വിഭാഗം - 23

2:183
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴾١٨٣﴿
 • ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നിയമിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മേലും നോമ്പ് നോല്‍ക്കല്‍ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാം.
 • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ كُتِبَ നിയമിക്ക (രേഖപ്പെടുത്ത) പ്പെട്ടിരിക്കുന്നു عَلَيْكُمُ നിങ്ങളുടെ മേല്‍ الصِّيَامُ നോമ്പുനോല്‍ക്കല്‍ كَمَا كُتِبَ നിയമിക്കപ്പെട്ടതുപോലെ عَلَى الَّذِينَ مِن قَبْلِكُمْ നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ സൂക്ഷ്മത പാലിക്കും
2:184
 • أَيَّامًا مَّعْدُودَٰتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُۥ ۚ وَأَن تَصُومُوا۟ خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴾١٨٤﴿
 • (അതെ) എണ്ണപ്പെട്ട (അല്‍പം) ചില ദിവസങ്ങളില്‍. എന്നാല്‍, നിങ്ങളില്‍ ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍, അപ്പോള്‍, മറ്റു ദിവസങ്ങളില്‍നിന്ന് (അത്ര) എണ്ണം (പൂര്‍ത്തിയാക്കണം) അതിന് (ഞെരുങ്ങി) സാധിപ്പുണ്ടാകുന്നവരുടെ മേല്‍ (അവര്‍ നോമ്പു നോല്‍ക്കാതിരുന്നാല്‍) തെണ്ടം- ഒരു സാധുവിന്‍റെ ഭക്ഷണം- (കടമ) ഉണ്ടായിരിക്കും. എന്നാല്‍, ആരെങ്കിലും ഒരു നന്മ സ്വമേധയാ ചെയ്യുന്നതായാല്‍ അതവന് ഉത്തമമത്രെ. നിങ്ങള്‍ നോമ്പുനോല്‍ക്കുന്നതാകട്ടെ, നിങ്ങള്‍ക്ക് (കൂടുതല്‍) ഉത്തമമാകുന്നു; നിങ്ങള്‍ക്ക് അറിയാവുന്നതാണെങ്കില്‍.
 • أَيَّامًا ചില ദിവസങ്ങളില്‍ مَّعْدُودَاتٍ എണ്ണപ്പെട്ട (എണ്ണം കണക്കാക്കപ്പെട്ട) فَمَن كَانَ എന്നാല്‍ ആരെങ്കിലുമായിരുന്നാല്‍ مِنكُم നിങ്ങളില്‍ നിന്ന് مَّرِيضًا രോഗി أَوْ അല്ലെങ്കില്‍ عَلَىٰ سَفَرٍ യാത്രയില്‍ فَعِدَّةٌ എന്നാല്‍ (അപ്പോള്‍) എണ്ണം مِّنْ أَيَّامٍ ദിവസങ്ങളില്‍ നിന്ന് أُخَرَ മറ്റുള്ള وَعَلَى الَّذِينَ യാതൊരുവരുടെ മേലുണ്ടായിരിക്കും يُطِيقُونَهُ അതിന് സാധിപ്പുണ്ടാകും, അതിനവര്‍ക്ക് കഴിവുണ്ടായിത്തീരുന്നതാണ് فِدْيَةٌ ഒരു തെണ്ടം (പ്രായശ്ചിത്തം) طَعَامُ (അതായത്) ഭക്ഷണം مِسْكِينٍ ഒരു സാധുവിന്‍റെ, പാവത്തിന്‍റെ فَمَن എന്നാല്‍ ആര്‍, ആരെങ്കിലും تَطَوَّعَ സ്വമേധയാചെയ്തു, സ്വയം വഴിപ്പെട്ടു ചെയ്തു خَيْرًا വല്ല നന്മയും, നല്ല കാര്യം فَهُوَ എന്നാലത് خَيْرٌ لَّهُ അവന് ഗുണമാണ്, കൂടുതല്‍ നല്ലതാണ് وَأَن تَصُومُوا നിങ്ങള്‍ നോമ്പുനോല്‍ക്കുന്നത് خَيْرٌ لَّكُمْ നിങ്ങള്‍ക്ക് ഉത്തമമാണ്, കൂടുതല്‍ നല്ലതാകുന്നു إِن كُنتُمْ നിങ്ങളാകുന്നുവെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയും
2:185
 • شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَـٰتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ ﴾١٨٥﴿
 • 'റമദ്വാന്‍' മാസം ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാ(യ മാസമാ)കുന്നു ;- മനുഷ്യര്‍ക്ക് സന്‍മാര്‍ഗദര്‍ശകമായും, മാര്‍ഗദര്‍ശ നവും (സത്യാസത്യ) വിവേചനവുമാകുന്ന വ്യക്തമായ തെളിവുകളായും കൊണ്ട്. ആകയാല്‍, നിങ്ങളില്‍ ആര്‍ (ആ) മാസത്തില്‍ ഹാജറുണ്ടായോ അവന്‍, അതില്‍ നോമ്പുനോറ്റുകൊള്ളട്ടെ. ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍, മറ്റു ദിവസ ങ്ങളില്‍ നിന്ന് (അത്ര) എണ്ണം (പൂര്‍ത്തിയാക്കണം). അല്ലാഹു, നിങ്ങളില്‍ എളുപ്പത്തെ [സൗകര്യത്തെ] ഉദ്ദേശിക്കുന്നു; നിങ്ങളില്‍ അവന്‍ ഞെരുക്കത്തെ ഉദ്ദേശിക്കുന്നുമില്ല. നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും, നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗം കാണിച്ചു തന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവന് 'തക്ബീര്‍' [മഹത്വകീര്‍ത്തനം] നടത്തുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാകുന്നു (ഇതെല്ലാം നിശ്ചയിച്ചത്).
 • شَهْرُ رَمَضَانَ റമദാന്‍ മാസം الَّذِي أُنزِلَ അവതരിപ്പിക്കപ്പെട്ടതാണ് فِيهِ അതില്‍ الْقُرْآنُ ക്വുര്‍ആന്‍ هُدًى മാര്‍ഗദര്‍ശനമായി, സന്മാര്‍ഗമായി لِّلنَّاسِ മനുഷ്യര്‍ക്ക് وَبَيِّنَاتٍ തെളിവുകളായും, വ്യക്തമായ അടയാളങ്ങളായും مِّنَ الْهُدَىٰ മാര്‍ഗദര്‍ശനമാകുന്ന, സന്മാര്‍ഗത്തില്‍പ്പെട്ട وَالْفُرْقَانِ വിവേചനവും, വേര്‍തിരിക്കുന്നതും فَمَن شَهِدَ ആകയാല്‍ (അപ്പോള്‍) ആരെങ്കിലും ഹാജറുണ്ടായാല്‍ مِنكُمُ നിങ്ങളില്‍ നിന്ന് الشَّهْرَ (ആ) മാസത്തില്‍ فَلْيَصُمْهُ എന്നാലവന്‍ അതില്‍ നോമ്പുനോല്‍ക്കട്ടെ وَمَن كَانَ ആരെങ്കിലും ആയിരുന്നാല്‍, ആണെങ്കില്‍ مَرِيضًا രോഗി أَوْ عَلَىٰ سَفَرٍ അല്ലെങ്കില്‍ യാത്രയില്‍ فَعِدَّةٌ എന്നാല്‍ എണ്ണം مِّنْ أَيَّامٍ أُخَرَ മറ്റു ദിവസങ്ങളില്‍ നിന്ന് يُرِيدُ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നു بِكُمُ നിങ്ങള്‍ക്ക് الْيُسْرَ എളുപ്പം (സൗകര്യം), ലഘുത്വം وَلَا يُرِيدُ بِكُمُ നിങ്ങളില്‍ അവന്‍ ഉദ്ദേശിക്കുന്നുമില്ല الْعُسْرَ ഞെരുക്കം, പ്രയാസം وَلِتُكْمِلُوا നിങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും الْعِدَّةَ എണ്ണം وَلِتُكَبِّرُوا നിങ്ങള്‍ 'തക്ബീര്‍' ചെയ്യാനും, മഹത്വകീര്‍ത്തനം നടത്തുവാനും اللَّهَ അല്ലാഹുവിന് عَلَىٰ مَا هَدَاكُمْ അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ وَلَعَلَّكُمْ നിങ്ങള്‍ ആകുവാനും, ആകുകയും ചെയ്യാം تَشْكُرُونَ നന്ദി കാണിക്കും

ഇസ്‌ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ നോമ്പ് നിയമമാക്കിയതും, അത് സംബ ന്ധിച്ച കുറേ കാര്യങ്ങളുമാണ് ഈ വചനങ്ങളുടെ ഉള്ളടക്കം. അവയില്‍ നിന്ന് മനസ്സിലാ ക്കുവാനുള്ള കാര്യങ്ങളെപ്പറ്റി നമുക്കിവിടെ ഒരു സാമാന്യവീക്ഷണം നടത്താം. താഴെ പറയു ന്ന കാര്യങ്ങള്‍ ഈ വചനങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്:

(1) ഹേ, വിശ്വസിച്ചവരേ എന്ന് വിളിച്ചുകൊണ്ടാണ് നോമ്പ് നിങ്ങളില്‍ നിയമിക്കപ്പെ ട്ടിരിക്കുന്നുവെന്ന് അല്ലാഹു പറയുന്നത്. അതിനാല്‍, ഓരോ സത്യവിശ്വാസിക്കും നോമ്പ് നിര്‍ബന്ധമാകുന്നു. പ്രത്യേകം ഒഴിവ് നല്‍കപ്പെട്ടവര്‍ മാത്രമേ ഇതില്‍ നിന്ന് ഒഴിവുള്ളൂ. ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല.

(2) ഭക്ഷണപാനീയങ്ങളും സ്ത്രീസംസര്‍ഗവും ഉപേക്ഷിച്ചുകൊണ്ടുള്ള വ്രതമാണ് ഇസ്‌ലാമിലെ നോമ്പ്. ഇത് പൊതുവെ എല്ലാവര്‍ക്കും അല്‍പം പ്രയാസകരമായ ഒന്നാണെ ന്ന് പറയേതില്ല. ആ നിലക്ക് ഇതൊരു ഭാരപ്പെട്ട നിയമമായി കരുതപ്പെടുവാന്‍ കാരണമുണ്ട്. മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സമുദായമായ നിങ്ങള്‍ക്ക് മാത്രം നിശ്ചയിക്ക പ്പെട്ട ഒരു നിയമമല്ല ഇതെന്നും, മുന്‍ സമുദായങ്ങളിലും നോമ്പ് നിയമിക്കപ്പെട്ടിരുന്നുവെ ന്നും, നിര്‍ണയം ചെയ്യപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രമേ നോമ്പ് നോല്‍ക്കേണ്ട തുള്ളൂവെന്നുമൊക്കെ പ്രസ്താവിച്ചിരിക്കുന്നത് ഈ മനഃപ്രയാസം നീക്കം ചെയ്യാന്‍ വേണ്ടിയാകുന്നു.

(3) മുന്‍ സമുദായങ്ങളില്‍ നിയമിക്കപ്പെട്ടതുപോലെ എന്ന് പറഞ്ഞിരിക്കക്കൊണ്ട് മുന്‍സമുദായങ്ങളുടെ നോമ്പും ഈ സമുദായത്തിന്‍റെ നോമ്പും എല്ലാ വിശദാംശങ്ങ ളിലും യോജിച്ചിരിക്കണമെന്നില്ല. രണ്ടും തമ്മില്‍ അല്‍പമൊക്കെ വ്യത്യാസം ഉണ്ടാകു ന്നതിന് വിരോധമില്ല.

(4) നോമ്പുകൊണ്ട് സാധിക്കുവാനുള്ള ലക്ഷ്യമായി അല്ലാഹു പറഞ്ഞത് لَعَلَّكُمْ تَتَّقُونَ (നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരാകുവാന്‍ വേണ്ടി) എന്നാകുന്നു. അല്ലാഹുവിന്‍റെ വിധിവിലക്കുകളെ പാലിക്കുക വഴി ഭയഭക്തിയുള്ളവരായിരിക്കുക എന്നത്രെ സൂക്ഷ്മത പാലിക്കല്‍ കൊണ്ട് വിവക്ഷ. ഇക്കാര്യം ഒന്നിലധികം പ്രാവശ്യം മുമ്പ് നാം പ്രസ്താവിച്ചു കഴിഞ്ഞിട്ടുള്ളതാണ്. മനുഷ്യനില്‍ നിന്നുണ്ടാകുന്ന പാപങ്ങളും തെറ്റുകുറ്റങ്ങളും അവന്‍റെ ശരീരേച്ഛകളില്‍ നിന്നും, വികാരങ്ങളില്‍ നിന്നും ഉണ്ടാകുന്ന താണല്ലോ. നോമ്പാകട്ടെ, ആ രണ്ടിനെയും നിയന്ത്രിക്കുന്നതാണ് താനും. അതുകൊണ്ടാണ് വിവാഹം ചെയ്യാന്‍   കഴിവില്ലാത്ത യുവാക്കളോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നോമ്പ് നോല്‍ക്കുവാ ന്‍ ഉപദേശിച്ചതും, നോമ്പ് പാപങ്ങളെ തടുക്കുന്ന ഒരു പരിചയാണെന്ന് പറഞ്ഞതും. (ബു; മു.) ഒന്നോ രണ്ടോ നോമ്പ് നോല്‍ക്കുമ്പോഴേക്കും അത് ശാരീരിക വികാരങ്ങളെ നിയന്ത്രിച്ചു നിറുത്തുമെന്നല്ല ഇപ്പറഞ്ഞതിന്‍റെ അര്‍ത്ഥം. നോമ്പ് പതിവായി നോല്‍ക്കുന്ന പക്ഷം ശരീരവും ആത്മാവും മനസ്സുമെല്ലാം സ്വയം നിയന്ത്രിതമാകുമെന്ന് തീര്‍ച്ചതന്നെ. കേവലം ശാരീരികമായ പരിശീലനമോ, ആരോഗ്യപരമായ ഒരു ശുദ്ധീകരണമോ മാത്രമല്ല നോമ്പ്. മാനസികവും, ആത്മീയവുമായ വമ്പിച്ച നേട്ടങ്ങളും അത് മുഖേന സിദ്ധി ക്കുവാനുണ്ട്. പക്ഷേ, നോമ്പ് നാമമാത്രമായാല്‍ പോരാ, ശരിയായ അര്‍ത്ഥത്തില്‍ തന്നെ യുള്ളതായിരിക്കണം. അതാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീഥില്‍ ചൂണ്ടിക്കാട്ടിയത്: ‘അക്രമം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആര്‍ ഉപേക്ഷിച്ചില്ലയോ അവന്‍ അവന്‍റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് ഒരാവശ്യവുമില്ല.’ (ബു.)

(5) എണ്ണപ്പെട്ട ചില ദിവസങ്ങള്‍ (أَيَّامًا مَّعْدُودَاتٍ) എന്ന് പറഞ്ഞതിന്‍റെ വിവക്ഷ റമ ദാന്‍ മാസത്തിലെ ദിവസങ്ങളാണെന്ന് മൂന്നാമത്തെ വചനം കൊണ്ട് വ്യക്തമാണ്. അധി ക കാലമൊന്നുമില്ല. കുറച്ചു ദിവസങ്ങളേ വേണ്ടതുള്ളൂ- എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് നോമ്പിന്‍റെ ഭാരം കുറച്ച് കാണിക്കുകയാണ് ആ വാക്ക് ചെയ്യുന്നത്.

(6) രോഗികളെയും, യാത്രക്കാരേയും നോമ്പിന്‍റെ നിര്‍ബന്ധത്തില്‍ നിന്ന് അല്ലാഹു ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍, രോഗവും യാത്രയും ഏത് തരത്തിലുള്ളതായിരിക്ക ണമെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല. അവ നിമിത്തം എത്ര ദിവസത്തെ നോമ്പ് വിട്ടുപോയോ അത്ര എണ്ണം മറ്റു ദിവസങ്ങളിലായി അത് നോറ്റു വീട്ടണമെന്ന് കല്‍പിക്കുകയും ചെയ്തിരിക്കുന്നു. നോമ്പ് പിടിക്കുവാന്‍   കഴിയാതിരിക്കത്തക്കതോ, നോമ്പ് നോല്‍ക്കുന്ന പക്ഷം ശരീരത്തിനോ അവയവങ്ങള്‍ക്കോ വല്ല കേടുപാടും സംഭവിക്കാവുന്നതോ ആയ രോഗമാ യിരിക്കണമെന്നും, നമസ്‌കാരം ചുരുക്കി (ക്വസ്വ്‌റാക്കി) നമസ്‌കരിക്കുവാന്‍ അനുവ ദിക്കപ്പെടുന്നത്ര ദൂരയാത്രയായിരിക്കണമെന്നുമാണ് പല പണ്ഡിതന്‍മാരും പറഞ്ഞു കാണുന്നത്. നമസ്‌കാരം ക്വസ്വ്‌റാക്കുന്നതിനുള്ള ദൂരം നിര്‍ണയിക്കുന്നതിലാണെങ്കില്‍, പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടുതാനും. അവയില്‍ ഇന്നത് മാത്രമാണ് ശരിയായതെ ന്ന് തീരുമാനിക്കത്തക്ക തെളിവുകളില്ലാത്ത സ്ഥിതിക്കും, അല്ലാഹു ഒരു ഉപാധിയും സൂചിപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്കും സാധാരണ പതിവനുസരിച്ച് ‘രോഗി’ എന്നും ‘യാത്ര ക്കാരന്‍’ എന്നും ശരിയായ അര്‍ത്ഥത്തില്‍ പറയപ്പെടത്തക്ക രോഗവും യാത്രയും ഉണ്ടായാല്‍ മതിയാകും എന്നത്രെ മറ്റൊരഭിപ്രായം. ഇതാണ് കൂടുതല്‍ ന്യായയുക്തമായി തോന്നുന്നത്. (അല്ലാഹുവിനറിയാം)

പക്ഷേ, ഒരു കാര്യം പ്രത്യേകം ഓര്‍മിക്കേതുണ്ട്. അങ്ങാടിയില്‍ സാധനം വാങ്ങാന്‍ പോകുന്നവനും, അല്‍പം ജലദോഷം പിടിപെട്ടവനുമൊക്കെ യാത്രക്കാരനും രോഗിയുമായി കണക്കാക്കാമെന്നും, അവര്‍ക്കൊക്കെ നോമ്പില്‍ നിന്ന് ഒഴിവാകാമെന്നും വരെ ഇതിനെ വ്യാഖ്യാനിച്ചുകൂടാത്തതാകുന്നു. രോഗിക്കും യാത്രക്കാരനും ഇളവ് നല്‍കിയ തിലുള്ള ഒരു തത്വം, അവര്‍ക്ക് നോമ്പ് നോല്‍ക്കുവാന്‍ സ്വാഭാവികമായുണ്ടാകുന്ന വിഷമ മാണല്ലോ. വിഷമമാകട്ടെ, തിട്ടപ്പെടുത്തി അളന്ന് കണക്കാക്കാവുന്ന കാര്യവുമല്ല. മാത്രമ ല്ല, വിഷമമുണ്ടെങ്കില്‍ എന്നൊരു ഉപാധി അല്ലാഹു പ്രസ്താവിച്ചിട്ടുമില്ല. ഹദീഥിലും അത് വ്യക്തമാക്കപ്പെട്ടു കാണുന്നില്ല. അതുകൊണ്ട് നോമ്പിന് ബുദ്ധിമുട്ടുണ്ടായാലും ഇല്ലെങ്കിലും രോഗിക്കും യാത്രക്കാരനും നോമ്പ് ഒഴിവാക്കുന്നതിന് വിരോധമില്ലെന്നും, ബുദ്ധിമുട്ടുള്ള പക്ഷം നോമ്പ് ഉപേക്ഷിക്കുകതന്നെ വേണമെന്നും മൊത്തത്തില്‍ മന സ്സിലാക്കാം. ഹദീഥുകള്‍ പരിശോധിക്കുമ്പോള്‍ അതാണ് മനസ്സിലാകുന്നതും. ചില ഹദീ ഥുകള്‍ താഴെ ഉദ്ധരിക്കുന്നുമുണ്ട്. إِن شَاءَ اللَّهُ

(7) وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ) നോമ്പിന് സാധിപ്പുണ്ടാകുന്നവരുടെ മേല്‍ തെണ്ടം കടമയുണ്ട്) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യത്തെപ്പറ്റി രണ്ടഭിപ്രായങ്ങളാണുള്ളത്. ഭൂരി ഭാഗം ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പണ്ഡിതന്‍മാരും സ്വീകരിച്ച അഭിപ്രായം ഇങ്ങ നെയാകുന്നു: നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട ആദ്യഘട്ടത്തില്‍ സത്യവിശ്വാസികള്‍ക്ക് അത് കുറേ പ്രയാസകരമായി അനുഭവപ്പെട്ടിരുന്നു. (ഹിജ്‌റഃ രണ്ടാം കൊല്ലത്തില്‍ യുദ്ധ നിയമം അവതരിക്കുന്നതിന് അല്‍പം മുമ്പായിരുന്നു നോമ്പിന്‍റെ നിയമമായത്) അതുകൊണ്ട് അല്ലാഹു അവര്‍ക്ക് അന്ന് അനുവദിച്ചുകൊടുത്ത ഒരു ഇളവായിരുന്നു അത്. അതായ ത്, നോമ്പ് പിടിക്കുവാന്‍ കഴിവുള്ളവര്‍ക്ക്- രോഗികളും യാത്രക്കാരുമല്ലാത്തവര്‍ക്ക്- നോമ്പ് നോല്‍ക്കുകയോ, നോമ്പിന് പകരം ഓരോ ദിവസത്തിനും ഓരോ സാധുവിന്‍റെ ഭക്ഷണം വീതം തെണ്ടമായി കൊടുക്കുകയോ ചെയതാല്‍ മതിയായിരുന്നു. അതേ സമയം നോമ്പ് നോല്‍ക്കുന്നതാണ് കൂടുതല്‍ ഉത്തമമെന്നും അറിയിച്ചിരുന്നു. നോമ്പ് പിടിക്കാതെ തെണ്ടം കൊണ്ട് മതിയാക്കുന്നവര്‍ പിന്നെ ആ നോമ്പ് നോറ്റു വിട്ടേണ്ടതുമില്ല. ഇതാണ് ആ വാക്യത്തിന്‍റെ താല്‍പര്യം. പിന്നീട്- ഒരു കൊല്ലത്തിനുശേഷമാണെന്ന് പറയപ്പെടുന്നു- അടുത്ത (185-ാം) വചനത്തില്‍ (فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ) ആ മാസത്തില്‍ ആര്‍ ഹാജറുണ്ടായോ അവന്‍ അതില്‍ നോമ്പ് നോല്‍ക്കട്ടെ) എന്ന് അവതരിച്ചതോടെ ഈ ഇളവ് ദുര്‍ബ്ബലപ്പെട്ടുപോകുകയും, നോമ്പ് നോല്‍ക്കുകതന്നെ വേണമെന്ന് നിയമമായിത്തീരുകയും ചെയ്തു. ഇസ്‌ലാമിന്‍റെ മറ്റു പല നിയമങ്ങളുമെന്നപോലെ, നോമ്പിന്‍റെ നിയമവും ക്രമേണയായിട്ടാണ് സ്ഥിരപ്പെടുത്തപ്പെട്ടത്. ഈ അഭിപ്രായത്തിന് ആസ്പദമായ ഹദീഥ് ഇതാകുന്നു:-

സലമത്തുബ്‌നുല്‍ അക്‌വഉ് (سلمة بن الاكوع رضى الله عنه) പ്രസ്താവിച്ചതായി പ്രധാന ഹദീഥ് ഗ്രന്ഥങ്ങളിലെല്ലാം ഇപ്രകാരം വന്നിട്ടുണ്ട്: (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ) സാ ധിപ്പുണ്ടാകുന്നവരുടെ മേല്‍ തെണ്ടമുണ്ട്) എന്ന വചനം അവതരിച്ചപ്പോള്‍, ഞങ്ങളില്‍ നോമ്പ് നോല്‍ക്കുവാന്‍ ഉദ്ദേശിച്ചവര്‍ നോല്‍ക്കുകയും, നോമ്പ് വിട്ടുകളയാന്‍ ഉദ്ദേശിച്ച വര്‍ വിട്ടുകളയുകയും തെണ്ടം കൊടുക്കുകയും ചെയ്യുമായിരുന്നു. ഇതിന്‍റെ ശേഷമുള്ള فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ (ആ മാസത്തില്‍ ഹാജറുള്ളവര്‍ നോമ്പുനോല്‍ക്കട്ടെ) എന്ന വചനം അവതരിച്ചു അതിനെ ‘നസ്ഖ്’ ചെയ്യുന്നത് (ദുര്‍ബ്ബലപ്പെടുത്തുന്നത്) വരെ അങ്ങനെ ചെയ്തു വന്നു’ (ബു; മു; ദാ; തി; ന; ത്വ. മുതലായവര്‍) രണ്ടാമത്തെ അഭിപ്രായം, ഇബ്‌നുഅബ്ബാസ് (റ) മുതലായവരുടെതാണ്. നോമ്പിന് കഴിവുള്ളവര്‍ തെണ്ടം കൊടു ക്കണമെന്ന് പറഞ്ഞത്, വാര്‍ദ്ധക്യം മൂലം നോമ്പ് നോല്‍ക്കുവാന്‍ പ്രയാസം നേരിടുന്ന സ്ത്രീ പുരുഷന്‍മാരെ സംബന്ധിച്ചാണ് എന്ന് ഇബ്‌നുഅബ്ബാസ് (റ) പ്രസ്താവിച്ചതായി ബുഖാരി (റ) രേഖപ്പെടുത്തിയിരിക്കുന്നു. നോമ്പ് മൂലം ഗര്‍ഭസ്ഥശിശുവിന് ദോഷം ബാധി ക്കുമെന്ന് കാണുന്ന ഗര്‍ഭിണികളും, മുല കുടിക്കുന്ന കുട്ടിക്ക് ദോഷം ബാധിക്കുമെന്ന് കാണുന്ന മാതാക്കളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്ന് വേറെ ചിലരില്‍ നിന്നും നിവേ ദനം ചെയ്യപ്പെട്ടിരിക്കുന്നു.

ഇമാം റാഗിബ് (റ) പ്രസ്താവിച്ചതുപോലെ, അല്‍പം വിഷമം സഹിച്ചുകൊണ്ട് മനുഷ്യന് ചെയ്യാന്‍ കഴിയുന്നതാണ്   എന്നാണ് طَاقَة (ത്വാക്വത്ത്)ന്‍റെ അര്‍ത്ഥം. ഈ മൂല ത്തില്‍ നിന്നുള്ള ക്രിയയാണ് يُطِيقُ (യുത്വീക്വു). അതോടുകൂടി, يُطَوَّقوُنَ (യുത്വവ്വക്വൂ ന) എന്നും മറ്റും ഇവിടെ വായനയുമുണ്ട്. ഞെരുങ്ങിക്കഴിവുണ്ടാകുക എന്നാണിതിന് അര്‍ത്ഥം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് الذينَ يُطِيقُونَه എന്ന വാക്കിന് ‘അതിന് (ഞെരുങ്ങി) കഴിവുണ്ടാകുന്നവര്‍’ എന്ന് നാം അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്.

മേല്‍കണ്ട അഭിപ്രായങ്ങളും അവയുടെ തെളിവുകളും ഉദ്ധരിച്ചശേഷം ഇമാം ഇബ്‌നു ജരീര്‍ (റ) ചെയ്ത ഒരു പ്രസ്താവനയുടെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കാം:- وَعَلَى الَّذِينَ يُطِيقُونَهُ (അതിന് സാധിപ്പുണ്ടാകുന്നവരുടെ മേല്‍ ഒരു സാധുവിന്‍റെ ഭക്ഷണം നല്‍കുകയെന്ന തെണ്ടമുണ്ട്) എന്നതിന്‍റെ വ്യാഖ്യാനത്തില്‍ ഏറ്റവും നല്ല അഭി പ്രായം, അത് ‘മന്‍സൂഖാ’കുന്നുവെന്നുള്ളതാണ്. കാരണം, നോമ്പിന് കഴിവുണ്ടാകുന്ന വരുടെ മേല്‍ തെണ്ടം കൊടുക്കല്‍ നിര്‍ബന്ധമാണെന്ന് വരുകയും, അതേ സമയം യാത്ര ക്കാരല്ലാത്ത ആരോഗ്യവാന്‍മാരായി നാട്ടില്‍ വസിക്കുന്നവരില്‍ നോമ്പിന് കഴിവുള്ളവരെല്ലാം നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണെന്നും നോമ്പ് നോല്‍ക്കാതെ തെണ്ടം കൊടു ക്കുന്നത് അനുവദനീയമല്ലെന്നും മുസ്‌ലിംകളെല്ലാം ഏകോപിക്കുകയും ചെയ്തിരിക്കുമ്പോള്‍, ആ വചനം മന്‍സൂഖാണെന്ന്   തീര്‍ച്ചയാണ്. മാത്രമല്ല, ഇതിനെ ബലപ്പെടുത്തുന്ന തെളിവുകള്‍ മുആദ്, ഇബ്‌നുഉമര്‍, സലമത്തുബ്‌നുല്‍ അക്‌വഉ് (റ) എന്നിവരില്‍ നിന്ന് ഇതിന് മുമ്പ് നാം ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ടല്ലോ.’

മൊത്തത്തില്‍ ഇങ്ങനെ പറയാം: നോമ്പ് പിടിക്കുവാന്‍ പ്രയാസമുള്ള കിഴവന്‍മാരും കിഴവികളും നോമ്പ് നോല്‍ക്കേണ്ടതില്ല. കഴിവുള്ള പക്ഷം ഓരോ ദിവസത്തിനും ഒരു സാധുവിന്‍റെ ഭക്ഷണം തെണ്ടം കൊടുക്കണം. പിന്നീട് നോറ്റു വീട്ടുന്ന പ്രശ്‌നം അവരെ ബാധിക്കുന്നുമില്ല. ഗര്‍ഭത്തിലിരിക്കുന്നതോ, മുലകുടിക്കുന്നതോ ആയ ശിശുക്കളെപ്പറ്റിയോ, സ്വന്തം ദേഹങ്ങളെപ്പറ്റിയോ നോമ്പുമൂലം ദോഷം ഭവിക്കുമെന്ന് ഭയപ്പെടുന്ന സ്ത്രീകളും നോമ്പ് പിടിക്കേണ്ടതില്ല . പക്ഷേ, തെണ്ടം കൊടുത്താല്‍ മതിയെന്നും, അതല്ല സാധ്യമാകുമ്പോള്‍ നോറ്റു വീട്ടുകകൂടി വേതുണ്ടെന്നും, തെണ്ടം വേണ്ടതില്ല- നോറ്റു വീട്ടുകയാണ് വേണ്ടത്- എന്നും അഭിപ്രായങ്ങളുണ്ട്. (كما فى ابن كثير) വിശദീകരണ ങ്ങള്‍ക്കും ഓരോന്നിന്‍റെയും ന്യായങ്ങള്‍ക്കും ഇവിടെ മുതിരുന്നില്ല. രോഗികളെയും, യാത്രക്കാരെയും സംബന്ധിച്ച് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രായം തികയാത്ത കുട്ടികള്‍ക്കും വിശേഷബുദ്ധിയില്ലാത്തവര്‍ക്കും നോമ്പും മറ്റും നിര്‍ബന്ധമില്ലെന്നുള്ള തിലും തര്‍ക്കമില്ല. ഇപ്പറഞ്ഞവരല്ലാത്ത ആളുകളെല്ലാം റമദ്വാന്‍ നോമ്പുനോല്‍ക്കല്‍ നിര്‍ബന്ധമാണെന്നുള്ളതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. ഈ അടുത്തകാലത്ത് മാത്രം ചിലര്‍ മേല്‍പറഞ്ഞ യഥാര്‍ത്ഥങ്ങളൊന്നും വകവെ ക്കാതെ ഈ വാക്യത്തിന്‍റെ ബാഹ്യാര്‍ത്ഥം മാത്രം കണക്കിലെടുത്തുകൊണ്ട് റമദ്വാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുകയോ, പകരം തെണ്ടം കൊടുക്കുകയോ ചെയ്താല്‍ മതിയെന്നാണ് ഇസ്‌ലാമിലെ വിധി എന്ന് സമര്‍ത്ഥിക്കാറുണ്ട്. തങ്ങള്‍ക്കല്ലാതെ മുമ്പുള്ളവര്‍ ക്കൊന്നും ക്വുര്‍ആന്‍ വേണ്ടത് പോലെ മനസ്സിലാക്കുവാനോ, ക്വുര്‍ആന്‍റെ സിദ്ധാ ന്തങ്ങള്‍ വിലയിരുത്തുവാനോ കഴിഞ്ഞിട്ടില്ലെന്ന ഒരു പൊങ്ങച്ചഭാവം കൂടി ഇവരുടെ വാക്കുകളില്‍ പ്രകടമാകുന്നു. ആധുനിക ലഹരി, ഭൗതിക ചിന്താഗതി, പുത്തന്‍ അഭി പ്രായങ്ങള്‍ വഴി ജനശ്രദ്ധ ആകര്‍ഷിക്കുവാനുള്ള താല്‍പര്യം ആദിയായവയാണ് ഇതുപേ ാലെയുള്ള അഭിപ്രായങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. മതവിശ്വാ സികളില്‍ പോലും മതബോധം നശിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മതശാസന കളില്‍ ഇതുപോലെ അയവ് ലഭിക്കുമാറുള്ള ഏത് അഭിപ്രായവും സ്വാഗതം ചെയ്യാന്‍ ഇക്കാലത്ത് ആളെ കിട്ടാതെ വരികയില്ലല്ലോ.

(8) തെണ്ടം കൊടുക്കേണ്ടത് ഒരു സാധുവിന്‍റെ ഭക്ഷണം (طَعَامُ مِسْكِين) ആണെ ന്നാണ് അല്ലാഹു പറഞ്ഞത്. അത് ഇന്നതരം ഭക്ഷണമായിരിക്കണമെന്നോ, ഇത്ര അളവ് വേണമെന്നോ പറഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് സാധാരണ ഗതിയില്‍ ഭക്ഷണമായി കരുതപ്പെടുന്ന ഭക്ഷ്യപദാര്‍ത്ഥവും,   സാധാരണഗതിയില്‍ ഒരാള്‍ക്ക് ഭക്ഷിക്കുവാന്‍ വേണ്ടിവരു ന്ന അളവും മതിയാകുമെന്ന് വെക്കുവാനാണ് ന്യായം. ഒരു ദിവസത്തെ നോമ്പിന്‍റെ സ്ഥാനത്താണ് ഇപ്പറഞ്ഞത്. കൂടുതല്‍ ദിവസത്തേക്ക് കൂടുതല്‍ സാധുക്കള്‍ക്ക് വേണ്ടുന്ന ഭക്ഷണവും നല്‍കണം. അനസുബ്‌നുമാലിക് (റ) അദ്ദേഹത്തിന് പ്രായാധിക്യം നിമിത്തം നോമ്പ് പിടിക്കുവാന്‍ പ്രയാസമായിത്തീര്‍ന്നപ്പോള്‍ ഒന്നോ രണ്ടോ കൊല്ലം ഓരോ ദിവസവും ഓരോ സാധുവിന് മാംസവും റൊട്ടിയും ഭക്ഷിക്കുവാന്‍ കൊടുത്തിരുന്നതായി സ്വഹീഹുല്‍ ബുഖാരിയില്‍ (നിവേദന പരമ്പര കൂടാതെ) ഉദ്ധരിച്ചിരിക്കുന്നു. ഒരാളുടെ ഭക്ഷണത്തിന് ഒരു ‘മുദ്ദ്’ (രണ്ട് കൈകളും ചേര്‍ത്ത് വാരിയാല്‍ കിട്ടുന്നത്ര) ധാന്യം എന്ന് ചില മഹാന്‍മാര്‍ കണക്കാക്കിക്കാണുന്നത് അതിന്‍റെ ഒരേകദേശ നിര്‍ണയമാണെ ന്നാണ് മനസ്സിലാകുന്നത്. ഭക്ഷണം പാകം ചെയ്തതായാലും മതിയെന്നത്രെ അനസ് (റ)വിന്‍റെ പ്രസ്താവനയില്‍ നിന്ന് മനസ്സിലാകുന്നത്. الله أعلم

(9) ഒരു പൊതു തത്വമെന്ന നിലക്കാണ് فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ (ആരെങ്കിലും ഒരു നല്ല കാര്യം സ്വയമേവ ചെയ്യുന്നതായാല്‍ അതവന് ഉത്തമമായിരിക്കും) എന്ന വാക്യം നിലകൊള്ളുന്നത്. എങ്കിലും സന്ദര്‍ഭം നോക്കുമ്പോള്‍, ഒരാളുടെ ഭക്ഷണത്തെക്കാള്‍ കൂടുതലായി വല്ലതും നല്‍കുകേയാ, അല്‍പം പ്രയാസം സഹിച്ചുകൊണ്ടെങ്കിലും നോമ്പ് തന്നെ പിടിക്കുകയോ, അല്ലെങ്കില്‍ നോമ്പ് പിടിക്കുന്നതോടൊപ്പം സാധുവിന് ഭക്ഷണം നല്‍കുക കൂടി ചെയ്യുന്ന പക്ഷം അത് കൂടുതല്‍ പുണ്യപ്പെട്ടതാണ്, എന്നായിരിക്കും അതിന്‍റെ താല്‍പര്യം.

(10) തെണ്ടം കൊടുത്ത് നോമ്പിന്‍റെ നിര്‍ബന്ധത്തില്‍ നിന്ന് ഒഴിവാകാവുന്ന അവസര ത്തില്‍ പോലും കഴിയുന്നതും നോമ്പ് നോല്‍ക്കുവാന്‍ തന്നെ ശ്രമിക്കേണ്ടതാണെന്ന് അല്ലാഹു പ്രത്യേകം ഉണര്‍ത്തുന്നു: وَأَن تَصُومُوا خَيْرٌ لَّكُمْ (നിങ്ങള്‍ നോമ്പ് നോല്‍ക്കു ന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമമാകുന്നു.) നോമ്പു മൂലം ലഭിക്കുവാനുള്ള നേട്ടങ്ങളും പ്രതിഫലങ്ങളും അപേക്ഷിച്ച് നോക്കുമ്പോള്‍, അത് തെണ്ടം മൂലം ലഭിക്കുവാനിരിക്കുന്ന ഗുണത്തെക്കാള്‍ വമ്പിച്ചതാണെന്നും, തല്‍ക്കാലത്തെ വിഷമവും പ്രയാസവും ഓര്‍ത്ത് ആ നന്മ നഷ്ടപ്പെടുത്തരുതെന്നും താല്‍പര്യം. إِن كُنتُمْ تَعْلَمُونَ (നിങ്ങള്‍ക്കറിയാമെങ്കില്‍) എന്ന വാക്ക് ഈ യഥാര്‍ത്ഥത്തെപ്പറ്റി ചിന്തിച്ചുനോക്കുവാന്‍ സത്യവിശ്വാസികളെ പ്രേരി പ്പിക്കുകയും ചെയ്യുന്നു. നോമ്പിന്‍റെ പ്രാധാന്യവും, അതിന് അല്ലാഹു കല്‍പിക്കുന്ന സ്ഥാനവും എത്ര വമ്പിച്ചതാണെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഒരു വചനത്തില്‍ നിന്ന് ഏറെ കുറേ മനസ്സിലാക്കാം. അവിടുന്ന് പറയുന്നു: ‘മനുഷ്യന്‍റെ എല്ലാ കര്‍മങ്ങള്‍ക്കും പത്തിരട്ടിമുതല്‍ എഴുന്നൂറിരട്ടി വരെ പ്രതിഫലം നല്‍കപ്പെടും. അല്ലാഹു പറയുന്നു: നോമ്പൊഴികെ- അത് എനിക്കുള്ളതാണ്- ഞാനാണതിന് പ്രതിഫലം നല്‍കുക. അവന്‍ എന്‍റെ കാരണത്താല്‍ അവന്‍റെ ഇച്ഛയും ഭക്ഷണവും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. (ബു; മു.)

(11) شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ റമദാന്‍ മാസം ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകു ന്നു) എന്ന വാക്യം, മുന്‍ വചനത്തില്‍ എണ്ണം കണക്കാക്കപ്പെട്ട ദിവസങ്ങള്‍ (أَيَّامًا مَّعْدُودَاتٍ) എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം സ്പഷ്ടമാക്കുന്നതോടുകൂടി, നോമ്പിനെ ആ മാസം തിരഞ്ഞെടുക്കുവാനുള്ള കാരണവും കൂടി ചൂണ്ടിക്കാട്ടുന്നു. അല്ലാഹു വ്യക്തമാക്ക ിയതുപോലെ മനുഷ്യ വര്‍ഗത്തിന് മാര്‍ഗദര്‍ശനം നല്‍കുവാനും, സത്യാസത്യവിവേ ചനം നല്‍കുവാനും വേണ്ടി അവതരിച്ചതാണല്ലോ വിശുദ്ധ ക്വുര്‍ആന്‍. ആ ദിവ്യ ഗ്രന്ഥം അവതരിച്ചത് ആ മാസത്തിലാണെന്ന നിലക്കും ക്വുര്‍ആന്‍റെ അവതരണ സ്മരണ നിലനിര്‍ത്തുവാന്‍ ഉതകുന്നതെന്ന നിലക്കും, ആ മാസത്തെ അല്ലാഹു തിരഞ്ഞെടുത്തിരിക്ക ുകയാണ്. മറ്റുള്ള ദൈവിക ഗ്രന്ഥങ്ങളുടെ അവതരണവും ഇതേ മാസത്തില്‍ തന്നെ ആയിരുന്നുവെന്നും ചില ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഏതായാലും, ക്വുര്‍ആന്‍ അവതരി ച്ച മാസത്തിലാണ് നോമ്പ് നിയമിക്കപ്പെട്ടതെന്നിരിക്കുമ്പോള്‍, ആ മാസത്തില്‍ ക്വുര്‍ ആന്‍ പാരായണത്തിനും, പഠനത്തിനും കൂടുതല്‍ പരിഗണന നല്‍കപ്പെടേതുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. ഹദീഥുകള്‍ ഇതിന് പിന്‍ബലം നല്‍കുന്നുമുണ്ട്. എല്ലാ റമ ദാനിലും ജിബ്‌രീല്‍ (അ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്ന് ക്വുര്‍ആന്‍ പാഠം നോക്കാറു ണ്ടായിരുന്നുവെന്നും, അവസാനത്തെ റമദാനില്‍ അങ്ങനെ രണ്ട് പ്രാവശ്യം സംഭവിക്കു കയുണ്ടായെന്നും ഹദീഥില്‍ വന്നിട്ടുള്ളതും പ്രസിദ്ധമാണല്ലോ.

ക്വുര്‍ആന്‍ അവതരിച്ചത് ‘ലൈലത്തുല്‍ ക്വദ്‌റി’ ലാണെന്ന് സൂറഃ ക്വദ്‌റിലും, ഒരു അനുഗൃഹീത രാത്രിയിലാണെന്ന് സൂറഃ ദുഖാനിലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ക്വുര്‍ആന്‍റെ അവതരണം പൂര്‍ത്തിയായതാകട്ടെ, ഇരുപത്തിമൂന്ന് കൊല്ലം കൊണ്ടുമാ ണ്. അപ്പോള്‍, ആ മാസത്തിലാണ് ക്വുര്‍ആന്‍ അവതരിച്ചതെന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥ മെന്തെന്ന് ചോദിക്കപ്പെടാം. ഇതിനെപ്പറ്റി ആ രണ്ടു സൂറത്തുകളിലും വെച്ച് നാം വിവരി ക്കുന്നുണ്ട്. ചുരുക്കം ഇതാണ്: ലൈലത്തുല്‍ ക്വദ്‌റും, അനുഗൃഹീത രാത്രിയും ഒന്നു തന്നെ. ആ രാത്രി റമദാനിലുമാണ്.   ആ രാത്രിയിലും ആ മാസത്തിലും അവതരിച്ചു എന്ന് പറയുന്നതിന്‍റെ താല്‍പര്യം. അല്ലാഹുവിന്‍റെ ജ്ഞാന രേഖയാകുന്ന ‘ലൗഹുല്‍ മഹ്ഫൂള്വി’  (اللوحُ المَحْفُوظ)ല്‍ നിന്ന്   അടുത്ത ആകാശത്തേക്ക് ആ രാത്രിയില്‍ അവതരിക്കുകയും, പിന്നീട് അവിടെനിന്ന് ഗഡുക്കളായി അവതരിക്കുകയും ചെയ്തുവെന്നാണ് മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. അതല്ല, ക്വുര്‍ആന്‍ ആദ്യം അവതരി ക്കുവാന്‍ തുടങ്ങിയത് റമദാനിലാണ് അതിന്‍റെ താല്‍പര്യമെന്നത്രെ മറ്റൊരു വിഭാഗ ത്തിന്‍റെ അഭിപ്രായം. ഈ രണ്ടഭിപ്രായവും ശരിയായിരിക്കുന്നതിന് വിരോധമില്ലതാനും. والله أعلم

(12) നോമ്പ് റമദാനിലാക്കിയതിന്‍റെ തത്വം ചൂണ്ടിക്കാട്ടിയ ശേഷം അല്ലാഹു പറയു ന്നു: فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ (അതിനാല്‍, ആ മാസത്തില്‍ ആര്‍ ഹാജറുണ്ടായോ അവന്‍ അതില്‍ നോമ്പ് നോറ്റുകൊള്ളട്ടെ)   നോമ്പിന്‍റെ നിയമം ഉണ്ടായ ആദ്യ കാലത്ത് നോമ്പ് പിടിക്കുവാന്‍ കഴിവുള്ളവര്‍ക്കും വേണമെങ്കില്‍ തെണ്ടം കൊണ്ട് മതിയാക്കാമായിരുന്നുവെന്നും,   പിന്നീടത് ഈ വചനം മുഖേന എടുത്തുകളയപ്പെടുകയാണുണ്ടായതെന്നുമാണ് ഭൂരിഭാഗം പണ്ഡിതന്‍മാരുടെയും   അഭിപ്രായമെന്ന് മുമ്പ് പറഞ്ഞുവല്ലോ. ഈ അഭിപ്രായപ്രകാരം, ഈ വചനം ആദ്യത്തെ ആ സ്വാതന്ത്ര്യം എടു ത്തുകളയുകയും, റമദാനില്‍ എല്ലാവരും നോമ്പ് പിടിക്കുകതന്നെ വേണമെന്ന് ശാസി ക്കുകയും ചെയ്യുന്നു. ആ മാസത്തില്‍ ഹാജരുള്ളവരെല്ലാം നോമ്പ് പിടിക്കണമെന്ന് വരുമ്പോള്‍, മുന്‍ ആയത്തില്‍ ഒഴിവ്   നല്‍കപ്പെട്ട രോഗികള്‍ക്കും, യാത്രക്കാര്‍ക്കും കൂടി ഈ കല്‍പന ബാധകമാകുമോ എന്ന് സംശയം തോന്നാതിരിക്കുവാന്‍ വേണ്ടിയാണ് അവരെ പ്പറ്റി വീണ്ടും ഒന്നുകൂടി ഈ വചനത്തില്‍ …… وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ (ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്ര എണ്ണം) എന്ന് ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതെന്നും അവര്‍ പറയുന്നു. രണ്ടാമത്തെ അഭിപ്രായപ്ര കാരം, മുന്‍ ആയത്തില്‍ പ്രസ്താവിച്ച അക്കാര്യം ഒന്നുകൂടി ആവര്‍ത്തിച്ചുറപ്പിക്കുക മാത്രമായിരിക്കും ഈ ആവര്‍ത്തനം കൊണ്ടുദ്ദേശ്യം. കൂടുതല്‍ യുക്തമായി തോന്നു ന്നത് ഭൂരിപക്ഷാഭിപ്രായം തന്നെ.

ആ മാസത്തില്‍ ഹാജരുണ്ടായിരിക്കുക എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം, ആ മാസം വരുമ്പോള്‍ ആരോഗ്യവാനായികൊണ്ട് സ്വദേശത്തുണ്ടായിരിക്കുക എന്നത്രെ. രോഗി കള്‍ക്കും യാത്രക്കാര്‍ക്കും നോമ്പില്‍ ഇളവുണ്ടെന്നും കുട്ടികള്‍ക്കും വിശേഷ ബുദ്ധിയില്ലാ ത്തവര്‍ക്കും നോമ്പ് നിര്‍ബന്ധമില്ലെന്നും പ്രസവരക്തവും ഋതുരക്തവുമുള്ളവര്‍ക്ക് നോമ്പ് നിഷിദ്ധമാണെന്നും മറ്റു തെളിവുകളാല്‍ അറിയപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ. പ്രത്യേകം ഒഴിവ് നല്‍കപ്പെട്ടിട്ടില്ലാത്ത ഓരോ വ്യക്തിയും- അവന്‍ റമദാന്‍ മാസക്കാല ത്ത് ജീവിച്ചിരിപ്പുണ്ടെങ്കില്‍- നോമ്പ് പിടിക്കല്‍ നിര്‍ബന്ധമാണ്. നോമ്പിന് പകരം തെണ്ടം കൊടുത്താല്‍ പോരാ എന്ന് ചുരുക്കം.

(13) രോഗിയാകുകയോ യാത്രയിലായിരിക്കുകയോ ചെയ്താല്‍ അത് മൂലം എത്ര ദിവസത്തെ നോമ്പ് ഒഴിവായോ അത്ര എണ്ണം നോമ്പ് വേറെ ദിവസങ്ങളില്‍ നോല്‍ക്ക ണമെന്ന് കല്‍പിച്ചതിനെത്തുടര്‍ന്ന് ….. يُرِيدُ اللَّهُ بِكُمُ الْيُسْرَ (അല്ലാഹു നിങ്ങളില്‍ എളു പ്പത്തെ- നിങ്ങള്‍ക്ക് സൗകര്യം വരുത്തണമെന്ന് ഉദ്ദേശിക്കുന്നു: നിങ്ങളില്‍ ഞെരു ക്കത്തെ അവന്‍ ഉദ്ദേശിക്കുന്നുമില്ല) എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. അല്ലാഹു സ്വയം സ്വീകരിച്ചിട്ടുള്ള ഒരു പൊതുതത്വവും അവന്‍റെ മഹത്തായ ഒരു അനു ഗ്രഹവുമാണ് ഈ വാക്യം കുറിക്കുന്നത്. വുദ്വൂവിനും കുളിക്കും വെള്ളം കിട്ടാത്ത പ്പോള്‍ മണ്ണുകൊണ്ട് ‘തയമ്മും, ചെയ്യണമെന്ന് കല്‍പിച്ചുകൊണ്ട് അല്ലാഹു സൂ: മാഇദഃയില്‍ പറയുന്നു; مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ (നിങ്ങളുടെ മേല്‍ വല്ല വിഷമവും ഉാക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. (മാഇദഃ : 6). അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മുറപ്രകാരം സമരം നടത്തണമെന്ന് കല്‍പിച്ചശേഷം സൂറഃ ഹജ്ജില്‍ പറയുന്നു: وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ (നിങ്ങളുടെ മേല്‍ മതകാര്യത്തില്‍ അവന്‍ ഒരു വിഷമവും ഏര്‍പ്പെടുത്തിയിട്ടില്ല (ഹജ്ജ്: 78 ) بعثت بالحنيفية السمحة (വിട്ടു വീഴ്ചയുള്ള- വിശാലമായ- ഋജുവായ മാര്‍ഗവും കൊണ്ട് ഞാന്‍ നിയോഗിക്കപ്പെട്ടിരി ക്കുന്നു) എന്നും മറ്റും നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും അരുളിച്ചെയ്തിരിക്കുന്നു. മനുഷ്യര്‍ക്ക് അനുഷ്ഠിക്കുവാന്‍ സാദ്ധ്യമല്ലാത്ത കല്‍പനകളൊന്നും മതത്തിലില്ല; മനുഷ്യരുടെ കഴിവും പരിതഃസ്ഥിതികളും പരിഗണിക്കപ്പെട്ടുകൊണ്ടും, ആവശ്യമായ വിട്ടുവീഴ്ചകള്‍ അനുവദിച്ചുകൊണ്ടും മാത്രമേ മതവിധികളുള്ളൂ എന്നൊക്കെയാണ് ഇവയുടെ സാരം. രോഗമുള്ളപ്പോഴും, യാത്രയിലായിരിക്കുമ്പോഴും നോമ്പ് നോല്‍ക്കുക തന്നെ വേണമെ ന്ന് നിര്‍ബന്ധിച്ചു നിങ്ങളെ ബുദ്ധിമുട്ടിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. അതുകൊ ണ്ടാണ് വേറെ ദിവസങ്ങളില്‍ എണ്ണം തികച്ചാലും മതി എന്ന് വെച്ചിരിക്കുന്നതെ ന്നാണ് ഇവിടത്തെ സൂചന.

ഹൃദയത്തില്‍ മതബോധം തീണ്ടാത്തവരും, മതതത്വങ്ങളെപ്പറ്റി വേണ്ടതുപോലെ അറിയാത്തവരുമായ ചില ആളുകള്‍, തങ്ങളുടെ ഇച്ഛക്കൊത്തവണ്ണം മതകല്‍പനകളെ മറികടക്കുവാന്‍വേണ്ടി ഈ തത്വം- അല്ലാഹു നിങ്ങളില്‍ ഞെരുക്കത്തെ ഉദ്ദേശിക്കു ന്നില്ല എന്ന തത്വം- ഒരു ആയുധമാക്കി എടുക്കാറുണ്ട്. അവരുടെ ന്യായം കേട്ടാല്‍ തോന്നും, അല്‍പം ഞെരുക്കമോ ബുദ്ധിമുട്ടോ ആയി തോന്നാവുന്ന ഒരു മതവിധിയും ഇസ്‌ലാമില്‍ ഇല്ലെന്നും, ഓരോരുത്തര്‍ക്കും അവരവരുടെ ഹിതത്തിനും സൗകര്യ ത്തിനും അനുസരിച്ച് മതാനുഷ്ഠാനങ്ങള്‍ നടത്തുവാന്‍ സ്വാതന്ത്ര്യമുണ്ടെന്നുമാണിതിന്‍റെ അര്‍ത്ഥമെന്നും! معاذ الله

(14) ഒഴിഞ്ഞുപോയ നോമ്പ് മറ്റു ദിവസങ്ങളില്‍ നോറ്റു വീട്ടണമെന്നും, നിങ്ങള്‍ക്ക് ഞെരുക്കം കൂടാതെ കഴിച്ചുകൂട്ടുവാന്‍ വേണ്ടിയാണ് അങ്ങനെ നിശ്ചയിച്ചതെന്നും പറ ഞ്ഞശേഷം, അല്ലാഹു ഈ വിഷയം അവസാനിപ്പിക്കുന്നത് നോക്കുക: وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ (നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന് മഹത്വ കീര്‍ത്തനം ചെയ്യാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയും.) ഇതില്‍ നിന്ന് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മനസ്സിലാക്കേതുണ്ട്. ഉദാഹരണമായി:

(ഒന്ന്) അല്ലാഹു ഒരു കാര്യം കല്‍പിക്കുമ്പോള്‍, അതിന്‍റെ പരിപൂര്‍ണ രൂപത്തില്‍ കൊണ്ടുവരാന്‍ കഴിയാത്ത പക്ഷം, കഴിയുന്നത്ര അവന്‍ കല്‍പിച്ചതുപോലെ ആയിരിക്കുവാന്‍ ശ്രമിക്കണമെന്നുള്ളതാണ്.   ഞാന്‍ നിങ്ങളോട് വല്ല കാര്യത്തെക്കുറിച്ചും വിരോ ധിച്ചാല്‍ നിങ്ങളത് (അപ്പടി) വര്‍ജ്ജിക്കണമെന്നും, ഞാന്‍ നിങ്ങളോട് വല്ല കാര്യത്തെ ക്കുറിച്ചും കല്‍പിച്ചാല്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് കഴിയുന്നത്ര കൊണ്ടുവരണമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി പ്രബലമായ ഹദീഥില്‍ വന്നിട്ടുള്ളത് ഇവിടെ സ്മരണീയ മാകുന്നു. നിങ്ങള്‍ക്ക് സാധിക്കുന്നത്ര നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ എന്ന് (64: 16) അല്ലാഹുവും പറഞ്ഞിരിക്കുന്നു. ഒരു നിര്‍ബന്ധ കര്‍മം, അല്ലെങ്കില്‍ ഒരു കല്‍പന തികച്ചും അതിന്‍റെ യഥാരൂപത്തില്‍ കൊണ്ടുവരാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ അത് പാടെ വിട്ടുകളയുവാന്‍ പാടില്ലെന്നും, ആകുന്നത്ര അതിന്‍റെ ബാഹ്യവും ആന്തരികവുമാകു ന്ന വശങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ശ്രദ്ധിക്കണമെന്നുമാണ് ഇതിന്‍റെയെല്ലാം സാരം.

(രണ്ട്) ഒരു നല്ല കര്‍മം ചെയ്തുകഴിയുമ്പോള്‍, അല്ലാഹുവിനെ സ്മരിക്കയും, ആ സല്‍ക്കാര്യം ചെയ്യാന്‍ അനുഗ്രഹിച്ചതില്‍ അല്ലാഹുവിന് നന്ദികാണിക്കയും ചെയ്യുന്നത് ആവശ്യമാണെന്നുള്ളതാണ്. ‘മഹത്വകീര്‍ത്തനം’ എന്ന് അര്‍ത്ഥം കല്‍പിച്ചത് تَكْبِير (തക്ബീറി)നാകുന്നു. ‘അല്ലാഹു അക്ബര്‍’ (അല്ലാഹു ഏറ്റവും വലിയ മഹാന്‍) എന്നുള്ള കീര്‍ത്തനത്തിനാണ് ‘തക്ബീര്‍’ എന്ന് സാധാരണ പറഞ്ഞുവരുന്നത്. ഒരു നന്‍മ ചെയ്തു തീര്‍ക്കുവാന്‍ കഴിയുമ്പോള്‍ അതില്‍ സന്തോഷം തോന്നുന്നതും, ഒരു ചീത്തകാര്യം ചെയ്തുപോയാല്‍ അതില്‍ വെറുപ്പ് തോന്നുന്നതും സത്യവിശ്വാസിയുടെ ലക്ഷണമാണെ ന്ന് ഹദീഥില്‍ വന്നിട്ടുമുണ്ട്.

അപ്പോള്‍, ഒരു മാസക്കാലം അല്ലാഹുവിന് വേണ്ടി സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് നോമ്പുനോല്‍ക്കുവാന്‍   സാധിച്ചതിലുള്ള നന്ദിയും അല്ലാഹുവിന്‍റെ സ്മരണയിലൂടെ പ്രകടമാക്കുക എന്നുള്ളതാണ് ഇതിലടങ്ങിയ തത്വം. നോമ്പില്‍ മാത്രമല്ല, മറ്റുള്ള അനുഷ്ഠാനകര്‍മങ്ങളിലും ഈ തത്വം ഗൗനിക്കപ്പെടേതുണ്ട്. ഹജ്ജുകര്‍മം നിര്‍വഹിക്ക പ്പെട്ടു കഴിഞ്ഞാല്‍, നിങ്ങളുടെ പിതാക്കളെ സ്മരിക്കുന്നതുപോലെ, അഥവാ അതില്‍ ഉപരിയായി നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കണമെന്ന് താഴെ (200-ാം വചനത്തില്‍) അല്ലാഹു പറയുന്നുണ്ട്. ജുമുഅഃ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടാല്‍, ഭൂമിയില്‍ പരന്ന് അല്ലാഹുവിന്‍റെ അനുഗ്രഹം തേടിക്കൊള്ളുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മിക്കു കയും വേണമെന്നും (സൂറഃ ജുമുഅഃ : 10) നമസ്‌കാരത്തിന് ശേഷം അല്ലാഹുവിന് സ്‌തോത്രകീര്‍ത്തനം ചെയ്യണമെന്നും (സൂറഃ ക്വാഫ്: 40) അല്ലാഹു പ്രസ്താവിച്ചിരിക്കു ന്നു. നമസ്‌കാര കര്‍മങ്ങള്‍ക്കുശേഷം പല ‘ദിക്‌റു’ കളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉപദേശിക്കുകയും അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ളതും പ്രസിദ്ധമാണല്ലോ.

(മൂന്ന്) റമദ്വാന്‍ നോമ്പ് അവസാനിക്കുന്നതോടുകൂടി ഉണ്ടാകുന്ന ചെറിയ പെരു ന്നാള്‍ ദിവസം തക്ബീറിന്‍റെയും നന്ദിയുടെയും, സന്തോഷത്തിന്‍റെയും ദിവസമാണെ ന്നുള്ള ഒരു സൂചനയും ഇതില്‍ കാണാം. والله أعلم

യാത്രകളില്‍ നോമ്പ് നിര്‍ബന്ധമില്ലെങ്കിലും കൂടുതല്‍ നല്ലത് നോമ്പ് പിടിക്കലോ, പിടിക്കാതിരിക്കലോ എന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം കാണാം. ഇതുസംന്ധമായ ഹദീഥുകളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍, ആ അഭി പ്രായങ്ങളില്‍ ഏതെങ്കിലും ഒന്ന് അപ്പടി ശരിവെക്കുവാന്‍ ന്യായം കാണുന്നില്ല. സന്ദര്‍ഭ വും, പരിതഃസ്ഥിതിയും, വ്യക്തികളുടെ സ്ഥിതിഗതിയും അനുസരിച്ച് ചിലപ്പോള്‍ നോമ്പ് അനുഷ്ഠിക്കലും, ചിലപ്പോള്‍ നോമ്പ് വിട്ടുകളയലുമാണ് നന്നായിരിക്കുക എന്നാണ് പൊതുവെ മനസ്സിലാകുന്നത്. (അല്ലാഹുവിനറിയാം) ഉദാഹരണാര്‍ത്ഥം ചില ഹദീഥു കള്‍ ഉദ്ധരിക്കാം:-

1. ജാബിര്‍ (റ) പറയുന്നു: ‘മക്കാ വിജയ യാത്രയില്‍ കുറാഉല്‍ ഗമീം (*) എന്ന സ്ഥലത്ത് എത്തുന്നതുവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) റമദ്വാന്‍ നോമ്പ് പിടിച്ചിരുന്നു. അവിടെ എത്തിയപ്പോള്‍, തിരുമേനി ഒരു കോപ്പ വെള്ളം കൊണ്ടു വരുവാന്‍ കല്‍പിച്ചു. അത് ജനങ്ങള്‍ നോക്കി ക്കാണുമാറ് പൊക്കിപ്പിടിച്ചുകൊണ്ട് അവിടുന്ന് കുടിക്കുകയും ചെയ്തു. പിന്നീട് ചില ആളുകള്‍ നോമ്പ് തുടരുകയാണെന്ന് പറയപ്പെട്ടപ്പോള്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: അവര്‍ അനുസരണക്കേട് കാണിക്കുന്നവരാണ്! അവര്‍ അനുസരണക്കേട് കാണിക്കുന്നവരാണ്!’ (മു; തി.) പിന്നീട് അവരും നോമ്പ് മുറിച്ചതായി രിവായത്തുണ്ട്.


 (*) കുറാഉല്‍ഗമീം (كُرَاعُ الغَمِيم) ഉസ്ഫാനീ (عُسْفَان) ല്‍ നിന്ന് മൂന്ന് നാഴിക അകലെയാണ്. മക്കയില്‍ നിന്ന് രണ്ട് ‘മര്‍ഹല:’ (രണ്ട് ദിവസത്തെ യാത്രാദൂരം) അകലെ മദീനായിലേക്കുള്ള മാര്‍ഗത്തില്‍ ഉസ്ഫാനും സ്ഥിതിചെയ്യുന്നു. (القاموس)


2. അനസ് (റ) പറയുന്നു: ഞങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ച് ഒരു യാത്രയിലായിരുന്നു. ഞങ്ങളില്‍ നോമ്പുള്ളവരും, നോമ്പില്ലാത്തവരും ഉണ്ടായിരുന്നു. അങ്ങനെ, ഉഷ്ണമുള്ള ഒരു ദിവസം ഞങ്ങളൊരു താവളത്തില്‍ ഇറങ്ങി. പുതപ്പ് കൈവശമുള്ള ആളുകളായിരു ന്നു ഞങ്ങളില്‍ അധികം തണല്‍ കിട്ടുന്ന ആളുകള്‍. ചിലര്‍ കൈകൊണ്ട് വെയില്‍ തടുക്കുമായിരുന്നു. അങ്ങനെ, നോമ്പുള്ളവര്‍ തളര്‍ന്നു. നോമ്പില്ലാത്തവര്‍ എഴുന്നേറ്റു തമ്പുകള്‍ കെട്ടുകയും, വാഹന മൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കുകയും ചെയ്തു. അപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നോമ്പ് പിടിക്കാത്തവര്‍ കൊണ്ടുപോയി, ഇന്ന് പ്രതിഫലം!’ (ബു; മു; ന.)

3. അനസ് (റ) ഉദ്ധരിച്ച വേറെ ഒരു ഹദീഥില്‍, നോമ്പുള്ളവര്‍ ഇല്ലാത്തവരെയും, ഇല്ലാത്തവര്‍ ഉള്ളവരെയും കുറ്റപ്പെടുത്തിയിരുന്നില്ല എന്നും അദ്ദേഹം പ്രസ്താവിച്ചിരി ക്കുന്നു. (മാ; ബു; മു; ദാ.)

4. ജാബിര്‍ (റ) പറയുന്നു: ഒരു യാത്രയില്‍ (ഞങ്ങളൊന്നിച്ച്) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉണ്ടായിരു ന്നു. ഒരു മനുഷ്യന്‍റെ അടുക്കല്‍ ആളുകള്‍ ഒരുമിച്ചുകൂടുകയും, അദ്ദേഹത്തിന് മീതെ തണലുണ്ടാക്കിക്കൊടുക്കുകയും ചെയ്തതായി അവിടുന്ന് കണ്ടു. അയാള്‍ക്ക് എന്താണെ ന്ന് അവിടുന്ന് ചോദിച്ചു. അയാള്‍ നോമ്പുകാരനാണെന്ന് അവര്‍ ഉത്തരം പറഞ്ഞു. അപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘യാത്രയില്‍ നോമ്പുനോല്‍ക്കല്‍ പുണ്യകാര്യത്തില്‍പെ ട്ടതല്ല.’ (മാ;  ബു; മു; ദാ; ന:)

5. ആഇശഃ (റ) പറയുന്നു: ‘ഹംസത്തുബ്‌നു അംറില്‍ അസ്‌ലമീ (റ) യാത്രയിലെ നോമ്പിനെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിച്ചു. അദ്ദേഹം വളരെ നോമ്പുനോല്‍ക്കാറുള്ള ഒരാളാ യിരുന്നു. അപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘തനിക്ക് വേണമെങ്കില്‍ നോമ്പ് നോറ്റുകൊള്ളുക; വേണമെങ്കില്‍ നോമ്പ് വിട്ടുകൊള്ളുക.’ (മാ;  ബു; മു; ദാ; തി;ന.)

6. അബുദ്ദര്‍ദാഉ് (റ) പറയുന്നു: ‘ഉഷ്ണത്തിന്‍റെ കാഠിന്യം നിമിത്തം തലയില്‍ കൈവെച്ച് പോകുമായിരുന്ന വിധം കഠിന ഉഷ്ണമുള്ള ഒരു ദിവസം ഞങ്ങള്‍ നബി  (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ച് റമദ്വാനില്‍ യാത്ര പുറപ്പെടുകയുണ്ടായി. ഞങ്ങളില്‍ റസൂല്‍ തിരുമേനി  (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും, ഇബ്‌നുറവാഹത്തും (റ) അല്ലാതെ നോമ്പുള്ളവര്‍ ഉണ്ടായിരുന്നില്ല.’ (ബു; മു; ദാ.)

7. ഹംസത്തുബ്‌നു അംറില്‍ അസ്‌ലമീ (റ) പറയുകയുണ്ടായി: ‘അല്ലാഹുവിന്‍റെ റസൂലേ, എനിക്ക് യാത്രയില്‍ നോമ്പിന് ശക്തിയുള്ളതായി ഞാന്‍ കാണുന്നു. അതുകൊണ്ട് എനിക്കതില്‍ തെറ്റുണ്ടോ?’   അപ്പോള്‍ തിരുമേനി പറഞ്ഞു: ‘അത് പ്രതാപശാലിയും മഹാനുമായ അല്ലാഹുവിന്‍റെ വക ഒരു ഇളവാകുന്നു. അത്   ആരെങ്കിലും സ്വീകരിച്ചാല്‍ അത് നല്ലതാണ്. ഒരാള്‍ നോമ്പ് നോല്‍ക്കുവാന്‍ ഇഷ്ടപ്പെട്ടാല്‍ അവന്‍റെ മേല്‍ തെറ്റുമില്ല.’ (മു) ഇതിനെക്കുറിച്ചായിരിക്കും 5-ാമത്തെ ഹദീഥില്‍ ആഇശാ (റ) പ്രസ്താവിച്ചത്. الله أعلم

ഇതുപോലെ ഹദീഥുകള്‍ വേറെയും പലതും ഉദ്ധരിക്കുവാനുണ്ട്. യഥാര്‍ത്ഥം മന സ്സിലാക്കുവാന്‍ ഇവ തന്നെ മതിയല്ലോ. ഇവയില്‍ ഏതെങ്കിലും ഹദീഥുകളെയോ സംഭ വത്തെയോ മാത്രം കണക്കിലെടുത്തുകൊണ്ട് യാത്രക്കാരന് നോമ്പാണ് നല്ലതെന്നോ, നോമ്പുനോല്‍ക്കാതിരിക്കലാണ് നല്ലതെന്നോ പൊതുവില്‍ ഒരു വിധി കല്‍പിക്കുന്നത് ശരിയായിരിക്കയില്ല. ഓരോന്നിന്‍റെയും സന്ദര്‍ഭംകൂടി കണക്കിലെടുത്തുവേണം യഥാര്‍ത്ഥം മനസ്സിലാക്കുവാന്‍.

അല്ലാഹു നല്‍കിയ ഇളവുകളും വിട്ടുവീഴ്ചകളും ഉപയോഗപ്പെടുത്തുന്നത് നന്ന ല്ലെന്ന ഭാവത്തില്‍, ബുദ്ധിമുട്ടുകള്‍ സ്വയം അനുഭവിക്കുന്ന സ്വഭാവവും, നേരെമറിച്ച് നാമമാത്രമായെങ്കിലും കാണുന്ന പഴുതുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അല്ലാഹു നല്‍കിയ ഇളവിന്‍റെ പേരില്‍ നിയമത്തില്‍ നിന്ന് ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്ന സ്വഭാവ വും- രണ്ടും തന്നെ- നന്നല്ലെന്നും, ഒന്നാമത്തേത് ഒരു തരം നന്ദികേടും, രണ്ടാമത്തേത് ഒരു തരം ധിക്കാരവുമാണെന്നും ഇതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. നോമ്പ് വിട്ടുകളയുവാന്‍ ഒരാള്‍ക്ക് തക്കതായ കാരണമുണ്ടായാല്‍ തന്നെയും ആ കാരണം മറ്റുള്ള വര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതായിരിക്കുമ്പോള്‍, അയാള്‍ ഭക്ഷണം കഴിക്കുക മുതലായ നോമ്പിന് യോജിക്കാത്ത കാര്യങ്ങള്‍ നടത്തുന്നത് പരസ്യമാക്കാതെ സൂക്ഷിക്കേണ്ട താകുന്നു. പ്രത്യേകിച്ചും അമുസ്‌ലിംകള്‍ക്കിടയില്‍ ഇത് ശ്രദ്ധിക്കപ്പെടേതുണ്ട്. അല്ലാത്തപക്ഷം വൃഥാ തെറ്റിദ്ധാരണകള്‍ക്ക്   കാരണമാകുമെന്നുള്ളത് മാത്രമല്ല, ഇതിലുള്ള ദോഷം. ഒരു തരത്തില്‍ റമദ്വാന്‍ മാസത്തിന്‍റെ നേരെയുള്ള ഒരു അനാദരവും, ഇസ്‌ലാമിന് നേരെ വിമതസ്ഥര്‍ക്ക് പരിഹാസം തോന്നിക്കുവാന്‍ ഇടവരുത്തുന്ന തുമാണത്. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ ശരിക്കും പാലിക്കുന്ന ഭയഭക്തരുടെ കൂട്ട ത്തില്‍ അവന്‍ നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. امين

2:186
 • وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ ﴾١٨٦﴿
 • (നബിയേ) എന്‍റെ അടിയാന്‍മാര്‍ എന്നെപ്പറ്റി നിന്നോട് ചോദിച്ചാല്‍, നിശ്ചയമായും ഞാന്‍ സമീപസ്ഥനാകുന്നു (എന്നു പറയുക). എന്നെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചാല്‍ ഞാന്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവന്‍റെ വിളിക്ക് ഉത്തരം നല്‍കുന്ന താണ്. എന്നാല്‍, അവര്‍ എനിക്ക് [എന്‍റെ വിളിക്ക്] ഉത്തരം ചെയ്യുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ; അവര്‍ നേര്‍വഴി പ്രാപിച്ചേക്കുന്നതാണ്.
 • وَإِذَا سَأَلَكَ നിന്നോടുചോദിച്ചാല്‍ عِبَادِي എന്‍റെ അടിയാന്‍മാര്‍ عَنِّي എന്നെപ്പറ്റി فَإِنِّي എന്നാല്‍ നിശ്ചയമായും ഞാന്‍ قَرِيبٌ സമീപസ്ഥനാണ് أُجِيبُ ഞാന്‍ ഉത്തരം നല്‍കും دَعْوَةَ വിളിക്ക്, പ്രാര്‍ത്ഥനക്ക് الدَّاعِ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വന്‍റെ إِذَا دَعَانِ അവന്‍ എന്നെ വിളിച്ചാല്‍, എന്നോട് പ്രാര്‍ത്ഥിച്ചാല്‍ فَلْيَسْتَجِيبُوا എന്നാല്‍ അവര്‍ ഉത്തരം ചെയ്യട്ടെ, അതിനാല്‍ അവര്‍ ഉത്തരം തേടിക്കൊള്ളട്ടെ لِي എനിക്ക്, എന്നോട് وَلْيُؤْمِنُوا അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ بِي എന്നില്‍, എന്നെക്കൊണ്ട് لَعَلَّهُمْ അവരായേക്കാം, ആകുവാന്‍വേണ്ടി يَرْشُدُونَ അവര്‍ നേര്‍വഴിക്കാകും

കഴിഞ്ഞ വചനങ്ങളില്‍ നോമ്പിനെക്കുറിച്ച് പലതും പ്രസ്താവിച്ചു. അവസാനം അല്ലാഹു വിനെ മഹത്വപ്പെടുത്തുവാനും, അവന് നന്ദി കാണിക്കുവാനും ഉപദേശിച്ചു. തുടര്‍ന്നുകൊണ്ട് ഈ വചനത്തില്‍   പ്രാര്‍ത്ഥനയെക്കുറിച്ച് പ്രസ്താവിക്കുന്നു. അടുത്ത വചന ത്തില്‍ വീണ്ടും നോമ്പ് സംബന്ധമായ കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. ഇടക്ക് വെച്ച് പ്രാര്‍ത്ഥനയുടെ കാര്യം പറയുകയും, അതിന് പ്രേരിപ്പിക്കുകയും ചെയ്തതില്‍ നിന്ന് നോമ്പും പ്രാര്‍ത്ഥനയും തമ്മില്‍ ബന്ധമുണ്ടെന്ന്- നോമ്പ് കാലത്തെ പ്രാര്‍ത്ഥനക്ക് പ്രത്യേകം പ്രാധാന്യമുണ്ടെന്ന്- മനസ്സിലാക്കാവുന്നതാണ്. നോമ്പുകാരന്‍ നോമ്പ് തുറ ക്കുമ്പോള്‍ ചെയ്യുന്ന പ്രാര്‍ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണെന്ന് ഹദീഥുകളില്‍ വന്നിട്ടുള്ളതും, ഇക്കാരണത്താല്‍ ഇബ്‌നു ഉമര്‍ (റ) നോമ്പ് തുറക്കുന്ന സമയത്ത് തന്‍റെ വീട്ടുകാരെയും മക്കളെയും ഒരുമിച്ച് കൂട്ടി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്ന് രിവായ ത്ത് ചെയ്യപ്പെട്ടിട്ടുള്ളതും പ്രസ്താവ്യമാകുന്നു. (ഇബ്‌നുകഥീര്‍ നോക്കുക) ഈ വച നവും, ഇതിന്‍റെ മുമ്പും പിമ്പുമുള്ള വചനങ്ങളും മനസ്സിരുത്തി പരിശോധിക്കുന്നവര്‍ക്ക് നോമ്പും പ്രാര്‍ത്ഥനയും തമ്മിലുള്ള പ്രത്യേക ബന്ധം മനസ്സിലാക്കുവാന്‍ സാധിക്കുന്ന താണ്.

എന്നാല്‍- മുമ്പ് ചൂണ്ടിക്കാട്ടിയതുപോലെ- നോമ്പിന് കഴിവുള്ളവര്‍ നോമ്പ് നോല്‍ക്കാതെ പകരം തെണ്ടം കൊടുത്താലും മതിയെന്നുള്ള വിധി ഇന്നും നിലവിലുണ്ടെന്ന പുത്തന്‍ അഭിപ്രായക്കാരുടെ   ദൃഷ്ടിയില്‍ നോമ്പിനോ, നോമ്പും പ്രാര്‍ത്ഥനയും തമ്മിലുള്ള ബന്ധത്തിനോ അത്ര വലിയ സ്ഥാനമൊന്നും ഇല്ലാതിരിക്കുക   സ്വാഭാവികമാണല്ലോ. അതുകൊണ്ടായിരിക്കാം അവരില്‍ ചിലര്‍, ഈ ആയത്തും ഇതിന്‍റെ മുമ്പത്തെ ആയത്തുകളും തമ്മില്‍ ഒരു പുതിയ കൂട്ടിഇണക്കല്‍ നടത്തിക്കാണുന്നത്. ഈ ആയത്തിന്‍റെ അര്‍ത്ഥോദ്ദേശ്യങ്ങള്‍ വിവരിച്ചുകൊണ്ട് അവര്‍ പറയുന്നു: ‘പട്ടിണി കിടന്നു ദേഹം പീഡിപ്പിച്ചാലേ ദൈവസാമീപ്യം പ്രാപിക്കാറാവുകയുള്ളൂവെന്നുള്ള പഴയ ധാരണ തെറ്റാണ്. എന്‍റെ അടിമകള്‍ നിന്നോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ (നീ പറയുക: എന്നെ സമീപിക്കുവാന്‍ അവര്‍ പാടുപെടേണ്ടതില്ല) ഞാന്‍ (അവരുടെ) സമീപ സ്ഥനാകുന്നു……..’ ഈ വാചകങ്ങളുടെ പിന്നിലുള്ള മനസ്സിരുപ്പ് നോമ്പിന് ഇസ്‌ലാമില്‍ കല്‍പിക്കപ്പെട്ടിട്ടുള്ള സ്ഥാനം- അതിന്‍റെ ആത്മീയവശം- ഒന്ന് താഴ്ത്തിക്കാട്ടലല്ലാതെ മറ്റെന്താണെന്ന് നമുക്ക് മനസ്സിലാകുന്നില്ല. ഇത്തരം ചില പ്രയോഗങ്ങള്‍ ഇവരില്‍ നിന്നൊക്കെ വേറെയും കാണാറുള്ളതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചര്യയില്‍ നിന്നറിയപ്പെട്ട സുന്നത്ത് നോമ്പുകളെ സംബന്ധിച്ചിടത്തോളം വളരെ പുച്ഛമായ സ്വരത്തില്‍ ഇത്തര ക്കാരുടെ പ്രസ്താവനകള്‍ അവയില്‍ ചിലതാകുന്നു.

‘നമ്മുടെ റബ്ബ് സമീപസ്ഥനാണോ? എങ്കില്‍ നമുക്ക് അവനുമായി പതുക്കെ സംഭാഷണം ചെയ്യാം. അവന്‍ ദൂരസ്ഥനാണോ? എങ്കില്‍ അവനോട് നമുക്ക് വിളിച്ച് ചോദിക്കാം’ എന്ന് ഒരു അഅ്‌റാബി (മരുഭൂവാസിയായ അറബി) ചോദിച്ചതിനെത്തുടര്‍ന്ന് ഈ വചനം അവതരിച്ചതെന്നും, ‘നമ്മുടെ റബ്ബ് എവിടെയാണ്?’ എന്ന് ചിലര്‍ അന്വേഷിച്ചതിനെ ത്തുടര്‍ന്ന് അവതരിച്ചതാണെന്നുമൊക്കെ ചില രിവായത്തുകള്‍ കാണാം. യഥാര്‍ത്ഥ ത്തില്‍ അങ്ങനെ ഒരു ചോദ്യം സംഭവിച്ചിട്ടില്ലെങ്കില്‍ പോലും ആരെങ്കിലും അങ്ങനെ ചോദിച്ചാല്‍ ഇന്ന വിധത്തില്‍ ഉത്തരം പറയണമെന്ന് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പഠിപ്പിച്ച തുമാകാവുന്നതാണ്. (അല്ലാഹുവിനറിയാം) ഏതായാലും ‘എന്‍റെ അടിമകള്‍ ചോദി ച്ചാല്‍ (إِذَاسَأَلَكَ عَبِيدى)’ എന്നോ മറ്റോ പറയാതെ ‘എന്‍റെ അടിയാന്‍മാര്‍ ചോദിച്ചാല്‍ (إِذَاسَأَلَكَ عِبَادِي)’ എന്ന പ്രയോഗത്തില്‍, എന്നെ ആരാധിക്കുന്ന എന്‍റെ അടിമകളായ ആളുകള്‍ക്ക് എന്നെപ്പറ്റി അറിയുവാന്‍ ആഗ്രഹമുണ്ടാകും- അതുകൊണ്ട് അവര്‍ക്ക് പറ ഞ്ഞുകൊടുക്കുക- എന്നൊരു ആശയം അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. (*) അല്ലാഹു എപ്പോഴും തന്‍റെ അടിയാന്‍മാരുടെ അടുത്ത് തന്നെ ഉണ്ട്. അവരുടെ പ്രാര്‍ത്ഥനകളെല്ലാം അവന്‍ എപ്പോഴും കേള്‍ക്കുകയും അറിയുകയും ചെയ്യും, അവരുടെ അപേക്ഷകളെ അവന്‍ പാഴാക്കി കളയുകയില്ല, അതുകൊണ്ട് അവന്‍റെ മുമ്പില്‍ അപേക്ഷകള്‍ സമര്‍പ്പി ക്കുന്നതിന് അവര്‍ പ്രത്യേക സമയമോ സ്ഥലമോ നോക്കേണ്ടതില്ല, മറ്റൊരാളുടെ മദ്ധ്യസ്ഥമോ ശുപാര്‍ശയോ അതില്‍ കൂട്ടിച്ചേര്‍ക്കേതുമില്ല, അവനെ കേള്‍പ്പിക്കുവാന്‍ വേണ്ടി ഉച്ചത്തില്‍ വിളിച്ചു പറയേണ്ടതുമില്ല എന്നൊക്കെ ജനങ്ങള്‍ക്ക് പറഞ്ഞുകൊടു ക്കുവാന്‍ അല്ലാഹു ഈ വചനം മുഖേന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുന്നു. അവര്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന് ഉത്തരം നല്‍കുവാന്‍ സദാ ഞാന്‍ സന്നദ്ധനായിരിക്കുന്ന സ്ഥിതിക്ക് എന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക വഴി എന്‍റെ വിളിക്കും അവരും ഉത്തരം ചെയ്യേണ്ടതാണെന്നും, എന്നില്‍ ശരിക്കും വിശ്വസിച്ചിരിക്കേതാണ്ടതാണെന്നും കൂടി ഉണര്‍ത്തുന്നു. فَلْيَسْتَجِيبُوا لِي എന്ന വാക്കിന് ‘അതിനാല്‍ അവര്‍ എന്നോട് ഉത്തരം നല്‍കുവാന്‍ തേടിക്കൊള്ളട്ടെ’ എന്നും അര്‍ത്ഥം വരാവുന്നതാണ്. ഈ അര്‍ത്ഥം സ്വീകരി ച്ചാലും അവസാനം അതും മേല്‍ വിവരിച്ച സാരത്തില്‍ തന്നെ കലാശിക്കുന്നതാണ്. കാരണം, അല്ലാഹുവിനെ അനുസരിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്തുകൊണ്ട ല്ലാതെ അവനോട് ഉത്തരം നല്‍കുവാന്‍ അപേക്ഷിക്കുന്നതിന് അര്‍ത്ഥമില്ല. എങ്കിലും ആദ്യം സൂചിപ്പിച്ച അര്‍ത്ഥമാണ് ആ വാക്കിന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ അംഗീകരിച്ചു കാണുന്നത്. കൂടുതല്‍ നന്നായി തോന്നുന്നതും അതുതന്നെ.


(*) അടിമ എന്നര്‍ത്ഥമായ عَبْد (അബ്ദ്)ലുള്ള തരവ്യത്യാസങ്ങളെയും, അതിന്‍റെ ബഹുവചനങ്ങളായ عِبَاد، عبيد (ഇബാദ്, അബീദ്) എന്നീ പദങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെയും കുറിച്ച് ഇമാം റാഗിബ് (റ)ന്‍റെ പ്രസ്താവനകള്‍ സൂ: ആലുഇംറാന്‍ 182-ാം വചനത്തിന്‍റെ വിവരണത്തില്‍ കാണുക.


‘വിളിച്ചു, പ്രാര്‍ത്ഥിച്ചു, അപേക്ഷിച്ചു, യാചിച്ചു, തേടി’ എന്നൊക്കെ സന്ദര്‍ഭോചിതം അര്‍ത്ഥങ്ങള്‍ വരുന്ന دَعَا (ദആ) എന്ന ക്രിയയുടെ ധാതുവാണ് دُعَاء (ദുആഅ്) എന്ന വാക്ക്. ഇതേ മാതിരിയുള്ള മറ്റൊരു വാക്കാണ് دَعْوَة (ദഅ്‌വത്ത്) എന്നതും. അല്ലാഹുവിനെ വിളിച്ചു, അവനോട് തേടി’ എന്നൊക്കെ മലയാളത്തില്‍ പറയുമ്പോള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിച്ചു എന്നുള്ള അര്‍ത്ഥത്തിലായിരിക്കുമല്ലോ അത്. അതുപോലെ, ഈ വാക്കുകളും അല്ലാഹുവിനോട് ചേര്‍ത്ത് പറയുമ്പോള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുക എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കപ്പെടാറുള്ളത്. പ്രാര്‍ത്ഥനയാകട്ടെ, ആരാധനയുടെ വിവിധ രൂപങ്ങളില്‍ ഒന്നാണ് താനും. അത്രയുമല്ല, ആരാധനകളുടെ കാതലായ വശം തന്നെ പ്രാര്‍ത്ഥനയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ദുആ (പ്രാര്‍ത്ഥന) തന്നെയാണ് ഇബാ ദത്ത് (ആരാധന.)’ തുടര്‍ന്നുകൊണ്ട് (ഇതിന് തെളിവായി) സൂറത്തുല്‍ മുഅ്മിന്‍ 60-ാം വചനം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓതുകയും ചെയ്തു. (അ; തി; ദാ; ന.) പ്രസ്തുത വചനത്തിന്‍റെ സാരം ഇതാകുന്നു: ‘നിങ്ങളുടെ റബ്ബ് പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുവി ന്‍. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്യും. നിശ്ചയമായും, എന്നെ ആരാധിക്കുന്നതിനെ ക്കുറിച്ച് അഹംഭാവം നടിക്കുന്നവര്‍ നിന്ദ്യന്‍മാരായ നിലയില്‍ വഴിയെ നരകത്തില്‍ പ്രവേശിക്കുന്നതാണ്.’ ഈ   വചനത്തില്‍ ആദ്യം പറഞ്ഞ പ്രാര്‍ത്ഥനയെ പറ്റിയാണ് രണ്ടാമത് ആരാധന എന്ന് പ്രയോഗിച്ചത്. മറ്റൊരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞ വാചകം: ‘ദുആ ഇബാദത്തിന്‍റെ മജ്ജയാകുന്നു.’ എന്നാകുന്നു. (തി.) ഇതുകൊണ്ടാണ്, ആരാധനയിലുള്ള തൗഹീദീനെയും, ശിര്‍ക്കിനെയും കുറിച്ച് പറയുമ്പോള്‍, മറ്റുള്ള ആരാധനാകര്‍മങ്ങളെക്കാള്‍ അധികമായി ‘ദുആ’യെ   (വിളിച്ചു പ്രാര്‍ത്ഥിക്കലിനെ)ക്കുറിച്ച് കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടു കാണുന്നതും.

إِنِّي قَرِيبٌ (ഞാന്‍ സമീപത്തുള്ളവനാണ്) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, ഞാന്‍ പ്രാര്‍ത്ഥിക്കുന്നവന്‍റെ അടുത്ത സ്ഥലത്ത് സ്ഥിതി ചെയ്യുന്നുവെന്നല്ല. താഴെ ഉദ്ധരിക്കുന്ന ഹദീഥുകളില്‍ നിന്ന് അതിന്‍റെ താല്‍പര്യം വ്യക്തമായി മനസ്സിലാക്കാം: അഹ്മദ്, ബുഖാരീ, മുസ്‌ലിം (റ) മുതലായ പലരും അബൂമൂസല്‍ അശ്അരീ (റ) പറഞ്ഞതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘ഞങ്ങള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയൊന്നിച്ച് ഒരു യുദ്ധയാത്രയിലായിരുന്നപ്പോള്‍, ഞങ്ങള്‍ വല്ല കുന്നിലേക്കും കയറുകയോ, കുന്നിന്‍ മുകളിലായിരിക്കുകയോ, വല്ല താഴ്‌വരയിലും ഇറങ്ങുകയോ ചെയ്യുമ്പോഴെല്ലാം തന്നെ, ശബ്ദം ഉയര്‍ത്തി ‘തക്ബീര്‍’ ചൊല്ലാതിരിക്കുമായിരുന്നില്ല . അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഹേ, മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ ദേഹങ്ങളോട് മിതത്വം കാണിക്കുവിന്‍. നിങ്ങള്‍ വിളിക്കുന്നത് ബധിരനായ ഒരുവനെയോ സന്നിഹിതനല്ലാത്ത ഒരുവനെയോ അല്ല (എല്ലാം) കേള്‍ക്കുന്നവനും കാണുന്നവനുമായ ഒരുവനെയാണ് നിങ്ങള്‍ വിളിക്കുന്നത്. നിശ്ചയ മായും, നിങ്ങള്‍ വിളിക്കുന്നവന്‍ നിങ്ങള്‍ ഓരോരുത്തരുടെയും കഴുത്തിനെക്കാള്‍ അവനോട് അടുപ്പമുള്ളവനാകുന്നു……….’   നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞുകേട്ടതായി അബൂഹുറയ്‌റഃ (റ) യില്‍ നിന്ന് ഇമാം അഹ്മദ് (റ) ഇങ്ങനെ ഉദ്ധരിക്കുന്നു: എന്‍റെ   അടിയാന്‍ എന്നെ സ്മരിക്കുകയും, എന്നെക്കുറിച്ച് അവന്‍റെ അധരങ്ങള്‍ ഇളകിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴൊക്കെ ഞാന്‍ അവനോട് കൂടെ ഉണ്ടായിരിക്കുന്നതാണ്.’

‘എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍റെ പ്രാര്‍ത്ഥനക്ക് ഞാന്‍ ഉത്തരം നല്‍കും (أُجِيبُ دَعْوَةَ الدَّاعِ)’ എന്ന് അല്ലാഹു   പറഞ്ഞിരിക്കെ, നാം പ്രാര്‍ത്ഥിക്കുന്ന എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം കിട്ടിക്കാണാത്തതെന്താണെന്ന് വല്ലവരും സംശയിച്ചേക്കാം. ഇതിനുള്ള മറുപടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീഥുകളില്‍ നിന്ന് ലഭിക്കുന്നതാണ്. തിര്‍മദിയും, ഇമാം അഹ്മദിന്‍റെ പുത്രന്‍ അബ്ദുല്ലാ (റ)യും ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയു ന്നു: ‘ഭൂമിയുടെ മുകളിലുള്ള മുസ്‌ലിമായ ഏതൊരുവനും അല്ലാഹുവിനോട് വല്ലതും പ്രാര്‍ത്ഥിച്ചാല്‍- അവന്‍ ഒരു കുറ്റകരമായ കാര്യത്തിനോ, ചാര്‍ച്ചാബന്ധം മുറിക്കുന്നതിനോ പ്രാര്‍ത്ഥിക്കാത്ത പക്ഷം- അല്ലാഹു അവന് അത് നല്‍കുകയോ, അല്ലെങ്കില്‍ തിന്മയില്‍ നിന്ന് അതിനോട് തുല്യമായതൊന്ന് തട്ടിനീക്കിക്കൊടുക്കുകയോ ചെയ്യാതിരിക്കയില്ല. അബൂസഈദില്‍ ഖുദ്‌രീ (റ)യില്‍ നിന്ന് ഇമാം അഹ്മദ് (റ) ഉദ്ധരിച്ച ഒരു ഹദീഥിലെ വാചകം ഇങ്ങനെയാണ്: ‘കുറ്റമില്ലാത്തതോ, ചാര്‍ച്ചാബന്ധം മുറിക്കലില്ലാത്തതോ ആയ വല്ല പ്രാര്‍ത്ഥനയും ഒരു മുസ്‌ലിം ചെയ്യുന്നതായാല്‍, അല്ലാഹു അവന് മൂന്നില്‍ ഒരു കാര്യം ചെയ്തുകൊടുക്കാതിരിക്കുകയില്ല: ഒന്നുകില്‍ അവന്‍ പ്രാര്‍ത്ഥിച്ച കാര്യം അവന് വേഗ മാക്കിക്കൊടുക്കുക; അല്ലെങ്കില്‍ അതിനെ അവനുവേണ്ടി പരലോകത്തേക്ക് സൂക്ഷി ച്ചുവെക്കുക; അല്ലെങ്കില്‍ അവനില്‍ നിന്ന് അതിന്‍റെ അത്ര തിന്മയെ തിരിച്ചുകളയുക. ‘ അപ്പോള്‍, സ്വഹാബികള്‍ പറഞ്ഞു: ‘എന്നാല്‍ നമുക്ക് (പ്രാര്‍ത്ഥന) അധികരിപ്പിക്കാമല്ലോ!’ തിരുമേനി പറഞ്ഞു: ‘അല്ലാഹു കൂടുതല്‍ അധികം നല്‍കുന്നവനാകുന്നു.’ ഇമാം മുസ്‌ലിം (റ) രേഖപ്പെടുത്തിയ ഒരു ഹദീഥ് ഇങ്ങനെയാകുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘കുറ്റ കരമായതിനോ ചാര്‍ച്ചാബന്ധം മുറിക്കുന്നതിനോ, ഒരു അടിയാന്‍ പ്രാര്‍ത്ഥിക്കാത്തപ്പോള്‍- അവന്‍ ധൃതി കൂട്ടാത്തപക്ഷം- അവന് ഉത്തരം നല്‍കപ്പെട്ടുകൊണ്ടിരിക്കും.’ അപ്പോള്‍ ചോദിക്കപ്പെട്ടു: ധൃതികൂട്ടുക എന്നാലെന്ത്?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഞാന്‍ പ്രാര്‍ത്ഥിച്ചു, ഞാന്‍ പ്രാര്‍ത്ഥിച്ചു എനിക്ക് ഉത്തരം കിട്ടിക്കാണുന്നില്ല എന്നുപറയുകയും അങ്ങിനെ കുണ്ഠിതപ്പെട്ട് പ്രാര്‍ത്ഥന വിട്ടുകളയുകയും ചെയ്യുക.’ വേറെ ഒരു ഹദീ ഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയാണ്: ‘അടിയാന്‍ അല്ലാഹുവിങ്കലേക്ക് രണ്ട് കൈയും നീട്ടി അതിലേക്ക് വല്ല നന്മയും ചോദിച്ചിട്ട് (ഒന്നും നല്‍കാതെ) അത് രണ്ടിനെയും പരാജയമ ടഞ്ഞ നിലയില്‍ മടക്കിക്കളയുവാന്‍ നിശ്ചയമായും അല്ലാഹു ലജ്ജിക്കുന്നതാണ്.’ (ദാ; തി; ജ.) പ്രാര്‍ത്ഥിക്കുന്നവന്‍റെ പ്രാര്‍ത്ഥന എപ്പോള്‍, എങ്ങനെ, എത്ര കണ്ട് സ്വീകരിക്ക ണമെന്നും, അവന് കൂടുതല്‍ മെച്ചം ഏതായിരിക്കുമെന്നുമൊക്കെ അവനെക്കാളും, മറ്റാരെക്കാളും അറിയുക   അല്ലാഹുവിനാണല്ലോ. വീണ്ടും നോമ്പിന്‍റെ വിഷയം തന്നെ തുടര്‍ന്നുകൊണ്ട് അല്ലാഹു പറയുന്നു:

2:187
 • أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ ٱللَّهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَٱلْـَٔـٰنَ بَـٰشِرُوهُنَّ وَٱبْتَغُوا۟ مَا كَتَبَ ٱللَّهُ لَكُمْ ۚ وَكُلُوا۟ وَٱشْرَبُوا۟ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلْأَبْيَضُ مِنَ ٱلْخَيْطِ ٱلْأَسْوَدِ مِنَ ٱلْفَجْرِ ۖ ثُمَّ أَتِمُّوا۟ ٱلصِّيَامَ إِلَى ٱلَّيْلِ ۚ وَلَا تُبَـٰشِرُوهُنَّ وَأَنتُمْ عَـٰكِفُونَ فِى ٱلْمَسَـٰجِدِ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَقْرَبُوهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ ءَايَـٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَّقُونَ ﴾١٨٧﴿
 • നോമ്പിന്‍റെ രാത്രിയില്‍ നിങ്ങളുടെ സ്ത്രീ [ഭാര്യ]കളുമായി സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് ഒരു (തരം) വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കും ഒരു (തരം) വസ്ത്രമാകുന്നു. നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങളോട് തന്നെ വഞ്ചന നടത്തിയിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കു ന്നു. എന്നാല്‍, അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും, നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു. എനി, ഇപ്പോള്‍, നിങ്ങള്‍ അവരുമായി സ്പര്‍ശനം നടത്തുകയും [കൂടിച്ചേരുകയും] അല്ലാഹു നിങ്ങള്‍ക്ക് (വിധിച്ച) നിശ്ചയിച്ചതിനെ നിങ്ങള്‍ തേടുകയും ചെയ്തുകൊള്ളുവിന്‍; നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍; കറുപ്പ് നൂലില്‍ [ഇരുട്ടില്‍] നിന്ന് പ്രഭാതമാകുന്ന വെള്ളനൂല്‍ നിങ്ങള്‍ക്ക് വ്യക്തമായിത്തീരുന്നതുവരേക്കും. പിന്നെ, നിങ്ങള്‍ രാത്രി വരെ നോമ്പ് പൂര്‍ത്തിയാക്കുക. നിങ്ങള്‍ പള്ളികളില്‍ 'ഇഅ്തികാഫ്' [ഭജനമിരിക്കല്‍] ചെയ്യുന്നവരായിരിക്കുമ്പോഴും അവരുമായി നിങ്ങള്‍ സ്പര്‍ശനം നടത്തരുത് [കൂടിച്ചേരരുത്] അവ(യൊക്കെ) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു: അതിനാല്‍, അവയെ നിങ്ങള്‍ സമീപിക്കരുത്. അപ്രകാരം, അല്ലാഹു അവന്‍റെ 'ആയത്ത് ' [ലക്ഷ്യം]കളെ മനുഷ്യര്‍ക്ക് (വ്യക്തമാക്കി) വിവരിച്ചുതരുന്നു; അവര്‍ സൂക്ഷ്മത പാലിച്ചേക്കാം.
 • أُحِلَّ ഹലാലാക്ക (അനുവദിക്ക)പ്പെട്ടിരിക്കുന്നു لَكُمْ നിങ്ങള്‍ക്ക് لَيْلَةَ രാത്രിയില്‍ الصِّيَامِ നോമ്പിന്‍റെ الرَّفَثُ സ്വകാര്യ സല്ലാപം, സംസര്‍ഗം إِلَىٰ نِسَائِكُمْ നിങ്ങളുടെ സ്ത്രീകളുമായി هُنَّ അവര്‍ لِبَاسٌ لَّكُمْ നിങ്ങള്‍ക്ക് ഒരു വസ്ത്രമാണ് وَأَنتُمْ നിങ്ങളും لِبَاسٌ لَّهُنَّ അവര്‍ക്ക് ഒരു വസ്ത്രമാണ് عَلِمَ اللَّهُ അല്ലാഹു അറിഞ്ഞിരിക്കുന്നു أَنَّكُمْ كُنتُمْ നിങ്ങളായിരുന്നുവെന്ന് تَخْتَانُونَ നിങ്ങള്‍ വഞ്ചന പ്രവര്‍ത്തിക്കും أَنفُسَكُمْ നിങ്ങളുടെ സ്വന്തങ്ങളോട് فَتَابَ عَلَيْكُمْ എന്നാല്‍ അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു وَعَفَا عَنكُمْ നിങ്ങള്‍ക്ക് മാപ്പ് നല്‍കു കയും ചെയ്തിരിക്കുന്നു فَالْآنَ അതിനാല്‍ ഇപ്പോള്‍ بَاشِرُوهُنَّ നിങ്ങള്‍ അവരോട് സ്പര്‍ശനം (കൂടിച്ചേരല്‍) നടത്തിക്കൊള്ളുവിന്‍ وَابْتَغُوا നിങ്ങള്‍ തേടുക (ആഗ്രഹി ക്കുക)യും ചെയ്യുവിന്‍ مَا كَتَبَ اللَّهُ അല്ലാഹു നിശ്ചയിച്ച (വിധിച്ച- രേഖപ്പെടുത്തിയ)ത് لَكُمْ നിങ്ങള്‍ക്ക് وَكُلُوا നിങ്ങള്‍ തിന്നുകയും ചെയ്യുവിന്‍ وَاشْرَبُوا നിങ്ങള്‍ കുടി ക്കുകയും ചെയ്യുവിന്‍ حَتَّىٰ يَتَبَيَّنَ വ്യക്തമായിത്തീരുന്നതുവരേക്ക് لَكُمُ നിങ്ങള്‍ക്ക് الْخَيْطُ നൂല്‍ الْأَبْيَضُ വെള്ള, വെളുത്ത مِنَ الْخَيْطِ നൂലില്‍ നിന്ന് الْأَسْوَدِ കറുത്ത مِنَ الْفَجْرِ പ്രഭാതത്തിനാല്‍, പ്രഭാതമാകുന്ന ثُمَّ أَتِمُّوا പിന്നെ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍ الصِّيَامَ നോമ്പ് إِلَى اللَّيْلِ രാത്രി വരെ وَلَا تُبَاشِرُوهُنَّ നിങ്ങളവരോട് സ്പര്‍ശനം നടത്തരുത് وَأَنتُمْ നിങ്ങള്‍ ആയിരിക്കെ عَاكِفُونَ ഇഅ്തികാഫ് ചെയ്യുന്നവര്‍, ഭജനമിരിക്കുന്നവര്‍ فِي الْمَسَاجِدِ പള്ളികളില്‍ تِلْكَ അവ. അത് حُدُودُ اللَّهِ അല്ലാഹുവിന്‍റെ അതിര് (അതിര്‍ത്തി)കളാകുന്നു فَلَا تَقْرَبُوهَا അതിനാല്‍ അവയോട് നിങ്ങള്‍ അടുക്കരുത് كَذَٰلِكَ അപ്രകാരം يُبَيِّنُ اللَّهُ അല്ലാഹു വിവരിക്കുന്നു, വ്യക്തമാക്കും آيَاتِهِ അവന്‍റെ ആയത്ത് (ലക്ഷ്യം - വചനം)കള്‍ لِلنَّاسِ മനുഷ്യര്‍ക്ക് لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَتَّقُونَ അവര്‍ സൂക്ഷ്മത പാലിക്കും

നോമ്പുകാലത്ത് രാത്രി ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നീട് മുസ്‌ലിംകള്‍ ഭക്ഷണം കഴിക്കുകയോ, ഭാര്യമാരെ സമീപിക്കുകയോ ചെയ്തിരുന്നില്ല. ഭക്ഷണത്തിന് മുമ്പായി ഉറങ്ങിപ്പോയാല്‍ പിറ്റേന്ന് നോമ്പ് തുറക്കാറാകുന്നതുവരെ ഭക്ഷണം കഴിക്കാതിരിക്കും. ഇതിന് കാരണമെന്താണെന്ന് തീര്‍ത്ത് പറഞ്ഞുകൂടാ. വേദക്കാര്‍ ആചരിച്ചുവന്നിരുന്ന സമ്പ്രദായം മുസ്‌ലിംകളും അനുവര്‍ത്തിച്ചു വന്നതാണെന്നും, നോമ്പിന്‍റെ ആയത്തില്‍ (183-ാം വചനത്തില്‍) ‘നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നിയമിക്കപ്പെട്ടതുപോലെ (كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ)’ എന്ന് പറഞ്ഞതില്‍ നിന്ന് അവരങ്ങനെ ധരിച്ചുവശായ താണെന്നും മറ്റും പറയപ്പെട്ടു കാണുന്നു. (അല്ലാഹുവിനറിയാം.) കാരണമെന്തായാലും ആ സമ്പ്രദായം തുടരുക വളരെ വിഷമകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഒരു സ്വഹാബിക്ക് നോമ്പ് തുറക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുവാന്‍ സൗകര്യപ്പെടാതെ വരുകയും, അദ്ദേഹം പകലത്തെ അദ്ധ്വാനക്ഷീണം നിമിത്തം ഉറങ്ങിപ്പോകുകയും ഉണ്ടായെന്നും, പിറ്റേന്ന് നോമ്പുനോറ്റുകൊണ്ട് ഉച്ചയായപ്പോഴേക്കും അദ്ദേഹത്തിന് ബോധക്ഷയമുണ്ടായെന്നും ബുഖാരീ (റ) ഉദ്ധരിച്ചിരിക്കുന്നു. ഉറങ്ങിയശേഷം ചിലര്‍ ഭാര്യമാരെ സമീപിക്കുകയും, വേറെ ചിലര്‍ ഭക്ഷണം കഴിക്കുകയും ചെയ്യാനിടയാകുകയും, പിന്നീട് ഖേദിച്ചു വ്യസനത്തിലാകുകയും ചെയ്ത സംഭവങ്ങളും ഉണ്ടായതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. ഇങ്ങനെയുള്ള കര്‍ശനങ്ങളില്‍ നിന്ന് സത്യവിശ്വാസികള്‍ക്ക് ലഘുത്വം നല്‍കുകയാണ് ഈ വചനം മുഖേന അല്ലാഹു ചെയ്യുന്നത്.

رَفَث (റഫഥ്) എന്നാല്‍, വെളിക്ക് പറയുവാന്‍ അപമാനമോ പോരായ്മയോ തോന്നുന്ന സംസാരം, സ്ത്രീകളുമായുള്ള സ്വകാര്യ സല്ലാപം എന്നൊക്കെയാണ് സാക്ഷാല്‍ അര്‍ത്ഥം. വ്യംഗ്യാര്‍ത്ഥം സ്ത്രീസംസര്‍ഗമെന്നും. അതാണിവിടെ ഉദ്ദേശ്യമെന്നത്രെ പ്രധാന ക്വുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം പറയുന്നത്. നോമ്പിന്‍റെ രാത്രിയില്‍ ഭാര്യാഭര്‍ത്താക്കള്‍ തമ്മിലുള്ള എല്ലാവിധ സമ്പര്‍ക്കവും നടത്തുന്നതിന് വിരോധമില്ല അത് അനുവദനീയമാണ്- എന്ന് അറിയിക്കുന്നതോടൊപ്പം അതനുവദിച്ചതിലടങ്ങിയ തത്വം കൂടി അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ, അവര്‍ നിങ്ങള്‍ക്കും, നിങ്ങള്‍ അവര്‍ക്കും ഒരു തരത്തിലുള്ള വസ്ത്രമായിട്ടാണുള്ളത് (هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ) എന്ന്. എത്ര അര്‍ത്ഥഗര്‍ഭവും എത്ര ആകര്‍ഷകവുമായ ഒരു വാക്യം?! ഭാര്യാഭര്‍ത്തൃബന്ധത്തെ ഇത്ര മാന്യമായും ഭംഗിയായും ചിത്രീകരിക്കുന്ന ഒരു അലങ്കാരവാക്യം വേറെ ഏതാണുള്ളത്?! ഇതിലടങ്ങിയ അര്‍ത്ഥസൂചനകള്‍ വിവരി ക്കേണ്ടതില്ലല്ലോ.

‘നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങളോടുതന്നെ വഞ്ചന പ്രവര്‍ത്തിച്ചിരുന്നത് അല്ലാഹു അറിഞ്ഞിരിക്കുന്നു’ എന്ന് പറഞ്ഞത് മേല്‍ സൂചിപ്പിച്ചതു പോലെയുള്ള സംഭവങ്ങളെ ഉദ്ദേശിച്ചാകുന്നു. ദുരുദ്ദേശ്യത്തോടുകൂടിയല്ലെങ്കിലും പാടില്ലാത്തതാണെന്ന് ധരിച്ച കാര്യ ങ്ങള്‍ ചെയ്യുന്നത് സ്വന്തം ആത്മാക്കളോട് ചെയ്യുന്ന വഞ്ചനയും അനീതിയുമാണല്ലോ. എന്നാലും അവരുടെ ഖേദവും മടക്കവും അല്ലാഹു സ്വീകരിക്കുകയും, തെറ്റ് മാപ്പ് ചെയ്കയും ചെയ്തിട്ടുണ്ടെന്ന് അല്ലാഹു അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. മേലില്‍ അങ്ങനെയുള്ള തെറ്റുകള്‍ സംഭവിക്കാതിരിക്കത്തക്കവണ്ണം പ്രഭാതം വരെ നിരുപാധികം ഭാര്യമാരുമായി സമ്പര്‍ക്കം നടത്തുന്നതിനോ, ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നതിനോ വിരോധമില്ലെന്നും അറിയിക്കുന്നു. അതോടുകൂടി മറ്റൊരു സംഗതി കൂടി പ്രത്യേകം ഉണര്‍ത്തുന്നു: ഭാര്യാഭര്‍ത്തൃബന്ധം കേവലം ശാരീരികമായ സുഖാസ്വാദനമായിക്കരുതിയാല്‍ പോരാ, വൈവാഹിക ജീവിതം മുഖേന സന്താനലാഭം കൂടി ഉദ്ദേശിക്കേണ്ടതുണ്ടെന്നും, അതിനുള്ള മാര്‍ഗമായി അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചുതന്നതാണ് ആ ബന്ധമെന്നും, അതുകൊണ്ട് നിങ്ങള്‍ക്ക് അല്ലാഹു വിധിച്ചിട്ടുള്ള സന്താനലബ്ധിക്കായി നിങ്ങള്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേതുണ്ടെന്നുമത്രെ ആ സംഗതി. അതാണ് وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ (അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് നിങ്ങള്‍ തേടുവിന്‍) എന്ന വാക്യം കുറിക്കുന്നത്. ഭൗതികമായ സുഖസൗകര്യങ്ങളെയും ക്ഷേമൈശ്വര്യങ്ങളെയും ജീവിതലക്ഷ്യമായി ഗണിക്കുകയും, സന്താനങ്ങള്‍മൂലം അതില്‍ ഭംഗം നേരിട്ടേക്കുമെന്ന് ഭയപ്പെടുകയും ചെയ്യുന്നവര്‍ക്ക് ഈ വാക്യവും ഇതുപോലെയുള്ള മറ്റുചില ക്വുര്‍ആന്‍ വാക്യങ്ങളും രുചിച്ചില്ലെന്ന് വരാം. പക്ഷേ, വമ്പിച്ച ഒരു അനുഗ്രഹവും, മനുഷ്യവര്‍ഗത്തിന്‍റെ നിലനില്‍പിനും വളര്‍ച്ചക്കും പ്രകൃതിപരമായ ഒരാവശ്യവുമായിട്ടാണ് ക്വുര്‍ആന്‍ സന്താനലബ്ധിയെ വിലയിരുത്തിയിരിക്കുന്നത്. ഇത് സംബന്ധമായ ക്വുര്‍ആന്‍റെ പ്രസ്താവനകള്‍ യഥാസ്ഥാനങ്ങളില്‍ നമുക്ക് കാണാവു ന്നതാണ്. إِن شَاءَ اللَّهُ

സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയുള്ള സമയം രാത്രിയും, പിന്നീട് അടുത്ത അസ്തമയം വരെയുള്ള സമയം പകലുമായിട്ടാണ് പൊതുവില്‍ കണക്കാക്കപ്പെടാറുള്ളത്. പക്ഷേ, ഇസ്‌ലാം ശരീഅത്തിന്‍റെ ദൃഷ്ടിയില്‍ പ്രഭാതം (فجر) മുതല്‍ അസ്തമയം (غروب) വരെയുള്ള സമയം പകലും, പിന്നീട് പ്രഭാതംവരെയുള്ള സമയം രാത്രിയു മായിട്ടാണ് ഗണിക്കപ്പെടുന്നത്. അതുകൊണ്ടാണ് രാത്രിയില്‍ നിങ്ങള്‍ക്ക് സ്ത്രീകളുമായി സംസര്‍ഗം നടത്താമെന്ന് ആദ്യം പറഞ്ഞശേഷം, പ്രഭാതം വെളിപ്പെടുന്നതുവരെ എന്ന് അതിന് അതിര്‍ത്തി നിശ്ചയിച്ചതും, പിന്നീട് അത് മുതല്‍ രാത്രി- അടുത്ത അസ്തമയം- വരെ നോമ്പ് തുടരണമെന്ന് കല്‍പിച്ചതും. പ്രഭാതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ (വെള്ളനൂല്‍ കറുപ്പുനൂലില്‍ നിന്ന് വ്യക്തമായിത്തീരുന്നതു വരെ) എന്നൊരു ഉപമാലങ്കാരത്തിന് ശേഷം مِنَ الْفَجْرِ (പ്രഭാതമാകുന്ന) എന്ന് പറഞ്ഞുകൊണ്ട് അതിനെ വിവരിക്കുകയാണ് ചെയ്തിരിക്കുന്നത്. വെള്ളനൂലിനോട് ഉപമിച്ചത് പ്രഭാതത്തെയാണെന്ന് വ്യക്തമാണ്. അപ്പോള്‍, കറുപ്പുനൂലിനോട് ഉപമിക്കുന്നത് രാത്രിയുടെ ഇരുട്ടിനെയാണെന്നും മനസ്സിലാക്കാം. രാത്രിയുടെ ഇരുട്ട് നീങ്ങി പ്രഭാതം പുലരുന്നതുവരെ എന്ന് സാരം. ഈ വാക്യത്തിന്‍റെ ബാഹ്യാര്‍ത്ഥം അനുസരിച്ച് ചിലര്‍ രാത്രി വെള്ളനൂലും കറുപ്പുനൂലും എടുത്തുവെച്ച് രണ്ടും തമ്മില്‍ തിരിച്ചറിയുന്നത് പരിശോധിച്ചതായും, വെള്ളനൂല്‍ പ്രഭാതത്തെയും കറുപ്പുനൂല്‍ രാത്രിയുടെ ഇരുട്ടിനെയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്ക് വിവരിച്ചുകൊടുത്തതായും ഹദീഥുകളില്‍ വന്നിട്ടു്. (ഈ ഹദീഥുകള്‍ ചിലരുടെ വിമര്‍ശനത്തിന് വിധേയമായിക്കാണുന്നു. ഇന്നത്തെപ്പോലെ സമയം കൃത്യമായി അറിയുവാന്‍ ഘടികാരങ്ങളോ മറ്റോ ഇല്ലാതിരുന്ന അക്കാലത്ത് ആ വാക്യത്തിന്‍റെ ബാഹ്യാവസ്ഥയില്‍നിന്ന് കറുപ്പുനൂലും വെളുപ്പുനൂലും തമ്മില്‍ തിരിച്ചറിയുന്നത് പ്രഭാതം പുലരുന്നതിന്‍റെ അടയാളമാണെന്ന് ധരിച്ചുകൊണ്ട് ശുദ്ധഗതിക്കാരായ ചില ആളുകള്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ അസാംഗത്യമായി ഒന്നുമില്ല. കേവലം സ്വാഭാവികമാണത്. (വാസ്തവം അല്ലാഹുവിനറിയാം).

‘പിന്നെ നിങ്ങള്‍ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുവിന്‍’ എന്ന് പറഞ്ഞതില്‍ നിന്ന് നോമ്പിന്‍റെ തുടക്കം പ്രഭാതം മുതല്‍ക്കാണെന്നും അതിന്‍റെ അവസാനം രാത്രിയാകുന്നതോടെ- അതെ, അസ്തമയത്തോടെ-യാണെന്നും മനസ്സിലായി. മറ്റൊരു സംഗതി കൂടി ഈ വാക്യത്തില്‍നിന്ന് വ്യക്തമാണ്. അതായത്, ഈ സമയത്തിന്നിടയില്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ സ്ത്രീകളുമായി സംസര്‍ഗം ഉണ്ടാകുകയോ പാടില്ലെന്നും, അതുമൂലം നോമ്പ് നഷ്ടപ്പെടുമെന്നും.

നോമ്പ് കാലത്ത് അനുഷ്ഠിക്കപ്പെടാറുള്ളതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വാക്ക് മൂലവും പ്രവൃത്തിമൂലവും വളരെ പ്രോത്സാഹനം നല്‍കിയിട്ടുള്ളതുമായ ഒരു പുണ്യ കര്‍മമാണ് ‘ഇഅ്തികാഫ്’ (الإِعْتِكَاف) ഏതെങ്കിലും ഒന്നില്‍ നിന്ന് വേര്‍പിരിയാതെ അതിന്‍റെയടുക്കല്‍ ചുറ്റിപ്പറ്റി കഴിഞ്ഞു കൂടുക എന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥം. അല്ലാഹുവിന്‍റെ ആരാധനയിലും, ധ്യാനം, പ്രാര്‍ത്ഥന മുതലായ സ്മരണകളിലുമായി പള്ളിയില്‍ അടങ്ങിയിരിക്കുക എന്നാണ് അതിന്‍റെ ഇസ്‌ലാമിലെ സാങ്കേതികാര്‍ത്ഥം. എല്ലാ കാലത്തും ചെയ്യാവുന്ന ഒരു പുണ്യകര്‍മമാകുന്നു ഇഅ്തികാഫ്. റമദ്വാനിലും, വിശേഷിച്ച് അവസാനത്തെ പത്തു ദിവസങ്ങളിലും പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നോമ്പ് സമയങ്ങളില്‍ സ്ത്രീകളുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞപ്പോള്‍- സന്ദര്‍ഭവശാല്‍- ഇഅ്തികാഫിലും അത് പാടില്ലെന്ന് കൂടി അല്ലാഹു അറിയിക്കുന്നു: ‘നിങ്ങള്‍ പള്ളികളില്‍ ‘ഇഅ്തികാഫ്’ ചെയ്യുന്നവരായിരിക്കുമ്പോഴും അവരുമായി സ്പര്‍ശനം നടത്തരുത്. ഇഅ് തികാഫില്‍ ഭക്ഷണ പാനീയങ്ങളും മറ്റു നിത്യാവശ്യങ്ങളും തടയപ്പെട്ടിട്ടില്ലാത്തതുകൊണ്ട് അവയൊന്നും പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.

ഈ നിയമങ്ങളെല്ലാം വിവരിച്ചശേഷം അവയെ ചൂണ്ടികൊണ്ട് പറയുന്നു: تِلْكَ حُدُودُ اللَّهِ فَلَا تَقْرَبُوهَا (അവ അല്ലാഹുവിന്‍റെ അതിര്‍ത്തികളാകുന്നു. അതുകൊണ്ട് അവയെ നിങ്ങള്‍ സമീപിക്കരുത്) അതായത്, മേല്‍പറഞ്ഞതെല്ലാം അല്ലാഹു നിശ്ചയിച്ച നിയമപരമായ അതിര്‍ത്തികളാണ്; ആ അതിര്‍ത്തി വിട്ടുകടക്കുന്നതും അത് ലംഘിക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാകുന്നു; അതുകൊണ്ട് ആ അതിര്‍ത്തികളുടെ അടുത്ത് പോലും നിങ്ങള്‍ ചെല്ലരുത്; നിയമങ്ങളെ ലംഘിക്കുവാന്‍ അത് ഇടയാക്കിയേക്കും എന്ന് സാരം. വളരെ ശ്രദ്ധേയമായ ഒരു ഉപദേശമാണ് ഈ വാക്യം മൂലം അല്ലാഹു സത്യവിശ്വാസികള്‍ക്ക് നല്‍കുന്നത്. അനുവാദത്തിന്‍റെ പരിധി എവിടെവെച്ചവസാനിക്കുന്നുവോ അതേ ബിന്ദുവില്‍ നിന്നു തന്നെ നിരോധത്തിന്‍റെ പരിധി ആരംഭിക്കുകയും ചെയ്യുന്നു. രണ്ടിനുമിടയിലുള്ള അതിര്‍ത്തി വരമ്പ് കേവലം സാങ്കല്‍പികം മാത്രമാകുന്നു. അതുകൊണ്ട് അനുവാദത്തിന്‍റെ പരിധി നിശ്ശേഷം ഉപയോഗപ്പെടുത്തുവാന്‍ തുനിയുമ്പോള്‍, അത് നിരോധത്തിന്‍റെ വലയത്തില്‍ ചെന്നുചാടുവാന്‍ എളുപ്പമാകുമല്ലോ. അനുവാദങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ അത്ര പോകരുതെന്നും, അതിര്‍ത്തിയുടെ ഏതാണ്ടടുത്തുവെച്ച് മതിയാക്കണമെന്നുമാണ് ഈ ഉപദേശത്തിലടങ്ങിയ തത്വം. ഇത് ഇവിടെ മാത്രമല്ല, എല്ലാ നിയമാതിര്‍ത്തികളിലും ഗൗനിക്കപ്പെടേതാകുന്നു. വ്യഭിചാരം, അനാഥയുടെ ധനം കൈകാര്യം ചെയ്യല്‍പോലെയുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴും നിങ്ങള്‍ അവയെ സമീപിക്കരുത് (لاتَقْرَبُوا) എന്നുള്ള വാക്ക് ക്വുര്‍ആനില്‍ ഉപയോഗിച്ചുകാണാം. ഇതുകൊണ്ടൊന്നും മതിയാക്കാതെ, അവസാനമായി അല്ലാഹു ഈ വചനം ഇങ്ങനെ അവസാനിപ്പിക്കുന്നു: അപ്രകാരം അല്ലാഹു അവന്‍റെ ആയത്തുകളെ മനുഷ്യര്‍ക്ക് വിവരിച്ചുകൊടുക്കുന്നു- അവര്‍ സൂക്ഷ്മത പാലിച്ചേക്കാമല്ലോ. ആദ്യം (183-ാം വചനത്തില്‍) നോമ്പിന്‍റെ നിയമത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവിടെ ‘നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കുവാന്‍വേണ്ടിയാണ് അത് (لَعَلَّهُمْ يَتَّقُونَ) എന്ന് അല്ലാഹു ചൂണ്ടിക്കാട്ടുകയുണ്ടായി. അതേ വാക്കുകൊണ്ട് തന്നെ നോമ്പിന്‍റെ വിഷയം ഇവിടെ അവന്‍ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ഈ വചനത്തിന്‍റെ ഉള്ളടക്കങ്ങളിലേക്കും, മേല്‍വിവരിച്ച ചില വിഷയങ്ങളിലേക്കും കൂടുതല്‍ വെളിച്ചം ലഭിക്കത്തക്ക ചുരുക്കം ചില നബി വചനങ്ങള്‍ ഇവിടെ ഓര്‍ക്കു ന്നത് നന്നായിരിക്കും. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:

1. ‘നിങ്ങള്‍ അത്താഴം (രാത്രിയുടെ അവസാന യാമത്തിലെ ഭക്ഷണം) കഴിക്കണം. നിശ്ചയമായും അത്താഴത്തില്‍ ബറക്കത്തുണ്ട്. (ബു; മു)

2. ‘നമ്മുടെ നോമ്പിനും വേദക്കാരുടെ നോമ്പിനുമിടക്കുള്ള വ്യത്യാസം അത്താഴവേളയില്‍ ഭക്ഷണം കഴിക്കലാണ്.’ (മു)

3. ‘എന്‍റെ സമുദായം നോമ്പുതുറക്കല്‍ വേഗമാക്കുക (സമയമായ ഉടനെത്തന്നെ നോമ്പ് തുറക്കുക)യും, അത്താഴം പിന്തിച്ചാക്കുക (പ്രഭാതത്തോടുള്ള സമയമാക്കുക )യും ചെയ്യുന്ന കാലത്തോളം അവര്‍ ഗുണത്തിലായിരിക്കുന്നതാണ്’ (അ). അല്ലാഹു നല്‍കുന്ന ഇളവും അനുവാദവും ഉപയോഗപ്പെടുത്തുന്നതിലുള്ള സന്തോഷവും നന്ദിയും പ്രകടമാക്കലാണല്ലോ അത് രണ്ടും.

4. ഒരാള്‍ വലിയ അശുദ്ധി (ജനാബത്ത്)യോടെ നേരം പുലര്‍ന്നാല്‍ അത് നോമ്പിന് തടസ്സമാകുമോ? എന്ന് ചോദിക്കപ്പെട്ടപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഞാന്‍ ജനാബത്തുകാരനായിരിക്കെ എനിക്ക് നമസ്‌കാര (സ്വുബ്ഹ് നമസ്‌കാരത്തിനുള്ള) സമയമാകാറുണ്ട്. എന്നിട്ടും ഞാന്‍ നോമ്പ് പിടിക്കുന്നു’ (ബു; മു.) അതായത്, ‘ജനാബത്ത്’ ഉണ്ടായാല്‍ നമസ്‌കാരത്തിന് മുമ്പ് കുളിക്കണമെന്നല്ലാതെ, നോമ്പിന് അത് തടസ്സമാകുകയില്ലെന്ന് സാരം.

5. ‘ഈ ഭാഗത്തിലൂടെ രാത്രി മുന്നോട്ട് വരികയും, ഈ ഭാഗത്തിലൂടെ പകല്‍ പിന്നോട്ട് പോകുകയും സൂര്യന്‍ അസ്തമിക്കുകയും ചെയ്യുമ്പോള്‍ നോമ്പുകാരന് നോമ്പില്ലാതായി’ (ബു; മു) അസ്തമയത്തോടെ നോമ്പ് അവസാനിച്ചുവെന്ന് സാരം.

6. ആഇശാഃ (റ) പറയുകയാണ്: റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മരണമടയുന്നത് വരെ റമദ്വാന്‍ അവസാനത്തെ പത്തു ദിവസങ്ങളില്‍ ‘ഇഅ്തികാഫ്’ ചെയ്യുമായിരുന്നു. പിന്നീട്, തിരുമേനിയുടെ ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ചെയ്യാറുണ്ടായിരുന്നു’. (ബു; മു.) 7. അബൂഹുറയ്‌റഃ (റ) നിവേദനം ചെയ്ത ഒരു ഹദീഥിന്‍റെ അന്ത്യഭാഗം ഇങ്ങനെയാകുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എല്ലാ കൊല്ലവും (റമദ്വാനിലെ) പത്തു ദിവസം ഇഅ്തികാഫ് ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് കാലഗതി പ്രാപിച്ച കൊല്ലത്തില്‍ ഇരുപത് ദിവസം ഇഅ്തികാഫ് ചെയ്തു’. (ബു.) ആഇശഃ (റ) പ്രസ്താവിക്കുന്നു: ‘റസൂല്‍ ഇഅ്തികാഫ് ചെയ്യുമ്പോള്‍, അവിടുന്ന് പള്ളിയില്‍ ഇരുന്നുകൊണ്ട് തല എന്‍റെ അടുക്കലേക്ക് (വെളിയിലേക്ക്) കാട്ടിത്തരും. എന്നിട്ട് ഞാന്‍ (തലമുടി) വാര്‍ന്നുകൊടുക്കും. (മലമൂത്രവിസര്‍ജ്ജനം മുതലായ) മനുഷ്യാവശ്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ പ്രവേശിക്കാറില്ലായിരുന്നു’. (ബു; മു.) 8. ഇഅ്തികാഫിലായിരിക്കുമ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) രോഗികളെ സന്ദര്‍ശിക്കുവാന്‍ പോയിരുന്നുവെന്നും, എന്നാല്‍ വഴിയിലൊന്നും അവിടുന്ന് തങ്ങിത്തിരിയാതെ നടന്നു പോകലായിരുന്നു പതിവെന്നും ആഇശാഃ (റ) പറഞ്ഞതായും ഹദീഥില്‍ വന്നിട്ടുണ്ട്. (ദാ; ജ.)

2:188
 • وَلَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَـٰطِلِ وَتُدْلُوا۟ بِهَآ إِلَى ٱلْحُكَّامِ لِتَأْكُلُوا۟ فَرِيقًا مِّنْ أَمْوَٰلِ ٱلنَّاسِ بِٱلْإِثْمِ وَأَنتُمْ تَعْلَمُونَ ﴾١٨٨﴿
 • നിങ്ങള്‍, നിങ്ങളുടെ സ്വത്തുക്കളെ നിങ്ങള്‍ക്കിടയില്‍ [തമ്മത മ്മില്‍] അന്യായമായ വഴിക്ക് തിന്നരുത്; അവയെ വിധികര്‍ത്താക്കളിലേക്ക് (അഥവാ ഭരണാധികാരികളിലേക്ക്) ഇട്ടുകൊടുക്കുകയും (അരുത്); മനുഷ്യരുടെ സ്വത്തുക്കളില്‍ നിന്ന് ഒരു വിഭാഗത്തെ നിങ്ങള്‍ അറിഞ്ഞുംകൊണ്ട് (തന്നെ) കുറ്റമായ നിലക്ക് നിങ്ങള്‍ തിന്നുവാന്‍ വേണ്ടി.
 • وَلَا تَأْكُلُوا നിങ്ങള്‍ തിന്നരുത് أَمْوَالَكُم നിങ്ങളുടെ സ്വത്തുക്കളെ بَيْنَكُم നിങ്ങള്‍ക്കിടയില്‍ بِالْبَاطِلِ അന്യായം വഴി وَتُدْلُوا നിങ്ങള്‍ ഇട്ടുകൊടുക്കു കയും (സമീപിക്കുകയും) بِهَا അതിനെ (അതുമായി) إِلَى الْحُكَّامِ വിധികര്‍ത്താക്കളിലേക്ക്, ഭരണാധികാരികളുടെ അടുക്കല്‍ لِتَأْكُلُوا നിങ്ങള്‍ തിന്നുവാന്‍ വേണ്ടി فَرِيقًا ഒരു വിഭാഗം مِّنْ أَمْوَالِ സ്വത്തുക്കളില്‍ (ധനത്തില്‍) നിന്ന് النَّاسِ മനുഷ്യരുടെ بِالْإِثْمِ കുറ്റ (കര)മായിട്ട്, തെറ്റായിക്കൊണ്ട്, പാപമായി وَأَنتُمْ നിങ്ങളോ تَعْلَمُونَ അറിയുന്നു (താനും)

സത്യവിശ്വാസികള്‍ സഹോദരന്‍മാരും, ഒരേ ശരീരത്തിന്‍റെ അവയവങ്ങളെപ്പോലെ വര്‍ത്തിക്കേണ്ടവരുമാണല്ലോ. ഇബ്‌നുജരീര്‍ (റ) മുതലായവര്‍ ചൂണ്ടിക്കാട്ടിയതുപോലെ, ‘അന്യരുടെ ധനം തിന്നരുത്’ എന്ന് പറയാതെ ‘നിങ്ങളുടെ ധനം തിന്നരുത്’ (لَا تَأْكُلُوا أَمْوَالَكُم) എന്ന് പറഞ്ഞത് അതുകൊണ്ടാകുന്നു. ഇതുപോലെയുള്ള പ്രയോഗം 4:29ലും കാണാം. കൂടാതെ, കൊലയെപ്പറ്റി പ്രസ്താവിച്ചപ്പോള്‍, (4:29ല്‍ തന്നെ) ‘നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തരുത് (وَلَا تَقْتُلُوا أَنفُسَكُمْ)’ എന്നും പറഞ്ഞിരിക്കുന്നു. ഇതെല്ലാം ഈ തത്വം തന്നെയാണ് സൂചിപ്പിക്കുന്നത്. അനുവദനീയവും ന്യായവുമല്ലാത്ത ഏതൊരു മാര്‍ഗത്തിലൂടെയും ഒരാള്‍ മറ്റൊരാളുടെ ധനം കൈക്ക ലാക്കുവാന്‍ പാടില്ലെന്ന് മൊത്തത്തില്‍ പറഞ്ഞശേഷം, അധികാരസ്ഥന്‍മാര്‍ മുഖാന്തരം മറ്റുള്ളവരുടെ ധനം കൈക്കലാക്കുവാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് പ്രത്യേകം നിരോധിച്ചിരിക്കുകയാണ്, ‘വിധികര്‍ത്താക്കളിലേക്ക് ധനത്തെ ഇട്ടുകൊടുക്കുക’ എന്ന് പറഞ്ഞ തിന്‍റെ ഉദ്ദേശ്യം, അന്യന്‍റെ ധനം കൈവശപ്പെടുത്തുവാന്‍ സാധിക്കുമാറുള്ള വിധിയും സ്വാധീനവും ലഭിക്കുവാന്‍ വേണ്ടി വിധികര്‍ത്താക്കളെ സമീപിക്കുക- അധികാരികളുടെ മുമ്പില്‍ കള്ളക്കേസ് സമര്‍പ്പിക്കുക- എന്നും, പ്രസ്തുത ആവശ്യാര്‍ത്ഥം അവര്‍ക്ക് കൈക്കൂലി കൊടുക്കുക എന്നും ആകാവുന്നതാണ്. രണ്ടായാലും ഫലത്തില്‍ ഒരുപോലെ ത്തന്നെ. ധനം കൈക്കലാക്കുന്നതിനെ ഉദ്ദേശിച്ചാണ് ‘തിന്നുക (تأكُلُوا)’ എന്ന് പറ ഞ്ഞിരിക്കുന്നത്. അത് കേവലം നിന്ദ്യവും മൃഗീയവുമായ ഒരു നീച സ്വഭാവമാണെന്നുള്ള സൂചനയാണതില്‍ അടങ്ങിയിരിക്കുന്നത്. അന്യന്‍റെ ധനം വഞ്ചിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നതിനെപ്പറ്റി പറയുമ്പോള്‍ മലയാളക്കാര്‍ക്കിടയിലും ‘തിന്നുക’ എന്ന വാക്ക് ഉപയോഗിക്കാറുല്ലോ.

റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി ഉമ്മുസലമഃ (റ) ഉദ്ധരിച്ച ഒരു ഹദീഥിന്‍റെ സാരം ഇതാകുന്നു: ‘ഞാന്‍ ഒരു മനുഷ്യന്‍ തന്നെ. നിങ്ങള്‍ എന്‍റെ അടുക്കല്‍ കേസ്സ് സമര്‍പ്പിക്കും. ഒരു പക്ഷേ, നിങ്ങളില്‍ ചിലര്‍, മറ്റേവരെക്കാള്‍ തെളിവ് കൊണ്ടുവന്നിരിക്കാം. അങ്ങനെ, അയാളില്‍ നിന്ന് ഞാന്‍ കേട്ടതനുസരിച്ച് അയാള്‍ക്ക് ഞാന്‍ വിധിച്ചുകൊടു ക്കുകയും ചെയ്തിരിക്കാം. എന്നാല്‍, ഏതെങ്കിലും ഒരാള്‍ക്ക് (യഥാര്‍ത്ഥത്തില്‍) അവന്‍റെ സഹോദരന് അവകാശപ്പെട്ട വല്ലതും ഞാന്‍ വിധിച്ചു കൊടുക്കുന്ന പക്ഷം, ഞാന്‍ അവന് വിധിച്ചുകൊടുക്കുന്നത് നരകത്തില്‍ നിന്നുള്ള കഷ്ണമായിരിക്കുന്നതാണ്.’ (ബു; മു.) തെളിവനുസരിച്ചാണല്ലോ വിധികര്‍ത്താവ് കേസ്സുകളില്‍ വിധി കല്‍പിക്കുക. തെളിവ് നല്‍കുന്നവന്‍റെ തെളിവുകളിലുള്ള കൃത്രിമങ്ങളുടെ ഉത്തര വാദിത്വവും, അതിനാല്‍ ഉണ്ടാകുന്ന ശിക്ഷയും അവനായിരിക്കും. അതില്‍ വിധികര്‍ത്താക്കള്‍ക്ക് ഉത്തരവാദിത്വമില്ല. അതുകൊണ്ട് വിധികര്‍ത്താവ് വിധിച്ചതിന്‍റെ പേരില്‍, മറ്റൊരാളുടെ ധനം കൈവശപ്പെടുത്തുന്നത് അക്രമവും കുറ്റകരവുമാണ് എന്ന് സാരം. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിധിച്ച വിധിയുടെ സ്ഥിതിപോലും ഇതാണെങ്കില്‍, മറ്റുള്ള വിധികര്‍ത്താക്കളുടെ- അവര്‍ ഇസ്‌ലാമിക നിയമമനുസരിച്ചുതന്നെ വിധിക്കുന്നവരായാലും ശരി- വിധിയെക്കുറിച്ച് പറയുവാനുണ്ടോ?! ഇന്നത്തെ കോടതികളെപ്പോലെ, തെളിവുകളിലും വിധികളിലുമെല്ലാം തന്നെ, ഇസ്‌ലാമിന് നിരക്കാത്ത നിയമനടപടികള്‍ സ്വീകരിച്ചുകൊണ്ടുള്ള വിധികളാകുമ്പോള്‍ പ്രത്യേകിച്ചും! കോടതികളില്‍ നിന്ന് വിധി കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ മറ്റൊരാളുടെ വസ്തുക്കള്‍ അന്യായമായി കൈവശപ്പെടുത്തുന്ന ആളുകള്‍ക്ക് ആ വസ്തുക്കള്‍ മൂലം ലഭിക്കുന്നത് നരകത്തിലെ തീ കഷ്ണങ്ങളാണെന്ന് അവര്‍ ഓര്‍ക്കേണ്ടതാണ്. ഇബ്‌നുഉമര്‍ (റ) പ്രസ്താവിച്ചിരിക്കുന്നു: ‘കൈക്കൂലി കൊടുക്കുന്നവനെയും, കൈക്കൂലി മേടിക്കുന്നവനെയും റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ശപിച്ചിരിക്കുന്നു.’ (ദാ; ജാ; തി.) അബൂഹുറയ്‌റഃ (റ) യില്‍ നിന്നുള്ള മറ്റൊരു രിവായത്തില്‍ ‘കൈക്കൂലി വാങ്ങിക്കൊടുക്കുന്നവനെയും’ എന്നു കൂടിയുണ്ട്. (അ; ബ.)

വിഭാഗം - 24

2:189
 • يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ ۗ وَلَيْسَ ٱلْبِرُّ بِأَن تَأْتُوا۟ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ ۗ وَأْتُوا۟ ٱلْبُيُوتَ مِنْ أَبْوَٰبِهَا ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ ﴾١٨٩﴿
 • (നബിയേ) അവര്‍ നിന്നോട് മാസപ്പിറവികളെപ്പറ്റി ചോദിക്കുന്ന താണ് നീ പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനുമുള്ള സമയ നിര്‍ണയങ്ങളാകുന്നു. നിങ്ങള്‍ വീടുകളില്‍ അവയുടെ പുറഭാഗങ്ങളിലൂടെ ചെല്ലുന്നതുകൊണ്ടല്ല പുണ്യം (ലഭിക്കുന്നത്). എങ്കിലും, സൂക്ഷ്മത പാലിച്ചവനത്രെ പുണ്യവാന്‍. വീടുകളില്‍ അവയുടെ വാതിലുകളില്‍കൂടി (തന്നെ) ചെല്ലുകയും ചെയ്യുവിന്‍: അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
 • يَسْأَلُونَكَ അവര്‍ നിന്നോട് ചോദിക്കും, ചോദിക്കുന്നു عَنِ الْأَهِلَّةِ മാസപ്പിറവികളെക്കുറിച്ച് (ബാലചന്ദ്രന്‍മാരെപ്പറ്റി) قُلْ നീ പറയുക هِيَ അവ مَوَاقِيتُ സമയ നിര്‍ണയങ്ങളാണ് لِلنَّاسِ മനുഷ്യര്‍ക്ക് وَالْحَجِّ ഹജ്ജിനും وَلَيْسَ الْبِرُّ പുണ്യമല്ല بِأَن تَأْتُوا നിങ്ങള്‍ ചെല്ലുന്നതുകൊണ്ട് الْبُيُوتَ വീടുകളില്‍ مِن ظُهُورِهَا അവയുടെ പിന്‍വശങ്ങ ളിലൂടെ, പുറങ്ങളിലൂടെ وَلَٰكِنَّ എങ്കിലും الْبِرَّ പുണ്യം, പുണ്യവാന്‍ مَنِ اتَّقَىٰ സൂക്ഷ്മത പാലിച്ചവനാണ് وَأْتُوا നിങ്ങള്‍ ചെല്ലുകയും ചെയ്യുവിന്‍ الْبُيُوتَ വീടുകളില്‍ مِنْ أَبْوَابِهَا അവയുടെ വാതിലുകളിലൂടെ وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവി ന്‍ اللَّهَ അല്ലാഹുവിനെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تُفْلِحُونَ നിങ്ങള്‍ വിജയം പ്രാപിക്കുക

മാസപ്പിറവി- ബാലചന്ദ്രന്‍- എന്നര്‍ത്ഥമായ ھِلاَل (ഹിലാല്‍)ന്‍റെ ബഹുവചനമാണ് اهِلٌة (അഹില്ലത്ത്) . بِرّ എന്ന പദത്തിന് പുണ്യം എന്നും, പുണ്യവാന്‍ എന്നും അര്‍ത്ഥം വരുമെന്ന് 177-ാം വചനത്തില്‍ കണ്ടുവല്ലോ. മാസപ്പിറവികളെപ്പറ്റി അവര്‍ ചോദിക്കുന്നുവെന്ന് മാത്രമേ അല്ലാഹു പറഞ്ഞിട്ടുള്ളൂ. ചോദ്യത്തിന്‍റെ വിശദരൂപം വിവരിക്കപ്പെട്ടിട്ടില്ല. മാസപ്പിറവി കാണുമ്പോള്‍ ചന്ദ്രന്‍ ക്ഷയിച്ചും പിന്നീട് വൃദ്ധിപ്രാപിച്ചും കൊണ്ടിരിക്കുവാനുള്ള കാരണം, അതിലടങ്ങിയ രഹസ്യം ആദിയായവയെക്കുറിച്ച് ജനങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിക്കുകയുണ്ടായെന്ന് ചില രിവായത്തുകളില്‍ വന്നിരിക്കുന്നു. ഇത് ശരിയാണെങ്കില്‍, ഗോളശാസ്ത്ര സംബന്ധമായ കുറേ മുഖവുരകള്‍ സഹിതമുള്ള ഒരു വിവരണമായിരിക്കും അതിന് മറുപടിയായി നല്‍കേണ്ടത്. എന്നാല്‍, ക്വുര്‍ആനെ സംബന്ധിച്ചിടത്തോളം- ശാസ്ത്രീയമായ അനേകം തത്വങ്ങളും വിജ്ഞാനങ്ങളും അതില്‍ സ്വാഭാവികമായും അടങ്ങിയിട്ടുണ്ടെങ്കിലും- ശാസ്ത്രീയ തത്വങ്ങള്‍ വിവരിക്കുക അതിന്‍റെ ലക്ഷ്യമല്ല. അക്കാര്യം മനുഷ്യന്‍റെ ബുദ്ധിക്കും, നിരീക്ഷണ പരീക്ഷണങ്ങള്‍ക്കും വിട്ടുകൊടുത്തിരിക്കുകയാണ്. പ്രവാചകന്‍മാരുടെ പ്രബോധനത്തില്‍ അതൊരു വിഷയവുമല്ല. കൂടാതെ, പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം വിവരണങ്ങള്‍ അവര്‍ക്ക് ഗ്രഹിക്കുവാന്‍ പ്രയാസവുമാകുന്നു. പ്രബോധന വിഷയങ്ങളാകട്ടെ, എല്ലാ തരക്കാര്‍ക്കും ഗ്രാഹ്യമായിരിക്കേതുമുണ്ട്. അതുകൊണ്ട് ചോദിക്കപ്പെട്ട വിഷയത്തെ പ്പറ്റി പരക്കെ മനസ്സിലാക്കാവുന്നതും, മതദൃഷ്ട്യാ അറിഞ്ഞിരിക്കേണ്ടതുമായ ഒരു മറുപടി മാത്രം നല്‍കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുന്നു. ‘പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനുമുള്ള കാലനിര്‍ണയങ്ങളാണെന്ന്.’

അതായത്, ലൗകികമോ മതപരമോ ആയ കാര്യങ്ങളില്‍, സമയം നിര്‍ണയിച്ചറിയേുന്ന ആവശ്യം നേരിടുന്ന എല്ലാ സന്ദര്‍ഭങ്ങളിലും- ഇന്നപ്പോള്‍, ഇന്ന സമയം മുതല്‍ ഇന്ന സമയം വരെ എന്നൊക്കെ- നിര്‍ണയിക്കുവാന്‍ പൊതുവിലും, ഹജ്ജ് സംബന്ധമായ കാര്യങ്ങളുടെ കാലം കണക്കാക്കുവാന്‍ പ്രത്യേകിച്ചും ഈ മാസപ്പിറവികള്‍ സഹായമാകുന്നുവെന്ന് സാരം. മതപരമായിത്തന്നെ, ഹജ്ജല്ലാത്ത പലതിലും സമയനിര്‍ണയത്തിന്‍റെ ആവശ്യങ്ങളുണ്ടല്ലോ. ഹജ്ജിനെ സംബന്ധിച്ചിടത്തോളം അതിന്‍റെ മാസങ്ങളും, ദിവസങ്ങളും നാഴികകളുമെല്ലാം ലോകമുസ്‌ലിംകള്‍ക്ക് പൊതുവിലും, ഹജ്ജിന് പോകുന്ന വര്‍ക്കും അറബികള്‍ക്കും പ്രത്യേകിച്ചും അറിയേതായുണ്ട്. ഇതെല്ലാം മുന്‍നിറുത്തികൊണ്ടാണ് ഹജ്ജിന്‍റെ കാര്യം പ്രത്യേകം അല്ലാഹു എടുത്തുപറയുന്നത്.

ഹജ്ജില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, അത് അവസാനിക്കുന്നതിന് മുമ്പ് വീടുകളില്‍ പ്രവേശിക്കേണ്ടി വരുമ്പോള്‍, ശരിക്കുള്ള വാതിലുകളിലൂടെ അകത്ത് കടക്കാതെ, ചുവര്‍ കയറിയോ, പിന്‍പുറങ്ങളിലുള്ള ജനല്‍ പഴുതുകളിലൂടെയോ അകത്തുകടക്കുക ഒരു ജാഹിലിയ്യാ സമ്പ്രദായമായിരുന്നു. ഇതൊരു പുണ്യാചാരമായി അവര്‍ ഗണിക്കുകയും ചെയതിരുന്നു. ചിലര്‍ വീട്ടില്‍നിന്ന് യാത്ര പുറപ്പെട്ടുപോയ ശേഷം, വഴിയില്‍ വെച്ച് വീട്ടില്‍ വരേണ്ടുന്ന വല്ല ആവശ്യം നേരിട്ടാലും അങ്ങനെ ചെയ്തിരുന്നുവത്രെ. ഇത് നിരര്‍ത്ഥമായ ഒരു പതിവാണെന്നും, അതില്‍ ഒരു പുണ്യവുമില്ലെന്നും, വീട്ടില്‍ പ്രവേശിക്കുമ്പോഴെല്ലാം നേരെയുള്ള പ്രവേശന മാര്‍ഗങ്ങളില്‍കൂടിത്തന്നെ പ്രവേശിച്ചു കൊള്ളണമെന്നും, അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് സൂക്ഷ്മതയുള്ളവരായി രിക്കുന്നതിലാണ് പുണ്യമുള്ളതെന്നും, അതുകൊണ്ടേ വിജയവും മോക്ഷവും ലഭിക്കുകയുള്ളൂവെന്നും അറിയിക്കുന്നതാണ് ആയത്തിന്‍റെ തുടര്‍ന്നുള്ള ഭാഗം. ഓരോ കാര്യത്തിലും പ്രവേശിക്കുന്നത് അതതിന് നേര്‍ക്കുനേരെയുള്ള മാര്‍ഗങ്ങളിലൂടെയായിരിക്കണം- വളഞ്ഞ മാര്‍ഗങ്ങളിലൂടെയാകരുത്- എന്ന അര്‍ത്ഥത്തിലുള്ള ഒരു ഉപമാവാക്യം കൂടിയാണ് وَأْتُوا الْبُيُوتَ مِنْ أَبْوَابِهَا (വീടുകളില്‍ അവയുടെ വാതിലുകളില്‍ കൂടി ചെല്ലുക) എന്ന വാക്യം.

2:190
 • وَقَـٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَـٰتِلُونَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ ﴾١٩٠﴿
 • നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍. നിങ്ങള്‍ അതിക്രമിക്കുകയുമരുത്. നിശ്ചയമായും, അല്ലാഹു അതിക്രമിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല.
 • وَقَاتِلُوا നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍ فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗ ത്തില്‍ الَّذِينَ യാതൊരുവരോട് يُقَاتِلُونَكُمْ അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നു وَلَا تَعْتَدُوا നിങ്ങള്‍ അതിക്രമം ചെയ്യുകയുമരുത് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുകയില്ല الْمُعْتَدِينَ അതിക്രമം ചെയ്യുന്നവരെ
2:191
 • وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَٱلْفِتْنَةُ أَشَدُّ مِنَ ٱلْقَتْلِ ۚ وَلَا تُقَـٰتِلُوهُمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ حَتَّىٰ يُقَـٰتِلُوكُمْ فِيهِ ۖ فَإِن قَـٰتَلُوكُمْ فَٱقْتُلُوهُمْ ۗ كَذَٰلِكَ جَزَآءُ ٱلْكَـٰفِرِينَ ﴾١٩١﴿
 • കണ്ടുമുട്ടിയേടത്ത് വെച്ച് നിങ്ങള്‍ അവരെ കൊലപ്പെടുത്തികൊള്ളുവിന്‍. അവര്‍ നിങ്ങളെ പുറത്താക്കിയിടത്തു നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുവിന്‍. 'ഫിത്‌ന' [കുഴപ്പം] കൊലയെക്കാള്‍ കഠിനമായിട്ടുള്ളതാകുന്നു. 'മസ്ജിദുല്‍ ഹറാമി'ങ്കല്‍ വെച്ച് അവര്‍ നിങ്ങളോട് (ഇങ്ങോട്ട്) യുദ്ധത്തിന് വരുന്നത്‌വരെ, നിങ്ങള്‍ അവിടെ വെച്ച് അവരോട് (അങ്ങോട്ട്) യുദ്ധം ചെയ്യരുത്. എനി, അവര്‍ (അവിടെവെച്ച്) നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കില്‍, അപ്പോള്‍ (അവിടെവെച്ച്) നിങ്ങള്‍ അവരെ കൊന്നുകൊള്ളുക. അപ്രകാരമാണ് അവിശ്വാസികളുടെ പ്രതിഫലം.
 • وَاقْتُلُوهُمْ അവരെ നിങ്ങള്‍ കൊല്ലുകയും ചെയ്യുവിന്‍ حَيْثُ ഇടത്തുവെച്ച് ثَقِفْتُمُوهُمْ നിങ്ങള്‍ അവരെ കണ്ടുമുട്ടിയ وَأَخْرِجُوهُم അവരെ നിങ്ങള്‍ പുറത്താക്കു കയും ചെയ്യുവിന്‍ مِّنْ حَيْثُ ഇടത്തില്‍ നിന്ന് أَخْرَجُوكُمْ അവര്‍ നിങ്ങളെ പുറത്താക്കിയ وَالْفِتْنَةُ കുഴപ്പം أَشَدُّ അതികഠിനമായതാണ് مِنَ الْقَتْلِ കൊലയെക്കാള്‍ وَلَا تُقَاتِلُوهُمْ നിങ്ങളവരോട് യുദ്ധം ചെയ്യരുത് عِندَ الْمَسْجِدِ الْحَرَامِ മസ്ജിദുല്‍ ഹറാമി ങ്കല്‍വെച്ച് حَتَّىٰ يُقَاتِلُوكُمْ അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ فِيهِ അതില്‍ فَإِن قَاتَلُوكُمْ എനി അവര്‍ നിങ്ങളോട് യുദ്ധം ചെയ്താല്‍ فَاقْتُلُوهُمْ നിങ്ങളവരെ കൊല്ലുവിന്‍ كَذَٰلِكَ അപ്രകാരമാണ് جَزَاءُ പ്രതിഫലം, പകരം കൊടുക്കല്‍ الْكَافِرِينَ അവിശ്വാസികളുടെ
2:192
 • فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٩٢﴿
 • എന്നാല്‍, അവര്‍ (പിന്‍മാറി) വിരമിച്ചെങ്കില്‍, നിശ്ചയമായും അല്ലാഹു വളരെ പൊറുക്കു ന്നവനും, കരുണാനിധിയുമാകുന്നു.
 • فَإِنِ انتَهَوْا എന്നാല്‍ (അങ്ങനെ, എനി) അവര്‍ വിരമിച്ചാല്‍ فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
2:193
 • وَقَـٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ لِلَّهِ ۖ فَإِنِ ٱنتَهَوْا۟ فَلَا عُدْوَٰنَ إِلَّا عَلَى ٱلظَّـٰلِمِينَ ﴾١٩٣﴿
 • 'ഫിത്‌ന' [കുഴപ്പം] ഉണ്ടാകാതിരിക്കുകയും, 'ദീന്‍' [മതം] അല്ലാഹുവിന് ആയിത്തീരുകയും ചെയ്യുന്നതുവരേക്കും നിങ്ങള്‍ അവരോട് യുദ്ധം നടത്തിക്കൊള്ളുവിന്‍. അങ്ങനെ, അവര്‍ വിരമിച്ചുവെങ്കില്‍, അപ്പോള്‍ (പിന്നെ), അക്രമം ചെയ്യുന്നവര്‍ക്കെതിരെയല്ലാതെ അതിക്രമം ഇല്ല [പാടില്ല]
 • وَقَاتِلُوهُمْ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക حَتَّىٰ لَا تَكُونَ ഉണ്ടാകാതിരിക്കുവോളം, ഇല്ലാതിരിക്കുന്നത് വരെ فِتْنَةٌ കുഴപ്പം وَيَكُونَ الدِّينُ ദീന്‍ (മതം) ആകുകയും لِلَّهِ അല്ലാഹുവിന് فَإِنِ انتَهَوْا അങ്ങനെ അവര്‍ വിരമിച്ചാല്‍ فَلَا عُدْوَانَ അപ്പോള്‍ അതിക്രമമില്ല إِلَّا عَلَى الظَّالِمِينَ അക്രമികളുടെമേല്‍ അല്ലാതെ

മദീനയില്‍വെച്ച് യുദ്ധസംബന്ധമായി ആദ്യഘട്ടങ്ങളില്‍ അവതരിച്ച ക്വുര്‍ആന്‍ വചനങ്ങളില്‍പെട്ടവയാണ് ഈ വചനങ്ങള്‍. ഇസ്‌ലാമിന്‍റെ ശത്രുക്കളുമായുള്ള ധര്‍മയുദ്ധങ്ങളില്‍ അനുവര്‍ത്തിക്കേണ്ടുന്ന പല അടിസ്ഥാന തത്വങ്ങളും ഈ വചനങ്ങള്‍ മുഖേനസത്യവിശ്വാസികള്‍ക്ക് അല്ലാഹു പഠിപ്പിച്ചുകൊടുക്കുന്നു. ഇവയിലെ ഉള്ളടക്കം ഇങ്ങനെസംഗ്രഹിക്കാവുന്നതാണ്:-

(1). ‘നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് അല്ലാഹുവിന്‍റെ മാര്‍ഗത്തിലായി നിങ്ങള്‍യുദ്ധം നടത്തിക്കൊള്ളുവിന്‍’. നിങ്ങളോട് യുദ്ധത്തിന് വരുന്നവര്‍ എന്ന് പറഞ്ഞതിന്‍റെഉദ്ദേശ്യം, സത്യവിശ്വാസികളോട് യുദ്ധം ചെയ്യാന്‍ പരിപാടിയിടുകയും, ഒരുക്കം കൂട്ടുകയും ചെയ്യുന്നവരാകുന്നു. ഇങ്ങോട്ടുവന്ന് യുദ്ധം തുടങ്ങിയ ശേഷമേ അങ്ങോട്ട് യുദ്ധംചെയ്യാവൂ എന്ന് വെക്കുന്നത് വിഡ്ഢിത്തവും, ആത്മഹത്യാപരവുമാണല്ലോ. അതുകൊണ്ട് ഇങ്ങോട്ട് എതിര്‍ക്കുവാന്‍ തയ്യാറെടുത്ത് തക്കം പാര്‍ത്തുകൊണ്ടിരിക്കുന്നവരോട് യുദ്ധം ചെയ്തുകൊള്ളുവാന്‍ അല്ലാഹു കല്‍പിക്കുന്നു. യുദ്ധം ചെയ്യുന്നത് ശത്രുക്കളോട് പക വീട്ടുവാനോ, പേരിനും പെരുമക്കും വേണ്ടിയോ ആയിരിക്കാതെ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ – അല്ലാഹുവിന്‍റെ ദീനിന്‍റെ സുരക്ഷിതത്വത്തിനും, അവന്‍റെ വാക്യംഉന്നതിപ്പെടുത്തുന്നതിനും വേണ്ടിയായിരിക്കണം- എന്ന് പ്രത്യേകം ഉണര്‍ത്തുകയുംചെയ്തിരിക്കുന്നു.

(2) ‘അതിക്രമം ചെയ്യരുത്. നിശ്ചയമായും അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.’ ഇങ്ങോട്ട് യുദ്ധം ചെയ്യണമെന്നുദ്ദേശ്യമില്ലാത്ത സമാധാനപ്രിയരായ- സഖ്യ ഉടമ്പടികള്‍ കാരണം അടങ്ങിയിരിക്കുന്ന- കൂട്ടരുടെ നേരെ യുദ്ധത്തിനൊരുങ്ങുക, യുദ്ധശാലികളല്ലാത്ത വൃദ്ധന്‍മാര്‍, കുട്ടികള്‍, സ്ത്രീകള്‍ മുതലായവരെ വധിക്കുക. യുദ്ധത്തില്‍ വെച്ച് കൊല്ലപ്പെട്ടവരുടെ അംഗങ്ങള്‍ ഛേദിക്കുക പോലെയുള്ള കടുംകൈകള്‍ചെയ്യുക എന്നിത്യാദി കാര്യങ്ങള്‍ സത്യവിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടാവാന്‍ പാടില്ലാത്തതും, അതെല്ലാം അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങളുമാണെന്ന് സാരം.ഇത്തരം കാര്യങ്ങള്‍ പ്രത്യേകം നിരോധിച്ചുകൊണ്ടുള്ള പല ഹദീഥുകളും കാണാവുന്നതുമാണ്.

(3) ‘അവരെ കണ്ടുമുട്ടിയിടത്തുവെച്ച് കൊലപ്പെടുത്തണം.’ മേല്‍ചൂണ്ടിക്കാട്ടിയപ്രകാരം അങ്ങോട്ട് യുദ്ധം ചെയ്യപ്പെടുവാന്‍ അര്‍ഹരായ ശത്രുക്കളെ കിട്ടുന്ന തക്കംഉപയോഗപ്പെടുത്തി വധിക്കുകതന്നെവേണം. അവരെ ബാക്കിവെക്കുന്നത് സത്യവിശ്വാസികള്‍ക്കും ഇസ്‌ലാമിനും ആപത്തായിരിക്കുമെന്നാണ് ഇതിലടങ്ങിയ തത്വം.

(4) അവര്‍ നിങ്ങളെ പുറത്താക്കിയിടത്തുനിന്ന് നിങ്ങള്‍ അവരെയും പുറത്താക്കിക്കൊള്ളുക.’ മക്കാ മുശ്‌രിക്കുകള്‍- അവരാണല്ലോ മുഖ്യ ശത്രു- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും,സത്യവിശ്വാസികളുടെയും നേരെ അഴിച്ചുവിട്ട മൃഗീയമായ അക്രമ മര്‍ദ്ദനങ്ങളാല്‍ നില്‍ക്കപ്പൊറുതിയില്ലാതെ നാടും വീടും വിട്ടോടിപ്പോന്നിരിക്കയാണല്ലോ അവര്‍. അതുപോലെ അവരെയും അവിടെനിന്ന് പുറത്താക്കണമെന്ന്‌സാരം. മക്കാ വിജയത്തോടെ ഇത് പ്രയോഗത്തില്‍ വരുകയും ചെയ്തു. മക്കയിലെ മുശ്‌രിക്കുകള്‍ മിക്കവാറും ഇസ്‌ലാമിനെ അംഗീകരിക്കുകയും ശിര്‍ക്കില്‍തന്നെ ഉറച്ചുനിന്നവര്‍ പുറത്താക്കപ്പെടുകയും, മേലില്‍മുശ്‌രിക്കുകള്‍ക്ക് അവിടെ പ്രവേശനം നിരോധിക്കപ്പെടുകയും ചെയ്തു. ഈ നിരോധം അന്ന് തൊട്ട് ഇന്നോളം നിലവിലുണ്ടുതാനും.

(5). ‘ഫിത്‌ന’- കുഴപ്പം- കൊലയെക്കാള്‍ കഠിനമായതാണ്.’ മനുഷ്യന്‍ കൊല്ലപ്പെടുന്ന കാര്യം ഒരു കഠിനകൃത്യം തന്നെ. എന്നാല്‍, ഫിത്‌നയുടെ കാര്യം അതിലും ഭയങ്കരമാണ്. അതുകൊണ്ട് കൂടുതല്‍ ആപല്‍ക്കരമായ അക്കാര്യം ഇല്ലാതാക്കുവാന്‍ വേണ്ടിയാണ്ശത്രുക്കളോട് യുദ്ധം ചെയ്യുവാനും, അവരെ കൊലപ്പെടുത്തുവാനും കല്‍പിക്കുന്നത് എന്ന് താല്‍പര്യം. ‘ഫിത്‌ന’ (الفِتْنَة) എന്ന വാക്ക് പല അര്‍ത്ഥങ്ങളും വരുന്ന ഒരുപദമത്രെ. ‘(സ്വര്‍ണം മുതലായ ലോഹങ്ങള്‍) തീയില്‍ കാട്ടി ഉരുക്കുക, വഴിപിഴപ്പിക്കുക, ഭ്രാന്ത്, ആപത്ത്, പരീക്ഷണം, സ്വാഭിപ്രായത്തില്‍ സംതൃപ്തി അടയുക, സമ്പത്തുംസന്തതികളും, ആദര്‍ശത്തിലെ ഭിന്നിപ്പ്, പാപം, അവിശ്വാസം, അപമാനം, ശിക്ഷ, മര്‍ദ്ദനം’എന്നീ അര്‍ത്ഥങ്ങളെല്ലാം സന്ദര്‍ഭമനുസരിച്ച് ആ പദത്തിന് വരും. ഈ അര്‍ത്ഥങ്ങളില്‍മിക്കതും ഉള്‍ക്കൊള്ളുന്ന ഒരര്‍ത്ഥത്തിലാണ് അതിവിടെ നിലകൊള്ളുന്നത് എന്ന് പറയാം.താഴെ 217-ാം വചനത്തില്‍ നിന്ന് ഏറെക്കുറേ ഈ വസ്തുത മനസ്സിലാക്കാവുന്നതുമാണ്. ഈ വാക്കുകൊണ്ട് ഇവിടെയുള്ള വിവക്ഷയെപ്പറ്റി ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വിവരണം പലതരത്തിലാണുള്ളത്. എല്ലാം ഫിത്‌നയുടെ ഓരോ വശങ്ങള്‍ക്ക്പ്രാധാന്യം കൊടുക്കുന്നതാണതിന് കാരണമെന്ന് അവ പരിശോധിച്ചാല്‍ കാണാവുന്നതാണ്. മുശ്‌രിക്കുകളുടെ അവിശ്വാസവും, അതിനെത്തുടര്‍ന്ന് സത്യവിശ്വാസത്തിനും സത്യവിശ്വാസികള്‍ക്കും എതിരെ അവര്‍ അഴിച്ചുവിടുന്ന അക്രമ മര്‍ദ്ദനങ്ങളും നോക്കുമ്പോള്‍, യുദ്ധം നിമിത്തം ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ അവയെക്കാള്‍ ലഘുവാണെന്നാണ് മൊത്തത്തില്‍ അവയുടെ രത്‌നച്ചുരുക്കം.സ്വഹാബികളുടെ കാലത്ത് നടന്ന ആഭ്യന്തര യുദ്ധങ്ങളില്‍ പങ്കെടുക്കാതിരുന്നഇബ്‌നുഉമര്‍ (റ)നോട് അതിനെപ്പറ്റി ചിലര്‍ ചോദിക്കുകയും, അദ്ദേഹം അവരോട് മറുപടി പറയുകയും ചെയ്തതായി ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ (193-ാം വചനത്തി ലെ) ‘ഫിത്‌ന ഉണ്ടാകാതിരിക്കുന്നതുവരെ യുദ്ധം ചെയ്യുവിന്‍ (وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ) എന്ന്അല്ലാഹു പറഞ്ഞിട്ടില്ലേ എന്ന് ചോദ്യകര്‍ത്താവ് ചോദിച്ചതിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞുകാണാം: ‘ഫിത്‌ന ഇല്ലാതാകുകയും, മതംഅല്ലാഹുവിനായിരിക്കുകയും ചെയ്യുന്നതുവരെ ഞങ്ങള്‍ യുദ്ധം ചെയ്തിരിക്കുന്നു. നിങ്ങള്‍ ഫിത്‌ന ഉണ്ടാകുകയും മതം അല്ലാഹുവിന് അല്ലാതിരിക്കുകയും ചെയ്യുന്നത് വരെ യുദ്ധം ചെയ്യാന്‍ ഉദ്ദേശിക്കുകയാണ്’. മറ്റൊരു വാചകത്തില്‍ ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത്: ‘അതെ, റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്ത് ഞങ്ങള്‍ അങ്ങനെചെയ്തിട്ടുണ്ട്. അന്ന് ഇസ്‌ലാം (മുസ്‌ലിംകള്‍) അല്‍പമായിരുന്നു. അതിനാല്‍, മനുഷ്യന്‍തന്‍റെ മത കാര്യത്തില്‍ ഫിത്‌നക്ക് (പരീക്ഷണത്തിന്) വിധേയനാകുമായിരുന്നു. ഒന്നുകില്‍ അവന്‍ കൊല്ലപ്പെടും, അല്ലെങ്കില്‍ മര്‍ദ്ദിക്കപ്പെടും. അങ്ങനെ, ഇസ്‌ലാം (മുസ്‌ലിംകള്‍) വര്‍ദ്ധിച്ചു, അപ്പോള്‍ ഫിത്‌ന ഇല്ലാതായി….’

(6). ‘മസ്ജിദുല്‍ ഹറാമിന്‍റെ അടുക്കല്‍വെച്ച് അവര്‍ (ശത്രുക്കള്‍) ഇങ്ങോട്ട് യുദ്ധംചെയ്യുന്നത് വരെ അവിടെവെച്ച് നിങ്ങള്‍ അങ്ങോട്ട് യുദ്ധം ചെയ്യരുത്.’ മസ്ജിദുല്‍ ഹറാമിന്‍റെഅടുക്കല്‍ എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം മക്കാ ഹറമാകുന്നു. ഇബ്‌റാഹീം നബി (അ) കഅ്ബാ മന്ദിരം കെട്ടി ഉയര്‍ത്തുകയും, ആ രാജ്യം ഒരു നിര്‍ഭയമായ രാജ്യമാക്കിത്തീര്‍ക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത വിവരം മുമ്പ് പറഞ്ഞുവല്ലോ. അന്ന് തൊട്ട് മക്കാ ഹറമില്‍ യുദ്ധമോ കയ്യേറ്റങ്ങളോ ഒന്നും പാടില്ലെന്ന് എല്ലാ കാലത്തുള്ള അറബികളും പൊതുവെ സ്വീകരിച്ചും പാലിച്ചും വന്നിട്ടുള്ളതാണ്. ജാഹിലിയ്യാകാലത്തുപോലും അതില്‍ മാറ്റമുണ്ടായിട്ടില്ല . മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ഈ തത്വം സ്വീകരിക്കുവാന്‍ കൂടുതല്‍ ബാധ്യസ്ഥരാണല്ലോ. അതിനാല്‍, യുദ്ധത്തിന് വട്ടം കൂട്ടുന്ന ശത്രുക്കളെ എവിടെവെച്ച് കണ്ടാലും കൊലപ്പെടുത്തണമെന്ന് പറഞ്ഞതില്‍ നിന്ന് മക്കാ ഹറം സ്വാഭാവേന ഒഴിവാകുന്നു. പക്ഷേ, അതുകാരണത്താല്‍, ശത്രുക്കള്‍ കഅ്ബായുടെ പരിസരത്തുവെച്ച് തന്നെ യുദ്ധത്തിനൊരുങ്ങിയാലും മുസ്‌ലിംകള്‍അവരോട് നേരിടാതെ- കയ്യുംകെട്ടി- നില്‍ക്കണമെന്നുണ്ടോ? ഇല്ല. അത് വേണ്ടതില്ല.അവിടെവെച്ച് മുസ്‌ലിംകള്‍ അങ്ങോട്ട് യുദ്ധം ആരംഭിക്കുവാന്‍ പാടില്ല. നേരെമറിച്ച്ശത്രുക്കള്‍ അവിടെവെച്ച് ഇങ്ങോട്ട് യുദ്ധം തുടങ്ങുന്ന പക്ഷം പിന്നെ പിന്‍മാറേണ്ടതില്ല.അവിടെവെച്ചുതന്നെ അങ്ങോട്ടും നടപടി എടുത്തുകൊള്ളണം എന്നൊക്കെ അല്ലാഹുസത്യവിശ്വാസികളെ അറിയിക്കുകയാണ്.

(7) ‘എന്നാല്‍, അവര്‍ (ശത്രുക്കള്‍) വിരമിച്ചുവെങ്കില്‍ അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.’ അതെ, ശത്രുക്കള്‍ അവരുടെ നിലപാട്മാറ്റി സത്യവിശ്വാസംസ്വീകരിക്കുകയും, യുദ്ധങ്ങളും എതിര്‍പ്പുകളും ഉപേക്ഷിക്കുകയും ചെയ്താല്‍അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കുന്നതാണ്. മുമ്പ് ചെയ്ത അക്രമങ്ങളുടെ പേരില്‍ അവരോട്നടപടി എടുക്കുകയില്ല.

(8). ‘ഫിത്‌ന ഉണ്ടാകാതിരിക്കുകയും, ദീന്‍ അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ അവരുമായി യുദ്ധം നടത്തിക്കൊള്ളുക’. അഥവാ യുദ്ധ നടപടികള്‍ മൂലം സാധിക്കേണ്ടുന്ന രണ്ട് കാര്യങ്ങളാണ് ഫിത്‌ന ഇല്ലാതാവലും, മതം അല്ലാഹുവിനായിരിക്കലും. എന്നുവെച്ചാല്‍, മേല്‍ പ്രസ്താവിച്ചതുപോലെയുള്ള കുഴപ്പങ്ങള്‍ അവസാനിക്കുകയും, അല്ലാഹുവിന്‍റെ മതമാകുന്ന ഇസ്‌ലാമിനെതിരെ ആക്രമങ്ങളും കൈകടത്തലുകളും ഇല്ലാതായിത്തീരുകയും, അതിന് ലോകത്ത് അഭിമാനപൂര്‍വ്വം സ്വൈരവിഹാരം കൊള്ളുമാറാവുകയും ചെയ്യുന്ന സന്ദര്‍ഭം എപ്പോള്‍ ഉണ്ടാകുന്നുവോ അതുവരെ യുദ്ധത്തിന്‍റെ ആവശ്യകത നിലവിലുണ്ടായിരിക്കും എന്ന് താല്‍പര്യം. അല്ലാതെ, ലോകത്ത്എവിടെയും ശിര്‍ക്കും, കുഫ്‌റും അവശേഷിക്കാതെ എല്ലാ മനുഷ്യരും മുസ്‌ലിംകളായിത്തീരുന്നതുവരെ യുദ്ധം നടത്തിക്കൊള്ളണമെന്നല്ല ഇതിന്‍റെ അര്‍ത്ഥം. ഇസ്‌ലാമില്‍അങ്ങനെ ഒരു വിധിയില്ലതാനും. മതവിഷയത്തില്‍ നിങ്ങളോട് യുദ്ധം നടത്തുകയോ നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്ന് ബഹിഷ്‌കരിക്കുകയോ ചെയ്യാത്തവര്‍ക്ക്നന്മ ചെയ്യുകയും അവരോട് നീതി മുറപാലിക്കുകയും ചെയ്യുന്നതിന് വിരോധമില്ലെന്നും മതവിഷയത്തില്‍ നിങ്ങളോട് യുദ്ധം നടത്തുകയും നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്ന്നിങ്ങളെ ബഹിഷ്‌കരിക്കുകയും അതിന് പിന്തുണ നല്‍കുകയും ചെയ്യുന്നവരോട് നിങ്ങള്‍മൈത്രി കാണിക്കുന്നത് മാത്രമേ വിരോധമുള്ളൂവെന്നും അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാണ്. (സൂ: മുംതഹിനഃ 8,9 നോക്കുക)(9). ‘അവര്‍ വിരമിച്ചാല്‍ പിന്നെ അക്രമകാരികള്‍ക്കെതിരായിട്ടല്ലാതെ അതിക്രമംപാടില്ല. ‘അതായത്, ശത്രുക്കള്‍ അവരുടെ അക്രമമര്‍ദ്ദനങ്ങളും കയ്യേറ്റങ്ങളും നിറുത്തല്‍ ചെയ്താല്‍ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് അവര്‍ക്കെതിരെ യുദ്ധമോ ആക്രമണമോ ഒന്നും ഉണ്ടായിക്കൂടാ. ഉണ്ടാകുന്നപക്ഷം അത് അക്രമവും അനീതിയുമായിരിക്കും. അവര്‍ മുമ്പ് അക്രമികളായിരുന്നുവെന്നുവെച്ച് ഇപ്പോള്‍ അവരുടെ നേരെ അത്തരം നടപടികളൊന്നും എടുക്കുവാന്‍ പാടില്ല എന്ന് സാരം. അക്രമികള്‍ ഇങ്ങോട്ട്സ്വീകരിക്കുന്ന അതിക്രമങ്ങള്‍ക്ക് പകരം അതേ മാതിരി അങ്ങോട്ടും നടപടികള്‍ സ്വീകരിക്കുന്നതിനെ ഉദ്ദേശിച്ചാണ് ഇവിടെ അതിക്രമം (عُدْوَانَ) എന്ന് പറഞ്ഞിരിക്കുന്നതെന്ന് അടുത്ത വചനത്തില്‍ നിന്ന് മനസ്സിലാക്കാം. യഥാര്‍ത്ഥത്തില്‍ ഇത് അതിക്രമമല്ലെങ്കിലും ബാഹ്യത്തില്‍ അതിക്രമതുല്യമാണല്ലോ.

2:194
 • ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَـٰتُ قِصَاصٌ ۚ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ ﴾١٩٤﴿
 • 'ഹറാമാ'യ [പവിത്രമായ] മാസം 'ഹറാമാ'യ [പവിത്രമായ] മാസത്തിന് (പകരം) ആകുന്നു. 'ഹുര്‍മത്ത്' [പവിത്രവസ്തു]കളും പ്രതിക്രിയ (നടത്തപ്പെടുന്നവ)യാ കുന്നു. ആകയാല്‍, ആരെങ്കിലും നിങ്ങളുടെ മേല്‍ അതിക്രമം പ്രവര്‍ത്തിച്ചാല്‍, നിങ്ങളുടെ മേല്‍ അവന്‍ അതിക്രമം പ്രവര്‍ത്തിച്ച (അതേ) മാതിരിയില്‍ നിങ്ങള്‍ അവന്‍റെമേലും അതിക്രമം പ്രവര്‍ത്തിച്ചു കൊള്ളുവിന്‍; 'അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെ ആയിരിക്കുമെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.
 • الشَّهْرُ മാസം الْحَرَامُ ഹറാമായ, അലംഘ്യമായ, പവിത്രമായ بِالشَّهْرِ മാസത്തിന് (പകരം) ആകുന്നു الْحَرَامِ ഹറാമായ وَالْحُرُمَاتُ ഹുര്‍മത്തുകള്‍, അലം ഘ്യവസ്തുക്കള്‍, പവിത്രമായവ قِصَاصٌ പ്രതികാരമാകുന്നു فَمَنِ അതിനാല്‍ (അപ്പോള്‍) ആരെങ്കിലും اعْتَدَىٰ അതിക്രമം ചെയ്തു, അതിരുവിട്ടു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ فَاعْتَدُوا എന്നാല്‍ നിങ്ങള്‍ അതിക്രമം ചെയ്തുകൊള്ളുവിന്‍ عَلَيْهِ അവന്‍റെ മേല്‍ (എതിരില്‍) بِمِثْلِ പോലെയുള്ളതുകൊണ്ട്, മാതിരിയില്‍ مَا اعْتَدَىٰ അവന്‍ അതിക്രമം ചെയ്തത് عَلَيْكُمْ നിങ്ങളുടെ മേല്‍ وَاتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചും കൊള്ളുവിന്‍ وَاعْلَمُوا നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ അല്ലാഹു ആണെന്ന് مَعَ الْمُتَّقِينَ സൂക്ഷിക്കുന്നവരുടെ കൂടെ

അലംഘ്യത, പവിത്രത, ആദരണീയത, നിഷിദ്ധത എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാക്കുകളാണ് حَرَام، حُرمة (ഹറാം, ഹുര്‍മത്ത്) എന്നിവ. പവിത്രമായ മാസം (الشَّهْرُ حَرَام) എന്നു പറഞ്ഞത് യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളെയും, പവിത്ര വസ്തുക്കള്‍ (حُرُمَاتُ) എന്ന് പറഞ്ഞത് അനാദരിക്കപ്പെടുവാന്‍ പാടില്ലാത്ത എല്ലാ പവിത്ര വസ്തുക്കളെയും ഉദ്ദേശിച്ചാകുന്നു. ദുല്‍ക്വഅദ്, മുഹര്‍റം എന്നീ തുടര്‍ച്ചയായ മൂന്ന് മാസങ്ങളും, റജബ് മാസവുംകൂടി നാല് മാസങ്ങളാണ് യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങള്‍. ആരാധനാ സ്ഥലങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, പുണ്യദിവസങ്ങള്‍, പുണ്യസ്ഥലങ്ങള്‍ ആദിയായവയെല്ലാം പവിത്രമായ വസ്തുക്കളിലും ഉള്‍പ്പെടുന്നു.

നാനാഭാഗങ്ങളില്‍ നിന്നും ഹജ്ജിന് വരുന്ന ആളുകള്‍ക്ക് ഭയാശങ്കകളൊന്നും കൂടാതെ, സ്വൈരപൂര്‍വ്വം ഹജ്ജുകര്‍മങ്ങള്‍ നിറവേറ്റി തിരിച്ചുപോകുവാന്‍ വേണ്ടിയാണ് ആദ്യത്തെ മൂന്ന് മാസങ്ങള്‍ തുടര്‍ച്ചയായി പവിത്ര മാസങ്ങളാക്കപ്പെട്ടിരിക്കുന്നത്. ഹജ്ജിന്‍റെ പ്രധാന കര്‍മങ്ങള്‍ നടക്കുന്നത് ദുല്‍ഹിജ്ജഃയിലാണെങ്കിലും ദൂരദിക്കില്‍നിന്ന് വരുന്നവരുടെയും മടങ്ങുന്നവരുടെയും സൗകര്യവും മറ്റും കണക്കിലെടുത്തുകൊണ്ട് അതിന്‍റെ മുമ്പും പിമ്പും ഓരോ മാസവും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഇടക്കുവെച്ച് ഉംറാകര്‍മം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് നിര്‍വഹിച്ചുപോകുവാന്‍ സൗകര്യപ്പെടുമാറ് റജബുമാസവും പവിത്രമാക്കപ്പെട്ടിരിക്കുന്നു. ഈ മാസങ്ങളില്‍ യുദ്ധങ്ങളും ആക്രമണങ്ങളുമില്ലാതെ എല്ലാവരും സമാധാനത്തിലായിരിക്കണമെന്നുള്ളത് അറബികള്‍ക്കിടയില്‍ പൊതുവെ അംഗീകരിക്കപ്പെട്ടുവന്നിരുന്ന ഒരു തത്വമാകുന്നു. 217-ാം വചനത്തില്‍ കാണാവുന്നതുപോലെ, ഇസ്‌ലാമിലും നിലവിലുള്ള നിയമമാണത്. എന്നാല്‍, പ്രസ്തുത മാസങ്ങളില്‍പെട്ട ഏതെങ്കിലും ഒന്നില്‍വെച്ച് യുദ്ധം അത്യാവശ്യമാണെന്ന് കാല്‍ ആ മാസത്തില്‍ തന്നെ യുദ്ധം നടത്തുകയും, അതിനുപകരം മറ്റൊരു മാസത്തെ പവിത്രമാസമായി ആചരിക്കുകയും ചെയ്യുന്ന ഒരു പതിവ് ജാഹിലിയ്യാ കാലത്ത് അറബി മുശ്‌രിക്കുകള്‍ സ്വീകരിച്ചു വന്നിരുന്നു. (ഇതിനെപ്പറ്റി സൂ: തൗബഃ 37 ല്‍ പ്രസ്താവിക്കുന്നുണ്ട്)

ശത്രുക്കള്‍ ഹറമില്‍വെച്ച് ഇങ്ങോട്ട് യുദ്ധത്തിനൊരുങ്ങുമ്പോള്‍, അവിടെ വെച്ചു തന്നെ അവരോട് യുദ്ധം നടത്തണമെന്ന് കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. അതുപോലെ, ഈ പവിത്രമാസങ്ങളെ അനാദരിച്ചുകൊണ്ട് അവര്‍ യുദ്ധത്തിന് വന്നാല്‍ അപ്പോള്‍, ആ മാസങ്ങളുടെ പവിത്രത കാരണം പിന്നോക്കം നില്‍ക്കാതെ മുസ്‌ലിംകളും അവരോട് ഏറ്റുമുട്ടണമെന്നും, അങ്ങനെ ആ അതിക്രമത്തിനെതിരില്‍ അതേ മാതിരി നടപടി അങ്ങോട്ടും സ്വീകരിക്കണമെന്നും ഈ വചനത്തില്‍ അല്ലാഹു സത്യവിശ്വാസികളോട് കല്‍പിക്കുന്നു. മാത്രമല്ല, അലംഘ്യവും ആദരണീയവുമായി കരുതപ്പെടുന്ന മറ്റേത് പവിത്രവസ്തുക്കളെയോ വസ്തുതകളെയോ അവഗണിച്ചുകൊണ്ട് അവര്‍ നടത്തുന്ന ഏത് അക്രമങ്ങളിലും അതേപടി അങ്ങോട്ടും പ്രതികാരം ചെയ്യുന്നതാവശ്യമാണെന്ന ഒരു പൊതുതത്വം കൂടി അല്ലാഹു അറിയിക്കുന്നു. ഈ തത്വം സ്വീകരിക്കാത്ത പക്ഷം- ശത്രുക്കള്‍ ചെയ്യുന്നതുപോലെ നമുക്ക് അങ്ങനെ ചെയ്തുകൂടാ എന്നുവെച്ച് മുസ്‌ലിംകള്‍ ഒഴിഞ്ഞുനില്‍ക്കുന്ന പക്ഷം- അതിന്‍റെ ഭവിഷ്യത്ത് പറയേണ്ടതില്ലല്ലോ. എന്നാല്‍, ഈ പ്രതികാര നടപടിയിലും തങ്ങളുടെ പക്കല്‍ നിന്ന് വല്ല പാകപ്പിഴവുകളും ഉണ്ടാകുന്നത് പ്രത്യേകം സൂക്ഷിക്കേതുണ്ടെന്നും, അങ്ങനെ സൂക്ഷിക്കുന്നവരുടെ പക്ഷത്ത് അല്ലാഹു ഉണ്ടായിരിക്കുമെന്നും പ്രത്യേകം ഉണര്‍ത്തു കയും ചെയ്തിരിക്കുന്നു.

2:195
 • وَأَنفِقُوا۟ فِى سَبِيلِ ٱللَّهِ وَلَا تُلْقُوا۟ بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ ۛ وَأَحْسِنُوٓا۟ ۛ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ ﴾١٩٥﴿
 • നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുവിന്‍. നിങ്ങളുടെ കൈകളെ നിങ്ങള്‍ നാശത്തിലേക്ക് ഇട്ടേക്കുകയും ചെയ്യരുത്. നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയും ചെയ്യണം. നിശ്ചയമായും, നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കു ന്നതാണ്.
 • وَأَنفِقُوا നിങ്ങള്‍ ചിലവഴിക്കുവിന്‍ فِي سَبِيلِ മാര്‍ഗത്തില്‍ اللَّهِ അല്ലാഹുവിന്‍റെ وَلَا تُلْقُوا നിങ്ങള്‍ ഇടുകയും ചെയ്യരുത് بِأَيْدِيكُمْ നിങ്ങളുടെ കൈകളെ إِلَى التَّهْلُكَةِ നാശത്തിലേക്ക്, അപായത്തിലേക്ക് وَأَحْسِنُوا നിങ്ങള്‍ നന്മ ചെയ്യുവിന്‍, നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു يُحِبُّ ഇഷ്ടപ്പെടുന്നു, സ്‌നേഹിക്കുന്നു الْمُحْسِنِينَ നന്മ ചെയ്യുന്നവരെ, നന്നായി പ്രവര്‍ത്തിക്കുന്നവരെ

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നാടും, വീടും, സമ്പത്തും നല്‍കി സഹായിച്ചുകൊണ്ടിരുന്ന അന്‍സ്വാരികളായ ചില സ്വഹാബികള്‍- ഇസ്‌ലാമിന് പ്രതാപവും ശക്തിയും സിദ്ധിച്ചു കഴിഞ്ഞപ്പോള്‍- എനി നാം മുമ്പത്തെ അത്രതന്നെ ചിലവഴിക്കേണ്ടുന്ന ആവശ്യമില്ലെന്നും, നമുക്ക് നമ്മുടെ സ്വത്തും ധനവുമൊക്കെ അഭിവൃദ്ധിപ്പെടുത്തുവാന്‍ ശ്രമിക്കാമെന്നും തമ്മതമ്മില്‍ സ്വകാര്യം പറയുകയുണ്ടായി. അതിനെ ത്തുടര്‍ന്നാണ് ഈ വചനം അവതരിച്ചതെന്ന് അബൂഅയ്യൂബില്‍ അന്‍സ്വാരീ (റ) യുടെ ഒരു ഹദീഥില്‍ വന്നിരിക്കുന്നു. (മു; ജ; ന; തി.) അവതരണ സന്ദര്‍ഭം അതായിരുന്നാല്‍ തന്നെയും ആയത്തിന്‍റെ ഉള്ളടക്കം പൊതുവെ ബാധകമാണെന്നുള്ളതില്‍ സംശയമില്ല. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കഴിയുന്നത്ര ധനം ചിലവഴിക്കണമെന്നും, പിശുക്ക് പിടിച്ച് നാശഗര്‍ത്തത്തില്‍ പതിക്കുവാന്‍ ഇടവരാതെ സൂക്ഷിക്കണമെന്നും സത്യവിശ്വാസികളോട് ഈ വചനത്തില്‍ അല്ലാഹു കല്‍പിക്കുന്നു. ചെയ്യുന്ന കാര്യങ്ങള്‍ നന്നായും, നിഷ്‌കളങ്കമായും, ഭംഗിയായും ചെയ്യണമെന്നും, അങ്ങനെ ചെയ്യുന്നവരുടെ പക്ഷത്തായിരിക്കും അല്ലാഹു- അവന്‍റെ കാരുണ്യവും സഹായവും അവര്‍ക്കാണ് ലഭിക്കുക- എന്നും ഉണര്‍ത്തിക്കൊണ്ട് അവരെ അതിന് ആവേശഭരിതരാക്കുകയും ചെയ്യുന്നു.

فِي سَبِيلِ الَّله (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) എന്ന് പറഞ്ഞതില്‍, അല്ലാഹു ഇഷ്ടപ്പെടുന്ന എല്ലാ വിഷയങ്ങളും ഉള്‍പ്പെടും. ഇസ്‌ലാമിന്‍റെ നിലനില്‍പിനും അഭിവൃദ്ധിക്കും വളര്‍ച്ചക്കും ആവശ്യമായ കാര്യങ്ങള്‍, ശത്രുക്കളുമായുള്ള സമരങ്ങള്‍ ആദിയായവ അവയുടെ മുന്‍പന്തിയില്‍ നിലകൊള്ളുന്നു. കഴിഞ്ഞ വചനങ്ങളില്‍ ശത്രുക്കളുമായി യുദ്ധം നടത്തുന്നത് സംബന്ധിച്ച പലതും വിവരിച്ചതിനെത്തുടര്‍ന്നാണ് ഈ വചനത്തില്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുവാന്‍ കല്‍പിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍, ഈ അവസാനം പറഞ്ഞ കാര്യമാണ് ഇവിടെ മുഖ്യമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതാവുന്നതാണ് . നിങ്ങളുടെ കൈകളെ നാശത്തിലേക്ക് ഇടരുത് (وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ) എന്ന വാക്യം സത്യവിശ്വാസികള്‍ വളരെ ഗൗരവ പൂര്‍വ്വം മനസ്സിരുത്തേണ്ടുന്ന ഒരു വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മേല്‍ സൂചിപ്പിച്ചതുപോലെയുള്ള വിഷയങ്ങളില്‍- മതസംബന്ധമായ സമരകാര്യങ്ങളില്‍ വിശേഷിച്ചും- ധനം ചിലവഴിക്കുവാന്‍ നിങ്ങള്‍ മുന്നോട്ട് വരാത്ത പക്ഷം, അത് നിങ്ങളുടെ ശത്രുക്കള്‍ക്ക് ശക്തി വര്‍ദ്ധിക്കുവാനും, നിങ്ങളുടെ ഭാവി അപകടപ്പെടുവാനും കാരണമായേക്കും; അതുകൊണ്ട് അതിന് ഇടവരുത്തരുത് എന്നുള്ള ഒരു താക്കീതാണിത്. വേണ്ടപ്പെട്ട വിഷയങ്ങളില്‍ ചിലവഴിക്കാതിരിക്കുന്നത് നിങ്ങളുടെ നാശത്തിന് ഹേതുവായേക്കുമെന്നും, അത് സൂക്ഷിക്കണമെന്നും മാത്രമല്ല, വേണ്ടാത്ത വിഷയത്തില്‍ ധനം ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് ആപത്ത് പിണയുവാന്‍ ഇടയുണ്ടെന്നും, അതിന് ഇടവരുത്തരുതെന്നുകൂടി ആ വാക്യത്തില്‍ സൂചനയുണ്ട് എന്നും ചില വ്യാഖ്യാതാക്കള്‍ ചൂണ്ടി ക്കാട്ടിയിരിക്കുന്നു. ആ വാക്യത്തിന്‍റെ അര്‍ത്ഥവ്യാപ്തി നോക്കുമ്പോള്‍ ഇത് ശരിയാണുതാനും. ‘ആപത്തില്‍ കയ്യിടരുത്’ എന്നും ‘കഷ്ടകാലം കടംകൊള്ളരുത്’ എന്നും പറയാറുള്ളതുപോലെ ഒരു അലങ്കാരപ്രയോഗമാണ് ‘നാശത്തിലേക്ക് നിങ്ങളുടെ കൈ ഇടരുത്’ എന്നുള്ള ഈ വാക്യവും. അടുത്ത വചനങ്ങളില്‍ ഹജ്ജിനെയും ഉംറഃയെയും കുറിച്ച് പറയുന്നു:-

2:196
 • وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۖ وَلَا تَحْلِقُوا۟ رُءُوسَكُمْ حَتَّىٰ يَبْلُغَ ٱلْهَدْىُ مَحِلَّهُۥ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِۦٓ أَذًى مِّن رَّأْسِهِۦ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ ۚ فَإِذَآ أَمِنتُمْ فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَـٰثَةِ أَيَّامٍ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗ ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُۥ حَاضِرِى ٱلْمَسْجِدِ ٱلْحَرَامِ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾١٩٦﴿
 • നിങ്ങള്‍ അല്ലാഹുവിനായി 'ഹജ്ജും', 'ഉംറഃ'യും പൂര്‍ത്തിയാക്കുവിന്‍. എനി, നിങ്ങള്‍ക്ക് മുടക്ക് ബാധിച്ചെങ്കില്‍, അപ്പോള്‍ 'ഹദ്‌യി'ല്‍ [ബലിമൃഗത്തില്‍] നിന്നും സൗകര്യപ്പെട്ടത് (ബലി കഴിക്കുക). 'ഹദ്‌യ്' അതിന്‍റെ അനുവദനീയ സ്ഥാനത്ത് [നിശ്ചിത സ്ഥാനത്ത്] എത്തുന്നതുവരേക്കും നിങ്ങള്‍ നിങ്ങളുടെ തല മുണ്ഡനം ചെയ്യരുത്. എന്നാല്‍, നിങ്ങളില്‍ ആരെങ്കിലും രോഗിയായിരിക്കുക യോ, അല്ലെങ്കില്‍ അവനില്‍ അവന്‍റെ തലയില്‍നിന്നുള്ള വല്ല ഉപദ്രവവും ഉണ്ടായിരിക്കുകയോ ചെയ്താല്‍, അപ്പോള്‍ നോമ്പോ ദാനധര്‍മമോ ബലി കര്‍മമോ ആകുന്ന ഒരു തെണ്ട[പ്രായശ്ചിത്ത]മാകുന്നു (വേണ്ടത്). എന്നാല്‍, നിങ്ങള്‍ നിര്‍ഭയാവസ്ഥയി ലായാല്‍- എന്നിട്ട് ആരെങ്കിലും 'ഉംറഃ' (നിര്‍വഹിച്ചു)കൊണ്ട് 'ഹജ്ജ്' വരെ സുഖമെടുക്കുന്ന പക്ഷം, അപ്പോള്‍, 'ഹദ്‌യി 'ല്‍ [ബലി മൃഗത്തില്‍] നിന്ന് സൗകര്യപ്പെട്ടത് (ബലി കഴിക്കുക). എനി, ആര്‍ക്കെങ്കിലും (അത്) കിട്ടാത്തപക്ഷം, ഹജ്ജി(ന്‍റെ ദിവസ ങ്ങളി)ല്‍ മൂന്ന് ദിവസവും നിങ്ങള്‍ മടങ്ങിപ്പോയാല്‍ (വേറെ) ഒരു ഏഴും നോമ്പ് നോല്‍ക്കുക. (അങ്ങനെ) അത് പൂര്‍ത്തിയായ പത്ത് (നോമ്പ്). അത് [ആ പറഞ്ഞ വിധി ], ആരുടെ കുടുംബം 'മസ്ജിദുല്‍ ഹറാമി'ങ്കല്‍ സന്നിഹിതര്‍ [നിവസിക്കുന്നവര്‍] ആയിട്ടില്ലയോ അവര്‍ക്കുള്ളതാകുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു കഠിനമായ ശിക്ഷാ നടപടി എടുക്കുന്നവനാണെന്ന് നിങ്ങള്‍ അറിഞ്ഞും കൊള്ളുവിന്‍.
 • وَأَتِمُّوا നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍ الْحَجَّ ഹജ്ജ് وَالْعُمْرَةَ ഉംറഃയും لِلَّهِ അല്ലാഹുവിന് വേണ്ടി فَإِنْ أُحْصِرْتُمْ എനി (എന്നാല്‍) നിങ്ങള്‍ ഉപരോധിക്കപ്പെട്ടുവെങ്കില്‍, മുടക്കം ചെയ്യപ്പെടുന്ന (തടയപ്പെടുന്ന) പക്ഷം فَمَا അപ്പോള്‍ യാതൊന്ന് اسْتَيْسَرَ എളുപ്പമായ, സൗകര്യപ്പെട്ട مِنَ الْهَدْيِ ഹദ്‌യില്‍ (ബലിമൃഗത്തില്‍) നിന്ന് وَلَا تَحْلِقُوا നിങ്ങള്‍ മുണ്ഡനം ചെയ്യരുത് رُءُوسَكُمْ നിങ്ങളുടെ തലകളെ حَتَّىٰ يَبْلُغَ എത്തുന്ന വരെ الْهَدْيُ ഹദ്‌യ് مَحِلَّهُ അതിന്‍റെ നിശ്ചിത സ്ഥാനത്ത്, അനുവദനീയ സ്ഥാനത്ത് فَمَن كَانَ എന്നാല്‍ (എനി) ആരെങ്കിലും ആയാല്‍ مِنكُم നിങ്ങളില്‍ നിന്ന് مَّرِيضًا രോഗി أَوْ بِهِ അല്ലെങ്കില്‍ അവനില്‍ ഉണ്ട് أَذًى വല്ല ഉപദ്രവവും, ശല്യം مِّن رَّأْسِهِ അവന്‍റെ തലയില്‍ നിന്ന് فَفِدْيَةٌ അപ്പോള്‍ ഒരു തെണ്ടം مِّن صِيَامٍ നോമ്പിനാലുള്ള أَوْ صَدَقَةٍ അല്ലെങ്കില്‍ ദാനധര്‍മം أَوْ نُسُكٍ അല്ലെങ്കില്‍ ബലികര്‍മം فَإِذَا أَمِنتُمْ എനി നിങ്ങള്‍ നിര്‍ഭയത്തിലായാല്‍ فَمَن അപ്പോള്‍ ആരെങ്കിലും تَمَتَّعَ സുഖമെടുത്തു, 'മുത്അത്' ചെയ്തു (എങ്കില്‍) بِالْعُمْرَةِ ഉംറഃകൊണ്ട് (മുഖേന) إِلَى الْحَجِّ ഹജ്ജുവരെ فَمَا اسْتَيْسَرَ എന്നാല്‍ സൗകര്യമായത് مِنَ الْهَدْيِ ഹദ്‌യില്‍ നിന്ന് فَمَن لَّمْ يَجِدْ എനി ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ فَصِيَامُ എന്നാല്‍ നോമ്പ് ثَلَاثَةِ أَيَّامٍ മൂന്ന് ദിവസങ്ങള്‍ فِي الْحَجِّ ഹജ്ജി (ദിവസ ങ്ങളി)ല്‍ وَسَبْعَةٍ ഒരു ഏഴും إِذَا رَجَعْتُمْ നിങ്ങള്‍ മടങ്ങിയാല്‍ تِلْكَ അത്, അവ عَشَرَةٌ ഒരു പത്താകുന്നു كَامِلَةٌ പൂര്‍ത്തിയായ ذَٰلِكَ അത് لِمَن യാതൊരുവന്നാണ് لَّمْ يَكُنْ ആയിട്ടില്ല, അല്ല أَهْلُهُ അവന്‍റെ കുടുംബം, ആള്‍ക്കാര്‍ حَاضِرِي ഹാജറുള്ളവര്‍ (നിവസിക്കുന്നവര്‍) الْمَسْجِدِ الْحَرَامِ മസ്ജിദുല്‍ ഹറാമിങ്കല്‍ وَاتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്ന് شَدِيدُ കഠിനമായവര്‍ الْعِقَابِ ശിക്ഷാനടപടി

അല്‍പം ദീര്‍ഘമായ ഈ വചനത്തില്‍ ഹജ്ജ്, ഉംറഃ എന്നീ കര്‍മങ്ങളെ സംബന്ധി ക്കുന്ന വിവരങ്ങള്‍ പലതും  അടങ്ങിയിരിക്കുന്നു. ഹജ്ജിന്‍റെ ഘടകകര്‍മങ്ങളായ അറഫായില്‍ സമ്മേളിക്കല്‍ ഒഴിച്ച് മറ്റുള്ളതെല്ലാം ഉംറഃയിലും  അനുഷ്ഠിക്കപ്പെടേതുണ്ട്. നിശ്ചിത മാസങ്ങളിലും ദിവസങ്ങളിലും മാത്രമേ ഹജ്ജിന്‍റെ കര്‍മങ്ങള്‍ ചെയ്യാവൂ. ഉംറഃക്ക്  കാലനിര്‍ണയമില്ല. താഴെ പറയുന്ന പ്രകാരം ഹജ്ജിനോടൊപ്പവും, സ്വന്തമായും ഉംറഃ നിര്‍വ്വഹിക്കപ്പെടാം. കഴിവുള്ളവര്‍  ആയുസ്സില്‍ ഒരു പ്രാവശ്യം ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാകുന്നു. (ആലുഇംറാന്‍: 97 നോക്കുക) ഇസ്‌ലാമിന്‍റെ  പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതുമാണത്. ഉംറഃ ഒരിക്കലെങ്കിലും നിര്‍വഹിക്കല്‍ നിര്‍ബന്ധമുണ്ടോ എന്നതില്‍  രണ്ടഭിപ്രായം സ്വഹാബികള്‍ മുതല്‍ക്കേ പണ്ഡിതന്‍മാര്‍ക്കിടയില്‍ നിലവിലുണ്ട്. രണ്ടിലൊന്ന് തീര്‍ത്ത് പറയുവാന്‍  തെളിവില്ലാത്ത സ്ഥിതിക്ക് നിര്‍ബന്ധമാണെന്ന് പറയാതിരിക്കുകയാണ് വേണ്ടതെന്ന്- രണ്ട് വിഭാഗക്കാരുടെയും തെളിവുകള്‍  പരിശോധിച്ചുകൊണ്ട്- ഇബ്‌നുജരീര്‍ (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. നിര്‍ബന്ധമായാലും അല്ലെങ്കിലും ശരി, ഹജ്ജും ഉംറഃയും ഇസ്‌ലാമിലെ പ്രധാനപ്പെട്ട രണ്ട് ആരാധനാ കര്‍മങ്ങളത്രെ. സൗകര്യവും കഴിവുമുള്ളവര്‍ രണ്ടും കൂടുതല്‍  അനുഷ്ഠിച്ചു അല്ലാഹുവിന്‍റെ പ്രീതി നേടുവാന്‍ ശ്രമിക്കേണ്ടതുമാകുന്നു.

നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  മക്കാജീവിതകാലത്ത് എത്ര ഹജ്ജും ഉംറഃയും ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന  തെളിവുകളൊന്നുമില്ല. പലവട്ടം ചെയ്തിരിക്കുവാനാണ് സാധ്യത. ഹിജ്‌റഃക്ക് ശേഷം മിക്കവാറും അഞ്ചാം കൊല്ലത്തില്‍  ഇസ്‌ലാമില്‍ ഹജ്ജിന്‍റെ നിയമം അവതരിച്ചുവെങ്കിലും അക്കാലത്ത് മക്കായിലെ സ്ഥിതിഗതികള്‍ സുരക്ഷിതമല്ലാതിരു  ന്നതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും അക്കാലത്ത് ഹജ്ജ് ചെയ്കയുണ്ടായിട്ടില്ല. ഒമ്പതാം കൊല്ലത്തില്‍ അബൂബക്ര്‍ (റ)ന്‍റെ നേതൃത്വത്തില്‍ ഒരു സംഘം സ്വഹാബികള്‍ ഹജ്ജ് നിര്‍വഹിക്കുകയുണ്ടായി. പത്താം കൊല്ലത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും ഒന്നിച്ചുപോയി ഹജ്ജ് നിര്‍വ്വഹിച്ചുപോന്നു. ഇതാണ് حَجة اُلوِدَاع (ഹജ്ജത്തുല്‍ വിദാഉ്) എന്ന  പേരില്‍ പ്രസിദ്ധമായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അവസാനത്തെ ഹജ്ജ്. ഉംറഃ കര്‍മം മൂന്ന് പ്രാവശ്യമാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്തിട്ടുള്ളതെങ്കിലും അതിനുവേണ്ടി നാല് പ്രാവശ്യം അവിടുന്ന് മദീനായില്‍ നിന്ന് പോയിട്ടുണ്ട്. ഒന്നാമത്തേത് ഹിജ്‌റഃ  6-ാം കൊല്ലത്തിലായിരുന്നു. പക്ഷേ, മുശ്‌രിക്കുകളുടെ തടസ്സം നിമിത്തം ഹുദൈിയ്യയില്‍ വെച്ചുണ്ടായ സുപ്രസിദ്ധ  ഉടമ്പടിയനുസരിച്ച് തിരുമേനി അന്ന് മടങ്ങിപ്പോന്നു. രണ്ടാമത്തേത്, ആ സന്ധി നിശ്ചയപ്രകാരം അടുത്ത കൊല്ലം പോയി  ഉംറഃ നിര്‍വഹിച്ചു പോന്നതാകുന്നു. മൂന്നാമത്തേത്, 8-ാം കൊല്ലത്തിലായിരുന്നു. ഇതിന് ‘ഇഹ്‌റാം’ (പ്രവേശനം)  ഉണ്ടായത് ജിഇര്‍ റാനഃ (جِعْرانة) എന്ന സ്ഥലത്ത് നിന്നായത് കൊണ്ട് ഉംറതുല്‍ ജിഇര്‍ റാന എന്ന പേരില്‍ ഇത്  അറിയപ്പെടുന്നു. നാലാമത്തേത് ഹജ്ജതുല്‍ വിദാഇലുമായിരുന്നു. എനി നമുക്ക് ആയത്തില്‍ പ്രസ്താവിച്ച  മുഖ്യവിഷയങ്ങള്‍ ശ്രദ്ധിക്കാം. അവ ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്:-

(1) അല്ലാഹുവിനു വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ത്തിയാക്കുക. അല്ലാഹുവിന്‍റെ കല്‍പന അനുസരിച്ച് അവന്‍റെ  പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ചും കൊണ്ട് അത് രണ്ടും നിര്‍വ്വഹിച്ചുകൊള്ളുക എന്ന് സാരം. ഏതൊരു  കാര്യത്തെക്കുറിച്ചും ‘അല്ലാഹുവിനായി ചെയ്യുക’ എന്ന് പറയുന്നതിന്‍റെ താല്‍പര്യം ഇതുതന്നെ. എന്നല്ലാതെ  അല്ലാഹുവിന്‍റെ ഏതെങ്കിലും ആവശ്യമോ ഗുണമോ നിറവേറ്റുവാന്‍ വേണ്ടി എന്ന് അതിനര്‍ത്ഥമില്ല. സൃഷ്ടികളുടെ  ആരാധനകൊണ്ടോ, മറ്റേതെങ്കിലും കാര്യങ്ങള്‍ മുഖേനയോ അല്ലാഹുവിന് യാതൊരു നേട്ടവും ഉണ്ടാകുവാനില്ല തന്നെ.  ആരുടെയും ആശ്രയമോ സഹായമോ ആവശ്യമില്ലാത്ത സര്‍വ്വധന്യനാണല്ലോ അവന്‍. ‘ഹജ്ജും ഉംറഃയും  പൂര്‍ത്തിയാക്കുക’ എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു:

1. രണ്ടിലും ആചരിക്കപ്പെടേണ്ടുന്ന എല്ലാ കാര്യങ്ങളും ആദ്യന്തം ശരിയായും നന്നായും ചെയ്തുതീര്‍ക്കുക.

2. നിര്‍ബന്ധ കടമയെന്ന നിലക്കായാലും, ഐച്ഛികമെന്ന നിലക്കായാലും രണ്ടില്‍ ഏതെങ്കിലും ഒന്നില്‍ പ്രവേശിച്ചു  കഴിഞ്ഞാല്‍ പിന്നെ അത് മുഴുവന്‍ ചെയ്തു പൂര്‍ത്തിയാക്കുക തന്നെ വേണം. ഇടക്കുവെച്ച് വല്ല തെറ്റുകള്‍  വന്നുപോയാല്‍പോലും ബാക്കി മുഴുമിക്കാതെ ഇടക്കുവെച്ച് നിറുത്തിക്കളയുവാന്‍ പാടില്ല.

3. പ്രസ്തുത കര്‍മങ്ങളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം അവക്കുള്ള യാത്ര. അഥവാ, കച്ചവടം മുതലായ  മറ്റും ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടു വരുകയോ വന്ന സ്ഥിതിക്ക് അവകൂടി നടത്തുമെന്ന് വെക്കുകയോ ചെയ്യാതിരിക്കുക. (*)

4. രണ്ടിന്‍റെയും യാത്രാചിലവുകള്‍ക്ക് ഉപയോഗിക്കുന്ന ധനം ശുദ്ധമായതും, അനുവദനീയ മാര്‍ഗങ്ങളില്‍ കൂടി  സമ്പാദിച്ചതുമായിരിക്കുക. (**) ഇവ കൂടാതെ വേറെയും അഭിപ്രായങ്ങള്‍ കാണാം. വാസ്തവത്തില്‍ ‘അല്ലാഹുവിനായി  പൂര്‍ത്തിയാക്കുക’ എന്നതിന്‍റെ സാരത്തില്‍ ഇപ്പറഞ്ഞതെല്ലാം ഉള്‍പ്പെടുന്നുണ്ടെന്നുള്ളതാണ് യഥാര്‍ത്ഥം. والله أعلم


(*) ഇപ്പോഴത്തെ ഹജ്ജ് യാത്രക്കാരില്‍ ഒരു വിഭാഗം ഇത്തരക്കാരാകുന്നുവെന്നത് ഖേദകരമാകുന്നു.

(**) ഈ വിഷയത്തിലും പലരുടെയും നില ശോചനീയം തന്നെ.


(2) വല്ല മുടക്കും ബാധിച്ചാല്‍ സൗകര്യപ്പെട്ട ഒരു മൃഗത്തെ ബലി ചെയ്യുക. മുടക്ക് ബാധിക്കുക എന്ന് അര്‍ത്ഥം  നല്‍കിയത് أحُصِرْ എന്ന ക്രിയക്കാകുന്നു. ഇമാം റാഗിബ് (റ) ചൂണ്ടിക്കാട്ടിയ പോലെ, ശത്രുക്കളില്‍  നിന്നുണ്ടാകുന്നതു പോലെയുള്ള പ്രത്യക്ഷ മുടക്കുകളിലും, രോഗം മുതലായവ മൂലമുണ്ടാകുന്ന മറ്റുതരം മുടക്കുകളിലും, ആ വാക്ക് ഉപയോഗിക്കപ്പെടും. ശത്രുക്കളാല്‍ നേരിടുന്ന മുടക്കാണ് ഇവിടെ ഉദ്ദേശ്യമെന്നാണ് അധിക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും സ്വീകരിച്ചു കാണുന്നത്. ഹിജ്‌റഃ 6-ാം കൊല്ല ത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും ഉംറഃക്ക് പോയപ്പോള്‍ ഹുദൈിയ്യയില്‍വെച്ച് ക്വുറൈശികള്‍ അവരെ തടഞ്ഞുവല്ലോ. ആ സംഭവത്തെത്തുടര്‍ന്നാണ് ഈ വചനം അവ തരിച്ചതെന്നും മറ്റുമാണ് ഇതിന് അവര്‍ പറയുന്ന ന്യായം. എങ്കിലും, ഭാഷാപരമായി നോക്കുമ്പോഴും, ചില  ഹദീഥുകളുടെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോഴും ശത്രുക്കള്‍ നിമിത്തമോ, രോഗം മുതലായ കാരണങ്ങള്‍ നിമിത്തമോ  ഏര്‍പ്പെടുന്ന എല്ലാ മുടക്കുകളും അതില്‍ ഉള്‍പ്പെടുമെന്നുള്ളതാണ് ശരിയായി തോന്നുന്നത്. അവതരണ സന്ദര്‍ഭം  അതായതുകൊണ്ട് അതുമാത്രമാണ് ഉദ്ദേശ്യമെന്നുവെച്ച് ആ വാക്കിന്‍റെ അര്‍ത്ഥ വ്യാപ്തി പരിമിതപ്പെടുത്തേണ്ടതില്ലല്ലോ. (വാസ്തവം അല്ലാഹുവിനറിയാം) هَدْيِ (ഹദ്‌യ്) എന്ന വാക്കിനാണ് ബലിമൃഗം എന്ന് അര്‍ത്ഥം കല്‍പിച്ചത്. ഈ വാക്കിന്  ‘ചര്യ, നടപടി, പവി ത്രമായത്’ എന്നിങ്ങനെയും അര്‍ത്ഥങ്ങളുണ്ട്. ഹറമിലേക്ക് ബലികര്‍മത്തിനായി കൊണ്ടുപോകുന്ന ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളെ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ട് ആ വാക്ക് ഉപയോഗിക്കുക സാധാരണമാകുന്നു.  അതാണ് ഇവിടെയും ഉദ്ദേശ്യം. ‘സൗകര്യപ്പെട്ട ബലിമൃ ഗത്തെ ബലികഴിക്കണം.’ എന്ന് പറഞ്ഞതില്‍ നിന്ന് ഹജ്ജിന്‍റെയോ ഉംറഃയുടെയോ കൃത്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാത്ത വല്ല മുടക്കും നേരിടുമ്പോള്‍ ഒരു മൃഗത്തെ ബലിചെയ്യല്‍  നിര്‍ബന്ധമാണെന്നും, അത് ഒരു ആടായാലും മതിയാകുമെന്നും, മാടോ ഒട്ടകമോ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും  മനസ്സിലാക്കാവുന്നതാണ്.

(3) ബലിമൃഗം അതിന്‍റെ നിശ്ചിത സ്ഥാനത്ത് എത്തുന്നതുവരെ തലമുടി കളയുവാ ന്‍ പാടില്ല. ഹജ്ജിന്‍റെയും  ഉംറഃയുടെയും പ്രധാന കര്‍മങ്ങള്‍ അവസാനിച്ച ശേഷം തലമുടി എടുക്കേതുണ്ട്. അതോടുകൂടിയാണ് അവയില്‍ നിന്ന്  വിരമിക്കുന്നത്. തലമുടി കളയുകതന്നെ വേണമെന്നില്ല- മുടിവെട്ടിയാലും മതിയാകും- എന്ന് സൂറഃ ഫത്ഹ് 27-ാം  വചനത്തില്‍നിന്നും ഹദീഥുകളില്‍ നിന്നും മനസ്സിലാക്കാം. അതുകൊണ്ട് ‘തല മുണ്ഡനം ചെയ്യുക’ എന്നതുകൊണ്ടുദ്ദേശ്യം  ‘തലമുടി എടുക്കുക’ യാണെന്ന് മനസ്സിലാക്കാം. ബലി കര്‍മം കഴിഞ്ഞതിന് ശേഷമായിരിക്കണം മുടി എടുക്കല്‍ എന്നും,  ബലി നടത്തുന്നത് അതിന് നിശ്ചയിക്കപ്പെട്ട സ്ഥലത്ത് വെച്ചായിരിക്കണമെന്നും ഈ വചന ത്തില്‍നിന്ന് വ്യക്തമാണ്.  ബലികര്‍മത്തിന് നിശ്ചയിക്കപ്പെട്ട സ്ഥാനം (مَحِل) മക്കാഹറമാകുന്നു. എന്നാല്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും  ഹുദൈിയ്യായില്‍ വെച്ച് ശത്രുക്ക ളാല്‍ തടയപ്പെട്ടതിനെത്തുടര്‍ന്ന് മടങ്ങേണ്ടി വന്നപ്പോള്‍, അവര്‍ ബലികര്‍മത്തിനായി  കൂടെക്കൊണ്ടുവന്നിരുന്ന ഒട്ടകങ്ങളെ അവിടെവെച്ചുതന്നെ ബലികഴിക്കുകയാണുണ്ടായത്. ശത്രുക്കളുടെ തടസ്സം കാരണം  അവയെ ഹറമിലേക്ക് എത്തിക്കുവാന്‍ കഴിയാതെ വന്നതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും, അങ്ങനെയുള്ള  മുടക്കുകള്‍ നേരിടുമ്പോള്‍ മുടക്ക് നേരിടുന്ന സ്ഥലത്തുവെച്ചുതന്നെ ബലി നടത്താമെന്നുമാണ് ഇത് സംബന്ധിച്ച്  ഒരഭിപ്രായം. മറ്റൊരഭിപ്രായപ്രകാരം, അവര്‍ ഹുദൈിയ്യായില്‍വെച്ച് അവയെ ബലികഴിച്ച സ്ഥലം ഹറമിന്‍റെ  അതിര്‍ത്തിക്കുള്ളില്‍ പെട്ടതുതന്നെയായിരുന്നുവെന്നുമാണ്. ഏതായാലും, സാധാരണ ഗതിയില്‍ ബലികര്‍മം നടത്തുന്നത്  ഹറമില്‍വെച്ചായിരിക്ക ല്‍ നിര്‍ബന്ധമാകുന്നു. അതിന് ശേഷമായിരിക്കണം തലമുടി എടുക്കുന്നത്.

(4) വല്ല രോഗം നിമിത്തമോ, തലയില്‍ പേന്‍ മുതലായ മറ്റു ശല്യങ്ങള്‍ നിമിത്തമോ മുന്‍കൂട്ടി മുടി കളയേണ്ടുന്ന  അത്യാവശ്യം നേരിട്ടാല്‍ അതിന് വിരോധമില്ല. അതിന് പ്രതിവിധിയായി ഒരു തെണ്ടം വേണ്ടതുമുണ്ട്. നോമ്പ്, അല്ലെങ്കില്‍ ദാനധര്‍മം, അല്ലെങ്കില്‍ ഒരു ബലി കര്‍മം, ഇതാണ് തെണ്ടം. ഇവയില്‍ ഓരോന്നും എത്ര വീതമെന്നോ, ഏതു  രൂപത്തിലായിരിക്കണമെന്നോ, അല്ലാഹു വ്യക്തമാക്കിയിട്ടില്ല. എങ്കിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്തില്‍ നിന്ന്  അവയെപ്പറ്റി നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. കഅ്ബുബ്‌നു ഉജ്‌റഃ (كَعْب بِنُ عُجْرة )യോട് ഒരാള്‍  ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍, അദ്ദേഹം ഉത്തരം പറഞ്ഞത് ഇപ്രകാരമായിരുന്നു: എന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ  അടുക്കലേക്ക് കൊണ്ടുപോകുകയുണ്ടായി. എന്‍റെ മുഖത്തിലൂടെ പേന്‍ ഉതിര്‍ന്ന് വീഴുന്നുണ്ടായിരുന്നു. അപ്പോള്‍ തിരുമേനി  പറഞ്ഞു: തനിക്ക് ഇത്രക് ബുദ്ധിമുട്ടുള്ളതായി ഞാന്‍ വിചാരിച്ചിരുന്നില്ല. തനിക്ക് ഒരു ആടിനെ കിട്ടുമോ? (ആടിനെ ബലികഴിക്കുവാന്‍ കഴിയുമോ?) ഞാന്‍ പറഞ്ഞു: ഇല്ല. തിരുമേനി: എന്നാല്‍, താന്‍ മൂന്ന് ദിവസം നോമ്പ് നോല്‍ക്കുക. അല്ലെങ്കില്‍ ആറ് സാധുക്കള്‍ക്ക് അര ‘സ്വാഉ്’: (*) വീതം ഭക്ഷണം നല്‍കുക. മുടി കളഞ്ഞേക്കുകയും ചെയ്യുക. ഈ വിധി (ഈ മൂന്നില്‍ ഒന്ന് ചെയ്യണമെന്ന വിധി) എന്‍റെ പ്രത്യേക വിഷയത്തിലാണുണ്ടായതെങ്കിലും അത് നിങ്ങള്‍ക്കെല്ലാം  പൊതുവെയുള്ള വിധിയാ കുന്നു.’ സംഭവം അഹ്മദ്, ബുഖാരി (റ) മുതലായവര്‍ രേഖപ്പെടുത്തിയിട്ടുള്ളതാകുന്നു. ഇത് ഹുദൈിയ്യ സംഭവകാലത്തായിരുന്നുവെന്ന് ചില രിവായത്തുകളില്‍ വ്യക്തമാ ക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, മൂന്ന് ദിവസം നോമ്പ് പിടിക്കുകയോ, ഒരു ആടിനെ ബലി കഴിക്കുകയോ, അര ‘സ്വാഉ്’ വീതം ആറ് സാധുക്കള്‍ക്ക് ഭക്ഷണസാധനം  നല്‍കുകയോ ചെയ്യുകയെന്നാണ് ഈ തെണ്ടം കൊണ്ട് ഉദ്ദേശ്യമെന്ന് ഇതില്‍നിന്ന് സ്പഷ്ടമായല്ലോ. എന്നാല്‍, ഈ മൂന്ന്  കാര്യങ്ങള്‍- അല്ലെങ്കില്‍ അവയില്‍ ചിലത്- ഹറമില്‍ വെച്ചുതന്നെ വേണമോ? അതല്ല, എവിടെ വെച്ചും ആകാമോ?  ഇതില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. രണ്ടായാലും വിരോധമില്ലെന്നാണ് ഹദീഥില്‍ നിന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നത്. അതിനെതിരില്‍ തക്ക തെളിവുകളില്ലതാനും. الله أعلم


(*) നാല് ‘മുദ്ദ്’ (مُد) ചേര്‍ന്നതാണ് ഒരു ‘സ്വാഉ്’ (صَاع). ഏതാണ്ട് രണ്ട് കൈയും നിറയെ വാരിയാല്‍  കിട്ടുന്നത്രയുള്ള ഒരു അളവാണ് മുദ്ദ്. (ഒരു സാഉ് 2.024 കിലോഗ്രാം എന്നാണ് വിദഗ്ധാഭിപ്രായം- പ്രസാ.)


(5)  സമാധാനാവസ്ഥയിലായിരിക്കുമ്പോള്‍- അപ്പോഴാണല്ലോ എല്ലാ കര്‍മങ്ങളും യഥാവിധി നിര്‍വഹിക്കുവാന്‍ കഴിയുക-  ഹജ്ജില്‍ പ്രവേശിക്കുന്നതിന് മുമ്പായി ഉംറഃ നിര്‍വഹിച്ചു കഴിയുകയും, അങ്ങനെ, അതുവരെ നിഷിദ്ധമാക്കപ്പെട്ടിരുന്ന  (താഴെ കാണുന്ന) കാര്യങ്ങള്‍ അനുവദനീയമായിത്തീരുമാറ് സുഖമെടുക്കുകയും ചെയ്യുന്നവര്‍ സൗകര്യെപ്പട്ട ഒരു  മൃഗത്തെ ബലിചെയ്യേതാണ്. ‘സൗകര്യപ്പെട്ടത്’ എന്ന് പറഞ്ഞിരിക്കകൊണ്ട്- മുമ്പ് പറഞ്ഞതുപോലെ- അത് ആടായാലും  മതി. മാടോ, ഒട്ടകമോ ആകുന്നത് കൂടുതല്‍ നല്ലതുമാണ്. ഹജ്ജിലും ഉംറഃയിലും ഔപചാരികമായി പ്രവേശിച്ചു  കഴിഞ്ഞാല്‍ പിന്നീട് അത് അവസാനിച്ചു അതില്‍ നിന്ന് ഒഴിവാകുന്നതുവരെ പുരുഷന്‍മാര്‍ തലമറക്കല്‍, സ്ത്രീകള്‍ മുഖം മറക്കല്‍, വാസനാദ്രവ്യം ഉപയോഗിക്കല്‍, കാലുറ- കുപ്പായം- തൊപ്പി പോലെയു ള്ളവ ധരിക്കല്‍, മുടി എടുക്കല്‍, സ്ത്രീപുരുഷബന്ധം, ജന്തുവേട്ട എന്നിങ്ങനെ ചില കാര്യങ്ങള്‍ നിഷിദ്ധമായിത്തീരുന്നു. അതുകൊണ്ട് അവയില്‍  പ്രവേശിക്കുന്നതിന് ‘ഇഹ്‌റാം’ (اِحْرَام അഥവാ നിഷിദ്ധം ഏര്‍പ്പെടുത്തല്‍) എന്നും, അവയില്‍ നിന്ന് ഒഴിവാകുന്നതിന്  ‘തഹല്ലുല്‍ (تَحلّل അഥവാ അനുവദനീയമാകല്‍)’ എന്നും പറയപ്പെടുന്നു. ഓരോ ഭാഗത്തുനിന്നും വരുന്ന ആളുകള്‍ ഇന്നിന്ന സ്ഥലങ്ങളില്‍ നിന്ന് ഇഹ്‌റാം ചെയ്യ ണമെന്ന് നിബന്ധനയുണ്ട്. ആ സ്ഥാനങ്ങള്‍ക്ക് ‘മീക്വാത്ത്’ (مِيقَات അഥവാ  നിശ്ചിത സ്ഥാനം) എന്നും പറയപ്പെടുന്നു. വിദേശത്തുനിന്ന് വരുന്നവര്‍ ആദ്യം ഒരു ഉംറഃ കര്‍മം ചെയ്തു  പൂര്‍ത്തിയാക്കുന്നതോടുകൂടി മേല്‍ കണ്ട നിരോധങ്ങള്‍ നീങ്ങിപ്പോകും. പിന്നീട് ഹജ്ജിന്‍റെ ദിവസങ്ങള്‍ ആസന്നമാകുമ്പോള്‍  മക്കാ നിവാസികളെപ്പോലെ മീക്വാത്തു കളില്‍ പോകാതെ അവരവര്‍ താമസിക്കുന്ന സ്ഥലത്തുവെച്ചുതന്നെ ഹജ്ജിന്  ഇഹ്‌റാം ചെയ്താല്‍ മതിയാകും. ഈ ഇടക്കാലത്ത് മേല്‍ പറഞ്ഞ നിരോധങ്ങളില്‍ നിന്ന് ഒഴിവായി  സ്വതന്ത്രമാകുന്നതിനെപ്പറ്റിയാണ് ‘ഉംറഃ ചെയ്തുകൊണ്ട് ഹജ്ജ് വരെ സുഖമെടുക്കുക’ (تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ) എന്ന് പറഞ്ഞത്. ദൂരെ നിന്ന് വരുന്നവര്‍ അധികവും സൗകര്യം ഓര്‍ത്ത് ഇങ്ങനെയാണ് ചെയ്തുവരുന്നത്. ഹജ്ജിനുവേണ്ടി മാത്രം മീക്വാ ത്തില്‍ നിന്ന് ഇഹ്‌റാം ചെയ്യുന്ന തിന് إِفْرَاد (ഒറ്റപ്പെടുത്തുക) എന്നും, ഹജ്ജിനും  ഉംറഃക്കും കൂടി ഇഹ്‌റാം ചെയ്യുന്നതിന് قران (കൂട്ടിച്ചേര്‍ക്കല്‍) എന്നും പറയപ്പെടുന്നു. ഈ വച നത്തില്‍  പ്രസ്താവിച്ചത് ആദ്യം പറഞ്ഞ تَمَتَّع (സുഖമെടുക്കല്‍)ന്‍റെ ഉംറഃയെക്കുറിച്ചാകുന്നു.

(6) تَمَتُّعْ (സുഖമെടുക്കല്‍) ചെയ്യുന്നവര്‍ അവര്‍ക്ക് ഇടക്കുവെച്ച് ലഭിക്കുന്ന ആനു കൂല്യങ്ങള്‍ക്ക് പകരം സൗകര്യപ്രദമായ ഒരു  ബലി (هَدْي) നടത്തണമെന്ന് പറഞ്ഞുവല്ലോ. അതിന് സാധിക്കാത്ത പക്ഷം, അവര്‍ പത്ത് നോമ്പ് നോല്‍ക്കുകയാണ്  വേണ്ടത്. ഇതില്‍ മൂന്നെണ്ണം ഹജ്ജിന്‍റെ ദിവസങ്ങളില്‍- ദുല്‍ഹിജ്ജഃ പത്തിന് മുമ്പായി തീര്‍ക്കണം. ബാക്കി ഏഴും നാട്ടില്‍  മടങ്ങിയെത്തിയ ശേഷവും പൂര്‍ത്തിയാക്കണം. എന്നാല്‍ ‘തമത്തുഇ’ന്‍റെ ആനുകൂല്യം ഹറം നിവാസികള്‍ക്കില്ല. അതിനാല്‍  അനുബന്ധ പ്രായശ്ചിത്തവും അവര്‍ക്ക് ബാധകമല്ല.

മേല്‍ പ്രസ്താവിച്ച ഓരോന്നിനെ സംബന്ധിച്ചും കൂടുതല്‍  വിശദീകരണം അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫിക്വ്ഹ് ഗ്രന്ഥങ്ങളെയും ‘മനാസികി’ന്‍റെ (ഹജ്ജു കര്‍മ സംബന്ധമായ കാര്യങ്ങളുടെ) പ്രത്യേക ഗ്രന്ഥങ്ങളെയും അവലംബിക്കേണ്ടതാകുന്നു. ആയത്തിന്‍റെ അവസാന ഭാഗം പ്രത്യേകം  ശ്രദ്ധിക്കുക. എല്ലാ കര്‍മങ്ങളും അതതിന്‍റെ യഥാരൂപത്തിലും, സൂക്ഷ്മതയോടുകൂടിയും, ഭക്തിനിര്‍ഭരമായും  പ്രവര്‍ത്തിക്കണം, അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും മാത്രം ലക്ഷ്യമാക്കിക്കൊണ്ടുമായിരിക്കണം. അല്ലാത്തപക്ഷം  അല്ലാഹുവിന്‍റെ ശിക്ഷാനടപടിയെക്കുറിച്ച് ഭയപ്പെടേണ്ടതാണ്. എന്നൊക്കെയാണ് ആ വാക്യത്തിലെ സൂചനകള്‍. والله الموفق والمعين

വിഭാഗം - 25

2:197
 • ٱلْحَجُّ أَشْهُرٌ مَّعْلُومَـٰتٌ ۚ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِى ٱلْحَجِّ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ يَعْلَمْهُ ٱللَّهُ ۗ وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ ۚ وَٱتَّقُونِ يَـٰٓأُو۟لِى ٱلْأَلْبَـٰبِ ﴾١٩٧﴿
 • ഹജ്ജ് (കാലം) അറിയപ്പെട്ട ചിലമാസങ്ങളാകുന്നു. എന്നാല്‍, അവയില്‍ ആരെങ്കിലും ഹജ്ജ് നിര്‍ബന്ധമാക്കിയാല്‍ [ഹജ്ജില്‍ പ്രവേശിച്ചാല്‍] സ്ത്രീ സല്ലാപമാകട്ടെ, തോന്നിയവാസമാകട്ടെ, തര്‍ക്കം നടത്തലാകട്ടെ ഹജ്ജില്‍ പാടില്ല. നിങ്ങള്‍ നന്മയായുള്ളത് എന്ത് ചെയ്താലും അത് അല്ലാഹു അറിയു ന്നതാണ്. നിങ്ങള്‍ യാത്രാഭക്ഷണം [യാത്രക്കുള്ള വിഭവങ്ങള്‍] ഒരുക്കുകയും ചെയ്യുവിന്‍. എന്നാല്‍, യാത്രാ ഭക്ഷണത്തില്‍ ഏറ്റവും ഉത്തമമായത് 'തക്വ്‌വ' [സൂക്ഷ്മത]യാകുന്നു. എന്നെ സൂക്ഷിക്കുകയും ചെയ്യുവിന്‍- ഹേ, ബുദ്ധിമാന്‍മാരേ!
 • الْحَجُّ ഹജ്ജ് أَشْهُرٌ (ചില) മാസങ്ങളാണ് مَّعْلُومَاتٌ അറിയപ്പെട്ട فَمَن فَرَضَ എന്നാല്‍ ആരെങ്കിലും നിര്‍ബന്ധമാക്കിയാല്‍ فِيهِنَّ അവയില്‍ الْحَجَّ ഹജ്ജിനെ فَلَا رَفَثَ അപ്പോള്‍ സ്ത്രീ സല്ലാപം (സ്ത്രീകളുമായുള്ള സമ്പര്‍ക്കം) ഇല്ല (പാടില്ല) وَلَا فُسُوقَ തോന്നിയവാസവും ഇല്ല (പാടില്ല) وَلَا جِدَالَ തര്‍ക്കം നടത്തലും ഇല്ല (പാടില്ല) فِي الْحَجِّ ഹജ്ജില്‍ وَمَا تَفْعَلُوا നിങ്ങള്‍ എന്ത് ചെയ്യുന്നുവോ (ചെയ്താലും) مِنْ خَيْرٍ നന്മയായുള്ളത് يَعْلَمْهُ അതിനെ അറിയും اللَّهُ അല്ലാഹു وَتَزَوَّدُوا നിങ്ങള്‍ യാത്രാഭക്ഷണം (യാത്രാ വിഭവം) ഒരുക്കുകയും ചെയ്യുവിന്‍ فَإِنَّ خَيْرَ എന്നാല്‍ ഏറ്റവും ഉത്തമം الزَّادِ യാത്രാ ഭക്ഷണത്തിലെ, യാത്രാവിഭവത്തിലെ التَّقْوَىٰ ഭയഭക്തിയാണ് وَاتَّقُونِ എന്നെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ يَا أُولِي الْأَلْبَابِ ബുദ്ധിമാന്‍മാരേ
2:198
 • لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ ۚ فَإِذَآ أَفَضْتُم مِّنْ عَرَفَـٰتٍ فَٱذْكُرُوا۟ ٱللَّهَ عِندَ ٱلْمَشْعَرِ ٱلْحَرَامِ ۖ وَٱذْكُرُوهُ كَمَا هَدَىٰكُمْ وَإِن كُنتُم مِّن قَبْلِهِۦ لَمِنَ ٱلضَّآلِّينَ ﴾١٩٨﴿
 • നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള വല്ല അനു ഗ്രഹവും നിങ്ങള്‍ തേടുന്നതിന് നിങ്ങളുടെമേല്‍ തെറ്റില്ല. അങ്ങനെ, 'അറഫാത്തി'ല്‍നിന്ന് നിന്ന് നിങ്ങള്‍ ഒഴുകിപ്പോന്നാല്‍, 'മശ്അറുല്‍ ഹറാമി'ന്‍റെ അടുക്കല്‍വെച്ച് നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുവിന്‍. അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതുപോലെ, നിങ്ങള്‍ അവനെ(യും) സ്മരിക്കുവിന്‍. നിശ്ചയമായും നിങ്ങള്‍ ഇതിനുമുമ്പ് വഴിപിഴച്ചവരില്‍പെട്ടവര്‍ തന്നെയായിരുന്നു.
 • لَيْسَ عَلَيْكُمْ നിങ്ങളുടെ മേല്‍ ഇല്ല جُنَاحٌ തെറ്റ് أَن تَبْتَغُوا നിങ്ങള്‍ തേടുന്നതിന് فَضْلًا അനുഗ്രഹം, ദയവ് مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് فَإِذَا أَفَضْتُم അങ്ങനെ നിങ്ങള്‍ ഒഴുകി വന്നാല്‍ (പോന്നാല്‍) مِّنْ عَرَفَاتٍ അറഫാത്തില്‍ നിന്ന് فَاذْكُرُوا അപ്പോള്‍ നിങ്ങള്‍ സ്മരിക്കുവിന്‍ اللَّهَ അല്ലാഹുവിനെ عِندَ الْمَشْعَرِ الْحَرَامِ മശ്അറുല്‍ ഹറാമിന്‍റെ അടുക്കല്‍വെച്ച് وَاذْكُرُوهُ അവനെ നിങ്ങള്‍ സ്മരിക്കുകയും ചെയ്യുവിന്‍ كَمَا هَدَاكُمْ അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയപോലെ وَإِن كُنتُم നിശ്ചയമായും നിങ്ങളായിരുന്നു مِّن قَبْلِهِ അതിനുമുമ്പ് لَمِنَ الضَّالِّينَ വഴിപിഴച്ചവരില്‍ തന്നെ
2:199
 • ثُمَّ أَفِيضُوا۟ مِنْ حَيْثُ أَفَاضَ ٱلنَّاسُ وَٱسْتَغْفِرُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٩٩﴿
 • പിന്നെ (ഒരു കാര്യം) മനുഷ്യന്‍മാര്‍ ഒഴുകിപ്പോരുന്നേടത്തു നിന്ന് (തന്നെ) നിങ്ങള്‍ ഒഴുകിപ്പോരുവിന്‍. അല്ലാഹുവിനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 • ثُمَّ പിന്നെ أَفِيضُوا നിങ്ങള്‍ ഒഴുകിപ്പോരുവിന്‍ (വരുവിന്‍) مِنْ حَيْثُ أَفَاضَ ഒഴുകിപ്പോരുന്നിടത്തു നിന്ന് النَّاسُ മനുഷ്യര്‍ وَاسْتَغْفِرُوا നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍ اللَّهَ അല്ലാഹുവിനോട് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്‌

ഹജ്ജിന്‍റെ മാസങ്ങള്‍ പരക്കെ അറിയപ്പെടുന്ന ചില മാസങ്ങളാകുന്നു. അതായത്, ശവ്വാലും, ദുല്‍ക്വഅ്ദും, ദുല്‍ഹിജ്ജഃയും. ഹജ്ജിന്‍റെ കര്‍മങ്ങള്‍ ദുല്‍ഹിജ്ജഃ ആദ്യത്തെ പകുതിയില്‍ അവസാനിക്കുന്നുവെങ്കിലും ഹജ്ജിന്‍റെ മാസങ്ങള്‍ എണ്ണുമ്പോള്‍ അതും എണ്ണപ്പെടുന്നുവെന്നു മാത്രം. നിശ്ചിത കാലത്തല്ലാതെ ഹജ്ജ് ചെയ്യാന്‍ പാടില്ലാത്തതുകൊണ്ട് ശവ്വാലിന് മുമ്പായി ഹജ്ജിന് ഇഹ്‌റാം ചെയ്യുവാന്‍ പാടില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഈ മാസങ്ങളില്‍ ഹജ്ജ് നിര്‍ബന്ധമാക്കുക (فَرَضَ فِيهِنَّ الْحَجَّ) എന്ന് പറ ഞ്ഞതിന്‍റെ ഉദ്ദേശ്യം അതിനുവേണ്ടി ഇഹ്‌റാം ചെയ്ത് പ്രവേശിക്കുക എന്നെത്ര. ഹജ്ജില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, ഇടക്കുവെച്ച് മുടക്കം ബാധിച്ചാല്‍ തന്നെയും അതിന് നിശ്ചയി ക്കപ്പെട്ട പരിഹാരമാര്‍ഗം സ്വീകരിക്കണമെന്നല്ലാതെ, നിരുപാധികം വിരമിക്കുവാന്‍ പാടില്ലെന്ന് 196-ാം വചനത്തില്‍ നിന്ന് മനസ്സിലായല്ലോ. അപ്പോള്‍, ഹജ്ജില്‍ പ്രവേശിക്കുന്ന തോടുകൂടി അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമായിത്തീരുന്നു. അതുകൊണ്ടാണ് ‘ഹജ്ജ് നിര്‍ബന്ധമാക്കുക’ എന്ന് പറഞ്ഞത്.

ഹജ്ജില്‍ പ്രവേശിച്ചാല്‍ പിന്നീട് മൂന്ന് കാര്യങ്ങളെ അല്ലാഹു കര്‍ശനമായി വിരോ ധിച്ചിരിക്കുന്നു: സ്ത്രീ സല്ലാപവും, തോന്നിയ വാസവും, തര്‍ക്കവും (رَفَث, فُسُوق, جِدَال) ഇവയില്‍ رَفَث എന്ന വാക്കിന്‍റെ അര്‍ത്ഥോദ്ദേശ്യങ്ങളെക്കുറിച്ച് 187-ാം വചനത്തിന്‍റെ വ്യാഖ്യാന ത്തില്‍ വിവരിച്ചിട്ടുണ്ട്. അവിടെ അതുകൊണ്ടുദ്ദേശിക്കപ്പെട്ടത് സ്ത്രീ സംസര്‍ഗ മായിരുന്നു. ഇവിടെ, സംയോഗം മാത്രമല്ല, അതുമായി ബന്ധപ്പെട്ട ചുംബനം മുതലായ പ്രാഥമിക ക്രീഡകളും, സംസാരങ്ങളും കൂടിയാണ് ഉദ്ദേശ്യമെന്ന് ഹദീഥുകളില്‍ നിന്നും, മുന്‍ഗാമികളുടെ പ്രസ്താവനകളില്‍ നിന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് ഇവിടെ നാം അതിന് ‘സ്ത്രീ സല്ലാപം’ എന്ന് വിവര്‍ത്തനം നല്‍കിയിരിക്കുന്നത്. തോന്നിയവാസം (فسُوق) എന്ന് പറഞ്ഞതില്‍ മതത്തിന്‍റെ വിധിവിലക്കുകള്‍ അനുസരിക്കാതെയും, അച്ചടക്കം പാലിക്കാതെയുമുള്ള എല്ലാ ചെയ്തികളും ഉള്‍പ്പെടുന്നു. അന്യോന്യം കയര്‍ത്തും, ശണ്ഠകൂടിയും, വിവാദം നടത്തിയും കൊണ്ടുള്ള എല്ലാ സംസാരങ്ങളും തര്‍ക്കം നടത്തലി (جِدَال) ലും ഉള്‍പ്പെടുന്നു. അവസാനത്തെ രണ്ട് കാര്യങ്ങളും എല്ലായ്‌പ്പോഴും വര്‍ജ്ജിക്കല്‍ നിര്‍ബന്ധം തന്നെയാണെങ്കിലും ഹജ്ജ് സമയത്ത് കൂടുതല്‍ കര്‍ശനമായി വിരോധിക്കപ്പെട്ടിരിക്കുകയാണ്. ഈ മൂന്ന് കാര്യ ങ്ങളും വര്‍ജ്ജിക്കുവാന്‍ കല്‍പിക്കുന്നതോടുകൂടി പുണ്യകരമായ നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുവാന്‍ പ്രോല്‍സാഹിപ്പിക്കുകയും, നല്ല കാര്യം എത്ര ചെറുതായാ ലും, അല്ലാഹു അത് പാഴാക്കുകയില്ലെന്ന് ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു.

അനന്തരം, ഹജ്ജ് യാത്രക്കൊരുങ്ങുമ്പോള്‍ അതിനാവശ്യമായ അത്യാവശ്യ വസ്തു ക്കളെല്ലാം ഒരുക്കിക്കൊണ്ടായിരിക്കണം പോകുന്നതെന്ന് അല്ലാഹു ഉപദേശിക്കുന്നു, زاد (സാദ്) എന്നാണ് അല്ലാഹു ഇതിനുപയോഗിച്ച വാക്ക്. യാത്രക്കുള്ള ഭക്ഷണസാധ നമെന്നാണ് അതിന്‍റെ വാക്കര്‍ത്ഥമെങ്കിലും, യാത്രക്ക് ആവശ്യമായ എല്ലാ സാധനങ്ങ ളുമാണ് അതുകൊണ്ട് വിവക്ഷിക്കപ്പെടാറുള്ളത്. ഹജ്ജ്കര്‍മത്തിന് പോകുമ്പോള്‍, യാത്ര ക്കുള്ള സാധനസാമഗ്രികള്‍ ഒരുക്കിക്കൊണ്ട് പോകുന്നത് നന്നല്ലെന്നും, അതാവശ്യമില്ലെ ന്നും, അത് ‘തവക്കുലി’ന് (അല്ലാഹുവില്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കണമെന്നുള്ളതിന്) എതിരാണെന്നുമൊക്കെ ജാഹിലിയ്യാ കാലത്ത് ചിലര്‍ കരുതിയിരുന്നു. ഇക്കാല ത്തും ചുരുക്കം ചിലര്‍ക്ക് ഈ ധാരണ ഇല്ലാതില്ല. ഇത്തരക്കാര്‍ക്ക് ഒരു ഖണ്ഡനമാ ണിത്. യമന്‍ പ്രദേശത്ത് നിന്ന് ഹജ്ജിന് വരുന്നവര്‍, തങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരാണെന്ന് പറഞ്ഞുകൊണ്ട് യാത്രാസാമാനങ്ങളൊന്നും കൂടാതെ വരാറുണ്ടായി രുന്നുവെന്നും, അതാണ് ഇതവതരിക്കുവാന്‍ കാരണമെന്നും ഇബ്‌നു അബ്ബാസ് (റ) പറഞ്ഞതായി ബുഖാരീ (റ)യും മറ്റും ഉദ്ധരിച്ചിരിക്കുന്നു. ഇക്കാലത്ത് പണം കൈവശമുണ്ടെങ്കില്‍ മിക്കവാറും എല്ലാ സാധനങ്ങളും മക്കയില്‍ നിന്നു വാങ്ങുവാന്‍ കഴിയും. എന്നാലും ചില ഉപകരണങ്ങളെല്ലാം കരുതുന്നത് അത്യാവശ്യമായിരിക്കും. മുന്‍ കാലത്ത് പണം കയ്യിലുണ്ടായാല്‍ തന്നെയും അവശ്യവസ്തുക്കള്‍ വിലക്ക് കിട്ടുവാന്‍ പ്രയാസമായിരിക്കുമല്ലോ. അവസാനം അവര്‍ സ്വയം കഷ്ടത അനുഭവിക്കേണ്ടി വരുകയോ, മറ്റുള്ളവര്‍ക്ക് ഒരു ഭാരമായിത്തീരുകയോ ആയിരിക്കും ഉണ്ടാകുക. അതിന് ഇടവരുത്ത രുതെന്നും, യാത്രയില്‍ അവശ്യവസ്തുക്കള്‍ കരുതിക്കൊണ്ടുപോകുന്നത് ഹജ്ജിന്‍റെ ലക്ഷ്യത്തിന് വിരുദ്ധമല്ലെന്നും അല്ലാഹു ഈ കല്‍പന മുഖേന അറിയിക്കുന്നു. അതോടൊ പ്പം തന്നെ, മറ്റൊരു യാഥാര്‍ത്ഥ്യം കൂടി ഉണര്‍ത്തുന്നു: യാത്രാസാധനങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമമായത് തക്വ്‌വ (تَقْوَى) യാണ് എന്നത്രെ അത്. മറ്റുള്ളവരെ ആശ്രയി ക്കാതെയും യാചിക്കുവാന്‍ ഇടയാക്കാതെയും സൂക്ഷിക്കുക എന്നും, അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സൂക്ഷിക്കുക- അഥവാ ഭയഭക്തി- എന്നും രണ്ട്പ്രകാരത്തില്‍ ഇവിടെ ഈ വാക്യത്തിന് വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്.

സന്ദര്‍ഭം നോക്കുമ്പോള്‍ ഈ രണ്ട് വ്യാഖ്യാനത്തിലെയും ആശയം ഉള്‍ക്കൊള്ളുന്ന ഒരു പൊതു അര്‍ത്ഥത്തിലാണ് ആ വാക്യമെന്നും വരാം. (അല്ലാഹുവിനറിയാം.) تَقْوَى എന്ന പദത്തിന്‍റെ വാക്കര്‍ത്ഥം സൂക്ഷിക്കുക എന്ന് തന്നെ. എങ്കിലും അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സൂക്ഷിച്ചുകൊണ്ടുള്ള ഭയഭക്തിയെ ഉദ്ദേശിച്ചാണ് ക്വുര്‍ആനിലും മറ്റും അതും അതില്‍നിന്നുല്‍ഭവിക്കുന്ന മറ്റു പദങ്ങളും അധികം ഉപയോഗിക്കപ്പെടാറുള്ള ത്. അടുത്ത വാക്യത്തില്‍ وَاتَّقُونِ يَا أُولِي الْأَلْبَابِ (ബുദ്ധിമാന്‍മാരേ, എന്നെ സൂക്ഷി ക്കുകയും വേണം) എന്ന് പറഞ്ഞതിലെ സൂക്ഷ്മതകൊണ്ടുദ്ദേശ്യം രണ്ടാമത് പറഞ്ഞതാണെന്നുള്ളതില്‍ സംശയമില്ല. പ്രത്യക്ഷത്തില്‍ ഐഹികമായ ഒരാവശ്യമാണല്ലോ യാത്രാസാമഗ്രികള്‍ ഒരുക്കുന്നത്. അതുകൊണ്ട് ഈ കല്‍പനയെ ആസ്പദമാക്കി ഐഹിക സുഖസൗകര്യങ്ങളില്‍ അധികം പൂണ്ടുപിടിക്കരുത്- അല്ലാഹുവിനെ സൂക്ഷി ക്കുന്ന കാര്യമാണ് കൂടുതല്‍ ഗൗനിക്കപ്പെടേണ്ടത്- എന്നത്രെ ഇതെല്ലാം ഉണര്‍ത്തുന്ന ത്. മനുഷ്യര്‍ക്ക് നഗ്നത മറക്കുവാനും, അലങ്കാരത്തിനുമുള്ള വസ്ത്രങ്ങള്‍ നല്‍കിയ അനുഗ്രഹത്തെ ഓര്‍മിപ്പിച്ചുകൊണ്ട് സൂ: അഅ്‌റാഫ് 26 ല്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ (തക്വ്‌വയാകുന്ന വസ്ത്രമത്രെ കൂടുതല്‍ ഉത്തമമായത്.) അതും ഈ തത്വം തന്നെയാണ് ഓര്‍മിപ്പിക്കുന്നത്.

തുടര്‍ന്നുകൊണ്ട് മുസ്‌ലിംകളില്‍ കടന്നുകൂടിയിരുന്ന ഒരു തെറ്റിദ്ധാരണ നീക്കം ചെയ്യുന്നതാണ് 198-ാം വചനത്തില്‍ കാണുന്നത്. ഉക്കാള്വ്, മജ്‌നഃ, ദുല്‍മജാസ് (عكاظ، مجنة، ذو المجاز) മുതലായ സ്ഥലങ്ങളില്‍ വെച്ച് ജാഹിലിയ്യാ അറബികള്‍ ഹജ്ജ് കാലത്ത് വമ്പിച്ച കച്ചവടങ്ങള്‍ നടത്തുക പതിവുണ്ടായിരുന്നു. ഇത് നന്നല്ലെന്ന് കരുതി മുസ്‌ലിംകള്‍ അതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുമായിരുന്നു. ഇതിനെപ്പറ്റിയാണ് لَيْسَ عَلَيْكُمْ جُنَاحٌ (നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുമുള്ള അനുഗ്രഹം തേടുന്നതിന് നിങ്ങള്‍ക്ക് തെറ്റില്ല.) എന്ന് അവതരിച്ചതെന്ന് ഇബ്‌നു അബ്ബാസ് (റ) മുതലായവരില്‍ നിന്ന് ബുഖാരി (റ) അടക്കം പലരും ഉദ്ധരിച്ച രിവായത്തുകളില്‍ വന്നിരിക്കുന്നു. ഇബ്‌നു ജരീര്‍ (റ) ഇപ്രകാരം ഉദ്ധരിക്കുന്നു: ‘ഉമര്‍ (റ) നോട് അബൂസ്വാലിഹ് (റ) ചോദിച്ചു: ‘അമീറുല്‍ മുഅ്മിനീന്‍! ഹജ്ജ് കാലത്ത് നിങ്ങള്‍ കച്ചവടം നടത്തിയിരുന്നുവോ? അദ്ദേഹം പറഞ്ഞു: അവരുടെ (അറബികളുടെ) ജീവിത മാര്‍ഗങ്ങള്‍ ഹജ്ജിലല്ലാതെ (മറ്റ് വല്ലതിലും) ആയിരുന്നുവോ?!’

ദുല്‍ഹിജ്ജഃ 9-ാം ദിവസം ഹാജിമാര്‍ അറഫായില്‍ സമ്മേളിക്കുന്നു. അവിടെനിന്നുള്ള മടക്കത്തെ ഉദ്ദേശിച്ചാണ് ‘ഒഴുകിപ്പോരുക (افاضة)’ എന്ന് പറയുന്നത്. ഹാജിമാരുടെ പ്രവാഹത്തെ വെള്ളം ഒഴുകുന്നതിനോട് ഉപമിച്ചുകൊണ്ടുള്ളതാണ് ആ പ്രയോഗം. ‘അറ ഫാത്ത്’ എന്നും ‘അറഫഃ’ (عَرَفَتٍ, عَرَفَاتٍ) എന്നും പറയുന്നത് ഒന്നുതന്നെ. അറഫായില്‍ നിന്ന് വൈകുന്നേരം ഇറങ്ങിപ്പോരുമ്പോള്‍ മുസ്ദലിഫഃ (مُزْدَ لِفَة) എന്നിടത്ത് രാത്രി തങ്ങേണ്ടതുണ്ട്. മുസ്ദലിഫഃയെ- അല്ലെങ്കില്‍ അവിടെയുള്ള ക്വുസഹ് (قُزح) എന്ന കുന്നിനെ- ഉദ്ദേശിച്ചാണ് ‘മശ്അറുല്‍ഹറാം’ (الْمَشْعَرِ الْحَرَامِ) എന്ന് പറയുന്നത്. അറഫായില്‍ നിന്ന് ഒഴുകിപ്പോരുമ്പോള്‍ അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ അല്ലാഹു പ്രത്യേകം എടുത്തു കാട്ടിയിരിക്കുന്നു:

(1) മശ്അറുല്‍ ഹറാമില്‍വെച്ച് അല്ലാഹുവിനെ പ്രത്യേകം ഓര്‍മിക്കേതുണ്ട്. അവിടെ വെച്ച് ഇന്നിന്ന ‘ദിക്‌റോ’ ‘ദുആ’യോ വേണമെന്നൊന്നും നിര്‍ബന്ധമില്ല. എങ്കിലും, ദിക്ര്‍, ദുആ, തല്‍ബിയത്ത് എന്നിവയൊക്കെ കഴിയുന്നത്ര വര്‍ദ്ധിപ്പിക്കേണ്ടതാകുന്നു. മഗ്‌രിബും, ഇശാഉം അവിടെവെച്ച് ജംആക്കി (ഒരുമിച്ച്) നമസ്‌കരിക്കുകയും വേണം. ഇതെല്ലാമാണ് അതുകൊണ്ടുദ്ദേശ്യമെന്ന് പറയാം.

(2) ഹജ്ജ് കര്‍മങ്ങളിലും അവയുടെ ആചരണങ്ങളിലും ജാഹിലിയ്യാ കാലത്ത് പല അനാചാരങ്ങളും കടന്നുകൂടിയിരുന്നു. അവയിലെ ശരിയും തെറ്റും തിരിച്ചറിയുവാന്‍ പോലും സാധിച്ചിരുന്നില്ല. ഇപ്പോള്‍, അവയുടെ യഥാര്‍ത്ഥ രൂപം വിവരിച്ചുകൊടുത്തും, സത്യവിശ്വാസവും സന്‍മാര്‍ഗവും സ്വീകരിക്കുവാനുള്ള ഭാഗ്യം നല്‍കിയുംകൊണ്ട് മുസ്‌ലിംകളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുകയാണ്. അതിന് നന്ദിയായി എല്ലായ്‌പ്പോഴും പൊതുവിലും, ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും അല്ലാഹുവിനെ ഓര്‍ത്തിരിക്കേണ്ടതുണ്ടെന്നും ഉണര്‍ത്തുന്നു.

(3) ഒഴുകിപ്പോരുമ്പോള്‍ മനുഷ്യര്‍ പൊതുവെ ഒഴുകിപ്പോരുന്ന സ്ഥലത്തുനിന്നുതന്നെയായിരിക്കണം പോരുന്നത് എന്നുള്ളതാണ് മറ്റൊരു കാര്യം. ക്വുറൈശികള്‍ അവരുടെ ആഭിജാത്യത്തിന്‍റെയും, നേതൃത്വത്തിന്‍റെയും പേരില്‍ ഹജ്ജിന്‍റെ അനുഷ്ഠാനങ്ങളില്‍ കടത്തിക്കൂട്ടിയിരുന്ന ഒരു ദുഃസ്സമ്പ്രദായത്തിന്‍റെ ഖണ്ഡനമാണിത്. അറഫഃയില്‍നിന്ന് പോരുമ്പോള്‍ അറിഞ്ഞിരിക്കേണ്ടുന്ന ചില കാര്യങ്ങളെക്കുറിച്ച് ആദ്യം വിവരിച്ചശേഷം, പിന്നെ മറ്റൊരു കാര്യംകൂടി ثُمَّ എന്ന് പറഞ്ഞുകൊണ്ടാണ് ഇക്കാര്യം അല്ലാഹു ഉണര്‍ത്തുന്നത്. ഇബ്‌റാഹീം നബി (അ)യുടെ കാലം മുതല്‍ക്കേ ഹജ്ജില്‍ സമ്മേളിക്കുന്ന ആളുകള്‍ അറഫായില്‍ പോകുകയും, അവിടെനിന്ന് മുസ്ദലിഫഃ വഴി മടങ്ങുകയുമാണ് പതിവ്. എന്നാല്‍, ക്വുറൈശികളും, അവരുമായി ബന്ധപ്പെട്ട ചിലരും മറ്റുള്ള ജനങ്ങളുടെ കൂട്ടത്തില്‍ ചേരാതെ, ‘ഞങ്ങള്‍ യോഗ്യന്‍മാരും വീരന്‍മാരുമാണ് (نَحْنُ الحمس)’ എന്നും മറ്റും അഹങ്കരിച്ചുകൊണ്ട് മുസ്ദലിഫഃയില്‍ സമ്മേളിക്കുകയും, അവിടെനിന്ന് തിരിച്ചുപോരുകയും ചെയ്യുമായിരുന്നു. മേലില്‍ മുസ്‌ലിംകള്‍ ആരും അങ്ങനെ ചെയ്യരുതെന്നും, എല്ലാവരും അറഫായില്‍ പോയി അവിടെനിന്നുതന്നെ മടങ്ങണമെന്നും അല്ലാഹു കല്‍പിച്ചിരിക്കയാണ്.

(4) അവസാനം അല്ലാഹുവിനോട് പാപമോചനം തേടുവാന്‍ ഉപദേശിക്കുകയും, അവന്‍ വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു.

നമസ്‌കാരത്തിനു ശേഷവും നോമ്പിനുശേഷവും ഇതേപ്രകാരം കൽപിച്ചതിനെപ്പറ്റി മുമ്പ് നാം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇവിടെ, അറഫായില്‍ നിന്നുള്ള മടക്കത്തെക്കുറിച്ച് പ്രസ്താവിച്ചതിനെത്തുടര്‍ന്നാണ് ഈ ഉപദേശം. ഹജ്ജ് സംബന്ധമായ എല്ലാ കര്‍മങ്ങളും നിര്‍വ്വഹിച്ചു കഴിയുന്ന അവസരത്തിലും അല്ലാഹുവിനെ ഓര്‍ക്കണമെന്ന് അടുത്ത വചനത്തില്‍ വീണ്ടും ഇതുപോലെ അല്ലാഹു ഉപദേശിച്ചിരിക്കുന്നത് കാണാം. എല്ലാ ആരാധനകളുടെയും സത്തയും ജീവനും സ്ഥിതി ചെയ്യുന്നത് അല്ലാഹുവിന്‍റെ സ്മരണയിലും അവനെക്കുറിച്ചുള്ള ബോധത്തിലുമാണല്ലോ. ഇതാണിതിന് കാരണം. ഈ സന്ദര്‍ഭത്തില്‍ പാപമോചനം തേടുവാന്‍ ഉപദേശിച്ചതില്‍ ഒരു പ്രത്യേക രഹസ്യംകൂടി അടങ്ങിയിരിക്കുന്നതായി കാണാം. പ്രാര്‍ത്ഥനകള്‍ക്ക് കൂടുതല്‍ ഉത്തരം കിട്ടാവുന്നതും, അവന്‍റെ കൃപാ കടാക്ഷങ്ങള്‍ കൂടുതല്‍ ലഭിക്കാവുന്നതുമായ സന്ദര്‍ഭങ്ങളിലും, സ്ഥാനങ്ങളിലുമാ ണല്ലോ അവര്‍ (ഹജ്ജ് ചെയ്യുന്നവര്‍) ഇപ്പോഴുള്ളത്. അതുകൊണ്ട് ഈ അവസരം അതിന് ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണമെന്നത്രെ അത്. ذِكْر (ദിക്ര്‍) എന്ന വാക്കിന ‘ഓര്‍മിക്കുക, സ്മരിക്കുക, ധ്യാനിക്കുക, പറയുക, കീര്‍ത്തനം ചെയ്യുക’ എന്നൊക്കെ യാണ് അര്‍ത്ഥം. ഇത്തരം സ്ഥലങ്ങളില്‍ അത് പ്രാവര്‍ത്തികമാകുന്നത് ഹംദ്, തസ്ബീഹ്, തഹ്‌ലീല്‍, തക്ബീര്‍, ദുആ മുതലായവ മുഖേനയാകുന്നു. മനസ്സാന്നിധ്യവും, നിഷ്‌കള ങ്കതയും, ഭയഭക്തിയും അവയുടെ ജീവല്‍വശമാകുന്നു. ومن لله التوفيق

2:200
 • فَإِذَا قَضَيْتُم مَّنَـٰسِكَكُمْ فَٱذْكُرُوا۟ ٱللَّهَ كَذِكْرِكُمْ ءَابَآءَكُمْ أَوْ أَشَدَّ ذِكْرًا ۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍ ﴾٢٠٠﴿
 • അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ (ഹജ്ജ് സംബന്ധമായ) ആരാധനാകര്‍മങ്ങള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ സ്മരിക്കുന്നതുപോലെ- അതിനെക്കാള്‍ ശക്തമായ സ്മരണ-അല്ലാഹുവിനെ സ്മരിച്ചുകൊള്ളുവിന്‍.എന്നാല്‍, മനുഷ്യരിലുണ്ട്ചിലര്‍- അവന്‍ പറയും: 'ഞങ്ങളുടെ റബ്ബേ!നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നല്‍കേണമേ!' പരലോകത്തില്‍ അവര്‍ക്ക് യാതൊരു ഓഹരിയും ഇല്ലതാനും.
 • فَإِذَا قَضَيْتُم അങ്ങനെ നിങ്ങള്‍ നിര്‍വഹിച്ചാല്‍ مَّنَاسِكَكُمْ നിങ്ങളുടെ ആരാധനാ (ഹജ്ജ്) കര്‍മങ്ങളെ فَاذْكُرُوا അപ്പോള്‍ നിങ്ങള്‍ സ്മരിക്കുവിന്‍ اللَّهَ അല്ലാഹുവിനെ كَذِكْرِكُمْ നിങ്ങള്‍ ഓര്‍മിക്കുന്ന പോലെ آبَاءَكُمْ നിങ്ങളുടെ പിതാക്കളെ أَوْ أَشَدَّ അല്ലെങ്കില്‍ (അഥവാ), കൂടുതല്‍ ശക്തമായ ذِكْرًا സ്മരണ فَمِنَ النَّاسِ എന്നാല്‍ മനുഷ്യരിലുണ്ട് مَن يَقُولُ പറയുന്നവര്‍ رَبَّنَا آتِنَا ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ക്ക് നല്‍കണേ فِي الدُّنْيَا ഇഹ (ലോക)ത്തില്‍ وَمَا لَهُ അവനില്ലതാനും فِي الْآخِرَةِ പര(ലോ ക)ത്തില്‍ مِنْ خَلَاقٍ ഒരു അംശവും, ഓഹരിയില്‍ നിന്ന് (ഒന്നും)
2:201
 • وَمِنْهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ ﴾٢٠١﴿
 • അവരിലുണ്ട്ചിലരുംഅവന്‍ പറയും: 'ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍നന്മ നല്‍കേണമേ! പരലോകത്തിലുംനന്മ (നല്‍കേണമേ)! ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് തരുകയും ചെയ്യേണമേ!'
 • وَمِنْهُم അവരിലുണ്ട് مَّن يَقُولُ പറയുന്നവര്‍ رَبَّنَا آتِنَا റബ്ബേ ഞങ്ങള്‍ക്ക് നല്‍കണേ فِي الدُّنْيَا ഇഹത്തില്‍ حَسَنَةً നന്മ, നല്ലത് وَفِي الْآخِرَةِ പരത്തിലും حَسَنَةً നന്മ, നല്ലത് وَقِنَا ഞങ്ങളെ കാക്കുകയും (ഞങ്ങള്‍ക്ക് കാത്തുതരുകയും) വേണമേ عَذَابَ ശിക്ഷയില്‍ നിന്ന്, ശിക്ഷയെ النَّارِ നരകത്തിന്‍റെ
2:202
 • أُو۟لَـٰٓئِكَ لَهُمْ نَصِيبٌ مِّمَّا كَسَبُوا۟ ۚ وَٱللَّهُ سَرِيعُ ٱلْحِسَابِ ﴾٢٠٢﴿
 • അക്കൂട്ടര്‍ക്ക് അവര്‍ സമ്പാദിച്ചത് നിമിത്തം ഒരു (വമ്പിച്ച) വിഹിതമുണ്ടായിരിക്കും. അല്ലാഹുവാകെട്ട, വിചാരണ വേഗം നടത്തുന്നവനാകുന്നു.
 • أُولَٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ട് نَصِيبٌ പങ്ക്, ഓഹരി مِّمَّا كَسَبُوا അവര്‍ സമ്പാദിച്ചതിനാല്‍, അവര്‍ ചെയ്തുവെച്ചതില്‍ നിന്ന് وَاللَّهُ അല്ലാഹുവാകട്ടെ سَرِيعُ വേഗമുള്ളവനാകുന്നു الْحِسَابِ വിചാരണ, കണക്ക് നോക്കല്‍

مَنَاسِك (മനാസിക്) എന്ന വാക്കിന് ‘ത്യാഗകര്‍മങ്ങള്‍, ആരാധനാകര്‍മങ്ങള്‍’ എന്നൊക്കെയാണ് വാക്കര്‍ത്ഥമെങ്കിലും ഹജ്ജ് സംബന്ധമായ കര്‍മങ്ങള്‍ക്കാണത് അധികവും ഉപയോഗിക്കപ്പെടാറുള്ളത്. ഹജ്ജ് കര്‍മങ്ങള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ കീര്‍ത്തനം, ധ്യാനം, പ്രാര്‍ത്ഥന മുതലായവ നടത്തിക്കൊണ്ട് അല്ലാഹുവിന്‍റെ സ്മരണ പുതുക്കിക്കൊണ്ടിരിക്കുവാന്‍ കല്‍പിക്കുകയാണ്. ‘നിങ്ങളുടെ പിതാക്കളെ സ്മരിക്കുന്നതുപോലെ’ എന്ന് പറയുവാന്‍ കാരണം, ഹജ്ജ് കഴിഞ്ഞാല്‍, മിനായിലും മറ്റും സമ്മേളിച്ചു ഓരോ ഗോത്രക്കാരും തങ്ങളുടെ പൂര്‍വികന്മാരുടെയും, പിതാക്കളുടെയും യോഗ്യതകളും മഹത്വങ്ങളും എണ്ണിപ്പറഞ്ഞും, പാടിപ്പുകഴ്ത്തിയും കൊണ്ടിരിക്കുക അറബികളുടെ പതിവായിരുന്നു. ഇതിന്‍റെ അനൗചിത്യം സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറയുകയാണ്: നിങ്ങള്‍ ചെയ്യേണ്ടത് അതല്ല; അതിന്‍റെ സ്ഥാനത്ത് അല്ലാഹുവിനെക്കുറിച്ചാണ് നിങ്ങള്‍ക്ക് ഓര്‍മയും കീര്‍ത്തനവുമൊക്കെ ഉണ്ടായിരിക്കേത്. അല്ല, അതുപോരാ; അതിലുപരിയായിത്തന്നെ അല്ലാഹുവിന്‍റെ സ്മരണക്ക് നിങ്ങള്‍ പ്രാധാന്യം കല്‍പിക്കേണ്ടതുണ്ട് എന്നൊക്കെ. ഈ കല്‍പന വേറൊരു പ്രകാരത്തിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍, എന്‍റെ ബാപ്പാ, എന്‍റെ ഉമ്മാ എന്നൊക്കവെിളിച്ചും പറഞ്ഞും ആവശ്യപ്പെട്ടും കൊണ്ടിരിക്കുമല്ലോ; അതുപോലെയും, അതിലുപരിയായും നിങ്ങള്‍ അല്ലാഹുവിനെക്കുറിച്ച് സ്മരിക്കുകയും അവനോട് പ്രാര്‍ത്ഥിക്കുകയുമാണ് വേണ്ടത് എന്നത്രെ ആ വ്യാഖ്യാനത്തിന്‍റെ ചുരുക്കം. രണ്ടായാലും ഒരേ ആശയത്തില്‍ തന്നെ- അല്ലാഹുവിനെ ഓര്‍മിക്കേണ്ടതിന്‍റെ ആവശ്യകതയില്‍തന്നെ- കലാശിക്കുന്നു. തുടര്‍ന്നുകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നത് എങ്ങനെയാവണം, എങ്ങനെ ആവരുത് എന്നുകൂടി അല്ലാഹു പറയുന്നു:-

ചില മനുഷ്യര്‍ അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമെങ്കിലും അവര്‍ക്ക് ഐഹികമായകാര്യങ്ങള്‍ മാത്രമെ ലക്ഷ്യമുണ്ടായിരിക്കയുള്ളൂ. ‘റബ്ബേ, ഞങ്ങള്‍ക്ക് ഇഹത്തില്‍ ഇന്നിന്ന കാര്യങ്ങള്‍ നല്‍കണമേ! رَبَّنَا آتِنَا فِي الدُّنْيَا എന്നായിരിക്കും അവരുടെ പ്രാര്‍ത്ഥന. പരലോക കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് പ്രാര്‍ത്ഥിക്കുവാനുണ്ടായിരിക്കുകയില്ല. ഇങ്ങനെയുള്ളവര്‍ക്ക് പരലോകത്തുവെച്ച് ഒന്നും ലഭിക്കുവാനുണ്ടാവുകയില്ല. ഐഹികാവശ്യങ്ങളാകട്ടെ, അല്ലാഹു ഉദ്ദേശിച്ച അളവില്‍ ലഭിച്ചുകൊണ്ടുമിരിക്കും. വേറൊരു വിഭാഗം ആളുകളുണ്ട്: അവര്‍ ഐഹികവും പാരത്രികവുമായ നന്മക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുമിരിക്കും. ‘ഞങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും നന്മ നല്‍കേണമേ! رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً എന്നായിരിക്കും അവര്‍ പറയുക. അതെ, ആരോഗ്യം, സമാധാന ജീവിതം, ആവശ്യത്തിനുള്ള ധനം, പാര്‍പ്പിടം, നല്ല വീട്ടുകാര്‍, ജനസമ്മതി, അറിവ്, വിജ്ഞാനം, സല്‍കര്‍മം ചെയ്യാനുള്ള സൗകര്യം, ആപത്തുകളില്‍ നിന്നും വിഷമങ്ങളില്‍ നിന്നുമുള്ള രക്ഷ ആദിയായി ലൗകികമായ എല്ലാ നന്മകള്‍ക്കുവേണ്ടിയും അവര്‍ പ്രാര്‍ത്ഥിക്കും. എന്നാല്‍ അവരുടെ ലക്ഷ്യം അതുകൊണ്ടവസാനിക്കുന്നില്ല. അല്ലാഹുവിന്‍റെ പ്രീതി, പാപമോചനം, സ്വര്‍ഗീയാനുഗ്രഹങ്ങള്‍ തുടങ്ങിയ നന്മകള്‍ ലഭിക്കലായിരിക്കും അവരുടെ പ്രധാന ലക്ഷ്യം. അതുകൊണ്ട് അല്ലാഹുവിന്‍റെ കോപശാപങ്ങള്‍ക്ക് കാരണമാകുന്ന പ്രവൃത്തികള്‍ ചെയ്ത് നരകശിക്ഷക്ക് വിധേയരാകാതെ ഞങ്ങളെ കാത്ത് രക്ഷിക്കണേ (وَقِنَا عَذَابَ النَّارِ) എന്നുകൂടി അവര്‍ പ്രാര്‍ത്ഥിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്കും മറ്റുള്ളവരെപ്പോലെ ഇഹത്തില്‍വെച്ച് അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങള്‍ ലഭിക്കും. പരലോകത്തിലാകട്ടെ അവരുടെ പ്രാര്‍ത്ഥനകളും കര്‍മങ്ങളുമായി അവര്‍ ഇഹത്തില്‍വെച്ച് സമ്പാദിച്ചുവെച്ച നേട്ടങ്ങള്‍ക്കനുസരിച്ച് അതിമഹത്തായ ഭാഗ്യം ലഭിക്കുകയും ചെയ്യുന്നു. ഈ രണ്ട് തരം പ്രാര്‍ത്ഥന കളില്‍ ഏതാണ് മാതൃകായോഗ്യമെന്നും, ഏതാണ് സ്വീകരിക്കേണ്ടതെന്നും ആലോചിച്ചു ഉചിതമായത് അനുഷ്ഠിച്ചുകൊ ള്ളുക എന്ന് സാരം. അല്ലാഹു എല്ലാവരുടെയും വിചാരണ വള വേഗം നടത്തി അവരവര്‍ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കുന്നതാണെന്നും, കാലതാമസമോ മറ്റു പ്രതിബന്ധങ്ങളോ ഒന്നും അതില്‍ നേരിടുവാനില്ലെന്നും അവസാനം ഉണര്‍ത്തുന്നു.

സൂ: ഇസ്‌റാഈലില്‍ അല്ലാഹു പറയുന്നു: ‘താല്‍ക്കാലികമായി ഈ ലോകത്തെ ആരെങ്കിലും ഉദ്ദേശിക്കുന്ന പക്ഷം, നാം വേണമെന്നു വെക്കുന്നത് നാം ഉദ്ദേശിക്കുന്നവര്‍ക്ക് വേഗമാക്കിക്കൊടുക്കും. പിന്നീട് അവന് നാം നരകത്തെ ഏര്‍പ്പെടുത്തിക്കൊടുക്കും. അവന്‍ അതില്‍ ആക്ഷേപിക്കപ്പെട്ടവനായും, നിന്ദിക്കപ്പെട്ടവനായും കൊണ്ട് എരിയുന്നതാണ്. ആരെങ്കിലും പരലോകത്തെ ഉദ്ദേശിക്കുകയും, അതിനുവേണ്ടി സത്യവിശ്വാസിയായും കൊണ്ട് അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം, അങ്ങിനെയുള്ള വരുടെ പരിശ്രമം നന്ദിയോടെ സ്വീകരിക്കപ്പെടുന്നതാകുന്നു. എല്ലാവര്‍ക്കും- അക്കൂട്ടര്‍ക്കും ഇക്കൂട്ടര്‍ക്കും തന്നെ- നിന്‍റെ റബ്ബിന്‍റെ വക കൊടുതിയെ നാം അയച്ചിട്ടുകൊടുക്കുന്നതാണ്. നിന്‍റെ റബ്ബിന്‍റെ കൊടുതി തടസ്സം ചെയ്യപ്പെട്ടതായിരിക്കയില്ല.’ (ഇസ്‌റാഉ്, 18, 19, 20) ഒരു മാതൃകാ പ്രാര്‍ത്ഥനയായി അല്ലാഹു പഠിപ്പിച്ചുതന്ന ഈ പ്രാര്‍ത്ഥന رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ നാവുകൊണ്ട് ഉച്ചരിക്കുവാന്‍ വളരെ ലഘുവായതോടൊപ്പം ഐഹികവും പാരത്രികവുമായ എല്ലാവിധ നന്മകളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള മഹത്തായ ഒരു പ്രാര്‍ത്ഥനയാകുന്നു. അതുകൊണ്ട് തന്നെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ പ്രാര്‍ത്ഥന സാധാരണ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നതും, (ബു) തിരുമേനിയുടെ പ്രാര്‍ത്ഥന അധികവും ഈ വാചകങ്ങളിലായിരുന്നതും, (അ) കഅ്ബയെ ത്വവാഫ് ചെയ്യുക മുതലായ ഹജ്ജ് കര്‍മങ്ങള്‍ക്കിടയിലും ഈ പ്രാര്‍ത്ഥനക്ക് വളരെ സ്ഥാനം നല്‍കപ്പെട്ടിരിക്കുന്നതും പ്രസ്താവ്യമാകുന്നു.

2:203
 • وَٱذْكُرُوا۟ ٱللَّهَ فِىٓ أَيَّامٍ مَّعْدُودَٰتٍ ۚ فَمَن تَعَجَّلَ فِى يَوْمَيْنِ فَلَآ إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَآ إِثْمَ عَلَيْهِ ۚ لِمَنِ ٱتَّقَىٰ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُمْ إِلَيْهِ تُحْشَرُونَ ﴾٢٠٣﴿
 • എണ്ണപ്പെട്ട (അല്‍പം) ചിലദിവസങ്ങളിലും നിങ്ങള്‍ അല്ലാഹുവിനെ സ്മരിച്ചു കൊള്ളുവിന്‍. എന്നാല്‍, ആരെങ്കിലും രണ്ട് ദിവസം കൊണ്ട് ധൃതിപ്പെട്ടുപൊരുന്ന പക്ഷം,അവന്‍റെ മേല്‍ കുറ്റമില്ല. ആരെങ്കിലും പിന്തി നിന്നാല്‍ അവന്‍റെ മേലും കുറ്റമില്ല; (അതെ) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്. [അവര്‍ക്കാണ് ഇപ്പറഞ്ഞത്] നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങള്‍ അവങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍
 • وَاذْكُرُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുവിന്‍ فِي أَيَّامٍ ചില ദിവസങ്ങളില്‍ مَّعْدُودَاتٍ എണ്ണപ്പെട്ട فَمَن എന്നാല്‍ ആരെങ്കിലും تَعَجَّلَ ധൃതിപ്പെട്ടു (വെങ്കില്‍) فِي يَوْمَيْنِ രണ്ട് ദിവസങ്ങളില്‍ فَلَا إِثْمَ എന്നാല്‍ കുറ്റമില്ല عَلَيْهِ അവന്‍റെ മേല്‍ وَمَن تَأَخَّرَ ആരെങ്കിലും പിന്തി നിന്നാല്‍, താമസിച്ചെങ്കില്‍ فَلَا إِثْمَ عَلَيْهِ എന്നാലവന്‍റെ മേല്‍ കുറ്റമില്ല لِمَنِ اتَّقَىٰ സൂക്ഷിക്കുന്നവര്‍ക്ക് وَاتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّكُمْ നിങ്ങള്‍ (ആകുന്നു) എന്ന് إِلَيْهِ تُحْشَرُونَ അവനിലേക്ക് നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും (എന്ന്)

أَيَّامٍ مَّعْدُودَاتٍ (എണ്ണപ്പെട്ട ചില ദിവസങ്ങള്‍) കൊണ്ട് ഇവിടെ ഉദ്ദേശ്യം വലിയ പെരുന്നാള്‍ ദിവസത്തെ തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളാകുന്നു. അതായത് ‘അയ്യാമു ത്തശ്‌രീക്വ് (ايَّامُ التَشريق) എന്ന് പറയപ്പെടുന്ന ദുല്‍ഹിജ്ജഃ 11, 12, 13 തിയ്യതികള്‍. ഈ ദിവസങ്ങളില്‍ പ്രത്യേകം അല്ലാഹുവിന്‍റെ ദിക്ര്‍ (സ്മരണ) വേണ്ടതുണ്ടെന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു. ഈ അടിസ്ഥാനത്തില്‍ തന്നെയാണ്, ആ ദിവസങ്ങളില്‍  നമസ്‌കാരങ്ങള്‍ക്ക് ശേഷവും, ജംറഃ (*)കളില്‍ എറിയുമ്പോഴും, ബലിമൃഗങ്ങളെ അറുക്കുമ്പോഴും മറ്റും തക്ബീര്‍  ചൊല്ലുന്നത് സുന്നത്താക്കപ്പെട്ടിരിക്കുന്നതും. ‘അയ്യാമുത്തശ്‌രീക്വ് തിന്നുവാനും, കുടിക്കുവാനും, ദിക്‌റിനുമുള്ള  ദിവസങ്ങളാണെ’ന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തിട്ടുമുണ്ട്. (മു) ഈ ദിവസങ്ങളില്‍ ഹാജ്ജുമാര്‍ മിനായില്‍  താമസിച്ചുകൊണ്ട് ജംറഃകളില്‍ കല്ലേറ് നടത്തേതുണ്ട്. എന്നാല്‍, രണ്ട് ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കി രണ്ടാം ദിവസം  അവിടം വിട്ടുപോരുന്നതിനും, മൂന്ന് ദിവസം നിന്നു മൂന്നാം ദിവസം പോരുന്നതിനും വിരോധമില്ലെന്നും അല്ലാഹു  അറിയിക്കുന്നു. മൂന്നാം ദിവസം പോരുന്നതാണ് നല്ലതെങ്കിലും രണ്ടും ആവാമെന്ന് സാരം. രണ്ടോ മൂന്നോ ദിവസമെന്നുള്ളതിനെക്കാള്‍ പ്രാധാന്യം കല്‍പിക്കേണ്ടത് ഭയഭക്തിക്കും സൂക്ഷ്മതക്കുമാണെന്നും, രണ്ടും സ്വന്തം സ്വാര്‍ത്ഥങ്ങളെ  മുന്‍നിറുത്തിയാകരുതെന്നും ഉണര്‍ത്തുന്നു. അവസാനം- മുമ്പ് പലപ്പോഴും അതുപോലെ- അല്ലാഹുവിനെ  സൂക്ഷിച്ചുകൊണ്ട് ജീവിക്കണമെന്നും, എല്ലാവരും അവസാനം അവന്‍റെ അടുക്കല്‍ തിരിച്ചു ചെല്ലേണ്ടി വരുമെന്ന്  ഓര്‍മിച്ചുകൊണ്ടിരിക്കണമെന്നും വീണ്ടും ഓര്‍മിപ്പിക്കുന്നു.


(*) മിനായില്‍ വെച്ച് മൂന്ന് പ്രത്യേക സ്ഥലങ്ങളില്‍ ഏഴേഴ്  പ്രാവശ്യം കല്ലെറിയേണ്ടതുണ്ടല്ലോ. ആ സ്ഥലങ്ങള്‍ക്കാണ് ജംറഃ (جَمْرَة)കള്‍ എന്ന് പറയുന്നത്.

2:204
 • وَمِنَ ٱلنَّاسِ مَن يُعْجِبُكَ قَوْلُهُۥ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيُشْهِدُ ٱللَّهَ عَلَىٰ مَا فِى قَلْبِهِۦ وَهُوَ أَلَدُّ ٱلْخِصَامِ ﴾٢٠٤﴿
 • മനുഷ്യരിലുണ്ട്(ഇങ്ങനെ)ചിലരും: ഐഹിക ജീവിത (വിഷയ)ത്തില്‍ അവന്‍റെ വാക്ക് [സംസാരം]നിന്നെ അല്‍ഭുതപ്പെടുത്തും; അവന്‍റെ ഹൃദയത്തിലുള്ളതിനെ [ആത്മാര്‍ത്ഥതയെ]പ്പറ്റി അവന്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അവനാകട്ടെ, (വാസ്തവത്തില്‍) കുതര്‍ക്കിയായ വഴക്കുകാരനും (അഥവാ കടുത്ത വൈരാഗ്യമുള്ളവനും)ആയിരിക്കും.
 • وَمِنَ النَّاسِ മനുഷ്യരിലുണ്ട് مَن യാതൊരുവന്‍, ചിലര്‍ يُعْجِبُكَ നിന്നെ അത്ഭുതപ്പെടുത്തും قَوْلُهُ അവന്‍റെ വാക്ക് فِي الْحَيَاةِ ജീവിതത്തില്‍ الدُّنْيَا ഐഹികമായ وَيُشْهِدُ അവന്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യും اللَّهَ അല്ലാഹുവിനെ عَلَىٰ مَا فِي قَلْبِهِ അവന്‍റെ ഹൃദയത്തിലുള്ളതിനെപ്പറ്റി وَهُوَ അവനാകട്ടെ أَلَدُّ കുതര്‍ക്കിയാണ്, മഹാവഴക്കുകാരനാകുന്നു الْخِصَامِ തര്‍ക്കം (വഴക്ക്- കേസ്സ്- എതിര്‍പ്പ്) കൂടുന്നതില്‍
2:205
 • وَإِذَا تَوَلَّىٰ سَعَىٰ فِى ٱلْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ ٱلْحَرْثَ وَٱلنَّسْلَ ۗ وَٱللَّهُ لَا يُحِبُّ ٱلْفَسَادَ ﴾٢٠٥﴿
 • അവന്‍ തിരിഞ്ഞുപോയാലാകട്ടെ, അവന്‍ ഭൂമിയില്‍ പരിശ്രമം നടത്തുകയായി; അതില്‍ നാശം[കുഴപ്പം] ഉണ്ടാക്കുവാനും, വിളയുംസന്തതിയും നാശപ്പെടുത്തുവാനും! അല്ലാഹുവാകട്ടെ, നാശ [കുഴപ്പ]ത്തെ ഇഷ്ടപ്പെടുന്നില്ലതാനും.
 • وَإِذَا تَوَلَّىٰ അവന്‍ തിരിഞ്ഞുപോയാല്‍, അധികാരം ലഭിച്ചാല്‍ سَعَىٰ അവന്‍ പരിശ്രമിക്കും, ഉല്‍സാഹിക്കുകയായി فِي الْأَرْضِ ഭൂമിയില്‍ لِيُفْسِدَ നാശം (കുഴപ്പം) ഉണ്ടാക്കുവാന്‍ فِيهَا അതില്‍ وَيُهْلِكَ നശിപ്പിക്കുവാനും الْحَرْثَ വിള, കൃഷി وَالنَّسْلَ സന്തതി, വംശം وَاللَّهُ അല്ലാഹുവാകട്ടെ لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുന്നില്ല الْفَسَادَ നാശം, കുഴപ്പം
2:206
 • وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتْهُ ٱلْعِزَّةُ بِٱلْإِثْمِ ۚ فَحَسْبُهُۥ جَهَنَّمُ ۚ وَلَبِئْسَ ٱلْمِهَادُ ﴾٢٠٦﴿
 • അവനോട്: 'നീ അല്ലാഹുവിനെസൂക്ഷിക്കുക' എന്ന് പറയപ്പെട്ടാലാകട്ടെ, പ്രതാപം (അഥവാരോഷം) അവനെ കുറ്റ (കൃത്യ)ത്തിന്ന് പ്രേരിപ്പിക്കുകയായി. എന്നാല്‍, അവന് 'ജഹന്നം' [നരകം] മതി! അത് എത്രയോ മോശെപ്പട്ട വിതാനം തന്നെ!
 • وَإِذَا قِيلَ لَهُ അവനോട് പറയപ്പെട്ടാല്‍ اتَّقِ اللَّهَ നീ അല്ലാഹുവിനെ സൂക്ഷിക്കുക أَخَذَتْهُ അവനെ പിടികൂടും الْعِزَّةُ പ്രതാപം (രോഷം, ദുരഭിമാനം, അഹങ്കാരം) بِالْإِثْمِ കുറ്റത്തിന്, പാപത്തിന് فَحَسْبُهُ എന്നാല്‍ അവന് മതി جَهَنَّمُ ജഹന്നം, നരകം وَلَبِئْسَ എത്രയോ മോശം തന്നെ, വളരെ ചീത്ത الْمِهَادُ (ആ) തൊട്ടില്‍, വിതാനം, വിരിപ്പ്
2:207
 • وَمِنَ ٱلنَّاسِ مَن يَشْرِى نَفْسَهُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ ﴾٢٠٧﴿
 • മനുഷ്യരിലുണ്ട്(വേറെ)ചിലരും: അല്ലാഹുവിന്‍റെ പ്രീതിയെ തേടിക്കൊണ്ട് തന്‍റെ സ്വന്തത്തെ[ആത്മാവിനെ] അവന്‍ വില്‍ക്കുന്നതാണ്. അല്ലാഹു അടിയാന്‍മാരോട് വളരെ കൃപയുള്ളവനുമാകുന്നു.
 • وَمِنَ النَّاسِ മനുഷ്യരിലുണ്ട് مَن يَشْرِي വില്‍ക്കുന്നവന്‍ نَفْسَهُ തന്നെത്തന്നെ, സ്വന്തത്തെ, തന്‍റെ ആത്മാവിനെ ابْتِغَاءَ ആഗ്രഹിച്ചതിനാല്‍ مَرْضَاتِ اللَّهِ അല്ലാഹുവിന്‍റെ പ്രീതി, പൊരുത്തപ്പാട് وَاللَّهُ رَءُوفٌ അല്ലാഹു വളരെ കൃപ (ദയ- കനിവ്) ഉള്ളവനാണ് بِالْعِبَادِ അടിയാന്‍മാരോട്

ഐഹികമായ കാര്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്നവരും, ഐഹികവും പാരത്രികവുമായ  നന്മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുമായ രണ്ട് തരം ആളുകളെക്കുറിച്ച് പ്രസ്താവിച്ചശേഷം, അതുപോലെയുള്ള  വേറെ രണ്ട് തരം ആളുകളെയും അവരുടെ സ്വഭാവങ്ങളെയും സംബന്ധിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്.  ഒരു കൂട്ടര്‍കപടന്മാരും ദുഷ്ട മന:സ്ഥിതിക്കാരും, മറ്റേവര്‍ നിഷ്‌കളങ്കരും വിശിഷ്ട മന:സ്ഥിതിക്കാരുമാകുന്നു.

ഇങ്ങനെ രണ്ടു തരം മനുഷ്യരെപ്പറ്റിയാണ് ഈ വചനങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നത്. ഒന്നാമത്തെ തരക്കാരെപ്പറ്റി പറഞ്ഞതിന്‍റെ സാരം: ആകര്‍ഷകവും, മധുരമയവുമായ സംസാരം. കേള്‍ക്കുന്നവര്‍ക്ക് കൗതുകവും ആശ്ചര്യവും  തോന്നിപ്പോകും. തങ്ങളുടെ ആത്മാര്‍ത്ഥതയും ശുദ്ധതയും സ്ഥാപിക്കുവാന്‍വേണ്ടി അല്ലാഹുവിന്‍റെ നാമം ഇടക്കിടെ അവര്‍  ഉപയോഗപ്പെടുത്തുകയും അവനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ സത്യത്തോടും സത്യത്തിന്‍റെ  കക്ഷിയോടും കടുത്ത ശത്രുതയും വൈരാഗ്യവുമാണ് അവരുടെ ഉള്ളിലുള്ളത്. കുതര്‍ക്കവും വഴക്കും കൂടുന്നതില്‍  നിപുണന്‍മാരുമായിരിക്കും. സംസാര രംഗത്തുനിന്ന് മാറി കര്‍മ രംഗത്ത് വന്നാലാകട്ടെ, നാട്ടില്‍ കുഴപ്പത്തിന്‍റെയും നാശത്തിന്‍റെയും മാര്‍ഗങ്ങളിലായിരിക്കും അവരുടെ യത്‌നവും ശ്രദ്ധയും. ഉല്‍പന്നങ്ങള്‍ നശിപ്പിക്കുക, സമാധാന ജീവിതം  താറുമാറാക്കുക മുതലായ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. ഇതെല്ലാം കാണുമ്പോള്‍, ആരെങ്കിലും  അവരോട് അല്ലാഹുവിനെ സൂക്ഷിക്കണം, ഇതൊന്നും അവന്‍ ഇഷ്ടപ്പടൊത്തതാണ് എന്നൊക്കെ പറഞ്ഞാല്‍ അതിലേക്ക്  ചെവി കൊടുക്കയില്ലെന്ന് മാത്രമല്ല, നേരെ മറിച്ച് അഹങ്കാരവും രോഷവും പിടികൂടുകയും, കൂടുതല്‍ തോന്നിയവാസവും ധിക്കാരവും പ്രവര്‍ത്തിക്കുവാന്‍ തങ്ങളുടെ ഊക്കും പ്രതാപവും അവരെ പ്രേരിപ്പിക്കുകയുമായിരിക്കും ചെയ്യുക. ഇങ്ങനെയുള്ളവരെ ഗുണദോഷിച്ചിട്ടോ, ഉപദേശിച്ചിട്ടോ ഫലമില്ല. അവരെ  ഒതുക്കുവാന്‍ അല്ലാഹു നേരത്തെത്തന്നെ ഒരുക്കിവെച്ചിട്ടുണ്ട്- നരകം! അതുമതി അവര്‍ക്ക്! അവിടെ എത്തുമ്പോള്‍  അവരുടെ ഈ ഊക്കും ധിക്കാരവുമൊന്നും കാണുകയില്ല. എന്നൊക്കെയാണ് ഇത്തരക്കാരെപ്പറ്റി പറഞ്ഞതിന്‍റെ സാരം.  നന്നേ ചുരുക്കം വാക്കുകളിലായി അവരോട് ചെയ്ത ഈ താക്കീതിന്‍റെ ഗൗരവം ഒന്നാലോചിച്ചു നോക്കുക!

അക്കാലത്തുള്ള കപടവിശ്വാസികളെ അല്ലെങ്കില്‍ അവരില്‍പെട്ട ചിലരെപ്പറ്റിയാണ് ഈ വിവരണമെന്നും അവരുടെ  കാര്യത്തിലാണ് ഇതിന്‍റെ അവതരണമെന്നും വ്യാഖ്യാതാക്കളില്‍ ചിലരൊക്കെ പ്രസ്താവിച്ചു കാണാമെങ്കിലും- ക്വത്താദഃ,  മുജാഹിദ്, റബീഉ് (റ) മുതലായവര്‍ പ്രസ്താവിച്ചതുപോലെ- സത്യവിശ്വാസികളിലാകട്ടെ, കപടവിശ്വാസികളിലാകട്ടെ, ഈ  സ്വഭാവക്കാരായ എല്ലാവരെയും സംബന്ധിക്കുന്നതാണിത് എന്നത്രെ ശരിയായ അഭിപ്രായം. ഇത്തരക്കാര്‍ താരതമ്യേന  എല്ലാ കാലത്തും സുലഭമാണല്ലോ. നമ്മുടെ ഇക്കാലത്ത് വിശേഷിച്ചും. وَإِذَا تَوَلَّىٰ എന്ന വാക്കിന് ‘തിരിഞ്ഞു പോയാല്‍’  എന്നും ‘അധികാരം ലഭിച്ചാല്‍’ എന്നും അര്‍ത്ഥം വരാവുന്നതാണ്. ഒന്നാമെത്ത അര്‍ത്ഥപ്രകാരം അവര്‍  സംസാരരംഗത്തുനിന്ന് വിട്ടുമാറിയാല്‍ എന്നും, രണ്ടാമത്തെ അര്‍ത്ഥപ്രകാരം അവര്‍ക്ക് നാട്ടില്‍ വല്ല അധികാരമോ  സ്വാധീനമോ കൈവന്നാല്‍ എന്നും ഉദ്ദേശ്യമായിരിക്കും. ഒന്നാമത്തെ അര്‍ത്ഥത്തെ ആസ്പദമാക്കിയാണ് മുകളില്‍ കണ്ട  വിവരണം. വാചകഘടന നോക്കുമ്പോള്‍ അതിനാണ് മുന്‍തൂക്കം കാണുന്നത്. രണ്ടാമത്തെ അര്‍ത്ഥമാണ് ക്വുര്‍ആന്‍  വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗം സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് ആശയം കൂടുതല്‍ വ്യക്തവുമാണ്. യഥാര്‍ത്ഥ  വിശ്വാസവും അല്ലാഹുവിനെക്കുറിച്ചുള്ള ഭയഭക്തിയും മനസ്സില്‍ തീണ്ടാത്തവര്‍ക്ക് അധികാരവും സ്വാധീനവും  കിട്ടിയാലുണ്ടാകുന്ന ചെയ്തികളെപ്പറ്റി അല്ലാഹു നല്‍കിയ ആ വിവരണം അക്ഷരാര്‍ത്ഥത്തില്‍ നാം കണ്ടും അനുഭവിച്ചും  കൊണ്ടിരിക്കുകയാണല്ലോ.

രണ്ടാമത്തെ തരക്കാരെപ്പറ്റി അല്ലാഹു അധികം വിശദീകരിച്ചിട്ടില്ല. വിശദീകരണം  കൂടാതെത്തന്നെ അവരെപ്പറ്റി മനസ്സിലാക്കാവുന്നതാണ് താനും. അല്ലാഹുവിന്‍റെ പ്രീതിയും പൊരുത്തപ്പാടുമാണ് അവരുടെ  ഏകലക്ഷ്യം. അതിനായി ഏത് ത്യാഗവും വരിക്കുവാന്‍ അവര്‍ തയ്യാറാണ്. ധനം, പ്രതാപം മുതലായവ മാത്രമല്ല,  സ്വന്തം ആത്മാവി നെപ്പോലും അതിന് വേണ്ടി ബലി കഴിക്കുവാന്‍ അവര്‍ ഒരുക്കമാണ്. എന്നിരിക്കെ, അവരുടവൊക്കും പ്രവൃത്തിയും അതിനനുസരിച്ചായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇതിനൊരു ഉദാഹരണമായി സ്വുഹൈബ് (റ)ന്‍റെ (*)  സംഭവം ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എടുത്ത് കാണിക്കുന്നു. അദ്ദേഹത്തിന്‍റെ കാര്യത്തിലാണ് ഈ വചനം അവതരിച്ച  തെന്നും ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. അവതരണ കാരണം ഏതായാലും അതിലെ ഉള്ളടക്കം അദ്ദേഹത്തിനുമാത്രം ബാധകമായതല്ല പൊതുവെ ബാധകമാണ് – എന്നതില്‍ സംശയമില്ല. സ്വുഹൈബ് (റ) ഹിജ്‌റഃക്ക്  ഒരുങ്ങിയപ്പോള്‍, ക്വുറൈശികള്‍ അദ്ദേഹത്തെ തടഞ്ഞു. നീ ഒരു ദരിദ്രനായിക്കൊണ്ട് ഈ നാട്ടില്‍ വന്ന് ഇവിടെ വെച്ച്  സമ്പാദിച്ച സ്വത്തുക്കളുമായി നാടുവിടാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ലെന്ന് അവര്‍ ശഠിച്ചു. വേണമെങ്കില്‍ സ്വന്തം  ദേഹവുമായി പോകാം. അമ്പെയ്ത്തിലും മറ്റും വിദഗ്ധനായിരുന്ന അദ്ദേഹം അവരുമായി ഒരു  സംഘട്ടനത്തിനൊരുങ്ങാതെ, തന്‍റെ സ്വത്തുക്കളത്രയും മക്കയില്‍ വിട്ടേച്ചുകൊണ്ട് മദീനായിലേക്ക് യാത്ര പോയി. ഈ  വിവരം അറിഞ്ഞപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘സ്വുഹൈബ് ലാഭം നേടി! സ്വുഹൈിന്‍റെ കച്ചവടം ലാഭത്തിലായി!’ ഇതാണാസംഭവം. ആദ്യത്തെ തരക്കാരെപ്പറ്റി ‘അവര്‍ക്ക് ജഹന്നം മതി’ എന്നാണ് അല്ലാഹു പറഞ്ഞതെങ്കില്‍ ഈ വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന നേട്ടത്തെപ്പറ്റി പറഞ്ഞത് وَاللَّهُ رَءُوفٌ بِالْعِبَادِ (അല്ലാഹു അടിയാന്‍മാരെപ്പറ്റി  കൃപയുള്ളവനാണ്) എന്നത്രെ. ജീവി തമത്രയും അല്ലാഹുവിന്‍റെ പ്രീതിക്കായി നീക്കിവെച്ച ഇവര്‍ക്ക് ഇതിലധികം  വലിയൊരു വാഗ്ദാനം വേറെ പ്രതീക്ഷിക്കേതുണ്ടോ?!


(*) സ്വുഹൈബ് (صُحَيْب) സ്വതവേ ഇറാക്വുകാരനായിരുന്നു.  ചെറുപ്പകാലത്ത് ഒരു യുദ്ധത്തില്‍ റോമാക്കാര്‍ അദ്ദേഹത്തെ പിടിച്ചു അടിമയാക്കിക്കൊണ്ടു പോയി. കാലക്രമത്തില്‍  അദ്ദേഹം മക്കയില്‍ വന്ന് താമസമാക്കി വ്യാപാരം വഴി കുറേ സമ്പാദിച്ചു. ഇസ്‌ലാമില്‍ ആദ്യമായി വിശ്വസിച്ച  പൂര്‍വ്വ വിശ്വാസികളില്‍ ഒരാളായ അദ്ദേഹത്തിന് നാട്ടില്‍ ഉറ്റവരാരുമില്ലാത്തതുകൊണ്ട് ക്വുറൈശി മുശ്‌രിക്കുകളില്‍  നിന്ന് വളരെ കൂടുതല്‍ മര്‍ദ്ദനങ്ങള്‍ അനുഭവിക്കേണ്ടതായി വന്നിരുന്നു

2:208
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱدْخُلُوا۟ فِى ٱلسِّلْمِ كَآفَّةً وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴾٢٠٨﴿
 • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ മുഴുവനുമായി സമാധാനത്തില്‍ [ഇസ്‌ലാമില്‍] പ്രവേശിക്കുവിന്‍, നിങ്ങള്‍ പിശാചിന്‍റെ കാലടികളെ പിന്‍പറ്റുകയും ചെയ്യരുത്. നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാകുന്നു.
 • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ فِي السِّلْمِ സമാധാനത്തില്‍, കീഴൊതുക്കത്തില്‍, ഇസ്‌ലാമില്‍ كَافَّةً മുഴുവനും, ആകമാനമായി وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുത് خُطُوَاتِ കാലടികളെ, ചവിട്ടടികളെ الشَّيْطَانِ പിശാചിന്‍റെ إِنَّهُ لَكُمْ നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് عَدُوٌّ ശത്രുവാകുന്നു مُّبِينٌ പ്രത്യക്ഷമായ, തനി
2:209
 • فَإِن زَلَلْتُم مِّنۢ بَعْدِ مَا جَآءَتْكُمُ ٱلْبَيِّنَـٰتُ فَٱعْلَمُوٓا۟ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ ﴾٢٠٩﴿
 • എന്നാല്‍, നിങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം (പിന്നെയും) നിങ്ങള്‍ വഴുതിപ്പോകുകയാണെങ്കില്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളണം, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാണെന്ന്!
 • فَإِن زَلَلْتُم എനി (എന്നാല്‍) നിങ്ങള്‍ വഴുതിയെങ്കില്‍, ഇടറിയാല്‍ مِّن بَعْدِ ശേഷമായി مَا جَاءَتْكُمُ നിങ്ങള്‍ക്ക്‌വന്നതിന് الْبَيِّنَاتُ തെളിവുകള്‍ فَاعْلَمُوا നിങ്ങള്‍ അറിയുവിന്‍ أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്ന് عَزِيزٌ പ്രതാപശാലി حَكِيمٌ അഗാധജ്ഞന്‍

ഇസ്‌ലാമിലെ ചില നിയമനടപടികള്‍ അംഗീകരിക്കുകയും, മറ്റു ചിലത് അംഗീകരിക്കാതിരിക്കുകയും ചെയ്യാന്‍ പാടില്ലെന്നും, ഇസ്‌ലാമില്‍ പ്രവേശിക്കുന്നത് അതിലെ മുഴുവന്‍ നടപടി ക്രമങ്ങളെയും സ്വീകരിച്ചുകൊണ്ടായിരിക്കണമെന്നും അല്ലാഹു സത്യവിശ്വാസികളെ വിളിച്ചു കല്‍പിക്കുന്നു. വേദക്കാരില്‍പെട്ട ചിലര്‍ ഇസ്‌ലാമില്‍ വന്ന ശേഷവും അവരുടെ പഴയ ചില ആചാരങ്ങള്‍ വിട്ടേക്കുവാന്‍ മടിച്ചതിനെത്തുടര്‍ന്നാണ് ഈ കല്‍പ നയുണ്ടായതെന്ന് പറയപ്പെടുന്നു. അത് ശരിയാണെങ്കില്‍, മേല്‍ പ്രസ്താവിച്ച തത്വത്തെ അത് കൂടുതല്‍ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മതത്തിന്‍റെ ഏതാനും വശങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ അനുഷ്ഠിക്കുകയും അതോടൊപ്പം സ്വാര്‍ത്ഥ താല്‍പര്യങ്ങ ളെയും കാര്യ ലാഭങ്ങളെയും മുന്‍നിറുത്തി മറ്റ് വശങ്ങളില്‍ അനിസ്‌ലാമിക നിയമങ്ങളും തത്വങ്ങളും സ്വീകരിച്ചു വരുകയും ചെയ്യുന്നവര്‍ക്കെല്ലാം ബാധകമാണ് ഈ ക്‌ലപന. അങ്ങനെ ചെയ്യുന്നത് പിശാചിന്‍റെ കാലടികളെ പിന്‍പറ്റലാണെന്നും, അവന്‍ സത്യവിശ്വാ സികളുടെ പരമ ശത്രുവാണെന്നും അല്ലാഹു താക്കീതും നല്‍കുന്നു. പിശാചിനെ അനുകൂലിക്കുന്നവരെ നരകത്തിനവകാശികളാക്കിത്തീര്‍ക്കുവാനല്ലാതെ അവന്‍ ശ്രദ്ധി ക്കുകയില്ലല്ലോ. إِنَّمَا يَدْعُوحِزْبَه لُيَكُونُوا مِنْ أَصْحَابِ السَّعِيرِ (അവന്‍റെ കക്ഷിയെ അവര്‍ നരകത്തിന്‍റെ ആള്‍ക്കാരില്‍ പെട്ടവരായിരിക്കുവാന്‍ മാത്രമേ അവന്‍ ക്ഷണിക്കുകയുള്ളൂ.)

സത്യം ഇന്നതാണ്, ഇസ്‌ലാമിലെ നിയമ നടപടി ഇന്നതാണ് എന്നൊക്കെ വ്യക്തമായ അറിവ് കിട്ടിയിട്ട് പിന്നെയും നേര്‍മാര്‍ഗം വിട്ട് കാല്‍ വഴുതിപ്പോകുന്നവര്‍ക്ക് നീതിയു ക്തമായ ശിക്ഷ കിട്ടുമെന്നും, അതില്‍ നിന്ന് രക്ഷപ്പെടുവാനോ, രക്ഷപ്പെടുത്തുവാനോ ആര്‍ക്കും സാധ്യമല്ലെന്നും രണ്ടാമതും ഒരു താക്കീതാണ് രണ്ടാമത്തവെചനത്തില്‍ കാണുന്നത്. سِلْم (സില്‍മ്) എന്ന വാക്കിന് ‘കീഴൊതുക്കം, സമാധാനം, അനുസരണം’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. ഇവയില്‍ ഏത് അര്‍ത്ഥം എടുത്താലും അതിന്‍റെ വ്യാഖ്യാനം പര്യവസാനിക്കുന്നത് ഇസ്‌ലാം എന്നതില്‍ തന്നെയായിരിക്കും. അതുകൊണ്ടാണ് പലരും അതിന് ഇസ്‌ലാം എന്നര്‍ത്ഥം കല്‍പിച്ചുകാണുന്നതും.

2:210
 • هَلْ يَنظُرُونَ إِلَّآ أَن يَأْتِيَهُمُ ٱللَّهُ فِى ظُلَلٍ مِّنَ ٱلْغَمَامِ وَٱلْمَلَـٰٓئِكَةُ وَقُضِىَ ٱلْأَمْرُ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ﴾٢١٠﴿
 • അവര്‍ നോക്കി (കാത്തു) കൊണ്ടിരിക്കുന്നുവോ? അവരുടെ അടുക്കല്‍ മേഘത്തണലുകളിലായി അല്ലാഹുവും, മലക്കുകളും വരുന്നതിനെയല്ലാതെ! കാര്യം തീരുമാനംചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങള്‍മടക്കപ്പെടുന്നത്.
 • هَلْ يَنظُرُونَ അവര്‍ നോക്കുന്നുവോ, കാത്തിരിക്കുന്നോ إِلَّا أَن يَأْتِيَهُمُ അവര്‍ക്ക് വരുന്നതിനെയല്ലാതെ اللَّهُ അല്ലാഹു فِي ظُلَلٍ തണലുകളില്‍ مِّنَ الْغَمَامِ മേഘത്തിനാലുള്ള وَالْمَلَائِكَةُ മലക്കുകളും وَقُضِيَ വിധിക്ക (തീരുമാനിക്ക)പ്പെടുകയും ചെയ്തിരിക്കുന്നു الْأَمْرُ കാര്യം وَإِلَى اللَّهِ അല്ലാഹുവിലേക്ക് (ത ന്നെ) تُرْجَعُ മടക്കപ്പെടും, മടക്കപ്പെടുന്നു الْأُمُورُ കാര്യങ്ങള്‍