വിഭാഗം - 4

2:30
 • وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى جَاعِلٌ فِى ٱلْأَرْضِ خَلِيفَةً ۖ قَالُوٓا۟ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ ﴾٣٠﴿
 • നിന്‍റെ റബ്ബ് മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) 'ഞാന്‍ ഭൂമിയില്‍ ഒരു 'ഖലീഫ:യെ' ഏര്‍പ്പെടുത്തു (വാന്‍പോകു)ന്നുവെന്ന്. അവര്‍ പറഞ്ഞു: 'അതില്‍ നാശമുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അതില്‍ ഏര്‍പ്പെടുത്തുകയോ?! ഞങ്ങള്‍ നിന്നെ സ്തുതിച്ചു കൊണ്ടു 'തസ്ബീഹ്' (സ്‌തോത്ര കീര്‍ത്തനം) ചെയ്യുകയും, നിനക്ക് 'തക്വ്ദീസ്' (നിന്‍റെ പരിശുദ്ധിയെ വാഴ്ത്തല്‍) ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ.' അവന്‍ പറഞ്ഞു: 'നിശ്ചയമായും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം.'
 • وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം رَبُّكَ നിന്റെ റബ്ബ്, രക്ഷിതാവ് لِلْمَلَائِكَةِ മലക്കുകളോട് إِنِّي നിശ്ചയമായും ഞാന്‍ جَاعِلٌ ആക്കുന്ന (ഉണ്ടാക്കുന്ന)വനാണ് فِي الْأَرْضِ ഭൂമിയില്‍ خَلِيفَةً ഒരു ഖലീഫഃ പിന്‍ഗാമി, പ്രതിനിധി, അനന്തരഗാമിയെ قَالُوا അവര്‍ പറഞ്ഞു أَتَجْعَلُ നീ ആക്കുകയോ فِيهَا അതില്‍ مَن يُفْسِدُ നാശമുാക്കുന്നവരെ فِيهَا അതില്‍ وَيَسْفِكُ ചിന്തുകയും ചെയ്യുന്ന الدِّمَاءَ രക്തങ്ങളെ وَنَحْنُ ഞങ്ങളാകട്ടെ نُسَبِّحُ ഞങ്ങള്‍ തസ്ബീഹ് ചെയ്യുന്നു, സ്‌തോത്ര കീര്‍ത്തനം നടത്തുന്നു بِحَمْدِكَ നിന്നെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ وَنُقَدِّسُ ഞങ്ങള്‍ തക്വ്ദീസും (പരിശുദ്ധി വാഴ്ത്തലും) ചെയ്യുന്നു لَكَ നിനക്ക് قَالَ അവന്‍ പറഞ്ഞു إِنِّي أَعْلَمُ നിശ്ചയമായും ഞാന്‍ അറിയും مَا لَا تَعْلَمُونَ നിങ്ങള്‍ അറിയാത്തത്

28-ാം വചനത്തില്‍ നിര്‍ജ്ജീവാവസ്ഥക്കുശേഷം മനുഷ്യനു ജീവിതം നല്‍കിയതിനെയും, 29-ല്‍ മനുഷ്യനുവേണ്ടി ഭൂമിയിലെ വിഭവങ്ങള്‍ സൃഷ്ടിച്ചതിനെയും ഓര്‍മിപ്പിച്ച ശേഷം ഈ വചനത്തില്‍, മനുഷ്യന്‍ ഭൂജാതനാകും മുമ്പുതന്നെ അവന് അല്ലാഹു കല്‍പിച്ചിട്ടുള്ള ഉന്നതസ്ഥാനത്തെക്കുറിച്ചു പ്രസ്താവിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഈ ആയത്ത് ആരംഭിക്കുന്നത് وَإِذْ قَالَ رَبُّكَ (നിന്‍റെ റബ്ബ് പറഞ്ഞ സന്ദര്‍ഭം) എന്നാണല്ലോ. ഇതുപോലെ إِذ (ഇദ്=സന്ദര്‍ഭം) എന്ന വാക്കുകൊണ്ട് വിഷയം ആരംഭിക്കുന്ന പതിവ് ക്വുര്‍ആനില്‍ പലപ്പോഴും കാണാം. വിവരിക്കുന്ന വിഷയത്തിന്‍റെ പ്രാധാന്യം ഓര്‍മിക്കണമെന്നാണതിന്‍റെ താല്‍പര്യം. ഇവിടെ മനുഷ്യസൃഷ്ടിയുടെ ആരംഭം, മനുഷ്യവര്‍ഗത്തിന്‍റെ ശ്രേഷ്ഠത, മനുഷ്യരെ സൃഷ്ടിച്ചതിലടങ്ങിയ ചില യുക്തിരഹസ്യങ്ങള്‍ ആദിയായവയെക്കുറിച്ച് വിവരിക്കുന്ന സന്ദര്‍ഭമാണല്ലോ.

ആയത്തിന്‍റെ ഉള്ളടക്കങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് خَلِيفَة (ഖലീഫഃ) എന്ന വാക്കിനെപറ്റി അല്‍പമൊന്നു മനസ്സിരുത്തുന്നത് നന്നായിരിക്കും. قُدَّام (ക്വുദ്ദാമ്)-അഥവാ മുന്‍ഭാഗം-എന്ന വാക്കിന്‍റെ വിപരീതാര്‍ത്ഥമായ (خَلْفُ) എന്ന മൂലത്തില്‍ നിന്നുത്ഭവിച്ചതാണ് خَلِيفَة എന്ന പദം. നിഘണ്ടുകളിലും, ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലും ഇതിന് നല്‍കിക്കാണുന്ന അര്‍ത്ഥം: من يخلف غيره ويقوم مقامه (മറ്റൊരാള്‍ക്ക് പുറകില്‍ വരുകയും അയാളുടെ സ്ഥാനത്ത് നിലകൊള്ളുകയും ചെയ്യുന്നവന്‍) എന്നാകുന്നു. ചിലരുടെ വാക്കുകളില്‍ അല്‍പം അക്ഷരവ്യത്യാസമൊക്കെ കാണാമെങ്കിലും ആശയത്തില്‍ എല്ലാവരും യോജിക്കുന്നു. ഇതിന്‍റെ ബഹുവചന രൂപങ്ങളായ خَلاَئف ,خُلَفَاء–– (ഖുലഫാഉ്, ഖലാഇഫ്) എന്നീ പദങ്ങളും, ക്രിയാരൂപങ്ങളായ خَلَفَ (ഖലഫഃ) മുതലായ രൂപങ്ങളും, മൂലധാതുവില്‍നിന്നുള്ള മറ്റു ചില പദങ്ങളും ക്വുര്‍ആനില്‍ അവിടവിടെയായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ താഴെ കാണാവുന്നതുമാണ്.

എല്ലാവര്‍ക്കും സുപരിചിതമായഒരു വാക്കാണല്ലോ خِلاَفَةْ (ഖിലാഫത്ത്). ഖിലാഫത്തുള്ള ആള്‍ക്കാണ് ‘ഖലീഫഃ (خَلِيفَة)’ എന്ന് പറയുന്നതും. അതുകൊണ്ടായിരിക്കാം ഇമാം റാഗിബ് അദ്ദേഹത്തിന്‍റെ ക്വുര്‍ആന്‍ നിഘണ്ടുവില്‍ ‘ഖലീഫഃ’ എന്ന വാക്കിന് പ്രത്യേകം അര്‍ത്ഥം കൊടുക്കാതെ ‘ഖിലാഫത്തിനു മാത്രം അര്‍ത്ഥം പറഞ്ഞു മതിയാക്കിയിരിക്കുന്നതും. അദ്ദേഹത്തിന്‍റെ വാചകം ഇതാണ്:

وَالْخِلافَة الْنِّيَابَة عَنالْغَيرإِمَّالِغَيْبَةِ الْمَنْدُوبِ عَنْه وُإِمَّا لِمَوْتِه وَإِمَّا لِعَجْزِه وَإِمَّا لتشريف الْمُسْتَخْلَفِ وعلى هَذَا اْلوَجْه اْلأَخِيرِ اسْتَخْلَفَ الَّله أَوْلِيَاءَه فَى الأَرْضِ

”ഖിലാഫത്ത് എന്നാല്‍ മറ്റൊരാള്‍ക്കു പകരം നില്‍ക്കുക എന്നാണ്. ഒന്നുകില്‍ ആര്‍ക്കുവേണ്ടി പകരം നില്ക്കുന്നുവോ അയാളുടെ അഭാവം നിമിത്തം, അല്ലെങ്കില്‍ അയാളുടെ മരണം നിമിത്തം, അല്ലെങ്കില്‍ അയാളുടെ കഴിവുകേടുനിമിത്തം, അല്ലെങ്കില്‍ ഖലീഫഃയാക്കപ്പെടുന്ന ആളെ ബഹുമാനിക്കുവാന്‍ വേണ്ടി. ഈ അവസാനത്തെ വിധത്തിലാണ് അല്ലാഹു അവന്‍റെ ‘ഔലിയാഇ’നെ-അവന്‍റെ മിത്രങ്ങളായ ആള്‍ക്കാരെ-ഭൂമിയില്‍ ഖലീഫഃകളാക്കിയിരിക്കുന്നത്.” തുടര്‍ന്നുകൊണ്ട് അദ്ദേഹം താഴെ ഉദ്ധരിക്കുന്ന ചില ക്വുര്‍ആന്‍ വാക്യങ്ങള്‍ ഉദാഹരണമായി എടുത്തു കാണിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, അഭാവവും, മരണവും, കഴിവുകേടും അസംഭവ്യമാണല്ലോ. അതുകൊണ്ടാണ് അവസാനത്തെ വിധത്തിലാണ് ഭൂമിയില്‍ അല്ലാഹുവിന്‍റെ ആള്‍ക്കാരെ അവന്‍ ഖലീഫഃയാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞത്. വലിയ ഭരണാധികാരി (•السلطان العظيم)യെ ഉദ്ദേശിച്ചു ‘ഖലീഫഃ’ എന്ന് പറയപ്പെടാറുണ്ട്. ഇബ്‌നു ജരീര്‍ (റ) ചൂണ്ടിക്കാട്ടിയതുപോലെ ഭരണാധികാരി എന്ന അര്‍ത്ഥത്തിലല്ല അത്. ഒരു ഭരണാധിപന്‍റെ ശേഷം അയാളുടെ സ്ഥാനത്തു വന്ന് കാര്യം നടത്തുന്ന ആള്‍ എന്നുള്ളത്‌കൊണ്ടാണത്. ഇനി, ആ വാക്കിനു നേര്‍ക്കുനേരെ അങ്ങനെയും ഒരു അര്‍ത്ഥമുണ്ടെന്നുവന്നാല്‍ തന്നെ ആ അര്‍ത്ഥം എല്ലാ ഇടത്തിലും യോജിക്കുകയില്ലതാനും. മേല്‍ കണ്ടതുപോലെയുള്ള ഉദ്ധരണികളും, ‘ഖിലാഫത്തി’നെയും ‘ഖലീഫഃ’ യെയും സംബന്ധിച്ചു പല മഹാന്‍മാരുടെയും പ്രസ്താവനകളും പരിശോധിക്കുമ്പോള്‍ താഴെ പറയുന്ന സംഗതികള്‍ അവയില്‍ നിന്നു മനസ്സിലാകുന്നു.

(1) ‘ഖലീഫഃ’ എന്ന വാക്കിന് മലയാളത്തില്‍ ‘പിന്‍ഗാമി, അനന്തരഗാമി, പ്രതിനിധി എന്നൊക്കെ ഭാഷാന്തരം നല്‍കാം.
(2) ആ പദത്തില്‍ പ്രാതിനിധ്യത്തെക്കാള്‍ പരിഗണിക്കപ്പെട്ടിട്ടുള്ളത് പിന്‍ഗാമിത്വമാകുന്നു. കാരണം, ആ മൂലാര്‍ത്ഥമുള്ള ഒരു ധാതുവില്‍ നിന്നാണ് ആ വാക്ക് രൂപം കൊണ്ടിരിക്കുന്നത്.
(3) അല്ലാഹു ആരെയെങ്കിലും ഖലീഫഃയാക്കി എന്നു പറഞ്ഞാല്‍, ആ ഖലീഫഃ സാധാരണ അര്‍ത്ഥത്തില്‍ അവന്‍റെ പിന്‍ഗാമിയോ, പ്രതിനിധിയോ ആയിരിക്കുവാന്‍ നിവൃത്തിയില്ല. കാരണം, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം-ഇമാംറാഗിബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ-ഒരര്‍ത്ഥത്തിലുള്ള അഭാവവും അവനുണ്ടാകുകയില്ല, അവന്‍റെ ഏതെങ്കിലും ഒരു അധികാരമോ, പ്രവൃത്തിയോ, ബാധ്യതയോ മറ്റൊരാള്‍ക്കുവിട്ടുകൊടുക്കുകയോ, ഏല്‍പിച്ചുകൊടുക്കുകയോ ചെയ്യുന്ന പ്രശ്‌നവുമില്ല.
(4) അപ്പോള്‍, ‘അല്ലാഹുവിന്‍റെ ഖലീഫഃ’ എന്നു ആരെക്കുറിച്ചെങ്കിലും എവിടെയെങ്കിലും പ്രയോഗിച്ചു കണ്ടാല്‍ അത് അല്ലാഹു ഖിലാഫത്തു സ്ഥാനം നല്‍കി ബഹുമാനിച്ച ആള്‍ എന്ന അര്‍ത്ഥത്തിലല്ലാതെ-അല്ലാഹുവിന്‍റെ പിന്‍ഗാമി എന്നോ പ്രതിനിധി എന്നോ ഉള്ള അര്‍ത്ഥത്തില്‍-ആയിരിക്കുവാന്‍ നിവൃത്തിയില്ല എന്നു സ്പഷ്ടമായി.

ശരി, എനി, إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً (ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫഃയെ ആക്കുവാന്‍ പോകുന്നു) എന്നു അല്ലാഹൂ പറഞ്ഞതിന്‍റെ താല്‍പര്യമെന്താണെന്നു ആലോചിക്കാം. ഇബ്‌നുകഥീര്‍ (റ) ഇതിനെപ്പററി വിശദമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിലെ ചില പ്രസക്തഭാഗങ്ങള്‍ നമുക്കു ഇവിടെ ഉദ്ധരിക്കാം:
قَرْنًا بَعْد قَرْنً وَجِيلاً بَعْد جِيل  أَي قَوْما يَخْلُفُ بَعْضُهم بَعْضًا (അതായത്, ഒരു തലമുറക്കുശേഷം മറ്റൊരു തലമുറയും ഒരു കാലക്കാര്‍ക്ക് ശേഷം മറ്റൊരു കാലക്കാരുമായിക്കൊണ്ട് ചിലര്‍ക്ക് പിന്നില്‍ ചിലര്‍ വന്നുകൊണ്ടിരിക്കുന്ന ജനങ്ങള്‍) എന്നു പ്രസ്താവിച്ചശേഷം ഇതിനു തെളിവായി ‘ഖലീഫഃ’യുടെ ബഹുവചനവും ക്രിയാരൂപവും ഉള്‍ക്കൊള്ളുന്ന ചില ആയത്തുകളും അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു. ഇവയാണത്:

هُوَ الَّذِي جَعَلَكُمْ خَلَائِفَ فِي الْأَرْضِ – فاطر -٣٩

സാരം: അവനത്രെ നിങ്ങളെ ഭൂമിയില്‍  ‘ഖലാഇഫ്-പിന്‍ഗാമികളായിവരുന്നവര്‍-ആക്കിയവന്‍.

 وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ-  النمل ٦٢

അവന്‍ നിങ്ങളെ ഭൂമിയിലെ ‘ഖുലഫാഉ’-മാറി മാറി വരുന്നപിന്‍ഗാമികള്‍-ആക്കുന്നു.

وَلَوْ نَشَاءُ لَجَعَلْنَا مِنكُم مَّلَائِكَةً فِي الْأَرْضِ يَخْلُفُونَ – الزخرف ٦٠

നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഭൂമിയില്‍ (നിങ്ങള്‍ക്ക്) പിന്നില്‍ പകരം വരുമാറ് നിങ്ങളില്‍ നിന്നു തന്നെ നാം മലക്കുകളെ ഏര്‍പ്പെടുത്തുമായിരുന്നു. فَخَلَفَ مِن بَعْدِهِمْ خَلْفٌ അവരുടെ (ആ പ്രവാചകന്‍മാരുടെ) ശേഷം ഒരു ‘ഖല്‍ഫ്’-ഒരുതരം പിന്‍ഗാമികള്‍-പുറകില്‍ വന്നു.

ഇബ്‌നു കഥീര്‍ (റ) തുടരുന്നു: ‘ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗക്കാര്‍ പറയുന്നതുപോലെ, ‘ഖലീഫഃ’ കൊണ്ട് ഇവിടെ ഉദ്ദേശ്യം ആദം (അ) മാത്രമല്ല. ഈ അഭിപ്രായം ഇബ്‌നു അബ്ബാസ്, ഇബ്‌നുമസ്ഊദ് (റ) എന്നിവരുടെയും പൊതുവില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായമായി ക്വുര്‍ത്വുബീ (റ) പ്രസ്താവിച്ചിരിക്കുന്നു. ഇതില്‍ (ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പൊതുവെയുള്ള അഭിപ്രായമാണെന്നു പറഞ്ഞതില്‍) അല്‍പം ആലോചിക്കേതുണ്ട്. യഥാര്‍ത്ഥത്തില്‍ അതില്‍ വളരെ അഭിപ്രായഭിന്നിപ്പുണ്ട്. റാസീ (റ)യും മറ്റും അത് ഉദ്ധരിച്ചിട്ടുമുണ്ട്. വ്യക്തി എന്ന നിലക്ക് ആദം നബി(അ)യെ ഉദ്ദേശിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നതും. കാരണം, അങ്ങിനെയാണെങ്കില്‍, أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ (അതില്‍ നാശമുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അതില്‍ ആക്കുകയോ) എന്നുള്ള മലക്കുകളുടെ ചോദ്യത്തിന് ഔചിത്യമില്ല. മനുഷ്യ വര്‍ഗത്തില്‍ അങ്ങിനെയുള്ളവര്‍ ഉണ്ടാകുമെന്നാണല്ലോ അവര്‍ ഉദ്ദേശിക്കുന്നത്. മലക്കുകള്‍ക്ക് സിദ്ധിച്ച വല്ലപ്രത്യേക അറിവു നിമിത്തമോ, അല്ലെങ്കില്‍ മുട്ടിയാല്‍ ശബ്ദമുണ്ടാകുന്ന കറുത്ത കളിമണ്ണില്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിക്കുന്നത് (إِنِّي خَالِقٌ بَشَرًا مِّن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ) എന്ന് അല്ലാഹു അവരോട് പറഞ്ഞിരുന്നതില്‍നിന്ന് മനുഷ്യ പ്രവൃത്തിയെക്കുറിച്ചു അവര്‍ മനസ്സിലാക്കിയത് നിമിത്തമോ, അല്ലെങ്കില്‍-ക്വുര്‍ത്വുബീ പറഞ്ഞപോലെ-ഖലീഫഃ എന്ന വാക്കില്‍ നിന്നു അന്യായങ്ങളില്‍ തീരുമാനം കല്‍പിക്കുകയും നിഷിദ്ധങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും തടയുകയും ചെയ്യുന്ന ആള്‍ എന്ന് അവര്‍ അര്‍ത്ഥം മനസ്സിലാക്കിയതു നിമിത്തമോ, അതുമല്ലെങ്കില്‍-ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിക്കുന്നതുപോലെ -ഭൂമിയില്‍ മുമ്പുണ്ടായിരുന്ന സമുദായത്തിന്‍റെ മാനദണ്ഡം വെച്ച് മനുഷ്യരെ കണക്കാക്കിയതുകൊണ്ടോ ആയിരിക്കാം മലക്കുകള്‍ ആ ചോദ്യം ചോദിച്ചത്. അല്ലാതെ-ചില വ്യാഖ്യാതാക്കള്‍ തെറ്റിദ്ധരിക്കാറുള്ളതുപോലെ-അല്ലാഹുവിന്‍റെ പേരിലുള്ള ആക്ഷേപമെന്ന നിലക്കോ, ആദമിന്‍റെ സന്തതികളോടുള്ള അസൂയ നിമിത്തമോ അല്ല ആ ചോദ്യം. എന്തുകൊണ്ടെന്നാല്‍, അവര്‍ അല്ലാഹുവിനെ മുന്‍കടന്നു ഒന്നും പറയുകയില്ല; അനുവാദമില്ലാത്ത ചോദ്യം അവര്‍ ചെയ്യുകയുമില്ല لَا يَسْبِقُونَهُ بِالْقَوْلِ (വാക്കുകൊണ്ട് അവര്‍ അവനെ മുന്‍ കടക്കുകയില്ല. (21: 27) എന്നു അല്ലാഹു പറഞ്ഞിട്ടുല്ലോ.

(അദ്ദേഹം തുടരുന്നു) ‘ഭൂമിയില്‍ അല്ലാഹു ഒരു സൃഷ്ടിയെ ഏര്‍പ്പെടുത്തുന്ന വിവരം അവരെ അറിയിച്ചപ്പോള്‍ അവര്‍ അങ്ങിനെ ചോദിച്ചു. ആ സൃഷ്ടിയിലടങ്ങിയ യുക്തിരഹസ്യമെന്താണെന്നുള്ള ഒരന്വേഷണമാണ് ഈ ചോദ്യം. അതായത്, കുഴപ്പക്കാരും നാശക്കാരും ഉണ്ടായിത്തീരുന്ന ഈ സൃഷ്ടിയെ സൃഷ്ടിക്കുന്നത്‌ കൊണ്ടുദ്ദേശ്യം നിന്നെ ആരാധിക്കുക എന്നുള്ളതാണെങ്കില്‍, ഞങ്ങളിതാ എപ്പോഴും നിന്നെ ആരാധിച്ചു വരുന്നുവല്ലോ. എനി, വേറെ ഒരു കൂട്ടരെ സൃഷ്ടിക്കേണ്ടതുണ്ടോ? എന്ന് താല്പര്യം. അതിന് അല്ലാഹു നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം إِنِّي أَعْلَمُ مَا لَا تَعْلَمُونَ എന്ന് മറുപടിയും നല്‍കി. അതായത്, നിങ്ങള്‍ പറഞ്ഞ ദോഷം അതിലുണ്ടെങ്കിലും അതോടൊപ്പം അതിനേക്കാള്‍ കവിഞ്ഞ നന്‍മയും അതിലടങ്ങിയിട്ടുണ്ട് എന്ന് എനിക്കറിയാം; നിങ്ങള്‍ക്ക് അത് അറിയുകയില്ല. ഞാന്‍ അവരില്‍ നബിമാരെയും, റസൂലുകളെയും നിയോഗിക്കും; അവരില്‍ സ്വിദ്ദീക്വുകളും, ശുഹദാക്കളും, പുണ്യവാന്മാരും, ത്യാഗികളും, പണ്ഡിതന്മാരും, ഭക്തന്മാരും മറ്റും ഉണ്ടായിരിക്കുന്നതാണ്…’ (من ابن كثير باختصار) റാസീ (റ) ഉദ്ധരിച്ചതായി ഇബ്‌നു കഥീര്‍(റ) ചൂണ്ടിക്കാട്ടിയ ഭിന്നാഭിപ്രായങ്ങള്‍കൂടി ഉദ്ധരിക്കാം. ‘ഖലീഫഃ’ എന്ന വാക്കിനു من يخلف غيره ويقوم مقامه (മറ്റൊരാള്‍ക്കു പുറകില്‍ വരുകയും അയാളുടെ സ്ഥാനത്തു നില കൊള്ളുകയും ചെയ്യുന്ന ആള്‍) എന്ന് അര്‍ത്ഥം നല്‍കുകയും, മേല്‍ ഉദ്ധരിച്ച ഒന്നാമത്തെയും രണ്ടാമത്തെയും ക്വുര്‍ആന്‍ വാക്യങ്ങളെ അതിനു തെളിവായി ഉദ്ധരിക്കുകയും ചെയ്തുകൊണ്ടു റാസീ (റ) പറയുന്നു: ‘ഖലീഫഃ കൊണ്ടുദ്ദേശ്യം ആരാണെന്നുള്ളതില്‍ രണ്ടു അഭിപ്രായമുണ്ട്. (ഒന്ന്) അത് ആദം (അ) ആകുന്നുവെന്നാണ്. അപ്പോള്‍ ഭൂമിയില്‍ നാശമുണ്ടാക്കുന്നവന്‍ എന്നു പറഞ്ഞത് അദ്ദേഹത്തെക്കുറിച്ചല്ല, അദ്ദേഹത്തിന്‍റെ സന്തതികളെ ഉദ്ദേശിച്ചായിരിക്കും. (രണ്ട്) അദ്ദേഹത്തിന്‍റെ മക്കളാണെന്നാകുന്നു. ആദം നബി(അ)യാണുദ്ദേശ്യമെന്നു പറയുന്നവരില്‍ അദ്ദേഹത്തെപ്പറ്റി ഖലീഫഃ എന്നു പറയുവാനുള്ള കാരണത്തില്‍ രണ്ടഭിപ്രായമുണ്ട്.

1) ഭൂമിയില്‍ ഉണ്ടായിരുന്ന ജിന്ന് വര്‍ഗത്തെ അല്ലാഹു നീക്കം ചെയ്തുകൊണ്ട് ആദമിനെ ഭൂമിയില്‍ താമസിപ്പിച്ചതിനാല്‍ അദ്ദേഹം അവരുടെ ഖലീഫഃ (പുറകില്‍ വന്ന ആള്‍) ആയി.
2) അല്ലാഹുവിന്‍റെ ശാസനകള്‍ക്കു വിധേയരായവര്‍ക്കിടയില്‍ അദ്ദേഹം അല്ലാഹുവിനു പകരം വിധി കല്‍പിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് ഖലീഫഃ എന്നു പറഞ്ഞതാണ്. ഇബ്‌നുമസ്ഊദ്, ഇബ്‌നു അബ്ബാസ്, സുദ്ദീ (റ) എന്നിവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടത് ഇതാണ്: – يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ (ദാവൂദേ, നിന്നെ നാം ഭൂമിയില്‍ ഒരു ഖലീഫഃയാക്കിയിരിക്കുന്നു. അതിനാല്‍ നീ ജനങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ പ്രകാരം വിധിക്കുക): എന്ന ക്വുര്‍ആന്‍ വചനം ഇതിനെ ബലപ്പെടുത്തുന്നു. എന്നാല്‍, ആദമിന്‍റെ മക്കളാണ് ഖലീഫഃകൊണ്ടുദ്ദേശ്യം എന്നു പറയുന്നവര്‍ പറയുന്നത് അവരില്‍ ചിലര്‍ ചിലരുടെ പിറകിലായി വരുന്നതുകൊണ്ടാണ് അവര്‍ക്ക് ഖലീഫഃ എന്നു പറഞ്ഞത് എന്നത്രെ. جَعَلَكُمْ خَلَائِفَ الْأَرْضِ (നിങ്ങളെ ഭൂമിയിലെ ഖലീഫഃമാരാക്കി 6: 165) എന്ന വചനം ഇതിനു ബലം നല്‍കുകയും ചെയ്യുന്നു ‘ഖലീഫഃ (خَلِيفَة) എന്നവാക്കാകട്ടെ, ഒരാള്‍ക്കും, കൂടുതല്‍ ആള്‍ക്കും, ആണിനും, പെണ്ണിനും ഉപയോഗിക്കാവുന്നതുമാകുന്നു. ( من الرازى )

ഈ രണ്ടു മഹാന്‍മാരുമടക്കം പ്രധാനപ്പെട്ട പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും പ്രസ്താവനകളും വിവരണങ്ങളും പരിശോധിച്ചാല്‍, إِ ِّ اعِلٌ جَ فِي الأَرْضِ خَلِيفَة (ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫഃയെ ഏര്‍പ്പെടുത്തുന്നു) എന്ന വാക്കിന് ഒന്നിലധികം വ്യാഖ്യാനങ്ങള്‍ നിലവിലുണ്ടെന്നു വ്യക്തമാകുന്നു. എല്ലാറ്റിനും ഏറെക്കുറെ ന്യായീകരണങ്ങളും കാണാം. അവയില്‍ ഇന്നതു മാത്രം ശരിയും, മറ്റെല്ലാം തെറ്റുമാണെന്ന് ഖണ്ഡിച്ചു പറയത്തക്ക തെളിവുകളുമില്ല. കൂട്ടത്തില്‍ കൂടുതല്‍ സ്വീകാര്യമായത് ഏതാണെന്നുള്ളതാണ് ആലോചിക്കേണ്ടത്. ആ വ്യാഖ്യാനങ്ങളുടെ സാമാന്യ രൂപം ഇങ്ങിനെ മനസ്സിലാക്കാം:-

1) ഈ ഭൂമിയിലെ നിവാസികളായിരുന്ന മറ്റൊരു സമുദായത്തിന്‍റെ പിന്‍ഗാമികളായിട്ടാണ് മനുഷ്യവര്‍ഗത്തെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. അതാണ് ‘ഖിലാഫത്തി’ന്‍റെ ഉദ്ദേശ്യം. ജിന്നു വര്‍ഗമായിരുന്നു ആ പൂര്‍വ്വ സമുദായം. അവര്‍ ഭൂമിയില്‍ അക്രമവും കുഴപ്പവും ഉണ്ടാക്കിയതു നിമിത്തം അല്ലാഹു അവരെ നശിപ്പിക്കുകയോ, ആട്ടിയോടിക്കുകയോ ചെയ്തു. പുതുതായി രംഗത്തു വരുന്ന മനുഷ്യ വര്‍ഗവും അവരെപ്പോലെ അക്രമവും നാശവും ഉണ്ടാക്കിയേക്കുമെന്ന് കരുതിയതുകൊണ്ടാണ് മലക്കുകള്‍ അതിനെപ്പറ്റി ചോദിച്ചത്.

2) ഒരു തലമുറയുടെ ശേഷം മറ്റൊരു തലമുറയായി ഭൂമിയില്‍ മാറിമാറി വന്നുകൊണ്ടിരിക്കുന്ന സമുദായങ്ങളായിട്ടാണ് മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. ഇതാണ് ഖിലാഫത്ത് കൊണ്ടുദ്ദേശ്യം. ഈ രണ്ടാമത്തെ അഭിപ്രായമാണ് ക്വുര്‍ആന്‍റെ വാക്യങ്ങളോട് കൂടുതല്‍ യോജിച്ചതായി കാണുന്നത്. അതുകൊണ്ടാണ് ഇബ്‌നു ജരീര്‍, ഇബ്‌നു കഥീര്‍ (റ) മുതലായ പ്രമുഖ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇതിനു മുന്‍ഗണന നല്‍കിയിരിക്കുന്നതും. ‘ഖലീഫഃ’ എന്ന വാക്ക്-റാസി (റ) പ്രസ്താവിച്ചതുപോലെ – ആ വാക്കിന്‍റെ പ്രത്യേക ഘടനയനുസരിച്ച് ഏകവചനവും, ബഹു വചനവും, പുല്ലിംഗവും, സ്ത്രീലിംഗവുമായിട്ടെല്ലാം ഉപയോഗിക്കുന്നതിനു വിരോധമില്ലതാനും. ഇതുപോലെ ഉപയോഗിക്കാവുന്ന വാക്കുകള്‍ അറബി ഭാഷയില്‍ വേറെയും സുലഭമത്രെ. കൂടാതെ, മനുഷ്യ പിതാവായ ആദം (അ) നെ സൃഷ്ടിക്കുവാന്‍ പോകുന്ന അവസരത്തിലാണല്ലോ അല്ലാഹു മലക്കുകളോട് ഇതു പറഞ്ഞത്. ആ സന്ദര്‍ഭമനുസരിച്ചു ഏകവചന രൂപത്തില്‍ ഖലീഫഃ എന്നു പറഞ്ഞാല്‍ തന്നെയും ഉദ്ദേശ്യം അദ്ദേഹത്തിന്‍റെ സന്തതികളായിരിക്കുന്നതാണ്. ഗോത്രത്തിന്‍റെയോ വര്‍ഗത്തിന്‍റെയോ ആദ്യ പിതാവിന്‍റെ പേരുകള്‍ ഗോത്രത്തിനും വര്‍ഗത്തിനും ഒന്നായി ഉപയോഗിക്കല്‍ അറബിഭാഷയില്‍ പതിവുമത്രെ.

3) അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ക്കനുസരിച്ചു ഭൂമിയില്‍ അവന്‍റെ സൃഷ്ടികള്‍ക്കിടയില്‍ വിധിയും നീതിയും നടത്തുവാന്‍ വേണ്ടി അല്ലാഹു നിശ്ചയിച്ച ഖലീഫഃയാണ്- അവന്‍റെ പ്രതിനിധിയാണ്-ആദമും (അ) അദ്ദേഹത്തിന്‍റെ സന്തതികളില്‍ അദ്ദേഹത്തെപ്പോലെ നീതിയും സത്യവും പാലിച്ചു പോരുന്ന നല്ല ആളുകളും. ഇതനുസരിച്ച് നാശമുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുമെന്ന് പറഞ്ഞത് അങ്ങിനെയല്ലാത്തവരെ ഉദ്ദേശിച്ചായിരിക്കും. ഭൂമിയില്‍ നീതിയും നെറിയും നടപ്പിലാക്കുവാന്‍ അല്ലാഹുവിന് കഴിയാത്തതുകൊല്ല ഈ പ്രാതിനിധ്യം നല്‍കുന്നതെന്ന് തീര്‍ച്ചയാണ്. രണ്ടു കാരണം അതിന് ചൂണ്ടിക്കാണിക്കപ്പെടുന്നു. (ഒന്ന്) ദിവ്യ സന്ദേശങ്ങളും, ദൈവിക ശാസനകളും നേരില്‍ ഏറ്റുവാങ്ങുവാന്‍ പറ്റിയ പ്രകൃതക്കാരല്ല പൊതുവില്‍ മനുഷ്യവര്‍ഗം. അതുകൊണ്ടാണ് അവരില്‍ നിന്ന് പ്രവാചകന്‍മാരെ തിരഞ്ഞെടുക്കുന്നതും, അവര്‍ മുഖാന്തരം അവ എത്തിച്ചുകൊടുക്കുന്നതും. (രണ്ട്) ഖലീഫാസ്ഥാനം നല്‍കുകവഴി മനുഷ്യവര്‍ഗത്തെ ശ്രേഷ്ഠമാക്കുകയാണുദ്ദേശ്യം. എന്നല്ലാതെ, അല്ലാഹുവിനു അതില്‍ ഏതെങ്കിലും ഒരാവശ്യം ഉണ്ടായതുകൊണ്ടല്ല. ഈ മൂന്നാമത്തെ അഭിപ്രായമാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗക്കാര്‍ സ്വീകരിച്ചു കാണുന്നത്.

4) മൂന്നാമത്തെ അഭിപ്രായത്തില്‍നിന്നു രൂപം പൂണ്ടും, അതിന്‍റെ വൃത്തം കുറച്ചു കൂടി വികസിപ്പിച്ചും ഭൗതിക വശത്തിന് പ്രത്യേക പരിഗണന നല്‍കിയും കൊണ്ടുള്ളതുമായ ഒരു അഭിപ്രായമാണ് നാലാമത്തേത്. ആധുനിക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പലരും കൂടുതല്‍ താല്‍പര്യം കാണിക്കാറുള്ളത് ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നതിലാകുന്നു. സയ്യിദ് ക്വുത്ത്ബ് (റ) ന്‍റെ വിവരണത്തെ ആസ്പദമാക്കി അതിങ്ങിനെ വിവരിക്കാം: ഈ ഭൂമിയിലെ ചരാചരങ്ങളുടെ കൈകാര്യ നടത്തിപ്പിന്‍റെ ചുക്കാന്‍ ഏല്‍പ്പിക്കുവാനും, അതിലെ വിഭവങ്ങളും, നിക്ഷേപങ്ങളും, ഊര്‍ജ്ജങ്ങളും തേടിപ്പിടിച്ചു ഉപയോഗപ്പെടുത്തുവാനും പറ്റിയ ഒരു സൃഷ്ടിവര്‍ഗത്തെ സൃഷ്ടിക്കുകയെന്നതാണ് ഖലീഫഃയെ ഏര്‍പ്പെടുത്തുക എന്നു പറഞ്ഞതിന്‍റെ താല്‍പര്യം. അല്‍പം ഭൗതികമായ ആഭിമുഖ്യത്തോടു കൂടി ക്വുര്‍ആന്‍ വചനങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കുവാന്‍ തുനിയാറുള്ളവര്‍ സ്വാഭാവികമായും കുറേകൂടി മുന്നോട്ട് കടന്ന് പ്രപഞ്ചത്തിന്‍റെ കൈകാര്യങ്ങള്‍ ഒട്ടുമുക്കാലും മനുഷ്യന്‍റെ കയ്യിലാണുള്ളതെന്നും മനുഷ്യന്‍ ബുദ്ധിപരമായും ശാസ്ത്രീയമായും പുരോഗമിച്ചു പുരോഗമിച്ച് ഏതാണ്ട് ദൈവത്തോടൊപ്പം എത്തുമാറായേക്കുമെന്നും വരെ സമര്‍ത്ഥിച്ചു കാണാം. ഈ സമര്‍ത്ഥനത്തെപ്പറ്റി തല്‍ക്കാലം നമുക്ക് പറയുവാനുള്ളത് സൂ: അന്‍ആം 91 ലും മറ്റും അല്ലാഹു പറഞ്ഞ ഒരു വാക്യമാകുന്നു: وَمَا قَدَرُواْ الَّلهَ حَقّقَدْرِه (അല്ലാഹുവിനെ കണക്കാക്കേ മുറപ്രകാരം അവര്‍ അവനെ കണക്കാക്കിയിട്ടില്ല).

ഈ നാലാമത്തെ അഭിപ്രായം-അതിലെ അതിരു കവിയലുകള്‍ നീക്കം ചെയ്താല്‍ തന്നെയും-ക്വുര്‍ആന്‍റെ ചില പ്രസ്താവനകള്‍ക്ക് നിരക്കുന്നതായി കാണുന്നില്ല. ആദം നബി(അ)യോടും, ഹവ്വാഇനോടും സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിപ്പോരുവാന്‍ കല്‍പിച്ചതോടൊപ്പം തന്നെ, നിങ്ങള്‍ക്ക്- മനുഷ്യവര്‍ഗത്തിനു-എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും വന്നു കിട്ടിയാല്‍ ആ മാര്‍ഗദര്‍ശനം പിന്‍പറ്റിയവര്‍ വഴിപിഴക്കുകയോ വിഷമിക്കുകയോ ചെയ്യുന്നതല്ല എന്നുകൂടി അല്ലാഹു പറഞ്ഞതായി സൂറഃ ത്വാഹാ: 123 ല്‍ കാണാവുന്നതാണ്. മാത്രമല്ല, അടുത്തു വരുന്ന 38-ാം വചനത്തിലും ഇക്കാര്യം അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഭൂമിയിലേക്ക് മനുഷ്യരെ ഖലീഫഃയാക്കി  അയക്കുമ്പോഴാണിത് അല്ലാഹു പറയുന്നതെന്നും, അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ള മാര്‍ഗദര്‍ശനം കൊണ്ടുള്ള വിവക്ഷ നബിമാര്‍ക്ക് വഹ്‌യ് മുഖേനയും, വേദഗ്രന്ഥങ്ങള്‍ മുഖേനയും അല്ലാഹു നല്‍കുന്ന മാര്‍ഗദര്‍ശനങ്ങളാണെന്നും ഓര്‍ക്കേതുണ്ട്. മേല്‍ കണ്ട ഓരോ അഭിപ്രായങ്ങളുടെ വിശദ രൂപങ്ങളും ന്യായങ്ങളുമെല്ലാം വിവരിക്കുന്ന പക്ഷം അത് വളരെ ദീര്‍ഘിച്ചു പോകുന്നതാണ്. ആപേക്ഷികമായി നോക്കുമ്പോള്‍, ഇവയില്‍ രണ്ടാമതായി ഉദ്ധരിച്ച അഭിപ്രായത്തിനാണ് പല നിലക്കും മുന്‍ഗണനയുള്ളത്. ഇബ്‌നു കഥീര്‍ (റ)ന്‍റെ ഉദ്ധരണിയില്‍ നിന്ന് ഈ വാസ്തവം കൂടുതല്‍ മനസ്സിലാക്കാവുന്നതാകുന്നു.

മനുഷ്യനെ സൃഷ്ടിക്കുന്ന വിവരം മലക്കുകളെ അല്ലാഹു അറിയിച്ചതിലടങ്ങിയ യുക്തിരഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നിര്‍ണയിക്കുവാന്‍ സാധ്യമല്ലെങ്കിലും സന്ദര്‍ഭം വെച്ചു നോക്കുമ്പോള്‍ ചിലതെല്ലാം നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. ഇതര സൃഷ്ടികളില്‍ നിന്നും വ്യത്യസ്തമായ ചില സവിശേഷതകളും ശ്രേഷ്ഠതകളും മനുഷ്യനുണ്ടെന്ന് അവരെ തെര്യപ്പെടുത്തുക, പ്രധാനപ്പെട്ട വിഷയങ്ങളില്‍ പരസ്പരം കൂടിയാലോചന നടത്തുകയും, മറ്റുള്ളവരുടെ അഭിപ്രായം ആരായുകയും ചെയ്യുന്നത് നല്ലതാണെന്ന് പഠിപ്പിക്കുക, താഴെ പറയുന്ന പ്രകാരം ആദമിന് സുജൂദ് ചെയ്‌വാന്‍ കല്‍പിക്കുവാനുള്ള കാരണത്തിലേക്ക് അവരുടെ ശ്രദ്ധ തിരിക്കുക, അവരില്‍ നിന്ന് പ്രകടമാകുന്ന പ്രതികരണമനുസരിച്ച് മനുഷ്യരെക്കുറിച്ചുള്ള അവരുടെ ധാരണ ശരിപ്പെടുത്തിക്കൊടുക്കുക എന്നിങ്ങിനെ പലതും അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കാം. വാസ്തവം അല്ലാഹുവിനറിയാം. ഏതായാലും മലക്കുകളുടെ സംശയങ്ങള്‍ക്ക് അല്ലാഹു കൊടുത്ത മറുപടി വളരെ അര്‍ത്ഥഗര്‍ഭവും ഗൗരവമേറിയതുമാകുന്നു, അതെ, إِنِّي أَعْلَمُ مَا لَا تَعْلَمُونَ (നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം) എന്ന്!

നിങ്ങള്‍ പറഞ്ഞ ചില ദോഷവശങ്ങള്‍ മനുഷ്യരില്‍ ഉണ്ടാവാമെങ്കിലും, അതില്‍ ഉപരിയായ പല നന്‍മകളും ഗുണങ്ങളും അവരില്‍ നിന്നുണ്ടാവാനുണ്ടെന്നും, നിങ്ങള്‍ക്ക് വിഭാവനം ചെയ്യാന്‍ കഴിയാത്ത പല രഹസ്യങ്ങളും അതിലടങ്ങിയിട്ടുണ്ടെന്നും ഈ വാക്യം മുഖേന അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ യാഥാര്‍ത്ഥ്യം അനുഭവത്തില്‍ നിന്നു തന്നെ മലക്കുകള്‍ക്ക് ബോധ്യപ്പെട്ടതായി അടുത്ത വചനങ്ങളില്‍ കാണാവുന്നതുമാണ്. മലക്കുകള്‍ എടുത്തു പറഞ്ഞ ആ ദോഷവശം-ഭൂമിയില്‍ നാശവും രക്തമൊഴുക്കലും-മനുഷ്യരില്‍ നിന്നുണ്ടാകുകയില്ലെന്നോ അവരുടെ ആ ആരോപണം അബദ്ധമാണെന്നോ അല്ലാഹു പ്രസ്താവിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാകുന്നു. മനുഷ്യന്‍ എത്ര തന്നെ ഉന്നതനും ഉത്തമനുമാണെങ്കിലും അവനില്‍ ഒരു മറുവശവും കൂടി കിടപ്പുണ്ടെന്നുള്ളതാണിതിന് കാരണം. ഈ വാസ്തവം ഒന്നിലധികം സ്ഥലങ്ങളില്‍ ക്വുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് താനും.

മനുഷ്യന്‍റെ ശ്രേഷ്ഠതയുടെ അടിസ്ഥാനം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:

2:31
 • وَعَلَّمَ ءَادَمَ ٱلْأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلَـٰٓئِكَةِ فَقَالَ أَنۢبِـُٔونِى بِأَسْمَآءِ هَـٰٓؤُلَآءِ إِن كُنتُمْ صَـٰدِقِينَ ﴾٣١﴿
 • അവന്‍ (അല്ലാഹു) ആദമിനു പേരുകളെല്ലാം പഠിപ്പിച്ചു. പിന്നെ, അവരെ (ആ പേരുകളുള്ള വസ്തുക്കളെ) മലക്കുകള്‍ക്ക് കാണിച്ചിട്ട് അവന്‍ പറഞ്ഞു: 'ഇവരുടെ പേരുകളെപ്പറ്റി നിങ്ങള്‍ എനിക്കു വിവരം പറഞ്ഞു തരുവിന്‍-നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!'
 • وَعَلَّمَ അവന്‍ പഠിപ്പിച്ചു آدَمَ ആദമിന് الْأَسْمَاءَ പേരുകള്‍ كُلَّهَا അതൊക്കെ ثُمَّ പിന്നെ عَرَضَهُمْ അവരെ കാണിച്ചു عَلَى الْمَلَائِكَةِ മലക്കുകള്‍ക്ക് فَقَالَ എന്നിട്ട് പറഞ്ഞു أَنبِئُونِي നിങ്ങള്‍ എന്നോട് പറയുവിന്‍ بِأَسْمَاءِ പേരുകളെപ്പറ്റി هَٰؤُلَاءِ ഇവരുടെ إِن كُنتُمْ നിങ്ങള്‍ ആകുന്നുവെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
2:32
 • قَالُوا۟ سُبْحَـٰنَكَ لَا عِلْمَ لَنَآ إِلَّا مَا عَلَّمْتَنَآ ۖ إِنَّكَ أَنتَ ٱلْعَلِيمُ ٱلْحَكِيمُ ﴾٣٢﴿
 • അവര്‍ പറഞ്ഞു: 'നീ മഹാ പരിശുദ്ധന്‍ (നിനക്കു സ്‌തോത്ര കീര്‍ത്തനം)! നീ ഞങ്ങള്‍ക്കു പഠിപ്പിച്ചതല്ലാതെ. ഞങ്ങള്‍ക്കു യാതൊരു അറിവുമില്ല നിശ്ചയമായും, നീ തന്നെ സര്‍വ്വജ്ഞനും അഗാധജ്ഞനുമായുള്ളവന്‍'.
 • قَالُوا അവര്‍ പറഞ്ഞു سُبْحَانَكَ നീ മഹാപരിശുദ്ധന്‍, നിനക്കു സ്‌തോത്രകീര്‍ത്തനം لَا عِلْمَ അറിവേ ഇല്ല لَنَا ഞങ്ങള്‍ക്ക് إِلَّا مَا യാതൊന്നല്ലാതെ عَلَّمْتَنَا നീ ഞങ്ങള്‍ക്കു പഠിപ്പിച്ച إِنَّكَ أَنتَ നിശ്ചയമായും നീ തന്നെ الْعَلِيمُ സര്‍വ്വജ്ഞന്‍ الْحَكِيمُ അഗാധജ്ഞന്‍
2:33
 • قَالَ يَـٰٓـَٔادَمُ أَنۢبِئْهُم بِأَسْمَآئِهِمْ ۖ فَلَمَّآ أَنۢبَأَهُم بِأَسْمَآئِهِمْ قَالَ أَلَمْ أَقُل لَّكُمْ إِنِّىٓ أَعْلَمُ غَيْبَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنتُمْ تَكْتُمُونَ ﴾٣٣﴿
 • അവന്‍ (അല്ലാഹു) പറഞ്ഞു: 'ആദമേ, അവര്‍ക്ക് ഇവരുടെ (ഈ വസ്തുക്കളുടെ) പേരുകളെപ്പറ്റി പറഞ്ഞു കൊടുക്കുക.' അങ്ങനെ, അദ്ദേഹം അവര്‍ക്ക് അവരുടെ പേരുകളെപ്പററി പറഞ്ഞുകൊടുത്തപ്പേള്‍, അവന്‍ (അല്ലാഹു) പറഞ്ഞു: 'നിങ്ങ ളോട് ഞാന്‍ പറഞ്ഞില്ലേ, നിശ്ചയമായും ഞാന്‍ ആകാശഭൂമികളിലെ അദൃശ്യം അറിയുമെന്ന്?! നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതും ഞാന്‍ അറിയുന്നതാണ്.
 • قَالَ അവന്‍ പറഞ്ഞു يَا آدَمُ ആദമേ أَنبِئْهُم അവര്‍ക്കു നീ പറഞ്ഞു കൊടുക്കുക بِأَسْمَائِهِمْ അവരുടെ പേരുകളെപ്പറ്റി فَلَمَّا أَنبَأَهُم അങ്ങനെ അദ്ദേഹം അവരോടു വിവരം പറഞ്ഞപ്പോള്‍ بِأَسْمَائِهِمْ അവരുടെ പേരുകളെപ്പറ്റി قَالَ അവന്‍ പറഞ്ഞു أَلَمْ أَقُل ഞാന്‍ പറഞ്ഞില്ലേ لَّكُمْ നിങ്ങളോട് إِنِّي أَعْلَمُ നിശ്ചയമായും ഞാന്‍ അറിയും (എന്ന്) غَيْبَ അദൃശ്യം السَّمَاوَاتِ ആകാശങ്ങളിലെ وَالْأَرْضِ ഭൂമിയിലെയും وَأَعْلَمُ ഞാന്‍ അറിയുകയും ചെയ്യും مَا تُبْدُونَ നിങ്ങള്‍ വെളിവാക്കുന്നത് وَمَا كُنتُمْ നിങ്ങള്‍ ആയിരുന്നതും تَكْتُمُونَ നിങ്ങള്‍ ഒളിച്ചുവെക്കുന്നു

ഭൂമിയില്‍ ഒരു ഖലീഫഃയെ ഏര്‍പ്പെടുത്തുവാന്‍ പോകുന്ന വിവരം അറിയിച്ചപ്പോള്‍, അവര്‍ പറഞ്ഞ മറുപടിയുടെ സൂചന മനുഷ്യര്‍ ഭൂമിയില്‍ നാശമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന വരായിക്കൊണ്ട് അവര്‍ ഖലീഫഃയാക്കപ്പെടുവാന്‍ അര്‍ഹരല്ലെന്നും, തങ്ങള്‍ ‘തസ്ബീഹ്, തക്വ്ദീസ്’ മുതലായ ആരാധനാ കര്‍മങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവരായിക്കൊണ്ട് തങ്ങള്‍ അതിനര്‍ഹരാണെന്നുമാണല്ലോ. ഈ ധാരണ തെറ്റാണെന്ന് അല്ലാഹു അവര്‍ക്ക് അനുഭവത്തില്‍ കാണിച്ചു കൊടുത്തു. ആദം നബി (അ)ക്ക് എല്ലാ വസ്തുക്കളുടെയും പേരുകള്‍ അവന്‍ പഠിപ്പിച്ചു. അതിന്‌ ശേഷം അവയെ മലക്കുകളെ കാണിച്ചുകൊണ്ട് അവയുടെ പേരുകള്‍ പറയുവാന്‍ അവരോട് ആവശ്യപ്പെട്ടു. അവര്‍ക്ക് അതിന് കഴിഞ്ഞില്ല. അവര്‍ തങ്ങളുടെ കഴിവുകേട് സമ്മതിക്കുകയും, അല്ലാഹുവിന്‍റെ മഹത്വത്തെ വാഴ്ത്തിപ്പറയുകയുമാണ് ചെയ്തത്. ആദം നബി(അ)യോട് അവയുടെ പേരുകള്‍ പറയുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതെല്ലാം വിവരിച്ചു കൊടുത്തു. അങ്ങിനെ, അനുഭവത്തിലൂടെ അവരുടെ തെറ്റ് അല്ലാഹു അവരെ ബോധ്യെപ്പടുത്തി. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ എനിക്കറിയാം എന്ന് മുമ്പ് അവരോട് അല്ലാഹു പറഞ്ഞിരുന്നതിന്‍റെ പുലര്‍ച്ച അവര്‍ അനുഭവത്തില്‍ കണ്ടു.

എല്ലാ പേരുകളും (الْأَسْمَاءَ كُلَّهَا) എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം എല്ലാതരം വസ്തുക്കളുടെയും പേരുകള്‍ എന്നാണെന്നാണ് മിക്ക വ്യാഖ്യാതാക്കളും പറയുന്നത്. ഇബ്‌നു അബ്ബാസ് (റ) മുതലായവരില്‍ നിന്നുള്ള ചില രിവായത്തുകളും അതാണ് കാണിക്കുന്നത്. ഇമാം ബുഖാരീ (റ) ഈ വിഷയത്തിന് ഒരു പ്രത്യേക ശിര്‍ഷകം തന്നെ കൊടുത്തിട്ടുണ്ട്. അതില്‍ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് حديث الشفاعة (ശുപാര്‍ശയുടെ ഹദീഥ്) എന്നറിയപ്പെടുന്ന പ്രസിദ്ധ ഹദീഥാകുന്നു, ക്വിയാമത്തുനാളില്‍ ‘മഹ്ശറി’ല്‍ വെച്ചു തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുവാന്‍ വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യണമെന്ന് മനുഷ്യര്‍ പ്രമുഖരായ നബിമാരോട് അപേക്ഷിക്കുന്ന വിവരമാണ് അതിലുള്ളത്. അതില്‍ ആദം നബി (അ)യെ സംബന്ധിച്ച ഭാഗം ഇങ്ങിനെയാകുന്നു: ‘അവര്‍ ആദമിന്‍റെ അടുക്കല്‍ ചെന്നു പറയും : അവിടുന്നു മനുഷ്യപിതാവാണ്. അല്ലാഹു അവന്‍റെ തൃക്കൈകൊണ്ട് അങ്ങയെ സൃഷ്ടിച്ചു. അങ്ങേക്കു മലക്കുകളെക്കൊണ്ട് സുജൂദും ചെയ്യിച്ചിരിക്കുന്നു. എല്ലാ വസ്തുക്കളുടെയും പേരുകളും അങ്ങേക്കവന്‍ പഠിപ്പിച്ചിരിക്കുന്നു. അത്‌കൊണ്ട് ഞങ്ങള്‍ക്ക് ഈ സ്ഥാനത്ത് നിന്ന് ആശ്വാസം നല്‍കുവാന്‍ അങ്ങുന്ന് റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്താല്‍ കൊള്ളാമായിരുന്നു!…’ (ഈ ഹദീഥ് മുസ്‌ലിം മുതലായ പലരും ഉദ്ധരിച്ചതാണ്) ഇതില്‍ ‘എല്ലാ വസ്തുക്കളുടെയും പേരുകള്‍’ എന്ന് നബി (സ) പ്രസ്താവിച്ചിരിക്കുന്നുവല്ലോ. എന്നാല്‍, തുടര്‍ന്നുള്ള വാക്യങ്ങളില്‍ ആ വസ്തുക്കളെ ഉദ്ദേശിച്ചുകൊണ്ട് هم (അവര്‍) എന്നു- ബുദ്ധി ജീവികളെ ഉദ്ദേശിച്ച് ഉപയോഗിക്കപ്പെടുന്ന സര്‍വ്വനാമം ( ضَمِير ) ചേര്‍ത്തു-പറഞ്ഞിരിക്കുന്നത് സാഹിത്യശൈലികളില്‍പെട്ട ഒരു ശൈലിയാണെന്നും (*) ആ വ്യാഖ്യാതാക്കള്‍ ചുണ്ടിക്കാട്ടിയിരിക്കുന്നു. (24: 45) മുതലായ സ്ഥലങ്ങളില്‍ ഈ പ്രയോഗം ക്വുര്‍ആനില്‍ വേറെയും കാണാവുന്നതുമാണ്. എങ്കിലും തുടര്‍ന്നുള്ള ഈ പ്രയോഗങ്ങളെ അടിസ്ഥാനമാക്കി ബുദ്ധിജീവികളുടെ പേരുകള്‍ മാത്രമാണിവിടെ ഉദ്ദേശ്യമെന്നും വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. أَلَّله أُعْلَم


(*) ബൂദ്ധിജീവികളും അല്ലാത്തവയും ഉള്‍കൊള്ളുന്നവയെക്കുറിച്ചു മൊത്തത്തില്‍ ബുദ്ധി ജീവികളെന്നും, ആണും പെണ്ണും ഉള്‍കൊള്ളുന്നവയെക്കുറിച്ചു പുരുഷന്‍മാരെന്നും പ്രത്യക്ഷത്തില്‍ തോന്നുമാറുള്ള പ്രയോഗങ്ങള്‍ ഭാഷാസാഹിത്യങ്ങളില്‍ പതിവുള്ളതാണ്. നപുംസകത്തെപ്പറ്റി ചിലപ്പോള്‍ ‘അവന്‍’ എന്നും, സ്ത്രീയും പുരുഷനുമടങ്ങുന്ന ആള്‍ക്കൂട്ടത്തെപ്പറ്റി ‘അവന്‍മാര്‍’ എന്നും സൂര്യനെയും ചന്ദ്രനെയും ഉദ്ദേശിച്ചു ‘സൂര്യചന്ദ്രന്മാര്‍’ എന്നുമൊക്കെ പറയുന്നത് ഇതിനു ഉദാഹരണങ്ങളാകുന്നു.


‘പേരുകള്‍ പഠിപ്പിച്ചു’ എന്നു പറഞ്ഞതിന്‍റെ വിവക്ഷ ഓരോന്നിനും ഇന്നിന്ന പേരാണെന്ന് പഠിപ്പിച്ചുവെന്നാണെന്നും, എല്ലാ വസ്തുക്കളുടെയും പേരടക്കം അവയെ സംബന്ധിച്ച വിവരങ്ങള്‍ പഠിപ്പിച്ചുവെന്നാണെന്നും പറയപ്പെടുന്നു. ഏതായാലും വസ്തുക്കളെ സംബന്ധിച്ച് അറിയുന്നതിലും പഠിപ്പിക്കുന്നതിലും അവയുടെ പേരുകള്‍ക്ക് മുഖ്യസ്ഥാനമുണ്ടെന്നും, പേരുകള്‍ മുഖേനയാണ് വസ്തുക്കളെ പരിചയപ്പെടുന്നതെന്നും പറയേണ്ടതില്ല. എന്തെല്ലാമായിരുന്നു, എപ്രകാരമായിരുന്നു ആദം നബി (അ)ക്ക് പഠിപ്പിച്ചത് എന്നൊന്നും നമുക്കറിയാവതല്ല. അതെല്ലാം നമ്മെ സംബന്ധിച്ചേടത്തോളം അദൃശ്യമായ വിവരങ്ങളാക കൊണ്ട് അല്ലാഹുവോ അവന്‍റെ റസൂലോ പറഞ്ഞതിനപ്പുറം വല്ലതും അനുമാനിക്കുവാനും നമുക്ക് നിവൃത്തിയില്ല. അതുപോലെത്തന്നെ, പിന്നീട് ആ വസ്തുക്കളെ മലക്കുകള്‍ക്ക് കാട്ടിക്കൊടുത്തു എന്ന് പറഞ്ഞതിന്‍റെ വിശദീകരണവും നമുക്ക് അറിയുവാന്‍ കഴിയാത്തതാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഭൂമിയില്‍ അല്ലാഹു ഏര്‍പ്പെടുത്തുവാന്‍ പോകുന്ന ഖിലാഫത്തിന് മനുഷ്യവര്‍ഗമാണ്-മലക്കുകളല്ല-അര്‍ഹരെന്നും, മനുഷ്യരില്‍ മലക്കുകള്‍ക്ക് ഈഹിക്കുവാന്‍ കഴിയാതിരുന്ന ചില പ്രകൃതി വിശേഷതകള്‍ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ടെന്നും, മലക്കുകള്‍ വളരെ പരിശുദ്ധരും ഉത്തമന്മാരുമായ സൃഷ്ടികള്‍ തന്നെയാണെങ്കിലും ഈ സവിശേഷതകള്‍ അവര്‍ക്കില്ലെന്നും, അല്ലാഹു എല്ലാം അറിയുന്ന സര്‍വ്വജ്ഞനും എല്ലാം യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന അഗാധജ്ഞനുമാണെന്നും, തങ്ങളുടെ ആദ്യത്തെ മറുപടിയില്‍ തങ്ങള്‍ ഊഹിച്ചതും സൂചിപ്പിച്ചതും അബദ്ധമായെന്നും, മനുഷ്യനെ ഖലീഫഃയാക്കുന്നതില്‍ മഹത്തായ യുക്തിരഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നുമൊക്കെ മലക്കുകള്‍ക്ക് ഈ സംഭവം മൂലം തെളിഞ്ഞു കഴിഞ്ഞു.

2:34
 • وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَـٰفِرِينَ ﴾٣٤﴿
 • 'നിങ്ങള്‍ ആദമിന് 'സുജൂദ്' ചെയ്യുവിന്‍' എന്നു നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്നിട്ട് അവര്‍ 'സുജൂദ്' ചെയ്തു, ഇബ്‌ലീസ് ഒഴികെ; അവന്‍ വിസമ്മതിച്ചു; അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ അവിശ്വാസി (സത്യനിഷേധി)കളില്‍ പെട്ടവനാകുന്നു.
 • وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം لِلْمَلَائِكَةِ മലക്കുകളോട് اسْجُدُوا നിങ്ങള്‍ സുജൂദ് ചെയ്യുവിന്‍ لِآدَمَ ആദമിന് فَسَجَدُوا എന്നിട്ടവര്‍ സുജൂദ് ചെയ്തു إِلَّا إِبْلِيسَ ഇബ്‌ലീസ് ഒഴികെ أَبَىٰ അവന്‍ വിസമ്മതിച്ചു وَاسْتَكْبَرَ അവന്‍ അഹംഭാവം നടിക്കുകയും ചെയ്തു وَكَانَ അവന്‍ ആയിരുന്നു مِنَ الْكَافِرِينَ അവിശ്വാസി (നിഷേധി)കളില്‍ പെട്ട(വന്‍)

ബഹുമാനവും താഴ്മയും കാണിക്കുക, കീഴൊതുക്കം പ്രകടിപ്പിക്കുക, തലകുനിക്കുക, കുനിയുക എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളാണ് ഭാഷയില്‍ سُجود (സുജൂദി)നുള്ളത് . ഈ സാരങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതോടെ, ആരാധനെയന്ന നിലക്ക് മുഖം നിലത്തുവെച്ചു ചെയ്യുന്ന സാഷ്ടാംഗനമസ്‌കാരം എന്ന അര്‍ത്ഥത്തിലാണ് അത് മതത്തിന്‍റെ സാങ്കേതിക ഭാഷയില്‍ അറിയപ്പെടുന്നത്. ശാരീരികമായ ആരാധനാകര്‍മങ്ങളില്‍വെച്ചു മതത്തില്‍ ഏറ്റവും പ്രാധാന്യം കല്‍പിക്കപ്പെടുന്നതും അതുതന്നെ. ഈ സുജൂദ് അല്ലാഹുവിനുമാത്രമേ ചെയ്തുകൂടൂ എന്നുള്ളത് പരക്കെ എല്ലാവര്‍ക്കും അറിയാവുന്നതുമാകുന്നു. അതുകൊണ്ട് ആദം നബി (അ)ക്ക് മലക്കുകള്‍ ചെയ്ത സുജൂദിന്‍റെ വിവരണത്തില്‍ പണ്ഡിതന്മാര്‍ ഭിന്നമായ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നതായി കാണാവുന്നതാണ്. ഓരോ അഭിപ്രായവും, അതതിന്‍റെ ന്യായങ്ങളും, അവയെ സംബന്ധിച്ച വിമര്‍ശനങ്ങളും ചുരുക്കിയെങ്കിലും വിവരിക്കുന്നപക്ഷം, അത് കുറേ ദീര്‍ഘിച്ചുപോകും. യൂസുഫ് നബി (അ)യുടെ മാതാപിതാക്കളും സഹോദരന്മാരും ഫലസ്തീനില്‍ നിന്ന് ഈജിപ്തില്‍ വന്നപ്പോള്‍ അവര്‍ അദ്ദേഹത്തിനു സുജൂദ് ചെയ്തതായി സൂറഃ യൂസുഫ് 100-ാം വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുമുണ്ട്. തലകുനിച്ചും, ദേഹംകൊണ്ടു കുനിഞ്ഞും ഉപചാരം ചെയ്യുക അക്കാലത്ത് പതിവായിരുന്നു. അതനുസരിച്ച് അവര്‍ ചെയ്ത ഒരു ഉപചാരമായിരുന്നു അത്. അഥവാ ആരാധനയുടെ സുജൂദായിരുന്നില്ല. ഭാഷാര്‍ത്ഥത്തിലുള്ള ഒരു സുജൂദായിരുന്നു. അതുപോലെ, ഭാഷാര്‍ത്ഥത്തിലുള്ള ഒരു തരം സുജൂദായിരുന്നു മലക്കുകള്‍ ആദം നബി (അ)ക്ക് ചെയ്തതും എന്നത്രെ ഇവിടെ പറയുവാനുള്ളതിന്‍റെ ചുരുക്കം.

സുജൂദിന് ഇവിടെ നല്‍കപ്പെട്ട ഏത് വിശദീകരണം നോക്കിയാലും ഈ സുജൂദ് ആദം നബി(അ)ക്ക് ആരാധനയായിരുന്നില്ലെന്ന് തീര്‍ച്ച തന്നെ. മുസ്‌ലിംകളില്‍ ആരെങ്കിലും അങ്ങിനെ പറയുന്നുവെങ്കില്‍,-അതവരുടെ അജ്ഞതയല്ലാത്തപക്ഷം-അതിന്‍റെ പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശ്യം ഒളിച്ചിരിപ്പുണ്ടായിരിക്കുമെന്നേ പറയുവാനുള്ളൂ, ‘ആദമിന് സുജൂദ് ചെയ്‌വാന്‍ കല്‍പിച്ചതിന്‍റെ വിവക്ഷ മനുഷ്യന്‍റെ ഹിതത്തിനു വഴങ്ങുവാന്‍ ആജ്ഞാപിച്ചുവെന്നാണെന്ന്’ ഒരു ആധുനിക വ്യാഖ്യാതാവ് എഴുതിക്കാണുന്നു. അദ്ദേഹത്തിന്റേതായ ചില ആശയാദര്‍ശങ്ങളില്‍നിന്ന് ഉടലെടുത്ത ഒരു പുത്തന്‍ വ്യാഖ്യാനമെന്നല്ലാതെ, അതില്‍ കവിഞ്ഞു ഒരടിസ്ഥാനവും അതിനില്ല. ഒരു സംഗതി ഇവിടെ ഓര്‍മിച്ചിരിക്കേതുണ്ട്. മലക്കുകളോടാണ് ഈ കല്‍പന. അവരുടെ പ്രകൃതിയും ആകൃതിയും, സ്വഭാവവുമെല്ലാം മനുഷ്യരില്‍ നിന്നും എത്രയോ വ്യത്യസ്തമാണ്. ആ നിലക്ക് അവരുടെ സുജൂദിന്‍റെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരിക്കുക സ്വാഭാവികമാണ്. അതുകൊ്ണ്ട് അവരുടെ സുജൂദിന്‍റെ രൂപത്തെപ്പറ്റി അവരോട് യോജിച്ച ഒരു രൂപത്തിലായിരിക്കും അത് എന്നേ നമുക്ക് കരുതുവാന്‍ നിവൃത്തിയുള്ളൂ. والله أعلم

മലക്കുകള്‍ മുഴുവനും അല്ലാഹുവിന്‍റെ കല്‍പന അനുസരിച്ച് ആദമിന് സുജൂദ് ചെയ്തു. ഇബ്‌ലീസു മാത്രം ചെയ്തില്ല. അവന്‍ ഗര്‍വ്വ് കാണിക്കുകയും, ആഭിജാത്യത്തില്‍ അഹങ്കാരം കൊള്ളുകയുമാണ് ചെയ്തത്. തീയിനാല്‍ സൃഷ്ടിക്കപ്പെട്ട ഞാന്‍ മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ട ഇവന് സുജൂദ് ചെയ്കയോ?! എന്നായിരുന്നു അവന്‍റെ ന്യായം. (7:12; 15:33; 17:61; 38:76) അപ്പോള്‍, അഹംഭാവം എത്ര ചീത്ത! അതുകൊണ്ട് തന്നെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതും: ‘ഒരു കടുകുമണിയോളം അഹംഭാവം ഹൃദയത്തിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല’ (മു.) ഇബ്‌ലീസിനെപ്പറ്റി وَكَانَ مِنَ الْكَافِرِينَ എന്നു പറഞ്ഞതിന് രണ്ടു തരത്തില്‍ അര്‍ത്ഥസാധ്യതയുണ്ട്: ‘അവന്‍ അവിശ്വാസികളില്‍ പെട്ടവനായിത്തീര്‍ന്നു’ എന്നും, ‘അവന്‍ അവിശ്വാസികളില്‍ പെട്ടവനായിരുന്നു’ എന്നും. 1-ാമത്തെതനുസരിച്ച് സുജൂദിന്‍റെ കല്‍പന ധിക്കരിച്ചത് നിമിത്തം അവിശ്വാസിയായിത്തീര്‍ന്നുവെന്നും, 2-ാമത്തേതനുസരിച്ചു അവന്‍ ബാഹ്യത്തില്‍ നല്ലവനാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവന്‍റെ പര്യവസാനം അവിശ്വാസിയായിട്ടായിരിക്കുമെന്ന് അല്ലാഹുവിന് അറിയാമായിരുന്നുവെന്നും വ്യാഖ്യാനം നല്‍കപ്പെടുന്നു. ഈ രണ്ടര്‍ത്ഥവും പരസ്പരം എതിരല്ലതാനും.

ഇബ്‌ലീസ് ജിന്നു വര്‍ഗത്തില്‍  പെട്ടവനാകുന്നു. (സൂ: അല്‍കഹ്ഫ്, 50) എന്നാലും സുജൂദിന്‍റെ കല്‍പന അവനും ബാധകമായിരുന്നു. മലക്കുകള്‍ക്കിടയില്‍ അവരിലൊരാളെപ്പോലെ അവന്‍ കഴിഞ്ഞുകൂടിയിരുന്നതുകൊണ്ടോ, അവനോട് പ്രത്യേകം കല്‍പനയുണ്ടായതുകൊണ്ടോ ആയിരിക്കാം അത്. അല്ലാഹുവിനറിയാം. ഏതായിരുന്നാലും ശരി, കല്‍പന അനുസരിക്കാതിരുന്നതിന് കാരണം പറഞ്ഞ കൂട്ടത്തില്‍ ആ കല്‍പന തനിക്ക് ബാധകമല്ലായിരുന്നുവെന്ന് അവന്‍ വാദിച്ചിട്ടില്ലല്ലോ. അപ്പോള്‍, മലക്കുകളുടെ കൂട്ടത്തില്‍ ചേരത്തക്കവണ്ണം ഒരു നല്ല നിലപാടിലാണ് അതുവരെ ഇബ്‌ലീസ് ഉണ്ടായിരുന്നതെന്ന് അതില്‍നിന്ന് വ്യക്തമാകുന്നു. ഗര്‍വ്വും ധിക്കാരവുമാണ് കാലാകാല ശാപത്തിനും ശിക്ഷക്കും കാരണമായിത്തീര്‍ന്നത്. ഇമാം ക്വുര്‍ത്വുബീ (റ) പറഞ്ഞതുപോലെ, ഒരാള്‍ ബാഹ്യദൃഷ്ടിയില്‍ എത്ര ഉന്നതമായ പദവിയില്‍ എത്തിച്ചേര്‍ന്നു കണ്ടാലും ആ വ്യക്തിയുടെ യഥാര്‍ത്ഥ പര്യവസാനം എങ്ങിനെയായിരിക്കുമെന്ന് അതുകൊണ്ട് തിട്ടപ്പെടുത്തുവാന്‍ നമുക്ക് സാധ്യമല്ല. ലൈഥ് (റ) ഇപ്രകാരം പറഞ്ഞതായി പറയപ്പെടുന്നു: ‘ഒരു മനുഷ്യന്‍ വെള്ളത്തിനു മീതെ നടക്കുകയും, വായുവിലൂടെ പറക്കുകയും ചെയ്യുന്നത് നിങ്ങള്‍ കണ്ടാലും അയാളുടെ കാര്യം കിത്താബിനോടും സുന്നത്തിനോടും ഒത്തുനോക്കാതെ അയാളില്‍ നിങ്ങള്‍ വഞ്ചിതരാവരുത്’.

2:35
 • وَقُلْنَا يَـٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ ﴾٣٥﴿
 • (ആദമിനോട്) നാം പറയുകയും ചെയ്തു: 'ആദമേ, നീയും, നിന്‍റെ ഇണ (ഭാര്യ)യും സ്വര്‍ഗത്തില്‍ താമസിച്ചു കൊള്ളുക: അതില്‍നിന്ന് നിങ്ങള്‍ ഉദ്ദേശിച്ചിടത്തു നിന്നു സുഭിക്ഷമായി രണ്ടാളും ഭുജിച്ചുകൊള്ളുക. ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കുകയും അരുത്; എന്നാല്‍, നിങ്ങള്‍ രണ്ടു പേരും അക്രമികളില്‍പെട്ടവരായിത്തീരും'.
 • وَقُلْنَا നാം പറയുകയും ചെയ്തു يَا آدَمُ ആദമേ اسْكُنْ നീ പാര്‍ത്തുകൊള്ളൂ أَنتَ നീ(യും) وَزَوْجُكَ നിന്‍റെ ഇണയും الْجَنَّةَ സ്വര്‍ഗത്തില്‍, തോപ്പില്‍ وَكُلَا (രണ്ടുപേരും) ഭുജിക്കുകയും ചെയ്യുക مِنْهَا അതില്‍ നിന്ന് رَغَدًا സുഭിക്ഷം, വിശാലമായി حَيْثُ شِئْتُمَا നിങ്ങള്‍ (രണ്ടു പേരും) ഉദ്ദേശിച്ചേടത്തു നിന്ന്, ഉദ്ദേശിച്ച പ്രകാരം وَلَا تَقْرَبَا നിങ്ങള്‍ (രണ്ടാളും) സമീപിക്കുകയും അരുത് هَٰذِهِ الشَّجَرَةَ ഈ വൃക്ഷത്തെ فَتَكُونَا എന്നാല്‍ നിങ്ങളായിത്തീരും مِنَ الظَّالِمِينَ അക്രമികളില്‍പെട്ട(വര്‍)
2:36
 • فَأَزَلَّهُمَا ٱلشَّيْطَـٰنُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَـٰعٌ إِلَىٰ حِينٍ ﴾٣٦﴿
 • എന്നിട്ട് പിശാച് അവരെ അതില്‍നിന്ന് വ്യതിചലിപ്പിച്ചു; അങ്ങിനെ അവര്‍ രണ്ടാളും ഏതൊരു (സ്ഥിതിയിലായിരുന്നുവോ) അതില്‍നിന്ന് അവരെ പുറത്താക്കി. നാം പറയുകയും ചെയ്തു: 'നിങ്ങള്‍ (എല്ലാവരും) ഇറങ്ങിപ്പോകുവിന്‍, നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുവാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു (നിശ്ചിത) സമയംവരേക്കും (വസിക്കുവാനുള്ള) പാര്‍പ്പിടവും (ജീവിക്കുവാനുള്ള) വിഭവവും ഉണ്ടായിരിക്കും.
 • فَأَزَلَّهُمَا എന്നിട്ടു അവരെ വ്യതിചലിപ്പിച്ചു, പിഴപ്പിച്ചു الشَّيْطَانُ പിശാച്, ശൈത്വാന്‍ عَنْهَا അതില്‍ നിന്ന് فَأَخْرَجَهُمَا അങ്ങനെ അവന്‍ അവരെ പുറത്താക്കി مِمَّا യാതൊന്നില്‍ (ഏതൊന്നില്‍) നിന്ന് كَانَا അവര്‍ രണ്ടുപേരുമായിരുന്നു فِيهِ അതില്‍ وَقُلْنَا നാം പറയുകയും ചെയ്തു اهْبِطُوا നിങ്ങള്‍ ഇറങ്ങിക്കൊള്ളുവിന്‍ بَعْضُكُمْ നിങ്ങളില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്ക് عَدُوٌّ ശത്രുവാണ് وَلَكُمْ നിങ്ങള്‍ക്കുണ്ട് താനും فِي الْأَرْضِ ഭൂമിയില്‍ مُسْتَقَرٌّ പാര്‍പ്പിടം وَمَتَاعٌ വിഭവവും إِلَىٰ حِينٍ ഒരുകാലം (സമയം)വരേക്കും

സുജൂദിന്‍റെ സംഭവത്തിനുശേഷം, ആദമിനെയും, അദ്ദേഹത്തിന്‍റെ ഭാര്യയായ ഹവ്വാഇ(അ)നെയും അല്ലാഹു സ്വര്‍ഗത്തില്‍ താമസിപ്പിച്ചു. യഥേഷ്ടം എവിടെ നിന്നും എന്തും ഭക്ഷിക്കാനും അനുവദിച്ചു. പക്ഷേ, ഒരു നിശ്ചിത വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കരുതെന്ന് പ്രത്യേകം അവരെ വിലക്കി. അതില്‍ നിന്ന് ഭുജിക്കുന്നത് അക്രമമാണെന്നു പ്രത്യേകം ഉണര്‍ത്തുകയും ചെയ്തു. ഇത് ഒരു പരീക്ഷണമായിരുന്നു. അതിന്‍റെ പര്യവസാനം എന്തായിരിക്കുമെന്ന് അല്ലാഹുവിന് ശരിക്കും അറിയാം. അറിയാഞ്ഞിട്ടല്ല-പക്ഷേ, അതിനെത്തുടര്‍ന്നുള്ള നടപടികളെടുക്കുവാന്‍ അതൊരു കാരണമായി അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്. സ്വന്തം ആഭിജാത്യവും, അഹങ്കാരവും, അസൂയയും നിമിത്തമാണെങ്കിലും ഇബ്‌ലീസ് കാലാകാലം ആട്ടപ്പെട്ടവനായി ശപിക്കപ്പെടുവാന്‍ ഇടവന്നത് ആദമിന്‍റെ കാരണം കൊണ്ടാണല്ലോ. അതുകൊണ്ട് ആദം (അ) ആ പരീക്ഷണത്തില്‍ വിജയിക്കുന്നത് അവന് സഹിക്കുവാന്‍ കഴിഞ്ഞില്ല. ദുരുപദേശങ്ങളും ദുഷ്‌പ്രേരണകളും നല്‍കി അവന്‍ അവരെ അബദ്ധത്തില്‍ ചാടിച്ചു. അതെ, ആദമും ഹവ്വാഉം (അ) ആ വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചുകളഞ്ഞു. അങ്ങനെ, അവരുടെ സ്വര്‍ഗീയജീവിതം അവര്‍ക്ക് നഷ്ടപ്പെടുവാനും, ഭൗമിക ജീവിതം നയിക്കുവാനും അവന്‍ കാരണമായിത്തീര്‍ന്നു.

ഭൂമിയിലേക്ക് അയക്കുമ്പോള്‍, നിങ്ങള്‍ തമ്മില്‍ ശത്രുക്കളായിരിക്കുമെന്നും, ഒരു നിശ്ചിതകാലം വരെ താമസിക്കുവാനുള്ള സൗകര്യവും, ജീവിക്കുവാനാവശ്യമായ വിഭവങ്ങളും അവിടെ ഉണ്ടായിരിക്കുമെന്നും പ്രത്യേകം ഓര്‍മിപ്പിച്ചുകൊണ്ട് അല്ലാഹു അവരെ – ആദം, ഹവ്വാഉ് (അ) ഇബ്‌ലീസ് എന്നിവരെ- ഭൂമിയിലേക്കയച്ചു. ഇതായിരുന്നു അതിന്‍റെ അനന്തരഫലം. മനുഷ്യനും പിശാചും തമ്മിലുള്ള ആജീവനാന്ത ശത്രുതയും, മനുഷ്യര്‍ തമ്മിലുണ്ടാകുന്ന ശത്രുതയും, ശത്രുത നിമിത്തം നേരിടാവുന്ന ഭവിഷ്യത്തുകളും സംബന്ധിച്ചു സദാ ജാഗരൂകരായിരിക്കണെമന്നുള്ള താക്കീതും, മനുഷ്യവര്‍ഗത്ത ിന് അല്ലാഹു നിശ്ചയിച്ച കാലാവധി തീരും വരെ താമസിക്കുവാനുള്ള പാര്‍പ്പിടസൗകര്യവും, ഉപജീവനമാര്‍ഗവും ഈ ഭൂമിയില്‍ ഉണ്ടെന്നുള്ള വാഗ്ദാനവും സഹിതമാണ് അല്ലാഹു അവരെ ഭൂലോകത്തേക്കയക്കുന്നത്. അപ്പോള്‍, പാര്‍പ്പിടത്ത ിന് സ്ഥലം പോരാതെയോ, ഉപജീവനത്തിന് വിഭവങ്ങള്‍ മതിയാകാതെയോ മനുഷ്യന്‍ ഭൂമിയില്‍ കഷ്ടപ്പെടുന്നുണ്ടെങ്കില്‍-യഥാര്‍ത്ഥത്തില്‍ കഷ്ടപ്പാടൊന്നുമില്ല. കൃത്രിമമായ കഷ്ടപ്പാടേയുള്ളൂവെന്ന് തീര്‍ച്ചയാണ്-അത് മനുഷ്യനുണ്ടാക്കിയ ഏടാകൂട ങ്ങളുടെയും, അക്രമ നിയമങ്ങളുടെയും, തെറ്റായ സമീപനങ്ങളുടെയും കാരണം കൊണ്ടുണ്ടാകുന്നതായിരിക്കും.

‘മറയ്ക്കുക’ എന്നര്‍ത്ഥമായ جَنّ (ജന്ന്) എന്ന മൂലത്തില്‍ നിന്നുള്ള പദമാണ് جَنَّةْ (ജന്നത്ത്). വൃക്ഷങ്ങള്‍ ധാരാളമുള്ള എല്ലാ തോട്ടങ്ങള്‍ക്കും ‘ജന്നത്ത്’ എന്ന് പറയപ്പെടും. വൃക്ഷങ്ങള്‍ അവയുടെ നിലം മൂടിമറക്കുമല്ലോ. സ്വര്‍ഗീയ വസ്തുക്കളും ഭൗമിക വസ്തുക്കളും തമ്മില്‍ നാമമാത്ര ബന്ധമേയുള്ളുവെങ്കിലും സ്വര്‍ഗത്തിനും, സ്വര്‍ഗത്തോപ്പുകള്‍ക്കും ആ വാക്ക് അറബിയില്‍ ഉപയോഗിച്ചു വരുന്നു. ആദം നബി(അ)യെ അല്ലാഹു ആദ്യം താമസിപ്പിച്ച ആ ‘ജന്നത്തു’കൊണ്ടുദ്ദേശ്യം വാനലോകത്ത് സ്ഥിതിചെയ്യുന്ന സ്വര്‍ഗമായിരുന്നുവോ, ഭൂമിയില്‍ തന്നെയുള്ള ഒരു പ്രത്യേക തോട്ടമായിരുന്നുവോ എന്നതില്‍ രണ്ടഭിപ്രായമുണ്ട്. ‘മുഅ്തസില, ക്വദ്‌രിയ്യ എന്നീ കക്ഷികളും മറ്റു ചില പണ്‍ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നത് അത് ഭൂമിയിലെ ഒരു തോട്ടമായിരുന്നുവെന്നാകുന്നു. ഇത് അദനിലോ, ഫലസ്തീനിലോ, ഇറാക്വിലോ ആയിരുന്നുവെന്നും പക്ഷാന്തരങ്ങളുണ്ട്. ബൈബ്‌ളില്‍ ‘ഏദന്‍ തോട്ടം’ എന്നാണിതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. ‘ഏദെന്‍ തോട്ടത്തിന്‍റെ സ്ഥലം ഏതായിരുന്നുവെന്നു സൂക്ഷ്മമായി അറിയുവാനുള്ള പ്രയത്‌നങ്ങളൊന്നും ഫലപ്പെട്ടിട്ടില്ല’ എന്നും ‘ക്രിസ്തുവിന് മുമ്പ് ഗ്രന്ഥങ്ങള്‍ എഴുതിയ യഹൂദന്മാരും ആദ്യ ക്രിസ്ത്യാനികളില്‍ ചിലരും അവരുടെ ഇഷ്ടംപോലെ ഏദെന്‍ തോട്ടത്തെ വര്‍ണിച്ചു’ എന്നും, ‘പുതിയ നിയമത്തില്‍ ‘പറുദീസാ’ എന്നു പറഞ്ഞിരിക്കുന്നത് ഏദെന്‍ തോട്ടത്തെക്കുറിച്ചുള്ള ആശയത്തില്‍ നിന്നു വന്നതാണ്’ എന്നും ‘വേദപുസ്തക നിഘണ്ടുവി’ല്‍ പ്രസ്താവിച്ചു കാണാം. എന്നാല്‍, ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം അത് സ്വര്‍ഗം തന്നെയാണെന്നാകുന്നു. ക്വുര്‍ആനില്‍നിന്നും ഹദീഥില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്നതും ഇതുതന്നെ. പ്രത്യേക സന്ദര്‍ഭങ്ങളല്ലാത്തപ്പോള്‍ ‘അല്‍-ജന്നത്തു’ (الجَنّةَ) എന്ന് സ്വര്‍ഗത്തെ ഉദ്ദേശിച്ചാണ് സാധാരണ പറയപ്പെടാറുള്ളതും.

വൃക്ഷത്തില്‍ നിന്ന് ആദമും ഹവ്വാഉം ഭുജിച്ചതിനെത്തുടര്‍ന്ന് അവരോട് ഇറങ്ങിപ്പോകുവാന്‍ കല്‍പിച്ചപ്പോള്‍ ‘ഒരു കാലം വരേക്ക് നിങ്ങള്‍ക്ക് ഭൂമിയില്‍ പാര്‍പ്പിടവും വിഭവങ്ങളുമുണ്ട്’ (وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ) എന്നാണല്ലോ അല്ലാഹു അവരോട് പറഞ്ഞത്. അപ്പോള്‍ അവര്‍ ഇറങ്ങിപ്പോകുന്നത് ഭൂമിയിലേക്കാണെന്നും, അതുവരെ അവര്‍ ഭൂമിയില്‍ അല്ലായിരുന്നുവെന്നുമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. സൂറ: ത്വാഹാ 118, 119 ല്‍ ഇതേ ‘ജന്നത്തി’നെപ്പറ്റി ഇങ്ങിനെ വര്‍ണിച്ചിരിക്കുന്നു: … إِنَّ لَكَ أَلَّا تَجُوعَ فِيهَا (നിനക്കവിടെ വിശക്കാതിരിക്കുകയും, നഗ്നമാകാതിരിക്കുകയും ചെയ്യാം. നിനക്കവിടെ ദാഹിക്കാതിരിക്കുകയും, വെയില്‍ കൊള്ളാതിരിക്കുകയും ചെയ്യാം.-) ഈ വര്‍ണന ഭൂമിയിലെ തോട്ടത്തെക്കാള്‍ അനുയോജ്യമായത് സ്വര്‍ഗത്തോപ്പിനോടാണു താനും. വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്നും ഫലം തിന്നതോടുകൂടി ആദമിന്‍റെയും ഹവ്വാഇന്‍റെയും അപമാനം – നഗ്നത – അവര്‍ക്ക് വെളിപ്പെട്ടുവെന്നും, അവര്‍ ഇലയെടുത്ത് അത് മറക്കുവാന്‍തുടങ്ങി എന്നും (بَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ) സൂറ: അഅ്‌റാഫ് 22ലും വരുന്നുണ്ട്. ഇതും ഭൂമിയിലെ തോട്ടമല്ലെന്നാണ് കാണിക്കുന്നത്. കൂടാതെ, ബൈബ്‌ളിന്‍റെ പഴയ നിയമത്തിലെ ‘ഏദന്‍’ എന്ന വാക്കും, പുതിയ നിയമത്തിലെ ‘പറുദീസാ’ എന്ന വാക്കും ക്വുര്‍ആനിലെ അദ്ന്‍ (عَدْ نْ), ‘ഫിര്‍ദൗസ്’ فِرْد سْ എന്നി വാക്കുകളുടെ ഒരു വകഭേദമാണെന്നുള്ളതില്‍ സംശയമില്ല. ക്വുര്‍ആനിലാകട്ടെ, ഈ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് സ്വര്‍ഗത്തെക്കുറിച്ചാണ് താനും (18:107; 23:11; 13:23; 18:31) മുതലായവ നോക്കുക)

ആദം നബി (അ)യോട് വിരോധിക്കപ്പെട്ട വൃക്ഷം ഏതായിരുന്നുവെന്ന് നിര്‍ണയിക്കുവാന്‍ തെളിവുകളൊന്നുമില്ല. അതിന്‍റെ പേരറിയുന്നതില്‍ വിശേഷിച്ചു പ്രയോജനമില്ലതാനും. ആ വൃക്ഷം ഏതാണെന്നു നിര്‍ണയിക്കുന്നതിന് തക്കതായ ഒരു തെളിവുമില്ലെന്നും, ചില ആളുകള്‍ പേരു പറഞ്ഞു കാണുന്ന വൃക്ഷങ്ങളില്‍ ഏതെങ്കിലും ഒന്നോ വേറെ ഏതെങ്കിലും ഒന്നോ ആവാമെന്നും, അതറിയാത്തതുകൊണ്ട് ഒരു ദോഷവും പറ്റുവാനില്ലെന്നും ഇബ്‌നു കഥീര്‍, റാസി (റ) മുതലായ മഹാന്‍മാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതും പ്രസ്താവ്യമാകുന്നു.

2:37
 • فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَـٰتٍ فَتَابَ عَلَيْهِ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ ﴾٣٧﴿
 • അനന്തരം ആദം തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വാക്കുകള്‍ ഏറ്റെടുത്തു (പഠിച്ചു). അങ്ങനെ അവന്‍, അദ്ദേഹത്തിന് പശ്ചാത്താപം സ്വീകരിച്ചു (കൊടുത്തു). നിശ്ചയമായും അവന്‍ തന്നെയാണ് പശ്ചാത്താപം വളരെ സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
 • فَتَلَقَّىٰ എന്നിട്ട് (അനന്തരം) ഏറ്റെടുത്തു, കെടുത്തു (പഠിച്ചു) آدَمُ ആദം مِن رَّبِّهِ തന്‍റെ റബ്ബില്‍ നിന്ന് كَلِمَاتٍ ചില വാക്കു (വാക്യം)കളെ فَتَابَ عَلَيْهِ അങ്ങനെ അവന്‍ മടങ്ങി (പശ്ചാത്താപം സ്വീകരിച്ചു) അദ്ദേഹത്തിന്റെ പേരില്‍ إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ التَّوَّابُ പശ്ചാത്താപം വളരെ സ്വീകരിക്കുന്നവന്‍ الرَّحِيمُ കരുണാനിധി

തന്‍റെ പക്കല്‍ വന്നുപോയ തെറ്റിനെപ്പറ്റി ആദം (അ) ഖേദിച്ചു. പശ്ചാത്തപിച്ചു മടങ്ങേണ്ടുന്ന വിധവും അതിനുള്ള വാക്കുകളും അല്ലാഹുവിങ്കല്‍ നിന്നുതന്നെ അദ്ദേഹത്തിന് ലഭിച്ചു. മനുഷ്യചരിത്രത്തിലെ ഒന്നാമത്തെ തെറ്റും ഒന്നാമത്തെ പശ്ചാത്താപവുമാണല്ലോ അദ്ദേഹത്തിന്റേത്. അങ്ങനെ, ആ വാക്കുകള്‍ മുഖേന അദ്ദേഹം പാപമോചനം തേടുകയും അല്ലാഹു അത് സ്വീകരിച്ചു പൊറുത്തു കൊടുക്കുകയും ചെയ്തു എന്നു സാരം. ആ വാക്യങ്ങള്‍ ഏതായിരുന്നുവെന്നു സൂറഃ അഅ്‌റാഫ്, 23-ാം വചനത്തില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. ആദമും ഹവ്വാഉം (അ) ആ വിലക്കപ്പെട്ട വൃക്ഷത്തില്‍നിന്ന് ഭുജിച്ച സംഭവം വിവരിച്ചുകൊണ്ടു അതില്‍ ഇങ്ങിനെ പറഞ്ഞിരിക്കുന്നു:

قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

(അവര്‍ രണ്ടു പേരും പറഞ്ഞു: ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരുകയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യാത്തപക്ഷം, നിശ്ചയമായും ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരായിത്തീരുന്നതാണ്! (7:23) ഇതാണ് ആദം (അ) അല്ലാഹുവില്‍നിന്ന് പഠിച്ച ആ വാക്കുകള്‍ എന്ന് മുജാഹിദ്, സഈദുബ്‌നുല്‍ മുസയ്യബ്, ആബുല്‍ ആലിയ (റ) തുടങ്ങിയ പല മഹാന്മാരും പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്. മറ്റു ചില രിവായത്തുകളില്‍ കാണാവുന്നതുപോലെ, ഈ വാക്യങ്ങള്‍ക്ക് പുറമെ വേറെയും വല്ല പ്രാര്‍ത്ഥനാവാക്യങ്ങളും അവര്‍ പറഞ്ഞുകൂടായ്കയില്ല, പക്ഷേ, സ്വീകരിക്കത്തക്ക തെളിവുകളൊന്നുമില്ല. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ), അലി, ഫാത്വിമഃ, ഹസന്‍, ഹുസൈന്‍ (റ) എന്നിവരുടെ ‘ഹക്ക്വ്’കൊണ്ടാണവര്‍ പ്രാര്‍ത്ഥിച്ചതെന്ന്‍ ഒരു വ്യാജ ഹദീഥ് ചില ഗ്രന്ഥങ്ങളില്‍ കാണാം. ഇത് ശീആ കക്ഷിയിലെ അതിരുകവിഞ്ഞ ഒരു വിഭാഗമായ رَافِضَة (റാഫിദ്വ)കളാല്‍ നിര്‍മിതമാണെന്നുള്ളതില്‍ സംശയമില്ല. ഇതിന്‍റെ നിവേദകനായ അംറുബ്നുഥാബിത്ത് വ്യാജഹദീഥ് ഉദ്ധരിക്കുന്നവനാണെന്നും റാഫിദീയാണെന്നും മറ്റും പലമഹാന്‍മാരും പ്രസ്താവിച്ചിരിക്കുന്നു.(*)


(*) صيانة الانسان لمحمد بشير السهوانى الهندى


تَابَ (താബ) എന്നാല്‍ ‘മടങ്ങി’ എന്ന് ഭാഷാര്‍ത്ഥം. تَابَ إلى الَّله (അവന്‍ അല്ലാഹുവിങ്കലേക്ക് മടങ്ങി) എന്ന് പറയുമ്പോള്‍ ചെയ്തുപോയതിനെപ്പറ്റി അവന്‍ ഖേദിക്കുകയും പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തുവെന്ന് ഉദ്ദേശ്യമായിരിക്കും. تَابَ الَّله عَلَيْه (അവന്‍റെ മേല്‍ അല്ലാഹു മടങ്ങി) എന്നു പറയുമ്പോള്‍ അല്ലാഹു അവന്‍റെ പശ്ചാത്താപം സ്വീകരിച്ചു – പാപം പൊറുത്തു കൊടുത്തു എന്നാണുദ്ദേശ്യം. ഈ അടിസ്ഥാനത്തിലാണ് മടക്കത്തിന്‍റെ കര്‍ത്താവ് സൃഷ്ടികളായിരിക്കുമ്പോള്‍ ആ ക്രിയക്കും അതില്‍ നിന്നുള്ള മറ്റു പദങ്ങള്‍ക്കും പശ്ചാത്തപിക്കുക എന്നും, അല്ലാഹു ആയിരിക്കുമ്പോള്‍ പശ്ചാത്താപം സ്വീകരിക്കുക എന്നും അര്‍ത്ഥം കല്‍പിക്കപ്പെടുന്നത്

2:38
 • قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾٣٨﴿
 • നാം പറഞ്ഞു: 'നിങ്ങള്‍ മുഴുവനും ഇവിടെ നിന്നു ഇറങ്ങിപ്പോയിക്കൊള്ളുക. എന്നിട്ട് എന്‍റെ പക്കല്‍നിന്ന് വല്ല മാര്‍ഗ ദര്‍ശനവും നിങ്ങള്‍ക്കു വരുന്നപക്ഷം (അത്) - തീര്‍ച്ച തന്നെ - അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റിയോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ വ്യസനിക്കുകയുമില്ല.
 • قُلْنَا നാം പറഞ്ഞു اهْبِطُوا നിങ്ങള്‍ ഇറങ്ങിപ്പോകുവിന്‍ مِنْهَا ഇതില്‍നിന്നു جَمِيعًا മുഴുവന്‍, എല്ലാവരും فَإِمَّا يَأْتِيَنَّكُم എന്നിട്ട് നിങ്ങള്‍ക്കു നിശ്ചയമായും വരുന്നപക്ഷം مِّنِّي എന്‍റെ പക്കല്‍നിന്ന് هُدًى ഒരു മാര്‍ഗദര്‍ശനം فَمَن അപ്പോള്‍ ആര്‍ تَبِعَ പിന്‍പറ്റി هُدَايَ എന്‍റെ മാര്‍ഗദര്‍ശനം فَلَا خَوْفٌ എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെ മേല്‍ وَلَا هُمْ يَحْزَنُونَ അവര്‍ വ്യസനിക്കുകയുമില്ല
2:39
 • وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ ﴾٣٩﴿
 • 'അവിശ്വസിക്കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു; അവരതില്‍ സ്ഥിരവാസികളായിരിക്കും.
 • وَالَّذِينَ യാതൊരുവര്‍ كَفَرُوا അവര്‍ അവിശ്വസിച്ചു وَكَذَّبُوا അവര്‍ കളവാക്കുകയും ചെയ്തു بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ أُولَٰئِكَ അക്കൂട്ടര്‍, അവര്‍ أَصْحَابُ النَّارِ നരകക്കാരാണ്, നരകത്തിന്‍റെ ആള്‍ക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ സ്ഥിരവാസികള്‍ (ശാശ്വതന്മാര്‍) ആയിരിക്കും

മനുഷ്യവര്‍ഗത്തിന്‍റെ മാതാപിതാക്കളായ ആദം (അ)നെയും, ഹവ്വാഉ് (അ)നെയും, ഭൂമിയിലേക്കയക്കുമ്പോള്‍ അവര്‍ മുഖാന്തരം മനുഷ്യ സന്താനങ്ങള്‍ക്കാകമാനം വേണ്ടി അല്ലാഹു നല്‍കിയ മറ്റൊരു അറിയിപ്പാണിത്. നല്ലതും ചീത്തയും, ഗുണവും ദോഷവും, നന്മയും, തിന്മയും, സുഖവും ദുഃഖവും കലര്‍ന്ന ഒരു ജീവിതമാണ് നിങ്ങള്‍ക്കവിടെ നേരിടാനുള്ളത്. നിങ്ങളുടെ നന്മക്കും ഗുണത്തിനും ആവശ്യമായ മാര്‍ഗദര്‍ശനങ്ങള്‍ ഞാന്‍ നല്‍കിക്കൊണ്ടിരിക്കും. അഥവാ, പ്രവാചകന്‍മാര്‍, വേദഗ്രന്ഥങ്ങള്‍, സന്ദേശങ്ങള്‍, ദൃഷ്ടാന്തങ്ങള്‍ മുതലായവ വഴി നിങ്ങള്‍ക്കാവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് എന്‍റെ പക്കല്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കും. ആ മാര്‍ഗദര്‍ശനങ്ങള്‍ സ്വീകരിച്ചു അതുപ്രകാരം നിങ്ങളവിടെ ജീവിതം നയിക്കുന്നപക്ഷം, ഇഹത്തിലോ പരത്തിലോ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒട്ടും ഭയപ്പെടേണ്ടി വരികയില്ല. കഴിഞ്ഞതിനെപ്പറ്റി നിങ്ങള്‍ വ്യസനിക്കേണ്ടതായും വരികയില്ല. നേരെ മറിച്ച്, ആ മാര്‍ഗദര്‍ശനങ്ങള്‍ സ്വീകരിക്കാതെ നിരാകരിക്കുകയും നിഷേധിക്കുകയുമാണെങ്കില്‍, അങ്ങിനെയുള്ളവര്‍ക്ക് ശാശ്വതമായ നരകശിക്ഷയായിരിക്കും ആധാരം. എന്നൊക്കെയാണ് ഈ അറിയിപ്പിന്‍റെ സാരം.


വ്യാഖ്യാനക്കുറിപ്പ്-1
ആദം നബി (അ)യുടെയും, ഇബ്‌ലീസിന്‍റെയും കഥ ഒരു ഉദാഹരണം മാത്രമാണോ?

ആദം നബി (അ)യുടെയും ഇബ്‌ലീസിന്‍റെയും കഥ ക്വുര്‍ആനില്‍ പല പ്രാവശ്യം വ്യക്തമായ ഭാഷയില്‍  ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ, ഹൃദയത്തില്‍ ചില പ്രത്യേക താല്‍പര്യം വെച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ക്വുര്‍ആന്‍ എത്രതന്നെ സ്പഷ്ടമാക്കിപ്പറഞ്ഞ വിഷയവും, തങ്ങളുടെ ഇഷ്ടത്തിനൊത്ത് വ്യാഖ്യാനിക്കാതിരിക്കുവാന്‍ മനസ്സ് വരികയില്ലല്ലോ. സാധാരണക്കെതിരായോ, പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായോ ഉള്ള വസ്തുക്കളെയും, വസ്തുതകളെയും ക്വുര്‍ആനിലോ, ഹദീഥിലോ പ്രസ്താവിച്ചതുകൊണ്ടുമാത്രം -തങ്ങളുടെ ശാസ്ത്രത്തിന്‍റെയും, യുക്തിയുടെയും അനുമതി കിട്ടാതെ- സമ്മതിച്ചു കൊടുക്കുവാന്‍ ഇവര്‍ക്ക് സാധ്യമല്ല. അതുകൊണ്ട് ഇവര്‍ പലപ്പോഴും വിഷമിക്കാറുണ്ട്. അതില്‍ ഒന്നാണ് ഈ കഥയും. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒരു കഥയല്ലെന്നും, മനുഷ്യജീവിതത്തെ ഉദാഹരിക്കുന്ന ഒരു ഉദാഹരണം മാത്രമാണെന്നുമത്രെ ഇവര്‍ സമര്‍ത്ഥിക്കുന്നത്. ഇതിനായി, പരസ്പര വിരുദ്ധവും, ബാലിശവുമായ ചില ദുര്‍വ്യാഖ്യാനങ്ങള്‍ ഇവര്‍ ചെയ്യേണ്ടി വന്നിരിക്കുന്നു.

ഇവരില്‍, വളരെ പുരോഗമനേച്ഛുക്കളാണെന്ന് ഗണിക്കപ്പെടുന്ന ചിലര്‍ ഇവിടെ പ്രസ്താവിക്കുന്നതിന്‍റെ ചുരുക്കം ഇതാണ്.: ‘മനുഷ്യന്‍ വളരെ ഉല്‍കൃഷ്ടനും ഉന്നതനുമാണ്. നന്‍മക്കു മാത്ര(*)മുള്ള വാസനയോടുകൂടി സൃഷ്ടിക്കപ്പെട്ടവനാണ്. വേണമെങ്കില്‍ അവന് ഈ ലോകത്തെ സ്വര്‍ഗമയമാക്കാം; നരകമാക്കാം. നരകശിക്ഷയുടെ എല്ലാ വശങ്ങളും ഇവിടെ അനുഭവിക്കാം. ഈ പ്രപഞ്ചത്തെ അടക്കി ഭരിക്കുവാനും ശ്രമിക്കാം. എല്ലാവസ്തുക്കളും അവന് കീഴ്‌പ്പെട്ടാണിരിക്കുന്നത്. എല്ലാം അവന് തലകുനിക്കണം… പക്ഷേ, അവന് മറ്റൊരു സ്വഭാവമുണ്ട്: അവന്‍ പുരോഗമാനേച്ഛുവാകകൊണ്ട് ആരെങ്കിലും വല്ലതും ചൂണ്ടിക്കാട്ടികൊടുത്താല്‍ വേഗം അതിനു വശംവദനാകും, ദോഷങ്ങളെക്കുറിച്ചു ചിന്തിക്കുകയില്ല. ഒടുക്കം ഖേദിക്കും. ഈ സ്വഭാവമാണ് ഈ കഥയില്‍ ചൂണ്ടിക്കാട്ടുന്നത്… ആനന്ദസാഗരത്തില്‍ ആറാടിക്കൊണ്ടിരിക്കുമ്പോള്‍, അവന് പലതും തോന്നും. ചിലപ്പോള്‍ പത്ഥ്യമല്ലാത്തതു അല്പമൊന്നുകഴിക്കും. അപ്പോഴേക്കും മട്ടുമാറി തലചുറ്റും, ഛര്‍ദ്ദിക്കും, പിച്ചും പേയും പറയും, വസ്ത്രമഴിയും, നഗ്നത വെളിപ്പെടും. എല്ലാം കഴിഞ്ഞു ബോധം വരുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്തും. തുണി അഴിഞ്ഞുപോയവന്‍ കുറേ ഇല പറിച്ചു പൊത്തിപ്പിടിക്കും. ഇങ്ങിനെ പല വിധത്തിലും തന്‍റെ പോരായ്മ മൂടിവെക്കുവാന്‍ പല ഉപായവും ഉപയോഗിക്കും. ഫലമെന്ത്? എന്നിങ്ങനെ മനുഷ്യജീവിതത്തെ ഉദാഹരിച്ചതാണ് ആദമിന്‍റെയും ഇബ്‌ലീസിന്‍റെയും കഥ. ഇതാണ് ഇവരുടെ വര്‍ണനയുടെ സ്വഭാവം. ഇപ്പറഞ്ഞതില്‍, ഈ കഥ വെറും ഒരു സങ്കല്പ കഥയാണെന്നു ഖണ്ഡിതമായി പ്രസ്താവിച്ചിട്ടില്ലെങ്കിലും ഇതു കേവലം ഒരു യഥാര്‍ത്ഥ സംഭവമല്ലെന്നുള്ള പശ്ചാത്തലത്തിലാണ് ഈ വര്‍ണന എന്ന് പറയേണ്ടതില്ല. താഴെക്കാണുന്ന ഇവരുടെ ചില ന്യായവാദങ്ങളില്‍ നിന്ന് ഈ വസ്തുത കൂടുതല്‍ സ്പഷ്ടമായി കാണാവുന്നതുമാണ്.


(*) നന്മക്കു മാത്രമുള്ള വാസനയാണ് മനുഷ്യനുള്ളതെന്ന വാദം തുടങ്ങി ചിലതെല്ലാം ഇതില്‍ വിമര്‍ശനാര്‍ഹമാണ്. സന്ദര്‍ഭം മറ്റൊന്നായതുകൊണ്ട് അതിനെപ്പറ്റി പ്രത്യേകം ഇവിടെ സ്പര്‍ശിക്കുന്നില്ല.


ഈ സംഭവം ക്വുര്‍ആനില്‍ പലേടത്തും ആവര്‍ത്തിച്ചു പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ. സൂഃ അഅ്‌റാഫ്: 11-27 ലാണ് കൂടുതല്‍ വിശദീകരിച്ചിട്ടുള്ളത്. ഇങ്ങിനെ ആവര്‍ത്തിച്ചു പറയുന്നത് അതില്‍ നിന്ന് നമുക്ക് ചില പാഠങ്ങള്‍ പഠിക്കേണ്ടതുള്ളതു കൊണ്ടു തന്നെയാണ്, സംശയമില്ല. ഇവര്‍ ചൂണ്ടിക്കാട്ടിയ മേലുദ്ധരിച്ച കഥാപാഠങ്ങളുടെ ചില വശങ്ങള്‍ സ്വീകാര്യങ്ങളാണെങ്കിലും അതിലെ മറ്റു ചില വശങ്ങള്‍ ഇസ്‌ലാമിന്‍റെയും ക്വുര്‍ആന്‍റെയും അദ്ധ്യാപനങ്ങള്‍ക്ക് നിരക്കാത്തവയാണ് എന്ന് പറയാതിരിക്കുവാന്‍ തരമില്ല. ഭൗതികലക്ഷ്യം വെച്ചുകൊണ്ടും, മനുഷ്യന് ഇല്ലാത്ത കഴിവുകള്‍ സ്ഥാപിച്ചുകൊണ്ടുമുള്ള ഭാഗങ്ങള്‍ ഒഴിച്ചു ബാക്കിഭാഗം സാമാന്യേന കഥാപാഠമായി നമുക്കും സ്വീകരിക്കാം. വേണ്ടാ, ഈ കഥയില്‍ നിന്ന് നാം പഠിക്കേണ്ടുന്ന പാഠങ്ങളെ അല്ലാഹു തന്നെ ക്വുര്‍ആനില്‍ പലേടത്തായി ചൂണ്ടിക്കാട്ടിത്തന്നിട്ടുണ്ട്. ഈ കഥ വിസ്തരിച്ചു പറഞ്ഞശേഷം സൂഃ അഅ്‌റാഫില്‍ ഇങ്ങിനെ പറയുന്നു: يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ – الأعراف ٢٧ (ആദമിന്‍റെ സന്തതികളേ! പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കിയതുപോലെ, നിങ്ങളെ അവന്‍ കുഴപ്പത്തിലാക്കാതിരിക്കട്ടെ).

സൂറത്തുല്‍ കഹ്ഫില്‍ ഈ കഥ ചുരുക്കിപ്പറഞ്ഞശേഷം ഇങ്ങിനെ പറയുന്നു: أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِن دُونِي وَهُمْ لَكُمْ عَدُوٌّ (എന്നിരിക്കെ, എന്നെ വിട്ട്‌ അവനെയും – ഇബ്‌ലീസിനെയും – അവന്‍റെ സന്തതികളെയും നിങ്ങള്‍ കാര്യകര്‍ത്താക്കളാക്കുന്നുവോ? അവരാകട്ടെ, നിങ്ങള്‍ക്ക് ശത്രുക്കളാണ്!) ഇതുപോലെയുള്ള ഉദാഹരണങ്ങള്‍ വേറെയും കാണാം. ഈ കഥയില്‍നിന്നു പഠിക്കേണ്ടുന്ന പ്രധാന പാഠങ്ങള്‍ ആ ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നു തന്നെ നമുക്ക് വ്യക്തമാണ്. എന്നാല്‍, മേല്‍പറഞ്ഞ പാഠങ്ങള്‍ക്കുവേണ്ടി ‘ആദം (അ), ആദമിന്‍റെ ഭാര്യ (ഹവ്വാഉ്), ഇബ്‌ലീസ് (പിശാച്), സുജൂദ്,  സ്വര്‍ഗം, വൃക്ഷം, നഗ്നത വെളിപ്പെടല്‍, ഇലയെടുത്ത് നഗ്നത മറക്കല്‍’ ആദിയായി ആയത്തുകളില്‍ സ്പഷ്ടമായ ഭാഷയില്‍-ഉപമാലങ്കാരങ്ങളുടെ പ്രതീതിയൊന്നും കലരാത്ത ഭാഷയില്‍ – പ്രസ്താവിച്ചിട്ടുള്ളതെല്ലാം സങ്കല്‍പവും ഉപമാലങ്കാരപ്രയോഗങ്ങളുമാണെന്ന് സമ്മതിക്കുവാന്‍, അല്ലാഹുവിലും ക്വുര്‍ആനിലും യഥാര്‍ത്ഥമായി വിശ്വസിക്കുന്ന ആര്‍ക്കും തന്നെ ധൈര്യം വരികയില്ല. അത് വാസ്തവത്തില്‍ ക്വുര്‍ആനിനെ ഒരു കഥയോ നോവലോ ആക്കുന്ന ഏര്‍പ്പാടായിരിക്കും തികച്ചും സ്പഷ്ടമായ ഭാഷയില്‍ ആവര്‍ത്തിച്ചു വിവരിക്കുകയും, യഥാര്‍ത്ഥ സംഭവമാണെന്ന അടിസ്ഥാനത്തില്‍ മറ്റു പല കാര്യങ്ങളും അതോട് ബന്ധപ്പെടുത്തി പ്രസ്താവിക്കുകയും ചെയ്തിരിക്കെ, പിന്നെയും അതൊരു ഉപമ മാത്രമാണെന്നുവെച്ച് വ്യാഖ്യാനം നല്‍കുന്നത് തീര്‍ച്ചയായും ക്വുര്‍ആന്‍റെ നേര്‍ക്കുള്ള വമ്പിച്ച ഒരു കയ്യേറ്റമത്രെ. يُحَرِّفُونَ الْكلِمَ عَن مَّوَاضِعِه (വേദഗ്രന്ഥത്തിലെ വാക്കുകളെ അവര്‍ സ്ഥാനമാറ്റം ചെയ്യുന്നു) എന്ന് വേദക്കാരെപ്പറ്റി അല്ലാഹു പ്രസ്താവിച്ച കൂട്ടത്തില്‍ ഇത് ഉള്‍പ്പെടുകയില്ലേ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു!

തൗറാത്തില്‍ (ബൈബ്ളില്‍) ആദം നബി (അ)ക്ക് സൂജൂദു ചെയ്യുവാന്‍ കലപിച്ച വിവരം കാണുന്നില്ല. പക്ഷേ, വൃക്ഷത്തില്‍ നിന്നു ഭുജിച്ച സംഭവവും മറ്റും കാണാം. ക്വുര്‍ആനോട് യോജിച്ച ഏത് ഭാഗവും പൂര്‍വ്വ ഗ്രന്ഥങ്ങളില്‍ കണ്ടാലത് തിരസ്‌കരിക്കുവാന്‍ പാടില്ല. ക്വുര്‍ആനോട് എതിരായ ഭാഗമേതും സ്വീകരിക്കുവാനും പാടില്ല. ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ലാത്തതാണ്. എന്നാല്‍, ഈ കഥാവിവരണത്തില്‍, തൗറാത്തിന്‍റെ വാചകങ്ങള്‍ ചിലത് ക്വുര്‍ആന്‍ വാക്യങ്ങളോട് തികച്ചും യോജിക്കുന്നതും, ചിലത് യോജിക്കാത്തതുമാകുന്നു. എന്നിരിക്കെ, ഈ വിഷയകമായി തൗറാത്തിലുള്ളത് അപ്പടി കെട്ടുകഥയാണെന്നു പറഞ്ഞു തള്ളിക്കളയുകയും, അതില്‍നിന്നാണ് ഇതൊരു യഥാര്‍ത്ഥ സംഭവമാണെന്നു മുസ്‌ലിംകള്‍ കരുതിപ്പോരുവാന്‍ ഇടവന്നതെന്നു ധ്വനിപ്പിക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇതു ഒട്ടും ശരിയല്ല . ക്വുര്‍ആനിലും, തൗറാത്തിലും, ഒരേവിധത്തില്‍ വ്യക്തമായിപ്പറഞ്ഞതിനെ, അതിന്‍റെ സാക്ഷാല്‍ രൂപത്തില്‍ ഇവര്‍ക്ക് സ്വീകരിക്കുവാന്‍ കഴിയാത്ത അതേ സമയത്ത്, തങ്ങളുടെ വാദത്തിന് അല്‍പം ഗുണമായിക്കാണുന്ന ചിലഭാഗങ്ങള്‍ അതേ തൗറാത്തിന്‍റെ വാക്കുകളില്‍ നിന്നു തന്നെ ഇവര്‍ എടുത്തുദ്ധരിക്കുകയും, തെളിവായി സ്വീകരിക്കുകയും ചെയ്യുന്നു.

സ്വര്‍ഗത്തില്‍വെച്ച് ആദം നബി (അ)യോട് വിരോധിക്കപ്പെട്ട വൃക്ഷം ഏതായിരുന്നുവെന്ന് പരിശോധിക്കേണ്ട കാര്യം നമുക്കില്ല. എങ്കിലും അതേതായിരുന്നുവെന്നതിനെക്കുറിച്ചു പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായം പറഞ്ഞുകാണുമെന്ന് തീര്‍ച്ചയാണ്. അക്കൂട്ടത്തില്‍ ‘നെല്ല്, ഗോതമ്പ്, മുന്തിരി’ എന്നൊക്കെ പറഞ്ഞവരുണ്ട്. ഇതിനെപ്പറ്റി ക്വുര്‍ആന്‍ ഉപയോഗിച്ചവാക്ക് شَجَرَةْ (ശജറത്ത്) എന്നാകുന്നു. ‘വൃക്ഷം, മരം’ എന്നൊക്കെയാണ് ഈ പദത്തിന് അര്‍ത്ഥം. ചെറിയ ചെടികള്‍ക്കും ഈ വാക്ക് അറബിയില്‍ ഉപയോഗിക്കപ്പെടുമെങ്കിലും, കാണ്‍ഡത്തിന്മേല്‍ നിലകൊള്ളുന്ന വൃക്ഷത്തിനാണ് സാധാരണ അതു ഉപയോഗിക്കപ്പെടാറുള്ളത്. ഈ വസ്തുതയെ പൊക്കിപ്പിടിച്ചുകൊണ്ട് മേല്‍സൂചിപ്പിച്ച അഭിപ്രായക്കാരെപ്പറ്റി: ‘ക്വുര്‍ആന്‍ ഉപയോഗിച്ച വാക്കുപോലും ഇവര്‍ ഗൗനിച്ചില്ല’ എന്നും, സസ്യങ്ങള്‍ക്കും വള്ളികള്‍ക്കും ആ വാക്ക് (ശജറത്ത്) അറബിയില്‍ ഉപയോഗിക്കുകയില്ല’ എന്നും മറ്റും പറഞ്ഞ് ഇക്കൂട്ടര്‍ പരിഹസിച്ചു കാണാം. (*) അതെ അവസരത്തില്‍ ഇവിടെ വൃക്ഷം (ശജറത്ത്) കൊണ്ടുദ്ദേശ്യം ‘തിന്‍മയാണെന്ന് ഇവര്‍ ജല്‍പിക്കുകയും ചെയ്യുന്നു. ‘തിന്‍മ’ക്കു ‘വൃക്ഷ’മെന്നും ‘തിന്‍മചെയ്തു’ എന്നതിന്ന് ‘വൃക്ഷത്തില്‍നിന്ന് തിന്നു فَاكلاَ مِنها എന്നും പറയാമെങ്കില്‍, നെല്ലിനും മുന്തിരിക്കും എന്ത്‌കൊണ്ട് വൃക്ഷമെന്ന് പറഞ്ഞുകൂടാ?


(*) ഈ പദത്തിന്നു ക്വാമൂസ് (القاموس) അര്‍ത്ഥംകൊടുക്കുന്നത് ഇപ്രകാരമാണ്: ما قام على ساق اوما سما بنفسه دق او جل قاوم الشتاء او عجز عنه (കാണ്ഡത്തില്‍ നിലകൊള്ളുന്നത് എന്നര്‍ത്ഥം. അല്ലങ്കില്‍, സ്വയം പൊന്തിനില്‍ക്കുന്നത് എന്നര്‍ത്ഥം-അത് നന്നെ ചെറുതാകട്ടെ, വലുതാകട്ടെ; ഹേമന്തകാലത്തെ ചെറുത്തു നില്‍ക്കട്ടെ, അതിനു കഴിയാതിരിക്കട്ടെ).


شَجَرَةْ (വൃക്ഷം) കൊണ്ട് ഇവിടെ ‘തിന്‍മയാണുദ്ദേശ്യമെന്ന് സ്ഥാപിക്കുവാന്‍ ഇവര്‍ കൊണ്ടുവരുന്ന തെളിവുകളാണ് കൂടുതല്‍ വിചിത്രം.

(1) സൂ: അഅ്‌റാഫ് 19 ല്‍ പിശാചിന്‍റെ അനുസരണക്കേടും ധിക്കാരവും എടുത്തു പറഞ്ഞതിനെത്തുടര്‍ന്നുകൊണ്ടാണ് وَلا تَقْرَبَا هَذِه اِلشَّجَرَةَ (ഈ വൃക്ഷത്തെ സമീപിക്കരുത്) എന്നു പറഞ്ഞിരിക്കുന്നത്.

(2) തൗറാത്തില്‍ (ഉല്‍പത്തി: 2: 17 ല്‍) ‘നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം’ എന്നു ഈ വൃക്ഷത്തെ വിശേഷിപ്പിച്ചത്.

(3) ക്വുര്‍ആനില്‍ (14: 24 -26) നന്മയെയും തിന്‍മയെയും ഓരോ വൃക്ഷത്തോട് ഉപമിച്ചത്. ഇവയാണുപോല്‍, ഇതിനുള്ള തെളിവുകള്‍!

പിശാചിന്‍റെ സ്വഭാവത്തെപ്പറ്റി പ്രസ്താവിച്ചതിനെത്തുടര്‍ന്ന ‘ഈ വൃക്ഷത്തെ സമീപിക്കരുത്’ (وَلا تَقْرَبَا هَذِه اِلشَّجَرَةَ) എന്നു പറഞ്ഞതുകൊണ്ട് ‘ശജറത്ത്’ (വൃക്ഷം) എന്ന വാക്കിന്‍റെ ഉദ്ദേശ്യം ‘തിന്‍മ’യായി മാറിക്കൊള്ളണമെന്നില്ലല്ലോ. മാത്രമല്ല, ത്വാഹാ 121 ല്‍ അവര്‍ രണ്ടാളും (ആദമും ഹവ്വാഉം ആ മരത്തെ സമീപിച്ചു എന്നു പറയാതെ അതില്‍ നിന്ന് തിന്നു (اكلاَ مِنها) എന്നാണ് പറഞ്ഞത് ആ ശജറത്ത് വാസ്തവത്തില്‍ ഒരു മരം തന്നെയായിരുന്നുവെന്നും, അതില്‍ ഭക്ഷിക്കുവാന്‍ പറ്റിയ കായയോ മറ്റോ ഉണ്ടായിരുന്നവെന്നും, ഇതില്‍നിന്ന് വ്യക്തമാക ുന്നു. സൂറത്തു-അഅ്‌റാഫില്‍ അല്ലാഹു പറയുന്നു: وَيَاآدَم اسْكُنْ أَنْتَ وَزَوْجُكَ جَنَّة الْ كُلا فَ مِنْ حَيْثُ شِئْتُمَاوَلا رَبَا تَقْ ذِه هَ الشَّجَرَةَ فَتَكُونَامِنَ الظَّالِمِينَ – الأعراف -(ആദമേ! നീയും നിന്‍റെ ഭാര്യയും സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. എന്നിട്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്തുനിന്ന് ഭക്ഷിച്ചുകൊള്ളുക-ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കരുത്. എന്നാല്‍, നിങ്ങള്‍ അക്രമികളില്‍ പെട്ടു പോകും).

ആദ്യം ഇഷ്ടമുള്ളേടത്തുനിന്ന് ഭക്ഷിക്കാമെന്ന് പറഞ്ഞതിനു ശേഷമാണ് ഒരു വൃക്ഷത്തെ ചൂണ്ടിക്കൊണ്ട് ഈ വൃക്ഷത്തോടടുക്കരുത് എന്ന് കല്‍പിക്കുന്നത്. അപ്പോള്‍, വൃക്ഷത്തോട് സമീപിക്കരുത് എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം അതില്‍നിന്ന് തിന്നരുതെന്നായിരിക്കണമല്ലോ (*) അതുകൊണ്ട് തന്നെയാണ് ആ കല്‍പനയെ ലംഘിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോള്‍, അവര്‍ അതിനെ സമീപിച്ചു (تقربا) എന്നോ മറ്റോ പറയാതെ ‘അവര്‍ അതില്‍ തിന്നു’ (فَأَكَلا مِنْهَا) എന്നു തന്നെ അല്ലാഹു പറഞ്ഞതും. ‘വൃക്ഷത്തെ സമീപിക്കരുത്’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, ‘തിന്‍മയോട് അടുക്കരുത്’ എന്നായിരുന്നുവെങ്കില്‍, ‘അവര്‍ അതിനെ സമീപിച്ചു’ എന്നായിരുന്നു പറയേണ്ടിയിരുന്നത്. ത്വാഹാ 116 മുതല്‍ 121 വരെ ആയത്തുകള്‍ ശാന്തമായി വായിച്ചു നോക്കിയാലും ഈ പരമാര്‍ത്ഥം സ്പഷ്ടമാകുന്നതാണ്.


(*) അറബിഭാഷയിലെ സാഹിത്യശാസ്ത്ര (عِلْمُ البَلاَغَة) നിയമങ്ങളെപ്പറ്റി പരിചയമുള്ളവര്‍ക്ക് ഇത് വേഗം മനസ്സിലാക്കാം.


എനി, തൗറാത്തില്‍ ആ വൃക്ഷത്തിനു നല്‍കിയ പേരിനെപ്പറ്റി നോക്കാം. ‘നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം’ എന്നാണല്ലോ പറഞ്ഞത്. അല്ലാതെ ‘തിന്മയുടെ വൃക്ഷം’ എന്നോ, ‘നന്മയുടെ വൃക്ഷം’ എന്നോ അല്ല. ഈ പ്രയോഗത്തിന്‍റെ അടിസ്ഥാനത്തില്‍ ‘വൃക്ഷത്തിന്‍റെ അര്‍ത്ഥം മാറ്റുകയാണെങ്കില്‍ ‘നന്മതിന്മകള്‍’ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അതില്‍നിന്നു ‘തിന്മ’യെമാത്രം ഇവര്‍ തിരഞ്ഞെടുത്തത് ഒരിക്കലും ന്യായമായില്ല. ത്വാഹാ 120 ല്‍ കാണാവുന്നതുപോലെ, ഇബ്‌ലീസ് ആ വൃക്ഷത്തെക്കുറിച്ചു ‘ شجرة الخلد (നിത്യവാസത്തിന്‍റെ വൃക്ഷം) എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഇത് ക്വുര്‍ആന്‍ ഉദ്ധരിച്ച സ്ഥിതിക്ക് ‘വൃക്ഷം’ കൊണ്ടുദ്ദേശ്യം ‘നിത്യവാസം’ ആണെന്ന് ഇവര്‍ക്ക് പറയാമായിരുന്നു! ഇതായിരുന്നു അതിനേക്കാള്‍ ഭേദം.

മൂന്നാമത്തെ തെളിവ് ക്വുര്‍ആനില്‍ (14:24-26) നന്മതിന്മകളെ വൃക്ഷത്തോട് ഉപമിച്ചതാണല്ലോ. അതെ, സൂഃ ഇബ്‌റാഹീമില്‍ وَمَثلُ كَلِمَةٍ خَبِيثَةٍ كَشَجَرَة خٍبِيثَةٍ الخ (ഒരു ചീത്ത വാക്കിന്‍റെ ഉപമ ഒരു ചീത്ത വൃക്ഷംപോലെയാണ്…) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. അതിനുമുമ്പായി مَثَلا كَلِمَة طًيِّبَةً كَشَجَرة طٍيِّبَةٍ الخ (നല്ല ഒരു വാക്കിന്‍റെ ഉപമ ഒരു നല്ല വൃക്ഷംപോലെയാണ്…) എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. ഈ രണ്ട് വചനങ്ങളിലും തന്നെ, നന്മ അല്ലെങ്കില്‍ തിന്മ, ഒരു വൃക്ഷമാണെന്നോ, വൃക്ഷം നന്മയോ അല്ലെങ്കില്‍ തിന്മയോ ആണെന്നോ അല്ല അല്ലാഹു പറയുന്നത്. നല്ലതും ചീത്തയുമായ വാക്കുകളെ, (ആയത്തില്‍ തുടര്‍ന്ന് വിവരിക്കുന്നതരത്തിലുള്ള) ചില പ്രത്യേകതരം വൃക്ഷങ്ങളോട് ഉപമിച്ചിരിക്കുകമാത്രമാണ്. അത് ഉപമയാണെന്നു അതില്‍തന്നെ സ്പഷ്ടമായി പറഞ്ഞിട്ടുമുണ്ട്. സൂഃ അല്‍കഹ്ഫ് 45 ല്‍ ‘ഐഹികജീവിതത്തിന്‍റെ ഉപമ വെള്ളം (മഴവെള്ളം) പോലെയാണ്.’ എന്ന് അല്ലാഹു പറഞ്ഞുവല്ലോ. ഇതുപേലെ വേറെ പല ഉപമകളും കാണാം. ഇക്കാരണത്താല്‍ വല്ലവരും ‘ഐഹികജീവിതമെന്നാല്‍ വെള്ളമാണെന്നോ മറിച്ചോ പറയുമോ? ക്വുര്‍ആന്‍ 29: 41 ല്‍ ബഹുദൈവാരാധകന്‍മാരെ എട്ടു കാലിയോട് ഉപമിച്ചിട്ടുണ്ട്. ഇതുകൊണ്ട്  ബഹുദൈവാരാധകന്മാര്‍ എട്ടുകാലിയാണെ’ന്നോ മറിച്ചോ ആരും പറയുകയില്ലല്ലോ.

ആദം നബിയുടെയും ഇബ്‌ലീസിന്‍റെയും കഥ വെറും ഉപമാര്‍ത്ഥം പറയപ്പെട്ടിട്ടുള്ള ഒരു സങ്കല്‍പ കഥയാണെന്നു വരുത്തിത്തീര്‍ക്കുവാന്‍ വേണ്ടി ഇവര്‍ കൊണ്ടുവന്ന ഏറ്റവും ബലപ്പെട്ട തെളിവുകളാണ് മേല്‍ കണ്ടത്. അവ ബാലിശങ്ങളാണെന്ന് നാം കണ്ടു. ക്വുര്‍ആനില്‍ ആവര്‍ത്തിച്ചു പ്രതിപാദിക്കപ്പെട്ടിട്ടുള്ളതും, വളരെ ആയത്തുകള്‍ വിനിയോഗിക്കപ്പെട്ടിട്ടുള്ളതുമാകുന്നു ഈ കഥ. ഇതൊരു യഥാര്‍ത്ഥ സംഭവമാണെന്ന നിലക്ക് ക്വുര്‍ആനിലും, ഹദീഥുകളിലും മറ്റനേകം കാര്യങ്ങള്‍ പ്രസ്താവിക്കുകയും ചെയ്യുന്നു. എന്നാല്‍, അതില്‍ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ ഈ സംഭവം ഒരു ഉപമ മാത്രമാണെന്ന് കാണിക്കുന്ന വല്ല സൂചനയും കാണപ്പെടാത്ത സ്ഥിതിക്ക്-ഉണ്ടെങ്കില്‍ ഇക്കൂട്ടര്‍ അത് എടുത്ത് പൊക്കിക്കാട്ടുമായിരുന്നുവല്ലോ – ഈ ഉപമാവാദം സത്യവിശ്വാസിയായ ഒരാള്‍ക്കും സ്വീകാര്യമല്ലതന്നെ. യഥാര്‍ത്ഥത്തില്‍, ഈ ഉപമാവാദം പുറപ്പെടുവിക്കുവാന്‍ ഇവരെ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ വേറെ ചിലതാണ്.

അതെന്തെന്നുവെച്ചാല്‍: ‘ഇബ്‌ലീസ്’ എന്ന് പറയുന്നത് ഒരു പ്രത്യേക വസ്തുവൊന്നുമല്ല, ഒരുതരം ചീത്ത സ്വഭാവത്തെ-അല്ലെങ്കില്‍ ദുഷിച്ച പ്രകൃതിയെ-ഉദ്ദേശിച്ചാണ്; ‘ജിന്നും പിശാചു’ (ശൈത്ത്വാനു)മെല്ലാം മനുഷ്യരില്‍തന്നെയുള്ള ചില പ്രത്യേക വിഭാഗക്കാരാണ്, അഥവാ നമ്മുടെ ദൃഷ്ടിക്കതീതമായ സൃഷ്ടികളൊന്നുമല്ല; എന്നിങ്ങിനെയുള്ള ഇവരുടെ ചില പുത്തന്‍ വിശ്വാസങ്ങളില്‍നിന്നും, നവീന വാദങ്ങളില്‍നിന്നുമാണ് വാസ്തവത്തില്‍ ഇത്തരം പ്രസ്താവനകള്‍ പുറത്തുവരുന്നത്. ഇതുപോലെ ക്വുര്‍ആനില്‍നിന്നും, ഹദീഥില്‍നിന്നും വ്യക്തമായി മനസ്സിലാക്കാവുന്നതും, മുസ്‌ലിംകള്‍ പൊതുവില്‍ വിശ്വസിച്ചു സ്വീകരിച്ചുവരുന്നതുമായ മറ്റു പല കാര്യത്തിലും ഇവര്‍ക്ക് പുത്തന്‍ അഭിപ്രായങ്ങള്‍ കാണാം. എന്നിരിക്കെ, പലപ്പോഴും ഇമ്മാതിരി വ്യാഖ്യാനങ്ങളെ ശരണം പ്രാപിക്കുകയല്ലാതെ ഇവര്‍ക്ക് നിവൃത്തിയില്ലല്ലോ. (ഇബ്‌ലീസ്, ജിന്ന്,പിശാച് മുതലായവയെപ്പറ്റി സൂഃ ഹിജ്‌റിന്‍റെ അവസാനത്തില്‍ കൊടുക്കുന്ന വ്യാഖ്യാനക്കുറിപ്പില്‍ വിവരിക്കുന്നതാണ്. إن شاء الله

അല്ലാഹു നമ്മെ യഥാര്‍ത്ഥ സത്യങ്ങളില്‍ വിശ്വസിക്കുന്ന സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തട്ടെ. آمين

അടുത്ത വചനം മുതല്‍ ഏതാണ്ട് നൂറോളം വചനങ്ങള്‍ മിക്കവാറും ഇസ്‌റാഈല്യരെ പരാമര്‍ശിച്ചും അഭിമുഖീകരിച്ചും കൊണ്ടുള്ളവയാകുന്നു. ഇടക്കുവെച്ച് സത്യവിശ്വാസികളെയും ക്രിസ്ത്യാനികളെയും മുശിരിക്കുകളെയും സംബന്ധിക്കുന്ന ചില പരാമര്‍ശങ്ങളും കാണാവുന്നതാണ്. ഇസ്‌റാഈല്യരെ സംബോധന ചെയ്തുകൊണ്ടുള്ള ദീര്‍ഘമായ പ്രസ്താവനകളില്‍ അടങ്ങിയ തത്വങ്ങളെ മൊത്തത്തില്‍ ഇങ്ങിനെ സംഗ്രഹിക്കാം:

1) അവര്‍ പാരമ്പര്യമായി അംഗീകരിച്ചുവരുന്ന വേദഗ്രന്ഥവും പ്രവാചകന്‍മാരും പ്രബോധനം ചെയ്തുവന്ന തത്വങ്ങളും, ക്വുര്‍ആന്‍ മുഖേന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യുന്ന തത്വങ്ങളും ഒന്നു തന്നെയാണെന്ന് ഓര്‍മിപ്പിക്കുക.

2) ഒരു സമുദായമെന്ന നിലക്ക് അവര്‍ക്ക് സിദ്ധിച്ച പ്രത്യേകാനുഗ്രഹങ്ങളെ എടുത്തു കാട്ടിക്കൊണ്ട് അവരെ സത്യവിശ്വാസം സ്വീകരിക്കുവാന്‍ ഉല്‍സുകരാക്കുക.

3) അവര്‍ സന്മാര്‍ഗത്തില്‍നിന്ന് ബഹുദൂരം അകന്നുപോകുവാനും അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് പാത്രമാകുവാനും അവരില്‍നിന്നുണ്ടായ കാരണങ്ങളെ അവര്‍ക്ക് നിഷേധിക്കുവാനാകാത്തവിധം തുറന്നു കാട്ടുക.

4) അതേ നില എനിയും തുടരുന്നപക്ഷം അവര്‍ക്ക് രക്ഷയില്ലെന്ന് താക്കിത് ചെയ്യുക.

5) അവരില്‍ നിലവിലുള്ള പരമ്പരാഗതമായ അന്ധവിശ്വാസങ്ങളും അഴിമതികളും ചൂണ്ടിക്കാട്ടുക.

6) വേദക്കാരല്ലാത്തവര്‍ അവരുടെ ദുഃസ്സമ്പ്രദായങ്ങളില്‍ അവരെ അനുകരിക്കുകയും, അവരുടെ പാരമ്പര്യവാദങ്ങള്‍ കേട്ട് വഞ്ചിതരായിപ്പോകുകയും ചെയ്യുന്നത് തടയുക.

7) മതത്തിന്‍റെ പേരില്‍ അവര്‍ അനുവര്‍ത്തിച്ചുവരുന്ന ആചാരങ്ങളെയും പ്രസ്താവനകളെയും ശരിവെക്കുന്നതില്‍നിന്ന് സത്യവിശ്വാസികളെ തടയുക മുതലായവ.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘നിശ്ചയമായും നിങ്ങള്‍ നിങ്ങളുടെ മുമ്പുണ്ടായിരുന്നവരുടെ ചര്യകളെ ചാണിനു ചാണായും, മുഴത്തിനു മുഴമായും പിന്‍പറ്റിയേക്കുന്നതാണ്. എത്രത്തോളമെന്നാല്‍, അവര്‍ വല്ല ഉടുമ്പിന്‍റെ മാളത്തിലും പ്രവേശിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ (അതിലും) അവരെ പിന്തുടരും. ഇതു പറഞ്ഞപ്പോള്‍ തിരുമേനിയോട് ചോദിക്കപ്പെട്ടു: ‘അല്ലാഹുവിന്‍റെ റസൂലേ, യഹൂദികളെയും ക്രിസ്ത്യാനികളെയുമോ?’ അപ്പോള്‍ തിരുമേനി പറഞ്ഞു: (അല്ലാതെ) പിന്നെ ആരെയാണ്?!’ (ബു.മു) അപ്പോള്‍ വേദക്കാരുടെ ചെയ്തികളെ അനുകരിച്ചു വഴിപിഴച്ചുപോകാതിരിക്കുവാന്‍ മുസ്‌ലിംകള്‍ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ടെന്നും അവരുടെതായ സ്വഭാവ സംസ്‌കാരങ്ങളില്‍ അവരെ മാതൃകയാക്കുവാന്‍ മുസ്‌ലിംകള്‍ക്ക് പാടില്ലെന്നും ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. وممن الله التوفيق

വിഭാഗം - 5

2:40
 • يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَوْفُوا۟ بِعَهْدِىٓ أُوفِ بِعَهْدِكُمْ وَإِيَّـٰىَ فَٱرْهَبُونِ ﴾٤٠﴿
 • ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തുതന്നിട്ടുള്ളതായ എന്‍റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവീന്‍. എന്‍റെ [എന്നോടുള്ള] കരാറ് നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍; എന്നാല്‍ നിങ്ങളുടെ [നിങ്ങളോടുള്ള] കരാര്‍ ഞാന്‍ നിറവേറ്റുന്നതാണ്. എന്നെ മാത്രം ഭയപ്പെടുകയും ചെയ്യുവിന്‍.
 • يَا بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളേ اذْكُرُوا നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَتِيَ എന്‍റെ അനുഗ്രഹത്തെ الَّتِي أَنْعَمْتُ ഞാന്‍ അനുഗ്രഹിച്ച عَلَيْكُمْ നിങ്ങളുടെ മേല്‍ وَأَوْفُوا നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍ بِعَهْدِي എന്‍റെ കരാറിനെ أُوفِ ഞാന്‍ നിറവേറ്റും بِعَهْدِكُمْ നിങ്ങളുടെ കരാറിനെ وَإِيَّايَ എന്നെ മാത്രം فَارْهَبُونِ എന്നെ ഭയപ്പെടുവിന്‍
2:41
 • وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ ۖ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًا قَلِيلًا وَإِيَّـٰىَ فَٱتَّقُونِ ﴾٤١﴿
 • നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കിക്കൊണ്ട് ഞാന്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍. അതില്‍ അവിശ്വസിക്കുന്ന ആദ്യത്തേവര്‍ നിങ്ങളായിത്തീരരുത്. എന്‍റെ 'ആയത്ത്' [ദൃഷ്ടാന്തം] കള്‍ക്ക് നിങ്ങള്‍ തുച്ഛമായ വില വാങ്ങുകയും ചെയ്യരുത്. എന്നെ മാത്രം സൂക്ഷിക്കുകയും ചെയ്യുവിന്‍.
 • وَآمِنُوا വിശ്വസിക്കുകയും ചെയ്‌വിന്‍ بِمَا أَنزَلْتُ ഞാന്‍ അവതരിപ്പിച്ചതില്‍ مُصَدِّقًا സത്യപ്പെടുത്തിക്കൊണ്ട് لِّمَا مَعَكُمْ നിങ്ങളുടെ കൂടെയുള്ളതിനെ وَلَا تَكُونُوا നിങ്ങളായിരിക്കുകയും അരുത് أَوَّلَ ഒന്നാമത്തെ كَافِرٍ بِهِ അതില്‍ അവിശ്വസിക്കുന്ന وَلَا تَشْتَرُوا നിങ്ങള്‍ വാങ്ങുകയും ചെയ്യരുത് بِآيَاتِي എന്‍റെ ആയത്ത് (ദൃഷ്ടാന്തം)കള്‍ക്ക് (വചനങ്ങള്‍ക്ക്) ثَمَنًا വില قَلِيلًا തുച്ഛമായ وَإِيَّايَ എന്നെമാത്രം فَاتَّقُونِ നിങ്ങള്‍ എന്നെ സൂക്ഷിക്കുവീന്‍

പ്രവാചകവര്യനായ ഇബ്‌റാഹീം നബി(അ)യുടെ പുത്രനായ ഇസ്ഹാക്വ് നബി (അ)യുടെ മകന്‍ യഅ്ക്വൂബ് നബി (അ)യുടെ മറ്റൊരുപേരാണ് ഇസ്‌റാഈല്‍. ഹിബ്രു ഭാഷയിലുള്ള ആ പേരിന്‍റെ അര്‍ത്ഥം അല്ലാഹുവിന്‍റെ അടിയാന്‍ എന്നാണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന് യൂസുഫ് നബി (അ) അടക്കം പന്ത്ര് മക്കളുണ്ടായിരുന്നു. അവരുടെ സന്താന പരമ്പര കാലക്രമത്തില്‍ പന്ത്രണ്ട് ഗോത്രങ്ങളായിത്തീര്‍ന്നു. (*) എല്ലാം യഅ്ക്വൂബ് (അ)ന്‍റെ സന്തതികളാക കൊണ്ട് എല്ലാവര്‍ക്കും മൊത്തത്തില്‍ ഇസ്‌റാഈല്‍ സന്തതികള്‍- ഈസ്‌റാഈല്യര്‍- (بنو اسرائيل، اسرائيل) എന്ന് പറയപ്പെടുന്നു. ക്വുര്‍ആന്‍ അവതരിക്കുന്ന കാലമാകുമ്പോഴേക്ക് ഏകദേശം നാലായിരം കൊല്ലത്തെ ചരിത്രം അവര്‍ പിന്നിട്ടു  കഴിഞ്ഞിരുന്നു. ഇസ്‌റാഈല്യര്‍ പൊതുവെ യഹൂദികളാണെങ്കിലും, ‘യഹൂദികളേ’ എന്നോ മറ്റോ സംബോധന ചെയ്യാതെ  ‘ഇസ്‌റാഈല്‍ സന്തതികളേ’ എന്ന് അല്ലാഹു വിളിച്ചതില്‍ അവര്‍ക്ക് വാസ്തവത്തില്‍ ആവേശത്തിനും അഭിമാനത്തിനും  വകയുണ്ട്. സര്‍വ്വാദരണീയനും, ഒരു പ്രവാചക വര്യനുമായ ആ പിതാവിന്‍റെ സന്തതികളായ നിങ്ങള്‍ അദ്ദേഹം  സ്വീകരിച്ചു വന്നിരുന്ന ആ നേര്‍മാര്‍ഗം സ്വീകരിക്കേണ്ടവരാണല്ലോ എന്ന് വ്യംഗ്യമായ ഒരു സൂചനയും അതിലുണ്ട്.


(*) പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകളും, അവര്‍ ഫലസ്തീനില്‍ കുടിയേറിപ്പാര്‍ത്തിരുന്ന സ്ഥലങ്ങളും 2-ാം നമ്പര്‍ പടത്തില്‍ കാണാം.


اذكرو نعمتى الخ (ഞാന്‍ നിങ്ങള്‍ക്ക് ചെയ്തുതന്ന എന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവീന്‍) എന്നുള്ള വാക്യം താഴെ  ഒന്നിലധികം പ്രാവശ്യം അല്ലാഹു ആവര്‍ത്തിച്ചിരിക്കുന്നത് കാണാം. ഇതരസമുദായങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത  എത്രയോ വമ്പിച്ച അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ ചെയ്തുതന്നിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാം. അവയെ നിങ്ങള്‍  ഓര്‍മിക്കുന്ന പക്ഷം, നിങ്ങളൊരിക്കലും നന്ദികെട്ടവരും ദുര്‍മാര്‍ഗികളുമായിരിക്കുവാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട്  നിങ്ങള്‍ ആ അനുഗ്രഹങ്ങളെ ഒന്ന് ഓര്‍ത്തു നോക്കുവിന്‍ എന്നാണതിന്‍റെ താല്‍പര്യം. ഫിര്‍ഔന്‍റെ അടിമത്വത്തില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നുമുള്ള അത്ഭുതകരമായ മോചനം, അസാധാരണമാം വിധത്തില്‍ ചെങ്കടല്‍ കടന്നു രക്ഷപ്പെട്ടത്, തീഹ് വനാന്തരത്തില്‍ വെച്ച് ‘മന്നായും’ ‘സല്‍വാ’യും ലഭിച്ചുകൊണ്ടിരുന്നത്, പാറക്കല്ലില്‍ നിന്ന് ഓരോ ഗോത്രക്കാര്‍ക്കുമായി പന്ത്രണ്ട് നീരുറവകള്‍ പൊട്ടി ഒഴുകിയത്, വളരെയധികം പ്രവാചകന്മാരുടെയും രാജാക്കളുടെയും പാരമ്പര്യമുള്ളവരായത് എന്നിങ്ങനെ വളരെയധികം അനുഗ്രഹങ്ങള്‍ ഇസ്‌റാഈല്യര്‍ക്ക് അല്ലാഹു നല്‍കിയിട്ടുണ്ട്. പലതിനെക്കുറിച്ചും താഴെ വിവരിക്കുന്നുമുണ്ട്. ഈ വക അനുഗ്രഹങ്ങളെ സ്മരിക്കുവാനാണ് അല്ലാഹു അവരെ ആഹ്വാനം ചെയ്യുന്നത്. മൂസാ നബി (അ) അവരോട് ഇങ്ങിനെ പറയുകയുണ്ടായി: ‘എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങളില്‍ പ്രവാചകന്‍മാരെ ഏര്‍പ്പെടുത്തുകയും, നിങ്ങളെ രാജാക്കളാക്കുകയും, ലോകരില്‍ ഒരുവര്‍ക്കും നല്‍കാത്തത് നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരിക്കെ, അവന്‍ നിങ്ങള്‍ക്ക് ചെയ്തുതന്ന അവന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുവിന്‍.

يَا قَوْمِ اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنبِيَاءَ….. –  المائدة ٢٠

എന്നോടുള്ള കരാര്‍- പ്രതിജ്ഞ-നിങ്ങള്‍ നിറവേറ്റിയാല്‍ നിങ്ങളോടുള്ള കരാര്‍ ഞാന്‍ നിറവേറ്റും (وَأَوْفُوابِعَهْدِيأوُفِ بِعَهْدِكُمْ) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം പലരും പല പ്രകാരത്തില്‍ വിവരിച്ചു കാണാമെങ്കിലും ഭൂരിപക്ഷം വ്യാഖ്യാതാക്കള്‍ സ്വീകരിച്ചുവരുന്ന വ്യാഖ്യാനം ഇങ്ങിനെയാണ്: നിങ്ങളോട് ഞാന്‍ കല്‍പിച്ചതെല്ലാം നിങ്ങള്‍ അനുഷ്ഠിക്കുകയും, വിരോധിച്ചെതെല്ലാം നിങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. അത് നിങ്ങള്‍ നിറവേറ്റിയാല്‍ നിങ്ങളോടുള്ള ബാധ്യത ഞാനും നിറവേറ്റും. അതായത് ഞാന്‍ നിങ്ങളെക്കുറിച്ച് തൃപ്തിപ്പെടുകയും, നിങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലങ്ങള്‍ നല്‍കുകയും ചെയ്യും. മറ്റുള്ള അഭിപ്രായങ്ങളെല്ലാം ഭൂരിപക്ഷത്തിന്‍റെ ഈ വ്യാഖ്യാനത്തിന്‍ പുറത്തുപോകുന്നില്ലെന്നതാണ് വാസ്തവം. (عهد എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങളെപ്പറ്റി 27-ാം വചനത്തില്‍ വിവരിച്ചത് ഓര്‍ക്കുക.)

‘നിങ്ങളുടെ കൂടെയുള്ളത്’ എന്ന് പറഞ്ഞത് അവരുടെ വേദഗ്രന്ഥത്തെ ഉദ്ദേശിച്ചും, ‘അതിനെ സത്യമാക്കിക്കൊണ്ട് ഞാന്‍ അവതരിപ്പിച്ചത്’ എന്ന് പറഞ്ഞത് ക്വുര്‍ആനെ ഉദ്ദേശിച്ചുമാകുന്നു. തൗറാത്ത്, ഇന്‍ജീല്‍ മുതലായ എല്ലാ മുന്‍വേദഗ്രന്ഥങ്ങളെയും ശരിവെക്കുന്നതാണല്ലോ ക്വുര്‍ആന്‍ (2:97; 3:3; 5:48 മുതലായവ നോക്കുക). തത്വങ്ങളിലും, മൗലിക വിഷയങ്ങളിലും അവ പരസ്പരം യോജിക്കുന്നതും, ഒന്നൊന്നിന്‍റെ സത്യത സ്ഥാപിക്കുന്നതുമാണെന്ന് സാരം. എന്നിരിക്കെ, ഇസ്‌റാഈല്യരുടെ കൈവശമുള്ള തൗറാത്ത് – സാക്ഷാല്‍ തൗറാത്ത് – പ്രബോധനം ചെയ്യുന്ന അതേ സിദ്ധാന്തങ്ങള്‍ പ്രബോധനം ചെയ്യുന്ന ക്വുര്‍ആനെ സ്വീകരിക്കുവാന്‍ തൗറാത്തിന്‍റെ അനുയായികളെന്നു അവകാശപ്പെടുന്ന അവര്‍ മറ്റെല്ലാവരെക്കാളും ആദ്യം മുന്നോട്ട് വരേണ്ടവരാണല്ലോ.. യഹൂദികളെ സംബന്ധിച്ചിടത്തോളം സംഭവിച്ചത് നേരെ മറിച്ചാണുതാനും, നബി മദീനായില്‍ അവരുടെ അടുക്കല്‍ ചെന്ന ആദ്യ മാത്രയില്‍ തന്നെ അവരതില്‍ അവിശ്വസിക്കുകയും നിഷേധിക്കുകയുമാണ് ചെയ്തത്. അത് സൂചിപ്പിച്ചാണ് ‘അതില്‍ അവിശ്വസിക്കുന്ന ആദ്യത്തെ കൂട്ടര്‍ നിങ്ങളാവരുത്’ എന്ന് പറഞ്ഞത്.

‘ആയത്തുകള്‍ (الآيَات)’ എന്നാല്‍, ‘ദൃഷ്ടാന്തങ്ങള്‍, തെളിവുകള്‍, ലക്ഷ്യങ്ങള്‍, അടയാളങ്ങള്‍ എന്നൊക്കെയാണ് വാക്കര്‍ത്ഥം. ഏകവചനം ‘ആയത്ത് (آيَة) എന്നാകുന്നു. ക്വുര്‍ആനില്‍ മിക്കവാറും നാലുതരം കാര്യങ്ങള്‍ക്കാണ് ഈ വാക്ക് ഉപയോഗിക്കപ്പെടാറുള്ളത്.

1) പ്രാപഞ്ചികവും, പ്രകൃതിപരവുമായ ദൃഷ്ടാന്തങ്ങള്‍ (الآيَات الْكونِيَة) മഴ, കാറ്റ്,സൂര്യന്‍, ചന്ദ്രന്‍ ആദിയായവ ഇതില്‍ ഉള്‍പ്പെട്ടതാണ്.

2) നബിമാര്‍ മുഖേന വെളിപ്പെടാറുള്ള അസാധാരണ സംഭവങ്ങളും (خَوَارِقُ الْعَادَات) അമാനുഷിക സംഭവങ്ങളും (المعجزات)

3) ക്വുര്‍ആന്‍ വചനങ്ങള്‍ അടക്കമുള്ള വേദവാക്യങ്ങള്‍.

4) ചരിത്ര സംഭവങ്ങള്‍.

ഇവയെല്ലാം തന്നെ ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ സത്യം മനസ്സിലാക്കുവാനുള്ള അടയാളങ്ങളും തെളിവുകളുമാണല്ലോ.

‘എന്‍റെ ആയത്തുകള്‍ക്ക് നിങ്ങള്‍ കുറഞ്ഞ വില വാങ്ങരുത് (وَلا ﺗَﺸْﺘَﺮُﻭﺍ ﺑِﺎَﻳَﺎﺗِﻰ ﺛَﻤَﻨًﺎﻗَﻠِﻴﻼ‌) എന്ന വാക്യം കുറേ വിപുലമായ ആശയം ഉള്‍ക്കൊള്ളുന്നതാകുന്നു. അല്ലാഹുവിന്‍റെ വിധിവിലക്കുകളും, ആജ്ഞാനിര്‍ദ്ദേശങ്ങളും, ലക്ഷ്യദൃഷ്ടാന്തങ്ങളും അവഗണിച്ചുകൊണ്ട് അവക്ക് പകരം ഐഹികമായ കാര്യലാഭങ്ങളൊന്നും സ്വീകരിക്കരുതെന്നാണിതിന്‍റെ രത്‌നച്ചുരുക്കം. മത കാര്യങ്ങളിലും നീതിന്യായങ്ങളിലും കൈക്കൂലിയും മാമൂലും വാങ്ങുക, നേതൃത്വമോഹം, സ്ഥാന നഷ്ടഭയം, സ്വാര്‍ത്ഥതാല്‍പര്യം എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ മതശാസനകള്‍ ലംഘിക്കുകയോ സത്യം മൂടിവെക്കുകയോ ചെയ്യുക, മത നിയമങ്ങള്‍ മറച്ചുവെച്ച് അതില്‍നിന്ന് മുതലെടുക്കുക മുതലായ കാര്യങ്ങളെല്ലാം ഇതില്‍പെടുന്നു. അല്ലാഹുവിന്‍റെ ‘ആയത്തുകളെ അപേക്ഷിച്ച് അവയെല്ലാം വില കുറഞ്ഞതും നിസ്സാരവുമാണല്ലോ. (قُلْ مَتَاع الدُنْيَا قَلِيلٌ – النساء ٨٨) (നീ പറയുക: ഇഹലോക വിഭവം തുച്ഛമായതാകുന്നു.) ഇസ്‌റാഈല്യരെ അഭിമുഖീകരിച്ചുകൊണ്ട് ഇതുപറയുവാന്‍ കാരണം. മുകളില്‍ പറഞ്ഞതുപോലുള്ള ദുഃസ്സമ്പ്രദായങ്ങള്‍ അവരില്‍ സര്‍വ്വത്രയായിരുന്നതുകൊണ്ടും, അവര്‍ സത്യവിശ്വാസം സ്വീകരിക്കാതിരുന്നത് അത്തരം ഐഹിക സ്വാര്‍ത്ഥങ്ങള്‍ നിമിത്തമായതുകൊണ്ടുമാകുന്നു. ഈ വാക്യം അവരെ അഭിമുഖീകരിച്ചാണെന്നും മുസ്‌ലിംകള്‍ക്ക് ബാധകമല്ലെന്നും കരുതേണ്ടതില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറയ്‌റ (റ) ഇപ്രകാരം ഉദ്ധരിക്കുന്നു: ‘അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിക്കപ്പെടേണ്ടതായ ഒരു അറിവ് ഒരാള്‍ പഠിച്ചു; ഇഹത്തില്‍നിന്നുള്ള വല്ല വിഭവവും അതുമുഖേന നേടുവാനല്ലാതെ അവനത് പഠിച്ചിരുന്നില്ല; എന്നാല്‍ ക്വിയാമത്തു നാളില്‍ സ്വര്‍ഗത്തിന്‍റെ വാസന അവന്‍ വാസനിക്കുകയില്ലതന്നെ.” (ദാ).

ഈ ഹദീഥ് ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു കഥീര്‍ (റ) പ്രസ്താവിച്ച ചില സംഗതികള്‍ അറിയുന്നത് സര്‍ഭോചിതമായിരിക്കും. അറിവ് (മതപരമായ അറിവ്) പഠിപ്പിച്ചുകൊടുക്കുവാന്‍ വേറെ ആളില്ലാതെ ഒരാള്‍ നിയമിക്കപ്പെട്ടുകഴിഞ്ഞാല്‍, അത് പഠിപ്പിച്ചുകൊടുക്കുന്നതിന് അവന്‍ പ്രതിഫലം വാങ്ങുവാന്‍ പാടില്ല. ‘ബൈത്തുല്‍ മാലില്‍’ (പൊതു ഭണ്ഡാരത്തില്‍) നിന്ന് അവന്‍റെയും ഭാര്യാമക്കള്‍ മുതലായവരുടെയും അത്യാവശ്യങ്ങള്‍ക്കുള്ള വക അവന് സ്വീകരിക്കാം. ബൈത്തുല്‍ മാലില്‍നിന്ന് അത് ലഭിക്കാതിരിക്കുകയും, അദ്ധ്യാപനവൃത്തി നിമിത്തം വേറെ ജോലിക്ക് സാധിക്കാതെ വരുകയും ചെയ്താല്‍ പ്രതിഫലം വാങ്ങുന്നതിന് വിരോധമില്ല.

അനുഗ്രഹങ്ങളെ ഓര്‍മിക്കലും കരാറു നിറവേറ്റലും എല്ലാവരുടെയും കടമയാണല്ലോ. അതില്‍ പണ്ഡിതന്മാരും അല്ലാത്തവരുമെന്ന വ്യത്യാസമില്ല. ആയത്തുകള്‍ക്ക് തുച്ഛം വിലവാങ്ങുന്ന വിഷയം പ്രധാനമായും പണ്ഡിതന്മാരെ ബാധിക്കുന്നതായിരിക്കും. ആ സ്ഥിതിക്ക്-ബൈദ്വാവീ (റ) ചൂണ്ടിക്കാട്ടിയതുപോലെ-ആദ്യത്തെ വചനത്തിന്‍റെ അവസാനത്തില്‍ ‘നിങ്ങള്‍ എന്നെ ഭയപ്പെടുവിന്‍ (وَإِيَّايَ فَارْهَبُونِ)’ എന്നും, രണ്ടാമത്തേതിന്‍റെ അവസാനത്തില്‍ ‘നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍ (وَإِيَّايَ فَاتَّقُونِ) എന്നും വ്യത്യാസപ്പെടുത്തിപ്പറഞ്ഞത് പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു.

2:42
 • وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ ﴾٤٢﴿
 • നിങ്ങള്‍ യഥാര്‍ത്ഥത്തെ അയഥാര്‍ത്ഥവുമായി (കൂട്ടി)ക്കലര്‍ത്തുകയും, യഥാര്‍ത്ഥത്തെ മറച്ചുവെക്കുകയും ചെയ്യരുത്; നിങ്ങളാകട്ടെ, (യഥാര്‍ത്ഥം) അറിയുന്നുതാനും!
 • وَلَا تَلْبِسُوا നിങ്ങള്‍ കൂട്ടിക്കലര്‍ത്തുകയും ചെയ്യരുത് الْحَقَّ യഥാര്‍ത്ഥം, ന്യായം بِالْبَاطِلِ അയഥാര്‍ത്ഥ (അന്യായ)വുമായി وَتَكْتُمُوا നിങ്ങള്‍ മറച്ചു (മൂടി-ഒളിച്ചു) വെക്കുകയും (അരുത്) الْحَقَّ യഥാര്‍ത്ഥത്തെ, ന്യായം وَأَنتُمْ നിങ്ങളാകട്ടെ تَعْلَمُونَ അറിയുന്നു
2:43
 • وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱرْكَعُوا۟ مَعَ ٱلرَّٰكِعِينَ ﴾٤٣﴿
 • നിങ്ങള്‍ നമസ്‌കാരം നില നിര്‍ത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുവിന്‍. കുമ്പിടുന്ന [നമസ്‌കരിക്കുന്ന] വരോടുകൂടി കുമ്പിടുക [നമസ്‌കരിക്കുക]യും ചെയ്യുവിന്‍.
 • وَأَقِيمُوا നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുവിന്‍ الصَّلَاةَ നമസ്‌കാരം وَآتُوا നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍ الزَّكَاةَ സക്കാത്ത് وَارْكَعُوا നിങ്ങള്‍ കുമ്പിടുകയും (നമസ്‌കരിക്കുകയും) ചെയ്യുവിന്‍ مَعَ الرَّاكِعِينَ കുമ്പിടുന്നവരോടുകൂടി

മറ്റുള്ളവരെ വഴിപിഴപ്പിക്കുന്ന ആളുകള്‍ അതിനു ഉപയോഗിക്കുന്ന രണ്ടു മാര്‍ഗങ്ങളാണ് യഥാര്‍ത്ഥവും അയഥാര്‍ത്ഥവും- സത്യവും അസത്യവും-തമ്മില്‍ കൂട്ടിക്കലര്‍ത്തി രണ്ടും തിരിച്ചറിയാതാക്കലും, യഥാര്‍ത്ഥം മൂടിവെക്കലും, ആദ്യത്തേത് അല്‍പമൊക്കെ വിവരമുള്ളവരോടും, രണ്ടാമത്തേത് വിവരമില്ലാത്ത പാമരന്‍മാരോടുമായിരിക്കും അധികം ഉപയോഗിക്കുക. വേദക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വേദഗ്രന്ഥവുമായി ബന്ധമുള്ളതുകൊണ്ട് അവരെ വഴി പിഴപ്പിക്കുവാന്‍ ഒന്നാമത്തെ മാര്‍ഗവും, അറബികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വേദഗ്രന്ഥവുമായി പരിചയമില്ലാത്തതുകൊണ്ട് അവരെ വഴിപിഴപ്പിക്കുവാന്‍ രണ്ടാമത്തെ മാര്‍ഗവും യഹൂദികള്‍-അവരിലുള്ള പണ്ഡിതന്മാര്‍ വിശേഷിച്ചും-ഉപയോഗപ്പെടുത്തിയിരുന്നു. സത്യവിശ്വാസം സ്വീകരിക്കുന്നതില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുവാന്‍ അവര്‍ വിനിയോഗിക്കാറുള്ള ഈ രണ്ട് മാര്‍ഗങ്ങളും സത്യം ഇന്നതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നടത്തപ്പെടുന്ന വഞ്ചനകളായിരുന്നു. അതുകൊണ്ടാണ് അറിഞ്ഞുകൊണ്ടു തന്നെ അങ്ങിനെ ചെയ്യരുതെന്ന് പറഞ്ഞത്. സത്യം തിരിച്ചറിയാത്തതുകൊണ്ടായിരുന്നു അതെങ്കില്‍ അതിനൊരു നാമ മാത്രമായ ന്യായീകരണമെങ്കിലും ഉണ്ടായിരുന്നു. കല്‍പിച്ചുകൂട്ടി സത്യം ഒളിപ്പിച്ചുവെക്കുകയായതുകൊണ്ട് കുറ്റം ഇരട്ടിക്കുകയാണ് ചെയ്യുന്നത്.

നബി തിരുമേനിയുടെ ആഗമനത്തെയും, സ്വഭാവവിശേഷങ്ങളെയും സംബന്ധിച്ചു തൗറാത്തില്‍ പലതും പ്രവചിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത യഹൂദികള്‍ക്ക് നിഷേധിക്കുവാന്‍ സാധ്യമല്ലാത്തവിധം പരക്കെ അറിയപ്പെട്ടിരുന്നു. അവരാകട്ടെ, ഒരു പ്രവാചകന്‍റെ വരവ് അക്ഷമയോടെ കാത്തുകൊണ്ടിരിക്കുകയുമായിരുന്നു. പക്ഷേ, തങ്ങളെക്കാള്‍ താണ ജനതയായി അവര്‍ ഗണിച്ചുപോന്നിരുന്ന അറബികളില്‍ നിന്നാണ് ആ പ്രവാചകനുണ്ടായതെന്ന കാരണത്താല്‍, അസൂയയും ശത്രുതയും പുലര്‍ത്തുകയാണവര്‍ ചെയ്തത്. മുമ്പ് തങ്ങള്‍തന്നെ പ്രചരിപ്പിച്ചു വന്നിരുന്ന ആ സത്യങ്ങളെ വളച്ചൊടിച്ചു വ്യാഖ്യാനിക്കുവാനും, അവയില്‍ മായം ചേര്‍ക്കുവാനും, തുറന്നുപറയാതെ മൂടിവെക്കുവാനുമൊക്കെ അതോടെ അവര്‍ പ്രേരിതരായി. ഇതിനെപ്പറ്റിയാണ് പ്രധാനമായും ആദ്യത്തെ വചനത്തില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്.

നമസ്‌കാരവും സക്കാത്തും യഹൂദികളിലും നിയമിക്കപ്പെട്ടിരുന്നു. അനുഷ്ഠാന സമ്പ്രദായങ്ങളില്‍ കുറേയൊക്കെ വ്യത്യാസമുണ്ടായിരിക്കുമെന്ന് മാത്രം. എന്നാല്‍, രണ്ടു വിഷയത്തിലും-ഇന്നത്തെ മുസ്‌ലിം സമുദായത്തെ പോലെത്തെന്ന- അവരുടെ നിലപാടും വളരെ ശോചനീയമായിരുന്നു. നമസ്‌ക്കാരകര്‍മങ്ങള്‍ വേണ്ടതുപോലെയോ, ഒട്ടും തന്നെയോ നിറവേറ്റപ്പെടാതായിക്കഴിഞ്ഞിരുന്നു. നിറവേറ്റുന്നവരില്‍ തന്നെ അതൊരു ചടങ്ങുമാത്രമായി മാറുകയും ചെയ്തിരുന്നു. സക്കാത്തിന്‍റെകാര്യം പറയേണ്ടതുമില്ല. ധനം ചിലവഴിക്കുന്നതില്‍ യഹൂദികളോളം കടുത്ത പിശുക്കിന്‍റെ പാരമ്പര്യം പുലര്‍ത്തിവന്ന ഒരു സമുദായം വേറെയില്ല. പിശുക്കുമാത്രമല്ല , ധനത്തിന്‍റെ ആര്‍ത്തിയും അവരുടെ സഹജ ഗുണങ്ങളായിക്കഴിഞ്ഞിരുന്നു. ഇങ്ങിനെയുള്ള വസ്തുതകളെ മുന്‍നിറുത്തികൊണ്ടാണ് അവരോട് നമസ്‌കാരം നിലനിറുത്തുവാനും സക്കാത്തുകൊടുക്കുവാനും കല്‍പിക്കുന്നത്. നിങ്ങളുടെ വേദഗ്രന്ഥം മുഖേന നിങ്ങള്‍ നിറവേറ്റുവാന്‍ ബാധ്യസ്ഥരായ ആ കാര്യങ്ങളൊക്കെത്തന്നെയാണ് മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും ഉപദേശിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്‍റെയും, അദ്ദേഹത്തില്‍ വിശ്വസിച്ചവരുടെയും കൂടെച്ചേര്‍ന്നു നിങ്ങളും നമസ്‌കാരകര്‍മം അനുഷ്ഠിച്ചു പോരുവിന്‍. എന്നത്രെ രണ്ടാമത്തെ വചനത്തിന്‍റെ താല്‍പര്യം.

رُكُوع (റുകൂഉ്) എന്നാല്‍ ‘കുമ്പിടുക’ കുനിയുക, തലതാഴ്ത്തുക’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. നമസ്‌കാരത്തിലെ പ്രധാനഘടകമാണല്ലോ റുകൂഉം, സുജൂദും, നിറുത്തവും (الرُّكُوعْ وَالسُّجُود والْقِيَام) ആ നിലക്ക് നമസ്‌കാരത്തെ ഉദ്ദേശിച്ചു ഈ മൂന്നു വാക്കുകളും ക്വുര്‍ആനിലും മറ്റും ഉപയോഗിക്കപ്പെട്ടു വരുന്നു.

2:44
 • أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ ٱلْكِتَـٰبَ ۚ أَفَلَا تَعْقِلُونَ ﴾٤٤﴿
 • നിങ്ങള്‍ മനുഷ്യരോട് പുണ്യകാര്യം (ചെയ്‌വാന്‍) കൽപിക്കുകയും, നിങ്ങളുടെ സ്വന്തം ദേഹങ്ങളെ നിങ്ങള്‍ മറന്നുകളയുകയും ചെയ്യുകയാണോ? നിങ്ങളാകട്ടെ, വേദഗ്രന്ഥം പാരായണം ചെയ്യുകയും ചെയ്യുന്നു! അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടു(ത്തു ചിന്തി)ക്കുന്നില്ലേ?
 • أَتَأْمُرُونَ നിങ്ങള്‍ കല്‍പിക്കുകയാണോ النَّاسَ മനുഷ്യരോട് بِالْبِرِّ പുണ്യ കാര്യത്തിനു وَتَنسَوْنَ നിങ്ങള്‍ വിസ്മരിക്കുകയും أَنفُسَكُمْ നിങ്ങളുടെ സ്വദേഹങ്ങളെ وَأَنتُمْ നിങ്ങളാകട്ടെ تَتْلُونَ നിങ്ങള്‍ പാരായണം ചെയ്യുന്നു الْكِتَابَ വേദഗ്രന്ഥം أَفَلَا അപ്പോള്‍ تَعْقِلُونَ നിങ്ങള്‍ ചിന്തിക്കുന്നില്ലേ

മറ്റുള്ളവരെ സല്‍കാര്യങ്ങള്‍ ചെയ്‌വാന്‍ ഉപദേശിക്കുന്നതിലല്ല ആക്ഷേപം. അത് നല്ല കാര്യം തന്നെ. ഉപദേശം നല്‍കുന്ന വിഷയത്തില്‍ മാതൃക കാണിച്ചു കൊടുക്കേണ്ടവരാണ് ഉപദേഷ്ടാക്കള്‍, മറ്റുള്ളവരോട് ചെയ്‌വാന്‍ ഉപദേശിക്കുന്ന കാര്യം സ്വയം അനുഷ്ഠിക്കാതിരിക്കുകയും, അതോടൊപ്പം വേദഗ്രന്ഥത്തിന്‍റെ പ്രബോധകരുടെ അനുയായികളുമായി അഭിനയിക്കുകയും ചെയ്യുന്നതിനെപ്പറ്റിയാണ് ആക്ഷേപം. ഇത് ബുദ്ധിഹീനമായ ഒരേര്‍പ്പാടാണെന്നും, ബുദ്ധിയുള്ളവര്‍ക്ക് യോജിച്ചതല്ലെന്നും ഈ വചനം സൂചിപ്പിക്കുന്നു. യഹൂദീ പണ്ഡിതന്മാരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ആക്ഷേപമെങ്കിലും, ഇതുള്‍ക്കൊള്ളുന്ന തത്വം എല്ലാ മതോപദേഷ്ടാക്കള്‍ക്കും ബാധകമായതു തന്നെ. വേദക്കാരെക്കുറിച്ച് ആക്ഷേപരൂപത്തില്‍ പ്രസ്താവിക്കപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും സത്യ വിശ്വാസികള്‍ പ്രത്യേകം ഒഴിവായിരിക്കേതാണല്ലോ.

അല്ലാഹു പറയുന്നു:- يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ….. – الصف  (ഹേ, വിശ്വസിച്ചവരേ, എന്തിനാണ് നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് നിങ്ങള്‍ പറയുന്നത്?! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് നിങ്ങള്‍ പറയുന്നത് അല്ലാഹുവിന്‍റെ അടുക്കല്‍ വളരെ വലിയ ക്രോധകരമായ കാര്യമാണ്. (സ്വഫ്ഫ്: 2, 3) ‘മിഅ്‌റാജി’ന്‍റെ രാത്രിയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി, ചില ആളുകളുടെ നാവും അധരങ്ങളും അഗ്നികൊണ്ടുള്ള കത്രികകളാല്‍ കത്രിക്കപ്പെടുന്നത് കണ്ടുവെന്നും അതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ജിബ്‌രീല്‍ (അ) ഇപ്രകാരം പറഞ്ഞുവെന്നും അഹ്മദ് (റ) മുതലായവര്‍ ഉദ്ധരിച്ച ഒന്നിലധികം ഹദീഥുകളില്‍ വന്നിരിക്കുന്നു: ‘താങ്കളുടെ സമുദായത്തില്‍ ജനങ്ങളോട് സല്‍കാര്യം ഉപദേശിക്കുകയും, സ്വന്തം ദേഹങ്ങളെ മറന്നുകളയുകയും ചെയ്യുന്ന പ്രാസംഗികന്മാരാണ് ഇവര്‍’, ഈ വിഷയകമായി വേറെയും പല ഹദീഥുകള്‍ കാണാവുന്നതാണ്.

2:45
 • وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَـٰشِعِينَ ﴾٤٥﴿
 • ക്ഷമയും, നമസ്‌കാരവും വഴി നിങ്ങള്‍ സഹായം തേടിക്കൊള്ളുവിന്‍. നിശ്ചയമായും ഇത് വലിയ (ഭാരിച്ച)കാര്യം തന്നെയാകുന്നു, ഭക്തന്മാര്‍ക്കൊഴികെ.
 • وَاسْتَعِينُوا നിങ്ങള്‍ സഹായം തേടുവിന്‍ بِالصَّبْرِ ക്ഷമകൊണ്ട് وَالصَّلَاةِ നമസ്‌കാരവും وَإِنَّهَا നിശ്ചയമായും അത് لَكَبِيرَةٌ ഒരു വലിയത് (കാര്യം) തന്നെ إِلَّا ഒഴികെ عَلَى الْخَاشِعِينَ ഭക്തന്മാരുടെ മേല്‍, വിനീതന്മാര്‍ക്ക്
2:46
 • ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَـٰقُوا۟ رَبِّهِمْ وَأَنَّهُمْ إِلَيْهِ رَٰجِعُونَ ﴾٤٦﴿
 • അതായത്, തങ്ങള്‍ തങ്ങളുടെ റബ്ബുമായി കണ്ടുമുട്ടുന്നവരാണെന്നും, തങ്ങള്‍ അവങ്കലേക്കു മടങ്ങിച്ചെല്ലുന്നവരാണെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവര്‍ (ഒഴികെ)
 • الَّذِينَ يَظُنُّونَ വിചാരിക്കുന്നവര്‍ أَنَّهُم അവരാണെന്ന് مُّلَاقُو കണ്ടുമുട്ടുന്നവര്‍ رَبِّهِمْ തങ്ങളുടെ റബ്ബിനെ وَأَنَّهُمْ അവരാണെന്നും إِلَيْهِ അവങ്കലേക്ക് رَاجِعُونَ മടങ്ങുന്നവര്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും ക്വുര്‍ആനിലും വിശ്വസിക്കണം, മനുഷ്യരെ വഴിപിഴപ്പിക്കുന്ന സമ്പ്രദായം നിറുത്തല്‍ ചെയ്യണം, നമസ്‌കാരവും സകാത്തും പോലെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കണം. മറ്റുള്ളവരെ ഉപദേശിക്കുന്ന ഉപദേശം സ്വയം പാലിക്കുകയും വേണം; എന്നിങ്ങനെ പലതും ഇസ്‌റാഈല്യരെ അഭിമുഖീകരിച്ചുകൊണ്ട് കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ചു. ചിരകാലമായി അവര്‍ ആചരിച്ചു വരുന്ന പാരമ്പര്യ മാര്‍ഗങ്ങള്‍ വിട്ടേച്ച് അതില്‍ നിന്ന് ഭിന്നമായ ഒരു പുതിയ നടപടിക്രമം സ്വീകരിക്കുവാന്‍ അവര്‍ക്ക് പല നിലക്കും വിഷമം തോന്നുക സ്വാഭാവികമാണല്ലോ. ഈ മനഃപ്രയാസത്തിനുള്ള ചികിത്സയായിട്ടാണ് ക്ഷമയും നമസ്‌കാരവും സ്വീകരിച്ചുകൊള്ളുവാന്‍ അവരോട് കല്‍പിക്കുന്നത്. എല്ലാ തരം മനഃപ്രയാസങ്ങളിലും ഞെരുക്കങ്ങളിലും ക്ഷമയും സഹനവും കൈക്കൊള്ളുന്ന പക്ഷം അത് പ്രതികൂല സാഹചര്യങ്ങളെ എതിര്‍ത്ത് നില്‍ക്കുവാന്‍ കെല്‍പുണ്ടാക്കുന്നതും അതോടെ ഇസ്‌ലാമിക ജീവിതം നയിക്കുവാനുള്ള മനഃപ്രയാസം നീങ്ങിപ്പോകുന്നതുമാകുന്നു. നമസ്‌കാരം ശീലിക്കുന്നതും പതിവാക്കുന്നതുമാകട്ടെ, അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും ഭയഭക്തിയും വര്‍ദ്ധിപ്പിക്കുകയും ആത്മീയവും മാനസികവുമായ ശക്തിയും പരിശുദ്ധിയും നേടിക്കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും ഉതവിയും ലഭിക്കുവാന്‍ ഇതുകാരണമായിത്തീരും. എന്നൊക്കെയാണ് ക്ഷമയും നമസ്‌കാരവും വഴി സഹായം തേടുവാന്‍ പറഞ്ഞതിന്‍റെ താല്‍പര്യം.

ഈ മഹത്തായ ഉപദേശവും തന്നെ, ഇസ്‌റാഈല്യരെ അഭിമുഖീകരിച്ചുകൊണ്ടുള്ളതാണെങ്കിലും എല്ലാ സത്യവിശ്വാസികള്‍ക്കും ബാധകമായതുമാകുന്നു. ഇതേ സൂറത്തിലെ 153-ാം വചനത്തില്‍ അല്ലാഹു പറയുന്നു: يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ (ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയും നമസ്‌കാരവും വഴി സഹായം തേടിക്കൊള്ളുവിന്‍, നിശ്ചയമായും അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു). മറ്റൊരു സ്ഥലത്ത് പറയുന്നു:- إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ (ക്ഷമാലുക്കള്‍ക്ക് അവരുടെ പ്രതിഫലം കണക്കില്ലാതെത്തന്നെയായിരിക്കും നിറവേറ്റി കൊടുക്കപ്പെടുക. സുമര്‍ : 10) നമസ്‌കാരത്തെക്കുറിച്ച് പറയുന്നു: وَأَقِمِ الصَّلَاةَ  ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ…. –  العنكبوت നമസ്‌കാരം നിലനിറുത്തുകയും ചെയ്യുക. നിശ്ചയമായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധമായതില്‍ നിന്നും തടയുന്നതാണ്. (അന്‍കബൂത്ത് : 45) ഉമര്‍ (റ) പ്രസ്താവിച്ചതായി ഇബ്‌നുഹാതിം (റ) ഉദ്ധരിച്ചിരിക്കുന്നു: ക്ഷമ രണ്ട് വിധമുണ്ട് : ആപത്തുകളിലുള്ള ക്ഷമ, ഇത് നല്ലതു തന്നെ. അതിനെക്കാള്‍ നല്ലതാണ് നിരോധിക്കപ്പെട്ട കാര്യങ്ങളെ വിട്ടൊഴിക്കുവാനുള്ള ക്ഷമ. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വല്ല അസ്വാസ്ഥ്യവും നേരിടുമ്പോള്‍, അവിടുന്നു വേഗം നമസ്‌കാരത്തിലേക്ക് തിരിയുക പതിവായിരുന്നുവെന്ന് അഹ്മദ്, അബൂദാവൂദ് (റ) മുതലായവര്‍ ഉദ്ധരിച്ച ഹദീഥില്‍ വന്നിട്ടുള്ളത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാകുന്നു.

وَإِنَّهَا لَكَبِيرَةٌ (നിശ്ചയമായും അത് ഒരു വലിയ- ഭാരിച്ച-കാര്യം തന്നെയാണ്) എന്ന വാക്യത്തിലെ ‘അത് (هَا)’ എന്ന സര്‍വ്വനാമംകൊണ്ടുദ്ദേശ്യം അതിന്‍റെ നേരെമുമ്പ് പറഞ്ഞ നമസ്‌കാരം (الصَّلاة) ആണെന്നാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളും പറയുന്നത്. വാക്കുകളുടെ ബാഹ്യാവസ്ഥ പരിഗണിക്കുമ്പോള്‍ അതിനാണ് കൂടുതല്‍ ന്യായമുള്ളതും. മറ്റുള്ളവര്‍ അഭിപ്രായപ്പെടുന്നത് ക്ഷമയും നമസ്കാരവും മുഖേനയുള്ള സഹായം തേടല്‍ (الا ستعانة) ആണതുകൊണ്ടുദ്ദേശ്യം എന്നാകുന്നു. രണ്ടായാലും വാക്യത്തിന്‍റെ താല്‍പര്യം വ്യക്തംതന്നെ.

അല്ലാഹുവുമായി കണ്ടുമുട്ടുകയും, അവനിലേക്ക് മടങ്ങുകയും ചെയ്യേണ്ടിവരുമെന്നുള്ള ബോധവും വിചാരവുമുള്ളവരാണ് ഭക്തന്‍മാര്‍ (الْخَاشِعِين) എന്ന് അല്ലാഹു തന്നെ പ്രസ്താവിച്ചിരിക്കെ, എനി ആ വാക്കിനൊരു വിശദീകരണം ആവശ്യമില്ല. ഈ ബോധമുള്ളവരാകട്ടെ, ഏക ലക്ഷ്യം അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലങ്ങളുമായിരിക്കുമല്ലോ. അതിനായി കഷ്ടനഷ്ടങ്ങള്‍ സഹിക്കുവാനും, ത്യാഗം വരിക്കുവാനും അവര്‍ തയ്യാറായിരിക്കുകയും ചെയ്യും ومن لله التوفيق

വിഭാഗം - 6

2:47
 • يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَـٰلَمِينَ ﴾٤٧﴿
 • ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ളതായ എന്റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍ ; ഞാന്‍ നിങ്ങളെ (മറ്റുള്ള) ലോകരെക്കാള്‍ ശ്രേഷ്ഠരാക്കിയതും [ഓര്‍ക്കുവിന്‍]
 • يَا بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളേ اذْكُرُوا നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَتِيَ എന്‍റെ അനുഗ്രഹം الَّتِي أَنْعَمْتُ ഞാന്‍ അനുഗ്രഹം ചെയ്തതായ عَلَيْكُمْ നിങ്ങള്‍ക്ക് وَأَنِّي فَضَّلْتُكُمْ ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയിരിക്കുന്നുവെന്നും عَلَى الْعَالَمِينَ ലോകരെക്കാള്‍
2:48
 • وَٱتَّقُوا۟ يَوْمًا لَّا تَجْزِى نَفْسٌ عَن نَّفْسٍ شَيْـًٔا وَلَا يُقْبَلُ مِنْهَا شَفَـٰعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنصَرُونَ ﴾٤٨﴿
 • ഒരു (മഹാ) ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍: (അന്ന്) ഒരു ദേഹവും ഒരു ദേഹത്തിനും (ഒരാളും ഒരാള്‍ക്കും) ഒട്ടും ഉപകരിക്കുന്നതല്ല ; അതില്‍ (ഒരാളില്‍)നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല; അതില്‍ (ഒരാളില്‍) നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയില്ല: അവര്‍ സഹായിക്കപ്പെടുകയുമില്ല (അങ്ങിനെയുള്ള ഒരു ദിവസം)
 • وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കുക (കാക്കുക)യും ചെയ്‌വിന്‍ يَوْمًا ഒരു ദിവസത്തെ لَّا تَجْزِي പ്രതിഫലം നല്‍കുകയില്ല, ഉപകരിക്കുകയില്ല نَفْسٌ ഒരു ദേഹവും, ആത്മാവും عَن نَّفْسٍ ഒരു ദേഹത്തിനും ആത്മാവിനും شَيْئًا യാതൊന്നും وَلَا يُقْبَلُ സ്വീകരിക്കപ്പെടുകയുമില്ല مِنْهَا അതില്‍ നിന്ന് شَفَاعَةٌ ഒരു ശുപാര്‍ശ وَلَا يُؤْخَذُ മേടിക്ക(സ്വീകരിക്ക)പ്പെടുകയുമില്ല مِنْهَا അതില്‍ നിന്ന് عَدْلٌ കിടയൊത്തത് (പ്രായശ്ചിത്തം,തെണ്ടം) وَلَا هُمْ അവര്‍ ഇല്ലതാനും يُنصَرُونَ അവര്‍ സഹായിക്കപ്പെടും

ഇസ്‌റാഈല്യര്‍ക്ക് അല്ലാഹു നല്‍കിവന്ന അനുഗ്രഹങ്ങളെ വീണ്ടും ഒന്നുകൂടി ഓര്‍മിപ്പിച്ചുകൊണ്ടും, അവര്‍ക്ക് ഇതര സമുദായങ്ങളെക്കാള്‍ നല്‍കിയ ശ്രേഷ്ഠതകളെ അനുസ്മരിപ്പിച്ചുകൊണ്ടും അവരെ സത്യവിശ്വാസത്തിലേക്കും സന്‍മാര്‍ഗത്തിലേക്കും ക്ഷണിക്കുകയാണ് അല്ലാഹു. മറ്റുള്ള ജനങ്ങളെക്കാളെല്ലാം അതിനു മുമ്പോട്ടുവരേണ്ടത് നിങ്ങളാണെന്നുകൂടി ഇത്മൂലം അവരെ ഉണര്‍ത്തുന്നു. ഇസ്‌റാഈല്യര്‍ ഒരു മതത്തിന്‍റെ അനുയായികളെന്നനിലക്ക് ഒരു സമുദായമായിത്തീര്‍ന്നപ്പോള്‍, അക്കാലത്തുള്ള ഇതര സമുദായങ്ങളെക്കാള്‍ പല നിലക്കുള്ള ശ്രേഷ്ഠതയും അവര്‍ക്കുണ്ടായിരുന്നു. എത്രയോ നബിമാര്‍ അവരില്‍നിന്നുണ്ടായി. വളരെയധികം രാജാക്കളും അവരില്‍ ഉണ്ടായി. അങ്ങനെ, മതനേതൃത്വവും ഭരണനേതൃത്വവും അവര്‍ക്ക് കൈവന്നു. മുന്‍വേദഗ്രന്ഥങ്ങളില്‍വച്ച് ഏറ്റവും ഉന്നതസ്ഥാനം അര്‍ഹിക്കുന്ന വേദഗ്രന്ഥവും നിയമസംഹിതയുമായ തൗറാത്തിന്‍റെ അനുയായികളാകുവാനുള്ള ഭാഗ്യം അവര്‍ക്കാണ് സിദ്ധിച്ചത്. താഴെ വചനങ്ങളില്‍ കാണാവുന്നതുപോലെയുള്ള നിരവധി ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളും അവര്‍ കണ്ടനുഭവിച്ചു. ചുരുക്കിപ്പറഞ്ഞാല്‍, മതരംഗത്തും ലൗകികരംഗത്തുമുള്ള നേതൃത്വവും പ്രതാപവും ഇസ്‌റാഈല്യര്‍ക്കായിരുന്നു.

ലോകരെക്കാള്‍ നിങ്ങളെ ശ്രേഷ്ഠരാക്കി എന്നു പറഞ്ഞതുകൊണ്ട് എക്കാലത്തുമുള്ള എല്ലാ സമുദായങ്ങളെക്കാളും അവരെ ശ്രേഷ്ഠരാക്കിയെന്നോ, നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സമുദായത്തെക്കാളും ശ്രേഷ്ഠരാക്കിയെന്നോ അര്‍ത്ഥമില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സമുദായത്തെപ്പറ്റി كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ (മനുഷ്യര്‍ക്കുവേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഉത്തമ സമുദായം നിങ്ങളാകുന്നു (3:110) എന്ന് അല്ലാഹു പറഞ്ഞ ിട്ടുണ്ടല്ലോ. അതിനുള്ള കാരണങ്ങളും അല്ലാഹു അവിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അവര്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളെയും, ശ്രേഷ്ഠതകളെയും ഓര്‍മിപ്പിച്ചശേഷം, ആ നല്ല പാരമ്പര്യങ്ങളെല്ലാം അവരിപ്പോള്‍ കളഞ്ഞുകുളിച്ചിട്ടുെന്നും, അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ കോപത്തിനും ശിക്ഷക്കും വിധേയരായിട്ട ുണ്ടെന്നും, അതുകൊണ്ട് ക്വിയാമത്തുനാളില്‍ അനുഭവിക്കുവാന്‍ പോകുന്ന ഭവിഷ്യത്തുകളെ സൂക്ഷിച്ചുകൊള്ളണമെന്നും അവരെ താക്കീത് ചെയ്യുന്നു. ക്വിയാമത്തുനാളിനെപ്പറ്റി നാലുകാര്യങ്ങള്‍ പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തിരിക്കുന്നു.

(1) അന്ന് ഒരാളും ഒരാള്‍ക്കും ഉപകരിക്കുകയില്ല.

(2) അന്ന് യാതൊരു ശുപാര്‍ശയും സ്വീകാര്യമല്ല.

(3) അന്ന് ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുന്നതല്ല. അഥവാ, ശിക്ഷയില്‍ നിന്ന് ഒഴിവായിക്കിട്ടത്തക്ക വണ്ണം അതിനു പകരം വല്ലതും നല്‍കി രക്ഷപ്പെടുവാന്‍ സാധ്യമല്ല.

(4) എന്നു വേണ്ടാ, ഒരു പ്രകാരത്തിലുള്ള സഹായവും അന്ന് അവര്‍ക്ക് ലഭിക്കുവാനില്ല.

അതെ, ഒരോരുവനും അവനവന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം മാത്രം അനുഭവിക്കും, ഒരാളുടെ കുറ്റം മറ്റൊരാള്‍ പേറുകയില്ല (6:164, 35:18, 39:7) ഓരോരുത്തര്‍ക്കും അവരവരുടെ കാര്യം തന്നെ ധാരാളമുണ്ടായിരിക്കും (80:37), മാതാപിതാക്കള്‍ മക്കള്‍ക്കോ, മക്കള്‍ മാതാപിതാക്കള്‍ക്കോ ഉപകരിക്കുകയില്ല (31:33). ശുപാര്‍ശക്കാരുടെ ശുപാര്‍ശകളൊന്നും അവിടെ ഫലപ്പെടുകയില്ല (74:48). അല്ലാഹുവിന്‍റെ അനുവാദം കൂടാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ നടത്തുവാന്‍ തക്കവന്‍ ആരാണുള്ളത് ?! (2:255) അവിശ്വാസികളായ ആളുകള്‍ക്ക് ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടി ഉണ്ടായിരിക്കുകയും, അത് തെണ്ടം നല്‍കി ശിക്ഷയില്‍ നിന്ന് ഒഴിവാകുവാന്‍ ശ്രമിക്കുകയും ചെയ്താലും അത് സ്വീകരിക്കപ്പെടുകയില്ല (5:39) വല്ലതും പകരം നല്‍കിയോ, സ്‌നേഹ ബന്ധത്തിന്‍റെ പേരിലോ രക്ഷപ്പെടാമോ? അതുമില്ല (14:31). എന്നാല്‍, അന്യോന്യം സഹായിക്കാമോ ? അതും ഇല്ല. എല്ലാവരും കല്‍പനക്ക് വിധേയരായിക്കും (37:25, 26).

ഞങ്ങള്‍ പ്രവാചകത്വത്തിന്‍റെയും വേദഗ്രന്ഥത്തിന്‍റെയും ആള്‍ക്കാരാണ്, സ്വര്‍ഗം ഞങ്ങളുടെ കുത്തകയാണ്, കവിഞ്ഞാല്‍ അല്‍പദിവസം മാത്രമെ ഞങ്ങള്‍ നരകത്തില്‍ കിടക്കേണ്ടി വരികയുള്ളൂ, ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും ഇഷ്ടക്കാരുമാണ് എന്നൊക്കെയായിരുന്നു ഇസ്‌റാഈല്യര്‍ അവകാശപ്പെട്ടുകൊണ്ടിരുന്നത്. ഈ അവകാശവാദങ്ങളെല്ലാം തനി വ്യാജവും നിരര്‍ത്ഥവുമാണെന്നും, അവരുടെ ഈ നില തുടരുന്ന പക്ഷം ക്വിയാമത്തുനാളില്‍ യാതൊരു രക്ഷാമാര്‍ഗവും ലഭിക്കുവാനുള്ള സാധ്യത അവര്‍ക്കില്ലെന്നും അല്ലാഹു ഇതുമൂലം അവരെ താക്കീത് ചെയ്യുകയാണ്. തുടര്‍ന്നുള്ള വചനങ്ങളില്‍ അവരുടെ മുന്‍തലമുറകള്‍ അനുഭവിച്ചതും അവര്‍ ദൃക്‌സാക്ഷികളായിരുന്നതും, പിന്‍തലമുറക്കാരായ ഇവര്‍ അഭിമാനപൂര്‍വ്വം ഏറ്റുപറഞ്ഞുകൊണ്ടിരിക്കുന്നതുമായ ചില അനുഗ്രഹങ്ങളെ അല്ലാഹു അവരെ അനുസ്മരിപ്പിക്കുന്നു.

2:49
 • وَإِذْ نَجَّيْنَـٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ يُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌ مِّن رَّبِّكُمْ عَظِيمٌ ﴾٤٩﴿
 • ഫിര്‍ഔന്‍റെ കൂട്ടര്‍ നിങ്ങളെ കടുത്ത ശിക്ഷ അനുഭവിപ്പിച്ചുകൊണ്ടിരിക്കെ, അവരില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭവും (ഓര്‍ക്കുക), അവര്‍ നിങ്ങളുടെ ആണ്‍മക്കളെ അറുകൊല ചെയ്യുകയും, നിങ്ങളുടെ സ്ത്രീക(ളായ-മക്ക)ളായവരെ ജീവിക്കാന്‍ വിടുകയും ചെയ്തിരുന്നു. അതില്‍ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള ഒരു വമ്പിച്ച പരീക്ഷണം ഉണ്ടായിരുന്നു.
 • وَإِذْ نَجَّيْنَاكُم നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭവും مِّنْ آلِ കൂട്ടുകാരില്‍ (ആള്‍ക്കാരില്‍) നിന്ന് فِرْعَوْنَ ഫിര്‍ഔന്‍റെ يَسُومُونَكُمْ അവര്‍ നിങ്ങളെ അനുഭവിപ്പിച്ചുക്കൊണ്ടിരിക്കെ سُوءَ الْعَذَابِ കടുത്ത (ഹീനമായ) ശിക്ഷ يُذَبِّحُونَ അവര്‍ അറുകൊല നടത്തിയിരുന്നു أَبْنَاءَكُمْ നിങ്ങളുടെ ആണ്‍മക്കളെ وَيَسْتَحْيُونَ അവര്‍ ജീവിക്കുവാന്‍ വിടുകയും ചെയ്തിരുന്നു نِسَاءَكُمْ നിങ്ങളുടെ സ്ത്രീകളെ وَفِي ذَٰلِكُم അതിലുണ്ട്, ഉണ്ടായിരുന്നു بَلَاءٌ ഒരു പരീക്ഷണം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് عَظِيمٌ വമ്പിച്ച
2:50
 • وَإِذْ فَرَقْنَا بِكُمُ ٱلْبَحْرَ فَأَنجَيْنَـٰكُمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ وَأَنتُمْ تَنظُرُونَ ﴾٥٠﴿
 • നിങ്ങള്‍ നിമിത്തം സമുദ്രത്തെ നാം പിളര്‍ത്തിയ സന്ദര്‍ഭവും (ഓര്‍ക്കുക) അങ്ങനെ, നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ഫിര്‍ഔന്‍റെ കൂട്ടരെ നിങ്ങള്‍ നോക്കി (ക്കണ്ടു)ക്കൊണ്ടിരിക്കെ നാം മുക്കിക്കൊല്ലുകയും ചെയ്തു.
 • وَإِذْ فَرَقْنَا നാം പിളര്‍ത്തിയ സന്ദര്‍ഭവും بِكُمُ നിങ്ങള്‍ നിമിത്തം الْبَحْرَ സമുദ്രത്തെ فَأَنجَيْنَاكُمْ അങ്ങനെ നിങ്ങള്‍ നാം രക്ഷപ്പെടുത്തി وَأَغْرَقْنَا നാം മുക്കി നശിപ്പിക്കുകയും ചെയ്തു آلَ فِرْعَوْنَ ഫിര്‍ഔന്‍റെ കൂട്ടരെ وَأَنتُمْ നിങ്ങള്‍ (ആയിരിക്കെ) تَنظُرُونَ നോക്കി (കണ്ടു) കൊണ്ടിരിക്കുന്നു

ഈ വചനങ്ങളിലും തുടര്‍ന്നുള്ള ചില വചനങ്ങളിലുമായി പ്രസ്താവിക്കപ്പെട്ട സംഭവങ്ങള്‍ ഇസ്‌റാഈല്യരുടെ ചരിത്രത്തില്‍ കഴിഞ്ഞ ചില പ്രധാനസംഭവങ്ങളാകുന്നു. അവയെപ്പറ്റി വേദക്കാര്‍ക്ക് അറിയാവുന്നതും അവരുടെ കൈവശമുള്ള ഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുള്ളതുമാക കൊണ്ട് അധിക വിശദീകരണങ്ങളൊന്നും കൂടാതെ എണ്ണി പ്പറയുകയാണ് ഇവിടെ അല്ലാഹു ചെയ്തിരിക്കുന്നത്. അവയില്‍ ചിലതിനെപ്പറ്റി അഅ്‌റാഫ്, ത്വാഹാ, ക്വസ്വസ്വ് മുതലായ ചില സൂറത്തുകളില്‍ അല്‍പം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെപ്പറ്റി അതതിടത്ത് വെച്ച് നമുക്ക് കാണാം إن شاء الله  ഈ സൂറത്തില്‍ മാത്രം പ്രസ്താവിക്കപ്പെട്ട സംഭവങ്ങളെക്കുറിച്ച് യഥായോഗ്യം അത്യാവശ്യ വിശദീകരണം നല്‍കുകയും ചെയ്യാം ومن لله التوفيق

സൂറത്ത് യൂസുഫില്‍ കാണാവുന്നതുപോലെ യൂസുഫ് നബി (അ) ഈജിപ്തിലെ (മിസ്വ്‌റിലെ) ധനകാര്യമേധാവിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവും- ഇസ്‌റാഈല്‍ എന്ന യഅ്ക്വൂബ് നബി (അ)യും – സഹോദരന്മാരും ഈജിപ്തില്‍ചെന്ന് താമസമായി. ഏറെക്കുറെ നാനൂറ് സംവത്സരങ്ങള്‍കൊണ്ട് ആ കുടുംബം പെറ്റുപെരുകി ഒരു വമ്പിച്ച ജനതയായിത്തീര്‍ന്നു. ഇവരുടെ പെരുപ്പവും പാരമ്പര്യ സംസ്‌കാരങ്ങളും ഈജിപ്തിലെ പഴയ വംശജരായ ക്വിബ്ത്വീ (കൊപ്തി)കള്‍ക്ക് സഹിക്കാതായി. അവരുടെ നേരെ അവര്‍ അക്രമവും മര്‍ദ്ദനവും അഴിച്ചുവിട്ടു. രാജ്യഭരണം അവരുടെ കയ്യിലായിരുന്നുവല്ലോ. റോമിലെ ഭരണാധിപന്‍മാര്‍ കൈസര്‍ (സീസര്‍) എന്നും, പേര്‍ഷ്യയിലെ ഭരണാധിപന്മാര്‍ കിസ്‌റാ (കൊസ്രൂ) എന്നും യമനിലെ രാജാക്കന്‍മാര്‍ തുബ്ബഅ് എന്നുമുള്ള നാമങ്ങളില്‍ അറിയപ്പെട്ടിരുന്നതു പോലെ, ഈജിപ്തിലെ ഭരണാധിപന്‍മാര്‍ ഫിര്‍ഔന്‍ (ഫറോവാ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരു ഫിര്‍ഔന്‍റെ കാലത്ത് ഇസ്‌റാഈല്യരോടുള്ള വിരോധവും, വര്‍ഗീയ പക്ഷപാതവും മൂര്‍ദ്ധന്യത്തിലെത്തി. അവരെ ഈ നിലക്ക് വിട്ടാല്‍ ക്രമേണ ക്വിബ്ത്വികളുടെ പേരിനും പ്രശസ്തിക്കും കോട്ടം തട്ടുമെന്നും, രാജ്യഭരണം തങ്ങള്‍ക്ക് നഷ്ടപ്പെടുവാന്‍ ഇടയാകുമെന്നും അവര്‍ കരുതി (*) അങ്ങിനെ ഇസ്‌റാഈല്യരെ അവര്‍ തങ്ങളുടെ അടിമകളായി ഗണിക്കുകയും, അവരോട് തികച്ചും മൃഗങ്ങളോടെന്നോണം പെരുമാറുകയുമായി. കണക്കറ്റ മര്‍ദ്ദനങ്ങള്‍ക്കും യാതനകള്‍ക്കും അവര്‍ ഇരയായി. ഈ വിഷയം ബൈബ്‌ളില്‍ (പുറപ്പാട് പുസ്തകം, അദ്ധ്യായം 1 ല്‍) വിവരിച്ചിട്ടുണ്ട്. (സൂ:ക്വസ്വസ്വ് 4-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ നാമത് ഉദ്ധരിച്ചിരിക്കുന്നു)


(*) പരിഷ്കൃതയുഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്തും ഇത്തരം വര്‍ഗീയ മനഃസ്ഥിതി വെച്ചു പുലര്‍ത്തുന്ന ജനങ്ങളും ഭരണാധികാരികളും ധാരാളമുണ്ടല്ലോ.


പ്രസ്തുത മര്‍ദ്ദനങ്ങളില്‍ ഒന്നായിരുന്നു ഇസ്‌റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ ഉടനെ കൊലപ്പെടുത്തുവാനും, പെണ്‍കുഞ്ഞുങ്ങളെ ഒഴിവാക്കുവാനുമുള്ള ഫിര്‍ഔന്‍റെ കല്‍പന. അതിനായി പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നു. എത്രയോ കുഞ്ഞുങ്ങള്‍ അങ്ങിനെ മൃഗീയമായി അറുകൊലചെയ്യെപ്പട്ടു. ഇക്കാലത്താണ് മൂസാ (അ) ന്‍റെ ജനനം. അദ്ദേഹത്തിന്‍റെ മാതാവ് അദ്ദേഹത്തെ പ്രസവിച്ച ഉടനെ കുഞ്ഞിനെ ഒരു പെട്ടിയിലാക്കി നൈല്‍നദിയിലൂടെ ഒഴുക്കുവാന്‍ അല്ലാഹു അവര്‍ക്ക് തോന്നിപ്പിച്ചു. അങ്ങിനെ, ക്വിബ്ത്വികളുടെ പ്രതാപനാശത്തിന് കാരണക്കാരനാകുവാന്‍ പോകുന്ന ആ കുഞ്ഞ് ഫിര്‍ഔന്‍റെ കൊട്ടാര വാതില്‍ക്കല്‍കൂടി ഒഴുകിപ്പോകുന്ന നദിയുടെ കരക്കണഞ്ഞപ്പോള്‍ കൊട്ടാരവാസികള്‍ കണ്ടെടുക്കുകയും അദ്ദേഹം കൊട്ടാരക്കുഞ്ഞായി വളര്‍ത്തപ്പെടുകയും ചെയ്തു. (വിശദീകരണം സൂ: ത്വാഹായിലും, ക്വസ്വസ്വിലും കാണാവുന്നതാണ്) മൂസാ നബി (അ) ക്ക് പ്രവാചകത്വവും ദിവ്യത്വവും (നുബുവ്വത്തും രിസാലത്തും) ലഭിച്ചു പ്രബോധനകൃത്യം നടത്തിക്കൊണ്ടിരുന്നപ്പോഴും ഫിര്‍ഔന്‍റെ അക്രമ മര്‍ദ്ദനങ്ങള്‍ വീണ്ടും ശക്തിപ്പെട്ടു. കൂട്ടത്തില്‍ ഇസ്‌റാഈല്യരുടെ ആണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന ഏര്‍പ്പാട് അപ്പോഴും നടന്നിരുന്നു (സൂറഃ അഅ്‌റാഫ് 127-129 ല്‍ ഇതിനെപ്പറ്റി പരാമര്‍ശം കാണാം) ഇങ്ങിനെയുള്ള കഠിനയാതനകളില്‍ നിന്ന്‌ മൂസാ (അ) മുഖേന അവര്‍ക്ക് മോചനം നല്‍കിയതിനെയാണ് وَإِذْ نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ….. (നിങ്ങളെ നാം ഫിര്‍ഔന്റെ കൂട്ടരില്‍ നിന്ന് രക്ഷപ്പെടുത്തിയ സന്ദര്‍ഭം ഓര്‍ക്കുക……) എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു ഇസ്‌റാഈല്യരെ ഓര്‍മിപ്പിക്കുന്നത്.

بَلاء (ബലാഅ്) എന്നാല്‍ പരീക്ഷണം എന്നര്‍ത്ഥം. തിന്മയിലാണ് ഈ വാക്ക് അധികവും ഉപയോഗിക്കപ്പെടാറുള്ളതെങ്കിലും നന്മ മുഖേനയുള്ള പരീക്ഷണത്തിലും അത് ഉപയോഗിക്കപ്പെടാറുണ്ട്. അല്ലാഹു പറയുന്നു: وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً – الأنبياء ٣٥ : (തിന്മകൊണ്ടും നന്മകൊണ്ടും നാം നിങ്ങളെ പരീക്ഷണം നടത്തുന്നതാണ്) തിന്മ മുഖേനയുള്ളതില്‍ ക്ഷമയും, നന്മ മുഖേനയുള്ളതില്‍ നന്ദിയുമായിരിക്കും പരീക്ഷണംകൊണ്ടുദ്ദേശിക്കപ്പെടുന്നത്. ഇതനുസരിച്ച് وَفِي ذَٰلِكُم بَلَاءٌ (അതില്‍ പരീക്ഷണമുണ്ടായിരുന്നു) എന്ന വാക്യത്തിന് രണ്ട് പ്രകാരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്.

(1) ഫിര്‍ഔന്റെ കൂട്ടര്‍ നിങ്ങള്‍ക്ക് കടുത്ത ശിക്ഷ അനുഭവിപ്പിക്കുകയും നിങ്ങളുടെ മക്കളെ അറുകൊല ചെയ്യുകയും ചെയ്തിരുന്നത് നിങ്ങളുടെ ക്ഷമയും സഹനവും പരിശോധിക്കുവാനുള്ള ഒരു പരീക്ഷണമായിരുന്നു.

(2) ഫിര്‍ഔന്റെ ആള്‍ക്കാരില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയത് നിങ്ങളുടെ നന്ദിയും കൂറും പരിശോധിക്കുവാനുള്ള ഒരു പരീക്ഷണമായിരുന്നു. ഒന്നാമത്തെ വ്യാഖ്യാനമാണ് അധിക വ്യാഖ്യാതാക്കളും സ്വീകരിച്ചുകാണുന്നത്. രണ്ടായാലും
ആ പരീക്ഷണം വളരെ വമ്പിച്ചതായിരുന്നുവെന്ന് വ്യക്തമാണല്ലോ.

രണ്ടാമത്തെ വചനത്തില്‍ ഓര്‍മിപ്പിച്ച സംഭവത്തിന്റെ ചുരുക്കം ഇതാണ് : ഫിര്‍ഔന്റെ മര്‍ദ്ദനം ഇസ്‌റാഈല്യര്‍ സഹിച്ചു മടുത്തപ്പോള്‍, അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ (അ) അവരെയും കൂട്ടി രാത്രി പുറപ്പെട്ട് ചെങ്കടലിനടുത്തെത്തി. മുസാ (അ) തന്റെ വടികൊണ്ട് സമുദ്രത്തില്‍ അടിച്ചു. അപ്പോള്‍, അവര്‍ക്ക് നടന്നു പോകത്തക്കവിധം അല്ലാഹു സമുദ്രജലം പിളര്‍ത്തിക്കൊടുത്തു. ഇരുഭാഗത്തേക്കും ഒഴിഞ്ഞുനിന്ന ജലഭിത്തികള്‍ക്കിടയിലൂടെ അവര്‍ മറുകരപറ്റി രക്ഷെപ്പട്ടു. അവര്‍ സ്ഥലം വിട്ട വിവരം അറിഞ്ഞ് അവരെ പിന്തുടര്‍ന്നുവന്നിരുന്ന ഫിര്‍ഔനും സൈന്യവും അതേ ഇടവഴിയിലുടെ സമുദ്രത്തിലിറങ്ങിക്കഴിഞ്ഞപ്പോഴേക്കും ഇരുഭാഗത്തും ചിറച്ചു നില്‍ക്കുന്ന സമുദ്രജലം കൂട്ടിമുട്ടുകയും അവരെല്ലാം അതില്‍ മുങ്ങിനശിക്കുകയും ചെയ്തു. വാസ്തവത്തില്‍ ഈ ഒരൊറ്റ സംഭവംമതി, ഇസ്‌റാഈല്യരെ ഇരുത്തിച്ചിന്തിപ്പിക്കുവാന്‍. പക്ഷേ, കാലപ്പഴക്കത്തില്‍ ആ സംഭവം ആവര്‍ത്തിച്ച് ഉരുവിട്ട് അഭിമാനം കൊള്ളുകയല്ലാതെ, അതിന്റെ നന്ദി അവരില്‍ പ്രകടമായിരുന്നില്ല. ഈ മഹാ സംഭവത്തിന്റെ പൂര്‍ണ വിവരം സൂറത്തു ത്വാഹയിലും, ശുഅറാഇലും കാണാവുന്നതാണ്. (യുക്തിവാദങ്ങ ളും വക്രതാല്പര്യങ്ങളും അനുസരിച്ച് ക്വുര്‍ആനെ വ്യാഖ്യാനിക്കുവാന്‍ മുതിര്‍ന്ന ചിലര്‍ ഈ സംഭവത്തിന് നല്‍കുന്ന പൂതിയ ചിത്രീകരണത്തെയും ആ ആവശ്യാര്‍ത്ഥം പല ക്വുര്‍ആന്‍ വചനങ്ങള്‍ക്കും അവര്‍ നല്‍കിയ ദുര്‍വ്യാഖ്യാനങ്ങളെയും സംബന്ധിച്ച് സൂറത്ത് ത്വാഹയുടെ ശേഷം കൊടുത്തിട്ടുള്ള സുദീര്‍ഘമായ വ്യാഖ്യാനക്കുറിപ്പില്‍ വേണ്ടത്ര നിരൂപണം ചെയ്തിട്ടുണ്ട്.)

ഇബ്‌നു അബ്ബാസ് (റ) ഇപ്രകാരം പ്രസ്താവിച്ചതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയില്‍ വന്നപ്പോള്‍ യഹൂദികള്‍ ആശൂറാഅ് (മുഹര്‍റ മാസം പത്താം) ദിവസം നോമ്പ് പിടിക്കുന്നതായി കണ്ടു. ഈ ദിവസം എന്താണെന്ന് തിരുമേനി ചോദിച്ചു. ഇതൊരു നല്ല ദിവസമാണ്, ഇസ്‌റാഈല്യരെ അവരുടെ ശത്രുവില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ദിവസമാണിത്. അന്ന് മൂസാ (അ) നോമ്പ് നോറ്റു എന്ന് അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു:- മൂസായെ സംബന്ധിച്ച് ഞാന്‍ നിങ്ങളേക്കാള്‍ അവകാശപ്പെട്ടവനാണ്. അങ്ങനെ അന്ന് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നോമ്പ് പിടിക്കുകയും അന്ന് നോമ്പ് നോല്‍ക്കുവാന്‍ കല്പിക്കുകയും ചെയ്തു. (അ; ബു; മു; ന; ജ) ഈ ഹദീഥനുസരിച്ചാണ് ആശൂറാ ദിവസം മുസ്‌ലിംകള്‍ നോമ്പ് പിടിക്കുന്നത്. അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്തില്‍പ്പെട്ടതാണെന്ന് പൊതുവെ അറിയപ്പെട്ടതുമാണ്.

2:51
 • وَإِذْ وَٰعَدْنَا مُوسَىٰٓ أَرْبَعِينَ لَيْلَةً ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَـٰلِمُونَ ﴾٥١﴿
 • മൂസായുമായി നാല്‍പത് രാത്രിക്ക് നാം കരാര്‍ നിശ്ചയം നടത്തിയ സന്ദര്‍ഭം (ഓര്‍ക്കുക). പിന്നീട് അദ്ദേഹത്തിന്‍റെ (അഭാവത്തിന്) ശേഷം നിങ്ങള്‍ പശുക്കുട്ടിയെ ഉണ്ടാക്കിത്തീര്‍ത്തു. നിങ്ങള്‍ അക്രമികളായും കൊണ്ട്.
 • وَإِذْ وَاعَدْنَا നാം കരാര്‍ നിശ്ചയം നടത്തിയ സന്ദര്‍ഭം مُوسَىٰ മൂസായോട് أَرْبَعِينَ നാല്‍പത് لَيْلَةً രാത്രി (ദിവസം) ثُمَّ പിന്നെ اتَّخَذْتُمُ നിങ്ങള്‍ ഉണ്ടാക്കി (ആക്കി)ത്തീര്‍ത്തു الْعِجْلَ പശുക്കുട്ടിയെ مِن بَعْدِهِ അദ്ദേഹത്തിന് ശേഷം وَأَنتُمْ നിങ്ങള്‍ (ആയിക്കൊണ്ട്) ظَالِمُونَ അക്രമികള്‍
2:52
 • ثُمَّ عَفَوْنَا عَنكُم مِّنۢ بَعْدِ ذَٰلِكَ لَعَلَّكُمْ تَشْكُرُونَ ﴾٥٢﴿
 • പിന്നെ, അതിന് ശേഷം നാം നിങ്ങള്‍ക്ക് മാപ്പ് ചെയ്തു, നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി.
 • ثُمَّ عَفَوْنَا പിന്നെ നാം മാപ്പ് ചെയ്തു عَنكُم നിങ്ങള്‍ക്ക് مِّن بَعْدِ ശേഷമായി ذَٰلِكَ അതിന്റെ, അതിന് لَعَلَّكُمْ നിങ്ങള്‍ ആയേക്കാം, ആകുവാന്‍ വേണ്ടി تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യും
2:53
 • وَإِذْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَٱلْفُرْقَانَ لَعَلَّكُمْ تَهْتَدُونَ ﴾٥٣﴿
 • മൂസാക്ക് നാം വേദഗ്രന്ഥവും, (സത്യാസത്യ) വിവേചനവും നല്‍കിയ സന്ദര്‍ഭവും (ഓര്‍ക്കുക) നിങ്ങള്‍ സന്മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.
 • وَإِذْ آتَيْنَا നാം നല്‍കിയ സന്ദര്‍ഭവും مُوسَى മൂസാക്ക് الْكِتَابَ (വേദ) ഗ്രന്ഥം وَالْفُرْقَانَ വിവേചനവും لَعَلَّكُمْ നിങ്ങളാകുവാന്‍, ആയേക്കാം تَهْتَدُونَ സന്‍മാര്‍ഗം (നേര്‍വഴി) പ്രാപിക്കുക

ഫിര്‍ഔനും സൈന്യവും മുക്കി നശിപ്പിക്കപ്പെടുകയും ഇസ്‌റാഈല്യര്‍ രക്ഷപ്പെടുകയും ചെയ്തശേഷം അവര്‍ക്കുള്ള നിയമ സംഹിത അടങ്ങുന്ന വേദഗ്രന്ഥം നല്‍കാമെന്നും അതിനായി ആദ്യം മുപ്പതും പിന്നീട് പത്തും കൂടി ആകെ നാല്‍പത് ദിവസം മൂസാ (അ) ധ്യാനം, വ്രതം മുതലായ അനുഷ്ഠാനങ്ങളോടുകൂടി സീനാ മലയില്‍ കഴിച്ചുകൂട്ടണമെന്നു അല്ലാഹു അദ്ദേഹത്തോട് നിശ്ചയം ചെയ്തിരുന്നു. (വിശദ വിവരം അഅ്‌റാഫില്‍ വരുന്നുണ്ട്) നിശ്ചയപ്രകാരം മൂസാ (അ) സീനായിലേക്ക് പോകുമ്പോള്‍ തന്‍റെ അഭാവത്തില്‍ ഇസ്‌റാഈല്യരുടെ നേതൃത്വം സഹോദരന്‍ ഹാറൂന്‍ നബി (അ)യെ ഏല്‍പിച്ചു. മൂസാ നബി (അ) സ്ഥലം വിട്ട ശേഷം സാമിരീ എന്നു പേരായ ഒരുവന്‍റെ നേതൃത്വത്തില്‍ ഇസ്‌റാഈല്യര്‍ സ്വര്‍ണം കൊണ്ട് ഒരു പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുവാന്‍ തുടങ്ങി. അനേക കൊല്ലങ്ങളായി ഈജിപ്തുകാരുമായുള്ള സമ്പര്‍ക്കത്തില്‍ പശുക്കളെ ആരാധിക്കുന്ന സമ്പ്രദായവുമായി അവര്‍ ഇടപഴകിക്കഴിഞ്ഞിരുന്നു. മൂസാ (അ) തേടിപ്പോയ ആ ദൈവമാണതെന്ന് അവര്‍ പറഞ്ഞു. ഹാറൂന്‍ (അ) തന്നാല്‍ കഴിയുന്ന തടസ്സങ്ങള്‍ പറഞ്ഞു നോക്കിയെങ്കിലും അവരത് ചെവിക്കൊണ്ടില്ല. നിശ്ചിത ദിവസങ്ങള്‍ കഴിഞ്ഞ് മൂസാ (അ) തൗറാത്തും കൊണ്ടുവന്നപ്പോള്‍ കണ്ട കാഴ്ച അതായിരുന്നു. അദ്ദേഹത്തിന്‍റെ വ്യസനവും കോപവും പിന്നെ പറയേണ്ടതുണ്ടോ? ഇത്രയും കടുത്ത അപരാധം അവര്‍ ചെയ്തിട്ടുപോലും പിന്നീട് അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കുകയുണ്ടായി. അവര്‍ നന്ദിയുള്ളവരായിത്തീരട്ടെ- അങ്ങനെ, അവര്‍ സന്മാര്‍ഗം പ്രാപിക്കട്ടെ- എന്നുദ്ദേശിച്ചാണ് അല്ലാഹു അവര്‍ക്ക് അത് മാപ്പാക്കിയത്.

വേദഗ്രന്ഥം കൊണ്ടുദ്ദേശ്യം തൗറാത്താകുന്നു. ഇസ്‌റാഈല്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനാവശ്യമായ എല്ലാ തത്വോപദേശങ്ങളും, നിയമനിര്‍ദ്ദേശങ്ങളും, ചരിത്രപാഠങ്ങളും അടങ്ങിയ ഒരു നിയമസംഹിതയും, സത്യാസത്യങ്ങളെയും ന്യായാന്യായങ്ങളെയും വേര്‍തിരിച്ച് വിവരിക്കുന്ന മതഗ്രന്ഥവുമാണ് തൗറാത്ത്. ആ നിലക്ക് വേദഗ്രന്ഥവും വിവേചനവും (الكتَابَ وَالْفُرْقَانَ) കൊണ്ടുദ്ദേശ്യം തൗറാത്ത് തന്നെ. വിവേചനം കൊണ്ടുദ്ദേശ്യം മൂസാ നബി (അ) മുഖേനയുണ്ടായ അമാനുഷിക ദൃഷ്ടാന്ത (المُعْجِزَات) ങ്ങളാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. രണ്ടായാലും ലക്ഷ്യം അവര്‍ സന്‍മാര്‍ഗം പ്രാപിക്കല്‍ തന്നെ.

2:54
 • وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُم بِٱتِّخَاذِكُمُ ٱلْعِجْلَ فَتُوبُوٓا۟ إِلَىٰ بَارِئِكُمْ فَٱقْتُلُوٓا۟ أَنفُسَكُمْ ذَٰلِكُمْ خَيْرٌ لَّكُمْ عِندَ بَارِئِكُمْ فَتَابَ عَلَيْكُمْ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ ﴾٥٤﴿
 • മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) എന്‍റെ ജനങ്ങളേ, നിശ്ചയമായും നിങ്ങള്‍ പശുക്കുട്ടിയെ ഉണ്ടാക്കിയത് നിമിത്തം നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ നിങ്ങളെ സൃഷ്ടിച്ച വങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിന്‍, അങ്ങനെ നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുവിന്‍. അത് നിങ്ങളുടെ സ്രഷ്ടാവിന്‍റെ അടുക്കല്‍ നിങ്ങള്‍ക്ക് ഗുണകരമാകുന്നു. എന്നിട്ട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയമായും, അവന്‍ തന്നെണ് വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
 • وَإِذْ قَالَ مُوسَىٰ മൂസാ പറഞ്ഞ സന്ദര്‍ഭവും لِقَوْمِهِ തന്‍റെ ജനതയോട് يَا قَوْمِ എന്റെ ജനങ്ങളേ إِنَّكُمْ നിശ്ചയമായും നിങ്ങള്‍ ظَلَمْتُمْ നിങ്ങള്‍ അക്രമം (അനീതി) ചെയ്തു أَنفُسَكُم നിങ്ങളുടെ സ്വന്തത്തോട്, നിങ്ങളോട് തന്നെ بِاتِّخَاذِكُمُ നിങ്ങള്‍ ഉണ്ടാക്കിയത് (നിങ്ങളുടെ ഉണ്ടാക്കല്‍) കൊണ്ട് الْعِجْلَ പശുക്കുട്ടിയെ فَتُوبُوا അതിനാല്‍ നിങ്ങള്‍ മടങ്ങുവിന്‍ إِلَىٰ بَارِئِكُمْ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് فَاقْتُلُوا അങ്ങിനെ നിങ്ങള്‍ കൊല്ലുവിന്‍ أَنفُسَكُمْ നിങ്ങളെത്തന്നെ ذَٰلِكُمْ അത് خَيْرٌ لَّكُمْ നിങ്ങള്‍ക്ക് ഉത്തമമാണ് عِندَ بَارِئِكُمْ നിങ്ങളുടെ സ്രഷ്ടാവിന്‍റെ അടുക്കല്‍ فَتَابَ عَلَيْكُمْ എന്നിട്ട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ التَّوَّابُ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ الرَّحِيمُ കരുണാനിധി

പശുക്കുട്ടിയുണ്ടാക്കി ആരാധിച്ചതിനെപ്പറ്റി ഇസ്‌റാഈല്യര്‍ ഖേദിക്കുകയും, ഞങ്ങള്‍ക്ക് ഞങ്ങളുടെ റബ്ബ് പൊറുത്തുതരുകയും കരുണചെയ്യുകയും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നഷ്ടക്കാരാകുമല്ലോ എന്ന് അവര്‍ വിലപിക്കുകയും ചെയ്തു. (അഅ്‌റാഫ്,149) ഈ സന്ദര്‍ഭത്തിലായിരിക്കാം മൂസാ (അ) അവരോട് ഇപ്രകാരം പറഞ്ഞത്. (അല്ലാഹുവിനറിയാം) നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയ അല്ലാഹുവിനെ വിട്ടേച്ച് നിങ്ങള്‍ സ്വയം നിര്‍മിച്ച ഒരു പശുക്കുട്ടിയുടെ പ്രതിമയെ ദൈവമാക്കിത്തീര്‍ത്തത് അതിഭീമമായ ഒരു അക്രമമാകുന്നു. അത് നിങ്ങള്‍ നിങ്ങളോട് തന്നെ ചെയ്ത ഒരു അപരാധമാണ്. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങിക്കൊള്ളുവിന്‍. നിങ്ങളുടെ പശ്ചാത്താപത്തിന്‍റെ പൂര്‍ത്തീകരണവും നിഷ്‌കളങ്കതയുടെ സാക്ഷ്യവുമെന്നനിലക്ക് നിങ്ങളെത്തന്നെ അഥവാ നിങ്ങളില്‍ ചിലര്‍ ചിലരെ – കൊലപ്പെടുത്തേണ്ടതാണ്. ഈ കൊല വളരെ ഗൗരവമേറിയ ഒരു കാര്യമാണെങ്കിലും നിങ്ങളുടെ അപരാധത്തിന്‍റെ ഗൗരവവും അതിന്‍റെ അനന്തരഫലവും നോക്കുമ്പോള്‍, അതാണ് നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ ഗുണകരമായിത്തീരുക. എന്നൊക്കെയാണ് മൂസാ (അ) പറഞ്ഞതിന്‍റെ സാരം. അങ്ങനെ അവര്‍ പ്രവര്‍ത്തിച്ചപ്പോള്‍ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു അവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തു.

ഇസ്‌റാഈല്യരുടെ പശ്ചാത്താപത്തിന്‍റെ പൂര്‍ത്തീകരണമായി നിശ്ചയിക്കപ്പെട്ട ഈ കൊലയുടെ സ്വഭാവം എങ്ങിനെയായിരുന്നുവെന്നതില്‍ വ്യത്യസ്തങ്ങളായ രിവായത്തുകള്‍ കാണാം. എങ്കിലും പശുക്കുട്ടിയുടെ ആരാധനയില്‍ പങ്കില്ലാത്തവര്‍, പശുക്കുട്ടിയെ ആരാധിച്ച തങ്ങളുടെ അടുത്ത ബന്ധുക്കളെ കൊലചെയ്യുവാനായിരുന്നു നിശ്ചയം എന്നത്രെ ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്ന് ഇബ്‌നു ജരീര്‍, നസാഈ, ഇബ്‌നുഅബീഹാതിം (റ) എന്നിവര്‍ ഉദ്ധരിച്ച രിവായത്തില്‍ നിന്ന് വ്യക്തമാകുന്നത്. അങ്ങിനെ കുറെ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നും, പിന്നീടത് മൂസാ നബി(അ)യുടെ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് അത് നിറുത്തല്‍ ചെയ്യപ്പെട്ടുവെന്നും പ്രസ്താവിക്കപ്പെട്ടു കാണുന്നു. الله أعلم ബൈബ്ളിന്‍റെ പ്രസ്താവനയും ഏതാണ്ട് ഇതേ പ്രകാരം തന്നെയാകുന്നു. (പുറപ്പാട് : 32-ല്‍ 27, 28 നോക്കുക)

എന്നാല്‍, فَاقْتُلُوا أَنفُسَكُمْ (നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങളെ -നിങ്ങളെത്തന്നെ- കൊല്ലുവിന്‍) എന്ന വാക്യത്തിന്റെ താല്‍പര്യം, നിങ്ങള്‍ നിങ്ങളുടെ ശരീരേച്ഛകളെ അടക്കി നിറുത്തി അവയെ ദണ്ഡിപ്പിക്കുവിന്‍ എന്നാണെന്ന് ചില ആളുകള്‍ പ്രസ്താവിച്ചു കാണുന്നു. പശ്ചാത്താപത്തിന്‍റെ ഭാഗമായി കൊലയെ നിശ്ചയിക്കുന്നതിലും വളരെ ആളുകളുടെ ജീവന്‍ നശിപ്പിക്കുവാന്‍ കല്‍പിക്കുന്നതിലും ന്യായീകരണമൊന്നുമില്ലെന്നാണ് അവരുടെ വാദം. സൂറഃ നിസാഅ് 153-ല്‍ …..പിന്നെ അവക്ക് തെളിവുകള്‍ വന്നതിനു ശേഷം അവര്‍ പശുക്കുട്ടിയെ ഉണ്ടാക്കി. എന്നിട്ട് അതിനെപ്പറ്റി നാം മാപ്പ് നല്‍കി എന്ന് പറഞ്ഞിട്ടുള്ളതിനെ ചിലര്‍ ഈ വാദത്തിന് തെളിവാക്കുകയും ചെയ്യുന്നു. പ്രഥമദൃഷ്ടിയില്‍ ഈ വാദത്തില്‍ എന്തോ കഴമ്പുണ്ടെന്ന് തോന്നിയേക്കാമെങ്കിലും അല്ലാഹു ഇവിടെ പറഞ്ഞ വാക്കുകളും മേല്‍ സൂചിപ്പിച്ച രിവായത്തുകളും ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പൊതുവെയുള്ള പ്രസ്താവനകളും നോക്കുമ്പോള്‍ ഈ പുതിയ വ്യാഖ്യാനത്തിന് വില കല്‍പിക്കുവാന്‍ മാര്‍ഗം കാണുന്നില്ല. അതിനും പുറമെ, താഴെ സൂചിപ്പിക്കുന്ന കുറേ വസ്തുതകള്‍ കൂടി മുന്നില്‍ വെച്ചുകൊണ്ടായിരിക്കണം ഈ കൊലയെ വിലയിരുത്തുന്നതും.

ഇസ്‌റാഈല്യര്‍ പശുക്കുട്ടിയെ ആരാധിച്ച സംഭവം കേവലം ഒരു സാധാരണ വിഗ്രഹാരാധനയുടെ സംഭവമല്ല. അതിന് അതിന്‍റെതായ ചില പ്രത്യേകതകളുണ്ട്. ഇസ്‌റാഈല്യര്‍ ആരാണ്. അവരുടെ സ്ഥിതിഗതികളെന്താണ് ഏത് സന്ദര്‍ഭത്തിലാണത് ചെയ്തത്, അപ്പോഴത്തെ ചുറ്റുപാടെന്തായിരുന്നു എന്നൊക്കെ ആലോചിക്കേതുണ്ട്. തൗഹീദിന്‍റെ സ്ഥാപനത്തിന് വേണ്ടി ജീവിതമര്‍പ്പിച്ച ഇബ്‌റാഹീം നബി (അ)യുടെയും അദ്ദേഹത്തിന്‍റെ മക്കളും പിന്‍ഗാമികളുമായ ഇസ്ഹാക്വ്, യഅ്ക്വൂബ് (അ) എന്നീ പ്രവാചകന്‍മാരുടെയും പാരമ്പര്യം നിലനിറുത്തുവാന്‍ ബാധ്യസ്ഥരായ അനന്തരാവകാശികളാണ് ഇസ്‌റാഈല്‍ ജനത. കാലപ്പഴക്കത്തില്‍ കെട്ടാറിപ്പോയ തൗഹീദിന്റെ ആ പാരമ്പര്യം അവരില്‍ പുനര്‍ജ്ജീവിപ്പിക്കുവാനും, നൂറ്റാണ്ടുകളായി അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തില്‍ നിന്നും മര്‍ദ്ദനങ്ങളില്‍ നിന്നും അവരെ സ്വതന്ത്രമാക്കുവാനും വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ് മൂസാ നബി (അ). അദ്ദേഹത്തിന്‍റെ കൈക്ക് വെളിപ്പെട്ട വമ്പിച്ച പല ദിവ്യദൃഷ്ടാന്തങ്ങളും, അത്യല്‍ഭുതങ്ങളും നേരില്‍ കണ്ടനുഭവിച്ചു കൊണ്ടിരിക്കുന്നവരാണവര്‍. മുമ്പോ പിമ്പോ മനുഷ്യലോകം കേട്ടിട്ടില്ലാത്ത ഒരു മഹാല്‍ഭുതത്തിലൂടെയാണവര്‍ ചെങ്കടല്‍ കടന്ന് രക്ഷപ്പെട്ടു ഇപ്പോള്‍ സീന മരുഭൂമിയില്‍ വന്ന് പാളയമടിച്ചു താമസിക്കുന്നത്. അന്ന് ലോകത്ത് അറിയപ്പെട്ട ഏറ്റവും പ്രതാപശാലിയായ ഫിര്‍ഔനും സൈന്യവും അസാധാരണവും അതിദാരുണവുമാം വണ്ണം നശിപ്പിക്കപ്പെട്ട കാഴ്ച അവര്‍ ഒട്ടും മറക്കാറായിട്ടില്ല. ഈ അവസരത്തിലാണ് അവരുടെ ശാശ്വത നന്മക്കും യശസ്സിനും നിദാനമായ ഒരു വേദ ഗ്രന്ഥം അവരുടെ സ്രഷ്ടാവായ അല്ലാഹുവിങ്കല്‍ നിന്ന് ഏറ്റുവാങ്ങുവാന്‍ വേി മൂസാ (അ)അവരില്‍ നിന്ന് – അതും ഹാറൂന്‍ നബി (അ)യെ അവരുടെ നേതൃത്വം ഏല്‍പിച്ചുകൊണ്ട് – വിട്ടുപോയത്. വിരല്‍കൊണ്ടെണ്ണാവുന്ന ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ അപ്പോഴേക്കും മൂസാ തേടിപ്പോയ ദൈവമാണെന്ന് പറഞ്ഞുകൊണ്ട് അവരില്‍പ്പെട്ട ഒരു വികൃതി സ്വര്‍ണം കൊണ്ട് വാര്‍ത്തുണ്ടാക്കിയ ആ പശുക്കുട്ടിയെ ദൈവമാക്കി അതിന്‍റെ ചുറ്റും ഭജനമിരിക്കുകയും, പൂജാകര്‍മങ്ങള്‍ നടത്തുകയുമാണവര്‍ ചെയ്തത്. ബുദ്ധിപരമായ വീണ്ടു വിചാരങ്ങള്‍പോകട്ടെ, തങ്ങളുടെ നേതൃത്വം വഹിക്കുന്ന ഹാറൂന്‍ നബി (അ)യുടെ വിലക്ക് കേള്‍ക്കുവാനോ, ഏതാനും ദിവസം കൊണ്ട് മടങ്ങി എത്തുന്ന മൂസാ നബി (അ)യുടെ വരവുവരെ കാത്തിരിക്കുവാനോ അവര്‍ക്ക് ക്ഷമയുണ്ടായില്ല. ഇതൊക്കെ ഒരു വശത്ത്. മറ്റൊരു വശം:-

ഇസ്‌റാഈല്യരുടെ ധിക്കാര ബുദ്ധിയും, വിഡ്ഢിത്തവും, അനുസരണമില്ലായ്മയും പ്രസിദ്ധമാണ്. ചെങ്കടല്‍ കടന്നു രക്ഷപ്പെട്ടു പോരുന്ന മദ്ധ്യെ ചില ജനങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത്കണ്ടപ്പോള്‍ ഞങ്ങള്‍ക്കും ഇതുപോലെയുള്ള ദൈവങ്ങളെ ഉണ്ടാക്കുവാന്‍ അനുവദിച്ചു തരണമെന്ന് അവര്‍ മൂസാ (അ) നോട് ആവശ്യപ്പെട്ടതും. നിങ്ങള്‍ വിഡ്ഢികളായ ഒരു ജനത തന്നെ എന്ന് അദ്ദേഹം മറുപടി പറഞ്ഞതും. (7:138) അവരോട് വാഗ്ദാനം ചെയ്യപ്പെട്ടതും, അവരുടെ യാത്രാലക്ഷ്യവുമായിരുന്ന രാജ്യത്ത് – ബൈത്തുല്‍മുക്വദ്ദസില്‍-ശത്രുക്കളുമായി ഏറ്റുമുട്ടുവാന്‍ മടിച്ചു നിന്ന അവര്‍. നിരീക്ഷകന്‍മാര്‍ മുഖേന ശത്രുക്കളുടെ ശക്തി ദുര്‍ബ്ബലമാണെന്നറിഞ്ഞിട്ടുപോലും മൂസാ നബി (അ)യോട് പറഞ്ഞതിങ്ങിനെയാണ്: ‘അവരവിടെ ഉള്ളപ്പോള്‍ ഞങ്ങളൊരിക്കലും അതില്‍ പ്രവേശിക്കുകയില്ല. താനും ‘തന്‍റെ റബ്ബും പോയി യുദ്ധം നടത്തിക്കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്’ (5:24) ഇതുപോലെയുള്ള അവരുടെ ധിക്കാരത്തിന്‍റെയും അനുസരണക്കേടിന്‍റെയും ഉദാഹരണങ്ങള്‍ ഈ സൂറത്തിലും മറ്റു സൂറത്തുകളിലുമായി ധാരാളം കാണാവുന്നതാണ്.

ഇതൊക്കെ കണക്കിലെടുത്തു കൊണ്ട് വേണം അവര്‍ പശുക്കുട്ടിയെ ആരാധിച്ചതിന്‍റെ ഗൗരവവും പ്രത്യേകതയും കണക്കാക്കുവാന്‍. അതിന്‍റെ പേരില്‍ അവര്‍ക്ക് അല്ലാഹുവില്‍ നിന്ന് ലഭിക്കുവാനിരിക്കുന്ന ശിക്ഷയാകട്ടെ, കാലാകാല നരകശിക്ഷയും. ആ ശിക്ഷ ഒഴിവായിക്കിട്ടുവാനും, അവര്‍ ധിക്കാരപൂര്‍വ്വം പ്രവര്‍ത്തിച്ച ഈ നീചകൃത്യത്തില്‍ അവര്‍ക്കുള്ള യഥാര്‍ത്ഥ പശ്ചാത്താപം തെളിയിക്കുവാനും, അവശേഷിക്കുന്ന ആളുകളില്‍ ഇത്തരം നികൃഷ്ട സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാനും, അതേ സമയത്ത് കൊല്ലപ്പെടുന്നവര്‍ക്ക് അല്ലാഹുവിന്‍റെ മാപ്പിനും പ്രീതിക്കുമായി ജീവര്‍ ത്യജിക്കുന്നത് നിമിത്തം അവരുടെ മഹാപാപം പൊറുക്കുവാനും-ഇങ്ങിനെ പലതിനുമായി- ആ കടും പാതകത്തില്‍ മുന്‍കയ്യെടുത്തവരെ കൊലപ്പെടുത്തണമെന്ന് അവരെ സൃഷ്ടിച്ച സ്രഷ്ടാവ് കല്‍പിച്ചെങ്കില്‍, അതില്‍ അവന്‍റെ കാരുണ്യവും ഔദാര്യവുമായിരിക്കും ചിന്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ദര്‍ശിക്കുവാന്‍ കഴിയുക. ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടുതന്നെയായിരിക്കാം നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങളെ കൊലചെയ്യണമെന്ന് പറഞ്ഞതോടൊപ്പം ذَٰلِكُمْ خَيْرٌ لَّكُمْ عِندَ رِبكُمْ (അത് നിങ്ങളുടെ സ്രഷ്ടാവിന്‍റെ അടുക്കല്‍ നിങ്ങള്‍ക്ക് ഗുണകരമായിരിക്കും) എന്ന് മൂസാ നബി (അ) പറഞ്ഞതും. والله أعلم ഏതായാലും അല്ലാഹുവിന്‍റെ പ്രസ്താവനയില്‍നിന്നോ ബലവത്തായ മറ്റു തെളിവുകളില്‍നിന്നോ പ്രസ്തുത കൊലയുടെ സ്വഭാവത്തെപ്പറ്റി വ്യക്തമായ ഒരു തീരുമാനം പറയുവാന്‍ മാര്‍ഗം കാണുന്നില്ല.

2:55
 • وَإِذْ قُلْتُمْ يَـٰمُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهْرَةً فَأَخَذَتْكُمُ ٱلصَّـٰعِقَةُ وَأَنتُمْ تَنظُرُونَ ﴾٥٥﴿
 • നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) മൂസാ, അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണുന്നത്‌ വരെ ഞങ്ങള്‍ താങ്കളെ വിശ്വസിക്കുകയില്ല തന്നെ. എന്നിട്ട് നിങ്ങള്‍ നോക്കി (കണ്ട്) കൊണ്ടിരിക്കെ (തന്നെ) നിങ്ങള്‍ക്ക് ഇടിത്തീ പിടിപെട്ടു.
 • وَإِذْ قُلْتُمْ നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും يَا مُوسَىٰ മൂസാ لَن نُّؤْمِنَ നിശ്ചയമായും ഞങ്ങള്‍ വിശ്വസിക്കയില്ല لَكَ നിന്നെ, താങ്കളെ حَتَّىٰ نَرَى ഞങ്ങള്‍ കാണുന്നതുവരെ اللَّهَ അല്ലാഹുവിനെ جَهْرَةً പ്രത്യക്ഷത്തില്‍ فَأَخَذَتْكُمُ അപ്പോള്‍ നിങ്ങളെ പിടികൂടി الصَّاعِقَةُ ഇടിത്തീ, ഘോരമായ ഇടിനാദം وَأَنتُمْ നിങ്ങളാകട്ടെ تَنظُرُونَ നോക്കി (കണ്ടു)കൊണ്ടിരിക്കുന്നു
2:56
 • ثُمَّ بَعَثْنَـٰكُم مِّنۢ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ ﴾٥٦﴿
 • പിന്നീട്, നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി.
 • ثُمَّ بَعَثْنَاكُم പിന്നെ നിങ്ങളെ നാം എഴുന്നേല്‍പിച്ചു مِّن بَعْدِ അതിനു ശേഷം مَوْتِكُمْ നിങ്ങളുടെ മരണത്തിന്‍റെ لَعَلَّكُمْ تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി

ഇസ്‌റാഈല്യര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചശേഷം അതിനെക്കുറിച്ച് ഖേദം പ്രകടിപ്പിക്കുവാനും, ഒഴികഴിവ് പറയുവാനും വേണ്ടി ഇസ്‌റാഈല്യരില്‍ നിന്ന് നല്ലവരായ എഴുപത്‌ പേരെ തിരഞ്ഞെടുത്തു കൊണ്ട് മൂസാ (അ) സീനാ മലയിലേക്ക് പോയിരുന്ന അവസരത്തില്‍ അവരാണ് അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണാതെ ഞങ്ങള്‍ താങ്കളെ വിശ്വസിക്കുകയില്ലെന്ന് പറഞ്ഞത് എന്നാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പലരും പ്രസ്താവിക്കുന്നത്. മൂസാ (അ) നോട് നാല്‍പത് ദിവസം നിശ്ചയിച്ചതും, അദ്ദേഹം (സീനായില്‍) ചെന്നതും അല്ലാഹു അദ്ദേഹത്തോട് സംസാരിച്ചതും തൗറാത്തുമായി മടങ്ങിയതും, മടങ്ങിവന്നപ്പോള്‍ ജനങ്ങള്‍ പശുക്കുട്ടിയെ ആരാധിച്ചതറിഞ്ഞു കുപിതനായി തൗറാത്തിന്‍റെ പലകകള്‍ നിലത്തിട്ടതും, ഹാറൂന്‍ (അ) നോട് കയര്‍ത്തതുമെല്ലാം (142-154 വചനങ്ങളില്‍) വിവരിച്ച ശേഷം സൂറഃ അഅ്‌റാഫില്‍ അല്ലാഹു പറയുന്നു:

وَاخْتَارَ مُوسَىٰ قَوْمَهُ سَبْعِينَ رَجُلًا لِّمِيقَاتِنَا  ۖ فَلَمَّا أَخَذَتْهُمُ الرَّجْفَةُ قَالَ رَبِّ لَوْ شِئْتَ أَهْلَكْتَهُم مِّن قَبْلُ وَإِيَّايَ  ۖ أَتُهْلِكُنَا بِمَا فَعَلَ السُّفَهَاءُ مِنَّا  ۖ إِنْ هِيَ إِلَّا فِتْنَتُكَ –  الأعراف

സാരം: ”നമ്മുടെ നിശ്ചയ സമയത്തേക്ക് വേണ്ടി മൂസാ തന്‍റെ ജനതയില്‍ നിന്ന് എഴുപത് പുരുഷന്‍മാരെ തിരഞ്ഞെടുത്തു. അവര്‍ക്ക് കമ്പനം- കിടുക്കം-പിടിപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. റബ്ബേ, നീ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയും എന്നെത്തന്നെയും മുമ്പേ നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളില്‍ നിന്നുള്ള ഭോഷന്മാര്‍ പ്രവര്‍ത്തിച്ചത് നിമിത്തം നീ ഞങ്ങളെ നശിപ്പിക്കുകയാണോ ? അത് നിന്‍റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല..” (അഅ്‌റാഫ് : 155)

അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണാതെ താങ്കളെ വിശ്വസിക്കുകയില്ല – താങ്കളോട് അല്ലാഹു സംസാരിച്ചുവെന്നും മറ്റും താങ്കള്‍ പറയുന്നത് ഞങ്ങള്‍ക്ക് ബോദ്ധ്യമാകേണമെങ്കില്‍ അവനെ ഞങ്ങള്‍ നേരില്‍ കാണുക തന്നെ വേണം-എന്ന് ആവശ്യെപ്പട്ടത് ഇസ്‌റാഈല്‍ ജനത മുഴുവനുമായിരുന്നില്ല. മേല്‍ പറഞ്ഞ എഴുപത് പേരോ (അല്ലെങ്കില്‍ ചിലര്‍ പറയുന്നത്‌പോലെ, വേറെ ഒരു കൂട്ടരോ)മാത്രമായിരുന്നു. അവര്‍ ആ ജനതയില്‍ നല്ലവരും അവരില്‍ നിന്ന് തിരഞ്ഞെടുക്കെപ്പട്ട പ്രതിനിധികളുമാക കൊണ്ട് അവര്‍ പറഞ്ഞു എന്ന് മൊത്തത്തില്‍ പ്രസ്താവിച്ചിരിക്കുകയാണ്. ഏതായാലും അവരുടെ ഈ ആവശ്യം – ആ അവസരത്തില്‍ പ്രത്യേകിച്ചും – തനി ബാലിശവും, മൗഢ്യവും, ധിക്കാരവും തന്നെ. അതിനാല്‍ അവര്‍ക്ക് ഇടിത്തീ ബാധിച്ചു. അവരതില്‍ മൃതിയടഞ്ഞു. അഅ്‌റാഫ് സൂറത്തിലെ വചനത്തില്‍ കണ്ടതുപോലെ, മൂസാ (അ) അല്ലാഹുവിനോട് സങ്കടപ്പെട്ടു. അല്ലാഹു അവരെ ജീവിപ്പിച്ചുകൊടുത്തു. ഇതിന്‍റെ പേരില്‍ ആ സമുദായം എപ്പോഴും അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കേണ്ടതുണ്ടല്ലോ.

ഇടിത്തീ ബാധിച്ചതു നിമിത്തം അവര്‍ മരണപ്പെട്ടിട്ടില്ലെന്നും ثُمَّ بَعَثْنَاكُم مِّن بَعْدِ  مَوْتِكُمْ (പിന്നെ, നിങ്ങളുടെ മരണശേഷം നാം നിങ്ങളെ എഴുന്നേല്‍പിച്ചു) എന്ന വാക്യത്തിന്‍റെ അര്‍ത്ഥം മരണതുല്യമായ ബോധക്ഷയമോ മറ്റോ ഉണ്ടായ ശേഷം അതില്‍ നിന്ന് ആശ്വാസം നല്‍കി എന്നാണെന്നും وَأَنتُمْ تَنظُرُونَ (നിങ്ങള്‍ നോക്കിക്കണ്ടുകൊണ്ടിരിക്കെ) എന്ന വാക്ക് ഇതിന് തെളിവാണെന്നും ചിലര്‍ പറയുന്നു. ഇടിത്തീ പിടിപെട്ടു (فَأَخَذَتْكُمُ الصَّاعِقَةُ) എന്നു പറഞ്ഞത് കൊണ്ട് അവര്‍ മരണപ്പെട്ടുവെന്ന് ഉറപ്പിച്ച് പറഞ്ഞുകൂടാ. എങ്കിലും مِّن بَعْدِ مَوْتِكُمْ (നിങ്ങളുടെ മരണത്തിന് ശേഷം) എന്ന് അല്ലാഹു വ്യക്തമാക്കിയ സ്ഥിതിക്ക് അവരെ മരണമാണോ ബാധിച്ചത്, അതല്ല ബോധക്ഷയമാണോ ബാധിച്ചത് എന്ന് സംശയിക്കുവാനോ, മരണമല്ല-ബോധക്ഷയമോ മറ്റോ ആണ് – ബാധിച്ചതെന്ന് പറയുവാനോ ആര്‍ക്കും അവകാശമില്ല തന്നെ. നിങ്ങള്‍ നോക്കിക്കണ്ടുകൊണ്ടിരിക്കെ എന്ന വാക്കിന്‍റെ താല്‍പര്യമെന്താണെന്നാണ് പിന്നീട് ആലോചിക്കുവാനുള്ളത്. ഇടിത്തീ മൂലം അവര്‍ മരണപ്പെട്ടെങ്കില്‍ അവര്‍ അതെങ്ങിനെ നോക്കിക്കാണും ? എന്നാണിവര്‍ ചോദിക്കുന്നത് നോക്കിക്കണ്ടുകൊണ്ടിരിക്കെ മരണം പിടിപെട്ടുവെന്നല്ല-ഇടിത്തീ പിടിപെട്ടു എന്നാണ്-അല്ലാഹു പറഞ്ഞ വാക്ക്. ഇടിത്തി വരുന്നത് കണ്ണില്‍ കാണലും മരിക്കലും ഒപ്പം കഴിയാമല്ലോ. അല്ലെങ്കില്‍ എല്ലാവരും ഒപ്പം മരണപ്പെടാതെ ചിലര്‍ ആദ്യം മരണമടഞ്ഞതാണെങ്കില്‍ മറ്റുള്ളവര്‍ അവര്‍ മരണപ്പെടുന്നത് കണ്ടിരിക്കുകയും ചെയ്യാം. ഏതായാലും മരണശേഷം എന്ന സ്പഷ്ടമായ വാക്കില്‍ അല്ലാഹു പറഞ്ഞതിന് യഥാര്‍ത്ഥ മരണമെന്നല്ലാതെ മറ്റൊരു അലങ്കാരാര്‍ത്ഥം കൊടുക്കുന്നതിനെക്കാള്‍ നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കെ എന്ന വാക്കിന് സന്ദര്‍ഭത്തിനൊത്ത ഒരു വ്യാഖ്യാനം നല്‍കുകയാണ് ശരി; സംശയമില്ല.

മറ്റൊരു ന്യായം പറയുവാനുള്ളത് ഇതാണ്. ‘മരണശേഷം ജീവിപ്പിക്കപ്പെട്ടവര്‍ക്ക് പിന്നെ അതിനെത്തുടര്‍ന്ന് മുന്‍കര്‍മങ്ങളുടെ ഫലമായ രക്ഷാശിക്ഷ അനുഭവപ്പെടുകയല്ലേ വേണ്ടത് ? അവര്‍ക്ക് പിന്നെ മതശാസനകളും നിയമങ്ങളുമൊന്നും ബാധകമായിരിക്കയില്ലല്ലോ ? ഈ ന്യായത്തിന്‍റെ മറുപടി : ഒറ്റ നോട്ടത്തില്‍ പറഞ്ഞാല്‍ ഇത് ശരിയാണെന്ന് തോന്നാമെങ്കിലും ഇപ്പറഞ്ഞതില്‍ നിന്ന് ചില പ്രത്യേക സംഭവങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. നൂറുകൊല്ലം മരണമടഞ്ഞു കിടന്ന ശേഷം ഒരാളെ (ഉസൈര്‍ (അ)നെ) പിന്നീട് ജീവിപ്പിച്ച സംഭവം താഴെ 259-ാം വചനത്തില്‍ വരുന്നുണ്ട്. ഈസാ നബി (അ) യുടെ ദൃഷ്ടാന്തങ്ങളെ വിവരിച്ച കൂട്ടത്തില്‍ ഒന്ന് അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിക്കുമെന്നുള്ളതാണെന്ന് 3:49 ലും 5:110 ലും കാണാം. മരണപ്പെട്ടത് മുതല്‍ക്കല്ല – ക്വിയാമത്ത് നാളില്‍ മരണപ്പെട്ടവരെ എഴുന്നേല്‍പ്പിക്കുവാനുള്ള രണ്ടാമത്തെ കാഹളമൂത്ത് മുതല്‍ക്കാണ് – പ്രതിഫല നടപടി ആരംഭിക്കുന്നതും അതുവരെയുള്ള കാലത്തെപ്പറ്റി بَرْزَخْ (ബര്‍സഖ്) എന്നാണ് ക്വുര്‍ആന്‍ പറഞ്ഞിരിക്കുന്നത് (23:100 നോക്കുക) അതോടുകൂടി, മരണശേഷം ഇങ്ങിനെ ചില പ്രത്യേക കാരണങ്ങളാല്‍ വീണ്ടും ഭൗതിക ജീവിതം നല്‍കപ്പെടുന്ന ആളുകള്‍ക്ക് ആത്മീയലോകത്തിലെയോ, പരലോകത്തിലെയോ അനുഭവങ്ങള്‍ ഒന്നും അനുഭവപ്പെടാതാക്കുവാനും അല്ലാഹുവിന് കഴിവുണ്ടല്ലോ. ചുരുക്കിപ്പറഞ്ഞാല്‍, ഇത്തരം വിഷയങ്ങളിലൊന്നും യുക്തി ന്യായങ്ങളെയോ പ്രകൃതി വാദങ്ങളെയോ മുന്‍നിറുത്തിക്കൊണ്ടുള്ള വ്യാഖ്യാനങ്ങള്‍ നല്‍കി തൃപ്തി അടയുന്നത് ശരിയല്ല. ബുദ്ധിപരമായി അസംഭവ്യത കാണാത്ത വിഷയങ്ങളിലെല്ലാം അല്ലാഹു വ്യക്തമായ ഭാഷയില്‍ പ്രസ്താവിച്ച കാര്യങ്ങളെ അതേ രൂപത്തില്‍ സ്വീകരിക്കുന്നതിലാണ് രക്ഷയുള്ളത് ولله الموفق للصواب

മര്‍ഹൂം ശൈഖ് മുഹമ്മദ് അബ്ദഃ പ്രസ്താവിച്ചതായി മര്‍ഹൂം സയ്യിദ് റശീദുരിദ്വാ ഇവിടെ ഉദ്ധരിച്ചതിന്റെ ചുരുക്കം ഇങ്ങിനെ വിവരിക്കാം: ‘ഇസ്‌റാഈല്യര്‍ അല്ലാഹുവിനെ കാണാന്‍ ആവശ്യപ്പെട്ട സംഭവം പശുക്കുട്ടിയുടെ ആരാധനയുമായി ബന്ധപ്പെട്ടതല്ല. ഒരു പ്രത്യേക സംഭവമാണത്. അവരുടെ ഗ്രന്ഥത്തില്‍ അത് വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടു്. തനിക്ക് ഞങ്ങളെക്കാള്‍ ശ്രേഷ്ഠതയുെന്ന് ഞങ്ങള്‍ വിശ്വസിക്കണമെങ്കില്‍ ഞങ്ങള്‍ അല്ലാഹുവിനെ കാണുക തന്നെവേണം എന്ന് മൂസാ നബി (അ) യോട് അവര്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവര്‍ക്ക് പല ആപത്തുകളും പിടിപെട്ടു. അതിലൊന്നായിരുന്നു ഇടിത്തീ. ഒരു കൂട്ടരെ ഇടിത്തീ ബാധിച്ചു. മറ്റുള്ളവര്‍ അത് നോക്കിക്കിരുന്നു. രോഗവും വ്യാധിയും നിമിത്തവും പലരും മരണമടഞ്ഞു. ثُمَّ بَعَثْنَاكُم مِّن بَعْدِ مَوْتِكُمْ (പിന്നെ നിങ്ങളുടെ മരണശേഷം നാം നിങ്ങളെ എഴുന്നേല്‍പ്പിച്ചു) എന്ന വാക്യത്തിന് ശൈഖ് അബ്ദഃയുടെ വ്യാഖ്യാനം: അദ്ദേഹം ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു. ‘ഇടിത്തീ കൊണ്ടും മറ്റുമായി അവര്‍ മരണമടയുകയും അവര്‍ നിശ്ശേഷം നശിച്ചേക്കുമെന്ന് കരുതെപ്പടുകയും ചെയ്ത ശേഷം അവരുടെ സന്തതികെള അല്ലാഹു വര്‍ദ്ധിപ്പിച്ചു, അവരെ പുനരുദ്ധരിച്ചു’ (تفسير المنار)

ഇതില്‍ ഇടിത്തീയിന് പുറമെ മറ്റു പല ആപത്തുകളും അവര്‍ക്ക് ബാധിച്ചുവെന്നും, അതുമൂലം അവര്‍ പലരും മരണമടഞ്ഞുവെന്നും പറഞ്ഞതിനെപ്പറ്റി ക്വുര്‍ആനില്‍ സൂചനയൊന്നും കാണുന്നില്ല. നിങ്ങളുടെ മരണശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചുവെന്ന് അല്ലാഹു പറഞ്ഞതിന്റെ വ്യാഖ്യാനമായി അവരുടെ സന്തതികളെ വര്‍ദ്ധിപ്പിച്ചു അവരെ പുനരുദ്ധരിച്ചു എന്ന് പറഞ്ഞത് ക്വുര്‍ആന്റെ വാക്കുകളോട് യോജിക്കുന്നുമില്ല. ബൈബ്ളില്‍ ഇസ്‌റാഈല്യര്‍ അല്ലാഹുവിനെ കാണുവാന്‍ ആവശ്യപ്പെട്ടതായി വ്യക്തമാക്കപ്പെട്ടും കാണുന്നില്ല. മൂസാ (അ) തൗറാത്ത് വാങ്ങുവാനായി പോയപ്പോള്‍ എഴുപത് മൂപ്പന്‍മാരെയും കൊണ്ടുപോയിരുന്നുവെന്നും, അവര്‍ ദൈവത്തെ കണ്ടുവെന്നും, അവന്റെ പാദങ്ങള്‍ക്ക് കീഴെ നീലക്കല്ലു പടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നുവെന്നും, ആ പ്രമാണികള്‍ക്ക് തൃക്കയ്യാല്‍ ഒന്നും ഭവിച്ചില്ലെന്നും, അവര്‍ ദൈവത്തെ കണ്ട് ഭക്ഷണ പാനീയങ്ങള്‍ കഴിച്ചുവെന്നുമൊക്കെയാണ് അതില്‍ പ്രസ്താവിച്ചിരിക്കുന്നതും. (പുറപ്പാട് 24-ാം അദ്ധ്യായം 1-11 നോക്കുക) ക്വുര്‍ആന്റെ പ്രസ്താവനകള്‍ക്ക് വിരുദ്ധമാണെന്ന് മാത്രമല്ല, അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നതും, ബുദ്ധിക്ക് യോജിക്കാത്തതും കൂടിയാണ് ബൈബ്ളിന്റെ ഈ വിവരണം. അതിനും പുറമെ ബൈബ്‌ളിന്റെ തന്നെ മറ്റൊരു വ്യക്തമായ പ്രസ്താവനക്ക് കടകവിരുദ്ധവുമാണിത്. അതേ പുസ്തകം 33-ാം അദ്ധ്യായത്തിലെ 20, 21 എന്നീ സൂക്തങ്ങളില്‍ യഹോവ (ദൈവം) മോശെ (മൂസാ) യോട് ഇങ്ങിനെ കല്‍പിച്ചു പറഞ്ഞിരിക്കുന്നത് കാണാം: ‘നിനക്ക് എന്റെ മുഖം കാണാന്‍ കഴികയില്ല. ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടെ ഇരിക്കയില്ല.’ അപ്പോള്‍, ബൈബ്ളിന്റെ ഈ പ്രസ്താവന അടിമുടി വിശ്വസനീയമല്ലെന്ന് വ്യക്തമാണല്ലോ.

2:57
 • وَظَلَّلْنَا عَلَيْكُمُ ٱلْغَمَامَ وَأَنزَلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ ۖ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ ۖ وَمَا ظَلَمُونَا وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ ﴾٥٧﴿
 • (ഇസ്‌റാഈല്‍ സന്തതികളേ,) നിങ്ങള്‍ക്ക് നാം മേഘത്തെ തണലാക്കിത്തരുകയും ചെയ്തു: നിങ്ങള്‍ക്ക് നാം മന്നയും സല്‍വായും ഇറക്കിത്തരികയും ചെയ്തു. നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നല്ല (വിശിഷ്ടമായ) വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുവിന്‍ (എന്നും പറഞ്ഞു) (എന്നാല്‍,) അവര്‍ നമ്മെ അക്രമിച്ചില്ല: അവര്‍ അവരുടെ സ്വന്തങ്ങളോട്തന്നെയായിരുന്നു അക്രമം പ്രവര്‍ത്തിച്ചിരുന്നത്.
 • وَظَلَّلْنَا നാം തണലാക്കി (നിഴലിട്ടു) തരുകയും ചെയ്തു عَلَيْكُمُ നിങ്ങള്‍ക്ക് الْغَمَامَ മേഘത്തെ وَأَنزَلْنَا നാം ഇറക്കിത്തരുകയും ചെയ്തു عَلَيْكُمُ നിങ്ങള്‍ക്ക് الْمَنَّ മന്നയെ (കട്ടിത്തേന്‍) وَالسَّلْوَىٰ സല്‍വായും (കാടപ്പക്ഷി) كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِن طَيِّبَاتِ നല്ല (വിശിഷ്ട) വസ്തുക്കളില്‍ നിന്ന് مَا رَزَقْنَاكُمْ നിങ്ങള്‍ക്ക് നാം നല്‍കിയ وَمَا ظَلَمُونَا അവര്‍ നമ്മെ അക്രമിച്ചില്ല وَلَٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ അവരുടെ സ്വന്തങ്ങളോട് يَظْلِمُونَ അവര്‍ അക്രമം പ്രവര്‍ത്തിക്കും

ചെങ്കടല്‍ കടന്നു രക്ഷപ്പെട്ട ശേഷം, തങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട രാജ്യത്തേക്ക്- ബൈത്തുല്‍ മുക്വദ്ദസിലേക്ക്-കടന്ന് ചെന്ന് ആ രാജ്യം അടക്കി വെച്ചിരുന്ന ശത്രുക്കളെ പുറത്താക്കുവാന്‍ ഇസ്‌റാഈല്യര്‍ കൂട്ടാക്കാത്തത് നിമിത്തം അവര്‍ നാല്‍പത് കൊല്ലം സീനാ താഴ്‌വരയില്‍ കെട്ടിത്തിരിയേണ്ടി വന്നു. (മാഇദഃ 23-29 കാണുക) അക്കാലത്ത് അല്ലാഹു അവര്‍ക്ക് നല്‍കിയ വമ്പിച്ച രണ്ട് അനുഗ്രഹങ്ങളെയാണ് ഈ വചനത്തില്‍ ഓര്‍മിപ്പിക്കുന്നത്.

(1) മേഘം നിഴലാക്കിക്കൊടുത്തത്, സസ്യവര്‍ഗങ്ങളും നീരുറവകളും ഇല്ലാത്ത പ്രദേശമാകകൊണ്ട് മരുഭൂമിയിലെ ഉഷ്ണാധിക്യം പറയേതില്ലല്ലോ. ഇസ്‌റാഈല്യര്‍ക്കാണെങ്കില്‍ അവിടെ വീട് ഇല്ലതാനും. ക്രമേണ തമ്പും പാളയങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മാത്രം. ഈ അവസരത്തില്‍ അല്ലാഹു അവര്‍ക്കവിടെ നിത്യവും മേഘത്തണലുകള്‍ നല്‍കിക്കൊണ്ടിരുന്നു. മേഘം എന്നര്‍ത്ഥം നല്‍കപ്പെട്ട الْغَمَامَ എന്ന പദത്തെ ആസ്പദമാക്കി അത് വെളുത്തതും തണുപ്പ് നല്‍കുന്നതുമായിരുന്നുവെന്ന് ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

(2) ഭക്ഷണത്തിന് മന്നായും സല്‍വായും നല്‍കിയത്. ലക്ഷക്കണക്കിന് ആളുകള്‍. കൃഷിയോ മറ്റോ ചെയ്ത് ഉപജീവനം കഴിപ്പാന്‍ ഒരു നിലക്കും സൗകര്യമില്ല. അഭയാര്‍ത്ഥികളായി ഒരു രാത്രി ഗൂഢമായി ഓടിപ്പോന്നവരാണല്ലോ അവര്‍. ഇക്കാലത്ത് അല്ലാഹു അവര്‍ക്ക് ഒരു പ്രത്യേകാനുഗ്രഹമായി നല്‍കിയ രണ്ട് വിഭവങ്ങളത്രെ മന്നയും സല്‍വായും. ചില ചെടികളില്‍ നിന്നോ വൃക്ഷങ്ങളില്‍ നിന്നോ പുറത്ത്‌വന്നിരുന്ന ഒരു കറയായിരുന്നു മന്ന എന്നും, മഞ്ഞുപോലെയോ ചാറല്‍ മഴപോലെയോ വര്‍ഷിച്ചു സസ്യങ്ങളില്‍ തങ്ങി നില്‍ക്കുന്ന മെഴുക് സമാനമായ ഒരു പദാര്‍ത്ഥമായിരുന്നു അതെന്നും മറ്റും പറയപ്പെടുന്നു. ഏതായാലും അദ്ധ്വാനമില്ലാതെ ലഭിക്കുന്നതും വളരെ മധുരവും ഹൃദ്യവുമായ ഒരു ഭക്ഷ്യപദാര്‍ത്ഥമായിരുന്നു മന്ന. അതൊരു ഭക്ഷ്യപദാര്‍ത്ഥമായും പാനീയമായും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു കഥീര്‍ (റ) ചൂണ്ടിക്കാട്ടിയതുപോലെ അത് സ്വന്തമായി തിന്നാവുന്ന ഒരു ഭക്ഷ്യപദാര്‍ത്ഥമായും വെള്ളത്തില്‍ കലര്‍ത്തി കുടിക്കത്തക്ക ഒരു പാനീയമായും ഉപേയാഗിക്കാവുന്നതായിരിക്കാം. (അല്ലാഹുവിനറിയാം) ഒരു തരം കാടപ്പക്ഷിയോ, അല്ലെങ്കില്‍ കാടപ്പക്ഷിയെപ്പോലെയുള്ള ചെറുപക്ഷിയോ ആണ് സല്‍വാ. ഇതും യഥേഷ്ടം ലഭിക്കത്തക്ക വിധം അല്ലാഹു അവര്‍ക്ക് നല്‍കിയിരുന്നു.

മൂസാ നബി (അ) യുടെ പ്രാര്‍ത്ഥന ഫലമായി വൈകുന്നേരം കാടപ്പക്ഷിയും, രാവിലെ മന്നയും അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു. മന്ന മഞ്ഞുപോലെ വര്‍ഷിച്ചിരുന്നു. അത് വെളുത്തതും കൊത്തമ്പാലരി(മല്ലി)പോലുള്ളതും മധുരമുള്ളതുമായിരുന്നു. അന്നന്നത്തേക്ക് ആവശ്യമുള്ളതേ എടുക്കാവൂ എന്ന് അവരോട് കല്‍പ്പിക്കപ്പെട്ടിരുന്നു. അതിനെതിരായി ചിലര്‍ എടുത്തു സൂക്ഷിച്ചുവെച്ചത് പുഴുത്തുനാറുകയുണ്ടായി എന്നും മറ്റും ബൈബ്‌ളില്‍ പ്രസ്താവിച്ചു കാണാം. (പുറപ്പാട് 16-ാം അദ്ധ്യായം) ജനങ്ങള്‍ മന്ന പെറുക്കി ഇടിച്ചും,പൊടിച്ചും പുഴുങ്ങിയും അപ്പമുണ്ടാക്കിയിരുന്നതായും അതില്‍ പ്രസ്താവിച്ചിരിക്കുന്നു (സംഖ്യാ 11 ല്‍ 7) (അല്ലാഹുവിനറിയാം) മന്നയും സല്‍വായും അവര്‍ക്ക് സുഭിക്ഷം ലഭിച്ചുകൊണ്ടിരുന്നുവെന്നും, അത് കേവലം ഹൃദ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളായിരുന്നുവെന്നും كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ (നിങ്ങള്‍ക്ക് നാം നല്‍കിയ നല്ല വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുവിന്‍) എന്ന വാക്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. എന്നാല്‍, ഇസ്‌റാഈല്യര്‍ ഈ അനുഗ്രഹത്തില്‍ നന്ദിയുള്ളവരാവുകയല്ല, നന്ദികേട് കാണിക്കുകയാണ് ചെയ്തത് എന്നത്രെ وَمَا ظَلَمُونَا (അവര്‍ നമ്മെ അക്രമിച്ചില്ല, എങ്കിലും അവര്‍ അവരെത്തന്നെ അക്രമിക്കുകയായിരുന്നു ചെയ്തത്) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്. അഥവാ അത് മൂലം അല്ലാഹുവിന് ഒരു ദോഷവും സംഭവിച്ചില്ല-സംഭവിക്കുകയുമില്ല-അവര്‍ക്ക് തന്നെയാണ് അത്‌കൊണ്ട് ദോഷം ഭവിച്ചത് എന്ന് സാരം. ബൈബ്‌ളിന്റെ ഉദ്ധരണിയില്‍ കണ്ടത്‌ പോലെ, അവര്‍ തങ്ങളുടെ അന്നന്നത്തെ ആവശ്യത്തില്‍ കവിഞ്ഞ് കൂടുതല്‍ എടുത്ത് സൂക്ഷിച്ചതിനെ ഉദ്ദേശിച്ചാണ് ഇപ്പറഞ്ഞതെന്ന് ചില വ്യാഖ്യാതാക്കള്‍ പറഞ്ഞുകാണുന്നു. ഈ വാക്യം അതിനെ മാത്രം ഉദ്ദേശിച്ചാണെന്നു വെക്കുന്നത് ശരിയായിരിക്കയില്ലെന്നാണ് തോന്നുന്നത് والله أعلم

2:58
 • وَإِذْ قُلْنَا ٱدْخُلُوا۟ هَـٰذِهِ ٱلْقَرْيَةَ فَكُلُوا۟ مِنْهَا حَيْثُ شِئْتُمْ رَغَدًا وَٱدْخُلُوا۟ ٱلْبَابَ سُجَّدًا وَقُولُوا۟ حِطَّةٌ نَّغْفِرْ لَكُمْ خَطَـٰيَـٰكُمْ ۚ وَسَنَزِيدُ ٱلْمُحْسِنِينَ ﴾٥٨﴿
 • നാം (നിങ്ങളോട്) പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) നിങ്ങള്‍ ഈ രാജ്യത്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍: എന്നിട്ട് നിങ്ങള്‍ ഉദ്ദേശിച്ചേടത്ത് നിന്ന് സുഭിക്ഷമായി തിന്നുകൊള്ളുക: നിങ്ങള്‍ സുജൂദ് ചെയ്ത് (തല കുനിച്ച്) കൊണ്ട് (രാജ്യത്തിന്‍റെ) പടിവാതില്‍ കടക്കുകയും ഹിത്ത്വത്തുന്‍ (പാപമോചനം) എന്നു പറയുകയും ചെയ്യുവിന്‍. (എന്നാല്‍) നിങ്ങള്‍ക്ക് നിങ്ങളുടെ തെറ്റുകുറ്റങ്ങളെ നാം പൊറുത്തു തരുന്നതാണ്. സുകൃതം ചെയ്യുന്നവര്‍ക്ക് നാം വര്‍ദ്ധിപ്പിച്ചു കൊടുത്തേക്കുകയും ചെയ്യും.
 • وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ هَٰذِهِ الْقَرْيَةَ ഈ രാജ്യത്തില്‍ فَكُلُوا എന്നിട്ട് നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِنْهَا അതില്‍ നിന്ന് حَيْثُ شِئْتُمْ നിങ്ങള്‍ ഉദ്ദേശിച്ചിടത്ത് നിന്ന് رَغَدًا സുഭിക്ഷമായി وَادْخُلُوا നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുവിന്‍ الْبَابَ വാതില്‍, പടിവാതില്‍, കവാടം سُجَّدًا സുജൂദ് ചെയ്യുന്നവരായി, തലകുനിച്ചവരായിക്കൊണ്ട് وَقُولُوا നിങ്ങള്‍ പറയുകയും ചെയ് വിന്‍ حِطَّةٌ പാപമോചനം, താഴ്ത്തല്‍, പൊറുക്കല്‍ نَّغْفِرْ നാം പൊറുക്കും لَكُمْ നിങ്ങള്‍ക്ക് خَطَايَاكُمْ നിങ്ങളുടെ തെറ്റ് (കുറ്റ)ങ്ങള്‍ وَسَنَزِيدُ നാം വര്‍ദ്ധിപ്പിക്കുകയും ചെയ്യും الْمُحْسِنِينَ സുകൃതം (നന്മ)ചെയ്യുന്നവര്‍ക്ക്
2:59
 • فَبَدَّلَ ٱلَّذِينَ ظَلَمُوا۟ قَوْلًا غَيْرَ ٱلَّذِى قِيلَ لَهُمْ فَأَنزَلْنَا عَلَى ٱلَّذِينَ ظَلَمُوا۟ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ ﴾٥٩﴿
 • എന്നാല്‍, (ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ തങ്ങളോട് പറയപ്പെട്ടതല്ലാത്ത ഒരു വാക്ക് (അതിന്) പകരമാക്കി (മാറ്റി). ആകയാല്‍, (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ മേല്‍ ആകാശത്തുനിന്ന് നാം ഒരു (കഠിന) ശിക്ഷ ഇറക്കി, അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് നിമിത്തം.
 • فَبَدَّلَ എന്നാല്‍ (എന്നിട്ട്) പകരമാക്കി, മാറ്റി മറിച്ചു الَّذِينَ ظَلَمُوا അക്രമം ചെയ്തവര്‍ قَوْلًا ഒരു വാക്ക് غَيْرَ الَّذِي യാതൊന്നല്ലാത്ത قِيلَ لَهُمْ അവരോട് അത് പറയപ്പെട്ടു فَأَنزَلْنَا അതിനാല്‍ (അപ്പോള്‍) നാം ഇറക്കി عَلَى الَّذِينَ യാതൊരുവരുടെ മേല്‍ ظَلَمُوا അവര്‍ അക്രമം ചെയ്തു رِجْزًا (കഠിന) ശിക്ഷ, മ്ലേച്ഛം مِّنَ السَّمَاءِ ആകാശത്ത് നിന്ന് بِمَا كَانُوا അവര്‍ ആയിരുന്നതുകൊണ്ട് يَفْسُقُونَ അവര്‍ തോന്നിയവാസം (ധിക്കാരം, തെമ്മാടിത്തം) പ്രവര്‍ത്തിക്കും

هَٰذِهِ الْقَرْيَةَ (ഈ രാജ്യം) കൊണ്ടുദ്ദേശ്യം ബൈത്തുല്‍മുക്വദ്ദസാ(*)ണെന്നും, അരീഹാ(**)യാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്. മൂസാ (അ) അവരോട് ഇപ്രകാരം പറഞ്ഞതായി സൂഃമാഇദഃയില്‍ പറയുന്നു: يَا قَوْمِ ادْخُلُوا الْأَرْضَ الْمُقَدَّسَةَ الَّتِي كَتَبَ اللَّهُ لَكُمْ (എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചുതന്നിട്ടുള്ളതായ പരിശുദ്ധ ഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. മാഇദഃ 21) ഇത് മിക്കവാറും ബൈത്തുല്‍മുക്വദ്ദസിനെ ഉദ്ദേശിച്ചായിരിക്കുവാനാണ് സാധ്യത. അതുകൊണ്ട് പ്രധാന ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പലരും ബൈത്തുല്‍മുക്വദ്ദസാണ് ഇവിടെ ഉദ്ദേശ്യം എന്ന പക്ഷക്കാരാകുന്നു. ഈജിപ്തില്‍ നിന്ന് ബൈത്തുല്‍മുക്വദ്ദസിലേക്ക് പോകുന്ന വഴിയിലല്ല അരീഹ സ്ഥിതിചെയ്യുന്നതും. അതിനപ്പുറം കടന്നാണ് ആരാജ്യം (***) എങ്കിലും അവര്‍ ആദ്യം പ്രവേശിച്ചത് അരീഹയിലാണെന്നും അപ്പോഴാണ് സുജൂദ് ചെയ്തു കൊണ്ട് പ്രവേശിക്കുവാന്‍ പറഞ്ഞതെന്നും, പിന്നീടാണ് ബൈത്തുല്‍മുക്വദ്ദസില്‍ പ്രവേശിച്ചതെന്നും പറയപ്പെടുന്നു(അല്ലാഹുവിനറിയാം) ഈ വിഷയം ബൈബിളില്‍ കാണുന്നില്ല.

ഇസ്‌റാഈല്യരുടെ വംശപിതാക്കളായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് (അ) എന്നീ പ്രവാചകന്‍മാര്‍ വസിച്ചുവന്നതും തങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടതുമായ ആ പരിശുദ്ധ ഭൂമിയില്‍ പ്രവേശിക്കുവാനായി അവിടെയുണ്ടായിരുന്ന അമാലിക്വഃ എന്ന പോക്കിരി വര്‍ഗത്തോട് യുദ്ധം ചെയ്തുകൊള്ളുവാന്‍ കല്‍പിക്കപ്പെട്ടപ്പോള്‍ അവരതിന് വിസമ്മതിക്കുകയും ഭീരുത്വം കാണിക്കുകയും ചെയ്തു. അതിന്‍റെ ഫലമായി നാല്‍പത്‌കൊല്ലം സീനാ മരുഭൂമിയില്‍ അവര്‍ കെട്ടിത്തിരിയേണ്ടിവന്നു. മൂസാ നബി


(*) യെരൂ ശലേം, ജരൂസലം (Jerusalem) അല്‍ക്വുദ്‌സുശ്ശരീഫ് (اورشليم، القدس الشريف) എന്നൊക്കെപറയുന്നത് ബൈത്തുല്‍മുക്വദ്ദസി (بَيْتُ المُقدَس)നെ ഉദ്ദേശിച്ചാകുന്നു.
(**) അരീഹ (ارِيحَاء) അഥവാ യെരീഹോ (Jericho) ഇത് ജോര്‍ഡാന്‍ (الارد ن) നദിയുടെ താഴ്‌വരക്ക് പടിഞ്ഞാറുഭാഗം ചാവുകടല ിന്‍റെ (ബഹ്ര്‍ ലൂത്വിന്‍റെ) വടക്കെ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് നാഴിക വടക്കുള്ള ഒരു പട്ടണമാണ്. (വേ.പു.നി)
(***) 2-ാം നമ്പ്ര് ഭൂപടം നോക്കുക.


(അ)യുടെ കാലം കഴിയുന്നത് വരെ അവര്‍ക്കവിടെ പ്രവേശിക്കുവാന്‍ സാധ്യമായില്ല. പിന്നീട് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയും അവരുടെ നേതൃത്വം വഹിച്ചിരുന്ന ആളുമായ യൂശഅ് നബി (അ) (*) യുടെ നേതൃത്വത്തിലാണ് ആ രാജ്യം ജയിച്ചടക്കി അവരതില്‍ പ്രവേശിച്ചത്. നാല്‍പത് കൊല്ലം മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞും 61-ാം വചനത്തില്‍ കാണുന്നത് പോലെ ഒരേ ഭക്ഷണം കഴിച്ചുമടുത്തും കായ്കനികളും അരുവികളുമുള്ള നാട്ടിലേക്ക് പോകുവാന്‍ വെമ്പല്‍കൊണ്ടുമിരുന്ന അവരോട് ആ ഫലഭൂയിഷ്ഠമായ നാട്ടില്‍ പ്രവേശിക്കുമ്പോള്‍ അതിന്‍റെ പടിവാതില്‍ കടക്കുന്നത് അല്ലാഹുവിനോട് നന്ദിയും വിനയവും പ്രകടിപ്പിക്കുന്നവരായി തലതാഴ്ത്തി കുനിഞ്ഞുകൊണ്ടായിരിക്കണമെന്നും ഹിത്ത്വത്തുന്‍ (حِطَّةٌ) എന്ന് പറയണമെന്ന് കല്‍പിക്കപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ തെറ്റ് കുറ്റങ്ങള്‍ പൊറുത്തുകൊടുക്കുമെന്നും സുകൃതം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ നന്മ നല്‍കുമെന്നും അല്ലാഹു അവരെ അറിയിക്കുകയും ചെയ്തു. حِطَّةٌ എന്ന പദത്തിന്‍റെ അര്‍ത്ഥം താഴ്ത്തുക, അല്ലെങ്കില്‍ ഇറക്കിവെക്കുക എന്നാകുന്നു. ഞങ്ങളുടെ പാപം ഇറക്കിവെച്ചു-അഥവാപൊറുത്തു-തരേണമേ എന്നുദ്ദേശ്യം. നബി തിരുമേനി മക്കാവിജയദിവസം മക്കായില്‍ പ്രവേശിച്ചത് വളരെ വിനയ ഭക്തിയോടുകൂടിയായിരുന്നുവെന്നും, പ്രവേശിച്ച ഉടനെ കുളിച്ചു വുദ്വൂ എടുത്ത് നമസ്‌കരിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇവിടെ സ്മരണീയമാകുന്നു.


(*) യൂശഉ് (يوشع ع) നബിയുടെ പേര്‍ യോശുവ എന്നാണ് ബൈബിളില്‍ കാണുക.


എന്നാല്‍ അവര്‍ ചെയ്തത് നേരെമറിച്ചായിരുന്നു. അവര്‍ മുഴുവനുമല്ലെങ്കില്‍, അവരിലൊരു വിഭാഗം അഹങ്കാരപൂര്‍വ്വം വിജയഭേരി മുഴക്കിക്കൊണ്ടാണ് പ്രവേശിച്ചത്. അവരോട് കല്‍പിക്കപ്പെട്ട വാക്ക് പറഞ്ഞില്ലെന്ന് മാത്രമല്ല, പകരം മറ്റൊരു വാക്കു പറയുകയും ചെയ്തു. ചന്തികുത്തി നിരങ്ങുകയും حِطَّةٌ (പാപമോചനം) എന്നതിന് പകരം حنطة (ഗോതമ്പുമണി) എന്നു പറയുകയും ചെയ്തുവെന്ന് ബുഖാരി (റ) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍ വന്നിരിക്കുന്നു. കല്‍പിക്കപ്പെട്ടതിന് നേരെ വിപരീതമെന്ന് ചുരുക്കം. ഈ ധിക്കാരത്തിന് അല്ലാഹു അവരില്‍ കടുത്ത ശിക്ഷ ഇറക്കി. പ്രസ്തുത ശിക്ഷ എന്തായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടില്ല. പ്ലേഗോ അതുപോലെയുള്ള ഏതോ ഒരു മഹാവ്യാധിയോ ആയിരുന്നു അതെന്ന് പറയപ്പെടുന്നു. (അല്ലാഹുവിനറിയാം)

ഒരു സംഗതി ഓര്‍മിക്കുന്നത് നന്ന്. ശിക്ഷ ഇറക്കി, മന്നയും സല്‍വായും ഇറക്കി, ഇരുമ്പ് ഇറക്കി, വസ്ത്രം ഇറക്കി എന്നിങ്ങനെ ക്വുര്‍ആനില്‍ അവിടവിടെയായി പ്രസ്താവിച്ചു കാണാം. ഇവിടെയൊക്കെ ഇറക്കി എന്നര്‍ത്ഥമുള്ള اَنْزَل എന്ന ക്രിയയാണ് ഉപയോഗിച്ചു കാണുക. അതിന്‍റെ ഭാഷാര്‍ത്ഥം മുകളില്‍ നിന്ന് കീഴ്‌പോട്ടിറക്കി എന്നു തന്നെയാണെങ്കിലും ഇവിടങ്ങളിലെല്ലാം ആ ഉദ്ദേശ്യത്തിലല്ല-അല്ലാഹു നല്‍കി അല്ലെങ്കില്‍ ഉല്‍പാദിപ്പിച്ചു തന്നു-എന്ന ഉദ്ദേശ്യത്തിലാണ് പറഞ്ഞിരിക്കുന്നത്. ക്വുര്‍ആന്‍ ഇറക്കി, മഴ ഇറക്കി എന്നൊക്കെ പറയുമ്പോള്‍ മുകളില്‍ നിന്ന് ഭൂമിയിലേക്ക് ഇറക്കി എന്നുതന്നെയാണുദ്ദേശ്യം. ഈ സംഗതി ഇമാം റാഗിബ് (റ) അദ്ദേഹത്തിന്‍റെ നിഘണ്ടുവില്‍ ഉദാഹരണസഹിതം എടുത്തു പറഞ്ഞിരിക്കുന്നു.