വിഭാഗം - 37

2:267
  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِن طَيِّبَٰتِ مَا كَسَبْتُمْ وَمِمَّآ أَخْرَجْنَا لَكُم مِّنَ ٱلْأَرْضِ ۖ وَلَا تَيَمَّمُوا۟ ٱلْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِـَٔاخِذِيهِ إِلَّآ أَن تُغْمِضُوا۟ فِيهِ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَنِىٌّ حَمِيدٌ ﴾٢٦٧﴿
  • ഹേ, വിശ്വസിച്ചവരേ,നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ (നല്ല)ശുദ്ധമായ വസ്തുക്കളില്‍ നിന്ന്നിങ്ങള്‍ ചിലവഴിക്കുവിന്‍; ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം (ഉല്‍പാദിപ്പിച്ചു) പുറപ്പെടുവിച്ചു തന്നിട്ടുള്ളതില്‍ നിന്നും (ചിലവഴിക്കുവിന്‍). ചീത്തയായുള്ളതിനെ, അതില്‍നിന്നുതന്നെ ചിലവഴിക്കുവാനായിനിങ്ങള്‍ കരുതിവെക്കുകയും ചെയ്യരുത്. അതിനെപ്പറ്റി നിങ്ങള്‍ കണ്ണടക്കുന്നതായാലല്ലാതെ, അത് നിങ്ങള്‍ (ഇങ്ങോട്ട്) വാങ്ങുന്നവരല്ലല്ലോ. അല്ലാഹു (പരാശ്രയമില്ലാത്ത) ധന്യനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞും കൊള്ളുവിന്‍.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ أَنفِقُوا നിങ്ങള്‍ ചിലവഴിക്കുവിന്‍ مِن طَيِّبَاتِ നല്ല വസ്തുക്കളില്‍ നിന്ന് مَا كَسَبْتُمْ നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയതിലെ وَمِمَّا أَخْرَجْنَا നാം പുറപ്പെടുവിച്ച (ഉല്‍പാദിപ്പിച്ച)തില്‍ നിന്നും لَكُم നിങ്ങള്‍ക്ക് مِّنَ الْأَرْضِ ഭൂമിയില്‍ നിന്ന് وَلَا تَيَمَّمُوا നിങ്ങള്‍ കരുതിവെക്കുകയും അരുത് الْخَبِيثَ ചീത്തയായതിനെ مِنْهُ تُنفِقُونَ അതില്‍ നിന്നുതന്നെ ചിലവഴിക്കുമാറ്, (ചിലവഴിക്കുവാന്‍) وَلَسْتُم നിങ്ങള്‍ അല്ലതാനും بِآخِذِيهِ അത് വാങ്ങുന്നവര്‍ إِلَّا أَن تُغْمِضُوا നിങ്ങള്‍ കണ്ണടക്കുന്നതായാലല്ലാതെ, കണ്ണ് താഴ്ത്തുന്നതായാലൊഴികെ فِيهِ അതില്‍, അതിനെപ്പറ്റി وَاعْلَمُوا നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്ന് غَنِيٌّ ധന്യന്‍ حَمِيدٌ സ്തുത്യര്‍ഹന്‍
2:268
  • ٱلشَّيْطَٰنُ يَعِدُكُمُ ٱلْفَقْرَ وَيَأْمُرُكُم بِٱلْفَحْشَآءِ ۖ وَٱللَّهُ يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًا ۗ وَٱللَّهُ وَٰسِعٌ عَلِيمٌ ﴾٢٦٨﴿
  • പിശാച് നിങ്ങളോട് ദാരിദ്ര്യത്തെ വാഗ്ദത്തം ചെയ്യുകയും,നിങ്ങളോട് നീചപ്രവൃത്തിക്ക് കല്‍പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകെട്ട, അവന്‍റെ പക്കല്‍ നിന്നുള്ള പാപമോചനവും, ദയവും (അഥവാ അനുഗ്രഹവും) നിങ്ങളോട് വാഗ്ദത്തംചെയ്യുന്നു. അല്ലാഹു വിശാല നും, (എല്ലാം) അറിയുന്നവനുമാണ്.
  • الشَّيْطَانُ പിശാച്, ശൈത്വാന്‍ يَعِدُكُمُ നിങ്ങളോട് വാഗ്ദത്തം (താക്കീത്- ഭീഷണി) ചെയ്യുന്നു الْفَقْرَ ദാരിദ്ര്യത്തെ وَيَأْمُرُكُم നിങ്ങളോടവന്‍ കല്‍പിക്കുകയും ചെയ്യുന്നു بِالْفَحْشَاءِ നീചവൃത്തിക്ക് وَاللَّهُ يَعِدُكُم അല്ലാഹുവാകട്ടെ നിങ്ങളോട് വാഗ്ദതതം ചെയ്യുന്നു مَّغْفِرَةً مِّنْهُ അവങ്കല്‍ നിന്നുള്ള പാപമോചനം وَفَضْلًا ദയവും, അനുഗ്രഹവും, ഔദാര്യവും وَاللَّهُ അല്ലാഹു وَاسِعٌ വിശാലനാകുന്നു عَلِيمٌ (എല്ലാം) അറിയുന്നവനുമാണ്

ധനാഗമമാര്‍ഗങ്ങള്‍ മുഖ്യമായും രണ്ടെണ്ണമാണ്. അദ്ധ്വാനിച്ചും ജോലിയെടുത്തും സമ്പാദിക്കുന്നതും, ഭൂമിയില്‍ നിന്ന് ഉല്‍പാദിതമാകുന്നതും. ഈ രണ്ടില്‍ ഏത് മാര്‍ഗേണ ലഭിച്ചതായിരുന്നാലും അതില്‍ നിന്ന് സല്‍ക്കാര്യങ്ങളില്‍ ചിലവഴിക്കണമെന്നും ചിലവഴിക്കുന്ന ധനം നല്ലതും ശുദ്ധമായതുമായിരിക്കണമെന്നും അല്ലാഹു സത്യവിശ്വാസികളെ ഉപദേശിക്കുന്നു. മുമ്പ് ഉദ്ധരിച്ച നബി വചനത്തില്‍ കണ്ടതുപോലെ, ശുദ്ധമായതല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ലതാനും. ചിലവഴിക്കുന്ന വസ്തു താണതരത്തില്‍പെട്ടതോ, കേടുപാടുള്ളതോ, നിഷിദ്ധമായതോ, ആയിരിക്കരുത് എന്നത്രെ നല്ല വസ്തുക്കളില്‍ (طَيِبَات) നിന്ന് ചിലവഴിക്കണം എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം. ദാനധര്‍മങ്ങള്‍ക്ക് ചീത്തയായതും താണതരത്തില്‍പ്പെട്ടതുമായ വസ്തുക്കളെ ഉപയോഗിക്കുന്നസമ്പ്രദായം പലരിലും കാണാം. ഇത് അല്ലാഹു വിരോധിക്കുന്നു. അങ്ങനെയുള്ള വസ്തുക്കളെ ഇങ്ങോട്ടാരെങ്കിലും തരുമ്പോള്‍- വിട്ട് വീഴ്ച ചെയ്ത് കണ്ണടച്ചുകൊണ്ടല്ലാതെ- അത് സ്വീകരിക്കുവാന്‍ ആരും മടിക്കുമല്ലോ. അതുപോലെ അങ്ങോട്ട് കൊടുക്കുന്ന വസ്തുക്കളും നല്ലതും മുന്തിയതുമായിരിക്കേണ്ടതാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ കല്‍പിക്കുന്നതും ഉപദേശിക്കുന്നതും മനുഷ്യന്‍റെ തന്നെ ഗുണത്തിനു വേണ്ടിയാണ്. അല്ലാഹുവിന് അതിലൊന്നും യാതൊരാവശ്യമോ നേട്ടമോ ഇല്ല. അവന് ആരുടെയും ഒരുവിധത്തിലുള്ള ആശ്രയവും വേണ്ടാ. അവന്‍റെ ഗുണങ്ങളിലും പ്രവൃത്തികളിലുമെല്ലാം അവന്‍ പരിപൂര്‍ണമായും സ്തുതികീര്‍ത്തനങ്ങള്‍ക്ക് അര്‍ഹനാകുന്നു എന്നൊക്കെയാണ് اللَّهَ غَنِيٌّ حَمِيدٌ (അല്ലാഹു ധന്യനും സ്തുത്യര്‍ഹനുമാണ്) എന്ന വാക്യം സൂചിപ്പിക്കുന്നത്.

കയ്യില്‍ ഉളളത് ചിലവഴിച്ചാല്‍ കുടുങ്ങിപ്പോകും. സ്വന്തം അത്യാവശ്യങ്ങളില്‍ വിനിയോഗിക്കുവാന്‍ മാര്‍ഗമില്ലാതെ കഷ്ടപ്പെടും എന്നിങ്ങനെയുള്ള വിചാരവും ഭയവുമാണ് മനുഷ്യനെ പിശുക്കനാക്കുന്നത്. അതേ സമയത്ത് നല്ല വഴിയില്‍ ചിലവഴിക്കുവാന്‍ പിശുക്ക് തോന്നുന്ന അതേ വസ്തുക്കളെ ചിലപ്പോള്‍ ദുര്‍വൃത്തികളിലും തോന്നിയവാസങ്ങളിലും അവന്‍ ചിലവഴിച്ചെന്നും വരും. പിശാചില്‍ നിന്നുണ്ടാകുന്ന ഭീഷണികളുടെയും ദുഷ്‌പ്രേരണകളുടെയും ഫലമാണിത്. മനുഷ്യമനസ്സില്‍ ദുര്‍മന്ത്രം നടത്തി വഴിപിഴപ്പിക്കലാണ് പിശാചിന്‍റെ ജോലി. അവനാണ് ആ വിചാരങ്ങള്‍ മനുഷ്യമനസ്സുകളില്‍ കുത്തിച്ചെലുത്തുന്നത്. നേരെമറിച്ച് അല്ലാഹുവും മനുഷ്യരോട് ചില വാഗ്ദാനങ്ങളൊക്കെ ചെയ്യുന്നുണ്ട്. വല്ലതും ചിലവഴിച്ചാല്‍ ഉടനെത്തന്നെ അതിലധികം അവന് പകരം ലഭിക്കുമെന്നല്ല അത്. അതിനെക്കാള്‍ മഹത്തരമത്രെ അവന്‍റെ വാഗ്ദാനം. പാപങ്ങള്‍ പൊറുത്തുകൊടുക്കുമെന്നും, അനുഗ്രഹവും ദയവും നല്‍കുമെന്നുമാണത്. ഈ ജീവിതത്തില്‍ വെച്ച് ലഭിക്കാവുന്ന ഏത് നേട്ടത്തെക്കാളും വമ്പിച്ചത് അതാണ് താനും.

ഇവിടെ ‘പിശാച് (الشَّيْطَانُ)’ കൊണ്ടുദ്ദേശ്യം, അദൃശ്യജീവിയായ സാക്ഷാല്‍ പിശാച് തന്നെ. ധനം ചിലവഴിച്ചാല്‍ ദാരിദ്ര്യം പിടിപെടുമെന്ന് ഭയപ്പെടുത്തുന്ന മനുഷ്യപ്പിശാചാണിവിടെ ഉദ്ദേശ്യമെന്ന് സാക്ഷാല്‍ പിശാചിനെ നിഷേധിക്കുന്ന ചിലര്‍ എഴുതിക്കാണുന്നതു കൊണ്ടാണ് ഇത് പ്രത്യേകം ഉണര്‍ത്തുന്നത്. പൈശാചികമായ ഈ ദുര്‍മന്ത്രം നടത്തുന്ന ചില മനുഷ്യപ്പിശാചുക്കള്‍ ഉണ്ടെന്നത് ശരിതന്നെ. പക്ഷേ, ഈ വിഷയത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് സാക്ഷാല്‍ പിശാചായിരിക്കും. മറ്റൊരാളുടെ ഭീഷണിയോ, ദുര്‍മന്ത്രമോ കൂടാതെത്തന്നെ ജീവിതകാലം മുഴുവനും കടുത്ത പിശുക്കന്‍മാരായിക്കഴിയുന്ന എത്രയോ ആളുകളുണ്ടെന്നുള്ള പരമാര്‍ത്ഥം ആര്‍ക്കാണ് നിഷേധിക്കുവാന്‍ കഴിയുക?! എന്നാല്‍, അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നതു പോലെയുള്ള ‘ബുദ്ധിജീവികള്‍’ക്കേ സാക്ഷാല്‍ പിശാചിനെയും, മനുഷ്യപ്പിശാചിനെയും ശരിക്ക് തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂ.

2:269
  • يُؤْتِى ٱلْحِكْمَةَ مَن يَشَآءُ ۚ وَمَن يُؤْتَ ٱلْحِكْمَةَ فَقَدْ أُوتِىَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ ﴾٢٦٩﴿
  • അവന്‍ [അല്ലാഹു] ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജ്ഞാനംനല്‍കുന്നു. ഏതൊരുവന് വിജ്ഞാനം നല്‍കപ്പെടുന്നുവോ അവന് ധാരാളം നന്മ നല്‍കപ്പെട്ടു കഴിഞ്ഞു! (സല്‍) ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോചിക്കുകയില്ലതാനും
  • يُؤْتِي അവന്‍ നല്‍കുന്നു الْحِكْمَةَ വിജ്ഞാനം, തത്വജ്ഞാനം, യുക്തി مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَمَن يُؤْتَ ആര്‍ക്ക് (ഏതൊരുവന്) നല്‍കപ്പെടുന്നുവോ الْحِكْمَةَ വിജ്ഞാനം, യുക്തി فَقَدْ أُوتِيَ എന്നാലവന് നല്‍കപ്പെട്ടു കഴിഞ്ഞു خَيْرًا നന്മ كَثِيرًا ധാരാളം وَمَا يَذَّكَّرُ ഉറ്റാലോചിക്കുകയില്ല إِلَّا أُولُو الْأَلْبَابِ ബുദ്ധിമാന്‍മാര്‍ (സല്‍ബുദ്ധിയുള്ളവര്‍) അല്ലാതെ

ധനം ചിലവഴിക്കുന്നതുമൂലം ദാരിദ്ര്യം വരുമെന്ന് ഭയപ്പെടുത്തലും, നീചവൃത്തികള്‍ക്ക്പ്രേരിപ്പിക്കലും പിശാചിന്‍റെ പണിയാണെന്നും, പാപമോചനവും അനുഗ്രഹവും സിദ്ധിക്കുവാനുള്ള മാര്‍ഗമാണ് അല്ലാഹു ഉപദേശിക്കുന്നതെന്നും കഴിഞ്ഞ വചനത്തില്‍ പറഞ്ഞു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അതിന് മുമ്പും വിവരിച്ചു. തുടര്‍ന്നു വിവരിക്കുന്നുമുണ്ട്. എന്നാല്‍, അങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി വേണ്ടതുപോലെ ചിന്തിച്ചു വിലയിരുത്തുവാനും, അവ അനുഷ്ഠാനത്തില്‍ കൊണ്ടുവന്നു പ്രയോജനപ്പെടുത്തുവാനും ആര്‍ക്കാണ് ഭാഗ്യമുണ്ടാകുക എന്നത്രെ ഇടക്കുവെച്ച് ഈ വചനത്തില്‍ അല്ലാഹു നമ്മെ മനസ്സിലാക്കുന്നത്. വളരെ അര്‍ത്ഥവത്തും സാരഗര്‍ഭവുമായ ഒരു തത്വമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

حِكْمَة (ഹിക്മത്ത്) എന്ന വാക്കിന് ‘വിജ്ഞാനം, തത്വജ്ഞാനം, യുക്തിതത്വം,’എന്നൊക്കെയാണ് അര്‍ത്ഥം കല്‍പിക്കപ്പെടാറുള്ളത്. കാര്യം അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ ഗ്രഹിക്കുവാനും അത് പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാനും ഉതകുന്ന അറിവാണ് മൊത്തത്തില്‍ അതുകൊണ്ട് വിവക്ഷ. ഇവിടെ ‘ഹിക്മത്ത്’ കൊണ്ട്ഉദ്ദേശ്യം പലമഹാന്‍മാരും പല വാക്കുകളിലും വിവരിച്ചു കാണാം. ബുദ്ധി, ശക്തി, ജ്ഞാനം, അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാട്, ക്വുര്‍ആനിക വിജ്ഞാനം, നബിചര്യ, കാര്യഗ്രഹണശക്തി, വാക്കും പ്രവൃത്തിയും യഥാര്‍ത്ഥത്തോട് യോജിച്ചതായിരിക്കുക എന്നൊക്കെയാണവയുടെ ചുരുക്കം. വാസ്തവത്തില്‍ ഇതെല്ലാം മേല്‍പറഞ്ഞ അര്‍ത്ഥത്തില്‍ ചെന്നുകലാശിക്കുന്നു. ഭൗതിക താല്‍പര്യക്കാരായ ചിലരുടെ വാക്കുകള്‍ ധ്വനിപ്പിക്കുന്നതു പോലെ, തന്ത്രപരമായ സാമര്‍ത്ഥ്യമോ, തത്വശാസ്ത്ര വിജ്ഞാനങ്ങളോ അല്ല അതുകൊണ്ട് വിവക്ഷയെന്ന് തീര്‍ത്തു പറയാം. താഴെ പ്രസ്താവിക്കുന്നതില്‍ നിന്ന് അത് കൂടുതല്‍ വ്യക്തമാകുന്നതാണ്.

ഇമാംമാലിക് (റ) പറഞ്ഞതായി ഇബ്‌നുകഥീര്‍ (റ) ഉദ്ധരിക്കുന്നു: ‘ഹിക്മത്ത് എന്നാല്‍, മതത്തെ സംബന്ധിച്ച വിജ്ഞാനവും, അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും നിമിത്തം ഹൃദയങ്ങളില്‍ ഉളവാകുന്ന ബോധവുമാകുന്നുവെന്നത്രെ എനിക്ക് തോന്നുന്നത്. ഒരു മനുഷ്യന്‍ ഐഹിക വിഷയത്തില്‍ ചിന്തിക്കുമ്പോള്‍, നീ അവനെ ബുദ്ധിമാനായി കാണുന്നു. വേറെ ഒരുവനെ ഐഹിക കാര്യങ്ങളില്‍ ദുര്‍ബ്ബലനായും, മത കാര്യങ്ങളില്‍ അറിവും ഉള്‍ക്കാഴ്ചയും ഉള്ളവനായും കാണുന്നു. ഇത് ഇയാള്‍ക്ക് അല്ലാഹു നല്‍കുന്നതാകുന്നു. മറ്റേയാള്‍ക്ക് അത് ലഭിക്കാതെ പോയിരിക്കുകയാണ്. അപ്പോള്‍, ‘ഹിക്മത്ത്’ എന്നാല്‍ അല്ലാഹുവിന്‍റെ മതത്തിലുള്ള വിജ്ഞാനമായിരിക്കും. ‘ബുഖാരിയും, മുസ്‌ലിമും (റ) ഉദ്ധരിച്ച ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘അല്ലാഹുനന്മ ഉദ്ദേശിക്കുന്നവന് അവന്‍ മതത്തില്‍ വിജ്ഞാനമുണ്ടാക്കിക്കൊടുക്കുന്നു. ഞാന്‍(വിജ്ഞാനം) ഭാഗിച്ചുകൊടുക്കുന്ന ഒരാള്‍ മാത്രമാകുന്നു, അല്ലാഹുവാണ് (യഥാര്‍ത്ഥത്തില്‍) കൊടുക്കുന്നത്.

‘കേവലം കുറെ അറിവുകളോ, വിദ്യയോ കരസ്ഥമാക്കിയതു കൊണ്ടുമാത്രം ‘ഹിക്മത്ത്’ ലഭ്യമാകുന്നതല്ല; അല്ലാഹുവിന്‍റെ അനുഗ്രഹത്തിനും പ്രതിഫലത്തിനും പാത്രമാകത്ത ക്കവണ്ണം അവ ഉപയോഗപ്പെടുത്തുവാനുള്ള ഭാഗ്യം കൂടി ഉണ്ടാകുമ്പോഴേ അത് ലഭ്യമാകുന്നുള്ളൂ. ‘അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഹിക്മത്ത് നല്‍കുന്നു’ എന്നും ‘ഹിക്മത്ത് ആര്‍ക്ക് നല്‍കപ്പെടുന്നുവോ അവന് ധാരാളം നന്മ നല്‍കപ്പെട്ടുകഴിഞ്ഞു’ എന്നുമുള്ള അല്ലാഹുവിന്‍റെ തിരുവാക്യങ്ങളില്‍ നിന്ന് തന്നെ ഈകാര്യം മനസ്സിലാക്കാവുന്നതാണ്. 4:54; 2:251; 38:20 മുതലായ സ്ഥലങ്ങളില്‍ അല്ലാഹു ഈ വാക്ക് ഉപയോഗിച്ചിട്ടുള്ള സന്ദര്‍ഭങ്ങളില്‍നിന്നും മേലുദ്ധരിച്ച ഹദീഥില്‍ നിന്നും, ഇമാംമാലിക് (റ)ന്‍റെ പ്രസ്താവനയില്‍ നിന്നും കൂടുതല്‍ വ്യക്തമാകുന്നതാകുന്നു. ഇബ്‌നുകഥീര്‍ (റ) ചൂണ്ടിക്കാട്ടിയതുപോലെ, ഹിക്മത്തിന്‍റെ ഏറ്റവും ഉന്നതമായ പദവിയാണ് പ്രവാചകത്വം. പ്രവാചകന്‍മാരുടെ അനുയായികള്‍ക്കും അവരുടെ ഭാഗ്യമനുസരിച്ച് ഹിക്മത്ത് നല്‍കപ്പെടുന്നു. ‘അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാടാണ് ഹിക്മത്തിന്‍റെ തല (അഥവാ പ്രധാന ഭാഗം)’ എന്ന് ഒരു ഹദീഥില്‍ വന്നിരിക്കുന്നു. പ്രസിദ്ധമായ മറ്റൊരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘രണ്ട് കാര്യങ്ങളിലല്ലാതെ അസൂയ പാടില്ല. അതായത്, അല്ലാഹുധനം നല്‍കിയിട്ട് വേണ്ടപ്പെട്ട വിഷയത്തില്‍ അതിനെ മുഴുവന്‍ വിനിയോഗിക്കുന്ന മനുഷ്യനും, അല്ലാഹു ഹിക്മത്ത് നല്‍കിയിട്ട് അത് പ്രകാരം വിധി നടത്തുകയും, അത് (മറ്റുള്ളവര്‍ക്ക്) പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന മനുഷ്യനും,’ (ബു; മു.) അസൂയകൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അവര്‍ക്ക് ലഭിച്ചതില്‍ വെറുപ്പും അനിഷ്ടവും തോന്നുകയെന്നല്ല, അവരെപ്പോലെ തനിക്കും വേണമെന്ന ആഗ്രഹമാകുന്നു. ഹദീഥിന്‍റെ ചിലരിവായത്തുകളില്‍ നിന്നുതന്നെ അത് മനസ്സിലാകുന്നതുമാണ്.

وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ (സല്‍ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോചിക്കുകയില്ല) എന്ന് പറഞ്ഞു കൊണ്ടാണ് ഈ വചനം അല്ലാഹു അവസാനിപ്പിക്കുന്നത്. വളരെ ശ്രദ്ധേയമായൊരുവാക്യമാണിത്. ഹിക്മത്ത് ലഭിച്ചവരേ കാര്യങ്ങള്‍ വേണ്ടതുപോലെ ചിന്തിച്ചറിയുകയും അത് യഥാവിധി പ്രവര്‍ത്തനത്തില്‍ വരുത്തുകയും ചെയ്കയുള്ളൂ. അങ്ങനെയുള്ളവരാണ് യഥാര്‍ത്ഥ ബുദ്ധിമാന്‍മാര്‍ എന്നാണിത് കാണിക്കുന്നത്. ‘സല്‍ബുദ്ധിയുള്ളവര്‍’ എന്ന് നാം അര്‍ത്ഥം നല്‍കിയത് أوُلُوالألْبَابِ എന്ന വാക്കിനാണ്. لُب (ലുബ്ബ്) എന്ന പദത്തിന്‍റെ ബഹുവചനമാണ് ألْبَاب (അല്‍ബാബ്). ‘കാമ്പ്, കാതല്‍, സത്ത്, മേദസ്സ്’ എന്നൊക്കയാണിതിന് സാക്ഷാല്‍ ഭാഷാര്‍ത്ഥം. ഊഹത്തിന്‍റെ കലര്‍പ്പോ സ്വന്തം താല്‍പര്യത്തിന്‍റെ ചായ്‌വോ കൂടാതെ തികച്ചും ശുദ്ധഗതിക്കുള്ള ബുദ്ധി എന്നാണതുകൊണ്ട് വിവക്ഷ. അതുകൊണ്ടാണ്ക്വുര്‍ആന്‍റെ നിഘണ്ടുവായ ഇമാംറാഗിബ് (റ)ന്‍റെ ‘അല്‍മുഫ്‌റദാത്തി’ ലും ഒരു ആധുനിക നിഘണ്ടുവായ ‘അല്‍മുന്‍ജിദി’ ലും അതിന്‍റെ അര്‍ത്ഥം വിവരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു കാണുന്നത്: അപ്പോള്‍, എല്ലാ ‘ലുബ്ബും ബുദ്ധിയാകുന്നു; എല്ലാ ബുദ്ധിയും ‘ലുബ്ബല്ല’. ഈ സവിശേഷതയിലേക്കുള്ള ഒരു സൂചനയായിട്ടാണ് പരിഭാഷയില്‍ നാം അതിന് ‘സല്‍ബുദ്ധിയുള്ളവര്‍’ എന്ന് വിവര്‍ത്തനം നല്‍കിയിരിക്കുന്നത്. ഇമാംറാഗിബ് (റ) തുടര്‍ന്നു കൊണ്ട് പറയുന്നു: പരിശുദ്ധമായ ബുദ്ധികള്‍ക്കല്ലാതെ മനസ്സിലാക്കുവാന്‍ കഴിയാത്ത മതവിധികളെ ‘ഉലുല്‍ അല്‍ബാബു’ മായിഅല്ലാഹു ബന്ധപ്പെടുത്തിപ്പറയുന്നതും അതുകൊണ്ടാകുന്നു.’ ഇതിന് പിന്‍ബലമായി അദ്ദേഹം ഈ വചനം തന്നെ എടുത്തുകാട്ടുകയും ചെയ്തിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ‘ബുദ്ധിമാന്‍മാര്‍, ബുദ്ധിശാലികള്‍’ എന്നിങ്ങനെയുള്ള അര്‍ത്ഥത്തില്‍ അറബിഭാഷയില്‍ സാധാരണ ഉപയോഗിക്കപ്പെടാറുള്ള اهل العقول ، عقلاء പോലെയുള്ളവാക്കുകളില്‍ അടങ്ങിയിട്ടില്ലാത്ത ഒരു പ്രത്യേകാര്‍ത്ഥത്തിലുള്ള ബുദ്ധിമാന്‍മാരാണ് أوُلُوالألْبَاب കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ശാസ്ത്രീയമായ കുപിടുത്തങ്ങള്‍, തത്വശാസ്ത്രപരമായ സിദ്ധാന്തങ്ങള്‍, അധികാരവും സ്വാധീനവും സ്വായത്തമാക്കുവാനുള്ള സാമര്‍ത്ഥ്യങ്ങള്‍ മുതലായവക്ക് പ്രാപ്തമാകുന്ന തരത്തിലുള്ള ബുദ്ധിയല്ല ‘ലുബ്ബ്’ കൊണ്ടുദ്ദേശ്യം. സൂറഃ ആലുഇംറാന്‍ 7 ഉം 190 ഉം വചനങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരം കാണാവുന്നതാകുന്നു. إِن شَاءَ اللَّهُ

2:270
  • وَمَآ أَنفَقْتُم مِّن نَّفَقَةٍ أَوْ نَذَرْتُم مِّن نَّذْرٍ فَإِنَّ ٱللَّهَ يَعْلَمُهُۥ ۗ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ ﴾٢٧٠﴿
  • നിങ്ങള്‍ വല്ല ചിലവും ചിലവഴിക്കുകയോ, അല്ലെങ്കില്‍ വല്ല നേര്‍ച്ചയും നേര്‍ച്ചയാക്കുകയോ ചെയ്താലും, നിശ്ചയമായും, അല്ലാഹു അതിനെ അറിയുന്നതാണ്. അക്രമികള്‍ക്ക് യാതൊരു സഹായികളും ഇല്ല.
  • وَمَا أَنفَقْتُم നിങ്ങള്‍ എന്ത് ചിലവഴിക്കുന്നുവോ مِّن نَّفَقَةٍ ചിലവായിട്ട്, വല്ലചിലവും أَوْ نَذَرْتُم അല്ലെങ്കില്‍ നിങ്ങള്‍ നേര്‍ന്നു(വോ) مِّن نَّذْرٍ വല്ല നേര്‍ച്ചയും, നേര്‍ച്ചയായിട്ട് فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു يَعْلَمُهُ അതിനെ അറിയും وَمَا لِلظَّالِمِينَ അക്രമികള്‍ക്കില്ല مِنْ أَنصَارٍ യാതൊരു സഹായികളും
2:271
  • إِن تُبْدُوا۟ ٱلصَّدَقَٰتِ فَنِعِمَّا هِىَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا ٱلْفُقَرَآءَ فَهُوَ خَيْرٌ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّـَٔاتِكُمْ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴾٢٧١﴿
  • നിങ്ങള്‍ ദാനധര്‍മങ്ങളെ വെളിവാക്കി ചെയ്യുന്ന പക്ഷം, അത് എത്രയോ നല്ലത് (തന്നെ). നിങ്ങള്‍ അത് മറച്ചുവെക്കുകയും, ദരിദ്രന്‍മാര്‍ക്ക് അത് കൊടുക്കുകയും ചെയ്യുന്ന പക്ഷം, അത് നിങ്ങള്‍ക്ക് (കൂടുതല്‍) ഗുണകരമാകുന്നു. നിങ്ങളുടെ തിന്മകളില്‍നിന്നും (കുറെഭാഗം) അവന്‍ മൂടിവെ (ച്ചുമാപ്പാ)ക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവാകട്ടെ, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
  • إِن تُبْدُوا നിങ്ങള്‍ വെളിവാക്കുന്നപക്ഷം, വ്യക്തമാക്കിയെങ്കില്‍ الصَّدَقَاتِ ദാനധര്‍മങ്ങളെ فَنِعِمَّا എന്നാല്‍ വളരെ (എത്രയോ) നല്ലതത്രെ هِيَ അവ, അത് وَإِن تُخْفُوهَا അവയെ നിങ്ങള്‍ മറച്ചുവെക്കുന്നപക്ഷം وَتُؤْتُوهَا അവയെ നിങ്ങള്‍ കൊടുക്കുകയും الْفُقَرَاءَ ദരിദ്രന്‍മാര്‍ക്ക് فَهُوَ എന്നാലത് خَيْرٌ لَّكُمْ നിങ്ങള്‍ക്ക് ഉത്തമമാണ് وَيُكَفِّرُ عَنكُم നിങ്ങള്‍ക്ക് (നിങ്ങളില്‍ നിന്ന്) അവന്‍ മൂടിവെക്കുക (മാപ്പാക്കുക)യും ചെയ്യും مِّن سَيِّئَاتِكُمْ നിങ്ങളുടെ തിന്മകളില്‍ നിന്ന് (ചിലത്) وَاللَّهُ അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണ്

ദാനധര്‍മങ്ങളെന്ന നിലക്കോ അല്ലാതെയോ ചെയ്യപ്പെടുന്ന എല്ലാ ചിലവുകളെക്കുറിച്ചും എല്ലാതരം നേര്‍ച്ചകളെക്കുറിച്ചും- അവ ചെറുതോ വലുതോ, രഹസ്യമോ പരസ്യമോ ഉദ്ദേശ്യശുദ്ധിയോടെയോ അല്ലാതെയോ ആവട്ടെ- അല്ലാഹുവിനറിയാം. ഒന്നും അവന്‍റെ കണക്കില്‍ പെടാതിരിക്കുകയില്ല. അതതിന് തക്ക പ്രതിഫലം അവന്‍ നല്‍കുകയും ചെയ്യും. വേണ്ടപ്പെട്ട വിഷയത്തില്‍ ചിലവഴിക്കാതിരിക്കുന്നതും, അല്ലാഹു ഇഷ്ടെപ്പടാത്ത മാര്‍ഗങ്ങളില്‍ ചിലവഴിക്കുന്നതും, അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമല്ലാതെ മറ്റു വല്ല ലക്ഷ്യവും വെച്ചുകൊണ്ട്ചിലവഴിക്കുന്നതും അക്രമവും അനീതിയുമാകുന്നു. അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്കാകട്ടെ, ക്വിയാമത്തുനാളില്‍ യാതൊരു രക്ഷയും, സഹായവുംലഭിക്കുകയില്ല താനും; എന്നൊക്കെയാണ് ഒന്നാമത്തെ വചനത്തിന്‍റെ സാരം. ദാനധര്‍മങ്ങള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ കാണത്തക്കവിധം പരസ്യമായി ചെയ്യുന്നതിന് വിരോധമൊന്നുമില്ല. വളരെ നല്ലത് തന്നെ. പരസ്യമായിപ്പോയതു കൊണ്ട് അല്ലാഹു അത് സ്വീകരിക്കാതിരിക്കുകയില്ല. പക്ഷേ, ശുദ്ധമനസ്സോടെയും അല്ലാഹുവിന്‍റെ പ്രീതിയെ ഉദ്ദേശിച്ചുമായിരിക്കണം എന്നുമാത്രം. എങ്കിലും, ചിലവഴിക്കുന്നത് രഹസ്യമായിരിക്കുകയും, ദരിദ്ര വിഭാഗത്തിനായിരിക്കുകയും ചെയ്യുന്നതാണ് അതിനെക്കാള്‍ ഉത്തമം. കൂടുതല്‍ പുണ്യം അതിലാണുള്ളത്. ദാനധര്‍മങ്ങള്‍ക്ക്- സ്വകാര്യമായി ചെയ്യുന്നവര്‍ക്ക് വിശേഷിച്ചും- അല്ലാഹു വമ്പിച്ച പ്രതിഫലം നല്‍കുമെന്ന് മാത്രമല്ല, ചെയ്തുപോയ പല പാപങ്ങളും പൊറുക്കുവാന്‍കൂടി അത് കാരണമാകുന്നതാണ്. ആരൊക്കെ എന്തൊക്കെ ചെയ്യുന്നു, ഓരോന്നും എത്ര കണ്ട് പ്രതിഫലം അര്‍ഹിക്കുന്നു എന്നിത്യാദി കാര്യങ്ങളെല്ലാം അല്ലാഹുവിന് സസൂക്ഷ്മം അറിയാം. അതനുസരിച്ച് അവന്‍ നടപടി എടുക്കുകയും ചെയ്യും. എന്നൊക്കെയാണ് രണ്ടാമത്തെ വചനത്തിന്‍റെ സാരം.

നിര്‍ബന്ധമില്ലാത്ത വല്ല പുണ്യകര്‍മവും ചെയ്തുകൊള്ളാമെന്ന് സ്വയം പ്രതിജ്ഞ ചെയ്യുന്നതിനാണ് نَذْر (നേര്‍ച്ച) എന്ന് പറയുന്നത്. ഇത് ആരാധനയുടെ ഇനത്തില്‍പെട്ടതുമാകുന്നു. അതുകൊണ്ടാണ് നേര്‍ച്ചകളെല്ലാം അല്ലാഹുവിന് മാത്രമേ പാടുള്ളുവെന്ന് നിയമിക്കപ്പെട്ടിരിക്കുന്നത്. ഒരു കാര്യം നേര്‍ച്ചയാക്കിയാല്‍ അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാകുന്നു. പുണ്യകരമായ കാര്യങ്ങളല്ലാതെ നേര്‍ച്ചയാക്കുവാന്‍ പാടില്ലതാനും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘ആരെങ്കിലും അല്ലാഹുവിനെ അനുസരിക്കുവാന്‍ (അനുസരണത്തിന്‍റെ ഇനത്തില്‍പെട്ട വല്ലതും ചെയ്യാന്‍) നേര്‍ച്ചയാക്കിയാല്‍, അവന്‍ അവനെ (അല്ലാഹുവിനെ) അനുസരിച്ചുകൊള്ളട്ടെ. ആരെങ്കിലും അവനോട് അനുസരണക്കേട് കാണിക്കുവാന്‍ (അനുസരണക്കേടായ വല്ലതും ചെയ്യാന്‍) നേര്‍ച്ചയാക്കിയാല്‍ അവന്‍ അവനോട് അനുസരണക്കേട് കാണിക്കുകയും അരുത്.’ (ബു) ‘അനുസരണക്കേടില്‍ നേര്‍ച്ചയേ ഇല്ല.’ എന്നും തിരുമേനി പറഞ്ഞിട്ടുണ്ട്.(മു) അല്ലാഹുവിന്‍റെ തണലല്ലാത്ത മറ്റൊരു തണലും ഇല്ലാത്ത ദിവസം- ക്വിയാമത്തുനാളില്‍- അല്ലാഹു തണല്‍ നല്‍കുന്ന ഏഴുകൂട്ടരെപ്പറ്റി പ്രസ്താവിക്കുന്ന പ്രസിദ്ധ ഹദീഥില്‍, ‘വലത്തേ കൈ ചിലവഴിക്കുന്നത് ഇടത്തേ കൈ അറിയാത്തവിധം സ്വകാര്യമായി ധനം ചിലവഴിക്കുന്ന മനുഷ്യനെ’യാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്ന് എണ്ണിയിരിക്കുന്നത്. (ബു; മു) സ്വകാര്യമായി ദാനധര്‍മം ചെയ്യുന്നവന്‍ അല്ലാഹുവിന്‍റെ പ്രീതിയല്ലാതെ മറ്റൊന്നും കാംക്ഷിക്കുന്നില്ലല്ലോ. അതാണിതിന് കാരണം.

ധനികന്‍മാര്‍ക്ക് ധര്‍മം നല്‍കപ്പെടുന്നത് ദുര്‍ലഭമാണെങ്കിലും കാര്യമായ ഞെരുക്കമോ ബുദ്ധിമുട്ടോ ഇല്ലാത്തവര്‍ക്കും ചിലപ്പോള്‍ ധര്‍മം നല്‍കപ്പെട്ടുവെന്നുവരാം. ചിലപ്പോള്‍ ധനിക- ദരിദ്ര വ്യത്യാസം അറിയപ്പെടാതെ കൊടുക്കേണ്ടിയും വരാം. എന്നാലും അത്നല്ല കാര്യം തന്നെ. അതുകൊണ്ടായിരിക്കാം ദാനധര്‍മങ്ങള്‍ പരസ്യമാക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍, ദരിദ്രന്‍മാര്‍ക്കെന്നോ ധനികര്‍ക്കെന്നോ അല്ലാഹു വ്യക്തമാക്കാത്തതും, കൂടുതല്‍ നല്ലതിനെപ്പറ്റി പറഞ്ഞപ്പോള്‍ രഹസ്യമാക്കുന്നതോടൊപ്പം ദരിദ്രന്‍മാര്‍ക്കായിരിക്കുക എന്നുകൂടി ചേര്‍ത്ത് പറഞ്ഞതും. الله أعلم പരസ്യമായ ധര്‍മത്തെക്കാള്‍ രഹസ്യമായ ധര്‍മമാണ് ഉത്തമമെന്നുള്ളത് ഒരു പൊതു തത്വം തന്നെ. ചില സന്ദര്‍ഭങ്ങളില്‍ അതില്‍ വ്യത്യാസം വരാം. ഉദാഹരണമായി, ഒരാള്‍ ചിലവഴിക്കുന്നത് മറ്റുള്ളവര്‍ക്ക് മാതൃകയായിത്തീര്‍ന്നേക്കും. അല്ലെങ്കില്‍ അയാള്‍ ചിലവഴിക്കാതിരിക്കുകയോ, ചിലവഴിക്കുന്നത് മറ്റുള്ളവര്‍ അറിയാതിരിക്കുകയോ ചെയ്യുന്നത് നിമിത്തം തെറ്റിദ്ധാരണയോ, പൊതുനന്മക്ക് ദോഷമോ ഉണ്ടായേക്കാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പരസ്യമാക്കുന്നതായിരിക്കും നന്നായിരിക്കുകയെന്ന് പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

2:272
  • ۞ لَّيْسَ عَلَيْكَ هُدَىٰهُمْ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۗ وَمَا تُنفِقُوا۟ مِنْ خَيْرٍ فَلِأَنفُسِكُمْ ۚ وَمَا تُنفِقُونَ إِلَّا ٱبْتِغَآءَ وَجْهِ ٱللَّهِ ۚ وَمَا تُنفِقُوا۟ مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ ﴾٢٧٢﴿
  • (നബിയേ) അവരെ സന്‍മാര്‍ഗത്തിലാക്കല്‍ നിന്‍റെ മേല്‍ (ബാധ്യത) ഇല്ല. എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുകയത്രെ ചെയ്യുന്നത്. നിങ്ങള്‍ നല്ലതായുള്ളത് എന്ത് ചിലവ്ചെയ്താലും (അത്) നിങ്ങളുടെസ്വന്തങ്ങള്‍ക്കുവേണ്ടി (തന്നെ)യായിരിക്കും. അല്ലാഹുവിന്‍റെ മുഖത്തെ [പ്രീതിയെ] തേടിക്കൊണ്ടല്ലാതെ നിങ്ങള്‍ ചിലവഴിക്കുന്നുമില്ല (എന്നിരിക്കെ). നിങ്ങള്‍ നല്ലതായുള്ളതെന്ത് ചിലവഴിക്കുന്നതായാലും അത് [അതിന്‍റെ പ്രതിഫലം] നിങ്ങള്‍ക്ക് നിറവേറ്റിത്തരപ്പെടുന്നതാണ്; നിങ്ങളോട് അനീതി ചെയ്യപ്പെടുകയില്ലതാനും.
  • لَّيْسَ عَلَيْكَ നിന്‍റെ മേല്‍ ഇല്ല هُدَاهُمْ അവരുടെ സന്‍മാര്‍ഗം, സന്‍മാര്‍ഗത്തിലാക്കല്‍ وَلَٰكِنَّ اللَّهَ എങ്കിലും അല്ലാഹു يَهْدِي അവന്‍ സന്‍മാര്‍ഗത്തിലാക്കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَمَا تُنفِقُوا നിങ്ങള്‍ എന്ത് ചിലവഴിക്കുന്നുവോ مِنْ خَيْرٍ നല്ലതായിട്ട് فَلِأَنفُسِكُمْ എന്നാല്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കുവേണ്ടിയാണ് وَمَا تُنفِقُونَ നിങ്ങള്‍ ചിലവഴിക്കുന്നുമില്ല, ചിലവഴിക്കാത്ത സ്ഥിതിക്ക് إِلَّا ابْتِغَاءَ തേടിക്കൊണ്ടല്ലാതെ, തേടുവാനല്ലാതെ وَجْهِ اللَّهِ അല്ലാഹുവിന്‍റെ മുഖത്തെ (പ്രീതിയെ) وَمَا تُنفِقُوا നിങ്ങള്‍ എന്ത് ചിലവഴിച്ചാലും مِنْ خَيْرٍ നല്ലതായിട്ട് يُوَفَّ അത് നിറവേറ്റെപ്പടും إِلَيْكُمْ നിങ്ങള്‍ക്ക് وَأَنتُمْ നിങ്ങളാകട്ടെ لَا تُظْلَمُونَ നിങ്ങള്‍ അക്രമിക്ക (അനീതി ചെയ്യ)പ്പെടുകയുമില്ല

പ്രബോധനം ചെയ്യുക, ഉപദേശിക്കുക, സന്‍മാര്‍ഗം കാണിച്ചുകൊടുക്കുക ഇതൊക്കെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചുമതല. എന്നല്ലാതെ, അത് അംഗീകരിപ്പിച്ചു നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കുക തിരുമേനിയുടെ ബാധ്യതയല്ല. അത് അല്ലാഹുവിന്‍റെ പ്രവൃത്തിയാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന വരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കും. ആരെയാണ് നേര്‍മാര്‍ഗത്തിലാക്കേണ്ടത്, ആരാണതിന് അര്‍ഹന്‍ എന്നൊക്കെ അല്ലാഹുവിനാണല്ലോ അറിയുക. ഈ സംഗതി ക്വുര്‍ആനില്‍ പല സ്ഥലത്തും അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാണ്.

ദാനധര്‍മങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടയില്‍ ഇക്കാര്യം എടുത്തുപറയുവാന്‍ കാരണമുണ്ടെന്ന് പല രിവായത്തുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അവയുടെ ചുരുക്കം ഇതാകുന്നു: സത്യവിശ്വാസികളില്‍ പലരും തങ്ങളുടെ അവിശ്വാസികളായ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ നിറുത്തല്‍ ചെയ്കയും, അവര്‍ക്ക് ദാനധര്‍മങ്ങള്‍ നല്‍കുവാന്‍ മടിക്കുകയും ഉണ്ടായി. ഈ വചനം അവതരിക്കുന്നതിന് മുമ്പ് മുസ്‌ലിംകള്‍ക്കല്ലാതെ ധര്‍മം കൊടുക്കരുതെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും ഉപദേശിച്ചിരുന്നുവെന്നും ഇബ്‌നു അബീഹാതിം (റ) മുതലായവരുടെ ചില രിവായത്തുകളില്‍ വന്നിട്ടുണ്ട്.അവര്‍ സത്യവിശ്വാസം സ്വീകരിക്കാത്തതിലുള്ള വെറുപ്പു കൊണ്ട് മാത്രമല്ല, അവരെ സത്യവിശ്വാസത്തിലേക്ക് പ്രേരിപ്പിക്കുവാനും കൂടിയായിരുന്നു അത്. ആ സമ്പ്രദായം തുടരേണ്ടതില്ലെന്ന് ഈ വചനം മുഖേന അറിയിക്കുന്നു. ദാനധര്‍മങ്ങള്‍ ചെയ്യുന്നത് മുസ്‌ലിംകള്‍ക്ക് തന്നെ ആയിക്കൊള്ളണമെന്നില്ല. ഏത് മതസ്ഥര്‍ക്കും ആവാം. ആര്‍ക്ക് നല്‍കിയാലും അത് നല്ല കാര്യം തന്നെ. അവര്‍ സന്‍മാര്‍ഗം സ്വീകരിച്ചിട്ടില്ലാത്തതിന്‍റെ ബാധ്യത നിങ്ങള്‍ക്കില്ല. അക്കാര്യം അല്ലാഹുവും അവരും തമ്മില്‍ ആയിക്കൊള്ളും. അല്ലാഹുവിന്‍റെ പ്രീതിയെ ഉദ്ദേശിച്ചു ചെയ്യുന്ന ഏതൊരു ദാനധര്‍മവും -അതെത്ര നിസ്സാരമായതായാലും ശരി- ചെയ്യുന്നതിന്‍റെ ഫലം നിങ്ങള്‍ തന്നെയാണ് ആസ്വദിക്കുക. ഒന്നും അല്ലാഹു പാഴാക്കുകയില്ല. പ്രതിഫലത്തില്‍ യാതൊരുകുറവും വരുത്താതെ അതവന്‍ നിറവേറ്റിത്തരുകതന്നെ ചെയ്യും. എന്നൊക്കെയാണ് തുടര്‍ന്നു പറഞ്ഞതിന്‍റെ താല്‍പര്യം.

വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും നല്‍കുന്ന ധര്‍മങ്ങളും, സജ്ജനങ്ങള്‍ക്കും ദുര്‍ജ്ജനങ്ങള്‍ക്കും നല്‍കുന്ന ധര്‍മങ്ങളും എല്ലാ നിലക്കും ഒരുപോലെയായിരിക്കുമെന്ന് ധരിക്കേണ്ടതില്ല. വാങ്ങുന്നവര്‍ ഏതുതരക്കാരായാലും കൊടുക്കുന്നത് പുണ്യകര്‍മംതന്നെ എന്നേ മേല്‍ പറഞ്ഞതിന് അര്‍ത്ഥമുള്ളൂ. സക്കാത്തു പോലെയുള്ള നിര്‍ബന്ധധര്‍മങ്ങള്‍ മുസ്‌ലിംകള്‍ക്കു തന്നെ നല്‍കപ്പെടേണ്ടതുമുണ്ട്. നല്‍കപ്പെട്ട ധനം ഇസ്‌ലാമിനെതിരെയോ, ദുര്‍മാര്‍ഗങ്ങളിലോ വിനിയോഗിക്കപ്പെടുമെന്നു കണ്ടാല്‍, അപ്പോള്‍ അങ്ങനെയുള്ളവര്‍ക്ക് ദാനധര്‍മങ്ങളോ സംഭാവനകളോ നല്‍കിക്കൂടാത്തതുമാകുന്നു. നല്‍കെപ്പടുന്ന ആളുകളുടെയും, ചിലവഴിക്കപ്പെടുന്ന വിഷയങ്ങളുടെയും സ്ഥിതിക്കനുസരിച്ച് ദാനധര്‍മങ്ങളുടെ പ്രാധാന്യത്തില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും അടുത്ത വചനത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

2:273
  • لِلْفُقَرَآءِ ٱلَّذِينَ أُحْصِرُوا۟ فِى سَبِيلِ ٱللَّهِ لَا يَسْتَطِيعُونَ ضَرْبًا فِى ٱلْأَرْضِ يَحْسَبُهُمُ ٱلْجَاهِلُ أَغْنِيَآءَ مِنَ ٱلتَّعَفُّفِ تَعْرِفُهُم بِسِيمَٰهُمْ لَا يَسْـَٔلُونَ ٱلنَّاسَ إِلْحَافًا ۗ وَمَا تُنفِقُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ ﴾٢٧٣﴿
  • അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തടഞ്ഞുവെക്കപ്പെട്ടിട്ടുള്ളവരായ ദരിദ്രര്‍ക്കത്രെ (ദാനധര്‍മങ്ങള്‍ നല്‍കേണ്ടത്); ഭൂമിയില്‍ സഞ്ചരിക്കുവാന്‍ അവര്‍ക്ക് കഴിയുന്നതല്ല; ആത്മാഭിമാനം പാലിക്കുന്നത് നിമിത്തം, അറിയാത്തവന്‍ അവരെ ധനികന്മാരായി കണക്കാക്കുന്നു; അവരുടെ ലക്ഷണം കൊണ്ട് അവരെ നിനക്ക് മനസ്സിലാക്കാവുന്നതാണ്; അവര്‍ മനുഷ്യേരാട് ബുദ്ധിമുട്ടിച്ച് (ഒന്നും) ചോദിക്കുകയില്ല. [ഇങ്ങനെയുള്ളവര്‍ക്കത്രെ ദാനധര്‍മങ്ങള്‍ നല്‍കേണ്ടത്.] നിങ്ങള്‍നല്ലതായുള്ളത് എന്ത് ചിലവഴിക്കുന്നതായാലും അല്ലാഹു അതിനെക്കുറിച്ച് അറിയുന്നവനാകുന്നു.
  • لِلْفُقَرَاءِ ദരിദ്രര്‍ക്ക് الَّذِينَ യാതൊരു കൂട്ടരായ أُحْصِرُوا അവര്‍ തടഞ്ഞുവെക്കപ്പെട്ടു, മുടക്കപ്പെട്ടിരിക്കുന്നു فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ لَا يَسْتَطِيعُونَ അവര്‍ക്ക് കഴിയുകയില്ല ضَرْبًا فِي الْأَرْضِ ഭൂമിയില്‍ സഞ്ചരിക്കുവാന്‍,യാത്രക്ക് يَحْسَبُهُمُ അവരെ കണക്കാക്കും, ഗണിക്കും الْجَاهِلُ അറിയാത്തവന്‍, മൂഢന്‍ أَغْنِيَاءَ ധനികന്‍മാരെന്ന് مِنَ التَّعَفُّفِ ആത്മാഭിമാനം പാലിക്കല്‍ നിമിത്തം تَعْرِفُهُم നിനക്കവരെ മനസ്സിലാക്കാം بِسِيمَاهُمْ അവരുടെ ലക്ഷണം (അടയാളം) കൊണ്ട് لَا يَسْأَلُونَ അവര്‍ ചോദിക്കുകയില്ല النَّاسَ മനുഷ്യരോട് إِلْحَافًا ബുദ്ധിമുട്ടിച്ച് وَمَا تُنفِقُوا നിങ്ങള്‍ എന്ത് ചിലവഴിക്കുന്നതായാലും مِنْ خَيْرٍ നല്ലതായിട്ട് فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു بِهِ عَلِيمٌ അതിനെക്കുറിച്ച് അറിയുന്നവനാണ്

ആര്‍ക്കായാലും ദാനധര്‍മം ചെയ്യുന്നത് നല്ല കാര്യമാണെന്ന് കഴിഞ്ഞ വചനത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അതിന് ഏറ്റവും അര്‍ഹരായവര്‍ ആരാണെന്ന് ഈ വചനത്തില്‍ പ്രസ്താവിക്കുന്നു. മക്കായില്‍ ഹിജ്‌റഃ വന്നവരും പാര്‍പ്പിടമോ ഉപജീവന മാര്‍ഗമോ ഇല്ലാത്തവരുമായ കുറേ സ്വഹാബികള്‍ മദീനാ പള്ളിക്കോലായിലും പരിസരത്തുമായി കഴിഞ്ഞു കൂടുന്നുണ്ടായിരുന്നു. ഇസ്‌ലാമിക വിജ്ഞാനം സമ്പാദിക്കുക, നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നിര്‍ദ്ദേശപ്രകാരം സമരങ്ങളിലും സൈനിക നടപടികളിലും പങ്കെടുക്കുക മുതലായ ദീനീ സേവനങ്ങളില്‍ മുഴുകിയവരായിരുന്നു അവര്‍. ‘സ്വുഫ്ഫത്തുകാര്‍’ (اَصْحَابُ الصفة) (കോലായയില്‍ താമസിക്കുന്നവര്‍) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അവര്‍ ഏറെക്കുറെ മുന്നൂറ് പേരുണ്ടായിരുന്നു. ഇവര്‍ക്കാണ് ദാനധര്‍മങ്ങളില്‍ മുന്‍ഗണന നല്‍കപ്പെടേണ്ടതെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ഇക്കാലത്ത് സ്വുഫ്ഫത്തുകാര്‍ ഇല്ലെങ്കിലും- ഭാഗികമായിട്ടെങ്കിലും- അവരെപ്പോലെ മതവിജ്ഞാന സമ്പാദനം തുടങ്ങിയ ദീനീ സേവനങ്ങളില്‍ ഏര്‍പ്പെട്ട് ജീവിത മാര്‍ഗത്തിന് വകയില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കും ഇതുപോലെ എല്ലാ കാലത്തും മുന്‍ഗണന നല്‍കേതുണ്ടെന്നും, അവര്‍ക്കുവേണ്ടി ധനം ചിലവഴിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു പുണ്യകര്‍മമാണെന്നും ഈവചനത്തില്‍ നിന്ന് ഗ്രഹിക്കാവുന്നതുമാകുന്നു. സ്വുഫ്ഫത്തുകാരുടെ മാതൃകാപരമായ ചില സ്വഭാവങ്ങള്‍ അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്:-

(1) അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തടഞ്ഞുവെക്കപ്പെട്ടവരാണ്. അതെ, ഭൗതികമായ ഉദ്ദേശ്യങ്ങളൊന്നും അവര്‍ക്കില്ല . അല്ലാഹുവിന്‍റെ മതത്തിനുവേണ്ടി അവര്‍ നാടും വീടും ത്യജിച്ചുപോന്നു. അല്ലാഹുവിന്‍റെ പ്രീതി സമ്പാദിക്കലും, ഇസ്‌ലാമിന് വേണ്ടി തങ്ങളാല്‍ കഴിയുന്ന ത്യാഗങ്ങള്‍ അനുഷ്ഠിക്കലുമാണവരുടെ ജീവിതലക്ഷ്യം.

(2) ഭൂമിയിലൂടെ സഞ്ചരിച്ചു കച്ചവടം, കൃഷി മുതലായവ നടത്തുവാനുള്ള പരിതഃസ്ഥിതികളും സൗകര്യവും അവര്‍ക്കില്ല.

(3) അതേസമയം അവരുടെ യഥാര്‍ത്ഥ സ്ഥിതിഗതികളെക്കുറിച്ച് അറിയാത്തവര്‍ അവരെപ്പറ്റി കേവലം ധനികന്‍മാരാണെന്നായിരിക്കും ധരിക്കുക. കാരണം, അവര്‍ അത്രക്കും ആത്മാഭിമാനം സംരക്ഷിക്കുന്നവരാകുന്നു. അവരുടെ പെരുമാറ്റത്തിലോ, സംസാരത്തിലോ ദാരിദ്ര്യത്തിന്‍റെയും, ഞെരുക്കത്തിന്‍റെയും സൂചനകള്‍ അവര്‍ പ്രകടിപ്പിക്കുകയില്ല.

(4) പക്ഷേ, ചില പ്രത്യേക ലക്ഷണങ്ങള്‍- വിനയം, ഒതുക്കം, വിളര്‍ത്ത മുഖം, ഒട്ടിയ വയര്‍, പരവശപ്പെട്ട ശരീരം, കീറിയതും പഴയതുമായ വസ്ത്രം ആദിയായ അടയാളങ്ങള്‍- വഴി അവരുടെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്. വിശപ്പിന്‍റെ കാഠിന്യംമൂലം അവരില്‍ ചിലര്‍ പളളിയില്‍ നമസ്‌കാരവേളയില്‍ വീണുപോകുകയും, ഉള്‍നാട്ടുകാരായ അറബികള്‍ അത് കാണുമ്പോള്‍ അവര്‍ക്ക് ഭ്രാന്താണെന്ന് ധരിക്കുകയും ചെയ്യുമായിരുന്നു. ബുഖാരീ (റ) രേഖപ്പെടുത്തിയ ഒരു ഹദീഥില്‍ അബൂഹുറയ്‌റഃ (റ) പറയുകയാണ്: ‘സ്വുഫ്ഫത്തിന്‍റെ ആള്‍ക്കാരില്‍ എഴുപത് പേരെ ഞാന്‍ കണ്ടിട്ടുണ്ട്.അവരില്‍ ഒരാള്‍ക്കെങ്കിലും ഒരു തട്ടം (രണ്ടാം മുണ്ട്) ഉണ്ടായിരുന്നില്ല. ഒന്നുകില്‍ ഒരു തുണി, അല്ലെങ്കില്‍ ഒരു കരിമ്പടം (കമ്പിളി). അതവര്‍ തോളുകളില്‍ കെട്ടിയിരിക്കും. ചിലത് കണങ്കാലില്‍ പകുതിവരെയും, ചിലത് ഞെരിയാണിവരെയും എത്തുമായിരിക്കും. ഗുഹ്യസ്ഥാനം കാണാതിരിക്കുവാനായി അവര്‍ അത് (കൈകൊണ്ട്) കൂട്ടിപ്പിടിച്ചു കൊണ്ടിരിക്കുമായിരുന്നു.’

(5) എന്നാലും മറ്റുള്ളവരോട് യാചിക്കുകയോ, വല്ലതും ചോദിച്ചു ബുദ്ധിമുട്ടിക്കുകയോ അവര്‍ ചെയ്കയില്ല. അനിവാര്യമായ ഘട്ടത്തില്‍പോലും ആരോടെങ്കിലും വല്ലതും ആവശ്യപ്പെട്ടാല്‍ അത് മാന്യമായ നിലയിലും സൂചനാരൂപത്തിലുമായിരിക്കും. ഇവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്‍റെ ആവശ്യകത ഇതില്‍ നിന്നെല്ലാം സ്പഷ്ടമാണല്ലോ.

യാചനയും, അന്യരോട് ചോദിച്ചു വാങ്ങുന്നതും ഇസ്‌ലാമില്‍ എത്രമാത്രം ആക്ഷേപകരമായിട്ടാണ് ഗണിക്കപ്പെട്ടിരിക്കുന്നതെന്ന് താഴെ കാണുന്നതുപോലെയുള്ള പല നബി വചനങ്ങളില്‍ നിന്നും മനസ്സിലാകുന്നതാണ്:

(1) ബുഖാരീ, മുസ്‌ലിം (റ) മുതലായവര്‍ പല മാര്‍ഗങ്ങളിലൂടെയും രേഖപ്പെടുത്തിയഒരു നബി വചനത്തിന്‍റെ സാരമാണിത്: ‘ഒന്നോ രണ്ടോ കാരക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്താല്‍ മടങ്ങിപ്പോകുന്ന ഈ അലഞ്ഞു നടക്കുന്നവരല്ല സാധുക്കള്‍. പരാശ്രയം കൂടാതെ കഴിക്കാവുന്ന ധനമില്ലാതെയും, ദാനധര്‍മം ലഭിക്കാത്തവണ്ണം മറ്റുള്ളവര്‍ക്ക് തന്നെപ്പറ്റി മനസ്സിലാക്കുവാന്‍ കഴിയാതെയും, മനുഷ്യരോട് ഒന്നും ചോദിക്കാതെയും ഇരിക്കുന്നവനാണ് സാധു.’

(2) ബുഖാരീയും മുസ്‌ലിമും (റ) ഉദ്ധരിച്ച മറ്റൊരു നബിവചനം: ‘നിങ്ങളിലൊരാള്‍ ചോദിച്ചു വാങ്ങിക്കൊണ്ടിരിക്കുന്നതായാല്‍, അവന്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്ന സമയ ത്ത് (ക്വിയാമത്ത് നാളില്‍) അവന്‍റെ മുഖത്ത് ഒരു പിച്ച് മാംസവും ഉണ്ടായിരിക്കുകയില്ല .’

(3) ‘ധനം വര്‍ദ്ധിക്കുവാനായി ആരെങ്കിലും ജനങ്ങളോട് ചോദിച്ചു വാങ്ങുന്നതായാല്‍, അവന്‍ തീക്കനലാണ് ചോദിക്കുന്നത്. ആകയാല്‍ അവന്‍, (ചോദ്യം) കുറക്കുവാന്‍ ശ്രമിക്കുകയോ, അല്ലെങ്കില്‍ അധികരിപ്പിക്കുവാന്‍ ശ്രമിക്കുകയോ (ഇഷ്ടം പോലെ) ചെയ്തുകൊള്ളട്ടെ.’ (മു.)

(4) ആര്‍ അഭിമാനം കാക്കുവാന്‍ ശ്രമിക്കുന്നുവോ അവന് അല്ലാഹു അഭിമാനം കാത്തുകൊടുക്കും. ആര്‍ ധന്യത പ്രകടിപ്പിക്കുന്നുവോ അവന് അല്ലാഹു ധന്യത നല്‍കും.'(ബു; മു.)

(5) ഒരവസരത്തില്‍ ഖബീസ്വഃ (റ) എന്ന സ്വഹാബിയോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതിന്‍റെ സാരമിതാണ്: ‘ചോദിച്ചു വാങ്ങുവാന്‍ മൂന്നാളുകള്‍ക്കേ പാടുള്ളൂ; വല്ല കടബാദ്ധ്യതയും ഏറ്റെടുത്തവന് അത് ലഭിക്കുന്നതു വരെയും, വല്ല അത്യാപത്തും സംഭവിച്ചു ധനം നശിച്ചുപോയവന് അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതുവരെയും, ഇന്ന ആള്‍ക്ക് ദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാരായ മൂന്ന് ബുദ്ധിമാന്‍മാര്‍ പറയത്തക്കവിധം ദാരിദ്ര്യം പിടിപെട്ട ആള്‍ക്ക് അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതു വരെയും. പിന്നീടവന്‍ നിറുത്തണം. ഇതല്ലാത്ത ചോദ്യം- ഖബീസ്വാ- ഹറാമാകുന്നു. അത് തിന്നുന്നവന്‍ ഹറാം തിന്നുകയാണ്. (മു.)

വിഭാഗം - 38

2:274
  • ٱلَّذِينَ يُنفِقُونَ أَمْوَٰلَهُم بِٱلَّيْلِ وَٱلنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾٢٧٤﴿
  • യാതൊരു കൂട്ടര്‍, രാത്രിയും പകലും, രഹസ്യമായും, പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചിലവഴിക്കുന്നുവോ, അവര്‍ക്ക് അവരുടെ റബ്ബിന്‍റെ അടുക്കല്‍ അവരുടെപ്രതിഫലം ഉണ്ടായിരിക്കും; അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ വ്യസനപ്പെടുകയുമില്ല.
  • الَّذِينَ يُنفِقُونَ ചിലവഴിക്കുന്നവര്‍ أَمْوَالَهُم തങ്ങളുടെ സ്വത്തുക്കളെ بِاللَّيْلِ രാത്രിയില്‍ وَالنَّهَارِ പകലിലും سِرًّا രഹസ്യമായി وَعَلَانِيَةً പരസ്യമായും فَلَهُمْ أَجْرُهُمْ എന്നാല്‍ അവര്‍ക്ക് അവരുടെ പ്രതിഫലം ഉണ്ടായിരിക്കും عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ ഒരു പേടിയും ഇല്ല عَلَيْهِمْ അവരുടെ മേല്‍ وَلَا هُمْ يَحْزَنُونَ അവര്‍ വ്യസനപ്പെടുകയുമില്ല

രാപ്പകല്‍ വ്യത്യാസമെന്യെ രഹസ്യമായും പരസ്യമായും സന്ദര്‍ഭത്തിനും കഴിവിനുമനുസരിച്ച് അല്ലാഹുവിന്‍റെ പ്രീതിയെ ലക്ഷ്യമാക്കിക്കൊണ്ട് സല്‍ക്കാര്യങ്ങളില്‍ ധനം ചിലവഴിക്കുന്നവര്‍ക്ക് അവരുടെതായ വമ്പിച്ച പ്രതിഫലങ്ങള്‍ അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ടെന്നും, അല്ലാഹുവിന്‍റെ അടുക്കല്‍ ചെല്ലുമ്പോള്‍ അതവര്‍ക്ക് ലഭിക്കാതിരിക്കുകയില്ലെന്നും, അവര്‍ക്ക് ഒരു തരത്തിലുള്ള ഭയമോ വ്യസനമോ ഏര്‍പ്പെടുകയില്ലെന്നും അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നു. വേണ്ടപ്പെട്ട എല്ലാ വിഷയത്തിലുമുള്ള ധനവ്യയം ഇതില്‍ ഉള്‍പ്പെടുന്നതാണ്. പ്രസിദ്ധമായ ഒരു ഹദീഥില്‍ സഅ്ദുബ്‌നു അബീവക്ക്വാസ് (റ) നോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്ത ഒരു വചനം ഇവിടെ സ്മരണീയമാകുന്നു; ‘അല്ലാഹുവിന്‍റെ മുഖത്തെ -പ്രീതിയെ- തേടിക്കൊണ്ട് നീ ചിലവഴിക്കുന്ന ഏതൊരു ചിലവും തന്നെ, തനിക്ക് അതുമൂലം പദവിയും, ഉയര്‍ച്ചയും വര്‍ദ്ധിക്കാതിരിക്കുകയില്ല- തന്‍റെ ഭാര്യയുടെ വായിലേക്ക് കൊടുക്കുന്ന ഭക്ഷണം വരെ’ (ബു; മു.) ഇബ്‌നു മസ്ഊദ് (റ) ഉദ്ധരിക്കുന്ന മറ്റൊരു നബിവചനം; ‘ഒരു മുസ്‌ലിം (അല്ലാഹുവിന്‍റെ) പ്രതിഫലം കണക്കിലെടുത്തു കൊണ്ട് തന്‍റെ വീട്ടുകാര്‍ക്കു വേണ്ടി ചിലവഴിച്ചാല്‍ അത് അവന്‍റെ വക ഒരു ധര്‍മമായിത്തീരുന്നതാണ്.’ (ബു; മു.)

2:275
  • ٱلَّذِينَ يَأْكُلُونَ ٱلرِّبَوٰا۟ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِى يَتَخَبَّطُهُ ٱلشَّيْطَٰنُ مِنَ ٱلْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوٓا۟ إِنَّمَا ٱلْبَيْعُ مِثْلُ ٱلرِّبَوٰا۟ ۗ وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ فَمَن جَآءَهُۥ مَوْعِظَةٌ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمْرُهُۥٓ إِلَى ٱللَّهِ ۖ وَمَنْ عَادَ فَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ ﴾٢٧٥﴿
  • പലിശ (മുതല്‍) തിന്നുന്നവര്‍, ബാധ (അഥവാ ഭ്രാന്ത്) നിമിത്തം പിശാച് മറിച്ചു വീഴ്ത്തുന്നവന്‍ എഴുന്നേല്‍ക്കുന്ന പോലെയല്ലാതെ എഴുന്നേല്‍ക്കുന്നതല്ല. അത് (സംഭവിക്കുന്നത്) 'നിശ്ചയമായും കച്ചവടം [ക്രയവിക്രയം] പലിശ പോലെത്തന്നെയാണ് ' എന്ന് അവര്‍ പറഞ്ഞത് കൊണ്ടത്രെ. കച്ചവടം [ക്രയവിക്രയം] അല്ലാഹു അനുവദനീയമാക്കുകയും, പലിശ അവന്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഏതൊരുവന് തന്‍റെ റബ്ബില്‍ നിന്നുള്ള സദുപദേശം വന്നിട്ട് അവന്‍ (അതില്‍ നിന്ന്) വിരമിച്ചുവോ,-എന്നാലവന് മുന്‍കഴിഞ്ഞത് ഉണ്ടായിരിക്കും. [അതവന് എടുക്കാം.] അവന്‍റെ കാര്യം അല്ലാഹുവിങ്കലേക്കുമാകുന്നു. [അവന്‍ തീരുമാനമെടുത്തുകൊള്ളും.] യാതൊരുവര്‍ (വീണ്ടും) ആവര്‍ത്തിച്ചുവോ, അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു; -അവര്‍ അതില്‍ നിത്യവാസികളായിരിക്കും
  • الَّذِينَ يَأْكُلُونَ തിന്നുന്നവര്‍ الرِّبَا പലിശ لَا يَقُومُونَ അവര്‍ എഴുന്നേല്‍ക്കുകയില്ല إِلَّا كَمَا يَقُومُ എഴുന്നേല്‍ക്കുന്നതു പോലെയല്ലാതെ الَّذِي യാതൊരുവന്‍ يَتَخَبَّطُهُ അവനെ മറിച്ചുവീഴ്ത്തും الشَّيْطَانُ പിശാച് مِنَ الْمَسِّ ബാധ (ഭ്രാന്ത്) നിമിത്തം, സ്പര്‍ശനത്താല്‍ ذَٰلِكَ അത് بِأَنَّهُمْ قَالُوا അവര്‍ പറഞ്ഞ (പറയുന്ന)തുകൊണ്ടാണ് إِنَّمَا الْبَيْعُ നിശ്ചയമായും വില്‍പന, കച്ചവടം, ക്രയവിക്രയം مِثْلُ الرِّبَا പലിശമാതിരിതെന്നയാണ് وَأَحَلَّ اللَّهُ അല്ലാഹു അനുവദനീയമാക്കുകയും ചെയ്തിരിക്കുന്നു الْبَيْعَ വില്‍പന, കച്ചവടം وَحَرَّمَ അവന്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു الرِّبَا പലിശയെ فَمَن جَاءَهُ എന്നാല്‍ ആര്‍ക്ക് വന്നുവോ مَوْعِظَةٌ സദുപദേശം مِّن رَّبِّهِ തന്‍റെറബ്ബില്‍ നിന്ന് فَانتَهَىٰ എന്നിട്ടവന്‍ വിരമിച്ചു, ഒഴിവായി فَلَهُ എന്നാലവനുണ്ടായിരിക്കും مَا سَلَفَ മുന്‍കഴിഞ്ഞത് وَأَمْرُهُ അവന്‍റെ കാര്യം إِلَى اللَّهِ അല്ലാഹുവിങ്കലേക്കായിരിക്കും وَمَنْ عَادَ ആരെങ്കിലും മടങ്ങിയാല്‍, ആവര്‍ത്തിച്ചാല്‍ فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു هُمْ فِيهَا അവരതില്‍ خَالِدُونَ നിത്യവാസികളായിരിക്കും

കഴിഞ്ഞ ഏതാനും വചനങ്ങളില്‍ ദാനധര്‍മങ്ങളെക്കുറിച്ച് പലതും വിവരിച്ച ശേഷം, അവയുമായി എല്ലാ നിലക്കും വിപരീതമായ പലിശയെക്കുറിച്ച് ഈ വചനത്തിലും തുടര്‍ന്നുള്ള ചില വചനങ്ങളിലും പ്രസ്താവിക്കുന്നു. സദുദ്ദേശ്യം, ഔദാര്യം, ഹൃദയശുദ്ധി, ത്യാഗം, പരസഹായം, സാധുദയ, സാമൂഹ്യനന്മ ആദിയായ സല്‍ഗുണങ്ങളാണ് ദാനധര്‍മങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതെങ്കില്‍, നേരെമറിച്ച് ദുരുദ്ദേശ്യം, കുടിലമനസ്‌കത, സ്വാര്‍ത്ഥം, അതിമോഹം, ചൂഷണം, സാമൂഹ്യദ്രോഹം ആദിയായ ദുര്‍ഗുണങ്ങളാണ് പലിശയുടെ പ്രേരകങ്ങള്‍. ധര്‍മം നല്‍കുന്നവന്‍ അതിനു പകരം മറ്റൊന്ന് പ്രതീക്ഷിക്കുന്നില്ല. കൊടുത്ത സംഖ്യപോലും അവന് നഷ്ടപ്പെടുന്നു. പലിശക്കാരന് അവന്‍ കൊടുത്ത സംഖ്യയും പുറമെ ഒരു നിശ്ചിത തുകയും മടക്കിക്കിട്ടുന്നു. ധര്‍മിഷ്ഠന്‍ തന്‍റെ ബുദ്ധിമുട്ടു പോലെ മറ്റുള്ളവരുടെ ബുദ്ധിമുട്ടും കണക്കാക്കി അവരെ സഹായിക്കുകയാണെങ്കില്‍, പലിശക്കാരന്‍ തന്‍റെ ആവശ്യം കഴിച്ചു മിച്ചമിരിക്കുന്ന ധനത്തെ അല്‍പകാലത്തേക്ക് മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുന്നതിന്‍റെ പേരില്‍ പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകളെ ചൂഷണം ചെയ്തു സമ്പാദിക്കുകയാണ് ചെയ്യുന്നത്. അവന്‍ ചോര നീരാക്കി അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്ന് അന്യനെ സഹായിക്കുന്നുവെങ്കില്‍, ഇവന്‍ അന്യന്‍റെ അദ്ധ്വാനം പിഴിഞ്ഞെടുക്കുകയും, അവന്‍റെ രക്തം ഊറ്റിക്കുടിക്കുകയും ചെയ്യുന്നു. ദാനധര്‍മങ്ങള്‍ മനുഷ്യത്വപരമായ സല്‍സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നു. അതോടുകൂടി അല്ലാഹുവിന്‍റെ പ്രീതിക്കും പ്രതിഫലത്തിനും അവന്‍ പാത്രമാകുകയും ചെയ്യുന്നു. പലിശയാകട്ടെ, പൈശാചിക സ്വഭാവവും. അത് അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്കും ശിക്ഷക്കും കാരണമായിത്തീരുകയും ചെയ്യും. ഇങ്ങനെ ഏത് വശത്തിലൂടെ നോക്കിയാലും അവ രണ്ടും പരസ്പര വിരുദ്ധങ്ങളത്രെ.

പലിശ മുതല്‍ ഉപയോഗിക്കുന്നവരെപ്പറ്റി الَّذِينَ يَأْكُلُونَ الرِّبَا (പലിശ തിന്നുന്നവര്‍) എന്ന പ്രയോഗം അല്ലാഹുവിന് അവരോടുള്ള വെറുപ്പിനെ സൂചിപ്പിക്കുന്നു. ധനം കൊണ്ടുള്ള പ്രയോജനങ്ങളില്‍ ഏറ്റവും മുഖ്യമായത് തീറ്റയാണല്ലോ. കൂടാതെ- ഇബ്‌നുജരീര്‍ (റ) ചൂണ്ടിക്കാട്ടിയതു പോലെ- ഈ വചനം അവതരിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന പലിശക്കച്ചവടക്കാരുടെ ഉപജീവന മാര്‍ഗം തന്നെ അതായിരുന്നു. നിഷിദ്ധവും അക്രമവുമായ മാര്‍ഗങ്ങളിലൂടെ അന്യരുടെ ധനം ചൂഷണം ചെയ്യുന്നവരെപ്പറ്റി ആക്ഷേപ സൂചകമായി ‘ധനം തിന്നുക’ എന്ന പ്രയോഗം ക്വുര്‍ആനില്‍ വേറെയും കാണാം. പലിശ വാങ്ങുന്നവര്‍ മാത്രമല്ല, അതില്‍ ഏതെങ്കിലും നിലക്ക് പങ്കുവഹിക്കുന്നവരും കുറ്റക്കാര്‍ തന്നെ. ജാബിര്‍ (റ) പറയുന്നു: ‘പലിശ തിന്നുന്നവനെയും, അത് തീറ്റുന്നവനെയും അതിന്‍റെ ഇരുസാക്ഷികളെയും, അതിന്‍റെ എഴുത്തുകാരനെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ശപിച്ചിരിക്കുന്നു. അവരെല്ലാം സമമാണെന്നും അവിടുന്ന് പറഞ്ഞിരിക്കുന്നു.’ (അ; മു; ദാ; തി). ‘ഹറാമായ’ വിഷയത്തില്‍ സഹായിക്കുന്നതും പങ്ക് വഹിക്കുന്നതും ഹറാമ് തന്നെയാണെന്നുള്ളത് ഒരു പൊതുതത്വമത്രെ. പക്ഷേ, കുറ്റത്തില്‍ എല്ലാവരും ഭാഗഭാക്കാണെങ്കിലും പലിശ വാങ്ങുന്നവന്‍റെ കുറ്റം മറ്റുള്ളവരെക്കാള്‍ കഠിനമായിരിക്കുമെന്ന് പറയേണ്ടതില്ല. വിനാശകരങ്ങളായ ഏഴ് മഹാപാപങ്ങളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പലിശയെയാണ് ഒന്ന് എണ്ണിയിട്ടുള്ളതെന്ന കാര്യവും പ്രസിദ്ധമാകുന്നു. (*) വേറൊരു ഹദീഥില്‍, പലിശ എഴുപത് വിധത്തിലുണ്ടെന്നും, അവയില്‍ ഏറ്റവും ലഘുവായത് ഒരാള്‍ അവന്‍റെ മാതാവിനെ വിവാഹം കഴിക്കുന്നതിന് തുല്യമാണെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തിരിക്കുന്നു. (ജ: ബ.)

ربوا (രിബാ) എന്ന മൂലപദമാണ് ‘പലിശ’ എന്ന് ഭാഷാന്തരം ചെയ്യപ്പെടുന്നത്. (**) ഇതിന് ഭാഷാര്‍ത്ഥം ‘വളര്‍ച്ച’ അല്ലെങ്കില്‍ ‘വര്‍ദ്ധനവ്’ എന്നത്രെ. മൂലധനം വര്‍ദ്ധിച്ച് വളര്‍ന്നു കിട്ടുന്ന ആദായമാണല്ലോ പലിശ. പലിശ ഇടപാടുകള്‍ സ്വഭാവേന രണ്ട് ഇനമായി വിഭജിക്കപ്പെടുന്നു. അതായത്:


(*) ശിര്‍ക്ക്, സിഹ്ര്‍, അന്യായമായ കൊല, പലിശതിന്നല്‍, അനാഥകളുടെ ധനംതിന്നല്‍, യുദ്ധത്തില്‍ നിന്ന് പിന്‍മാറിപ്പോരല്‍, പതിവ്രതകളായ സത്യവിശ്വാസിനികളെപ്പറ്റി വ്യഭിചാരാരോപണം നടത്തല്‍ ഇവയാണ് ആ ഏഴെണ്ണം (ബു; മു.)

(**) ഇത് رِبَا എന്നും ربوا എന്നും എഴുതപ്പെടുന്നു. മുസ്വ്ഹഫുകളില്‍ ربوا എന്നാണ് സാധാരണ എഴുതപ്പെടാറുള്ളത്.


(1) കടക്കാരന് അവധി അനുവദിക്കുന്നതിന്‍റെ പേരില്‍ ഈടാക്കപ്പെടുന്ന ആദായം. ഇത് النسيئة ربا (അവധിപ്പലിശ) എന്ന പേരില്‍ അറിയപ്പെടുന്നു. ഈ ഇനത്തില്‍ അറബികള്‍ക്കിടയില്‍ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതും, അവര്‍ പലിശ ഇടപാടുകളായി ഗണിച്ചു വന്നിരുന്നതും മൂന്നുതരം ഇടപാടുകളായിരുന്നു.

ഒന്ന് : വല്ല സാധനവും അവധിവെച്ചു ഒരു സംഖ്യക്ക് വിറ്റ ശേഷം, അത് വാങ്ങിയവന്‍ ആ അവധിക്ക് വില തീര്‍ക്കാത്തപക്ഷം, വീണ്ടും അവധി നീട്ടി കൊടുക്കുകയും,വിലയുടെ സംഖ്യ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പിന്നെയും അവധി വീണ്ടും നീട്ടി കൊടുക്കേണ്ടി വരുന്ന പക്ഷം വീണ്ടും സംഖ്യ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

രണ്ട് : ഇത്ര കാലത്തേക്ക് ഇന്ന തോതില്‍ ആദായം കൂട്ടിത്തരണമെന്ന നിശ്ചയേത്താടെ കടം കൊടുക്കുക.

മൂന്ന് : കടത്തിന് ഒരു നിശ്ചിത അവധിവെക്കുകയും അന്ന് ഇത്ര സംഖ്യ കൂട്ടിത്തരണമെന്ന് നിശ്ചയിക്കുകയും ചെയ്യുക. ഇതിലെല്ലാം തന്നെ കടത്തിന് അവധി നല്‍കുന്നതിന്‍റെ പേരിലാണ് മൂലസംഖ്യയെക്കാള്‍ വര്‍ദ്ധനവ് ഈടാക്കുന്നതെന്ന് വ്യക്തമാണ്.ഇന്ന് നിലവിലുള്ള എല്ലാ പലിശ ഇടപാടുകളും വിശകലനം ചെയ്താല്‍- കാലാനുസൃതമായ ചില വ്യവസ്ഥകളും ഉപാധികളും ഒഴിവാക്കിയാല്‍- ഈ മൂന്നിലൊരു തരത്തില്‍ഉള്‍പ്പെട്ടതായി കാണാം.

(2) സ്വര്‍ണം സ്വര്‍ണത്തിനും, ഗോതമ്പ് ഗോതമ്പിനുമെന്നപോലെ, ഒരു സാധനം

അതേ ഇനത്തില്‍പെട്ട സാധനത്തിന് വില്‍ക്കുമ്പോള്‍ (കൈമാറുമ്പോള്‍) വസൂലാക്കപ്പെടുന്ന അധികാദായം. ഇത് رِبَا الفَضل (മിച്ചപ്പലിശ) എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിന് رِبا النقد (റൊക്കപ്പലിശ) എന്നും പറയപ്പെടും. ഈ മിച്ചാദായം പ്രത്യക്ഷത്തില്‍കച്ചവട ലാഭമായി കരുതപ്പെടാവുന്നതുകൊണ്ട് ഇത്തരം ഇടപാടുകളെ അറബികള്‍ പലിശ ഇടപാടുകളായി ഗണിച്ചുവന്നിരുന്നില്ല. മാത്രമല്ല, കടക്കാരന് അവധി അനുവദിക്കുന്നതിന്‍റെ പേരില്‍ ആദായം ഈടാക്കുകയെന്ന തത്വം ഇതില്‍ വ്യക്തവുമല്ലല്ലോ. അതുകൊണ്ടാണ്- താഴെ വരുന്നതുപോലെ- ഈ ഇനം പലിശയെ സ്വഹാബികളില്‍പെട്ടചില വ്യക്തികള്‍ ആദ്യം നിഷേധിച്ചതും, പിന്നീട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീഥുകളെപ്പറ്റി അറിവായപ്പോള്‍ ആ അഭിപ്രായത്തില്‍ നിന്ന് മടങ്ങിയതും. ആ ധാരണ നീക്കം ചെയ്യാനായിരിക്കാം രണ്ടാമത്തെ ഇനം പലിശയെപ്പറ്റി ഹദീഥുകളില്‍ കൂടുതല്‍ വിശദീകരിച്ചുകാണുന്നതും. അല്ലാഹുവിനറിയാം.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി അബൂസഈദില്‍ ഖുദ്‌രീ (റ) ഉദ്ധരിച്ചിരിക്കുന്നു: ‘സ്വര്‍ണം സ്വര്‍ണത്തിനും, വെള്ളി വെള്ളിക്കും, ഗോതമ്പ് ഗോതമ്പിനും, യവം യവത്തിനും, കാരക്ക കാരക്കക്കും, ഉപ്പ് ഉപ്പിനും തുല്യത്തിന് തുല്യമായും, കൈക്ക് കയ്യായും ആയിരിക്കണം (വില്‍ക്കുന്നത്). ആരെങ്കിലും അധികം നല്‍കുകയോ, അധികം ആവശ്യപ്പെടുകയോ ചെയ്താല്‍ അത് പലിശയായിത്തീര്‍ന്നു. വാങ്ങുന്നവനും കൊടുക്കുന്നവനും ഇതില്‍ സമമാണ്. (ബു; മു.) ഹദീഥിന്‍റെ ചില വാചകങ്ങളില്‍ ‘നിങ്ങള്‍ ഏറ്റക്കുറവ് വരുത്തരുത്’ എന്നും, ചില വാചകങ്ങളില്‍ ‘ഈ ജാതികള്‍ വ്യത്യാസപ്പെട്ടാല്‍-അത് കൈക്കു കയ്യായി (റൊക്കമായി)ട്ടാണെങ്കില്‍- നിങ്ങള്‍ ഉദ്ദേശിച്ചപ്രകാരം വിറ്റുകൊള്ളുക’ എന്നും വന്നിട്ടുണ്ട്.അക്ഷരവ്യത്യാസങ്ങളും പദവ്യത്യാസങ്ങളും കാണെപ്പടുമെങ്കിലും ഈ ആശയം വ്യക്തമാക്കിക്കൊണ്ടുള്ളപല ഹദീഥുകളും ബുഖാരീ,മുസ്‌ലിം (റ) തുടങ്ങിയ ഹദീഥ് പണ്ഡിതന്‍മാര്‍ പല മാര്‍ഗങ്ങളിലൂടെയും, പല സ്വഹാബികള്‍ വഴിയായും ഉദ്ധരിച്ചിട്ടുണ്ടെന്നുള്ളത് പ്രസതാവ്യമാകുന്നു. അബൂസഈദില്‍ ഖുദരീ (റ) വീണ്ടും ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ബിലാല്‍ (റ)കുറച്ച് ബാനീ (എന്ന ഉയര്‍ന്നതരം) കാരക്ക കൊണ്ടുവരുകയുണ്ടായി. ‘ഇത് എവിടെനിന്ന് (കിട്ടി) എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഞങ്ങളുടെ പക്കല്‍ കുറച്ചുതാണ തരം കാരക്കയുണ്ടായിരുന്നു. അതില്‍ നിന്ന് രണ്ട് ‘സ്വാഇ’ന്ന് ഒരു ‘സ്വാഉ്’ വീതം വാങ്ങിയതാണ്’. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ആവൂ! തനി പലിശ! തനി പലിശ! അങ്ങനെ ചെയ്യരുത്. താന്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം, കാരക്ക വേറെ ഒരു വില്‍പനയായി വിറ്റേക്കുക. എന്നിട്ട് അതിന് (മറ്റേത്) വാങ്ങിക്കൊള്ളുക.’ (ബു; മു.) പലിശയുടെ കലര്‍പ്പിന് മാര്‍ഗമായിത്തീരുന്ന മറ്റു പല ഇടപാടുകളെയും ഇതുപോലെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിട്ടുണ്ട്. അവ ഹദീഥ് ഗ്രന്ഥങ്ങളിലും മറ്റും സുലഭമാകുന്നു.

കാലാവധി അനുവദിക്കുന്നതിന്‍റെ പേരില്‍ അസല്‍ സംഖ്യയെക്കാള്‍ കൂടുതല്‍ ഈടാക്കുന്നതാണല്ലോ പ്രത്യക്ഷത്തില്‍ പലിശയായി ഗണിക്കപ്പെട്ടിരിക്കുന്നത്. ഒരു സാധനം അതേ ഇനത്തില്‍പെട്ട സാധന ത്തിന് വില്‍ക്കുമ്പോള്‍ വില്‍ക്കുന്നവനോ വാങ്ങുന്നവനോ കൂടുതല്‍ അളവ് കൈപറ്റുന്നതും, രണ്ടിലൊരാള്‍ക്ക് അവധി അനുവദിക്കുന്നതും പലിശ ഇടപാടുകളോട് അതിന് സാദൃശ്യം വരുത്തുന്നു. അതുകൊണ്ടാണ്ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പലിശ ഇടപാടുകളിലടങ്ങിയ ദോഷവശങ്ങള്‍ ഉണ്ടെന്ന് തോന്നിക്കുന്ന എല്ലാ ഇടപാടുകളും ഇസ്‌ലാമില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യണമെന്ന നിലക്കാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇത്തരം ഇടപാടുകളെല്ലാം പലിശ ഇടപാടുകളായി പ്രഖ്യാപിച്ചത്. അല്ലാഹു നിഷിദ്ധമാക്കിയ പലിശയുടെയും, പലിശ ഏര്‍പ്പെടുന്ന ഇടപാടുകളുടെയും വിശദീകരണം നല്‍കുകയും, പലിശ ഇടപാടുകളുമായി സാമ്യമുള്ള ഇടപാടുകള്‍ വിരോധിക്കുകയുമാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇത് മുഖേന ചെയ്തിരിക്കുന്നത്. കൂടാതെ, ഒരേ ഇനത്തില്‍പെട്ട വസ്തുക്കളെ ഏതെങ്കിലും ചില ആവശ്യത്തെ മുന്‍നിര്‍ത്തി സഹോദരങ്ങള്‍ തമ്മില്‍ കൈമാറ്റം ചെയ്യേണ്ടതായി വരുമ്പോള്‍ അതിന്‍റെ പേരില്‍ ഒരു ആദായം പറ്റുവാന്‍ തുനിയാതെ, അന്യോന്യം സഹായസഹകരണം ചെയ്യേണ്ടതിനുള്ള ഒരു പ്രോത്സാഹനം കൂടി ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടിയേ കഴിയൂ എങ്കില്‍- മേലുദ്ധരിച്ച ബിലാല്‍ (റ)ന്‍റെ സംഭവത്തിലും മറ്റും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞത് പോലെ- കയ്യിലുള്ളസാധനം റൊക്കം വിലക്ക് വിറ്റു ആ വില കൊണ്ട് ആവശ്യമുള്ള സാധനം വേറെ വാങ്ങാവുന്നതുമാണല്ലോ. എന്നിട്ടെങ്കിലും പലിശയുടെ ചുവയില്‍നിന്ന് മുസ്‌ലിംകള്‍ സംശുദ്ധമായിരിക്കേതുണ്ടെന്നാണ് ബിലാല്‍ (റ)നോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്.

ഹദീഥുകളില്‍ എടുത്തു പറയപ്പെട്ട മേല്‍ക്കണ്ട ആറ് വസ്തുക്കളുടെ വില്‍പനയില്‍ -ഹദീഥില്‍ പ്രസ്താവിച്ച പ്രകാരമല്ലാതെ അവ വിറ്റാല്‍- പലിശ ഏര്‍പ്പെടുമെന്ന കാര്യത്തില്‍ മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. ആ ആറില്‍ മാത്രമേ പലിശ ഏര്‍പ്പെടുകയുള്ളൂവെന്നാണ് ഒരു വിഭാഗക്കാരുടെ അഭിപ്രായം. ആ ആറിന് പുറമെയുള്ള സാധനങ്ങളിലും പലിശ ഏര്‍പ്പെടുമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരുടെ അഭിപ്രായം.(വിശദവിവരം യഥാസ്ഥാനങ്ങളില്‍ നിന്ന് അറിയേണ്ടതുമാകുന്നു.) ഏതായാലും, ഹദീഥുകളില്‍നിന്ന് അനിഷേദ്ധ്യമാംവണ്ണം അറിയെപ്പടുന്നതാണ് മിച്ചപ്പ ലിശ (رِبا الفضل) യും ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെഹദീഥുകള്‍ പ്രമാണമായി അംഗീകരിക്കുന്ന ഒരാള്‍ക്കും അതംഗീകരിക്കാതിരിക്കുവാന്‍നിര്‍വാഹമില്ല.

പലിശ തിന്നുന്നവരെപ്പറ്റി …. لَا يَقُومُونَ إِلَّا كَمَا يَقُومُ ബാധ നിമിത്തം പിശാച് മറിച്ചുവീഴ്ത്തുന്നവന്‍ എഴുന്നേല്‍ക്കുന്നതു പോലെയല്ലാതെ അവര്‍ എഴുന്നേല്‍ക്കുകയില്ല എന്നത്രെ അല്ലാഹു പറഞ്ഞത്. ഭ്രാന്തിനെ ഉദ്ദേശിച്ച് مَسّ (മസ്സ്) എന്ന് അറബികള്‍ പറയാറുണ്ടായിരുന്നു. ‘ബാധ, സ്പര്‍ശനം’ എന്നൊക്കെയാണ് അതിന് വാക്കര്‍ത്ഥം. പിശാചിന്‍റെ ബാധ നിമിത്തമാണ് ഭ്രാന്തുണ്ടാകുന്നത് എന്ന അവരുടെ ധാരണയില്‍ നിന്നാണ് ഭ്രാന്തിനെ ഉദ്ദേശിച്ച് ആ വാക്ക് പ്രയോഗത്തില്‍ വന്നത്. ആ ധാരണ അനുസരിച്ചുള്ള പ്രയോഗം മാത്രമാണ് പിശാച് മറിച്ചു വീഴ്ത്തുക (يَتَخَبَّطُهُ الشَّيْطَانُ) എന്ന വാക്ക് -പിശാച് ആരെയും മറിച്ചു വീഴ്ത്തുന്നില്ല- എന്ന് ചിലര്‍ പറയുന്നു. പല കാരണങ്ങളാല്‍ ഈ അഭിപ്രായം അപ്പടി ശരിവെക്കുവാന്‍ ന്യായം കാണുന്നില്ല.

മരണാനന്തരം ക്വബ്‌റുകളില്‍ നിന്ന് പുനര്‍ജ്ജീവിച്ചു എഴുനേല്‍ക്കുമ്പോള്‍ പലിശതീറ്റക്കാര്‍ക്കുണ്ടാകുന്ന അവസ്ഥയാണിത് എന്നാണ് മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ഐഹിക ജീവിതത്തില്‍ ഓരോരുത്തരും കൈക്കൊണ്ടിരുന്ന നടപടികള്‍ക്കനുയോജ്യമായ ചില അവസ്ഥാ വിശേഷങ്ങള്‍ ക്വിയാമത്തുനാളില്‍ എല്ലാവരിലും വെളിപ്പെട്ടു കാണുമെന്നുള്ളത് ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും പൊതുവെ അറിയപ്പെട്ടതാകുന്നു. ധനം കബളിപ്പിച്ചെടുത്തവന്‍ കബളിപ്പിച്ചെടുത്ത വസ്തുവുമായിക്വിയാമത്ത് നാളില്‍ വരും എന്ന് (3:161 ല്‍) അല്ലാഹു പറയുന്നു. വുദ്വൂ ചെയ്യുന്നതിന്‍റെ ഫലമായി ക്വിയാമത്തുനാളില്‍ സത്യവിശ്വാസികളുടെ മുഖവും കൈകാലുകളും വെളുത്തിരിക്കുമെന്ന് ഹദീഥിലും വന്നിരിക്കുന്നു. പലിശ തിന്നുന്നവരുടെ വയറ് വീടുകളെപ്പോലെ വലുതായിരിക്കുമെന്നും ബൈഹക്വീ (റ) ഉദ്ധരിച്ച ഒരു ഹദീഥിലും വന്നിട്ടുണ്ട്. ഇതുപോലെ വേറെയും പലതും കാണാം. അപ്പോള്‍, പലിശമുതല്‍ കൊണ്ട് വയറുനിറച്ചു വന്നതിന്‍റെ ഫലമായി ക്വിയാമത്തുനാളില്‍ അവര്‍ക്ക് ശരിക്ക് എഴുനേല്‍ക്കുവാനോ നടക്കുവാനോ കഴിയാതെ, ഭ്രാന്തന്‍മാരെപ്പോലെ ചരിഞ്ഞും മറിഞ്ഞും വീണുകൊണ്ടിരിക്കുമെന്ന് സാരം. മറ്റൊരഭിപ്രായം ഇതാണ്: പലിശക്കാര്‍ ഭ്രാന്തും ലഹരിയും പിടിപെട്ടവരെപ്പോലെയായിരിക്കും ഭൂമിയില്‍ വര്‍ത്തിക്കുക. അഥവാ ധനം ശേഖരിക്കുവാന്‍ വേണ്ടി അവര്‍ ഭ്രാന്തന്‍മാരെപ്പോലെ എന്തും ചെയ്തുകൊണ്ടിരിക്കും എന്ന് സാരം. الله أعلم

പലിശക്കാര്‍ക്ക് ഈ നിന്ദ്യാവസ്ഥ അനുഭവപ്പെടാനുള്ള കാരണം അല്ലാഹു ചൂണ്ടിക്കാട്ടുന്നു: ‘കച്ചവടം പലിശ പോലെത്തന്നെയാണ് എന്ന്, അവര്‍ പറഞ്ഞത് നിമിത്തമാണത്’. മുതല്‍ മുടക്കി ആദായം എടുക്കലാണ് പലിശ. അത് കുറ്റമാണെങ്കില്‍ കച്ചവടവും കുറ്റകരമാകേണ്ടതല്ലേ, അതും ആദായമെടുക്കല്‍ തന്നെയാണല്ലോ. എന്നിരിക്കെ പലിശ വാങ്ങല്‍ തെറ്റായതും, കച്ചവടം ചെയ്യല്‍ തെറ്റില്ലാത്തതുമാകുന്നതെങ്ങനെ?! എന്നൊക്കെയാണ് അവര്‍ പറഞ്ഞതിന്‍റെ താല്‍പര്യം. ഇത് പഴയ കാലത്തെ അപരിഷ്‌കൃതരായിരുന്ന ആ അറബികളില്‍ നിന്ന് മാത്രം ഉയര്‍ന്ന ഒരു പഴഞ്ചന്‍ ന്യായമല്ല. എല്ലാ നിലക്കും പരിഷ്‌കൃതവും പുരോഗമിച്ചവരുമെന്ന് കരുതപ്പെടുന്ന ഇന്നത്തെ ചില മഹാരഥന്‍മാരില്‍ നിന്നു പോലും കേള്‍ക്കാവുന്ന ഒരു ന്യായവാദമാണിത്. പലിശ വാങ്ങിതിന്നുകയെന്ന അക്രമത്തിന് പുറമെ, ആ അക്രമത്തെ ന്യായീകരിക്കുവാന്‍ വേണ്ടിയുള്ള മറ്റൊരു അക്രമവുമാണിത്. എന്നാല്‍, ഇതിന് അല്ലാഹു നല്‍കുന്ന മറുപടി നോക്കുക: وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا (അല്ലാഹു കച്ചവടത്തെ അനുവദനീയ മാക്കിയിരിക്കുന്നു. പലിശയെഅവന്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.) കച്ചവട ഇടപാടും, പലിശ ഇടപാടും തമ്മിലുള്ള വ്യത്യാസമോ, ഒന്ന് അനുവദനീയവും മറ്റേത് നിഷിദ്ധവും ആക്കുവാനുള്ള കാരണമെന്താണെന്നോ അല്ലാഹു ഈ മറുപടിയില്‍ സ്പര്‍ശിച്ചിട്ടില്ല. അതിന്‍റെ ആവശ്യവുമില്ല. സാധാരണക്കാര്‍ മുതല്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധന്‍മാര്‍വരെയുള്ള എല്ലാവര്‍ക്കും- പലിശ പ്രിയന്‍മാരും അവരുടെ സഹകാരികളുമല്ലാത്ത ഏവര്‍ക്കും -അല്‍പം ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം. അതിനെക്കാളെല്ലാം ഗൗരവമേറിയ ഒരു തത്വമാണ് ഈ വാക്യത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അതായത്:- മനുഷ്യനടക്കമുള്ള സകല വസ്തുക്കളുടെയും സ്രഷ്ടാവും, പരിപാലകനും, രക്ഷാധികാരിയുമാണ് അല്ലാഹു. എല്ലാം അവന്‍റെ അടിമയും ഉടമയിലും. മനുഷ്യന്‍റെ വ്യക്തിപരവും, സാമൂഹ്യവും, നാഗരീകവുമായ എല്ലാവിധ നന്മക്കും പുരോഗതിക്കും വേണ്ടത് എന്തൊക്കെയാണ്, ഏതൊക്കെയാണ് എന്ന് മനുഷ്യനെക്കാള്‍ അറിയുന്നവനും അവന്‍ തന്നെ. എന്നിരിക്കെ, നിയമനിര്‍മാണത്തിന്‍റെ സാക്ഷാല്‍ അധികാരവും അര്‍ഹതയും അവന് മാത്രമാണുള്ളത്. അതനുസരിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനുമാകുന്നു. അതിലേ അവന് യഥാര്‍ത്ഥത്തില്‍ രക്ഷയുമുള്ളൂ. അതുകൊണ്ട് ഏതൊരു കാര്യത്തിലും അല്ലാഹു അത് അനുവദിച്ചിട്ടുണ്ടോ, നിരോധിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് അതിനെ പിന്‍പറ്റുകയത്രെ മനുഷ്യന്‍റെ കടമ. അവന്‍റെ നിയമങ്ങളിലടങ്ങിയ യുക്തിതത്വങ്ങളെ മനസ്സിലാക്കുന്നതും ആരായുന്നതും നല്ലതുതന്നെ. പക്ഷേ, അത് ബോധ്യെപ്പട്ടെങ്കിലേ ആ നിയമങ്ങള്‍ അനുസരിക്കൂ എന്നുവെക്കുവാന്‍ മനുഷ്യന് പാടില്ല. അതില്‍ കുതര്‍ക്കവും ന്യായവാദവും നടത്തുവാന്‍ അവന് അര്‍ഹതയുമില്ല. എന്നൊക്കെയാണ് ആ വാക്യത്തിലടങ്ങിയ സൂചനകള്‍.

അല്ലാഹു തുടരുന്നു: ‘ആകയാല്‍, ഏതൊരുവന് തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശം വന്നിട്ട് അവന്‍ അതില്‍ നിന്ന് വിരമിച്ചാല്‍, മുമ്പ് കഴിഞ്ഞുപോയത് അവനുായിരിക്കും.’ അതായത്, പലിശ ഏര്‍പ്പാട് ഇത്രയും കടുത്ത പാപമാണെന്നും, അത് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും, അതുകൊണ്ട് അത് വര്‍ജ്ജിക്കേണ്ടതാണെന്നും വിവരം കിട്ടിയ ഉടനെ അതില്‍ നിന്ന് വല്ലവരും വിരമിച്ചു നിലവിലുള്ള ഇടപാട് തുടരാതെയും പുതിയ ഇടപാട് നടത്താതെയിരുന്നാല്‍, മുമ്പ് പലിശയായി വസൂല്‍ ചെയ്തിരുന്ന സംഖ്യയൊന്നും തിരിച്ചു കൊടുക്കേണ്ടതുമില്ല എന്ന് താല്‍പര്യം. എന്നാല്‍ അവന്‍ വിരമിച്ചു കഴിഞ്ഞുവെങ്കിലും അതില്‍ അവന്‍റെ മാനസികസ്ഥിതിയെന്താണ്? ശുദ്ധമനസ്സോടും അനുസരണ ബുദ്ധിയോടും കൂടിയാണോ വിരമിച്ചത്? അതല്ല, പ്രതിഷേധത്തോടും വെറുപ്പോടും കൂടിയാണോ? തന്‍റെ ഇടപാടുകാരെ അവന്‍ എത്രക്ക് ബുദ്ധിമുട്ടിച്ചിട്ടുണ്ട്? എന്നിത്യാദി കാര്യങ്ങളൊന്നും ഇപ്പോള്‍ ചുഴിഞ്ഞന്വേഷിക്കേണ്ടതില്ല. അതെല്ലാം അല്ലാഹു പരിശോധിച്ചു വേണ്ടതു ചെയ്തു കൊള്ളും എന്നൊക്കെയാണ് وَأَمْرُهُ إِلَى اللَّهِ (അവന്‍റെ കാര്യം അല്ലാഹുവിങ്കലേക്കാണ്) എന്ന വാക്യത്തിന്‍റെ സാരം. സയ്യിദുറശീദ്‌രിദ്വാ (റ) ചൂണ്ടിക്കാട്ടിയതുപോലെ, പലിശ നിഷിദ്ധമാക്കിക്കൊണ്ടുള്ള കല്‍പനയെകുറിച്ച് അറിയുന്നതിന്‍റെ മുമ്പ് വാങ്ങി ഉപയോഗിച്ച പലിശ മടക്കിക്കൊടുക്കല്‍ നിര്‍ബന്ധമില്ലെങ്കിലും കൂടുതല്‍ നല്ലത് മടക്കിക്കൊടുക്കലാണെന്നത്രെ അല്ലാഹു പറഞ്ഞ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്. എനി വല്ലവരും ഈ ഉപദേശം വിലവെക്കാതെ പിന്നെയും പഴയപടി തുടരുകയോ, പുതിയ പലിശ ഇടപാട് നടത്തുകയോ ചെയ്തുവെങ്കിലോ? അല്ലാഹു പറയുന്നു: …. وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ (വല്ലവരും ആവര്‍ത്തിക്കുന്ന പക്ഷം, അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു. അവരതില്‍ സ്ഥിരവാസികളുമായിരിക്കും). പലിശ ഏര്‍പ്പാട് എത്രമേല്‍ ഗൗരവപ്പെട്ട അപരാധമായിട്ടാണ് അല്ലാഹു കണക്കാക്കിയിരിക്കുന്നതെന്ന് ഈ താക്കീതില്‍ നിന്ന് മനസ്സിലാക്കാവുന്നതാകുന്നു. പലിശ ഇടപാട് നടത്തുക മാത്രമല്ല; അതിനെ ന്യായീകരിക്കുകയും അതിനായി അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വാക്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുക കൂടി ചെയ്യുന്നവര്‍ ഈ താക്കീത് പ്രത്യേകം ഓര്‍മിച്ചിരിക്കേണ്ടതുണ്ട്.

പലിശ ഇസ്‌ലാമില്‍ കര്‍ശനമായി വിരോധിക്കപ്പെട്ടിട്ടുള്ള ഒരു മഹാപാപമാണെന്ന് പ്രസിദ്ധമാണെങ്കിലും- ഇബ്‌നുകഥീര്‍ (റ) സൂചിപ്പിച്ചതുപോലെ- വിശദാംശങ്ങളില്‍ പല ആശയക്കുഴപ്പങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുള്ള ഒരു വിഷയമാണത്. ഇന്നത്തെസാമ്പത്തിക തത്വശാസ്ത്രങ്ങളും ഭരണവ്യവസ്ഥകളും അവയെ കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ടുമിരിക്കുന്നു.. അബൂഹുറയ്‌റഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരുഹദീഥ് ഇവിടെ പ്രസ്താവ്യമത്രെ. അതിങ്ങനെയാണ്: ‘ജനങ്ങള്‍ പലിശ തിന്നുന്ന ഒരുകാലം അവരില്‍ വരും.’ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു. അപ്പോള്‍ ചോദിക്കപ്പെട്ടു: ‘എല്ലാ മനുഷ്യരുമോ?’ തിരുമേനി പറഞ്ഞു: ‘അതില്‍ നിന്ന് തിന്നിട്ടില്ലാത്തവര്‍ക്ക് അതിന്‍റെ പൊടിപടലത്തില്‍ നിന്നും ബാധിക്കുന്നതാണ്.’ (അ; ദാ; ന; ജ) അതുകൊണ്ട് കഴിയുന്നതും പലിശ ഇടപാടുകളില്‍ നിന്നും, അതിന്‍റെ പൊടിപടലങ്ങളില്‍ നിന്നും സ്വന്തം ദേഹങ്ങളെ കാത്തുരക്ഷിക്കുവാന്‍ ഓരോ സത്യവിശ്വാസിയും ജാഗരൂകരായിരിക്കേണ്ടതുണ്ട്. പലിശയുടെ നേരിയ ചുവയെങ്കിലും ഉണ്ടാകാവുന്ന ഇടപാടുകളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും, അത്തരം ഇടപാടുകളെ ശുദ്ധമായ ഇടപാടുകളാക്കി ന്യായീകരിക്കുവാന്‍ ശ്രമിക്കാതിരിക്കുകയുമാണ് അതിനുള്ള പോംവഴി. താഴെ കാണുന്നതു പോലെയുള്ള ഹദീഥുകള്‍ ഇതിന് മാര്‍ഗദര്‍ശകങ്ങളായിരിക്കുന്നതാണ്:-

(1) ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്ന് ഇങ്ങനെ പഠിച്ചിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഹസ്‌നുബ്‌നുഅലി (റ) ഉദ്ധരിക്കുന്നു: ‘നിനക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതിനെ വിട്ടു ആശയക്കുഴപ്പമുണ്ടാക്കാത്തതിലേക്ക് തിരിയുക. കാരണം, സത്യം മനസ്സമാധാനവും അസത്യം ആശയക്കുഴപ്പവുമായിരിക്കും’ (അ; തി; ന.)

(2) വാബിസ്വഃ (റ)യോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ ചോദിച്ചു: ‘താന്‍ പുണ്യത്തെയും പാപത്തെയുംപറ്റി ചോദിക്കുവാന്‍ വന്നിരിക്കുകയാണോ?’ അദ്ദേഹം ‘അതെ’ എന്ന് ഉത്തരം പറഞ്ഞു. അപ്പോള്‍ തിരുമേനി വിരലുകള്‍ കൂട്ടിപിടിച്ചു അദ്ദേഹത്തിന്‍റെ നെഞ്ചില്‍ കൊട്ടിക്കൊണ്ട്: ‘തന്‍റെ മനസ്സിനോട് വിധി തേടിക്കൊള്ളുക’ എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു. പിന്നീട് പറഞ്ഞു: ‘പുണ്യം എന്നാല്‍ ഏതൊന്നിന്‍റെ നേരെ മനസ്സിന് സമാധാനവും, ഹൃദയത്തിന് ശാന്തതയും ഉണ്ടായിത്തീരുന്നുവോ അതാണ്. പാപം എന്നാല്‍, ജനങ്ങള്‍ (എന്ത്) വിധി പറഞ്ഞാലും ശരി, മനസ്സില്‍ കെട്ടിപ്പിണവുണ്ടാക്കുന്നതും, നെഞ്ചില്‍ ആശങ്ക ഉളവാക്കുന്നതുമായിരിക്കും.’ (അ; ദാരിമി.)

(3) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ജാബിര്‍ (റ) ഉദ്ധരിക്കുന്നു: ‘ഹറാമില്‍ നിന്ന് ഉല്‍ഭവിച്ചുണ്ടായ മാംസം സ്വര്‍ഗത്തില്‍ കടക്കുകയില്ല. ഹറാമില്‍ നിന്ന് ഉത്ഭവിച്ചുണ്ടായ മാംസത്തിന് കൂടുതല്‍ അര്‍ഹമായിട്ടുള്ളത് നരകമാകുന്നു.’ (അ; ദാ; ബ.)

(4) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്‌നു മസ്ഊദ് (റ) ഉദ്ധരിക്കുന്നു: ‘ഏതൊരടിയാനും ഹറാമിന്‍റെ ധനം സമ്പാദിച്ചു അതില്‍ നിന്ന് ധര്‍മം ചെയ്യുന്നതായാല്‍ അവനില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല; അതില്‍ നിന്ന് ചിലവഴിച്ചാല്‍ അതില്‍ ബര്‍ക്കത്ത് (അഭിവൃദ്ധി) നല്‍കപ്പെടുന്നതുമല്ല: അത് ബാക്കിവെച്ചു (മരണപ്പെട്ടു) പോയാല്‍ അതവന് നരകത്തിലേക്കുള്ള യാത്രാ സാമഗ്രിയാകാതിരിക്കുകയുമില്ല.’ (അ; ശറഹുസ്സുന്ന:) അല്ലാഹു നമ്മെയെല്ലാം അവന്‍റെ വിധിവിലക്കുകള്‍ സൂക്ഷിച്ചു ജീവിക്കുന്ന സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

2:276
  • يَمْحَقُ ٱللَّهُ ٱلرِّبَوٰا۟ وَيُرْبِى ٱلصَّدَقَٰتِ ۗ وَٱللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ ﴾٢٧٦﴿
  • പലിശയെ അല്ലാഹു തുടച്ചുനീക്കുന്നു; ദാനധര്‍മങ്ങളെ അവന്‍ വളര്‍ത്തുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, മഹാപാപിയായ നന്ദികെട്ട (അഥവാ അവിശ്വാസിയായ) എല്ലാവരെയും [ഒരാളെയും] ഇഷ്ടപ്പെടുന്നതുമല്ല.
  • يَمْحَقُ തുടച്ചുനീക്കും, മായിക്കും, അഭിവൃദ്ധിയില്ലാതാക്കും اللَّهُ അല്ലാഹു الرِّبَا പലിശയെ وَيُرْبِي അവന്‍ വളര്‍ത്തുക (അഭിവൃദ്ധിപ്പെടുത്തുക)യും ചെയ്യും الصَّدَقَاتِ ദാനധര്‍മങ്ങളെ وَاللَّهُ അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുക (സ്‌നേഹിക്കുക)യില്ല كُلَّ كَفَّارٍ എല്ലാ (ഓരോ) നന്ദികെട്ടവരെയും, അവിശ്വാസക്കാരനെയും أَثِيمٍ (മഹാ-കടുത്ത) പാപിയായ

ദാനധര്‍മങ്ങളെ സംബന്ധിച്ച പ്രസ്താവനകളെ തുടര്‍ന്നുകൊണ്ടാണല്ലോ കഴിഞ്ഞവചനത്തില്‍ പലിശയെക്കുറിച്ച് പ്രസ്താവിച്ചത്. ഈ വചനത്തില്‍ രണ്ടിന്‍റെയും അനന്തരഫലങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യം അല്ലാഹുചൂണ്ടിക്കാട്ടുന്നു. പലിശയെ തുടച്ചുനീക്കുകയും, ദാനധര്‍മങ്ങളെ വളര്‍ത്തുകയും ചെയ്യുമെന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം പലിശക്കാരുടെ ധനമെല്ലാം നശിച്ചു പോകുമെന്നും, ധര്‍മം ചെയ്യുന്നവരുടെ ധനം വര്‍ദ്ധിച്ചുകൊണ്ടെ ഇരിക്കുമെന്നുമല്ല . ചിലപ്പോള്‍ അങ്ങനെ സംഭവിക്കാറുണ്ടെങ്കിലും മറിച്ചും സംഭവിക്കാറുണ്ടെന്നുള്ളത് നിഷേധിക്കുവാന്‍ നിവൃത്തിയില്ല. സുഖത്തോടും സംതൃപ്തിയോടുംകൂടി ജീവിക്കുക, സമൂഹമദ്ധ്യെ മാന്യതയും അന്തസ്സും ഉണ്ടായിത്തീരുക, ജനങ്ങളുടെ സ്‌നേഹാദരവുകള്‍ ലഭിക്കുക മുതലായ കാര്യങ്ങളാണല്ലോ ധനം മൂലം ഇഹത്തില്‍ ലഭിക്കുവാനുള്ള നേട്ടങ്ങള്‍. പലിശക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങളൊന്നും അവര്‍ക്ക് ലഭിക്കുവാനില്ല. ധനം വര്‍ദ്ധിക്കും തോറും അവര്‍ക്ക് പിശുക്കും ആര്‍ത്തിയും സമാധാനക്കുറവും വര്‍ദ്ധിക്കുകയാണ് ചെയ്യുക. അതോടുകൂടി, ജനങ്ങളുടെ വെറുപ്പും ശത്രുതയും വര്‍ദ്ധിച്ചുകൊണ്ടുമിരിക്കും. പരലോകത്തിലാകട്ടെ, ആ ധനം കൊണ്ട് യാതൊരു ഉപകാരവും അവര്‍ക്കില്ല. വേണ്ടപ്പെട്ട വിഷയത്തില്‍ തന്നെ ചിലവഴിച്ചാലും- അത് ഹറാമായ സമ്പാദ്യമായത് കൊണ്ട്- അത് മൂലം അവര്‍ക്ക് പുണ്യം ലഭിക്കുവാനില്ല. ഹറാമായ ധനം ഉപയോഗിച്ചു നടത്തപ്പെടുന്ന കാര്യങ്ങള്‍ അവര്‍ക്ക് ദോഷകരമായി പരിണ മിക്കുകയും ചെയ്യുന്നതാണ്. ധര്‍മിഷ്ഠനെ സംബന്ധിച്ചിടത്തോളം, അവന്‍ ചെയ്യുന്ന എല്ലാ ചിലവുകള്‍ക്കും അല്ലാഹുവിങ്കല്‍ നിന്ന് വമ്പിച്ച പ്രതിഫലം ലഭിക്കുകയും അവന്‍റെ ധര്‍മങ്ങള്‍ അല്ലാഹു വളര്‍ത്തി വലുതാക്കുകയും ചെയ്യും. ധനം കുറഞ്ഞുപോയാലും ഉള്ളതില്‍ അവന് സംതൃപ്തിയും മനസ്സമാധാനവും ഉണ്ടായിരിക്കും. ജനങ്ങള്‍ക്ക് അവനോട് സ്‌നേഹവും അനുഭാവവും വര്‍ദ്ധിച്ചു കൊണ്ടുമിരിക്കും. കൂടാതെ, പലിശയെയും ദാനധര്‍മങ്ങളെയും സംബന്ധിച്ച് മുമ്പ് കഴിഞ്ഞു പോയ വചനങ്ങളില്‍ നിന്നും, മേലുദ്ധരിച്ച ഹദീഥുകളില്‍ നിന്നും, വേറെയും ചില വസ്തുതകള്‍ മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്.

ഇബ്‌നു മസ്ഊദ് (റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു നബി വചനത്തില്‍ ഇങ്ങനെ വന്നിരിക്കുന്നു: പലിശ- അത് അധികമുണ്ടായാലും ശരി- അതിന്‍റെ പര്യവസാനം കുറവിലേക്കായിരിക്കും.’ (അ;ജ) ശുദ്ധമായ സമ്പാദ്യത്തില്‍ നിന്ന് ഒരു കാരക്കസമാനം വല്ലവരും ധര്‍മം ചെയ്താല്‍, അതിനെ നിങ്ങളിലൊരാള്‍ തന്‍റെ കുതിരക്കുട്ടിയെ ലാളിച്ചു വളര്‍ത്തുന്നതു പോലെ അല്ലാഹു അവന് വേണ്ടി അതിനെ വളര്‍ത്തി മലപോലെ വലുതാക്കുമെന്ന് ബുഖാരിയും, മുസ്‌ലിമും (റ) രേഖപ്പെടുത്തിയ ഹദീഥ് ഇതിനു മുമ്പ് നാം കാണുകയുണ്ടായി. അല്ലാഹു പറയുന്നു: ‘പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല- ദുഷിച്ചതിന്‍റെ ആധിക്യം നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി’ (മാഇദഃ : 163) ‘ആരെങ്കിലും ഒരു നല്ല കാര്യം ചെയ്തുവെച്ചാല്‍ അതില്‍ അവന് നാം നന്മ വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്.’ (ശൂറാ: 23)

‘മഹാപാപിയായ നന്ദികെട്ട ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.’ എന്ന വാക്യം വളരെ ഗൗരവസ്വരത്തിലുള്ള ഒരു വാക്യമാകുന്നു. ഒരു പൊതുതത്വമെന്ന നിലക്കാണ് ആ വാക്യം നിലകൊള്ളുന്നത്. എന്നാലും പലിശക്കാരെപ്പറ്റി അതില്‍ പ്രത്യേകം ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് സന്ദര്‍ഭം കൊണ്ട് വ്യക്തമാണ്. അല്ലാഹു തനിക്ക് അനുവദിച്ചു കൊടുത്ത ഹലാലായ ധനവും സമ്പാദ്യവും കൊണ്ട് മതിയാക്കാതെ, ദുഷിച്ച മാര്‍ഗത്തിലൂടെ അന്യന്‍റെ ധനം ചൂഷണം ചെയ്യുന്നവനാണല്ലോ പലിശക്കാരന്‍. അപ്പോള്‍, അവന്‍ നന്ദികെട്ടവനും മഹാപാപിയുമാണെന്ന് പറയേണ്ടതില്ല. അവനെ അല്ലാഹു ഇഷ്ടപ്പെടുകയില്ലെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം അവനോട് അല്ലാഹുവിന് അനിഷ്ടവും വെറുപ്പുമാണുള്ളതെന്നും, അവന്‍റെ പക്കല്‍ നിന്ന് വല്ല സഹായമോ രക്ഷയോ അവന് കിട്ടുകയില്ലെന്നുമാകുന്നു. ഇതില്‍പരം കഷ്ടവും നഷ്ടവും മറ്റെന്താണുള്ളത്?! അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍. അല്ലാഹുവിന്‍റെ ഇഷ്ടത്തിന് പാത്രമായിത്തീരുന്നവരും, അവനോട് നന്ദിയുള്ളവരും എങ്ങനെയുള്ള വരായിക്കുമെന്ന് അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു:-

2:277
  • إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾٢٧٧﴿
  • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്തവര്‍, അവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ തങ്ങളുടെ പ്രതിഫലം ഉണ്ടായിരിക്കും; അവരുടെമേല്‍ യാതൊരു ഭയവുമില്ല; അവര്‍ വ്യസനപ്പെടുകയുമില്ല.
  • إِنَّ الَّذِينَ آمَنُوا നിശ്ചയമായും വിശ്വസിച്ചവര്‍ وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മങ്ങളെ وَأَقَامُوا അവര്‍ നിലനിറുത്തുകയുംചെയ്തു الصَّلَاةَ നമസ്‌കാരം وَآتَوُا الزَّكَاةَ അവര്‍ സക്കാത്ത് കൊടുക്കുകയും ചെയ്തു لَهُمْ أَجْرُهُمْ അവര്‍ക്ക് അവരുടെ പ്രതിഫലം ഉണ്ട് عِندَ رَبِّهِمْ അവരുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെ മേല്‍ وَلَا هُمْ അവര്‍ ഇല്ലതാനും يَحْزَنُونَ അവര്‍ വ്യസനപ്പെടുക

പലിശ നിരോധത്തെ തുടര്‍ന്ന് സത്യവിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ടുന്ന ചില കാര്യങ്ങള്‍ അല്ലാഹു അറിയിക്കുന്നു:-

2:278
  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَذَرُوا۟ مَا بَقِىَ مِنَ ٱلرِّبَوٰٓا۟ إِن كُنتُم مُّؤْمِنِينَ ﴾٢٧٨﴿
  • ഹേ, വിശ്വസിച്ചവരേ,നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; പലിശയില്‍ നിന്നും (ഈടാക്കുവാന്‍) ബാക്കിയുള്ളതിനെ നിങ്ങള്‍ വിട്ടു കളയുകയും ചെയ്യുവിന്‍; നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍,
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ اتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَذَرُوا നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍ مَا بَقِيَ ബാക്കിയായത് مِنَ الرِّبَا പലിശയില്‍ നിന്ന് إِن كُنتُم നിങ്ങളാകുന്നുവെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍
2:279
  • فَإِن لَّمْ تَفْعَلُوا۟ فَأْذَنُوا۟ بِحَرْبٍ مِّنَ ٱللَّهِ وَرَسُولِهِۦ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَٰلِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ ﴾٢٧٩﴿
  • എനി, നിങ്ങള്‍ (അങ്ങനെ) ചെയ്തില്ലെങ്കില്‍, അല്ലാഹുവിങ്കല്‍ നിന്നും, അവന്‍റെ റസൂലില്‍ നിന്നുമുള്ള ഒരു (ഭയങ്കര) യുദ്ധത്തെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കുവിന്‍! നിങ്ങള്‍ പശ്ചാത്തപിച്ചുവെങ്കിലോ, നിങ്ങളുടെ മൂലധനങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരിക്കും; നിങ്ങള്‍ അക്രമം ചെയ്കയുമില്ല, നിങ്ങളോട് അക്രമം ചെയ്യപ്പെടുകയുമില്ല (എന്ന നിലക്ക്).
  • فَإِن لَّمْ تَفْعَلُوا എനി നിങ്ങള്‍ ചെയ്തില്ലെങ്കില്‍ فَأْذَنُوا എന്നാല്‍ നിങ്ങള്‍അറിഞ്ഞുകൊള്ളുക, കേട്ടറിയുക بِحَرْبٍ ഒരു യുദ്ധത്തെ (പോരാട്ടത്തെ)പ്പറ്റി مِّنَ اللَّهِ അല്ലാഹുവില്‍ നിന്ന് وَرَسُولِهِ അവന്‍റെ റസൂലില്‍ നിന്നും وَإِن تُبْتُمْ നിങ്ങള്‍ പശ്ചാത്തപിച്ചുവെങ്കില്‍ فَلَكُمْ എന്നാല്‍ നിങ്ങള്‍ക്കുണ്ട് رُءُوسُ أَمْوَالِكُمْ നിങ്ങളുടെ സ്വത്തുക്കളുടെ മൂലധനം, അസ്സല്‍ മുതല്‍ لَا تَظْلِمُونَ നിങ്ങള്‍ അക്രമിക്കുകയില്ല (അക്രമിച്ചുകൂടാ) وَلَا تُظْلَمُونَ നിങ്ങള്‍ അക്രമിക്കപ്പെടുകയുമില്ല (അക്രമിക്കപ്പെട്ടുകൂടാ)
2:280
  • وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ ۚ وَأَن تَصَدَّقُوا۟ خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴾٢٨٠﴿
  • വല്ല ഞെരുക്കക്കാരനും ഉണ്ടായെങ്കില്‍, ഒരു സൗകര്യം (ഉണ്ടാകുന്ന ത്) വരെ കാത്തിരിക്കലാണ്(വേണ്ടത്).നിങ്ങള്‍ ധര്‍മമാ(ക്കി വിട്ടുകൊടു)ക്കലാവട്ടെ, നിങ്ങള്‍ക്ക് ഉത്തമവുമാകുന്നു; നിങ്ങള്‍ക്ക് അറിയാവുന്നതാണെങ്കില്‍!
  • وَإِن كَانَ ഉണ്ടായെങ്കില്‍ ذُو عُسْرَةٍ വല്ല ഞെരുക്കക്കാരനും فَنَظِرَةٌ എന്നാല്‍ നോക്കല്‍ (കാത്തിരിക്കല്‍) إِلَىٰ مَيْسَرَةٍ ഒരു സൗകര്യം (സാധ്യത- എളുപ്പം) വരെ وَأَن تَصَدَّقُوا നിങ്ങള്‍ ധര്‍മമാക്കല്‍ (വിട്ടുകൊടുക്കല്‍) خَيْرٌ لَّكُمْ നിങ്ങള്‍ക്ക് ഉത്തമമാകുന്നു إِن كُنتُمْ നിങ്ങള്‍ ആകുന്നുവെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയും
2:281
  • وَٱتَّقُوا۟ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴾٢٨١﴿
  • നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്നതായ ദിവസെത്ത നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍. പിന്നെ, എല്ലാ (ഓരോ) ദേഹത്തിനും അത് സമ്പാദിച്ചുണ്ടാക്കിയത് [അതിന്‍റെ പ്രതിഫലം] നിറവേറ്റിക്കൊടുക്കപ്പെടുന്നതാണ്. അവരാകട്ടെ, അക്രമം ചെയ്യപ്പെടുകയില്ലതാനും.
  • وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ يَوْمًا ഒരു ദിവസത്തെ تُرْجَعُونَ فِيهِ അതില്‍ നിങ്ങള്‍ മടക്കപ്പെടും إِلَى اللَّهِ അല്ലാഹുവിങ്കലേക്ക് ثُمَّ تُوَفَّىٰ പിന്നെ നിറവേറ്റപ്പെടും, പൂര്‍ത്തിയായി കൊടുക്കപ്പെടും كُلُّ نَفْسٍ എല്ലാ ദേഹത്തിനും, ആത്മാവിനും مَّا كَسَبَتْ അത് സമ്പാദിച്ചത് وَهُمْ അവരാകട്ടെ, അവര്‍ لَا يُظْلَمُونَ അക്രമം (അനീതി) ചെയ്യെപ്പടുകയില്ല

1-ാമത്തെ വചനത്തില്‍, ആദ്യമായി അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട് അവനെ സൂക്ഷിക്കണമെന്ന് മൊത്തത്തില്‍ ഉണര്‍ത്തിയിരിക്കുന്നു. പിന്നീട്, നിങ്ങള്‍ മുമ്പ് നടത്തിയിട്ടുള്ള പലിശ ഇടപാടുകളില്‍ നിശ്ചയപ്രകാരം പിരിഞ്ഞു കിട്ടുവാന്‍ ബാക്കിയുള്ളതൊന്നും മേലില്‍ വസൂലാക്കരുതെന്നും, അത് അപ്പടി ഉപേക്ഷിക്കുക തന്നെ വേണമെന്നും കല്‍പിക്കുന്നു. സത്യവിശ്വാസിയാണെന്ന് വാദിക്കുന്ന ഒരാള്‍ക്കും ഈ കല്‍പന അനുസരിക്കാതിരിക്കുവാന്‍ നിവൃത്തിയില്ല എന്നത്രെ ‘നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍’ എന്നവാക്കിന്‍റെ താല്‍പര്യം.

സൈദ്ബ്‌നു അസ്‌ലം, ഇബ്‌നുജുറയ്ജ്, മുക്വാത്തില്‍, സുദ്ദീ (റ) എന്നിവരില്‍ നിന്ന് വന്നിട്ടുള്ള ചില രിവായത്തുകള്‍ കാണിക്കുന്നത് ഈ വചനം മക്കാ വിജയം ഉണ്ടായതിന്‍റെ അടുത്ത കാലത്ത് അവതരിച്ചതാണെന്നാകുന്നു. ആ രിവായത്തുകളുടെ സാരം ഇപ്രകാരമാണ്: ഥക്വീഫ് ഗോത്രത്തില്‍പെട്ട ബനൂഅംറ് കുടുംബങ്ങളില്‍ ചിലര്‍ക്ക്മഖ്‌സൂം ഗോത്രക്കാരായ മുഗീറഃ കുടുംബത്തിലെ ചില അംഗങ്ങളില്‍ നിന്ന് കുറച്ച് പലിശ പിരിഞ്ഞു കിട്ടുവാന്‍ ബാക്കിയുണ്ടായിരുന്നു. എല്ലാവരും ഇസ്‌ലാമിനെ അംഗീകരിച്ച ശേഷം, ഥക്വീഫുകാര്‍ തങ്ങള്‍ക്ക് കിട്ടേണ്ടുന്ന ആ സംഖ്യ ആവശ്യപ്പെട്ടു. മുഗീറഃ കുടുംബങ്ങള്‍ തമ്മില്‍ കൂടിയാലോചന നടത്തിയ ശേഷം, ഇസ്‌ലാമില്‍ വെച്ചുണ്ടാകുന്ന സമ്പാദ്യം കൊണ്ട് ഞങ്ങള്‍ എനി പലിശ തന്നു തീര്‍ക്കുവാന്‍ തയ്യാറില്ലെന്ന് അവര്‍ മറുപടി കൊടുത്തു. ഈ വിവരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായിലെ അമീറായി നിശ്ചയിച്ചിരുന്ന അത്താബ് (عَتَاب ابن اسيد رض) തിരുമേനിക്ക് എഴുതി. ഈ അവസരത്തിലാണ് ഈ വചനം അവതരിച്ചത്. തിരുമേനി ഈ വചനം അറിയിച്ചു കൊണ്ട് മറുപടിയും അയച്ചു. അപ്പോള്‍, ഥക്വീഫുകാര്‍; ഞങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങുകയും, ബാക്കി പലിശ വിട്ടുകളയുകയും ചെയ്യുന്നുവെന്ന് പറയുകയും ചെയ്തു.

പലിശ നിഷിദ്ധമാക്കിക്കൊണ്ടുള്ള കല്‍പന വരുന്നതിന് മുമ്പ് വാങ്ങിപ്പറ്റിയ പലിശസംഖ്യ തിരിച്ചു കൊടുക്കല്‍ നിര്‍ബന്ധമില്ലെന്ന് ഈ വചനത്തില്‍ നിന്ന് വ്യക്തമാകുന്നു. ബാക്കി കിട്ടുവാനുള്ളത് ഉപേക്ഷിക്കണമെന്ന് മാത്രമാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്. പലിശയായി മുമ്പ് വാങ്ങിയതൊക്കെ തിരിച്ചുകൊടുക്കുന്നത് നന്നായിരിക്കുമെങ്കിലും അത് നിര്‍ബന്ധമാക്കുന്ന പക്ഷം അതനുഷ്ഠിക്കുവാന്‍ പലപ്പോഴും സാധ്യമാകാതെ വന്നേക്കും. മാത്രമല്ല, അത് കൈപ്പറ്റുമ്പോള്‍ അതില്‍ നിയമതടസ്സമൊന്നും ഉണ്ടായിരുന്നില്ലാത്ത സ്ഥിതിക്ക് അത് മടക്കിക്കൊടുക്കുവാന്‍ നിര്‍ബന്ധിക്കുന്നതിന്ന് ന്യായവുമില്ലല്ലോ.

2-ാമത്തെ വചനത്തില്‍, അങ്ങനെ ചെയ്യാത്തപക്ഷം, അതിന് തയ്യാറില്ലാത്തവര്‍ക്കെതിരെ അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിക്കുമെന്ന് ശക്തിയായി താക്കീത് ചെയ്യുന്നു. ചെയ്തു പോയതിനെപ്പറ്റി ഖേദിച്ചു മടങ്ങിയാല്‍ മൂലധനം- കടംകൊടുത്ത സംഖ്യ-രക്ഷപ്പെട്ടു കിട്ടുമെന്നും അറിയിച്ചിരിക്കുന്നു. ‘നിങ്ങള്‍ അക്രമിക്കുകയും, അക്രമിക്കപ്പെടുകയും ഇല്ല’ എന്ന് പറഞ്ഞതിന്‍റെ സാരം മൂലധനത്തെക്കാള്‍ അധികം വാങ്ങി അക്രമം ചെയ്യാനോ, അതില്‍ നിന്ന് വല്ലതും വിട്ടുകൊടുത്തു അക്രമത്തിന് വിധേയരാകുവാനോ അനുവദിക്കുകയില്ല എന്നത്രെ. അല്ലാഹുവും റസൂലും ആരോട് യുദ്ധം പ്രഖ്യാപിക്കുന്നുവോ അവര്‍, പരലോകത്ത് അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്കും ശിക്ഷക്കും വിധേയരായിരിക്കുമെന്നും, അവര്‍ ഇസ്‌ലാമിന്‍റെ പ്രത്യക്ഷ ശത്രുക്കളായിരിക്കുമെന്നും വ്യക്തമാണ്.

പലിശയില്‍ നിന്ന് പിന്‍തിരിഞ്ഞു മടങ്ങാത്തവരോട് അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചതിന്‍റെ താല്‍പര്യം ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടുകാണാം.പ്രസ്തുത അഭിപ്രായങ്ങളുടെ ചുരുക്കം ഇതാണ്:

(1) അവര്‍ അല്ലാഹുവിന്‍റെ നിയമത്തിന് വഴങ്ങാത്തവരായതു കൊണ്ട് അവര്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും എതിര്‍പക്ഷക്കാരായിത്തീരുന്നുവെന്നും, അവര്‍ അല്ലാഹുവിന്‍റെ കഠിനമായ കോപത്തിന് വിധേയരായിരിക്കുമെന്നുമുള്ള ഒരു കനത്ത താക്കീതാണത്. പക്ഷേ, ആയത്തിലെ വാക്കുകള്‍ക്ക് മുമ്പില്‍ ഈ അഭിപ്രായത്തിന് പ്രസക്തികാണുന്നില്ല.

(2) അവര്‍ക്കെതിരെ ജനരോഷം ഉണ്ടായിത്തീരുകയും, അവരുമായി സമരങ്ങളും സംഘട്ടനങ്ങളും ഉണ്ടാകുകയും ചെയ്യും. ഈ അഭിപ്രായം, കഴിഞ്ഞ വചനത്തില്‍ يَمْحَقُ الَّله اُلرِّ بوا (അല്ലാഹു പലിശയെ തുടച്ചു നീക്കും) എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥവ്യാപ്തിയില്‍ ഉള്‍പെടുത്താമെന്നല്ലാതെ, ഈ പ്രഖ്യാപനത്തിന്‍റെ ഉദ്ദേശ്യമായിരിക്കുവാന്‍ ന്യായം കാണുന്നില്ല. ഈ അഭിപ്രായം സ്വീകരിക്കുന്ന ചില ആധുനിക പണ്ഡിതന്‍മാര്‍, ഇക്കാലത്ത് സര്‍വ്വത്ര കാണപ്പെടുന്ന ‘മുതലാളി- തൊഴിലാളി’ സംഘട്ടനങ്ങളും, ധനിക വര്‍ഗവും ദരിദ്ര വര്‍ഗവും തമ്മില്‍ നടമാടുന്ന വടംവലികളും ഈ യുദ്ധപ്രഖ്യാപനത്തിന്‍റെ സാക്ഷാല്‍ക്കാരമായി ചിത്രീകരിക്കാറുണ്ട്. വാസ്തവത്തില്‍ പ്രസ്തുതസംഘട്ടനങ്ങളും വടംവലികളും പരിശോധിച്ചാല്‍, അധിക ഭാഗവും പലിശയുമായി ബന്ധെപ്പട്ട കാര്യങ്ങള്‍ മാത്രമല്ല- മറ്റു പലതുമാണ്- അതിന് കാരണമെന്ന് കാണാവുന്നതാകുന്നു.

(3) പലിശ ഇടപാടില്‍ നിന്ന് വിരമിച്ചു മടങ്ങുവാന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ മടങ്ങാത്തപക്ഷം ഭരണാധികാരി അവരോട് യുദ്ധം പ്രഖ്യാപിക്കണം. ഒറ്റൊറ്റ വ്യക്തികളാണെങ്കില്‍ അവര്‍ കൊലശിക്ഷക്കും വിധേയരായിരിക്കും. ഇതാണ് മറ്റൊരു അഭിപ്രായം. ഇസ്‌ലാമിക ഭരണം നിലവിലുള്ളിടത്തേ ഇത് നടപ്പില്‍ വരുത്തുവാന്‍ നിവൃത്തിയുള്ളൂവെന്ന് വ്യക്തമാണ്. സക്കാത്ത് കൊടുക്കുവാന്‍ വിസമ്മതിച്ച ജനങ്ങളോട് അബൂബക്ര്‍ (റ) യുദ്ധം പ്രഖ്യാപിച്ചത് ചരിത്ര പ്രസിദ്ധമാണല്ലോ. കവര്‍ച്ച, കൊല മുതലായ പൊതുജനദ്രോഹങ്ങള്‍ നടത്തുന്നവരെയും ഇസ്‌ലാമിക ഭരണകൂടം അടിച്ചമര്‍ത്തേണ്ടതായുണ്ട്. അതു പോലെയുള്ള ഒരു നടപടിയാണിതും. ഇതത്രെ മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. കൂടുതല്‍ യുക്തവും, ആയത്തിലെ വാക്കുകളോട് കൂടുതല്‍ യോജിച്ചു കാണുന്നതും ഇതുതന്നെ. ഥക്വീഫ് ഗോത്രക്കാരും മഖ്‌സും ഗോത്രക്കാരും തമ്മില്‍ നടന്നതായി മുകളില്‍ ഉദ്ധരിച്ച സംഭവത്തില്‍ ഥക്വീഫ് ഗോത്രം പശ്ചാത്തപിക്കുവാന്‍ തയ്യാറില്ലാത്ത പക്ഷം, അവരോട് യുദ്ധം നടത്തുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത്താബ് (റ)ന് എഴുതിയ കത്തില്‍ അറിയിച്ചിരുന്നുവെന്നും, ഥക്വീഫ് ഗോത്രക്കാര്‍ ‘ഞങ്ങള്‍ക്ക് അല്ലാഹുവിനോടും റസൂലിനോടും ഏറ്റുമുട്ടുവാന്‍ കഴിവില്ല’ എന്ന് പറഞ്ഞുവെന്നും പലരും ഇവിടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിക വാഴ്ച നിലവിലില്ലാത്തപ്പോള്‍ മുസ്‌ലിം സമുദായം അവരുടെ നേരെ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കേണ്ടതാകുന്നു. ‘നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങിയാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മൂലധനം ലഭിക്കും. (وان تبتم فلكم رؤس اموالكم)’ എന്ന് പറഞ്ഞതില്‍ നിന്ന് അവര്‍ സ്വയം മടങ്ങാതെബലം പ്രയോഗിച്ചു മടക്കേണ്ടി വരുന്ന പക്ഷം അവരുടെ മൂലധനം കൂടി അവര്‍ക്ക് നല്‍കേണ്ടതില്ലെന്ന് വരുന്നു. പല പണ്ഡിതന്‍മാരും അങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട് താനും.

3-ാമത്തെ വചനത്തില്‍, കടക്കാരന് കടം വീട്ടുവാന്‍ സാധിക്കാത്തവിധം ഞെരുക്കം ബാധിച്ചാല്‍, അതിനുള്ള സൗകര്യം ഉണ്ടാകുന്നതുവരെ അവന് ഒഴിവുകൊടുക്കണമെന്നും, അതുവരെ അവനെ ബുദ്ധിമുട്ടിക്കരുതെന്നും കല്‍പിക്കുന്നു. എല്ലാ കടക്കാരെയും ബാധിക്കുന്ന ഒരു കല്‍പനയാണിത്. ഓരോ മുസ്‌ലിമും പ്രത്യേകം ശ്രദ്ധ പതിക്കേണ്ടുന്ന ഒരുകടമയുമാകുന്നു. കടസംഖ്യ പാടെ വിട്ടുകൊടുക്കണമെന്ന് അല്ലാഹു ശാസിക്കുന്നപക്ഷം, ബുദ്ധിമുട്ടുള്ളവര്‍ക്ക് കടം കൊടുത്തു സഹായിക്കുവാന്‍ ആരും തയ്യാറാകാതെ വരുമല്ലോ. എന്നാല്‍, അത് ധര്‍മമാക്കി വിട്ടുകൊടുക്കുന്നതാണ് നിങ്ങള്‍ക്ക് ഏറ്റവും ഉത്തമമെന്നും, നിങ്ങള്‍ കാര്യം വേണ്ടതു പോലെ മനസ്സിലാക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ ചെയ്യേണ്ടതെന്നും പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തിരിക്കുന്നു. മുഴുവന്‍ വിട്ടുകൊടുക്കുന്നില്ലെങ്കില്‍ അതില്‍ കുറെ ഭാഗമെങ്കിലും വിട്ടുകൊടുത്താല്‍ അതും വളരെ നല്ലതാണെന്ന് പറയേണ്ടതില്ല. കടം വീട്ടുവാന്‍ കഴിയാതെ ഞെരുക്കം ബാധിച്ചവര്‍ക്ക് കടംതീര്‍ക്കുവാനുള്ള അവധി നീട്ടിക്കൊടുക്കുക, സംഖ്യ വിട്ടുകൊടുക്കുക മുതലായ ഇളവുകള്‍ പെയ്യുന്നത് സംബന്ധിച്ച് പല ഹദീഥുകളിലും വളരെയധികം ഊന്നിപ്പറഞ്ഞിരിക്കുന്നത് കാണാം. ഉദാഹരണത്തിന് മാത്രം ചിലത് ഉദ്ധരിക്കുന്നു:-

(1) മുഹമ്മദു്‌നുകഅ്ബ് (القرظى رض) ഉദ്ധരിച്ച ഒരു സംഭവത്തിന്‍റെ ചുരുക്കം:- അബൂക്വത്താദഃ (റ) അദ്ദേഹത്തിന്‍റെ ഒരു കടക്കാരനെ തേടിച്ചെല്ലുമ്പോള്‍ കടക്കാരന്‍ വെളിക്കുവരാതെ ഒളിച്ചിരിക്കുകയായി. ഒരിക്കല്‍ അവര്‍ തമ്മില്‍ കണ്ടുമുട്ടി. ഞാന്‍ ഞെരുക്കക്കാരനാണ്, എനിക്ക് കടം തന്നു തീര്‍ക്കുവാന്‍ കഴിവില്ല എന്ന് അദ്ദേഹം അറിയിച്ചു. അപ്പോള്‍ അബൂക്വത്താദഃ (റ) ചോദിച്ചു: ‘അല്ലാഹുവില്‍ സത്യമായും അതെയോ?’ കടക്കാരന്‍ ഉത്തരം പറഞ്ഞു: ‘അല്ലാഹുവില്‍ സത്യം! അതെ.’ അപ്പോള്‍ അബൂക്വത്താദഃ(റ) കരഞ്ഞും കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ക്വിയാമത്തുനാളിലെ ദുഃഖങ്ങളില്‍ നിന്ന് അല്ലാഹു തന്നെ രക്ഷപ്പെടുത്തുന്നത് ആര്‍ക്കെങ്കിലും സന്തോഷമാണെങ്കില്‍, അവന്‍ ഞെരുക്കക്കാരന് ആശ്വാസം നല്‍കുകയോ, അവന് വിട്ടുകൊടുക്കുകയോ ചെയ്തുകൊള്ളട്ടെ.’ എന്ന് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. (അ; മു.)

(2) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘വല്ലവനും ഒരു ഞെരുക്കക്കാരന് താമസം ചെയ്തു കൊടുക്കുകയോ, വിട്ടുകൊടുക്കുകയോ ചെയ്യുന്ന പക്ഷം, അല്ലാഹുവിന്‍റെ തണലല്ലാതെ മറ്റു തണലില്ലാത്ത ആ ദിവസം അല്ലാഹു അവന്‍റെ തണലില്‍ അവന് തണല്‍ നല്‍കുന്നതാണ്.’ (അ; മു.)

(3) അബൂസഈദ് (റ) പറയുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്ത് ഒരാള്‍ വാങ്ങിയിരുന്ന ഫലങ്ങളില്‍ ആപത്ത് ബാധിച്ചു. അങ്ങനെ, അയാളുടെ കടം വര്‍ദ്ധിച്ചു. അപ്പോള്‍ ജനങ്ങളോട് അദ്ദേഹത്തിന് ധര്‍മം നല്‍കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു. ജനങ്ങള്‍ ധര്‍മം നല്‍കി. എന്നാലത് അദ്ദേഹത്തിന്‍റെ കടം തീര്‍ക്കുവാന്‍ മതിയായിരുന്നില്ല. അപ്പോള്‍ അദ്ദേഹത്തിന്‍റെ കടമിടപാടുകാരോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നിങ്ങള്‍ക്ക് കിട്ടിയത് നിങ്ങള്‍ എടുത്തുകൊള്ളുവിന്‍. അതല്ലാതെ നിങ്ങള്‍ക്ക് ഒന്നുമില്ല.’ (മു.) കടം വീട്ടുവാന്‍ കഴിവില്ലാത്തവരെ എല്ലാവരും സഹായിക്കേതുണ്ടെന്നും, കടം തീര്‍ക്കുവാന്‍ കഴിയുന്നത്ര ശ്രമം നടത്തേതുണ്ടെന്നും, കൊടുത്തു തീര്‍ക്കുവാന്‍ ഒരു മാര്‍ഗവുമില്ലാത്തപ്പോള്‍ ഭരണാധികാരി ഇടപെട്ട് കടാധ്യതയില്‍ നിന്ന് കടക്കാരനെ ഒഴിവാക്കണമെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം.

കടക്കാരെ സംബന്ധിച്ച് മറ്റൊരു വശം കൂടിയുണ്ട്. ഇക്കാലത്ത് വിശേഷിച്ചും ഈ വശത്തിന് വളരെ പ്രാധാന്യം കല്‍പിക്കേണ്ടിയിരിക്കുന്നു. കടം വാങ്ങിക്കഴിഞ്ഞാല്‍,ഏതെങ്കിലും സൂത്രങ്ങളോ, ന്യായങ്ങളോ, കള്ളത്തെളിവുകളോ ഉപയോഗിച്ചു കടംകൊടുത്തു തീര്‍ക്കാതെ കഴിച്ചുകൂട്ടുവാന്‍ പലരും ശ്രമിക്കാറുണ്ട്. ഇതിനെപ്പറ്റിയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പല ഹദീഥുകളിലും താക്കീത് ചെയ്തു കാണാം. ഉദാഹരണമായി:

(1) ധനികന്‍ (കടം തീര്‍ക്കാതെ) അമാന്തം വരുത്തല്‍ അക്രമമാകുന്നു. നിങ്ങളില്‍ഒരാളെ ഒരു കഴിവുള്ളവനോടുകൂട്ടി ഏല്‍പിക്കപ്പെട്ടാല്‍ അവന്‍ അവനെ പിന്‍തുടര്‍ന്നു കൊള്ളട്ടെ.’ (ബു; മു.) അതായത് യഥാര്‍ത്ഥ കടക്കാരന്‍ തന്‍റെ കടം മറ്റൊരാളെ ഏല്‍പിച്ചുതരുകയും, ഏല്‍പിക്കപ്പെട്ട ആള്‍ കഴിവുള്ള ആളായിരിക്കുകയും ചെയ്താല്‍ ആഏല്‍പന സ്വീകരിക്കണമെന്നര്‍ത്ഥം’

(2) ‘ആരെങ്കിലും ജനങ്ങളുടെ ധനം, അത് വീട്ടിക്കൊടുക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് (കടം) മേടിച്ചാല്‍ അത് അല്ലാഹു അവന് വീട്ടിക്കൊടുക്കും. ആരെങ്കിലും അത് (കൊടുക്കാതെ) നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചു കൊണ്ട് മേടിച്ചാല്‍ അത് നശിപ്പിക്കുന്നതുമാണ്’ (ബു.)

(3) ‘ജനങ്ങളില്‍ വെച്ച് ഉത്തമന്‍ അവരില്‍വെച്ച് നന്നായി കടം വീട്ടുന്ന വനാകുന്നു.’ (മു.)

(4) ‘ഉള്ളവന്‍ (കടം തീര്‍ക്കാതെ) അമാന്തം വരുത്തുന്നപക്ഷം, അവന്‍റെ മാനത്തെ സ്പര്‍ശിക്കലും (അവനെ) ശിക്ഷിക്കലും അനുവദനീയമാകുന്നു.’ (ദാ; ന.) അവനോട് പരുഷമായി സംസാരിക്കുകയും, വേണ്ടിവന്നാല്‍ ബന്ധനത്തിലാക്കുകയും ചെയ്യാമെന്ന്‌ സാരം.

(5) അബൂക്വത്താദഃ (റ) പറയുന്നു: ഒരാള്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ റസൂലേ, കണ്ടുവോ? (ഇതൊന്നു പറഞ്ഞു തരണം): ഞാന്‍ ക്ഷമയുള്ളവനായും, അല്ലാഹുവിന്‍റെ പ്രതിഫലം ഉദ്ദേശിക്കുന്നവനായും, പിന്‍തിരിയാതെ മുന്നോട്ട് ചെല്ലുന്നവനായും കൊണ്ടിരിക്കെ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (യുദ്ധത്തില്‍) വെച്ച് ഞാന്‍ കൊല്ലപ്പെട്ടുവെങ്കില്‍, എന്‍റെ പാപം അല്ലാഹു എനിക്ക് മാപ്പാക്കിതരുമോ?’ അപ്പോള്‍ തിരുമേനി ‘അതെ’ എന്ന് പറഞ്ഞു. എന്നിട്ട് അയാള്‍ തിരിഞ്ഞു പോയപ്പോള്‍, അദ്ദേഹത്തെ വിളിച്ചു ഇങ്ങനെ പറഞ്ഞു: ‘അതെ, കടം ഒഴികെ. (കടം അല്ലാഹു പൊറുക്കുകയില്ല.) ജിബ്‌രില്‍ എന്നോട് അങ്ങനെ പറഞ്ഞു തന്നിരിക്കുന്നു.’ (മു.)

4-ാമത്തെ വചനത്തില്‍, ഈ ജീവിതം താല്‍ക്കാലികമാണ്, ശാശ്വതമായ പരലോകജീവിതം വരാനിരിക്കുന്നു, അവിടെവെച്ചാണ് എല്ലാ കര്‍മങ്ങള്‍ക്കും തക്കതായ പ്രതിഫലം നല്‍കപ്പെടുക, അതുകൊണ്ട് അന്നത്തേക്ക് വേണ്ടുന്ന മുന്‍കരുതലുകള്‍ ചെയ്തുകൊള്ളണം എന്നൊക്കെ അല്ലാഹു സത്യവിശ്വാസികളെ അനുസ്മരിപ്പിക്കുന്നു. ഈ വചനമാണ് അവസാനം അവതരിച്ച ക്വുര്‍ആന്‍ വചനമെന്നും, പിന്നീട് ഏതാനും ദിവസങ്ങള്‍ മാത്രമേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജീവിച്ചിരുന്നിട്ടുള്ളൂവെന്നും ചില രിവായത്തുകളില്‍ വന്നിരിക്കുന്നു. الله أعلم

വിഭാഗം - 39

2:282
  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَدَايَنتُم بِدَيْنٍ إِلَىٰٓ أَجَلٍ مُّسَمًّى فَٱكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبٌۢ بِٱلْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ ٱللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ ٱلَّذِى عَلَيْهِ ٱلْحَقُّ وَلْيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبْخَسْ مِنْهُ شَيْـًٔا ۚ فَإِن كَانَ ٱلَّذِى عَلَيْهِ ٱلْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُۥ بِٱلْعَدْلِ ۚ وَٱسْتَشْهِدُوا۟ شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَٱمْرَأَتَانِ مِمَّن تَرْضَوْنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحْدَىٰهُمَا فَتُذَكِّرَ إِحْدَىٰهُمَا ٱلْأُخْرَىٰ ۚ وَلَا يَأْبَ ٱلشُّهَدَآءُ إِذَا مَا دُعُوا۟ ۚ وَلَا تَسْـَٔمُوٓا۟ أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰٓ أَجَلِهِۦ ۚ ذَٰلِكُمْ أَقْسَطُ عِندَ ٱللَّهِ وَأَقْوَمُ لِلشَّهَٰدَةِ وَأَدْنَىٰٓ أَلَّا تَرْتَابُوٓا۟ ۖ إِلَّآ أَن تَكُونَ تِجَٰرَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوٓا۟ إِذَا تَبَايَعْتُمْ ۚ وَلَا يُضَآرَّ كَاتِبٌ وَلَا شَهِيدٌ ۚ وَإِن تَفْعَلُوا۟ فَإِنَّهُۥ فُسُوقٌۢ بِكُمْ ۗ وَٱتَّقُوا۟ ٱللَّهَ ۖ وَيُعَلِّمُكُمُ ٱللَّهُ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ ﴾٢٨٢﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങളൊരു നിര്‍ണയിക്കപ്പെട്ട അവധിവരേക്ക് (കാലം വെച്ചുകൊണ്ട്) അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍, നിങ്ങളത് എഴുതിവെക്കുവിന്‍. ഒരെഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയനുസരിച്ച് (അത്) എഴുതുകയും ചെയ്തുകൊള്ളട്ടെ, ഒരെഴുത്തുകാരനും (തന്നെ) അവന് അല്ലാഹു പഠിപ്പിച്ചു കൊടുത്തതുപോലെ, (അത്) എഴുതുവാന്‍ വിസമ്മതിക്കുകയും അരുത്, അങ്ങനെ, അവന്‍ എഴുതിക്കൊള്ളട്ടെ; യാതൊരുവന്‍റെ മേലാണോ കടബാദ്ധ്യത ഉണ്ടായിരിക്കുന്നത് അവന്‍ വാചകം പറഞ്ഞു കൊടുക്കുകയും, തന്‍റെ റബ്ബായ അല്ലാഹുവിനെ അവന്‍ സൂക്ഷിക്കകയും ചെയ്യട്ടെ. അതില്‍ നിന്ന് അവന്‍ ഒരു വസ്തുവും കുറവ് വരുത്തുകയും അരുത്. എനി, കടാദ്ധ്യതയുള്ളവന്‍ ഒരുഭോഷനോ, അല്ലെങ്കില്‍ ദുര്‍ബലനോ, അല്ലെങ്കില്‍ അവന്ന് (സ്വന്തം നിലക്ക്) വാചകം പറഞ്ഞു കൊടുക്കുവാന്‍ സാധിക്കാതെയോ ആയിരുന്നെങ്കില്‍, അപ്പോള്‍ അവന്‍റെ കൈകാര്യക്കാരന്‍ നീതിപൂര്‍വം വാചകം പറഞ്ഞു കൊടുത്തുകൊള്ളട്ടെ. നിങ്ങളുടെ പുരുഷന്‍മാരില്‍ നിന്നുള്ള രണ്ട് സാക്ഷികളോട് നിങ്ങള്‍ സാക്ഷ്യം (വഹിക്കുവാന്‍) ആവശ്യപ്പെടുകയും ചെയ്യുവിന്‍. എനി, അവര്‍ (രണ്ട് സാക്ഷികള്‍) പുരുഷന്‍മാരില്ലെങ്കില്‍, സാക്ഷികളായി നിങ്ങള്‍ തൃപ്തിപ്പെടുന്നവരില്‍ നിന്ന് ഒരു പുരുഷനും, രണ്ട് സ്ത്രീകളും (ആവട്ടെ); അവര്‍ രണ്ടിലൊരുവള്‍ക്ക് പിഴവ് പറ്റുകയും, അപ്പോള്‍ അവരിലൊരുവള്‍ മറ്റെവളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നതിന് (വേണ്ടി.) സാക്ഷികള്‍ (സാക്ഷ്യത്തിന്) വിളിക്കപ്പെടുമ്പോള്‍ അവര്‍ വിസമ്മതിക്കുകയും ചെയ്യരുത്. ചെറുതാകട്ടെ, വലുതാകട്ടെ അത് അതിന്‍റെ അവധിവരെ എഴുതിവെക്കുവാന്‍ നിങ്ങള്‍ മടിക്കുകയും ചെയ്യരുത്. അതൊക്കെ, അല്ലാഹുവിന്‍റെ അടുക്കല്‍ കൂടുതല്‍ നീതി പൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ സന്ദേഹപ്പെടാതിരിക്കുവാന്‍ കൂടുതല്‍ അടുപ്പ [സൗകര്യ]മായതുമാകുന്നു; നിങ്ങള്‍ക്കിടയില്‍ നിങ്ങള്‍ നടത്തുന്നവല്ല റൊക്കക്കച്ചവടവും [ഇടപാടും] ആയാലൊഴികെ; അപ്പോള്‍, അത് എഴുതി വെക്കാതിരിക്കുന്നതിന് നിങ്ങളുടെ മേല്‍ തെറ്റില്ല. നിങ്ങളന്യോന്യം വില്‍പന [കൊള്ളക്കൊടുക്കല്‍] നടത്തുമ്പോള്‍ നിങ്ങള്‍ സാക്ഷി നിറുത്തുകയും ചെയ്യുവിന്‍, ഒരു എഴുത്തുകാരനാകട്ടെ, ഒരു സാക്ഷിയാകട്ടെ, ദ്രോഹിക്കപ്പെടുകയും ചെയ്യരുത്. നിങ്ങള്‍ (അങ്ങനെ) ചെയ്യുന്നുവെങ്കിലോ, അത് നിങ്ങളിലുള്ള ധിക്കാരമായിരിക്കും. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തുകൊള്ളുവിന്‍. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരുകയാണ്. അല്ലാഹുവാകട്ടെ, എല്ലാ കാര്യെത്തക്കുറിച്ചും അറിയുന്നവനാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا تَدَايَنتُم നിങ്ങളന്യോന്യം കടമിടപാടുകള്‍ നടത്തിയാല്‍ بِدَيْنٍ വല്ല കടത്തെ (കടമിടപാടിനെ)യും إِلَىٰ أَجَلٍ ഒരവധിവരേക്ക് مُّسَمًّى പേരുപറയപ്പെട്ട (നിര്‍ണയിക്കപ്പെട്ട) فَاكْتُبُوهُ എന്നാലത് നിങ്ങള്‍ എഴുതുവിന്‍ وَلْيَكْتُب എഴുതുകയും ചെയ്യട്ടെ بَّيْنَكُمْ നിങ്ങള്‍ക്കിടയില്‍ كَاتِبٌ ഒരെഴുത്തുകാരന്‍ بِالْعَدْلِ നീതിയനുസരിച്ച് وَلَا يَأْبَ വിസമ്മതിക്കുകയും ചെയ്യരുത് كَاتِبٌ ഒരെഴുത്തുകാരനും أَن يَكْتُبَ എഴുതുവാന്‍ كَمَا عَلَّمَهُ അവനെ പഠിപ്പിച്ചതുപോലെ اللَّهُ അല്ലാഹു فَلْيَكْتُبْ അങ്ങനെ അവന്‍ എഴുതട്ടെ وَلْيُمْلِلِ വാചകം പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ الَّذِي യാതൊരുവന്‍ عَلَيْهِ الْحَقُّ അവന്‍റെ മേലാണ് കടബാദ്ധ്യത وَلْيَتَّقِ അവന്‍ സൂക്ഷിക്കുകയും ചെയ്യട്ടെ اللَّهَ رَبَّهُ അവന്‍റെ റബ്ബായ അല്ലാഹുവിനെ وَلَا يَبْخَسْ അവന്‍ കുറവ് വരുത്തുക (നഷ്ടപ്പെടുത്തുക)യും അരുത് مِنْهُ شَيْئًا അതില്‍നിന്ന് യാതൊന്നും فَإِن كَانَ എനി ആയിരുന്നെങ്കില്‍ الَّذِي യാതൊരുവന്‍ عَلَيْهِ الْحَقُّ അവന്‍റെ മേലാണ്കടബാധ്യത سَفِيهًا വിഡ്ഢി أَوْ ضَعِيفًا അല്ലെങ്കില്‍ ദുര്‍ബലന്‍ أَوْ لَا يَسْتَطِيعُ അല്ലെങ്കില്‍ അവന് സാധിക്കുകയില്ല أَن يُمِلَّ هُوَ അവന്‍ (തന്നെ) വാചകം പറയുവാന്‍ فَلْيُمْلِلْ എന്നാല്‍ വാചകം പറഞ്ഞുകൊടുക്കട്ടെ وَلِيُّهُ അവന്‍റെ കൈകാര്യക്കാരന്‍ بِالْعَدْلِ നീതിയനുസരിച്ച് وَاسْتَشْهِدُوا നിങ്ങള്‍ സാക്ഷ്യം ആവശ്യപ്പെടുകയുംചെയ്യുവിന്‍ شَهِيدَيْنِ രണ്ടു സാക്ഷികളോട് مِن رِّجَالِكُمْ നിങ്ങളുടെ പുരുഷന്‍മാരില്‍ നിന്ന് فَإِن لَّمْ يَكُونَا എനി അവര്‍ രണ്ടുപേര്‍ ആയില്ലെങ്കില്‍ رَجُلَيْنِ രണ്ടു പുരുഷന്‍മാര്‍ فَرَجُلٌ എന്നാല്‍ ഒരു പുരുഷന്‍ وَامْرَأَتَانِ രണ്ട് സ്ത്രീകളും مِمَّن تَرْضَوْنَ നിങ്ങള്‍ തൃപ്തിപ്പെടുന്നവരില്‍പെട്ട مِنَ الشُّهَدَاءِ സാക്ഷികളില്‍ നിന്ന് أَن تَضِلَّ പിഴവ്പറ്റുന്നതിന് إِحْدَاهُمَا അവര്‍ രണ്ടില്‍ ഒരുവള്‍ക്ക് فَتُذَكِّرَ അപ്പോള്‍ ഓര്‍മപ്പെടുത്തുകയും إِحْدَاهُمَا രണ്ടിലൊരുവള്‍ الْأُخْرَىٰ മറ്റേവളെ وَلَا يَأْبَ വിസമ്മതിക്കുകയും ചെയ്യരുത് الشُّهَدَاءُ സാക്ഷികള്‍ إِذَا مَا دُعُوا അവര്‍ വിളിക്ക (ക്ഷണിക്ക)പ്പെട്ടാല്‍ وَلَا تَسْأَمُوا നിങ്ങള്‍ മടിക്കുക (വൈമനസ്യം കാണിക്കുക)യും അരുത് أَن تَكْتُبُوهُ അതെഴുതുവാന്‍ صَغِيرًا ചെറുത് (ആവട്ടെ) أَوْ كَبِيرًا അല്ലെങ്കില്‍ വലുത് (ആവട്ടെ) إِلَىٰ أَجَلِهِ അതിന്‍റെ അവധിവരെ ذَٰلِكُمْ അത് (നിങ്ങളോട് പറഞ്ഞതൊക്കെ) أَقْسَطُ കൂടുതല്‍ നീതിപൂര്‍വമാണ് عِندَ اللَّهِ അല്ലാഹുവിന്‍റെ അടുക്കല്‍ وَأَقْوَمُ അധികംബലം നല്‍കുന്നതും, കൂടുതല്‍ ചൊവ്വായതും لِلشَّهَادَةِ സാക്ഷ്യത്തിന് وَأَدْنَىٰ കൂടുതല്‍ അടുപ്പമുള്ളതും (സൗകര്യപ്പെട്ടതും) أَلَّا تَرْتَابُوا നിങ്ങള്‍ക്ക് സംശയമുണ്ടാകാതിരിക്കുന്നതിന് إِلَّا أَن تَكُونَ അതായിരുന്നാലൊഴികെ تِجَارَةً ഒരു കച്ചവടം (ഇടപാട്) حَاضِرَةً റൊക്കമായ تُدِيرُونَهَا നിങ്ങള്‍ അതിനെ നിയ്രന്തിക്കുന്നു بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ فَلَيْسَ عَلَيْكُمْ അപ്പോള്‍ നിങ്ങളുടെ മേല്‍ ഇല്ല جُنَاحٌ തെറ്റ്, ഒരു തെറ്റും أَلَّا تَكْتُبُوهَا നിങ്ങളത് എഴുതാതിരിക്കുന്നതിന് وَأَشْهِدُوا നിങ്ങള്‍ സാക്ഷി നിറുത്തുകയും ചെയ്യുവിന്‍ إِذَا تَبَايَعْتُمْ നിങ്ങളന്യോന്യം വില്‍പന (ക്രയവിക്രയം) നടത്തിയാല്‍ وَلَا يُضَارَّ ദ്രോഹിക്കപ്പെടുകയും അരുത്, ദ്രോഹിക്കുകയുമരുത് كَاتِبٌ വല്ല എഴുത്തുകാരനും وَلَا شَهِيدٌ വല്ല സാക്ഷിയും അരുത് وَإِن تَفْعَلُوا നിങ്ങള്‍ ചെയ്യുന്നുവെങ്കിലോ فَإِنَّهُ فُسُوقٌ എന്നാലത് ധിക്കാരമാണ്, തോന്നിയവാസമായിരിക്കും بِكُمْ നിങ്ങളിലുള്ള وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ അല്ലാഹുവിനെ وَيُعَلِّمُكُمُ നിങ്ങളെ പഠിപ്പിക്കുന്നു اللَّهُ അല്ലാഹു وَاللَّهُ അല്ലാഹുവാകട്ടെ بِكُلِّ شَيْءٍ എല്ലാകാര്യത്തെ (വസ്തുവെ) പറ്റിയും عَلِيمٌ അറിയുന്നവനാണ്

കഴിഞ്ഞ വചനങ്ങളില്‍ പലിശയെയും, പലിശ ഇടപാടുകളെയും കുറിച്ച് പലതും വിവരിച്ചതിന്‍റെ ശേഷം മനുഷ്യന്‍റെ സാമൂഹ്യ ജീവിതത്തിലെ നിത്യാവശ്യങ്ങളായ മുതലിടപാടുകളില്‍ പൊതുവെ പാലിക്കപ്പെടേണ്ടതും, അവയുടെ നന്മക്കും സുരക്ഷിതത്വത്തിനും ഉപയുക്തമായതുമായ പല ഉപദേശ നിര്‍ദ്ദേശങ്ങളും, വിധിവിലക്കുകളും ക്വുര്‍ആനിലെ ഏറ്റവും വലിയ സൂക്തമായ ഈ വചനത്തില്‍ അല്ലാഹു സത്യവിശ്വാസികളെ പഠിപ്പിക്കുന്നു. വിശ്വാസത്തിലും, സ്വഭാവത്തിലും, ആചാരാനുഷ്ഠാനങ്ങളിലുമെന്ന പോലെ, ധനപരമായ ഇടപാടുകളിലും സത്യവിശ്വാസികള്‍ ഉന്നതവും മാന്യവുമായ നിലവാരം പുലര്‍ത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടതുണ്ടല്ലോ. വ്യക്തവും വിശാലവുമായ ഭാഷയില്‍ അല്ലാഹു കല്‍പിച്ചിട്ടുള്ള ഈ ഇടപാട് മര്യാദകള്‍ വേണ്ടതുപോലെ പാലിക്കപ്പെടായ്കകൊണ്ട്- അവ പാലിക്കുവാന്‍ മറ്റാരെക്കാളും കൂടുതല്‍ ബാദ്ധ്യസ്ഥരായിരുന്നിട്ടു പോലും- മുസ്‌ലിംകള്‍ക്കിടയില്‍ ഇടപാട് സംബന്ധമായ വഴക്കും, വക്കാണവും ഇക്കാലത്ത് സാധാരണമാണെന്നുള്ളത് പരിതാപകരമായ ഒരു പരമാര്‍ത്ഥമത്രെ. അധികവ്യാഖ്യാനമോ വിവരണമോ കൂടാതെത്തന്നെ, ഏറെക്കുറേ എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നവിധം വ്യക്തമാണ് ഈ വചനത്തിലെ ഉള്ളടക്കങ്ങള്‍. എന്നാലും ഓരോ വാക്യത്തിന്‍റെയും വെളിച്ചത്തില്‍ നമ്മുടെ മതപണ്ഡിതന്‍മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ കര്‍മപരമായ പല നിയമങ്ങളും വിശദീകരണങ്ങളും നല്‍കിക്കാണാം. വിശുദ്ധ ക്വുര്‍ആന്‍റെ വാചക ശൈലിയുടെയും, പ്രതിപാദന രീതിയുടെയും സവിശേഷതയാണത്. സത്യവിശ്വാസികളെ അഭിമുഖീകരിച്ചു കൊണ്ട് ഈ വചനത്തിലടങ്ങിയ നിയമനിര്‍ദ്ദേശങ്ങളുടെ സാരാംശം നമുക്കിങ്ങനെ സംഗ്രഹിക്കാം:-

(1) ഒരു നിശ്ചിത അവധിവെച്ചുകൊണ്ടുള്ള കടമിടപാടുകള്‍ നടത്തുമ്പോള്‍ അത് എഴുതി രേഖപ്പെടുത്തി വെക്കേണ്ടതാകുന്നു. കടമിടപാടുകള്‍ എന്ന് പറഞ്ഞതില്‍, മതദൃഷ്ട്യാ വിരോധിക്കപ്പെടാത്തതും, അങ്ങുമിങ്ങും കൊടുത്തു തീര്‍ക്കേണ്ടുന്ന ബാധ്യത റൊക്കം തന്നെ കൊടുത്തു തീര്‍ക്കപ്പെടാത്തതുമായ എല്ലാ ഇടപാടുകളും ഉള്‍പ്പെടുന്നു. ഈ കല്‍പന നിയമപരമായ ഒരു നിര്‍ബന്ധം- നിബന്ധന- എന്ന നിലക്കുള്ളതല്ല.അഥവാ, എഴുതിവെക്കാത്തതു കൊണ്ടുമാത്രം ശിക്ഷക്ക് വിധേയമാകുകയോ, ഇടപാട് സാധുവല്ലാതാകുകയോ ചെയ്യുന്നതല്ല എന്നത്രെ ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം. ഭാവിയില്‍ സംശയത്തിനോ, കശപിശക്കോ മാര്‍ഗമുണ്ടായേക്കുമെന്ന് കണ്ടാല്‍, നിര്‍ബന്ധമായിത്തീരുന്നതാണ് താനും. അടുത്ത വചനത്തില്‍ بَعْضًا بَعْضُكمُ أَمِنَ فَإِنْ (നിങ്ങളില്‍ ചിലര്‍ ചിലരെ വിശ്വസിച്ചാല്‍) എന്ന് തുടങ്ങിയവാക്യം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു. ആ വാക്യത്തിന്‍റെ അര്‍ത്ഥവും വ്യാഖ്യാനവും അവിടെവെച്ച് നമുക്ക് കാണാം. إِن شَاءَ اللَّهُ ഏതായാലും ഇടപാട് കേവലം ചെറുതാണെന്നുള്ളതു കൊണ്ട് മാത്രം. എഴുതിവെക്കല്‍ ഉപേക്ഷിക്കാന്‍പാടില്ല. പരസ്പരം വിശ്വാസവഞ്ചന ചെയ്കയില്ലെന്നുള്ളതിന്‍റെ പേരില്‍ മാത്രമേ അത് വേണ്ടെന്ന് വെച്ചുകൂടൂ. ഇടപാട് ചെറുതായാലും വലുതായാലും എഴുതിവെക്കുവാന്‍ മടിക്കരുത് എന്ന് അല്ലാഹു തുടര്‍ന്ന് പറയുന്നുണ്ടല്ലോ.

(2) എഴുതിരേഖപ്പെടുത്തുന്നത് എഴുത്തറിയുന്ന ഒരു മൂന്നാമന്‍റെ കൈക്കായിരിക്കണം. ഇടപാടുകാരില്‍ ഒരാളായാല്‍, എഴുത്തില്‍ അയാള്‍ തന്‍റെ താല്‍പര്യത്തിന് അനുകൂലമായ വല്ല വ്യത്യാസമോ സൂചനയോ വരുത്തിത്തീര്‍ക്കുവാന്‍ ഇടയാകുകയോ, അല്ലെങ്കില്‍ അങ്ങനെ സംശയിക്കപ്പെടുകയോ ചെയ്യാമല്ലോ. മൂന്നാമനാകുമ്പോള്‍ ഈ ദോഷം സംഭവിക്കുവാനില്ല. അവന്‍ നീതി പാലിക്കണം- ഒരു പക്ഷത്തിന് പ്രത്യേകം ഗുണമോദോഷമോ ഉണ്ടാകുന്നതൊന്നും ചെയ്യാന്‍ പാടില്ല- താനും. അഥവാ, ഇടപാടിന്‍റെ സ്വഭാവവും നിശ്ചയങ്ങളും ശരിക്കും അനുസരിച്ചായിരിക്കണം എഴുതുന്നത്.

(3) എഴുത്തറിയുന്നവന്‍- അവന്‍ എഴുതിക്കൊടുക്കേണ്ടുന്ന സന്ദര്‍ഭം വന്നാല്‍- അതിന് വിസമ്മതിച്ചുകൂടാ. അവന് എഴുതുവാന്‍ കഴിവുണ്ടായത് അല്ലാഹു അവന് ചെയ്തുകൊടുത്ത ഒരു അനുഗ്രഹമാണല്ലോ. അതുകൊണ്ട് തന്‍റെ സഹോദരങ്ങള്‍ക്ക് വേണ്ടി ആ കഴിവ് അവന്‍ ഉപയോഗപ്പെടുത്തുന്നത് അല്ലാഹുവിനോട് ചെയ്യുന്ന ഒരു നന്ദികൂടിയാകുന്നു. അതിന് വിസമ്മതിക്കുന്നത് നന്ദികേടുമായിരിക്കും. ഇത് കേവലം ഒരു സേവനമെന്ന നിലക്കാണ് ചെയ്തുകൊടുക്കേണ്ടത്. എങ്കിലും പ്രതിഫലം അര്‍ഹിക്കത്തക്കവണ്ണം അതിന് വേണ്ടി സമയവും ബുദ്ധിമുട്ടും വിനിയോഗിക്കേണ്ടി വരുന്നപക്ഷം, എഴുത്തുകാരന് പ്രതിഫലം വാങ്ങാവുന്നതുമാകുന്നു. എഴുത്തുകാരനോടും സാക്ഷിയോടും ഉപദ്രവം കാണിക്കരുത് എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ.

(4) രേഖ തയ്യാറാക്കുമ്പോള്‍ അതില്‍ എഴുതേണ്ടുന്ന വാചകം പറഞ്ഞു കൊടുക്കുവാനുള്ള അവകാശം, ആ ഇടപാടില്‍ ആരുടെ പേരിലാണ് കടബാധ്യത വരുന്നതെങ്കില്‍ അവനുള്ളതാണ്. അവന്‍ തന്നെ വാചകം പറഞ്ഞു കൊടുക്കുമ്പോള്‍ ആ ബാധ്യതതാന്‍ ഏറ്റെടുക്കുന്നുവെന്നുള്ള ഒരു ഏറ്റുപറയലും കൂടിയായിരിക്കും അത്. അവന്‍റെ ഇഷ്ടം പോലെ എന്തും അതില്‍ എഴുതിച്ചേര്‍ക്കാമെന്ന് ഇതിനര്‍ത്ഥമില്ല. ഉഭയ കക്ഷികള്‍ തമ്മിലുള്ള നിശ്ചയങ്ങള്‍ക്കോ മതനിയമങ്ങള്‍ക്കോ യോജിക്കാത്ത വല്ല കൃത്രിമവാക്കുകളും അതില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ പാടില്ല. ‘അവന്‍ അവന്‍റെ റബ്ബായ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളുകയും ചെയ്യട്ടെ’ എന്ന് പറഞ്ഞത് അതാണ് ചൂണ്ടിക്കാട്ടുന്നത്. വാചകങ്ങളില്‍ വല്ല പാകക്കേടും വരുന്നുണ്ടോ എന്ന് മറുകക്ഷിക്ക് ആരായാവുന്നതുമാകുന്നു.

(5) ഇടുപാടുകളെ സംബന്ധിച്ച രേഖകളും ലക്ഷ്യങ്ങളും പറഞ്ഞുകൊടുത്ത് എഴുതിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കുകയില്ലല്ലോ. ഉദാഹരണമായി: ഭോഷന്‍, അവിവേകി, ഭ്രാന്തന്‍, കുട്ടി, ഭാഷ അറിയാത്തവന്‍, ഊമ, രോഗി, വിദേശത്ത് താമസിക്കുന്നവന്‍ ഇവര്‍ക്കെല്ലാം അതിന് കഴിയുകയില്ല. അതുകൊണ്ട് അങ്ങനെയുള്ളവര്‍ക്ക് വേണ്ടി അവരുടെ കൈകാര്യങ്ങള്‍ നടത്തുന്ന രക്ഷിതാക്കളോ പ്രതിനിധികളോ അക്കാര്യം നിര്‍വഹിക്കണം. ഇവരും നീതിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിശ്ചയത്തിനും യഥാര്‍ത്ഥത്തിനും വിരുദ്ധമായി അവരവരുടെ വക അതിലൊന്നും കൂട്ടിക്കലര്‍ത്തിക്കൂടാ.

(6) എഴുതി രേഖപ്പെടുത്തിയാല്‍ മാത്രം പോരാ, രണ്ടുപേരെ സാക്ഷിനിറുത്തുകയുംവേണം. സാക്ഷികള്‍ മുസ്‌ലിംകളും പ്രായപൂര്‍ത്തി എത്തിയ പുരുഷന്‍മാരുമായിരിക്കണം. ‘നിങ്ങളുടെ പുരുഷന്‍മാരില്‍ പെട്ടവര്‍’ എന്ന വിശേഷണത്തില്‍ നിന്ന് ഇത് മനസ്സിലാക്കാം. സ്ത്രീകളെ സാക്ഷിയാക്കുന്നതിനെപ്പറ്റി തുടര്‍ന്ന് പറയുന്നുണ്ടെങ്കിലും ഇടപാട് കാര്യങ്ങളില്‍ പുരുഷന്‍മാരാണ് സാക്ഷ്യം വഹിക്കുവാന്‍ സ്ത്രീകളെക്കാള്‍ അര്‍ഹരെന്ന് ഇതില്‍ സൂചനയുണ്ട്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വിവേകവും പരിചയവും പുരുഷന്‍മാര്‍ക്കാണല്ലോ ഉണ്ടാകുക. കോടതിയിലും മറ്റും സാക്ഷ്യം നിര്‍വഹിക്കുവാനുള്ള സൗകര്യവും കൂടുതല്‍ അവര്‍ക്കായിരിക്കും. സാക്ഷികള്‍ മര്യാദക്കാരും പൊതു സമ്മതരുമായിരിക്കേണ്ടതാണ്. അതാണ് مِمَّنْ تَرْضَوْنَ (നിങ്ങള്‍ തൃപ്തിപ്പെടുന്നവരില്‍ നിന്ന്) എന്ന വിശേഷണം ചൂണ്ടിക്കാണിക്കുന്നത്.

(7) സംഗതിവശാല്‍ രണ്ട് പുരുഷന്‍മാരെ സൗകര്യപ്പെട്ടില്ലെങ്കില്‍ ഒരു പുരുഷനും രണ്ട് സ്ത്രീകളുമാവാം സാക്ഷികള്‍. സ്ത്രീകളുമായി പ്രത്യേക ബന്ധമുള്ള ചില കാര്യങ്ങളില്‍ സ്ത്രീകളുടെ സാക്ഷ്യത്തിന് പ്രത്യേക സ്ഥാനം കല്‍പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇടപാടുകളുടെ കാര്യത്തില്‍ സ്ത്രീകള്‍ മാത്രം സാക്ഷികളായാല്‍ പോരാ എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്.

(8) ഒരു പുരുഷന്‍റെ സ്ഥാനത്ത് രണ്ട് സ്ത്രീകള്‍ വേണമെന്ന് വെക്കുവാന്‍ കാരണം.അവര്‍ക്ക് പലപ്പോഴും ഓര്‍മത്തെറ്റും പിഴവും പിണഞ്ഞേക്കുമെന്നുള്ളതാണ് എന്നുകൂടി അല്ലാഹു ഓര്‍മിപ്പിക്കുന്നു. ഒരുവള്‍ക്ക് അബദ്ധം പിണഞ്ഞാല്‍ മറ്റെവള്‍ അത് ഓര്‍മപ്പെടുത്തി തിരുത്തിക്കൊടുക്കുവാന്‍ ഇത് ഉതകുമല്ലോ. വ്യക്തികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചില സ്ത്രീകള്‍ ബുദ്ധിയിലും ഓര്‍മശക്തിയിലുമൊക്കെ പല പുരുഷന്‍മാരെയും കവച്ചു വെച്ചേക്കാമെങ്കിലും സ്ത്രീയും പുരുഷനും തമ്മില്‍ പൊതുവെയുള്ള ബുദ്ധിപരമായ വ്യത്യാസമാണ് അല്ലാഹു ഇത് മുഖേന സൂചിപ്പിക്കുന്നത്. ഒരിക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്ത്രീകളോട് ഇങ്ങനെ ഉപദേശിക്കുകയുണ്ടായി: ‘നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യുകയും അധികമായി പാപമോചനം തേടുകയും ചെയ്യണം. നരകക്കാരില്‍ സ്ത്രീകള്‍ അധികമായിട്ടാണ് എനിക്ക് കാണിക്കപ്പെട്ടിരിക്കുന്നത്; അപ്പോള്‍ ഒരു സ്ത്രീ അതിന് കാരണം ചോദിച്ചു: തിരുമേനി പറഞ്ഞു: ‘നിങ്ങള്‍ ബന്ധുക്കളോട് നന്ദികേട് കാണിക്കുകയും, ശാപം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ബുദ്ധിയും, മതവും കുറവായ നിങ്ങളില്‍ ഒരുവള്‍ ദൃഢമനസ്‌കനായ ഒരു പുരുഷന്‍റെ ബുദ്ധിയെ പരാജയപ്പെടുത്തുന്നതിനെക്കാള്‍ (അതിന് കഴിവുള്ള) മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല.’ അപ്പോള്‍ ആ സ്ത്രീ ചോദിച്ചു: ‘ഞങ്ങള്‍ക്ക് ബുദ്ധിയിലും മതത്തിലും എന്താണ് കുറവ്?’ തിരുമേനി പറഞ്ഞു: ‘രണ്ട് സ്ത്രീയുടെ സാക്ഷ്യം ഒരു പുരുഷന്‍റെ സ്ഥാനത്ത് നില കൊള്ളുന്നുവെന്നുള്ളത് അവളുടെബുദ്ധിയുടെ കുറവ് നിമിത്തമാണ്. അവള്‍ ദിവസങ്ങളോളം നമസ്‌കരിക്കാതെയും, റമദാനില്‍ നോമ്പ് നോല്‍ക്കാതെയും (ഋതുകാലങ്ങളില്‍) കഴിഞ്ഞുകൂടുന്നത് അവളുടെ മതത്തിലുള്ള കുറവുമാകുന്നു.’ (മുസ്‌ലിം.)

(9) സാക്ഷ്യം ഏറ്റെടുക്കുന്ന സന്ദര്‍ഭം നേരിടുമ്പോള്‍ സാക്ഷികള്‍ അതിന് വിസമ്മതിച്ചു കൂടാത്തതാകുന്നു. ഇടപാട് നടക്കുന്നിടത്ത് ചില നിശ്ചിത വ്യക്തികള്‍ മാത്രമാണ് ഹാജറുള്ളതെങ്കില്‍ അവര്‍ തന്നെ അത് നിര്‍വഹിക്കേണ്ടി വരും. സാക്ഷ്യത്തിന് കൊള്ളാവുന്ന പലരും തയ്യാറുണ്ടെങ്കില്‍ അവരില്‍ ആരെങ്കിലുമായി അത് നിര്‍വഹിക്കേണ്ടതുമാകുന്നു. ഒരു സാമൂഹ്യ കടമയും കൂടിയാണിത്. ആവശ്യം വരുമ്പോള്‍, വിധികര്‍ത്താക്കളുടെയും മദ്ധ്യസ്ഥന്‍മാരുടെയും മുമ്പില്‍ സാക്ഷികള്‍ തങ്ങളുടെ സാക്ഷ്യം നിര്‍വഹിക്കല്‍അവരുടെ ചുമതലയാകുന്നു. ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ‘സാക്ഷികളില്‍ ഏറ്റവും നല്ലവനെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരെട്ടയോ? ആവശ്യപ്പെടുന്നതിന് മുമ്പ് തന്‍റെ (താന്‍ ഏറ്റെടുത്ത) സാക്ഷ്യവുമായി വരുന്നവനാകുന്നു’. (മു.) വേണ്ടിവരുേമ്പാള്‍ മടികൂടാതെ സാക്ഷ്യം നിറവേറ്റുന്നവന്‍ എന്ന് സാരം. മറ്റൊരു നബി വചനത്തില്‍ ഇങ്ങനെയും വന്നിരിക്കുന്നു: ‘സാക്ഷികളില്‍ വെച്ച് മോശമായവനെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? സാക്ഷി നില്‍ക്കുവാന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് സാക്ഷ്യം വഹിക്കുന്നവനാണ ത്.’ (ബു; മു.) ഇത് കള്ളസാക്ഷികളുടെ ലക്ഷണമാണല്ലോ.

(10) ഇടപാട് ചെറുതായാലും വലുതായാലും കടപത്രം എഴുതിവെക്കുവാന്‍ വൈമനസ്യം കാണിച്ചുകൂടാ. അഥവാ വലിയ ഇടപാടുകള്‍ മാത്രം രേഖപ്പെടുത്തിവെച്ചാല്‍ മതിയെന്ന് വെക്കുന്നത് ശരിയല്ല. കടമിടപാടുകളെപ്പറ്റിയാണല്ലോ സംസാരം. അതുകൊണ്ട് ഇടപാടിന്‍റെ അവധി കഴിഞ്ഞു അത് അവസാനിക്കുന്നതുവരെ അതിന്‍റെ രേഖസൂക്ഷിക്കുക തന്നെ വേണ്ടതുണ്ട്. രേഖ സൂക്ഷിച്ചു വെക്കുവാനുള്ള അവകാശം ആര്‍ക്കാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. എങ്കിലും വാചകം പറഞ്ഞു കൊടുക്കുവാനുള്ള അവകാശം കടബാധ്യത ഏല്‍ക്കുന്നവന്നുള്ളതാകകൊണ്ട് കടം തീര്‍ത്തു കിട്ടേണ്ടുന്ന ആള്‍ക്കാണ് രേഖ സൂക്ഷിക്കുവാനുള്ള അവകാശം. മാത്രമല്ല, വേണ്ടിവന്നാല്‍ ഇടപാടിലെ നിശ്ചയങ്ങളും നിബന്ധനകളും തെളിയിക്കേണ്ടി വരുക അവനാണല്ലോ.

(11) എഴുതി രേഖപ്പെടുത്തിവെക്കുന്നതിനെപ്പറ്റി ഇത്ര ഊന്നിപ്പറയുവാനുള്ള കാരണങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഒന്ന്: അല്ലാഹുവിന്‍റെ അടുക്കല്‍ കൂടുതല്‍ നീതിപൂര്‍വകമായത് അതാണ്. രണ്ട് പക്ഷത്തിനും ദോഷം പറ്റാതെ ഇടപാടിലെ നിശ്ചയങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ അവസാനിപ്പിക്കുവാന്‍ അത് ഉതകുന്നു. രണ്ടാമതായി: സാക്ഷികളുടെ സാക്ഷ്യത്തിന് അതൊരു പിന്‍ബലവുമായിരിക്കും. സാക്ഷികളുടെമൊഴിയും എഴുതിവെച്ച രേഖയും കൂടിയാകുമ്പോള്‍ തെളിവ് കൂടുതല്‍ ശക്തിപ്പെടും. കാലപ്പഴക്കം കൊണ്ടോ മറ്റോ സാക്ഷികള്‍ക്ക് വല്ല മറവിയോ സംശയമോ നേരിട്ടാലും ആ എഴുത്തുനോക്കി യഥാര്‍ത്ഥം മനസ്സിലാക്കാമല്ലോ. മൂന്നാമതായി: ഇടപാടുകള്‍ക്ക് തന്നെയും ഇടപാടിലെ വല്ല വ്യവസ്ഥയെ സംബന്ധിച്ചോ വിശദാംശങ്ങളെക്കുറിച്ചോ സംശയങ്ങള്‍ നേരിടുവാന്‍ സാധ്യതയുണ്ട്. ആ സംശയം തീര്‍ക്കുവാനും വളരെ സഹായകരമായിരിക്കും അത്. മനുഷ്യരുടെ നന്മയില്‍ അല്ലാഹുവിന് എത്രമാത്രം താല്‍പര്യമാണുള്ളതെന്ന് ആലോചിച്ചു നോക്കുക!

(12) ഇതുവരെ പ്രസ്താവിച്ചതെല്ലാം കടമിടപാടുകളെ സംബന്ധിച്ചായിരുന്നു. എനി, ഇടപാട് കൈക്കും മൊഴിക്കും അവസാനിക്കുന്ന- സാധനം കൊടുക്കലും പ്രതിഫലം വാങ്ങലും ഒപ്പം തീരുന്ന- റൊക്ക ഇടപാടായിരുന്നാലോ? അത് എഴുതി രേഖപ്പെടുത്തണമെന്നില്ല. സാധാരണ ഗതിയില്‍ അതിന്‍റെ ആവശ്യകതയും നേരിടുന്നതല്ല. വന്‍തോതിലുള്ള ഇടപാടായിരിക്കുന്നതു കൊണ്ടോ ഭാവിയില്‍ ഉടമസ്ഥത തെളിയിക്കേണ്ടുന്ന ഘട്ടം നേരിടുമെന്ന് കാണുന്നതുകൊണ്ടോ മറ്റോ അത് രേഖപ്പെടുത്തുന്നത് ആവശ്യമാണെന്ന്‌ വരുമ്പോള്‍ എഴുതിവെക്കുകയാണ് വേണ്ടതെന്ന് പ്രത്യേകം പറയേണ്ടതുമില്ല.

(13) എന്നാലും, റൊക്ക ഇടപാടുകളിലും രണ്ടാളെ സാക്ഷി നിറുത്തുന്നത് ആവശ്യമാകുന്നു. കക്ഷികള്‍ തമ്മിലോ പുറമെ നിന്നോ വല്ല തര്‍ക്കവും വാദവും ഉന്നയിക്കപ്പെടുന്ന പക്ഷം, അതില്ലാതാക്കുവാന്‍ ഇത് പ്രയോജനപ്പെടും. നിത്യേന ജനങ്ങള്‍ക്കിടയില്‍നടന്നുകൊണ്ടിരിക്കുന്ന ചില്ലറ കൊള്ളക്കൊടുക്കലുകളിലെല്ലാം രണ്ടു സാക്ഷികള്‍ ഉണ്ടായിരിക്കണമെന്ന് ധരിക്കേണ്ടതില്ല. കാര്യപ്പെട്ടതും, ഭാവിയില്‍ സാക്ഷിയുടെ ആവശ്യം നേരിട്ടേക്കാമെന്ന് തോന്നുന്നതുമായ ഇടപാടുകളില്‍ മാത്രമേ സാക്ഷി നിറുത്തേണ്ടതുള്ളൂ. റൊക്ക ഇടപാടുകളില്‍ ഇരുകക്ഷികളുടെയും ബാദ്ധ്യത അപ്പപ്പോള്‍ തീര്‍ന്നുപോകുന്നു. കടമിടപാടുകളില്‍ അവയുടെ കാലാവധി അവസാനിക്കുമ്പോഴേ ബാദ്ധ്യത അവസാനിക്കുന്നുള്ളൂ. ഇതാണ് രണ്ടും തമ്മില്‍ ഈ വ്യത്യാസത്തിന് കാരണം. അതുകൊണ്ടായിരിക്കാം കടമിടപാട് ചെറുതായാലും വലുതായാലും അത് എഴുതിവെക്കണമെന്ന്പറഞ്ഞതുപോലെ, റൊക്കമിടപാടുകള്‍ ചെറുതായാലും വലുതായാലും സാക്ഷി നിറുത്തണമെന്ന് അല്ലാഹു പറയാതിരുന്നതും. الله أعلم

(14) وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ എന്ന വാക്യത്തിലെ يُضَارَّ എന്ന ക്രിയാരൂപംകര്‍ത്താവ് അറിയപ്പെടുന്നതും (مَعْرُوف) കര്‍ത്താവ് അറിയപ്പെടാത്തതും (مَجْهول) ആയിരിക്കുവാന്‍ സാദ്ധ്യതയുണ്ട്. ഇതനുസരിച്ച് അതിന്‍റെ തൊട്ടുനില്‍ക്കുന്ന രണ്ട് നാമങ്ങള്‍ كاتب، شهيد) ) അതിന്‍റെ കര്‍ത്താവോ കര്‍മമോ (الفاعل او المفعول) ആകാവുന്നതുമാണ്, അതിനാല്‍ ആ വാക്യത്തിന് രണ്ടു പ്രകാരത്തില്‍ അര്‍ത്ഥം വരാം. ഒന്നാമത്തേതുപ്രകാരം’ എഴുത്തുകാരനാകട്ടെ, സാക്ഷിയാകട്ടെ ഉപദ്രവമുണ്ടാക്കരുത്’ എന്നും, രണ്ടാമത്തേതുപ്രകാരം ‘എഴുത്തുകാര നോടാകട്ടെ, സാക്ഷിയോടാകട്ടെ ഉപ്രദവം ചെയ്യപ്പെടരുത്’ എന്നും അര്‍ത്ഥമായിരിക്കും. ഈ രണ്ടാമത്തെ അര്‍ത്ഥമാണ് നാം പരിഭാഷയില്‍ സ്വീകരിച്ചിരിക്കുന്നത്. രായാലും ഉദ്ദേശ്യം വ്യക്തമാണ്. എഴുത്തിലോ, സാക്ഷ്യമൊഴിയിലോ കൃത്രിമം നടത്തുക , ആവശ്യം നേരിടുമ്പോള്‍ എഴുതിക്കൊടുക്കുവാന്‍ മടിക്കുക , സാക്ഷ്യംനിര്‍വഹിക്കാതിരിക്കുക, മര്യാദയില്‍ കവിഞ്ഞ കൂലിയോ യാത്രാചിലവോ വാങ്ങുക മുതലായ ഉപദ്രവങ്ങള്‍ എഴുത്തുകാരന്‍റെയും സാക്ഷിയുടെയും ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ എന്നായിരിക്കും ആദ്യത്തെ അര്‍ത്ഥപ്രകാരം അതിന്‍റെ ഉദ്ദേശ്യം. എഴുത്തിലോ സാക്ഷ്യത്തിലോ കൃത്രിമം നടത്തുവാന്‍ നിര്‍ബന്ധിക്കുക, മര്യാദപ്രകാരം നല്‍കപ്പെടേണ്ടുന്ന കൂലിച്ചെലവുകള്‍ കൊടുക്കാതിരിക്കുക, ഒഴിവും സൗകര്യവുമില്ലാത്തവരെ എഴുതുവാനും സാക്ഷി പറയുവാനും ബുദ്ധിമുട്ടിക്കുക മുതലായ ഉപദ്രവങ്ങള്‍ ഇടപാടുകാരുടെഭാഗത്ത് നിന്ന് ഉണ്ടായിക്കൂടാ എന്നായിരിക്കും രണ്ടാമത്തെ അര്‍ത്ഥപ്രകാരംഅതിന്‍റെ താല്‍പര്യം.

(15) ആരുടെ ഭാഗത്ത് നിന്നായാലും ഉപദ്രവവും അനീതിയും ഉണ്ടാകുന്ന പക്ഷം അതവരില്‍ നിന്നുള്ള ധിക്കാരവും തോന്നിയവാസ വുമായിരിക്കുമെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. തുടര്‍ന്നുകൊണ്ട് എല്ലാവരും എല്ലാവിഷയത്തിലും അല്ലാഹുവിനെ സൂക്ഷിക്കണമെന്നും, ഇത്രയൊക്കെ വിശദരൂപത്തില്‍ കാര്യങ്ങള്‍ വിവരിച്ചുതരുന്നത് നിങ്ങള്‍നിങ്ങളുടെ മതനിയമങ്ങള്‍ പഠിച്ചറിയുവാന്‍ വേണ്ടിയാണെന്നും, നിങ്ങളുടെ നന്മക്കുംവിജയത്തിനും ആവശ്യമായ നിയമങ്ങള്‍ എന്തൊക്കെയാണെന്നും, നിങ്ങള്‍ അവ എത്രേത്താളം പാലിക്കുന്നുണ്ട് എന്നും തുടങ്ങിയ സര്‍വകാര്യങ്ങളെക്കുറിച്ചും അല്ലാഹു അറിയുന്നുണ്ടെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് ഈ മഹത്തായ വചനം അല്ലാഹു അവസാനിപ്പിക്കുന്നത്. അല്ലാഹുവിന് അവന്‍റെ അടിയാന്‍മാരായ സത്യവിശ്വാസികളുടെ ഐഹികവും പാരത്രികവുമായ ജീവിതങ്ങള്‍ വിജയകരമാക്കുന്നതിലുള്ള താല്‍പര്യവും, അവരുടെ നേരെ അവന്‍ കാണിക്കുന്ന കാരുണ്യവും എത്ര മഹത്തരം! മുലകുടിക്കുന്ന ശിശുവിനോട് അതിന്‍റെ മാതാവിനുള്ളതിനെക്കാള്‍ എത്രയോ കരുണയാണ് അല്ലാഹുവിന് അവന്‍റെ അടിയാന്‍മാരോടുള്ളതെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു സന്ദര്‍ഭത്തില്‍ അരുളിച്ചെയ്ത ഹദീഥും നാം മുമ്പ് വായിക്കുകയുണ്ടായല്ലോ. اللهم فلك الحمد حتى ترضى

2:283
  • ۞ وَإِن كُنتُمْ عَلَىٰ سَفَرٍ وَلَمْ تَجِدُوا۟ كَاتِبًا فَرِهَٰنٌ مَّقْبُوضَةٌ ۖ فَإِنْ أَمِنَ بَعْضُكُم بَعْضًا فَلْيُؤَدِّ ٱلَّذِى ٱؤْتُمِنَ أَمَٰنَتَهُۥ وَلْيَتَّقِ ٱللَّهَ رَبَّهُۥ ۗ وَلَا تَكْتُمُوا۟ ٱلشَّهَٰدَةَ ۚ وَمَن يَكْتُمْهَا فَإِنَّهُۥٓ ءَاثِمٌ قَلْبُهُۥ ۗ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ ﴾٢٨٣﴿
  • നിങ്ങള്‍ വല്ല യാത്രയിലുമായിരിക്കുകയും, നിങ്ങള്‍ക്ക് ഒരെഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍, അപ്പോള്‍, കൈവശംനല്‍കപ്പെടുന്ന പണയങ്ങള്‍ (കൊടുക്കേണ്ടതാണ്) എനി, നിങ്ങളില്‍ ചിലര്‍ ചിലരെ വിശ്വസിച്ചുവെങ്കില്‍ അപ്പോള്‍ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്‍റെ വിശ്വാസ്യത നിര്‍വഹിച്ചു [പാലിച്ചു] കൊള്ളട്ടെ; അവന്‍ തന്‍റെ റബ്ബിനെ സൂക്ഷിച്ചും കൊള്ളട്ടെ; നിങ്ങള്‍ സാക്ഷ്യത്തെ (നിറവേറ്റാതെ) മറച്ചുവെക്കുകയും ചെയ്യരുത്. ആരെങ്കിലും അതിനെ മറച്ചുവെക്കുന്നപക്ഷം, അവന്‍, ഹൃദയം പാപിയായവനാകുന്നു. അല്ലാഹുവാകട്ടെ, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനുമാണ്.
  • وَإِن كُنتُمْ നിങ്ങളായിരുന്നാല്‍ عَلَىٰ سَفَرٍ വല്ല യാത്രയിലും وَلَمْ تَجِدُوا നിങ്ങള്‍ക്ക് കിട്ടിയതുമില്ല كَاتِبًا ഒരെഴുത്തുകാരനെ فَرِهَانٌ എന്നാല്‍ പണയംനല്‍കുക, പണയങ്ങള്‍ مَّقْبُوضَةٌ കൈവശം നല്‍കപ്പെടുന്ന فَإِنْ أَمِنَ എനി വിശ്വസിച്ചെങ്കില്‍ بَعْضُكُم നിങ്ങളില്‍ ചിലര്‍ بَعْضًا ചിലരെ فَلْيُؤَدِّ എന്നാല്‍ നിര്‍വഹിച്ചു(പാലിച്ചു) കൊള്ളട്ടെ الَّذِي اؤْتُمِنَ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ أَمَانَتَهُ തന്‍റെ വിശ്വസ്തത وَلْيَتَّقِ അവന്‍ സൂക്ഷിച്ചു കൊള്ളട്ടെ اللَّهَ رَبَّهُ തന്‍റെ റബ്ബായ അല്ലാഹുവിനെ وَلَا تَكْتُمُوا നിങ്ങള്‍ ഒളിച്ചു (മറച്ചു- മൂടി) വെക്കുകയും അരുത് الشَّهَادَةَ സാക്ഷ്യത്തെ وَمَن يَكْتُمْهَا ആരെങ്കിലും അതിനെ മറച്ചുവെക്കുന്ന പക്ഷം فَإِنَّهُ എന്നാല്‍ നിശ്ചയമായും അവന്‍ آثِمٌ قَلْبُهُ അവന്‍റെ ഹൃദയം പാപിയായവനാണ് وَاللَّهُ അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി عَلِيمٌ അറിയുന്നവനാണ്

കഴിഞ്ഞ വചനത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്നെയാണ് ഈ വചനത്തിലുമുള്ളത്. പ്രധാനമായും മൂന്ന് കാര്യങ്ങളത്രെ ഇതില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്.

(1) യാത്രകളില്‍ വെച്ച് കടമിടപാട് നടത്തുമ്പോള്‍ കടപത്രം എഴുതുവാന്‍ ആളെകിട്ടാത്തപക്ഷം, കടം വാങ്ങുന്നവന്‍ (അധമര്‍ണന്‍) കടം കൊടുക്കുന്നവന് (ഉത്തമര്‍ണന്) വല്ല വസ്തുവും പണയമായി കൈവശം കൊടുത്തു ഇടപാടിന് ഉറപ്പ് നല്‍കണമെന്നാകുന്നു. യാത്രയിലായിരിക്കലും, എഴുത്തുകാരനെ കിട്ടാതിരിക്കലും പണയം നല്‍കലിന് ഒരു നിബന്ധനയാണ്- യാത്രയിലല്ലാത്തപ്പോഴും എഴുത്തുകാരന്‍ നിലവിലുള്ളപ്പോഴും നല്‍കിക്കൂടാ- എന്നില്ല. യാത്രയിലാകുമ്പോഴായിരിക്കും എഴുത്തുകാരനെകിട്ടുവാനുള്ള വിഷമവും, പണയത്തിന്‍റെ ആവശ്യകതയും കൂടുതല്‍ അനുഭവപ്പെടുക. അതുകൊണ്ട് അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ. മുന്‍കാലത്ത് എഴുത്തറിയുന്നവരുടെ വിരളതയും അറബികളെ സംബന്ധിച്ചിടത്തോളം യാത്ര ഒരു നിത്യസംഭവമായിരുന്നുവെന്നതും പ്രസ്താവ്യമാണ്. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാലഗതി അടയുമ്പോള്‍, അവിടുത്തെ പടയങ്കി ഒരു യഹൂദന്‍റെ കയ്യില്‍ പണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ ഭക്ഷണത്തിനുവേണ്ടി ധാന്യം കടം മേടിച്ചതിന്‍റെ പേരിലായിരുന്നു അതെന്നും ചരിത്രപസിദ്ധമത്രെ. യാത്ര പണയത്തിന് ഒരു നിബന്ധനയല്ലെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാമല്ലോ. പണയത്തിന്‍റെ ലക്ഷ്യം ഉത്തമര്‍ണന് തന്‍റെ സംഖ്യ തീര്‍ത്തു കിട്ടുമെന്ന് ഉറപ്പു വരുത്തലാണ്. ഈ ലക്ഷ്യം സാധിക്കണമെങ്കില്‍ പണയ വസ്തു അവന് കൈവശം ലഭിക്കേതുണ്ട്. അതുകൊണ്ടാണ് ‘കൈവശം നല്‍കപ്പെടുന്ന പണയം’ എന്ന് പറഞ്ഞിരിക്കുന്നത്.

(2) പരസ്പരം വിശ്വാസം അര്‍പ്പിച്ചു കഴിഞ്ഞാല്‍ ആ വിശ്വാസ്യത ശരിക്കും പാലിക്കേണ്ടത് വിശ്വസിക്കപ്പെട്ടവന്‍റെ കടമയാണ്; അതില്‍ കൃത്രിമമോ വഞ്ചനയോ നടത്തുന്നതില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളണം എന്നുള്ളതാണ്. ഇതൊരുപൊതുവായ തത്വമായിട്ടാണ് പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. പണയം വാങ്ങുന്നവനും കൊടുക്കുന്നവനും അടക്കമുള്ള ഇടപാടുകാരെ ഇവിടെ പ്രത്യേകം ഉന്നം വെച്ചിട്ടുണ്ടെന്ന്സന്ദര്‍ഭം കൊണ്ട് മനസ്സിലാക്കാം. കടസംഖ്യ കൊടുത്തു തീര്‍ക്കുമ്പോള്‍ മടികൂടാതെ പണയവസ്തു മടക്കിക്കൊടുക്കുക, അതുവരെ കേടുപാടൊന്നും വരുത്താതെ അതിനെസൂക്ഷിക്കുക, പണയമോ സാക്ഷിയോ ഇല്ലാതെയും കടപത്രം എഴുതി രേഖപ്പെടുത്താതെയും പരസ്പര വിശ്വാസത്തിന്‍മേല്‍ നടത്തപ്പെട്ട ഇടപാടാകുമ്പോള്‍ അതിലെ നിശ്ചയങ്ങള്‍ പരിപൂര്‍ണമായി നിറവേറ്റുക, കൊടുത്തു തീര്‍ക്കുവാന്‍ കടപ്പെട്ട വസ്തുവില്‍മായം ചേര്‍ക്കുക പോലെയുള്ള കൃത്രിമങ്ങളൊന്നും ചെയ്യാതെ നന്നാക്കിക്കൊടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വിശ്വാസവഞ്ചനയെപ്പറ്റി ആക്ഷേപിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ വചനങ്ങളും, നബി വചനങ്ങളും പ്രസിദ്ധങ്ങളാണല്ലോ.

(3) സാക്ഷ്യം മൂടി വെക്കുവാന്‍ പാടില്ല. ഹൃദയം ദുഷിച്ചവരുടെ സ്വഭാവമാണത്. ഹൃദയം ദുഷിച്ചവന്‍റെ വാക്കും പ്രവൃത്തിയും ദുഷിക്കുമെന്നും, അവന്‍ കുറ്റക്കാരനും പാപിയുമായിത്തീരുമെന്നും പറയേണ്ടതില്ല. ആവശ്യം നേരിടുമ്പോള്‍ സാക്ഷ്യം നിര്‍വഹിക്കാതിരിക്കുക, യഥാര്‍ത്ഥ വിരുദ്ധമായ സാക്ഷിമൊഴി നല്‍കുക മുതലായവയെല്ലാം സാക്ഷ്യത്തെ ഒളിച്ചുവെക്കല്‍തന്നെ. ന്യായവിരുദ്ധവും, സത്യവിരുദ്ധവുമായ ക്രമക്കേടുകള്‍ ആരു തന്നെ ചെയ്താലും ശരി, അത് എന്തുതന്നെ ആയാലും ശരി, എല്ലാം അല്ലാഹു അറിയുമെന്നും, അവന്‍റെ മുമ്പില്‍ അതിന് ഉത്തരം പറയേണ്ടി വരുമെന്നും അവസാനം അല്ലാഹു താക്കീത് ചെയ്യുന്നു.

വിഭാഗം - 40

2:284
  • لِّلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِن تُبْدُوا۟ مَا فِىٓ أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ ٱللَّهُ ۖ فَيَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٢٨٤﴿
  • അല്ലാഹുവിനുള്ളതാണ് ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും (എല്ലാം). നിങ്ങളുടെ മനസ്സുകളിലുള്ളതിനെ നിങ്ങള്‍ വെളിവാക്കുകയോ, അല്ലെങ്കില്‍ അതിനെ നിങ്ങള്‍ മറച്ചുവെക്കുകയോ ചെയ്താലും അല്ലാഹു അതിനെപ്പറ്റി നിങ്ങളെ വിചാരണ ചെയ്യുന്നതാണ്. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
  • لِّلَّهِ അല്ലാഹുവിനാണ്, അല്ലാഹുവിന്‍റെതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَإِن تُبْدُوا നിങ്ങള്‍ വെളിവാക്കുന്നപക്ഷം, വ്യക്തമാക്കുന്നുവെങ്കില്‍ مَا فِي أَنفُسِكُمْ നിങ്ങളുടെ സ്വന്തങ്ങളില്‍ (മനസ്സുകളില്‍)ഉള്ളത് أَوْ تُخْفُوهُ അല്ലെങ്കില്‍ അതിനെ നിങ്ങള്‍ മറച്ചുവെക്കുന്നുവെങ്കില്‍ يُحَاسِبْكُم بِهِ അതിനെപ്പറ്റി നിങ്ങളെ വിചാരണ ചെയ്യും اللَّهُ അല്ലാഹു فَيَغْفِرُ എന്നിട്ട് അവന്‍ പൊറുത്തു കൊടുക്കും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيُعَذِّبُ അവന്‍ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാകുന്നു

ക്വുര്‍ആനിലെ ഏറ്റവും വലിയ ഈ മഹത്തായ സൂറത്തില്‍ ഇതേവരെയായി തത്വോപദേശങ്ങള്‍, ചരിത്രപാഠങ്ങള്‍, നിയമനിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെ വളരെയധികം കാര്യങ്ങള്‍ അല്ലാഹു വിവരിച്ചു തന്നു. അതിനുശേഷം മൗലിക പ്രധാനമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍മിപ്പിച്ചു കൊണ്ട് ഈ സൂറത്ത് അവസാനിപ്പിക്കുവാന്‍ പോകുകയാണ്. ആകാശഭൂമികളില്‍- അതെ, അഖിലാണ്ഡത്തില്‍- ഉള്ള സര്‍വ്വവസ്തുക്കളും അല്ലാഹുവിന്‍റെതാണ്. അവന്‍റെ സൃഷ്ടിയും അവന്‍റെ ഉടമയിലുമാണ്. അവന്‍റെ അധികാരത്തിലും നിയന്ത്രണത്തിലുമാണ്. രഹസ്യപരസ്യമെന്നോ, ഗൂഢവ്യക്തമെന്നോ വ്യത്യാസം കൂടാതെഎല്ലാ കാര്യങ്ങളും അവനറിയാവുന്നതാണ്. അവന്‍റെ അടിയാന്‍മാര്‍ പ്രവര്‍ത്തനത്തിലൂടെയോ വാക്കുകളിലൂടെയോ വെളിപ്പെടുത്തുന്നതും, വെളിപ്പെടുത്താതെ മനസ്സില്‍ മറച്ചുവെക്കുന്നതുമായ എല്ലാ വിചാരവികാരങ്ങളെയും അവന്‍ അറിയുന്നു. അവയെപ്പറ്റിഅവന്‍ വിചാരണ നടത്തുകയും ചെയ്യും. എന്നിട്ട് പൊറുത്തു കൊടുക്കേണ്ടവര്‍ക്ക് പൊറുത്തു കൊടുക്കുകയും, ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുകയും ചെയ്യും എന്നൊക്കെയാണ് ഈ വചനത്തില്‍ അല്ലാഹു ഓര്‍മിപ്പിക്കുന്നത്. ഹൃദയങ്ങളിലുള്ള വിചാരങ്ങളടക്കം എല്ലാ രഹസ്യങ്ങളെയും പരസ്യങ്ങളെയും അല്ലാഹു അറിയുമെന്നുള്ളത് പലേപ്പാഴും ക്വുര്‍ആനില്‍ പ്രസ്താവിക്കാറുള്ളതാണ്. എന്നാല്‍, ഹൃദയങ്ങളിലുള്ളതിനെ സംബന്ധിച്ച് അവന്‍ മനുഷ്യരെ വിചാരണ നടത്തുമെന്ന് ഈ വചനത്തില്‍ മാത്രമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ അര്‍ത്ഥവ്യാപ്തിയില്‍ നിന്നായിരിക്കും താഴെ ഉദ്ധരിക്കുന്നതു പോലെയുള്ള രിവായത്തുകളില്‍ കാണാവുന്നതു പോലെ, ഈ വചനം അവതരിച്ചപ്പോള്‍ സ്വഹാബികള്‍ക്ക് മനഃപ്രയാസം അനുഭവപ്പെടുകയുണ്ടായതും.

അഹ്മദ്, മുസ്‌ലിം (റ) മുതലായ മഹാന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു സംഭവത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘ഈ വചനം അവതരിച്ചപ്പോള്‍ സ്വഹാബികള്‍ക്ക് അത് സഹിക്കുവാന്‍ കഴിയാതായി. അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ചെന്ന് സങ്കടപ്പെട്ടു. ഞങ്ങളുടെ കഴിവില്‍പെട്ട നമസ്‌കാരം, നോമ്പ്, ധര്‍മം, സമരം മുതലായ കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ ശാസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വചനം അവതരിച്ചിരിക്കുന്നു. അത് ഞങ്ങളുടെ കഴിവിനപ്പുറമാണല്ലോ. (മനസ്സിലെ വിചാരങ്ങളെ ഉപേക്ഷിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിവില്ലല്ലോ) എന്ന് അവര്‍ പറഞ്ഞു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് പറഞ്ഞു: ‘മുമ്പ് വേദക്കാര്‍ ചെയ്തതുപോലെ, ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ എതിര് പ്രവര്‍ത്തിക്കുന്നു എന്ന് പറയാതെ, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്ന് നിങ്ങള്‍പറഞ്ഞുകൊള്ളുവിന്‍.’ അങ്ങനെ, കുറച്ചുകാലം അവര്‍ ഈ വചനം പാരായണം ചെയ്തുപരിചയപ്പെട്ടപ്പോള്‍, അവരുടെ മനഃപ്രയാസം നീങ്ങുകയും, അല്ലാഹു അടുത്ത ആയത്ത് അവതരിപ്പിക്കുകയും ചെയ്തു.’ ഓരോരുത്തര്‍ക്കും കഴിവുള്ളതല്ലാതെ ആരോടും ശാസിക്കപ്പെടുകയില്ലെന്നും മറ്റും അടുത്ത രണ്ടാമത്തെ വചനത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

പ്രസ്തുത സംഭവം നിവേദനം ചെയ്ത ചില സ്വഹാബികള്‍, ഈ വചനത്തെ അടുത്ത വചനം ‘നസ്ഖ്’ ചെയ്തിരിക്കുന്നുവെന്നും പ്രസ്താവിച്ചു കാണാം. ഈ വാക്കിനെ ആധാരമാക്കി ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ വചനം ‘മന്‍സൂഖാ’ണെന്നും പറഞ്ഞിരിക്കുന്നു. വാസ്തവത്തില്‍, സാധാരണ പറയപ്പെടാറുള്ള- സാങ്കേതികാര്‍ത്ഥത്തിലുള്ള- നസ്ഖ് (വിധി ദുര്‍ബലപ്പെടുത്തല്‍) അല്ല അവര്‍ ആ വാക്കുകൊണ്ടുദ്ദേശിച്ചിരിക്കുന്നത്. ആദ്യം അവതരിച്ച വചനത്തിന്‍റെ ഉദ്ദേശ്യം പിന്നീട് അവതരിച്ച വചനം വിവരിച്ചു തരുന്നുവെന്നേ ആ ‘നസ്ഖ്’ന് അര്‍ത്ഥമുള്ളൂ. ഇമാം അസ്‌ക്വലാനീ (റ) മുതലായവര്‍ ഈ സംഗതി പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. (മുന്‍ഗാമികള്‍ നസ്ഖി نَسْخ) ന് കല്‍പിച്ചിരിക്കുന്ന അര്‍ത്ഥവും പിന്‍കാല പണ്ഡിതന്‍മാര്‍ അതിന് നല്‍കിവരുന്ന സാങ്കേതികാര്‍ത്ഥവും അടക്കം ‘നസ്ഖി’ നെ സംബന്ധിച്ച പല വിവരങ്ങളും മുഖവുരയില്‍ വിവരിച്ചിട്ടുണ്ട്. ചുരുക്കം ചിലതെല്ലാം 106-ാം വചനത്തിന്‍റെ വിവരണത്തിലും കഴിഞ്ഞു പോയിട്ടുണ്ട്. [കൂടുതല്‍ വിവരം അവിടങ്ങളില്‍ നോക്കുക.]

മനുഷ്യന്‍റെ മനസ്സില്‍ ഉണ്ടാകുന്ന എല്ലാ വിചാരങ്ങളെയും, തോന്നലുകളെയും കുറിച്ച് അല്ലാഹു ശിക്ഷാനടപടി എടുക്കുമെന്നല്ല അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യമെന്ന് വ്യക്തമാണ്. നല്ല വിചാരങ്ങളും ചീത്തവിചാരങ്ങളും പരിശോധിച്ചു അതാതിനനുസരിച്ച് നടപടി എടുക്കുമെന്നും, മാപ്പ് നല്‍കേണ്ടവര്‍ക്ക് മാപ്പും ശിക്ഷ നല്‍കേണ്ടവര്‍ക്ക് ശിക്ഷയും നല്‍കുമെന്നും, ആരൊക്കെയാണ് മാപ്പിന്- അല്ലെങ്കില്‍ ശിക്ഷക്ക്- അര്‍ഹരെന്ന് അല്ലാഹുവിനറിയാമെന്നുമാണ് അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം. വിചാരണനടത്തുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് (എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും) എന്നു കൂടി അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. താഴെ കാണുന്നതു പോലെയുള്ള ഹദീഥുകളില്‍ നിന്ന് ഇപ്പറഞ്ഞത് കൂടുതല്‍ വിശദമാകുന്നതാകുന്നു:-

(1) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നിശ്ചയമായും, എന്‍റെ സമുദായത്തിന് അവരുടെ മനസ്സുകള്‍ വര്‍ത്തമാനം പറയുന്നത് (മനസ്സില്‍ തോന്നിയത്)- അതവര്‍ പ്രവര്‍ത്തിക്കുകയോ സംസാരിക്കുകയോ ചെയ്യാത്തപക്ഷം- അല്ലാഹു വിട്ടുകൊടുത്തിരിക്കുന്നു.’ പ്രധാനഹദീഥ് പണ്ഡിതന്‍മാരെല്ലാം ഉദ്ധരിച്ചിട്ടുള്ളതാണിത്.

(2) മറ്റൊരു നബി വചനത്തിന്‍റെ സാരം: ‘ഒരാള്‍ ഒരു നന്മ ചെയ്യാന്‍ ഉദ്ദേശിച്ചു, എന്നിട്ട് അതവന്‍ ചെയ്തില്ല. എന്നാലവന് ഒരു പൂര്‍ണമായ നന്മയായി അത് രേഖപ്പെടുത്തപ്പെടും. ഒരു നന്മ ഉദ്ദേശിച്ചിട്ട് അതവന്‍ ചെയ്താല്‍, പത്ത് മുതല്‍ എഴുനൂറിരട്ടിവരെയായി അത് രേഖപ്പെടുത്തപ്പെടും. ഒരാള്‍ ഒരു തിന്മ ഉദ്ദേശിച്ചു, എന്നിട്ട് അതവന്‍ ചെയ്തില്ല, എന്നാലത് രേഖപ്പെടുത്തപ്പെടുകയില്ല. അതവന്‍ ചെയ്താല്‍ ഒരു തിന്മയായി രേഖപ്പെടുത്തപ്പെടും.’ ബുഖാരിയും, മുസ്‌ലിമും (റ) പല മാര്‍ഗങ്ങളില്‍ കൂടി ഉദ്ധരിച്ചതാണിത്.

(3) മുസ്‌ലിം (റ) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: ‘ഒരു സംഘം ആളുകള്‍ റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നിട്ട് ഇങ്ങനെ പറഞ്ഞു: ഞങ്ങളില്‍ ഒരാള്‍ക്ക് അവന്‍റെ മനസ്സില്‍ ചിലത് (ചില ദുര്‍ബോധനങ്ങള്‍) അനുഭവപ്പെടുന്നു. അത് (വെളിക്ക്) പറയുന്നത് അയാള്‍ക്ക് ഭയങ്കരമായും തോന്നുന്നു. (ഇതിനെപ്പറ്റി തിരുമേനി എന്ത്പറയുന്നു?) തിരുമേനി ചോദിച്ചു: ‘അങ്ങനെ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുവോ?’ അവര്‍ ‘അതെ’ എന്ന് ഉത്തരം പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘അത് സ്പഷ്ടമായ വിശ്വാസമാകുന്നു.’ വിശ്വാസ സംബന്ധമായ തത്വങ്ങള്‍ക്ക് എതിരാകുന്ന വിധം മനസ്സില്‍ ചിലപ്പോള്‍ തോന്നിപ്പോകുന്നതും, മറ്റുള്ളവരോട് തുറന്നു പറയുവാന്‍ പോലും ധൈര്യം വരാത്തതുമായ ശങ്കാവിചരങ്ങളെക്കുറിച്ചാണ് സ്വഹാബികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് സംശയം ചോദിച്ചത്. അത് പറയുവാന്‍ പോലും അവര്‍ക്ക് മടിതോന്നുന്നത് അവരുടെ വിശ്വാസ ദാര്‍ഢ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും, അങ്ങിനെയുള്ള തോന്നലുകള്‍ ഇല്ലാതാക്കുക മനുഷ്യന്‍റെ കഴിവില്‍ പെട്ടതല്ലാത്തത് കൊണ്ട് അവ മൂലം സത്യവിശ്വാസത്തിന്കോട്ടം തട്ടുന്നതല്ലെന്നുമാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്ക് നല്‍കിയ മറുപടിയുടെ സാരം.

മനസ്സിന്‍റെ വിചാരവികാരങ്ങളില്‍ തന്നെ, നല്ലതും ചീത്തയും ഉണ്ടായിരിക്കുമെന്നും, ചിലത് പുണ്യത്തിലേക്കും ചിലത് പാപത്തിലേക്കും നയിക്കുമെന്നും പറയേണ്ടതില്ല. സത്യവിശ്വാസം, നിഷ്‌കളങ്കത, ഭയഭക്തി, സല്‍ക്കാര്യങ്ങള്‍ ചെയ്യാനുള്ള ആഗ്രഹം ആദിയായവയും, സത്യനിഷേധം, അഹംഭാവം, അസൂയ, കാപട്യം, ഭൗതികമോഹം ആദിയായവയുമെല്ലാം മനസ്സിന്‍റെ സന്തതികളാണല്ലോ. ഒരേ പ്രവൃത്തി തന്നെ, മനസ്സിലെ വിചാരമനുസരിച്ച് നല്ലതും ചീത്തയുമായിത്തീരുന്നു. ആകയാല്‍, സര്‍വ്വജ്ഞനായ അല്ലാഹു ഓരോരുത്തന്‍റെയും പ്രവൃത്തികള്‍ മാത്രമല്ല, അവന്‍റെ മനസ്സിലെ വിചാരവികാരങ്ങളെയും ഉദ്ദേശ്യതാല്‍പര്യങ്ങളെയും മുഴുവന്‍ പരിശോധിച്ചു ഓരോന്നിന്‍റെ പേരിലും അര്‍ഹിക്കുന്ന നടപടി സ്വീകരിക്കുമെന്നും, മനുഷ്യന്‍റെ കഴിവിനും നിയന്ത്രണത്തിനും വിധേയമല്ലാത്തവയെ വിട്ടുകൊടുക്കുമെന്നും മൊത്തത്തില്‍ മനസ്സിലാക്കാം. വിചാരവികാരങ്ങളെ അനിയന്ത്രിതമായി അയച്ചുവിടാതെ നിയന്ത്രിക്കേണ്ടതുണ്ട്. ദുര്‍വിചാരങ്ങള്‍ക്കും ദുരുദ്ദേശ്യങ്ങള്‍ക്കും കഴിയുന്നത്ര കടിഞ്ഞാണിടേണ്ടതുണ്ട്. നിയന്ത്രണാതീതമായവയെ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാതെ അടക്കി നിറുത്തുവാന്‍ സൂക്ഷിക്കേണ്ടതുണ്ട് എന്നൊക്കെയാണ് നാം ഇതില്‍ നിന്ന് പഠിക്കേണ്ടത്. والله الموفق والمعين

2:285
  • ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ ﴾٢٨٥﴿
  • റസൂലിന്ന് അദ്ദേഹത്തിന്‍റെ റബ്ബിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതില്‍, അദ്ദേഹവും സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു. എല്ലാവരും (തന്നെ) അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ വേദഗ്രന്ഥങ്ങളിലും, അവന്‍റെ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ റസൂലുകളില്‍ ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല. (ഇതാണവരുടെ നില). അവര്‍ പറയുകയും ചെയ്യുന്നു: 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; നിന്‍റെപൊറുക്കല്‍- (അതാണ് ഞങ്ങള്‍ തേടുന്നത്)- ഞങ്ങളുടെ റബ്ബേ, നിന്‍റെ അടുക്കലേക്കത്രെ തിരിച്ചുവരവും.'
  • آمَنَ الرَّسُولُ റസൂല്‍ വിശ്വസിച്ചിരിക്കുന്നു بِمَا أُنزِلَ അവതരിപ്പിക്ക (ഇറക്ക)പ്പെട്ടതില്‍ إِلَيْهِ അദ്ദേഹത്തിന് مِن رَّبِّهِ തന്‍റെ റബ്ബില്‍ നിന്ന് وَالْمُؤْمِنُونَ സത്യവിശ്വാസികളും كُلٌّ آمَنَ എല്ലാവരും വിശ്വസിച്ചിരിക്കുന്നു بِاللَّهِ അല്ലാഹുവില്‍ وَمَلَائِكَتِهِ അവന്‍റെ മലക്കുകളിലും وَكُتُبِهِ അവന്‍റെ (വേദ) ഗ്രന്ഥങ്ങളിലും وَرُسُلِهِ അവന്‍റെറസൂലുകളിലും, ദൂതന്‍മാരിലും لَا نُفَرِّقُ ഞങ്ങള്‍ വ്യത്യാസം കല്‍പ്പിക്കുകയില്ല بَيْنَ أَحَدٍ ഒരാള്‍ക്കിടയിലും مِّن رُّسُلِهِ അവന്‍റെ റസൂലുകളില്‍ നിന്ന് وَقَالُوا അവര്‍ പറയുകയും ചെയ്തു, പറയുന്നു سَمِعْنَا ഞങ്ങള്‍ കേട്ടു وَأَطَعْنَا ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു غُفْرَانَكَ നിന്‍റെ പൊറുക്കല്‍ رَبَّنَا ഞങ്ങളുടെ രക്ഷിതാവേ وَإِلَيْكَ നിന്നിലേക്ക് തന്നെയാണ് الْمَصِيرُ തിരിച്ചുവരവ്, പര്യവസാനം
2:286
  • لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَآ إِصْرًا كَمَا حَمَلْتَهُۥ عَلَى ٱلَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِۦ ۖ وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ أَنتَ مَوْلَىٰنَا فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ ﴾٢٨٦﴿
  • ഒരു ആത്മാവിനോടും [ഒരുവ്യക്തിയോടും] അതിന് നിവൃത്തിയുള്ളതല്ലാതെ അല്ലാഹു ശാസിക്കുകയില്ല. അത് സമ്പാദിച്ചത് (നന്മ) അതിന്തന്നെയായിരിക്കും; അത് സമ്പാദിച്ചു (തിന്മ) കൂട്ടിയതും അതിന്‍റെ മേല്‍തന്നെയായിരിക്കും. (പ്രാര്‍ത്ഥിക്കുക:) 'ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കില്‍ നീ ഞങ്ങളെ പിടികൂടരുതേ! [ശിക്ഷാ നടപടി എടുക്കരുതേ!] ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നീ ചുമത്തിയതുപോലെ, ഞങ്ങളുടെ മേല്‍ നീ ഭാരം ചുമത്തുകയും ചെയ്യരുതേ! ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്ക് സാധ്യതയില്ലാത്തത് ഞങ്ങളെ (ക്കൊണ്ട്) നീ വഹിപ്പിക്കുകയും ചെയ്യരുതേ! ഞങ്ങള്‍ക്ക് മാപ്പ് നല്‍കേണമേ! ഞങ്ങള്‍ക്ക് പൊറുത്തു തരുകയും വേണമേ! ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്യേണമേ! നീ ഞങ്ങളുടെ യജമാനനാകുന്നു. ആകയാല്‍, അവിശ്വാസികള്‍ക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ!
  • لَا يُكَلِّفُ اللَّهُ അല്ലാഹു ശാസിക്കുകയില്ല, നിര്‍ബന്ധിക്കുകയില്ല, കീര്‍ത്തിക്കുകയില്ല نَفْسًا ഒരു ആത്മാവിനോടും (ആളോടും- വ്യക്തിയോടും) إِلَّا وُسْعَهَا അതിന്‍റെനിവൃത്തി (സൗകര്യം- കഴിവ്) അല്ലാതെ لَهَا അതിനാണ്, അതിനുണ്ടായിരിക്കും, അതിന്‍റെതാണ് مَا كَسَبَتْ അത് സമ്പാദിച്ചത് وَعَلَيْهَا അതിന്‍റെ മേലും തന്നെ, അതിന്തന്നെ مَا اكْتَسَبَتْ അത് സമ്പാദിച്ചുകൂട്ടിയത് رَبَّنَا ഞങ്ങളുടെ റബ്ബേ لَا تُؤَاخِذْنَا ഞങ്ങളെ നീ പിടികൂടരുതേ إِن نَّسِينَا ഞങ്ങള്‍ മറന്നുപോയെങ്കില്‍ أَوْ أَخْطَأْنَا അല്ലെങ്കില്‍ ഞങ്ങള്‍ അബദ്ധം ചെയ്‌തെങ്കില്‍ رَبَّنَا ഞങ്ങളുടെ റബ്ബേ وَلَا تَحْمِلْ നീ ചുമത്തുകയും ചെയ്യരുതേ عَلَيْنَا ഞങ്ങളുടെ മേല്‍, ഞങ്ങള്‍ക്ക് إِصْرًا ഭാരം (ഞെരുക്കം) كَمَا حَمَلْتَهُ നീ അത് ചുമത്തിയതുപോലെ عَلَى الَّذِينَ യാതൊരുവരുടെമേല്‍ مِن قَبْلِنَا ഞങ്ങളുടെ മുമ്പുള്ള رَبَّنَا ഞങ്ങളുടെ റബ്ബേ وَلَا تُحَمِّلْنَا ഞങ്ങളെ നീ വഹിപ്പിക്കുകയും ചെയ്യരുതേ مَا യാതൊന്നിനെ لَا طَاقَةَ കഴിവില്ല, സാധിപ്പില്ല لَنَا بِهِ ഞങ്ങള്‍ക്ക്അതിന് وَاعْفُ عَنَّا ഞങ്ങളെക്കുറിച്ച (ഞങ്ങള്‍ക്ക്) നീ മാപ്പ് നല്‍കുകയും വേണമേ وَاغْفِرْ لَنَا ഞങ്ങള്‍ക്ക് നീ പൊറുത്തു തരുകയും വേണമേ وَارْحَمْنَا ഞങ്ങളോട് നീകരുണ ചെയ്യുകയും, കൃപ കാണിക്കുകയും വേണമേ أَنتَ مَوْلَانَا നീ ഞങ്ങളുടെ യജമാനനാകുന്നു, തമ്പുരാനാണ് فَانصُرْنَا ആകയാല്‍ ഞങ്ങളെ നീ സഹായിക്കണേ عَلَى الْقَوْمِ ജനങ്ങളുടെ മേല്‍ (എതിരെ) الْكَافِرِينَ അവിശ്വാസികളായ

സൂറത്തിന്‍റെ ആരംഭത്തില്‍, വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സൂക്ഷിക്കുന്ന ‘മുത്തക്വി’കള്‍ക്ക് മാര്‍ഗദര്‍ശനമാണെന്ന് അല്ലാഹു പ്രസ്താവിച്ചു. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുക, നമസ്‌കാരം നിലനിര്‍ത്തുക, അല്ലാഹു നല്‍കിയതില്‍ നിന്ന് ചിലവഴിക്കുക, റസൂല്‍ തിരുമേനിക്കും മുന്‍ പ്രവാചകന്‍മാര്‍ക്കും അവതരിപ്പിക്കപ്പെട്ടതിലും പരലോകത്തിലും വിശ്വസിക്കുക എന്നിങ്ങനെയുള്ള ഗുണങ്ങളോട് കൂടിയവരാണ് മുത്തക്വികള്‍ എന്ന് തുടര്‍ന്നു വിവരിക്കുകയും ചെയ്തു. അതിനുശേഷം, ഇതേവരെയായി വളരെയേറെ കാര്യങ്ങള്‍ വിവരിക്കുകയും വിശദീകരിക്കുകയും ചെയ്തു. ആരംഭത്തില്‍ പ്രസ്താവിക്കപ്പെട്ട ആ മുത്തക്വികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ച സത്യവിശ്വാസികളുമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടും, വിശ്വാസം, ഭയഭക്തി, അനുസരണം ആദിയായവയില്‍ അവരുടെ നിലപാട് എന്താണെന്ന് വിവരിച്ചു കൊണ്ടും ഈസൂറത്ത് അല്ലാഹു അവസാനിപ്പിക്കുകയാണ്.

റസൂലിന് അദ്ദേഹത്തിന്‍റെ റബ്ബിങ്കല്‍ നിന്ന് എന്തെല്ലാം അവതരിച്ചിട്ടുണ്ടോ അതിലെല്ലാം അദ്ദേഹം വിശ്വസിച്ചിട്ടുമുണ്ട്. (آمَنَ الرَّسُول بِمَاأُنْزِلَ إِلَيْه مِنْ رَبِّه) അദ്ദേഹം അതില്‍ വിശ്വസിക്കുകയെന്നുള്ളത് സ്വാഭാവികവുമാണ്. അതുകൊണ്ട് തന്നെയാണ് ഈ വചനം അവതരിച്ചപ്പോള്‍, وحق له ان يؤمن (അദ്ദേഹം അതില്‍ വിശ്വസിക്കുവാന്‍ അവകാശപ്പെടുകയും ചെയ്തിരിക്കുന്നു) എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായതും, (ബൈഹക്വീ, ഹാകിം, ഇബ്‌നു ജരീര്‍.) റസൂല്‍ മാത്രമാണോ അതില്‍ വിശ്വസിക്കുന്നത്? അല്ല. എല്ലാ സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു (وَالْمُؤْمِنوُنَ) അത് അവതരിപ്പിച്ചത് അല്ലാഹു വായിരിക്കെ, ഒന്നാമതായി വിശ്വസിക്കേണ്ടത് അല്ലാഹുവിലാണല്ലോ. മലക്കുകളാകുന്ന അദൃശ്യദൂതന്‍മാരുടെ കൈക്കാണ് അത് അവതരിപ്പിച്ചിരിക്കുന്നതും. അതിനാല്‍ മലക്കുകളിലും വിശ്വസിക്കേണ്ടിയിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് മാത്രമോ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ മാത്രമോ അല്ല അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. പലറസൂലുകള്‍ക്കുമായി വേറെയും പല വേദഗ്രന്ഥങ്ങളും ഇതിന് മുമ്പ് അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്. ആ ഗ്രന്ഥങ്ങളുടെയും ആ റസൂലുകളുടെയും ദൗത്യങ്ങളും, പ്രബോധനങ്ങളുമെല്ലാം തന്നെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും ക്വുര്‍ആന്‍റെയും ദൗത്യത്തില്‍ നിന്നും, പ്രബോധനങ്ങളില്‍ നിന്നും അന്യമായിരുന്നതുമില്ല. അതിനാല്‍, അവരെല്ലാവരും- റസൂലും സത്യവിശ്വാസികളുമെല്ലാം തന്നെ- അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും അവന്‍റെ മുഴുവന്‍ വേദഗ്രന്ഥങ്ങളിലും, അവന്‍റെ എല്ലാ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. (كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ)

അല്ലാഹുവിന്‍റെയും അവന്‍റെ റസൂലുകളുടെയും ഇടയില്‍ വ്യത്യസ്തഭാവം കൈക്കൊണ്ടുകൊണ്ട് نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ (ഞങ്ങള്‍ ചിലതില്‍ വിശ്വസിക്കും, ചിലതില്‍ ഞങ്ങള്‍ അവിശ്വസിക്കുകയും ചെയ്യും- 4: 150) എന്ന് അവിശ്വാസികള്‍ പറഞ്ഞതു പോലെ അവര്‍ പറയുകയില്ല. വേദക്കാര്‍ ചെയ്തതുപോലെ نُؤْمِنُ بِمَا أنْزِلَ عَلَيْنَا (ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതില്‍ ഞങ്ങള്‍ വിശ്വസിക്കും- 2:91) എന്ന് പറഞ്ഞുകൊണ്ട് മറ്റുള്ള വേദഗ്രന്ഥങ്ങളില്‍ അവര്‍ അവിശ്വസിക്കയുമില്ല. അല്ലാഹുവിന്‍റെ റസൂലുകളില്‍ പെട്ട ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല എന്നത്രെ അവര്‍ സ്വീകരിച്ചു വരുന്ന നിലപാട്. അഥവാ, എല്ലാ റസൂലുകളിലും, അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നവരാണവര്‍. അതു പോലെത്തന്നെ, മുമ്പ് ഇസ്‌റാഈല്യര്‍ പറഞ്ഞതു പോലെ سَمِعْنَا وَعَصَيْنَا (ഞങ്ങള്‍ കേട്ടു, അനുസരണക്കേടും കാണിക്കുന്നു. (2:93) എന്നും അവര്‍ പറയുകയില്ല. ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്നായിരിക്കും അവര്‍ പറയുക. (وقَالُوا سَمِعْنَا واَطَعْنَا) അതെ, അല്ലാഹു എന്ത് കല്‍പിച്ചാലും വിരോധിച്ചാലും അതെല്ലാം ശരിക്ക് കേട്ടു സ്വീകരിക്കുവാനും, അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും തയ്യാറുള്ളവരാണവര്‍. കാരണം, അവരുടെ ഏകലക്ഷ്യം അല്ലാഹുവിങ്കല്‍ നിന്നുള്ള പാപപൊറുതിയാണ്. തങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങിച്ചെന്നു അവന്‍റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന ബോധവും അവര്‍ക്കുണ്ട്. അതുകൊണ്ട്, ‘ഞങ്ങളുടെ റബ്ബേ, നിന്‍റെ പൊറുതി- അതാണ് ഞങ്ങള്‍ക്ക് വേണ്ടത്- ഞങ്ങളുടെ തിരിച്ചുവരവ് നിന്‍റെ അടുക്കലേക്കാണല്ലോ.’ എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കും.

ശരി, മേല്‍ പ്രസ്താവിച്ച പ്രകാരം വിശ്വസിക്കുന്നവരും, അല്ലാഹുവിന്‍റെ വിധിവിലക്കുകളെല്ലാം നിരുപാധികം അനുസരിക്കുന്നവരുമാണ് സത്യവിശ്വാസികള്‍. എന്നാല്‍, അല്ലാഹുവിന്‍റെ എല്ലാ വിധിവിലക്കുകളും അപ്പടി സ്വീകരിച്ചു അനുഷ്ഠിക്കുവാന്‍ മനുഷ്യന് കഴിയുമോ? എന്ന് വല്ലവര്‍ക്കും സംശയം തോന്നിയേക്കാമെങ്കില്‍ അതിനുള്ള മറുപടിയായി അല്ലാഹു പറയുന്നു: ‘ഒരാളോടും ആ വ്യക്തിക്ക് നിര്‍വഹിക്കുവാന്‍ സൗകര്യമായതല്ലാതെ അതിനപ്പുറം അല്ലാഹു ശാസിക്കുന്നതല്ല. (لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا) വളരെ ശ്രദ്ധേയമായ ഒരു വാക്യമാണിത്. ‘പരമാവധി സാധ്യമാകുന്നത്’ എന്നോ, ‘വിഷമത്തോട് കൂടിയെങ്കിലും കഴിയുന്നത്’ എന്നോ മറ്റോ അര്‍ത്ഥം വരാവുന്ന (طَاقَتَهَا، مُقَدُورهَا) പോലെയുള്ള വാക്കുകളൊന്നും ഉപയോഗിക്കാതെ, ‘അനുസരിക്കുവാന്‍ സൗകര്യവും നിവൃത്തിയുമുള്ളത്’ എന്ന അര്‍ത്ഥത്തില്‍ وسعها എന്നത്രെ അല്ലാഹു ഉപയോഗിച്ച വാക്ക്. വലിയ വിഷമമൊന്നും സഹിക്കേണ്ടി വരാതെ- അസഹ്യമായ കഷ്ടനഷ്ടമൊന്നും ബാധിക്കാതെ- അനുഷ്ഠാനത്തില്‍ വരുത്താവുന്ന കാര്യങ്ങളേ അല്ലാഹു കല്‍പിച്ചിട്ടുള്ളുവെന്നാണിതിന്‍റെ താല്‍പര്യം. അല്ലാഹു പറയുന്നു: وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ (മതത്തില്‍ അവന്‍ നിങ്ങളുടെ മേല്‍ ഒരു വിഷമവും ഏര്‍പ്പെടുത്തിയിട്ടില്ല. (22: 78.) സാധാരണ നിലയില്‍ പറയത്തക്ക ബുദ്ധിമുട്ടുകൂടാതെ നിര്‍വഹിക്കാവുന്ന കാര്യങ്ങളേ അല്ലാഹു മതത്തില്‍ ശാസിക്കുന്നുള്ളൂ എന്ന്‌സാരം. അതോടുകൂടി, താല്‍ക്കാലികമായോ, സാന്ദര്‍ഭികമായോ ഏര്‍പ്പെടുന്ന പ്രതിന്ധങ്ങളില്‍ അതതിനനുസരിച്ച പ്രതിവിധികളും ഇളവുകളും നല്‍കപ്പെട്ടിട്ടുണ്ട് താനും.

പക്ഷേ, തികച്ചും സ്വതന്ത്രനായി- ഇഷ്ടത്തിനും ഇച്ഛക്കുമൊത്തവിധം- ജീവിച്ചുകൊള്ളുവാന്‍ മനുഷ്യനെ അല്ലാഹു അനുവദിക്കുന്നില്ലെന്നുള്ളത് പരമാര്‍ത്ഥമാണ്. അത് അല്ലാഹുവിന്‍റെ നീതിക്കും, അവന്‍റെ സൃഷ്ടികളോട് അവനുള്ള ദയക്കും യോജിക്കുന്നതുമല്ല. ബുദ്ധിയോ യുക്തിയോ അതിനെ ശരിവെക്കുകയുമില്ല. അങ്ങനെ ജീവിക്കുന്നതിന് മതം ഒരു തടസ്സമായി കാണുകയും, അതിന്‍റെ പേരില്‍ മതത്തോട് വെറുപ്പും അറപ്പും തോന്നുകയും ചെയ്യുന്നവരെപ്പറ്റി, അവര്‍ കേവലം പക്ഷിമൃഗാദികളെപ്പോലെയുള്ള ഒരുതരം പ്രാകൃത ജീവികളെന്നേ കരുതേണ്ടതുള്ളൂ. യഥാര്‍ത്ഥത്തില്‍, ഓരോ വ്യക്തിയും ചെയ്തുവെക്കുന്ന നന്മ അതിനു തന്നെയാണ് ഗുണം ചെയ്യുന്നത്. അത് ചെയ്തുകൂട്ടുന്ന തിന്മ അതിനുതന്നെയാണ് ദോഷം വരുത്തുന്നതും. (لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ) അതില്‍ അല്ലാഹുവിന് എന്തെങ്കിലും നേട്ടമോ കോട്ടമോ ഉണ്ടാവാനില്ല. പക്ഷേ, മനുഷ്യന് ഗുണകരമായി കലാശിക്കുന്നത് എന്തൊക്കെയാണ്, ദോഷകരമായി കലാശിക്കുന്നത് ഏതൊക്കെയാണ് എന്നുള്ള സൂക്ഷ്മജ്ഞാനം അവന് മാത്രമാണുള്ളത്, മനുഷ്യന് അതറിഞ്ഞുകൂടാ. അതുകൊണ്ടാണ് മനുഷ്യന്‍ ജീവിക്കേണ്ടത് ഇന്നിന്ന പ്രകാരമാണെന്ന് അല്ലാഹു ശാസിക്കുന്നതും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സത്യവിശ്വാസികളും പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കേണ്ടതും, പ്രാര്‍ത്ഥിക്കാറുള്ളതുമായ മഹത്തായ ഒരു പ്രാര്‍ത്ഥനകൊണ്ടാണ് ഈ അദ്ധ്യായം അല്ലാഹു അവസാനിപ്പിക്കുന്നത്. ഇബ്‌നു അബ്ബാസ് (റ) പറയുകയാണ്: ‘റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ജിബ്‌രീല്‍ (അ) ഉണ്ടായിരുന്ന ഒരവസരത്തില്‍ ഒരു ശബ്ദം കേള്‍ക്കപ്പെട്ടു. ജിബ്‌രീല്‍ മേല്‍പോട്ട് നോക്കിയിട്ട് പറഞ്ഞു: ആകാശത്ത് മുമ്പ് തീരെ തുറക്കപ്പെടുകയുണ്ടായിട്ടില്ലാത്ത ഒരു കവാടം തുറക്കപ്പെട്ടതാണത്. അങ്ങനെ, അതിലൂടെ ഒരു മലക്ക് ഇറങ്ങി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു. അദ്ദേഹം പറഞ്ഞു: താങ്കള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള രണ്ട് പ്രകാശങ്ങള്‍ കൊണ്ട് സന്തോഷപ്പെട്ടുകൊള്ളുക. താങ്കളുടെ മുമ്പ് ഒരു പ്രവാചകനും അത് നല്‍കപ്പെട്ടിട്ടില്ല. അതായത് ‘ഫാതിഹത്തുല്‍ കിതാബും’ (സൂറ:ഫാതിഹ:യും), സൂറത്തുല്‍ ബക്വറഃയുടെ അന്ത്യഭാഗങ്ങളും. അവ രണ്ടില്‍ നിന്നും താങ്കള്‍ ഏതക്ഷരം ഓതിയാലും അത് താങ്കള്‍ക്ക് നല്‍കപ്പെടാതിരിക്കുകയില്ല.’ (മു. ന)സൂറത്തുല്‍ ഫാതിഹഃയും, ഈ സൂറത്തിന്‍റെ അവസാനത്തിലുള്ള പ്രാര്‍ത്ഥനകളുമാണ് ആ രണ്ട് പ്രകാശങ്ങള്‍ കൊണ്ടുദ്ദേശ്യം. ആ പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കാതിരിക്കുകയില്ലെന്നത്രെ മലക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിച്ചത്. അല്ലാഹുവിന്‍റെ അടിയാന്‍മാരായ സത്യവിശ്വാസികള്‍ അവനോട് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി അവന്‍ തന്നെ പഠിപ്പിച്ചു കൊടുത്ത പ്രാര്‍ത്ഥനയായിരിക്കെ, ആ പ്രാര്‍ത്ഥനകള്‍ക്ക് അവന്‍ ഒരു പ്രത്യേക പരിഗണന നല്‍കാതിരിക്കുകയില്ലല്ലോ.

رَبَّنَا (ഞങ്ങളുടെ റബ്ബേ) എന്ന് വിളിച്ചുകൊണ്ട് സത്യവിശ്വാസികള്‍ ചെയ്യുന്ന ഈ പ്രാര്‍ത്ഥനയിലെ അപേക്ഷകള്‍ ഇവയാണ്:

(1) ‘ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ അബദ്ധം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ നീ ഞങ്ങളെ പിടികൂടി ശിക്ഷാനടപടി എടുക്കരുതേ!’ മറവി മൂലമോ, അബദ്ധത്തിലോ ചെയ്യുന്ന തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെടുന്നതല്ലെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നു, പലക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും അത് വ്യക്തമാകുന്നുമുണ്ട്. എന്നിരിക്കെ, ഈ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യമെന്താണെന്ന് തോന്നിയേക്കാം. അശ്രദ്ധമൂലവും കര്‍ത്തവ്യ ബോധത്തിന്‍റെ പോരായ്മ നിമിത്തവുമായിരിക്കും മിക്കപ്പോഴും മറവിയുടെയും അബദ്ധത്തിന്‍റെയും കാരണം. ചിലപ്പോള്‍ അനാവശ്യമോ ആക്ഷേപാര്‍ഹമോ ആയ വിഷയങ്ങളില്‍ ശ്രദ്ധ മുഴുകിപ്പോയതു കൊണ്ടുമായിരിക്കും. അപ്പോള്‍, എല്ലാ മറവിയിലും അബദ്ധത്തിലും മനുഷ്യന്‍ തികച്ചും നിരപരാധിയായിരിക്കുകയില്ല. എനി, മറവികൊണ്ടോ അബദ്ധത്തിലോചെയ്തുപോയ തെറ്റുകള്‍ മാപ്പു ചെയ്യപ്പെട്ടാല്‍ തന്നെയും അതിനെ തുടര്‍ന്നു തൃപ്തികരമല്ലാത്ത ഭവിഷ്യത്തുകള്‍ വേറെ സംഭവിക്കുവാനും ഇടയുണ്ട്. ആ സ്ഥിതിക്ക് മറവിബാധിച്ചോ അബദ്ധം പിണഞ്ഞോ ഉണ്ടാകാവുന്ന ദോഷങ്ങളൊന്നും ബാധിക്കാതെ ഇഹത്തിലും പരത്തിലും ഞങ്ങളെ കാത്തുരക്ഷിക്കണേ എന്നാണിതിന്‍റെ താല്‍പര്യം.

(2) ‘മുമ്പുള്ളവരുടെ മേല്‍ ചുമത്തിയതു പോലുള്ള ഭാരങ്ങളൊന്നും ഞങ്ങളുടെ മേല്‍ചുമത്തരുതേ!’ മുന്‍ സമുദായങ്ങളുടെ മേലുണ്ടായിരുന്നതു പോലെയുള്ള ചില കര്‍ശന നിയമങ്ങളും, പ്രയാസം കൂടിയ കര്‍മാചാരങ്ങളുമാണ് ഭാരം (اصر) കൊണ്ടുദ്ദേശ്യം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ദൗത്യോദ്ദേശ്യങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ (അവരുടെ -വേദക്കാരുടെ -ഭാരവും, അവരുടെ മേലുണ്ടായിരുന്ന കുടുക്കുബന്ധങ്ങളും അദ്ദേഹം അവരില്‍ നിന്ന് ഇറക്കിവെക്കും (അഅ്‌റാഫ്: 157) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത് കാണാം. മുന്‍ സമുദായങ്ങളിലുണ്ടായിരുന്ന പല നിയമങ്ങളും നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സമുദായത്തിന് ലഘൂകരിച്ചുകൊടുക്കപ്പെട്ടിട്ടുള്ളത് പ്രസ്താവ്യമാകുന്നു.

(3) ‘ഞങ്ങള്‍ക്ക് സാധ്യതയില്ലാത്ത കാര്യങ്ങളൊന്നും ഞങ്ങളെ വഹിപ്പിക്കരുതേ!’ അഥവാ ഞങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയാത്ത കാര്യങ്ങള്‍ ഞങ്ങളില്‍ സംഭവിപ്പിക്കരുതേ! ഇഹത്തിലും പരത്തിലും ഞങ്ങള്‍ക്ക് സഹിക്കുവാന്‍ സാധിക്കാത്ത കഷ്ടപ്പാടുകള്‍ വരാതെ ഞങ്ങളെ കാത്തുതരണേ! എന്ന് സാരം.

(4) ‘ഞങ്ങള്‍ക്ക് മാപ്പ് നല്‍കണേ!’

(5) ‘ഞങ്ങള്‍ക്ക് പൊറുത്തു തരണേ!’

(6) ‘ഞങ്ങള്‍ക്ക് കരുണ ചെയ്യണേ!’ ഞങ്ങളുടെ പാപങ്ങളും തെറ്റുകുറ്റങ്ങളും വെളിക്ക് വരുത്താതെ മൂടിവെച്ചു മാപ്പാക്കുകയും, അവ മൂലം ഞങ്ങളെ ശിക്ഷയിലും അപമാനത്തിലും അകപ്പെടുത്താതെ പൊറുത്തു തരുകയും ചെയ്യേണമേ! എന്നുവേണ്ട, ഞങ്ങളുടെ ഐഹികവും പാരത്രികവുമായ ജീവിതങ്ങളില്‍ ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കാരുണ്യമേകി അനുഗ്രഹിക്കുകയും ചെയ്യേണമേ! എന്ന് താല്‍പര്യം.

(7) പ്രാര്‍ത്ഥനയിലെ അവസാന വാക്യത്തിന്‍റെ സാരം ഇപ്രകാരമാകുന്നു:- ‘റബ്ബേ! നീയത്രെ ഞങ്ങളുടെ യജമാനന്‍. വേറെ ആരുടെ യജമാനത്വവും ഞങ്ങള്‍ സ്വീകരിക്കുന്നില്ല. എന്നിരിക്കെ, ഞങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കുവാനും, നിന്‍റെ അടിയാന്‍മാരും സത്യവിശ്വാസികളുമായ ഞങ്ങള്‍ക്ക് ഞങ്ങളുടെ ശത്രുക്കള്‍ക്കെതിരെ സഹായം നല്‍കുവാനും ഞങ്ങള്‍ക്ക് നിന്നെയല്ലാതെ ആരെയും ആശ്രയിക്കുവാനില്ലല്ലോ. ആകയാല്‍, അവിശ്വാസികളായ എല്ലാവര്‍ക്കുമെതിരില്‍ സത്യവിശ്വാസികളായ ഞങ്ങളെ നീ സഹായിച്ചുകൊണ്ടിരിക്കണേ!

‘ഇബ്‌നു മസ്ഊദ് (റ) ല്‍ നിന്ന് ബുഖാരീ, മുസ്‌ലിം (റ) മുതലായ പല മഹാന്‍മാരും ഉദ്ധരിച്ച ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘സൂറത്തുല്‍ ബക്വറഃയുടെ അവസാനത്തില്‍ നിന്ന് രണ്ട് ആയത്തുകള്‍ ആരെങ്കിലും ഒരു രാത്രിയില്‍ ഓതിയാല്‍ അവ അവന് മതിയാകും.’ ഈ വചനങ്ങള്‍ അവതരിച്ച സന്ദര്‍ഭത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവ ഓതിയപ്പോള്‍, ഓരോ വാക്യത്തിന്‍റെയും ഉടനെ قَدْ فُعِلَتْ (അപ്രകാരം ചെയ്യപ്പെട്ടിരിക്കുന്നു.) എന്ന് പറയപ്പെട്ടതായി ഇബ്‌നു അബ്ബാസും (റ) പ്രസ്താവിച്ചിരിക്കുന്നു. (മു.തി.) ഈ വചനങ്ങളുടെ ശ്രേഷ്ഠതയെ കുറിക്കുന്ന വേറെയും പല ഹദീഥുകള്‍ കാണാവുന്നതാണ്. ഈ സൂറത്ത് ഓതിക്കഴിയുമ്പോള്‍ മുആദ് (റ) ‘ആമീന്‍’ (آمِين ഉത്തരം നല്‍കേണമേ!) എന്ന് പറഞ്ഞിരുന്നതായി ഇബ്‌നുജരീര്‍ (റ) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു. الآية – رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا