സൂറത്തുല്‍ ബക്വറഃ : 122-152
വിഭാഗം - 15
- يَٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَٰلَمِينَ ﴾١٢٢﴿
- ഹേ, ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള എന്റെ അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവിന്‍, ഞാന്‍ നിങ്ങളെ (മറ്റുള്ള) ലോകരെക്കാള്‍ ശ്രേഷ്ഠരാക്കിയതും (ഓര്‍ക്കുവിന്‍).
- يَا بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളേ اذْكُرُوا നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَتِيَ എന്റെ അനുഗ്രഹം الَّتِي أَنْعَمْتُ ഞാന്‍ അനുഗ്രഹം ചെയ്തതായ عَلَيْكُمْ നിങ്ങള്‍ക്ക് وَأَنِّي ഞാന്‍ (ആകുന്നു) എന്നും فَضَّلْتُكُمْ നിങ്ങളെ ശ്രേഷ്ഠരാക്കി (എന്നും) عَلَى الْعَالَمِينَ ലോകരെക്കാള്‍
- وَٱتَّقُوا۟ يَوْمًا لَّا تَجْزِى نَفْسٌ عَن نَّفْسٍ شَيْـًٔا وَلَا يُقْبَلُ مِنْهَا عَدْلٌ وَلَا تَنفَعُهَا شَفَٰعَةٌ وَلَا هُمْ يُنصَرُونَ ﴾١٢٣﴿
- ഒരു (വമ്പിച്ച) ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍: (അന്ന്) ഒരു ദേഹവും ഒരു ദേഹത്തിനും (ഒരാള്‍ ഒരാള്‍ക്കും) ഒട്ടും ഉപകരിക്കുന്നതല്ല; അതില്‍ (ഒരാളില്‍) നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയുമില്ല; അതിന് (ഒരാള്‍ക്കും) ഒരു ശുപാര്‍ശയും പ്രയോജനം ചെയ്കയുമില്ല. അവര്‍ സഹായിക്കപ്പെടുകയുമില്ല. (അങ്ങിനെയുള്ള ഒരു ദിവസം)
- وَاتَّقُوا നിങ്ങള്‍സൂക്ഷിക്കുകയും ചെയ്യുവിന്‍ يَوْمًا ഒരു ദിവസത്തെ لَّا تَجْزِي ഉപകരിക്കുക (പ്രതിഫലം നല്‍കുക)യില്ല نَفْسٌ ഒരു ദേഹവും, ആത്മാവും, വ്യക്തിയും عَن نَّفْسٍ ഒരു ദേഹത്തിനും شَيْئًا യാതൊന്നും (ഒട്ടും) وَلَا يُقْبَلُ സ്വീകരിക്കപ്പെടുകയുമില്ല مِنْهَا അതില്‍ നിന്ന് عَدْلٌ സമാനമായത്, പ്രായശ്ചിത്തം, തെണ്ടം وَلَا تَنفَعُهَا അതിന് പ്രയോജനപ്പെടുകയുമില്ല شَفَاعَةٌ ഒരു ശുപാര്‍ശയും وَلَا هُمْ അവര്‍ ഇല്ലതാനും يُنصَرُونَ സഹായിക്കപ്പെടും
ഏറെക്കുറെ ഇതേപ്രകാരത്തിലുള്ള രണ്ട് വചനങ്ങള്‍ (47ലും 48ലുമായി) മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. അവയുടെ വ്യാഖ്യാനത്തില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഇവിടെയും ഓര്‍ക്കുക. ഇസ്‌റാഈല്യരെപ്പറ്റിയും, അവരെ അഭിമുഖീകരിച്ചുകൊണ്ടും പലതും പ്രസ്താവിച്ച ശേഷം, അല്ലാഹു അവര്‍ക്ക് ചെയ്തുകൊടുത്ത അനുഗ്രഹങ്ങള്‍ ഓര്‍ത്തുകൊണ്ട് അവര്‍ സത്യവിശ്വാസത്തിലേക്ക് മടങ്ങുവാനും, ഇല്ലാത്തപക്ഷം നേരിടുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അവര്‍ ജാഗരൂകരായിക്കുവാനും വീണ്ടും ആവര്‍ത്തിച്ചുണര്‍ത്തുകയാണ്. വേദക്കാരെ സംബന്ധിച്ചുള്ള ദീര്‍ഘമായ പ്രസ്താവ നകള്‍ക്കിടയിലൂടെ അറബി മുശ്‌രിക്കുകളെ സംബന്ധിച്ചും ചിലതെല്ലാം പ്രസ്താവിക്കുകയുണ്ടായി.
രണ്ടു കൂട്ടരുടെയും വംശപിതാവും, എല്ലാവരും അഭിമാനപൂര്‍വ്വം ബഹുമാനിച്ചാ ദരിച്ചുവരുന്ന പ്രവാചകവര്യനും തൗഹീദിന്റെ പ്രബോധന ചരിത്രത്തില്‍ ഏറ്റവുമധികം ത്യാഗംവരിച്ച മഹാനുഭാവനുമായ ഇബ്‌റാഹീം നബി (عليه السلام)യെ സംബന്ധിച്ച ചില പരാമര്‍ശങ്ങളാണ് അടുത്ത വചനങ്ങളില്‍ വരുന്നത്. അദ്ദേഹത്തിന്റെ ഒരു പുത്രനായ ഇസ്ഹാക്വ് (عليه السلام)ന്റെ സന്താനപരമ്പരയാണ് യഹൂദികളും ക്രിസ്ത്യാനികളും അടങ്ങുന്ന ഇസ്‌റാഈല്യര്‍. മറ്റൊരു പുത്രനായ ഇസ്മാഈല്‍ (عليه السلام)ന്റെ സന്താനപരമ്പരയാണ് അറബികള്‍. ഓരോ വിഭാഗക്കാരും തങ്ങള്‍ ഇബ്‌റാഹീം നബി (عليه السلام)യുടെ മാര്‍ഗം സ്വീകരിച്ചു വരുന്നവരാണെന്നാണ് വാദിക്കുന്നതും. ആ നിലക്ക് ഇബ്‌റാഹീം നബി (عليه السلام) യുടെ യഥാര്‍ത്ഥ സ്ഥിതി ഇന്നതാണെന്ന് വ്യക്തമായിക്കഴിഞ്ഞാല്‍ ഇരുകൂട്ടരും തങ്ങളില്‍ വന്നിട്ടുള്ള വ്യതിയാനങ്ങള്‍ തിരുത്തുവാന്‍ ബാധ്യസ്ഥരാണല്ലോ. അല്ലാഹു പറയുന്നു:
- ۞ وَإِذِ ٱبْتَلَىٰٓ إِبْرَٰهِۦمَ رَبُّهُۥ بِكَلِمَٰتٍ فَأَتَمَّهُنَّ ۖ قَالَ إِنِّى جَاعِلُكَ لِلنَّاسِ إِمَامًا ۖ قَالَ وَمِن ذُرِّيَّتِى ۖ قَالَ لَا يَنَالُ عَهْدِى ٱلظَّٰلِمِينَ ﴾١٢٤﴿
- ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ റബ്ബ് ചില വാക്കുകള്‍ [കല്‍പനകള്‍] മൂലം പരീക്ഷണം നടത്തിയ സന്ദര്‍ഭം (ഓര്‍ക്കുക)എന്നിട്ട്, അദ്ദേഹം അവ പൂര്‍ത്തിയാക്കി (നിര്‍വ്വഹിച്ചു). അവന്‍ പറഞ്ഞു: 'ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്' അദ്ദേഹം പറഞ്ഞു: 'എന്റെ സന്തതികളില്‍ നിന്നും (നേതാക്കളെ) ഉണ്ടാക്കേണമേ !)' അവന്‍ പറഞ്ഞു: 'എന്റെ കരാറ് (അഥവാ വാഗ്ദത്തം) അക്രമികള്‍ക്ക് ബാധകമാകുകയില്ല.'
- وَإِذِ ابْتَلَىٰ പരീക്ഷണം ചെയ്ത സന്ദര്‍ഭം إِبْرَاهِيمَ ഇബ്‌റാഹീമിനെ رَبُّهُ അദ്ദേഹത്തിന്റെ റബ്ബ് بِكَلِمَاتٍ ചില വാക്കുകള്‍ മൂലം فَأَتَمَّهُنَّ എന്നിട്ട് അവയെഅദ്ദേഹം പൂര്‍ത്തിയാക്കി قَالَ അവന്‍ പറഞ്ഞു إِنِّي جَاعِلُكَ നിശ്ചയമായും ഞാന്‍ നിന്നെ ആക്കുന്നവനാണ് لِلنَّاسِ മനുഷ്യര്‍ക്ക് إِمَامًا നേതാവ്, മുമ്പന്‍ قَالَ അദ്ദേഹം പറഞ്ഞു وَمِن ذُرِّيَّتِي എന്റെ സന്തതികളില്‍ (സന്താനപരമ്പരയില്‍) നിന്നും قَالَ അവന്‍ പറഞ്ഞു لَا يَنَالُ ബാധിക്കുക (എത്തുക, കിട്ടുക)യില്ല عَهْدِي എന്റെ കരാര്‍, വാഗ്ദത്തം الظَّالِمِينَ അക്രമികളെ
ഇബ്‌റാഹീം (عليه السلام) നെ അല്ലാഹു പരീക്ഷണം നടത്തിയ വാക്കുകള്‍ -കല്‍പനകള്‍- ഏതായിരുന്നു? ഇസ്‌ലാമിന്റെ അനുഷ്ഠാനപരമായ ചില നടപടികളായിരുന്നുവെന്നും, ഇസ്മാഈല്‍ (عليه السلام) നെ ബലിയര്‍പ്പിക്കുവാനുള്ള കല്‍പന മുതലായ ചിലതായിരു ന്നുവെന്നും, തൗഹീദിന്റെ ദൗത്യനിര്‍വ്വഹണത്തിനുവേണ്ടിയുളള ത്യാഗപരിശ്രമ ങ്ങളായിരുന്നുവെന്നും മറ്റും കാണിക്കുന്ന ഏതാനും ചില രിവായത്തുകള്‍ ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്‌നു ജരീര്‍ (رحمه الله) പറയുന്നു: ‘ആ വാക്കുകള്‍കൊണ്ട് വിവക്ഷ ഇതെല്ലാം കൂടിയായിരിക്കാം. അവയില്‍ ചിലതുമായിരിക്കാം. ഹദീഥോ പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമോ ഇല്ലാതെ ഒന്നും തീര്‍ത്തുപറയുവാന്‍ പാടില്ല. എല്ലാം ഉള്‍പ്പെടാമെന്ന അഭിപ്രായമാണ് ഇബ്‌നു കഥീര്‍ (رحمه الله) ശരിവെച്ചിരിക്കുന്നത്.
പ്രസ്തുത കല്‍പനകള്‍ ഏതായിരുന്നാലും ശരി, ആ കല്‍പനകള്‍ പൂര്‍ണമായി നിര്‍വ്വഹിക്കല്‍ സാധാരണക്കാരയ ആളുകള്‍ക്ക് സാധ്യമല്ലാത്തതും, അദ്ദേഹത്തിന് മനുഷ്യരുടെ നേതൃത്വം നല്‍കപ്പെടുമാറ് അദ്ദേഹത്തെ ഉല്‍കൃഷ്ടമാക്കു ന്നതുമായിരിക്കുവാനാണ് ന്യായമുള്ളത്. وَإِبْرَاهِيمَ الَّذِي وَفَّىٰ (കടമകള്‍ പുര്‍ണമായി നിറവേറ്റിയ ഇബ്‌റാഹീം 53:37) എന്നാണ് അല്ലാഹു ഒരു സ്ഥലത്ത് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അപ്പോള്‍ -ചിലര്‍ പ്രസ്താവിച്ചു കാണാറുളളതുപോലെ- നഖം മുറിക്കുക, മീശവെട്ടുക, ചേലാകര്‍മം നടത്തുക പോലെയുള്ള ചില കാര്യങ്ങള്‍ മാത്രമായിരിക്കുകയില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രവാചകവര്യനായ ആ മഹാന്റെ ചരിത്രത്തെയും, അദ്ദേഹത്തെപ്പറ്റി ക്വുര്‍ആനില്‍ പലേടത്തായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളെയും മുമ്പില്‍ വെച്ചാലോചിക്കുമ്പോള്‍ അദ്ദേഹത്തെ പരീക്ഷണം ചെയ്ത ആ കല്‍പനകളുടെ ഗൗരവത്തെപ്പറ്റി നമുക്ക് ഏറെക്കുറെ ഊഹിക്കാവുന്നതാണ് (*)
(*) സൂറത്ത് ഇബ്‌റാഹീമിന്റെ ആമുഖമായി കൊടുത്ത കുറിപ്പ് നോക്കുക.
إِمَام (ഇമാം) എന്നാല്‍ പിന്‍തുടരപ്പെടുന്ന ആള്‍ -നേതാവ്- എന്നര്‍ത്ഥം. ഏത് വിഷയത്തിലാണോ പിന്‍പറ്റപ്പെടുന്നതെങ്കില്‍ ആ വിഷയത്തില്‍ അദ്ദേഹം മുമ്പനും മറ്റുള്ളവര്‍ക്ക് മാതൃകയുമായിരിക്കും. ഇബ്‌റാഹീം നബി (عليه السلام)യെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ കണ്ണിയും മനുഷ്യര്‍ക്ക് മാതൃകയായിരുന്നുവെന്ന് പറയേണ്ടതില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശേഷമുള്ള എല്ലാ പ്രവാചകന്‍മാരും അവരുടെ സമുദായങ്ങളും അദ്ദേഹത്തിന്റെ മാതൃക പിന്‍പറ്റുവാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നതും. ഓരോ സമുദായവും -തെറ്റായാലും ശരിയായാലും- തങ്ങള്‍ അദ്ദേഹത്തിന്റെ മാതൃക പിന്‍പറ്റുന്നവരാണെന്ന് അഭിമാനപൂര്‍വ്വം പറയുന്നതും. ക്വുര്‍ആനില്‍ പലേടത്തും ഇതിനെപ്പറ്റി പ്രസ്താവിച്ചു കാണാം. (അടുത്ത 130, 135 എന്നീ വചനങ്ങളും, നിസാഅ് 125, അന്‍ആം 161, നഹ്ല്‍ 123, ഹജ്ജ് 78 മുതലായ വചനങ്ങളും കാണുക) സൂറഃ ആലു ഇംറാനില്‍ അല്ലാഹു പറയുന്നു:
إِنَّ أَوْلَى النَّاسِ بِإِبْرَاهِيمَ لَلَّذِينَ اتَّبَعُوهُ وَهَٰذَا النَّبِيُّ وَالَّذِينَ آمَنُوا – آل عمران ٦٨
(മനുഷ്യരില്‍ വെച്ച് ഇബ്‌റാഹീമിനോട് ഏറ്റവും ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ പിന്‍പറ്റിയവരും, ഈ പ്രവാചകനും, വിശ്വസിച്ചവരുമാകുന്നു)
അദ്ദേഹത്തെ നേതാവാക്കുന്നുവെന്ന് അല്ലാഹു അറിയിച്ചപ്പോള്‍, അദ്ദേഹത്തിന്റെ സന്തതികളിലും ആ നേതൃത്വം അവശേഷിക്കണമെന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. അല്ലാഹുവിന്റെ തൗഹീദും സന്ദേശങ്ങളും പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലുള്ള നേതൃത്വമല്ലാതെ, ഭൗതികമായ നേതൃത്വപദവിയല്ലല്ലോ അദ്ദേഹത്തിന്റെ ലക്ഷ്യം. അതുകൊണ്ട് ആ അനുഗൃഹീത പദവി തന്റെ സന്താന പരമ്പരയിലും നിലനില്‍ക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. പ്രവാചകന്‍മാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ തൗഹീദു പ്രബോധനത്തിന് ജനമധ്യെ സ്വീകരണം ലഭിക്കുന്നതും, തങ്ങളുടെ കാലശേഷവും തങ്ങളുടെ സ്വന്തക്കാരില്‍ ആ പ്രബോധനം തുടര്‍ന്ന് നടത്തുന്ന ആളുകളുണ്ടായിരിക്കുകയെന്നുള്ളതും അവരുടെ അതിരറ്റ ആഗ്രഹമായിരിക്കുന്നതാണ്. അതു കൊണ്ടാണല്ലോ, തനിക്ക് വാര്‍ദ്ധക്യം പ്രാപിച്ചിട്ടും മക്കളില്ലാതെ വന്നപ്പോള്‍ സകരിയ്യാ നബി (عليه السلام) പ്രാര്‍ത്ഥനയില്‍ ഇങ്ങനെ പറഞ്ഞത് ‘…എന്റെ പിന്നീടുണ്ടാകുന്ന കുടുംബങ്ങളെക്കുറിച്ച് ഞാന്‍ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയുമാണ്. അതുകൊണ്ട് എനിക്കും യഅ്ക്വൂബ് കുടുംബത്തിനും അനന്തരാവകാശിയായിത്തീരുന്ന ഒരു ബന്ധുവിനെ നിന്റെ പക്കല്‍ നിന്നും നീ എനിക്ക് പ്രദാനം ചെയ്യേണമേ! റബ്ബേ അവനെ നീ ഒരു സമ്മതനായ ആളാക്കുകയും വേണമേ! وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي (മര്‍യം 5)
മൂസാ നബി (عليه السلام)ക്ക് അല്ലാഹു ദിവ്യദൗത്യം (രിസാലത്ത്) നല്‍കിയപ്പോള്‍: എന്റെ സ്വന്തക്കാരില്‍ നിന്നും എനിക്കൊരു സഹായകനെ നല്‍കണേ (وَاجْعَل لِّي وَزِيرًا مِّنْ أَهْلِي) (ത്വാഹാ 29) എന്ന് അദ്ദേഹവും പ്രാര്‍ത്ഥിക്കുകയുണ്ടായി. അങ്ങിനെ ഇബ്‌റാഹീം നബി (عليه السلام) തൗഹീദിന്റെ പ്രബോധനത്തിലുള്ള മാതൃകാനേതൃത്വം തന്റെ ശേഷം തന്റെ സന്തതികളിലും നിലനിറുത്തണമെന്ന് പ്രാര്‍ത്ഥിച്ചു. അല്ലാഹു ആ പ്രാര്‍ത്ഥന സ്വീകരിച്ചിട്ടുമുണ്ട്. അല്ലാഹു പറയുന്നു: وَجَعَلْنَا فِي ذُرِّيَّتِهِ النُّبُوَّةَ وَالْكِتَابَ :- (അദ്ദേഹത്തിന്റെ സന്തതികളില്‍ നാം പ്രവാചകത്വവും വേദഗ്രന്ഥവും ഏര്‍പ്പെടുത്തുകയും ചെയ്തു).
എന്നാല്‍, ഒരു യാഥാര്‍ത്ഥ്യം അല്ലാഹു നേരത്തെത്തന്നെ അദ്ദേഹത്തെ ഉണര്‍ത്തി: എന്റെ കരാര്‍ അക്രമികള്‍ക്ക് ബാധകമാകുകയില്ല (لايَنَال عُهْدِ يالظَّالِمِين) എന്നായിരുന്നു അത്. തന്റെ സന്തതികളെല്ലാം നല്ലവരായിരിക്കുകയില്ലെന്നും, അവരില്‍ അക്രമികളും ഉണ്ടായിരിക്കുമെന്നുമുള്ള ഒരു അറിയിപ്പാണിത്. അല്ലാതെ അദ്ദേഹത്തിന്റെ നേരെയുള്ള വെറുപ്പോ പ്രതിഷേധമോ അല്ല. അദ്ദേഹത്തിന്റെ രണ്ട് പുത്രന്‍മാരായ ഇസ്മാഈല്‍, ഇസ്ഹാക്വ് (عليه السلام) എന്നീ പ്രവാചകന്‍മാര്‍ വഴിയാണല്ലോ അദ്ദേഹത്തിന്റെ സന്താനപരമ്പര നിലനില്‍ക്കുന്നത് . അവര്‍ രണ്ട് പേരുടെയും സന്തതികളില്‍ സുകൃതവാന്‍മാരും അക്രമികളും ഉണ്ട്. …وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ – الصافات ١١٣ : …എന്ന് അല്ലാഹുതന്നെ പ്രസ്താവിച്ചിട്ടുള്ളതാണ് . സുകൃതം ചെയ്യുന്നവരല്ലാത്തവരാണ് അക്രമികള്‍ കൊണ്ടുദ്ദേശ്യമെന്നുകൂടി ഈ വാക്യത്തില്‍ നിന്നും മനസ്സിലാക്കാം. ‘എന്റെ കരാര്‍ അക്രമികള്‍ക്കു ബാധകമല്ല.’ എന്ന് അല്ലാഹു പറഞ്ഞതിനെ ആസ്പദമാക്കി അക്രമികള്‍ക്ക് ഖലീഫഃയോ, ന്യായാധിപനോ, ഭരണാധികാരിയോ, മുഫ്ത്തിയോ (മതവിധി പറയുന്നവനോ) സാക്ഷിയോ, നിവേദകനോ ആകുവാന്‍ അര്‍ഹതയില്ലെന്ന് ചില മഹാന്‍മാര്‍ പ്രസ്താവിച്ചിട്ടുള്ളത് പ്രസ്താവ്യമത്രെ.
- وَإِذْ جَعَلْنَا ٱلْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا وَٱتَّخِذُوا۟ مِن مَّقَامِ إِبْرَٰهِۦمَ مُصَلًّى ۖ وَعَهِدْنَآ إِلَىٰٓ إِبْرَٰهِۦمَ وَإِسْمَٰعِيلَ أَن طَهِّرَا بَيْتِىَ لِلطَّآئِفِينَ وَٱلْعَٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ ﴾١٢٥﴿
- (ആ) വീട്ടിനെ [കഅ്ബഃയെ] നാം മനുഷ്യര്‍ക്ക് ഒരു സങ്കേതവും, ഒരു നിര്‍ഭയ(സ്ഥാന)വും ആക്കിവെച്ച സന്ദര്‍ഭം (ഓര്‍ക്കുക) മക്വാമു ഇബ്‌റാഹീമില്‍ [ഇബ്‌റാഹീം നിന്ന സ്ഥാനത്തില്‍] നിന്നും ഒരു നമസ്‌കാര സ്ഥാനം നിങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുവിന്‍, ഇബ്‌റാഹീമിനും, ഇസ്മാഈലിനും നാം കല്‍പന കൊടുക്കുകയും ചെയ്തിരിക്കുന്നു. ത്വവാഫ് [പ്രദക്ഷിണം] ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും സാഷ്ടാംഗം കുമ്പിട്ടു നമസ്‌കരിക്കുന്നവര്‍ക്കും വേണ്ടി നിങ്ങള്‍ രണ്ടാളും എന്റെ വീടിനെ ശുദ്ധമാക്കണമെന്ന്.
- وَإِذْ جَعَلْنَا നാം ആക്കിയ സന്ദര്‍ഭം الْبَيْتَ ആ വീട് (കഅ്ബഃ) مَثَابَةً ഒരുസങ്കേതം لِّلنَّاسِ മനുഷ്യര്‍ക്ക് وَأَمْنًا അഭയവും وَاتَّخِذُوا നിങ്ങള്‍ ഉണ്ടാക്കുകയുംചെയ്യുവിന്‍ مِن مَّقَامِ إِبْرَاهِيمَ ഇബ്‌റാഹീം നിന്ന സ്ഥാനത്ത് നിന്ന് مُصَلًّى ഒരു നമസ്‌കാരസ്ഥാനം وَعَهِدْنَا നാം കല്‍പന കൊടുക്കുകയും ചെയ്തു إِلَىٰ إِبْرَاهِيمَ ഇബ്‌റാഹീമിന് وَإِسْمَاعِيلَ ഇസ്മാഈലിനും أَن طَهِّرَا നിങ്ങള്‍ രണ്ടാളും ശുദ്ധമാക്കണമെന്ന് بَيْتِيَ എന്റെ വീട് لِلطَّائِفِينَ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്ക് وَالْعَاكِفِينَ ഭജനമിരിക്കുന്നവര്‍ക്ക് وَالرُّكَّعِ കുമ്പിടുന്ന (കുമ്പിട്ടുനമസ്‌കരിക്കുന്ന)വര്‍ക്കും السُّجُودِ സുജൂദ് (സാഷ്ടാംഗ നമസ്‌കാരം) ചെയ്യുന്നവരായ
‘ബൈതുന്‍’ എന്നാല്‍ വീട് എന്നര്‍ത്ഥം الْبَيْت (അല്‍ബൈത്ത്) എന്നു പറയുമ്പോള്‍, ആ വീട് അഥവാ ഉദ്ദേശിക്കപ്പെട്ട പ്രത്യേക വീട് എന്നര്‍ത്ഥമാകും. അല്ലാഹുവിന്റെ വീടാ (بَيْتُ الَّله)കുന്ന കഅ്ബഃയെ ഉദ്ദേശിച്ച് ആ വാക്ക് സാധാരണ ഉപയോഗിക്കപ്പെടുന്നു. ഇവിടെയും അതാണുദ്ദേശ്യം. സമ്മേളിക്കുന്ന സ്ഥാനം, അഭയ സ്ഥാനം, രക്ഷാകേന്ദ്രം, മടങ്ങിച്ചെന്നുകൊണ്ടിരിക്കുന്ന സ്ഥലം, പ്രതിഫലം ലഭിക്കുന്ന സ്ഥാനം പുണ്യസ്ഥലം എന്നൊക്കെ അര്‍ത്ഥങ്ങളുള്ളവാക്കാണ് مَثَابَةً.വാസ്തവത്തില്‍, ഈ അര്‍ത്ഥങ്ങളെല്ലാം ഒത്തിണങ്ങുന്ന ഒരു സങ്കേതം തന്നെയാണ് കഅ്ബാലയം എന്നുള്ളതില്‍ സംശയമില്ല. امن എന്നാല്‍ നിര്‍ഭയം, സമാധാനം എന്നര്‍ത്ഥം. അല്ലാഹുവിങ്കല്‍ നിന്ന് പാപമോചനവും കാരുണ്യവും തേടിച്ചെല്ലുന്നവര്‍ക്കെന്നപോലെ, ശത്രുക്കളില്‍ നിന്നും, കയ്യേറ്റക്കാരില്‍ നിന്നും അഭയം തേടിച്ചെല്ലുന്നവര്‍ക്കും അത് നിര്‍ഭയസ്ഥാനമാകുന്നു. കഅ്ബഃയുടെ പരിസരപ്രദേശമായ ഹറമില്‍വെച്ച് ആരെയും കയ്യേറ്റം ചെയ്യാനോ, ശിക്ഷാനടപടികള്‍ എടുക്കുവാനോ പാടില്ലാത്തതാകുന്നു. അല്ലാഹു പറയുന്നു: وَمَن دَخَلَهُ كَانَ آمِنًا…. – آل عمران ٩٧ (അതില്‍ ആര്‍ പ്രവേശിച്ചുവോ അവന്‍ നിര്‍ഭയനായി (3:97)) യുദ്ധപ്രിയരും, കലഹപ്രിയരുമായിരുന്ന അറബികള്‍ ‘ജാഹിലിയ്യാ’ കാലത്തുപോലും അവിടെവെച്ച് യുദ്ധമോ, കയ്യേറ്റമോ നടത്തുമായിരുന്നില്ല. മക്കാ ഹറമിന്റെ അതിര്‍ത്തിക്കുള്ളില്‍ വെച്ച് ജന്തുക്കളെ വേട്ടയാടുവാനും, മരങ്ങളും ചെടികളും മുറിച്ചുകളയുവാനും പാടില്ല. അടുത്ത വചനത്തില്‍ കാണാവുന്നതുപോലെ, ഇബ്‌റാഹീം (عليه السلام) ചെയ്ത പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയ കൂട്ടത്തില്‍ ഒന്നാണിത്.
مَقَام إِبْرَاهيمِ (മക്വാമു ഇബ്‌റാഹീം) എന്ന വാക്കിന് ഇബ്‌റാഹീം നബി (عليه السلام) നിന്ന സ്ഥാനം എന്നാണ് വാക്കര്‍ത്ഥം. മക്കയിലെ ഹറമ് മുഴുവനും അല്ലെങ്കില്‍ -സ്വഫാ, മര്‍വാ, മിനാ, അറഫാത്ത് മുതലായി- ഹജ്ജിന്റെ കര്‍മങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ മുഴുവനും മക്വാമു ഇബ്‌റാഹീമില്‍ ഉള്‍പ്പെടുമെന്ന് കാണിക്കുന്ന ചില രിവായത്തുകള്‍ കാണാം. പക്ഷേ, അവ വിശ്വാസയോഗ്യങ്ങളല്ല. മക്വാമു ഇബ്‌റാഹീം (ഇബ്‌റാഹീം മക്വാം) എന്ന പേരില്‍ തന്നെ പരക്കെ അറിയപ്പെടുന്നതും കഅ്ബഃയുടെ അടുത്ത് അതിന്റെ വാതിലിന് മുന്‍വശത്തു വാതിലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്നവരുടെ അല്‍പം വലതുഭാഗത്തായി സ്ഥിതി ചെയ്യുന്നതുമായ പ്രസിദ്ധ കല്ലാണ് അത് എന്നത്രെ ഭൂരിപക്ഷം ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പണ്ഡിതന്മാരും പറയുന്നത്. ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്ന ബലപ്പെട്ട ചില ഹദീഥുകളുമുണ്ട്. കല്ലിനെപ്പറ്റി താഴെ വിവരിക്കുന്നതാണ്. إِن شَاءَ اللَّهُ
അനസ് (رضي الله عنه) പ്രസ്താവിച്ചതായി ഇമാം അഹ്മദ് (رحمه الله) ഉദ്ധരിക്കുന്നു: ഉമര്‍(رضي الله عنه) പ്രസ്താവിക്കുകയുണ്ടായി ഞാന്‍ ‘എന്റെ റബ്ബുമായി മൂന്നുകാര്യത്തില്‍ ഒത്തുവന്നിട്ടുണ്ട് (*) (റസൂല്‍ തിരുമേനിയോട്) ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, മക്വാമു ഇബ്‌റാഹീമില്‍ നിന്ന് (അതിനടുത്ത് വെച്ച്) നാം ഒരു നമസ്‌കാരസ്ഥാനം സ്വീകരിച്ചെങ്കില്‍! എന്ന് അങ്ങനെ وَاتَّخِذُوامِنْ مَقَامِ إِبْرَاهِيم مَصَلًى (മക്വാമു ഇബ്‌റാഹീമില്‍ നിന്ന് നിങ്ങള്‍ ഒരു നമസ്‌കാര സ്ഥാനം സ്വീകരിച്ചുകൊള്ളുവിന്‍) എന്ന് അവതരിച്ചു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ ഭാര്യമാരുടെ അടുക്കല്‍ നല്ലവരും ദുഷിച്ചവരും പ്രവേശിച്ചേക്കുമല്ലോ. അതുകൊണ്ട് അവരോട് പര്‍ദ്ദ ആചരിക്കുവാന്‍ അവിടുന്നു പറഞ്ഞെങ്കില്‍! എന്ന്. അങ്ങനെ പര്‍ദ്ദയുടെ ആയത്ത് അവതരിച്ചു. റസൂല്‍ തിരുമേനിയുടെ ഭാര്യമാര്‍ തിരുമേനിക്കെതിരെ (ചിലവിനു കിട്ടിയത് പോരാ എന്ന പ്രശ്‌നത്തില്‍) ഏകോപിക്കുകയുണ്ടായി. അപ്പോള്‍ അവരോട് ഞാന്‍ പറഞ്ഞു: അദ്ദേഹം (നബി) നിങ്ങളെ വിവാഹമോചനം ചെയ്തുവെങ്കില്‍ അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തിന് നിങ്ങളെക്കാള്‍ ഉത്തമകളായ ഭാര്യമാരെ നല്‍കിയേക്കാം എന്ന്. അതേപ്രകാരം عَسَىٰ رَبُّهُ إِن طَلَّقَكُنَّ ….- التحريم ٥: എന്ന് അവതരിക്കുകയും ചെയ്തു. ഉമര്‍ (رضي الله عنه)ന്റെ ഈ പ്രസ്താവന അല്‍പ സ്വല്‍പ വ്യത്യാസങ്ങളോടു കൂടിയാണെങ്കിലും പല സ്വഹാബികളില്‍ നിന്നും പല മാര്‍ഗങ്ങളില്‍കൂടി ബുഖാരി, മുസ്‌ലിം, തിര്‍മദി, നസാഈ. ഇബ്‌നുമാജഃ (رحمهما الله) മുതലായ പലരും രേഖപ്പെടുത്തിയിട്ടുള്ളതാണ്. കഅ്ബഃ പ്രദക്ഷിണം (ത്വവാഫ്) കഴിഞ്ഞ ഉടനെ മക്വാമു ഇബ്‌റാഹീമിന്റെ പിന്നില്‍ -മക്വാമും കഅ്ബഃയും മുന്നിലാക്കിക്കൊണ്ട്- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) രണ്ട് റക്അത്ത് നമസ്‌കരിച്ചതായി വ്യക്തമാക്കുന്ന ഹദീഥുകള്‍ ബുഖാരി, മുസ്‌ലിം (رحمهما الله) മുതലായവര്‍ വേറെയും രേഖപ്പെടുത്തിയിട്ടുണ്ട്. തിരുമേനി നടപ്പാക്കിയ സുന്നത്ത് നമസ്‌കാരം ത്വവാഫ് കഴിഞ്ഞ ശേഷം അന്നു മുതല്‍ എല്ലാവരും ആചരിച്ചുവരുന്നു.
(*) ഞാന്‍ അഭിപ്രായപ്പെട്ടതുപോലെ അല്ലാഹു നിയമം അവതരിപ്പിച്ചു എന്നാണ് ഉമര്‍ (رضي الله عنه) പറഞ്ഞതിന്റെ താല്‍പര്യം. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അക്കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലായിരുന്നില്ലെന്നോ, അല്ലെങ്കില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അതില്‍ എതിരഭിപ്രായമുണ്ടായിരുന്നുവെന്നോ ഇതില്‍ നിന്ന് ധരിച്ചുകൂടാ. കല്‍പന കിട്ടാതെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആ വിഷയങ്ങളില്‍ സ്വന്തം അഭിപ്രായം നടപ്പാക്കുവാന്‍ മുമ്പോട്ട് വന്നില്ലെന്ന് മാത്രമേ അതിലുള്ളൂ. എന്നോട് കല്‍പിക്കപ്പെട്ടതേ ഞാന്‍ ചെയ്യൂ, എന്ന് തിരുമേനി പറഞ്ഞതായി ചില നിവേദനങ്ങളില്‍ വന്നിട്ടുണ്ട് താനും.
മേലുദ്ധരിച്ചതുപോലെ, മക്വാമു ഇബ്‌റാഹീമിനെ സംബന്ധിച്ചു വന്ന പല ഹദീഥുകളും ഉദ്ധരിച്ച ശേഷം ഇബ്‌നു കഥീര്‍ (رحمه الله) പ്രസ്താവിച്ച ചില പ്രസ്താവനകളുടെ സാരം അറിയുന്നത് നന്നായിരിക്കും. അതിങ്ങിനെ ഉദ്ധരിക്കാം: ”കഅ്ബഃ പടുത്തുയര്‍ത്തുവാന്‍ വേണ്ടി ഇബ്‌റാഹീം (عليه السلام) നിന്നിരുന്ന കല്ലാണ് മക്വാമു ഇബ്‌റാഹീംകൊണ്ടുദ്ദേശ്യമെന്ന് ഇതെല്ലാം തെളിയിക്കുന്നു. ചുവര്‍ പൊന്തിയപ്പോള്‍ അദ്ദേഹത്തിന് (ചവിട്ടി) നില്‍ക്കുവാന്‍ ഇസ്മാഈല്‍ (عليه السلام) കൊണ്ടുവന്ന് കൊടുത്തതാണത്. അങ്ങനെ, ഇസ്മാഈല്‍ കല്ലുകള്‍ കൊണ്ടുവരുകയും അദ്ദേഹം അതിന്‍മേല്‍ നിന്ന് ചുവര്‍ പടുത്തു പൊന്തിക്കുകയും ചെയ്യുമായിരുന്നു. ഒരു ഭാഗം പൂര്‍ത്തിയാകുമ്പോള്‍ അത് മറ്റേ ഭാഗത്തേക്ക് നീക്കും. അങ്ങിനെ, ചുവര്‍ പൂര്‍ത്തിയായി. അദ്ദേഹത്തിന്റെ കാല്‍പാടുകള്‍ രണ്ടും ആ കല്ലില്‍ വ്യക്തമായി പതിഞ്ഞിരുന്നു. ഈ കല്ല് പിന്നീട് അറിയപ്പെട്ടുകൊണ്ടേ വന്നു. ജാഹിലിയ്യാ കാലത്തെ അറബികള്‍ക്കും അത് സുപരിചിതമായിരുന്നു. അബൂത്വാലിബിന്റെ പ്രസിദ്ധമായ ലാമിയ്യഃ(ലാം എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന കവിത)യില്‍ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മുസ്‌ലിംകളും അതിനെ മനസ്സിലാക്കിവന്നു. അനസുബ്‌നു മാലിക് (رحمه الله) ല്‍ നിന്ന് അബ്ദുല്ലാഹിബ്‌നു വഹബ് ഉദ്ധരിക്കുന്നു: ‘മക്വാമില്‍ അദ്ദേഹത്തിന്റെ വിരലുകളും കാലടികളും ഞാന്‍ കാണുകയുണ്ടായി. പക്ഷേ, ജനങ്ങളുടെ കൈകള്‍ തൊട്ടുതടവി അത് മായ്ച്ചിരിക്കുന്നു.’
ഇബ്‌നു കഥീര്‍ (رحمه الله) തുടരുന്നു: وَاتَّخِذُوامِنْ مَقَامِ إِبْرَاهِيم مَصَلًى (മക്വാമു ഇബ്‌റാഹീമില്‍ നിന്നും ഒരു നമസ്‌കാരസ്ഥാനം സ്വീകരിക്കുവിന്‍) എന്ന വചനം ഉദ്ധരിച്ചുകൊണ്ട് ക്വത്താദഃ (رحمه الله) പ്രസ്താവിച്ചതായി ഇബ്‌നുജരീര്‍ (رحمه الله) ഉദ്ധരിക്കുന്നു: അതിന്റെ അടുക്കല്‍ വെച്ച് നമസ്‌കരിക്കുവാനേ മനുഷ്യരോട് കല്‍പിക്കപ്പെട്ടിട്ടുള്ളൂ. അത് തൊട്ട് തടവാന്‍ കല്‍പിക്കപ്പെട്ടിട്ടില്ല. മുന്‍സമുദായങ്ങള്‍ ചെയ്യാത്ത ഒരു കാര്യം ചെയ്യുവാന്‍ ഈ സമുദായം സാഹസപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ -ഇബ്‌റാഹീം (عليه السلام)ന്റെ- മടമ്പിന്റെയും വിരലുകളുടെയും പാടുകള്‍ അതില്‍ കണ്ടവര്‍ നമ്മോട് പറയുകയുണ്ടായിട്ടുണ്ട്. ഈ സമുദായം തൊട്ടുതടവി അത് തേഞ്ഞു മാഞ്ഞു പോയിരിക്കുകയാണ്. ഞാന്‍ (ഇബ്‌നു കഥീര്‍)പറയുന്നു: ‘പണ്ടു കാലത്ത് ഈ കല്ല് കഅ്ബഃയുടെ ചുവരിനോട് തൊട്ടുകിടക്കുകയായിരുന്നു. ഇന്ന് കഅ്ബഃയുടെ വാതിലിന്റെ നേരെ മുമ്പില്‍ നിന്ന് അല്‍പം വലത്തോട്ട് മാറി ഒരു പ്രത്യേക സ്ഥലത്ത് അതിന്റെ സ്ഥാനം പ്രസിദ്ധമാണ്. പടവ് കഴിഞ്ഞപ്പോള്‍ ഇബ്‌റാഹീം (عليه السلام) അത് കഅ്ബഃയുടെ ചുവരിനോട് ചേര്‍ത്ത് വെച്ചതായിരുന്നു. അല്ലെങ്കില്‍ പടവ് അവസാനിച്ചപ്പോള്‍ അവസാനിച്ചേടത്തു തന്നെ വിട്ടേച്ചതായിരിക്കാം. അല്ലാഹുവിനറിയാം. ഇതുകൊണ്ടായിരിക്കാം, ത്വവാഫ് കഴിയുമ്പോള്‍ അതിനടുത്ത് വെച്ച് നമസ്‌കരിക്കുവാന്‍ കല്‍പിച്ചത്. കഅ്ബയുടെ ചുവരിന്റെ അടുത്ത് നിന്ന് അത് പിന്നോട്ട് വച്ചത് ഖുലഫാഉര്‍റാശിദീനില്‍ പെട്ട ഒരാളും എന്റെ ശേഷമുള്ള രണ്ടു ഖലീഫമാരെ-അബൂബക്‌റിനെയും ഉമറിനെയും- തുടരുവീന്‍ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞവരില്‍ ഒരാളുമായ ഉമര്‍ (رضي الله عنها) തന്നെയായിരുന്നു. അതിന്റെ അടുത്ത്‌വെച്ച് നമസ്‌കരിച്ചാല്‍ കൊള്ളാമെന്ന് അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ചാണല്ലോ ക്വുര്‍ആന്‍ അവതരിച്ചതും അതിനാല്‍, സ്വഹാബികളില്‍ ആരും അതിനെപ്പറ്റി പ്രതിഷേധിച്ചതുമില്ല ابن كثير
ഇബ്‌റാഹീം നബി (عليه السلام)ക്കു ശേഷം -ആയിരക്കണക്കിന് കൊല്ലങ്ങള്‍ ആ കല്ല് കഅ്ബഃയുടെ ചുവരിനോട് തൊട്ട് കിടന്ന ശേഷം- അല്ലെങ്കില്‍ ചില രിവായത്തുകളില്‍ വന്നത്‌പോലെ, മലവെള്ളം വന്ന് കല്ല് ഒലിച്ച് പോകുമോ എന്ന് ഭയന്ന് മുമ്പാരോ സ്ഥാനത്ത് നിന്ന് നീക്കിവെക്കുകയും കൊല്ലങ്ങള്‍ പിന്നിടുകയും ചെയ്തശേഷം -ഉമര്‍ (رضي الله عنه) അതിനെ ചുവരില്‍ നിന്ന് അല്‍പം അകറ്റിവെച്ചത് ത്വവാഫ് ചെയ്യുന്നവരുടെ സൗകര്യത്തെ മുന്‍നിറുത്തിയാണെന്നും ചില രിവായത്തുകളില്‍ കാണാം. ഏതായലും ഉമര്‍ (رضي الله عنه) മാറ്റിവെച്ച സ്ഥാനത്ത് 1300 ല്‍ പരം കൊല്ലം സ്ഥിതി ചെയ്ത ശേഷം, ത്വവാഫിന് വരുന്നവരുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തിരക്കും ആധിക്യവും നിമിത്തം ലോകമുസ്‌ലിം പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞറിഞ്ഞശേഷം- ഏതാണ്ട് പന്ത്രണ്ട് കൊല്ലം മുമ്പ് ഫൈസലുബ്‌നു അബ്ദില്‍ അസീസ് രാജാവ് (*) ആ കല്ല് അല്പംകൂടി പുറകോട്ട് മാറ്റി സ്ഥാപിച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി ഒരു ചെറിയ കെട്ടിടത്തില്‍ (ക്വുബ്ബയില്‍) പരക്കെ ആര്‍ക്കും കാണുവാന്‍ സാധ്യമല്ലാത്തവിധം അത് ഭദ്രമായി വെക്കപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ ആ കെട്ടിടം പൊളിച്ച് നീക്കി ഒരു വലിയ പളുങ്ക് കൂട്ടില്‍, പുറമെ നിന്ന് കാണത്തക്കവിധം കഅ്ബഃയുടെ മുന്‍ വശത്ത് അത് സ്ഥിതി ചെയ്യുന്നു.
മുഹമ്മദ് ത്വാഹിറുല്‍ കുര്‍ദീ – അല്‍മക്കീ (**) എന്ന പണ്ഡിതന്‍ അദ്ദേഹത്തിന്റെ മക്വാമു ഇബ്‌റാഹീം എന്ന ഗ്രന്ഥത്തില്‍ ആ കല്ലിനെപ്പററി വിവരിച്ച ചില കാര്യങ്ങള്‍ അറിയുന്നത് സന്ദര്‍ഭോചിതമായിരിക്കും: ‘ഏതാണ്ട് ചതുരാകൃതിയിലുള്ള ആ കല്ലിന്റെ മുകള്‍ഭാഗത്ത് മൂന്ന് വശം 36 സെന്റീമീറ്റര്‍ വീതവും ഒരു വശം 38 സെന്റീമീറ്ററുമാകുന്നു. അടിഭാഗം അല്‍പം കൂടുതല്‍ വരും. ഉയരം – കനം – 20 സെന്റീമീറ്റര്‍. അതേ വലിപ്പത്തിലുള്ള ഒരു മാര്‍ബിള്‍ തറയില്‍ അത് ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഈ തറ മറ്റൊരു തറയിലും അതൊരു മരപ്പെട്ടിയിലുമാണ്. എല്ലാം വെള്ളിത്തകിട് പതിക്കപ്പെട്ടിരിക്കുന്നു. (***) ഈ തകിട് ഹിജ്‌റഃ 1113-ല്‍ നിര്‍മിക്കപ്പെട്ടതാണെന്ന് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇബ്‌റാഹീം (عليه السلام)ന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ സ്ഥലത്ത് ദീര്‍ഘകാലമായി ജനങ്ങള്‍ തൊട്ടുതടവിക്കൊണ്ടിരുന്നതിനാല്‍, വലിയ രണ്ട് കുഴികളാണുള്ളത്. അവയുടെ നീളം മുകള്‍പരപ്പില്‍ 27 സെന്റിമീറ്ററും അടിയില്‍ 25 സെന്റിമീറ്ററും വരും. രണ്ടും തമ്മിലുള്ള വിടവ് ഒരു സെ.മി മാത്രം. കുഴികള്‍ വലുതായതോടെ തമ്മിലുള്ള അകലം കുറഞ്ഞുവന്നതാണ്. വിരലടയാളം തീരെ കാണുകയില്ല. കല്ലിന്റെ നിറം കുറേശ്ശ ചുവപ്പും മഞ്ഞയും കലര്‍ന്ന വെളളനിറത്തിലാണ് കാണുന്നത്.
(*) ഹിജാസുകൂടി ഉള്‍ക്കൊള്ളുന്ന സുഊദി അറേബ്യയുടെ സ്ഥാപക രാജാവായ മര്‍ഹൂം അബ്ദുല്‍ അസീസിന്റെ മരണത്തെത്തുടര്‍ന്ന് ക്രി. 1953-ല്‍ മൂത്തപുത്രന്‍ സുഊദ് രാജാവായി. പിന്നീട് ക്രി. 1964-ല്‍ അദ്ദേഹം സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും, അനുജന്‍ ഫൈസല്‍ രാജാവായി നിയമിക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭരണം മതരംഗത്തും ഭരണരംഗത്തും വളരെ കീര്‍ത്തി നേടിക്കൊണ്ടിരുന്നു. ക്രി. 1975 മാര്‍ച്ച് മാസത്തില്‍ ഹി.1395 റബീഉല്‍ അവ്വലില്‍-രാജകുടുംബത്തില്‍പെട്ട ഒരക്രമിയുടെ വെടിയേറ്റ് അദ്ദേഹം പരലോകം പ്രാപിക്കുകയാണ് ഉണ്ടായത്. അല്ലാഹു അദ്ദേഹത്തിന് കരുണ നല്‍കട്ടെ.
(**) ഹിജ്‌റഃ 1369 ലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകൃതകമായത്. കഅ്ബഃയെയും ബന്ധപ്പെട്ട സ്ഥലങ്ങളെയും കുറിച്ച് ഇതില്‍ സവിസ്തരം വിവരിച്ചിരിക്കുന്നു. ഹി. 1367 ശഅ്ബാന്‍ 27-ന് അന്നത്തെ രാജാവായ അബ്ദുല്‍ അസീസ് രാജാവിന്റെ കിരീടാവകാശിയായിരുന്ന അമീര്‍ സുഊദിന്റെ അനുമതി പ്രകാരം അദ്ദേഹത്തിന് മക്വാമു ഇബ്‌റാഹീം സൂക്ഷിക്കപ്പെട്ടിരുന്ന ക്വുബ്ബ തുറന്നു കൊടുക്കപ്പെട്ടുവെന്നും ആ അവസരത്തില്‍ മറ്റു പല പ്രമുഖ നേതാക്കളുടെയും സാന്നിധ്യത്തില്‍ താന്‍ ശരിക്ക് അളന്നു പരിശോധിച്ചാണ് അതിനെ സംബന്ധിച്ച് രേഖപ്പെടുത്തിയി രിക്കുന്നതെന്നും അദ്ദേഹം അതില്‍ പ്രസ്താവിച്ചിരിക്കുന്നു.
(***) ഇന്ന് ഇതിലെല്ലാം വ്യത്യാസം വരുത്തപ്പെട്ടിട്ടുണ്ട്.
ആ ഗ്രന്ഥത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയ ഒരു സംഗതികൂടി അറിയുന്നത് നന്നെന്ന് തോന്നുന്നു. അതിന്റെ ചുരുക്കം ഇതാണ്: ‘ജാഹിലിയ്യാ അറബികള്‍ -മക്കാ പരിസരങ്ങളിലുള്ളവര്‍ പ്രത്യേകിച്ചും- കല്ലുകളെ ആരാധിക്കുന്നതില്‍ പ്രസിദ്ധരായിരുന്നുവല്ലോ. എന്നാലും ഹജറുല്‍ അസ്‌വദിനെയും, മക്വാമു ഇബ്‌റാഹീമിനെയും അവര്‍ ആരാധിച്ചതായി അറിയുന്നില്ല. അതേ സമയത്ത് ഈ രണ്ട് കല്ലിനെയും അവര്‍ ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇതിനെപ്പറ്റി ചിന്തിച്ചപ്പോള്‍ മനസ്സിലായത് ഇതാണ്: ‘അന്ന് അവ ആരാധിക്കപ്പെട്ടിരുന്നുവെങ്കില്‍ പിന്നീട് (ത്വവാഫില്‍)ഹജറുല്‍ അസ്‌വദിന്റെ മൂല (ركن الحجر) തൊട്ട് മുത്തുവാനും, മക്വാമു ഇബ്‌റാഹീമിങ്കല്‍ നമസ്‌കരിക്കുവാനും കല്‍പിക്കപ്പെടുന്നപക്ഷം, ഇസ്‌ലാമിന്റെ ശത്രുക്കളും കപടവിശ്വാസികളും അതിനെ ആയുധമാക്കി വിഗ്രഹങ്ങളോടുള്ള ബഹുമാനത്തില്‍ നിന്ന് ഇസ്‌ലാമും ശുദ്ധമല്ലെന്ന് പറയുമായിരുന്നു. അതുകൊണ്ടായിരിക്കാം രണ്ടും ആരാധിക്കപ്പെടുവാന്‍ ഇടവരാതെ അല്ലാഹു കാത്ത് സൂക്ഷിച്ചത്. ഇദ്ദേഹത്തിന്റെ ഈ അഭിപ്രായം ഏതാണ്ട് യുക്തമായി തോന്നുന്നു والله أعلم
മക്വാമു ഇബ്‌റാഹീമില്‍ നിന്നും ഒരു നമസ്‌കാരസ്ഥാനം ഏര്‍പ്പെടുത്തിക്കൊള്ളുക (وَاتَّخِذُوامِنْ مَقَامِ إِبْرَاهِيم مَصَلًى) എന്നുള്ള അല്ലാഹുവിന്റെ കല്‍പന, ത്വവാഫിന് ശേഷം അതിന്റെ അടുത്ത്‌വെച്ച് രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരം വഴി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നടപ്പാക്കിയെന്ന് മേലുദ്ധരിച്ച ഹദീഥില്‍ കണ്ടുവല്ലോ. മുസ്‌ലിംകള്‍ ഇന്നും അത് ആചരിച്ചുപോരുകയും ചെയ്യുന്നു. എന്നാല്‍, എല്ലാവരും പറയുന്നതില്‍ നിന്നും വ്യത്യസ്തമായ പുത്തന്‍ അഭിപ്രായങ്ങള്‍ പറയുവാന്‍ താല്പര്യം കാണിക്കാറുള്ള ഒരു ആധുനിക പ്രിയനായ പണ്ഡിതന്‍ പറയുന്നത് മക്വാമു ഇബ്‌റാഹീം എന്നാല്‍ ഇബ്‌റാഹീം (عليه السلام) നമസ്‌കരിച്ച സ്ഥലം -കഅ്ബഃ- യാണെന്നും കഅ്ബഃയെ നമസ്‌കാര സ്ഥലമാക്കുവാനുള്ള കല്‍പനയാണ് ഇത് എന്നുമാകുന്നു. ആശ്ചര്യം തോന്നുന്നു! എവിടെനിന്നാണ് ഈ വ്യാഖ്യാനം അദ്ദേഹത്തിന് കിട്ടിയതെന്ന് അല്ലാഹുവിനറിയാം. മക്വാമു (مَقَام) എന്ന വാക്കിന് നമസ്‌കരിച്ച സ്ഥലം എന്ന് അര്‍ത്ഥമില്ല. വാക്കര്‍ത്ഥമില്ലെങ്കിലും ഉദ്ദേശ്യം അതാണെന്നുള്ളതിന് ഒരു തെളിവും ഇല്ല. ചില പ്രത്യേക അവസരങ്ങളില്‍ കഅ്ബഃയുടെ വാതില്‍ തുറക്കപ്പെടുമ്പോള്‍ ചുരുക്കം ചിലര്‍ അതിനുള്ളില്‍ കടന്ന് എപ്പോഴെങ്കിലും സുന്നത്ത് നമസ്‌കരിക്കുന്നതല്ലാതെ, കഅ്ബയെ ഒരു നമസ്‌കാര സ്ഥലമാക്കിക്കൊണ്ടുള്ള നടപടി ഇസ്‌ലാമില്‍ അറിയപ്പെടുന്നില്ല. മക്കാ വിജയസംഭവമുണ്ടായ അവസരത്തിലോ, ഹജ്ജത്തുല്‍ വിദാഇലോ തിരുമേനിയുടെ അവസാനത്തെ ഹജ്ജിലോ) അല്ലാതെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും കഅ്ബയുടെ ഉള്ളില്‍ നമസ്‌കാരം നടത്തിയതായി അറിയപ്പെടുന്നില്ല. ഒരു പക്ഷേ, കഅ്ബഃയെ നമസ്‌കാരസ്ഥലം ആക്കുക എന്ന് പറഞ്ഞതിന്റെ താല്‍പര്യം, അതിന്റെ അടുത്ത സ്ഥലത്ത് -മസ്ജിദുല്‍ ഹറാമില്‍- നമസ്‌കരിക്കുക എന്നാണെന്ന് പറഞ്ഞേക്കാം. എന്നാല്‍, സൂ: ആലുഇംറാന്‍ 97-ല്‍ കഅ്ബഃയെപ്പറ്റി, അതില്‍ സുവ്യക്തങ്ങളായ ദൃഷ്ടാന്തങ്ങളുണ്ടെന്ന് പറഞ്ഞുകൊണ്ട് മക്വാമു ഇബ്‌റാഹീമിനെ പ്രത്യേകം അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നത് (فِيهِ آيَاتٌ بَيِّنَاتٌ مَّقَامُ إِبْرَاهِيمَ) കാണാം. അപ്പോള്‍ മക്വാമുഇബ്‌റാഹീം കൊണ്ടുദ്ദേശ്യം കഅ്ബഃയാണെന്ന് വെക്കുന്നപക്ഷം കഅ്ബഃയില്‍ കഅ്ബഃയുണ്ടെന്നായിരിക്കണമല്ലോ അതിനര്‍ത്ഥം. ഇങ്ങിനെയൊക്കെ പറയുവാന്‍ ഇവരെ പ്രേരിപ്പിക്കുന്ന മനഃസ്ഥിതി വളരെ അല്‍ഭുതം തന്നെ!
എനി, ത്വവാഫ് ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും, സാഷ്ടാംഗം കുമ്പിട്ടു നമസ്‌കരിക്കുന്നവര്‍ക്കും വേണ്ടി എന്റെ വീട് ശുദ്ധിയാക്കണമെന്ന് ഇബ്‌റാഹീം (عليه السلام)നോടും, ഇസ്മാഈല്‍ (عليه السلام) നോടും കല്‍പിച്ചതിനെപ്പറ്റി ആലോചിക്കാം. എന്റെ വീട് (بَيْتِي) എന്ന് പറഞ്ഞത് കഅ്ബഃയെ ഉദ്ദേശിച്ചുതന്നെ. ആ പരിശുദ്ധാലയത്തിന് അല്ലാഹു കല്‍പിച്ച ഉന്നതസ്ഥാനമാണ് ആ വാക്ക് സൂചിപ്പിക്കുന്നത്. അതിന്റെ പ്രാധാന്യത്തെപ്പറ്റി അടുത്ത സൂറത്ത് 96-ല്‍ പ്രസ്താവിക്കുന്നുണ്ട്. കഅ്ബഃയുടെ വാതിലിനെ അഭിമുഖീകരിക്കുന്നവരുടെ ഇടത് ഭാഗത്തെ മൂലയില്‍ സ്ഥിതി ചെയ്യുന്ന ‘ഹജറുല്‍ അസ്‌വദ്’ മുതല്‍ ആരംഭിച്ച് കഅ്ബയെ ഇടത് വശത്താക്കിക്കൊണ്ട് ഏഴുവട്ടം പ്രദക്ഷിണം ചെയ്യുന്നതിനാണ് ‘ത്വവാഫ്’ എന്ന് പറയുന്നത്. പള്ളികളില്‍ പ്രവേശിക്കുന്നവര്‍ രണ്ട് റക്അത്ത് തഹിയ്യത്ത് (ഉപചാര നമസ്‌കാരം) നമസ്‌കരിക്കുവാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് പോലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ പ്രവേശിക്കുന്നവര്‍ അതിന്റെ സ്ഥാനത്ത് ചെയ്യേണ്ടത് ത്വവാഫത്രെ. ഹജ്ജ് കര്‍മത്തിലും ഉംറഃ കര്‍മത്തിലും അത് നിര്‍ബന്ധവുമാകുന്നു. സൗകര്യപ്പെടുമ്പോഴെല്ലാം ചെയ്യുന്നത് നല്ലതുമാകുന്നു. ഭജനമിരിക്കുന്നവര്‍ എന്ന് അര്‍ത്ഥം നല്‍കിയിരിക്കുന്നത് (عَاكِفِين) എന്ന വാക്കിനാണ്. ഒരു വസ്തുവോടുള്ള ബഹുമാനം നിമിത്തം അതിനെ വേറിട്ട് പോകാതിരിക്കുന്നതിന് (عكوف) എന്നു പറയുന്നു. (كما فى المفردات) പള്ളികളില്‍ നമസ്‌കാരം, പ്രാര്‍ത്ഥന മുതലായ കര്‍മങ്ങള്‍ക്ക് വേണ്ടി മിനക്കെട്ടിരിക്കുന്നതിന് ശറഇന്റെ സാങ്കേതികഭാഷയില്‍ اِعْتِكَاف (ഭജനമിരിക്കല്‍) എന്ന് പറയുന്നു. ഇതേ ആവശ്യാര്‍ത്ഥം കഅ്ബഃയുടെ അടുക്കല്‍ (മസ്ജിദുല്‍ ഹറാമില്‍) വന്നുകൂടുന്നവരാണിവടെ ഉദ്ദേശ്യം. സാഷ്ടാംഗം കുമ്പിടുന്നവര്‍ (الرُّكَّع السُّجُود) എന്ന് പറഞ്ഞത് നമസ്‌കരിക്കുന്നവരെ ഉദ്ദേശിച്ചുമാകുന്നു. (നമസ്‌കാരത്തെ ഉദ്ദേശിച്ച് സുജൂദ് എന്നും റുകൂഉ് എന്നും പറയപ്പെടുന്നതിനെപ്പറ്റി 43-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മറ്റും വിവരിച്ചിട്ടുണ്ട്).
വിഗ്രഹങ്ങള്‍, ശിര്‍ക്ക്പരമായ ആരാധനകള്‍, മ്‌ളേച്ഛതകള്‍, തോന്നിയവാസങ്ങള്‍, സഭ്യമല്ലാത്ത സംസാരങ്ങള്‍, മാലിന്യങ്ങള്‍, അക്രമങ്ങള്‍ ആദിയായവയില്‍ നിന്നെല്ലാം ആ പരിശുദ്ധാലയം ശുദ്ധമായിരിക്കണം. അതിനൊന്നും അവിടെ സ്ഥാനമുണ്ടാകരുത്. എന്നൊക്കെയാണ് അവര്‍ക്ക് വേണ്ടി ആ വീട്ടിനെ ശുദ്ധമാക്കണമെന്ന കല്‍പനയുടെ താല്‍പര്യം. ഇബ്‌റാഹീം (عليه السلام)ന്റെ കാലത്ത് അവിടെ വിഗ്രഹങ്ങളോ, വിഗ്രഹാരാധനയോ ഉണ്ടായിരിക്കാന്‍ അവകാശമില്ല. ഉണ്ടായതായി അറിയുന്നുമില്ല. എങ്കിലും നൂഹ് നബി (അ)യുടെ കാലം മുതല്‍ക്കേ വിഗ്രഹാരാധന ജനമദ്ധ്യേ പ്രചാരത്തില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. ഇബ്‌റാഹീം നബി (عليه السلام)യുടെ നാടും വീടുമെല്ലാം വിഗ്രഹ കേന്ദ്രങ്ങളായിരുന്നതും, അവയോട് പടപൊരുതിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ചരിത്രവും പ്രസിദ്ധമാണല്ലോ. ആ സ്ഥിതിക്ക് അല്ലാഹു അല്ലാത്തവരുടെ ആരാധനകളില്‍ നിന്നെല്ലാം പരിപൂര്‍ണമായും ഒഴിവായിക്കൊണ്ടും, അല്ലാഹുവിന്റെ ആരാധനമാത്രം നടത്തപ്പെട്ടതുകൊണ്ടുമായിരിക്കണം എന്നായിരിക്കും മുഖ്യമായും ആ ശുദ്ധീകരണം കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് കരുതാം. ഇബ്‌റാഹീം (عليه السلام) തങ്ങളുടെ കുലപിതാവാണെന്നതില്‍ അഭിമാനിക്കുകയും, അദ്ദേഹത്തിന്റെ മാര്‍ഗമാണ് തങ്ങള്‍ ആചരിച്ചുവരുന്നതെന്ന് അവകാശപ്പെടുകയും, അതേ സമയത്ത് നൂറുകണക്കായ വിഗ്രഹങ്ങള്‍കൊണ്ട് കഅ്ബയെ മ്‌ളേച്ഛമാക്കുകയും ചെയ്ത അറബി മുശ്‌രിക്കുകള്‍ അവരുടെ നിലപാടിനെപ്പറ്റി ചിന്തിച്ചു നോക്കുവാനുളള ഒരു ആഹ്വാനം കൂടി ഈ വചനത്തില്‍ അടങ്ങിയിരിക്കുന്നു.
- وَإِذْ قَالَ إِبْرَٰهِۦمُ رَبِّ ٱجْعَلْ هَٰذَا بَلَدًا ءَامِنًا وَٱرْزُقْ أَهْلَهُۥ مِنَ ٱلثَّمَرَٰتِ مَنْ ءَامَنَ مِنْهُم بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۖ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلًا ثُمَّ أَضْطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِ ۖ وَبِئْسَ ٱلْمَصِيرُ ﴾١٢٦﴿
- ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) എന്റെ റബ്ബേ, നീ ഇതൊരു നിര്‍ഭയമായ രാജ്യമാക്കുകയും അതിലെ ആള്‍ക്കാര്‍ക്ക്ഫലവര്‍ഗങ്ങളില്‍ നിന്ന് ആഹാരം നല്‍കുകയും വേണമേ! (അതെ) അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക് (ആഹാരവും നല്‍കണേ) അവന്‍ പറഞ്ഞു: അവിശ്വസിച്ചവന്നും (ആഹാരം നല്‍കുന്നതാണ്) എന്നാല്‍, അവനെ ഞാന്‍ അല്‍പം സുഖമനുഭവിപ്പിക്കും. പിന്നീട് അവനെ ഞാന്‍ നരകശിക്ഷയിലേക്ക് (വരുവാന്‍) നിര്‍ബന്ധിതനാക്കുന്നതാണ്. (ആ) വന്ന് ചേരുന്ന (മടക്ക) സ്ഥാനം വളരെ ചീത്ത!
- وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്‌റാഹീം رَبِّ എന്റെ റബ്ബേ اجْعَلْ هَٰذَا ഇതിനെ നീ ആക്കേണമേ بَلَدًا ഒരു രാജ്യം آمِنًا നിര്‍ഭയമായ وَارْزُقْ നീആഹാരം (ഉപജീവനം) നല്‍കുകയും വേണമേ أَهْلَهُ അതിലെ ആള്‍ക്കാര്‍ക്ക് مِنَ الثَّمَرَاتِ ഫലങ്ങളാല്‍, ഫലവര്‍ഗങ്ങളില്‍ നിന്ന് مَنْ آمَنَ വിശ്വസിച്ചവര്‍ക്ക് مِنْهُم അവരില്‍ നിന്ന് بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അവസാനത്തെ ദിവസത്തിലും قَالَ അവന്‍ പറഞ്ഞു وَمَن كَفَرَ അവിശ്വസിച്ചവര്‍ക്കും, അവിശ്വസിച്ചവനും فَأُمَتِّعُهُ എന്നിട്ട്(എന്നാല്‍) അവന് ഞാന്‍ സുഖം അനുഭവിപ്പിക്കും, ഉപയോഗപ്പെടുത്തിക്കൊടുക്കും قَلِيلًا അല്‍പം ثُمَّ പിന്നെ أَضْطَرُّهُ അവനെ ഞാന്‍ നിര്‍ബന്ധിതനാക്കും,നിര്‍ബ്ബന്ധമായികൊണ്ടുവരും إِلَىٰ عَذَابِ ശിക്ഷയിലേക്ക് النَّارِ നരകത്തിന്റെ وَبِئْسَ വളരെ ചീത്ത الْمَصِيرُ (ആ)ചെന്നെത്തുന്ന (മടങ്ങിച്ചെല്ലുന്ന) സ്ഥലം
രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള അപേക്ഷകളാണ് ഈ പ്രാര്‍ത്ഥന യിലടങ്ങിയിരിക്കുന്നത്. ഒന്ന് മക്കാ രാജ്യത്തെ നിര്‍ഭയമായ ഒരു രാജ്യമാക്കുവാനും, മറ്റൊന്ന് അതിലെ നിവാസികള്‍ക്ക് ഫലവര്‍ഗങ്ങളാല്‍ ആഹാരം നല്‍കുവാനും. ഒന്നാമത്തേതിനെക്കുറിച്ച് കഴിഞ്ഞ വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചുവല്ലോ. രണ്ടാമത്തെതിനെപ്പറ്റി വഴിയെ വിവരിക്കാം. സൂറഃ ഇബ്‌റാഹീമിലും അദ്ദേഹം ഈ രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതായി പ്രസ്താവിച്ചിരിക്കുന്നത് കാണാം. എന്നാല്‍ -ഇബ്‌നുകഥീര്‍ (رحمه الله) മുതലായവര്‍ ചൂണ്ടിക്കാട്ടിയതുപോലെ- അവിടെയും ഇവിടെയും ഉപയോഗിച്ച വാക്കുകളിലുള്ള വ്യത്യാസങ്ങളില്‍ നിന്ന് ഈ പ്രാര്‍ത്ഥനകള്‍ രണ്ടും രണ്ട് സന്ദര്‍ഭങ്ങളിലായി അദ്ദേഹം ചെയ്തതാണെന്ന് മനസ്സിലാകുന്നു. ഭാര്യ ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും (عليه السلام) മക്കായില്‍ താമസിപ്പിക്കുകയും, കഅ്ബഃ നിര്‍മിക്കുകയും ചെയ്തശേഷമായിരുന്നു അദ്ദേഹം ആ പ്രാര്‍ത്ഥന ചെയ്തതെന്ന് ആ സൂറത്തിലെ വാക്യങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇവിടെ ഉദ്ധരിച്ചത് ഒരു പക്ഷേ, ആദ്യമായി മക്കായില്‍കൊണ്ടുപോയി ആക്കിയ ഉടനെ ചെയ്ത പ്രാര്‍ത്ഥനയുമായിരിക്കാം. അന്ന് അവിടെ ജനവാസമോ വെള്ളത്താവളമോ ഒന്നും ഉണ്ടായിരുന്നില്ലെന്നും, പിന്നീടാണ് അതെല്ലാം ഉണ്ടായിത്തീര്‍ന്നതെന്നും ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും അറിയപ്പെട്ടതുമാണ്. അത്‌കൊണ്ടായിരിക്കാം ഇവിടെ പ്രാര്‍ത്ഥനയില്‍ ഇതൊരു നിര്‍ഭയമായ രാജ്യമാക്കണേ (اجْعَلْ هَٰذَا بَلَدًا آمِنًا) എന്നും അവിടെ ആ പ്രാര്‍ത്ഥനയില്‍ ഈ രാജ്യത്തെ നിര്‍ഭയമായ രാജ്യമാക്കണേ (اجْعَلْ هَٰذَا بَلَدًا آمِنًا) എന്നും അദ്ദേഹം പറഞ്ഞത്. അഥവാ, ഈ പ്രാര്‍ത്ഥനാവേളയില്‍ അതൊരു ജനവാസമുള്ള രാജ്യമായിരുന്നില്ലെന്നും, രണ്ടാമത്തെ പ്രാര്‍ത്ഥനയുണ്ടായത് അവിടെ ജനവാസം തുടങ്ങുകയും, അതൊരു രാജ്യമെന്ന് പറയുമാറായിത്തീരുകയും ചെയ്ത ശേഷമായിരിക്കുമെന്നും കരുതേണ്ടിയിരിക്കുന്നു. (അല്ലാഹുവിനറിയാം)
പ്രാര്‍ത്ഥനയിലെ രണ്ടാമത്തെ അപേക്ഷ ആ രാജ്യക്കാര്‍ക്ക് ഫലവര്‍ഗങ്ങളാല്‍ ആഹാരത്തിന് വക നല്‍കണേ (وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ) എന്നുള്ളതാണ്. തന്റെ സന്തതികളിലും നേതൃത്വം നിലനിര്‍ത്തുവാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അക്രമികളായുള്ളവര്‍ക്ക് നേതൃത്വം നല്‍കുകയില്ലെന്ന് അല്ലാഹു അദ്ദേഹത്തെ ഉണര്‍ത്തിയല്ലോ. അതുകൊണ്ട് ഒരു പക്ഷേ എല്ലാവര്‍ക്കും ആഹാരം നല്‍കുവാന്‍ പ്രാര്‍ത്ഥിക്കുന്നത് മര്യാദകേടായിത്തീരുമെന്ന് അദ്ദേഹം കരുതിയിരിക്കാം. അതിനാലായിരിക്കാം ആ രാജ്യക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക് (مَنْ آمَنَ مِنْهُم بِاللَّهِ وَالْيَوْمِ الْآخِرِ) എന്ന് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞത്. (അല്ലാഹുവിനറിയാം) എന്നാല്‍, നേതൃത്വത്തിന്റെ മാതിരിയല്ല ആഹാരത്തിന്റെ കാര്യമെന്നും, ആഹാരം നല്‍കുന്ന വിഷയത്തില്‍ വിശ്വാസി-അവിശ്വാസി, നീതിമാന്‍-അക്രമി എന്ന വ്യത്യാസമില്ലെന്നും അല്ലാഹു അദ്ദേഹത്തെ മനസ്സിലാക്കി. അതാണ്…(അവിശ്വസിച്ചവര്‍ക്കും ആഹാരം നല്‍കാം) എന്ന വാക്യം കുറിക്കുന്നത്. പക്ഷേ, ആഹാരവിഷയത്തില്‍ എല്ലാവരും ഒരുപോലെയാണെന്നു വെച്ച് മറ്റു വിഷയങ്ങളിലും അവര്‍ തുല്യതരക്കാരായിരിക്കുമെന്ന് കരുതേണ്ടതില്ലെന്നും അതോടൊപ്പം അല്ലാഹു ചൂണ്ടിക്കാട്ടുന്നു فَأُمَتِّعُه قُلِيلا ثمٌ (എന്നാല്‍ അവന് ഞാന്‍ അല്‍പം സുഖമനുഭവിപ്പിക്കുകയും, പിന്നീടവനെ നരകത്തിലേക്ക് വരുവാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്യും) അതെ, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ദുര്യോഗമുണ്ടാകുകയില്ല. ആഹാരത്തിലും സുഖസൗകര്യങ്ങളിലും ലഭിക്കുന്ന ഏറ്റക്കുറവ് ഒരാളുടെ നന്മ തിന്മയുടെ അടിസ്ഥാനത്തിലല്ല; അത് അല്ലാഹു -അവന് മാത്രം അറിയാവുന്ന ചില രഹസ്യങ്ങളുടെ അടിസ്ഥാനത്തില്‍- കണക്കാക്കുന്നതാണ് എന്ന് താല്‍പര്യം.
ഫലവര്‍ഗങ്ങളില്‍ നിന്ന് ആഹാരം നല്‍കണേ എന്നാണല്ലോ അദ്ദേഹം പ്രാര്‍ത്ഥിച്ചത്. ثَّمَرَات എന്ന വാക്ക് ചിലപ്പോള്‍ എല്ലാതരം ഫലവിഭവങ്ങളെ ഉദ്ദേശിച്ചും പറയപ്പെടുമെങ്കിലും വൃക്ഷങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ക്കാണ് സാധാരണമായി ഉപയോഗിച്ചുവരുന്നത്. സൂഃ ഇബ്‌റാഹീമിലെ വാചകത്തില്‍ ഞങ്ങളുടെ റബ്ബേ, എന്റെ സന്തതികളില്‍ ചിലരെ കൃഷിയിടമില്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ വീട്ടിന്നടുക്കല്‍ ഞാന്‍ താമസിപ്പിച്ചിരിക്കുന്നു (رَبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ) എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ക്ക് ഫലവര്‍ഗങ്ങളില്‍ നിന്ന് ആഹാരം നല്‍കണേ എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചിരിക്കുന്നത്. അറേബ്യ, വെള്ളസൗകര്യങ്ങളും കൃഷിസൗകര്യങ്ങളും ഇല്ലാത്ത രാജ്യമാണല്ലോ. (*) സംസം (زمزم) പ്രത്യക്ഷ പ്പെട്ടതോടെയാണ് മക്കയില്‍ ആദ്യമായി വെള്ളത്താവളമുണ്ടായതെന്ന് ഹദീഥുകളില്‍ നിന്നും മറ്റും മനസ്സിലാക്കാം. അതുകൊണ്ടാണ് അദ്ദേഹം അങ്ങിനെ പ്രാര്‍ത്ഥിച്ചത്. ബുഖാരി (رحمه الله) ഉദ്ധരിച്ച ഒരു ഹദീഥില്‍ അന്ന് അവിടെ ആ രാജ്യക്കാര്‍ക്ക് ധാന്യം ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം അവര്‍ക്ക് അതിനുവേണ്ടിയും പ്രാര്‍ത്ഥിക്കുമായിരുന്നു. (وَلَمْ يَكُنْ لَهُمْ يَوْمَئِذٍ حَبٌّ وَلَوْ كَانَ لَهُمْ دَعَا لَهُمْ فِيهِ) എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നു. ഇബ്‌റാഹീം നബി (عليه السلام)യുടെ ഈ പ്രാര്‍ത്ഥനയും അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്ന് പറയേണ്ടതില്ല. മക്കായില്‍ നിന്ന് ഏതാണ്ട് അമ്പത് നാഴിക അകലെ സ്ഥിതി ചെയ്യുന്ന ത്വാഇഫ് (طَائِف) രാജ്യം വളരെ ഫലസമൃദ്ധമായ ഒരു പ്രദേശമാണ്. അവിടെ നിന്നും ചുറ്റുപാടിലുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നും, ഫലസ്തീന്‍, ശാം മുതലായ ദൂരദേശങ്ങളില്‍ നിന്നുമായി എല്ലാ കാലത്തും എല്ലാതരം ഫലവര്‍ഗങ്ങളും മക്കായിലേക്ക് മുമ്പ്മുതല്‍ക്കേ ഇറക്കുമതി ചെയ്യപ്പെട്ടു വരുന്നു. ഇന്നാകട്ടെ, അതിവിദൂര പ്രദേശങ്ങളില്‍ നിന്നുപോലും എല്ലാതരം ഭക്ഷ്യവിഭവങ്ങളും മക്കായിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. സൂറഃ ക്വസ്വസ്വില്‍ അല്ലാഹു പറയുന്നു:
أَوَلَمْ نُمَكِّن لَّهُمْ حَرَمًا آمِنًا يُجْبَىٰ إِلَيْهِ ثَمَرَاتُ كُلِّ شَيْءٍ رِّزْقًا
(നിര്‍ഭയമായ ഒരു ഹറം അവര്‍ക്ക് നാം സൗകര്യപ്പെടുത്തി ക്കൊടുത്തിട്ടില്ലേ? നമ്മുടെ പക്കല്‍ നിന്നുള്ള ആഹാരമായി എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ചുകൊണ്ട് വരപ്പെടുന്നു) സൂറഃ ഇബ്‌റാഹീമില്‍ വെച്ച് കൂടുതല്‍ വിവരം കാണാം. إِن شَاءَ اللَّهُ
(*) ഇപ്പോള്‍ അവിടവിടെ ചില വെള്ളത്താവളങ്ങള്‍ ഉണ്ടായിത്തീരുകയും, അവ ഉപയോഗപ്പെടുത്തി ചുരുങ്ങിയ തോതിലുള്ള കൃഷിസ്ഥലങ്ങള്‍ നിലവില്‍ വരുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുവില്‍ ഇന്നും അറേബ്യാ ഉപദ്വീപ് ഒരു കര്‍ഷക രാജ്യമല്ല.
- وَإِذْ يَرْفَعُ إِبْرَٰهِۦمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَٰعِيلُ رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ ﴾١٢٧﴿
- (ആ) വീട്ടില്‍ നിന്നും (അതിന്റെ) അടിത്തറ ഇബ്‌റാഹീമും, ഇസ്മാഈലും (കെട്ടി) ഉയര്‍ത്തിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) (അവര്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചിരുന്നു) ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ നിന്ന് നീ (ഈ കര്‍മം) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ്(എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമായുള്ളവന്‍.
- وَإِذْ يَرْفَعُ ഉയര്‍ത്തുന്ന (പൊക്കിയിരുന്ന)സന്ദര്‍ഭം إِبْرَاهِيمُ ഇബ്‌റാഹീം الْقَوَاعِدَ അടിത്തറകളെ, അസ്തിവാരം مِنَ الْبَيْتِ (ആ) വീട്ടില്‍ നിന്ന് وَإِسْمَاعِيلُ ഇസ്മാഈലും رَبَّنَا ഞങ്ങളുടെ റബ്ബേ تَقَبَّلْ നീ സ്വീകരിക്കണേ مِنَّا ഞങ്ങളില്‍ നിന്ന് إِنَّكَ أَنتَ നിശ്ചയമായും നീ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍
- رَبَّنَا وَٱجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَآ ۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ ﴾١٢٨﴿
- ഞങ്ങളുടെ റബ്ബേ, ഞങ്ങളെ (രണ്ടാളെയും) നിനക്ക് കീഴൊതുങ്ങിയവരാക്കുകയും ചെയ്യേണമേ! ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പ്പെടുന്നതായ ഒരുസമുദായത്തെ (ഉണ്ടാക്കേണമേ!) ഞങ്ങള്‍ക്ക് ഞങ്ങളുടെ ആരാധനാകര്‍മങ്ങള്‍ (ത്യാഗ കര്‍മ ങ്ങള്‍) കാണിച്ചു തരുകയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ! നിശ്ചയമായും നീ തന്നെയാണ് (വളരെ) പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
- رَبَّنَا ഞങ്ങളുടെ റബ്ബേ وَاجْعَلْنَا ഞങ്ങളെ നീ ആക്കുകയും വേണമേ مُسْلِمَيْنِ കീഴൊതുങ്ങിയവര്‍ لَكَ നിനക്ക് وَمِن ذُرِّيَّتِنَا ഞങ്ങളുടെ സന്തതികളില്‍ നിന്നും أُمَّةً ഒരു സമുദായത്തെ مُّسْلِمَةً കീഴ്‌പെട്ട لَّكَ നിനക്ക് وَأَرِنَا ഞങ്ങള്‍ക്ക് കാട്ടിത്തരുകയുംവേണമേ مَنَاسِكَنَا ഞങ്ങളുടെ ആരാധനാ കര്‍മങ്ങളെ, ത്യാഗ കര്‍മങ്ങളെ,ബലികാര്യങ്ങളെ وَتُبْ عَلَيْنَا ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും വേണമേ إِنَّكَ أَنتَ നിശ്ചയമായും നീ തന്നെയാണ് التَّوَّابُ അധികം പശ്ചാത്താപംസ്വീകരിക്കുന്നവന്‍ الرَّحِيمُ കരുണാനിധി
- رَبَّنَا وَٱبْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِكَ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴾١٢٩﴿
- ഞങ്ങളുടെ റബ്ബേ, അവരില്‍നിന്ന് (തന്നെ) ഒരു റസൂലിനെ നീ നിയോഗിക്കുകയും ചെയ്യേണമേ! (അതെ,) അവര്‍ക്ക് നിന്റെ ആയത്തു [ദൃഷ്ടാന്തം ]കള്‍ഓതിക്കൊടുക്കുകയും, അവര്‍ക്ക് വേദഗ്രന്ഥവും, വിജ്ഞാനവും പഠിപ്പിക്കുകയും, അവരെ സംസ്‌ക്കരിക്കുകയും ചെയ്യുന്ന (ഒരു റസൂലിനെ). നിശ്ചയമായും, നീ തന്നെയാണ്പ്രതാപശാലിയും, അഗാധജ്ഞനുമായുളളവന്‍
- رَبَّنَا ഞങ്ങളുടെ റബ്ബേ وَابْعَثْ നീ നിയോഗിക്കുകയും വേണമേ فِيهِمْ അവരില്‍ നിന്ന് رَسُولًا ഒരു ദൂതനെ مِّنْهُمْ അവരില്‍ നിന്ന് يَتْلُو ഓതിക്കൊടുക്കും عَلَيْهِمْ അവര്‍ക്ക് آيَاتِكَ നിന്റെ ആയത്തുകള്‍, ലക്ഷ്യങ്ങള്‍ (വചനങ്ങള്‍) وَيُعَلِّمُهُمُ അവര്‍ക്ക് പഠിപ്പിക്കുകയും ചെയ്യും الْكِتَابَ വേദ(ഗ്രന്ഥം) وَالْحِكْمَةَ വിജ്ഞാനവും തത്വവും وَيُزَكِّيهِمْ അവരെ സംസ്‌കരിക്കും إِنَّكَ أَنتَ നിശ്ചയമായും നീ തന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍
ഇബ്‌റാഹീം നബി (عليه السلام)യും, ഇസ്മാഈല്‍ നബി (عليه السلام)യും കഅ്ബാമന്ദിരം കെട്ടി ഉയര്‍ത്തുമ്പോള്‍ ചെയ്ത പ്രാര്‍ത്ഥനകളാണിത്. കഅ്ബഃയുടെ അടിത്തറ മാത്രമല്ല, അതിന്റെ മീതെ ഭിത്തികെട്ടി പൂര്‍ത്തിയാക്കുകയും അവര്‍ ചെയ്തിട്ടുണ്ട്. അടിത്തറകെട്ടുമ്പോള്‍ തന്നെ പ്രാര്‍ത്ഥനയും നടന്നിരുന്നുവെന്നാണ് ഈ വചനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ഞങ്ങളുടെ ഈ കര്‍മം സ്വീകരിക്കേണമേ എന്നും മറ്റും പ്രാര്‍ത്ഥിക്കുവാന്‍ ഏറ്റവും യോജിച്ച സന്ദര്‍ഭമാണല്ലോ അത്. കഅ്ബ നിര്‍മിക്കുവാനുള്ള കല്‍പന ലഭിച്ചത് ഇബ്‌റാഹീം നബി (عليه السلام)ക്കായിരുന്നുവെന്നും, അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം പുത്രന്‍ ഇസ്മാഈല്‍ (عليه السلام) അതില്‍ സഹകരിച്ചുവെന്നും ഇസ്മാഈല്‍ (عليه السلام) കല്ല് ശേഖരിച്ചുകൊണ്ട് വന്ന് കൊടുക്കുകയും ഇബ്‌റാഹീം (عليه السلام) അത് വാങ്ങി ഭിത്തിപടുക്കുകയുമായിരുന്നു ചെയ്തിരുന്നതെന്നും ഹദീഥുകളില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഈ പ്രാര്‍ത്ഥനയില്‍ താഴെ കാണുന്ന ആറ് അപേക്ഷകളാണ് അവര്‍ അല്ലാഹുവിനോട് അപേക്ഷിച്ചിരിക്കുന്നത്. ഓരോന്നില്‍ നിന്നും നമുക്ക് പലതും മനസ്സിലാക്കുവാനുണ്ട്. അതിനുവേണ്ടിത്തന്നെയാണല്ലോ അല്ലാഹു അതൊക്കെ ഉദ്ധരിച്ചതും. ഇവയാണത് :
(1) رَبَّنَا تَقَبَّلْ مِنَّا…. (റബ്ബേ, ഞങ്ങളില്‍ നിന്ന് ഈ കര്‍മം സ്വീകരിക്കേണമേ) എന്നാകുന്നു. പ്രവര്‍ത്തിക്കുന്ന കാര്യം കല്‍പിക്കപ്പെട്ടതും, പുണ്യകര്‍മവുമായിരുന്നാല്‍ തന്നെയും അത് അല്ലാഹു സ്വീകരിച്ചെങ്കിലേ അതിന് പ്രതിഫലം ലഭിക്കുകയുള്ളൂ. പ്രത്യക്ഷത്തില്‍ കാണപ്പെടാവുന്നതോ, അല്ലാത്തതോ ആയ പല കാരണങ്ങളാലും അത് അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാതിരിക്കുവാന്‍ സാധ്യതയുണ്ട്. സജ്ജനങ്ങളുടെ ഗുണങ്ങള്‍ വിവരിക്കുന്ന മദ്ധ്യെ, വല്ല ദാനധര്‍മവും നല്‍കുമ്പോള്‍ തങ്ങള്‍ തങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവരാണെന്നുള്ള ചിന്തയാല്‍ അവരവരുടെ ഹൃദയങ്ങള്‍ നടുങ്ങിക്കൊണ്ടായിരിക്കും അവരത് നല്‍കുക (…وَالَّذِينَ يُؤْتُونَ مَا آتَوا) എന്ന് (23:60) അല്ലാഹു പ്രസ്താവിച്ചത് സ്മരണീയമത്രെ.
(2) رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ ഞങ്ങളെ രണ്ടാളെയും നിനക്ക് കീഴൊതുങ്ങിയവര്‍ -മുസ്‌ലിംകള്‍- ആക്കേണമേ) എന്നാണ്. നിന്റെ വിധിവിലക്കുകള്‍ക്കെതിരായി ആരുടെ കല്‍പനക്കും വഴങ്ങാത്ത, നിന്നെ മാത്രം ആരാധിക്കുന്ന നിഷ്‌കളങ്കരാക്കണേ എന്ന് സാരം. മുസ്‌ലിംകളെന്ന് മാത്രമല്ല, പ്രവാചകന്‍മാര്‍കൂടിയായ ആ മഹാന്‍മാര്‍ ഇങ്ങിനെ പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മെപ്പോലെ പാപികളും, തെറ്റുകുറ്റങ്ങളില്‍ മുഴുകിയവരുമായ ആളുകളെ സംബന്ധിച്ചിടത്തോളം ഈ പ്രാര്‍ത്ഥനയുടെ ആവശ്യകത എത്ര വമ്പിച്ചതാണെന്ന് ആലോചിച്ചു നോക്കുക ! ഒരാള്‍ പ്രത്യക്ഷത്തില്‍ നിയമദൃഷ്ട്യാ മുസ്‌ലിമായാല്‍പോര, അല്ലാഹുവിന് തികച്ചും കീഴ്‌പെട്ട യഥാര്‍ത്ഥ മുസ്‌ലിം തന്നെ ആയിരിക്കേതുണ്ട്. ഒരിക്കല്‍ മുസ്‌ലിമായിക്കഴിഞ്ഞാല്‍പോര, മരണംവരെ ആ ഇസ്‌ലാം നിലനില്‍ക്കേതുണ്ട്. അല്ലാഹു പറയുന്നു وَلا تَمُوتُنّ إَلاَّوَأَنتم مُّسْلِمُونَ (നിങ്ങള്‍ മുസ്‌ലിംകളായിക്കൊല്ലാതെ മരിക്കരുത്)
(3) وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ ഞങ്ങളുടെ സന്തതികളിലും നിനക്ക് കീഴ്‌പ്പെടുന്ന ഒരു സമുദായത്തെ -മുസ്‌ലിംകളായ സമുദായത്തെ- ഉണ്ടാക്കേണമേ) എന്ന്. അവനവന് വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചാല്‍ പോരാ, അവനവന്റെ മക്കള്‍ക്കും കുടുംബത്തിനും, ഭാവിതലമുറക്കും വേണ്ടികൂടി പ്രാര്‍ത്ഥിക്കേതുണ്ട്. അവരും നന്നായിത്തീരണമെന്നുള്ള മോഹവും താല്‍പര്യവും ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം. പ്രാര്‍ത്ഥനയില്‍ ആദ്യം സ്വന്തത്തിനു വേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്. പിന്നീടാണ് മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് എന്നൊക്കെ ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ് . സജ്ജനങ്ങളുടെ സവിശേഷ ഗുണങ്ങള്‍ പലതും പറഞ്ഞകൂട്ടത്തില്‍ ഒരു സ്ഥലത്ത് അല്ലാഹു പറയുന്നു: …….وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا (ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും നീ ഞങ്ങള്‍ക്ക് കണ്‍കുളിര്‍മ പ്രദാനം ചെയ്യുകയും, ഞങ്ങളെ നീ ഭയഭക്തന്‍മാര്‍ക്ക് മുമ്പന്‍മാരാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമായിരിക്കും അവര്‍. (25:74) നിന്നെ ഞാന്‍ ജനങ്ങള്‍ക്ക് നേതാവാക്കുന്നതാണെന്ന് അല്ലാഹു അറിയിച്ചപ്പോള്‍, തന്റെ സന്തതികളിലും നേതൃത്വം നിലനിറുത്തുവാന്‍ വേണ്ടി ഇബ്‌റാഹീം നബി (عليه السلام) പ്രാര്‍ത്ഥിച്ചതും നാം കണ്ടുവല്ലോ. ഞങ്ങളുടെ സന്തതികള്‍ (ذُرِّيَّتِنَا) എന്ന വാക്കില്‍ ഇസ്ഹാക്വ് (عليه السلام)ന്റെ സന്താന പരമ്പരയായ ഇസ്‌റാഈല്യരും, ഇസ്മാഈല്‍ (عليه السلام)ന്റെ സന്താനപരമ്പരയായ അറബികളും ഉള്‍പ്പെടുമെങ്കിലും -സന്ദര്‍ഭം നോക്കുമ്പോള്‍- മുഖ്യമായും ഈ പ്രാര്‍ത്ഥന അറബികളുടെ വിഷയത്തിലാണ് സാക്ഷാല്‍കൃതമാകുന്നതെന്നുവേണം കരുതുവാന്‍. മുസ്‌ലിം സമുദായം നിലനിന്ന് വന്നതും പ്രധാനമായും അവരിലൂടെത്തന്നെയാണല്ലോ.
(4) وَأَرِنَا مَنَاسِكَنَا (ഞങ്ങള്‍ക്ക് ഞങ്ങളുടെ ആരാധനാ കര്‍മങ്ങള്‍ കാണിച്ചു തരേണമേ) എന്നുള്ളതാണ്. مَنَاسِكَ എന്നാല്‍ ആരാധനാ കര്‍മങ്ങള്‍ എന്നാണ് വാക്കര്‍ത്ഥമെങ്കിലും, ഹജ്ജ്‌സംബന്ധമായ ആരാധനാ കര്‍മങ്ങളെ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ടും അതുപയോഗിക്കപ്പെടാറുണ്ട്. സന്ദര്‍ഭം പരിഗണിക്കുമ്പോള്‍ ഇവിടെയും ഈ ഉദ്ദേശ്യമായിരിക്കുവാനാണ് കൂടുതല്‍ സാധ്യത കാണുന്നത്. (അല്ലാഹുവിനറിയാം) അല്ലാഹുവിനായി ചെയ്യപ്പെടുന്ന ആരാധനാ കര്‍മങ്ങളുടെ രൂപവും സ്വഭാവങ്ങളും എപ്രകാരമായിരിക്കണമെന്നും അവനില്‍ നിന്നു തന്നെ അറിവും അനുമതിയും കിട്ടേതുണ്ടെന്നും, മനുഷ്യന്‍ അവക്ക് സ്വയം രൂപകല്‍പന. നല്‍കിയാല്‍പോരാ എന്നും ഈ പ്രാര്‍ത്ഥനയില്‍ നിന്നു മനസ്സിലാക്കാം لا يعبد الَّله الا بما شرع (അല്ലാഹു നിയമിച്ച പ്രകാരമല്ലാതെ അവനു ആരാധന ചെയ്യപ്പെട്ടുകൂടാ) എന്നുള്ളത് ഇസ്‌ലാമിലെ ഒരു അംഗീകൃത തത്വമാകുന്നു. അതുകൊണ്ടാണ് അല്ലാഹുവോ, അവന്റെ റസൂലോ, കാണിച്ചും അംഗീകരിച്ചും തന്നിട്ടില്ലാത്ത എല്ലാ ആരാധനാ രൂപങ്ങളും അനാചാരങ്ങളായിത്തീരുന്നതും.
(5) ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ) എന്നാകുന്നു. പ്രവാചകന്‍മാര്‍പോലും പാപമോചനം തേടുകയും, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ടിരിക്കുകയും പതിവാണെന്നിരിക്കെ, ആ വിഷയത്തില്‍ നാം എത്ര മാത്രം ശ്രദ്ധപതിക്കേതുണ്ടെന്ന് ആലോചിച്ചു നോക്കുക! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘ഹേ മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുവിന്‍. ഞാന്‍ തന്നെ, ദിനംപ്രതി നൂറുപ്രാവശ്യം പശ്ചാത്തപിച്ചുകൊണ്ടിരിക്കുന്നു.’ (മു)
(6) رَبَّنَا وَابْعَثْ فِيهِمْ رَسُولًا അവര്‍ക്ക് അവരില്‍ നിന്ന് ഒരു റസൂലിനെ നിയോഗിക്കണേ) എന്നു തുടങ്ങിയുള്ള അപേക്ഷയാകുന്നു. തങ്ങളുടെ ഭാവിസന്തതികളില്‍ അല്ലാഹുവിന് കീഴ്‌പ്പെട്ടു ജീവിക്കുന്ന ഉത്തമ സമുദായമുണ്ടായിരിക്കണമെന്നുള്ള ആ മഹാന്‍മാരുടെ ആവേശത്തില്‍ നിന്ന് ഉളവായതാണ് ഈ പ്രാര്‍ത്ഥന. ഒരു ജനതക്ക് സത്യോപദേശം നല്‍കുവാന്‍ വേണ്ടി നിയുക്തനാകുന്ന ദൈവദൂതന്‍, അതേ ജനതക്ക് പരിചിതനായ ഒരാളായിരിക്കുന്നതാണല്ലോ പലനിലക്കും നന്നായിരിക്കുക. ഇബ്‌റാഹീം നബി (عليه السلام) യുടെ ഈ പ്രാര്‍ത്ഥന മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ നിയോഗം മൂലം അല്ലാഹു നിവൃത്തിയാക്കിയിരിക്കുന്നു. انا دعوة ا ابي ابراهيم (ഞാന്‍ എന്റെ പിതാവ് ഇബ്‌റാഹീമിന്റെ പ്രാര്‍ത്ഥനയാണ്) എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ഹദീഥുകളില്‍ വന്നിട്ടുണ്ട്. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ നിയോഗിച്ചയച്ച അനുഗ്രഹം ഓര്‍മിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍, ഇബ്‌റാഹീം (عليه السلام)ന്റെ ഈ പ്രാര്‍ത്ഥനയില്‍ റസൂലിന്റെ ഗുണവിശേഷങ്ങളായി അദ്ദേഹം എടുത്തു പറഞ്ഞിട്ടുള്ള അതേ ഗുണങ്ങളാല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ വിശേഷിപ്പിച്ചുകൊണ്ടാണ് അല്ലാഹു അത് ഓര്‍മിപ്പിക്കാറുള്ളത്. താഴെ 151-ാം വചനവും, സൂറഃ ജുമുഅഃ 2-ാം വചനവും നോക്കുക)
ഇബ്‌റാഹീം (عليه السلام) ആ പ്രാര്‍ത്ഥന ചെയ്ത കാലത്ത് മക്കാ പരിസരത്ത് ഒരു ജനതയാകട്ടെ, സമുദായമാകട്ടെ നിലവില്‍ വന്നു കഴിഞ്ഞിട്ടില്ല. ഭാവിയില്‍ വരാന്‍ പോകുന്നതേയുള്ളൂ. ഓരോ പ്രാര്‍ത്ഥനയുടെയും ലക്ഷ്യമെന്താണെന്നും, അത് സഫലമാക്കേണ്ടുന്ന സന്ദര്‍ഭമേതാണെന്നും ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണല്ലോ. അങ്ങനെ ആ പ്രാര്‍ത്ഥനക്ക് ശേഷം -ഏറെക്കുറെ നാലായിരം കൊല്ലങ്ങള്‍ക്ക് ശേഷം- അല്ലാഹു ആ പ്രാര്‍ത്ഥനയുടെ ഫലമായി അറേബ്യായില്‍ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ റസൂലാക്കി നിയോഗിച്ചു. ഇതില്‍ നിന്ന് ഒരു സംഗതി പ്രത്യേകം മനസ്സിലാക്കേതുണ്ട്. പ്രാര്‍ത്ഥനകള്‍ക്ക് അപ്പപ്പോള്‍ തന്നെ ഉത്തരം കിട്ടിക്കൊള്ളണമെന്നില്ല. ഓരോന്നും തക്കസമയത്തായിരിക്കും അല്ലാഹു നടപ്പിലാക്കുക. പ്രാര്‍ത്ഥനകളില്‍ ധൃതികൂട്ടരുതെന്നും, ധൃതികൂട്ടാത്ത പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സത്യവിശ്വാസികളോട് ഉപദേശിച്ചിട്ടുള്ളതും അതുകൊണ്ടാകുന്നു. (ബു.മു)
റസൂലിന്റെ പ്രത്യേകതകളായി ഇബ്‌റാഹീം (عليه السلام) പ്രാര്‍ത്ഥനയില്‍ എടുത്തുപറഞ്ഞതും ക്വുര്‍ആനില്‍ അല്ലാഹു ഒന്നിലധികം സ്ഥലത്ത് റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ വിശേഷിപ്പിച്ചതുമായ ആ ഗുണവിശേഷങ്ങള്‍ ഇവയാണ്:
(1) അല്ലാഹുവിന്റെ ആയത്തുകള്‍ -ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും- അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുക (يَتْلُو عَلَيْهِمْ آيَاتِكَ). അല്ലാഹുവിന്റെ എകത്വം, മരണാനന്തരജീവിതം മുതലായവ സംബന്ധിച്ച് ആവശ്യമായ ലക്ഷ്യദൃഷ്ടാന്തങ്ങള്‍ വിവരിച്ചുകൊടുക്കുകയെന്നു സാരം.
(2) അവര്‍ക്ക് വേദഗ്രന്ഥം പഠിപ്പിക്കുക (وَيُعَلِّمُهُمُ الْكِتَابَ) വിശുദ്ധ ക്വുര്‍ആന്‍ മുഖേനയാണ് ഈ വിശേഷണം പൂര്‍ത്തിയാകുന്നത്.
(3) അവര്‍ക്ക് വിജ്ഞാനവും പഠിപ്പിക്കുക (وَالْحِكْمَةَ) ‘യുക്തി,’ യുക്തിതത്വം, വിജ്ഞാനം എന്നൊക്കെയാണ് حِكْمَةَ (ഹിക്മത്ത്) ന് വാക്കര്‍ത്ഥം കല്‍പിക്കപ്പെടാറുള്ളത്. ഓരോ കാര്യവും അതതിന്റെ സ്ഥാനത്തും യഥാരൂപത്തിലും അറിയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നാണതുകൊണ്ട് വിവക്ഷ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങള്‍ക്ക് ‘ഹിക്മത്ത്’ പഠിപ്പിച്ചു കൊടുക്കുക എന്നത് അവിടുത്തെ സുന്നത്താകുന്ന ചര്യമുഖേനയാണ് നിവൃത്തിയാകുന്നത്. അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളുടെയും നിയമനിര്‍ദേശങ്ങളുടെയും പ്രാവര്‍ത്തികരൂപവും, അവയനുസരിച്ചുള്ള ജീവിതക്രമവും തിരുമേനി സമുദായത്തിന് വിവരിച്ചുകൊടുത്തിരിക്കുന്നത് അവിടുത്തെ വാക്ക് മുഖേനയും പ്രവൃത്തി മുഖേനയുമാണല്ലോ. അതാണ് അവിടുത്തെ സുന്നത്തും. ചില ഭൗതിക പ്രേമികള്‍ കരുതുന്നത്‌പോലെ, ഭൗതിക ശാസ്ത്രങ്ങളോ ശാസ്ത്രീയ തത്വങ്ങളോ അല്ല അതുകൊണ്ടുദ്ദേശ്യം.
(4) അവരെ സംസ്‌കരിക്കുക (وَيُزَكِّيهِمْ) കേവലം ഐഹികമായ ഏതാനും ജീവിതപരിഷ്‌കരണങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വരുത്തിയിട്ടുണ്ടെന്നല്ല ഇതിന്റെ താല്‍പര്യം. വിശ്വാസാചാരങ്ങളിലോ, സ്വഭാവത്തിലോ, പെരുമാറ്റത്തിലോ, ഇടപാടുകളിലോ മാത്രമല്ല, മാനുഷിക ജീവിതത്തിന്റെ -പ്രധാനമെന്നോ അപ്രധാനമെന്നോ വ്യത്യാസമില്ലാതെ- എല്ലാ തുറകളിലും വ്യാപകമായതായിരുന്നു നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വരുത്തിയ സംസ്‌കരണം. ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് പോലും നിഷേധിക്കുവാന്‍ കഴിയാത്ത ഒരു ചരിത്ര സത്യമാണിത്. ഇതിന് ഉദാഹരണങ്ങള്‍ നിരത്തിക്കാട്ടുന്ന പക്ഷം, അത് വളരെയേറെ ദീര്‍ഘിച്ചു പോകും. കേവലം ഒന്നു രണ്ട് ചെറിയ ഉദാഹരണം മാത്രം ഇവിടെ ചൂണ്ടിക്കാട്ടാം:
സല്‍മാന്‍ (റ) പറയുകയാണ് : ‘മുശ്‌രിക്കുകളില്‍ ചിലര്‍ പരിഹസിച്ചുകൊണ്ട് ഇങ്ങിനെ പറയുകയുണ്ടായി: നിങ്ങളുടെ ആള്‍ (നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിങ്ങള്‍ക്ക് മലമൂത്ര വിസര്‍ജ്ജനംകൂടി പഠിപ്പിക്കുന്നതായി കാണുന്നുവല്ലോ.’ ഞാന്‍ പറഞ്ഞു: ‘ശരി ഞങ്ങള്‍ (വിസര്‍ജ്ജനവേളയില്‍) ക്വിബ്‌ലക്ക് മുന്നിടരുതെന്നും, വലങ്കൈകൊണ്ട് ശുചീകരണം ചെയ്യരുതെന്നും, മൂന്നില്‍ കുറഞ്ഞകല്ലുകള്‍കൊണ്ട് മതിയാക്കരുത്-അതില്‍ കാഷ്ടവും എല്ലും ഉണ്ടാവരുത്- എന്നും അവിടുന്ന് ഞങ്ങളോട് കല്‍പിച്ചിരിക്കുന്നു, (അ.മു) ആഇശഃ (رضي الله عنها)യില്‍ നിന്ന് ഉര്‍വത്തുബ്‌നു സുബൈര്‍ (رضي الله عنه) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു: ‘നാല് വിധത്തിലായിരുന്നു ജാഹിലിയ്യത്തില്‍ വിവാഹം നടന്നി രുന്നത്. അവയില്‍ ഒന്ന് ഇന്ന് ജനങ്ങള്‍ സ്വീകരിച്ചു വരുന്ന വിവാഹമാകുന്നു. അതായത്, ഒരാള്‍ ഒരാളുടെ അടുക്കല്‍ അയാളുടെ മകളെയോ അധികാരത്തില്‍ പെട്ടവളെയോ വിവാഹാലോചന നടത്തി മഹ്ര്‍ കൊടുത്തു വിവാഹം ചെയ്യുക. മറ്റൊന്ന് : ഒരാള്‍ തന്റെ ഭാര്യ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയാകുമ്പോള്‍ അവളോട് നീ ഇന്ന ആളുടെ അടുക്കല്‍ ചെന്ന് ദാമ്പത്യ ജീവിതം നയിച്ചുകൊള്ളുക എന്ന് പറഞ്ഞു അവളെ അയക്കുകയും പിന്നീട് അവന്‍ അവളുമായി സമീപിക്കാതിരിക്കുകയും ചെയ്യുക. അങ്ങിനെ അയാളില്‍ നിന്ന് അവള്‍ ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ അവന്‍ ഇഷ്ടപ്പെടുന്ന പക്ഷം അവന്‍ അവളെ സ്വീകരിക്കുകയും ചെയ്യും. കുട്ടിക്ക് സാമര്‍ത്ഥ്യവും യോഗ്യതയുമുണ്ടായിത്തീരുവാന്‍ വേണ്ടിയാണിത് ചെയ്യുന്നത്. (*) വേറൊരു വിവാഹം ഇതാണ് : പത്തിന് താഴെ പുരുഷന്‍മാര്‍ ഒരു സ്ത്രീയുടെ അടുക്കല്‍ചെന്ന് അവളുമായി സംസര്‍ഗമുണ്ടാകുക. അവള്‍ ഗര്‍ഭംധരിച്ചു പ്രസവം കഴിഞ്ഞാല്‍, അവള്‍ അവരെ വിളിച്ചു വരുത്തി അവരില്‍ ഇന്നവന്റെയാണ് കുട്ടി എന്ന് നിര്‍ണയിക്കുക. അങ്ങിനെ, കുട്ടി അവന്റെതായി ഗണിക്കപ്പെടുക. അതവന് നിഷേധിക്കുവാന്‍ വയ്യ. നാലാമത്തെ വിവാഹം ഇങ്ങിനെയാണ്: ഒരു സ്ത്രീയെ പലരും സമീപിക്കുക, ആരു ചെന്നാലും അവള്‍ സ്വീകരിക്കും. തേവിടിശ്ശികളാണിവര്‍. ആര്‍ക്കും പ്രവേശനമുണ്ടെന്നറിയിക്കുവാന്‍ അവര്‍ തങ്ങളുടെ വാതില്‍ക്കല്‍ ഒരു കൊടി നാട്ടുകയും ചെയ്യും. ഗര്‍ഭം ധരിച്ചു കുട്ടിയെ പ്രസവിച്ചാല്‍ എല്ലാവരെയും വിളിച്ചുകൂട്ടി അവരില്‍ ആരുടെ കുട്ടിയാണെന്നാണോ നിരീക്ഷകന്റെ അഭിപ്രായമെങ്കില്‍ അപ്രകാരം അവന്റെതാണെന്ന് നിശ്ചയിക്കുക. അവനത് നിരസിക്കുവാന്‍ പാടില്ല (**) അങ്ങനെ, സത്യവുമായി മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിയോഗിക്കപ്പെട്ടപ്പോള്‍, ഇന്ന് ജനങ്ങളില്‍ നിലവിലുള്ള ഈ (ഒന്നാമത്തെ) വിവാഹമല്ലാത്ത ജാഹിലിയ്യാ വിവാഹങ്ങളെല്ലാം അവിടുന്ന് തകര്‍ത്തുകളഞ്ഞു.’ (ബുഖാരി)
(*) നേതാക്കളും യോഗ്യന്‍മാരുമായവരുടെ അടുക്കലേക്ക് മാത്രമെ സ്വന്തം ഭാര്യയെ ഇങ്ങിനെ വിട്ടയക്കാറുളളൂ അവരില്‍ നിന്ന് ജനിക്കുന്ന കുട്ടിക്ക് സാമര്‍ത്ഥ്യവും ബുദ്ധിയുമൊക്കെ ഉണ്ടാകുമെന്നാണവരുടെ കണക്ക്കൂട്ടല്‍ فتح البارى
(**) അവസാനത്തെ രണ്ടും ചില അപരിഷ്‌കൃത വിഭാഗങ്ങളില്‍ ഇന്നും ദുര്‍ല്ലഭമായെങ്കിലും നിലവിലുള്ളതാണ്. അല്‍പം ചില വ്യത്യാസം ഉണ്ടാകുമെന്ന് മാത്രം.
ഇബ്‌റാഹീം നബി (عليه السلام)യുടെ പ്രാര്‍ത്ഥനകള്‍ അടങ്ങിയ ഈ മൂന്ന് വചനങ്ങളില്‍ ഓരോന്നിന്റെയും അവസാനത്തെ വാചകം ശ്രദ്ധിച്ചു നോക്കുക. ആദ്യത്തെതില്‍, തങ്ങളുടെ കര്‍മം സ്വീകരിക്കുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ‘അല്ലാഹുവേ, നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്’ എന്ന് പറഞ്ഞിരിക്കുന്നു. രണ്ടാമത്തെതില്‍ ഞങ്ങളെ മുസ്‌ലിംകളാക്കുകയും, ഞങ്ങളുടെ സന്താനങ്ങളിലും മുസ്‌ലിംകളായ ഒരു സമുദായം ഉണ്ടായിരിക്കുകയും ചെയ്യണമെന്നും മറ്റും പ്രാര്‍ത്ഥിച്ചുകൊണ്ട് ‘അല്ലാഹുവേ, നീ വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണ്’ എന്നും പറഞ്ഞിരിക്കുന്നു. മൂന്നാമത്തെതില്‍, ഭാവിയില്‍ അവരില്‍ ഒരു റസൂലിനെ നിയോഗിക്കുക വഴി അവരെ ഒരുത്തമ സമുദായമാക്കിത്തീര്‍ക്കുവാന്‍ വേണ്ടതൊക്കെ ചെയ്യണമെന്നപേക്ഷിച്ചുകൊണ്ട് ‘അല്ലാഹുവേ, നീ പ്രതാപശാലിയും അഗാധജ്ഞനുമാണ് ‘ എന്നും പറഞ്ഞിരിക്കുന്നു. പ്രാര്‍ത്ഥനാവേളയില്‍ പ്രാര്‍ത്ഥിക്കപ്പെടുന്ന വിഷയങ്ങള്‍ സാധിപ്പിച്ചുതരുമാറുള്ള അല്ലാഹുവിന്റെ ഉല്‍കൃഷ്ടഗുണങ്ങള്‍ വഴി സന്ദര്‍ഭോചിതം അവനെ പുകഴ്ത്തിപ്പറയുന്നത് നല്ലതാണെന്നും അത് പ്രാര്‍ത്ഥനയുടെ മര്യാദയാണെന്നും ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ഈ സംഗതി വേറെയും ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബി വാക്യങ്ങളില്‍ നിന്നും ഗ്രാഹ്യമാണ്.
വിഭാഗം - 16
- وَمَن يَرْغَبُ عَن مِّلَّةِ إِبْرَٰهِۦمَ إِلَّا مَن سَفِهَ نَفْسَهُۥ ۚ وَلَقَدِ ٱصْطَفَيْنَٰهُ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْءَاخِرَةِ لَمِنَ ٱلصَّٰلِحِينَ ﴾١٣٠﴿
- ആരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട് അതൃപ്തി കാണിക്കുക - തന്നെത്തന്നെ ഭോഷനാക്കിയവനല്ലാതെ? ഇഹത്തില്‍ അദ്ദേഹത്തെ നാം (ശുദ്ധനായി) തിരഞ്ഞെടുത്തിട്ടുണ്ട്: പരലോകത്തില്‍ അദ്ദേഹമാകട്ടെ, നിശ്ചയമായും സജ്ജനങ്ങളില്‍പെട്ടവനുമാകുന്നു.
- وَمَن ആര്‍, ഏതൊരുത്തന്‍ يَرْغَبُ عَن അതൃപ്തിപ്പെടും مِّلَّةِ إِبْرَاهِيمَ ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട് إِلَّا مَن യാതൊരുവനല്ലാതെ سَفِهَ അവന്‍ വിഡ്ഢിയാക്കി نَفْسَهُ തന്നെത്തന്നെ وَلَقَدِ തീര്‍ച്ചയായും ഉണ്ട് اصْطَفَيْنَاهُ അദ്ദേഹത്തെ നാം തിരഞ്ഞെടുത്തു, തെളിയിച്ചെടുത്തു فِي الدُّنْيَا ഇഹലോകത്തില്‍ وَإِنَّهُ നിശ്ചയമായും അദ്ദേഹമാകട്ടെ فِي الْآخِرَةِ പരലോകത്തില്‍ لَمِنَ الصَّالِحِينَ സജ്ജനങ്ങളില്‍ പെട്ടവനാണ്
- إِذْ قَالَ لَهُۥ رَبُّهُۥٓ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ ٱلْعَٰلَمِينَ ﴾١٣١﴿
- അദ്ദേഹത്തോട് തന്റെ രക്ഷിതാവ് നീ കീഴൊതുങ്ങുക [മുസ്‌ലിമാകുക] എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ ലോക രക്ഷിതാവിന് കീഴൊതുങ്ങിയിരിക്കുന്നു.
- إِذْ قَالَ لَهُ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ رَبُّهُ അദ്ദേഹത്തിന്റെ രക്ഷിതാവ് أَسْلِمْ നീ കീഴൊതുങ്ങുക, മുസ്‌ലിമാകുക قَالَ അദ്ദേഹം പറഞ്ഞു أَسْلَمْتُ ഞാന്‍ കീഴൊതുങ്ങിയിരിക്കുന്നു لِرَبِّ الْعَالَمِينَ ലോകരക്ഷിതാവിന്
- وَوَصَّىٰ بِهَآ إِبْرَٰهِۦمُ بَنِيهِ وَيَعْقُوبُ يَٰبَنِىَّ إِنَّ ٱللَّهَ ٱصْطَفَىٰ لَكُمُ ٱلدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴾١٣٢﴿
- ഇതിനെപ്പററി ഇബ്‌റാഹീം തന്റെ മക്കളോട് വസ്വിയ്യത്തും ചെയ്തിരിക്കുന്നു: യഅ്ക്വൂബും തന്റെ മക്കളോട് (അതെ) എന്റെ മക്കളേ, നിശ്ചയമായും, അല്ലാഹു നിങ്ങള്‍ക്ക് മതത്തെ (ശുദ്ധമാക്കി) തിരഞ്ഞെടുത്തു തന്നിരിക്കുന്നു: ആകയാല്‍, നിങ്ങള്‍ കീഴൊതുങ്ങിയവരായി [മുസ്‌ലിംകളായി]ക്കൊണ്ടല്ലാതെ തീര്‍ച്ചയായും മരണപ്പെടരുത് എന്ന്.
- وَوَصَّىٰ بِهَا ഇതിനെപ്പറ്റി വസ്വിയ്യത്തും ചെയ്തു إِبْرَاهِيمُ ഇബ്‌റാഹീം بَنِيهِ തന്റെ മക്കളോട്, പുത്രന്മാരോട് وَيَعْقُوبُ യഅ്ക്വൂബും يَا بَنِيَّ എന്റെ മക്കളേ, പുത്രന്‍മാരേ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു اصْطَفَىٰ തിരഞ്ഞെടുത്തു (തെളിയിച്ചെടുത്തു) തന്നിരിക്കുന്നു لَكُمُ നിങ്ങള്‍ക്ക് الدِّينَ മതത്തെ, നടപടിക്രമത്തെ فَلَا تَمُوتُنَّ അതിനാല്‍ തീര്‍ച്ചയായും നിങ്ങള്‍ മരണപ്പെടരുത് إِلَّا وَأَنتُم നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ مُّسْلِمُونَ കീഴൊതുങ്ങിയവര്‍ മുസ്‌ലിംകള്‍
يَرْغَبُ (യര്‍ഗബ്) എന്ന ക്രിയാരൂപത്തിന്റെ തൊട്ടുകിടക്കുന്ന അവ്യയം فِي ആകുമ്പോള്‍ അതിന് ആഗ്രഹിക്കുക, തൃപ്തി കാണിക്കുക എന്നും عَنْ ആകുമ്പോള്‍ വെറുക്കുക, അതൃപ്തി കാണിക്കുക എന്നും അര്‍ത്ഥമായിരിക്കും. രണ്ടാമത്തെ രൂപത്തിലാണ് ഇവിടെയുള്ളത്. ഈ വചനങ്ങളുടെ സാരം ഇങ്ങിനെ സംഗ്രഹിക്കാം:
‘ഇബ്‌റാഹീം (عليه السلام) സ്വീകരിച്ചുവന്ന വിശ്വാസാദര്‍ശങ്ങളും നടപടി ക്രമങ്ങളും മുകളില്‍ പ്രസ്താവിച്ച പ്രകാരമായിരുന്നു. അതെ, ഇസ്‌ലാമിന്റെ മാര്‍ഗമായിരുന്നു അദ്ദേഹത്തിന്റെ മാര്‍ഗം. അപ്പോള്‍, അദ്ദേഹത്തിന്റെ ആ മാര്‍ഗം വിട്ടേച്ചു മറ്റൊരു മാര്‍ഗം സ്വീകരിക്കുന്നവര്‍ തങ്ങളെത്തന്നെ സ്വയം വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. ഇബ്‌റാഹീം (عليه السلام) ആണെങ്കില്‍, ജനങ്ങള്‍ക്ക് നേര്‍മാര്‍ഗവും തൗഹീദും വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി ഈ ലോകത്ത് അല്ലാഹു തിരഞ്ഞെടുത്തയച്ച ഒരു നേതാവാണ്. പരലോകത്തിലോ, അല്ലാഹുവിന്റെ നല്ലവരായ അടിയാന്‍മാരില്‍ ഒരാളുമാകുന്നു. ചുരുക്കത്തില്‍, അല്ലാഹു സര്‍വ്വലോക രക്ഷിതാവാകകൊണ്ട് അവന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങി ജീവിക്കല്‍ മനുഷ്യന്റെ കടമയാണെന്നുള്ള ബോധത്തോടെ, അവന്റെ കല്‍പനകള്‍ക്കെല്ലാം പരിപൂര്‍ണമായി കീഴൊതുങ്ങിയ ഒരു മുസ്‌ലിമായിരുന്നു അദ്ദേഹം. അതാണതിന് കാരണം. മാത്രമല്ല, തന്റെ മക്കളോടും സന്തതികളോടും അതേ നിലയില്‍ ജീവിക്കുവാന്‍ അദ്ദേഹം. വസ്വിയ്യത്ത് ചെയ്യുക കൂടി ചെയ്തിരിക്കുന്നു. അപ്പോള്‍, അദ്ദേഹത്തിന്റെ സന്താനപരമ്പരകളായ ഇസ്‌റാഈല്യരും അറബികളുമെല്ലാം അദ്ദേഹത്തിന്റെ മാര്‍ഗം പിന്തുടരുവാന്‍ ബാധ്യസ്ഥരാണ്. അദ്ദേഹത്തിന്റെ പൗത്രനായ യഅ്ക്വൂബ് (عليه السلام)ന്റെ സന്തതികളാണല്ലോ ഇസ്‌റാഈല്യര്‍. യഅ്ക്വൂബ് (عليه السلام) തന്നെ അപ്രകാരം അദ്ദേഹത്തിന്റെ മക്കളോടും വസ്വിയ്യത്ത് ചെയ്തിരുന്നു. നിങ്ങള്‍ക്ക് അല്ലാഹു നിശ്ചയിച്ചു അനുഗ്രഹിച്ചു തന്നിട്ടുള്ള മതമാണ് ഇസ്‌ലാം. നിങ്ങളുടെ സര്‍വ്വ നന്‍മകള്‍ക്കുമുള്ള ഏകാവലംബം അതാണ്: ആകയാല്‍ മറ്റൊരു മാര്‍ഗത്തിലേക്കും വഴുതിപ്പോകാതെ യഥാര്‍ത്ഥ മുസ്‌ലിംകളായിക്കൊണ്ടേ നിങ്ങള്‍ മരിക്കാവൂ; എന്നൊക്കെയായിരുന്നു രണ്ടു പേരുടെയും വസിയ്യത്ത്.
ജീവിതവും, മരണവും അല്ലാഹുവിന്റെ കയ്യിലാണ്; മനുഷ്യന് അതിലൊന്നും സ്വാതന്ത്ര്യമില്ല. എന്നിരിക്കെ ഇന്ന സ്ഥിതിയിലേ മരിക്കാവൂ എന്ന് മനുഷ്യരോട് കല്‍പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? എന്ന് ചോദിക്കപ്പെടാം. ഇബ്‌നുജരീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയ പോലെ, അതിനുള്ള മറുപടി ഇതാണ്: നിങ്ങളുടെ ജീവിതകാലത്തില്‍ ഒരിക്കലും നിങ്ങള്‍ ഇസ്‌ലാമിനെ കൈവിടരുത്. എപ്പോഴാണ് മരണം വന്നെത്തുകയെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടല്ലോ. അതുകൊണ്ട് മരണം എപ്പോള്‍ വന്നാലും അപ്പോഴൊക്കെ നിങ്ങള്‍ മുസ്‌ലിംകളല്ലാതായിരിക്കുവാന്‍ ഇടവരരുത്. ഇടവരുത്തിയാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷക്കും കോപത്തിനും പാത്രമായിത്തീരും.
- أَمْ كُنتُمْ شُهَدَآءَ إِذْ حَضَرَ يَعْقُوبَ ٱلْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِنۢ بَعْدِى قَالُوا۟ نَعْبُدُ إِلَٰهَكَ وَإِلَٰهَ ءَابَآئِكَ إِبْرَٰهِۦمَ وَإِسْمَٰعِيلَ وَإِسْحَٰقَ إِلَٰهًا وَٰحِدًا وَنَحْنُ لَهُۥ مُسْلِمُونَ ﴾١٣٣﴿
- അതല്ല. യഅ്ക്വൂബിന് മരണം ആസന്നമായ അവസരത്തില്‍ നിങ്ങള്‍ (അവിടെ) സന്നിഹിതരായിരുന്നുവോ? അതായത്, അദ്ദേഹം തന്റെ മക്കളോട് നിങ്ങള്‍ എന്റെ ശേഷം എന്തിനെയാണ് ആരാധിക്കുക എന്ന് പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു: 'നിങ്ങളുടെ ആരാധ്യനും നിങ്ങളുടെ പിതാക്കളുടെ അഥവാ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാക്വിന്റെയും - ആരാധ്യനു മായുള്ളവനെ -(അതെ) ഒരേ ഒരു ആരാധ്യനെ- (ത്തന്നെ) ഞങ്ങള്‍ ആരാധിക്കും; ഞങ്ങള്‍ അവന് കീഴൊതുങ്ങിയവരും [മുസ്‌ലിംകളും] ആയിരിക്കും'.
- أَمْ അതല്ല, അതോ كُنتُمْ നിങ്ങള്‍ ആയിരുന്നു(വോ) شُهَدَاءَ സാക്ഷികള്‍, സന്നിഹിതര്‍ إِذْ حَضَرَ ആസന്നമായ സന്ദര്‍ഭത്തില്‍ يَعْقُوبَ യഅ്ക്വൂബിന് الْمَوْتُ മരണം إِذْ قَالَ അതായത് അദ്ദേഹം പറഞ്ഞപ്പോള്‍ لِبَنِيهِ തന്റെ മക്കളോട്, പുത്രന്‍മാരോട് مَا تَعْبُدُونَ നിങ്ങള്‍ എന്തിനെ (ഏതിനെ) ആരാധിക്കും مِن بَعْدِي എന്റെ ശേഷം قَالُوا അവര്‍ പറഞ്ഞു نَعْبُدُ ഞങ്ങള്‍ ആരാധിക്കും إِلَٰهَكَ നിങ്ങളുടെ ആരാധ്യനെ-ദൈവത്തെ وَإِلَٰهَ آبَائِكَ നിങ്ങളുടെ പിതാക്കളുടെ ആരാധ്യനെയും إِبْرَاهِيمَ അതായത് ഇബ്‌റാഹീമിന്റെ وَإِسْمَاعِيلَ ഇസ്മാഈലിന്റെയും وَإِسْحَاقَ ഇസ്ഹാക്വിന്റെയും إِلَٰهًا وَاحِدًا ഒരേ ഒരാരാധ്യനെ وَنَحْنُ لَهُ ഞങ്ങളാകട്ടെ അവന് مُسْلِمُونَ മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍) ആകുന്നു (താനും)
- تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ ﴾١٣٤﴿
- അതൊരു സമുദായം - അതു(കാലം) കഴിഞ്ഞുപോയി! അത് സമ്പാദിച്ചുവെച്ചത് അതിനുണ്ടായിരിക്കും; നിങ്ങള്‍ സമ്പാദിച്ചുവെച്ചത് നിങ്ങള്‍ക്കുമുണ്ടായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദിക്കപ്പെടുന്നതുമല്ല.
- تِلْكَ അത് أُمَّةٌ ഒരു സമുദായമത്രെ قَدْ خَلَتْ അത് കഴിഞ്ഞുപോയി لَهَا അതിനുണ്ട്, ഉണ്ടായിരിക്കും مَا كَسَبَتْ അത് സമ്പാദിച്ചുവെച്ചത് , നേടിയത് وَلَكُم നിങ്ങള്‍ക്കുമുണ്ട് مَّا كَسَبْتُمْ നിങ്ങള്‍ സമ്പാദിച്ചുവെച്ചത് وَلَا تُسْأَلُونَ നിങ്ങള്‍ ചോദിക്കപ്പെടുന്നതുമല്ല عَمَّا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും
ഇബ്‌റാഹീം നബി (عليه السلام)യുടെ പാരമ്പര്യവാദികളായ അറബി മുശ്‌രിക്കുകളെയും ഇസ്‌റാഈല്യരായ അവിശ്വാസികളെയും പൊതുവെ അഭിമുഖീകരിക്കുന്നതാണ് മേല്‍ കണ്ട ചോദ്യം. ആ വാദത്തിന്റെ ഒരു ഖണ്ഡനമാണത്. ഇബ്‌റാഹീം (عليه السلام), യഅ്ക്വൂബ് (عليه السلام) എന്നിവരുടെ വസ്വിയ്യത്തിനെപ്പറ്റി കഴിഞ്ഞ വചനത്തില്‍ പറഞ്ഞുവല്ലോ. അറബികളുടെയും ഇസ്‌റാഈല്യരുടെയും സ്ഥിതിഗതികളാകട്ടെ, അതിന് കടകവിരുദ്ധവുമാണ്. അവരുടെ നിലപാട് കണ്ടാല്‍, ആ വസ്വിയ്യത്ത് മേലുദ്ധരിച്ച മാതിരിയിലല്ല -മറ്റേതോ വിധത്തിലായിരുന്നു- എന്ന് തോന്നിപ്പോകും. അത്‌കൊണ്ടാണ് അവരോട് നിങ്ങള്‍ ആ വസ്വിയ്യത്ത് നടന്നപ്പോള്‍ അവിടെ ഹാജരുണ്ടായിരുന്നുവോ എന്ന് നിഷേധരൂപത്തില്‍ അല്ലാഹു ചോദിക്കുന്നത്.
യഅ്ക്വൂബ് (عليه السلام)ന് മരണമടുത്ത സമയത്ത് അദ്ദേഹം തന്റെ മക്കളെ വിളിച്ചു എന്റെ ശേഷം നിങ്ങള്‍ ആരെയാണ് ഇലാഹായി സ്വീകരിച്ചാരാധിക്കുക- നിങ്ങള്‍ തൗഹീദിന്റെ മാര്‍ഗം വിട്ടേച്ചു ഇതര ജാതിക്കാരുടെ ദൈവങ്ങളെ സ്വീകരിച്ചേക്കുമോ- എന്ന് ചോദിക്കുകയുണ്ടായി. അവര്‍ ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു: നിങ്ങളും നിങ്ങളുടെ പിതാക്കളും (ഞങ്ങളുടെ പിതാമഹന്‍മാരും) ചെയ്തിരുന്ന മാതിരി അല്ലാഹുവിനെത്തന്നെയായിരിക്കും ഞങ്ങള്‍ ആരാധിക്കുക; ഞങ്ങള്‍ മുസ്‌ലിംകളായിത്തന്നെ ജീവിക്കും. മറ്റൊരു മാര്‍ഗവും ഞങ്ങള്‍ സ്വീകരിക്കുകയില്ല എന്നൊക്കെ. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. അങ്ങിനെയല്ല -മറ്റൊരു വിധത്തിലായിരുന്നു- അതെന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം അതറിയുവാന്‍ തക്കവണ്ണം നിങ്ങള്‍ അപ്പോഴവിടെ ഹാജറുണ്ടായിരുന്നുവോ? ഇല്ലെന്ന് തീര്‍ച്ചതന്നെ. അതിരിക്കട്ടെ, സംഭവിച്ചത് എന്തുതന്നെയായാലും ശരി, അവരെല്ലാം എത്രയോ മുമ്പ് കഴിഞ്ഞുപോയി. അവരെല്ലാം ഒരേ ആദര്‍ശത്തിലും മാര്‍ഗത്തിലും അടിയുറച്ചു ജീവിച്ചവരായിരുന്നു. അവരെപ്പറ്റി തര്‍ക്കിച്ചിട്ടു കാര്യമില്ല. അവരുടെ കര്‍മഫലം അവര്‍ക്ക് മാത്രമായിരിക്കും. നിങ്ങളുടെ കര്‍മഫലം നിങ്ങള്‍ തന്നെ അനുഭവിക്കണം. അവരുടെ പിന്‍തുടര്‍ച്ചക്കാരാണെന്ന് അവകാശപ്പെട്ടത് കൊണ്ട് നിങ്ങള്‍ക്ക് രക്ഷ കിട്ടുകയില്ല. അവരുടെ ചെയ്തികളെപ്പറ്റി നിങ്ങള്‍ ചോദിക്കപ്പെടുകയില്ല. നിങ്ങളുടെ ചെയ്തികളെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട് നിങ്ങളുടെ പാരമ്പര്യ വാദത്തിന് ഒരര്‍ത്ഥവുമില്ല എന്ന് സാരം.
യഅ്ക്വൂബ് (عليه السلام)ന്റെ പിതാവ് ഇസ്ഹാക്വ് (عليه السلام) ആകുന്നു. ഇസ്മാഈല്‍ (عليه السلام) അദ്ദേഹത്തിന്റെ പിതൃവ്യനാകുന്നു. പിതാക്കളുടെ കൂട്ടത്തില്‍ പിതൃവ്യനെയും എണ്ണിയിരിക്കുകയാണ് . ഏതാണ്ട് പിതാവിന്റെ സ്ഥാനം തന്നെയാണല്ലോ പിതൃവ്യനുമുള്ളത്. كَسب (സമ്പാദ്യം) കൊണ്ടുദ്ദേശ്യം ജീവിതത്തില്‍ ചെയ്തു വെക്കുന്ന കര്‍മങ്ങളത്രെ. അതാണല്ലോ പരലോകത്തേക്ക് ഈ ലോകത്ത് നിന്ന് നേടിവെക്കുവാനുള്ള സമ്പാദ്യം. നല്ല കര്‍മമെങ്കില്‍ നല്ല സമ്പാദ്യവും ചീത്ത കര്‍മമെങ്കില്‍ ചീത്ത സമ്പാദ്യവുമായിരിക്കുമെന്ന് മാത്രം.
- وَقَالُوا۟ كُونُوا۟ هُودًا أَوْ نَصَٰرَىٰ تَهْتَدُوا۟ ۗ قُلْ بَلْ مِلَّةَ إِبْرَٰهِۦمَ حَنِيفًا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ ﴾١٣٥﴿
- അവര്‍ [വേദക്കാര്‍] പറയുന്നു: നിങ്ങള്‍ യഹൂദികളോ നസ്‌റാനി [ക്രിസ്ത്യാനി]കളോ ആയിക്കൊള്ളുവിന്‍, എന്നാല്‍ നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കും. പറയുക (അതല്ല) പക്ഷെ ഋജുമനസ്‌കനായിരുന്ന ഇബ്‌റാഹീമിന്റെ മാര്‍ഗം [അതാണ് ഞങ്ങള്‍ പിന്‍പറ്റുക] അദ്ദേഹം 'മുശ്‌രിക്കു' [ബഹുദൈവ വിശ്വാസി]കളില്‍ പെട്ടവനായിരുന്നതുമില്ല.
- وَقَالُوا അവര്‍ പറയുന്നു, പറയുകയും ചെയ്തു كُونُوا നിങ്ങള്‍ ആകുവിന്‍ هُودًا ജൂതന്‍മാര്‍ أَوْ نَصَارَىٰ അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ تَهْتَدُوا (എന്നാല്‍) നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കും قُلْ നീ പറയുക بَلْ പക്ഷേ مِلَّةَ إِبْرَاهِيمَ ഇബ്‌റാഹീമിന്റെ മാര്‍ഗം, മതം, നടപടി حَنِيفًا ഋജുമാനസനായിക്കൊണ്ട്, ശുദ്ധ ഹൃദയനായിക്കൊണ്ടുള്ള وَمَا كَانَ അദ്ദേഹം ആയിരുന്നിട്ടുമില്ല مِنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ പെട്ട(വന്‍)
വേദക്കാര്‍ സത്യവിശ്വാസികളോട് പറയാറുള്ള ചില വാക്കുകളെ അല്ലാഹു ആക്ഷേപ സ്വരത്തില്‍ ഉദ്ധരിച്ചതാണിത്. യഹൂദികള്‍ പറയും : ഞങ്ങളെപ്പോലെ ജൂതമതം സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് സന്‍മാര്‍ഗം പ്രാപിക്കാമെന്ന്. ക്രിസ്ത്യാനികള്‍ പറയും: ഞങ്ങളെപ്പോലെ ക്രിസ്തീയമതം സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് സന്‍മാര്‍ഗം പ്രാപിക്കാമെന്ന്. അഥവാ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നെങ്കിലേ സന്‍മാര്‍ഗം പ്രാപിക്കുകയുള്ളൂ. ഇല്ലെങ്കില്‍ നിങ്ങള്‍ വഴിപിഴച്ചവരായിരിക്കുമെന്ന് ഓരോ കൂട്ടരും പറയുമെന്നര്‍ത്ഥം. ഓരോ കൂട്ടരും മറ്റേവര്‍ പിഴച്ചവരാണെന്ന് വാദിക്കുന്നവരാണല്ലോ. അവരോട് ഇങ്ങിനെ മറുപടി പറയുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് കല്‍പിക്കുന്നു: ‘ഇല്ല അതിന് ഞങ്ങള്‍ തയ്യാറില്ല. അതുവഴി സന്‍മാര്‍ഗം ലഭിക്കുവാനും പോകുന്നില്ല. പക്ഷേ, നിങ്ങളും ഞങ്ങളും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നമ്മുടെ പിതാമഹന്‍ ഇബ്‌റാഹീം നബി (عليه السلام) സ്വീകരിച്ചിരുന്ന മാര്‍ഗം നമുക്ക് പിന്‍പറ്റാം. അതാണ് ഞങ്ങള്‍ പിന്‍പറ്റി വരുന്നത്. അദ്ദേഹം നിങ്ങളെപ്പോലെ ശിര്‍ക്കുപരമായ യാതൊരു മാര്‍ഗവും സ്വീകരിക്കാതെ, അതില്‍ നിന്നെല്ലാം വിട്ടൊഴിഞ്ഞു ഞങ്ങളെപ്പോലെ തൗഹീദിന്റെ ഏകമാര്‍ഗം സ്വീകരിച്ച ആളായിരുന്നു. അതുകൊണ്ട് ആ മാര്‍ഗം കൈവിടുവാന്‍ ഞങ്ങള്‍ തയ്യാറില്ല’.
- قُولُوٓا۟ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ إِلَىٰٓ إِبْرَٰهِۦمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَمَآ أُوتِىَ ٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ ﴾١٣٦﴿
- (സത്യവിശ്വാസികളേ) നിങ്ങള്‍ പറയുവിന്‍: ഞങ്ങള്‍ അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും, ഇബ്‌റാഹീമിനും, ഇസ്മാഈലിനും, ഇസ്ഹാക്വിനും, യഅ്ക്വൂബിനും (അദ്ദേഹത്തിന്റെ) സന്തതികള്‍ക്കും അവതരിപ്പിക്കപ്പെട്ടതിലും, മൂസാക്കും, ഈസാക്കും നല്‍കപ്പെട്ടതിലും, പ്രവാചകന്‍മാര്‍ക്ക് തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും (എല്ലാം) വിശ്വസിച്ചിരിക്കുന്നു. അവരില്‍ നിന്ന്‍ ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം വരുത്തുന്നില്ല. ഞങ്ങള്‍ അവന് [അല്ലാഹുവിന്] കീഴൊതുങ്ങിയവരും [മുസ്‌ലിംകളും] ആകുന്നു.
- قُولُوا നിങ്ങള്‍ പറയുവിന്‍ آمَنَّا ഞങ്ങള്‍ വിശ്വസിച്ചു بِاللَّهِ അല്ലാഹുവില്‍ وَمَا أُنزِلَ അവതരിപ്പിക്കപ്പെട്ടതിലും إِلَيْنَا ഞങ്ങള്‍ക്ക് وَمَا أُنزِلَ ഇറക്കപ്പെട്ടതിലും إِلَىٰ إِبْرَاهِيمَ ഇബ്‌റാഹീമിന് وَإِسْمَاعِيلَ ഇസ്മാഈലിനും وَإِسْحَاقَ ഇസ്ഹാക്വിനും وَيَعْقُوبَ യഅ്ക്വൂബിനും وَالْأَسْبَاطِ സന്തതി (കുലം)കള്‍ക്കും പൗത്രന്‍മാര്‍ക്കും وَمَا أُوتِيَ കൊടുക്കപ്പെട്ടതിലും مُوسَىٰ وَعِيسَىٰ മൂസാക്കും ഈസാക്കും وَمَا أُوتِيَ കൊടുക്കപ്പെട്ടതിലും النَّبِيُّونَ പ്രവാചകന്മാര്‍ക്ക് مِن رَّبِّهِمْ അവരുടെ റബ്ബിങ്കല്‍ നിന്ന് لَا نُفَرِّقُ ഞങ്ങള്‍ വ്യത്യാസം വരുത്തുകയില്ല, വേര്‍പിരിക്കുന്നതല്ല بَيْنَ أَحَدٍ ഒരാള്‍ക്കിടയിലും مِّنْهُمْ അവരില്‍ നിന്ന് وَنَحْنُ ഞങ്ങളാവട്ടെ لَهُ അവന് مُسْلِمُونَ കീഴൊതുങ്ങിയവര്‍ (മുസ്‌ലിംകള്‍) ആകുന്നു
- فَإِنْ ءَامَنُوا۟ بِمِثْلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا هُمْ فِى شِقَاقٍ ۖ فَسَيَكْفِيكَهُمُ ٱللَّهُ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾١٣٧﴿
- എന്നിട്ട്, നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിച്ചിരിക്കുന്നുവോ അപ്രകാരമുള്ളതില്‍ അവരും വിശ്വസിച്ചുവെങ്കില്‍ അവര്‍ സന്മാര്ഗം പ്രാപിച്ചു കഴിഞ്ഞു. അവര്‍ തിരിഞ്ഞുകളയുകയാണെങ്കിലോ, നിശ്ചയമായും അവര്‍ കക്ഷി പിരിവില്‍ തന്നെയാകുന്നു. എന്നാല്‍, അവരെ (നേരിടുവാന്‍) നിനക്ക് അല്ലാഹു മതിയാകും. അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
- فَإِنْ آمَنُوا എന്നിട്ട് അവര്‍ വിശ്വസിച്ചെങ്കില്‍ بِمِثْلِ مَا യാതൊന്നുപോലെയുള്ളതില്‍ آمَنتُم بِهِ നിങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു فَقَدِ എന്നാല്‍ തീര്‍ച്ചയായും اهْتَدَوا അവര്‍ സന്മാര്ഗം പ്രാപിച്ചു وَّإِن تَوَلَّوْا അവര്‍ തിരിഞ്ഞുകളഞ്ഞുവെങ്കില്‍ فَإِنَّمَا هُمْ എന്നാല്‍ നിശ്ചയമായും അവര്‍ فِي شِقَاقٍ കക്ഷിപിരിവില്‍ (കക്ഷിത്തത്തില്‍) തന്നെ فَسَيَكْفِيكَهُمُ എന്നാല്‍ വഴിയെ അവന്‍ അവരെ നിനക്ക് തടുത്തുതരും, അവരോട് നിനക്ക് മതിയായേക്കും اللَّهُ അല്ലാഹു وَهُوَ അവന്‍, അവന്‍ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍
- صِبْغَةَ ٱللَّهِ ۖ وَمَنْ أَحْسَنُ مِنَ ٱللَّهِ صِبْغَةً ۖ وَنَحْنُ لَهُۥ عَٰبِدُونَ ﴾١٣٨﴿
- (അതെ) അല്ലാഹുവിന്റെ വര്‍ണം നല്‍കല്‍! [അതത്രെ ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്]. ആരാണ്, വര്‍ണം നല്‍കുന്നതില്‍ അല്ലാഹു വിനെക്കാള്‍ നല്ലവന്‍?! ഞങ്ങള്‍ അവന് തന്നെ ആരാധന ചെയ്യുന്നവരുമാകുന്നു.
- صِبْغَةَ വര്‍ണം നല്‍കല്‍, ചായംകൊടുക്കല്‍ اللَّهِ അല്ലാഹുവിന്റെ وَمَنْ ആരാണ്, ആരുണ്ട് أَحْسَنُ അധികം നല്ലവന്‍ مِنَ اللَّهِ അല്ലാഹുവിനെക്കാള്‍ صِبْغَةً വര്‍ണം നല്‍കലില്‍, ചായംകൊടുക്കലില്‍ وَنَحْنُ ഞങ്ങളാവട്ടെ لَهُ അവന് عَابِدُونَ ആരാധിക്കുന്നവരാകുന്നു
നിങ്ങള്‍ യഹൂദികളോ ക്രിസ്ത്യാനികളോ ആയാല്‍ നിങ്ങള്‍ക്ക് സന്‍മാര്‍ഗം ലഭിക്കുമെന്ന് വേദക്കാര്‍ പറഞ്ഞതിന് അര്‍ത്ഥഗര്‍ഭവും, ചിന്താര്‍ഹവും, അതോടൊപ്പം അല്‍പം ഗൗരവസ്വരത്തിലുള്ളതുമായ ഒരു മറുപടി കഴിഞ്ഞ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാണിച്ചു. ഈ വചനങ്ങളില്‍ അല്‍പം ശാന്തവും, അതോടൊപ്പം ഇസ്‌ലാമിക വിശ്വാസവും വേദക്കാരുടെ വിശ്വാസവും തമ്മിലുള്ള മൗലികമായ അന്തരം തുറന്നുകാട്ടുന്നതുമായ ഒരു മറുപടി കൂടി സത്യവിശ്വാസികള്‍ക്ക് അല്ലാഹു അറിയിച്ചുകൊടുക്കുന്നു. ഞങ്ങള്‍ നിങ്ങളെപ്പോലെ, ചില നബിമാരിലും ചില വേദഗ്രന്ഥത്തിലും മാത്രം വിശ്വസിച്ച് ബാക്കിയുള്ളതില്‍ അവിശ്വസിക്കുകയല്ല ചെയ്യുന്നത്. ഞങ്ങളുടെ നിലപാടിതാണ്. ശിര്‍ക്കിന്റെ കലര്‍പ്പൊന്നുമില്ലാതെ ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. ആള്‍ വ്യത്യാസമോ കാലവ്യത്യാസമോ നോക്കാതെ ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാക്വ് (അ) എന്നിവരും അവരുടെ സന്തതികളില്‍പെട്ടവരുമടക്കം എല്ലാ പ്രവാചകന്‍മാരിലും അവര്‍ക്ക് നല്‍കപ്പെട്ട എല്ലാ ദിവ്യസന്ദേശങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്. ഇന്നവരില്‍ വിശ്വസിക്കും, ഇന്നവരില്‍ വിശ്വസിക്കുകയില്ല എന്നിങ്ങിനെയുള്ള പക്ഷഭേദമൊന്നും ഞങ്ങള്‍ക്കില്ല. അതോടുകൂടി അല്ലാഹുവിന്റെ എല്ലാ ശാസനകള്‍ക്കും കീഴൊതുങ്ങി ജീവിക്കുന്ന മുസ്‌ലിംകളുമാണ് ഞങ്ങള്‍ എന്നൊക്കെയാണ് ആ മറുപടിയുടെ സാരം.
തികച്ചും ന്യായയുക്തവും, വര്‍ഗീയതയോ, കക്ഷിത്വമോ തീണ്ടാത്തതുമായ ഈ വിശ്വാസ സിദ്ധാന്തം സ്വീകരിക്കുവാന്‍ വേദക്കാര്‍ തയ്യാറുണ്ടെങ്കില്‍, അവരും സന്‍മാര്‍ഗം പ്രാപിക്കും. ഒരുക്കമില്ലെങ്കില്‍, അതവരുടെ ചേരിപിരിവും, മാത്സര്യവും മാത്രമാണ്. അവരാല്‍ നേരിട്ടേക്കാവുന്ന എല്ലാ പ്രതിസന്ധികളില്‍ നിന്നും അല്ലാഹു നിങ്ങള്‍ക്ക് രക്ഷ നല്‍കുന്നതാണ്. അവരില്‍ നിന്ന് നിങ്ങളെ സഹായിക്കുവാന്‍ അല്ലാഹു തന്നെ മതി. എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണല്ലോ അവന്‍, എന്നൊക്കെ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും സത്യവിശ്വാസികളെയും സമാധാനിപ്പിക്കുകയും ചെയ്യുന്നു.
سِبط (സിബ്ത്വ്) എന്ന വാക്കിന്റെ ബഹുവചനമാണ് أسْبَاط (അസ്ബാത്വ്) സന്തതികള്‍, കുലങ്ങള്‍, ഗോത്രങ്ങള്‍, പൗത്രപരമ്പര എന്നൊക്കെയാണിതിന് അര്‍ത്ഥം. ഇസ്‌റാഈല്‍ എന്നുകൂടി പേരുണ്ടായിരുന്ന യഅ്ക്വൂബ് നബി (عليه السلام)ക്ക് പന്ത്രണ്ട് പുത്രന്‍മാരാണുണ്ടായിരുന്നത്. ഓരോരുത്തരുടെയും സന്താനപരമ്പരകള്‍ക്ക് സിബ്ത്വ് എന്ന് പറയപ്പെടുന്നു. അറബികള്‍ തങ്ങളുടെ ഗോത്രങ്ങള്‍ക്ക് 8 قَبِيلت (ക്വബീലഃ) എന്ന് പറഞ്ഞു വരുന്നതിന്റെ സ്ഥാനത്ത് ഇസ്‌റാഈല്യര്‍ ‘സ്വിബ്ത്വ്’ എന്ന് പറയുന്നു. ഇസ്‌റാ ഈല്യരെ നാം പന്ത്രണ്ട് സിബ്ത്വുകളാക്കി ഭാഗിച്ചിട്ടുണ്ട് (وَقَطَّعْنَاهُمُ اثْنَتَيْ عَشْرَةَ أَسْبَاطًا) എന്ന് (7:160) അല്ലാഹു പ്രസ്താവിച്ചു കാണാം. നബിമാരില്‍ വിശ്വസിച്ചു എന്ന് പൊതുവില്‍ പറഞ്ഞുമതിയാക്കാതെ, ചില നബിമാരുടെ പേരുകള്‍ പ്രത്യേകം എടുത്തുപറയുവാന്‍ കല്‍പിച്ചിരിക്കുന്നത് ശ്രദ്ധേയമാകുന്നു. ആദ്യം ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാക്വ്, യഅ്ക്വൂബ് (അ) എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞു. ഇസ്‌റാഈല്യരുടെയും അറബികളുടെയും വന്ദ്യരായ പിതാമഹന്‍മാരും, ഗോത്രപിതാക്കളുമാണല്ലോ അവര്‍ നാലുപേരും. തുടര്‍ന്നുകൊണ്ട് ഇസ്‌റാഈല്യരില്‍ ഉണ്ടായിട്ടുള്ള മറ്റെല്ലാ പ്രവാചകന്‍മാരെക്കുറിച്ചും മൊത്തത്തില്‍ وَالأسْبَاطِ (സന്തതികള്‍ക്കും) എന്നും പറഞ്ഞു: അതിനു ശേഷം ഇസ്‌റാഈലികളാകുന്ന യഹൂദികള്‍ തങ്ങളുടെ പ്രത്യേക പ്രവാചകനായി സ്വീകരിക്കുന്ന ആളെന്ന നിലക്ക് മൂസാ (عليه السلام)നെയും, പിന്നീട് ഇസ്‌റാഈല്യരും അല്ലാത്തവരും ഉള്‍ക്കൊള്ളുന്ന ക്രിസ്ത്യാനികള്‍ അവരുടെ പ്രത്യേക പ്രവാചകനായി സ്വീകരിച്ചുവരുന്ന ഈസാ (عليه السلام)നെയും എടുത്തു പറഞ്ഞിരിക്കുന്നു. അവസാനം, ഇവര്‍ക്ക് പുറമെ ലോകത്ത് വന്നിട്ടുള്ള എല്ലാ പ്രവാചകന്‍മാരെയും ഉള്‍പ്പെടുത്തി കൊണ്ട് പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെട്ടതിലും (وَمَا أُوتِيَ النَّبِيُّونَ) എന്നും പറഞ്ഞിരിക്കുകയാണ്.
എല്ലാ പ്രവാചകന്‍മാര്‍ക്കും അവതരിക്കപ്പെട്ടതിലും വിശ്വസിക്കുന്നവരാണ് സത്യവിശ്വാസികള്‍. എന്നാല്‍ മുഹമ്മദ് നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഇറക്കപ്പെട്ട ക്വുര്‍ആനിലുളള അവരുടെ വിശ്വാസം വിശദരൂപത്തില്‍തന്നെ ആയിരിക്കേണ്ടതുണ്ട്. അഥവാ അതിലെ ഓരോ വചനത്തിലും, അതുള്‍ക്കൊള്ളുന്ന ഓരോ തത്വസിദ്ധാന്തത്തിലും തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവര്‍ക്ക് ഇറക്കപ്പെട്ടതില്‍ വിശ്വസിക്കുക എന്നതിന്റെ ഉദ്ദേശ്യം അവയെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണെന്നും സത്യമാണെന്നും മൊത്തത്തില്‍ വിശ്വസിക്കുക എന്നത്രെ. ക്വുര്‍ആനെപ്പോലെ വിശദമായ വിശ്വാസം അവയെ സംബന്ധിച്ചേടത്തോളം സാധ്യമല്ലല്ലോ. കാരണം അവയില്‍ പലതും തീരെ അജ്ഞാതമായിപ്പോയിരിക്കുന്നു. ചിലതില്‍ മാറ്റത്തിരുത്തലും കൈകടത്തലും വന്നുപോയത് നിമിത്തം യഥാര്‍ത്ഥത്തിലുള്ളത് ഏതാണെന്ന് തിരിച്ചറിയുവാന്‍ സാധ്യമല്ലാതെയും വന്നിരിക്കുന്നു. എന്നാലും അവയില്‍ ക്വുര്‍ആനോട് ശരിക്കും യോജിച്ചു കാണുന്ന ഭാഗം സത്യമാണെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമാണുതാനും. ക്വുര്‍ആന്റെ പ്രസ്താവനക്ക് വ്യക്തമായും എതിരായിക്കാണുന്ന ഭാഗം നിരസിക്കുകയല്ലാതെ നിവൃത്തിയില്ല. രണ്ടും കല്‍പിക്കുവാന്‍ വയ്യാത്ത ഭാഗത്തെപ്പറ്റി -തൗറാത്തും ഇന്‍ജീലും അടങ്ങിയതെന്ന് പറയപ്പെടുന്ന ഇന്നത്തെ ബൈബ്‌ളിലെ അധികഭാഗവും ഈ വിഭാഗത്തില്‍പെട്ടതാണ്താനും- മൗനവലംബിക്കുവാനേ നിവൃത്തിയുള്ളൂ. അബൂഹുറയ്‌റ (رضي الله عنه)യില്‍ നിന്ന് ബുഖാരി (رحمه الله) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ഹിബ്രു ഭാഷയില്‍ നിന്ന് വേദക്കാര്‍ തൗറാത്ത് വായിച്ച് മുസ്‌ലിംകള്‍ക്ക് അറബിഭാഷയില്‍ വ്യാഖ്യാനിച്ചു കൊടുക്കാറുണ്ടായിരുന്നു. അപ്പോള്‍, അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു : ‘നിങ്ങള്‍ വേദക്കാരെ സത്യമാക്കുകയും അവരെ വ്യാജമാക്കുകയും ചെയ്യരുത്. അല്ലാഹുവിലും അല്ലാഹു അവതരിപ്പിച്ചതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് പറയുകയും ചെയ്യുവിന്‍.
സത്യവിശ്വാസികള്‍ അവരുടെ വിശ്വാസം പ്രഖ്യാപിക്കേണ്ടതെങ്ങിനെയെന്ന് 136-ാം വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടി. ആ പ്രഖ്യാപനത്തിന് വേദക്കാരില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ മറുപടി 137-ാം വചനത്തിലും പ്രസ്താവിച്ചു. അതിന് ശേഷം ആ വിശ്വാസ പ്രഖ്യാപനത്തിന് ആസ്പദമായ ഒരു തത്വം വിവരിച്ചുകൊണ്ട് അതിന്റെ തുടര്‍ച്ച എന്ന നിലക്കാണ് 138-ാം വചനം നിലകൊള്ളുന്നത്. ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ -വിശദാംശങ്ങളില്‍ അല്‍പമൊക്കെ വ്യത്യാസങ്ങള്‍ കാണാമെങ്കിലും- മഹാന്‍മാരായ പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്താവിച്ചിട്ടുള്ളതിന്റെ ആകെ സാരം ഇതാകുന്നു: വേദക്കാരായ നിങ്ങള്‍ നടത്താറുള്ള സ്‌നാനകര്‍മം വഴി ആളുകള്‍ക്ക് ജൂതവര്‍ണവും, ക്രിസ്തീയ വര്‍ണവും നല്‍കി ജാതി തിരിക്കലാണല്ലോ നിങ്ങളുടെ പതിവ്. ഞങ്ങള്‍ യഹൂദികളോ ക്രിസ്ത്യാനികളോ ആയാല്‍ ഞങ്ങള്‍ നേര്‍മാര്‍ഗത്തിലാകുമെന്ന് നിങ്ങള്‍ പറയുന്നതിന്റെ അര്‍ത്ഥം ആ വര്‍ണം നല്‍കി ജാതി തിരിക്കലല്ലാതെ മറ്റൊന്നുമാകയില്ല. എന്നാല്‍ നിങ്ങള്‍ ചെയ്യുന്നപോലെയുള്ള ചില ചടങ്ങുകള്‍ വഴി സ്വീകരിച്ച വര്‍ണമല്ല ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഞങ്ങള്‍ സ്വീകരിച്ചവര്‍ണം -അതെ, ഞങ്ങളുടെ മതം- മനുഷ്യ പ്രകൃതിക്കനുയോജ്യമായി അല്ലാഹു അംഗീകരിച്ചു തന്ന ഇസ്‌ലാമാകുന്ന വര്‍ണമാകുന്നു. അല്ലാഹുവിനെക്കാള്‍ നന്നായി വര്‍ണം നല്‍കുവാന്‍ ആര്‍ക്കാണ് കഴിയുക! ഞങ്ങള്‍ ആരാധിക്കുന്നത് അവനെ മാത്രമാണ് താനും, ഇതാണ് ഇബ്‌റാഹീം നബി (عليه السلام)യും സ്വീകരിച്ചിരുന്ന വര്‍ണം; അഥവാ മതം. അല്ലാതെ, നിങ്ങളെപ്പോലെ, സ്‌നാനജലം കൊണ്ട് വര്‍ണം നല്‍കി ജാതി തിരിക്കുന്ന മതമായിരുന്നില്ല അദ്ദേഹത്തിന്റെത്.
അല്ലാഹു നല്‍കിയ വര്‍ണം (صِبْغَة اَلَّلهِ) കൊണ്ട് വിവക്ഷ അവന്റെ മതമായ ഇസ്‌ലാമാണെന്ന് മേല്‍ വിവരിച്ചതില്‍ നിന്ന് മനസ്സിലായല്ലോ. അല്ലാഹു നല്‍കിയ പ്രകൃതി (فطْرَة الَّله) യാണ് അതുകൊണ്ടുദ്ദേശ്യമെന്നും പറയപ്പെടാറുണ്ട്. ഇതിന്റെയും താല്‍പര്യം, മനുഷ്യന് അല്ലാഹു നല്‍കിയ പ്രകൃതി -ആ പ്രകൃതിക്കനുസരിച്ച നടപടി ക്രമം- എന്ന് തന്നെയാകുന്നു. ഇസ്‌ലാംമതത്തെക്കുറിച്ച് دِين الفَطرة (പ്രകൃതിമതം) എന്നും മനുഷ്യന്റെ യഥാര്‍ത്ഥ പ്രകൃതിക്കൊത്തമതം എന്ന ഉദ്ദേശ്യത്തില്‍ الفَطرة الاِسْلاَم (ഇസ്‌ലാമാകുന്ന പ്രകൃതി) എന്നുമൊക്കെ പറയപ്പെടുന്നതും ഇതനുസരിച്ചു തന്നെ. ഇസ്‌ലാം മതം മനുഷ്യമതമായി അംഗീകരിച്ചതിനെപ്പറ്റി വര്‍ണം നല്‍കുക (صِبْغَة) എന്ന് ഉപയോഗിച്ചത്, തങ്ങളുടെ മതത്തില്‍ ഒരാള്‍ക്ക് ഔപചാരികമായ അംഗത്വം നല്‍കുന്നതിന് വേണ്ടി വേദക്കാര്‍ ചെയ്യാറുള്ള ഒരു ചടങ്ങിനോട് കിടയൊപ്പിച്ചുകൊണ്ടുള്ള ഒരു പ്രയോഗമത്രെ. ഇതിന് അറബി സാഹിത്യത്തില്‍ مُشَاكلة (മുശാകലത്ത്) എന്ന് പറയുന്നു. ഇബ്‌നുജരീര്‍ (رحمه الله) പറയുകയാണ്: ‘ഇവിടെ വര്‍ണം നല്‍കല്‍കൊണ്ട് വിവക്ഷ ഇസ്‌ലാമിന്റെ വര്‍ണം നല്‍കലാണ്. ക്രിസ്ത്യാനികള്‍ അവരുടെ കുട്ടികളെ ക്രിസ്ത്യാനികളാക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ അവരുടെ ഒരു പ്രത്യേക തരം വെള്ളത്തില്‍ അവരെ മുക്കുമായിരുന്നു. മുസ്‌ലിംകളുടെ ജനാബത്ത് കുളി (വലിയ അശുദ്ധിയില്‍ നിന്നുള്ള കുളി) പോലെയുള്ള ഒരു തരം ശുദ്ധീകരണമാണിതെന്ന് അവര്‍ പറയുന്നു. ക്രിസ്ത്യാനിസത്തിലുള്ള ഒരു വര്‍ണം നല്‍കല്‍ ചടങ്ങാണത്.’ ഇത് പോലെ വേറെ ചില വ്യാഖ്യാതാക്കളും. പറഞ്ഞു കാണാം. ഈ സ്‌നാനത്തിന് ഉപയോഗിച്ചു വന്നിരുന്നത് മഞ്ഞ വര്‍ണത്തിലുള്ള ഒരു തരം വെള്ളമായിരുന്നുവെന്നും, അതുകൊണ്ടാണ് അത് ചായം (വര്‍ണം)കൊടുക്കല്‍ എന്നര്‍ത്ഥമായ صِبْغَة എന്ന പേര്‍ വന്നതെന്നും പറയപ്പെടുന്നു. والله أعلم
യഹൂദികളും ക്രിസ്ത്യാനികളുമാകുന്ന വേദക്കാരെ അഭിമുഖീകരിച്ചു കൊണ്ടാണല്ലോ ഈ വചനങ്ങളുള്ളത്. ആ നിലക്ക് -ചില വ്യാഖ്യാതാക്കള്‍ സൂചിപ്പിക്കുന്നത് പോലെ- ആ രണ്ട് കൂട്ടരുടെയും ഇടയില്‍ നടപ്പുള്ളതല്ലാത്ത, അഥവാ ക്രിസ്ത്യാനികളില്‍ മാത്രം നടപ്പുള്ള ഒരു കര്‍മത്തെ ആസ്പദമാക്കി ഉപയോഗിച്ചതായിരിക്കാം ആ വാക്ക് (صِبْغَة) എന്നു വെക്കുവാന്‍ ന്യായം കാണുന്നില്ല. രണ്ട് കൂട്ടരുടെ ഇടയിലും നടപ്പിലുണ്ടായിരുന്ന ഏതെങ്കിലും വര്‍ണം കൊടുക്കല്‍ കര്‍മത്തെ സൂചിപ്പിച്ചുകൊണ്ടായിരിക്കണം ആ വാക്ക് എന്നു വെക്കുവാനാണ് ന്യായം കാണുന്നത്. (അല്ലാഹുവിനറിയാം) ബൈബ്ള്‍ പരിശോധിക്കുമ്പോഴും രണ്ട് കൂട്ടരിലും ഓരോ തരത്തിലുള്ള സ്‌നാന സമ്പ്രദായം നടപ്പിലുണ്ടായിരുന്നുവെന്നാണ് മനസ്സിലാവുന്നത് (*)
(*) ബൈബ്‌ളിലെ പുതിയ നിയമത്തില്‍ നിന്നും പഴയ നിയമത്തില്‍ നിന്നുമുള്ള ഉദ്ധരണികളെ അടിസ്ഥാനമാക്കി ഈ സ്‌നാനത്തെപ്പറ്റി വേദ പുസ്തക നിഘണ്ടുവില്‍ ഒരു നീണ്ട വിവരണം നല്‍കിക്കാണാം. പില്‍ക്കാലക്കാരായ യഹൂദികളിലും ചില സ്‌നാന സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഈസാ നബി (അ)ക്ക് ശേഷം ക്രിസ്ത്യാനികളിലും പലതരം സ്‌നാനങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നും അതില്‍ നിന്ന് വ്യക്തമാകുന്നു. അതിലെ ചുരുക്കം ചില വാക്യങ്ങള്‍ ഉദ്ധരിക്കാം: (1) ക്രിസ്തുവിന് ഏകദേശം 250 കൊല്ലം മുമ്പെഴുതിയ ഒരു ഗ്രന്ഥത്തിലാണ് സ്‌നാനം ‘സ്‌നാനം കഴിക്കല്‍’ എന്നീ അര്‍ത്ഥമുള്ള പദം ആദ്യമായി കാണുന്നത്. (2) ബപ്തിസൈന്‍ (Baptisain) എന്ന പദം യഹൂദാചാരപ്രകാരമുള്ള ശുദ്ധീകരണത്തെ കുറിക്കുന്നു. (3) യോഹന്നാന്‍ സ്‌നാപകന്റെ അടുക്കല്‍ സ്‌നാനം കഴിപ്പിച്ചവര്‍ അതിന് ബപ്തിസം (Baptism)എന്ന് പേര്‍ പറഞ്ഞ് കൊണ്ട് ക്രിസ്ത്യാനികളും ആ പേര്‍ സ്വീകരിച്ചു. (4) ഏതായാലും ആദ്യം ഇത് യഹൂദികളുടെ ശുദ്ധീകരണത്തെ മാത്രം കുറിക്കുന്നതായിരുന്നു. (5) ക്രൈസ്തവസ്‌നാനം ആത്മീയമാണ് യേശുവിന്റെ ശേഷമാണിത് നടപ്പിലായത്. (6) പുതിയ നിയമത്തില്‍ സ്‌നാനത്തിന്റെ വിധം വിശദമാക്കിയിട്ടില്ല അതില്‍ ഭിന്നാഭിപ്രായമാണുള്ളത് (7) ജ്ഞാന സ്‌നാനം മരിച്ചവനെ തൊട്ട് അശുദ്ധനായവന്റെ ശുദ്ധീകരണം, മാനസാന്തര സ്‌നാനം, ശിശുസ്‌നാനം എന്നിങ്ങനെ സ്‌നാനങ്ങള്‍ പലതുണ്ട്. (വേ.പു.നി – ‘സ്‌നാനം’ എന്ന ശീര്‍ഷകം നോക്കുക)
- قُلْ أَتُحَآجُّونَنَا فِى ٱللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَآ أَعْمَٰلُنَا وَلَكُمْ أَعْمَٰلُكُمْ وَنَحْنُ لَهُۥ مُخْلِصُونَ ﴾١٣٩﴿
- നീ പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് ന്യായവാദം നടത്തുകയോ? അവനാകട്ടെ, ഞങ്ങളുടെ റബ്ബും, നിങ്ങളുടെ റബ്ബുമാണ്താനും. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങളം, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളുമാണുള്ളതും. ഞങ്ങള്‍ അവനോട് നിഷ്‌കളങ്കന്‍മാരുമത്രെ.
- قُلْ നീ പറയുക أَتُحَاجُّونَنَا നിങ്ങള്‍ ഞങ്ങളോട് ന്യായവാദം (തര്‍ക്കം) നടത്തുകയോ فِي اللَّهِ അല്ലാഹുവി(ന്റെ കാര്യത്തി)ല്‍ وَهُوَ رَبُّنَا അവന്‍ ഞങ്ങളുടെ റബ്ബാണ് وَرَبُّكُمْ നിങ്ങളുടെ റബ്ബുമാണ്, നിങ്ങളുടെയും റബ്ബാണ് وَلَنَا ഞങ്ങള്‍ക്കായിരിക്കും, ഞങ്ങള്‍ക്കുണ്ടായിരിക്കും أَعْمَالُنَا ഞങ്ങളുടെ കര്‍മങ്ങള്‍ وَلَكُمْ നിങ്ങള്‍ക്കുണ്ടായിരിക്കും أَعْمَالُكُمْ നിങ്ങളുടെ കര്‍മങ്ങള്‍ وَنَحْنُ ഞങ്ങളാവട്ടെ لَهُ അവന് مُخْلِصُونَ നിഷ്‌കളങ്കരാകുന്നു
- أَمْ تَقُولُونَ إِنَّ إِبْرَٰهِۦمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطَ كَانُوا۟ هُودًا أَوْ نَصَٰرَىٰ ۗ قُلْ ءَأَنتُمْ أَعْلَمُ أَمِ ٱللَّهُ ۗ وَمَنْ أَظْلَمُ مِمَّن كَتَمَ شَهَٰدَةً عِندَهُۥ مِنَ ٱللَّهِ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ ﴾١٤٠﴿
- അതല്ല, നിങ്ങള്‍ പറയുന്നുവോ: നിശ്ചയമായും ഇബ്‌റാഹീമും, ഇസ്മാഈലും, ഇസ്ഹാക്വും, യഅ്ക്വൂബും സന്തതികളും യഹൂദികളോ, അല്ലെങ്കില്‍ നസ്‌റാനി [ക്രിസ്ത്യാനിപകളോ ആയിരുന്നു എന്ന്?! നീ പറയുക: 'നിങ്ങളാണോ ഏറ്റവും അറിയുന്നവര്‍, അതല്ല അല്ലാഹുവോ?! അല്ലാഹുവിങ്കല്‍ നിന്ന് (സിദ്ധിച്ചതായി) തന്റെ പക്കലുള്ള വല്ല സാക്ഷ്യത്തെയും, മറച്ചു വെച്ചവനെക്കാള്‍ അധികം അക്രമി ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല.'
- أَمْ تَقُولُونَ അതല്ല നിങ്ങള്‍ പറയുന്നുവോ إِنَّ إِبْرَاهِيمَ നിശ്ചയമായും ഇബ്‌റാഹീം وَإِسْمَاعِيلَ ഇസ്മാഈലും وَإِسْحَاقَ ഇസ്ഹാക്വും وَيَعْقُوبَ യഅ്ക്വൂബും وَالْأَسْبَاطَ (യഅ്ക്വൂബ്) സന്തതികളും كَانُوا അവരായിരുന്നു (എന്ന്) هُودًا ജൂതന്‍മാര്‍ أَوْ نَصَارَىٰ അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ قُلْ നീ പറയുക أَأَنتُمْ നിങ്ങളോ أَعْلَمُ അധികം അറിയുന്നവര്‍ أَمِ اللَّهُ അതോ അല്ലാഹുവോ وَمَنْ ആരാണ് أَظْلَمُ അധികം അക്രമി مِمَّن كَتَمَ മറച്ചുവെച്ചവനെക്കാള്‍ شَهَادَةً ഒരു സാക്ഷ്യം, വല്ല സാക്ഷ്യത്തെയും عِندَهُ തന്റെ പക്കലുള്ള مِنَ اللَّهِ അല്ലാഹുവില്‍ നിന്ന് وَمَا اللَّهُ അല്ലാഹു അല്ലതാനും بِغَافِلٍ അശ്രദ്ധനേ عَمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
ജൂതമതമോ, ക്രിസ്തീയ മതമോ സ്വീകരിച്ചെങ്കിലേ രക്ഷയുള്ളൂ, ഞങ്ങളുടെ വേദവും മതവുമാണ് മുമ്പേയുള്ളത്. നമ്മുടെയെല്ലാം പിതാക്കളായ ഇബ്‌റാഹീം നബി തുടങ്ങിയവരുടെ മതമാണ് ഞങ്ങള്‍ സ്വീകരിച്ചുവരുന്നത്, അതുകൊണ്ട് യഥാര്‍ത്ഥ സന്‍മാര്‍ഗികള്‍ ഞങ്ങളാണ്. എന്നിങ്ങിനെയുള്ള വേദക്കാരുടെ ന്യായവാദങ്ങള്‍ക്കും കുതര്‍ക്കങ്ങള്‍ക്കുമുള്ള മറുപടിയാണ് ഈ വചനങ്ങളില്‍. യഹൂദികളെയും ക്രിസ്ത്യാനികളെയും പൊതുവില്‍ ബാധിക്കുന്നതാണ് മറുപടി. ആദ്യത്തെ വചനത്തിന്റെ ചുരുക്കസാരം ഇങ്ങിനെ മനസ്സിലാക്കാം: അല്ലാഹു നമ്മില്‍ ഒരു കൂട്ടരുടെ മാത്രം റബ്ബല്ല. രണ്ട് കൂട്ടരുടെയും റബ്ബാണവന്‍. എല്ലാവരുടെയും കര്‍മഫലങ്ങള്‍ അവരവര്‍ തന്നെ അനുഭവിക്കുകയും വേണം. ഒരു കൂട്ടരുടെ ചെയ്തികളെപ്പറ്റി മറ്റേ കൂട്ടര്‍ക്ക് ബാധ്യതയൊന്നുമില്ല. അവന്റെ ആരാധനയില്‍ കളങ്കം ചേര്‍ക്കുകയും, അവന്റെ മതശാസനകളില്‍ മായം ചേര്‍ക്കുകയും ചെയ്യുന്നവര്‍ നമ്മില്‍ ആരാണോ അവര്‍ പിഴച്ചവരും, അവയില്‍ നിഷ്‌കളങ്കത പാലിക്കുന്നവര്‍ ആരോ അവര്‍ നേര്‍മാര്‍ഗികളുമായിരിക്കും. ആരാധനയിലാകട്ടെ, മതശാസനകളിലാകട്ടെ, കളങ്കവും കാപട്യവും കലര്‍ത്തുന്ന പതിവ് ഞങ്ങള്‍ക്കില്ല നിങ്ങള്‍ക്കാണുള്ളത്. എന്നിരിക്കെ നിങ്ങളുടെ ന്യായവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒരര്‍ത്ഥവുമില്ല.
രണ്ടാമത്തെ വചനത്തിലെ ആശയം ഇങ്ങിനെ വിവരിക്കാം : നമ്മുടെ പിതാക്കളും, മുന്‍ പ്രവാചകന്‍മാരുമായിരുന്ന അവരൊക്കെ യഹൂദികളോ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ പറയുന്നത് ? അവരാരും യഹൂദികളോ ക്രിസ്ത്യാനികളോ ആയിരുന്നില്ല. ഇസ്‌റാഈല്യരുടെ ഉത്ഭവം തന്നെ ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാക്വ് (അ) എന്നിവരുടെ ശേഷം യഅ്ക്വൂബ് (عليه السلام) മുതല്‍ക്കാണ്. മൂസാ നബി (عليه السلام)യുടെ തൗറാത്താണെങ്കില്‍, പിന്നീട് വളരെ കാലത്തിന് ശേഷം അവതരിച്ചതും. യഹൂദമതമാകട്ടെ, അത് തൗറാത്തിനെമാത്രം പ്രമാണമാക്കി ക്കൊണ്ടുള്ളതുമല്ല. പിന്നീട് നിലവില്‍ വന്ന യഹൂദ പണ്ഡിത സഭയാല്‍ ആവിഷ്‌കൃതമായ ആചാരമുറകളനുസരിച്ചാണുള്ളത്. ക്രിസ്ത്യാനികളെക്കുറിച്ച് പറയുകയാണെങ്കില്‍ അവര്‍ ഈസ നബി (عليه السلام) യുടെ അനുയായികളെന്നാണല്ലോ വാദിക്കുന്നത്. അദ്ദേഹത്തന്റെ ജനനം മേല്‍പറഞ്ഞവരുടെ ശേഷം എത്രയോ കാലം കഴിഞ്ഞിട്ടാണ്. അവര്‍ ആചരിച്ചുവരുന്ന മതമാകട്ടെ അദ്ദേഹത്തിന്റെയോ അദ്ദേഹം കൊണ്ടുവന്ന ഇന്‍ജീലിന്റെയോ അദ്ധ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമല്ല. അദ്ദേഹത്തിന് ശേഷം നിലവില്‍ വന്ന ക്രിസ്തീയ സഭകളാല്‍ ആവിഷ്‌കരിക്കപ്പെട്ട ചില പുതിയ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാകുന്നു. വാസ്തവം ഇതെല്ലാമായിരിക്കെ, ആ വാദത്തിന് എന്താണര്‍ത്ഥമുള്ളത്? ആ പ്രവാചകന്‍മാരൊക്കെ നിങ്ങളുടെ മതം ആചരിക്കുന്നവരായിരുന്നുവെന്ന് നിങ്ങള്‍ പറയുന്നു. അല്ലെന്ന് അല്ലാഹുവും പറയുന്നു. ആര്‍ പറയുന്നതായിരിക്കും ശരി?! ആര്‍ക്കാണ് വാസ്തവം കൂടുതല്‍ അറിയുക? നിങ്ങള്‍ക്കോ അല്ലാഹുവിനോ?! അല്ലാഹുവിന് തന്നെ; സംശയമില്ല. അല്ലാഹുവിങ്കല്‍ നിന്ന് അവന്റെ പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും മുഖേന ലഭിച്ചിട്ടുള്ള സത്യസാക്ഷ്യങ്ങളെ വെളിപ്പെടുത്താതെ, സ്വാര്‍ത്ഥ ലാഭങ്ങളെയും, തന്നിഷ്ടങ്ങളെയും ലക്ഷ്യമാക്കി പുതിയ നിയമങ്ങള്‍ നിര്‍മിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും യഥാര്‍ത്ഥം മൂടിവെക്കുന്ന നിങ്ങളെക്കാള്‍ അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വേറെ ആരാണുള്ളത്? ഇതൊന്നും അല്ലാഹു അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ലെന്ന് കരുതേണ്ടാ. അവന്റെ മുമ്പില്‍ നിങ്ങള്‍ ശരിക്കും ഉത്തരം പറയേിവരുമെന്ന് ഓര്‍ത്തുകൊള്ളുക!
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:
يَا أَهْلَ الْكِتَابِ لِمَ تُحَاجُّونَ فِي إِبْرَاهِيمَ وَمَا أُنزِلَتِ التَّوْرَاةُ وَالْإِنجِيلُ إِلَّا مِن بَعْدِهِ ۚ أَفَلَا تَعْقِلُونَ
(ഹേ വേദക്കാരേ, എന്തിനാണ് ഇബ്‌റാഹീമിന്റെ കാര്യത്തില്‍ നിങ്ങള്‍ ന്യായവാദം നടത്തുന്നത്? തൗറാത്തും ഇന്‍ജീലും അദ്ദേഹത്തിന് ശേഷമല്ലാതെ അവതരിപ്പിക്കപ്പെട്ടിട്ടില്ലല്ലോ! അപ്പോള്‍ നിങ്ങള്‍ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്നില്ലേ?! (ആലുഇംറാന്‍ 65) പ്രവാചകന്‍മാര്‍ മുഖേനയോ വേദഗ്രന്ഥം മുഖേനയോ സ്ഥാപിതമായ വാസ്തവങ്ങള്‍ക്ക് നിരക്കാത്ത വിധിനിയമങ്ങളും സിദ്ധാന്തങ്ങളും മതത്തിന്റെ പേരില്‍ വെച്ച് കെട്ടുന്ന പണ്ഡിതന്‍മാരെ – അവര്‍ യഹൂദികളോ ക്രിസ്ത്യാനികളോ, മുസ്‌ലിംകളോ മറ്റോ എന്ന വ്യത്യാസം കൂടാതെ-പ്രത്യേകം ബാധിക്കുന്ന ഒരു കനത്ത താക്കീതാണ് …..وَمَنْ أَظْلَمُ مِمَّن كَتَمَ شَهَادَةً عِندَهُ (അല്ലാഹുവിങ്കല്‍ നിന്ന് തന്റെ പക്കല്‍ സിദ്ധിച്ചിട്ടുള്ള വല്ല സാക്ഷ്യത്തെയും മറച്ചുവെക്കുന്നവനെക്കാള്‍ അക്രമി ആരാണുള്ളത്…) എന്നുള്ള വാക്യം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, ആമീന്‍.
- تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ ﴾١٤١﴿
- അതൊരു സമുദായം - അത് (കാലം) കഴിഞ്ഞുപോയി അത് സമ്പാദിച്ചുവെച്ചത് അതിനുണ്ടായിരിക്കും. നിങ്ങള്‍ സമ്പാദിച്ചുവെച്ചത് നിങ്ങള്‍ക്കുമുണ്ടായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചോദിക്കപ്പെടുന്നതുമല്ല.
- تِلْكَ അത് أُمَّةٌ ഒരു സമുദായം قَدْ خَلَتْ അത് കഴിഞ്ഞുപോയി لَهَا അതിനുണ്ടായിരിക്കും مَا كَسَبَتْ അത് സമ്പാദിച്ചത് وَلَكُم നിങ്ങള്‍ക്കുണ്ടായിരിക്കും مَّا كَسَبْتُمْ നിങ്ങള്‍ സമ്പാദിച്ചത് وَلَا تُسْأَلُونَ നിങ്ങള്‍ ചോദിക്കപ്പെടുന്നതല്ല عَمَّا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും
ഇതേ മാതിരി ഒരു വചനം 134-ല്‍ മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. അവിടെ കൊടുത്ത വിവരണം ഇവിടെയും ഓര്‍മിക്കുക. ഇബ്‌റാഹീം നബി (അ) തുടങ്ങി മേല്‍ പ്രസ്താവിച്ച ആ പ്രവാചകന്‍മാരെ ചൂണ്ടിക്കൊണ്ട് തന്നെയാണ് അവിടെയും ഇവിടെയും ഈ പ്രസ്താവനയുള്ളത്. 40-ാം വചനം മുതല്‍ ഇതുവരെയുള്ള വചനങ്ങള്‍ മിക്കവാറും വേദക്കാരെയും, അവരുടെ ചെയ്തികളെയും സംബന്ധിക്കുന്നവയായിരുന്നു. അടുത്ത വചനം മുതല്‍ സംസാരഗതി മറ്റൊരു ഭാഗത്തേക്ക് നീങ്ങുകയാണ്.
ജുസ്ഉ് - 2
വിഭാഗം - 17
- ۞ سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمْ عَن قِبْلَتِهِمُ ٱلَّتِى كَانُوا۟ عَلَيْهَا ۚ قُل لِّلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾١٤٢﴿
- മനുഷ്യരില്‍ നിന്നുള്ള ഭോഷന്മാര്‍ (അടുത്ത ഭാവിയില്‍) പറയും: 'ഇവര്‍ (ഇതേവരെ) യാതൊരു ക്വിബ്‌ലഃയില്‍ (നിലകൊള്ളുന്നവര്‍) ആയിരുന്നുവോ അതില്‍ നിന്ന് ഇവരെ തിരിച്ചുവിട്ടതെന്താണ്?' പറയുക: അല്ലാഹുവിന്റെതാണ് ഉദയസ്ഥാനവും, അസ്തമയ സ്ഥാനവും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരേയുള്ള [ചൊവ്വായ] പാതയിലേക്ക് വഴി ചേര്‍ക്കുന്നതാണ്.
- سَيَقُولُ പറഞ്ഞേക്കും, വഴിയെ പറയും السُّفَهَاءُ ഭോഷന്മാര്‍ مِنَ النَّاسِ മനുഷ്യരില്‍ നിന്ന് مَا وَلَّاهُمْ അവരെ തിരിച്ചതെന്താണ് عَن قِبْلَتِهِمُ അവരുടെ ക്വിബ്‌ലഃയില്‍ നിന്ന് الَّتِي كَانُوا അവര്‍ ആയിരുന്നതായ عَلَيْهَا അതില്‍ (നിലകൊള്ളുന്നവര്‍) قُل നീ പറയുക لِّلَّهِ അല്ലാഹുവിന്റേതാണ് الْمَشْرِقُ ഉദയസ്ഥാനം وَالْمَغْرِبُ അസ്തമയസ്ഥാനവും يَهْدِي അവന്‍ വഴിചേര്‍ക്കുന്നു, മാര്‍ഗദര്‍ശനം നല്‍കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ إِلَىٰ صِرَاطٍ പാതയിലേക്ക് مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ
മക്കാ ജീവിതകാലത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്വിബ്‌ലഃയായി (അഭിമുഖകേന്ദ്രമായി) നമസ്‌കാരത്തില്‍ അംഗീകരിച്ചുപോന്നത് കഅ്ബഃയായിരുന്നുവെന്നും, ബൈത്തുല്‍ മുക്വദ്ദസായിരുന്നുവെന്നും അതല്ല, രണ്ടിനെയും അഭിമുഖീകരിച്ചുകൊണ്ടായിരുന്നു നമസ്‌കരിച്ചിരുന്നതെന്നുമൊക്കെ അഭിപ്രായങ്ങള്‍ കാണാം. ഏതായാലും അത് അല്ലാഹുവില്‍ നിന്നുള്ള വല്ല പ്രത്യേക കല്‍പനയും അനുസരിച്ചായിരുന്നുവോ, അല്ലേ എന്നുള്ളതിന് പറയത്തക്ക തെളിവുകളൊന്നുമില്ല. മദീനയില്‍ ചെന്ന ശേഷം പതിനാറോ പതിനേഴോ മാസക്കാലം ബൈത്തുല്‍ മുക്വദ്ദസിനെ ക്വിബ്‌ലഃയാക്കിക്കൊണ്ടായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സത്യവിശ്വാസികളും നമസ്‌കരിച്ചിരുന്നത്. മദീന ജൂതന്‍മാരുടെ അധിവാസകേന്ദ്രമായിരുന്നത്‌കൊണ്ട് അവരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുവാനുള്ള ഒരു മാര്‍ഗമെന്ന നിലക്ക് കൂടിയായിരുന്നു അതെന്ന് പറയപ്പെടുന്നു. ഇതും അല്ലാഹുവിങ്കല്‍ നിന്നുള്ള വല്ല കല്‍പന പ്രകാരമായിരുന്നുവോ അല്ലേ എന്ന് ഉറപ്പിക്കത്തക്ക തെളിവുകള്‍ കാണുന്നില്ല. എങ്കിലും അല്ലാഹുവിങ്കല്‍ നിന്ന് വഹ്‌യ് മൂലമുള്ള ഒരു നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇതെന്ന് അടുത്ത വചനത്തില്‍ നിന്ന് മനസ്സിലാകുന്നുവെന്ന് മാത്രം. വാസ്തവം അല്ലാഹുവിനറിയാം.
യഹൂദികളാകട്ടെ, ഇതില്‍ നിന്ന് മുതലെടുക്കുവാന്‍ തുടങ്ങി. മുഹമ്മദും കൂട്ടരും ഞങ്ങളുടെ ക്വിബ്‌ലഃ സ്വീകരിച്ചത് ഞങ്ങളുടെ മാര്‍ഗം ശരിയാണെന്നുള്ളതു കൊണ്ടാണല്ലോ. ആ സ്ഥിതിക്ക് ഞങ്ങളെ അവരുടെ പുതിയ മതത്തിലേക്ക് അങ്ങോട്ട് ക്ഷണിക്കുകയല്ല-അവര്‍ ഞങ്ങളുടെ മതത്തിലേക്ക് ഇങ്ങോട്ട് വരികയാണ് – വേണ്ടത് എന്നും മറ്റും അവര്‍ അഹങ്കരിക്കുകയുണ്ടായി. അതേ അവസരത്തില്‍, അറബികളായ മുസ്‌ലിംകള്‍ക്കോ? കഅ്ബയോടുള്ള അചഞ്ചലമായ ബഹുമാനവും, യഹൂദികളുടെ ദുഷ് പ്രചാരണവും അഹങ്കാരവും കാരണം വളരെ മനഃപ്രയാസവും നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബന്ധിച്ചിടത്തോളം കഅ്ബഃയെത്തന്നെ ക്വിബ്‌ലഃയായി അംഗീകരിച്ചു കിട്ടിയാല്‍ കൊള്ളാമെന്ന് ആഗ്രഹവുമായി. അത് സംബന്ധിച്ച് വഹ്‌യ് വരുന്നതും പ്രതീക്ഷിച്ച് അവിടുന്ന് മേല്‍പോട്ട് നോക്കിക്കൊണ്ടിരിക്കുക പതിവായിരുന്നു. എങ്കിലും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മൗനമവലംബിക്കുകയാണ് ചെയ്തിരുന്നത്. കല്‍പന കിട്ടാതെ ഒന്നും പ്രവര്‍ത്തിക്കുന്നത് ശരിയല്ലല്ലോ. അങ്ങിനെയിരിക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗ്രഹം അനുസരിച്ച് ക്വുര്‍ആന്‍ അവതരിക്കുകയും കല്‍പന കിട്ടുകയും ചെയ്തു. ഇതോടുകൂടി, ഇസ്‌ലാമിന്റെ ശത്രുക്കളില്‍ നിന്ന് പുതിയ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുവാന്‍ അവര്‍ ഇതൊരു ആയുധമാക്കി. തുടര്‍ന്നുള്ള ഏതാനും വചനങ്ങളിലെ സംസാര വിഷയം ഇതാകുന്നു.
മുമ്പ് പറഞ്ഞതുപോലെ, ഏതാനും മാസക്കാലം ബൈത്തുല്‍ മുക്വദ്ദസ് ക്വിബ്‌ലഃയായി സ്വീകരിക്കപ്പട്ടതിന് ശേഷം കഅ്ബഃയെ സ്ഥിരം ക്വിബ്‌ലഃയാക്കി നിയമിച്ചുകൊണ്ടവതരിച്ച വചനങ്ങളാണ് ഇതും തുടര്‍ന്നുള്ള ചില വചനങ്ങളും. ക്വിബ്‌ലഃമാറ്റി നിശ്ചയിച്ചുകൊണ്ടുള്ള യഥാര്‍ത്ഥ കല്‍പന അടുത്ത രണ്ടാമത്തെ (144-ാം) വചനത്തിലാണുളളത്. അതിന് മുമ്പ് തന്നെ ആ മാറ്റത്തെത്തുടര്‍ന്ന് ശത്രുപക്ഷക്കാരില്‍ നിന്നുണ്ടാവാന്‍ പോകുന്ന ആരോപണങ്ങളെപ്പറ്റി അല്ലാഹു മുന്‍കൂട്ടി അറിയിക്കുകയാണ്. അതു കൊണ്ടാണ് അടുത്ത ഭാവിയില്‍ പറയും എന്ന അര്‍ത്ഥത്തിലുള്ള سَيَقُول എന്ന വാക്ക് ഉപയോഗിച്ചത്. ആരോപണങ്ങള്‍ക്കുള്ള മറുപടിയും അതോടൊപ്പം അറിയിച്ചിരിക്കുന്നു.
കല്‍പന വരേണ്ട താമസമേ ഉണ്ടായുള്ളൂ; ശത്രുചേരികളില്‍ കോലാഹലങ്ങളും തുടങ്ങി. പൂര്‍വ്വ പ്രവാചകന്മാരുടെ ക്വിബ്‌ലഃയെ -(ബൈത്തുല്‍ മുക്വദ്ദസിനെ) മുഹമ്മദ് പുറംതള്ളിക്കളഞ്ഞു. അതിലേക്ക് വീണ്ടും തിരിച്ചുവരാതെ ഞങ്ങളവനെ സ്വീകരിക്കുകയില്ല. എന്നും മറ്റും യഹൂദികള്‍ പറഞ്ഞുവന്നു. മുഹമ്മദിന് ഒന്നിലും സ്ഥിരതയില്ല. ഒരിക്കല്‍ തന്റെ പിതാക്കളുടെ ക്വിബ്‌ലഃ (കഅ്ബഃ) വേണ്ടെന്നുവെച്ചു. ഇപ്പോഴിതാ വീണ്ടും അതുതന്നെ സ്വീകരിച്ചിരിക്കുന്നു. കുറെ കഴിയുമ്പോള്‍, ഇതുപോലെ ഞങ്ങളുടെ (വിഗ്രഹ) മതത്തിലേക്കുതന്നെ അവന്‍ തിരിച്ചുവന്നേക്കും. എന്നിങ്ങിനെ അറബി മുശ്‌രിക്കുകളും, കപടവിശ്വാസികള്‍ക്ക് സ്വന്തമായ ഒരുറച്ച നിലപാടില്ലാത്തതുകൊണ്ട് അവസരം പോലെ അവരും അതെല്ലാം ഏറ്റുപാടുകയും ചെയ്തു. അധികം ഒച്ചപ്പാടുണ്ടാക്കിയതും, ദുര്‍ബ്ബലഹൃദയരായ മുസ്‌ലിംകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാന്‍ കാരണമാക്കിയതും ചില യഹൂദികളായിരുന്നു. മുഹമ്മദിന്റെ മതം അല്ലാഹുവില്‍ നിന്നുള്ളതല്ല. ആണെന്നുണ്ടെങ്കില്‍ ഒരിക്കല്‍ നടപ്പാക്കിയ നിയമം അവന്‍ പിന്നീട് മാറ്റുകയില്ല (*) സ്വയം നിര്‍മിക്കുന്ന മതമായതുകൊണ്ടാണ് ഇങ്ങിനെ മാറ്റേണ്ടി വരുന്നത് എന്ന് പറഞ്ഞുകൊണ്ട് അവര്‍ അവരെ ആശയകുഴപ്പത്തിലാക്കിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ക്വിബ്‌ലഃ മാററിയത് നിമിത്തം മതത്തിന്റെ അടിത്തറ തന്നെ പൊളിഞ്ഞുപോയതായി ശത്രുക്കള്‍ വ്യാഖ്യാനിച്ചുകൊണ്ടിരുന്നു. ഈ ആരോപണങ്ങളെക്കുറിച്ചോ, അവയുടെ വക്താക്കളെക്കുറിച്ചോ വിശദീകരണമൊന്നും കൂടാതെ അവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരൊറ്റവാക്യംകൊണ്ട് അല്ലാഹു മതിയാക്കിയിരിക്കുകയാണ്. ……سَيَقُولُ السُّفَهَاءُ (മനുഷ്യരില്‍ നിന്നുള്ള ഭോഷന്‍മാര്‍ പറയും : ഇവര്‍ ഇതേവരെ നിലകൊണ്ടിരുന്നതായ ക്വിബ്‌ലഃയില്‍ നിന്ന് ഇവരെ തിരിച്ചു വിട്ടതെന്താണെന്ന്) ആ ആരോപണങ്ങളെല്ലാം തനി ഭോഷത്വമാണെന്നും, ഒന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും സാരം. അവയത്രയും നിരര്‍ത്ഥങ്ങളാണെന്ന് കാണിക്കുന്ന ഒരു യാഥാര്‍ത്ഥ്യം അവരെ ഓര്‍മിപ്പിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുകയും ചെയ്തിരിക്കുന്നു. قُل لِّلَّهِ الْمَشْرِقُ وَالْمَغْرِبُ (പറയുക: അല്ലാഹുവിനുള്ളതാണ് ഉദയസ്ഥാനവും അസ്തമയ സ്ഥാനവും)കിഴക്കും പടിഞ്ഞാറുമെല്ലാം- ഭൂമിയുടെ മുഴുവന്‍ ഭാഗവും – അല്ലാഹുവിനുള്ളതാണ്. ഏതെങ്കിലും ഒരു നിശ്ചിത സ്ഥാനം ക്വിബ്‌ലഃയാക്കി ആ ഭാഗത്തേക്ക് തിരിയുവാന്‍ അവന്‍ കല്‍പിച്ചാല്‍ അങ്ങോട്ട് തിരിയണമെന്നല്ലാതെ ഇന്നഭാഗത്തേക്ക് തിരിയല്‍ അനിവാര്യമാണെന്ന് വരത്തക്ക പ്രത്യേകത ഒരിടത്തിനുമില്ല എന്നാണ് ഈ വാക്യത്തിന്റെ സാരം. (115-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഈ വാക്യത്തെപ്പറ്റി മുമ്പ് വിവരിച്ചത് ഓര്‍ക്കുക)
(*) മതപരമായ ഒരു വിധി മാറ്റി അതിന്റെ സ്ഥാനത്ത് മറ്റൊരു വിധി കൊണ്ടു വരുക എന്ന അര്‍ത്ഥത്തിലുള്ള ‘നസ്ഖി ‘(نسخ) നെ യഹൂദികള്‍ പാടേ നിഷേധിച്ചിരുന്നു. ഇതിനെപ്പറ്റി 106-ാം വചനത്തിലും വ്യാഖ്യാനത്തിലും മുഖവുരയിലും മുമ്പ് വിവരിച്ചിട്ടുണ്ട്.
ഇന്ന ഭാഗത്തേക്കു തിരിയണം എന്നു അല്ലാഹു കല്‍പിച്ചാല്‍ യുക്തിമത്തായ ചില തത്വങ്ങള്‍ അതിലുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണ്. അത് ചോദ്യം ചെയ്യുവാന്‍ മനുഷ്യര്‍ക്ക് അധികാരമില്ല. നിരുപാധികം ആ കല്‍പന അനുസരിക്കലാണ് മനുഷ്യരുടെ കടമ. അതാണ് നേര്‍ക്കുനേരെയുള്ള മാര്‍ഗം. ആ മാര്‍ഗമാണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹു ഉദ്ദേശിച്ചവര്‍ക്കേ അതിനുള്ള ഭാഗ്യം ലഭിക്കുകയുള്ളൂ. അങ്ങിനെ ഇബ്‌റാഹീം നബി (عليه السلام)യാല്‍ തൗഹീദിന്റെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട കഅ്ബഃയെ ക്വിബ്‌ലഃയാക്കുവാനുള്ള ഭാഗ്യം അല്ലാഹു ഞങ്ങള്‍ക്ക് തന്നനുഗ്രഹിച്ചിരിക്കുന്നു. എന്നൊക്കെയാണ് …..يَهْدِي مَن يَشَاءُ (അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് വഴി കാട്ടുന്നു) എന്ന വാക്യത്തിലടങ്ങിയ ആശയം. സത്യവിശ്വാസികളോട് അല്ലാഹു പറയുന്നു:
- وَكَذَٰلِكَ جَعَلْنَٰكُمْ أُمَّةً وَسَطًا لِّتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيْكُمْ شَهِيدًا ۗ وَمَا جَعَلْنَا ٱلْقِبْلَةَ ٱلَّتِى كُنتَ عَلَيْهَآ إِلَّا لِنَعْلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُ ۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَٰنَكُمْ ۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ ﴾١٤٣﴿
- അപ്രകാരം, നാം നിങ്ങളെ ഒരു മദ്ധ്യമ (അഥവാ ഉത്തമ) സമുദായമാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ മനുഷ്യരുടെ മേല്‍ സാക്ഷ്യം വഹിക്കുന്നവരായിരിക്കുവാനും, നിങ്ങളുടെ മേല്‍ റസൂല്‍ സാക്ഷ്യം വഹിക്കുന്നവനായിരിക്കുവാനും വേണ്ടി(യത്രെ അത്). നീ (ഇതേവരെ) യാതൊരു ക്വിബ്‌ലഃയില്‍ (നിലകൊള്ളുന്നവന്‍) ആയിരുന്നുവോ അതിനെ നാം ഏര്‍പ്പെടുത്തിയിട്ടില്ല, (വന്നപാടെ) മടമ്പുകളില്‍ തിരിഞ്ഞു (മടങ്ങി) പോകുന്നവരില്‍ നിന്ന് റസൂലിനെ പിന്‍പറ്റുന്നവരെ നമുക്ക് (വേര്‍തിരിച്ചു) അറിയുവാന്‍ വേണ്ടിയല്ലാതെ. അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയവര്‍ക്കൊഴികെ അത് ഒരു വലിയ കാര്യം തന്നെയാകുന്നു. നിങ്ങളുടെ സത്യവിശ്വാസം പാഴാക്കിക്കളയുവാന്‍ അല്ലാഹു (വിന് ഉദ്ദേശ്യം) ഇല്ല. നിശ്ചയമായും അല്ലാഹു മനുഷ്യരോട് ദയാലുവും കരുണാനിധിയും തന്നെ.
- وَكَذَٰلِكَ അപ്രകാരം جَعَلْنَاكُمْ നിങ്ങളെ നാം ആക്കി أُمَّةً ഒരു സമുദായം وَسَطًا മദ്ധ്യമ, മദ്ധ്യനിലയിലുള്ള (ഉത്തമ) لِّتَكُونُوا നിങ്ങളായിരിക്കുവാന്‍ വേണ്ടി شُهَدَاءَ സാക്ഷികള്‍ عَلَى النَّاسِ മനുഷ്യര്‍ക്ക്, മനുഷ്യരുടെമേല്‍ وَيَكُونَ الرَّسُولُ റസൂല്‍ ആയിരിക്കുവാനും عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍ شَهِيدًا സാക്ഷി وَمَا جَعَلْنَا നാം ആക്കി (ഏര്‍പ്പെടുത്തി)യിട്ടില്ല الْقِبْلَةَ الَّتِي യാതൊരു ക്വിബ്‌ലഃയെ كُنتَ നീ ആയിരുന്നു عَلَيْهَا അതില്‍ إِلَّا لِنَعْلَمَ നാം (നമുക്ക്) അറിയുവാനല്ലാതെ مَن يَتَّبِعُ ആര്‍ പിന്‍പറ്റുമെന്ന് , പിന്‍പറ്റുന്നതാരെന്ന് الرَّسُولَ റസൂലിനെ مِمَّن يَنقَلِبُ മറിഞ്ഞു(തിരിഞ്ഞു മടങ്ങി )പോകുന്നവരില്‍ നിന്ന് عَلَىٰ عَقِبَيْهِ തന്റെ കുതി (മടമ്പ്) കാലുകളില്‍ وَإِن كَانَتْ അത് ആയിരിക്കുന്നു لَكَبِيرَةً ഒരു വലിയ കാര്യം തന്നെ إِلَّا ഒഴികെ عَلَى الَّذِينَ യാതൊരുവരുടെ മേല്‍ هَدَى اللَّهُ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കി وَمَا كَانَ اللَّهُ അല്ലാഹു (തയ്യാര്‍)ഇല്ല. അല്ലാഹു (ഉദ്ദേശിക്കുന്നവന്‍) അല്ല لِيُضِيعَ വിഫലമാക്കുന്നതിന് إِيمَانَكُمْ നിങ്ങളുടെ വിശ്വാസത്തെ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു بِالنَّاسِ മനുഷ്യരോട് لَرَءُوفٌ ദയയുള്ളവന്‍തന്നെ رَّحِيمٌ കാരുണ്യമുള്ളവനും
ഈ വചനത്തില്‍ പല വിഷയങ്ങളും അടങ്ങിയിക്കുന്നു. അവ ഇങ്ങിനെ വിവരിക്കാം: (ഒന്ന്) ക്വിബ്‌ലഃയുടെ കാര്യത്തില്‍ നിങ്ങളെ അല്ലാഹു നേര്‍മാര്‍ഗത്തി ലാക്കിയിട്ടുള്ളത് പോലെ, നിങ്ങളെ അവന്‍ ഒരു ഉത്തമ സമുദായമാക്കുകയും ചെയ്തിരിക്കുന്നു. (وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا) എന്ന് അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നു. وَسَط (വസത്വ്) എന്ന വാക്കിന് മദ്ധ്യമം, മദ്ധ്യത്തിലുള്ളത് എന്നിങ്ങനെയാണ് വാക്കര്‍ത്ഥം. ഉത്തമമായത്, ശ്രേഷ്ഠമായത്, മിതമായത് എന്നിങ്ങിനെയുള്ള ഉദ്ദേശ്യങ്ങളില്‍ അത് ഉപയോഗിക്കപ്പെടുന്നു. സയ്യിദ് ക്വുത്വ് ബ് ചൂണ്ടിക്കാണിച്ചതുപോലെ, ആ വാക്കിന് ഏത് അര്‍ത്ഥം കല്‍പിച്ചാലും ശരി, മുസ്‌ലിം സമുദായം ആ വിശേഷണത്തിന് അര്‍ഹര്‍തന്നെ. വിശ്വാസാചാരങ്ങളിലും, വിചാര വികാരാദികളിലുമെല്ലാം തന്നെ അവര്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മദ്ധ്യനിലയിലുള്ളവരും, ശ്രേഷ്ഠന്മാരും, മിതത്വമുള്ളവരുമാകുന്നു. ഇബ്‌നുജരീര്‍ (رحمه الله) അഭിപ്രായപ്പെട്ടതുപോലെ ക്രിസ്ത്യാനികളുടെ മാതിരി മതത്തില്‍ വെച്ചുകെട്ടി അതിരുകവിഞ്ഞവരോ യഹൂദികളുടെ മാതിരി മതത്തെ വെട്ടിച്ചുരുക്കിയവരോ അല്ല മുസ്‌ലിം സമുദായം. മുസ്‌ലിം സമുദായം കൊണ്ട് ഇവിടെ വിവക്ഷ നാമമാത്രമായ മുസ്‌ലിംകളല്ലെന്നും അല്ലാഹുവും റസൂലും കാണിച്ചു തന്ന യഥാര്‍ത്ഥ ഇസ്‌ലാമിനെ അംഗീകരിച്ച മുസ്‌ലിംകളാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
(രണ്ട്) ഈ സമുദായത്തെ മദ്ധ്യമ സമുദായം ഉത്തമസമുദായം – ആക്കിയതിന്റെ പരിണിതഫലം അല്ലാഹു വിവരിച്ചത്: നിങ്ങള്‍ മനുഷ്യരുടെ മേല്‍ സാക്ഷ്യം വഹിക്കുന്നവരും റസൂല്‍ നിങ്ങളുടെ മേല്‍ സാക്ഷ്യം വഹിക്കുന്ന ആളും ആയിത്തീരുവാന്‍ വേണ്ടി (…..لِّتَكُونُوا شُهَدَاءَ عَلَى النَّاسِ) എന്നാണ്. ഈ സാക്ഷ്യം കൊണ്ടുള്ള വിവക്ഷയെപ്പറ്റി ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു കാണാം. ഇഹത്തില്‍വെച്ചുള്ള സാക്ഷ്യമാണെന്നും, പരലോകത്ത് വെച്ചുള്ള സാക്ഷ്യമാണെന്നും ഇഹത്തിലും പരത്തിലും വെച്ചുള്ള സാക്ഷ്യമാണെന്നും അഭിപ്രായങ്ങളുണ്ട്. അവയുടെ ചുരുക്കം ഇങ്ങിനെ സംഗ്രഹിക്കാം:
(1) വിശ്വാസാചാരങ്ങളിലും, കര്‍മപരമായ നടപടികളിലുമെല്ലാം മറ്റുള്ളവര്‍ക്ക് മാതൃകയും നേതൃത്വവും നല്‍കിക്കൊണ്ട് നിങ്ങള്‍ മനുഷ്യസമുദായങ്ങള്‍ക്ക് സാക്ഷികളായിരിക്കണം. നിങ്ങളുടെ ജീവിതവും നടപടി ക്രമങ്ങളും എപ്രകാരമായിരിക്കണമെന്നുള്ളതിന് നിങ്ങള്‍ക്ക് മാതൃകയും നേതൃത്വവും നല്‍കിക്കൊണ്ട് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിങ്ങള്‍ക്കും സാക്ഷിയായിരിക്കും.
(2) മറ്റുള്ളവര്‍ സന്മാര്‍ഗത്തിലാണോ, ദുര്‍മാര്‍ഗത്തിലാണോ എന്നുള്ളതിന് നിങ്ങള്‍ സാക്ഷ്യം വഹിക്കേതുണ്ട്. അഥവാ നിങ്ങളുടെ സാന്മാര്‍ഗിക ജീവിതത്തെ മാനദണ്ഡമാക്കിക്കൊണ്ടാണ് മറ്റുള്ളവരുടെ നന്‍മയും തിന്‍മയും അളക്കപ്പെടുക. നിങ്ങളുടെ നന്‍മയും തിന്‍മയുമാകട്ടെ, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാണിച്ചും പഠിപ്പിച്ചും തന്നതിന്റെ അടിസ്ഥാനത്തിലും അളക്കപ്പെടും.
(3) ദൃഷ്ടാന്തങ്ങളും വേദഗ്രന്ഥങ്ങളും മുഖേനയും, പ്രവാചകന്‍മാര്‍ മുഖേനയും നിങ്ങള്‍ക്ക് വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടുള്ളത്‌കൊണ്ട് മുന്‍കഴിഞ്ഞ പ്രവാചകന്‍മാര്‍ അവരുടെ സമുദായങ്ങള്‍ക്ക് സത്യമാര്‍ഗം ഇന്നതാണെന്ന് ശരിക്കും വിവരിച്ചുകൊടുത്തിരിക്കുന്നുവെന്നും, സത്യമാര്‍ഗം വിവരിച്ചുകൊടുക്കുന്നതില്‍ ഒരു സമുദായത്തോടും അല്ലാഹു പിശുക്ക് കാണിച്ചിട്ടില്ലെന്നും നിങ്ങള്‍ പരലോകത്ത്‌വെച്ച് അവര്‍ക്കെതിരെ സാക്ഷികളായിരിക്കുന്നതാണ്. അഥവാ സാക്ഷ്യം വഹിക്കേണ്ടവരാണ്. പ്രവാചകന്റെയും വേദഗ്രന്ഥത്തിന്റെയും അദ്ധ്യാപനങ്ങള്‍ നിങ്ങള്‍ ശരിക്ക് പാലിച്ചി ട്ടുണ്ടോ ഇല്ലേ എന്നതിന്ന് നിങ്ങളെസ്സംബന്ധിച്ച് റസൂലും സാക്ഷ്യം വഹിക്കുന്നതാണ്. പ്രത്യക്ഷത്തില്‍ പരസ്പരം വ്യത്യസ്തങ്ങളായി തോന്നുന്ന ഈ വ്യാഖ്യാനങ്ങളിലെല്ലാം അടങ്ങിയിരിക്കുന്ന അടിസ്ഥാനതത്വം എല്ലാറ്റിലും ഒന്ന് തന്നെയാണെന്ന് അല്‍പം ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതാകുന്നു. അതോടുകൂടി മറ്റൊരു വസ്തുതകൂടി ഇതില്‍ നിന്ന് മനസ്സിലാക്കേതുണ്ട്. അതായത്, ഈ സമുദായം മറ്റുള്ളവര്‍ക്ക് സാക്ഷിയായിത്തീരുന്നത് ഈ സമുദായത്തിന്റെ ശ്രേഷ്ഠതയായതോടൊപ്പം തന്നെ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഈ സമുദായത്തിന്റെ മേലുള്ള ഒരു വമ്പിച്ച ബാധ്യതകൂടിയാണ് അത് കുറിക്കുന്നത്. കാരണം, ആ സാക്ഷ്യത്തിനുളള അര്‍ഹതക്ക് കളങ്കം വരുത്താതെ സൂക്ഷിക്കേണ്ടത് മുസ്‌ലിം സമുദായത്തിന്റെ കടമയാകുന്നു.
ഈ വാക്യത്തിന്റെ അര്‍ത്ഥവിശാലതയിലേക്ക് വെളിച്ചം നല്‍കുന്നതും, സാക്ഷ്യത്തിന്റെ ചില ഉദാഹരണങ്ങള്‍ ഉള്‍ക്കൊളളുന്നതുമായ പല ഹദീഥുകളും രിവായത്തുകളും ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലും ഹദീഥ് ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. ഉദാഹരണാര്‍ത്ഥം ചിലത് ഇവിടെ ഉദ്ധരിക്കാം:
(1) ബുഖാരി, മുസ്‌ലിം (رحمهما الله) മുതലായവര്‍ അനസ് (رضي الله عنه) പ്രസ്താവിച്ചതായി ഉദ്ധരിച്ച (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും ഒരു ജനാസയൊന്നിച്ച് (മൃതദേഹം കൊണ്ടുപോകുന്ന കൂട്ടത്തില്‍) പോകുമ്പോള്‍, ആ ആളെപ്പറ്റി ആരോ പുകഴ്ത്തിപ്പറയുകയുണ്ടായി. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ): ‘അത്സ്ഥിരപ്പെട്ടു’ എന്ന് മൂന്ന് പ്രാവാശ്യം പറഞ്ഞു. മറ്റൊരു ജനാസയൊന്നിച്ച് പോകുമ്പോള്‍ ആ ആളെപ്പറ്റി മോശമായ നിലയില്‍ പറയപ്പെട്ടു. അപ്പോഴും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതേമാതിരിത്തന്നെ പറഞ്ഞു. പിന്നീട് ഉമര്‍ (رضي الله عنه) ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: നിങ്ങള്‍ ആരെപ്പറ്റി നല്ലനിലയില്‍ പുകഴ്ത്തിപ്പറയുന്നുവോ അവന് സ്വര്‍ഗം സ്ഥിരപ്പെട്ടു. നിങ്ങള്‍ ആരെപ്പറ്റി മോശമായ നിലയില്‍ പ്രസ്താവിക്കുന്നുവോ അവന് നരകവും സ്ഥിരപ്പെട്ടു. നിങ്ങള്‍ ഭൂമിയില്‍ അല്ലാഹുവിന്റെ സാക്ഷികളാകുന്നു. ഈ വാക്യം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മൂന്ന് പ്രാവശ്യം പറയുകയുണ്ടായി. തിര്‍മദി (رحمه الله) ഉദ്ധരിച്ച രിവായത്തില്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അപ്പോള്‍ وَكَذَٰلِكَ جَعَلْنَاكُمْ എന്നുള്ള ഈ വചനം അവസാനം വരെ ഓതി എന്നുകൂടിയുണ്ട്. സത്യവിശ്വാസികള്‍ ഒരാളെക്കുറിച്ച് സ്തുതി പറയുമ്പോള്‍ അയാള്‍ ഒരു നല്ല മനുഷ്യനാണെന്നുള്ളതിന്റെയും ഒരാളെപ്പറ്റി അവര്‍ ദുഷിച്ച് പറയുമ്പോള്‍, അയാള്‍ ഒരു ചീത്ത മനുഷ്യനാണെന്നുള്ളതിന്റെയും അടയാളമായിരിക്കും അത് എന്നത്രെ ഈ ഹദീഥിലടങ്ങിയ തത്വം. ഈ വിഷയത്തില്‍ ഇതുപോലെ വേറെയും ചില ഹദീഥുകളും, രിവായത്തുകളും കാണാവുന്നതാണ്.
(2) ഇമാം അഹ്മദും (رحمه الله) മറ്റു ചിലരും അബൂസഈദില്‍ ഖുദ്‌രീ (رحمه الله) പ്രസ്താവിച്ചതായി ഉദ്ധരിച്ച ഒരു ഹദീഥിന്റെ ചുരുക്കം ഇങ്ങിനെയാണ്: ക്വിയാമത്ത് നാളില്‍ നബിമാരും അവരുടെ സമുദായങ്ങളും കൊണ്ടുവരപ്പെടും. ചിലരൊന്നിച്ച് ഒരാളോ, രണ്ടാളോ അതിലധികമോ മാത്രമായിരിക്കും ഉായിരിക്കുക. അങ്ങനെ, ഒരു നബിയുടെ ജനതയെ വിളിച്ചു നിങ്ങള്‍ക്ക് ഇദ്ദേഹം പ്രബോധനം ചെയ്തിരുന്നുവോ എന്ന് ചോദിക്കപ്പെടും, ഇല്ല എന്ന് അവര്‍ ഉത്തരം പറയും. ആ നബിയോട് ചോദിക്കുമ്പോള്‍ അദ്ദേഹം അതെ എന്നും പറയും അപ്പോള്‍ അദ്ദേഹത്തോട് സാക്ഷിയായി ആരുണ്ട് എന്ന് ചോദിക്കപ്പെടും. അദ്ദേഹം : മുഹമ്മദും അദ്ദേഹത്തിന്റെ സമുദായവും ഉണ്ടെന്ന് ഉത്തരം പറയും. ഇദ്ദേഹം ആ ജനതക്ക് പ്രബോധനം നല്‍കിയിട്ടുണ്ടോ എന്ന് അവരോട് ചോദിക്കപ്പെടും. അവര്‍ ഉണ്ട് എന്ന് മറുപടി പറയും. നിങ്ങള്‍ക്ക് അതിനെപ്പറ്റി വിവരം ലഭിച്ചത് എങ്ങിനെ എന്ന് ചോദിക്കപ്പെടും. അവര്‍ പറയും: ഞങ്ങള്‍ക്ക് ഞങ്ങളുടെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വന്ന് വിവരിച്ചു തന്നിട്ടുണ്ട്. റസൂലുകള്‍ അവരവരുടെ ജനങ്ങള്‍ക്ക് പ്രബോധനം നല്‍കിയിട്ടുണ്ടെന്ന്. അതാണ് അല്ലാഹു പറഞ്ഞത്. …….وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً (അതുപോലെ നിങ്ങളെ നാം ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു) ഒരു രിവായത്തില്‍ ഇങ്ങിനെയും കൂടി ഉണ്ട്: അപ്പോള്‍ മുഹമ്മദിനെ വരുത്തും, എന്നിട്ട് അദ്ദേഹത്തോട് തന്റെ സമുദായത്തെപ്പറ്റി ചോദിക്കും. അപ്പോള്‍ അദ്ദേഹം അവരെപ്പറ്റി വളര്‍ത്തിപ്പറയും. അവരെപ്പറ്റി അവര്‍ മര്യാദക്കാരാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ഈ ഹദീഥിലെ വിഷയം ഉള്‍ക്കൊള്ളുന്ന വേറെയും ചില ഹദീഥുകള്‍ ബുഖാരിയിലും മുസ്‌ലിമിലും മററും കാണാവുന്നതാണ്.
എല്ലാ നബിമാരിലും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കല്‍ മുസ്‌ലിംകള്‍ക്ക് കടമയാണല്ലോ. ഇതില്‍ നിന്നാണ് മറ്റുള്ള നബിമാരെയും സമുദായങ്ങളെയും സംബന്ധിച്ച് സാക്ഷ്യം വഹിക്കുവാന്‍ മുസ്‌ലിം സമുദായത്തിന് സാധ്യമാകുന്നത്. ചില നബിമാരൊന്നിച്ച് ഒന്നോ രണ്ടോ അതിലധികമോ ആളുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് പറഞ്ഞതിന്റെ സാരം, ഈ നബിമാരില്‍ വിശ്വസിച്ചവര്‍ അത്രമാത്രമായിരിക്കുമെന്നും, അദ്ദേഹത്തിന്റെ ജനതയില്‍ ബാക്കിയുള്ളവരെല്ലാം അവിശ്വാസികളായിരിക്കുമെന്നുമാകുന്നു.
(3) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനായില്‍ വന്നതുമുതല്‍ ഇതുവരെ സ്വീകരിച്ചുവന്ന ക്വിബ്‌ലഃയെ ബൈത്തുല്‍ മുക്വദ്ദസിനെ – താല്‍ക്കാലിക ക്വിബ്‌ലഃയാക്കി വെക്കുവാനുള്ള കാരണം, അതില്‍ ആരൊക്കെയാണ് റസൂലിനെ പിന്‍പറ്റുകയെന്നും ആരൊക്കെയാണ് അതിന്റെ പേരില്‍ (അവിശ്വാസത്തിലേക്ക് തന്നെ) മടങ്ങിപ്പോകുകയെന്നും പ്രത്യക്ഷത്തില്‍ വേര്‍തിരിഞ്ഞു കണ്ടറിയുവാന്‍ വേണ്ടി മാത്രമാണ് (وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنتَ عَلَيْهَا) എന്ന് അല്ലാഹു വ്യക്തമാക്കുന്നു. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊണ്ടുവന്നതെന്തും ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യാതെ സ്വീകരിക്കുകയാണ് അവരുടെ കടമ. അതിന് തയ്യാറില്ലാത്തവരുടെ വിശ്വാസം യഥാര്‍ത്ഥ വിശ്വാസമായിരിക്കയില്ല. അതുകൊണ്ടാണ് ക്വിബ്‌ലഃമാറ്റം പോലെയുള്ള വല്ല പുതിയ വിധികളും നിയമങ്ങളും വരുമ്പോള്‍ അവര്‍ക്ക് സംശയവും ആശയക്കുഴപ്പവും നേരിടുന്നത്. വല്ല സൂറത്തും അവതരിക്കപ്പെടുമ്പോള്‍…. സത്യവിശ്വാസികള്‍ക്ക് അത് വിശ്വാസം വര്‍ദ്ധിപ്പിക്കുകയും അവര്‍ സന്തോഷിക്കുകയും ചെയ്യുമെന്നും ഹൃദയത്തില്‍ രോഗമുള്ളവര്‍ക്ക് അത് മ്ലേച്ഛതയില്‍ കൂടി മ്ലേച്ഛത വര്‍ദ്ധിപ്പിക്കുകയായിരിക്കും ചെയ്യുക എന്നും സൂഃ തൗബ :124,125 വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുള്ളത് സ്മരണീയമാകുന്നു. ഇബ്‌നു ഉമര്‍ (റ) പ്രസ്താവിച്ചതായി ബുഖാരി ഉദ്ധരിച്ചിരിക്കുന്നു : ക്വുബായിലെ പള്ളിയില്‍ വെച്ച് ജനങ്ങള്‍ സ്വുബ്ഹ് നമസ്‌കരിക്കുമ്പോള്‍, ഒരാള്‍ വന്ന് ഇങ്ങിനെ പറഞ്ഞു: ‘ഇന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ചില ക്വുര്‍ആന്‍ (വാക്യങ്ങള്‍)അവതരിച്ചിട്ടുണ്ട്. തിരുമേനിയോട് കഅ്ബഃയുടെ നേരെ മുന്നിട്ട് നമസ്‌കരിക്കുവാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അത്‌കൊണ്ട് നിങ്ങള്‍ അങ്ങോട്ട് തിരിഞ്ഞുകൊള്ളുവിന്‍’. ഉടനെ, അവര്‍(അതേ നമസ്‌കാരത്തില്‍ വെച്ചുതന്നെ)അങ്ങോട്ട് തിരിഞ്ഞു. ഈ സംഭവം മുസ്‌ലിമും (رحمه الله) വേറെ മാര്‍ഗത്തിലൂടെ ഉദ്ധരിച്ചിരിക്കുന്നു. തിര്‍മിദി (رحمه الله)യുടെ രിവായത്തില്‍ അവര്‍ റുകൂഉ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അത് ഉണ്ടായതെന്നും, റുകൂഉ് ചെയ്തുകൊണ്ട് അപ്പാടെ തന്നെ അവര്‍ വട്ടത്തില്‍ തിരിഞ്ഞ് ക്വിബ്‌ലഃക്ക് നേരെ തിരിഞ്ഞു എന്നുംകൂടി വന്നിരിക്കുന്നു. അതായത്, മുമ്പിലുള്ളവരും ഇമാമും പിമ്പിലും, പിന്നിലുള്ളവര്‍ മുമ്പിലും വരത്തക്കവണ്ണം അര്‍ദ്ധവൃത്താകൃതിയില്‍ അവര്‍ നടന്നു തിരിഞ്ഞുവെന്നര്‍ത്ഥം. (കഅ്ബഃ അവിടെ നിന്ന് തെക്കുഭാഗത്തും, ബൈത്തുല്‍ മുക്വദ്ദസ് വടക്ക് ഭാഗത്തുമായിട്ടാണ് സ്ഥിതിചെയ്യുന്നത്) സത്യവിശ്വാസികള്‍ റസൂലിനെ പിന്‍പറ്റുന്നവരായിരിക്കുമെന്നതിന്റെ ഒരു ഉത്തമ മാതൃകയാണ് ക്വുബായിലെ ഈ സംഭവം. നേരെ മറിച്ച് ചില ആളുകള്‍ ഈ ക്വിബ്‌ലഃ മാറ്റത്തെത്തുടര്‍ന്ന് ഇസ്‌ലാമിനെത്തന്നെ ബഹിഷ്‌കരിച്ചുപോകുകയുണ്ടായി. അപ്പോള്‍, രണ്ട് കൂട്ടരെയും വേര്‍തിരിച്ചറിയുവാനാണ് അങ്ങിനെ ചെയ്തതെന്ന് അല്ലാഹു പറഞ്ഞത് പ്രത്യക്ഷത്തില്‍ പുലരുകയും ചെയ്തുവല്ലോ.
(4) അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, ഈ ക്വിബ്‌ലഃമാറ്റവും മറ്റും അത്ര വമ്പിച്ച കാര്യമൊന്നുമല്ല. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖേന നടപ്പാക്കപ്പെടുന്ന ഏതൊരു കാര്യത്തിലും അവര്‍ക്ക് ആശയക്കുഴപ്പമോ മനഃപ്രയാസമോ തോന്നുകയില്ല. ചോദ്യം ചെയ്യാതെ അത് അപ്പടി സ്വീകരിക്കുവാന്‍ അവര്‍ ഒരുക്കമായിരിക്കും. എന്നാല്‍ നേര്‍മാര്‍ഗം ലഭിച്ചിട്ടില്ലാത്തവര്‍ക്കാകട്ടെ, വലിയൊരു വിഷമമായിട്ടേ അതിനെ ഗണിക്കുവാന്‍ കഴിയുകയുള്ളൂ (وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى الَّذِينَ هَدَى اللَّهُ) അതെ, നാമമാത്ര വിശ്വാസികളും കപടവിശ്വാസികളുമായുള്ളവര്‍ക്കും അവിശ്വാസികള്‍ക്കും ഇത്തരം കാര്യങ്ങള്‍ അനുകൂലിക്കുവാനും ന്യായീകരിക്കുവാനും കഴിയാതിരിക്കുക സ്വാഭാവികമാണ്. അതില്‍ അല്‍ഭുതപ്പെടുവാനൊന്നുമില്ല.
ഇവിടെ ഒരു സംഗതി ചൂണ്ടിക്കാട്ടുന്നത് ആവശ്യമായിത്തോന്നുന്നു. അല്ലാഹു നേര്‍മാര്‍ഗം നല്‍കിയവരല്ലാത്തവരുടെ അടുക്കല്‍ ഇതൊരു വലിയ കാര്യമായിരിക്കുമെന്നും ഉദയാസ്തമയ സ്ഥാനങ്ങള്‍ അല്ലാഹുവിന്റെതാണെന്നും ഈ വചനത്തിലും, നിങ്ങള്‍ എവിടേക്ക് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കുമെന്ന് 115-ാം വചനത്തിലും അല്ലാഹു പ്രസ്താവിച്ചതിനെപ്പറ്റി വിവരിക്കുന്ന മദ്ധ്യെ, ഇപ്പോള്‍ ചില ആളുകള്‍ കുറേ അതിരുകവിഞ്ഞതായി കാണുന്നു. ക്വിബ്‌ലഃയെ അഭിമുഖീകരിക്കുകയെന്നത് ഒരു ചടങ്ങ് മാത്രമാണ് കൂടുതല്‍ പ്രാധാന്യമൊന്നും അതിനില്ലെന്നാണ് അവരുടെ വിവരണം കാണിക്കുന്നത്. തികച്ചും വാസ്തവ വിരുദ്ധവും, ഇസ്‌ലാമിന്റെ ചിഹ്നങ്ങളില്‍പെട്ട ഒന്നിനെ നിസ്സാരമാക്കലുമാണിത്. ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സൂറത്തുല്‍ ഹജ്ജ് : 30, 32 എന്നീ വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ചതിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍, അതവര്‍ക്ക് ഗുണകരമല്ലെന്നും, ഹൃദയത്തില്‍ ഭയഭക്തിയുടെ കുറവാണതിന് കാരണമെന്നും വ്യക്തമാകുന്നതാണ്. (കൂടുതല്‍ വിവരം അവിടെ നോക്കുക) ക്വിബ്‌ലഃയിലേക്ക് തിരിഞ്ഞ് നില്‍ക്കുന്നതിന് അല്ലാഹു കല്‍പിക്കുന്ന പ്രാധാന്യം താഴെ 149, 150 വചനങ്ങളില്‍ നിന്നും ശരിക്കും മനസ്സിലാക്കാവുന്നതാണ്.
ഈ വിഷയകമായി മര്‍ഹൂം സയ്യിദ് ക്വുത്വുബ് അദ്ദേഹത്തന്റെ തഫ്‌സീറില്‍ ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ വെച്ച് ചെയ്തിട്ടുള്ള ഒരു ദീര്‍ഘമായ പ്രസ്താവനയുടെ സാരം ഇവിടെ ഉദ്ധരിക്കുന്നത് സന്ദര്‍ഭോചിതമായി തോന്നുന്നു. അതിങ്ങിനെ വായിക്കാം.
വിശ്വാസത്തിലും ഭാവനയിലും ആരാധനയിലും ക്വിബ്‌ലയിലുമെല്ലാംതന്നെ, മുസ്‌ലിം സമുദായത്തിനും അതിന്റെതായ വിശേഷതകള്‍ അനിവാര്യമാണ്. എന്നാല്‍, ആരാധനാപരമായ ചിഹ്നങ്ങളിലും, ക്വിബ്‌ലഃയിലുമുള്ളതു പോലെ, മറ്റൊന്നിലും ഈ പ്രത്യേകത അത്ര വ്യക്തമായി വെളിപ്പെട്ടു കാണുകയില്ല. ഇതില്‍ നിന്നാണ് ആരാധനാ കര്‍മങ്ങളുടെ ബാഹ്യരൂപങ്ങള്‍ പുലര്‍ത്തേണ്ടുന്ന ആവശ്യം നേരിടുന്നത്. അവയെപ്പറ്റിയും മാനുഷിക മനഃശാസ്ത്രത്തെപ്പറ്റിയും വേണ്ടതുപോലെ ചിന്തിക്കാത്തവര്‍ക്ക് അവ കുടുസ്സായ ചില യാഥാസ്ഥിതികത്വങ്ങളായോ, ബാഹ്യമായ ചില ചടങ്ങുകളായോ തോന്നിയേക്കും. ദൃശ്യമായ ശരീരവും, അദൃശ്യമായ ആത്മാവും ചേര്‍ന്നുള്ള മനുഷ്യപ്രകൃതി തന്നെ ആവശ്യപ്പെടുന്നുണ്ട് അവന്റെ വിചാരവികാരങ്ങളെ ബാഹ്യത്തില്‍ പ്രകടിപ്പിക്കുന്നതിനുള്ള ചില കര്‍മരൂപങ്ങള്‍ ഉണ്ടായിരിക്കണമെന്ന്. പ്രകൃത്യായുള്ള ഈ അടിസ്ഥാനത്തിലാണ് ഇസ്‌ലാം അതിന്റെ ആരാധനാ ചിഹ്നങ്ങളെ നിലനിറുത്തിയിരിക്കുന്നത്. വെറും ഉദ്ദേശ്യംകൊണ്ടോ, ആത്മസാന്നിദ്ധ്യംകൊണ്ടോ ആ ലക്ഷ്യം നിറവേറുന്നതല്ല. അതിനാല്‍ ഇന്നഭാഗത്തേക്ക് തിരിഞ്ഞു നില്‍ക്കണം, ഇന്നപ്രകാരം കുമ്പിടണം, തലവെക്കണം, ഇന്നേടത്തുനിന്ന് ഇഹ്‌റാം (ഹജ്ജിലും ഉംറഃയിലും പ്രവേശം) നടത്തണം, ഇന്ന വസ്ത്രം ധരിക്കണം, ഇന്നതു ചൊല്ലണം, കരുതണം, ഇന്നത് തിന്നരുത്, ചെയ്യരുത് എന്നിങ്ങിനെ രൂപവും ഭാവവും ഓരോന്നിലും നിര്‍ണയിക്കാതെ പറ്റുകയില്ല. വിചാരവികാരങ്ങള്‍ ബാഹ്യമായി പ്രകടിപ്പിക്കേണ്ടതിന് അധികൃതമായി രൂപങ്ങള്‍ സ്വീകരിക്കപ്പെടാത്തതില്‍ നിന്നാണ് കല്ല്, മരം, സൂര്യന്‍, നക്ഷത്രം, പക്ഷി, മൃഗം ആദിയായവയുടെ ആരാധനകള്‍ രൂപം കൊണ്ടിരിക്കുന്നത്.
ആകയാല്‍, ആരാധന സംബന്ധമായ ചിഹ്നങ്ങള്‍ക്ക് ഒരു നിശ്ചിത രൂപം വേണമെന്ന മനുഷ്യപ്രകൃതിയുടെ ആവശ്യത്തെ ഇസ്‌ലാം സ്വാഗതം ചെയ്തു. അവന്റെ മനസ്സും ശരീരവുംകൊണ്ട് അവന്‍ അല്ലാഹുവിങ്കലേക്ക് മുന്നിടുമ്പോള്‍ എങ്ങോട്ടാണവന്‍ തിരിഞ്ഞു നില്‍ക്കേണ്ടതെന്നു നിശ്ചയിച്ചുകൊടുത്തു. പക്ഷേ, ഒരു നിബന്ധനയുണ്ട്. അല്ലാഹുവിന്റെ സത്തയെക്കുറിച്ചുള്ള യാതൊരു രൂപ സങ്കല്‍പവും ഉണ്ടായിക്കൂടാ. അമുസ്‌ലിംകളുടെതായ പ്രത്യേകതകളില്‍ അവരോട് സാദൃശ്യം വഹിക്കുവാനും, അവരെ അനുകരിക്കുവാനും പാടില്ലെന്ന് വിലക്കിയതും ഈ പശ്ചാത്തലത്തില്‍ തന്നെ. ഇതൊക്കെ കേവലം ചില വര്‍ഗീയ കാര്യങ്ങളോ, യാഥാസ്ഥിതികങ്ങളോ, ചടങ്ങുകളോ അല്ല. ബുദ്ധി, വിചാരം, വികാരം, മനസ്സ്, സ്വഭാവം, ആഭിമുഖ്യം, ആദിയായവയിലെല്ലാം ഒരു ജനതയെ ഇതര ജനതകളില്‍ നിന്ന് വേര്‍തിരിക്കുന്നതിനുള്ള നിദാനങ്ങളത്രെ അവ. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി അബൂഹുറയ്‌റ (رضي الله عنه) പറയുന്നു : ജൂതരും, ക്രിസ്ത്യാനികളും (നരച്ചതാടി മുടിക്ക്) വര്‍ണം കൊടുക്കാറില്ല, നിങ്ങള്‍ അവരോട് എതിരായിരിക്കണം. (മാ;ബു;മു;ദാ;) നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ജനക്കൂട്ടത്തില്‍ വന്നപ്പോള്‍ അവര്‍ എഴുന്നേറ്റു നിന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: അജമികള്‍(പേര്‍ഷ്യക്കാര്‍ തുടങ്ങിയ അനറബികള്‍) തമ്മതമ്മില്‍ ബഹുമാനപൂര്‍വ്വം എഴുന്നേല്‍ക്കാറുള്ളതുപോലെ നിങ്ങള്‍ എഴുന്നേല്‍ക്കരുത്. (ദാ.ജ) തിരുമേനി പറഞ്ഞു: ‘ക്രിസ്ത്യാനികള്‍ മര്‍യമിന്റെ മകനെ (ഈസാനബിയെ) അമിതപ്രശംസ നടത്തിയതുപോലെ എന്നെ നിങ്ങള്‍ അമിത പ്രശംസ നടത്തരുത്. ഞാന്‍ ഒരു അടിയാന്‍ മാത്രമാകുന്നു. അല്ലാഹുവിന്റെ അടിയാനും അവന്റെ റസൂലും എന്ന് പറഞ്ഞുകൊള്ളുക’. (ബു) കാഴ്ചപ്പാട്, വസ്ത്രവേഷം, വാക്ക് പ്രവര്‍ത്തിപോലെയുള്ള എല്ലാറ്റിനും മുസ്‌ലിംകള്‍ മറ്റുള്ളവരോട് സാദൃശ്യം വഹിക്കല്‍ വിരോധിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെയൊക്കെ പിന്നിലുള്ള കാരണം വിചാര വികാരമാറ്റങ്ങള്‍ക്ക് അവ പ്രചോദനമാകുമെന്നുള്ളതാകുന്നു. (في ظلال القرآن)
(5) നിങ്ങളുടെ സത്യവിശ്വാസത്തെ അല്ലാഹു പാഴാക്കിക്കളയുകയില്ല. (وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ) എന്ന് അല്ലാഹു സത്യ വിശ്വാസികളെ സമാധാനിപ്പിക്കുന്നു. ബൈത്തുല്‍ മുക്വദ്ദസ് മാറ്റി കഅ് ബഃയെ സ്ഥിരം ക്വിബ്‌ലഃയാക്കി നിയമിച്ചപ്പോള്‍, ആ ഇടക്കാലത്തില്‍ മരണമടഞ്ഞ ചില സത്യവിശ്വാസികളുടെ നമസ്‌കാരത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്ന് സ്വഹാബികളില്‍ ചിലര്‍ക്ക് സംശയം തോന്നി. ഇതിനുള്ള മറുപടിയാണിതെന്ന് ഹദീഥുകളില്‍ വന്നിരിക്കുന്നു. അപ്പോള്‍ നിങ്ങളുടെ സത്യവിശ്വാസത്തെ അല്ലാഹു പാഴാക്കുകയില്ല എന്നു പറഞ്ഞതിന്റെ സാരം സത്യവിശ്വാസത്തോടുകൂടി നിങ്ങള്‍ ചെയ്തിട്ടുള്ള നമസ്‌കാരം പോലെയുള്ള കര്‍മങ്ങളെ അല്ലാഹു വെറുതെയാക്കുകയില്ല – അത് അവന്‍ സ്വീകരിക്കുകയും അതിന് പ്രതിഫലം നല്‍കുകയും ചെയ്യും – എന്നാണെന്ന് മനസ്സിലാക്കാം. ഇമാം ബുഖാരി (رحمه الله) മുതലായ ചില മഹാന്‍മാര്‍ إِيمَانَكُمْ (നിങ്ങളുടെ സത്യവിശ്വാസം) എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം നിങ്ങളുടെ നമസ്‌കാരം എന്നാണെന്ന് പറയുന്നതിന്റെ താല്‍പര്യം ഇതില്‍ നിന്ന് മനസ്സിലാക്കാം. ഒരു കല്‍പന നിരുപാധികം അനുസരിക്കുകയും ആ അനുസരണം വിശ്വാസത്തോടുകൂടി ആയിരിക്കുകയും ചെയ്യുമ്പോള്‍ ആ കല്‍പന പ്രകാരം ചെയ്യപ്പെടുന്ന കര്‍മങ്ങളെ സ്വീകാര്യമല്ലാതാക്കുന്നത് ദയയില്ലായ്മയും കാരുണ്യമില്ലായ്മയുമാണല്ലോ. അല്ലാഹുവാകട്ടെ, മനുഷ്യരോട് വളരെ ദയയും വാത്സല്യവും ഉള്ളവനാണ്. വളരെ കാരുണ്യമുള്ളവനുമാണല്ലോ. എന്നിരിക്കെ, അവന്‍ നിങ്ങളുടെ ആ നമസ്‌കാരങ്ങളെ പാഴാക്കുമെന്ന് നിങ്ങള്‍ ഒരിക്കലും വിചാരിക്കേണ്ടതില്ല എന്നും അവസാനം അവരെ ഉണര്‍ത്തുന്നു (إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَّحِيمٌ)
ഒരു ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു: ഒരു യുദ്ധത്തില്‍ ബന്ധനസ്ഥരായ വരുടെ കൂട്ടത്തില്‍ ഒരു സ്ത്രീയെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കണ്ടു. അവളുടെ കുട്ടി അവളില്‍ നിന്ന് കൈവിട്ടു പോയിരുന്നു. അവള്‍ അവളുടെ കുട്ടിയെ തിരഞ്ഞു കൊണ്ട് ചുറ്റി നടക്കുകയായി. ഇടക്കുവെച്ച് കാണുന്ന കുട്ടികളെയെല്ലാം എടുത്തു അവള്‍ മാറോടണക്കും. സ്വന്തം കുട്ടിയെ കണ്ട ഉടനെ അതിനെ എടുത്ത് അണച്ചുപിടിച്ചു അതിന് മുല കൊടുത്തു. തിരുമേനി ഇത് കണ്ട് (സ്വഹാബികളോട്) ചോദിച്ചു: ഇവളുടെ കുട്ടിയെ തീയില്‍ ഇടാതിരിക്കുവാന്‍ ഇവള്‍ക്ക് കഴിവുള്ളപ്പോള്‍ ഇവള്‍ ഇവളുടെ കുട്ടിയെ തീയില്‍ ഇട്ടേക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അവര്‍ ഉത്തരം പറഞ്ഞു: ഇല്ല-റസൂലേ. അപ്പോള്‍, തിരുമേനി പറഞ്ഞു: ‘എന്നാല്‍ അല്ലാഹു അവന്റെ അടിയാന്‍മാരോട് ഇവള്‍ക്ക് ഇവളുടെ കുട്ടിയോടുള്ളതിനെക്കാള്‍ കാരുണ്യമേറിയവനാകുന്നു’. (ബുഖാരി) അല്ലാഹുവേ! നീ ഞങ്ങളെയെല്ലാം നിന്റെ വിശാലമായ കാരുണ്യത്തിന് പാത്രമാക്കേണമേ!
- قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَىٰهَا ۚ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ ۗ وَإِنَّ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ لَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا يَعْمَلُونَ ﴾١٤٤﴿
- (നബിയേ), നിന്റെ മുഖം ആകാശത്തില്‍ (നോട്ടമിട്ടു) തിരിഞ്ഞു കൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നീ തൃപ്തിപ്പെടുന്നതായ ഒരു ക്വിബ്‌ലഃ(യിലേ)ക്ക് നാം നിന്നെ നിശ്ചയമായും തിരിച്ചു തരാം. എനി, നിന്റെ മുഖത്തെ 'മസ്ജിദുല്‍ ഹറാമി'ന്റെ നേര്‍ക്ക് നീ തിരിച്ചു കൊള്ളുക. നിങ്ങള്‍ എവിടെയായാലും നിങ്ങളുടെ മുഖങ്ങളെ അതിന്റെ നേര്‍ക്ക് തിരിച്ചുകൊള്ളുവിന്‍. നിശ്ചയമായും വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് അറിയാം. അത് അവരുടെ റബ്ബിങ്കല്‍ നിന്നുള്ള യാഥാര്‍ത്ഥ്യമാകുന്നുവെന്ന്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനൊന്നുമല്ല.
- قَدْ نَرَىٰ നാം കാണുന്നുണ്ട് تَقَلُّبَ തിരിഞ്ഞു (മറിഞ്ഞു)കൊണ്ടിരിക്കുന്നത് وَجْهِكَ നിന്റെ മുഖം فِي السَّمَاءِ ആകാശത്തില്‍ فَلَنُوَلِّيَنَّكَ അതിനാല്‍ (എന്നാല്‍) നാം നിശ്ചയമായും നിന്നെ തിരിച്ചുതരാം, തിരിക്കുന്നു قِبْلَةً ഒരു ക്വിബ്‌ലഃ(യിലേ)ക്ക്, അഭിമുഖകേന്ദ്രത്തിന് تَرْضَاهَا അതിനെ നീ തൃപ്തിപ്പെടുന്നു فَوَلِّ എനി (അതിനാല്‍) നീ തിരിക്കുക وَجْهَكَ നിന്റെ മുഖം شَطْرَ നേരെ ഭാഗത്തേക്ക് الْمَسْجِدِ الْحَرَامِ മസ്ജിദുല്‍ ഹറാമിന്റെ, പവിത്രമായ പള്ളിയുടെ وَحَيْثُ مَا كُنتُمْ നിങ്ങള്‍ എവിടെയായാലും, ആകുന്നിടത്ത് വെച്ച് فَوَلُّوا നിങ്ങള്‍ തിരിക്കുവിന്‍ وُجُوهَكُمْ നിങ്ങളുടെ മുഖങ്ങളെ شَطْرَهُ അതിന്റെ നേരെ وَإِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ أُوتُوا الْكِتَابَ അവര്‍ക്ക് ഗ്രന്ഥം നല്‍കപ്പെട്ടിരിക്കുന്നു لَيَعْلَمُونَ അവര്‍ അറിയുകതന്നെ ചെയ്യും أَنَّهُ അതാണെന്ന് الْحَقُّ യഥാര്‍ത്ഥം, ന്യായമായത് مِن رَّبِّهِمْ തങ്ങളുടെ റബ്ബില്‍ നിന്ന് وَمَا اللَّهُ അല്ലാഹു അല്ലതാനും بِغَافِلٍ അശ്രദ്ധനേ عَمَّا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
ബൈത്തുല്‍ മുക്വദ്ദസ് ക്വിബ്‌ലഃയായി സ്വീകരിച്ചുകൊണ്ടുള്ള താല്‍കാലിക നിയമം മാറ്റി തല്‍സ്ഥാനത്ത് കഅ്ബയെ സ്ഥിരം ക്വിബ്‌ലഃയാക്കി നിയമിച്ചുകൊണ്ടുള്ള കല്‍പനയാണിത്. ഇബ്‌റാഹീം നബി (عليه السلام)യുടെ ക്വിബ്‌ലഃ മുസ്‌ലിംകളുടെ ക്വിബ്‌ലഃയായി കിട്ടിയാല്‍ കൊള്ളാമെന്ന അതിയായ മോഹവും തങ്ങളുടെ മതം സ്വീകരിക്കാതെ തങ്ങളുടെ ക്വിബ്‌ലഃയെ അംഗീകരിച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് യഹൂദികളില്‍ നിന്നുള്ള സ്വൈരക്കേടും നിമിത്തം അല്ലാഹുവിങ്കല്‍ നിന്ന് വല്ല വഹ്‌യും പ്രതീക്ഷിച്ചുകൊണ്ട് നബിആവേശപൂര്‍വ്വം മേല്‍പോട്ട് നോക്കാറുണ്ടായിരുന്നു تَقَلُّبَ (തിരിഞ്ഞ് മറിഞ്ഞു കൊണ്ടിരിക്കുക) എന്ന പദം ഉപയോഗിച്ചതില്‍ നിന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പലപ്പോഴും അങ്ങിനെ ചെയ്തിരുന്നുവെന്നും ആഗ്രഹം മനസ്സില്‍ അടക്കിവെക്കുകയല്ലാതെ പുറത്ത് പറയാറുണ്ടായിരുന്നില്ലെന്നും മനസ്സിലാകുന്നു. അതൊക്കെ നാം കാണുന്നുണ്ട്. ആ ആഗ്രഹം നാം നിറവേറ്റിത്തരാം, താന്‍ ആശിക്കുന്ന ക്വിബ്‌ലഃ തന്നെ തനിക്ക് നിയമിച്ചുതരാം എന്നിങ്ങിനെയുള്ള സന്തോഷസൂചകമായ ഒരു മുഖവുരയോടു കൂടിയാണ് ഈ കല്‍പന അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിക്കുന്നത്.
ഹിജ്‌റഃ രണ്ടാം കൊല്ലത്തിലാണ് ഈ കലപന അവതരിച്ചത്. ഇതിനുശേഷം കഅ്ബയിലേക്ക് തിരിഞ്ഞുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആദ്യം നമസ്‌കരിച്ചത് അസ്വര്‍ നമസ്‌കാരമായിരുന്നുവെന്ന് ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ച ഹദീഥില്‍ വന്നിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്നാമതായി സ്ഥാപിച്ച ക്വുബായിലെ പള്ളി മദീനയില്‍ നിന്ന് രണ്ട് മൂന്ന് നാഴിക അകലെ സ്ഥിതി ചെയ്യുന്നതാകകൊണ്ട് അവിടെ വിവരം ലഭിച്ചത് സ്വുബ്ഹ് നമസ്‌കാരത്തിന്റെ ജമാഅത്ത് നടക്കുമ്പോഴായിരുന്നു. അതാണ് -മുമ്പ് പറഞ്ഞ പ്രകാരം- സ്വുബ്ഹ് നമസ്‌കാരത്തില്‍ അവര്‍ കഅ്ബയിലേക്ക് തിരിയുവാന്‍ കാരണം. നമസ്‌കാരം ക്വിബ്‌ലഃയുടെ നേരെ തിരിഞ്ഞുകൊണ്ടായിരിക്കല്‍ നിര്‍ബന്ധമാണല്ലോ. നമസ്‌കാരത്തില്‍ അല്ലാതെയും ക്വിബ്‌ലഃയുടെ നേരെ തിരിയുന്നത് നന്നായിരിക്കുന്ന ചില അവസരങ്ങളുണ്ട്. പ്രാര്‍ത്ഥന ചെയ്യുമ്പോഴും മരണപ്പെട്ടവരെ ക്വബറില്‍ കിടത്തുമ്പോഴും അതുവേണ്ടതാണെന്ന് ഹദീഥുകളില്‍ നിന്ന് മനസ്സിലാക്കാം.
എവിടെയായിരുന്നാലും അതിന്റെ നേര്‍ക്ക് മുഖം തിരിക്കണം (….وَحَيْثُ مَا كُنتُمْ فَوَلُّوا) എന്ന് പറഞ്ഞിരിക്കകൊണ്ട് അടുത്തുള്ളവരും, ദൂരത്തുള്ളവരും ഈ വിഷയത്തില്‍ വ്യത്യാസമില്ലെന്ന് വ്യക്തമാകുന്നു. എന്നാല്‍, യാത്രക്കാരെ സംബന്ധിച്ചിടത്തോളം സുന്നത്ത് നമസ്‌കാരങ്ങളില്‍ ഈ നിയമത്തില്‍ ഇളവുള്ളതായി ഹദീഥുകളില്‍ കാണാം. നമസ്‌കരിക്കുന്ന ആള്‍ നേരെ മുന്നോട്ട് പോയാല്‍, കഅ്ബയുടെ കെട്ടിടത്തില്‍ ചെന്നുമുട്ടുമാറ് സൂക്ഷ്മമായി തിരിയേണ്ടതുണ്ടോ? അതല്ല. ഏതാണ്ട് കഅ്ബയുടെ ഭാഗത്തേക്കാകത്തവണ്ണം ആയിരുന്നാല്‍ മതിയോ? പണ്ഡിതന്മാര്‍ക്കിടയില്‍ മുമ്പേ ഭിന്നാഭിപ്രായമുള്ള ഒരു വിഷയമാണിത്. കഴിവതും സൂക്ഷ്മമായിരിക്കുകയാണ് വേണ്ടതെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍, ചില പണ്ഡിതന്‍മാര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുപോലെ, ശാസ്ത്രീയ നിരീക്ഷണങ്ങളും ഉപകരണങ്ങളും വഴി കൃത്യത ബോധ്യപ്പെട്ടെങ്കിലേ ഓരോ നമസ്‌കാരങ്ങളും ശരിയാവുകയുള്ളൂ വെന്നില്ലതാനും. പക്ഷേ, സൂക്ഷ്മമായ വിവരമുള്ളവരും കഅ്ബഃയുടെ അടുത്ത സ്ഥലങ്ങളിലുള്ളവരും അതിലേക്ക് കൃത്യമായിത്തന്നെ തിരിയണമെന്നുള്ളതില്‍ സംശയവുമില്ല. അതുകൊണ്ടാണ് മസ്ജിദുല്‍ ഹറാമില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍, ജനങ്ങള്‍ ഇമാമിന്റെ പിന്നില്‍ ചൊവ്വെയുള്ള അണികളായി നില്‍ക്കാതെ, കഅ്ബയെയും ഇമാമിനെയും മദ്ധ്യത്തിലാക്കി വട്ടമിട്ടുള്ള അണികളായി നില്‍ക്കുന്നതും. അല്ലാത്തപക്ഷം, കുറച്ചാളുകളുടെ നമസ്‌കാരം മാത്രം കഅ്ബഃയുടെ നേരെയും, മറ്റുള്ളവരുടേത് അല്ലാതെയും ആയിരിക്കുമല്ലോ. കഅ്ബായുടെ ഉള്ളില്‍ വെച്ച് നമസ്‌കരിക്കുമ്പോള്‍ ഏത് ഭാഗത്തേക്കും തിരിയാവുന്നതുമാണ്.
ഈ കല്‍പന അല്ലാഹുവിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥമാണെന്ന് വേദക്കാര്‍ക്ക് തീര്‍ച്ചയായും അറിയാമെന്ന് അല്ലാഹു പറയുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെയും തിരുമേനിയില്‍ വിശ്വസിക്കുന്നവരുടെയും വിശേഷതകളെക്കുറിച്ച് അവരുടെവേദഗ്രന്ഥങ്ങളില്‍ നിന്നും പ്രവാചകരില്‍ നിന്നും അവര്‍ക്ക് ലഭിച്ചിട്ടുള്ള അറിവായിരിക്കാം ഇതുകൊണ്ടുദ്ദേശ്യം. കൂടാതെ അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി ഒന്നാമതായി സ്ഥാപിക്കപ്പെട്ട ആരാധനാലയവും (*) ഇബ്‌റാഹീം നബി (عليه السلام)യുടെ ക്വിബ്‌ലഃയും കഅ്ബഃയായിരുന്നുവെന്നും ഇബ്‌റാഹീം നബി (عليه السلام)യുടെ മാര്‍ഗമാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പിന്‍പറ്റേതെന്നും വേദക്കാര്‍ക്ക് അജ്ഞാതമല്ല. ഏതായാലും -അടുത്ത് 146-ാം വചനത്തില്‍ കാണുന്നതുപോലെ -അവര്‍ക്ക് അറിവുണ്ടായിട്ട് പിന്നെയും അത് മൂടിവെച്ച് കൊണ്ടാണവര്‍ ആരോപണങ്ങള്‍ക്കും കുഴപ്പത്തിനും മുതിരുന്നത്. അതവര്‍ക്ക് നന്നല്ലെന്നും, അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടിവരുമെന്നുമുളള താക്കീതാണ് അവസാനം അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ‘അല്ലാഹു അശ്രദ്ധനൊന്നുമല്ല’ എന്ന വാക്യം. അല്ലാഹു തുടര്‍ന്നു പറയുന്നു:
(*) ക്വുര്‍ആന്‍ അവതരിക്കുന്നതിന് മുമ്പ് ഏറെക്കുറെ 4000 കൊല്ലം മുമ്പാണ് കഅ്ബഃയുടെ സ്ഥാപനം. ഏതാണ്ട് 1000ലധികം കൊല്ലം മുമ്പ് മാത്രമാണ് ബൈത്തുല്‍ മുക്വദ്ദസ് സ്ഥാപിക്കപ്പെട്ടത്.
- وَلَئِنْ أَتَيْتَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ بِكُلِّ ءَايَةٍ مَّا تَبِعُوا۟ قِبْلَتَكَ ۚ وَمَآ أَنتَ بِتَابِعٍ قِبْلَتَهُمْ ۚ وَمَا بَعْضُهُم بِتَابِعٍ قِبْلَةَ بَعْضٍ ۚ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم مِّنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ ۙ إِنَّكَ إِذًا لَّمِنَ ٱلظَّٰلِمِينَ ﴾١٤٥﴿
- വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ അടുക്കല്‍ എല്ലാ (വിധ) ദൃഷ്ടാന്തവുമായി നീ ചെന്നുവെങ്കില്‍ തന്നെയും അവര്‍ നിന്റെ ക്വിബ്‌ലഃയെ പിന്തുടരുകയില്ല. നീ അവരുടെ ക്വിബ്‌ലഃയെ പിന്തുടരുന്നവനുമല്ല. അവരില്‍ ചിലര്‍ , ചിലരുടെ ക്വിബ്‌ലഃയെ പിന്‍തുടരുന്നവരുമല്ല. അറിവില്‍ നിന്നും നിനക്ക് വന്നുകിട്ടയതിനു ശേഷം, നീ (എങ്ങാനും) അവരുടെ ഇച്ഛകളെ പിന്‍പറ്റിയെങ്കില്‍, നിശ്ചയമായും അപ്പോള്‍ നീ അക്രമികളില്‍ പെട്ടവന്‍ തന്നെയായിരിക്കും.
- وَلَئِنْ എങ്കില്‍തന്നെയും أَتَيْتَ നീ ചെന്നു الَّذِينَ യാതൊരുവരുടെ അടുക്കല്‍ أُوتُوا الْكِتَابَ അവര്‍ക്ക് ഗ്രന്ഥം നല്‍കപ്പെട്ടു بِكُلِّ آيَةٍ എല്ലാ ദൃഷ്ടാന്തവുംകൊണ്ട് مَّا تَبِعُوا അവര്‍ പിന്‍തുടരുന്നതല്ല قِبْلَتَكَ നിന്റെ ക്വിബ്‌ലഃയെ وَمَا أَنتَ നീ അല്ലതാനും بِتَابِعٍ പിന്‍തുടരുന്നവന്‍ قِبْلَتَهُمْ അവരുടെ ക്വിബ്‌ലഃയെ وَمَا بَعْضُهُم അവരില്‍ ചിലരുമല്ല بِتَابِعٍ പിന്‍തുടരുന്നവര്‍ قِبْلَةَ بَعْضٍ ചിലരുടെ ക്വിബ്‌ലഃയെ وَلَئِنِ اتَّبَعْتَ നീ പിന്‍പറ്റിയെങ്കില്‍ أَهْوَاءَهُم അവരുടെ ഇച്ഛകളെ, തന്നിഷ്ടങ്ങളെ مِّن بَعْدِ ശേഷം, ശേഷമായി مَا جَاءَكَ നിനക്ക് വന്നതിന്റെ مِنَ الْعِلْمِ ജ്ഞാനത്തില്‍ നിന്ന് إِنَّكَ إِذًا നിശ്ചയമായും അപ്പോള്‍ നീ لَّمِنَ الظَّالِمِينَ അക്രമികളില്‍പെട്ട(വന്‍) തന്നെ
- ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمْ ۖ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ ﴾١٤٦﴿
- നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍, തങ്ങളുടെ മക്കളെ അറിയുന്നത്‌പോലെ അദ്ദേഹത്തെ അറിയുന്നതാണ്. നിശ്ചയമായും, അവരില്‍ നിന്ന് ഒരു വിഭാഗം അവര്‍ അറിഞ്ഞുംകൊണ്ട് (തന്നെ) യഥാര്‍ത്ഥം ഒളിച്ചു വെക്കുന്നു.
- الَّذِينَ യാതൊരുകൂട്ടര്‍ آتَيْنَاهُمُ അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു الْكِتَابَ (വേദ)ഗ്രന്ഥം يَعْرِفُونَهُ അദ്ദേഹത്തെ അവര്‍ അറിയും, അതിനെ (പരിചയപ്പെട്ട്) അറിയും كَمَا يَعْرِفُونَ അവര്‍ അറിയുന്നത് പോലെ أَبْنَاءَهُمْ അവരുടെ പുത്രന്‍മാരെ (മക്കളെ) وَإِنَّ فَرِيقًا നിശ്ചയമായും ഒരു വിഭാഗം مِّنْهُمْ അവരില്‍ നിന്നുള്ള لَيَكْتُمُونَ അവര്‍ ഒളിച്ചു(മറച്ചു, മൂടി)വെക്കുകതന്നെ ചെയ്യുന്നു الْحَقَّ യഥാര്‍ത്ഥം, സത്യം, ന്യായം وَهُمْ അവരാകട്ടെ يَعْلَمُونَ അറിയുന്നുതാനും
- ٱلْحَقُّ مِن رَّبِّكَ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ ﴾١٤٧﴿
- യഥാര്‍ത്ഥം നിന്റെ റബ്ബിങ്കല്‍നിന്നത്രെ (ലഭിക്കുന്നത്). അതിനാല്‍ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തില്‍ തീര്‍ച്ചയായും നീ ആയിത്തീരരുത്.
- الْحَقُّ യഥാര്‍ത്ഥം, സത്യം مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്നാകുന്നു فَلَا تَكُونَنَّ ആകയാല്‍ തീര്‍ച്ചയായും നീ ആയിത്തീരരുത് مِنَ الْمُمْتَرِينَ സന്ദേഹപ്പെടുന്നവരില്‍, സംശയാലുക്കളില്‍ (പെട്ടവന്‍)
സത്യവും യാഥാര്‍ത്ഥ്യവും മനസ്സിലാകാത്തതുകൊണ്ടാണ് വേദക്കാര്‍ ക്വിബ്‌ലഃയുടെ വിഷയം അനുകൂലിക്കാത്തതെങ്കില്‍ അവര്‍ക്ക് ദൃഷ്ടാന്തവും തെളിവും ബോധ്യപ്പെടുത്തി കാര്യം മനസ്സിലാക്കാമായിരുന്നു. പക്ഷേ, യഥാര്‍ത്ഥം ശരിക്കും അറിഞ്ഞുംകൊണ്ട് കല്‍പിച്ചുകൂട്ടി അത് മൂടിവെക്കുകയാണവര്‍ ചെയ്യുന്നത്. എന്നിരിക്കെ, അവര്‍ക്ക് തെളിവുകള്‍ കാട്ടിക്കൊടുത്തിട്ട് ഫലമില്ലല്ലോ. എന്നാല്‍ പിന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അവരുടെ ക്വിബ്‌ലഃയെത്തന്നെ പിന്‍പറ്റിക്കൊണ്ടിരിക്കുവാന്‍ കഴിയുമോ? ഇല്ല. യഹൂദികളുടെ ക്വിബ്‌ലഃ ബൈത്തുല്‍ മുക്വദ്ദസും ക്രിസ്ത്യാനികളുടെത് കിഴക്കുഭാഗവുമാണ്. പിന്‍പറ്റാമെന്ന് സങ്കല്‍പിച്ചാല്‍ തന്നെയും രണ്ടിലൊന്നല്ലാതെ സ്വീകരിക്കുക സാദ്ധ്യമല്ല. എനി വേദക്കാര്‍ തമ്മില്‍ യോജിച്ചു ഒരു കൂട്ടര്‍ മറ്റേ കൂട്ടരുടെ ക്വിബ്‌ലഃ സ്വീകരിക്കുവാന്‍ തയ്യാറാകുമോ? അതും ഉണ്ടാവാന്‍ പോകുന്നില്ല. ചുരുക്കത്തില്‍ ക്വിബ്‌ലഃയുടെ വിഷയത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും വേദക്കാരും തമ്മില്‍ ഒരു നിലക്കും യോജിക്കുന്ന പ്രശ്‌നമില്ല. അവര്‍ തമ്മിലും യോജിക്കുകയില്ല.
അവരുടെ ഇച്ഛകളെ നീ പിന്‍പറ്റിയാല്‍ നീ അക്രമികളില്‍ പെട്ടവനായിരി ക്കുമെന്നും നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തില്‍ ആയിത്തീരരുതെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചു പറഞ്ഞത്, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് വല്ല ചാഞ്ചല്യവും ഉണ്ടായേക്കുമെന്ന നിലക്കല്ല. വല്ല സന്ദര്‍ഭത്തിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ ഇഷ്ടത്തിനും മോഹത്തിനും വഴങ്ങിയേക്കാമെന്നോ, കുറച്ച് കാലം ബൈത്തുല്‍ മുക്വദ്ദസിനെ ക്വിബ്‌ലഃയായി അംഗീകരിച്ചതുപോലെ എനിയൊരിക്കല്‍ ഈ കല്‍പനയില്‍ വല്ല മാറ്റവും സംഭവിച്ചേക്കുമെന്നോ മറ്റോ അവര്‍ വ്യാമോഹം വെച്ച് കൊണ്ടിരിക്കേണ്ടതില്ലെന്ന് അവരെ തെര്യപ്പെടുത്തുകയാണ് അതുകൊണ്ടുദ്ദേശ്യം. സത്യവിശ്വാസികള്‍ക്ക് ഈ കല്‍പനയുടെ ഗൗരവം മനസ്സിലാക്കുവാനും അത് ഉതകുന്നു.
يَعْرِفُونَهُ എന്ന വാക്കിലെ (هُ എന്ന) സര്‍വ്വനാമത്തിന് ‘അദ്ദേഹത്തെ’ എന്നും ‘അതിനെ’ എന്നും അര്‍ത്ഥം വരാം. അതുകൊണ്ട് ആ വാക്യത്തിന് രണ്ട് പ്രകാരത്തില്‍ അര്‍ത്ഥം കല്‍പിക്കപ്പെടാറുണ്ട്
(1) അദ്ദേഹത്തെ -നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ – അവര്‍ അവരുടെ സ്വന്തം മക്കളെ അറിയുന്നതുപോലെ അറിയും എന്ന്. അതായത്, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിന്റെ പ്രവാചകനാണ്.അദ്ദേഹം കൊണ്ട് വരുന്നതെല്ലാം യഥാര്‍ത്ഥമാണ് എന്നൊക്കെ നിസ്സംശയം അവര്‍ക്കറിയാമെന്ന് താല്‍പര്യം. ഈ അര്‍ത്ഥമാണ് അധിക വ്യാഖ്യാതാക്കളും സ്വീകരിച്ചിരിക്കുന്നതും. പരിഭാഷയില്‍ നാം കൊടുത്തതും. സംശയലേശം കൂടാതെ അറിയാമെന്ന ഉദ്ദേശ്യത്തിലാണ് മക്കളെ അറിയും പോലെ അറിയാമെന്ന് പറയുന്നത്. ഈ പ്രയോഗം അറബിയിലെന്നപോലെ വേറെ ഭാഷകളിലും ഇല്ലാതില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ച് ഇതിന്റെ മുമ്പ് പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ആ സര്‍വ്വനാമം കൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിക്കുന്നതെങ്ങിനെയെന്ന് ചോദിക്കപ്പെടാം. സന്ദര്‍ഭം കൊണ്ട് മനസ്സിലാക്കാമെന്നും, മക്കളെ അറിയുന്നതുപോലെ എന്ന ഉപമയില്‍ നിന്ന് അതാണ് മനസ്സിലാകുന്നതെന്നുമാണ് ഇതിന് മറുപടി.
(2) അത് -ക്വിബ്‌ലഃയുടെ കാര്യം- അവര്‍ക്ക് തങ്ങളുടെ മക്കളെ അറിയാവുന്നത്‌പോലെ നന്നായി അറിയാം എന്ന്. അതായത് ഇബ്‌റാഹീം (عليه السلام) ന്റെ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയും ക്വിബ്‌ലഃയായിരിക്കേണ്ടതെന്നും അവര്‍ക്ക് ശരിക്കറിയാമെന്നാണ് സാരം. ഏതാണ്ട് ഇതുപോലെയുള്ള വേറെയും അഭിപ്രായങ്ങളുണ്ട്. എല്ലാം ഒരേ തത്വത്തില്‍ തന്നെ കലാശിക്കുന്നവയാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെക്കുറിച്ചായാലും, ക്വിബ്‌ലഃയെക്കുറിച്ചായാലും വേദക്കാരിലുള്ള പണ്ഡിതന്മാര്‍ക്കാണല്ലോ ആ അറിവുണ്ടാവുക. അവരില്‍ നിന്നുള്ള വല്ല കേട്ടുകേള്‍വിയും മാത്രമേ സാധാരണക്കാര്‍ക്കുണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട് അവരിലുള്ള പണ്ഡിതന്‍മാരെ സൂചിപ്പിച്ചുകൊണ്ടാണ് ‘അവരില്‍ നിന്നുള്ള ഒരു വിഭാഗക്കാര്‍ അറിഞ്ഞുംകൊണ്ട് യഥാര്‍ത്ഥം മറച്ചുവെക്കുകയാണ് ചെയ്യുന്നത്’ എന്ന് പറഞ്ഞത്.
വിഭാഗം - 18
- وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ أَيْنَ مَا تَكُونُوا۟ يَأْتِ بِكُمُ ٱللَّهُ جَمِيعًا ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١٤٨﴿
- എല്ലാവര്‍ക്കും [ഓരോ വിഭാഗത്തിനും] ഉണ്ട് ഒരു അഭിമുഖ സ്ഥാനം; അത് [ഓരോ വിഭാഗവും] അതിന് നേരെ (മുഖം) തിരിക്കുന്നതായിരിക്കും. അതിനാല്‍, നിങ്ങള്‍ ഉത്തമ(കാര്യ)ങ്ങളിലേക്ക് മുന്നോട്ട് വരുവിന്‍. നിങ്ങള്‍ എവിടെ (തന്നെ) ആയിരുന്നാലും അല്ലാഹു നിങ്ങളെ മുഴുവനും കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
- وَلِكُلٍّ എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും) ഉണ്ട് وِجْهَةٌ ഒരു അഭിമുഖ സ്ഥാനം, ലക്ഷ്യം هُوَ അവന്‍, അത് مُوَلِّيهَا അതിന് (അതിലേക്ക് ) തിരിക്കുന്നതായിരിക്കും فَاسْتَبِقُوا ആകയാല്‍ നിങ്ങള്‍ മുന്നേറുവിന്‍, മുന്‍കടക്കുവിന്‍, ശ്രമിക്കുവിന്‍, (വാശിയോടെ)മുമ്പോട്ട് പോകുക الْخَيْرَاتِ നല്ല കാര്യങ്ങള്‍ക്ക്, ഉത്തമങ്ങളിലേക്ക് أَيْنَ مَا എവിടെത്തന്നെ تَكُونُوا നിങ്ങള്‍ ആയിരുന്നാലും يَأْتِ بِكُمُ നിങ്ങളെ കൊണ്ടുവരും اللَّهُ അല്ലാഹു جَمِيعًا മുഴുവനും, എല്ലാം إِنَّ اللَّهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും കഴിവുളളവനാണ് قَدِيرٌ
ജൂതന്‍മാര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ എല്ലാ മതക്കാര്‍ക്കും വിഭാഗക്കാര്‍ക്കും അവരവരുടെ ആരാധനകളില്‍ മുഖം തിരിക്കുവാനുള്ള ഓരോ ലക്ഷ്യസ്ഥാനം -ക്വിബ്‌ലഃ- ഉണ്ടായിരിക്കും. ഓരോ വിഭാഗവും അവരുടെതായ ആ ലക്ഷ്യത്തിലേക്ക് തിരിയുന്നതാണ്. അത്‌കൊണ്ട് മറ്റുള്ളവരുടെ അനുകൂലമോ പ്രതികൂലമോ നോക്കാതെ, ക്വിബ്‌ലഃയുടെ കാര്യത്തിലും മറ്റുള്ള കാര്യങ്ങളിലുമെല്ലാം തന്നെ കൂടുതല്‍ ഉത്തമവും ഗുണപ്രദവുമായത് നേടിയെടുക്കുവാന്‍ വേനസി -പരസ്പരം വാശിയോടെന്നപോലെ- ധൃതിപൂര്‍വ്വം മുന്നേറുവാന്‍ ശ്രമിക്കുവിന്‍. ആര്‍, എവിടെ, എങ്ങിനെ ആയിരുന്നാലും ശരി, എല്ലാവരെയും അല്ലാഹു ക്വിയാമത്തുനാളില്‍ ഒരുമിച്ചുകൂട്ടി എല്ലാവരുടെയും മേലും തക്ക നടപടി എടുക്കാതിരിക്കയില്ല. അവന് കഴിയാത്ത ഒരു കാര്യവുമില്ല.
- وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۖ وَإِنَّهُۥ لَلْحَقُّ مِن رَّبِّكَ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ ﴾١٤٩﴿
- നീ പുറപ്പെട്ടുപോയേടത്ത് നിന്ന് (എല്ലാംതന്നെ) നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേരെ തിരിച്ചുകൊള്ളുക. നിശ്ചയമായും, അത് നിന്റെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല.
- وَمِنْ حَيْثُ ഇടത്തില്‍ നിന്ന്, ഇടത്തില്‍ വെച്ച് خَرَجْتَ നീ പുറത്ത് പോയി, പുറപ്പെട്ടു فَوَلِّ നീ തിരിക്കുക وَجْهَكَ നിന്റെ മുഖം شَطْرَ നേരെ, ഭാഗത്തിന് الْمَسْجِدِ الْحَرَامِ മസ്ജിദുല്‍ ഹറാമിന്റെ وَإِنَّهُ നിശ്ചയമായും അത് لَلْحَقُّ യഥാര്‍ത്ഥം (സത്യം) തന്നെ مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നുള്ള وَمَا اللَّهُ അല്ലാഹു അല്ലതാനും بِغَافِلٍ അശ്രദ്ധനേ عَمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
- وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ لِئَلَّا يَكُونَ لِلنَّاسِ عَلَيْكُمْ حُجَّةٌ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِى وَلِأُتِمَّ نِعْمَتِى عَلَيْكُمْ وَلَعَلَّكُمْ تَهْتَدُونَ ﴾١٥٠﴿
- നീ പുറപ്പെട്ടുപോയേടത്ത് നിന്ന് (എല്ലാംതന്നെ) നിന്റെ മുഖം 'മസ്ജിദുല്‍ ഹറാമി'ന്റെ നേരെ തിരിച്ചുകൊള്ളുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ മുഖങ്ങള്‍ നിങ്ങള്‍ അതിനുനേരെ തിരിക്കുവിന്‍; നിങ്ങള്‍ക്കെതിരില്‍ മനുഷ്യര്‍ക്ക് ഒരു ന്യായവും (കൊണ്ടുവരാന്‍) ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി; (അതെ) അവരില്‍ നിന്ന് അക്രമം ചെയ്തവര്‍ ഒഴികെ. എന്നാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ട, എന്നെ പേടിക്കുകയും ചെയ്തുകൊള്ളുവിന്‍. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരുവാനും, നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കുവാനും വേണ്ടിയത്രെ (അത്).
- وَمِنْ حَيْثُ خَرَجْتَ നീ പുറപ്പെട്ടുപോയേടത്തു നിന്ന് فَوَلِّ وَجْهَكَ നിന്റെ മുഖത്തെ നീ തിരിക്കുക شَطْرَ الْمَسْجِدِ മസ്ജിദിന്റെ (പള്ളിയുടെ) നേരെ الْحَرَامِ പവിത്രമായ وَحَيْثُ مَا كُنتُمْ നിങ്ങള്‍ എവിടെയായാലും, നിങ്ങള്‍ ആകുന്നിടത്ത് വെച്ച് فَوَلُّوا നിങ്ങള്‍ തിരിക്കുവിന്‍ وُجُوهَكُمْ നിങ്ങളുടെ മുഖങ്ങളെ شَطْرَهُ അതിന്റെ നേരെ, ഭാഗത്തേക്ക് لِئَلَّا يَكُونَ ഉണ്ടാവാതിരിക്കുവാന്‍ വേണ്ടി لِلنَّاسِ മനുഷ്യര്‍ക്ക് عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരില്‍ حُجَّةٌ ഒരു ന്യായം, തെളിവ് إِلَّا الَّذِينَ യാതൊരു കൂട്ടര്‍ക്ക് ഒഴികെ ظَلَمُوا അക്രമം ചെയ്ത, അവര്‍ അനീതി പ്രവര്‍ത്തിച്ചു مِنْهُمْ അവരില്‍ നിന്ന് فَلَا تَخْشَوْهُمْ അതിനാല്‍ (എന്നാല്‍) നിങ്ങള്‍ അവരെ പേടിക്കണ്ടാ وَاخْشَوْنِي എന്നെ പേടിക്കുകയും ചെയ്യുവിന്‍ وَلِأُتِمَّ ഞാന്‍ പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും نِعْمَتِي എന്റെ അനുഗ്രഹം عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍ وَلَعَلَّكُمْ നിങ്ങളായേക്കുവാനും تَهْتَدُونَ നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുക
ക്വിബ്‌ലഃയുടെ വിഷയം എത്രഗൗരവത്തോടുകൂടിയാണ് അല്ലാഹു കണക്കിലെടുത്തിരിക്കുന്നതെന്ന് ഈ വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ വാക്യങ്ങളും, അവക്കിടയിലൂടെ ചൂണ്ടിക്കാട്ടിയിട്ടുള്ള തത്വങ്ങളും മനസ്സിരുത്തി ചിന്തിച്ചു നോക്കുക. മത ചിഹ്നങ്ങളില്‍ ക്വിബ്‌ലഃക്കുള്ള സ്ഥാനവും, ക്വിബ്‌ലഃ മാറ്റത്തെത്തുടര്‍ന്ന് ശത്രുചേരികളില്‍ നിന്ന് പ്രകടമായ എതിര്‍പ്പിന്റെ രൂക്ഷതയും അതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. ആദ്യം 144-ാം വചനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗ്രഹം നിറവേറ്റിത്തരാമെന്ന് അറിയിച്ചുകൊണ്ട് മസ്ജിദുല്‍ ഹറാമിന്റെ നേരെ തിരിഞ്ഞുകൊള്ളുവാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിച്ചു. പിന്നീട് അതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും വിവരിച്ച ശേഷം, ഈ വചനങ്ങളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെഅഭിമുഖീകരിച്ചുകൊണ്ട് രണ്ട് പ്രാവശ്യം വീണ്ടും ആ കല്‍പന ആവര്‍ത്തിച്ചിരിക്കുന്നു. അതോടൊപ്പം സത്യവിശ്വാസികളെയും കൂടി അഭിമുഖീകരിച്ചുകൊണ്ട് നാലാമതും അത് ആവര്‍ത്തിക്കുന്നു.
പ്രസ്താവിക്കപ്പെടുന്ന വിഷയത്തിന്റെ പ്രാധാന്യം ശ്രോതാക്കളെ ഓര്‍മിപ്പിക്കുവാന്‍ വേണ്ടി വാക്കുകളെയോ വാക്യങ്ങളെയോ ആവര്‍ത്തിക്കുക ഭാഷകളില്‍ പൊതുവെ അംഗീകരിക്കപ്പെടാറുള്ള ഒരു പതിവാകുന്നു. അറബി ഭാഷയില്‍ പ്രത്യേകിച്ചും ഈ പതിവ് കാണാം. ഇത്രയും ശക്തമായ രൂപത്തില്‍ ഈ വിഷയം ആവര്‍ത്തിച്ചുറപ്പിക്കുവാനുള്ള പല കാരണങ്ങളും ഈ വചനങ്ങളില്‍ അല്ലാഹു എടുത്തു കാണിച്ചിരിക്കുന്നു. എല്ലാ മതക്കാര്‍ക്കും ഓരോ ക്വിബ്‌ലഃയുണ്ട്. അതുപോലെ മുസ്‌ലിംകള്‍ക്കും ഒരു ക്വിബ്‌ലഃ വേണ്ടതുണ്ട്. അത് എല്ലാറ്റിലും കൂടുതല്‍ ഉത്തമവും ഗുണകരവുമായിരിക്കണം എന്നൊക്കെ 148-ാം വചനത്തില്‍ സൂചിപ്പിച്ചു. ഇത് അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന വേണ്ടെപ്പട്ടതായ ഒരു യഥാര്‍ത്ഥമാണെന്ന് 149 ലും ചൂണ്ടിക്കാട്ടി. എതിര്‍കക്ഷികള്‍ മുസ്‌ലിംകള്‍ക്കെതിരെ ന്യായവാദമൊന്നും കൊണ്ടുവരാതിരിക്കുവാനും, അല്ലാഹുവിന്റെ അനുഗ്രഹം അവര്‍ക്ക് പൂര്‍ത്തിയാക്കിക്കൊടുക്കുവാനും, അവര്‍ സന്‍മാര്‍ഗം പ്രാപിക്കുവാനും, വേണ്ടിയാണിതെന്ന് 150 ലും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്‍പം മനസ്സിരുത്തി പരിശോധിക്കുന്നപക്ഷം വേറെയും പല സൂചനകളും ഈ വചനങ്ങളില്‍ കണ്ടെ ത്തുവാന്‍ കഴിയും. ഈ വിഷയം ഇത്രയും ഗൗരവമര്‍ഹിക്കുവാന്‍ അന്നത്തെ ചുറ്റുപാടില്‍ വേറെയും കാരണമുണ്ടായിരുന്നു. മതപരമായ അനുഷ്ഠാന നിയമങ്ങളില്‍ ഏര്‍പ്പെട്ട ഒന്നാമത്തെ ‘നസ്ഖ്’ (നിലവിലുള്ള ഒരു വിധി മാറ്റി തല്‍സ്ഥാനത്ത് വേറൊരു വിധി നടപ്പാക്കല്‍) ആയിരുന്നു ഈ ക്വിബ്‌ലഃമാറ്റം. നസ്ഖിന്റെ പേരില്‍ ഇസ്‌ലാമിന്റെ ശത്രുക്കളില്‍ നിന്നുണ്ടായ രൂക്ഷമായ എതിര്‍പ്പുകളും, ശുദ്ധഗതിക്കാരായ ചില മുസ്‌ലിംകളില്‍ അത് വരുത്തിയ ആശയക്കുഴപ്പങ്ങളും സംബന്ധിച്ച് 106-ാം വചനത്തിലും അതിന്റെ വ്യാഖ്യാനത്തിലും നാം കണ്ടുവല്ലോ.
പുറത്ത്‌പോയേടത്തു നിന്നെല്ലാം മസ്ജിദുല്‍ ഹറാമിന്റെ നേരെ തിരിയണം (وَمِنْ حَيْثُ خَرَجْتَ) എന്നു പറഞ്ഞതിന്റെ സാരം എവിടെ യാത്ര പോയാലും അവിടെ നിന്നെല്ലാം നമസ്‌കാരത്തില്‍ കഅ്ബഃയിലേക്ക് തിരിയണമെന്നും നിങ്ങള്‍ ആയിരിക്കുന്നേടത്തു നിന്നൊക്കെ തിരിയണം (وَحَيْثُ مَا كُنتُمْ) എന്നു പറഞ്ഞതിന്റെ സാരം, നിങ്ങള്‍ കഅ്ബഃയുടെ അടുത്തോ ദൂരെയോ ആയാലും, കഅ്ബ കാണാവുന്നിടത്തോ കാണാത്തിടത്തോ ആയാലും അങ്ങിനെ ചെയ്യണമെന്നുമാകുന്നു. ബൈത്തുല്‍ മുക്വദ്ദസിനെ സ്ഥിരം ക്വിബ്‌ലഃയായി നിയമിക്കുന്ന പക്ഷം ഇവര്‍ എന്ത്‌കൊണ്ടാണ് ഞങ്ങളുടെ ക്വിബ്‌ലഃയെ അനുകരിക്കുന്നതെന്നും ഇവര്‍ കഅ്ബഃയെ ക്വിബ്‌ലഃയാക്കേണ്ടവരല്ലേ എന്നുമൊക്കെ വേദക്കാര്‍ പറയുവാന്‍ ഇടവരും. മുഹമ്മദിന്റെ മാര്‍ഗം ഇബ്‌റാഹീം (عليه السلام)ന്റെ മാര്‍ഗമാണെന്ന് വാദിക്കുകയും അതോടുകൂടി ഇബ്‌റാഹീം (عليه السلام)ന്റെ ക്വിബ്‌ലഃ അവന്‍ ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്നും മറ്റും മുശ്‌രിക്കുകളും പറഞ്ഞേക്കും. ഇതൊക്കെ സൂചിപ്പിച്ചാണ് നിങ്ങള്‍ക്കെതിരെ മനുഷ്യര്‍ക്ക് ഒരു ന്യായം ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി (لِئَلَّا يَكُونَ لِلنَّاسِ) എന്നു പറഞ്ഞിരിക്കുന്നത്. എന്നാല്‍, ദുര്‍വാശിക്കാരും ദുരുദ്ദേശപൂര്‍വ്വം നിഷേധത്തിനൊരുങ്ങിയവരുമായ ആളുകളെ സംബന്ധിച്ചിടത്തോളം സത്യത്തിനും ന്യായത്തിനും സ്ഥാനമില്ല. ക്വിബ്‌ലഃ മാറ്റിയാലും ഇല്ലെങ്കിലും, കഅ്ബഃയായാലും അല്ലെങ്കിലും അവര്‍-ഒന്നല്ലെങ്കില്‍ മറ്റൊന്നായി -ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുക സ്വാഭാവികമാണ്. ഇത്തരക്കാരെപ്പറ്റിയാണ് അവരില്‍ നിന്നുള്ള അക്രമികളൊഴികെ (…..إِلَّا الَّذِينَ ظَلَمُوا ) എന്നു പറഞ്ഞത്.
ഇങ്ങിനെയുള്ള ആക്ഷേപങ്ങളും ആരോപണങ്ങളുമൊന്നും ചെവിക്കൊള്ളേണ്ടതില്ല; അവഗണിച്ചു തള്ളുകയേ വേണ്ടൂ. അവര്‍ മൂലം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല; അവരെയൊന്നും ഭയപ്പെടേണ്ട; അല്ലാഹുവിനെ മാത്രമാണ് ഭയപ്പെടേണ്ടത്. നിങ്ങളുടെ മത നിയമങ്ങള്‍ വ്യവസ്ഥപ്പെടുത്തി നിയമിച്ചു തരുന്നത് നിങ്ങള്‍ക്ക് അവന്‍ കനിഞ്ഞേകുന്ന അനുഗ്രഹമാണ്; അത് മുഖേന നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിച്ചു വിജയം നേടാവുന്നതാണ് എന്നൊക്കെ സത്യവിശ്വാസികളെ ഉണര്‍ത്തിക്കൊണ്ട് അല്ലാഹു തുടരുന്നു.
- كَمَآ أَرْسَلْنَا فِيكُمْ رَسُولًا مِّنكُمْ يَتْلُوا۟ عَلَيْكُمْ ءَايَٰتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَيُعَلِّمُكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ ﴾١٥١﴿
- (അതെ) നിങ്ങളില്‍, നിങ്ങളില്‍ നിന്നുള്ള ഒരു റസൂലിനെ നാം അയച്ചതുപോലെ അദ്ദേഹം നിങ്ങള്‍ക്ക് നമ്മുടെ ആയത്ത് [ലക്ഷ്യം]കള്‍ ഓതിത്തരുകയും, നിങ്ങളെ സംസ്‌കരിക്കുകയും നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് അറിയുമായിരുന്നില്ലാത്തത് അദ്ദേഹം നിങ്ങള്‍ക്ക് പഠിപ്പിച്ചു തരുകയും ചെയ്യുന്നു. [അങ്ങിനെയുളള ഒരു റസൂലിനെ]
- كَمَا أَرْسَلْنَا നാം അയച്ചതുപോലെ فِيكُمْ നിങ്ങളില്‍ رَسُولًا ഒരു റസൂലിനെ, ദൂതനെ مِّنكُمْ നിങ്ങളില്‍ നിന്ന് يَتْلُو عَلَيْكُمْ അദ്ദേഹം നിങ്ങള്‍ക്ക് ഓതിത്തരുന്നു آيَاتِنَا നമ്മുടെ ആയത്ത് (വചനം -ദൃഷ്ടാന്തം- ലക്ഷ്യം)കളെ وَيُزَكِّيكُمْ നിങ്ങളെ സംസ്‌കരിക്കുകയും ചെയ്യും وَيُعَلِّمُكُمُ നിങ്ങള്‍ക്ക് പഠിപ്പിക്കുകയും الْكِتَابَ (വേദ)ഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും, തത്വജ്ഞാനവും وَيُعَلِّمُكُم നിങ്ങള്‍ക്ക് പഠിപ്പിക്കുകയും (ചെയ്യും) مَّا لَمْ تَكُونُوا നിങ്ങള്‍ ആയിരുന്നില്ലാത്തത് تَعْلَمُونَ നിങ്ങള്‍ അറിയും
- فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ ﴾١٥٢﴿
- ആകയാല്‍, നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍, (എന്നാല്‍) ഞാന്‍ നിങ്ങളെ(യും) സ്മരിക്കുന്നതാണ്. എനിക്ക് നന്ദി കാണിക്കുകയും ചെയ്യുവിന്‍, എന്നോട് നന്ദികേട് കാണിക്കുകയും അരുത്.
- فَاذْكُرُونِي ആകയാല്‍ നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍ أَذْكُرْكُمْ ഞാന്‍ നിങ്ങളെ ഓര്‍മിക്കാം وَاشْكُرُوا നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുവിന്‍ لِي എനിക്ക്, എന്നോട് وَلَا تَكْفُرُونِ എന്നോട് നിങ്ങള്‍ നന്ദികേട് (കൃതഘ്‌നത)കാണിക്കുകയും ചെയ്യരുത്
കഅ്ബഃയെ ക്വിബ്‌ലഃയാക്കിയതിലടങ്ങിയ തത്വങ്ങളെക്കുറിച്ച് പ്രസ്താവിച്ച കൂട്ടത്തില്‍ നിങ്ങള്‍ക്ക് എന്റെ അനുഗ്രഹം പൂര്‍ത്തിയാക്കിത്തരുവാനും, നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാനും വേണ്ടിയാണ് അതെന്ന് കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. അതുമാത്രമല്ല, വേറെയും ഒരു വമ്പിച്ച അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുണ്ട്. ആ അനുഗ്രഹത്തിന്റെ ഒരു വശം മാത്രമാണിത്. നിങ്ങള്‍ക്ക് സന്‍മാര്‍ഗം കാണിച്ചു തരുവാനായി ഒരു റസൂലിനെ ഞാന്‍ നിങ്ങള്‍ക്ക് അയച്ചു തന്നിട്ടുണ്ട്. അതാണ് ഇതിനെക്കാള്‍ വലിയ അനുഗ്രഹം എന്നൊക്കെ ഈ വചനത്തില്‍ അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുന്നു. തുടര്‍ന്നുകൊണ്ട് റസൂലിന്റെ സ്ഥിതിഗതികളും കൃത്യങ്ങളും ഇന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നു. അതിന് ശേഷം ഇത്രയും വമ്പിച്ച അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് ചെയ്തുതന്നിരിക്കകൊണ്ട് നിങ്ങള്‍ എപ്പോഴും എന്നെക്കുറിച്ച് സ്മരണയുള്ളവരായിരിക്കണമെന്നും ഒരിക്കലും എന്നോട് നന്ദികേട് കാണിക്കരുതെന്നും അതിന്റെ ഫലം നിങ്ങള്‍ക്ക് തന്നെയാണെന്നും ഓര്‍മിപ്പിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചുമതലകളായി പ്രസ്താവിച്ച കാര്യങ്ങളെ – അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിത്തരുക, സംസ്‌ക്കരിക്കുക, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുക എന്നിവയെ-പ്പറ്റി ഇബ്‌റാഹീം (عليه السلام)ന്റെ പ്രാര്‍ത്ഥനയുടെ വിവരണത്തില്‍ (129-ാം വചനത്തില്‍ വെച്ച് ) മുമ്പ് വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ അതാവര്‍ത്തിക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ ഉത്തരമെന്ന നിലക്കാണ് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിയോഗിക്കപ്പെട്ടതെന്നും അവിടെ നാം കണ്ടുവല്ലോ. നിങ്ങള്‍ക്ക് അറിയുമായിരുന്നില്ലാത്തതും അദ്ദേഹം നിങ്ങള്‍ക്ക് പഠിപ്പിക്കും (وَيُعَلِّمُكُم مَّا لَمْ تَكُونُوا تَعْلَمُونَ) എന്ന് പറഞ്ഞത്‌കൊണ്ടുദ്ദേശ്യം, വഹ്‌യ് മൂലവും പ്രവാചകന്‍ മുഖേനയുമല്ലാതെ – ബുദ്ധികൊണ്ടോ മറ്റോ – അറിയുവാന്‍ കഴിയാത്ത കാര്യങ്ങള്‍ പലതും അദ്ദേഹം മുഖേന നിങ്ങള്‍ക്ക് അറിയുവാന്‍ കഴിയുന്നു എന്നത്രെ. ഇമാം അഹ്മദ് (رحمه الله) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു : അല്ലാഹു പറയുന്നു: ‘ആദമിന്റെ മകനേ, എന്നെക്കുറിച്ച് നീ നിന്റെ സ്വന്തത്തില്‍ (മനസ്സില്‍) ഓര്‍മിക്കുന്നതായാല്‍, ഞാന്‍ എന്റെ സ്വന്തത്തില്‍ നിന്നെയും ഓര്‍മിക്കും. എന്നെക്കുറിച്ച് നീ ഒരു സംഘത്തില്‍ വെച്ച് ഓര്‍മിക്കുന്നതായാല്‍ (പ്രസ്താവിച്ചാല്‍)അതിനെക്കാള്‍ ഉത്തമമായ സംഘത്തില്‍ (മലക്കുകളുടെ സംഘത്തില്‍) വെച്ച് ഞാനും നിന്നെ ഓര്‍മിക്കും. നീ എന്നോട് ഒരു ചാണ്‍ അടുക്കുന്ന പക്ഷം, ഞാന്‍ നിന്നോട് ഒരു മുഴം അടുക്കും. നീ എന്നോട് ഒരു മുഴം അടുക്കുന്നതായാല്‍ ഞാന്‍ നിന്നോട് ഒരു മാര്‍ അടുക്കുന്നതാണ്. നീ എന്റെ അടുക്കലേക്ക് (പതുക്കെ) നടന്നുവരുന്നതായാല്‍ ഞാന്‍ നിന്റെ അടുക്കലേക്ക് (വേഗം) ഓടി വരുന്നതാണ്.’ ഈ അര്‍ത്ഥത്തിലുള്ള വേറെ ഹദീഥ് ബുഖാരിയിലും മുസ്‌ലിമിലും കാണാം.