വിഭാഗം - 7

2:60
  • ۞ وَإِذِ ٱسْتَسْقَىٰ مُوسَىٰ لِقَوْمِهِۦ فَقُلْنَا ٱضْرِب بِّعَصَاكَ ٱلْحَجَرَ ۖ فَٱنفَجَرَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۖ كُلُوا۟ وَٱشْرَبُوا۟ مِن رِّزْقِ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ﴾٦٠﴿
  • മൂസാ തന്റെ ജനതക്ക്‌ വേണ്ടി (കുടിക്കുവാന്‍) വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അപ്പോള്‍, നാം പറഞ്ഞു; നിന്റെ വടികൊണ്ട് (ആ) പാറക്കല്ലിന് അടിക്കുക. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് നീരുറവുകള്‍ പൊട്ടി ഒഴുകി. എല്ലാ മനുഷ്യരും അ(വര)വര്‍ കുടിക്കേണ്ടുന്ന സ്ഥാനം അറിയുകയുണ്ടായി. അല്ലാഹുവിന്റെ (വക) ആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പം പ്രവര്‍ത്തിക്കുകയും അരുത്. (എന്നും പറയപ്പെട്ടു)
  • وَإِذِ اسْتَسْقَىٰ കുടിക്കുവാന്‍ (വെള്ളത്തിന്) അപേക്ഷിച്ചപ്പോള്‍ مُوسَىٰ മൂസാ لِقَوْمِهِ തന്റെ ജനതക്ക്‌ വേണ്ടി فَقُلْنَا അപ്പോള്‍ നാം പറഞ്ഞു اضْرِب നീ അടിക്കുക بِّعَصَاكَ നിന്റെ വടികൊണ്ട് الْحَجَرَ പാറക്കല്ലിന്, പാറയെ فَانفَجَرَتْ അപ്പോള്‍ പൊട്ടി ഒഴുകി مِنْهُ അതില്‍ നിന്ന് اثْنَتَا عَشْرَةَ പന്ത്രണ്ട് عَيْنًا ഉറവ്, അരുവി قَدْ عَلِمَ അറിയുകയുണ്ടായി كُلُّ أُنَاسٍ എല്ലാ മനുഷ്യരും مَّشْرَبَهُمْ അവര്‍ കുടിക്കേണ്ടുന്ന സ്ഥാനം كُلُوا നിങ്ങള്‍ തിന്നുവിന്‍ وَاشْرَبُوا നിങ്ങള്‍ കുടിക്കുകയും ചെയ്‌വിന്‍ مِن رِّزْقِ ആഹാരത്തില്‍ നിന്ന് اللَّهِ അല്ലാഹുവിന്റെ وَلَا تَعْثَوْا നിങ്ങള്‍ കുഴപ്പം ചെയ്യരുത് فِي الْأَرْضِ ഭൂമിയില്‍ مُفْسِدِينَ നാശമുണ്ടാക്കുന്നവരായി

മരുഭൂവാസകാലത്ത് ഭക്ഷണത്തിനുവേണ്ടി മന്നയും സല്‍വായും ഇറക്കിക്കൊടുത്ത പോലെ, വെള്ളത്തിന്റെ ആവശ്യത്തിനായി അല്ലാഹു അവര്‍ക്ക് ചെയ്ത് കൊടുത്ത മഹത്തായ ഒരു അനുഗ്രഹവും, അതോടൊപ്പം തന്നെ വമ്പിച്ച ഒരല്‍ഭുത ദൃഷ്ടാന്തവുമാണിത്. അവര്‍ക്ക് വെള്ളത്തിന് വിഷമം നേരിട്ടപ്പോള്‍ മൂസാ (عليه السلام) പ്രാര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ വടികൊണ്ട് ഒരു പാറക്കല്ലിന് അടിക്കുവാന്‍ അല്ലാഹു കല്‍പിച്ചു. ഉടനെ, അതില്‍ നിന്ന് പന്ത്രണ്ട് നീരുറവകള്‍ പൊട്ടി ഒഴുകി. ഇസ്‌റാഈല്യര്‍ പന്ത്രണ്ട് ഗോത്രങ്ങളായിരുന്നുവല്ലോ. തമ്മില്‍ തിരക്കും വഴക്കും കൂടാതിരിക്കുവാന്‍ അല്ലാഹു ഓരോ ഗോത്രത്തിനും ഓരോ ഉറവ് പ്രത്യേകം ഒഴുക്കിക്കൊടുത്തു. ഓരോ ഗോത്രത്തിന്റെതും ഇന്നതാണെന്ന് പ്രത്യേകം നിര്‍ണയിക്കപ്പെടുകയും ചെയ്തു.

ചെങ്കടലിന്റെ കിഴക്ക് ഭാഗത്ത് സൂയസ് (سويس) പട്ടണത്തില്‍ നിന്ന് അല്‍പം ദൂരെയായിരുന്നു അത്. പന്ത്രണ്ട് ഉറവുചാലുകള്‍ ഇന്നു വ്യക്തമായി കാണപ്പെടുന്നില്ലെങ്കിലും അവയില്‍ ചിലത് ഇന്നും ഒഴുകി ഒലിച്ചുകൊണ്ടിരിക്കുന്നു عُيوُن مُو سى (മൂസായുടെ നീരുറവുകള്‍) എന്ന പേരിലാണ് ഇന്നും അത് അറിയപ്പെടുന്നത്. ഈ ജലം ഉപയോഗപ്പെടുത്തികൊണ്ട് അവിടെ അല്‍പമൊക്കെ ഈത്തപ്പന കൃഷിയും നിലവിലുണ്ട്. ദേശസഞ്ചാരികള്‍ ആ സ്ഥലം പോയി സന്ദര്‍ശിക്കുക പതിവാകുന്നു. മൂസാ (عليه السلام) തന്റെ വടിയിലൂടെ അദ്ദേഹത്തിന്റെ കൈക്ക് അല്ലാഹു വെളിപ്പെടുത്തിയ അമാനുഷിക ദൃഷ്ടാന്തങ്ങളില്‍ ഒന്നുതന്നെയാണിതും. ഫിര്‍ഔന്റെ മുമ്പില്‍ മഹാസര്‍പ്പമായി മാറിയ വടിയും സമുദ്രത്തിലടിച്ചപ്പോള്‍ അതിലെ വെള്ളം പിളര്‍ന്ന വടിയും അത് തന്നെ. അല്ലാഹുവിന്റെ സൃഷ്ടികളില്‍ അവന്‍ ഉദ്ദേശിക്കുന്നതെല്ലാം സംഭവിക്കും. അതില്‍ ശാസ്ത്രത്തിന്റെ നിയമങ്ങള്‍ക്കോ, യുക്തിയുടെ അനുമാനത്തിനോ ഒന്നും പറയാനാവില്ല.

2:61
  • وَإِذْ قُلْتُمْ يَٰمُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍ وَٰحِدٍ فَٱدْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنۢبِتُ ٱلْأَرْضُ مِنۢ بَقْلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ قَالَ أَتَسْتَبْدِلُونَ ٱلَّذِى هُوَ أَدْنَىٰ بِٱلَّذِى هُوَ خَيْرٌ ۚ ٱهْبِطُوا۟ مِصْرًا فَإِنَّ لَكُم مَّا سَأَلْتُمْ ۗ وَضُرِبَتْ عَلَيْهِمُ ٱلذِّلَّةُ وَٱلْمَسْكَنَةُ وَبَآءُو بِغَضَبٍ مِّنَ ٱللَّهِ ۗ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّۦنَ بِغَيْرِ ٱلْحَقِّ ۗ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ ﴾٦١﴿
  • (ഇസ്‌റാഈല്‍ സന്തതികളേ,) നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): മൂസാ, ഒരേ (തരം) ഭക്ഷണത്തിലായിക്കൊണ്ട് ഞങ്ങള്‍ സഹിക്കുകയില്ലതന്നെ. അതിനാല്‍, താങ്കള്‍ താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം : ഭൂമിയിലെ ചീര, വെള്ളരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായി അത് മുളപ്പിച്ചുണ്ടാക്കുന്നവയില്‍ നിന്ന് അവന്‍ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു : കൂടുതല്‍ ഉത്തമമായുള്ളതിന് പകരം നിങ്ങള്‍ താണതായുള്ളതിനെ ആവശ്യപ്പെടുകയാണോ? (എന്നാല്‍) നിങ്ങള്‍ ഒരു പട്ടണത്തില്‍ ഇറങ്ങിക്കൊള്ളുക. അപ്പോള്‍, നിങ്ങള്‍ ചോദിച്ചത് നിങ്ങള്‍ക്ക് (അവിടെ) ഉണ്ടായിരിക്കും. നിന്ദ്യതയും നിര്‍ഗതിയും (അഥവാ പതിതത്വവും) അവരുടെ മേല്‍ അടിക്കപ്പെടുക [അവരെ മൂടിക്കളയുക]യും ചെയ്തു. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തു. [അവസാനം നേടിയത് അതാണ്.] അത് അല്ലാഹുവിന്റെ ആയത്ത് [ദൃഷ്ടാന്തം]കളില്‍ അവര്‍ അവിശ്വസിക്കുകയും, ന്യായമില്ലാതെ നബിമാരെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നത് നിമിത്തമാകുന്നു. (അതെ), അത് അവര്‍ അനുസരണക്കേട് ചെയ്തതും, അവര്‍ അതിക്രമം പ്രവര്‍ത്തിച്ചിരുന്നതും നിമിത്തമാകുന്നു.
  • وَإِذْ قُلْتُمْ നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം يَا مُوسَىٰ മൂസാ لَن نَّصْبِرَ ഞങ്ങള്‍ സഹിക്കുകയില്ല തന്നെ عَلَىٰ طَعَامٍ ഭക്ഷണത്തിന്‍ മേല്‍ وَاحِدٍ ഒരേ فَادْعُ അതിനാല്‍ താങ്കള്‍ (നീ) പ്രാര്‍ത്ഥിക്കുക لَنَا ഞങ്ങള്‍ക്ക് വേണ്ടി رَبَّكَ താങ്കളുടെ റബ്ബിനോട് يُخْرِجْ لَنَا അവന്‍ ഞങ്ങള്‍ക്ക് പുറപ്പെടുവിച്ച് (ഉല്‍പാദിപ്പിച്ച്) തരട്ടെ مِمَّا تُنبِتُ മുളപ്പിക്കുന്നതില്‍ നിന്ന് الْأَرْضُ ഭൂമി مِن بَقْلِهَا അതിലെ ചീരയില്‍ നിന്നും, ഇലക്കറിയായും وَقِثَّائِهَا അതിലെ വെള്ളരിയും, വെള്ളരി (കക്കിരി)യായും وَفُومِهَا അതിലെ ഗോതമ്പും وَعَدَسِهَا അതിലെ പയറും وَبَصَلِهَا അതിലെ ഉള്ളിയും قَالَ അദ്ദേഹം പറഞ്ഞു أَتَسْتَبْدِلُونَ നിങ്ങള്‍ പകരം ആവശ്യപ്പെടുകയോ? الَّذِي യാതൊന്നിനെ الَّذِي هُوَ أَدْنَىٰ അത് കൂടുതല്‍ താണതാണ് بِالَّذِي യാതൊന്നിന് (പകരം) هُوَ خَيْرٌ അത് ഉന്നതമാണ്, കൂടുതല്‍ നല്ലതാണ് اهْبِطُوا നിങ്ങള്‍ ഇറങ്ങുവിന്‍ (ചെല്ലുവിന്‍) مِصْرًا ഒരു പട്ടണത്തില്‍, വല്ല നഗരത്തിലും فَإِنَّ لَكُم എന്നാല്‍ നിശ്ചയമായും നിങ്ങള്‍ക്കുണ്ടായിരിക്കും مَّا سَأَلْتُمْ നിങ്ങള്‍ ചോദിച്ചത് وَضُرِبَتْ അടിക്കപ്പെടുകയും ചെയ്തു عَلَيْهِمُ അവരുടെ മേല്‍, അവരില്‍ الذِّلَّةُ നിന്ദ്യത, എളിമ وَالْمَسْكَنَةُ നിര്‍ഗതിയും, പതിതത്വവും وَبَاءُوا അവര്‍ മടങ്ങുകയും ചെയ്തു بِغَضَبٍ കോപം കൊണ്ട് مِّنَ اللَّهِ അല്ലാഹുവിങ്കല്‍ നിന്നുള്ള ذَٰلِكَ അത് بِأَنَّهُمْ كَانُوا അവര്‍ ആയിരുന്നത് കൊണ്ടാണ് يَكْفُرُونَ അവര്‍ അവിശ്വസിക്കും بِآيَاتِ اللَّهِ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ وَيَقْتُلُونَ അവര്‍ കൊല്ലുകയും ചെയ്യും النَّبِيِّينَ പ്രവാചകന്മാരെ بِغَيْرِ الْحَقِّ ന്യായം (അവകാശം, കാര്യം)കൂടാതെ ذَٰلِكَ അത് بِمَا عَصَوا അവര്‍ അനുസരണക്കേട് ചെയ്തത് കൊണ്ടാണ് وَّكَانُوا അവര്‍ ആയിരുന്നതും يَعْتَدُونَ അവര്‍ അതിര്‍ കവിയും

ഇസ്‌റാഈല്യരുടെ നന്ദി കേടിന്റെയും ദുശ്ശാഠ്യത്തിന്റെയും മറ്റൊരു ഉദാഹരണമാണിത്. അദ്ധ്വാനം കൂടാതെ സുഭിക്ഷം ലഭിച്ചുകൊണ്ടിരുന്ന മന്നയും സല്‍വായും കൊണ്ട് തൃപ്തിപ്പെടാതെ, ഞങ്ങള്‍ക്ക് ഈയൊരു ഭക്ഷണം കൊണ്ട് ജീവിക്കാന്‍ സാധ്യമല്ലെന്നും, ഞങ്ങള്‍ക്ക് ധാന്യവും പച്ചക്കറിയുമൊക്കെ ഉല്‍പാദിപ്പിച്ചു കിട്ടണമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും അവര്‍ മൂസാ (عليه السلام) നോട് ആവലാതിപ്പെട്ടു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ഫലമായി ഇതുപോലെ പലതും അവര്‍ക്ക് സാധ്യമായിട്ടുണ്ടല്ലോ. ഈ വിഷയം ബൈബ്ള്‍ ഇങ്ങിനെ ഉദ്ധരിക്കുന്നു: ‘പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി. യിസ്‌റാഈല്‍ മക്കള്‍ വീണ്ടും കരഞ്ഞുകൊണ്ട് ഞങ്ങള്‍ക്ക് തിന്‍മാന്‍ ഇറച്ചി ആര്‍ തരും? ഞങ്ങള്‍ മിസ്രയീമില്‍ (ഈജിപ്തില്‍) വെച്ച് വിലകൂടാതെ തിന്നിരുന്ന മല്‍സ്യം, വെള്ളരിക്ക, മത്തെങ്ങ, ഉളളി, ചുവന്നുള്ളി, ചുറ്റുള്ളി (വെളുത്തുള്ളി) എന്നിവ ഞങ്ങള്‍ ഓര്‍ക്കുന്നു. ഇപ്പോഴോ ഞങ്ങളുടെ പ്രാണന്‍ പൊരിഞ്ഞിരിക്കുന്നു. ഈ മന്നാ അല്ലാതെ ഒന്നും കാണ്‍മാനില്ല. എന്നു പറഞ്ഞു’ (സംഖ്യാപുസ്തകം 11: 4-7)

പ്രതിഷേധ സ്വരത്തില്‍ മൂസാ (عليه السلام) അവരോട് പറഞ്ഞു: ‘അദ്ധ്വാനിക്കാതെ ഇഷ്ടം പോലെ ലഭിച്ചുവരുന്ന, അല്ലാഹു നിങ്ങള്‍ക്ക് പ്രത്യേകമായി അനുഗ്രഹിച്ചു തന്ന, രുചികരവും ആസ്വാദ്യവുമായ ഈ ഉത്തമ ഭക്ഷണം കൊണ്ട് തൃപ്തിപ്പെടാതെ, അതിന് പകരം ഭൂമിയില്‍ പ്രയത്‌നം ചെയ്തു മാത്രം ലഭിക്കുന്ന, എല്ലാവരും പൊതുവെ ഉപയോഗിച്ചു വരുന്ന താഴേകിട ഭക്ഷണം തന്നെ വേണമെന്നാണോ നിങ്ങളുടെ ആവശ്യം? ആശ്ചര്യം തന്നെ! അങ്ങിനെയാണെങ്കില്‍ നിങ്ങള്‍ ഈ മരുഭൂമിയില്‍ നിന്ന് വല്ല നഗരത്തിലും പോയി താമസിച്ചുകൊള്ളുക. എന്നാല്‍ നിങ്ങളുടെ ഈ ആവശ്യങ്ങളെല്ലാം സാധിക്കുന്നതാണ്’ എന്നൊക്കെ. പക്ഷേ, അവരുണ്ടോ അതിന് തയ്യാറാകുന്നു! തയ്യാറാകുമായിരുന്നെങ്കില്‍ ആ മരുഭൂമിയില്‍ അവര്‍ അലഞ്ഞു തിരിയേണ്ടിവരുമായിരുന്നില്ലല്ലോ.

وَضُرِبَتْ عَلَيْهِمُ الذِّلَّةُ وَالْمَسْكَنَةُ (അവരുടെമേല്‍ നിന്ദ്യതയും പതിതത്വവും അടിക്കപ്പെട്ടു) എന്നു പറഞ്ഞതിന്റെ സാരം, അവരെ ഉള്ളിലാക്കികൊണ്ട് അവരുടെ മീതെ ഒരു തമ്പടിച്ചാലെന്നപോലെ, നിന്ദ്യതയും പതിതത്വവും വിട്ടുമാറാതെ അവരെ മൂടിക്കളഞ്ഞിരിക്കുന്നുവെന്നത്രെ. അഥവാ ശൗര്യവും വീര്യവുമില്ലാത്ത, അഭിമാനവും അന്തസ്സുമില്ലാത്ത ഒരു സമുദായമായി അവര്‍ അധഃപതിച്ചിരിക്കുന്നുവെന്ന് താല്‍പര്യം. وَبَاءُوا بِغَضَبٍ مِّنَ اللَّهِ (അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തു) എന്നു പറഞ്ഞതിന്റെ താല്‍പര്യം, അവരുടെ ജീവിതയാത്രയില്‍ അവര്‍ക്ക് ആകെ നേടിയെടുക്കുവാന്‍ കഴിഞ്ഞത് അല്ലാഹുവിന്റെ കോപം മാത്രമാണ് എന്നത്രെ. അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് അവര്‍ പാത്രമായത് ഒരേ ഭക്ഷണവുമായി കഴിഞ്ഞുകൂടുവാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ലെന്ന് അവര്‍ പറഞ്ഞതു നിമിത്തമാണെന്നല്ല ഉദ്ദേശ്യം. അതിനുള്ള കാരണങ്ങള്‍ തുടര്‍ന്നുള്ള രണ്ട് വാക്യങ്ങളില്‍ അല്ലാഹു തന്നെ അതാ ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ അവര്‍ അവിശ്വസിക്കുകയും ന്യായമില്ലാതെ നബിമാരെ കൊല്ലുകയും ചെയ്തിരുന്നത്‌ കൊണ്ടാണത്. അവര്‍ അനുസരണക്കേട് കാണിച്ചതും അതിക്രമം  പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതും കൊണ്ടാണത്. ദൃഷ്ടാന്തങ്ങളെ നിഷേധിക്കല്‍, പ്രവാചകന്‍മാരെ കൊലചെയ്യല്‍, അല്ലാഹുവിന്റെ കല്‍പനകളെ അനുസരിക്കാതിരിക്കല്‍, അതിക്രമം പ്രവര്‍ത്തിക്കല്‍ എന്നിവയൊക്കെ അവരുടെ പതിവായിത്തീര്‍ന്നതാണ് അതിനു കാരണം. ഒരു മതസമുദായമെന്ന നിലക്ക് നോക്കുമ്പോള്‍ ഈ വിഷയങ്ങളില്‍ മറ്റേതൊരു സമുദായത്തിന്റെ ചരിത്രെത്തക്കാളും ക്രൂരമായതാണ് യഹൂദികളുടെ ചരിത്രം.

അല്ലാഹു ചൂിക്കാട്ടിയ ഈ നാലു കാരണങ്ങളില്‍ പ്രവാചകന്‍മാരെ കൊലചെയ്യല്‍ ഒഴിച്ചുള്ള കാര്യങ്ങള്‍ മൂസാ നബി (عليه السلام) യുടെ കാലം മുതല്‍ തന്നെ അവരില്‍ ആരംഭിച്ചു കഴിയുകയും, പിന്നീട് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്തിട്ടുള്ളവയാകുന്നു. പ്രവാചകന്‍മാരെ കൊലപ്പെടുത്തലാകട്ടെ മൂസാ നബി (عليه السلام) യുടെ ശേഷം കുറേ കഴിഞ്ഞാണ് ആരംഭിച്ചിട്ടുള്ളത്. അപ്പോള്‍ യഹൂദികള്‍ അല്ലാഹുവിന്റെ ശാപകോപങ്ങളാല്‍ മുദ്രകുത്തപ്പെട്ട -ശപിക്കപ്പെട്ട- സമുദായമായിത്തീര്‍ന്നത് മൂസാ (عليه السلام) ന്റെ കാലത്തല്ലെന്നും, പില്‍കാലങ്ങളിലാണെന്നും ഇതില്‍ നിന്നും വ്യക്തമാണ്. അവരുടെ പൂര്‍വ്വകാലക്കാരെപ്പറ്റി ഇതിന് മുമ്പ് فَضَّلْتُكُمْ عَلَى الْعَالَمِينَ (നിങ്ങളെ, ലോകരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു) എന്ന് അല്ലാഹു പറഞ്ഞതും ഇതും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. നിന്ദ്യരും ഹീനരുമായിട്ടല്ലാതെ -അന്തസ്സും അഭിമാനവുമുള്ള ഒരു സമുദായമായിക്കൊണ്ട് ലോകത്ത് കഴിഞ്ഞു കൂടിയ ഒരു ചരിത്രം യഹൂദ സമുദായത്തിനുണ്ടായിട്ടില്ല. ഇതിന് പ്രത്യക്ഷത്തില്‍ ഒരപവാദമായി പറയുവാനുള്ളത് അല്‍പവര്‍ഷങ്ങള്‍ക്ക് മുമ്പ് ഫലസ്തീനില്‍ അവര്‍ സ്ഥാപിച്ച ഇസ്‌റാഈല്‍ രാഷ്ട്രം മാത്രമാണുള്ളത്. ലോകരാഷ്ട്രങ്ങളില്‍ വെച്ച് ഒരു രാഷ്ട്രമെന്ന നിലക്ക് ഏറ്റവും വെറുക്കപ്പെട്ട അതിന്റെ സ്ഥാപനവും അതിന്റെ നിലനില്‍പും വാസ്തവത്തില്‍ അതിന്റെ സ്വന്തം കാലുകളിലല്ല സ്ഥിതിചെയ്യുന്നത്, ചില വന്‍കോയ്മകളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളും സഹായങ്ങളുമാണ് അതിന്റെ പിന്നിലുള്ളത്. (ഇതിനെപ്പറ്റി ആലു ഇംറാന്‍ 112-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നമുക്ക് കൂടുതല്‍ സംസാരിക്കാം إِنْ شَاءَ اللَّهُ

ഇസ്‌റാഈല്യരുടെ അനുസരണക്കേടിനും, അതിക്രമത്തിനും, ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കായ്മക്കും പല ഉദാഹരണങ്ങളും ക്വുര്‍ആനില്‍ കാണാവുന്നതാണ്. എന്നാല്‍, അവര്‍ പ്രവാചകന്മാരെ കൊലപ്പെടുത്തിയിരുന്നതായി പൊതുവില്‍ പറഞ്ഞതല്ലാതെ, അങ്ങിനെയുള്ള ഒരു സംഭവവും ക്വുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടില്ല. ബലപ്പെട്ട ഹദീഥുകളിലും കാണപ്പെടുന്നില്ല. അതേ സമയത്ത് അവരുടെ കയ്യില്‍ നിലവിലുള്ള അവരുടെ വേദ പുസ്തകത്തില്‍-ബൈബ്ള്‍‍-അതിന് ഉദാഹരണങ്ങള്‍ പലതുണ്ട് താനും. അവ പരിശോധിക്കുമ്പോള്‍ – താഴെ 87-ാം വചനത്തില്‍ നിന്നു മനസ്സിലാക്കാവുന്നത് പോലെ – പ്രവാചകന്‍മാരുടെ നേരെ ക്രൂരമര്‍ദ്ദനങ്ങള്‍ നടത്തുന്നതിലും, അവരെ മൃഗീയമായി കൊലപ്പെടുത്തുന്നതിലും അവര്‍ക്കൊരു പാരമ്പര്യം തന്നെയുണ്ടെന്ന് കാണാവുന്നതാണ്. ബൈബ്‌ളിലെ ചില ഉദാഹരണങ്ങള്‍ ഇവിടെ ചുരുക്കി ഉദ്ധരിക്കാം :

”ഒരു ഇസ്‌റാഈലീ രാജാവായിരുന്ന ആബീലിന്റെ അക്രമവും മര്‍ദ്ദനവും ഭയന്ന് ഏലിയാ പ്രവാചകന്‍ (ഇല്‍യാസ് നബി) നാടുവിടേണ്ടി വന്നു. നാല്‍പത് ദിവസം മുഴുപ്പട്ടിണി സഹിച്ച്, നടന്ന് നടന്ന് ഒടുക്കം ഹോറേബ് (حُورَب) പര്‍വ്വതത്തിലെത്തി ഒരു ഗുഹയില്‍ പാര്‍ത്തു. അവിടെവെച്ച് ആ പ്രവാചകന്‍ യഹോവയോട് (അല്ലാഹുവിനോട്) ഇങ്ങിനെ സങ്കടപ്പെടുന്നു : യിസ്‌റാഈല്‍ മക്കള്‍ നിന്റെ പ്രവാചകന്‍മാരെ വാള്‍ക്കൊണ്ട് കൊന്നുകളഞ്ഞു. ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു. അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു. (1 രാജാക്കള്‍ 19-ല്‍ 8-10) ഇസ്‌റാഈലീ രാഷ്ട്രമായിരുന്ന യെഹൂദിയ്യ (يَھُود ية) യില്‍ വിഗ്രഹാരാധനയെയും, വ്യഭിചാരത്തെയും ആക്ഷേപിച്ചുകൊണ്ടിരുന്നത് നിമിത്തം യോവാശ് രാജാവിന്റെ കല്‍പന പ്രകാരം, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍ വെച്ച് അവര്‍ (ജനകൂട്ടം) സകരിയ്യാ (عليه السلام) നെ കല്ലെറിഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ പിതാവ് തനിക്ക് ചെയ്തിരുന്ന ദയപോലും വകവെക്കാതെ അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു. (2-ദിന വൃത്താന്തം 24-ല്‍ 20-23) യെഹൂദിയയിലെ രാജാവായ ഹെരോദയുടെ ദുര്‍ന്നടപ്പുകളെക്കുറിച്ച് ആക്ഷേപിച്ചതിനെതുടര്‍ന്നും, അവന്റെ ഒരു കാമുകിയായിരുന്ന ബാലയുടെ ആവശ്യമനുസരിച്ചും അവന്‍ യോഹന്നാന്റെ (യഹ്‌യാ നബിയുടെ) തലവെട്ടി തളികയില്‍ അവള്‍ക്ക് വെച്ചു കൊടുത്തു. (മാര്‍ക്കോസ് 6 ല്‍ 17-29)” ഇതു പോലെ വേറെയും സംഭവങ്ങള്‍ കാണാം

വിഭാഗം - 8

2:62
  • إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلنَّصَٰرَىٰ وَٱلصَّٰبِـِٔينَ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَعَمِلَ صَٰلِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾٦٢﴿
  • നിശ്ചയമായും, വിശ്വസിച്ചിട്ടുള്ളവരും, യഹൂദിയായവരും, നസ്‌റാനീ [ക്രിസ്ത്യാനി]കളും, സ്വാബീകളും എല്ലാം തന്നെ, ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ എന്നാലവര്‍ക്ക് അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ അവരുടെ പ്രതിഫലമുണ്ടായിരിക്കും. അവരുടെ മേല്‍യാതൊരു ഭയപ്പാടുമില്ല. അവര്‍ വ്യസനിക്കുകയുമില്ല.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَالَّذِينَ യാതൊരു കൂട്ടരും هَادُوا അവര്‍ യഹൂദികളായി وَالنَّصَارَىٰ ക്രിസ്ത്യാനികളും وَالصَّابِئِينَ സ്വാബീകളും مَنْ آمَنَ ആര്‍ വിശ്വസിച്ചു بِاللَّهِ അല്ലാഹുവിലും وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا സല്‍ക്കര്‍മം فَلَهُمْ എന്നാല്‍ അവര്‍ക്കുണ്ട് أَجْرُهُمْ അവരുടെ പ്രതിഫലം عِندَ رَبِّهِمْ അവരുടെ റബ്ബിന്റെ അടുക്കല്‍ وَلَا خَوْفٌ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെ മേല്‍ وَلَا هُمْ അവര്‍ ഇല്ലതാനും يَحْزَنُونَ അവര്‍ വ്യസനിക്കും

സ്വര്‍ഗത്തിന്റെ അവകാശികള്‍ തങ്ങള്‍ മാത്രമാണെന്ന് യഹൂദികളും, ക്രിസ്ത്യാനികളും പറയാറുണ്ട്. (111-ാം വചനം നോക്കുക) തനി വര്‍ഗീയതയെ അടിസ്ഥാനമാക്കിയുള്ള ഈ കുത്തകാവകാശവാദത്തെ ഖണ്ഡിക്കുകയാണ് അല്ലാഹു ഈ വചനം മുഖേന ചെയ്യുന്നത്. നബിയില്‍ വിശ്വസിച്ചവരെന്നോ, യഹൂദികളെന്നോ, ക്രിസ്ത്യാനികളെന്നോ സ്വാബീകളെന്നോ മറ്റോ ഉള്ള വര്‍ഗ വ്യത്യാസം കൂടാതെ, അല്ലാഹുവിലും അന്ത്യദിനത്തിലും ശരിക്കും വിശ്വസിക്കുകയും ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ആരാണോ അവര്‍ക്കാണ് മോക്ഷവും വിജയവുമുള്ളത് എന്നു സാരം. മോക്ഷത്തിന്റെയും വിജയത്തിന്റെയും മാനദണ്ഡം വര്‍ഗീയമോ സാമുദായികമോ അല്ല. വിശ്വാസവും സല്‍ക്കര്‍മവുമാണ് എന്ന് ചുരുക്കം.

ഇവിടെ ഒരു ചോദ്യത്തിനവകാശമുണ്ട് : നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കാത്ത യഹൂദികള്‍ ക്രിസ്ത്യാനികള്‍ മുതലായവരെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞത് വ്യക്തമാണ്. എന്നാല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ വിശ്വസിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ എന്നു പറയുന്നതിന്റെ താല്‍പര്യമെന്താണ്? ഒരിക്കല്‍ വിശ്വസിച്ചു കഴിഞ്ഞവര്‍ പിന്നീട് എങ്ങിനെ പുതുതായി വിശ്വസിക്കും? ഇതാണ് ചോദ്യം. അല്‍പം ആലോചിച്ചാല്‍ ഈ ചോദ്യത്തില്‍ കഴമ്പില്ലെന്ന് കാണാം. ആര്‍ക്കായാലും സത്യവിശ്വാസവും സല്‍ക്കര്‍മവും കൊണ്ടേ രക്ഷയുള്ളൂ എന്ന് പറയുമ്പോള്‍ അത് രണ്ടും അനുഷ്ഠിച്ചു വരുന്നവര്‍ അതില്‍ നിന്ന് വ്യതിചലിക്കാതെ അതേ അവസ്ഥയില്‍ ഉറച്ച് നില്‍ക്കണമെന്നും രണ്ടും അനുഷ്ഠിച്ചിട്ടില്ലാത്തവര്‍ അത് അനുഷ്ഠിച്ചു തുടങ്ങണമെന്നുമായിരിക്കും അതിന്റെ വിവക്ഷ. എന്നല്ലാതെ, ഒരിക്കല്‍ വിശ്വസിച്ചവര്‍ വീണ്ടും ഒരു പുതിയ വിശ്വാസം സ്വീകരിക്കണമെന്നല്ല അര്‍ത്ഥം.

വക്രതാല്‍പര്യങ്ങളും അനിസ്‌ലാമിക ചിന്താഗതികളും മനസ്സില്‍ ഒളിച്ചുവെച്ച ചില ആളുകള്‍ ഈ വചനവും ഇതേമാതിരിയുള്ള സൂ:മാഇദഃയിലെ 72-ാം വചനവും ദുര്‍വ്യാഖ്യാനം ചെയ്തു കാണാറുണ്ട്. ഇസ്‌ലാം മതം തന്നെ അംഗീകരിക്കണമെന്നില്ല ഏത് മതം സ്വീകരിച്ചാലും വിരോധമില്ല -ദൈവത്തിലും പരലോകജീവിതത്തിലും വിശ്വസിക്കുകയും നല്ലകാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌താൽ ആര്‍ക്കും രക്ഷയും മോക്ഷവും ലഭിക്കുമെന്നത്രെ അവരുടെ വ്യാഖ്യാനത്തിന്റെ ചുരുക്കം. ‘സര്‍വ്വമതസത്യവാദം’ എന്ന പേരിലറിയപ്പെടുന്ന ഒരു നിര്‍മതവാദത്തെ ഈ രണ്ട് ക്വുര്‍ആന്‍ വചനങ്ങളും അനുകൂലിക്കുന്നുവെന്ന് സമര്‍ത്ഥിക്കുകയാണവര്‍ ഇതുമുഖേന ചെയ്യുന്നത്. അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസം സല്‍ക്കര്‍മം എന്നീ രണ്ട് കാര്യങ്ങളെക്കുറിച്ചും അവ എങ്ങിനെയെല്ലാമായിരിക്കണമെന്ന് വിവരിക്കുന്ന ധാരാളക്കണക്കിലുളള വചനങ്ങള്‍ ക്വുര്‍ആനില്‍ ഇല്ലാതിരിക്കുകയും അവ രണ്ടിനെക്കുറിച്ചും പ്രസ്താവിക്കുന്ന ഈ രണ്ട് വചനങ്ങള്‍ മാത്രമെ ക്വുര്‍ആനിലുള്ളൂവെന്ന് വരുകയുമാണെങ്കില്‍ ഇവരുടെ ഈ വ്യാഖ്യാനം ഒരു വിധം ശരിയാണെന്ന് നമുക്കും സമ്മതിച്ചു കൊടുക്കാമായിരുന്നു. വിശ്വാസമെന്നും സല്‍ക്കര്‍മമെന്നും ക്വുര്‍ആന്‍ ഒരു സ്ഥലത്ത് നിരുപാധികം പറയുമ്പോള്‍, ആ രണ്ടിനും ക്വുര്‍ആനില്‍ മറ്റു സ്ഥലങ്ങളില്‍ എന്തെല്ലാം വിശദീകരണങ്ങളും ഉപാധികളും അവക്ക് നല്‍കിയിട്ടുണ്ടോ അവയെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള അര്‍ത്ഥത്തിലായിരിക്കണം അതെന്ന് തീര്‍ച്ചയാണ്.

അപ്പോള്‍, ക്വുര്‍ആന്‍ അംഗീകരിക്കുന്നതും വിഭാവന ചെയ്യുന്നതുമായ വിശ്വാസവും സല്‍ക്കര്‍മവും ഏതാണോ എങ്ങിനെയാണോ -അത് തന്നെയാണ് ഇവിടെയും മറ്റെവിടെയും ക്വുര്‍ആനില്‍ ആ രണ്ടും കൊണ്ട് വിവക്ഷ. അല്ലാതെ ഓരോ മതക്കാരും അംഗീകരിച്ചുവരുന്ന അര്‍ത്ഥത്തിലുള്ള വിശ്വാസവും സല്‍ക്കര്‍മവും ക്വുര്‍ആന്‍ അംഗീകരിക്കുന്നുവെന്നല്ല ഇതിന്റെ താല്‍പര്യം. തനി വിഗ്രഹാരാധനയിലും, വ്യക്തമായ ബഹുദൈവ വാദത്തിലും അധിഷ്ഠിതമായ മതത്തിന്റെ അനുയായികള്‍പോലും തങ്ങള്‍ ദൈവവിശ്വാസികളെന്ന് അവകാശപ്പെടുന്നു. മരണാനന്തര ജീവിതത്തില്‍ മിക്ക മതക്കാരും വിശ്വസിക്കുന്നുവെന്ന് പറയാറുണ്ടെങ്കിലും ഓരോ കൂട്ടരുടെയും വിശ്വാസം ഓരോ പ്രകാരത്തിലാണ്. ഒരു കൂട്ടര്‍ പാപമായി വിചാരിക്കുന്നതിനെ മറ്റൊരുകൂട്ടര്‍ പുണ്യകര്‍മമായി ആചരിക്കുന്നു. ഉദാഹരണമായി തനി ശിര്‍ക്കും കുഫ്‌റുമാണെന്നും പൊറുക്കപ്പെടാത്തതാണെന്നും ക്വുര്‍ആന്‍ വ്യക്തമാക്കിയ സൃഷ്ടിപൂജപോലെയുള്ള കാര്യങ്ങളെ ഏറ്റവും വലിയ പുണ്യകര്‍മമായി മറ്റു ചില മതക്കാര്‍ എണ്ണിവരുന്നു. എന്നിരിക്കെ, ഇവരെല്ലാവരും ക്വുര്‍ആന്റെ ദൃഷ്ടിയില്‍ വിജയികളും മോക്ഷക്കാരുമായിരിക്കുമെന്ന് വരുന്ന ആ വ്യാഖ്യാനം തികച്ചും അനിസ്‌ലാമികവും ദുരുദ്ദേശ്യപരവും നിരര്‍ത്ഥവുമാണെന്ന് പറയേണ്ടതുണ്ടോ?! ചുരുക്കിപ്പറഞ്ഞാല്‍ ഇസ്‌ലാം അംഗീകരിക്കുന്നതും ക്വുര്‍ആന്‍ വിഭാവനം ചെയ്യുന്നതുമായ വിശ്വാസവും സല്‍ക്കര്‍മവും സ്വീകരിക്കുന്നവര്‍ക്കേ രക്ഷയുള്ളൂ -ഒരു സമുദായത്തിന്റെയോ വര്‍ഗത്തിന്റെയോ കുത്തകയല്ല അത്- എന്നു മാത്രമാണ് ഈ വചനങ്ങളുടെ താല്‍പര്യം. ഇസ്‌ലാമല്ലാത്ത ഒരു മതവും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്ന് സ്പഷ്ടമായ ഭാഷയില്‍ അവന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ

(ഇസ്‌ലാമല്ലാത്ത ഒരു മതത്തെ ആരെങ്കിലും തേടുന്ന പക്ഷം അവനില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ലതന്നെ. അവന്‍ പരലോകത്തില്‍ നഷ്ടക്കാരില്‍പെട്ടവനുമായിരിക്കും. (3:85) ഇസ്‌ലാമിന്റെതല്ലാത്ത വിശ്വാസവും സല്‍ക്കര്‍മവും ക്വുര്‍ആന്റെ ഭാഷയില്‍ വിശ്വാസവും സല്‍ക്കര്‍മവുമാകുകയില്ലതന്നെ.

സ്വാബീകള്‍ കൊണ്ടുദ്ദേശ്യം യഹൂദമതവും ക്രിസ്തീയമതവും ഉപേക്ഷിച്ച് നക്ഷത്രങ്ങളെയോ, മലക്കുകളെ (ദേവീദേവന്‍മാരെ)യോ ആരാധിച്ചുവരുന്ന വരാണെന്നും, മറ്റും അഭിപ്രായങ്ങളുണ്ട്. ഈ പേരില്‍ അറിയപ്പെടുന്ന ഒരു പ്രത്യേക വിഭാഗക്കാര്‍ ഇപ്പോള്‍ ഇല്ല. മതം മാറിയവര്‍ എന്നാണ് ആ പദത്തിന് വാക്കര്‍ത്ഥം.

2:63
  • وَإِذْ أَخَذْنَا مِيثَٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ ﴾٦٣﴿
  • (നിങ്ങളോട്) നിങ്ങളുടെ ഉറപ്പ് (അഥവാ കരാര്‍) നാം വാങ്ങുകയും, നിങ്ങളുടെ മീതെ ത്വൂര്‍ [പര്‍വ്വതം] നാം ഉയര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക) നിങ്ങള്‍ക്ക് നാം നല്‍കിയതിനെ നിങ്ങള്‍ ബലത്തോടെ എടുത്തു (സ്വീകരിച്ചു)കൊളളുവിന്‍ അതിലുള്ളതിനെ നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുവിന്‍ നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം (എന്ന് പറയുകയും ചെയ്തു)
  • وَإِذْ أَخَذْنَا നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ നിങ്ങളുടെ ഉറപ്പ്, കരാര്‍ وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തു, ഉയര്‍ത്തിയിരിക്കെ فَوْقَكُمُ നിങ്ങളുടെ മീതെ الطُّورَ ത്വൂറിനെ, പര്‍വ്വതത്തെ خُذُوا നിങ്ങള്‍ പിടിക്കുവിന്‍, സ്വീകരിക്കുവിന്‍ مَا آتَيْنَاكُم നിങ്ങള്‍ക്ക് നാം നല്‍കിയതിനെ بِقُوَّةٍ ശക്തിയോടെ, ബലമായി وَاذْكُرُوا നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ مَا فِيهِ അതിലുള്ളതിനെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കും
2:64
  • ثُمَّ تَوَلَّيْتُم مِّنۢ بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَكُنتُم مِّنَ ٱلْخَٰسِرِينَ ﴾٦٤﴿
  • പിന്നീട്, അതിന്‌ ശേഷമായി നിങ്ങള്‍ തിരിഞ്ഞു കളഞ്ഞു, എന്നാല്‍, നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ ദയയും (അഥവാ അനുഗ്രഹവും) കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരാകുകതന്നെ ചെയ്യുമായിരുന്നു.
  • ثُمَّ تَوَلَّيْتُم പിന്നെ നിങ്ങള്‍ തിരിഞ്ഞു കളഞ്ഞു مِّن بَعْدِ ذَٰلِكَ അതിന് ശേഷം فَلَوْلَا എന്നാല്‍ ഇല്ലായിരുന്നെങ്കില്‍ فَضْلُ اللَّهِ അല്ലാഹുവിന്റെ ദയ അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍ وَرَحْمَتُهُ അവന്റെ കാരുണ്യവും لَكُنتُم നിങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യുമായിരുന്നു مِّنَ الْخَاسِرِينَ നഷ്ടപ്പെട്ടവരില്‍

വമ്പിച്ച ദൃഷ്ടാന്തങ്ങള്‍ നേരില്‍ കാണുകയും, വിധിവിലക്കുകള്‍ അനുസരിച്ച്‌ കൊള്ളാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ട് പിന്നെയും അനുസരണക്കേടില്‍ തന്നെ ഇസ്‌റാഈല്യര്‍ മുഴുകിക്കൊണ്ടിരുന്നതിന് വേറൊരു ഉദാഹരണമാണ് ഈ വചനത്തില്‍ കാണുന്നത്. ഈ സംഭവം അന്നത്തെ ഇസ്‌റാഈല്യര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്‌ കൊണ്ടായിരിക്കാം അധികം വിശദീകരിക്കപ്പെടാതിരുന്നത്.

مِيثَاقَ (മീഥാക്വ) എന്ന വാക്കിന് ഉറപ്പ്, ഉടമ്പടി, കരാര്‍ എന്നൊക്കെ അര്‍ത്ഥം നല്‍കാം. സത്യം ചെയ്‌തോ, പ്രതിജ്ഞ വഴിയോ ഉറപ്പിക്കുന്ന കരാര്‍ എന്നാണ് ഇമാം റാഗിബ് അതിന് അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത് طُّورَ (ത്വൂര്‍) എന്നാല്‍ പര്‍വ്വതം എന്നര്‍ത്ഥം സൂഃഅഅ്‌റാഫ് 171-ല്‍ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ الجَبَل (മല) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അല്‍ എന്ന അവ്യയം ചേര്‍ത്തു الطُّورَ എന്ന് പറയുമ്പോള്‍ അത് സീനാ പര്‍വ്വതത്തെ ഉദ്ദേശിച്ചായിരിക്കുവാനും സാധ്യതയുണ്ട്. അതിനാല്‍ رَفَعْنَافَوْقَكمُ الطُّورَ (നിങ്ങളുടെ മീതെ നാം ത്വൂര്‍ ഉയര്‍ത്തി) എന്ന് പറഞ്ഞതുകൊണ്ട് സീനാ പര്‍വ്വതത്തെ ഉയര്‍ത്തി എന്നാണെന്ന് ചിലരും, ഏതോ ഒരു പര്‍വ്വതത്തെ ഉയര്‍ത്തി എന്നാണെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു. രണ്ടില്‍ ഏതായാലും പര്‍വ്വതത്തിന്റെ പേര്‍ അറിയുന്നതില്‍ പ്രത്യേകമായി പ്രയോജനമൊന്നുമില്ലല്ലോ.

പരിഭാഷയില്‍ കണ്ടതുപോലെ أَخَذْنَا مِيثَاقَكُمْ (നിങ്ങളുടെ ഉറപ്പ് നാം വാങ്ങി) എന്നും وَرَفَعْنَا فَوْقَكُمُ الطُّورَ (നിങ്ങളുടെ മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തുകയും ചെയ്തു) എന്നുമുള്ള വാക്യങ്ങള്‍ രണ്ടും വെവ്വേറേ വാക്യങ്ങളായും രണ്ടും ചേര്‍ന്ന് ഒരേ വാക്യമായും വ്യാഖ്യാതാക്കള്‍ അവയ്ക്ക് അര്‍ത്ഥം കല്‍പിച്ചു കാണാം. ഒരേ വാക്യമാകുമ്പോള്‍ നിങ്ങളുടെ മീതെ നാം പര്‍വ്വതത്തെ ഉയര്‍ത്തിക്കൊണ്ട് നിങ്ങളുടെ ഉറപ്പ് വാങ്ങിയ സന്ദര്‍ഭം ഓര്‍ക്കുക എന്നായിരിക്കും അര്‍ത്ഥമായിരിക്കുക (*) ഈ വചനത്തിലെയും ഈ സംഭവത്തെക്കുറിച്ച് പ്രസ്താവിക്കുന്ന മറ്റു വചനങ്ങളിലെയും വാക്കുകളും, ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പ്രസ്താവനകളും പരിശോധിക്കുമ്പോള്‍ ഈ വചനത്തിന്റെ താല്‍പര്യം ഇങ്ങിനെ മനസ്സിലാക്കാം : ഇസ്‌റാഈല്യര്‍ അല്ലാഹുവിലും മൂസാ നബി (عليه السلام) യിലും വിശ്വസിച്ചിരിക്കുന്നത്‌ കൊണ്ട് തൗറാത്തിലെ വിധിവിലക്കുകള്‍ സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അതില്‍ അവര്‍ വീഴ്ചവരുത്തുകയും അതിനെ അഗണ്യമാക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ക്ക് അല്ലാഹു കാണിച്ചുകൊടുത്ത ഒരു ദൃഷ്ടാന്തമാണ് പര്‍വ്വതം ഉയര്‍ത്തല്‍. തങ്ങളുടെ മേല്‍ അത് വീണേക്കുമോ എന്ന് അവര്‍ ഭയപ്പെട്ടു. ഈ അവസരത്തില്‍ തൗറാത്തിനെ മുറുകെ പിടിക്കണമെന്നും, അതിലെ വിധിവിലക്കുകള്‍ ശരിക്ക് പാലിക്കണമെന്നും അവരോട് അല്ലാഹു കല്‍പിച്ചു. അങ്ങിനെ ചെയ്തുകൊള്ളാമെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നിട്ട് പിന്നെയും അവര്‍ പഴയപടി തന്നെ അതെല്ലാം അവഗണിക്കുകയാണ് ചെയ്തത്. എങ്കിലും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിമിത്തം അവരെ അവന്‍ എല്ലാം നഷ്ടപ്പെട്ടവരാക്കിയില്ല.


(*) يعنى ان الواو عاطفعة على الاولى والحال على الثانى


അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണണമെന്ന് ഇസ്‌റാഈല്യര്‍ ആവശ്യപ്പെട്ടതും, അതിനെത്തുടര്‍ന്ന് ഇടിത്തീ ബാധിച്ചതും മറ്റും എടുത്തു പറഞ്ഞ ശേഷമാണ് സൂഃ നിസാഉ് 154-ല്‍ അല്ലാഹു ഈ സംഭവത്തെപ്പറ്റി; وَرَفَعْنَا فَوْقَهُمُ الطُّورَ بِمِيثَاقِهِمْ (അവരുടെ ഉറപ്പിനെ -കരാറിനെ- സംബന്ധിച്ചു നാം അവരുടെ മീതെ ത്വൂറിനെ ഉയര്‍ത്തുകയും ചെയ്തു) എന്ന് പറഞ്ഞിരിക്കുന്നത്. ഈ സംഭവം വിവരിച്ച മറ്റൊരു സൂറത്ത് അഅ്‌റാഫാകുന്നു. അതിലും തന്നെ ഇടിത്തീ ബാധിച്ച സംഭവവും വേറെ പല സംഭവങ്ങളും വിവരിച്ചശേഷമാണ് 171-ാം വചനത്തില്‍ ഈ സംഭവത്തെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. وَإِذْ نَتَقْنَا الْجَبَلَ فَوْقَهُمْ (അവരുടെ മീതെ മലയെ നാം പുഴക്കിയ സന്ദര്‍ഭം ഓര്‍ക്കുക) എന്നു തുടങ്ങിക്കൊണ്ടാണ് വിവരിക്കുന്നത്. അതേമാതിരിത്തന്നെയാണല്ലോ ഇവിടെയും ഉള്ളത്. അഥവാ അല്ലാഹുവിനെ കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടതും, അവര്‍ക്ക് ഇടിത്തീ ബാധിച്ചതുമടക്കം പല വിഷയങ്ങളും വിവരിച്ച ശേഷമാണ് ഇവിടെയും ഈ സംഭവം ഉദ്ധരിച്ചിരിക്കുന്നത്. അപ്പോള്‍ ഇസ്‌റാഈല്യര്‍ക്ക് ഇടിത്തീ ബാധിച്ച സംഭവവും അവരുടെമീതെ പര്‍വ്വതം ഉയര്‍ത്തിയ സംഭവവും ഒന്നല്ലെന്നും, രണ്ടും രണ്ടാണെന്നും സംശയത്തിന്നിടമില്ലാത്ത വണ്ണം വ്യക്തമാണ്. എല്ലാ വ്യാഖ്യാതാക്കളും അങ്ങിനെത്തന്നെയാണ് പറയുന്നതും. എന്നാല്‍, രണ്ടും ഒരേ സംഭവമാണെന്ന് ചില വക്രതാല്‍പര്യക്കാര്‍ പ്രസ്താവിച്ചു കാണുന്നു. ഘോരമായ ഇടിയുടെ കിടുക്കം നിമിത്തമോ, ഭൂകമ്പം നിമിത്തമോ തങ്ങളുടെ അടുത്ത് വളരെ ഉയരത്തില്‍ പൊന്തി നില്‍ക്കുന്ന ആ പര്‍വ്വതം തങ്ങളുടെ മീതെ വീണേക്കുമോ എന്നു അവര്‍ ഭയപ്പെടുക സ്വാഭാവികമാണെന്നും, പര്‍വ്വതം തലക്ക് മീതെ ഉയര്‍ത്തല്‍ ഉണ്ടായിട്ടില്ലെന്നുമാണ് അവരുടെ സമര്‍ത്ഥനം. അതൊരു അസാധാരണ സംഭവമൊന്നുമല്ലെന്ന് വരുത്തിത്തീര്‍ക്കലാണിവരുടെ ലക്ഷ്യമെന്ന് സ്പഷ്ടമാണ്.

എന്നാല്‍, മനുഷ്യനറിയാവുന്ന പ്രകൃതി നിയമങ്ങള്‍ക്കതീതമായി അല്ലാഹു ചില സംഭവങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും, ബുദ്ധിപരമായി നോക്കുമ്പോള്‍ അസംഭവ്യം (محال) അല്ലാത്ത ഏതൊരു കാര്യവും സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്നും, ബുദ്ധിപരമായി സാധ്യതയുള്ള ഏതൊരു കാര്യവും അല്ലാഹുവിന്റെ കഴിവില്‍പെട്ടതാണെന്നും, വ്യക്തമായ വാക്കുകളില്‍ അല്ലാഹു ഒരു കാര്യം പ്രസ്താവിച്ചാല്‍ അതിനെ മറിച്ചുതിരിച്ച് വ്യാഖ്യാനിക്കുവാന്‍ സൃഷ്ടികള്‍ക്ക് അവകാശമില്ലെന്നുമൊക്കെ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അങ്ങിനെയുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് തരിമ്പുപോലും വിലകല്‍പിക്കുവാനില്ല. ഇവിടെയും സൂഃ നിസാഇലുമായി രണ്ട് സ്ഥലത്ത് ഇസ്‌റാഈല്യരുടെ മീതെ നാം പര്‍വ്വതം ഉയര്‍ത്തി (وَرَفَعْنَا فَوْقَكُمُ الطُّورَ) എന്നും, സൂഃ അഅ്‌റാഫില്‍ അവരുടെ മീതെ നാം മലപുഴക്കി (نَتَقْنَا الْجَبَلَ فَوْقَهُمْ) എന്നും അല്ലാഹു പറഞ്ഞു. അഅ്‌റാഫില്‍ ഒരു തണലെന്നോണം (كأنه ظلة) എന്നുകൂടി പറഞ്ഞിരിക്കുന്നു. نتق യുടെ വാക്കര്‍ത്ഥത്തെപ്പറ്റി താഴെ വിവരിക്കുന്നുണ്ട്. വൃക്ഷം, കുട എന്നിങ്ങനെ തണല്‍ നല്‍കുന്ന വസ്തുവിനാണ് ظَلةَ എന്നു പറയുക. ഇതിനെല്ലാം പുറമെ, അതു അവരില്‍ വീണുപോകുമെന്ന് അവര്‍ കരുതി (وَظَنُّوا أَنَّهُ وَاقِعٌ بِهِمْ) എന്നും പറയുന്നു. ഇത്രയൊക്കെ അല്ലാഹു പ്രസ്താവിച്ചിട്ട് പിന്നെയും പര്‍വ്വതം ഉയര്‍ത്തല്‍ ഉണ്ടായിട്ടില്ല- അത് നില്‍ക്കുന്നേടത്ത് തന്നെ പൊന്തി നിന്നതല്ലാതെ നിലംവിട്ട് പൊന്തിയിരുന്നില്ല എന്നു ക്വുര്‍ആനില്‍ വിശ്വസിക്കുന്നവരെന്ന് അഭിമാനിക്കുന്ന ഒരാള്‍ പറയുവാന്‍ ധൈര്യപ്പെടുന്നതില്‍ ആശ്ചര്യം തോന്നുന്നു!

ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ മര്‍ഹൂം ശൈഖ് മുഹമ്മദ് അബ്ദയെ സംബന്ധിച്ച് തഫ്‌സീറുല്‍ മനാറില്‍ സയ്യിദ് റഷീദ് രിദ്വാ ഉദ്ധരിച്ച രണ്ട് പ്രസ്താവനകള്‍ അറിയുന്നത് സന്ദര്‍ഭോചിതമായിരിക്കും.

(1) അല്‍ഉസ്താദുല്‍ഇമാം (ശൈഖ് അബ്ദ) പറയുന്നു : അല്ലാഹുവിന്റെ കിതാബിനെ മനസ്സിലാക്കുവാന്‍ അതിന്റെ വാചാല ശൈലി മുഖേന അത് അറിയിച്ചു തരുന്നതല്ലാത്ത മറ്റൊന്നിന്റെ ആവശ്യം നമുക്കില്ല. അതിനോട് വല്ലതും കൂട്ടിച്ചേര്‍ക്കുകയോ അനുബന്ധിപ്പിക്കുകയോ ചെയ്യേണ്ടുന്ന ആവശ്യവുമില്ല. ഇസ്‌റാഈല്യരുടെ മീതെ പര്‍വ്വതം ഉയര്‍ത്തിയ വിഷയം അത് നമുക്ക് പറഞ്ഞു തന്നിരിക്കുന്നു. അവരെ സത്യവിശ്വാസം സ്വീകരിക്കുന്നതിന് നിര്‍ബന്ധിക്കുവാനായിരുന്നു അതെന്ന് അത് (ക്വുര്‍ആന്‍) പറഞ്ഞിട്ടില്ല. അത് (പര്‍വ്വതം) അവരില്‍ വീണേക്കുമെന്ന് അവര്‍ കരുതി എന്നു മാത്രമാണ് മറ്റൊരു ആയത്തില്‍ പറഞ്ഞിരിക്കുന്നത്. (തുടര്‍ന്ന് കൊണ്ട് അദ്ദേഹം അഅ്‌റാഫിലെ ആയത്ത് ഉദ്ധരിക്കുന്നു എന്നിട്ട് പറയുന്നു: النتق എന്നാല്‍ കുലുക്കം, ആട്ടം, വലി, കുടയല് (‍الزَعزعة الهزُ  الجذب  النفض) എന്നൊക്കെ അര്‍ത്ഥമുണ്ട്. نتق الشيئ (ഒരുവസ്തുവെ നത്ക്വ് ചെയ്തു) എന്നു പറഞ്ഞാല്‍ അതിനെ വലിച്ചു പുഴക്കിയെടുത്തു (جذ به واقتلعه) എന്നത്രെ. ഒരു പക്ഷേ അതുവല്ല കമ്പനം കൊണ്ടും ഉണ്ടായതായിരിക്കാം അവരോട് ഉറപ്പ് വാങ്ങിയെന്ന് പറഞ്ഞതില്‍ (أَخَذْ مِيثَاق) നിന്ന് മനസ്സിലാകുന്നത് അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയും, മൂസാ (عليه السلام) നോട് പ്രതിജ്ഞ നടത്തുകയും ചെയ്തിട്ടുണ്ടായിരുന്നുവെന്നാണ്. അപ്പോള്‍ അതിനു ശേഷം പര്‍വ്വതം ഉയര്‍ത്തിയതും, അത് തങ്ങളുടെ മീതെ വീഴുമെന്ന് അവര്‍ കരുതിയതുമായ ദൃഷ്ടാന്തങ്ങള്‍ ഉണ്ടാവാന്‍ കാരണം അവര്‍ക്കു നല്‍കപ്പെട്ട വേദഗ്രന്ഥത്തെ അവര്‍ ഉത്സാഹത്തോടും ഗൗരവേത്താടും കൂടി സ്വീകരിക്കുവാന്‍ വേണ്ടിയായിരിക്കും ദൃഷ്ടാന്തങ്ങള്‍ കാണുന്നത് വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുകയും ബോധവും അനുഭവവും ഉളവാക്കുകയും ചെയ്യുമല്ലോ.

(2) പര്‍വ്വതം ഉയര്‍ത്തിയത് ഒരു പ്രകൃതി ദൃഷ്ടാന്തം (اية كون ية) ആയിരുന്നുവെങ്കില്‍ അല്‍ഉസ്താദുല്‍ഇമാം (ശൈഖ് അബ്ദ) ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പക്ഷത്താകുന്നു. അതായത്, പര്‍വ്വതം ഭൂമിയില്‍ നിന്നും പുഴക്കി ഉയര്‍ത്തപ്പെടുകയും അവരുടെമീതെ അന്തരീക്ഷത്തില്‍ തൂങ്ങിനിറുത്തപ്പെടുകയും ചെയ്തുവെന്ന് സാരം, മറ്റൊരു വ്യാഖ്യാനത്തിനും ഇടമില്ലാത്തവിധം അത്ര സ്പഷ്ടമായ വാക്കുകളല്ലെങ്കിലും ക്വുര്‍ആന്റെ വാചകങ്ങള്‍ നോക്കുമ്പോള്‍ അതില്‍ നിന്നു അതു തന്നെയാണ് വെളിവാകുന്നത്. കാരണം, ഉയര്‍ത്തുക എന്നു പറഞ്ഞാല്‍ മേല്‍പോട്ടു പൊക്കുക എന്നാണല്ലോ.” (من تفسير المنار) ഒരു യാഥാര്‍ത്ഥ്യം ഓര്‍മയിലുണ്ടായിരിക്കുന്നത് ഇവിടെയും ഇതുപോലെയുള്ള അസാധാരണ സംഭവങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന മറ്റു സ്ഥലങ്ങളിലും പ്രയോജനകരമായിരിക്കും. അതായത് : പൂര്‍വ്വകാല സമുദായങ്ങള്‍ ഇന്നത്തെ തലമുറകളെ അപേക്ഷിച്ച് ബുദ്ധിശക്തിയിലും ചിന്താശക്തിയിലും കേവലം ബാല്യദശയിലായിരുന്നു. കാലം ചെല്ലും തോറും മനുഷ്യബുദ്ധിക്ക് പക്വതയും വളര്‍ച്ചയും കൈവന്നു കൊണ്ടിരിക്കുകയാണ്. ഈ വളര്‍ച്ചയും പുരോഗതിയും മനുഷ്യന്‍ നല്ലവഴിക്കോ ചീത്ത വഴിക്കോ തിരിച്ചുവിടുന്നുവെന്നുള്ളത് വേറൊരു വിഷയമാകുന്നു. അതുകൊണ്ടാണ് പൂര്‍വ്വകാല പ്രവാചകന്‍മാരുടെ കൈക്ക് ജനങ്ങളെ കാര്യം മനസ്സിലാക്കുവാന്‍ പ്രകൃതി ചട്ടങ്ങള്‍ക്കതീതമായ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ അല്ലാഹു വെളിവാക്കിക്കൊണ്ടിരുന്നത്. മുന്‍സമുദായങ്ങളെ അപേക്ഷിച്ചു ഏറ്റവും വലിയ ചരിത്രമുള്ള ഒരു സമുദായമാണല്ലോ ഇസ്‌റാഈലിന്റേതും അവരെ ഉദ്ധരിക്കുവാന്‍ നിയുക്തനായ മൂസാ നബി (عليه السلام) ന്റെയും. ആകയാല്‍, ഇത്തരം ദൃഷ്ടാന്തങ്ങള്‍ ഏറ്റവുമധികം കാണപ്പെടുന്നത് മൂസാ (عليه السلام) ന്റെ കൈക്കും, ഇസ്‌റാഈല്യരുടെ മുമ്പിലുമാകുന്നു. ഏത് ദൃഷ്ടാന്തം കണ്ണില്‍ കണ്ടാലും അത് കണ്ടു അല്‍പം കഴിയുമ്പോഴേക്കും ചെറുകുട്ടികളെപ്പോലെ അതെല്ലാം മറന്നു വീണ്ടും പഴയസമ്പ്രദായം തുടരലും പലവട്ടം ആവര്‍ത്തിച്ചുറപ്പിച്ച കരാറും പ്രതിജ്ഞയും ലംഘിക്കലും ഇസ്‌റാഈല്യരുടെ പതിവായിത്തീര്‍ന്നതിന്റെ പിന്നിലുള്ള രഹസ്യം അതാകുന്നു. ചെങ്കടല്‍ പിളര്‍ന്നപോലെയും വടി മഹാസര്‍പ്പമായി മാറിയപോലെയുമുള്ള വലിയൊരു ദൃഷ്ടാന്തമല്ല മല ഉയര്‍ന്നതെന്ന് ആലോചിച്ചു നോക്കിയാലറിയാം. ഇന്നു അത്തരം ഒരുദൃഷ്ടാന്തം കേള്‍ക്കുന്ന ഒരു മനുഷ്യന്‍ നിശ്ചയമായും അക്കാലത്തുള്ളവരെപ്പോലെ അത്രവേഗം മറന്ന് പോകുമെന്ന് തോന്നുന്നില്ല. പക്വ ബുദ്ധിവന്നിട്ടില്ലാത്തവരെ ഉപദേശംകൊണ്ടോ, ന്യായവാദം കൊണ്ടോ മാത്രം നേര്‍മാര്‍ഗത്തിലാക്കുക സാധ്യമല്ല. ഇടക്കിടെ ഭീഷണിയും, പേടിപ്പെടുത്തലും അനിവാര്യമാകുന്നു. വിശ്വാസം അടിച്ചേല്‍പ്പിക്കുകയെന്നല്ല ഇതിന്റെ അര്‍ത്ഥം. കുട്ടികളുടെ മനഃശ്ശാസ്ത്രം അറിയുന്നവര്‍ക്ക് ഈ വാസ്തവം വേഗം മനസ്സിലാക്കാന്‍ കഴിയും.

അന്ത്യപ്രവാചകരായ മുഹമ്മദ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലമായപ്പോഴേക്കും മനുഷ്യവര്‍ഗത്തിന്റെ പക്വപ്രായം ആരംഭിച്ചു കഴിഞ്ഞു. ആ നിലക്ക് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കൈക്ക് -പല അമാനുഷിക ദൃഷ്ടാന്തങ്ങളും വെളിപ്പെട്ടിട്ടുണ്ടെങ്കില്‍പോലും- അവിടുത്തെ പ്രത്യക്ഷ ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചത് വിശുദ്ധ ക്വൂര്‍ആനെയാണല്ലോ. ഈ യാഥാര്‍ത്ഥ്യം അല്ലാഹു തന്നെ സൂറത്തുല്‍ ഇസ്‌റാഈലില്‍ ഇങ്ങിനെ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

وَمَا مَنَعَنَا أَن نُّرْسِلَ بِالْآيَاتِ إِلَّا أَن كَذَّبَ بِهَا الْأَوَّلُونَ  ۚ وَآتَيْنَا ثَمُودَ النَّاقَةَ مُبْصِرَةً فَظَلَمُوا بِهَا  ۚ وَمَا نُرْسِلُ بِالْآيَاتِ إِلَّا تَخْوِيفًا

(സാരം: ദൃഷ്ടാന്തങ്ങളെയും കൊണ്ട് അയക്കുവാന്‍ നമുക്ക് തടസ്സമായത് പൂര്‍വ്വികന്‍മാര്‍ അവയെ വ്യാജമാക്കിയതല്ലാതെ മറ്റൊന്നുമല്ല. ഥമൂദ് ഗ്രോത്രത്തിന് കണ്ടറിയത്തക്ക ഒരു ദൃഷ്ടാന്തമായിക്കൊണ്ട് നാം ഒട്ടകത്തെ നല്‍കി. എന്നിട്ട് അവര്‍ അതിനെ അക്രമിച്ചുകളഞ്ഞു.ഭയപ്പെടുത്തുവാന്‍ വേണ്ടിയല്ലാതെ ദൃഷ്ടാന്തങ്ങളെയും കൊണ്ട് നാം അയക്കാറില്ല.(ഇസ്‌റാഉ് 59) കൂടുതല്‍ വിവരം സൂറഃ ഇസ്‌റാഇല്‍ വെച്ചു കാണാം. ان شاء الله മുഖവുരയിലും ചിലതെല്ലാം കഴിഞ്ഞുപോയിട്ടുണ്ട്. മൂസാ നബി (عليه السلام) യെയും, പൂര്‍വ്വകാല നബിമാരുടെയും കൈക്കു വെളിപ്പെട്ട ദൃഷ്ടാന്തങ്ങള്‍ പരിശോധിച്ചാല്‍, അവ മിക്കവാറും ഭയപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നുവെന്ന് കാണാവുന്നതാണ്.

2:65
  • وَلَقَدْ عَلِمْتُمُ ٱلَّذِينَ ٱعْتَدَوْا۟ مِنكُمْ فِى ٱلسَّبْتِ فَقُلْنَا لَهُمْ كُونُوا۟ قِرَدَةً خَٰسِـِٔينَ ﴾٦٥﴿
  • (ഇസ്‌റാഈല്‍ സന്തതികളെ) നിങ്ങളില്‍ നിന്ന് സബ്ത്തി [ശബ്ബത്ത് ആചരണത്തി]ല്‍ അതിക്രമം ചെയ്തവരെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ അവരോട് നാം പറഞ്ഞു: നിങ്ങള്‍ ഹീനന്‍മാരായ കുരങ്ങുകളായിത്തീരുവിന്‍!
  • وَلَقَدْ തീര്‍ച്ചയായും ഉണ്ട് عَلِمْتُمُ നിങ്ങള്‍ അറിഞ്ഞു الَّذِينَ യാതൊരു കൂട്ടരെ اعْتَدَوْا അവര്‍ അതിക്രമിച്ചു مِنكُمْ നിങ്ങളില്‍ നിന്ന് فِي السَّبْتِ ശബ്ബത്തില്‍, ശനിയാഴ്ചയില്‍ فَقُلْنَا അപ്പോള്‍ നാം പറഞ്ഞു لَهُمْ അവരോട് كُونُوا നിങ്ങള്‍ ആകുവിന്‍ قِرَدَةً കുരങ്ങുകള്‍ خَاسِئِينَ ഹീനന്‍മാരായ, നിന്ദ്യന്‍മാരായിക്കൊണ്ട്
2:66
  • فَجَعَلْنَٰهَا نَكَٰلًا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِّلْمُتَّقِينَ ﴾٦٦﴿
  • അങ്ങനെ, അതിനെ നാം അതിന്റെ മുമ്പിലുള്ളവര്‍ക്കും അതിന്റെ പിമ്പിലുള്ളവര്‍ക്കും ഒരു (പാഠം നല്‍കുന്ന) ശിക്ഷയാക്കി; സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഒരു സദുപദേശവും (ആക്കി).
  • فَجَعَلْنَاهَا അങ്ങനെ അതിനെ നാം ആക്കി نَكَالًا ഒരു ശിക്ഷ, താക്കീത്, തടവ്, ശിക്ഷാ പാഠം لِّمَا بَيْنَ يَدَيْهَا അതിന്റെ മുമ്പിലുള്ളതിന് (മുമ്പിലുള്ളവര്‍ക്ക്) وَمَا خَلْفَهَا അതിന്റെ പിമ്പില്‍ ഉള്ളതിനും (പിന്നിലുള്ളവര്‍ക്കും) وَمَوْعِظَةً ഒരു സദുപദേശവും لِّلْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌

ഇസ്‌റാഈല്യരില്‍ കഴിഞ്ഞുപോയ ഒരു അനുസരണക്കേടും അതിനാല്‍ ലഭിച്ചശിക്ഷയും ചൂണ്ടിക്കാട്ടുകയാണ്. മുസ്‌ലിംകള്‍ക്ക് വെള്ളിയാഴ്ചയെന്നപോലെ, ഇസ്‌റാഈല്യര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രധാന ദിവസമായിരുന്നു ശനിയാഴ്ച. അവര്‍ അന്ന് ജോലികളില്‍ നിന്നെല്ലാം ഒഴിവായിരിക്കണമെന്നും ചില പ്രത്യേക അനുഷ്ഠാനകര്‍മങ്ങള്‍ ആചരിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരുന്നു. ഈ ആചരണത്തിന് സബത്ത്- അഥവാ ശബ്ബത്ത് (سَبَت) എന്ന് പറയുന്നു. ശനിയാഴ്ചക്ക് സബ്ത്ത ദിവസം (يَوْمُ السبت) എന്നും പറയപ്പെടുന്നു. അതിനാല്‍, فِي السبت എന്ന വാക്കിന് ശനിയാഴ്ച ദിവസത്തില്‍ എന്നും ശബ്ബത്ത് ആചരണത്തില്‍ എന്നും അര്‍ത്ഥം വരാം. സാരത്തില്‍ രണ്ടും വ്യത്യാസമില്ലതാനും. യഹൂദികള്‍ ഇന്നും ശബ്ബത്ത് ആചരിച്ചു വരുന്നത് ആഴ്ചവട്ടത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച തന്നെ. ക്രിസ്ത്യാനികള്‍ അതാചരിക്കുന്നത് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമെന്ന നിലക്ക് ഞായറാഴ്ചയുമാകുന്നു. ഒരു ഹദീഥില്‍ വെള്ളിയാഴ്ചയെക്കുറിച്ച് നബി തിരുമേനി ഇങ്ങിനെ പറഞ്ഞിരിക്കുന്നു. ‘ഇതായിരുന്നു അവര്‍ക്ക് (വേദക്കാര്‍ക്ക്) നിയമിക്കപ്പെട്ടിരുന്ന ദിവസം. എന്നിട്ട് അവര്‍ അതില്‍ ഭിന്നിച്ചു. നമുക്ക് അല്ലാഹു അതിലേക്ക് മാര്‍ഗദര്‍ശനം നല്‍കിയിരിക്കുകയാണ്. ജനങ്ങള്‍ അതില്‍ നമ്മുടെ പിന്നാലെയാണുള്ളത്. അതായത് യഹൂദികള്‍ പിറ്റേന്നും ക്രിസ്ത്യാനികള്‍ പിറ്റേന്നിന്റെ പിറ്റേന്നും’. (ബു.മു)

ശബ്ബത്ത് സംഭവം അഅ്‌റാഫ് 163-166 ല്‍ കുറെകൂടി വിശദമായി ഉദ്ധരിച്ചിട്ടുണ്ട്. സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ് : ‘സമുദ്രതീരത്ത് വസിച്ചിരുന്ന ഒരു രാജ്യക്കാര്‍ മത്സ്യവേട്ട നടത്തുന്നവരായിരുന്നു. ശബ്ബത്ത് നാളില്‍ ജോലി ചെയ്തുകൂടായ്കയാല്‍ അന്ന് അവര്‍ക്ക് മീന്‍ പിടിക്കുവാന്‍ പാടില്ലായിരുന്നു. മല്‍സ്യമാണെങ്കില്‍ അന്നത്തെദിവസം കൂട്ടംകൂട്ടമായി പ്രവഹിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു പരീക്ഷണമായിരുന്നു അത്. അവര്‍ ഒരു ഉപായം കണ്ടുപിടിച്ചു. ശനിയാഴ്ച ദിവസം സമുദ്രത്തിന്റെ അടുത്ത സ്ഥലങ്ങളില്‍ കുഴികളുണ്ടാക്കി നീര്‍ച്ചാലുകള്‍വഴി അതിലേക്ക് വെളളം കടത്തിവിടുക. ശനിയാഴ്ച ദിവസം അതില്‍ മത്സ്യം വന്നു നിറയുമ്പോള്‍ ചാലുകള്‍ അടച്ചിടുക. ശബ്ബത്തിന്റെ സമയം കഴിഞ്ഞ ശേഷം ആ മല്‍സ്യം പിടിച്ചു ശേഖരിക്കുകയും ചെയ്യും. ഇതിനെപ്പറ്റി അവരിലുണ്ടായിരുന്ന നല്ല മനുഷ്യന്‍മാര്‍ അവരെ ഉപദേശിച്ചു നോക്കിയെങ്കിലും അവരത് ചെവിക്കൊണ്ടില്ല. ആ നല്ല മനുഷ്യരെ അല്ലാഹു രക്ഷപ്പെടുത്തുകയും, അതിക്രമം ചെയ്തവരെ അല്ലാഹു കുരങ്ങുകളാക്കി ശിക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍, അല്‍ അക്വബഃ (العَقَبَة) എന്ന പേരില്‍ അറിയെപ്പടുന്ന ഐലത്തു (ايلة ഏലാത്ത്) ആയിരുന്നു ആ രാജ്യമെന്നും, അതിനടുത്ത് മദ്‌യനിലായിരുന്നു സംഭവം നടന്നതെന്നും പറയപ്പെടുന്നു. (*) ആ ഭാഗങ്ങളിലെല്ലാം തന്നെ അനവധികാലം ഇസ്‌റാഈല്യര്‍ കുടിയേറിപ്പാര്‍ത്തിരുന്നു.


(*) ചെങ്കടലിന്റെ വടക്കേതല രണ്ടായി പിളര്‍ന്ന് ഒന്ന് ഇടത്തോട്ട് സൂയസ് വഴി മദ്ധ്യധരണ്യാഴിയില്‍ ചേരുന്നു. മറ്റേത് വലത്തോട്ട് അല്‍അക്വബഃ എന്ന ഐലത്തുവരെ നീണ്ടു പോകുന്നു. രണ്ടു ശാഖകള്‍ക്കുമിടയില്‍ മുക്കോണാകൃതിയില്‍ കിടക്കുന്ന കരയിലും പരിസരങ്ങളിലുമാണ് സീനാ പര്‍വ്വതം, തീഹുമരുഭൂമി, ഹേറോബ്, മദ്‌യന്‍ (മിദ്യാന്‍) മുതലായവ (4-ാം നമ്പ്ര് ഭൂപടവും മറ്റും നോക്കുക) ഇന്നത്തെ ഇസ്‌റാഈല്‍ രാഷ്ട്രത്തിന്റെ കീഴിലാണ് ആ തുറമുഖം ഇപ്പോഴുള്ളത്.


മതനിയമത്തെ മറികടക്കുവാനുള്ള അവരുടെ ആ ഉപായം നിയമത്തെ ധിക്കരിക്കലും വഞ്ചനയുമാണല്ലോ. ഉപദേഷ്ടാക്കളുടെ ഉപദേശങ്ങളും അവര്‍ വിലവെച്ചില്ല. അപ്പോള്‍ അവരുടെ പ്രവൃത്തിക്കൊത്ത ശിക്ഷതന്നെ അല്ലാഹു അവര്‍ക്ക് നല്‍കി. അവരെ കുരങ്ങുകളാക്കി രൂപം മാറ്റി. ശരീരാകൃതിയില്‍ മനുഷ്യനും കുരങ്ങും കുറേയൊക്കെ സാമ്യമുള്ളതുപോലെ, അവരുടെ പ്രവൃത്തികളും ബാഹ്യത്തില്‍ നിയമം പാലിച്ചുവെന്ന് പറയാവുന്ന വിധത്തിലാണല്ലോ. ബാഹ്യത്തില്‍ മതത്തിന്റെ വിധിവിലക്കുകളെ അനുസരിക്കുന്നുവെന്ന് വരുത്തുകയും യഥാര്‍ത്ഥത്തില്‍ അവയിലടങ്ങിയ തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാവരും -അവര്‍ അക്കാലത്തുള്ളവരാകട്ടെ, പില്‍ക്കാലത്തുള്ളവരാകട്ടെ- ആ മീന്‍പിടുത്തക്കാരെ അനുകരിക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. അങ്ങിനെയുള്ളവര്‍ക്കെല്ലാം പാഠം നല്‍കുന്ന ഒരു താക്കീതാണ് ആ ശിക്ഷയെന്നും, ആ മീന്‍പിടുത്തക്കാരെ ഉപദേശിച്ചു കൊണ്ടിരുന്ന ആ നല്ല മനുഷ്യന്‍മാരെപ്പോലെ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചുപോരുന്ന ഭയഭക്തന്‍മാര്‍ക്ക് ഈ സംഭവത്തില്‍ നിന്ന് ഉപേദശം ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതാണെന്നും 66-ാം വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു.

كُونُواقِرَدَة (നിങ്ങള്‍ കുരങ്ങുകളായിത്തീരുവിന്‍) എന്ന് അല്ലാഹു അവരോട് പറഞ്ഞ മാത്രയില്‍ അവര്‍ കുരങ്ങുകളായിത്തീര്‍ന്നിട്ടുണ്ടെന്ന് തീര്‍ച്ച തന്നെ. ഏതൊരു കാര്യത്തെക്കുറിച്ചും അത് ഉണ്ടാവണമെന്ന് അവന്‍ പറഞ്ഞാല്‍ അതുണ്ടാവുകതന്നെ ചെയ്യും.(36:82) ഇവരെ കുരങ്ങുകളാക്കി എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം അവരുടെ ശരീരത്തിന്റെ രൂപം മാറ്റിയില്ലെന്നും, അവരുടെ ഹൃദയങ്ങളെ കുരങ്ങുകളുടെ ഹൃദയം പോലെയാക്കി -ഉപദേശവും താക്കീതും ഫലപ്പെടാതാക്കി- എന്നാണെന്നുമാണ് മുജാഹിദ് (റ) പ്രസ്താവിച്ചിരിക്കുന്നത്. മറ്റാരും ഇങ്ങിനെ അഭിപ്രായപ്പെട്ടതായി അറിയപ്പെടുന്നില്ല. ഇവിടെയുംമാഇദഃ 63ലും, അഅ്‌റാഫ് 166ലും അല്ലാഹു പ്രസ്താവിച്ചതിന്റെ വ്യക്തമായ അര്‍ത്ഥത്തിന് യോജിക്കാത്ത ഒരൊറ്റപ്പെട്ട അഭിപ്രായം മാത്രമാണ് മുജാഹിദ് (റ)ന്റെ ഈ അഭിപ്രായമെന്ന് ഇബ്‌നു കഥീര്‍ (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. പല മഹാന്‍മാരുടെയും പ്രസ്താവനകളും അഭിപ്രായങ്ങളും ഉദ്ധരിച്ച ശേഷം അദ്ദേഹം ഇങ്ങിനെ പറഞ്ഞിരിക്കുന്നു: ”ഈഇമാമുകളില്‍ നിന്നെല്ലാം ഈ വാക്യങ്ങള്‍ ഇവിടെ നാം ഉദ്ധരിക്കുവാന്‍ കാരണം, അക്കൂട്ടരുടെ ശരീരാകൃതി മാറ്റിയിട്ടില്ലെന്നും, മാനസികമായ പ്രകൃതിമാറ്റമേ ഉണ്ടായിട്ടുള്ളൂവെന്നും മുജാഹിദ് -അല്ലാഹു അദ്ദേഹത്തിന് കരുണ നല്‍കട്ടെ- പറഞ്ഞതിനെതിരാണ് ആ മഹാന്മാരെല്ലാം പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമാക്കുവാന്‍ വേണ്ടിയാകുന്നു. ആകൃതിയിലും പ്രകൃതിയിലും അവര്‍ കോലം മാറ്റപ്പെട്ടിട്ടുണ്ടെന്നുള്ളതാണ് ശരി.

”അസാധാരണ സംഭവങ്ങളൊന്നും ദഹിക്കാത്ത ചില ആളുകള്‍ മുജാഹിദ് (റ) ന്റെ ഒറ്റപ്പെട്ട അഭിപ്രായത്തിന് മുന്‍ഗണന നല്‍കുകയും, മറ്റുള്ള അഭിപ്രായങ്ങളും, തെളിവുകളും അഗണ്യമാക്കുകയും ചെയ്യുന്നത് സ്വാഭാവികമാണല്ലോ. ആ ശിക്ഷ ശബ്ബത്ത് നാളില്‍ അതിക്രമം പ്രവര്‍ത്തിച്ച ഒരു ജനതക്ക് പ്രത്യേകം നല്‍കപ്പെട്ട ശിക്ഷയായി പ്രസ്താവിക്കുകയും, ആ സംഭവത്തിന്റെ മുമ്പിലും പിമ്പിലുമുള്ളവര്‍ക്ക് അതൊരു പാഠം നല്‍കുന്ന ശിക്ഷയാണെന്ന് അല്ലാഹു പറയുകയും ചെയ്തിരിക്കെ, ഈ അഭിപ്രായത്തിന് ന്യായീകരണം കാണുന്നില്ല. പാപവും ധിക്കാരവും അധികമാകുമ്പോള്‍ ഹൃദയത്തിലേക്ക് വേണ്ടതൊന്നും പ്രവേശിക്കാത്തവിധം അവ മുദ്രവെക്കപ്പെടുന്നതാണെന്ന് ഒന്നിലധികം സ്ഥലത്ത് അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതാണ്. ഈ അഭിപ്രായമനുസരിച്ച് അക്കൂട്ടത്തില്‍പെട്ട ഒരു സംഭവമായിട്ടേ ഈ സംഭവത്തെ ഗണിക്കുവാനുള്ളൂ. ഏതായാലും രൂപം മാറ്റപ്പെട്ടവരാരും പിന്നീട് അധികം ജീവിക്കുകയോ, അവര്‍ക്ക് സന്താനങ്ങള്‍ ജനിക്കുകയോ ഉണ്ടായിട്ടില്ല. ഇബ്‌നു മസ്ഊദ് (റ) പ്രസ്താവിച്ചതായി ഇമാം മുസ്‌ലിം (റ) ഇങ്ങിനെ ഉദ്ധരിക്കുന്നു: ‘കുരങ്ങുകളും പന്നികളും രൂപം മറിക്കപ്പെട്ടവരില്‍ നിന്നുണ്ടായതാണോ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിച്ചവരോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: അല്ലാഹു ഒരു കൂട്ടരെ നശിപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുമ്പോള്‍ അവര്‍ക്ക് അവന്‍ സന്താനം നല്‍കുകയുണ്ടായിട്ടില്ല. കുരങ്ങുകളും പന്നികളും അതിന് മുമ്പ് തന്നെ ഉണ്ടായിരുന്നു.’

2:67
  • وَإِذْ قَالَ مُوسَىٰ لِقَوْمِهِۦٓ إِنَّ ٱللَّهَ يَأْمُرُكُمْ أَن تَذْبَحُوا۟ بَقَرَةً ۖ قَالُوٓا۟ أَتَتَّخِذُنَا هُزُوًا ۖ قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَٰهِلِينَ ﴾٦٧﴿
  • മൂസാ തന്റെ ജനതയോട്പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) 'അല്ലാഹു നിങ്ങളോട് നിങ്ങള്‍ ഒരു പശുവിനെ അറുക്കണമെന്ന് കല്‍പിക്കുന്നു.' അവര്‍ പറഞ്ഞു: 'താങ്കള്‍ ഞങ്ങളെ പരിഹാസ്യ വസ്തുവാക്കുകയാണോ'? അദ്ദേഹം പറഞ്ഞു: 'ഞാന്‍ വിഡ്ഢികളില്‍ പെട്ടവനായിത്തീരുന്നതിനെക്കുറിച്ച് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു' [വിഡ്ഢികളുടെ സ്വഭാവമാണല്ലോ പരിഹസിക്കല്‍].
  • وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം مُوسَىٰ മൂസാ لِقَوْمِهِ തന്റെ ജനതയോട് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു يَأْمُرُكُمْ നിങ്ങളോട് കല്‍പിക്കുന്നു أَن تَذْبَحُوا നിങ്ങള്‍ അറുക്കുവാന്‍ بَقَرَةً ഒരു പശുവെ قَالُوا അവര്‍ പറഞ്ഞു أَتَتَّخِذُنَا താങ്കള്‍ ഞങ്ങളെ ആക്കുകയാണോ هُزُوًا പരിഹാസം, പരിഹാസ്യം قَالَ അദ്ദേഹം പറഞ്ഞു أَعُوذُ ഞാന്‍ ശരണം തേടുന്നു بِاللَّهِ അല്ലാഹുവിനോട് أَنْ أَكُونَ ഞാന്‍ ആകുന്നതിനെക്കുറിച്ച് مِنَ الْجَاهِلِينَ വിവരമില്ലാത്തവരില്‍, വിഡ്ഢികളുടെ (വിവേകമില്ലാത്തവരുടെ) കൂട്ടത്തില്‍
2:68
  • قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا فَارِضٌ وَلَا بِكْرٌ عَوَانٌۢ بَيْنَ ذَٰلِكَ ۖ فَٱفْعَلُوا۟ مَا تُؤْمَرُونَ ﴾٦٨﴿
  • അവര്‍ പറഞ്ഞു: താങ്കള്‍താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക : അത് എന്ത് (തരം) പശു വാണെന്ന് അവന്‍ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു: അവന്‍ പറയുന്നു: അത് നന്നേ പ്രായം കൂടിയതും പ്രായം കുറഞ്ഞതുമല്ലാത്ത ഒരു പശുവാണ്. (അതെ) അതിനിടയില്‍ ഒരു മദ്ധ്യ പ്രായത്തിലുള്ളത് (ആയിരിക്കണം) എനി, നിങ്ങളോട് കല്‍പിക്കപ്പെടുന്നത് നിങ്ങള്‍ ചെയ്തുകൊള്ളുവിന്‍.
  • قَالُوا അവര്‍ പറഞ്ഞു ادْعُ لَنَا ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക رَبَّكَ താങ്കളുടെ റബ്ബിനോട് يُبَيِّن അവന്‍ വിവരിച്ചു തരട്ടെ لَّنَا ഞങ്ങള്‍ക്ക് مَا هِيَ അത് എന്താണെന്ന് قَالَ അദ്ദേഹം പറഞ്ഞു إِنَّهُ يَقُولُ നിശ്ചയമായും അവന്‍ പറയുന്നു إِنَّهَا നിശ്ചയമായും അത് بَقَرَةٌ ഒരു പശുവാകുന്നു لَّا فَارِضٌ (വളരെ) പ്രായം ചെന്നത് (കിഴവി, ചാവാറായത്) അല്ല وَلَا بِكْرٌ പ്രായം കുറഞ്ഞതും (കന്യകയും) അല്ല عَوَانٌ മദ്ധ്യതരം, ഇടത്തരം بَيْنَ ذَٰلِكَ അതിനിടയില്‍ فَافْعَلُوا എനി നിങ്ങള്‍ ചെയ്യുവിന്‍ مَا تُؤْمَرُونَ നിങ്ങളോട് കൽപിക്കപ്പെടുന്നത്
2:69
  • قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ صَفْرَآءُ فَاقِعٌ لَّوْنُهَا تَسُرُّ ٱلنَّٰظِرِينَ ﴾٦٩﴿
  • അവര്‍ പറഞ്ഞു: 'താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് പ്രാര്‍ത്ഥിക്കുക: അതിന്റെ നിറമെന്തായിരിക്കുമെന്ന് അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ'. അദ്ദേഹം പറഞ്ഞു: അവന്‍ പറയുന്നു: 'അത് നോക്കുന്നവര്‍ക്ക് സന്തോഷമുണ്ടാകുമാറ് നിറം ശുദ്ധ മഞ്ഞ വര്‍ണമുള്ളതായ ഒരു പശുവാണ് (ആയിരിക്കേത്)'
  • قَالُوا അവര്‍ പറഞ്ഞു ادْعُ لَنَا ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക رَبَّكَ താങ്കളുടെ റബ്ബിനോട് يُبَيِّن لَّنَا അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ مَا لَوْنُهَا അതിന്റെ നിറം എന്തെന്ന് قَالَ അദ്ദേഹം പറഞ്ഞു إِنَّهُ يَقُولُ അവന്‍ പറയുന്നു إِنَّهَا بَقَرَةٌ അത് ഒരു പശുവാകുന്നു صَفْرَاءُ മഞ്ഞ വര്‍ണമുള്ളത് فَاقِعٌ തനി (ശുദ്ധ) لَّوْنُهَا അതിന്റെ നിറം تَسُرُّ അത് സന്തോഷിപ്പിക്കും النَّاظِرِينَ നോക്കുന്ന (കാണുന്ന) വരെ
2:70
  • قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ إِنَّ ٱلْبَقَرَ تَشَٰبَهَ عَلَيْنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهْتَدُونَ ﴾٧٠﴿
  • അവര്‍ പറഞ്ഞു: 'താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി താങ്കളുടെ റബ്ബിനോട് പ്രാര്‍ത്ഥിക്കണം. അത് ഏത് (തരം) പശുവായിരിക്കുമെന്ന് അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ, (കാരണം) നിശ്ചയമായും (പരസ്പര സാദൃശ്യത നിമിത്തം) പശു ഏതെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാതായിരിക്കുന്നു'. ഞങ്ങള്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍തന്നെയായിരിക്കും.
  • قَالُوا അവര്‍ പറഞ്ഞു ادْعُ لَنَا ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക رَبَّكَ താങ്കളുടെ റബ്ബിനോട് يُبَيِّن لَّنَا അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ مَا هِيَ അത് എന്താണെന്ന് إِنَّ الْبَقَرَ നിശ്ചയമായും പശു تَشَابَهَ പരസ്പരം സാദൃശ്യമായി (തിരിച്ചറിയാതായി)രിക്കുന്നു عَلَيْنَا ഞങ്ങള്‍ക്ക് وَإِنَّا നിശ്ചയമായും ഞങ്ങള്‍ إِن شَاءَ اللَّهُ അല്ലാഹു ഉദ്ദേശിച്ചാല്‍ لَمُهْتَدُونَ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെ
2:71
  • قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا ذَلُولٌ تُثِيرُ ٱلْأَرْضَ وَلَا تَسْقِى ٱلْحَرْثَ مُسَلَّمَةٌ لَّا شِيَةَ فِيهَا ۚ قَالُوا۟ ٱلْـَٰٔنَ جِئْتَ بِٱلْحَقِّ ۚ فَذَبَحُوهَا وَمَا كَادُوا۟ يَفْعَلُونَ ﴾٧١﴿
  • അദ്ദേഹം പറഞ്ഞു: അവന്‍ പറയുന്നു: അത്, ഭൂമി ഉഴുകയാകട്ടെ, വിള നനക്കുകയാകട്ടെ ചെയ്തു ശീലിച്ചതല്ലാത്ത പശുവാകുന്നു: (അതെ) കലര്‍പ്പുവര്‍ണമില്ലാത്ത (ന്യൂനതകളില്‍ നിന്ന്) സുരക്ഷിതമായതാകുന്നു (അഥവാ ആയിരിക്കണം) അവര്‍ പറഞ്ഞു: ഇപ്പോള്‍ താങ്കള്‍ യഥാര്‍ത്ഥ (വിവര)വും കൊണ്ടുവന്നിരിക്കുന്നു. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ (അത്) ചെയ്യുമായിരുന്നില്ല [എങ്കിലും, അവസാനം ചെയ്യുകതന്നെ ചെയ്തു]
  • قَالَ അദ്ദേഹം പറഞ്ഞു إِنَّهُ يَقُولُ അവന്‍ പറയുന്നു إِنَّهَا بَقَرَةٌ അത് ഒരു പശുവാകുന്നു لَّا ذَلُولٌ വിധേയമായത് (ശീലിച്ചത്, ഉപയോഗിച്ചത്, പരിചയി പ്പിക്കപ്പെട്ടത്) അല്ല تُثِيرُ ഉഴുന്ന, ഉഴുമാറ് الْأَرْضَ ഭൂമിയും وَلَا تَسْقِي നനക്കുകയില്ല الْحَرْثَ വിളയെ, കൃഷിയെ مُسَلَّمَةٌ സുരക്ഷിതമായത് لَّا شِيَةَ (വര്‍ണത്തിന്റെ) യാതൊരു കലര്‍പ്പുമില്ലാത്ത فِيهَا അതില്‍ قَالُوا അവര്‍ പറഞ്ഞു الْآنَ ഇപ്പോള്‍ جِئْتَ താങ്കള്‍ വന്നു بِالْحَقِّ യഥാര്‍ത്ഥവും കൊണ്ട് فَذَبَحُوهَا അങ്ങിനെ അവര്‍ അതിനെ അറുത്തു وَمَا كَادُوا അവര്‍ ആകുമായിരുന്നില്ല يَفْعَلُونَ അവര്‍ ചെയ്യും

ഈ സൂറത്തിന് പശു എന്നര്‍ത്ഥമുള്ള അല്‍ബക്വറഃ (البَقَرة) എന്നു പേര്‍ പറയപ്പെടുവാന്‍ കാരണമായ പശുവിന്റെ സംഭവമാണിത്. ഈ വചനങ്ങളില്‍ പ്രസ്താവിച്ച പ്രകാരം ഒരു പശുവിനെ ബലി അറുക്കണമെന്ന് ഇസ്‌റാഈല ്യരോട് കല്‍പിക്കപ്പെടുവാന്‍ കാരണം അടുത്ത വചനങ്ങളില്‍ വിവരിക്കുന്ന ഒരു വധ സംഭവമാണെന്നത്രെ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവെ പ്രസ്താവിക്കുന്നത്. വിശദാംശങ്ങളില്‍ ഭിന്നാഭിപ്രായം കാണാമെങ്കിലും സംഭവത്തിന്റെ സ്വഭാവം ചുരുക്കത്തില്‍ ഇപ്രകാരമാകുന്നു: ഒരു ധനികനെ അയാളുടെ ഒരു അവകാശി കൊലപ്പെടുത്തി. മൃതദേഹം ഒരു പെരുവഴിയിലോ മറ്റോകൊണ്ടു പോയി വെച്ചു. പിന്നീട് അതേ ഘാതകന്‍ തന്നെ കൊലക്കുറ്റം മറ്റുള്ളവരുടെമേല്‍ ആരോപിച്ചു. അങ്ങിനെ, തര്‍ക്കവും വഴക്കുമായി. കേസ്സ് മൂസാ (عليه السلام)ന്റെ അടുക്കലെത്തി. അപ്പോഴാണ് അദ്ദേഹം 67-ാം വചനത്തില്‍ പ്രസ്താവിച്ച പ്രകാരം ഒരു പശുവിനെ അറുക്കുവാന്‍ അവരോട് കല്‍പിച്ചത്. അറുത്ത ശേഷം 73-ാം വചനത്തില്‍ പറയുന്നത്‌ പോലെ, ആ പശുവിന്റെ ഒരംശമെടുത്ത് അതുകൊണ്ട് മൃതദേഹത്തില്‍ അടിക്കപ്പെടുകയും, അപ്പോള്‍ അതിന് ജീവനുണ്ടാകുകയും, ഘാതകന്‍ ഇന്ന ആളാണെന്ന്പറയുകയും ചെയ്തു. മൃതദേഹം വീണ്ടും പഴയപടി നിര്‍ജ്ജീവമായിത്തീരുകയും ചെയ്തു.

ഇതനുസരിച്ച് പ്രസ്തുത വധമാണ് ആദ്യം സംഭവിച്ചത്. പിന്നീടാണ് പശുവിനെ അറുക്കുവാനുള്ള കല്‍പന. സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ആദ്യഭാഗം ആദ്യവും പിന്നീടുള്ളത് പിന്നീടുമായി ക്രമപ്രകാരം തന്നെ ഉദ്ധരിക്കുന്ന പതിവ് ക്വുര്‍ആനില്‍ പലപ്പോഴും ഉണ്ടാകാറില്ല. ചിലപ്പോള്‍ ഇടയില്‍ നിന്നും, ഒടുവില്‍ നിന്നും അതു കഥ ആരംഭിച്ചെന്നുവരും. ഇങ്ങിനെ വിവരിക്കുന്നതില്‍ ചില യുക്തി രഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ട് താനും.ഇതിനെപ്പറ്റി മുഖവുരയില്‍ ക്വുര്‍ആന്റെ പ്രതിപാദനരീതി എന്ന ശീര്‍ഷകത്തില്‍ നാംസംസാരിച്ചിട്ടുള്ളതാണ്. പശുവിനെ അറുക്കുവാനുള്ള കല്‍പനയും, അതിനെത്തുടര്‍ന്ന് ഇസ്‌റാഈല്യര്‍ പല ചോദ്യങ്ങള്‍ നടത്തിയതും അതിന്റെ അനന്തരഫലവും അടങ്ങുന്നഭാഗം ഒരു സ്വതന്ത്ര സംഭവമായി വിവരിച്ചത് അവരുടെ വിശ്വാസദൗര്‍ബ്ബല്യം, അച്ചടക്കമില്ലായ്മ, നിയമപാലനത്തില്‍ നിന്ന് ഒഴിഞ്ഞു മാറുവാനുള്ള അവരുടെ വാഞ്ഛ, പരിഹാസം, മുട്ടുചോദ്യം ആദിയായ സ്വഭാവങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ പര്യാപ്തമാണല്ലോ. വധവും അതിനെത്തുടര്‍ന്നുള്ള കാര്യങ്ങളും വേറൊരു സ്വതന്ത്ര സംഭവമെന്നോണം പിന്നീട് വിവരിച്ചത് അല്ലാഹുവിന്റെ മഹത്തായ കഴിവ്, മരണാനന്തര ജീവിതം, മൂസാ നബി (عليه السلام)യുടെ സത്യത ആദിയായവയെപ്പറ്റി പ്രത്യേകം ചിന്തിക്കുവാനും ഉതകുന്നു. ഒരു കഥയെന്നോണം ആദ്യന്തം തുടര്‍ച്ചയായി വിവരിക്കുമ്പോള്‍ഈ പുതുമയും ഗൗരവവും അതിനുണ്ടായിരിക്കയില്ല.

ആദ്യം സംഭവിച്ചത് പശുവിനെ അറുത്ത സംഭവമാണെന്നും പിന്നീടാണ്, വധവും തര്‍ക്കവും ഉണ്ടായതെന്നും, അപ്പോള്‍ ആ പശുവിന്റെ അംശം കൊണ്ട് മൃതദേഹത്തെ അടിക്കുവാന്‍ കല്‍പനയുണ്ടായതാണെന്നുമാണ് ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു പക്ഷേ – ചില മഹാന്‍മാര്‍ ചൂണ്ടിക്കാട്ടിയത് പോലെ – വധത്തിന്റെ സംഭവം ആദ്യം നടന്നിരുന്നാല്‍ തന്നെയും പശുവിന്റെ അറവ് കഴിഞ്ഞ ശേഷമാണിതിന്റെ ഒരംശംകൊണ്ട് മൃതദേഹത്തെ അടിക്കുവാനുള്ള കല്‍പനയുണ്ടായതെന്നും വരാവുന്നതാണ്. (വാസ്തവം അല്ലാഹുവിനറിയാം) ഏതായിരുന്നാലും പശുവിനെ അറുത്ത സംഭവവും തുടര്‍ന്നുള്ള വചനങ്ങളില്‍ പ്രസ്താവിക്കുന്ന വധത്തിന്റെ സംഭവവും പരസ്പരംബന്ധമില്ലാത്ത രണ്ട് സ്വതന്ത്ര സംഭവങ്ങളല്ല -ഒരേ സംഭവത്തിന്റെ രണ്ട് വശങ്ങളാണ് രണ്ടും- എന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. തല്‍പരകക്ഷികളായ ചില ആധുനിക പണ്ഡിതന്മാര്‍ക്കിടയില്‍ നിന്ന് മാത്രമേ രണ്ടും രണ്ടു പ്രത്യേക സംഭവങ്ങളാണെന്ന വാദം പുറപ്പെട്ടു കാണുന്നുള്ളൂ. ഇതിനെപ്പറ്റി വഴിയെ പരിശോധിക്കാം إِن شَاءَ اللَّهُ

സന്ദര്‍ഭം ഏതാവട്ടെ, ഒരു പശുവിനെ അറുക്കുവാന്‍ അല്ലാഹു കല്‍പിക്കുന്നതായി മൂസാ (عليه السلام) ഇസ്‌റാഈല്യരെ അറിയിച്ചു. അദ്ദേഹം അല്ലാഹുവിന്റെ റസൂലും അവരുടെ മാര്‍ഗദര്‍ശിയും നേതാവുമായിരിക്കെ, ആ കല്‍പന അവര്‍ ഉടനെയങ്ങ് അനുസരിക്കേണ്ടതായിരുന്നു. പക്ഷേ, ആ കല്‍പന അവര്‍ക്ക് ദഹിച്ചില്ല. മൂസാ (عليه السلام) തങ്ങളെ പരിഹസിക്കുകയാണോ എന്നൊരു സംശയവും! അല്ല, അതവര്‍ തുറന്ന് ചോദിക്കുക തന്നെചെയ്തു. അവരെപ്പറ്റി വേണ്ടത്ര പഠിച്ചു പരിചയിച്ച റസൂലാണല്ലോ അദ്ദേഹം. മയത്തിലും നയത്തിലും തന്നെ അദ്ദേഹം അതിന് മറുപടികൊടുത്തു. ഞാന്‍ വിഡ്ഢികളുടെ കൂട്ടത്തില്‍ ചേരുകയോ? അല്ലാഹു എന്നെ കാക്കട്ടെ! ഇതായിരുന്നു മറുപടി. വിഡ്ഢികളാരെന്ന് പറയാതെ, വ്യംഗമായി അതാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.ആ കല്‍പന കളിയോ പരിഹാസമോ അല്ല -കാര്യം തന്നെയാണ്- എന്ന് തീര്‍ച്ചപ്പെട്ടപ്പോഴെങ്കിലും അവരത് അനുസരിക്കേണ്ടതായിരുന്നു. ഒരു പശുവിനെ അറുക്കണമെന്നല്ലാതെ മറ്റു ഉപാധികളൊന്നും പറയാത്ത സ്ഥിതിക്ക് ഏതെങ്കിലും ഒന്നിനെ അറുത്താല്‍ മതിയായിരുന്നു. എന്നാല്‍ എങ്ങിനെയെങ്കിലും കല്‍പന നിറവേറ്റുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറുവാന്‍ ഒഴികഴിവുകള്‍ തേടുന്ന പാരമ്പര്യ ശീലമുണ്ടോ അവര്‍ ഉപേക്ഷിക്കുന്നു?! എന്തു പശുവായിരിക്കണം ഏത് തരത്തിലുള്ളതാവണം? എന്നിങ്ങനെ, ഒന്നിന് പിന്നാലെ ഓരോചോദ്യങ്ങള്‍ അവര്‍ നടത്തുകയുണ്ടായി.

ഓരോ ചോദ്യത്തിലെയും വാക്കുകള്‍ പരിശോധിച്ചു നോക്കുക. അവരുടെ വിശ്വാസത്തിന്റെ ദൗര്‍ബ്ബല്യവും അച്ചടക്ക രാഹിത്യവും അവഗണനാ മനഃസ്ഥിതിയും ആ വാക്കുകളിലൂടെ പ്രകടമായി കാണാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഹാബികള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബോധന ചെയ്തിരുന്നതുപോലെ, നബിയേ എന്നോ റസൂലേ എന്നോ ഒന്നുമല്ല -മൂസാ എന്നാണ്- അവര്‍ തങ്ങളുടെ പ്രവാചകനെ വിളിക്കാറുള്ളത്. താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ് ആവര്‍ത്തിച്ചു കൊണ്ടുള്ള അവരുടെആവശ്യം. അല്ലാഹുവിനോട് -നമ്മുടെ റബ്ബിനോട്- പോലെയുള്ള പ്രയോഗം അവരുടെനാവില്‍ കാണുന്നില്ല. അല്ലാഹു മൂസാ നബി (عليه السلام)ന്റെ മാത്രം റബ്ബാണെന്ന് തോന്നിയേക്കും അവരുടെ ആ വാക്ക് കേട്ടാല്‍. മൂസാ (عليه السلام) അതിലൊന്നും അവരോട് തര്‍ക്കം നടത്തുന്നില്ല. മാന്യതയും, ഗുണകാംക്ഷയും നിറഞ്ഞ ശാന്തമായ സ്വരത്തില്‍ ഒരോ ചോദ്യത്തിനും മറുപടി നല്‍കുന്നു. ഓരോ മറുപടിയും ലഭിക്കുമ്പോള്‍, ചോദ്യം അവിടെവെച്ച് മതിയാക്കിയെങ്കില്‍ അതവര്‍ക്ക് തന്നെ ഗുണമായിരുന്നേനേ. ചോദ്യം ചെയ്യല്‍ അധികരിക്കുംതോറും സ്വയം പ്രയാസം പേറുകയും അനുസരണക്കുറവ് പ്രകടിപ്പിക്കുകയുമാണല്ലോ അത് മൂലം സംഭവിക്കുന്നത്. അത്‌ കൊണ്ടാണ് ഇത്തരം ചോദ്യങ്ങളെ ക്വുര്‍ആന്‍ വിരോധിച്ചിരിക്കുന്നതും. അല്ലാഹു പറയുന്നു : ‘ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് വ്യക്തമാക്കപ്പെട്ടുതന്നാല്‍ നിങ്ങള്‍ക്ക് അതൃപ്തി ഉളവാക്കുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദിക്കരുത്. ക്വുര്‍ആന്‍ അവതരിക്കപ്പെടുന്ന സമയത്ത് അവയെപ്പറ്റി നിങ്ങള്‍ ചോദിക്കുന്ന പക്ഷം അവ നിങ്ങള്‍ക്ക് വ്യക്തമാക്കപ്പെടുന്നതുമാണ്…..’ (മാഇദഃ 101) ചോദ്യം അധികരിപ്പിക്കുന്നതിനെ നബി വെറുത്തിരുന്നതായി ഹദീഥിലും വന്നിട്ടുണ്ട്.

ഓരോ ചോദ്യവും വരുമ്പോള്‍ മൂസാ (عليه السلام) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കും. ഒന്നാമെത്ത പ്രാവശ്യം വളരെ പ്രായം ചെല്ലാത്തതും, നന്നേ പ്രായം കുറഞ്ഞതുമല്ലാത്ത മദ്ധ്യനിലയിലുള്ള ഒരു പശുവായാല്‍ മതിയെന്ന് മറുപടികിട്ടി. ഇങ്ങിനെയുള്ള പശു ഒട്ടും ദുര്‍ലഭമല്ലല്ലോ. വീണ്ടും ചോദ്യം ചെയ്യാതെ ആ കല്‍പന പാലിക്കുവാന്‍ അദ്ദേഹം അവരെ ഉപദേശിക്കുകയും ചെയ്തു. അവര്‍ വഴങ്ങിയില്ല. നിറം എന്തായിരിക്കണമെന്നായി. തനിമഞ്ഞ വര്‍ണമുള്ളതും കാഴ്ചക്ക് കൗതുകമുള്ളതുമാവണം എന്നായിരുന്നു മറുപടി. ഇങ്ങിനെയുള്ള പശുവിനെ കിട്ടുവാന്‍ കുറച്ചുകൂടി പ്രയാസമുണ്ടായിരിക്കുമല്ലൊ. എന്നാല്‍ ചോദ്യം അതോടെ അവസാനിച്ചില്ല. ഇത്തരത്തിലുള്ള പശുക്കള്‍ പലതുമുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് കാര്യം വ്യക്തമായില്ല. ഒന്നൂകൂടി വ്യക്തമാക്കണമെന്നായി. പക്ഷേ, ഇത്രയുമായപ്പോള്‍ അവര്‍ക്ക് അല്‍പം ബോധോദയം വന്നിരിക്കുന്നു. അറുക്കേണ്ടുന്ന പശുവിനെ തിരിച്ചറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നതാണ്. എന്നീ വാക്കുകള്‍ അതാണല്ലോ കാണിക്കുന്നത്. അങ്ങനെ, നിലംഉഴുക, വെള്ളം തേവുക മുതലായ ജോലികളില്‍ ഉപയോഗിക്കപ്പെടാത്തതും ഇതര വര്‍ണങ്ങളുടെ കലര്‍പ്പും കലയുമില്ലാത്തതും അംഗഭംഗവും മുടന്തും പോലെയുള്ള പോരായ്മകള്‍ ഇല്ലാത്തതും കൂടിയായിരിക്കണമെന്നുള്ള അവസാനത്തെ ഉത്തരത്തോടുകൂടി അന്വേഷണത്തിന്റെ രംഗം അവസാനിച്ചു. പശുവിനെക്കുറിച്ച് വേണ്ടത്ര വിവരണം കിട്ടിക്കഴിഞ്ഞുവെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു.

എനി, പ്രസ്തുത ഉപാധികളും ഗുണങ്ങളും ഒത്തിണങ്ങിയ ഒരു പശുവിനെ കണ്ടുകിട്ടണമല്ലോ. തിരഞ്ഞുതിരഞ്ഞ് അവസാനം കണ്ടെത്തി. വമ്പിച്ച വിലകൊടുത്താണ് അങ്ങിനെയൊരെണ്ണം അവര്‍ക്ക് കരസ്ഥമാക്കുവാന്‍ കഴിഞ്ഞതെന്ന് പറയെപ്പടുന്നു. അത് സ്വാഭാവികവുമാണ്. പശുവിനെ കിട്ടുവാനുള്ള പ്രയാസം അവരുടെ മാനസിക നിലപാടുകള്‍ തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ ആ കല്‍പന പാലിക്കുക അവരെ സംബന്ധിച്ചിടേത്താളം കുറേ വിദൂരം തന്നെയായിരുന്നു. എങ്കിലും ഒടുക്കം അവരത് പ്രവര്‍ത്തനത്തില്‍ വരുത്തുക തന്നെ ചെയ്തു. എനി, ഇങ്ങനെ ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിച്ചതിലുള്ള രഹസ്യം എന്താണെന്ന് അടുത്ത വചനങ്ങളില്‍ വെച്ചു കാണാം. അല്ലാഹു പറയുന്നു:

വിഭാഗം - 9

2:72
  • وَإِذْ قَتَلْتُمْ نَفْسًا فَٱدَّٰرَأْتُمْ فِيهَا ۖ وَٱللَّهُ مُخْرِجٌ مَّا كُنتُمْ تَكْتُمُونَ ﴾٧٢﴿
  • (ഇസ്‌റാഈല്‍ സന്തതികളേ) നിങ്ങള്‍ ഒരു ദേഹത്തെ [ആളെ] കൊലെപ്പടുത്തിയിട്ട് അതില്‍ നിങ്ങള്‍ അന്യോന്യം (ആരോപണം നടത്തി) ഒഴിഞ്ഞു മാറിയ സന്ദര്‍ഭം (ഓര്‍ക്കുക) അല്ലാഹുവാകട്ടെ, നിങ്ങള്‍ ഒളിച്ചുവെച്ചു കൊണ്ടിരിക്കുന്നതിനെ വെളിക്ക് വരുത്തുന്നവനുമത്രെ.
  • وَإِذْ قَتَلْتُمْ നിങ്ങള്‍ കൊലപ്പെടുത്തിയ സന്ദര്‍ഭം نَفْسًا ഒരു ദേഹത്തെ, ആളെ فَادَّارَأْتُمْ എന്നിട്ട് നിങ്ങള്‍ പരസ്പരം ഒഴിഞ്ഞുമാറി, അന്യോന്യം ആരോപണം നടത്തി فِيهَا അതില്‍ وَاللَّهُ അല്ലാഹു مُخْرِجٌ പുറത്ത് വരുത്തുന്നവനാണ് مَّا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെ تَكْتُمُونَ നിങ്ങള്‍ ഒളിച്ചു (മറച്ചു)വെക്കും
2:73
  • فَقُلْنَا ٱضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْىِ ٱللَّهُ ٱلْمَوْتَىٰ وَيُرِيكُمْ ءَايَٰتِهِۦ لَعَلَّكُمْ تَعْقِلُونَ ﴾٧٣﴿
  • അപ്പോള്‍, നാം പറഞ്ഞു: 'നിങ്ങള്‍ അവനെ അതിന്റെ [പശുവിന്റെ] ചില ഭാഗം (അഥവാ ഒരംശം) കൊണ്ട് അടിക്കുവിന്‍'. അപ്രകാരം അല്ലാഹു മരണെപ്പട്ടവരെ ജീവിപ്പിക്കുന്നു നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങളെ അവന്‍ നിങ്ങള്‍ക്ക്കാണിച്ചു തരുകയും ചെയ്യുന്നു.
  • فَقُلْنَا അപ്പോള്‍ നാം പറഞ്ഞു اضْرِبُوهُ അവനെ നിങ്ങള്‍ അടിക്കുവിന്‍ بِبَعْضِهَا അതിന്റെ ചില ഭാഗംകൊണ്ട് كَذَٰلِكَ അപ്രകാരം يُحْيِي ജീവിപ്പിക്കും اللَّهُ അല്ലാഹു الْمَوْتَىٰ മരണപ്പെട്ടവരെ وَيُرِيكُمْ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുകയും ചെയ്യുന്നു آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളെ لَعَلَّكُمْ നിങ്ങള്‍ ആകുവാന്‍വേണ്ടി, ആയേക്കാം تَعْقِلُونَ നിങ്ങള്‍ ബുദ്ധി കൊടുക്കും, ഗ്രഹിക്കും

മുമ്പ് പ്രസ്താവിച്ചതുപോലെ, സംഭവത്തിന്റെ ആദ്യഭാഗമാണിത്. ഒരാള്‍ കൊല്ലപ്പെടുകയുണ്ടായി. ഘാതകന്‍ ആരായിരുന്നുവെന്നും, വധത്തിന് കാരണമെന്തായിരുന്നുവെന്നും അല്ലാഹു പ്രസ്താവിച്ചിട്ടില്ല. കഥ വിവരിക്കലല്ലല്ലോ ഉദ്ദേശ്യം. കഥാപാഠം മനസ്സിലാക്കുന്നതിന് അതൊന്നും അറിയേണ്ടതുമില്ല. ഇസ്‌റാഈല്യര്‍ക്കിടയില്‍ മുമ്പ് നടന്നതും, അതിനെത്തുടര്‍ന്ന് അല്ലാഹുവിന്റെ മഹത്തായ കഴിവിനും മരണാനന്തര ജീവിതത്തിനും ഒരു ദൃഷ്ടാന്തമായിരുന്നതുമായ ഒരു സംഭവമെന്ന നിലക്കാണ് ഇതിവിടെ ഉദ്ധരിച്ചിരിക്കുന്നത്. 73-ാം വചനത്തിലെ അവസാനത്തെ രണ്ടു വാക്യങ്ങളില്‍ നിന്നും ഇത് ശരിക്കും മനസ്സിലാക്കാം. അങ്ങിനെയുള്ള ദൃഷ്ടാന്തങ്ങള്‍ കണ്ടറിഞ്ഞിട്ട് പിന്നെയും ഹൃദയം കടുത്തു ദുര്‍മാര്‍ഗത്തിന്റെ പാരമ്പര്യം പുലര്‍ത്തിപ്പോരുന്ന നിലവിലുള്ള ഇസ്‌റാഈല്യരെ താക്കീത് ചെയ്യലും, അവരെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കലുമാണ് അവരെ അഭിമുഖീകരിച്ചുകൊണ്ട് മുമ്പ് കഴിഞ്ഞ ആ സംഭവം വിവരിച്ചതിന്റെ ലക്ഷ്യം. അടുത്ത വചനത്തില്‍ നിന്ന് ഈ വസ്തുത കുറേകൂടി മനസ്സിലാക്കാവുന്നതാണ്.

യഥാര്‍ത്ഥ കൊലയാളി ആരെന്നറിയാതെ അവര്‍ അന്യോന്യം ആരോപണവും പ്രത്യാരോപണവും, ഭിന്നിപ്പും വഴക്കുമായി. കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ച പ്രകാരം അറുക്കപ്പെട്ടിരുന്ന ആ പശുവിന്റെ ഏതോ ഒരു അംശം എടുത്ത് അതുകൊണ്ട് ആ കൊല്ലപ്പെട്ടവനെ അടിക്കുവാന്‍ ആ അവസരത്തില്‍ അല്ലാഹു കല്‍പിച്ചു. ആ അംശം ഏതായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടില്ല. അംശം ഏതായിരുന്നാലും ശവത്തിനു ജീവന്‍ നല്‍കുന്നതില്‍ അതിന് പ്രത്യേക സ്ഥാനമൊന്നുമില്ലെന്നും അല്ലാഹുവിന്റെ ഉദ്ദേശ്യവും കല്‍പനയും മാത്രമാണതിനു കാരണമാകുന്നതെന്നും വ്യക്തമാണ്. ആ അംശം കൊണ്ട് അടിച്ചപ്പോള്‍ മൃതദേഹത്തിന് ജീവന്‍ തിരിച്ചുവന്നുവെന്നും, എന്നെ വധിച്ചത് ഇന്ന ആളാണെന്ന് അത് പറയുകയുണ്ടായെന്നുമാണ് -എതിരായ തെളിവുകളൊന്നുമില്ലാത്ത സ്ഥിതിക്ക്- ആയത്തിന്റെ ശൈലിയില്‍ നിന്ന് വ്യക്തമാകുന്നത്. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും അതാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. താഴെ കാണുന്ന ചില സംഗതികള്‍ ഇവിടെ ശ്രദ്ധേയമാകുന്നു:

(1) ഘാതകനെ തിരിച്ചറിയാതെ ജനങ്ങള്‍ അന്യോന്യം ആരോപണം നടത്തി ഒഴിഞ്ഞുമാറിക്കൊണ്ടിരുന്ന അവസരത്തിലാണ് പശുവിന്റെ അംശം കൊണ്ട് മൃതദേഹത്തില്‍ അടിക്കുവാന്‍ അല്ലാഹു കല്‍പിക്കുന്നത്.

(2) നിങ്ങള്‍ ഒളിച്ചുവെക്കുന്ന കാര്യം അല്ലാഹു വെളിക്ക് വരുത്തുമെന്ന് (وَاللَّهُ مُخْرِجٌ مَّا كُنتُمْ تَكْتُمُونَ) പറഞ്ഞുകൊണ്ടാണ് ആ കല്‍പന നല്‍കിയിരിക്കുന്നതും, അപ്പോള്‍, ആ കൊലയാളി ആരാണെന്ന് വെളിപ്പെടുത്തലാണ് ഈ കല്‍പനയുടെ ഉദ്ദേശ്യമെന്ന് പറയേണ്ടതില്ലല്ലോ.

(3) തുടര്‍ന്ന്‌ കൊണ്ട് അപ്രകാരമാണ് അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുക (كَذَٰلِكَ يُحْيِي اللَّهُ الْمَوْتَىٰ) എന്നും പറയുന്നു.

(4) അവസാനം, നിങ്ങള്‍ ബുദ്ധികൊടുത്ത് ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് കാട്ടിത്തരുകയും ചെയ്യുന്നു (وَيُرِيكُمْ آيَاتِهِ) എന്നും പറയുന്നു. അപ്പോള്‍ മരണപ്പെട്ട ആളെ അതുമൂലം ജീവിപ്പിക്കുകയുണ്ടായെന്നും, അതൊരു ദൃഷ്ടാന്തമെന്ന നിലക്കാണ് സംഭവിച്ചതെന്നും ഈ വാക്യങ്ങളില്‍ നിന്ന് വ്യക്തമായി.

(5) പശുവിന്റെ അംശംകൊണ്ട് കൊല്ലപ്പെട്ടവനെ അടിച്ചു എന്നും അവന്‍ അതുമൂലം ജീവിച്ചു എന്നും അവന്‍ തന്റെ ഘാതകന്‍ ഇന്ന ആളാണെന്ന് പറഞ്ഞു എന്നും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടില്ലെന്നത് ശരിയാണ്. പക്ഷേ, മുമ്പും പിമ്പുമുള്ള വാക്യങ്ങളില്‍ നിന്ന് അത് വ്യക്തമാണ്. മുമ്പും പിമ്പുമുള്ള പ്രസ്താവനകളില്‍ നിന്ന് വ്യക്തമായി അറിയപ്പെടുന്ന ചിലകാര്യങ്ങളെക്കുറിച്ച് മൗനമവലംബിക്കുന്നത് ക്വുര്‍ആന്റെ പ്രതിപാദന ശൈലികളില്‍ ഒന്നാണ്. ഇതിനെപ്പറ്റി മുഖവുരയിലും മറ്റും മുമ്പ് വിവരിച്ചിട്ടുണ്ട്.

പശുവിനെ അറുത്ത സംഭവവും, വധത്തിന്റെ സംഭവവും തമ്മില്‍ ബന്ധമുണ്ടെന്നുള്ളതിന് വളരെ വ്യക്തമായ ഒരു തെളിവാണ് اضْرِبُوهُ بِبَعْضِهَا (അവനെ അതിന്റെ അംശംകൊണ്ട് അടിക്കുക) എന്ന വാക്യം. ഇതില്‍ اضْرِبُوهُ بِبَعْضِهَا (അവനെ അടിക്കുക) എന്നതിലെ സര്‍വ്വനാമം (الضَمِير) കൊണ്ട് വിവക്ഷ ആ കൊല്ലപ്പെട്ട ആളും بِبَعْضِهَا (അതിന്റെ അംശം) എന്നതിലെ സര്‍വ്വനാമം കൊണ്ട് വിവക്ഷ മുന്‍ വചനങ്ങളില്‍ പറയെപ്പട്ട പ്രകാരം അറുക്കപ്പെട്ട ആ പശുവും അല്ലാതെ മറ്റൊന്നും ആയിരിക്കുവാന്‍ തരമില്ലെന്ന് അറബി ഭാഷാപരമായ പ്രാഥമിക അറിവെങ്കിലുമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. പക്ഷേ, പശുവിന്റെ ഒരംശം കൊണ്ട് അടിച്ചപ്പോള്‍ മൃതദേഹത്തിന് ജീവന്‍തിരിച്ചുവരിക പോലുള്ള അസാധാരണ ദൃഷ്ടാന്തങ്ങളെയെല്ലാം ദുര്‍വ്യാഖ്യാനം ചെയ്യുക പതിവാക്കിയവര്‍ ഇങ്ങിനെയുള്ള വസ്തുതകളുടെ നേരെ കണ്ണടക്കലും, എന്തെങ്കിലും ദുര്‍ന്യായങ്ങള്‍ പറഞ്ഞു തൃപ്തി അടയുവാന്‍ ശ്രമിക്കലും സ്വാഭാവികമാണല്ലോ. പശുവിനെ അറുത്തതും വധവും തമ്മില്‍ ബന്ധമില്ലെന്നും, രണ്ടും വെവ്വേറെ സംഭവങ്ങളാണെന്നും വാദിച്ചുകൊണ്ട് ഈ സംഭവത്തിന്റെ അസാധാരണത്വം ഒഴിവാക്കുവാന്‍ വേണ്ടി അവര്‍ സ്വീകരിച്ചു കാണുന്ന ദുര്‍വ്യാഖ്യാനങ്ങളുടെയും ദുര്‍ന്യായങ്ങളുടെയും ചില ഉദാഹരണങ്ങള്‍ ഇവയാകുന്നു:

(1) ഇവിടെ كَذَٰلِكَ يُحْيِي اللَّهُ الْمَوْتَىٰ (അപ്രകാരമാണ് അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത്) എന്ന വാക്യത്തിന് അവര്‍ അര്‍ത്ഥമാക്കുന്നത് മരണകാര്യങ്ങള്‍ തെളിയിക്കുന്നതും, അതുവഴി മനുഷ്യരുടെ ജീവിതത്തെ സംരക്ഷിക്കുന്നതും അങ്ങിനെയാണ് എന്നത്രെ. മനുഷ്യരെ ഉദ്ധരിക്കുക എന്ന അര്‍ത്ഥത്തില്‍ 8:24ലും ഭൂമിയെ ഉദ്ധരിക്കുക എന്ന അര്‍ത്ഥത്തില്‍ 57:17 ലും يُحْيِي (ജീവിപ്പിക്കുക) എന്ന വാക്ക് ക്വുര്‍ആനില്‍ വന്നിട്ടുണ്ടെന്നാണ് ഇതിന് അവര്‍ കാണിക്കുന്ന തെളിവ്. ഈ സൂറത്തിലും മറ്റുമായി മരണശേഷം ജീവിപ്പിക്കുന്ന ചില സംഭവങ്ങളെ വേറെയും അല്ലാഹു ഉദ്ധരിച്ചിട്ടുണ്ട്. അവിടെയെല്ലാം അവര്‍ ഇതുപോലെയുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ നടത്താതിരുന്നിട്ടുമില്ല. അവരുടെ ചില പ്രസ്താവനകള്‍ കണ്ടാല്‍ -ഏതെങ്കിലും ഒരു അലങ്കാരാര്‍ത്ഥത്തി (المَعْنَى المجازى) ലല്ലാതെ – മരണത്തിന് ശേഷം ജീവിപ്പിക്കുക എന്ന് ശരിക്കും അര്‍ത്ഥം വരുമാറുള്ളവാക്കുകള്‍ അറബിഭാഷയില്‍ ഇല്ലെന്ന് തോന്നിപ്പോകും

മേല്‍പറഞ്ഞ രണ്ട് സ്ഥലങ്ങളില്‍ മാത്രമല്ല, വേറെയും ചില സ്ഥലങ്ങളില്‍ ഉദ്ധരിക്കുക എന്ന അര്‍ത്ഥത്തില്‍ إحْيَاء (ജീവിപ്പിക്കല്‍) എന്ന പദം ക്വുര്‍ആനില്‍ അല്ലാഹു ഉപയോഗിച്ചിട്ടുണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. എന്നാല്‍, അവിടെയൊക്കെ, സാക്ഷാല്‍ അര്‍ത്ഥം (المعنى الحقيقى) അല്ല ഉദ്ദേശ്യമെന്നും അലങ്കാരാര്‍ത്ഥമാണ് ഉദ്ദേശ്യമെന്നും കാണിക്കുന്ന ചില അടയാളങ്ങള്‍ (قرينة) ഉണ്ടായിരിക്കും ഏതൊരു വാക്കിനും അതിന്റെ സാക്ഷാല്‍ അര്‍ത്ഥമല്ല ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് കാണിക്കുന്ന പ്രത്യേക അടയാളം ഉണ്ടായിരിക്കുമ്പോള്‍ മാത്രമേ അതിന് സന്ദര്‍ഭോചിതമായ ഒരു അലങ്കാരാര്‍ത്ഥം കല്‍പിക്കുവാന്‍ പാടുള്ളൂവെന്ന് സാഹിത്യശാസ്ത്രത്തി (علم البلاغة) ലെ ഒരു അംഗീകൃത തത്വമത്രെ. മരണപ്പെട്ടവരെ ഈ ലോകത്ത് വെച്ച് തന്നെ ജീവിപ്പിക്കുവാന്‍ അല്ലാഹുവിന് കഴിവുണ്ടെന്ന് അവരും സമ്മതിക്കുമായിരിക്കും. പക്ഷേ, നമുക്ക് സുപരിചിതമായ പ്രകൃതി നിയമങ്ങള്‍ക്കതീതമായ സംഭവങ്ങളായതു കൊണ്ടാണ് ഇത്തരം സംഭവങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌വാന്‍ അവര്‍ പ്രേരിതരാകുന്നത്. പക്ഷേ, കേവലം അസാധാരണവും പൊതുവെ അറിയപ്പെടുന്ന പ്രകൃതിനിയമങ്ങള്‍ക്കതീതവുമായ ചില പ്രത്യേക ദൃഷ്ടാന്തങ്ങള്‍ എന്ന നിലക്കാണ് ഇത്തരം സംഭവങ്ങളെ അല്ലാഹു ക്വുര്‍ആനില്‍ ഉദ്ധരിക്കുന്നതെന്ന വാസ്തവം കൂടി ഓര്‍ക്കേതുണ്ട്.

അവര്‍ ചൂണ്ടിക്കാട്ടിയ ആര് ക്വുര്‍ആന്‍ വചനങ്ങള്‍ ഇവയാകുന്നു:

يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ

(ഹേ, വിശ്വസിച്ചവരേ, നിങ്ങളെ ജീവിപ്പിക്കുന്ന കാര്യത്തിലേക്ക് റസൂല്‍ നിങ്ങളെ ക്ഷണിച്ചാല്‍ നിങ്ങള്‍ അല്ലാഹുവിനും അദ്ദേഹത്തിനും ഉത്തരം നല്‍കുവിന്‍ (അന്‍ഫാല്‍ : 24) أَنّ اَلَّله يَحْيِيى لأرْضَ بَعْدَ مَوْتها (നിശ്ചയമായും, ഭൂമിയെ അതിന്റെ മരണത്തിന് -നിര്‍ജ്ജീവാവസ്ഥക്ക്- ശേഷം അല്ലാഹു ജീവിപ്പിക്കുന്നു. (ഹദീദ് :17) ആദ്യത്തെ വചനം ജീവിച്ചിരിപ്പുള്ള ആളുകളെ അഭിമുഖീകരിച്ചു കൊണ്ടുള്ളതാണ്. അവരുടെ മരണശേഷം അവരെ വീണ്ടും ജീവിപ്പിക്കുന്ന കാര്യത്തിലേക്കല്ല -അവരുടെ ജീവിതത്തില്‍ അവരെ ഉദ്ധരിക്കുവാനാവശ്യമായ കാര്യത്തിലേക്കാണ്- റസൂല്‍ അവരെ ക്ഷണിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതുപൊലെത്തന്നെ, രണ്ടാമത്തെ വചനത്തില്‍ ഭൂമിയുടെ മരണവും ജീവിതവും കൊണ്ടുദ്ദേശ്യം ജീവജന്തുക്കളുടെ അതേ മാതിരിത്തന്നെയുള്ള മരണവും ജീവിതവുമല്ലെന്നും, അതില്‍ ഉല്‍പന്നങ്ങള്‍ ഉല്‍പാദിതമാകാത്തവണ്ണം തരിശായിക്കിടക്കലാണ് അതിന്റെ മരണംകൊണ്ട് ഉദ്ദേശ്യമെന്നും, ആ നിലമാറി അതില്‍ സസ്യാദി ഉല്‍പന്നങ്ങള്‍ ഉല്‍പാദിതമാകലാണ് അതിന്റെ ജീവിതംകൊണ്ട് ഉദ്ദേശ്യമെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. സൂ:ക്വാഫ് 11ല്‍ മഴവെള്ളം കൊണ്ട് നാം ചത്ത -നിര്‍ജജീവമായ- രാജ്യത്തെ ജീവിപ്പിച്ചു (وَأَحْيَيْنَا بِهِ بَلْدَةً مَّيْتًا) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നു. ഇവിടെയൊക്കെ ജീവിപ്പിച്ചു എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അങ്ങിനെത്തന്നെയാണെന്നുള്ളതില്‍ ആര്‍ക്കും സംശയമില്ല. ഇവിടെയാണെങ്കില്‍ മരിച്ചവരെ ജീവിപ്പിക്കുക എന്ന് തുറന്ന ഭാഷയിലാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് വേറെ അലങ്കാരാര്‍ത്ഥങ്ങളൊന്നും ഇവിടെ നല്‍കുവാന്‍ പറ്റുകയില്ല.

(2) പശുവിനെ അറുത്തതും വധവും രണ്ട് പ്രത്യേക സംഭവങ്ങളാണ് -തമ്മില്‍ ബന്ധപ്പെട്ടതല്ല- എന്ന് വാദിക്കുന്ന ഇവര്‍ അവസാനം ഒരു പശുവിനെ അറുത്ത ചരിത്രം ഇവിടെയും വരുന്നുണ്ടെന്ന് പറയേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ച സംഭവം ഇസ്‌റാഈല്യരുടെ മനസ്സില്‍ നിന്ന് പശുഭക്തി ഇല്ലാതാക്കുവാന്‍ വേണ്ടിയായിരുന്നുവെന്നും രണ്ടാമത്തെത് കൊലയാളിയെ തെളിയിക്കുവാന്‍ വേണ്ടിയായിരുന്നെന്നും, ഈ രണ്ടാമത്തെതിലേക്കുള്ള സൂചനയാണ്. اضْرِبُوهُ بِبَعْضِهَا (അതിന്റെ അംശംകൊണ്ട് അവനെ അടിക്കുക) എന്ന വാക്ക് എന്നും ഇവര്‍ പറയുന്നു. പശുവിന്റെ അംശംകൊണ്ട് വിവക്ഷ ഏതായിരുന്നാലും അത്‌കൊണ്ട് കൊല്ലപ്പെട്ടവനെ അടിക്കുമ്പോള്‍ ഘാതകനെ എങ്ങിനെ അറിയുവാന്‍ കഴിയും? എന്ന് ചോദിക്കപ്പെടാമല്ലോ. ഇവരുടെ മറുപടി ഇങ്ങിനെയാണ്: കൊലപാതകം ചെയ്തതായി സംശയിക്കപ്പെടുന്ന ആളുകള്‍ അറുക്കപ്പെട്ട പശുവിന്റെ ശരീരത്തില്‍ കൈവച്ച്‌ കൊണ്ട് ഞങ്ങള്‍ അത് ചെയ്തിട്ടില്ല, അതിനെപ്പറ്റി ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ എന്ന് സത്യം ചെയ്ത് പറയേതുണ്ട്. അപ്പോള്‍, യഥാര്‍ത്ഥ കുറ്റവാളിയോ, അവനെപ്പറ്റി അറിയാവുന്നവരോ ആ കൂട്ടത്തിലുണ്ടെങ്കില്‍ അവര്‍ സത്യം തുറന്ന്പറയും. കൊലയാളി ഏതെന്ന് അറിയപ്പെടാത്ത കൊലക്കുറ്റം തെളിയിക്കുവാന്‍ അക്കാലത്ത് നിലവിലുണ്ടായിരുന്ന ഒരു യാഗകര്‍മ സമ്പ്രദായമായിരുന്നു അത്. പശുവോടുള്ള ഭക്തിയും, യാഗകര്‍മം മുഖേന മനസ്സില്‍ ഏര്‍പ്പെടുന്നനടുക്കവും കാരണം കുറ്റക്കാരന്‍ കുറ്റം തുറന്ന് പറയുവാന്‍ മുമ്പോട്ട് വരും. ഇപ്പറഞ്ഞത്ഒരു മനഃശാസ്ത്ര തത്വമായി വകവെക്കാമെങ്കിലും അല്ലാഹു പറഞ്ഞ ആ വാക്യത്തില്‍അതിന്റെ ഒരു സൂചനപോലും കാണപ്പെടുന്നില്ല.

(3) പശുവിനെ അറുത്ത രണ്ട് സംഭവങ്ങളെക്കുറിച്ച് പറയുവാന്‍ ഇവര്‍ക്ക് പ്രചോദനം നല്‍കിയതും, തങ്ങള്‍ക്ക് പിന്‍ബലമായി ഇവര്‍ എടുത്ത്കാട്ടുന്നതും ബൈബ്‌ളിലെ രണ്ട് പ്രസ്താവനകളാകുന്നു. 1-ാമത്തേത്, സംഖ്യാപുസ്തകം19ല്‍ 1-10ല്‍ നിന്നുള്ളതാണ്. കളങ്കവും ഊനവുമില്ലാത്തതും, നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുകിടാവിനെ അറുക്കണം. പുരോഹിതന്മാര്‍ അതിന്റെ രക്തം അല്‍പമെടുത്ത് കൂടാരത്തിന്റെ നേരെതളിക്കണം. അത്യിസ്‌റായേല്‍ മക്കളുടെ സഭക്ക് വേണ്ടി ശുദ്ധീകരണ ജലത്തിനായി സൂക്ഷിച്ചുവെക്കണം. അത് ഒരുപാപയാഗം. ഇതാണ്അവിടെ പറഞ്ഞതിന്റെ ചുരുക്കം. ഇതു മുഖവിലക്കെടുക്കുന്ന പക്ഷം ഇസ്‌റാഈല്യരുടെ മനസ്സില്‍നിന്ന് പശുഭക്തിനശിപ്പിക്കലാണോ, അതല്ല അത് പുഷ്ടിപ്പെടുത്തലാണോ ഈ യാഗം കൊണ്ടുണ്ടായിത്തീരുക? ആലോചിച്ചു നോക്കുക!അവര്‍ മുമ്പ് ആരാധിച്ച സ്വര്‍ണപ്പശുക്കുട്ടിയെ ചുട്ടെരിച്ചു സമുദ്രത്തില്‍ വിതറുകയാണുണ്ടായതെന്ന് സൂഃ ത്വാഹാ 97- ാം വചനത്തില്‍ നിന്ന് വ്യക്തമാണ്. നേരെമറിച്ച് അതിനെ ചുട്ട് ഭസ്മമാക്കി വെള്ളത്തില്‍ വിതറി യിസ്‌റായില്‍ മക്കളെ കുടിപ്പിച്ചു എന്നാണ് ബൈബ്‌ളില്‍ (പുറപ്പാട് 32 : 20) പറയുന്നത്. ഇതുപോലെ തികച്ചും അവിശ്വസനീയമായഒരു ഉദ്ധരണിയാണിതും എന്നുള്ളതില്‍ നമുക്ക് സംശയമില്ല.

ബൈബ്‌ളിന്റെ 2-ാമത്തെ പ്രസ്താവന ആവര്‍ത്തന പൂസ്തകം 21ല്‍ 1-9 ലുള്ളതാണ്. കൊലക്കുറ്റം ചെയ്തവനെതിരിച്ചറിയാതെ വന്നാല്‍, മൂപ്പന്‍മാരും ന്യായാധിപന്‍മാരും ചേര്‍ന്ന് പട്ടണത്തിലേക്കുള്ള ദൂരം അളക്കണം. കൊല്ലപ്പെട്ടവന്‍ കിടക്കുന്ന ചുറ്റുവട്ടത്തില്‍ ഏറ്റവും അടുത്ത പട്ടണത്തിലെ മൂപ്പന്‍മാര്‍ വേല ചെയ്യിക്കാത്തതും നുകംവെക്കാത്തതുമായ ഒരു പശുക്കിടാവിനെ അവിടെവെച്ച് കഴുത്തൊടിക്കണം. പിന്നെ പുരോഹിതന്മാര്‍ ചെന്ന് സകലവ്യവഹാരവും അടികലശലും തീര്‍ക്കണം. ആ പട്ടണത്തിലെ മൂപ്പന്‍മാരൊക്കെയും പശുക്കിടാവിന്‍മേല്‍ കൈകഴുകി ആരക്തം ഞങ്ങള്‍ ചിന്തിയിട്ടില്ല. ഞങ്ങളുടെ കണ്ണ് അത് കിട്ടുമില്ല എന്ന് പറയണം. എന്നാല്‍ ആ കൊലപാതകം മോചിപ്പിക്കപ്പെടും. ഇതാണ് ആ പ്രസ്താവനയുടെ ചുരുക്കം. ഇത് ഇസ്‌റാഈല്യര്‍ അനുഷ്ഠിക്കേുന്ന ഒരു നടപടിക്രമമെന്ന നിലക്ക് വിവരിച്ചതല്ലാതെ അങ്ങിനെ ഒരുസംഭവം നടന്നതായോ, ഒരു കൊലയാളിയെ അതുവഴി തിരിച്ചറിയാന്‍ കഴിഞ്ഞതായോ അതില്‍ പ്രസ്താവിച്ചിട്ടില്ല. ആ സ്ഥിതിക്ക് ഇവരുടെ വാദത്തിന് ഒരുന്യായീകരണവും ഇതില്‍ നിന്ന് ലഭിക്കുവാനില്ല.

ഒരു കൊലക്കേസ്സില്‍ ഘാതകനെ തിരിച്ചറിയുവാന്‍ വേണ്ടി ഒരു പശുവിനെ അറുക്കുകയും മറ്റും ചെയ്ത സംഭവം ഇസ്‌റാഈല്യരില്‍ ഉണ്ടായിട്ടുണ്ടെന്ന് ക്വുര്‍ആന്‍ പ്രസ്താവിച്ച സ്ഥിതിക്ക് ബൈബ്‌ളില്‍ അങ്ങനെ ഒരു സംഭവം കാണാത്തത് എന്ത് കൊണ്ടാണ്? എന്ന് ആരെങ്കിലും സംശയിച്ചേക്കാം. ഇസ്‌റാഈല്യരെപ്പറ്റി ക്വുര്‍ആന്‍ പ്രസ്താവിച്ച ഈ ഒരുസംഭവം മാത്രമല്ല, വേറെ ചില സംഭവങ്ങളും ബൈബ്‌ളില്‍ കാണുന്നില്ല. ബൈബ്‌ളില്‍ കാണാത്തതുകൊണ്ട് അതൊന്നും സംഭവിച്ചിട്ടില്ലെന്ന്‌ വെക്കാന്‍ നിവൃത്തിയില്ല

يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِ  ۙ وَنَسُوا حَظًّا مِّمَّا ذُكِّرُوا بِهِ

(വാക്കുകളെ യഥാസ്ഥാനങ്ങളില്‍ നിന്നും അവര്‍ മാറ്റം വരുത്തുന്നു, അവര്‍ക്ക് ഉല്‍ബോധനം ചെയ്യപ്പെട്ടതില്‍ നിന്നും ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയ്തിരിക്കുന്നു. (മാഇദഃ : 13) എന്ന് അല്ലാഹു പ്രസ്താവിച്ച കൂട്ടത്തില്‍ അതും അകപ്പെട്ടിരിക്കാമെന്നേ നമുക്ക് പറയുവാന്‍ കഴിയൂ. واللهأعلم ഈ മൂന്ന് ഉദാഹരണങ്ങളില്‍ നിന്നുതന്നെ ഇവരുടെ വാദത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാമല്ലോ.

2:74
  • ثُمَّ قَسَتْ قُلُوبُكُم مِّنۢ بَعْدِ ذَٰلِكَ فَهِىَ كَٱلْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ وَإِنَّ مِنَ ٱلْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ ٱلْأَنْهَٰرُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ ٱلْمَآءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ ٱللَّهِ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ ﴾٧٤﴿
  • എന്നിട്ട് അതിന് ശേഷം നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അങ്ങനെ, അവ (പാറ) കല്ലുപോലെയിരിക്കുന്നു: അല്ലെങ്കില്‍ കടുപ്പത്തില്‍ (അതിനെക്കാള്‍) കൂടുതല്‍ കാഠിന്യമുള്ളവയത്രെ. നിശ്ചയമായും (പാറ)ക്കല്ലുകളില്‍ തന്നെയുണ്ട് അരുവികള്‍ പൊട്ടി ഒഴുകുന്നവ. അവയില്‍ തന്നെയുണ്ട് പൊട്ടിപ്പിളര്‍ന്ന് അതിലൂടെവെള്ളം പുറത്ത് വരുന്നവയും. അവയില്‍ തന്നെയുണ്ട് അല്ലാഹുവിനെ ഭയന്നതിനാല്‍ (കീഴ്‌പോട്ട്) വീഴുന്നവയും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അശ്രദ്ധനൊന്നുമല്ല.
  • ثُمَّ പിന്നെ, എന്നിട്ട് قَسَتْ കടുത്തു, കടുപ്പം കൂടി قُلُوبُكُم നിങ്ങളുടെ ഹൃദയങ്ങള്‍ مِّن بَعْدِ ശേഷം ذَٰلِكَ അതിന് فَهِيَ അങ്ങനെ അവ كَالْحِجَارَةِ കല്ല് (പാറക്കല്ല്) പോലെയാണ് أَوْ أَشَدُّ അല്ലെങ്കില്‍ കൂടുതല്‍ കഠിനമായതാണ് قَسْوَةً കടുപ്പം, കടുപ്പത്തില്‍ وَإِنَّ مِنَ الْحِجَارَةِ നിശ്ചയമായും കല്ലുകളില്‍ (തന്നെ) ഉണ്ട് لَمَا യാതൊന്നും يَتَفَجَّرُ പൊട്ടി ഒഴുകും مِنْهُ അതില്‍ നിന്ന് الْأَنْهَارُ അരുവി(നദി)കള്‍ وَإِنَّ مِنْهَا അവയില്‍ തന്നെയുണ്ട് لَمَا يَشَّقَّقُ പൊട്ടിപ്പിളരുന്നത് فَيَخْرُجُ എന്നിട്ട് പുറത്ത് വരും مِنْهُ അതില്‍ നിന്ന്, അതിലൂടെ الْمَاءُ വെള്ളം وَإِنَّ مِنْهَا അവയില്‍ തന്നെയുണ്ട് لَمَا يَهْبِطُ വീഴുന്നത് مِنْ خَشْيَةِ ഭയം നിമിത്തം اللَّهِ അല്ലാഹുവിനെ, അല്ലാഹുവിന്റെ وَمَا اللَّهُ അല്ലാഹു അല്ല താനും بِغَافِلٍ അശ്രദ്ധനൊന്നും عَمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

കഴിഞ്ഞ പല വചനങ്ങളിലായി പ്രസ്താവിച്ചത്‌ പോലെയുള്ള എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിക്കുകയും, വളരെയേറെ ദൃഷ്ടാന്തങ്ങള്‍ കണ്ടനുഭവിക്കുകയും ചെയ്തിട്ട് പിന്നെയും അവരുടെ -ഇസ്‌റാഈല്യരുടെ- ഹൃദയങ്ങള്‍ക്ക് പരിവര്‍ത്തനം വരാത്തതിനെക്കുറിച്ചുള്ള ഒരു പ്രതിഷേധമാണ് ഈ വചനം. ഇതൊക്കെയായിട്ടും നിങ്ങള്‍ക്ക് മാനസാന്തരം വരാതിരിക്കത്തവണ്ണം നിങ്ങളുടെ ഹൃദയങ്ങള്‍ പാറക്കല്ലുപോലെ ഉറച്ചു കടുത്തുപോയിരിക്കയാണ്. സദുപദേശങ്ങളാകട്ടെ, താക്കീതുകളാകട്ടെ നിങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നില്ല. സത്യത്തെയും സന്‍മാര്‍ഗത്തെയും കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുമില്ല. സ്വന്തം രക്ഷാമാര്‍ഗങ്ങളെപ്പറ്റി നിങ്ങള്‍ ആലോചിക്കുന്നുമില്ല. വാസ്തവത്തില്‍ പാറക്കല്ലുപോലെ എന്നു പറഞ്ഞാല്‍പോരാ, അതിനെക്കാള്‍ കടുത്തതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ എന്നു പറയേണ്ടിയിരിക്കുന്നു. കാരണം പാറക്കല്ലുകളില്‍ പോലും കുറെയൊക്കെ അയവും ചലനവും ഉണ്ടാകാറുണ്ട്. ചില പാറക്കല്ലുകളുടെ ഉള്ളില്‍ നിന്ന്നീരുറവകളും അരുവികളും ഒഴുകാറുണ്ട്. ചില കല്ലുകള്‍ പൊട്ടിപ്പിളര്‍ന്ന് അതിലൂടെ വെള്ളം പുറത്ത് വരാറുണ്ട്. വേറെ ചിലത് മുകളില്‍ നിന്ന് താഴോട്ട് വീഴാറുണ്ട്. നിങ്ങളുടെ ഹൃദയങ്ങളാകട്ടെ ഒരു തരത്തിലുള്ള മാറ്റവും സംഭവിക്കാതെ തികച്ചും നിശ്‌ചേഷ്ടങ്ങളായിരിക്കുകയാണ്. കഷ്ടം! ഒരു കാര്യം നിങ്ങള്‍ ഓര്‍ത്തിരിക്കണം: നിങ്ങളുടെ ചെയ്തികളൊന്നും തന്നെ അല്ലാഹു അറിയാതെയോ വീക്ഷിക്കാതെയോ പോകുന്നില്ല. ഇതിന്റെയൊക്കെ പ്രതിഫലം അവന്റെ പക്കല്‍ നിന്നും നിങ്ങള്‍ അനുഭവിക്കേണ്ടിവരും എന്നു സാരം.

പാറക്കല്ലുകളില്‍ നിന്ന് അരുവികളും ഉറവകളും ഒഴുകുന്നതും വെള്ളം പുറത്തുവരുന്നതും വമ്പിച്ച പാറകള്‍ അവയുടെ സ്ഥാനങ്ങളില്‍ നിന്ന് നീങ്ങുകയും, ഉരുണ്ടുമറിയുകയും ചെയ്യുന്നതും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അല്ലാഹുവിനെ ഭയന്നത്നിമിത്തം (مِنْ خَشْيَةِ الَّله) കീഴ്‌പോട്ട് വീഴുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണ്? പാറക്കല്ലുകള്‍ക്ക് ബുദ്ധിയും മനസ്സും ഇല്ലല്ലോ എന്ന് ചോദിച്ചേക്കാം. ഇതിന് ഒന്നിലധികംപ്രകാരത്തില്‍ മറുപടി പറയപ്പെട്ടിട്ടുണ്ട്. വാസ്തവത്തില്‍ ക്വുര്‍ആനില്‍ നിന്ന് തന്നെഇതിന് മറുപടി ലഭിക്കുന്ന സ്ഥിതിക്ക് വേറെ അഭിപ്രായങ്ങള്‍ ആരായേണ്ടതായിട്ടില്ല.അല്ലാഹു പറയുന്നു:

تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَن فِيهِنَّ  ۚ وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ

‘ഏഴ് ആകാശങ്ങളും, ഭൂമിയും അവയിലുള്ളവരും അവന് തസ്ബീഹ് (സ്‌തോത്രകീര്‍ത്തനം) നടത്തുന്നു. ഒരു വസ്തുവും തന്നെ അവനെ സ്തുതിച്ചു കൊണ്ട് തസ്ബീഹ നടത്താതെയില്ല. എങ്കിലും അവരുടെ തസ്ബീഹ് നിങ്ങള്‍ ഗ്രഹിക്കുന്നില്ല.’ (ഇസ്‌റാഉ് :44) ഓരോ വസ്തുവിലും അതതിന് അനുയോജ്യമായ ചില ബോധങ്ങളും ഗുണങ്ങളും അല്ലാഹു നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ. അപ്പോള്‍ പാറക്കല്ലുകളില്‍ നിന്ന് അല്ലാഹു ഉദ്ദേശിക്കുന്നതും, അവയില്‍ അവന്‍ നിക്ഷിപ്തമാക്കി വെച്ചിരിക്കുന്നതുമായ പ്രത്യേകതകള്‍ എന്തോ അത് അവയില്‍ നിന്ന് പ്രകടമാകുമെന്ന് മനസ്സിലാക്കാം. അത് എങ്ങിനെയാണ്, ഏത് പ്രകാരത്തിലാണ് എന്നൊന്നും നമുക്കറിഞ്ഞുകൂടാ. അല്ലാഹുവിനേ അറിയുകയുള്ളൂ. ഏതായാലും ചിലര്‍ ധരിക്കുന്നത്‌ പോലെ, വെറും ഒരു അലങ്കാരമായി അതിനെ അവഗണിച്ചുകൂടാ.

2:75
  • ۞ أَفَتَطْمَعُونَ أَن يُؤْمِنُوا۟ لَكُمْ وَقَدْ كَانَ فَرِيقٌ مِّنْهُمْ يَسْمَعُونَ كَلَٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ ﴾٧٥﴿
  • (സത്യവിശ്വാസികളേ) അപ്പോള്‍, അവര്‍ [ഇസ്‌റാഈല്‍ സന്തതികള്‍] നിങ്ങളെ വിശ്വസിക്കുമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?അവരില്‍ നിന്ന് ഒരു കൂട്ടര്‍ അല്ലാഹുവിന്റെ വചനം കേള്‍ക്കുകയും, പിന്നീട് അത് (ബുദ്ധികൊടുത്ത്) ഗ്രഹിച്ചശേഷം, അവര്‍ അറിഞ്ഞുംകൊണ്ട് (തന്നെ) അതിനെ മാറ്റിമറിക്കുകയും ചെയ്തുവന്നിരുന്നുവെന്നിരിക്കെ!
  • أَفَتَطْمَعُونَ അപ്പോള്‍ (എന്നിരിക്കെ) നിങ്ങള്‍ ആഗ്രഹിക്കുന്നുവോ أَن يُؤْمِنُوا അവര്‍ വിശ്വസിക്കുമെന്ന് لَكُمْ നിങ്ങളെ وَقَدْ كَانَ ആയിരുന്നുവെന്നിരിക്കെ فَرِيقٌ ഒരു കൂട്ടര്‍, വിഭാഗം مِّنْهُمْ അവരില്‍ നിന്ന് يَسْمَعُونَ അവര്‍ കേള്‍ക്കും كَلَامَ اللَّهِ അല്ലാഹുവിന്റെ വചനം ثُمَّ പിന്നെ يُحَرِّفُونَهُ അതിനെ അവര്‍ മാറ്റി മറിക്കും مِن بَعْدِ ശേഷമായി مَا عَقَلُوهُ അതിനെ അവര്‍ ഗ്രഹിച്ചതിന് وَهُمْ അവരാകട്ടെ يَعْلَمُونَ അറിയുന്നു (താനും)
2:76
  • وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَا بَعْضُهُمْ إِلَىٰ بَعْضٍ قَالُوٓا۟ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيْكُمْ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمْ ۚ أَفَلَا تَعْقِلُونَ ﴾٧٦﴿
  • വിശ്വസിച്ചവരെ കണ്ടുമുട്ടിയാല്‍ അവര്‍ പറയും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. അവരില്‍ ചിലര്‍ ചിലരിലേക്ക് ഒഴിഞ്ഞു ചെന്നാലാകട്ടെ അവര്‍ പറയും: അല്ലാഹു നിങ്ങള്‍ക്ക് തുറന്ന് (വെളിവാക്കി) തന്നിട്ടുള്ളതിനെക്കുറിച്ച് നിങ്ങള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുകയാണോ? അതുമായി നിങ്ങളുടെ റബ്ബിന്റെ അടുക്കല്‍ വെച്ച് നിങ്ങളോടവര്‍ ന്യായവാദം നടത്തുവാന്‍ വേണ്ടി! അപ്പോള്‍, നിങ്ങള്‍ ചിന്തിക്കുന്നില്ലേ?!
  • وَإِذَا لَقُوا അവര്‍ കണ്ടുമുട്ടിയാല്‍ الَّذِينَ آمَنُوا വിശ്വസിച്ചവരെ قَالُوا അവര്‍ പറയു കയായി آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു وَإِذَا خَلَا ഒഴിവായാല്‍, തനിച്ചായാലാകട്ടെ بَعْضُهُمْ അവരില്‍ ചിലര്‍ إِلَىٰ بَعْضٍ ചിലരിലേക്ക് (ചിലരുടെ അടുക്കല്‍) قَالُوا പറയുകയായി أَتُحَدِّثُونَهُم നിങ്ങളവര്‍ക്ക് പറഞ്ഞു കൊടുക്കുകയാണോ بِمَا فَتَحَ തുറന്ന് (വെളിവാക്കി) തന്നതിനെപ്പറ്റി اللَّهُ അല്ലാഹു عَلَيْكُمْ നിങ്ങള്‍ക്ക് لِيُحَاجُّوكُم അവര്‍ നിങ്ങളോട് ന്യായവാദം ചെയ്‌വാന്‍ വേണ്ടി بِهِ അതിനെപ്പറ്റി, അതുനിമിത്തം عِندَ رَبِّكُمْ നിങ്ങളുടെ റബ്ബിന്റെ അടുക്കല്‍ أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
2:77
  • أَوَلَا يَعْلَمُونَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ﴾٧٧﴿
  • അവര്‍ക്കറിഞ്ഞുകൂടേ, അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നതാണെന്ന്?!
  • أَوَلَا يَعْلَمُونَ അവര്‍ അറിയുന്നില്ലേ, അവര്‍ക്കറിഞ്ഞുകൂടേ أَنَّ اللَّهَ അല്ലാഹുവാണെന്ന് يَعْلَمُ അറിയുന്നു مَا يُسِرُّونَ അവര്‍ രഹസ്യമാക്കുന്നതിനെ وَمَا يُعْلِنُونَ അവര്‍ പരസ്യമാ ക്കുന്നതിനെയും

മുന്‍ വചനങ്ങളില്‍ പ്രസ്താവിച്ച പ്രകാരം ഹൃദയം ദുഷിച്ചു പാറക്കല്ലുകളെപ്പോലെ കടുത്തുമരവിച്ച ആ യഹൂദവര്‍ഗം നിങ്ങള്‍ പറയുന്നത് സ്വീകരിച്ചു സത്യവിശ്വാസികളായിത്തീരുമെന്ന പ്രതീക്ഷക്കവകാശമില്ലെന്ന് അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുകയാണ്. വരാനിരിക്കുന്ന ഒരു പ്രവാചകനെപ്പറ്റിയും അദ്ദേഹത്തിന്റെ ഗുണഗണങ്ങളെപ്പറ്റിയും തൗറാത്തില്‍ നിന്നും മറ്റുമായി അവര്‍ക്ക്ധാരാളമായി അറിയാമായിരുന്നു. മതത്തിന്റെ യഥാര്‍ത്ഥ തത്വങ്ങളും നിയമങ്ങളും ഏറെക്കുറെ അവര്‍ക്കറിയാം. അതെല്ലാം അറബികളോട് അവര്‍ തുറന്നു പറയലും പതിവായിരുന്നു. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രവാചകനായി വന്നപ്പോള്‍, അവര്‍ക്ക് അസൂയയും ശത്രുതയും, വിദ്വേഷവുമാണുണ്ടായത്. ഈ വിരോധാഭാസം അവരില്‍ പുതുതായി ഉണ്ടായതല്ല. അല്ലാഹുവിന്റെ വചനങ്ങളാകുന്ന വേദവാക്യങ്ങളെയും ദിവ്യോപദേശങ്ങളെയും ശരിക്കും കേട്ടു മനസ്സിലാക്കുകയും ആശയം ഗ്രഹിക്കുകയും ചെയ്തിട്ട് പിന്നെയും സ്വാര്‍ത്ഥങ്ങള്‍ക്ക് വേണ്ടി അവയെ ദുര്‍വ്യാഖ്യാനം ചെയ്യലും മാറ്റിമറിക്കലും അവരുടെ മുമ്പേയുള്ള പതിവാണ്. അതുകൊണ്ട് ആ സമ്പ്രദായം മാറ്റിവെച്ച് സത്യം സ്വീകരിക്കുവാന്‍ ഇപ്പോള്‍ അവര്‍ മുന്നോട്ട് വരുമെന്ന് കരുതേണ്ടതില്ല എന്ന് താല്‍പര്യം.

യഹൂദികളില്‍ ചില കപടന്‍മാരുണ്ടായിരുന്നു. മുസ്‌ലിംകളുടെ അടുക്കല്‍ വരുമ്പോള്‍തങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചവരാണെന്ന് അവര്‍ അഭിനയിക്കും. ചിലപ്പോള്‍ നബിയെ സംബന്ധിച്ച ചില സത്യങ്ങള്‍ മുസ്‌ലിംകളോട് തുറന്നു പറയുകയും ചെയ്യും. അവിടംവിട്ട് സ്വന്തം ജനങ്ങളുടെ അടുക്കല്‍ ചെല്ലുമ്പോള്‍ ഇവര്‍ അവരുടെ ആക്ഷേപത്തിന് വിധേയരാകും. നിങ്ങള്‍ക്ക് അല്ലാഹു വെളിവാക്കിത്തന്നിട്ടുള്ള ഈ രഹസ്യങ്ങള്‍ നിങ്ങളവര്‍ക്ക് വിവരിച്ചുകൊടുക്കുന്നുവോ? അതിന്റെ അനന്തരഫലമെന്തായിരിക്കുമെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ആ കാര്യങ്ങള്‍ വെച്ചു കൊണ്ട് അല്ലാഹുവിന്റെ മുമ്പില്‍ അവര്‍നിങ്ങളോട് ന്യായം പറഞ്ഞു നിങ്ങളെ കുറ്റക്കാരാക്കുവാന്‍ അത് കാരണമായിത്തീരും, ഇതൊന്നും നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? എന്നൊക്കെ സ്വകാര്യത്തില്‍ അവരെ അവര്‍ ഗുണദോഷിക്കും. അവരുടെ ഈ ഗുണദോഷിക്കല്‍ കാല്‍ അവരുടെ രഹസ്യങ്ങളും ഗൂഢപ്രവര്‍ത്തനങ്ങളുമൊന്നും അല്ലാഹുവിന് അറിയുവാന്‍ കഴിയുകയില്ലെന്ന് തോന്നുമല്ലോ. അവരുടെ രഹസ്യപരസ്യങ്ങളൊക്കെ അല്ലാഹു അറിയുന്നുണ്ടെന്ന വസ്തുത അവര്‍ക്കറിഞ്ഞുകൂടേ?! എന്ന 77-ാം വചനത്തിലെ ചോദ്യം അവരുടെ ഈ വിഡ്ഢിത്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

2:78
  • وَمِنْهُمْ أُمِّيُّونَ لَا يَعْلَمُونَ ٱلْكِتَٰبَ إِلَّآ أَمَانِىَّ وَإِنْ هُمْ إِلَّا يَظُنُّونَ ﴾٧٨﴿
  • അവരില്‍ ചില അക്ഷരജ്ഞാനമില്ലത്തവരുമുണ്ട്. ചില വ്യാമോഹങ്ങളല്ലാതെ, വേദഗ്രന്ഥത്തെ (ക്കുറിച്ച്) അവര്‍ക്കറിയുകയില്ല. അവര്‍ ഊഹിക്കുകയല്ലാതെ (മറ്റൊന്നും) ചെയ്യുന്നില്ല.
  • وَمِنْهُمْ അവരിലുണ്ട് താനും, അവരില്‍പെട്ടതുമാണ് أُمِّيُّونَ (ചില) അക്ഷരജ്ഞാനമില്ലാത്തവര്‍ لَا يَعْلَمُونَ അവര്‍ അറിയുകയില്ല الْكِتَابَ (വേദ)ഗ്രന്ഥം إِلَّا أَمَانِيَّ (ചില) വ്യാമോഹങ്ങളല്ലാതെ وَإِنْ هُمْ അവരല്ല إِلَّا يَظُنُّونَ അവര്‍ ഊഹിക്കുകയല്ലാതെ
2:79
  • فَوَيْلٌ لِّلَّذِينَ يَكْتُبُونَ ٱلْكِتَٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ ﴾٧٩﴿
  • അപ്പോള്‍, യാതൊരു കൂട്ടര്‍ക്കാണ് കഷ്ടം! അവര്‍ തങ്ങളുടെ കൈകള്‍കൊണ്ട് ഗ്രന്ഥം എഴുതുന്നു: പിന്നീട് ഇത് അല്ലാഹുവിന്റെ പക്കല്‍നിന്നുള്ളതാണ് എന്ന് പറയുകയും ചെയ്യും. അതുമൂലം തുച്ഛമായ വിലവാങ്ങുവാന്‍ വേണ്ടി. അങ്ങനെ, അവരുടെ കൈകള്‍ കൊണ്ട് അവര്‍ എഴുതിയത് നിമിത്തം അവര്‍ക്ക് കഷ്ടം! അവര്‍ സമ്പാദിക്കുന്നത് നിമിത്തവും അവര്‍ക്ക്കഷ്ടം!!
  • فَوَيْلٌ അപ്പോള്‍ കഷ്ടം, നാശം لِّلَّذِينَ യാതൊരുകൂട്ടര്‍ക്കാണ് يَكْتُبُونَ അവര്‍ എഴുതും الْكِتَابَ ഗ്രന്ഥം بِأَيْدِيهِمْ അവരുടെ കൈകള്‍കൊണ്ട് ثُمَّ يَقُولُونَ പിന്നെ അവര്‍ പറയും هَٰذَا ഇത് مِنْ عِندِ اللَّهِ അല്ലാഹുവിന്റെ പക്കല്‍ നിന്നാണ് لِيَشْتَرُوا അവര്‍ വാങ്ങുവാന്‍ بِهِ അതിന്, അത്മൂലം ثَمَنًا വില قَلِيلًا തുച്ഛമായ فَوَيْلٌ അപ്പോള്‍ (ആകയാല്‍) കഷ്ടം, നാശം لَّهُم അവര്‍ക്ക് مِّمَّا كَتَبَتْ എഴുതിയതിനാല്‍ أَيْدِيهِمْ അവരുടെ കൈകള്‍ وَوَيْلٌ കഷ്ടവും لَّهُم അവര്‍ക്കുണ്ട് مِّمَّا يَكْسِبُونَ അവര്‍ സമ്പാദിക്കുന്നതിനാല്‍

വേദക്കാരില്‍ രണ്ട് തരക്കാരുണ്ട്. ഒന്ന്: എഴുത്തും വായനയും അറിയാത്ത പൊതുജനങ്ങള്‍. അവര്‍ വേദഗ്രന്ഥം പഠിച്ചറിഞ്ഞിരിക്കയില്ല. അവരെ സംബന്ധിച്ചേടത്തോളം ചില വ്യാമോഹങ്ങളും ഊഹങ്ങളും മാത്രമായിരിക്കും മതം. കേട്ടുകേള്‍വിയെയും പണ്ഡിത പുരോഹിതന്‍മാരുടെ പ്രസ്താവനകളെയും അടിസ്ഥാനമാക്കി ഇന്നിന്ന നന്മകളും ഗുണങ്ങളുമൊക്കെ നമുക്ക് ലഭിക്കുവാനിരിക്കുന്നുവെന്നും മറ്റുമുള്ള ചില വ്യാമോഹങ്ങളും മതസിദ്ധാന്തങ്ങള്‍ ഇന്നിന്ന പ്രകാരമായിരിക്കുമെന്നുള്ള ഏതാനും ചില ഊഹാപോഹങ്ങളും മാത്രമേ അവരുടെ പക്കലുണ്ടാകൂ. അതായിരിക്കും അവരുടെ മതപ്രമാണം. അന്വേഷിച്ചറിയാത്തതിലും, ചിന്തിക്കാത്തതിലും ഇവര്‍ കുറ്റക്കാര്‍ തന്നെ. മറ്റൊരുകൂട്ടരുണ്ട്: പണ്ഡിത പുരോഹിതന്‍മാര്‍. ഇവരുടെ കാര്യമാണ് വളരെ കഷ്ടം. വേദഗ്രന്ഥത്തെപ്പറ്റി അവര്‍ക്കറിയാം. പക്ഷേ, അല്ലാഹുവിന്റെയും മതത്തിന്റെയും പേരില്‍ അവര്‍കളവും അനീതിയും കെട്ടിച്ചമയ്ക്കും. വായകൊണ്ട് മാത്രമല്ല, ഗ്രന്ഥങ്ങളെഴുതി അവ പ്രചരിപ്പിക്കുകയും ചെയ്യും. ഇത് മുഖേന അവരുടെ ലക്ഷ്യം ഐഹികമായ സ്വാര്‍ത്ഥലാഭങ്ങള്‍ നേടിയെടുക്കുകയല്ലാതെ മറ്റൊന്നുമല്ല. അഥവാ അത് വഴി ജനങ്ങളെ ചൂഷണം ചെയ്തു ധനവും സ്വാധീനവും സമ്പാദിക്കല്‍ അവരുടെ ജോലിയായിരിക്കും. തങ്ങളെഴുതിയ ആ ലിഖിതങ്ങള്‍ മതഗ്രന്ഥങ്ങളും, അല്ലാഹുവിങ്കല്‍ നിന്നുള്ള സിദ്ധാന്തങ്ങളുമായിട്ടായിരിക്കും അവര്‍ ജനമദ്ധ്യെ അവതരിപ്പിക്കുക. ഇവരുടെ ഓരോ പ്രവര്‍ത്തനവും, അതില്‍ നിന്ന് ലഭിക്കുന്ന ഓരോ നേട്ടവും അവര്‍ക്ക് കഷ്ടവും നാശവും ശിക്ഷയുമായി കലാശിക്കുന്നതാണ്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ആഗമം, സ്വഭാവവിശേഷതകള്‍, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യുന്ന ചില സത്യയാഥാര്‍ത്ഥ്യങ്ങള്‍ എന്നിവയെക്കുറിച്ച് കൃത്രിമമായ പല വിവരണങ്ങളും വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്ന ചില ഗ്രന്ഥങ്ങള്‍ എഴുതുകയും അത് അവരിലുള്ള സാധാരണക്കാര്‍ക്കിടയിലും അറബികള്‍ക്കിടയിലും പ്രചരിപ്പിക്കലും യഹൂദികളുടെ പതിവായിരുന്നുവെന്ന് കാണിക്കുന്ന ചില രിവായത്തുകള്‍ കാണാം. അല്ലാഹുവിന്റെ പ്രസ്താവനയില്‍ നിന്ന് തന്നെയും അങ്ങിനെ മനസ്സിലാക്കാവുന്നതുമാണ്. കൂടാതെ യഥാര്‍ത്ഥ വേദഗ്രന്ഥങ്ങള്‍ക്ക് പുറമെ അവരില്‍ പെട്ട ചില വ്യക്തികള്‍ ഗ്രന്ഥങ്ങളും ലിഖിതങ്ങളും രചിക്കുകയും, അവര്‍ക്കിടയില്‍ അവ വേദഗ്രന്ഥങ്ങളായി ഗണിക്കപ്പെടുകയും ചെയ്തിരുന്നുവെന്നുള്ളതിന് നിലവിലുള്ള ബൈബ്ള്‍ തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

ഈ വചനം യഹൂദികളെ ആക്ഷേപിച്ചു കൊണ്ട് അവതരിച്ചതാണെങ്കിലും, ക്വുര്‍ആനെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വചനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടും ഇസ്‌ലാമിന്റെ അംഗീകൃത തത്വങ്ങളെയും നിയമങ്ങളെയും മാറ്റി മറിച്ചുകൊണ്ടും, അതിന് കൃത്രിമമായ തെളിവുകളും ന്യായങ്ങളും സമര്‍പ്പിച്ചുകൊണ്ടും ഗ്രന്ഥങ്ങള്‍ മുഖേനയോ മറ്റോ മതത്തിന്റെ പേരില്‍ പ്രചാരണം നടത്തി മുതലെടുക്കുന്ന എല്ലാ പണ്ഡിത പുരോഹിതന്‍മാര്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ബാധകമാണ് ഈ താക്കീത് എന്നുള്ളതില്‍ സംശയമില്ല. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.

2:80
  • وَقَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًا مَّعْدُودَةً ۚ قُلْ أَتَّخَذْتُمْ عِندَ ٱللَّهِ عَهْدًا فَلَن يُخْلِفَ ٱللَّهُ عَهْدَهُۥٓ ۖ أَمْ تَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ ﴾٨٠﴿
  • അവര്‍ പറയുകയും ചെയ്യുന്നു: 'എണ്ണം കണക്കാക്കപ്പെട്ട ചില ദിവസങ്ങളല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുന്നതേയല്ല.' (നബിയേ,) പറയുക: 'നിങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ വല്ല കരാറും ഉണ്ടാക്കി വച്ചിരിക്കുന്നുവോ?! എന്നാല്‍ അല്ലാഹു അവന്റെ കരാര്‍ ലംഘിക്കുകയില്ല തന്നെ. അതല്ല, നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിയാത്തത് (കെട്ടി) പറയുകയാണോ?!'
  • وَقَالُوا അവര്‍ പറയുകയും ചെയ്തു (ചെയ്യുന്നു) لَن تَمَسَّنَا ഞങ്ങളെ സ്പര്‍ശിക്കുകയേ ഇല്ല النَّارُ നരകം إِلَّا أَيَّامًا ചില ദിവസങ്ങളല്ലാതെ مَّعْدُودَةً എണ്ണം കണക്കാക്കപ്പെട്ട قُلْ നി പറയുക أَتَّخَذْتُمْ നിങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നുവോ عِندَ اللَّهِ അല്ലാഹുവിന്റെ അടുക്കല്‍ عَهْدًا വല്ല കരാറും فَلَن يُخْلِفَ എന്നാല്‍ ലംഘിക്കുകയില്ല തന്നെ اللَّهُ അല്ലാഹു عَهْدَهُ അവന്റെ കരാര്‍ أَمْ അതല്ല, അതോ تَقُولُونَ നിങ്ങള്‍ പറയുന്നു(വോ) عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ مَا لَا تَعْلَمُونَ നിങ്ങള്‍ക്കറിഞ്ഞു കൂടാത്തത്
2:81
  • بَلَىٰ مَن كَسَبَ سَيِّئَةً وَأَحَٰطَتْ بِهِۦ خَطِيٓـَٔتُهُۥ فَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ ﴾٨١﴿
  • അങ്ങെനയല്ല, ആര്‍ തിന്‍മയെ നേടിവെക്കുകയും, തന്റെ തെറ്റുകുറ്റം തന്നെ വലയം ചെയ്യുകയും ചെയതിരിക്കുന്നുവോ, അക്കൂട്ടര്‍ നരകത്തിന്റെ ആള്‍ക്കാരാകുന്നു: അവരതില്‍ നിത്യവാസികളായിരിക്കും.
  • بَلَىٰ അങ്ങനെയല്ലാ, ഇല്ലാതെ (ഉണ്ട്) مَن كَسَبَ ആര്‍ (വല്ലവരും) നേടി سَيِّئَةً വല്ല തിന്‍മയും وَأَحَاطَتْ വലയം ചെയ്യുകയും ചെയ്തു بِهِ അവനെ خَطِيئَتُهُ അവന്റെ തെറ്റുകുറ്റം (പാപം) فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ أَصْحَابُ ആള്‍ക്കാരാണ് النَّارِ നരകത്തിന്റെ هُمْ അവര്‍ فِيهَا അതില്‍ خَالِدُونَ നിത്യവാസികളാണ്
2:82
  • وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَٰلِدُونَ ﴾٨٢﴿
  • വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍ സ്വര്‍ഗത്തിന്റെ ആള്‍ക്കാരാകുന്നു: അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
  • وَالَّذِينَ യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍കര്‍മങ്ങള്‍ أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ ആള്‍ക്കാരാണ് الْجَنَّةِ സ്വര്‍ഗത്തിന്റെ هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ നിത്യ (ശാശ്വത) വാസികളായിരിക്കും

വിജയത്തിന്റെയും മോക്ഷത്തിന്റെയും കുത്തകാവകാശികളാണ് തങ്ങള്‍, തങ്ങളാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഉല്‍കൃഷ്ട വിഭാഗം എന്നൊക്കെയാണ് യഹൂദികള്‍ അന്നും ഇന്നും കരുതിപ്പോരുന്നത്. ഇതില്‍ നിന്ന് ഉടലെടുത്ത പല അന്ധവിശ്വാസങ്ങളും, വ്യാജവാദങ്ങളും അവര്‍ക്കുണ്ട്. അവയില്‍ ഒന്നത്രെ, നരകശിക്ഷ ഞങ്ങളെ ബാധിക്കുകയില്ല, ബാധിച്ചാല്‍തന്നെ അല്‍പം ചില ദിവസങ്ങള്‍ മാത്രമേ അതുണ്ടാകുകയുള്ളൂ, പിന്നീട് ഞങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കുക തന്നെ ചെയ്യും എന്നിങ്ങിനെയുള്ള അവരുടെ വാദം. ഈ വാദത്തെ അല്ലാഹു ഖണ്ഡിക്കുകയാണ്. നരകശിക്ഷയും സ്വര്‍ഗീയാനുഗ്രഹങ്ങളും കണക്കാക്കുന്നതിനുള്ള മാനദണ്ഡം വര്‍ഗീയമോ ആഭിജാത്യപരമോ അല്ല എന്ന് അല്ലാഹു വ്യക്തമാക്കുന്നു. അവരുടെ വാദം നോക്കുമ്പോള്‍, അവരെ ശിക്ഷിക്കുകയില്ലെന്നും അവര്‍ക്ക് സ്വര്‍ഗം നല്‍കുമെന്നും അല്ലാഹു അവരുമായി വല്ല കരാറും ചെയ്തുവെച്ചിട്ടുണ്ടെന്ന്‌ തോന്നാം. അങ്ങിനെ വല്ല കരാറും ഉണ്ടെങ്കില്‍ അല്ലാഹു കരാര്‍ലംഘിക്കുന്ന പ്രശ്‌നമേ ഇല്ല. പക്ഷേ, അതില്ലെന്ന് തീര്‍ച്ചയാണല്ലോ. അപ്പോള്‍ യഥാര്‍ത്ഥം മറ്റൊന്നാണ്. അറിഞ്ഞുകൂടാത്തതും, ഇല്ലാത്തതുമായ കാര്യം അല്ലാഹുവിന്റെ പേരില്‍ കെട്ടിപ്പറയുക തന്നെ. സ്വര്‍ഗ നരകങ്ങള്‍ക്കുള്ള അര്‍ഹതക്ക് അല്ലാഹു നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം സത്യവിശ്വാസവും സല്‍കര്‍മങ്ങളുമാകുന്നു. ആര്‍ അവിശ്വാസവും ദുഷ്പ്രവൃത്തികളും സമ്പാദിച്ചുവോ അവര്‍ക്ക് സ്ഥിരമായ നരക ശിക്ഷ. ആര്‍ സത്യവിശ്വാസവും സല്‍പ്രവൃത്തികളും സമ്പാദിച്ചുവോ അവര്‍ക്ക് സ്ഥിരമായ സ്വര്‍ഗീയ ജീവിതം. ഇതില്‍ വര്‍ഗത്തിനോ ആഭിജാത്യത്തിനോ ഒട്ടും സ്ഥാനമില്ല.

‘തിന്മ സമ്പാദിക്കുകയും, തെറ്റുകുറ്റം വലയം ചെയ്യുകയും ചെയ്തു.’ എന്ന വാക്യത്തില്‍ നിന്ന് ഒരു സംഗതി മനസ്സിലാക്കാവുന്നതാണ്. പാപം ചെയ്യും തോറും രക്ഷാമാര്‍ഗം കുറേശ്ശെ കുറേശ്ശെയായി അടഞ്ഞു പോയിക്കൊണ്ടിരിക്കും. അത് വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വലയം ചെയ്യുന്നതോടുകൂടി രക്ഷാമാര്‍ഗം നിശ്ശേഷം അടഞ്ഞുപോകുകയും ചെയ്യുന്നു. ഒരു ഹദീഥില്‍ ഈ സംഗതി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു: ‘നിസ്സാരമായി ഗണിക്കപ്പെടുന്ന പാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. കാരണം, അവ മനുഷ്യനില്‍ ഒരുമിച്ചുകൂടി അവസാനം അവനെ നാശത്തിലകപ്പെടുത്തുന്നതാണ്.’ (അഹ്മദ്)

വിഭാഗം - 10

2:83
  • وَإِذْ أَخَذْنَا مِيثَٰقَ بَنِىٓ إِسْرَٰٓءِيلَ لَا تَعْبُدُونَ إِلَّا ٱللَّهَ وَبِٱلْوَٰلِدَيْنِ إِحْسَانًا وَذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَقُولُوا۟ لِلنَّاسِ حُسْنًا وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ ﴾٨٣﴿
  • ഇസ്‌റാഈല്‍ സന്തതികളുടെ ഉറപ്പ് (അവരോട്) നാം വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കുകയില്ല [ആരാധിക്കരുത്] എന്നും, മാതാപിതാക്കള്‍ക്കും, അടുത്തബന്ധുകള്‍ക്കും അനാഥകള്‍ക്കും, അഗതികള്‍ക്കും നന്‍മ ചെയ്യണമെന്നും, നിങ്ങള്‍ മനുഷ്യരോട് നല്ലത് പറയണമെന്നും, നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും സക്കാത്ത് കൊടുക്കുകയും ചെയ്യണമെന്നും [ഇതായിരുന്നു ആ ഉറപ്പ്]. പിന്നീട് (ഇസ്‌റാഈല്‍ സന്തതികളെ) നിങ്ങള്‍ -നിങ്ങളില്‍ അല്‍പം ആളുകള്‍ ഒഴിച്ച്- (അതില്‍ നിന്ന്) പിന്മാറിക്കളഞ്ഞു, നിങ്ങളാകട്ടെ, തിരിഞ്ഞുളയുന്നവരുമാകുന്നു. [അത് നിങ്ങളുടെ പതിവാണ്]
  • وَإِذْ أَخَذْنَا നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَ ഉറപ്പ് بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളുടെ لَا تَعْبُدُونَ നിങ്ങള്‍ ആരാധിക്കുകയില്ല എന്ന് إِلَّا اللَّهَ അല്ലാഹുവിനെയല്ലാതെ وَبِالْوَالِدَيْنِ മാതാപിതാക്കള്‍ക്ക് إِحْسَانًا നന്മചെയ്യല്‍ (വേണം) وَذِي الْقُرْبَىٰ അടുത്ത ബന്ധമുള്ളവര്‍ക്കും وَالْيَتَامَىٰ അനാഥകള്‍ക്കും وَالْمَسَاكِينِ അഗതികള്‍ക്കും وَقُولُوا നിങ്ങള്‍ പറയുകയും ചെയ്യുവിന്‍ لِلنَّاسِ മനുഷ്യരോട് حُسْنًا നല്ലത് وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ നമസ്‌കാരം وَآتُوا നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍ الزَّكَاةَ സക്കാത്ത് ثُمَّ تَوَلَّيْتُمْ പിന്നെ നിങ്ങള്‍ തിരിഞ്ഞുപോയി إِلَّا قَلِيلًا അല്‍പം (ആളുകള്‍) ഒഴികെ مِّنكُمْ നിങ്ങളില്‍ നിന്ന് وَأَنتُم നിങ്ങളാകട്ടെ مُّعْرِضُونَ തിരിഞ്ഞു (അവഗണിച്ചു) കളയുന്നവരാണ്

എന്ന ക്രിയാരൂപം വര്‍ത്തമാന രൂപത്തിലുള്ളതാണെങ്കിലും നിരോധാജ്ഞയാണിവിടെ ഉദ്ദേശ്യം. ഇസ്‌റാഈല്യരോട് അല്ലാഹു വാങ്ങിയ ഈ കരാര്‍ അവര്‍ക്ക് മാത്രം ബാധകമായ കരാറല്ല. അതിലെ ഓരോ വകുപ്പുകളും അന്നത്തെ പോലെ ഇന്നും പാലിക്കുവാന്‍ എല്ലാ സത്യവിശ്വാസികളും ബാധ്യസ്ഥരത്രെ. നമസ്‌കാരം, സകാത്ത് എന്നിവയുടെ വിശദാംശങ്ങളില്‍ അല്‍പമൊക്കെ വ്യത്യാസമുണ്ടായിരിക്കുമെന്ന് മാത്രം. എല്ലാ സമുദായങ്ങളോടും അല്ലാഹു കല്‍പിക്കുന്ന മൗലികമായ വിശ്വാസാചാരങ്ങള്‍ ഒന്നുതന്നെയാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഒന്നാമത്തെതും എല്ലാറ്റിലും വെച്ച് മുഖ്യമായതും അല്ലാഹുവിനെയല്ലതെ ആരാധിച്ചുകൂടാ എന്ന തൗഹീദ് തന്നെ. തുടര്‍ന്നുകൊണ്ട് മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യലും. ഈ രണ്ട് കാര്യങ്ങളും ഇതുപോലെ -ഒന്നാമത് തൗഹീദും അടുത്തതായി മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യലുമായി കൊണ്ട്- ക്വുര്‍ആനില്‍ പലേടത്തും എടുത്തു പറഞ്ഞിരിക്കുന്നത് കാണാം. പിന്നീട് അടുത്ത ബന്ധുക്കള്‍, അനാഥകള്‍, ദരിദ്രര്‍ എന്നിവരുടെ നേരെ പ്രത്യേകിച്ചും, മനുഷ്യരോട് പൊതുവിലും നല്ല നിലയില്‍ വര്‍ത്തിക്കുവാന്‍ കല്‍പിക്കുന്നു. ഇതെല്ലാം സ്വഭാവപരമായ മൗലിക വിഷയങ്ങളാണല്ലോ. പിന്നീട് ശാരീരികവും സാമ്പത്തികവുമായ അനുഷ്ഠാനകര്‍മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കര്‍മങ്ങളായ നമസ്‌കാരത്തെയും സകാത്തിനെയും കുറിച്ച് പറയുന്നു. ഈ രണ്ട് കര്‍മങ്ങള്‍ക്കും ക്വുര്‍ആന്‍ കല്‍പിച്ച പ്രാധാന്യം സുപ്രസിദ്ധമാണ്. അനുഷ്ഠാനമുറകളില്‍ വ്യത്യാസം കാണുമെങ്കിലും ഇത് രണ്ടും മുമ്പ് മുതല്‍ക്കേ ഇസ്‌ലാമിലെ രണ്ട് പ്രധാനപ്പെട്ട നിര്‍ബന്ധ കര്‍മങ്ങളാകുന്നു. ഈ കല്‍പനകള്‍ ഇന്നും ബൈബ്ളിന്റെ പഴയ നിയമത്തില്‍ കാണാവുന്നതാണ്. ഇസ്‌റാഈല്യരെ നോക്കി വീണ്ടും അല്ലാഹു പറയുന്നു:

2:84
  • وَإِذْ أَخَذْنَا مِيثَٰقَكُمْ لَا تَسْفِكُونَ دِمَآءَكُمْ وَلَا تُخْرِجُونَ أَنفُسَكُم مِّن دِيَٰرِكُمْ ثُمَّ أَقْرَرْتُمْ وَأَنتُمْ تَشْهَدُونَ ﴾٨٤﴿
  • നിങ്ങളുടെ ഉറപ്പ് (നിങ്ങളോട്) നാം വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ (തമ്മതമ്മില്‍) നിങ്ങളുടെ രക്തം ചിന്തുകയില്ലെന്നും,നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന് നിങ്ങളെത്തന്നെ നിങ്ങള്‍ പുറത്താക്കുകയില്ലെന്നും. പിന്നെ, നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊണ്ട് (അത് ഏറ്റു) സമ്മതിക്കുകയും ചെയ്തു.
  • وَإِذْ أَخَذْنَا നാം വാങ്ങിയ സന്ദര്‍ഭം مِيثَاقَكُمْ നിങ്ങളുടെ ഉറപ്പ്, കരാര്‍ لَا تَسْفِكُونَ നിങ്ങള്‍ ചിന്തുക (ഒഴുക്കുക)യില്ല (എന്ന്) دِمَاءَكُمْ നിങ്ങളുടെ രക്തങ്ങളെ وَلَا تُخْرِجُونَ നിങ്ങള്‍ പുറത്താക്കുകയുമില്ല أَنفُسَكُم നിങ്ങളെത്തന്നെ مِّن دِيَارِكُمْ നിങ്ങളുടെ വീട് (വാസസ്ഥലം)കളില്‍ നിന്ന് ثُمَّ പിന്നെ (അതിനുപുറമെ) أَقْرَرْتُمْ നിങ്ങള്‍ സമ്മതിച്ചു, ഏറ്റുപറഞ്ഞു وَأَنتُمْ നിങ്ങളാകട്ടെ, നിങ്ങളായിക്കൊണ്ട് تَشْهَدُونَ സാക്ഷ്യംവഹിക്കുന്നു
2:85
  • ثُمَّ أَنتُمْ هَٰٓؤُلَآءِ تَقْتُلُونَ أَنفُسَكُمْ وَتُخْرِجُونَ فَرِيقًا مِّنكُم مِّن دِيَٰرِهِمْ تَظَٰهَرُونَ عَلَيْهِم بِٱلْإِثْمِ وَٱلْعُدْوَٰنِ وَإِن يَأْتُوكُمْ أُسَٰرَىٰ تُفَٰدُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ ۚ أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَٰبِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَآءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْىٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَيَوْمَ ٱلْقِيَٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلْعَذَابِ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ ﴾٨٥﴿
  • (എന്നിട്ട്) പിന്നെയും നിങ്ങളിതാ ഇങ്ങിനെയുള്ളവരാകുന്നു: നിങ്ങള്‍ നിങ്ങളെത്തന്നെ കൊലചെയ്യുന്നു; നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരെ അവരുടെ ഭവനങ്ങളില്‍ നിന്ന്നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു! കുറ്റവും അതിക്രമവും വഴി അവര്‍ക്കെതിരില്‍ നിങ്ങള്‍ പരസ്പരം പിന്‍തുണ നല്‍കിക്കൊണ്ട്. അവര്‍ നിങ്ങളുടെ അടുക്കല്‍ തടവുകാരായി വന്നാലാകട്ടെ, നിങ്ങള്‍അവര്‍ക്ക് മോചനമൂല്യം നല്‍കുകയും ചെയ്യുന്നു !അതാകട്ടെ, [കാര്യമാകട്ടെ] അവരെ പുറത്താക്കല്‍ നിങ്ങളുടെമേല്‍ നിഷിദ്ധമാക്കപ്പെട്ടതുമാകുന്നു. അപ്പോള്‍ വേദഗ്രന്ഥത്തിന്റെ ചിലഭാഗത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചിലഭാഗത്തില്‍ നിങ്ങള്‍ അവിശ്വസിക്കുകയുമാണോ ചെയ്യുന്നത്?! എന്നാല്‍ നിങ്ങളില്‍ അപ്രകാരം ചെയ്യുന്നവരുടെ പ്രതിഫലം ഇഹലോക ജീവിതത്തില്‍ അപമാനമല്ലാതെ (മറ്റൊന്നും) അല്ല. ക്വിയാമത്തുനാളിലാകട്ടെ, അവര്‍ അതികഠിനമായ ശിക്ഷയിലേക്ക് തള്ളപ്പെടുന്നതുമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനൊന്നുമല്ല.
  • ثُمَّ പിന്നെയും أَنتُمْ നിങ്ങള്‍ هَٰؤُلَاءِ ഇങ്ങിനെയുള്ളവരാണ് تَقْتُلُونَ നിങ്ങള്‍ കൊല്ലുന്നു أَنفُسَكُمْ നിങ്ങളെതന്നെ وَتُخْرِجُونَ فَرِيقًا مِّنكُم നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരെ നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു مِّن دِيَارِهِمْ അവരുടെ ഭവനങ്ങളില്‍ നിന്ന് تَظَاهَرُونَ നിങ്ങള്‍ പരസ്പരം പിന്തുണ നല്‍കികൊണ്ട് عَلَيْهِم അവരുടെ മേല്‍ (എതിരില്‍) بِالْإِثْمِ കുറ്റംകൊണ്ട് وَالْعُدْوَانِ അതിക്രമവും وَإِن يَأْتُوكُمْ അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നാലോ أُسَارَىٰ തടവുകാരായി تُفَادُوهُمْ നിങ്ങള്‍ അവര്‍ക്ക് മോചനമൂല്യം നല്‍കുന്നു وَهُوَ അത് (കാര്യം)ആവട്ടെ مُحَرَّمٌ നിഷിദ്ധമാണ് عَلَيْكُمْ നിങ്ങളുടെ മേല് إِخْرَاجُهُمْ അവരെ പുറത്താക്കല്‍ أَفَتُؤْمِنُونَ അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ بِبَعْضِ الْكِتَابِ വേദഗ്രന്ഥത്തിന്റെ ചിലതില്‍ (ചിലഭാഗത്തില്‍) وَتَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കുകയും (ആണോ) بِبَعْضٍ ചിലതില്‍ فَمَا جَزَاءُ എന്നാല്‍ പ്രതിഫലമല്ല مَن يَفْعَلُ ചെയ്യുന്നവരുടെ ذَٰلِكَ അത് (പ്രകാരം) مِنكُمْ നിങ്ങളില്‍ നിന്ന് إِلَّا خِزْيٌ അപമാനം(നിന്ദ്യത)അല്ലാതെ فِي الْحَيَاةِ ജീവിതത്തില്‍ الدُّنْيَا ഐഹിക وَيَوْمَ الْقِيَامَةِ ക്വിയാമത്തുനാളിലാകട്ടെ يُرَدُّونَ അവര്‍ തള്ളപ്പെടും, മടക്കപ്പെടും إِلَىٰ أَشَدِّ ഏറ്റവും കഠിനമായതിലേക്ക് الْعَذَابِ ശിക്ഷ (യില്‍വെച്ച്) وَمَا اللَّهُ അല്ലാഹു അല്ലതാനും بِغَافِلٍ ഒട്ടും അശ്രദ്ധന്‍ عَمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
2:86
  • أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْءَاخِرَةِ ۖ فَلَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنصَرُونَ ﴾٨٦﴿
  • അക്കൂട്ടര്‍, പരലോകത്തിന് (പകരം) ഇഹലോക ജീവിതം വാങ്ങിയിട്ടുള്ളവരത്രെ. ആകയാല്‍, അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല; അവര്‍ സഹായിക്കപ്പെടുന്നതുമല്ല.
  • أُولَٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുകൂട്ടരാണ് اشْتَرَوُا അവര്‍ വാങ്ങിയിരിക്കുന്നു الْحَيَاةَ الدُّنْيَا ഐഹിക ജീവതത്തെ بِالْآخِرَةِ പരലോകത്തിന് (പകരം) فَلَا يُخَفَّفُ അതിനാല്‍ ലഘുവാക്കപ്പെടുകയില്ല عَنْهُمُ അവര്‍ക്ക് الْعَذَابُ ശിക്ഷ وَلَا هُمْ يُنصَرُونَ അവര്‍ സഹായിക്കപ്പെടുകയുമില്ല

മദീനായിലും പരിസരത്തിലുമുള്ള അറബികള്‍ ഔസ്, ഖസ്‌റജ് (الاَوْس وَالخَزْرَج) എന്നീ രണ്ട് ഗോത്രങ്ങളായിരുന്നു. എല്ലാവരും വിഗ്രഹാരാധകര്‍ തന്നെ. ഇരുകൂട്ടര്‍ക്കുമിടയില്‍ ഇടക്കിടെ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കും. മദീനയിലെ യഹൂദികളാകട്ടെ, മൂന്ന് ഗോത്രങ്ങളായിരുന്നു, കൈ്വനുക്വാഉം, നദീറും, ക്വുറൈദ്വയും (قَيْنُقَاع، نَضِي، قُرَيْظَة) ആദ്യത്തെ രണ്ട് ഗോത്രങ്ങളും ഖസ്‌റജുമായും, മൂന്നാമത്തെ ഗോത്രം ഔസുമായും സഖ്യബന്ധമുണ്ടായിരുന്നു. യുദ്ധമുണ്ടാകുമ്പോള്‍ ഓരോ ഗോത്രവും തങ്ങളുടെ സഖ്യകക്ഷിയുടെ പക്ഷത്ത് ചേര്‍ന്ന് അതില്‍ പങ്കെടുക്കും. യുദ്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ യഹൂദികളെന്നോ, അറബികളെന്നോ വ്യത്യാസം കൂടാതെ പരസ്പരം കൊലയും കൊള്ളയും നടത്തുകയും വാസസ്ഥലങ്ങളില്‍ നിന്ന് ആട്ടി ഓടിക്കുകയും ബന്ധനത്തിലാക്കുകയും ചെയ്യും. യുദ്ധം അവസാനിച്ചാല്‍ തങ്ങളുടെ സഹോദരങ്ങളായ യഹൂദികളില്‍ നിന്ന് ബന്ധനസ്ഥരാക്കപ്പെട്ടവരെ മോചിപ്പിക്കുവാന്‍ അവര്‍ തന്നെ ധനം ശേഖരിക്കുകയും മോചന മൂല്യം കൊടുത്ത് അവരെ ചിറയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യും. ഇതിനെപ്പറ്റി ചോദിക്കപ്പെട്ടാല്‍ അവരുടെ മറുപടി ഇതായിരിക്കും: ‘സഖ്യകക്ഷികളെ വഞ്ചിക്കുന്നത് അപമാനകരമായത്‌ കൊണ്ട് ഞങ്ങള്‍ അവരൊന്നിച്ച് യുദ്ധം ചെയ്യുന്നു. എന്നാല്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ മോചിപ്പിക്കുവാന്‍ ഞങ്ങളോട് കല്‍പിക്കപ്പട്ടിട്ടുണ്ട് താനും.’ ഇതിനെക്കുറിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്.

‘നിങ്ങളുടെ രക്തം’ ‘നിങ്ങളെ തന്നെ കൊല്ലുക,’ ‘നിങ്ങളെ തന്നെ പുറത്താക്കുക’ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഒരേ മതാവലംബികളായ സമുദായം ഒരേ ദേഹം പോലെയാണെന്നും അതിലെ അംഗങ്ങള്‍ ഏകോദര സഹോദരന്‍മാരായി വര്‍ത്തിക്കേണ്ടവരാണന്നും സൂചിപ്പിക്കുന്നു. തൗറാത്തിലും മൂസാ നബി (عليه السلام)യിലും വിശ്വസിച്ചതോടെ വേദഗ്രന്ഥത്തിലെ എല്ലാ നിയമങ്ങളും പാലിക്കുവാന്‍ അവര്‍ നിര്‍ബന്ധരാണ്. മാത്രമല്ല, തൗറാത്തിന്റെ വിധികള്‍ അനുസരിക്കുകയും പാലിക്കുകയും ചെയ്തുകൊള്ളാമെന്ന് അവര്‍ പ്രതിജ്ഞയെടുത്തവരും ഏറ്റു സമ്മതിച്ചിട്ടുള്ളവരുമാകുന്നു. എന്നിരിക്കെ, ചില വിധികള്‍ മാത്രം അനുഷ്ഠിക്കുകയും മറ്റു ചിലത് തിരസ്‌കരിക്കുകയും ചെയ്യുന്നത് ന്യായരഹിതവും അക്രമവുമാണല്ലോ. അതുകൊണ്ടാണ് വേദഗ്രന്ഥത്തിന്റെ ചിലഭാഗത്തില്‍ വിശ്വസിക്കുകയും ചിലതില്‍ അവിശ്വസിക്കുകയുമാണോ നിങ്ങള്‍ ചെയ്യുന്നത്? എന്ന് അല്ലാഹു അവരെ ആക്ഷേപിക്കുന്നത്. ഇതിന്റെ ഫലം ഇഹത്തില്‍ വെച്ച് അപമാനവും പരലോകത്ത് വെച്ച് അതികഠിനമായ ശിക്ഷയുമാണെന്ന് അവരെ താക്കീതും ചെയ്യുന്നു. ഇവര്‍ ഇത്രത്തോളം അധഃപതിക്കുവാനും, വിരോധാഭാസങ്ങള്‍ പ്രവര്‍ത്തിക്കുന്നവരായിത്തീരുവാനും കാരണം, അവര്‍ ഐഹിക ജീവിതത്തിനുവേണ്ടി പാരത്രിക നന്‍മകളെ ബലികഴിച്ചതാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ വചനങ്ങള്‍ അവതരിച്ചത് യഹൂദികളുടെ പ്രസ്തുത വിഷയത്തിലാണെങ്കിലും ഇസ്‌ലാമിന്റെ വിധിവിലക്കുകളെ ശരിവെച്ചു സമ്മതിക്കുകയും എന്നിട്ട് അവയില്‍ ചിലത് മാത്രം അനുഷ്ഠിക്കുകയും ചിലത് തീരെ വര്‍ജ്ജിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം ഇതിലെ താക്കീതും ആക്ഷേപവും ബാധകമാകുന്നു. ഉദാഹരണമായി മുസ്‌ലിംകളില്‍ ചിലര്‍ ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ബന്ധ കര്‍മമായ നമസ്‌കാരവും വേറെ ചിലര്‍ സക്കാത്തും പാടെ അവഗണിച്ചുകളയുന്നു. അതേ സമയത്ത്മറ്റു ചില മതാനുഷ്ഠാനങ്ങളില്‍ അവര്‍ക്ക് നിഷ്‌കര്‍ഷതയും ഉണ്ടായേക്കും. അതുപോലെ ചിലര്‍ പലിശയുടെ കാര്യത്തില്‍ യഹൂദികളുടെയും മററു ചില ദുര്‍വൃത്തികളില്‍ അവിശ്വാസികളുടെയും നിലപാടുകള്‍ സ്വീകരിച്ചു കാണാം. ചിലര്‍ ആരാധനകര്‍മങ്ങളില്‍ ശ്രദ്ധയുള്ളവരും, സാമൂഹ്യ ബാധ്യതകള്‍ അവഗണിക്കുന്നവരുമായിരിക്കും. ചിലര്‍ നേരെമറിച്ചും. ഓരോന്നിനെക്കുറിച്ചുമുള്ള മതവിധിയും അതിന്റെ ഗൗരവവും അറിഞ്ഞും സമ്മതിച്ചും കൊണ്ട് തന്നെയാണ് പലരും അങ്ങിനെ ചെയ്യുന്നതെന്നുള്ളതാണ് വലിയ അല്‍ഭുതം! മുസ്‌ലിം സമുദായത്തിന് അല്ലാഹു നേര്‍വഴിയും തന്റേടവും നല്‍കുമാറാകട്ടെ, ആമീന്‍.