സൂറത്തുല്‍ ബക്വറഃ : 104-121
വിഭാഗം - 13
- يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقُولُوا۟ رَٰعِنَا وَقُولُوا۟ ٱنظُرْنَا وَٱسْمَعُوا۟ ۗ وَلِلْكَـٰفِرِينَ عَذَابٌ أَلِيمٌ ﴾١٠٤﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ 'റാഇനാ' [ഞങ്ങളെ ഗൗനിക്കണം] എന്ന് പറയരുത്. നിങ്ങള്‍ ഉന്‍ദ്വുര്‍നാ [ഞങ്ങളെ നോക്കണം] എന്നു പറയുകയും, (പറയുന്നത്) കേള്‍ക്കുകയും ചെയ്യുവിന്‍. അവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
- يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ لَا تَقُولُوا നിങ്ങള്‍ പറയരുത് رَاعِنَا റാഇനാ എന്ന് وَقُولُوا നിങ്ങള്‍ പറയുകയും ചെയ്യുവിന്‍ انظُرْنَا ഉന്‍ള്വുര്‍നാ എന്ന് وَاسْمَعُوا നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍ وَلِلْكَافِرِينَ അവിശ്വാസികള്‍ക്കുണ്ട് عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ
- مَّا يَوَدُّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَلَا ٱلْمُشْرِكِينَ أَن يُنَزَّلَ عَلَيْكُم مِّنْ خَيْرٍ مِّن رَّبِّكُمْ ۗ وَٱللَّهُ يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴾١٠٥﴿
- വേദക്കാരില്‍ നിന്നാകട്ടെ, ബഹുദൈവവിശ്വാസികളില്‍ നിന്നാകട്ടെ, അവിശ്വസിച്ചിട്ടുള്ളവര്‍ ഇഷ്ടപ്പെടുന്നില്ല, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് വല്ല ഗുണവും ഇറക്കപ്പെടുന്നത്. അല്ലാഹുവാകട്ടെ, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്റെ കാരുണ്യം കൊണ്ട് അവന്‍ പ്രത്യേകമാക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹശാലിയുമാകുന്നു.
- مَّا يَوَدُّ ഇഷ്ടപ്പെടുന്നില്ല, ആഗ്രഹിക്കുന്നില്ല الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്ന് وَلَا الْمُشْرِكِينَ ബഹുദൈവ വിശ്വാസികളില്‍ നിന്നുമില്ല أَن يُنَزَّلَ ഇറക്കപ്പെടുന്നത് عَلَيْكُم നിങ്ങള്‍ക്ക് مِّنْ خَيْرٍ ഒരു ഗുണവും مِّن رَّبِّكُمْ നിങ്ങളുടെ രക്ഷിതാവില്‍ നിന്ന്‍ وَاللَّهُ അല്ലാഹുവാകട്ടെ يَخْتَصُّ അവന്‍ പ്രത്യേകമാക്കുന്നു بِرَحْمَتِهِ അവന്റെ കാരുണ്യംകൊണ്ട് مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّهُ അല്ലാഹു ذُو الْفَضْلِ അനുഗ്രഹം (ദയവ്, ഔദാര്യം) ഉള്ളവനാകുന്നു الْعَظِيمِ മഹത്തായ, വമ്പിച്ച
رَاعِنَا (റാഇനാ) എന്ന വാക്കിന് ‘ഞങ്ങളെ ഗൗനിക്കണം’ അഥവാ ഞങ്ങള്‍ക്ക് മനസ്സിലാകുന്ന വിധം പറഞ്ഞുതന്ന് ഞങ്ങളെപ്പറ്റി ശ്രദ്ധിക്കണം എന്നാണര്‍ത്ഥം. അതേവാക്കു തന്നെ അവരുടെ ഭാഷയില്‍ വിഡ്ഢി, മൂഢന്‍ എന്നിങ്ങിനെ ചീത്ത പറയുന്നവാക്കായും ഉപയോഗിച്ചിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വല്ലതും പറയുമ്പോള്‍, സന്ദര്‍ഭത്തിനൊത്ത് ആദരവും മര്യാദയും പാലിക്കുകയാണെന്ന് തോന്നുമാറ് യഹൂദികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഈ വാക്ക് പറയും. അവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യമാകട്ടെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ വിഡ്ഢിയെന്ന് വിളിച്ചു പരിഹസിക്കലുമായിരുന്നു. (ഇതുപോലെ വേറെയും ചില കൃത്രിമ വാക്കുകള്‍ അവര്‍ ഉപയോഗിച്ചിരുന്നതായി സൂറഃനിസാഉ് 46 ല്‍ കാണാവുന്നതാണ്). സത്യവിശ്വാസികളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഈ വാക്ക് പറയാറുണ്ടായിരുന്നത് കൊണ്ട് പ്രത്യക്ഷത്തില്‍ അവരെ കുറ്റപ്പെടുത്തുവാനും നിവൃത്തിയില്ല. മാത്രമല്ല, സത്യവിശ്വാസികളും തങ്ങളെപ്പോലെ ആ വാക്ക് ഉപയോഗിക്കുന്നതില്‍ യഹൂദികള്‍ സന്തോഷം കൊള്ളുകയും ചെയ്യും. അതുകൊണ്ട് അത്തരം വാക്കുകള്‍ സത്യവിശ്വാസികള്‍ ഉപയോഗിക്കരുതെന്നും, അര്‍ത്ഥശങ്കക്കിടമില്ലാത്തതും, കളങ്കരഹിതമായതുമായ വാക്കുകള്‍ ഉപയോഗിക്കണമെന്നും അല്ലാഹു സത്യവിശ്വാസികളെ ഉപദേശിക്കുകയാണ്. ‘റാഇനാ’യുടെ സ്ഥാനത്ത് ‘ഉന്‍ള്വുര്‍നാ’ (انْظُرْنَا) എന്നു പറയുവാനും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നത് ശരിക്കു കേട്ടു മനസ്സിലാക്കുവാനും കല്‍പിക്കുകയും ചെയ്യുന്നു. ഞങ്ങളെ നോക്കണം -ശ്രദ്ധിക്കണം- എന്നു തന്നെയാണ് ഈ വാക്കിന്റെ അര്‍ത്ഥം. പക്ഷേ ‘റാഇനാ’ യിലുള്ളത് പോലെ കളങ്കത്തിനും പരിഹാസത്തിനും ഇതില്‍ പഴുതില്ല. ആയത്തിന്റെ അവസാനത്തില്‍ ‘അവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്’ എന്ന താക്കീതില്‍ അത്തരം പരിഹാസ വാക്കുകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഉപയോഗിക്കുന്നത് അവിശ്വാസം നിമിത്തമാണെന്നും, സത്യവിശ്വാസികള്‍ക്ക് യോജിച്ചതല്ലെന്നും സൂചനയുണ്ട്.
സത്യവിശ്വാസികളായ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് യാതൊരു നന്മയും ലഭിക്കുന്നത് വേദക്കാരും മുശ്‌രിക്കുകളുമാകുന്ന അവിശ്വാസികള്‍ക്ക് ഇഷ്ടപ്പെടുകയില്ല. അഥവാ അവരുടെ ശത്രുതയും ദുഷ്ട മനഃസ്ഥിതിയും വളരെ കടുത്തതാണ്. പ്രവാചകത്വമാകുന്ന അനുഗ്രഹം, അതില്‍ വിശ്വസിച്ചു വിജയം നേടുവാനുള്ള ഭാഗ്യം എന്നിവയൊക്കെ എല്ലാവര്‍ക്കും ലഭിക്കാതെ, ചിലര്‍ക്ക് മാത്രം ലഭിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കുടുസ്സായത് കൊണ്ടല്ല. അതു വളരെ മഹത്തായതും വമ്പിച്ചതും തന്നെ. പക്ഷേ, അവന് മാത്രം അറിയാവുന്ന ചിലയുക്തി രഹസ്യങ്ങളനുസരിച്ച് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കായിരിക്കും അവനത് നല്‍കുക. എന്നൊക്കെയാണ് രണ്ടാമെത്ത വചനത്തിലെ ആശയം. അല്ലാഹുവിന്റെ മാര്‍ഗം വിട്ടുപിഴച്ചു പോകുന്നവര്‍ ആരാണെന്നും, നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ ആരാണെന്നും അവന് നല്ലതുപോലെ അറിയാമല്ലോ (6:117)
- مَا نَنسَخْ مِنْ ءَايَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَآ أَوْ مِثْلِهَآ ۗ أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١٠٦﴿
- വല്ല 'ആയത്തി'നെയും [വചനത്തെ]യും നാം നീക്കം ചെയ്യുക (അഥവാ ദുര്‍ബ്ബലപ്പെടുത്തുക)യോ, അതിനെ വിസ്മരിപ്പിക്കുകയോ ചെയ്യുന്നതായാല്‍ അതിനെക്കാള്‍ ഉത്തമമായതിനെയോ, അതു പോലെയുള്ളതിനെയോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞുകൂടെ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന്?!
- مَا نَنسَخْ വല്ലതും നാം നീക്കം ചെയ്താല്‍, ദുര്‍ബ്ബലപ്പെടുത്തിയാല്‍ مِنْ آيَةٍ ആയത്തില്‍പെട്ട വല്ല ആയത്തിനെയും أَوْ نُنسِهَا അല്ലെങ്കില്‍ അതിനെ നാം വിസ്മരിപ്പിച്ചാല്‍ نَأْتِ നാം (കൊണ്ട്)വരും بِخَيْرٍ കൂടുതല്‍ നല്ലതിനെ مِّنْهَا അതിനെക്കാള്‍ أَوْ مِثْلِهَا അല്ലെങ്കില്‍ അതുപോലെയുള്ളത് أَلَمْ تَعْلَمْ നിനക്കറിഞ്ഞുകൂടേ أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്ന് عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിനും قَدِيرٌ കഴിവുള്ളവനാകുന്നു
- أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ ﴾١٠٧﴿
- നിനക്കറിഞ്ഞുകൂടേ, അല്ലാഹുവിന് തന്നെയാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധികാരമുള്ളതെന്ന് ?! അല്ലാഹു വിനെകൂടാതെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല: ഒരു സഹായകനുമില്ല.
- أَلَمْ تَعْلَمْ നിനക്കറിഞ്ഞുകുടേ أَنَّ اللَّهَ അല്ലാഹു (ആകുന്നു) വെന്ന് لَهُ അവന്നാകുന്നു مُلْكُ രാജാധിപത്യം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَمَا لَكُم നിങ്ങള്‍ക്ക് ഇല്ലതാനും مِّن دُونِ اللَّهِ അല്ലാഹുവിന്പുറമെ مِن وَلِيٍّ ഒരു ബന്ധുവും, രക്ഷാധികാരി, മിത്രം وَلَا نَصِيرٍ സഹായകനും ഇല്ല
نسَخْ (നസ്ഖ്) എന്നാല്‍ നീക്കം ചെയ്യുക, പകര്‍ത്തുക എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. ഒരു മതവിധിക്ക് ആസ്പദമായ തത്വം അവസാനിക്കുമ്പോള്‍, ആ വിധി ദുര്‍ബ്ബലപ്പെടുത്തി തല്‍സ്ഥാനത്ത് മറ്റൊരു വിധി കൊണ്ടുവരുക എന്നാണത് കൊണ്ട് വിവക്ഷ. آيَة (ആയത്ത്) എന്നാല്‍ അടയാളം ദൃഷ്ടാന്തം, ചിഹ്നം എന്നൊക്കെ വാക്കര്‍ത്ഥമാകുന്നു. വേദവാക്യങ്ങള്‍ക്കും ക്വുര്‍ആന്‍ വചനങ്ങള്‍ക്കും ആയത്തുകള്‍ എന്നു പറയപ്പെടുന്നു. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കും, സന്ദേശങ്ങള്‍ക്കുമുള്ള ദൃഷ്ടാന്തങ്ങളാണല്ലോ അവ. نُنسِهَا (ആയത്തുകളെ വിസ്മരിപ്പിക്കുക) എന്നു പറഞ്ഞതിന്റെ താല്‍പര്യം, വായനയില്‍ നിന്നും ഹൃദയങ്ങളില്‍ നിന്നും അവയെ നീക്കം ചെയ്ത് അവയെക്കുറിച്ചുള്ള സ്മരണ ഇല്ലാതാക്കുക എന്നത്രെ.
ഇസ്‌ലാമിനെതിരില്‍ യഹൂദികള്‍ ഉന്നയിക്കാറുണ്ടായിരുന്ന ആക്ഷേപങ്ങളില്‍ ഒന്നിന്റെ മറുപടിയായിട്ടാണ് ഈ വചനം അവതരിപ്പിച്ചിരിക്കുന്നത്. മുഹമ്മദ് ഒരു പ്രവാചകനും, ക്വുര്‍ആന്‍ ദൈവ വചനവുമാണെന്നാണല്ലോ പറയുന്നത്. വേദഗ്രന്ഥങ്ങളൊക്കെ അവതരിപ്പിച്ചത് അല്ലാഹുവാണ്. എന്നിരിക്കെ, തൗറാത്തിലെ ചില നിയമങ്ങളെ ക്വുര്‍ആന്‍ ദുര്‍ബ്ബലപ്പെടുത്തി പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു. ക്വുര്‍ആനില്‍ പോലും നസ്ഖ് ഉള്ളതായി കാണുന്നു. ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു? അല്ലാഹു ഒരിക്കല്‍ അവതരിപ്പിച്ചത് പിന്നീട് അവന്‍ തന്നെ മറ്റുകയോ? ആദ്യത്തെ വിധിയില്‍ അവനു അബദ്ധം പിണഞ്ഞതുകൊണ്ടാണോ അത്? എന്നൊക്കെയായിരുന്നു അവരുടെ ആക്ഷേപത്തിന്റെ സ്വഭാവം. 142-ാം വചനത്തിലും അതിനെ തുടര്‍ന്നുള്ള ചില വചനങ്ങളിലും കാണാവുന്നതുപോലെ, ക്വിബ്‌ലഃ ബൈത്തുല്‍ മുക്വദ്ദസായിരുന്നത് മാറ്റി കഅ്ബഃയെ ക്വിബ്‌ലഃയാക്കി സ്ഥിരപ്പെടുത്തിയ അവസരത്തിലാണ് ഈ ആരോപണം മൂര്‍ച്ഛിച്ചത്. അജ്ഞത കൊണ്ടോ, അന്വേഷണ വാഞ്ഛകൊണ്ടോ ഉളവായ സംശയങ്ങളായിരുന്നില്ല അത്. കിട്ടുന്ന പഴുത് ഉപയോഗപ്പെടുത്തി ക്വുര്‍ആനെ എതിര്‍ക്കുകയും, സത്യവിശ്വാസികളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം.
വാസ്തവത്തില്‍, ക്വുര്‍ആനില്‍ മാത്രമായി കണ്ടു തുടങ്ങിയതല്ല നസ്ഖ്. മുന്‍വേദഗ്രന്ഥങ്ങളിലും നസ്ഖ് ഉണ്ടായിരുന്നു. അവരുടെ കയ്യിലുള്ള തൗറാത്തില്‍ തന്നെയും നസ്ഖ് കാണാം. ആദം നബി (عليه السلام) യുടെ കാലത്ത് അദ്ദേഹത്തിന്റെ പുത്രന്‍മാരും, പുത്രിമാരും തമ്മില്‍ വിവാഹം നടത്താമായിരുന്നു. അന്ന് അന്യസ്ത്രീകള്‍ ഉണ്ടായിരുന്നില്ല. പിന്നീട് അത് നിരോധിക്കപ്പെട്ടു. ഇസ്‌റാഈല്യര്‍ക്ക് ആദ്യകാലത്ത് രണ്ട് സഹോദരിമാരെ ഒന്നിച്ച് വിവാഹം കഴിക്കാമായിരുന്നത് തൗറാത്ത് മുഖേന ദുര്‍ബ്ബലപ്പെടുത്തി. ഇബ്‌റാഹീം നബി (عليه السلام) യോട് മകനെ അറുക്കുവാന്‍ ആദ്യം കല്‍പിച്ചു. പിന്നീട് ആ കല്‍പന ദുര്‍ബ്ബലപ്പെടുത്തി ഒരു ആടിനെ അറുത്താല്‍ മതിയെന്ന് നിശ്ചയിച്ചു. പശുക്കുട്ടിയെ ആരാധിച്ച ഇസ്‌റാഈല്യരെ കൊല്ലുവാന്‍ ആദ്യം കല്‍പിച്ചു. കുറേ പേര്‍ കൊല്ലപ്പെട്ടപ്പോള്‍ കൊലനിറുത്തല്‍ ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടു, അങ്ങിനെ പലതും. ഇതെല്ലാം യഹൂദികള്‍ക്ക് നിഷേധിക്കുക സാധ്യമല്ല. ഈ ആരോപണത്തിന് അല്ലാഹു നല്‍കുന്ന മറുപടി കേവലം യഹൂദികളെ വായടപ്പിക്കുന്ന ഒരു മറുപടി മാത്രമല്ല, എല്ലാവരും പൊതുവില്‍ അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ ഒരു യാഥാര്‍ത്ഥ്യം കൂടിയാകുന്നു. മതവിധികളില്‍ നസ്ഖ് ഉണ്ടാകാവതല്ലെന്നും, അത്യുക്തിക്ക് യോജിക്കുകയില്ലെന്നും വാദിക്കുന്ന ഏവര്‍ക്കും ധാരാളം ചിന്തിക്കുവാനുള്ള വക ഈ മറുപടിയില്‍ അടങ്ങിയിരിക്കുന്നു. ഇതേ വാദം ക്വുറൈശികളും വാദിക്കുകയും, അതിന്റെ പേരില്‍ ക്വുര്‍ആന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്വന്തം കൃതിയാണെന്ന് അവര്‍ ആരോപിക്കുകയും ചെയ്തതിന് അല്ലാഹു നല്‍കിയ മറുപടി സൂറത്തുന്നഹ്ല്‍ 101-ല്‍ വെച്ചുകാണാം. ആ മറുപടിയും ഇവര്‍ ഗൗനിക്കേണ്ടിയിരിക്കുന്നു.
ഇവിടെ പറഞ്ഞ മറുപടിയുടെ താല്‍പര്യം ഇതാണ്: ‘ആകാശ ഭൂമികളും അവയിലുള്ളതുമെല്ലാം അല്ലാഹുവിന്റെതാണ്. ഉടമസ്ഥതയും, ഭരണാധികാരവും, രക്ഷാകര്‍തൃത്വവും അവന് തന്നെ. അവയിലുള്ളവര്‍ക്ക് വേണ്ടുന്നതെല്ലാം നിര്‍ണയിക്കുവാനും അവന്‍ മാത്രമേയുളളൂ. അവന്‍ ഉദ്ദേശിക്കുന്ന നിയമനടപടികള്‍ നടപ്പാക്കുവാനും എടുത്തുകളയുവാനും എപ്പോള്‍ – എവിടെ – ആര്‍ക്ക് – ഏതേത്നിയമങ്ങള്‍ വേണം എന്നൊക്കെ നിശ്ചയിക്കുവാനും അവന്നാണ് അവകാശവും അര്‍ഹതയുമുള്ളത്. അതിനെ ചോദ്യം ചെയ്‌വാന്‍ ആര്‍ക്കും അധികാരമില്ല. അവരുടെ നന്മയും ഗുണവും ഏതിലാണ്, അവര്‍ക്ക് കൂടുതല്‍ അനുയോജ്യമായത് ഏതാണ് എന്നൊക്കെ അറിയുന്നവനാണവന്‍. എല്ലാ കാര്യത്തിനും കഴിയുന്നവനുമാകുന്നു, ഇതെല്ലാം സുസമ്മതമായ യാഥാര്‍ത്ഥ്യങ്ങളാണല്ലോ. അങ്ങിനെയുള്ള അവന്‍ വേദഗ്രന്ഥങ്ങളിലെ ഏതെങ്കിലും വിധിയെ ദുര്‍ബ്ബലപ്പെടുത്തി. അല്ലെങ്കില്‍ ജനഹൃദയങ്ങളിലും പാരായണങ്ങളിലും അവശേഷിക്കാത്ത വിധം തീരെ വിസ്മരിപ്പിച്ചു കളഞ്ഞു എന്നിരിക്കട്ടെ, എന്നാല്‍ അതിനെക്കാള്‍ ഉത്തമവും ഗുണകരവുമായ മറ്റൊരു വിധി തല്‍സ്ഥാനത്ത് അവന്‍ കൊണ്ടുവരുകയും ചെയ്യുന്നു. ചുരുങ്ങിയ പക്ഷം അതിന് സമാനമായതെങ്കിലും കൊണ്ടുവരും. വസ്തുത ഇതായിരിക്കെ, അതിനെ ചോദ്യം ചെയ്യുന്നതും, വിമര്‍ശിക്കുന്നതും ധിക്കാരവും അക്രമവുമാകുന്നു.
ബുദ്ധിപരവും, മാനസികവും, സാംസ്‌കാരികവും, സാമൂഹ്യവുമായ തുറകളില്‍ മനുഷ്യവര്‍ഗം മറ്റുള്ള ജീവവര്‍ഗങ്ങളെപ്പോലെ അതിന്റെ ആദ്യകാലംതൊട്ടു ഇന്നുവരെ ഒരേ നിലവാരത്തിലല്ല ഉള്ളത്. കാലം ചെല്ലും തോറും പുരോഗമിച്ചും വളര്‍ന്നും കൊണ്ടിരിക്കുകയാണ്. ചുറ്റുപാടും പരിതഃസ്ഥിതികളും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ മാറ്റത്തില്‍ വാര്‍ത്താവിതരണ മാര്‍ഗങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍ ആദിയായവക്കും പങ്കുണ്ട്. അതനുസരിച്ചാണ് മുന്‍കാലങ്ങളില്‍ വന്നിട്ടുള്ള പ്രവാചകന്‍മാരും, അവരുടെ ദൗത്യങ്ങളും പ്രബോധനങ്ങളും ഏതെങ്കിലും കാലത്തേക്കും ദേശത്തേക്കും മാത്രമായിരുന്നത്. അങ്ങനെ, മനുഷ്യന്റെ വളര്‍ച്ചയുടെ ബാല്യദശ പിന്നിട്ടശേഷം, എല്ലാ കാലത്തേക്കും ദേശത്തേക്കുമുള്ള റസൂലും അന്തിമപ്രവാചകനുമായി മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിയമിക്കപ്പെടുകയും ലോകജനതക്കാകമാനമുള്ള വേദഗ്രന്ഥമായി ക്വുര്‍ആന്‍ അവതരിക്കുകയും ചെയ്തിരിക്കുകയാണ്. ആ നിലക്ക് ഒരുകാലത്തോ, ഒരു ജനതക്കോ അന്നത്തെ പരിതഃസ്ഥിതികള്‍ക്കനുസരിച്ച് വിധിക്കപ്പെട്ടിരുന്ന ചില നിയമനടപടികള്‍ എല്ലാ കാലത്തേക്കും പ്രായോഗികവും യുക്തവുമല്ലാതായിത്തീരുക സ്വാഭാവികം മാത്രമാണ്. അവക്ക് പകരം എല്ലാവരിലും പ്രായോഗികമായ സ്ഥിരപ്പെട്ട നിയമനടപടികള്‍ ആവശ്യമായിത്തീര്‍ന്നു. അപ്പോള്‍, മുന്‍വേദഗ്രന്ഥങ്ങളിലെ ഏതെങ്കിലും ചില നിയമങ്ങളും, ആചാരാനുഷ്ഠാന മുറകളും ക്വുര്‍ആന്‍ വഴി നസ്ഖ് ചെയ്യുന്നത് കേവലം യുക്തമായ ഒരു നടപടി മാത്രമല്ല, അനിവാര്യമായ ഒരാവശ്യം കൂടിയാകുന്നു. അല്ലാഹുവിന്റെ നിയമനിര്‍മാണത്തിലുള്ള പോരായ്മയല്ല; അതിന്റെ പരിപൂര്‍ണതയാണത് കാണിക്കുന്നത്.
തൗറാത്തിലെ ചില നിയമങ്ങള്‍ ഇന്‍ജീലിലും, രണ്ടിലെയും ചില നിയമങ്ങള്‍ ക്വുര്‍ആനിലും അല്ലാഹു നസ്ഖ് ചെയ്തിട്ടുണ്ട്. ഇബ്‌റാഹീം (عليه السلام) മൂസാ (عليه السلام) മുതലായചില പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെട്ടിരുന്ന ചില ദൈവിക ഗ്രന്ഥങ്ങള്‍ – ഏടുകള്‍ (الصحف) പിന്നീട് നിലനിറുത്തപ്പെടാതെ ജനസ്മൃതിയില്‍നിന്നു പോലും എടുക്കപ്പെട്ടു പോകുകയും ചെയ്തിട്ടുണ്ട്. എന്നിരിക്കെ, തൗറാത്തിലെ ചില നിയമങ്ങളെ ക്വുര്‍ആനില്‍ നസ്ഖ് ചെയ്തതിനെപ്പറ്റി മാത്രം യഹൂദികളോ മറ്റോ ആക്ഷേപം പുറപ്പെടുവിക്കുന്നതില്‍ അര്‍ത്ഥമില്ല.
മതവിധികളില്‍ നസ്ഖ് ഉണ്ടാവാമെന്നും ഉണ്ടായിട്ടുണ്ടെന്നുമുള്ളതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. ക്വുര്‍ആനില്‍ തന്നെയും നസ്ഖ് ചെയ്യപ്പെട്ട (വിധി ദുര്‍ബലപ്പെടുത്തപ്പെട്ട) ചുരുക്കം ആയത്തുകള്‍ ഉണ്ടെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. വസ്തുതാപരമായി നോക്കുമ്പോള്‍ ഇതുതന്നെയാണ് ശരിയായ അഭിപ്രായം. ഇമാം ഇബ്‌നു കഥീര്‍ (رحمه الله)ന്റെ ഒരു പ്രസ്താവനയില്‍ നിന്ന് ഇത് മനസ്സിലാക്കുവാന്‍ കഴിയും. അദ്ദേഹം പറയുന്നു: ‘അല്ലാഹുവിന്റെ ഹുക്മ് (മതവിധി) കളില്‍ നസ്ഖ് ഉണ്ടാകുന്നതിന് വിരോധമില്ലെന്നുള്ളതില്‍ മുസ്‌ലിംകള്‍ എകോപിച്ചിരിക്കുന്നു. കാരണം, അതില്‍ ശക്തിമത്തായ യുക്തി അടങ്ങിയിട്ടുണ്ട്. അത് സംഭവിച്ചിട്ടുണ്ടെന്നും അവരെല്ലാം പറയുന്നു: ക്വുര്‍ആന്‍ വ്യാഖ്യാതാവായ അബൂമുസ്‌ലിം ഇസ്വ്ഫഹാനി (رحمه الله) പറയുന്നു: ക്വുര്‍ആനില്‍ ഒരു നസ്ഖും ഉണ്ടായിട്ടില്ലെന്ന്. അദ്ദേഹത്തിന്റെ ഈ വാക്ക് ദുര്‍ബ്ബലവും അബദ്ധവുമാകുന്നു. ഉണ്ടായ നസ്ഖുകളെപ്പറ്റി മറുപടി പറയുവാന്‍ അദ്ദേഹം സാഹസപ്പെട്ടിരിക്കുകയാണ്. (ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയുടെ) ഇദ്ദകാലം ഒരു കൊല്ലമായിരുന്നത് നാലു മാസവും പത്ത് ദിവസവും ആക്കപ്പെട്ടതും അതിലൊന്നാണ്. ഇതിന് അദ്ദേഹം സ്വീകാര്യമായ ഒരു മറുപടിയും പറഞ്ഞിട്ടില്ല. ബൈത്തുല്‍ മുക്വദ്ദസ് ക്വിബ്‌ലഃയായിരുന്നതിനു ശേഷം, അത് കഅ്ബഃയിലേക്ക് മാറ്റിയതും അതില്‍പെട്ടതാണ്. ഇതിന് അദ്ദേഹം മറുപടി പറഞ്ഞിട്ടുമില്ല….’ (പ്രസ്താവനയുടെ പൂര്‍ണരൂപം മുഖവുരയില്‍ കഴിഞ്ഞു പോയിട്ടുണ്ട്. നസ് ഖ് എന്ന ശീര്‍ഷകം നോക്കുക)
(മരണപ്പെട്ട ആളുടെ) സ്വത്ത് മക്കള്‍ക്കായിരുന്നു. മാതാപിതാക്കള്‍ക്ക് വസ്വിയ്യത്തായിരുന്നു ഉണ്ടായിരുന്നത്. (ഒരു നിശ്ചിത ഓഹരി ഇല്ലായിരുന്നു) പിന്നീട് അല്ലാഹു അതില്‍ അവന്‍ ഉദ്ദേശിച്ചതിനെ നസ്ഖ് ചെയ്തു. അങ്ങനെ, ആണിന് രണ്ട് പെണ്ണിന്റെ ഓഹരിയാക്കി. മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും ആറിലൊന്നും മൂന്നിലൊന്നുമാക്കി. ഭര്‍ത്താവിന് പകുതിയും നാലിലൊന്നുമാക്കി, ഭാര്യക്ക് നാലിലൊന്നും എട്ടിലൊന്നുമാക്കി. (*) എന്നിങ്ങിനെ ഇബ്‌നു അബ്ബാസ് (رحمه الله)ല്‍ നിന്ന് ബുഖാരി (رحمه الله) ഉദ്ധരിച്ച ഹദീഥിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നുഹജര്‍ അസ്‌ക്വലാനി (رحمه الله) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ”…നസ്ഖിനെ നിഷേധിക്കുന്നവര്‍ക്ക് ഈ ഹദീഥില്‍ ഖണ്ഡനമുണ്ട്.
(*) മരണപ്പെട്ട ആള്‍ക്ക് മക്കള്‍ ഉള്ളപ്പോഴും, ഇല്ലാത്തപ്പോഴും, പ്രസ്തുത അവകാശികളുടെ ഓഹരിയില്‍ ഉണ്ടാവുന്ന വ്യത്യാസം മൂലമാണ് ഒരാള്‍ക്ക് തന്നെ രണ്ട് വിഹിതം പറഞ്ഞിട്ടുള്ളത്.
ക്വുര്‍ആന്‍ വ്യാഖ്യാതാവായ അബൂമുസ്‌ലിം ഇസ്വ്ഫഹാനീ (رحمه الله) യില്‍ നിന്നല്ലാതെ, മുസ്‌ലിംകളില്‍ ഒരാളില്‍ നിന്നും അതില്‍ നിഷേധം ഉദ്ധരിക്കപ്പെട്ടിട്ടില്ലതാനും. അദ്ദേഹം നസ്ഖിനെ നിരുപാധികം നിഷേധിച്ചിരിക്കുകയാണ്. മുമ്പുള്ള എല്ലാ ശരീഅത്തിനെ (മതനിയമ സംഹിതയെ)യും ഇസ്‌ലാം ശരീഅത്ത് നസ്ഖ്ചെയ്തിരിക്കയാണെന്നുള്ളതിനുള്ള ഇജ്മാഉ് (മുസ്‌ലിംകളുടെ ഏകകണ്ഠമായ അഭിപ്രായം) കൊണ്ട് അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തിരിക്കുന്നു. ഈ ശരീഅത്ത് വെളിപ്പെടുന്നതുവരെ മാത്രമേ മുന്‍ ശരീഅത്തുകള്‍ നിലവിലുള്ളൂ. അത് കൊണ്ട് അതിന്തഖ്‌സ്വീസ്വ് (പ്രത്യേകപ്പെടുത്തുക) എന്നല്ലാതെ, നസ്വ്ഖ് എന്ന് പറഞ്ഞുകൂടാ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് അദ്ദേഹത്തിന് വേണ്ടി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഇബ്‌നു സ്സംആനി (رحمه الله) ഇങ്ങിനെ പറഞ്ഞത്: ‘ഈ ശരീഅത്തില്‍ നസ്ഖു ചെയ്യപ്പെട്ട കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അബൂമുസ്‌ലിം സമ്മതിക്കുന്നില്ലെങ്കില്‍ അത് ഒരു ഗര്‍വ്വ് മാത്രമാണ്. ഞാന്‍ അതിന് നസ്ഖ് എന്നു പേരു പറയുന്നില്ല എന്നാണദ്ദേഹം പറയുന്നതെങ്കില്‍, ഭിന്നിപ്പ് കേവലം വാക്കുകളില്‍ മാത്രമാണ്.’ (യഥാര്‍ത്ഥത്തില്‍ ഭിന്നിപ്പില്ല)
നസ്ഖിനെ സംബന്ധിച്ച മുഖവുരയില്‍ ഒരു പ്രത്യേക ശീര്‍ഷകം തന്നെയുണ്ട് ഇസ്‌ലാം ശരീഅത്തിലും ക്വുര്‍ആനിലും നസ്ഖ് വരുന്നതിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും, നസ്ഖിന്റെ പല ഉദാഹരണങ്ങളും അതില്‍ ഉദ്ധരിക്കുകയുംചെയ്തിരിക്കുന്നു. കൂടുതല്‍ വിവരത്തിന് അവിടെ നോക്കുക. (പേ: 111 – 116)
ഒരു ആയത്ത് നസ്ഖ് ചെയ്യുകയോ വിസ്മരിപ്പിക്കുകയോ ചെയ്താല്‍ അതിനെക്കാള്‍ ഉത്തമമായതോ, അതു പോലെയുള്ളതോ മറ്റൊന്ന് നാം കൊണ്ടുവരുന്നതാണ് എന്ന് പറഞ്ഞുവല്ലോ. മനുഷ്യരുടെ നന്മ, സൗകര്യം, ലഘുത്വം, പ്രായോഗികത, പുണ്യഫലം ആദിയായവയുടെ അടിസ്ഥാനത്തിലായിരിക്കും അവയുടെ മേന്മയും തുല്യതയുമെന്ന് കരുതാം. والله أعلم
- أَمْ تُرِيدُونَ أَن تَسْـَٔلُوا۟ رَسُولَكُمْ كَمَا سُئِلَ مُوسَىٰ مِن قَبْلُ ۗ وَمَن يَتَبَدَّلِ ٱلْكُفْرَ بِٱلْإِيمَـٰنِ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ ﴾١٠٨﴿
- അതല്ല, മുമ്പ് മൂസായോട് ചോദിക്കപ്പെട്ടതുപോലെ, നിങ്ങളുടെ റസൂലിനോട് ചോദിക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ?! ആര്‍ അവിശ്വാസത്തെ സത്യവിശ്വാസത്തിന് പകരം സ്വീകരിച്ചുവോ അവന്‍ തീര്‍ച്ചയായും ശരിയായ മാര്‍ഗം പിഴച്ചു പോയി.
- أَمْ അതല്ല تُرِيدُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നു (വോ) أَن تَسْأَلُوا നിങ്ങള്‍ചോദിക്കുവാന്‍ رَسُولَكُمْ നിങ്ങളുടെ റസൂലിനോട് كَمَا سُئِلَ ചോദിക്കപ്പട്ടതു പോലെ مُوسَىٰ മൂസാ مِن قَبْلُ മുമ്പ് وَمَن ആരെങ്കിലും يَتَبَدَّلِ പകരം സ്വീകരിച്ചാല്‍ الْكُفْرَ അവിശ്വാസത്തെ بِالْإِيمَانِ സത്യവിശ്വാസത്തിന് فَقَدْ ضَلَّ എന്നാല്‍തീര്‍ച്ചയായും അവര്‍ വഴി പിഴച്ചു سَوَاءَ السَّبِيلِ ശരിയായ (മദ്ധ്യമ) മാര്‍ഗം
മൂസാ (عليه السلام)ന്റെ നേരെ ഇസ്‌റാഈല്യര്‍ തൊടുത്തുവിട്ടിരുന്ന ചോദ്യങ്ങളുടെ പല ഉദാഹരണങ്ങളും മുന്‍വചനങ്ങളില്‍ നാം കണ്ടുവല്ലോ. ചിലത് അധികപ്പറ്റായിരുന്നെങ്കില്‍ ചിലത് ധിക്കാരവും ഭോഷത്തവും, മറ്റു ചിലത് പരിഹാസവുമായിരുന്നു. പശുവിനെ അറുക്കാന്‍ കല്‍പിച്ചപ്പോഴുണ്ടായ ചോദ്യങ്ങളും, അല്ലാഹുവിനെ കാണിച്ചു കൊടുക്കുവാനാവശ്യപ്പെട്ടതും അവയില്‍ ചിലതാണ്. അനാവശ്യമായ ചോദ്യങ്ങളും, അന്വേഷണങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് യഹൂദികളും നടത്തിയിരുന്നു. മുസ്‌ലിംകളെ അതിനവര്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതിനാല്‍, യഹൂദികളുടെ നേരെയുള്ള പ്രതിഷേധത്തോടൊപ്പം, സത്യവിശ്വാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ മിതത്വവും മര്യാദയും പാലിക്കേതുണ്ടെന്നുകൂടി ഈ വചനം മുഖേന അല്ലാഹു മുസ്‌ലിംകളോട് കല്‍പിക്കുകയും ചെയ്യുന്നു. ചോദ്യത്തില്‍ അതിരുകവിയല്‍ അവിശ്വാസത്തിലേക്ക് വഴിതെളിയിക്കുമെന്നും അത് ഗൗരവപൂര്‍വ്വം സൂക്ഷിക്കേണ്ടതുണ്ടെന്നും താക്കീതും ചെയ്യുന്നു.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് സംശയങ്ങള്‍ ചോദിച്ചറിയുകയോ, ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തുകൂടാ എന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. മൂസാ (عليه السلام)നോട് അദ്ദേഹത്തിന്റെ ജനത ചോദിച്ച മാതിരിയുള്ള ചോദ്യങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിക്കരുതെന്നാണ് അല്ലാഹു പറഞ്ഞത്. സൂറഃ മാഇദഃയില്‍ പറയുന്നു:
﴾يَا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُوا عَنْهَا حِينَ يُنَزَّلُ الْقُرْآنُ تُبْدَ لَكُمْ عَفَا اللَّهُ عَنْهَا ۗ وَاللَّهُ غَفُورٌ حَلِيمٌ ﴿١٠١﴾ قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُوا بِهَا كَافِرِينَ ﴿١٠٢
(സാരം: ഹേ വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് വെളിപ്പെടുത്തപ്പെടുന്ന പക്ഷം നിങ്ങള്‍ക്ക് വെറുപ്പായിത്തീരുന്ന കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത് . ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത് അവയെപ്പറ്റി നിങ്ങള്‍ ചോദിക്കുന്ന പക്ഷം അവ നിങ്ങള്‍ക്ക് വെളിവാക്കപ്പെടുന്നതുമാണ്…. അങ്ങിനെയുള്ള ചോദ്യങ്ങള്‍ നിങ്ങള്‍ക്കു മുമ്പുള്ള ചില ജനങ്ങള്‍ ചോദിക്കുകയുണ്ടായി. പിന്നീട് അവരതില്‍ അവിശ്വാസികളായിത്തീരുകയാണ് ചെയ്തത് (മാഇദഃ : 104,105)
മുഗീറത്തുബ്‌നു ശുഅ്ബഃ (റ) പ്രസ്താവിച്ചതായി ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘(അവന്‍ പറഞ്ഞു, ആരോ പറഞ്ഞു എന്നിങ്ങിനെ) കണ്ടതും കേട്ടതും പറയുന്നതും ധനം പാഴാക്കിക്കളയുന്നതും, അധികം ചോദ്യം ചെയ്യുന്നതും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിരിക്കുന്നു.’ (ബു; മു.) മറ്റൊരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഞാന്‍ നിങ്ങളെ ഒഴിവാക്കി വിടുമ്പോള്‍ (ഇന്ന കാര്യം ഇന്ന പ്രകാരം വേണമെന്ന് കല്‍പിക്കാതിരിക്കുമ്പോള്‍) നിങ്ങള്‍ എന്നെ വിട്ടേക്കുവിന്‍. നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവര്‍ നാശത്തില്‍പെട്ടത് അവര്‍ ചോദ്യം അധികരിപ്പിക്കുകയും, അവരുടെ നബിമാരോട് അനുസരണക്കേട് കാണിക്കുകയും ചെയ്തതു കൊണ്ട് മാത്രമായിരുന്നു. അതുകൊണ്ട് ഞാന്‍ നിങ്ങളോട് വല്ലതും കല്‍പിച്ചാല്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് സാധിക്കുന്നത്ര ചെയ്തു കൊള്ളുവീന്‍. ഞാന്‍ നിങ്ങളോട് വല്ലതിനെപ്പറ്റിയും വിരോധിച്ചാല്‍ നിങ്ങള്‍ അതിനെ (പാടെ) വര്‍ജ്ജിക്കുകയും ചെയ്യുവിന്‍’ (മു) അനാവശ്യമോ, അര്‍ത്ഥശൂന്യമോ ആയ ചോദ്യങ്ങള്‍ ചോദിക്കുക, ആവശ്യത്തിലധികം ചുഴിഞ്ഞന്വേഷണം നടത്തുക, അനുഷ്ഠാനത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശ്യമില്ലാതെ വൃഥാചോദ്യം ചെയ്യുക എന്നിങ്ങിനെയുള്ള ദുഷിച്ച സമ്പ്രദായങ്ങളാണ് വിരോധിക്കപ്പെട്ടിട്ടുള്ളതെന്ന് ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാമല്ലോ. വിവരമില്ലാത്തത് ചോദിച്ചറിയണമെന്ന് ക്വുര്‍ആനിലും ഹദീഥിലും പ്രത്യേകം പ്രോല്‍സാഹിപ്പിക്കപ്പെട്ടിട്ടുണ്ട് താനും.
- وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَـٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَـٰنِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ ۖ فَٱعْفُوا۟ وَٱصْفَحُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦٓ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١٠٩﴿
- വേദക്കാരില്‍ നിന്ന് അധികമാളുകളും നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം നിങ്ങളെ അവര്‍ക്ക് അവിശ്വാ സികളാക്കി മടക്കാന്‍ (കഴിഞ്ഞെ)ങ്കില്‍ (കൊള്ളാമായിരുന്നു) എന്ന് ആഗ്രഹിക്കുകയാണ്. അവര്‍ക്ക് യഥാര്‍ത്ഥം വ്യക്തമായതിന് ശേഷം, അവരുടെ മനസ്സുകളില്‍ നിന്നുള്ള അസൂയയാല്‍! എന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ട് വരുന്നത്‌വരേക്കും നിങ്ങള്‍ മാപ്പ് ചെയ്യുകയും, തിരിഞ്ഞു കളയുകയും ചെയ്തുകൊള്ളുവിന്‍. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
- وَدَّ മോഹിക്കയാണ് كَثِيرٌ അധികമാളുകള്‍ مِّنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്ന് لَوْ يَرُدُّونَكُم അവര്‍ നിങ്ങളെ മടക്കിയെങ്കില്‍ കൊള്ളാം എന്ന് مِّن بَعْدِ ശേഷം إِيمَانِكُمْ നിങ്ങളുടെ വിശ്വാസത്തിന് كُفَّارًا അവിശ്വാസികളായി حَسَدًا അസൂയയാല്‍ مِّنْ عِندِ أَنفُسِهِم അവരുടെ മനസ്സുകളില്‍ നിന്ന് مِّن بَعْدِ ശേഷം مَا تَبَيَّنَ വ്യക്തമായതിന് لَهُمُ അവര്‍ക്ക് الْحَقُّ യഥാര്‍ത്ഥം فَاعْفُوا എന്നാല്‍ നിങ്ങള്‍മാപ്പാക്കുവിന്‍ وَاصْفَحُوا നിങ്ങള്‍ തിരിഞ്ഞുകളയുക (അവഗണിക്കുക)യും ചെയ്‌വിന്‍ حَتَّىٰ يَأْتِيَ വരുന്നത് വരേക്ക് اللَّهُ അല്ലാഹു بِأَمْرِهِ അവന്റെ കല്‍പനയും കൊണ്ട് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്
- وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ۚ وَمَا تُقَدِّمُوا۟ لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ ٱللَّهِ ۗ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ ﴾١١٠﴿
- നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്ക് വേണ്ടി നന്മയായി മുന്‍കൂട്ടി ചെയ്യുന്നതെന്തും, അത് അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിശ്ചയമായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് കണ്ടറിയുന്നവനാകുന്നു.
- وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുക الصَّلَاةَ നമസ്‌കാരം وَآتُوا നിങ്ങള്‍ കൊടുക്കുകയും ചെയ്യുക الزَّكَاةَ സകാത്ത് وَمَا تُقَدِّمُوا നിങ്ങള്‍ എന്ത് (ഏത്- യാതൊന്ന്) മുന്‍കൂട്ടി ചെയ്തുവോ, മുന്തിച്ചാലും لِأَنفُسِكُم നിങ്ങളുടെസ്വന്തങ്ങള്‍ക്ക് വേണ്ടി مِّنْ خَيْرٍ നന്മയായി تَجِدُوهُ അത് നിങ്ങള്‍ കണ്ടെത്തും عِندَ اللَّه അല്ലാഹുവിന്റെ അടുക്കല്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്
വേദക്കാരായ അവിശ്വാസികള്‍ ഇസ്‌ലാമിന് വിരുദ്ധമായി സ്വീകരിച്ചു വരുന്ന വിഷയങ്ങളിലൊന്നും നിങ്ങള്‍ പങ്ക് കൊള്ളരുത്. അവര്‍ നിങ്ങളുടെ ശത്രുക്കളാണ്. നിങ്ങളെ എങ്ങിനെയെങ്കിലും സത്യവിശ്വാസത്തില്‍ നിന്ന് പിഴപ്പിച്ച് അവരെപ്പോലെ അവിശ്വാസികളാക്കണമെന്നാണ് അവരില്‍ പലരുടെയും മോഹം. അതിനാണവര്‍ ശ്രമിക്കുന്നതും. യഥാര്‍ത്ഥം മനസ്സിലാവാത്തത് കൊല്ല -വ്യക്തമായി മനസ്സിലാക്കിക്കൊണ്ടു തന്നെയാണ്- അവരത് ചെയ്യുന്നത്. അവരുടെ മനസ്സുകളില്‍ അടിയുറച്ചു കഴിഞ്ഞിട്ടുള്ള അസൂയകൊണ്ട് മാത്രമാണത്. അതിനാല്‍, അവരുടെ കെണിയില്‍ അകപ്പെടാതെ നിങ്ങള്‍ സൂക്ഷിക്കണം. അവര്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ പ്രവര്‍ത്തിച്ചു കൊള്ളട്ടെ, വഴിയെ അതിനുള്ള പരിഹാരം അല്ലാഹു ചെയ്‌വാന്‍ പോകുന്നുണ്ട്. (നിങ്ങള്‍ക്ക് വിജയവും പ്രതാപവും നല്‍കിയും, അവര്‍ക്ക് പരാജയവും അപമാനവും നല്‍കിയും അവനത് നടപ്പില്‍ വരുത്തുക തന്നെ ചെയ്യും.) അവന് കഴിയാത്തതായി ഒന്നുമില്ല, അതുവരെ നിങ്ങള്‍ കാത്തിരിക്കുകയും, ക്ഷമയും അവഗണനയും അവലംബിക്കുകയും ചെയ്തുകൊള്ളുക. നിങ്ങളുടെ പ്രധാന കടമകളായ നമസ്‌കാരവും സകാത്തും മുറക്കു പാലിച്ചും കൊണ്ടിരിക്കുക. എന്നുവേണ്ട, നന്മയും പുണ്യവുമായിട്ടുള്ളതെന്തും ചെയ്തു സമ്പാദിക്കുവാനും നോക്കുക. മരണത്തിന് മുമ്പ് നിങ്ങള്‍ ചെയ്യുന്ന ഏതൊരു നന്മക്കും അല്ലാഹുവിന്റെ അടുക്കല്‍ നിന്ന് വമ്പിച്ച പ്രതിഫലം ലഭിക്കാതെ ഒന്നും പാഴായിപ്പോകുന്നതേയല്ല. അവന്റെ അറിവിലും കണക്കിലും ഉള്‍പ്പെടാതെ ഒന്നും വിട്ടുപോകുന്നതുമല്ല. എന്നിങ്ങനെയുള്ള പല ഉപദേശ നിര്‍ദേശങ്ങളും അല്ലാഹു സത്യവിശ്വാസികള്‍ക്ക് നല്‍കുകയാണ്.
- وَقَالُوا۟ لَن يَدْخُلَ ٱلْجَنَّةَ إِلَّا مَن كَانَ هُودًا أَوْ نَصَـٰرَىٰ ۗ تِلْكَ أَمَانِيُّهُمْ ۗ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ ﴾١١١﴿
- അവര്‍ [വേദക്കാര്‍] പറയുകയാണ്: ജൂതന്മാരോ, നസ്‌റാണി [ക്രിസ്ത്യാനി]കളോ ആയവരല്ലാതെ സ്വര്‍ഗത്തില്‍ (മറ്റാരും) പ്രവേശിക്കുന്നതേയല്ല. അതവരുടെ വ്യാമോഹങ്ങളത്രെ. (നബിയേ) നീ പറയുക: നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍!
- وَقَالُوا അവര്‍ പറയുകയാണ് لَن يَدْخُلَ പ്രവേശിക്കുന്നതേയല്ല الْجَنَّةَ സ്വര്‍ഗത്തില്‍ إِلَّا مَن كَانَ ആയവരൊഴികെ هُودًا യഹൂദികള്‍ أَوْ نَصَارَىٰ അല്ലെങ്കില്‍ നസ്‌റാനികള്‍ تِلْكَ അത് أَمَانِيُّهُمْ അവരുടെ മോഹങ്ങളാണ് قُلْ നീപറയുക هَاتُوا നിങ്ങള്‍ കൊണ്ടുവരിന്‍ بُرْهَانَكُمْ നിങ്ങളുടെ തെളിവ് إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍
- بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾١١٢﴿
- അങ്ങനെയല്ല, ആരൊരുവന്‍, താന്‍ സുകൃതം ചെയ്യുന്നവനായും കൊണ്ട് തന്റെ മുഖം അല്ലാഹുവിന് കീഴ്‌പെടുത്തിയോ [പൂര്‍ണമായി കീഴൊതുങ്ങിയോ] അവന് തന്റെ റബ്ബിന്റെ അടുക്കല്‍ തന്റെ പ്രതിഫലം ഉണ്ട്. അവരുടെ മേല്‍ യാതൊരു ഭയവുമില്ല. അവര്‍ വ്യസനിക്കുന്നതുമല്ല.
- بَلَىٰ അങ്ങനെയല്ല, ഇല്ലാതെ (ഉണ്ട്) مَنْ أَسْلَمَ ആര്‍ കീഴൊതുക്കിയോ وَجْهَهُ തന്റെ മുഖം لِلَّهِ അല്ലാഹുവിന് وَهُوَ അവന്‍ (ആയികൊണ്ട്) مُحْسِنٌ സുകൃതം ചെയ്യുന്നവന്‍ فَلَهُ എന്നാലവനുണ്ട് أَجْرُهُ അവന്റെ പ്രതിഫലം عِندَ رَبِّهِ തന്റെ റബ്ബിന്റെ അടുക്കല്‍ وَلَا خَوْفٌ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെ മേല്‍ وَلَا هُمْ അവരില്ലതാനും يَحْزَنُونَ അവര്‍ വ്യസനിക്കും
വേദക്കാര്‍ സ്വയം വഞ്ചിതരായി വഴിപിഴവിലായ ചില വാദങ്ങളില്‍ ഒന്നാണ് സ്വര്‍ഗത്തിന്റെ അവകാശികള്‍ തങ്ങള്‍ മാത്രണെന്നുള്ള അവരുടെ വാദം. ഈ വാദത്തില്‍ യഹൂദികളും ക്രിസ്ത്യാനികളും യോജിക്കുന്നുവെങ്കിലും, ക്രിസ്ത്യാനികള്‍ക്ക് ആ അവകാശം വക വെക്കുവാന്‍ യഹൂദികളോ, യഹൂദികള്‍ക്ക് വക വെക്കുവാന്‍ ക്രിസ്ത്യാനികളോ തയ്യാറില്ലതാനും. അടുത്ത വചനത്തില്‍ നിന്ന് അത് വ്യക്തമാകുന്നതാണ്. അവരുടെ വെറും ഒരു വ്യാമോഹമെന്നല്ലാതെ തെളിവിന്റെയും ന്യായത്തിന്റെയും കണികപോലും അതിലില്ലെന്ന് അല്ലാഹു ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. വല്ല തെളിവും ഉണ്ടെങ്കില്‍ അത് സമര്‍പ്പിക്കുവാന്‍ അവരെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അതോടൊപ്പം വിഷയത്തിന്റെ യഥാര്‍ത്ഥ നില ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. സുകൃതങ്ങള്‍ ചെയ്തുകൊണ്ട് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് തികച്ചും കീഴടങ്ങുന്നവരാരോ അവര്‍ക്കാണ് രക്ഷയും സ്വര്‍ഗവുമൊക്കെയുള്ളത്. അവര്‍ക്ക് ഭയപ്പെടുവാനോ വ്യസനപ്പെടുവാനോ ഒന്നുമില്ലതാനും. അല്ലാത്തവര്‍ക്ക് സ്വര്‍ഗമാകട്ടെ, അഭയമാകട്ടെ ഒന്നും അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുവാനില്ല. ഇതില്‍ വര്‍ഗത്തിനോ, സമൂഹത്തിനോ, ആഭിജാത്യത്തിനോ ഒട്ടും സ്ഥാനമില്ല. ഇതാണ് യഥാര്‍ത്ഥം എന്നു സാരം.
مُحْسِنٌ (മുഹ്‌സിന്‍) എന്ന വാക്കിന് സുകൃതം ചെയ്യുന്നവന്‍, സല്‍ഗുണവാന്‍, നന്മചെയ്യുന്നവന്‍ എന്നൊക്കെയാണ് വാക്കര്‍ത്ഥം. നിഷ്‌കളങ്കമായും, വിശ്വാസത്തോടും സദുദ്ദേശ്യത്തോടും കൂടിയും നല്ല കാര്യങ്ങള്‍ ചെയ്യുന്നവന്‍ -അഥവാ മത ദൃഷ്ട്യാ അംഗീകൃതമായ സല്‍കാര്യങ്ങള്‍ അല്ലാഹുവിന്റെ പ്രീതിയെ ലക്ഷ്യം വെച്ചുകൊണ്ട് ചെയ്യുന്നവന്‍- എന്നുദ്ദേശ്യം. അതുകൊണ്ടാണ് അവിശ്വാസികള്‍ ചെയ്യുന്ന സല്‍ക്കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ വിലപ്പോകാത്തത്. അല്ലാഹു പറയുന്നു:
وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا
(അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള കര്‍മങ്ങളുടെ നേരെ ചെന്ന് അതിനെ നാം വിതറപ്പെട്ട ധൂളിയാക്കിത്തീര്‍ക്കുന്നതാണ്. (സൂഃ ഫുര്‍ക്വാന്‍ 23) മറ്റുള്ളവരെ കാണിക്കുവാന്‍ വേണ്ടി ചെയ്യപ്പെടുന്ന കര്‍മങ്ങളൊന്നും അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുകയില്ലെന്നുള്ളതും പരക്കെ അറിയപ്പെട്ടതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:
من عمل عملا ليس عليه أمرنا فهو رد – مسلم
(സാരം: നമ്മുടെ കാര്യം -അഥവാ നടപടി- എപ്രകാരമാണോ അപ്രകാരമല്ലാത്ത വല്ല കര്‍മവും ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെട്ടതായിരിക്കും. (മു) ഇഹ്‌സാന്‍ എന്നാലെന്താണെന്ന് ചോദിക്കപ്പെട്ടതിന് ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു:
أن تعبد الله كأنك تراه فإن لم تكن تراه فإنه يراك – مسلم
‘അല്ലാഹുവിനെ നീ കാണുന്നുണ്ടെന്നോണം അവനെ നീ ആരാധിക്കലാണ്. അവനെ നീ കാണുന്നില്ലെങ്കിലും നിന്നെ അവന്‍ കാണുന്നുണ്ട്.’ (മു)
വിഭാഗം - 14
- وَقَالَتِ ٱلْيَهُودُ لَيْسَتِ ٱلنَّصَـٰرَىٰ عَلَىٰ شَىْءٍ وَقَالَتِ ٱلنَّصَـٰرَىٰ لَيْسَتِ ٱلْيَهُودُ عَلَىٰ شَىْءٍ وَهُمْ يَتْلُونَ ٱلْكِتَـٰبَ ۗ كَذَٰلِكَ قَالَ ٱلَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ ۚ فَٱللَّهُ يَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَـٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ ﴾١١٣﴿
- ജൂതന്‍മാര്‍ പറയുന്നു: നസ്‌റാനി [ക്രിസ്ത്യാനി]കള്‍ ഒന്നിലുമില്ല. [അവര്‍ക്ക് ഒരടിസ്ഥാനവുമില്ല] എന്ന്. നസ്‌റാനികള്‍ പറയുന്നു, ജൂതന്‍മാര്‍ ഒന്നിലുമല്ല [അവര്‍ക്ക് ഒരടിസ്ഥാനവുമില്ല] എന്ന്. അവര്‍ (ഇരുകൂട്ടരും) വേദഗ്രന്ഥം പാരായണം ചെയ്തുവരുന്നുതാനും. അതുപോലെ, ഇവരുടെ വാക്കുപോലെ(ത്തന്നെ) അറിവില്ലാത്തവരും പറഞ്ഞിരിക്കുന്നു. എന്നാല്‍, യാതൊരു കാര്യത്തില്‍ അവര്‍ ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നുവോ അതില്‍ ക്വിയാമത്തുനാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാണ്.
- وَقَالَتِ الْيَهُودُ ജൂതന്‍മാര്‍ പറയുന്നു لَيْسَتِ النَّصَارَىٰ ക്രിസ്ത്യാനികളല്ല عَلَىٰ شَيْءٍ ഒരു കാര്യത്തിലും وَقَالَتِ النَّصَارَىٰ ക്രിസ്ത്യാനികള്‍ പറയുന്നു لَيْسَتِ الْيَهُودُ ജൂതന്‍മാരല്ല عَلَىٰ شَيْءٍ ഒന്നിലും وَهُمْ അവരാകട്ടെ يَتْلُونَ പാരായണം ചെയ്യുന്നു الْكِتَابَ (വേദ)ഗ്രന്ഥം كَذَٰلِكَ അതുപോലെ قَالَ പറഞ്ഞിരിക്കുന്നു, പറയുന്നു الَّذِينَ യാതൊരുകൂട്ടര്‍ لَا يَعْلَمُونَ അവര്‍ അറിയുകയില്ല مِثْلَ പോലെ قَوْلِهِمْ അവരുടെവാക്ക് فَاللَّهُ എന്നാല്‍ അല്ലാഹു يَحْكُمُ വിധിക്കും بَيْنَهُمْ അവര്‍ക്കിടയില്‍ يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ فِيمَا യാതൊന്നില്‍ كَانُوا فِيهِ അതില്‍ അവരായിരുന്നു يَخْتَلِفُونَ അവര്‍ ഭിന്നിക്കും
ഏതാനും ചില കാര്യങ്ങളില്‍ ഇരുകൂട്ടര്‍ക്കും യോജിപ്പുണ്ടെങ്കിലും യഹൂദികളും ക്രിസ്ത്യാനികളും തമ്മില്‍ ബദ്ധവൈരമാണ് യഥാര്‍ത്ഥത്തിലുള്ളത്. ക്രിസ്ത്യാനികള്‍ക്ക് യാതൊരടിസ്ഥാനവും, പ്രമാണവുമില്ലെന്ന് യഹൂദികളും, നേരെ മറിച്ചു യഹൂദികളെപ്പറ്റി അതുപോലെ ക്രിസ്ത്യാനികളും വാദിക്കുന്നു. രണ്ടുകൂട്ടരും വേദഗ്രന്ഥം പാരായണം ചെയ്തു വരുന്നുണ്ട് താനും. പിന്നീട് വരുന്ന പ്രവാചകന്‍മാരില്‍ വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയും, ഈസാ (عليه السلام)ന്റെ വരവിനെക്കുറിച്ചുള്ള പ്രവചനവും തൗറാത്തിന്റെ ആള്‍ക്കാരായ യഹൂദികള്‍ക്കറിയാം. മുന്‍ പ്രവാചകന്‍മാരെ നിഷേധിക്കുവാനല്ല -ബലപ്പെടുത്തുവാനാണ്- താന്‍ വന്നിരിക്കുന്നതെന്ന് ഈസാ (عليه السلام) പറഞ്ഞത് ഇന്‍ജീലിന്റെ ആള്‍ക്കാരായ ക്രിസ്ത്യാനികള്‍ക്കും അറിയാം. ഇതൊന്നും വകവെക്കാതെയാണ് ഓരോ കൂട്ടരും പരസ്പരം മറ്റേവരുടെ അടിസ്ഥാനത്തെത്തന്നെ നിഷേധിക്കുന്നത്. എന്നിരിക്കെ, വേദഗ്രന്ഥത്തെപ്പറ്റി അറിഞ്ഞുകൂടാത്ത ജനങ്ങളും ഇതുപോലെ വാദിക്കുന്നതില്‍ അല്‍ഭുതമില്ലല്ലോ. ഏതായാലും, ക്വിയാമത്തുനാളില്‍ അല്ലാഹു എല്ലാ വിഭാഗക്കാരെയും, വിചാരണ ചെയ്തു തീരുമാനമെടുക്കാ തിരിക്കുകയില്ല. അപ്പോള്‍ അറിയാം സത്യത്തിന്റെ കക്ഷി ഏതാണ്, ആരുടെ വാദമാണ് ശരി എന്നൊക്കെ.
الذين لَايَعْلَمُونَ (അറിയാത്തവര്‍) എന്നു പറഞ്ഞത് അറബി മുശ്‌രിക്കുകളെ ഉദ്ദേശിച്ചാണെന്നാണ് അധിക വ്യാഖ്യാതാക്കളും പറയുന്നത്. തൗറാത്തിന് മുമ്പുള്ളവരെ ഉദ്ദേശിച്ചാണെന്നും ചിലര്‍ പറയുന്നു. ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ചല്ല, വേദഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലാത്തവരെല്ലാം അതില്‍ ഉള്‍പ്പെടുമെന്നാണ് ഇബ്‌നുജരീര്‍ (رحمه الله) ശരിവെച്ച അഭിപ്രായം. ഇതാണ് കൂടുതല്‍ നന്നായി തോന്നുന്നതും. മുന്‍കാലത്തും, പില്‍കാലത്തുമുള്ള പല സമുദായക്കാരിലും, മതക്കാരിലും കാണപ്പെടുന്ന ഒരു വാദം തന്നെയാണ് മറ്റുള്ളവരെല്ലാം അടിസ്ഥാനമില്ലാത്തവരാണ്, തങ്ങള്‍ മാത്രമാണ് അടിസ്ഥാനമുള്ളവര്‍ എന്ന വാദം. ഇന്ത്യയിലെ പല ജാതിക്കാരിലും ഈ വിശ്വാസം കാണാവുന്നതാണ്. ഈ വചനത്തിലെ അവസാനത്തെ താക്കീത് എല്ലാവര്‍ക്കും ബാധകം തന്നെ. അതെ, ക്വിയാമത്തുനാളില്‍ എല്ലാവരുടെ കാര്യത്തിലും അല്ലാഹു വിധി നടത്തുന്നതാണ്.
- وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَـٰجِدَ ٱللَّهِ أَن يُذْكَرَ فِيهَا ٱسْمُهُۥ وَسَعَىٰ فِى خَرَابِهَآ ۚ أُو۟لَـٰٓئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَآ إِلَّا خَآئِفِينَ ۚ لَهُمْ فِى ٱلدُّنْيَا خِزْىٌ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابٌ عَظِيمٌ ﴾١١٤﴿
- അല്ലാഹുവിന്റെ പള്ളികളെ -അവയില്‍ വെച്ച് അവന്റെ നാമം സ്മരിക്കപ്പെടുന്നതിനെ- തടസ്സപ്പെടുത്തുകയും, അവയുടെ ശൂന്യതയില്‍ (അഥവാ അവയെ പാഴാക്കുന്നതില്‍) പരിശ്രമിക്കുകയും ചെയ്തവനെക്കാള്‍ അധികം അക്രമി ആരാണുള്ളത് ?! (അങ്ങിനെയുള്ള) അക്കൂട്ടര്‍, ഭയപ്പെട്ടവരായിക്കൊണ്ടല്ലാതെ അവര്‍ക്ക് അതില്‍ പ്രവേശിക്കാവതല്ല. ഇഹലോകത്ത് അവര്‍ക്ക് അപമാനമുണ്ടായിരിക്കും. പരലോകത്ത് അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.
- وَمَنْ ആരുണ്ട് أَظْلَمُ അധികം അക്രമി مِمَّن ഒരുവനെക്കാള്‍ مَّنَعَ അവന്‍ തടസ്സപ്പെടുത്തി مَسَاجِدَ اللَّهِ അല്ലാഹുവിന്റെ പള്ളികളെ أَن يُذْكَرَ സ്മരിക്കപ്പെടുന്നതിനെ فِيهَا അവയില്‍വെച്ച് اسْمُهُ അവന്റെ പേര്‍ وَسَعَىٰ അവന്‍ പരിശ്രമിക്കുകയും ചെയ്തു فِي خَرَابِهَا അവയുടെ ശൂന്യതയില്‍, നാശത്തില്‍ أُولَٰئِكَ അക്കൂട്ടര്‍ مَا كَانَ لَهُمْ അവര്‍ക്ക് ആകാവതല്ല (പാടില്ല) أَن يَدْخُلُوهَا അവര്‍ അവയില്‍ പ്രവേശിക്കല്‍ إِلَّا خَائِفِينَ ഭയപ്പെട്ടവരായിട്ടല്ലാതെ لَهُمْ അവര്‍ക്കുണ്ട് فِي الدُّنْيَا ഇഹത്തില്‍ خِزْيٌ അപമാനം وَلَهُمْ അവര്‍ക്കുണ്ട് (താനും) فِي الْآخِرَةِ പരത്തില്‍ عَذَابٌ ശിക്ഷ عَظِيمٌ വമ്പിച്ച
مَسْجِدٌ (മസ്ജിദ്) ന്റെ ബഹുവചനമാണ് مَسَاجِد. സൂജുദ് ചെയ്യുന്ന സ്ഥലം എന്ന് വാക്കര്‍ത്ഥം. അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ വേണ്ടി നിര്‍മിക്കപ്പെടുന്ന പള്ളി (മുസ്‌ലിം പള്ളി)കള്‍ക്കുള്ള പേരാണത്. അതില്‍ വെച്ച് അവന്റെ നാമം സ്മരിക്കപ്പെടുക -അല്ലെങ്കില്‍ കീര്‍ത്തിക്കപ്പെടുക- എന്നത് കൊണ്ടുദ്ദേശ്യം, നമസ്‌കാരം, പ്രാര്‍ത്ഥന മുതലായ ആരാധനാകര്‍മങ്ങളാകുന്നു. خَرَاب (ഖറാബ്) എന്ന വാക്കിന് ശൂന്യത, പാഴാകുക, നാശം എന്നൊക്കെയാണര്‍ത്ഥം. ഒരു വീട്ടില്‍ ആള്‍ പാര്‍പ്പില്ലാതെയോ, ഉപയോഗിക്കുവാന്‍ കൊള്ളാതെയോ വന്നാലും അതുപൊളിച്ചോ മറ്റോ അതിന് കേടുപാടുവന്നാലും ആ വീട്ടിനെപ്പറ്റി بَيْت خَرَاب (ഖറാബായ വീട്) എന്നു പറയും.
അല്ലാഹുവിനെ ആരാധിക്കുവാനും, അവന്റെ നാമം സ്മരിക്കപ്പെടുവാനും, കീര്‍ത്തിക്കപ്പെടുവാനും വേണ്ടി സ്ഥാപിക്കപ്പെടുന്ന പള്ളികളില്‍വെച്ച് അത് നടത്തപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അതിനനുവദിക്കാതെ അതിനെ ശൂന്യമാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അക്രമങ്ങളില്‍ വെച്ച് ഏറ്റവും വലിയ അക്രമമാണെന്നും, അങ്ങിനെ ചെയ്യുന്ന അക്രമകാരികള്‍ക്ക് പള്ളികളില്‍ നിര്‍ഭയം പ്രവേശിക്കുവാന്‍ അവകാശമില്ലെന്നും ഈ വചനത്തില്‍ അറിയിക്കുന്നു. ഇഹത്തില്‍ അവര്‍ക്ക് അപമാനവും, പരത്തില്‍ വമ്പിച്ച ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് താക്കീതും ചെയ്യുന്നു. ഏതെങ്കിലും ഒരു പ്രത്യേക പള്ളിയെമാത്രം പരമാര്‍ശിച്ചുകൊണ്ടുള്ളതല്ല ഈ വചനം. ഇതിലടങ്ങിയ ആശയം എല്ലാ പള്ളികളെയും ബാധിക്കുന്നത് തന്നെയാണ്. അവിശ്വാസത്തില്‍ സാക്ഷ്യം വഹിക്കുന്നവര്‍ക്ക് പള്ളികള്‍ പരിപാലിക്കുവാനും, സംരക്ഷിക്കുവാനും അവകാശമില്ലെന്നും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും, നമസ്‌കാരവും, സകാത്തും നിര്‍വ്വഹിക്കുകയും, അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ അതിനവകാ ശമുള്ളൂവെന്നും സൂ: തൗബ 17, 18 വചനങ്ങളിലും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. കൂടുതല്‍ വിവരം അവിടെവെച്ചു കാണാം.
പള്ളികളെപ്പറ്റി മൊത്തത്തിലാണ് ആയത്തില്‍ പ്രസ്താവിക്കുന്നതെങ്കിലും അതിന്റെ വാചകശൈലി നോക്കുമ്പോള്‍ പള്ളിയെ മുടക്കംചെയ്ത ഏതോ ഒരു സംഭവം നടന്നിട്ടുണ്ടെന്ന ഒരു സൂചന അതില്‍ കാണാവുന്നതാണ് . ഈ സംഭവം ഏതാണെന്നുള്ളതില്‍ അഭിപ്രായവ്യത്യാസം കാണാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും ഉംറഃകര്‍മത്തെ ഉദ്ദേശിച്ചുകൊണ്ട് മദീനയില്‍ നിന്ന് പുറപ്പെട്ടു മക്കാ ഹറമിനടുത്ത് ഹുദൈബിയ്യയിലെത്തിയപ്പോള്‍ ക്വുറൈശികള്‍ അവരെ തടഞ്ഞതും, അവസാനം പ്രസിദ്ധമായ ഹുദൈബിയാ സന്ധി നടന്നതും, തല്‍ക്കാലം മടങ്ങി അടുത്തകൊല്ലം ഉംറഃ കര്‍മം നടത്തപ്പെട്ടതും ചരിത്രപ്രസിദ്ധമാണല്ലോ. ഇഹത്തില്‍വെച്ച് ആ അക്രമികള്‍ക്ക് അനുഭവപ്പെട്ട അപമാനവും പ്രസിദ്ധമാണ്. ഈ സംഭവമാണ് ഇതിന്റെ പിന്നിലുള്ളതെന്നാണ് ചിലര്‍ പറയുന്നത്. ക്രിസ്ത്യാനികള്‍ മുമ്പ് അവര്‍ക്ക് യഹൂദികളോടുള്ള വൈരാഗ്യം നിമിത്തം ബൈത്തുല്‍ മുക്വദ്ദസില്‍ അക്രമം നടത്തുകയും, യഹൂദികളെ തടയുകയും ചെയ്കയുണ്ടായി ട്ടുള്ളതിനെയാണ് സൂചിപ്പിക്കുന്നതെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. ഓരോ അഭിപ്രായത്തെക്കുറിച്ചും ചില വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതേ സമയത്ത് നടന്നുകഴിഞ്ഞ ഒരു സംഭവത്തെയല്ല അതില്‍ സൂചിപ്പിക്കുന്നതെന്നും, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ചില സംഭവങ്ങളെ സംബന്ധിച്ചുള്ള സൂചനയാണതിലുള്ളതെന്നും ചിലര്‍ക്കഭിപ്രായമുണ്ട്. (അല്ലാഹുവിനറിയാം) ഏതായിരുന്നാലും ആയത്തിലെ ആശയവും താല്‍പര്യവും വ്യക്തം തന്നെ.
ചില അഭിപ്രായഭിന്നിപ്പുകളുടെ പേരില്‍, ഒരു പ്രദേശത്തുള്ള മുസ്‌ലിംകളില്‍ ഭൂരിപക്ഷവും സ്വാധീന ശക്തിയും ഉള്ള കക്ഷി മറ്റേ കക്ഷിയെ പള്ളികളില്‍ പ്രവേശിക്കുവാന്‍ അനുവദിക്കാതിരിക്കുകയോ, അതിന് തടസ്സമുണ്ടാക്കിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന ചില സംഭവങ്ങള്‍ ഇക്കാലത്ത് സമുദായമദ്ധ്യെ നടന്നു വരുന്നത് എല്ലാവര്‍ക്കുമറിയാം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കുന്ന വിഭാഗത്തോടാണ് -അവരായിരിക്കുമല്ലോ മിക്കപ്പോഴും ന്യൂനപക്ഷം- ഈ അക്രമം അധികവും നടത്തപ്പെടാറുള്ളത്. ഇങ്ങിനെയുള്ളവരും ഈ വചനം പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു.
- وَلِلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا۟ فَثَمَّ وَجْهُ ٱللَّهِ ۚ إِنَّ ٱللَّهَ وَٰسِعٌ عَلِيمٌ ﴾١١٥﴿
- അല്ലാഹുവിന്റെതാണ് ഉദയ സ്ഥാനവും, അസ്തമയസ്ഥാനവും. ആകയാല്‍, നിങ്ങള്‍ എവിടേക്ക് തന്നെ തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖം ഉണ്ടായിരിക്കും. നിശ്ചയമായും, അല്ലാഹു വിശാലനാണ്, സര്‍വ്വജ്ഞനാണ്.
- وَلِلَّهِ അല്ലാഹുവിനാണ് الْمَشْرِقُ ഉദയസ്ഥാനം وَالْمَغْرِبُ അസ്തമയസ്ഥാനവും فَأَيْنَمَا അതിനാല്‍ എവിടേക്ക് تُوَلُّوا നിങ്ങള്‍ തിരിയുന്ന (തായാലും) فَثَمَّ അപ്പോള്‍ അവിടെയുണ്ടായിരിക്കും وَجْهُ اللَّهِ അല്ലാഹുവിന്റെ മുഖം إِنَّ اللَّهَ നിശ്ചയമായും അല്ലാഹു وَاسِعٌ വിശാലനാകുന്നു عَلِيمٌ സര്‍വ്വജ്ഞന്‍
ഉദയാസ്തമയ സ്ഥാനങ്ങള്‍ -കിഴക്കും പടിഞ്ഞാറുമെല്ലാം- അല്ലാഹുവിനാകുന്നു. അതെ, എല്ലാ ഭാഗവും അല്ലാഹുവിന്റെ ഉടമയിലും അവന്റെ അറിവിലും നിയന്ത്രണത്തിലുമാകുന്നു. ഏതെങ്കിലും ഭാഗവുമായോ പ്രദേശവുമായോ അവന് പ്രത്യേക അടുപ്പവും ബന്ധവുമില്ല. അതിനാല്‍, അവനു ചെയ്യുന്ന ആരാധനാ കര്‍മങ്ങളിലും പ്രാര്‍ത്ഥനകളിലും ഇന്നഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടായെ ങ്കിലേ അവന്റെ ആഭിമുഖ്യവും ശ്രദ്ധയും അതിലുണ്ടാകുകയുള്ളൂവെന്നില്ല. അവന്‍ ഏതെങ്കിലും സ്ഥലത്തോ ഭാഗത്തോ പരിമിതമായുള്ളവനല്ല. വിശാലനും സര്‍വ്വജ്ഞനുമാകുന്നു. എങ്ങോട്ട് തിരിഞ്ഞു ചെയ്യുന്ന കര്‍മവും അവന്റെ അറിവിലും ശ്രദ്ധയിലും ഉള്‍പ്പെടും എന്ന് സാരം.
ഒരു പ്രത്യേക ഭാഗം ക്വിബ്‌ലഃയാക്കി നിശ്ചയിക്കപ്പെടുന്നത് അല്ലാഹു ആ ഭാഗത്തായത് കൊണ്ടോ, ആ ഭാഗത്തോട് അവന് പ്രത്യേക ബന്ധമുള്ളതുകൊണ്ടോ അല്ല. സമുദായത്തിന്റെ ഏകീകരണം, സൗകര്യം തുടങ്ങിയ പല ലക്ഷ്യങ്ങളെയും ഉന്നമാക്കിക്കൊണ്ടാണത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കാജീവിതകാലത്ത് ക്വുറൈശികളുടെ പതിവനുസരിച്ച് കഅ്ബയെ ക്വിബ്‌ലഃയായി സ്വീകരിച്ചിരുന്നു. മദീനയില്‍ വന്ന ശേഷം യഹൂദികളുടെ ക്വിബ്‌ലഃയായിരുന്ന ബൈത്തുല്‍ മുക്വദ്ദസ് തിരുമേനി ക്വിബ്‌ലഃയായി സ്വീകരിച്ചുവന്നു. പതിനാറോ പതിനേഴോ മാസങ്ങള്‍ക്ക് ശേഷം താഴെ വചനങ്ങളില്‍ കാണുന്ന പ്രകാരം വീണ്ടും കഅ്ബഃയിലേക്ക് തന്നെ തിരിഞ്ഞുകൊള്ളുവാന്‍ കല്‍പിക്കപ്പെട്ടു. ഈ മാറ്റങ്ങളെക്കുറിച്ച് യഹൂദികള്‍ പലതും പറഞ്ഞു പരത്തുകയും, മുസ്‌ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ അവര്‍ അതൊരായുധമാക്കുകയും ചെയ്തു. ബൈത്തുല്‍ മുക്വദ്ദസിനെ ക്വിബ്‌ലഃയാക്കിയതിനെപ്പറ്റി അറബികളിലും മുറുമുറുപ്പുണ്ടായിരുന്നു. ഇതിനെല്ലാം മറുപടിയായിക്കൊണ്ടുള്ളതാണ് ഈ വചനം.
فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ (നിങ്ങളെങ്ങോട്ട് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ട്) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നിങ്ങള്‍ തിരിയുന്ന ഭാഗത്തായിരിക്കും അവന്റെ മുഖം സ്ഥിതിചെയ്യുന്നതെന്നോ, അവന്‍ എല്ലാ ഇടത്തിലും സ്ഥിതിചെയ്യുന്ന സര്‍വ്വവ്യാപിയാണെന്നോ അല്ല. ഈ സങ്കല്‍പം അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലും, സൃഷ്ടികളെ കണക്കാക്കുന്ന മാനദണ്ഡംവെച്ച് അവനെ കണക്കാക്കലുമാകുന്നു لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِير (അവനെപ്പോലെ ഒരു വസ്തുവും ഇല്ല. അവനത്രെ എല്ലാം കേട്ടും കണ്ടും അറിയുന്നവന്‍) അവനില്ലാത്ത ഒരു സ്ഥലവും ഒഴിവായിരിക്കുകയില്ല. (لا يخلو منه مكان) എന്ന് ചിലര്‍ പ്രസ്താവിച്ചു കാണുന്നതിനെപ്പറ്റി ഇബ്‌നുകഥീര്‍ (رحمه الله) പറയുകയാണ്: അല്ലാഹുവിന്റെ അറിവ് എല്ലായി ടത്തും ഉണ്ടെന്ന അര്‍ത്ഥത്തിലാണത് പറഞ്ഞിട്ടുള്ളതെങ്കില്‍ ശരിയാണ്. അവന്റെ അറിവ് അഖിലത്തെയും വലയം ചെയ്തിരിക്കുന്നു. എനി അല്ലാഹുവിന്റെ സത്ത അവന്റെ സൃഷ്ടികളില്‍ സ്ഥിതി ചെയ്യുന്നു എന്ന അര്‍ത്ഥത്തിലാണെങ്കില്‍ അത് ശരിയല്ല. تعال لله عن ذلك علوا كبيرا (അല്ലാഹു അതില്‍ നിന്നെല്ലാം വളരെ ഉന്നതനാകുന്നു) വാസ്തവത്തില്‍, ആ വാക്യത്തിന്റെ താല്‍പര്യം മനസ്സിലാക്കുവാന്‍ ബുദ്ധിയുള്ളവര്‍ക്ക് അതിന്റെ തൊട്ടവാചകം തന്നെ ശ്രദ്ധിച്ചാല്‍ മതിയാകും. അതെ, അല്ലാഹു വിശാലനും സര്‍വ്വജ്ഞനുമാകുന്നു (إن لله واسع عليم) എന്ന അവസാന വാക്യം.
അല്ലാഹുവിന്റെ മുഖം (وَجْهُ الّلهَ) അല്ലാഹുവിന്റെ കൈ (يَدُ الّله) എന്നൊക്കെ ക്വുര്‍ആനിലോ ഹദീഥിലോ പ്രയോഗിച്ചു കാണുമ്പോള്‍, അതിനൊന്നും സ്വന്തം വകയായി വ്യാഖ്യാനങ്ങള്‍ നല്‍കാതെ, വാക്കിന്റെ അര്‍ത്ഥം നമുക്കറിയാം -അതിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്കറിഞ്ഞുകൂടാ എന്ന് പറയലാണ് മുന്‍ഗാമി (سلف) കളായ മഹാന്‍മാരുടെ പതിവ് . അവരതില്‍ വിശ്വസിക്കുകയും, യാഥാര്‍ത്ഥ്യം അല്ലാഹുവിനറിയാമെന്നുവെച്ച് വിട്ടേക്കുകയും ചെയ്യും. പിന്‍ഗാമി (خلف) കളില്‍ പലരും സന്ദര്‍ഭത്തിനൊത്ത് അവക്ക് ചില വ്യാഖ്യാനം നല്‍കുകയാണ് പതിവ്. രണ്ടുകൂട്ടരുടെയും ലക്ഷ്യം അല്ലാഹുവിന് സൃഷ്ടികളോട് വല്ല വിധത്തിലും സാമ്യത തോന്നിക്കുന്ന അര്‍ത്ഥം ആ വാക്കുകള്‍ക്ക് കല്‍പിക്കാതിരിക്കുക എന്നുള്ളതത്രെ. കൂടുതല്‍ സുരക്ഷിതമായ മാര്‍ഗം മുന്‍ഗാമികളുടെതാണ്താനും. ബാഹ്യാര്‍ത്ഥം നോക്കുമ്പോള്‍ സൃഷ്ടിഗുണങ്ങളോട് സാമ്യത തോന്നിക്കുന്ന ഇത്തരം വാക്കുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള ക്വുര്‍ആന്‍ വചനങ്ങളുടെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വചനങ്ങളുടെയും ശൈലിയും സന്ദര്‍ഭവും പരിശോധിച്ചാല്‍ തന്നെ-ഒരു പക്ഷേ വാക്ക് രൂപത്തില്‍ നിര്‍വ്വഹിക്കുവാന്‍ വിഷമമുണ്ടാകാമെങ്കില്‍പോലും- അവയുടെ സാരം ഇന്നതാണെന്ന് ഏറെക്കുറെ ഓരോരുത്തര്‍ക്കും അവരവരുടെ സ്ഥിതിക്കനുസരിച്ച് മനസ്സിലാക്കാ വുന്നതുമായിരിക്കും. ومن لله التوفيق
- وَقَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ۗ سُبْحَـٰنَهُۥ ۖ بَل لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ كُلٌّ لَّهُۥ قَـٰنِتُونَ ﴾١١٦﴿
- അവര്‍ പറയുന്നു : അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്! (ഹാ!) അവന്‍ മഹാ പരിശുദ്ധന്‍! (അങ്ങിനെയല്ല;) പക്ഷേ, അവന്നത്രെ ആകാശങ്ങളിലും ഭൂമിയിലുമുള്ളത് (ഒക്കെയും) എല്ലാവരും അവന്ന് കീഴൊ തുങ്ങിയവരാണ്.
- وَقَالُوا അവര്‍ പറയുന്നു اتَّخَذَ സ്വീകരിച്ചു اللَّهُ അല്ലാഹു وَلَدًا സന്താനം سُبْحَانَهُ അവന്‍ പരിശുദ്ധന്‍ بَل പക്ഷേ, എന്നാല്‍ لَّهُ അവന്നാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَالْأَرْضِ ഭൂമിയിലും كُلٌّ لَّهُ എല്ലാം അവന് قَانِتُونَ കീഴ്‌പ്പെട്ടവരാണ്
- بَدِيعُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ﴾١١٧﴿
- ആകാശങ്ങളെയും , ഭൂമിയെയും മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ (അവന്‍). അവന്‍ ഒരു കാര്യം (വേണമെന്ന്) തീരുമാനിച്ചാല്‍, 'ഉണ്ടാകുക' എന്ന് അതിനോട് പറയുകയേ വേണ്ടൂ, അത് ഉണ്ടാകുന്നതാണ്.
- بَدِيعُ മാതൃകയില്ലാതെ നിര്‍മിച്ചവന്‍ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയെയും وَإِذَا قَضَىٰ അവന്‍ തീരുമാനിച്ചാല്‍ أَمْرًا ഒരുകാര്യം فَإِنَّمَا يَقُولُ എന്നാല്‍ അവന്‍ പറയുകയേയുള്ളൂ لَهُ അതിനോട് كُن ഉണ്ടാവുക فَيَكُونُ അപ്പോഴതുണ്ടാകുന്നു
അല്ലാഹുവിന് സന്താനമുണ്ടെന്ന് വാദിക്കുന്ന കക്ഷികള്‍ പലതുണ്ട്. മുന്‍പന്തിയില്‍ നില്‍ക്കുന്നത് ക്രിസ്ത്യാനികളാണെന്ന് പറയാം. ക്രിസ്തീയ മതത്തിന്റെ തറക്കല്ലുതന്നെ ഈസാ (عليه السلام) ദൈവപുത്രനാണെന്നുള്ളതാണ്. ഉസൈര്‍ (عليه السلام) (عزير) അല്ലാഹുവിന്റെ പുത്രനാണെന്ന് യഹൂദികള്‍ക്കും മലക്കുകള്‍ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് അറബിമുശ്‌രിക്കുകള്‍ക്കും വാദമുണ്ട്. ഇതുപോലെ ഹിന്ദുമതക്കാരും മറ്റും ചില വ്യക്തികളെക്കുറിച്ച് ദൈവ സന്താനങ്ങളെന്നു സങ്കല്‍പിച്ചുവരുന്നു. ഈ വാദത്തെപ്പറ്റി ഈ വചനത്തിലുള്ളതിനെക്കാള്‍ വളരെ അമര്‍ഷവും, ഗൗരവവും നിറഞ്ഞവാക്കുകളില്‍ ക്വുര്‍ആനില്‍ പലേടത്തും അല്ലാഹു ആക്ഷേപിച്ചിരിക്കുന്നത് കാണാം. അല്ലാഹുവിന്റെ മഹിതമഹത്വത്തിനും, പരമ പരിശുദ്ധതക്കും നിരക്കാത്തതും, അവന് വളരെയെറെ ക്രോധകരവുമായ ഈ വാദമുന്നയിക്കുന്നവരുടെ മേല്‍, ഈ ലോകത്ത് വെച്ചുതന്നെ അവന്‍ ശിക്ഷാനടപടി എടുക്കാത്തത് അവന്റെ കാരുണ്യവിശാലതതന്നെ. അത് സൂചിപ്പിച്ചുകൊണ്ടായിരിക്കാം ഈ വാദത്തെപ്പറ്റി പ്രസ്താവിക്കുന്ന പലേടത്തും (19:88, 91:92, 21:26, 43:17, 81) അല്ലാഹുവിന്റെ ഉല്‍കൃഷ്ട നാമങ്ങളില്‍ വെച്ചു വളരെ പ്രാധാന്യം അര്‍ഹിക്കുന്ന പരമകാരുണികന്‍ (الرَّحْمَٰنِ) എന്ന നാമം ഉപയോഗിച്ചു കാണുന്നത്. الله أعلم തികച്ചും നീചവും നികൃഷ്ടവുമായ ഈ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്ന നാലഞ്ച് യാഥാര്‍ത്ഥ്യങ്ങള്‍ അല്ലാഹു ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
(1) سُبْحَانَهُ (അവന്‍ മഹാപരിശുദ്ധന്‍!) എന്നുള്ളത് തന്നെ. അല്‍ഭുതത്തെ സൂചിപ്പിക്കുന്ന ഒരു വാക്കാണിതെന്നുള്ളതിനുപുറമെ, അതിലടങ്ങിയ ആശയവിശാലത നോക്കുമ്പോള്‍ ഈ വാദത്തിന്റെ മറ്റു ഖണ്ഡനങ്ങളെല്ലാം അതില്‍ ഒതുങ്ങിയിരിക്കുന്നത് കാണാം. സൃഷ്ടിഗുണങ്ങളില്‍ നിന്നെല്ലാം പരമ പരിശുദ്ധനും എല്ലാ ഉല്‍കൃഷ്ട ഗുണങ്ങളിലും പരിപൂര്‍ണനും പരമോന്നതനുമാണ് അവന്‍ എന്നിരിക്കെ, സൃഷ്ടികളെപ്പോലെ അവന്ന് മക്കളുണ്ടാകുന്നത് എങ്ങിനെയാണ് ?! എന്നു താല്‍പര്യം.
(2) له مُافِي السَّمَاوَاتِ وَالأرْضِ (ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റെതാണ്) എല്ലാം അവന്‍ സൃഷ്ടിച്ചത്. അവന്റെ ഉടമയില്‍, അവന്റെ നിയന്ത്രണവും അധികാരവുമനുസരിച്ച് നിലകൊള്ളുന്നത്. അതിലൊന്നും അവന് ഇണയോ, തുണയോ, സഹായികളോ, പങ്കുകാരോ ഇല്ല. ഈസായോ, ഉസൈറോ, മലക്കുകളോ, ‘ദേവീദേവന്‍മാരോ’ എന്ന് വേണ്ട ഒരൊറ്റ വസ്തുവും-ഇതില്‍ നിന്ന് ഒഴിവല്ല. എന്നിരിക്കെ, അവന്റെ സൃഷ്ടികളില്‍ ചിലത് എങ്ങിനെ അവന്റെ സന്താനങ്ങളാകും ?!
أَنَّىٰ يَكُونُ لَهُ وَلَدٌ وَلَمْ تَكُن لَّهُ صَاحِبَةٌ ۖ وَخَلَقَ كُلَّ شَيْءٍ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
(അവന് എങ്ങിനെ സന്താനമുണ്ടാകും?! അവന് ഒരു തുണയുമില്ല; എല്ലാറ്റിനെയും അവന്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു; അവനാകട്ടെ, എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനുമാകുന്നു എന്നിരിക്കെ! (അന്‍ആം 101)
(3) كُلٌّ لَّهُ قَانِتُونَ (എല്ലാവരും അവന് കീഴൊതുങ്ങിയവരാണ്) എല്ലാവരും അവന്‍ നിശ്ചയിച്ച നിയമവ്യവസ്ഥകള്‍ക്കും, പ്രകൃതിചട്ടങ്ങള്‍ക്കും, അവന്റെ ഉദ്ദേശ്യങ്ങള്‍ക്കും വിധേയരാണ്. എന്നിരിക്കെ ചിലര്‍മാത്രം അതില്‍ നിന്ന് ഒഴിവായി അവന്റെ സന്തതിസ്ഥാനത്തേക്കും അവന്റെ തുല്യതയിലേക്കും എങ്ങിനെ എത്തിച്ചേരുന്നു ?! മക്കള്‍ മാതാപിതാക്കളുടെ വര്‍ഗസ്വഭാവത്തോട് കൂടിയവരായിരിക്കുമല്ലോ. ഇവിടെയാണങ്കില്‍ വര്‍ഗമെന്നൊന്നില്ലതാനും.
(4) بَدِيعُ السَّمَاوَاتِ وَالْأَرْضِ (ആകാശ ഭൂമികളെ മാതൃകകൂടാതെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍) അതെ, മറ്റൊരു മാതൃകയില്ലാതെ, ശുദ്ധശൂന്യതയില്‍ നിന്ന് അവന്‍ സൃഷ്ടിച്ചുണ്ടാക്കി. എല്ലാം അവന്‍ നിര്‍മിച്ചുണ്ടാക്കിയതല്ലാതെ അവനില്‍നിന്ന് ജനിച്ചതായി ഒന്നുമില്ല. അവന്‍ മറ്റൊന്നില്‍ നിന്ന് ജനിച്ചതുമല്ല. അവന് തുല്യമായി വല്ലതുമുണ്ടോ ? അതുമില്ല (لَمْ يَلِدْ وَلَمْ يُولَدْ – وَلَمْ يَكُن لَّهُ كُفُوًا أَحَدٌ)
(5) وَإِذَا قَضَىٰ أَمْرًا (അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ ‘ഉണ്ടാകുക’ എന്ന് അതിനോട് പറയുകയേ വേണ്ടൂ. അതുണ്ടാകുന്നതാണ്) ചെറുതും വലുതും ജീവിയും നിര്‍ജ്ജീവിയുമെല്ലാം ഇതില്‍ സമമാണ്. എന്നിരിക്കെ ചിലരെ അതില്‍ നിന്നൊഴിവാക്കി അവര്‍ അവന്റെ സന്താനങ്ങളായി അസ്തിത്വം പൂണ്ടവരാണെന്ന് പറയുന്നതിന് ഒരു ന്യായവുമില്ല. ഈ യാഥാര്‍ത്ഥ്യങ്ങളുടെ നേരെയെല്ലാം കണ്ണടച്ചുകൊണ്ട് അല്ലാഹുവിന് സന്താനമുണ്ടെന്ന് വാദിക്കുന്നത് അല്ലാഹുവിനെ പഴിക്കലും, അവന്റെ പരമോന്നതയും പരമപരിശുദ്ധതയും ഇടിച്ചുതാഴ്ത്തലുമല്ലാതെ മറ്റെന്താണ്?!
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ഇബ്‌നു അബ്ബാസ് (رحمه الله) ഉദ്ധരിക്കുന്നു: അല്ലാഹു പറയുന്നു: ‘ആദമിന്റെ മകന്‍ (മനുഷ്യന്‍) എന്നെ കളവാക്കി. അവനത് പാടില്ലായിരുന്നു. അവന്‍ എന്നെ പഴിപറയുകയും ചെയ്തു. അതും അവന് പാടില്ലായിരുന്നു. അവന്‍ എന്നെ കളവാക്കിയതെന്തെന്നുവെച്ചാല്‍, അവന്‍ (ആദ്യം) ഉണ്ടായിരുന്നത് പോലെ എനിക്കവനെ (രണ്ടാമത്) മടക്കിക്കൊണ്ടുവരുവാന്‍ കഴിയുകയില്ലെന്ന് അവന്‍ പറയുന്നതാണ്. അവന്‍ എന്നെ പഴിപറഞ്ഞതാകട്ടെ, എനിക്ക് സന്താനമുണ്ടെന്ന് അവന്‍ പറയുന്നതാണ്. ഒരു തുണക്കാരിയെയോ സന്താനത്തെയോ സ്വീകരിക്കുന്നതില്‍ നിന്നും ഞാനെത്രയോ പരിശുദ്ധന്‍! (ബുഖാരി) വേറൊരു നബി വചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: സ്വൈര്യം കെട്ടവാക്കുകള്‍ കേട്ടിട്ട് അതിനെപ്പററി (നടപടി എടുക്കാതെ) അല്ലാഹുവിനെക്കാള്‍ ക്ഷമിച്ചിരിക്കുന്നവര്‍ വേറെ ഒരാളും തന്നെയില്ല. അവര്‍ (അവിശ്വാസികള്‍) അവന് സന്താനത്തെ ആരോപിക്കുന്നു. അവനാകട്ടെ, അവര്‍ക്ക് ആഹാരം നല്‍കുകയും, ആരോഗ്യം നല്‍കുകയും ചെയ്യുന്നു (ബു; മു.)
- وَقَالَ ٱلَّذِينَ لَا يَعْلَمُونَ لَوْلَا يُكَلِّمُنَا ٱللَّهُ أَوْ تَأْتِينَآ ءَايَةٌ ۗ كَذَٰلِكَ قَالَ ٱلَّذِينَ مِن قَبْلِهِم مِّثْلَ قَوْلِهِمْ ۘ تَشَـٰبَهَتْ قُلُوبُهُمْ ۗ قَدْ بَيَّنَّا ٱلْـَٔايَـٰتِ لِقَوْمٍ يُوقِنُونَ ﴾١١٨﴿
- അറിഞ്ഞുകൂടാത്തവര്‍ പറയുന്നു: അല്ലാഹു ഞങ്ങളോട് സംസാരിക്കുകയോ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വരുകയോ ചെയ്തുകൂടേ?! [എന്ത് കൊണ്ട് അതൊന്നും ഉണ്ടാകുന്നില്ല!] അതുപോലെ, ഇവര്‍ പറഞ്ഞതു പോലെ (ത്തന്നെ)ഇവരുടെ മുമ്പുള്ളവരും പറഞ്ഞിരിക്കുന്നു ! അവരുടെ (ഇരുകൂട്ടരുടെയും) ഹൃദയങ്ങള്‍ പരസ്പരം സാദൃശ്യമായിരിക്കുകയാണ്. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്.
- وَقَالَ പറയുന്നു الَّذِينَ യാതൊരു കൂട്ടര്‍ لَا يَعْلَمُونَ അവര്‍ അറിയുകയില്ല لَوْلَا ആയിക്കൂടേ, എന്തുകൊണ്ടില്ല يُكَلِّمُنَا ഞങ്ങളോട് (നമ്മോട്)സംസാരിക്കും اللَّهُ അല്ലാഹു أَوْ تَأْتِينَا അല്ലെങ്കില്‍ നമുക്ക് (ഞങ്ങള്‍ക്ക്)വരും آيَةٌ വല്ല ദൃഷ്ടാന്തവും كَذَٰلِكَ അപ്പോലെ, അതുപ്രകാരം قَالَ الَّذِينَ യാതൊരുകൂട്ടര്‍ പറഞ്ഞു مِن قَبْلِهِم ഇവരുടെ മുമ്പുള്ള مِّثْلَ قَوْلِهِمْ ഇവരുടെ വാക്ക്‌പോലെ تَشَابَهَتْ ആ പരസ്പരം സാദൃശ്യമായിരിക്കുന്നു قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ قَدْ بَيَّنَّا നാം വിവരിച്ചിട്ടുണ്ട്, വ്യക്തമാക്കിയിട്ടുണ്ട് الْآيَاتِ ദൃഷ്ടാന്തങ്ങളെ لِقَوْمٍ ഒരു ജനതക്ക് يُوقِنُونَ അവര്‍ദൃഢമായി വിശ്വസിക്കുന്നു
الَّذِينَ لَا يَعْلَمُونَ (അറിയാത്തവര്‍) എന്ന് പറഞ്ഞത് അറബി മുശ്‌രിക്കുകളെപ്പറ്റിയാകുന്നു. അവര്‍ വേദഗ്രന്ഥങ്ങളെപ്പറ്റി അറിഞ്ഞുകൂടാത്തവരാണല്ലോ. വിഡ്ഢികള്‍ എന്ന ഉദ്ദേശ്യത്തിലും ആയിക്കൂടാ എന്നില്ല. മുഹമ്മദേ, നീ പറയുന്നതൊക്കെ സത്യമാണെങ്കില്‍, എന്തുകൊണ്ട് അത് ഞങ്ങളോട് നേരിട്ട് അല്ലാഹുവിന് പറഞ്ഞുകൂടാ?! എന്തുകൊണ്ട് അത് നിന്റെ മാദ്ധ്യമത്തോട് കൂടിത്തന്നെ ആവണം?! അല്ലെങ്കില്‍, ഞങ്ങള്‍ നിന്നെ വിശ്വസിക്കുവാന്‍ നിര്‍ബ്ബന്ധിതരാകത്തക്കവണ്ണം വല്ല പ്രത്യക്ഷ ദൃഷ്ടാന്തവും എന്തുകൊണ്ട് ഞങ്ങള്‍ക്ക് കാട്ടിത്തന്നുകൂടാ?! അല്ലാഹുവിന് അതിന് കഴിവില്ലേ?! എന്നൊക്കെ അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പറഞ്ഞിരുന്നു. ഇതിന് അല്ലാഹു നല്‍കിയ മറുപടിയുടെ സാരം ഇതാണ് : ‘ഇത്തരം ആവശ്യങ്ങള്‍ പുറപ്പെടുവിക്കുന്നത് ഇവര്‍ ആദ്യമായിട്ടല്ല. മുമ്പും പലരും -ഇസ്‌റാഈല്യരും മറ്റും- അവരവരുടെ നബിമാരോട് ഇങ്ങിനെ ആവശ്യപ്പെട്ടിട്ടുണ്ട്. ദുര്‍വ്വാശി, സത്യനിഷേധം, ധിക്കാരം ആദിയായവയില്‍ എല്ലാവരുടെയും മനഃസ്ഥിതി ഒരേ പ്രകാരത്തിലാണുള്ളത്. ദൃഷ്ടാന്തങ്ങളും തെളിവുകളും കണ്ടു സംശയം തീര്‍ക്കുകയോ, സത്യംഗ്രഹിക്കുകയോ അല്ല അവരുടെയൊന്നും ഉദ്ദേശ്യം. അതിനുവേണ്ടിയാണെങ്കില്‍, വേണ്ടത്ര ദൃഷ്ടാന്തങ്ങളും ലക്ഷ്യങ്ങളും അവര്‍ക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. എനി പുതുതായി ഒന്നിന്റെയും ആവശ്യമില്ല.
അവര്‍ ദൃഷ്ടാന്തം ആവശ്യപ്പെട്ടതിനുള്ള മറുപടിയേ ഈ വചനത്തില്‍ അല്ലാഹു പറഞ്ഞിട്ടുള്ളൂ. അല്ലാഹു അവരോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതിന് മറുപടിയായി ഒന്നും അല്ലാഹു പറഞ്ഞിട്ടില്ല. യാതൊരു മറുപടിയും അര്‍ഹിക്കാത്തവിധം ദുരുപദിഷ്ടവും ധിക്കാരവുമായ ഒരാവശ്യമായതുകൊണ്ട് അല്ലാഹു അതിനെ അവഗണിച്ചു കളഞ്ഞിരിക്കുകയാണ്. ഇതേമാതിരിയുള്ള അവരുടെ വേറെ ചില ആവശ്യങ്ങളെ ഉദ്ധരിച്ചുകൊണ്ട് സൂറത്തുല്‍ ഫുര്‍ക്വാനില്‍ അല്ലാഹു പറയുന്നു: (സാരം: നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവര്‍ പറയുന്നു: നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം കാണുകയോ ചെയ്തുകൂടേ ?! എന്ന് തീര്‍ച്ചയായും അവര്‍ തങ്ങളുടെ മനസ്സില്‍ ഗര്‍വ്വ് നടിക്കുകയും, വലിയ ധിക്കാരം കാണിക്കുകയും ചെയ്തിരിക്കുകയാണ്! (ഫുര്‍ക്വാന്‍ :21)
- إِنَّآ أَرْسَلْنَـٰكَ بِٱلْحَقِّ بَشِيرًا وَنَذِيرًا ۖ وَلَا تُسْـَٔلُ عَنْ أَصْحَـٰبِ ٱلْجَحِيمِ ﴾١١٩﴿
- നിശ്ചയമായും, നിന്നെ നാം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതു നല്‍കുന്നവനുമായിക്കൊണ്ട് യഥാര്‍ത്ഥവുമായി അയച്ചിരിക്കുകയാണ്. കത്തിജ്ജ്വലിക്കുന്ന നരകത്തിന്റെ ആള്‍ക്കാരെപ്പറ്റി നീ ചോദിക്കപ്പെടുകയില്ല.
- إِنَّا أَرْسَلْنَاكَ നിശ്ചയമായും നാം നിന്നെ അയച്ചു بِالْحَقِّ യഥാര്‍ത്ഥവുമായി بَشِيرًا സന്തോഷമറിയിക്കുന്നവനായി وَنَذِيرًا താക്കീത്കാരനായും وَلَا تُسْأَلُ നീചോദിക്കപ്പെടുകയുമില്ല عَنْ أَصْحَابِ ആള്‍ക്കാരെപ്പറ്റി الْجَحِيمِ കത്തിജ്ജ്വലിക്കുന്നതിന്റെ (നരകത്തിന്റെ)
പ്രവാചകന്‍മാരുടെ പ്രബോധനത്തിന്റെ രണ്ട് വശങ്ങളാണ് സന്തോഷവാര്‍ത്ത അറിയിക്കലും ഭയവാര്‍ത്ത അറിയിക്കലും. അതായത്, സത്യവും നേര്‍മാര്‍ഗവും വിവരിച്ചുകൊടുക്കുന്നതോടൊപ്പം അതിനാല്‍ ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങളെയും പുണ്യഫലങ്ങളെയും കുറിച്ചുള്ള സുവിശേഷ വാര്‍ത്തകള്‍ അറിയിച്ചുകൊടുക്കലും, അസത്യവും ദുര്‍മാര്‍ഗവും വിവരിച്ചു കൊടുത്തുകൊണ്ട് അതിനാല്‍ നേരിടുവാനിരിക്കുന്ന ഭവിഷ്യത്തുകളെയും ശിക്ഷകളെയും കുറിച്ച് മുന്നറിയിപ്പും താക്കീതും നല്‍കലും. ഇതാണ് പ്രവാചകന്‍മാരുടെ ചുമതല. അതോടെ അവരുടെ കര്‍ത്തവ്യം നിറവേറുന്നു. സത്യം സ്വീകരിക്കുന്നതും, അസത്യം നിരാകരിക്കുന്നതും ഓരോ വ്യക്തിയുടെയും കടമയാകുന്നു. നബിമാര്‍ക്കതില്‍ ബാധ്യതയില്ല. എന്തുകൊണ്ട് ഇന്നിന്നവര്‍ വിശ്വസിച്ചില്ല, അല്ലെങ്കില്‍ സന്‍മാര്‍ഗിയായില്ല എന്ന് അവരോട് ചോദിക്കപ്പെടുകയില്ല. അല്ലാഹു പറയുന്നു:
فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ – الرعد ٤٠
‘പ്രബോധനം മാത്രമാണ് നിന്റെ ബാധ്യത, വിചാരണ നമ്മുടെ ബാധ്യതയാണ്’ എന്ന് സാരം.
- وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَـٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۗ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ ٱلَّذِى جَآءَكَ مِنَ ٱلْعِلْمِ ۙ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ ﴾١٢٠﴿
- യഹൂദികളാകട്ടെ, നസ്‌റാനി [ക്രിസ്ത്യാനി]കളാകട്ടെ, അവരുടെ (നടപടി) മാര്‍ഗത്തെ നീ പിന്‍പറ്റുന്നത് വരെയും നിന്നെക്കുറിച്ച് തൃപ്തിപ്പെടുകയില്ലതന്നെ. പറയുക: 'നിശ്ചയമായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമത്രെ മാര്‍ഗദര്‍ശനം.' നീ(എങ്ങാനും) അറിവില്‍നിന്നും നിനക്ക് വന്ന കിട്ടിയതിന് ശേഷം, അവരുടെ ഇച്ഛകളെ പിന്‍പറ്റിയെങ്കില്‍. നിനക്ക് അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു രക്ഷകനുമില്ല; യാതൊരു സഹായകനുമില്ല.
- وَلَن تَرْضَىٰ തൃപ്തിപ്പെടുകയില്ല തന്നെ عَنكَ നിന്നെക്കുറിച്ച് الْيَهُودُ യഹൂദികള്‍ وَلَا النَّصَارَىٰ ക്രിസ്ത്യാനികളും ഇല്ല حَتَّىٰ تَتَّبِعَ നീ പിന്‍പററുവോളം مِلَّتَهُمْ അവരുടെ മാര്‍ഗത്തെ, നടപടിക്രമത്തെ, മതത്തെ قُلْ നീപറയുക إِنَّ هُدَى اللَّهِ നിശ്ചയമായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം هُوَ الْهُدَىٰ അതത്രെമാര്‍ഗദര്‍ശനം وَلَئِنِ اتَّبَعْتَ നീ പിന്‍പറ്റിയെങ്കില്‍ أَهْوَاءَهُم അവരുടെ ഇച്ഛകളെ بَعْدَ الَّذِي യാതൊന്നിന്‌ശേഷം جَاءَكَ നിനക്ക് വന്നിരിക്കുന്നു مِنَ الْعِلْمِ അറിവില്‍ നിന്നും مَا لَكَ നിനക്കില്ല مِنَ اللَّهِ അല്ലാഹുവില്‍ നിന്ന് مِن وَلِيٍّ ഒരു ബന്ധുവും (രക്ഷകനും)രക്ഷാധികാരിയും وَلَا نَصِيرٍ ഒരു സഹായകനുമില്ല
- ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَتْلُونَهُۥ حَقَّ تِلَاوَتِهِۦٓ أُو۟لَـٰٓئِكَ يُؤْمِنُونَ بِهِۦ ۗ وَمَن يَكْفُرْ بِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ ﴾١٢١﴿
- യാതൊരുകൂട്ടര്‍, അവര്‍ക്ക് നാം വേദഗ്രന്ഥം നല്‍കി അവരത് പാരായണമുറപ്രകാരം പാരായണം ചെയ്തു വരുന്നുവോ, അക്കൂട്ടര്‍ അതില്‍ വിശ്വസിക്കുന്നതാണ്. ആര്‍ അതില്‍ അവിശ്വസിക്കുന്നുവോ, അക്കൂട്ടര്‍തന്നെയാണ് നഷ്ടക്കാര്‍.
- الَّذِينَ യാതൊരുകൂട്ടര്‍ آتَيْنَاهُمُ അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു الْكِتَابَ (വേദ)ഗ്രന്ഥം يَتْلُونَهُ അതവര്‍ പാരായണം ചെയ്യുന്ന നിലയില്‍ حَقَّ تِلَاوَتِهِ അതിനെ ഓതുന്ന (പാരായണം ചെയ്യുന്ന) മുറപ്രകാരം أُولَٰئِكَ അക്കൂട്ടര്‍ يُؤْمِنُونَ بِهِ അതില്‍ വിശ്വസിക്കും وَمَن ആരെങ്കിലും,വല്ലവരും يَكْفُرْ بِهِ അതില്‍ അവിശ്വസിക്കുന്ന(തായാല്‍) فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ അവര്‍ (തന്നെ) الْخَاسِرُونَ നഷ്ടക്കാര്‍
യഹൂദികളും ക്രിസ്ത്യാനികളും വേദക്കാരായിരുന്നിട്ടും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കാത്തത് അവിടുത്തെ സത്യതയില്‍ അവര്‍ക്ക് സംശയമുള്ളതുകൊണ്ടല്ല. തെളിവ് പോരാത്തതുകൊണ്ടുമല്ല. അവര്‍ സ്വീകരിച്ചുവരുന്ന നടപടി മാര്‍ഗങ്ങള്‍ നബി സ്വീകരിക്കുന്നില്ലെന്നുള്ള ഏക കാരണം കൊണ്ടാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവയെ പിന്‍പറ്റാത്ത കാലത്തോളം അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ച് തൃപ്തിപ്പെടുവാനും പോകുന്നില്ല. അതിനാല്‍ അവര്‍ വിശ്വസിക്കാത്തതില്‍ പരിഭവമോ വ്യസനമോ വേണ്ടതില്ല എന്ന് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാധാനിപ്പിക്കുന്നു. ക്വത്താദഃ (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ സത്യത്തിനും തെളിവിനും വില കല്‍പിക്കാത്ത ദുര്‍മാര്‍ഗികളുമായി വാഗ്വാദം നടക്കുമ്പോള്‍ സത്യവിശ്വാസികള്‍ക്ക് അവര്‍ക്കെതിരെ സമര്‍പ്പിക്കുവാനുള്ള ഒരന്തിമ ന്യായം അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് പഠിപ്പിക്കുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് (إِنَّ هُدَى اللَّهِ هُوَ الْهُدَىٰ) എന്ന വാക്യത്തില്‍ കാണുന്നത്. അതായത് ശരിയായ മാര്‍ഗം ഏതാണെന്ന് കാണിച്ചു തരുന്നത് അല്ലാഹുവാണ്. അവന്റെ മാര്‍ഗദര്‍ശനമാണ് ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. അതുവിട്ട് മറ്റൊരു മാര്‍ഗദര്‍ശനം സ്വീകരിക്കുവാന്‍ ഞാന്‍ ആളല്ല. എന്നെക്കുറിച്ച് അങ്ങിനെയൊരു പ്രതീക്ഷ നിങ്ങള്‍ വെച്ചുകൊണ്ടിരിക്കുകയും വേണ്ടാ എന്ന് സാരം.
വേദക്കാരുടെയെന്നല്ല, ആരുടെയും തന്നെ ഇച്ഛക്കോ, തന്നിഷ്ടത്തിനോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വഴങ്ങുകയില്ലെന്ന് തീര്‍ച്ചയാണ്. എന്നിരിക്കെ, അവരുടെ ഇച്ഛകളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍, അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു രക്ഷകനോ, സഹായകനോ, ഉണ്ടായിരിക്കുകയില്ല (وَلَئِنِ اتَّبَعْتَ أَهْوَاءَهُم) എന്നിങ്ങിനെ കഠിനസ്വരത്തിലുള്ള ഒരു താക്കീതിന്റെ ആവശ്യമെന്താണെന്ന് വല്ലവര്‍ക്കും സംശയം തോന്നിയേക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിങ്ങളുടെ ഇച്ഛക്ക് വഴിപ്പെടുമെന്നുള്ള വ്യാമോഹം നിങ്ങള്‍ക്ക് വേണ്ടാ എന്ന് വേദക്കാരെ നിരാശപ്പെടുത്തലും, അറിഞ്ഞോ അറിയാതെയോ ആരെങ്കിലും അവരുടെ വലയില്‍ അകപ്പെട്ടുപോകുന്നത് ഗൗരവപൂര്‍വ്വം സൂക്ഷിക്കണമെന്ന് സത്യവിശ്വാസികള്‍ക്കുള്ള താക്കീതുമാണ് അതിന്റെ താല്‍പര്യം.
121-ാം വചനത്തിനു രണ്ടു മൂന്നു പ്രകാരത്തില്‍ വ്യാഖ്യാനം നല്‍കപ്പെടാവുന്നതാണ്.
(1) ഒരു വേദഗ്രന്ഥം ലഭിച്ചിട്ടുള്ളവര്‍ ആ ഗ്രന്ഥം മുറപ്രകാരം പാരായണം ചെയ്യുന്ന പക്ഷം, അവരതില്‍ ശരിക്കും വിശ്വസിക്കാതിരിക്കുകയില്ല. ഈ വ്യാഖ്യാന പ്രകാരം തൗറാത്തും ക്വുര്‍ആനും അടക്കം എല്ലാ വേദഗ്രന്ഥങ്ങളും, അതതിന്റെ അനുയായികളും ഇതില്‍ ഉള്‍പ്പെടുന്നു.
(2) വേദക്കാര്‍ അവരുടെ ഗ്രന്ഥം വേണ്ടതുപോലെ പാരായണം ചെയ്യുന്ന പക്ഷം അവര്‍ ഇതിലും -ക്വുര്‍ആനിലും- വിശ്വസിക്കുക തന്നെ ചെയ്യും. കാരണം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചുള്ള പല പ്രവചനങ്ങളും ആ ഗ്രന്ഥങ്ങളില്‍ ഉണ്ടല്ലോ.
(3) ക്വുര്‍ആനാകുന്ന ഈ ഗ്രന്ഥം ശരിക്കും പാരായണം ചെയ്യുന്നവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും ക്വുര്‍ആനിലും അചഞ്ചലമായി വിശ്വസിക്കാതിരിക്കുകയില്ല. പാരായണം അതിന്റെ മുറപ്രകാരമല്ലാതിരിക്കുന്ന പക്ഷം വിശ്വാസം നാമമാത്രമായിരിക്കയും ചെയ്യും. الكِتَابَ (ഗ്രന്ഥം) കൊണ്ടും بِه (അതില്‍) എന്നതിലെ സര്‍വ്വനാമം കൊണ്ടുമുള്ള വിവക്ഷ നിര്‍ണയിക്കുന്നതിലുള്ള വ്യത്യസ്ത സാധ്യതകളാണ് ഈ വ്യാഖ്യാനങ്ങള്‍ക്ക് കാരണം. തത്വത്തില്‍ മൂന്നും എതിരല്ലതാനും. എങ്കിലും രണ്ടാമത്തെ വ്യാഖ്യാനത്തിനാണ് മുന്‍തൂക്കം കാണുന്നത്.
വേദഗ്രന്ഥത്തിന്റെ പാരായണം മുറപ്രകാരമായിരിക്കുക എന്ന് പറഞ്ഞത് വളരെ ശ്രദ്ധാര്‍ഹമാകുന്നു. ക്വുര്‍ആനെ വേദഗ്രന്ഥമായി അംഗീകരിച്ച മുസ്‌ലിംകള്‍ വിശേഷിച്ചും ശ്രദ്ധിക്കേണ്ടുന്ന ഒരു സംഗതിയാണിത്. നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായത്തെ ബാധിച്ചു കൊണ്ടിരിക്കുന്നതും, കാലം ചെല്ലുംതോറും അവരില്‍ വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നതുമായ എല്ലാ അധഃപതനങ്ങള്‍ക്കും കാരണം, മുസ്‌ലിംകള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യാത്തതല്ല; അത് അതിന്റെ മുറപ്രകാരമല്ലാത്തത് മാത്രമാണ്. ഒന്നാമതായി അര്‍ത്ഥവും ആശയവും മനസ്സിലാക്കണം. അതുകൊണ്ടായില്ല. ചിന്തിച്ചും മനസ്സിരുത്തിയുംകൊണ്ടും, അല്ലാഹുവിന്റെ വചനമാണതെന്നും, മനുഷ്യന്റെ സകല നന്‍മക്കുമുള്ള ഏക നിദാനവുമാണെതെന്നുമുള്ള ബോധത്തോടുകൂടിയും ആയിരിക്കണം. അതിന്റെ വിധി വിലക്കുകളും ഉപദേശ നിര്‍ദ്ദേശങ്ങളും അപ്പടി സ്വീകരിക്കുവാനുള്ള പൂര്‍ണസന്നദ്ധതയും മനസ്സുറപ്പും ഉണ്ടായിരിക്കണം. അതിന്റെ നേര്‍ക്കുനേരെയുള്ള ആശയങ്ങള്‍ക്കുമുമ്പില്‍ സ്വന്തം താല്‍പര്യങ്ങളും അഭിപ്രായ ങ്ങളുമെല്ലാം ബലികഴിക്കുവാനുള്ള കരളുറപ്പും വേണം. അല്ലാഹുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചും ആവേശം വെച്ചുകൊണ്ടും, അവന്റെ താക്കീതുകളെ സൂക്ഷിച്ചും ഭയന്നും കൊണ്ടുമായിരിക്കണം. ഉററാലോചനയോടും ഭയഭക്തിയോടും കൂടിയുമായിരിക്കണം ക്വുര്‍ആന്‍ പാരായണം ചെയ്യേണ്ടത്. والمعين والله المفق