വിഭാഗം - 29

2:229
 • ٱلطَّلَـٰقُ مَرَّتَانِ ۖ فَإِمْسَاكٌۢ بِمَعْرُوفٍ أَوْ تَسْرِيحٌۢ بِإِحْسَـٰنٍ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا۟ مِمَّآ ءَاتَيْتُمُوهُنَّ شَيْـًٔا إِلَّآ أَن يَخَافَآ أَلَّا يُقِيمَا حُدُودَ ٱللَّهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا ٱفْتَدَتْ بِهِۦ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴾٢٢٩﴿
 • 'ത്വലാക്വ്' [വിവാഹമോചനം] രണ്ട് പ്രാവശ്യമാകുന്നു (ഉള്ളത്). എന്നിട്ട് (പിന്നെ, ആചാര)മര്യാദയനുസരിച്ച് വെച്ചുകൊണ്ടിരിക്കുക, അല്ലെങ്കില്‍ നന്മ ചെയ്തുകൊണ്ട് പിരിച്ചയക്കുക. (-ഇതാണ് വേണ്ടത്). നിങ്ങള്‍ അവര്‍ക്ക് [ഭാര്യമാര്‍ക്ക്] കൊടുത്തിട്ടുള്ളതില്‍ നിന്ന് യാതൊന്നും (തിരിച്ചു) വാങ്ങല്‍ നിങ്ങള്‍ക്ക് അനുവദനീയമാകയില്ല; അവര്‍ [ഭാര്യാ-ഭര്‍ത്താക്കള്‍] രണ്ടു പേരും അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ നിലനിറുത്തിപ്പോരുകയില്ലെന്ന് അവര്‍ ഭയപ്പെടുന്നതായാലല്ലാതെ. എനി, അവര്‍ രണ്ടു പേരും അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ തങ്ങള്‍ നിലനിറുത്തിപ്പോരുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍, അപ്പോള്‍, അവള്‍ യാതൊന്നു (കൊടുത്തു) കൊണ്ട് സ്വയം മോചിതയാകുന്നുവോ അതില്‍ രണ്ടു പേരുടെ മേലും തെറ്റില്ല. അത് (ഒക്കെയും) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു; ആകയാല്‍ അവയെ നിങ്ങള്‍ വിട്ടുകടക്കരുത്, ആര്‍ അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ വിട്ടു കടക്കുന്നുവോ അക്കൂട്ടര്‍തന്നെയാണ് അക്രമികള്‍.
 • الطَّلَاقُ വിവാഹമോചനം, ത്വലാക്വ് مَرَّتَانِ രണ്ട് പ്രാവശ്യം ആകുന്നു فَإِمْسَاكٌ എന്നിട്ട് പിടിച്ചുവെക്കല്‍ (പിരിച്ചയക്കാതിരിക്കുക) بِمَعْرُوفٍ ആചാരം (മര്യാദ) അനുസരിച്ച് أَوْ تَسْرِيحٌ അല്ലെങ്കില്‍ പിരിച്ചയക്കുക, വേര്‍പ്പെടുത്തുക, വിട്ടയക്കുക بِإِحْسَانٍ നന്മ ചെയ്തുകൊണ്ട് (നല്ലനിലക്ക്) وَلَا يَحِلُّ അനുവദനീയമാകുകയില്ല لَكُمْ നിങ്ങള്‍ക്ക് أَن تَأْخُذُوا നിങ്ങള്‍ വാങ്ങല്‍ مِمَّا آتَيْتُمُوهُنَّ അവര്‍ക്ക് നിങ്ങള്‍ കൊടുത്തതില്‍ നിന്ന് شَيْئًا യാതൊന്നും إِلَّا أَن يَخَافَا അവര്‍ രണ്ടുപേരും ഭയപ്പെടുന്നതായാലല്ലാതെ أَلَّا يُقِيمَا അവര്‍ നിലനിര്‍ത്തുക (നടത്തിപോരുക)യില്ലെന്ന് حُدُودَ اللَّهِ അല്ലാഹുവിന്‍റെ അതിര്‍ത്തികളെ, പരിധികളെ فَإِنْ خِفْتُمْ എനി നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍ أَلَّا يُقِيمَا അവര്‍ രണ്ടാളും നിലനിര്‍ത്തുകയില്ലെന്ന് حُدُودَ اللَّهِ അല്ലാഹുവിന്‍റെ അതിര്‍ത്തികളെ, പരിധികളെ فَلَا جُنَاحَ എന്നാല്‍ കുറ്റമില്ല, തെറ്റില്ല عَلَيْهِمَا അവര്‍ രണ്ടാളുടെയും മേല്‍ فِيمَا യാതൊന്നില്‍ افْتَدَتْ അവള്‍ സ്വയം മോചിതയായി, തെണ്ടം നല്‍കി بِهِ അതുകൊണ്ട്, അതുമൂലം تِلْكَ അത്, അവ حُدُودُ اللَّهِ അല്ലാഹുവിന്‍റെ അതിര്‍ത്തികളാകുന്നു فَلَا تَعْتَدُوهَا അതിനാല്‍ നിങ്ങളത് വിട്ടുകടക്കരുത്, അതിക്രമിക്കരുത് (ലംഘിക്കരുത്) وَمَن يَتَعَدَّ ആരെങ്കിലും അതിക്രമിച്ചാല്‍, വിട്ടുകടക്കുന്നപക്ഷം حُدُودَ اللَّهِ അല്ലാഹുവിന്‍റെ അതിരുകളെ فَأُولَٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെ الظَّالِمُونَ അക്രമികള്‍
2:230
 • فَإِن طَلَّقَهَا فَلَا تَحِلُّ لَهُۥ مِنۢ بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُۥ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِ ۗ وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ ﴾٢٣٠﴿
 • എന്നിട്ട് (പിന്നെയും) അവന്‍ അവളെ ത്വലാക്വ് [വിവാഹമോചനം] നടത്തിയെങ്കില്‍ അവനല്ലാത്ത (വേറെ) ഒരു ഭര്‍ത്താവിനെ അവള്‍ വിവാഹം കഴിക്കു ന്നതുവരേക്കും എനി അവള്‍ അവന് അനുവദനീയമാകുകയില്ല. എന്നിട്ട്, അവന്‍ [രണ്ടാമത്തേവന്‍] അവളെ വിവാഹ മോചനം നടത്തിയെങ്കില്‍,- അപ്പോള്‍, അവര്‍ രണ്ടു പേരും അന്യോന്യം മടങ്ങിവരുന്നതിന് അവരുടെ മേല്‍ തെറ്റില്ല; (അതെ) അവര്‍ രണ്ടാളും അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ തങ്ങള്‍ നിലനിറുത്തിപ്പോരുമെന്ന് വിചാരിക്കുകയാണെങ്കില്‍. അവ (ഒക്കെയും) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു; അറിയുന്ന ജനങ്ങള്‍ക്കുവേണ്ടി അവന്‍ അവ വിവരിച്ചു കൊടുക്കുകയാണ്.
 • فَإِن طَلَّقَهَا എന്നിട്ട് അവന്‍ അവളെ വിവാഹ മോചനം ചെയ്താല്‍ فَلَا تَحِلُّ لَهُ എന്നാല്‍ അവള്‍ അവന് അനുവദനീയമാകയില്ല مِن بَعْدُ പിന്നീട്, ശേഷം حَتَّىٰ تَنكِحَ അവള്‍ വിവാഹം കഴിക്കുന്നത് വരെ زَوْجًا ഒരു ഭര്‍ത്താവിനെ غَيْرَهُ അവനല്ലാത്ത, അവനൊഴികെ فَإِن طَلَّقَهَا എന്നിട്ട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍ فَلَا جُنَاحَ എന്നാല്‍ തെറ്റില്ല عَلَيْهِمَا അവര്‍ രണ്ടാളുടെമേല്‍ أَن يَتَرَاجَعَا അവര്‍ രണ്ടാളും അന്യോന്യം മടങ്ങുന്നതിന് إِن ظَنَّا രണ്ടാളും വിചാരിച്ചെങ്കില്‍, ധരിച്ചാല്‍ أَن يُقِيمَا രണ്ടാളും നിലനിറുത്തുമെന്ന് حُدُودَ اللَّهِ അല്ലാഹുവിന്‍റെ അതിര്‍ത്തികളെ وَتِلْكَ അവ, അതും حُدُودُ اللَّهِ അല്ലാഹുവിന്‍റെ അതിര്‍ത്തികളാകുന്നു يُبَيِّنُهَا അവയെ അവന്‍ വിവരിക്കുകയാണ്, വ്യക്തമാക്കുന്നു لِقَوْمٍ ഒരു ജനതക്ക് (ജനങ്ങള്‍ക്ക്) വേണ്ടി يَعْلَمُونَ അവര്‍ അറിയും

കഴിഞ്ഞ 224, 225 വചനങ്ങളില്‍ സത്യത്തെ സംബന്ധിച്ച് ചില കാര്യങ്ങള്‍ അല്ലാഹു പ്രസ്താവിച്ചു. തുടര്‍ന്നുള്ള രണ്ട്  വചനങ്ങളില്‍ ഒരു പ്രത്യേകതരം സത്യമായ ‘ഈലാഇ’നെക്കുറിച്ചും പ്രസ്താവിച്ചു. സന്ദര്‍ഭവശാല്‍, അതിനോട്  ബന്ധപ്പെട്ടുകൊണ്ട് ത്വലാക്വിനെ (വിവാഹമോചനത്തെ) സംബന്ധിച്ചും സ്പര്‍ശിക്കുകയുണ്ടായി. അങ്ങ നെ, 228-ാം  വചനത്തില്‍, ത്വലാക്വ് സംബന്ധമായ നിയമങ്ങള്‍ വിവരിച്ച കൂട്ടത്തില്‍, ത്വലാക്വിനുശേഷം ഭാര്യയെ മടക്കി  എടുക്കുന്നതിനെപ്പറ്റിയും, ഇദ്ദഃയെപ്പറ്റിയും സംസാരി ച്ചു. അതിനെ തുടര്‍ന്ന് ഇവിടെ മടക്കി എടുക്കാവുന്ന ത്വലാക്വ്  ഏതാണെന്നും, മടക്കി എടുക്കുവാന്‍ പാടില്ലാത്ത ത്വലാക്വ് ഏതാണെന്നും ത്വലാക്വ് നിര്‍വ്വഹിക്കേണ്ടുന്നത്  എങ്ങനെയായിരിക്കണമെന്നും മറ്റും വിവരിക്കുന്നു. ത്വലാക്വ് സംബന്ധമായി പ്രധാനപ്പെട്ട പല നിയമങ്ങളും ഈ  വചനങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഇടക്കിടെ നാലഞ്ച് പ്രാവശ്യം അവയെപ്പറ്റി حُدُود اَلَّله (അല്ലാഹു നിശ്ചയിച്ച  നിയമാതിര്‍ത്തികള്‍) എന്ന് വിശേഷിപ്പിക്കുകയും, അവ ലംഘിക്കുന്നതിനെപ്പറ്റി കര്‍ശനമായ താക്കീത് നല്‍കുകയും  ചെയ്തിരിക്കുന്നു. പ്രസ്തുത നിയമങ്ങള്‍ക്ക് അല്ലാഹു കല്‍പിച്ചിട്ടുള്ള ഗൗരവമാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്. പക്ഷേ,  ഇതൊക്കെയായിട്ടും മുസ്‌ലിം സമുദായം ഈ കര്‍ശനമായ നിയമാതിര്‍ത്തികള്‍ മിക്കതും ലംഘിക്കുകയും,  മറികടക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നതെന്ന് അപാരമായ വ്യസനത്തോടുകൂടി പറയേണ്ടി വന്നിരിക്കുകയാണ്!  (فالى الله المشتكى)

അറബികള്‍ക്കിടയില്‍ നടപ്പിലുണ്ടായിരുന്ന പല നടപടി ക്രമങ്ങളും- അവയില്‍ ചില പരിഷ്‌കാരങ്ങളോ, നിയന്ത്രണങ്ങളോ വരുത്തിക്കൊണ്ട്- ഇസ്‌ലാം അംഗീകരിക്കുകയുണ്ടായിട്ടുണ്ട്. അക്കൂട്ടത്തില്‍പെട്ടതാണ് വിവാഹമോചനവും,  അതിനുശേഷമുള്ള മടക്കി എടുക്കലും (الطَلاَقُ وَالرجعة). ഒരാള്‍ക്ക് അയാളുടെ ഭാര്യയെ എത്ര പ്രാവശ്യം വേണമെങ്കിലും  വിവാഹമോചനം നടത്തുകയും മടക്കി എടുക്കുകയും ചെയ്യാന്‍ അന്ന് സ്വാത ന്ത്ര്യമുണ്ടായിരുന്നു. ഇതുമൂലം സ്ത്രീകള്‍  വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിയും വന്നിരുന്നു. വിവാഹം നിമിത്തം ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍  ലഭിക്കു കയോ, വിവാഹമോചനം വഴി ലഭിക്കേണ്ടുന്ന സ്വാതന്ത്ര്യം ലഭിക്കുകയോ ചെയ്യാതെ- വിവാഹിതയോ,  വിവാഹമോചിതയോ അല്ലാത്തവിധം- എത്രയോ സ്ത്രീകള്‍ ആയുഷ്‌ക്കാലം ഉന്തി നീക്കേണ്ടി വരുകയും പതിവായിരുന്നു.  തമ്മില്‍ വല്ല വഴക്കോ വക്കാണമോ കൂടുമ്പോള്‍ ‘ഞാന്‍ നിന്നെ ഒരു കാലത്തും ഏറ്റെടുക്കുകയുമില്ല, വിട്ടയക്കുകയു മില്ല’  എന്ന് ചിലര്‍ തുറന്നു പറയുക കൂടി ചെയ്‌തേക്കും. ഇസ്‌ലാമിന്‍റെ ആരംഭത്തില്‍ അന്‍സ്വാരികള്‍ക്കിടയില്‍ ഇങ്ങനെ ഒരു  സംഭവം ഉണ്ടാകുകയും, ആ സ്ത്രീ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ വന്ന് സങ്കടം ബോധിപ്പിക്കുകയും ചെയ്തതായി  രിവായത്തു കള്‍ വന്നിട്ടുണ്ട്. ഈ നികൃഷ്ട സമ്പ്രദായത്തിന് അറുതി വരുത്തുകയും, നീതിയുക്തവും ഉപകാരപ്രദവും  പ്രായോഗികവുമായ നിയമങ്ങള്‍ വഴി അതിന് നിയന്ത്രണം വരുത്തുകയും, അങ്ങനെ, അത്തരം അക്രമങ്ങള്‍ക്ക്  ഇരയാകുന്നതില്‍ നിന്ന് സ്ത്രീ സമുദായത്തെ രക്ഷപ്പെടുത്തുകയുമാണ് ഈ വചനങ്ങള്‍ മുഖേന അല്ലാഹു  ചെയ്തിരിക്കുന്നത്.

ജാഹിലിയ്യാ കാലത്ത് അറബികളില്‍ സ്ത്രീകളുടെ വിവാഹമോചന വിഷയത്തില്‍ ഒരു തരം അരാജകത്വമായിരുന്നു  ഉണ്ടായിരുന്നതെന്ന് മേല്‍ പ്രസ്താവിച്ചതില്‍ നിന്ന് മനസ്സിലായ ല്ലോ. അതുപോലെയൊ, അതിലുപരിയായോ ഉള്ള ഒരരാജ  കത്വം പരിഷ്‌കൃത യുഗമെന്ന് പറയപ്പെടുന്ന ഇക്കാലത്തും- ക്രിസ്ത്യാനികള്‍ക്ക് ബഹുഭൂരിപക്ഷമുള്ള യൂറോപ്യന്‍  നാടുകളില്‍ പോലും- നടമാടിക്കൊണ്ടിരിക്കുന്നുണ്ട്. അതേ സമയത്ത് ക്രിസ്ത്യാനികളെ സംബന്ധിച്ച് പറയുകയാണെങ്കില്‍,  ബൈബ്‌ളിന്‍റെ വിധി നേരെമറിച്ചാണുള്ളതും. ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍, പിന്നീട് ഒരു  കാരണവശാലും അവന് അവളെ വിവാഹമോചനം നല്‍കി വിടുവാന്‍ പാടില്ലാത്തതാണ്. തമ്മില്‍ യോജി ക്കാതെ  വേര്‍പിരിഞ്ഞു താമസിക്കേണ്ടി വന്നാല്‍ പോലും രണ്ട് കൂട്ടര്‍ക്കും വിവാഹം കഴിക്കുവാന്‍ പാടില്ല. വിവാഹം  കഴിക്കുന്നപക്ഷം- പുരുഷനാവട്ടെ, സ്ത്രീയാവട്ടെ- അത് വ്യഭിചാരമായി ഗണിക്കപ്പെടുന്നതുമാകുന്നു. (മത്തായി: 5ല്‍ 31,  32; ലൂക്കോസ്: 16ല്‍ 18:1. കൊരിന്ത്യര്‍: 7ല്‍ 10- 12 നോക്കുക) അല്‍പാല്‍പം വ്യത്യാസം കാണപ്പെടുമെങ്കിലും  ഏറെക്കുറെ ഹിന്ദുമതാനുയായികളിലും ഇതുപോലെയുള്ള നടപടി ക്രമങ്ങളാണുള്ളത്. ഇസ്‌ലാമാകട്ടെ, പരസ്പര  വിരുദ്ധങ്ങളായ ഈ രണ്ട് നയങ്ങള്‍ക്കും മദ്ധ്യെ- മനുഷ്യ പ്രകൃതിക്ക് അനുയോജ്യവും, പ്രായോഗിക ജീവിതത്തിന്  അനുയുക്തവുമായ ഒരു നില പാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഏവര്‍ക്കും  മനസ്സിലാക്കാവുന്നതാകുന്നു. എനി നമുക്ക് ഈ വചനങ്ങളിലടങ്ങിയ മുഖ്യവിഷയങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാം. ومن لله  التوفيق

(ഒന്ന്:) الطَّلاقُ مَرَّتَانِ (ത്വലാക്വ്- വിവാഹമോചനം- രണ്ടു പ്രാവശ്യമാകുന്നു.) ഇദ്ദ കാലത്ത് മടക്കിയെടുക്കാവുന്ന ത്വലാക്വ് രണ്ട്  പ്രാവശ്യമാണുള്ളതെന്ന് സാരം. അല്ലാതെ, ഒരാള്‍ക്ക് തന്‍റെ ഭാര്യയെ ആകെ രണ്ട് പ്രാവശ്യമേ ത്വലാക്വ് നടത്താവൂ  എന്നല്ല അര്‍ത്ഥം. തുടര്‍ന്നുള്ള വാക്യങ്ങളില്‍ നിന്ന് ഇത് സ്പഷ്ടമാണ്. എന്നുവെച്ചാല്‍ ഒന്നാമത്തെ പ്രാവശ്യം ത്വലാക്വ്  നടത്തിയാല്‍ അതിന്‍റെ ഇദ്ദ കഴിയും മുമ്പായി ഭര്‍ത്താവിന് ഭാര്യയെ വിവാഹത്തിലേക്ക് മടക്കിയെടുക്കാം. ഇദ്ദ  കഴിയുന്നതുവരെ മടക്കിയെടുക്കാതെ വിവാഹമോചനം നിലനിറുത്തുകയും ചെയ്യാം. മടക്കി എടുക്കുന്ന പക്ഷം ആവശ്യം  നേരിട്ടാല്‍ രണ്ടാമതും ത്വലാക്വ് നടത്താം. ഈ ത്വലാക്വിനുശേഷം ഭര്‍ത്താവ് രണ്ടാലൊന്ന് സ്വീകരിക്കുവാന്‍  ബാധ്യസ്ഥനായി: فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ (സദാചാര മര്യാദപ്രകാരം അവളെ വെച്ചുകൊണ്ടിരിക്കുക, അല്ലെങ്കില്‍  നന്മചെയ്തുകൊണ്ട്- നല്ല നിലയില്‍- അവളെ പിരിച്ചുവിടുക.) അതായത് അവളെ വിവാഹത്തിലേക്ക് മടക്കി എടുത്ത്  നല്ല രൂപത്തിലും മര്യാദയനുസരിച്ചും അവളുമായി പെരുമാറിക്കൊണ്ട് കഴിഞ്ഞുകൂടുക. മടക്കി എടുക്കുന്നത് വല്ല  ദുരുദ്ദേശ്യവും വെച്ചുകൊണ്ടോ, അവളുമായി സുഖകരമല്ലാത്ത പെരുമാറ്റം പെരുമാറിക്കൊണ്ടോ ആയിരിക്കരുത്. ഇതിന്  തയ്യാറില്ലാ ത്ത- സാധിക്കാത്ത- പക്ഷം, നല്ല നിലക്ക് മാന്യമായ രീതിയില്‍ അവളെ പിരിച്ചയക്കുക. ഈ രണ്ടിലൊന്ന്  സ്വീകരിക്കുവാന്‍ ഭര്‍ത്താവ് നിര്‍ബന്ധിതനാകുന്നു.

മേല്‍ പ്രസ്താവിച്ച നിയമങ്ങളുമായി ബന്ധപ്പെട്ട ചില വസ്തുതകളും വിശദീകരണ ങ്ങളും കൂടി അറിഞ്ഞിരിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. ഉദാഹരണമായി:-

(1). ‘ത്വലാക്വ് രണ്ടെണ്ണമാണ്’ എന്നോ മറ്റോ പറയാതെ ‘ത്വലാക്വ് രണ്ട് പ്രാവശ്യമാണ് (الطَّلاقُ مَرَّتَانِ) എന്ന്  പറഞ്ഞിരിക്കക്കൊണ്ട് ഒരേസമയംതന്നെ ഒരടിയായി രണ്ടോ മൂന്നോ ത്വലാക്വുകള്‍ നടത്തുന്ന സമ്പ്രദായം ശരിയെ ല്ലന്നും,  ഓരോ ത്വലാക്വും വെവ്വേറെ പ്രാവശ്യത്തിലായിരിക്കേണ്ടതുണ്ടെന്നും മനസ്സിലാക്കാം. ഈ വിഷയത്തിലുള്ള അഭി പ്രായ  വ്യത്യാസങ്ങളെക്കുറിച്ച് താഴെ സംസാരിക്കാം, إِن شَاءَ اللَّهُ

(2) ഇദ്ദയുടെ കാലം ദീര്‍ഘിച്ചു പോകുവാന്‍ ഇടയാകാത്ത അവസരത്തിലായിരി ക്കണം ത്വലാക്വ് നടക്കുന്നത്. അഥവാ,  സംയോഗം നടന്നിട്ടില്ലാത്ത ശുദ്ധികാലത്തായിരിക്കണം. ആര്‍ത്തവകാലത്തോ, സംയോഗം നടന്നിട്ടുള്ള ശുദ്ധികാലത്തോ  ആവരുത്. ഇത് സംബന്ധിച്ച് സൂ: ത്വലാക്വിലെ ആദ്യത്തെ വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ളതിന് പുറമെ, ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് വ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ട്. വിശദവിവരത്തിന് സൂ: ത്വലാക്വിന്‍റെ വ്യാഖ്യാനം നോക്കുക.

(3) ഒന്നാം പ്രാവശ്യത്തെ ത്വലാക്വിനെ തുടര്‍ന്നുള്ള ഇദ്ദ അവസാനിക്കുന്നതുവരെ മടക്കി എടുക്കാത്തപക്ഷം, പിന്നീട് അവള്‍ക്ക് വേറെ വിവാഹം കഴിക്കാം. ഇരു വിഭാഗക്കാര്‍ക്കും ഇഷ്ടമാണെങ്കില്‍ വിവാഹമോചനം നടത്തിയ ആദ്യത്തെ ഭര്‍ത്താവിന് തന്നെയും അവളെ വിവാഹം കഴിക്കാവുന്നതാണ്. രണ്ടാം പ്രാവശ്യം ത്വലാക്വ് നടത്തിയാ ലുള്ള വിധിയും ഇതുപോലെ തന്നെ. ഇദ്ദഃ കാലത്ത് മടക്കി എടുക്കായ്കകൊണ്ടോ, താഴെ പറയും പ്രകാരം പ്രതിഫലം വാങ്ങിക്കൊണ്ടുള്ള  ത്വലാക്വായത് (خلع) നിമിത്തമോ ആണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വേര്‍പെട്ടു പോകുന്നതെങ്കില്‍, അതിന് بَيْنُونَة صغرى  (ചെറിയ വേര്‍പാട്) എന്നാണ് സാങ്കേതിക ഭാഷയില്‍ പറയപ്പെടുക. കാര ണം, വേണമെങ്കില്‍ ഈ വേര്‍പാടിനുശേഷവും  അവര്‍ക്ക് പുതിയൊരു വിവാഹം മുഖേന പഴയ ബന്ധത്തിലേക്ക് മടങ്ങാവുന്നതാണ്. മൂന്നാം പ്രാവശ്യത്തെ ത്വലാക്വിന്  ശേഷം മടക്കിയെടുക്കുവാന്‍ പാടില്ല. താഴെ പറയുന്ന പ്രകാരം മറ്റൊരു വിവാഹം കഴിക്കുകയും, അവന്‍  വിവാഹമോചനം നടത്തി ഇദ്ദ കഴിയുകയും ചെയ്താലല്ലാതെ വീണ്ടും വിവാഹം കഴിപ്പാനും പാടില്ല. അതുകൊണ്ട് ഈ  വേര്‍പാടിന് بَيْنُونَة كبرى (വലിയ വേര്‍പാട്) എന്നും പറയപ്പെടുന്നു.

(4) ആര്‍ത്തവ (حَيْض) കാലത്തോ, സംയോഗം നടന്നിട്ടുള്ള ശുദ്ധികാലത്തോ ത്വലാക്വ് നടത്തുന്നത് വിരോധിക്കപ്പെട്ടിരിക്കുന്നു. അതിന് അനാചാരമായ ത്വലാക്വ് (طَلاَق بدعة) എന്ന് പറയപ്പെടുന്നു. ഈ ത്വലാക്വ്  സാധുവാകുമോ എന്നതില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അത് വിരോധിക്കപ്പെട്ടതാണെന്നുള്ള  തില്‍ സംശയമില്ല.

(രണ്ട്:) …. وَلَا يَحِلُّ لَكُمْ أَن تَأْخُذُوا (നിങ്ങള്‍ അവര്‍ക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് യാതൊന്നും തിരിച്ചു മേടിക്കുവാന്‍ നിങ്ങള്‍ക്ക്  പാടില്ല.) വിവാഹത്തില്‍ മഹ്‌റായി (വിവാഹമൂല്യമായി) നല്‍കപ്പെട്ട ധനമോ, അതിന്‍റെ ഒരു ഭാഗമോ തിരിച്ചു  വാങ്ങിക്കൂടാ എന്നുദ്ദേശ്യം. സംഭാവനയായി വല്ലതും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അതും തിരിച്ചു വാങ്ങാവതല്ല. ഒരിക്കല്‍  ദാനമായി കൊടുത്തതിനെ പിന്നീട് തിരിച്ചുവാങ്ങുന്നത് ഛര്‍ദ്ദിച്ച വസ്തു വീണ്ടും തിന്നുന്ന നായയുടെ സ്വഭാവമാണ്  എന്നത്രെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തിരിക്കുന്നത്. ഭാര്യാ ഭര്‍ത്താക്കള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതാകുമ്പോഴാണല്ലോ  ത്വലാക്വ് നടക്കുക. അപ്പോള്‍, താന്‍ മുമ്പ് അവള്‍ക്ക് നല്‍കിയിരുന്ന വല്ലതും മടക്കികിട്ടുവാന്‍ അവന്‍ ആഗ്രഹിക്കുക  സ്വാഭാവികമായിരിക്കും. അതുകൊണ്ടാണ് ത്വലാക്വിനെപ്പറ്റി പ്രസ്താവി ച്ചപ്പോള്‍ ഇക്കാര്യവും പ്രത്യേകം ഇവിടെ  എടുത്തു പറയുന്നത്. ഒരാള്‍ തന്‍റെ ഭാര്യമാര്‍ക്ക് വളരെ വമ്പിച്ച സംഖ്യതന്നെ കൊടുത്തിരുന്നാവും വിവാഹമോചന  വേളയില്‍ അതില്‍നിന്ന് വല്ലതും തിരിച്ചു വാങ്ങുന്നത് കുറ്റകരമാണെന്നും, മാന്യതക്ക് യോജിക്കാത്തതാണെന്നും  സൂ:നിസാഉ് 20, 21ല്‍ വെച്ച് കാണാവുന്നതാണ്. എങ്കിലും അവള്‍ സന്തോഷപൂര്‍വം വല്ലതും വിട്ടുകൊടുക്കുന്നപക്ഷം  അത് സ്വീകരിക്കുന്നതിന് വിരോധമില്ലതാനും (നിസാഉ്: 4). എന്നാല്‍, രണ്ടുപേരും തമ്മില്‍ യോജിച്ചും പരസ്പര ബാദ്ധ്യ  തകള്‍ നിറവേറ്റിയും കൊണ്ട് ഒത്തൊരുമിച്ചു കഴിയുകയില്ലെന്ന് കണ്ടാല്‍ ഈ നിരോധം ബാധകമല്ല. അതാണ് إِلَّا أَن يَخَافَا – الخ  (അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളെ അവര്‍ രണ്ടാളും നിലനിറുത്തുകയില്ലെന്ന് അവര്‍ ഭയപ്പെട്ടാലൊഴികെ.) എന്ന്  പറഞ്ഞതിന്‍റെ സാരം. ഈ അവസരത്തില്‍ എന്താണ് പോംവഴി എന്ന് അടുത്തവാക്യത്തില്‍ നിന്ന് മനസ്സിലാക്കാം:-

(മൂന്ന്:) فَإِنْ خِفْتُمْ أَلَّا يُقِيمَا – الخ (എനി, അവര്‍ രണ്ടു പേരും അല്ലാഹുവിന്‍റെ നിയമാ തിര്‍ത്തികളെ നിലനിറുത്തുകയില്ലെന്ന്  നിങ്ങള്‍ ഭയപ്പെട്ടാല്‍, അപ്പോള്‍ അവള്‍ ഏതൊന്ന് കൊടുത്തുകൊണ്ട് സ്വയം മോചിതയാകുന്നുവോ അതില്‍  രണ്ടുപേര്‍ക്കും തെറ്റില്ല.) ഈ വാക്യത്തില്‍ ‘നിങ്ങള്‍ ഭയപ്പെട്ടാല്‍’ എന്ന വാക്ക് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇരുപക്ഷത്തുമുള്ള ഉത്തരവാദപ്പെട്ടവര്‍, ഭരണകര്‍ത്താക്കള്‍, മദ്ധ്യസ്ഥന്‍മാര്‍ മുതലായവരെയാണ് ഇത് അഭിമുഖീകരിക്കുന്നത്. രണ്ടു പേരും തമ്മില്‍ യോജിച്ചു പോകയില്ലെന്ന് അവര്‍ക്ക് തോന്നുകയും, അവള്‍ക്ക് അവനില്‍നിന്ന് മോചനം  സിദ്ധിക്കണമെന്ന് ആവശ്യമുണ്ടാകുകയും ചെയ്യുന്നപക്ഷം, വിവാഹമോചനത്തിന് അവള്‍ പ്രതിഫലം കൊടു ക്കുവാന്‍  നിശ്ചയിക്കുകയും, അവനത് സ്വീകരിച്ചുകൊണ്ട് വിവാഹമോചനം നല്‍കുകയും ചെയ്യുന്നതിന് വിരോധമില്ല എന്ന്  താല്‍പര്യം. ഇങ്ങനെ പ്രതിഫലം നിശ്ചയിച്ചുകൊണ്ടുള്ള വിവാഹമോചനത്തിനാണ് ‘ഖുല്‍ഉ്’ (خلع) എന്ന് സാങ്കേതികമായി പറയപ്പെടുന്നത്. (*) തക്കതായ കാരണം കൂടാതെ ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിനോട്- പ്രതിഫലം  നിശ്ചയിച്ചുകൊണ്ടോ അല്ലാതേയോ- വിവാഹമോചന ത്തിന് ആവശ്യപ്പെട്ടു കൂടാത്തതാകുന്നു. ഒരു ഹദീഥില്‍ നബി  (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഏതെങ്കിലും ഒരു സ്ത്രീ എന്തെങ്കിലും വിഷമം കൂടാതെ അവളുടെ  ഭര്‍ത്താവിനോട് തന്‍റെ ത്വലാക്വിന് ആവശ്യപ്പെട്ടാല്‍ അവളുടെമേല്‍ സ്വര്‍ഗത്തിന്‍റെ വാസന ഹറാമാകുന്നതാണ്.’ (ഇബ്‌നു  ജരീര്‍; തി; അ; ദാ.) ഈ ഹദീഥിനെ അടിസ്ഥാനമാക്കി തമ്മില്‍ കക്ഷി വഴക്കില്ലാത്ത പ്പോള്‍ ‘ഖുല്‍ഉ്’ പാടില്ല എന്ന് പല  മഹാന്‍മാരും അഭിപ്രായപ്പെട്ടിരിക്കുന്നു.


(*) ‘ഉരിയുക, അഴിച്ചുവെക്കുക’ എന്നൊക്കെയാണ് خلع ന്‍റെ ഭാഷാര്‍ത്ഥം


ഥാബിത്തുബ്നു ക്വൈസ് (റ)ന്‍റെ ഭാര്യ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു തന്‍റെ ഭര്‍ത്താവിനെക്കുറിച്ച്  മതവിഷയത്തിലോ സ്വഭാവത്തിലോ തനിക്ക് വറെുപ്പൊന്നുമില്ലെന്നും, പക്ഷേ, (അദ്ദേഹത്തിന്‍റെ ചില ശാരീരിക  വൈകല്യങ്ങള്‍ നിമിത്തം) അദ്ദേഹമൊന്നിച്ച് കഴിഞ്ഞുകൂടാന്‍ സാദ്ധ്യമല്ലെന്നും അറിയിക്കുകയുണ്ടായി. അദ്ദേഹം  അവര്‍ക്ക് (മഹ്‌റായി) നല്‍കിയിരുന്ന തോട്ടം അങ്ങോട്ട് മടക്കിക്കൊടുക്കാമോ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  അവരോട് ചോദിച്ചു.  കൊടുക്കാമെന്ന് അവര്‍ മറുപടി പറഞ്ഞു. ആ തോട്ടം സ്വീകരിച്ചുകൊണ്ട് അവര്‍ക്ക് ത്വലാക്വ് നല്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഥാബിത്ത് (റ)നോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവം ബുഖാരി (റ) മുതലായവര്‍ ഉദ്ധരിച്ചിട്ടുള്ളതാകുന്നു. ‘ഖുല്‍ഇ’ല്‍ പ്രതിഫലമായി നിശ്ചയിക്കപ്പെടുന്ന സംഖ്യ വിവാഹവേളയില്‍ നല്‍കപ്പെട്ട മഹറിനെ ക്കാള്‍  കവിയാതിരിക്കുകയാണ് നല്ലതെന്ന് ഈ ഹദീഥില്‍ നിന്ന് മനസ്സിലാകുന്നു. കൂടുതല്‍ ആവശ്യപ്പെടുന്നത് നീതിയും  മര്യാദയുമല്ലതാനും. അതുകൊണ്ട് ‘ഖുല്‍ഇ’ല്‍ നിശ്ചയിക്കുന്ന പ്രതിഫലം ‘മഹറി’നെക്കാള്‍ കവിയുവാന്‍ പാടില്ലെന്ന് ഒരു  വിഭാഗം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എങ്കിലും, അവള്‍ ഏതൊന്നുകൊടുത്തുകൊണ്ട് സ്വയം മോചി  തയാകുന്നുവോ അതില്‍ രണ്ടാള്‍ക്കും തെറ്റില്ല. (فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ) എന്നാണല്ലോ അല്ലാഹു പറഞ്ഞ വാക്ക്. അവള്‍ക്ക്  ഭര്‍ത്താവില്‍നിന്ന് മോചനം സിദ്ധിക്കുവാന്‍ വേണ്ടി അവള്‍ സ്വയം നല്‍കുന്ന ഏത് പ്രതിഫലവും സ്വീകരിക്കാമെന്നാണ്  ഇതില്‍നിന്ന് ധ്വനിക്കുന്നത്. കൂടുതല്‍ ഒന്നും വാങ്ങിക്കൂടാ എന്ന് ഹദീഥില്‍ വ്യക്തമാക്കപ്പെട്ടിട്ടുമില്ല. അതുകൊണ്ട്  ഇരുകൂട്ടരും തമ്മില്‍ തീരുമാനിക്കുന്ന ഏത് തുകയും ‘ഖുല്‍ഇ’ല്‍ പ്രതിഫലമായി നിശ്ചയിക്കുന്നതിന് വിരോധമില്ല എന്നത്രെ  ഭൂരിപക്ഷാഭിപ്രായം. ചില സ്വഹാബികളും ഈ അഭിപ്രായക്കാരാണെന്ന് പറയപ്പെടുന്നു. ഏതായാലും പരസ്പരം ഒരു  ധാരണയിലെത്താതെ, താങ്ങാനാവാത്ത സംഖ്യ ഭര്‍ത്താവിന്‍റെ ഭാഗത്തുനിന്ന് ആവശ്യപ്പെടുന്നത് അനീതിയും  അക്രമവുമാകുന്നു. ‘ഖുല്‍ഉ്’ നടന്നാല്‍ പിന്നെ, അതിനെത്തുടര്‍ന്ന് ഇദ്ദയില്‍ മടക്കി എടുക്കുവാനുള്ള ഭര്‍ത്താവിന്‍റെ  അവകാശം നഷ്ടപ്പെട്ടു പോകുന്നതാകുന്നു.

(നാല്:) فَإِن طَلَّقَهَا فَلَا تَحِلُّ لَهُ (എനി, അവന്‍ അവളെ വിവാഹമോചനം നടത്തിയെങ്കില്‍, അവനല്ലാതെ ഒരു ഭര്‍ത്താവിനെ അവള്‍ വിവാഹം കഴിക്കുന്നതുവരെ എനി അവള്‍ അവന് അനുവദനീയമാകുകയില്ല.) അതായത്, മുമ്പ് രണ്ട് വട്ടം  ത്വലാക്വ് കഴിഞ്ഞതിന് ശേഷം മൂന്നാമതും ത്വലാക്വ് നടത്തിയാല്‍ പിന്നെ മടക്കി എടുക്കുന്ന പ്രശ്‌നമില്ല. മറ്റൊരു  ഭര്‍ത്താവ് അവളെ വിവാഹം കഴിക്കുകയും, അവന്‍ അവളെ വിവാഹമോചനം നടത്തുകയും നിയമപ്രകാരമുള്ള ഇദ്ദ കഴിയുകയും വേണം. എന്നാല്‍ മാത്രമേ പിന്നീട് അവന് അവളെ വീണ്ടും വിവാഹം കഴിക്കുവാന്‍ പാടുള്ളൂ. ‘അവളെ  മറ്റൊരാള്‍ വിവാഹം കഴിക്കുന്നതുവരെ’ എന്നോ മറ്റൊ പറയാതെ ‘അവള്‍ മറ്റൊരു ഭര്‍ത്താവിനെ വിവാഹം  കഴിക്കുന്നതുവരെ (حَتَّىٰ تَنكِحَ زَوْجًا غَيْرَهُ)’ എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാകുന്നു. ആ വിവാഹം സാധാരണ  ഗതിയിലുള്ള വിവാഹമായിരിക്കണം- ആദ്യ ഭര്‍ത്താവിന്‍റെയോ മറ്റോ നിര്‍ബന്ധ പ്രകാരമോ ആവശ്യപ്രകാരമോ  ആയിരിക്കരുത്- എന്നാണത് കാണിക്കുന്നത്. ‘വിവാഹം കഴിക്കുന്നതുവരെ’ എന്ന് മാത്രമേ അല്ലാഹു പറഞ്ഞിട്ടുള്ളുവെങ്കിലും ആ വിവാഹത്തില്‍ അവര്‍ തമ്മില്‍ സംയോഗം നടന്നിരിക്കുക കൂടി വേണമെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യക്തമാക്കിയിരിക്കുന്നു. (ബു; മു) فَإِن طَلَّقَهَا فَلَا جُنَاحَ – الخ (എന്നിട്ട് അവന്‍ അവളെ വിവാഹമോചനം നടത്തുന്നപക്ഷം, അവര്‍  രണ്ടു പേരും അന്യോന്യം മടങ്ങിവരുന്നതിന് തെറ്റില്ല) എന്ന വാക്യത്തില്‍ നിന്ന് ആ നികാഹ് (വിവാഹം) പോലെത്തന്നെ  ആ ത്വലാക്വും സാധാരണഗതിയില്‍ നടന്നതായിരിക്കണം- മറ്റൊരു നിര്‍ബന്ധത്തിനോ ആവശ്യത്തിനോ  വഴങ്ങിക്കൊണ്ടാവരുത്- എന്നും മനസ്സിലാക്കാം. ത്വലാക്വ് കഴിഞ്ഞാല്‍ പിന്നെ അതിനെത്തുടര്‍ന്നുള്ള ഇദ്ദയും  കഴിയേണ്ടതുണ്ടെന്നും, ആ ഭര്‍ത്താവ് അവളെ മടക്കി എടുക്കാതിരിക്കേണ്ടതുണ്ടെന്നും പ്രത്യേകം എടുത്തുപറയേണ്ടുന്ന  ആവശ്യമില്ലല്ലോ.

ഇതെല്ലാം ശരിയായാല്‍ പിന്നെയും ഒരു ഉപാധിയുണ്ട്. തമ്മില്‍ വിവാഹബന്ധം നടന്ന ശേഷം മൂന്ന് പ്രാവശ്യം ആ  ബന്ധത്തിന് വിഘാതം നേരിടുകയുണ്ടായ ആ ഭാര്യാ ഭര്‍ത്താക്കള്‍ തമ്മില്‍ മേലില്‍ അല്ലാഹുവിന്‍റെ നിയമപരിധിക്കുള്ളില്‍  ഒതുങ്ങിനിന്നു രഞ്ജിപ്പോടെ കഴിഞ്ഞുകൂടുമെന്നുള്ള പ്രതീക്ഷ രണ്ടുപേര്‍ക്കും ഉണ്ടായിരിക്കണം. രണ്ടാള്‍ക്കുമോ, രണ്ടില്‍  ഒരാള്‍ക്കോ അങ്ങനെ പ്രതീക്ഷയില്ലാത്ത പക്ഷം അവര്‍ വീണ്ടും വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. إِن ظَنَّا أَن يُقِيمَا  حُدُودَ اللَّهِ (അല്ലാഹുവിന്‍റെ അതിര്‍ത്തികളെ തങ്ങള്‍ നിലനിറുത്തിപ്പോരുമെന്ന് രണ്ടു പേരും കരുതിയാല്‍) എന്ന വാക്യത്തില്‍ നിന്ന് ഇത് സ്പഷ്ടമാണ്. മൂന്ന് പ്രാവശ്യം തെറ്റിപ്പിരിഞ്ഞ അവര്‍ നാലാമത്തെ പ്രാവശ്യം പ്രത്യേകം ഇക്കാര്യത്തില്‍  ഗൗനിക്കേണ്ടതുണ്ടല്ലോ. മനുഷ്യരുടെ മനഃശ്ശാസ്ത്രം മനുഷ്യരെക്കാള്‍ അറിയാവുന്ന സ്രഷ്ടാവ് ഓരോ വാക്യത്തിലും  മനുഷ്യന്‍റെ നന്മക്കുവേണ്ടി നല്‍കുന്ന മാര്‍ഗദര്‍ശന ത്തെപ്പറ്റി ഒന്ന് ആലോചിച്ചുനോക്കുക! ബാഹ്യാവസ്ഥക്കല്ല-  യഥാര്‍ത്ഥമായ മന:സ്ഥിതിക്കാണ്- ഇവിടെ പരിഗണനയുള്ളതെന്ന് ആര്‍ക്കും വ്യക്തമാകും. മനസ്സിലിരുപ്പ്  മറ്റൊന്നായിക്കൊണ്ടാണ് അവര്‍ രണ്ടു പേരും തമ്മില്‍ പിന്നെയും വിവാഹ ബന്ധം സ്ഥാപിക്കുന്നതെങ്കില്‍- നിയമ ദൃഷ്ട്യാ  വിവാഹം സാധുവായേക്കുമെങ്കിലും- അവര്‍ അല്ലാഹുവിന്‍റെ മുമ്പില്‍ കുറ്റക്കാരായിരിക്കും. ഇഹത്തിലാക ട്ടെ, ആ  ബന്ധം അവര്‍ക്ക് പൂര്‍വ്വാധികം അസ്വാസ്ഥ്യമുളവാക്കുവാനേ ഉപകരിക്കുകയുള്ളൂ.

മൂന്ന് പ്രാവശ്യം വിവാഹമോചനം ചെയ്തതിനുശേഷം ആ സ്ത്രീകളെ വീണ്ടും വിവാഹം കഴിക്കുവാന്‍  ഉദ്ദേശിക്കുന്നവര്‍ അല്ലാഹു വ്യക്തമായി പ്രസ്താവിച്ച മേല്‍ കണ്ട ഉപാധികളെ മറികടക്കുവാനുള്ള ചില സൂത്രങ്ങള്‍  നടത്തുന്ന പതിവ് ഇന്ന് മുസ്‌ലിം കള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ചില പണ്ഡിതവിഭാഗങ്ങള്‍ അതിന് അരു നില്‍ക്കു  കയും പിന്തുണനല്‍കുകയും ചെയ്തും വരുന്നു. വല്ല വിഡ്ഢികളെയും പ്രതിഫലം കൊടുത്തോ മറ്റോ സ്വാധീനിച്ചു ഒരു  നാമമാത്ര വിവാഹം ബാഹ്യത്തില്‍ നടത്തുക, അടുത്ത അവസരം തന്നെ അവരെക്കൊണ്ട് വിവാഹമോചനവും  ചെയ്യിക്കുക. ചില വിഡ്ഢികള്‍ പ്രതിഫലം മോഹിച്ചുകൊണ്ട് സ്വയം തന്നെ അതിന് തയ്യാറെടുക്കലും ഉണ്ട്. ‘ചടങ്ങ് നില്‍ക്കുക’ എന്ന പേരിലാണ് ഈ വിവാഹം അറിയപ്പെടുന്നത്. ഈ പേരുതന്നെ അല്ലാഹുവിന്‍റെ നിയമത്തെ  അവഗണിക്കലാണെന്നും അതിനെ കേവലം ഒരു ചടങ്ങായി മാറ്റലാണെന്നും വിളിച്ചോതുന്നു. തക്കതായ കാരണം കൂടാതെയും, ഭാവിയെപ്പററി വീണ്ടുവിചാരമില്ലാതെയും രണ്ടും മൂന്നുമൊക്കെ ത്വലാക്വ് ഒറ്റ അടിക്ക് നടത്തിക്കളയും. അടുത്ത ദിവസം തന്നെ അതിനെപ്പറ്റി ഖേദത്തിലുമാകും. അടുത്ത ആലോചന ഈ ശപിക്കപ്പെട്ട  ചടങ്ങിനെക്കുറിച്ചായിരിക്കും. ഇങ്ങനെ തോന്നിയവാസ ത്തില്‍ നിന്ന് തോന്നിയവാസത്തിലേക്കായി അല്ലാഹുവിന്‍റെ  നിയമപരിധികളെയെല്ലാം അവര്‍ അതിലംഘിക്കുന്നു. അല്ലാഹു കല്‍പിച്ച പ്രകാരമാണ് ആദ്യംമുതല്‍ക്കേ ത്വലാക്വ്  നടക്കുന്നതെങ്കില്‍, ഇങ്ങനെയുള്ള തോന്നിയവാസങ്ങള്‍ക്കൊന്നും ആവശ്യം നേരിടുമായിരുന്നില്ല. ഏതായാലും ഈ  ചടങ്ങുനില്‍ക്കലും, ചടങ്ങ് നിറുത്തലും, അതിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന വിവാഹവും ശരിയല്ലെന്നും,  അല്ലാഹുവിന്‍റെ നിയമങ്ങളെ ലംഘിക്കലാണെന്നും മുകളില്‍ വിവരിച്ചതില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാം. മാത്രമല്ല, ഈ ചടങ്ങിനെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  പറഞ്ഞ വാക്യം ഓര്‍മയിലുള്ള ഒരു മുസ്‌ലിം- സത്യവിശ്വാസം അയാളുടെ  ഹൃദയത്തില്‍ സ്ഥലം പിടിച്ചിട്ടുണ്ടെങ്കില്‍- തീര്‍ച്ചയായും ഈ ചടങ്ങിനെ അനുകൂലിക്കുകയില്ലതന്നെ. ‘വായ്പ വാങ്ങിയ  കൂറ്റനെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ?’ എന്ന് ചോദിച്ചുകൊണ്ട് സ്വഹാബികളോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയാണ്: ‘അത് ചടങ്ങ് നില്‍ക്കുന്നവനാണ്. ചടങ്ങ് നില്‍ക്കുന്നവനെയും, ആര്‍ക്കുവേണ്ടി ചടങ്ങുനില്‍ക്കുന്നുവോ  അവനെയും അല്ലാഹു ശപിക്കട്ടെ!’ (ജ; ബ; ഹാ) ഇതുപോലെ വേറെയും ചില രിവായത്തുകള്‍ കാണാം.

ഈ വചനങ്ങളിലടങ്ങിയ വിധികളെല്ലാം വിട്ടുവീഴ്ചക്ക് പഴുതില്ലാത്തവിധം കര്‍ശനമായ വിധികളാണെന്നും, അവയെ  ലംഘിക്കുകയോ മറികടക്കുകയോ ചെയ്യുന്നത് അല്ലാഹുവിന്‍റെ ശിക്ഷക്കും കോപശാപത്തിനും കാരണമായിത്തീരുമെന്നും അല്ലാഹു ശക്തിയായി താക്കീത് ചെയ്തിരിക്കുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ, അല്ലാഹുവിന്‍റെ  നിയമാതിര്‍ത്തികളാണവയെന്ന് നാലഞ്ച് പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞു. ആ അതിര്‍ത്തി ലംഘിക്കുന്നവരാണ്  അക്രമികളെന്ന് ആദ്യ വചനത്തിന്‍റെ അവസാനത്തിലും, അറിയുന്ന ജനങ്ങള്‍ക്കു വേണ്ടിയാണിതൊക്കെ വിവരിക്കുന്നതെന്ന് രണ്ടാമത്തെ വചനത്തിന്‍റെ അവസാനത്തിലും ഓര്‍മിപ്പിച്ചിരിക്കുന്നു.

എനി- മുകളില്‍ സൂചിപ്പിച്ചതുപോലെ- ഒരേ സമയത്തുതന്നെ ഒറ്റയടിക്ക് മൂന്ന് ത്വലാക്വും നടത്തുന്ന  സമ്പ്രദായത്തെക്കുറിച്ച് രണ്ട് വാക്കുകൂടി സംസാരിക്കാം. ആയത്തില്‍ കണ്ട പ്രകാരം ഓരോ ത്വലാക്വും വെവ്വേറെ പ്രാവശ്യത്തിലായിരിക്കുന്നതാണ് ത്വലാക്വിന്‍റെ സാക്ഷാല്‍ രൂപമെന്നും, അങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും, അതിനെ  തിര് പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നുമുള്ളതില്‍ ക്വുര്‍ആനില്‍ വിശ്വസിക്കുന്ന ഏതൊരു മുസ്‌ലിമിനും  തര്‍ക്കമുണ്ടായിരിക്കുവാന്‍ അവകാശമില്ല. എന്നാലും അങ്ങനെ ഒരേ അടിക്ക് മൂന്ന് ത്വലാക്വും ഒന്നിച്ച് നടത്തിയാല്‍-  അങ്ങനെ ചെയ്യുന്നത് നിയമദൃഷ്ട്യാ ഹറാമാകട്ടെ, അല്ലാതിരിക്കട്ടെ- അതെങ്ങനെ നടപ്പില്‍ വരുത്താം? ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ആ അഭിപ്രായങ്ങള്‍ ഇന്നും ഇന്നലെയും  ഉണ്ടായതുമല്ല. ഏറെക്കുറെ സ്വഹാബികളുടെ കാലം മുതല്‍ക്കുതന്നെ നിലവിലുള്ളതാകുന്നു. എത്രയോ കക്ഷിവഴക്കുകളും,  ആരോപണ പ്രത്യാരോപണങ്ങളും ഇത് സംബന്ധിച്ച് മുമ്പ് നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. പണ്ഡിതന്‍മാര്‍ക്കിടയിലുള്ള  അഭിപ്രായങ്ങളും, ത്വലാക്വിന് പ്രയോഗിക്കുന്ന വാക്കുകളെ അടിസ്ഥാനമാക്കിയുള്ള വിശദീകരണങ്ങളും, ഓരോ അഭിപ്രായത്തിന്‍റെയും ന്യായങ്ങളും, തെളിവുകളും എതിര്‍ഭാഗത്തുനിന്നുള്ള മറുപടികളും സാമാന്യമായിട്ടെങ്കിലും  വിവരിക്കുന്നപക്ഷം, അതൊരു പ്രത്യേക ഗ്രന്ഥം തന്നെ ആയിത്തീരും. ചിലരെല്ലാം അങ്ങനെ പ്രത്യേക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുമുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം അതിനിവിടെ സ്ഥാനവും സന്ദര്‍ഭവുമില്ല. ക്വുര്‍ആന്‍ വചനങ്ങളുടെ ആശയവൃത്തത്തില്‍നിന്ന് പുറത്തുകടന്നുള്ള വിവരണം നമുക്ക് യോജിച്ചതുമല്ല. അതോടുകൂടി, ഈ വിഷയത്തിലുള്ള  തര്‍ക്കവിതര്‍ക്കങ്ങളെപ്പറ്റി സാമാന്യമായെങ്കിലും കേട്ടറിയാത്തവര്‍ ഇക്കാലത്ത് തുലോം കുറവുമായിരിക്കും. അതുകൊണ്ട്  യാതൊരു വിശദീകരണത്തിനും ഇവിടെ മുതിരുവാന്‍ ഉദ്ദേശിക്കുന്നില്ല. സന്ദര്‍ഭവശാല്‍, നിലവിലുള്ള പ്രധാന അഭിപ്രായങ്ങളുടെ രത്‌നച്ചുരുക്കം മാത്രം ഉദ്ധരിച്ചു മതിയാക്കാം:-

മൂന്ന് ത്വലാക്വും ഒന്നിച്ച് ഒരേ വാചകത്തില്‍ പറഞ്ഞാല്‍ അതിന്‍റെ സാധുതയെപ്പറ്റി പ്രധാനമായും നാല് അഭിപ്രായങ്ങളാണ് പണ്ഡിതന്‍മാര്‍ക്കിടയിലുള്ളത്:

(1) ഒന്നുപോലും സാധുവാകയില്ല. കാരണം, അത് ബിദ്അത്തായ (അനാചാരമായ) ത്വലാക്വാകുന്നു. ള്വാഹിരീ (الظاهرى) ത്വലാക്വില്‍ ഇത് പെടുമോ, പെട്ടാല്‍തന്നെയും സാധുവാകുമോ എന്ന വിഷയത്തിലും പണ്ഡിതന്‍മാര്‍ക്ക് ഏകോപിച്ച  അഭിപ്രായമില്ല.

(2) ഒന്നുമാത്രം സാധുവാകും. ബാക്കി രണ്ടും നിരര്‍ത്ഥമായിരിക്കും. അതിനാല്‍, ഇദ്ദഃകാലത്ത് മടക്കി എടുക്കുന്നതിന്  അത് തടസ്സമാകുകയില്ല. ക്വുര്‍ആനില്‍ നിന്നും ഹദീഥുകളില്‍ നിന്നും പൊതുവെ മനസ്സിലാകുന്നതും, ത്വലാക്വിന്‍റെ  അടിസ്ഥാന തത്വങ്ങളോട് യോജിച്ചതും ഈ അഭിപ്രായമാകുന്നു. സ്വഹാബികളിലും മുന്‍ഗാമികളായ മഹാന്‍മാരിലും പെട്ട  ചിലര്‍ ഈ അഭിപ്രായക്കാരാകുന്നു. (*) ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ഇബ്‌നുക്വയ്യിം (റ) മുതലായ  പണ്ഡിതന്‍മാരും ഈ അഭിപ്രായമാണ് ശരിവെച്ചിരിക്കുന്നത്. തെളിവിന്‍റെ പിന്‍ബലം കൂടുതല്‍ കാണുന്നതും  ഇതിനാകുന്നു.


(*) راجع فتح الباري وغيره


(3) മൂന്നും സാധുവാകും. അതുകൊണ്ട് പിന്നീട് മടക്കി എടുക്കുവാനോ, മറ്റൊരാള്‍ വിവാഹം കഴിച്ചു ത്വലാക്വും ഇദ്ദഃയും കഴിഞ്ഞശേഷമല്ലാതെ വീണ്ടും വിവാഹം കഴിക്കുവാനോ പാടില്ല. മുന്‍കാലത്തും  പില്‍കാലത്തുമുള്ള ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം ഇതാകുന്നു. പ്രധാന മദ്ഹുകളിലും ഈ  അഭിപ്രായമാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്.

(4) ഭര്‍ത്താവും ഭാര്യയും തമ്മില്‍ സംയോഗം നടന്നിട്ടുണ്ടെങ്കില്‍ മൂന്നും  സാധുവാകും. ഇല്ലാത്ത പക്ഷം ഒന്നേ സാധുവാകുകയുള്ളൂ. ഇബ്‌നുഅബ്ബാസ് (റ)ന്‍റെ ശിഷ്യന്‍മാരായ പലരുടെയും,  ഇസ്ഹാക്വുബ്‌നു റാഹെവെഹി (റ)യുടെയും അഭിപ്രായം ഇതാണെന്ന് കാണുന്നു.

ഇതാണാ അഭിപ്രായങ്ങളുടെ ചുരുക്കം.  കൂടുതല്‍ വിശദീകരണം ആഗ്രഹിക്കുന്നവര്‍ യഥാസ്ഥാനങ്ങളില്‍ നിന്ന് അന്വേഷിച്ചറിയേണ്ടതാകുന്നു. മേല്‍കണ്ട അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് വിവരിച്ചശേഷം, പ്രസിദ്ധ ഹദീഥുഗ്രന്ഥമായ ‘ബുലൂഗുല്‍മറാമി’ന്‍റെ വ്യാഖ്യാതാവ്  അല്ലാമാ മുഹമ്മദുബ്‌നു ഇസ്മാഈല്‍സ്വന്‍ആനീ (റ) ചെയ്ത ഒരു പ്രസ്താവനയുടെ സാരം ഇവിടെ ഉദ്ധരിക്കുവാന്‍  ആഗ്രഹിക്കുന്നു. അദ്ദേഹം പറയുന്നു: ‘ശാഖാ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നവര്‍ ഈ  വിഷയത്തില്‍ ദീര്‍ഘമായി സംസാരി ച്ചിട്ടുണ്ട്. ഉമര്‍ (റ) മൂന്ന് ത്വലാക്വും (*) നടപ്പിലാക്കി എന്നതിനെ (**) ആസ്പദമാക്കി  നാല് മദ്ഹുകളുടെ ആള്‍ക്കാരെല്ലാം അതില്‍ യോജിച്ചിരിക്കുന്നു. അതിനോട് വിയോജിക്കുന്നവരെപ്പറ്റി അവരുടെ  പ്രതിഷേധം വളരെ കഠിനമാകുന്നു. ഒന്നേ സാധുവാകുകയുള്ളൂവെന്ന് ഫത്‌വാ ചെയ്ത (വിധി പറഞ്ഞ) കാരണത്താല്‍  ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ (റ)ക്ക് മര്‍ദ്ദനമേല്‍ക്കുകയും, അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഹാഫിദു ബ്‌നുല്‍ക്വയ്യിമി(റ)നെ  ഒട്ടകപ്പുറത്ത് കയറ്റി നാട് ചുറ്റിക്കുകയും ഉണ്ടായിട്ടുണ്ട്. ശാഖാപരമായ ഒരു വിഷയത്തിലുള്ള കടുത്ത പക്ഷപാത  മനഃസ്ഥിതി മാത്രമാണിതെന്ന് പറയേണ്ടതില്ല. സമുദായത്തിളെ മുന്‍ഗാമികള്‍ക്കും പിന്‍ഗാമികള്‍ക്കും അഭിപ്രായവ്യത്യാസ  മുള്ള ഒരു വിഷയമാണിത്. എന്നിരിക്കെ, ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ എന്തെങ്കിലും ഒന്നിനെ  അനുകൂലിക്കുന്നവരെപ്പറ്റി ആക്ഷേപിക്കുവാനില്ലെന്ന വസ്തുത പ്രസിദ്ധമാണ്. ചിന്തകരും ഭയഭക്തന്‍മാരുമാകുന്ന നീതിമാന്‍മാരും, അല്ലാത്തവരും തമ്മില്‍ വേര്‍തിരിയുന്നത് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാകുന്നു.’


(*) ഒരേ അവസരത്തില്‍ നടത്തപ്പെട്ട മൂന്ന് ത്വലാക്വാണ് ഉദ്ദേശ്യം.

(**) ജനങ്ങള്‍ ത്വലാക്വിന്‍റെ കാര്യത്തില്‍ ധൃതികൂട്ടിത്തുടങ്ങിയതുകൊണ്ട് അവരെ ഒരു പാഠം പഠിപ്പിക്കുവാനായിരുന്നു അങ്ങനെ അദ്ദേഹം നടപ്പാക്കിയതെന്ന് അതേ രിവായത്തില്‍ തന്നെ കാണാം.

2:231
 • وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ ۚ وَلَا تُمْسِكُوهُنَّ ضِرَارًا لِّتَعْتَدُوا۟ ۚ وَمَن يَفْعَلْ ذَٰلِكَ فَقَدْ ظَلَمَ نَفْسَهُۥ ۚ وَلَا تَتَّخِذُوٓا۟ ءَايَـٰتِ ٱللَّهِ هُزُوًا ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ وَمَآ أَنزَلَ عَلَيْكُم مِّنَ ٱلْكِتَـٰبِ وَٱلْحِكْمَةِ يَعِظُكُم بِهِۦ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴾٢٣١﴿
 • നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവര്‍ അവരുടെ(ഇദ്ദഃയുടെ) അവധി പ്രാപിച്ചാല്‍, അവരെ നിങ്ങള്‍ (ആചാര) മര്യാദയനുസരിച്ച് വെച്ചുകൊണ്ടിരിക്കുവിന്‍; അല്ലെങ്കില്‍ (ആചാര) മര്യാദയനുസരിച്ച് അവരെ പിരിച്ചുവിടുവിന്‍. നിങ്ങള്‍ അതിര് വിട്ടുപോകുമാറ്ദ്രോഹമുണ്ടാക്കുവാനായിട്ട് അവരെനിങ്ങള്‍ പിടിച്ചുവെക്കുകയും ചെയ്യരുത്. ആരെങ്കിലും അത് ചെയ്യുന്നപക്ഷം, അവന്‍ അവനോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണ്ചെയ്തത്. അല്ലാഹുവിന്‍റെ ആയത്ത് [വചനം]കളെ നിങ്ങള്‍ പരിഹാസ്യമാക്കിത്തീര്‍ക്കരുത്. നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യണം; വേദഗ്രന്ഥത്തില്‍നിന്നും,വിജ്ഞാനത്തില്‍ നിന്നുമായി നിങ്ങള്‍ക്ക് സദുപദേശം നല്‍കിക്കൊണ്ട് അവന്‍ നിങ്ങള്‍ക്ക് ഇറക്കിത്തന്നിട്ടുള്ളതും (ഓര്‍ക്കുവിന്‍) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു എല്ലാ കാര്യെത്തക്കുറിച്ചും അറിയുന്ന വനാണെന്ന്അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍.
 • وَإِذَا طَلَّقْتُمُ നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍ النِّسَاءَ സ്ത്രീകളെ فَبَلَغْنَ എന്നിട്ടവര്‍ എത്തി, പ്രാപിച്ചു أَجَلَهُنَّ അവരുടെ അവധി فَأَمْسِكُوهُنَّ എന്നാലവരെ നിങ്ങള്‍ വെച്ചു കൊണ്ടിരിക്കുവിന്‍ بِمَعْرُوفٍ ആചാരം (മര്യാദ) അനുസരിച്ച് أَوْ سَرِّحُوهُنَّ അല്ലെങ്കില്‍ അവരെ നിങ്ങള്‍ പിരിച്ചയക്കുക, വേര്‍പെടുത്തുക بِمَعْرُوفٍ ആചാരപ്രകാരം, മര്യാദയനുസരിച്ച് وَلَا تُمْسِكُوهُنَّ അവരെ നിങ്ങള്‍ പിടിച്ചുവെക്കരുത് ضِرَارًا ദ്രോഹം ചെയ്യാന്‍ لِّتَعْتَدُوا നിങ്ങള്‍ അതിരുവിടുവാനായിട്ട്, അതിക്രമം ചെയ്യുമാറ് وَمَن يَفْعَلْ ആരെങ്കിലും ചെയ്യുന്നതായാല്‍ ذَٰلِكَ അത് فَقَدْ ظَلَمَ എന്നാലവൻ അക്രമം പ്രവർത്തിച്ചു نَفْسَهُ അവനോട് തന്നെ وَلَا تَتَّخِذُوا നിങ്ങള്‍ ആക്കിത്തീര്‍ക്കരുത് آيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്തുകളെ هُزُوًا പരിഹാസം (പരിഹാസ്യം) وَاذْكُرُوا നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ نِعْمَتَ اللَّهِ അല്ലാഹുവിന്‍റെ അനുഗ്രഹത്തെ عَلَيْكُمْ നിങ്ങള്‍ക്ക് وَمَا أَنزَلَ അവന്‍ ഇറക്കിയതിനെയും عَلَيْكُم നിങ്ങള്‍ക്ക് مِّنَ الْكِتَابِ ഗ്രന്ഥത്തില്‍നിന്ന് وَالْحِكْمَةِ വിജ്ഞാനത്തില്‍ നിന്നും يَعِظُكُم بِهِ അതുവഴി നിങ്ങള്‍ക്ക് അവന്‍ സദുപദേശം നല്‍കിക്കൊണ്ട് (നല്‍കുവാന്‍) وَاتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا നിങ്ങള്‍ അറിയുകയും ചെയ്‌വിന്‍ أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്ന് بِكُلِّ شَيْءٍ എല്ലാ കാര്യത്തെപ്പറ്റിയും عَلِيمٌ അറിയുന്നവന്‍

ത്വലാക്വിനെത്തുടര്‍ന്ന് സ്ത്രീകള്‍ ആചരിക്കേണ്ടുന്ന ഇദ്ദകാലം കഴിയാറാകുമ്പോള്‍ഭര്‍ത്താവ് രണ്ടിലൊന്ന് ചെയ്യേണ്ടിയിരിക്കുന്നു: ഒന്നുകില്‍ അവളെ വിവാഹ ബന്ധത്തിലേക്ക് മടക്കി എടുത്തു അവളെ വെച്ചുകൊണ്ടിരിക്കുക. അല്ലെങ്കില്‍ മടക്കി എടുക്കാതെപിരിച്ചുവിടുക. മടക്കി എടുക്കുന്നത് ഇദ്ദകാലം കഴിയുംമുമ്പ് എപ്പോഴും ആവാമെന്ന്മുന്‍ വചനങ്ങളില്‍ നിന്ന് മനസ്സിലാക്കിയിട്ടുണ്ടല്ലോ. ഇവിടെ വിഷയം രണ്ട് കാര്യത്തിലാണ്ഊന്നി നില്‍ക്കുന്നത്: ഇദ്ദയുടെ കാലാവധി അവസാനിക്കാറാകുമ്പോഴാണ് രണ്ടിലൊന്ന് അനിവാര്യമായിത്തീരുന്നത്. ഇദ്ദയുടെ അവസരം പാഴാക്കിയാല്‍ മടക്കി എടുക്കുന്ന പ്രശ്‌നം ഇല്ലാതായിത്തീരും. ഇതാണ് ഒന്ന്. മറ്റൊന്ന്: രണ്ടില്‍ ഏത് സ്വീകരിച്ചാലും ശരി, അത് നീതിയും മര്യാദയും അനുസരിച്ചായിരിക്കണം. ഏതെങ്കിലും ദുരുദ്ദേശ്യം വെച്ചുകൊണ്ടോ, ഉപദ്രവവും ബുദ്ധിമുട്ടും ഉണ്ടാകുന്ന തരത്തിലോ ആയിക്കൂടാ എന്നുള്ളതാണ്. ഇക്കാര്യമാണ് ഈ വചനത്തിലെ ഏറ്റവും പ്രധാനമായ വിഷയം. ആദ്യത്തെ ഒന്നുരണ്ട് വാക്യങ്ങള്‍ ഒഴിച്ചാല്‍ മറ്റു വാക്യങ്ങളെല്ലാം ഈ വിഷയത്തെകേന്ദ്രമാക്കിക്കൊണ്ടു ള്ളതാണെന്ന് കാണാം.

ചിലപ്പോള്‍ മടക്കി എടുക്കുന്നതിലായിരിക്കും ഇരുവരുടെയും നന്മ. ചിലപ്പോള്‍ഭാര്യയെ സംബന്ധിച്ചിടത്തോളം അതായിരിക്കും നല്ലത്. ചില സന്ദര്‍ഭങ്ങളില്‍ നേരെമറിച്ചുമായിരിക്കും. പരിതഃസ്ഥിതികളും ചുറ്റുപാടുകളും കണക്കിലെടുത്തുകൊണ്ട് ഏതിലാണ്നന്മയെന്നും, ഏതാണ് കരണീയമെന്നും ആലോചിച്ചു വേണം രണ്ടിലൊന്ന് തീരുമാനിക്കുവാന്‍. അല്‍പം വല്ല വഴക്കും ഉണ്ടാകുമ്പോഴേക്ക് ഭാര്യയെ ത്വലാക്വ് നടത്തുക,എന്നിട്ട് ഇദ്ദ കഴിയുമ്പോഴേക്ക് മടക്കി എടുക്കുക, അധികം താമസിയാതെ മറ്റൊരുകാരണം കിട്ടുമ്പോള്‍ വീണ്ടും ത്വലാക്വ് നടത്തുക, പിന്നെയും മടക്കി എടുക്കുക, അങ്ങനെ രണ്ടുമല്ലാത്ത നിലയില്‍ അവളെ കഷ്ടപ്പെടുത്തുക, അല്ലെങ്കില്‍ മടക്കി എടുത്തശേഷം നല്ല നിലക്ക് പെരുമാറാതിരിക്കുക, ചെയ്തുകൊടുക്കേണ്ടുന്ന ബാധ്യതകളില്‍വീഴ്ച വരുത്തുക, അവസാനം പ്രതിഫലം നിശ്ചയിച്ചുകൊണ്ടുള്ള വിവാഹമോചനത്തിന് (‘ഖുല്‍ഇ’നു) അവള്‍ നിര്‍ബന്ധിതയാകുക തുടങ്ങിയ ദു:സ്സമ്പ്രദായങ്ങളെക്കുറിച്ചുള്ള താക്കീതാണ് وَلاتُمْسِكُوهُنّ ضَرَارًا-الخ (അതിരുകവിയുമാറ് ദ്രോഹം ചെയ്യാനായിട്ട് അവരെ പിടിച്ചുവെക്കരുത്) എന്ന വാക്യം.

ഇത്തരം ഉപദ്രവങ്ങള്‍ ചെയ്യാന്‍ വേണ്ടി സ്ത്രീകളെ മടക്കി എടുക്കരുതെന്ന് വിരോധിച്ചുകൊണ്ട് അല്ലാഹു വിഷയം മതിയാക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് അവനവനോടുതന്നെ ചെയ്യുന്ന അക്രമമാണ്. അഥവാ ഇഹത്തിലും പരത്തിലും അതിന്‍റെ ഭവിഷ്യത്ത്അവരവര്‍തന്നെ അനുഭവിക്കേണ്ടിവരും എന്ന് താക്കീതും ചെയ്യുന്നു. മാത്രമല്ല, അത്അല്ലാഹുവിന്‍റെ ആയത്തുകളെ അവഗണിക്കലും പരിഹസിക്കലുമാണെന്നും അവന്‍റെഅനുഗ്രഹങ്ങളോടും, ക്വുര്‍ആനിലൂടെയോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖാന്തരമോ അവന്‍ നല്‍കിയ സദുപദേശങ്ങളോടും കാണിക്കുന്ന നന്ദികേടുമാണെന്നും സൂചിപ്പിക്കുകയും ചെയ്യുന്നു. അവസാനം അല്ലാഹുവിനെ സൂക്ഷിക്കണമെന്നും, അവന്‍ എല്ലാ രഹസ്യപരസ്യങ്ങളുംഅറിയുന്നവനാണെന്ന് ഓര്‍മവെക്കണമെന്നും ഉണര്‍ത്തുന്നു. അപ്പോള്‍ ഈ വിഷയം എത്രമാത്രം ഗൗരവത്തിലാണ് അല്ലാഹു കണക്കിലെടുത്തിരിക്കുന്നതെന്ന് ആലോചിച്ചു നോക്കുക! ഇതെല്ലാമായിട്ടും ഇന്നത്തെ മുസ്‌ലിംകള്‍ അധികവും ഈ വിഷയത്തില്‍അവലംബിച്ചുപോരുന്ന സമ്പ്രദായം ഓര്‍ക്കുമ്പോള്‍ അതിയായ സങ്കടം തോന്നുന്നു.ഇസ്‌ലാമിലെ വൈവാഹിക വ്യക്തിനിയമങ്ങള്‍ക്കെതിരില്‍ ഇസ്‌ലാമിന്‍റെ ശത്രുക്കള്‍ ഇന്ന്പ്രചാരണം നടത്തുന്നുവെങ്കില്‍, അതിനുള്ള യഥാര്‍ത്ഥ കാരണക്കാര്‍ അല്ലാഹുവിന്‍റെ ഇത്തരം കല്‍പനകളെ അഗണ്യകോടിയില്‍ തള്ളിക്കളയുന്ന മുസ്‌ലിംകള്‍ തന്നെയല്ലാതെമറ്റാരുമല്ല. വൈവാഹിക ജീവിതത്തില്‍ മാത്രമല്ല, മറ്റേത് തുറയിലും അല്ലാഹുവും അവന്‍റെ റസൂലും പഠിപ്പിച്ചും ഉപദേശിച്ചും തന്ന നിയമങ്ങള്‍ അതേപടി പാലിക്കുകയും അവയില്‍അടങ്ങിയ തത്വോദ്ദേശ്യങ്ങ ള്‍ക്ക് നിരക്കാത്ത നടപടികള്‍ വര്‍ജ്ജിക്കുകയും ചെയ്തുകൊണ്ട് മുസ്‌ലിംകള്‍ ജീവിക്കുന്ന ഏതുകാലത്തും, ഏത് ദേശത്തും ഇസ്‌ലാമിന്‍റെ നിയമനടപടികള്‍ക്കെതിരെ പ്രചാരണം നടത്തുവാന്‍ അതിന്‍റെ ശത്രുക്കള്‍ ആയുധം കിട്ടാതെകുഴങ്ങേണ്ടി വരുമെന്ന് തീര്‍ച്ച.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘മൂന്ന് വിഷയങ്ങളുണ്ട്: അതില്‍കാര്യവും കാര്യം തന്നെ തമാശയും കാര്യംതന്നെ. അതായത്, നികാഹും, ത്വലാക്വും (വിവാഹവും, വിവാഹമോചനവും), മടക്കി എടുക്കലും’ (ദാ; തി; ജ.) അതായത് ഈമൂന്ന് വിഷയവും നടക്കുന്നത് കാര്യമായിട്ടായാലും, തമാശയായിട്ടായാലും നിയമപരമായിഅത് സാധുവായിത്തന്നെ ഗണിക്കപ്പെടും- അത് തമാശയായി നടന്നതാണെന്ന് പറഞ്ഞു ഒഴിവാകുവാന്‍ സാധ്യമല്ല- എന്ന് സാരം. ഈ ആശയം വ്യക്തമാക്കുന്ന ഹദീഥുകള്‍ വേറെയും കാണാം.

വിഭാഗം - 30

2:232
 • وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَٰجَهُنَّ إِذَا تَرَٰضَوْا۟ بَيْنَهُم بِٱلْمَعْرُوفِ ۗ ذَٰلِكَ يُوعَظُ بِهِۦ مَن كَانَ مِنكُمْ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۗ ذَٰلِكُمْ أَزْكَىٰ لَكُمْ وَأَطْهَرُ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴾٢٣٢﴿
 • നിങ്ങള്‍ സ്ത്രീകളെ ത്വലാക്വ് [വിവാഹമോചനം] നടത്തിയിട്ട് അവര്‍ അവരുടെ (ഇദ്ദഃയുടെ)അവധി പ്രാപിച്ചാല്‍, അവര്‍ അവരുടെഭര്‍ത്താക്കളെ- തങ്ങള്‍ക്കിടയില്‍(സദാചാര) മര്യാദപ്രകാരം അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍-വിവാഹം ചെയ്യുന്നതില്‍ നിന്ന് നിങ്ങളവരെ മുടക്കിയിടരുത്. ഇത് [ഈ കല്‍പന] മൂലം, നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചുവരുന്നവര്‍ക്ക്സദുപദേശം നല്‍കപ്പെടുകയാണ്. അത് നിങ്ങള്‍ക്ക് ഏറ്റം സംശുദ്ധമായതും, ഏറ്റം വൃത്തിയായതുമാകുന്നു. അല്ലാഹുവിനറിയാം; നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ.
 • وَإِذَا طَلَّقْتُمُ നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍ النِّسَاءَ സ്ത്രീകളെ فَبَلَغْنَ എന്നിട്ടവര്‍ എത്തി(യാല്‍), പ്രാപിച്ചു أَجَلَهُنَّ അവരുടെ അവധി فَلَا تَعْضُلُوهُنَّ എന്നാല്‍ നിങ്ങളവരെ മുടക്കിയിടരുത് أَن يَنكِحْنَ അവര്‍ വിവാഹം ചെയ്യുന്നതിന് (ചെ യ്യുന്നതില്‍ നിന്ന്) أَزْوَاجَهُنَّ
  അവരുടെ ഭര്‍ത്താക്കളെ إِذَا تَرَاضَوْا അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍ بَيْنَهُم അവര്‍ക്കിടയില്‍ بِالْمَعْرُوفِ മര്യാദ (സദാചാരം) അനുസരിച്ച് ذَٰلِكَ അത് يُوعَظُ بِهِ അത് മുഖേന സദുപദേശം ചെയ്യപ്പെടുന്നു مَن كَانَ ആയിട്ടുള്ളവര്‍ക്ക് مِنكُمْ നിങ്ങളില്‍ നിന്ന് يُؤْمِنُ വിശ്വസിക്കുന്നു بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യനാളിലും ذَٰلِكُمْ അത് أَزْكَىٰ لَكُمْ നിങ്ങള്‍ക്ക് ഏറ്റം സംശുദ്ധമായതാണ് وَأَطْهَرُ അധികം വൃത്തിയായതും وَاللَّهُ يَعْلَمُ അല്ലാഹു അറിയുന്നു وَأَنتُمْ നിങ്ങളാകട്ടെ لَا تَعْلَمُونَ നിങ്ങള്‍ അറിയുകയില്ല

വിവാഹ മോചനം നടത്തിയ ഭര്‍ത്താക്കളെയും, വിവാഹ മോചനം നടത്തപ്പെട്ട സ്ത്രീകളുടെകൈകാര്യ കര്‍ത്താക്കളെയും, മറ്റു ഉത്തരവാദപ്പെട്ടവരെയും പൊതുവില്‍ അഭിമുഖീകരിക്കുന്നതാണ് ഈ വചനം. എങ്കിലും സ്ത്രീയുടെ കൈകാര്യം നടത്തുന്ന ബന്ധുക്കളോടാണ് കൂടുതല്‍ ആഭിമുഖ്യമുള്ളത്. രണ്ടാമതായി, ത്വലാക്വ് നടത്തിയ ഭര്‍ത്താക്കളോടും, ഇദ്ദകാല ത്ത് മടക്കി എടുക്കപ്പെട്ടിട്ടില്ലാത്ത സ്ത്രീക്ക് സദാചാര മര്യാദകളെ അതിലംഘിക്കാത്ത വിധം പരസ്പരം തൃപ്തിപ്പെട്ട ഭര്‍ത്താക്കളെ സ്വീകരിക്കുന്നതിന് തടസ്സമുണ്ടാക്കരുതെന്നും, അതിന് തടസ്സം നേരിടുമാറ് അവരെ മുടക്കിയിടുവാന്‍ പാടില്ലെന്നും രണ്ടുകൂട്ടരോടും അല്ലാഹു കല്‍പിക്കുന്നു. اَزْوَاجَهُنّ (അവരുടെ ഭര്‍ത്താക്കളെ) എന്ന് പറഞ്ഞതില്‍, വിവാഹമോചനം നടത്തിയ ആദ്യത്തെ ഭര്‍ത്താക്കളും, പുതുതായിഭര്‍ത്തൃത്വം ഏല്‍ക്കുവാന്‍ മുമ്പോട്ട് വരുന്നവരും ഉള്‍പ്പെടുന്നു. ഇരു ഭാഗത്തുനിന്നുംപരസ്പരം നല്ല നിലക്കുള്ള തൃപ്തി ഉളവായിട്ടുണ്ടോ എന്നുള്ളതാണ് പ്രധാനം.

ബുഖാരീ (റ) മുതലായവര്‍ ഉദ്ധരിച്ച ഒരു സംഭവത്തില്‍നിന്ന് ഈ വചനത്തിലെആശയം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാം. അതിങ്ങനെയാണ്ഃ മഅ്ക്വലു്‌നുയസാര്‍(റ)ന്‍റെ സഹോദരിയെ അവരുടെ ഭര്‍ത്താവ് ത്വലാക്വ് നടത്തി. ഇദ്ദഃ കഴിയുന്നതുവരെമടക്കി എടുക്കാതെ അദ്ദേഹം അവരെ വിട്ടു. പിന്നെ, അദ്ദേഹത്തിന് ആ സ്ത്രീയോടും, സ്ത്രീക്ക് അദ്ദേഹത്തോടും സ്‌നേഹം തോന്നി. പിന്നീട് ആ സ്ത്രീയെ വിവാഹലോചന നടത്തിയവരുടെ കൂട്ടത്തില്‍ അദ്ദേഹവും വിവാഹാലോചന നടത്തുകയുണ്ടായി.അപ്പോള്‍ മഅ്ക്വല്‍ (റ) പറഞ്ഞു: ‘ഹേ, വിഡ്ഢീ! അവളെക്കൊണ്ട് ഞാന്‍ നിന്നെആദരിക്കുകയും, അവളെ ഞാന്‍ നിനക്ക് ഇണയാക്കിത്തരുകയും ചെയ്തു. എന്നിട്ട് നീ അവളെ വിവാഹമോചനം നടത്തുകയാണ് ചെയ്തത്. അല്ലാഹുവിനെത്തന്നെയാണ! എനി, നിന്‍റെ അടുക്കലേക്ക് അവള്‍ ഒരിക്കലും മടങ്ങി വരുകയില്ല!’ മഅ്ക്വല്‍ (റ) പറയുകയാണ്: ‘അപ്പോള്‍, അദ്ദേഹത്തിന് അവളിലേക്കും, അവള്‍ക്ക് അദ്ദേഹത്തിലേക്കുമുള്ള ആവശ്യം അല്ലാഹു അറിഞ്ഞു. അവന്‍ وَإِذَا طَلَّقْتُمُ – الخ എന്നുള്ള (ഈ) വചനംഅവതരിപ്പിച്ചു. എന്‍റെ ഈ വിഷയത്തിലാണ് ഇത് അവതരിച്ചത്.’ (ബു; തി; ജ; ദാ.)

അവതരണഹേതു പ്രത്യേക സംഭവമായിരുന്നാലും ആയത്തിലെ വിധി പൊതുവെയുള്ളത് തന്നെ. അപ്പോള്‍, സദാചാര മര്യാദകള്‍ക്കനുസരിച്ച് പരസ്പരം തൃപ്തിതോന്നിയ ഭര്‍ത്താക്കളെ വിവാഹം കഴിക്കുന്നതിന് സ്ത്രീകളെ അനുവദിക്കാതെ, അവരുടെകൈകാര്യക്കാരോ (വലിയ്യുകളോ) മറ്റാരെങ്കിലുമോ അവരെ കുടുക്കിലാക്കരുതെന്നാണ് ഈ വചനം മുഖേന അല്ലാഹു കല്‍പിക്കുന്നത്. കുലമഹത്വം, പൂര്‍വ്വവൈരം,ദുരഭിമാനം, ദുര്‍വ്വാശി, പ്രതികാര മനഃസ്ഥിതി, സ്വാര്‍ത്ഥതാല്‍പര്യം ആദിയായ കാരണങ്ങളാല്‍, സ്ത്രീകളുടെ കൈകാര്യകര്‍ത്താക്കളും, ചിലപ്പോള്‍ നാട്ടുകാരില്‍ സ്വാധീനശക്തിയുള്ളവരും, ചിലപ്പോള്‍ മുമ്പ് വിവാഹമോചനം നടത്തിയ ഭര്‍ത്താക്കളും, അവരുടെപക്ഷക്കാരുമൊക്കെ ഇങ്ങനെ സ്ത്രീകളെ വിഷമിപ്പിക്കുന്ന സംഭവങ്ങള്‍ സാധാരണമാണ്. മുന്‍ വചനത്തിലെന്ന പോലെ, ഈ വചനത്തിലും ഈ വിഷയത്തിന് അല്ലാഹുകല്‍പിക്കുന്ന പ്രാധാന്യവും, അതിനെ അവഗണിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്നതാക്കീതും നോക്കുക! ‘നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചു വരുന്നവര്‍ക്കാണ് ഇതുമുഖേന സദുപദേശം നല്‍കപ്പെടുന്നത്’ എന്ന് ആദ്യമായിഉണര്‍ത്തുന്നു. ഈ ഉപദേശം സ്വീകരിക്കാതിരിക്കുന്നത് അല്ലാഹുവിലും അന്ത്യദിനത്തിലും ശരിക്ക് വിശ്വസമില്ലാത്തതുകൊണ്ടാണെന്നാണല്ലോ ഇതിന്‍റെ അര്‍ത്ഥം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവര്‍ ഈ ഉപദേശം പാലിക്കാതിരിക്കുകയില്ല എന്ന് സാരം. തുടര്‍ന്നുകൊണ്ട് ‘അതാണ് നിങ്ങള്‍ക്ക് ഏറ്റവും സംശുദ്ധമായതും വെടിപ്പുള്ളതും’ എന്നും പറയുന്നു. ഈ ഉപദേശം വിലവെക്കാതിരുന്നാല്‍ ഇഹത്തിലും പരത്തിലും നിങ്ങള്‍ക്കത് നിന്ദ്യതക്കും അപമാനത്തിനും കാരണമാകും. അതുകൂടാതെ കഴിക്കണമെങ്കില്‍ ഈ ഉപദേശം നിങ്ങള്‍ പാലിക്കേണ്ടതാണെന്ന് സാരം. അവസാനം അല്ലാഹുവിന് എല്ലാം അറിയാം, നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ഗുണദോഷങ്ങളെ സംബന്ധിച്ചുപോലും അറിയുവാന്‍ കഴിയുകയില്ല. അഥവാ അതുകൊണ്ടാണ് ഇത്രയൊക്കെ ഉപദേശിക്കുന്നതും, ഇങ്ങനെയെല്ലാം വിവരിച്ചും തരുന്നതും എന്നുകൂടി ഉണര്‍ത്തിയിരിക്കുന്നു. (وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ) അല്ലാഹുവിന്അവന്‍റെ സൃഷ്ടികളുടെ ഗുണത്തിലുള്ള താല്‍പര്യം എത്ര മഹത്തരം!

2:233
 • وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَـٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَآرَّ وَٰلِدَةٌۢ بِوَلَدِهَا وَلَا مَوْلُودٌ لَّهُۥ بِوَلَدِهِۦ ۚ وَعَلَى ٱلْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوٓا۟ أَوْلَـٰدَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّآ ءَاتَيْتُم بِٱلْمَعْرُوفِ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ ﴾٢٣٣﴿
 • മാതാക്കള്‍ അവരുടെസന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടു കൊല്ലം മുല കൊടുക്കണം; (ഇത്) മുലകുടി (ക്കാലം) പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ളതത്രെ. യാതൊരുവന് (സന്താനം) ജനിച്ചിരിക്കുന്നുവോ അവന്‍റെ മേലാണ്(ആചാര) മര്യാദയനുസരിച്ച് അവരുടെ [മുലകൊടുക്കുന്നവരുടെ] ആഹാരവും, വസ്ത്രങ്ങളും (ബാധ്യത) ഉള്ളത്.ഒരു ദേഹത്തോടും അതിന്‍റെകഴിവ് (അനുസരിച്ച്) അല്ലാതെ ശാസിക്കപ്പെടുകയില്ല.ഒരു മാതാവ് അവളുടെ സന്താനം നിമിത്തമാകട്ടെ, യാതൊരുവനു (സന്താനം) ജനിച്ചുവോ അവന്‍ അവന്‍റെ സന്താനം നിമിത്തമാകട്ടെ, ദ്രോഹംചെയ്യപ്പെട്ടുകൂടാ.അനന്തരാവകാ ശി യായു ള്ളവന്‍റെമേലും അതുപോലെ (ബാധ്യത)യുണ്ട്. എനി, അവര്‍ രണ്ടാളില്‍നിന്നുമുള്ള പരസ്പര തൃപ്തിയോടെയും,കൂടിയാലോചനയോടെയും (മുലകുടി) പിരിക്കുവാന്‍ അവര്‍ രണ്ടാളും ഉദ്ദേശിച്ചുവെങ്കില്‍, അപ്പോള്‍, രണ്ടാളുടെമേലും (അതില്‍) തെറ്റില്ല.നിങ്ങളുടെ സന്താനങ്ങള്‍ക്ക് (മറ്റൊരുവള്‍ മുഖേന) മുലകുടിപ്പിക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിച്ചുവെങ്കില്‍,അപ്പോള്‍, (അതിനും) നിങ്ങളുടെ മേല്‍തെറ്റില്ല; നിങ്ങള്‍ കൊടുക്കുന്നത് (ആചാര) മര്യാദ പ്രകാരം നിങ്ങള്‍ ഏല്‍പിച്ചു കൊടുത്താല്‍.നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍.
 • وَالْوَالِدَاتُ മാതാക്കള്‍, പ്രസവിച്ച സ്ത്രീകള്‍ يُرْضِعْنَ അവര്‍ മുലകൊടുക്കണം أَوْلَادَهُنَّ അവരുടെ കുട്ടി (സന്താനം)കള്‍ക്ക് حَوْلَيْنِ രണ്ട് കൊല്ലം كَامِلَيْنِ പൂര്‍ണമായ لِمَنْ أَرَادَ ഉദ്ദേശിച്ചവര്‍ക്ക് أَن يُتِمَّ പൂര്‍ത്തിയാക്കുവാന്‍ الرَّضَاعَةَ മുല കുടി وَعَلَى الْمَوْلُودِ لَهُ യാതൊരുവന് ജനിച്ചുവോ അവന്‍റെ മേലാണ് رِزْقُهُنَّ അവരുടെ ആഹാരം, ഉപജീവനം وَكِسْوَتُهُنَّ അവരുടെ വസ്ത്രങ്ങളും بِالْمَعْرُوفِ മര്യാദപ്ര കാരം لَا تُكَلَّفُ ശാസിക്കപ്പെടുകയില്ല نَفْسٌ ഒരു ദേഹവും, ആത്മാവും إِلَّا وُسْعَهَا അതിന്‍റെ കഴിവ് (സാധിക്കുന്നത്) അല്ലാതെ لَا تُضَارَّ ദ്രോഹിക്കപ്പെട്ടുകൂടാ, ഉപദ്രവം ഏല്‍പിക്കപ്പെടരുത് وَالِدَةٌ ഒരു മാതാവും بِوَلَدِهَا അവളുടെ കുട്ടി (സന്താനം) നിമിത്തം وَلَا مَوْلُودٌ لَّهُ യാതൊരുവന് ജനിച്ചുവോ അവനും (പിതാവും) പാടില്ല بِوَلَدِهِ അവന്‍റെ കുട്ടി (സന്താനം) കാരണം وَعَلَى الْوَارِثِ അനന്തരാവകാശിയുടെ മേലുമുണ്ട് مِثْلُ ذَٰلِكَ അതുപോലെയുള്ളത് فَإِنْ أَرَادَا എനി അവര്‍ രണ്ടാളും ഉദ്ദേശിച്ചെങ്കില്‍ فِصَالًا (മുലകുടി) പിരിക്കുവാന്‍ عَن تَرَاضٍ പരസ്പര തൃപ്തിയോടെ مِّنْهُمَا അവര്‍ രണ്ടാളില്‍ നിന്നും وَتَشَاوُرٍ അന്യോന്യം ആലോചനയോടെയും فَلَا جُنَاحَ എന്നാല്‍ തെറ്റില്ല, കുറ്റമില്ല عَلَيْهِمَا അവര്‍ രണ്ടാളുടെമേല്‍ وَإِنْ أَرَدتُّمْ നിങ്ങള്‍ ഉദ്ദേശിച്ചെങ്കില്‍ أَن تَسْتَرْضِعُوا നിങ്ങള്‍ മുല കൊടുപ്പിക്കുവാന്‍ أَوْلَادَكُمْ നിങ്ങളുടെ സന്താനങ്ങള്‍ക്ക് فَلَا جُنَاحَ എന്നാല്‍ കുറ്റമില്ല, തെറ്റില്ല عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്ക് إِذَا سَلَّمْتُم നിങ്ങള്‍ ഏല്‍പിച്ചു കൊടുത്താല്‍ مَّا آتَيْتُم നിങ്ങള്‍ കൊടുക്കുന്നത് بِالْمَعْرُوفِ മര്യാദപ്രകാരം, ആചാരമനുസരിച്ച് وَاتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്ന് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ് (എന്ന്)

കഴിഞ്ഞ ചില വചനങ്ങളില്‍ വിവാഹമോചനത്തെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയും കുറിച്ച് പ്രസ്താവിച്ചു. ഈ വചനത്തില്‍ ശിശുക്കളുടെ മുലകുടി സംബന്ധമായിചില കാര്യങ്ങള്‍ വിവരിക്കുന്നു. ശിശുക്കളെ പാലൂട്ടി വളര്‍ത്തുന്ന കാര്യം വൈവാഹിക ജീവിതത്തിന്‍റെ ഒരു വശമാണല്ലോ. ഭാര്യാഭര്‍ത്താക്കള്‍ തമ്മില്‍ വിവാഹമോചനംവഴി വേര്‍പിരിയുമ്പോള്‍ അതൊരു വലിയ പ്രശ്‌നമായിമാറുന്നു. അതുകൊണ്ടാണ് പരമകാരുണികനായ അല്ലാഹു വിവാഹ മോചനം സംബന്ധമായ കാര്യങ്ങളോടൊപ്പം ഇക്കാര്യവുംവിവരിക്കുന്നത്. ഈ വചനത്തിലടങ്ങിയ നിയമ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:-

(1) കുട്ടികളുടെ മാതാക്കളാണ്- അഥവാ കുട്ടികളെ പ്രസവിച്ചവരാണ്- അവര്‍ക്ക്മുലകൊടുക്കേണ്ടത്. ‘മാതാക്കള്‍ അവരുടെ സന്താനങ്ങള്‍ക്ക് മുലകൊടുക്കണം (وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ)’ എന്നാണ് അല്ലാഹു പറഞ്ഞ വാക്ക്. അവര്‍ പ്രസവിച്ചകുട്ടികള്‍ക്ക് അവരാണല്ലോ മുലകൊടുക്കുവാന്‍ ബാദ്ധ്യസ്ഥരും അവകാശപ്പെട്ടവരും എന്നൊരു സൂചന ആ വാക്യത്തില്‍ കാണാം. അപ്പോള്‍ മാതാക്കള്‍ക്ക് അത് നിറവേറ്റുവാന്‍ കഴിയാത്ത സാഹചര്യത്തിലേ മറ്റു മാര്‍ഗങ്ങള്‍ ആരായേണ്ടതുള്ളൂവെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. മുലപ്പാലല്ലാത്ത മറ്റു പാലുകളോ, കൃത്രിമാഹാരങ്ങളോ നല്‍കി ശിശുക്കളെ വളര്‍ത്തുകയും, അമ്മമാര്‍ അവരുടെ യുവത്വവും സൗന്ദര്യവും കാത്തുസൂക്ഷിക്കുകയും ചെയ്തുകൊണ്ട് ആ കൃത്യത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് ഒരുപരിഷ്‌കാരമായി ചിലര്‍ കരുതാറുണ്ട്. പക്ഷേ, ശിശുക്കളുടെ ആരോഗ്യത്തിനും നന്മക്കും- മാതാക്കളുടെ നന്മക്കുതന്നെയും- ഈ പരിഷ്‌കാരം ഹാനി വരുത്തുമെന്നുള്ള വസ്തുത വൈദ്യശാസ്ത്ര വിദഗ്ദ്ധന്‍മാര്‍ക്കിടയില്‍ സമ്മതിക്കപ്പെട്ട ഒരു യാഥാര്‍ത്ഥ്യമാകുന്നു.

(2) പൂര്‍ണമായ രണ്ട് കൊല്ലമാണ് മുലകുടിയുടെ കാലം. മൂന്നോ നാലോ മാസം കഴിയുമ്പോള്‍ മുലപ്പാലിന് പുറമെ മറ്റു ഭക്ഷണങ്ങളും കുറേശ്ശെ കുട്ടി കഴിക്കുമെങ്കിലും അക്കാലത്ത് മുലപ്പാലിന്‍റെ ആവശ്യം കുട്ടിക്ക് ഇല്ലാതാകുന്നില്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ആരോഗ്യശാസ്ത്രം മറ്റാരെക്കാളും അറിയുക അല്ലാഹുവിനാണല്ലോ.

(3) രണ്ടു കൊല്ലക്കാലം എന്ന് പറഞ്ഞത് മുലകുടിയുടെ പരിപൂര്‍ണ കാലമാകുന്നു. അഥവാ, താഴെ പ്രസ്താവിക്കുന്ന ഉപാധികളുള്ളപ്പോള്‍ രണ്ട് കൊല്ലം പൂര്‍ത്തിയാക്കിക്കൊള്ളണമെന്നില്ല. രണ്ടു കൊല്ലത്തിലധികം കാലം മാതാവ് മുലകൊടുക്കുകയോ, അതിന് വേണ്ട ചിലവ് പിതാവ് വഹിക്കുകയോ വേണ്ടതില്ല. രണ്ടു കൊല്ലം തികയുന്നതിന് മുമ്പ് പ്രത്യേക കാരണം കൂടാതെ രണ്ടാള്‍ക്കും അവരവരുടെ ബാധ്യതയില്‍ നിന്ന്സ്വന്തം നിലക്ക് ഒഴിഞ്ഞുമാറാവുന്നതുമല്ല.

മുലകുടിയുടെ കാലം രണ്ടു കൊല്ലമാണെന്ന് നിശ്ചയിക്കപ്പെട്ടതില്‍ നിന്ന് മറ്റൊരുകാര്യം കൂടി ഗ്രഹിക്കുവാന്‍ കഴിയും. മുലകൊടുക്കുന്നത് കുട്ടിയുടെ യഥാര്‍ത്ഥ മാതാവല്ലാത്ത മറ്റുവല്ല സ്ത്രീയുമാണെങ്കില്‍, മുല കുടിച്ച കുട്ടിയും അവളുമായി ആ മുലകുടി നിമിത്തം ഒരു മാതൃബന്ധം ഉണ്ടായിത്തീരുമെന്നും, വിവാഹകാര്യങ്ങളിലും മറ്റും ഈ മുലകുടി ബന്ധം കുടുംബ ബന്ധം പോലെത്ത ന്നെ പരിഗ ണിക്കപ്പെടുമെന്നുമാണല്ലോഇസ്‌ലാമിലെ വിധി. ഈ മുലകുടി ബന്ധം സ്ഥാപിതമാകുന്നത് കുട്ടിക്ക് രണ്ട് വയസ്സ്തികയും മുമ്പായി മുലകുടിക്കുമ്പോള്‍ മാത്രമായിരിക്കുമെന്നും, പിന്നീട് മുലകുടിക്കുന്നതുകൊണ്ട് ഈ ബന്ധം സ്ഥാപിതമാകുകയില്ലെന്നും ഇതില്‍ നിന്ന്- മുലകുടിയുടെപൂര്‍ണമായ കാലം രണ്ടു കൊല്ലമാണ് എന്ന് പറഞ്ഞതില്‍ നിന്ന്- മനസ്സിലാക്കാവുന്നതാണ്. ഭൂരിപക്ഷം പണ്ഡിതന്‍മാരുടെ അഭിപ്രായവും അതാണ്. ഹദീഥിന്‍റെ പിന്‍ബലവും അതിനാണുള്ളത്.

(4) മുലകൊടുക്കുന്ന മാതാക്കള്‍ക്ക് ഭക്ഷണത്തിനും വസ്ത്രങ്ങള്‍ക്കുമുള്ള വകനല്‍കേതുണ്ട്. കുട്ടി ആര്‍ക്ക് ജനിച്ചുവോ അവനാണ്- പിതാവാണ്- അത് നല്‍കുവാന്‍ ബാദ്ധ്യസ്ഥന്‍. രണ്ടു പേരും വിവാഹ ബന്ധത്തിലുള്ളപ്പോള്‍ കുട്ടിമുലകുടിക്കുവാനില്ലെങ്കിലും അത് ഭര്‍ത്താവിന്‍റെ കടമയാകുന്നു. വിവാഹ ബന്ധം നിലവിലില്ലാത്തപ്പോള്‍കുട്ടിക്ക് മുലകൊടുത്ത് വളര്‍ത്തിപ്പോരുവാന്‍ അവള്‍ മിനക്കെടുന്നതിന്‍റെ പേരിലും,അക്കാലത്ത് വേറെ ഉപജീവന മാര്‍ഗങ്ങളില്‍ പ്രവേശിക്കുവാന്‍ വേണ്ടത്ര സമയവും സൗകര്യവും അവള്‍ക്ക് ഉണ്ടായിരിക്കാത്തതിന്‍റെ പേരിലും അവള്‍ക്ക് നല്‍കപ്പെടുന്ന ഒരു ആനുകൂല്യവും അവകാശവുമാണത്. എന്നല്ലാതെ, തന്‍റെ കുട്ടിക്ക് മുലകൊടുക്കുന്നതിനുള്ള ഒരു നിശ്ചിത പ്രതിഫലമോ, കൂലിയോ എന്ന നിലക്കല്ല അത്. അല്ലാഹുപറഞ്ഞ വാക്കുകളില്‍നിന്നുതന്നെ ഇത് മനസ്സിലാക്കാവുന്നതാകുന്നു. പിതാവിന്‍റെ ബാദ്ധ്യതകളാണിത് എന്ന് പറയാതെ, കുട്ടി ഏതൊരുവന് ജനിച്ചുവോ അവന്‍റെ ബാദ്ധ്യതയാണ് (وَعَلَى الْمَوْلُودِ لَهُ – الخ) എന്ന് പറഞ്ഞതും അര്‍ത്ഥവത്താണ്. അവന് ജനിച്ചകുട്ടിയെ മുലകൊടുത്ത് വളര്‍ത്തുവാന്‍വേണ്ടുന്ന ചിലവുകള്‍ ചെയ്യേണ്ടത് സ്വാഭാവികമായുംഅവനാണ് എന്നത്രെ ഇത് സൂചിപ്പിക്കുന്നത്.

(5) ഭക്ഷണത്തിനും വസ്ത്രത്തിനും നല്‍കപ്പെടേണ്ടുന്ന തുകയോ അളവോ നിര്‍ണയിക്കപ്പെട്ടിട്ടില്ല. സാധാരണ നിലക്ക് മര്യാദയായി കരുതപ്പെടുന്ന അളവില്‍ (بِالْمَعْرُوفِ) എന്നേയുള്ളൂ. അഥവാ കഷ്ടപ്പെടാതെയും, മറ്റുള്ളവരെ ആശ്രയിക്കാതെയും അവളുടെ ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും കാര്യം ഇതുമുഖേന അവള്‍ക്ക് ലഭിക്കണം. രണ്ടുകൂട്ടരുടെയും കഴിവ്, ജീവിതമാര്‍ഗം. ജീവിതരീതി, കുടുംബനില, നാടിന്‍റെയും കാലത്തിന്‍റെയും പരിതഃസ്ഥിതി ഇതെല്ലാം അനുസരിച്ച് ഇതിന്‍റെ അളവും തോതും വ്യത്യാസപ്പെടുന്നതാണ്. തമ്മില്‍ തര്‍ക്കം നേരിടുന്നപക്ഷം മദ്ധ്യസ്ഥന്‍മാര്‍ മുഖേനയോ, അധികാരസ്ഥന്‍മാര്‍ മുഖേനയോ സംഖ്യയും തോതും നിര്‍ണയിക്കാവുന്നതാണ്. ഓരോരുത്തന്‍റെയും കഴിവും ബാധ്യതയും അനുസരിച്ചേ അവന്‍ നല്‍കേണ്ടതുള്ളുതാനും.

(6) കഴിവിനപ്പുറം നല്‍കുവാന്‍ പിതാവിനോടോ, അത്യാവശ്യത്തില്‍ കുറഞ്ഞതുകൊണ്ട് മതിയാക്കുവാന്‍ മാതാവിനോടോ നിര്‍ബന്ധിക്കുവാനും പാടില്ലാത്തതാകുന്നു.ഇക്കാര്യം ഇക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടിയിരിക്കുന്നു. പിതാവിന്‍റെ കഴിവും ഞെരുക്കവും പരിഗണിക്കപ്പെടാതെ കഴിയുന്നത്ര വലിയ സംഖ്യ വിധിച്ചു കിട്ടുവാന്‍വേണ്ടി മാതാവിന്‍റെ ഭാഗക്കാരും, നേരെമറിച്ച് മാതാവിന് നല്‍കേണ്ടുന്ന സംഖ്യയില്‍നിന്ന് കഴിവതും ഒഴിവായിക്കിട്ടുവാന്‍ വേണ്ടി പിതാവിന്‍റെ ഭാഗക്കാരും കൃത്രിമ രേഖകളുമായി കോടതികളെ സമീപിക്കല്‍ ഇക്കാലത്ത് പലരുടെയും പതിവാണല്ലോ.

(7) ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള തുക കൊടുക്കുന്നതിലും വാങ്ങുന്നതിലും മാത്രമല്ല, മറ്റുള്ള കാര്യങ്ങളിലും തന്നെ മുലകുടിക്കുന്ന കുട്ടിമൂലം മാതാവിനോ പിതാവിനോ ഉപദ്രവം ഉണ്ടാക്കാവതല്ല. കുട്ടിയെ തനിക്ക് വിട്ടുകിട്ടാതെ, അല്ലെങ്കില്‍ ചിലവിനുള്ള വക നല്‍കപ്പെടാതെ, അല്ലെങ്കില്‍ തനിക്ക് വിവാഹത്തിലേര്‍പ്പെടുവാന്‍ നിവൃത്തിയില്ലാതെ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളൊന്നും കുട്ടിമൂലം മാതാവിന് വരുത്തുവാന്‍ പാടില്ല. കുട്ടിയെ ഏറ്റുവാങ്ങാതെ, കഴിവില്‍ കവിഞ്ഞ സംഖ്യ ആവശ്യപ്പെട്ടുകൊണ്ട്, കുട്ടിയെ കാണുവാന്‍ പോലും അനുവദിക്കാതെ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളൊന്നുംപിതാവിനും വരുത്തുവാന്‍ പാടില്ല. രണ്ടു പേരും വിവാഹ ബന്ധത്തിലായിരിക്കുമ്പോഴും ഇത്തരം കാര്യങ്ങളെല്ലാം സൂക്ഷിക്കേണ്ടത് തന്നെ. എങ്കിലും വിവാഹ ബന്ധം നിലവിലില്ലാത്തപ്പോള്‍ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ടല്ലോ.

(8) അനന്തരാവകാശികള്‍ക്കും മേല്‍പറഞ്ഞതുപോലെയുള്ള ബാധ്യതയുണ്ട്. (وَعَلَى الْوَارِثِ مِثْلُ ذَٰلِكَ) ഈ വാക്യത്തിന്‍റെ അര്‍ത്ഥവ്യാഖ്യാന ങ്ങളില്‍ ഒന്നിലധികം അഭിപ്രായ വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. അനന്തരാവകാശി (الوَارث) എന്ന് പറഞ്ഞത് പിതാവിന്‍റെ അവകാശികളെ ഉദ്ദേശിച്ചും, അവകാശികളില്‍തന്നെ മാതാപിതാക്കള്‍പോലെയുള്ള അടുത്ത അവകാശി (العصبة)കളെ ഉദ്ദേശിച്ചും ആയിരിക്കുവാന്‍ സാധ്യതയുള്ളതാണ് ഈ അഭിപ്രായ ഭിന്നിപ്പിന് പ്രധാന കാരണം. ‘അതുപോലെയുള്ളത് (مِثْلُ ذَلِكَ)’ എന്ന് പറഞ്ഞതില്‍ മുമ്പ് പറഞ്ഞ എല്ലാ ബാധ്യതകളും ഉള്‍പെടുവാനും, അതിന്‍റെ തൊട്ടുമുമ്പ് പറഞ്ഞ കാര്യം- മാതാവിനും പിതാവിനും കുട്ടിമൂലംദ്രോഹം ഉണ്ടാകാവതല്ല എന്നുള്ളത്- മാത്രം ഉദ്ദേശിക്കപ്പെട്ടിരിക്കുവാനും സാധ്യതയുണ്ട്. ഇതാണതിന് മറ്റൊരു കാരണം. ഈ ഓരോ ബാധ്യതയെയും അടിസ്ഥാനമാക്കി ആ ഒരൊറ്റ ചെറുവാക്യത്തില്‍ നിന്ന് ശാഖോപശാഖകളായ പല കാര്യങ്ങളും കര്‍മശാസ്ത്ര നിയമങ്ങളില്‍ വിവരിക്കപ്പെട്ടു കാണാം. ഇത് സംബന്ധിച്ച് സയ്യിദ് റശീദുരിദ്വാ (റ) ‘തഫ്‌സീറുല്‍മനാറി’ല്‍ പ്രസ്താവിച്ചതാണ് നമുക്കും ഇവിടെ പറയുവാനുള്ളത്. അതായത്, ഇത്രയും വിപുലമായ അര്‍ത്ഥസാധ്യതയുള്ള ഈ വാചകം അല്ലാഹു ഇവിടെ ഉപയോഗിച്ചതിന്‍റെ രഹസ്യം, ഒരുപക്ഷേ അവയെല്ലാം അതില്‍ ഉള്‍ക്കൊണ്ടിരിക്കണമെന്നുള്ളത് തന്നെയായിരിക്കും. (അല്ലാഹുവിനറിയാം.) ഒരു കാര്യം ധൈര്യമായി പറയാം: പിതാവോ മാതാവോ ജീവിച്ചിരിപ്പില്ലെങ്കില്‍, അല്ലെങ്കില്‍ രോഗം കൊണ്ടോ മറ്റോ ജീവിച്ചിരിപ്പില്ലാത്ത ഫലത്തിലാണെങ്കില്‍, ഇരുകൂട്ടരുടെയും ബന്ധപ്പെട്ടവര്‍ കുട്ടിയുടെ കാര്യത്തില്‍ വേണ്ടതുചെയ്യേതുണ്ട്.

(9) രണ്ടു കൊല്ലമാണ് മുലകുടിയുടെ കാലം എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ വല്ലപരിതഃസ്ഥിതിയും നിമിത്തം മാതാപിതാക്കള്‍ തമ്മില്‍ കൂടിയാലോചിച്ചു പരസ്പരം തൃപ്തിയോടെ കുട്ടിയുടെ മുലകുടി അതിന് മുമ്പ് തന്നെ നിര്‍ത്തണമെന്ന് തീരുമാനിക്കുന്നതിന് വിരോധമില്ല. പക്ഷേ, തീരുമാനം ഏകപക്ഷീയമാകരുത്. കാരണം, തന്‍റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍വേണ്ടി മാതാവും, തന്‍റെ ബാദ്ധ്യതകളില്‍നിന്ന് മുക്തി ലഭിക്കുവാന്‍ പിതാവും ചിലപ്പോള്‍ ധൃതികൂട്ടിയെന്ന് വരും. കുട്ടിയെ സംബന്ധിച്ചിടത്തോളംഅത് ദോഷകരവുമായിരിക്കും. രണ്ട് ഭാഗത്തു നിന്നുമുള്ള പൂര്‍ണസമ്മതത്തോടെയാകുമ്പോള്‍- ഇന്നത്തെപ്പോലെ സ്വന്തം കുഞ്ഞുങ്ങളോടുപോലും കരുണതോന്നാത്തമൃഗീയ പരിഷ്‌കാരത്തിന്‍റെ ലഹരി ബാധിക്കാത്ത മാതാപിതാക്കളാണെങ്കില്‍- തങ്ങളുടെ കുട്ടിയുടെ നന്മകൂടി കണക്കിലെടുത്തുകൊണ്ടേ ആ തീരുമാനമുണ്ടാകാവൂ.

(10) കുട്ടിയുടെ നന്മയോ, മാതാവിന്‍റെ വിഷമതയോ പിതാവിന്‍റെ പരിതഃസ്ഥിതികളോപരിഗണിച്ച് മാതാവല്ലാത്ത മറ്റു വല്ല സ്ത്രീകളെയും കുട്ടിക്ക് മുല കൊടുത്തു വളര്‍ത്തുവാന്‍ ഏല്‍പിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് കുറ്റമില്ല. ഇക്കാര്യത്തില്‍ ഇവിടെ അല്ലാഹുപ്രത്യേക ഉപാധികളൊന്നും പറഞ്ഞു കാണുന്നില്ല. എങ്കിലും, മാതാവിന്‍റെ അനുമതികൂടാതെ പിതാവോ, പിതാവിന്‍റെ സമ്മതമില്ലാതെ മാതാവോ അങ്ങനെ ചെയ്യുവാന്‍പാടില്ലെന്ന് മേല്‍ വിവരിച്ച വസ്തുതകളില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. സൂ: ത്വലാക്വ് 6ല്‍ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَىٰ (നിങ്ങള്‍ പരസ്പരം ഞെരുക്കം പ്രകടിപ്പിക്കുന്നപക്ഷം അവന്- ഭര്‍ത്താവിന്- വേണ്ടി മറ്റൊരു സ്ത്രീ മുല കൊടുക്കാം) എന്ന് പ്രസ്താവിച്ചിട്ടുള്ളതും ശ്രദ്ധേയമാകുന്നു. ഈ വിഷയം ഇവിടെയും സൂ:ത്വലാക്വിലും പിതാക്കളെ അഭിമുഖീകരിച്ചുകൊണ്ടാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. കുട്ടിയുടെ നന്മയെപ്പറ്റി ഗൗനിക്കേണ്ടുന്ന ബാദ്ധ്യതയില്‍ പിതാക്കള്‍ക്കാണ് മുന്‍ഗണനയെന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്.

(11) മറ്റൊരു സ്ത്രീയാണ് കുട്ടിക്ക് മുലകൊടുക്കുന്നതെങ്കില്‍ അവള്‍ക്കും സാധാരണ ആചാരമര്യാദയനുസരിച്ചുള്ള വേതനം ലോഭം കൂടാതെ നല്‍കേണ്ടതാണ്. അതില്‍പിശുക്ക് പിടിക്കുകയോ, അമാന്തം വരുത്തുകയോ ചെയ്തുകൂടാ. ഇത് സ്വന്തം കുട്ടിക്ക്തന്നെ ദോഷമായി ഭവിക്കുന്നതിന് പുറമെ ആ കുട്ടിയെ വളര്‍ത്തുന്ന മാതാവിനോട് ചെയ്യുന്ന അനീതിയുമായിരിക്കുമല്ലോ.

(12) അവസാനമായി- ഇങ്ങനെയുള്ള നിയമോപദേശങ്ങള്‍ വിവരിച്ച ശേഷം പലപ്പോഴും അല്ലാഹു ഉണര്‍ത്താറുള്ളതു പോലെ മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം ശരിക്കും പാലിച്ചുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കണമെന്നും, അതില്‍ വീഴ്ചയോ, കൃത്രിമമോനടത്തുന്നത് അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും ഓര്‍മിപ്പിക്കുന്നു.

2:234
 • وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا ۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِىٓ أَنفُسِهِنَّ بِٱلْمَعْرُوفِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴾٢٣٤﴿
 • നിങ്ങളില്‍ നിന്ന് യാതൊരുകൂട്ടര്‍ മരിക്കുകയും, ഭാര്യമാരെ വിട്ടേച്ചു പോകുകയും ചെയ്യുന്നുവോ, (അവരുടെ ശേഷം) അവര്‍ [ആ ഭാര്യമാര്‍] അവരുടെ ദേഹങ്ങളുമായി നാലുമാസവും ഒരു പത്തും [പത്ത്ദിവസവും] കാത്തിരിക്കണം.എന്നിട്ട്, അവര്‍ തങ്ങളുടെ അവധി പ്രാപിച്ചാല്‍, അപ്പോള്‍ അവര്‍ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തില്‍ (ആചാര) മര്യാദയനുസരിച്ച് ചെയ്യുന്നതില്‍ നിങ്ങളുടെ മേല്‍ തെറ്റില്ല.അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
 • وَالَّذِينَ യാതൊരു കൂട്ടര്‍ يُتَوَفَّوْنَ അവര്‍ മുഴുവനുമായി പിടിച്ചെടുക്ക പ്പെടുന്നു (മരിക്കുന്നു) مِنكُمْ നിങ്ങളില്‍ നിന്ന് وَيَذَرُونَ അവര്‍ വിട്ടേക്കുകയും ചെയ്യുന്നു أَزْوَاجًا ഇണകളെ (ഭാര്യമാരെ) يَتَرَبَّصْنَ ആ സ്ത്രീകള്‍ കാത്തിരിക്കണം بِأَنفُسِهِنَّ അവരുടെ ദേഹങ്ങളുമായി, സ്വന്തങ്ങളും കൊണ്ട് أَرْبَعَةَ أَشْهُرٍ നാലു മാസങ്ങള്‍ وَعَشْرًا ഒരു പത്തും (പത്തുദിവസവും) فَإِذَا بَلَغْنَ എന്നിട്ട് അവര്‍ എത്തിയാല്‍, പ്രാപിച്ചാല്‍ أَجَلَهُنَّ അവരുടെ അവധി فَلَا جُنَاحَ അപ്പോള്‍ തെറ്റില്ല عَلَيْكُمْ നിങ്ങളുടെ മേല്‍ فِيمَا فَعَلْنَ അവര്‍ ചെയ്യുന്നതില്‍ فِي أَنفُسِهِنَّ അവരുടെ സ്വന്തം (കാര്യ)ങ്ങളില്‍, ദേഹങ്ങളെപ്പറ്റി بِالْمَعْرُوفِ മര്യാദ (ആചാര) പ്രകാരം وَاللَّهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണ്

تَوَفي (തവഫ്ഫാ) എന്നാല്‍ ‘നിറവേറ്റുക, പൂര്‍ത്തിയാക്കുക, മുഴുവന്‍ എടുക്കുക’എന്നൊക്കെയാണ് വാക്കര്‍ത്ഥം. ഒരാള്‍ മരണപ്പെടുന്നത് അയാളുടെ ആയുഷ്‌കാലംഅല്ലാഹു പൂര്‍ത്തിയാക്കുമ്പോഴാണല്ലോ. അതുകൊണ്ട് ‘മരണപ്പെടുക’ എന്ന ഉദ്ദേശ്യത്തില്‍ ആ ധാതുവില്‍ നിന്നുള്ള പദങ്ങള്‍ ഉപയോഗിക്കപ്പെടുക സാധാരണമാണ്. മരണപ്പെടുക എന്ന അര്‍ത്ഥത്തില്‍ ‘കാലം കഴിഞ്ഞു, കാലഗതി പ്രാപിച്ചു’ എന്നും മറ്റും മലയാളത്തില്‍ പറയപ്പെടാറുള്ളതുപോലെ അറബിയിലുള്ള ഒരു പ്രയോഗമാണിത്. عشر (അശ്ര്‍) എന്ന വാക്കിന് ‘പത്ത്’ എന്നേ വാക്കര്‍ത്ഥമുള്ളുവെങ്കിലും ഉദ്ദേശ്യം പത്തുദിവസം എന്നാകുന്നു. ദിവസങ്ങളാണുദ്ദേശ്യമെന്ന് മനസ്സിലാക്കാവുന്ന സന്ദര്‍ഭങ്ങളില്‍എണ്ണം പറഞ്ഞു മതിയാക്കല്‍ അറബിയില്‍ പതിവുള്ളതാണ്. (20:103 ലും ഇങ്ങനെ ഉപയോഗിച്ചു കാണാം.)

ഭര്‍ത്താക്കള്‍ കാലഗതി പ്രാപിക്കുമ്പോള്‍, അവരുടെ ഭാര്യമാര്‍ നാലുമാസവും പത്തുദിവസവും ഇദ്ദഃ ആചരിക്കേതുണ്ട്. അതുകഴിഞ്ഞാല്‍ അവര്‍ക്ക് സദാചാര മര്യാദകള്‍ക്ക് വിരുദ്ധമല്ലാത്തവിധം അവരുടെ ഭാവി കാര്യം തീരുമാനിക്കാവുന്നതാണ്. അതില്‍അവരെ മുടക്കം ചെയ്യാന്‍ പാടില്ല. അവര്‍ക്ക് ഇഷ്ടപ്പെട്ട ഭര്‍ത്താക്കളെ സ്വീകരിക്കുകയോ,തല്‍ക്കാലം വിവാഹം വേണ്ടെന്നുവെക്കുകയോ യുക്തംപോലെ ചെയ്യാം എന്ന് സാരം. ഇദ്ദ കാലങ്ങളില്‍ വിവാഹവും വിവാഹാലോചനയും വിരോധിക്കപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിന്‍റെ മരണത്തെത്തുടര്‍ന്നുള്ള ഈ ഇദ്ദയില്‍ സൗന്ദര്യാലങ്കാരങ്ങള്‍ ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു. വിലക്കുകളെല്ലാം ഇദ്ദയോടൊപ്പം അവസാനിക്കുന്നു.

ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഒരു കൊല്ലം വരെ സ്ത്രീകള്‍ അതി ദയനീയമായ നിലയില്‍ ദുഃഖാചരണം നടത്തുന്ന സമ്പ്രദായമായിരുന്നു ജാഹിലിയ്യാ കാലത്തുണ്ടായിരുന്നത്. അതുവരെ നിന്ദ്യവും മലിനവുമായ വസ്ത്രം ധരിച്ചു കൂട്ടുകുടുംബങ്ങളുമായിസമ്പര്‍ക്കം പാടില്ലാതെ, വല്ല കുടിലിലോ മറ്റോ വീട്ടുമൃഗങ്ങള്‍ കണക്കെ കഴിഞ്ഞുകൂടേണ്ടിയിരുന്നു. അതോടൊപ്പം കുറേ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആചരിക്കുകയും വേണ്ടിയിരുന്നു. ഇസ്‌ലാമാകട്ടെ, ഇദ്ദയുടെ കാലം അതിന്‍റെ മൂന്നിലൊന്നാക്കി ചുരുക്കുകയും ദു:ഖാചരണത്തിലെ നിരര്‍ത്ഥകമായ മാമൂലുകളെല്ലാം ഇല്ലാതാക്കുകയുംചെയ്തു. സൗന്ദര്യാലങ്കാരങ്ങളില്‍ നിന്നും വിവാഹാലോചനകളില്‍ നിന്നും ഒഴിവായാല്‍ മതിയെന്നും നിശ്ചയിച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീയും തന്നെ ഭര്‍ത്താവിന്‍റെ പേരില്‍ നാലുമാസവും പത്തുദിവസവുമല്ലാതെ- മറ്റാരെങ്കിലും മരണപ്പെട്ടതിന്‍റെ പേരില്‍ മൂന്നിലധികം ദിവസം- ദുഃഖാചരണം നടത്തുന്നത് അനുവദനീയമാകുകയില്ല.’ (ബു; മു.)

ഭര്‍ത്താവിന്‍റെ മരണത്തെത്തുടര്‍ന്നുള്ള ഇദ്ദഃ നാലുമാസവും പത്ത് ദിവസവുമാണെന്നുള്ളതില്‍ സ്ത്രീകളുടെ ചെറുപ്പവലിപ്പമോ, സംയോഗം നടന്നിട്ടുണ്ടോ ഇല്ലേ എന്നോ മറ്റോ ഉള്ള വ്യത്യാസമൊന്നുമില്ലെന്നാണ് ആയത്തില്‍ നിന്ന് വരുന്നത്. വിശദാംശങ്ങളില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട് താനും. എന്നാല്‍ വിധിയില്‍ നിന്ന് ഗര്‍ഭിണികള്‍ ഒഴിവാണെന്നും, അവരുടെ ഇദ്ദ ഗര്‍ഭം പ്രസവിക്കുന്നതുവരെ മാത്രമാണെന്നും സൂ: ത്വലാക്വ് 4-ാം വചനത്തില്‍ നിന്ന് വ്യക്തമാണ്. സഅ്ദു്‌നുഖൗലഃ (റ) മരണമടയുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ സുബൈഇയ്യഃ (سُبيعِية) ഗര്‍ഭിണിയായിരുന്നെന്നും അധികം താമസിയാതെ അവര്‍ പ്രസവിക്കുകയും അതോടെ അവരുടെ ഇദ്ദഅവസാനിച്ചതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിധികൊടുക്കുകയും ചെയ്തുവെന്നും ബുഖാരിയും,മുസ്‌ലിമും രേഖപ്പെടുത്തിയിട്ടുമുണ്ട്. വിവാഹമോചനത്തിനും, ഭര്‍ത്താവിന്‍റെ മരണത്തിനും ശേഷം സ്ത്രീകള്‍ ഇദ്ദ ആചരിക്കാന്‍ നിയമിച്ചതിലടങ്ങിയ ഒരു പ്രധാന ഉദ്ദേശ്യം അവര്‍ക്ക് ഗര്‍ഭമുണ്ടോ എന്നറിയുകയാണ്. അതാകട്ടെ സാധാരണ ഗതിയില്‍ മൂന്നുനാല് മാസം കൊണ്ട് അറിയപ്പെടുകയും ചെയ്യും. എന്നിരിക്കെ, നാലുമാസവും പത്തുദിവസവുമെന്ന് ഇവിടെ ഇദ്ദ കാലം കൃത്യമായി നിയമിച്ചതിന്‍റെ രഹസ്യമെന്താണെന്ന്നമുക്ക് അറിഞ്ഞുകൂടാ. അല്ലാഹുവിനറിയാം എന്ന് മാത്രമേ നമുക്ക് പറയുവാന്‍ സാധിക്കയുള്ളൂ. ഇതുപോലെ, നമസ്‌കാരത്തിന്‍റെ എണ്ണം, സകാത്തിന്‍റെ തോത്, ചില ദിക്‌റുകളുടെ എണ്ണം എന്നിങ്ങനെ പലതിന്‍റെയും നിര്‍ണയത്തിലടങ്ങിയ യുക്തി രഹസ്യം നമുക്കറിഞ്ഞു കൂടാത്തതായുണ്ട്. ചിലതില്‍ ചില തത്വങ്ങള്‍ അടങ്ങിയതായി ഊഹിക്കുവാന്‍ നമുക്ക് കഴിയുമെന്നല്ലാതെ വസ്തുനിഷ്ഠമായി അവയെപ്പറ്റി തീരുമാനിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ക്ക് تَعبدى (‘തഅബ്ബുദീ’ – ആരാധനാപരമായ കാര്യം) എന്ന് പറയപ്പെടുന്നു. ഈ ഇദ്ദയോട് ബന്ധപ്പെട്ട ചില കാര്യങ്ങള്‍കൂടി അടുത്ത വചനത്തില്‍ അല്ലാഹു തുടര്‍ന്നു പറയുന്നു:

2:235
 • وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِۦ مِنْ خِطْبَةِ ٱلنِّسَآءِ أَوْ أَكْنَنتُمْ فِىٓ أَنفُسِكُمْ ۚ عَلِمَ ٱللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَـٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُوا۟ قَوْلًا مَّعْرُوفًا ۚ وَلَا تَعْزِمُوا۟ عُقْدَةَ ٱلنِّكَاحِ حَتَّىٰ يَبْلُغَ ٱلْكِتَـٰبُ أَجَلَهُۥ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِىٓ أَنفُسِكُمْ فَٱحْذَرُوهُ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ حَلِيمٌ ﴾٢٣٥﴿
 • (ആ) സ്ത്രീകളുടെ വിവാഹാര്‍ത്ഥനസംബന്ധിച്ച് നിങ്ങള്‍ (വല്ലതും) സൂചന നല്‍കുകയോ, അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ ഒളിച്ചുവെക്കുകയോ ചെയ്യുന്നതില്‍ നിങ്ങളുടെ മേല്‍ തെറ്റില്ല.നിങ്ങള്‍ വഴിയേ അവരെ ഓര്‍ത്തേക്കുന്നതാണെന്ന് അല്ലാഹുവിനറിയാം. എങ്കിലും, നിങ്ങള്‍ അവരോട് രഹസ്യമായി (ഒരു) വാഗ്ദാനം നടത്തരുത്;- നിങ്ങള്‍ മര്യാദയുള്ള വല്ലവാക്കും പറയുക എന്നുള്ളതല്ലാതെ. നിയമം അതിന്‍റെ അവധിയിലെത്തുന്നതുവരേക്കും വിവാഹ ബന്ധം നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്യരുത്.അല്ലാഹു നിങ്ങളുടെ മനസ്സുകളിലുള്ളത് അറിയുമെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക. ആകയാല്‍, നിങ്ങള്‍അവനെ ശ്രദ്ധിച്ചു (കാത്തു) കൊള്ളുവിന്‍. അല്ലാഹു വളരെ പൊറുക്കുന്നവനും, സഹനശീലനു മാണെന്ന്നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍.
 • وَلَا جُنَاحَ عَلَيْكُمْ നിങ്ങളുടെ മേല്‍ തെറ്റില്ല فِيمَا യാതൊന്നില്‍, ഒരു കാര്യത്തില്‍ عَرَّضْتُم بِهِ അതിനെപ്പറ്റി നിങ്ങള്‍ സൂചന നല്‍കി مِنْ خِطْبَةِ വിവാഹാര്‍ത്ഥന സംബന്ധിച്ച് النِّسَاءِ (ആ) സ്ത്രീകളുടെ أَوْ أَكْنَنتُمْ അല്ലെങ്കില്‍ നിങ്ങള്‍ ഒളിച്ചു (മറച്ചു) വെച്ചു فِي أَنفُسِكُمْ നിങ്ങളുടെ സ്വന്തങ്ങളില്‍ (മനസ്സുകളില്‍) عَلِمَ اللَّهُ അല്ലാഹുവിനറിയാം أَنَّكُمْ നിങ്ങള്‍ (ആകുന്നു) എന്ന് سَتَذْكُرُونَهُنَّ വഴിയെ നിങ്ങള്‍ അവരെ ഓര്‍മിക്കും وَلَٰكِن എങ്കിലും لَّا تُوَاعِدُوهُنَّ നിങ്ങളവരോട് വാഗ്ദാനം നടത്തരുത് سِرًّا രഹസ്യമായി, സ്വകാര്യത്തില്‍ إِلَّا أَن تَقُولُوا നിങ്ങള്‍ പറയുന്നതൊഴികെ قَوْلًا വല്ല വാക്കും مَّعْرُوفًا മര്യാദയായ (മിതമായ) وَلَا تَعْزِمُوا നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുക (ഉറപ്പിക്കുക)യും അരുത് عُقْدَةَ النِّكَاحِ വിവാഹ ബന്ധത്തെ حَتَّىٰ يَبْلُغَ എത്തുന്നതുവരേക്ക് الْكِتَابُ നിയമം, രേഖ أَجَلَهُ അതിന്‍റെ അവധി وَاعْلَمُوا നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّ اللَّهَ يَعْلَمُ അല്ലാഹു അറിയുന്നതാണെന്ന് مَا فِي أَنفُسِكُمْ നിങ്ങളുടെ മനസ്സുകളിലുള്ളത് فَاحْذَرُوهُ അതിനാല്‍ നിങ്ങളവനെ ശ്രദ്ധിച്ചു കാക്കുവിന്‍ وَاعْلَمُوا നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്ന് غَفُورٌ വളരെ പൊറുക്കുന്നവന്‍ حَلِيمٌ സഹനശീലന്‍

كِتَابُ (നിയമം) കൊണ്ട് ഇവിടെ വിവക്ഷ ഇദ്ദഃയാകുന്നു. ഭര്‍ത്താക്കളുടെ മരണത്തെത്തുടര്‍ന്ന് ഇദ്ദഃയിലിരിക്കുന്ന സ്ത്രീകളുടെ നിശ്ചിതകാലം അവസാനിക്കും മുമ്പായിഅവരോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയോ, വിവാഹത്തെക്കുറിച്ച് രഹസ്യമായി വല്ലവാഗ്ദാനങ്ങളും നടത്തുകയോ, ഇദ്ദഃ കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് നിശ്ചയം ചെയ്യുകയോ പാടില്ലെന്ന് അല്ലാഹു ഈ വചനം മുഖേന കല്‍പ്പിക്കുന്നു. എന്നാല്‍, സംഗതി തുറന്നു പറയാതെ, വല്ല സൂചനാവാക്കും പറയുകയോ, ഇദ്ദഃ കഴിഞ്ഞാല്‍വിവാഹം കഴിക്കാമെന്ന് മനസ്സില്‍വെച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നതിന് വിരോധമില്ലെന്നും പ്രസ്താവിക്കുന്നു. ഈ വിഷയത്തില്‍, മടക്കി എടുക്കുവാന്‍ സാദ്ധ്യമല്ലാത്തനിലക്കുള്ള വിവാഹമോചനത്തെത്തുടര്‍ന്ന് ഇദ്ദഃ ആചരിക്കുന്നവരും, ഭര്‍ത്താവിന്‍റെ മരണശേഷം ഇദ്ദഃയിലായിരിക്കുന്നവരും ഒരു പോലെയാകുന്നു. എന്നാല്‍ മടക്കി എടുക്കുവാന്‍ സാദ്ധ്യതയുള്ള വിവാഹമോചനത്തിന്‍റെ ഇദ്ദഃയിലിരിക്കുന്ന സ്ത്രീകളോട് മേല്‍പറഞ്ഞ പ്രകാരമുള്ള സൂചന പോലും പാടില്ല. കാരണം അവളെ മടക്കി എടുക്കുവാന്‍ഭര്‍ത്താവിന് എപ്പോഴും അവകാശമുള്ളതുകൊണ്ട് ആ അവകാശത്തിന് നേരെയുള്ള ഒരു കയ്യേറ്റമായിരിക്കും അത്. അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളെ ലംഘിക്കാതെ കാത്തുസൂക്ഷിക്കുന്നത് സംബന്ധിച്ച താക്കീതുകളാണ് ആയത്തിന്‍റെ അവസാന ഭാഗത്തില്‍ കാണുന്നത്.

വിഭാഗം - 31

2:236
 • لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ ٱلنِّسَآءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا۟ لَهُنَّ فَرِيضَةً ۚ وَمَتِّعُوهُنَّ عَلَى ٱلْمُوسِعِ قَدَرُهُۥ وَعَلَى ٱلْمُقْتِرِ قَدَرُهُۥ مَتَـٰعًۢا بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُحْسِنِينَ ﴾٢٣٦﴿
 • സ്ത്രീകളെ [ഭാര്യമാരെ]നിങ്ങള്‍ സ്പര്‍ശിക്കുകയോ,അവര്‍ക്ക് (മഹ്‌റിന്‍റെ) ഒരു നിര്‍ണയം നിര്‍ണയിക്കുകയോ ചെയ്യാത്തപ്പോള്‍, അവരെ നിങ്ങള്‍ വിവാഹമോചനം നടത്തിയെങ്കില്‍ നിങ്ങളുടെമേല്‍ തെറ്റില്ല, അവര്‍ക്ക് നിങ്ങള്‍ 'മുത്അത്ത്' [അനുഭവിക്കുവാനുള്ളവിഭവം] നല്‍കുകയും ചെയ്യണം;നിവൃത്തിയുള്ളവന്‍റെ മേല്‍ അവന്‍റെ തോതും, ഞെരുക്കമുള്ളവന്‍റെ മേല്‍അവന്‍റെ തോതുമത്രെ (ബാധ്യത)-(ആചാര) മര്യാദയനുസരിച്ചുള്ള ഒരുവിഭവം (നല്‍കണം); -(അതെ) സുകൃതം ചെയ്യുന്നവരുടെ മേല്‍ ഒരുകടമ!
 • لَّا جُنَاحَ عَلَيْكُمْ നിങ്ങളുടെ മേല്‍ തെറ്റില്ല إِن طَلَّقْتُمُ നിങ്ങള്‍ വിവാഹമോചനം നടത്തിയെങ്കില്‍ النِّسَاءَ സ്ത്രീകളെ مَا لَمْ تَمَسُّوهُنَّ അവരെ നിങ്ങള്‍ സ്പര്‍ശിക്കാത്തപ്പോള്‍ أَوْ تَفْرِضُوا لَهُنَّ അല്ലെങ്കില്‍ അവര്‍ക്ക് നിശ്ചയിക്കാത്ത (നിര്‍ണയിക്കാത്ത- നിര്‍ബന്ധമാക്കാത്ത)പ്പോള്‍ فَرِيضَةً ഒരു നിര്‍ണയം, നിശ്ചയം, നിര്‍ബന്ധം وَمَتِّعُوهُنَّ നിങ്ങള്‍ അവര്‍ക്ക് മുത്അത്ത് (വിഭവം- ഉപഭോഗവസ്തു) കൊടുക്കുകയും ചെയ്യുക عَلَى الْمُوسِعِ നിവൃത്തിയുള്ള (കഴിവുള്ള)വന്‍റെ മേലുണ്ട് قَدَرُهُ അവന്‍റെ തോത് وَعَلَى الْمُقْتِرِ ഞെരുക്ക (തിടുക്ക)ക്കാരന്‍റെ മേലും ഉണ്ട് قَدَرُهُ അവന്‍റെ തോത് مَتَاعًا ഒരു വിഭവം (നല്‍കല്‍) بِالْمَعْرُوفِ ആചാര (മര്യാദ)പ്രകാരം حَقًّا കടമ, അവകാശം, ന്യായം عَلَى الْمُحْسِنِينَ സുകൃതം (നന്മ) ചെയ്യുന്നവരുടെ മേല്‍

ഭാര്യമാരെ വിവാഹമോചനം നടത്തുന്നതിന് നിയമദൃഷ്ട്യാ അംഗീകാരമുണ്ടെങ്കിലും സ്വതവേ അതൊരു നല്ലകാര്യമല്ലല്ലോ. ‘അനുവദനീയമായ കാര്യത്തില്‍ വെച്ച് അല്ലാഹുവിന് ഏറ്റവും കോപകരമായുള്ളത് ത്വലാക്വാകുന്നു (വിവാഹ മോചന മാകുന്നു)’ എന്ന്ഹദീഥില്‍ വന്നിട്ടുള്ളതാണ്. (ദാ; ജ; ഹാ.) എന്നിരിക്കെ, വിവാഹകര്‍മം കഴിഞ്ഞതിനുശേഷംസ്ത്രീയും പുരുഷനും തമ്മില്‍ സ്പര്‍ശനം – സംയോഗം- നടന്നിട്ടില്ലാതിരിക്കുകയും, അവര്‍ക്ക് വിവാഹമൂല്യമായി നല്‍കപ്പെടുന്ന സംഖ്യ (മഹ്ര്‍) എത്രയാണെന്നഇരുകൂട്ടരും തമ്മില്‍ നിര്‍ണയം ചെയ്യപ്പെട്ടു കഴിയാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ സ്ത്രീയെ വിവാഹമോചനം നടത്തുന്നതിന് വിരോധമുണ്ടോ എന്ന് സംശയിക്കാമല്ലോ. വിവാഹമോചനത്തിന്‍റെ ആവശ്യം നേരിടുന്നപക്ഷം ആ അവസരത്തിലും അത് നടത്താം- അതില്‍ തെറ്റില്ല- അത് നിയമാനുസൃതംതന്നെയാണ് എന്നും, അവള്‍ക്ക്മഹ്ര്‍ കൊടുക്കേണ്ടതില്ലെന്നും അല്ലാഹു അറിയിക്കുന്നു. ഈ അവസരത്തില്‍ ത്വലാക്വ് നടക്കുന്നത് സ്വാഭാവികമായും അവരുടെ മനസ്സിന് വലിയ ക്ഷതം ഏല്‍പ്പിക്കുന്ന കാര്യമാണല്ലോ. അതുകൊണ്ട്- അവര്‍ക്ക് ഒരു മനസ്സമാധാനമെന്ന നിലക്ക്- എന്തെങ്കിലുംഒരു വിഭവം സമ്മാനമായി നല്‍കണമെന്നും, അത് ഓരോരുത്തരുടെയും കഴിവിനും പദവിക്കും അനുസരിച്ച് വേണമെന്നും കല്‍പിക്കുന്നു. ഈ വിഭവം مُتَعة (മുത്അത്ത്) എന്നപേരില്‍ അറിയപ്പെടുന്നു.

‘മുത്അത്ത്’ എന്തായിരിക്കണം, എത്ര വേണം എന്നൊന്നും ക്വുര്‍ആനിലോ ഹദീഥിലോ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഭര്‍ത്താവിന്‍റെ കഴിവനുസരിച്ചും സദാചാരമര്യാദയനുസരിച്ചും വല്ലതും കൊടുക്കണമെന്നേ കല്‍പ്പിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍, സുകൃതവാന്‍മാരായ ആളുകള്‍ക്ക് ഒഴിച്ചുകൂടാത്ത ഒരു കടമയാണ് അതെന്നുകൂടി അല്ലാഹു ഉണര്‍ത്തിയിരിക്കുന്നു. എല്ലാവരും അത് നല്‍കേണ്ടതില്ല എന്നല്ല ഇതിന്‍റെ ഉദ്ദേശ്യം. സുകൃതവും മാന്യവുമായ ഒരു കാര്യമാണതെന്നും, അതില്‍ ആരും പിശുക്ക് കാണിക്കരുതെന്നും ശക്തിയായ ഭാഷയിലുള്ള ഒരു പ്രോല്‍സാഹനം നല്‍കലാണത്. മിതമായ തോതിലുള്ള ‘മുത്അത്തി’ന് പല മഹാന്‍മാരും പല ഉദാഹരണങ്ങളും പറഞ്ഞുകാണാം. ഒരു കൂട്ടം വസ്ത്രം, ഒരു വേലക്കാരന്‍, ഒരു കുപ്പായവും തട്ടവും തുണിയും എന്നിങ്ങനെയും, സാധാരണഗതിയില്‍ അതത് സ്ത്രീകള്‍ക്ക് ലഭിക്കാറുള്ള മഹ്‌റിന്‍റെ പകുതി, പത്തോ മുപ്പതോപണം എന്നിങ്ങനെയുമൊക്കെ അതിന് ഉദാഹരണങ്ങള്‍ പറയപ്പെട്ടു കാണാം. ചിലമഹാന്‍മാര്‍ ആയിരക്കണക്കില്‍ സംഖ്യ മുത്അത്ത് നല്‍കിയതായും നിവേദനം ചെയ്യപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍, കഴിവും, മാനമര്യാദയും, കാലദേശവ്യത്യാസങ്ങളുമനുസരിച്ച് ആ സ്ത്രീകള്‍ക്ക് മനഃസ്സമാധാനവും സന്തോഷവും ലഭിക്കത്തക്കവിധം വല്ലവിഭവവും നല്‍കുക എന്നതാണ് ‘മുത്അത്ത്’ കൊണ്ട് വിവക്ഷ എന്ന് സാമാന്യമായിപറയാം.

വിവാഹം കഴിക്കുമ്പോള്‍ ഭര്‍ത്താവ് ഭാര്യക്ക് മഹ്ര്‍ കൊടുക്കല്‍ ഒഴിച്ചുകൂടാത്ത ഒരുനിര്‍ബന്ധമത്രെ. എന്നാല്‍, വിവാഹകാര്യം (നിക്കാഹ്) നടക്കുമ്പോള്‍ മഹ്‌റിന്‍റെ സംഖ്യനിര്‍ണയിക്കല്‍ നിര്‍ബന്ധമില്ല. അത് പിന്നീട് നിശ്ചയിച്ചാലും മതിയാകും. വിവാഹ കര്‍മേത്താടൊപ്പം തന്നെ മഹ്ര്‍ മുഴുവന്‍ കൊടുത്തേ തീരു എന്നുമില്ല. രണ്ടു കൂട്ടരും തമ്മില്‍നടക്കുന്ന നിശ്ചയപ്രകാരം പിന്നീട് കൊടുത്താലും മതിയാകും. എന്നൊക്കെ ഈ വചനത്തില്‍ നിന്നും അടുത്ത വചനത്തില്‍ നിന്നുമായി ഗ്രഹിക്കാവുന്നതാകുന്നു. കൂടാതെ, ഹദീഥുകളില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍ വിവാഹ കര്‍മം നടക്കുമ്പോള്‍ മഹ്ര്‍ ഇത്രയാണെന്ന് പറയാറുണ്ടെങ്കിലും അത് കൊടുത്തുതീര്‍ക്കാതിരിക്കുന്ന ഒരു സമ്പ്രദായം ചിലര്‍ക്കിടയില്‍ നടപ്പുണ്ട്. പിന്നീട് വിവാഹമോചനത്തെത്തുടര്‍ന്നോ, മരണത്തെത്തുടര്‍ന്നോ ഇരുകൂട്ടര്‍ക്കുമിടയിലുള്ള ധനപരമായ കണക്കുകള്‍ അന്യോന്യം പറയുമ്പോള്‍മാത്രമേ അവര്‍ മഹ്‌റിന്‍റെ സംഖ്യയെപ്പറ്റി ആലോചിക്കാറുള്ളൂ. ഇത് ശരിയല്ലെന്നും, നിശ്ചയിച്ച മഹ്ര്‍ യഥാസമയം കൊടുത്തു തീര്‍ക്കണമെന്നും സമുദായ സ്‌നേഹികളായ പലരും ശബ്ദമുയര്‍ത്താറുള്ളതിന്‍റെ അര്‍ത്ഥം വേണ്ട പോലെ ഗ്രഹിക്കാത്തതിന്‍റെ ഫലമായി വിവാഹകര്‍മം നടക്കുമ്പോള്‍ തന്നെ മഹ്ര്‍ മുഴുവന്‍ കൊടുക്കല്‍ നിര്‍ബന്ധമാണെന്നും ചിലര്‍ തെറ്റിദ്ധരിച്ചതായി കാണാം. വാസ്തവം മുകളില്‍ പറഞ്ഞ പ്രകാരമാണ് താനും.

2:237
 • وَإِن طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ إِلَّآ أَن يَعْفُونَ أَوْ يَعْفُوَا۟ ٱلَّذِى بِيَدِهِۦ عُقْدَةُ ٱلنِّكَاحِ ۚ وَأَن تَعْفُوٓا۟ أَقْرَبُ لِلتَّقْوَىٰ ۚ وَلَا تَنسَوُا۟ ٱلْفَضْلَ بَيْنَكُمْ ۚ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ ﴾٢٣٧﴿
 • അവരെ [ഭാര്യമാരെ] സ്പര്‍ശിക്കുന്നതിന് മുമ്പായി നിങ്ങള്‍ അവരെ വിവാഹമോചനം ചെയ്തുവെങ്കില്‍, നിങ്ങള്‍ അവര്‍ക്ക് ഒരു നിര്‍ണയം നിര്‍ണയിച്ചിട്ടുണ്ട് താനും- എന്നാല്‍, നിങ്ങള്‍ നിര്‍ണയംചെയ്തിട്ടുള്ളതിന്‍റെ പകുതിയാണ്(കൊടുക്കേണ്ടത്); അവര്‍ [ആസ്ത്രീകള്‍] മാപ്പാക്കുകയോ, അല്ലെങ്കില്‍ വിവാഹബന്ധം യാതൊരുവന്‍റെ കൈവശമാണോ അവന്‍ മാപ്പാക്കുകയോ ചെയ്യുന്ന തായാലൊഴികെ.നിങ്ങള്‍ മാപ്പാക്കുന്നതാകട്ടെ, സൂക്ഷ്മത (അഥവാ ഭയഭക്തി)യിലേക്ക് കൂടുതല്‍ അടുത്തതുമാകുന്നു.നിങ്ങള്‍ക്കിടയിലുള്ള ശ്രേഷ്ഠത (അല്ലെങ്കില്‍ ഔദാര്യം) നിങ്ങള്‍ മറന്നുകളയുകയും ചെയ്യരുത്. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണ്.
 • وَإِن طَلَّقْتُمُوهُنَّ നിങ്ങളവരെ ത്വലാക്വ് (വിവാഹമോചനം) ചെയ്തുവെങ്കില്‍ مِن قَبْلِ മുമ്പായി, മുമ്പ് أَن تَمَسُّوهُنَّ നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് وَقَدْ فَرَضْتُمْ നിങ്ങള്‍ നിര്‍ണയിച്ചിട്ടുമുണ്ട്, നിശ്ചയിച്ചിരിക്കെ لَهُنَّ അവര്‍ക്ക്, അവരോട് فَرِيضَةً ഒരു നിര്‍ണയം, നിശ്ചയം فَنِصْفُ എന്നാല്‍ പകുതിയാണ് مَا فَرَضْتُمْ നിങ്ങള്‍ നിര്‍ണയിച്ചതിന്‍റെ, നിശ്ചയിച്ചതിന്‍റെ إِلَّا أَن يَعْفُونَ അവര്‍ മാപ്പാക്കിയാലല്ലാതെ, വിട്ടുവീഴ്ച ചെയ്താലൊഴികെ أَوْ يَعْفُوَ അല്ലെങ്കില്‍ മാപ്പ് ചെയ്യുക الَّذِي യാതൊരുവന്‍ بِيَدِهِ അവന്‍റെ കയ്യിലാണ് عُقْدَةُ ബന്ധം, ഉറപ്പ്, കെട്ട് النِّكَاحِ വിവാഹത്തിന്‍റെ وَأَن تَعْفُوا നിങ്ങള്‍ മാപ്പു ചെയ്യുന്നതാകട്ടെ أَقْرَبُ കൂടുതല്‍ അടുത്തതാണ് لِلتَّقْوَىٰ സൂക്ഷ്മതയോട്, ഭയ ഭക്തിക്ക് وَلَا تَنسَوُا നിങ്ങള്‍ മറക്കുക (വിസ്മരിക്കുക)യും അരുത് الْفَضْلَ ശ്രേഷ്ഠത, യോഗ്യത, ഔദാര്യം, ദയവ് بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ (തമ്മിലുള്ള) إِنَّ اللَّهَ നിശ്ചയമായും അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്

ഭാര്യയുമായി സ്പര്‍ശനം- സംയോഗം- നടക്കുന്നതിന് മുമ്പ് അവളെ ഭര്‍ത്താവ് വിവാഹമോചനം ചെയ്തു. അവളുടെ മഹ്ര്‍ എത്രയാണെന്ന് നേരത്തെ നിര്‍ണയിച്ചുകഴിഞ്ഞിട്ടുണ്ട്. എങ്കില്‍, ആ നിശ്ചയിച്ച മഹ്‌റിന്‍റെ പകുതി കൊടുക്കല്‍ നിര്‍ബന്ധമാകുന്നു.’മുത്അത്തി’ന്‍റെ നിര്‍ബന്ധം ഇവിടെയില്ല. എനി, സ്ത്രീ അവളുടെ സ്വന്തം മനസ്സാലെഅതില്‍ ഏതാനും ഭാഗമോ മുഴുവനുമോ ഒഴിവാക്കി കൊടുക്കുന്നപക്ഷം, ഭര്‍ത്താവ്പിന്നെ അത് കൊടുത്തുതീര്‍ക്കണമെന്നില്ല. ഭര്‍ത്താവ് അവന്‍റെ ഔദാര്യമെന്ന നിലക്ക്പകുതിയിലധികമോ മുഴുവന്‍ ഭാഗമോ അങ്ങ് കൊടുക്കുകയാണെങ്കില്‍ അത് സ്വീകരിക്കുന്നതിന് അവള്‍ക്കും വിരോധമില്ല. എന്നൊക്കെയാണ് ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നത്. രണ്ടില്‍ ഏത് ഭാഗത്തുനിന്നായാലും വിട്ടുവീഴ്ചയില്ലാതെ ശാഠ്യവും പിശുക്കും കാണിക്കുന്നത് നന്നല്ലെന്നും, വിട്ടുവീഴ്ചാ മനഃസ്ഥിതിയാണ് സൂക്ഷ്മതക്കും ഭയഭക്തിക്കും അനുയോജ്യമായതെന്നും പ്രത്യേകം ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു.അതോടൊപ്പം നിങ്ങള്‍ക്കിടയിലുള്ള ശ്രേഷ്ഠത -ഔദാര്യമനസ്ഥിതി- മറന്നു പോകരുതെന്നു കൂടി പറഞ്ഞുകൊണ്ട് അതിന് ആവേശമൂട്ടുകയും ചെയ്യുന്നു. ശ്രേഷ്ഠതയും മാന്യതയും പാലിക്കുവാനും, ഔദാര്യവും വിട്ടുവീഴ്ചയും കാണിക്കുവാനും സ്ത്രീയെ അപേക്ഷിച്ച് പുരുഷനാണ് പലനിലക്കും കൂടുതല്‍ അവകാശപ്പെട്ടവന്‍ എന്ന് പറയേണ്ടതില്ല. ചിലപ്പോള്‍ പരിതഃസ്ഥിതികള്‍ മറിച്ചായെന്നുവരും. അപ്പോള്‍, സ്ത്രീയുടെ ഭാഗത്തായിരിക്കും അതിന് മുന്‍തൂക്കമുണ്ടായിരിക്കുക.

الَّذِي بِيَدِهِ عُقْدَةُ النِّكَاحِ വിവാഹബന്ധം കൈവശമുള്ളവന്‍) എന്ന് പറഞ്ഞത് ഭര്‍ത്താവിനെഉദ്ദേശിച്ചാകുന്നു. വിവാഹബന്ധം സ്ഥാപിക്കലും അത് മോചിപ്പിക്കലും അവന്‍റെ കൈക്കാണല്ലോ ബലത്തില്‍ വരുന്നത്. ഭര്‍ത്താവ് മാപ്പാക്കുക- വിട്ടുവീഴ്ച ചെയ്യുക- എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം അവന്‍ കൊടുക്കുവാന്‍ കടമപ്പെട്ടതിലും കൂടുതലായികൊടുക്കുക എന്നത്രെ. നിശ്ചയപ്രകാരമുള്ള മഹ്‌റിന്‍റെ സംഖ്യ മുഴുവനും ഭര്‍ത്താവ്ത്വലാക്വിന് മുമ്പ് തന്നെ കൊടുത്തു കഴിഞ്ഞിരുന്നുവെങ്കില്‍, അപ്പോള്‍ അതില്‍ പകുതിഭാഗം തിരിച്ചുമേടിക്കുവാന്‍ അവനവകാശമുണ്ടായിരിക്കുമല്ലോ. അത് തിരിച്ചുവാങ്ങാതിരിക്കുന്നതും അവന്‍ ചെയ്യുന്ന ഔദാര്യമാകുന്നതാണ്. ആരെല്ലാമാണ് നിയമവും മര്യാദയും പാലിക്കുന്നത്, ആരെല്ലാമാണ് സൂക്ഷ്മതയും ഭയഭക്തിയുമുള്ളവര്‍ എന്നൊക്കെ അല്ലാഹു കണ്ടറിഞ്ഞും വീക്ഷിച്ചും കൊണ്ടിരിക്കുന്നുണ്ടെന്ന്- മുന്‍ വചനങ്ങളിലെപ്പോലെ- അവസാനം ഇവിടെയും അല്ലാഹു ആവര്‍ത്തിച്ചുണര്‍ത്തിയിരിക്കുന്നു. അനുഷ്ഠാന നിയമങ്ങള്‍ വിവരിക്കുകമാത്രമല്ല അല്ലാഹുവിന്‍റെ ഉദ്ദേശ്യം. അവയെല്ലാം അനുഷ്ഠാനത്തില്‍ വരുത്തി മനുഷ്യര്‍ സന്‍മാര്‍ഗികളായിത്തീരുകയാണ്. അതുകൊണ്ടാണ് നിയമ നിര്‍ദ്ദേശങ്ങള്‍ വിവരിച്ചുതന്നതിന് ചേര്‍ന്ന് ഇങ്ങനെയുള്ള ഉപദേശങ്ങളും താക്കീതുകളും അല്ലാഹു ആവര്‍ത്തിക്കുന്നതും.

2:238
 • حَـٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَـٰنِتِينَ ﴾٢٣٨﴿
 • (എല്ലാ) നമസ്‌കാരങ്ങളെയും (വിശിഷ്യാ) മദ്ധ്യ നമസ്‌കാരത്തെയും സംബന്ധിച്ച് നിങ്ങള്‍ സൂക്ഷിച്ചുപോരുവിന്‍. (ഒതുക്ക ത്തോടുകൂടി) ഭക്തിയുള്ളവരായ നിലയില്‍ അല്ലാഹുവിന് വെണ്ടി നില്‍ക്കുകയും ചെയ്യുവിന്‍.
 • حَافِظُوا നിങ്ങള്‍ സൂക്ഷിച്ചു (കാത്തു) പോരുവിന്‍ عَلَى الصَّلَوَاتِ നമസ്കാരങ്ങളെപ്പറ്റി وَالصَّلَاةِ നമസ്‌കാരത്തെയും الْوُسْطَىٰ മദ്ധ്യ (നടുവിലുള്ള- ശ്രേഷ്ഠമായ) وَقُومُوا നിങ്ങള്‍ നില്‍ക്കുകയും ചെയ്യുക لِلَّهِ അല്ലാഹുവിനായി, അല്ലാഹുവിന് വേണ്ടി قَانِتِينَ ഭക്തരായിട്ട്, ഒതുക്കമുള്ളവരായിക്കൊണ്ട്
2:239
 • فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا ۖ فَإِذَآ أَمِنتُمْ فَٱذْكُرُوا۟ ٱللَّهَ كَمَا عَلَّمَكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ ﴾٢٣٩﴿
 • എനി, നിങ്ങള്‍ ഭയപ്പെടുന്നപക്ഷം, കാല്‍ നടക്കാരായിക്കൊണ്ടോ, വാഹന മേറിയവരായിക്കൊണ്ടോ (ആവാം.) എന്നാല്‍, നിങ്ങള്‍ (ഭയം നീങ്ങി) സമാധാനത്തിലായാല്‍, നിങ്ങള്‍ക്കറിയുമായിരുന്നില്ലാത്തത് അല്ലാഹുനിങ്ങള്‍ക്ക് പഠിപ്പിച്ചുതന്നതു പോലെ, നിങ്ങള്‍ അവനെ സ്മരിക്കുവിന്‍,
 • فَإِنْ خِفْتُمْ എനി നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍ فَرِجَالًا അപ്പോള്‍ കാല്‍നടക്കാരായിക്കൊണ്ട് أَوْ رُكْبَانًا അല്ലെങ്കില്‍ വാഹനക്കാരായി (വാഹനമേറി) ക്കൊണ്ട് فَإِذَا أَمِنتُمْ എന്നാല്‍ നിങ്ങള്‍ സമാധാനപ്പെട്ടാല്‍, നിര്‍ഭയമായാല്‍ فَاذْكُرُوا اللَّهَ അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുവിന്‍ كَمَا عَلَّمَكُم അവന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ച (അറിവ് നല്‍കിയ) പോലെ مَّا لَمْ تَكُونُوا നിങ്ങള്‍ ആയിരുന്നില്ലാത്തത് تَعْلَمُونَ നിങ്ങള്‍ അറിയുക (യായിരുന്നില്ലാത്തത്)

കഴിഞ്ഞ ഏതാനും വചനങ്ങളില്‍ വൈവാഹികവും സാമുദായികവുമായ ചില വിഷയങ്ങളായിരുന്നു സംസാരവിഷയം. അടുത്ത വചനങ്ങളില്‍ അവയുമായി ബന്ധപ്പെട്ടവിഷയങ്ങള്‍ വീണ്ടും തുടരുന്നുമുണ്ട്. ഇടക്കുവെച്ച് ഇസ്‌ലാമിലെ നിത്യാനുഷ്ഠാന കര്‍മങ്ങളാല്‍ ഏറ്റവും പ്രധാനപ്പെട്ട നമസ്‌കാരത്തെക്കുറിച്ചും, അത് കൃത്യമായി അനുഷ്ഠിക്കുന്നതിനെക്കുറിച്ചും ഈ ര്ണ്ട് വചനങ്ങളില്‍ പ്രസ്താവിച്ചിരിക്കുകയാണ്. ഭാര്യാമക്കള്‍, ഗാര്‍ഹികകാര്യങ്ങള്‍, കുടുംബകാര്യങ്ങള്‍ ആദിയായവയില്‍ ബദ്ധശ്രദ്ധരായിക്കൊണ്ട് അല്ലാഹുവിന്‍റെ സ്മരണയിലും നമസ്കാരത്തിലുമുള്ള ശ്രദ്ധ വിട്ടുപോയിക്കൂടാ എന്നൊരു സൂചനയായി ഇത് കണക്കാക്കാം.

إقَامَة الصَّلاةَ (നമസ്‌കാരം നിലനിറുത്തുക) എന്ന പ്രയോഗം ക്വുര്‍ആനില്‍ സാധാരണമാണ്. ഇവിടെ കണ്ടതുപോലെ المحافظة على الصلاة നമസ്‌കാരത്തെപ്പറ്റി സൂക്ഷിച്ചുപോരുക) എന്ന പ്രയോഗം ചുരുക്കം സന്ദര്‍ഭങ്ങളിലേ കാണപ്പെടുകയുള്ളൂ. പതിവായും കൃത്യസമയത്തും ചിട്ടയോടെ അനുഷ്ഠിച്ചുപോരുക എന്നത്രെ അതിന്‍റെ സാമാന്യ വിവക്ഷ. നമസ്‌കാരത്തിന് ഇസ്‌ലാം കല്‍പിച്ചിട്ടുള്ള പ്രാധാന്യം ഏറെക്കുറെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മനുഷ്യന്‍റെ ശിര്‍ക്ക് കുഫ്‌റുകളുടെയും ഇടക്കുള്ള അതിര്‍വരമ്പാണ് നമസ്‌കാരം എന്നത്രെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീഥില്‍ പ്രസ്താവിച്ചിരിക്കുന്നത് (മു). കര്‍മങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഏതാണെന്ന് ഇബ്‌നുമസ് ഊദ് (റ) ചോദിച്ചപ്പോള്‍ ‘നമസ്‌കാരം അതിന്‍റെ സമയത്ത് ചെയ്യലാണ്’ എന്നായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞത്. പിന്നെ ഏതാണെന്ന് ചോദിച്ചപ്പോഴായിരുന്നു മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതിനെയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന തിനെയുംകുറിച്ച് തിരുമേനി പറഞ്ഞത്. (ബു; മു.) ഓരോ നമസ്‌കാരവും അതതിന്‍റെ ആദ്യസമയത്ത് തന്നെ നിര്‍വഹിക്കുന്നതില്‍ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുണ്ടായിരുന്ന നിഷ്‌കര്‍ഷയും, അതില്‍ സ്വഹാബികള്‍ക്കുണ്ടായിരുന്ന ഉല്‍സാഹവും പ്രസിദ്ധമാണ്.

നമസ്കാരങ്ങളെപ്പറ്റി സൂക്ഷിച്ചു പോരണമെന്ന് മൊത്തത്തില്‍ പറഞ്ഞശേഷം, മദ്ധ്യനമസ്‌കാരത്തെ (وَالصَّلاة وُسْطَى)പ്പറ്റി പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. الْوُسْطَى എന്ന വാക്കിന് മദ്ധ്യത്തിലുളളത് എന്നാണ് സാക്ഷാല്‍ അര്‍ത്ഥമെങ്കിലും, ‘ഉല്‍കൃഷ്ടമായത്, ‘ഉത്തമമായത്’ എന്നീ ഉദ്ദേശ്യങ്ങളിലും ഈ വാക്ക് ഉപയോഗിക്കാറുണ്ടെന്ന്മുമ്പ് 143-ാം വചനത്തില്‍ നിന്ന് മനസ്സിലായിട്ടുണ്ടല്ലോ. ഇവിടെയും അതാണുദ്ദേശ്യം.’മദ്ധ്യനമസ്‌കാരം’ ഏതാണെന്നുള്ളതില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. പക്ഷേ, അസ്വ്ര്‍ നമസ്‌കാരമാണ് അതെന്ന് മനസ്സിലാക്കാവുന്നതും, വ്യക്തമാക്കുന്നതുമായ ഒന്നിലധികം ഹദീഥുകള്‍ ഇമാം മുസ്‌ലിം (റ) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു. (ഇമാംഇബ്‌നുകഥീര്‍ അവ ഉദ്ധരിച്ചു കാണാം.) അതിനാല്‍ പണ്ഡിതന്‍മാരില്‍ അധിക ഭാഗവും അതാണ് ബലപ്പെടുത്തിയിരിക്കുന്നത്. അസ്വ്ര്‍ നമസ്‌കാരത്തെ പ്രത്യേകം എടുത്ത് പറയുവാന്‍ കാരണം- ചില വ്യാഖ്യാതാക്കള്‍ ചൂണ്ടിക്കാട്ടിയതുപോലെ- അതിന്‍റെ സമയം ഉച്ചനേരത്തെ വിശ്രമശേഷമായതുകൊണ്ട് അത് കൃത്യസമയത്ത് നിര്‍വഹിച്ചു പോരണമെങ്കില്‍ കൂടുതല്‍ ശ്രദ്ധ പതിക്കേണ്ടതു കൊണ്ടായിരിക്കാം. മറ്റൊരു നിലക്ക് നോക്കുമ്പോള്‍, പകലത്തെ രണ്ട് നമസ്കാരങ്ങളായ സ്വുബ്ഹ്, ള്വുഹ്ര്‍ എന്നിവയുടെയും, രാത്രി നമസ്‌കാരങ്ങളായ മഗരിബ്, ഇശാ എന്നിവയുടെയും മദ്ധ്യത്തിലാണ് അസ്വ്ര്‍ നമസ്‌കാരം സ്ഥിതിചെയ്യുന്നതും. والله أعلم

‘നിങ്ങള്‍ അല്ലാഹുവിനുവേണ്ടി ഭക്തിയുള്ളവരായിക്കൊണ്ട് നില്‍ക്കുകയും ചെയ്യുവിന്‍’ എന്ന് പറഞ്ഞതിന്‍റെ സാരം, അല്ലാഹുവിന്‍റെ മുമ്പില്‍ നമസ്‌കരിക്കുവാന്‍ നില്‍ക്കുന്നത് ഭക്തിയോടുകൂടിയും, അച്ചടക്കവും ഒതുക്കവും പാലിച്ചുകൊണ്ടുമായിരിക്കണം എന്നത്രെ. അപ്പോള്‍, സംസാരം, തിരിഞ്ഞു മറിഞ്ഞുനോക്കല്‍ മറ്റ വിഷയങ്ങളിലേക്ക്ശ്രദ്ധ കൊടുക്കല്‍, ധൃതഗതിയില്‍ കഴിച്ചുകൂട്ടല്‍, കൈകാലുകള്‍ മുതലായവ അടക്കിവെക്കാതിരിക്കല്‍ ആദിയായ കാര്യങ്ങളെല്ലാം നമസ്കാരത്തില്‍ വര്‍ജ്ജിക്കേണ്ടതാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഹദീഥുകളിലാകട്ടെ, ഇവയെക്കുറിച്ചെല്ലാം പ്രത്യേകംവിവരിച്ചു പറയപ്പെടുകയും ചെയ്തിരിക്കുന്നു. സൈദുബ്‌നു അര്‍ക്വം (റ) പറയുന്നു: ‘ഞങ്ങള്‍ നമസ്‌കാരത്തില്‍ സംസാരിക്കാറുണ്ടായിരുന്നു. ഒരാള്‍ തന്‍റെ സഹോദരനോട് തന്‍റെ ആവശ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെ وَقُومُوالِّله قِانِتِين എന്നുള്ള (ഈ വചനം) അവതരിച്ചു. അപ്പോള്‍, ഞങ്ങളോട് അടങ്ങിക്കൊള്ളുവാന്‍ കല്‍പിക്കപ്പെട്ടു.’ (ബു.) ഒരാളോട് ഒരവസരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെ പറഞ്ഞു: ‘ഈ നമസ്‌കാരത്തില്‍ ജനങ്ങളുടെ സംസാരമൊന്നും പറ്റുകയില്ല,അത് തസ്ബീഹും, തക്ബീറും ക്വുര്‍ആന്‍ പാരായണവുമാകുന്നു.’ (മു.) സുജൂദ് ചെയ്യുമ്പോള്‍ (നിലത്തെ) മണ്ണ് നിരപ്പാക്കിക്കൊണ്ടിരുന്ന ഒരാളോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നീഅങ്ങനെ ചെയ്യുകയാണെങ്കില്‍ അത് ഒരു പ്രാവശ്യമാകട്ടെ.’ (ബു; മു.) കൂടുതല്‍ ചെയ്യുന്നത് അച്ചടക്കത്തിന് നിരക്കാത്തതാണെന്ന് സൂചന. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:’നിങ്ങളിലൊരാള്‍ നമസ്‌കാരത്തില്‍ കോട്ടുവാ ഇടുന്നതായാല്‍ കഴിയുന്നേടത്തോളം അവനത് ഒതുക്കി നിര്‍ത്തട്ടെ. അവന്‍ (വാ തുറന്ന്) ‘ഹാ’ എന്ന് പറയരുത്. കാരണം,അത് പിശാചില്‍ നിന്നുള്ളതാകുന്നു. അവന്‍ അത് നിമിത്തം (സന്തോഷിച്ചു) ചിരിക്കുന്നതാണ്.’ (ബു.) നമസ്‌കാരത്തില്‍ ഊരക്ക് കൈകുത്തി നില്‍ക്കുന്നത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിട്ടുണ്ടെന്ന് അബൂഹുറയ്‌റഃ (റ) പ്രസ്താവിച്ചിരിക്കുന്നു. (ബു; മു.) നമസ്‌കാരത്തില്‍ തിരിഞ്ഞു നോക്കുന്നതിനെപ്പറ്റി ആഇശാഃ (റ) ചോദിച്ചതിന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞതിങ്ങിനെയാണ്: ‘അടിയാന്‍റെ നമസ്‌കാരത്തില്‍നിന്ന് പിശാച് തട്ടിയെടുക്കുന്ന ഒരു തട്ടിയെടുക്കലാണത്.’ (ബു; മു.) നമസ്‌കാരം, കൃത്യസമയത്തും, ഭക്തിയോടുകൂടിയും അനുഷ്ഠിച്ച് പോരണമെന്ന്കല്‍പിക്കുമ്പോള്‍, അതിന് സാദ്ധ്യമല്ലാതായിത്തീരുന്ന ദുര്‍ഘട ഘട്ടങ്ങളില്‍ എന്തുചെയ്യുമെന്ന് സംശയിച്ചേക്കാമല്ലോ: അതിനുള്ള മറുപടിയാണ് രണ്ടാമത്തെ വചനം. അതായത്, ശത്രുക്കളെക്കുറിച്ചോ, അല്ലെങ്കില്‍ അഗ്നി, കാട്ടുമൃഗം, കൊടുങ്കാറ്റ്, മലവെള്ളം,അക്രമി എന്നിങ്ങനെയുള്ള വല്ലതിനെയും കുറിച്ചോ, ഭയപ്പെടുകയും, നമസ്‌കാരം യഥാരൂപത്തില്‍ നിര്‍വഹിക്കുവാന്‍ കഴിയാതെ വരുകയും ചെയ്താല്‍ നടന്നുകൊണ്ടോ, വാഹനപ്പുറത്തു കയറിയോ സാധിക്കുന്ന പോലെ അത് നിര്‍വഹിക്കണം. എന്നാലും നമസ്‌കാരം വിട്ടുകളയുവാന്‍ പാടില്ല എന്ന് സാരം. ഈ അവസരത്തില്‍ ക്വിബ്‌ലഃക്ക് തിരിഞ്ഞേ തീരു എന്നില്ല. അതുപോലെത്തന്നെ, സുജൂദ്, റുകൂഉ് മുതലായവയും സാധിക്കുന്നത്ര നന്നായി ചെയ്താല്‍ മതിയാകും. സൗകര്യമുള്ളേടത്തോളം എല്ലാം ചെയ്യണമെന്നേയുള്ളൂ. ഭയപ്പാടിന്‍റെ കാരണം നീങ്ങി സമാധാനപ്പെട്ടാല്‍ അല്ലാഹു പഠിപ്പിച്ചു തന്നപോലെശരിയായ രൂപത്തില്‍ തന്നെ അത് നിര്‍വഹിക്കുകയും വേണം.

2:240
 • وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًا وَصِيَّةً لِّأَزْوَٰجِهِم مَّتَـٰعًا إِلَى ٱلْحَوْلِ غَيْرَ إِخْرَاجٍ ۚ فَإِنْ خَرَجْنَ فَلَا جُنَاحَ عَلَيْكُمْ فِى مَا فَعَلْنَ فِىٓ أَنفُسِهِنَّ مِن مَّعْرُوفٍ ۗ وَٱللَّهُ عَزِيزٌ حَكِيمٌ ﴾٢٤٠﴿
 • നിങ്ങളില്‍ നിന്ന് യാതൊരു കൂട്ടര്‍ മരിക്കുകയും, ഭാര്യമാരെ വിട്ടേച്ചുപോകുകയും ചെയ്യുന്നുവോ, തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു വസ്വിയ്യത്ത് (അവര്‍ ചെയ്യേണ്ടതാണ്). അതായത്: (വീട്ടില്‍ നിന്ന്) പുറത്താക്കാത്ത വിധം (ഒരു) കൊല്ലത്തേക്കുള്ള (ഒരു) വിഭവം. എനി, അവര്‍ (സ്വയം) പുറത്തുപോയെങ്കില്‍, അവര്‍ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തില്‍ (സദാചാര) മര്യാദയായി ചെയ്യുന്നതില്‍ നിങ്ങളുടെ മേല്‍ തെറ്റില്ല. അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
 • وَالَّذِينَ യാതൊരു കൂട്ടര്‍ يُتَوَفَّوْنَ مِنكُمْ നിങ്ങളില്‍ നിന്ന് മരിക്കുന്ന وَيَذَرُونَ വിട്ടുപോകുകയും ചെയ്യുന്ന أَزْوَاجًا ഭാര്യമാരെ وَصِيَّةً ഒരു വസ്വിയ്യത്ത് لِّأَزْوَاجِهِم തങ്ങളുടെ ഭാര്യമാര്‍ക്ക് مَّتَاعًا ഒരു വിഭവം, സാമഗ്രി إِلَى الْحَوْلِ കൊല്ലത്തേക്ക് غَيْرَ إِخْرَاجٍ പുറത്താക്കാതെ فَإِنْ خَرَجْنَ എനി അവര്‍ പുറത്ത് പോയെങ്കില്‍ فَلَا جُنَاحَ എന്നാല്‍ തെറ്റില്ല عَلَيْكُمْ നിങ്ങളുടെ മേല്‍ فِي مَا فَعَلْنَ അവര്‍ ചെയ്ത (ചെയ്യുന്ന)തില്‍ فِي أَنفُسِهِنَّ അവരുടെ ദേഹങ്ങളില്‍, തങ്ങളുടെ സ്വന്തങ്ങളുടെ കാര്യത്തില്‍ مِن مَّعْرُوفٍ മര്യാദയായിട്ട്, ആചാരമായി وَاللَّهُ അല്ലാഹു عَزِيزٌ പ്രതാപശാലിയാണ് حَكِيمٌ അഗാധജ്ഞനാണ്, യുക്തിമാനാകുന്നു

മുന്‍ ആയത്തുകളില്‍ വിവാഹമോചന സംബന്ധമായും മറ്റും സംസാരിച്ചിരുന്ന വിഷയങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ വചനവും അടുത്ത രണ്ട് വചനവും നിലകൊള്ളുന്നത്. ഭര്‍ത്താക്കള്‍ മരണപ്പെടുമ്പോള്‍, തങ്ങളുടെ ഭാര്യമാരെ തങ്ങളുടെ വീട്ടില്‍നിന്ന് മാറിത്താമസിപ്പിക്കാതെ ഒരു കൊല്ലം അവിടെത്തന്നെ പാര്‍പ്പിക്കുവാനും, അക്കാലത്ത് അവര്‍ക്ക് വേണ്ടുന്ന ചിലവുകള്‍ കൊടുക്കുവാനും അവര്‍ വസ്വിയ്യത്ത് ചെയ്യേണ്ടതാണ്. എന്നാല്‍, ആ സ്ത്രീകള്‍ അവരുടെ സ്വന്തം നിലക്ക് ആ വീട് വിട്ടുപോകുവാനും, സദാചാരവിരുദ്ധമല്ലാത്ത വിധത്തില്‍ അവരുടെ (വിവാഹം മുതലായ) ഭാവികാര്യങ്ങള്‍ ചെയ്യുവാനും ഇഷ്ടപ്പെടുകയാണെങ്കില്‍ അവരെ മുടക്കം ചെയ്യുകയും വേണ്ട. അവര്‍ക്ക് അവരുടെ വീടുകളിലേക്ക് നീങ്ങാവുന്നതാണ്. ഇത്രയുമാണ് ഈ വചനത്തില്‍ പ്രസ്താവിച്ചതിന്‍റെ ചുരുക്കം. ഈ വചനത്തിന്‍റെ ആശയവും താല്‍പര്യവും വിവരിക്കുന്നതില്‍, മുന്‍ഗാമികളും പിന്‍ഗാമികളുമായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഭിന്നമായ നിലപാടാണ് സ്വീകരിച്ച് കാണുന്നത്. അവയില്‍ പ്രസക്തമായ രണ്ട് അഭിപ്രായങ്ങള്‍ ഇതാണ്:-

(1) ഇസ്‌ലാമിന്‍റെ ആദ്യകാലത്തുണ്ടായിരുന്ന വിധിയാണിത്. പിന്നീട് ഭര്‍ത്താക്കള്‍ മരണപ്പെട്ടാല്‍ സ്ത്രീകള്‍ നാലുമാസവും പത്തുദിവസവും ഇദ്ദഃ ആചരിക്കണമെന്ന നിയമം (234-ാം വചനത്തില്‍) അവതരിക്കുകയും, ഭാര്യമാര്‍ക്കുള്ള അനന്തരാവകാശം (സ്വത്തിന്‍റെ നാലിലൊന്നോ എട്ടിലൊന്നോ) നടപ്പാക്കപ്പെടുകയും ചെയ്തതോടുകൂടി ഈ വിധി- ഒരു കൊല്ലം വീട്ടില്‍ താമസിപ്പിച്ച് ചിലവുകൊടുക്കണമെന്ന വിധി- ദുര്‍ബലപ്പെടുകയും (‘മന്‍സൂഖാ’കുകയും) ചെയ്തിരിക്കുന്നു. (*) ക്വുര്‍ആന്‍ വ്യാഖ്യാതാക്ക ളില്‍ അധികപക്ഷവും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പക്ഷേ, ഒരു വിധി ‘മന്‍സൂഖാ’ണെന്ന് വെക്കുവാനുള്ള ഉപാധികള്‍ പൂര്‍ത്തിയാകുകയും, രണ്ടു വിധികളും തമ്മില്‍ കൂട്ടിയോജിപ്പിക്കുവാന്‍ മാര്‍ഗമില്ലാതാകുകയും ചെയ്യുമ്പോള്‍ മാത്രമേ ‘നസ്ഖി’ന്‍റെ പ്രശ്‌നം ഉത്ഭവിക്കുന്നുള്ളൂ. ഇവിടെയാണെങ്കില്‍, പ്രസ്തുത ഉപാധികള്‍ വേണ്ടത്ര പൂര്‍ത്തിയായിട്ടില്ലെന്ന് മാത്രമല്ല; താഴെ ഉദ്ധരിക്കുന്ന മുജാഹിദ് (റ) മുതലായവരുടെ അഭിപ്രായത്തില്‍ കാണുന്നതുപോലെ, രണ്ട് വിധികളും തമ്മില്‍ പൊരുത്തക്കേടില്ലാത്ത വിധം യോജിപ്പിക്കുവാന്‍ സാധ്യതയുണ്ട് താനും.


(*) ‘നസ്ഖി’നെ (മുന്‍വിധി ദുര്‍ബലപ്പെടുത്തലിനെ)പ്പറ്റി മുഖവുരയിലും 106-ാം വചനത്തിന്‍റെ വ്യാഖ്യാനത്തിലും വിവരിച്ചിട്ടുണ്ട്.


(2) ഭര്‍ത്താവിന്‍റെ മരണശേഷം സ്ത്രീ ആ വീട്ടില്‍ താമസിക്കുവാനും അവിടെനിന്ന് ചിലവ് പറ്റാനും ഇഷ്ടപ്പെടുന്നപക്ഷം, ഒരു കൊല്ലം വരെ അവള്‍ക്ക് താമസവും ചിലവും നല്‍കുവാന്‍ വസ്വിയ്യത്ത് ചെയ്യണമെന്നാണ് ഈ വചനത്തിന്‍റെ താല്‍പര്യം. അവള്‍ അതിന് ഇഷ്ടപ്പെടാത്തപക്ഷം നാലുമാസവും പത്തുദിവസവും നിര്‍ബന്ധമായും ഇദ്ദഃ ആചരിക്കണമെന്നാണ് ആ വചനത്തില്‍ (234 ല്‍) പറയുന്നത്. അഥവാ, നാലുമാസവും പത്തുദിവസവും ഇദ്ദഃ ആചരിക്കല്‍ നിര്‍ബന്ധമാണെന്നും, പിന്നീടുള്ള ഏഴുമാസവും ഇരുപത് ദിവസവും കൂടി ആചരിക്കുന്നത് അവളുടെ ഇഷ്ടം പോലെയാവാമെന്നും ചുരു ക്കം. ഈ അഭിപ്രായം മുജാഹിദ് (റ) മുതലായവരുടെതായി അറിയപ്പെടുന്നു. ഈ അഭി പ്രായമാണ് കൂടുതല്‍ യുക്തമായി തോന്നുന്നത് الله أعلم നിര്‍ബന്ധമായ ഇദ്ദഃയുടെ കാലം കഴിഞ്ഞശേഷം മറ്റൊരു വിവാഹത്തിനുള്ള സൗകര്യം ലഭിക്കാത്തപ്പോള്‍, ഒരു കൊല്ലം പൂര്‍ത്തിയാകുന്നതുവരേക്കും വിഷമം കൂടാതെ ജീവിക്കുവാന്‍ അവള്‍ക്ക് ഈ വസ്വിയ്യത്ത് വളരെ സഹായകരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഈ അഭിപ്രായം വിവരിച്ചശേഷം ഇബ്‌നുകഥീര്‍ (റ) ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: അപ്പോള്‍, പ്രസവം നിമിത്തമോ, നാലുമാസവും പത്തുദിവസവും തികഞ്ഞത് നിമിത്തമോ അവളുടെ ഇദ്ദഃ കഴിയുകയും, അവള്‍ ആ (ഭര്‍ത്താവിന്‍റെ വക) വീട്ടില്‍ നിന്ന് നീങ്ങുവാന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍ അത് തടയുവാന്‍ പാടില്ല. അവര്‍ പുറത്തുപോയി അവരുടെ കാര്യത്തില്‍ വേണ്ടത് ചെയ്യുന്നതിന് വിരോധമില്ല (فَإِنْ خَرَجْنَ فَلاجُنَاحَ – الخ) എന്ന് അല്ലാഹുപറഞ്ഞിരിക്കുന്നുവല്ലോ. ഈ അഭിപ്രായത്തിന് ന്യായമുണ്ട്. (ആയത്തിലെ) വാചകത്തില്‍ അതിന് സാധ്യതയുമുണ്ട്. ഒരു കൂട്ടം ആളുകള്‍ ഈ അഭിപ്രായമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അവരില്‍ ഒരാളാണ് അബുല്‍ അബ്ബാസ് ഇബ്‌നുതൈമി യ്യഃ (റ). മറ്റൊരു കൂട്ടര്‍ ഇതിനെ ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ ഒരാളാണ് അബൂ ഉമര്‍ ഇബ്‌നു അബ്ദില്‍ബര്‍റ് (റ).

2:241
 • وَلِلْمُطَلَّقَـٰتِ مَتَـٰعٌۢ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ ﴾٢٤١﴿
 • വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് (ആചാര) മര്യാദയനുസരിച്ച് വല്ല വിഭവവും (ലഭിക്കേണ്ടത്) ഉണ്ട്. (അതെ) സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ ഒരു കടമ!
 • وَلِلْمُطَلَّقَاتِ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കുണ്ട് مَتَاعٌ വല്ല വിഭവവും, ഒരു വിഭവം (നല്‍കല്‍) മുത്അത്ത് بِالْمَعْرُوفِ ആചാരം (മര്യാദ) അനുസരിച്ച് حَقًّا ഒരു കടമ, വേണ്ടപ്പെട്ടത് عَلَى الْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍

വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കെല്ലാം സദാചാരമര്യാദയനുസരിച്ച് വല്ല വിഭവവും (‘മുത്അത്ത്’) നല്‍കേണ്ടതുണ്ടെന്നും, അത് സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ കടമയാണെന്നും ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു. സംയോഗം നടക്കുകയും, മഹ്ര്‍ നിര്‍ണയിക്കപ്പെടുകയും ചെയ്തിട്ടില്ലാത്ത സ്ത്രീകള്‍ വിവാഹമോചനം ചെയ്യപ്പെടുമ്പോള്‍ അവര്‍ക്ക് ‘മുത്അത്ത്’ നല്‍കല്‍ നിര്‍ബന്ധമാണെന്ന് 236-ാം വചനത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സംയോഗം നടന്നിട്ടില്ലാതിരിക്കുകയും മഹ്ര്‍ നിര്‍ണയിക്കപ്പെടുകയും ചെയ്തിട്ടുള്ളവര്‍ക്ക് മഹ്‌റിന്‍റെ പകുതി കൊടുത്താല്‍ മതി- മുത്അത്ത് നല്‍കല്‍ നിര്‍ബന്ധമില്ല -എന്ന് 237-ാം വചനത്തില്‍ നിന്ന് മനസ്സിലാക്കാം. അതുകൊണ്ട് വിവാഹമോചനം നല്‍കപ്പെട്ട സ്ത്രീകള്‍ക്ക് വല്ല വിഭവവും (മുത്അത്ത്) നല്‍കണമെന്നും, അത് സൂക്ഷ്മതയുള്ളവരുടെ മേല്‍ കടമയാണെന്നും ഈ വചനത്തില്‍ പറഞ്ഞതിന്‍റെ താല്‍പര്യം വിവരിക്കുന്നതിലും പണ്ഡിതന്‍മാര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.

(1) സംയോഗം നടന്നവരെന്നോ നടക്കാത്തവരെന്നോ, മഹ്ര്‍ നിശ്ചയിക്കപ്പെട്ടവരെ ന്നോ, അല്ലാത്തവരെന്നോ വ്യത്യാസം കൂടാതെ, വിവാഹമോചനം ചെയ്യപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും മുത്അത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്. ആരും ഇതില്‍നിന്ന് ഒഴിവല്ല.

(2) സംയോഗം നടന്നിട്ടില്ലാത്തവരെപ്പറ്റി മുമ്പ് പ്രസ്താവിക്കപ്പെട്ടിരിക്കക്കൊണ്ട്  സംയോഗം നടന്നിട്ടുള്ളവര്‍ മാത്രമാണ് ഈ വചനത്തില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

(3) നിര്‍ബന്ധമായതും അല്ലാത്തതു (ഐച്ഛികമായതു)മായ രണ്ട് തരം ‘മുത് അത്ത്’കള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വചനം. അതായത്, സംയോഗവും മഹ്ര്‍ നിര്‍ണയവും ഉണ്ടായിട്ടില്ലാത്തവര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ടുന്ന മുത്അത്തും, മറ്റുള്ളവര്‍ക്ക് നിര്‍ബന്ധമല്ലാത്ത വിധം- ഐച്ഛികമായി- നല്‍കെണ്ടുന്ന മുത്അത്തും ഉള്‍പ്പെ ടുന്ന ഒരു പൊതുവിധിയാണിത്. ഇതനുസരിച്ച് കടമ (حَقًّا) എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം വേണ്ടപ്പെട്ട ഒരു കാര്യം എന്നായിരിക്കും. ഇതാണ് ആ അഭിപ്രായങ്ങളുടെ ചുരുക്കം. കൂടാതെ, ഇവിടെ വിഭവം നല്‍കണം (مَتَاعًا) എന്ന് പറഞ്ഞതുകൊണ്ട് വിവക്ഷ മേല്‍ പ്രസ്താവിച്ച തരത്തിലുള്ള ‘മുത്അത്ത്’ അല്ലെന്നും, ഇദ്ദഃയിലിരിക്കുമ്പോള്‍ നല്‍കപ്പെ ടേണ്ടുന്ന ചിലവുകളാണ് വിവക്ഷയെന്നും വേറെയും അഭിപ്രായമുണ്ട്. (*)


(*) 241-ാം വചനത്തില്‍ പറഞ്ഞ ‘മതാഅ്’ എന്ന പദത്തിന് ഇതഃപര്യന്തം മുഫസ്സിറുകള്‍ നല്‍കിയ വിശദീകരണമാണ് നാമിവിടെ കണ്ടത്. വിവാഹമോചനം മൂലം സ്ത്രീക്കേല്‍ക്കുന്ന മാനസികാഘാതം ലഘൂകരിക്കുന്നതിനുപകരിക്കത്തക്കവിധം പുരുഷന്‍ നല്‍കേണ്ടുന്ന ഒരു പാരിതോഷികമെന്നേ ‘മതാഅ്’ എന്നതിന് ഭൂരിപക്ഷം വ്യാഖ്യാതാക്കളും അര്‍ത്ഥം കല്‍പിച്ചിട്ടുള്ളൂ. എന്നാല്‍ വിവാഹമോചിതരായ എല്ലാ സ്ത്രീകള്‍ക്കും അത് നല്‍കല്‍ നിര്‍ബന്ധമുണ്ടോ, ഇല്ലേ എന്നതില്‍ മാത്രമാണ് അവര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളത്. ചുരുക്കം ചില വ്യാഖ്യാതാക്കള്‍ ഇദ്ദഃ കാലത്ത് പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ടുന്ന ജീവനാംശമാണ് ഈ വചനത്തിലെ മത്താഅ് കൊണ്ടു ദ്ദേശ്യമെന്നും അല്ലാതെ മറ്റെന്തെങ്കിലും പാരിതോഷികം നല്‍കല്‍ നിര്‍ബന്ധമല്ലെന്നും പറയുന്നു. ഈ വ്യാഖ്യാനത്തിലെ ‘ജീവനാംശ’മെന്നതിനെ പൊക്കിക്കാട്ടി, അത് ഇദ്ദഃ കാലത്തില്‍ പരിമിതമാണെന്ന വസ്തുത സൗകര്യപൂര്‍വം വിസ്മരി ച്ചുകൊണ്ട്, സ്ത്രീ പുനര്‍ വിവാഹിതയാവുന്നതു വരെയോ മരിക്കുന്നതു വരെയോ ജീവനാംശം നല്‍കാന്‍ 2:241ല്‍ ക്വുര്‍ആന്‍ കല്‍പിച്ചിരിക്കുന്നുവെന്ന് ചില തല്‍പര കക്ഷികള്‍ ഈയിടെയായി തട്ടി വിടാറുണ്ട്. സത്യത്തില്‍ 2:241ന്‍റെ വ്യാഖ്യാനമായി ഒരൊറ്റ ക്വുര്‍ആന്‍ വ്യാഖ്യാതാവും അങ്ങനെ പറഞ്ഞതായി അറിയില്ല. ഇപ്പോള്‍ ആ വിധത്തില്‍ ഈ ആയത്തിനെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ പോലും നേരത്തെ പ്രസിദ്ധീകരിച്ച സ്വന്തം ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ ‘മത്താഅ്’ എന്നതിന് മരണം വരെയോ പുനര്‍വിവാഹംവരെയോ ഉള്ള ജീവനാംശമെന്ന് വ്യാഖ്യാനി ച്ചില്ലെന്നത് ശ്രദ്ധേയമാണ്. 
 
ഈ നൂതന വ്യാഖ്യാനത്തിന്‍റെ സാഹചര്യവും പ്രചോദനവും ഇവിടെ പ്രസക്തമാണ്. ജാതിമതഭേദമന്യെ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ബാധകമായ പൊതു സിവില്‍കോഡുണ്ടാവണമെന്ന് പലരും ആഗ്രഹിക്കുന്നു. ദുരുദ്ദേശ്യമില്ലാത്ത അപൂര്‍വം ചിലരക്കൂട്ടത്തിലുണ്ടെങ്കിലും സാര്‍വ്വത്രികമായ ഹൈന്ദവവല്‍കൃത സംസ്‌കാരമാണ് അധിക പേരുടെയും മനസ്സിലിരുപ്പ്. തുറന്നടിക്കുന്നവരും കുറവല്ല. ഈ നീക്കത്തില്‍ പ്രധാന പ്രതികൂലികള്‍ മുസ്‌ലിംകളാണെന്നത് എല്ലാവര്‍ക്കുമറിയാം. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ കുടുംബ സംബന്ധമായ കാര്യങ്ങള്‍ ദൈവദത്തമായ ഒരു നിയമ സംഹിത (ശരീഅത്ത്)യനുസരിച്ച് നിര്‍വഹിക്കാന്‍ മുസ്‌ലിംകള്‍ മതപരമായി ബാദ്ധ്യസ്ഥരാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക സാദ്ധ്യമല്ല. അതുകൊണ്ടു തന്നെയാണ് ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ പോലും മുസ്‌ലിംകള്‍ക്ക് പ്രത്യേക വ്യക്തിനിയമമനുവദിച്ചതും. 
 
1973ല്‍ ക്രിമിന ല്‍ നടപടി ക്രമങ്ങളില്‍ ഭേദഗതി വരുത്തിയപ്പോള്‍ ഭര്‍ത്താവ് ഭാര്യക്ക് ചെലവിന് കൊടുക്കണമെന്ന നിയമത്തിലെ ‘ഭാര്യ’യുടെ നിര്‍വ്വചന ത്തില്‍ ‘വിവാഹമോചനം നേടുകയോ വിവാഹമോചനം ചെയ്യപ്പെടുകയോ ചെയതിട്ട് പുനര്‍വിവാഹം ചെയ്യപ്പെടാത്ത സ്ത്രീ’ എന്നു കൂടി കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധമായി പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മുസ്‌ലിം മെമ്പര്‍മാര്‍ ഭേദഗതിയെ ശക്തിയായി എതിര്‍ക്കുക യും തല്‍ഫലമായി മുസ്‌ലിംകളെ ഭേദഗതിയുടെ പരിധിയില്‍ നിന്നൊഴിവാക്കാനുള്ള ഭേദഗതി വരുത്തുകയും ചെയ്തു. അങ്ങനെ വിവാഹ മുക്തയായ സ്ത്രീക്ക് പുനര്‍വിവാഹം വരെ, അല്ലെങ്കില്‍ മരണം വരെ മുന്‍ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന നിയമത്തില്‍ നിന്ന് മുസ്‌ലിംകള്‍ വാസ്തവത്തില്‍ ഒഴിവായിരുന്നുവെങ്കിലും ചില ജഡ്ജിമാര്‍ മുസ്‌ലിംകള്‍ക്കും പ്രസ്തുത നിയമം ബാധക മാക്കിക്കൊണ്ട് വിധിക്കുകയുണ്ടായി. 
 
ഇന്‍ഡോറിലെ ഷാബാനുബീഗത്തിന് മുന്‍ഭര്‍ത്താവ് അഡ്വ:മുഹമ്മദ് അഹ്മദ്ഖാന്‍ ചെലവിന് കൊടുക്കണമെന്ന് മദ്ധ്യപ്രദേശിലെ കീഴ്‌ക്കോടതിയും ഹൈക്കോടതിയും വിധിച്ചു. ഇതിനെതിരില്‍ ഖാന്‍ സുപ്രിം കോടതിയില്‍ പോയി. ചീഫ് ജസ്റ്റീസടക്കം അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് ഖാനെതിരില്‍ വിധിയെഴുതി. ദേശീയോത്ഗ്രഥനത്തിന് ഏക സിവില്‍കോഡിന്‍റെ ആവശ്യകത വിധിയില്‍ ഊന്നിപ്പറഞ്ഞു. ക്വുര്‍ആന്‍ 2:241ല്‍ കല്‍പിച്ച ‘മത്താഅ്’ കൊണ്ടുദ്ദേശ്യം വിവാഹമോചിതക്ക് മരണം വരെ, അല്ലെങ്കില്‍ പുനര്‍വിവാഹം വരെ ചെലവിന് കൊടുക്കുകയാണെന്നും പ്രസ്താവിച്ചു. യുസുഫ് അലി തന്‍റെ ക്വുര്‍ആന്‍ പരിഭാഷയില്‍ ഇവിടെ ‘മത്താഇ’ന് Maintenance  അഥവാ ജീവനാംശം എന്നാണ് അര്‍ത്ഥ കൊടുത്തിട്ടുള്ളതെന്ന് പ്രത്യേകം ചൂണ്ടിക്കാണിച്ചു. (മുന്‍ മുഫസ്സിറുകളില്‍ ചിലര്‍ വ്യാഖ്യാനിച്ചപോലെ ഇദ്ദഃ കാലത്തിലെ ജീവനാംശത്തിനുപരി ആജീവനാന്ത ജീവനാംശമാണ് യൂസുഫ് അലി ഉദ്ദേശിച്ചതെന്ന് പറയുവാന്‍ യാതൊരു ന്യായവും കാണുന്നില്ല.) ഈ വിധിക്കെതിരെ ദീനി താല്‍പര്യമുള്ള മുസ്‌ലിം സംഘടനകളും നേതാക്കളും യോജിച്ചു ശബ്ദമുയര്‍ത്തി. ശരീഅത്തിന്‍റെ സംരക്ഷണത്തിന് സമാധാനപൂര്‍വമായ സമരമുറ കള്‍ കൈകൊണ്ടു. (അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ മുസ്‌ലിംകള്‍ ലക്ഷ്യം നേടി. മുസ്‌ലിംകളുടെ കാര്യത്തില്‍ പാര്‍ലമെന്റ് പ്രത്യേക നിയമം പാസ്സാക്കി) ഈ ഘട്ടത്തില്‍ ഇസ്‌ലാമിന്‍റെ വിരോധികള്‍ ശരീഅത്തിനെ പഴഞ്ചന്‍ കാട്ടാള നിയമമായി നാടുനീളെ അപലപിച്ചു നടന്നു. വിവാഹ മുക്തയായ മുസ്‌ലിം സ്ത്രീക്ക് വേണ്ടി അവര്‍ മുതലകണ്ണീര്‍ വാര്‍ത്തു. ഇതെല്ലാമായപ്പോള്‍, ഇസ്‌ലാം പഴഞ്ചനായിപ്പോകരുതല്ലോ, ആധുനിക കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളാവുന്നതാവണമല്ലോ എന്നതില്‍ തല്‍പരരായ ചിലര്‍ സുപ്രീം കോടതിയുടെ ചുവടുപിടിച്ച് 2:241ലെ ‘മത്താഅ്’ന് നൂതന വ്യാഖ്യാനം നല്‍കുകയാണുണ്ടായത്. മുന്‍ഭര്‍ത്താവിന്‍റെ ഓശാരംപറ്റി എന്നെന്നും ജീവിതം കഴിച്ചുകൂട്ടുവാന്‍ മാത്രം അന്തസ്സും അഭിമാനവുമില്ലാത്തവളായി സ്ത്രീയെ ഇസ്‌ലാം തരം താഴ്ത്തീട്ടില്ലെന്നതാണ് വസ്തുത. ‘മതാഅ്’ എന്തായിരിക്കണം, എത്ര വേണമെന്നതിനെ സംബന്ധിച്ച് പ്രത്യേക നിയമമില്ല. മഹ്ര്‍ എത്രയെന്ന് നിശ്ചയിക്കാതെ സ്പര്‍ശനത്തിന് മുമ്പ് വിവാഹമോചനം ചെയ്താലുള്ള ‘മതാഅ്’നെപ്പറ്റി 236-ാം വചന ത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. അവിടെ നല്‍കിയ വിശദീകരണം ഇവിടെയും പ്രസക്തമാണ്. -പ്രസാ: 

2:242
 • كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَعْقِلُونَ ﴾٢٤٢﴿
 • അപ്രകാരം, അല്ലാഹു അവന്‍റെ 'ആയത്തു' [ലക്ഷ്യം]കള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു ; നിങ്ങള്‍ ബുദ്ധി കൊടു(ത്തു മനസ്സിലാ)ക്കുവാന്‍ വേണ്ടി.
 • كَذَٰلِكَ അതുപോലെ يُبَيِّنُ اللَّهُ അല്ലാഹു വിവരിക്കുന്നു لَكُمْ നിങ്ങള്‍ക്ക് آيَاتِهِ അവന്‍റെ ആയത്ത് (വചനം- ലക്ഷ്യം- ദൃഷ്ടാന്തം) കളെ لَعَلَّكُمْ നിങ്ങള്‍ ആകുവാന്‍ വേണ്ടി, ആയേക്കാം تَعْقِلُونَ നിങ്ങള്‍ ബുദ്ധി കൊടുക്കും, മനസ്സിലാക്കുന്ന(വര്‍)

വളരെ അര്‍ത്ഥവത്തായ ഒരു ഉപദേശമാണിത്. അല്ലാഹു വിവരിച്ചുതരുന്ന നിയമ ങ്ങളും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും യഥാവിധി പാലിക്കുന്നതാണ് ബുദ്ധിപൂര്‍വമായിട്ടുള്ളത്. എന്തെങ്കിലും ഒഴിവുകഴിവുകളോ, യുക്തിന്യായങ്ങളോ, സ്വാര്‍ത്ഥതാല്‍പര്യങ്ങളോ നിമിത്തം അവയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് ബുദ്ധിഹീനതയാണ്. അങ്ങനെയുള്ളവര്‍ക്ക് ഈ വിവരണങ്ങളൊന്നും ഫലപ്രദമാകയില്ല. നിങ്ങളുടെ ഐഹികവും പാരത്രികവുമായ ഗുണത്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ വിശദീകരിച്ചുതരുന്നതെന്ന് ബുദ്ധികൊടുത്ത് ചിന്തിച്ചാല്‍ നിങ്ങള്‍ക്കുതന്നെ മനസ്സിലാവും. എന്നൊക്കെയുള്ള സൂചനകള്‍ ഈ വാക്യത്തില്‍ കാണാം. والّله الموفق والمعين