വിഭാഗം - 32

2:243
 • أَلَمْ تَرَ إِلَى ٱلَّذِينَ خَرَجُوا۟ مِن دِيَـٰرِهِمْ وَهُمْ أُلُوفٌ حَذَرَ ٱلْمَوْتِ فَقَالَ لَهُمُ ٱللَّهُ مُوتُوا۟ ثُمَّ أَحْيَـٰهُمْ ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ ﴾٢٤٣﴿
 • നീ കണ്ടില്ലേ, യാതൊരു കൂട്ടരെ?! അവര്‍ ആയിരങ്ങള്‍ ഉണ്ടായിട്ടും മരണഭയത്താല്‍ തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് അവര്‍ പുറത്തുപോയി. എന്നിട്ട് അവരോട് അല്ലാഹു പറഞ്ഞു: 'നിങ്ങള്‍ മരണമടയുവിന്‍;' പിന്നെ, അവന്‍ അവരെ ജീവിപ്പിച്ചു. [ഇങ്ങനെയുള്ള ഒരു കൂട്ടരെ കണ്ടില്ലേ?!] നിശ്ചയമായും, അല്ലാഹു മനുഷ്യരുടെ മേല്‍ ഔദാര്യം (അഥവാ അനുഗ്രഹം) ഉള്ളവന്‍ തന്നെയാകുന്നു. എങ്കിലും, മനുഷ്യരില്‍ അധികമാളുകളും നന്ദി ചെയ്യുന്നില്ല.
 • أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരു കൂട്ടരെ خَرَجُوا അവര്‍ പുറപ്പെട്ടു, പുറത്തുപോയി مِن دِيَارِهِمْ അവരുടെ വസതികളില്‍ നിന്ന് وَهُمْ أُلُوفٌ അവര്‍ ആയിരങ്ങളുണ്ടായിട്ടും حَذَرَ ഭയന്ന്, കാത്തുകൊണ്ട് الْمَوْتِ മരണത്തെ فَقَالَ لَهُمُ എന്നിട്ട് (അപ്പോള്‍) അവരോട് പറഞ്ഞു اللَّهُ അല്ലാഹു مُوتُوا നിങ്ങള്‍ മരണപ്പെടുവിന്‍ ثُمَّ പിന്നീട് أَحْيَاهُمْ അവരെ അവന്‍ ജീവിപ്പിച്ചു إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَذُو فَضْلٍ ദയവ് (അനുഗ്രഹം- ഔദാര്യം) ഉള്ളവന്‍ തന്നെ عَلَى النَّاسِ മനുഷ്യരുടെ മേല്‍ وَلَٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَشْكُرُونَ നന്ദി ചെയ്യുന്നില്ല

അനുഷ്ഠാനപരമായ പല നിയമങ്ങളും തത്വോപദേശങ്ങളും വിവരിച്ചശേഷം, സത്യവിശ്വാസികള്‍ക്ക് ത്യാഗസന്നദ്ധതയും, സമരവീര്യവും വര്‍ദ്ധിപ്പിക്കുവാനുതകുന്ന ചില ചരിത്രപാഠങ്ങളാണ് തുടര്‍ന്നുള്ള വചനങ്ങളില്‍ വിവരിക്കുന്നത്. ഈ പംക്തിയില്‍ രണ്ട് സംഭവങ്ങള്‍ അല്ലാഹു വിവരിക്കുന്നുണ്ട്. أَلَمْ تَرَ (കണ്ടില്ലേ!) എന്ന് പറഞ്ഞു ശ്രോതാക്കളുടെ ശ്രദ്ധയെ തട്ടിയുണര്‍ത്തിക്കൊണ്ടാണത് രണ്ടും ആരംഭിക്കുന്നത്. ഒന്നാമത്തെത് അതിലെ കഥാപാത്രങ്ങള്‍ ആരാണെന്ന് വ്യക്തമാക്കാതെ, സംഭവത്തിലെ മര്‍മപ്രധാനമായ ഭാഗം മാത്രം ഉദ്ധരിച്ചുകൊണ്ട് സംക്ഷിപ്ത രൂപത്തിലും,രണ്ടാമത്തേത് ഏറെക്കുറെ വിശദമായ രൂപത്തിലുമാണുള്ളത്. അല്ലാഹു പറയുന്നു:-

ഈ സംഭവത്തെക്കുറിച്ച് ഒന്നിലധികം രിവായത്തുകള്‍ തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചുകാണാം. ഒന്നും സ്വീകരിക്ക ത്തക്കവിധം ബലവത്തല്ല. ആകയാല്‍, അവയെ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുവാനും, അവയെ അടിസ്ഥാനമാക്കി ഒരു വിശദീകരണം നല്‍കുവാനും നാം തുനിയുന്നില്ല. സംഭവത്തില്‍ നിന്ന് പഠിക്കേണ്ടു ന്ന പാഠം പഠിക്കുവാന്‍ അതിന്‍റെ ആവശ്യവുമില്ല. ഉണ്ടായിരുന്നെങ്കില്‍ അല്ലാഹു തന്നെ അതിന് വേണ്ടുന്ന വിശ ദീകരണം നല്‍കുമായിരുന്നു. അതുകൊണ്ട് അല്ലാഹു ചുരുക്കിപ്പറഞ്ഞ അതേരൂപം കൊണ്ട് നമുക്കും മതിയാക്കാം. ആയിരക്കണക്കിലുള്ള ഒരു ജനത മരണത്തെ ഭയന്ന് തങ്ങളുടെ വാസസ്ഥലം വിട്ട് ഓടിപ്പോയി. ഭയത്തിന് കാരണം ശത്രുക്കളോ, ചില രിവായ ത്തുകളില്‍ കാണാവുന്നതുപോലെ, മാരകമായ ഏതെങ്കിലും പകര്‍ച്ചവ്യാധിയോ ആയിരിക്കാം. الله أعلم അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മരണഭയവും, ധൈര്യക്ഷയവും കൂടാതെ സമരം ചെയ്യുവാനുള്ള പ്രചോദനവും പ്രോല്‍സാഹനവും നല്‍കലാണ് ഈ സംഭവം ഉദ്ധരിച്ചത് കൊണ്ട് ഉദ്ദേശ്യമെന്ന് അടുത്ത വചനത്തില്‍നിന്ന് മനസ്സിലാക്കാവു ന്നതാണ്. ആ സ്ഥിതിക്ക് ഈ ജനതയുടെ ഭയം അവരുടെ ശത്രുക്കളെക്കുറിച്ചായിരു ന്നുവെന്ന് അനുമാനിക്കുവാന്‍ ന്യായമുണ്ട്. ഏതായാലും മരണഭയം നിമിത്തമുള്ള അവരുടെ ഓടിപ്പോക്കുകൊണ്ട് ഫലമുണ്ടായില്ല. അല്ലാഹു അവരോട് മരണമടയുവാന്‍ കല്‍പിച്ചു. അതെ, അവര്‍ മരണമടയുകതന്നെ ചെയ്തു. മരണം ഒറ്റയടിയായിരുന്നുവോ, ക്രമേണയായിരുന്നുവോ? ശത്രുക്കളുടെ കൈക്കോ, രോഗം നിമിത്തമോ ആയിരുന്നുവോ? അല്ലാഹുവിനറിയാം. ഒന്നും തിട്ടപ്പെടുത്തിപ്പറഞ്ഞുകൂടാ. അതുപോലെത്തന്നെ, അല്ലാഹു ജീവിപ്പിച്ചു എന്ന് പറഞ്ഞതിന്‍റെ യഥാര്‍ത്ഥ താല്‍പ ര്യവും നമുക്കറിഞ്ഞുകൂടാ. ചില രിവായത്തുകളില്‍ പറയുന്നതുപോലെ, ഏതെങ്കിലും പ്രവാചകന്‍റെ പ്രാര്‍ത്ഥനയെ തുടര്‍ന്നോ മറ്റോ ഒരിക്കല്‍ പെട്ടെന്ന് അങ്ങനെ ഉണ്ടാ യി ക്കൂടെന്നില്ല. അത് അല്ലാഹുവിന്‍റെ കഴിവില്‍ പെട്ടതാണല്ലോ. ചിലര്‍ അഭിപ്രായപ്പെടു ന്നതുപോലെ, മരണപ്പെട്ട തലമുറക്കുശേഷം, കൂടുതല്‍ മനോവീര്യവും ദൃഢവിശ്വാസവു മുള്ള ഒരു പിന്‍തലമുറ അവരുടെ ശേഷം രംഗത്ത് വന്ന് ആ സമുദായം പുനരുദ്ധരിച്ചു എന്ന അലങ്കാരാര്‍ത്ഥത്തിലുള്ള ഒരു വാക്കാണതെന്നും വരാം. യഥാര്‍ത്ഥം നമുക്ക് അല്ലാഹുവിലേക്ക് വിടാം. അതാണ് സുരക്ഷിതമായ മാര്‍ഗം.

ഏതായാലും, സംഭവത്തില്‍നിന്ന് ലഭിക്കുവാനുള്ള ഗുണപാഠം വ്യക്തമാണ്. ജീവി തവും മരണവുമൊക്കെ അല്ലാഹു കണക്കാക്കുന്നതും, അവന്‍റെ നിയന്ത്രണത്തിലുള്ള തുമാകുന്നു. യുദ്ധമോ, മറ്റു പരീക്ഷണ ഘട്ടങ്ങളോ നേരിടുമ്പോള്‍ ഭീരുത്വവും, വെപ്രാളവും കാട്ടി ഓടിരക്ഷപ്പെടുന്നതുകൊണ്ട് കാര്യമില്ല. അങ്ങനെയുള്ള ഘട്ടങ്ങള്‍ നേരിടുമ്പോള്‍, എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചും, അവന്‍റെ വിധിയില്‍ തൃപ്തിപ്പെട്ടും കൊണ്ട് ധൈര്യസമേതം ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍, അവന്‍റെ പക്കല്‍നിന്നുള്ള സഹായവും ഔദാര്യവും ലഭിക്കുകയും, വിജയം കൈവരുകയും ചെയ്യും. വിഷമാവസ്ഥയില്‍ ത്യാഗത്തിന് തയ്യാറില്ലാതെ ഭീരുത്വം അവലംബിച്ച് പിന്‍മാറി പിന്നോക്കം പോകുന്നത് അല്ലാഹുവിനോട് ചെയ്യുന്ന നന്ദികേടുകൂടിയാണ്. എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇതില്‍നിന്ന് പഠിക്കുവാനുള്ള പാഠങ്ങള്‍. ശത്രുക്കളുമായി നേരിടുന്നതില്‍ ഭീരുത്വം നിമിത്തം ഓടിപ്പോകുന്നതിനെ ക്വുര്‍ആനിലും (8:16) ഹദീഥുകളിലും വിരോധിച്ചിട്ടുള്ളതാണല്ലോ. വിഷൂചിക മുതലായ പകര്‍ച്ചവ്യാധികളുടെ നാട്ടിലേക്ക് പോകരുതെന്നും, അവ ഒരു നാട്ടില്‍ സംഭവിച്ചാല്‍ അവിടെനിന്ന് ഓടിപ്പോകരുതെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിട്ടുണ്ട്. (ബു; മു.) ഇതെല്ലാം ഈ തത്വത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്. അല്ലാഹു തുടര്‍ന്നു പറയുന്നു:-

2:244
 • وَقَـٰتِلُوا۟ فِى سَبِيلِ ٱللَّهِ وَٱعْلَمُوٓا۟ أَنَّ ٱللَّهَ سَمِيعٌ عَلِيمٌ ﴾٢٤٤﴿
 • നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവ നും അറിയുന്നവനുമാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍
 • وَقَاتِلُوا നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍ فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَاعْلَمُوا നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്ന് سَمِيعٌ കേള്‍ക്കുന്നവന്‍ عَلِيمٌ അറിയുന്നവന്‍

ആപല്‍ഘട്ടത്തില്‍ വെപ്രാളം പൂണ്ട് ഓടിപ്പോകുന്നത് കൊണ്ട് അല്ലാഹുവിന്‍റെ വിധിയെ തടുക്കുവാന്‍ കഴിയാത്തതുപോലെത്തന്നെ, അവന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിന് തയ്യാറാകാതെ ഒഴിഞ്ഞുമാറുകയോ യുദ്ധവേളയില്‍ പിന്‍തിരിഞ്ഞോടുകയോ ചെയ്തിട്ടും ഫലമുണ്ടാകാനില്ല. സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും. أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ (നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പ്രാപിക്കും. നിങ്ങള്‍ ഉന്നത സൗധങ്ങളിലായിരുന്നാലും ശരി. (4:78.) യുദ്ധത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് മരണം നേരത്തേ സമീപിക്കുകയില്ലെന്നുള്ളതിന് ഒരു തെളിവാണ് മുസ്‌ലിം സൈന്യനേതാക്കളില്‍ അഗ്രഗണ്യനും ‘സൈഫുല്ലാഹി’ (അല്ലാഹുവിന്‍റെ വാള്‍) എന്നറിയപ്പെടുന്ന മഹാനുമായ ഖാലിദുബ്‌നുല്‍വലീദ് (റ). അദ്ദേഹം മരണാസന്നനായ സമയത്ത് വ്യസനപൂര്‍വം പറയുകയാണ്: ഞാന്‍ ഇത്രയിത്ര യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്‍റെ ഏതൊരു അവയവത്തിലും അമ്പോ, വെട്ടോ, കുത്തോ ഏറ്റ് മുറിവ് പറ്റാത്തതില്ല. എന്നിട്ടും ഞാനിതാ വിരുപ്പില്‍കിടന്ന് ഒട്ടകം ചാകുംപോലെ മരണമടയേണ്ടിയിരിക്കുന്നു. ഭീരുക്കളുടെ കണ്ണുകള്‍ ഉറങ്ങാതിരിക്കട്ടെ! അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ദേഹംകൊണ്ട് യുദ്ധം ചെയ്താല്‍ മാത്രം പോരാ, അതില്‍ ധനം ചിലവഴിക്കുക കൂടി വേണ്ടതുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് അല്ലാഹു ചോദിക്കുന്നു:-

2:245
 • مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًا فَيُضَـٰعِفَهُۥ لَهُۥٓ أَضْعَافًا كَثِيرَةً ۚ وَٱللَّهُ يَقْبِضُ وَيَبْصُۜطُ وَإِلَيْهِ تُرْجَعُونَ ﴾٢٤٥﴿
 • ആരുണ്ട് അല്ലാഹുവിന് നല്ല കടമയായി കടംകൊടുക്കുന്നവന്‍?! എന്നാലവന്ന് അതിനെ വളരെ ഇരട്ടികളായി ഇരട്ടിച്ചു അവന്‍ കൊടുക്കുന്നതാണ്. അല്ലാഹു (ചുരുക്കി) പിടിക്കുകയും, നീട്ടിക്കൊടുക്കുകയും ചെയ്യുന്നു; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
 • مَّن ذَا الَّذِي ആരുണ്ട്, ഇങ്ങനെയുള്ളവന്‍ ആരാണ് يُقْرِضُ കടം കൊടുക്കുന്നവന്‍ اللَّهَ അല്ലാഹുവിന് قَرْضًا കടം حَسَنًا നല്ലതായ فَيُضَاعِفَهُ എന്നാല്‍ അവന്‍ അതിനെ ഇരട്ടിയായിക്കൊടുക്കും لَهُ അവന് أَضْعَافًا ഇരട്ടികള്‍ كَثِيرَةً വളരെ, അധികം وَاللَّهُ അല്ലാഹു يَقْبِضُ പിടിക്കുന്നു, ചുരുക്കി എടുക്കും وَيَبْسُطُ നീട്ടുകയും ചെയ്യുന്നു, പരത്തുകയും ചെയ്യും وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു

‘അല്ലാഹുവിന് കടം കൊടുക്കുക’ എന്നും ‘നല്ല കടം’ എന്നും പറഞ്ഞതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി സൂറത്ത്: ഹദീദ് 11 ന്‍റെ വ്യാഖ്യാനത്തില്‍ കൂടുതല്‍ കാണുക. പൂര്‍ണമന സ്സോടും, അല്ലാഹുവിന്‍റെ പ്രതിഫലം മോഹിച്ചും നല്‍കുന്ന ഏത് സംഭാവനയും, ദാന ധര്‍മങ്ങളും അല്ലാഹു സ്വീകരിക്കും. ഒന്നും ഒഴിവാകാതെ എല്ലാം അവന്‍ കണക്കുവെക്കുകയും, അതിനെ വളര്‍ത്തി അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അവസാനം ധാരാളക്കണക്കില്‍ ഇരട്ടിപ്പിച്ചുകൊണ്ട് ധാരാളക്കണക്കില്‍ പ്രതിഫലം നല്‍കുകയും ചെയ്യും. എന്ന് സാരം. ഈ വചനം അവതരിച്ചപ്പോള്‍, അന്‍സ്വാറുകളില്‍പ്പെട്ട അബുദ്ദഹ്ദാഹ് (أبُوالدَحْدَاح – رض) അദ്ദേഹത്തിനുണ്ടായിരുന്ന ഏകസ്വത്തും അറു നൂറ് ഈത്തപ്പനകള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു തോട്ടം ‘ഞാനിതാ അല്ലാഹുവിന് കടം കൊടുക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഏല്‍പിച്ചു കൊടുക്കുകയുണ്ടായെന്ന് ഇബ്‌നു അബീഹാതിമും (റ) മറ്റും ഉദ്ധരിച്ചിരിക്കുന്നു.

നല്ല വിഷയത്തില്‍ ധനം ചിലവഴിക്കുവാന്‍ മടിക്കേണ്ടതില്ല. ധനവും ഉപജീവനമാര്‍ഗ വുമൊക്കെ കൊടുക്കുന്നതും, എടുക്കുന്നതും, അത് വിശാലമാക്കുന്നതും, കുടുസ്സാക്കുന്നതും അല്ലാഹുവാണ്. അവസാനം എല്ലാവരും അവങ്കലേക്ക് തന്നെ മടങ്ങിച്ചെല്ലുകയും ചെയ്യും. അപ്പോള്‍, ചിലവഴിച്ചതിന്‍റെ ലാഭവും, ചിലവഴിക്കാത്തതിന്‍റെ നഷ്ടവും അവിടെ വെച്ച് അനുഭവപ്പെടും. എന്നൊക്കെയാണ് അവസാനത്തെ വാക്യങ്ങളില്‍ ഓര്‍മിപ്പിക്കുന്നത്.

2:246
 • أَلَمْ تَرَ إِلَى ٱلْمَلَإِ مِنۢ بَنِىٓ إِسْرَٰٓءِيلَ مِنۢ بَعْدِ مُوسَىٰٓ إِذْ قَالُوا۟ لِنَبِىٍّ لَّهُمُ ٱبْعَثْ لَنَا مَلِكًا نُّقَـٰتِلْ فِى سَبِيلِ ٱللَّهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ ٱلْقِتَالُ أَلَّا تُقَـٰتِلُوا۟ ۖ قَالُوا۟ وَمَا لَنَآ أَلَّا نُقَـٰتِلَ فِى سَبِيلِ ٱللَّهِ وَقَدْ أُخْرِجْنَا مِن دِيَـٰرِنَا وَأَبْنَآئِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ تَوَلَّوْا۟ إِلَّا قَلِيلًا مِّنْهُمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ ﴾٢٤٦﴿
 • നീ കണ്ടില്ലേ, മൂസായുടെ (കാല) ശേഷം ഇസ്‌റാഈല്‍ സന്തതി കളില്‍ നിന്നുള്ള പ്രധാനികളെ?!- അതായത്, അവര്‍ അവരുടെ ഒരു പ്രവാചകനോട് പറഞ്ഞ സന്ദര്‍ഭം: 'താങ്കള്‍ ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയോഗിച്ചു തരണം- ഞങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളാം.' അദ്ദേഹം പറഞ്ഞു; 'നിങ്ങളുടെ മേല്‍ യുദ്ധം നിയമിക്കപ്പെടുന്ന പക്ഷം, നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്കെന്താണ്, ഞങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ (കാരണമുള്ളത്)? ഞങ്ങളുടെ ഭവനങ്ങളില്‍നിന്നും, മക്കളില്‍നിന്നും ഞങ്ങള്‍ പുറത്താക്കപ്പെട്ടിട്ടുള്ള സ്ഥിതിക്ക്!' എന്നിട്ട്, അവരുടെമേല്‍ യുദ്ധം നിയമിക്കപ്പെട്ടാറെ, അവര്‍ തിരിഞ്ഞു കളഞ്ഞു- അവരില്‍ നിന്ന് അല്‍പം (ആളുകള്‍) ഒഴികെ, അല്ലാഹു അക്രമ കാരികളെപ്പറ്റി അറിയുന്നവനുമത്രെ.
 • أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الْمَلَإِ = പ്രധാനികളെ, സംഘത്തിലേക്ക് مِن بَنِي إِسْرَائِيلَ = ഇസ്‌റാഈല്യരില്‍ നിന്നുള്ളാ مِن بَعْدِ مُوسَىٰ = മൂസായുടെ ശേഷം إِذْ قَالُوا = അവര്‍ പറഞ്ഞ സന്ദര്‍ഭം لِنَبِيٍّ لَّهُمُ = അവരുടെ ഒരു നബിയോട് ابْعَثْ لَنَا = നീ ഞങ്ങള്‍ക്ക് നിയോഗിച്ചു തരുക مَلِكًا = ഒരു രാജാവിനെ نُّقَاتِلْ = ഞങ്ങള്‍ യുദ്ധം ചെയ്യാം فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ قَالَ = അദ്ദേഹം പറഞ്ഞു هَلْ عَسَيْتُمْ = നിങ്ങള്‍ ആയേക്കുമോ إِن كُتِبَ = നിയമിക്ക(വിധിക്ക)പ്പെട്ടാല്‍ عَلَيْكُمُ = നിങ്ങളുടെ മേല്‍ الْقِتَالُ = യുദ്ധം أَلَّا تُقَاتِلُوا = നിങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ قَالُوا = അവര്‍ പറഞ്ഞു وَمَا لَنَا = ഞങ്ങള്‍ക്കെന്താണ് أَلَّا نُقَاتِلَ = ഞങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَقَدْ أُخْرِجْنَا = ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കെ مِن دِيَارِنَا = ഞങ്ങളുടെ വസതികളില്‍ നിന്ന് وَأَبْنَائِنَا = ഞങ്ങളുടെ പുത്രന്‍മാരില്‍ (മക്കളില്‍) നിന്നും فَلَمَّا كُتِبَ = എന്നിട്ട് നിയമിക്ക (നിര്‍ബന്ധമാക്ക)പ്പെട്ടപ്പോള്‍ عَلَيْهِمُ = അവരുടെ മേല്‍ الْقِتَالُ = യുദ്ധം تَوَلَّوْا = അവര്‍ തിരിഞ്ഞുകളഞ്ഞു إِلَّا قَلِيلًا = അല്‍പം ഒഴികെ مِّنْهُمْ = അവരില്‍ നിന്ന് وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ عَلِيمٌ = അറിയുന്നവനാണ് بِالظَّالِمِينَ = അക്രമികളെപ്പറ്റി

മുമ്പ് ചൂണ്ടിക്കാട്ടിയ രണ്ട് ചരിത്ര സംഭവങ്ങളില്‍ രണ്ടാമത്തേതാണ് ഈ വചന ത്തിലും തുടര്‍ന്നുള്ള ചില വചനങ്ങളിലും വിവരിക്കുന്നത്. മൂസാ നബി (അ)ക്കുശേഷം പല നൂറ്റാണ്ടുകള്‍ കഴിഞ്ഞു ദാവൂദ് നബി (അ)യുടെ ആദ്യകാലത്ത് സംഭവിച്ച ഒരു സംഭവമാണിത്. ‘ഇസ്‌റാഈല്യരില്‍ പ്രധാനികള്‍ തങ്ങളുടെ ഒരു പ്രവാചകനോട് പറ ഞ്ഞത് കണ്ടില്ലേ’ എന്ന് പറഞ്ഞു സംഭവത്തിലേക്ക് അല്ലാഹു നമ്മുടെ ശ്രദ്ധ ക്ഷണിക്കു ന്നു. المَلاء (മലഉ്) എന്ന വാക്കിന് ‘പ്രധാനികള്‍, മുഖ്യന്‍മാര്‍, മൂപ്പന്‍മാര്‍, പ്രമാണി കള്‍’ എന്നൊക്കെ അര്‍ത്ഥം പറയാം. ചിലപ്പോള്‍ ‘ജനക്കൂട്ട’ത്തെ ഉദ്ദേശിച്ചും ഉപയോഗിക്കപ്പെടും. ബഹുവചനാര്‍ത്ഥത്തിലേ അത് ഉപയോഗിക്കുകയുള്ളൂ. ഇസ്‌റാഈല്യരില്‍ വളരെയധികം പ്രവാചകന്‍മാര്‍ ഉണ്ടായിട്ടുണ്ടല്ലോ. പ്രവാചകന്‍റെ പേര് പറയാതെ അവരില്‍പെട്ട ഒരു പ്രവാചകന്‍ എന്നുമാത്രം പറഞ്ഞത്, സംഭവത്തിലെ ഗുണപാഠങ്ങള്‍ മനസ്സിലാക്കുവാന്‍ പ്രവാചകന്‍റെ പേരറിയണമെന്നില്ലാത്തതു കൊണ്ടായിരിക്കും. താഴെ കാണുന്ന വിവരങ്ങളില്‍നിന്ന് അത് ശമവീല്‍ (شموِيل او صَمُويل അഥവാ ശമുവേല്‍) പ്രവാചകനായിരുന്നുവെന്ന് മനസ്സിലാകുന്നു. ബൈബ്‌ളില്‍ ശമുവേല്‍ ഒന്നാം പുസ്തകത്തില്‍ (*) ഈ ചരിത്രം വളരെ വിസ്തരിച്ചു പറഞ്ഞു കാണാം. ചില പ്രസ്താവനകളില്‍ അത് ക്വുര്‍ആനുമായി യോജിക്കുന്നില്ല. ഈ വചനങ്ങളിലടങ്ങിയ പല പ്രസ്താവ നകളുടെയും ഒരു വിശദീകരണം അതില്‍ അടങ്ങിയിട്ടുമുണ്ട്. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും, ചില പ്രവാചക ചരിത്ര ഗ്രന്ഥകാരന്‍മാരുടെയും, ബൈബ്‌ളിന്‍റെയും പ്രസ്താവനകള്‍ മുമ്പില്‍വെച്ച് പരിശോധിക്കുമ്പോള്‍, സംഭവത്തിന്‍റെ പശ്ചാത്തലം ഇങ്ങനെ മനസ്സിലാക്കാവുന്നതാണ്:-


(*) ശമുവേല്‍ പ്രവാചകന്‍റെ ജനനം മുതല്‍ ദാവൂദ് (അ)ന്‍റെ മരണംവരെയാ ണിതിലെ ഉള്ളടക്കം. 


മൂസാ (അ)ന്‍റെ വിയോഗാനന്തരം, അദ്ദേഹത്തിന്‍റെ ശുശ്രൂഷകനായിരുന്ന യോശുവാ (يوشع بن نون) പ്രവാചകന്‍റെ നേതൃത്വത്തില്‍ ഇസ്‌റാഈല്‍ ജനത ഫലസ്തീനില്‍ പ്രവേശിച്ചശേഷം, അദ്ദേഹം അവരുടെ ഓരോ ഗോത്രത്തിനുമുള്ള വാസസ്ഥലം നിര്‍ണയിച്ചുകൊടുക്കുകയും, (**) അവരില്‍ ന്യായാധിപന്‍മാരെ നിയമിച്ചുകൊടുക്കുകയും
ചെയ്തു.


(**) ഓരോ ഗോത്രത്തിനും ഫലസ്തീനില്‍ ഭാഗിച്ചുകൊടുക്കപ്പെട്ട സ്ഥലം 2-ാം നമ്പര്‍ ഭൂപടത്തില്‍ കാണാം.


അദ്ദേഹത്തിന്‍റെ മരണംവരെ ഇസ്‌റാഈല്യര്‍ അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലാ യിരുന്നു. മൂസാ (അ)ക്ക് ശേഷം നാലാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരെ അവരില്‍ രാജാക്കളുണ്ടായിരുന്നില്ല. പ്രവാചകരുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് ന്യായാധിപന്‍മാര്‍ കാര്യങ്ങള്‍ നിയന്ത്രിച്ചുപോന്നു. പ്രവാചകന്‍മാര്‍ അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍തന്നെ ന്യായാധിപനുമായിരിക്കും. കാലക്രമേണ ബിംബാരാധനയും, ദൈവപ്രതിഷ്ഠകളും വരേയുള്ള ദുരാചാരങ്ങളും തോന്നിയവാസങ്ങളും ഇസ്‌റാഈല്യരില്‍ പടര്‍ന്നുപിടിച്ചു. ഇക്കാലങ്ങളില്‍ അമ്മോന്യര്‍, മിദ്യാനികള്‍, ഫെലിസ്ത്യര്‍, മോവാ്യര്‍ മുതലായ അമാലിക്വഃ (عمالقة) വര്‍ഗങ്ങളും, ഇസ്‌റാഈല്‍ വര്‍ഗവും തമ്മില്‍ പല യുദ്ധങ്ങളും നടക്കുകയുണ്ടായി. നാലാം നൂറ്റാണ്ടില്‍ ഫെലിസ്ത്യരുമായുണ്ടായ യുദ്ധത്തില്‍ ഇസ്‌റാഈല്യര്‍ക്ക് ദാരുണമായ പരാജയം നേരിട്ടു. തങ്ങളുടെ വിജയവും രക്ഷയും ഉദ്ദേശിച്ചുകൊണ്ട് തങ്ങള്‍ ഒപ്പംകൊണ്ടു പോയിരുന്ന നിയമപെട്ടകം (*) എന്നറിയപ്പെടുന്ന ‘താബൂത്തും’ തൗറാത്തും ഫെലസ്ത്യര്‍ പിടിച്ചെടുത്തുകൊണ്ടു പോയി. ഇതുമൂലം അവര്‍ വമ്പിച്ച വിലാപത്തിലാകുകയും, അവരുടെ വീര്യവും ഗൗരവവും നശിക്കുകയും ചെയ്തു. ഇക്കാലത്ത് ഇസ്‌റാഈല്യരില്‍ പ്രവാചകന്‍മാര്‍ ഉണ്ടായിരുന്നില്ല. പ്രവാചക പാരമ്പര്യമുണ്ടായിരുന്ന കുടുംബത്തിലെ ഒരു സ്ത്രീ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടി എന്ന അര്‍ത്ഥത്തിലാണത്രെ അതിന് ശെമുവേല്‍ (ശിംവീല്‍) എന്ന് പേരിട്ടത്. അദ്ദേഹത്തിന് പിന്നീട് പ്രവാചകത്വം സിദ്ധിച്ചു. അദ്ദേഹം അവരുടെ പ്രവാചകനും, ന്യായാധിപനുമായിരുന്നു.


(*) ഈ പെട്ടകത്തെക്കുറിച്ചാണ് التَابُوت (താബൂത്ത്) എന്ന് പറയുന്നത്. വേദപുസ്തക നിഘണ്ടു പറയുന്നു: ‘ഇതിന് യഹോവയുടെ പെട്ടകം, വിശുദ്ധ പെട്ടകം എന്നും മറ്റും പേരുണ്ട്. മരംകൊണ്ടുണ്ടാക്കി സ്വര്‍ണംകൊണ്ട് പൊതിഞ്ഞതാണിത്. അതില്‍ ന്യായപ്രമാണപ്പലക (തൗറാത്ത് എഴുതിയ പലക)കള്‍ ഉണ്ടായിരുന്നു. ഇസ്‌റാഈല്യര്‍ ഇതിനെ ഭക്തി ബഹുമാനത്തോടെ സൂക്ഷിച്ചു കൂടെകൊണ്ടു നടന്നു. ഒടുവില്‍ ശിലോ എന്ന ആരാധനാ സ്ഥലത്ത് പ്രതിഷ്ഠിച്ചു. ഇത് ഇരുന്ന സ്ഥാനങ്ങളിലൊക്കെയും യഹോവയുടെ സാന്നിദ്ധ്യമുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ശലോമോന്‍ രാജാവ് (സുലൈമാന്‍ നബി) ദൈവാലയത്തില്‍ ഇതിനെ പ്രതിഷ്ഠിച്ച ശേഷമുള്ള ചരിത്രം ഒന്നും അറിയാന്‍ പാടില്ല.’


അദ്ദേഹത്തിന് വാര്‍ദ്ധക്യം പിടിപെട്ട അവസരത്തിലായിരുന്നു തങ്ങളെ നയിക്കുവാനും, യുദ്ധത്തിലും മറ്റും നേതൃത്വം നല്‍കുവാനും വേണ്ടി ഒരു രാജാവിനെ നിയോഗിച്ചുതരണമെന്ന് ഇസ്‌റാഈല്യര്‍ ആ പ്രവാചകനോടാവശ്യപ്പെട്ടത്. ഒരു രാജാവ് നിലവില്‍ വന്നാല്‍ അവരിലുണ്ടാകുന്ന പ്രതികരണവും സ്വഭാവവും ഇന്നമാതിരിയായിരി ക്കുമെന്ന് അവരുമായി ഇടപഴകിയ ആ പ്രവാചകന്ഊ ഹിക്കാമല്ലോ. അങ്ങനെ, ഒരു രാജാവിനെ നിയോഗിച്ച് അദ്ദേഹത്തിന്‍റെ കീഴില്‍ ശത്രുക്കളുമായി യുദ്ധം നടത്തേണ്ടി വരുമ്പോള്‍ നിങ്ങള്‍ പിന്‍മാറി അനുസരണക്കേട് കാണിച്ചേക്കുമോ? എന്ന് അദ്ദേഹം അവരോട് ചോദിച്ചു. ശത്രുക്കളുമായി യുദ്ധം നടത്തുവാന്‍ ഞങ്ങള്‍ സ്വയം തയ്യാറാകുമാ റുള്ള കാരണങ്ങള്‍ ഞങ്ങള്‍ക്കുണ്ടല്ലോ. ശ്രതുക്കള്‍ ഞങ്ങള്‍ക്ക് വരുത്തിത്തീര്‍ത്ത വിനകള്‍ കുറച്ചൊന്നുമല്ല. ഞങ്ങളെ നാട്ടില്‍നിന്നും വീട്ടില്‍ നിന്നും തുരത്തിവിടുക, ഞങ്ങളുടെ കുട്ടികളെ പിടിച്ചു ബന്ധനത്തിലാക്കുക മുതലായ പലതും അവര്‍ ചെയ്തിരിക്കെ, ഒരു രാജാവിന്‍റെ നേതൃത്വം കൂടി ലഭിച്ചാല്‍ ഞങ്ങള്‍ എങ്ങനെ പിന്‍മാറും? എന്നായി രുന്നു അവരുടെ മറുപടി. അവസാനം സംഭവിച്ചത് മിക്കവാറും പ്രവാചകന്‍ സംശയിച്ചതുപോലെത്തന്നെ. അതാണ് അല്ലാഹു പറഞ്ഞത്; ‘എന്നിട്ട് അവരുടെമേല്‍ യുദ്ധം നിയമിക്കപ്പെട്ടപ്പോള്‍ അവരില്‍ അല്‍പം ആളുകളൊഴിച്ച് ബാക്കിയുള്ളവര്‍ പിന്‍മാറി. കൂടുതല്‍ വിവരം താഴെ വരുന്നുണ്ട്.

ഈ രംഗം ബൈബ്ള്‍ പ്രസ്താവിച്ചതിന്‍റെ ചുരുക്കം ഇങ്ങനെയാണ്: ‘യിസ്‌റായേല്‍ മൂപ്പന്‍മാര്‍ ശമുവേലിന്‍റെ അടുക്കല്‍ വന്ന് പറഞ്ഞു: നീ വൃദ്ധനായി. നിന്‍റെ പുത്രന്‍മാര്‍ നിന്‍റെ വഴിയില്‍ നടക്കുന്നില്ല. ആകയാല്‍, എല്ലാ ജാതികള്‍ക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന് ഒരു രാജാവിനെ നിയമിച്ചു തരണം. ഇത് ശമുവേലിന് അനിഷ്ടമായി. ശമുവേല്‍ യഹോവയോട് (ദൈവത്തോട്) പ്രാര്‍ത്ഥിച്ചു. അവരുടെ അപേക്ഷ കേള്‍ക്കുകയും, എന്നാല്‍ അവരെ വാഴുന്ന രാജാവിന്‍റെ ന്യായം അവരെ അറിയിക്കുകയും ചെയ്യുക എന്ന് യഹോവ ഉത്തരം നല്‍കി. അങ്ങനെ, രാജാവ് വന്നാല്‍ അവര്‍ക്കുണ്ടാകുന്ന വിഷമാവസ്ഥകളും, നാശനഷ്ടങ്ങളും അദ്ദേഹം അവരെ കേള്‍പിച്ചു. അവര്‍ തങ്ങള്‍ക്ക് രാജാവ് വേണമെന്ന് ശഠിച്ചു’ (1. ശമുവേല്‍, 8: 4-22)

2:247
 • وَقَالَ لَهُمْ نَبِيُّهُمْ إِنَّ ٱللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا ۚ قَالُوٓا۟ أَنَّىٰ يَكُونُ لَهُ ٱلْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِٱلْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ ٱلْمَالِ ۚ قَالَ إِنَّ ٱللَّهَ ٱصْطَفَىٰهُ عَلَيْكُمْ وَزَادَهُۥ بَسْطَةً فِى ٱلْعِلْمِ وَٱلْجِسْمِ ۖ وَٱللَّهُ يُؤْتِى مُلْكَهُۥ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ ﴾٢٤٧﴿
 • അവരുടെ പ്രവാചകന്‍ അവരോട് പറഞ്ഞു: 'നിശ്ചയമായും, അല്ലാഹു ത്വാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി നിയോഗിച്ചു തന്നിട്ടുണ്ട്.' അവര്‍ പറഞ്ഞു: 'എങ്ങനെയാണ് അവന്ന് ഞങ്ങളുടെ മേല്‍ രാജത്വം ഉണ്ടാകുന്നത്? ഞങ്ങളാകട്ടെ, രാജത്വത്തിന് അവനെക്കാള്‍ അര്‍ഹതയുള്ളവരാകുന്നു; (മാത്രമല്ല) ധനം സംബന്ധിച്ച് (വേണ്ടുന്ന) ഒരു കഴിവും അവന് നല്‍കപ്പെട്ടിട്ടുമില്ല (എന്നിരിക്കെ)!' അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും, അല്ലാഹു അദ്ദേഹത്തെ നിങ്ങളുടെ മേല്‍ (രാജത്വത്തിന്) തിരഞ്ഞെടുത്തിരിക്കുന്നു; അവന്‍ അദ്ദേഹ ത്തിന് അറിവിലും, ശരീരത്തിലും വികാസം കൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍റെ (വക) രാജത്വം നല്‍കുന്നു. അല്ലാഹു വിശാലനും (എല്ലാം) അറിയുന്നവനുമാകുന്നു.'
 • وَقَالَ لَهُمْ അവരോട് പറയുകയും ചെയ്തു نَبِيُّهُمْ അവരുടെ പ്രവാചകന്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു قَدْ بَعَثَ നിയോഗിച്ചു തന്നിട്ടുണ്ട് لَكُمْ നിങ്ങള്‍ക്ക് طَالُوتَ ത്വാലൂത്തിനെ مَلِكًا ഒരു രാജാവായിട്ട് قَالُوا അവര്‍ പറഞ്ഞു أَنَّىٰ يَكُونُ എങ്ങനെ ഉണ്ടാകും, ആകുന്നതെങ്ങനെ لَهُ അവന് الْمُلْكُ രാജത്വം عَلَيْنَا ഞങ്ങളുടെ മേല്‍ وَنَحْنُ ഞങ്ങളാവട്ടെ أَحَقُّ കൂടുതല്‍ അര്‍ഹരാണ് بِالْمُلْكِ രാജത്വത്തിന് مِنْهُ അവനെക്കാള്‍ وَلَمْ يُؤْتَ അവന് നല്‍കപ്പെട്ടിട്ടുമില്ല سَعَةً വല്ല കഴിവും, ഒരു വലുപ്പം, വിശാലത مِّنَ الْمَالِ ധനത്തില്‍നിന്ന്, ധനത്താല്‍, ധനം സംബന്ധിച്ച് قَالَ അദ്ദേഹം പറഞ്ഞു إِنَّ اللَّهَ നിശ്ചയം അല്ലാഹു اصْطَفَاهُ അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു عَلَيْكُمْ നിങ്ങളുടെമേല്‍ وَزَادَهُ അദ്ദേഹത്തിന് വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു بَسْطَةً വികാസം, വിശാലത, വലുപ്പം فِي الْعِلْمِ അറിവില്‍, ജ്ഞാനത്തില്‍ وَالْجِسْمِ ശരീരത്തിലും وَاللَّهُ يُؤْتِي അല്ലാഹു കൊടുക്കും مُلْكَهُ അവന്‍റെ (വക) രാജത്വം مَن يَشَاءُ അവനുദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ അല്ലാഹു വിശാലനാണ് عَلِيمٌ അറിയുന്നവനാണ്

അവരുടെ അപേക്ഷ പ്രകാരം ത്വാലൂത്ത് എന്ന് പേരായ ഒരാളെ അവര്‍ക്ക് രാജാവാക്കി നിശ്ചയിച്ചു കൊടുത്തു. ഈ വിവരം പ്രവാചകന്‍ അവരെ അറിയിച്ചപ്പോള്‍ അവര്‍ക്ക് അത് തൃപ്തിപ്പെട്ടില്ല. അതെങ്ങനെ ശരിയാകും? അവനെക്കാള്‍ അര്‍ഹത അതിന് ഞങ്ങള്‍ക്കാണല്ലോ ഉള്ളത്. ധനം കൊണ്ടുള്ള കഴിവും അവനില്ല. എന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം. പ്രവാചകന്‍ അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. 1-ാമത് അല്ലാഹുവാണ് അദ്ദേഹത്തെ രാജാവാക്കി നിയമിച്ചത്, ഞാനല്ല. നിങ്ങള്‍ക്ക് രാജാവാകുവാന്‍ അദ്ദേഹം മതിയെന്ന് അല്ലാഹുവിന്നറിയാവുന്നതു കൊണ്ടാ ണല്ലോ അവന്‍ അങ്ങനെ ചെയ്തത്. 2-ാമത്, അറിവുകൊണ്ടും ശരീരസ്ഥിതികൊണ്ടും അദ്ദേഹം മികച്ചു നില്‍ക്കുന്നു. ഭരിക്കുവാനും നയിക്കുവാനും വേണ്ടത് അറിവാണ്. യുദ്ധം പോലെയുള്ള സന്നിഗ്ധഘട്ടങ്ങളെ നേരിടുവാന്‍ വേണ്ടത് ശരീരശക്തിയാണ്. രണ്ടും അദ്ദേഹത്തിനു്. 3-ാമ ത്, രാജത്വം നല്‍കലും മറ്റും അല്ലാഹു തന്‍റെ ഉദ്ദേശ്യമനുസരിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. അതില്‍ നമ്മുടെ അഭിപ്രായത്തിന് സ്ഥാനമില്ല. 4-ാമത്, അനുഗ്രഹംകൊണ്ടും കഴിവുകൊണ്ടും കരുണകൊണ്ടുമെല്ലാം അല്ലാഹു അങ്ങേയറ്റം വിശാലനാണ്. അവന്‍ സര്‍വ്വജ്ഞനുമാണ്. അപ്പോള്‍ സൃഷ്ടികളുടെ ഗുണവും ആവശ്യവും അവന് അജ്ഞാതമല്ല. അതിലവന്‍ പിശുക്കും കാണിക്കുകയില്ല. എന്നൊക്കെ.

ഇസ്‌റാഈല്യര്‍ പന്ത്രണ്ട് ഗോത്രങ്ങളായിരുന്നുവല്ലോ. അവരില്‍ ലേവീ ഗോത്രത്തില്‍ പ്രവാചകത്വവും, യെഹൂദ്യാ ഗോത്രത്തില്‍ ന്യായാധിപത്യവും പാരമ്പര്യമായി തുടര്‍ന്നുപോന്നിരുന്നു. അവരില്‍ ഒരു ചെറുഗോത്രമായ ബിന്‍യാമീന്‍ ഗോത്രത്തില്‍പെട്ട ആളായിരുന്നു ത്വാലൂത്ത്. അദ്ദേഹം കാലികളെ മേക്കുക, ചെരുപ്പ് തുന്നുക മുതലായ ജോലികള്‍ ചെയ്തിരുന്നു. പറയത്തക്ക ധനശേഷിയൊന്നും ഇല്ലായിരുന്നു. അവനെക്കാള്‍ രാജത്വത്തിന് അര്‍ഹന്‍ ഞങ്ങളാണല്ലോ എന്ന്അവര്‍ പറഞ്ഞ ത് അതുകൊണ്ടാണ്. ത്വാലൂത്ത് എന്ന പേരിന്‍റെ സ്ഥാനത്ത് ബൈബ്ളില്‍ കാണുന്ന പേര്‍ ശൗല്‍ (شاول) എന്നത്രെ. (*) അദ്ദേഹത്തിന് രണ്ട് പേരുണ്ടായിരുന്നതാണോ, അതല്ല ഒരു പേര്‍ ലോപിച്ചു മാറ്റം വന്നതാണോ ഈ വ്യത്യാസത്തിന് കാരണമെന്നറിഞ്ഞുകൂടാ. ഏതായാലും ക്വുര്‍ആ നില്‍ വന്ന പേരുകൊണ്ട് നമുക്ക് തൃപ്തിപ്പെടാം.


(*) ശൗലിനെപ്പറ്റി വേദപുസ്തക നിഘണ്ടുവില്‍ ഇങ്ങനെ കാണാം: ‘ഇവന്‍ യിസ്രായേലിലെ ഒന്നാമത്തെ രാജാവായിരുന്നു. കാലം ക്രി. മു. 1050- 1017 എന്ന് പറയാം.’ 


ഈ രംഗം ബൈബ്ള്‍ വിവരിച്ചതിന്‍റെ സംക്ഷിപ്തരൂപം ഇങ്ങനെയാകുന്നു:- ‘ബിന്‍യാമീന്‍ ഗോത്രത്തില്‍ ക്വീസു (قيس) എന്ന ധനികന് ശൗല്‍ എന്ന് പേരുള്ള ഒരു മകനുണ്ടായിരുന്നു. യൗവ്വനവും കോമളത്വവും ഉള്ളവനും, എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവനുമായിരുന്നു. ക്വീസിന്‍റെ കാണാതായ കഴുതകളെ അന്വേഷിച്ചുകൊണ്ട് ഒരു ഭൃത്യനോടൊപ്പം അവന്‍ മകന്‍ ശൗലിനെ പറഞ്ഞയച്ചു. തേടിത്തിരഞ്ഞു നടന്ന കൂട്ടത്തില്‍ ശമുവേലിന്‍റെ പട്ടണത്തിലെത്തി. ഇവിടെ ഒരു ദൈവപുരുഷനുണ്ടെന്നും, അദ്ദേഹം കഴുതകളെപ്പറ്റി പറഞ്ഞുതരുമെന്നും അദ്ദേഹത്തെ നമുക്ക് കാണാമെന്നും ഭൃത്യന്‍ പറഞ്ഞു. രണ്ടാളും ചെന്ന് ശമുവേലിനെ കണ്ടു. അദ്ദേഹം ശൗലിനെ സല്‍ക്കരിക്കുകയും തന്‍റെ ഭാവിയെക്കുറിച്ച് പറയുകയും ചെയ്തു. ശൌലിന്‍റെ വരവിനെപ്പറ്റി അദ്ദേഹത്തിനു മുമ്പ്തന്നെ വെളിപ്പാടുണ്ടായിരുന്നു. പിന്നെ, അദ്ദേഹം എല്ലാവരേയും ഒരുമി ച്ചുകൂട്ടി അദ്ദേഹത്തെ രാജാവാക്കുന്ന വിവരം അറിയിക്കുകയും, രാജധര്‍മത്തെപ്പറ്റി വിവരിക്കുകയും ചെയ്തു. സാധനങ്ങളുടെ ഇടയില്‍ ഒളിച്ചിരിക്കയായിരുന്ന ശൗലിനെ ജനമദ്ധ്യെ വരുത്തി. എല്ലാവരും സന്തോഷിച്ചു. രാജാവേ, ജയജയ എന്ന് വിളിച്ചു. എങ്കിലും, ചില നീചന്‍മാര്‍, ഇവന്‍ എങ്ങനെ നമ്മെ രക്ഷിക്കും എന്ന് പറഞ്ഞ് ശൌലിനെ ധിക്കരിച്ചു.’ (1. ശമു. അ: 9, 10.)

2:248
 • وَقَالَ لَهُمْ نَبِيُّهُمْ إِنَّ ءَايَةَ مُلْكِهِۦٓ أَن يَأْتِيَكُمُ ٱلتَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ ءَالُ مُوسَىٰ وَءَالُ هَـٰرُونَ تَحْمِلُهُ ٱلْمَلَـٰٓئِكَةُ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ﴾٢٤٨﴿
 • അവരുടെ പ്രവാചകന്‍ അവരോട് (വീണ്ടും) പറഞ്ഞു: അദ്ദേഹത്തിന്‍റെ രാജത്വത്തിന്‍റെ ദൃഷ്ടാന്തം (ആ) താബൂത്ത് [പെട്ടകം] നിങ്ങള്‍ക്ക് വന്നെത്തുകയാണ്. അതില്‍, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് (മനഃ)ശാന്തിയും, മൂസായുടെ ആള്‍ക്കാരും ഹാറൂന്‍റെ ആള്‍ക്കാരും വിട്ടേച്ചു പോയതില്‍ നിന്നുള്ള ചില അവശിഷ്ടവുമുണ്ടായിരിക്കും. മലക്കുകള്‍ അത് വഹിച്ചു കൊണ്ടുവരുന്നതാണ്. നിശ്ചയമായും, അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്- നിങ്ങള്‍ വിശ്വാസികളാണെങ്കില്‍'.
 • وَقَالَ لَهُمْ അവരോട് പറയുകയും ചെയ്തു نَبِيُّهُمْ അവരുടെ നബി إِنَّ آيَةَ നിശ്ചയമായും ദൃഷ്ടാന്തം مُلْكِهِ അദ്ദേഹത്തിന്‍റെ രാജത്വത്തിന്‍റെ أَن يَأْتِيَكُمُ നിങ്ങള്‍ക്ക് വരുകയാണ് التَّابُوتُ താബൂത്ത്, പെട്ടി, പേടകം فِيهِ അതിലുണ്ട് (ഉണ്ടായിരിക്കും) سَكِينَةٌ ശാന്തി, സമാധാനം, അടക്കം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَبَقِيَّةٌ അവശിഷ്ടവും, മിച്ചപ്പെട്ടതും مِّمَّا تَرَكَ വിട്ടുപോയതില്‍നിന്ന് آلُ مُوسَىٰ മൂസായുടെ ആള്‍ക്കാര്‍ وَآلُ هَارُونَ ഹാറൂന്‍റെ ആളുകളും تَحْمِلُهُ അതിനെ വഹിക്കും الْمَلَائِكَةُ മലക്കുകള്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً لَّكُمْ നിങ്ങള്‍ക്ക് ദൃഷ്ടാന്തം തന്നെ إِن كُنتُم നിങ്ങളാകുന്നുവെങ്കില്‍ مُّؤْمِنِينَ വിശ്വാസികള്‍

ത്വാലൂത്തിനെ രാജാവായി നിയമിച്ചതില്‍ ഇസ്‌റാഈല്യര്‍ തൃപ്തരായിരുന്നില്ലെന്ന് മുമ്പ് വിവരിച്ചതില്‍ നിന്ന് മനസ്സിലായല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്‍റെ രാജത്വത്തി നും, അദ്ദേഹം അവരെ നയിക്കുവാന്‍ പറ്റിയ ആളാണെന്നുള്ളതിനും ഒരു ദൃഷ്ടാന്തം പ്രവാചകന്‍ അവരെ അറിയിച്ചു. നിങ്ങളില്‍ നിന്ന് ശ്ത്രുക്കള്‍ മുമ്പ് പിടിച്ചെടുക്കുകയും, അതുമൂലം നിങ്ങള്‍ വളരെയധികം മനഃസ്താപത്തിലും പതിതത്വത്തിലുമായിത്തീരുകയും ചെയ്ത ആ പെട്ടകം (التَّابُوتُ) നിങ്ങളുടെ യാതൊരു പരിശ്രമവും കൂടാതെ നിങ്ങള്‍ക്ക് തിരിച്ചു വരുന്നതാണ്. മലക്കുകളായിരിക്കും അത് കൊണ്ടു വരിക. ഇതാണ് ആ ദൃഷ്ടാന്തം. ഇതവര്‍ക്ക് ആവേശവും മനോവീര്യവും മനഃസ്സമാധാനവും ഉണ്ടാക്കുന്നതാണെന്ന് പറയേണ്ടതില്ല. അതാണ് ‘അതില്‍ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള ശാന്തിയുണ്ടാ യിരി ക്കും’ എന്ന് പറഞ്ഞത്. ‘മൂസായുടെയും ഹാറൂന്‍റെയും ആള്‍ക്കാര്‍ വിട്ടേച്ചുപോയ ചില അവശിഷ്ടവുമുണ്ടാ യിരിക്കും.’ എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യത്തില്‍ പല അഭിപ്രായങ്ങളും കാണപ്പെടുന്നു. തൗറാത്തിന്‍റെ പകര്‍പ്പ്- അല്ലെങ്കില്‍ അതെഴുതിയ ചില പലകകളോ, അതിന്‍റെ കഷ്ണങ്ങളോ- എന്നും, മൂസാ (അ)ന്‍റെയും ഹാറൂന്‍ (അ)ന്‍റെയും വടികള്‍ എന്നും, അവരുടെ വസ്ത്രങ്ങള്‍ എന്നും മറ്റുമൊക്കെ പറയപ്പെടുന്നു. (അല്ലാഹുവിനറിയാം.)

‘മലക്കുകള്‍ അത് വഹിച്ചുകൊണ്ടു വരും’ എന്ന വാക്യത്തെപ്പറ്റി, മലക്കുകള്‍ അത് ത്വാലൂത്തിന്‍റെ വീട്ടില്‍ കൊണ്ടു വന്നുവെച്ചു എന്ന് ഖത്താദഃ (റ)യില്‍ നിന്നും, ഒന്നോ, രാണ്ടോ പശുക്കളെ കെട്ടിയ ഒരു വണ്ടിയില്‍ മലക്കുകള്‍ അത് കൊണ്ടു വന്നു എന്ന് ഥൗരീ (റ)യുടെ ഗുരുവര്യന്‍മാര്‍ പറഞ്ഞതായി അദ്ദേഹത്തില്‍നിന്നും നിവേദനം ചെയ്യപ്പെട്ടിരി ക്കുന്നു. ഏതായാലും പെട്ടിയുടെ മടങ്ങിവരവ് ത്വാലൂത്തിന്‍റെ രാജത്വത്തിന് ഒരു അടയാളമാണെന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പെട്ടിയുടെ മടങ്ങിവരവിനെപ്പറ്റി ബൈബ്ള്‍ വിസ്തരിച്ചു വിവരിച്ചിട്ടുണ്ടെങ്കിലും, അതദ്ദേഹത്തിന്‍റെ രാജത്വത്തിന്‍റെ അടയാളമായി അതില്‍ പ്രസ്താവിച്ചിട്ടില്ല. ബൈബ്ള്‍ വിവരിച്ചതിന്‍റെ ചുരുക്കം ഇതാകുന്നു:-

‘ഫെലിസ്ത്യര്‍ ദൈവത്തിന്‍റെ പെട്ടകം ദാഗോന്‍ (دَاجُون) എന്ന വിഗ്രഹത്തിന്‍റെ ക്ഷേത്രത്തില്‍ കൊണ്ടുവെ ച്ചു. ദാഗോന്‍ അതുമൂലം മറിഞ്ഞുവീണുകൊണ്ടിരുന്നു. പിന്നീട് വേറെ സ്ഥലങ്ങളിലേക്ക് മാറ്റിവെച്ചുനോക്കി. അവിടങ്ങളിലും മരണം, എലിശല്യം, മൂലക്കുരു മുതലായ ആപത്തുകള്‍ സംഭവിച്ചുകൊണ്ടിരുന്നു. അവസാനം ചിലരുടെ ഉപദേശപ്രകാരം അത് മടക്കി അയക്കുവാനും, പൊന്നുകൊണ്ടുള്ള കുറേ വസ്തു ക്കളുണ്ടാക്കി അതോടൊപ്പം പ്രായശ്ചിത്തമായി അയക്കുവാനും തീരുമാനിച്ചു. അവയെല്ലാം ഒരു വണ്ടിയില്‍ കയറ്റി രണ്ട് കറവ പശുക്കളെ കെട്ടി വണ്ടി വിട്ടു. വണ്ടി തെളി ക്കുവാനോ, വഴി കാട്ടുവാനോ ആളില്ലായിരുന്നു. പശുക്കള്‍ നേരെ ബേത്തുശേമസി (بَيْتُ شمَس)ലേക്ക് പോയി. അവിടെ നിന്ന് അതെങ്ങോട്ട് പോകുന്നുവെന്ന് നോക്കുവാ ന്‍ പിന്നാലെ ഫെലിസ്ത്യ പ്രഭുക്കളും പോയിരുന്നു. അവര്‍ അവിടെനിന്ന് മടങ്ങിപ്പോയി. പിന്നീട് -ചില കാരണങ്ങളാല്‍- യെയാരീം (يَعَارِيم) നിവാസികള്‍ അതുകൊണ്ടു പോയി അബീനാദാബിന്‍റെ വീട്ടില്‍ വെച്ചു. അവന്‍റെ മകനെ ശുശ്രൂഷക്കേല്‍പിച്ചു. ഏഴ് മാസം അത് ഫെലിസ്ത്യരുടെ അടുക്കലും, ഇരുപത് കൊല്ലം യെയാരീമിലും ഇരു ന്നു. യിസ്‌റായേല്‍ യഹോവയോട് വിലപിച്ചു. ഈ സമയത്ത് ശമുവേല്‍ പ്രവാചകന്‍ അവരെ ഒരുമിച്ചുകൂട്ടി ഉപദേശങ്ങള്‍ നല്‍കി. നിങ്ങള്‍ യഹോവയിലേക്ക് പൂര്‍ണഹൃദയത്തോടെ തിരിയുന്നുവെങ്കില്‍ അന്യ ദൈവങ്ങളെയും, പ്രതിഷ്ഠകളെയും നീക്കി യഹോവയെ മാത്രം സേവിക്കണം. എന്നാലവന്‍ നിങ്ങളെ ഫിലിസ്ത്യരുടെ കയ്യില്‍ നിന്ന് രക്ഷിക്കും. അങ്ങനെ അവര്‍ വിഗ്രഹങ്ങളെയും, പ്രതിഷ്ഠകളെയും ഉപേക്ഷിച്ചു’. (1. ശമു. അ: 4-8)

പെട്ടിയുടെ വരവ് ഇങ്ങനെയാണെങ്കില്‍, ആ വണ്ടിയെയും അതില്‍ കെട്ടിയ പശുക്കളെയും നിയന്ത്രിക്കുവാനോ, തെളിക്കുവാനോ ആളില്ലാതെ അത് വളരെ ദൂരം സഞ്ചരിക്കുകയും, വഴിതെറ്റാതെ എത്തേണ്ട സ്ഥല ത്ത് വന്ന് നില്‍ക്കുകയും ചെയ്ത സ്ഥിതിക്ക് അതിന്‍റെ നിയന്ത്രണം നടത്തിയിരുന്നത് ഒരു അദൃശ്യശക്തി തന്നെയായിരിക്കുമെന്നും, ഇമാംഥൗരീ (റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രകാരം അതാണ് ‘മലക്കുകള്‍ അത് വഹിച്ചുകൊണ്ടു വരും’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യമെന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് പല വ്യാഖ്യാതാക്കളും ഈ അഭിപ്രായം സ്വീകരിച്ചിരിക്കുന്നതും. (ചില ഗ്രന്ഥങ്ങളില്‍ ‘പശു’ എന്നതിനുപകരം ‘കാള’ എന്നും കാണാം. രണ്ടും തമ്മില്‍ വൈരുദ്ധ്യമില്ലാത്തതാകുന്നു) വാസ്തവം അല്ലാഹുവിനറിയാം.

വിഭാഗം - 33

2:249
 • فَلَمَّا فَصَلَ طَالُوتُ بِٱلْجُنُودِ قَالَ إِنَّ ٱللَّهَ مُبْتَلِيكُم بِنَهَرٍ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّى وَمَن لَّمْ يَطْعَمْهُ فَإِنَّهُۥ مِنِّىٓ إِلَّا مَنِ ٱغْتَرَفَ غُرْفَةًۢ بِيَدِهِۦ ۚ فَشَرِبُوا۟ مِنْهُ إِلَّا قَلِيلًا مِّنْهُمْ ۚ فَلَمَّا جَاوَزَهُۥ هُوَ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ قَالُوا۟ لَا طَاقَةَ لَنَا ٱلْيَوْمَ بِجَالُوتَ وَجُنُودِهِۦ ۚ قَالَ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَـٰقُوا۟ ٱللَّهِ كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةًۢ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ ﴾٢٤٩﴿
 • അങ്ങനെ, ത്വാലൂത്ത് സൈന്യങ്ങളെയും കൊണ്ട് (സ്ഥലം) വിട്ടു പോയപ്പോള്‍, അദ്ദേഹം പറഞ്ഞു: നിശ്ചയമായും, അല്ലാഹു ഒരു നദിമുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്; അപ്പോള്‍, അതില്‍ നിന്ന് ആര്‍ (വെള്ളം) കുടിച്ചുവോ അവന്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവനല്ല; ആര്‍ അത് രുചി നോക്കിയില്ലയോ അവന്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവനാണ്; തന്‍റെ കൈകൊണ്ട് ഒരു കോരല്‍ കോരിയെടു(ത്തു കുടി)ക്കുന്നവനൊഴികെ. [അതിന്‌വിരോധമില്ല] എന്നിട്ട് അവരില്‍നിന്ന് അല്‍പം (ആളുകള്‍) ഒഴികെ (ബാക്കിയെല്ലാവരും) അതില്‍നിന്ന് കുടിച്ചു. അങ്ങനെ. അദ്ദേഹവും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും അത് [നദി] വിട്ടുകടന്നപ്പോള്‍, അവര്‍ പറഞ്ഞു: 'ജാലൂത്തിനോടും, അവന്‍റെ സൈന്യങ്ങളോടും (ഏറ്റുമുട്ടാന്‍) ഇന്ന് നമുക്ക് കഴിവില്ല.' തങ്ങള്‍ അല്ലാഹുവുമായി കണ്ടുമു ട്ടുന്നവരാണെന്ന് വിചാരിക്കുന്നവര്‍ പറഞ്ഞു: 'കുറഞ്ഞതായ എത്രയോ സംഘം (ആളുകള്‍) അധികരിച്ചതായ സംഘത്തെ അല്ലാഹുവിന്‍റെ അനുമതി പ്രകാരം ജയിച്ചടക്കിയിട്ടുണ്ട്! അല്ലാഹുവാകട്ടെ, ക്ഷമിക്കുന്ന വരുടെ കൂടെയായിരിക്കും.'
 • فَلَمَّا فَصَلَ അങ്ങനെ, പിരിഞ്ഞ (വേറിട്ട)പ്പോള്‍ طَالُوتُ ത്വാലൂത്ത് بِالْجُنُودِ സൈന്യങ്ങളെയും കൊണ്ട് قَالَ അദ്ദേഹം പറഞ്ഞു إِنَّ اللَّهَ നിശ്ചയമായും അല്ലാഹു مُبْتَلِيكُم നിങ്ങളെ പരീക്ഷിക്കുന്നവനാണ് بِنَهَرٍ ഒരു പുഴ മുഖേന فَمَن شَرِبَ അപ്പോള്‍ ആര്‍ കുടിച്ചുവോ مِنْهُ അതില്‍ നിന്ന് فَلَيْسَ എന്നാല്‍ അവനല്ല مِنِّي എന്നില്‍നിന്നുള്ള, എന്‍റെ കൂട്ടത്തില്‍ പെട്ട(വന്‍) وَمَن لَّمْ يَطْعَمْهُ അതിനെ ആര്‍ രുചി നോക്കിയില്ല (കഴിച്ചില്ല)യോ فَإِنَّهُ مِنِّي എന്നാലവന്‍ എന്നില്‍ പെട്ട(വന്‍) ആകുന്നു إِلَّا مَنِ اغْتَرَفَ കോരി (മുക്കി) എടുത്തവനൊഴികെ غُرْفَةً ഒരു കോരല്‍ بِيَدِهِ തന്‍റെ കൈകൊണ്ട് فَشَرِبُوا എന്നിട്ട് അവര്‍ കുടിച്ചു مِنْهُ അതില്‍ നിന്ന് إِلَّا قَلِيلًا അല്‍പം (ആളുകള്‍) ഒഴികെ مِّنْهُمْ അവരില്‍ നിന്ന് فَلَمَّا جَاوَزَهُ അങ്ങനെ അതിനെ വിട്ടു കടന്നപ്പോള്‍ هُوَ وَالَّذِينَ آمَنُوا അദ്ദേഹവും വിശ്വസിച്ചവരും مَعَهُ അദ്ദേഹത്തോടൊപ്പം قَالُوا അവര്‍ പറഞ്ഞു لَا طَاقَةَ കഴിവില്ല لَنَا الْيَوْمَ നമുക്ക് ഇന്ന് بِجَالُوتَ ജാലൂത്തിനോട് وَجُنُودِهِ അവന്‍റെ സൈന്യങ്ങളോടും قَالَ പറഞ്ഞു الَّذِينَ يَظُنُّونَ വിചാരിക്കുന്നവര്‍ أَنَّهُم തങ്ങള്‍ (അവര്‍) എന്ന് مُّلَاقُو اللَّهِ അല്ലാഹുവുമായി കണ്ടു മുട്ടുന്നവരാണ് (എന്ന്) كَم എത്ര, എത്രയോ (ഉണ്ട്) مِّن فِئَةٍ സംഘത്തില്‍നിന്ന് قَلِيلَةٍ കുറഞ്ഞ, അല്‍പമായ غَلَبَتْ ജയിച്ചിരിക്കുന്നു فِئَةً كَثِيرَةً അധികരിച്ച (വളരെയുള്ള) സംഘത്തെ بِإِذْنِ اللَّهِ അല്ലാഹുവിന്‍റെ അനുമതി കൊണ്ട് (ഉത്തരവ്- സമ്മതപ്രകാരം) وَاللَّهُ അല്ലാഹുവാകട്ടെ مَعَ الصَّابِرِينَ ക്ഷമിക്കുന്നവരോട് കൂടെയായിരിക്കും

ഇസ്‌റാഈല്യരുടെ അച്ചടക്കരാഹിത്യവും, വിശ്വാസ ദൗര്‍ബല്യവും പ്രസിദ്ധമാണല്ലോ. അര്‍ദ്ധ മനസ്സോടെ പുറപ്പെട്ടവരും, രാജാവിനെക്കുറിച്ച് ആശങ്ക പുലര്‍ത്തുന്നവരും, ത്യാഗസന്നദ്ധരല്ലാത്തവരും അവരിലുണ്ടായിരിക്കും. അങ്ങനെയുള്ളവരേയും, നിഷ്‌കളങ്കരെയും വേര്‍തിരിക്കുവാനുള്ള ഒരു പരീക്ഷണം നടന്നതിനെക്കുറിച്ചാണ് ഈ വചന ത്തില്‍ പ്രസ്താവിക്കുന്നത്. ഇസ്‌റാഈല്യരുടെ വാസസ്ഥലങ്ങളിലൂടെ ഒഴുകുന്ന ഒരു പ്രസിദ്ധ നദിയാണ് ജോര്‍ഡാന്‍ നദി. അതിന് വളരെ പോഷക നദിക ളുമുണ്ട്. ത്വാലൂത്തും സൈന്യവും പടയെടുത്ത് പോകുമ്പോള്‍ അവയില്‍ ഏതോ ഒന്ന് കടന്ന് പോകേണ്ടിയിരു ന്നു. അവിടെവച്ചാണ് പരീക്ഷണം നടക്കുന്നത്. നദിയില്‍ നിന്നും ആരും വെള്ളം കുടിക്കരുത്; കുടിച്ചവരെ സൈന്യത്തില്‍ ചേര്‍ക്കുകയില്ല; കുടിക്കാത്തവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ; അത്യാവശ്യമെങ്കില്‍ കൈകൊണ്ട് ഒന്ന് കോരിക്കുടിക്കാം; അതിലധികം പാടില്ല. ഇതായിരുന്നു കല്‍പന. ചില വ്യാഖ്യാതാക്കള്‍ പറഞ്ഞുകാണുന്നതുപോലെ, ഉഷ്ണവും ദാഹവും കൂടുതലുള്ള ഒരു സന്ദര്‍ഭം കൂടിയായിരിക്കാം അത്. അപ്പോഴാണല്ലോ പരീക്ഷണഫലം പൂര്‍ത്തിയാകുക. അല്‍പനേരത്തേക്ക് ദാഹം സഹിക്കുവാന്‍ പോലും തയ്യാറില്ലാത്തവരെ, അതിനെക്കാള്‍ വമ്പിച്ച ആപത്തുകളെ നേരിടുവാന്‍ കൊണ്ടുപോകുന്നത് ഗുണത്തിലേറെ ദോഷം വരുത്തുകയാണ് ചെയ്യുക. പരീക്ഷണം ഫലപ്പെടുകയും ചെയ്തു. അല്‍പം ആളുകള്‍ മാത്രമേ വെള്ളം കുടിക്കാതിരുന്നുള്ളൂ. അങ്ങനെ, ഭൂരിഭാഗം സൈന്യത്തില്‍നിന്നും പുറന്തള്ളപ്പെട്ടുവെന്ന് പറയേണ്ടതില്ല.

ശൗലും (ത്വാലൂത്തും) സൈന്യവും ശത്രുക്കളുമായി നടത്തിയ പല യുദ്ധങ്ങളെപ്പറ്റിയും ബൈബ്ള്‍ വിവരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു യുദ്ധത്തില്‍ ‘സന്ധ്യക്ക് മുമ്പും, ഞാന്‍ ശത്രുക്കളോട് പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവന്‍ ശപിക്കപ്പെ ട്ടവന്‍’ എന്ന് അദ്ദേഹം പറഞ്ഞതായും, അന്ന് ജനങ്ങള്‍ ആഹാരം കഴിക്കാതെ വിഷമ ത്തിലായതായും അതില്‍ പ്രസ്താവിച്ചിരിക്കുന്നു. (1. ശമു. 14:24.) എന്നാല്‍ ഈ വചന ത്തില്‍ പ്രസ്താവിച്ചതുപോലെയുള്ള ഒരു പരീക്ഷണ സംഭവം ബൈബ്ളില്‍ കാണുന്നില്ല. ചരിത്രസംഭവങ്ങളില്‍ ക്വുര്‍ആന്‍ ചൂണ്ടിക്കാട്ടുന്ന മര്‍മപ്രധാനമായ പല രംഗങ്ങളും ബൈബ്‌ളില്‍ കാണപ്പെടാതിരിക്കുക പതിവാണ്. വെള്ളം കുടിക്കാത്തവര്‍- അതെ, യഥാര്‍ത്ഥ വിശ്വാസവും ഉറച്ച മന:സ്ഥിതിയും ഉള്ളവര്‍ അല്‍പം മാത്രമായിരുന്നുവെന്നാണ് അല്ലാഹു പറഞ്ഞത്. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തവരുടെ അത്ര എണ്ണം- മുന്നൂറ്റിപത്തില്‍പരം പേര്‍- മാത്രമായിരുന്നു അവര്‍ എന്ന് ബുഖാരി, ഇബ്‌നു ജരീര്‍ (റ) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍ വന്നിരിക്കുന്നു.

പരീക്ഷണം കഴിഞ്ഞശേഷം ത്വാലൂത്തും, പരീക്ഷണത്തില്‍ വിജയിച്ചവരും നദി കട ന്നു പോര്‍ക്കളത്തിലേക്കണഞ്ഞപ്പോള്‍, ശത്രു സൈന്യത്തിന്‍റെ പെരുപ്പവും, തങ്ങളുടെ എണ്ണക്കുറവും കണ്ട് അവരില്‍ ചിലര്‍: നമുക്ക് ഇന്ന് ജാലൂത്തിനോടും അവന്‍റെ സൈന്യേ ത്താടും നേരിടുവാന്‍ കഴിവില്ലല്ലോ എന്ന് പറഞ്ഞു. അവരില്‍ കൂടുതല്‍ അറിവും ബോധവും വിശ്വാസവും ഉള്ളവര്‍ അവരെ പറഞ്ഞു സമാധാനിപ്പിച്ചു: അല്ലാഹുവിന്‍റെ അനുമതിയും സഹായവുംകൊണ്ട് ചെറിയ ചെറിയ സംഘങ്ങള്‍ വലിയ വലിയ സംഘങ്ങളോട് വിജയം നേടിയ സംഭവങ്ങള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. അതെ, നാം കേവലം ഒരു ന്യൂന സംഘമാണെങ്കിലും അല്ലാഹുവിന്‍റെ അനുമതിയും കല്‍പനയും അനുസരിച്ചാണല്ലോ നാം യുദ്ധത്തിനിറങ്ങുന്നത്. അപ്പോള്‍, അവന്‍ നമ്മെ സഹായിക്കാതിരിക്കുകയില്ല. നാമെല്ലാം അവങ്കലേക്കാണല്ലോ മടങ്ങിച്ചെല്ലുക. അതുകൊണ്ട് നാം ക്ഷമ കൈകൊള്ളണം. ക്ഷമിക്കുന്നവരുടെ പക്ഷത്താണ് അല്ലാഹു ഉണ്ടായിരിക്കുക എന്നൊക്കെ. ഉമര്‍ (റ) ഒരിക്കല്‍ പറഞ്ഞ ഒരു വാക്യം ഇവിടെ പ്രസ്താവ്യമാകുന്നു: ‘ആള്‍ കുറവ് നിമിത്തം നമുക്ക് പരാജയം ബാധിക്കുകയില്ല. പാപങ്ങള്‍ നിമിത്തമാണ് നമുക്ക് പരാജയം ബാധിക്കുക.’

ശത്രു സൈന്യത്തിന്‍റെ നായകനായിരിക്കും ജാലൂത്ത് എന്ന് ഈ വചന ത്തില്‍നിന്നും അടുത്ത വചനത്തില്‍ നിന്നുമായി തോന്നിയേക്കാമെങ്കിലും ഉറപ്പിച്ചു പറഞ്ഞുകൂടാ. ഒരു പക്ഷേ, അവരില്‍വെച്ച് ഏറ്റവും ശൂരനും വീരനുമായ ഒരു പടയാളിയാണെന്നും വരാം. അല്ലാഹുവിനറിയാം. ബൈബ്‌ളില്‍, ജാലൂത്തിനെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘അനന്തരം, ഫെലസ്ത്യര്‍ സൈന്യങ്ങളെ യുദ്ധത്തിന് ഒരുമിച്ചുകൂട്ടി… ശൗലും യിസ്‌റായേല്യരും ഒരുമിച്ചുകൂടി… അപ്പോള്‍, ഫെലസ്ത്യരുടെ പാളയത്തില്‍ നിന്ന് ഗഥ്യനായ ഗൊല്യാത്ത് (*) എന്ന ഒരു മല്ലന്‍ പുറപ്പെട്ടു. അവന്‍ ആറുമുഴവും ഒരു ചാണും (**) നെടുപ്പമുള്ളവനായിരുന്നു… ഗൊല്യാത്തിന്‍റെ തലയില്‍ താമ്ര ശിരസ്ത്രമുണ്ടാ യിരുന്നു. അയ്യായിരം ശേക്കല്‍ തൂക്കമുള്ള താമ്രകവചവും, താമ്ര (***) കൊണ്ടുള്ള കാല്‍ചട്ടയും മറ്റും അവന്‍ ധരിച്ചിരുന്നു’ (1. ശമു. 17:1-6)

وَا للهُ مَعَ الصَّابِرِينَ (അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമായിരിക്കും) എന്ന അവസാനത്തെ വാക്യം, ആ സത്യവിശ്വാസികളുടെ വാക്യത്തില്‍ ഉള്‍പ്പെട്ടതായും, അല്ലാഹുവിന്‍റെ വക വാക്യമായും വരാം. രണ്ടായാലും ക്ഷമയുള്ളവര്‍ക്കായിരിക്കും അല്ലാഹുവിന്‍റെ സഹായം ലഭിക്കുക എന്ന് താല്‍പര്യം.


(*) ഗൊല്യാത്ത് (Goliath) എന്ന പേരിന്‍റെ അറബി ഉച്ചാരണത്തിലുള്ള വകഭേദമാണ് ജാലൂത്ത് (جَالُوت)

(**) ഗൊല്യാത്തിനെക്കുറിച്ച് പറയുന്ന കൂട്ടത്തില്‍, വേദപുസ്തക നിഘണ്ടു പറയു ന്നു: ‘ഏകദേശം ഒമ്പതടി പൊക്കമുള്ള ഈ ഫെലസ്ത്യന്‍ അനാക്യര്‍ (നീണ്ട കഴുത്തുള്ളവര്‍) എന്ന പൂര്‍വ്വ ജനങ്ങളില്‍ ഉള്‍പ്പെട്ട ഒരു യുദ്ധവീരനായിരുന്നു. ഇവനെ പ്പോലെയുള്ളവരുടെ അസ്ഥികൂടങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ഇത്ര പൊക്കമുള്ള ഒരുത്തന്‍ ഉണ്ടാ യിരുന്നിരിക്കയില്ല എന്ന് പറഞ്ഞുകൂടാ’. 

(***) താമ്രം = ചെമ്പും വെള്ളീയവും ചേര്‍ന്നുള്ള ഒരു ലോഹം. ശേക്കല്‍ = ഏറെ ക്കുറെ ഒരു പണത്തിന്‍റെ തൂക്കം വരുന്ന ഒരു പ്രാചീന തൂക്ക അളവ്. (വേ. പു. നി.)

2:250
 • وَلَمَّا بَرَزُوا۟ لِجَالُوتَ وَجُنُودِهِۦ قَالُوا۟ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ ﴾٢٥٠﴿
 • അവര്‍ ജാലൂത്തിനോടും അവന്‍റെ സൈന്യങ്ങളോടും (യുദ്ധത്തില്‍) പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേല്‍ ക്ഷമ ചൊരിഞ്ഞുതരുകയും, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യണമേ! അവിശ്വാസികള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!'
 • وَلَمَّا بَرَزُوا അവര്‍ പ്രത്യക്ഷപ്പെട്ട (രംഗത്തു വന്ന)പ്പോള്‍ لِجَالُوتَ ജാലൂത്തിനോട് وَجُنُودِهِ അവന്‍റെ സൈന്യങ്ങളോടും قَالُوا അവര്‍ പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ أَفْرِغْ നീ ചൊരിയണേ عَلَيْنَا ഞങ്ങളുടെ മേല്‍ صَبْرًا ക്ഷമ, സഹനം وَثَبِّتْ നീ ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യണേ أَقْدَامَنَا ഞങ്ങളുടെ പാദങ്ങള്‍ وَانصُرْنَا ഞങ്ങളെ സഹായിക്കയും ചെയ്യണേ عَلَى الْقَوْمِ ജനങ്ങള്‍ക്കെതിരെ الْكَافِرِينَ അവിശ്വാസികളായ
2:251
 • فَهَزَمُوهُم بِإِذْنِ ٱللَّهِ وَقَتَلَ دَاوُۥدُ جَالُوتَ وَءَاتَىٰهُ ٱللَّهُ ٱلْمُلْكَ وَٱلْحِكْمَةَ وَعَلَّمَهُۥ مِمَّا يَشَآءُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ ٱلْأَرْضُ وَلَـٰكِنَّ ٱللَّهَ ذُو فَضْلٍ عَلَى ٱلْعَـٰلَمِينَ ﴾٢٥١﴿
 • അങ്ങനെ, അവര്‍ അല്ലാഹുവിന്‍റെ അനുമതികൊണ്ട് അവരെ തോല്‍പിച്ചുകളഞ്ഞു; ജാലൂത്തിനെ ദാവൂദ് കൊല്ലുകയും ചെയ്തു. അദ്ദേഹത്തിന് അല്ലാഹു രാജത്വവും, വിജ്ഞാനവും നല്‍കുകയും ചെയ്തു ; അവന്‍ ഉദ്ദേശിക്കുന്ന ചിലത് അദ്ദേഹത്തിന് അവന്‍ പഠിപ്പിച്ചും കൊടുത്തു. അല്ലാഹു മനുഷ്യരെ- അവരില്‍ ചിലരെ ചിലരെക്കൊണ്ട് - തടുക്കലില്ലാ യിരുന്നെങ്കില്‍, ഭൂമി നാശപ്പെടുമായിരുന്നു. പക്ഷേ, അല്ലാഹു ലോകരുടെ മേല്‍ ദയവുള്ളവനാകുന്നു.
 • فَهَزَمُوهُم അങ്ങനെ അവര്‍ അവരെ പൊട്ടിച്ചു. പരാജയപ്പെടുത്തി بِإِذْنِ اللَّهِ അല്ലാഹുവിന്‍റെ അനുമതികൊണ്ട് وَقَتَلَ دَاوُودُ ദാവൂദ് കൊല്ലുകയും ചെയ്തു جَالُوتَ ജാലൂത്തിനെ وَآتَاهُ اللَّهُ അദ്ദേഹത്തിന് അല്ലാഹു കൊടുക്കുകയും ചെയ്തു الْمُلْكَ രാജത്വം وَالْحِكْمَةَ വിജ്ഞാനവും وَعَلَّمَهُ അദ്ദേഹത്തിനവന്‍ പഠിപ്പിക്കുകയും ചെയ്തു مِمَّا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതില്‍നിന്നും (ചിലത്) وَلَوْلَا ഇല്ലായിരുന്നെങ്കില്‍ دَفْعُ اللَّهِ അല്ലാഹുവിന്‍റെ തടവ്, തടുക്കല്‍ النَّاسَ മനുഷ്യരെ بَعْضَهُم അവരില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ട് لَّفَسَدَتِ നാശപ്പെടുകതന്നെ ചെയ്യുമായിരുന്നു, ദുഷിക്കുന്നതാണ് الْأَرْضُ ഭൂമി وَلَٰكِنَّ اللَّهَ പക്ഷേ (എന്നാല്‍, എങ്കിലും) അല്ലാഹു ذُو فَضْلٍ ദയവ് (അനുഗ്രഹം- ഔദാര്യം ഉള്ളവനാണ്) عَلَى الْعَالَمِينَ ലോകരുടെ മേല്‍, ലോകരോട്

അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെ ആയിരിക്കുമെന്ന് കഴിഞ്ഞ വചനത്തില്‍ പറഞ്ഞുവല്ലോ. അതുകൊണ്ട് ശത്രുക്കളുമായി യുദ്ധക്കളത്തിലിറങ്ങിയപ്പോള്‍ ആ സത്യവിശ്വാസികള്‍, തങ്ങളില്‍ ക്ഷമയാകുന്ന അനുഗ്രഹം വര്‍ഷിച്ചുതരുവാനും, ശത്രുക്കളുമായി സധീരം അടരാടി വിജയം വരിക്കുമാറ്- ഭീരുത്വവും കാല്‍പതറലും കൂടാതെ പാദം ഉറപ്പിച്ചു തരുവാനും, അവസാന വിജയം തങ്ങള്‍ക്കായിത്തീരുവാനും അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആള്‍ബലവും ആയുധ ശക്തിയും ധാരാളമുണ്ടായാല്‍ പോലും വിജയവും സഹായവും യഥാര്‍ത്ഥത്തില്‍ അല്ലാഹുവില്‍നിന്നുതന്നെ ലഭിക്കണമല്ലോ. (ومالنصر الامن عند الله) അതാ, അവരുടെ പ്രാര്‍ഥന അല്ലാഹു സ്വീകരി ച്ചു. അല്ലാഹുവിന്‍റെ അനുമതിയും സഹായവും കൊണ്ട് ആ വമ്പിച്ച ശത്രുസൈന്യത്തെ അവര്‍ പരാജയപ്പെടുത്തുകയും തുരത്തുകയും ചെയ്തു. അവരുടെ നട്ടെല്ലായിരുന്ന ഭീമന്‍ ജാലൂത്തിനെ സത്യവിശ്വാസികളുടെ ഭാഗത്തുനിന്ന് ദാവൂദ് (അ) കൊലപ്പെടുത്തുകയും ചെയ്തു.

ത്വാലൂത്ത് രാജാവിനുശേഷം ദാവൂദ് (അ) ഇസ്‌റാഈല്യരുടെ രാജാവായിത്തീര്‍ന്നു. പിന്നീട് അദ്ദേഹത്തിന് പ്രവാചകത്വവും ലഭിക്കുകയുണ്ടായി. വിജ്ഞാനം (الْحِكْمَةَ) കൊണ്ടുദ്ദേശ്യം പ്രവാചകത്വം കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കാം الله أعلم ഏതായാലും രാജത്വത്തിന്‍റെയും പ്രവാചകത്വത്തിന്‍റെയും പദവികള്‍ ഒന്നിച്ചലങ്കരിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ച ഒന്നാമത്തെ മഹാന്‍ ദാവൂദ് നബി (അ) തന്നെയാണെന്നത്രെ അറിയപ്പെടുന്ന ത്. പടയങ്കി നിര്‍മിക്കല്‍, പക്ഷികളുടെ ഭാഷ മനസ്സിലാക്കല്‍ മുതലായ ചില അറിവുകള്‍ അദ്ദേഹത്തിന് പ്രത്യേകം നല്‍കപ്പെട്ട അനുഗ്രഹങ്ങളായി ക്വുര്‍ആനില്‍ പ്രസ്താവിക്ക പ്പെട്ടിട്ടുള്ളതാണ്. അല്ലാഹു ഉദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ അദ്ദേഹത്തിന് പഠിപ്പിക്കുകയും ചെയ്തു (وَعَلَّمَه مُمَّا يَشَاء) എന്ന് പറഞ്ഞത് ഇങ്ങനെയുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്നു. ജാലൂത്തിനെ കൊലപ്പെടുത്തിയ കാലത്ത് അദ്ദേഹം ആടുകളെ മേച്ചുകൊണ്ട് നടന്നിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നുവെന്നും മറ്റും ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞുകാണാം. താഴെ ഉദ്ധരിക്കുന്ന ബൈബ്‌ളിന്‍റെ ഉദ്ധരണിയിലും അങ്ങനെ പറയുന്നു. വാസ്തവം അല്ലാഹുവിനറിയാം. ഈ രംഗം ബൈബ്ള്‍ വിവരിച്ചതിന്‍റെ ചുരുക്കം ഇങ്ങനെ ഉദ്ധരിക്കാം:-

‘………അവന്‍ (ഗൊല്യാത്ത്) യിസ്‌റായേല്‍ നിരകളോട് വിളിച്ചു പറഞ്ഞു: ഞാന്‍ ഫെലിസ്ത്യനും നിങ്ങള്‍ ശൗലിന്‍റെ ചേവകരുമാണല്ലോ. ഒരാള്‍ എന്‍റെ അടുക്കല്‍ വരട്ടെ. അവന്‍ അങ്കം വെട്ടി എന്നെ കൊല്ലുന്നപക്ഷം ഞങ്ങള്‍ നിങ്ങള്‍ക്ക് അടിമകളാകാം. ഈ വാക്ക് കേട്ട് ശൌലും കൂട്ടരും ഭയപ്പെട്ടു. ദാവീദ് (ദാവൂദ്) യെഹൂദയിലെ ബെത്ത്‌ലെഹെമി ( بيت لحم )ലെ യിശ്ശായിയുടെ മകനായിരുന്നു. യിശ്ശായിയുടെ മൂത്ത മൂന്ന് മക്കള്‍ യുദ്ധ ത്തിന് പോന്നിരുന്നു. ദാവീദ് ചെറിയവനും ആടുകളെ മേക്കാന്‍ പോകുന്നവനുമായിരു ന്നു. ജ്യേഷ്ഠന്‍മാരുടെ വിവരം അറിയുവാനും, അവര്‍ക്ക് ചില സാധനങ്ങള്‍ എത്തിച്ചുകൊടുക്കുവാനും യിശ്ശായി ദാവീദിനെ അയച്ചു. ചെന്നപ്പോള്‍ ഗൊല്യാത്തിന്‍റെ വാക്കുകള്‍ കേട്ടു. അവനെ കൊല്ലുന്നവന് രാജാവ് എന്ത് കൊടുക്കുമെന്ന് ദാവീദ് അന്വേഷിച്ചു. രാജാവ് അവനെ സമ്പന്നനാക്കും, മകളെ അവന് കെട്ടിച്ചുകൊടുക്കും എന്നും മറ്റും ജനങ്ങള്‍ പറഞ്ഞവിവരം ശൗല്‍ അറിഞ്ഞു, ദാവീദിനെ വരുത്തി ചോദ്യം ചെയ്തു. എന്‍റെ ആടുകളെ പിടിക്കുവാന്‍ സിംഹവും കരടിയും വന്നിട്ട് ഞാനവയെ അടിച്ചുകൊന്നിട്ടുണ്ടെന്ന് അവന്‍ പറഞ്ഞു. അങ്ങനെ, ശൗല്‍ ദാവീദിന് അങ്കിയും വാളും മറ്റും നല്‍കി. പക്ഷേ, അതൊന്നും മുമ്പ് ശീലിക്കാത്തതുകൊണ്ട് ദാവീദ് അതെല്ലാം അഴിച്ചുവെച്ചു. വടി എടുത്തു. അഞ്ചു കല്ലുംപെറുക്കി ഇടയസഞ്ചിയിലിട്ടു. കയ്യില്‍ കവണയുമായി ഗൊല്യാത്തിന്‍റെ അടുക്കല്‍ ചെന്നു. ബാലനും കോമളനുമായ ദാവീദിനോട് വടിയും കല്ലും കൊണ്ടു വരുവാന്‍ ഞാന്‍ നായയാണോ എന്നും മറ്റും ചോദിച്ചു ഗൊല്യാത്ത് നിന്ദിച്ചു. ദാവീദ് ഒരു കല്ല് കവണയില്‍വെച്ച് വീശി. അതവന്‍റെ നെറ്റിക്കുകൊണ്ടു. അവന്‍ വീണു. അങ്ങനെ, ഒരു കല്ലുകൊണ്ട് അവനെ കൊന്നു. ഇത് കണ്ട് ഫെലിസ്ത്യര്‍ ഓടി. യിസ്രാഈല്യരും, യഹൂദ്യരും ആര്‍ത്തുവിളിച്ചുകൊണ്ട് അവരെ പിന്‍തുടര്‍ന്നു.’ (1. ശമു. അദ്ധ്യായം: 17)

‘ശൗല്‍ ദാവീദിന് മകളെ വിവാഹം ചെയ്തുകൊടുത്തെങ്കിലും പിന്നീട് അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലുള്ള സ്‌നേഹവും സ്വാധീനവും കണ്ട് ശൗലിന് അദ്ദേഹത്തോട് ശത്രുതയായി; അതിനെത്തുടര്‍ന്ന് അവര്‍ക്കിടയില്‍ പല സംഘട്ടനങ്ങളും നടന്നു; അതിലൊക്കെ ശൗലിന്‍റെ ഒരു മകന്‍ ദാവീദിന് അനുകൂലമായി പ്രവര്‍ത്തിച്ചു; ശമവേല്‍ പ്രവാചകനും ശൗല്‍ രാജാവും തമ്മില്‍ തന്നെയും വിയോജിപ്പുണ്ടായി; ശൗലിന്‍റെ ശേഷം രാജത്വം തനിക്കാണെന്ന് ദാവീദിനോട് ശമുവേല്‍ പറഞ്ഞിരുന്നു; ഫെലിസ്ത്യരുമായുണ്ടായ ഒരു യുദ്ധത്തില്‍ ശൗല്‍ കൊല്ലപ്പെട്ടു; അതിനുമുമ്പായി ശമുവേല്‍ കാലഗതി പ്രാപിച്ചിരുന്നു; ശൗലിനുശേഷം യെഹൂദ്യക്കാര്‍ ദാവീദിനെ രാജാവായി സ്വീകരിച്ചെങ്കിലും മറ്റുള്ളവര്‍ ശൗലിന്‍റെ ഒരു മകനെ രാജാവാക്കി; ആ മകന്‍റെ മരണശേഷമാണ് ഇസ്‌റായീല്യര്‍ മുഴുവനും ദാവീദിനെ രാജാവായി അംഗീകരിച്ചത്.’ എന്നൊക്കെ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ ബൈബ്ള്‍ വിസ്തരിച്ചു വിവരിച്ചു കാണാം. ഇതില്‍ അധിക ഭാഗവും ക്വുര്‍ആന്‍റെ വെളിച്ചത്തില്‍ ശരിവെക്കുവാന്‍ നിവൃത്തിയില്ലാത്തതാകുന്നു. ക്വുര്‍ആനാകട്ടെ, ദാവൂദ് (അ)ന്‍റെ ചരിത്രപ്രധാനമായ ഭാഗങ്ങളെല്ലാം കൂടി ഇവിടെ ‘ദാവൂദ് ജാലൂത്തിനെ കൊന്നു’ എന്നും, ‘അല്ലാഹു അദ്ദേഹത്തിന് രാജത്വവും വിജ്ഞാനവും നല്‍കി’ എന്നും, ‘അവന്‍ ഉദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ അദ്ദേഹത്തിന് പഠിപ്പിച്ചു’ എന്നുമുള്ള (وَقَتَلَ دَاوُودُ اِلَى قَوْلِهُ مِمَّا يَشَاءُ) മൂന്ന് ചെറുവാക്യങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്. ബൈബ്ള്‍ ഒന്നിലധികം അദ്ധ്യായങ്ങളിലായി വിവരിച്ച ഒരു സംഭവം ഒന്നും രണ്ടും വാക്കുകളില്‍ ഒതുക്കിപ്പറയുന്ന സമ്പ്രദായം ക്വുര്‍ആനില്‍ ഇതുപോലെ വേറെയും സ്ഥലങ്ങളില്‍ കാണാവുന്നതാണ്.

ഈ ചരിത്രസംഭവം വിവരിച്ചശേഷം ഇത്തരം സംഭവങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലടങ്ങിയ തത്വം അല്ലാഹു ചൂണ്ടിക്കാട്ടുകയാണ് وَلَوْلادَفْع اُ للهِالنَّاسَ (മനുഷ്യരില്‍ ചിലരെ ചിലരെക്കൊണ്ട് അല്ലാഹു തടുക്കലില്ലായിരുന്നെങ്കില്‍ ഭൂമി നാശപ്പെട്ടുപോകുമായിരുന്നു.) ഭൂലോകം നശിച്ചു പോകുമെന്നോ ഭൗതികജീവിതം നിലച്ചുപോകുമെന്നോ അല്ല- ഭൂലോകത്ത് സമാധാന ജീവിതവും ധാര്‍മിക ജീവിതവും താറുമാറാക്കുക എന്നത്രെ- ഭൂമി നാശപ്പെടുക എന്ന് പറഞ്ഞതിന്‍റെ സാരം. അവിശ്വാസത്തിന്‍റെയും ദുര്‍മാര്‍ഗത്തിന്‍റെയും വന്‍ശക്തികള്‍ക്കെതിരെ സത്യവിശ്വാസത്തിന്‍റെയും സന്‍മാര്‍ഗത്തിന്‍റെയും ദൗത്യവാഹകന്‍മാരെ അല്ലാഹു ഇടക്കിടെ സഹായിച്ചു വിജയിപ്പിച്ചുകൊണ്ട് അവയെ തടുത്തു നിര്‍ത്താത്തപക്ഷം, ഭൂലോകമാകെ പൈശാചികത്വത്തിന്‍റെയും മൃഗീയതയുടെയും കൂത്തരങ്ങായി മാറുമല്ലോ. അതില്ലാതാക്കുവാന്‍വേണ്ടി- ലോകരുടെ പൊതുനന്മയെ ഉദ്ദേശിച്ച് -അല്ലാഹു അവന്‍റെ ഔദാര്യവും അനുഗ്രഹവും നിമിത്തം ഈ ലോകത്ത് നടപ്പില്‍വരുത്തുന്ന നടപടിച്ചട്ടങ്ങളില്‍ ഒന്നാണത് എന്ന് താല്‍പര്യം. സൂ:ഹജ്ജില്‍ അല്ലാഹു പറയുന്നു: اللَّهُ ۗ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَامِعُ (സാരം: മനുഷ്യരില്‍ ചിലരെ ചിലരെക്കൊണ്ട് അല്ലാഹു തടുക്കലില്ലായിരുന്നുവെങ്കില്‍, അല്ലാഹുവിന്‍റെ നാമം ധാരാളമായി കീര്‍ത്തിക്കപ്പെടുന്ന പല സന്യാസിമഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, ജൂത ദേവാലയങ്ങളും, മുസ്‌ലിംപള്ളികളും പൊളിച്ച് തകര്‍ക്കപ്പെടുമായിരുന്നു. (ഹജ്ജ്: 40)

2:252
 • تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۚ وَإِنَّكَ لَمِنَ ٱلْمُرْسَلِينَ ﴾٢٥٢﴿
 • അത് (ഒക്കെയും) അല്ലാഹുവിന്‍റെ 'ആയത്ത്' [ലക്ഷ്യം]കളാകുന്നു; യഥാര്‍ത്ഥപ്രകാരം, നാം അവയെ നിനക്ക് ഓതിത്തരുകയാണ്. നിശ്ചയമായും, നീയും 'മുര്‍സലു' കളില്‍ [ദിവ്യദൗത്യം നല്‍കപ്പെട്ടവരില്‍] പെട്ടവന്‍ തന്നെയാകുന്നു.
 • تِلْكَ അത്, അവ, ഇവ آيَاتُ اللَّهِ അല്ലാഹുവിന്‍റെ ആയത്തുകളാണ് نَتْلُوهَا അവയെ നാം ഓതിത്തരുന്നു عَلَيْكَ നിന്‍റെമേല്‍, നിനക്ക് بِالْحَقِّ യഥാര്‍ത്ഥ പ്രകാരം, മുറയനുസരിച്ച് وَإِنَّكَ നിശ്ചയമായും നീയും لَمِنَ الْمُرْسَلِينَ മുര്‍സലുകളില്‍ പെട്ട(വന്‍) തന്നെ

മേല്‍ വിവരിച്ചതെല്ലാം അറിഞ്ഞിരിക്കേണ്ടുന്ന യഥാര്‍ത്ഥ സംഭവങ്ങളാണ്. വേദ ക്കാര്‍ക്കും ചരിത്രാന്വേഷികള്‍ക്കും അറിയാവുന്ന പരമാര്‍ത്ഥങ്ങളാണ്. നീ അല്ലാഹുവിനാല്‍ അയക്കപ്പെട്ട ദൈവദൂതനായത് കൊണ്ട് നിനക്ക് ഇതൊക്കെ നാം (മലക്കുമുഖേന) ഓതിക്കേള്‍പ്പിച്ചു വിവരിച്ചു തരുകയാണ് എന്നൊക്കെ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അല്ലാഹു ഉണര്‍ത്തുകയാണ്.

ജുസ്ഉ് - 3

വിഭാഗം - 34

2:253
 • تِلْكَ ٱلرُّسُلُ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۘ مِّنْهُم مَّن كَلَّمَ ٱللَّهُ ۖ وَرَفَعَ بَعْضَهُمْ دَرَجَـٰتٍ ۚ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَـٰتِ وَأَيَّدْنَـٰهُ بِرُوحِ ٱلْقُدُسِ ۗ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلَ ٱلَّذِينَ مِنۢ بَعْدِهِم مِّنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ وَلَـٰكِنِ ٱخْتَلَفُوا۟ فَمِنْهُم مَّنْ ءَامَنَ وَمِنْهُم مَّن كَفَرَ ۚ وَلَوْ شَآءَ ٱللَّهُ مَا ٱقْتَتَلُوا۟ وَلَـٰكِنَّ ٱللَّهَ يَفْعَلُ مَا يُرِيدُ ﴾٢٥٣﴿
 • (മേല്‍ പ്രസ്താവിക്കപ്പെട്ട) ആ റസൂലുകള്‍, അവരില്‍ ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു . അവരില്‍ അല്ലാഹു സംസാരിച്ചവരുണ്ട്. അവരില്‍ ചിലരെ അവന്‍ പല പദവികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. മര്‍യമിന്‍റെ മകന്‍ ഈസാക്ക് നാം വ്യക്തമായ തെളിവുകള്‍ നല്‍കുകയും, പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ ശേഷമുള്ളവര്‍ അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നതിനുശേഷം (പരസ്പരം) ശണ്ഠകൂടുകയില്ലായിരുന്നു. എങ്കിലും, അവര്‍ (അഭിപ്രായ) ഭിന്നിപ്പിലായി; എന്നിട്ട് അവരില്‍ നിന്ന് (ചിലര്‍) വിശ്വസിച്ചവരുണ്ട്; അവരില്‍ നിന്ന് (ചിലര്‍) അവിശ്വസിച്ചവരുമുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവര്‍ (പരസ്പരം) ശണ്ഠ കൂടുകയില്ലായിരുന്നു. എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
 • تِلْكَ الرُّسُلُ ആ റസൂലുകള്‍ فَضَّلْنَا നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു بَعْضَهُمْ അവരില്‍ ചിലരെ عَلَىٰ بَعْضٍ ചിലരെക്കാള്‍ مِّنْهُم അവരിലുണ്ട് مَّن كَلَّمَ اللَّهُ അല്ലാഹു സംസാരിച്ചവര്‍ وَرَفَعَ അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു بَعْضَهُمْ അവരില്‍ ചിലരെ دَرَجَاتٍ പല പദവികള്‍, പടികള്‍ وَآتَيْنَا നാം കൊടുക്കുകയും ചെയ്തു عِيسَى ഈസാക്ക് ابْنَ مَرْيَمَ മര്‍യമിന്‍റെ മകന്‍ الْبَيِّنَاتِ (വ്യക്തമായ) തെളിവുകള്‍ وَأَيَّدْنَاهُ അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ചെയ്തു بِرُوحِ الْقُدُسِ പരിശുദ്ധാത്മാവിനെക്കൊണ്ട് وَلَوْ شَاءَ اللَّهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا اقْتَتَلَ ശണ്ഠ കൂടുക (യുദ്ധം ചെയ്യുക- കൊലനടത്തുക)യില്ലായിരുന്നു الَّذِينَ യാതൊരു കൂട്ടര്‍ مِن بَعْدِهِم അവരുടെ ശേഷമുള്ള مِّن بَعْدِ ശേഷം, ശേഷമായി مَا جَاءَتْهُمُ അവര്‍ക്ക് വന്നതിന്‍റെ الْبَيِّنَاتُ തെളിവുകള്‍ وَلَٰكِنِ എങ്കിലും اخْتَلَفُوا അവര്‍ ഭിന്നിച്ചു فَمِنْهُم എന്നിട്ട് അവരിലുണ്ട്, അവരില്‍ ചിലര്‍ ആകുന്നു مَّنْ آمَنَ വിശ്വസിച്ചവര്‍ وَمِنْهُم അവരിലുണ്ട്, ചിലര്‍ ആകുന്നു مَّن كَفَرَ അവിശ്വസിച്ചവര്‍ وَلَوْ شَاءَ اللَّهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا اقْتَتَلُوا അവര്‍ ശണ്ഠ കൂടുകയില്ലായിരുന്നു وَلَٰكِنَّ اللَّهَ എങ്കിലും അല്ലാഹു يَفْعَلُ അവന്‍ ചെയ്യും, ചെയ്യുന്നു مَا يُرِيدُ അവന്‍ (താന്‍) ഉദ്ദേശിക്കുന്നത്

ഈ സൂറത്തില്‍, ഇതേവരെയായി പല റസൂലുകളെക്കുറിച്ചും അവരുടെ സമുദായ ങ്ങളെക്കുറിച്ചും പ്രസ്താവിക്കുകയുണ്ടായി. അവസാനം, കഴിഞ്ഞ വചനത്തില്‍ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും ആ റസൂലുകളില്‍ പെട്ട ഒരാളാണെന്നും പറഞ്ഞു. അതിന് ശേഷം മേല്‍ പ്രസ്താവിച്ച എല്ലാ റസൂലുകളെയും ചൂണ്ടിക്കൊണ്ടുള്ള ഒരു പൊതു പ്രസ്താവനയാണിത്. അതായത്: ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുവാനായി നിയോഗിച്ചയക്കപ്പെട്ട ദൈവദൂതന്‍മാരാണ് അവരെല്ലാം. എന്നാല്‍, ശ്രേഷ്ഠതയിലും പദവികളിലും എല്ലാവരും സമനിലക്കാരല്ല. അവരില്‍ ചിലരെ ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിവെച്ചിട്ടുണ്ട്. ചിലര്‍ക്ക് നല്‍കപ്പെടാത്ത പലപദവികളും വേറെ ചിലര്‍ക്ക് നല്‍കിയിരിക്കും. ഉദാഹ രണമായി, മലക്കുകളുടെയോ മറ്റോ മാദ്ധ്യമം കൂടാതെ നേരില്‍ തന്നെ അല്ലാഹു സംസാരിച്ചവര്‍ അവരിലുണ്ട്. അതുപോലെ, വേറെ ചിലര്‍ക്ക് മറ്റവര്‍ക്കില്ലാത്ത ചില പ്രത്യേകതകളും നല്‍കിയിട്ടുണ്ട്. എന്നത്രെ ആദ്യത്തെ വാക്യങ്ങളില്‍ പറഞ്ഞതിന്‍റെ സാരം.

അല്ലാഹു നേരില്‍ സംസാരിക്കുകയെന്ന മഹാഭാഗ്യം സിദ്ധിച്ച റസൂലാണ് മൂസാ നബി (അ). അദ്ദേഹത്തോട് അല്ലാഹു സംസാരിച്ചതായി അല്ലാഹു തന്നെ സ്പഷ്ടമാക്കിയിട്ടുള്ളതാണ്. (4: 164) കൂടാതെ, സീനാ താഴ്‌വരയില്‍വെച്ച് അദ്ദേഹത്തോട് അല്ലാഹു സംസാരിച്ച സംഭവം ഒന്നിലധികം സ്ഥലത്തും ക്വുര്‍ആനില്‍ കാണാം. ഈ ഭൂലോക ത്തുവെച്ച് ഈ ഭാഗ്യം മറ്റാര്‍ക്കും ഉണ്ടായതായി അറിയില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെപ്പറ്റി كَلِيمُ اللَهِ (കലീമുല്ലാഹി = അല്ലാഹു സംസാരിച്ച ആള്‍) എന്ന് പറയുന്നതും. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രസിദ്ധമായ ‘മിഅ്‌റാജി’ല്‍ (വാനാരോഹണ യാത്രയില്‍) തിരുമേനിയോട് അല്ലാഹു സംസാരിച്ചതായി ബലപ്പെട്ട ഹദീഥുകളില്‍ വന്നിട്ടുണ്ട്. സൂറത്തുന്നജ്മില്‍ അതിന്‍റെ ചില സൂചനകളും കാണാവുന്നതാണ്. എല്ലാ റസൂലുകളും ഏതെങ്കിലും ഒരു ജനതയിലേക്കും കാലത്തേക്കും നിയോഗിക്കപ്പെട്ടവരായിരുന്നു. ലോകജനതയിലേക്ക് ആകമാനമായി അയക്കപ്പെട്ട ആളും, അന്ത്യപ്രവാചകനും എന്ന പദവി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് മാത്രമാണുള്ളത്. അതുപോലെ മറ്റ് പ്രവാചകന്‍മാര്‍ക്കില്ലാത്ത ബഹുമതികള്‍ പലതും വേറെയും തിരുമേനിക്കുണ്ട്. ഇതുപോലെ, ഇബ്‌റാഹീം നബി (അ)ക്കും തന്നെ മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത പല സ്ഥാനപദവികളും ശ്രേഷ്ഠതകളും ഉള്ളതായി ക്വുര്‍ആനില്‍ നിന്ന് വ്യക്തമാണ്. ‘അദ്ദേഹത്തെ അല്ലാഹു ചങ്ങാതി ആക്കിവെച്ചിരിക്കുന്നു’ എന്ന് 4: 125 ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെപ്പറ്റി خلِيلُ ا للهِ (‘ഖലീലുല്ലാഹി = അല്ലാഹുവിന്‍റെ ചങ്ങാതി) എന്ന് പറയുന്നത്. എല്ലാ റസൂലുകള്‍ക്കും അവരവരുടെ ദൗത്യ നിര്‍വ്വഹണത്തിനാവശ്യമായ തെളിവുകളും ദൃഷ്ടാന്തങ്ങളും നല്‍കപ്പെടാതിരുന്നില്ല. എങ്കിലും അവയിലും റസൂലുകളുടെ നില വ്യത്യസ്തമായിരിക്കും. ഈസാ നബി (അ)ക്ക് നല്‍കപ്പെട്ട തെളിവുകള്‍ അതിനുദാഹരണമാണ്. അല്ലാഹുവിന്‍റെ അനുവാദപ്രകാരം മരണപ്പെട്ടവരെ ജീവിപ്പിക്കുക, മണ്ണുകൊണ്ട് കുരുവികളുണ്ടാക്കി പറപ്പിക്കുക, മാറാവ്യാധികള്‍ സുഖപ്പെടുത്തുക മുതലായവ അദ്ദേഹത്തിന്‍റെ പ്രത്യേക ദൃഷ്ടാന്തങ്ങളായിരുന്നു.

ഈസാ (അ)നെപ്പറ്റി ക്രിസ്ത്യാനികള്‍ ദൈവപുത്രനാണെന്നും ദൈവം തന്നെയാണെന്നും വാദിച്ചുവരുന്നു. ഈ വാദം കളവാണെന്നും, അദ്ദേഹം പിതാവില്ലാതെ ജനിച്ച ആളാണെങ്കിലും ഒരു സ്ത്രീയില്‍നിന്ന് ജനിച്ച മനുഷ്യന്‍ മാത്രമാണെന്നുമുള്ള യാഥാര്‍ത്ഥ്യമാണ് ഈസാ നബി (അ)യെപ്പറ്റി പറയുമ്പോള്‍ മിക്കപ്പോഴും عِيسي ابن مريم (മര്‍യമിന്‍റെ മകന്‍ ഈസാ) എന്ന പ്രയോഗം മുഖേന അല്ലാഹു സൂചിപ്പിക്കുന്നത്. പരിശുദ്ധാത്മാവ് (رُوحُ القُدْس) കൊണ്ടുദ്ദേശ്യം ജിബ്‌രീല്‍ (അ) എന്ന മലക്കാണെന്നും, അദ്ദേഹത്തിന് ജിബ്‌രീല്‍ (അ) മുഖേന ലഭിച്ചിരുന്ന ആത്മീയ സഹായങ്ങളായിരിക്കും അദ്ദേഹത്തെക്കൊണ്ട് ബലപ്പെടുത്തി എന്ന് പറഞ്ഞതിന്‍റെ താല്‍പര്യമെന്നും 87-ാം വച നത്തിന്‍റെ വ്യാഖ്യാനത്തില്‍ നാം മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരം അവിടെ നോക്കുക. (പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ക്രിസ്തീയ ജല്‍പനങ്ങളെ സംബന്ധിച്ച് സൂറത്തുന്നിസാഇന്‍റെ അവസാന ഭാഗത്തില്‍വെച്ച് വിവരിക്കുന്നതാണ് إِن شَاءَ اللَّهُ .

ശ്രേഷ്ഠതകളിലും പദവികളിലും റസൂലുകള്‍ വ്യത്യസ്ത നിലക്കാരായിരുന്നുവെങ്കിലും അവരുടെയെല്ലാം പ്രബോധന തത്വം ഒന്നായിരുന്നു. അത് സ്ഥാപിക്കുവാനുള്ള വ്യക്തമായ തെളിവുകള്‍ എല്ലാവര്‍ക്കും നല്‍കപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് നിലനില്‍ക്കുകയും, സത്യവിശ്വാസികളും അവിശ്വാസികളുമായി ചേരി പിരിഞ്ഞു ശണ്ഠയും കലഹവും നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതൊക്കെ അല്ലാഹു അറിയാതെ സംഭവിക്കുന്നതല്ല. അങ്ങനെ സംഭവിക്കരുതെന്ന് അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അങ്ങനെ സംഭവിക്കുകയില്ലായിരുന്നു. അഥവാ എല്ലാവരും ഒന്നടങ്കം സത്യവിശ്വാസികളും സന്‍മാര്‍ഗികളും തന്നെ ആകുമായിരുന്നു. പക്ഷേ, നല്ലതും ചീത്തയും തിരിച്ചറിയുവാനുള്ള വിവേചന ബുദ്ധിയും വേണ്ടത്ര തെളിവുകളും നല്‍കിയതോടൊപ്പംതന്നെ, ഇഷ്ടമുള്ളതിനെ സ്വീകരിക്കുവാനുള്ള ഇച്ഛാ സ്വാതന്ത്ര്യവും മനുഷ്യന് അല്ലാഹു കൊടുത്തിരിക്കുകയാണ്. ആ സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് അവന്‍ ഈ ജീവിതത്തില്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവോ ഭാവിജീവിതത്തില്‍ അതനുസരിച്ചുള്ള പ്രതിഫലം അവന് നല്‍കുവാനാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ഈ സ്വാതന്ത്ര്യം ഒരു കൂട്ടര്‍ ഉപയോഗ പ്പെടുത്തി സന്‍മാര്‍ഗം പ്രാപിക്കുന്നു. വേറൊരു കൂട്ടര്‍ അത് ദുരുപയോഗപ്പെടുത്തി ദുര്‍മാര്‍ഗത്തില്‍ ആപതിക്കുകയും ചെയ്യുന്നു. ഇതാണ്. പ്രസ്തുത ശണ്ഠകള്‍ക്കും ഭിന്നിപ്പുകള്‍ക്കും കാരണം. എന്നൊക്കെയാണ് പിന്നീ ടുള്ള വാക്യങ്ങളില്‍ അല്ലാഹു പറഞ്ഞതിലടങ്ങിയ സാരം. ഈ വിഷയകമായി സൂ: ഹൂദ് 118, 119 വചനങ്ങളില്‍ കൂടുതല്‍ വിവരം വരുന്നതാണ് إِن شَاءَ اللَّهُ

മേല്‍ പറഞ്ഞ ഭിന്നിപ്പ് (اِخْتِلاَف) കൊണ്ടുദ്ദേശ്യം ജീവിതത്തില്‍ മനുഷ്യന്‍റെ പുരോഗതിക്കും വളര്‍ച്ചക്കും ആവശ്യമായ ഭിന്നവാസനകളാണെന്ന് സമര്‍ത്ഥിച്ചുകൊണ്ട് ചിലര്‍ ചില പുതിയ ആശയങ്ങള്‍ ഇവിടെ സൂചിപ്പിച്ചു കാണുന്നു. അങ്ങനെയാണെങ്കില്‍, ആ ഭിന്നിപ്പിനെ വിശദീകരിച്ചുകൊണ്ട് فَمِنْهُم مَّنْ آمَنَ وَمِنْهُم مَّن كَفَرَ (അങ്ങനെ, അവരില്‍ വിശ്വസിച്ചവരുമുണ്ട്; അവിശ്വസിച്ചവരും ഉണ്ട്) എന്ന് അല്ലാഹു പറയുമായിരുന്നില്ല. ‘അവരില്‍ കച്ചവടക്കാരും കൃഷിക്കാരുമുണ്ട്’ എന്നിങ്ങനെ മറ്റുവല്ലതുമായിരുന്നു പറയേണ്ടിയിരുന്നത്. മനുഷ്യര്‍ക്ക് രണ്ടും സ്വീകരിക്കുവാനുള്ള ഇച്ഛാ സ്വാതന്ത്ര്യം എന്തിന് നല്‍കപ്പെട്ടു? എന്തുകൊണ്ട് സന്മാര്‍ഗം സ്വീകരിക്കുവാനുള്ള വാസന മാത്രം നല്‍കിക്കൊണ്ട് സൃഷ്ടിക്കപ്പെട്ടില്ല? എന്നിങ്ങനെ ചോദ്യം ചെയ്യാന്‍ മനുഷ്യന് അര്‍ഹതയില്ല. അതിന്‍റെ ഉത്തരം ഗ്രഹിക്കത്തക്ക ത്രാണിയും മനുഷ്യനില്ല. لا يسألُ عَمَّا يَفْعَلُ وهم يُسألونَ (അവന്‍ ചെയ്യുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല; അവരാകട്ടെ ചോദ്യം ചെയ്യെ പ്പടുകയും ചെയ്യും.) എല്ലാം അല്ലാഹുവിന്‍റെ സൃഷ്ടി. അവന്‍റെ നിയമ വ്യവസ്ഥ. ഓരോ സൃഷ്ടിക്കും നല്‍കെപ്പടേുന്ന ആകൃതിയേത്. പ്രകൃതിയേത് എന്നൊക്കെ അവനറിയാം. അവനേ അതറിഞ്ഞുകൂടൂ. എല്ലാം അവന്‍റെ ഉദ്ദേശ്യവും ഹിതവും (وَلَٰكِنَّ اللَّهَ يَفْعَلُ مَا يُرِيدُ). അത നുസരിച്ച് എല്ലാം അവന്‍ നടപ്പില്‍ വരുത്തും.

2:254
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِمَّا رَزَقْنَـٰكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَـٰعَةٌ ۗ وَٱلْكَـٰفِرُونَ هُمُ ٱلظَّـٰلِمُونَ ﴾٢٥٤﴿
 • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുവിന്‍, ഒരു ക്രയവിക്രയമാകട്ടെ ശുപാര്‍ശയാകട്ടെ, ചങ്ങാതിത്തമാകട്ടെ, (ഉണ്ടായിരിക്കുക) ഇല്ലാത്ത ഒരു ദിവസം വന്നെ ത്തുന്നതിന് മുമ്പായി. അവിശ്വാസികള്‍ തന്നെയാണ് അക്രമകാരികള്‍.
 • ا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ أَنفِقُوا നിങ്ങള്‍ ചെലവഴിക്കുവിന്‍ مِمَّا رَزَقْنَاكُم നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് مِّن قَبْلِ മുമ്പായി أَن يَأْتِيَ വരുന്നതിന് يَوْمٌ ഒരു ദിവസം لَّا بَيْعٌ ഒരു ക്രയവിക്രയവും (വില്‍പനയും- കച്ചവടവും) ഇല്ല فِيهِ അതില്‍ وَلَا خُلَّةٌ ചങ്ങാതിത്തവും (സുഹൃല്‍ ബന്ധവും) ഇല്ല وَلَا شَفَاعَةٌ ശുപാര്‍ശയുമില്ല وَالْكَافِرُونَ അവിശ്വാസികള്‍ هُمُ അവര്‍തന്നെ الظَّالِمُونَ അക്രമികള്‍

243-ാം വചനത്തില്‍ ചൂണ്ടിക്കാട്ടിയ സംഭവം വിവരിച്ചതിനെത്തുടര്‍ന്ന് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുവാന്‍ ഉപദേശിച്ചതുപോലെ, ഇസ്‌റാഈല്യരില്‍ കഴിഞ്ഞ രണ്ടാമത്തെ (ത്വാലൂത്തിന്‍റെ) സംഭവം വിസ്തരിച്ചു പറഞ്ഞശേഷം ഇവിടെയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുവാന്‍ സത്യവിശ്വാസികളെ അല്ലാഹു ഉപദേശിക്കു ന്നു. സത്യദീനിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാന്‍ ദേഹങ്ങളെന്നപോലെ ധനവും ആവശ്യമാണല്ലോ. അതുകൊണ്ടാണ് സമരത്തെയും യുദ്ധത്തെയും കുറിച്ച് പറയുന്നതോടൊപ്പം പലപ്പോഴും ധനം ചിലവഴിക്കുന്നതിനെക്കുറിച്ചും ഉണര്‍ത്താറുള്ളത്. ക്രയവിക്രയവും, ചങ്ങാതിത്തവും ശുപാര്‍ശയുമില്ലാത്ത ദിവസം എന്ന് പറഞ്ഞത് ക്വിയാമത്ത് നാളിനെ ഉദ്ദേശിച്ചാണെന്ന് പറയേണ്ടതില്ല. അന്ന് കര്‍മങ്ങളാകട്ടെ, സാധനസാമ ഗ്രികളാകട്ടെ അന്യോന്യം കൈമാറി രക്ഷപ്പെടുവാനോ, സ്‌നേഹബന്ധങ്ങള്‍കൊണ്ടോ, ശുപാര്‍ശയും സ്വാധീനവും മുഖേനയോ രക്ഷപ്പെടുവാനോ കഴിയുകയില്ലല്ലോ. ആ ദിവസം പെട്ടന്നൊരിക്കല്‍ വന്നെത്തിയേക്കും. അതിനുമുമ്പായി ചെയ്തുവെച്ചത് മാത്രമേ അന്ന് ഉപകരിക്കുകയുള്ളൂ. അതുകൊണ്ട് കഴിയുന്നത്ര ധനം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിച്ചു അന്നത്തേക്കുവേണ്ടി സമ്പാദിച്ചു വെക്കുവിന്‍. ധനമാണെങ്കില്‍ അല്ലാഹു നല്‍കിയ ഒരനുഗ്രഹമാണുതാനും. അത് അവന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുവാന്‍ മടിക്കേണ്ടതില്ലല്ലോ എന്നൊക്കെ അല്ലാഹു ഓര്‍മിപ്പിക്കുന്നു.

2:255
 • ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ ﴾٢٥٥﴿
 • അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല. അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമ ല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്‍ [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു . അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ 'കുര്‍സിയ്യ്' [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായി രിക്കുന്നു . [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്] അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും.
 • اللَّهُ അല്ലാഹു لَا إِلَٰهَ ഒരു ഇലാഹുമല്ല, ആരാധ്യനേയില്ല, ദൈവവുമില്ല إِلَّا هُوَ അവനല്ലാതെ الْحَيُّ ജീവത്തായുള്ളവനാണ് الْقَيُّومُ സര്‍വ്വ നിയന്താവാണ്, സ്വയം നിലകൊ ള്ളുന്നവന്‍ لَا تَأْخُذُهُ അവനെ പിടിപെടുകയില്ല سِنَةٌ മയക്കം (പ്രാഥമിക നിദ്ര) وَلَا نَوْمٌ നിദ്രയുമില്ല لَّهُ അവനാണ്, അവന്റേതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും مَن ذَا الَّذِي (ഇങ്ങനെയുള്ള) ഒരുവന്‍ ആര്‍, ആരുണ്ട് يَشْفَعُ അവന്‍ ശുപാര്‍ശ ചെയ്യും عِندَهُ അവന്‍റെ അടുക്കല്‍ إِلَّا بِإِذْنِهِ അവന്‍റെ അനുമതി കൂടാതെ يَعْلَمُ അവന്‍ അറിയുന്നു, അറിയും مَا بَيْنَ أَيْدِيهِمْ അവരുടെ കൈകള്‍ക്കിടയിലുള്ള (മുമ്പിലുള്ള)ത് وَمَا خَلْفَهُمْ അവരുടെ പിമ്പിലുള്ളതും وَلَا يُحِيطُونَ അവര്‍ വലയം ചെയ്കയില്ല (സൂക്ഷ്മമായി അറിയുകയില്ല) بِشَيْءٍ ആ യാതൊന്നിനെപ്പറ്റിയും مِّنْ عِلْمِهِ അവന്‍റെ അറിവില്‍ നിന്ന് إِلَّا بِمَا شَاءَ അവന്‍ ഉദ്ദേശിച്ചതിനെപ്പറ്റിയല്ലാതെ وَسِعَ വിശാലമായിരിക്കുന്നു كُرْسِيُّهُ അവന്‍റെ കുര്‍സിയ്യ് (രാജപീഠം) السَّمَاوَاتِ ആകാശങ്ങള്‍ക്ക് وَالْأَرْضَ ഭൂമിക്കും وَلَا يَئُودُهُ അവനെ ഭാരപ്പെടുത്തുകയില്ല, വിഷമിപ്പിക്കയില്ല حِفْظُهُمَا അവ രണ്ടിനെയും സൂക്ഷിക്കല്‍, കാക്കല്‍, സംരക്ഷിക്കല്‍ وَهُوَ അവന്‍, അവനത്രെ الْعَلِيُّ ഉന്നതന്‍ الْعَظِيمُ മഹത്തായുള്ളവന്‍, മഹാന്‍

ഈ വചനത്തില്‍ അല്ലാഹുവിന്‍റെ ‘കുര്‍സിയ്യി’നെപ്പറ്റി പ്രസ്താവിക്കുന്നതുകൊണ്ട് ‘ആയത്തുല്‍ കുര്‍സിയ്യ് (آيَة الكُرسى) ‘ എന്ന പേരില്‍ ഈ വചനം അറിയപ്പെടുന്നു. അല്ലാഹുവിന്‍റെ അത്യുല്‍കൃഷ്ടങ്ങളായ പല നാമങ്ങളും മഹല്‍ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ വചനത്തിന്‍റെ ശ്രേഷ്ഠതയും പ്രാധാന്യവും കുറിക്കുന്ന പല ഹദീഥുകളും കാണാം. ഉബയ്യുബ്‌നു കഅ്ബ് (റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീ ഥില്‍ അല്ലാഹുവിന്‍റെ കിതാബിലുള്ള ഏറ്റവും മഹത്തായ ആയത്ത് (اعظْم اية في كتاب لله) എന്ന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു (മു). രാത്രി ഉറങ്ങുവാന്‍ കിടക്കുമ്പോള്‍, ഈ ആയത്ത് ഓതുന്നപക്ഷം, നേരം പുലരുന്നതുവരെ പിശാചിന്‍റെ ദോഷം ബാധിക്കുകയില്ലെന്ന് ബുഖാരി (റ) മുതലായവര്‍ ഉദ്ധരിച്ച ഒന്നിലധികം ഹദീഥുകളില്‍ വന്നിട്ടുണ്ട്. ചില ഹദീഥുകളില്‍, നമസ്‌കാരത്തിനുശേഷവും മറ്റും ഈ വചനം ഓതുവാന്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നതായും കാണാം. പിശാചിന്‍റെ ഉപദ്രവത്തില്‍ നിന്നുള്ള ഒരു കാവലാണ് ആയത്തുല്‍ കുര്‍സിയ്യ് എന്നുള്ളത് പൊതുവെ അറിയപ്പെടുന്ന ഒരു കാര്യമത്രെ. പക്ഷേ, വായകൊണ്ട്- തത്തയെപ്പോലെ- ഉരുവിടുന്നതുകൊണ്ട് ആ ഫലം കാണുകയില്ല. അതിലെ ഉള്ളടക്കവും ആശയവും ഗ്രഹിച്ചുകൊണ്ടും, ഹൃദയം സ്പര്‍ശിച്ചുകൊണ്ടുമായിരിക്കണം ഓതുന്നത്.

പ്രവാചകന്‍മാര്‍ വ്യക്തമായ തെളിവുകള്‍ സഹിതം പ്രബോധനം ചെയ്തുകൊണ്ടിരുന്നിട്ടും മനുഷ്യര്‍ ഭിന്നിക്കുകയും, ഒരു കൂട്ടര്‍ സത്യവിശ്വാസികളും ഒരു കൂട്ടര്‍ അവിശ്വാസികളുമായി പരസ്പരം ശണ്ഠകൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നതായി 253-ാം വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. ആ പ്രവാചകന്‍മാരെല്ലാം പ്രബോധനം ചെയ്ത തൗഹീദിന് ആസ്പദമായ പല മൗലിക യാഥാര്‍ത്ഥ്യങ്ങളും കേവലം പത്ത് ചെറുവാക്യ ങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വചനത്തില്‍ അടങ്ങിയിരിക്കുന്നു.

(1) അല്ലാഹു അല്ലാതെ ആരാധ്യനേ ഇല്ല (اللَّهُ لَا إِلَٰهَ إِلَّا هُوَ). ഇസ്‌ലാമിന്‍റെ പ്രഥമ പ്രധാനമായ മുദ്രാവാക്യമാകുന്ന ഈ വാക്യത്തെപ്പറ്റി ഇവിടെ പ്രത്യേകമൊന്നും വിശ ദീകരിക്കേണ്ടതില്ല. ഇതിന്‍റെ അനിവാര്യത സ്ഥാപിക്കുമാറുള്ളതാണ് തുടര്‍ന്നുള്ള ഓരോ വാക്യവും പ്രതിനിധാനം ചെയ്യുന്ന ആശയം.

(2) അവന്‍ ജീവത്തായുള്ളവനും, സര്‍വ്വനിയന്താവുമാകുന്നു. (الْحَيُّ الْقَيُّومُ) ‘ജീവന്‍, ജീവസ്സ്, ജീവിതം’ എന്നിങ്ങനെയുള്ള വാക്കുകള്‍ പല അര്‍ത്ഥങ്ങളിലും ഉപയോഗിക്ക പ്പെടാറുണ്ട്. വസ്തുവര്‍ഗങ്ങളെ അപേക്ഷിക്കുമ്പോഴാണ് ആ വ്യത്യാസം പ്രകടമാകുന്നത്. ഉദാഹര ണ മായി: സസ്യങ്ങളുടെ വളര്‍ച്ചാശക്തി, ജീവ ജന്തുക്കളുടെ ഗ്രഹണ ശക്തി, ചലനശേഷി, ഭൂമിയുടെ ഉല്‍പാദന ശക്തി, സമുദായത്തിന്‍റെ അഭിവൃദ്ധി എന്നീ അര്‍ത്ഥ ങ്ങളിലെല്ലാം അവ ഉപയോഗിക്കപ്പെടുന്നു. എന്നാല്‍, സൃഷ്ടിയായ ഏതൊരു വസ്തുവി ന്‍റെയും ജീവന്‍- അല്ലെങ്കില്‍ ജീവിതം- പരിശോധിച്ചാല്‍ ആ വസ്തുവില്‍ നിന്നും അന്യമായ മറ്റൊരു കേന്ദ്രത്തില്‍ നിന്നായിരിക്കും അതിന്‍റെ ഉത്ഭവവും നിലനില്‍പുമെന്ന് കാണാവുന്നതാണ്. ആ കേന്ദ്രം നഷ്ടപ്പെടുകയോ, അതിന് മാറ്റം സംഭവിക്കുകയോ ചെയ്യുന്നതോടെ ആ ജീവസ്സ് നശിക്കുകയും ചെയ്യും. സ്രഷ്ടാവായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവന്‍റെ ജീവിതം ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാകുന്നു. അവന്‍റെ പരിശുദ്ധസത്ത (الذات المقدسة) യോട് മാത്രം ബന്ധപ്പെട്ടതാണ് അവന്‍റെ ജീവിതം. അതല്ലാത്ത അതില്‍ നിന്ന് അന്യമായ മറ്റൊന്നിനെയും ആശ്രയിച്ചു കൊണ്ടുള്ളതല്ല അവന്‍റെ ജീവിതം മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സൃഷ്ടി വര്‍ഗങ്ങളുടെതായി മേല്‍ സൂചിപ്പിച്ച ഏത് അര്‍ത്ഥത്തിലുള്ള ജീവിതം എടുത്താലും അതിന്‍റെയെല്ലാം സാക്ഷാല്‍ ഉത്ഭവകേന്ദ്രം അല്ലാഹുവാകുന്നു. അല്ലാഹുവാകട്ടെ, സ്വയംഭൂവാണ്. യാതൊന്നിനെയും അപേക്ഷിച്ചുകൊണ്ടോ, യാതൊന്നുമായും ബന്ധപ്പെട്ടുകൊണ്ടോ ഉള്ളതല്ല അവന്‍റെ ജീവിതം. അതെ, അവന്‍റെ പരിശുദ്ധ സത്തയെപ്പോലെത്തന്നെ അനാദിയും, അനന്തവുമാണത്.

അപ്പോള്‍, അല്ലാഹു ജീവത്തായുള്ളവനാണ് എന്നോ, ജീവിച്ചിരിക്കുന്നവനാണ് എന്നോ (الحَيُّ) പറയുമ്പോള്‍- അവന്‍റെ മറ്റു ഗുണവിശേഷങ്ങളിലെന്ന പോലെത്തന്നെ- അത് സാധാരണ അര്‍ത്ഥത്തിലുള്ള ഒരു ജീവിതത്തെ ഉദ്ദേശിച്ചല്ല എന്നും, അവനോട് മാത്രം യോജിക്കുന്ന ഒരര്‍ത്ഥത്തിലുള്ള ജീവിതത്തെ ഉദ്ദേശിച്ചാണെന്നും ഇതില്‍നിന്ന് വ്യക്തമാണ്. അങ്ങനെ, സ്വയം നിലകൊള്ളുന്നവനും, അവനല്ലാത്ത മറ്റെല്ലാ വസ്തുക്കളെയും, അവയെ സംബന്ധിച്ച സകല കാര്യങ്ങളെയും വ്യവസ്ഥാപിതമായി നിയന്ത്രിച്ചു കൈകാര്യം നടത്തുന്നവനുമാണ് എന്നത്രെ സര്‍വ്വനിയന്താവ് (الْقَيُّوم) എന്നതുകൊണ്ട് വിവക്ഷ. ഈ രണ്ട് ഗുണങ്ങളും അവന് മാത്രമായുള്ളതായിരിക്കെ, ആരാധ്യനായിരിക്കുവാനുള്ള യഥാര്‍ത്ഥ അര്‍ഹതയും അവന് മാത്രമായിത്തീരുന്നു.

(3) മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. (لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ) നിദ്രയുടെ പ്രാരംഭാവസ്ഥയാണ് മയക്കം (سِنَة). അതിന്‍റെ പൂര്‍ണാവസ്ഥയാണ് ഉറക്കം (نَوْم) രണ്ടും അവനെ തീണ്ടുകയില്ല. ആന്തരേന്ദ്രിയങ്ങളുടെ ക്ഷീണത്തില്‍ നിന്നും, തളര്‍ച്ചയില്‍ നിന്നുമുള്ള ഒരുതരം വിശ്രമമാണല്ലോ ഇത് രണ്ടും. ഇത്യാദികാര്യങ്ങളൊന്നും അല്ലാഹുവിന് പിടിപെടുവാനില്ല. അവന്‍ സര്‍വ്വത്ര പരിപൂര്‍ണനും പരിശുദ്ധനുമത്രെ. ഒരു യന്ത്രവാഹനം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ആള്‍ സ്വല്‍പം ഒന്ന് തൂങ്ങി ഉറങ്ങിപ്പോയാലത്തെ ഭവിഷ്യത്ത് എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്. എന്നിരിക്കെ, ലോകാലോകങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ആ മഹച്ഛക്തിക്ക് മിടിയിടയെങ്കിലും ഉറക്കമോ മയക്കമോ ബാധിച്ചാലുള്ള കഥ എന്തായിരിക്കും?!

(4) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന്‍റെതാണ്. (لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ) എല്ലാം അവന്‍ സൃഷ്ടിച്ചത്. എല്ലാം അവന്‍റെ ഉടമയിലും അടിമയും. എല്ലാം അവന്‍റെ ഉദ്ദേശ്യത്തിനും നിയന്ത്രണത്തിനും അധികാരത്തിനും വിധേ യം. ബാഹ്യദൃഷ്ടിയില്‍- മനുഷ്യര്‍ക്കോ മറ്റോ നാമമാത്രമായ എന്തെങ്കിലും അവകാശാധികാരങ്ങളും കൈകാര്യങ്ങളും കാണപ്പെടുന്നുവെങ്കില്‍, അതും അവന്‍ നല്‍കിയതുതന്നെ. അവന്‍ നിശ്ചയിച്ച നിയമവ്യവസ്ഥയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിയ തുമാത്രം. എന്നിരിക്കെ, അവനല്ലാത്തവരെ ആരാധ്യരായി സ്വീകരിക്കുന്നതില്‍ എന്താണര്‍ത്ഥമുള്ളത്?!

(5) അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ നടത്തുന്നവരായി ആരുണ്ട്?! (مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ) ആരും തന്നെയില്ല. അവന്‍ അനുവദിച്ചവര്‍ക്ക്, അവന്‍ അനുവദിക്കുന്നവര്‍ക്ക് വേണ്ടി, അവന്‍ അനുവദിച്ചപ്രകാരം അല്ലാതെ, അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യാനുള്ള കഴിവോ അവകാശമോ ആര്‍ക്കുമില്ല. പ്രവാചകന്‍മാരോ മലക്കുകളോ ആരും തന്നെ ഇതില്‍നിന്ന് ഒഴിവല്ല. ഈ വിഷയകമായി ഇതി നുമുമ്പ് ചില ആയത്തുകളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ളതിന് പുറമെ, താഴെ വീണ്ടും പല സ്ഥലങ്ങളിലും പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്. പരലോകത്ത് വെച്ച് നടക്കുന്ന ശുപാര്‍ശകളില്‍ ഏറ്റവും വലിയ ശുപാര്‍ശ (الشَفَاعَة الكُبْرَى) നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ശുപാര്‍ശയാകുന്നു. അതുപോലും മേല്‍പറഞ്ഞ ഉപാധികളോട് കൂടിയായിരിക്കും. ആ വമ്പിച്ച ശുപാര്‍ശയെ സംബന്ധിച്ച് ബുഖാരി, മുസ്‌ലിം (റ) തുടങ്ങിയ മഹാന്‍മാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ള ഹദീഥുകള്‍ പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം വ്യക്തമായി മനസ്സിലാക്കാം.

സൃഷ്ടികള്‍ ആകമാനം ‘മഹ്ശര്‍’ മഹാസമ്മേളനത്തില്‍ ഒരുമിച്ചുകൂടി അനിശ്ചിതാവസ്ഥയില്‍ ഭയവിഹ്വലരായിക്കൊണ്ടിരിക്കെ, ഞങ്ങളുടെ കാര്യത്തില്‍ വല്ല തീരുമാനവും എടുത്തുതരുവാന്‍ അല്ലാഹുവിന്‍റെ മുമ്പില്‍ തങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യണമെന്ന് അവര്‍ പ്രവാചക പ്രധാനികളായ പലരോടും അപേക്ഷിക്കും. ഓരോ പ്രവാചകനും ഓരോ കാരണം പറഞ്ഞു തനിക്ക് അതിന് അര്‍ഹതയില്ലെന്ന് മറുപടി പറയും. അവസാനം ജനങ്ങള്‍ നബി മുഹമ്മദ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അപേക്ഷിക്കും. തിരുമേനി അല്ലാഹുവിന് സുജൂദായി വീഴുകയും, അല്ലാഹു അപ്പോള്‍ തോന്നിപ്പിച്ചു കൊടുക്കുന്ന സ്തുതി കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും നടത്തുകയും ചെയ്യും. അനന്തരം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ ‘മുഹമ്മദേ, തലയുയര്‍ത്തി ചോദിച്ചുകൊള്ളുക, ശുപാര്‍ശ ചെയ്തുകൊള്ളുക’ എന്ന് അല്ലാഹു ഉത്തരവ് നല്‍കും. അപ്പോഴായിരിക്കും തിരുമേനി ആ അപേക്ഷ സമര്‍പ്പിക്കുക. അല്ലാഹു ഒരു അതിര്‍ത്തി നിശ്ചയിച്ചുകൊടുക്കും. അതിനപ്പുറം തിരുമേനി ചോദിക്കുകയില്ല എന്നൊക്കെ ആ ഹദീഥുകളില്‍ തന്നെ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിരി ക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ നടത്തപ്പെടുന്ന ശുപാര്‍ശ സാധാരണ അര്‍ത്ഥത്തിലുള്ള ശുപാര്‍ശയല്ലെന്നും, ഏതെങ്കിലും വിധേനയുള്ള സ്വാധീനത്തിന് അതില്‍ സ്ഥാനമില്ലെന്നും, അവന്‍റെ നീതിന്യായ നിയമ നടപടികള്‍ അതുമൂലം അവന്‍ വ്യത്യാസം ചെയ്കയില്ലെന്നും ഇതില്‍നിന്ന് സ്പഷ്ടമാണല്ലോ.

(6) അവരുടെ മുമ്പിലുള്ളതും പിമ്പിലുള്ളതുമെല്ലാം അവന്‍ അറിയുന്നു. (يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ) അതെ, ആകാശഭൂമികളിലുള്ളവരുടെ സകല കാര്യങ്ങളും- ഭൂതവര്‍ത്തമാനഭാവികാല വ്യത്യാസമോ, ചെറുപ്പ വലുപ്പ വ്യത്യാസമോ കൂടാതെ- അവന്‍ അറിയുന്നു. എല്ലാം അവന്‍ കണ്ടും കേട്ടും, വീക്ഷിച്ചും, രേഖപ്പെടുത്തിയും കൊണ്ടിരി ക്കുന്നു.

(7) അതേ സമയത്ത്, അല്ലാഹുവിന്‍റെ അറിവില്‍പെട്ട ഏതൊരു കാര്യത്തെക്കുറിച്ചും അവന്‍ ഉദ്ദേശിച്ചതല്ലാതെ ആര്‍ക്കും സൂക്ഷ്മമായി ഒന്നും അറിയുകയില്ലതാനും. (وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ) അവന്‍റെതായ അറിവ്, അവനെ സംബന്ധിച്ച അറിവ്, അവന് അറിയാവുന്ന കാര്യങ്ങള്‍ എന്നൊക്കെ (അവന്‍റെ അറിവ്) എന്ന വാക്കിന് വിവക്ഷ നല്‍കപ്പെടാറുണ്ട്. ഇവയില്‍ ഏത് വിവക്ഷ സ്വീകരിച്ചാലും ശരി, അവന്‍ ഉദ്ദേശിച്ചതും അവന്‍ അറിയിച്ചുകൊടുത്തതുമല്ലാതെ ആര്‍ക്കും അറിയുകയില്ലതന്നെ. മനുഷ്യനെ സംബന്ധിച്ചിടത്തോളം- അവനാണല്ലോ അറിയപ്പെട്ടിടത്തോളം അറിവ് സമ്പാദിക്കുവാന്‍ കൂടുതല്‍ കഴിവ് നല്‍കപ്പെട്ട സൃഷ്ടി- അവന്‍റെ അറിവ് വികസിക്കും തോറും അവന്‍റെ അജ്ഞതയുടെ വിശാലത അവന് ബോദ്ധ്യപ്പെടുകയാണ് ചെയ്യുന്നത്.

(8) അവന്‍റെ ‘കുര്‍സിയ്യ്’ ആകാശഭൂമികള്‍ ഉള്‍ക്കൊള്ളത്തക്കവണ്ണം വിശാലമായതാകുന്നു. (وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ) ‘പീഠം, രാജപീഠം, ഔദ്യോഗിക ഇരിപ്പിടം’ എന്നൊക്കെയാണ് ‘കുര്‍സിയ്യി’ന് വാക്കര്‍ത്ഥം. ഈ അര്‍ത്ഥത്തില്‍ നിന്നാണ് കസേലക്ക് അറബി ഭാഷയില്‍ كُرْسِى (കുര്‍സിയ്യ്) എന്ന് പേര്‍ വന്നത്. ഇവിടെ അതുകൊണ്ട് വിവക്ഷ എന്താണെന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കാണാം. അല്ലാഹുവിന്‍റെ സിംഹാസനമാകുന്ന അര്‍ശും (العرش) കുര്‍സിയ്യും (الكُرْسِى) ഒന്നുതന്നെയാണെന്നും, രണ്ടും വെവ്വേറെയാണെന്നും പറയപ്പെടുന്നു. ഓരോ ന്നിനും അനുകൂലമായ ചില രിവായത്തുകളും ഉദ്ധരണികളും എടുത്തുകാണിക്കാറുണ്ടെന്നല്ലാതെ, തക്കതായ തെളിവുകളൊന്നും ഇല്ല. അല്ലാഹുവിന്‍റെ ഭരണാധിപത്യത്തെയും, അധികാര മഹത്വത്തെയും, ജ്ഞാനവിശാലതയെയും കുറിക്കുന്ന ഒരു ഉപമാലങ്കാര വാക്കാണ് അതെന്ന് പലരും പറയുന്നു. അപ്പോള്‍, ആകാശഭൂമികളും അവയിലുള്ളതുമെല്ലാം അല്ലാഹുവിന്‍റെ ഭരണാധികാരത്തിലും, അവന്‍റെ അറിവിലും ഒതുങ്ങിനില്‍ക്കുന്നവയാണ് എന്നായിരിക്കും ചുരുക്കത്തില്‍ ഈ വാക്യത്തിലെ ആശയം. എന്നാല്‍, അല്ലാഹുവിനെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ക്വുര്‍ആനില്‍ നിന്നോ, നബി വചനങ്ങളില്‍നിന്നോ വ്യക്തമായ വിവരം ലഭിക്കാത്തപ്പോള്‍, ഭാഷാപരമായ അര്‍ത്ഥത്തെ മാത്രം ആധാരമാക്കി നമുക്ക് അനുമാനം നടത്തിക്കൂടാത്തതാണ്. അതുകൊണ്ട് ‘കുര്‍സിയ്യി ന്‍റെയും, അത് വിശാലമാണെന്ന് പറഞ്ഞതിന്‍റെയും യാഥാര്‍ത്ഥ്യമെന്താണെന്ന് അല്ലാഹുവിനറിയാം എന്നുവെച്ച് നമുക്ക് സമാധാനിക്കുകയാണ് നല്ലത്.

(9) ആകാശങ്ങളെയും ഭൂമിയെയും കാത്തുസൂക്ഷിച്ചുപോരുന്നത് അല്ലാഹുവിന് ഒരു ഭാരമായിത്തീരുന്നില്ല (وَلَا يَئُودُهُ حِفْظُهُمَا) അവനെ സംബന്ധിച്ചിടത്തോളം, വസ്തുക്കളുടെയോ, വസ്തുതകളുടെയോ എണ്ണവണ്ണങ്ങളും, ചെറുപ്പ വലുപ്പങ്ങളും ഒരു പ്രശ്‌നമാകുന്നതല്ല. ഏതൊരു കാര്യവും വേണമെന്ന് അവന്‍ നിശ്ചയിക്കുകയേ വേനടൂ. അതുണ്ടായിക്കൊള്ളും. (36: 82) അവരിലും അണു അളവിലുള്ള കാര്യങ്ങള്‍ പോലും അവന്‍ അറിയാതിരിക്കുകയില്ല. (34: 3.) അവന്‍ ഉദ്ദേശിക്കുന്ന തെന്തോ അതവന്‍ പ്രവര്‍ത്തിക്കും. (11: 107.) അവന്‍ ചെയ്യുന്നതിനെപ്പറ്റി അവനെ ചോദ്യം ചെയ്യാനും ആരുമില്ല. (21: 23) എന്നിരിക്കെ, ആകാശഭൂമികളുടെ കൈകാര്യവും നിയന്ത്രണവും അവന് എങ്ങനെ ഒരു ഭാരമായിത്തീരും?!

(10) അവന്‍ തന്നെയാണ് ഉന്നതനും, മഹത്തായുള്ളവനും, (وَهُوَ الْعَلِيُّ الْعَظِيمُ) നിരുപാധികമായ അര്‍ത്ഥത്തില്‍, പാരമ്യത്യത്തിന്‍റെ സൂചനപോലും തീണ്ടാത്ത ഭാഷയില്‍, പരമവും പരിപൂര്‍ണവുമായ ഔന്നത്യവും മഹത്വവും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. മറ്റാരെക്കുറിച്ചായാലും ശരി, അവന്‍ ഉന്നതനെന്നോ മഹാനെന്നോ പറയുമ്പോള്‍, അത് തികച്ചും ആപേക്ഷികവും, സോപാധികവുമായിരിക്കുമെന്ന് മനസ്സിലാക്കുവാന്‍ അധികമൊന്നും ചിന്തിക്കേണ്ടുന്ന ആവശ്യമില്ല. ഒരു യഥാര്‍ത്ഥം ഓര്‍മിക്കുന്നത് നന്നായിരിക്കും. അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങളെയും, പ്രവര്‍ത്തനങ്ങളെയും കുറിച്ച് പ്രസ്താവിക്കപ്പെടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയുണ്ട്. അതായത്, ‘അല്ലാഹു കാണുന്നവനാണ്, കേള്‍ക്കുന്നവ നാണ്, നീതിമാനാണ്, വലിയവനാണ്, അവന്‍ കോപിച്ചു, തൃപ്തിപ്പെട്ടു, കൊടുത്തു, അയച്ചു’ എന്നിത്യാദി നാമവിശേഷണങ്ങളും ക്രിയാവിശേഷണങ്ങളും അവനെപ്പറ്റി പറയുമ്പോള്‍, അവയൊക്കെ സൃഷ്ടികളെക്കുറിച്ച് പറയാറുള്ള അതേ അര്‍ത്ഥത്തിലല്ല ഉള്ളത്. അല്ലാഹുവിന്‍റെതായ ഗുണവിശേഷങ്ങളെ പ്രത്യേകം ദ്യോതിപ്പിക്കുന്ന വാക്കുകള്‍ മനുഷ്യഭാഷയില്‍ ഇല്ലാത്തതുകൊണ്ടും, അങ്ങനെ ഒരു പ്രത്യേകാര്‍ത്ഥമുള്ള ഭാഷയില്‍ അവയെപ്പറ്റി പ്രസ്താവിച്ചാല്‍ നമുക്കത് ഗ്രഹിക്കുവാന്‍ സാധ്യമല്ലാത്തതുകൊണ്ടും നമുക്ക് പരിചിതമായ വാക്കുകളില്‍ അവ പ്രസ്താവിക്കപ്പെടുന്നുവെന്നേയുള്ളൂ. അതുകൊണ്ട് അവയുടെ ഏറ്റവും പരിപൂര്‍ണവും ഏറ്റവും പരിശുദ്ധവുമായ അര്‍ത്ഥത്തില്‍ മാത്രമേ അവ വിലയിരുത്തപ്പെടാവൂ. കാരണം, അവനെപ്പോലെ ഒരു വസ്തുവും ഇല്ല. (ليس كمثله شيء) അവനോട് കിടയൊത്ത ഒരാളും ഇല്ല. (وَلَمْ يَكُن لَّهُ كُفُوًا أَحَدٌ) ആയത്തുല്‍ കുര്‍സിയ്യിന്‍റെ വ്യാഖ്യാനം ഇമാം ഇബ്‌നുകഥീര്‍ (റ) അവസാനിപ്പിക്കുന്നത് ഇങ്ങ നെയാണ്: ‘ഈ ആയത്തുകളിലും, അവയുടെ അര്‍ത്ഥത്തിലുള്ള ബലപ്പെട്ട ഹദീഥുകളിലും ഏറ്റവും നല്ലത് ‘സലഫുസ്‌സ്വാലിഹി’ന്‍റെ (സജ്ജനങ്ങളായ മുന്‍ഗാമികളുടെ) മാര്‍ഗമാകുന്നു. ഇന്ന പ്രകാരത്തിലെന്ന്, വ്യാഖ്യാനിക്കുകയോ, സൃഷ്ടികളോട് സാദൃശ്യ പ്പെടുത്തുകയോ ചെയ്യാതെ, അവ (ക്വുര്‍ആനിലും ഹദീഥിലും) വന്നപോലെ അവയെ വിട്ടേക്കുക. ഇതാണ് അവര്‍ ചെയ്തത്.’

മേല്‍ കണ്ട ഒമ്പത് വാക്യങ്ങളില്‍ ഓരോന്നിലും അടങ്ങിയ തത്വയാഥാര്‍ത്ഥ്യങ്ങളെ പ്പറ്റി ചിന്തിക്കുന്ന പക്ഷം, അല്ലാഹുവല്ലാതെ ആരാധ്യനില്ല (اللَّهُ لَا إِلَٰهَ إِلَّا هُوَ) എന്ന ഒന്നാമത്തെ വാക്യത്തെ സ്ഥാപിക്കുന്നതും സ്ഥിരീകരിക്കുന്നതുമാണ് അവ ഓരോന്നും എന്ന് കാണാവുന്നതാണ്. وهو الموفق والمعين وهو يهذى السبيل

2:256
 • لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّـٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٢٥٦﴿
 • മതത്തില്‍ നിര്‍ബന്ധം ചെലുത്തലേ ഇല്ല; ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം (വേര്‍തിരിഞ്ഞ്) വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ആകയാല്‍, ഏതൊരുവന്‍ 'ത്വാഗൂത്തി'ല്‍ [ദുര്‍മൂര്‍ത്തികളില്‍] അവിശ്വസിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ, എന്നാലവന്‍, വളരെ ബലവത്തായ പിടിക്കയര്‍ മുറുകെ പിടിച്ചുകഴിഞ്ഞു. അതിന് അറ്റുപോകല്‍ (സംഭവിക്കുക) ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
 • لَا إِكْرَاهَ നിര്‍ബന്ധം ചെലുത്തലില്ല, ബലാല്‍ക്കാരമില്ല فِي الدِّينِ മതത്തില്‍ قَد تَّبَيَّنَ വ്യക്തമായിട്ടുണ്ട്, തീര്‍ച്ചയായും സ്പഷ്ടമായിരിക്കുന്നു الرُّشْدُ നേര്‍മാര്‍ഗം, നേര്‍വഴി مِنَ الْغَيِّ ദുര്‍മാര്‍ഗത്തില്‍ (വഴികേടില്‍) നിന്ന് فَمَن يَكْفُرْ അപ്പോള്‍ (അതിനാല്‍) യാതൊരുവന്‍ അവിശ്വസിക്കുന്നുവോ, ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം بِالطَّاغُوتِ ത്വാഗൂത്തില്‍ (ദുര്‍മൂര്‍ത്തിയില്‍- പിശാചില്‍) وَيُؤْمِن വിശ്വസിക്കുകയും بِاللَّهِ അല്ലാഹുവില്‍ فَقَدِ اسْتَمْسَكَ എന്നാലവന്‍ മുറുകെ പിടിച്ചു, പിടിച്ചു കഴിഞ്ഞു بِالْعُرْوَةِ പിടിക്കയറിനെ, പിടി ബന്ധത്തെ الْوُثْقَىٰ വളരെ ബലവത്തായ, ഏറ്റം ഉറപ്പുള്ള لَا انفِصَامَ لَهَا അതിന് അറ്റ് (മുറിഞ്ഞ്- പൊട്ടി)പോകലില്ല وَاللَّهُ അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്
2:257
 • ٱللَّهُ وَلِىُّ ٱلَّذِينَ ءَامَنُوا۟ يُخْرِجُهُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۖ وَٱلَّذِينَ كَفَرُوٓا۟ أَوْلِيَآؤُهُمُ ٱلطَّـٰغُوتُ يُخْرِجُونَهُم مِّنَ ٱلنُّورِ إِلَى ٱلظُّلُمَـٰتِ ۗ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ ﴾٢٥٧﴿
 • അല്ലാഹു വിശ്വസിച്ചവരുടെ ബന്ധു (അഥവാ രക്ഷാധികാരി) ആകുന്നു;- അവരെ അവന്‍ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് പുറത്തുകൊണ്ടു വരുന്നു. അവിശ്വസിച്ചവരാകട്ടെ, അവരുടെ ബന്ധുക്കള്‍ (അഥവാ കാര്യകര്‍ത്താക്കള്‍) 'ത്വാഗൂത്ത്' [ദുര്‍മൂര്‍ത്തികളു] മാകുന്നു;- അവര്‍ അവരെ പ്രകാശ ത്തില്‍നിന്ന് അന്ധകാരങ്ങളിലേക്ക് പുറത്തുകൊണ്ടു വരുന്നു. അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരത്രെ. അവര്‍ അതില്‍ നിത്യവാസി കളായിരിക്കും.
 • اللَّهُ അല്ലാഹു وَلِيُّ ബന്ധു (മിത്രം, രക്ഷാധികാരി) ആകുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരുടെ يُخْرِجُهُم അവന്‍ അവരെ പുറപ്പെടുവിക്കുന്നു, വെളിക്ക് വരുത്തും مِّنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ നിന്ന് إِلَى النُّورِ പ്രകാശ ത്തിലേക്ക് وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ أَوْلِيَاؤُهُمُ അവരുടെ ബന്ധുക്കള്‍, മിത്രങ്ങള്‍, കൈകാര്യക്കാര്‍ الطَّاغُوتُ ത്വാഗൂത്താകുന്നു يُخْرِجُونَهُم അവര്‍ അവരെ പുറത്തു കൊണ്ടുവരുന്നു مِّنَ النُّورِ പ്രകാശത്തില്‍നിന്ന് إِلَى الظُّلُمَاتِ അന്ധകാരങ്ങളിലേക്ക് أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ നിത്യവാസികളാണ്

മതത്തില്‍- ഇസ്‌ലാമില്‍- ആരെയും നിര്‍ബന്ധിച്ച് പ്രവേശിപ്പിക്കുവാന്‍ പാടില്ലെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. അതിനുള്ള കാരണവും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം വ്യക്തമായി തെളിഞ്ഞു കഴി ഞ്ഞിരിക്കുന്നു (قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ) എന്നുള്ളതാണ ത്. അതായത്, സത്യവിശ്വാസവും സന്‍മാര്‍ഗവും ഇന്നതാണെന്നും, അവിശ്വാസവും ദുര്‍മാര്‍ഗവും ഇന്നതാണെന്നും സ്പഷ്ടമായി തിരിച്ചറിയത്തക്ക തെളിവുകളും, ദൃഷ്ടാന്തങ്ങളും ധാരാളം നിലവിലുണ്ട്. അതുകൊണ്ട് ആരെയും നിര്‍ബന്ധിക്കേണ്ടുന്ന ആവശ്യമില്ല. ‘വേണമെന്നുള്ളവര്‍ക്ക് വിശ്വസിക്കാം. വേണമെന്നു ള്ളവര്‍ക്ക് അവി ശ്വസിക്കുകയും ചെയ്യാം.’ 18: 29 (فَمَنْ شَاء فَلْيُؤْمِنْ وَمَنْ شَاء فَلْيَكْفُرْ) രണ്ടിനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നേരായ മാര്‍ഗം സ്വീകരിച്ച് സത്യവിശ്വാസികളാകുന്നവര്‍ക്ക് ഭാവിയില്‍ രക്ഷയും, അല്ലാത്തവ ര്‍ക്ക് കാലാകാല ശിക്ഷയുമായിരിക്കും അനുഭവം. സൂ: യൂനുസ് 99 ല്‍ അല്ലാഹു പറയുന്നു: وَلَوْ شَاء رَبُّكَ لآمَنَ مَنْ فِي الأرْضِ كُلُّهُمْ جَمِيعاً أَفَأَنْتَ تُكْرِه النَّاسَ حَتَّىيَكُونوُامُؤْمِنِين (നിന്‍റെ റബ്ബ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവര്‍ മുഴുവനും വിശ്വസിക്കുമായിരുന്നു. എന്നിരി ക്കെ, മനുഷ്യര്‍ സത്യവിശ്വാസികളായിരിക്കുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?!

لَا إِكْرَاهَ فِي الدِّينِ (മതത്തില്‍ നിര്‍ബന്ധം ചെലുത്തലില്ല) എന്ന വാക്യത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇബ്‌നു കഥീര്‍ (റ) പ്രസ്താവിക്കുന്നു: ‘അതായത്, ഇസ്‌ലാം മതത്തില്‍ പ്രവേശിക്കുവാന്‍ നിങ്ങള്‍ ആരെയും നിര്‍ബന്ധിക്കരുത്. കാരണം, അതിന്‍റെ ലക്ഷ്യങ്ങളും തെളിവുകളും വ്യക്തമാണ്. അതില്‍ പ്രവേശിക്കുവാന്‍ നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല. എന്നാല്‍, അല്ലാഹു ആരെയെങ്കിലും ഇസ്‌ലാമിലേക്ക് വഴി ചേര്‍ക്കുകയും, അവന്‍റെ ഹൃദയത്തിന് വികാസം നല്‍കുകയും, അവന്‍റെ അന്തര്‍ ദൃഷ്ടിക്ക് പ്രകാശം നല്‍കുകയും ചെയ്യുന്നപക്ഷം, അവന്‍ അതില്‍ വ്യക്തമായ തെളിവോടെത്തന്നെ പ്രവേശിച്ചുകൊള്ളും. ആരുടെ അന്തര്‍ ദൃഷ്ടിക്ക് അല്ലാഹു അന്ധത നല്‍കുകയും, അവന്‍റെ കേള്‍വിക്കും കാഴ്ചക്കും മുദ്രവെക്കുകയും (*) ചെയ്തുവോ അവന്‍ നിര്‍ബന്ധത്തിനും ബലാല്‍ക്കാരത്തിനും വിധേയനായിക്കൊണ്ട്  മതത്തില്‍ പ്രവേശിക്കുന്നതില്‍ അവന് പ്രയോജനവുമില്ല. ഈ വചനത്തിലെ വിധി പൊതുവായിട്ടുള്ളതാണെങ്കിലും ഇതിന്‍റെ അവതരണഹേതു അന്‍സ്വാരികളില്‍പെട്ട ചില ആളുകളാണെന്ന് അവര്‍ (ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍) പറയു ന്നു. ‘തുടര്‍ന്നുകൊണ്ട് ഇത് സംബന്ധമായ ചില രിവായത്തുകളും പണ്ഡിതാഭിപ്രായ ങ്ങളും ഇബ്‌നു കഥീര്‍ (റ) ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു.


(*) മുദ്രവെക്കലിന്‍റെ താല്‍പര്യത്തെപ്പറ്റി 7-ാം വചനത്തിന്‍റെ വിവരണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. 


ഇബ്‌നു കഥീര്‍ (റ) ഉദ്ധരിച്ചതും അല്ലാത്തതുമായി വന്നിട്ടുള്ള ആ രിവായത്തുകളുടെ ചുരുക്കം ഇതാണ്: ‘മദീനക്കാരായ അന്‍സ്വാരികളില്‍പെട്ട ചിലര്‍ക്ക് യഹൂദമതമോ ക്രിസ്തീയ മതമോ സ്വീകരിച്ച മക്കളുണ്ടായിരുന്നു. മുസ്‌ലിംകളായ ആ പിതാ ക്കള്‍ അവരെ തടയുകയും ഇസ്‌ലാം മതം സ്വീകരിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ഈ വചനം അവതരിച്ചത്.’ ഈ വചനത്തെക്കുറിച്ച് പണ്ഡിതന്‍മാരുടെ വേറെ രണ്ട് അഭിപ്രായങ്ങള്‍ ഇബ്‌നു കഥീര്‍ (റ) ഉദ്ധരിച്ചിരിക്കുന്നു. വേദക്കാരെ സംബന്ധിച്ചാണ് ഈ വചനത്തില്‍ പറയുന്നത്; അവര്‍ മുസ്‌ലിംകള്‍ക്ക് കപ്പം കൊടുക്കുന്നപക്ഷം അവരെ നിര്‍ബന്ധിക്കുവാന്‍ പാടില്ലെന്നാണ് ഉദ്ദേശ്യം. ഇതാണ് ഒരഭിപ്രായം. മറ്റൊരഭിപ്രായം: യുദ്ധ കല്‍പനയോടുകൂടി ഇതിലെ വിധി ദുര്‍ബലപ്പെട്ടുപോയിരിക്കുന്നു എന്നുമാകുന്നു. ഈ അഭിപ്രായങ്ങള്‍ക്കോ, ഇതുപോലെയുള്ള വേറെ ചില അഭിപ്രായങ്ങള്‍ക്കോ സ്വീകാര്യമായ തെളിവുകള്‍ സമര്‍പ്പിക്കുവാനില്ലതാനും. ഇബ്‌നുകഥീര്‍ (റ) അദ്ദേഹത്തിന്‍റെ അഭിപ്രായമായി സ്വീകരിച്ചതും ആദ്യമുദ്ധരിച്ചതുമായ വ്യാഖ്യാനം തന്നെയാണ് ശരിയായിട്ടുള്ളത്. 1-ാമതായി: അവതരണഹേതു എന്തു തന്നെ ആയിരുന്നാലും ആയത്തിലെ വാചകം പൊതുവെയുള്ളതും ഉപാധി വെക്കാത്തതുമാണ്. അവതരണഹേതു പ്രത്യേകമായാല്‍ തന്നെയും ആയത്തുകളുടെ വിധി പൊതുവെ ബാധകമാണെന്നുള്ളത് തര്‍ക്കമറ്റതാകുന്നു. 2-ാമതായി: മതം (الدِّينِ) കേവലം ബാഹ്യമായ ചില ആചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല; വിശ്വാസമാണ് അതിന്‍റെ അടിസ്ഥാനം. നിര്‍ബന്ധവും ശക്തിയും ഉപയോഗിച്ച് വിശ്വാസം മാറ്റുവാനും ഉണ്ടാക്കുവാനും സാധ്യമല്ല. 3-ാമതായി: യുദ്ധകല്‍പനയും, മതത്തില്‍ നിര്‍ബന്ധം പാടില്ലെന്ന കല്‍പനയും തമ്മില്‍ പരസ്പരം വൈരുദ്ധ്യമില്ല. യുദ്ധകല്‍പനയാകട്ടെ, ഇസ്‌ലാമില്‍ ആളുകളെ നിര്‍ബന്ധിച്ചു ചേര്‍ക്കുവാന്‍ വേണ്ടിയല്ലതാനും.

طَّاغُوت (താഗൂത്ത്) എന്ന പദത്തിന്‍റെ ക്രിയാരൂപം طَغَى (ത്വഗാ) എന്നാണ്. ‘അതിരു വിട്ടു, ധിക്കരിച്ചു’ എന്നൊക്കെയാണതിന് അര്‍ത്ഥം. അനുസരണക്കേടില്‍ ‘അതിരുവി ട്ടു, എല്ലാവര്‍ക്കും- അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യവസ്തുക്കള്‍ക്കും- ആ പദം ഉപയോഗിക്കപ്പെടാറുണ്ട്. മനുഷ്യരെ വഴിപിഴപ്പിക്കുന്ന നേതാക്കള്‍, ആഭിചാരികള്‍, പ്രശ്‌ന ക്കാര്‍, പിശാചുക്കള്‍, ദുര്‍ഭൂതങ്ങള്‍, വിഗ്രഹങ്ങള്‍ ആദിയായവയെ ഉദ്ദേശിച്ചും ത്വാഗൂത്ത് എന്ന് പറയപ്പെടും. ഏകവചനാര്‍ത്ഥത്തിലും ബഹുവചനാര്‍ത്ഥത്തിലും ആ വാക്ക് ഉപയോഗിക്കപ്പെടുകയും ചെയ്യും (كما فى مفردات الراغب و فى ال قاموس) ‘ദുര്‍മൂര്‍ത്തി, സ്വേച്ഛാധിപതി, ചെകുത്താന്‍’ എന്നിങ്ങനെ മലയാളത്തിലുള്ള ചില പ്രയോഗങ്ങളെപ്പോലെ ഒരു പ്രയോഗമാണ് അറബിയില്‍ ‘ത്വാഗൂത്ത്’ എന്ന് സാമാന്യമായി പറയാം. ഇവിടെ അല്ലാഹുവില്‍ വിശ്വസിക്കുന്നതിന്‍റെ നേരെ വിപരീതവ ശമായിക്കൊണ്ടാണ് ത്വാഗൂത്തില്‍ അവിശ്വസിക്കുന്നതിനെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. അപ്പോള്‍, അല്ലാഹു അല്ലാത്ത- പിശാചടക്കമുള്ള- എല്ലാ ആരാധ്യവസ്തുക്കളുമാണ് ഈ വചനത്തില്‍ ‘ത്വാഗൂത്ത്’ കൊണ്ട് വിവക്ഷയെന്ന് മനസ്സിലാക്കാം. ‘മുറിഞ്ഞ് പോകാത്ത ബലവത്തായ പിടിക്കയര്‍ മുറുകെ പിടിച്ചു’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം വ്യക്തമാണ്. ത്വാഗൂത്തുകളിലെല്ലാം അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ ശാശ്വതമായ രക്ഷാമാര്‍ഗം അവലംബിച്ച് കഴിഞ്ഞുവെന്നര്‍ത്ഥം وَلىِ (വലിയ്യ്) എന്ന വാക്കിന്‍റെ ബഹുവചനമാണ് اَوْلِيَاء (ഔലിയാഉ്) ‘ബന്ധു, മിത്രം, കൈകാര്യകര്‍ത്താവ്, രക്ഷാധി കാരി, സഹായകന്‍, അയല്‍ക്കാരന്‍, സഖി, ചങ്ങാതി, എന്നിങ്ങനെ സന്ദര്‍ഭോചിതം പല അര്‍ത്ഥത്തിലും അത് ഉപയോഗിക്കപ്പെടും. അടുപ്പവും ബന്ധവും ഉള്ളവന്‍ എന്നാണതിന്‍റെ സാക്ഷാല്‍ അര്‍ത്ഥം.

അല്ലാഹുവില്‍ വിശ്വസിച്ചും അവനെ ആരാധിച്ചും വരുന്നവര്‍ക്ക് അല്ലാഹു അവരുടെ മിത്രവും, ബന്ധുവും, രക്ഷാകര്‍ത്താവും, സഹായിയുമായിരിക്കും. ശിര്‍ക്ക്, കുഫ്ര്‍, സംശയം, കാപട്യം, ആശയകുഴപ്പം, ദുര്‍ന്നടപടികള്‍, അന്ധവിശ്വാസങ്ങള്‍ ആദിയായ എല്ലാ അന്ധകാരങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി സത്യവിശ്വാസത്തിന്‍റെയും സന്‍മാര്‍ഗത്തിന്‍റെയും പ്രകാശത്തിലേക്ക് അവന്‍ അവരെ നയിക്കുകയും ചെയ്യുന്നു. നേരെമറിച്ച് അല്ലാഹു വില്‍ അവിശ്വസിക്കുന്നവര്‍ക്ക് അവരുടെ ബന്ധുക്കളും, മിത്രങ്ങളും, കാര്യകര്‍ത്താക്കളുമൊക്കെ ത്വാഗൂത്തുകളായിരിക്കും. ഏതെല്ലാം അന്ധകാരങ്ങളില്‍ നിന്ന് സത്യവിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുന്നുവോ അതേ അന്ധകാരങ്ങളിലേക്കായിരിക്കും ആ ത്വാഗൂത്തുകള്‍ അവരെ നയിക്കുക. അവസാനം ഒരു കാലത്തും രക്ഷകിട്ടാത്തവിധം കാലാകാല നരകശിക്ഷയും!