവിച്ചത് ഓര്‍ക്കുക)

സന്ദര്‍ഭവശാല്‍ മറ്റൊരു കാര്യം കൂടി സത്യവിശ്വാസികളെ അല്ലാഹു ഇവിടെ ഉണര്‍ത്തുന്നു: സത്യവിശ്വാസം സ്വീകരിച്ച ഒരു മുസ്‌ലിം – സ്വന്തം നിലക്കാകട്ടെ, ശത്രുക്കളുടെ പ്രേരണ നിമിത്ത മാകട്ടെ- ഇസ്‌ലാമില്‍ നിന്ന് പിന്തിരിഞ്ഞുപോകുന്ന പക്ഷം, അതിന്റെ ഭവിഷ്യത്ത് വളരെ വമ്പിച്ചതാണ്. അവന്‍ ചെയ്ത യാതൊരു കര്‍മവും ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ സ്വീകാര്യമല്ല. ഇസ്‌ലാമിലായിരുന്നപ്പോള്‍ അവന്‍ ചെയ്ത കര്‍മങ്ങള്‍ക്കുപോലും പരിഗണനയില്ല. അവിശ്വാസികളോടെന്ന പോലെത്തന്നെ അവരോടും പെരുമാറും. പരലോകത്താകട്ടെ, കാലാകാല നരകശിക്ഷയും. فَيَمُتْ وَهُوَ كَافِرٌ (അവന്‍ അവിശ്വാസിയായും കൊണ്ട് മരണപ്പെടുകയും ചെയ്താല്‍) എന്ന് പറഞ്ഞതില്‍ നിന്ന് അവന്‍ വീണ്ടും ഇസ്‌ലാമിലേക്ക് തന്നെ മടങ്ങിവന്നാല്‍ അവന്‍റെ മടക്കം സ്വീകരിക്കപ്പെടുമെന്നും, മരിക്കുമ്പോഴത്തെ അവസ്ഥ നോക്കിയാണ് അവസാന തീരുമാനമെന്നും മനസ്സിലാക്കാം. അബ്ദുല്ലാഹിബനു ജഹ്ശും (റ) കൂട്ടുകാരും ചെയ്തുപോയത് തെറ്റാണെങ്കിലും അവരുടെ ഉദ്ദേശ്യവും ലക്ഷ്യവും നല്ലതായിരുന്നുവെന്നും, അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്നും 218-ാം വചനത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. സത്യവിശ്വാസം സ്വീകരിക്കുകയും, ഹിജ്‌റഃ പോകുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്തവരാണല്ലോ അവര്‍. ഈ വചനം അവതരിച്ചപ്പോള്‍, അവര്‍ക്ക് സന്തോഷമായെന്നും, അവര്‍ കൊണ്ടുവന്നിരുന്ന ഗനീമത്ത് സ്വത്തുക്കളില്‍ നിന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതിന്റെ അഞ്ചിലൊരുഭാഗം സ്വീകരിച്ചുവെന്നും മേല്‍സൂചിപ്പിച്ച ചില രിവായത്തുകളില്‍ വന്നിരിക്കുന്നു. അവര്‍ ബന്ധനത്തിലാക്കി കൊണ്ടുവന്ന തടവുകാരെ മുമ്പ് അവരില്‍നിന്ന് വഴിതെറ്റി പോയിരുന്ന രണ്ട് സ്വഹാബികള്‍ തിരിച്ചെത്തിയശേഷം മുശ്‌രിക്കുകള്‍ക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിട്ടുകൊടുക്കയും ചെയ്തു. അവരില്‍ ഒരാള്‍ മുസ്‌ലിമായി മദീനായില്‍ തന്നെ താമസമാക്കുകയാണ് ചെയ്തത്.

جِهَاد، مُجَاهدة (ജിഹാദ്; മുജാഹദഃ) എന്നീ ധാതുക്കളില്‍നിന്നുള്ള ക്രിയാരൂപമാണ്  جَاهَدَ (ജാഹദ). ‘കഴിവതും പരിശ്രമിച്ചു, അത്യദ്ധ്വാനം ചെയ്തു, കിണഞ്ഞു ശ്രമം നടത്തി’ എന്നൊക്കെയാണതിന് അര്‍ത്ഥം. യുദ്ധം അടക്കമുള്ള പല കാര്യങ്ങളും ജിഹാദില്‍ ഉള്‍പ്പെടുമെന്നല്ലാതെ, യുദ്ധത്തിന്‍റെ ഒരു പര്യായപദമല്ല അത്. ക്വുര്‍ആനിലും മറ്റും ഈ വാക്കുകള്‍കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന അര്‍ത്ഥം ഇമാംറാഗിബ് (റ) ഇങ്ങനെ വിവരി ക്കുന്നു: ‘ശത്രുവെ ചെറുക്കുന്നതില്‍ മുഴുവന്‍ കഴിവും വിനിയോഗിക്കലാണ് ‘ജിഹാദും’, ‘മുജാഹദത്തും’. ‘ജിഹാദ്’ മൂന്ന് തരത്തിലുണ്ട്: പ്രത്യക്ഷ ശത്രുവിനോടുള്ളതും, പിശാചിനോടുള്ളതും, സ്വന്തം ദേഹത്തോടുള്ളതും. وَجَاهِدُوافِي الَّله حَقَّ جِهَادِهِ (അല്ലാഹുവിന്‍റെ കാര്യത്തില്‍ ജിഹാദ് ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യുവിന്‍). (22: 78) എന്നും وَجَاهِدُوا بِأَمْوَالِكُمْ وَأَنفُسِكُمْ فِي سَبِيلِ اللَّهِ (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കളെക്കൊണ്ടും ദേഹങ്ങളെക്കൊണ്ടും നിങ്ങള്‍ ജിഹാദ് ചെയ്യുവിന്‍). (9: 41) എന്നും മറ്റുമുള്ള വചനങ്ങള്‍ ഈ മൂന്നും അടങ്ങുന്നതാകുന്നു. ‘മുജാഹദത്ത്’ നാവുകൊണ്ടും കൈകൊണ്ടും ഉണ്ടാകാവുന്നതാണ്; നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: നിങ്ങള്‍ അവിശ്വാസികളോട് നിങ്ങളുടെ കൈകൊണ്ടും നാവുകൊണ്ടും ജിഹാദ് ചെയ്യുവിന്‍.’ (المُفردات) ഈ ഉദ്ധരണിയില്‍ നിന്ന് جِهَاد (ജിഹാദി)നും അതില്‍ നിന്നുണ്ടാകുന്ന മറ്റുപദരൂപങ്ങള്‍ക്കും വാളെടുത്തു യുദ്ധം ചെയ്യുക എന്നല്ല അര്‍ത്ഥമെന്നും, ‘സമരം ചെയ്യുക’ എന്നര്‍ത്ഥത്തിലാണ് അത് ഉപയോഗിക്കപ്പെടുന്നതെന്നും മനസ്സിലായല്ലോ. ഈ അടിസ്ഥാനത്തിലാണ് അന്ധവിശ്വാസങ്ങളോടും, അനാചാരങ്ങളോടും സമരം നടത്തുന്നതിന് ‘ജിഹാദ്’ എന്നും, സമരം നടത്തുന്നവര്‍ക്ക് ‘മുജാഹിദുകള്‍’ എന്നും പറയപ്പെടുന്നത്.

2:219
 • يَسْـَٔلُونَكَ عَنِ ٱلْخَمْرِ وَٱلْمَيْسِرِ ۖ قُلْ فِيهِمَآ إِثْمٌ كَبِيرٌ وَمَنَـٰفِعُ لِلنَّاسِ وَإِثْمُهُمَآ أَكْبَرُ مِن نَّفْعِهِمَا ۗ وَيَسْـَٔلُونَكَ مَاذَا يُنفِقُونَ قُلِ ٱلْعَفْوَ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَتَفَكَّرُونَ ﴾٢١٩﴿
 • കള്ളിനെയും, 'മൈസിറി'നെ [ചൂതാട്ടത്തെ]യും കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: 'ആ രണ്ടിലും വലിയ കുറ്റ [ദോഷ]വും, മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. അവയുടെ കുറ്റ [ദോഷ]മാകട്ടെ, അവയുടെ പ്രയോജനത്തെക്കാള്‍ വലുതാകുന്നു'. എന്താണവര്‍ ചിലവഴിക്കേണ്ടതെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: സൗകര്യപ്പെട്ടത് [ശിഷട്ം] ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് 'ആയത്ത്' [ലക്ഷ്യം]കള്‍ വിവരിച്ചു തരുന്നു: നിങ്ങള്‍ ചിന്തിച്ചു നോക്കുവാന്‍ വേണ്ടി.
 • يَسْأَلُونَكَ അവര്‍ നിന്നോട് ചോദിക്കുന്നു عَنِ الْخَمْرِ കള്ളിനെ (മദ്യത്തെ) പ്പറ്റി وَالْمَيْسِرِ മൈസിറിനെയും, (ചൂതാട്ടത്തെയും), പന്തയത്തെയും قُلْ നീ പറയുക فِيهِمَا ആരിലുമുണ്ട് إِثْمٌ കുറ്റം, പാപം, ദോഷം كَبِيرٌ വലിയ وَمَنَافِعُ ചില പ്രയോജന (ഉപകാര)ങ്ങളും لِلنَّاسِ മനുഷ്യര്‍ക്ക് وَإِثْمُهُمَا അവ രണ്ടിന്‍റെയും കുറ്റം (പാപം -ദോഷം) أَكْبَرُ അധികം വലുതാണ് مِن نَّفْعِهِمَا അവയുടെ പ്രയോജനത്തെക്കാള്‍ وَيَسْأَلُونَكَ അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു مَاذَا എന്തൊന്ന് يُنفِقُونَ അവര്‍ ചിലവഴിക്കും (ചിലവഴിക്കണം) എന്ന് قُلِ നീ പറയുക الْعَفْوَ മാപ്പ് (വിട്ടുവീഴ്ച) ചെയ്യാവുന്നത് (സൗകര്യപ്പെട്ടത്, ശിഷ്ടം) كَذَٰلِكَ അതുപോലെ, ഇപ്രകാരം يُبَيِّنُ اللَّهُ അല്ലാഹു വിവരിക്കുന്നു لَكُمُ നിങ്ങള്‍ക്ക് الْآيَاتِ ആയത്ത് (ലക്ഷ്യം- വചനം)കളെ لَعَلَّكُمْ നിങ്ങളാകുവാന്‍, ആയേക്കാം تَتَفَكَّرُونَ നിങ്ങള്‍ ചിന്തിക്കുക, ആലോചിച്ചു നോക്കുക
2:220
 • فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۗ وَيَسْـَٔلُونَكَ عَنِ ٱلْيَتَـٰمَىٰ ۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ ۚ وَلَوْ شَآءَ ٱللَّهُ لَأَعْنَتَكُمْ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ ﴾٢٢٠﴿
 • ഇഹത്തിന്റെയും പരത്തിന്റെയും കാര്യത്തില്‍. അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: 'അവര്‍ക്ക് നന്മ വരുത്തല്‍ ഉത്തമമായ കാര്യമാകുന്നു: നിങ്ങള്‍, അവരുമായി കൂടിക്കല(ര്‍ന്നു ജീവിച്ചുവ)രുകയാണെങ്കില്‍, (അവര്‍) നിങ്ങളുടെ സഹോദരങ്ങളുമാകുന്നു. അല്ലാഹുവാകട്ടെ നാശമുണ്ടാക്കുന്നവനെ നന്മയുണ്ടാക്കുന്നവനില്‍ നിന്ന് (വേര്‍തിരിച്ച്) അറിയുകയും ചെയ്യുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങളെ അവന്‍ ബുദ്ധിമുട്ടിക്കുക തന്നെ ചെയ്യുമായിരുന്നു. 'നിശ്ചയമായും, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
 • فِي الدُّنْيَا ഇഹത്തി (ന്‍റെ കാര്യത്തി)ല്‍, ഇഹത്തെ സംബന്ധിച്ച് وَالْآخِرَةِ പരത്തി(ന്‍റെ കാര്യത്തി)ലും, പരത്തെപ്പറ്റിയും وَيَسْأَلُونَكَ അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു عَنِ الْيَتَامَىٰ അനാഥകളെപ്പറ്റി قُلْ നീ പറയുക إِصْلَاحٌ നന്മ വരുത്തല്‍, നന്നാക്കിത്തീര്‍ക്കല്‍, നന്മയുണ്ടാക്കല്‍ لَّهُمْ അവര്‍ക്ക് خَيْرٌ ഉത്തമമാണ്, നല്ലതാണ് وَإِن تُخَالِطُوهُمْ നിങ്ങള്‍ അവരോട് കൂടിക്കലരുന്നുവെങ്കില്‍ فَإِخْوَانُكُمْ അപ്പോള്‍ നിങ്ങളുടെ സഹോദരങ്ങളാണ് وَاللَّهُ അല്ലാഹു يَعْلَمُ അറിയും, അറിയുന്നു الْمُفْسِدَ നാശം (കുഴപ്പം) ഉണ്ടാക്കുന്ന (വരുത്തുന്ന)വനെ مِنَ الْمُصْلِحِ നന്മയുണ്ടാക്കുന്നവനില്‍ നിന്ന് وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ അല്ലാഹു لَأَعْنَتَكُمْ നിങ്ങളെ അവന്‍ ബുദ്ധിമുട്ടി (വിഷമിപ്പി)ക്കുകതന്നെ ചെയ്യുമായിരുന്നു إِنَّ اللَّهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാകുന്നു حَكِيمٌ അഗാധജ്ഞനാണ്, യുക്തിമാനായ

خَمْر ‘(ഖംറ്)’ എന്ന വാക്കിന് കള്ള്, മദ്യം എന്നൊക്കെ അര്‍ത്ഥം പറഞ്ഞുവരുന്നു. അതിന്‍റെ ധാത്വാര്‍ത്ഥം നോക്കുമ്പോള്‍ മൂടുക അഥവാ മറയ്ക്കുക എന്നാണ് ഭാഷയില്‍ അര്‍ത്ഥം. മദ്യം ബുദ്ധിയെ മൂടി മറക്കുന്നതുകൊണ്ട് അതിന് ആ പേര്‍ വന്നു. സ്ത്രീകള്‍ തലമുടി മറക്കുവാന്‍ തലയിലിടുന്ന മക്കനക്ക് (തട്ടത്തിന്) خِمار (ഖിമാര്‍) എന്ന് പറയുന്നതും ഇതുപോലെതന്നെ. നമ്മുടെ നാട്ടില്‍ പനവര്‍ഗങ്ങളുടെ നീരില്‍ നിന്നുണ്ടാക്കപ്പെടുന്ന കള്ളിന്‍റെ സ്ഥാനം അറബികള്‍ക്കിടയില്‍ അക്കാലത്ത് മുന്തിരിച്ചാറില്‍ നിന്നും, ഈത്തപ്പഴച്ചാറില്‍ നിന്നും ഉണ്ടാക്കപ്പെടുന്ന കള്ളായിരുന്നു അധികം പ്രചാരത്തിലുണ്ടായിരുന്നത്. പക്ഷേ, കള്ളിന്‍റെ ഇനങ്ങളില്‍പെട്ട എല്ലാറ്റിനും ആ പേര്‍ പറയപ്പെടും. എവിടെയും എല്ലാതരം കള്ളുകളും തന്നെയാണുദ്ദേശ്യം. അര്‍ത്ഥശങ്കക്കിടയില്ലാത്ത വണ്ണം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് വ്യക്തമാക്കിയിട്ടുമുണ്ട്. അവിടുന്ന് പറഞ്ഞു: كُلُّ مُسْكر خَمر (മത്തുണ്ടാക്കുന്നതെല്ലാം കള്ളാകുന്നു. ബു; മു.) അപ്പോള്‍, കള്ള്, മദ്യം, ചാരായം, വിസ്‌കി, ബ്രാണ്ടി, കഞ്ചാവ് തുടങ്ങിയ ഏതുപേരില്‍ അറിയപ്പെടുന്നതായാലും ശരി, എല്ലാ വിധ ലഹരി പദാര്‍ത്ഥങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്നും, എല്ലാം നിഷിദ്ധമാണെന്നുമുള്ളതില്‍ സംശയമില്ല. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെയും പറയുന്നു: ‘നിശ്ചയമായും, എന്‍റെ സമുദായത്തില്‍ നിന്നുള്ള ചില മനുഷ്യര്‍ കള്ളുകുടിക്കും. അവര്‍ അതിന് മറ്റു പേര്‍ നല്‍കുന്നതാണ്.’ (ദാ;ജ.) തിരുമേനിയുടെ ഈ പ്രവചനത്തിന്‍റെ പുലര്‍ച്ച ലോകം കണ്ടുകൊണ്ടിരിക്കുന്നുമുണ്ട്.

مَيْسِرِ (മൈസിര്‍) എന്ന വാക്കിനാണ് ‘ചൂതാട്ടം’ എന്ന് അര്‍ത്ഥം കല്‍പിക്കപ്പെട്ടു വരുന്നത്. ഭാഷാപരമായി നോക്കുമ്പോള്‍ അതിന്‍റെ ധാത്വാര്‍ത്ഥം എളുപ്പവും വേഗവുമുള്ള വല്ല മാര്‍ഗത്തിലൂടെയും ധനം കൈക്കലാക്കുക (اخذالمال بيسير وسهولة) എന്നത്രെ. എല്ലാതരം ചൂതുകളികളെയും പന്തയങ്ങളെയും ഉള്‍പ്പെടുത്തുന്ന ഒരു വാക്കാണത്. അതിനോട് തികച്ചും അനുയോജ്യമായ ഒരു ഒറ്റവാക്ക് മലയാളത്തില്‍ കാണുന്നില്ല. നമ്മുടെ നാടുകളിലും നമ്മുടെ കാലത്തും ചില പ്രത്യേകതരം ചൂതാട്ടങ്ങളും, ഷോടതികളും, ഭാഗ്യക്കുറികളും, പന്തയങ്ങളുമെല്ലാം നിലവിലുള്ളതു പോലെ, ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറബികള്‍ക്കിടയിലും ചില പ്രത്യേകതരം ‘മൈസിറു’കള്‍ പ്രചാരത്തിലുണ്ടായിരുന്നു. എന്നുവെച്ച് അവ മാത്രമാണ് ഇവിടെ ഉദ്ദേശമെന്ന് പറയുവാന്‍ നിവൃത്തിയില്ല. ചൂതാട്ടങ്ങളും, പന്തയങ്ങളും, ഷോടതികളുമെല്ലാം തന്നെ നിഷിദ്ധങ്ങളാകുന്നു. ആകര്‍ഷകമോ, സുന്ദരമോ ആയ വല്ല പുതിയ പേരുകളും നല്‍കിയതുകൊണ്ടോ, എന്തെങ്കിലും ചില യുക്തിന്യായങ്ങള്‍ പറഞ്ഞു ന്യായീകരിച്ചതുകൊണ്ടോ ഒരു മുസ്‌ലിമിന് അവയിലൊന്നും പങ്കെടുക്കാവതല്ല.

(ഇസ്‌ലാമിലെ മറ്റു ചില നിയമങ്ങളെപ്പോലെ, മദ്യപാനത്തെയും, ചൂതാട്ടങ്ങളെയും നിരോധിച്ചുകൊണ്ടുള്ള കല്‍പനയും പടിപടിയായിട്ടാണ് നടപ്പാക്കപ്പെട്ടത്. അതിന്‍റെ ഒന്നാമത്തെ പടിയായിട്ടാണ് ഈ വചനം നിലകൊള്ളുന്നത്. രണ്ടിലും ചില ദോഷങ്ങളും ഗുണങ്ങളുമുണ്ട്. എന്നാല്‍ ദോഷമാണ് മികച്ചു നില്‍ക്കുന്നത്. അതുകൊണ്ട് അത് രണ്ടും വര്‍ജ്ജിക്കുകയാണ് വേണ്ടത് എന്നാണിവിടെ അത് സംബന്ധിച്ച് പറഞ്ഞതിന്‍റെ സാരം. ഈ വചനം അവതരിച്ചതിനുശേഷം സത്യവിശ്വാസികള്‍ പലരും അവയില്‍ നിന്ന് വിരമിച്ചുവെങ്കിലും ചിലര്‍ വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു. മദ്യപിച്ചതിനെ തുടര്‍ന്ന് അല്‍പം ചില അനിഷ്ട സംഭവങ്ങള്‍ അവരില്‍ നിന്നുണ്ടാകുകയും ചെയ്തു. അനന്തരം, ലഹരി ബാധിച്ചവരായിക്കൊണ്ട് നമസ്‌കാരത്തെ സമീപിക്കരുതെന്ന് (സൂറ: നിസാഉ് 43ല്‍) കല്‍പന വന്നു. പിന്നീടാണ് അവസാനം കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ള കല്‍പന (മാഇദഃ : 93, 94ല്‍) അവതരിച്ചത്. കൂടുതല്‍ വിവരം അതാതിടത്തില്‍വെച്ച് കാണാം.) (إِن شَاءَ اللَّهُ)

മദ്യപാനികളില്‍നിന്ന് സ്വന്തം കുടുംബങ്ങള്‍ക്കും, അയല്‍ക്കാര്‍ക്കും, നാട്ടുകാര്‍ക്കും അനുഭവപ്പെടുന്ന ശല്യങ്ങളും അക്രമങ്ങളും ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. വാക്കേറ്റവും, അടിപിടിയും മാത്രമല്ല, നിയമലംഘനം, കളവ്, തോന്നിയവാസങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയ എല്ലാ നീചകൃത്യങ്ങള്‍ക്കും മദ്യപാനം ഇടയാക്കുന്നു. ആരോഗ്യപരവും സാമ്പത്തികവുമായ കഷ്ട നഷ്ടങ്ങള്‍ പുറമെയും. ചൂതാട്ടങ്ങളുടെ കഥയും ഏറെക്കുറെ ഇതുതന്നെ. കള്ളുകുടി നിമിത്തം ദുര്‍വ്യയം ശീലിക്കുന്നുവെങ്കില്‍, ചൂതാട്ടം നിമിത്തം അന്യരുടെ ധനം അന്യായമായി കൈക്കലാക്കലായിരിക്കും ലക്ഷ്യം. ലക്ഷ്യം പ്രാപിക്കാതെ വരുമ്പോള്‍ പാപ്പരത്തവും നേരിടും. ഇതെല്ലാംതന്നെ കുറ്റകരവും പാപകരവുമാണല്ലോ. ഇങ്ങനെയുള്ള ദോഷവശങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് فِيهِمَا إِثْمٌ كَبِيرٌ (രണ്ടിലും വലിയ തെറ്റുണ്ട്) എന്ന് പറഞ്ഞത്. അതേ സമയത്ത് താല്‍ക്കാലികമായ ചില ഗുണങ്ങളും അവമൂലം ലഭിക്കുന്നു. ആനന്ദം, ഉന്‍മേഷം. ധൈര്യം, ദഹനശക്തി, ധനം നേടല്‍, തൊഴില്‍ സാധ്യത മുതലായവ. എല്ലാം താല്‍ക്കാലികം മാത്രമാണെങ്കിലും അവ അതുമൂലം ലഭിക്കുന്ന പ്രയോജനങ്ങളാണല്ലോ. ഇത്തരം ഗുണങ്ങളെ ഉദ്ദേശിച്ചാണ് وَمَنَافِعُ لِلنَّاسِ (മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങളുണ്ട്) എന്ന് പറഞ്ഞത്. ഗുണങ്ങളെക്കാള്‍ ദോഷങ്ങളാണ് കവിഞ്ഞുനില്‍ക്കുന്നതെന്ന് വെറും ഭൗതിക വീക്ഷണത്തില്‍ക്കൂടി മാത്രം അവയെ വിലയിരുത്തുന്നവര്‍ക്കുപോലും അറിയാവുന്നതാണ്. അതെ, മനസ്സാക്ഷിയുണ്ടെങ്കില്‍, ഭൗതിക ജീവിതത്തിലും, പാരത്രിക ജീവിതത്തിലും നേരിടുവാനിരി ക്കുന്ന ദോഷങ്ങളാകട്ടെ, കൂടുതല്‍ ഭയങ്കരവും ഗൗരവതരവും തന്നെ. ചില ആളുകള്‍ ധരിക്കാറുള്ളതുപോലെ, ഗുണദോഷങ്ങളുടെ എണ്ണം നോക്കിയല്ല- ഗൗരവം നോക്കിയാണ്- അവയുടെ പ്രയോജനത്തെക്കാള്‍ കുറ്റമാണ് അധികം വലുത് (وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നതെന്ന് മേല്‍വിവരിച്ചതില്‍ നിന്നും മറ്റും സ്പഷ്ടമാണ്.

മൂന്ന് വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും മറുപടികളുമാണ് ഈ വചനങ്ങളില്‍ ഉള്ളത്. സത്യവിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ ചില അന്വേഷണങ്ങളായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ ചോദ്യങ്ങള്‍ എന്നാണ് പല രിവായത്തുകളില്‍ നിന്നുമായി മനസ്സിലാകുന്നത്. ഒരു പക്ഷേ, ചോദ്യം വാക്കാല്‍ ഉണ്ടായിട്ടില്ലെങ്കില്‍ തന്നെയും സന്ദര്‍ഭവും പരിതഃസ്ഥിതിയും നോക്കുമ്പോള്‍, ആ വിഷയങ്ങളെക്കുറിച്ച് അറിയുവാനുള്ള അവരുടെ ആഗ്രഹത്തെ മുന്‍നിറുത്തി ചോദ്യോത്തരരൂപത്തില്‍ പ്രസ്താവിച്ചിരിക്കുകയാണെന്നും വരാവുന്നതാണ്. (അല്ലാഹുവിനറിയാം.) അഹ്മദ്, ഇബ്‌നുഅ ബീശൈ, ഇബ്‌നു ഹുമൈദ്, അബൂദാവൂദ്, തിര്‍മദീ, നസാഈ, ഇബ്‌നു ജരീര്‍ (റ) എന്നിവര്‍ ഉദ്ധരിച്ച ഒരു രിവായ ത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘അല്ലാഹുവേ! ഞങ്ങള്‍ക്ക് കള്ളിനെപ്പറ്റി മനസ്സമാധാനം നല്‍കുന്ന ഒരു വിവരണം നല്‍കേണമേ! കാരണം, അത് ധനത്തെയും, ബുദ്ധിയെയും നശിപ്പിക്കുന്നു, എന്ന് ഉമര്‍ (റ) പറയുകയുണ്ടായി. അപ്പോള്‍, يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ (അവര്‍ നിന്നോട് കള്ളിനെയും ചൂതാട്ടത്തെയും കുറിച്ച് ചോദിക്കുന്നു) എന്ന വചനം അവതരിച്ചു. ഉമര്‍ (റ) ഇത് ഓതിക്കേട്ടപ്പോള്‍ വീണ്ടും അങ്ങനെ പറഞ്ഞു. എന്നിട്ട് സൂറത്തുന്നിസാഇലെ 43-ാം വചനം അവതരിച്ചു. അപ്പോഴും അദ്ദേഹം അങ്ങനെത്തന്നെ പറഞ്ഞു. അങ്ങനെ, സൂറത്തുല്‍ മാഇദ:യിലെ 90, 91 വചനം അവതരിച്ചു. അതില്‍ فَهَلْ أَنتُم مُّنتَهُونَ (നിങ്ങള്‍ വിരമിക്കുന്നോ?!) എന്നിടത്ത് എത്തിയപ്പോള്‍ അദ്ദേഹം; ഞങ്ങള്‍ വിരമിച്ചു! ഞങ്ങള്‍ വിരമിച്ചു! എന്ന് പറഞ്ഞു.’ കള്ളിന്‍റെയും ചൂതാട്ടത്തിന്‍റെയും വിഷയത്തിലുള്ള വിധിയെന്താണെന്ന് ഞങ്ങള്‍ക്ക് പറഞ്ഞു തരണമെന്ന് വേറെ ചിലരും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിച്ചതായും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു.

ഇബ്‌നു ഇസ്ഹാക്വും, ഇബ്‌നു അബീഹാതിമ (റ) യും ഇബ്‌നു അബ്ബാസ് (റ) ല്‍ നിന്നുദ്ധരിച്ച ഒരു നിവേദനത്തിന്‍റെ സാരം ഇപ്രകാരമാണ്: ‘സ്വഹാബികളില്‍പെട്ട ഒരു കൂട്ടരോട് അല്ലാഹുവിന്‍റമൊര്‍ഗത്തില്‍ ചിലവഴിക്കുവാന്‍ കല്‍പിക്കപ്പെട്ടു. അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: ഞങ്ങളുടെ ധനത്തില്‍നിന്ന് ചിലവഴിക്കേണ്ടുന്നത് എന്താണെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അപ്പോള്‍ وَيَسْأَلُونَكَ مَاذَا يُنفِقُونَ (അവര്‍ എന്ത് ചിലവഴിക്കണം എന്ന് നിന്നോട് ചോദിക്കുന്നു) എന്ന വചനം അവതരിച്ചു. അതിനുമുമ്പ് ഒരാള്‍ അയാളുടെ ധനം (മുഴുക്കെ) ചിലവഴിച്ചു ഒന്നും ബാക്കിയാകാതെയും, അയാള്‍ക്ക് ധര്‍മം കിട്ടാത്തപക്ഷം ഭക്ഷണത്തിന് വകയില്ലാതെയും ഇരിക്കുമാറ് ചിലവ ഴിക്കാറുണ്ടായിരുന്നു.’ ഇതുപോലെയുള്ള ചില രിവായത്തുകള്‍ വേറെയും ഉണ്ട്. ഇതില്‍ നിന്ന് ഈ രണ്ടാമത്തെ ചോദ്യത്തിന്‍റെ ഉദ്ദേശ്യം മനസ്സിലായല്ലോ. ഇതിനുള്ള മറുപടി الْعَفْوَ (വിട്ടുവീഴ്ച ചെയ്യാവുന്നത്-സൗകര്യപ്പെട്ടത്) എന്നാകുന്നു. ഞെരുക്കവും ബുദ്ധിമു ട്ടും ഉണ്ടാക്കാത്തതും, അത്യാവശ്യം കഴിച്ച് മിച്ചമുള്ളതും എന്നാണിതുകൊണ്ട് വിവ ക്ഷയെന്ന് താഴെ ഉദ്ധരിക്കുന്നതുപോലെയുള്ള ഹദീഥുകളില്‍ നിന്ന് മനസ്സിലാക്കാം. എല്ലാവര്‍ക്കും അനുഷ്ഠാനത്തില്‍ കൊണ്ടുവരുവാന്‍ സാധിക്കുന്നതും, പ്രായോഗികവും അതാണല്ലോ. ഒരാള്‍ കൂടുതല്‍ ത്യാഗസന്നദ്ധനായിക്കൊണ്ടും, തന്‍റെ ആവശ്യത്തെ ക്കാള്‍ മറ്റുള്ളവരുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടും കൂടുതല്‍ ചിലവഴി ക്കുന്നപക്ഷം അത് നല്ലതും ഉത്തമവും തന്നെ. അന്‍സ്വാരികളായ സ്വഹാബികളെ പ്രശംസി ച്ചുകൊണ്ട് തങ്ങള്‍ക്ക് അത്യാവശ്യമുണ്ടായിരുന്നാലും അവര്‍ തങ്ങളുടെ ദേഹങ്ങ ളെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം നല്‍കുന്നു (وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത് പ്രസ്താവ്യമാണ്. (59: 9)

ഒരാളോട് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെ പറഞ്ഞതായി ജാബിര്‍ (റ) ഉദ്ധരിക്കുന്നു: ‘നീ നിന്റെ ദേഹം കൊണ്ട് ആരംഭിക്കുക. അങ്ങനെ, അതിന് ധര്‍മം ചെയ്യുക. എന്നിട്ട് വല്ലതും മിച്ചമുണ്ടെങ്കില്‍, അത് നിന്‍റെ വീട്ടുകാര്‍ക്ക്. വീട്ടുകാരില്‍ നിന്ന് വല്ലതും മിച്ചമായാല്‍ അത് നിന്റെ കുടുംബാംഗങ്ങള്‍ക്കും, നിന്റെ കുടുംബംങ്ങളില്‍ നിന്നും മിച്ചമുണ്ടെങ്കില്‍ ഇതാ, ഇങ്ങനെയും ഇങ്ങനെയും ചെയ്തുകൊള്ളുക’. (മുസ്‌ലിം.) അതായത് പിന്നീട് ഇഷ്ടപ്പെട്ടവര്‍ക്ക് കൊടുത്തുകൊള്ളുക എന്ന് സാരം. മറ്റൊരു ഹദീഥില്‍ അവിടുന്ന് പറയുന്നു: ‘ആദമിന്‍റെ മകനേ (മനുഷ്യാ), മിച്ചമുളളത് ചിലവഴിക്കുന്നത് നിശ്ചയമായും നിനക്ക് നല്ല കാര്യമാണ്. അത് പിടിച്ചുവെക്കുന്നത് നിനക്ക് ദോഷവുമാണ്. ആവശ്യത്തിന് മാത്രമുള്ളതിനെപ്പറ്റി നീ ആക്ഷേപിക്കപ്പെടുന്നതല്ല. നിന്‍റെ പ്രാരാബ്ത്തെ (നീ ചിലവഴി ക്കുവാന്‍ ബാധ്യതപ്പെട്ട നിന്‍റെ ഭാര്യാമക്കളെ)ക്കൊണ്ട് ആരംഭിക്കുക. ഉയര്‍ന്നു നില്‍ക്കുന്ന (കൊടുക്കുന്ന) കൈ, താണ് നില്‍ക്കുന്ന (വാങ്ങുന്ന) കയ്യിനെക്കാള്‍ ഉത്തമമാകുന്നു.’ (മുസ്‌ലിം)

മൂന്നാമത്തെ ചോദ്യം അനാഥക്കുട്ടികളുടെ വിഷയത്തിലാണ്. ‘ഏറ്റവും നല്ല മാര്‍ഗത്തിലൂടെയല്ലാതെ അനാഥകളുടെ സ്വത്തിനെ സമീപിക്കരുത്’ (6: 152; 17: 34.) എന്നും, ‘അനാഥകളുടെ സ്വത്ത് അക്രമമായി തിന്നുന്നവര്‍ അവരുടെ വയറ് നിറക്കുന്നത് അഗ്നി മാത്രമാണ്’. (4: 10) എന്നുമൊക്കെ അവതരിച്ചപ്പോള്‍, അനാഥകളുടെ കൈകാര്യം നട ത്തിവന്നിരുന്നവര്‍ക്ക് വളരെ വിഷമം തോന്നി. ഭക്ഷണപാനീയങ്ങളില്‍പോലും അവരുമായി കൂടിക്കലരാതെ സൂക്ഷിക്കുമാറ് അവര്‍ സ്വയം കര്‍ശനം സ്വീകരിക്കുകയുണ്ടായി. ഈ നിലപാട് സഹിക്കുവാന്‍ കഴിയാതായപ്പോള്‍, അവരില്‍ നിന്നുണ്ടായ ചില അന്വേഷണങ്ങളാണ് ഈ ചോദ്യംകൊണ്ടുദ്ദേശ്യമെന്ന് അബൂദാവൂദ്, നസാഈ, ഇബ്‌നുജരീര്‍ (റ) മുതലായവര്‍ ഉദ്ധരിച്ച പല രിവായത്തുകളില്‍ നിന്നും മനസ്സിലാകുന്നു. ഇതിന് നല്‍കിയ മറുപടിയുടെ സാരം ഇങ്ങനെ മനസ്സിലാക്കാം:-

സ്വത്തുക്കളിലാകട്ടെ, മറ്റു വിഷയങ്ങളിലാകട്ടെ, അനാഥകള്‍ക്ക് നന്മയും അഭിവൃദ്ധിയും ഉണ്ടാകുന്ന ഏത് കാര്യവും ചെയ്യുന്നത് നിങ്ങള്‍ക്കും അവര്‍ക്കും വളരെ നല്ലതാകുന്നു. അവര്‍ക്ക് ഇഹത്തിലും നിങ്ങള്‍ക്ക് പരത്തിലും അതുമൂലം വലിയ പ്രയോജനം സിദ്ധിക്കുവാനുണ്ട്. ഇതൊരു പൊതു തത്വമാകുന്നു. എനി, നിങ്ങളും അവരും കൂട്ടുജീവിതം സ്വീകരിച്ചു വരുകയാണെങ്കില്‍, അതിന് വിരോധമൊന്നുമില്ല. അവര്‍ മത ത്തില്‍- ചിലപ്പോള്‍ കുടുംബത്തിലും -നിങ്ങളുടെ സഹോദരങ്ങളാണല്ലോ. നിങ്ങളുടെ നേര്‍ സഹോദരങ്ങളെന്നപോലെ, സ്‌നേഹത്തിലും ഇണക്കത്തിലും അവരുമായി പെരുമാറുകയും, അവരുടെ ഗുണത്തിനും നന്മക്കും വേണ്ടി യത്‌നിക്കുകയും, അവര്‍ക്ക് നാശമോ നഷ്ടമോ വരുന്നത് സൂക്ഷിക്കുകയും വേണം. ഭക്ഷണപാനീയങ്ങള്‍ പോലെയുള്ള നിത്യാവശ്യങ്ങളില്‍ സഹോദരങ്ങള്‍ തങ്ങളുടെ സ്വത്തുക്കള്‍ അന്യോന്യം കൂട്ടായി വിനിയോഗിക്കുന്നതുപോലെ, നിങ്ങള്‍ക്കും ചെയ്യാവുന്നതാണ്. പക്ഷേ, അവര്‍ക്ക് ഉപദ്രവവും നഷ്ടവും വരുത്തുവാനോ, അവരുടെ ധനം ചൂഷണം ചെയ്യാനോ ഇടയാകരുത് എന്നേയുള്ളൂ. നിങ്ങള്‍ എന്തുചെയ്യുന്നു, നിങ്ങളുടെ ഉദ്ദേശ്യമെന്ത് എന്നൊക്കെ അല്ലാഹുവിന് നല്ലപോലെ അറിയാം. ഇത് നിങ്ങള്‍ ഓര്‍മവെക്കണം. നിങ്ങള്‍ക്ക് പ്രാവര്‍ത്തികമാക്കുവാന്‍ കഴിയാത്ത നിയമങ്ങളും നിര്‍ബന്ധങ്ങളും ചുമത്തി നിങ്ങളെ ബുദ്ധിമുട്ടിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നൊക്കെയാണ് ആ മറുപടിയില്‍ അല്ലാഹു പറഞ്ഞതിന്റെ താല്‍പര്യം. والله أعلم

2:221
 • وَلَا تَنكِحُوا۟ ٱلْمُشْرِكَـٰتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنكِحُوا۟ ٱلْمُشْرِكِينَ حَتَّىٰ يُؤْمِنُوا۟ ۚ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ ۗ أُو۟لَـٰٓئِكَ يَدْعُونَ إِلَى ٱلنَّارِ ۖ وَٱللَّهُ يَدْعُوٓا۟ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِۦ ۖ وَيُبَيِّنُ ءَايَـٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ﴾٢٢١﴿
 • (സത്യവിശ്വാസികളേ), ബഹുദൈവ വിശ്വാസിനികളായ സ്ത്രീകള്‍ വിശ്വസിക്കുന്നത് വരേക്കും നിങ്ങള്‍ അവരെ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമ സ്ത്രീ തന്നെയാണ് ഒരു ബഹുദൈവ വിശ്വാസിനിയായ സ്ത്രീയെക്കാള്‍ ഉത്തമം- അവള്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തിയാലും [നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും] ശരി. ബഹുദൈവ വിശ്വാസികള്‍ക്ക്, അവര്‍ വിശ്വസിക്കുന്നതുവരേക്കും നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കു കയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമ തന്നെയാണ്, ഒരു ബഹുദൈവ വിശ്വാസിയെക്കാള്‍ ഉത്തമം- അവന്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തി [കൗതുകപ്പെടുത്തി]യാലും ശരി. (കാരണം) അക്കൂട്ടര്‍ നരകത്തിലേക്ക് ക്ഷണിക്കുന്നു; അല്ലാഹുവാകട്ടെ, അവന്‍ അവന്‍റെ ഉത്തരവ് [വിധി വിലക്കുകള്‍] മുഖേന സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന്‍ തന്‍റെ ആയത്ത് [ലക്ഷ്യം]കളെ മനുഷ്യര്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുന്നു. അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി.
 • وَلَا تَنكِحُوا നിങ്ങള്‍ വിവാഹം കഴിക്കരുത് الْمُشْرِكَاتِ ബഹുദൈവ വിശ്വാസിനികളെ حَتَّىٰ يُؤْمِنَّ അവര്‍ വിശ്വസിക്കുന്നത് വരെ وَلَأَمَةٌ مُّؤْمِنَةٌ വിശ്വാസിനിയായ ഒരു അടിമസ്ത്രീ തന്നെ خَيْرٌ ഉത്തമം مِّن مُّشْرِكَةٍ ഒരു ബഹുദൈവ വിശ്വാസിനിയെക്കാള്‍ وَلَوْ أَعْجَبَتْكُمْ അവള്‍ നിങ്ങളെ അല്‍ഭുത (കൗതുക)പ്പെടുത്തിയാലും وَلَا تُنكِحُوا നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയും അരുത് الْمُشْرِكِينَ മുശ്‌രിക്കുകള്‍ക്ക് حَتَّىٰ يُؤْمِنُوا അവര്‍ വിശ്വസിക്കുന്നതുവരെ وَلَعَبْدٌ مُّؤْمِنٌ സത്യവിശ്വാസിയായ ഒരു അടിമ തന്നെ خَيْرٌ ഉത്തമം مِّن مُّشْرِكٍ ഒരു മുശരിക്കിനെക്കാള്‍ وَلَوْ أَعْجَبَكُمْ അവന്‍ നിങ്ങളെ ആശ്ചര്യ (കൗതുക)പ്പെടുത്തിയാലും أُولَٰئِكَ അക്കൂട്ടര്‍ يَدْعُونَ അവര്‍ ക്ഷണിക്കുന്നു, അവര്‍ വിളിക്കുന്നു إِلَى النَّارِ നരകത്തിലേക്ക് وَاللَّهُ അല്ലാഹുവാകട്ടെ يَدْعُو ക്ഷണിക്കുന്നു, വിളിക്കുന്നു إِلَى الْجَنَّةِ സ്വര്‍ഗത്തിലേക്ക് وَالْمَغْفِرَةِ പാപമോചനത്തിലേക്കും بِإِذْنِهِ അവന്‍റെ അനുമതി (സമ്മതം- ഉത്തരവ്) മുഖേന وَيُبَيِّنُ അവന്‍ വിവരിക്കുകയും ചെയ്യുന്നു آيَاتِهِ അവന്റെ ലക്ഷ്യം (വചനം)കളെ لِلنَّاسِ മനുഷ്യര്‍ക്ക് لَعَلَّهُمْ അവരാകുവാന്‍ വേണ്ടി, ആയേക്കാം يَتَذَكَّرُونَ അവര്‍ ഉറ്റാലോചിക്കും, ഓര്‍മവെക്കും

ഇത് മുതല്‍ ഏതാനും വചനങ്ങളില്‍, വൈവാഹികവും ഗാര്‍ഹികവുമായ തുറകളില്‍ സത്യവിശ്വാസികള്‍ അനുഷ്ഠിക്കേണ്ടുന്ന പല നടപടിച്ചട്ടങ്ങളും നിയമങ്ങളുമാണ് അല്ലാഹു പഠിപ്പിക്കുന്നത്. സത്യവിശ്വാസികളായ – അതെ, മുസ്‌ലിംകളായ- പുരുഷന്‍മാര്‍ മുശ്‌രിക്കുകളായ സ്ത്രീകളെ വിവാഹം ചെയ്യുവാനും, മുസ്‌ലിം സ്ത്രീകളെ മുശ്‌രിക്കുകളായ പുരുഷന്‍മാര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുവാനും പാടില്ലെന്ന് കല്‍പിച്ചുകൊണ്ട് മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മില്‍ വിവാഹബന്ധം നടത്തുന്നതിനെ അല്ലാഹു പാടെ നിഷിദ്ധമാക്കിയിരിക്കുകയാണ്. സൗന്ദര്യം, ധനം, ആഭിജാത്യം, ആകര്‍ഷകമായ പെരുമാറ്റം, യോഗ്യത, മുതലായ ഏതെങ്കിലും കാരണത്താല്‍ അവരില്‍പ്പെട്ട ഒരു സ്ത്രീയോ പുരുഷനോ നിങ്ങളെ എത്ര തന്നെ ആകര്‍ഷിച്ചാലും അവരുമായി വിവാഹബന്ധം നടത്തിക്കൂടാ എന്നും, അതിനെക്കാള്‍ നല്ലത് സത്യവിശ്വാസികളായ അടിമ കളുമായി വിവാഹബന്ധം നടത്തലാണെന്നും കൂടി അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍, മുശ്‌രിക്കുകളെ (ബഹുദൈവ വിശ്വാസികളെ) സംബന്ധിച്ച് മാത്രമാണല്ലോ അല്ലാഹു പറഞ്ഞത്- പൊതുവെ അവിശ്വാസി (കാഫിറു)കളെക്കുറിച്ച് ഒന്നും പ്രസ്താവിച്ചിട്ടില്ലല്ലോ- ആ സ്ഥിതിക്ക് മുശ്‌രിക്കുകളല്ലാതെ അവിശ്വാസികളുമായി വിവാഹബന്ധം നടത്തിക്കൂടേ? എന്ന് ചോദിക്കപ്പെട്ടേക്കാം. ഇതിന് മറുപടി:-

(1) സത്യവിശ്വാസിനികളായ സ്ത്രീകള്‍ ഹിജ്‌റഃ വന്നാല്‍ അവരെ അവിശ്വാസി (കാഫിറു)കളിലേക്ക് മടക്കി അയക്കരുതെന്ന് കല്‍പിച്ച ശേഷം സൂറത്തുല്‍ മുംതഹിനഃയില്‍ അല്ലാഹു പറയുന്നു: لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ – الممتحنة ١٠ (ആ സ്ത്രീകള്‍ അവര്‍ക്ക് -അവിശ്വാസികള്‍ക്ക്- അനുവദനീയമല്ല; അവര്‍ അവര്‍ക്കും -ആ സ്ത്രീകള്‍ക്കും- അനുവദനീയമല്ല.) അപ്പോള്‍, മുശ്‌രിക്കുകളെപ്പോലെത്തന്നെയാണ് എല്ലാ കാഫിറു (അവിശ്വാസി)കളുമെന്ന് വ്യക്തമാകുന്നു.

(2) വിഗ്രഹാരാധനപോലെ പ്രത്യക്ഷമായ ശിര്‍ക്കുകള്‍ ഒരു പക്ഷേ കാണപ്പെട്ടില്ലെ ങ്കില്‍ തന്നെയും- ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശിര്‍ക്കില്‍ നിന്ന് ശുദ്ധമായ അവിശ്വാസികളെ കാണുകയില്ല താനും.

(3) ഇരു കൂട്ടരും തമ്മില്‍ വിവാഹബന്ധം പാടില്ലെന്ന് നിശ്ചയിച്ചതിലടങ്ങിയ തത്വം അല്ലാഹു തന്നെ വിവരിച്ചത്. ‘അവര്‍ ക്ഷണിക്കുന്നത് നരകത്തിലേക്കാണ്.’ (أُولَٰئِكَ يَدْعُونَ إِلَى النَّارِ) എന്നാണല്ലോ. അവിശ്വാസികളുടെ വിശ്വാസാചാരങ്ങളെല്ലാം തന്നെ നരകത്തിലേക്ക് വഴി തെളിയിക്കുന്നവയും സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗം തടയു ന്നതുമാണല്ലോ. ചുരുക്കിപ്പറഞ്ഞാല്‍, വേദക്കാരില്‍ നിന്നുള്ള സ്ത്രീകളെ ചുരുക്കം ചില ഉപാധികളോടുകൂടി മുസ്‌ലിംകള്‍ക്ക് വിവാഹം ചെയ്യാമെന്ന് സൂറത്തുല്‍ മാഇദഃ 6-ാം വചനത്തില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മില്‍ വിവാഹബംന്ധം സ്ഥാപിക്കുവാന്‍ പാടില്ലെന്നുള്ള പൊതു നിയമത്തില്‍നിന്ന് ഇതുമാത്രമേ ഒഴിവാക്കപ്പെട്ടിട്ടുള്ളൂ.

ഭൗതിക താല്‍പര്യങ്ങളുടെ ആഘാതം നിമിത്തം ചില ആധുനിക ചിന്താഗതിക്കാര്‍ ഈ നിരോധത്തെക്കുറിച്ച് പ്രസ്താവിക്കുമ്പോള്‍, ഭാര്യാഭര്‍ത്താക്കള്‍ ആദര്‍ശപ്പൊരുത്തം ഇല്ലാത്ത പക്ഷം അവരുടെ വിവാഹ ബംന്ധം വിജയകരമാകുകയില്ലെന്നും, അതാണ് അവര്‍ നരകത്തിലേക്കും അല്ലാഹു സ്വര്‍ഗത്തിലേക്കും ക്ഷണിക്കുന്നുെ വന്ന് പറഞ്ഞതിന്‍റെ സാരമെന്നുമൊക്കെ പറഞ്ഞു ഈ നിയമത്തിന്‍റെ കാര്‍ക്കശ്യം ഒന്നു ലഘുവാക്കിക്കാണിക്കുവാന്‍ ശ്രമിക്കുന്നത് കാണാം. വാസ്തവത്തില്‍, വിവാഹബംന്ധം വിജയകരമാകുകയെന്നത് ഇസ്‌ലാമിന്‍റെ ഉദ്ദേശ്യം തന്നെയാണെങ്കിലും അതിന്‍റെ വിജയപരാജയമല്ല ഈ നിരോധത്തില്‍ പരിഗണിക്കപ്പെട്ടിരിക്കുന്ന യഥാര്‍ത്ഥ പശ്ചാത്തലം. സത്യവിശ്വാസത്തിലുള്ള ഐക്യവും അനൈക്യവുമാണ് അതില്‍ പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഈ വചനത്തിലെ വാക്കുകളില്‍ നിന്നുതന്നെ അത് ആര്‍ക്കും മനസ്സിലാക്കാവുന്നതാകുന്നു. കേവലം വല്ല ആദര്‍ശത്തിന്‍റെയും ഐക്യത്തെക്കാള്‍ ഉപരിയാണ് മതത്തിലും വിശ്വാസത്തിലുമുള്ള യോജിപ്പ്. അതാണിവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിചെയ്തിരിക്കുന്നു: ‘നാല് കാര്യങ്ങള്‍ക്കുവേണ്ടി സ്ത്രീ വിവാഹം ചെയ്യപ്പെടുന്നു: അവളുടെ ധനത്തിനുവേണ്ടിയും, കുലമഹത്വത്തിനുവേണ്ടിയും, സൗന്ദര്യത്തിന് വേണ്ടിയും, മതത്തിന് വേണ്ടിയും. എന്നാല്‍, മതമുള്ളവളെ (വിവാഹം കഴിച്ചു)കൊണ്ട് നീ ഭാഗ്യം നേടിക്കൊള്ളുക. (അല്ലാത്ത പക്ഷം) നിന്റെ കൈകള്‍ മണ്‍പുരളട്ടെ.’ (ബു; മു.) അഥവാ നിനക്ക് നിര്‍ഭാഗ്യമായിരിക്കുമെന്ന് സാരം. മറ്റൊരു ഹദീഥില്‍ തിരുമേനി പറയുന്നു: ‘ഇഹലോകം ഒരു വിഭവമത്രെ. ഇഹലോകവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സദ്‌വൃത്തയായ സ്ത്രീ (ഭാര്യ)യാകുന്നു.’ (മു.)

വിഭാഗം - 28

2:222
 • وَيَسْـَٔلُونَكَ عَنِ ٱلْمَحِيضِ ۖ قُلْ هُوَ أَذًى فَٱعْتَزِلُوا۟ ٱلنِّسَآءَ فِى ٱلْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ ٱللَّهُ ۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلْمُتَطَهِّرِينَ ﴾٢٢٢﴿
 • അവര്‍ നിന്നോട് ആര്‍ത്തവത്തെക്കുറിച്ചും ചോദിക്കുന്നു. നീ പറയുക: 'അത് ഒരു (തരം) ഉപദ്രവമാകുന്നു; അതിനാല്‍ ആര്‍ത്തവ (കാല)ത്തില്‍ നിങ്ങള്‍ സ്ത്രീകളെ വിട്ടു നില്‍ക്കുവിന്‍. അവര്‍ ശുദ്ധിയാകുന്നതുവരേക്കും നിങ്ങള്‍ അവരെ സമീപിക്കുകയും അരുത് അങ്ങനെ, അവര്‍ ശുദ്ധിയായിത്തീര്‍ന്നാല്‍, അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തിലൂടെ നിങ്ങള്‍ അവരുടെ അടുക്കല്‍ ചെന്നുകൊള്ളുവിന്‍. നിശ്ചയമായും, പശ്ചാത്തപിച്ചു മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു; ശുദ്ധി പ്രാപിക്കുന്നവരെയും അവന്‍ ഇഷ്ടപ്പെടുന്നു.
 • وَيَسْأَلُونَكَ അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു عَنِ الْمَحِيضِ ആര്‍ത്തവത്തെപ്പറ്റി, ഋതുകാലത്തെപ്പറ്റി قُلْ നീ പറയുക هُوَ അത് أَذًى ഒരു ഉപദ്രവമാണ്, ശല്യമാണ് (മ്‌ളേഛ്ചമാണ്) فَاعْتَزِلُوا അതിനാല്‍ നിങ്ങള്‍ വിട്ടു (അകന്നു) നില്‍ക്കുവിന്‍ النِّسَاءَ സ്ത്രീകളെ فِي الْمَحِيضِ ആര്‍ത്തവത്തില്‍, ഋതുകാലത്തില്‍ وَلَا تَقْرَبُوهُنَّ അവരെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത് حَتَّىٰ يَطْهُرْنَ അവര്‍ ശുദ്ധിയാകുന്നത് വരെ فَإِذَا تَطَهَّرْنَ എന്നിട്ട് (അങ്ങനെ) അവര്‍ ശുദ്ധിയായിത്തീര്‍ന്നാല്‍ فَأْتُوهُنَّ നിങ്ങളവ രുടെ അടുക്കല്‍ ചെന്നുകൊള്ളുവിന്‍ مِنْ حَيْثُ വിധത്തിലൂടെ أَمَرَكُمُ നിങ്ങളോട് കല്‍പിച്ച اللَّهُ അല്ലാഹു إِنَّ اللَّهَ നിശ്ചയമായും അല്ലാഹു يُحِبُّ അവന്‍ ഇഷ്ടപ്പെടു ന്നു, സ്‌നേഹിക്കും التَّوَّابِينَ (പശ്ചാത്തപിച്ചു) മടങ്ങുന്നവരെ وَيُحِبُّ അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു الْمُتَطَهِّرِينَ ശുദ്ധി പ്രാപിക്കുന്നവരെ
2:223
 • نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا۟ لِأَنفُسِكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُم مُّلَـٰقُوهُ ۗ وَبَشِّرِ ٱلْمُؤْمِنِينَ ﴾٢٢٣﴿
 • നിങ്ങളുടെ സ്ത്രീകള്‍ [ഭാര്യമാര്‍] നിങ്ങളുടെ കൃഷി (യിടം) ആകുന്നു. അതിനാല്‍, നിങ്ങളുടെ കൃഷി യുടെ അടുക്കല്‍ നിങ്ങള്‍ എങ്ങനെ ഉദ്ദേശിച്ചുവോ (അപ്രകാരം) ചെന്നു കൊള്ളുക; നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ (വേണ്ടത്) മുന്‍കൂട്ടി ചെയ്തുവെക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, നിങ്ങള്‍ അവനുമായി കണ്ടു മുട്ടുന്നവരാണെന്ന് അറിയുകയും ചെയ്യുവിന്‍. (നബിയേ) സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
 • نِسَاؤُكُمْ നിങ്ങളുടെ സ്ത്രീകള്‍ حَرْثٌ കൃഷി (വിളയിടം) ആകുന്നു لَّكُمْ നിങ്ങള്‍ക്ക്, നിങ്ങളുടെ فَأْتُوا അതിനാല്‍ നിങ്ങള്‍ ചെല്ലുവിന്‍ حَرْثَكُمْ നിങ്ങളുടെ വിളക്കല്‍, കൃഷിയുടെ അടുക്കല്‍ أَنَّىٰ شِئْتُمْ നിങ്ങള്‍ എങ്ങനെ ഉദ്ദേശിച്ചുവോ (അങ്ങനെ) وَقَدِّمُوا നിങ്ങള്‍ മുന്‍കൂട്ടി (മുന്‍ ചെയ്തു വെയ്ക്കുകയും ചെയ്യുക) لِأَنفُسِكُمْ നിങ്ങളുടെ സ്വന്തങ്ങള്‍ക്ക്, നിങ്ങള്‍ക്കുതന്നെ وَاتَّقُوا اللَّهَ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّكُم നിങ്ങള്‍ (ആകുന്നു) എന്ന് مُّلَاقُوهُ അവനുമായി കണ്ടുമുട്ടുന്നവര്‍ وَبَشِّرِ നീ സന്തോഷം അറിയിക്കുകയും ചെയ്യുക الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്

ഇമാം അഹ്മദും, മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ച ഒരു ഹദീഥിന്‍റെ ചുരുക്കം ഇങ്ങനെയാണ്: ‘സ്ത്രീകള്‍ക്ക് ആര്‍ത്തവകാലമായാല്‍ യഹൂദികള്‍ അവരൊന്നിച്ച് ഭക്ഷണം കഴിക്കുകയോ, വീട്ടില്‍ ഒന്നിച്ച് പെരുമാറുകയോ ചെയ്തിരുന്നില്ല. സ്വഹാബികള്‍ ഇതിനെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിച്ചു. അപ്പോഴാണ് ഈ വചനം അവതരിച്ചത്. അങ്ങനെ, സംഭോഗം ഒഴിച്ചുള്ളതെല്ലാം ചെയ്തുകൊള്ളാമെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു. ഇതുകേട്ടപ്പോള്‍, ഈ മനുഷ്യന് നമ്മോട് എതിര് പ്രവര്‍ത്തിക്കണമെന്നേയുള്ളൂവെന്ന് യഹൂദികള്‍ പറയുകയുണ്ടായി. അതില്‍ പ്രതിഷേധിച്ചുകൊണ്ട് ചില സ്വഹാബികള്‍ വന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്: എന്നാല്‍, നമുക്ക് സംഭോഗവും കൂടി നടത്തിയാലെന്താണെന്ന് എന്ന് ചോദിച്ചു. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മുഖഭാവം മാറി (ദേഷ്യപ്പെട്ടു)’. ഹിന്ദുക്കള്‍ക്കിടയിലും യഹൂദികളെപ്പോലെ, ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ഐത്തം ആചരിച്ചു വരുന്ന സമ്പ്രദായം നിലവിലുണ്ട്. എല്ലാ കാര്യത്തിലുമെന്നപോലെ, ഈ വിഷയത്തിലും ഇസ്‌ലാം വസ്തുനിഷ്ഠമായ ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

ആര്‍ത്തവം ഒരു ഉപദ്രവമാകുന്നു. അഥവാ മാലിന്യവും വൃത്തിഹീനവുമാണ്. അതുകൊണ്ട് ആര്‍ത്തവകാലത്ത് ഭാര്യമാരുമായി സമീപിക്കാതെ വിട്ടു നില്‍ക്കണമെന്ന് അല്ലാഹു സത്യവിശ്വാസികളോട് കല്‍പിക്കുന്നു. സമീപിക്കരുതെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം അവരുടെ അടുത്തൊന്നും ചെന്നുകൂടാ എന്നോ, അവര്‍ക്ക് ആരെയും തീണ്ടുവാന്‍ പാടില്ലെന്നോ അല്ല. പ്രസ്തുത മാലിന്യ സ്ഥാനവുമായി ബന്ധപ്പെട്ട സമീപനം- സംഭോഗം- പാടില്ല എന്നാണെന്നും, മറ്റുള്ള സമീപനങ്ങള്‍ക്കും സമ്പര്‍ക്കങ്ങള്‍ക്കും വിരോധമില്ലെന്നും നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീഥുകളില്‍ നിന്ന് വ്യക്തമായിരിക്കുന്നു. ആര്‍ത്തവരക്തം ഒരു മാലിന്യവസ്തുവാണെന്നല്ലാതെ, ആര്‍ത്തവമുള്ളപ്പോള്‍ സ്ത്രീകള്‍ മാലിന്യവതികളായിരിക്കുമെന്ന് അല്ലാഹു പ്രസ്താവിച്ചിട്ടില്ല. ‘ശുദ്ധിയാകുക’ എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശ്യം ആര്‍ത്തവരക്തം നിന്നുപോയശേഷം കുളിച്ചു ശുദ്ധി യാകുക എന്നാകുന്നു. ഈ കുളി നിര്‍ബന്ധമാണ് താനും. ‘അല്ലാഹു കല്‍പിച്ച വിധത്തിലൂടെ ചെല്ലുക’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം, മാനുഷികവും പ്രകൃതിപരമായ മര്യാദകളും, മതനിര്‍ദ്ദേശങ്ങളും ലംഘിക്കാത്ത വിധത്തില്‍ സമീപിക്കുക എന്നത്രെ. ഭാര്യാഭര്‍ത്താക്കള്‍ തമ്മിലുള്ള ദാമ്പത്യജീവിതത്തെ പൊതുവില്‍ ബാധിക്കുന്ന ഒരു കല്‍പനയാണിത്. അഥവാ ആര്‍ത്തവ ശുദ്ധിക്കുശേഷമുള്ള സമീപനത്തമൊത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു കല്‍പനയല്ല. ബാഹ്യത്തിലുള്ളതും ശാരീരികവുമായ ഒരു അശുദ്ധിയാണ് ആര്‍ത്തവമെന്നും, അതില്‍നിന്നുള്ള ശുദ്ധീകരണമാണ് കുളിയെന്നും വ്യക്തമാണല്ലോ. എന്നാല്‍, അതുപോലെ ആന്തരികവും ആത്മീയവുമായ ചില മാലിന്യങ്ങളാണ് പാപങ്ങളെന്നും, അവയില്‍ നിന്നുള്ള ശുദ്ധീകരണം പശ്ചാത്താപമാണെന്നും, രണ്ടു തരം ശുദ്ധീകരണങ്ങളെയും അല്ലാഹു ഇഷ്ടപ്പെടുന്നതാണെന്നും കൂടി അല്ലാഹു ഉണര്‍ത്തിയിരിക്കുന്നു. നിശ്ചയമായും, പശ്ചാത്തപിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടു ന്നു. ശുദ്ധി പ്രാപിക്കുന്നവരെയും അവന്‍ ഇഷ്ടപ്പെടുന്നു.’

نِسَاؤُكُمْ حَرْثٌ لَّكُمْ (നിങ്ങളുടെ സ്ത്രീകള്‍ -ഭാര്യമാര്‍- നിങ്ങളുടെ കൃഷിയിടമാണ്) എന്ന വാക്യം വളരെ മഹത്തായ ഒരു തത്വത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. നിലം ശരിപ്പെടുത്തി വിത്തിടുകയും, വിത്ത് മുളച്ചു ഉല്‍പന്നങ്ങള്‍ വിളയുകയും ചെയ്യുന്നതാണല്ലോ കൃഷി. അപ്പോള്‍, ഒരര്‍ത്ഥത്തില്‍ കൃഷിയിടം തന്നെയാണ് ഭാര്യമാരും. കൃഷിയുടെ നന്മയും അനുകൂല സാഹചര്യങ്ങളും പൊതുവെ കര്‍ഷകന് ആനന്ദവും സന്തോഷവും ഉളവാക്കുന്നതായിരിക്കുമെങ്കിലും അതില്‍ നിന്നുള്ള വിളവാണല്ലോ അവന്‍റെ ലക്ഷ്യം. അതുപോലെ സന്താനമാണ് ഈ കൃഷിയുടെ സാക്ഷാല്‍ ലക്ഷ്യം. മനുഷ്യവര്‍ഗം ഈ ലോകത്ത് നിലനില്‍ക്കുന്നതും, വളര്‍ന്നു വര്‍ദ്ധിക്കുന്നതും ഈ കൃഷിയിലൂടെയാകുന്നു. സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു നിശ്ചയിച്ച ഒരു പ്രകൃതി നിയമമത്രെ അത്. കേവലം പ്രേമവികാരങ്ങളെയോ, ശാരീരിക മോഹങ്ങളെയോ നിവൃത്തിയാക്കുവാനുള്ള ഒരു ഉപാധി മാത്രമായിട്ടല്ല -അതും പരിഗണനീയം തന്നെയാണെങ്കിലും- അതിനെക്കാള്‍ ഉപരിയായ ആ ലക്ഷ്യത്തെ ഉന്നമാക്കിക്കൊണ്ടാണ് അല്ലാഹു വിവാഹ ബന്ധത്തെ കണക്കാക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ അര്‍ത്ഥം. തുടര്‍ന്നുള്ള വാക്യങ്ങളിലും അതിലേക്കുള്ള സൂചന കാണാം. വേറെ പല ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും ഈ യാഥാര്‍ത്ഥ്യം വളരെ വ്യക്തമായിത്തന്നമെനസ്സിലാകുന്നതുമാണ്.

ഭാര്യമാര്‍ കൃഷിയിടമാണെന്ന് പറഞ്ഞശേഷം, ‘അതുകൊണ്ട് നിങ്ങളുടെ കൃഷിയിട ത്തില്‍ നിങ്ങള്‍ ഉദ്ദേശിച്ച പ്രകാരം ചെന്നുകൊള്ളുക’ എന്നുകൂടി അല്ലാഹു പ്രസ്താവി ച്ചിരിക്കുന്നു. അതെ, അവരുടെ അടുക്കല്‍ ചെല്ലുന്നതില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട വിധമെല്ലാം സ്വീകരിക്കാമെന്ന് സാരം. എന്നാല്‍, ഉല്‍പാദനത്തിനുപയുക്തമായ മാര്‍ഗങ്ങളിലൂടെയാ യിരിക്കണം കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നതെന്നും, അതിന് വിരുദ്ധമായ പ്രവേശ ങ്ങള്‍ ശരിയല്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലാഹു അവന്‍റെ സൃഷ്ടിയായ മനുഷ്യര്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്ന ദാമ്പത്യ പാഠങ്ങളും, അതിനുപയോഗിച്ച വാക്കുകളും നോക്കുക! വളരെ ലളിതവും, മാന്യവും, ഹൃദ്യവുമായ ചുരുക്കം ചില വാക്കുകള്‍! സ്‌നേഹവും കനിവും നിറഞ്ഞ ശൈലി! അല്ലാഹുവില്‍ നിന്നല്ലാതെ ഇത്തരം അദ്ധ്യാപന ശൈലി എവിടെ കാണുവാനാണ്?! اللهُ اكبر ഒരു മാതാവിന് അവളുടെ മുലകുടിക്കുന്ന പിഞ്ചോമനയോടുള്ളതിനെക്കാള്‍ കൃപയാണ് അല്ലാഹുവിന് അവന്റെ അടിയാന്‍മാരോടുള്ളതെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരവസരത്തില്‍ പ്രസ്താവിച്ചത് ഇവിടെ സ്മരണീയമാകുന്നു.

അടുത്ത വാക്യങ്ങള്‍ ശ്രദ്ധിക്കുക: ‘നിങ്ങള്‍ നിങ്ങള്‍ക്കുതന്നെവേണ്ടി മുന്നൊരുക്കം ചെയ്തുകൊള്ളണം, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം, അവനുമായി കണ്ടുമുട്ടേണ്ടി വരുമെന്ന് അറിഞ്ഞിരിക്കണം’ എന്നൊക്കെ അല്ലാഹു ഉപദേശിക്കുന്നു. വൈവാഹിക ജീവിതത്തിലും മറ്റുമായി ശ്രദ്ധ ചെലുത്തിക്കൊണ്ട് സ്വന്തം ഭാവി മറന്നു പോകരുത്. സല്‍ക്കര്‍മങ്ങള്‍ ചെയ്തും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ടും ഭാവി വിജയത്തിനുള്ള മാര്‍ഗങ്ങള്‍ നേരത്തെക്കൂട്ടി ഒരുക്കിക്കൊണ്ടിരിക്കണം, മരണാനന്തരം അല്ലാഹുവിന്‍റെ മുമ്പില്‍ ഹാജരായി അവന്റെ വിചാരണ നേരിടേണ്ടി വരുമെന്ന് സദാ ഓര്‍മയുണ്ടായിരിക്കണമെന്ന് താല്‍പര്യം.

وَقَدِّمُوا لِأَنفُسِكُمْ (നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിത്തന്നെ മുന്‍കൂട്ടി ചെയ്തുവെക്കുവിന്‍) എന്ന വാക്യത്തിന് മേല്‍കണ്ട അര്‍ത്ഥത്തിലുള്ള വ്യാഖ്യാനമാണ് മിക്ക വ്യാഖ്യാതാക്കളും നല്‍കിയിരിക്കുന്നത്. ഇബ്‌നു കഥീര്‍ (رحمه الله) സൂചിപ്പിച്ചതുപോലെ, അതിനുശേഷ മുള്ള രണ്ടുവാക്യങ്ങളും- അല്ലാഹുവിനെ സൂക്ഷിക്കണമെന്നും, അവനുമായി കണ്ടുമു ട്ടുമെന്നറിഞ്ഞിരിക്കണമെന്നുമുള്ള വാക്യങ്ങള്‍- ഈ വ്യാഖ്യാനത്തിന് പിന്‍ബലം നല്‍കുകയും ചെയ്യുന്നു. ഭാര്യമാരുമായുള്ള സമീപനത്തില്‍നിന്ന് സല്‍കര്‍മികളായ നല്ല സന്താനങ്ങള്‍ ജനിക്കുവാനും, അവര്‍വഴി വംശപരമ്പര നിലനില്‍ക്കുവാനുമായിരിക്കണം നിങ്ങളുടെ ആഗ്രഹം, അതിനുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയും വേണം. എന്നൊക്കയൊണ് ഈ വാക്യത്തിന്‍റെ താല്‍പര്യമെന്നത്രെ മറ്റ് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. ഭാര്യ-ഭര്‍തൃ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന സന്ദര്‍ഭമാണിതെന്നുള്ളതിനെ ആസ്പദമാക്കിയാണ് ഈ അഭിപ്രായം. താഴെ ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാവുന്നതുപോലെ- മരണശേഷവും മുറിഞ്ഞുപോകാത്ത ഒരു സല്‍കര്‍മമാണല്ലോ നല്ല സന്താ നം. എന്നിരിക്കെ, അതിനുവേണ്ടി ആഗ്രഹിക്കുന്നതും, പ്രാര്‍ത്ഥിക്കുന്നതും ഒരു നല്ല കര്‍മം തന്നെയാണെന്നുള്ളതില്‍ സംശയമില്ല. പക്ഷേ, അതുമാത്രമാണ് ഈ വാക്യകൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതിക്കൂടാ.

റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറയ്‌റഃ (رضي الله عنه) ഉദ്ധരിക്കുന്നു: ‘മനുഷ്യന്‍ മരണമടഞ്ഞാല്‍, മൂന്ന് കാര്യങ്ങളെ സംബന്ധിക്കുന്നതല്ലാത്ത അവന്‍റെ കര്‍മം (മുഴുവനും) മുറി ഞ്ഞുപോകുന്നു. അതായത്, നടന്നുകൊണ്ടിരിക്കുന്ന ദാനധര്‍മവും, ഉപകാരപ്രദമായ ജ്ഞാനവും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സദ്‌വൃത്തനായ സന്താനവും.’ (മു.) റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്‌നു അബ്ബാസ് (رضي الله عنه) ഉദ്ധരിക്കുന്നു: ‘നിങ്ങളൊരാള്‍ തന്‍റെ വീട്ടുകാരുടെ (ഭാര്യയുടെ) അടുക്കല്‍ ചെല്ലുമ്പോള്‍ (സംയോഗവേളയില്‍) بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا എന്ന് പറയുകയും, രണ്ടു പേര്‍ക്കുമിടയില്‍ സന്താനം വിധിക്കപ്പെടുകയും ചെയ്യുന്നപക്ഷം, ആ സന്താനത്തിന് പിശാച് ഒരിക്കലും ഉപദ്രവം വരുത്തുകയില്ല’ (ബു; മു.) ഈ പ്രാര്‍ത്ഥനയുടെ സാരം ഇതാകുന്നു: ‘അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവേ! ഞങ്ങളില്‍ നിന്ന് നീ പിശാചിനെ അകറ്റിത്തരേണമേ! ഞങ്ങള്‍ക്ക് നീ നല്‍കുന്നതില്‍ (സന്താനത്തില്‍) നിന്നും പിശാചിനെ അകറ്റിത്തരേണമേ!’

മേല്‍പറഞ്ഞ രണ്ടുമല്ലാത്ത വളരെ വിചിത്രമായ ഒരു അര്‍ത്ഥ വ്യാഖ്യാനം ഈ വാക്യത്തിന് ഒരു പണ്ഡിതന്‍ ഇപ്പോള്‍ നല്‍കിക്കാണുന്നു. അതിങ്ങനെയാണ്: ‘(കൃഷിസ്ഥലത്ത് ചെല്ലുമ്പോള്‍ വേണ്ട ഒരുക്കങ്ങള്‍) മുന്‍കൂട്ടി ചെയ്തുവെക്കുകയും ചെയ്യുക.’ ഈ വാക്യത്തിന് ആ പണ്ഡിതന്‍ തന്നെ നല്‍കിയ വ്യാഖ്യാനം ഇങ്ങനെയുമാണ്: ‘സ്ത്രീകളുടെ അടുക്കല്‍ ചെല്ലുമ്പോള്‍ ഭാവിയെക്കുറിച്ച് ചിന്തിക്കണം. അതായത്, അതില്‍ സന്താനങ്ങള്‍ ജനിക്കുമ്പോള്‍ അവരുടെ പരിപാലനത്തിനും പരിശീലനത്തിനും വേണ്ട ഒരുക്കങ്ങള്‍ ചെയ്തുവെക്കണം. സന്താനങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം അതിനെക്കുറിച്ച് ചിന്തിച്ചാല്‍ പോരാ എന്നര്‍ത്ഥം’. ക്വുര്‍ആന്‍റെ പ്രസ്താവനകളെ കഴിവതും ഭൗതികജീവിതത്തിന്റെ വിജയത്തിലേക്ക് മുതല്‍കൂട്ടായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചുകൊണ്ട് നടത്തപ്പെടുന്ന അര്‍ത്ഥ വ്യാഖ്യാനങ്ങളില്‍ ഒന്നത്രെ ഇത്. മനസ്സാക്ഷിയും നിഷ്പക്ഷുദ്ധിയുമുള്ള ഏവര്‍ക്കും ഇതിന്‍റെ പിന്നിലുള്ള പ്രേരണ മനസ്സിലാക്കാവുന്നതാണ്. അതെന്തായാലും ശരി, ചില വസ്തുതകള്‍ മുമ്പില്‍വെച്ചുകൊണ്ട് ഈ അര്‍ത്ഥവ്യാഖ്യാനമൊന്ന് പരിശോധിച്ചു നോക്കുക:-

നിങ്ങളുടെ സ്വന്തങ്ങള്‍ക്ക് -നിങ്ങള്‍ക്കുതന്നെ- വേണ്ടി മുന്‍കൂട്ടി ചെയ്തുവെക്കണം وَقَدِّمُوا لِأَنفُسِكُمْ എന്നാണ് അല്ലാഹു പറഞ്ഞത്. ഇവര്‍ പറയുന്നതാകട്ടെ, ഭാവിയില്‍ ജനിക്കുവാന്‍ പോകുന്ന സന്താനങ്ങളുടെ പരിപാലനത്തിനും പരിശീലനത്തിനും വേണ്ട ഒരുക്കങ്ങള്‍ ചെയ്തുവെക്കണമെന്നുമാണ്. ഈ ഒരുക്കങ്ങള്‍ ചെയ്തുവെക്കുന്ന താകട്ടെ,- ഇവര്‍ പറഞ്ഞതനുസരിച്ചുതന്നെ- സ്ത്രീകളുടെ അടുക്കല്‍ ചെല്ലുമ്പോഴാണ് താനും. ഇതിന്‍റെ അര്‍ത്ഥം നമുക്ക് മനസ്സിലാകുന്നില്ല. വിവാഹത്തിനുമുമ്പ് തന്നെ ഈ ഒരുക്കം ചെയ്തുവെക്കെണമെന്നാണ് പറയുന്നതെങ്കില്‍ അതിന് അല്‍പമെങ്കിലും ഒരര്‍ത്ഥമുണ്ടെന്ന് സമ്മതിക്കാമായിരുന്നു. എനി, സന്താനങ്ങളെ പോറ്റിവളര്‍ത്തുവാനും പരിശീലിപ്പിക്കുവാനുമൊക്കെയുള്ള വക മുന്‍കൂട്ടി കണ്ടു വെച്ച ശേഷമേ വിവാഹം കഴിക്കാവൂ എന്നോ, ഭാര്യമാരെ സമീപിക്കാവൂ എന്നോ അല്ലാഹുവും അവന്‍റെ റസൂലും കല്‍പിക്കുകയോ ഉപദേശിക്കുകയോ ചെയ്തിട്ടുണ്ടോ? അതുമില്ല. നേരെമറിച്ച് സ്വതന്ത്രകളായ സ്ത്രീകളെ വിവാഹം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് അടിമ സ്ത്രീകളെ വിവാഹം ചെയ്യാമെന്നും (4:25), അവിവാഹിതര്‍ക്കും നല്ലവരായ അടിമകള്‍ക്കും വിവാഹം ചെയ്തുകൊടുക്കണമെന്നും, അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു വഴിയെ അവര്‍ക്ക് ധന്യത നല്‍കിക്കൊള്ളുമെന്നും (24:32) അല്ലാഹു പറയുന്നു. വിവാഹം നടത്തുവാന്‍ കഴിവുള്ള യുവാക്കള്‍ വിവാഹം കഴിക്കണമെന്നും, കഴിവില്ലാത്തവര്‍ നോമ്പ് പിടിക്കണമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും കല്‍പിച്ചിരിക്കുന്നു. (ബു; മു.) വിവാഹം ചെയ്യാന്‍ കഴിവുണ്ടായാല്‍ അത് ചെയ്യാമെന്നല്ലാതെ അതില്‍ ഉണ്ടായേക്കാവുന്ന സന്താനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന വക മുന്‍കൂട്ടി കണ്ടുവെച്ചിട്ടുവേണം അതെന്ന് ക്വുര്‍ആനിലും ഹദീഥിലും പ്രസ്താവിച്ചിട്ടില്ല. ഇത്രയും പറഞ്ഞതില്‍ നിന്നു തന്നെ ഇവരുടെ ഈ പുതിയ അര്‍ത്ഥവ്യാഖ്യാനം സത്യവിരുദ്ധമാണെന്ന് മനസ്സിലായല്ലോ.

2:224
 • وَلَا تَجْعَلُوا۟ ٱللَّهَ عُرْضَةً لِّأَيْمَـٰنِكُمْ أَن تَبَرُّوا۟ وَتَتَّقُوا۟ وَتُصْلِحُوا۟ بَيْنَ ٱلنَّاسِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٢٢٤﴿
 • നിങ്ങള്‍ നിങ്ങളുടെ സത്യങ്ങള്‍ക്ക് അല്ലാഹുവിനെ ഒരു വിലങ്ങ് [തടസ്സം] ആകരുത്; അതായത്, നിങ്ങള്‍ പുണ്യം പ്രവര്‍ത്തിക്കുകയും, സൂക്ഷ്മത പാലിക്കുകയും, മനുഷ്യര്‍ക്കിടയില്‍ നന്മയുണ്ടാക്കുകയും ചെയ്യുന്നതിന്. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
 • وَلَا تَجْعَلُوا നിങ്ങള്‍ ആക്കരുത് اللَّهَ അല്ലാഹുവിനെ عُرْضَةً ഒരു വിലങ്ങ്, തടസ്സം, നാട്ടക്കുറി لِّأَيْمَانِكُمْ നിങ്ങളുടെ സത്യങ്ങള്‍ക്ക് أَن تَبَرُّوا നിങ്ങള്‍ നന്മ (പുണ്യം) ചെയ്യുന്നതിന് وَتَتَّقُوا നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും وَتُصْلِحُوا നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയും, നന്നാക്കുകയും بَيْنَ النَّاسِ മനുഷ്യര്‍ക്കിടയില്‍ وَاللَّهُ سَمِيعٌ അല്ലാഹു കേള്‍ക്കുന്നവനാകുന്നു عَلِيمٌ അറിയുന്നവനാകുന്നു
2:225
 • لَّا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَـٰنِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَٱللَّهُ غَفُورٌ حَلِيمٌ ﴾٢٢٥﴿
 • നിങ്ങളുടെ സത്യങ്ങളില്‍ (മന:പൂര്‍വ്വമല്ലാത്ത) വ്യര്‍ത്ഥവാക്ക് മൂലം അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എങ്കിലും നിങ്ങളുടെ ഹൃദയങ്ങള്‍ (മന:പൂര്‍വ്വം) പ്രവര്‍ത്തിച്ചുവെച്ചതുമൂലം അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
 • لَّا يُؤَاخِذُكُمُ നിങ്ങളെ പിടികൂടുകയില്ല اللَّهُ അല്ലാഹു بِاللَّغْوِ അനാവശ്യം (വ്യര്‍ത്ഥം- പൊയ്‌വാക്ക്) മൂലം فِي أَيْمَانِكُمْ നിങ്ങളുടെ സത്യങ്ങളില്‍ وَلَٰكِن എങ്കിലും يُؤَاخِذُكُم അവന്‍ നിങ്ങളെ പിടികൂടും بِمَا كَسَبَتْ സമ്പാദിച്ചത് (ചെയതു വെച്ചത്, പ്രവര്‍ത്തിച്ചത്) നിമിത്തം قُلُوبُكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ وَاللَّهُ അല്ലാഹു غَفُورٌ പൊറുക്കുന്ന വനാണ് حَلِيمٌ സഹനശീലനാണ്

സല്‍ക്കാര്യങ്ങള്‍ ചെയ്യുന്നതിനും, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിക്കുന്നതിനും, ജനങ്ങള്‍ക്കിടയില്‍ സന്ധിയാക്കുക മുതലായ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിനും ഭംഗം വരുത്തത്തക്കവിധം അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യരുത്. അഥവാ, അങ്ങനെവല്ല സത്യവും ചെയ്തുപോയാല്‍, ആ സത്യത്തില്‍ നിന്ന് വിരമിക്കുകയും ആ നല്ലകാര്യം നിര്‍വഹിക്കുകയും ചെയ്യേണ്ടതാകുന്നു. അല്ലാഹുവിന്‍റെ നാമത്തില്‍ സത്യം ചെയ്യുന്നത് അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തടസ്സമാകുവാന്‍ പാടില്ല. എന്നൊക്കെയാണ് ആദ്യത്തെ വചനത്തിന്‍റെ സാരം. മനഃപൂര്‍വ്വമല്ലാതെ, നാവിലൂടെ വന്നുപോകുന്ന സത്യവാ ക്യങ്ങളെ സംബന്ധിച്ചോ, സത്യം ചെയ്യുമ്പോള്‍ ഉദ്ദേശ്യപൂര്‍വ്വമല്ലാതെ വന്നുവശാകുന്ന അബദ്ധവാക്കുകളെപ്പറ്റിയോ അല്ലാഹു ശിക്ഷാന ടപടി എടുക്കുകയില്ലെന്നും, നേരെമ റിച്ച് മനസ്സറിഞ്ഞുകൊണ്ട് ഉദ്ദേശ്യപൂര്‍വ്വം ചെയ്യുന്ന സത്യങ്ങളെ സംബന്ധിച്ചാണ് നട പടി എടുക്കുകയെന്നും രണ്ടാമത്തെ വചനത്തില്‍ അറിയിക്കുന്നു. സംസാരമദ്ധ്യേ ചിലേ പ്പാള്‍- അശ്രദ്ധ, വികാരം മുതലായ കാരണങ്ങളാല്‍- മനസ്സറിയാതെ വല്ല വാക്കുകളും വന്നുപോയേക്കും. ചില വ്യക്തികളുടെയും, ചില ഭാഷക്കാരുടെയും സംസാരങ്ങളില്‍ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ‘അല്ലാഹുവിനെത്ത ന്നെയാണ് ‘ എന്നിങ്ങനെയുള്ള സത്യവാക്യങ്ങളുടെ പ്രയോഗങ്ങള്‍ സുലഭമായിരിക്കും. ചിലപ്പോള്‍, ഒരാള്‍ അയാളുടെ അറിവിനെ അടിസ്ഥാനമാക്കി ഇന്നകാര്യം ഇന്നപോലെ എന്ന് സത്യം ചെയ്തുപറഞ്ഞേ ക്കും. വാസ്തവം അതായിരിക്കുകയില്ല. ഇത്തരം സത്യങ്ങളുടയൊഥാര്‍ത്ഥനില എന്താ ണെന്ന് അല്ലാഹു നമുക്ക് വിവരിച്ചു തരുകയാണ്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഒരാള്‍ ഒരു കാര്യത്തെപ്പറ്റി സത്യം ചെയ്തിട്ട് അതിനെക്കാള്‍ ഉത്തമം മറ്റൊന്നായിരുന്നുവെന്ന് കണ്ടാല്‍, അവന്‍ അവന്‍റെ സത്യത്തിന് പ്രായശ്ചിത്തം ചെയ്യുകയും, ആ ഉത്തമമായ കാര്യം ചെയ്യുകയും ചെയ്തുകൊള്ളട്ടെ.’ (ബു; മു.) സത്യം ലംഘിക്കുന്നതിന്ന് ചെയ്യേണ്ടുന്ന പ്രായശ്ചിത്തം (كُفَارَة) പത്ത് സാധുക്കള്‍ക്ക് ഭക്ഷണമോ, വസ്ത്രമോ കൊടുക്കുക, അല്ലെങ്കില്‍ ഒരു അടിമയെ സ്വതന്ത്രമാക്കി വിടുക, അതിന് കഴിയാത്തപക്ഷം മൂന്ന് ദിവസം നോമ്പ് നോല്‍ക്കുക ഇവയാകുന്നു. (മാഇദ: 92) വേറൊരു ഹദീഥ് ഇപ്രകാരമാകുന്നു; ‘ആദമിന്‍റമെകന് (മനുഷ്യന്) സാധിക്കാത്ത വിഷയത്തിലാകട്ടെ, അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന വിഷയത്തിലാകട്ടെ, കുടുംബ ബന്ധം മുറിക്കുന്നതിലാകട്ടെ, സത്യവും പാടില്ല, നേര്‍ച്ചയും പാടില്ല. ഒരാള്‍, ഒരു കാര്യത്തില്‍ ശപഥം ചെയ്തിട്ട് അതിനേക്കാള്‍ ഉത്തമം മറ്റൊന്നായിരുന്നുവെന്ന് കാണുന്നപക്ഷം, അതിനെ വിട്ടേച്ചു ആ ഉത്തമമായത് എടുത്തുകൊള്ളട്ടെ. ആ കാര്യം അവന്‍ ഉപേക്ഷിച്ചാല്‍ അതിന് പ്രായശ്ചിത്തം നല്‍കുകയും ചെയ്യേതാണ്.’ (ദ.) ആഇശഃ (റ) പ്രസ്താവിച്ചിരുന്നതായി ഇബ്‌നു അബീഹാതിം (റ) ഉദ്ധരിക്കുന്നു: ‘വ്യര്‍ത്ഥവാക്ക് (لغو) എന്ന് പറയുന്നത് തമാശയിലും, വിനോദത്തിലും മാത്രമാകുന്നു. അതായത് (സംസാരവശാല്‍) ‘അല്ലാഹുവിനെത്തന്നെയാണ ഇല്ല’ എന്നും, ‘അല്ലാഹുവിനെത്തന്നെയാണ അതെ’ എന്നുമൊക്കമെനുഷ്യ ന്‍ പറയലാകുന്നു. അതില്‍ പ്രായശ്ചിത്തം ഇല്ല. ചെയ്യണമെന്ന് ഹൃദയംകൊണ്ട് ഉറപ്പിക്കുകയും, പിന്നീട് ചെയ്യാതിരിക്കുകയും ചെയ്യുന്നതിലാണ് പ്രായശ്ചിത്തമുള്ള ത്.’

وَلَا تَجْعَلُوا اللَّهَ عُرْضَةً (അല്ലാഹുവിനെ നിങ്ങളുടെ സത്യങ്ങള്‍ക്ക് ഒരു വിലങ്ങാക്കരുത്) എന്ന് തുടങ്ങിയ വാചകത്തിന് ഇങ്ങനെയും ഒരു വ്യാഖ്യാനം ചിലര്‍ നല്‍കിയിട്ടുണ്ട്: പുണ്യം ചെയ്യുക, സൂക്ഷ്മത പാലിക്കുക, ജനങ്ങള്‍ക്കിടയില്‍ നല്ലത് പ്രവര്‍ത്തിക്കുക മുതലായ കാര്യങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനെ നാട്ടക്കുറിപോലെ ആക്കി സത്യം ചെയ്യരുത്. എന്നുവെച്ചാല്‍, പ്രസ്തുത നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് അവന്‍റെ നാമത്തില്‍ സത്യം ചെയ്തുകൊണ്ട് അവന്‍റെ നാമത്തെ വില കെടുത്തരുത്, അത്യാവശ്യം നേരിടുമ്പോഴല്ലാതെ അല്ലാഹുവിന്റെ നാമത്തില്‍ സത്യം ചെയ്യുന്ന സമ്പ്രദായം വര്‍ജ്ജിക്കേണ്ടതാണ് എന്ന് സാരം. സത്യം ചെയ്യല്‍ അധികരിപ്പിക്കുന്നതിനെപ്പറ്റി (68:10ല്‍) ക്വുര്‍ആനിലും, നബി വാക്യങ്ങളിലും ആക്ഷേപിച്ചിട്ടുള്ളതാണുതാനും.

2:226
 • لِّلَّذِينَ يُؤْلُونَ مِن نِّسَآئِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ ۖ فَإِن فَآءُو فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٢٢٦﴿
 • തങ്ങളുടെ സ്ത്രീകളെ സംബന്ധിച്ച് (സംയോഗം ചെയ്കയില്ലെന്ന്) ശപഥം ചെയ്യുന്ന വര്‍ക്ക് നാലുമാസത്തെ കാത്തിരിപ്പുണ്ടായിരിക്കും. എന്നാല്‍, അവര്‍ മടങ്ങി വരുന്ന പക്ഷം, നിശ്ചയമായും, അല്ലാഹു പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
 • لِّلَّذِينَ യാതൊരുകൂട്ടര്‍ക്കുണ്ട് يُؤْلُونَ ഈലാഉ് (ശപഥം) ചെയ്യുന്ന مِن نِّسَائِهِمْ തങ്ങളുടെ സ്ത്രീകളെപ്പറ്റി تَرَبُّصُ കാത്തിരിക്കല്‍ أَرْبَعَةِ നാല് أَشْهُرٍ മാസങ്ങള്‍ فَإِن فَاءُوا എന്നാല്‍ (എന്നിട്ട്) അവര്‍ മടങ്ങിവന്നാല്‍ فَإِنَّ اللَّهَ എന്നാല്‍, നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
2:227
 • وَإِنْ عَزَمُوا۟ ٱلطَّلَـٰقَ فَإِنَّ ٱللَّهَ سَمِيعٌ عَلِيمٌ ﴾٢٢٧﴿
 • അവര്‍ വിവാഹമോചന ത്തിന് തീര്‍ച്ചയാക്കുകയാണെങ്കിലോ, നിശ്ചയമായും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
 • وَإِنْ عَزَمُوا അവര്‍ തീര്‍ച്ചയാക്കിയെങ്കില്‍, ഉറച്ചെങ്കില്‍ الطَّلَاقَ ത്വലാക്വ്, വിവാഹ മോചനം فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്

يُؤْلُونَ (യുഅ്‌ലൂന) എന്ന ക്രിയയുടെ ധാതു اِيلَاء (ഈലാഉ്) എന്നാണ്. ശപഥം ചെയ്യുക എന്നത്രെ അതിന് ഭാഷയില്‍ അര്‍ത്ഥം. ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ വല്ല അനിഷ്ടങ്ങളും ഉണ്ടാകുമ്പോള്‍, മേലില്‍ താന്‍ ഭാര്യയുമായി സംയോഗം നടത്തുകയില്ലെന്ന് ശപഥം ചെയ്യുന്ന ഒരു പതിവ് മുമ്പ് അറബികളിലുണ്ടായിരുന്നു. ഈ പ്രത്യേക ശപഥത്തിന്നാണ് ‘ഈലാഉ്’ എന്ന് മതത്തിന്റെ സാങ്കേതിക ഭാഷയില്‍ പറയപ്പെടുന്നത്. ഇത് ചിലപ്പോള്‍ ഒരു നിശ്ചിത കാലം വരേക്കും, ചിലപ്പോള്‍ അനിശ്ചിത കാലത്തേക്കുമായിരിക്കും. ഇത് കേവലം വിവാഹമോചനമായി (‘ത്വലാക്വാ’യി) കരുതപ്പെടാറുമില്ല. എങ്കിലും, സ്ത്രീകളുമായി സംസര്‍ഗം നടത്തായ്കമൂലം അവര്‍ക്കത് വിഷമവും ഉപദ്രവവും വരുത്തുമല്ലോ. അതുകൊണ്ട് ‘ഈലാഇ’നെ സംബന്ധിച്ച് ഇസ്‌ലാം ശരീഅത്തില്‍ അനുവര്‍ത്തിക്കേണ്ട വിധി എന്താണെന്ന് ഈ വചനങ്ങളില്‍ അല്ലാഹു അറിയിക്കുന്നു.

ഒരാള്‍ തന്റെ ഭാര്യയെ സംബന്ധിച്ച് ‘ഈലാഉ്’ ചെയ്യുന്നപക്ഷം, പരമാവധി നാല് മാസം അവന് ഒഴിവ് നല്‍കാം. അതുവരെ അവന്റെ മേല്‍ നിയമനടപടിയൊന്നും എടുത്തുകൂടാ. നാലുമാസം തികയുന്നതോടെ -അല്ലെങ്കില്‍ അതിന് മുമ്പ് തന്നെ- അവന്‍ ആ ശപഥത്തില്‍ നിന്ന് മടങ്ങി പിന്‍മാറിയെങ്കില്‍ നല്ലത്. അവന് അല്ലാഹു പൊറുത്ത് കൊടുത്തേക്കും. നാലുമാസം തികയുമ്പോള്‍ രണ്ടിലൊരു കാര്യം അനിവാര്യമായിത്തീരുന്നു. ഒന്നുകില്‍ ശപഥം പിന്‍വലിച്ചു ഭാര്യയുമായി സംസര്‍ഗം പുനരാരംഭിക്കണം. അല്ലാത്തപക്ഷം അവളെ വിവാഹമോചനം ചെയ്തു വിട്ടയച്ചേക്കണം. വിവാഹമോചനത്തിന് തക്ക കാരണമുണ്ടോ, ഇല്ലേ എന്നിങ്ങനെയുള്ളതെല്ലാം അല്ലാഹുവിന് ശരിക്കും അറിയാം. അതുകൊണ്ട് സൂക്ഷിച്ചുവേണം അത് ചെയ്യാന്‍, എന്നൊക്കെയാണ് ഈ വചനങ്ങളുടെ സാരം.

‘നാലുമാസത്തെ കാത്തിരിപ്പുണ്ട് എന്നുപറഞ്ഞതില്‍ നിന്ന് ‘ഈലാഉ്’ ചെയ്ത ഭര്‍ത്താവിന്റെ പേരില്‍ ഭാര്യക്കോ മറ്റോ നിയമപരമായ നടപടികള്‍ സ്വീകരിക്കുവാന്‍ നാലുമാസം കഴിഞ്ഞേ പാടുള്ളുവെന്ന് വ്യക്തമാകുന്നു. ‘മടങ്ങല്‍’ വായകൊണ്ട് പറഞ്ഞാല്‍ പോരാ, പ്രവര്‍ത്തനം മൂലം നടപ്പില്‍ വരുത്തേണ്ടതാണ്. ശപഥത്തില്‍ നിന്ന് മടങ്ങുകയാണ് അഭികാമ്യമെങ്കിലും- മുന്‍വചനങ്ങളില്‍ നിന്നും ഹദീഥുകളില്‍ നിന്നും അറിയാവുന്നതുപോലെ- സത്യം ലംഘിച്ചതിനുള്ള പ്രായശ്ചിത്തം كفارَة അവര്‍ നല്‍കേണ്ടതുണ്ട് താനും. ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം അതുതന്നെ. ‘വിവാഹമോചനം ചെയ്യാന്‍ തീര്‍ച്ചയാക്കിയാല്‍’ എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാലുമാസം കഴിയുമ്പോഴും അവന്‍ തന്റെ ശപഥത്തില്‍ നിന്ന് മടങ്ങാത്ത പക്ഷം, അത് കേവലം വിവാഹ മോചനമായിത്തീരുകയില്ലെന്നും, നിയമാനുസൃതം വിവാഹ മോചനം വേറെത്തന്നെ നടത്തേണ്ടതുമെന്നുമാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം. നാലുമാസം കഴിയുന്നതോടെ ഭാര്യ ത്വലാക്വായി (വിവാഹമോചിതയായി) പോകുമെന്നത്രെ ഉമര്‍, ഉഥ്മാന്‍, അലി (റ) മുതലായ ചില സ്വഹാബികളുടെയും മറ്റും അഭിപ്രായം.

‘ഈലാഇ’നെ സംബന്ധിച്ച ഈ വചനങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാവുന്ന ചില കാര്യങ്ങളെ ചില മഹാന്‍മാര്‍ ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത് ശ്രദ്ധേയമാകുന്നു. ‘ഈലാഉ്’ മുഖേനയല്ലെങ്കിലും തക്കതായ കാരണം കൂടാതെ കുറേ അധികകാലം ഒരു ഭര്‍ത്താവ് അയാളുടെ ഭാര്യയെ സമീപിക്കാതിരിക്കുവാന്‍ പാടില്ല. കവിഞ്ഞപക്ഷം സാധാരണനിലയില്‍ ഭര്‍ത്താവിന്‍റെ സമീപനം കൂടാതെ ഒരു സ്ത്രീക്ക് നാലുമാസത്തിലധികം ക്ഷമിച്ചിരിക്കുവാന്‍ സാധ്യമല്ലെന്നാണ് ഈ വചനത്തില്‍നിന്ന് മനസ്സിലാകുന്നത്.ചില കാരണങ്ങളെ തുടര്‍ന്ന് ഉമര്‍ (റ) ഇതിനെപ്പറ്റി സ്ത്രീകളോട് ആലോചന നടത്തിയതായും, ആ അടിസ്ഥാനത്തില്‍ തന്‍റെ സൈന്യങ്ങളില്‍ ആരെയും നാലുമാസത്തിലധികം കാലം വീടുവിട്ടുപോകുവാന്‍ താന്‍ അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞതായും ഇമാംമാലിക് (റ) നിവേദനം ചെയ്തിരിക്കുന്നു. ഭര്‍ത്താക്കളോട് ഭാര്യമാര്‍ക്കുള്ള തുപോലെ, ഭാര്യമാരോട് ഭര്‍ത്താക്കള്‍ക്കും ചില മര്യാദകള്‍ പാലിക്കേണ്ട കടമയുണ്ടെന്ന്‍ അടുത്ത വചനത്തില്‍ പ്രസ്താവിച്ചു കാണാം. വിവാഹിതയും അവിവാഹിതയു മല്ലാത്ത വിധം സ്ത്രീകളെ ഇട്ട് കഷ്ടപ്പെടുത്തരുതെന്ന് അല്‍ബക്വറഃ 231-ാം വചന ത്തിലും 4: 129 ലും കാണാവുന്നതുമാകുന്നു. ‘നിനക്ക് നിന്നോടും, നിന്‍റെ വീട്ടുകാരോടും ചില കടമകളുണ്ട്’ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും പ്രസ്താവിച്ചിരിക്കുന്നു. (ബു.) സത്യം ചെയ്യാതെയാ ണെങ്കിലും ശരി, ന്യായമായ വല്ല കാരണവും കൂടാതെ ഭാര്യാഭര്‍ത്തൃസംബന്ധം പാലിക്കാത്ത ഭര്‍ത്താവിനെപ്പറ്റി ഭാര്യക്ക് ന്യായധിപ സ്ഥാനത്ത് സങ്കടം ബോധിപ്പിക്കാവുന്നതും, അതിന് ന്യായാധിപന്‍ പരിഹാരമുണ്ടാക്കിക്കൊടുക്കേതുമാകുന്നു

2:228
 • وَٱلْمُطَلَّقَـٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَـٰثَةَ قُرُوٓءٍ ۚ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِىٓ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوٓا۟ إِصْلَـٰحًا ۚ وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَٱللَّهُ عَزِيزٌ حَكِيمٌ ﴾٢٢٨﴿
 • വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ അവരുടെ ദേഹങ്ങളുമായി [സ്വയം] മൂന്ന് 'ക്വുര്‍ ഉ്' [ആര്‍ത്തവശുദ്ധി]കള്‍ കാത്തിരിക്കണം. അവരുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ ഒളി ച്ചുവെക്കല്‍ അവര്‍ക്ക് അനുവദനീയമാകുകയില്ല; അവര്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍. അതില്‍ [ആ കാലത്തില്‍] അവരെ മട(ക്കിയെടു)ക്കുന്നതിന് അവരുടെ വരന്‍മാര്‍ കൂടുതല്‍ അവകാശപ്പെട്ടവരുമാകുന്നു; (അതെ) അവര്‍ നന്മ വരുത്തുന്നതിനെ ഉദ്ദേശിച്ചെങ്കില്‍. അവരുടെ [ഭാര്യമാരുടെ] മേലുള്ളതുപോലെ, (സദാചാര) മര്യാദയനുസരിച്ച് അവരോടും (ബാധ്യത) ഉണ്ട്. പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഒരു പദവി ഉണ്ട് താനും. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
 • وَالْمُطَلَّقَاتُ ത്വലാക്വ് (വിവാഹമോചനം) ചെയ്യപ്പെട്ട സ്ത്രീകള്‍ يَتَرَبَّصْنَ അവര്‍ കാത്തിരിക്കണം, പ്രതീക്ഷിക്കണം بِأَنفُسِهِنَّ തങ്ങളുടെ ദേഹങ്ങളുമായി ثَلَاثَةَ മൂന്ന് قُرُوءٍ ക്വുര്‍ഉ (ആര്‍ത്തവശുദ്ധി- ആര്‍ത്തവം)കള്‍ وَلَا يَحِلُّ അനുവദനീയമാകയില്ല لَهُنَّ അവര്‍ക്ക് أَن يَكْتُمْنَ അവര്‍ ഒളിച്ചു (മറച്ചു- മൂടി)വെക്കല്‍ مَا خَلَقَ اللَّهُ അല്ലാഹു സൃഷ്ടിച്ചതിനെ فِي أَرْحَامِهِنَّ അവരുടെ ഗര്‍ഭാശയ (ഗര്‍ഭപാത്ര)ങ്ങളില്‍ إِن كُنَّ يُؤْمِنَّ അവര്‍ വിശ്വസിക്കുന്നവരാണെങ്കില്‍ بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَبُعُولَتُهُنَّ അവരുടെ ഭര്‍ത്താക്കള്‍ أَحَقُّ കൂടുതല്‍ അവകാശപ്പെട്ടവരാണ് بِرَدِّهِنَّ അവരമെടക്കുവാന്‍ (മടക്കി എടുക്കുവാന്‍) فِي ذَٰلِكَ അതില്‍ إِنْ أَرَادُوا അവര്‍ ഉദ്ദേശിച്ചാല്‍ إِصْلَاحًا നന്മ വരുത്തുവാന്‍, നന്നാക്കിത്തീര്‍ക്കല്‍ وَلَهُنَّ അവര്‍ക്കുണ്ട്, അവരോടുണ്ട് مِثْلُ الَّذِي യാതൊന്നും പോലെയുള്ളത് عَلَيْهِنَّ അവരുടെമേല്‍ بِالْمَعْرُوفِ മര്യാദ (ആചാരം- വഴക്കം) അനുസരിച്ച് وَلِلرِّجَالِ പുരുഷന്‍മാര്‍ക്കുണ്ട് عَلَيْهِنَّ അവരുടെ മേല്‍, അവരെക്കാള്‍ دَرَجَةٌ ഒരു പദവി, പടി وَاللَّهُ عَزِيزٌ അല്ലാഹു പ്രതാപശാലിയാകുന്നു حَكِيمٌ അഗാധജ്ഞന്‍, യുക്തിമാന്‍

قُرُوءٍ (ക്വുറൂഉ്) എന്ന വാക്കിന്‍റെ ഏകവചനം قُرْء (‘ക്വുര്‍ഉ്’) എന്നത്രെ. ആദ്യത്തെ അക്ഷരത്തിന് അകാരം ( فَتح ) നല്‍കി ‘ക്വുര്‍ഉ്’ എന്നും ഉപയോഗിക്കാറുണ്ട്. ഇതിന്‍റെ സാക്ഷാല്‍ അര്‍ത്ഥം, ശുദ്ധി അവസാനിച്ച ശേഷം ആര്‍ത്തവത്തില്‍ പ്രവേശിക്കുകയാണെന്നും, ശുദ്ധിയെ ഉദ്ദേശിച്ചും ആര്‍ത്തവത്തെ ഉദ്ദേശിച്ചും അത് ഉപയോഗിക്കപ്പെടുമെന്നും ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഒരു നിശ്ചിത കാലത്ത് സംഭവിക്കാറുള്ള ഒരു കാര്യം സംഭവിക്കുകയോ, ഒരു നിശ്ചിതകാലത്ത് അവസാനിക്കാറുള്ള ഒരു കാര്യം അവസാനിക്കുകയോ ചെയ്യുന്ന സമയം എന്നാണ് ഭാഷയില്‍ അതിനര്‍ത്ഥ മെന്നും, അതിനാല്‍ ആര്‍ത്തവമുണ്ടാകുന്ന സമയത്തിനും, ശുദ്ധിയുണ്ടാകുന്ന സമയ ത്തിനും ആ വാക്ക് അറബികള്‍ ഉപയോഗിച്ചുവരുമെന്നും ഇമാം ഇബ്‌നുജരീറും (റ) പ്രസ്താവിച്ചിരിക്കുന്നു. വാക്കര്‍ത്ഥമെന്തായാലും ശുദ്ധിയുടെ സമയമെന്നും, ആര്‍ത്ത വത്തിന്‍റെ സമയമെന്നുമുള്ള രണ്ട് വിപരീതാര്‍ത്ഥങ്ങളിലും ഒരുപോലെ ആ വാക്ക് ഉപ യോഗപ്പെടാമെന്നതില്‍ തര്‍ക്കമില്ല. ആ രണ്ടിലേതാണ് ഇവിടെ വിവക്ഷ എന്നുള്ളതില്‍ സഹാബികള്‍ മുതല്‍ക്കേ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം കാണാം. ശുദ്ധികാലം എന്ന അഭിപ്രായത്തിനാണ് ഇവിടമെുന്‍ഗണന കാണുന്നത്. والله أعلم

‘ഈലാഇ’ നെത്തുടര്‍ന്നായാലും അല്ലെങ്കിലും ശരി, ത്വലാക്വ് (വിവാഹമോചനം) ചെയ്യപ്പെട്ട സ്ത്രീകള്‍ മൂന്ന് ‘ക്വുര്‍ഉ്’ കാലം കാത്തിരിക്കേണ്ടതുണ്ട്. ഈ കാത്തിരിപ്പി നാണ് عِدة (ഇദ്ദഃ) എന്ന് പറയപ്പെടുന്നത്. ശുദ്ധികാലമാണ് ‘ക്വുര്‍ഉ്’ കൊണ്ടുദ്ദേശ്യമെന്നു വെക്കുമ്പോള്‍, ശുദ്ധികാലത്ത് വിവാഹമോചനം ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ ഇദ്ദഃ അതിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആര്‍ത്തവം തുടങ്ങുന്നതോടെ അവസാനിക്കുന്നു. അതായത്, വിവാഹമോചനം നടക്കുമ്പോഴുള്ള ശുദ്ധിയും, ഒന്നാമത്തെ ആര്‍ത്തവ ത്തിന് ശേഷവും രണ്ടാമത്തെ ആര്‍ത്തവത്തിനു ശേഷവും ഉണ്ടാകുന്ന ശുദ്ധികളും കൂടി ആകെ മൂന്ന് ക്വുര്‍ഉകള്‍. എനി, ‘ക്വുര്‍ഉ്’ കൊണ്ടുദ്ദേശ്യം ആര്‍ത്തവമാണെന്നുവെ ക്കുകയാണെങ്കില്‍, മൂന്നാമത്തെ ആര്‍ത്തവം കഴിഞ്ഞു അടുത്തു ശുദ്ധി ആരംഭിക്കുമ്പോഴേ മൂന്ന് ക്വുര്‍ഉ് പൂര്‍ത്തിയാകുകയുള്ളൂ. (ആര്‍ത്തവകാലത്ത് സ്ത്രീകളെ വിവാഹമോചനം ചെയ്യുന്നത് തെറ്റാണെന്നും മറ്റുമുള്ള വിവരങ്ങള്‍ സൂ: ത്വലാക്വ് ആദ്യവചനത്തിലും അതിന്‍റെ വ്യാഖ്യാനത്തിലും പ്രസ്താവിച്ചിട്ടുണ്ട്. അവിടനെോക്കുക.)

സംയോഗം നടന്നിട്ടില്ലാത്ത സ്ത്രീകള്‍ ഇദ്ദഃ ആചരിക്കേണ്ടതില്ല എന്ന് 33:49 ലും ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവരോ, ആര്‍ത്തവം നിലച്ചുപോയിട്ടുള്ള വരോ ആയ സ്ത്രീകളുടെ ഇദ്ദഃ മൂന്നുമാസമാണെന്നും, ഗര്‍ഭിണികളുടെ ഇദ്ദഃ അവരുടെ പ്രസവം വരെ ആണെന്നും 65: 4ലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ സംയോഗം നടന്നിട്ടുള്ളവരും, ആര്‍ത്തവരക്തമുണ്ടാകാറുള്ളവരും, ഗര്‍ഭമില്ലാത്തവരുമായ സ്ത്രീകളുടെ ഇദ്ദയെക്കുറിച്ചാണ് മൂന്ന് ‘ക്വുര്‍ഉ’കള്‍ എന്നിവിടെ പറഞ്ഞ വിധിയെന്ന് മനസ്സിലാക്കാവുന്നതാണ്.

وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ (അവരുടെ ഗര്‍ഭായങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചതിനെ അവര്‍ ഒളിച്ചുവെക്കുവാന്‍ പാടില്ല.) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, അവര്‍ക്ക് ഗര്‍ഭം ഉണ്ടെന്ന് കണ്ടാല്‍ അതും, ആര്‍ത്തവം ഉണ്ടായാല്‍ അതും മൂടിവെക്കരുതെന്നാകുന്നു. ഏതെങ്കിലും സ്വാര്‍ത്ഥമോ പ്രേരണയോ നിമിത്തം ചിലപ്പോള്‍, ഇദ്ദഃകാലം വേഗം അവസാനിക്കണമെന്നോ, കഴിവതും നീണ്ടുപോകണമെന്നോ അവര്‍ക്ക് ആഗ്രഹം തോന്നിയേക്കുവാനും, അതനുസരിച്ച് അവര്‍ യഥാര്‍ത്ഥം മറച്ചുവെക്കുവാനും ഇടയായേക്കും. അതുകൊണ്ടാണ് ഈ കാര്യം അല്ലാഹു പ്രത്യേകം വിലക്കിയിരിക്കുന്നത്. അതുമൂലം സംഭവിക്കാവുന്ന ഭവിഷ്യത്താകട്ടെ, വലുതുമായിരിക്കും. മടക്കി എടുക്കലും പുതിയ വിവാഹം നടത്തലുമെല്ലാം ഇദ്ദഃയെ ആശ്രയിച്ചാണല്ലോ നടക്കുക. ബാഹ്യമായ തെളിവ നുസരിച്ചേ നിയമ നടപടികള്‍ എടുക്കുവാനും വഴിയുള്ളൂ. അതിനും പുറമെ, അക്കാര്യ ങ്ങള്‍ മിക്കവാറും സ്ത്രീകള്‍ക്ക് മാത്രം അറിയാവുന്നതും, പരക്കെ അറിയാന്‍ കഴിയാ ത്തതുമാണ് താനും. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് വളരെ ഗൗരവ സ്വരത്തില്‍ ‘അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( إِن كُنَّ يُؤْمِنَّ بِاللَّهِ وَالْيَوْمِ الْآخِرِ ) എന്നുകൂടി താക്കീത് നല്‍കിയിരിക്കുന്നത്. ഒളിച്ചുവെക്കു ന്നത് വമ്പിച്ച തെറ്റും ശിക്ഷാര്‍ഹവുമാണെന്നത്രെ ഈ വാക്ക് സൂചിപ്പിക്കുന്നത്.

ഏതെങ്കിലും കാരണത്താല്‍ വിവാഹമോചനം ചെയ്തശേഷം, അതുവേണ്ടിയിരുന്നില്ലെന്ന്‍ ഖേദിക്കലും, അല്ലെങ്കില്‍ ആ കാരണം അവസാനിച്ചിരിക്കക്കൊണ്ട് മേലില്‍ തങ്ങള്‍ക്ക് യോജിച്ചു പോകാമായിരുന്നുവെന്ന് തോന്നലും മനുഷ്യസഹജമായ സ്വഭാ വമാണല്ലോ, അതിനാല്‍, വിവാഹമോചനം ചെയ്ത ഭര്‍ത്താവിന് ഇദ്ദഃകാലം കഴിയുംമു മ്പ് അവളെ വീണ്ടും പഴയ വിവാഹത്തിലേക്ക് മടക്കിയെടുക്കുവാന്‍ അല്ലാഹു ഇസ്‌ലാമില്‍ നിയമപരമായിത്തന്നെ അവസരം നല്‍കിയിരിക്കുന്നു. പുതിയൊരു വിവാഹത്തെക്കാള്‍ നല്ലത് അതാണെന്നും, കഴിവതും മടക്കി എടുക്കുകയാണ് നല്ലതെന്നും സൂചിപ്പി ക്കുകയും ചെയ്തിരിക്കുന്നു. അതാണ് ‘അതില്‍- ഇദ്ദഃകാലത്തില്‍- അവരമെടക്കി എടു ക്കുവാന്‍ അവരുടെ വരന്‍മാര്‍ കൂടുതല്‍ അവകാശപ്പെട്ടവരാകുന്നു’ എന്ന് പറഞ്ഞത്. എന്നാല്‍, രണ്ടു പ്രാവശ്യം വിവാഹ മോചനം നടത്തുക യും, മടക്കി എടുക്കുകയും ചെയ്തു കഴിഞ്ഞശേഷം മൂന്നാമതും വിവാഹമോചനം ചെയ്യുന്നപക്ഷം ഈ അവസരം നഷ്ടപ്പെട്ടുപോകുന്നതാണെന്ന് അടുത്ത വചനത്തില്‍ കാണാവുന്നതാണ്. മടക്കി എടുക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം മനസ്സിരുത്തേണ്ടതുണ്ട്: മടക്കി എടുക്കുന്നത് വല്ല ദുരുദ്ദേ ശ്യവും വെച്ചുകൊണ്ടായിക്കൂടാ. മടക്കി എടുക്കുന്നത് കൊണ്ട് പ്രത്യേകം ഉപദ്രവമൊ ന്നും ഉണ്ടായിത്തീരുവാനും പാടില്ല. നന്മ വരുത്തണം. തമ്മില്‍ നന്നായിത്തീരണം, തങ്ങളുടെ ഭാവി ഗുണകരമായിത്തീരണം എന്നൊക്കെയുള്ള ഉദ്ദേശ്യത്തോടെയായിരി ക്കണം മടക്കി എടുക്കുന്നത്. ‘അവര്‍ നന്മ വരുത്തുവാന്‍ ഉദ്ദേശിച്ചെങ്കില്‍’ എന്ന ഉപാധിയോ ടെയാണ് മടക്കി എടുക്കുവാനുള്ള അവകാശം അല്ലാഹു നല്‍കിയിരിക്കുന്നതെന്ന് മടക്കി എടുക്കുന്നവരും, അതിന് പ്രേരിപ്പിക്കുന്നവരും ഓര്‍ത്തിരിക്കേണ്ടതുണ്ട്. വല്ല ദുരുദ്ദേ ശ്യത്തോടുകൂടിയും ഒരാള്‍ മടക്കി എടുക്കുന്നപക്ഷം, അത് തെളിയിക്കുവാനും, അതിന്‍റെ പേരില്‍ നിയമനടപടി എടുക്കുവാനും പ്രയാസമാണെങ്കിലും അത് അല്ലാഹുവിന്‍റെ മുമ്പില്‍ വെളിച്ചത്താകുമെന്നും, അല്ലാഹു അതിന്‍റെ പേരില്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്നും അവര്‍ ഓര്‍ത്തിരിക്കേണ്ടതുമാകുന്നു.

തുടര്‍ന്നുകൊണ്ട് അല്ലാഹു അറിയിക്കുന്നു: ഭാര്യമാരുടെമേലുള്ള ബാധ്യതപോലെ അവരോട് ഭര്‍ത്താക്കള്‍ക്കും ബാധ്യതയുണ്ട് ( وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ ) എന്ന്. വളരെ വിശാലവും അര്‍ത്ഥഗര്‍ഭവുമായ ഒരാശയമാണ് ഈ വാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പൊതുവില്‍ പറഞ്ഞാല്‍ അവര്‍ കേവലം വീട്ടുസാ ധാനങ്ങളെപ്പോലെയോ, അടിമകളെപ്പോലെയോ, അല്ലെങ്കില്‍ ആടുമാട് കണക്കിലുള്ള ചില ജീവികളെപ്പോലെയോ മാത്രം കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്ത് സ്ത്രീകള്‍ക്ക് അവരര്‍ഹിക്കുന്ന അവകാശങ്ങളെല്ലാം ഈ ഒരൊറ്റ വാക്യം കൊണ്ട് അല്ലാഹു വകവെ ച്ചുകൊടുത്തിരിക്കുകയാണ്. ഓരോ ഭാഗത്ത് നിന്നും മറ്റേ ഭാഗത്തോട് നിറവേറ്റേുന്ന ബാധ്യതകള്‍ ഇന്നതൊക്കെയാണെന്ന് എണ്ണിപ്പറയുക പ്രയാസമാണല്ലോ. മതദൃഷ്ട്യാ പ്രത്യേകം അറിയപ്പെട്ടതും, സദാചാരപരമായി പൊതുവെ അറിയപ്പെട്ടതുമായ ബാധ്യ തകളും, ഗാര്‍ഹികം, കുടുംബപരം, ദാമ്പത്യപരം, സാമ്പത്തികം ആദിയായ തുറകളില്‍ പരസ്പരം അനുവര്‍ത്തിക്കേണ്ടുന്ന ബാധ്യതകളും ഉണ്ടായിരിക്കും. ഇതെല്ലാം ഉള്‍ക്കൊള്ളു മാറ് ‘ആചാരമര്യാദയനുസരിച്ച് ( بِالْمَعْرُوفِ )’ എന്ന വിശേഷണം കൊണ്ട് അല്ലാഹു മതിയാക്കിയിരിക്കുന്നു. (*) എല്ലാതരം ബാധ്യതകളും ഈ വാക്കില്‍ ഉള്‍ക്കൊള്ളുന്നുവെന്നു മാത്രമല്ല, ആ ബാധ്യതകള്‍ പാലിക്കുന്നത് ഓരോരുത്തരുടെയും കഴിവും പരിതഃസ്ഥിതിയും അനുസരിച്ച് വേണമെന്ന ഒരു സൂചനകൂടി ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് കാണാം. സ്ത്രീകളോട് പുരുഷന്‍ നിറവേറ്റേുന്ന ബാധ്യതകള്‍ക്ക് ഏതാനും ചില ഉദാഹരണങ്ങളും, അതിന്‍റെ വിസ്തൃതിയെക്കുറിച്ച് ഏതാണ്ടൊരു അനുമാനവും താഴെ കാണുന്ന ഉദ്ധരണികളില്‍ നിന്ന് നമുക്ക് ലഭിക്കുന്നതാണ്:-


(*) مَعْرُوفِ എന്ന വാക്കിന്‍റെ അര്‍ത്ഥോദ്ദേശ്യത്തെപ്പറ്റി 178-ാം വചനത്തിന്‍റെ വ്യാഖ്യാനത്തിലും മറ്റും വിവരിച്ചിട്ടുള്ളത് ഓര്‍ക്കുക.


1. നിങ്ങള്‍ക്ക് സ്ത്രീകളോടും, സ്ത്രീകള്‍ക്ക് നിങ്ങളോടും ചില കടപ്പാടുകളുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘എന്നാല്‍ സ്ത്രീകളുടെമേല്‍ നിങ്ങളോടുള്ള കടപ്പാട്: നിങ്ങള്‍ ഇഷ്ടപ്പെടാത്തവരനെിങ്ങളുടെ വിരുപ്പില്‍ ചവിട്ടുവാന്‍ അവര്‍ അനുവ ദിക്കരുത്. നിങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് നിങ്ങളുടെ വീടുകളില്‍ അവര്‍ അനുവാദം നല്‍കുകയും ചെയ്യരുത്. നിങ്ങളുടെമേല്‍ അവരോടുള്ള കടപ്പാട്: അവരുടെ വസ്ത്രങ്ങ ളിലും ഭക്ഷണത്തിലും നിങ്ങള്‍ അവര്‍ക്ക് നന്നാക്കിക്കൊടുക്കലാകുന്നു’ (തി; ന; ജ)

2. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞതായി വകീഉം (റ) മറ്റുപലരും ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ‘എനിക്കുവേണ്ടി ഭാര്യ അഴക് സ്വീകരിക്കുന്നത് എനിക്ക് ഇഷ്ടമുള്ളതുപോലെ, അവള്‍ക്കുവേണ്ടി ഞാന്‍ അഴക് സ്വീകരിക്കുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം അല്ലാഹു പറയുന്നു.: وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ (അവരുടടെ മേലുള്ളതുപോലെ ബാധ്യത അവരോടുമുണ്ട്.)

3. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഒരു സത്യവിശ്വാസി ഒരു സത്യവിശ്വാസിനിയോട് ഉരസലുണ്ടാകാതെ (ഈര്‍ഷ്യതയുണ്ടാക്കാതെ) ഇരുന്നുകൊള്ളട്ടെ. അവളില്‍ നിന്ന് ഒരു സ്വഭാവം അവന് അനിഷ്ടമായെങ്കില്‍ മറ്റൊരു സ്വഭാവം അവളില്‍ നിന്ന് അവന്‍ തൃപ്തിപ്പെടുമായി രിക്കും.’ (മു)

4. ഭാര്യയോട് ഭര്‍ത്താവിനുള്ള കടമയെപ്പ റ്റി ഒരാള്‍ ചോദിച്ചപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നീ ഭക്ഷിക്കുന്നതായാല്‍ അവള്‍ക്കും ഭക്ഷണം നല്‍കുക. നീ വസ്ത്രം ധരിക്കുന്നതായാല്‍ അവള്‍ക്കും വസ്ത്രം നല്‍കുക. മുഖത്തടിക്കരുത്, ചീത്തവാക്ക് പറയരുത്, വീട്ടില്‍വെച്ചല്ലാതെ അവളുമായി പിണങ്ങാതിരിക്കുക (പിണക്കം നിമിത്തം വീട് വിട്ടുപോകുവാന്‍ ഇടവരുത്താതിരിക്കുക) ഇവയാണത്.’ (അ; ദാ; ജ) 5. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: സത്യവിശ്വാസികളില്‍ ഏറ്റവും വിശ്വാസം പൂര്‍ത്തിയായവര്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരാകുന്നു. നിങ്ങളില്‍ വെച്ച് ഉത്തമന്‍മാര്‍ തങ്ങളുടെ ഭാര്യമാരോട് ഉത്തമന്‍മാരാകുന്നു.’ (തി.) 6. സ്ത്രീകളില്‍വെച്ച് നല്ലവള്‍ ഏതാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അവന്‍ (ഭര്‍ത്താവ്) നോക്കിയാല്‍ അവന് സന്തോഷമുളവാക്കുകയും, അവന്‍ കല്‍പി ച്ചാല്‍ അവനെ അനുസരിക്കുകയും, തന്‍റെ ദേഹത്തെയോ ധനത്തെയോ സംബന്ധിച്ച വിഷയത്തില്‍ അവന് അതൃപ്തിയുണ്ടാകുന്ന വിധം എതിര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവളാകുന്നു.’ (ന, – ശുഅുല്‍ഈമാനില്‍) സ്ത്രീകള്‍ക്ക് പുരുഷന്‍മാരോടുള്ളതുപോലെ പുരുഷന്‍മാര്‍ക്ക് സ്ത്രീകളോടും കടമയുണ്ടെന്ന് പറഞ്ഞപ്പോള്‍, പുരുഷനും സ്ത്രീയും എല്ലാ ബാദ്ധ്യതയിലും സമനിലക്കാരാ ണെന്നോ, സ്ത്രീയുടെ മേല്‍ പുരുഷന് യാതൊരു നിയന്ത്രണാധികാരവും ഇല്ലെന്നോ ധരിച്ചുപോകാതിരിക്കുവാന്‍ വേണ്ടി അടുത്തവാക്യത്തില്‍ അല്ലാഹു പറയുന്നു: ‘പുരുഷ ന്‍മാര്‍ക്ക് അവരെക്കാള്‍ ഒരു പദവിയുണ്ടുതാനും ( وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ).’ ഈ പദവി എന്താണെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടില്ലെങ്കിലും സൂ: നിസാഉണ്ട് 34 ല്‍ നിന്ന് അത് വ്യക്തമാകുന്നതാണ്. പുരുഷന്‍മാര്‍ക്ക് പ്രകൃത്യാ അല്ലാഹു ചില ശ്രേഷ്ഠതകള്‍ നല്‍കിയിട്ടുള്ളതും, സ്ത്രീകളുടെ ചിലവുകള്‍ക്ക് ധനം ചിലവഴിക്കുന്നത് പുരുഷന്‍മാരായതും നിമിത്തം അവരുടനെിയന്ത്രണവും രക്ഷാധികാരവും പുരുഷന്‍മാര്‍ക്കാണെന്നത്രെ അവിടെ അല്ലാഹു പറഞ്ഞതിന്‍റെ സാരം. (കൂടുതല്‍ വിവരം അവിടെവെച്ചുകാണാം. (إِن شَاءَ اللَّهُ) അല്ലാഹുവിന്‍റെ നിയമ നിര്‍ദ്ദേശങ്ങളെ വകവെക്കാത്തവരെ കീഴൊതുക്കുവാനും അവരുടെ മേല്‍ തക്ക നടപടി എടുക്കുവാനും അവന് കഴിയുമെന്നും, അവന്‍റെ നിയമനിര്‍ദ്ദേശങ്ങളെല്ലാം തന്നെ തികച്ചും യുക്തവും ന്യായവും മാത്രമായിട്ടുള്ളതാണെന്നും അതില്‍ യാതൊരു ഭേദഗതിക്കും സ്ഥാനമില്ലെന്നും അവസാനം ചൂണ്ടിക്കാട്ടുന്നു: وَاللَّهُ عَزِيزٌ حَكِيمٌ (അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.)

സ്ത്രീകളുടെ അവകാശങ്ങള്‍ യഥാവിധി വകവെച്ചുകൊടുക്കുന്നതില്‍- പൊതുവെ നോക്കിയാല്‍- പുരുഷന്‍മാര്‍ എക്കാലത്തും വളരെ അമാന്തം കാണിച്ചുകൊണ്ടാണിരിക്കുന്നതെങ്കിലും, മുന്‍കാലത്തെപ്പോലെ അവരെ ആടുമാടുകളെപ്പോലെയോ, അടിമ കള്‍ കണക്കെയോ കണക്കാക്കിവരുന്ന സമ്പ്രദായം ഇന്ന് അധികമൊന്നും കാണപ്പെടുമെന്ന്‍ തോന്നുന്നില്ല. നേരെമറിച്ച് അവര്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യവും, യഥാര്‍ത്ഥ ത്തില്‍ അവര്‍ അര്‍ഹിക്കാത്ത അവകാശങ്ങളും നല്‍കപ്പെടുന്നതാണ് ഇന്ന് കൂടുതല്‍ ആപല്‍ക്കരമായിട്ടുള്ളത്. സദാചാര രംഗത്തും, ധാര്‍മിക രംഗത്തും മാത്രമല്ല, സാമൂഹ്യരംഗത്ത് പൊതുവെ തന്നെയും ഇതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന അനര്‍ത്ഥങ്ങള്‍ ഭയങ്കരമാണ്. അല്ലാഹുവില്‍ ശരണം!