വിഭാഗം - 21

4:142
  • إِنَّ ٱلْمُنَـٰفِقِينَ يُخَـٰدِعُونَ ٱللَّهَ وَهُوَ خَـٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا ﴾١٤٢﴿
  • നിശ്ചയമായും, കപടവിശ്വാസികള്‍ അല്ലാഹുവിനോട് വഞ്ചന പ്രവര്‍ത്തിക്കുകയാണ്. അവനാകട്ടെ, അവരെ വഞ്ചിക്കുന്നവനുമാകുന്നു. അവര്‍ നമസ്‌കാരത്തിനു നില്‍ക്കുന്നതായാല്‍, മടിയന്‍മാരായിക്കൊണ്ട്നില്‍ക്കുന്നതാണ്. (അതെ) അവര്‍മനുഷ്യരെ കാണിക്കുവാനായി ചെയ്യുന്നു. അല്‍പ്പമായിട്ടല്ലാതെ അവര്‍ അല്ലാഹുവിനെ ഓര്‍ക്കുകയുമില്ല.
  • إِنَّ الْمُنَافِقِينَ നിശ്ചയമായും, കപടവിശ്വാസികള്‍ يُخَادِعُونَ അവര്‍ വഞ്ചന പ്രവര്‍ത്തിക്കുന്നു. അവര്‍ ചതിപ്രയോഗം ചെയ്യും اللَّهَ അല്ലാഹുവിനോട് وَهُوَ അവനാ കട്ടെ خَادِعُهُمْ അവരെ വഞ്ചിക്കുന്ന (ചതിക്കുന്ന) വനുമാണ് وَإِذَا قَامُوا അവര്‍ നിന്നാല്‍ (ശ്രമിച്ചാല്‍), എഴുനേല്‍ക്കുന്നതായാല്‍ إِلَى الصَّلَاةِ നമസ്‌കാരത്തിലേക്ക് (നമസ്‌കാരത്തിന്) قَامُوا അവര്‍ നില്‍ക്കുന്നതാണ് كُسَالَىٰ മടിയന്‍മാരായിട്ട് يُرَاءُونَ അവര്‍ കാണിച്ചു ചെയ്യുന്നു, കാണിക്കുവാനായി ചെയ്യുന്നു النَّاسَ മനുഷ്യരെ وَلَا يَذْكُرُونَ അവര്‍ ഓര്‍ക്കുക (സ്മരിക്കുക)യുമില്ല اللَّهَ അല്ലാഹുവിനെ إِلَّا قَلِيلًا കുറച്ചു (അല്‍പം) അല്ലാതെ
4:143
  • مُّذَبْذَبِينَ بَيْنَ ذَٰلِكَ لَآ إِلَىٰ هَـٰٓؤُلَآءِ وَلَآ إِلَىٰ هَـٰٓؤُلَآءِ ۚ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًا ﴾١٤٣﴿
  • ഇക്കൂട്ടരിലേക്കുമില്ല, ഇക്കൂട്ടരിലേക്കുമില്ലാതെ, അതിന്നിടയില്‍ ആടിപ്പിടക്കുന്നവരായിക്കൊണ്ട്. ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവന് യാതൊരുമാര്‍ഗവും നീ കണ്ടെത്തുകയേ ഇല്ല.
  • مُّذَبْذَبِينَ ആടിക്കളിച്ചു (പിടപിടച്ചു - ഇളകിയാടി) കൊണ്ടിരിക്കുന്നവരായി بَيْنَ അതിനിടയില്‍ ذَٰلِكَ لَا إِلَىٰ هَٰؤُلَاءِ ഇക്കൂട്ടരിലേക്ക് അല്ലാ (ഇല്ലാ)തെ وَلَا إِلَىٰ هَٰؤُلَاءِ ഇക്കൂട്ടരി (മറ്റേ കൂട്ടത്തി)ലേക്കുമല്ല (ഇല്ല) وَمَن ആരെയെങ്കിലും, വല്ലവനെയും يُضْلِلِ اللَّهُ അല്ലാഹു വഴിപിഴവിലാക്കുന്നതായാല്‍ فَلَن تَجِدَ എന്നാല്‍ നീ കണ്ടെ ത്തുകയില്ല തന്നെ, നിനക്കു കിട്ടുകയേ ഇല്ല لَهُ അവന് سَبِيلًا ഒരു മാര്‍ഗം, വഴി

സൂറത്തുല്‍ ബക്വറഃ 9ല്‍ കപടവിശ്വാസികള്‍ അല്ലാഹുവിനോടും സത്യവിശ്വാസികളോടും വഞ്ചന പ്രവര്‍ത്തിക്കുന്നുവെന്നും, വാസ്തവത്തില്‍ അവര്‍ തങ്ങളെത്തന്നെയാണ് വഞ്ചിക്കുന്നതെന്നും പ്രസ്താവിച്ചുവല്ലോ, ഏതാണ്ട് അതേ മാതിരിയുളള ഒരു പ്രസ്താവന തന്നെയാണ് ഇവിടെയും കാണുന്നത്. എല്ലാ നിഗൂഢ രഹസ്യങ്ങളും പരസ്യമായി അറിയുന്ന സര്‍വ്വജ്ഞനായ അല്ലാഹുവിനോട് വഞ്ചന നടത്തുവാന്‍ ആര്‍ക്കും കഴിയുന്നതല്ലെന്ന് തീര്‍ച്ചയാണ്. പക്ഷേ, കപടവിശ്വാസികളുടെ വിചാരവും ഭാവവും പ്രവര്‍ത്തനവുമെല്ലാം കാണിക്കുന്നത് അവരുടെ ഗൂഢരഹസ്യങ്ങളൊന്നും അല്ലാഹു അറിയുകയില്ലെന്നാകുന്നു. അതുകൊണ്ടാണ് അവര്‍ അല്ലാഹുവിനോട് വഞ്ചന പ്രവര്‍ത്തിക്കുന്നുവെന്നു പറഞ്ഞത്. ഇഹത്തില്‍ വെച്ചു മാത്രമല്ല, പരത്തില്‍ വെച്ചും അവര്‍ അല്ലാഹുവിനെ കബളിപ്പിക്കുവാന്‍ ശ്രമം നടത്തി നോക്കുന്നതാണെന്ന് മറ്റൊരിടത്ത് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളോട് ശപഥം ചെയ്തു പറയുന്നതുപോലെ , അവരെ എഴുന്നേല്‍പ്പിക്കുന്ന ദിവസം അല്ലാഹുവിനോട് ശപഥം ചെയ്തു പറയും എന്നാണതിന്‍റെചരുക്കം (സൂ: മുജാദിലഃ 18ഉം വ്യാഖ്യാനവും നോക്കുക) വാസ്തവത്തില്‍ അവരുടെ വഞ്ചനാ പ്രവര്‍ത്തനങ്ങളില്‍ വഞ്ചിതരാകുന്നത് അവര്‍ തന്നെയാണ്. എല്ലാ കുറ്റവാളികള്‍ക്കും നല്‍കപ്പെടുന്ന ശിക്ഷ അവരവരുടെ കുറ്റത്തിന്‍റെ സ്വഭാവമനുസരിച്ചായിരിക്കുമല്ലോ. അതാണ് അല്ലാഹു അവരെ വഞ്ചിക്കുന്നവനാണ് എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം. വഞ്ചനക്കനുയോജ്യമായ നടപടി എടുക്കുമെന്നല്ലാതെ, യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെ വഞ്ചിച്ചേക്കും എന്നല്ല ഉദ്ദേശ്യം.

കപടവിശ്വാസികളുടെ ഒരു കപടനയം അല്ലാഹു ചൂണ്ടിക്കാട്ടുന്നു. നാമമാത്ര മുസ്‌ലിംകളും കപടവിശ്വാസികളുമായ ആളുകളില്‍ അന്നുതൊട്ട് ഇന്നോളം – ഇക്കാലത്തു വിശേഷിച്ചും – കാണപ്പെടുന്ന ഒരു ലക്ഷണമത്രെ അത്. മുസ്‌ലിമിന്‍റെ അനുഷ്ഠാനകര്‍മങ്ങളില്‍വെച്ചു ഏറ്റവും ശ്രേഷ്ഠമായതും ഇസ്‌ലാമിന്‍റെ പ്രധാന ചിഹ്നമായി നിലകൊളളുന്നതുമാണല്ലോ നമസ്‌കാരം. ഈ കര്‍മം നിര്‍വ്വഹിക്കുവാന്‍ അവര്‍ക്ക് വലിയ മടിയായിരിക്കും. അത് പാടെ ഉപേക്ഷിക്കുന്ന പക്ഷം അവരെ മുസ്‌ലിംകളുടെ കൂട്ടത്തില്‍ എണ്ണുകയില്ലെന്ന് പേടിച്ചു അത് നിര്‍വ്വഹിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. ജനങ്ങളെ കാട്ടിബോധ്യപ്പെടുത്തുവാന്‍ വേണ്ടി ബാഹ്യത്തില്‍ അവരത് നിര്‍വ്വഹിക്കുകയും തക്കം കിട്ടുമ്പോള്‍ നമസ്‌കരിക്കാതെ കഴിച്ചുകൂട്ടുകയും ചെയ്യും. എന്നാല്‍ നമസ്‌കാരത്തിന്‍റെ കാതലും ആത്മാവുമാകുന്ന ഭാഗം — അല്ലാഹുവിനെ കുറിച്ചുളള ഓര്‍മ –അതില്‍ വിരളവുമായിരിക്കും. ഇതാണ് ആ നയം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്ത് നമസ്‌കാര കര്‍മം ജമാഅത്തായി (കൂട്ടനമസ്‌കാരമായി)ട്ടാണല്ലോ നടത്തപ്പെട്ടിരുന്നത്. അതില്‍ പങ്കെടുക്കാത്തവരെപറ്റി അവര്‍ കപടന്‍മാരാണെന്ന് സ്വാഭാവികമായും സംശയിക്കപ്പെട്ടിരുന്നു. കപടവിശ്വാസികള്‍ മുസ്‌ലിംകളായി അഭിനയിച്ചു വരുന്ന സ്ഥിതിക്ക് നമസ്‌കാരം പരസ്യമായി ഉപേക്ഷിക്കുവാന്‍ അക്കാരണത്താല്‍ അവര്‍ക്ക് വിഷമമായിരുന്നു. എന്നാലും കഴിവതും നമസ്കാരത്തില്‍ പങ്കെടുക്കാതെ കഴിക്കുവാന്‍ അവര്‍ ശ്രമിച്ചിരുന്നുവെന്നും, ഇശാ,സ്വുബ്ഹ് എന്നീ ഇരുട്ടത്തുളള നമസ്‌കാരങ്ങളില്‍ നിന്ന് വിശേഷിച്ചും അവര്‍ ഒഴിഞ്ഞുമാറാറുണ്ടായിരുന്നുവെന്നുമാണ് മനസ്സിലാകുന്നത് الله أعلم

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി: ‘നമസ്കാരത്തില്‍ വെച്ച് കപട വിശ്വാസികള്‍ക്ക് ഏറ്റവും ഭാരമേറിയത് ഇശാ നമസ്‌കാരവും, സ്വുബഹ് നമസ്‌കാരവുമാകുന്നു. ആ രണ്ടിലുമുള്ളത് (പുണ്യം) അവര്‍ക്കറിയാമായിരുന്നുവെങ്കില്‍, അവര്‍ ആ രണ്ടിനും മുട്ടുകുത്തിക്കൊണ്ടെങ്കിലും വരുമായിരുന്നു. നമസ്‌കാരം (ജമാഅത്തായി) നടത്തപ്പെടുവാന്‍ ഒരാളോട് കല്‍പിക്കുകയും , എന്നിട്ട് ഞാനും കുറേ ആളുകളും കുറച്ചു വിറകുകെട്ടും എടുത്തുകൊണ്ട് നമസ്‌കാരത്തിന് ഹാജരാകാത്ത ആളുകളുടെ അടുക്കല്‍ ചെന്നു അവരുടെ വീടുകള്‍ അവരോടെ കത്തിച്ചു കളഞ്ഞെങ്കിലോ എന്ന് ഞാന്‍ കരുതുകയുണ്ടായി’. (ബു;മു) ഒരു രിവായത്തില്‍ ഇങ്ങിനെ കൂടിയുണ്ട്: ‘എന്‍റെ ആത്മാവ് യാതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെയാണ്! ഒരു കൊഴുത്ത ഞരമ്പോ, നല്ല രണ്ടുകുളമ്പുകളോ, കിട്ടുമെന്ന് അവരില്‍ ഒരുവന്‍ അറിഞ്ഞിരുന്നെങ്കില്‍ അവന്‍ നമസ്‌കാരത്തിന് ഹാജരാകുമായിരുന്നു. വീടുകളില്‍ സ്ഥിതി ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഇല്ലായിരുന്നെങ്കില്‍ അവരുടെ വീടുകള്‍ അവരോടെ ഞാന്‍ കത്തിക്കുമായിരുന്നു. ‘മറ്റൊരു ഹദീഥില്‍’ ഇത് കപടവിശ്വാസിയുടെ നമസ്‌ക്കാരമാകുന്നു’ എന്ന് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതിന്‍റെ സാരം ഇതാകുന്നു. ‘സൂര്യന്‍ അസ്തമിക്കുന്നതുവരെ കാത്തിരുന്നു അസ്തമയ സമയമാകുമ്പോള്‍ കോഴി കൊത്തും പോലെഅവന്‍ നാലു കൊത്തു കൊത്തും’ (മ; മു; തി; ന) കപടവിശ്വാസിയുടെ അസ്വർ നമസ്‌കാരത്തെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വചനത്തില്‍ ചിത്രീകരിച്ചത്.

ഇസ്‌ലാമിലെ അനുഷ്ഠാനപരമായ ആരാധനാകര്‍മങ്ങളെ രാഷ്ട്രീയവും നാഗരികവുമായ വീക്ഷണ ഗതിയിലൂടെ വിലയിരുത്തുകയും, ആത്മീയവും പാരത്രികവുമായവശങ്ങള്‍ക്കു വേണ്ടത്ര പരിഗണന നല്‍കാതിരിക്കുകയും പതിവാക്കിയ ഒരു പണ്ഡിതന്‍ ഇവിടെ എഴുതിക്കാണുന്ന ചില വാക്യങ്ങള്‍ കാണുമ്പോള്‍ ആശ്ചര്യം തോന്നിപ്പോകുന്നു. ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്ത് നമസ്‌കാര നിഷ്ഠയില്ലാത്തവരെ ഇസ്‌ലാമിക സമൂഹത്തിലെ പ്രാഥമിക അംഗങ്ങളായി പോലും എണ്ണിയിരുന്നില്ല’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം തുടരുകയാണ്: ‘ലോകത്തുള്ള സകല പാര്‍ട്ടി (കക്ഷി)കളും സംഘടനകളും പൊതുവായി അംഗീകരിച്ചു വരുന്ന ഒരു നിഷ്‌കൃഷ്ട നയമാണ് അംഗങ്ങള്‍ പാര്‍ട്ടിയോഗങ്ങളില്‍ നിര്‍ബ്ബന്ധപൂര്‍വ്വം പങ്കെടുക്കണമെന്നത്. വല്ലമെമ്പറും (അംഗവും) അകാരണമായി ഒരു യോഗത്തില്‍ സംബന്ധിക്കാതിരുന്നാല്‍, അയാള്‍ക്ക് പാര്‍ട്ടിയോട് താല്‍പര്യമില്ലെന്ന് മനസ്സിലാക്കപ്പെടുന്നു. തുടര്‍ച്ചയായി പല യോഗങ്ങളില്‍ അസന്നിഹിതരാകുന്നവരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറം തളളുകയും ചെയ്യുന്നു. ‘ പിന്നീടദ്ദേഹം പറയുകയാണ്: ‘തികച്ചും ഇതേ നയമാണ് ഇസ്‌ലാമിക ജമാഅത്തും കൈകൊണ്ടിട്ടുള്ളത്. ‘ഇസ്‌ലാമിലെ പരിപാവനങ്ങളായ ആരാധനാ കര്‍മങ്ങളുടെ അന്തസത്തയെ അവഗണിച്ചുകൊണ്ടുളളതും ജമാഅത്ത് നമസ്‌കാരങ്ങളെ പാര്‍ട്ടി യോഗങ്ങളാക്കി തരംതാഴ്ത്തുന്നതുമായ ഒരു പ്രസ്താവനയാണിത് എന്ന് മാത്രമേ തല്‍ക്കാലം ഇതിനെക്കുറിച്ചു പറയുവാനുളളൂ

واللّه يهدينا سواْ السبيل

കപടവിശ്വാസികളുടെ ഒരു പൊതു സ്ഥിതിയാണ് 143-ാം വചനത്തില്‍ കാണുന്നത്. ഇസ്‌ലാമിന്‍റെ പക്ഷത്തോ, കുഫ്‌റിന്‍റെ പക്ഷത്തോ നില ഉറപ്പിക്കാതെ –സത്യവിശ്വാസത്തിലോ അവിശ്വാസത്തിലോ ഉറച്ചു നില്‍ക്കാതെ -ഇടയില്‍ കിടന്നു അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിച്ചുകൊണ്ടിരിക്കുക. നേരായ മാര്‍ഗം ഒന്നു മാത്രമായ സ്ഥിതിക്ക് അവരുടെ ഈ നിലമാറാതെ ഒരിക്കലും അവര്‍ നേര്‍മാര്‍ഗത്തിലാകുകയില്ല. അല്ലാഹു അവരെ വഴിപിഴച്ച ദുര്‍മാര്‍ഗികളായി മാത്രമേ എണ്ണുകയുളളൂ. അവര്‍ക്ക് പിന്നെ എങ്ങിനെ രക്ഷാമാര്‍ഗം ലഭിക്കുവാനാണ്?!. അതെ അല്ലാഹു വഴിപിഴവിലാക്കിയവര്‍ക്ക് വേറെ മാര്‍ഗമൊന്നും ലഭിക്കുകയില്ല തന്നെ

وَمَن يُضْلِلِ اللَّهُ فَلَن تَجِدَ لَهُ سَبِيلًا

4:144
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَتُرِيدُونَ أَن تَجْعَلُوا۟ لِلَّهِ عَلَيْكُمْ سُلْطَـٰنًا مُّبِينًا ﴾١٤٤﴿
  • ഹേ, വിശ്വസിച്ചവരേ, സത്യവിശ്വാസികളെ കൂടാതെ, അവിശ്വാസികളെ നിങ്ങള്‍ മിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങള്‍ക്കെതിരെ അല്ലാഹുവിന് വ്യക്തമായ ഒരധികൃത രേഖ ഉണ്ടാക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ?!
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا تَتَّخِذُوا നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്, സ്വീകരിക്കരുത് الْكَافِرِينَ അവിശ്വാസികളെ أَوْلِيَاءَ മിത്രങ്ങള്‍, ബന്ധുക്കള്‍, കാര്യകര്‍ത്താക്കള്‍ مِن دُونِ കൂടാതെ, അല്ലാതെ, പുറമെ الْمُؤْمِنِينَ സത്യവിശ്വാസികളെ أَتُرِيدُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ أَن تَجْعَلُوا നിങ്ങള്‍ ആക്കുവാന്‍, ഉണ്ടാക്കുന്നതിന്ന് لِلَّهِ അല്ലാഹുവിന് عَلَيْكُمْ നിങ്ങളുടെമേല്‍ (എതിരെ) سُلْطَانًا അധികൃതരേഖ, തെളിവ് , ന്യായം مُّبِينًا വ്യക്തമായ

കപടവിശ്വാസികള്‍ ചെയ്യുന്നതുപോലെ അവിശ്വാസികളെ മിത്രങ്ങളാക്കി സ്വീകരിച്ചുകൂടാത്തതാണ്; സത്യവിശ്വാസികള്‍ തമ്മതമ്മിലേ മൈത്രീബന്ധവും മനസ്സിണങ്ങിയകൂട്ടൂകെട്ടും ഉണ്ടാകാവൂ; അവിശ്വാസികളോട് മൈത്രിയും കൂട്ടുകെട്ടും സ്ഥാപിക്കുന്നത്അവരെപ്പോലെ നിങ്ങളും പിഴച്ചവരാണെന്ന് നിങ്ങള്‍ക്കെതിരില്‍ നിങ്ങള്‍ തന്നെ വ്യക്തമായതെളിവ് സ്ഥാപിക്കലായിത്തീരും; അതുകൊണ്ട് അത് വളരെ ഗൗരവപൂര്‍വ്വം സൂക്ഷിക്കേണ്ടതാണ് എന്ന് സാരം.

4:145
  • إِنَّ ٱلْمُنَـٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا ﴾١٤٥﴿
  • നിശ്ചയമായും കപടവിശ്വാസികള്‍ നരകത്തില്‍ നിന്നും ഏറ്റം താഴെ പടിയിലായിരിക്കും. അവര്‍ക്ക് ഒരു സഹായകനെയും നീ കണ്ടെത്തുന്നതേയല്ലതാനും.
  • إِنَّ الْمُنَافِقِينَ നിശ്ചയമായും കപടവിശ്വാസികള്‍ فِي الدَّرْكِ പടിയിലാണ്, തട്ടിലായിരിക്കും الْأَسْفَلِ ഏറ്റം താഴ്ന്ന مِنَ النَّارِ നരകത്തില്‍നിന്ന് وَلَن تَجِدَ നീ കണ്ടെത്തുകയേ ഇല്ലതാനും, കാണുകയുമില്ല തന്നെ لَهُمْ അവര്‍ക്ക് نَصِيرًا ഒരു സഹായകനെ
4:146
  • إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَٱعْتَصَمُوا۟ بِٱللَّهِ وَأَخْلَصُوا۟ دِينَهُمْ لِلَّهِ فَأُو۟لَـٰٓئِكَ مَعَ ٱلْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ ٱللَّهُ ٱلْمُؤْمِنِينَ أَجْرًا عَظِيمًا ﴾١٤٦﴿
  • (അതെ) പശ്ചാത്തപിച്ചുമടങ്ങുകയും, (കര്‍മങ്ങള്‍) നന്നാക്കുകയും, അല്ലാഹുവിനെ മുറുകെ പിടിക്കുകയും, തങ്ങളുടെ മതത്തെ അല്ലാഹുവിന്നു നിഷ്‌കളങ്കമാക്കുകയും ചെയ്തവരൊഴികെ; അക്കൂട്ടര്‍ സത്യവിശ്വാസികളുടെ കൂടെയായിരിക്കും. സത്യ വിശ്വാസികള്‍ക്ക് വഴിയെ അല്ലാഹു മഹത്തായ പ്രതിഫലം കൊടുക്കുകയും ചെയ്യും.
  • إِلَّا الَّذِينَ യാതൊരുവരൊഴികെ تَابُوا അവര്‍ പശ്ചാത്തപിച്ചു وَأَصْلَحُوا അവര്‍ നന്നാക്കുകയും ചെയ്തു, നന്നായി തീരുകയും ചെയ്തു وَاعْتَصَمُوا മുറുകെ പിടിക്കുകയും ചെയ്തു, രക്ഷാവലംബമാക്കുകയും ചെയ്തു بِاللَّهِ അല്ലാഹുവിനെ وَأَخْلَصُوا നിഷ്‌കളങ്കമാക്കുക (തനിച്ചാക്കുക)യും ചെയ്തു دِينَهُمْ തങ്ങളുടെ മതത്തെ, നടപടിയെ لِلَّهِ അല്ലാഹുവിന് فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ مَعَ الْمُؤْمِنِينَ സത്യവിശ്വാസികളോടു കൂടെയായിരിക്കും وَسَوْفَ വഴിയെ, പിന്നീട് يُؤْتِ اللَّهُ അല്ലാഹു നല്‍കും, കൊടുക്കും الْمُؤْمِنِينَ സത്യ വിശ്വാസികള്‍ക്ക് أَجْرًا പ്രതിഫലം عَظِيمًا മഹത്തായ

തികച്ചും അവിശ്വാസികളായ വിഭാഗത്തെക്കാള്‍ നീചവും നിന്ദ്യവുമായ സ്വഭാവക്കാരാണ് കപടവിശ്വാസികളെന്നും, അതിനാല്‍ അല്ലാഹുവിന് അവരോടുളള അമര്‍ഷം വളരെ വമ്പിച്ചതാണെന്നും കഴിഞ്ഞ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ട് ശിക്ഷയിലും അവര്‍ ഏറ്റവും നികൃഷ്ടരായിരിക്കുമെന്നും, നരകത്തിന്‍റെ ഏറ്റവും താഴെ പടിയിലായിരിക്കും അവരെന്നും അല്ലാഹു അറിയിക്കുന്നു. എന്നിരുന്നാലും, അവര്‍ ഖേദിച്ചുമടങ്ങി നന്നായി തീരുന്നപക്ഷം അല്ലാഹു അവര്‍ക്ക് കരുണ ചെയ്യാന്‍ തയ്യാറാണെന്നും, യഥാര്‍ത്ഥ സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി വമ്പിച്ച പ്രതിഫലം നല്‍കി അവരെ അനുഗ്രഹിക്കുമെന്നും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ചെയ്തതിനെപ്പറ്റി ഖേദം പ്രകടിപ്പിച്ചാല്‍ മാത്രം പോരാ അത് യഥാര്‍ത്ഥമാണെന്ന് പ്രവര്‍ത്തിമൂലം തെളിയിക്കുകയും വേണ്ടതുണ്ട് എന്നത്രെ…. وَأَصْلَحُواوَاعْتَصَمُوا (നന്നാക്കി തീര്‍ക്കുകയും, അല്ലാഹുവിനെ മുറുകെ പിടിക്കുകയും, മതത്തെ അല്ലാഹുവിന്നിഷ്‌കളങ്കമാക്കുകയും ചെയ്തു) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം. അതായത്, മുമ്പ്ചെയ്തു പോയ നീച കൃത്യങ്ങളെക്കുറിച്ചു ഖേദിക്കുകയും, മേലില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തു നന്നായിത്തീരുകയും, അല്ലാഹുവിനെ മാത്രം രക്ഷാധികാരിയായി സ്വീകരിക്കുകയും, മറ്റുള്ളവരെ കാണിക്കുവാനോ ബോധ്യപ്പെടുത്തുവാനോ ശ്രമിക്കാതെ മതജീവിതത്തില്‍ അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും മാത്രം ലക്ഷ്യമാക്കുകയും ചെയ്യണം. അപ്പോഴേ പശ്ചാത്താപം സാക്ഷാല്‍കൃതമാകുകയുളളൂവെന്ന് താല്‍പ്പര്യം. മനുഷ്യരെ ശിക്ഷിക്കണമെന്ന് അല്ലാഹുവിന് ഒട്ടും ഉദ്ദേശമില്ലെന്ന് അടുത്ത വചനത്തില്‍അല്ലാഹു ചൂണ്ടികാട്ടുന്നു:-

4:147
  • مَّا يَفْعَلُ ٱللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَءَامَنتُمْ ۚ وَكَانَ ٱللَّهُ شَاكِرًا عَلِيمًا ﴾١٤٧﴿
  • നിങ്ങളെ ശിക്ഷിക്കുന്നതു കൊണ്ട് അല്ലാഹു എന്ത് ചെയ്യാനാണ്? നിങ്ങള്‍ നന്ദി കാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നപക്ഷം! അല്ലാഹു നന്ദി കാണിക്കുന്നവനും (എല്ലാം) അറിയുന്നവനുമാകുന്നുതാനും.
  • مَّا يَفْعَلُ എന്തു ചെയ്യും, എന്തു ചെയ് വാനാണ് اللَّهُ അല്ലാഹു بِعَذَابِكُمْ നിങ്ങളുടെ ശിക്ഷ (നിങ്ങളെ ശിക്ഷിക്കുന്നത്) കൊണ്ട് إِن شَكَرْتُمْ നിങ്ങള്‍ നന്ദി കാണിച്ചെങ്കില്‍, നന്ദി ചെയ്യുന്ന പക്ഷം وَآمَنتُمْ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു (വെങ്കില്‍) وَكَانَ اللَّهُ അല്ലാഹു ആകുന്നു താനും, ആകുകയും ചെയ്തിരിക്കുന്നു شَاكِرًا നന്ദി കാണിക്കുന്നവന്‍ عَلِيمًا അറിയുന്നവന്‍

വളരെ ശ്രദ്ധേയവും, സത്യവിശ്വാസികള്‍ക്ക് വളരെ മനസ്സമാധാനം നല്‍കുന്നതുമാണ് ഈ വചനം. നന്ദികേടും, അവിശ്വാസവുമാണ് നിങ്ങളെ ശിക്ഷക്ക് വിധേയമാക്കുന്നത്; നിങ്ങള്‍ നന്ദിയുളളവരും വിശ്വാസികളും ആയിരുന്നാല്‍ അല്ലാഹു നിങ്ങളെശിക്ഷിക്കുവാന്‍ പോകുന്നില്ല; നിങ്ങളെ വൃഥാ ശിക്ഷിക്കണമെന്ന് അവന് ഒട്ടും ഉദ്ദേശ്യമില്ല. നിങ്ങളെ ശിക്ഷിച്ചതു കൊണ്ട്യാതൊരു നേട്ടവും അവനില്ല താനും. അതോടുകൂടി നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെന്തും അവന്‍ നന്ദിപൂര്‍വ്വം സ്വീകരിച്ചു ഉദാരമായ പ്രതിഫലം നല്‍കുന്നവനും, നിങ്ങളുടെ സര്‍വ്വകാര്യങ്ങളെക്കുറിച്ചും ശരിക്കും അറിയുന്നവനുമാണവന്‍. അതുകൊണ്ട് നിങ്ങള്‍ നന്ദിയുളള സത്യവിശ്വാസികളായിരിക്കുവിന്‍. എന്നൊക്കെയാണ് ഈ വചനത്തിന്‍റെ ആശയം.

അല്ലാഹു പറയുന്നു:

لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ

(നിങ്ങള്‍നന്ദി കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ചു തരുക തന്നെ ചെയ്യും. നിങ്ങള്‍ നന്ദികേട് കാണിച്ചുവെങ്കിലോ, നിശ്ചയമായും എന്‍റെ ശിക്ഷ കഠിനമായത്തന്നെയാകുന്നു. (ഇ്‌റാഹീം : 7) മനസ്സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല നന്ദി. വിചാരവികാരങ്ങളിലൂടെയും, വാക്കുകളിലൂടെയും, പ്രവൃത്തികളിലൂടെയും അത് പ്രകടമാക്കേണ്ടതുണ്ട്. എല്ലാ സത്കര്‍മങ്ങളും നന്ദിയുടെ ലക്ഷണവും, എല്ലാ ദുഷ്‌കര്‍മങ്ങളും നന്ദികേടിന്‍റെ ലക്ഷണവുമാകുന്നു. നന്ദിയുടെ ഉദ്ഭവവും വളര്‍ച്ചയുമാകട്ടെ, വിശ്വാസത്തില്‍ നിന്നാണ്താനും.

ജുസ്ഉ് - 6

4:148
  • لَّا يُحِبُّ ٱللَّهُ ٱلْجَهْرَ بِٱلسُّوٓءِ مِنَ ٱلْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ ٱللَّهُ سَمِيعًا عَلِيمًا ﴾١٤٨﴿
  • വാക്കില്‍ നിന്ന് തിന്‍മയായുളളതിനെ [ചീത്തയായ വാക്കുകളെ] ഉച്ചത്തിലാ (ക്കി പരസ്യമാ)ക്കുന്നതിനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അക്രമം ചെയ്യപ്പെട്ടവന്‍ (ഉച്ചത്തിലാക്കുന്നത്) ഒഴികെ. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും , അറിയുന്നവനുമാകുന്നുതാനും.
  • لَّا يُحِبُّ اللَّهُ അല്ലാഹു ഇഷ്ടപ്പെടുകയില്ല الْجَهْرَ പരസ്യമാക്കല്‍, ഉച്ചത്തിലാക്കല്‍ بِالسُّوءِ തിന്‍മയെ, ചീത്തയായതിനെ, ദുഷിച്ചതുകൊണ്ട് مِنَ الْقَوْلِ വാക്കില്‍ (സംസാരത്തില്‍) നിന്ന് إِلَّا مَن യാതൊരുവനൊഴികെ ظُلِمَ അക്രമം ചെയ്യപ്പെട്ടു وَكَانَ اللَّهُ അല്ലാഹു ആകുന്നുതാനും سَمِيعًا കേള്‍ക്കുന്നവന്‍ عَلِيمًا അറിയുന്നവന്‍
4:149
  • إِن تُبْدُوا۟ خَيْرًا أَوْ تُخْفُوهُ أَوْ تَعْفُوا۟ عَن سُوٓءٍ فَإِنَّ ٱللَّهَ كَانَ عَفُوًّا قَدِيرًا ﴾١٤٩﴿
  • നിങ്ങള്‍ ഒരു നല്ല കാര്യം വെളിവാക്കുകയോ, അത് മറച്ചുവെക്കുകയോ ഒരു തിന്‍മയെക്കുറിച്ചു മാപ്പ് നല്‍കുകയോ ചെയ്യുന്നപക്ഷം, (അറിഞ്ഞുകൊള്ളുക) നിശ്ചയമായും അല്ലാഹു, വളരെ മാപ്പ്‌ ചെയ്യുന്നവനും, കഴിവുളളവനുമാകുന്നു.
  • إِن تُبْدُوا നിങ്ങള്‍ വെളിവാക്കുന്നുവെങ്കില്‍ خَيْرًا നല്ലതിനെ, വല്ല നന്‍മയും أَوْ تُخْفُوهُ അല്ലെങ്കിലതു മറച്ചുവെക്കുന്നു (വെങ്കില്‍) أَوْ تَعْفُوا അല്ലെങ്കില്‍ നിങ്ങള്‍ മാപ്പ് നല്‍കുന്നു (വെങ്കില്‍) عَن سُوءٍ വല്ല തിന്‍മയെ (ചീത്തയെ) ക്കുറിച്ചും فَإِنَّ اللَّهَ എന്നാല്‍ വിശ്ചയമായും അല്ലാഹു كَانَ عَفُوًّا വളരെ മാപ്പ് നല്‍കുന്നവനാകുന്നു قَدِيرًا കഴിവുളളവന്‍

ഒരു പൊതു തത്വം അല്ലാഹു ഈ വചനം മുഖേന പഠിപ്പിക്കുകയാണ്. നന്നല്ലാത്ത ദുഷിച്ച വാക്കുകള്‍ പറയുന്നതും ഉപയോഗിക്കുന്നതും എപ്പോഴും പാടില്ലാത്തത് തന്നെ. എന്നാലത് ഉച്ചത്തിലും പരസ്യമായും ആയിരിക്കുമ്പോള്‍ കൂടുതല്‍ ഗൗരവതരമായിത്തീരുന്നു. വളരെ നിസ്സാരമായി കരുതപ്പെടുന്ന ഒരു വാക്ക് പരസ്യമായിത്തീര്‍ന്നതിന്‍റെ പേരില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വ്വമല്ല. ദുഷിച്ച വാക്ക് പറയുകയും അത് പരസ്യമായിട്ടായിരിക്കുകയും കൂടി ചെയ്യുമ്പോള്‍ അത് അല്ലാഹുവിന്‍റെവെറുപ്പിന് കാരണമാകുന്നു എന്നത്രെ لايُحِبُّ الَّله جَهْرَ (ഉച്ചത്തിലാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം. അഥവാ ദുഷിച്ച വാക്കുകള്‍ രഹസ്യമായോ പതുക്കെയോ പറയുന്നതിന് വിരോധമില്ല എന്നല്ല. അല്ലാഹുവിനെ സംബന്ധിക്കുന്ന വാക്കുകളിലും, ജനങ്ങളെ സംബന്ധിക്കുന്ന വാക്കുകളിലുമെല്ലാം സൂക്ഷിക്കേണ്ടുന്ന വിഷയമാണിത്.

അല്ലാഹുവിന്‍റെ മഹിത മഹത്വങ്ങള്‍ക്ക് യോജിക്കാത്ത എല്ലാ വാക്കുകളും, മറ്റൊരാളെ സംബന്ധിച്ച് ചീത്ത പറയല്‍, ഏഷണിയും പരദൂഷണവും പറയല്‍ തിന്‍മക്കായി പ്രാര്‍ത്ഥിക്കല്‍ മുതലായവയും ഈ വിരോധത്തിന് വിധേയമാകുന്നു. തൃപ്തികരമല്ലാത്തവല്ലതും മനസ്സില്‍ തോന്നിയാല്‍ പോലും അത് പുറത്ത് പറയാതിരിക്കുക, പറഞ്ഞാല്‍തന്നെ അത് ഒച്ചപ്പെടുത്തുകയും പരസ്യമാക്കുകയും ചെയ്യാതിരിക്കുക, ഇതാണ് വേണ്ടത്. പക്ഷേ, അക്രമത്തിന് പാത്രമായിത്തീര്‍ന്നവര്‍ തങ്ങളുടെ സങ്കട നിവൃത്തിക്കുവേണ്ടിയോ , അവകാശം വകവച്ചു കിട്ടേണ്ടതിനു വേണ്ടിയോ അക്രമകാരികള്‍ക്കെതിരെ ആക്ഷേപവും തെളിവും കൊണ്ടുവരുന്നതിനും, അത് പരസ്യമാക്കുന്നതിനും വിരോധമില്ല. ഇങ്ങോട്ട് ആദ്യമായി ചീത്തപറഞ്ഞവനെ അതുപോലെ പകരം അങ്ങോട്ട് പറയുന്നതും തെറ്റല്ല. സ്വാഭിമാനം രക്ഷിക്കലാണല്ലോ അത്. ഇങ്ങോട്ട് പറഞ്ഞതില്‍ കവിഞ്ഞവാക്കുകള്‍ അങ്ങോട്ട് പറയുവാന്‍ പാടില്ലതാനും. വിട്ടുവീഴ്ച നല്‍കലും മാപ്പ് കൊടുക്കലുമാണ് കൂടുതല്‍ നല്ലത്. അതാണ് മാന്യതയും സംസ്‌കാരവും, അതാണ് അല്ലാഹുവിങ്കല്‍ പുണ്യമായിട്ടുളളതും.

നല്ല വാക്കുകളും നല്ല കാര്യങ്ങളും– അവ പരസ്യമായി ചെയ്താലും രഹസ്യമായിചെയ്താലും ശരി– അല്ലാഹു ഇഷ്ടപ്പെടുന്നു. തിന്‍മക്കു പകരം തിന്‍മ ചെയ്യാതെ മാപ്പ് നല്‍കുന്നതും അവന്‍ വളരെ ഇഷ്ടപ്പെടുന്ന കാര്യമാണ്. അതിനൊക്കെ അവന്‍ വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യും. കാരണം, അവന്‍ എന്തിനും കഴിവുളള സര്‍വ്വശക്തനായതോടൊപ്പം വളരെ മാപ്പും വിട്ടുവീഴ്ചയും നല്‍കുന്ന അത്യുദാരനും കൂടിയാകുന്നു. ഇതാണ് 149-ാം വചനത്തിന്‍റെ താല്‍പര്യം. സന്ദര്‍ഭം നോക്കുമ്പോള്‍, കപടവിശ്വാസികളോടും, വേദക്കാരോടും വിട്ടുവീഴ്ചാനയം സ്വീകരിക്കണമെന്നും, അവരുടെ തെറ്റുകുറ്റങ്ങള്‍ പരസ്യമായി പ്രചരിപ്പിക്കാതിരിക്കുകയാണ് വേണ്ടതെന്നുളള ഉപദേശം കൂടിയാണ് ഈ വചനങ്ങള്‍ എന്നും കാണാം. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ദാന ധര്‍മം നിമിത്തം ധനം ചുരുങ്ങിപ്പോകുകയില്ല. മാപ്പ് നല്‍കല്‍ കൊണ്ടു വീര്യമല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയുമില്ല. അല്ലാഹുവിനു വേണ്ടി ആര്‍ താഴ്മകാണിക്കുന്നുവോ അവനെ അവന്‍ ഉയര്‍ത്തുന്നതാണ്. ‘ (മു).

4:150
  • إِنَّ ٱلَّذِينَ يَكْفُرُونَ بِٱللَّهِ وَرُسُلِهِۦ وَيُرِيدُونَ أَن يُفَرِّقُوا۟ بَيْنَ ٱللَّهِ وَرُسُلِهِۦ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَن يَتَّخِذُوا۟ بَيْنَ ذَٰلِكَ سَبِيلًا ﴾١٥٠﴿
  • നിശ്ചയമായും, യാതൊരുകൂട്ടര്‍: അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും അവര്‍ അവിശ്വസിക്കുന്നു; അല്ലാഹുവിന്‍റെയും അവന്‍റെ റസൂലുകളുടെയും ഇടയില്‍ വ്യത്യാസപ്പെടുത്തുവാന്‍ അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു. 'ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും, ചിലരില്‍അവിശ്വസിക്കുകയും ചെയ്യുന്നു' എന്ന് അവര്‍ പറയുകയും ചെയ്യുന്നു. അതിനിടയില്‍ ഒരു (പ്രത്യേക)മാര്‍ഗം സ്വീകരിക്കുവാനും അവര്‍ഉദ്ദേശിക്കുന്നു:-
  • إِنَّ الَّذِينَ നിശ്ചയമായും, യാതൊരുകൂട്ടര്‍ يَكْفُرُونَ അവര്‍ അവിശ്വസിക്കുന്നു بِاللَّهِ അല്ലാഹുവില്‍ وَرُسُلِهِ അവന്‍റെ റസൂലുകളിലും وَيُرِيدُونَ അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു أَن يُفَرِّقُوا അവര്‍ വ്യത്യാസപ്പെടുത്തു (ഭിന്നിപ്പുണ്ടാക്കു-- വിവേചനം കാണിക്കു)വാന്‍ بَيْنَ اللَّهِ അല്ലാഹുവിനിടയില്‍ وَرُسُلِهِ അവന്‍റെ റസൂലുകളുടെയും وَيَقُولُونَ അവര്‍ പറയുകയും ചെയ്യുന്നു نُؤْمِنُ ഞങ്ങള്‍ വിശ്വസിക്കുന്നു بِبَعْضٍ ചിലരില്‍ وَنَكْفُرُ ഞങ്ങള്‍ അവിശ്വസിക്കുകയും ചെയ്യുന്നു بِبَعْضٍ ചിലരില്‍ وَيُرِيدُونَ അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു أَن يَتَّخِذُوا അവര്‍ ഉണ്ടാക്കുവാന്‍, സ്വീകരിക്കുന്നതിന് بَيْنَ ذَٰلِكَ അതിനിടയില്‍ سَبِيلًا ഒരു മാര്‍ഗം
4:151
  • أُو۟لَـٰٓئِكَ هُمُ ٱلْكَـٰفِرُونَ حَقًّا ۚ وَأَعْتَدْنَا لِلْكَـٰفِرِينَ عَذَابًا مُّهِينًا ﴾١٥١﴿
  • (അങ്ങിനെയുളള) അക്കൂട്ടര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ അവിശ്വാസികള്‍. അവിശ്വാസികള്‍ക്ക് അപമാനകരമായശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
  • أُولَٰئِكَ അക്കൂട്ടര്‍ هُمُ അവര്‍ (തന്നെ) الْكَافِرُونَ അവിശ്വാസികള്‍ حَقًّا യഥാര്‍ത്ഥത്തില്‍, സത്യമായും, ശരിക്ക് وَأَعْتَدْنَا നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്ക് عَذَابًا ശിക്ഷ مُّهِينًا അപമാനകരമായ, നിന്ദ്യമായ

ചില റസൂലുകളിലും അവരുടെ പ്രബോധനത്തിലും വിശ്വസിക്കുന്നതായി വാദിക്കുകയും, മറ്റു ചില റസൂലുകളില്‍ വിശ്വസിക്കാതെ അവരെ നിഷേധിക്കുകയും ചെയ്യുന്ന എല്ലാവരെയും– വിശേഷിച്ചു യഹൂദികളെയും ക്രിസ്ത്യാനികളെയും- സംബന്ധിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. എല്ലാ റസൂലുകളും അല്ലാഹുവിന്‍റെ ദൗത്യവാഹകന്‍മാരായി നിയോഗിക്കപ്പെട്ടവരാണ്. എല്ലാവരുടെയും ദൗത്യം ഒന്നുതന്നെയാണ് താനും. എന്നിരിക്കെ, ചിലരില്‍ മാത്രം വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നത് തനി അവിശ്വാസം തന്നെയാണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു.

4:152
  • وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ وَلَمْ يُفَرِّقُوا۟ بَيْنَ أَحَدٍ مِّنْهُمْ أُو۟لَـٰٓئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾١٥٢﴿
  • അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും വിശ്വസിക്കുകയും, അവരില്‍ ഒരാള്‍ക്കിടയിലും വ്യത്യാസപ്പെടുത്താതിരിക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍- അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ വഴിയെ അവന്‍നല്‍കുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
  • وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ بِاللَّهِ وَرُسُلِهِ അല്ലാഹുവിലും, അവന്‍റെ റസൂലുകളിലും وَلَمْ يُفَرِّقُوا അവര്‍ വ്യത്യാസം വരുത്തിയതുമില്ല بَيْنَ أَحَدٍ ഒരാള്‍ക്കിടയിലും مِّنْهُمْ അവരില്‍ നിന്ന് أُولَٰئِكَ അക്കൂട്ടര്‍ سَوْفَ يُؤْتِيهِمْ വഴിയെ അവന്‍ അവര്‍ക്ക് കൊടുക്കും أُجُورَهُمْ അവരുടെ പ്രതിഫലങ്ങള്‍ وَكَانَ اللَّهُ അല്ലാഹു ആകുന്നുതാനും غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി

വിഭാഗം - 22

ഇവിടം മുതല്‍ ഏതാനും വചനങ്ങളില്‍ വേദക്കാരെക്കുറിച്ചുളള പരാമര്‍ശങ്ങളാകുന്നു.

4:153
  • يَسْـَٔلُكَ أَهْلُ ٱلْكِتَـٰبِ أَن تُنَزِّلَ عَلَيْهِمْ كِتَـٰبًا مِّنَ ٱلسَّمَآءِ ۚ فَقَدْ سَأَلُوا۟ مُوسَىٰٓ أَكْبَرَ مِن ذَٰلِكَ فَقَالُوٓا۟ أَرِنَا ٱللَّهَ جَهْرَةً فَأَخَذَتْهُمُ ٱلصَّـٰعِقَةُ بِظُلْمِهِمْ ۚ ثُمَّ ٱتَّخَذُوا۟ ٱلْعِجْلَ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ فَعَفَوْنَا عَن ذَٰلِكَ ۚ وَءَاتَيْنَا مُوسَىٰ سُلْطَـٰنًا مُّبِينًا ﴾١٥٣﴿
  • (നബിയേ) വേദക്കാര്‍നിന്നോട് ചോദിക്കുന്നു. ആകാശത്ത്നിന്ന് ഒരു ഗ്രന്ഥം നീ അവര്‍ക്ക് ഇറക്കിക്കൊടുക്കണമെന്ന്! എന്നാല്‍, മൂസായോട് അവര്‍അതിനെക്കാള്‍ വലിയത് ചോദിക്കുകയുണ്ടായിട്ടുണ്ട്: അതായത്, അവര്‍പറഞ്ഞു: 'ഞങ്ങള്‍ക്ക് നീ അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണിച്ചു തരണ'മെന്ന്! അങ്ങനെ അവരുടെ അക്രമം നിമിത്തം ഇടിത്തീ അവരെ പിടികൂടി പിന്നെ, വ്യക്തമായ തെളിവുകള്‍തങ്ങള്‍ക്ക് വന്നതിന് ശേഷം അവര്‍ പശുക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട് അതിനെക്കുറിച്ചു നാം മാപ്പ് നല്‍കി. മൂസാക്കു നാം സ്പഷ്ടമായ അധികൃത രേഖ നല്‍കുകയും ചെയ്തു.
  • يَسْأَلُكَ നിന്നോടു ചോദിക്കുന്നു أَهْلُ الْكِتَابِ വേദ (ഗ്രന്ഥ)ക്കാര്‍ أَن تُنَزِّلَ നീ ഇറക്കിക്കൊടുക്കുവാന്‍ عَلَيْهِمْ അവരുടെമേല്‍, അവര്‍ക്ക് كِتَابًا ഒരു ഗ്രന്ഥംمِّنَ السَّمَاءِ ആകാശത്തു നിന്ന് فَقَدْ سَأَلُوا എന്നാല്‍ അവര്‍ ചോദിച്ചിട്ടുണ്ട് مُوسَىٰ മൂസായോട് أَكْبَرَ കൂടുതല്‍ (വളരെ) വലിയത് مِن ذَٰلِكَ അതിനെക്കാള്‍ فَقَالُوا അതായത് അവര്‍ പറഞ്ഞു أَرِنَا ഞങ്ങള്‍ക്കു നീ കാണിച്ചുതരുക اللَّهَ അല്ലാഹുവിനെ جَهْرَةً പരസ്യമായി, പ്രത്യക്ഷത്തില്‍ فَأَخَذَتْهُمُ അങ്ങിനെ (എന്നിട്ട് ) അവരെ പിടികൂടി الصَّاعِقَةُ ഇടിത്തീ بِظُلْمِهِمْ അവരുടെ അക്രമം നിമിത്തം ثُمَّ اتَّخَذُوا പിന്നെ അവര്‍ ഉണ്ടാക്കി, സ്വീകരിച്ചു الْعِجْلَ പശു (മൂരി) ക്കുട്ടിയെ مِن بَعْدِ ശേഷമായി مَا جَاءَتْهُمُ അവര്‍ക്ക് വന്നതിന്‍റെ الْبَيِّنَاتُ (വ്യക്തമായ) തെളിവുകള്‍ فَعَفَوْنَا എന്നിട്ട് നാം മാപ്പ് ചെയ്തു عَن ذَٰلِكَ അതിനെക്കുറിച്ചു وَآتَيْنَا مُوسَىٰ മൂസാക്കു നാം നല്‍കുകയും ചെയ്തു سُلْطَانًا അധികാരശക്തി (അധികൃതരേഖ- തെളിവ്) مُّبِينًا വ്യക്തമായ
4:154
  • وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَـٰقِهِمْ وَقُلْنَا لَهُمُ ٱدْخُلُوا۟ ٱلْبَابَ سُجَّدًا وَقُلْنَا لَهُمْ لَا تَعْدُوا۟ فِى ٱلسَّبْتِ وَأَخَذْنَا مِنْهُم مِّيثَـٰقًا غَلِيظًا ﴾١٥٤﴿
  • അവരുടെ (കരാര്‍) ഉറപ്പ്സംബന്ധിച്ച് അവരുടെ മീതെ നാം 'ത്വൂര്‍' (പര്‍വ്വതം) ഉയര്‍ത്തുകയും ചെയ്തു. 'നിങ്ങള്‍ സുജൂദ് ' ചെയ്തുകൊണ്ട് (രാജ്യത്തിന്‍റെ) പടിവാതില്‍കടക്കുവിന്‍ എന്ന് അവരോട് നാം പറയുകയും ചെയ്തു. 'സബ്ത്തി'ല്‍ (ശബ്ബത്താചരണത്തില്‍) നിങ്ങള്‍ അതിക്രമം ചെയ്യരുതെന്നും അവരോട് നാം പറഞ്ഞു. അവരില്‍ നിന്ന് നാം കനത്ത (കരാര്‍)ഉറപ്പ് മേടിക്കുകയും ചെയ്തു.
  • وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തു فَوْقَهُمُ അവര്‍ക്കുമീതെ الطُّورَ ത്വൂറിനെ (പര്‍വ്വതത്തെ - സീനാമലയെ) بِمِيثَاقِهِمْ അവരുടെ ഉറപ്പ് (കരാര്‍) സംബന്ധിച്ചു (നിമിത്തം) وَقُلْنَا لَهُمُ അവരോട് നാം പറയുകയും ചെയ്തു ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ الْبَابَ (പടി) വാതില്‍ سُجَّدًا സുജൂദ് ചെയ്യുന്നവരായി (ചെയ്തുകൊണ്ട്) وَقُلْنَا لَهُمْ അവരോട് നാം പറയുകയും ചെയ്തു لَا تَعْدُوا നിങ്ങള്‍ അതിക്രമിക്കരുത്, ക്രമം തെറ്റരുത് فِي السَّبْتِ സബ്തില്‍, ശബ്ബത്താചരണത്തില്‍ وَأَخَذْنَا നാം എടുക്കുക (വാങ്ങുക) യും ചെയ്തു مِنْهُم അവരില്‍ നിന്ന്, അവരോട് مِّيثَاقًا ഉറപ്പ്, കരാര്‍, ഉടമ്പടി غَلِيظًا കനത്ത, ശക്തമായ, കടുത്ത

ഇവിടം മുതല്‍ ഏതാനും വചനങ്ങളില്‍ വേദക്കാരെക്കുറിച്ചുളള പരാമര്‍ശങ്ങളാകുന്നു.

വേദക്കാരില്‍ നിന്നു- യഹൂദികളുടെ ഭാഗത്തു നിന്നുണ്ടായ ധിക്കാരപരമായ ഒരുചോദ്യത്തെക്കുറിച്ചാണ് അല്ലാഹു പ്രസ്താവിച്ചത്. ഞങ്ങള്‍ താങ്കളില്‍ വിശ്വസിക്കണമെങ്കില്‍ മുമ്പ് മൂസാനബി (عليه السلام) ക്ക് ലഭിച്ചതു പോലെ ഒരു വേദഗ്രന്ഥം ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഇറക്കിത്തരണം, ഞങ്ങള്‍ താങ്കളില്‍ വിശ്വസിക്കണമെന്ന് അതില്‍ കല്‍പിച്ചിരിക്കുകയും വേണം, എന്നാലേ ഞങ്ങള്‍ വിശ്വസിക്കൂ എന്നായിരുന്നു അവരുടെവാദം. ഇത് സദുദ്ദേശ്യത്തോടുകൂടി ചോദിച്ചതല്ലെന്നും, തനിധിക്കാരവും നിഷേധവുമാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നതെന്നും, ഇതിലും കടന്ന ധിക്കാരങ്ങള്‍ പലതും പ്രവര്‍ത്തിച്ച പാരമ്പര്യം ഉളളവരാണ് അവരെന്നും ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ട് അല്ലാഹു സ്ഥാപിക്കുന്നു.

അല്ലാഹുവിനെ നേരില്‍ പ്രത്യക്ഷമായി കാണണം. അല്ലാതെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല എന്നു മൂസാ നബി (عليه السلام) യോട് അവര്‍ പറഞ്ഞത്; അതുമൂലം അവര്‍ക്ക് ഇടിത്തീ ബാധിച്ചത്, അനേകം ദൃഷ്ടാന്തങ്ങള്‍ കണ്ടനുഭവിച്ചിട്ട് പിന്നെയും മൂസാ (عليه السلام) തൗറാത്തുമായി വന്നപ്പോഴേക്കും പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചത്, അല്ലാഹു ആ അപരാധം മാപ്പ് ചെയ്തു കൊടുത്തത്, പിന്നെയും അച്ചടക്കരാഹിത്യം മുഴുത്തപ്പോള്‍ ത്വൂര്‍ പര്‍വ്വതം അവരുടെ തലക്കു മീതെ ഉയര്‍ത്തിക്കൊണ്ട് അവരില്‍ നിന്ന് കരാറും ഉറപ്പും വാങ്ങിയത്, ബൈത്തുല്‍ മുക്വദ്ദസിലേക്കു പ്രവേശിക്കുമ്പോള്‍ സുജൂദ് ചെയ്തുകൊണ്ട് പ്രവേശിക്കണമെന്ന കല്‍പന അവര്‍ നിരസിച്ചത്; ശനിയാഴ്ച മത്സ്യം പിടിക്കരുതെന്ന് കല്‍പിച്ചിട്ട് ആ കല്‍പന ലംഘിച്ചത്, തൗറാത്ത് അനുസരിച്ചു കൊള്ളാമെന്ന പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് എന്നിങ്ങനെ അവരില്‍ കഴിഞ്ഞുപോയതും, അവര്‍ക്ക് നിഷേധിക്കുവാനാകാത്തതുമായ ഏതാനും സംഭവങ്ങള്‍ അവരുടെ ധിക്കാരത്തിന് ഉദാഹരണമായി ഈ വചനങ്ങളില്‍ അല്ലാഹു എടുത്തു കാട്ടിയിരിക്കുന്നു. വിശദീകരണമൊന്നും കൂടാതെ അനുസ്മരിപ്പിക്കുക മാത്രമാണ് ഇവിടെ അല്ലാഹു ചെയ്തിരിക്കുന്നത്. പശുക്കുട്ടിയെ ആരാധിച്ചതിനെപ്പറ്റി സൂ: അഅ്‌റാഫിലും സൂ: ത്വാഹായിലും വിവരിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അവിടങ്ങളില്‍ കാണാവുന്നതാണ്. മറ്റു സംഭവങ്ങളെക്കുറിച്ചെല്ലാം സൂറത്തുല്‍ ബക്വറഃയില്‍ മുമ്പ് വേണ്ടത്ര വിവരിച്ചു കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് ഇവിടെ അതൊന്നും കൂടുതല്‍ വിസ്തരിക്കുന്നില്ല.

4:155
  • فَبِمَا نَقْضِهِم مِّيثَـٰقَهُمْ وَكُفْرِهِم بِـَٔايَـٰتِ ٱللَّهِ وَقَتْلِهِمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ وَقَوْلِهِمْ قُلُوبُنَا غُلْفٌۢ ۚ بَلْ طَبَعَ ٱللَّهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا ﴾١٥٥﴿
  • എന്നിട്ട്, അവരുടെ (കരാര്‍)ഉറപ്പ് അവര്‍ ലംഘിച്ചതുകൊണ്ടും, അല്ലാഹുവിന്‍റെ 'ആയത്തു' [ലക്ഷ്യം]കളില്‍ അവര്‍ അവിശ്വസി ച്ചതുകൊണ്ടും, ഒരു ന്യായവും കൂടാതെ പ്രവാചകന്മാരെ അവര്‍ കൊലപ്പെടുത്തിയതുകൊണ്ടും, 'ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറയി(ട്ടു മൂ) ടപ്പെട്ടവയാകുന്നുവെന്ന് ' അവര്‍ പറഞ്ഞതു കൊണ്ടും (അവര്‍ ശപിക്കപ്പെട്ടു). പക്ഷേ, (മൂടപ്പെടുകയല്ല-) അവരുടെഅവിശ്വാസം നിമിത്തം അല്ലാഹു അവയുടെമേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍, അല്‍പമായിട്ടല്ലാതെ അവര്‍ വിശ്വസിക്കുകയില്ല.
  • فَبِمَا എന്നിട്ടു (അങ്ങനെ) نَقْضِهِم അവരുടെ ലംഘനം കൊണ്ട് مِّيثَاقَهُمْ അവരുടെ ഉറപ്പിനെ, കരാറിനെ وَكُفْرِهِم അവരുടെ അവിശ്വാസം بِآيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം -ദൃഷ്ടാന്തം- വചനം) കളില്‍ وَقَتْلِهِمُ അവരുടെ കൊലചെയ്യലും الْأَنبِيَاءَ നബി (പ്രവാചകന്‍) മാരെ بِغَيْرِ حَقٍّ ഒരു കാര്യം (ന്യായം - അവകാശം) ഇല്ലാതെ وَقَوْلِهِمْ അവരുടെ വാക്കും, അവര്‍ പറഞ്ഞതും قُلُوبُنَا ഞങ്ങളുടെ ഹൃദയങ്ങള്‍ غُلْفٌ മൂടി (ഉറ) ഇടപ്പെട്ടവയാണ് بَلْ طَبَعَ പക്ഷേ മുദ്രകുത്തിയിരിക്കയാണ് اللَّهُ അല്ലാഹു عَلَيْهَا അവക്കു, അവയുടെ മേല്‍ بِكُفْرِهِمْ അവരുടെ അവിശ്വാസം നിമിത്തം فَلَا يُؤْمِنُونَ അതിനാല്‍ (എനി) അവര്‍ വിശ്വസിക്കയില്ല إِلَّا قَلِيلًا അല്‍പമല്ലാതെ
4:156
  • وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَـٰنًا عَظِيمًا ﴾١٥٦﴿
  • (അതെ) അവരുടെ അവിശ്വാസം കൊണ്ടും, മര്‍യമിന്‍റെ പേരില്‍ വമ്പിച്ച കളളാരോപണംഅവര്‍ പറഞ്ഞതുകൊണ്ടും.
  • وَبِكُفْرِهِمْ അവരുടെ അവിശ്വാസം കൊണ്ടും وَقَوْلِهِمْ അവരുടെ വാക്കു (പറയല്‍) കൊണ്ടും عَلَىٰ مَرْيَمَ മര്‍യമിന്‍റെ മേല്‍ بُهْتَانًا കളളാരോപണം, നുണ عَظِيمًا വമ്പിച്ച
4:157
  • وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّ مِّنْهُ ۚ مَا لَهُم بِهِۦ مِنْ عِلْمٍ إِلَّا ٱتِّبَاعَ ٱلظَّنِّ ۚ وَمَا قَتَلُوهُ يَقِينًۢا ﴾١٥٧﴿
  • 'നിശ്ചയമായും, അല്ലാഹുവിന്‍റെ റസൂലായ മര്‍യമിന്‍റെ മകന്‍ ഈസാ എന്ന 'മസീഹി'നെ ഞങ്ങള്‍കൊലപ്പെടുത്തിയിരിക്കുന്നുവെന്ന്' അവര്‍ പറഞ്ഞതുകൊണ്ടും (അവര്‍ശപിക്കപ്പെട്ടിരിക്കുന്നു) (വാസ്തവമാകട്ടെ) അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ലതാനും. എങ്കിലും , അവര്‍ക്ക് തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. നിശ്ചയമായും, അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലായവര്‍, അദ്ദേഹ (ത്തിന്‍റെ സംഭവ)ത്തെക്കുറിച്ചു സംശയത്തില്‍ തന്നെയാണു(ളളത്). അവര്‍ക്ക് അദ്ദേഹത്തെക്കുറിച്ചു യാതൊരു അറിവുമില്ല- ഊഹത്തെ പിന്‍പറ്റലല്ലാതെഉറപ്പായും അദ്ദേഹത്തെ അവര്‍കൊലപ്പെടുത്തിയിട്ടില്ല:-
  • وَقَوْلِهِمْ അവരുടെ വാക്കും, പറയലും إِنَّا قَتَلْنَا നിശ്ചയമായും ഞങ്ങള്‍ കൊലപ്പെടുത്തി الْمَسِيحَ മസീഹിനെ عِيسَى ابْنَ مَرْيَمَ മര്‍യമിന്‍റെ മകന്‍ ഈസായെ رَسُولَ اللَّهِ അല്ലാഹുവിന്‍റെ റസൂലായ وَمَا قَتَلُوهُ അദ്ദേഹത്തെ അവര്‍ കൊലചെയ്തിട്ടില്ല താനും وَمَا صَلَبُوهُ അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ല وَلَٰكِن പക്ഷേ شُبِّهَ തിരിച്ചറിയാതാക്കപ്പെട്ടിരിക്കയാണ് (യഥാര്‍ത്ഥം തിരിയാതായി) لَهُمْ അവര്‍ക്ക് وَإِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ اخْتَلَفُوا അവര്‍ ഭിന്നാഭിപ്രായത്തിലായി فِيهِ അദ്ദേഹത്തി (ന്‍റെകാര്യത്തി)ല്‍ لَفِي شَكٍّ സംശയത്തില്‍ തന്നെയാണ് مِّنْهُ അദ്ദേഹത്തെപ്പറ്റി مَا لَهُم بِهِ അദ്ദേഹത്തെ (അതിനെ) കുറിച്ചു അവര്‍ക്കില്ല مِنْ عِلْمٍ അറിവില്‍ നിന്ന് (ഒന്നും), ഒരറിവും إِلَّا اتِّبَاعَ പിന്‍പറ്റലല്ലാതെ الظَّنِّ ഊഹത്തെ , ധാരണയെ وَمَا قَتَلُوهُ അദ്ദേഹത്തെ അവര്‍കൊലപ്പെടുത്തിയിട്ടില്ല يَقِينًا ഉറപ്പായിട്ട്
4:158
  • بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ﴾١٥٨﴿
  • പക്ഷേ, അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപ ശാലിയും, അഗാധജ്ഞനുമാകുന്നു.
  • بَل പക്ഷേ, എന്നാല്‍ رَّفَعَهُ اللَّهُ അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തിയിരിക്കയാണ് إِلَيْهِ അവങ്കലേക്ക്, തന്നിലേക്ക് وَكَانَ اللَّهُ അല്ലാഹു ആകുന്നു عَزِيزًا താപശാലി حَكِيمًا അഗാധജ്ഞന്‍, യുക്തിമാന്‍

യഹൂദികളെ സംബന്ധിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നതെന്ന് വ്യക്തമാണ്. അവര്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് പാത്രമായിത്തീര്‍ന്നതിനുളള ഏതാനും കാരണങ്ങളാണ് അല്ലാഹു എടുത്തു കാട്ടുന്നത്.

(1) കരാറുകളും പ്രതിജ്ഞകളും അവര്‍ ലംഘിച്ചു കൊണ്ടിരുന്നത്.

(2) അല്ലാഹുവിന്‍റെ ആയത്തുകളിലുളള അവിശ്വാസം. വേദഗ്രന്ഥം മുഖേന ലഭിച്ചലക്ഷ്യങ്ങളിലും, മൂസാ നബി (عليه السلام) യുടെ കൈക്കും മറ്റും വെളിവായ ദൃഷ്ടാന്തങ്ങളിലും, ബുദ്ധിപരമായ ദൃഷ്ടാന്തങ്ങളിലുമുളള എല്ലാ അവിശ്വാസവും നിഷേധവും ഇതില്‍ഉള്‍പെടുന്നു.

(3) യാതൊരു ന്യായവും കൂടാതെ – തനി അക്രമവും ധിക്കാരവുമായി- പല പ്രവാചകന്‍മാരെയും കൊലപ്പെടുത്തിയത്. ഈ സംഗതികളെക്കുറിച്ചു സൂറത്തുല്‍ ബക്വറഃ (61 മുതലായവ) യില്‍ മുമ്പു വിവരിച്ചു കഴിഞ്ഞതാണ്. സൂറത്തുല്‍ അഅ്‌റാഫില്‍ വെച്ചു എനിയും പല വിവരങ്ങളും കണാവുന്നതുമാകുന്നു. إِن شَاءَ اللَّهُ

(4) ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറയിട്ടു മൂടിക്കിടക്കുകയാണ്- നിങ്ങള്‍ ഉപദേശിക്കുന്നതൊന്നും ഞങ്ങളുടെ ഹൃദയത്തിലേക്ക് കടക്കുകയില്ല – എന്ന് പറഞ്ഞുകൊണ്ട് മര്‍ക്കടമുഷ്ടി കാണിക്കുകയാണവര്‍ ചെയ്യുന്നത്. ഇതിനെപ്പറ്റി അല്‍ബക്വറഃ 88-ാം വചനത്തിലും വ്യാഖ്യാനത്തിലും മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഹൃദയങ്ങള്‍ വിജ്ഞാനംകൊണ്ട് നിറയ്ക്കപ്പെട്ട ഉറകളാണ് -അതുകൊണ്ട് എനി പുതുതായ അറിവുകള്‍ക്കൊന്നും അതില്‍ സ്ഥാനമില്ല- എന്ന അര്‍ത്ഥത്തിലും ആ വാക്ക് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്നും, രണ്ടായാലും ഒരേ സാരത്തിലാണ് കലാശിക്കുന്നതെന്നും നാമവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

അവരുടെ ഹൃദയങ്ങളിലേക്ക് ഉപദേശങ്ങളൊന്നും കടക്കുന്നില്ലെന്നുളളത് ശരി തന്നെയാണെങ്കിലും അതിന് അവര്‍ പറഞ്ഞ കാരണം ശരിയല്ലെന്നും, യഥാര്‍ത്ഥ കാരണം മറ്റൊന്നാണെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ بَلْ طَبَعَ الَّله عَلَيْهَا… (പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവക്ക് മുദ്ര വെച്ചിരിക്കുകയാണ്) ഇതാണതിന് യഥാര്‍ത്ഥ കാരണം. അവരുടെ സത്യനിഷേധവും മര്‍ക്കട മുഷ്ടിയും അത്രക്ക്മുഴുത്തു പോയിട്ടുണ്ട്. സത്യവിശ്വാസം അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുവാന്‍ മാര്‍ഗമില്ലാതായിത്തീര്‍ന്നിരിക്കുന്നു എന്ന് സാരം. കവിഞ്ഞപക്ഷം, ഏതെങ്കിലും അല്‍പം ചില വ്യക്തികള്‍ വിശ്വസിച്ചെന്നു വരാം. അല്ലെങ്കില്‍ അവരില്‍ നാമമാത്രമായ വിശ്വാസം പ്രകടമായെന്നു വരാം. അതില്‍ കവിഞ്ഞൊന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കുവാനില്ല എന്നു കൂടി അല്ലാഹു വ്യക്തമാക്കുന്നു. (فلا يؤمنون إلا قليلا) അല്ലാഹുവിന്‍റെ ഈ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ തന്നെ അനുഭവത്തില്‍ കാണാവുന്നതുമാണല്ലോ.

(5) അവിശ്വാസവും, മര്‍യമിന്‍റെ പേരില്‍ വമ്പിച്ച കളളാരോപണം പറഞ്ഞുണ്ടാക്കിയതും. മര്‍യം (അ) വ്യഭിചാരിണിയാണെന്നും, ഈസാ (عليه السلام) ജാരസന്താനമാണെന്നുമുളള യഹൂദ വാദമാണിതുകൊണ്ടു വിവക്ഷ. പിതാവില്ലാതെ ഈസാ (عليه السلام) ഭൂജാതനായേപ്പാള്‍ ജനങ്ങള്‍ മര്‍യമിനെ ആക്ഷേപിക്കയുണ്ടായെന്നും, മര്‍യം മൗനം ദീക്ഷിച്ചു കൊണ്ട്തൊട്ടിലില്‍ കിടക്കുന്ന കുട്ടിയുടെ നേരെ ചൂണ്ടിക്കാട്ടിയെന്നും, താന്‍ അല്ലാഹുവിന്‍റെ അടിയാനാകുന്നു- തന്നെ അല്ലാഹു പ്രവാചകനാക്കിയിട്ടുണ്ട്- എന്നും മറ്റും കുട്ടി അവരോട് മറുപടി പറഞ്ഞുവെന്നും സൂറത്തു മര്‍യമില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ആദ്യം അവര്‍ക്ക് മര്‍യമിനെക്കുറിച്ച് സംശയം തോന്നിയെങ്കിലും ഇതോടുകൂടി ആ സംശയം അവസാനിക്കുകയുണ്ടായി. ഇസ്‌റാഈല്യര്‍ക്കിടയില്‍ ആദരണീയവും ഉന്നതവുമായി കരുതപ്പെട്ടിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്ന മര്‍യമിനോടും, അസാധാരണമായ നിലയില്‍ ജനിച്ച ആ അല്‍ഭുതശിശുവിനോടും അവര്‍ വളരെ ബഹുമാനപൂര്‍വ്വം പെരുമാറിപ്പോരുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന് പ്രവാചകത്വം സിദ്ധിക്കുകയും അതിനെത്തുടര്‍ന്നു അവരുടെ ദുര്‍നടപടികളെയും തോന്നിയവാസങ്ങളെയും ആക്ഷേപിക്കുവാനും സന്മാര്‍ഗോപദേശം നല്‍കുവാനും ആരംഭിക്കുകയും ചെയ്തപ്പോള്‍ അവരുടെ മട്ടുമാറി. അദ്ദേഹത്തെ നിഷേധിക്കുവാനും അദ്ദേഹത്തോടു പക വെക്കുവാനും തുടങ്ങി. അങ്ങനെ, ആ പഴയ ആരോപണം പൂര്‍വ്വോപരി ശക്തിയായ രൂപത്തില്‍ വീണ്ടും അവര്‍ ഘോഷിക്കുകയായി. അതുകൊണ്ടാണ് അതിനെപ്പറ്റി بُهْتَانًا عَظِيمًا  (വമ്പിച്ച കളളാരോപണം) എന്ന് അല്ലാഹു വിശേഷിപ്പിക്കുന്നത്. (ഈസാ നബി (عليه السلام) യുടെ ജനന സംഭവത്തെപ്പറ്റി സൂ: ആലുഇംറാനിലും സൂ: മര്‍യമിലും വിവരിച്ചു കഴിഞ്ഞിട്ടുണ്ട്.

(6) ഈസാ നബി (عليه السلام) യെ തങ്ങള്‍ ക്രൂശിച്ചു കൊലപ്പെടുത്തിയിരിക്കുന്നുവെന്നുളള അവരുടെ അഹങ്കാരവാദം. മര്‍യമിന്‍റെ മകന്‍ ഈസാ മസീഹിനെ ഞങ്ങള്‍ കൊലപ്പെടുത്തി (قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ) എന്നു മാത്രം പറഞ്ഞു മതിയാക്കാതെ ‘അല്ലാഹുവിന്‍റെ റസൂലായ (رَسُولَ الَّله) ‘എന്നുകൂടി വിശേഷിപ്പിച്ചത് അവരുടെ പരിഹാസെത്തയും ധിക്കാരത്തെയുമാണ് സൂചിപ്പിക്കുന്നത്. മറ്റു പ്രവാചകന്‍മാരുടെ കൈക്കൊന്നും വെളിപ്പെട്ടിട്ടില്ലാത്ത പല ദിവ്യ ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിന്‍റെ കൈക്ക് വെളിപ്പെട്ടു കിട്ടുപോലും വ്യഭിചാര പുത്രനെന്നും, ആഭിചാരിയെന്നും കളളവാദിയെന്നുമൊക്കെ അദ്ദേഹത്തെപ്പറ്റി ആരോപിച്ചു കൊണ്ടിരുന്ന അവര്‍ അദ്ദേഹത്തെപ്പറ്റി അദ്ദേഹം അല്ലാഹുവിന്‍റെ റസൂലാണെന്ന് എങ്ങിനെ സമ്മതിക്കും?!

ഈസാ (عليه السلام) ക്രൂശിച്ചു കൊല്ലപ്പെട്ടുവെന്നു യഹൂദികള്‍ മാത്രമല്ല, അവരെപ്പോലെ ക്രിസ്ത്യാനികളും വാദിക്കുകയും വിശ്വസിക്കുകയും ചെയ്തുവരുന്നു. പക്ഷേ, രണ്ടുകൂട്ടരും തമ്മില്‍ വമ്പിച്ച ഒരു വ്യത്യാസമുണ്ട്. തങ്ങളുടെ ശത്രുവും വ്യഭിചാരസന്തതിയും കളളവാദിയുമാണെന്ന ആരോപണാടിസ്ഥാനത്തില്‍, ആ കൃത്യം തങ്ങളുടെ ധീരതയെയും കീര്‍ത്തിയെയും കുറിക്കുന്ന സംഭവമായിട്ടാണ് യഹൂദികള്‍ കരുതിപ്പോരുന്നതും. (*) ക്രിസ്ത്യാനികളാവട്ടെ മറ്റൊരു വിധത്തിലാണതിനെ വിലയിരുത്തുന്നത്. യഹൂദികളുടെ അക്രമപരവും, വഞ്ചനാപരവുമായ ഒരു കഠിന കഠോര കൃത്യമായിരുന്നു ആ സംഭവമെങ്കിലും ജന്മനാപാപിയായ മനുഷ്യ വര്‍ഗത്തിന്‍റെ പാപഭാരത്തില്‍ നിന്ന് മനുഷ്യന് മോചനം ലഭിക്കുവാന്‍ വേണ്ടി ദൈവപുത്രനായ യേശു (ഈസാ- عليه السلام) കുരിശു വരിച്ചതായിട്ടാണ് അവരതു കണക്കാക്കുന്നത്. ക്രിസ്തീയ മതത്തിന്‍റെ ഒന്നാമത്തെ അടിത്തറയായി അതവര്‍ ഗണിക്കുകയും ചെയ്യുന്നു.

താഴെ വിവരിക്കുന്ന പ്രകാരം- അല്ലാഹു തന്നെ സൂചിപ്പിച്ചതുപോലെ – കുരിശുസംഭവം നടന്ന കാലത്തെ ക്രിസ്ത്യാനികള്‍ക്കിടയില്‍ അതു സംബന്ധിച്ച പ്രതികരണങ്ങള്‍ പലതരത്തിലായിരുന്നു. പിന്നീട് കുറേ കഴിഞ്ഞാണ് ക്രിസ്ത്യാനികളില്‍ മേല്‍പറഞ്ഞ വിശ്വാസ സിദ്ധാന്തം രൂഢമൂലമായിത്തീര്‍ന്നത്. മനുഷ്യപിതാവായ ആദം (عليه السلام) സ്വര്‍ഗത്തിലെ വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് ഭുജിച്ചതിനെത്തുടര്‍ന്ന് മനുഷ്യവര്‍ഗം മുഴുക്കെ ജന്‍മനാ പാപികളായെന്നും, ഈ പാപത്തില്‍ നിന്ന് മനുഷ്യവര്‍ഗത്തെ മോചിപ്പിക്കുവാനായി- മനുഷ്യാരംഭം മുതല്‍ സുദീര്‍ഘമായ ഒരു കാലഘട്ടം കഴിഞ്ഞ ശേഷം ഒരു സുവര്‍ണാവസരത്തില്‍- ദൈവം തന്‍റെ പുത്രനായ യേശുവിനെ മനുഷ്യരൂപത്തില്‍ ഭൂമിയിലേക്കയച്ചുവെന്നും, അദ്ദേഹം കുരിശ് വരിച്ചു അതിനു പരിഹാരം വരുത്തിയെന്നും മറ്റുമാണ് നിലവിലുളള ക്രിസ്തീയ വിശ്വാസം. ക്രിസ്തുവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ ബദ്ധവൈരിയായി വര്‍ത്തിക്കുകയും, കുരിശു സംഭവം കഴിഞ്ഞ് ഏതാനും കൊല്ലങ്ങള്‍ക്കു ശേഷം പെട്ടന്നൊരു മുഹൂര്‍ത്തം നോക്കി അദ്ദേഹത്തിന്‍റെ അപ്പോസ്തല സ്ഥാനം അദ്ദേഹം തന്നെ തനിക്കു നല്‍കുകയുണ്ടായെന്ന് അവകാശപ്പെട്ടു കൊണ്ടു രംഗത്തിറങ്ങുകയും ചെയ്ത ‘വിശുദ്ധപൗലോസ് ‘ എന്ന മനുഷ്യന്‍ (*) രൂപ കല്‍പന ചെയ്തുണ്ടാക്കിയതാണ് വാസ്തവത്തില്‍ ഈ സിദ്ധാന്തം.


(*) പല ക്രിസ്തീയ സഭകളുടെയും പരമാദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന റോമിലെപോപ്പ്, ഏതാ്രായിരം കൊല്ലത്തോളം അവര്‍ യഹൂദികളുടെ മേല്‍ വെച്ചുകെട്ടിപ്പോന്ന ഈ മഹാപാതകത്തില്‍നിന്ന് അല്‍പം മുമ്പ് അവരെ ശുദ്ധമാക്കി മാപ്പുകൊടുത്തിരിക്കുകയാണ്. പാതിരിമാര്‍ പറയുന്നതെല്ലാം ക്രിസ്ത്യാനികള്‍ക്ക് മതമാണല്ലോ. 


കുരിശു സംഭവത്തെ സംബന്ധിച്ചു വിശദമായ വിവരങ്ങളൊന്നും ക്വുര്‍ആനില്‍ ഇല്ല. എങ്കിലും, ആ സംഭവത്തില്‍ ഈസാ (عليه السلام) കുരിശില്‍ തറക്കപ്പെടുകയോ വധിക്കപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും, അവര്‍ക്ക് യഥാര്‍ത്ഥ സംഭവം തിരിച്ചറിയാതെ പോയിരിക്കയാണെന്നും, അങ്ങിനെ സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നവരുടെ അടുക്കല്‍ ഊഹാപോഹങ്ങളല്ലാതെ യാതൊരു തെളിവുമില്ലെന്നും അര്‍ത്ഥശങ്കക്ക് ഇടമില്ലാത്ത വണ്ണം അല്ലാഹുഖണ്ഡിതമായി പ്രഖ്യാപിച്ചിരിക്കുന്നു. സൂ: ആലുഇംറാന്‍ 54, 55 എന്നീ വചനങ്ങളുടെവിവരണത്തില്‍ ഈ വിഷയകമായി നാം കുറെയെല്ലാം വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ മുമ്പിലിരിക്കുന്ന ഈ രണ്ടു (157,158) വചനങ്ങളും ഉദ്ധരിച്ചുകൊണ്ടു കുരിശുസംഭവത്തിന്‍റെ പല വശങ്ങളെപ്പറ്റിയും അവിടെ നാം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. (الحمد لله) അതുകൊണ്ട് കൂടുതലൊന്നും ഇവിടെ സംസാരിക്കേണ്ടതില്ല. ബന്ധപ്പെട്ട ചില സംഗതികളിലേക്കു ശ്രദ്ധക്ഷണിക്കുക മാത്രമേ ഇവിടെ ചെയ്യുന്നുളളൂ.

(1) ഒരു കുരിശു സംഭവം നടന്നിട്ടുണ്ടെങ്കിലും അതില്‍ ഈസാ (عليه السلام) കൊല്ലപ്പെട്ടിട്ടില്ലെന്നും, യഥാര്‍ത്ഥത്തില്‍ അവിടെ നടന്നതെന്താണെന്ന് അവര്‍ക്ക് തിരിച്ചറിയാതെ പോയതാണെന്നും (وَمَاقَتَلوُه وَمَاصَلَبُوه وَلَكِنْ شُبِّهَ لَهُمْ) ആണല്ലോ അല്ലാഹു പറഞ്ഞതിന്‍റെ അര്‍ത്ഥം. ഈ തിരിച്ചറിയാതിരിക്കലിനുളള കാരണം അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ബൈബ്ളിലെ പുതിയ നിയമ പുസ്തകങ്ങളില്‍ ഈ സംഭവത്തെ സംബന്ധിച്ചു വന്നപ്രസ്താവനകള്‍ പരിശോധിച്ചാല്‍, ക്രൂശിക്കപ്പെട്ട ആള്‍ ഈസാ (عليه السلام) ആയിരുന്നില്ല-അദ്ദേഹമാണെന്ന ധാരണയില്‍ മറ്റൊരാളാണ് ക്രൂശിക്കപ്പെട്ടത്-എന്ന് വരുവാനുളള പലസാധ്യതകളും അതില്‍ തെളിഞ്ഞു കാണാം. സംഭവത്തിന്‍റെ യഥാര്‍ത്ഥ രൂപം -അത്ശരിയോ തെറ്റോ ആവട്ടെ-ഇന്നിന്ന പ്രകാരമാണെന്ന് ബൈബ്ളിന്‍റെ ഉദ്ധരണികളെ അടിസ്ഥാനമാക്കി നിര്‍ണയിച്ചു പറയുക സാധ്യമല്ലതാനും. അത്രയും പരസ്പര വിരുദ്ധങ്ങളാണവ. ആ സ്ഥിതിക്ക് وَمَاقَتَلوُه يَقِيناً (അവര്‍ അദ്ദേഹത്തെ ഉറപ്പായും കൊലചെയ്തിട്ടില്ല) എന്ന് അല്ലാഹു പറഞ്ഞത് ക്രിസ്ത്യാനികളും -വായകൊണ്ടല്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും- സമ്മതിക്കാതിരിക്കുവാന്‍ ന്യായമില്ല.

(2) ഈസായുടെ വിഷയത്തില്‍ ഭിന്നാഭിപ്രായത്തില്‍ നിലകൊള്ളുന്നവര്‍ അദ്ദേഹത്തെ സംബന്ധിച്ചു സംശയത്തില്‍ തന്നെയാണുളളത്. അവര്‍ക്ക് അദ്ദേഹത്തിന്‍റെ സംഭവത്തെപ്പറ്റി ശരിയായ ഒരു വിവരവുമില്ല, അവര്‍ ഊഹത്തെ പിന്‍പറ്റുക മാത്രമാണ് ചെയ്യുന്നത്, അദ്ദേഹത്തെ അവര്‍ കൊന്നുകളഞ്ഞിട്ടുണ്ടെന്ന യാതൊരു ഉറപ്പും അവര്‍ക്കില്ല എന്നൊക്കെ അല്ലാഹു തറപ്പിച്ചു പറയുന്നു. ഈസാ നബി (عليه السلام) യെക്കുറിച്ചു യഹൂദികള്‍ വ്യഭിചാര പുത്രനെന്നും, ആഭിചാരിയെന്നും കളളവാദിയെന്നും പറഞ്ഞുവരുന്നു. അതേ സമയം ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ ദൈവപുത്രനെന്നും, അതല്ല ദൈവം തന്നെയാണെന്നും, ത്രിയേകത്വത്തിലെ പുത്രഭൂതമാണെന്നുമൊക്കെ വാദിക്കുന്നു. എല്ലാറ്റിനും ആധാരം ഊഹം തന്നെ. എനി കുരിശു സംഭവത്തെപ്പറ്റി പറയുകയാണെങ്കില്‍, അത്രത്തോളം അഭിപ്രായ ഭിന്നിപ്പുകള്‍ നിലവിലുളള ഒരു സംഭവം വേദക്കാര്‍ക്കിടയില്‍ വേറെയുണ്ടോ എന്ന് സംശയമാണ്. കുരിശില്‍ തറച്ചത് യേശുവിനെയല്ല, അദ്ദേഹത്തോട് രൂപസാദൃശ്യമുളള വേറെ ഒരാളെയായിരുന്നുവെന്ന് അവരില്‍ തന്നെ അഭിപ്രായക്കാരുണ്ട്. കുരിശില്‍ തറക്കപ്പെട്ടത് അദ്ദേഹം തന്നെയാണെങ്കിലും അദ്ദേഹം അതില്‍ വെച്ച് മരണമടഞ്ഞിട്ടില്ലെന്ന് വേറെ ചിലര്‍ പറയുന്നു.


[*] സെന്റ് പോള്‍ (S.T. Paul) എന്നും بُولس القديس എന്നും പറയുന്നത് പൗലോസിനെപ്പറ്റി തന്നെ.


അതല്ല, കുരിശില്‍ വെച്ച് മരിച്ചുവെങ്കിലും പിന്നീട് ഉയിര്‍ത്തെഴുനേല്‍ക്കുകയും ശിഷ്യന്‍മാരെ ഉപദേശിക്കുകയും ചെയ്‌തെന്നാണ് വേറൊരു അഭിപ്രായം. ശരീരം മാത്രം ക്രൂശിക്കപ്പെട്ടു- ആത്മാവ് ഉയര്‍ത്തപ്പെട്ടു- എന്നും ചിലര്‍ പറയുന്നു. കൂടാതെ, വേറെയും അഭിപ്രായങ്ങള്‍ കാണാം. ചുരുക്കിപ്പറഞ്ഞാല്‍, തങ്ങള്‍ യേശുവിനെ ക്രൂശിച്ചു കൊന്നുവെന്ന് അഹങ്കരിക്കുന്ന യഹൂദികള്‍ക്കോ, കുരിശു സംഭവം തങ്ങളുടെ മോക്ഷത്തിനുള്ള ഏകമാര്‍ഗമാക്കിത്തീര്‍ത്ത ക്രിസ്ത്യാനികള്‍ക്കോ ആസംഭവത്തിന്‍റെ യാഥാര്‍ത്ഥ്യത്തെപ്പറ്റി ഒരു എത്തും പിടിയുമില്ല. അനേകം ഊഹങ്ങളുണ്ടായിരുന്നതില്‍ നിന്ന് ചിലതിന് അവര്‍ക്കിടയില്‍ ക്രമേണ പ്രചാരണവും സ്ഥിരീകരണവും ലഭിക്കുകയും അത് ക്രിസ്തുമതത്തിന്‍റെ അടിത്തറയായി ഗണിക്കപ്പെട്ടുവരുകയും ചെയ്തുവെന്നു മാത്രം.

(3) ശരി, ഈസാ (عليه السلام) കൊല്ലപ്പെടുകയോ ക്രൂശിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ പിന്നെ അദ്ദേഹത്തിന്‍റെ കഥയെന്തായി? അതെ, بَلْ رَفَعَه اُ للهُإِلَيْهِ (അല്ലാഹുഅദ്ദേഹത്തെ തന്‍റെ അടുക്കലേക്കു ഉയര്‍ത്തി.) അതാണ് സംഭവിച്ചത്. ഉയര്‍ത്തല്‍ എങ്ങനെയാണുണ്ടായത്? ജഡത്തോടുകൂടിയോ അല്ലേ? ഉറക്കത്തിലോ ഉണര്‍ച്ചയിലോ? അദ്ദേഹം ഇപ്പോള്‍ എവിടെയുണ്ട്? അവിടെ അദ്ദേഹത്തിന്‍റെ ജീവിതരീതി എങ്ങിനെയാണ്? ഇതൊന്നും അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ഉറപ്പിച്ചും വിശദീകരിച്ചും പറയത്തക്കവേറെ തെളിവുകളുമില്ല. എന്നാല്‍, ഈ സംശയങ്ങള്‍ക്ക് സ്വയം സമാധാനം കണ്ടെത്തുവാന്‍ സഹായകമാകുന്ന ചില വസ്തുതകള്‍ കൂടി ഇവിടെ ചൂണ്ടിക്കാട്ടാം:-

(ഒന്ന്) ‘അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല’ എന്നും ‘അദ്ദേഹത്തെ അവര്‍ക്രൂശിച്ചിട്ടുമില്ല’ എന്നും പറഞ്ഞതിലെ ‘അദ്ദേഹം’ എന്ന സര്‍വ്വനാമംകൊണ്ട് വിവക്ഷശരീരവും ആത്മാവും ചേര്‍ന്നുളള ഈസാ നബി (عليه السلام) യല്ലാതെ മറ്റൊന്നുമല്ലെന്നു പറയേണ്ടതില്ലല്ലോ. എന്നിരിക്കെ, അതിനെത്തുടര്‍ന്നു بَلْ رَفَعَهُ اللَّهُ (പക്ഷേ, അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തി) എന്ന് പറയുമ്പോള്‍ അതേ ശരീരവും ആത്മാവും ചേര്‍ന്നുളള ഈസാ (عليه السلام) യെത്തന്നെ ആയിരിക്കുവാനേ നിവൃത്തിയുളളൂ. മറ്റൊരര്‍ത്ഥം കല്‍പിക്കുന്നത് സാഹസവുംയുക്തിഹീനവുമാകുന്നു.

(രണ്ട്) ഒരു അസാധാരണ സംഭവമെന്ന നിലക്കാണ് ഈ ഉയര്‍ത്തലിനെപ്പറ്റി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ഈസാ നബി (عليه السلام) യെക്കുറിച്ച്- അതും കുരിശുസംഭവത്തോട് അനുബന്ധിച്ചു കൊണ്ട്- മാത്രമേ ‘തന്നിലേക്കു ഉയര്‍ത്തുക എന്ന വാക്ക് അല്ലാഹു പ്രയോഗിച്ചിട്ടുള്ളൂ. മറ്റേതെങ്കിലും ഒരാളെക്കുറിച്ചോ, ഏതെങ്കിലും സംഭവത്തെത്തുടര്‍ന്നോ ഈ പ്രയോഗം ക്വുര്‍ആനില്‍ വന്നിട്ടില്ല. അദ്ദേഹത്തിന്‍റെ ആത്മാവിനെ മാത്രമാണ് ഉയര്‍ത്തിയിരുന്നതെങ്കില്‍, അതിന് ഈസാ നബിയുമായോ, കുരിശു സംഭവവുമായോ ഒരു പ്രത്യേക ബന്ധവുമില്ല. എല്ലാ കൊല്ലപ്പെടുന്നവരുടെയും മരണെപ്പടുന്നവരുടെയും ആത്മാവ് ഉയര്‍ത്തപ്പെടുക പതിവാണല്ലോ.

(മൂന്ന്) മുമ്പ് വിവരിച്ച കാര്യങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കുന്ന വിധം അനുയോജ്യമായ വല്ല സമാപന വാക്യങ്ങളും കൊണ്ട് ആയത്തുകളെ അവസാനിപ്പിക്കുക ക്വുര്‍ആനില്‍ സര്‍വ്വ സാധാരണമാണ്. ഈ വിഷയം അല്ലാഹു അവസാനിപ്പിക്കുന്നത് وَكَانَ الَّله عَزِيزًاحَكِيمًا (അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു) എന്ന് പറഞ്ഞുകൊണ്ടാണ്. അവന്‍ ഉദ്ദേശിക്കുന്നകാര്യം നടപ്പില്‍ വരുത്തുന്നതില്‍ അവന് തടസ്സമോ പരാജയമോ ബാധിക്കുകയില്ലെന്നും, അവന്‍റെ പ്രവര്‍ത്തനങ്ങള്‍ നീതിക്കും യുക്തിക്കും നിരക്കുന്നതുമായിരിക്കുമെന്നുമാണല്ലോ ഇതിവിടെ പറഞ്ഞതിന്‍റെ താല്‍പര്യം. എല്ലാവരുടെയും ആത്മാവിനെ ഉയര്‍ത്തുന്നതുപോലെ ഈസാ (عليه السلام) ന്‍റെ ആത്മാവും ഉയര്‍ത്തിയതാണെങ്കില്‍ ഈ നാമ വിശേഷങ്ങള്‍ ഇവിടെ എടുത്തു പറഞ്ഞതിന് വലിയ പ്രസക്തിയൊന്നും കാണുന്നില്ല والله أعلم

(നാല്) ആലു ഇംറാനിലെ ആയത്തിന്‍റെ വിവരണത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ, അദ്ദേഹത്തെ അല്ലാഹു ഉയര്‍ത്തി (رَفَعَه اُلَّله) എന്ന് പറഞ്ഞു മതിയാക്കാതെ തന്‍റെ അടുക്കലേക്ക് ഉയര്‍ത്തി (رَفَعَهُ اللهُ إِلَيْهِ) എന്ന് പറഞ്ഞിരിക്കകൊണ്ട് – ചില സ്ഥാപിത താല്‍പര്യക്കാര്‍ ചെയ്യുന്നതുപോലെ -അദ്ദേഹത്തിന് ഉന്നതമായ സ്ഥാനം നല്‍കി എന്ന് അതിന് അര്‍ത്ഥം കല്‍പിക്കുവാന്‍ നിവൃത്തിയില്ല. ഉയര്‍ത്തിക്കൊണ്ടുപോയി എന്ന് മാത്രമേ അര്‍ത്ഥമായിരിക്കുവാന്‍ നിവൃത്തിയുളളൂ.

(അഞ്ച്) കാലാവസാനത്തില്‍ ഈസാ (عليه السلام) ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നും, ഭൂമിയില്‍ അദ്ദേഹം നീതി നടത്തുമെന്നും മറ്റും (അടുത്ത വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ ഉദ്ധരിക്കുന്നതു പോലെയുളള) അനേകം ബലവത്തായ ഹദീഥുകളാല്‍ സ്ഥാപിതമായതാണ്. ചില തല്‍പരകക്ഷികള്‍ ഒഴികെ മുസ്‌ലിംകള്‍ പൊതുവില്‍ അതുശരി വെക്കുന്നവരുമാകുന്നു.

(ആറ്) അല്ലാഹു തന്‍റെ അടുക്കലേക്ക് ഉയര്‍ത്തി എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം, ആകാശത്തേക്ക്- ഉപരിലോകത്തുളള ഏതെങ്കിലും ഒരു സ്ഥലത്തേക്ക്- ഉയര്‍ത്തി എന്നായിരിക്കാമെന്നല്ലാതെ അതു സംബന്ധിച്ച് നമുക്ക് ഒന്നും തിട്ടപ്പെടുത്തി പറയുക സാധ്യമല്ല.

(ഏഴ്) അദ്ദേഹം സ്ഥിതി ചെയ്യുന്നത് എവിടെത്തന്നെ ആയിരുന്നാലും അവിടെ ജീവിക്കുവാനാവശ്യമായ എല്ലാ സാഹചര്യങ്ങളും അദ്ദേഹത്തിനവിടെ ഉണ്ടാക്കിക്കൊടുക്കുവാനും, അദ്ദേഹത്തിന്‍റെ പ്രകൃതം ആ സാഹചര്യങ്ങളുമായി ഇണക്കുവാനും കഴിവുളളവനാണല്ലോ അല്ലാഹു. ഭൂമിയില്‍ ജീവിക്കാന്‍ ഭക്ഷണവും വെളളവും വായുവും അനിവാര്യമാക്കിവെച്ച അതേ സ്രഷ്ടാവിനു അവ കൂടാതെ ജീവിക്കാനുളള വല്ല വ്യവസ്ഥിതിയും ഏര്‍പ്പെടുത്തുവാനോ, അവിടേക്കു യോജിച്ച വല്ല ജീവിത രീതിയും ഉണ്ടാക്കിക്കൊടുക്കുവാനോ പ്രയാസമൊന്നുമില്ല. നിലവിലുളള ഭൗതിക നിയമങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിക്കൊണ്ട് പിതാവില്ലാതെ അദ്ദേഹത്തെ ജനിപ്പിക്കുകയും, മറ്റാര്‍ക്കും സിദ്ധിക്കാത്ത ഒരു പ്രത്യേകതയായി അദ്ദേഹത്തെ ഭൂമിയില്‍ നിന്ന് ഉയര്‍ത്തുകയും ചെയ്ത സ്ഥിതിക്ക് അദ്ദേഹത്തിന് പ്രത്യേകമായ ഒരു ജീവിതരീതി അവിടെ അല്ലാഹു നല്‍കിയെങ്കില്‍ അതില്‍ അവിശ്വസനീയമായി ഒന്നും തന്നെയില്ല.

(എട്ട്) ഭൂലോകത്ത് നമ്മുടെ കണക്കു പ്രകാരം കൊല്ലങ്ങള്‍ കഴിയുമ്പോള്‍, ഉപരിമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ചില ഗ്രന്ഥങ്ങളില്‍ കേവലം ദിവസങ്ങളോ, നാഴികകളോ മാത്രമായിരിക്കും അവയെന്ന് ശാസ്ത്രജ്ഞന്‍മാര്‍ കാര്യകാരണ സഹിതം സ്ഥാപിക്കാറുളളതും സ്മരണീയമാകുന്നു. വളരെ ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും ചന്ദ്രഗോളത്തില്‍ പോയി മനുഷ്യന്‍ നിരീക്ഷണങ്ങള്‍ നടത്തി തിരിച്ചു പോരുകയും, ചൊവ്വാഗ്രഹത്തിലും മറ്റും ചെന്നു നിരീക്ഷണം നടത്തുവാന്‍ ശുഭപ്രതീക്ഷയോടെ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്തുവരുന്ന ഇക്കാലത്ത് അഖിലാണ്ഡത്തിന്‍റെ സ്രഷ്ടാവ്ഒരു മനുഷ്യജീവിക്ക് ഈ ഭൗതിക പ്രകൃതിയില്‍ നിന്നും വ്യത്യസ്തമായ ഒരു ജീവിതം ഉപരിലോകത്ത് എവിടെയെങ്കിലും നല്‍കുകയെന്നത് സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒട്ടും വിദൂരമായ കാര്യമല്ല. ശാസ്ത്രജ്ഞന്‍മാരെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അദൃശ്യ കാര്യങ്ങളില്‍ നിരീക്ഷണം നടത്തി വിധി കല്‍പിക്കുവാന്‍ അവര്‍ക്ക് സാധ്യവുമല്ല.

4:159
  • وَإِن مِّنْ أَهْلِ ٱلْكِتَـٰبِ إِلَّا لَيُؤْمِنَنَّ بِهِۦ قَبْلَ مَوْتِهِۦ ۖ وَيَوْمَ ٱلْقِيَـٰمَةِ يَكُونُ عَلَيْهِمْ شَهِيدًا ﴾١٥٩﴿
  • വേദക്കാരില്‍ നിന്ന് (ആരും) അദ്ദേഹത്തിന്‍റെ മരണത്തിന്മുമ്പ് തീര്‍ച്ചയായും അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കയില്ല. ക്വിയാമത്തു നാളിലാകട്ടെ, അദ്ദേഹം അവരുടെ മേല്‍ സാക്ഷിയായിരിക്കുകയും ചെയ്യും.
  • وَإِن ഇല്ല مِّنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്ന് (ആരും) إِلَّا لَيُؤْمِنَنَّ തീര്‍ച്ചയായും (അവന്‍) വിശ്വസിക്കാതെ بِهِ അദ്ദേഹത്തില്‍ قَبْلَ مَوْتِهِ അദ്ദേഹത്തിന്‍റെ (അവന്‍റെ) മരണത്തിന്മുമ്പ് وَيَوْمَ الْقِيَامَةِ ക്വിയാമത്തു നാളിലാകട്ടെ يَكُونُ അദ്ദേഹമായിരിക്കും عَلَيْهِمْ അവരുടെ മേല്‍ شَهِيدًا സാക്ഷി

ആദ്യത്തെ വാക്യത്തിന് രണ്ടു പ്രകാരത്തില്‍ അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്: നാം പരിഭാഷയില്‍ സ്വീകരിച്ച പ്രകാരം തന്നെ. മറ്റൊന്ന്: ‘വേദക്കാരില്‍ നിന്ന് ആരും തന്‍റെ മരണത്തിന് മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കുകയില്ല’ എന്നാകുന്നു. بِهِ (ബിഹി) എന്ന വാക്കിലെ സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശ്യം ഈസാ നബി (عليه السلام) യാണെന്നുളളതില്‍ പക്ഷാന്തരമില്ല. مَوْتِهِ (മൗതിഹി) എന്ന വാക്കിലെ സര്‍വ്വനാമം കൊണ്ടുദ്ദേശ്യം ഈസാ (عليه السلام) തന്നെ ആയിരിക്കുവാനും, വേദക്കാരില്‍ നിന്നുളള ഓരോരുത്തനും ആയിരിക്കുവാനും സാധ്യതയുളളതാണ് ഈ അഭിപ്രായങ്ങള്‍ക്ക് കാരണം. ഒന്നാമെത്തതനുസരിച്ച് ആ വാക്യത്തിന്‍റെ സാരം ഇപ്രകാരമായിരിക്കും: ഈസാ (عليه السلام) മരണെപ്പടുന്നതിനു മുമ്പ്- അദ്ദേഹം വീണ്ടും ഭൂമിയില്‍ ഇറങ്ങി വന്ന ശേഷം ഭൂമിയില്‍ വെച്ചു മരണമടയുന്നതിനു മുമ്പ്- അക്കാലത്തുളള വേദക്കാരില്‍ ആരും അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കുകയില്ല. രണ്ടാമത്തെതനുസരിച്ചു സാരം ഇപ്രകാരമായിരിക്കും: വേദക്കാരായ ഓരോ ആളും അയാള്‍ മരണപ്പെടുന്നതിനുമുമ്പ് – അഥവാ മരണം കണ്ണില്‍ കാണുകയും ഈ ലോകവുമായുള്ള ബന്ധം മുറിഞ്ഞു പോകുകയും ചെയ്യുന്ന അവസരത്തില്‍- അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കയില്ല. എന്നുവെച്ചാല്‍, അതേവരെ താന്‍ ഈസാ(عليه السلام) നെക്കുറിച്ചു വെച്ചു പുലര്‍ത്തിപ്പോന്ന വിശ്വാസങ്ങളെല്ലാം തെറ്റാണെന്ന് ആ അവസരത്തില്‍ അവനു ബോധ്യപ്പെടുകയും, ശരിയായ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുമെന്ന് താല്‍പര്യം. ഈ രണ്ടു അഭിപ്രായക്കാരിലും സ്വഹാബികളും , താബിഉകളുമടക്കം പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളെയും കാണാവുന്നതാണ്.

വാസ്തവത്തില്‍ വേദക്കാരുടെ മാത്രമല്ല, പിഴച്ച വിശ്വാസമാര്‍ഗങ്ങള്‍ സ്വീകരിച്ച എല്ലാവരുടെയും സ്ഥിതി ഒരേ മാതിരി തന്നെയായിരിക്കും. അതായത് മരണവേളയില്‍ അതേവരെയുളള പിഴച്ച വിശ്വാസങ്ങളില്‍ നിന്ന് അവര്‍ ഖേദിച്ചു മടങ്ങുകയും യഥാര്‍ത്ഥവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷേ, ആ സമയത്തുളള ആ വിശ്വാസം കൊണ്ട് യാതൊരു ഫലവും ഉണ്ടാകുവാനില്ല. ഈ സംഗതി ക്വുര്‍ആന്‍ കൊണ്ടും നബി വാക്യങ്ങള്‍ കൊണ്ടും വ്യക്തമായി അറിയപ്പെട്ടതാകുന്നു. അതോടുകൂടി بِه (ബിഹി) എന്നതിലെ സര്‍വ്വനാമം ഈസാ നബി (عليه السلام) യെ ഉദ്ദേശിച്ചായ സ്ഥിതിക്ക്- സാധാരണഗതിയില്‍ مَوْتِهِ (മൗതിഹി) എന്നതിലെ സര്‍വ്വനാമവും അദ്ദേഹത്തെ ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതല്‍ ന്യായവും കാണുന്നത്. الله أعلم

രണ്ടഭിപ്രായങ്ങള്‍ക്കും നിദാനമായ പല രിവായത്തുകളും ഉദ്ധരിച്ചശേഷം മഹാനായ ഇബ്‌നുജരീര്‍ (റ) ഒന്നാമത്തെ അഭിപ്രായമാണ് ശരിവെച്ചിരിക്കുന്നത്. അദ്ദേഹം ശരിവെച്ചതു തന്നെയാണ് ശരിയെന്ന് വ്യക്തമാക്കിക്കൊണ്ട് ഇബ്‌നു കഥീര്‍ (റ) അതിന് പറഞ്ഞ ന്യായം ശ്രദ്ധേയമാകുന്നു. അതിന്‍റെ സാരം ഇപ്രകാരമാണ്: ‘ഈസാ നബി (عليه السلام) യെ തങ്ങള്‍ കൊല ചെയ്യുകയോ ക്രൂശിക്കുകയോ ചെയ്തിട്ടുണ്ടെന്ന യഹൂദികളുടെ വാദത്തെയും, അജ്ഞരായ ക്രിസ്ത്യാനികള്‍ ആ വാദം സമ്മതിച്ചു വരുന്നതിനെയും ഖണ്ഡിക്കലാണ് കഴിഞ്ഞ വചനങ്ങളുടെ ലക്ഷ്യം. കാര്യം അവര്‍ പറയുന്നത്‌ പോലെയല്ല, അദ്ദേഹത്തോട് സദൃശ്യമായി തോന്നിയ ഒരാളെ മാത്രമാണവര്‍ കൊന്നത്. യഥാര്‍ത്ഥം അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല, അദ്ദേഹത്തെ അല്ലാഹു തന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയാണുണ്ടായത് എന്നൊക്കെയാണ് അല്ലാഹു ആ വചനങ്ങളില്‍ പ്രസ്താവിച്ചത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും , ഭാവിയില്‍ ഇറങ്ങിവന്നു ഇവിടെ പലതും പ്രവര്‍ത്തിക്കുമെന്നും, ഇസ്‌ലാമല്ലാതെ മറ്റൊന്നും അദ്ദേഹം അംഗീകരിക്കുകയില്ലെന്നും ധാരാളം ഹദീഥുകളാല്‍ സ്ഥാപിതമായിട്ടുണ്ട്. എന്നിരിക്കെ, അവിശ്വാസികളായ എല്ലാ വേദക്കാരും (അദ്ദേഹം ഇറങ്ങി വരുന്ന) ആ അവസരത്തില്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്നു പറയുന്നതിനാണ് ഇവിടെ യോജിപ്പുളളത്. മരണവേളയില്‍- വിശ്വാസം ഫലം ചെയ്യാത്ത അന്ത്യഘട്ടത്തില്‍- എല്ലാ അവിശ്വാസികളും മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും, ഈസാ നബി (عليه السلام) യിലും വിശ്വസിക്കുമെന്നുളളത് യഥാര്‍ത്ഥം തന്നെ. എങ്കിലും, ഇവിടത്തെ സന്ദര്‍ഭം അത് വിവരിക്കുന്ന സന്ദര്‍ഭമല്ല.

ഇമാം ഇബ്‌നുതൈമിയ്യ (റ) ക്രിസ്ത്യാനികള്‍ക്ക് ഖണ്ഡനമായി രചിച്ച الجواب الصحيح لمن بدل دين المسيح (മസീഹിന്‍റെ മതത്തെ മാറ്റി മറിച്ചവര്‍ക്ക് ശരിയായമറുപടി) എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ഒരു സന്ദര്‍ഭത്തില്‍ (*) ഈ ആയത്ത് ഉദ്ധരിച്ചുവ്യാഖ്യാനിച്ചിട്ടുണ്ട്. നാം ഒന്നാമതായി ഉദ്ധരിച്ച ഭൂരിപക്ഷാഭിപ്രായത്തെ ശരിവെച്ചും രണ്ടാമത്തെ അഭിപ്രായത്തെ വിമര്‍ശിച്ചും കൊണ്ടുളള ആ വ്യാഖ്യാനത്തില്‍, ഇബ്‌നു കഥീര്‍ ചൂണ്ടിക്കാട്ടിയ ന്യായത്തിന് ഒരു വിശദീകരണവും, ശ്രദ്ധേയമായ വേറെ ചില ന്യായങ്ങളും അടങ്ങിയിരിക്കുന്നു. അതിങ്ങിനെ ഗ്രഹിക്കാം:-


(*) الجواب الصحيح ص – ج طبع مطابع المجد التجارية


(1) വേദക്കാരില്‍പെട്ട ആരും തീര്‍ച്ചയായും വിശ്വസിക്കാതിരി ക്കയില്ല (وَإِنْ مِنْ أَهْلِ الْكِتَابِ إِلا لَيُؤْمِنَنَّ) എന്നാണ് അല്ലാഹു പറയുന്നത്. യഹൂദികളും ക്രിസ്ത്യാനികളുമാണ് വേദക്കാര്‍. അപ്പോള്‍, ഈസാ (عليه السلام) കളളവാദിയാണെന്ന് വാദിക്കുന്ന യഹൂദികളും, അദ്ദേഹം ദൈവപുത്രനാണെന്ന് വാദിക്കുന്ന ക്രിസ്ത്യാനികളും അദ്ദേഹത്തെക്കുറിച്ച് അദ്ദേഹം അല്ലാഹുവിന്‍റെ റസൂലും അടിമയുമാണെന്ന് വിശ്വസിക്കാതിരിക്കുകയില്ല എന്നാണിതിന്‍റെ അര്‍ത്ഥം. മരണവേളയില്‍ യഥാര്‍ത്ഥമായ വിശ്വാസം വിശ്വസിക്കുമെന്നുളളതില്‍ വേദക്കാരും അല്ലാത്തവരുമെന്ന വ്യത്യാസം ഇല്ല. ആ വിശ്വാസം ഈസാ (عليه السلام) നെക്കുറിച്ചു മാത്രവുമായിരിക്കയില്ല. അവര്‍ മുമ്പ് ഏതിനെയെല്ലാം നിഷേധിച്ചു വന്നിരുന്നുവോ അതിന്‍റെയെല്ലാം സത്യാവസ്ഥ അവര്‍ക്ക് അപ്പോള്‍ ബോധ്യപ്പെടുകയും അതിലെല്ലാം അവര്‍ വിശ്വസിക്കുകയും ചെയ്യുന്നതാണ്.

(2) لَيُؤْمِنَنّ തീര്‍ച്ചയായും അവര്‍ വിശ്വസിക്കുക തന്നെ ചെയ്യും) എന്നു ശപഥ (الْقسْمَ) രൂപത്തിലുളള ക്രിയ ഭാവികാലത്തെ കുറിക്കുന്നത് (المستقبل) ആയിരിക്കുവാനേ നിവൃത്തിയുളളൂ. അപ്പോള്‍ അത് (ചുരുങ്ങിയ പക്ഷം) അല്ലാഹു ഈ വിവരം (ക്വുര്‍ആനില്‍) അറിയിച്ചത് മുതല്‍ക്കുളള ആളുകളെക്കുറിച്ചായിരിക്കുവാനേ തരമുള്ളൂ. അഥവാ മരണവേളയിലുണ്ടാകുന്ന വിശ്വാസത്തെ ഉദ്ദേശിച്ചാണ് അതെന്നുവെക്കുന്ന പക്ഷം, അതിന് മുമ്പുളളവര്‍ക്കും പിമ്പുള്ളവര്‍ക്കും അതില്‍ പ്രത്യേകതയൊന്നും ഉണ്ടായിരിക്കുവാനില്ലല്ലോ.

(3) قَبْلَ مَوْتِهِ മരണത്തിന് മുമ്പ്) എന്നാണ് അല്ലാഹു പറഞ്ഞത്. (മരണവേളയില്‍ എന്നോ മരണശേഷം എന്നോ അല്ല) ഈസാ നബി (عليه السلام) യുടെ മരണത്തിനു മുമ്പ്- അതായത്, അദ്ദേഹം ഭൂമിയില്‍ ഇറങ്ങിവന്നു മരണമടയുന്നതിനു മുമ്പ്- അദ്ദേഹത്തില്‍ അവര്‍വിശ്വസിക്കും എന്നായിരിക്കണം ഇതിന്‍റെ അര്‍ത്ഥം. അഥവാ, വേദക്കാരുടെ മരണത്തിനുമുമ്പ്- അദ്ദേഹത്തില്‍ വിശ്വസിക്കും എന്നായിരിക്കണമല്ലോ അര്‍ത്ഥം. ഇതു ശരിയല്ലെന്ന് പറയേണ്ടതില്ല.

അവസാന കാലത്ത് ഈസാ (عليه السلام) ഭൂമിയില്‍ ഇറങ്ങിവരും, അദ്ദേഹം ഭൂമിയില്‍ നീതി നടത്തുകയും ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യും, അദ്ദേഹം ദജജാലിനെ കൊലപ്പെടുത്തും എന്നൊക്കെ വളരെ ഹദീഥുകളില്‍ വന്നിട്ടുളളതാണ്. ഉദാഹരണത്തിന് ഒന്നുമാത്രം ഇവിടെ ഉദ്ധരിക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയത്തായി അബൂഹുറയ്‌റഃ (റ) ഉദ്ധരിക്കുന്നു: ‘നീതിമാനായ ഒരു വിധി കര്‍ത്താവായ നിലയില്‍ ഇബ്‌നുമര്‍യം (ഈസാ – عليه السلام) നിങ്ങളില്‍ ഇറങ്ങിവരുവാന്‍ സമയം അടുത്തുവരുന്നു. അദ്ദേഹം ദജജാലിനെ കൊലപ്പെടുത്തും; പന്നികളെ കൊല്ലും; കുരിശു മുറിച്ചുകളയും, കപ്പം (കരം) നിറുത്തല്‍ ചെയ്യും; ധനം സ്വീകരിക്കാന്‍ ഒരാളും ഉണ്ടാകാതിരിക്കുകയും, ദുന്‍യാവിനെയും അതിലുളളതിനെയും കാള്‍ ഒരു സുജൂദ് ഉത്തമമായിത്തീരുകയും ചെയ്യുമാറ് (അക്കാലത്ത്) ധനം ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യും. ‘ഈ നബി വചനം ഉദ്ധരിച്ചുകൊണ്ട് അബൂഹുറയ്‌റഃ (റ) ഇങ്ങിനെ പറയുകയും ചെയ്തിരുന്നു: ‘നിങ്ങള്‍ വേണമെങ്കില്‍ (ഇതിനു തെളിവായി)

..وَإِنْ مِنْ أَهْلِ الْكِتَابِ എന്ന ഈ വചനം ഓതിക്കൊള്ളുക.’ (ബുഖാരിയും, മുസ്‌ലിമും അടക്കം പല ഹദീസു പണഡിതന്‍മാരും പല മാര്‍ഗങ്ങളിലൂടെ രേഖപ്പെടുത്തിയ താണിത്.)

മസീഹുദ്ദജ്ജാല്‍ (المسيح الدجال) എന്ന ഒരു യഹൂദനായ കളളവാദി അവസാനകാലത്ത് പ്രത്യക്ഷപ്പെടുമെന്നും, അസാധാരണമായ പല കടുംകൃത്യങ്ങള്‍ നടത്തുവാനുളള കഴിവ് അവനുണ്ടായിരിക്കുമെന്നും, അതുവഴി അവന്‍ ജനങ്ങളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുമെന്നും, യഹൂദികളായിരിക്കും അവന്‍റെ പ്രധാന അനുയായികളെന്നും, ഈസാ നബി (عليه السلام) യുടെ കൈക്കായിരിക്കും അവന്‍ കൊല്ലപ്പെടുകയെന്നും അനേകം ഹദീഥുകളില്‍ വന്നിട്ടുളളതാണ്. ‘യഅ്ജൂജ് – മഅ്ജൂജി’ ന്‍റെ പുറപ്പാട്, ദജ്ജാലിന്‍റെ വരവ്, ഈസാ നബി (عليه السلام) യുടെ വരവ്, സൂര്യന്‍ പടിഞ്ഞാറു നിന്നു ഉദയം ചെയ്യല്‍ എന്നിങ്ങനെയുളള ചില സംഭവങ്ങള്‍ ലോകാവാസന കാലങ്ങളില്‍ ഉണ്ടാകുവാന്‍ പോകുന്ന ദൃഷ്ടാന്തങ്ങളാണെന്ന് പ്രവചിച്ചുകൊണ്ടുളള പല നബി വചനങ്ങള്‍ വേറെയും ഉണ്ട്. ഇവയില്‍ ചിലതിനെപ്പറ്റി ചില പരാമര്‍ശങ്ങള്‍ 43:61; 27:82 എന്നീ വചനങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും കാണാം. യഅ്ജൂജ് – മഅ്ജൂജിനെപ്പറ്റി സൂറത്തുല്‍ കഹ്ഫിനുശേഷമുളള വ്യാഖ്യാനക്കുറിപ്പിലും പ്രസ്താവിച്ചിട്ടുണ്ട്.

ഇങ്ങിനെയുളള ഭാവി കാര്യങ്ങളെക്കുറിച്ച് ബലവത്തായ ഹദീഥുകളില്‍ വ്യക്തമായഭാഷയില്‍ പ്രസ്താവിച്ചു കാണുന്നതിനപ്പുറം കടന്നു വല്ല വിശദീകരണവും നല്‍കുവാന്‍ നമുക്ക് നിവൃത്തിയില്ല. യുക്തിന്യായങ്ങള്‍ മൂലമോ, ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലോ അവയെ നിഷേധിക്കുകയോ, പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി തൃപ്തി അടയുകയോ ചെയ്‌വാന്‍ ക്വുര്‍ആനിലും ഹദീഥിലും വിശ്വസിക്കുന്നവര്‍ക്കു പാടില്ലാത്തതുമാകുന്നു. ഒരുകാലത്ത് അലങ്കാര പ്രയോഗങ്ങളെന്നോ, പ്രത്യക്ഷാര്‍ത്ഥത്തില്‍ സംഭവ്യമല്ലെന്നോ കരുതപ്പെട്ടിരുന്നതും, അതേ സമയത്ത് ഹദീഥുകളില്‍ തുറന്ന ഭാഷയില്‍ പ്രവചിക്കപ്പെട്ടിട്ടുള്ളതുമായ പല കാര്യങ്ങളും. അക്ഷരം പ്രതിപുലര്‍ന്നു കഴിഞ്ഞിട്ടുള്ളതിന് പല ഉദാഹരണങ്ങളും നമ്മുടെ അനുഭവത്തിലുണ്ട്. അതുപോലെ ഇതേവരെ പുലര്‍ന്നു കഴിഞ്ഞിട്ടില്ലാത്ത പലതും ഭാവിയില്‍ പുലര്‍ന്നുകൊണ്ടിരിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് ഉറപ്പിച്ചും തറപ്പിച്ചും പറയാവുന്നതാണ്. സാധാരണഗതിയില്‍ വിദൂരമായിത്തോന്നുന്ന കാര്യങ്ങളില്‍ -കുറഞ്ഞപക്ഷം -യഥാര്‍ത്ഥ ഉദ്ദേശ്യം അല്ലാഹുവിനും റസൂലിനും അറിയാമെന്നുവെച്ച് മൗനമവലംബിക്കുകയാണ്  ചെയ്യേണ്ടത്. അല്ലാത്തപക്ഷം, അത് വമ്പിച്ച അപകടത്തില്‍ ചാടിച്ചേക്കുമെന്ന് ഓര്‍ക്കേണ്ടതാണ്. നമസ്‌കാരങ്ങളിലും മറ്റും ദജ്ജാലിന്‍റെ കുഴപ്പങ്ങളില്‍ നിന്ന് രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിച്ചിട്ടുളളതില്‍ നിന്ന് അവന്‍ മൂലം സംഭവിക്കുന്ന ആപത്തുകള്‍ അതിഭയങ്കരങ്ങളാണെന്ന് വ്യക്തമാണ്. വന്നു കഴിഞ്ഞിട്ടില്ലാത്തതും, വരുമെന്ന് പ്രതീക്ഷിക്കേണ്ടതുമായ ഏറ്റവും ദുഷിച്ച ആള്‍ (شرغائب ينتظر) എന്നാണ് ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. (തി) അവന്‍റെകുഴപ്പങ്ങളിലും അക്രമങ്ങളിലും അകപ്പെടാതെ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

ഈസാ നബി (عليه السلام) യെ സംബന്ധിച്ചു ക്വുര്‍ആനിലും ഹദീഥിലും പ്രസ്താവിച്ച കാര്യങ്ങളില്‍ ചിലത് ദുര്‍വ്യാഖ്യാനം ചെയ്യുകയും, ചിലത് നിഷേധിക്കുകയും ചെയ്തുകൊണ്ടാണ് വടക്കേ ഇന്ത്യയിലെ ‘ക്വാദിയാന്‍’ എന്ന സ്ഥലത്ത് നബിത്വ വാദവുമായി വെളിപ്പെട്ട അഹ്മദ്ഗുലാം അയാളുടെ പുതിയ മതത്തിന്‍റെ അടിത്തറക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത് എന്ന വസ്തുത ഇവിടെ പ്രസ്താവ്യമാകുന്നു.

ക്വിയാമത്ത് നാളില്‍ അദ്ദേഹം -ഈസാ (عليه السلام)- അവരുടെ മേല്‍ സാക്ഷിയായിത്തീരും (وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا) എന്ന വാക്യത്തിന്‍റെ ഉദ്ദേശ്യം വ്യക്തമാണ്. തന്നെ നിഷേധിക്കുകയും, ആക്രമിക്കുകയും, കുരിശിലേറ്റുവാന്‍ ശ്രമിക്കുകയും ചെയ്ത ശപിക്കപ്പെട്ട യഹൂദികളുടെയും, തന്‍റെ വിഷയത്തില്‍ അതിരു കവിയുകയും തന്നെ ദൈവമായി ആരാധിക്കുകയും ചെയ്തു വഴിപിഴച്ചുപോയ ക്രിസ്ത്യാനികളുടെയും ചെയ്തികള്‍ക്ക് എതിരായി അല്ലാഹുവിന്‍റെ മുമ്പില്‍ അദ്ദേഹം സാക്ഷ്യം സമര്‍പ്പിക്കുമെന്ന് സാരം. സൂ : മാഇദഃ : 119 മുതല്‍ 122 വരെയുളള വചനങ്ങളില്‍ ഈ സാക്ഷ്യത്തെപ്പറ്റി ചില വിശദീകരണങ്ങള്‍ കാണാവുന്നതാണ്. إِن شَاءَ اللَّهُ

4:160
  • فَبِظُلْمٍ مِّنَ ٱلَّذِينَ هَادُوا۟ حَرَّمْنَا عَلَيْهِمْ طَيِّبَـٰتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ ٱللَّهِ كَثِيرًا ﴾١٦٠﴿
  • അങ്ങനെ, യഹൂദരായവരില്‍നിന്നുളള ഒരു (വമ്പിച്ച) അക്രമം നിമിത്തം, അവര്‍ക്ക് അനുവദനീയമാക്കപ്പെട്ടിരുന്ന ചില നല്ലതായ വസ്തുക്കളെ അവരുടെ മേല്‍ നാം നിഷിദ്ധമാക്കി. (കൂടാതെ) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) ധാരാളമായി അവര്‍ തടഞ്ഞതു കൊണ്ടും:-
  • فَبِظُلْمٍ അങ്ങനെ ഒരു (വമ്പിച്ച) അക്രമം കൊണ്ട് (നിമിത്തം) مِّنَ الَّذِينَ യാതൊരുവരില്‍ നിന്ന് هَادُوا യഹൂദികളായ حَرَّمْنَا നാം നിഷിദ്ധമാക്കി عَلَيْهِمْ അവരുടെ മേല്‍ طَيِّبَاتٍ ചില നല്ല വസ്തുക്കളെ أُحِلَّتْ അനുവദനീയമാക്കപ്പെട്ട لَهُمْ അവര്‍ക്ക് وَبِصَدِّهِمْ അവര്‍ തിരിച്ചു വിട്ടതുകൊണ്ടും, തിരിഞ്ഞു പോയതു നിമിത്തവും عَن سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് كَثِيرًا വളരെ ആളുകളെ, ധാരാളമായി
4:161
  • وَأَخْذِهِمُ ٱلرِّبَوٰا۟ وَقَدْ نُهُوا۟ عَنْهُ وَأَكْلِهِمْ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ ۚ وَأَعْتَدْنَا لِلْكَـٰفِرِينَ مِنْهُمْ عَذَابًا أَلِيمًا ﴾١٦١﴿
  • അവരോട് പലിശയെക്കുറിച്ചു വിരോധിക്കപ്പെട്ടിരുന്നിട്ടും അവരത് മേടിച്ചതുകൊണ്ടും, അന്യായമായി മനുഷ്യരുടെ സ്വത്തുക്കളെ അവര്‍ തിന്നുന്നതു കൊണ്ടും (കൂടിയാണത്). അവരില്‍ നിന്നുളള അവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷ നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
  • وَأَخْذِهِمُ അവര്‍ വാങ്ങിയതും الرِّبَا പലിശ وَقَدْ نُهُوا അവര്‍ വിരോധിക്കപ്പെട്ടിട്ടുണ്ടു താനും عَنْهُ അതിനെപ്പറ്റി وَأَكْلِهِمْ അവര്‍ തിന്നതും أَمْوَالَ النَّاسِ മനുഷ്യരുടെ സ്വത്തുക്കള്‍ بِالْبَاطِلِ അന്യായമായി وَأَعْتَدْنَا നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു لِلْكَافِرِينَ مِنْهُمْ അവരില്‍ നിന്നുളള അവിശ്വാസികള്‍ക്ക് عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ

153-ാം വചനം മുതല്‍ യഹൂദികളുടെ നിഷേധവും അക്രമങ്ങളും ആയിരുന്നുവല്ലോ സംസാര വിഷയം. സന്ദര്‍ഭവശാല്‍ ഇടക്കുവെച്ചു കുരിശു സംഭവത്തിന്‍റെ യഥാര്‍ത്ഥം ഇന്നതാണെന്ന് വിവരിച്ചു. വീണ്ടും ആദ്യത്തെ വിഷയത്തിലേക്കു തന്നെ സംസാരഗതി തിരിഞ്ഞിരിക്കുകയാണ്. മുമ്പ് വിവരിച്ചതിനു പുറമെ, അല്ലാഹുവിന്‍റെ സത്യമാര്‍ഗത്തില്‍ നിന്ന് സ്വയം തിരിഞ്ഞു പോകുകയും മറ്റുളളവരെ ധാരാളക്കണക്കില്‍ വഴി തെറ്റിക്കുകയും ചെയ്യുക, പലിശ വാങ്ങരുതെന്നു കര്‍ശനമായി നിരോധിച്ചിട്ടും അതു വകവെക്കാതെ പലിശ വാങ്ങിക്കൊണ്ടിരിക്കുക, പലിശ ഇടപാടുകളും കൈക്കൂലി വാങ്ങലും പോലെയുളള നിഷിദ്ധ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുക എന്നിങ്ങനെയുളള അവരുടെ അക്രമങ്ങള്‍ നിമിത്തം – ഐഹികമായ ഒരു ശിക്ഷയെന്ന നിലക്ക് – മുമ്പ് അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന ചില നല്ലതായ വസ്തുക്കളെ അല്ലാഹു അവര്‍ക്ക് നിഷിദ്ധമാക്കിക്കല്‍പിച്ചു. പരലോക ശിക്ഷ വേറെ ഉണ്ട്താനും എന്നത്രെ ഈ വചനങ്ങളില്‍ പറഞ്ഞതിന്‍റെ ചുരുക്കം. പരലോക ശിക്ഷയെക്കുറിച്ചു പറഞ്ഞപ്പോള്‍ അവരില്‍ നിന്നുളള അവിശ്വാസികള്‍ക്ക് ഒരുക്കിവെച്ചിരിക്കുന്നു (لِلْكَافِرِينَ مِنْهُمْ) എന്നു പറഞ്ഞതില്‍ നിന്ന് യഹൂദികളില്‍ ചിലരെങ്കിലും അവിശ്വാസികളല്ലാത്ത വരുണ്ടെന്ന് വരുന്നു. അവര്‍ ആരാണെന്ന് അടുത്ത വചനത്തില്‍ നിന്ന് മനസ്സിലാക്കാം.

നിരോധിക്കപ്പെട്ട ആ വസ്തുക്കള്‍ ഏതെല്ലാമായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടില്ല. നഖമുളള എല്ലാ വസ്തുക്കളും, പശു, ആട് എന്നിവയുടെ കൊഴുപ്പുകളും അവരുടെ ധിക്കാരം നിമിത്തം അവര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടുവെന്ന് സൂ: അന്‍ആം 146ല്‍ വരുന്നുണ്ട്. അവയായിരിക്കാം – ഒരു പക്ഷേ, അവയും വേറെ ചിലതും കൂടിയായിരിക്കാം – ഇവിടെയും ഉദ്ദേശ്യം. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുന്നതില്‍ പല സമുദായങ്ങള്‍ക്കും പങ്കുണ്ടെങ്കിലും യഹൂദികളുടെ ചരിത്രം എല്ലാവരെയും കവച്ചു വെക്കുന്നതാകുന്നു. ഇസ്‌റാഈലി പ്രവാചകന്‍മാരുടെ കാലങ്ങളില്‍ അവരുടെ ചരിത്രം എങ്ങിനെയായിരുന്നുവെന്ന് അല്ലാഹു നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്. അതിനുശേഷമുളള കാലത്തെ സ്ഥിതിയാവട്ടെ, അതിലധികം ശോചനീയവുമാണ്. കമ്മ്യൂണിസം, നിരീശ്വര പ്രസ്ഥാനം, ധാര്‍മിക അരാജകത്വം തുടങ്ങിയവ പരിശോധിച്ചാല്‍ അവയുടെയെല്ലാം സ്ഥാപക നേതാക്കള്‍ യഹൂദികളാണെന്ന് കാണാവുന്നതു തന്നെ ഇതിന്മതിയായ തെളിവാകുന്നു. പലിശ, കൈക്കൂലി മുതലായ അന്യായ മാര്‍ഗങ്ങളിലൂടെ അന്യരുടെ ധനം ചൂഷണം ചെയ്യുന്നതിലുളള അവരുടെ താല്‍പര്യവും വൈദഗ്ദ്ധ്യവും ലോക പ്രസിദ്ധമാണ്. ബാങ്കുകള്‍ തുടങ്ങിയ പലിശ സ്ഥാപനങ്ങളുടെ ഉല്‍ഭവം പോലും യഹൂദികളില്‍ നിന്നാണെന്ന് വരുമ്പോള്‍, അല്ലാഹുവിന്‍റെ പ്രസ്താവനയിലടങ്ങിയ ഗൗരവം ഏറെക്കുറെ ഊഹിക്കാവുന്നതാണ്. ബൈബ്‌ളിന്‍റെ പഴയ നിയമത്തില്‍ അവര്‍ക്ക് വിരോധിക്കപ്പെട്ടിരുന്ന കാര്യങ്ങളുടെയും, അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരുന്ന കാര്യങ്ങളുടെയും ഒരു നീണ്ട പട്ടിക കാണാം. (പുറപ്പാട് : അദ്ധ്യായം 20 മുതല്‍ ഏതാനും അദ്ധ്യായങ്ങളും മറ്റും നോക്കുക.) കൂട്ടത്തില്‍ പലിശ ഇടപാടുകളെക്കുറിച്ചും (പുറപ്പാട് 22:25; ലേവ്യര്‍ 25:36 മുതലായവയില്‍) കാണാവുന്നതാണ്.

4:162
  • لَّـٰكِنِ ٱلرَّٰسِخُونَ فِى ٱلْعِلْمِ مِنْهُمْ وَٱلْمُؤْمِنُونَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ ۚ وَٱلْمُقِيمِينَ ٱلصَّلَوٰةَ ۚ وَٱلْمُؤْتُونَ ٱلزَّكَوٰةَ وَٱلْمُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ أُو۟لَـٰٓئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا ﴾١٦٢﴿
  • എങ്കിലും, അവരില്‍ നിന്നും അറിവില്‍ അടിയുറച്ചവരും, സത്യവിശ്വാസികളും, നിനക്ക് ഇറക്കപ്പെട്ടതിലും, നിനക്ക് മുമ്പ് ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നു: (വിശേഷിച്ച് ) നമസ്‌കാരം നിലനിര്‍ത്തുന്നവരും, 'സകാത്ത്' കൊടുക്കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരും. അക്കൂട്ടര്‍, അവര്‍ക്ക് വഴിയെ നാം വമ്പിച്ച പ്രതിഫലം നല്‍കുന്നതാണ്.
  • لَّٰكِنِ എങ്കിലും الرَّاسِخُونَ അടിയുറച്ചവര്‍, പൂണ്ടു പിടിച്ചവര്‍ فِي الْعِلْمِ അറിവില്‍, ജ്ഞാനത്തില്‍ مِنْهُمْ അവരില്‍ നിന്ന് وَالْمُؤْمِنُونَ വിശ്വാസികളും يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നതാണ് بِمَا أُنزِلَ ഇറക്കപ്പെട്ടതില്‍ إِلَيْكَ നിനക്ക്, നിന്നിലേക്ക് وَمَا أُنزِلَ ഇറക്കപ്പെട്ടതിലും مِن قَبْلِكَ നിനക്കു മുമ്പായി وَالْمُقِيمِينَ നിലനിര്‍ത്തുന്നവരെയും (പ്രത്യേകം പറയുന്നു) الصَّلَاةَ നമസ്‌കാരം وَالْمُؤْتُونَ കൊടുക്കുന്നവരും الزَّكَاةَ സകാത്ത് وَالْمُؤْمِنُونَ വിശ്വസിക്കുന്നവരും بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യനാളിലും أُولَٰئِكَ അക്കൂട്ടര്‍ سَنُؤْتِيهِمْ വഴിയെ അവര്‍ക്കു നാം കൊടുക്കും أَجْرًا പ്രതിഫലം عَظِيمًا വമ്പിച്ച, മഹത്തായ

വേദക്കാരെപ്പറ്റി പൊതുവെയും, യഹൂദികളെപ്പറ്റി പ്രത്യേകിച്ചും പലതും വിവരിച്ചു കൊണ്ട് അവരില്‍ നിന്നുളള അവിശ്വാസികള്‍ക്കു വേദനയേറിയ ശിക്ഷ -നരകം- ഒരുക്കി വെച്ചിട്ടുണ്ടെന്ന് കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ചു. എന്നാല്‍, അവരില്‍ വേണ്ടത്ര അറിവും വിശ്വാസവുമുളള ചിലര്‍ ഉണ്ടെന്നും, അവര്‍ക്ക് വമ്പിച്ച പ്രതിഫലം അല്ലാഹു നല്‍കുന്നതാണെന്നും ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. യഹൂദികളില്‍ നിന്ന് ഇസ്‌ലാമിനെ അംഗീകരിച്ച അബ്ദുല്ലാഹിബ്‌നു സലാം (റ) പോലെയുളള ചുരുക്കം വ്യക്തികളും ക്രിസ്ത്യാനികളില്‍ നിന്ന് ഇസ്‌ലാമില്‍ വന്നവരും ഇതിനു ഉദാഹരണമാണ്.