സൂറതുന്നിസാഉ് : 127-141
വിഭാഗം - 19
- وَيَسْتَفْتُونَكَ فِى ٱلنِّسَآءِ ۖ قُلِ ٱللَّهُ يُفْتِيكُمْ فِيهِنَّ وَمَا يُتْلَىٰ عَلَيْكُمْ فِى ٱلْكِتَـٰبِ فِى يَتَـٰمَى ٱلنِّسَآءِ ٱلَّـٰتِى لَا تُؤْتُونَهُنَّ مَا كُتِبَ لَهُنَّ وَتَرْغَبُونَ أَن تَنكِحُوهُنَّ وَٱلْمُسْتَضْعَفِينَ مِنَ ٱلْوِلْدَٰنِ وَأَن تَقُومُوا۟ لِلْيَتَـٰمَىٰ بِٱلْقِسْطِ ۚ وَمَا تَفْعَلُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ كَانَ بِهِۦ عَلِيمًا ﴾١٢٧﴿
- (നബിയേ), സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ നിന്നോട് വിധി തേടുന്നു. പറയുക: അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു; സ്ത്രീകളിലെ അനാഥകളുടെ കാര്യത്തില്‍ (വേദ )ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതും (നിങ്ങളെ ഓര്‍മിപ്പിക്കുന്നു.) (അതായത്:) തങ്ങള്‍ക്ക് നിയമി(ച്ചു നിശ്ചയി)ക്കപ്പെട്ടിട്ടുളളത് നിങ്ങള്‍ കൊടുക്കാതിരിക്കുകയും, നിങ്ങള്‍ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെയും, കുട്ടികളാവുന്ന ദുര്‍ബലരായുളളവരുടെയും (കാര്യത്തില്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതും, ഓര്‍മിപ്പിക്കുന്നു.) അനാഥകളോട് നിങ്ങള്‍ നീതിമുറയുസരിച്ച് നിലകൊള്ളണമെന്നും (ഓര്‍മിപ്പിക്കുന്നു). നിങ്ങള്‍ ഗുണ(കര)മായി എന്തു (തന്നെ) ചെയ്യുന്നതായാലും അതിനെ പറ്റി അല്ലാഹു നിശ്ചയമായും അറിയുന്നവനാകുന്നു.
- وَيَسْتَفْتُونَكَ അവര്‍ നിന്നോട് വിധിതേടുന്നു فِي النِّسَاءِ സ്ത്രീകളുടെ കാര്യത്തില്‍ قُلِ നീ പറയുക اللَّهُ يُفْتِيكُمْ അല്ലാഹു നിങ്ങള്‍ക്കു വിധി നല്‍കുന്നു فِيهِنَّ അവരുടെ കാര്യത്തില്‍ وَمَا يُتْلَىٰ ഓതിത്തരപ്പെടുന്നതും عَلَيْكُمْ നിങ്ങള്‍ക്ക് فِي الْكِتَابِ (വേദ)ഗ്രന്ഥത്തില്‍ فِي يَتَامَى അനാഥരുടെ കാര്യത്തില്‍ النِّسَاءِ സ്ത്രീകളിലെ اللَّاتِي യാതൊരുവരായ لَا تُؤْتُونَهُنَّ അവര്‍ക്ക് നിങ്ങള്‍ നല്‍കുകയില്ല, നിങ്ങള്‍ കൊടുക്കാത്ത مَا كُتِبَ രേഖപ്പെടുത്ത (നിശ്ചയിക്ക - നിയമിക്ക)പ്പെട്ടത് لَهُنَّ അവര്‍ക്ക് وَتَرْغَبُونَ നിങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യും. അനിഷ്ടപ്പെടുന്നു أَن تَنكِحُوهُنَّ അവരെ വിവാഹം ചെയ്യാന്‍ وَالْمُسْتَضْعَفِينَ ബലഹീനരാക്കപ്പെട്ടവരുടെയും, ദുര്‍ബലരുടെയും (കാര്യത്തില്‍) مِنَ الْوِلْدَانِ കുട്ടികളാകുന്ന, കുട്ടികളില്‍ നിന്നുള്ള وَأَن تَقُومُوا നിങ്ങള്‍ നിലകൊളളുവാനും (നിലകൊളളണമെന്നും) لِلْيَتَامَىٰ അനാഥകള്‍ക്ക്, അനാഥരോട് بِالْقِسْطِ നീതിമുറയനുസരിച്ച്, നീതിയോടെ وَمَا تَفْعَلُوا നിങ്ങള്‍ എന്തു ചെയ്താലും, എന്തു ചെയ്യുന്നുവോ مِنْ خَيْرٍ നല്ലതായിട്ട്, ഗുണകരമാകുന്ന فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു, ആയിരിക്കുന്നു بِهِ അതിനെപ്പറ്റി عَلِيمًا അറിയുന്നവന്‍
അനാഥകളെയും,സ്ത്രീകളെയും സംബന്ധിക്കുന്ന കാര്യങ്ങളായിരുന്നുവല്ലോ സൂറ ത്തിന്‍റെ ആദ്യവചനങ്ങളിലെ സംസാരവിഷയം.പിന്നീട് പല തുറയിലേക്കും സംസാര ഗതി നീങ്ങി. ആദ്യം തുടങ്ങിവെച്ച വിഷയത്തിലേക്കു തന്നെ വീണ്ടും സംസാരഗതി തിരിച്ചുകൊണ്ടു അല്ലാഹുപറയുന്നു:-
സ്ത്രീകളുടെ വിഷയത്തില്‍ അവര്‍ (സ്വഹാബികള്‍) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഫത്‌വ (വിധി) തേടിയിരുന്നുവെന്നു മാത്രമേ അല്ലാഹു ഇവിടെ പറയുന്നുളളൂ. ചോദ്യത്തിന്‍റെ രൂപം വിശദീകരിച്ചിട്ടില്ല. എങ്കിലും തുടര്‍ന്നുളള വചനങ്ങളില്‍ നിന്ന് ചോദ്യത്തെപ്പറ്റി ഏറെക്കുറെ മനസ്സിലാക്കുവാന്‍ കഴിയും. ശരിക്കുളള മറുപടി അടങ്ങിയിരിക്കുന്നതും ആ വചനങ്ങളില്‍ തന്നെ. മറുപടിക്കു മുമ്പായി , അതിനാധാരമായ തത്വങ്ങളടങ്ങിയ ഒരു മുഖവുരയും, ഒരു അനുസ്മരണവും എന്ന നിലക്കാണ് ഈ വചനം നിലകൊളളുന്നത്.
لَا تُؤْتُونَهُنَّ مَا كُتِبَ لَهُنَّ (അവര്‍ക്ക് നിയമിക്കപ്പെട്ടത് കൊടുക്കാതിരിക്കുക) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം, അനാഥകളുടെ മഹ്ര്‍ മുതലായ അവകാശങ്ങള്‍ കൊടുക്കാതിരിക്കുക എന്നാകുന്നു. وَتَرْغَبُونَ أَنْ تَنْكِحُوهُنّ എന്ന വാക്യത്തിന് അവരെ വിവാഹം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുക (تَرْغَبُونَ فيأَنْ تَنْكِحُوهُنّ) എന്നും, അവരെ വിവാഹം ചെയ്യുവാന്‍ നിങ്ങള്‍ മടിക്കുക (تَرْغَبُونَ عَنْ تَنْكِحُوهُنّ) എന്നും, അര്‍ത്ഥം വരാവുന്നതാണ്. (*) ആദ്യത്തെ അര്‍ത്ഥമാണ് പരിഭാഷയില്‍ കൊടുത്തിരിക്കുന്നത്. രണ്ടായാലും ഇവിടെ യോജിക്കായ്കയില്ല താനും. കാരണം, ഒരാളുടെ സംരക്ഷണത്തിന്‍കീഴില്‍ അയാള്‍ക്ക് വിവാഹം കഴിക്കുന്നതിനു വിരോധമില്ലാത്ത അനാഥയായ പെണ്‍കുട്ടിയുണ്ടാകുമ്പോള്‍, അവളുടെ ധനത്തിലോ സൗന്ദര്യത്തിലോ മറ്റോ ആകൃഷ്ടനായി അയാള്‍ അവളെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിച്ചെന്നുവരും. ചിലപ്പോള്‍ അവളുടെ വൈരൂപ്യമോ മറ്റോ കാരണമായി അവളെ വിവാഹം കഴിക്കുവാന്‍ അയാള്‍ മടിച്ചെന്നും വരും. അതേ സമയത്ത് അവളുടെ ധനം അന്യാധീനപ്പെട്ടു പോകുമെന്ന് കരുതി മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുവാന്‍ ഇഷ്ടപ്പെടാതെയുമിരിക്കും. രണ്ടുപ്രകാരത്തിലായാലും- വിവാഹം ചെയ്‌വാന്‍ ആഗ്രഹിക്കുന്നതായാലും, അതിനു മടിക്കുന്നതായാലും ശരി, അവരോടു നീതി പാലിക്കണമെന്നും അവരുടെ നിയമപ്രകാരമുളള മഹ്ര്‍ മുതലായ എല്ലാ അവകാശങ്ങളും കൊടുക്കുക തന്നെ വേണമെന്നും അല്ലാഹു കല്‍പിക്കുന്നു .ഈ വിഷയം ആഇശഃ (റ) യില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും (റ) ഉദ്ധരിച്ച ചില ഹദീഥുകളില്‍ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുളളതാണ്. അതുപോലെത്തന്നെ, ദുര്‍ബലരും പ്രായപൂര്‍ത്തി വന്നു സ്വന്തം കൈകാര്യങ്ങള്‍ നടത്തുമാറായിട്ടില്ലാത്തവരുമായ കുട്ടികളോടും നീതീപാലിക്കണമെന്നും അവര്‍ക്കവകാശപ്പെട്ട അനന്തര സ്വത്തുക്കളും മറ്റും മുറപോലെ കൊടുക്കണമെന്നും കല്‍പിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ചുളള വിശദവിവരങ്ങള്‍ ഈ സൂറത്തിന്‍റെ ആദ്യ വചനങ്ങളിലും വ്യാഖ്യാനത്തിലുമായി മുമ്പ് വിവരിച്ചു കഴിഞ്ഞതാണ്. ഇവിടെ അതിന്‍റെ അനുസ്മരണം മാത്രമാണുളളത്. അല്ലാഹു തുടര്‍ന്നു പറയുന്നു:-
(*) رغبة (റഗ്ബത്ത്) എന്ന മൂലത്തില്‍ നിന്നുളള ക്രിയാരൂപങ്ങളോടു ബന്ധപ്പെട്ടുകൊണ്ട് ചിലപ്പോള്‍ فى എന്ന അവ്യയവും, ചിലപ്പോള്‍ عن എന്ന അവ്യയവും വരും. فى ആയിരിക്കുമ്പോള്‍ അതിനുശേഷം പറയുന്ന കാര്യത്തില്‍ ആഗ്രഹം പ്രകടിപ്പിക്കുക- അത് ഇഷ്ടപ്പെടുക-എന്നും عن ആയിരിക്കുമ്പോള്‍ അതിനുശേഷം പറഞ്ഞ കാര്യത്തില്‍ മടി കാണിക്കുക- അതിനോടു വെറുപ്പായിരിക്കുക -എന്നുമായിരിക്കും ഉദ്ദേശ്യം. ഇവിടെ പ്രസ്തുത രണ്ടുഅവ്യയങ്ങളും പറയപ്പെട്ടിട്ടില്ലെങ്കിലും രണ്ടിലൊന്ന് ലോപിച്ചുപോയിട്ടുണ്ടെന്ന് വെക്കേണ്ടതുണ്ട്. രണ്ടില്‍ ഓരോന്നും ആവാന്‍ ഇവിടെ സാധ്യതയു ളളതുകൊണ്ടാണ് രണ്ടു പ്രകാരവും അര്‍ത്ഥം പറയപ്പെടുന്നത്.
- وَإِنِ ٱمْرَأَةٌ خَافَتْ مِنۢ بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَآ أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَٱلصُّلْحُ خَيْرٌ ۗ وَأُحْضِرَتِ ٱلْأَنفُسُ ٱلشُّحَّ ۚ وَإِن تُحْسِنُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا ﴾١٢٨﴿
- വല്ല സ്ത്രീയും അവളുടെ വരനില്‍ നിന്നു പിണക്കമോ, അവഗണനയോ ഭയപ്പെട്ടുവെങ്കില്‍ അവര്‍ രണ്ടുപേരും അവര്‍ക്കിടയില്‍ വല്ല യോജിപ്പുണ്ടാക്കുന്നതിന് അവര്‍ക്ക് കുറ്റമില്ല. യോജിപ്പാകട്ടെ, ഗുണകരവുമാകുന്നു. മനസ്സുകളില്‍ പിശുക്ക് (ശീലം, സദാ) തയ്യാറാക്കപ്പെട്ടിരിക്കുന്നുതാനും. നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
- وَإِنِ امْرَأَةٌ വല്ല സ്ത്രീയും (ആയി) എങ്കില്‍ خَافَتْ അവള്‍ ഭയപ്പെട്ടു (എങ്കില്‍) مِن بَعْلِهَا അവളുടെ വരനില്‍ (ഭര്‍ത്താവില്‍) നിന്ന് نُشُوزًا പിണക്കത്തെ أَوْ إِعْرَاضًا അല്ലെങ്കില്‍ അവഗണന, തിരിഞ്ഞുകളയല്‍ فَلَا جُنَاحَ എന്നാല്‍ കുറ്റമില്ല. തെറ്റില്ല عَلَيْهِمَا അവര്‍ രണ്ടാളുടെ മേല്‍ أَن يُصْلِحَا അവര്‍ യോജിപ്പു(ഒത്തുതീര്‍പ്പു - സന്ധി - നന്നാവല്‍) ഉണ്ടാക്കുന്നതിന് بَيْنَهُمَا അവര്‍ രണ്ടാള്‍ക്കിടയില്‍ صُلْحًا ഒരു യോജിപ്പ്, വല്ല ഒത്തുതീര്‍പ്പും وَالصُّلْحُ യോജിപ്പാകട്ടെ خَيْرٌ ഉത്തമമാണ്, ഏറ്റം നല്ലതാണ് وَأُحْضِرَتِ തയ്യാറാക്ക (സന്നദ്ധമാക്ക) പ്പെടുകയും ചെയ്തിരിക്കുന്നു الْأَنفُسُ മനസ്സുകളില്‍, ആളുകള്‍ക്ക് الشُّحَّ പിശുക്ക്ശീലം وَإِن تُحْسِنُوا നിങ്ങള്‍ നന്‍മ (ഗുണം) ചെയ്യുന്നപക്ഷം وَتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപറ്റി خَبِيرًا സൂക്ഷ്മമായി അറിയുന്നവന്‍
- وَلَن تَسْتَطِيعُوٓا۟ أَن تَعْدِلُوا۟ بَيْنَ ٱلنِّسَآءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا۟ كُلَّ ٱلْمَيْلِ فَتَذَرُوهَا كَٱلْمُعَلَّقَةِ ۚ وَإِن تُصْلِحُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا ﴾١٢٩﴿
- സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കുവാന്‍ നിങ്ങള്‍ (അതിന്) അത്യാഗ്രഹിച്ചാലും നിങ്ങള്‍ക്ക് സാധിക്കുകയില്ല തന്നെ. എന്നാല്‍, നിങ്ങള്‍ (ഒരു പക്ഷത്തേക്ക്) മുഴുവന്‍ (അങ്ങ്) ചാഞ്ഞുപോകരുത്. അപ്പോള്‍, നിങ്ങള്‍ അവളെ [മറുപക്ഷത്തുളളവളെ] കെട്ടിയിടപ്പെട്ടവളെപ്പോലെ വിട്ടുകളഞ്ഞേക്കും. നിങ്ങള്‍ യോജിപ്പുണ്ടാക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
- وَلَن تَسْتَطِيعُوا നിങ്ങള്‍ക്ക് സാധ്യമാകുന്നതേയല്ല أَن تَعْدِلُوا നിങ്ങള്‍ നീതി പാലിക്കുവാന്‍ بَيْنَ النِّسَاءِ സ്ത്രീകള്‍ക്കിടയില്‍ وَلَوْ حَرَصْتُمْ നിങ്ങള്‍ അത്യാഗ്രഹിച്ചാലും ,മോഹിച്ചാലും فَلَا تَمِيلُوا അപ്പോള്‍ നിങ്ങള്‍ ചായ (മറിയ-ചരിയ)രുത് كُلَّ الْمَيْلِ മുഴുവന്‍ ചായ്‌വും فَتَذَرُوهَا അപ്പോള്‍ അവളെ നിങ്ങള്‍ വിട്ടുകളയും,വിട്ടേക്കും كَالْمُعَلَّقَةِ കെട്ടിയിടപ്പെട്ട (ന്ധനത്തിലാക്കപ്പെട്ട) വളെപ്പോലെ وَإِن تُصْلِحُوا നിങ്ങള്‍ യോജിപ്പുണ്ടാക്കുന്ന (നന്നാക്കിത്തീര്‍ക്കുന്ന) പക്ഷം وَتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു كَانَ غَفُورًا വളരെ പൊറുക്കുന്നവനാകുന്നു رَّحِيمًا കരുണാനിധി
- وَإِن يَتَفَرَّقَا يُغْنِ ٱللَّهُ كُلًّا مِّن سَعَتِهِۦ ۚ وَكَانَ ٱللَّهُ وَٰسِعًا حَكِيمًا ﴾١٣٠﴿
- അവര്‍ രണ്ടു പേരും (തമ്മില്‍) പിരിഞ്ഞു പോകുന്നുവെങ്കിലോ, (രണ്ടില്‍) എല്ലാ (ഓരോരു)വരെയും അല്ലാഹു അവന്‍റെ വിശാലകഴിവിനാല്‍ ധന്യരാക്കുന്നതാണ്. അല്ലാഹു വിശാലനും, അഗാധജ്ഞനുമാകുന്നു.
- وَإِن يَتَفَرَّقَا അവര്‍ രണ്ടാളും പിരിഞ്ഞെങ്കില്‍, വേറിട്ടാല്‍ يُغْنِ اللَّهُ അല്ലാഹു ധന്യരാക്കും (ആശ്രയിക്കാതാക്കും) كُلًّا എല്ലാവരെയും (ഓരോരുത്തരെയും) مِّن سَعَتِهِ അവന്‍റെ വിശാല കഴിവിനാല്‍, വിശാലത നിമിത്തം وَكَانَ اللَّهُ അല്ലാഹു ആകുന്നുതാനും وَاسِعًا വിശാലന്‍ حَكِيمًا അഗാധജ്ഞന്‍, യുക്തിമാന്‍
കഴിഞ്ഞ വചനത്തില്‍ സൂചിപ്പിക്കപ്പെട്ട ചോദ്യത്തിനുളള മറുപടിയായിട്ടാണ് ഈ വചനങ്ങള്‍ നിലകൊളളുന്നത്. ഭര്‍ത്താവും ഭാര്യയും തമ്മിലുണ്ടാവുന്ന പിണക്കം, ഒത്തുതീര്‍പ്പ്, വേര്‍പാട് എന്നിവയെപ്പററി മുമ്പ് വിവരിച്ചിട്ടില്ലാത്ത ചില ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഭര്‍ത്താവ് തന്നോട് പിണക്കത്തിലാണെന്നോ, തന്നെ അവഗണിക്കുന്നുവെന്നോ ഒരു സ്ത്രീക്ക് മനസ്സിലായാല്‍-അത് വര്‍ദ്ധിക്കുവാന്‍ കാരണമുണ്ടാക്കാതെ- രണ്ടാളുംതമ്മില്‍ യോജിക്കുന്നവിധം ഒരു ഒത്തുതീര്‍പ്പുണ്ടാക്കി പരിഹരിക്കേണ്ടതാണെന്ന് അല്ലാഹു ഉപദേശിക്കുന്നു. ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം ഉന്നയിക്കുന്നത് ഏതുഭാഗത്ത് നിന്നായിരിക്കണം എന്ന് പറഞ്ഞിട്ടില്ല. ആദ്യം ഉന്നയിക്കുന്നത് ആരായിരിക്കുമോ അവരായിരിക്കും അതില്‍ ശ്രേഷ്ഠ സ്ഥാനം അര്‍ഹിക്കുന്നവര്‍. ഒത്തുതീര്‍പ്പിലുളള വ്യവസ്ഥകള്‍ രണ്ടാളും തമ്മിലോ,രണ്ടാളുടെയും പക്ഷക്കാര്‍തമ്മിലോ കൂടിയാലോചിച്ചു തയ്യാറാക്കാവുന്നതാകുന്നു. തമ്മില്‍ യോജിപ്പുണ്ടാക്കുന്നതിന് കുറ്റമില്ല (فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا) എന്നാണ് ആദ്യം അല്ലാഹു പറഞ്ഞതെങ്കിലും തുടര്‍ന്നുകൊണ്ട് യോജിപ്പാണ് ഏറ്റവും നല്ലത് (وَالصُّلْحُ خَيْر) എന്ന് പറഞ്ഞിരിക്കകൊണ്ട് ഒത്തുതീര്‍പ്പിന് സാധ്യത ഇല്ലെങ്കിലേ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുളളൂവെന്ന് വ്യക്തമാകുന്നു. ഒത്തുതീര്‍പ്പുണ്ടാകാത്ത പക്ഷം, അത് പരസ്പരം വേര്‍പാടിലാണല്ലോ കലാശിക്കുക; അഥവാ വിവാഹമോചനത്തിലേക്ക്. അതാകട്ടെ, അവസാനത്തെ കയ്യും, മതത്തില്‍ വെറുക്കപ്പെട്ട കാര്യവുമാണ്. ഏതെങ്കിലും ഒരു ഭാഗത്തുനിന്നോ, രണ്ടുഭാഗത്തു നിന്നും തന്നെയോ ചില വിട്ടുവീഴ്ചകള്‍ കൂടാതെ ഒത്തുതീര്‍പ്പുണ്ടാകുകയില്ല. എന്നാല്‍, ഒരു ഭാഗത്തു നിന്നുണ്ടാകുന്ന വിട്ടുവീഴ്ചയെ അതിന്‍റെ അവകാശം മറ്റേ ഭാഗത്തിനു അടിയറവെക്കലായോ, അതിനു കൈക്കൂലി കൊടുക്കലായോ വ്യാഖ്യാനിക്കേണ്ടതില്ല എന്നൊരു സൂചനകൂടി ‘രണ്ടുകൂട്ടരും തങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതില്‍ തെറ്റില്ല (……. فَلاجُنَاحَ عَلَيهِماَ) എന്ന വാക്യത്തില്‍ അടങ്ങിയിരിക്കാം. والله أعلم
ഒത്തുതീര്‍പ്പു വ്യവസ്ഥകളെപ്പറ്റി കൂടുതലൊന്നും പറയാതെ, അത് സന്ദര്‍ഭത്തിനൊത്തവണ്ണം ചെയ്തുകൊളളുവാന്‍ അല്ലാഹു ഭാര്യാഭര്‍ത്താക്കള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. വ്യക്തികളുടെയും പരിതഃസ്ഥിതികളുടെയും നിലപാട് കണക്കിലെടുത്തുകൊണ്ടുളള വ്യവസ്ഥകളാണല്ലോ പ്രായോഗികമാകുക. ഭാര്യയുടെ അനാരോഗ്യം, വൈരൂപ്യം, സ്വഭാവദോഷം, അപ്രാപ്തി, വന്ധ്യത എന്നിങ്ങനെയുളള ചില കാരണങ്ങളായിരിക്കും പലപ്പോഴും പിണക്കത്തിനും, അവഗണനക്കും ഹേതുവാകുന്നത്. ഇങ്ങിനെവരുമ്പോള്‍ അവന് വേറെ വിവാഹം കഴിക്കുവാന്‍ ആഗ്രഹമോ അത്യാവശ്യകതയോ നേരിട്ടേക്കും. അതേ സമയത്ത് രണ്ടുപേരുമോ , ഒരാളോ, ദരിദ്രരോ, ധനികരോ ആയിരിക്കുകയും ചെയ്യും. ഇതുപോലെയുളള സ്ഥിതി വിശേഷങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കണം ഒത്തുതീര്‍പ്പ്. ഭക്ഷണം, പാര്‍പ്പിടം , വസ്ത്രം മുതലായ ഭര്‍ത്താവില്‍നിന്ന് കിട്ടേണ്ടുന്ന വകകളില്‍ വല്ലതും വിട്ടുകൊടുക്കുക; ഒന്നിലധികം ഭാര്യമാരുളള ഭര്‍ത്താവ് ഓരോ ഭാര്യയുടെ അടുക്കലും താമസിക്കുവാന്‍ നിശ്ചയിച്ചിട്ടുളള ഊഴത്തില്‍ ഇളവ് അനുവദിക്കുക; പുതിയ വിവാഹം കഴിക്കുന്നതില്‍ പ്രതിഷേധം പ്രകടിപ്പിക്കാതിരിക്കുക എന്നിങ്ങനെ പലതും സ്ത്രീയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടുന്ന വിട്ടുവീഴ്ചകളായിരിക്കും.
നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുത്തെ പത്‌നിമാര്‍ക്കിടയില്‍ കൃത്യമായ ഊഴം നിശ്ചയിച്ചുകൊണ്ടായിരുന്നു അവരുടെ അടുക്കല്‍ താമസിച്ചിരുന്നത്. എന്നാലും ദിവസം ഒരുപ്രാവശ്യം എല്ലാവരുടെ അടുക്കലും ചെന്നുപോരുകയും പതിവായിരുന്നു. ഊഴപ്രകാരമുളള ദിവസങ്ങളിലേ ആരുമായും സമീപനമുണ്ടാകുകയുളളൂ. സൗദാ (റ)ക്കു വാര്‍ദ്ധക്യവും അനാരോഗ്യവും സംഭവിച്ചപ്പോള്‍, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തന്നെ വിവാഹമോചനം ചെയ്‌തേക്കുമോ എന്ന് അവര്‍ക്ക് സംശയം തോന്നി. അവര്‍ നബിയോടു ഇങ്ങിനെ ഉണര്‍ത്തി:’എനിക്ക് എനി ഒരു ഭര്‍ത്താവിന്‍റെ ആവശ്യമില്ല. അങ്ങയുടെ പത്‌നിമാരില്‍ ഒരുത്തിയായിക്കൊണ്ട്പരലോകത്ത് ഒരുമിച്ചു കൂടുവാന്‍ ഞാന്‍ വളരെ ആഗ്രഹിക്കുന്നു താനും. എന്‍റെ ഊഴം ഞാന്‍ ആഇശാക്കു വിട്ടു കൊടുക്കുന്നു. അവിടുന്ന് എന്നെ വേര്‍പ്പെടുത്തിവിടാതെ സ്വീകരിച്ചുകൊണ്ടിരിക്കണം’. അങ്ങനെ, സൗദാ (റ) യുടെ ദിവസങ്ങളിലും തിരുമേനി ആഇശഃ (റ)യുടെ കൂടെ താമസിച്ചു പോരുകയുണ്ടായി. പ്രധാനപ്പെട്ട എല്ലാഹദീഥ് പണ്ഡിതന്‍മാരും ഈ വിവരം രേഖപ്പെടുത്തിക്കാണാം. ഇതുപോലെ, ഭാര്യവന്ധ്യയായിരിക്കുകയോ, വാര്‍ദ്ധക്യവും അനാരോഗ്യവും പിടിപെട്ടവളായിരിക്കുകയോ നിമിത്തം ഭര്‍ത്താവ് മറ്റൊരു വിവാഹത്തിനോ, അവളെ പിരിച്ചുവിടാനോ ആലോചിക്കുന്ന സന്ദര്‍ഭങ്ങളില്‍; മഹ്ര്‍, നിത്യ ചിലവുകള്‍, ദാമ്പത്യാവകാശം ആദിയായവയില്‍വിട്ടുവീഴ്ച ചെയ്തുകൊടുത്തുകൊണ്ട് അതേവരെ കഴിഞ്ഞുപോന്ന വിവാഹബന്ധം തുടര്‍ന്നു പോകുവാന്‍ ഇരുകൂട്ടരും തമ്മില്‍ യോജിപ്പ് വ്യവസ്ഥയുണ്ടാക്കുന്നത് സംബന്ധിച്ചതാണ് ഇവിടെ (128-ാം വചനത്തില്‍) പ്രസ്താവിക്കുന്നതെന്നും, ഇതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുളളതായി അറിയുന്നില്ലെന്നും പല രിവായത്തുകളും ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു കഥീര്‍ (റ) പ്രസ്താവിച്ചിരിക്കുന്നു.
ഒത്തുതീര്‍പ്പിനെപ്പറ്റി പ്രസ്താവിച്ചശേഷം മനുഷ്യമനസ്സുകളില്‍ നിന്ന് വേറിട്ടുപോകാതെ സദാ അതില്‍ തങ്ങി നില്‍ക്കുന്ന ഒരു സഹജശീലമാണ് പിശുക്ക് എന്ന്അല്ലാഹു പ്രസ്താവിക്കുന്നു. പിശുക്ക് എന്ന് അര്‍ത്ഥം കല്‍പിച്ചത് شُّحَّ (ശുഹ്ഹ്) എന്നപദത്തിനാണ്. അധീനത്തിലുളളത് ചിലവഴിക്കുന്നതിലുളള ലുബ്ധതക്കു പുറമെ, കൂടുതല്‍ ലഭിക്കുവാനുളള ആര്‍ത്തിയും കൂടി ഉണ്ടായിരിക്കുമ്പോഴാണ് അതിന് ‘ശുഹ്ഹ്’എന്ന് പറയപ്പെടുക. വളരെ ശ്രദ്ധേയമായ ഒരു വസ്തുതയാണ് ഈ വാക്യത്തില്‍അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രണ്ടുകൂട്ടര്‍ തമ്മിലുണ്ടാകുന്ന ഭിന്നിപ്പ് അവസാനിക്കേണമെങ്കില്‍ അന്യോന്യം വിട്ടുവീഴ്ചയും, ഔദാര്യ മനഃസ്ഥിതിയും അനിവാര്യമാണല്ലോ. അതാകട്ടെ പൊതുവില്‍ മനഃപ്രയാസം ഉളവാക്കുന്ന കാര്യവുമാണ്. അതുകൊണ്ട്കുറേയൊക്കെ മനഃപ്രയാസം തോന്നിയാലും സങ്കുചിത മനഃസ്ഥിതി പ്രകടിപ്പിക്കാതെഓരോരുത്തരും സ്വന്തം ഭാഗത്ത് നിന്ന് കഴിയുന്നത്ര നീക്കുപോക്കുകള്‍ക്ക് തയ്യാറാവുകയും, മറുഭാഗത്ത് നിന്നുണ്ടാകുന്ന നീക്കങ്ങളില്‍ കുറേയൊക്കെ പോരായ്മകള്‍ ഉണ്ടായാലും അതിന്‍റെ നേരെ കണ്ണടയ്ക്കുകയും ചെയ്യണം. എന്നാലെ തമ്മില്‍ യോജിപ്പിലെത്താന്‍ കഴിയുകയുളളൂവെന്നാണിത് സൂചിപ്പിക്കുന്നത്. പ്രശ്‌നം ശുഭകരമായി കലാശിക്കുന്നതിന് ഉതകുന്ന നന്‍മകള്‍ ചെയ്യുകയും, അതിന് ദോഷകരമായ തിന്‍മകളൊന്നുംചെയ്യാതെ സൂക്ഷിക്കുകയും ചെയ്താല്‍, അല്ലാഹു അതെല്ലാം ശരിക്കും അറിയുകയും,കണക്കിലെടുക്കുകയും, തക്ക പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണെന്നുകൂടി ഉണര്‍ത്തിയിരിക്കുന്നു. (….. وَإِنْ تُحْسِنُواوَتَتَّقُوا)
ഒത്തുതീര്‍പ്പിനെപ്പറ്റി പലതും പ്രസ്താവിച്ച ശേഷം (129-ാം വചനത്തില്‍) വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി അല്ലാഹു ഉണര്‍ത്തുന്നു. നിങ്ങള്‍ക്ക് അത്യാഗ്രഹമുണ്ടായാല്‍തന്നെയും സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കുവാന്‍ – പരിപൂര്‍ണമായ നീതിപാലനം നടത്തുവാന്‍ — മനുഷ്യരായ നിങ്ങള്‍ക്ക് സാധ്യമല്ലതന്നെ (وَلَنْ تَسْتَطِيعُواأَنْ تَعْدِلُوا) എന്ന് അല്ലാഹു തീര്‍ത്തു പറയുന്നു. അതുകൊണ്ട്കഴിവുള്ളിടത്തോളം നീതി പാലിക്കണമെന്നേ നിങ്ങളോട് കല്‍പിക്കുന്നുളളൂ – നിങ്ങളുടെ കഴിവിന്നതീതമായ നീതിപാലനം നടത്തുവാന്‍ കല്‍പ്പിക്കുന്നില്ല– എന്നത്രേ ഈ വാക്യം ധ്വനിപ്പിക്കുന്നത്. എന്നുവെച്ച് ചിലരുടെ നേരെ പ്രത്യേകം ചായ്‌വുണ്ടായിത്തീരുകയും, മറ്റേവരെ കെട്ടിയിട്ടപോലെ കുടുക്കിലാക്കി വിഷമിപ്പിക്കുകയും ചെയ്യരുത് (فَلاتَمِيلُواكُلَّ الْمَيْلِ فَتَذَرُوهَا كَالْمُعَلَّقَةِ) എന്ന് പ്രത്യേകം വിരോധിക്കുകയും ചെയ്തിരിക്കുന്നു. كَالْمُعَلَّقَةِ (കെട്ടിയിടപ്പെട്ടവളെപ്പോലെ) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, നിയമപ്രകാരം വിവാഹിതയാണെങ്കിലും ഫലത്തില്‍ വിവാഹിതയോ, മോചിതയോ അല്ലാത്തവിധം ബന്ധനത്തില്‍ അകപ്പെട്ടവള്‍ എന്നാണ്.
സ്വഭാവഗുണം, ഭര്‍ത്തൃസ്‌നേഹം, സംസാരശൈലി, സൗന്ദര്യം, ആരോഗ്യം, അറിവ്, കാര്യപ്രാപ്തി എന്നിങ്ങനെയുളള പലഗുണങ്ങളുടെ തോതനുസരിച്ചായിരിക്കും ഭാര്യാ ഭര്‍ത്താക്കള്‍ തമ്മിലുളള സ്‌നേഹബന്ധവും ഇണക്കവും. പ്രസ്തുത ഗുണങ്ങളിലാണെങ്കില്‍, എല്ലാവരും ഒരേ തരക്കാരായിരിക്കുകയുമില്ല. സ്വാഭാവികമായ ഇക്കാരണത്താല്‍,ഒന്നിലധികം ഭാര്യമാരുളള ഒരാള്‍ക്ക് എല്ലാ നിലക്കും എല്ലാവരോടും ശരിക്കും തുല്യമായിപെരുമാറുവാന്‍ കഴിയുകയില്ലെന്നു സ്പഷ്ടമാകുന്നു. എന്നാല്‍ ഭക്ഷണം, വസ്ത്രം,ഒന്നിച്ചുളള താമസം, ജീവിത സൗകര്യങ്ങള്‍ മുതലായ പല കാര്യങ്ങളിലും തുല്യ നിലകൈകൊളളുവാന്‍ പ്രയാസവുമില്ല. സ്ത്രീകള്‍ക്കിടയില്‍ പരിപൂര്‍ണമായ നീതിപാലിക്കുക സാധ്യമല്ലെന്നും അതുകൊണ്ട്കഴിയുന്നിടത്തോളം നീതിപാലിക്കലാണ് നിര്‍ബന്ധമുളളതെന്നും, നീതിപാലിക്കുവാന്‍ കഴിയുന്ന വിഷയങ്ങളില്‍ എല്ലാവരോടും തുല്യനില പ്രകടമാക്കണമെന്നും, അതില്‍ പക്ഷഭേദം കാണിക്കുവാന്‍ പാടില്ലെന്നുമാണ് ഇപ്പറഞ്ഞതിന്‍റെ ചുരുക്കം. ഈ വചനവും അല്ലാഹു അവസാനിപ്പിച്ചത് നോക്കുക. ‘നിങ്ങള്‍ യോജിച്ചു നന്നായി തീരുകയും സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു വളരെപൊറുക്കുന്നവനും കാരുണ്യമുളളവനുമാണ്’. കഴിയുന്നത്ര ക്ഷമിച്ചും, സഹിച്ചും, വിട്ടുവീഴ്ചചെയ്തും തമ്മില്‍ യോജിക്കുവാന്‍ ശ്രമിക്കണം. അതില്‍ ആരും വിലങ്ങു നില്‍ക്കരുത്. അങ്ങിനെ ചെയ്താല്‍ അല്ലാഹു നിങ്ങള്‍ക്ക് പാപമോചനം നല്‍കുകയും നിങ്ങളുടെ നേരെ കരുണ കാണിക്കുകയും ചെയ്യുമെന്നുളള ഒരു വാഗ്ദാനമാണിത്.
ആഇശാ (റ) പ്രസ്താവിക്കുന്നു: റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുത്തെ ഭാര്യമാര്‍ക്കിടയില്‍ഭാഗിക്കുകയും (ഓരോരുത്തരുടെയും അടുക്കല്‍ താമസിക്കുന്നതിനുള്ള ഊഴംകണക്കാക്കുകയും), അതില്‍ നീതി പാലിക്കുകയും ചെയ്തിരുന്നു. എന്നിട്ട് പിന്നെയും അവിടുന്നു പറയും: ‘അല്ലാഹുവേ, ഇത് എനിക്ക് കഴിയാവുന്ന കാര്യത്തിലുളള എന്‍റെ ഭാഗിക്കലാണ്. അതുകൊണ്ട്നിനക്കു കഴിയുന്നതും, എനിക്കു കഴിയാത്തതുമായ കാര്യത്തില്‍ നീ എന്നെ കുറ്റപ്പെടുത്തരുതേ!’. (അ; ദാ; ജ; തി; ന) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിചെയ്തതായി അബൂഹുറയ്‌റഃ (റ) പറയുന്നു: ഒരാള്‍ക്ക് രണ്ടുഭാര്യമാരുണ്ടായിരുന്നിട്ട് അവന്‍ അവരില്‍ ഒരുവളിലേക്ക് ചാഞ്ഞാല്‍, ക്വിയാമത്ത് നാളില്‍ അവന്‍റെ രണ്ടുപക്ഷങ്ങളില്‍ ഒന്നു ചരിഞ്ഞും കൊണ്ട് അവന്‍ വരുന്നതാണ്. (അ; ദാ; ജ; തി; ന) എല്ലാഭാര്യമാരുമായുളള പെരുമാറ്റങ്ങള്‍ തികച്ചും പക്ഷഭേദം തോന്നാത്ത വിധത്തിലായിരിക്കുവാന്‍ സൂക്ഷിക്കണമെന്ന് ചുരുക്കത്തില്‍ പറയാം.
സന്ദര്‍ഭവശാല്‍ ഒരു സംഗതി ഇവിടെ ഉണര്‍ത്തുന്നത് ആവശ്യമെന്ന് കരുതുന്നു. ഈസൂറത്തിലെ 3-ാം വചനവും, ബലപ്പെട്ട പല ഹദീഥുകളും മുഖേന സ്ഥാപിതമായതും ,ഇസ്‌ലാമിന്‍റെ ആദ്യ കാലം തൊട്ട് അടുത്ത കാലം വരെ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടായിട്ടില്ലാത്തതുമായ ബഹുഭാര്യാത്വത്തെ -വേണ്ടിവന്നാല്‍ ഒരു പുരുഷന് ഒന്നു മുതല്‍ നാലു വരെ ഭാര്യമാരെ സ്വീകരിക്കാമെന്ന നിയമത്തെ- ഇപ്പോള്‍ ചില മുസ്‌ലിം പണ്ഡിത വേഷധാരികള്‍ വിമര്‍ശിച്ചും, ദുര്‍വ്യാഖ്യാനം ചെയ്തും വരുന്നത്പലര്‍ക്കും അറിയാവുന്നതാണ്. ഇസ്‌ലാമിക നിയമങ്ങളെ കഴിവതും ആധുനിക ചിന്താഗതികള്‍ക്കും, അനിസ്‌ലാമിക സംസ്‌കാരങ്ങള്‍ക്കും ഒപ്പിച്ചു വ്യാഖ്യാനിക്കുവാനുളളതാല്‍പര്യമാണ് യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ പിന്നിലുള്ള പ്രേരണയെങ്കിലും ക്വുര്‍ആന്‍റെയൊ ഹദീഥിന്‍റെയോ പിന്‍ബലം തങ്ങള്‍ക്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാത്ത പക്ഷം മുസ്‌ലിംകള്‍ക്കിടയില്‍ അത് വിലപ്പോകുകയില്ലല്ലോ. ക്വുര്‍ആന്‍റെ പിന്‍ബലമുണ്ടെന്ന്സമര്‍ത്ഥിക്കാന്‍ പറ്റിയാല്‍ പിന്നെ ഹദീഥ് ഒരു പ്രശ്‌നമാകുന്നതല്ല. കാരണം, അത്ക്വുര്‍ആന് വിരുദ്ധമാണെന്ന് പറയുക മാത്രമേ പിന്നീട് ആവശ്യമുളളൂ. അങ്ങനെ വളരെപരതി നോക്കിയ ശേഷം- ഈ വിഷയ കമായി ക്വുര്‍ആന്‍ ആവിഷ്‌കരിച്ച ആ നിയമത്തിന്‍റെ അന്തഃസ്സത്ത തങ്ങള്‍ കണ്ടുപിടിച്ചുവെന്ന അഭിമാനത്തോടെ – അവര്‍ തങ്ങള്‍ക്കനുകൂലമായി കണ്ടെത്തിയ ഒരു വാക്യമാണ് ഈ ആയത്തിലെ وَلَنْ تَسْتَطِيعُواأَنْ تَعْدِلُوا بيْن النِّسَاء وَلَوْ حَرَصْتُمْ (നിങ്ങള്‍ക്ക് അത്യാഗ്രഹമുണ്ടായിരുന്നാലും സ്ത്രീകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് നീതിപാലിക്കുക സാധ്യമല്ല തന്നെ) എന്ന വാക്യം.
3-ാം വചനത്തില്‍ ബഹുഭാര്യാത്വത്തിനു അനുമതി നല്‍കിയപ്പോള്‍ ‘നിങ്ങള്‍ നീതിപാലിക്കുകയില്ലെന്ന് ഭയപ്പെട്ടാല്‍ ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്യേണ്ടതാണ്.’ (فَإِنْ خِفْتُمْ أَلاتَعْدِلُوا فَوَاحِدَة) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. സ്ത്രീകള്‍ക്കിടയില്‍ നീതിപാലിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലെന്ന് ഇവിടെ ഉറപ്പിച്ചു പറയുന്ന സ്ഥിതിക്ക് മനുഷ്യന് പാലിക്കുവാന്‍ സാദ്ധ്യമല്ലാത്ത ഒരു നിബന്ധനയോടുകൂടിയാണ് ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യാമെന്ന് അവിടെ പ്രസ്താവിച്ചത് എന്ന് വ്യക്തമാണ്. അതായത്, ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുവാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിന്‍റെ സ്ഥിരമായസിദ്ധാന്തം. ഒഴിച്ചുകൂടാത്ത സന്ദര്‍ഭം നേരിട്ടാല്‍, കേവലം അസാദ്ധ്യമായ ഒരുനിബന്ധന ചുമത്തികൊണ്ട് ഒരു നാമമാത്ര അനുവാദം നല്‍കിയിരിക്കുകയാണ് ഈ വിഷയത്തില്‍ ക്വുര്‍ആന്‍ ചെയ്തിരിക്കുന്നത്. എന്നിങ്ങനെയാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്. പാവങ്ങള്‍! ഇവരുടെ സമര്‍ത്ഥനം കണ്ടാല്‍തോന്നും, ക്വുര്‍ആനിലെ ചില നിയമങ്ങള്‍ സാങ്കല്‍പികമാണ്- പ്രയോഗത്തില്‍ വരുത്തുവാന്‍ സാധ്യമായതല്ല – എന്ന് معاذ الله വാസ്തവത്തില്‍ ഈ സമര്‍ത്ഥനം ഒരു ഉപായം – അജ്ഞത – മാത്രമാണെന്ന് ഇതേവാക്യത്തിന്‍റെ തൊട്ട വാക്യം കൂടി വായിക്കുന്ന പക്ഷം അനുകരണ ലഹരിയും ആധുനിക ഭ്രമവും പിടിപെടാത്ത ആര്‍ക്കും മനസ്സിലാകുന്നതാണ്. ‘എന്നാല്‍ നിങ്ങള്‍ ഒരുപക്ഷത്തേക്ക് മുഴുവനും അങ്ങ് ചായുകയും, മറ്റേവളെ കെട്ടിയിടപ്പെട്ടപോലെ ആക്കിതീര്‍ക്കുകയും ചെയ്യരുത് (فَلاتَمِيلُواكُلَّ مَيْلِ…) എന്നാണല്ലോ അല്ലാഹു പിന്നീട് പറഞ്ഞത്. സ്ത്രീകള്‍ക്കിടയില്‍ എല്ലാനിലക്കും പരിപൂര്‍ണമായി നീതി പാലിക്കുക മനുഷ്യര്‍ക്ക് സാധ്യമല്ല. അതുകൊണ്ട്സാധിക്കുന്നത്ര നീതി പാലിക്കണം. ഒരു പക്ഷത്തേക്ക്മുഴുവന്‍ ചായുകയും, മറ്റേ പക്ഷത്തോട് നീതികേട് കാണിക്കുകയും ചെയ്യരുത് എന്നല്ലാതെ മറ്റെന്താണ് ഇതിനര്‍ത്ഥം?!. ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതിന് മുന്‍ആയത്തില്‍ ഒരു നിബന്ധനയെന്നോണം നിശ്ചയിച്ച നീതിപാലനവും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണെന്നുളളത് നീതിപാലിക്കാന്‍ കഴിയാത്തത് ഏതുതരം കാര്യങ്ങളിലാണെന്നും നാം മുമ്പ് വിവരിച്ചു കഴിഞ്ഞതാണ്.
ശരി, മുകളില്‍ വിവരിച്ച പ്രകാരമുളള ഒത്തുതീര്‍പ്പുകളൊന്നും സാധ്യമാകാതെ വരുകയും, ഭിന്നിപ്പും അവഗണനയും നിലവിലുണ്ടായിരിക്കുകയും ചെയ്താല്‍, അവസാനത്തെ പോംവഴി അവര്‍ തമ്മിലുളള വിവാഹബന്ധം അവസാനിപ്പിക്കലാണല്ലോ. നിയമാനുവാദമുണ്ടെങ്കിലും അല്ലാഹുവിങ്കല്‍ വെറുപ്പായ ഒരു കാര്യമാണിത്. മറ്റു നിവൃത്തികളില്ലെങ്കില്‍ അത് ചെയ്തുകൊളളാമെന്ന് 130-ാം വചനത്തില്‍ അല്ലാഹു സൂചിപ്പിക്കുന്നു. അങ്ങനെ വിവാഹമോചനം നടത്തി ഇരുകൂട്ടരും -ഭര്‍ത്താവും ഭാര്യയും- പിരിയേണ്ടിവരുന്ന പക്ഷം, അവള്‍ക്ക് അവന്‍റെയും അവന് അവളുടെയും ആശ്രയം കൂടാതെ അല്ലാഹു കഴിച്ചുകൂട്ടുമെന്ന് വാഗ്ദാനവും ചെയ്തിരിക്കുന്നു. പരസ്പരം യോജിപ്പിനുള്ളമാര്‍ഗങ്ങളൊന്നും സ്വീകരിക്കാതെയും, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറില്ലാതെയും വാശിപിടിച്ചു തെറ്റിപ്പിരിയുന്ന പക്ഷം, അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുളള ഈ വാഗ്ദാനം പ്രതീക്ഷിക്കേണ്ടതില്ലെന്നുളള ഒരു സൂചനയും അതില്‍ അന്തര്‍ഭവിച്ചിട്ടുളളതായി കാണാം. പലപ്പോഴും അനുഭവത്തില്‍ കാണപ്പെടാറുളളതുമാണിത്. والله أعلم
- وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَلَقَدْ وَصَّيْنَا ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ ٱتَّقُوا۟ ٱللَّهَ ۚ وَإِن تَكْفُرُوا۟ فَإِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَانَ ٱللَّهُ غَنِيًّا حَمِيدًا ﴾١٣١﴿
- അല്ലാഹുവിനുളളതാണ്ആകാശങ്ങളിലുളളതും, ഭൂമിയിലുള്ളതും, (എല്ലാം). നിങ്ങള്‍ക്കു മുമ്പ് (വേദ) ഗ്രന്ഥംനല്‍കപ്പെട്ടവരോടും, നിങ്ങളോടുംനാം 'വസ്വിയ്യത്തു' ചെയ്കയുണ്ടായിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്. നിങ്ങള്‍ അവിശ്വസിക്കുന്നുവെങ്കിലോ, എന്നാല്‍ (അറിയുക) നിശ്ചയമായും, അല്ലാഹുവിനുളളതാണ്ആകാശങ്ങളിലുളളതും, ഭൂമിയിലുള്ളതും (എല്ലാം). അല്ലാഹു (പരാശ്രയമില്ലാത്ത )ധന്യനും, സ്തുത്യര്‍ഹനുമാകുന്നു.
- وَلِلَّهِ അല്ലാഹുവിനുളളതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുളളതും وَمَا فِي الْأَرْضِ ഭൂമിയിലുളളതും وَلَقَدْ وَصَّيْنَا തീര്‍ച്ചയായും നാം വസ്വിയ്യത്ത് ചെയ്തിട്ടുണ്ട് الَّذِينَ أُوتُوا നല്‍കപ്പെട്ടവരോട് الْكِتَابَ (വേദ) ഗ്രന്ഥം مِن قَبْلِكُمْ നിങ്ങളുടെ മുമ്പ്, وَإِيَّاكُمْ നിങ്ങളോടും أَنِ اتَّقُوا നിങ്ങള്‍ സൂക്ഷിക്കണമെന്ന് اللَّهَ അല്ലാഹുവിനെ وَإِن تَكْفُرُوا നിങ്ങള്‍ അവിശ്വസിക്കുന്നുവെങ്കില്‍ فَإِنَّ لِلَّهِ എന്നാല്‍ നിശ്ചയമായും അല്ലാഹുവിനാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുളളതും وَمَا فِي الْأَرْضِ ഭൂമിയിലുളളതും وَكَانَ اللَّهُ അല്ലാഹു ആകുന്നു غَنِيًّا ധന്യന്‍, അനാശ്രയന്‍ حَمِيدًا സ്തുത്യര്‍ഹന്‍, സ്തുതിക്കപ്പെടുന്നവന്‍
- وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا ﴾١٣٢﴿
- അല്ലാഹുവിനുളളതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുള്ളതും (എല്ലാം). കൈകാര്യം ഏറ്റെടുക്കുന്നതിനായി അല്ലാഹു തന്നെ മതി.!
- وَلِلَّهِ അല്ലാഹുവിനാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുളളതും وَمَا فِي الْأَرْضِ ഭൂമിയിലുളളതും وَكَفَىٰ بِاللَّهِ അല്ലാഹു (തന്നെ) മതി وَكِيلًا ഏറ്റെടുക്കുന്നവനായി, ഏല്‍പ്പിക്കപ്പെടുന്നവന്‍
അല്ലാഹുവിന്‍റെ എല്ലാ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ക്കും, ശാസനകള്‍ക്കും പരമാടിസ്ഥാനമായി നിലകൊളളുന്ന ഒരു യാഥാര്‍ത്ഥ്യം , അഥവാ യാഥാര്‍ത്ഥ്യങ്ങളുടെയെല്ലാം മൂലമായ യാഥാര്‍ത്ഥ്യം അഖിലാണ്ഡ വസ്തുക്കളെല്ലാം അല്ലാഹുവിന്‍റെതാണ് (لِلّهِ مَافِي السَّمَاوَاتِ وَمَافِي الأرْضِ) എന്നുളളതത്രെ. അതെ, എല്ലാം അവന്‍റെ സൃഷ്ടി,അവന്‍റെ ഉടമസ്ഥതയില്‍, അവന്‍റെ നിയന്ത്രണം, അവന്‍റെ അവകാശാധികാരം. ഈയാഥാര്‍ത്ഥ്യത്തെക്കുറിച്ചു മനുഷ്യന്‍ സദാ ബോധവാനായിരിക്കേണ്ടതുകൊണ്ടാണ് ഇക്കാര്യം പലപ്പോഴും അല്ലാഹു ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഓര്‍മിപ്പിക്കുന്നത് (ولله الحجة البالغة)
- إِن يَشَأْ يُذْهِبْكُمْ أَيُّهَا ٱلنَّاسُ وَيَأْتِ بِـَٔاخَرِينَ ۚ وَكَانَ ٱللَّهُ عَلَىٰ ذَٰلِكَ قَدِيرًا ﴾١٣٣﴿
- അവന്‍ ഉദ്ദേശിക്കുന്നപക്ഷം- മനുഷ്യരേ- നിങ്ങളെ അവന്‍നീക്കം ചെയ്യുകയും, മറ്റൊരു കൂട്ടരെകൊണ്ടുവരികയും, ചെയ്യുന്നതാണ്. അല്ലാഹു അതിന് കഴിവുളളവനുമാകുന്നു.
- إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يُذْهِبْكُمْ നിങ്ങളെ പോക്കിക്കളയും (നീക്കം ചെയ്യും) أَيُّهَا النَّاسُ മനുഷ്യരേ وَيَأْتِ വരുകയും ചെയ്യും بِآخَرِينَ വേറൊരു കൂട്ടരെകൊണ്ടു وَكَانَ اللَّهُ അല്ലാഹു ആകുന്നുതാനും عَلَىٰ ذَٰلِكَ അതിന്, അതിന്‍റെ മേല്‍ قَدِيرًا കഴിവുളളവന്‍
അതെ, അതില്‍ ഒട്ടും സംശയിക്കേണ്ട. പക്ഷേ, അതിമഹത്തായ ചില ഉദ്ദേശ്യ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി അങ്ങിനെ ചെയ്യാന്‍ അവന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതുകൊണ്ട് അത് സംഭവിക്കുന്നില്ലെന്ന് മാത്രം. (47:38; 35:16 മുതലായ വചനങ്ങളും വ്യാഖ്യാനങ്ങളും നോക്കുക).
- مَّن كَانَ يُرِيدُ ثَوَابَ ٱلدُّنْيَا فَعِندَ ٱللَّهِ ثَوَابُ ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَكَانَ ٱللَّهُ سَمِيعًۢا بَصِيرًا ﴾١٣٤﴿
- ആരെങ്കിലും ഇഹത്തിലെ പ്രതിഫലത്തെ ഉദ്ദേശിക്കുന്നതായാല്‍, അല്ലാഹുവിന്‍റെ പക്കല്‍, ഇഹത്തിലെയും പരത്തിലെയും പ്രതിഫലമുണ്ട് (എന്ന് അവന്‍ അറിഞ്ഞുകൊള്ളെട്ട) അല്ലാഹു (എല്ലാം)കേള്‍ക്കുന്നവനും, കാണുന്നവനും ആകുന്നു.
- مَّن كَانَ ആരെങ്കിലും ആയാല്‍ يُرِيدُ ഉദ്ദേശിക്കുന്നു ثَوَابَ الدُّنْيَا ഇഹത്തിലെ പ്രതിഫലം فَعِندَ اللَّهِ എന്നാല്‍ അല്ലാഹുവിന്‍റെ പക്കലുണ്ട് ثَوَابُ الدُّنْيَا ഇഹത്തിലെ പ്രതിഫലം وَالْآخِرَةِ പരത്തിലെയും وَكَانَ اللَّهُ അല്ലാഹു ആകുന്നു سَمِيعًا കേള്‍ക്കുന്നവന്‍ بَصِيرًا കാണുന്നവന്‍
അല്‍ബക്വറഃ 200, 201; ശൂറാ : 20 എന്നീ വചനങ്ങളും വ്യാഖ്യാനവും നോക്കുക.
വിഭാഗം - 20
- يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ وَلَوْ عَلَىٰٓ أَنفُسِكُمْ أَوِ ٱلْوَٰلِدَيْنِ وَٱلْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَٱللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا۟ ٱلْهَوَىٰٓ أَن تَعْدِلُوا۟ ۚ وَإِن تَلْوُۥٓا۟ أَوْ تُعْرِضُوا۟ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا ﴾١٣٥﴿
- ഹേ, വിശ്വസിച്ചവരേ , നിങ്ങള്‍ അല്ലാഹുവിനു വേണ്ടി സാക്ഷികളായ നിലയില്‍, നീതി മുറയെ നിലനിര്‍ത്തിപ്പോരുന്ന വരായിരിക്കുവിന്‍. നിങ്ങളുടെ (സ്വന്തം) ദേഹങ്ങള്‍ക്കോ, അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത കുടുംബങ്ങള്‍ക്കുമോ എതിരായാലും ശരി. അയാള്‍ ധനികനോ, ദരിദരിദ്രനോ ആയിരുന്നാല്‍ [രണ്ടായാലും] അല്ലാഹു ആ രണ്ടാളുമായും അധികം ബന്ധപ്പെട്ടവനാകുന്നു. അതിനാല്‍, നീതിപാലിക്കുന്നതിനു (വിഘാതമായി) നിങ്ങള്‍ഇച്ഛയെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചു തിരിക്കുകയോ, തിരിഞ്ഞുകളയുകയോ ചെയ്യുന്നപക്ഷം, അപ്പോള്‍ (നിങ്ങള്‍ഓര്‍ക്കണം) നിശ്ചയമായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
- يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ كُونُوا നിങ്ങളായിരിക്കുവിന്‍ قَوَّامِينَ ശരിക്കും നിലകൊളളുന്നവര്‍, നിലനിര്‍ത്തിപ്പോരുന്നവര്‍ بِالْقِسْطِ നീതിമുറയനുസരിച്ച്, നീതി മുറയെ شُهَدَاءَ സാക്ഷികളായി കൊണ്ട് لِلَّهِ അല്ലാഹുവിനുവേണ്ടി وَلَوْ عَلَىٰ أَنفُسِكُمْ നിങ്ങളുടെ ദേഹങ്ങളുടെ (സ്വന്തങ്ങളുടെ) മേല്‍ (എതിരില്‍) ആയിരുന്നാലും أَوِ الْوَالِدَيْنِ അല്ലെങ്കില്‍ മാതാപിതാക്കളുടെ وَالْأَقْرَبِينَ ഏറ്റം അടുത്തവരുടെ (അടുത്ത കുടുംബങ്ങളുടെ) യും إِن يَكُنْ അവന്‍ (അയാള്‍) ആയിരുന്നാല്‍ غَنِيًّا ധനികന്‍ أَوْ فَقِيرًا അല്ലെങ്കില്‍ ദരിദ്രന്‍ فَاللَّهُ എന്നാല്‍ (അപ്പോള്‍) അല്ലാഹു أَوْلَىٰ بِهِمَا ഏറ്റവും ബന്ധപ്പെട്ടവനാണ് أَوْلَىٰ ഏറ്റവും ബന്ധപ്പെട്ടവനാണ് بِهِمَا അവര്‍ രണ്ടാളുമായും, രണ്ടാളെകുറിച്ചും فَلَا تَتَّبِعُوا അതിനാല്‍ നിങ്ങള്‍ പിന്‍പറ്റരുത് الْهَوَىٰ ഇച്ഛയെ أَن تَعْدِلُوا നിങ്ങള്‍ നീതിപാലിക്കുന്നതിനു (വിഘാതമായി), നീതി പാലിക്കുന്നതു വിട്ട് وَإِن تَلْوُوا നിങ്ങള്‍ വളച്ചു (തിരിച്ചു) കളയുന്ന പക്ഷം أَوْ تُعْرِضُوا അല്ലെങ്കില്‍ നിങ്ങള്‍ തിരിഞ്ഞു കളയുക (അവഗണിക്കുക)യോ فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرًا സൂക്ഷ്മജ്ഞാനി
വര്‍ത്തമാനങ്ങള്‍, സാക്ഷ്യങ്ങള്‍, തീരുമാനങ്ങള്‍, ഇടപാടുകള്‍ മുതലായ എല്ലാ വിഷയങ്ങളിലും നീതിമുറ തെറ്റാതെ അത് നിലനിര്‍ത്തി പോരണം. സ്വന്തം ദേഹത്തിനോ, മാതാപിതാക്കള്‍ക്കോ, കുടുംബങ്ങള്‍ക്കോ ആര്‍ക്കും തന്നെ ദോഷമായിരുന്നാലും സത്യവും കൃത്യവും പാലിക്കണം. അതില്‍ ധനികനെന്നോ, ദരിദ്രനെന്നോ വ്യത്യാസം ഉണ്ടായിക്കൂടാ. ധനികനായതു കൊണ്ട് അവന് ദോഷം വരുത്താം- അല്ലെങ്കില്‍ അവനെ ഭയപ്പെടേണ്ടതാണ്- എന്നും, ദരിദ്രനായതുകൊണ്ട് അവന് ഗുണം വരുത്തേണ്ടതാണ്-അല്ലെങ്കില്‍ അവനെപ്പറ്റി ഗൗനിക്കേണ്ടതില്ല-എന്നു കരുതി നീതികേട് ചെയ്‌വാന്‍ പാടില്ല; എന്നൊക്കെയാണ് അല്ലാഹു ഈ വചനം മുഖേന കല്‍പ്പിക്കുന്നത്. സാക്ഷ്യം വഹിക്കുന്നതിലോ മറ്റോ സത്യത്തെ മറിച്ചു തിരിച്ചു അവതരിപ്പിക്കുകയോ, സത്യം തുറന്നുപറയാതെ ഒഴിഞ്ഞു മാറുകയോ ചെയ്താല്‍ അല്ലാഹു അതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നതാണ്- അതിനെപ്പറ്റി തക്ക നടപടി എടുക്കുക തന്നെ ചെയ്യും- എന്ന് താക്കീതും നല്‍കുന്നു.
ഖൈബര്‍ യുദ്ധത്തെത്തുടര്‍ന്നു യഹൂദികളില്‍ നിന്ന് ലഭിച്ചിരുന്ന വസ്തുവകകളുടെ ആദായം പിരിച്ചെടുക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അബ്ദുല്ലാഹിബ്‌നു റവാഹത്ത് (റ)നെ അയച്ചിരുന്നപ്പോള്‍, തങ്ങള്‍ നല്‍കേണ്ടിയിരുന്ന തുകയില്‍ ഇളവ് നല്‍കുവാന്‍ വേണ്ടി അവര്‍അദ്ദേഹത്തിന് കൈക്കുലി കൊടുക്കുവാന്‍ ശ്രമിക്കുകയുണ്ടായി. അപ്പോള്‍ ആ മഹാന്‍ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘അല്ലാഹു തന്നെയാണ,സൃഷ്ടികളില്‍ വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ- അടുക്കല്‍ നിന്നാണ് ഞാന്‍ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. നിങ്ങളാകട്ടെ, എന്‍റെ അടുക്കല്‍ കുരങ്ങുകളെയും പന്നികളെയുംകാള്‍ അധികം വെറുക്കപ്പെട്ടവരുമാകുന്നു: എന്നാലും അദ്ദേഹത്തോടുളള സ്‌നേഹവും, നിങ്ങളോടുളള വെറുപ്പും നിങ്ങളില്‍ നീതിപാലിക്കാതിരിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുകയില്ല’. ഇതു കേട്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇത് (നീതി) കൊണ്ടുതന്നെയാണ് ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നതും’. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ആവശ്യത്തിനുമുമ്പ് തന്നെ സാക്ഷ്യം നിറവേറ്റുന്നവനാണ്സാക്ഷികളില്‍ വെച്ച് ഉത്തമന്‍’. (മു.) ഏറ്റെടുത്ത സാക്ഷ്യം നിര്‍വഹിക്കുവാന്‍ മടികൂടാതെ മുന്നോട്ടു വരുന്നവനെ ഉദ്ദേശിച്ചാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നത്.
- يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلْكِتَـٰبِ ٱلَّذِى نَزَّلَ عَلَىٰ رَسُولِهِۦ وَٱلْكِتَـٰبِ ٱلَّذِىٓ أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْـَٔاخِرِ فَقَدْ ضَلَّ ضَلَـٰلًۢا بَعِيدًا ﴾١٣٦﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ റസൂലിലും വിശ്വസിക്കുവിന്‍; അവന്‍തന്‍റെ റസൂലിന്‍റെ മേല്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും, അവന്‍ മുമ്പ് ഇറക്കിയിട്ടുളള ഗ്രന്ഥത്തിലും (വിശ്വസിക്കുവിന്‍) ആര്‍, അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ (വേദ) ഗ്രന്ഥങ്ങളിലും, അവന്‍റെ റസൂലുകളിലും, അന്ത്യ ദിനത്തിലും അവിശ്വസിക്കുന്നുവോ, അവന്‍, തീര്‍ച്ചയായും വിദൂരമായ വഴിപ്പിഴവ് പിഴച്ചുപോയി!
- يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ آمِنُوا നിങ്ങള്‍ വിശ്വസിക്കുവിന്‍ بِاللَّهِ അല്ലാഹുവില്‍ وَرَسُولِهِ അവന്‍റെ റസൂലിലും وَالْكِتَابِ ഗ്രന്ഥത്തിലും الَّذِي نَزَّلَ അവന്‍ അവതരിപ്പിച്ച عَلَىٰ رَسُولِهِ അവന്‍റെ റസൂലിന്‍റെ മേല്‍ وَالْكِتَابِ യാതൊരു ഗ്രന്ഥത്തിലും الَّذِي أَنزَلَ അവന്‍ ഇറക്കിയ مِن قَبْلُ മുമ്പ് وَمَن يَكْفُرْ ആര്‍ അവിശ്വസിക്കുന്നുവോ, ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം بِاللَّهِ അല്ലാഹുവില്‍ وَمَلَائِكَتِهِ അവന്‍റെ മലക്കുകളിലും وَكُتُبِهِ അവന്‍റെ ഗ്രന്ഥങ്ങളിലും وَرُسُلِهِ അവന്‍റെ റസൂലുകളിലും وَالْيَوْمِ الْآخِرِ അന്ത്യ ദിനത്തിലും فَقَدْ ضَلَّ എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു ضَلَالًا ഒരു വഴിപ്പിഴവ് بَعِيدًا വിദൂരമായ
ഇസ്‌ലാമിലെ വിശ്വാസ സിദ്ധാന്തങ്ങളില്‍ മൗലിക പ്രധാനമായ വിഷയങ്ങളും, മതസിദ്ധാന്തങ്ങളുടെയെല്ലാം കേന്ദ്ര പ്രധാനമായ വശങ്ങളും ഉള്‍ക്കൊളളുന്ന ഒരു വചനമാണിത്. ഈ വചനത്തില്‍ പ്രസ്താവിച്ച എല്ലാ കാര്യങ്ങളിലും പൂര്‍ണമായി വിശ്വസിക്കാത്ത ഒരാളും സത്യവിശ്വാസിയാകുകയില്ല തന്നെ. എന്നിരിക്കെ, സത്യവിശ്വാസികളെ സംബോധന ചെയ്തുകൊണ്ട് അല്ലാഹുവിലും ക്വുര്‍ആനിലും മുന്‍വേദ ഗ്രന്ഥങ്ങളിലും വിശ്വസിക്കണമെന്ന് പറയുന്നതിന്‍റെ താല്‍പര്യം, ആ വിശ്വാസം കൈവിടാതെ, അതിനെ സുദൃഢമാക്കിത്തീര്‍ക്കുകയും, ആ അടിസ്ഥാനത്തില്‍ ജീവിച്ചു പോരുകയും വേണമെന്നാകുന്നു. അവന്‍റെ റസൂല്‍ എന്ന് പറഞ്ഞത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ചും, അദ്ദേഹത്തിന്‍റെ മേല്‍ അവതരിപ്പിച്ചത് എന്ന് പറഞ്ഞത് ക്വുര്‍ആനെ ഉദ്ദേശിച്ചുമാണ്. തൗറാത്തും ഇന്‍ജീലും അടക്കമുളള എല്ലാ വേദ ഗ്രന്ഥങ്ങളും ‘മുമ്പ് ഇറക്കിയതി’ലും ഉള്‍പ്പെടുന്നു.
- إِنَّ ٱلَّذِينَ ءَامَنُوا۟ ثُمَّ كَفَرُوا۟ ثُمَّ ءَامَنُوا۟ ثُمَّ كَفَرُوا۟ ثُمَّ ٱزْدَادُوا۟ كُفْرًا لَّمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ سَبِيلًۢا ﴾١٣٧﴿
- നിശ്ചയമായും, വിശ്വസിക്കുകയും, പിന്നെ അവിശ്വസിക്കുകയും, പിന്നെയും വിശ്വസിക്കുകയും, പിന്നീട് അവിശ്വസിക്കുകയും, പിന്നെ അവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തിട്ടുളളവര്‍, അവര്‍ക്ക് അല്ലാഹുപൊറുത്തു കൊടുക്കുകയേ ഇല്ല. അവരെ (അവന്‍) നേരായ വഴിയില്‍ചേര്‍ക്കുകയാവട്ടെ (ചെയ്ക) ഇല്ല.
- إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു, വിശ്വസിച്ച ثُمَّ كَفَرُوا പിന്നെ അവര്‍ അവിശ്വസിച്ചു ثُمَّ آمَنُوا പിന്നീട് വിശ്വസിച്ചു ثُمَّ كَفَرُوا പിന്നെ(യും) അവിശ്വസിച്ചു ثُمَّ ازْدَادُوا പിന്നെ അവര്‍ വര്‍ദ്ധിച്ചു, ഏറി كُفْرًا അവിശ്വാസം (അവിശ്വാസത്തില്‍) لَّمْ يَكُنِ اللَّهُ അല്ലാഹു ഇല്ല, ആകുകയില്ല لِيَغْفِرَ പൊറുക്കുവാന്‍ (പൊറുക്കുകയേ ഇല്ല) لَهُمْ അവര്‍ക്ക് وَلَا لِيَهْدِيَهُمْ അവരെ ചേര്‍ക്കുവാനും (നയിക്കുവാനും- കാണിച്ചു കൊടുക്കുവാനും) ഇല്ല سَبِيلًا വഴി, മാര്‍ഗം
- بَشِّرِ ٱلْمُنَـٰفِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا ﴾١٣٨﴿
- കപടവിശ്വാസികളെ അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടെന്ന് നീ സന്തോഷവാര്‍ത്ത അറിയിച്ചു കൊളളുക.
- بَشِّرِ നീ സന്തോഷവാര്‍ത്ത അറിയിക്കുക الْمُنَافِقِينَ കപടവിശ്വാസികള്‍ക്ക് بِأَنَّ لَهُمْ അവര്‍ക്കുണ്ടെന്ന് عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ
- ٱلَّذِينَ يَتَّخِذُونَ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ ٱلْعِزَّةَ فَإِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا ﴾١٣٩﴿
- അതായത് , സത്യവിശ്വാസികളെകൂടാതെ അവിശ്വാസികളെ മിത്രങ്ങ(ളാക്കി സ്വീകരി)ക്കുന്നവരെ. അവര്‍ അവരുടെ [അവിശ്വാസികളുടെ] അടുക്കല്‍ പ്രതാപം തേടുകയാണോ?! എന്നാല്‍ നിശ്ചയമായും പ്രതാപം മുഴുവനും (ഉളളത്) അല്ലാഹുവിനാകുന്നു. [ഇതവര്‍ ഓര്‍ത്തിരിക്കട്ടെ]
- الَّذِينَ (അതായത്) യാതൊരു കൂട്ടര്‍ يَتَّخِذُونَ ആക്കുന്ന, അവര്‍ സ്വീകരിക്കും الْكَافِرِينَ അവിശ്വാസികളെ أَوْلِيَاءَ മിത്രങ്ങള്‍, ബന്ധുക്കള്‍, കാര്യകര്‍ത്താക്കള്‍ مِن دُونِ കൂടാതെ, അല്ലാതെ الْمُؤْمِنِينَ സത്യവിശ്വാസികളെ أَيَبْتَغُونَ അവര്‍ തേടുകയോ, അന്വേഷിക്കുകയാണോ عِندَهُمُ അവരുടെ അടുക്കല്‍ الْعِزَّةَ പ്രതാപം, വീര്യം فَإِنَّ الْعِزَّةَ എന്നാല്‍ നിശ്ചയമായും പ്രതാപം لِلَّهِ അല്ലാഹുവിനാണ് جَمِيعًا മുഴുവനും
അവസരവാദികളും, സമയത്തിനൊത്ത് നിറം മാറുന്നവരുമായ കപടവിശ്വാസികളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. സത്യം ഗ്രഹിച്ചു ഹൃദയത്തില്‍ വിശ്വാസം വന്നതുകൊണ്ടല്ല അവിശ്വാസികളായി ചമയുന്നത്. താല്‍ക്കാലികമായ വല്ല കാര്യലാഭത്തെയും മുന്‍നിര്‍ത്തി നാവുകൊണ്ട് സത്യവിശ്വാസം രേഖപ്പെടുത്തി മുസ്‌ലിമാകും. മറിച്ചൊരവസരം വരുമ്പോള്‍ പഴയ അവിശ്വാസത്തിലേക്ക് തന്നെ മടങ്ങും. അവസരം മാറുമ്പോള്‍വീണ്ടും ഇതാവര്‍ത്തിക്കുകയും ചെയ്യും. ഇതാണവരുടെ പതിവ്. ഇങ്ങനെയുളളവര്‍ അതില്‍നിന്ന് ഖേദിച്ചു മടങ്ങുകയും, നിഷ്‌കളങ്കവും യഥാര്‍ത്ഥവുമായ വിശ്വാസം സ്വീകരിക്കുകയും ചെയ്യാത്ത കാലത്തോളം ഒരിക്കലും അവര്‍ക്ക് പൊറുത്തു കൊടുക്കുകയോ, അവരെ സന്‍മാര്‍ഗത്തിലാക്കുകയോ ചെയ്യുകയില്ല എന്ന് അല്ലാഹു ഉറപ്പിച്ചു പറയുന്നു. അവിശ്വാസത്തിലേക്കുള്ള മടക്കം ചിലപ്പോള്‍ പരസ്യമായിത്തന്നെ അവര്‍ പ്രകടിപ്പിച്ചെന്നു വരാം. ചിലപ്പോള്‍ അത് പ്രവര്‍ത്തനങ്ങളിലൂടെ മാത്രമായിരിക്കും. രണ്ടായാലും അവരുടെ കൂട്ടുകെട്ടും ആഭിമുഖ്യവും അവിശ്വാസികളോടായിരിക്കും. അവരുടെ ദൃഷ്ടിയില്‍ അവിടെയായിരിക്കും തല്‍ക്കാലം ബാഹ്യമായ പ്രതാപവും സ്വാധീനവും അവര്‍ കാണുന്നത്. അതാണവരുടെ ഈ അസ്ഥിരതക്കു കാരണം. എന്നാല്‍ – പ്രതാപമാണവരുടെ ആവശ്യമെങ്കില്‍ – അത് തേടിപ്പോകേണ്ടത് അവിശ്വാസികളുടെ അടുക്കലേക്കല്ല. അല്ലാഹുവിന്‍റെ അടുക്കലേക്കാണ്. അഥവാ അവര്‍ യഥാര്‍ത്ഥ വിശ്വാസികളായിത്തീരുകയാണ് അതിനുളള മാര്‍ഗം എന്ന് അല്ലാഹു അവരെ ഉണര്‍ത്തുന്നു. ‘അവര്‍ക്ക്ശിക്ഷയെ കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുക’ എന്ന വാക്ക് പരിഹാസ രൂപത്തിലുളള ഒരു പ്രയോഗമത്രെ. അഥവാ അവരോട് വല്ല സന്തോഷവാര്‍ത്തയും അറിയിക്കുവാനുണ്ടെങ്കില്‍ അത് ശിക്ഷയെ കുറിച്ചു മാത്രമാണെന്ന അര്‍ത്ഥത്തില്‍ ശക്തിയായ ഒരു താക്കീതാണത്.
- وَقَدْ نَزَّلَ عَلَيْكُمْ فِى ٱلْكِتَـٰبِ أَنْ إِذَا سَمِعْتُمْ ءَايَـٰتِ ٱللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا۟ مَعَهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦٓ ۚ إِنَّكُمْ إِذًا مِّثْلُهُمْ ۗ إِنَّ ٱللَّهَ جَامِعُ ٱلْمُنَـٰفِقِينَ وَٱلْكَـٰفِرِينَ فِى جَهَنَّمَ جَمِيعًا ﴾١٤٠﴿
- (വേദ) ഗ്രന്ഥത്തില്‍ അവന്‍നിങ്ങളുടെ മേല്‍ ഇറക്കിയിട്ടുണ്ടല്ലോ, അല്ലാഹുവിന്‍റെ 'ആയത്തു' [വചനം]കളെ അതില്‍ അവിശ്വസിക്കപ്പെടുന്നതായും, അതിനെപ്പറ്റി പരിഹാസം കൊളളുന്നതായും നിങ്ങള്‍ കേട്ടാല്‍, അവരുടെ കൂടെ നിങ്ങള്‍ ഇരിക്കരുതെന്ന്, അവര്‍ അതല്ലാത്ത (വേറെ) ഒരു വര്‍ത്തമാനത്തില്‍ ഏര്‍പ്പെടുന്നതു വരേക്കും. അപ്പോള്‍ [അങ്ങിനെ ചെയ്താല്‍]നിശ്ചയമായും , നിങ്ങള്‍ അവരെപ്പോലെ (ത്തന്നെ) യായിരിക്കും. നിശ്ചയമായും അല്ലാഹു കപടവിശ്വാസികളെയും, അവിശ്വാസികളെയും മുഴുവന്‍ ജഹന്നമില്‍ [നരകത്തില്‍]ഒരുമിച്ചു കൂട്ടുന്നവനാകുന്നു.
- وَقَدْ نَزَّلَ അവന്‍ ഇറക്കിയിട്ടുമുണ്ട്, ഇറക്കിയിട്ടുണ്ടല്ലോ عَلَيْكُمْ നിങ്ങളുടെമേല്‍, നിങ്ങള്‍ക്ക് فِي الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ أَنْ إِذَا അതായത്, എന്ന് سَمِعْتُمْ നിങ്ങള്‍ കേട്ടാല്‍ آيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്തുകളെ يُكْفَرُ بِهَا അതില്‍ (അവയില്‍) അവിശ്വസിക്കപ്പെടുന്നതായി وَيُسْتَهْزَأُ بِهَا അതിനെപ്പറ്റി പരിഹാസം കൊളളുന്ന തായും, അത് പരിഹസിക്കപ്പെടുന്നതായും فَلَا تَقْعُدُوا എന്നാല്‍ നിങ്ങള്‍ ഇരിക്കരുത് (എന്ന്) مَعَهُمْ അവരോടുകൂടെ حَتَّىٰ يَخُوضُوا അവര്‍ ഏര്‍പ്പെടുന്നത് (പ്രവേശിക്കും) വരെ فِي حَدِيثٍ ഒരു വര്‍ത്തമാനത്തില്‍ غَيْرِهِ അതല്ലാത്ത (വേറെ) إِنَّكُمْ إِذًا നിശ്ചയമായും അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ مِّثْلُهُمْ അവരെപ്പോലെയാണ് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു جَامِعُ ഒരുമിച്ചുകൂട്ടുന്നവനാണ് الْمُنَافِقِينَ കപടവിശ്വാസികളെ وَالْكَافِرِينَ അവിശ്വാസികളെയും فِي جَهَنَّمَ ജഹന്നമില്‍ جَمِيعًا മുഴുവനും, എല്ലാവരെയും
കപടവിശ്വാസികളുടെ മിത്രങ്ങളും ബന്ധുക്കളും അവിശ്വാസികളാണെന്ന് പറഞ്ഞുവല്ലോ. അവിശ്വാസികളാവട്ടെ, അല്ലാഹുവിന്‍റെ വചനങ്ങളും ലക്ഷ്യങ്ങളുമാകുന്ന ആയത്തുകളെ നിഷേധിക്കലും, പരിഹസിക്കലും, വിമര്‍ശിക്കലും അവരുടെ പതിവാണുതാനും. അങ്ങിനെ വല്ലവരും ചെയ്യുന്നത് കണ്ടാല്‍, അവര്‍ ആ വിഷയം മാറ്റി മറ്റു വിഷയങ്ങളില്‍ പ്രവേശിക്കുന്നതുവരെ അവരൊന്നിച്ചു സത്യവിശ്വാസികള്‍ ഇരിക്കുകയും, അവരുടെകൂട്ടത്തില്‍ സഹകരിക്കുകയും ചെയ്യരുതെന്ന് മുമ്പ് തന്നെ അല്ലാഹു ക്വുര്‍ആനില്‍– അതേ, മക്കീ സൂറഃയായ അന്‍ആം 68ല്‍- വിരോധിച്ചിട്ടുളളതാണ്. എന്നിട്ട് പിന്നെയും തങ്ങള്‍ സത്യവിശ്വാസികളാണെന്ന് വാദിക്കുന്ന അവര്‍ അതോടൊപ്പം അവരൊന്നിച്ചു പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്തു വരുന്നതിനെക്കുറിച്ചുളള ആക്ഷേപമാണിത്. ഇതിന്‍റെ അര്‍ത്ഥം അവര്‍ രണ്ടുകൂട്ടരും ഒരേ നിലപാടുകാരാണ് എന്നാണല്ലോ. അതുകൊണ്ട് ഇതുപോലെയുളള വിഷയങ്ങളില്‍ രണ്ടുകൂട്ടരും ഒന്നിച്ചു പങ്കെടുക്കുന്നത് പോലെത്തന്നെ, പരലോകത്ത് നരകത്തിലും അവര്‍ ഇരുകൂട്ടരും ഒന്നിച്ചു ശിക്ഷിക്കപ്പെടുമെന്ന് അല്ലാഹു അവരെ താക്കീത് ചെയ്യുന്നു.
മക്കീ സൂറത്തുകളില്‍പ്പെട്ടതാണ് അന്‍ആം. ഈ സൂറത്ത് മദനിയാണ്. അപ്പോള്‍, നേരെത്തത്തന്നെ സത്യവിശ്വാസികളെ മുടക്കിയിട്ടുളള വിഷയമാണിത് എന്ന് വ്യക്തമാണ്. അവിടെ അല്ലാഹു പറഞ്ഞതിന്‍റെ സാരം ഇതാകുന്നു: ‘നമ്മുടെ ആയത്തുകളില്‍ മുഴുകി കുഴപ്പമുണ്ടാക്കുന്നവരെ കണ്ടാല്‍, അവര്‍ മറ്റൊരു വിഷയത്തില്‍ മുഴുകുന്നതുവരെ അവരില്‍നിന്ന് വിട്ടുനില്‍ക്കണം. മറന്നുകൊണ്ട് അങ്ങിനെ വന്നുപോയാല്‍, ഓര്‍മ വന്നശേഷം പിന്നെ ഇരിക്കരുത്, സത്യവിശ്വാസികള്‍ വളരെ മനസ്സിരുത്തേണ്ട ഒരുതത്വമാണ് ഈ വചനത്തില്‍ അടങ്ങിയിരിക്കുന്നത്. മതപ്രമാണങ്ങളും മതസിദ്ധാന്തങ്ങളും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് പുതിയ തത്വ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെടുകയോ, മതമൂല്യങ്ങളും നിയമങ്ങളും പരിഹാസ്യവും പഴഞ്ചനുമായി ചിത്രീകരിക്കപ്പെടുകയോ ചെയ്യുന്ന സദസ്സുകളില്‍ പങ്കെടുക്കുന്നതും, അത്തരം പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതും, അത്തരം ഗ്രന്ഥങ്ങളും സാഹിത്യങ്ങളും വായിച്ചു കൊണ്ടിരിക്കുന്നതുമെല്ലാം– ഈ വചനത്തിന്‍റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ -തീര്‍ച്ചയായും വര്‍ജ്ജിക്കപ്പെടേണ്ടതാണെന്ന് കാണാം. മതത്തില്‍ വേണ്ടത്ര അറിവും അടിയുറപ്പും സിദ്ധിച്ചിട്ടില്ലാത്തവര്‍ സത്യത്തില്‍ നിന്ന് അകന്നു വഴി പിഴച്ചു പോകുകയായിരിക്കും അതിന്‍റെ ഫലം. വസ്തുനിഷ്ഠമായും കാര്യക്ഷമമായും വിഷയങ്ങളെപ്പറ്റി ചിന്തിച്ചറിയുവാന്‍ അവര്‍ക്ക് കഴിയുകയില്ലല്ലോ. ചുരുങ്ങിയപക്ഷം, അത്തരം മതദ്രോഹികള്‍ക്ക് പ്രോത്സാഹനം നല്‍കലും, അവരുടെ സംരംഭങ്ങളില്‍ അവരെ സഹായിക്കലുമായിരിക്കും അത്. അവരില്‍ നിന്ന് അകന്നു നില്‍ക്കുന്നത് തന്നെ അവരോടുളള പ്രതിഷേധവുമായിരിക്കും. നിങ്ങള്‍ അവരോട് കൂടെ ഇരുന്നാല്‍ നിങ്ങളും അവരെപ്പോലെത്തന്നെയാണ് എന്ന് അല്ലാഹു പറഞ്ഞ വാക്കിന്‍റെ ഗൗരവം ഒന്നാലോചിച്ചു നോക്കുക!
അതേസമയത്ത് ഇസ്‌ലാമിന്‍റെ പ്രമാണങ്ങളെയും സിദ്ധാന്തങ്ങളെയും സംബന്ധിച്ചു അറിവും പരിചയവുമുളള വ്യക്തികള്‍ അവ കഴിവതും വീക്ഷിച്ചും മനസ്സിരുത്തിയും വരേണ്ടതും, അതിനെതിരില്‍ സത്യാവസ്ഥ തുറന്നു കാണിക്കുവാന്‍ ശ്രമിക്കേണ്ടതുമാണ് താനും. ‘എല്ലാവരും പറയുന്നത് കേള്‍ക്കണം, എന്നിട്ട് അതില്‍ നിന്ന് സത്യം തിരഞ്ഞെടുക്കണം, അതാണ് വിവേകം ‘. എന്നൊക്കെ പറഞ്ഞു എല്ലാ മതദ്രോഹികളുടെയും പിഴച്ചകക്ഷികളുടെയും പ്രസംഗങ്ങളും പ്രസ്താവനകളും കേള്‍ക്കുവാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഈ വാക്കുകള്‍ പ്രത്യക്ഷത്തില്‍ ആകര്‍ഷകമായി തോന്നുമെങ്കിലും മുന്‍കൂട്ടി സത്യാവസ്ഥ മനസ്സിലാക്കിയിട്ടില്ലാത്ത സാധാരണക്കാരില്‍ അത് ഗുണത്തെക്കാളേറെ ദോഷമായിരിക്കും വരുത്തുക. (ഇതു സംബന്ധിച്ചു അന്‍ആം 68-70ല്‍ വെച്ച് വീണ്ടും നമുക്കു സംസാരിക്കാം إِن شَاءَ اللَّهُ അല്ലാഹു തുടരുന്നു:
- ٱلَّذِينَ يَتَرَبَّصُونَ بِكُمْ فَإِن كَانَ لَكُمْ فَتْحٌ مِّنَ ٱللَّهِ قَالُوٓا۟ أَلَمْ نَكُن مَّعَكُمْ وَإِن كَانَ لِلْكَـٰفِرِينَ نَصِيبٌ قَالُوٓا۟ أَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُم مِّنَ ٱلْمُؤْمِنِينَ ۚ فَٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَـٰمَةِ ۗ وَلَن يَجْعَلَ ٱللَّهُ لِلْكَـٰفِرِينَ عَلَى ٱلْمُؤْمِنِينَ سَبِيلًا ﴾١٤١﴿
- നിങ്ങളെപ്പറ്റി കാത്തുകൊണ്ടിരിക്കുന്നവരത്രെ (ആ കപടന്‍മാര്‍), എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് വല്ല തുറവിയും [വിജയവും] ഉണ്ടായെങ്കില്‍ അവര്‍പറയും; 'ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ! 'അവിശ്വാസികള്‍ക്ക് വല്ല പങ്കും ഉണ്ടായെങ്കിലാകട്ടെ, അവര്‍ പറയും: 'ഞങ്ങള്‍ നിങ്ങളുടെ മേല്‍ സ്വാധീനംനേടുകയും, (അതോടുകൂടി) വിശ്വാസികളില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷപ്പെടുത്തുകയും ചെയ്തില്ലേ! 'എന്നാല്‍, (ഹേ, കൂട്ടരേ,) ക്വിയാമത്തുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധിക്കുന്നതാണ്. അവിശ്വാസികള്‍ക്ക് സത്യവിശ്വാസികളുടെ മേല്‍ഒരു മാര്‍ഗവും അല്ലാഹു ഉണ്ടാക്കിക്കൊടുക്കുന്നതേയല്ല.
- الَّذِينَ യാതൊരുകൂട്ടരാണ് يَتَرَبَّصُونَ അവര്‍ കാത്തിരിക്കുന്നു, പ്രതീക്ഷിക്കുന്നു بِكُمْ നിങ്ങളെപ്പറ്റി, നിങ്ങളില്‍ فَإِن كَانَ എന്നാല്‍ (എന്നിട്ട്) ഉണ്ടായാല്‍ لَكُمْ നിങ്ങള്‍ക്ക് فَتْحٌ ഒരു തുറവി, വല്ല വിജയവും مِّنَ اللَّهِ അല്ലാഹുവില്‍ നിന്ന് قَالُوا അവര്‍ പറയും, പറയുകയായി أَلَمْ نَكُن ഞങ്ങള്‍ ആയിരുന്നില്ലേ , ഉണ്ടായിരുന്നില്ലേ مَّعَكُمْ നിങ്ങളുടെ കൂടെ وَإِن كَانَ ഉണ്ടായാലാകട്ടെ لِلْكَافِرِينَ അവിശ്വാസികള്‍ക്ക് نَصِيبٌ ഒരംശം, വല്ല പങ്കും, ഓഹരി قَالُوا അവര്‍ പറയും أَلَمْ نَسْتَحْوِذْ ഞങ്ങള്‍ സ്വാധീനം നേടിയില്ലേ, അധികാരം (ശക്തി) പ്രാപിച്ചില്ലേ عَلَيْكُمْ നിങ്ങളുടെ മേല്‍ (എതിരെ) وَنَمْنَعْكُم നിങ്ങളെ ഞങ്ങള്‍ തടയുക (രക്ഷിക്കുക)യും ചെയ്തില്ലേ مِّنَ الْمُؤْمِنِينَ വിശ്വാസികളില്‍ നിന്ന് فَاللَّهُ എന്നാല്‍ അല്ലാഹു يَحْكُمُ വിധിക്കും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ يَوْمَ الْقِيَامَةِ ക്വിയാമത്ത് നാളില്‍ وَلَن يَجْعَلَ ആക്കുക (ഉണ്ടാക്കുക)യേ ഇല്ല اللَّهُ അല്ലാഹു لِلْكَافِرِينَ അവിശ്വാസികള്‍ക്ക് عَلَى الْمُؤْمِنِينَ വിശ്വാസികളുടെ മേല്‍ (എതിരെ) سَبِيلًا ഒരു മാര്‍ഗം, ഒരു വഴിയും
കപടവിശ്വാസികളുടെ വേറൊരു സ്വഭാവമാണ് അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സത്യവിശ്വാസികള്‍ക്ക് എന്തൊക്കെ ആപത്ത് സംഭവിക്കാന്‍ പോകുന്നുവെന്നായിരിക്കും അവരുടെ കാത്തിരിപ്പ്. അതേസമയം സത്യവിശ്വാസികള്‍ക്ക് വല്ല വിജയമോനേട്ടമോ കൈവരുമ്പോള്‍, നമ്മളൊക്കെ ഒന്നല്ലേ, ഞങ്ങളും മുസ്‌ലിംകളാണല്ലോ, ഞങ്ങള്‍ക്കും അതില്‍ അവകാശവും പങ്കും ഉണ്ടല്ലോ എന്നിങ്ങനെ സമര്‍ത്ഥിച്ചുകൊണ്ട് അതില്‍ ഭാഗഭാക്കാകുവാന്‍ ശ്രമിക്കുകയും ചെയ്യും. നേരെ മറിച്ച്– ഉഹ്ദില്‍ സംഭവിച്ചതു പോലെ- വല്ലപ്പോഴും അവിശ്വാസികള്‍ക്ക് എന്തെങ്കിലും നേട്ടമോ വിജയമൊ ലഭിച്ചുവെങ്കില്‍ ഭാവം മാറ്റി അവരെ പറ്റിക്കൂടുകയും ചെയ്യും. വേണമെങ്കില്‍ ഞങ്ങള്‍ക്ക് മുസ്‌ലിംകളെ സഹായിച്ചു കൊണ്ട് നിങ്ങളെ പരാജയപ്പെടുത്തുവാന്‍ അവസരവും കഴിവുമുണ്ടായിരുന്നു. അതിന് തുനിയാതെ അവരുമായി നിസ്സഹകരിക്കുകയും, നിങ്ങള്‍ക്കു അവരില്‍നിന്ന് രക്ഷ കിട്ടുവാന്‍ വഴിവെക്കുകയുമാണ് ഞങ്ങള്‍ ചെയ്തത്. അതുകൊണ്ട് നിങ്ങളുടെ നേട്ടങ്ങളില്‍ ഞങ്ങള്‍ക്കും പങ്ക് ലഭിക്കേണ്ടതാണ് എന്നൊക്കെയായിരിക്കും അപ്പോഴത്തെ സമര്‍ത്ഥന രീതി. തല്‍ക്കാലം അവരുടെ മേല്‍ ശിക്ഷാനടപടിയൊന്നും എടുക്കുന്നില്ലെങ്കിലും ക്വിയാമത്ത് നാളില്‍ തക്ക നടപടി എടുക്കുക തന്നെ ചെയ്യുമെന്നും, അവര്‍ വിചാരിക്കുന്നതുപോലെ സത്യവിശ്വാസികളെ പരാജയപ്പെടുത്തി കീഴടക്കുവാനുളള അവസരം അല്ലാഹു അവര്‍ക്ക് ഒരിക്കലും നല്‍കുകയില്ലെന്നും അല്ലാഹു അവരെ ഓര്‍മിപ്പിക്കുന്നു.
وَلَنْ يَجْعَلَ الَّله لِلْكَافِرِينَ (വിശ്വാസികളുടെ മേല്‍ അവിശ്വാസികള്‍ക്ക് അല്ലാഹു ഒരു മാര്‍ഗവും ഉണ്ടാക്കിക്കൊടുകയില്ല തന്നെ) എന്ന വാക്യത്തിന്‍റെ താല്‍പര്യം ഒന്നിലധികം പ്രകാരത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു:
(1) സത്യവിശ്വാസികളെ നശിപ്പിച്ചു നാമാവശേഷമാക്കുവാന്‍ അവിശ്വാസികള്‍ക്ക് ഒരിക്കലും സാധ്യമല്ല.
(2) തെളിവുകളും ലക്ഷ്യങ്ങളും മുഖേന സത്യവിശ്വാസികളെ പരാജയപ്പെടുത്തുവാന്‍ അവര്‍ക്ക് കഴിയുകയില്ല.
(3) ക്വിയാമത്ത് നാളില്‍ സത്യവിശ്വാസികളെ കവച്ചുവെക്കുവാനും, അവര്‍ക്കെതിരില്‍ഭാഗ്യം വരിക്കുവാനും അവര്‍ക്ക് സാധിക്കയില്ല
(4) മുസ്‌ലിംകള്‍ യഥാര്‍ത്ഥ സത്യവിശ്വാസികളായി ഉറച്ചു നില്‍ക്കുന്ന കാലത്തോളം അവിശ്വാസികള്‍ക്ക് അവരെ കീഴൊതുക്കി വെക്കുവാന്‍ കഴിയുകയില്ല. ഈ വ്യാഖ്യാനങ്ങളെല്ലാം തന്നെ ആ വാക്യത്തിന്‍റെ അര്‍ത്ഥ വ്യാപ്തിക്കുളളില്‍ ഒതുങ്ങി നില്‍ക്കുന്നതും, പരസ്പരം വിയോജിപ്പില്ലാത്തതുമാകുന്നു.