സൂറത്തുല്‍ ബക്വറഃ : 258-266
വിഭാഗം - 35
- أَلَمْ تَرَ إِلَى ٱلَّذِى حَآجَّ إِبْرَٰهِۦمَ فِى رَبِّهِۦٓ أَنْ ءَاتَىٰهُ ٱللَّهُ ٱلْمُلْكَ إِذْ قَالَ إِبْرَٰهِۦمُ رَبِّىَ ٱلَّذِى يُحْىِۦ وَيُمِيتُ قَالَ أَنَا۠ أُحْىِۦ وَأُمِيتُ ۖ قَالَ إِبْرَٰهِۦمُ فَإِنَّ ٱللَّهَ يَأْتِى بِٱلشَّمْسِ مِنَ ٱلْمَشْرِقِ فَأْتِ بِهَا مِنَ ٱلْمَغْرِبِ فَبُهِتَ ٱلَّذِى كَفَرَ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ ﴾٢٥٨﴿
- നീ കണ്ടില്ലേ, ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്‍റെ റബ്ബിന്‍റെ കാര്യത്തില്‍ ന്യായവാദം നടത്തിയ ഒരുവനെ?- (അതെ) അവന് അല്ലാഹു രാജത്വം നല്‍കിയതിനാല്‍! (അതായത്:) 'എന്‍റെ റബ്ബത്രെ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നവന്‍' എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍, അവന്‍ പറഞ്ഞു: 'ഞാന്‍ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നു (വല്ലോ),' ഇബ്‌റാഹീം പറഞ്ഞു: 'എന്നാല്‍, അല്ലാഹു സൂര്യനെ കിഴക്കുഭാഗത്തു നിന്നു കൊണ്ടു വരുന്നു; നീ അതിനെ പടിഞ്ഞാറ് ഭാഗത്തുനിന്ന് (ഒന്ന്) കൊണ്ടു വരുക! അപ്പോള്‍, (ആ) അവിശ്വസിച്ചവന്‍ (ഉത്തരം മുട്ടി) സ്തംഭിച്ചു. അല്ലാഹു, അക്രമകാരികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ല
- لَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِي حَاجَّ ന്യായവാദം ചെയ്തവനെ إِبْرَاهِيمَ ഇബ്‌റാഹീമിനോട് فِي رَبِّهِ അദ്ദേഹത്തിന്‍റെ റബ്ബിന്‍റെ (കാര്യത്തില്‍) أَنْ آتَاهُ اللَّهُ അവന് അല്ലാഹു നല്‍കിയതിനാല്‍ الْمُلْكَ രാജത്വം إِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്‌റാഹീം رَبِّيَ എന്‍റെ റബ്ബ്, റബ്ബത്രെ الَّذِي يُحْيِي ജീവിപ്പിക്കുന്നവനാണ് (ജീവിപ്പിക്കുന്നവന്‍) وَيُمِيتُ മരണപ്പെടുത്തുകയും ചെയ്യുന്ന قَالَ അവന്‍ പറഞ്ഞു أَنَا أُحْيِي ഞാന്‍ ജീവിപ്പിക്കുന്നു وَأُمِيتُ ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു قَالَ إِبْرَاهِيمُ ഇബ്‌റാഹീം പറഞ്ഞു فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു يَأْتِي അവന്‍ വരുന്നു بِالشَّمْسِ സൂര്യനെക്കൊണ്ട് مِنَ الْمَشْرِقِ കിഴക്കുനിന്ന്, ഉദയസ്ഥാനത്തുനിന്ന് فَأْتِ بِهَا എന്നാല്‍ നീ അതിനെ കൊണ്ടുവാ مِنَ الْمَغْرِبِ പടിഞ്ഞാറുനിന്ന്, അസ്തമയസ്ഥാനത്തു നിന്ന് فَبُهِتَ അപ്പോള്‍ സ്തംഭിച്ചു, പരിഭ്രമിച്ചു (ഉത്തരം മുട്ടി) الَّذِي كَفَرَ അവിശ്വസിച്ചവന്‍ وَاللَّهُ അല്ലാഹു لَا يَهْدِي അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ ജനങ്ങളെ الظَّالِمِينَ അക്രമികളായ
അല്ലാഹുവില്‍ വിശ്വസിക്കുന്ന സത്യവിശ്വാസികളുടെ ബന്ധുവും രക്ഷാകര്‍ത്താവും അല്ലാഹുവായിരിക്കുമെന്നും, അവന്‍ അവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുമെന്നും, നേരെമറിച്ച് അല്ലാഹുവില്‍ അവിശ്വസിക്കുന്നവരുടെ ബന്ധുക്കളും കൈകാര്യകര്‍ത്താക്കളും ത്വാഗൂത്തുകളായിരിക്കുമെന്നും, അവര്‍ അവരെ പ്രകാശത്തില്‍ നിന്ന് അന്ധകാരങ്ങളിലേക്കാണ് തള്ളിവിടുക എന്നും കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. അതിനൊരുദാഹരണമാണ് ഈ വചനം. ഇബ്റാഹീം (അ) സത്യത്തിന്‍റെയും ന്യായത്തിന്‍റെയും പ്രകാശം ആസ്വദിച്ചു വിജയിച്ചതും അദ്ദേഹത്തോട് തര്‍ക്കം നടത്തിയ ആ രാജാവിന് ആ പ്രകാശം ആസ്വദിക്കുവാന്‍ കഴിയാതെ അവന്‍ അന്ധകാരത്തില്‍ മുഴുകി പരാജയമടഞ്ഞതുമാണ് ആ സംഭവത്തില്‍ കാണുന്നത്. പ്രസ്തുത രാജാവിന്‍റെ പേര്‍ നംറൂദ് (نَمْرُود) എന്നാണ് അറിയപ്പെടുന്നത്. നാട് ഭരിക്കുന്ന രാജാക്കള്‍ ദൈവങ്ങളായി ചമയലും, പ്രജകള്‍ അവരെ ദൈവങ്ങളാക്കി ആരാധിക്കലും പൂര്‍വകാലത്ത് പതിവായിരുന്നു. ഇബ്‌റാഹീം നബി (അ)യുടെ ശേഷം ഏതാനും നൂറ്റാണ്ടുകള്‍ കഴി ഞ്ഞിട്ടാണല്ലോ മൂസാ നബി (അ) യുടെ കാലം. അക്കാലത്ത് ഈജിപ്തിലെ രാജാവായിരുന്ന ഫിര്‍ഔന്‍, ഞാനാണ് നിങ്ങളുടെ ഏറ്റവും ഉന്നതനായ റബ്ബ് (أنا ربُّكُمُ الْأعْلَى) എന്നും, ഞാനല്ലാതെ നിങ്ങള്‍ക്ക് മറ്റൊരു ഇലാഹുള്ളതായി എനിക്കറിവില്ല (مَا عَلِمْتُ لَكُمْ مِنْ إِلهٍ غَيْرِي) എന്നുമൊക്കെ പറഞ്ഞുവല്ലോ. രാജാക്കളെ ദൈവങ്ങ ളായി കരുതുന്ന സമ്പ്രദായം അടുത്തകാലം വരെ ജപ്പാന്‍, സയാം മുതലായ രാജ്യങ്ങ ളില്‍ ഉണ്ടായിരുന്നു. ഇന്നും ചുരുക്കം ജനങ്ങളില്‍ നിന്ന് ആ വിശ്വാസം നിശ്ശേഷം നീങ്ങിക്കഴിഞ്ഞിട്ടില്ലെന്ന് പറയാം. ഫിര്‍ഔനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ക്വുര്‍ആനില്‍ ധാരാളം കാണാമെങ്കിലും, നംറൂദിനെക്കുറിച്ച് ഈ വചനത്തിലല്ലാതെ ക്വുര്‍ആനില്‍ പരാമര്‍ശം കാണുന്നില്ല. ആ പേരും ക്വുര്‍ആനില്‍ പറയപ്പെട്ടിട്ടില്ല. ഇബ്‌റാഹീം നബി (അ)യും അവനും തമ്മില്‍ നടന്ന സംഭാഷണത്തില്‍ നിന്ന് അവനും താനൊരു ദൈവമാണെന്ന് വാദിച്ചിരുന്നതായിട്ടാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത് എന്നുമാത്രം.
ഏതായാലും ദൈവവാദികളായ ആരുംതന്നെ, ആകാശഭൂമികളെ സൃഷ്ടിച്ചതും, അവയിലെ വന്‍കാര്യങ്ങള്‍ നിയന്ത്രിച്ചു പോരുന്നതും തങ്ങളാണെന്ന് വാദിച്ചതായി അറിയപ്പെടുന്നില്ല. വല്ലവരും അങ്ങനെ വാദിച്ചാല്‍തന്നെയും അത് അംഗീകരിക്കുവാന്‍ എക്കാലത്തും ആളുണ്ടാകുമെന്ന് തോന്നുന്നുമില്ല. ലോകസ്രഷ്ടാവും, ലോകനിയന്താവുമായ ഒരു മഹാശക്തി ഉള്ളതോടെത്തന്നെ, തങ്ങളുടെ അധികാരാതിര്‍ത്തിക്കുള്ളിലെ അധികാരങ്ങളും കൈകാര്യങ്ങളുമൊക്കെ തങ്ങള്‍ക്കാണെന്നും, അക്കാരണത്താല്‍ എല്ലാവരുടെയും ആരാധനാവണക്കങ്ങള്‍ക്കുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നുമായിരിക്കും അവരുടെ വാദം. അതോടുകൂടി, നാട്ടിലെ ക്ഷേമൈശ്വര്യങ്ങളെല്ലാം തങ്ങളുടെ വക അനുഗ്രഹങ്ങളായും, ആപത്തുകളും അനിഷ്ട സംഭവങ്ങളും തങ്ങളുടെ ശാപകോപങ്ങളായും സമര്‍ത്ഥിക്കപ്പെടുകയും ചെയ്‌തേക്കും. അല്ലാഹു മാത്രമാണ് റബ്ബും ഇലാഹും (ലോകരക്ഷിതാവും ആരാധ്യനും) എന്നതാണല്ലോ എല്ലാ പ്രവാചകന്‍മാരുടെയും മൗലിക പ്രധാനമായ പ്രബോധനതത്വം. ഈ തത്വം അംഗീകരിക്കപ്പെടുന്നതോടുകൂടി ആ വാദങ്ങളും, അവയെ അടിത്തറയാക്കി കെട്ടിപ്പൊക്കപ്പെട്ട എല്ലാ വന്‍കോട്ടകളും പൊളിഞ്ഞുപോകുന്നു. അതോടൊപ്പം, അധികാരത്തിന്‍റെയും, ഔന്നത്യത്തിന്‍റെയും സഹജങ്ങളായ ഔദ്ധത്യവും അധികാരവും അവരില്‍ പ്രകടമാകുകയും ചെയ്യുന്നു. അതാണിവിടെ നംറൂദിന്‍റെ തര്‍ക്കത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ أَنْ آتَاهُ اللَّهُ الْمُلْكَ (അവന് അല്ലാഹു രാജത്വം നല്‍കിയതിനാല്‍) എന്ന് അല്ലാഹു പ്രത്യേകം എടുത്ത് പറയുന്നത്.
ഈ വിവാദത്തെപ്പറ്റി ബൈബ്ളില്‍ പരാമര്‍ശിക്കപ്പെട്ടു കാണുന്നില്ല. എങ്കിലും തല്‍മൂദില്‍ (*) ഈ സംഭവം വിവരിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇബ്‌റാഹീം (അ) വിഗ്രഹങ്ങളെപ്പറ്റി ആക്ഷേപിക്കുകയും അവയെ കൊത്തിമുറിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണത് സംഭവിച്ചത് എന്നത്രെ അതില്‍ പറഞ്ഞിരിക്കുന്നത്. (അല്ലാഹുവിനറിയാം.) ഏതായാലും മൂസാ നബി (അ) ഫിര്‍ഔനെ തൗഹീദിലേക്ക് ക്ഷണിച്ചപ്പോള്‍ فَمَنْ رَبُّكُمَا يَا مُوسى (മൂസാ, അപ്പോള്‍ നിങ്ങളുടെ രണ്ടാളുടെയും- മൂസാ (അ)ന്‍റെയും ഹാറൂന്‍ (അ)ന്‍റെയും- റബ്ബ് ആരാണ്? എന്നും, وَمَا رَبُّ الْعَالَمِين (എന്താണ് ഈ ലോകരക്ഷിതാവ്?) എന്നുമൊക്കെ അവന്‍ ചോദിച്ചതുപോലെ നംറൂദും ഇബ്‌റാഹീം (അ) നോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരിക്കാം. അതിനെത്തുടര്‍ന്നായിരിക്കാം അദ്ദേഹം رَبُّيَ الَّذي يُحْيِيوَيُمِيتُ (എന്‍റെ റബ്ബ് ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്ന വനാണ്) എന്ന് മറുപടി പറഞ്ഞത്. الله أعلم
(*) ക്രിസ്തുമതത്തിന്‍റെ ആദ്യ കാലങ്ങളില്‍ യഹൂദി പണ്ഡിത ശ്രേഷ്ഠന്‍മാരാല്‍ രചിക്കപ്പെട്ട യഹൂദമത ഗ്രന്ഥങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് തല്‍മൂദ് (Talmud). വേദപുസ്തക നിഘണ്ടുവില്‍ പറയുന്നു: ‘യെഹൂദ പാരമ്പര്യങ്ങളെ ക്കുറിച്ച് തെളിവായി അറിയണമെങ്കില്‍ റബ്ബിമാര്‍ രചിച്ച തല്‍മൂദും അതിന്‍റെ പൂര്‍വ്വ ഗ്രന്ഥങ്ങളും പരിശോധിക്കണം…. ‘പഠിത്തം’ എന്നര്‍ത്ഥമുള്ള തല്‍മൂദ് യൂദ റബ്ബിമാര്‍ നിര്‍മിച്ചു. കോടാനുകോടി പാരമ്പര്യങ്ങള്‍, വ്യാഖ്യാനങ്ങള്‍, തര്‍ക്കശാസ്ത്രങ്ങള്‍ മുതലായവ അടങ്ങിയ കലാസാഗരമാണത്… തല്‍മൂദും മോശെയുടെ ന്യായ പ്രമാണവും ഒന്നുപോലെ അധികാരമുള്ളവയാണെന്ന് യെഹൂദ ശാസ്ത്രിമാര്‍ അഭിപ്രായപ്പെട്ടു….’
ജീവിതത്തിനും മരണത്തിനും സര്‍വ്വ സ്വീകാര്യമായ ഒരു ശാസ്ത്രീയ നിര്‍വചനം നല്‍കുവാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ലെങ്കിലും അത് രണ്ടും തിരിച്ചറിയുവാന്‍ എല്ലാവര്‍ക്കും കഴിയുന്നവിധം വ്യക്തമായ രണ്ട് കാര്യങ്ങളാണവ. അതുപോലെത്തന്നെ, ഈ രണ്ട് കാര്യത്തിനും ബാഹ്യമായ ചില കാരണങ്ങളൊക്കെ പറയുവാ ന്‍ ശാസ്ത്രജ്ഞന്മാര്‍ മുതിര്‍ന്നേക്കുമെങ്കിലും ആ കാരണങ്ങളുടെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം അല്ലാഹുവാണെന്നതിലും സംശയമില്ല. ബാഹ്യേന്ദ്രിയങ്ങള്‍ക്ക് കണ്ടെത്തുവാന്‍ കഴിയാത്തതെല്ലാം കണ്ണടച്ച് നിഷേധിക്കുന്ന നാസ്തികന്മാര്‍ക്ക് മാത്രമേ അതില്‍ എതിരഭിപ്രായമുണ്ടാകുകയുള്ളൂ. ജീവികള്‍ക്ക് ജീവിതവും മരണവും നല്‍കുന്ന സാക്ഷാല്‍ കര്‍ത്താവ് ഏതാണോ അതാണ് എന്‍റെ റബ്ബ്- ആ റബ്ബിങ്കലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്- എന്നാണ് ഇബ്‌റാഹീം (അ) പറഞ്ഞതിന്‍റെ സാരം.
ഇതംഗീകരിച്ചു കൊടുക്കുവാന്‍ നംറൂദിന്‍റെ അഹന്തയുണ്ടോ സമ്മതിക്കുന്നു?! അവന്‍ ജീവിതത്തിനും മരണ ത്തിനും ഒരു പുതിയ വ്യാഖ്യാനം നല്‍കിക്കൊണ്ട് ആ യാഥാര്‍ത്ഥ്യത്തെ മറികടക്കുവാനാണ് ശ്രമിച്ചത്. അവന്‍ പറഞ്ഞു: ‘ഞാന്‍ ജീവിപ്പിക്കു കയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ.’ അതെ, അപ്പോള്‍ ഞാനല്ലേ റബ്ബാകേണ്ടത് എന്നര്‍ത്ഥം. എത്രയോ പേരെ അതിനുമുമ്പ് അവന്‍ കൊലപ്പെടുത്തിയിരിക്കുകയും, പലരെയും കൊലപ്പെടുത്തുവാന്‍ കഴിവുണ്ടായിരുന്നിട്ടും കൊല്ലാതെ വിട്ടേക്കുകയും ചെയ്തിരിക്കുമല്ലോ. അല്ലെങ്കില്‍- ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നതുപോലെ- രണ്ടു പേരെകൊണ്ടുവന്ന് അവരില്‍ ഒരാള്‍ക്ക് കൊലശിക്ഷ നല്‍കുകയും, മറ്റേയാളെ ഒഴിവാക്കുകയും ചെയ്തിരിക്കാം. അതുമല്ലെങ്കില്‍- ഇബ്‌നു കഥീര്‍ (റ) ചൂണ്ടിക്കാട്ടിയ പോലെ- അതുരണ്ടും എന്‍റെ സ്വന്തം പ്രവര്‍ത്തിതന്നെയാണെന്ന് അവന്‍റെ അഹങ്കാരവും ഔദ്ധത്യവും ദുര്‍വാശിയും അവനെക്കൊണ്ട് പറയിപ്പിച്ചതുമാവാം. അഥവാ ‘നിങ്ങള്‍ക്ക് ഞാനല്ലാതെ മറ്റൊരു ഇലാഹും ഉള്ളതായി എനിക്കറിയില്ല; എന്ന് ഫിര്‍ഔന്‍ അഹങ്കരി ച്ചതുപോലെയുള്ള ഒരു അഹങ്കാര വാക്കായിരിക്കാം. (അല്ലാഹുവിനറിയാം.) ഏതായാലും, അതൊന്നും ഇബ്‌റാഹീം (അ) പറഞ്ഞതിന് ഒരു വിധത്തിലും ഖണ്ഡനമാകുന്നില്ലെന്ന് സ്പഷ്ടം തന്നെ.
എന്നാലും നംറൂദിന്‍റെ വാക്കിനെ വിശകലനം ചെയ്യാനോ, താന്‍ പറഞ്ഞ വാക്കുകളെ വിശദീകരിക്കുവാനോ ഇബ്‌റാഹീം (അ) മുതിര്‍ന്നില്ല. തത്വത്തില്‍ ആദ്യവാദത്തിന്‍റെ മറ്റൊരു രൂപം തന്നെയാണെങ്കിലും ഒരു വെല്ലുവിളി കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സംസാരഗതി മാറ്റുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം പറഞ്ഞു: ….. فَإِنَّ اللَّهَ يَأْتِي بِالشَّمْسِ مِنَ الْمَشْرِقِ فَأْتِ بِهَا مِنَ الْمَغْرِبِ (എന്നാല്‍, അല്ലാഹു സൂര്യനെ കിഴക്ക് നിന്ന് കൊണ്ടുവരുന്നു. താനത് പടിഞ്ഞാറ് നിന്ന് കൊണ്ടുവരുക!) ശരി. ജീവിതവും മരണവും താനാണ് നല്‍കുന്നത്- അല്ലെങ്കില്‍ താനും നല്‍കുന്നു- എങ്കില്‍ അതങ്ങിനെയിരിക്കട്ടെ, ഈ സൂര്യനെ അനുദിനം കിഴക്കുനിന്ന് ഉദിപ്പിച്ചു പടിഞ്ഞാറ് ഭാഗത്ത് അസ്തമിപ്പിക്കുന്ന ഒരു മഹാശക്തിയുണ്ട്. അത് താനല്ലല്ലോ. ആ ശക്തിയെക്കുറിച്ചാണ് ഞാന്‍ റബ്ബ് എന്ന് പറയുന്നത്. താന്‍ റബ്ബാണെങ്കില്‍ തനിക്ക് അതിനെ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കൊണ്ടുവരാനും സാധിക്കണമല്ലോ. അതൊന്ന് കാണട്ടെ, എന്ന് സാരം. നംറൂദ് ഉത്തരംമുട്ടി സതംഭിച്ചുപോയി. അനന്തരം എന്തുണ്ടായി എന്ന് അല്ലാഹു തുടര്‍ന്നു പറഞ്ഞിട്ടില്ല. സംശയത്തില്‍നിന്നോ അറിവില്ലായ്മയില്‍നിന്നോ അല്ലാതെ- അഹന്തയില്‍നിന്നും ഔദ്ധത്യത്തില്‍ നിന്നും മാത്രം- ഉടലെടുത്ത വാദങ്ങളുടെ കര്‍ത്താക്കള്‍ ഉത്തരം മുട്ടിയാലും വാദം പിന്‍വലിക്കുക പ്രയാസമാണല്ലോ. ഫിര്‍ഔന്‍ മൂസാ (അ)നോട് ഉത്തരം മുട്ടിയപ്പോള്‍, നിങ്ങളിലേക്ക് അയക്കപ്പെട്ട ഈ റസൂല്‍ ഒരു ഭ്രാന്തന്‍ തന്നെയാണ് (26:27) എന്ന് ജനങ്ങളോട് പറഞ്ഞു തൃപ്തി അടയുകയും, ഞാനല്ലാത്ത മറ്റൊരു ഇലാഹിനെ നീ സ്വീകരിക്കുന്ന പക്ഷം ഞാന്‍ നിന്നെ കാരാഗൃഹത്തിലിടും (26:29) എന്ന് മൂസാ (അ)നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. അതുപോലെ വല്ലതും നംറൂദും ചെയ്തിരിക്കുമെന്ന് ഊഹിക്കുവാന്‍ ന്യായമുണ്ട്. അതിനെപ്പറ്റി അല്ലാഹു ഒന്നും വ്യക്തമാക്കിയിട്ടില്ല. ഏതായാലും അവന്‍ ഇബ്‌റാഹീം നബി (അ)യുടെ പ്രബോധനം സ്വീകരിക്കുകയോ, തന്‍റെ വാദത്തില്‍ നിന്ന് പിന്‍മടങ്ങുകയോ ചെയ്തിട്ടില്ലെന്ന് തീര്‍ച്ചതന്നെ. وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ (അക്രമി കളായ ജനങ്ങളെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുകയില്ല.) എന്ന് പറഞ്ഞതില്‍ നിന്ന് തന്നെ അത് മനസ്സിലാക്കാം. അദ്ദേഹം അഗ്നികുണ്ഡത്തില്‍ എറിയപ്പെട്ടതും, അവസാനം രാജ്യം ത്യജിച്ച് ഹിജ്‌റഃ പോയതും പ്രസിദ്ധമാണല്ലോ.
- أَوْ كَٱلَّذِى مَرَّ عَلَىٰ قَرْيَةٍ وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْىِۦ هَٰذِهِ ٱللَّهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ ٱللَّهُ مِا۟ئَةَ عَامٍ ثُمَّ بَعَثَهُۥ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ ۖ قَالَ بَل لَّبِثْتَ مِا۟ئَةَ عَامٍ فَٱنظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَٱنظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ ءَايَةً لِّلنَّاسِ ۖ وَٱنظُرْ إِلَى ٱلْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًا ۚ فَلَمَّا تَبَيَّنَ لَهُۥ قَالَ أَعْلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٢٥٩﴿
- അല്ലെങ്കില്‍, ഒരു രാജ്യത്തിലൂടെ നടന്നുപോയ ഒരുവന്‍റെ മാതിരി (കണ്ടില്ലേ?) അത് [ആ രാജ്യം] അതിലെ മേല്‍ക്കൂരകളോടെ വീണടിഞ്ഞു കിടക്കുകയാണ്; (അപ്പോള്‍) അദ്ദേഹം പറഞ്ഞു: 'ഇത് ചത്തു (നിര്‍ജ്ജീവമായി) പോയതിന്‍റെ ശേഷം ഇതിനെ അല്ലാഹു ജീവിപ്പിക്കുന്നത് എങ്ങനെയായിരിക്കും?!' എന്നിട്ട്, അദ്ദേഹത്തെ അല്ലാഹു നൂറുവര്‍ഷം മരിപ്പിച്ചു (കി ടത്തി); പിന്നെ അദ്ദേഹത്തെ (ജീവിപ്പിച്ച്) എഴുന്നേല്‍പിച്ചു. അവന്‍ [അല്ലാഹു] പറഞ്ഞു: 'നീ എത്ര (കാലം) കഴിഞ്ഞുകൂടി?' അദ്ദേഹം പറഞ്ഞു: 'ഞാന്‍ ഒരു ദിവസം, അല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ കുറച്ചുഭാഗം കഴിഞ്ഞുകൂടിയിരിക്കുന്നു.' അവന്‍ പറഞ്ഞു: (അല്ല) പക്ഷേ നീ നൂറുവര്‍ഷം കഴിഞ്ഞു കൂടിയിരിക്കുന്നു;- എന്നാല്‍ നിന്‍റെ ഭക്ഷണത്തിലേക്കും പാനീയത്തിലേക്കും നോക്കൂ: അത് (പഴക്കം പിടിച്ച്) മാറ്റം വന്നിട്ടില്ല. നിന്‍റെ കഴുതയിലേക്കും നോക്കുക (അതെങ്ങിനെയുണ്ടെന്ന്)! നിന്നെ മനുഷ്യര്‍ക്ക് നാം ഒരു ദൃഷ്ടാന്തം ആക്കുവാന്‍ വേണ്ടിയും (കൂടി) ആകുന്നു (ഇത്). (അതാ, ആ) എല്ലുകളിലേക്കും നോക്കുക- നാം അവയെ എങ്ങനെ ഘടിപ്പിക്കുകയും, പിന്നെ അവര്‍ക്ക് മാംസം ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന്!' അങ്ങനെ, അദ്ദേഹത്തിന് (കാര്യം) വ്യക്തമായിത്തീര്‍ന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: 'അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് ഞാന്‍ (അനുഭവത്തിലൂടെ) അറിയുന്നു.
- أَوْ كَالَّذِي അല്ലെങ്കില്‍ യാതൊരുവന്‍റെമാതിരി مَرَّ അദ്ദേഹം നടന്നുപോയി عَلَىٰ قَرْيَةٍ ഒരു രാജ്യത്തിലൂടെ وَهِيَ خَاوِيَةٌ അത് വീണടിഞ്ഞിരിക്കുന്നതാണ് عَلَىٰ عُرُوشِهَا അതിലെ മേല്‍പുര (കൂര)കളോടെ قَالَ أَنَّىٰ അദ്ദേഹം പറഞ്ഞു എങ്ങനെയായിരിക്കും يُحْيِي هَٰذِهِ ഇതിനെ ജീവിപ്പിക്കുക اللَّهُ അല്ലാഹു بَعْدَ مَوْتِهَا ഇത് നിര്‍ജ്ജീവമായതിനു ശേഷം فَأَمَاتَهُ اللَّهُ എന്നിട്ട് അദ്ദേഹത്തെ അല്ലാഹു മരണപ്പെടുത്തി مِائَةَ عَامٍ നൂറ് വര്‍ഷം ثُمَّ بَعَثَهُ പിന്നെ അദ്ദേഹത്തെ എഴുന്നേല്‍പിച്ചു قَالَ അവന്‍ പറഞ്ഞു كَمْ لَبِثْتَ നീ എത്ര താമസിച്ചു, കഴിഞ്ഞുകൂടി قَالَ അദ്ദേഹം പറഞ്ഞു لَبِثْتُ يَوْمًا ഞാന്‍ ഒരു ദിവസം താമസിച്ചു, കഴിഞ്ഞുകൂടി أَوْ بَعْضَ يَوْمٍ അല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ കുറച്ചുഭാഗം قَالَ അവന്‍ പറഞ്ഞു بَل لَّبِثْتَ പക്ഷേ (എന്നാല്‍) നീ താമസിച്ചു مِائَةَ عَامٍ നൂറ് വര്‍ഷം فَانظُرْ എന്നാല്‍ നീ നോക്കുക إِلَىٰ طَعَامِكَ നിന്‍റെ ഭക്ഷണ (സാധന)ത്തിലേക്ക് وَشَرَابِكَ നിന്‍റെ പാനീയത്തിലേക്കും لَمْ يَتَسَنَّهْ അത് കാലപ്പഴക്കം ചെന്നിട്ടില്ല, മാറ്റം വന്നിട്ടില്ല وَانظُرْ നീ നോക്കുകയും ചെയ്യുക إِلَىٰ حِمَارِكَ നിന്‍റെ കഴുതയിലേക്ക് وَلِنَجْعَلَكَ നിന്നെ ആക്കുവാന്‍ വേണ്ടിയുമാണ് آيَةً ഒരു ദൃഷ്ടാന്തം لِّلنَّاسِ മനുഷ്യര്‍ക്ക് وَانظُرْ നീ നോക്കുകയും ചെയ്യുക إِلَى الْعِظَامِ എല്ലുകളിലേക്ക് كَيْفَ എങ്ങനെയാണ് (എന്ന്) نُنشِزُهَا നാമതിനെ ഘടിപ്പിക്കുന്നു, അവയെ കൂട്ടിച്ചേര്‍ക്കുന്നു, പൊക്കിക്കൊണ്ടു വരുന്നു ثُمَّ نَكْسُوهَا പിന്നെ നാമതിന് ധരിപ്പിക്കുന്നു لَحْمًا മാംസത്തെ فَلَمَّا تَبَيَّنَ لَهُ അങ്ങനെ അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ قَالَ أَعْلَمُ അദ്ദേഹം പറഞ്ഞു ഞാന്‍ അറിയുന്നു أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്ന് عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവന്‍
കഴിഞ്ഞ വചനത്തില്‍, ഇബ്‌റാഹീം നബി (അ)യുമായി അഹങ്കാരപൂര്‍വം തര്‍ക്കം നടത്തുകയും, സത്യത്തിന്‍റെ പ്രകാശം ഏല്‍ക്കുവാന്‍ കഴിയാതെ അന്ധകാരത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത നംറൂദിന്‍റെ കഥ വിവരിച്ചു. കണ്ടില്ലേ (أَلَمْ تَرَ) എന്ന് പറഞ്ഞു സംബോധിതരുടെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടാണ് ആ കഥ അവിടെ വിവരിച്ചത്. നേരെ മറിച്ച് സത്യവിശ്വാസിയും സത്യാന്വേഷിയുമായ ഒരാള്‍ക്ക് അല്ലാഹു കൂടുതല്‍ പ്രകാശം നല്‍കി അനുഗ്രഹിക്കുകയുണ്ടായ ഒരു സംഭവമാണ് ഈ വചനത്തില്‍ വിവരിക്കുന്നത്. അതല്ലെങ്കില്‍ ഇതാ മറ്റൊരു ഉദാഹരണം -ഇതൊന്ന് ശ്രദ്ധിക്കുക- എന്ന അര്‍ത്ഥത്തില്‍ أَوْ كَالَّذِي (അല്ലെങ്കില്‍ യാതൊരുവന്‍റെ മാതിരി) എന്ന് പറഞ്ഞുകൊണ്ട് ഈ സംഭവത്തിലേക്കും അല്ലാഹു ശ്രദ്ധ ആകര്‍ഷിക്കുന്നു. ജീവിതവും മരണവും നല്‍കുന്നത് അല്ലാഹുവാണെന്ന് വിശ്വാസമുള്ളവരില്‍ തന്നെ, മരണാനന്തരജീവിതത്തെ പാടെ നിഷേധിക്കുന്നവരും, നിഷേധിക്കുന്നില്ലെങ്കിലും ചില ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി യഥാര്‍ത്ഥാവസ്ഥയെ നിഷേധിക്കുന്നവരുമുണ്ട്. മാത്രമല്ല, ഒരിക്കല്‍ സംഭവിക്കുക അസംഭവ്യമാണെന്നും, ബാഹ്യമായ കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറം ഈ ലോകത്ത് ഒന്നും സംഭവിക്കാവതല്ലെന്നും ധരിക്കുന്നവരും ഉണ്ട്. ഇങ്ങനെയുള്ളവര്‍ക്കെല്ലാം മതിയായ ഒരു ദൃഷ്ടാന്തമാണ് ഈ സംഭവം.
‘ഒരു രാജ്യത്തിലൂടെ നടന്നുപോയ ആള്‍’ എന്ന് പറഞ്ഞത് ആരെപ്പറ്റിയാണെന്നും, ആ രാജ്യം ഏതായിരുന്നുവെന്നും അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ഹദീഥിലും കാണുന്നില്ല. സംഭവത്തിന്‍റെ സ്വഭാവവും അതില്‍ നിന്നുള്ള പാഠവും ഗ്രഹിക്കുവാന്‍ അതറിയണമെന്നില്ലതാനും. അര്‍മിയാ (യിരെമ്യാ) പ്രവാചകനായിരുന്നുവെന്നും, ഹസ്‌ക്വീല്‍ (യെഹെസ്‌കേല്‍) പ്രവാചകനായിരുന്നുവെന്നും ചില അഭിപ്രായങ്ങള്‍ കാണാമെങ്കിലും, കൂടുതല്‍ സ്വീകാര്യമായ അഭിപ്രായം അത് ഉസൈര്‍ (عزير എസ്രാ) പ്രവാചകനായിരുന്നുവെന്നുള്ളതാണ്. ഭൂരിപക്ഷം ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അംഗീകരിച്ചു കാണുന്നതും അതാകുന്നു. ആ വ്യക്തി ആരായിരുന്നാലും അതൊരു പ്രവാചകനായിരുന്നുവെന്ന് ക്വുര്‍ആന്‍റെ വിവരണത്തില്‍ നിന്ന് അനുമാനിക്കാവുന്നതാണ്. പ്രസ്തുത രാജ്യം ബൈത്തുല്‍ മുക്വദ്ദസ് അഥവാ യെരൂശലം ആയിരുന്നുവെന്നത്രെ ഭൂരിപക്ഷാഭിപ്രായം. ആരായിരുന്നാലും ആ മഹാന്‍റെ ഒന്നിച്ച് അദ്ദേഹത്തിന്‍റെ കഴുതയും, ഭക്ഷണപാനീയങ്ങളും ഉണ്ടായിരുന്നുവെന്നും, നശിച്ചു ശൂന്യമായിക്കിടക്കുന്ന ആ രാജ്യത്തിലൂടെ അദ്ദേഹം സഞ്ചരിക്കുമ്പോള്‍ അദ്ദേഹം അവിടെ കണ്ട കാഴ്ചയാണ് സംഭവത്തിന് കാരണമായതെന്നും ആയത്തില്‍ നിന്ന് സ്പഷ്ടമാണ്. വീടുകളും കെട്ടിടങ്ങളും തകര്‍ന്ന് വീണുകിടക്കുന്ന കാഴ്ചയെക്കുറിച്ചാണ് وَهِيَ خَاوِيَة غلى عُرُوشها (അതതിന്‍റെ മേല്‍കൂര കളോടെ വീണ് കിടക്കുകയാണ്) എന്ന് പറഞ്ഞത്. മുന്തിരിത്തോട്ടങ്ങള്‍ വീണ് നശിക്കുമ്പോള്‍, ആദ്യം അവയുടെ പന്തലുകള്‍ വീഴുകയും രണ്ടാമതും നിവര്‍ത്തി ശരിപ്പെടുത്തുവാന്‍ കഴിയാത്തവിധം വള്ളികള്‍ അതിന് മീതെ വീണമ്പുകയുമാണല്ലോ ഉണ്ടാകുക. ഇതില്‍ നിന്നാണ് അതിന് ഈ പ്രയോഗം ഉല്‍ഭവിച്ചിരിക്കുന്നത്. ബാബിലോണ്യന്‍ രാജാവായിരുന്ന ബുഖ്ത്തുനസ്വര്‍ (بختنصر നെബൂഖദ്‌നേസര്‍) ബൈത്തുല്‍ മുക്വദ്ദസ് ആക്രമിച്ചു നശിപ്പിക്കുകയും, ഇസ്‌റാഈല്യരെ കൂട്ടക്കൊല നടത്തുകയും, ശേഷിച്ചവരെ അടിമകളാക്കി ബാബിലോണ്യയിലേക്ക് പിടിച്ചുകൊണ്ടുപോകുകയും ചെയ്ത സംഭവം ചരിത്രപ്രസിദ്ധമാണ്. അങ്ങനെ, ആ രാജ്യം വളരെക്കാലം നിര്‍ജ്ജീവമായും ജനശൂന്യമായും കിടക്കുകയായിരുന്നു. ആ കാലത്തെയാണ് ഇത് കുറിക്കുന്നതെന്നാണ് അധിക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നത്. ഈ സംഭവം ബൈബ്ളില്‍ വിവരിക്കപ്പെട്ടിട്ടില്ല. ഇതിലെ ചില വശങ്ങളുമായി സാമ്യം തോന്നിക്കുന്നതോ, ഇതുമായി ബന്ധം തോന്നിക്കുന്നതോ ആയ ചില സംഭവങ്ങള്‍ അതില്‍ കാണാവുന്നതുമാണ്.
‘ഈ രാജ്യം ചത്ത് നിര്‍ജ്ജീവമായതിന് ശേഷം ഇതെങ്ങിനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുക’ എന്ന് ആ മഹാന്‍ പറഞ്ഞത് കേവലം നിഷേധരൂപത്തിലോ, സംശയരൂപത്തിലോ ആയിരുന്നില്ല. അല്ലാഹുവിന്‍റെ അപാരമായ കഴിവിലുള്ള വിശ്വാസത്തില്‍ നിന്നും ഉളവായ ഒരു ആശ്ചര്യത്തിന്‍റെ പ്രകടനമായിരുന്നു അതെന്ന് തുടര്‍ന്നുള്ള പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാം. അക്കാര്യം അദ്ദേഹത്തിന് അനുഭവത്തിലൂടെ ത്തന്നെ കാട്ടിക്കൊടുക്കുവാന്‍ അല്ലാഹു നിശ്ചയിച്ചു. ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും വഴി വിശ്വാസം എത്രതന്നെ സുദൃഢമായിരുന്നാലും അനുഭവത്തില്‍ കാണുന്നത് അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുമല്ലോ. അടുത്ത വചനത്തില്‍ പറയുന്ന ഇബ്‌റാഹീം നബി (അ)യുടെ സംഭവത്തില്‍ നിന്ന് ഈ വാസ്തവം കൂടുതല്‍ ഗ്രഹിക്കാവുന്നതാണ്. അല്ലാഹു ആ മഹാനെ നൂറ് കൊല്ലം മരണപ്പെടുത്തുകയും പിന്നീട് ജീവിപ്പിച്ച് എഴുന്നേല്‍പിക്കുകയും ചെയ്തു. ഇത്രയും കാലം അദ്ദേഹം മരണപ്പെട്ട് കിടന്നത് എവിടെയാ യിരുന്നു? വല്ല മനുഷ്യരും അത് കണ്ടിരുന്നുവോ? നൂറുകൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം പെട്ടെന്ന് ജീവിക്കുകയാണോ ചെയ്തത്? അതല്ല, പടിപടിയായി ജീവന്‍ വീണ്ടു കിട്ടുകയാണോ ചെയ്തത്? അല്ലാഹുവിനറിയാം. ഇതുപോലെയുള്ള സംഭവങ്ങളെക്കുറിച്ച് അല്ലാഹു ഉപയോഗിച്ച വാക്കുകളുടെ പരിധിക്കപ്പുറം കടന്ന് വല്ലതും പറയുവാന്‍ നമുക്ക് നിവൃത്തിയില്ല. വിശ്വസനീയമായ മറ്റു തെളിവുകളുമില്ല. അല്ലാഹു പറഞ്ഞുത ന്നതുകൊണ്ട് നമുക്ക് മതിയാക്കാം. അതില്‍ പരിപൂര്‍ണമായി വിശ്വസിക്കുകയും ചെയ്യാം.
അദ്ദേഹം ജീവിച്ചശേഷം അല്ലാഹു അദ്ദേഹത്തോട് താന്‍ മരണാവസ്ഥയില്‍ എത്രകാലം കഴിഞ്ഞുകൂടിയിട്ടുണ്ടാകുമെന്ന് ചോദിച്ചു. അല്ലാഹുവിനറിയാത്തതുകൊല്ല, അദ്ദേഹത്തിന് യഥാര്‍ത്ഥം മനസ്സിലാക്കുവാന്‍ വേണ്ടി മാത്രം. നൂറുകൊല്ലം കഴിഞ്ഞ തൊന്നും അദ്ദേഹത്തിന്നറിയുകയില്ലല്ലോ. അദ്ദേഹം പറഞ്ഞു: ഞാന്‍ ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ കുറച്ച് ഭാഗമോ അങ്ങനെ കഴിഞ്ഞുകൂടിയിരിക്കും. അര്‍ദ്ധമരണമായ ഉറക്കില്‍പെട്ട് മുന്നൂറില്‍ പരം കൊല്ലങ്ങള്‍ കഴിഞ്ഞുകൂടിയ ഗുഹാവാസികള്‍ (اصحاب الكهف) അവരുടെ ഉറക്കില്‍നിന്ന് ഉണര്‍ന്നപ്പോള്‍ അവര്‍ തമ്മിലും ഇതേമാതിരി അഭിപ്രായം പ്രകടിപ്പിച്ചതായി സൂറത്തുല്‍ കഹ്ഫ് 19-ല്‍ കാണാം. അദ്ദേഹം മരിക്കുമ്പോഴത്തെ അവസ്ഥയില്‍നിന്ന് വളരെ വ്യത്യസ്തങ്ങളായ മാറ്റങ്ങളൊന്നും അദ്ദേഹം ജീവിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പ്രകടമായിരുന്നില്ലെന്നാണ് ഈ മറുപടിയില്‍നിന്ന് മനസ്സിലാകുന്നത്. പ്രസ്തുത ചോദ്യം അദ്ദേഹത്തോട് അല്ലാഹു ചോദിച്ചതും, അതിന് അദ്ദേഹം മറുപടി പറഞ്ഞതും വഹ്‌യ് മൂലമോ, മലക്ക് മുഖാന്തരമോ ആയിരിക്കാം. അദ്ദേഹം ഒരു പ്രവാചകനായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. (വാസ്തവം അല്ലാഹുവിനറിയാം) താന്‍ വിചാരിച്ചതുപോലെയല്ല കാര്യം -താന്‍ നൂറുകൊല്ലം മരിച്ചുകിടന്നിരിക്കുന്നു- എന്ന് അല്ലാഹു അദ്ദേഹത്തെ അറിയിച്ചു. അപ്പോഴാണ് അദ്ദേഹത്തിന് യഥാര്‍ത്ഥം മനസ്സിലാകുന്നത്. ഇവിടെ ഒരു സംശയം ഉന്നയിക്കപ്പെട്ടേക്കാം. ഒരു ഐഹിക ജീവിതവും, ഒരു മരണാനന്തര ജീവിതവും എന്നിങ്ങനെ രണ്ട് ജീവിതമാണല്ലോ ഉള്ളത്. ഇദ്ദേഹത്തെ സംബ ന്ധിച്ചിടത്തോളം ജീവിതം മൂന്നെണ്ണമാകുമല്ലോ. മാത്രമല്ല, മരണപ്പെട്ട് കഴിഞ്ഞാല്‍ പിന്നീട് പുന:രുത്ഥാനം വരെയുള്ള ഇടക്കാലത്ത് (عَالمُ البرزخ ല്‍വെച്ച്) ഓരോരുത്തന്‍റെയും സ്ഥിതിഗതികള്‍ക്കനുസരിച്ച് സുഖത്തിന്‍റെയോ, ദു:ഖത്തിന്‍റെയോ ആയ ആത്മീയാനു ഭവങ്ങളും അഭൗമികമായ ചില കാഴ്ചകളും അനുഭവപ്പെടുമെന്ന് ക്വുര്‍ആന്‍ കൊണ്ടും നബി വാക്യങ്ങള്‍കൊണ്ടും സ്ഥാപിതമായിട്ടുള്ളതാണ്. അപ്പോള്‍, നൂറുകൊല്ലം മരിച്ചു കിടന്ന ഇദ്ദേഹത്തിനും അങ്ങനെ അനുഭവപ്പെടേണ്ടതല്ലേ? ഇതാണാ സംശയം. ഇത്തരം സംശയങ്ങള്‍ക്ക് മൊത്തത്തില്‍ പറയുവാനുള്ള മറുപടി ഇതാണ്: യഥാര്‍ത്ഥം അല്ലാഹുവിന്നറിയാം. ഇങ്ങനെയുള്ള സങ്കല്‍പങ്ങളെയും സംശയങ്ങളെയും ആസ്പദമാക്കി സ്പഷ്ടമായ ഭാഷയില്‍ അല്ലാഹു വിവരിച്ച സംഗതികളെ നമ്മുടെ യുക്തിക്കനുസരിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല. അവയെ അവയുടെ മുഖവിലക്ക് അംഗീകരിക്കു കയും, അതില്‍നിന്നുളവാകുന്ന സംശയങ്ങള്‍ക്ക് മറ്റ് തെളിവുകളില്‍ നിന്ന് തക്കതായ മറുപടി കാണാത്തപ്പോള്‍ വാസ്തവം അല്ലാഹുവിന്നറിയാമെന്നുവെച്ച് സമാധാനിക്കു കയും ചെയ്യുകയാണ് നാം വേണ്ടത്. അതോടുകൂടി താഴെ പറയുന്നതുപോലുള്ള ചില വസ്തുതകള്‍കൂടി ഓര്‍ത്തിരിക്കേതുണ്ട്:-
(1) ഭൗതിക ജീവിതം ഒരാള്‍ക്ക് ഒരു പ്രാവശ്യം മാത്രമേ അനുഭവത്തില്‍ വരൂ എന്നത് പൊതുവായ ഒരു നിയമം തന്നെ. ഈ നിയമത്തില്‍ മനുഷ്യര്‍ മാത്രമല്ല, ഇതര ജീവി കളും ഉള്‍പ്പെടുന്നു. പക്ഷേ, പൊതുവെയുള്ള പ്രകൃതി നിയമങ്ങള്‍ക്കതീതമായ ചില സംഭവങ്ങള്‍ ഉണ്ടാകാറുള്ള കൂട്ടത്തില്‍ ഈ പൊതു നിയമത്തില്‍ നിന്ന് വ്യത്യസ്തമായും ചിലത് സംഭവിച്ചുകൂടാ എന്നില്ല. ഈ വചനത്തില്‍ തന്നെ ആ മഹാന്‍റെ ചത്ത കഴുതയെ ജീവിപ്പിച്ച വിവരം അടുത്ത വാക്യങ്ങളില്‍ വരുന്നുണ്ട്. അടുത്ത വചനത്തില്‍ ഇബ്‌റാഹീം നബി (അ)ക്ക് പക്ഷികളെ ജീവിപ്പിച്ചുകാണിച്ച സംഭവവും വിവരിക്കുന്നുണ്ട്. ഈസാ നബി (അ) ക്ക് നല്‍കപ്പെട്ട പ്രത്യേക ദൃഷ്ടാന്തങ്ങളില്‍ ഒന്നു മരിച്ചവരെ ജീവിപ്പിക്കുക എന്നതായിരുന്നു. (3:49; 5:113). അപ്പോള്‍ ചുരുങ്ങിയത് ഒരിക്കലെങ്കിലും അങ്ങനെ സംഭവിച്ചിരിക്കുമെന്നാണല്ലോ കരുതേണ്ടത്. ഇവിടെയൊക്കെ അത് അലങ്കാര പ്രയോഗങ്ങളാണെന്നും മറ്റും പറഞ്ഞു ദുര്‍വ്യാഖ്യാനം ചെയ്യാന്‍ മുതിരുന്നപക്ഷം, അതേ മാനദണ്ഡംവെച്ചുകൊണ്ട് ക്വുര്‍ആനിലെ മിക്ക പ്രസ്താവനകളെയും ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ഒരു മാര്‍ഗം തുറക്കലായിരിക്കും അതിന്‍റെ ഫലം.
(2) ഈ സംഭവത്തിലെ ആ മഹാനെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍, ആ നൂറുകൊല്ലക്കാലം ആത്മീയമായ അനുഭവങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിട്ടില്ലാതിരിക്കുവാനും സാധ്യതയുണ്ട്. അനുഭവപ്പെട്ടിരുന്നാല്‍ തന്നെയും രണ്ടാമത്തെ ഭൗതിക ജീവിതത്തോടുകൂടി അതദ്ദേഹത്തിന്‍റെ സ്മൃതിപഥത്തില്‍നിന്ന് നീക്കം ചെയ്യപ്പെടുവാനും സാധ്യതയുണ്ട്. ഇതുപോലെ ദൃഷ്ടാന്തമായി കാണിക്കപ്പെടുന്ന സംഭവങ്ങളില്‍ വിശേഷിച്ചും. അല്ലാഹുവിന് എല്ലാറ്റിനും കഴിവുണ്ടല്ലോ.
(3) പ്രവാചകന്‍മാര്‍ക്ക് ചില അദൃശ്യജ്ഞാനങ്ങള്‍ അല്ലാഹു വെളിവാക്കിക്കൊടുത്തെന്നുവരും (72:27). ജനങ്ങള്‍ ദൃഷ്ടാന്തങ്ങള്‍ മുഖേനയും തെളിവുകള്‍ വഴിയും മന സ്സിലാക്കി വിശ്വസിക്കുന്ന ചില കാര്യങ്ങള്‍ അവര്‍ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും. (ഇതിന് ചില ഉദാഹരണങ്ങള്‍ അടുത്ത വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ കാണാം.) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുണ്ടായ ഒരു അനു ഭവം ഇതാ. ഒരു പ്രസംഗത്തില്‍ അവിടുന്ന് പറഞ്ഞു: ‘എനിക്ക് സ്വര്‍ഗവും നരകവും പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി. നന്മയിലും തിന്മയിലും അന്നത്തെപ്പോലെ (മറ്റൊരു ദിവസവും) ഞാന്‍ കണ്ടിട്ടില്ല. എനിക്ക് അറിയാവുന്നത് നിങ്ങള്‍ക്കറിയാമായിരുന്നുവെങ്കില്‍, നിങ്ങള്‍ കുറച്ച് (മാത്രം) ചിരിക്കുകയും, നിങ്ങള്‍ ധാരാളമായി കരയുകയും ചെയ്യുമായിരുന്നു’ (ബു;മു.) നൂറുകൊല്ലക്കാലം കഴിഞ്ഞിട്ടും ആ മഹാന്‍റെ കൂടെയുണ്ടായിരുന്ന ഭക്ഷണപാനീയ ങ്ങള്‍ക്ക് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. അതേ സമയത്ത് കഴുതയാകട്ടെ, ചത്തു ജീര്‍ണിക്കുകയും, എല്ലുകള്‍മാത്രം അവശേഷിക്കുകയും ചെയ്തിരിക്കുന്നു! കഴുത ചത്തു ജീര്‍ണിച്ചു പോയിട്ടുണ്ടെന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും തുടര്‍ന്നുള്ള വാക്യങ്ങ ളില്‍നിന്ന് അതും സ്പഷ്ടമാകുന്നുണ്ട്. അങ്ങനെ, ആ രാജ്യത്തെ പുനഃരുദ്ധരിച്ചു അതില്‍ ജനപ്പെരുപ്പവും സമ്പല്‍സമൃദ്ധിയുമുണ്ടാക്കി അതിനെ വീണ്ടും ജീവിപ്പിക്കുവാന്‍ അല്ലാഹുവിന് ഒരു പ്രയാസവുമില്ലെന്നും, മരണാനന്തര ജീവിതം മുതലായ മനുഷ്യ ദൃഷ്ടിയില്‍ പ്രയാസകരമെന്ന് തോന്നുന്ന കാര്യങ്ങള്‍ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം കേവലം നിസ്സാരങ്ങളാണെന്നുമൊക്കെ അല്ലാഹു അദ്ദേഹത്തിന് ഈ സംഭവം മുഖേന അനുഭവത്തില്‍ കാണിച്ചുകൊടുത്തു. മാത്രമല്ല, ആ സംഭവത്തെ മറ്റുള്ളവര്‍ക്കുകൂടി ഒരു ദൃഷ്ടാന്തമാക്കുവാനും (ولنجعلك اية للناس) അല്ലാഹു ഇത് മുഖേന ഉദ്ദേശിച്ചിരിക്കുകയാണ്.
ഇക്കാലമത്രയും ഭക്ഷണപാനീയങ്ങ ള്‍ മാറ്റമൊന്നും കൂടാതെ ശേഷിച്ചതു തന്നെയാണ് അതിലടങ്ങിയ ഒരു ദൃഷ്ടാന്തം. അതുകൊണ്ട് അതിനെപ്പറ്റി പ്രത്യേകമൊന്നും പറയേണ്ടതില്ല. കഴുത ചത്തു ദ്രവിച്ചതാകട്ടെ, സാധാരണഗതിയില്‍ സ്വാഭാവികം മാത്രമാണ് അതുകൊണ്ട് കഴുതയിലൂടെ കാട്ടിക്കൊടുത്ത ദൃഷ്ടാന്തത്തെക്കുറിച്ചേ വിവരിക്കേണ്ടതുള്ളൂ. അത് ചത്തു ജീര്‍ണിച്ചിട്ടുണ്ടെന്നും എല്ലുകള്‍ മാത്രമാണ് ശേഷിപ്പുള്ളതെന്നും കണ്ട അദ്ദേഹത്തോട് ആ എല്ലുകളിലേക്ക് നോക്കുവാനും, അവയെ പുന:സംഘടിപ്പിച്ചു മാംസംകൊണ്ട് പൊതിഞ്ഞ് വീണ്ടും അതിനെ ജീവിപ്പിക്കുന്നത് ശ്രദ്ധിക്കുവാനും അല്ലാഹു കല്‍പിച്ചു. അദ്ദേഹം കാണെത്തന്നെ അത് സംഭവിച്ചിട്ടുണ്ടെന്ന് പിന്നെ എടുത്തുപറയേണ്ടതില്ല. ഇതെല്ലാം കണ്ടപ്പോള്‍ ആ മഹാന്‍ പറഞ്ഞുപോയി: അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്- ഒരു കാര്യവും അവനെ സംബന്ധിച്ചിടത്തോളം പ്രയാസകരമല്ല- എന്ന് ഞാനിതാ അനു ഭവംകൊണ്ട് കണ്ടറിയുന്നു എന്ന് (فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ) മുമ്പേ അറിഞ്ഞും, വിശ്വസിച്ചും വരുന്ന യഥാര്‍ത്ഥം കാഴ്ചയില്‍ കറിഞ്ഞുവെന്ന് സാരം. ഇവിടെ أَعْلَمُ (അഅ്‌ലമു) എന്ന വര്‍ത്തമാന ക്രിയയുടെ സ്ഥാനത്ത് إعْلَم (ഇഅ്‌ലം) എന്ന് ശാസനാ ക്രിയാ രൂപത്തിലും വായിക്കപ്പെട്ടിട്ടുണ്ട്. ‘അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് നീ അറിഞ്ഞുകൊള്ളുക എന്ന് അദ്ദേഹത്തോട് അല്ലാഹു പറഞ്ഞു’ എന്നായിരിക്കും അപ്പോള്‍ അര്‍ത്ഥം. രണ്ടായാലും അറിവ് (عِلم) കൊണ്ടുദ്ദേശ്യം അനുഭവപൂര്‍വമുള്ള അറിവുതന്നെ.
ഈ സംഭവം വിവരിച്ചു കഴിഞ്ഞശേഷം സയ്യിദ്ക്വുത്വ്ബ് (റ) പറഞ്ഞ ചില വാക്കുകള്‍ ഇവിടെ പ്രസ്താവയോഗ്യമാകുന്നു. അതിങ്ങിനെ ഉദ്ധരിക്കാം: ‘ഈ അസാധാരണ സംഭവം എങ്ങനെ ഉണ്ടായി? മറ്റെല്ലാ അസാധാരണ സംഭവങ്ങളും പോലെത്തന്നെ! അതെ, ഒന്നാമത്തെ ജീവിതത്തിലെ അസാധാരണത്വം പോലെത്തന്നെ! അല്ലാഹു ഉദ്ദേശിച്ച ഒരു മാര്‍ഗത്തിലൂടെ അത് സംഭവിച്ചുവെന്നല്ലാതെ- അതെങ്ങനെ (എന്തുകൊണ്ട്) സംഭവിച്ചുവെന്ന്- നമുക്കറിവില്ലല്ലോ. ജീവ ശാസ്ത്രജ്ഞന്‍മാരില്‍ വലിയ ആളായി ഗണിക്കപ്പെടുന്ന ഡാര്‍വിന്‍ അതാ ജീവനെ സംബന്ധിച്ച തന്‍റെ സിദ്ധാന്തത്തിലൂടെ ജീവന്‍റെ അഗാധതയിലേക്ക് പടിപടിയായി ഇറങ്ങിച്ചെന്ന് പരിശോധന നടത്തുവാന്‍ ശ്രമിക്കുന്നു. എന്നിട്ട് അവസാനം അതാ, ഒന്നാമത്തെ പടിയില്‍ച്ചെന്ന് നിലമുട്ടിപ്പോകുന്നു! ഒന്നാമത്തെ പടിയില്‍- അഥവാ കോശത്തില്‍ (Cell) ജീവന്‍ എങ്ങനെ വന്നുവെന്ന് അദ്ദേഹ ത്തിനറിഞ്ഞുകൂടാ. പക്ഷേ, മനുഷ്യന് മനസ്സിലാക്കുവാന്‍ കഴിയാത്തതെന്ന് സമ്മതിക്കേണ്ടിയിരുന്ന ഒരു ശക്തിയുണ്ടെന്ന് സമ്മതിച്ചുകൊടുക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. ഈ ഒന്നാമത്തെ പടിയിലെങ്കിലും ജീവന്‍ നല്‍കിയ ഒരു സ്രഷ്ടാവുണ്ടെന്ന് സമ്മതിക്കുവാനും അദ്ദേഹം തയ്യാറില്ല!….’
ഈ സംഭവത്തിലെ കഥാപാത്രമായ ആ മഹാന്‍ പിന്നീട് ജനങ്ങള്‍ക്കിടയില്‍ ചെന്നപ്പോള്‍, അദ്ദേഹത്തെ ആദ്യകാലത്ത് അറിയാമായിരുന്നവരും അങ്ങേഅറ്റം വാര്‍ദ്ധക്യം പിടിപെട്ടിരുന്നവരുമായ ചിലര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നും, ഞാന്‍ ഇന്ന ആളാണെന്ന് പറഞ്ഞപ്പോള്‍, അദ്ദേഹം എത്രയോ കാലം മുമ്പ് മരിച്ചുപോയിട്ടുണ്ടെന്നു പറഞ്ഞ് അവര്‍ അദ്ദേഹത്തെ വിശ്വസിച്ചില്ലെന്നും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. അദ്ദേഹം തന്‍റെ കഴുതപ്പുറത്ത് കയറിച്ചെന്ന് ഞാന്‍ ഉസൈറാണെന്ന് പറഞ്ഞപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ വ്യാജമാക്കി; അപ്പോള്‍ അദ്ദേഹം തൗറാത്ത് ഒരക്ഷരം പിഴ ക്കാതെ മന:പാഠം വായിച്ചു കേള്‍പിച്ചു; അപ്പോഴാണവര്‍ അദ്ദേഹത്തെ വിശ്വസിച്ചത്; അതുമുതല്‍ക്കാണ് അദ്ദേഹം അല്ലാഹുവിന്‍റെ മകനാണെന്ന് ഇസ്‌റാഈല്യര്‍ പറഞ്ഞു തുടങ്ങിയത്: തൗറാത്ത് കാണാപാഠം അറിയുന്നവര്‍ വേറെ ആരുമില്ലായിരുന്നു. എന്നിങ്ങനെയും ചിലരൊക്കെ പ്രസ്താവിച്ചിരിക്കുന്നു. ഇതെല്ലാം ശരിയാണോ അല്ലേ എന്ന് നമുക്ക് തീരുമാനിച്ചുകൂടാ. അല്ലാഹു പ്രകാശം നല്‍കുന്നതിന് ഉദാഹരണമായ മറ്റൊരു അസാധാരണ സംഭവമാണ് അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നത്:-
- وَإِذْ قَالَ إِبْرَٰهِۦمُ رَبِّ أَرِنِى كَيْفَ تُحْىِ ٱلْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَٰكِن لِّيَطْمَئِنَّ قَلْبِى ۖ قَالَ فَخُذْ أَرْبَعَةً مِّنَ ٱلطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ ٱجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ٱدْعُهُنَّ يَأْتِينَكَ سَعْيًا ۚ وَٱعْلَمْ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ ﴾٢٦٠﴿
- ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക); 'എന്‍റെ റബ്ബേ, മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ (ഒന്ന്) കാണിച്ചു തരേണമേ!' അവന്‍ [അല്ലാഹു] പറഞ്ഞു; 'നീ (അതില്‍) വിശ്വസിച്ചിട്ടില്ലേ?! [പിന്നെ എന്തിനാണിത് ആവശ്യപ്പെടുന്നത്?]' അദ്ദേഹം പറഞ്ഞു: 'ഇല്ലാതെ! (വിശ്വസിച്ചിട്ടുണ്ട്.) എങ്കിലും, എന്‍റെ ഹൃദയം സമാധാനമടയുവാന്‍ വേണ്ടിയാകുന്നു.' അവന്‍ [റബ്ബ്] പറഞ്ഞു: 'എന്നാല്‍ നീ പക്ഷികളില്‍ നിന്ന് ഒരു നാലെണ്ണം പിടിക്കുക; എന്നിട്ട് അവയെ നിന്‍റെ അടുക്കലേക്ക് കൂട്ടിച്ചേര്‍ത്തുകൊള്ളുക. പിന്നീട്, അവയില്‍ നിന്നുള്ള ഓരോ അംശം എല്ലാ (ഓരോ) മലകളിലും ആക്കിക്കൊള്ളുക; പിന്നെ, നീ അവയെ വിളിക്കുക- അവ നിന്‍റെ അടുക്കല്‍ ഓടി വരുന്നതാണ്. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാണെന്ന് നീ അറിഞ്ഞുകൊള്ളുക.'
- وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്‌റാഹീം رَبِّ أَرِنِي എന്‍റെ റബ്ബേ എനിക്ക് കാണിച്ചു തരണേ كَيْفَ تُحْيِي നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് الْمَوْتَىٰ മരണപ്പെട്ടവരെ قَالَ അവന്‍ പറഞ്ഞു أَوَلَمْ تُؤْمِن നീ വിശ്വസിച്ചിട്ടില്ലേ قَالَ بَلَىٰ അദ്ദേഹം പറഞ്ഞു ഇല്ലാതേ (ഉണ്ട്) وَلَٰكِن എങ്കിലും لِّيَطْمَئِنَّ സമാധാനമടയുവാന്‍ (ശാന്തമാകുവാന്‍) വേണ്ടിയാണ് قَلْبِي എന്‍റെ ഹൃദയം, മനസ്സ് قَالَ فَخُذْ അവന്‍ പറഞ്ഞു എന്നാല്‍ നീ പിടിക്കുക, എടുക്കുക أَرْبَعَةً നാലെണ്ണം مِّنَ الطَّيْرِ പക്ഷികളില്‍ നിന്ന് فَصُرْهُنَّ إِلَيْكَ എന്നിട്ട് അവയെ നിന്നിലേക്ക് കൂട്ടിച്ചേര്‍ക്കുക, പാട്ടിലാക്കുക, വശീകരിക്കുക, ക്ഷണിച്ചെടുക്കുക ثُمَّ اجْعَلْ പിന്നെ നീ ആക്കുക عَلَىٰ كُلِّ جَبَلٍ എല്ലാ മലമേലും, മലയിലും مِّنْهُنَّ جُزْءًا അവയില്‍ നിന്ന് ഒരംശം, (ഒരു ഭാഗം) ثُمَّ ادْعُهُنَّ പിന്നെ അവയെ വിളിക്കുക يَأْتِينَكَ എന്നാലവ നിന്‍റെ അടുക്കല്‍ വരും سَعْيًا ഓടിക്കൊണ്ട് (വേഗം) وَاعْلَمْ നീ അറിഞ്ഞുകൊള്ളുക أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്ന് عَزِيزٌ പ്രതാപശാലി حَكِيمٌ അഗാധജ്ഞന്‍, യുക്തിമാന്‍
അല്ലാഹുവിന്‍റെ കഴിവ് അപാരമാണ്. മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ അവന് ഒട്ടും പ്രയാസമില്ല. പ്രകൃതിനിയമങ്ങളെന്ന് കരുതപ്പെടുന്ന സാധാരണ നടപടിക്രമങ്ങള്‍ക്ക തീതമായ ചില സംഭവങ്ങള്‍ അല്ലാഹു ഈ ലോകത്ത് വെളിപ്പെടുത്താറുണ്ട്. എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പ്രത്യക്ഷ ദൃഷ്ടാന്തമായ ഒരു സംഭവം കഴിഞ്ഞ വചനത്തില്‍ വിവരിച്ചശേഷം, അതേ തരത്തിലുള്ള മറ്റൊരു സംഭവം കൂടി ഈ വചനത്തില്‍ അല്ലാഹു വിവരിച്ചിരിക്കുന്നു. ആ സംഭവത്തിലെ കഥാനായകനായ ദൃക്‌സാക്ഷി ഏത് വ്യക്തിയായിരുന്നുവെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടില്ല. അതൊരു പ്രവാചകനായിരുന്നുവെന്നാണ് ആ ആയത്തില്‍ നിന്നും മറ്റും മനസ്സിലാകുന്നതെന്ന് മാത്രം. ഈ സംഭവത്തിലെ കഥാ നായകനും ദൃക്‌സാക്ഷിയുമായ വ്യക്തി, പ്രവാചക കുടുംബത്തലവനായ ഇബ്‌റാഹീം നബി (അ)യാകുന്നു. അദ്ദേഹത്തെ സംബന്ധിച്ചും, അദ്ദേഹത്തിന് അല്ലാഹു നല്‍കിയിട്ടുള്ള സ്ഥാനപദവികളെക്കുറിച്ചും ക്വുര്‍ആനുമായി അല്‍പമാത്രമെങ്കിലും ബന്ധമുള്ള ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അല്ലാഹു അദ്ദേഹത്തെ ഒരു (ഉറ്റ) ചങ്ങാതിയാക്കിയിരിക്കുന്നു. (واتَّخَذَ اللَّهُ إِبْرَاهِيمَ خلِيلاً) എന്നും, ആകാശഭൂമികളുടെ രാജാധിപത്യം അദ്ദേഹത്തിന് അല്ലാഹു കാണിച്ചുകൊടുത്തിരുന്നു.
وَكَذَٰلِكَ نُرِي إِبْرَاهِيمَ مَلَكُوتَ السَّمَاوَاتِ وَالْأَرْضِ – الأنعام ٧٥
എന്നുമുള്ള രണ്ട് വചനങ്ങള്‍ മാത്രം മതി, അദ്ദേഹത്തിന് അല്ലാഹു നല്‍കിയ ബഹുമതികളെപ്പറ്റി മനസ്സിലാക്കുവാന്‍.
പ്രവാചകന്‍മാര്‍ക്ക് അവരുടെ പ്രബോധനദൗത്യം കാര്യകാരണസഹിതം വ്യക്തമായ ദൃഷ്ടാന്തങ്ങളിലൂടെയും, അനുഭവത്തിന്‍റെ സാക്ഷ്യങ്ങളിലൂടെയും വസ്തുനിഷ്ഠമായും സ്പഷ്ടമായും നിര്‍വഹിക്കുവാന്‍ കഴിയത്തക്കവണ്ണം, മറ്റുള്ളവര്‍ക്ക് ലഭിക്കാത്തതും ലഭിക്കുവാന്‍ സാധ്യതയില്ലാത്തതുമായ ചില വെളിപാടുകളും, കാഴ്ചപ്പാടുകളും അവര്‍ക്ക് അല്ലാഹു നല്‍കുന്നു. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് -ഹദീഥുകളില്‍ സ്ഥിരപ്പെട്ടതുപോലെ- സ്വര്‍ഗവും നരകവും പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഇസ്‌റാഉം മിഅ്‌റാജും (ബൈത്തുല്‍ മുക്വദ്ദസിലേക്കുള്ള രാവുയാത്രയും വാനാരോഹണയാത്രയും) ഉണ്ടായത്. ജിബ്‌രീല്‍ (അ)നെ അദ്ദേഹത്തിന്‍റെ സാക്ഷാല്‍രൂപത്തില്‍ കാണുവാന്‍ കഴിഞ്ഞത്, മൂസാ (അ) അല്ലാഹുവിന്‍റെ സംസാരം കേട്ടത്, കഴിഞ്ഞ വചനത്തില്‍ വിവരിച്ച സംഭവം ആദിയായവയെല്ലാം ഇതിന് ഉദാഹരണങ്ങളാകുന്നു. വസ്തുതകള്‍ നേരില്‍ കണ്ടറിഞ്ഞവര്‍ നല്‍കുന്ന വിവരണവും, ദൃഷ്ടാന്തങ്ങളും തെളിവുകളും മുഖേന- അവ എത്രതന്നെ ശക്തങ്ങളും വ്യക്തങ്ങളുമായിരുന്നാലും ശരി- നല്‍കപ്പെടുന്ന വിവരണവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറയേണ്ടതില്ലല്ലോ.
മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ അല്ലാഹുവിന് നിഷ്പ്രയാസം കഴിയുമെന്ന് ഇബ്‌റാഹീം (അ)ന് ശരിക്കും അറിയാം. അതിലദ്ദേഹത്തിന് ദൃഢമായ വിശ്വാസവുമുണ്ട്. എന്നാലും സ്വന്തം കണ്ണുകൊണ്ട് അതിനൊരു മാതൃക കാണുവാന്‍ കഴിഞ്ഞാല്‍ അത് തനിക്കൊരു മനസ്സമാധാനമായിത്തീരുമെന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിന്‍റെ അറിവും വിശ്വാസവും പൂര്‍വാധികം ശക്തമാകുവാനും, അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പ്രബോധന വേളയില്‍ മരണാനന്തര ജീവിതത്തെപ്പറ്റി ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുവാനും അത് ഉപകരിക്കുമല്ലോ. അങ്ങനെ, അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: ‘എന്‍റെ രക്ഷിതാവേ, മരണപ്പെട്ടവരെ നീ ജീവിപ്പിക്കുന്നതെങ്ങനെയാണെന്ന് എനിക്കൊന്ന് കാട്ടിത്തരേണമേ!’ ആ വിഷയത്തില്‍ അദ്ദേഹത്തിന് ഒട്ടും സംശയമോ ആശ യക്കുഴപ്പമോ ഇല്ലെന്ന് അല്ലാഹുവിന് അദ്ദേഹത്തെക്കാള്‍ അറിയാം. എങ്കിലും അദ്ദേഹ ത്തിന്‍റെ നില അദ്ദേഹത്തിന്‍റെ വാക്കിലൂടെത്തന്നെ രേഖപ്പെടുത്തി ജനങ്ങള്‍ക്ക് യഥാര്‍ത്ഥം ഗ്രഹിക്കുവാന്‍ വേണ്ടി അല്ലാഹു അദ്ദേഹത്തോട് ചോദിച്ചു: ‘നീ അതറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിട്ടില്ലേ?’ പിന്നെ എന്തിനാണിത് ആവശ്യപ്പെടുന്നത്? എന്ന് താല്‍പര്യം. അദ്ദേഹം മറുപടി പറഞ്ഞു: ‘അല്ലാഹുവേ, ഇല്ലാതേ! തീര്‍ച്ചയായും എനിക്കതിനെപ്പറ്റി അറിവും വിശ്വാസവുമുണ്ട്. എന്നാലും നേരില്‍ കണ്ടറിഞ്ഞാലുണ്ടാകുന്ന മനസ്സമാധാനം ഒന്ന് വേറെത്തന്നെയാണല്ലോ. അതിനുവേണ്ടി മാത്രമാണ് ഈ അപേക്ഷ.’ അല്ലാഹു അപേക്ഷ സ്വീകരിച്ചുകൊണ്ട് ഇങ്ങനെ അറിയിച്ചു: ‘ശരി, എന്നാല്‍ നീ ഏതെങ്കിലും നാല് പക്ഷികളെ പിടിച്ചു വശപ്പെടുത്തിക്കൊണ്ടുവരിക. എന്നിട്ട് അവയുടെ ഓരോ അംശം എല്ലാ മലകളിലും കൊണ്ടുപോയി വെച്ചേക്കുക. പിന്നീട് ആ പക്ഷികളെ നീ വിളിച്ചേക്കുക. എന്നാലവ ജീവന്‍ പൂണ്ടു നിന്‍റെ അടുക്കല്‍ ഓടിയെത്തുന്നത് നിനക്ക് കാണാം.’ ഇത്രയും സംഗതികളാണ് അല്ലാഹു ഈ സംഭവത്തെപ്പറ്റി വിവരിച്ചത്. ഇബ്‌റാഹീം (അ) കല്‍പനപ്രകാരം നാല് പക്ഷികളെ പിടിച്ചു അങ്ങനെ ചെയ്തിരിക്കുമെന്നും, അവ ചത്ത ശേഷം വീണ്ടും ജീവിച്ചു അദ്ദേഹത്തിന്‍റെ അടുക്കല്‍ ഓടിവന്നിരിക്കുമെന്നും നമുക്ക് ഖണ്ഡിതമായും തീര്‍ത്തും പറയാവുന്നതാണ്.
ഏതെങ്കിലും തരത്തിലുള്ള വളച്ചൊടിക്കലോടുകൂടിയോ ഒരു മുന്‍വിധി മനസ്സില്‍ വെച്ചുകൊണ്ടോ അല്ലാതെ, നിഷ്പക്ഷ ബുദ്ധിയോടും സത്യാന്വേഷണ മനഃസ്ഥിതിയോടും കൂടി അല്ലാഹുവിന്‍റെ ഈ പ്രസ്താവനയെപ്പറ്റി ആലോചിക്കുന്ന ഏവര്‍ക്കും മനസ്സിലാക്കാവുന്നതും, മനസ്സിലാക്കിയിരിക്കേണ്ടതുമായ ഏതാനും ചില കാര്യങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കാം:-
(1) മരണപ്പെട്ടവരെ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് ആശ്ചര്യരൂപത്തിലോ, സംശയരൂപത്തിലോ ചോദിക്കുകയല്ല ഇബ്‌റാഹീം (അ) ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് ഉറപ്പായി വിശ്വാസമുള്ള അക്കാര്യം സംഭവിക്കുന്നതിന്‍റെ ഒരു രൂപം തനിക്കൊന്ന് കാണിച്ചുതരേണമേ എന്ന് അല്ലാഹുവിനോട് അപേക്ഷിക്കുകയാണദ്ദേഹം ചെയ്തത്.
(2) ഭൂമിയെയോ, രാജ്യത്തെയോ, സമുദായത്തെയോ ഉദ്ധരിക്കുക -അഭിവൃദ്ധിപ്പെടുത്തുക- എന്ന അര്‍ത്ഥത്തില്‍ ‘ജീവിപ്പിക്കുക (احياء)’ എന്ന് പറയപ്പെടാറുണ്ടെങ്കിലും ഇവിടെ ‘ജീവിപ്പിക്കല്‍’ കൊണ്ടുദ്ദേശ്യം സാക്ഷാല്‍ അര്‍ത്ഥത്തിലുള്ള ജീവിപ്പിക്കല്‍- ജീവന്‍ നല്‍കി എഴുന്നേല്‍പിക്കല്‍- തന്നെയാകുന്നു. കാരണം, മരണപ്പെട്ടവരെ (الْمَوْتَىٰ) ജീവിപ്പിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ഭൂമിയെയോ ജനങ്ങളെയോ കുറിച്ചല്ല. مَوْتَىٰ എന്ന വാക്കിന് ഭാഷയിലും പ്രയോഗത്തിലുമൊക്കെ ‘മരണപ്പെട്ടവര്‍’ എന്ന അര്‍ത്ഥം തന്നെയാണുള്ളതും ക്വുര്‍ആനില്‍ പതിനേഴ് സ്ഥലങ്ങളില്‍ ഈ വാക്ക് കാണാം. ആ സ്ഥലങ്ങള്‍ പരിശോധിച്ചാല്‍ അവിടെയെല്ലാം ഈ അര്‍ത്ഥം തന്നെയാ ണുദ്ദേശ്യമെന്ന് കാണാവുന്നതാണ്.
(3) അദ്ദേഹത്തിന്‍റെ ചോദ്യം മനസ്സമാധാനത്തിന് വേണ്ടിയായിരിക്കെ, ഒന്നുകില്‍ അദ്ദേഹത്തിന്‍റെ ആഗ്രഹവും അപേക്ഷയും നിവൃത്തിച്ചുകൊടുക്കുക, അല്ലെങ്കില്‍ നിരുപാധികമോ സോപാധികമോ അതിനെ നിരാകരിക്കുക. ഈ രണ്ടിലൊരു രൂപത്തിലുള്ളതായിരിക്കണം മറുപടി. അഥവാ, മരിച്ചവരെ ജീവിപ്പിക്കുവാന്‍ അല്ലാഹുവിന് സാധിക്കുമെന്ന് വല്ല ഉപമ മുഖേനയോ, തെളിവ് മുഖേനയോ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുന്ന ഒരു മറുപടിയല്ല ഇവിടെ ആവശ്യം. അല്ലാഹു നല്‍കിയ മറുപടിയാകട്ടെ, അപേക്ഷ നിരുപാധികം സമ്മതിച്ചു കൊണ്ടുള്ളതാണ്. നാല് പക്ഷികളെ പിടിച്ചു ഇന്നിന്ന പ്രകാരമൊക്കെ ചെയ്താല്‍ മരിച്ചവരെ ജീവിപ്പിക്കുന്നതെങ്ങനെയാണെന്ന് നിനക്ക് കണ്ടറിയാമെന്നാണല്ലോ അതിന്‍റെ ചുരുക്കം.
(4) പക്ഷികളുടെ ഇനത്തില്‍ പെട്ട നാലെണ്ണമെന്നേ അല്ലാഹു പറഞ്ഞിട്ടുള്ളൂ. ഇന്നിന്ന പക്ഷികളായിരിക്കണമെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം പിടിച്ചുകൊണ്ടുവന്ന പക്ഷികള്‍ ഇന്നിന്നവയായിരുന്നുവെന്ന് കാണിക്കുന്ന ചില പ്രസ്താവനകള്‍ ചില തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ കാണാമെങ്കിലും, അതിന് വിശ്വാസയോഗ്യമായ തെളിവില്ലാത്തതുകൊണ്ടും, പക്ഷികളുടെ പേര് നിര്‍ണയിച്ചറിയുന്നതില്‍ പ്രത്യേകം പ്രയോജനമൊന്നുമില്ലാത്തതു കൊണ്ടും നാം അതൊന്നും ഇവിടെ ഉദ്ധരിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല.
(5) പക്ഷികളെ പിടിച്ച ശേഷം അവയെക്കൊണ്ട് എന്ത് ചെയ്യണമെന്ന വിവരണത്തിലെ ചില വാക്കുകളെപ്പറ്റി അല്‍പമൊന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാല്‍ മാത്രമേ സംഭവത്തിന്‍റെ യഥാര്‍ത്ഥ രൂപം വ്യക്തമാകുകയുള്ളൂ:-
(ഒന്ന്): صرْهُنّ إَلَيْكَ ഇത് ‘സ്വര്‍ഹുന്ന’ എന്നും ‘സ്വിര്‍ഹുന്ന’ എന്നും വായിക്കപ്പെട്ടിട്ടുണ്ട്. ഒന്നാമത്തെ വായനയാണ് കൂടുതല്‍ പ്രസിദ്ധമായത്. തഫ്‌സീര്‍ ഗ്രന്ഥങ്ങളും, ഹദീഥ് ഗ്രന്ഥങ്ങളും, അറബി നിഘണ്ടുകളും പരിശോധിക്കുമ്പോള്‍ ഈ വാക്കിന് ഭാഷാര്‍ത്ഥമെന്ന നിലക്കോ, ഉദ്ദേശ്യാര്‍ത്ഥമെന്ന നിലക്കോ നല്‍കപ്പെട്ടു കാണുന്ന അര്‍ത്ഥ ങ്ങള്‍ ഇവയാകുന്നു: املھن : اضمعھن : اجمعھن : قطعھن : اوثقھن ഇവയില്‍ ഒന്നാമത്തേ തായ اَمِل (‘അമില്‍’) എന്ന വാക്കിന് വശപ്പെടുത്തുക, പാട്ടിലാക്കുക, ചായ്‌വുണ്ടാക്കുക, സ്വാധീനിക്കുക, വശീകരിക്കുക, വളക്കുക, ഒടിക്കുക, ചെരിക്കുക, മറിക്കുക എന്നൊക്കെ സന്ദര്‍ഭംപോലെ ഭാഷാന്തരം നല്‍കാം. കൂടുതല്‍ വിവരം താഴെ വരുന്നുമുണ്ട്. اضعمھن എന്ന വാക്കിന് കൂട്ടിച്ചേര്‍ക്കുക എന്നും اجمعھن എന്നതിന് ഒരുമിച്ചു കൂട്ടുക, ശേഖരിക്കുക എന്നും, قطعھن എന്നതിന് കഷ്ണിക്കുക, മുറിക്കുക എന്നും, اوثقھن എന്നതിന് ബന്ധിക്കുക, കൂട്ടികെട്ടുക എന്നും മലയാളത്തില്‍ വിവര്‍ത്തനം നല്‍കാം. ഈ ക്രിയയുടെ തൊട്ട് اليك (നിങ്കലേക്ക്) എന്ന് കൂടിയുള്ളതുകൊണ്ട് നാലാമത്തെ അര്‍ത്ഥമായ قطعھن (കഷ്ണിക്കുക) എന്ന അര്‍ത്ഥം ഇവിടെ യോജിക്കുകയില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പക്ഷേ, اِلَى (ഇലാ) എന്ന അവ്യയത്തോട് യോജിക്കുന്ന ഒരര്‍ത്ഥംകൂടി അതില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും (*) അപ്പോള്‍ ‘അവയെ ക്ഷണിച്ചുകൊണ്ടുവരുക’ എന്നോ ‘കൊണ്ടുവന്ന് ക്ഷണിക്കുക’ എന്നോ അര്‍ത്ഥമാകാമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. മേല്‍കണ്ട അര്‍ത്ഥങ്ങളില്‍ ഒന്നുമാത്രം പറഞ്ഞവരെയും, രണ്ടോ മൂന്നോ അര്‍ത്ഥങ്ങള്‍ ഒന്നിച്ചു പറഞ്ഞവരെയും കാണാം. ഇതെല്ലാംകൂടി പരിശോധിക്കുമ്പോള്‍ فَصُرْهُنّ إَلَيْكَ എന്ന വാക്യത്തിന്‍റെ സാരം ആ പക്ഷികളെ പിടിച്ചുകൊണ്ടുവന്ന് നിന്‍റെ പാട്ടിലാക്കി വെക്കുക എന്നോ, അല്ലെങ്കില്‍ അവയെ പിടിച്ചുകൊണ്ടുവന്നു കഷ്ണിക്കുക എന്നോ -ഈ രണ്ടില്‍ ഒന്ന്- ആയിരിക്കും ഉദ്ദേശ്യം.
(*) അറബി സാഹിത്യശാസ്ത്ര (علم البلاغة)ത്തില്‍ ഇതിന് تضمين (ഒരു ക്രിയയില്‍ മറ്റൊരു ക്രിയയുടെ അര്‍ത്ഥം കൂടി ഉള്‍ക്കൊള്ളിക്കുക) എന്ന് സാങ്കേതികമായി പറയപ്പെടുന്നു.
(രണ്ട്): ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا (പിന്നീട് എല്ലാ മലയിലും അവയില്‍നിന്ന് ഓരോ അംശം ആക്കിക്കൊള്ളുക.) എന്ന വാക്യത്തില്‍ എല്ലാ മലകളുമെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം ചുറ്റുപാടില്‍ സൗകര്യപ്പെട്ട എല്ലാ മലകളിലും എന്നല്ലാതെ ഭൂമിയിലുള്ള എല്ലാ മലകളുമാണെന്ന് ആരും ധരിക്കുകയില്ല. ‘അംശം’ എന്നര്‍ത്ഥം കൊടുത്ത جُزْء (ജുസ്ഉ്) നെപ്പറ്റിയാണ് അല്‍പം ആലോചിക്കുവാനുള്ളത്. ഏതെങ്കിലും ഒരു വസ്തുവിന്‍റെ അംശം- അതിന്‍റെ ഒരു ഭാഗം- എന്ന അര്‍ത്ഥത്തിലും പലതും ചേര്‍ന്നുള്ള ഒരു കൂട്ടത്തില്‍ നിന്ന് ഒരംശം -അതില്‍പെട്ട ചിലത്- എന്ന അര്‍ത്ഥത്തിലും അത് ഉപയോ ഗിക്കപ്പെടാറുണ്ട്. ആദ്യത്തെ അര്‍ത്ഥം സ്വീകരിക്കുന്നപക്ഷം പക്ഷികളെ അറുത്തോ മുറിച്ചോ കഷ്ണിച്ചു അവയുടെ ഓരോ അംശം എല്ലാ മലയിലും കൊണ്ടുപോയി ഇട്ടേക്കണമെന്ന് സാരമായിരിക്കും. രണ്ടാമത്തെ അര്‍ത്ഥം എടുക്കുമ്പോള്‍ ആ നാല് പക്ഷി കളില്‍ ഓരോ വിഭാഗത്തെ- ഓരോന്നിനെ, അല്ലെങ്കില്‍ ചിലതിനെ- എല്ലാ മലയിലും കൊണ്ടുപോയി വെക്കണമെന്നും സാരമായിരിക്കും. രണ്ട് കാരണം കൊണ്ട് ആദ്യത്തെ അര്‍ത്ഥവും സാരവുമാണിവിടെയുള്ളതെന്ന് പറയേണ്ടിയിരിക്കുന്നു. 1-ാമതായി: جُزْء എന്ന വാക്ക് രണ്ടര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടുമെങ്കിലും ആദ്യത്തെ അര്‍ത്ഥത്തിലാണ് അതിന് കൂടുതല്‍ വ്യക്തതയും പ്രചാരവും ഉള്ളത്. 2-ാമതായി എല്ലാ മലകളിലും (على كُلّ جبل) എന്നല്ലാതെ മലകളുടെ എണ്ണം വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് കുറേ അധികം മലകളിലും വേണമെങ്കില്‍ വെക്കാവുന്നത്ര جُزْء (അംശം)കള്‍ ഉണ്ടായിരിക്കണമല്ലോ. എത്ര മലകളിലാണ് അദ്ദേഹം വച്ചെതെന്നുള്ളതിന് തെളിവുകളൊന്നുമില്ല. നാല് മലയിലാണെന്നും ഏഴ് മലകളിലാണെന്നും ചിലര്‍ പറഞ്ഞിട്ടുണ്ടെന്നു മാത്രം. പക്ഷി കളെ അറുത്തു കഷ്ണിക്കാതെ ഭാഗിച്ചു കൊണ്ടുപോയി വെക്കുകയാണെങ്കില്‍ അധികരിച്ചാല്‍ നാല് മലകളില്‍ മാത്രമേ വെക്കുവാന്‍ കഴിയുകയുള്ളൂവെന്ന് വ്യക്തമാണ്. അപ്പോള്‍ ‘എല്ലാ മലകളിലും’ എന്ന് അല്ലാഹു പറഞ്ഞതിന് വിശേഷിച്ചും അര്‍ത്ഥമൊന്നുമില്ലെന്നുവരും. യഥാര്‍ത്ഥത്തില്‍ ആ വാക്കാകട്ടെ, ഇബ്‌റാഹീം (അ)ന് സൗകര്യം തോന്നുന്ന എല്ലാ മലയിലും- അവ നാലോ ഏഴോ കൂടുതലോ ആയാലും ശരി- കൊണ്ടുപോയിവെക്കാമെന്നാണ് കുറിക്കുന്നത്. എന്നിരിക്കെ, തെളിവായി സ്വീകരിക്കുവാന്‍ പര്യാപ്തമല്ലാത്ത വല്ല രിവായത്തുകളെയും പൊക്കിപ്പിടിച്ചുകൊണ്ടോ മറ്റോ അവയെ നാലോ മൂന്നോ രണ്ടോ ആയി ഗണിക്കുന്നത് ന്യായമല്ല. صُرْهُنّ എന്ന വാക്കിന് കഷ്ണിക്കുക എന്ന് അര്‍ത്ഥമില്ലെങ്കില്‍ പോലും അവയെ അദ്ദേഹം ആ മലകളില്‍ കൊണ്ടുപോയി വെക്കത്തക്കവണ്ണം അംശങ്ങളാക്കിയിരിക്കുമല്ലോ.
(മൂന്ന്:) ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا (പിന്നെ നീ അവയെ വിളിക്കുക. അവ നിന്‍റെ അടുക്കല്‍ ഓടിവരുന്നതാണ്.) അതായത് ഏതൊരു പക്ഷികളുടെ അംശങ്ങളാണോ അദ്ദേഹം പല മലകളിലായി കൊണ്ടുപോയി വെച്ചിരിക്കുന്നതെങ്കില്‍, ആ പക്ഷികളെ അദ്ദേഹം വിളിച്ചാല്‍ അവ അദ്ദേഹത്തിന്‍റെ അടുക്കല്‍ ഓടിവരുന്നത് കാണാം. അതെ, പല അംശങ്ങളാക്കി ഭാഗിച്ചു പല മലകളിലും കൊണ്ടുപോയിവെച്ച ആ അംശങ്ങള്‍ പരസ്പരം കൂടിച്ചേര്‍ന്നു അവക്ക് വീണ്ടും ജീവന്‍വെച്ചു ഓടിവരുന്നത് കാണുന്നതോടെ അദ്ദേഹ ത്തിന്‍റെ അപേക്ഷ നിവൃത്തിക്കപ്പെടുകയും, ആഗ്രഹം സാക്ഷാല്‍കരിക്കപ്പെടുകയും ചെയ്യും എന്ന് താല്‍പര്യം.
(6) എനി ഇബ്‌റാഹീം നബി (അ) അങ്ങനെയെല്ലാം ചെയ്തുവോ? അദ്ദേഹം വിളിച്ച പ്പോള്‍ അവ ജീവനോടെ ഓടിവന്നോ? എന്നാണുള്ളത്. സന്ദര്‍ഭംകൊണ്ട് വ്യക്തമാകുന്ന സംഗതികള്‍ പ്രത്യേകം എടുത്തുപറയേണ്ടുന്ന ആവശ്യമില്ലല്ലോ. അതുകൊണ്ട് ഇതിനെ പ്പറ്റി അല്ലാഹു ഒന്നും പ്രസ്താവിച്ചിട്ടില്ല. പ്രസ്താവിക്കാതെത്തന്നെ അറിയാവുന്ന താണത്. മുമ്പോ പിമ്പോ ഉള്ള വാക്കുകളില്‍നിന്നും സന്ദര്‍ഭങ്ങളില്‍ നിന്നും വ്യക്തമാ കുന്നതോ, അറിയപ്പെടാവുന്നതോ ആയ ചില കാര്യങ്ങളെ വ്യക്തമാക്കാതെ മൗനമവലംബിക്കുക ക്വുര്‍ആനിലും ഭാഷാസാഹിത്യങ്ങളിലും പതിവാണ്. ‘ഞാന്‍ ഇന്നലെ അവന്‍റെ വീട്ടില്‍ ചെല്ലുവാന്‍ ഞങ്ങള്‍ തമ്മില്‍ നിശ്ചയിച്ചിരുന്നു: അപ്പോഴാണ് അവന്‍ എന്നോട് അക്കാര്യം പറഞ്ഞത്.’ എന്ന് ഒരാള്‍ പറഞ്ഞാല്‍, ‘അങ്ങനെ ഞാന്‍ അവന്‍റെ വീട്ടില്‍ചെന്നു’ എന്നൊരു വാക്യം അതില്‍ ലോപിച്ചുപോയിട്ടുണ്ടെന്നും, ആ അവസരത്തിലാണ് അക്കാര്യം പറഞ്ഞത് എന്നുമാണതിന്‍റെ ഉദ്ദേശ്യമെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇബ്‌റാഹീം നബി (അ)യെ അഗ്നിയില്‍ എറിയുവാന്‍ ജനങ്ങള്‍ തീരുമാനിച്ച വിവരം (21:68 ലും, 37:97 ലും) അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അവരെ പരാ ജയപ്പെടുത്തിയെന്നും അദ്ദേഹത്തെ രക്ഷിച്ചുവെന്നും തുടര്‍ന്നു പറയുന്നുമുണ്ട്. അദ്ദേ ഹത്തെ അവര്‍ അഗ്നിയില്‍ ഇട്ടുവെന്ന് തീര്‍ച്ചയാണ്. എന്നാല്‍ ആ വാക്ക് ക്വുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടില്ല. കാരണം അത് പറയാതെത്തന്നെ വ്യക്തമാണ്. കഴിഞ്ഞവച നത്തില്‍ ആ മഹാന്‍റെ ഭക്ഷണപാനീയങ്ങളെപ്പറ്റി لَمْ يَتَسَنَّهْ (അത് പഴക്കം ചെന്നു മാറ്റം വന്നിട്ടില്ല.) എന്ന് പറഞ്ഞതുപോലെ, കഴുതയെപ്പറ്റി അത് ചത്ത് ജീര്‍ണിച്ചുവെന്നോ മറ്റോ പറഞ്ഞിട്ടില്ല. കാരണം പിന്നീട് എല്ലുകളെനോക്കാന്‍ (وَانظُرْ إِلَى الْعِظَامِ) പറഞ്ഞ തില്‍ നിന്നും മറ്റും അത് ശരിക്കും വ്യക്തമാകുന്നുണ്ട്. ഇതുപോലെ ധാരാളക്കണക്കില്‍ ഇതിന് ഉദാഹരണങ്ങള്‍ ക്വുര്‍ആനില്‍ കാണാം. മാത്രമല്ല, മരിച്ചവരെ ജീവിപ്പിക്കുന്നത് തനിക്കു കാണിച്ചു കൊടുക്കുവാനാണ് ഇബ്‌റാഹീം (അ)ന്‍റെ അപേക്ഷ. അപ്പോള്‍ ഇന്നിന്ന പ്രകാരം ചെയ്താല്‍ ഇന്നത് സംഭവിക്കുമെന്ന് പറഞ്ഞു മതിയാക്കുകയും, അത് നടപ്പില്‍ വരുത്തി കാട്ടിക്കൊടുക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, ആ അപേക്ഷ സ്വീകരിക്കപ്പെട്ടുവെന്ന് പറഞ്ഞുകൂടാ. തെളിവുകള്‍ മുഖേന മുമ്പ് അദ്ദേഹത്തിന് ലഭിച്ചിരുന്ന വിശ്വാസത്തിന് പുറമെ ഒരു പ്രത്യേക മനസ്സമാധാനം അതുമൂലം അദ്ദേഹത്തിന് ലഭി ക്കുവാനും പോകുന്നില്ല. الله أعلم
(7) എന്ന വാക്കിന് ‘ആ പക്ഷികളെ നിന്‍റെ അടുക്കലേക്ക് കൂട്ടിച്ചേര്‍ക്കുക’ എന്ന് അര്‍ത്ഥമാണെങ്കില്‍ ആ കല്‍പനയുടെ ഉദ്ദേശ്യം എന്തായിരിക്കുമെന്ന് ചോദിക്കപ്പെടാം. ഇതിന് ക്വുര്‍ആ ന്‍ വ്യാഖ്യാതാക്ക ള്‍- താഴെ കാണുന്നതുപോലെ- യുക്തമായ മറുപടി പറഞ്ഞിട്ടുണ്ട്. പക്ഷികളെ പിടിച്ച ഉടനെത്തന്നെ- അവയുടെ രൂപം, വലുപ്പം, വര്‍ണം മുതലായവനോക്കി പരിചയപ്പെടുന്നതിന് മുമ്പായി- അവയെ അറുത്ത് കഷ്ണിച്ചു മലമേല്‍ കൊണ്ടുപോയി ഇട്ടേക്കുന്ന പക്ഷം, അദ്ദേഹം വിളിക്കുമ്പോള്‍ ഓടിവരുന്ന പക്ഷികള്‍ മുമ്പത്തെ പക്ഷികള്‍ തന്നെയാണോ, അവയില്‍ വല്ലമാറ്റവും സംഭവിച്ചിട്ടുണ്ടോ എന്നൊന്നും അദ്ദേഹത്തിന് മനസ്സിലാക്കുവാന്‍ കഴിയുകയില്ലല്ലോ. അതുകൊണ്ട് നേരത്തെത്തന്നെ അവയുമായി പരിചയപ്പെടുകയാണ് ഈ കല്‍പനകൊണ്ടുദ്ദേശ്യം എന്നത്രെ അത്.
(8) കഴിഞ്ഞ വചനത്തില്‍ കണ്ടതുപോലെ- അല്ല, മിക്ക വചനങ്ങളിലും കാണാവുന്നതുപോലെ- ഈ വചനത്തിന്‍റെ അവസാനവും അതിലെ ഉള്ളടക്കത്തെ കൂടുതല്‍ ദൃഢപ്പെടുത്തുന്ന ഒരു സമാപന വാക്യം അല്ലാഹു പറഞ്ഞിരി ക്കുന്നു. وَاعْلَمْ أَنَّ اللَّهَ عَزِيزٌ حَكِيمٌ (അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാണെന്ന് നീ അറിഞ്ഞുകൊള്ളുക) എന്ന ആ വാക്യം. عَزِيزٌ എന്നാല്‍ ‘പ്രതാപമുള്ളവന്‍, വീര്യമുള്ളവന്‍, ഊക്കന്‍, ശക്തന്‍, ബഹുമാന്യന്‍’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. حَكِيمٌ എന്നാല്‍ ‘അഗാധമായ ജ്ഞാനമുള്ളവന്‍, യുക്തിമാന്‍, വിജ്ഞാനി, തത്വജ്ഞന്‍’ എന്നി ങ്ങനെയും അര്‍ത്ഥം പറയാം. അല്ലാഹുവിന്‍റെ ഈ രണ്ട് ഗുണവിശേഷങ്ങളും ഇവിടെ എടുത്ത് പറഞ്ഞതിലുള്ള സൂചന ഇതാണ്: അവന്‍ പ്രതാപശാലിയായതുകൊണ്ട് അവന്‍ ഉദ്ദേശിക്കുന്ന ഏതൊരു കാര്യവും നടപ്പില്‍ വരുത്തുവാന്‍ അവന് കഴിയും. അവനെ പരാജയെ പ്പടുത്തുവാനോ മുടക്കം ചെയ്യാനോ ഒരു ശക്തിക്കും സാദ്ധ്യമല്ല. അവന്‍ അഗാധജ്ഞനായതു കൊണ്ട് ഓരോ കാര്യവും എങ്ങനെ, എപ്പോള്‍ വേണം എന്നൊക്കെ അവനറിയാം. അതനുസരിച്ചായിരിക്കും അവന്‍റെ പ്രവര്‍ത്തന ങ്ങള്‍. അയുക്തികമായോ അന്യായ മായോ അവന്‍ ഒന്നും പ്രവര്‍ത്തിക്കുകയില്ല.
ഈ സംഭവത്തിന് ചില ആധുനിക വ്യാഖ്യാതാക്കള്‍ നല്‍കിയ ദുര്‍വ്യാഖ്യാനങ്ങളും, അവക്ക് മറുപടിയും
മരണപ്പെട്ടവരെ ജീവിപ്പിക്കുന്നതെങ്ങനെയാണെന്ന് കാണിച്ചുകൊടുക്കുവാനായിരു ന്നു ഇബ്‌റാഹീം നബി (അ) അല്ലാഹുവിനോട് അപേക്ഷിച്ചത്- ചൈതന്യമറ്റ് നിര്‍ജ്ജീവമായി കിടക്കുന്ന മനുഷ്യരെ ഉദ്ധരിച്ചു നന്നാക്കുന്നതെങ്ങനെയാണെന്ന് കാണിച്ചു കൊടുക്കുവാനായിരുന്നില്ല- എന്നും, മരണമടഞ്ഞ പക്ഷികളെ ജീവിപ്പിച്ചു കാണിച്ചുകൊണ്ടാണ് ആ അപേക്ഷ അല്ലാഹു സ്വീകരിച്ചതെന്നും, ആ അപേക്ഷക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത് മരണാനന്തര ജീവിതത്തെക്കുറിച്ചോ മറ്റോ അദ്ദേഹത്തിനുണ്ടായിരുന്ന സംശയമോ, ആശയക്കുഴപ്പമോ ആയിരുന്നില്ലെന്നും മേല്‍ വിശദീകരിച്ചതില്‍ നിന്ന് നമുക്ക് വ്യക്തമായി. എന്നാല്‍, ക്വുര്‍ആനില്‍ നിന്ന് നിഷ്പക്ഷമായി മനസ്സിലാക്കാവുന്നതും, മുന്‍ഗാമികളും പിന്‍ഗാമികളുമായ മുസ്‌ലിംകള്‍- പണ്ഡിത പാമര വ്യത്യാസം കൂടാതെ- പൊതുവില്‍ അംഗീകരിച്ചു വരുന്ന പ്രസ്തുത യാഥാര്‍ത്ഥ്യങ്ങളെ ചില വക്ര ചിന്താ ഗതിക്കാരായ ആളുകള്‍ നിഷേധിക്കുകയും, ഈ വചനത്തിന് പല ദുര്‍വ്യാഖ്യാനങ്ങളും നല്‍കി തൃപ്തി അടയുകയും ചെയ്യുന്നു. ക്വുര്‍ആനില്‍ വിവരിക്കപ്പെട്ട മിക്ക അസാധാരണ സംഭവങ്ങളും ഇവരുടെ ദുര്‍വ്യാഖ്യാനത്തിന് വിധേയങ്ങളാകുന്നു. അക്കൂട്ടത്തില്‍ ഒന്ന് മാത്രമാണിതും. അവരുടെ വ്യാഖ്യാനമനുസരിച്ച് സംഭവത്തിന്‍റെ രൂപം ഇതാണ്: ‘ഇബ്‌റാഹീം നബി (അ) സ്വജനതയെ പല നയതന്ത്രങ്ങളും ഉപയോഗിച്ചു വളരെക്കാലം സത്യത്തിലേക്ക് ക്ഷണിച്ചു. ഫലമുണ്ടായില്ല. അഗ്നിപരീക്ഷണത്തിന് പോലും വിധേയ നായി. ഒടുക്കം നിരാശനായി രാജ്യം വിട്ടു. അപ്പോഴാണ് നിര്‍ജ്ജീവമായിക്കിടക്കുന്ന ഈ മനുഷ്യരെ എങ്ങനെയാണ് നീ ജീവിപ്പിക്കുക? അതെങ്ങനെ സാധ്യമാകും? എന്ന് ചോദിച്ചത്. അപ്പോള്‍ നാല് പക്ഷികളെ പിടിച്ചു ഇണക്കുവാനും, ശരിക്ക് ഇണങ്ങിക്കഴിഞ്ഞ ശേഷം ഓരോ കുന്നുകളിന്മേല്‍ കൊണ്ടുപോയി വെച്ച് അവയെ വിളിക്കുവാനും ഉപദേശി ച്ചു. മനുഷ്യരോട് ഇണക്കമില്ലാതെ, കണ്ടാല്‍ പറന്നുപോകുന്നവയാണ് പക്ഷികള്‍. അവയെ പിടിച്ചു കുറേ ദിവസം ഇണക്കിയാല്‍ അവ വിളിച്ചേടത്ത് വരും. മനുഷ്യന് ഇങ്ങനെ ചെയ്യാന്‍ കഴിയുമെങ്കില്‍ നിര്‍ജ്ജീവമായി കിടക്കുന്ന മനുഷ്യരെ ജീവിപ്പിക്കുവാന്‍ നിശ്ചയ മായും കഴിയുമെന്ന പാഠമാണ് ഇതുമുഖേന അല്ലാഹു പഠിപ്പിക്കുന്നത്. ഇബ്‌റാഹീം (അ)ന്നുള്ള മനസ്സമാധാനക്കുറവ് അദ്ദേഹത്തിന്‍റെ അധ:പതിച്ചു കിടക്കുന്ന ജനങ്ങളെക്കുറി ച്ചായിരുന്നു. അവരെക്കുറിച്ച് നിരാശപ്പെടേണ്ടതില്ല എന്ന് കാണിക്കുന്ന ഒരു ഉപമയാ ണിത്. ഇതാണവര്‍ ഈ സംഭവത്തിന് നല്‍കുന്ന രൂപത്തിന്‍റെ ചുരുക്കം.
കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് കേരളമുസ്‌ലിംകള്‍ക്കിടയില്‍ ഇവരുടെ ഈ ദുര്‍വ്യാഖ്യാ നങ്ങള്‍ അല്‍പം ഒച്ചപ്പാടുണ്ടാക്കുകയുണ്ടായി. അമാനുഷിക ദൃഷ്ടാന്തങ്ങളെ (المُعْجِزَات) അടിയോടെ നിഷേധിക്കാതെ തന്നെ അവയെ സാധാരണ സംഭവങ്ങ ളാക്കി വ്യാഖ്യാനിക്കുക പതിവാക്കിയ ചിലരില്‍ നിന്നാണ് അവ ഇറക്കുമതി ചെയ്യപ്പെട്ട ത്. എന്ത് അബദ്ധമായിരുന്നാലും പുതിയതൊന്ന് കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍, പിന്നാലെ കൂടുവാന്‍ പൂര്‍വ്വാധികം ആളുകളെ കിട്ടുന്ന കാലമാണല്ലോ ഇത്. അതൊക്കെ ‘ബുദ്ധിജീവി’കളുടെ അഭിപ്രായങ്ങ ളാക്കി ചിത്രീക രിക്കുന്നവരും ഉണ്ടായിരി ക്കും. ഇങ്ങനെയുള്ളവരെ സത്യത്തിലേക്ക് മടക്കുവാന്‍ പ്രയാസമാണെങ്കിലും ശുദ്ധഗതി ക്കാരും, സത്യാന്വേഷികളുമായ സഹോദരങ്ങള്‍ക്ക് യഥാര്‍ത്ഥം മനസ്സിലാക്കുവാനും, പ്രസ്തുത ദുര്‍വ്യാഖ്യാനങ്ങളില്‍ അവര്‍ വഞ്ചിതരാകാതിരിക്കുവാനും വേണ്ടി ഈ സംഭവം സംബന്ധിച്ച അവരുടെ ഏതാനും പ്രസ്താവനകളും അതിനുള്ള മറുപടികളും ചുവടെ ചേര്‍ക്കുന്നു:
(1-ാമ തായി:-) فَصُرْهُنّ إَلَيْكَ (ഫസ്വുര്‍ഹുന്ന ഇലൈക’) എന്ന വാക്യത്തിന് ‘അവയെ നീയുമായി (നല്ലപോലെ) ഇണക്കുക’ എന്ന് അര്‍ത്ഥം നല്‍കിക്കൊണ്ട് അവര്‍ പറയുന്നു: ബൈദ്വാവീ, സമഖ്ശരീ, അബുസ്സുഊദ് മുതലായ പ്രധാന ക്വുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം കൊടുത്തിട്ടുള്ളതും, ഇമാം റാഗിബിന്‍റെ മുഫ്‌റദാത്തിലും, സാധാരണ നിഘണ്ടുക്കളിലും കൊടുത്തിട്ടുള്ളതും ഈ അര്‍ത്ഥം തന്നെയാകുന്നു. ചിലര്‍ അതിന് ‘അറുക്കുക’ എന്ന് അര്‍ത്ഥം കൊടുക്കുന്നുണ്ട്. അതിന് അറബി സാഹിത്യത്തില്‍ പിന്‍തുണയി ല്ല. ആ അര്‍ത്ഥം അപരിചിതവും അസാധാരണവുമാണെന്ന് ക്വാദ്വീഇയാദ്വ് പറഞ്ഞത് ഇബ്‌നുഹജര്‍ ‘ഫത്ഹുല്‍ബാരി’യില്‍ ഉദ്ധരിച്ചിരിക്കുന്നു. അര്‍ദ്ധസത്യങ്ങളും അസത്യ ങ്ങളും കൂടിക്കലര്‍ന്ന ഈ പ്രസ്താവനയെപ്പറ്റി സംസാരിക്കുന്നതിന് മുമ്പ് ചില വസ്തു തകള്‍ അറിയുന്നത് നന്നായിരിക്കും. ഇവിടെ മാത്രമല്ല, ചിലപ്പോള്‍ വേറെ സന്ദര്‍ഭങ്ങ ളിലും അതുകൊണ്ട് സത്യാന്വേഷികള്‍ക്ക് ഗുണം ഉണ്ടാകുന്നതുമാണ്. إِن شَاءَ اللَّهُ
(1) ‘സ്വുര്‍’ (صُرْ) എന്ന വാക്കിന്‍റെ അര്‍ത്ഥം വിവരിക്കുന്ന മദ്ധ്യെ അറബി ഗ്രന്ഥങ്ങളില്‍ ‘അമില്‍’ (امل) എന്ന വാക്കും ഉപയോഗിക്കാറുണ്ടെന്ന് മുമ്പ് പറഞ്ഞുവല്ലോ. ഈ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ അതിന് ‘ഇണക്കുക’ എന്ന അര്‍ത്ഥമാക്കിയിരിക്കുന്നത്. വാസ്തവത്തില്‍, മനുഷ്യരുമായി ഇണക്കമില്ലാത്ത ജന്തുക്കളെ ഇണക്കുക -മെരുക്കുക- എന്നല്ല ആ വാക്കിന്‍റെ അര്‍ത്ഥം. എനി, അറബിഗ്രന്ഥങ്ങളില്‍ ഉപയോഗിച്ച പര്യായപദങ്ങളില്‍ ‘ഇണക്കുക’ എന്നൊരര്‍ത്ഥംകൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സമര്‍ത്ഥി ക്കപ്പെട്ടാല്‍പോലും സംഭവത്തിന് ഇവര്‍ നല്‍കിയ രൂപം ശരിയല്ലെന്ന് താഴെ വിവരിക്കു ന്നതില്‍ നിന്ന് വ്യക്തമാണ്.
(2) ഒരു വാക്കിനോ വാക്യത്തിനോ അര്‍ത്ഥം വിവരിക്കുമ്പോള്‍ ഉദ്ദേശ്യം കൂടുതല്‍ വ്യക്തമാക്കുവാന്‍ വേണ്ടി ഏതാ് അതേ അര്‍ത്ഥത്തിലുള്ള ഒന്നിലധികം വാക്കുകളോ വാക്യങ്ങളോ അതോടുകൂടി കൂട്ടിച്ചേര്‍ത്തു പറയുക സാധാരണമാണ്. അറബിസാഹിത്യങ്ങളില്‍ ഈ പതിവ് കൂടുതലുമുണ്ട്. عطف تفسير (വ്യക്തമാക്കുവാനുള്ള കൂട്ടിച്ചേര്‍ക്കല്‍) എന്നാണിതിന്‍റെ സാങ്കേതിക നാമം. ആദ്യം ഉപയോഗിച്ച വാക്കുകളും, പിന്നീട് അതോടു ചേര്‍ത്ത് പറയപ്പെട്ട വാക്കുകളുംകൂടി കണക്കിലെടുത്തു കൊണ്ടായിരിക്കണം അപ്പോള്‍ വക്താവിന്‍റെ സാക്ഷാല്‍ ഉദ്ദേശ്യം മനസ്സിലാക്കുന്നത്. അവയില്‍ ഏതെങ്കിലും ചിലതിനെ മാത്രം എടുത്തുകൊണ്ട് അതാണ് സാക്ഷാല്‍ വാക്കര്‍ത്ഥമെന്ന് വെക്കുന്നത് ശരിയല്ല.
(3) ഇതനുസരിച്ച് صُرْ (‘സ്വുര്‍’ അല്ലെങ്കില്‍ ‘സ്വിര്‍’) എന്ന വാക്കിന് അര്‍ത്ഥം പറയുമ്പോള്‍ اَمِل എന്ന പദത്തിന് പുറമെ വേറെ വല്ല പദങ്ങളും അതോട് ചേര്‍ത്തു പറയുമ്പോള്‍ ആ പദങ്ങളില്‍ നിന്ന് മൊത്തത്തില്‍ സിദ്ധിക്കുന്ന അര്‍ത്ഥമായിരിക്കും അതിന്‍റെ വക്താവ് ഉദ്ദേശിച്ചിരിക്കുന്നത്. എനി, നമുക്ക് ഇവരുടെ മേലുദ്ധരിച്ച പ്രസ്താവന ശ്രദ്ധിക്കാം. ആദ്യം ഇവര്‍ പേരെടുത്ത് പറഞ്ഞ ആ മഹാന്‍മാരുടെ വാചകങ്ങള്‍ പരിശോധിക്കാം:-
ബൈദ്വാവീ (റ)യുടെ തഫ്‌സീറിലെ വാചകം ഇതാണ്: (إليك (فصرهن إليك) فأملهن واضممهن) അക്ഷരങ്ങളില്‍ ഇതേവാക്കുകള്‍ തന്നെയാണ് മബുസ്സുഊദ് (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറിലും, സമഖ്ശരീ (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറി (കശ്ശാഫി)ലും പറഞ്ഞിരിക്കുന്നത്. أملهن എന്ന വാക്കിന് ഇക്കൂട്ടര്‍ പറയുന്നത്‌പോലെ ‘ഇണക്കുക’ എന്ന് അര്‍ത്ഥമുണ്ടെങ്കില്‍ പോലും واضممهن എന്നുകൂടി അവര്‍ കൂട്ടിച്ചേര്‍ത്ത സ്ഥിതിക്ക് ആ അര്‍ത്ഥത്തിന് ന്യായമില്ല. പക്ഷികളെ പിടിച്ചു ഇണക്കിയശേഷം- ഇതിന് കുറേ ദിവസങ്ങള്‍ തന്നെ വേണ്ടിവരും- മലയില്‍ കൊണ്ടു പോയിവെച്ചാല്‍ അവ വിളിച്ചേടത്ത് വരുമെന്നാണ് ആയത്തിന്‍റെ താല്‍പര്യം എന്നാണല്ലോ ഇവര്‍ പറയുന്നത്. اَمِل എന്ന് അതിന് അര്‍ത്ഥം പറഞ്ഞ ആ മഹാന്‍മാരും ഈ അര്‍ത്ഥം ഉദ്ദേശിച്ചിട്ടേ ഇല്ല. അവരുടെ വാചകങ്ങളില്‍ നിന്നുതന്നെ സ്പഷ്ടമാണത്. പക്ഷികളെ പിടിക്കുവാന്‍ കല്‍പിച്ചതിന് പുറമെ അവയെ തന്‍റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ കൂടി കല്‍പിച്ചതിന് കാരണമായി -മേലുദ്ധരിച്ച വാക്കുകളെ തുടര്‍ന്ന്- അതേ മഹാന്‍മാര്‍ പറഞ്ഞ വാചകങ്ങള്‍ നോക്കുക: ബൈദ്വാവീ (റ) പറയുന്നു: لِتَتَأمَّلَها وتَعْرِفَ شِياتِها لِئَلّا تَلْتَبِسَ عَلَيْكَ بَعْدَ الإحْياءِ (അവയെ ജീവിപ്പിച്ചതിനുശേഷം നിനക്ക് അവയെ തിരിച്ചറിയാതെ വരാതിരിക്കുവാന്‍ വേണ്ടി അവയെക്കുറിച്ചും അവയുടെ വര്‍ണക്കലര്‍പ്പുകളെക്കുറിച്ചും നന്നായി പഠിച്ചു പരിചയെപ്പടുവാനാണത്.) അബുസ്സുഊദും (റ) അങ്ങനെത്തന്നെ പറഞ്ഞിരിക്കുന്നു.
സമഖ്ശരീ (റ) ആകട്ടെ, ഈ രണ്ട് പേരെക്കാള്‍ ഒരുപടി മുന്നോട്ട് കടന്നു ഇങ്ങനെ പറഞ്ഞിരിക്കുന്നു:
فإن قلت : ما معنى أمره بضمها إلى نفسه بعد أن يأخذها ؟ قلت : ليتأملها ويعرف أشكالها وهيآتها وحلاها ؛ لئلا تلتبس عليه بعد الإحياء ولا يتوهم أنها غير تلك
(ആ പക്ഷികളെ പിടിച്ചതിനുശേഷം അവയെ അദ്ദേഹത്തിലേക്ക് കൂട്ടിച്ചേര്‍ത്തു കൊണ്ടുവരുവാന്‍ കല്‍പിച്ചതിന്‍റെ സാരം എന്താണെന്ന് നീ ചോദിച്ചാല്‍ ഞാന്‍ പറയുന്നു: അവയെ ജീവിപ്പിച്ചതിന് ശേഷം അവയെ അദ്ദേഹത്തിന് തിരിച്ചറിയാതെ വരാതിരിക്കുവാനും, അവ വേറെ പക്ഷികളാണെന്ന് അദ്ദേഹം തെറ്റിദ്ധരിക്കാതിരിക്കുവാനും വേണ്ടി. അവയെക്കുറിച്ച് നന്നായി മനക്കുകയും, അവയുടെ രൂപങ്ങളും ആകൃതികളും മാതിരി കളും മനസ്സിലാക്കുകയും ചെയ്യേണ്ടതിനാണത്.) ഇക്കാര്യം വേറെ പല വ്യാഖ്യാതാക്കളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
അപ്പോള്‍, പിടിച്ചുകൊണ്ടുവന്നു കുറേകാലം പക്ഷികളെ ഇണക്കി പരിചയപ്പെടുത്തിക്കൊണ്ടിരിക്കുക എന്നല്ല ഇവരൊന്നും ആ വാക്കുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നും, പിടിച്ചുകൊണ്ടുവരുമ്പോള്‍ തന്നെ അവയെ പരിശോധിച്ചു അവയുടെ ആകൃതിയും നിറവുമെല്ലാം മനസ്സിലാക്കണമെന്നാണെന്നും, പിന്നീട് അവയെ അറുത്തോ മുറിച്ചോ മലകളില്‍ കൊണ്ടുപോയി വെച്ചാല്‍ വിളിക്കുമ്പോള്‍ വീണ്ടും അവ ജീവിച്ചുവരുമെന്നാണെ ന്നും വ്യക്തമാണ്. സമഖ്ശരി (റ)യുടെ വാചകങ്ങളില്‍ നിന്ന് മറ്റൊരു കാര്യം കൂടി മനസ്സിലാക്കാം. ആദ്യം صر എന്ന വാക്കിന്‍റെ അര്‍ത്ഥം പറഞ്ഞപ്പോള്‍ അദ്ദേഹം امل എന്നുകൂടി പറഞ്ഞെങ്കിലും പിന്നീട് ‘അവയെ കൂട്ടിച്ചേര്‍ക്കുവാന്‍ കല്‍പിച്ചതിന്‍റെ സാരം (معنى أمره بضمها إلى نفسه)’ എന്നാണ് പറഞ്ഞത്. ഇവരുടെ വാദപ്രകാരം ‘ഇണക്കുവാന്‍ (بامالتها) കല്‍പിച്ചതിന്‍റെ സാരം’ എന്ന് പറഞ്ഞില്ല. ഇതില്‍ നിന്ന് ‘ഇണക്കലും കൂട്ടിച്ചേര്‍ക്കലും’ അദ്ദേഹത്തിന്‍റെ അടുക്കല്‍ ഒന്നുതന്നെയാണെന്ന് വ്യക്തം. മറ്റൊരു സംഗതികൂടി: صُرْ (സ്വുര്‍) എന്നും صِرْ (സ്വിര്‍) എന്നും ഇവിടെ വായനയുണ്ടെന്നും, രണ്ടായാലും അര്‍ത്ഥം ഇതുതന്നെയാണെന്നും, ഈ മൂന്ന് പേരും പ്രസ്താവിച്ചിരിക്കുന്നത് കാണാം. (അവരുടെ തഫ്‌സീറുകള്‍ നോക്കുക.)
എനി, ഇമാം റാഗിബ് (റ) ‘മുഫ്‌റദാത്തില്‍’ പറഞ്ഞതെന്തന്ന് നോക്കാം
فصر هن أي:أ ملهن من الصور، أي: الميل، وقيل: قطعهن وقرئ:صرهن وقيل: ذلك لغتان، وقال بعضهم: صرهن، أي: صح بهن،
സ്വര്‍ഹുന്ന എന്നാല്‍ ‘അമില്‍ഹുന്ന’ എന്നര്‍ത്ഥം. ഇത് ميل (മൈല്‍) എന്ന ധാതുവില്‍ നിന്നുള്ളതാണ്. قطعھن (അവയെ കഷ്ണമാക്കുക) എന്നും അര്‍ത്ഥം പറയെ പ്പട്ടിട്ടുണ്ട്. ‘സ്വുര്‍ഹുന്ന’ എന്നും ഇവിടെ വായനയുണ്ട്. ഇങ്ങനെ ഭാഷയില്‍ രണ്ടും പറയാമെന്നും പറയപ്പെട്ടിരിക്കുന്നു. ചിലര്‍ പറയുന്നു: സ്വര്‍ഹുന്ന എന്നാല്‍ അവയെ ഉച്ചത്തില്‍ വിളിക്കുക എന്നാണെന്ന്.) ميل എന്ന വാക്കിന് ‘ചെരിവ്, വളവ്, തൂക്കം, തെറ്റുക, ചായ്‌വ്’ എന്നൊക്കെ അര്‍ത്ഥം വരും. അതില്‍ നിന്നുള്ള സകര്‍മക്ര കിയ (متعدى) യുടെ ശാസനാരൂപത്തിലുള്ള അര്‍ത്ഥമാണ് صر എന്ന വാക്കിനുള്ളത് എന്നത്രെ റാഗിബ് (റ) ചൂണ്ടിക്കാട്ടിയത്. അദ്ദേഹം ആ അര്‍ത്ഥത്തിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളതെ ങ്കിലും വേറെയും രണ്ടര്‍ത്ഥങ്ങള്‍ ഉദ്ധരിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ അദ്ദേഹമാകട്ടെ, ബൈദ്വാവി, അബുസ്സുഊദ്, സമഖ്ശരീ (റ) എന്നിവരാകട്ടെ -ആരും തന്നെ- امل എന്ന് മാത്രം അതിന് അര്‍ത്ഥം പറഞ്ഞു മതിയാക്കിയിട്ടില്ല. മറ്റുള്ളവരാകട്ടെ, اجمعهن، اوثقهن (ഒരുമിച്ചു കൂട്ടുക, ബന്ധിക്കുക) എന്നും മറ്റും വേറെ വാക്കുകളും ഉപ യോഗിച്ചിട്ടുണ്ട് താനും.
എനി, ക്വാദ്വീഇയാദ്വ് (റ)ന്‍റെ വാചകം ഫത്ഹുല്‍ബാരിയില്‍ ഇബ്‌നുഹജര്‍ (റ) ഉദ്ധരിച്ചത് പരിശോധിക്കാം. فصرهن എന്ന വാക്കിന് قطعهن (അവയെ കഷ്ണിക്കുക) എന്ന് ഇമാം ബുഖാരീ (റ) അര്‍ത്ഥം കൊടുത്തതിനെപ്പറ്റി സംസാരിക്കവെ, ഈ അര്‍ത്ഥം ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്നും പല താബിഉകളില്‍നിന്നും പല മാര്‍ഗങ്ങളിലൂടെയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് ഇബ്‌നു ഹജര്‍ (റ) പ്രസ്താവിക്കുന്നു. ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്ന് തന്നെ വേറെ ഒരു മാര്‍ഗത്തിലൂടെ അതിന് اوثقهن ثم اذبحهن (അവയെ ബന്ധിച്ചു പിന്നീട് അറുക്കുക) എന്നുകൂടി വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അനന്തരം ആ വാക്കിലെ വായനാവ്യത്യാസങ്ങളെ വിവരിച്ചുകൊണ്ട് ഇബ്‌നു ഹജര്‍ (റ) പറയുന്നു: قال عياض تفسير صرهن بقطهعن غريب والمعروف ان معناها املهن (ഇയാദ്വ് പറയുന്നു: صرهن എന്നതിന് قطعهن (അവയെ കഷ്ണിക്കുക) എന്ന് വ്യാഖ്യാനം കൊടുക്കുന്നത് അപൂര്‍വമാണ്. املهن എന്നുള്ളതാണ് സുപരിചിതമായ അര്‍ത്ഥം) ക്വാദ്വീഇയാദ്വ് (റ) -ഇക്കൂട്ടര്‍ പറഞ്ഞതുപോലെ- അറുക്കുക اذبحهن എന്ന അര്‍ത്ഥത്തെപ്പറ്റി ഒരക്ഷരവും പറഞ്ഞിട്ടില്ല. കഷ്ണിക്കുക ( قطعهن) എന്ന അര്‍ത്ഥത്തെപ്പറ്റി അത് അപൂര്‍വമാണ് (غريب) എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. (ارجع فتح الباري – الجزء الثامن – باب واذ قَال ابراهيم لربه الخ) എന്ന അര്‍ത്ഥം അപൂര്‍വമായിട്ടെങ്കിലും അതിന് വരുന്നതിന് അദ്ദേഹത്തിന്‍റെ വാക്ക് തടസ്സവുമല്ല. തടസ്സമാണെങ്കില്‍ തന്നെ, മറ്റുള്ള മഹാന്‍മാര്‍ ആ അഭിപ്രായം പറഞ്ഞു കാണുന്നുമില്ല.
മുന്‍ഗാമിക ളായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഏതുനിലക്കും അഗ്രഗണ്യനായ ഇമാം ഇബ്‌നുജരീര്‍ (റ) അദ്ദേഹത്തിന്‍റെ പ്രസിദ്ധ തഫ്‌സീറില്‍ صرهن എന്ന വാക്കിലെ വായനാവ്യത്യാസങ്ങളെയും, അതിന്‍റെ അര്‍ത്ഥത്തില്‍ വന്നിട്ടുള്ള امل – قطع – اضمم എന്നീ പദങ്ങളെയും, അഭിപ്രായങ്ങളെയും ഉദ്ധരിച്ചശേഷം ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നത് കാണാം: صُرْ (സ്വുര്‍) എന്നുള്ളതും صِرْ (സ്വിര്‍) എന്നുള്ളതും ഒരേ അര്‍ത്ഥ ത്തിലുള്ള രണ്ട് ഭാഷാ പ്രയോഗങ്ങളാണെന്നും, ഇവിടെ ആ രണ്ട് പ്രയോഗത്തിന്‍റെയും അര്‍ത്ഥം قطعهن (അവയെ കഷ്ണമാക്കുക) എന്നാണെന്നും اليك (നിന്നിലേക്ക്) എന്ന അവ്യയം خذ (പിടിക്കുക) എന്ന ക്രിയയോട് ബന്ധപ്പെട്ടതാണെന്നും ബസ്വറക്കാരായ പണ്ഡിതന്‍മാരില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് നാം പറഞ്ഞ അഭിപ്രായമാണ് വാസ്തവമാ യിരിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടത്. കാരണം, فصرهن എന്ന വാക്ക് ‘ഉ’ കാരത്തിലോ ‘ഇ’ കാരത്തിലോ ( بالضم والفتح ) വായിച്ചാലും ശരി, അതിന്‍റെ അര്‍ത്ഥം ഒന്നുകില്‍ قطعهن (അവയെ കഷ്ണമാക്കുക) എന്നോ, اضممهن (അവയെ നിന്നിലേക്ക് കൂട്ടിച്ചേര്‍ക്കുക) എന്നോ ആയിരിക്കുമെന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് ഏകകണ്ഠമായ അഭിപ്രായമാണുള്ളത്.’ (*)
(*) ദൈര്‍ഘ്യം ഭയന്ന് അദ്ദേഹത്തിന്‍റെ അറബിമൂലം ഇവിടെ ഉദ്ധരിക്കുന്നില്ല. സംശയമുള്ളവര്‍ അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ നോക്കിക്കൊള്ളട്ടെ.
ഇബ്‌നു ജരീര്‍ (റ) ന്‍റെ ഈ പ്രസ്താവനയില്‍ നിന്ന് ചില കാര്യങ്ങള്‍ മനസ്സിലാക്കാം:
1. ‘ഇണക്കുക’ എന്ന് ഇവര്‍ അര്‍ത്ഥം കല്‍പിച്ച املهن യെക്കാള്‍ ‘കഷ്ണമാക്കുക’ എന്നര്‍ത്ഥമായ قطعهن ക്കും, ‘കൂട്ടിച്ചേര്‍ക്കുക’ എന്നര്‍ത്ഥമായ اضممهن ക്കുമാണ് അദ്ദേഹം സ്ഥാനം കല്‍പിച്ചിരിക്കുന്നത്.
2. صرهن ക്ക് ഈ രണ്ടര്‍ത്ഥങ്ങളില്‍ ഒന്നാണ് അദ്ദേഹവും സ്വീകരിച്ചിരിക്കുന്നത്.
3. അദ്ദേഹത്തിന്‍റെ പ്രസ്താവനയനുസരിച്ച് فخذ اربعة من الطير فصرهن اليك എന്ന വാക്യത്തിന്‍റെ സാരം, നാല് പക്ഷികളെ പിടിച്ചുകൊണ്ടുവന്ന് അവയെ കഷ്ണിക്കണം എന്നോ അല്ലെങ്കില്‍ നാലുപക്ഷികളെ പിടിച്ചു നിന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവരിക എന്നോ മാത്രമായിരിക്കും. അവയെ പിടിച്ചു ഇണക്കുക എന്നായിരിക്കുകയില്ല. ഇമാംുഖാരീ (റ) ആകട്ടെ, കഷ്ണിക്കുക (قطعهن) എന്ന ഒരേ അര്‍ത്ഥമല്ലാതെ പറഞ്ഞിട്ടുമില്ല. അതാകട്ടെ, ഇബ്‌നുഅബ്ബാസ് (റ)ല്‍ നിന്നും, പല താബിഉകളില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇമാം അസ്‌ക്വലാനീ (റ) പ്രസ്താവിച്ചിട്ടുമുണ്ട്.
(2-ാമതായി:-) അവര്‍ പറയുന്നു: ‘ക്വുര്‍ആന്‍ അറബിയാണ്. ആ ഭാഷാമുറക്ക് വിരുദ്ധമായി അത് വ്യാഖ്യാനിച്ചുകൂടാ. ‘ഇണക്കുക’ എന്ന് അല്ലാഹു പറയുമ്പോള്‍, അതില ടങ്ങിയ രഹസ്യത്തെപ്പറ്റി ചിന്തിക്കുവാനേ നമുക്ക് സ്വാതന്ത്ര്യമുള്ളൂ. ആ അര്‍ത്ഥം കല്‍പി ക്കുമ്പോള്‍ ചോദ്യോത്തരങ്ങള്‍ തമ്മില്‍ യോജിക്കുന്നില്ലെന്നാണ് അവര്‍ (ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍) പറയുന്നത്. അല്ലാഹുവിന്‍റെ നടപടി സമ്പ്രദായം സൂക്ഷിക്കായ്കകൊണ്ട് വന്ന തെറ്റിദ്ധാരണയാണത്. സംശയ നിവൃത്തിക്ക് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുക അല്ലാഹുവിന്‍റെ സമ്പ്രദായമാണ്. ഇസ്‌റാഈല്യരുടെ ദുശ്ശാഠ്യം മൂലം മൂസാ നബി (അ) അല്ലാഹുവിനെ കാണണമെന്നാവശ്യപ്പെട്ടപ്പോള്‍, മലയിലേക്ക് നോക്കാനാണല്ലോ കല്‍പിച്ചത്. കഴിഞ്ഞവചനത്തില്‍ ആ പട്ടണം എങ്ങനെ ജീവിക്കുമെന്ന് അദ്ദേഹം സംശയം ചോദിച്ചപ്പോള്‍ ആ മനുഷ്യനെ മരിപ്പിച്ചു ജീവിപ്പിക്കുകയാണ് ചെയ്തത്…. ‘ ഈ പ്രസ്താവനയും തന്നെ, ഉള്ളതും ഇല്ലാത്തതും കൂടി മിശ്രമാകുന്നു.
ക്വുര്‍ആന്‍ അറബിയാണ്, ആ ഭാഷാമുറയനുസരിച്ചേ അത് വ്യാഖ്യാനിച്ചുകൂടൂ. ശരിയാണ്, തര്‍ക്കമില്ല. പക്ഷേ, صر എന്ന വാക്കിന് ‘ഇണക്കുക’ എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ വെന്നും, ഇണക്കുവാന്‍ തന്നെയാണ് അല്ലാഹു കല്‍പിച്ചതെന്നും ഇവര്‍ വാദിച്ചു വരുന്നത് അറബിഭാഷാ മുറപ്രകാരമാകുമോ? വേറെ അര്‍ത്ഥങ്ങളാണ് അതിനുള്ളതെന്ന് മറ്റുള്ളവര്‍ പറയുന്നതൊന്നും ഭാഷാമുറയില്‍ ഉള്‍പെടുകയില്ലേ? അല്ലാഹു ഇണക്കുവാന്‍ കല്‍പിച്ചെങ്കില്‍ മാത്രമല്ല- കഷ്ണിക്കുവാനോ, കൂട്ടിച്ചേര്‍ക്കുവാനോ, ഒരുമിച്ചു കൂട്ടുവാനോ, ബന്ധിക്കുവാനോ, ഉച്ചത്തില്‍ വിളിക്കുവാനോ, അറുക്കുവാനോ ഏതിന് കല്‍പിച്ചാലും ശരി- അതിന്‍റെ രഹസ്യത്തെപ്പറ്റി ചിന്തിക്കേതുണ്ട്. പല മഹാന്മാരും – ഇവരെക്കാള്‍ യോഗ്യരും ചിന്തകരുമായ ബഹുഭൂരിപക്ഷം ആളുകളും – ചിന്തിച്ചു മനസ്സിലാക്കിയ ചില രഹസ്യങ്ങള്‍ ഇതിന് മുമ്പ് നാം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടര്‍ തങ്ങള്‍ക്ക് അനുകൂലമായി മുമ്പ് പേരെടുത്ത് പറഞ്ഞ മഹാന്‍മാരുടെ വാചകങ്ങളും നാം കണ്ടു. ഇണക്കലും ചോദ്യോത്തരങ്ങളും തമ്മില്‍ യോജിക്കുന്നില്ലെന്ന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ തെറ്റിദ്ധരിച്ചിരിക്കയാണെന്നും, അല്ലാഹുവിന്‍റെ നടപടി സമ്പ്രദായം അവര്‍ സൂക്ഷിക്കാത്തതാണതിന് കാരണമെന്നും ഇവര്‍ പറഞ്ഞത് കുറേ കടന്ന വാക്കായി പ്പോയി! അതിരിക്കട്ടെ, സംശയ നിവൃത്തിക്ക് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടല്‍ അല്ലാഹു വിന്‍റെ സമ്പ്രദായമാണെന്ന് ‘സൂക്ഷ്മ ചിന്തകന്‍മാരായ ഇവര്‍ മാത്രമല്ല, ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ, ഇവിടെയുള്ളത് ഇബ്‌റാഹീം നബി (അ)യുടെ ഒരു സംശയത്തിനുള്ള മറുപടിയല്ലെന്നും സംശയനിവാര ണത്തിന് അത് മാത്രമല്ല മാര്‍ഗമുള്ളതെന്നും അവര്‍ക്കറിയാം. പക്ഷികളുടെ ഈ സംഭവം ഇബ്‌റാഹീം (അ)ന്‍റെ ‘സംശയത്തിന് നിവൃത്തി വരുത്തുവാന്‍ വേണ്ടി അല്ലാഹു ചൂണ്ടിക്കാട്ടിയ ഒരു ‘ഉദാഹരണ’മാണ് എന്നുള്ള സ്വന്തം വാദത്തെ ബലപ്പെടുത്തുവാന്‍ ഇവര്‍ ചൂണ്ടിക്കാട്ടിയ ആ രണ്ട് ഉദാഹരണങ്ങളും അതിന് ശരിക്കും ഉദാഹരണം തന്നെയാണോ? ആണെങ്കില്‍ തന്നെ, ഈ സംഭവവും അതിലൊന്നാണോ? ഇബ്‌റാഹീം (അ) അതിനപേക്ഷിച്ചത് സംശയം നിമിത്തമായിരുന്നുവോ? ഇതൊക്കെയാണിവിടെ ആലോചിക്കേണ്ടത്.
ഇബ്‌റാഹീം നബി (അ)ക്ക് മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ അല്ലാഹുവിന് കഴിയുമെ ന്നുള്ളതില്‍ സംശയമോ വിശ്വാസക്കുറവോ ഇല്ല. അത് ഉറപ്പായ കാര്യമായതുകൊണ്ട് തന്നെയാണ് അതൊന്ന് കണ്ടാല്‍കൊള്ളാമെന്ന് അദ്ദേഹം ആഗ്രഹിച്ചതും. എന്നിരിക്കെ, സംശയനിവൃത്തിക്കുവേണ്ടി ഉപമ വിവരിച്ചു കൊടുക്കേണ്ട ആവശ്യം ഇവിടെയില്ല. ഒന്നുകില്‍ അപേക്ഷ സ്വീകരിക്കുക, അല്ലെങ്കില്‍ അത് നിരസിക്കുകയും അതിന് കാരണം മനസ്സിലാക്കുകയും ചെയ്യുക. അതുമല്ലെങ്കില്‍ അങ്ങനെ അപേക്ഷിച്ചത് മര്യാദകേടാണെന്ന് ആക്ഷേപിക്കുക. ഇതാണ് വേണ്ടത്. അല്ലാഹുവാകട്ടെ, അപേക്ഷ സ്വീകരിക്കുകതന്നെയാണ് ചെയ്തതും. പിന്നെ, സംശയ നിവൃത്തിക്കപേക്ഷിച്ചപ്പോള്‍ ഉപമ വിവരിച്ചുകൊടുത്തു മതിയാക്കിയതാണ് എന്നുള്ളതിന് ഇവര്‍ ചൂണ്ടിക്കാട്ടിയ ഉദാഹരണങ്ങളെപ്പറ്റിയാണ് എനി പരിശോധിക്കുവാനുള്ളത്. അതില്‍ ഒന്നാമത്തെത് മൂസാ നബി (അ) അല്ലാഹുവിനെ കാണുവാന്‍ അപേക്ഷിച്ചതാണല്ലോ. അതിനെപ്പറ്റി പറയുവാനുള്ളതും ഇതുപോലെത്തന്നെ. മൂസാ (അ) അതിനപേക്ഷിച്ചത് ഇസ്‌റാഈല്യരുടെ ദുശ്ശാഠ്യം കൊണ്ടാണെന്ന് പറഞ്ഞത് ശരിയല്ല. ഇസ്‌റാഈല്യര്‍ അല്ലാഹുവിനെ തങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ കാണണമെന്ന് ശഠിച്ച സംഭവവും, മൂസാ (അ) അല്ലാഹുവിനെ കാണുവാന്‍ ആഗ്രഹിച്ച സംഭവവും സന്ദര്‍ഭവും വെവ്വേറെത്തന്നെയാണ്. (2:55; 4:153; 7:143 എന്നീ വചനങ്ങള്‍ നോക്കുക.) (*)
(*) രണ്ടും കൂടി ഒരു സംഭവമാക്കുവാന്‍ ഇക്കൂട്ടര്‍ ഒരു പാഴ്ശ്രമം നടത്തിയിട്ടുണ്ട്. അതിനെപ്പറ്റി സൂ:അഅ്‌റാഫ് 143 ന്‍റെ വ്യാഖ്യാനത്തില്‍ വിവരിക്കാം. إِن شَاءَ اللَّهُ
ഏതായാലും, അല്ലാഹുവിനെ കാണുവാന്‍ സാധിക്കുമോ ഇല്ലേ എന്നോ മറ്റോ ഉള്ള സംശയമല്ല മൂസാ (അ)ന്‍റെ ആ അപേക്ഷക്കും കാരണം. അല്ലാഹുവിന്‍റെ കല്‍പന പ്രകാരം തൗറാത്ത് ഏറ്റുവാങ്ങുവാന്‍ വേണ്ടി അദ്ദേഹം സീനാപര്‍വതത്തില്‍ ചെന്ന പ്പോള്‍, അല്ലാഹുവിന്‍റെ സംസാരം നേരില്‍ കേള്‍ക്കുവാനുള്ള മഹാഭാഗ്യം സിദ്ധിച്ചപ്പോഴാണ് അദ്ദേഹം, ‘എന്‍റെ റബ്ബേ, ഞാന്‍ നിന്നെ ഒന്ന് നോക്കിക്കാണട്ടെ, നിന്നെ നീ എനിക്ക് കാട്ടിത്തരണേ! (رَبِّ أَرِنِي أَنظُرْ إِلَيْكَ – الخ) എന്ന് അപേക്ഷിച്ചതെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (അഅ്‌റാഫ്, 143 നോക്കുക.) അല്ലാഹുവിന്‍റെ തിരുവചനങ്ങള്‍ കേട്ടാസ്വദിച്ചതില്‍ നിന്നുത്ഭവിച്ച അത്യാവേശമായിരുന്നു ആ അപേക്ഷക്ക് കാരണമെന്ന് ആര്‍ക്കും മനസ്സിലാക്കാം. ഒരു സംശയത്തില്‍ നിന്ന് ഉളവായ- അതും ഇസ്‌റാഈല്യരുടെ ദുശ്ശാഠ്യം കാരണം- അപേക്ഷയാണതെന്ന് ഇവര്‍ക്കല്ലാതെ തോന്നുവാനിടയില്ല. ഏതായാലും, ആ അപേക്ഷ സ്വീകരിക്കപ്പെടുകയുണ്ടായില്ല. ഈ ലോകത്തുവെച്ച് എന്നെ കാണുവാന്‍ നിനക്ക് കഴിയുകയില്ലെന്ന് അറിയിക്കുകയും, ചില അനുഭവങ്ങള്‍ മുഖേന അത് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയുമാണ് അല്ലാഹു ചെയ്തത്. (കൂടുതല്‍ വിവരം യഥാസ്ഥാനത്ത് നോക്കുക.) കേവലം ഒരു ഉപമ പറഞ്ഞുകൊടുത്തു അല്ലാഹു മതിയാക്കുകയുണ്ടായില്ല.
അടുത്ത ഉദാഹരണവും നോക്കുക. കഴിഞ്ഞ വചനത്തിലെ സംഭവമാണല്ലോ ഇവര്‍ രണ്ടാമതായി ചൂണ്ടിക്കാട്ടിയത്. അവിടെയും ഒരു സംശയം നിമിത്തമുള്ള അപേക്ഷയോ, ആ അപേക്ഷക്ക് ഒരു ഉപമ വിവരിച്ചു കൊടുത്തുകൊണ്ടുള്ള മറുപടിയോ കാണുന്നില്ല. ആ സഞ്ചാരി- അദ്ദേഹം ഒരു പ്രവാചകനായിരിക്കുവാനാണ് ന്യായമെന്ന് നാം മുമ്പ് കണ്ടതാണ്- ആ രാജ്യം വീണടിഞ്ഞു നശിച്ചു കിടക്കുന്നത് കപ്പോള്‍ ആശ്ചര്യഭരിതനായിക്കൊണ്ട് സ്വയം പറഞ്ഞു: ‘ഇത്രയും നിര്‍ജ്ജീവാവസ്ഥയിലുള്ള ഈ രാജ്യം അല്ലാഹു ജീവിപ്പിക്കുന്നത് എങ്ങനെയായിരിക്കും? ആശ്ചര്യം തന്നെ! (أَنَّىٰ يُحْيِي هَٰذِهِ اللَّهُ بَعْدَ مَوْتِهَا)’. ആ രാജ്യത്തെ അല്ലാഹു പുനരുദ്ധരിക്കുമെന്നും, അതില്‍ മരണപ്പെട്ടവരെ വീണ്ടും ഒരിക്കല്‍ ജീവിപ്പിക്കുമെന്നും, അദ്ദേഹത്തിന് അറിയാവുന്നതുകൊണ്ടുതന്നെയാണ് അല്ലാഹുവിന്‍റെ കഴിവില്‍ അദ്ദേഹത്തിന് അത്ഭുതം തോന്നിയതും. അദ്ദേഹം വല്ല സംശയവും പ്രകടിപ്പിക്കുകയോ സംശയനിവൃത്തിക്കുവേണ്ടി അപേക്ഷിക്കുകയോ ഉണ്ടായിട്ടില്ല. എനി, സംശയം കൊണ്ടുതന്നെയാണ് അദ്ദേഹം അങ്ങനെ പറഞ്ഞുപോയതെന്ന് വെക്കുക, എന്നാലും, ഒരു ഉപമമൂലം ആ സംശയം ദുരീകരിക്കുകയല്ല അല്ലാഹു ചെയ്തത്. അദ്ദേഹത്തെയും കഴുതയെയും മരിപ്പിച്ചു ജീവിപ്പിച്ചു കൊടുത്തു. ഭക്ഷണ പാനീയം 100 കൊല്ലം കേടുവരാതെ കാണിച്ചും കൊണ്ട് അല്ലാഹുവിന്‍റെ കഴിവ് അദ്ദേഹത്തിന് അനുഭവത്തിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്തത്. ഈ കാണിച്ചുകൊടുക്കലിന്‍റെ ലക്ഷ്യം, ആ മഹാന് മനസ്സമാധാനമോ, സംശയനിവൃത്തിയോ നല്‍കല്‍ മാത്രമായിരുന്നില്ലെന്നും, അദ്ദേഹത്തിന്‍റെ ആ സംഭവം ജനങ്ങള്‍ക്കൊരു ദൃഷ്ടാന്തം കൂടിയായിരിക്കുവാനാണ് അല്ലാഹു ഉദ്ദേശിച്ചതെന്നും അല്ലാഹുതന്നെ അവിടെ വ്യക്തമാക്കിയിരിക്കുന്നു. (وَلِنَجْعَلَكَ آيَةً لِلنَّاسِ)
(3-ാമതായി:) അവര്‍ വീണ്ടും പറയുന്നു: ‘വാസ്തവത്തില്‍ സംശയനിവൃത്തിക്ക് അഥവാ മനസ്സമാധാനത്തിന് ആവശ്യപ്പെടുന്നതാരാണെന്ന് നാം നല്ലപോലെ ഓര്‍ക്കേണ്ടതുണ്ട്.’ (തുടര്‍ന്നുകൊണ്ട് ഇബ്‌റാഹീം നബിയുടെ ചില ശ്രേഷ്ഠതകളും വിശ്വാസ ദാര്‍ഢ്യവും വിവരിച്ചശേഷം അവര്‍ പറയുന്നു:) ‘അങ്ങനെ, അഗ്നിയിലിട്ടു പരീക്ഷിച്ച ഘട്ടത്തില്‍ പോലും യാതൊരു ചാഞ്ചല്യവുമില്ലാതെ പാറപോലെ ഉറച്ചുനിന്ന ഒരു ഹൃദയ ത്തിനാണോ പുനഃരുത്ഥാന സമ്പ്രദായം അനുഭവമായി കാണാത്തതുകൊണ്ട് അസ്വാസ്ഥ്യ മുണ്ടാകുന്നത്? പുനഃരുത്ഥാനം കണ്ണുകൊണ്ട് കാണാത്തതുകൊണ്ട് അദ്ദേഹത്തിന് മനസ്സമാധാനം ഉണ്ടായില്ലെന്നോ? അത് നമ്മെ അറിയിക്കുവാനോ ഈ സംഭവം ഇവിടെ ഉദ്ധരിച്ചത്? ആണെന്ന് വെക്കണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണം…… അദ്ദേഹം പല നയതന്ത്രങ്ങളും ഉപയോഗിച്ചു. ഫലമുണ്ടായില്ല. ഒരു മനുഷ്യനും ഉണര്‍ന്നില്ല. അങ്ങനെ നിരാശനായിട്ടാണ് രാജ്യം വെടിഞ്ഞത്. അപ്പോഴാണ് നാഥാ! നിര്‍ജ്ജീവമായി കിടക്കുന്ന ഈ മനുഷ്യരെ എങ്ങനെയാണ് ജീവിപ്പിക്കുക? അതെങ്ങനെ സാധ്യമാകും? എന്ന് ചോദിക്കുന്നതും……’ ഈ പ്രസ്താവന വായിക്കുമ്പോള്‍, ഇത് ചെറുകുട്ടികളെ വശീകരിച്ചു പാട്ടിലാക്കാനുള്ള ഒരു ചെപ്പടിവിദ്യ മാത്രമാണോ എന്ന് തോന്നിപോകുന്നു! സംശയം, അസ്വാസ്ഥ്യം, മനസ്സമാധാനം ആദിയായ ചില വാക്കുകള്‍ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചുകൊണ്ടുള്ള ഈ പ്രസ്താവനക്ക് ബുദ്ധിയും മനസ്സാക്ഷിയു മുള്ള സത്യവിശ്വാസികള്‍ വില കല്‍പിക്കുമെന്ന് തോന്നുന്നില്ല.
മരണശേഷം ജീവിപ്പിക്കുമെന്നതില്‍ ഇബ്‌റാഹീം നബി (അ)ക്ക് സംശയമുണ്ടായതായോ, അത് അനുഭവത്തില്‍ കാണാത്തതിനാല്‍ അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നോ ആരും പറഞ്ഞിട്ടുമില്ല, സൂചിപ്പിച്ചിട്ടുമില്ല- ഇവരല്ലാതെ. ഇല്ലാത്തതൊന്ന് കെട്ടിച്ചമച്ചുണ്ടാക്കി ഖണ്ഡിക്കുവാന്‍ മുതിരലും, അതിലൂടെ സ്വന്തം അഭിപ്രായങ്ങള്‍ക്ക് വഴി തുറ ക്കലും ഇക്കൂട്ടരുടെ ഒരു പതിവാണ്. (ഇതിന് വേറെയും ഉദാഹരണങ്ങളുണ്ട്.) ഇവര്‍ എടുത്തുപറഞ്ഞ എല്ലാ യോഗ്യതകളും, പാറക്കല്ലിനെക്കാള്‍ ഉറച്ച ഹൃദയവും ഉള്ള ആളാണ് ആ പ്രവാചകവര്യനെന്ന് എല്ലാവര്‍ക്കും അറിയാം. (അവര്‍ അദ്ദേഹത്തിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചില യോഗ്യതകളെപ്പറ്റി പ്രസംഗവശാല്‍ ഇവിടെ അവര്‍ എണ്ണി പ്പറഞ്ഞതല്ലാതെ, യഥാര്‍ത്ഥത്തില്‍ അവര്‍ക്കതില്‍ വിശ്വാസമില്ലെന്ന് വഴിയെ കാണാം.) ആ മഹാനുഭാവന്‍റെ അത്രയും ഉന്നതമായ നിലപാടുകൊണ്ട് തന്നെയാണ് മരണപ്പെട്ട വരെ ജീവിപ്പിച്ചു കാണുവാനുള്ള ഭാഗ്യം കൂടി തനിക്കുണ്ടായാല്‍ കൊള്ളാമെന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നിയതും. ഒരു മുടക്കും ഉപാധിയും പറയാതെയും, വല്ല ഉപ മയും വിവരിച്ചുകൊടുത്ത് മതിയാക്കാതെയും ആ ആഗ്രഹം അല്ലാഹു അദ്ദേഹത്തിന് സാധിപ്പിച്ചും കൊടുത്തു. ഉദാഹരണങ്ങളോ ദൃഷ്ടാന്തങ്ങളോ വിവരിച്ചുകൊടുത്തു കൊണ്ട് പുനഃരുത്ഥാനത്തിന്‍റെ സാധ്യത തെളിയിച്ചു കൊടുക്കല്‍ ഇബ്‌റാഹീം (അ)ന് മാത്രം സിദ്ധിച്ചതോ, സിദ്ധിക്കാവുന്നതോ ആയ കാര്യമല്ല. ക്വുര്‍ആനില്‍ തന്നെ ഇതിന് ധാരാളം തെളിവുകളുണ്ട്. കാട്ടിലെ പക്ഷികളെ പിടിച്ചു കുറേക്കാലം ഇണക്കി പരിചയെ പ്പടുത്തിയാല്‍ അവയുടെ യജമാനന്‍ വിളിച്ചാല്‍ അവ വിളിച്ചേടത്ത് വരും എന്നതിനക്കൊള്‍ വ്യക്തവും യുക്തവുമായ എത്രയോ ഉദാഹരണവും ദൃഷ്ടാന്തവും അക്കൂട്ടത്തിലുണ്ടുതാനും. അപ്പോള്‍, എല്ലാവര്‍ക്കും ചൂണ്ടിക്കാട്ടിക്കൊടുത്തതുപോലെയുള്ള ഒരു ഉദാഹ രണം ഇബ്‌റാഹീം നബി (അ)ക്കും അല്ലാഹു ചൂണ്ടിക്കാട്ടിക്കൊടുത്തുവെന്നറിയിക്കുവാനാണോ ഈ കഥ അല്ലാഹു ഇവിടെ പറഞ്ഞതെന്ന് നമുക്ക് അവരോടും ചോദിക്കാം.
തെളിവുകളും, ദൃഷ്ടാന്തങ്ങളും വഴി ഒരു കാര്യത്തെക്കുറിച്ച് എത്ര തന്നെ അചഞ്ച ലവും സുദൃഢവുമായ വിശ്വാസം ഉണ്ടായിരുന്നാല്‍പോലും, അത് അനുഭവത്തില്‍ കാണുവാ ന്‍ ആഗ്രഹമുണ്ടാകലും, കണ്ണില്‍കണ്ടാല്‍ കൂടുതല്‍ മനസ്സമാധാനവും സന്തോഷവും അനുഭവപ്പെടലും മനുഷ്യസഹജമായ ഒരു ഗുണമാണെന്ന് എല്ലാവര്‍ക്കും അറിയാം. കണ്ടനുഭവിക്കുന്നതിന് മുമ്പ് അതില്‍ സംശയമോ അസ്വാസ്ഥ്യമോ ഉണ്ടായിരുന്നുവെന്ന് അതിനര്‍ത്ഥമില്ല. തെളിവും ദൃഷ്ടാന്തവും വഴിയുള്ള അറിവ് ഉറപ്പായ അറിവ് (عِلْمُ اليَقِين) തന്നെ. പക്ഷേ, അത് അനുഭവത്തില്‍ കാണുമ്പോള്‍ ഉറപ്പായ അനുഭവം (عين اليَقِين) ആയി ഉയരുന്നുവെന്നുമാത്രം. ഈ വചനത്തിന്‍റെ വിവരണത്തില്‍ സയ്യി ദുറശീദുരിദ്വാ (റ) യുടെ ഒരു പ്രസ്താവനയുടെ സാരം അറിയുന്നത് ഇവിടെ സന്ദര്‍ഭോചിതമാകുന്നു. അദ്ദേഹം പറയുകയാണ്: ‘ഇബ്‌റാഹീം (അ)ന്‍റെ ഈ ചോദ്യത്തില്‍ നിന്ന് പുനഃരുത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസത്തില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് ചില മനുഷ്യര്‍ മനസ്സിലാക്കിയിരിക്കുന്നു. അസ്വാസ്ഥ്യത സംശയമാണല്ലോ. വല്ലാത്തൊരു വിഡ്ഢിത്തം! എത്ര വിദൂരമായ ബുദ്ധി! ബുഖാരീ – മുസ്‌ലിമിന്‍റെ ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു: نَحْنُ ولى بِالشَّكِّ مِنْ إِبْرَاهِيم (നാം ഇബ്‌റാഹീം നബിയെക്കാള്‍ സംശയ ത്തിന് അര്‍ഹരാണ്.) അതായത്, നമുക്ക് സംശയമില്ലെന്നുള്ളത് ഖണ്ഡിതമാണെന്നതുപോലെ, അദ്ദേഹത്തിനും സംശയമില്ലെന്നും നാം ഖണ്ഡിതമായി പറയുന്നു. അഥവാ അതിനക്കൊള്‍ ഖണ്ഡിതമായിപ്പറയുന്നു എന്ന് സാരം. എന്നാല്‍, ആ വാക്കില്‍ സംശയത്തിന്‍റെ യാതൊരു ലാഞ്ഛനയുമില്ല. പല കാര്യങ്ങളും ഉറപ്പായി വിശ്വസിക്കുകയും അതിന്‍റെ രൂപം എങ്ങനെയാണെന്ന് കണ്ടറിയാതിരിക്കുകയും ചെയ്യുമ്പോള്‍ അത് കാണുവാന്‍ ആഗ്രഹിക്കാത്തവരുണ്ടായിരിക്കയില്ല. നോക്കൂ, ഈ കമ്പിസന്ദേശം! നിമിഷ നേരം കൊണ്ട് പൗരസ്ത്യ ദേശത്തുനിന്ന് പാശ്ചാത്യദേശത്ത് അത് എത്തുന്നുവെന്ന് അത് നിലവിലുള്ള എല്ലാ രാജ്യക്കാര്‍ക്കും അറിയാം. പക്ഷേ, അതെങ്ങനെയാണ് ഇത്രേ വഗം എത്തുന്നതെന്ന് അറിയുന്നവര്‍ കുറവായിരിക്കും. അപ്പോള്‍, അതൊന്ന് കണ്ടറിയണമെന്ന് വല്ലവരും ആവശ്യ പ്പെട്ടാല്‍ അയാള്‍ അതില്‍ സംശയിക്കുന്നുവെന്നാണോ അര്‍ത്ഥം?!’ (*)
(*) കുറച്ചുകൊല്ലങ്ങള്‍ക്കുമുമ്പ് എഴുതിയതാണ് റശീദുരിദ്വാ (റ) ഇത്. അമേരി ക്കയിലെയും റഷ്യയിലെയും ചില വ്യക്തികള്‍ക്ക് ചന്ദ്രനില്‍ പോയിവരുവാന്‍ വേണ്ടുന്ന അറിവും സാമഗ്രികളും ഉണ്ടാക്കിക്കൊടുത്ത ശാസ്ത്രജ്ഞന്‍മാര്‍പോലും ആ വ്യക്തികളെപ്പോലെ തങ്ങള്‍ക്കും ചന്ദ്രനില്‍ പോയിക്കാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടാ യാല്‍ അവര്‍ക്കതില്‍ സംശയം ഉണ്ടെന്ന് അര്‍ത്ഥമാകുമോ?
ഇവരുടെ ഈ പ്രസ്താവനയിലടങ്ങിയ ഒരു ഒളിച്ചുകളി ശ്രദ്ധേയമാകുന്നു: അഗ്നിയിലി ട്ടു പരീക്ഷിച്ചപ്പോള്‍പോലും ചാഞ്ചല്യമില്ലാതെ ഇബ്‌റാഹീം (അ) പാറപോലെ ഉറച്ചുനിന്നു എന്ന് ഇവര്‍ പറഞ്ഞുവല്ലോ. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ അഗ്നിയിലിട്ട സംഭവത്തെത്തന്നെ നിഷേധിക്കുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ഇതുപോലെയുള്ള കുറേ ദുര്‍വ്യാഖ്യാനങ്ങളും സമര്‍ത്ഥനങ്ങളും നിരത്തിക്കാട്ടിക്കൊണ്ട് ശത്രുക്കളുടെ കോപാഗ്നിയിലാണ്- യഥാര്‍ത്ഥ അഗ്നിയാലല്ല അദ്ദേഹം പരീക്ഷിക്കപ്പെട്ടതെന്ന് (സൂറ ത്തുല്‍ അന്‍ബിയാഉ് 69-ാം വചനത്തിലടങ്ങിയ വിവരണത്തില്‍വെച്ച്) ഇവര്‍ തുറന്നു പറഞ്ഞത് കാണാവുന്നതാണ്. അതിരിക്കട്ടെ, പല നയതന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടും ഉണരാതെ നിര്‍ജ്ജീവമായിപ്പോയ തന്‍റെ ജനതയെ എനി എങ്ങനെ ജീവിപ്പിക്കും (ഉദ്ധരിക്കും)? അതെങ്ങനെ സാധ്യമാകും? എന്നായിരുന്നു ഇബ്‌റാഹീം (അ) ചോദിച്ചതെന്ന് ഇവര്‍ സമര്‍ത്ഥിച്ചതും ശരിയല്ലെന്ന് അല്ലാഹു പറഞ്ഞ വാക്കുകളില്‍ നിന്ന് തന്നെ മന സ്സിലാക്കാവുന്നതാണ്. മരണപ്പെട്ടവരെ നീ എങ്ങനെയാണ് ജീവിപ്പിക്കുക (كَيْفَ تُحْيِي الْمَوْتي) എന്നാണദ്ദേഹം ചോദിച്ച വാക്ക്. الْمَوْتي എന്ന വാക്കിന് ‘മരണെപ്പട്ടവര്‍’ എന്നാണര്‍ത്ഥമെന്നു ‘നയതന്ത്രങ്ങള്‍ ഉപയോഗിച്ചും ഉണരാതെ നിര്‍ജ്ജീവമാ യിപ്പോയവര്‍’ എന്നല്ല അതിന് അര്‍ത്ഥമെന്നും നാം മുകളില്‍ കണ്ടുവല്ലോ.
(4-ാമതായി:) അവര്‍ പറയുന്നു:- ‘മനുഷ്യരുമായി ഇണക്കമില്ലാത്ത പക്ഷികളെ പിടിച്ച് ഇണക്കുവാനും വിളിക്കുന്നേടത്ത് വരുത്തുവാനും മനുഷ്യന് കഴിയുമെങ്കില്‍ നിര്‍ജ്ജീവ മായി കിടക്കുന്ന മനുഷ്യരെ ജീവിപ്പിക്കുവാന്‍ കഴിയുമെന്ന പാഠമാണ് അല്ലാഹു പഠി പ്പിക്കുന്നത്. പക്ഷികളെ പിടിക്കുവാന്‍ കല്‍പിച്ചതില്‍ അര്‍ത്ഥമുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ഇബ്‌റാഹീം നബിക്കുണ്ടായിരുന്ന മനസ്സമാധാനക്കുറവ് തന്‍റെ ജനതയെക്കുറിച്ചായിരുന്നു. ഇവിടെ ഇത് ഉദ്ധരിച്ചതിന്‍റെ ആവശ്യകത നോക്കുമ്പോഴും അത് വ്യക്തമാണ്. അധഃപതിച്ചുകിടക്കുന്ന ലോകത്തെ ഉദ്ധരിക്കുവാനാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അല്ലാഹു അയച്ചത്. അദ്ദേഹത്തിന്‍റെയും അനുയായികളുടെയും ത്യാഗങ്ങള്‍ക്ക് ഫലമുണ്ടാകുമെന്ന് കാണിക്കുവാനാണ് ഈ സംഭവങ്ങള്‍ ഇവിടെ ഉദ്ധരിച്ചിട്ടുള്ളത്.’ (അവര്‍ തുടരുന്നു:) ‘ഇബ്‌റാഹീം നബിയുടെ ചോദ്യത്തിന്‍റെയും അല്ലാഹുവിന്‍റെ മറുപടിയുടെയും താല്‍പര്യത്തെക്കുറിച്ച് ഇമാംറാസീ പന്ത്ര് അഭിപ്രായങ്ങള്‍ ഉദ്ധരി ച്ചിട്ടുണ്ട്. അതിലൊന്നാണ് നാം വിവരിച്ചത്. ഈ അഭിപ്രായം ഇമാം ക്വുര്‍ത്വുബീ അദ്ദേ ഹത്തിന്‍റെ തഫ്‌സീറിലും, ഇബ്‌നുഹജര്‍ അസ്‌ക്വലാനീ ‘ഫത്ഹുല്‍ബാരീ’യിലും ഉദ്ധ രിച്ചിട്ടുണ്ട്. അജ്ഞാനാന്ധകാരം പിടിപെട്ടവരെക്കുറിച്ച് നിര്‍ജ്ജീവികളെന്നും, വിദ്യയും സംസ്‌കാരവുമുള്ളവരെക്കുറിച്ച് ജീവിച്ചിരിക്കുന്നവര്‍ എന്നും പറയുന്നത് അറബി സാഹി ത്യത്തില്‍ സാധാരണമാണെന്നതിന് ‘റൂഹുല്‍മആനീ’ മുതലായ തഫ്‌സീറുകളില്‍ പല ഉദാഹരണങ്ങള്‍ കാണിച്ചിട്ടുണ്ട്. ക്വുര്‍ആനില്‍തന്നെ ഉദാഹരണങ്ങള്‍ കാണാം.’ ഇതെല്ലാം കേള്‍ക്കുമ്പോള്‍ കഥ അറിയാത്ത സാധാരണക്കാര്‍ അതിശയിച്ചു പോയേ ക്കുമെങ്കിലും വിഷയങ്ങളുടെ ഉള്ളിലേക്ക് കടന്നു നോക്കുമ്പോഴേ ഈ വാചകങ്ങളിലെ പൊള്ളത്തരവും കൃത്രിമവും മനസ്സിലാകൂ.
മരിച്ചവരെ ജീവിപ്പിക്കുന്നത് കാണിച്ചുകൊടുക്കുവാനല്ല- അധഃപതിച്ച് നിര്‍ജ്ജീവമായ ജനങ്ങളെ ഉദ്ധരിച്ച് ജീവിപ്പിക്കുന്നതെങ്ങനെയാണെന്നാണ്- ഇബ്‌റാഹീം (അ) ചോദിച്ചതെന്ന തങ്ങളുടെ വാദത്തെ ന്യായീക രിക്കുവാന്‍ വേണ്ടി, ഈ സംഭവം അല്ലാഹു ഇവിടെ ഉദ്ധരിച്ചതിന്‍റെ ആവശ്യകത ഇന്നതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും അനുയായികളുടെയും ത്യാഗങ്ങള്‍ക്ക് ഫലമുണ്ടാകുമെന്ന് കാണിക്കുവാനാണത്രെ അത്. വാസ്തവത്തില്‍ ഇത് വാദത്തെ വാദംകൊണ്ടുതന്നെ ന്യായീകരിക്കലും, വാദത്തിന് വാദിയുടെ മൊഴിതന്നെ തെളിവാക്കലുമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജനതക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചുള്ള പ്രധാനമായ ഒരു ആക്ഷേപം മരണാനന്തര ജീവിതത്തെക്കുറിച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സംസാരിക്കുന്നതാണ്. ആ ജനതയാണെങ്കില്‍ ഇബ്‌റാഹീം (അ)ന്‍റെ സന്തതികളും അദ്ദേഹത്തെ ബഹുമാനിച്ചും ആദരിച്ചും വരുന്നവരുമാണ്. ആ നിലക്ക് തങ്ങളുടെ പിതാമഹന് മരണപ്പെട്ട വസ്തുക്കളെ അല്ലാഹു ജീവിപ്പിച്ചു കാണിച്ചുകൊ ടുത്ത ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് ആ ജനങ്ങളെ ഓര്‍മിപ്പിക്കുവാനാണ് അല്ലാഹു ഇത് ഉദ്ധരിച്ചതെന്ന് വെക്കുന്നതല്ലേ കൂടുതല്‍ ന്യായമായിട്ടുള്ളത്? പക്ഷെ, ഈ സംഭവം ഇവിടെ ഉദ്ധരിച്ചത് എന്താവശ്യത്തിന് വേണ്ടിയാണെന്ന് അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഓരോരുത്തര്‍ക്കും യുക്തവും ന്യായവുമായിത്തോന്നുന്ന അഭിപ്രായം സ്വീകരിക്കാമെന്നുവെച്ച് നമുക്കത് വിട്ടേക്കാം. അജ്ഞാനാന്ധകാരങ്ങളില്‍ മുഴു കിയവരെപ്പറ്റി നിര്‍ജ്ജീവികളെന്നും, ഉറങ്ങിയവരെന്നും, അറിവും സംസ്‌കാരവും ഉള്ളവരെപ്പറ്റി ജീവിച്ചിരിക്കുന്നവരെന്നും ഉണര്‍ന്നവരെന്നുമൊക്കെ സാധാരണ സാഹിത്യ ങ്ങളിലും- ക്വുര്‍ആനില്‍ തന്നെയും- പറയാറുണ്ടെന്ന് നമുക്കും അറിയാം. പക്ഷേ, അതാണോ ഇവിടെ ഉദ്ദേശ്യമെന്നാണ് നോക്കേണ്ടത്. അതിനുമുമ്പായി റാസീ, ക്വുര്‍ത്വുബീ, അസ്‌ക്വലാനീ, റൂഹുല്‍മആനീയുടെ കര്‍ത്താവായ ആലൂസീ (റ) എന്നിവരുടെ പേരുകള്‍ ഇവര്‍ ചൂഷണം ചെയ്തതിനെപ്പറ്റി ഒരന്വേഷണം നടത്താതെ വിടുവാന്‍ നിവൃത്തിയില്ല.
ഇബ്‌റാഹീം (അ) ചോദിക്കുവാനുള്ള കാരണങ്ങളെപ്പറ്റി പണ്ഡിതന്‍മാര്‍ പല വിധ ത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് പന്ത്ര് അഭിപ്രായങ്ങള്‍ ഇമാം റാസീ (റ) ഉദ്ധരിച്ചിട്ടുള്ളത് ശരിയാണ്. അവയില്‍ ഒന്ന് അദ്ദേഹത്തിന്‍റെയും ബാക്കിയുള്ളവ പലരുടെയും അഭിപ്രായങ്ങളാകുന്നു. ഇവിടെ അതൊന്നും ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കേണ്ടുന്ന ആവശ്യമില്ല. അവയില്‍ 6-ാമത്തെ അഭിപ്രായമാണ് ഇക്കൂട്ടര്‍ തങ്ങള്‍ക്ക് പിന്‍ബലമായി ചൂണ്ടിക്കാട്ടിയത്. അതിനെപ്പറ്റി റാസീ (റ) പറയുന്നത് ഇങ്ങനെയാണ്: ‘ആറാമത്തെത് ‘തസവ്വൂഫ്’കാരുടെ (സൂഫികളുടെ) ഭാഷയില്‍ ഉള്ളതാകുന്നു. അതായത്, (ദൈവികമാ യ) ദര്‍ശനങ്ങളുടെയും വെളിപാടിന്‍റെയും പ്രകാശങ്ങളില്‍ നിന്ന് മറയിടപ്പെട്ട ഹൃദയങ്ങളാണ് ‘മരണപ്പെട്ടവര്‍’ എന്ന വാക്കുകൊണ്ടുദ്ദേശ്യം. (*) ‘ജീവിപ്പിക്കല്‍’ കൊണ്ടുദ്ദേ ശ്യം ആ വെളിപാടും ദൈവിക പ്രകാശങ്ങളും ലഭിക്കലുമാകുന്നു. അപ്പോള്‍ മരണെ പ്പട്ടവരെ ജീവിപ്പിക്കുന്നതെങ്ങനെയാണെന്ന് എനിക്ക് കാണിച്ചു തരണമെന്ന് ഇബ്‌റാഹീം (അ) പറഞ്ഞത് ആ വെളിപാടും ദര്‍ശനങ്ങളും തേടലാകുന്നു ‘നീ വിശ്വസി ച്ചിട്ടില്ലേ’ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയുടെ സാരം ഞാനത് അദൃശ്യത്തിന്‍റെ വിശ്വാസം വിശ്വസിച്ചിട്ടുണ്ട്, എങ്കിലും ആ വെളിപാട് ലഭിക്കുക മുഖേന എന്‍റെ ഹൃദയം സമാധാന പ്പെടുവാന്‍ വേണ്ടിയാണ്’ എന്നുമാകുന്നു. ‘മുതകല്ലിമു’കളുടെ (ഇസ്‌ലാമിക വിശ്വാസ ശാസ്ത്രജ്ഞന്‍മാരുടെ) അഭിപ്രായത്തില്‍, ലക്ഷ്യം മുഖേന ലഭി ക്കുന്ന അറിവില്‍ സംശയങ്ങളും സന്ദേഹങ്ങളും കടന്നുകൂടുവാന്‍ സാധ്യതയുണ്ട്. അതൊന്നും കടന്നുകൂടാത്ത വിധം അനിവാര്യമായ അറിവ് ( العلم الضرورى ) നല്‍കണമെ ന്ന് തേടിയതാണ് അദ്ദേഹം എന്നാകുന്നു.’ ഇതാണ് റാസീ (റ)യുടെ വാചകം. (ഇമാം സമക്വ്ശരീയും മുതകല്ലിമുകളുടെ അഭിപ്രായക്കാരനാകുന്നു.)
(*) റാസീ (റ)യുടെ മൂലവാചകം ഇതാണ്: أن الما رد من الموتى القلوب المحجوبة عن أنوار المكاشفات والتجلي
എനി, ഇമാംക്വുര്‍ത്വുബീയും, ഇമാം അസ്‌ക്വലാനീ (റ)യും പറഞ്ഞത് നോക്കുക: ഇബ്‌റാഹീം (അ)ന്‍റെ അപേക്ഷക്കുള്ള കാരണങ്ങളെ സംബന്ധിച്ച അഭിപ്രായങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍, അസ്‌ക്വലാനീ (റ)യും പറയുന്നു: ‘(എന്‍റെ ഹൃദയം സമാധാനമടയു വാന്‍ വേണ്ടി എന്ന വാക്കിലെ) ‘ഹൃദയം’ കൊണ്ടുദ്ദേശ്യം, അദ്ദേഹത്തിന്‍റെ ഒന്നിച്ചുണ്ടായിരുന്ന ഒരു സ്‌നേഹിതനാണെന്ന് അറിവില്ലാത്ത ചിലര്‍ പറഞ്ഞതായി ഇബ്‌നുത്തീന്‍ (റ) ഉദ്ധരിച്ചിരിക്കുന്നു. അതിനെക്കാള്‍ വിദൂരമായതാണ് ചില സൂഫികളില്‍ നിന്ന് ക്വുര്‍ആന് വ്യാഖ്യാതാവായ ക്വുര്‍ത്വുബീ ഉദ്ധരിച്ചത്. അതായത്, ഹൃദയങ്ങളെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്നാണ് അദ്ദേഹം (ഇ്റാഹീം നബി) ചോദിച്ചതെന്ന്.’ (*)
(*) ونص عباته : ا وبعد منه ما حكاه القرطبى المفسر عن بعض الصوفية ان سأل من ربه ان يريه كيف يحيى القلوب الخ راجع فتح البارى – الجزء السادس باب قوله ونبئهم عن ضيف ابراهيم الخ
റൂഹുല്‍മആനീയില്‍ ആലൂസി (റ) പറഞ്ഞ താണ് എനി ബാക്കിയുള്ളത്. പല നിലക്കും വളരെ ഉപകാരപ്പെട്ടതും നല്ലതുമായ ഒരു തഫ്‌സീറാണ് ‘റൂഹുല്‍മആനീ’. എന്നാല്‍, കുറേ ‘സൂഫിസം അതില്‍ ഇടക്കിടെ കാണാം. മിക്ക ആയത്തുകളുടെയും വ്യാഖ്യാനങ്ങളും അവയെ സംബന്ധിച്ച ന്യായങ്ങളും വേണ്ടതുപോലെ വിവരിച്ച ശേഷം: ومن باب الاشارة (സൂചനാര്‍ത്ഥത്തില്‍ പെട്ടത്) എന്ന തലക്കെട്ടില്‍ ആ ആയത്തിന് സൂഫികള്‍ സ്വീകരിക്കാറുള്ള ചില ഗോപ്യാര്‍ത്ഥങ്ങള്‍ ഉദ്ധരിക്കുക അദ്ദേഹത്തിന്‍റെ പതിവാണ്. അക്കൂട്ടത്തില്‍ ഇവിടെയും ആ ശീര്‍ഷകത്തിന്‍ കീഴിലാണ് ഈ അഭിപ്രായം അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത്. അതിന്‍റെ ചുരുക്കം ഇങ്ങനെയാണ്: ‘മരണപ്പെട്ടവര്‍ (المَوْتِى) എന്നാല്‍ അജ്ഞാനമാകുന്ന രോഗം കൊണ്ട് മരണമടഞ്ഞ ഹൃദയങ്ങളാകുന്നു: നീ വിശ്വസിച്ചിട്ടില്ലേ.
(اولم تؤمن) എന്നാല്‍ ദൃഢമായ അറിവില്ലേ എന്നാകുന്നു: എന്‍റെ ഹൃദയം സമാധാനിക്കുവാന്‍ വേണ്ടി (ليطمئن قلبى) എന്നാല്‍ നിന്‍റെ ‘അര്‍ശാ’കുന്ന ഹൃദയം എന്നാകുന്നു; നാല് പക്ഷികളെ പിടിക്കുക (فخذ اربعة من الطير) എന്നാല്‍ ശരീരമാകുന്ന കൂട്ടിലുള്ള അദൃശ്യമായ ബുദ്ധി, ഹൃദയം, മനസ്സ്, ആത്മാവ് എന്നീ പക്ഷികളാകുന്നു; صرهن اليك എന്നാല്‍ കൂട്ടിക്കൊണ്ടു വന്നു അറുക്കുക എന്നാകുന്നു’ (തുടര്‍ന്നുകൊണ്ട് അവയെ അറുക്കുന്ന രൂപങ്ങളും, മലകളുടെയും വിളിയുടെയും ഓടിവരുന്നതിന്‍റെ യുമെല്ലാം സാരങ്ങള്‍ എന്താണെന്നും അതേ ഗോപ്യാര്‍ത്ഥ ശൈലിയിലൂടെ വിവരി ക്കുന്നുമുണ്ട്.
റാസീ, ക്വുര്‍തുബീ, അസ്‌ക്വലാനീ, ആലൂസി (റ) എന്നിവരെല്ലാം തന്നെ, ആയത്തിന്‍റെ ശരിയായ വ്യാഖ്യാനങ്ങള്‍ വിവരിച്ചശേഷം പലരും പലതും പറഞ്ഞതിനെ ഉദ്ധരിച്ച കൂട്ട ത്തിലാണ് ഇതൊക്കെ ഉദ്ധരിച്ചിരിക്കുന്നത്. ഇവരെല്ലാം ഈ പുതിയ വാദത്തെ അനുകൂലിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ഇക്കൂട്ടരുടെ പാഴ് ശ്രമത്തിന്‍റെ ഉള്ളു കള്ളി ഇപ്പോള്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ആറാമതായി റാസീ (റ) ഉദ്ധരിച്ച ആ അഭിപ്രായം സൂഫികളുടെ വകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചില സൂഫികളുടെ അഭിപ്രായമാണതെന്ന നിലക്കാണ് ക്വുര്‍ത്വുബീ (റ)യും അത് ഉദ്ധരിച്ചത്. അത് ഖണ്ഡിച്ചുകൊണ്ടാണ് അസ്‌ക്വലാനീ (റ) അത് ഉദ്ധരിച്ചതും. (സത്യത്തില്‍ നിന്നും വളരെ വിദൂരമായ ഒരഭിപ്രായമാണതെന്ന് അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു.) ആലൂസി (റ) ആകട്ടെ, സൂഫികളുടെ ഗോപ്യാര്‍ത്ഥങ്ങളിലാണ് അത് ഉദ്ധരിച്ചതും. ആ അര്‍ത്ഥം സ്വീകരിക്കുകയാണെങ്കില്‍ അതോട് ചേര്‍ന്ന് അദ്ദേഹം ഉദ്ധരിച്ചതും അറബി ഭാഷാ സാഹിത്യങ്ങളിലെവിടെയും കാണപ്പെടാത്തതുമായ (പക്ഷികള്‍ അറുക്കല്‍ മുതലാ യവയെപ്പറ്റി പ്രസ്താവിച്ച) വേറെ കുറേ അര്‍ത്ഥങ്ങളും കൂടി സ്വീകരിക്കേതുണ്ട് താനും. അതെല്ലാം സ്വീകരിക്കുവാന്‍ ഇക്കൂട്ടര്‍ തയ്യാറുണ്ടാകുമോ? ആലോചിച്ച് നോക്കുക! തയ്യാറില്ലാത്തപക്ഷം തികച്ചും അടിസ്ഥാനരഹിതമായ ആ ഗോപ്യാര്‍ത്ഥ ങ്ങളില്‍ നിന്ന് ഈ ഒന്നു മാത്രം സ്വീകരിച്ചതിന് യാതൊരു നീതീകരണവുമില്ല . വാസ്തവം പറഞ്ഞാല്‍ ‘സൂഫികള്‍’ എന്ന പേര് കേള്‍ക്കുമ്പോഴേക്കുതന്നെ പുച്ഛവും പരിഹാസവും തോന്നുന്ന ‘പുരോഗമനാശയ’ക്കാരാണിവര്‍ എന്നാണ് വയ്പ്. പക്ഷേ, തെറ്റായ ഒരു പുത്തന്‍ ആശയം ബലപ്പെടുത്തുവാന്‍ വേണ്ടി എന്തടവും സ്വീകരിക്കാമെന്ന ഒരു നയമാണ് ഇവിടെയെന്നപോലെ പലപ്പോഴും ഇവര്‍ ഉപയോഗിച്ചു കാണുന്നത്. ഇത് മാന്യതക്കും പാണ്ഡിത്യത്തിനും യോജിക്കുന്നതല്ല.
പ്രസ്തുത പണ്ഡിതന്‍മാര്‍ അവരുടെ പതിവനുസരിച്ച് പല അഭിപ്രായങ്ങളും ഉദ്ധരിച്ച കൂട്ടത്തില്‍ ഈ അഭിപ്രായവും ഉദ്ധരിച്ചുവെന്നല്ലാതെ, ഒരാള്‍പോലും അതിനെ ശരിവെച്ചിട്ടില്ല. സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടുകയോ സൂചന നല്‍കുകയോ ചെയ്തിരിക്കുന്നുതാനും. ഇവരില്‍ ഏതെങ്കിലും ഒരാളാകട്ടെ, പ്രധാന ക്വുര്‍ആന്‍ വ്യാഖ്യാതാക്ക ളിലോ ഹദീഥ് വ്യാഖ്യാതാക്കളിലോ പെട്ട മറ്റാരെങ്കിലുമാകട്ടെ, ഇബ്‌റാഹീം (അ)ന്‍റെ അപേക്ഷ യഥാര്‍ത്ഥത്തില്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നതിനെക്കുറിച്ചല്ലെന്നോ, പക്ഷികളെ പിടിച്ചുകൊണ്ടുവന്ന് അറുത്തു കഷ്ണമാക്കി മലകളില്‍ കൊണ്ടുപോയി വെക്കുവാനല്ല – അവയെ ഇണക്കി പരിശീലിപ്പിച്ചു ജീവനോടെ മലകളില്‍ കൊണ്ടുപോയി വെക്കുവാനാണ്- അല്ലാഹു കല്‍പിച്ചതെന്നോ, മരണപ്പെട്ട പക്ഷികളെ ജീവിപ്പിച്ചു കാണിച്ചുകൊടുക്കുകയുണ്ടായിട്ടില്ലെന്നോ പറഞ്ഞിട്ടില്ല. ഒരു ക്വുര്‍ആന്‍ വ്യാഖ്യാതാവ് മാത്രം അങ്ങനെ പറഞ്ഞിട്ടുണ്ട്. അതിനെപ്പറ്റി താഴെ നാം സ്പര്‍ശിക്കുന്നുമുണ്ട്.)
(5-ാമതായി:) അവര്‍ തുടരുന്നു:- ‘ഓരോ അംശം (ജുസ്ഉ്) ഓരോ മലയില്‍ വെക്കുവാന്‍ പറഞ്ഞതാണ് സംശയത്തിന് മറ്റൊരു കാരണം. ‘ജുസ്ഉ്’ എന്ന് ഒന്നിന്‍റെ ഒരംശത്തിനും ഒരു സമൂഹത്തിന്‍റെ ഒരു വിഭാഗത്തിനും ഉപയോഗിക്കാറുണ്ട്. ക്വുര്‍ആനില്‍ 15:44 ല്‍ ആ അര്‍ത്ഥമാണുള്ളത്…. മല നാലെണ്ണമായിരുന്നു; കോഴി, മയില്‍, പ്രാവ്, കാക്ക ഇങ്ങനെ നാല് പക്ഷികളെയാണ് പിടിച്ചത് എന്നെല്ലാം പറയുന്നത് കഥകള്‍ മാത്രമാണ്. ക്വുര്‍ആനില്‍ ഇല്ല. ക്വുര്‍ആന്‍ പറഞ്ഞ രൂപം ശരിപ്പെടേണമെങ്കില്‍ രണ്ട് മല മാത്രമുണ്ടായാലും മതി.’ ‘ജുസ്ഉ് ( جُزْء )’ എന്ന വാക്കിന് ‘അംശം, ഭാഗം, ചിലത്, അവയവം’ എന്നൊക്കെ അര്‍ത്ഥം വരാമെന്നും, ഒരു വസ്തുവിന്‍റെ അംശത്തിനും, ഒരു സമൂഹത്തിലെ വിഭാഗ ത്തിനും, അത് ഉപയോഗിക്കാമെന്നും നാമും സമ്മതിക്കുന്നു. എങ്കിലും അധികവും ഉപയോഗിക്കാറുള്ളത് ഒരു വസ്തുവിന്‍റെ അംശം എന്ന അര്‍ത്ഥത്തിലാകുന്നു. അതാണതിന്‍റെ സാക്ഷാല്‍ അര്‍ത്ഥവും: 15:44ല്‍ ഉള്ളതുപോലെ, ഒരു സമൂഹത്തെ ഒട്ടാകെ ഒരു വസ്തുവായി കണക്കാക്കിക്കൊണ്ട് അതിലെ ഒരു വിഭാഗത്തിനും ഉപയോഗിക്കാറുണ്ടെന്നത് ശരിയാണ്. ഈ സംഭവത്തിന് ഇവര്‍ നല്‍കുന്ന ഈ പുതിയ രൂപത്തിന് യോജിക്കുന്നില്ലെന്നുള്ളത് ഒഴിവാക്കിയാല്‍, അതിന് അതിന്‍റെ സാക്ഷാല്‍ അര്‍ത്ഥം തന്നെ നല്‍കുന്നതിന് ഒരു തടസ്ഥവും ഇവിടെ ഇല്ലതാനും. എന്നിരിക്കെ, ഈ ന്യായത്തിന് വലിയ പ്രസക്തിയൊന്നുമില്ല. പിന്നെ, മലകള്‍ നാലെണ്ണമാണ്, ഏഴാണ്, പക്ഷികള്‍ കോഴി മുതലായവയാണ് എന്നൊക്കെയുള്ള പ്രസ്താവനകള്‍ക്ക് നാമും വലിയ വിലയൊന്നും കല്‍പിക്കുന്നില്ല. ആയിരിക്കാമെന്ന് മാത്രം. എന്നാല്‍, ഇതൊക്കെ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയോ, മുസ്‌ലിംകളുടെയോ പൊതു അംഗീകാരമുള്ളതാണെന്ന് തോന്നിക്കുന്ന ചിത്രീകരണം മാന്യതക്ക് യോജിച്ചതായില്ല. ക്വുര്‍ആനില്‍ പറഞ്ഞ രൂപം ശരിപ്പെടുവാന്‍ മല രണ്ടെണ്ണമായാലും മതി എന്നുള്ള ഗണിത തത്വത്തിലടങ്ങിയ രഹസ്യം ഇതാണ്: ഓരോന്നിനെ ഓരോ മലയില്‍ വെക്കുവാന്‍ കല്‍പിച്ചിട്ടില്ലല്ലോ. രണ്ടും രണ്ടുമാ യാലോ, ഒന്നും മൂന്നുമായോ ഭാഗിച്ചു ഒരു വിഭാഗം ഒരു മലയിലും മറ്റേത് മറ്റേ മലയിലും വെക്കാം. പക്ഷെ, അല്ലാഹു പറഞ്ഞ വാക്ക് : اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا (എല്ലാ ഓരോ മലയിലും ഓരോ ‘ജുസുഉ്’ ആക്കിക്കൊള്ളുക) എന്നാണ്. كُلِّ جَبَلٍ എന്ന വാക്കിന്‍റെ നേര്‍ക്ക് നേരെ അര്‍ത്ഥം നോക്കുമ്പോള്‍- റാസീ (റ) ചൂണ്ടിക്കാട്ടിയതുപോലെ- ലോകത്തുള്ള എല്ലാ മലകളും എന്നാണ് വരുന്നത്. പക്ഷേ, അങ്ങനെ ആരും അഭി പ്രായപ്പെട്ടിട്ടില്ല. അതിന് ന്യായവുമില്ല. സാധ്യമാകുന്ന മലകള്‍ എന്നാണ് മുജാഹിദും, ദ്വഹ്ഹാക്കും (റ) പറയുന്നത്. ചുറ്റുപാടിലുള്ളവ, അല്ലെങ്കില്‍ സൗകര്യപ്പെട്ടവ എന്നാണ് പൊതുവിലുള്ള അഭിപ്രായം. ഏതായാലും എണ്ണം ക്‌ളിപ്തമല്ലെന്ന് തീര്‍ച്ചതന്നെ. അപ്പോള്‍, അദ്ദേഹത്തിന്‍റെ ചുറ്റുപാടിലുള്ളതും അദ്ദേഹത്തിന് സൗകര്യപ്പെട്ടതുമായ മല കളുടെ എണ്ണം എത്രയുണ്ടായാലും അതിലെല്ലാം വെക്കുവാന്‍ തക്കവണ്ണം ‘ജുസ്ഉ്’കള്‍ ഉണ്ടായിരിക്കണം. പക്ഷികളെ അറുത്ത് കഷ്ണിക്കാതെ ഇത് സാധ്യമല്ലല്ലോ. ‘എല്ലാ മലകളും’ കൊണ്ടുദ്ദേശ്യം എത്ര എണ്ണമാണെന്ന് നിര്‍ണയിക്കുന്ന തെളിവില്ലാത്ത കാലത്തോളം മലകളെ രണ്ടിലോ നാലിലോ ഒതുക്കി നിറുത്തുവാന്‍ നിവൃത്തിയില്ല.
(6-ാമതായി:) അവര്‍ തുടര്‍ന്ന് പറയുന്നു:- ‘പക്ഷികളെ അറുത്തിട്ട് (അവ) ജീവിച്ച് എന്ന വ്യാഖ്യാനത്തെ ഹിജ്‌റഃ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച പ്രസിദ്ധ ക്വുര്‍ആന്‍ വ്യാഖ്യാ താവായ ഇമാം അബൂ മുസ്‌ലിം ശക്തിയായി എതിര്‍ത്തിട്ടുണ്ട്. ഇമാം റാസീ മുതലായവര്‍ അത് ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു.’ അതെ, അബൂ മുസ്‌ലിം ഇസ്വ്ഫഹാനീ (റ) പ്രസിദ്ധനായ ഒരു ക്വുര്‍ആന്‍ വ്യാഖ്യാതാവുതന്നെ. അതേ സമയത്ത് അദ്ദേഹത്തിന് മറ്റാരും സ്വീകരിക്കാത്ത ചില സ്വന്തം അഭിപ്രായങ്ങളുള്ളതും, ചില തല്‍പര കക്ഷികളൊഴിച്ച് ബാക്കിയുള്ളവരെല്ലാം അവ ഖണ്ഡിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടുള്ളതും പ്രസിദ്ധമാകുന്നു. ആദ്യ നൂറ്റാണ്ടുകളില്‍ ജീവിച്ചത് കൊണ്ട് അദ്ദേഹത്തിന്‍റെ അഭിപ്രായമെല്ലാം ശരിയായിക്കൊള്ളണമെന്നില്ലല്ലോ. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച പണ്ഡിതന്‍മാരുടെ അഭിപ്രായം പോലും തെളിവുകള്‍ക്ക് നിരക്കാത്തപ ക്ഷം സ്വീകാര്യമല്ല. ഇമാം റാസീ (റ) പോലുള്ളവര്‍ അദ്ദേഹ ത്തിന്‍റെ അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍, അവരെല്ലാം ആ അഭിപ്രായം ശരിവെച്ചുവെന്നാണ് ഇവര്‍ ധ്വനിപ്പിക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. അറിഞ്ഞിടത്തോളം- ഇവരെപോലെയുള്ള ചില ആധുനിക പ്രിയന്‍മാരല്ലാത്ത പണ്ഡിതന്‍മാരാരും അത് ശരിവെച്ചിട്ടില്ല. റാസീ (റ) അടക്കം ആ അഭിപ്രായം ഉദ്ധരിച്ചവര്‍ അതിനെ ഖണ്ഡിക്കുവാന്‍ വേണ്ടി ഉദ്ധരിച്ചതാണ് താനും. ഇവരുടെ പല പ്രസ്താവനകളും സന്ദര്‍ഭവശാല്‍ നാം ഇവിടെ ഉദ്ധരിച്ചതുകൊണ്ട് നാം അവയൊക്കെ ശരിവെച്ചുവെന്ന് ആരെങ്കിലും ധരിക്കുമോ?! അങ്ങനെ വല്ലവരും ധരിപ്പിക്കുന്നപക്ഷം അത് വഞ്ചനയല്ലാതെ മറ്റെന്താണ്?!
ഇവര്‍ ഉദ്ധരിച്ച അബൂമുസ്‌ലിമിന്‍റെ പ്രസ്താവനയെപ്പറ്റി ഇവര്‍ തന്നെ അംഗീകരിക്കുന്ന പ്രധാന ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നതെന്താണെന്ന് നോക്കുക. അതിനെപ്പറ്റി റാസീ (റ)യുടെ പ്രതികരണം ഇതാണ്: ‘ഈ ആയത്തിന്‍റെ താല്‍പര്യം ആ പക്ഷികളെ കഷ്ണിക്കണമെന്നാണെന്നും, അവയുടെ അവയവ ങ്ങളും മാംസങ്ങളും തൂവ ലുകളും രക്തങ്ങളുമെല്ലാം ഇബ്‌റാഹീം (അ) മുറിച്ചു കഷ്ണിച്ചു കൂട്ടിക്കലര്‍ത്തിയിട്ടുണ്ടെന്നുമുള്ളതില്‍, അബൂമുസ്‌ലിം അല്ലാത്ത ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഏകോപിച്ചിരിക്കുന്നു. അബൂ മുസ്‌ലിം ഇത് നിഷേധിച്ചിരിക്കയാണ്’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അബൂമുസ്‌ലിമിന്‍റെ അഭിപ്രായങ്ങളും ന്യായങ്ങളും ഉദ്ധരിക്കുകയും, പിന്നീട് പല കാരണങ്ങളും എടുത്തുകാട്ടി അവയെ ഖണ്ഡിക്കുകയും ചെയ്തിരിക്കുകയാണ്. റൂഹുല്‍മആനിയില്‍ ആലൂസി (റ) ആകട്ടെ- അദ്ദേഹത്തെയും തങ്ങളുടെ അനുകൂലികളില്‍പെട്ട ഒരു വ്യാഖ്യാതാവാക്കുവാന്‍ ഇവര്‍ ശ്രമിച്ചിട്ടുണ്ടല്ലോ- അല്‍പം രൂക്ഷമായ ഭാഷയിലാണ് അതിനെപ്പറ്റി സംസാരിക്കുന്നത്. അബൂമുസ്‌ലിമിന്‍റെ അഭിപ്രായം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറയുകയാണ്: ‘ഇത് മുസ്‌ലിംകളുടെ ഏകകണ്ഠമായ അഭിപ്രായത്തിന് എതിരാണെന്ന് പറയേണ്ടതില്ല. ഒരു തരം പിച്ച് വാക്കുകളാണത്. മതബോധമുള്ളവര്‍ അതിലേക്ക് ചായുകയില്ല. ശരിയായ ഹദീഥുകളുടെയും (മുന്‍ഗാമികളില്‍ നിന്നുള്ള) ഉദ്ധരണികളുടെയും പിന്‍ബലത്തോടുകൂടി ആയത്തില്‍നിന്ന് വ്യക്തമാകുന്ന അര്‍ത്ഥത്തില്‍ നിന്നുള്ള വ്യതിയാനവുമാകുന്നു.’
(7-ാമതായി:) ചില ഉര്‍ദു- ഇംഗ്ലീഷ് ക്വുര്‍ആന്‍ ഭാഷ്യങ്ങളുടെ പേര് പറഞ്ഞുകൊണ്ട് ഇവയിലെല്ലാം صر هن എന്ന വാക്കിന്) ‘ഇണക്കുക’ എന്നാണ് അര്‍ത്ഥം കൊടുത്തിരി ക്കുന്നത് എന്ന് ഇവര്‍ പ്രസ്താവിക്കുന്നു. ഇത് കണ്ടാല്‍ തോന്നും صر എന്ന വാക്കിന് ‘ഇണക്കുക’ എന്ന അര്‍ത്ഥം അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍, ഇവരുടെ ഈ ദുര്‍വ്യാ ഖ്യാനങ്ങളെല്ലാം സത്യസമ്പൂര്‍ണമായിത്തീരുമെന്നും, ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആ അര്‍ത്ഥം കണ്ടുപിടിച്ചിട്ടില്ല- അല്ലെങ്കില്‍ അവരത് കല്‍പിച്ചുകൂട്ടി വകവെച്ചില്ല- എന്നും, ഇവര്‍ മാത്രമാണത് കണ്ടുപിടിച്ചത് എന്നുമൊക്കെ. ഒരു വാക്കിന്‍റെ അര്‍ത്ഥോദ്ദേശ്യങ്ങള്‍ വിവരിക്കുന്നതിന് പലരും വ്യത്യസ്തങ്ങളായ വാക്കുകളായിരിക്കും അവരവരുടെ ഗ്രന്ഥ ങ്ങളില്‍ ഉപയോഗിച്ചിരിക്കുക . നിഘണ്ടുക്കളിലാക ട്ടെ, ഒരേ വാക്കിന് ഒന്നില ധികം അര്‍ത്ഥ ങ്ങളും പറഞ്ഞിരിക്കും. അക്കൂട്ടത്തില്‍ صر എന്ന വാക്കിന് ‘ഇണക്കുക’ എന്ന അര്‍ത്ഥം പറയാവുന്ന വല്ല വാക്കുകളും അവര്‍ ഉപയോഗിച്ചിരിക്കുവാനും സാദ്ധ്യതയു്. എന്നുവെച്ച് ആ ഒരേ അര്‍ത്ഥമാണ് ഇവിടെ ശരിയായതെന്നും, മറ്റുള്ളതൊന്നും ശരിയല്ലെന്നും കല്‍പിക്കുവാനും നിവൃത്തിയില്ല. അതേ സമയത്ത് -ഇണക്കുക എന്ന് ആ വാക്കിന് അര്‍ത്ഥം വരാമെങ്കില്‍ പോലും- അതല്ല ഇവിടെ ഉദ്ദേശ്യമെന്നും, മേല്‍ വിവരിച്ച പ്രകാരമാണ് അതിന്‍റെ അര്‍ത്ഥമെന്നും ഇവര്‍ തന്നെ സമ്മതിക്കുന്ന പല മഹാന്‍മാരും വ്യക്തമാക്കിയത് നാം കണ്ടുവല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ എതിര്‍പ്പിന്‍റെ മര്‍മം സ്ഥിതിചെയ്യുന്നത് ‘ഇണക്ക’ത്തിന്‍റെ കാര്യത്തിലല്ല. സത്യത്തോടും നേര്‍ക്കുനേരെയുള്ള വ്യാഖ്യാനത്തോടും കാണിക്കപ്പെ ടുന്ന ‘പിണക്ക’ത്തിലാണ് പ്രധാനമായും നമുക്ക് എതിര്‍പ്പുള്ളത്. ക്വുര്‍ആന്‍റെ വ്യക്തമായ താല്‍പര്യങ്ങള്‍ക്കും, ക്വുര്‍ആന്‍ വ്യാഖ്യാതാക്കളടക്കം പൊതുവെ മുസ്‌ലിം പണ്ഡിതന്‍മാരുടെ ഏകകണ്ഠമായ പ്രസ്താവനകള്‍ക്കും വിരു ദ്ധമായ ഇത്തരം ദുര്‍വ്യാഖ്യാനങ്ങളെപ്പറ്റി സത്യാന്വേഷികളായ സത്യവിശ്വാസികള്‍ -ഇക്കാലത്ത് വിശേഷിച്ചും- ജാഗരൂകരായിരിക്കേണ്ടതുള്ളതുകൊണ്ട് ഈ വിഷയത്തില്‍ ഇത്രയും സംസാരിക്കേണ്ടി വന്നതാണ്. അല്ലാഹു നമുക്കെല്ലാവര്‍ക്കും സല്‍ബുദ്ധിയും, സത്യം മനസ്സിലാക്കുവാനും സ്വീകരിക്കുവാനുമുള്ള തൗഫീക്വും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.
വിഭാഗം - 36
- مَّثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتْ سَبْعَ سَنَابِلَ فِى كُلِّ سُنۢبُلَةٍ مِّا۟ئَةُ حَبَّةٍ ۗ وَٱللَّهُ يُضَٰعِفُ لِمَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ ﴾٢٦١﴿
- അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരുടെ ഉപമ, എല്ലാ (ഓരോ) കതിരിലും നൂറ് ധാന്യമണികളുള്ളതായ ഏഴുകതിരുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ധാന്യമണിയുടെമാതിരിയാകുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടി(പ്പടി)യായി കൊടുക്കുകയും ചെയ്യും. അല്ലാഹുവിശാലനും (എല്ലാം) അറിയുന്നവനുമാകുന്നു.
- مَّثَلُ الَّذِينَ യാതൊരു കൂട്ടരുടെ ഉപമ, ഉദാഹരണം يُنفِقُونَ അവര്‍ ചിലവഴിക്കുന്നു أَمْوَالَهُمْ തങ്ങളുടെ സ്വത്തുക്കളെ فِي سَبِيلِ മാര്‍ഗത്തില്‍ اللَّهِ അല്ലാഹുവിന്‍റെ كَمَثَلِ حَبَّةٍ ഒരു ധാന്യമണിയുടെ മാതിരിയാണ് أَنبَتَتْ അത് ഉല്‍പാദിപ്പിച്ചു سَبْعَ سَنَابِلَ ഏഴ് കതിരു (കുല)കളെ فِي كُلِّ سُنبُلَةٍ എല്ലാ കതിരിലുമുണ്ട് مِّائَةُ حَبَّةٍ നൂറ്ധാന്യമണി وَاللَّهُ അല്ലാഹു يُضَاعِفُ ഇരട്ടി(പ്പടി)യായി കൊടുക്കുകയും ചെയ്യും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ അല്ലാഹു വിശാലനുമാകുന്നു عَلِيمٌ (എല്ലാം) അറിയുന്നവന്‍
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നതിന്‍റെ പ്രാധാന്യവും, ധനം ചെലവഴിക്കുന്നതില്‍ അറിഞ്ഞിരിക്കേണ്ടുന്ന പല കാര്യങ്ങളും വിവരിച്ചുകൊണ്ടുള്ളതാണ്ഈ വചനവും തുടര്‍ന്നുള്ള ഏതാനും വചനങ്ങളും. അല്ലാഹുവിന്‍റെ മാര്‍ഗം (سَبِيلِ الَّله) കൊണ്ടുദ്ദേശ്യം അവന്‍ തൃപ്തിപ്പെടുന്ന എല്ലാ നല്ല വിഷയങ്ങളുമാകുന്നു. അതില്‍ മുന്‍പന്തിയില്‍ നിലകൊള്ളുന്നതാണ് ‘ജിഹാദ്’ -അഥവാ ഇസ്‌ലാമിലെ ധര്‍മ സമരം. നന്മകള്‍ക്ക് ചുരുങ്ങിയത് പത്തിരട്ടി പ്രതിഫലം ലഭിക്കുമെന്നും, തിന്മകള്‍ക്ക് അതേഅളവില്‍ മാത്രമേ പ്രതിഫലം നല്‍കപ്പെടുകയുള്ളൂവെന്നും (സൂ: അന്‍ആം, 160 ല്‍) അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുകയെന്ന നന്മക്ക് എഴുനൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുമെന്നും, അത്രയുമല്ല, അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അതിലും കൂടുതലായും ലഭിക്കുമെന്നും ഈ വചനം മുഖേന അറിയിക്കുന്നു. എത്ര അധികം പ്രതിഫലം നല്‍കുന്നതിലും പിശുക്കോ, മടിയോ, വിഷമമോ ഇല്ലാത്തവനാണ് അവന്‍ എന്നും, ആര്‍ക്കെല്ലാമാണ് കൂടുതല്‍ നല്‍കേണ്ടതെന്നും, ഏതിനൊക്കെയാണ് അധികം നല്‍കേണ്ടതെന്നുമൊക്കെ അവന്നറിയാമെന്നും ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
എഴുനൂറിരട്ടി പ്രതിഫലം നല്‍കുമെന്ന് പറയാതെ, നൂറുമണിവീതമുള്ള ഏഴുകതിര്‍ഉല്‍പാദിപ്പിക്കുന്ന ധാന്യം പോലെ എന്ന് പറഞ്ഞത് ശ്രദ്ധേയമാകുന്നു. ചിലവഴിക്കുന്നധനത്തിന്‍റെ പരിശുദ്ധി, വിഷയത്തിന്‍റെ പ്രാധാന്യം, ചിലവഴിക്കുന്നവന്‍റെ ഉദ്ദേശ്യലക്ഷ്യംആതിയായവ അനുസരിച്ചും ചെലവ ഴിച്ച തിന്‍റെ ഫലമായുണ്ടാകുന്ന നന്മകളുടെ തോതനുസരിച്ചുമായിരിക്കും ആ വര്‍ദ്ധനവ് എന്നുള്ള സൂചനയാണിതിലുള്ളത്. വിത്തിന്‍റെഗുണം, മണ്ണിന്‍റെ ഗുണം, വെള്ളവും വളവും ലഭിക്കുന്ന തോത് എന്നിവയനുസരിച്ചാണല്ലോ ചെടിയുടെ വളര്‍ച്ചയും വിളവും ഉണ്ടാകുക. ധനം ചിലവഴിക്കുന്നത് മാത്രമല്ല, എല്ലാ സല്‍ക്കര്‍മങ്ങളുടെയും സ്ഥിതി ഇത് തന്നെ. ഈ വസ്തുത നബി വചനങ്ങളില്‍കൂടുതല്‍ വ്യക്തമാക്കപ്പെട്ടു കാണാം.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘ഒരാള്‍ പരിശുദ്ധമായ സമ്പാദ്യത്തില്‍നിന്ന് ഒരു കാരക്കസമാനമായ വല്ലതും ധര്‍മം ചെയ്താല്‍- പരിശുദ്ധമായതല്ലാതെഅല്ലാഹു സ്വീകരിക്കുകയില്ലതാനും- അല്ലാഹു അതവന്‍റെ വലങ്കൈ കൊണ്ട് (സസേന്താഷം) സ്വീകരിക്കുന്നതാണ്. പിന്നീട് നിങ്ങെളാരാള്‍ തന്‍റെ കുതിരക്കുട്ടിയെ (ലാളിച്ചു) വളര്‍ത്തുന്നതുപോലെ അതിന്‍റെ ആള്‍ക്കുവേണ്ടി അവന്‍ അതിനെ വളര്‍ത്തിക്കൊണ്ടിരിക്കും. അങ്ങനെ, അത് മലപോലെ ആയിത്തീരും.’ (ബു; മു.) ഒരാള്‍ ഒരു മൂക്കുകയറിട്ട ഒട്ടകവുമായിവന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പറഞ്ഞു: ‘റസൂലേ, ഇത് അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്കുള്ളതാണ്.’ അപ്പോള്‍, തിരുമേനി പറഞ്ഞു: ‘അതിന് പകരം തനിക്ക് ക്വിയാമത്തുനാളില്‍ എഴുനൂറ് ഒട്ടകമുണ്ടായിരിക്കും.’ (അ;മു;ന.) മറ്റൊരു നബി വചനത്തിന്‍റെസാരം ഇതാണ്: ‘മനുഷ്യന്‍റെ എല്ലാ (നല്ല) കര്‍മങ്ങള്‍ക്കും ഒരു നന്മക്ക് അതിന്‍റെ പത്തത്ര കണ്ടായിരിക്കും. അങ്ങനെ, എഴുനൂറിരട്ടിവരെ ഉണ്ടായിരിക്കും. അല്ലാഹു പറയുന്നു: നോമ്പൊഴികെ -അതെനിക്കുള്ളതാണ്- ഞാനത്രെ അതിന് പ്രതിഫലം കൊടുക്കുക.അവന്‍ എന്‍റെ കാരണത്താല്‍ അവന്‍റെ ദേഹേച്ഛയും ഭക്ഷണവും ഉപേക്ഷിക്കുന്നു….'(ബു; മു.)
- ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ ثُمَّ لَا يُتْبِعُونَ مَآ أَنفَقُوا۟ مَنًّا وَلَآ أَذًى ۙ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾٢٦٢﴿
- യാതൊരു കൂട്ടര്‍ തങ്ങളുടെസ്വത്തുക്കള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുകയും, പിന്നീട്തങ്ങള്‍ ചെലവഴിച്ചതിനെത്തുടര്‍ന്ന് ഉപകാരം എടുത്തു പറയുകയാകട്ടെ, ദ്രോഹിക്കുകയാകട്ടെ ചെയ്യാതിരിക്കുകയും ചെയ്യുന്നുവോ, അവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ തങ്ങളുടെ പ്രതിഫലം ഉണ്ടായിരിക്കും. അവരുടെമേല്‍ യാതൊരു ഭയവുമില്ല.അവര്‍ വ്യസനപ്പെടുകയുമില്ല.
- الَّذِينَ യാതൊരു കൂട്ടര്‍ يُنفِقُونَ അവര്‍ ചെലവഴിക്കും أَمْوَالَهُمْ തങ്ങളുടെസ്വത്തുക്കളെ, ധനത്തെ فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ثُمَّ لَا يُتْبِعُونَ പിന്നെഅവര്‍ തുടര്‍ന്ന് ചെയ്കയില്ല مَا أَنفَقُوا അവര്‍ ചിലവഴിച്ചതിനെ (തുടര്‍ന്ന്) مَنًّا ഉപകാരം എടുത്ത് പറയല്‍ وَلَا أَذًى ദ്രോഹവും (ഉപദ്രവവും) ഇല്ല لَّهُمْ അവര്‍ക്കുണ്ട് أَجْرُهُمْ അവരുടെ പ്രതിഫലം عِندَ رَبِّهِمْ അവരുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ യാതൊരു ഭയവുമില്ല عَلَيْهِمْ അവരുടെ മേല്‍, അവര്‍ക്ക് وَلَا هُمْ يَحْزَنُونَ അവര്‍ വ്യസനപ്പെടുകയുമില്ല
- ۞ قَوْلٌ مَّعْرُوفٌ وَمَغْفِرَةٌ خَيْرٌ مِّن صَدَقَةٍ يَتْبَعُهَآ أَذًى ۗ وَٱللَّهُ غَنِىٌّ حَلِيمٌ ﴾٢٦٣﴿
- (നല്ല) മര്യാദപ്പെട്ട വല്ലവാക്കും, പൊറുത്തു കൊടുക്കലും, ദ്രോഹം തുടര്‍ന്ന് വരുന്നതായ ധര്‍മെത്തക്കാള്‍ ഉത്തമമായതാകുന്നു. അല്ലാഹു വാകട്ടെ, (പരാശ്രയം വേണ്ടാത്ത) ധന്യനും സഹനശീലനുമാണ്.
- قَوْلٌ مَّعْرُوفٌ മര്യാദപ്പെട്ട (സദാചാരമായ) ഒരു വാക്ക് (വല്ലവാക്കും) وَمَغْفِرَةٌ (വല്ല) പൊറുത്തുകൊടുക്കലും خَيْرٌ ഉത്തമമാണ് مِّن صَدَقَةٍ ഒരുധര്‍മത്തെക്കാള്‍ يَتْبَعُهَا അതിനെത്തുടര്‍ന്നുണ്ടാകും أَذًى ഉപദ്രവം وَاللَّهُ അല്ലാഹു غَنِيٌّ ധന്യനാണ്, അനാശ്രയനാകുന്നു حَلِيمٌ സുശീലനാകുന്നു
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۖ فَمَثَلُهُۥ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُۥ وَابِلٌ فَتَرَكَهُۥ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَىْءٍ مِّمَّا كَسَبُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ ﴾٢٦٤﴿
- ഹേ, വിശ്വസിച്ചവരേ, ഉപകാരം എടുത്തുപറയലും, ദ്രോഹിക്കലും വഴി, നിങ്ങളുടെ (ദാന) ധര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കരുത്;- (അതെ) മനുഷ്യരെ കാണിക്കുവാനായി തന്‍റെ ധനം ചെലവഴിക്കുകയും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവനെപ്പോലെ. എന്നാല്‍, അവന്‍റെ ഉദാഹരണം, മീതെ (കുറച്ച്) മണ്ണുള്ളതായ ഒരുമിനുസപ്പാറയുടെ മാതിരിയാകുന്നു;എന്നിട്ട് അതിന് ഒരു കനത്ത മഴബാധിച്ചു, അതതിനെ ഉറച്ചുമിനുത്ത നിലയില്‍ വിട്ടേച്ചു കളഞ്ഞു. (അതായത്;) അവര്‍ ചെയ്തുവെച്ചതില്‍ യാതൊന്നിനും [യാതൊന്നും അനുഭവിക്കുവാന്‍] അവര്‍ക്ക് കഴിയുകയില്ല. അല്ലാഹു അവിശ്വാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയുമില്ല.
- يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ لَا تُبْطِلُوا നിങ്ങള്‍ നിഷ്ഫലമാക്കരുത് صَدَقَاتِكُم നിങ്ങളുടെ (ദാന) ധര്‍മങ്ങളെ بِالْمَنِّ ഉപകാരം എടുത്തു പറയല്‍ കൊണ്ട് وَالْأَذَىٰ ദ്രോഹവും كَالَّذِي يُنفِقُ ചിലവഴിക്കുന്നവനെപ്പോലെ مَالَهُ തന്‍റെ ധനത്തെ رِئَاءَ النَّاسِ മനുഷ്യരെ കാണിക്കുവാന്‍ (മാനം നേടാന്‍) وَلَا يُؤْمِنُ അവന്‍ വിശ്വസിക്കയുമില്ല بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും فَمَثَلُهُ എന്നാല്‍ അവന്‍റെഉപമ كَمَثَلِ صَفْوَانٍ ഒരു മിനുസപ്പാറമാതിരിയാണ് عَلَيْهِ تُرَابٌ അതില്‍മേല്‍ മണ്ണുണ്ട് فَأَصَابَهُ എന്നിട്ട് അതിന് ബാധിച്ചു وَابِلٌ ഒരു പേമാരി فَتَرَكَهُ എന്നിട്ടത് അതിനെവിട്ടേച്ചു (ബാക്കിയാക്കി വിട്ടു) صَلْدًا ഉറച്ചതായി, ഉറച്ചു മിനുത്തുകൊണ്ട് لَّا يَقْدِرُونَ അവര്‍ക്ക് കഴിയുകയില്ല عَلَىٰ شَيْءٍ യാതൊന്നിനും مِّمَّا كَسَبُوا അവര്‍ സമ്പാദിച്ചു (ചെയ്തു) വെച്ചതില്‍ (പെട്ട) وَاللَّهُ لَا يَهْدِي അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയുമില്ല الْقَوْمَ الْكَافِرِينَ അവിശ്വാസികളായ ജനങ്ങളെ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ -സല്‍ക്കാര്യങ്ങളില്‍- ധനം ചിലവഴിക്കുന്നവര്‍ അവശ്യം മനസ്സിലാക്കേണ്ടുന്ന പല കാര്യങ്ങളും അല്ലാഹു സത്യവിശ്വാസികളെ ഉപദേശിക്കുന്നു. ദാനധര്‍മങ്ങള്‍ ഫലശൂന്യമാക്കിത്തീര്‍ക്കുന്ന മൂന്ന് കാര്യങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവ ഉപേക്ഷിക്കുവാന്‍ കല്‍പിക്കുകയും ചെയ്യുന്നു.
(1) ചെയ്ത ഉപകാരം എടുത്തുപറയുകയും, എണ്ണിക്കാട്ടുകയും ചെയ്യുക (الْمَنّ) ദുരഭിമാനവും സല്‍പേര് സമ്പാദിക്കുവാനുള്ള വാഞ്ഛയുമാണ് ഇതിന് പ്രേരിപ്പിക്കുക. ഉപകാരം ചെയ്യപ്പെട്ടവര്‍ക്കാകട്ടെ, അവരുടെ അന്തസ്സിനും മാനത്തിനും ഇത് ക്ഷതംഏല്‍പിക്കുകയും ചെയ്യും.
(2) ഉപകാരം ചെയ്യപ്പെട്ട ആള്‍ക്ക് വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ ഉപദ്രവവും സ്വൈര്യക്കേടും വരുത്തുക (الاذى) ചെയ്ത ഉപകാരത്തിന്‍റെ പേരില്‍ നന്ദിയും, കൂറുംപുലര്‍ത്തിക്കാണുവാനോ, പ്രത്യുപകാരം ലഭിക്കുവാനോ ഉള്ള മോഹത്തില്‍ നിന്നുംഅവന്‍ തന്നോട് കടപ്പെട്ടവനാണെന്ന ദുര്‍വിചാരത്തില്‍ നിന്നുമാണ് ഇതിന്‍റെ ഉത്ഭവം.
(3) അന്യരെ കാണിക്കുവാനും, അവര്‍ കണ്ടാല്‍ കൊള്ളാമെന്ന ഉദ്ദേശ്യത്തിലുംപ്രവര്‍ത്തിക്കുക (الرياء), ജനമദ്ധ്യെ പേരും കീര്‍ത്തിയും നേടുകയാണിതിന്‍റെ ലക്ഷ്യം.
ഈ മൂന്ന് കാര്യങ്ങളും ദാനധര്‍മങ്ങളെ നിഷ്ഫലമാക്കുമെന്നും, അവയില്‍ നിന്ന്സുരക്ഷിതമാകുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലായിരിക്കുകയും ചെയ്‌തെങ്കിലേ അവപ്രതിഫലം അര്‍ഹിക്കുകയുള്ളൂവെന്നും, അങ്ങനെയുള്ള ധനവ്യയങ്ങള്‍ക്ക് അല്ലാഹുവമ്പിച്ച ഫലം ഒരുക്കിവെച്ചിട്ടുണ്ടെന്നും അല്ലാഹു അറിയിക്കുന്നു. അപ്രകാരം ചെയ്യപ്പെടുന്ന നല്ല കര്‍മങ്ങള്‍ക്ക് ഫലം സിദ്ധിക്കാതെയോ, വല്ല ഹാനിയും നേരിട്ടോ അവപാഴായിപ്പോകുമെന്ന ഭയം വേണ്ടാ, ചിലവഴിച്ചതിനെപ്പറ്റി ഭാവിയില്‍ ഒരിക്കലും വ്യസനപ്പെടേണ്ടി വരുകയുമില്ല എന്ന് വാഗ്ദാനവും ചെയ്തിരിക്കുന്നു.
ദാനധര്‍മങ്ങള്‍ ചെയ്യുന്നതിനെത്തുടര്‍ന്ന് വല്ല ഉപദ്രവമോ സ്വൈവര്യക്കേടാ ഉണ്ടാകുന്ന പക്ഷം -അത് വ്യക്തികളെയോ സ്ഥാപനങ്ങളെയോ ബാധിക്കുന്നതായാലും ശരി- അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ ഭേദം ആ ദാനധര്‍മങ്ങള്‍ ചെയ്യാതിരിക്കലാണ്; നല്ല വാക്ക് പറഞ്ഞു സമാശ്വസിപ്പിക്കലും, വിട്ടുവീഴ്ചയോടെ പെരുമാറലുമാണ്അതിനെക്കാള്‍ ഉത്തമമായിട്ടുള്ളത് എന്നൊക്കെയാണ് രണ്ടാമത്തെ വചനത്തിലെ ആശയങ്ങള്‍. ജനങ്ങളുടെ ദാനധര്‍മങ്ങ ളൊന്നും അല്ലാഹുവിന് ആവശ്യമില്ല; അതിന്‍റെ ഗുണംഅവര്‍ക്കു തന്നെയാണ്; അതുകൊണ്ട് അത് നിഷ്ഫലമായിപ്പോകുന്ന കാര്യങ്ങള്‍ അവര്‍സൂക്ഷിക്കേണ്ടതാണ്; സൂക്ഷിക്കാത്തവരുടെ പേരില്‍ തല്‍ക്കാലം നടപടിയൊന്നും എടുക്കാതിരിക്കുന്നത് അല്ലാഹുവിന്‍റെ സഹനം കൊണ്ടാണ് എന്നൊക്കെയുള്ള സൂചനകളാണ്’അല്ലാഹു ധന്യനും സഹനശീലനുമാകുന്നു (وَاللَّهُ غَنِيٌّ حَلِيمٌ)’ എന്ന വാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. ചെയ്ത ഉപകാരം എടുത്തുപറഞ്ഞും, ഉപദ്രവവും സ്വൈര്യക്കേടുംഉണ്ടാക്കിയും ദാനധര്‍മങ്ങളെ നിഷ്ഫലമാക്കരുതെന്നും, അല്ലാഹുവിലും അന്ത്യനാളിലുംവിശ്വാസമില്ലാതെ, ജനമദ്ധ്യെ പേരിനും പെരുമക്കും വേണ്ടി ധനം ചിലവഴിക്കുന്നതിന് തുല്യമാണ് അതെന്നും, അത് സത്യവിശ്വാസികള്‍ക്ക് യോജിച്ചതല്ലെന്നും ഉദാഹരണ സഹിതം മൂന്നാമത്തെ വചനത്തിലും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഉറപ്പും മിനുസവുമുള്ള ഒരുപാറക്കല്ലിന്‍മേല്‍ കുറച്ച് മണ്ണുണ്ടായിരിക്കെ, അതിന് ശക്തിയായ മഴ തട്ടിയാല്‍ ആ മണ്ണ് അവിടെ പിന്നെ ഒട്ടും ബാക്കിയാവുകയില്ലല്ലോ. അതുപോലെയാണ് അങ്ങനെയുള്ളവരുടെ കര്‍മങ്ങള്‍. അവകൊണ്ട് യാതൊരു പ്രയോജനവും പരലോകത്ത് അവര്‍ക്ക് ലഭിക്കുവാനില്ല എന്നത്രെ ഉപമയുടെ സാരം.
യാതൊരു പ്രതിഫലമോ നന്ദിയോ ഉദ്ദേശിക്കാതെ അല്ലാഹുവിന്‍റെ പ്രീതിയെ മോഹിച്ചും, അവന്‍റെ ശിക്ഷയില്‍ നിന്ന് ഒഴിവാകുവാന്‍ ഉദ്ദേശിച്ചും കൊണ്ട് സാധുക്കള്‍ക്ക് അന്നദാനം ചെയ്യുന്ന സജ്ജനങ്ങള്‍ക്ക് ലഭിക്കുന്ന മഹത്തായ അനുഗ്രഹങ്ങളെപ്പറ്റി സൂറത്തുദ്ദഹ്‌റില്‍ (സൂ: ഇന്‍സാനില്‍) അല്ലാഹു വിസ്തരിച്ചു വിവരിച്ചിരിക്കുന്നത് കാണാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി അബൂദര്‍റ് (റ) പ്രസ്താവിക്കുന്നു. മൂന്ന് കൂട്ടരുണ്ട്: ക്വിയാമത്ത് നാളില്‍ അല്ലാഹു അവരോട് (കോപം നിമിത്തം) സംസാരിക്കുകയില്ല; അവരിലേക്ക് നോക്കുകയുമില്ല; അവരെ സംസ്‌കരിക്കുകയുമില്ല. അവര്‍ക്ക് വേദനയേറിയശിക്ഷയും ഉണ്ടായിരിക്കും. അതായത്, കൊടുത്തതിനെപ്പറ്റി എടുത്തു പറഞ്ഞുകൊണ്ടിരിക്കുന്നവനും, (അന്തസ്സിനുവേണ്ടി) വസ്ത്രം നിലത്തടിക്കുന്നവനും, കള്ളസത്യം മുഖേന ചരക്ക് വിറ്റഴിക്കുന്നവനും’ (മു.) ധനം ചിലവഴിക്കുന്നവരുടെ ലക്ഷ്യം എന്തായിരിക്കണമെന്നും തുടര്‍ന്ന് വിവരിക്കുന്നു:
- وَمَثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ وَتَثْبِيتًا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةٍۭ بِرَبْوَةٍ أَصَابَهَا وَابِلٌ فَـَٔاتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌ فَطَلٌّ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴾٢٦٥﴿
- അല്ലാഹുവിന്‍റെ പ്രീതിയെ തേടിയും, തങ്ങളുടെ ആത്മാക്കളില്‍ [മനസ്സുകളില്‍] നിന്നുള്ള ദൃഢീകരണമായും തങ്ങളുടെ ധനം ചിലവഴിക്കുന്നവരുടെ ഉപമയാകട്ടെ, ഒരു മേടുപ്രദേശത്തുള്ള ഒരു തോട്ടത്തിന്‍റെമാതിരിയാകുന്നു: അതിന് ഒരു കനത്ത മഴ കിട്ടി; എന്നിട്ട് അത് അതിന്‍റെ കനി രണ്ടിരട്ടിയായി നല്‍കി [-ഇങ്ങനെയുള്ള ഒരു തോട്ടത്തിന്‍റെ മാതിരി]. എനി, അതിന് കനത്ത മഴ കിട്ടിയില്ലെങ്കില്‍, ഒരു ചാറല്‍ മഴ (മതിയാകും). അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
- وَمَثَلُ ഉപമയാകട്ടെ الَّذِينَ يُنفِقُونَ ചിലവഴിക്കുന്നവരുടെ أَمْوَالَهُمُ തങ്ങളുടെ സ്വത്തുക്കളെ ابْتِغَاءَ തേടിക്കൊണ്ടും مَرْضَاتِ اللَّهِ അല്ലാഹുവിന്‍റെ പ്രീതി وَتَثْبِيتًا ദൃഢപ്പെടുത്തലായും مِّنْ أَنفُسِهِمْ തങ്ങളുടെ മനസ്സുകളില്‍ നിന്നുള്ള كَمَثَلِ جَنَّةٍ ഒരു തോട്ടം മാതിരിയാകുന്നു بِرَبْوَةٍ ഒരു മേടില്‍, പീഠപ്രദേശത്ത് أَصَابَهَا അതിന് കിട്ടി وَابِلٌ ഒരു കനത്ത മഴ فَآتَتْ അങ്ങനെ അത് നല്‍കി أُكُلَهَا അതിന്‍റെ കനി, ഫലം ضِعْفَيْنِ രണ്ടിരട്ടിയായി فَإِن لَّمْ يُصِبْهَا എനി അതിന് കിട്ടിയില്ലെങ്കില്‍ وَابِلٌ ഒരുകനത്ത മഴ فَطَلٌّ എന്നാല്‍ ഒരു (നേരിയ) ചാറല്‍ മഴ وَاللَّهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്
അല്ലാഹുവിന്‍റെ പ്രീതിയും പൊരുത്തവും ലക്ഷ്യമാക്കിക്കൊണ്ടും, അവന്‍റെ സന്ദേശങ്ങളിലും വാഗദാനങ്ങളിലുമുള്ള വിശ്വാസത്തിന്‍റെ ദൃഢീകരണമായിക്കൊണ്ടും സല്‍കാര്യങ്ങളില്‍ ധനം ചിലവഴിക്കുന്നവരുടെ ഒരു ഉപമ ഈ വചനത്തില്‍ അല്ലാഹു വിവരിക്കുന്നു. സാധാരണമായ നിലപ്പരപ്പില്‍ നിന്നും കുറേ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മേട്പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു തോട്ടം. അവിടത്തെ വായുവും മണ്ണും മാലിന്യത്തില്‍നിന്ന് ശുദ്ധമായിരിക്കുന്നതു കൊണ്ട് അതിലെ കായ്കനികള്‍ക്ക് പ്രത്യേകം ഗുണവും സ്വാദുമുണ്ടായിരിക്കുമല്ലോ. കൊടുക്കുന്ന വളങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുകയും ചെയ്യും. അതോടുകൂടി നല്ല മഴയും കിട്ടിയാല്‍, ഇതരതോട്ടങ്ങളില്‍ നിന്ന് ലഭിക്കുന്നതിന്‍റെ രണ്ടത്ര ഫലം അതില്‍നിന്ന് ലഭിക്കും. വേണ്ടത്ര മഴ കിട്ടിയില്ലെങ്കിലും നേരിയ മഴ കിട്ടിയാലും കുറേയൊക്കെ ഫലം ആ തോട്ടം നല്‍കാതിരിക്കുകയില്ല. ഇങ്ങനെത്തന്നെയാണ് അവരുടെ ദാനധര്‍മങ്ങളും. പേരിനും പെരുമക്കും വേണ്ടിയല്ല അവര്‍ ചിലവ് ചെയ്യുന്നത്. ചെയ്ത ഉപകാരം എടുത്തു പറഞ്ഞുകൊണ്ടിരിക്കുകയോ, അതിന്‍റെപേരില്‍ വല്ല സ്വൈര്യക്കേടുണ്ടാക്കലോ അവരില്‍നിന്ന് ഉണ്ടാകുന്നതുമല്ല. അതുകൊണ്ട് അവരുടെ ദാനധര്‍മങ്ങള്‍ക്ക് ഫലം സിദ്ധിക്കാതിരിക്കുകയില്ല. അവരുടെ ഉദ്ദേശ്യശുദ്ധിയും, വിശ്വാസദൃഢതയും എത്രക്ക് കൂടുതലാകുന്നുവോ അതനുസരിച്ച് ആ ഫലം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യും എന്ന് സാരം. ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളും നിലപാടും മനഃസ്ഥിതിയും സസൂക്ഷ്മം അല്ലാഹു കണ്ടറിഞ്ഞു കൊണ്ടിരിക്കുന്നുണ്ടെന്നുകൂടി അവസാനം ഓര്‍മിപ്പിച്ചിരിക്കുന്നു.
- أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُۥ جَنَّةٌ مِّن نَّخِيلٍ وَأَعْنَابٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ لَهُۥ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَأَصَابَهُ ٱلْكِبَرُ وَلَهُۥ ذُرِّيَّةٌ ضُعَفَآءُ فَأَصَابَهَآ إِعْصَارٌ فِيهِ نَارٌ فَٱحْتَرَقَتْ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْءَايَٰتِ لَعَلَّكُمْ تَتَفَكَّرُونَ ﴾٢٦٦﴿
- നിങ്ങളില്‍ (ആരെങ്കിലും) ഒരുവന്‍ ആഗ്രഹിക്കുമോ, ഈത്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും ഒരു തോട്ടം അവനുണ്ടായിരിക്കുവാന്‍? അതിന്‍റെ അടിയിലൂടെഅരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു; അതില്‍ അവന് എല്ലാ(വിധ) ഫലവര്‍ഗങ്ങളില്‍പെട്ടതുമുണ്ട്; (അതേസമയം) അവന് വാര്‍ദ്ധക്യംബാധിക്കുകയും ചെയ്തിരിക്കുന്നു; ദുര്‍ബലരായ (കുറേ) സന്താനങ്ങള്‍ അവനുണ്ടുതാനും; എന്നിട്ട് തീ ഉള്ളതായ ഒരു (കടുത്ത) ചുഴലിക്കാറ്റ് അതിന് ബാധിച്ചു അത് കരിഞ്ഞുപോയി! [ഇങ്ങനെയൊരു തോട്ടമുണ്ടായിരിക്കുവാന്‍ വല്ലവരും ആഗ്രഹിക്കുമോ?] ഇപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് ആയത്ത് [ലക്ഷ്യങ്ങള്‍] വിവരിച്ചു തരുന്നു- നിങ്ങള്‍ ചിന്തിക്കുവാന്‍വേണ്ടി.
- أَيَوَدُّ മോഹിക്കു (ഇഷ്ടപ്പെടു)മോ أَحَدُكُمْ നിങ്ങളിലൊരുവന്‍ أَن تَكُونَ لَهُ അവനുണ്ടായിരിക്കുവാന്‍ جَنَّةٌ ഒരു തോട്ടം مِّن نَّخِيلٍ ഈത്തപ്പനകളുടെ وَأَعْنَابٍ മുന്തിരിവള്ളികളുടെയും تَجْرِي ഒഴുകും مِن تَحْتِهَا അതിന്‍റെ അടിഭാഗത്തിലൂടെ الْأَنْهَارُ അരുവി (നദി)കള്‍ لَهُ فِيهَا അവനുണ്ട് അതില്‍ مِن كُلِّ الثَّمَرَاتِ എല്ലാ ഫലങ്ങളില്‍ നിന്നും وَأَصَابَهُ അവന് ബാധിക്കുക (എത്തുക)യും ചെയ്തു الْكِبَرُ വാര്‍ദ്ധക്യം وَلَهُ ذُرِّيَّةٌ അവന് കുറെ സന്താനങ്ങളുമുണ്ട് ضُعَفَاءُ ദുര്‍ബലരായ فَأَصَابَهَا എന്നിട്ടതിന് ബാധിച്ചു إِعْصَارٌ ഒരു ചുഴലിക്കാറ്റ് فِيهِ نَارٌ അതില്‍ തീയുണ്ട് فَاحْتَرَقَتْ അങ്ങനെ അത് കരിഞ്ഞു كَذَٰلِكَ അ(ഇ)പ്രകാരം يُبَيِّنُ اللَّهُ അല്ലാഹു വിവരിച്ചുതരുന്നു لَكُمُ الْآيَاتِ നിങ്ങള്‍ക്ക് ലക്ഷ്യങ്ങളെ لَعَلَّكُمْ നിങ്ങള്‍ ആകുവാന്‍ വേണ്ടി, ആയേക്കാം تَتَفَكَّرُونَ നിങ്ങള്‍ ചിന്തിക്കും
ഈത്തപ്പനത്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളുമായിരുന്നു അറബികളെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വരുമാനം ലഭിക്കുന്ന സമ്പത്ത്. ആ തോട്ടങ്ങളില്‍ തന്നെ മറ്റുപലതരം ഫലങ്ങള്‍ നല്‍കുന്ന ചെടികളും വൃക്ഷങ്ങളും വേറെ ഉണ്ടായിരിക്കുകയും ചെയ്യും. നനക്കുവാന്‍ വേണ്ടത്ര വെള്ള സൗകര്യവും നീര്‍ചാലുകളുംകൂടി ഒത്തിണങ്ങിയാല്‍ ആ തോട്ടത്തിന്‍റെ മെച്ചം പറയേണ്ടതില്ല. നിത്യവും വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ഇമ്മാതിരി ഒരു വലിയ തോട്ടത്തിന്‍റെ ആവശ്യകതയും ഉപകാരവും ഏറ്റവും അധികമായിത്തീരുന്നത് തോട്ടമുടമസ്ഥന് വാര്‍ദ്ധക്യം പിടിപെടുകയും, അതോടൊപ്പം ജീവിതമാര്‍ഗത്തിനുവേണ്ടി യത്‌നിക്കുവാന്‍ പ്രാപ്തിയോ പ്രായമോ എത്താത്ത കുറേമക്കള്‍കൂടി ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴാണല്ലോ. ഈ അവസ്ഥയില്‍, അങ്ങനെയുള്ള ഒരു തോട്ടത്തിന് പെട്ടന്ന് ഒരു വമ്പിച്ച ചുഴലിക്കാറ്റും അഗ്നിയും ബാധിക്കുകയും,തോട്ടമങ്ങ് കത്തി നശിച്ചു പോകുകയും ചെയ്താലത്തെ കഥയെന്തായിരിക്കും?! ആലോചിച്ചു നോക്കുക! ഇതുപോലെയാണ് സല്‍ക്കര്‍മങ്ങള്‍ പലതും ചെയ്യുകയും, അവയെ നിഷ്ഫലമാക്കുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുന്നവരുടെ സ്ഥിതി. ഐഹിക ജീവിതത്തില്‍വെച്ച് ചെയ്തിട്ടുള്ള സല്‍ക്കര്‍മങ്ങളുടെ ഫലം ആസ്വദിക്കുകയല്ലാതെ മറ്റു ഗത്യന്തരമൊന്നും ഇല്ലാത്ത അവസരമാണല്ലോ ക്വിയാമത്ത് നാള്‍. ആകര്‍മങ്ങളെല്ലാം അവിടെ ചെല്ലുമ്പോള്‍ നിഷ്ഫലമാണെന്ന് വന്നു കഴിഞ്ഞാല്‍ അതിലധികം ആപത്തും നഷ്ടവും മറ്റെന്തുണ്ട്?! അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍.
ഇമാം ബുഖാരീ (റ) ഈ വചനത്തിനൊരു വ്യാഖ്യാനമെന്നോണം ഉദ്ധരിച്ച ഒരുഹദീഥിന്‍റെ സാരം ഇപ്രകാരമാകുന്നു: ഈ വചനം ആരുടെ വിഷയത്തില്‍ അവതരിച്ചതാണെന്നാണ് നിങ്ങളുടെ അഭിപ്രായമെന്ന് സ്വഹാബികളുടെ ഒരു സദസ്സില്‍ വെച്ച ഉമര്‍ (റ) ചോദിച്ചു. അല്ലാഹുവിനറിയാം എന്ന് അവര്‍ മറുപടി പറഞ്ഞു. ഈ മറുപടി അദ്ദേഹത്തിന് രസിച്ചില്ല. അറിയാമെന്നോ, അറിഞ്ഞുകൂടാ എന്നോ രണ്ടിലൊന്ന് പറയണമെന്നായി. ഈ അവസരത്തില്‍, എന്‍റെ മനസ്സില്‍ അത് സംബന്ധിച്ച് ഒരഭിപ്രായം ഉണ്ടെന്ന് ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു. മടി കൂടാതെ അത് തുറന്ന് പറയുവാന്‍ (ചെറുപ്പക്കാരനായ) ഇബ്‌നു അബ്ബാസ് (റ)നെ അദ്ദേഹം ധൈര്യപ്പെടുത്തി. അദ്ദേഹം പറഞ്ഞു: ‘ധനികനായ ഒരാള്‍ അല്ലാഹുവിന് വഴിപ്പെട്ടുകൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്യുന്നു. പിന്നീട് പിശാചിന്‍റെ പ്രേരണമൂലം അവര്‍ അല്ലാഹുവോട് അനുസരണക്കേട് പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയുള്ളവരെക്കുറിച്ചാണ്.’ ഇതാണ് ഹദീഥ്. ഇബ്‌നു കഥീര്‍ (റ) ചൂണ്ടിക്കാട്ടിയതുപോലെ, ധനം ചിലവഴിക്കല്‍ മാത്രമല്ല, എല്ലാ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കും ബാധകമാകുന്ന ഒരു ഉപമയാണിത്.