ബഖറഃ (പശു)
മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 286 – വിഭാഗം (റുകൂഉ്) 40

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

വിശുദ്ധ ക്വുര്‍ആനിലെ ഏറ്റവും വലിയ സൂറത്താണിത്. ഇതിന്‍റെ മിക്കഭാഗവും നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മദീനാ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അവതരിച്ചതാകുന്നു. ചുരുക്കം ചില ആയത്തുകള്‍ അവസാനകാലങ്ങളില്‍ അവതരിച്ചവയുമാണ്. ക്വുര്‍ആന്റെ അവതരണം ആദ്യം തൊട്ടവസാനം വരെ ക്രമത്തിലോ, ഓരോ സൂറത്തുകളായോ ആയിരുന്നില്ലെന്നും, സന്ദര്‍ഭവും ആവശ്യവും അനുസരിച്ചു പലപ്പോഴായി അവതരിക്കുകയായിരുന്നു പതിവെന്നും, അപ്പപ്പോള്‍ അവതരിക്കുന്ന ഭാഗങ്ങള്‍ ഇന്നിന്ന സൂറത്തുകളില്‍ ഇന്നിന്ന ഭാഗത്തു ചേര്‍ക്കണമെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എഴുത്തുകാരോടു കല്‍പിക്കുകയായിരുന്നു ചെയ്തിരുന്നതെന്നും മറ്റും മുഖവുരയില്‍ വിവരിച്ചത് ഓര്‍ക്കുമല്ലോ.

മൗലികതത്വങ്ങള്‍, വിശ്വാസ സിദ്ധാന്തങ്ങള്‍, കര്‍മപരമായ വിധിവിലക്കുകള്‍, നിയമ നിര്‍ദ്ദേശങ്ങള്‍, സാരോപദേശങ്ങള്‍, ഉപമകള്‍, ദൃഷ്ടാന്തങ്ങള്‍, ചരിത്ര സംഭവങ്ങള്‍, സദാചാരമൂല്യങ്ങള്‍, സന്തോഷ വാര്‍ത്തകള്‍, താക്കീതുകള്‍ എന്നിങ്ങനെയുള്ള തുറകളില്‍, മറ്റുസൂറത്തുകളെ അപേക്ഷിച്ച് ഈ സൂറത്തില്‍ കൂടുതല്‍ കാണാവുന്നതാണ്. അതുകൊണ്ട് തന്നെയായിരിക്കാം ചില നബി വചനങ്ങളില്‍ ഈ സൂറത്തിനെപ്പറ്റി  سنام القرآن وذروته (ക്വുര്‍ആന്റെ പൂഞ്ഞും അതിന്റെ കൊടുമുടിയും) എന്നു പറഞ്ഞിരിക്കുന്നതും. (അ,ത്വ.) ഒട്ടകം, കാള മുതലായവയുടെ പുറത്ത് ഏറ്റവും പൊന്തിക്കാണുന്ന മുഴയാണല്ലോ പൂഞ്ഞ്. അതുപോലെ, പര്‍വ്വതത്തിന്റെ ഭാഗങ്ങളില്‍ ഏറ്റവും ഉയരത്തായി കാഴ്ചയില്‍ പെടുന്നത് അതിന്റെ കൊടുമുടിയുമായിരിക്കും. അതുപോലെ, ക്വുര്‍ആനിലെ പ്രതിപാദ്യ വിഷയങ്ങളില്‍ സൂറത്തുല്‍ ബക്വറഃ കൂടുതല്‍ മുഴച്ചു നില്‍ക്കുന്നുവെന്ന് സാരം.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മക്കാജീവിതകാലത്ത് അവിടെ മുശ്‌രിക്കുകളുടെ ആധിപത്യവും സ്വാധീനവുമാണല്ലോ നടമാടിയിരുന്നത്. അതുകൊണ്ട് മക്കീ കാലഘട്ടത്തില്‍ അവതരിച്ച സൂറത്തുകളിലെ പ്രധാന പരാമര്‍ശങ്ങള്‍ തൗഹീദിനെയും ശിര്‍ക്കിനെയും സംബന്ധിച്ചായിരുന്നു. തിരുമേനിയും സ്വഹാബികളും മദീനയില്‍ ചെല്ലുമ്പോഴാകട്ടെ-അവര്‍ അവിടെ എത്തും മുമ്പുതന്നെ-അവിടെയുള്ള അറബികളില്‍ വലിയൊരു വിഭാഗം സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിന് ഒരു തെളിഞ്ഞ അന്തരീക്ഷം അവിടെ സംജാതമായിട്ടുമുണ്ടായിരുന്നു. ആകയാല്‍, മനുഷ്യന്റെ വ്യക്തിപരവും, സാമൂഹ്യവുമായ മണ്ഡലങ്ങളില്‍ ക്രിയാത്മകമായും, നിഷേധാത്മകമായും സ്വീകരിക്കപ്പെടേണ്ടുന്ന വിധിവിലക്കുകളും ഉപദേശനിര്‍ദ്ദേശങ്ങളും ആ സന്ദര്‍ഭത്തിന്‍റെ ആവശ്യമായിരുന്നു. മദീനാ ജീവിതത്തിന്‍റെ ആരംഭഘട്ടങ്ങളില്‍ അവതരിച്ച ഈ സൂറത്തില്‍ ഈ കാര്യം പ്രത്യേകം പരിഗണിക്കപ്പെട്ടുകാണാം.

അതേസമയത്ത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഏറ്റവും കടുത്ത ഒരു പുത്തന്‍ ശത്രുസമൂഹത്തെ അവിടെ നേരിടേണ്ടി വന്നിരുന്നു. അതെ, യഹൂദികളെ. ദൈവിക മതത്തിന്‍റെയും, പ്രവാചക പാരമ്പര്യത്തിന്‍റെയും കുത്തകാവകാശം വാദിച്ചിരുന്ന അവര്‍, വാസ്തവത്തില്‍ ആ രണ്ടിനോടും നാമമാത്ര ബന്ധം പോലുമില്ലാത്തവണ്ണം ദുഷിച്ചു പോയിട്ടുണ്ടായിരുന്നു. ഇസ്‌ലാമിനെതിരില്‍ യഹൂദികള്‍ സ്വീകരിച്ചുവന്ന വിദ്വേഷവും. വൈരാഗ്യവും പകയും അസൂയയുമെല്ലാം പ്രസിദ്ധമാണ്. ഈ സൂറത്തില്‍ നല്ലൊരു ഭാഗം അവരെ സംബന്ധിക്കുന്നതാകുവാന്‍ കാരണം അതാണ്. കിട്ടുന്ന പഴുതെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇസ്‌ലാമിനെതിരെ ഗൂഢാലോചനകള്‍ നടത്തുവാന്‍ ഒരുമ്പെട്ടിരുന്ന മറ്റൊരു ശത്രുവിഭാഗവും അവിടെ രംഗത്തുണ്ടായിരുന്നു, മുനാഫിക്വുകള്‍ (കപടവിശ്വാസികള്‍). സ്വാര്‍ത്ഥങ്ങളും, താല്‍ക്കാലിക കാര്യലാഭങ്ങളും ഓര്‍ത്തു പ്രത്യക്ഷത്തില്‍ ഇസ്‌ലാമിന്‍റെ വേഷം അണിഞ്ഞിരുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകളല്ലായിരുന്നു. ഇവരെക്കുറിച്ചും ഈ സൂറത്തില്‍ പലതും പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, മറ്റു സൂറത്തുകളില്‍ കാണപ്പെടാത്ത ചില പരാമര്‍ശങ്ങളും, ഉപമകളും, സംഭവകഥകളും മറ്റും ഇതില്‍ അടങ്ങിയിട്ടുണ്ട്.

സൂറത്തുല്‍ ബക്വറഃ (പശുവിന്‍റെ അദ്ധ്യായം) എന്ന് ഇതിന് പേര് വരുവാന്‍ കാരണം, ഇസ്‌റാഈല്യരില്‍ കഴിഞ്ഞു പോയ ഒരു പശുവിന്‍റെ സംഭവം ഇതില്‍ വിവരിക്കപ്പെട്ടിട്ടുള്ളതാണ്. ഓരോ സൂറത്തിലും വിവരിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും പ്രത്യേക വിഷയത്തെ സൂചിപ്പിക്കുന്നതോ, അതില്‍ പ്രത്യേകം വന്നിട്ടുള്ള ഏതെങ്കിലും വാക്കുകളെ സൂചിപ്പിക്കുന്നതോ ആയ പേരുകളിലായിരിക്കും മിക്ക സൂറത്തുകളും അറിയെപ്പടുന്നത്. ചുരുക്കം ചിലതിന് പ്രതിപാദ്യ വിഷയത്തെ സൂചിപ്പിക്കുന്ന പേരുകളുമായിരിക്കും. മൊത്തത്തില്‍ പറഞ്ഞാല്‍ സൂറത്തുകള്‍ തിരിച്ചറിയാനുള്ള ഒരു എളുപ്പമാര്‍ഗമെന്ന നിലക്ക് മാത്രമാണ് അവയുടെ പേരുകള്‍. അത്‌കൊണ്ട് ഒരേ സൂറത്തിന് തന്നെ ചിലപ്പോള്‍ ഒന്നിലധികം പേരുണ്ടായെന്നും വരും. വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും, അവയുടെ ക്രമീകരണത്തിലുമെല്ലാം ക്വുര്‍ആന് അതിന്‍റെതായ പ്രത്യേക രീതികളാണുള്ളത്. ഇതിനെപ്പറ്റിയെല്ലാം മുഖവുരയില്‍ വിശദീകരിച്ചിട്ടുള്ളത് കൊണ്ട് കൂടുതലൊന്നും പ്രസ്താവിക്കേണ്ടുന്ന ആവശ്യമില്ല.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറയ്‌റ (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘നിങ്ങളുടെ വീടുകളെ നിങ്ങള്‍ ക്വബ്ര്‍ സ്ഥാനങ്ങളാക്കരുത്. സൂറത്തുല്‍ ബക്വറഃ ഓതപ്പെടുന്ന വീടുകളില്‍ നിശ്ചയമായും പിശാച് പ്രവേശിക്കുകയില്ല’. (അ; മു; തി; ന.) ക്വുര്‍ആന്‍ പാരായണം പോലെയുള്ള കാര്യങ്ങളൊന്നും നടത്താതെ വീടുകള്‍ മൂകവും ശൂന്യവുമാക്കരുതെന്നാണ് ക്വബ്ര്‍സ്ഥാനമാക്കരുതെന്ന് പറഞ്ഞതിന്‍റെ സാരം. ഇത്‌പോലെയുള്ള വേറെയും ഹദീഥുകള്‍ കാണാം. ഒരിക്കല്‍, ഒരു കൂട്ടം ആളുകളെ ഒരു ഭാഗേത്തക്ക് നിയോഗിച്ചയച്ചപ്പേള്‍, അവരില്‍ ഓരോരുത്തര്‍ക്കും ക്വുര്‍ആന്‍ പാരായണം ചെയ്യുവാനുള്ള കഴിവ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പരിശോധിക്കുകയുണ്ടായി. അവരില്‍വെച്ച് ഇളം പ്രായക്കാരനായ ഒരാള്‍ തനിക്ക് ക്വുര്‍ആന്‍റെ ഇന്നിന്ന ഭാഗവും സൂറത്തുല്‍ ബക്വറഃയും അറിയാമെന്ന് പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു ‘തന്‍റെ കൂടെ സൂറത്തുല്‍ ബക്വറഃ യുണ്ടോ? എന്നാല്‍ പോയിക്കൊള്ളുക. താന്‍ ഇവരുടെ അമീര്‍ (നായകന്‍) ആകുന്നു; (തി; ന; ജ; ഹാ.) നവ്വാസുബ്‌നു സംആന്‍ (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. ‘ക്വുര്‍ആനും, അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന അതിന്‍റെ ആള്‍ക്കാരും (ക്വിയാമത്ത് നാളില്‍) കൊണ്ടുവരപ്പെടും. സൂറത്തുല്‍ ബക്വറഃയും, ആലുഇംറാനും അവയുടെ ആള്‍ക്കാര്‍ക്ക് വേണ്ടി (അവരെ ന്യായീകരിച്ചു) തര്‍ക്കം നടത്തിക്കൊണ്ട് അവരുടെ മുമ്പില്‍ വരുന്നതാണ്’ എന്ന് നബി പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. തിരുമേനി അവക്ക് മൂന്ന് ഉപമകളും വിവരിച്ചിരുന്നു. ഞാനത് ഇത്‌വരെയും മറന്നിട്ടില്ല. അതായത്, അവരും രണ്ടു മേഘങ്ങളെന്നോണം, അല്ലെങ്കില്‍ കറുത്ത രണ്ടു തണലുകളെന്നോണം, അല്ലെങ്കില്‍ അണിനിരന്ന രണ്ടു പക്ഷിക്കൂട്ടമെന്നോണം എന്നായിരുന്നു അത്. (അ; മു; തി; ബു-താരീഖില്‍.)

ഇതുപോലെ, സൂറത്തുല്‍ ബക്വറഃയുടെയും, ‘ആയത്തുല്‍ കുര്‍സിയ്യ്’ മുതലായ അതിലെ പ്രത്യേകം ചില ആയത്തുകളുടെയും ശ്രേഷ്ഠതകള്‍ വിവരിക്കുന്ന പല ഹദീഥുകളും രിവായത്തുകളും ഉദ്ധരിക്കുവാനുണ്ട് ചിലതൊക്കെ സന്ദര്‍ഭംപോലെ അതത് സ്ഥാനങ്ങളില്‍ നമുക്ക് പരിചയപ്പെടാം ان شاء لله ഈ സൂറത്തിലും പ്രസ്തുത ആയത്തുകളിലും അടങ്ങിയ വിഷയങ്ങളുടെ പ്രാധാന്യവും മഹത്വവുമാണ് അതെല്ലാം ചുണ്ടിക്കാട്ടുന്നത്.

2:1
  • الٓمٓ ﴾١﴿
  • അലിഫ്-ലാം-മീം
  • الٓمٓ അലിഫ്-ലാം-മീം
2:2
  • ذَٰلِكَ ٱلْكِتَـٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴾٢﴿
  • ആ ഗ്രന്ഥം! അതില്‍ സന്ദേഹമേ ഇല്ല;- (അത്) മാര്‍ഗദര്‍ശനമത്രെ, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
  • ذَٰلِكَ ആ, അത്‌ الْكِتَابُ ഗ്രന്ഥം, ഗ്രന്ഥമാണ്‌ لارَيْبَ സന്ദേഹമേ ഇല്ല فِيه അതില്‍ هُدً ى മാര്‍ഗ ദര്‍ശനമാണ്‌ لِلْمُتَّقِين സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്
2:3
  • ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ ﴾٣﴿
  • (അതായത്) അദൃശ്യത്തില്‍ വിശ്വസിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും ചെയ്യുന്നവര്‍; നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യും.
  • الَّذِينَ യാതൊരു കൂട്ടര്‍ يُؤْمِنُونَ അവര്‍ വിശ്വസിക്കും بِالْغَيْبِ അദൃശ്യത്തില്‍ وَيُقِيمُونَ അവര്‍ നിലനിറുത്തുകയും ചെയ്യും الصَّلاةَ നമസ്‌കാരം وَمِمَّا യാതൊന്നില്‍ നിന്ന്‌ رَزَقْنَا നാം നല്‍കിയിരിക്കുന്നു هُمْ അവര്‍ക്ക്‌ يُنْفِقُونَ അവര്‍ ചിലവഴിക്കും
2:4
  • وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْـَٔاخِرَةِ هُمْ يُوقِنُونَ ﴾٤﴿
  • (നബിയേ), നിന്നിലേക്ക് ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും; പരലോകത്തിലാകട്ടെ, അവര്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യും. [ഇവരാണ് സുക്ഷ്മത പാലിക്കുന്നവര്‍]
  • وَالَّذِينَ യാതൊരു കൂട്ടരും يُؤْمِنُونَ അവര്‍ വിശ്വസിക്കും, بِمَاأنُْزِلَ ഇറക്കപ്പെട്ടതില്‍ إِلَيْكَ നിന്നിലേക്ക്‌ وَمَاأنُْزِلَ ഇറക്കപ്പെട്ടതിലും مِنْ قَبْلِكَ നിന്റെ മുമ്പ്‌ وَبِالآخِرَة പരലോകത്തിലാകട്ടെ هُمْ അവര്‍ يُوقِنُونَ ദൃഢമായി വിശ്വസിക്കുന്നു
2:5
  • أُو۟لَـٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٥﴿
  • അക്കൂട്ടര്‍, തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സന്മാര്‍ഗത്തിലാകുന്നു. അക്കൂട്ടര്‍ തന്നെയാണ് വിജയികളും!
  • أُولَٰئِكَ അക്കൂട്ടര്‍ عَلَىٰ هُدًى സന്മാര്‍ഗത്തിലാണ്‌ مِّن رَّبِّهِمْ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള وَأُولَٰئِكَ അക്കൂട്ടര്‍ هُمُ അവര്‍ (തന്നെ) الْمُفْلِحُونَ വിജയികള്‍

ക്വുര്‍ആനിലെ 29 സൂറത്തുകളുടെ ആരംഭത്തില്‍ ഇത്‌ പോലെയുള്ള ഏതാനും കേവലാക്ഷരങ്ങള്‍ കാണാവുന്നതാണ്. തുടര്‍ന്നുള്ള വാക്യങ്ങളുമായി ഘടനാപരമോ, അര്‍ത്ഥപരമോ ആയ ബന്ധമില്ലാത്തവയായത്‌ കൊണ്ട് ഇവക്ക് الحروف المقطعة (വേറിട്ടു നില്‍ക്കുന്ന അക്ഷരങ്ങള്‍) എന്നു പറയപ്പെടുന്നു. ചില സൂറത്തുകളുടെ ആരംഭത്തില്‍ (ص ، ن പോലെ) ഒരക്ഷരം മാത്രമായും, ചിലതില്‍ ( حم ، طه പോലെ) രണ്ടക്ഷരമായും, ചിലതില്‍ (الم ، الر പോലെ) മൂന്നക്ഷരമായും, ചിലതില്‍ (المر ، المص പോലെ) നാലക്ഷരമായും, ചിലതില്‍ ( كهيعص ، حم عسق പോലെ) അഞ്ചക്ഷരമായും – ഇങ്ങിനെ അഞ്ചുതരത്തില്‍-ഇവ വന്നിട്ടുണ്ട്. ഇവയില്‍തന്നെ ഒന്നിലധികം സൂറത്തില്‍ ആവര്‍ത്തിക്കപ്പെട്ടവയും, തീരെ ആവര്‍ത്തിക്കപ്പെടാത്തവയും കാണാം.

ഇത്തരം അക്ഷരങ്ങളെപ്പറ്റി പ്രധാനമായി രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത്.

1) അല്ലാഹു അവന്‍റെ ഗ്രന്ഥത്തില്‍ നിക്ഷേപിച്ചു വെച്ചിട്ടുള്ള ഒരു രഹസ്യമാണത്. അവയില്‍ നാം വിശ്വസിക്കുന്നു. അവയുടെ അര്‍ത്ഥമോ, വ്യാഖ്യാനമോ നമുക്കറിഞ്ഞു കൂടാ, ഇതാണൊരഭിപ്രായം. അബൂബക്കര്‍‍, ഉമര്‍, ഉഥ്മാന്‍, അലി, ഇബ്‌നു മസ്ഊദ് (റ) മുതലായ സ്വഹാബീ വര്യന്‍മാരും, ശഅബീ, സുഫ്‌യാനുഥൗരീ (റ) പോലെയുള്ള താബിഉകളായ ഹദീഥ് പണ്ഡിതന്‍മാരും ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗവും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

2) അവയില്‍ ചില സാരങ്ങളും സൂചനകളും അടങ്ങിയിട്ടുണ്ട്. അത് നാം ചിന്തിച്ചും പരിശോധിച്ചും മനസ്സിലാക്കേണ്ടതാണ്. ഇതാണ് മറ്റൊരു വിഭാഗത്തിന്‍റെ നിലപാട്. എന്നാല്‍, അവയുടെ വ്യാഖ്യാനത്തിലോ, അവയിലടങ്ങിയ സൂചനാരഹസ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിലോ ഇവര്‍ക്ക് യോജിച്ച അഭിപ്രായം കാണുകയില്ല. വ്യത്യസ്തമായ സമീപനങ്ങളാണുള്ളത്. അവയില്‍ കൂടുതല്‍ പ്രസക്തമായതിന്‍റെ ചുരുക്കം ഇതാകുന്നു:-

എല്ലാവര്‍ക്കും സുപരിചിതമായ ഇത്തരം അറബി അക്ഷരങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം തന്നെയാണ് ക്വുര്‍ആനും. എന്നാല്‍, ഇത്‌പോലെയുള്ള ഒരു ഗ്രന്ഥമോ ഇതിലെ ഒരദ്ധ്യായം പോലെയുള്ള ഒരു ഭാഗമോ നിങ്ങളൊന്ന് കൊണ്ടു വരുവീന്‍ എന്നിങ്ങനെ നിഷേധികളായ ശത്രുക്കളോടുള്ള ഒരു വെല്ലുവിളിയാണ് ഈ അക്ഷരങ്ങള്‍. സമഖ്ശരീ, ബൈദ്വാവീ (റ) മുതലായ പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ അഭിപ്രായമാണ് ന്യായീകരിച്ചും വിശദീകരിച്ചും കാണുന്നത്. ഇമാം മുബര്‍റദൂം (റ) മറ്റു സൂക്ഷ്മാന്വേഷികളായ പലരും ഈ അഭിപ്രായക്കാരാണെന്നും ഇമാം റാസി (റ) പ്രസ്താവിച്ചിരിക്കുന്നു. ‘അശ്‌ശൈഖുല്‍ ഇമാം ഇബ്‌നു തൈമിയ്യയും നമ്മുടെ ഗുരുവര്യന്‍ അല്‍ഹാഫിള്വ് അബുല്‍ ഹജ്ജാജില്‍ മുസ്‌സീ ( الحافظ المزى ) യും ഈ അഭിപ്രായക്കാരാണെന്ന് ‘ ഇബ്‌നു കഥീറും (റ) പറഞ്ഞിരിക്കുന്നു. അറബി അക്ഷമാലയില്‍ 28 അക്ഷരങ്ങളാണുള്ളത്. അതിന്‍റെ പകുതിഭാഗമായ  ا، ل، م، ص، ر، ك، ھ، ي، ع، ط، س، ح، ق،  ن എന്നീ 14 അക്ഷരങ്ങളാണ് സൂറത്തുകളുടെ ആരംഭത്തിലുള്ള ഈ കേവലാക്ഷരങ്ങളിലുള്ളത്. ഉച്ചാരണവും സ്വരവ്യത്യാസവും കണക്കിലെടുത്തുകൊണ്ട് അറബി അക്ഷരങ്ങള്‍ പലതരമായി ഭാഗിക്കപ്പെടുന്നു. ഒരോ തരത്തിലും പകുതി വീതം ഈ 14 ല്‍ കാണാവുന്നതാണ്. (*) ബാക്കി പകുതികള്‍ ഇവയില്‍ നിന്ന് അനുമാനിക്കാമല്ലോ. അതു പോലെത്തന്നെ, അറബിയിലെ പദങ്ങള്‍ പരിശോധിച്ചാല്‍ ഒന്നു മുതല്‍ അഞ്ചുവരെ അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരിക്കും അവ. കൂടുതല്‍ കാണപ്പെടുന്ന പക്ഷം, അവ അതതിന്‍റെ മൂലധാതുവിലുള്ള സാക്ഷാല്‍ അക്ഷരങ്ങള്‍ക്ക് പുറമെ ഏതെങ്കിലും കാരണത്താല്‍ വര്‍ദ്ധിപ്പിക്കപ്പെട്ടവയായിരിക്കും. ഈ കേവലാക്ഷരങ്ങളിലും തന്നെ ഒന്നുമുതല്‍ അഞ്ചുവരെ അക്ഷരങ്ങളാണുള്ളത്. കൂടാതെ, നാമം, ക്രിയ, അവ്യയം എന്നിവയുടെ ഏതാനും തരവ്യത്യാസങ്ങളും, രൂപവൈവിദ്ധ്യങ്ങളും ഇവയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.


(*) മലയാളത്തില്‍ ഖരം, അതിഖരം, മൃദു, ലഘു എന്നിങ്ങനെ അക്ഷരങ്ങള്‍ ഭാഗിക്കപ്പെടാറുള്ളതുപോലെ അറബി അക്ഷരങ്ങളും ( رخوة، شدة، همس، جهر،إطباق، فتح ) എന്നും മറ്റും പലതായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ക്വുര്‍ആന്‍റെ പാരായണ ശാസ്ത്രമായ ‘ഇല്‍മുത്തജ്‌വീദ് (عِلْمُ التَّجْوِيدْ) ന്‍റെ ഗ്രന്ഥങ്ങളില്‍ ഇവയെപ്പറ്റി വിശദവിവരം കാണാം.


ഇതെല്ലാം ഇവിടെ വിസ്തരിച്ചു പറയുന്ന പക്ഷം, അത് വളരെ ദീര്‍ഘിച്ചു പോകുന്നതുകൊണ്ട് ഒരു ഏകദേശ വിവരണം കൊണ്ട് മതിയാക്കുകയാണ്. ചുരുക്കത്തില്‍ ഇങ്ങിനെ എല്ലാവര്‍ക്കും സുപരിചിതമായ അറബി അക്ഷരങ്ങളും, അവയാല്‍ സംഘടിപ്പിക്കപ്പെടുന്ന വാക്കുകളും ഉപയോഗിച്ചു കൊണ്ടാണല്ലോ എല്ലാ അറബി ഗദ്യ – പദ്യ സാഹിത്യങ്ങളും രൂപം കൊള്ളുന്നത്. ഇതേ അക്ഷരങ്ങളുടെയും വാക്കുകളുടെയും സമൂഹം തന്നെയാണ് ക്വുര്‍ആനും; എന്നിരിക്കെ, ഇതിന്‍റെ മുഴുവന്‍ ഭാഗത്തോടോ,ഏതാനും ഭാഗത്തോടോ കിടപിടിക്കത്തക്ക ഒരു കൃതി ആര്‍ക്കും സമര്‍പ്പിക്കുവാന്‍ കഴിയാത്തത് അതിന്‍റെ അമാനുഷികതക്ക് സ്പഷ്ടമായ ഒരു തെളിവാകുന്നു. എന്നിങ്ങനെയാണ് ഈ സമീപനത്തിന്‍റെ സാരം. (*)


(*) കൂടുതല്‍ വിശദീകരണം അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍, സമഖ്ശരീ, ബൈദ്വാവി (റ) മുതലായ മഹാന്‍മാരുടെ തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ നോക്കുക.


ഈ അഭിപ്രായത്തിന് പിന്‍ബലം നല്‍കുന്ന ഒരു വസ്തുത ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. 29 സൂറത്തുകളുടെ ആരംഭത്തിലാണ് ഇത്തരം അക്ഷരങ്ങളുള്ളത്. ആ സൂറത്തുകള്‍ പരിശോധിക്കുമ്പോള്‍, ക്വുര്‍ആന്‍റെ സത്യതയും, മഹത്വവും, അമാനുഷികതയും ചൂണ്ടിക്കാട്ടുന്ന ചില വാക്യങ്ങള്‍ അതോടൊപ്പം തുടര്‍ന്ന് കാണാവുന്നതാണ്. ഉദാഹരണമായി: ഇവിടെ الم എന്ന അക്ഷരങ്ങളെത്തുടര്‍ന്ന് ‘ആഗ്രന്ഥത്തില്‍ ഒട്ടും സന്ദേഹമില്ല’, (ذَٰلِكَ الْكِتَابُ لارَيْبَ فِيه) എന്നും, അടുത്ത സൂറത്തില്‍ അതിനെത്തുടര്‍ന്ന് അല്ലാഹു അല്ലാതെ ആരാധ്യനില്ല, അവന്‍ ജീവത്തായുള്ളവനും നിയന്താവുമാണ്. അവന്‍ നിനക്ക് യഥാര്‍ത്ഥപ്രകാരം ഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു’ (اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ نزل عليك الكتاب بالحق) എന്നും പറയുന്നു. ഇത്‌പോലെയുള്ള പ്രസ്താവനകള്‍ മറ്റു സൂറത്തുകളിലും കാണാവുന്നതാണ്. വേറെയും പല അഭിപ്രായങ്ങള്‍ ഈ അക്ഷരങ്ങളെ സംബന്ധിച്ച് ഉദ്ധരിക്കുവാനുണ്ടെങ്കിലും എല്ലാം ചില അഭിപ്രായങ്ങള്‍ എന്നല്ലാതെ അവക്ക് തെളിവുകളുടെ പിന്‍ബലം കാണുന്നില്ല.

ഒരു മഹാന്‍ പ്രസ്താവിച്ചതായി ഇബ്‌നു കഥീര്‍ (റ) ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു: ‘ഈ അക്ഷരങ്ങളെ വൃഥാ പ്രയോജനമില്ലാതെ അല്ലാഹു അവതിരിപ്പിച്ചിട്ടില്ല എന്ന കാര്യം നിസ്സംശയമത്രെ. തീരെ അര്‍ത്ഥമില്ലാതെ തനി ആരാധനാപരമായത് (تعبدي) വല്ലതും ക്വുര്‍ആനില്‍ ഉണ്ടെന്ന് ആരെങ്കിലും പറയുന്ന പക്ഷം അത് വമ്പിച്ച ഒരബദ്ധമാണ്. അപ്പോള്‍, ആ അക്ഷരങ്ങള്‍ക്ക് എന്തോ അര്‍ത്ഥമുണ്ടെന്ന് തീര്‍ച്ചയാണ്. എന്നാല്‍, പാപ വിമുക്തനായ ആളില്‍ (റസൂലില്‍) നിന്ന് വല്ലതും നമുക്ക് ശരിയായി വന്നുകിട്ടിയാല്‍ നാം അതുപ്രകാരം പറയും. ഇല്ലാത്ത പക്ഷം നാം നില്‍ക്കുന്നിടത്ത് നില്ക്കുകയും ചെയ്യും. امنا به كل من عند ربنا (നാം അതില്‍ വിശ്വസിച്ചിരിക്കുന്നു; എല്ലാം നമ്മുടെ റബ്ബിങ്കല്‍ നിന്നുള്ളതാണ്) എന്ന് നാം പറയുകയും ചെയ്യും. ഒരു നിശ്ചിതമായ അഭിപ്രായത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുമില്ല. അവര്‍ ഭിന്നിക്കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍, രേഖാമൂലം വല്ലവര്‍ക്കും വല്ല അഭിപ്രായവും വ്യക്തമായിക്കിട്ടിയാല്‍ അയാളത് പിന്‍പറ്റേണ്ടതാണ്. ഇല്ലെങ്കില്‍ കാര്യം വ്യക്തമാവുന്നതുവരെ മൗനമായി നിലകൊള്ളുകയാണ് വേണ്ടത്. ചില വസ്തുതകള്‍ ഇവിടെ ഓര്‍മിക്കുന്നത് പ്രയോജനകരമായിരിക്കും. യാതൊരു അര്‍ത്ഥവും ഉദ്ദേശ്യവുമില്ലാത്തതൊന്നും ക്വുര്‍ആനില്‍ ഇല്ലെന്നും, ഉണ്ടാകാവതല്ലെന്നും തീര്‍ച്ചതന്നെ. പക്ഷേ, എല്ലാവര്‍ക്കും പൊതുവില്‍ മനസ്സിലാക്കുവാന്‍ കഴിയാത്ത ചില ഭാഗം അതിലുണ്ടായിരിക്കാമെന്ന് സൂ: ആലുഇംറാന്‍ 7-ാം വചനത്തില്‍ വെച്ചു കാണാവുന്നതാണ് متشا به (പരസ്പര സാദൃശ്യമുള്ളത് – അഥവാ തിരിച്ചറിയുവാന്‍ കഴിയാത്തത്) എന്നാണ് അതിന് അവിടെ ഉപയോഗിച്ചിരിക്കുന്നവാക്ക്. ഇതിനപ്പറ്റി മുഖവുരയില്‍ നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്.

അല്ലാഹു സഹായിച്ചാല്‍ ആലു ഇംറാനില്‍ വെച്ചും ചില വിവരങ്ങള്‍ കാണാവുന്നതാണ് ان شاء الله

ഈ അക്ഷരങ്ങളെ സംബന്ധിച്ചു വന്നിട്ടുള്ള സ്വീകാര്യമായ ഒരു ഹദീഥ് ഇതാണ്: ‘അല്ലാഹുവിന്‍റെ കിതാബില്‍ നിന്ന് ആരെങ്കിലും ഒരു അക്ഷരം ഓതിയാല്‍ അവന് അതിനൊരു നന്മയുണ്ട്. നന്മയാകട്ടെ, പത്തിരട്ടി പ്രതിഫലമുള്ളതുമാണ്. ‘അലിഫ്-ലാം-മീം’ എന്നത് ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. ‘അലിഫ്’ ഒരക്ഷരം ‘ലാം’ ഒരക്ഷരം. ‘മീം’ ഒരക്ഷരം, ഹാകിം, തിര്‍മദീ, ബസ്സാര്‍, ദാരിമീ (റ) എന്നിവരും ബുഖാരി (റ) അദ്ദേഹത്തിന്‍റെ ‘താരീഖിലും ഇബ്‌നു മസ്ഊദ് (റ)ല്‍ നിന്ന് ഉദ്ധരിച്ചതാണ് ഈ ഹദീഥ്. ഇതിലും പ്രസ്തുത അക്ഷരങ്ങളുടെ താല്‍പര്യം എന്താണെന്ന് പ്രസ്താവിക്കപ്പെട്ടിട്ടില്ല. എങ്കിലും ക്വുര്‍ആന്‍ അര്‍ത്ഥം അറിയാതെ പാരായണം ചെയ്യുന്നതിലും നന്‍മയുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. വിശദവിവരത്തിന് മുഖവുര നോക്കുക.

(ذَٰلِكَ الْكِتَابُ ആ ഗ്രന്ഥം) എന്നു പറഞ്ഞത് ക്വുര്‍ആനെ ഉദ്ദേശിച്ചു തന്നെ. ഒരു വസ്തു സമീപത്ത് സ്ഥിതി ചെയ്യുമ്പോള്‍ അതിലേക്ക് ചുണ്ടിക്കാണിക്കുവാന്‍ സാധാരണ നിലയില്‍ ھذا (ഇത്, ഈ) എന്നും മറ്റുമാണ് അറബിയില്‍ ഉപയോഗിക്കപ്പെടാറുള്ളത്. ചിലപ്പോള്‍, ചൂണ്ടിക്കാണിക്കുന്ന വസ്തുവിന്‍റെ മഹത്വമോ, ഉന്നത പദവിയോ സൂചിപ്പിച്ചു കൊണ്ട് തല്‍സ്ഥാനത്ത ذلك (അത്, ആ) എന്നും ഉപയോഗിക്കപ്പെടാറുണ്ട്. ഇതനുസരിച്ചാണ് ഇവിടെയും ആ സൂചനാനാമം ഉപയോഗിച്ചിരിക്കുന്നത്. ആ മഹത്തായ ഗ്രന്ഥം എന്നുദ്ദേശ്യം. ക്വുര്‍ആനെ ചൂണ്ടിക്കാട്ടിക്കൊണ്ട് രണ്ടു കാര്യങ്ങളാണ് അല്ലാഹു പ്രസ്താവിക്കുന്നത്. (1) അതില്‍ സന്ദേഹമേ ഇല്ല. (2) അത് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമാണ്. സൂക്ഷ്മത പാലിക്കുന്നവരുടെ ഗുണങ്ങള്‍ തുടര്‍ന്നു വിവരിക്കുകയും ആ ഗുണങ്ങളോടുകൂടിയവരാണ് സന്മാര്‍ഗികളും വിജയികളുമെന്ന് ഉല്‍ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

رَيْبْ (റയ്ബ്) എന്ന വാക്കിന് സന്ദേഹം, തെറ്റിദ്ധാരണ എന്നും മറ്റും അര്‍ത്ഥം വരും. ആദ്യത്തെ അര്‍ത്ഥമാണ് ഇവിടെ. ക്വുര്‍ആന്‍റെ പ്രതിപാദ്യ വിഷയങ്ങളിലോ, സന്ദേശങ്ങളിലോ ലക്ഷ്യ ദൃഷ്ടാന്തങ്ങളിലോ ഒന്നും തന്നെ സംശയത്തിന് പഴുതില്ല. എല്ലാം സുവ്യക്തമായ യാഥാര്‍ത്ഥ്യങ്ങളാകുന്നു എന്നത്രെ لارَيْبَ ۛ فِيه (അതില്‍ സന്ദേഹമേ ഇല്ല) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം. പക്ഷേ, അത് സത്യസമ്പൂര്‍ണവും സുവ്യക്തവുമായ ഒരു ഗ്രന്ഥമാണെന്നതു കൊണ്ട് എല്ലാ മനുഷ്യര്‍ക്കും അതിന്‍റെ മാര്‍ഗദര്‍ശനം പ്രയോജനപ്പെടുകയില്ല; അതിന്‍റെ മാര്‍ഗദര്‍ശനം സ്വീകരിക്കുവാന്‍ തയ്യാറുള്ളവര്‍ക്കേ അതുകൊണ്ട് പ്രയോജനമുള്ളൂവെന്നാണ് هُدً ى لِلْمُتَّقِين (സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമാകുന്നു) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്.

هُدَى ، هِدَايَة (ഹുദാ, ഹിദായത്ത്) എന്നീ പദങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ച് സൂ:ഫാതിഹഃയില്‍ വിവരിച്ചുവല്ലോ. مُتَّقِين (മുത്തക്വീന്‍) എന്ന വാക്കിനാണ് ‘സൂക്ഷ്മത പാലിക്കുന്നവര്‍’ എന്ന് അര്‍ത്ഥം കല്‍പിച്ചത്. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ചു കൊണ്ട് അവന്‍റെ ശിക്ഷക്കും അപ്രീതിക്കും കാരണമാകുന്ന കാര്യങ്ങളെ സൂക്ഷിച്ചു ജീവിക്കുന്ന ഭയഭക്തന്മാര്‍ എന്നാണ് ആ വാക്കുകൊണ്ടു വിവക്ഷ. ഈ സൂക്ഷ്മതയാകുന്ന ഭയഭക്തിക്കാണ് تَقْوَى (തക്വ്‌വാ) എന്ന് പറയുന്നത്. ഈ വാക്കിന്‍റെ ഉദ്ദേശ്യം വിവരിക്കുന്നതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വാചകങ്ങള്‍ വ്യത്യസ്തങ്ങളായി കണ്ടെക്കുമെങ്കിലും ഈ ആശയത്തില്‍ അവരെല്ലാം യോജിക്കുന്നതായി കാണാവുന്നതാണ്. സൂക്ഷ്മത പാലിക്കുന്നവര്‍ക്കേ ക്വുര്‍ആന്‍റെ മാര്‍ഗദര്‍ശനം പ്രയോജനപ്പെടുകയുള്ളൂവെന്നുള്ളതിന്‍റെ കാരണം മറ്റൊരു സ്ഥലത്ത് അല്ലാഹു ചൂണ്ടിക്കാട്ടുന്നു:

قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ  ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى – حم لسجدة

(സാരം: പറയുക: അത് – ക്വുര്‍ആന്‍ – വിശ്വസിച്ചവര്‍ക്ക് മാര്‍ഗദര്‍ശനവും ശമനവും – ആശ്വാസപ്രദവും – ആകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ, അവരുടെ കാതുകളില്‍ ഒരു തരം കട്ടിയുണ്ടായിരിക്കും. അത് അവര്‍ക്ക് ഒരു അന്ധതയുമായിരിക്കും. (41: 44) വിശ്വസിക്കുവാന്‍ തയ്യാറില്ലാത്തവര്‍ ക്വുര്‍ആന്‍ കേള്‍ക്കുമ്പോഴൊക്കെ അവരുടെ നിഷേധം വര്‍ദ്ധിക്കുകയാണ് ഉണ്ടാകുക. അങ്ങനെ, അതവര്‍ക്ക് കൂടുതല്‍ ദോഷകരമായി കലാശിക്കുകയുംചെയ്യും. അല്ലാഹു പറയുന്നു:

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ  ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا

(സാരം: സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായുള്ളതിനെ ക്വുര്‍ആനിലുടെ നാം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടത്തെയല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. (17:82) സൂക്ഷ്മത പാലിക്കുന്നവരുടെ പ്രധാന ലക്ഷണങ്ങളായി അഞ്ചു കാര്യങ്ങള്‍ അല്ലാഹു ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നു. ഇവയാണത്:-

1) يؤمنون بالغيب (അവര്‍ അദൃശ്യ കാര്യത്തില്‍ വിശ്വസിക്കുന്നവരാണ്) ഒരുകാര്യം സത്യമെന്ന് സമ്മതിക്കുന്നതിന് ഭാഷയില്‍ إِيمَانْ (ഈമാന്‍) എന്ന് പറയുന്നു. الذين آمنوا وعملوا الصالحات (വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍) എന്നിങ്ങനെ വിശ്വാസവും പ്രവൃത്തിയും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള പ്രസ്താവന കളില്‍ ഈ അര്‍ത്ഥത്തിലുള്ള ഈമാനാണുദ്ദേശ്യം. എന്നാല്‍, സത്യം സമ്മതിക്കുകയും അതിന് വഴങ്ങുകയും ചെയ്യുക എന്ന അര്‍ത്ഥത്തിലാണ് ക്വുര്‍ആനിലും, ഇസ്‌ലാമിക സാഹിത്യങ്ങളിലും ‘ഈമാനും’ അതില്‍ നിന്നുല്‍ഭവിക്കുന്ന പദങ്ങളും നിരുപാധികം ഉപയോഗിക്കപ്പെടാറുള്ളത്. ഈ അര്‍ത്ഥപ്രകാരം മനസ്സുകൊണ്ട് വിശ്വസിക്കുകയും ആ വിശ്വാസം വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും സാക്ഷാല്‍കൃതമാക്കുകയും ചെയ്യുക എന്നായിരിക്കും വിവക്ഷ. അതു കൊണ്ടാണ് സല്‍ക്കര്‍മങ്ങള്‍ വഴി ഈമാന്‍ വര്‍ദ്ധിക്കുകയും, ദുഷ്‌ക്കര്‍മങ്ങള്‍ വഴി ഈമാന്‍ കുറയുകയും ചെയ്യുമെന്ന് ഇമാം ശാഫിഈ, അഹ്മദ്, ബുഖാരീ (റ) തുടങ്ങിയ മുന്‍ഗാമികളായ എത്രയോ മഹാന്‍മാര്‍ പറയുന്നതും. പല ക്വുര്‍ആന്‍ വാക്യങ്ങളും നബി വചനങ്ങളും ഇതിന് തെളിവായി ഇമാം ബുഖാരീ (റ) അദ്ദേഹത്തിന്‍റെ ‘സ്വഹീഹില്‍’ ഉദ്ധരിച്ചിട്ടുമുണ്ട്.

غَيْبْ (ഗയ്ബ്) എന്ന വാക്കിന് ‘അദൃശ്യം അഥവാ മറഞ്ഞകാര്യം’ എന്നാണ് വാക്കര്‍ത്ഥം. ബാഹ്യേന്ദ്രിയങ്ങളുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞതൊക്കെ ഭാഷാര്‍ത്ഥപ്രകാരം ‘ഗയ്ബാ’കുന്നു. ഭര്‍ത്താക്കളുടെ അഭാവത്തില്‍ അനിഷ്ടങ്ങളൊന്നും പ്രവര്‍ത്തിക്കാതെ സൂക്ഷിക്കുന്ന ഭാര്യമാരെപ്പറ്റി حَافِظَاتٌ لِلْغَيْبِ എന്ന് (4:34ല്‍) പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. ‘ഗയ്ബി’ല്‍ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശ്യം, അല്ലാഹുവിന്‍റെ സത്ത, മലക്കുകള്‍, പരലോകം, വിചാരണ, സ്വര്‍ഗം, നരകം, ക്വബ്‌റിലെ അനുഭവങ്ങള്‍ ആദിയായി ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ, ആന്തരേന്ദ്രിയങ്ങള്‍വഴിയോ, അല്ലെങ്കില്‍ ബൂദ്ധികൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും, വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്‍മാരുടെയും പ്രസ്താവനകള്‍ കൊണ്ടു മാത്രം അറിയുവാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു.

മുത്തക്വികളുടെ (സൂക്ഷ്മത പാലിക്കുന്നവരുടെ) ഒന്നാമത്തെ ലക്ഷണം ‘ഗയ്ബി’ല്‍ വിശ്വസിക്കലാണെന്ന് അല്ലാഹു പറഞ്ഞത് വളരെ ശ്രദ്ധേയമാകുന്നു. നേരില്‍ കണ്ടതും കേട്ടതും മാത്രമേ വിശ്വസിക്കൂ എന്നോ, ബുദ്ധി കൊണ്ടു ചിന്തിച്ചും ഗവേഷണം നടത്തിയും കണ്ടു പിടിക്കുന്നതിനപ്പുറം മറ്റൊന്നും ഉണ്ടാകുവാനില്ലെന്നോ ഉറപ്പിച്ചുവെക്കുന്നവര്‍ക്ക് ക്വുര്‍ആന്‍ മുഖേനയോ, വേദഗ്രന്ഥങ്ങള്‍ മുഖേനയോ മാര്‍ഗദര്‍ശനം ലഭിക്കുവാന്‍ പോകുന്നില്ല. ഇങ്ങനെയുള്ളവരെക്കുറിച്ചാണ് മതനിഷേധികള്‍, നിര്‍മതവാദികള്‍ എന്നും മറ്റും പറയുന്നത്. എല്ലാം തങ്ങള്‍ക്കറിയാമെന്ന അഹംഭാവവും, മര്‍ക്കടമുഷ്ടിയും ഇവരുടെ സ്വഭാവമായിരിക്കും. തങ്ങള്‍ പുരോഗമനാശയക്കാരാണ്, അദൃശ്യത്തില്‍ വിശ്വസിക്കുന്നത് കേവലം പഴഞ്ചനും അപരിഷ്‌കൃതവുമാണ് എന്നൊക്കെയായിരിക്കും ഇവരുടെ ജല്‍പനം. എന്നിരിക്കെ, ഇവരോട് പരലോകം, പുനരുത്ഥാനം, സ്വര്‍ഗനരകം മുതലായ മറഞ്ഞ കാര്യങ്ങളെക്കുറിച്ചൊന്നും ഉപദേശിച്ചിട്ട് ഫലമില്ലല്ലോ. അതാണ് ക്വുര്‍ആന്റെ മാര്‍ഗദര്‍ശനം ഇവര്‍ക്ക് പ്രയോജനപ്പെടാതിരിക്കുവാന്‍ കാരണം.

‘ഗയ്ബി’നെ (അദൃശ്യകാര്യത്തെ) സാക്ഷാല്‍ ‘ഗയ്ബ്’ എന്നും ആപേക്ഷികമായ ‘ഗയ്ബ്’ എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതെല്ലാം സാക്ഷാല്‍ ‘ഗയ്ബാ’കുന്നു. ചിലര്‍ക്ക് അറിയുവാന്‍ കഴിയുന്നതും, മറ്റു ചിലര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ ആപേക്ഷികമായ ‘ഗയ്ബി’ലും പെടുന്നു. മലക്കുകള്‍ക്ക് അവര്‍ നിവസിക്കുന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങള്‍ പലതും അറിയുവാന്‍ കഴിയുമെങ്കിലും മനുഷ്യര്‍ക്ക് അതിന് കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച് ഇത് രണ്ടാമത്തെ ഇനത്തില്‍പെട്ട ‘ഗയ്ബാ’ണ്. ബുദ്ധികൊണ്ട് ചിന്തിച്ചോ, ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ, പരിചയം കൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നും ‘ഗയ്ബി’ല്‍ ഉള്‍പ്പെടുകയില്ല. ഉദാഹരണമായി (1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാശവാഹനം മുതലായ യന്ത്രസാമ്ര ഗികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകള്‍. (2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗര്‍ഭത്തിലെ താപനില മുതലായവയെക്കുറിച്ച് നിരീക്ഷണം ചെയ്തു ലഭിക്കുന്ന അറിവുകള്‍. (3) ദീര്‍ഘകാല പരിചയം, മുഖലക്ഷണം, ശബ്ദ വ്യത്യാസം, ദീര്‍ഘദൃഷ്ടി, ബുദ്ധിസാമര്‍ത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങള്‍. ഇവയൊന്നും ‘ഗയ്ബി’ല്‍ ഉള്‍പ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതും ചില വ്യക്തികള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതുമെന്ന നിലക്ക് ഭാഷാര്‍ത്ഥത്തിലുള്ള ആപേക്ഷികമായ ‘ഗയ്ബ്’ എന്ന് വേണമെങ്കില്‍ അവയെപ്പറ്റി പറയാം. അത്രമാത്രം.

(2, 3) وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَا هم يُنْفِقُونَ (അവര്‍ നമസ്‌കാരം നിലനിറുത്തുകയും, നാം അവര്‍ക്കു നല്‍കിയതില്‍നിന്ന് ചിലവഴിക്കുകയും ചെയ്യും). ഭാഷയില്‍ ‘പ്രാര്‍ത്ഥന’ എന്നര്‍ത്ഥമുള്ള വാക്കാണ് صَلاَةْ (സ്വലാത്ത്). തക്ബീര്‍ കൊണ്ടു തുടങ്ങി സലാം കൊണ്ടവസാനിക്കുന്ന പ്രത്യേക രീതിയിലുള്ള ഇസ്‌ലാമിക നമസ്‌കാരകര്‍മമാണ് അതുകൊണ്ട് വിവക്ഷ. അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അവയുടെ ഘടകങ്ങളും നിബന്ധനകളും മര്യാദകളും പൂര്‍ത്തിയാക്കിക്കൊണ്ട് സമയം തെറ്റാതെ നിര്‍വ്വഹിക്കുക എന്നത്രെ നമസ്‌കാരം നിലനിറുത്തല്‍ കൊണ്ടുദ്ദേശ്യം. നാം നല്‍കിയതില്‍ നിന്ന് ചിലവഴിക്കുക എന്നു പറഞ്ഞതിന്‍റെ താല്പര്യം ഇസ്‌ലാമിലെ നിര്‍ബന്ധദാനമായ സക്കാത്തും, സക്കാത്തിനു പുറമെ നിര്‍വ്വഹിക്കുവാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ള എല്ലാ ദാനധര്‍മങ്ങളുമാകുന്നു. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു പുറമെ വേറെയും ഐഛിക നമസ്‌കാരങ്ങളും, നിര്‍ബന്ധമായ ദാനധര്‍മങ്ങള്‍ക്കു പുറമെ വേറെയും ദാനധര്‍മങ്ങളും നിര്‍വ്വഹിക്കുവാന്‍ ഇസ്‌ലാം പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത് ശരിയാണ്. പക്ഷേ, മുത്തക്വികളുടെ അനിവാര്യഗുണങ്ങളെ വിവരിക്കുന്ന സന്ദര്‍ഭമായത് കൊണ്ടത്രെ നിര്‍ബന്ധമായ നമസ്‌കാരങ്ങളും ദാന ധര്‍മങ്ങളുമാണുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞത്. മനുഷ്യന് അല്ലാഹുവിനോടുള്ള അനുഷ്ഠാനപരമായ കടമകളില്‍ വളരെ പ്രധാനപ്പെട്ടതാണ് നമസ്‌കാരകര്‍മം. ദാനധര്‍മങ്ങള്‍ അല്ലാഹുവിനോടുള്ള ഒരു കടമയാണെന്നതിനു പുറമെ സാമൂഹ്യമായ ഒരു കടമയും കൂടിയാകുന്നു. ഈ രണ്ടു കടമകളും നിറവേറ്റാത്തവര്‍ മുത്തക്വികളില്‍ ഉള്‍പ്പെടുകയില്ലെന്നും, അവര്‍ക്ക് ക്വുര്‍ആന്‍റെ മാര്‍ഗദര്‍ശനം ഫലപ്പെടുകയില്ലെന്നും ഈ വചനങ്ങളില്‍ നിന്നു വ്യക്തമാകുന്നു.

ധനത്തില്‍ നിന്നു ചിലവഴിക്കുക എന്നോ മറ്റോ പറയാതെ, നാം നല്‍കിയതില്‍ നിന്നു ചിലവഴിക്കുക (مِمَّا رَزَقْنَا هم يُنْفِقُونَ) എന്നാണ് അല്ലാഹു ഉപയോഗിച്ച വാക്ക്. വളരെ അര്‍ത്ഥവത്തായ ഒരു വാക്കാണിത്. ക്വുര്‍ആനില്‍ പല സ്ഥലങ്ങളിലും ഈ പ്രയോഗം കാണാം. ധനം സമ്പാദിക്കുന്നത് ഭൂമിയില്‍ നിന്നുള്ള ഉല്‍പാദനവും പ്രയത്‌നവും വഴിയാണല്ലോ. ഭൂമിക്ക് ഉല്‍പാദനശക്തി നല്‍കിയതും, അതില്‍ നിന്ന് ഉല്‍പന്നങ്ങളുണ്ടാക്കുന്നതും, അത് പ്രയോജന പ്രദമാക്കുന്നതുമെല്ലാം അല്ലാഹുവാണ്. മനുഷ്യന് യത്‌നിക്കുവാനുള്ള അറിവും, കഴിവും, ഉപാധിയും, സാഹചര്യവും നല്‍കുന്നതും അല്ലാഹു തന്നെ. ഒരു വിഷയത്തില്‍ ഒരേ പ്രകാരത്തിലുള്ള ശ്രദ്ധയും ശ്രമവും നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു പേര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളും, ഒരേ മണ്ണില്‍ ഒരേ സ്വഭാവത്തില്‍ നടത്തപ്പെട്ട രണ്ടു കൃഷികളില്‍ നിന്ന് ലഭിക്കുന്ന ഫലങ്ങളും, ഒരേ വ്യക്തി തന്നെ ഒരേ രീതിയിലും ഒരേ അളവിലും രണ്ടു പ്രാവശ്യം പരിശ്രമിച്ചതിന്‍റെ നേട്ടങ്ങളും, എപ്പോഴും ഒന്നായിരിക്കുകയില്ല. ഒരിക്കല്‍ ആയിരക്കണക്കിനു മെച്ചം കിട്ടിയ അതേ സ്ഥാനത്ത് മറ്റൊരിക്കല്‍ പൂജ്യമായിരിക്കും ഫലമെന്നു വരും. അപ്പോള്‍, ഭൂമിയുടെ പ്രകൃതിയോ, അദ്ധ്വാനത്തിന്‍റെ സ്വഭാവമോ അനുസരിച്ചു മാത്രമല്ല വിഭവങ്ങള്‍ ലഭ്യമാകുന്നതെന്നും, അല്ലാഹുവാണ് എല്ലാം കണക്കാക്കുന്നതും നല്‍കുന്നതുമെന്നും സ്പഷ്ടമാണ്. പക്ഷേ, അല്ലാഹു കണക്കാക്കിയ ആ വിഭവങ്ങള്‍ ലഭിക്കുന്നത് അവന്‍ തന്നെ കണക്കാക്കിയിരിക്കുന്ന മാര്‍ഗങ്ങളിലൂടെയാണെന്നു മാത്രം. ഇങ്ങനെ, അല്ലാഹു നല്‍കിയതാണ് മനുഷ്യന്‍റെ കയ്യിലുള്ള ധനവും വിഭവങ്ങളുമെല്ലാം. എന്നിരിക്കെ, അതില്‍ നിന്നു ചിലവഴിക്കുവാന്‍ മനുഷ്യന്‍ എന്തിന് മടിക്കണം? അല്ലാഹു നല്‍കിയതില്‍ നിന്ന് അവന്‍ നിര്‍ദ്ദേശിക്കുന്ന വിഷയങ്ങളില്‍ ചിലവഴിച്ചാല്‍ അവന്‍-ഒന്നല്ലെങ്കില്‍ മറ്റൊന്ന് – ഇന്നല്ലെങ്കില്‍ നാളെ – പകരം നല്‍കിയേക്കും. എന്നിങ്ങനെയുള്ള സൂചനകള്‍ ഈ പ്രയോഗത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.

(4) والذين يُؤْمِنُونَ بِمَا أنُزِلَ إِلَيْكَ وَمَا أنُزِلَ مِنْ قَبْلِكَ (നിനക്ക് ഇറക്കപ്പെട്ടതിലും നിനക്ക് മുമ്പ് ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരായിരിക്കും). അതായത്, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഇറക്കപ്പെട്ട ഈ വേദഗ്രന്ഥത്തില്‍ പ്രത്യേകമായും മുന്‍ പ്രവാചകന്‍മാര്‍ക്ക് അവതരിക്കപ്പെട്ടിട്ടുള്ള തൗറാത്ത്, ഇന്‍ജീല്‍ മുതലായ വേദഗ്രന്ഥങ്ങളില്‍ പൊതുവായും വിശ്വസിക്കുമെന്ന് സാരം. എല്ലാ പ്രവാചകന്‍മാരും പ്രബോധനം ചെയ്തിരുന്നത് ഇസ്‌ലാം തന്നെ. إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ (നിശ്ചയമായും മതം അല്ലാഹുവിന്‍റെ അടുക്കല്‍ ഇസ്‌ലാമാകുന്നു (3:19). പ്രാവര്‍ത്തികവും അനുഷ്ഠാനപരവുമായ രീതിയില്‍ കാലോചിതമായ ചില വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമെന്നുമാത്രം. لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا (നിങ്ങളില്‍ എല്ലാവര്‍ക്കും തന്നെ ഒരോ നടപടിക്രമവും തുറന്ന മാര്‍ഗവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. (5:48) എന്നിരിക്കെ, ഏതെങ്കിലും ഒരു പ്രവാചകനിലോ അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തിലോ വിശ്വസിക്കാതിരിക്കുന്നത് ഫലത്തില്‍ എല്ലാവരെയും നിഷേധിക്കലായിരിക്കുമല്ലോ. ക്വുര്‍ആന്‍ അതിന്‍റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യമാക്കുന്നതാണ്. (مصدقا لما بين يديه) എന്ന് ക്വുര്‍ആനില്‍ പലപ്പോഴും കാണാവുന്നതിന്‍റെ അര്‍ത്ഥം ഇതില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. (ഈ വിഷയകമായി, ഈ സൂറത്തിലെ 136, 137, 285 എന്നീ വചനങ്ങളിലും, സൂറത്തുന്നിസാഉ് 150 – 152 മുതലായ വചനങ്ങളിലും കൂടുതല്‍ വിശദീകരണം കാണാവുന്നതാണ്).

യഹൂദികളും ക്രിസ്ത്യാനികളുമാകുന്ന വേദക്കാര്‍ ചില പ്രത്യേക നബിമാരില്‍ വിശ്വസിക്കുകയും, മറ്റുള്ളവരില്‍ അവിശ്വസിക്കുകയും ചെയ്യുന്നവരാണ്. വേദക്കാരല്ലാത്ത അറബികളാകട്ടെ, ഇബ്‌റാഹീം നബി (അ)യുമായുള്ള ഒരു നാമമാത്ര പാരമ്പര്യ ബന്ധമല്ലാതെ മറ്റു പ്രവാചകന്‍മാരുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല. അപ്പോള്‍, വേദക്കാരില്‍ നിന്ന് ഇസ്‌ലാമില്‍ വരുന്നവരെ സംബന്ധിച്ചേടത്തോളം അവര്‍ തങ്ങളുടെ വേദഗ്രന്ഥങ്ങളിലും നബിമാരിലും വിശ്വസിച്ചിരുന്നതിന് പുറമെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയിലും ക്വുര്‍ആനിലും വീണ്ടും വിശ്വസിക്കേണ്ടതുണ്ട്: അറബികളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുന്നവരെ സംബന്ധിച്ചേടത്തോളം അവര്‍ ക്വുര്‍ആനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും അടക്കം എല്ലാ നബിമാരിലും വേദഗ്രന്ഥങ്ങളിലും പുതുതായി വിശ്വസിക്കേതുണ്ട്. അതുകൊണ്ടാണ് വേദക്കാരില്‍ നിന്ന് വിശ്വസിക്കുന്നവരെപ്പറ്റി أُولَٰئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ (അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ രണ്ടു പ്രാവശ്യം നല്‍കപ്പെടും (28:54) എന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘മൂന്നു കൂട്ടര്‍ക്ക് അല്ലാഹു രണ്ടു പ്രാവശ്യം പ്രതിഫലം നല്‍കുന്നതാണ്. തന്‍റെ പ്രവാചകനിലും, എന്നിലും വിശ്വസിച്ചവനും, അല്ലാഹുവിനോടുള്ള കടമയും സ്വന്തം യജമാനനോടുള്ള കടമയും നിര്‍വ്വഹിച്ചവനും, സ്വന്തം അടിമസ്ത്രീക്ക് നന്നായി മര്യാദ പഠിപ്പിച്ചശേഷം അവളെ സ്വതന്ത്രയാക്കി വിവാഹം കഴിച്ചവനുമാണ് ആ മൂന്നു കൂട്ടര്‍’ (ബു. മു.).

വേദക്കാരില്‍ നിന്ന് മുസ്‌ലിമായ ഓരോ വ്യക്തിയും മറ്റെല്ലാ മുസ്‌ലിംകളെക്കാളും – അവര്‍ എത്ര ഉന്നത പദവിയിലുള്ളവരായിരുന്നാലും – ശ്രേഷ്ഠതയുളളവരായിരിക്കുമെന്നല്ല ഇപ്പറഞ്ഞതിന്‍റെ അര്‍ത്ഥം. ഒരു വിഷയത്തില്‍ – പ്രവാചകന്‍മാരിലുള്ള വിശ്വാസത്തില്‍ – രണ്ടു നിലക്കുള്ള പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്നേ അതിനര്‍ത്ഥമുള്ളൂ. വിശ്വാസ ദാര്‍ഢ്യം കൊണ്ടും, സല്‍ക്കര്‍മങ്ങളുടെ ആധിക്യം കൊണ്ടും മറ്റുള്ളവര്‍ക്ക് അവരെക്കാള്‍ പ്രതിഫലം ലഭിക്കുമെന്നുള്ളതിനു ഇത് എതിരല്ല. മുന്‍വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കുകയെന്നത് കൊണ്ടുദ്ദേശ്യം നിലവിലുള്ള തൗറാത്തിലും ഇന്‍ജീലിലുമൊക്കെ വിശദമായി വിശ്വസിക്കുക എന്നല്ല. കാരണം, മാറ്റത്തിരുത്തലുകള്‍ക്കോ, ഏറ്റക്കുറവുകള്‍ക്കോ വിധേയമാകാതെ – ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തും അതിനു ശേഷവും – അവയൊന്നും അവയുടെ സാക്ഷാല്‍ രൂപത്തില്‍ നിലവിലില്ല. ആകയാല്‍ മൊത്തത്തിലുള്ള വിശ്വാസമാണുദ്ദേശ്യം. മുന്‍ വേദഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചേടത്തോളം അവ ഈ മൂന്നിലൊരു പ്രകാരത്തിലായിരിക്കും.

1. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പ്രസ്താവനകളോട് യോജിക്കുന്നത്. ഈ വിഭാഗം ശരിവെക്കലും വിശ്വസിക്കലും നിര്‍ബന്ധമാകുന്നു.
2. അവ രണ്ടിനോടും എതിരായത്. ഈ വിഭാഗം നിരാകരിക്കലും വിശ്വസിക്കാതിരിക്കലും നിര്‍ബന്ധമാണ്.
3. രണ്ടു മല്ലാത്തത്. ഈ വിഭാഗത്തെക്കുറിച്ചാണ് നബി ഇപ്രകാരം പറഞ്ഞത്: ‘വേദക്കാര്‍ നിങ്ങളോട് വര്‍ത്തമാനം പറഞ്ഞാല്‍ നിങ്ങളവരെ സത്യമാക്കുകയും കളവാക്കുകയും ചെയ്യരുത്. എങ്കിലും ഇങ്ങിനെ പറഞ്ഞുകൊള്ളുക: ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; (ബു.).

وبالآخرة هم يوقنون (പരലോകത്തില്‍ അവര്‍ ദൃഢമായി വിശ്വസിക്കുന്നു) വാസ്തവത്തില്‍ ‘ഗയ്ബി’ല്‍ വിശ്വസിക്കുക എന്ന് പറഞ്ഞതില്‍ ഉള്‍പ്പെടുന്നതാണ്, പരലോകത്തിലുള്ള വിശ്വാസവും. പരലോകവിശ്വാസം ദൃഢമാകുമ്പോള്‍ മാത്രമെ ഈ ഭൗതിക ജീവിതത്തിന് ശേഷം വരാനിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും യഥാര്‍ത്ഥത്തില്‍ വിശ്വാസമുണ്ടാവുകയുള്ളൂ. അനശ്വരമായതും എല്ലാ നന്മ തിന്മകള്‍ക്കും കൃത്യവും കണിശവുമായി പ്രതിഫലം നല്‍കപ്പെടുന്നതുമായ ഒരു ജീവിതമുണ്ടെന്നും, അവിടെവെച്ചു സര്‍വ്വ നിയന്താവായ അല്ലാഹുവിന്‍റെ മുമ്പില്‍ സകല ചെയ്തികളും കണക്കു ബോധിപ്പിക്കേണ്ടി വരുമെന്നുമുള്ള പരിപൂര്‍ണ വിശ്വാസവും ഉറപ്പുമാണ് മനുഷ്യന്‍റെ സന്മാര്‍ഗബോധത്തിനുള്ള ഏകനിദാനം. ഇസ്‌ലാമിക വിശ്വാസ സിദ്ധാന്തങ്ങളുടെയെല്ലാം അടിത്തറയാണ് അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം. അഥവാ മനുഷ്യന്‍റെ തുടക്കത്തെയും മടക്കത്തെയും കുറിച്ചുള്ള ബോധം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, താന്‍ എവിടെ നിന്നു വന്നു, എങ്ങോട്ട് പോകുന്നു എന്നതിനെക്കുറിച്ചുള്ള ബോധം. മറ്റുള്ള വിശ്വാസങ്ങളെല്ലാം ഇതിന്‍റെ വിശദാംശങ്ങളോ അനിവാര്യ വശങ്ങളോ ആയിരിക്കും. അതു കൊണ്ടാണ് വിശ്വാസത്തെക്കുറിച്ചു പറയുന്ന മിക്ക സ്ഥലത്തും ക്വുര്‍ആനില്‍, അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തെപ്പറ്റി പ്രത്യേകം എടുത്ത് പറയാറുള്ളതും.

ഈ അഞ്ചു ഗുണവിശേഷണങ്ങളോടു കൂടിയവരാണ് മുത്തക്വികള്‍ (സൂക്ഷ്മത പാലിക്കുന്നവര്‍) എന്നു പറഞ്ഞ ശേഷം അവരുടെ നേട്ടങ്ങളെന്തായിരിക്കുമെന്ന് വിവരിക്കുന്നു: أولئك على هدى من ربهم (അവര്‍ തങ്ങളുടെ റബ്ബില്‍ നിന്നുള്ള സന്മാര്‍ഗത്തിലായിരിക്കും) അതെ, അല്ലാഹു നിര്‍ദ്ദേശിച്ചതും, അവന്‍ തൃപ്തിപ്പെട്ടതും, അവന്‍ അനുഗ്രഹിച്ചതുമായ യഥാര്‍ത്ഥ സന്മാര്‍ഗം ഏതാണോ ആ മാര്‍ഗം അംഗീകരിച്ചവരും അതില്‍ ചരിക്കുന്നവരുമാണവര്‍. ഐഹിക ജീവിതത്തില്‍ വെച്ച് ഒരാള്‍ക്ക് ലഭിക്കുവാനുള്ള ഏറ്റവും വമ്പിച്ച സാക്ഷ്യപത്രമത്രെ ഇത്. ഇതിലുപരിയായി മറ്റൊന്നു ലഭിക്കുവാന്‍ എന്തുണ്ട്?! ഈ വാക്യത്തിന് മലയാള ഭാഷാ ശൈലിക്കനുസരിച്ച് ‘അവര്‍ തങ്ങളുടെ റബ്ബില്‍ നിന്നുള്ള സന്‍മാര്‍ഗത്തിലായിരിക്കും’ എന്നാണ് നാം വിവര്‍ത്തനം നല്‍കിയതെങ്കിലും, പദങ്ങളുടെ അര്‍ത്ഥം നേര്‍ക്കുനേരെ നോക്കുന്നപക്ഷം ‘അവര്‍ തങ്ങളുടെ റബ്ബില്‍ നിന്നുള്ള സന്മാര്‍ഗത്തിന്മേലാണ് സ്ഥിതിചെയ്യുന്നത് ‘ എന്നത്രെ പറയേണ്ടത്. ഈ പ്രയോഗത്തിലടങ്ങിയ സൂചന ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ഇവരെ സംബന്ധിച്ചിടത്തോളം സന്മാര്‍ഗം കേവലം ഒരു വാഹനവൂം, അവര്‍ അതിന്റെ പുറത്തിരിക്കുന്ന സവാരിക്കാരുമാകുന്നു. എല്ലാ വാഹനക്കാര്‍ക്കും അവര്‍ എത്തിച്ചേരേണ്ടുന്ന ഒരു ലക്ഷ്യസ്ഥാനം ഉണ്ടായിരിക്കുന്നത് പോലെ, ഇവര്‍ക്കുമുണ്ട് ഒരു ലക്ഷ്യസ്ഥാനം. ഇവരുടെ ലക്ഷ്യമാകട്ടെ, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമാകുന്നു. വേറൊരു രൂപത്തില്‍ പറയുന്നപക്ഷം, സന്മാര്‍ഗം അവരില്‍ വെച്ചുകെട്ടുകയോ അടിച്ചേല്‍പ്പിക്കുകയോ അല്ല ചെയ്തിരിക്കുന്നത്. അവരുടെ രക്ഷിതാവ് അവര്‍ക്ക് നിശ്ചയിച്ചുകൊടുത്ത ആ സന്മാര്‍ഗജീവിതം അവരുടെ ഇഷ്ടത്തിനും ഇച്ഛക്കും തികച്ചും അനുസരിച്ചുകൊണ്ടാണുള്ളത്’ ഇതാണാസൂചന.

അവര്‍ സന്മാര്‍ഗത്തിലാണ്, സന്മാര്‍ഗം അവരുടെ ഇച്ഛക്കും അഭിലാഷത്തിനും ഇണങ്ങിയതുമാണ്. ശരി, എന്നാല്‍ അതുകൊണ്ട് അവര്‍ക്ക് എന്തു നേട്ടമാണ് ലഭിക്കുവാനുള്ളത്? അല്ലാഹു പറയുന്നു: اولئك هم المفلحون (അവര്‍തന്നെയാണ് വിജയികളും) അതെ, ഏതില്‍ നിന്നെല്ലാം രക്ഷ കിട്ടുവാന്‍ അവര്‍ സൂക്ഷിച്ചു വന്നിരുന്നുവോ, അതില്‍ നിന്നെല്ലാം അവര്‍ക്ക് രക്ഷ ലഭിക്കുന്നു. ഏതെല്ലാം കാര്യങ്ങള്‍ സിദ്ധിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നുവോ അതെല്ലാം അവര്‍ക്ക് സിദ്ധിക്കുകയും ചെയ്യുന്നു. പരത്തില്‍ മാത്രമല്ല, ഇഹത്തിലും വിജയികളാണവര്‍. സുഖദുഃഖ സമ്മിശ്രമായ ഈ ജീവിതത്തില്‍ സന്തോഷ സന്താപ വ്യത്യാസമില്ലാതെ, ശാന്തിയോടും സമാധാനത്തോടും കൂടി നിലകൊള്ളുവാന്‍ അവര്‍ക്കേ കഴിയൂ. എങ്കിലും, അതല്ല അവരുടെ ലക്ഷ്യം. പരലോക വിജയവും ഏറ്റവും ഉപരിയായി അല്ലാഹുവിന്റെ പ്രീതിയുമാണവരുടെ ലക്ഷ്യം. ചുരുക്കത്തില്‍ ആ ലക്ഷ്യത്തില്‍ അവരെ അല്ലാഹു എത്തിച്ചു കൊടുക്കുന്നു. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ പ്രതിഫലങ്ങള്‍ നിറവേറ്റിത്തരപ്പെടുന്നത് ക്വിയാമത്തു നാളില്‍ മാത്രമാകുന്നു. അപ്പോള്‍, ആര്‍ നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും. സ്വര്‍ഗത്തില്‍ പ്രവേശിക്കെപ്പടുകയും ചെയ്തുവോ അവര്‍ ഭാഗ്യം പ്രാപിച്ചു. ഇഹലോക ജീവിതം കൃത്രിമത്തിന്റെ ഉപകരണമല്ലാതെ മറ്റൊന്നുമല്ല’.(ആലു ഇംറാന്‍: 185) ‘അല്ലാഹുവിങ്കല്‍ നിന്നുമുള്ള പ്രീതിയാകട്ടെ, ഏറ്റവും വലുതുമാകുന്നു. അതു തന്നെയാണ് വമ്പിച്ച ഭാഗ്യം’. (തൗബ: 72).

ക്വുര്‍ആന്റെ മാര്‍ഗദര്‍ശനങ്ങള്‍ ഫല പ്രദമായിത്തീരുന്ന മുത്തക്വികളായ സത്യവിശ്വാസികളുടെ ഗുണങ്ങളും നേട്ടവും വിവരിച്ച ശേഷം, സത്യനിഷേധികളായ അവിശ്വാസികളെയും അവരുടെ അനുഭവത്തെയും കുറിച്ച് പറയുന്നു:-

2:6
  • إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴾٦﴿
  • നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവര്‍, അവരെ നീ താക്കിത് ചെയ്തുവോ, അല്ലെങ്കില്‍ അവരെ താക്കീത് ചെയ്തില്ലയോ (രണ്ടായാലും) അവരില്‍ സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ كَفَرُوا അവര്‍ അവിശ്വസിച്ചു سَوَاء സമമാണ്‌ عَلَيْهِمْ അവരുടെ മേല്‍, അവരില്‍ ءأَنذَرْتَهُمْ നീ അവരെ താക്കിത് ചെയ്തുവോ, أَم അല്ലെങ്കില്‍ لَمْ تُنذِرْهُمْ നീ അവരെ താക്കീത് ചെയ്തില്ലയോ, لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുകയില്ല
2:7
  • خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَـٰرِهِمْ غِشَـٰوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ ﴾٧﴿
  • അവരുടെ ഹൃദയങ്ങളടെ മേലും, അവരുടെ കേള്‍വിയുടെ മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു: അവരുടെ ദൃഷ്ടികളുടെ മേലും ഉണ്ട്, ഒരു (തരം) മൂടി. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.
  • خَتَمَ اللَّهُ അല്ലാഹു മുദ്ര വെച്ചു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങളിന്മേല്‍ وَعَلَىٰ سَمْعِهِمْ അവരുടെ കേള്‍വിയുടെ (കാതുകളുടെ) മേലും وَعَلَىٰ أَبْصَارِهِمْ അവുടെ ദ്രിഷ്ടികളുടെ (കണ്ണിന്‍റെ) മേലുമുണ്ട് غِشَاوَةٌ ഒരു (തരം) മൂടി وَلَهُمْ അവര്‍ക്കുണ്ട് താനും عَذَابٌ ശിക്ഷ عَظِيمٌ വമ്പിച്ച

كَفَرَ (കഫറ) എന്ന ക്രിയയുടെ മൂലാര്‍ത്ഥം ‘മറച്ചു വെച്ചു – അഥവാ മൂടിവെച്ചു’ എന്നാകുന്നു. കൃഷിക്കാരന്‍ വിത്തു മണ്ണിലിട്ട് മൂടുന്നത് കൊണ്ട് അവന്‍ كَافِرْ എന്ന് പറയപ്പെടും. രാത്രി അതിന്‍റെ ഇരുട്ട്‌ കൊണ്ട് വസ്തുക്കളെ മറച്ചു വെക്കുന്നതിനാല്‍ അതിനെയും ‘കാഫിര്‍’ എന്ന് വിശേഷിപ്പിക്കാം. ഇതിന്‍റെ ധാതുനാമങ്ങളാണ്. كُفْرْ، كُفْرَانْ، كُفُورْ (കുഫ്ര്‍, കുഫ്‌റാന്‍, കുഫൂര്‍) എന്നീ പദങ്ങള്‍. എങ്കിലും പ്രയോഗ രംഗത്ത് അല്‍പം വ്യത്യാസങ്ങള്‍ കണ്ടേക്കും. ഉദാഹരണമായി: അവിശ്വാസം സത്യനിഷേധം എന്നീ അര്‍ത്ഥങ്ങളില്‍ ‘കുഫ്ര്‍’ എന്ന രൂപവും നന്ദികേട് എന്ന അര്‍ത്ഥത്തില്‍ ‘കുഫ്‌റാന്‍’ എന്ന രൂപവുമാണ് അധികം ഉപയോഗം. ‘കുഫൂര്‍’ എന്നതാകട്ടെ, രണ്ടര്‍ത്ഥത്തിലും ധാരാളം ഉപയോഗിക്കുന്നു إِيمَانْ (ഈമാന്‍ – സത്യവിശ്വാസം)ന്‍റെ വിപരീതമായി كُفْرْ (കുഫ്ര്‍) എന്ന വാക്കും مُؤْمِنْ (മുഅ്മിന്‍ – സത്യവിശ്വാസി)ന്‍റെ വിപരീരീതമായി كَافِرْ (കാഫിര്‍) എന്ന വാക്കും പരക്കെ ഉപയോഗിക്കപ്പെടുന്നു. അതുപോലെ شكر (ശുക്ര്‍ – നന്ദി)ന്‍റെയും شَاكِرْ (ശാകിര്‍ – നന്ദി ചെയ്യുന്നവന്‍)ന്‍റെയും വിപരീതമായും അവ യഥാക്രമം ഉപയോഗിക്കപ്പെടും. كُفْرِ ന്‍റെ ധാതുവില്‍നിന്നുല്‍ഭവിക്കുന്ന മറ്റു പദരൂപങ്ങളിലും ഈ രണ്ടര്‍ത്ഥവും വരും. എല്ലാം സന്ദര്‍ഭം കൊണ്ട് മനസ്സിലാക്കേണ്ടതാകുന്നു.

مُؤْمِنْ (സത്യവിശ്വാസി) അല്ലാത്തവരെല്ലാം كَافِرْ (അവിശ്വാസി)ന്‍റെ ഇനത്തില്‍ ഉള്‍പ്പെടുന്നു. പക്ഷേ, എല്ലാ ‘കാഫിറു’കളും ഒരേ തരക്കാരല്ല. ലക്ഷ്യങ്ങളും തെളിവുകളും അറിഞ്ഞുകൊണ്ട് നിഷേധിക്കുന്നവരും, അറിയായ്മ കൊണ്ട് നിഷേധിക്കുന്നവരും, ധിക്കാരവും പരിഹാസവും കൊണ്ട് നിഷേധിക്കുന്നവരും, അവഗണനയോ ചിന്താശൂന്യതയോ നിമിത്തം വിശ്വസിക്കാത്തവരുമെല്ലാം ‘കാഫിര്‍’ തന്നെ. അവിശ്വാസത്തിന്‍റെ കാഠിന്യത്തിലും ലാഘവത്തിലും വ്യത്യസ്തരായിരിക്കുമെന്ന് മാത്രം. എല്ലാതരം ‘കാഫിറു’കളെയും ഉള്‍പ്പെടുത്തുന്ന വാക്കെന്ന നിലക്കാണ് كَافِرْ ന് ‘അവിശ്വാസി’ എന്നും كُفْر ന് ‘അവിശ്വാസം’ എന്നും നാം ഭാഷാന്തരം നല്‍കിവരുന്നത്. എന്നാല്‍ ഓരോ സ്ഥാനത്തും ഏതുതരം നിഷേധത്തിന്‍റെ അടിസ്ഥാനത്തിലാണ് അവിടെ അത് ഉപയോഗിച്ചിരിക്കുന്നതെന്ന് സന്ദര്‍ഭം നോക്കി മനസ്സിരുത്തേണ്ടതാണ്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും ക്വുര്‍ആനും പ്രബോധനം ചെയ്യുന്ന തത്വങ്ങളില്‍ വിശ്വസിക്കാതെ സത്യത്തെ മൂടി വെക്കുകയും, ദൃഷ്ടാന്തങ്ങളെ അവഗണിച്ചു തള്ളിക്കളയുകയും ചെയ്യുന്ന സത്യനിഷേധികളായ മുശ്‌രിക്കുകളാണ് ഇവിടെ الَّذِينَ كَفَرُوا (അവിശ്വസിച്ചവര്‍) കൊണ്ടുദ്ദേശ്യം. അവരെ താക്കീത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഒരുപോലെയാണ്-അവര്‍ വിശ്വസിക്കുവാന്‍ പോകുന്നില്ല – എന്ന് അല്ലാഹു നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിക്കുന്നു. അജ്ഞത കൊണ്ടോ, ദൃഷ്ടാന്തങ്ങളുടെ പോരായ്മ കൊണ്ടോ ഉള്ള നിഷേധമാണെങ്കില്‍, താക്കീത് കൊണ്ടും ഉപദേശം കൊണ്ടും അവര്‍ക്ക് മാനസാന്തരം വന്നേക്കുമെന്ന് പ്രതീക്ഷിക്കുവാനവകാശമുണ്ട്. സത്യം മനസ്സിലായിട്ട് പിന്നെയും കല്‍പ്പിച്ചുകൂട്ടി അതിനെ മറയ്ക്കുന്നവരെ സംബന്ധിച്ച് അതൊന്നും പ്രയോജനപ്പെടുകയില്ലല്ലോ. ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കുകയും, ദൃഷ്ടാന്തങ്ങളില്‍ ചിന്തിക്കുകയും ചെയ്‌വാന്‍ തയ്യാറില്ലാത്ത എല്ലാ അവിശ്വാസികളുടെയും സ്ഥിതി ഇതുതന്നെ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തെ ആ സത്യനിഷേധികളെപ്പറ്റിയുള്ള ഈ അറിയിപ്പില്‍ തിരുമേനിക്ക് ഒരു മനസ്സമാധാനം നല്‍കല്‍ കൂടി അടങ്ങിയിരിക്കുന്നു. കാരണം, അവര്‍ വിശ്വസിക്കാത്തതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുള്ള ഉല്‍കണ്ഠയും വ്യസനവും വളരെ വമ്പിച്ചതായിരുന്നു. അല്‍കഹ്ഫ്: 6; ശുഅറാഉ്: 3 – മുതലായ സ്ഥലങ്ങളില്‍ ഇതിനെപ്പറ്റി അല്ലാഹു പ്രസ്താവിച്ചു കാണാം. ആ സ്ഥിതിക്ക് അവര്‍ വിശ്വസിച്ചേക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല – അവര്‍ വിശ്വസിക്കുകയില്ലെന്ന് അല്ലാഹുവിന് അറിയാം – എന്നറിയുമ്പോള്‍, അവെരപ്പറ്റി ഇനി വ്യാകുലപ്പെടേണ്ടതില്ലെന്നും, അതിന്‍റെ ഉത്തരവാദിത്വം വഹിക്കേണ്ടതില്ലെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് സമാധാനിക്കാമല്ലോ.

അവര്‍ വിശ്വസിക്കുകയില്ലെന്നുള്ളതിന്‍റെ കാരണമാണ് خَتَمَ اللَّهُ عَلَىٰ قُلُوبِهِمْ (അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെച്ചിരിക്കുന്നു…) എന്ന വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. خَتَمَ (ഖതമ)ക്ക് ‘മുദ്രവെച്ചു’ എന്നാണ് വാക്കര്‍ത്ഥം. ഇതിന്‍റെ ഒരു പര്യായമാണ് طَبَعَ (ത്വബഅ) എന്ന ക്രിയയും. ഇവയും, ഇവയുടെ ധാതുക്കളില്‍ നിന്നുള്ള മറ്റു രൂപങ്ങളും അലങ്കാര രൂപത്തില്‍ വേറെ അര്‍ത്ഥങ്ങളിലും പയോഗിക്കപ്പെടാറുണ്ട്. ഒരു പാത്രത്തിനോ, അല്ലെങ്കില്‍ ഒരു കത്തിനോ, മുദ്രവെച്ചാല്‍, പിന്നീടതില്‍ വല്ലതും കൂട്ടിച്ചേര്‍ക്കുവാനോ, അതില്‍ നിന്ന് വല്ലതും ഒഴിവാക്കുവാനോ സാധിക്കുകയില്ലല്ലോ. അഥവാ അതോടു കൂടി അതിന് ഭദ്രതയും അന്തിമ രൂപവും വന്നുകഴിയുന്നു. അതുകൊണ്ട് ‘ഭദ്രമാക്കി’ ഉറപ്പിച്ചുവെച്ചു എന്നും, ‘അവസാനിപ്പിച്ചു;പൂര്‍ത്തിയാക്കി’ എന്നുമുള്ള അര്‍ത്ഥങ്ങളില്‍ അവ ഉപയോഗിക്കുക പതിവാകുന്നു. (*)


(*) ഇങ്ങിനെയുള്ള അലങ്കാരാര്‍ത്ഥങ്ങളില്‍ ‘അരക്കിട്ടു, സീല്‍വെച്ചു’ എന്നൊക്കെ മലയാളത്തിലും പറയാറുണ്ടല്ലോ.


അവിശ്വാസികളുടെ ഹൃദയങ്ങള്‍ക്കും, കേള്‍വിക്കും – അഥവാ കാതുകള്‍ക്കും – മുദ്രവെച്ചുവെന്നും മറ്റും പറയുന്നതിന്‍റെ അര്‍ത്ഥവും ഇതു തന്നെ. അതായത്, നിഷേധവും ധിക്കാരവും കൊണ്ട് അവരുടെ ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുന്നു; എനി അതിലേക്ക് താക്കീതുകളോ, ഉപദേശങ്ങളോ, ദൃഷ്ടാന്തങ്ങളോ ഒന്നും പ്രവേശിക്കുകയില്ല; അതിലേക്കൊന്നും അവര്‍ ശ്രദ്ധ പതിക്കുവാനോ, ചെവികൊടുക്കുവാനോ, കണ്ടു മനസ്സിലാക്കുവാനോ തയ്യാറാകുന്നതല്ല; അവരുടെ ഗ്രഹണേന്ദ്രിയങ്ങള്‍ മരവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് താല്‍പര്യം.

‘ഖതമ’ എന്ന വാക്കിന്‍റെ മേല്‍ സൂചിപ്പിച്ച അര്‍ത്ഥങ്ങള്‍ വിവരിച്ചുകൊണ്ട് ഇമാം റാഗിബ് (റ) അദ്ദേഹത്തിന്‍റെ ക്വുര്‍ആന്‍ നിഘുണ്ടുവില്‍ പ്രസ്താവിച്ച ചില വിവരങ്ങള്‍ – ഇവിടെ മാത്രമല്ല – ക്വുര്‍ആനില്‍ താഴെ പല സ്ഥലങ്ങളിലും, ചില നബി വചനങ്ങളിലും ഇതുപോലെ വന്നിട്ടുള്ള ചില പ്രയോഗങ്ങളുടെ താല്‍പര്യം മനസ്സിലാക്കുവാന്‍ വളരെ ഉപകരിക്കുന്നതാകുന്നു. ആ പ്രസ്താവനയുടെ സാരം ഇങ്ങിനെ ഉദ്ധരിക്കാം:-

‘അപ്പോള്‍ خَتَمَ اللَّهُ عَلَىٰ قُلُوبِهِمْ (അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെച്ചു) എന്നും, ………. إِنْ أَخَذَ اللَّهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُم ………… (…അല്ലാഹു നിങ്ങളുടെകേള്‍വിയും കാഴ്ചകളും എടുത്തു കളയുകയും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെക്കുകയും ചെയ്താല്‍ … (6:46) എന്നുമൊക്കെ പറഞ്ഞത് അല്ലാഹു നടപ്പാക്കിയ ഒരു പതിവിലേക്കുള്ള സൂചനയാകുന്നു. അതായത്, മനുഷ്യന്‍ നിരര്‍ത്ഥമായ വിശ്വാസത്തിലും, നിഷിദ്ധമായ പ്രവൃത്തികളിലും അങ്ങേയറ്റം എത്തുകയും, യഥാര്‍ത്ഥത്തിലേക്കുള്ള തിരിഞ്ഞുനോട്ടം ഇല്ലാതാകുകയും ചെയ്യുമ്പോള്‍, ആ അനുസരണക്കേടും തെറ്റുകുറ്റങ്ങളും ചെയ്യുന്നത് നന്നായി തോന്നുകയെന്ന ഒരു ശീലം അതവനില്‍ ഉണ്ടാക്കിത്തീര്‍ക്കുകയും, അവന്‍റെ ഹൃദയം മുദ്ര വെക്കപ്പെട്ടതു പോലെ ആയിത്തീരുകയും ചെയ്യുന്നു. ഇതു പോലെത്തന്നെയാണ് طَبَعَ اللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَارِهِمْ (അവരുടെ ഹൃദയങ്ങള്‍ക്കും കേള്‍വിക്കും കാഴ്ചകള്‍ക്കും അല്ലാഹു മുദ്രകുത്തി (16:108) എന്ന വചനവും, مَنْ أَغْفَلْنَا قَلْبَهُ (നാം ഹൃദയത്തെ അശ്രദ്ധയിലാക്കിയവന്‍ (18:28) എന്നതിലെ അശ്രദ്ധയിലാക്കലും, وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً (അവരുടെ ഹൃദയങ്ങളില്‍ നാം ചില മൂടികളെ ആക്കി (6:25) എന്നതിലെ മൂടി ഇടലും, وَجَعَلْنَا قُلُوبَهُمْ قَاسِيَةً (അവരുടെ ഹൃദയങ്ങളെ നാം കടുപ്പമുള്ളതാക്കി (5:13) എന്നതിലെ കടുപ്പമാക്കലുമെല്ലാം ഈ പ്രകാരത്തിലുള്ള അലങ്കാര പ്രയോഗങ്ങളാണ് ‘(المفردات) ഈ ഉദ്ധരണി ശരിക്ക് മനസ്സിരുത്തുന്നത് പല സന്ദര്‍ഭങ്ങളിലും വളരെ പ്രയോജനപ്പെടുന്നതാണെന്ന് പ്രത്യേകം ഉണര്‍ത്തുന്നു.

ഇത്തരം പ്രയോഗങ്ങള്‍ ക്വുര്‍ആനിലും ഹദീഥിലും കാണുമ്പോള്‍ മനസ്സിരുത്തേണ്ടുന്ന മറ്റൊരു കാര്യം കൂടി ഇവിടെ ചൂണ്ടിക്കാട്ടാം. മനസ്സിലേക്ക് സത്യവിശ്വാസം പ്രവേശിക്കാതിരിക്കത്തക്കവണ്ണം ആദ്യമേ അല്ലാഹു ഹൃദയങ്ങള്‍ക്ക് മുദ്രവെച്ചു തടസ്സമുണ്ടാക്കുകയും, തന്‍മൂലം സത്യവിശ്വാസം ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്ക് കഴിയാതെ വരികയും ചെയ്യുക എന്നല്ല അവിടങ്ങളിലൊന്നും ഉദ്ദേശ്യം. അവരുടെ നിഷേധവും ധിക്കാരസ്വഭാവവും മുഴുത്തപ്പോള്‍, അതേ കാരണത്താല്‍ അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെച്ചു – അഥവാ അതിലേക്ക് വിശ്വാസം കടന്നു ചെല്ലാത്ത അവസ്ഥയിലാക്കി – എന്നേയുള്ളൂ. ചില ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നു തന്നെ ഇത് വ്യക്തമായി മനസ്സിലാക്കാം. ഇസ്‌റാഈല്യര്‍ അല്ലാഹുവിന്‍റെ ശാപത്തിന് പാത്രമാകുവാനുണ്ടായ കാരണങ്ങള്‍ എടുത്തു കാണിക്കുന്ന കൂട്ടത്തില്‍, ‘ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറയിലിട്ട് മൂടിയിരിക്കുകയാണ്’ (നിങ്ങളുടെ ഈ പ്രബോധനങ്ങളൊന്നും അതിലേക്ക് കടക്കുകയില്ല) എന്നുള്ള അവരുടെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: بَلْ طَبَعَ اللَّهُ عَلَيْهَا بِكُفْرِهِمْ – النساء (പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അതിന്മേല്‍ അല്ലാഹു മുദ്രകുത്തിയിരിക്കുകയാണ്. (4:155) അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ കുതര്‍ക്കം നടത്തുന്നതില്‍ അല്ലാഹുവിനുള്ള വമ്പിച്ച അമര്‍ഷത്തെപ്പറ്റി പ്രസ്താവിച്ചുകൊണ്ട് അല്ലാഹു പറയുന്നു:  كَذَٰلِكَ يَطْبَعُ اللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ – غافر (അപ്രകാരം, അഹംഭാവികളും സ്വേച്ഛാലുക്കളുമായവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്ര കുത്തുന്നതാണ്. (40:35).

ഈ ലോകത്തുള്ള ഓരോ കാര്യത്തിന്നും സാധാരണമായ ചില കാരണങ്ങള്‍ അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ട്. ആ കാരണങ്ങള്‍ ഒത്തുകൂടുമ്പോള്‍ ആ കാര്യങ്ങള്‍ സംഭവിക്കുന്നതായി നാം കാണുന്നു. അഥവാ, ആ സന്ദര്‍ഭത്തില്‍ അല്ലാഹു അത് സംഭവിപ്പിക്കുന്നു. അല്ലാഹു സംഭവിപ്പിക്കുന്നതായതു കൊണ്ടാണല്ലോ ചിലപ്പോള്‍ നമുക്കറിയാവുന്ന കാരണങ്ങളെല്ലാം ഉണ്ടായിട്ട് പിന്നെയും ചില കാര്യങ്ങള്‍ സംഭവിക്കാതെ കാണുന്നത്. ഇപ്പറഞ്ഞതില്‍നിന്ന് അല്ലാഹു മുദ്രവെച്ചു – അഥവാ മുദ്രവെക്കലിന്‍റെ കര്‍ത്താവ് അല്ലാഹുവാണ് – എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം ഗ്രഹിക്കാവുന്നതാണ്. ആ സത്യനിഷേധികളോട് അല്ലാഹുവിനുള്ള കഠിനമായ വെറുപ്പ് കൂടി ഈ പ്രയോഗത്തില്‍ സൂചിപ്പിക്കുന്നുണ്ട്. والله أعلم

വിഭാഗം - 2

സൂറത്തിന്‍റെ ആരംഭ വചനങ്ങളില്‍ സത്യവിശ്വാസികളെക്കുറിച്ചും, അനന്തരം ഈ രണ്ടു വചനങ്ങളില്‍ മുശ്‌രിക്കുകളായ അവിശ്വാസികളെക്കുറിച്ചും പ്രസ്താവിച്ചശേഷം തുടര്‍ന്നുള്ള ഏതാനും വചനങ്ങളില്‍ കപട വിശ്വാസികളെപ്പറ്റി പ്രസ്താവിക്കുന്നു. മുശ്‌രിക്കുകള്‍ക്ക് പുറമെ, മദീനായില്‍ ഇസ്‌ലാമിന്‍റെ രണ്ട് പ്രത്യേക ശത്രുക്കളാണല്ലോ കപടവിശ്വാസി (الْمُنَافِقُونَ) കളും, വേദക്കാരായ യഹൂദികളും. അതുകൊണ്ട് കപടവിശ്വാസികളെപ്പറ്റി ഇവിടെ താരതമ്യേന കുറച്ചധികം സംസാരിച്ചിരിക്കുന്നു.

വേദക്കാരെക്കുറിച്ചാകട്ടെ, വളരെ സൂക്തങ്ങള്‍ തന്നെ ഈ സൂറത്തില്‍ അല്ലാഹു വിനിയോഗിച്ചിരിക്കുന്നതു കാണാം. കപടവിശ്വാസികളെപ്പറ്റി അല്ലാഹു പറയൂന്നു:

2:8
  • وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلْيَوْمِ ٱلْـَٔاخِرِ وَمَا هُم بِمُؤْمِنِينَ ﴾٨﴿
  • മനുഷ്യരിലുണ്ട് ചിലര്‍; അവര്‍ പറയും: 'ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു' എന്ന്. അവര്‍ (വാസ്തവത്തില്‍) സത്യവിശ്വാസികളല്ലതാനും.
  • وَمِنَ النَّاسِ മനുഷ്യരിലുണ്ട്‌ مَنْ يَقُول പറയുന്ന ചിലര്‍, പറയുന്നവര്‍ آمَنّاَ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِالَّله അല്ലാഹുവില്‍ وَبِالْيَوْمِ ദിവസത്തിലും الْآخِرِ അവസാനത്തെ وَمَا هُم അവരല്ലതാനും بِمُؤْمِنِينَ വിശ്വസിച്ചവര്‍, സത്യവിശ്വാസികള്‍
2:9
  • يُخَـٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُوا۟ وَمَا يَخْدَعُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ ﴾٩﴿
  • അവര്‍ അല്ലാഹുവിനോടും, വിശ്വസിച്ചവരോടും വഞ്ചന പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. (വാസ്തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ വഞ്ചിക്കുന്നില്ലതാനും. അവര്‍ (അത്) അറിയുന്നുമില്ല.
  • يُخَادِعُونَ അവര്‍ വഞ്ചന നടത്തുന്നു اللَّهَ അല്ലാഹുവിനോട് وَالَّذِينَ آمَنُوا വിശ്വസിച്ചവരോടും وَمَا يَخْدَعُونَ അവര്‍ വഞ്ചിക്കുന്നില്ലതാനും إِلَّا أَنفُسَهُمْ അവരെത്തന്നെ (തങ്ങളുടെ സ്വന്തങ്ങളെ) അല്ലാതെ وَمَا يَشْعُرُونَ അവര്‍ അറിയുന്നുമില്ല. അവര്‍ക്ക് ബോധമുണ്ടാകുന്നില്ല താനും
2:10
  • فِى قُلُوبِهِم مَّرَضٌ فَزَادَهُمُ ٱللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْذِبُونَ ﴾١٠﴿
  • അവരുടെ ഹൃദയങ്ങളിലുണ്ട് ഒരു (തരം) രോഗം; എന്നിട്ട് അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്; അവര്‍ വ്യാജം പറഞ്ഞു കൊണ്ടിരിക്കുന്നത് നിമിത്തം.
  • فِي قُلُوبِهِم അവരുടെ ഹൃദയങ്ങളില്‍ مَّرَضٌ ഒരു രോഗം فَزَادَهُمُ എന്നിട്ട് അവര്‍ക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നു اللَّهُ അല്ലാഹു مَرَضًا രോഗത്തെ وَلَهُمْ അവര്‍ക്കുണ്ട് താനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ بِمَا كَانُوا അവരായിക്കൊണ്ടിരുന്നതു നിമിത്തം يَكْذِبُونَ അവര്‍ വ്യാജം പറയും

വാക്കും പ്രവൃത്തിയും തമ്മിലും, രഹസ്യവും പരസ്യവും തമ്മിലും പൊരുത്തക്കേടുണ്ടാകുന്നതാണ് കാപട്യം (نِفَاقْ). വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ഉണ്ടാവാം കാപട്യം. വിശ്വാസത്തിലെ കാപട്യമാണ് ഏറ്റവും ഗൗരവപ്പെട്ടത്. എല്ലാ തരം കാപട്യങ്ങളെക്കുറിച്ചും ഓരോ സന്ദര്‍ഭത്തിലായി ക്വുര്‍ആനില്‍ അല്ലാഹു പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്‌ലാമിന്‍റെ അടിസ്ഥാന വിശ്വാസത്തില്‍ തന്നെ മുഴുത്ത കാപട്യം വെച്ചു പുലര്‍ത്തിക്കൊണ്ടിരുന്ന – ഉള്ളില്‍ കുഫ്‌റും പുറമെ ഇസ്‌ലാമിക വേഷവും സ്വീകരിച്ചിരുന്ന – കപടവിശ്വാസികളെക്കുറിച്ചാണ് ഈ സൂക്തങ്ങളില്‍ പ്രസ്താവിക്കുന്നത്.

മദനീ സൂറത്തുകളിലാണ് മുനാഫിക്വുകളെപറ്റി പരാമര്‍ശങ്ങളുള്ളത്. മക്കായില്‍ മുനാഫിക്വുകള്‍ ഇല്ലായിരുന്നു. നേരെമറിച്ച് യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസം സ്വീകരിക്കുകയും, അതോടു കൂടി ദൗര്‍ബ്ബല്യം കാരണം അത് മൂടിവെച്ചു കൊണ്ട് ബാഹ്യത്തില്‍ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യാന്‍ നിര്‍ബന്ധിതരായ ചിലരാണ് മക്കായില്‍ ഉണ്ടായിരുന്നത്. കാരണം, അവിടെ പ്രതാപവും ശക്തിയും മുശ്‌രിക്കുകള്‍ക്കായിരുന്നല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനായില്‍ വന്നപ്പോള്‍ ഔസ്, ഖസ്‌റജ് എന്നീ രണ്ട് ഗോത്രക്കാരായിരുന്നു അവിടത്തെ അറബികള്‍. മുമ്പ് അവരും മക്കാ മുശ്‌രിക്കുകളെപ്പോലെ വിഗ്രഹാരാധകരായിരുന്നുവെങ്കിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും അവിടെ എത്തും മുമ്പ് തന്നെ അവര്‍ക്കിടയില്‍ ഇസ്‌ലാമിനു പ്രചാരം സിദ്ധിച്ചു തുടങ്ങിയിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വരവോടുകൂടി അത് കൂടുതല്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്തു. മദീനാ പരിസരങ്ങളിലുണ്ടായിരുന്ന മറ്റൊരു കൂട്ടര്‍ യഹൂദികളായിരുന്നു. അവരുടെ യഹൂദ പാരമ്പര്യമനുസരിച്ചു പോരുന്നവരായിരുന്നു അവര്‍. യഹൂദികള്‍ മൂന്നു ഗോത്രക്കാരായിരുന്നു. ബനൂകൈ്വനുക്വാഉ്, ബനൂനദ്വീര്‍, ബനൂക്വുറൈള്വ: (قَيْنُقَاءْ ، قُرَيْظَة ، نَضِير). ആദ്യത്തെ ഗോത്രവും ഖസ്‌റജൂം തമ്മിലും, അവസാനത്തെ രണ്ടു ഗോത്രവും ഔസും തമ്മിലും സഖ്യത്തിലായിരുന്നു. അറബികളില്‍ നിന്ന് ധാരാളം ആളുകള്‍ ഇസ്‌ലാമിനെ അംഗീകരിച്ചുവെങ്കിലും യഹൂദികളില്‍നിന്ന് അബ്ദുല്ലാഹിബ്‌നു സലാമും (റ) വളരെ ചുരുക്കം പേരും മാത്രമേ ഇസ്‌ലാമില്‍ വന്നിട്ടുള്ളൂ. ഇക്കാലത്ത് മദീനായില്‍ മുനാഫിക്വുകളുണ്ടായിരുന്നില്ല. ഭയപ്പെടത്തക്ക ഒരു ശക്തി അന്നു മുസ്‌ലിംകള്‍ക്കു ലഭിച്ചു കഴിഞ്ഞിരുന്നില്ല. അത്‌ കൊണ്ട് കപടവേഷത്തിന്‍റെ ആവശ്യം ഇല്ലായിരുന്നു. നബിയാകട്ടെ, യഹൂദരുമായും, പരിസര പ്രദേശങ്ങളിലുള്ള പല അറബീ ഗോത്രങ്ങളുമായും സഖ്യഉടമ്പടി നടത്തുകയും ചെയ്തിരുന്നു.

ഖസ്‌റജ് ഗോത്രക്കാരനാണെങ്കിലും ഔസിലും ഖസ്‌റജിലും പൊതു നേതൃത്വം കൈവന്ന ഒരു നേതാവായിരുന്നു അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നിനു സുലൂല്‍. അബ്ദുല്ലായെ എല്ലാവരുടെയും രാജാവായി വാഴിക്കുവാന്‍ ആലോചന നടന്നു വരികയായിരുന്നു. അക്കാലത്താണ് ഇസ്‌ലാമിനു, മേല്‍ പ്രസ്താവിച്ച പ്രകാരമുള്ള സ്വാധീനം ഉണ്ടായിത്തീര്‍ന്നത്. പലരും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടതോടെ ആ ആലോചന മുന്നോട്ടു പോകാതായി. നേതൃത്വമോഹിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്ന് ഇതുമൂലം ഇസ്‌ലാമിനോടും മുസ്‌ലിംകളോടും വെറുപ്പുളവായി. സുപ്രസിദ്ധമായ ബദ്ര്‍ യുദ്ധം കഴിഞ്ഞതോടെ മുസ്‌ലിംകളുടെ യശസ്സും പ്രതാപവും ശക്തിപ്പെട്ടുവല്ലോ. ഇസ്ലാമിന്‍റെ ശക്തി പൂര്‍വ്വാധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍, അവനും അവന്‍റെ സില്‍ബന്ധികളും അനുഭാവികളും പ്രത്യക്ഷത്തില്‍ ഇസ്‌ലാമിനെ അംഗീകരിച്ച് മുസ്‌ലിംകളായി അഭിനയിച്ചു. വേദക്കാരില്‍പെട്ട ചിലരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവിടം മുതല്‍ക്കാണ് ‘മുനാഫിക്വു’കളുടെ തുടക്കം. ക്രമേണ മദീനായിലും, ചുറ്റുപ്രദേശങ്ങളിലുള്ള ‘അഅ്‌റാബി’ (മരുഭൂവാസി)കള്‍ക്കിടയിലും ഇവരുടെ എണ്ണം വര്‍ദ്ധിച്ചു. മക്കയില്‍ നിന്നു ഹിജ്‌റഃ വന്ന മുഹാജിറുകളില്‍ ആരിലും ‘നിഫാക്വി’ (കാപട്യത്തി)ന്‍റെ രോഗം ബാധിച്ചിട്ടില്ല . അവരാരും മറ്റുള്ളവരുടെ നിര്‍ബന്ധത്തിനോ, സ്വാധീനത്തിനോ വഴങ്ങി ഇസ്‌ലാമിനെ അംഗീകരിച്ചവരോ, അല്ലാഹു അല്ലാത്ത മറ്റാരുടെയെങ്കിലും പ്രീതിക്കു വേണ്ടി സത്യവിശ്വാസം സ്വീകരിച്ചവരോ അല്ലല്ലോ (كَمَا إِبْن كَثِيرْ)

അബ്ദുല്ലാഹിബ്‌നു ഉബയ്യും, അവന്‍റെ ആള്‍ക്കാരും യഥാര്‍ത്ഥത്തില്‍ അവിശ്വാസികള്‍ തന്നെയാണെങ്കിലും, ബാഹ്യത്തില്‍ ഇസ്‌ലാം മതം സ്വീകരിച്ചു മുസ്‌ലിംകളായിരിക്കുകയാണല്ലോ. ആ സ്ഥിതിക്ക് അവരുടെ ബാഹ്യാവസ്ഥ പരിഗണിച്ചു സത്യവിശ്വാസികള്‍ വഞ്ചിതരാകുവാനും, ഓര്‍ക്കാപ്പുറത്ത് അവര്‍മൂലം പല അനിഷ്ട സംഭവങ്ങളും ഉണ്ടായിത്തീരുവാനും ഇടവരും. ദുഷ്ടന്മാരെപ്പറ്റി ശിഷ്ടന്‍മാരെന്ന് തെറ്റിദ്ധരിക്കുന്നത് പല ആപത്തുകള്‍ക്കും വഴിവെക്കുമല്ലോ. ആകയാല്‍, മുനാഫിക്വുകളെ സംബന്ധിച്ച് സത്യവിശ്വാസികള്‍ സദാ ജാഗരൂകരായിരിക്കേതുണ്ട്. ഈ വസ്തുത സത്യവിശ്വാസികളെ ഈ വചനങ്ങള്‍ മുഖേന അല്ലാഹു ഉണര്‍ത്തുന്നു. വളരെ കരുതലോടെ നിങ്ങള്‍ സൂക്ഷിച്ചു കൊണ്ടിരിക്കേണ്ടുന്ന ഒരു മൂന്നാം ചേരിയുംകൂടി ഇവിടെയുണ്ടെന്നും, അവരുടെ യഥാര്‍ത്ഥ സ്ഥിതി ഇന്നിന്നതാണെന്നും അറിയിക്കുകയും ചെയ്യുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയും സത്യവിശ്വാസികളുടെയും അടുക്കല്‍ വരുമ്പോള്‍ തങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച മുസ്‌ലിംകളാണെന്ന് വാക്കുകൊണ്ടും ഭാവം കൊണ്ടും അവര്‍ പ്രകടിപ്പിക്കൂം. വാസ്തവത്തില്‍ വിശ്വാസം അവരെ തീണ്ടിയിട്ടുപോലുമില്ല എന്നാണ് 8-ാം വചനത്തിന്‍റെ താല്‍പര്യം, സൂറ: മുനാഫിക്വൂനില്‍ ഈകാര്യം ഇങ്ങിനെ പറഞ്ഞിരിക്കുന്നു. ‘(നബിയേ) കപട വിശ്വാസികള്‍ നിന്‍റെ അടുക്കല്‍ വരുമ്പോള്‍ അവര്‍ പറയും: താങ്കള്‍ അല്ലാഹുവിന്‍റെ റസൂല്‍ തന്നെയാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നുവെന്ന്. അല്ലാഹുവിനറിയാം നീ അവന്‍റെ റസൂല്‍ തന്നെയാണെന്ന്. നിശ്ചയമായും കപടവിശ്വാസികള്‍ കളവു പറയുന്നവര്‍ തന്നെയാണെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു’. താഴെ 14-ാം വചനം നോക്കുക.

അവരുടെ ഈ അഭിനയത്തില്‍ ശുദ്ധാത്മാക്കളായ ചില സത്യവിശ്വാസികള്‍ ചിലപ്പോള്‍ കബളിപ്പിക്കപ്പെട്ടേക്കും. എന്നാല്‍ സത്യവിശ്വാസികള്‍ പൊതുവെ അതില്‍ വഞ്ചിതരാവുകയില്ല. അല്ലാഹുവിനെ വഞ്ചിക്കുവാന്‍ സാധ്യവുമല്ലല്ലോ. എന്നാലും തങ്ങളുടെ ഉള്ളുകള്ളി ആരും അറിയുകയില്ലെന്നാണവരുടെ ധാരണ. ഒരു പക്ഷേ, അല്ലാഹു പോലും തങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി അറിയുകയില്ലെന്ന് അവര്‍ ധരിച്ചുവശായിരിക്കാം. അവരെപ്പറ്റി ‘നിങ്ങേളാട് അവര്‍ ശപഥം ചെയ്യുന്നതു പോലെ പുനരുത്ഥാന ദിവസം അവര്‍ അല്ലാഹുവിനോട് ശപഥം ചെയ്തു പറയും’ എന്ന് 58:18 ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് കാണാം. എനി, അല്ലാഹുവിനെക്കുറിച്ച് ആ ധാരണ അവര്‍ക്കില്ലെന്ന് വന്നാല്‍ തന്നെയും അല്ലാഹുവിന്‍റെ കക്ഷിയായ സത്യവിശ്വാസികളോട് നടത്തുന്ന വഞ്ചന അല്ലാഹുവിനോടും നടത്തുന്ന വഞ്ചനയാണല്ലോ. ഇത്രയും നിന്ദ്യമായ ഈ കാപട്യം മൂലം ഐഹികമായ ചില താല്‍ക്കാലിക നേട്ടങ്ങള്‍ മാത്രമാണവരുടെ ലക്ഷ്യം. പക്ഷേ, അങ്ങേയറ്റം വഷളത്തവും അപമാനവുമായിരിക്കും അതിന്‍റെ ഫലം. പരലോകത്തിലാകട്ടെ കഠിനകഠോരമായ ശിക്ഷയും! അപ്പോള്‍, അവരുടെ വഞ്ചന യഥാര്‍ത്ഥത്തില്‍ ബാധിക്കുന്നത് അവര്‍ക്ക് തന്നെയല്ലാതെ മറ്റാര്‍ക്കുമല്ല. ഇതൊന്നും ആ കപടന്മാര്‍-അവരുടെ വിഡ്ഢിത്തവും ഭോഷത്തവും കാരണമായി – ഗ്രഹിക്കുന്നില്ല. അതിനുള്ള സുബോധവും അവര്‍ക്കില്ല.

അവരുടെ ഹൃദയങ്ങളില്‍ ഒരുതരം രോഗമുണ്ടെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം മേല്‍പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാമല്ലോ. കാപട്യവും നിഷേധവുമൊക്കെ ആ രോഗത്തിന്‍റെ ലക്ഷണങ്ങളത്രെ. ഓരോ ക്വുര്‍ആന്‍ വചനം അവതരിക്കുമ്പോഴും, ഓരോ ദൃഷ്ടാന്തം കാണുമ്പോഴും അവരിലുണ്ടാകുന്ന പ്രതികരണം അതുതന്നെ. അങ്ങിനെ ആ രോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് .അല്ലാഹു പറയുന്നു : وَإِذَا مَا أُنزِلَتْ سُورَةٌ  — الي — كَافِرُونَ സാരം: ‘വല്ല സൂറത്തും അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ (പരിഹാസ്യമായി) പറയും: നിങ്ങളില്‍ ആര്‍ക്കാണ് ഇത് വിശ്വാസം വര്‍ദ്ധിപ്പിച്ചത് എന്ന്. എന്നാല്‍ വിശ്വസിച്ചവര്‍ക്ക് അത് വിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അവര്‍ സന്തോഷം കൊള്ളുകയും ചെയ്യും. ഹൃദയത്തില്‍ രോഗമുള്ളവരാകട്ടെ, അതവരുടെ മ്‌ളേച്ഛതയിലൂടെ മ്‌ളേച്ഛത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അവര്‍ അവിശ്വാസികളായിക്കൊണ്ട് മരണപ്പെടുകയും ചെയ്യും’. (തൗബ: 124, 125) അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിച്ചു എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം ഇതില്‍നിന്ന് മനസ്സിലാക്കാം.

2:11
  • وَإِذَا قِيلَ لَهُمْ لَا تُفْسِدُوا۟ فِى ٱلْأَرْضِ قَالُوٓا۟ إِنَّمَا نَحْنُ مُصْلِحُونَ ﴾١١﴿
  • അവരോട്, 'നിങ്ങള്‍ ഭൂമിയില്‍ [നാട്ടില്‍] നാശമുണ്ടാക്കരുത്' എന്നു പറയപ്പെട്ടാല്‍ - അവര്‍ പറയും: 'നിശ്ചയമായും, ഞങ്ങള്‍ നന്മയുണ്ടാക്കുന്നവര്‍ മാത്രമാകുന്നു. എന്ന്.
  • وَإِذَا قِيلَ പറയപ്പെട്ടാല്‍ لَهُمْ അവരോട് لَا تُفْسِدُوا നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കരുത് فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) قَالُوا അവര്‍ പറയും إِنَّمَا نَحْنُ നിശ്ചയമായും ഞങ്ങള്‍ (മാത്രം-തന്നെ) ആകുന്നു مُصْلِحُونَ നന്മയുണ്ടാക്കുന്നവര്‍, പരിഷ്‌കര്‍ത്താക്കള്‍
2:12
  • أَلَآ إِنَّهُمْ هُمُ ٱلْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ ﴾١٢﴿
  • അല്ലാ (അറിഞ്ഞേക്കുക)! നിശ്ചയമായും, അവര്‍ തന്നെയാണ് നാശമുണ്ടാക്കുന്നവര്‍. എങ്കിലും അവര്‍ അറിയുന്നില്ല.
  • أَلَا അല്ലാ, അല്ലേ (അറിയുക) إِنَّهُمْ നിശ്ചയമായും അവര്‍ هُمُ അവര്‍ (തന്നെ) الْمُفْسِدُونَ നാശമുണ്ടാക്കുന്നവര്‍ وَلَٰكِن എങ്കിലും لَّا يَشْعُرُونَ അവര്‍ അറിയുന്നില്ല. അവര്‍ക്കു ബോധമുണ്ടാകുന്നില്ല

സത്യനിഷേധം, സത്യവിശ്വാസികളെ കബളിപ്പിക്കല്‍, ജനമദ്ധ്യെ ആശയക്കുഴപ്പം സൃഷ്ടിക്കല്‍, വാക്കിനെതിരായ പ്രവര്‍ത്തനം, ഇസ്‌ലാമിന്‍റെ ശത്രുക്കളുമായുള്ള രഹസ്യ ബന്ധങ്ങള്‍ എന്നിങ്ങനെ പലതരത്തിലുള്ള അവരുടെ ചെയതികളെ ഉദ്ദേശിച്ചാണ് നാട്ടില്‍ നാശമുണ്ടാക്കരുതെന്ന് അവരോട് പറയുന്നത്. നാട്ടില്‍ രക്തച്ചൊരിച്ചിലും ജീവനാശവും, അസമാധാനവും ഉണ്ടാക്കുന്നതാണല്ലോ ഇതെല്ലാം. ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പറഞ്ഞാല്‍ അത് സ്വീകരിക്കുവാനോ, അനുകൂലമായ മറുപടിപോലും പറയുവാനോ ആ കപടന്മാര്‍ തയ്യാറില്ലെന്ന് മാത്രമല്ല, തങ്ങള്‍ ചെയ്യുന്നതെല്ലാം നാട്ടിനു നന്മയും ആവശ്യവുമാണെന്ന് അവകാശപ്പെടുകയായിരിക്കും അവര്‍ ചെയ്യുക. ശത്രു വിഭാഗവുമായുള്ള കൂട്ടുകെട്ടു കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നത് മുസ്‌ലിംകള്‍ക്കും അവര്‍ക്കുമിടയില്‍ രഞ്ജിപ്പും യോജിപ്പും ഉണ്ടാക്കുകയാണ് എന്നും മറ്റും തങ്ങളുടെ ചെയ്തികളെ അവര്‍ ന്യായീകരിക്കുകയും ചെയ്യും. ഇതെല്ലാം തനി പൊയ്‌ വാക്കുകളാണ്; നാശത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്; ഇരുമുഖികളായ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥത്തില്‍ നാട്ടില്‍ നാശവും കുഴപ്പവും ഉണ്ടാക്കിത്തീര്‍ക്കുക; ഇതൊന്നും ഗ്രഹിക്കുവാനുള്ള തന്റേടമോ, നന്മയും നാശവും തിരിച്ചറിയുവാനുള്ള വിവേകമോ അവര്‍ക്കില്ല എന്നൊക്കെയാണ് ഇവരുടെ മറുപടിയെക്കുറിച്ച് അല്ലാഹൂ പറഞ്ഞതിന്‍റെ സാരം.

ഇവിടെയും, മറ്റു പല സ്ഥലങ്ങളിലും കപടവിശ്വാസികളുടെതായി അല്ലാഹു പ്രസ്താവിച്ച ലക്ഷണങ്ങളും സ്വഭാവങ്ങളും മുഴുവനുമോ ഏതാനുമോ ഒത്തിണങ്ങിയ മുസ്‌ലിം നാമധാരികളുടെ എണ്ണം കാലം ചെല്ലും തോറും – ഇക്കാലത്ത് വിശേഷിച്ചും – പെരുകിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം കുടുംബത്തിലും സമുദായത്തിലും പിറന്നു വളര്‍ന്നവരായത് കൊണ്ട് തങ്ങള്‍ മുസ്‌ലിംകളല്ലെന്ന് തുറന്നു പറയുവാന്‍ അവര്‍ക്ക് മടിയോ ധൈര്യക്കുറവോ ഉണ്ടായിരിക്കും. വേണമെങ്കില്‍, തങ്ങള്‍ മുസ്‌ലിംകളുടെയും ഇസ്‌ലാമിന്‍റെയും ഗുണകാംക്ഷികളും സമുദായോദ്ധാരകന്മാരുമാണെന്ന് നടിക്കുകയും ചെയ്യും. ഇസ്‌ലാമിനെ തുരങ്കം വെക്കുന്ന നിരീശ്വര നിര്‍മത യുക്തിവാദങ്ങളും, ഭൗതിക താല്‍പര്യങ്ങളുമായിരിക്കും അവരുടെ യഥാര്‍ത്ഥ കൈമുതല്‍. മുസ്‌ലിം ബഹുജനങ്ങളില്‍ നിന്ന് അവരറിയാതെ അവരുടെ വിശ്വാസവും മതഭക്തിയും നശിപ്പിച്ചുകൊണ്ട് പുരോഗമനത്തിന്‍റെ പേരില്‍ കാലത്തിനൊത്ത കോലം കെട്ടിക്കുകയായിരിക്കും അവരുടെ ലക്ഷ്യം. സത്യ വിശ്വാസികള്‍ ഇത്തരക്കാരെ ഇസ്‌ലാമിന്‍റെ പ്രത്യക്ഷ ശത്രുക്കളെക്കാള്‍ സൂക്ഷിക്കേണ്ടതാകുന്നു (والله المستعان)

2:13
  • وَإِذَا قِيلَ لَهُمْ ءَامِنُوا۟ كَمَآ ءَامَنَ ٱلنَّاسُ قَالُوٓا۟ أَنُؤْمِنُ كَمَآ ءَامَنَ ٱلسُّفَهَآءُ ۗ أَلَآ إِنَّهُمْ هُمُ ٱلسُّفَهَآءُ وَلَـٰكِن لَّا يَعْلَمُونَ ﴾١٣﴿
  • 'മനുഷ്യര്‍ വിശ്വസിച്ചതു പോലെ നിങ്ങള്‍ വിശ്വസിക്കുവിന്‍' എന്ന് അവരോട് പറയപ്പെട്ടാല്‍ - അവര്‍ പറയും: 'ഭോഷന്‍മാര്‍ വിശ്വസിച്ചതു പോലെ ഞങ്ങള്‍ വിശ്വസിക്കുകയോ'! അല്ലാ - (അറിയുക)! നിശ്ചയമായും, അവര്‍ തന്നെയാണ് ഭോഷന്മാര്‍. എങ്കിലും, അവര്‍ക്ക് അറിഞ്ഞുകൂടാ.
  • وَإِذَا قِيلَ പറയപ്പെട്ടാല്‍ لَهُمْ അവരോട് آمِنُوا നിങ്ങള്‍ വിശ്വസിക്കുവീന്‍ كَمَا آمَنَ വിശ്വസിച്ചതുപോലെ النَّاسُ മനുഷ്യര്‍ قَالُوا അവര്‍ പറയും, പറയുകയായി أَنُؤْمِنُ ഞങ്ങള്‍ വിശ്വസിക്കുകയോ, വിശ്വസിക്കുമോ كَمَا آمَنَ വിശ്വസിച്ചതുപോലെ السُّفَهَاءُ ഭോഷന്മാര്‍ أَلَا അല്ലാ, അല്ലേ (അറിയുക) إِنَّهُمْ നിശ്ചയമായും അവര്‍ هُمُ അവര്‍ തന്നെ السُّفَهَاءُ ഭോഷന്മാര്‍ وَلَٰكِن എങ്കിലും لَّا يَعْلَمُونَ അവര്‍ അറിയുന്നില്ല
2:14
  • وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ إِلَىٰ شَيَـٰطِينِهِمْ قَالُوٓا۟ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ ﴾١٤﴿
  • വിശ്വസിച്ചവരെ അവര്‍ കണ്ടു മുട്ടിയാല്‍ അവര്‍ പറയും: 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്ന്. അവര്‍ തങ്ങളുടെ പിശാചുക്കളിലേക്ക് (ചെന്ന്) തനിച്ചായാല്‍ അവര്‍ പറയുകയും ചെയ്യും: 'ഞങ്ങള്‍ നിങ്ങളുടെ കൂടെ (ത്തന്നെ)യാണ്; ഞങ്ങള്‍ (അവരെ) പരിഹസിക്കുന്നവര്‍ മാത്രമാകുന്നു.
  • وَإِذَا لَقُوا അവര്‍ കണ്ടുമുട്ടിയാല്‍ الَّذِينَ آمَنُوا വിശ്വസിച്ചവരെ قَالُوا അവര്‍ പറയും آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു وَإِذَا خَلَوْا അവര്‍ ഒഴിവായാല്‍, തനിച്ചായാല്‍ إِلَىٰ شَيَاطِينِهِمْ അവരുടെ പിശാചുകളിലേക്ക് قَالُوا അവര്‍ പറയും إِنَّا നിശ്ചയമായും ഞങ്ങള്‍ مَعَكُمْ നിങ്ങളുടെ കൂടെയാണ് إِنَّمَا نَحْنُ നിശ്ചയമായും ഞങ്ങള്‍ (മാത്രം-തന്നെ) ആകുന്നു مُسْتَهْزِئُونَ പരിഹസിക്കുന്നവര്‍
2:15
  • ٱللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ ﴾١٥﴿
  • അല്ലാഹു അവരെ പരിഹസിക്കുന്നു; അവരുടെ അതിര് കവിയലില്‍ (അന്തംവിട്ട്) അലഞ്ഞ് നടക്കുമാറ് അവരെ അയച്ചു വിടുകയും ചെയ്യുന്നു.
  • اللَّهُ അല്ലാഹു يَسْتَهْزِئُ പരിഹസിക്കുന്നു, പരിഹസിക്കും بِهِمْ അവരെ وَيَمُدُّهُمْ അവരെ നീട്ടി (അയച്ചു) ഇടുകയും ചെയ്യും فِي طُغْيَانِهِمْ അവരുടെ അതിരുകവിയലില്‍, ധിക്കാരത്തില്‍ يَعْمَهُونَ അവര്‍ (അന്ധാളിച്ചു - അന്തം വിട്ടു) അലഞ്ഞുനടക്കുമാറ്
2:16
  • أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَـٰلَةَ بِٱلْهُدَىٰ فَمَا رَبِحَت تِّجَـٰرَتُهُمْ وَمَا كَانُوا۟ مُهْتَدِينَ ﴾١٦﴿
  • അക്കൂട്ടര്‍, സന്മാര്‍ഗത്തിനു (പകരം) ദുര്‍മാര്‍ഗം (വിലക്കു) വാങ്ങിയിട്ടുള്ളവരത്രെ. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമായില്ല; അവര്‍ (ഉദ്ദിഷ്ട) മാര്‍ഗം പ്രാപിച്ചവരായതുമില്ല.
  • أُولَٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണ് اشْتَرَوُا അവര്‍ (വിലക്ക്) വാങ്ങി الضَّلَالَةَ ദുര്‍മാര്‍ഗം بِالْهُدَىٰ സന്മാര്‍ഗത്തിന് (പകരം) فَمَا رَبِحَت എന്നാല്‍ (എന്നിട്ട്) ലാഭകരമായില്ല تِّجَارَتُهُمْ അവരുടെ കച്ചവടം وَمَا كَانُوا അവര്‍ ആയതുമില്ല مُهْتَدِينَ നേര്‍മാര്‍ഗം പ്രാപിച്ചവര്‍

ഞങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടുണ്ടെന്നും മുസ്‌ലിംകളാണെന്നുമൊക്കെ നിങ്ങള്‍ പറയുന്നുല്ലോ, നിങ്ങളുടെ പ്രവര്‍ത്തനങ്ങളും നടപടിയുമാണെങ്കില്‍ അതിനു കടകവിരുദ്ധവുമാണ്. നിങ്ങള്‍ പറയുന്നത് നേരാണെങ്കില്‍ ഈ നില മാറ്റി യഥാര്‍ത്ഥ സത്യവിശ്വാസികള്‍ വിശ്വസിച്ചതു പോലെയുള്ള വിശ്വാസം നിങ്ങള്‍ സ്വീകരിക്കേണ്ടതാണ് എന്നൊക്കെയാണ് آمِنُوا كَمَا آمَنَ النَّاسُ (മനുഷ്യര്‍ വിശ്വസിച്ചതു പോലെ നിങ്ങള്‍ വിശ്വസിക്കുവിന്‍) എന്ന് പറഞ്ഞതിന്‍റെ താത്പര്യം. ഇവിടെ ‘മനുഷ്യര്‍’ എന്ന് പറഞ്ഞത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചുകഴിഞ്ഞ സത്യവിശ്വാസികളെപ്പറ്റിയാണെന്ന് വ്യക്തമാണ്. അവരെപ്പറ്റി ‘മനുഷ്യര്‍’ എന്ന് പറഞ്ഞതില്‍ അവരാണ് യഥാര്‍ത്ഥ മനുഷ്യര്‍ – അവരെപ്പോലെ നിങ്ങളും മനുഷ്യത്വ ഗുണമുള്ളവരാകേണ്ടതാണ് – നിങ്ങളുടെ ഈ നിലപാട് മനുഷ്യത്വത്തിന് യോജിച്ചതല്ല എന്നൊക്കെ ചില സൂചനകള്‍ അടങ്ങിയിരിക്കുന്നത് കാണാം أَلَّله أُعْلَمْ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും ഉള്‍പ്പെടുന്ന അതേ സത്യവിശ്വാസികളെപ്പറ്റി തന്നെയാണ് കപടവിശ്വാസികള്‍ ഭോഷന്മാര്‍ എന്ന് വിശേഷിപ്പിച്ചതും. അവരൊക്കെ തനി ഭോഷന്മാരായത് കൊണ്ടാണ് അത്രത്തോളം ആ വിശ്വാസത്തില്‍ ലയിക്കുവാന്‍ കാരണം, ഞങ്ങള്‍ അതിനു മാത്രം അധഃപതിച്ചിട്ടില്ല, അവരെപ്പോലെയുള്ള വിശ്വാസം സ്വീകരിക്കുവാന്‍ ഞങ്ങളെ കിട്ടുകയില്ല എന്നൊക്കെയാണ് മറുപടിയില്‍ അവര്‍ വ്യംഗ്യമായി സൂചിപ്പിക്കുന്നത്. വാസ്തവം നേരെമറിച്ചാണുള്ളത്. യഥാര്‍ത്ഥ ഭോഷന്മാര്‍ അവരല്ലാതെ മറ്റാരുമല്ല, പക്ഷേ അതു മനസ്സിലാക്കാനുള്ള തന്റേടവും വിവേകവും അവര്‍ക്കില്ല എന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു.

ഇരു മുഖന്മാരാണല്ലൊ കപടവിശ്വാസികള്‍. സത്യവിശ്വാസികളുടെ അടുക്കല്‍ വരുമ്പോള്‍ തങ്ങളും സത്യവിശ്വാസികളെന്നോണം അഭിനയിക്കും. മുസ്‌ലിംകളെ തൃപ്തിപ്പെടുത്തലും, ‘ഗനീമത്തു’ (യുദ്ധത്തില്‍ ലഭിച്ചേക്കാവുന്ന സ്വത്തു)കള്‍ മുതലായവയില്‍ പങ്കു ലഭിക്കലുമാണ് അവരുടെ ലക്ഷ്യം. അവിടം വിട്ടു തങ്ങളുടെ യഥാര്‍ത്ഥ കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും അടുക്കല്‍ ചെല്ലുമ്പോള്‍ ഉള്ളിലിരിപ്പ് അവരോട് തുറന്നു പറയുകയും ചെയ്യും. ഞങ്ങള്‍ മുസ്‌ലിംകളുമായി പെരുമാറുന്നത് കണ്ട് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ടതില്ല. ഞങ്ങള്‍ യാഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പക്ഷക്കാര്‍ തന്നെയാകുന്നു. പരിഹാസത്തിന് വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ സമീപിക്കുന്നത്. നിങ്ങളുടെ നന്മയാണ് ഞങ്ങളുടെയും ലക്ഷ്യം എന്നൊക്കെ. ഇതിനെപ്പറ്റിയാണ് 14-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. അവരുടെ ഈ പരിഹാസത്തെ അല്ലാഹു വെറുതെ വിടുവാന്‍ പോകുന്നില്ലാ എന്ന് 15-ാം വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇഹത്തിലും പരത്തിലും അല്ലാഹു അവരെ പരിഹസിക്കുകയും നിന്ദിക്കുകയും തന്നെ ചെയ്യും. തല്‍ക്കാലം അവരുടെ ഇഷ്ടംപോലെ മതിമറന്നു നടക്കട്ടെ എന്ന്‌ വെച്ച് അവരെ അയച്ചുവിടുകയാണ് ചെയ്യുന്നത്. പെട്ടന്ന് നടപടി എടുക്കുന്നില്ല. അല്ലാഹുവിന്‍റെ പിടിയില്‍ ഒതുങ്ങാതെ രക്ഷപ്പെടുവാന്‍ അവര്‍ക്കു കഴിയുകയില്ല.

شَيَاطِينِهِمْ (അവരുടെ പിശാചുക്കള്‍) എന്നുപറഞ്ഞത് ഇസ്‌ലാമിന്‍റെ പ്രത്യക്ഷ ശത്രുക്കളായ യഹൂദികളിലും, ശിര്‍ക്കിന്‍റെ നേതാക്കളിലുമുള്ള അവരുടെ സുഹൃത്തുക്കളും വേഴ്ച്ചക്കാരുമാകുന്നു. اللَّهُ يَسْتَهْزِئُ بِهِمْ (അല്ലാഹു അവരെ പരിഹസിക്കും) എന്നു പറഞ്ഞതിന്‍റെ താത്പര്യം അവരുടെ പരിഹാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷാ നടപടി എടുക്കുമെന്നത്രെ. وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِّثْلُهَا (ഒരു തിന്മയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിന്മയാകുന്നു. (42:40) കുറ്റത്തിനനുസരിച്ചായിരിക്കും അതിന്‍റെ പേരിലുള്ള ശിക്ഷാനടപടി എന്നു സാരം.

കൈവശമുള്ള ഒരു വസ്തുവിന് പകരം മറ്റൊരു വസ്തു സ്വീകരിക്കുന്നതിനാണ് വിലക്കുവാങ്ങുക എന്നും, കച്ചവടം, നടത്തുക എന്നും പറയുന്നത്. ഇങ്ങോട്ട് പകരം ലഭിക്കുന്ന വസ്തു അങ്ങോട്ട് കൊടുക്കുന്നതിനെക്കാള്‍ ലാഭകരമൊ പ്രയോജനകരമോ ആണെന്ന് കാണുമ്പോഴാണ് ക്രയവിക്രയം സ്വാഭാവികമായി ഉണ്ടാകാറുള്ളത്. ചുരുങ്ങിയ പക്ഷം അങ്ങോട്ട് കൊടുത്തതും ഇങ്ങോട്ട് ലഭിച്ചതും സമവില കണക്കാക്കപ്പെടുന്നതെങ്കിലുമായിരിക്കണം. അല്ലാത്തപക്ഷം ആ കച്ചവടം നഷ്ടകരമായിത്തീരുന്നു. മുനാഫിക്വുകളെ സംബന്ധിച്ചിടത്തോളം അവരുടെ കച്ചവടം ലാഭകരമായില്ലെന്ന് മാത്രമല്ല, ഇറക്കിയ മൂലധനം രക്ഷപ്പെട്ടു കിട്ടുകപോലുമുണ്ടായില്ല. അതും നഷ്ടപ്പെടുകയാണുണ്ടായത്. ക്വത്താദ: (റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടത്‌പോലെ: സന്മാര്‍ഗത്തില്‍ നിന്ന് ദുര്‍മാര്‍ഗത്തിലേക്കും, യോജിപ്പില്‍ നിന്ന് ഭിന്നിപ്പിലേക്കും, അഭയത്തില്‍ നിന്ന് ഭയത്തിലേക്കും സദാചാരത്തില്‍ നിന്ന് ദുരാചാരത്തിലേക്കും വഴുതിപ്പോകുകയാണവര്‍ ചെയ്തത്.

നല്ലതും ചീത്തയും തിരിച്ചറിയുവാനും അന്വേഷിക്കുവാനുമുള്ള ബുദ്ധിയും ചിന്താശക്തിയും അല്ലാഹു മനുഷ്യര്‍ക്ക് നല്കിയിട്ടുണ്ട്. അല്ലാഹു അവര്‍ക്ക് റസൂലിനെ അയച്ചുകൊടുക്കുകയും ചെയ്തു. അദ്ദേഹം മുഖാമുഖമായി അവരെ സത്യത്തിലേക്ക് ക്ഷണിച്ചു. ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും വിവരിച്ചുകൊണ്ടുള്ള ഒരു വേദഗ്രന്ഥം അവരുടെ മുമ്പില്‍ തുറന്നുവെക്കുകയും ചെയ്തു. മനസ്സിലിരിപ്പ് എന്തു തന്നെയായിരുന്നാലും അതില്‍ തങ്ങള്‍ക്കുള്ള വിശ്വാസം വാഗ്മൂലം അവര്‍ രേഖപ്പെടുത്തുകയും, സന്ദര്‍ഭം വരുമ്പോള്‍ അത് ആവര്‍ത്തിച്ചും അഭിനയിച്ചും കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങിനെ, സന്മാര്‍ഗമാകുന്ന മുലധനം അവര്‍ക്കു കൈവന്നു. അതവര്‍ ഉപയോഗപ്പെടുത്തുകയോ വളര്‍ത്തുകയോ അല്ല – അതിനെ പുറംതള്ളുകയും പകരം കല്‍പ്പിച്ചുകൂട്ടി ദുര്‍മാര്‍ഗം ഏറ്റെടുക്കുകയുമാണ് – ചെയ്തത്, ഇതാണവര്‍ ചെയ്ത കച്ചവടം. സന്മാര്‍ഗം എന്തെന്നറിയാതെ, അല്ലെങ്കില്‍ അത് പ്രാപിക്കുവാന്‍ അവസരം കിട്ടാതെ ദുര്‍മാര്‍ഗത്തില്‍ പതിച്ചവരാണവര്‍. സന്മാര്‍ഗം കൈവന്നശേഷം അത് വലിച്ചെറിയുകയാണവര്‍ ചെയ്തത്. സന്മാര്‍ഗം നിശ്ശേഷം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, അവരുടെ ഉദ്ദേശ്യങ്ങളൊന്നും നിറവേറിയതുമില്ല.

2:17
  • مَثَلُهُمْ كَمَثَلِ ٱلَّذِى ٱسْتَوْقَدَ نَارًا فَلَمَّآ أَضَآءَتْ مَا حَوْلَهُۥ ذَهَبَ ٱللَّهُ بِنُورِهِمْ وَتَرَكَهُمْ فِى ظُلُمَـٰتٍ لَّا يُبْصِرُونَ ﴾١٧﴿
  • 'അവരുടെ ഉപമ യാതൊരുവന്റെ മാതിരിയാകുന്നു: അവന്‍ ഒരു തീ കത്തിച്ചുണ്ടാക്കി ; എന്നിട്ട് അവന്റെ ചുറ്റുപാടിലുള്ളതിന് അത് വെളിച്ചം നല്‍കിയപ്പോള്‍ അല്ലാഹു അവരുടെ [അവിടെയുള്ളവരുടെ] പ്രകാശം കൊണ്ടു പോയി (കണ്ണു) കാണാത്ത നിലയില്‍ അന്ധകാരങ്ങളില്‍ [കൂരിരുട്ടില്‍] അവന്‍ അവരെ വിട്ടേക്കുകയും ചെയ്തു.
  • مَثَلُهُمْ അവരുടെ ഉപമ كَمَثَلِ മാതിരിയാണ് الَّذِي യാതൊരുവന്‍റെ اسْتَوْقَدَ അവന്‍ കത്തിച്ചുണ്ടാക്കി نَارًا ഒരു തീ فَلَمَّا أَضَاءَتْ എന്നിട്ടതു വെളിച്ചം നല്‍കിയപ്പോള്‍ مَا حَوْلَهُ അതിന്റെ ചുററുമുള്ളതിനെ, ചുറ്റുപാടിലുള്ളവരെ ذَهَبَ اللَّهُ അല്ലാഹു പോയി بِنُورِهِمْ അവരുടെ പ്രകാശവും കൊണ്ട് وَتَرَكَهُمْ അവരെ ഉപേക്ഷിക്കുക (വിട്ടേക്കുക)യും ചെയ്തു فِي ظُلُمَاتٍ അന്ധകാരങ്ങളില്‍ لَّا يُبْصِرُونَ അവര്‍ (കണ്ണു) കാണാതെ
2:18
  • صُمٌّۢ بُكْمٌ عُمْىٌ فَهُمْ لَا يَرْجِعُونَ ﴾١٨﴿
  • ബധിരന്മാര്‍! ഊമകള്‍! അന്ധന്മാര്‍! ആകയാല്‍ അവര്‍ മടങ്ങുകയില്ല.
  • صُمٌّ ബധിരന്മാര്‍ بُكْمٌ ഊമകള്‍ عُمْيٌ അന്ധന്മാര്‍ فَهُمْ അതിനാല്‍ അവര്‍ لَا يَرْجِعُونَ അവര്‍ മടങ്ങുകയില്ല

കപടവിശ്വാസികളുടെ ചില ഉപമകളാണ് ഈ വചനങ്ങളില്‍ വിവരിച്ചിരിക്കുന്നത്. ക്വുര്‍ആന്‍റെ പ്രതിപാദന രീതിയില്‍ ഉപമകള്‍ക്ക് നല്ലൊരു സ്ഥാനം നല്‍കപ്പെട്ടിട്ടുണ്ട്. പ്രതിപാദ്യ വിഷയത്തിന്‍റെ മര്‍മവശവും വിശദാംശങ്ങളും ഗ്രഹിക്കുവാനും, സാധാരണക്കാര്‍ക്ക് വിഷയം വേഗം മനസ്സിലാക്കുവാനും അതു പ്രയോജനപ്പെടുന്നു. അറബികള്‍ക്കിടയില്‍ ഉപമകള്‍ വിവരിക്കുന്ന പതിവ് മുമ്പേയുള്ളതാണ്. ചില സന്ദര്‍ഭങ്ങളില്‍, ഒരു നീണ്ട വിശദീകരണത്തെക്കാള്‍ ഒരു ചെറിയ ഉപമയായിരിക്കും കൂടുതല്‍ ഉപകരിക്കുക. ഉപമകള്‍ ഉദ്ധരിക്കുന്നതിനെ സംബന്ധിച്ച് ചില പ്രത്യേക പരാമര്‍ശങ്ങള്‍ തന്നെ താഴെ വചനങ്ങളില്‍ വരുന്നുണ്ട്.

ഈ ഉപമയുടെ വിവരണമെന്നോണം പല രിവായത്തു (നിവേദനം)കളും ഉദ്ധരിക്കപ്പെട്ടു കാണാം. കൂട്ടത്തില്‍ കൂടുതല്‍ വ്യക്തവും ഹൃദ്യവുമായി തോന്നുന്നത് ഇബ്‌നു മസ്ഊദ്(റ) മുതലായ ചില സ്വഹാബികളില്‍ നിന്ന് ഇബ്‌നു ജരീര്‍ (റ) ഉദ്ധരിച്ച ഒരു രിവായത്താകുന്നു. അതിന്‍റെ സാരം ഇങ്ങിനെയാണ്: ‘റസൂല്‍മദീനായില്‍ വന്ന അവസരത്തില്‍ ചില ആളുകള്‍ ഇസ്‌ലാമില്‍ പ്രവേശിച്ചു. പിന്നീട് അവര്‍ കപടവിശ്വാസികളായി മാറി. അവരുടെ ഉപമ ഒരു മനുഷ്യന്റേത് പോലെയായിത്തീര്‍ന്നു: അയാള്‍ ഇരുട്ടിലായിരുന്നു. അതിനാല്‍ അയാള്‍ തീ കത്തിച്ചു. ആ തീ അയാളുടെ ചുറ്റുപാടിലുമുള്ള കുണ്ടു കുഴികളിലും ഉപദ്രവവസ്തുക്കളിലും വെളിച്ചം പരത്തി. അയാള്‍ക്ക് അതെല്ലാം കാണുമാറായി. അയാള്‍ സൂക്ഷിക്കേണ്ടതെന്തൊക്കെയാണെന്ന് അയാള്‍ക്ക് അറിയുവാന്‍ കഴിഞ്ഞു. അങ്ങിനെയിരിക്കെ അയാളുടെ തീ കെട്ടുപോയി. അതുമൂലം സൂക്ഷിക്കേണ്ടുന്ന ഉപദ്രവവസ്തുക്കള്‍ തിരിച്ചറിയാതെയായി. ഇപ്രകാരമാണ് കപടവിശ്വാസിയും. അവന്‍ ആദ്യം ശിര്‍ക്കാകുന്ന ഇരുട്ടിലായിരുന്നു. എന്നിട്ടു അവന്‍ ഇസ്‌ലാം സ്വീകരിച്ചു. അതോടെ ഹലാലും ഹറാമും (പാടുള്ളതും പാടില്ലാത്തതും), നല്ലതും ചീത്തയും അവന്‍ തിരിച്ചറിഞ്ഞു. അങ്ങിനെയിരിക്കെ (വീണ്ടും) അവിശ്വാസിയായി. ഹറാമില്‍ നിന്ന് ഹലാലും ചീത്തയില്‍നിന്ന് നല്ലതും അറിയാതെയായിത്തീര്‍ന്നു. അങ്ങിനെ, അവര്‍ (കപടവിശ്വാസികള്‍) ബധിരന്മാരും ഊമകളും, അന്ധന്മാരുമാകുന്നു. എനി, അവര്‍ ഇസ്‌ലാമിലേക്ക് മടങ്ങുകയില്ല’.

വേണ്ടപ്പെട്ട കാര്യങ്ങള്‍ കേട്ടു മനസ്സിലാക്കുകയോ, യാഥാര്‍ത്ഥ്യങ്ങള്‍ വാ തുറന്ന് സംസാരിക്കുകയോ, കണ്ണുകൊണ്ടു നോക്കിക്കാണുകയോ ചെയ്യാത്തവരാകകൊണ്ടാണ് അലങ്കാര രൂപത്തില്‍ കപട വിശ്വാസികള്‍ ബധിരന്മാരും, ഊമകളും, അന്ധന്മാരുമാണെന്ന് പറഞ്ഞത്. സൂറത്തുല്‍ ഹജ്ജില്‍ അല്ലാഹു പറയുന്നു: ‘അവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എന്നാലവര്‍ക്ക് ബുദ്ധി കൊടുത്ത് ചിന്തിക്കുമാറുള്ള ഹൃദയങ്ങളൊ, കേട്ടറിയുമാറുള്ള കാതുകളോ ഉണ്ടാകേണ്ടിയിരിക്കുന്നു! എന്നാല്‍, (വാസ്തവത്തില്‍) കണ്ണുകള്‍ക്കല്ല. അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങള്‍ക്കത്രെ അന്ധത ബാധിക്കുന്നത്’. (ഹജ്ജ്; 46)

കപടവിശ്വാസികള്‍ക്ക് മറ്റൊരു ഉപമകൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു:

2:19
  • أَوْ كَصَيِّبٍ مِّنَ ٱلسَّمَآءِ فِيهِ ظُلُمَـٰتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَـٰبِعَهُمْ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلْمَوْتِ ۚ وَٱللَّهُ مُحِيطٌۢ بِٱلْكَـٰفِرِينَ ﴾١٩﴿
  • 'അല്ലെങ്കില്‍, അവരുടെ ഉപമ ആകാശത്തു നിന്ന് (ഒഴുകി വരുന്ന) ഒരു പെരുമഴ പോലെയാകുന്നു: അതില്‍ അന്ധകാരങ്ങളും [കൂരിരുട്ടും], ഇടിയും, മിന്നലുമുണ്ട്. ഇടി വാളുകള്‍ നിമിത്തം മരണത്തെ ഭയന്ന അവര്‍ [ആ മഴയില്‍ പെട്ടവര്‍] തങ്ങളുടെ വിരലുകളെ തങ്ങളുടെ ചെവികളില്‍ ഇടുന്നു! അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാകുന്നു.
  • أَوْ അല്ലെങ്കില്‍ كَصَيِّبٍ ഒഴുകിവരുന്ന ഒരു (പെരു)മഴ പോലെയാണ് مِّنَ السَّمَاءِ ആകാശത്തു നിന്ന് فِيهِ അതിലുണ്ട് ظُلُمَاتٌ അന്ധകാരങ്ങള്‍ وَرَعْدٌ ഇടിയും وَبَرْقٌ മിന്നലും يَجْعَلُونَ അവര്‍ ആക്കുന്നു أَصَابِعَهُمْ അവരുടെ വിരലുകളെ فِي آذَانِهِم അവരുടെ കാതുകളില്‍ مِّنَ الصَّوَاعِقِ ഇടിമിന്നലു (ഇടിത്തീ, ഇടിവാള്‍)കള്‍ നിമിത്തം حَذَرَ ഭയപ്പെട്ട് الْمَوْتِ മരണത്തെ وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ مُحِيطٌ വലയം ചെയ്ത (ചെയ്യുന്ന)വനാണ് بِالْكَافِرِينَ അവിശ്വാസികളെ
2:20
  • يَكَادُ ٱلْبَرْقُ يَخْطَفُ أَبْصَـٰرَهُمْ ۖ كُلَّمَآ أَضَآءَ لَهُم مَّشَوْا۟ فِيهِ وَإِذَآ أَظْلَمَ عَلَيْهِمْ قَامُوا۟ ۚ وَلَوْ شَآءَ ٱللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَـٰرِهِمْ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٢٠﴿
  • മിന്നല്‍ അവരുടെ കാഴ്ചകളെ റാഞ്ചി എടുക്കുമാറാകുന്നു! അതവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴൊക്കെ അവരതില്‍ നടക്കും; അതവരില്‍ ഇരുട്ടാക്കിയാല്‍ അവര്‍ നിന്നേക്കുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും അവരുടെ കാഴ്ചകളും അവന്‍ കൊണ്ടുപോകുക [എടുത്തു കളയുക] തന്നെ ചെയ്യുമായിരുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
  • يَكَادُ ആകാറാകുന്നു الْبَرْقُ മിന്നല്‍ يَخْطَفُ റാഞ്ചിയെടുക്കുക أَبْصَارَهُمْ അവരുടെ കാഴ്ചകളെ كُلَّمَا أَضَاءَ അതു വെളിച്ചം നല്‍കുമ്പോഴെല്ലാം لَهُم അവര്‍ക്ക് مَّشَوْا അവര്‍ നടക്കും فِيهِ അതില്‍ وَإِذَا أَظْلَمَ അത് ഇരുട്ടാക്കിയാല്‍ عَلَيْهِمْ അവര്‍ക്ക് قَامُوا അവര്‍ നില്‍ക്കും وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ അല്ലാഹു لَذَهَبَ പോകുകതന്നെ ചെയ്യുമായിരുന്നു بِسَمْعِهِمْ അവരുടെ കേള്‍വിയെകൊണ്ട് وَأَبْصَارِهِمْ അവരുടെ കാഴ്ചകളെയും إِنَّ നിശ്ചയമായും اللَّهَ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ കഴിവുള്ളവനാണ്

ആദ്യത്തെ ഉപമയെക്കാള്‍ കുറച്ചുകൂടി വിസ്തൃതമാണ് ഈ ഉപമ. രണ്ടു തരം വീക്ഷണങ്ങളിലൂടെ ഈ ഉപമ വ്യാഖ്യാനിക്കപ്പെടാറുണ്ട്.

(1) കപട വിശ്വാസികളുടെ സ്ഥിതിഗതികളുടെ പൊതുവെയുള്ള ഒരു ചിത്രീകരണമാണ് ഇതില്‍ അടങ്ങിയിരിക്കുന്നതെന്ന നിലക്ക്.
(2) അവരുടെ സ്ഥിതിഗതികളുടെ ചില വശങ്ങളെ പ്രത്യേകം പ്രത്യേകം ഇതില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന നിലക്ക്.

ഈ രണ്ടു നിലക്കുള്ള വ്യാഖ്യാനം ഒന്നാമത്തെ ഉപമയിലും സ്വീകരിക്കപ്പെടാതില്ല. പക്ഷേ, ആ രണ്ടു നിഗമനങ്ങളും തമ്മിലുള്ള താരതമ്യം കൂടുതല്‍ പ്രകടമാകുന്നത് ഈ ഉപമയുടെ വ്യാഖ്യാനത്തിലാകുന്നു. ഒന്നാമത്തെ വീക്ഷണ പ്രകാരം ഇതിന്‍റെ വ്യാഖ്യാനം ഏതാണ്ടിങ്ങിനെയാണ്: ആകാശത്തു നിന്ന് വമ്പിച്ച മഴ പെയ്തുകൊണ്ടിരിക്കുന്നു. രാത്രിയുടെ അന്ധകാരത്തിന് പുറമെ, മഴയുടെ ആധിക്യം കൊണ്ടും, മഴക്കാറുകളുടെ കുന്നുകൂടല്‍ കൊണ്ടുമുള്ള അന്ധകാരങ്ങളും, എല്ലാം കൂടി വമ്പിച്ച കൂരിരുട്ട്. മുമ്പോട്ട് നീങ്ങുവാന്‍ വഴി കണ്ടു കൂടാ. തപ്പി നടക്കുവാന്‍ പോലും കഴിയാതെ മനസ്സിന്‍റെ സമനിലയും തെറ്റിയിരിക്കുന്നു. കാരണം, ഇടതടവില്ലാത്ത ഇടിയും മിന്നലും ഇടിവാളിന്‍റെ പൊട്ടലും ചീറ്റലും കേള്‍ക്കുമ്പോള്‍ മരണത്തെ ഭയന്ന് ആളുകള്‍ ചെവിയില്‍ വിരല്‍ തിരുകി കാതുപൊത്തിക്കളയും. മിന്നലിന്‍റെ അതിപ്രസരമാണെങ്കില്‍ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടുപോകുമാറ്‌ ഭയങ്കരവും. മിന്നലിന്റെ വെളിച്ചം കിട്ടുമ്പോള്‍ അല്‍പമൊന്ന് നടന്നു നീങ്ങുവാന്‍ ശ്രമിക്കും. അപ്പോഴേക്ക് വീണ്ടും ഇരുട്ട്. അതോടെ സ്തംഭിച്ചു നില്‍ക്കുകയായി. അല്ലാഹു കാത്തുരക്ഷിച്ചതു കൊണ്ട് ഭാഗ്യത്തിന് ചെകിട് പൊട്ടി കേള്‍വി നശിക്കാതെയും, കണ്ണുപൊട്ടി കാഴ്ച നശിക്കാതെയും രക്ഷപ്പെട്ടുവെന്നു മാത്രം. ഇങ്ങിനെയുള്ള ഒരു മഴയില്‍ അകപ്പെട്ടാലത്തെ അവസ്ഥ പോലെയാണ് കപടവിശ്വാസികളുടെയും സ്ഥിതിഗതികള്‍. അതായത്, ഒരിക്കലും മനസ്സമാധാനമോ സ്വസ്ഥതയോ അവര്‍ക്കില്ല. സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഒരു ഭാഗത്ത്. പരിഭ്രമവും ഭീതിയും മറ്റൊരു ഭാഗത്ത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സത്യവിശ്വാസികളുടെയും പക്ഷത്ത് ചേര്‍ന്നാലുണ്ടാകുന്ന നേട്ടങ്ങളും, അതോടൊപ്പം അതിനാല്‍ നേരിട്ടേക്കാവുന്ന ഉത്തരവാദിത്വങ്ങളും വേറൊരുവശത്ത്. അവിശ്വാസികളുടെ കൂടെ ചേര്‍ന്നാല്‍ ലഭിക്കുന്ന സ്വാര്‍ത്ഥങ്ങളും അതിന്റെ ഭവിഷ്യത്തുകളും വേറെയും. ചുരുക്കിപ്പറഞ്ഞാല്‍, മേല്‍ വിവരിച്ച മഴയില്‍ അകപ്പെട്ടാലുണ്ടാകുന്ന അവസ്ഥ തന്നെ എന്നു സാരം.

രണ്ടാമത്തെ വ്യാഖ്യാനരീതി ഏതാണ്ടിങ്ങിനെയാണ്: അവരുടെ നന്‍മക്കുവേണ്ടി അല്ലാഹുവില്‍ നിന്നു അവതരിച്ചു കൊണ്ടിരിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍, സന്ദേശങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, വിധിവിലക്കുകള്‍ ആദിയായവയാണ് മഴയോട് ഉപമിക്കപ്പെട്ടിരിക്കുന്നത്. മഴ ഭൂമിയെ ജീവസ്സുള്ളതാക്കുന്നതു പോലെ അവ മനുഷ്യനും ജീവസ്സുണ്ടാക്കുന്നുവല്ലോ. ശക്തിയായ മഴ വര്‍ഷിക്കുമ്പോള്‍ ഇടിയും മിന്നലും സ്വാഭാവികമാണ്. കപടവിശ്വാസികളുടെ സംശയം, കാപട്യം, ആശയക്കുഴപ്പം, ദുര്‍മോഹം ആദിയായവയാണ് ഇരുട്ടിനോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. ദിവ്യ സന്ദേശങ്ങളില്‍ അടങ്ങിയിട്ടുള്ള താക്കീതുകള്‍, മുന്നറിയിപ്പുകള്‍ മുതലായവ ഇടികളോടും, അതിലെ ദൃഷ്ടാന്തങ്ങള്‍, സന്തോഷ വാര്‍ത്തകള്‍ മുതലായവ മിന്നലുകളോടും ഉപമിക്കപ്പെട്ടിരിക്കുന്നു. താക്കീതുകളും ശാസനകളും കേട്ട് സഹിക്കവയ്യാതെ ബധിരന്മാരെപ്പോലെ അവര്‍ തിരിഞ്ഞു കളയുന്നതിനെയാണ് ഇടിവാള്‍ നിമിത്തം മരണത്തെ ഭയന്ന് കാതുപൊത്തുന്നതിനോട് ഉപമിച്ചിരിക്കുന്നത്. പക്ഷേ, അവര്‍ കാതു പൊത്തിയതു കൊണ്ട് രക്ഷ കിട്ടുവാന്‍ പോകുന്നില്ല എന്നത്രെ ‘അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാണ്’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം. സത്യമാര്‍ഗം സ്വീകരിച്ചാല്‍ ഭൗതികമായും പാരത്രികമായും ലഭിക്കുവാനിരിക്കുന്ന നന്‍മകളെപ്പറ്റി ചിലപ്പോള്‍ അവര്‍ക്ക് ബോധോദയം ഉണ്ടാകും. അങ്ങനെ, ഗതി അല്‍പം മുന്നോട്ടാകും. അപ്പോഴേക്കും സ്വാര്‍ത്ഥ വിചാരങ്ങളും പരീക്ഷണഘട്ടങ്ങളും ഓര്‍മവരും. അതോടെ അത് സ്തംഭനത്തിലാകും. അതാണ് മിന്നല്‍ വെളിച്ചത്തില്‍ മുമ്പോട്ട് നടക്കുമെന്നും ഇരുട്ടായാല്‍ നിന്നു പോകുമെന്നും പറഞ്ഞത്. കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുവാനുള്ള കഴിവ് അല്ലാഹു അവര്‍ക്ക് നല്‍കിയതിനെ അവര്‍ ദുരുപയോഗപ്പെടുത്തിയിരിക്കെ, അവയെ നിശ്ശേഷം എടുത്തുകളയുവാന്‍ അവന് ഒട്ടും പ്രയാസമില്ല. എങ്കിലും അതവന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതു കൊണ്ട് സംഭവിച്ചിട്ടില്ലെന്ന് മാത്രം.

മൊത്തരൂപത്തിലും, വിശദരൂപത്തിലുമുള്ള ഈ രണ്ട് വ്യാഖ്യാന രീതികളില്‍ സാധാരണ ബുദ്ധികളെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ രൂപമായിരിക്കും കൂടുതല്‍ അനുകരണീയവും വ്യക്തവുമായി തോന്നുക . എങ്കിലും, സാഹിത്യ രംഗത്ത് കൂടുതല്‍ സ്ഥാനം അര്‍ഹിക്കുന്നത് ഒന്നാമത്തെ രൂപമാകുന്നു. ഓരോരുത്തര്‍ക്കും അവനവന്റെ ബുദ്ധി വികാസവും ചിന്താമണ്ഡലവും അനുസരിച്ച് ഓരോ ഉപമയിലും അടങ്ങിയ തത്വരഹസ്യങ്ങള്‍ പരതിനോക്കി കണ്ടുപിടിക്കുവാന്‍ ഇതാണ് കൂടുതല്‍ ഉപകരിക്കുക. أَلَّله أَعْلَمْ

ഈ രണ്ട് ഉപമകളും ഒരേ തരം മുനാഫിക്വുകളെ സംബന്ധിച്ചു തന്നെയാണെന്നും, അല്ലെന്നും രണ്ടഭിപ്രായം വ്യാഖ്യാതാക്കള്‍ക്കിടയിലുണ്ട്. ഇമാം ഇബ്‌നു ജരീര്‍ (റ) മുതലായ പലരും ഒന്നാമത്തെ അഭിപ്രായവും, ഇബ്‌നുകഥീര്‍ (റ) മുതലായ പലരും രണ്ടാമത്തെ – അല്ലെന്നുള്ള – അഭിപ്രായവുമാണ് സ്വീകരിച്ചുകാണുന്നത്. വിശ്വാസം ഉള്ളില്‍ തീണ്ടിയിട്ടേ ഇല്ലാത്ത മുഴുത്ത കപടന്‍മാരെ സംബന്ധിച്ചാണ് 17-ാം വചനത്തിലെ തീയിന്‍റെ ഉപമ. വിശ്വാസമുണ്ടെങ്കിലും അതിന്‍റെ ദുര്‍ബ്ബലത നിമിത്തം ഇസ്‌ലാമിക ശിക്ഷണത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ കഴിയാത്തവരും, ചിലപ്പോഴൊക്കെ സംശയവും ആശയക്കുഴപ്പവും നേരിടുകയും ഇടക്ക് ബോധോദയവും സത്യവിശ്വാസത്തിന്‍റെ പ്രകാശവും പ്രകടമാകുകയും ചെയ്യുന്ന രണ്ടാം തരം കപടന്മാരെ സംബന്ധിച്ചാണ് ഈ വചനത്തിലെ ഉപമ. ഇതാണ് രണ്ടാമത്തെ അഭിപ്രായം. പല ക്വുര്‍ആന്‍ വചനങ്ങളും മറ്റും ഉദ്ധരിച്ചും ഉദാഹരിച്ചും കൊണ്ട് ഇബ്‌നുകഥീര്‍ (റ) ഈ അഭിപ്രായം അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ സ്ഥാപിച്ചു കാണാവുന്നതാണ്.

19-ാം വചനത്തിന്‍റെ അവസാനത്തില്‍ والله محيط بالكافرين (അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാണ് ) എന്നും 20ന്‍റെ അവസാനത്തില്‍ ان الله عَلا كل شيء قدير (അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്) എന്നും പറഞ്ഞതുപോലെ, മുമ്പുള്ള വാക്യങ്ങളുമായി ഘടനയിലോ വിഷയത്തിലോ പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ചില വാക്യങ്ങള്‍ ക്വുര്‍ആനില്‍ കാണപ്പെടുക സര്‍വ്വസാധാരണമാകുന്നു. മിക്ക ആയത്തുകളും സമാപിക്കുന്നത് ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു വാക്യത്തോടു കൂടിയായിരിക്കും. മുന്‍വാക്യങ്ങളുമായി അവക്ക് പ്രത്യക്ഷ ബന്ധം തോന്നുകയില്ലെങ്കിലും – സംസാര വിഷയത്തിന്‍റെയും സന്ദര്‍ഭത്തിന്റേയും പശ്ചാത്തലത്തില്‍ അല്പം ആലോചിച്ചാല്‍ ആ അനുബന്ധവാക്യങ്ങള്‍ വലിപ്പം കൊണ്ട് വളരെ ചെറിയതായിരിക്കുന്നതോടൊപ്പം അവ വളരെ അര്‍ത്ഥഗര്‍ഭങ്ങളാണെന്നും കാണാവുന്നതാണ്. സംസാരവിഷയത്തിന്‍റെ രത്‌നച്ചുരുക്കമോ, അതിലടങ്ങിയ തത്വമോ, യുക്തിയോ,അതിന് നിദാനമായ ഏതെങ്കിലും യാഥാര്‍ത്ഥ്യമോ – അങ്ങിനെ പലതും – ചൂണ്ടിക്കാട്ടുന്നതായിരിക്കും ആ വാക്യങ്ങള്‍. സന്ദര്‍ഭം നോക്കി ചിന്തിക്കുന്നവര്‍ക്ക് അവയില്‍ നിന്ന് പല സാരങ്ങളും കണ്ടെടുക്കുവാന്‍ കഴിയുന്നതാണ് താനും. والله الموفق

വിഭാഗം - 3

സൂറത്തിന്‍റെ ആദ്യത്തെ ചില വചനങ്ങളില്‍ ഭയഭക്തന്‍മാരെക്കുറിച്ചും, പിന്നീട് ചില വചനങ്ങളില്‍ അവിശ്വാസികളെക്കുറിച്ചും, അതിന് ശേഷം ഇതുവരെയുള്ള വചനങ്ങളില്‍ കപടവിശ്വാസികളെക്കുറിച്ചും സംസാരിച്ചശേഷം, അടുത്ത വചനങ്ങളില്‍ മനുഷ്യ സമുദായത്തെ ആകമാനം അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു.

2:21
  • يَـٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴾٢١﴿
  • ഹേ, മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം.
  • يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ رَبَّكُمُ നിങ്ങളുടെ രക്ഷിതാവിനെ الَّذِي യാതൊരുവനായ خَلَقَكُمْ അവന്‍ നിങ്ങളെ സൃഷ്ടിച്ചു وَالَّذِينَ യാതൊരുവരെയും مِن قَبْلِكُمْ നിങ്ങളുടെ മുമ്പുള്ള لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ നിങ്ങള്‍ സൂക്ഷ്മത പാലിക്കും
2:22
  • ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴾٢٢﴿
  • അതായത് , ഭൂമിയെ നിങ്ങള്‍ക്ക് ഒരു വിരിപ്പും, ആകാശത്തെ ഒരു കെട്ടിടവും (അഥവാ മേല്‍പുരയും) ആക്കിത്തന്നിട്ടുള്ളവന്‍; ആകാശത്തു നിന്ന് അവന്‍ വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു ; എന്നിട്ട് അതു മൂലം നിങ്ങള്‍ക്ക് ആഹാരത്തിനായി ഫലങ്ങളില്‍നിന്ന് (പലതും) അവന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്; നിങ്ങള്‍ അറിഞ്ഞും കൊണ്ട് (തന്നെ).
  • الَّذِي جَعَلَ ആക്കിയവന്‍ لَكُمُ നിങ്ങള്‍ക്ക് الْأَرْضَ ഭൂമിയെ فِرَاشًا ഒരു വിരിപ്പ് وَالسَّمَاءَ ആകാശത്തെയും بِنَاءً ഒരു കെട്ടിടം وَأَنزَلَ അവന്‍ ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്ന് مَاءً വെള്ളം فَأَخْرَجَ എന്നിട്ട് അവന്‍ പുറപ്പെടുവിച്ചു بِهِ അതുമൂലം, അതുകൊണ്ട് مِنَ الثَّمَرَاتِ ഫല (വര്‍ഗ)ങ്ങളില്‍ നിന്ന് رِزْقًا ആഹാര(ഉപജീവന)ത്തിന്നായി لَّكُمْ നിങ്ങള്‍ക്ക് فَلَا تَجْعَلُوا അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത് لِلَّهِ അല്ലാഹുവിന് أَندَادًا തുല്യന്മാരെ وَأَنتُمْ നിങ്ങള്‍ (ആയിരിക്കെ) تَعْلَمُونَ നിങ്ങള്‍ അറിയും

‘ആരാധന’ എന്ന് അര്‍ത്ഥം കല്‍പിച്ച ‘ഇബാദത്ത്, ‘രക്ഷിതാവ്’ എന്നര്‍ത്ഥം കൊടുത്ത ‘റബ്ബ്’ എന്നിവയുടെ അര്‍ത്ഥോദ്ദേശ്യങ്ങളെപ്പറ്റി സൂറഃ ഫാതിഹഃയിലും, ‘സൂക്ഷ്മത പാലിക്കല്‍’ എന്നര്‍ത്ഥം കല്‍പിച്ച ‘തക്വ്‌വയെപ്പറ്റി ഈ സൂറത്തിന്റ ആദ്യത്തിലും വിവരിച്ചത് ഓര്‍ക്കുക.

വിശ്വാസി, അവിശ്വാസി, കപടവിശ്വാസി എന്നീ വ്യത്യാസം കൂടാതെ, ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തുള്ളവരും, അതിനുശേഷം ഉണ്ടാകുന്നവരുമായ മനുഷ്യരെ ഒന്നടങ്കം സംബോധന ചെയ്തു കൊണ്ട് അവര്‍ക്കെല്ലാം അസ്തിത്വം നല്‍കിയ സ്രഷ്ടാവും, അവരെ രക്ഷിച്ചു പരിപാലിച്ചു വരുന്ന രക്ഷിതാവുമായ അല്ലാഹുവിനെ ആരാധിക്കണമെന്നും, സ്രഷ്ടാവും രക്ഷിതാവും അവന്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞു കൊണ്ടിരിക്കെ അവനു സമന്‍മാരെയും പങ്കാളികളെയും ഏര്‍പ്പെടുത്തരുതെന്നും അല്ലാഹു കല്‍പ്പിക്കുന്നു. മനുഷ്യലോകത്തെ തൗഹീദാകുന്ന ഏകദൈവ സിദ്ധാന്തത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം, അതിന്‍റെ അനിഷേധ്യമായ അനിവാര്യതകൂടി അല്ലാഹു ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ‘നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവന്‍’ എന്നു പറഞ്ഞതില്‍, നിങ്ങളുടെ പൂര്‍വ്വികന്‍മാരും ഈ തൗഹീദ് സ്വീകരിക്കുവാന്‍ ബാധ്യസ്ഥരായിരുന്നുവെന്നും, അതുകൊണ്ട് അതിന് വിപരീതമായി അവര്‍ അനുവര്‍ത്തിച്ചു വന്ന ശിര്‍ക്കിന്‍റെ പാരമ്പര്യത്തില്‍ നിങ്ങള്‍ അവരെ പിന്‍പറ്റുന്നത് ശരിയല്ലെന്നുമുള്ള ഒരു സൂചന അടങ്ങിയിരിക്കുന്നു. തൗഹീദ് നിങ്ങളുടെ പ്രകൃത്യാ ഉള്ള ഒരു കടമയാണെന്ന് മാത്രമല്ല, അത് മുഖേന മാത്രമേ നിങ്ങള്‍ക്ക് സൂക്ഷ്മത പാലിക്കുന്നവരായിരിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. സൂക്ഷ്മത പാലിക്കുന്നവരാണ് സന്മാര്‍ഗത്തില്‍ നിലകൊള്ളുന്നവരെന്നും, അവര്‍ മാത്രമാണ് വിജയം പ്രാപിക്കുന്നവരെന്നും മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ.

പ്രാഥമിക ബുദ്ധിക്കുപോലും അറിയാവുന്നതും, ഓരോ വ്യക്തിയും അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നതും, മനുഷ്യന്‍റെ നിലനില്‍പിനും ജീവിതത്തിനും ആധാരവുമായ ചില വമ്പിച്ച അനുഗ്രഹങ്ങളെയാണ് അല്ലാഹു ഇവിടെ ഓര്‍മിപ്പിക്കുന്നത്. അവയിലൊന്നും അവന്‍റെതല്ലാത്ത ഒരു പങ്കും പ്രവര്‍ത്തനവും വേറെയില്ല. എന്നിരിക്കെ, അവയുടെ ഏക കര്‍ത്താവായ അവനോട് നന്ദിയും കീഴ്‌വണക്കവുമുള്ളവരായിരിക്കുക എന്ന നിലക്കും മനുഷ്യന്‍ മറ്റാരെയും ആരാധിച്ചു കൂടാത്തതാകുന്നു. അതെ, ആരാധ്യനായിരിക്കുവാനുള്ള അര്‍ഹത അല്ലാഹുവിന് മാത്രമാണെന്നതുപോലെ, അവന്‍റെ മാത്രം ആരാധകനായിരിക്കുവാനുള്ള ബാധ്യത മനുഷ്യനുമുണ്ട് എന്ന് ഇതില്‍ നിന്ന് സ്പഷ്ടമാകുന്നു.

ഇരിക്കുവാനും, കിടക്കൂവാനും, നടക്കുവാനും, ഓടുവാനും, ചാടുവാനും എന്നുവേണ്ട ഇഷ്ടാനുസരണം വിഹരിക്കുവാന്‍ മനുഷ്യന് ഭൂമിയെ അല്ലാഹു പാകപ്പെടുത്തിയിട്ടുള്ളതിനെ ഉദ്ദേശിച്ചാണ് അതിനെ ഒരു വിരിപ്പ് (فِرَاشًا) ആക്കി എന്നു പറഞ്ഞത്. വിരിപ്പ്‌ പോലെ പരന്നതാക്കി എന്നല്ല ഉദ്ദേശ്യം. ഭൂമി ഗോളാകൃതിയിലുള്ളതാണെന്ന യാഥാര്‍ത്ഥ്യവും ഈ വാക്കും തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എനി, വിരിപ്പുപോലെ പരന്നതാക്കി എന്നു തന്നെ വെക്കുന്നതിനും വിരോധമില്ല. ഗോളമായതോടൊപ്പം തന്നെ ഭൂമിയുടെ പരപ്പും വിശാലതയും അജ്ഞാതമല്ലല്ലോ. ഭൂമി മുഴുവനും പാറയോ, വെള്ളമോ, ചെളിയോ, മണലോ മറ്റോ ആയിരുന്നെങ്കില്‍, അല്ലെങ്കില്‍ ഒന്നാകെ സമനിരപ്പോ, കുന്നും കുഴിയും നിറഞ്ഞതോ ആയിരുന്നുവെങ്കില്‍ സ്ഥിതി എന്തായിരിക്കും? ആലോചിച്ച് നോക്കുക! ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയുടെ നിലവെച്ചല്ല – മനുഷ്യന്‍റെ പൊതുനില വെച്ചുകൊണ്ട് – ആലോചിക്കുമ്പോഴേ ഇതില്‍ അടങ്ങിയ മഹാനുഗ്രഹത്തിന്‍റെ മഹത്വത്തെപ്പറ്റി ഊഹിക്കുവാന്‍ കഴിയൂ. ഭൂമിയെ ഒരു വമ്പിച്ച വീടായി സങ്കല്‍പ്പിക്കുക. അതിന്‍റെ അടിനിലം വിതാനിച്ചുവെന്നും വെക്കുക. അപ്പോള്‍, അതിന്‍റെ മേല്‍ഭാഗത്ത് മേല്‍പുരയും വേണ്ടതുണ്ടല്ലോ. അതാണ് ആകാശത്തെ ഒരു കെട്ടിടവും (بِنَاء) – അഥവാ മേല്‍പുരയും – ആക്കി എന്നു പറഞ്ഞത്. മറ്റൊരു സ്ഥലത്ത് وَجَعَلْنَا السَّمَاءَ سَقْفًامَّحْفُوظًا (ആകാശത്തെ നാം സൂക്ഷിക്കപ്പെട്ട ഒരു മേല്‍പുരയും ആക്കിയിരിക്കുന്നു. (21:32) എന്ന് പറഞ്ഞിരിക്കുന്നത് പ്രസ്താവ്യമാകുന്നു.

ശരി. എനി ഈവീട്ടിലെ നിവാസികള്‍ക്ക് ദാഹത്തിന് വെള്ളവും വിശപ്പിന് ഭക്ഷണവും വേണമല്ലോ. അതിനായി ആകാശത്ത്‌നിന്ന്-ഉപരിഭാഗത്ത്‌നിന്ന്-മഴ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു. കുടിക്കൂവാന്‍ മാത്രമല്ല; കൃഷിതുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്കും അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി ഭൂമിയില്‍ പലതരം ഫലവര്‍ഗങ്ങളും ഉല്‍പന്നങ്ങളും അവന്‍ ഉല്‍പാദിപ്പിക്കുന്നു. ഇതിനെപ്പറ്റി മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നത് ഇങ്ങിനെയാകുന്നു: ‘അല്ലാഹുവത്രെ യാതൊരുവന്‍; അവന്‍ നിങ്ങള്‍ക്ക് ഭൂമിയെ വാസസ്ഥാനവും, ആകാശത്തെ കെട്ടിടവും ആക്കിയിരിക്കുന്നു. അവന്‍ നിങ്ങള്‍ക്ക് രൂപം നല്‍കുകയും, എന്നിട്ട് നിങ്ങളുടെ രൂപങ്ങളെ നന്നാക്കുകയും ചെയ്തിരിക്കുന്നു. വിശിഷ്ടവസ്തുക്കളില്‍നിന്ന് നിങ്ങള്‍ക്കവന്‍ ആഹാരം നല്‍കുകയും ചെയ്തിരിക്കുന്നു. അങ്ങിനെയുള്ള അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു, (40:64) ഇപ്പോള്‍, ഭൂമി ഒരു വീട്. അതിന്റ ഉടമസ്ഥനും അത് നിര്‍മിച്ചവനും അല്ലാഹു. അതിലെ നിവാസികളാകുന്ന മനുഷ്യര്‍ അവന്‍റെ സൃഷ്ടി. അവര്‍ക്ക് അന്നവും വെള്ളവും നല്‍കി പരിപാലിച്ചു പോരുന്നവനും അവന്‍ തന്നെ. വാസ്തവം ഇതായിരിക്കെ, ഇത് എല്ലാവര്‍ക്കും അറിയാവുന്നതുമായിരിക്കെ, അവനെയല്ലാതെ മറ്റാരെയെങ്കിലും ആരാധിക്കുന്നതിനോ, കീഴ്‌വണങ്ങുന്നതിനോ, അവന്‍റെ മുമ്പില്‍ ആരാധനയര്‍പ്പിക്കാതിരിക്കുന്നതിനോ വല്ല ന്യായവുമുണ്ടോ?! فَلَا تَجْعَلُوا لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ (അതിനാല്‍, അറിഞ്ഞുകൊണ്ടിരിക്കെ നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്).

അല്ലാഹുവിന്‍റെ ഉല്‍കൃഷ്ടങ്ങളായ ഗുണവിശേഷങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരാവകാശങ്ങളിലോ, അല്ലെങ്കില്‍ അവന്‍റെ സത്തയിലോ ഏതെങ്കിലും തരത്തിലുള്ള തുല്യതയോ, പങ്കോ മറ്റേതെങ്കിലും വസ്തുവിനുണ്ടെന്ന് സങ്കല്‍പിക്കുക എന്നത്രെ അവന് സമന്മാരെ (أَنْدَادًا) ഏര്‍പ്പെടുത്തുക എന്നതിന്‍റെ വിവക്ഷ. ഈ സങ്കല്‍പത്തില്‍ നിന്ന് ഉല്‍ഭവിക്കുന്നതും, ഈ സങ്കല്‍പത്തില്‍ പര്യവസാനിക്കുന്നതുമായ വാക്കും, പ്രവൃത്തിയും, വിശ്വാസവുമെല്ലാം ശിര്‍ക്കിന്‍റെ ഇനങ്ങളില്‍ പെട്ടവയാകുന്നു. ശിര്‍ക്കാകട്ടെ-അല്ലാഹുവും റസൂലും അര്‍ത്ഥശങ്കക്കിടമില്ലാത്തവണ്ണം സ്പഷ്ടമാക്കിയിട്ടുള്ളതു പോലെ – പാപങ്ങളില്‍ വെച്ചേറ്റവും കടുത്തതും, പൊറുക്കപ്പെടാത്തതുമാകുന്നു. അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ച നേരുന്നതും, അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യുന്നതും ശിര്‍ക്കാകുവാനുള്ള കാരണം മേല്‍പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാമല്ലോ. ഇന്ന നക്ഷത്രത്തിന്‍റെ – അല്ലെങ്കില്‍ രാശിയുടെ – കാരണത്താല്‍ മഴ പെയ്തുവെന്ന് പറയുന്നതിനെയും, വല്ലകാര്യത്തെക്കുറിച്ചും ‘അല്ലാഹു ഉദ്ദേശിച്ചത് مَا شَاء الَّله എന്ന് പറയുമ്പോള്‍ അതോടുചേര്‍ത്ത് ‘ഇന്ന ആളും ഉദ്ദേശിച്ചത് (وَشَاءَ فُلاَنْ)’ എന്ന് കൂടി പറയുന്നതിനെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിട്ടുന്നോര്‍ക്കുമ്പോള്‍, ശിര്‍ക്കിന്‍റെ വ്യാപ്തി എത്രവലുതാണെന്ന് ആലോചിച്ചു നോക്കുക! (165-ാം വചനത്തില്‍ കുറച്ചുകൂടി വിശദീകരണം വരുന്നതാണ്. ان شاء الله

ഈ വചനങ്ങളില്‍ കണ്ടതു പോലെ, ആദ്യം അല്ലാഹുവിന്‍റെ സൃഷ്ടി കര്‍ത്തൃത്വവും (خَالِقِيَّة) രക്ഷാ കര്‍ത്തൃത്വവും (رُبُوبِيَّة) ഉറപ്പിച്ച ശേഷം, ആ അടിസ്ഥാനത്തില്‍ അവന്‍റെ ആരാധ്യതയും (ألُوُهِيَّة) – അഥവാ ദൈവത്വവും – സ്ഥാപിക്കുക ക്വുര്‍ആനില്‍ പലപ്പോഴും കാണാവുന്ന പതിവാകുന്നു. ആദ്യത്തെ ഗുണം അവന് വകവെച്ചു കൊടുക്കാത്തവരായി തനി ഭൗതിക – നിരീശ്വര – വാദികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ആ ഗുണം സമ്മതിക്കുന്നതോടെ രണ്ടാമത്തെ ഗുണവും സമ്മതിക്കുവാന്‍ ബുദ്ധി നിര്‍ബന്ധിതമാകും. രണ്ടാമത്തെ ഗുണത്തിന്‍റെ – രക്ഷാകര്‍ത്തൃത്വത്തിന്‍റെ – വിശദീകരണത്തില്‍ ഭിന്നാഭിപ്രായമുണ്ടാകാമെങ്കിലും വേദവാദികളാരും അത് സമ്മതിക്കാതിരിക്കുകയില്ല. ആ രണ്ടു ഗുണങ്ങളും സമ്മതിക്കുന്ന ഒരാള്‍ക്ക് മൂന്നാമത്തെ ഗുണവും (ആരാധ്യതയും) അല്ലാഹുവിന് മാത്രമായിരിക്കല്‍ അനിവാര്യമാണെന്നു സമ്മതിക്കാതിരിക്കാന്‍ ന്യായമില്ല. ഒരു കാര്യം പ്രത്യേകം ഗൗനിക്കപ്പെടേതുണ്ട്. തര്‍ക്കശാസ്ത്രപരമായ വാഗ്വാദങ്ങള്‍ക്ക് പകരം, മനുഷ്യമനസ്സുകള്‍ക്ക് സുപരിചിതവും, നിത്യസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ യാഥാര്‍ഥ്യങ്ങളിലേക്കും, അവയുടെ പിന്നില്‍ സ്ഥിതിചെയ്യുന്ന മഹാ അദൃശ്യ ശക്തിയിലേക്കും അവരുടെ ശ്രദ്ധ തിരിക്കലായിരിക്കും കൂടുതല്‍ പ്രായോഗികമായിരിക്കുക. ക്വുര്‍ആന്‍റെ നയവും ഇതാണ്. കണ്ണില്‍ കണ്ടതേ വിശ്വസിക്കൂ, തങ്ങള്‍ ശരിവെച്ചു കഴിഞ്ഞതിനപ്പുറം ചിന്തിക്കുകയില്ല എന്ന മുന്‍വിധിക്കാരായ അഹങ്കാരികളെ സംബന്ധിച്ചിടത്തോളം – കഴിഞ്ഞ ആറും ഏഴും വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ചതുപോലെ – അവരെ കയ്യൊഴിക്കുക മാത്രമേ കരണീയമായുള്ളൂ.

അല്ലാഹുവിനെ ആരാധിക്കണം – അവനെ മാത്രമേ ആരാധിക്കാവൂ – എന്ന തത്വം അംഗീകരിക്കപ്പെടണമെങ്കില്‍, ആദ്യം അല്ലാഹുവിന്‍റെ അസ്തിത്വം അറിയേണ്ടതുണ്ടെന്നും, അതിനു ക്വുര്‍ആന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഇന്നിന്ന പ്രകാരമാണെന്നും വിവരിച്ച ശേഷം ഇമാം റാസീ (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ (21-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍) പ്രസ്താവിച്ച ചില കാര്യങ്ങള്‍ അറിയുന്നത് നന്നായിരിക്കും. ആ പ്രസ്താവനയുടെ സാരം ഇപ്രകാരമാണ്: ‘ഇപ്പറഞ്ഞത് നീ മനസ്സിലാക്കിയാല്‍ നാം പറയുന്നു: അല്ലാഹു അവന്‍റെ കിതാബില്‍ ഈമാതിരി തെളിവുകളെ തെളിവായി സ്വീകരിച്ചത് രണ്ടു കാരണം കൊണ്ടാണ്:

(1) ജനങ്ങള്‍ക്ക് കാര്യം മനസ്സിലാക്കുവാന്‍ ഉതകുന്നതും ബുദ്ധിക്ക് കൂടുതല്‍ യോജിച്ചതും അതാണ്. ക്വുര്‍ആനിലെ തെളിവുകള്‍ സുക്ഷ്മ വിചിന്തനം ചെയ്യാതെത്തന്നെ വേഗം ഗ്രാഹ്യമാകുന്നതായിരിക്കണം. എന്നാലേ പൊതുജനങ്ങള്‍ക്കും പ്രത്യേക നിലപാടിലുള്ളവര്‍ക്കും ഉപകരിക്കുകയുള്ളൂ. സത്യമായും, അല്ലാഹുവിന്‍റെ കിതാബിന്‍റെ ആരംഭത്തില്‍ തന്നെ അതാണവന്‍ സ്വീകരിച്ചതും.
(2) ക്വുര്‍ആനിക തെളിവുകളുടെ ലക്ഷ്യം വിവാദം നടത്തലല്ല. യഥാര്‍ത്ഥ വിശ്വാസം ഹൃദയങ്ങളില്‍ ഉറപ്പിക്കലാണ്. മറ്റെല്ലാതരം തെളിവുകളെക്കാളും ഇത്തരത്തിലുള്ളതാണ് ശക്തവും യുക്തവുമായത്. കാരണം, ഈ വിധം തെളിവുകള്‍ സ്രഷ്ടാവിന്‍റെ അസ്തിത്വത്തെപ്പറ്റി ഉറപ്പായ അറിവ് നല്‍കുന്നതു പോലെ, അവന്‍റെ അനുഗ്രഹങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. അനുഗ്രഹസ്മരണയാകട്ടെ, സ്‌നേഹം ജനിപ്പിക്കുകയും, തര്‍ക്കം ഇല്ലാതാക്കുകയും, അനുസരണത്തെ ഉളവാക്കുകയും ചെയ്യുന്നതാണ്. ആകയാല്‍, ക്വുര്‍ആന്‍ സ്വീകരിച്ച മാതിരിയുള്ള തെളിവുകളാണ് ഏറ്റവും നന്നായിട്ടുള്ളത്’.

തുടര്‍ന്ന്‌ കൊണ്ട് മുന്‍ഗാമികളായ മഹാന്‍മാര്‍ അല്ലാഹുവിന്‍റെ അസ്തിത്വം സ്ഥാപിക്കുന്നതിന് – താര്‍ക്കികമോ ശാസ്ത്രീയ മോ അല്ലാതെ – ഹൃദ്യവും യുക്തവുമായ രൂപത്തില്‍ തെളിവ് നല്‍കിയിരുന്നതിന് പത്തു പതിനൊന്ന് ഉദാഹരണങ്ങളും റാസീ (റ) ഉദ്ധരിച്ചിരിക്കുന്നു. അവയില്‍ ചിലത് അദ്ദേഹത്തില്‍ നിന്ന് ഇബ്‌നു കഥീര്‍ (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറിലും ഉദ്ധരിച്ചുകാണാം. അവയുടെ ചുരുക്കം ഇതാണ്:

(1) സ്രഷ്ടാവിനെ സ്ഥാപിക്കുന്നതിന്നുള്ള തെളിവെന്താണെന്ന് ഖലീഫാ ഹാറൂന്‍ റശീദ് (റ) ഇമാം മാലിക് (റ) വിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ തെളിവ് ഭാഷകളുടെയും, ശബ്ദങ്ങളുടെയും, രാഗങ്ങളുടെയും വൈവിദ്ധ്യമായിരുന്നു.
(2) ചില നിരീശ്വരവാദികള്‍ ഇമാം അബൂഹനീഫ (റ)യോട് സ്രഷ്ടാവിന്‍റെ അസ്തിത്വത്തിന് തെളിവ് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ക്ഷമിക്കണം, ഞാന്‍ കേട്ട ഒരു വാര്‍ത്തയെപ്പറ്റി ചിന്തിക്കുകയാണ് ഞാന്‍. (അതുകൊണ്ട് അല്‍പം ഒഴിവ് തരണം). വാര്‍ത്ത ഇതാണ്: ‘സമുദ്രത്തില്‍ ഒരു കപ്പലുണ്ട്. പലതരം ചരക്കുകളാല്‍ അത് നിറക്കപ്പെട്ടിരിക്കുന്നു. അതിനെ കാക്കുവാനോ ഓട്ടാനോ ആരുമില്ല. എന്നാലും അത് സ്വയം പോകുകയും വരുകയും ചെയ്യുന്നു. തിരമാലകളെ തള്ളിക്കടന്ന് രക്ഷപ്പെടുന്നു’. ഇത് കേട്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘ഹേയ്! ബുദ്ധിയുള്ള ഒരാളും ഇങ്ങിനെ പറയുകയില്ല’. അദ്ദഹം പറഞ്ഞു: ‘ച്‌ഛെ! മീതെ വാനലോകത്തും, താഴെ ഭൂലോകത്തും സ്ഥിതി ചെയ്യുന്ന കണക്കറ്റ വസ്തുക്കളും, അവയോട് ബന്ധപ്പെട്ടു നില്‍ക്കുന്ന അതിസമര്‍ത്ഥങ്ങളായ അനേകമനേകം കാര്യങ്ങളും! ഇതിനൊന്നും ഒരു കര്‍ത്താവില്ലെന്നോ?!’ അവരുടെ വായ അടഞ്ഞു.(*) അവര്‍ ഇസ്‌ലാം അംഗീകരിച്ചു.


(*) യുക്തിവാദികളാകട്ടെ, ശാസ്ത്രവാദികളാകട്ടെ, നിരീശ്വരവാദത്തിനു തെളിവായി, ശ്രോതാക്കളെ അമ്പരപ്പിക്കുന്നതും ആകര്‍ഷിക്കുന്നതുമായ എന്തെല്ലാം ന്യായങ്ങള്‍ അവര്‍ക്ക് പറയുവാനുണ്ടായാലും അവയുടെ എല്ലാം ആകെ സാരം രണ്ടിലൊന്നായിരിക്കും: ഒന്നുകില്‍ ഈ അഖിലാണ്ഡം ക്രമേണയങ്ങു സ്വയം രൂപം പൂണ്ടതാണ്. അല്ലെങ്കില്‍ ഒരു മഹാ വിസ്‌ഫോടനം നിമിത്തം സ്വയം നിര്‍മിതമായതാണ്. രണ്ടായാലും ശരി, ഇമാം അബൂ ഹനീഫ (റ)യുടെ മറുപടിക്കു മുമ്പില്‍ മുട്ടുകുത്തുവാനേ അവര്‍ക്ക് കഴിയൂ – യുക്തിഹീനതക്ക് ‘യുക്തി’ എന്ന് പേര് പറയാമെങ്കിലൊഴികെ.


(3) ഇമാം ശാഫിഈ (റ)യോട് അതിനെപ്പറ്റി ചോദിക്കപ്പെട്ടതിന് അദ്ദേഹം ഇങ്ങിനെ മറുപടി നല്‍കി: ‘ഇതാ, അമറാത്തി ഇല. അതിന്‍റെ രുചി ഒരുപോലെത്തന്നെ. പുഴു അത് തിന്നുന്നു. പുഴുവില്‍ നിന്ന് പട്ട് പുറത്തുവരുന്നു. തേനീച്ച അത് തിന്നുന്നു. അതില്‍ നിന്നു തേന്‍ പുറത്ത് വരുന്നു. ആടും, മാടും കാലികളും തിന്നുന്നു. അവ ചാണകവും കാഷ്ടവും ഇടുന്നു. മാനും അതു തിന്നുന്നു. അതില്‍ നിന്ന് കസ്തൂരി ഉണ്ടാവുന്നു. തീറ്റയെല്ലാം ഒന്നു തന്നെ’.

(4) ഇമാം അഹ്മദ് (റ) നല്‍കിയ തെളിവ് കോഴിമുട്ടയാണ്. അദ്ദേഹം പറഞ്ഞു: ‘ഉറപ്പും മിനുസവുമുള്ള ഒരു കോട്ട. വാതിലോ പഴുതോ അതിനില്ല. പുറഭാഗം വെള്ള വെള്ളിപോലെ. ഉള്‍ഭാഗം തങ്കസ്വര്‍ണം പോലെ. പെട്ടന്നൊരിക്കല്‍ അതിന്‍റെ ഭിത്തികള്‍ പൊട്ടിത്തെറിക്കുന്നു. രൂപഭംഗിയുള്ളതും സുന്ദര ശബ്ദമുള്ളതും, കേള്‍വിയും കാഴ്ചയുമുള്ളതുമായ ഒരു ജീവി വെളിക്ക് വരുന്നു!’

ഇതെല്ലാം പണ്ഡിത കേസരികളായ ചില മഹാന്മാരില്‍ നിന്നുള്ള ഉദ്ധരണികളാണല്ലോ. ഒരു സാധാരണക്കാരനായ മനുഷ്യന്‍റെ വക തെളിവുകൂടി അറിയുന്നത് നന്നായിരിക്കും. റബ്ബ് ഉണ്ടെന്നുള്ളതിന് തെളിവെന്താണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഒരു അഅ്‌റാബി (മരുഭൂവാസി) ഇങ്ങിനെ പറഞ്ഞതായി ഇബ്‌നുകഥീര്‍ (റ) ഉദ്ധരിക്കുന്നു: ‘യാ സുബ്ഹാനല്ലാഹ്! (ആശ്ചര്യം!) ചാണകം ഒട്ടകത്തെ അറിയിക്കുന്നു. കാലടയാളം നടന്നു പോയവനെ അറിയിക്കുന്നു. അപ്പോള്‍, രാശിമണ്ഡലങ്ങളുള്ള ആകാശം, വിശാലമായ നടമാര്‍ഗങ്ങളുള്ള ഭൂമി, തിരമാലകളുള്ള സമുദ്രം-ഇതൊന്നും – സൂക്ഷ്മജ്ഞാനിയായ ഒരുവനുണ്ടെന്ന് അറിയിക്കുന്നില്ലേ?!’

അനിഷേധ്യവും, അവിതര്‍ക്കിതവുമായ തെളിവുകളാല്‍ തൗഹീദിന്‍റെ അനിവാര്യത സ്ഥാപിച്ച ശേഷം, അടുത്ത വചനങ്ങള്‍ മുഖേന ക്വുര്‍ആന്‍റെ അമാനുഷികതയും അല്ലാഹു സ്ഥാപിക്കുന്നു. അതോടെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രവാചകത്വവും സ്ഥാപിതമാകുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിന്‍റെ റസൂലാണെന്നും (لا إله إلا الله محمد رسول الله) ആണല്ലോ ഇസ്‌ലാമിന്‍റെ മുദ്രാവാക്യം. അല്ലാഹു പറയുന്നു:-

2:23
  • وَإِن كُنتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ ﴾٢٣﴿
  • നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ വല്ല (വിധേനയും) സന്ദേഹത്തിലാണെങ്കില്‍ അതു പോലെയുള്ള ഒരു സൂറത്ത് (അദ്ധ്യായം) നിങ്ങള്‍ കൊണ്ടുവരുവിന്‍; അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ (സഹായികളെ) നിങ്ങള്‍ വിളിക്കുകയും ചെയ്ത്‌കൊള്ളുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍! (അതൊന്നു കാണാമല്ലോ).
  • وَإِن كُنتُمْ നിങ്ങളാകുന്നുവെങ്കില്‍ فِي رَيْبٍ വല്ല സന്ദേഹത്തിലും مِّمَّا نَزَّلْنَا നാം ഇറക്കിയതിനെപ്പറ്റി عَلَىٰ عَبْدِنَا നമ്മുടെ അടിയാന്‍റെ മേല്‍ فَأْتُوا എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِسُورَةٍ ഒരു സൂറത്തും കൊണ്ട്, ഒരദ്ധ്യായത്തെ مِّن مِّثْلِهِ അതുപോലെയുള്ള وَادْعُوا നിങ്ങള്‍ വിളിക്കുകയും ചെയ്‌വിന്‍ شُهَدَاءَكُم നിങ്ങളുടെ സാക്ഷികളെ مِّن دُونِ اللَّهِ അല്ലാഹുവിന് പുറമെ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍
2:24
  • فَإِن لَّمْ تَفْعَلُوا۟ وَلَن تَفْعَلُوا۟ فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ ۖ أُعِدَّتْ لِلْكَـٰفِرِينَ ﴾٢٤﴿
  • എന്നിട്ട് നിങ്ങള്‍ (അതു) ചെയ്തില്ലെങ്കില്‍, നിങ്ങള്‍ (ഒരിക്കലും) ചെയ്കയില്ല തന്നെ. എന്നാല്‍, നിങ്ങള്‍ യാതൊരു നരകത്തെ സൂക്ഷിച്ചുകൊള്ളണം: അതില്‍ കത്തിക്കപ്പെടുന്നത് (അതിന്റെ ഇന്ധനം) മനുഷ്യരും കല്ലുകളുമാകുന്നു. അത് അവിശ്വാസികള്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുകയാണ്.
  • فَإِن لَّمْ تَفْعَلُوا എന്നിട്ട് നിങ്ങള്‍ ചെയ്തില്ലെങ്കില്‍ وَلَن تَفْعَلُوا നിങ്ങള്‍ ചെയ്യുന്നതുമല്ല തന്നെ فَاتَّقُوا എന്നാല്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുവിന്‍ النَّارَ നരകത്തെ الَّتِي യാതൊരു وَقُودُهَا അതില്‍ കത്തിക്കപ്പെടുന്നത്, ഇന്ധനം النَّاسُ മനുഷ്യരാകുന്നു وَالْحِجَارَةُ കല്ലുകളും أُعِدَّتْ അതു തയ്യാറാക്കപ്പെട്ടിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്ക്

മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊണ്ടു വന്നിട്ടുള്ള ഈ ക്വുര്‍ആന്‍ അല്ലാഹു അവതരിപ്പിച്ചതല്ലെന്നോ, അത് അദ്ദേഹമോ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലുമോ കെട്ടിച്ചമച്ചതാണെന്നോ, അദ്ദേഹത്തിന്‍റെ ദിവ്യദൗത്യവാദം ശരിയല്ലെന്നോ വാദിക്കുകയോ, സംശയിക്കുകയോ ചെയ്യുന്നവര്‍ക്കെല്ലാം – അവര്‍ ഏത് കാലദേശക്കാരായാലും ശരി – ഒരു വമ്പിച്ച വെല്ലുവിളിയാണിത്. വെല്ലുവിളികൊണ്ടും അല്ലാഹു മതിയാക്കിയിട്ടില്ല. അല്ലാഹു അല്ലാത്ത മറ്റാരെയും വേണമെങ്കില്‍ നിങ്ങള്‍ക്ക് സഹായത്തിനു വിളിച്ചു കൂട്ടാം, എന്നാലും നിങ്ങള്‍ക്ക് ഒരു കാലത്തും അതിന് സാധ്യമല്ല എന്ന് അതോടൊപ്പം തന്നെ തീര്‍ത്തു പറയുകയും ചെയ്തിരിക്കുന്നു. ഈ വെല്ലുവിളിയെ നേരിടുവാന്‍ കഴിയുകയില്ലെന്ന് ബോദ്ധ്യമായിട്ട് പിന്നെയും പിന്‍മടങ്ങാത്തപക്ഷം അതികഠിനമായ നരകശിക്ഷക്ക് തയ്യാറായിക്കൊള്ളണമെന്നൊരു കനത്ത താക്കീതും നല്‍കിയിരിക്കുന്നു. ഇവിടെ മാത്രമല്ല, ഒന്നിലധികം സ്ഥലത്ത് ക്വുര്‍ആനില്‍ അല്ലാഹു ഈ വെല്ലുവിളി ആവര്‍ത്തിച്ചിട്ടുള്ളതാണ്. അല്ലാഹു പറയുന്നു:-

قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَىٰ أَن يَأْتُوا بِمِثْلِ هَٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا – الإسراء

സാരം: പറയുക: ‘ഈ ക്വുര്‍ആന്‍ പോലെയുള്ളതൊന്നു കൊണ്ടു വരുവാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചാലും അവര്‍ അതുപോലെ ഒന്ന് കൊണ്ടു വരികയില്ല – അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നവരായാലും ശരി.’ (ഇസ്‌റാഉ്:88)

قُلْ فَأْتُوا بِعَشْرِ سُوَرٍ مِّثْلِهِ مُفْتَرَيَاتٍ وَادْعُوا مَنِ اسْتَطَعْتُم مِّن دُونِ اللَّهِ إِن كُنتُمْ صَادِقِينَ

പറയുക: എന്നാല്‍, കെട്ടിച്ചമയ്ക്കപ്പെട്ട ഒരു പത്തു സൂറത്തുകളെ ഇതുപോലെ നിങ്ങള്‍ കൊണ്ടു വരുവിന്‍. അല്ലാഹുവ ിന് പുറമെ നിങ്ങള്‍ക്ക് സാധ്യമായവരെയൊക്കെ നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുവിന്‍ – നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (ഹൂദ് 13)

قُلْ فَأْتُوا بِسُورَةٍ مِّثْلِهِ وَادْعُوا مَنِ اسْتَطَعْتُم مِّن دُونِ اللَّهِ إِن كُنتُمْ صَادِقِينَ

‘പറയുക: എന്നാല്‍, ഇത്‌ പോലെയുള്ളതായ ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടു വരുവിന്‍. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധ്യമായവരെയൊക്കെ നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുവിന്‍-നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.’ (യൂനൂസ്, 38).

ഈ മൂന്ന് മക്കീ സൂറത്തുകളിലായി കുറേക്കാലം മുശ്‌രിക്കുകള്‍ക്കിടയില്‍ പരസ്യമായി ആവര്‍ത്തിക്കപ്പെട്ടു വന്ന ഈ വെല്ലുവിളി ഇപ്പോള്‍ ഈ സൂറത്തില്‍വെച്ച് മദീനയിലെ യഹൂദികള്‍ക്കും മുനാഫിക്വുകള്‍ക്കും മദ്ധ്യേ അല്ലാഹൂ വീണ്ടും ആവര്‍ത്തിക്കുകയാണ്. ക്വുര്‍ആന്‍ പോലെയുള്ള ഒരു ഗ്രന്ഥം (بِمِثْلِ هَذَا قُرْآن) എന്നതിന്‍റെ സ്ഥാനത്ത് ഒരിക്കല്‍ പത്ത് സൂറത്തുകള്‍ (عشر سُوَرٍ) കൊണ്ടു വന്നാല്‍ മതിയെന്നു പറഞ്ഞു. മറ്റൊരിക്കല്‍ ഒരൊറ്റ സൂറത്തു (سُورَة) കൊണ്ടു വരുവിന്‍ എന്നും പറഞ്ഞു നോക്കി. എല്ലായ്‌പ്പോഴും മൗനമല്ലാതെ മറ്റൊരു പ്രതികരണവും ഉണ്ടായില്ല. ക്വുര്‍ആനിലെ സൂറത്തുകള്‍ പല വലിപ്പത്തിലുള്ളവയാണല്ലോ. മൂന്നു ചെറിയ ആയത്തുകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതും അവയിലുണ്ട്. ആ സ്ഥിതിക്ക് അതുപോലെ ഒരു ചെറിയ സൂറത്തെങ്കിലും കൊണ്ടു വന്നാല്‍ ഈ വെല്ലുവിളിയെ നേരിട്ടതായി അവര്‍ക്ക് അഹങ്കരിക്കാമായിരുന്നു. അല്ലാഹുവിനെ മാത്രം കൂട്ടുവിളിക്കാതിരുന്നാല്‍ മതി – അവനു പുറമെ മനുഷ്യരെയും ജിന്നു വര്‍ഗത്തെയുമെല്ലാം തന്നെ കൂട്ടിനും സഹായത്തിനും വിളിക്കാം – എന്നുകൂടി അനുവദിച്ചുകൊടുത്തു. അവരുടെ നിഷേധത്തിന് ന്യായത്തിന്‍റെ വല്ല കണികയുമുണ്ടെങ്കില്‍ അത് വെളിച്ചത്തുവരട്ടെ. അതൊന്നു ചെയ്തുനോക്കാന്‍ പലവട്ടം – കൊല്ലങ്ങളോളം തന്നെ – ആഹ്വാനം ചെയ്തു. അവരുടെ മറുപടിക്കൊന്നും കാത്തിരിക്കാതെ അര്‍ത്ഥശങ്കക്കിടമില്ലാത്ത ഭാഷയില്‍ അല്ലാഹു അതാ തീര്‍ത്തു പറയുന്നു: ഒരു കാലത്തും നിങ്ങള്‍ അത് ചെയ്കയില്ല – നിങ്ങള്‍ക്കതിന് സാധ്യമല്ല – എന്ന്!.

ഇതൊക്കെ ആയിട്ടും അക്കാലത്തോ, അന്നുതൊട്ട് ഇന്നേവരെയോ വെല്ലുവിളി നേരിടുവാന്‍ യാതൊരാളും ധൈര്യപ്പെട്ടിറങ്ങിയതായി ചരിത്രമില്ല. കാലാവസാനംവരെ ഈ വെല്ലുവിളി മുസ്വ്ഹഫിന്‍റെ താളുകളില്‍ അതേപടി അവശേഷിക്കുകതന്നെ ചെയ്യും. അറബി സാഹിത്യത്തിന്‍റെ പരമകാഷ്ഠ പ്രാപിച്ചവരെന്ന് പ്രസിദ്ധി നേടിയ എത്രയോ സാഹിത്യപടുക്കള്‍ അന്നും പിന്നെയും ഉണ്ടായിട്ടുണ്ട്. ഏതാനും പേര്‍ ഒത്ത്‌ ചേര്‍ന്ന് ഒരു സംഘടിത ശ്രമം അതിനു വേണ്ടി നടത്തി നോക്കിയതായും അറിയെപ്പടുന്നില്ല. വാസ്തവത്തില്‍, ക്വുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നതിന് ഈ വചനത്തില്‍ രണ്ടു തെളിവുകള്‍ അടങ്ങിയിട്ടുള്ളതായി കാണാവുന്നതാണ്. ഈ വെല്ലുവിളിയെ വെല്ലുവാന്‍ ആര്‍ക്കും കഴിയാത്തതും, അതിന് ഒരിക്കലും കഴിയുകയില്ലെന്ന് ഖണ്ഡിതമായി മുന്‍കൂട്ടി പ്രവചിച്ചതും.

ക്വുര്‍ആന്‍റെ അമാനുഷികത (اعجاز) കാരണമാണ് അതുപോലെയുള്ള ഒരു ഗ്രന്ഥമൊ അദ്ധ്യായമോ കൊണ്ടു വരുവാന്‍ ആര്‍ക്കും കഴിയാത്തതെന്ന് പറയേണ്ടതില്ല. ഈ അമാനുഷികത അതിന്‍റെ ഏത് തുറയിലാണുള്ളത്? ഈ വിഷയത്തില്‍ പലരും പലതും പറഞ്ഞുകാണാമെങ്കിലും അതിന്‍റെ ഭാഷാ സാഹിത്യശൈലികളിലും, ആശയങ്ങളിലും, തത്വസിദ്ധാന്തങ്ങളിലും, പ്രതിപാദനങ്ങളിലുമെല്ലാം തന്നെ അത് വ്യാപിച്ചു കിടക്കുന്നുവെന്നതാണ് പരമാര്‍ത്ഥം. ഇതിനെപ്പറ്റി മുഖവുരയില്‍ (*) ആവശ്യമായ വിവരണം നല്‍കിയിട്ടുള്ളത്‌ കൊണ്ട് ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല. ഇവയില്‍ ഏതെങ്കിലും ഒരു തുറയില്‍പോലും അതിനോട് തികച്ചും കിടയൊക്കുന്നതെന്ന് അംഗീകരിക്കപ്പെട്ട ഒരു ഗ്രന്ഥവും ഇത് വരെയുണ്ടായിട്ടില്ല. മനുഷ്യകൃതികളായ ഗ്രന്ഥങ്ങളില്‍ മാത്രമല്ല, മുന്‍ വേദഗ്രന്ഥങ്ങളില്‍ പോലും ക്വുര്‍ആനെപ്പോലെ ഒരു ഗ്രന്ഥമുണ്ടായിട്ടില്ല. അതു കൊണ്ടാണ് നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സത്യതക്കുള്ള നിത്യ ദൃഷ്ടാന്തമായി ക്വുര്‍ആന്‍ നിലകൊള്ളുന്നതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘മനുഷ്യര്‍ക്ക് വിശ്വസിക്കുവാന്‍ വേണ്ടത്ര ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഇല്ല. എനിക്ക് നല്‍കപ്പെട്ടിട്ടുള്ളത് അല്ലാഹു എനിക്ക് നല്‍കിയ വഹ്‌യ് (ദിവ്യബോധനം) തന്നെയാണ്. അതിനാല്‍, ക്വിയാമത്തുനാളില്‍ ഞാന്‍ അവരെക്കാള്‍ അനുയായികള്‍ അധികമുള്ളവനായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. (ബു.മു.)


(*) (ക്വുര്‍ആന്റെ അമാനുഷികത) എന്ന അദ്ധ്യായം നോക്കുക.


فَأْتُوا بِسُورَةٍ مِّن مِّثْلِهِ എന്ന വാക്യത്തിലെ مِّن (മിന്‍) എന്ന അവ്യയം പരിഗണിക്കുമ്പോള്‍ ‘അത് (ക്വുര്‍ആന്‍) പോലെയുള്ളതില്‍ നിന്നുള്ള ഒരു സൂറത്ത് കൊണ്ട് വരുവിന്‍’ എന്നാണതിന് അര്‍ത്ഥം വരുക. സൂറത്ത് ഹൂദിലെ വചനത്തില്‍ بعشر سور مثله (അത്‌പോലെയുള്ള പത്ത് സൂറത്തുകള്‍) എന്നും, യൂനുസിലെ വചനത്തില്‍ بسورة مثله (അതുപോലെയുള്ള ഒരു സൂറത്ത്) എന്നുമാണുള്ളത്. ഇസ്‌റാഇലെ വചനത്തിലാകട്ടെ بِمِثْلِ هَذَاالْقُرْآن (ഈ ക്വുര്‍ആന്‍ പോലെയുള്ളത്) എന്നും പറഞ്ഞിരിക്കുന്നു. അപ്പോള്‍, ക്വുര്‍ആന്‍ പോലെയുള്ള ഒരു ഗ്രന്ഥമോ, ക്വുര്‍ആന്‍റെതു പോലെയുള്ള പത്ത് സൂറത്തുകളോ, അല്ലെങ്കില്‍ ഒരു സൂറത്തോ കൊണ്ടുവരിക എന്നാണ് ഇവയുടെ മൊത്തത്തിലുള്ള ഉദ്ദേശ്യമെന്ന് വ്യക്തമാണ്. ആ വാക്യത്തിന് ഒരാധുനിക പണ്ഡിതന്‍ ഒരു വിചിത്രമായ വ്യാഖ്യാനം എഴുതിക്കാണുന്നു. അദ്ദേഹത്തിന്‍റെ വാചകം ഇതാണ്: ‘ക്വുര്‍ആനെപ്പോലെ മനുഷ്യജീവിതത്തെ വിജയകരമാക്കിത്തീര്‍ക്കാന്‍ പര്യാപ്തമായ ഒരു ജീവിതപദ്ധതിയുടെ ഒരദ്ധ്യായമെങ്കിലും എഴുതിക്കൊണ്ടു വരിക എന്നാണതിന്‍റെ അര്‍ത്ഥം. ഇതനുസരിച്ചു ക്വുര്‍ആന്‍ കൊണ്ടുദ്ദേശ്യം ‘ഒരു ജീവിത പദ്ധതി’യും, ഒരു സൂറത്തുകൊണ്ടുദ്ദേശ്യം അതിന്‍റെ ‘ഒരദ്ധ്യായ’വുമായിരിക്കണമല്ലോ. ഇതിന് തെളിവായി സൂറത്തുല്‍ ക്വസ്വസ്വിലെ 49-ാം വചനവും സൂത്രത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ആ വചനത്തിന്റെ സന്ദര്‍ഭവും വിഷയവുമാണെങ്കില്‍ വേറെയാണുതാനും. മൂസാ നബി (അ)ക്ക് നല്‍കെപ്പട്ടതു പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ എന്തുകൊണ്ട് നബിക്ക് നല്‍കപ്പെട്ടിട്ടില്ലെന്ന് ആക്ഷേപിക്കുകയും അതേ സമയത്ത് മൂസാ നബി (അ)യിലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും അവിശ്വസിക്കുകയും ചെയ്തവരെ അഭിമുഖീകരിച്ചു കൊണ്ടുള്ളതാണ് ആ വചനം. അതിലെ വാചകം ഇതാണ്:

قل فأتوا بكتاب من عند الله هو أهدى منهما أتبعه

(സാരം: പറയുക: എന്നാല്‍, ആ രണ്ടിനെക്കാളും- രണ്ടു നബിമാരും കൊണ്ടു വന്നതിനെക്കാളും മാര്‍ഗദര്‍ശകമായുള്ള ഒരു ഗ്രന്ഥം അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ കൊണ്ടുവരുവിന്‍, ഞാനതിനെ പിന്‍പറ്റിക്കൊള്ളാം…) രണ്ടും രണ്ട് വിഷയമാണെന്ന് പ്രഥമ ദൃഷ്ട്യാതന്നെ വ്യക്തമാണല്ലോ. വാസ്തവത്തില്‍, ഈ വളച്ചുതിരിച്ച വ്യാഖ്യാനത്തിന്റെ പിന്നിലുള്ളതെന്താണെന്നാലോചിക്കുമ്പോള്‍ മനസ്സിലാകുന്നതിതാണ്: ക്വുര്‍ആന്റെ ഭാഷാ സാഹിത്യം, അതവതരിച്ച കാലത്തെ സംബന്ധിച്ചിടത്തോളം വളരെ ഉന്നത നിലവാരത്തിലുള്ളതാണെങ്കിലും, എല്ലാ കാലത്തേക്കും അതിന്റെ ആ ഉന്നതസ്ഥാനം ബാധകമല്ല. ഭാഷാസാഹിത്യത്തില്‍ അതുപോലെയോ, അതിനെക്കാള്‍ കവിഞ്ഞ നിലയിലോ ഉള്ള ഗ്രന്ഥം മനുഷ്യരാല്‍ നിര്‍മിക്കപ്പെടുന്നതിന് വിരോധമില്ല; സാഹിത്യശാസ്ത്രം അന്നത്തെക്കാള്‍ വളരെ പുരോഗമിച്ചു കഴിഞ്ഞിരിക്കുന്നു എന്നൊക്കെയുള്ള ചില പുതിയ വാദക്കാര്‍ ഇന്നത്തെ ആധുനിക പണ്ഡിതന്‍മാരിലുണ്ട്. ആ വാദമായിരിക്കാം ഇതിന്റെ പിന്നിലുള്ളതെന്ന് തോന്നുന്നു.

ക്വുര്‍ആന് തുല്യമായ ഒരു ഗ്രന്ഥമല്ലെങ്കില്‍ അതിലെ അദ്ധ്യായംപോലെ ഒരദ്ധ്യായമെങ്കിലും കൊണ്ടു വരാന്‍ സാധ്യമല്ലെന്നു ബോദ്ധ്യമായിട്ടു പിന്നെയും അതില്‍ വിശ്വസിക്കാത്തപക്ഷം, അത് മര്‍ക്കടമുഷ്ടിയും അഹങ്കാരവും മാത്രമാണെന്ന് സ്പഷ്ടമാണല്ലോ. അതുകൊണ്ടാണ് അങ്ങിനെ ചെയ്യാത്തപക്ഷം നരകത്തെ സൂക്ഷിച്ചുകൊള്ളണമെന്നും, അതില്‍ കത്തിക്കപ്പെടുന്ന ഇന്ധനം മനുഷ്യരും, കല്ലുകളുമാണെന്നും, അത് ഇത്തരം അവിശ്വാസികള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതാണെന്നുമൊക്കെ അവരെ വളരെ ശക്തിയായി താക്കീത് ചെയ്യുന്നത്. നരകത്തിലെ ഇന്ധനം മനുഷ്യരാണെന്ന് പറഞ്ഞത് കൊണ്ടുള്ള ഉദ്ദേശ്യം അവിശ്വാസികളാണെന്നു പറയേണ്ടതില്ല. എന്നാല്‍ കല്ലു (الْحِجَارَة) കൊണ്ടുദ്ദേശ്യം എന്താണ്? വേഗത്തില്‍ ആളിക്കത്തുന്നതും, അസഹ്യമായ നാറ്റമുണ്ടാകുന്നതുമായ നരകത്തിലെ ഒരുതരം ഗന്ധകക്കല്ലുകളാണതെന്നു ഇബ്‌നു മസ്ഊദ് (റ), മുജാഹിദ് (റ) മുതലായവരില്‍നിന്നുള്ള വിശ്വാസയോഗ്യമായ ചില രിവായത്തുകളില്‍ വന്നിരിക്കുന്നു. വിഗ്രഹാരാധകന്മാര്‍ ആരാധിച്ചു വരുന്ന കല്ലുകളാണെന്നും ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. ഏതായാലും ശരി, നരകാഗ്നിയുടെ കാഠിന്യവും ശിക്ഷയുടെ ഗൗരവവുമാണത് കുറിക്കുന്നത്. വിഗ്രങ്ങളാണെന്നു വരികില്‍, അവയുടെ ആരാധകരെ അപമാനിക്കല്‍കൂടി അത്‌കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കും. നമുക്ക് പരിചയമുള്ള അഗ്നിയും നരകാഗ്നിയും ഒരുപോലെയല്ലെന്നും, നരകാഗ്നി എത്രയോ മടങ്ങ് ശക്തിയേറിയ ഒരു പ്രത്യേക തരം അഗ്നിയാണെന്നും ക്വുര്‍ആനില്‍നിന്നും നബി വചനങ്ങളില്‍നിന്നും അറിയപ്പെട്ടതാണ്.

നരകത്തെപ്പറ്റി അത് അവിശ്വാസികള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു  (أعدت للكافرين) എന്ന് ഇവിടെയും, ആലുഇംറാന്‍ 131 ലും പ്രസ്താവിച്ചതിന്റെ അടിസ്ഥാനത്തില്‍, നരകം നേരത്തെ തന്നെ അല്ലാഹൂ സൃഷ്ടിച്ചുവെച്ചിട്ടുണ്ടെന്ന് പണ്ഡിതന്‍മാര്‍ മനസ്സിലാക്കിയിരിക്കുന്നു. പല ഹദീഥുകളില്‍ നിന്നും ഇത് കൂടുതല്‍ ദൃഢപ്പെടുകയും ചെയ്യുന്നു. ഇതുപോലെ സ്വര്‍ഗത്തെപ്പറ്റി അത് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു (أعُدَّتْ لِلْمُتَّقِين) എന്ന് 3:133 ലും, സത്യ വിശ്വാസികള്‍ക്ക്‌ വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു (أعدت للذين آَمَنُوا) എന്ന് 57:21 ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പക്ഷേ, മുഅത് സിലഃ വിഭാഗത്തില്‍പെട്ടവര്‍ ചില യുക്തി ന്യായങ്ങളുടെ പേരില്‍ ഇതിനോട് യോജിക്കുന്നില്ല. എന്നാല്‍, ഈ വക വിഷയങ്ങളില്‍ യുക്തിന്യായങ്ങള്‍ക്ക് സ്ഥാനമില്ലെന്നും, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വചനങ്ങളില്‍ കാണുന്നത് അതേപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഓര്‍ക്കേണ്ടതുണ്ട്.

2:25
  • وَبَشِّرِ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ كُلَّمَا رُزِقُوا۟ مِنْهَا مِن ثَمَرَةٍ رِّزْقًا ۙ قَالُوا۟ هَـٰذَا ٱلَّذِى رُزِقْنَا مِن قَبْلُ ۖ وَأُتُوا۟ بِهِۦ مُتَشَـٰبِهًا ۖ وَلَهُمْ فِيهَآ أَزْوَٰجٌ مُّطَهَّرَةٌ ۖ وَهُمْ فِيهَا خَـٰلِدُونَ ﴾٢٥﴿
  • (നബിയേ) വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നീ സന്തോഷമറിയിക്കുകയും ചെയ്യുക: അടിഭാഗത്തിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങള്‍ അവര്‍ക്കുണ്ടെന്ന്, അതില്‍ നിന്ന് അവര്‍ക്ക് ഏതൊരു ഫലവും ആഹാരമായി നല്‍കപ്പെടുമ്പോഴെല്ലാം അവര്‍ പറയും: 'ഇത് മുമ്പ് നമുക്ക് നല്‍കപ്പെട്ടതാണ്' എന്ന്. അതിനെ, അവര്‍ക്ക് പരസ്പര സാദൃശ്യമുള്ളതായി കൊടുക്കപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് അതില്‍ പരിശുദ്ധരാക്കപ്പെട്ട ഇണകളുണ്ടായിരിക്കും. അവര്‍ അവിടത്തില്‍ നിത്യവാസികളുമാകുന്നു.
  • وَبَشِّرِ നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മങ്ങള്‍ أَنَّ لَهُمْ അവര്‍ക്കുണ്ടെന്ന് جَنَّاتٍ ചില സ്വര്‍ഗങ്ങള്‍ تَجْرِي ഒഴുകും مِن تَحْتِهَا അതിന്റെ അടിയിലൂടെ, താഴ്ഭാഗത്തുകൂടി الْأَنْهَارُ നദികള്‍, അരുവികള്‍ كُلَّمَا رُزِقُوا അവര്‍ക്ക് (ആഹാരം) നല്‍കപ്പെടുമ്പോഴൊക്കെ مِنْهَا അവിടത്തില്‍ (അതില്‍)നിന്ന് مِن ثَمَرَةٍ ഫല (പഴ)ത്തില്‍ നിന്ന്, വല്ല ഫലവും رِّزْقًا ആഹാരം قَالُوا അവര്‍ പറയും هَٰذَا ഇത് الَّذِي യാതൊന്നാണ് رُزِقْنَا നമുക്ക് നല്‍കെപ്പട്ടിരിക്കുന്നു مِن قَبْلُ മുമ്പേ وَأُتُوا അവര്‍ക്കു നല്‍കെപ്പട്ടിരിക്കുന്നു بِهِ അതിനെ مُتَشَابِهًا പരസ്പരം സാദൃശ്യമുള്ളതായി وَلَهُمْ അവര്‍ക്കുണ്ട് താനും فِيهَا അതില്‍, അവിടത്തില്‍ أَزْوَاجٌ ഇണകള്‍ مُّطَهَّرَةٌ പരിശുദ്ധമാക്കപ്പെട്ട وَهُمْ فِيهَا അവര്‍ അതില്‍ خَالِدُونَ നിത്യവാസികളാണ്

കഴിഞ്ഞ വചനത്തില്‍ ക്വുര്‍ആനെ നിഷേധിച്ചവര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്തു. തുടര്‍ന്നുള്ള ഈ വചനത്തില്‍ സത്യവിശ്വാസികള്‍ക്ക് ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സന്തോഷമറിയിക്കുന്നു. ക്വുര്‍ആന്‍റെ പ്രതിപാദന രീതികളില്‍ ഒന്നാണിതെന്ന് മുഖവുരയില്‍ മുമ്പ് നാം പ്രസ്താവിച്ചിട്ടുണ്ട്.

സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗത്തില്‍ വെച്ച് ഫലവര്‍ഗങ്ങള്‍- അഥവാ പഴവര്‍ഗങ്ങള്‍ ഭക്ഷിക്കുവാന്‍ കൊടുക്കുമ്പോള്‍, ഇത് മുമ്പ് നല്‍കപ്പെട്ടതാണെന്ന് അവര്‍ പറയുന്നതിന്‍റെ അര്‍ത്ഥം, ഇതിനു മുമ്പത്തെ പ്രാവശ്യം നല്‍കപ്പെട്ട ഫലങ്ങള്‍ തന്നെയാണല്ലോ ഇത് എന്നാണെന്നും, മുമ്പ് ഇഹലോകത്ത് വെച്ച് ഞങ്ങള്‍ക്ക് കിട്ടിയിരുന്ന ആ ഫലങ്ങള്‍ തന്നെയാണല്ലോ ഇത് എന്നും രണ്ടഭിപ്രായമുണ്ട്. രണ്ടായാലും അങ്ങിനെ പറയുവാന്‍ കാരണം, വ്യത്യാസം തിരിച്ചറിയാന്‍ കഴിയാത്തവിധം അവ പരസ്പരം സാദൃശ്യമുള്ളതായത് കൊണ്ടാകുന്നു. അതായത്, രൂപത്തിലും വര്‍ണത്തിലുമൊക്കെ അവ ഒരു പോലെയിരിക്കും. രുചിയിലും സ്വാദിലുമാകട്ടെ, വ്യത്യസ്തങ്ങളുമായിരിക്കും. ദൃഷ്ടിയില്‍ പെടുന്നത് ആകൃതിയും വര്‍ണവുമായിരിക്കുമല്ലോ. ഇബ്‌നു അബ്ബാസ് (റ) പ്രസ്താവിച്ചതായി വന്നിട്ടുള്ള ഒരു രിവായത്ത് ഇവിടെ ശ്രദ്ധേയമാണ്: ليس في الدنيا من الجنة شيء إلا الأسماء – ابن جرير وغيره (സ്വര്‍ഗത്തിലുള്ള വസ്തുക്കളില്‍ നിന്ന് പേരുകളല്ലാതെ ഇഹലോകത്തില്‍ ഇല്ല). അഥവാ മാങ്ങ, മാതളം, കട്ടില്‍, മാംസം എന്നിങ്ങിനെയുള്ള പേരുകളില്‍ മാത്രമല്ലാതെ മറ്റു കാര്യങ്ങളില്‍ അവക്ക് യാതൊരു സാദൃശ്യവുമില്ലെന്ന് സാരം. സ്വര്‍ഗത്തിലെ വസ്തുക്കളെയും സ്ഥിതിഗതികളെയും കുറിച്ച് പറയുമ്പോള്‍ സദാ ഈ തത്വം ഓര്‍മിച്ചിരിക്കേണ്ടതാകുന്നു. നരകത്തിലെ വസ്തുക്കളുടെ സ്ഥിതിയും ഇതു തന്നെ. ഐഹിക വസ്തുക്കളുമായി അവയൊന്നും താരതമ്യം ചെയ്തുകൂടാത്തതാകുന്നു. പല ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും അറിയപ്പെട്ട ഒരു യാഥാര്‍ത്ഥ്യമാണിത്.

أَزْوَاجٌ (അസ്‌വാജ്) എന്നത് زَوْجْ ന്‍റെ ബഹുവചനമാകുന്നു. ഇണകള്‍ എന്ന് വാക്കര്‍ത്ഥം. എല്ലാതരം ഇണവസ്തുക്കളിലും അത് ഉപയോഗിക്കപ്പെടും. മനുഷ്യരെ സംബന്ധിച്ചിടത്തോളം ഭാര്യമാര്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, ഭര്‍ത്താക്കള്‍ എന്നീ ഉദ്ദേശ്യങ്ങളിലും ഉപയോഗിക്കെപ്പടും. എല്ലാം സന്ദര്‍ഭം കൊണ്ട് മനസ്സിലാക്കേണ്ടതാണ്. ഇവിടെ അതുകൊണ്ട് വിവക്ഷ ഭാര്യമാരാണെന്നാണ് വ്യക്തമാവുന്നത്. പരിശുദ്ധരാക്കപ്പെട്ടവര്‍ (مُطَهَّرَة) എന്ന് പറഞ്ഞതിന്‍റെ സാരം, ശാരീരികവും പ്രകൃതിപരവും സ്വഭാവപരവും സൗന്ദര്യപരവുമായ എല്ലാതരം വൈകല്യങ്ങളില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും ശുദ്ധരായവര്‍ എന്ന് മൊത്തത്തില്‍ മനസ്സിലാക്കാം. സ്വര്‍ഗീയ ജീവിതം ശാശ്വതമായിരിക്കും – അതിന് അവസാനമോ ഭംഗമോ നേരിടുകയില്ല -എന്നത്രെ അവരതില്‍ നിത്യവാസികളുമാണ് (وَهُمْ فِيهَا خَالِدُونَ) എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം. ബുഖാരി, മുസ്‌ലിം (റ) മുതലായവര്‍ രേഖപ്പെടുത്തിയ ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തിലും നരകക്കാര്‍ നരകത്തിലും പ്രവേശിക്കും. പിന്നീട് ഒരാള്‍ അവര്‍ക്കിടയില്‍ രംഗത്ത് വന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കും: നരകക്കാരേ, മരണമില്ല; സ്വര്‍ഗക്കാരേ, മരണമില്ല, എല്ലാവരും അതതില്‍ നിത്യവാസികളായിരിക്കും.’

2:26
  • إِنَّ ٱللَّهَ لَا يَسْتَحْىِۦٓ أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۖ وَأَمَّا ٱلَّذِينَ كَفَرُوا۟ فَيَقُولُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًا ۘ يُضِلُّ بِهِۦ كَثِيرًا وَيَهْدِى بِهِۦ كَثِيرًا ۚ وَمَا يُضِلُّ بِهِۦٓ إِلَّا ٱلْفَـٰسِقِينَ ﴾٢٦﴿
  • നിശ്ചയമായും, ഏതൊന്നിനെയും ഉപമയാ(ക്കി കാണി)ക്കുവാന്‍ അല്ലാഹു ലജ്ജിക്കുകയില്ല;- (അത് ) ഒരു കൊതുവാകട്ടെ, അതിന്‍റെ മീതെയുള്ളതാവട്ടെ. എന്നാല്‍ വിശ്വസിച്ചവരാകട്ടെ, അത് തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥമാണെന്ന് അവര്‍ക്കറിയുന്നതാണ്. അവിശ്വസിച്ചവരാകട്ടെ, അവര്‍ പറയും: 'ഇത്‌കൊണ്ട് എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്?! ' (അതെ), അതുകൊണ്ട് അവന്‍ വളരെ ആളുകളെ വഴിപിഴവിലാക്കുന്നു; അതുകൊണ്ട് വളരെ ആളുകളെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. (അനുസരണമില്ലാത്ത) തോന്നിയവാസികളെയല്ലാതെ അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുകയില്ല താനും.
  • إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يَسْتَحْيِي അവന്‍ ലജ്ജിക്കുകയില്ല أَن يَضْرِبَ ആക്കുവാന്‍, വിവരിക്കുന്നതിന്مَثَلًا مَّا ഏതൊരു (എന്തൊരു) ഉപമയും بَعُوضَةً ഒരുകൊതുകിനെ(യാവട്ടെ) فَمَا فَوْقَهَا അതിനു മീതെയുള്ളതിനെ(യാവട്ടെ) فَأَمَّا എന്നാലപ്പോള്‍ الَّذِينَ آمَنُوا വിശ്വസിച്ചവര്‍ فَيَعْلَمُونَ അവര്‍ അറിയും أَنَّهُ الْحَقُّ അത് യാഥാര്‍ത്ഥ്യം ആണെന്ന് مِن رَّبِّهِمْ അവരുടെ റബ്ബിങ്കല്‍ നിന്ന് وَأَمَّا الَّذِينَ എന്നാല്‍ യാതൊരു കൂട്ടരാവട്ടെ كَفَرُوا അവര്‍ അവിശ്വസിച്ചിരിക്കുന്നു فَيَقُولُونَ അവര്‍ പറയും مَاذَا എന്തൊന്നാണ് أَرَادَ اللَّهُ അല്ലാഹു ഉദ്ദേശിച്ചത് بِهَٰذَا ഇതുകൊണ്ട് مَثَلًا ഉപമയായി يُضِلُّ بِهِ അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുന്നു كَثِيرًا വളരെ (ആളുകളെ) وَيَهْدِي بِهِ അതുകൊണ്ട് അവന്‍ നേര്‍മാര്‍ഗത്തിലുമാക്കുന്നു كَثِيرًا വളരെ (ആളുകളെ) وَمَا يُضِلُّ بِهِ അതുകൊണ്ട് അവന്‍ വഴിപിഴവിലാക്കുകയില്ലതാനും إِلَّا الْفَاسِقِينَ തോന്നിയവാസികളെയല്ലാതെ
2:27
  • ٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِنۢ بَعْدِ مِيثَـٰقِهِۦ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِۦٓ أَن يُوصَلَ وَيُفْسِدُونَ فِى ٱلْأَرْضِ ۚ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ ﴾٢٧﴿
  • അതായത്, യാതൊരു കൂട്ടരെ(യല്ലാതെ): അല്ലാഹുവിന്റെ ഉത്തരവ് (അഥവാ അവനോടുള്ള കരാര്‍) ഉറപ്പിച്ചതിന്റെ ശേഷം അതിനെ അവര്‍ ലംഘിക്കുന്നു; ചേര്‍ക്കപ്പെടുവാന്‍ അല്ലാഹു കല്‍പിച്ചിട്ടുള്ളതിനെ അവര്‍ മുറിച്ചു കളയുകയും ചെയ്യുന്നു; ഭൂമിയില്‍ അവര്‍ നാശമുണ്ടാക്കുകയും ചെയ്യുന്നു (ഇവരെ മാത്രമേ വഴിപിഴവിലാക്കുകയുള്ളൂ) അക്കൂട്ടര്‍ തന്നെയാണ് നഷ്ടക്കാര്‍.
  • الَّذِينَ (അതായത്) യാതൊരു കൂട്ടര്‍ يَنقُضُونَ അവര്‍ ലംഘിക്കും عَهْدَ اللَّهِ അല്ലാഹുവിന്‍റെ ഉത്തരവ്, കല്‍പന, കരാര്‍ مِن بَعْدِ ശേഷമായി مِيثَاقِهِ അതിനെ ഉറപ്പിച്ചതിന്റെ وَيَقْطَعُونَ അവര്‍ മുറിക്കുകയും ചെയ്യും مَا أَمَرَ കല്‍പിച്ചതിനെ اللَّهُ അല്ലാഹു بِهِ അതിനെപ്പറ്റി أَن يُوصَلَ അതു ചേര്‍ക്കപ്പെടുവാന്‍ وَيُفْسِدُونَ അവര്‍ നാശമുണ്ടാക്കുകയും ചെയ്യും فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) أُولَٰئِكَ هُمُ അവര്‍ തന്നെ (യാണ്) الْخَاسِرُونَ നഷ്ടക്കാര്‍

കപട വിശ്വാസികളെപ്പറ്റി തീയിന്‍റെയും മഴയുടെയും ഉപമകള്‍ മുമ്പ് വിവരിച്ചുവല്ലോ. അതുപോലെ, ചില സന്ദര്‍ഭങ്ങളില്‍ ഈച്ച, എട്ടുകാലി മുതലായവയെയും ക്വുര്‍ആനില്‍ ഉപമകളാക്കിയിട്ടുണ്ട്. അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു ഗ്രന്ഥത്തിന്‍റെ അന്തസ്സിന് നിരക്കാത്തതാണ് ഇതൊക്കെയെന്ന് കപടവിശ്വാസികള്‍ ആരോപിച്ചിരുന്നു. അതിന് മറുപടിയാണ് ഈ വചനങ്ങളിലുള്ളത്. ഉപമയിലും, ഉദാഹരണത്തിലും അടങ്ങിയ തത്വങ്ങളും സാദൃശ്യ ബന്ധങ്ങളും മനസ്സിലാക്കി കാര്യങ്ങള്‍ ഗ്രഹിക്കലാണല്ലോ അവകൊണ്ടുദ്ദേശ്യം. ഉപമയായി എടുത്തു കാട്ടിയ വസ്തുവിന്‍റെ ചെറുപ്പ വലിപ്പത്തിനോ, സ്ഥാനപദവികള്‍ക്കോ അതില്‍ പ്രസക്തിയില്ല. ഒരു കൊതുകിനെപ്പോലെ നിസ്സാരമായ വല്ല വസ്തുവിനെയോ, അതിനെക്കാള്‍ ഉപരിയായ മറ്റു വല്ല വസ്തുവിനെയോ ഉപമയായി എടുക്കുന്നതില്‍ അല്ലാഹുവിന് ലജ്ജയൊന്നുമില്ല എന്നു പറഞ്ഞതിന്‍റെ താല്‍പര്യം അതാണ്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, ഉപമയാക്കപ്പെട്ട വസ്തുവെപ്പറ്റി ആരായാതെ ആ ഉപമയിലടങ്ങിയ തത്വരഹസ്യങ്ങളും വിജ്ഞാനങ്ങളും കരസ്ഥമാക്കുവാന്‍ ശ്രമിക്കുകയായിരിക്കും ചെയ്യുക. നേരെമറിച്ച് അവിശ്വാസികള്‍ ‘ഇതെന്തൊരു ഉപമയാണ്, ഇതുകൊണ്ടെന്താണുദ്ദേശ്യം’ എന്നൊക്കെ പരിഹസിച്ചു തൃപ്തി അടയുകയും ചെയ്യും. ഇവരോടുള്ള പ്രതിഷേധവും താക്കീതുമാണ് يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا (അതുമൂലം വളരെ (ആളുകളെ) അവന്‍ വഴിപിഴവിലാക്കുകയും വളരെ (ആളുകളെ) നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു) എന്ന വാക്യം.

അതായത്, കപടവിശ്വാസികളും സത്യനിഷേധികളുമായുള്ളവര്‍ക്ക് അവരുടെ ദുര്‍മാര്‍ഗവും നിഷേധവും വര്‍ദ്ധിക്കാനും, സത്യവിശ്വാസികളായുള്ളവര്‍ക്ക് അവരുടെ സന്മാര്‍ഗവും വിശ്വാസവും വര്‍ദ്ധിക്കുവാനും അത് കാരണമായിത്തീരുന്നു. ഈ രണ്ടില്‍ ഏതിലാണ് തങ്ങള്‍ ഉള്‍പ്പെടേണ്ടതെന്ന് അവര്‍ ആലോചിക്കട്ടെ എന്നാണിതിലുള്ള സൂചന. ഒരു ന്യായമായ മാനദണ്ഡമൊന്നും കൂടാതെ ഏതെങ്കിലും കുറേ ആളുകളെ അല്ലാഹു നേര്‍മാര്‍ഗത്തിലും, വേറെ കുറേ ആളുകളെ ദുര്‍മാര്‍ഗത്തിലും ആക്കുമെന്നല്ല ആ വാക്യത്തിന്‍റെ താല്‍പര്യമെന്നും, രണ്ടിനും അവന്‍ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടെന്നും തൊട്ട വാക്യത്തില്‍തന്നെ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ, وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ (തോന്നിയവാസികളെയല്ലാതെ അതുമൂലം അവന്‍ വഴിപിഴവിലാക്കുകയില്ല). അപ്പോള്‍, നേര്‍വഴിയിലാക്കുന്നത് ആരെയായിരിക്കുമെന്ന് പിന്നെ പ്രസ്താവിക്കേണ്ടതില്ലല്ലോ.

‘യഥാര്‍ത്ഥ മാര്‍ഗം വിട്ട് തെറ്റിപ്പോകല്‍, കല്‍പന ധിക്കരിക്കല്‍, തോന്നിയവാസം, തെമ്മാടിത്തം, ദുര്‍ന്നടപ്പ്’ എന്നൊക്കെ അര്‍ത്ഥങ്ങളുള്ള فِسْقْ (ഫിസ്‌ക്വ്)ന്‍റെ കര്‍തൃനാമമാണ് فَاسِقْ (ഫാസിക്വ്). ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ വിശ്വാസികളിലും അവിശ്വാസികളിലും കപടവിശ്വാസികളിലും ഫാസിക്വുകള്‍ ഉണ്ടാവാം. എല്ലാവരെക്കുറിച്ചും ക്വുര്‍ആനില്‍ അത് ഉപയോഗിച്ചു കാണാവുന്നതുമാണ്. മതശാസനകള്‍ ലംഘിച്ചുകൊണ്ട് മതത്തിന്‍റെ അച്ചടക്കം പാലിക്കാത്തവരെപ്പറ്റിയാണ് പൊതുവില്‍ അതിന്‍റെ ഉപയോഗം. ഇവിടെ وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ  (അതുകൊണ്ട് തോന്നിയവാസികളെയല്ലാതെ അവന്‍ വഴിപിഴവിലാക്കുകയില്ല) എന്ന് പറഞ്ഞത് അവിശ്വാസികളെ ഉദ്ദേശിച്ചാണെന്ന്‌ വെക്കുവാനാണ് സാദ്ധ്യത. 27-ാം വചനത്തില്‍ അവരുടെ ദുര്‍ഗുണങ്ങള്‍ വിവരിച്ചശേഷം ‘അവര്‍ തന്നെയാണ് നഷ്ടക്കാര്‍’ എന്നും, അതേ ദുര്‍ഗുണങ്ങളുള്ളവരെപ്പറ്റി (സൂറത്ത്-റഅ്ദ്: 25 ല്‍) أُولَٰئِكَ لَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ (അക്കൂട്ടര്‍ക്ക് തന്നെയാണ് ശാപം. അവര്‍ക്ക് തന്നെയാണ് ചീത്ത ഭവനവും) എന്നും പറഞ്ഞിരിക്കുന്നതില്‍നിന്ന് ഇത് മനസ്സിലാക്കാവുന്നതാണ്. തോന്നിയവാസികളുടെ മൂന്ന് ദുഃസ്സമ്പ്രദായങ്ങളാണ് അല്ലാഹു വിവരിച്ചത്:

(1) അല്ലാഹുവിന്‍റെ ഉത്തരവ് – അവനോടുള്ള കരാര്‍ – ലംഘിക്കല്‍.
(2) ചേര്‍ക്കുവാന്‍ കല്‍പിക്കപ്പെട്ട ബന്ധം മുറിക്കല്‍
(3) ഭൂമിയില്‍ നാശമുണ്ടാക്കല്‍.

عَهْدُ (അഹ്ദ്) എന്ന പദത്തിനാണ് ‘ഉത്തരവ്’ എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നത്. സന്ദര്‍ഭവും, തൊട്ടു നില്‍ക്കുന്ന അവ്യയങ്ങളുടെ സ്വഭാവവും അനുസരിച്ച് അതിന് പല അര്‍ത്ഥങ്ങളും വരാം. ‘ഉടമ്പടി, കരാര്‍, ഒസ്യത്ത്, ആജ്ഞ, ഉത്തരവ്, കല്‍പന, പ്രതിജ്ഞ, പരിചയം, ഉത്തരവാദം, കാലം’ എന്നും മറ്റും. സാമാന്യമായി പറഞ്ഞാല്‍, അല്ലാഹു ഉത്തരവിട്ടതും, നിറവേറ്റുവാന്‍ മനുഷ്യന്‍ കടപ്പെട്ടതുമായ കാര്യം എന്നാണിവിടെ ഉദ്ദേശ്യം. പല മഹാന്മാരും പ്രസ്താവിച്ചതുപേലെ, അല്ലാഹുവിന്‍റെ ഉത്തരവ് عَهْدُ الَّله രണ്ടു പ്രകാരത്തിലുണ്ട്:

(1) മനുഷ്യരില്‍ അല്ലാഹു നിക്ഷേപിച്ചിട്ടുള്ള വിശേഷബുദ്ധിയും പ്രകൃതിദൃഷ്ടാന്തങ്ങളും മുഖേനയുള്ള ഉത്തരവ്. അല്ലാഹുവിന്‍റെ അസ്തിത്വം, ഏകത്വം, ആരാധ്യത മുതലായവ ഗ്രഹിക്കുവാനും അംഗീകരിക്കുവാനും മനുഷ്യന്‍ ഇതു മുഖേന സ്വയം ബാദ്ധ്യസ്ഥനാകുന്നു.  ഈ ബാദ്ധ്യത നിറവേറ്റാത്തപക്ഷം, മനുഷ്യന്‍ അല്ലാഹുവിന്‍റെ ഉത്തരവ് ലംഘിച്ചവനും അവനോടുള്ള കടമ ലംഘിച്ചവനുമാകുന്നു. എല്ലാതരം അവിശ്വാസികളും ഈ അര്‍ത്ഥത്തിലുള്ള ഉത്തരവ് ലംഘിച്ചവര്‍ തന്നെ.

(2) പ്രവാചകന്‍മാര്‍, വേദഗ്രന്ഥങ്ങള്‍, അസാധാരണ ദൃഷ്ടാന്തങ്ങള്‍ എന്നിവ മുഖേനയുള്ള ഉത്തരവ്. വേദക്കാരിലുള്ള അവിശ്വാസികളും കപടവിശ്വാസികളും ഈ അര്‍ത്ഥത്തിലുള്ള ഉത്തരവ് ലംഘിച്ചവരാകുന്നു. കപടവിശ്വാസികള്‍ ആദ്യം ഇസ്‌ലാമിന്‍റെ മുദ്രാവാക്യം ഏറ്റുപറയുന്നതോടുകൂടി തൗഹീദും, പ്രവാചകത്വവും തങ്ങള്‍ സ്വീകരിച്ചുവെന്ന് പ്രതിജ്ഞ ചെയ്യുകയാണല്ലോ ചെയ്യുന്നത്.

ഇവിടെ عَهْدُ ا للهِ (അല്ലാഹുവിന്‍റെ ഉത്തരവ്) കൊണ്ടുള്ള വിവക്ഷയെപ്പറ്റി വേറെയും അഭിപ്രായങ്ങളുണ്ട്. ഉദാഹരണമായി:

(1) ആദം നബി(അ)യെ സൃഷ്ടിച്ചശേഷം അദ്ദേഹത്തിന്‍റെ സന്തതികള്‍ അല്ലാഹുവാണ് തങ്ങളുടെ റബ്ബ് എന്ന് (ആത്മീയലോകത്ത് വെച്ച്) സമ്മതിച്ചു സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി സൂഃ അഅ്‌റാഫ്:172 ല്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. (കൂടുതല്‍ വിവരം അഅ്‌റാഫില്‍വെച്ച് കാണാം (ان شاء الله). അതാണിവിടെ ഉദ്ദേശ്യം.
(2) ആദം (അ) സ്വര്‍ഗത്തില്‍നിന്ന് ഭൂലോകത്തേക്ക് പോരുമ്പോള്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നാല്‍ അത് നിങ്ങള്‍ പിന്‍പറ്റേണ്ടതാണെന്ന് അല്ലാഹു ഉല്‍ബോധിപ്പിച്ചിട്ടുള്ളതായി അല്‍ബക്വറഃ: 38 ലും, ത്വാഹാ 123ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അതാണുദ്ദേശ്യം. വാസ്തവത്തില്‍ ഇവയില്‍ ഒന്നാമത്തെ അഭിപ്രായം ആദ്യം നാം പ്രസ്താവിച്ച രണ്ടു തരം ഉത്തരവുകളില്‍ ഒന്നാമത്തെ ഇനത്തിലും, രണ്ടാമത്തെത് അവയില്‍ രണ്ടാമത്തെ ഇനത്തിലും ഉള്‍പ്പെട്ടതാകുന്നു.

ചേര്‍ക്കുവാന്‍ അല്ലാഹു കല്‍പിച്ച ബന്ധങ്ങളില്‍ രക്തബന്ധം, കുടുംബ ബന്ധം, സ്‌നേഹബന്ധം, അയല്‍പക്കബന്ധം, മതബന്ധം, സാമൂഹ്യബന്ധം തുടങ്ങിയ എല്ലാ ന്യായമായ ബന്ധങ്ങളും ഉള്‍പ്പെടുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെകാലത്തുള്ള അവിശ്വാസികള്‍ ഈവക ബന്ധങ്ങള്‍ക്കെല്ലാം കടകവിരുദ്ധമായി ചെയ്തുകൂട്ടിയ അക്രമങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്നുള്ളത് പ്രസിദ്ധമാണല്ലോ. ഇതുപോലെത്തന്നെ ഭൂമിയില്‍ – നാട്ടില്‍ – അവര്‍ ഉണ്ടാക്കിത്തീര്‍ത്ത നാശങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കണക്കില്ല. മുനാഫിക്വുകളും, മുശിരിക്കുകളും, യഹൂദികളുമെല്ലാം തന്നെ ആ കച്ചവടങ്ങളില്‍ അവരവരാല്‍ കഴിയുന്ന പങ്കുവഹിച്ചവരാണ്. ഓരോ കൂട്ടരും വഹിച്ച പങ്കനുസരിച്ച്-ഇഹത്തിലും പരത്തിലും – അവര്‍ക്ക് നഷ്ടം തന്നെ ബാധിക്കുകയും ചെയ്തു. അതെ,’അവര്‍ തന്നെയാണ് നഷ്ടക്കാരാ’യത് (أُولَٰئِكَ هُمُ الْخَاسِرُونَ). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കാകട്ടെ, സത്യവിശ്വാസികള്‍ക്കാകട്ടെ, ഇഹത്തിലും പരത്തിലും വിജയവും. അക്കാലത്തുള്ളവരെ സംബന്ധിച്ചാണ് ഈ വചനങ്ങളിലെ പ്രസ്താവനയെന്നുവെച്ച് പിന്നീടുള്ളവര്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന് കരുതേണ്ടതില്ല. എക്കാലത്തുമുള്ള അവിശ്വാസികളുടെയും കപടവിശ്വാസികളുടെയും പൊതുനില ഇതുതന്നെയാണെന്ന് ചരിത്രവും അനുഭവവും വെച്ചു നോക്കിയാല്‍ മനസ്സിലാകുന്നതാണ്.

2:28
  • كَيْفَ تَكْفُرُونَ بِٱللَّهِ وَكُنتُمْ أَمْوَٰتًا فَأَحْيَـٰكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ ﴾٢٨﴿
  • എങ്ങനെ നിങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കും? നിങ്ങള്‍ നിര്‍ജ്ജീവികളായിരുന്നു; എന്നിട്ട് നിങ്ങളെ അവന്‍ ജീവിപ്പിച്ചിരിക്കുന്നുവെന്നിരിക്കെ! പിന്നെ, അവന്‍ നിങ്ങളെ മരണപ്പെടുത്തുന്നു; പിന്നെ (വീണ്ടും) അവന്‍ നിങ്ങളെ ജീവിപ്പിക്കുന്നു; പിന്നെ, അവനിലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുന്നു.
  • كَيْفَ എങ്ങനെ تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കും بِاللَّهِ അല്ലാഹുവില്‍ وَكُنتُمْ നിങ്ങള്‍ ആയിരിക്കെ أَمْوَاتًا നിര്‍ജ്ജീവികള്‍ فَأَحْيَاكُمْ എന്നിട്ടവന്‍ നിങ്ങളെ ജീവിപ്പിച്ചു ثُمَّ പിന്നെ يُمِيتُكُمْ നിങ്ങളെ അവന്‍ മരണപ്പെടുത്തുന്നു ثُمَّ يُحْيِيكُمْ പിന്നെ നിങ്ങളെ അവന്‍ ജീവിപ്പിക്കുന്നു ثُمَّ إِلَيْهِ പിന്നെ അവനിലേക്ക് (തന്നെ) تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

അല്ലാഹുവിന്‍റെ അസ്തിത്വം, ഏകത്വം, കഴിവ്, പുനര്‍ജീവിതം ആദിയായവക്ക് മനുഷ്യന്‍ തന്നെ തെളിവാണെന്ന് ഈ വചനം മുഖേന അല്ലാഹു ഉണര്‍ത്തുന്നു. ഈ ജീവിതരംഗത്ത് വരുന്നതിന് മുമ്പ് അവന്‍ എന്തായിരുന്നു?

എവിടെയായിരുന്നു? അറ്റമില്ലാത്ത ആ ഭൂതകാലത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുക! ബീജം, ഇന്ദ്രിയം, ഭ്രൂണം എന്നി ങ്ങിനെയുള്ള അവന്‍റെ ചില ആദ്യദശകളെക്കുറിച്ച് അവന് ചിലതെല്ലാം പറയുവാന്‍ കഴിഞ്ഞേക്കും. അതിന് മുമ്പുള്ള അവസ്ഥയോ? അതാണ് മറ്റൊരു സ്ഥലത്ത് അല്ലാഹു ചോദിക്കുന്നത് هَلْ أَتَىٰ عَلَى الْإِنسَانِ حِينٌ مِّنَ الدَّهْرِ (പറയത്തക്ക ഒരു വസ്തുവും ആയിരുന്നില്ലാത്ത ഒരു കാലഘട്ടം മനുഷ്യന് വന്നിരിക്കുന്നുവോ?! -സൂഃ ഇന്‍സാന്‍: 1). അതെ, ഏത് അര്‍ത്ഥത്തിലും എത്രയോ കാലം അവനൊരു അജ്ഞാതനായിക്കഴിഞ്ഞിട്ടുണ്ട്. അനന്തരം അവന്‍ ഒരു വസ്തുവായി-ഒരു ജീവിയായി-ഒരു മനുഷ്യനായി-അസ്തിത്വം പൂണ്ട് രംഗത്തുവന്നു. കുറച്ചു കഴിയുമ്പോള്‍ അവന്‍ മരണമടയുന്നു. ആ ജീവിതം നല്‍കിയത് ആരാണ്? അല്ലാഹു. ആ മരണം നല്‍കിയത് ആരാണ്? അല്ലാഹു. മനുഷ്യന്‍റെ ഈ മൂന്നവസ്ഥയും അവന് നിഷേധിക്കുവാന്‍ കഴിയുകയില്ല. അപ്പോള്‍, ആ നീണ്ട നിര്‍ജ്ജീവാവസ്ഥക്കുശേഷം അവനെ ഒരു ജീവിയാക്കിത്തീര്‍ത്ത അല്ലാഹുവിന് അവന്‍റെ മരണശേഷം അവന് വീണ്ടും ഒരു ജീവിതം നല്‍കുവാന്‍ കഴിയുകയില്ലെന്ന് പറയുവാന്‍ ന്യായമുണ്ടോ?! ശുദ്ധശൂന്യതയില്‍ നിന്ന് ജീവിതം നല്‍കിയവന് അര്‍ദ്ധശൂന്യതയില്‍ നിന്ന് പിന്നെയും ജീവിപ്പിക്കുവാനുണ്ടോ വല്ല പ്രയാസവും?! ഇതല്ലേ, ആദ്യത്തേതിനേക്കാള്‍ എളുപ്പമായത്? (وَهُوَ أَهْوَن عُلَيْهِ – ا لروم ٢٨) എന്നാല്‍, ഈ രണ്ടാമത്തെ ജീവിതത്തോടുകൂടി എല്ലാം അവസാനിക്കുമോ? ഇല്ല. കഴിഞ്ഞ ജീവിതത്തില്‍ ചെയ്തുവെച്ച നന്മതിന്മകളുടെ കണക്കുനോക്കി ലാഭനഷ്ടങ്ങള്‍ വീതിച്ചുകൊടുക്കപ്പെടുവാനായി, അസ്തിത്വത്തിന് തുടക്കം നല്‍കിയ അതേ സൃഷ്ടികര്‍ത്താവായ അല്ലാഹുവിങ്കലേക്ക് ഒടുക്കം മനുഷ്യന്‍ മടക്കെപ്പടുകയും ചെയ്യും كَمَا بَدأَكُمْ تَعُودونْ – الأعراف ٢٩ (നിങ്ങളെ അവന്‍ ആദ്യമായുണ്ടാക്കിയതുപോലെ നിങ്ങള്‍ വീണ്ടും മടങ്ങുന്നതാണ്‌)

2:29
  • هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَـٰوَٰتٍ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌ ﴾٢٩﴿
  • അവനത്രെ, നിങ്ങള്‍ക്ക് ഭൂമിയിലുള്ളത് മുഴുവനും സൃഷ്ടിച്ചു തന്നവന്‍. പിന്നെ, അവന്‍ ആകാശത്തിലേക്ക് തിരിഞ്ഞു അവയെ ഏഴ് ആകാശങ്ങളാക്കി ശരിപ്പെടുത്തിയിരിക്കുന്നു. അവന്‍ എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനുമാകുന്നു.
  • هُوَ അവന്‍ الَّذِي യാതൊരുവനാണ് خَلَقَ സൃഷ്ടിച്ചു لَكُم നിങ്ങള്‍ക്ക് مَّا فِي الْأَرْضِ ഭൂമിയിലുള്ളത് جَمِيعًا മുഴുവനും ثُمَّ പിന്നെ اسْتَوَىٰ അവന്‍ ശരിക്കുനിന്നു (തിരിഞ്ഞു) إِلَى السَّمَاءِ ആകാശത്തിലേക്ക് فَسَوَّاهُنَّ എന്നിട്ട് അവയെ ശരിപ്പെടുത്തി سَبْعَ ഏഴായിട്ട് سَمَاوَاتٍ ആകാശങ്ങള്‍ وَهُوَ അവന്‍ بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ)പ്പറ്റിയും عَلِيمٌ അറിയുന്നവനാകുന്നു

മൂന്നു വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വചനത്തില്‍ ഒന്നാമതായി അല്ലാഹു മനുഷ്യന് നല്‍കിയിട്ടുള്ള കണക്കറ്റ അനുഗ്രങ്ങളെയും, രണ്ടാമതായി അവന്‍റെ അപാരമായ കഴിവിനെയും, മൂന്നാമതായി അവന്‍റെ സര്‍വജ്ഞതയെയും ചൂണ്ടിക്കാട്ടുന്നു.

ഭൂമിയില്‍ നിലവിലുള്ള വസ്തുക്കളെല്ലാം മനുഷ്യനു വേണ്ടി – മനുഷ്യന്‍ അതില്‍ വാസം തുടങ്ങും മുമ്പ് തന്നെ – അല്ലാഹു തയ്യാറാക്കിവെച്ചിരിക്കുകയാണ്. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍, ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍, ഒരു കൂട്ടര്‍ക്കല്ലെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക്, ഒരു തുറയിലല്ലെങ്കില്‍ മറ്റൊരു തുറയില്‍ മനുഷ്യന് ഉപകാരപ്പെടാത്ത ഒരു വസ്തുവും ഈ ഭൂലോകത്തില്ല എന്നാണതില്‍നിന്ന് വ്യക്തമാകുന്നത്. ഈ അടുത്ത നാളുകള്‍വരെയും ആവശ്യം തോന്നിയിരുന്നിട്ടില്ലാത്ത – ചിലപ്പോള്‍ ഉപദ്രവകരം മാത്രമാണെന്ന് കരുതിവശായ – എത്രയെത്ര വസ്തുക്കള്‍ ഇന്ന് മനുഷ്യന് അത്യാവശ്യവസ്തുക്കളായി മാറിയിരിക്കുന്നു! ജനവര്‍ദ്ധനവ്, ജീവിതരീതിയിലുള്ള മാറ്റം, ശാസ്ത്രീയ പുരോഗതി, തുടര്‍ന്നുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍, ആകസ്മികമായ ചില അനുഭവങ്ങള്‍ എന്നിങ്ങിനെയുള്ള കാരണങ്ങളാല്‍ മനുഷ്യാവശ്യങ്ങളും ഉപയോഗങ്ങളും കണ്ടുപിടുത്തങ്ങളും ക്രമേണ വര്‍ദ്ധിച്ചു കൊണ്ടുമിരിക്കുന്നു. അപ്പോള്‍ ഭൂമിയിലുള്ളത് മുഴുവനും നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചിരിക്കുന്നു (خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا) എന്ന വാക്യം എത്ര അര്‍ത്ഥ ഗര്‍ഭമാണെന്ന് ആലോചിച്ചു നോക്കുക! മനുഷ്യസൃഷ്ടിക്ക് അല്ലാഹു നല്‍കിയ മഹത്തായ സ്ഥാനത്തിലേക്കും ഈ വാക്യം സൂചന നല്‍കുന്നു. ഇതിനെപ്പറ്റി അടുത്തവചനം മുതല്‍ വിവരം വരുന്നുമുണ്ട്.

ഭൂമിയിലുള്ളതെല്ലാം മനുഷ്യര്‍ക്ക്‌ വേണ്ടി സൃഷ്ടിച്ചിരിക്കുന്നുവെന്ന് പറഞ്ഞതിന്‍റെ താല്പര്യം ഏതൊരു വസ്തുവും ഏതൊരാള്‍ക്കും അവരുടെ ഇഷ്ടംപോലെ നിരുപാധികം കൈകാര്യം ചെയ്യാമെന്നല്ല. മനുഷ്യസമൂഹത്തിന്‍റെ പൊതുവെയുള്ള നന്‍മക്കുവേണ്ടിയാണ് അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നാകുന്നു. ഏതു വസ്തുവും യാതൊരു വ്യവസ്ഥയും നിയന്ത്രണവും കൂടാതെ എല്ലാവര്‍ക്കും കൈകാര്യം ചെയ്യാമെന്നുവെക്കുന്ന പക്ഷം, അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ആര്‍ക്കും ഊഹിച്ചറിയാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏതാനും ചില ഉപാധികളും പരിമിതികളുമൊക്കെ മതത്തില്‍ നിയമിക്കപ്പെട്ടിരിക്കുന്നതും.

പിന്നെ അവന്‍ ആകാശത്തിലേക്ക് തിരിഞ്ഞ് അവയെ ഏഴാകാശങ്ങളാക്കി ശരിപ്പെടുത്തി (ثُمَّ اسْتَوَىٰ إِلَى السَّمَاءِ…..) എന്ന വാക്യത്തില്‍ നിന്ന് ഭൂമിയിലെ വിഭവങ്ങളെ സൃഷ്ടിച്ച ശേഷമാണ് ആകാശം സൃഷ്ടിച്ചതെന്നാണ് പ്രത്യക്ഷത്തില്‍ മനസ്സിലാക്കുവാന്‍ കഴിയുക. പക്ഷേ, സൂറത്തുന്നാസിആത്തില്‍ ആകാശത്തെ നിര്‍മിച്ചു ശരിപ്പെടുത്തിയ വിവരം പ്രസ്താവിച്ച ശേഷം ഇങ്ങിനെ പറഞ്ഞിരിക്കുന്നു. وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا (ഭൂമിയെ അതിനു ശേഷം അവന്‍ പരത്തുകയും ചെയ്തു-79:30). അതിനാല്‍ ഇവിടെ (പിന്നെ) എന്ന അവ്യയം കാലക്രമത്തെ കുറിക്കുവാനുള്ളതല്ല – ഒരു വിഷയം സംസാരിച്ചശേഷം മറ്റൊരു വിഷയത്തിലേക്ക് നീങ്ങുന്നതിനെ കുറിക്കുവാനുള്ളതാണ്-എന്നത്രെ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പൊതുവിലുള്ള അഭിപ്രായം. (അല്ലാഹുവിനറിയാം). ആകാശഭൂമികളുടെ സൃഷ്ടിയെ സംബന്ധിച്ചു അല്‍പം വിശദമായ ഒരു വിവരണം സൂറ: ഹാമീം സജദഃ 10-12 വചനങ്ങളില്‍ കാണാവുന്നതാണ്.

ആകാശങ്ങള്‍ ഏഴെണ്ണമാണ് (سَبْعَ سَمَاوَاتٍ) എന്ന് ക്വുര്‍ആനില്‍ എട്ടുപത്തു സ്ഥലങ്ങളില്‍ പറയപ്പെട്ടിട്ടുണ്ട്. ആധുനിക ഗോള ശാസ്ത്രത്തിന് ഏഴ് ആകാശങ്ങളെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല എന്നതുകൊണ്ട് ക്വുര്‍ആനില്‍ സ്പഷ്ടമായ വാക്കുകളില്‍ ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ള ഈ പ്രസ്താവനയെ – ചിലര്‍ ചെയ്യാറുള്ളതു പോലെ- അന്യഥാ വ്യാഖ്യാനിച്ചു കൂടാത്തതാകുന്നു. അവയുടെ സ്രഷ്ടാവ് അവ ഏഴെണ്ണമാണെന്നു ആവര്‍ത്തിച്ചു പറയുമ്പോള്‍, അതിനപ്പുറം കടന്നു വല്ലതും പറയുവാന്‍ ആര്‍ക്കും അവകാശവും അര്‍ഹതയുമില്ല. ശാസ്ത്രീയ നിഗമനങ്ങളാകട്ടെ, മാറിമാറിക്കൊണ്ടിരിക്കുന്നതും, നൂറു ശതമാനവും ശരിയെന്നു ഒരു കാലത്ത് വിശ്വസിക്കപ്പെട്ട ഒരു സിദ്ധാന്തം പിന്നൊരു കാലത്ത് നൂറുശതമാനം തെറ്റാണെന്നു അതേ ശാസ്ത്രജ്ഞന്മാര്‍തന്നെ വിധികല്‍പിക്കുമാറ് മാറ്റങ്ങള്‍ക്ക് വിധേയമായതുമാകുന്നു. എന്നാല്‍, ഏഴില്‍ ഓരോന്നിന്‍റെയും സ്വഭാവം, പ്രത്യേകത, അതിര്‍ത്തി മുതലായവയെക്കുറിച്ചൊന്നും നമുക്ക് വിധി പറയുക സാധ്യമല്ല. അല്ലാഹു തുറന്ന ഭാഷയില്‍ പറഞ്ഞത് അപ്പടി വിശ്വസിക്കുക, അതിനപ്പുറമുള്ളതിന്‍റെ വിവരം അവനറിയാമെന്നു വെച്ചു വിട്ടേക്കുക ഇതേ നമുക്ക് നിവൃത്തിയുള്ളൂ സൂറ: മുഅ്മിനൂന്‍ 17ന്‍റെയും, സൂ: ത്വലാക്വ് 12ന്‍റെയും വ്യാഖ്യാനങ്ങളില്‍ ഈ വിഷയകമായി അല്‍പം വിശദീകരണവും കൂടി കാണാം.

ആകാശ ഭൂമികളെയും, അവയിലെ സകല വസ്തുക്കളെയും അതിസമര്‍ത്ഥമായ രീതിയില്‍ സൃഷ്ടിച്ചുണ്ടാക്കി  വ്യവസ്ഥാപിതവും യുക്തവുമായ രീതിയില്‍ നിയന്ത്രിച്ചു പരിപാലിച്ചു പോരുന്ന അല്ലാഹു ഭൂത-വര്‍ത്തമാന-ഭാവികാല വ്യത്യാസമന്യെ സര്‍വ്വ കാര്യങ്ങളെക്കുറിച്ചും, ചെറുപ്പവലിപ്പ വ്യത്യാസമന്യെ സകല വസ്തുക്കെളക്കുറിച്ചും അറിയുന്ന സര്‍വ്വജ്ഞന്‍ തന്നെ. (وَهُوَ بِكُلِّ شَيْءٍ عَلِيمٌ)