വിഭാഗം - 2

4:11
  • يُوصِيكُمُ ٱللَّهُ فِىٓ أَوْلَـٰدِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۚ فَإِن كُنَّ نِسَآءً فَوْقَ ٱثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَٰحِدَةً فَلَهَا ٱلنِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُۥ وَلَدٌ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُ ۚ فَإِن كَانَ لَهُۥٓ إِخْوَةٌ فَلِأُمِّهِ ٱلسُّدُسُ ۚ مِنۢ بَعْدِ وَصِيَّةٍ يُوصِى بِهَآ أَوْ دَيْنٍ ۗ ءَابَآؤُكُمْ وَأَبْنَآؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِّنَ ٱللَّهِ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا ﴾١١﴿
  • നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് 'വസ്വിയ്യത്ത്' ചെയ്യുന്നു: ആണിന് രണ്ടു പെണ്ണിന്‍റെ ഓഹരിക്ക് തുല്യമായതുണ്ട് എന്ന്. എന്നാല്‍, അവര്‍ രണ്ടിനുമീതെ സ്ത്രീകളായിരുന്നാല്‍ അവര്‍ക്ക് അവന്‍ [മരണപ്പെട്ട ആള്‍] വിട്ടേച്ചു പോയതിന്‍റെ മൂന്നില്‍ രണ്ടംശമുണ്ടായിരിക്കും. അവള്‍ [മകള്‍] ഒരുവളാണെങ്കില്‍ അവള്‍ക്കു പകുതിയുമുണ്ട്; അവനു [മരണപ്പെട്ടവനു] സന്താനമുണ്ടായിരുന്നാല്‍, അവന്‍ വിട്ടുപോയതില്‍ നിന്ന് അവന്‍റെ മാതാപിതാക്കള്‍ക്ക് - അവരില്‍ ഓരോരുത്തര്‍ക്കും - ആറിലൊന്നുമുണ്ടായിരിക്കും, എനി, അവനു സന്താനമില്ലാതിരി ക്കുകയും, അവന്‍റെ മാതാപിതാക്കള്‍ (മാത്രം) അവനെ അനന്തരമെടുക്കുകയും ചെയ്യുന്ന പക്ഷം, അവന്‍റെ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. എന്നാല്‍, അവന് സഹോദരങ്ങള്‍ ഉണ്ടാ യിരുന്നാല്‍, അവന്‍റെ മാതാവിന് ആറിലൊന്നായിരിക്കും. അവന്‍ ചെയ്യുന്ന 'വസ്വിയ്യത്തി 'ന്‍റെയോ, കടത്തിന്‍റെയോ ശേഷമത്രെ (ഇതെല്ലാം). നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ മക്കളും - ഇവരില്‍ ഏതാളാണ് ഉപകാരത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളവരെന്ന് നിങ്ങള്‍ക്ക് അറിയുകയില്ല. (അതെ) അല്ലാഹുവിങ്കല്‍നിന്ന് (നിശ്ചയിച്ചിട്ടു)ള്ള ഓഹരി നിര്‍ണയം (തന്നെ)! നിശ്ചയമായും, അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
  • يُوصِيكُمُ നിങ്ങളോടു വസ്വിയ്യത്ത് ചെയ്യുന്നു (കാര്യമായി ഉപദേശിക്കുന്നു) اللَّهُ അല്ലാഹു فِي أَوْلَادِكُمْ നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ لِلذَّكَرِ ആണിനുണ്ട് مِثْلُ പോലെ തുല്യമായത് حَظِّ അംശം, ഓഹരി الْأُنثَيَيْنِ രണ്ടുപെണ്ണിന്‍റെ فَإِن كُنَّ എനി (എന്നാല്‍) അവര്‍ ആയിരുന്നാല്‍ نِسَاءً സ്ത്രീകള്‍ فَوْقَ اثْنَتَيْنِ രണ്ടിനുമീതെ فَلَهُنَّ എന്നാലവര്‍ക്കുണ്ട് ثُلُثَا മൂന്നില്‍ രണ്ടു (അംശം) مَا تَرَكَ അവന്‍ വിട്ടു പോയതിന്റെ وَإِن كَانَتْ അവളായിരുന്നാല്‍ وَاحِدَةً ഒരുവള്‍, ഒരുത്തി فَلَهَا എന്നാല്‍ അവള്‍ക്കുണ്ട് النِّصْفُ പകുതി وَلِأَبَوَيْهِ അവന്‍റെ മാതാപിതാക്കള്‍ക്കുണ്ടായിരിക്കും لِكُلِّ وَاحِدٍ ഓരോരുത്തര്‍ക്കും مِّنْهُمَا അവര്‍ രണ്ടാളില്‍നിന്ന് السُّدُسُ ആറില്‍ ഒന്ന് مِمَّا تَرَكَ അവന്‍ വിട്ടുപോയതില്‍ നിന്ന് إِن كَانَ ഉണ്ടായിരുന്നാല്‍ لَهُ അവന് وَلَدٌ സന്താനം فَإِن لَّمْ يَكُن എനി ഇല്ലെങ്കില്‍, ഉണ്ടായിരുന്നില്ലെങ്കില്‍ لَّهُ وَلَدٌ അവന് സന്താനം وَوَرِثَهُ അവനെ അനന്തരമെടുക്കുകയും ചെയ്തു, അവന്ന് അവകാശിയാകുകയും ചെയ്തു أَبَوَاهُ അവന്‍റെ മാതാപിതാക്കള്‍ فَلِأُمِّهِ എന്നാലവന്‍റെ ഉമ്മക്കുണ്ട് الثُّلُثُ മുന്നിലൊന്ന് فَإِن كَانَ لَهُ എനി അവന്നുണ്ടായിരുന്നാല്‍ إِخْوَةٌ സഹോദരങ്ങള്‍ فَلِأُمِّهِ എന്നാലവന്‍റെ ഉമ്മക്കുണ്ട് السُّدُسُ ആറിലൊന്ന് مِن بَعْدِ ശേഷം, ശേഷമായിട്ട് وَصِيَّةٍ വസ്വിയ്യത്തിന്‍റെ يُوصِي അവന്‍ വസ്വിയ്യത്തു ചെയ്യുന്ന بِهَا അതിനെ, അതിനു, അതിനെപ്പറ്റി أَوْ دَيْنٍ അല്ലെങ്കില്‍ കടത്തിന്‍റെ آبَاؤُكُمْ നിങ്ങളുടെ പിതാക്കള്‍ وَأَبْنَاؤُكُمْ നിങ്ങളുടെ പുത്രന്മാരും, മക്കളും لَا تَدْرُونَ നിങ്ങള്‍(ക്കു) അറിയുകയില്ല أَيُّهُمْ അവരില്‍ ഏതാണു (ആര്‍) أَقْرَبُ لَكُمْ നിങ്ങള്‍ക്കു കൂടുതല്‍ അടുത്ത (സൗകര്യപ്പെടുന്ന)വര്‍ نَفْعًا ഉപകാരത്താല്‍, പ്രയോജനംകൊണ്ട് فَرِيضَةً مِّنَ اللَّهِ നിശ്ചിത (നിര്‍ണയിക്ക പ്പെട്ട) ഓഹരി, നിര്‍ബ്ബന്ധമായിട്ട് അല്ലാഹുവില്‍നിന്ന് إِنَّ اللَّهَ നിശ്ചയം അല്ലാഹു كَانَ ആകുന്നു, ആയിരിക്കുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍

ജാബിര്‍ (റ) പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെട്ട ഒരു ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു: സഅ്ദ്ബ്നു റുബയ്യിഅ് (سعد بن ربيع رَضِيَ اللهُ عَنْهُ)ന്റെ ഭാര്യ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, ഇതാ, ഇതു രണ്ടും സഅ്ദിന്‍റെ പുത്രികളാണ്. ഇവരുടെ പിതാവ് അവിടുത്തോടൊപ്പം ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുത്തു രക്തസാക്ഷിയായി കൊല്ലപ്പെട്ടു. ഇവരുടെ പിതൃവ്യന്‍ ഇവരുടെ സ്വത്ത് മുഴുവനും എടുത്തിരിക്കുന്നു. ഇവര്‍ക്കൊന്നും ബാക്കിവെച്ചില്ല. ഇവര്‍ക്ക് വല്ല സ്വത്തും ഉണ്ടായിരുന്നാലല്ലാതെ ഇവരെ ആരും വിവാഹം കഴിക്കുകയില്ല.’ അപ്പോള്‍, തിരുമേനി പറഞ്ഞു: ‘അല്ലാഹു അതില്‍ തീരുമാനമെടുത്തുകൊള്ളും’. അങ്ങനെ, അനന്തരാവ കാശത്തിന്‍റെ ആയത്ത് അവതരിച്ചു. അപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആ കുട്ടികളുടെ പിതൃവ്യന്‍റെ അടുക്കല്‍ ആളയച്ചു അദ്ദേഹത്തോട് പറഞ്ഞു: ‘സഅ്ദിന്‍റെ രണ്ടു പെണ്‍കുട്ടികള്‍ക്കും മൂന്നില്‍ രണ്ടംശവും, അവരുടെ മാതാവിനു എട്ടില്‍ ഒരംശവും കൊടുക്കണം. ബാക്കിയുള്ളത് തനിക്കാകുന്നു.’ (അ;ദാ;തി;ജ)

7-10 വചനങ്ങളില്‍ അനന്തരാവകാശത്തെ ബാധിക്കുന്ന പൊതുവായ പല തത്വ നിര്‍ദ്ദേശങ്ങളും നല്‍കിയ ശേഷം അതിന്‍റെ നിയമപരമായ വിശദീകരണം ഈ വചനം മുതല്‍ ആരംഭിക്കുന്നു. ഈ വചനം, അടുത്ത വചനം, സൂറത്തിലെ അവസാന വചനം എന്നീ മൂന്നു വചനങ്ങളിലായി അനന്തരാവകാശം സംബന്ധിച്ച എല്ലാ പ്രധാനനിയമ ങ്ങളും അല്ലാഹു വിവരിച്ചിരിക്കുന്നു. ഈ മൂന്ന് വചനങ്ങളെയും, ബന്ധപ്പെട്ട നബി വചനങ്ങളെയും അടിസ്ഥാനമാക്കി ക്രോഡീകരിക്കപ്പെട്ട അനര്‍ഘമായ ഒരു വിജ്ഞാനശാഖയത്രെ علم الفرائض (‘ഇല്‍മുല്‍ ഫറാഇദ് വ്’ – ഓഹരി നിര്‍ണയങ്ങളുടെ വിജ്ഞാനം) എന്ന പേരില്‍ അറിയപ്പെടുന്ന ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍. ഇസ്‌ലാമിലെ കര്‍മശാസ്ത്ര വിജ്ഞാനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗമാണിത്. ഇതിന്‍റെ പ്രത്യേക പ്രാധാന്യം സൂചിപ്പിക്കുന്ന ചില ഹദീഥുകളും കാണാം. പല മഹാന്മാരും ഈ വിഷയത്തില്‍ പ്രത്യേകം ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. ലോകത്ത് മറ്റേത് സമുദായത്തിന്‍റെ മുമ്പിലും മുസ്‌ലിംകള്‍ക്ക് അഭിമാനം കൊള്ളാവുന്ന ഒരു നിയമ സംഹി തയാണ് ‘ഇല്‍മുല്‍ ഫറാഇദ്വ്’. എന്നിരുന്നാലും ഇന്നത്തെ നമ്മുടെ മുസ്‌ലിം പണ്ഡിതന്മാരില്‍ ഈ വിഷയത്തില്‍ വേണ്ട പരിജ്ഞാനം നേടിയ വ്യക്തികള്‍ കുറവാണെന്ന യാഥാര്‍ത്ഥ്യം അത്യധികം വ്യസനത്തോടുകൂടി സമ്മതിക്കേണ്ടിയിരിക്കുന്നു. നിയമവശങ്ങള്‍ വിശദീകരിച്ചു വിവരിക്കുന്ന സ്ഥാനം കര്‍മശാസ്ത്ര ഗ്രന്ഥങ്ങളാകകൊണ്ട് ഈ വചനങ്ങളില്‍ വ്യക്തമായി പ്രസ്താവിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ചു മാത്രമെ നാമിവിടെ സംസാരിക്കേണ്ടതായുള്ളൂ. والله المفق

നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് ‘വസ്വിയ്യത്ത്’ ചെയ്യുന്നു (يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ) എന്ന് സദുപദേശ രൂപത്തില്‍ വളരെ ശക്തിയായി ഉണര്‍ത്തിക്കൊണ്ടാണ് അല്ലാഹു നിയമങ്ങള്‍ വിവരിക്കാന്‍ തുടങ്ങുന്നത്. വിഷയത്തിന്‍റെ പ്രാധാന്യവും, അത് അനുഷ്ഠാനത്തില്‍ വരുത്തുവാനുള്ള ശക്തമായ പ്രോല്‍സാഹനവുമാണിത് സൂചിപ്പിക്കുന്നത്. അനന്തരാവകാശികള്‍ പലരുണ്ടെങ്കിലും മരണപ്പെടുന്ന ആളുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരാണല്ലോ മക്കള്‍. അതുകൊണ്ട് മക്കളുടെ കാര്യം ആദ്യം പ്രസ്താവിക്കുന്നു. മാത്രമല്ല, പെണ്‍മക്കള്‍ക്കും, ചെറിയ ആണ്‍മക്കള്‍ക്കും സ്വത്തവകാശം നല്‍കപ്പെടാതിരുന്ന ഒരു ചുറ്റുപാടിലാണ് ഈ നിയമം അവതരിക്കുന്ന തും. ആ സ്ഥിതിക്ക് നിങ്ങളുടെ മക്കളുടെ കാര്യമാണ് അനന്തരാവകാശത്തില്‍ നിങ്ങള്‍ ഒന്നാമതായി ഓര്‍മവെക്കേണ്ടതെന്ന ഒരു സൂചനയും അതില്‍ അടങ്ങിയിരിക്കാം. (അല്ലാഹുവിനറിയാം)

اولاد (‘ഔലാദ്’ അഥവാ സന്താനങ്ങള്‍) എന്ന വാക്കിന്‍റെ ഏക വചനമാണ് (വലദ്). മക്കളില്‍ ആണെന്നോ, പെണ്ണെന്നോ, ചെറുപ്പമെന്നോ, വലുപ്പമെന്നോ വ്യത്യാസം കൂടാതെ എല്ലാവര്‍ക്കും ആ വാക്ക് ഉപയോഗിക്കുന്നു. ഒരു ആണിന്ന് രണ്ട് പെണ്ണിന്‍റെ ഓഹരിയാണുള്ളത് ( كر مثل حظ الانثيين لذ ) എന്നത്രെ അല്ലാഹുവിന്‍റെ വസ്വിയ്യത്ത്. ‘ആണിന്‍റെ പകുതിയാണ് പെണ്ണിനുള്ളത്’ എന്നോ മറ്റോ പറയാതെ, പെണ്ണിന്‍റെ ഓഹരിയെ മാനദണ്ഡമാക്കിക്കൊണ്ട് ആണിന്‍റെ അവകാശം കണക്കാക്കിയതില്‍ ചില രഹസ്യങ്ങള്‍ അന്തര്‍ഭവിച്ചതായി കാണാം. സ്ത്രീകള്‍ക്ക് അവകാശം നല്‍കപ്പെടാത്ത പതിവ് നിറുത്തലാക്കി അവര്‍ക്ക് അവകാശസ്ഥിരത നല്‍കുകയും, അതോടുകൂടി പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ചുള്ള പദവി വകവെച്ചു കൊടുക്കുകയുമാണ് ഈ വാക്യം ചെയ്യുന്നത്. അഥവാ പുരുഷന്‍റെ അവകാശം നിര്‍ണയിക്കല്‍ മാത്രമല്ല ഉദ്ദേശ്യം. അതായിരിക്കാം അല്ലാഹു ഇങ്ങിനെ പറയുവാന്‍ കാരണം. الله اعلم സ്ത്രീയും പുരുഷനും തമ്മില്‍ പദവി വ്യത്യാസമുണ്ടെങ്കിലും മാതാപിതാക്കളുമായുള്ള ഇരുകൂട്ടരുടെയും ബന്ധം ഒരുപോലെയാ ണെന്നിരിക്കെ രണ്ടു കൂട്ടര്‍ക്കും ഒരേ തോതില്‍ അവകാശം നല്‍കപ്പെടേണ്ടതല്ലേ? എന്നു ചോദിക്കപ്പെടാം. ധനത്തിന്‍റെ ആവശ്യം സ്ത്രീയെക്കാള്‍ പുരുഷനാണ് നേരിടുന്നത്. സ്ത്രീകളുടെ ഭക്ഷണം, പാര്‍പ്പിടം മുതലായ അത്യാവശ്യ ചിലവുകളെല്ലാം നിര്‍വ്വഹിച്ചു കൊടുക്കേ ബാദ്ധ്യതയും പുരുഷനാണുള്ളത്. കൂടാതെ, പുറംകാര്യങ്ങളില്‍ ധനവ്യയത്തിന്‍റെ ആവശ്യവും പുരുഷനായിരിക്കും കൂടുതല്‍ നേരിടുക. ഇതാണ് പുരുഷന്ന് സ്ത്രീയുടെ ഇരട്ടി നിശ്ചയിച്ചതിലടങ്ങിയ ചില തത്വങ്ങള്‍.

ഇസ്‌ലാമിലെ അനന്തരാവകാശനിയമത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ചില സാങ്കേതിക തത്വങ്ങള്‍ അറിഞ്ഞിരിക്കുന്നത് അതിലെ നിയമവശങ്ങളെക്കുറിച്ചു ശരിക്ക് മനസ്സിലാക്കുവാന്‍ വളരെ സഹായകമായിരിക്കും. അതുകൊണ്ട് അവയെപ്പറ്റി ഒരു സാമാ ന്യവിവരം കൂടി ഇവിടെ ചൂണ്ടിക്കാട്ടാം. അനന്തരാവകാശ സംബന്ധമായ കാര്യങ്ങളില്‍ ‘പിതാവ്, മാതാവ്, മകന്‍, മകള്‍, സഹോദരന്‍, സഹോദരി, പിതൃവ്യന്‍, ഭര്‍ത്താവ്’ എന്നിങ്ങിനെ പറയുമ്പോള്‍ മരണപ്പെട്ട ആളുടെ പിതാവ്, മാതാവ്, മകന്‍…. എന്നര്‍ഥമാണ്. അതുപോലെത്തന്നെ. ‘പകുതി, ആറിലൊന്ന്, എട്ടിലൊന്ന്’ എന്ന് തുടങ്ങിയുള്ള ഓഹരികള്‍ കണക്കാക്കുന്നത് മരണപ്പെട്ട ആളുടെ ആകെ ധനത്തെ അടിസ്ഥാനമാ ക്കിയുമായിരിക്കും. ഉദാഹരണമായി, മകള്‍ക്ക് പകുതിയും, ഭാര്യക്ക് എട്ടിലൊന്നും എന്ന് പറയുമ്പോള്‍ അതിന്‍റെ അര്‍ഥം മരണപ്പെട്ടവന്‍റെ ആകെ സ്വത്തില്‍നിന്ന് അവന്‍റെ മകള്‍ക്ക് അതിന്‍റെ പകുതിയും അവന്‍റെ ഭാര്യക്ക് അതിന്‍റെ എട്ടിലൊന്നും എന്നത്രെ.

അവകാശികളില്‍ രണ്ട് തരക്കാരുണ്ട്:

(1) നിശ്ചിത ഓഹരി കണക്കാക്കപ്പെട്ടവര്‍, ഇവര്‍ക്ക് اهل الفروض (നിശ്ചിത ഓഹരിക്കാര്‍) എന്ന് പറയുന്നു. ഇവരുടെ നിശ്ചിത ഓഹരിയില്‍ ഏറ്റക്കുറവ് വരികയില്ല.

(2) ഒരു ക്‌ളിപ്തമായ ഓഹരി നിശ്ചയിക്കപ്പെടാത്തവര്‍. ഇവര്‍ക്ക് العصبة (അസ്വബഃ) എന്ന് പറയുന്നു. നിശ്ചിത ഓഹരിക്കാര്‍ക്ക് കൊടുത്തു കഴിഞ്ഞശേഷം ബാക്കിയുണ്ടാകുന്നത് ഇവര്‍ക്കായിരിക്കും. നിശ്ചിത ഓഹരിക്കാര്‍ തീരെ ഇല്ലെങ്കില്‍ സ്വത്ത് മുഴുവനും ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും. പുത്രന്‍, പൗത്രന്‍, പിതാവ്, സഹോദരന്‍, സഹോദര പുത്രന്‍, പിതൃവ്യന്‍, പിതൃവ്യപുത്രന്‍ എന്നിങ്ങിനെ മരണപ്പെട്ടവനുമായി കുടുംബ ന്ധത്തില്‍ കൂടുതല്‍ അടുത്തവരായിരിക്കും ഇവര്‍. ചില സന്ദഭര്‍ങ്ങളില്‍ ഇവരില്‍ ചിലര്‍ക്ക് ഒരു നിശ്ചിത ഓഹരി (فرض) ലഭിക്കുന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റു ഓഹരിക്കാരുടെ അവകാശങ്ങള്‍ കഴിച്ച് ബാക്കിയുണ്ടെങ്കില്‍ അതും കൂടി ലഭിച്ചുവെന്നുവരും. അഥവാ ഒരാള്‍ക്ക് രണ്ട് നിലക്കുള്ള അവകാശവും ഉണ്ടായിരിക്കുവാന്‍ സാധ്യതയുള്ള സന്ദര്‍ഭവും ഉണ്ടാവാമെന്ന് സാരം. ഇതിനൊരു ഉദാഹരണം താഴെ കാണാം. വിശദീകരണം യഥാസ്ഥാനങ്ങളില്‍ നിന്നറിയേണ്ടതാകുന്നു.

മക്കളുടെയും മാതാപിതാക്കളുടെയും അവകാശത്തെക്കുറിച്ചാണല്ലോ ഈ വചനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. അതിന്‍റെ വെളിച്ചത്തില്‍ മേല്‍ പ്രസ്താവിച്ച സാങ്കേതിക തത്വങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ട് പരിശോധിച്ചാല്‍, ആ വചനത്തില്‍ താഴെ കാണുന്ന നിയമങ്ങള്‍ അടങ്ങിയിരിക്കുന്നതായി കാണാം:-

(1) ഒരാള്‍ക്ക് അവകാശികളായി ആണ്‍മക്കള്‍ മാത്രം ഉള്ളപ്പോള്‍, സ്വത്ത് മുഴുവനും അവര്‍ക്കായിരിക്കും. അവര്‍ ഒന്നിലധികം പേരുണ്ടെങ്കില്‍, അവര്‍ സമമായി ഭാഗിച്ചെടുക്കണം. നിശ്ചിത ഓഹരിക്കാര്‍ വേറെയുണ്ടെങ്കില്‍ അവരുടേത് കഴിച്ച് ബാക്കിയായി രിക്കും ഇവര്‍ക്കുള്ളത്.

(2) ആണ്‍മക്കളില്ലാത്തപ്പോള്‍, ഒരു മകള്‍ മാത്രമേയുള്ളൂവെങ്കില്‍ അവള്‍ക്ക് പകുതിയും, ഒന്നിലധികം പേരുണ്ടെങ്കില്‍ അവര്‍ക്ക് മൂന്നില്‍ രണ്ട് (2/3) അംശവും ലഭിക്കും. പെണ്‍ മക്കള്‍ രണ്ടിലധികമുണ്ടെങ്കില്‍ അവര്‍ക്ക് മൂന്നില്‍ രംണ്ടംശവും فَإِن كُنَّ نِسَاءً فَوْقَ اثْنَتَيْنِ الخ എന്നാണ് അല്ലാഹു പറഞ്ഞവാക്ക്. രണ്ടാള്‍ മാത്രമായാലും ഇതേ വിധി തന്നെയാണുള്ളത്. 176-ാം വചനത്തില്‍ രണ്ട് സഹോദരിമാര്‍ക്ക് മൂന്നില്‍ രംണ്ടംശമുണ്ടെന്ന് പ്രസ്താവിക്കുന്നുണ്ട്. രണ്ട് സഹോദരിമാര്‍ക്ക് മൂന്നില്‍ രംണ്ടംശം ലഭിക്കുമ്പോള്‍ രണ്ട് പെണ്‍മക്കള്‍ക്ക് ഏതായലും അത്ര ലഭിക്കേണമല്ലോ. മേലെ ഉദ്ധരിച്ച സഅ്ദുബ്‌നു റുബയ്യിഇന്‍റെ ഭാര്യയുടെ സംഭവത്തില്‍നിന്നും ഇതു മനസ്സിലാക്കാവുന്നതാണ്. ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായമില്ലതാനും.

(3) മക്കള്‍ ആണും പെണ്ണും ഉണ്ടായിരുന്നാല്‍ ആണിന്‍റെ പകുതി പെണ്ണിന് എന്ന തോതില്‍ ഭാഗിക്കണം. നിശ്ചിത ഓഹരിക്കാര്‍ വേറെയുണ്ടെങ്കില്‍ അവരുടേത് കഴിച്ച് ബാക്കിയും, ഇല്ലെങ്കില്‍ മുഴുവന്‍ സ്വത്തും അവര്‍ അങ്ങിനെ ഭാഗിച്ചെടുക്കേണ്ടതാണ്.

(4) മക്കള്‍ ഉള്ളപ്പോള്‍-അവര്‍ ആണോ പെണ്ണോ, ഒന്നോ അധികമോ ആവട്ടെ – മാതാവിനും പിതാവിനും ആറിലൊന്ന് (1/6) വീതമായിരിക്കും ഓഹരി. എന്നാല്‍, പുത്രനില്ലാതിരിക്കെ മറ്റു ഓഹരിക്കാരുടേത് കഴിച്ച് വല്ലതും ബാക്കിയുണ്ടാകുന്നപക്ഷം അതും പിതാവിന്ന് ലഭിക്കും. മാതാവിന്ന് ആറിലൊന്ന് മാത്രമേ ലഭിക്കൂ.

(5) സന്താനമോ, സഹോദരികളായ ഒന്നിലധികം ആളുകളോ ഇല്ലാതിരിക്കുന്ന പക്ഷം മാതാവിന്‍റെ അവകാശം മൂന്നിലൊന്ന് (1/3) ആയിരിക്കുന്നതാണ്.

(6) സഹോദര സഹോദരികളായി ഒന്നിലധികം പേരുണ്ടെങ്കില്‍ മാതാവിന് ആറിലൊന്ന് (1/6)മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഈ രണ്ടവസരത്തിലും നിശ്ചിത ഓഹരിക്കാരുടേത് കഴിച്ചു വല്ലതും ബാക്കിവരുന്ന പക്ഷം അത് പിതാവിന് (അസ്വബഃയായി) ലഭിക്കുകയും ചെയ്യും. ഇവ കൂടാതെ-ഈ വചനവും, ബന്ധപ്പെട്ട ഹദീഥുകളും അടിസ്ഥാനമാക്കി – വേറെയും പല വിധികള്‍ അനന്തരാവകാശ പംക്തിയില്‍ പണ്ഡിതന്‍മാര്‍ വിവരിച്ചിട്ടുണ്ട്.

മരണപ്പെട്ട ആള്‍ വല്ല വസ്വിയ്യത്തും ചെയ്തുവെച്ചിട്ടുണ്ടെങ്കില്‍ അതും, അയാള്‍ കൊടുത്തു തീര്‍ക്കുവാന്‍ ബാധ്യസ്ഥമായ ഏതെങ്കിലും കടം ഉണ്ടെങ്കില്‍ അതും കഴിച്ച് ബാക്കിവരുന്ന സ്വത്ത് മാത്രമേ അവകാശികള്‍ക്ക് ഭാഗിച്ചെടുക്കുവാന്‍ പാടുള്ളൂ. വസ്വിയ്യത്തിന്‍റെ പ്രാധാന്യവും, അത് സംബന്ധിച്ച് അറിയേണ്ടുന്ന പല കാര്യങ്ങളും അല്‍ബക്വറഃ 180ലും വ്യാഖ്യാനത്തിലും കഴിഞ്ഞുപോയിട്ടുണ്ട്. ആകെ സ്വത്തിന്‍റെ മൂന്നിലൊന്നില്‍ കവിഞ്ഞ് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്ത ഹദീഥും അവിടെ നാം ഉദ്ധരിച്ചിരിക്കുന്നു. കടത്തിന്‍റെ സ്ഥിതി അതല്ല. കടം മുഴുവനും സ്വത്തില്‍നിന്ന് കൊടുത്തേ തീരൂ. കടം കഴിച്ച് ബാക്കിയില്ലാത്ത പക്ഷം അവകാശികള്‍ക്ക് ഒന്നും ലഭിക്കുന്നതുമല്ല. കടം മറ്റാരെങ്കിലും കൊടുത്ത് തീര്‍ക്കുവാന്‍ തയ്യാറാകുന്ന പക്ഷം മാത്രമേ അത് സ്വത്തില്‍നിന്ന് കൊടുക്കാതിരിക്കുവാന്‍ നിവൃത്തിയുള്ളൂ. വസ്വിയ്യത്തിനെക്കാള്‍ മുന്‍ഗണന നല്‍കേണ്ടതും കടത്തിന് തന്നെയാണ്. കടവും വസ്വിയ്യത്തും ഗൗനിക്കാതെ സ്വത്ത് ഭാഗിച്ചെടുക്കുന്നത് കുറ്റകരവും, അന്യരുടെ അവകാശം അക്രമമായി പിടിച്ചെടുക്കലുമായിരിക്കും.

പല നിയമങ്ങളും വിവരിച്ചശേഷം അല്ലാഹു പറയുന്നു: ‘നിങ്ങളുടെ പിതാക്കളിലും മക്കളിലും ആരാണ് നിങ്ങള്‍ക്ക് ഉപകാരത്തില്‍ കൂടുതല്‍ അടുത്തവര്‍ എന്ന് നിങ്ങള്‍ക്കറിയുകയില്ല (آبَاؤُكُمْ وَأَبْنَاؤُكُمْ.… لكم نفعا) അതെ, അല്ലാഹുവിന്നേ അതറിയുകയുള്ളൂ. ആ അടിസ്ഥാനത്തില്‍ ഓരോരുത്തരുടെയും അവകാശം നിര്‍ണയിക്കുക നിങ്ങള്‍ക്ക് സാധ്യമല്ല. അതുകൊണ്ടാണ് എല്ലാവരുടെയും അവകാശം അവന്‍തന്നെ നിര്‍ണയിച്ചു തന്നിരിക്കുന്നത്. ഓരോന്നിലും അടങ്ങിയ യുക്തിരഹസ്യങ്ങള്‍ കണ്ടു മനസിലാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരും എന്നൊക്കെയാണ് മൊത്തത്തില്‍ ഇപ്പറഞ്ഞതിന്‍റെ സാരം. പിതാക്കള്‍ എന്ന് പറഞ്ഞതില്‍, നേരെയുള്ള പിതാക്കള്‍ക്ക് പുറമെ പിതാമഹന്‍മാരും, മക്കള്‍ എന്ന് പറഞ്ഞതില്‍ നേരെ മക്കളും, മക്കളുടെ മക്കളും ഉള്‍പ്പെടുന്നു. ഉപകാരം കൊണ്ടുദ്ദേശ്യം ഐഹികമായ ഉപകാരവും, പാരത്രികമായ ഉപകാരവുമാകാം. ഇഹത്തില്‍ ലഭിക്കുന്ന ഉപകാരത്തെപ്പറ്റി വിവരിക്കേണ്ടുന്ന ആവശ്യമില്ല. ചിലര്‍ നല്ലവരും, ധനം നല്ല വിഷയത്തില്‍ മാത്രം ചിലവഴിക്കുന്നവരും, മരണപ്പെട്ടവന് ഗുണത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നവരുമായിരിക്കും. സ്വര്‍ഗസ്ഥരായ സജ്ജനങ്ങളൊന്നിച്ച് അവരുടെ പിതാക്കളിലും സന്തതികളിലും ഭാര്യമാരിലുമുള്ള സദ്‌വൃത്തരായ ആളുകളെയും അല്ലാഹു ഒരുമിച്ചു കൂട്ടിക്കൊടുക്കുമെന്ന് 13:23; 52:21 എന്നിവിടങ്ങളില്‍ പ്രസ്താവി ച്ചിട്ടുണ്ട്. ഇതൊക്കെ പാരത്രികമായ നന്മകള്‍ക്ക് ഉദാഹരണമാകുന്നു.

അനന്തരാവകാശ നിയമങ്ങള്‍ അവതരിക്കുന്നതിന് മുമ്പ് മാതാപിതാക്കള്‍ക്ക് വല്ലതും വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് അല്‍ബക്വറഃ 180 ന്റെ വിവരണത്തില്‍ മുമ്പ് കണ്ടുവല്ലോ. ഇബ്‌നു അബ്ബാസ് (റ) ഇങ്ങിനെ പ്രസ്താവിച്ചിട്ടുണ്ട്: ‘സന്താനങ്ങള്‍ക്ക് ധനവും, മാതാപിതാക്കള്‍ക്ക് വസ്വിയ്യത്തുമാണ് (മുമ്പ്) ഉണ്ടായിരുന്നത്. എന്നിട്ട് അതില്‍നിന്ന് അല്ലാഹു ഉദ്ദേശിച്ചത് അവന്‍ ‘നസ്ഖ്’ ചെയ്തു (ദുര്‍ബ്ബലെപ്പടുത്തി). അങ്ങിനെ ആണിന്ന് രണ്ട് പെണ്ണിന്‍റെ ഓഹരിയാക്കി. മാതാപിതാക്കള്‍ക്ക് ഓരോരുത്തര്‍ക്കും ആറിലൊന്നും മൂന്നിലൊന്നും, ഭാര്യക്ക് നാലിലൊന്നും എട്ടിലൊന്നും, ഭര്‍ത്താവിന് പകുതിയും നാലിലൊന്നുമാക്കി നിശ്ചയിച്ചു.’ (ബുഖാരി)

ജാഹിലിയ്യ സമ്പ്രദായമനുസരിച്ച് വലിയ ആണ്‍മക്കള്‍ക്കേ സ്വത്തവകാശം നല്‍കപ്പെട്ടിരുന്നുള്ളുവെന്ന് മുമ്പ് പറഞ്ഞുവല്ലോ. ഇതെല്ലാംകൂടി നോക്കുമ്പോള്‍ – ഇബ്‌നു കഥീര്‍ (റ) മുതലായവര്‍ ചൂണ്ടിക്കാട്ടിയത്‌പോലെ – സ്വത്തവകാശത്തില്‍ കൃത്യമായ ഓഹരി അവകാശങ്ങളൊന്നും ഇല്ലാതിരുന്ന പിതാക്കള്‍, മക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം ഇപ്പോള്‍ സുസ്ഥിരവും കൃത്യവുമായ ഓഹരികള്‍ നിര്‍ണയിച്ചിരിക്കുന്നത് അതില്‍ ചില യുക്തി രഹസ്യങ്ങള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടാണ് – അതൊന്നും നിങ്ങള്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയുകയില്ല – എന്നായിരിക്കും ആ വാക്യത്തിലടങ്ങിയ പ്രധാന സൂചന. തുടര്‍ന്നുള്ള രണ്ട് വാക്യങ്ങളും ഈ സംഗതി ഒന്നുകൂടി ശക്തിപ്പെടുത്തുന്നതായും കാണാം.

ഇന്നിന്നവരുടെ ഓഹരി ഇന്നിന്നപ്രകാരം, ഇന്നിന്നവര്‍ക്ക് കൂടുതല്‍, മറ്റെവര്‍ക്ക് കുറവ് എന്നൊക്കെ നിശ്ചയിച്ചത് അല്ലാഹുവാണ്. അതില്‍ മാറ്റം വരുത്തുവാന്‍ ആര്‍ക്കും അധികാരവും അവകാശവുമില്ല. അത് യുക്തമായിരിക്കുകയുമില്ല. കാരണം, എല്ലാ കാര്യവും അറിയുന്ന സര്‍വ്വജ്ഞനും, എല്ലാ യുക്തി രഹസ്യങ്ങളും അറിയുന്ന അഗാധജ്ഞനും, അവനാണ് എന്നുള്ളതു തന്നെ. അതെ…. فريضة من الّله (അല്ലാഹുവിങ്കല്‍ നിന്നുള്ള ഓഹരി നിര്‍ണയം! നിശ്ചയമായും, അവന്‍ സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു).

ഇസ്‌ലാമിലെ അനന്തരാവകാശക്രമം ക്വുര്‍ആന്‍ അവതരിച്ചകാലത്തെ അറബികളുടെ പരിഃസ്ഥിതികളോട് യോജിച്ച ചില പരിഷ്‌കരണങ്ങള്‍ മാത്രമാണെന്നും, യുക്തിക്കു നിരക്കുന്നതും കാലാന്തരങ്ങള്‍ക്ക് യോജിച്ചതുമായ ചിലമാറ്റങ്ങളൊക്കെ അതില്‍ ആവശ്യമാണെന്നും വാദിക്കുന്ന ചില മുസ്‌ലിം നാമധാരികളെ ഇക്കാലത്ത് കാണാവുന്നതാണ്. ഭൗതിക ലഹരിയും, ക്വുര്‍ആനിലും ഇസ്‌ലാമിലും വിശ്വാസമില്ലായ്മയുമാണ് യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ പിന്നിലുള്ളതെങ്കിലും അത് തുറന്ന് പറയുവാന്‍ ധൈര്യക്ഷ യമുള്ളതുകൊണ്ട് അവര്‍ കണ്ടുപിടിച്ച ഒരു ആസൂത്രിത ന്യായമാണ് വാസ്തവത്തില്‍ അത്. ക്വുര്‍ആനിലും ഇസ്‌ലാമിലും യഥാര്‍ത്ഥ വിശ്വാസമുള്ള ഏതൊരാള്‍ക്കും ഈ വാദത്തിന് തക്കതായ മറുപടി കാണുവാന്‍ പര്യാപ്തമത്രെ അവസാനമായി അല്ലാഹു പറഞ്ഞ ആ രണ്ട് വാക്യങ്ങള്‍.

4:12
  • وَلَكُمْ نِصْفُ مَا تَرَكَ أَزْوَٰجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ ٱلرُّبُعُ مِمَّا تَرَكْنَ ۚ مِنۢ بَعْدِ وَصِيَّةٍ يُوصِينَ بِهَآ أَوْ دَيْنٍ ۚ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكْتُم ۚ مِّنۢ بَعْدِ وَصِيَّةٍ تُوصُونَ بِهَآ أَوْ دَيْنٍ ۗ وَإِن كَانَ رَجُلٌ يُورَثُ كَلَـٰلَةً أَوِ ٱمْرَأَةٌ وَلَهُۥٓ أَخٌ أَوْ أُخْتٌ فَلِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ ۚ فَإِن كَانُوٓا۟ أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَآءُ فِى ٱلثُّلُثِ ۚ مِنۢ بَعْدِ وَصِيَّةٍ يُوصَىٰ بِهَآ أَوْ دَيْنٍ غَيْرَ مُضَآرٍّ ۚ وَصِيَّةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَلِيمٌ ﴾١٢﴿
  • നിങ്ങളുടെ ഭാര്യമാര്‍ വിട്ടേച്ചു പോയതിന്റെ പകുതി നിങ്ങള്‍ക്കാകുന്നു; അവര്‍ക്ക് സന്താനമില്ലെങ്കില്‍. എനി, അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍, അവര്‍ വിട്ടേച്ച് പോയതില്‍ നിന്നും നാലിലൊന്ന് നിങ്ങള്‍ക്കുണ്ടായിരിക്കും. അവര്‍ ചെയ്യുന്ന വസ്വി യ്യത്തിന്‍റെയോ, അല്ലെങ്കില്‍ കടത്തിന്‍റെയോ ശേഷമാണ് (ഇതെല്ലാം). നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ട് പോയതില്‍ നിന്നും അവര്‍ക്ക് നാലിലൊന്നുമുണ്ടായിരിക്കും; എനി, നിങ്ങള്‍ക്ക് സന്താനം ഉണ്ടായിരുന്നെങ്കില്‍, അപ്പോള്‍ നിങ്ങള്‍ വിട്ടുപോയതില്‍ നിന്നും അവര്‍ക്ക് എട്ടിലൊന്നുണ്ടായിരിക്കും. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തിന്‍റെയോ, അല്ലെങ്കില്‍ കടത്തിന്‍റെയോ ശേഷമാണ്(ഇത്). ഒരു പുരുഷന്‍, അല്ലെങ്കില്‍ ഒരു സ്ത്രീ 'കലാലത്താ'യി [പിതാവും മക്കളുമില്ലാതെ] അനന്തരമെടുക്കപ്പെടുകയും, അയാള്‍ക്ക് ഒരു സഹോദരനോ, സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍, അപ്പോള്‍ - അവര്‍ രണ്ടില്‍ ഓരോരുത്തര്‍ക്കും ആറിലൊന്നുമുണ്ടാ യിരിക്കും. എന്നാല്‍, അവര്‍ [സഹോദരങ്ങള്‍] അതിനെക്കാള്‍ അധികമായിരുന്നെങ്കില്‍, അപ്പോഴവര്‍ മൂന്നിലൊന്നില്‍ പങ്കുകാരായിരിക്കും, അന്യോന്യം ഉപദ്രവമുണ്ടാക്കപ്പെടാത്തവിധം ചെയ്യപ്പെടുന്ന വസ്വിയ്യത്തിന്‍റെയോ, അല്ലെങ്കില്‍ കടത്തിന്‍റെയോ ശേഷമത്രെ, (ഇതും). (അതെ)അല്ലാഹുവിങ്കല്‍ നിന്നുള്ള വസ്വിയ്യത്ത് (തന്നെ)! അല്ലാഹുവാകട്ടെ, സര്‍വ്വജ്ഞനാണ്, സഹനശീലനാണ്.
  • وَلَكُمْ നിങ്ങള്‍ക്കുണ്ട് نِصْفُ യാതൊന്നിന്‍റെ പകുതി مَا تَرَكَ വിട്ടുപോയി أَزْوَاجُكُمْ നിങ്ങളുടെ ഇണകള്‍ (ഭാര്യമാര്‍) إِن لَّمْ يَكُن ഇല്ലെങ്കില്‍, ഉണ്ടാകാത്ത പക്ഷം لَّهُنَّ അവര്‍ക്ക് وَلَدٌ സന്താനം فَإِن كَانَ എനി ഉണ്ടായെങ്കില്‍ لَهُنَّ وَلَدٌ അവര്‍ക്ക് സന്താനം فَلَكُمُ എന്നാല്‍ നിങ്ങള്‍ക്കുണ്ട് الرُّبُعُ നാലിലൊന്ന് مِمَّا تَرَكْنَ അവര്‍ വിട്ടുപോയതില്‍ നിന്ന് مِن بَعْدِ ശേഷം وَصِيَّةٍ വസ്വിയ്യത്തിന്‍റെ يُوصِينَ അവര്‍ വസ്വിയ്യത്ത് ചെയ്യുന്ന بِهَا അതിനെ, അതിനെപ്പറ്റി أَوْ دَيْنٍ അല്ലെങ്കില്‍ കടത്തിന്‍റെ وَلَهُنَّ അവര്‍ക്കുമുണ്ട് الرُّبُعُ നാലിലൊന്ന് مِمَّا تَرَكْتُمْ നിങ്ങള്‍ വിട്ടുപോയതില്‍നിന്ന് إِن لَّمْ يَكُن لَّكُمْ നിങ്ങള്‍ക്കില്ലെങ്കില്‍ وَلَدٌ സന്താനം فَإِن كَانَ എനി (എന്നാല്‍) ഉണ്ടായിരുന്നാല്‍ لَكُمْ وَلَدٌ നിങ്ങള്‍ക്ക് സന്താനം فَلَهُنَّ എന്നാലവര്‍ക്കുണ്ട് الثُّمُنُ എട്ടിലൊന്ന് مِمَّا تَرَكْتُم നിങ്ങള്‍ വിട്ടുപോയതില്‍നിന്ന് مِّن بَعْدِ وَصِيَّةٍ വസ്വിയ്യത്തിനുശേഷം تُوصُونَ നിങ്ങള്‍ വസ്വിയ്യത്തു ചെയ്യുന്ന بِهَا അതിനെപ്പറ്റി أَوْ دَيْنٍ അല്ലെങ്കില്‍ കടത്തിന് وَإِن كَانَ ഉണ്ടായാല്‍ رَجُلٌ വല്ല (ഒരു) പുരുഷനും يُورَثُ അനന്തരമെടുക്കപ്പെടുന്നു كَلَالَةً കലാല ത്തായിട്ട് (പിതാവും മക്കളുമില്ലാതെ) أَوِ امْرَأَةٌ അല്ലെങ്കില്‍ വല്ല (ഒരു) സ്ത്രീയും وَلَهُ أَخٌ അവന് (അയാള്‍ക്ക്) ഒരു സഹോദരനുമുണ്ട് أَوْ أُخْتٌ അല്ലെങ്കില്‍ ഒരു സഹോദരി فَلِكُلِّ وَاحِدٍ مِّنْهُمَا എന്നാല്‍ ആ രണ്ട് പേരില്‍ ഓരോരുത്തര്‍ക്കും السُّدُسُ ആറിലൊന്ന് فَإِن كَانُوا എനി അവരായിരുന്നെങ്കില്‍ أَكْثَرَ കൂടുതലുള്ളവര്‍, അധികമുള്ളവര്‍ مِن ذَٰلِكَ അതിനെക്കാള്‍ فَهُمْ എന്നാലവര്‍ شُرَكَاءُ പങ്കുകാരാകുന്നു فِي الثُّلُثِ മൂന്നിലൊന്നില്‍ مِن بَعْدِ وَصِيَّةٍ ഒരുവസ്വിയ്യത്തിന് ശേഷം يُوصَىٰ بِهَا അതിനെപ്പറ്റി വസ്വിയ്യത്ത് ചെയ്യപ്പെടുന്ന أَوْ دَيْنٍ അല്ലെങ്കില്‍ കടത്തിന് غَيْرَ مُضَارٍّ അന്യോന്യം ഉപദ്രവമുണ്ടാക്കാത്ത നിലയില്‍ وَصِيَّةً വസ്വിയ്യത്ത് (കല്‍പന), വസ്വിയ്യത്തായിട്ട് مِّنَ اللَّهِ അല്ലാഹുവില്‍നിന്ന് وَاللَّهُ അല്ലാഹുവാകട്ടെ عَلِيمٌ സര്‍വ്വജ്ഞനാണ് حَلِيمٌ സഹനശീലനാണ്

മാതാപിതാക്കളുടെയും മക്കളുടെയും അവകാശവിഹിതം വിവരിച്ച ശേഷം ഭാര്യാ ഭര്‍ത്താക്കളുടെയും മറ്റും അവകാശങ്ങള്‍ വിവരിക്കുകയാണ്. ഈ വചനത്തിലടങ്ങിയ വിധികള്‍ ഇങ്ങിനെ സംഗ്രഹിക്കാം:

(1) സ്ത്രീ മരിക്കുമ്പോള്‍ അവള്‍ക്ക് മക്കളില്ലെങ്കില്‍ അവളുടെ ഭര്‍ത്താവിന് പകുതിയും, മക്കളുണ്ടെങ്കില്‍ നാലിലൊന്നുമായിരിക്കും അവകാശം.

(2) പുരുഷന്‍ മരണപ്പെടുമ്പോള്‍ അവനു മക്കളില്ലെങ്കില്‍ ഭാര്യക്ക് നാലിലൊന്നും, മക്കളുണ്ടെങ്കില്‍ എട്ടിലൊന്നും – ഭര്‍ത്താവിന്‍റെ പകുതി – അവകാശമായിരിക്കും. ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കിലും ഇതില്‍ മാറ്റമില്ല. ആ ഓഹരി അവര്‍ക്കിടയില്‍ സമമായി ഭാഗിക്കേണ്ടതാണ്. മുമ്പ് പറഞ്ഞതുപോലെ, മക്കള്‍ ഒന്നോ അധികമോ, ആണോ പെണ്ണോ എന്ന വ്യത്യാസം ഇവിടെയും പരിഗണിക്കപ്പെടുകയില്ല. മരണപ്പെട്ട ആള്‍ക്ക് മക്കളുണ്ടോ ഇല്ലേ എന്ന് മാത്രമേ നോക്കേണ്ടതുള്ളൂ. ആ മക്കള്‍ വേറൊരു വിവാഹത്തില്‍ ജനിച്ചവരായാലും ശരി. സ്വന്തം മക്കളില്ലാത്തപ്പോള്‍ ആണ്‍മക്കളുടെ മക്കളുണ്ടായിരുന്നാലും സ്ഥിതി ഇതുതന്നെയാകുന്നു.

(3) ഒരാള്‍ മരണപ്പെടുമ്പോള്‍ അയാളുടെ പിതാവോ മക്കളോ ജീവിച്ചിരിപ്പില്ലെങ്കില്‍ അയാളെപ്പറ്റി – كَلاَلَةً (കലാലത്ത്) എന്ന് പറയപ്പെടുന്നു. അകന്ന കുടുംബം എന്നുദ്ദേശ്യം. ഇങ്ങിനെ വരുമ്പോള്‍ അയാളുടെ ഉമ്മയൊത്ത ഒരു സഹോദരനോ സഹോദരിയോ ഉണ്ടെങ്കില്‍ അവര്‍ക്ക് ആറിലൊന്ന് അവകാശമുണ്ട്. ഇവര്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി മൂന്നിലൊന്നും ലഭിക്കും. ഇവരെ സംബന്ധിച്ചേടത്തോളം ആണിനും പെണ്ണിനും ഒരേ സ്ഥാനമാണുള്ളത്. അവരുടെ ഓഹരി അവര്‍ക്ക് സമമായി ഭാഗിക്കാം.

‘കലാലത്തി’ന്‍റെ രൂപത്തിലേ മാതാവ് മാത്രം ഒത്ത സഹോദര സഹോദരികള്‍ക്ക് അവകാശം നിശ്ചയിക്കപ്പെട്ടിട്ടുള്ളൂ. ഈ സഹോദരങ്ങളെപ്പറ്റി അവര്‍ ഉമ്മയൊത്തവരായിരിക്കണമെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എങ്കിലും താഴെ 176-ാം വചനത്തില്‍ ‘കലാലത്തി’നെപ്പറ്റി വീണ്ടും പ്രസ്താവിക്കുന്നുണ്ട്. സഹോദരസഹോദരികളുടെ അവകാശം പെണ്‍മക്കളുടെ അവകാശം പോലെത്തന്നെയാണെന്ന് അവിടെ വ്യക്തമാ ക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍, അത് ‘അസ്വബഃ’ക്കാരായി വരുന്ന സഹോദര സഹോദരികളെ – മാതാവും പിതാവും ഒത്തവരെയോ, പിതാവ് ഒത്തവരെയോ – മാത്രം ഉദ്ദേശിച്ചായിരിക്കുവാനേ തരമുള്ളൂ. അതിനാല്‍, ഇവിടെ പറഞ്ഞ സഹോദര സഹോദരികളെ കൊണ്ടുദ്ദേശ്യം ഉമ്മമാത്രം ഒത്തവരായിരിക്കുമെന്ന് വ്യക്തമാകുന്നു. ഈ കാര്യത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല.

കഴിഞ്ഞ വചനത്തില്‍ ഒരു പ്രാവശ്യം വ്യക്തമാക്കിയ ഒരു ഉപാധി – മരണപ്പെട്ടവന്‍ വല്ല വസ്വിയ്യത്തും ചെയ്തിട്ടുണ്ടെങ്കില്‍ അതും, അവന് കടമുണ്ടെങ്കില്‍ അതും കഴിച്ചശേഷമേ സ്വത്ത് ഭാഗിക്കുവാന്‍ പാടുള്ളൂവെന്ന സംഗതി – ഈ വചനത്തില്‍ ഓരോ വിധിയോടൊപ്പവും ആവര്‍ത്തിച്ചുകൊണ്ട് അല്ലാഹു മൂന്ന് പ്രാവശ്യം ഓര്‍മപ്പെടുത്തിയിരിക്കുന്നു. മനുഷ്യരുടെ ധനക്കൊതി നിമിത്തം പലപ്പോഴും അക്കാര്യം ഗൗനിക്കപ്പെ ടാതിരിക്കുവാന്‍ ഇടയുള്ളതു കൊണ്ടായിരിക്കും അല്ലാഹു അത് വീണ്ടും വീണ്ടും ഉണര്‍ത്തുന്നതെന്ന് തീര്‍ച്ചതന്നെ. എന്നിട്ടുപോലും ജനങ്ങള്‍ അത് വേത്ര ഗൗനിക്കാറില്ലെന്നുള്ളതാണ് അനുഭവം. ഓരോ സത്യവിശ്വാസിയായ അവകാശിയും ഗൗരവ പൂര്‍വ്വം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാണിത്. അവസാനം പരസ്പരം ഉപദ്രവമുണ്ടാക്കപ്പെടാത്ത വിധം (غَيْرَ مُضَآرٍّ) എന്ന് കൂടിപറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക. വസ്വിയ്യത്തിന്‍റെ കാര്യത്തിലോ കടത്തിന്‍റെ കാര്യത്തിലോ ആരും ആരോടും ഉപദ്രവം ചെയ്‌വാന്‍ ഇടവരരുതെന്നാണല്ലോ ഇതിന്‍റെ അര്‍ഥം. ഇക്കാര്യം എല്ലായിടത്തും ബാധകമാണെങ്കിലും ഇവിടെ പ്രത്യേകം എടുത്തു പറയുവാന്‍ കാരണമുണ്ട്. മരണപ്പെട്ടവന്‍റെ അടുത്ത കുടുംബങ്ങള്‍ ഇല്ലാത്തപ്പോഴാണ് ‘കലാലത്തു’ണ്ടാകുന്നത്. അവകാശികളില്‍ അടുത്ത ബന്ധമുള്ളവര്‍ ഇല്ലെന്ന് വരുമ്പോള്‍, അകന്ന അവകാശികള്‍ക്ക് തങ്ങളുടെ സ്വത്ത് ലഭിക്കുന്നത് തടയുവാന്‍വേണ്ടി വല്ല വസ്വിയ്യത്തും ചെയ്തുകൊണ്ടോ, അല്ലെങ്കില്‍ വല്ല ക്രയവിക്രയങ്ങളും വഴി സ്വത്തിന്‍മേല്‍ കടം വരുത്തിവെച്ചോ അവര്‍ക്ക് ഉപദ്രവം ചെയ്യുന്ന സ്വത്തുടമകള്‍ പലപ്പോഴും ഉണ്ടായിരിക്കും. നേരെ മറിച്ച് മരണപ്പെട്ട ആളുമായി അടുത്ത ബന്ധമില്ലാത്ത അകന്ന അവകാശികള്‍ തങ്ങള്‍ക്ക് വീണുകിട്ടുന്ന അവകാശ ലഹരിയില്‍ ആ സ്വത്തില്‍ നിന്ന് നികത്തപ്പെടേണ്ട ബാധ്യതകളെ അവഗണിക്കലും സ്വാഭാവികമാണ്. ഇതെല്ലാം നിത്യവും അനുഭവത്തില്‍ കാണുന്ന കാര്യങ്ങളാണല്ലോ. ഒരാളുടെ വസ്വിയ്യത്ത് പാലിക്കുന്നതിലും, കടം കൊടുത്ത് തീര്‍ക്കു ന്നതിലും അയാളുടെ പിതാക്കള്‍ക്കും മക്കള്‍ക്കും ഉണ്ടാകുന്നത്ര ഉല്‍സാഹം അകന്ന ബന്ധുക്കള്‍ക്കുണ്ടായിരിക്കയില്ല. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും മനുഷ്യന്‍റെ മനഃശ്ശാസ്ത്രം ഏറ്റവും അറിയുന്നവനായ അല്ലാഹു ഇങ്ങിനെ ഒരു ഉപാധികൂടി ഇവിടെ പ്രസ്താവിച്ചതും, വസ്വിയ്യത്തിന്‍റെയും കടത്തിന്‍റെയും കാര്യം ആവര്‍ത്തിച്ചു പറഞ്ഞതും. الّله اعلم

റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി അബൂഹുറയ്‌റഃ (رَضِيَ اللهُ عَنْهُ) ഉദ്ധരിക്കുന്നു: ‘ഒരു പുരുഷന്‍, അല്ലെങ്കില്‍ സ്ത്രീ അറുപതുകൊല്ലം അല്ലാഹുവിനെ അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് അവനു മരണം ആസന്നമാകുന്നു. അപ്പോള്‍ അവന്‍ വസ്വിയ്യത്തില്‍ ഉപദ്രവമുണ്ടാക്കുന്നു. അങ്ങനെ, അവര്‍ക്ക് നരകം സ്ഥാപിതമായിത്തീരുന്നു.’ തുടര്‍ന്നുകൊണ്ട് അബൂഹുറയ്‌റഃ (رَضِيَ اللهُ عَنْهُ) مِنبَعْدِ وَصِيَّةٍ എന്ന് തുടങ്ങിയ ഈ വാക്യങ്ങള്‍ ഓതുകയും ചെയ്തു. (ദാ; തി; ജ) ഇമാം അഹ്മദ് (رحمه الله) ഉദ്ധരിച്ച ഒരു രിവായത്തില്‍ ഈ ആശയം കൂടുതല്‍ വിശദീകരിച്ചു കാണാം;

അടുത്ത അവകാശികള്‍ ഇല്ലാത്തവരോ, ഉണ്ടെങ്കില്‍തന്നെ വ്യക്തിപരമായ വല്ല കാരണത്താലും അവര്‍ക്ക് തങ്ങളുടെ സ്വത്ത് ലഭിക്കുന്നത് ഇഷ്ടപ്പെടാത്തവരോ ആയ ആളുകള്‍ മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതാകുന്നു. അവകാശികളെ തടയുകയോ, നഷ്ടപ്പെടുത്തുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ നടത്തുന്ന ദാനധര്‍മങ്ങള്‍, വസ്വിയ്യത്തുകള്‍, വക്വ്ഫുകള്‍, കൈമാറ്റങ്ങള്‍ ഇവയൊന്നും തന്നെ അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കുകയില്ല. ബാഹ്യത്തില്‍ – അല്ലെങ്കില്‍ നിയമത്തിന്‍റെ വീക്ഷണത്തില്‍ – അവ സല്‍ക്കര്‍മങ്ങളായി കരുതപ്പെട്ടാലും അല്ലാഹുവിങ്കല്‍ അതൊക്കെ ദുഷ്‌കര്‍മങ്ങളായിരിക്കുമെന്ന് അവര്‍ ഓര്‍ക്കേണ്ടതാണ്. കഴിഞ്ഞ വച നത്തിന്‍റെയും, ഈ വചനത്തിന്‍റെയും അവസാന ഭാഗം ഒന്ന് ശാന്തമായി മനസ്സിരുത്തിയാല്‍തന്നെ ഇത് മനസ്സിലാക്കാം. വസ്വിയ്യത്ത് ചെയ്യുന്നതിലും, അത് നടപ്പില്‍ വരുത്തുന്നതിലും അക്രമം പ്രവര്‍ത്തിക്കുന്നതിനെയും, അനന്തരാവകാശം ലഭിക്കുന്നവര്‍ക്ക് അതിന് പുറമെ വസ്വിയ്യത്തുകൂടി ചെയ്യുന്നതിനെയും വിരോധിച്ചുകൊണ്ടുള്ള പല ഹദീഥുകളും കാണാവുന്നതാണ്. ചിലതൊക്കെ സൂറത്തുല്‍ ബക്വറഃയില്‍ കഴിഞ്ഞു പോയിട്ടുമുണ്ട്.

മേല്‍കണ്ട നിയമങ്ങളും, ഉപദേശനിര്‍ദ്ദേശങ്ങളുമെല്ലാം നല്‍കിയശേഷം പിന്നെയും അല്ലാഹു പറയുന്നു: ഇതെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ള വസ്വിയ്യത്താണ് (وَصِيَّة مًّن اَلَّله) അല്ലാഹു എല്ലാം അറിയുന്നവനാണ്, അവന്‍ വളരെ സഹനശീലനാണ് (وَالَّله عَلِيمُ حَلِيمُ) എന്നൊക്കെ. ഈ വാക്യങ്ങളില്‍ അടങ്ങിയ ഗൗരവത്തെയും അവയുടെ അര്‍ഥ വിശാലതയെയും സംബന്ധിച്ച് സല്‍ബുദ്ധിയും സത്യവിശ്വാസവുമുള്ള എല്ലാവര്‍ക്കും ഏറെക്കുറെ ആലോചിച്ചറിയാവുന്നതാണ്. അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളെ സത്യവിശ്വാസികള്‍ ലംഘിക്കാതിരിക്കുവാന്‍ വേണ്ടിയാണിതെല്ലാം. ഇത്രകൊണ്ടും മതിയാക്കാതെ വീണ്ടും അല്ലാഹു തുടര്‍ന്ന് പറയുന്നത് നോക്കുക:-

4:13
  • تِلْكَ حُدُودُ ٱللَّهِ ۚ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴾١٣﴿
  • അവ (ഒക്കെയും) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ അവരെ അവന്‍ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ്; അതില്‍(അവര്‍) നിത്യവാസികളായും കൊണ്ട്. അതത്രെ, വമ്പിച്ച നേട്ടം!
  • تِلْكَ അത്, അവ حُدُودُ അതിര്‍ത്തി (പരിധി)കളാണ് اللَّهِ അല്ലാഹുവിന്‍റെ وَمَن يُطِعِ ആര്‍ അനുസരിക്കുന്നുവോ اللَّهَ അല്ലാഹുവിനെ وَرَسُولَهُ അവന്‍റെ റസൂലിനെയും يُدْخِلْهُ അവനെ അവന്‍ പ്രവേശിപ്പിക്കും جَنَّاتٍ സ്വര്‍ഗങ്ങളില്‍ تَجْرِي നടക്കുന്ന, ഒഴുകും مِن تَحْتِهَا അവയുടെ അടിഭാഗത്തിലൂടെ الْأَنْهَارُ നദി (അരുവി)കള്‍ خَالِدِينَ നിത്യവാസികളായിട്ട് فِيهَا അവയില്‍ وَذَٰلِكَ അത്, അതാകട്ടെ الْفَوْزُ നേട്ടം, വിജയം الْعَظِيمُ വമ്പിച്ച, മഹാ
4:14
  • وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدْخِلْهُ نَارًا خَـٰلِدًا فِيهَا وَلَهُۥ عَذَابٌ مُّهِينٌ ﴾١٤﴿
  • ആര്‍ അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും അനുസരണക്കേട് കാണിക്കുകയും, അവന്‍റെ (നിയമ) അതിര്‍ത്തികളെ വിട്ടുകടക്കുകയും ചെയ്യുന്നുവോ, അവനെ അവന്‍ അഗ്നിയില്‍ പ്രവേശിപ്പിക്കും - അതില്‍ (അവന്‍) നിത്യവാസിയായി ക്കൊണ്ട്. അവന് നിന്ദ്യകരമായ ശിക്ഷയുമുണ്ടായിരിക്കും.
  • وَمَن يَعْصِ ആര്‍ (ആരെങ്കിലും) എതിര് പ്രവര്‍ത്തിക്കുന്നുവോ, അനുസരണക്കേടുചെയ്യുന്നതായാല്‍ اللَّهَ وَرَسُولَهُ അല്ലാഹുവിനും അവന്‍റെ റസൂലിനും وَيَتَعَدَّ വിട്ടുകടക്കുകയും, അതിക്രമിക്കുകയും حُدُودَهُ അവന്‍റെ അതിര്‍ത്തികളെ يُدْخِلْهُ അവന്‍ അവനെ പ്രവേശിപ്പിക്കും نَارًا അഗ്നിയില്‍ خَالِدًا فِيهَا അതില്‍ നിത്യവാസിയായിക്കൊണ്ട് وَلَهُ عَذَابٌ അവന് ശിക്ഷയുമുണ്ട് مُّهِينٌ നിന്ദിക്കുന്ന, അപമാനകരമായ

ഒരു വ്യാഖ്യാനത്തിന്‍റെയൊ വിവരണത്തിന്‍റെയോ സഹായം കൂടാതെ തന്നെ സ്പഷ്ടമാണ് ഈ വചനങ്ങള്‍. മേല്‍ പ്രസ്താവിച്ച നിയമാതിര്‍ത്തികള്‍ ലംഘിക്കുകയും മറികടക്കുകയും ചെയ്യുന്നവര്‍ക്ക് കനത്ത ഒരു താക്കീതും, അവ വേണ്ടതുപോലെ പാലിക്കുന്നവര്‍ക്ക് മഹത്തായ ഒരു വാഗ്ദാനവുമാണിത്. കൂടാതെ, അല്ലാഹുവിന്‍റെ വച നങ്ങള്‍ക്കും, നിയമങ്ങള്‍ക്കും റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി – അവിടുത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും – നല്‍കിക്കാണിച്ചുതന്ന വ്യാഖ്യാനങ്ങള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാ ണെന്നും ഇത് മുഖേന അല്ലാഹു അറിയിക്കുന്നു. അല്ലാഹുവിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നത് അവയെ നിന്ദിക്കലാണല്ലോ. അതുകൊണ്ടാണ് അതിന് നിന്ദ്യകരമായ ശിക്ഷയുണ്ടെന്ന് പ്രത്യേകം താക്കീത് ചെയ്തിരിക്കുന്നത്. അല്ലാഹു നിശ്ചയിച്ച സ്വത്തവകാശ ക്രമം ശരിക്ക് പാലിക്കാത്തവരെ പൊതുവിലും, അതില്‍ തിരുത്തല്‍വാദവുമായി രംഗത്തിറങ്ങുന്നവരെ പ്രത്യേകിച്ചും ബാധിക്കുന്നതാണ് ഈ കനത്ത താക്കീത്.

വിഭാഗം - 3

4:15
  • وَٱلَّـٰتِى يَأْتِينَ ٱلْفَـٰحِشَةَ مِن نِّسَآئِكُمْ فَٱسْتَشْهِدُوا۟ عَلَيْهِنَّ أَرْبَعَةً مِّنكُمْ ۖ فَإِن شَهِدُوا۟ فَأَمْسِكُوهُنَّ فِى ٱلْبُيُوتِ حَتَّىٰ يَتَوَفَّىٰهُنَّ ٱلْمَوْتُ أَوْ يَجْعَلَ ٱللَّهُ لَهُنَّ سَبِيلًا ﴾١٥﴿
  • നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് നീചവൃത്തി ചെയ്യുന്നവര്‍ (ആരോ), അവരുടെ മേല്‍ നിങ്ങളില്‍ നിന്നുള്ള നാലുപേരെ നിങ്ങള്‍ സാക്ഷികൊണ്ടുവരുവിന്‍. എന്നിട്ട് അവര്‍ സാക്ഷ്യം വഹിച്ചെങ്കില്‍ അവരെ [ആ സ്ത്രീകളെ] നിങ്ങള്‍ വീടുകളില്‍ (തടഞ്ഞു) വെച്ച്‌ കൊണ്ടിരിക്കുവിന്‍, മരണം അവരെ പൂര്‍ണമായെടുക്കുകയോ, അല്ലെങ്കില്‍ അല്ലാഹു അവര്‍ക്കൊരുമാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത് വരേക്കും.
  • وَاللَّاتِي യതൊരു സ്ത്രീകള്‍ يَأْتِينَ കൊണ്ടുവരുന്ന (ചെയ്യുന്ന) ചെല്ലുന്ന الْفَاحِشَةَ നീചവൃത്തി, ദുര്‍വൃത്തിയില്‍ مِن نِّسَائِكُمْ നിങ്ങളുടെ സ്ത്രീകളില്‍നിന്ന് فَاسْتَشْهِدُوا നിങ്ങള്‍ സാക്ഷി കൊണ്ടു വരുവിന്‍, സാക്ഷ്യം തേടുവിന്‍ عَلَيْهِنَّ അവരുടെ മേല്‍ (എതിരെ) أَرْبَعَةً നാലുപേരെ, നാലാളോട് مِّنكُمْ നിങ്ങളില്‍നിന്നുള്ള فَإِن شَهِدُوا എന്നിട്ട് അവര്‍ സാക്ഷിനിന്നാല്‍, സാക്ഷ്യം വഹിച്ചെങ്കില്‍ فَأَمْسِكُوهُنَّ എന്നാലവരെ നിങ്ങള്‍ പിടിച്ചുവെക്കുവിന്‍, വെച്ചുകൊണ്ടിരിക്കുവിന്‍ فِي الْبُيُوتِ വീടുകളില്‍ حَتَّىٰ يَتَوَفَّاهُنَّ അവരെ പൂര്‍ത്തിയായെടുക്കുന്നതുവരെ الْمَوْتُ മരണം أَوْ يَجْعَلَ അല്ലെങ്കില്‍ ആക്കുന്ന (ഉണ്ടാക്കുന്ന - ഏര്‍പ്പെടുത്തുന്ന)തുവരെ اللَّهُ അല്ലാഹു لَهُنَّ അവര്‍ക്ക് سَبِيلًا ഒരു മാര്‍ഗം, വഴി
4:16
  • وَٱلَّذَانِ يَأْتِيَـٰنِهَا مِنكُمْ فَـَٔاذُوهُمَا ۖ فَإِن تَابَا وَأَصْلَحَا فَأَعْرِضُوا۟ عَنْهُمَآ ۗ إِنَّ ٱللَّهَ كَانَ تَوَّابًا رَّحِيمًا ﴾١٦﴿
  • നിങ്ങളില്‍ നിന്നും അത് [നീചവൃത്തി] ചെയ്യുന്ന രണ്ടു പേര്‍ (ആരോ), അവരെ രണ്ടാളെയും നിങ്ങള്‍ പീഡിപ്പിച്ചു (അഥവാ സ്വൈരം കെടുത്തി) കൊള്ളുവിന്‍. എനി, അവര്‍ രണ്ടു പേരും പശ്ചാത്തപിക്കുകയും, നന്നായി വര്‍ത്തിക്കു കയും ചെയ്‌തെങ്കില്‍ നിങ്ങള്‍ അവരെ സംബന്ധിച്ചു തിരിഞ്ഞുകളയു വിന്‍. നിശ്ചയമായും അല്ലാഹു, വളരെ പശ്ചാത്താപം സ്വീകരിക്കുന്ന വനും, കരുണാനിധിയുമാകുന്നു.
  • وَاللَّذَانِ യാതൊരു രണ്ടാള്‍ يَأْتِيَانِهَا അത് കൊണ്ടുവരുന്നു(ചെയ്യുന്ന) مِنكُمْ നിങ്ങളില്‍നിന്ന് فَآذُوهُمَا അവരെ രണ്ടു പേരെയും നിങ്ങള്‍ പീഡിപ്പിച്ചു (സ്വൈരം കെടുത്തി - ദ്രോഹിച്ചു) കൊള്ളുവിന്‍ فَإِن تَابَا എനി അവര്‍ രണ്ടാളും പശ്ചാത്തപിച്ചാല്‍, മടങ്ങിയെങ്കില്‍ وَأَصْلَحَا അവര്‍ നന്നായിത്തീരുകയും, നല്ലത് പ്രവര്‍ത്തിക്കുകയും, നന്നാക്കുകയും ചെയ്തു فَأَعْرِضُوا എന്നാല്‍ നിങ്ങള്‍ തിരിഞ്ഞു കളയുവിന്‍, അവഗണിക്കുവിന്‍ عَنْهُمَا അവരെ രണ്ടു പേരെ സംബന്ധിച്ച്, അവരില്‍നിന്ന് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു, ആയിരിക്കുന്നു تَوَّابًا വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ رَّحِيمًا കരുണാനിധി

ഈ വചനങ്ങള്‍ക്ക് ഒന്നിലധികം വ്യാഖ്യാനം നല്‍കപ്പെട്ടു കാണാമെങ്കിലും ആദ്യത്തെ വചനം വ്യഭിചാരം ചെയ്യുന്ന സ്ത്രീകളെക്കുറിച്ചാണെന്നും, നീചവൃത്തി (الْفَاحِشَة) കൊണ്ടുദ്ദേശ്യം വ്യഭിചാരമാണെന്നുമാകുന്നു ഭൂരിപക്ഷാഭിപ്രായം. ഹദീഥിന്‍റെ പിന്‍ബലവും ഈ അഭിപ്രായത്തിനു്. നിലവിലുള്ള ഇസ്‌ലാമിക നിയമങ്ങളില്‍ പലതും ഒരേ അടിക്ക് നടപ്പില്‍ വരുത്താതെ ക്രമേണയായിട്ടാണ് നടപ്പാക്കപ്പെട്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഒന്നാണിതെന്നും, വ്യഭിചാരക്കുറ്റത്തിന്‍റെ ശിക്ഷാനിയമം സൂറത്തുന്നൂറില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് വ്യഭിചാരത്തിനുള്ള താല്‍ക്കാലിക ശിക്ഷയാണ് ഇതില്‍ പ്രസ്താവിച്ചിരിക്കുന്നതെന്നും, സൂറത്തുന്നൂറിലെ ശിക്ഷ നടപ്പില്‍ വന്നതോടെ ഈ ശിക്ഷയുടെ കാലം അവസാനിച്ചുവെന്നും അവര്‍ പറയുന്നു. ഇതനുസരിച്ച് ഈ വചനത്തിന്‍റെ സാരം ഇങ്ങിനെയായിരിക്കും: സത്യവിശ്വാസികളില്‍പെട്ട സ്ത്രീകള്‍ വ്യഭിചാരം ചെയ്യുകയും, അത് നാലു സാക്ഷികള്‍ മുഖാന്തിരം തെളിയുകയും ചെയ്താല്‍, മരണം മുഖേന അവരുടെ ആയുഷ്‌ക്കാലം അവസാനിക്കുന്നതുവരേക്ക് – അല്ലെങ്കില്‍ അവരെ സംബന്ധിച്ച് സ്വീകരിക്കേണ്ടുന്ന മറ്റൊരു പോംവഴി അല്ലാഹു ഏര്‍പ്പെടുത്തുന്നതുവരേക്ക് – അവരെ വെളിയില്‍ പോകുവാന്‍ അനുവദിക്കാതെ വീട്ടുതടങ്കലില്‍വെക്കണം. പിന്നീട് വ്യഭിചാരത്തിനുള്ള സ്ഥിരമായ ശിക്ഷാ നടപടി അവതരിച്ചതോടുകൂടി ആ നിയമം നടപ്പില്‍ വരുകയും, വീട്ടുതടങ്കല്‍ നിയമം കാലഹരണപ്പെടുകയും ചെയ്തു. ‘അല്ലാഹു അവര്‍ക്ക് ഒരു മാര്‍ഗം ഉണ്ടാക്കിയിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് വ്യഭിചാരത്തിന്‍റെ ശിക്ഷാ നടപടിയാണത് എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. (മു; ദാ; ജ; തി) ഇതൊരു സ്ഥിരമായ നിയമമല്ലെന്നും, താല്‍ക്കാലിക നിയമമായിരുന്നുവെന്നും ആയത്തിലെ വാക്കുകള്‍തന്നെ അറിയിക്കുന്ന സ്ഥിതിക്ക് വ്യഭിചാരമല്ലാത്ത പ്രകൃതിവിരുദ്ധമായ നീചവൃത്തികള്‍ക്കുള്ള സ്ഥിരം ശിക്ഷാനിയമമായി ഈ വചനം വ്യാഖ്യാനിക്കപ്പെടുന്നതിനു വലിയ പ്രസക്തി കാണുന്നില്ല. الّله اعلم

രണ്ടാമത്തെ വചനം, കാമവികാര നിവൃത്തിക്കായി നിഷിദ്ധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും ഉദ്ദേശിച്ചാണെന്നാണ് പലരുടെയും അഭിപ്രായം. പ്രകൃതി വിരുദ്ധമായ നീചവൃത്തി ചെയ്യുന്ന പുരുഷന്മാരെക്കുറിച്ചാണെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. (അല്ലാഹുവിനറിയാം) അവരെ രണ്ടാളെയും – നീചവൃത്തി ചെയ്യുന്ന ആളെയും ചെയ്യപ്പെടുന്ന ആളെയും-പീഡിപ്പിക്കുക എന്ന് പറ ഞ്ഞതിന്‍റെ താല്‍പര്യം പ്രഹരിക്കുക, ശകാരിക്കുക, അപമാനിക്കുക മുതലായവയാകുന്നു. വീട്ടുതടങ്കലില്‍ വെക്കുന്നത് ഒരു തരം ശിക്ഷയാണെന്നുള്ളതിന് പുറമെ, അത്തരം ദുര്‍വൃത്തികളില്‍ അകപ്പെടുന്നതിനുള്ള അവസരം ഇല്ലാതാക്കലുമാണല്ലോ അത്. ഈ വചനങ്ങള്‍ വ്യഭിചാരത്തെ ഉദ്ദേശിച്ചായാലും, വ്യഭിചാരം അല്ലാത്ത പ്രകൃതി വിരുദ്ധമായ മറ്റു നീചവൃത്തികളെ ഉദ്ദേശിച്ചായാലും ശരി, അവരുടെ കുറ്റം വമ്പിച്ചതാണെന്നുള്ളതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാലും അവര്‍ മനഃപൂര്‍വ്വം ഖേദിച്ച് മടങ്ങുകയും സല്‍പ്രവൃത്തികള്‍ ചെയ്തു നന്നായിത്തീരുകയും ചെയ്യുന്ന പക്ഷം അവരുടെമേല്‍ പിന്നീട് നടപടി എടുക്കേണ്ടതില്ലെന്നും, അല്ലാഹു അവരുടെ ഖേദം സ്വീകരിക്കുമെന്നും അല്ലാഹു അറിയിച്ചിരിക്കുന്നു. അടുത്ത വചനത്തില്‍, എങ്ങിനെയുള്ള പശ്ചാത്താപമാണ് അല്ലാഹു സ്വീകരിക്കുകയെന്ന് വിവരിക്കുന്നു:-

4:17
  • إِنَّمَا ٱلتَّوْبَةُ عَلَى ٱللَّهِ لِلَّذِينَ يَعْمَلُونَ ٱلسُّوٓءَ بِجَهَـٰلَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُو۟لَـٰٓئِكَ يَتُوبُ ٱللَّهُ عَلَيْهِمْ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ﴾١٧﴿
  • നിശ്ചയമായും, അല്ലാഹുവിന്റെമേല്‍ പശ്ചാത്താപം സ്വീകരിക്കല്‍ (ബാധ്യത) ഉള്ളത്, വിഡ്ഢിത്തം നിമിത്തം തിന്മ പ്രവര്‍ത്തിക്കുകയും, പിന്നീട് അടുത്തു (തന്നെ) പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് (മാത്രം) ആകുന്നു. എന്നാല്‍, അക്കൂട്ടര്‍- അവരുടെ മേല്‍ അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നതാണ്. അല്ലാഹു സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു.
  • إِنَّمَا التَّوْبَةُ നിശ്ചയമായും പശ്ചാത്താപം (സ്വീകരിക്കല്‍) عَلَى اللَّهِ അല്ലാഹുവിന്‍റെ മേല്‍ (ബാധ്യത) لِلَّذِينَ യാതൊരു കൂട്ടര്‍ക്കാണുള്ളത് يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും السُّوءَ തിന്മ بِجَهَالَةٍ വിഡ്ഢിത്തം നിമിത്തം, അവിവേകം (അജ്ഞ ത)കൊണ്ട് ثُمَّ يَتُوبُونَ مِن قَرِيبٍ പിന്നെ അവര്‍ പശ്ചാത്തപിക്കും, ഖേദിച്ചു മടങ്ങും അടുത്ത് (തന്നെ) فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ يَتُوبُ പശ്ചാത്താപം സ്വീകരിക്കും اللَّهُ അല്ലാഹു عَلَيْهِمْ അവരുടെ وَكَانَ اللَّهُ അല്ലാഹു ആകുന്നുതാനും عَلِيمًا സര്‍വ്വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍
4:18
  • وَلَيْسَتِ ٱلتَّوْبَةُ لِلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ حَتَّىٰٓ إِذَا حَضَرَ أَحَدَهُمُ ٱلْمَوْتُ قَالَ إِنِّى تُبْتُ ٱلْـَٔـٰنَ وَلَا ٱلَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُو۟لَـٰٓئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ﴾١٨﴿
  • യാതൊരു കൂട്ടര്‍ക്കല്ല പശ്ചാത്താപം (സ്വീകരിക്കല്‍ നിശ്ചയിക്ക പ്പെട്ടിട്ട്) ഉള്ളത്: അവര്‍ തിന്മകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും; അങ്ങനെ, അവരിലൊരാള്‍ക്ക് മരണം ആസന്നമായാല്‍ അവന്‍ പറയുകയായി : 'നിശ്ചയമായും, ഞാന്‍ ഇപ്പോള്‍ പശ്ചാത്തപിച്ചിരിക്കുന്നു' എന്ന്. അവിശ്വാസികളായുംകൊണ്ട് മരണപ്പെടുന്നവര്‍ക്കുമല്ല (പശ്ചാത്താപം സ്വീകരിക്കല്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്). അക്കൂട്ടര്‍ - അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു.
  • وَلَيْسَتِ അല്ല, ഇല്ല التَّوْبَةُ പശ്ചാത്താപം لِلَّذِينَ യാതൊരുകൂട്ടര്‍ക്ക് يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും السَّيِّئَاتِ തിന്മകളെ حَتَّىٰ إِذَا حَضَرَ അങ്ങനെ ആസന്നമായാല്‍ أَحَدَهُمُ അവരിലൊരാള്‍ക്ക് الْمَوْتُ മരണം قَالَ അവന്‍ പറയും, പറയുകയായി إِنِّي تُبْتُ നിശ്ചയമായും ഞാന്‍ പശ്ചാത്തപിച്ചു الْآنَ ഇപ്പോള്‍, ഇന്നേരം وَلَا الَّذِينَ യാതൊരു കൂട്ടര്‍ക്കുമല്ല يَمُوتُونَ അവര്‍ മരിക്കും وَهُمْ كُفَّارٌ അവര്‍ അവിശ്വാസികളായിക്കൊണ്ട് أُولَٰئِكَ അക്കൂട്ടര്‍ أَعْتَدْنَا നാം ഒരുക്കി (തയ്യാറാക്കി) വെച്ചിരിക്കുന്നു لَهُمْ അവര്‍ക്ക് عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ

വളരെ ഗൗരപൂര്‍വ്വം മനസ്സിരുത്തേുന്ന വചനങ്ങളാണിവ രണ്ടും. അവിവേകവും, വിഡ്ഢിത്തവും കാരണം തിന്മകള്‍ ചെയ്‌തേക്കുക മനുഷ്യസഹജമായ സ്വഭാവമാകുന്നു. എന്നാല്‍, കുറ്റകരമായ കാര്യങ്ങള്‍ പ്രവര്‍ത്തിച്ചശേഷം താമസിയാതെ അതില്‍നിന്ന് ഖേദിച്ച് മടങ്ങുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല. നേരെ മറിച്ച് കുറ്റങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയും മരണം വരുമ്പോള്‍ ഖേദം പ്രകടിപ്പിച്ച് മടങ്ങുകയും ചെയ്യുന്നവരുടെയും, അവിശ്വാസിയായിക്കൊണ്ട് മരണപ്പെടുന്നവരുടെയും പശ്ചാത്താപം അല്ലാഹുവിന്‍റെ അടുക്കല്‍ സ്വീകാര്യമായിരിക്കുകയുമില്ല എന്നത്രെ ഈ വചനങ്ങളില്‍ പ്രസ്താവിച്ചതിന്‍റെ ചുരുക്കം. പശ്ചാത്താപം എന്ന് അര്‍ഥം കല്‍പിച്ച تَوْبَة എന്ന വാക്കിന്‍റെ സാക്ഷാല്‍ അര്‍ഥം ‘മടക്കം, ഖേദം’ എന്നൊക്കെയാണെന്നും, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം മടക്കം കൊണ്ടുദ്ദേശ്യം പശ്ചാത്താപം സ്വീകരിക്കുക എന്നാണെന്നും മുമ്പ് നാം പ്രസ്താവിച്ചിട്ടുണ്ടല്ലോ.

വിഡ്ഢിത്തം നിമിത്തം തെറ്റ് ചെയ്യുകയും, ഉടനെ പശ്ചാത്തപിക്കുകയും ചെയ്യുന്നവരുടെ പശ്ചാത്താപം മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂവെന്നല്ല – അങ്ങിനെയുള്ളവരുടെ പശ്ചാത്താപം സ്വീകരിക്കല്‍ മാത്രമേ അല്ലാഹുവിന് ബാധ്യതയുള്ളൂ എന്നത്രെ – അല്ലാഹു പറഞ്ഞത്. അപ്പോള്‍, അങ്ങിനെയല്ലാത്തവരുടെ – കല്പിച്ചുകൂട്ടി തെറ്റു ചെയ്യുകയും, ഉടനെത്തന്നെ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവരുടെ – പശ്ചാത്താപം അല്ലാഹു സ്വീകരിച്ചെന്നും, സ്വീകരിച്ചില്ലെന്നും വരാം. രണ്ടും അവന്‍റെ ഉദ്ദേശ്യം അനുസരിച്ചായിരിക്കും സംഭവിക്കുക എന്നത്രെ താല്‍പര്യം. തന്നില്‍ പങ്കുചേര്‍ക്കുക (شرك) എന്നതല്ലാത്ത എല്ലാ പാപങ്ങളും പൊറുക്കപ്പെടാവുന്നതാണെന്നും, അവയില്‍നിന്നുള്ള പശ്ചാത്താപം അല്ലാഹു ഉദ്ദേശിക്കുന്നവരില്‍നിന്ന് അവന്‍ സ്വീകരിക്കുന്നതാണെന്നും അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളതാണല്ലോ. (48, 116 എന്നീ വചനങ്ങളും, 3:135 മുതലായ വചനങ്ങളും നോക്കുക). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി ഇബ്‌നുഉമര്‍ (റ) ഇപ്രകാരം ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു: ‘നിശ്ചയമായും അടിയാനു (മനുഷ്യന്) മരണം തൊണ്ടക്കുഴിയിലെത്താത്തപ്പോഴെല്ലാം അവന്‍റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്.’ (അ; തി; ജ; ഹാ) പക്ഷേ, കഴിവതും വേഗത്തില്‍തന്നെയുള്ള പശ്ചാത്താപമായിരിക്കും കൂടുതല്‍ സ്വീകാര്യമായിത്തീരുക എന്നു പറയേണ്ടതില്ല. മരണവേളയിലെ ഖേദംകൊണ്ട് പ്രയോജനമില്ലെന്നും, അവിശ്വാസികളായി മരണപ്പെടുന്നവരുടെ പാപങ്ങള്‍ പൊറുക്കുകയില്ലെന്നും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതുമാകുന്നു.

4:19
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَحِلُّ لَكُمْ أَن تَرِثُوا۟ ٱلنِّسَآءَ كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا۟ بِبَعْضِ مَآ ءَاتَيْتُمُوهُنَّ إِلَّآ أَن يَأْتِينَ بِفَـٰحِشَةٍ مُّبَيِّنَةٍ ۚ وَعَاشِرُوهُنَّ بِٱلْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَيَجْعَلَ ٱللَّهُ فِيهِ خَيْرًا كَثِيرًا ﴾١٩﴿
  • ഹേ, വിശ്വസിച്ചവരേ, സ്ത്രീകളെ നിര്‍ബ്ബന്ധപൂര്‍വ്വം അനന്തരമെടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമാകുകയില്ല. നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍ ചിലത് നിങ്ങള്‍ക്ക് (കൈപറ്റി) കൊണ്ട് പോകുവാനായി അവരെ മുടക്കിയിടുകയും ചെയ്യരുത്; സുവ്യക്തമായ വല്ല നീചവൃത്തിയും അവര്‍ കൊണ്ട് വരുന്നതായാലല്ലാതെ. [അപ്പോള്‍ വിരോധമില്ല]. അവരോട് അവരുടെ (സദാചാര) മര്യാദ പ്രകാരം നിങ്ങള്‍ സഹവസിക്കുകയും ചെയ്യുവിന്‍. എനി, നിങ്ങള്‍ അവരെ വെറുത്തുവെ ങ്കില്‍, (നിങ്ങള്‍ ഓര്‍ക്കുക) ഒരു കാര്യത്തെ നിങ്ങള്‍ വെറുക്കുകയും, അതില്‍ അല്ലാഹു വളരെ നന്മ ആ (ക്കിവെ)ക്കുകയും ചെയ്‌തേക്കാം.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا يَحِلُّ അനുവദനീയമാകുകയില്ല لَكُمْ നിങ്ങള്‍ക്ക് أَن تَرِثُوا നിങ്ങള്‍ അനന്തരമെടുക്കല്‍ النِّسَاءَ സ്ത്രീകളെ كَرْهًا നിര്‍ബ്ബന്ധപൂര്‍വ്വം وَلَا تَعْضُلُوهُنَّ അവരെ മുടക്കിയിടുകയും ചെയ്യരുത് لِتَذْهَبُوا നിങ്ങള്‍ പോകുവാന്‍വേണ്ടി بِبَعْضِ ചിലതുമായി, ചില ഭാഗംകൊണ്ട് مَا آتَيْتُمُوهُنَّ അവര്‍ക്ക് നിങ്ങള്‍ നല്‍കിയതിന്‍റെ (നല്‍കിയതില്‍) إِلَّا أَن يَأْتِينَ അവര്‍ വന്നാലല്ലാതെ بِفَاحِشَةٍ വല്ല നീചവൃത്തിയും കൊണ്ട്, ദുര്‍വൃത്തിയുമായി مُّبَيِّنَةٍ സുവ്യക്തമായ, തെളിവായ وَعَاشِرُوهُنَّ അവരോട് നിങ്ങള്‍ സഹവസിക്കുക (കൂടിയാടുക)യും ചെയ്യുവിന്‍ بِالْمَعْرُوفِ സദാചാര(മര്യാദ) പ്രകാരം (നല്ലനിലക്ക്) فَإِن كَرِهْتُمُوهُنَّ എനി നിങ്ങളവരെ വെറുത്താല്‍, അവരോട് നിങ്ങള്‍ക്ക് അതൃപ്തിയായാല്‍ فَعَسَىٰ അപ്പോള്‍ (എന്നാല്‍) ആയേക്കാം أَن تَكْرَهُوا നിങ്ങള്‍ വെറുക്കുക, അതൃപ്തിപ്പെടുക شَيْئًا ഒരു കാര്യം, വസ്തു وَيَجْعَلَ ആക്കുക (ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക)യും اللَّهُ അല്ലാഹു فِيهِ അതില്‍ خَيْرًا നന്മ, ഗുണം كَثِيرًا വളരെ, ധാരാളം

സ്ത്രീകളെ നിര്‍ബ്ബന്ധപൂര്‍വ്വം അനന്തരമെടുക്കുക എന്ന് പറഞ്ഞത് ജാഹിലിയ്യത്തില്‍ ഉണ്ടായിരുന്ന ഒരു സമ്പ്രദായത്തെയാണ് സൂചിപ്പിക്കുന്നത്. ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ അവകാശികള്‍ക്ക് അവരുടെ ഇഷ്ടംപോലെ എന്തും ചെയ്യാവുന്ന ഒരു അനന്തരസ്വത്തെന്ന പോലെയായിരുന്നു അയാളുടെ വിധവയായ ഭാര്യയെ അവര്‍ കണക്കാക്കിയിരുന്നത്. അവള്‍ക്കോ, അവളുടെ കുടുംബത്തിനോ അവളുടെ കാര്യത്തില്‍ നിയന്ത്രണാധികാരമില്ല. ഇത്തരം സമ്പ്രദായങ്ങ ളെ ഈ വചനം നിരോധിക്കുന്നു. ഇബ്‌നു അബ്ബാസ് (റ) പറയുകയാണ്: ‘ഒരു പുരുഷന്‍ മരണപ്പെട്ടാല്‍, അവന്‍റെ ഭാര്യയെപ്പറ്റി കൂടുതല്‍ അര്‍ഹതയുള്ളത് അവന്‍റെ കൈകാര്യകര്‍ത്താക്കള്‍ക്കായിരുന്നു. അവര്‍ വേണമെന്നുവെച്ചാല്‍, അവരില്‍ ചിലര്‍ അവളെ വിവാഹം കഴിക്കും. വേണമെങ്കില്‍ അവര്‍ അവളെ (മറ്റാര്‍ക്കെങ്കിലും) വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യും. വേണമെങ്കില്‍ വിവാഹം കഴിക്കാതെയുമിരിക്കും. അങ്ങനെ, അവളുടെ സ്വന്തക്കാരെക്കാള്‍ അവളെ സംബന്ധിച്ചുള്ള അര്‍ഹത അവര്‍ക്കായിരുന്നു. ഈ വിഷയത്തിലാണ് ഈ വചനം അവതരിച്ചത്.’ (ബു; ദാ; ന.) അല്‍പം ചില വ്യത്യാസങ്ങളോടു കൂടി വേറെയും രിവായത്തുകള്‍ ഇതിനെ പ്പറ്റി കാണാം.

തുടര്‍ന്നുകൊണ്ട് മറ്റൊരു ദുഷിച്ച സമ്പ്രദായത്തെയും അല്ലാഹു ഈ വചനം മുഖേന നിഷിദ്ധമാക്കുന്നു. അതായത്, ഒരാള്‍ക്ക് തന്‍റെ ഭാര്യയോട് വെറുപ്പോ, അനിഷ്ടമോ ഉണ്ടായിത്തീര്‍ന്നാല്‍, അവന്‍ അവളോട് നന്നായി പെരുമാറുകയോ, നല്ലനിലക്ക് പിരിച്ചയക്കുകയോ ചെയ്യാതെ അവളെ കഷ്ടപ്പെടുത്തുക. അങ്ങനെ, അവള്‍ വിവാഹി തയും അവിവാഹിതയും അല്ലാത്ത വിധത്തിലായിത്തീരുന്നു. ഇതിന്‍റെ പിന്നിലുള്ള ആവശ്യമാകട്ടെ, അവള്‍ക്ക് അവന്‍ കൊടുത്തിട്ടുള്ള – കൊടുക്കേണ്ടതുള്ള – മഹ്ര്‍ മുതലായവ മുഴുവനോ അതിന്‍റെ ഏതാനും ഭാഗമോ ഒഴിവാക്കികിട്ടുകയുമായിരിക്കും. ബുദ്ധിമുട്ടുമ്പോള്‍, വിവാഹ ബന്ധത്തില്‍ നിന്ന് മോചനം ലഭിക്കുവാന്‍വേണ്ടി അവള്‍ വല്ലതും ഒഴിവാക്കികൊടുക്കുകയോ വിട്ടുകൊടുക്കുകയോ ചെയ്‌വാന്‍ നിര്‍ബന്ധിതയായിത്തീരുമല്ലോ. ഈ ദുഷിച്ച സമ്പ്രദായം ജാഹിലിയ്യാ കാലത്ത് ഉണ്ടായിരുന്നതുപോലെ ചില മുസ്‌ലിംകള്‍ക്കിടയില്‍ ഇന്നും നടന്നു കൊണ്ടിരിക്കുന്ന ഒരു അക്രമമാകുന്നു. ഈ അക്രമത്തിന്‍റെ പിന്നിലുള്ള ലക്ഷ്യത്തെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ‘നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍ ചിലത് നിങ്ങള്‍ക്ക് കൊണ്ടുപോകുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടരുത്’ (لا تَعْضُلُوهُنَّ لِتَذْهَبُواْ الخ) എന്ന് അല്ലാഹു പറയുന്നത്.

എന്നാല്‍ വ്യക്തമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുന്ന പക്ഷം അങ്ങിനെ മുട ക്കിയിടുന്നതിന് വിരോധമില്ലെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇവിടെ നീചവൃത്തി (فَاحِشَةٍ) കൊണ്ടുദ്ദേശ്യം വ്യഭിചാരമാണെന്നാണ് പലരുടെയും അഭിപ്രായം. വ്യഭിചാരം മാത്രമല്ല, സ്വഭാവദോഷം, അനുസരണക്കേട്, പിണക്കം മുതലായ വ്യക്തമായ ദുര്‍വൃത്തികളും ഉള്‍പെടുമെന്നത്രെ മറ്റൊരു അഭിപ്രായം. ഈ അഭിപ്രായമാണ് ഇബ്‌നു ജരീര്‍ (റ) ശരിവെച്ചിരിക്കുന്നത്. ഇതാണ് നല്ല അഭിപ്രായമെന്ന് ഇബ്‌നു കഥീറും (റ) പറഞ്ഞിരിക്കുന്നു. മോഷണവും അതില്‍ ഉള്‍പെടുമെന്നും ചിലര്‍ അഭിപ്രായെപ്പട്ടിട്ടുണ്ട്. (തഫ്‌സീര്‍ മനാര്‍ കാണുക) ഏതായാലും ദുര്‍വൃത്തി വ്യക്തമായി അറിയ ത്തക്കവിധം സ്പഷ്ടമായിരിക്കണം. ഊഹത്തെ അടിസ്ഥാനമാക്കിക്കൊണ്ടോ വികാരത്തിന് വിധേയമായിക്കൊണ്ടോ ഉള്ള ആരോപണമായിരുന്നാല്‍ പോരാ, മേല്‍കണ്ട വല്ല ദുര്‍വൃത്തിയും അവളില്‍ നിന്ന് വ്യക്തമായി പ്രത്യക്ഷപ്പെടുമ്പോള്‍ – മറ്റു വഴികളില്ലെ ങ്കില്‍ – അവന് അവളെ ‘ഖുല്‍ഇ’നു (പ്രതിഫലത്തിന്‍മേലുള്ള വിവാഹമോചനത്തിന്) പ്രേരിപ്പിക്കത്തക്കവണ്ണം അവളോട് പെരുമാറ്റം കുടുസ്സാക്കാവുന്നതാണെന്ന് പലരും ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. (‘ഖുല്‍ഇ’ – خُلع – നെപ്പറ്റി 2:229ല്‍ വിവരിച്ചിട്ടുള്ളത് ഓര്‍ക്കുക).

പ്രസ്തുത രണ്ട് ദുഃസ്സമ്പ്രദായങ്ങളെയും നിരോധിച്ചശേഷം ഭാര്യാഭര്‍ത്താക്കളുടെ ദാമ്പത്യപരവും ഗാര്‍ഹികവും കുടുംബപരവുമായ വിജയങ്ങള്‍ക്ക് നിദാന മായിത്തീരുന്ന ഒരു മഹത്തായ സദുപദേശമത്രെ وَعَاشِرُوهُنّ بِالْمَعْرُوفِ (അവരോട് നിങ്ങള്‍ സദാചാര മര്യാദപ്രകാരം സഹവസിക്കുകയും ചെയ്യണം) എന്ന വാക്യം. സംസാരത്തിലും, പ്രവൃത്തിയിലും, പെരുമാറ്റത്തിലുമെല്ലാം തന്നെ കഴിവനുസരിച്ച് നല്ലപോലെ വര്‍ത്തി ക്കണമെന്ന് സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നിങ്ങളില്‍വെച്ച് ഉത്തമന്‍ നിങ്ങളില്‍ തന്‍റെ വീട്ടുകാരോട് ഉത്തമനായിരിക്കും.’ (തി; ജ.) ‘അവരുടെ -ഭാര്യമാരുടെ- മേല്‍ ഇങ്ങോട്ട് ബാദ്ധ്യതയുള്ള ത്‌പോലെത്തന്നെ അവരോട് അങ്ങോട്ടും മര്യാദപ്രകാരം ബാദ്ധ്യതയുണ്ട്’ എന്ന് (2:228) അല്ലാഹുവും പറഞ്ഞിട്ടുണ്ടല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഗാര്‍ഹിക ജീവിതത്തെപ്പറ്റി അറിയുന്നവര്‍ക്ക് ഈ വിഷയത്തില്‍ ധാരാളം മാതൃക കാണാവുന്നതാണ്.

സ്ത്രീ സഹജമായ ചില ദുഃസ്വഭാവങ്ങള്‍ സ്ത്രീകളില്‍ പ്രകടമാകുക സാധാരണമാണ്. ഒരു ദോഷമല്ലെങ്കില്‍ മറ്റൊരുദോഷം മിക്ക സ്ത്രീകളിലും ഉണ്ടായിരിക്കും. ചിലപ്പോള്‍, സ്ത്രീകളെ കവച്ചുവെക്കുന്ന ദുഃസ്വഭാവങ്ങള്‍ പുരുഷന്മാരിലും ഉണ്ടായിരിക്കും. അങ്ങനെ, ഭര്‍ത്താക്കള്‍ക്ക് ഭാര്യമാരോട് വെറുപ്പും അതൃപ്തിയും ഉണ്ടായിത്തീരുക സ്വാഭാവികമാണ്. ഇതിനുള്ള പരിഹാരമാര്‍ഗം ക്ഷമയും, സഹനവുമാണെന്നും, അതായിരിക്കും ഭാവിയില്‍ ഗുണകരമായി കലാശിക്കുകയെന്നുമാണ് അവസാനത്തെ വാക്യത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ഭാര്യമാരോട് അനിഷ്ടവും വെറുപ്പും ഉണ്ടാകുമ്പോഴേക്കും അതിന് പ്രതികാര നടപടി എടുക്കുകയോ, വിവാഹ മോചനം നല്‍കുവാന്‍ ധൃതികൂട്ടുകയോ ചെയ്യാതെ സഹനപൂര്‍വ്വം അവരെ വെച്ചുകൊണ്ടിരിക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് മുന്‍കൂട്ടി വിഭാവനം ചെയ്‌വാന്‍ കഴിയാത്ത പല ഗുണ ങ്ങളും അതുമൂലം അനുഭവപ്പെടുവാനുണ്ടായേക്കും എന്നത്രെ അല്ലാഹു പറഞ്ഞതിന്‍റെ സാരം. വാസ്തവത്തില്‍, അല്ലാഹുവിന്‍റെ ഈ ഉപദേശം ഭാര്യമാരുടെ കാര്യത്തില്‍ മാത്രമല്ല, മക്കള്‍, അയല്‍ക്കാര്‍, ബന്ധുമിത്രാദികള്‍ മുതലായവരുടെ കാര്യങ്ങളിലെല്ലാം തന്നെ നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്. സ്ത്രീകളെക്കുറിച്ച് പ്രത്യേകിച്ചും, ഓര്‍മിക്കേണ്ടതാണിത്. ഒരു സ്ത്രീ സൗന്ദര്യം കുറഞ്ഞവളാണെങ്കിലും സല്‍സ്വഭാവമുള്ളവളായിരിക്കാം. അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ വീടും സ്വത്തും മാനവും മാന്യതയുമെല്ലാം കാത്തുരക്ഷിക്കുവാന്‍ പ്രാപ്തിയുള്ളവളായിരിക്കാം. ഒരുവള്‍ക്ക് വീട്ടുകാര്യം കയ്യാളുവാന്‍ കഴിവ് കുറവാണെങ്കിലും അവള്‍ അവന്‍റെ ചൊല്‍പ്പടി തെറ്റാത്തവളും, അവന്‍റെയും മക്കളുടെയും സാന്‍മാര്‍ഗിക തുറകളില്‍ വളരെ ശ്രദ്ധയുള്ളവളുമായിരിക്കാം. അങ്ങിനെ, ഏതെങ്കിലും ഒരു ദോഷമുണ്ടെങ്കില്‍ അതിനെക്കാള്‍ ഗുണവും അവളില്‍ ഉണ്ടായിരിക്കാം. അതാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീഥില്‍ ചൂണ്ടിക്കാട്ടുന്നത്. ‘ഒരു സത്യവിശ്വാസി ഒരു സത്യവിശ്വാസിനിയോട് ഈര്‍ഷ്യത പുലര്‍ത്തരുത്. അവളില്‍നിന്ന് ഒരു സ്വഭാവം അവന് വെറുപ്പായെങ്കില്‍ അവളില്‍നിന്ന് മറ്റൊരു സ്വഭാവം അവന് തൃപ്തിയുള്ളതായിരിക്കു ന്നതാണ്.’ (മു)

4:20
  • وَإِنْ أَرَدتُّمُ ٱسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ وَءَاتَيْتُمْ إِحْدَىٰهُنَّ قِنطَارًا فَلَا تَأْخُذُوا۟ مِنْهُ شَيْـًٔا ۚ أَتَأْخُذُونَهُۥ بُهْتَـٰنًا وَإِثْمًا مُّبِينًا ﴾٢٠﴿
  • നിങ്ങള്‍ ഒരു ഇണ [ഭാര്യ]യുടെ സ്ഥാനത്ത് (വേറെ) ഒരു ഇണ [ഭാര്യ]യെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിച്ചുവെങ്കില്‍, അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം (തന്നെ) നല്‍കുകയും ചെയ്തിരി ക്കുന്നു; എന്നാല്‍, അതില്‍ നിന്ന് നിങ്ങള്‍ യാതൊന്നും (തിരിച്ചു)വാങ്ങ രുത്. കള്ളാരോപണമായും, വ്യക്തമായ കുറ്റമായുംകൊണ്ട് നിങ്ങള്‍ അതു വാങ്ങുകയോ?!
  • وَإِنْ أَرَدتُّمُ നിങ്ങള്‍ ഉദ്ദേശിച്ചെങ്കില്‍, താല്‍പര്യപ്പെട്ടാല്‍ اسْتِبْدَالَ പകരം സ്വീകരിക്കല്‍ زَوْجٍ ഒരു ഇണയെ مَّكَانَ സ്ഥാനത്ത് زَوْجٍ ഒരു ഇണയുടെ وَآتَيْتُمْ നിങ്ങള്‍ കൊടുക്കുകയും ചെയ്തു (ചെയ്തിരിക്കുന്നു) إِحْدَاهُنَّ അവരില്‍ ഒരുവള്‍ക്ക് قِنطَارًا ഒരു കൂമ്പാരം, അട്ടി (വളരെയധികം) فَلَا تَأْخُذُوا എന്നാല്‍ നിങ്ങള്‍ വാങ്ങരു ത്, എടുക്കരുത് مِنْهُ അതില്‍ നിന്ന് شَيْئًا യാതൊന്നും, ഒരു വസ്തുവും أَتَأْخُذُونَهُ നിങ്ങളതു വാങ്ങുകയാണോ بُهْتَانًا കള്ളാരോപണമായി, വ്യാജമായി, നുണയായി وَإِثْمًا പാപ(കുറ്റ)മായും مُّبِينًا വ്യക്തമായ, സ്പഷ്ടമായ
4:21
  • وَكَيْفَ تَأْخُذُونَهُۥ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ مِنكُم مِّيثَـٰقًا غَلِيظًا ﴾٢١﴿
  • നിങ്ങള്‍ അത് എങ്ങിനെ വാങ്ങും? നിങ്ങളില്‍ ചിലര്‍ ചിലരുമായി [അന്യോന്യം] കൂടിച്ചേരുകയും, അവര്‍ നിങ്ങളോട് കനത്ത ഒരുഉറപ്പു വാങ്ങുകയും ചെയ്തിട്ടുണ്ടെന്നിരിക്കെ!
  • وَكَيْفَ تَأْخُذُونَهُ നിങ്ങള്‍ അതെങ്ങിനെ വാങ്ങും وَقَدْ أَفْضَىٰ കൂടിച്ചേര്‍ന്നിരിക്കെ, കൂടിക്കഴിഞ്ഞിട്ടുണ്ട് بَعْضُكُمْ നിങ്ങളില്‍ ചിലര്‍ إِلَىٰ بَعْضٍ ചിലരിലേക്ക്, ചിലരുമായി وَأَخَذْنَ അവര്‍ വാങ്ങുക (എടുക്കു)കയും ചെയ്തിരിക്കുന്നു مِنكُم നിങ്ങളില്‍നിന്ന്, നിങ്ങളോട് مِّيثَاقًا ഒരു ഉറപ്പ്, ഉടമ്പടി غَلِيظًا കനത്ത, ശക്തമായ

ജാഹിലിയ്യാ കാലത്ത് മുശ്‌രിക്കുകള്‍ക്കിടയില്‍ നടപ്പുണ്ടായിരുന്നതും, പില്‍ക്കാലങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയിലും കാണപ്പെട്ടു വരുന്നതുമായ ഒരു ദുഷിച്ച സമ്പ്രദായത്തെക്കുറിച്ചുള്ള കഠിനമായ ആക്ഷേപമാണ് ഈ വചനങ്ങളിലുള്ളത്. ഒരാള്‍ക്ക് അയാളുടെ നിലവിലുള്ള ഭാര്യയെ – അല്ലെങ്കില്‍ ഭാര്യമാരില്‍ ഒരുവളെ – മാറ്റി തല്‍സ്ഥാനത്ത് പുതിയ ഒരുത്തിയെ വിവാഹം കഴിക്കുവാന്‍ ആഗ്രഹം തോന്നുമ്പോള്‍, നിലവിലുള്ളവരോട് അപ്രീതികാണിക്കുകയും, പെരുമാറ്റം മോശമാക്കിത്തീര്‍ക്കുകയും ചെയ്യുക. വേണമെങ്കില്‍ അവരുടെമേല്‍ വല്ല കള്ളാരോപണവും നടത്തുകയും ചെയ്‌തേക്കും. അങ്ങനെ, അവന്‍ മുമ്പ് അവര്‍ക്ക് കൊടുത്തിരുന്ന മഹ്ര്‍ മുതലായവ തിരിച്ചുകിട്ടുവാന്‍ ആവശ്യം പ്രകടിപ്പിക്കുകയും, അവര്‍ അതിന് നിര്‍ബ്ബന്ധിതരാവുകയും ചെയ്‌തേക്കും. മുന്‍കാലത്ത് ഇത്തരം അവസരങ്ങളില്‍ മുമ്പ് കൊടുത്തത് തിരിച്ചു കിട്ടുവാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കില്‍, ഇക്കാലത്ത് അതും അതിനപ്പുറം വലിയൊരു തുകകൂടി ആവശ്യ പ്പെടുന്ന അക്രമികളും ഇല്ലാതില്ല. ഈ സമ്പ്രദായത്തെ അല്ലാഹു വളരെ കര്‍ശനമായി നിരോധിക്കുന്നു. തക്കതായ കാരണമുണ്ടായിരിക്കുകയും, മറ്റു പോംവഴികളില്ലാ തിരിക്കുകയും ചെയ്യുമ്പോഴേ ഭാര്യമാരെ വിവാഹമോചനം ചെയ്തുകൂടൂ എന്ന് പറയേണ്ടതില്ല. ഏതായാലും നിലവിലുള്ള ഭാര്യയെ വിവാഹമോചനം നല്‍കിവിടുവാന്‍ തന്നെ തീര്‍ച്ചയാക്കുകയാണെങ്കില്‍ അവളുടെ മേല്‍ ഇല്ലാത്ത ആരോപണങ്ങള്‍ ചുമത്തിക്കൊണ്ടും, അവളില്‍നിന്ന് അന്യായമായി ധനം തട്ടിയെടുത്തുകൊണ്ടുമായിരിക്ക രുത് അത്, എന്നത്രെ അല്ലാഹു പറയുന്നത്. അത് കടുത്ത അക്രമവും വമ്പിച്ച പാപവുമാ ണെന്നുമാത്രമല്ല, മനുഷ്യോചിതമല്ലാത്ത വിധം കടുത്ത ഒരു കരാര്‍ ലംഘനം കൂടിയാ കുന്നുവെന്നും അല്ലാഹു അറിയിക്കുന്നു.

നിങ്ങള്‍ തമ്മില്‍ അതൃപ്തി ഉളവാകുന്നതിനു മുമ്പ് നിങ്ങള്‍ അന്യോന്യം ഒത്തിണങ്ങി സമ്പര്‍ക്കം പുലര്‍ത്തിയും, ദാമ്പത്യപരവും ഗൃഹപരവുമായ കാര്യങ്ങളില്‍ ഇണകളായി കഴിഞ്ഞു കൂടുകയും ചെയ്തിരുന്നവരാണല്ലോ. കൂടാതെ, വിവാഹ ഇടപാടാണെ ങ്കില്‍, അത് മുഖേന അവരെ മര്യാദയനുസരിച്ച് സ്വീകരിച്ചുകൊണ്ടിരിക്കുകയോ, നല്ല നിലയില്‍ പിരിച്ച് വിട്ടേക്കുകയോ (إِمْسَاكٌ بِمَعْرُوفٍ أَوْ تسْرِيِحٌ بإِحْسانٍ) ചെയ്തു കൊള്ളാമെന്ന് നിങ്ങള്‍ അവര്‍ക്ക് ശക്തിമത്തായ ഒരു ഉറപ്പു നല്‍കുകയും ചെയ്തിരിക്കുകയാണ്. വസ്തുതകള്‍ ഇങ്ങിനെയിരിക്കെ നിങ്ങള്‍ അവര്‍ക്ക് കൊടുത്ത ധനം നിങ്ങള്‍ എങ്ങിനെ തിരിച്ചു വങ്ങും? എന്തൊരു ന്യായമാണ് അതില്‍ നിങ്ങള്‍ക്കുള്ളത്…? എന്ന് ചോദിച്ചുകൊണ്ട് മനുഷ്യോചിതമല്ലാത്ത ഒരു മ്‌ളേച്ഛ സ്വഭാവമാണതെന്ന് കൂടി രണ്ടാമത്തെ വചനത്തില്‍ അല്ലാഹു ഓര്‍മിപ്പിക്കുന്നു. വിവാഹം മുഖേന ചെയ്യുന്ന ഈ കരാറിനെ ഓര്‍മിപ്പിച്ചു കൊണ്ടാണ് വിവാഹം ചെയ്തുകൊടുക്കുന്ന അവസര ത്തില്‍ ചിലര്‍ ഈ വാക്യം (إِمْسَاكٌ بِمَعْرُوفٍ أَوْ تسْرِيِحٌ بإِحْسانٍ) കൂടി പ്രത്യേകം വരനെ ഓര്‍മിപ്പിക്കാറുള്ളത്. ‘ഹജ്ജത്തുല്‍വിദാഇ’ല്‍ വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത സുപ്രസിദ്ധമായ പ്രസംഗത്തില്‍ സ്ത്രീകളെപ്പറ്റി പ്രസ്താവിക്കുന്നമദ്ധ്യെ അവിടുന്ന് പറയുകയുണ്ടായി: ‘നിങ്ങള്‍ അവരെ അല്ലാഹുവിന്‍റെ അമാനത്തായി സ്വീകരിച്ചിരിക്കുകയാണ്. അല്ലാഹുവിന്‍റെ വാക്കനുസരിച്ച് അവരുടെ ഭഗപ്രദേശം നിങ്ങള്‍ അനുവദനീയമാക്കി എടുക്കുകയും ചെയ്തിരിക്കുകയാണ്.’ (മു.)

‘കൂമ്പാരം’ എന്ന് അര്‍ഥം കല്‍പിച്ച قِنطَارٍ (ക്വിന്‍ത്വാര്‍)ന്റെ അര്‍ഥങ്ങള്‍ ആലുഇംറാന്‍ 14ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. അധികരിച്ച ധനം എന്ന ഉദ്ദേശ്യത്തിലാണ് അധികവും അതിന്‍റെ ഉപയോഗമെന്നും അവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഒരാള്‍ തന്‍റെ ഭാര്യക്ക് മഹ്‌റായി വളരെ അധികം ധനം കൊടുത്തിരുന്നാലും അതില്‍നിന്ന് ഒട്ടും തിരിച്ചു വാങ്ങിക്കൂടാ എന്നത്രെ അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം. എന്നാല്‍, അവള്‍ സന്തോഷപൂര്‍വ്വം സ്വമനസ്സാലെ വല്ലതും വിട്ടുകൊടുത്താല്‍ അത് വാങ്ങുന്നതിന് വിരോധമില്ലെന്ന് 4-ാം വചനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. മഹ്‌റില്‍ അതിര് കവിയുന്നത് നന്നല്ലെന്നും, മിതത്വവും മര്യാദയും പാലിക്കുകയാണ് വേണ്ടതെന്നും പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇതിന് ഉപോല്‍ബലകങ്ങളായ ചില രിവായത്തുകള്‍ ആഇശഃ (റ), ഇബ്‌നു അബ്ബാസ് (റ) എന്നിവരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. എങ്കിലും, കവിഞ്ഞപക്ഷം, ഇത്രവരെ മാത്രമേ മഹ്ര്‍ പാടുള്ളൂവെന്ന് നിയമിക്കപ്പെട്ടിട്ടില്ലെന്നും, അതുകൊണ്ട് ഒരു പ്രത്യേക സംഖ്യയില്‍ അത് പരിമിതപ്പെടുത്തി ഒതുക്കി നിറുത്തുവാന്‍ അവകാശമില്ലെന്നും ഈ വചനത്തില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്.

ഉമര്‍ (റ)ന്റെ ഖിലാഫത്ത് കാലത്ത് നടന്ന ഒരു സംഭവം ഇത് കൂടുതല്‍ വ്യക്തമാക്കുന്നു. അഹ്മദ്, അബൂയഅ്‌ലാ (റ) മുതലായവര്‍ പല മാര്‍ഗങ്ങളിലൂടെയും ഉദ്ധരിച്ച ആ സംഭവത്തിന്‍റെ ചുരുക്കം ഇങ്ങിനെയാണ്; ‘സ്ത്രീകളുടെ മഹ്‌റില്‍ അതിരുകവിയരുത്; റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുത്തെ ഭാര്യമാര്‍ക്ക് നാനൂറു വെള്ളിപ്പണത്തിലധികം മഹ്ര്‍ കൊടുക്കുകയുണ്ടായിട്ടില്ല; മഹ്ര്‍ അധികരിപ്പിക്കുന്നത് ഒരു നല്ല കാര്യമായിരുന്നുവെങ്കില്‍ കൂടുതല്‍ മഹ്ര്‍ കൊടുക്കുമായിരുന്നു.’ എന്നിങ്ങിനെ ഒരിക്കല്‍ ഒരു പ്രസംഗത്തില്‍ ഉമര്‍ (റ) ജനങ്ങളോട് പറയുകയുണ്ടായി. അപ്പോള്‍, ഒരു സ്ത്രീ എഴുന്നേറ്റു പറഞ്ഞു: ‘അങ്ങിനെ വിരോധിക്കുവാന്‍ താങ്കള്‍ക്ക് പാടില്ല.’ ഉമര്‍ (റ) കാരണം ചോദിച്ചപ്പോള്‍, ആ സ്ത്രീ ഈ (20-ാം) വചനം ഓതിക്കേള്‍പ്പിക്കുകയാണ് ചെയത്ത്. ഉമര്‍ (റ) വീണ്ടും പ്രസംഗ പീഠ ത്തില്‍ കയറി ആ സ്ത്രീ പറഞ്ഞത് ശരിവെക്കുകയും, എല്ലാവര്‍ക്കും ഉമറിനെക്കാള്‍ അറിയാമെന്ന് പറയുകയും, ആദ്യം പറഞ്ഞത് തിരുത്തി അക്കാര്യം സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. അതാണ് സംഭവം.

4:22
  • وَلَا تَنكِحُوا۟ مَا نَكَحَ ءَابَآؤُكُم مِّنَ ٱلنِّسَآءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُۥ كَانَ فَـٰحِشَةً وَمَقْتًا وَسَآءَ سَبِيلًا ﴾٢٢﴿
  • സ്ത്രീകളില്‍നിന്നും നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്തവരെ നിങ്ങള്‍ വിവാഹം കഴിക്കരുത്, (പക്ഷേ) മുന്‍കഴിഞ്ഞുപോയിട്ടുള്ളതൊഴികെ. നിശ്ചയമായും, അത് ഒരു നീചവൃത്തിയും, വെറുക്കപ്പെട്ടതുമാകുന്നു; അത് വളരെ മോശപ്പെട്ട ഒരു മാര്‍ഗവുമത്രെ.
  • وَلَا تَنكِحُوا നിങ്ങള്‍ വിവാഹം ചെയ്യരുത് مَا نَكَحَ വിവാഹം ചെയ്തത് (ചെയ്തവരെ) آبَاؤُكُم നിങ്ങളുടെ പിതാക്കള്‍ مِّنَ النِّسَاءِ സ്ത്രീകളില്‍നിന്ന് إِلَّا مَا യാതൊന്നൊഴികെ قَدْ سَلَفَ അത് മുന്‍ കഴിഞ്ഞുപോയി إِنَّهُ كَانَ നിശ്ചയമായും അതാകുന്നു فَاحِشَةً നീചവൃത്തി وَمَقْتًا വെറുക്കപ്പെട്ടതും (വെറുപ്പായതും) وَسَاءَ അത് വളരെ മോശപ്പെട്ട (ചീത്തയായ)തുമാണ് سَبِيلًا മാര്‍ഗം, വഴി

മരണപ്പെട്ട ആളുടെ ഭാര്യയെ വേറെ ഭാര്യയില്‍ നിന്ന് ജനിച്ച അയാളുടെ മകന്‍ വിവാഹം കഴിക്കുന്ന ഒരു ദുഷിച്ച സമ്പ്രദായം ജാഹിലിയ്യത്തിലുണ്ടായിരുന്നു. അതാണ് ഈ വചനത്തില്‍ അല്ലാഹു വളരെ കര്‍ശനമായി വിരോധിച്ചിരിക്കുന്നത്. ഈ നിരോധ കല്‍പന അവതരിക്കുന്നതിന് മുമ്പു കഴിഞ്ഞുപോയിട്ടുള്ളതിനെ നിരോധത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ഈ നിരോധം അവതരിക്കുമ്പോള്‍ അങ്ങിനെ ചില വിവാഹങ്ങളൊക്കെ നിലവിലുണ്ടായിരിക്കെ – അവയെ ദുര്‍ബ്ബലപ്പെടുത്തുന്നപക്ഷം – അതില്‍ ജനിച്ച കുട്ടികളെ സംബന്ധിച്ചും മറ്റും പല പ്രശ്‌നങ്ങളും നേരിടുവാനുണ്ടല്ലോ. അവിശ്വാസികളില്‍നിന്ന് ഇസ്‌ലാമിലേക്ക് വരുന്ന ഭാര്യാഭര്‍ത്താക്കള്‍ അവരുടെ പഴയ ആചാരക്രമങ്ങളനുസരിച്ച് മുമ്പ് നടത്തിയിട്ടുള്ള വിവാഹ ബന്ധങ്ങള്‍ ഇസ്‌ലാമിലും അതേപടി തുടര്‍ന്ന് പോകുവാന്‍ അനുവദിക്കപ്പെടുന്നതും അതുകൊണ്ടാകുന്നു.

നികൃഷ്ടമായ ആ സമ്പ്രദായത്തെ നിഷിദ്ധമാക്കുക മാത്രമല്ല, അല്ലാഹു ചെയ്തിരിക്കുന്നത്. فَاحِشَةٍ (നീചവൃത്തി), مَقْت (വെറുക്കപ്പെട്ടത്), سَاء سَبِيلا (വളരെ ദുഷിച്ച ഒരു മാര്‍ഗം) എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് അത് അങ്ങേ അറ്റം വഷളും, നിന്ദ്യവും, അപലപനീയവുമായ ഒരു സമ്പ്രദായമാണെന്നുകൂടി വ്യക്തമാക്കിയിരിക്കുന്നു. ബുദ്ധിപരമോ, മതപരമോ, സദാചാരപരമോ ആയ അടിസ്ഥാനങ്ങളിലാണല്ലോ ഒരു കാര്യത്തിന്‍റെ നന്മയും തിന്മയും വിലയിരുത്തപ്പെടുന്നത്. ഇവയില്‍ ഏതടിസ്ഥാനത്തില്‍ നോക്കിയാലും ഈ സമ്പ്രദായം വളരെ വഷളായ ഒരു ഏര്‍പ്പാടാണെന്നാണ് ഈ വിശേഷണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഇമാം റാസീ (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. വ്യഭിചാരത്തിന്‍റെ ചീത്തത്തത്തെപ്പറ്റി വിവരിച്ചപ്പോള്‍പോലും ഈ മൂന്ന് വിശേഷണങ്ങളില്‍ ആദ്യത്തേതും അവസാനത്തെതും മാത്രമേ അല്ലാഹു (17:32 ല്‍) പ്രസ്താവിച്ചിട്ടുള്ളൂ. ഇവിടെ അതിന് പുറമെ مَقْتًا (വെറുക്കപ്പെട്ടത്) എന്നുകൂടി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈ നിരോധം അവതരിപ്പിച്ചശേഷവും പഴയപടി പിതാവിന്റെ മരണശേഷം പിതാവിന്‍റെ ഭാര്യയെ വിവാഹം കഴിച്ച ഒരാളെ കൊലപ്പെടുത്തുവാനും, അയാളുടെ സ്വത്ത് പിടിച്ചെടുക്കുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആളയച്ചതായി ഒരു ഹദീഥില്‍ വന്നിട്ടുണ്ട്. (അ; ഹാ; ബ) ഇതു ഒരുതരം വ്യഭിചാര വേഴ്ചയാണെന്നുള്ളതിന് പുറമെ, പിതൃത്വത്തോടും മാതൃത്വത്തോടും കാണിക്കുന്ന ധിക്കാരവും കൂടിയാണ്. പിതാവിന്‍റെ ഭാര്യ നേരെ മാതാവല്ലെങ്കിലും മാതാവിന്‍റെ സ്ഥാനം കല്‍പിക്കപ്പെടേണ്ടുന്നവളാണല്ലോ. ഈ സമ്പ്രദായം നടപ്പിലുണ്ടായിരുന്ന ജാഹിലിയ്യാ കാലത്തുപോലും ഇതിന് نكاح مقيت (വെറുക്കപ്പെട്ട വിവാഹം) എന്ന് പറയപ്പെട്ടുവന്നിരുന്നുവത്രെ.

പിതാക്കള്‍ (آبَاء) എന്ന വാക്കില്‍ പിതാമഹന്മാരും ഉള്‍പ്പെടുന്നതാണ്. വിവാഹം കഴിച്ചവര്‍ (مانكح) എന്ന് പറഞ്ഞതില്‍ വിവാഹാനന്തരം സംയോഗം നടന്നിട്ടില്ലാത്ത ഭാര്യമാരും ഉള്‍പ്പെടുമെന്നും പണ്ഡിതന്മാര്‍ മനസ്സിലാക്കിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതും അതു തന്നെയാണ്.

വിഭാഗം - 4

4:23
  • حُرِّمَتْ عَلَيْكُمْ أُمَّهَـٰتُكُمْ وَبَنَاتُكُمْ وَأَخَوَٰتُكُمْ وَعَمَّـٰتُكُمْ وَخَـٰلَـٰتُكُمْ وَبَنَاتُ ٱلْأَخِ وَبَنَاتُ ٱلْأُخْتِ وَأُمَّهَـٰتُكُمُ ٱلَّـٰتِىٓ أَرْضَعْنَكُمْ وَأَخَوَٰتُكُم مِّنَ ٱلرَّضَـٰعَةِ وَأُمَّهَـٰتُ نِسَآئِكُمْ وَرَبَـٰٓئِبُكُمُ ٱلَّـٰتِى فِى حُجُورِكُم مِّن نِّسَآئِكُمُ ٱلَّـٰتِى دَخَلْتُم بِهِنَّ فَإِن لَّمْ تَكُونُوا۟ دَخَلْتُم بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَـٰٓئِلُ أَبْنَآئِكُمُ ٱلَّذِينَ مِنْ أَصْلَـٰبِكُمْ وَأَن تَجْمَعُوا۟ بَيْنَ ٱلْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا ﴾٢٣﴿
  • നിങ്ങളുടെ മേല്‍ (വിവാഹം കഴിക്കല്‍) നിഷിദ്ധമാക്കപ്പെട്ടിരി ക്കുന്നു: നിങ്ങളുടെ ഉമ്മമാരും, നിങ്ങളുടെ പുത്രിമാരും, നിങ്ങളുടെ സഹോദരികളും, നിങ്ങളുടെ അമ്മായി [പിതൃ സഹോദരി]കളും, നിങ്ങളുടെ ഇളയമ്മ - മൂത്തമ്മ [മാതൃ സഹോദരി]കളും, സഹോദര പുത്രികളും, സഹോദരീ പുത്രികളും, നിങ്ങള്‍ക്കു മുലതന്നിട്ടുള്ളതായ നിങ്ങളുടെ ഉമ്മമാരും, മുലകുടി ബന്ധത്തിലുള്ള നിങ്ങളുടെ സഹോ ദരികളും, നിങ്ങളുടെ സ്ത്രീ [ഭാര്യ] കളുടെ ഉമ്മമാരും, നിങ്ങള്‍ പ്രവേശനം [സംയോഗം] ചെയ്തിട്ടുള്ളവരായ നിങ്ങളുടെ സ്ത്രീകളില്‍ നിന്നായി നിങ്ങളുടെ സംരക്ഷണത്തിലുള്ളവരായ നിങ്ങളുടെ വളര്‍ത്തു പുത്രികളും; എനി, നിങ്ങള്‍ അവരില്‍ പ്രവേശനം [സംയോഗം] ചെയ്യുകയുണ്ടായിട്ടില്ലെങ്കില്‍ നിങ്ങളുടെ മേല്‍ കുറ്റമില്ല - നിങ്ങളുടെ മുതുകെല്ലുകളില്‍ നിന്നുള്ള നിങ്ങളുടെ (സ്വന്തം) പുത്രന്മാരുടെ സഹധര്‍മിണികളും, രണ്ട് സഹോദരികള്‍ക്കിടയില്‍ നിങ്ങള്‍ ഒരുമിച്ചുകൂട്ടലും. (പക്ഷേ) മുന്‍ കഴിഞ്ഞുപോയിട്ടുള്ളതൊഴികെ. [അതിനു വിരോധമില്ല] നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
  • حُرِّمَتْ ഹറാമാക്ക (നിഷിദ്ധമാക്ക)പ്പെട്ടിരിക്കുന്നു عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍ أُمَّهَاتُكُمْ നിങ്ങളുടെ ഉമ്മമാര്‍, മാതാക്കള്‍ وَبَنَاتُكُمْ നിങ്ങളുടെ പുത്രിമാരും, പെണ്‍മക്കളും وَأَخَوَاتُكُمْ നിങ്ങളുടെ സഹോദരികളും وَعَمَّاتُكُمْ നിങ്ങളുടെ അമ്മായി (പിതൃസഹോദരി)കളും وَخَالَاتُكُمْ നിങ്ങളുടെ ഇളയമ്മ - മൂത്തമ്മ (മാതൃസഹോദരി)കളും وَبَنَاتُ الْأَخِ സഹോദരന്‍റെ പുത്രികളും وَبَنَاتُ الْأُخْتِ സഹോദരിയുടെ പുത്രികളും وَأُمَّهَاتُكُمُ നിങ്ങളുടെ ഉമ്മമാരും, മാതാക്കളും اللَّاتِي أَرْضَعْنَكُمْ നിങ്ങള്‍ക്ക് മുല(പ്പാല്‍) തന്നവരായ وَأَخَوَاتُكُم നിങ്ങളുടെ സഹോദരികളും مِّنَ الرَّضَاعَةِ മുലകുടി ബന്ധത്തിലുള്ള وَأُمَّهَاتُ نِسَائِكُمْ നിങ്ങളുടെ സ്ത്രീകളു(ഭാര്യമാരു)ടെ ഉമ്മമാരും وَرَبَائِبُكُمُ നിങ്ങളുടെ വളര്‍ത്തു(പോറ്റു) പുത്രികളും اللَّاتِي فِي حُجُورِكُم നിങ്ങളുടെ സംരക്ഷണത്തിലുള്ളവരായ مِّن نِّسَائِكُمُ നിങ്ങളുടെ സ്ത്രീ (ഭാര്യ)കളില്‍നിന്ന് اللَّاتِي യാതൊരുവരായ دَخَلْتُم بِهِنَّ നിങ്ങള്‍അവരില്‍ പ്രവേശനം ചെയ്തിരിക്കുന്നു(സംയോഗം നടന്നു) فَإِن لَّمْ تَكُونُوا എനി നിങ്ങളായിട്ടില്ലെങ്കില്‍, ഉണ്ടായിട്ടില്ലെങ്കില്‍ دَخَلْتُم بِهِنَّ അവരില്‍ പ്രവേശിച്ചിരിക്കുക (സംയോഗം നടത്തുക) فَلَا جُنَاحَ എന്നാല്‍ തെറ്റില്ല, കുറ്റമില്ല عَلَيْكُمْ നിങ്ങളുടെ മേല്‍ وَحَلَائِلُ അനുവദനീയമായ സ്ത്രീ (സഹധര്‍മിണി - പത്‌നി)കളും أَبْنَائِكُمُ നിങ്ങളുടെ പുത്രന്മാരുടെ الَّذِينَ യാതൊരുവരായ مِنْ أَصْلَابِكُمْ നിങ്ങളുടെ മുതുകെല്ലുകളില്‍ നിന്നുള്ള (നിങ്ങളുടെ സ്വന്തം) وَأَن تَجْمَعُوا നിങ്ങള്‍ ഒരുമിച്ചു കൂട്ടുന്നതും بَيْنَ الْأُخْتَيْنِ രണ്ട് സഹോദരികള്‍ക്കിടയില്‍ إِلَّا مَا യാതൊന്നൊഴികെ قَدْ سَلَفَ മുന്‍കഴിഞ്ഞു പോയിട്ടുള്ള إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ غَفُورًا വളരെ പൊറുക്കുന്നവനാകുന്നു رَّحِيمًا കരുണാനിധി

കഴിഞ്ഞ വചനത്തില്‍ പിതാക്കളുടെ ഭാര്യമാരെ മക്കള്‍ വിവാഹം ചെയ്യുന്നതിനെ നിഷിദ്ധമാക്കുകയും, അപലപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കുടുംബ ബന്ധംകൊണ്ടോ, മുലകുടി ബന്ധംകൊണ്ടോ, വിവാഹ ബന്ധം കൊണ്ടോ സത്യവിശ്വാസികള്‍ക്ക് വിവാഹം നിഷിദ്ധമായവര്‍ ആരൊക്കെയാണെന്ന് ഈ വചനത്തിലും, അടുത്ത വചന ത്തിലുമായി അല്ലാഹു വിവരിക്കുന്നു. കുടുംബ ബന്ധം നിമിത്തം വിവാഹം ഹറാമായ (നിഷിദ്ധമായ)വര്‍ ഇവരാണ്:-

(1) മാതാക്കള്‍: സ്വന്തം മാതാക്കള്‍ക്ക് പുറമെ, മാതാവിന്‍റെയും, പിതാവിന്‍റെയും മാതാക്കളും (ഉമ്മാമമാരും) ഇതില്‍ ഉള്‍പെടും.

(2) പുത്രിമാര്‍: സ്വന്തം പുത്രിമാര്‍ക്ക് പുറമെ, സ്വന്തം മക്കളുടെ പുത്രിമാരും ഇതില്‍ ഉള്‍പെടുന്നു.

(3) സഹോദരിമാര്‍: മാതാവും പിതാവും ഒത്തവരോ, അല്ലെങ്കില്‍ പിതാവോ മാതാവോ മാത്രം ഒത്തവരോ ആയ എല്ലാ സഹോദരികളും ഇതില്‍ ഉള്‍പെടുന്നു.

(4) അമ്മായി – അഥവാ പിതാവിന്‍റെ സഹോദരികള്‍: പിതാക്കളില്‍ പിതാമഹന്മാരും മാതാമഹന്മാരും ഉള്‍പെടുന്നതുകൊണ്ട് അവരുടെ സഹോദരികളായ അമ്മായികളും ഇതില്‍ ഉള്‍പെടുന്നു.

(5) മാതാവിന്‍റെ സഹോദരികളായ ഇളയമ്മമാരും, മൂത്തമ്മമാരും: ഇതില്‍ എല്ലാ തരം ഉമ്മാമമാരുടെ സഹോദരികളും ഉള്‍പെടും.

(6) സഹോദരന്മാരുടെ പുത്രികള്‍.

(7) സഹോദരിമാരുടെ പുത്രികള്‍. ഈ രണ്ടിലും മേല്‍പറഞ്ഞ മൂന്നു തരത്തിലുള്ള സഹോദര സഹോദരിമാരുടെയും പുത്രികള്‍ അടങ്ങുന്നു. വിവാഹ വിഷയത്തില്‍ രക്തബന്ധം പോലെത്തന്നെയുള്ള ഒരു ബന്ധമായിട്ടാണ് മുലകുടി ബന്ധത്തെയും ഇസ്‌ലാം കണക്കാക്കുന്നത്. വിവാഹം പാടില്ലായ്മ, പരസ്പരം കൂടിക്കലര്‍ന്നുകൊണ്ടുള്ള പെരുമാറ്റം ആദിയായവയില്‍ രണ്ടു ബന്ധങ്ങളും ഒരുപോ ലെയാകുന്നു. ഒരു സ്ത്രീയുടെ മുലകുടിച്ച കുട്ടിക്ക് – അത് ആണാവട്ടെ, പെണ്ണാവട്ടെ – ആ സ്ത്രീ മാതാവും, ആ സ്ത്രീയുടെ അപ്പോഴത്തെ ഭര്‍ത്താവ് പിതാവും ആയിത്തീരുന്നു. മുല കുടിച്ച കുട്ടി ആണാണെങ്കില്‍ അവരുടെ മകനും, പെണ്ണാണെങ്കില്‍ അവരുടെ മകളുമായി കണക്കാക്കപ്പെടും. അതോടെ ആ മാതാപിതാക്കളുടെ സഹോദര സഹോദരികള്‍ മുതലായവരും അവര്‍ക്ക് വിവാഹം നിഷിദ്ധമായ കുടുംബങ്ങളായിത്തീരുന്നു. മുലകുടിബന്ധം നിമിത്തം വിവാഹം നിരോധിക്കപ്പെട്ടവരായി ഈ വചനത്തില്‍ പ്രസ്താവിക്കപ്പെട്ടവര്‍:

(1) മുലകൊടുത്ത മാതാക്കളും

(2) ആ ബന്ധത്തിലുള്ള സഹോദരികളും മാത്രമാകുന്നു.

മറ്റുള്ളവരെപ്പറ്റി ഒന്നും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. എങ്കിലും, നിങ്ങള്‍ക്ക് (أُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ) എന്നും മുല കുടി ബന്ധത്താലുള്ള നിങ്ങളുടെ സഹോദരികള്‍ (وَأَخَوَاتُكُم مِّنَ الرَّضَاعَةِ) എന്നുമുള്ള പ്രയോഗങ്ങളില്‍നിന്ന് മേല്‍വിവരിച്ച തത്വം മനസ്സിലാക്കാവുന്നതാണ്. അത് തന്നെ യാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീഥില്‍ വ്യക്തമാക്കിയിരിക്കുന്നതും: ‘നിശ്ചയമായും, ജനനം നിഷിദ്ധമാക്കുന്നതെന്തോ അതു മുലകുടിയും നിഷിദ്ധമാക്കും.’ (ബു; മു) മുസ്‌ലിമിന്‍റെ ഒരു നിവേദനത്തില്‍ കുടുംബ ബന്ധം നിമിത്തം നിഷിദ്ധമാകുന്നതു മുലകുടി നിമിത്തം നിഷിദ്ധമാകും’ എന്നാണുള്ളത്.

മുലകുടി ബന്ധം നിമിത്തം വിവാഹം നിഷിദ്ധമാകുന്ന സ്ത്രീകളെപ്പറ്റി വിവരിച്ച ശേഷം ‘ഉണര്‍ത്തപ്പെടേുന്ന ഒരു വിഷയമാണ്’ എന്ന് പ്രസ്താവിച്ചുകൊണ്ട് സയ്യിദ്‌റ ശീദു റിദ്വാ (റ) തഫ്‌സീറുല്‍ മനാറില്‍ ചെയ്ത ഒരു പ്രസ്താവന ഇവിടെ ഓര്‍മിപ്പിക്കുന്നത് ആവശ്യമായി തോന്നുന്നു. അതിന്‍റെ സാരം ഇങ്ങിനെയാണ്: ‘മുലകുടി ബന്ധത്തിന്‍റെ കാര്യത്തില്‍ ജനമദ്ധ്യെ ഒരു അലംഭാവനയം സാധാരണമായിത്തീര്‍ന്നിട്ടുണ്ട്. ഒന്നോ അധികമോ സ്ത്രീകളെക്കൊണ്ട് അവര്‍ കുട്ടിക്ക് മുലകൊടുപ്പിക്കും. മുല കൊടുത്ത മാതാവിന്‍റെ മക്കള്‍, സഹോദരികള്‍, അവളുടെ ഭര്‍ത്താവിന്‍റെ മക്കള്‍ അവന്‍റെ സഹോദരികള്‍ എന്നിവരെ ശരിക്ക് അറിയുവാനും, അങ്ങനെ അവരും ആ കുട്ടിയും തമ്മില്‍ വിവാഹസംന്ധമായും മറ്റും ഏര്‍പ്പെടുന്ന നിയമങ്ങളെ പരിഗണിക്കുവാനും അവര്‍ ശ്രദ്ധിക്കാറില്ല. ഇത് നിമിത്തം പലപ്പോഴും, ഒരാള്‍ തന്‍റെ മുലകുടി ബന്ധത്തിലുള്ള സഹോദരിയെയോ, അമ്മായിയെയോ, ഇളയമ്മ – മൂത്തമ്മയെയോ അറിയാതെ വിവാഹം കഴിക്കുവാന്‍ ഇടവരുന്നു.’

വിവാഹ ബന്ധം നിമിത്തം നിഷിദ്ധമാക്കപ്പെട്ടവര്‍ ഇവരാണ്:

(1) ഭാര്യമാരുടെ മാതാക്കള്‍: മാതാക്കളില്‍ മാതാമഹികളും പിതാമഹികളും ഉള്‍പെടുമെന്ന് മുമ്പ് പറഞ്ഞു. ഭാര്യയുമായി സംയോഗം നടന്നിട്ടില്ലെങ്കിലും ഭാര്യയുടെ മാതാക്കള്‍ നിഷിദ്ധം തന്നെയാണെന്നത്രെ ബലപ്പെട്ട അഭിപ്രായം. സംയോഗം നടന്നിരിക്കല്‍ ഒരു ഉപാധിയായി അല്ലാഹു ഇവിടെ പ്രസ്താവിച്ചിട്ടുമില്ലല്ലോ.

(2) വളര്‍ത്തുപുത്രികള്‍: അതായത്, ഭാര്യമാര്‍ക്ക് മുന്‍വിവാഹത്തില്‍ ജനിച്ച പെണ്‍മക്കള്‍. പക്ഷേ, ഭാര്യയുമായി സംയോഗം നടന്നിട്ടുണ്ടെങ്കില്‍ മാത്രമെ ഇവര്‍ നിഷിദ്ധമാകുകയുള്ളൂ. അഥവാ ഒരു സ്ത്രീയെ ഒരാള്‍ വിവാഹം കഴിച്ചതുകൊണ്ട് മാത്രം അവളുടെ മുന്‍ വിവാഹത്തില്‍ ജനിച്ച മകള്‍ നിഷിദ്ധമാകുകയില്ല. സംയോഗത്തിനു മുമ്പായി അവള്‍ വിവാഹമോചനം ചെയ്യപ്പെട്ടാല്‍ പിന്നീട് ആ മകളെ അവന് വേണമെങ്കില്‍ വിവാഹം കഴിക്കാം. ഒരു സ്ത്രീയെ ഒരാള്‍ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോള്‍ അവളുടെ മുന്‍ വിവാഹത്തിലുള്ള മക്കളും അയാളുടെ സംരക്ഷണത്തില്‍ വളര്‍ത്തപ്പെ ടുകയാണല്ലോ സാധാരണ പതിവ്. ആ നിലക്കാണ് ‘നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തുപുത്രികള്‍ (وَرَبَائبُكُمُ اللاّتيِ فِي حُجُورِكُم)’ എന്ന് പറഞ്ഞിരിക്കുന്നത്. അല്ലാതെ ഇതൊരു പ്രത്യേക നിബന്ധനയെന്ന നിലക്കല്ല. നിങ്ങളുടെ സംരക്ഷണത്തിലായി നിങ്ങളുടെ മക്കളെപ്പോലെ നിങ്ങള്‍ വളര്‍ത്തിവരുന്നവരെ നിങ്ങള്‍ വിവാഹം കഴിക്കുന്നത് നന്നല്ലല്ലോ എന്നൊരു സൂചനയും അതില്‍ കാണാം. ആ കുട്ടികളുടെ പരിപാലനവും സംരക്ഷണവും നടക്കുന്നതു മറ്റു വല്ലവരുടെയും കൈക്കായിരുന്നാലും അവരെ വിവാഹം കഴിച്ചുകൂടാത്തതാണെന്ന് ഇതില്‍ നിന്നുമനസ്സിലാക്കാം. ഇതില്‍ അഭിപ്രായവ്യത്യാസമില്ലതാനും.

(3) പുത്രന്‍മാരുടെ ഭാര്യമാര്‍: പുത്രന്മാര്‍ എന്ന വാക്കില്‍ പൗത്രന്മാരും ഉള്‍പ്പെടും: എന്നാല്‍, ദത്തുപുത്രന്മാര്‍ ഉള്‍പെടുകയില്ല. ദത്തുപുത്രന്മാര്‍ക്ക് യഥാര്‍ത്ഥ പുത്രന്മാരുടെ സ്ഥാനം കല്‍പിക്കപ്പെടുന്ന പതിവ് ജാഹിലിയ്യത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ദത്തെടുക്കുന്ന സമ്പ്രദായത്തെ ഇസ്‌ലാം നിരോധിച്ചിരിക്കുകയാണ്. (സൂറത്തുല്‍ അഹ്‌സാബ് നോക്കുക.) ദത്തുപുത്രന്മാരെ ഒഴിവാക്കുവാന്‍ വേണ്ടിയാണ് പുത്രന്മാരെപ്പറ്റി ‘നിങ്ങളുടെ മുതുകെല്ലുകളില്‍ നിന്നുള്ള ( مِنْ أَصْلَابِكُمْ )’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും. നിങ്ങളുടെ സ്വന്തം പുത്രന്മാര്‍ എന്നര്‍ത്ഥം.

(4) രണ്ട് സഹോദരികളെ വിവാഹത്തില്‍ ഒരുമിച്ചു കൂട്ടുക: അഥവാ രണ്ടു സഹോദരിമാരെ ഒന്നിച്ചു വിവാഹം ചെയ്യുകയോ ഒരുവള്‍ വിവാഹത്തിലിരിക്കെ മറ്റെവളെ കൂടി വിവാഹം കഴിക്കുകയോ ചെയ്യുക. ഇതു കുടുംബ ബന്ധത്തിലുള്ള സഹോദരികളെയും, മുലകുടി ബന്ധത്തിലുള്ള സഹോദരികളെയും ബാധിക്കുന്നതാണ് എന്നത്രെ ശരിയായ അഭിപ്രായം. അറബികളില്‍ പതിവുണ്ടായിരുന്ന ഒരു ദുഃസ്സമ്പ്രദായമായിരുന്നു ഇതും. അതുകൊണ്ടാണ് ‘മുമ്പു കഴിഞ്ഞതൊഴികെ (إِلَّا مَا قَدْ سَلَفَ) എന്നു പറഞ്ഞത്. രണ്ട് സഹോദരിമാര്‍ വിവാഹത്തിലുണ്ടായിരിക്കെ ഇസ്‌ലാമില്‍ വന്ന ചിലരോട് രണ്ടില്‍ ഒരുവളെ പിരിച്ചുവിടുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിച്ചതായി ഹദീഥുകളില്‍ വന്നിരിക്കുന്നു. (അ; തി; ജ) അവര്‍ രണ്ടു സഹോദരികളെ ഒന്നിച്ചു വിവാഹം കഴിച്ചതു നിരോധത്തിനു മുമ്പാണെങ്കിലും അവരെ പിന്നെയും ഒരുമിച്ചു വെച്ചുകൊണ്ടിരിക്കുവാന്‍ പാടില്ലെന്നാണ് ഇതു കുറിക്കുന്നത്.

രണ്ടു സഹോദരികളെ വിവാഹത്തില്‍ ഒരുമിച്ചു കൂട്ടുന്നതിനെപ്പറ്റി മാത്രമേ ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടുള്ളൂ. എങ്കിലും ഒരു സ്ത്രീയോടൊപ്പം അവളുടെ അമ്മായി, ഇളയമ്മ – മൂത്തമ്മ (പിതാവിന്‍റെയൊ മാതാവിന്‍റെയൊ സഹോദരികള്‍), സഹോദരസഹോദരിമാരുടെ പുത്രി എന്നിവരെയും ഒരുമിച്ചുകൂട്ടുവാന്‍ പാടില്ലെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. ബുഖാരി, മുസ്‌ലിം (റ) തുടങ്ങിയ ഹദീഥു പണ്ഡിതന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ള ഈ ഹദീഥിനെ ആധാരമാക്കി ബഹുഭൂരിഭാഗം പണ്ഡിതന്മാരും അതില്‍ യോജിക്കുകയും ചെയ്തിരിക്കുന്നു. അല്‍പം ചില പിഴച്ച കക്ഷി വിഭാഗങ്ങള്‍ക്കും പുരോഗമനവാദികളെന്ന് സ്വയം അഭിമാനിക്കുന്ന ചില ആധുനിക വ്യക്തികള്‍ക്കും മാത്രമെ ഇതില്‍ ഭിന്നാഭിപ്രായമുള്ളൂ. രണ്ട് സഹോദരികള്‍ ഒരേ സമയത്തു ഒരാളുടെ വിവാഹത്തില്‍ കഴിഞ്ഞുകൂടുന്നതിനാല്‍ ഉണ്ടാകുന്ന ദോഷവശങ്ങള്‍, ഒരു സ്ത്രീയും അവളോടു അടുത്ത ചാര്‍ച്ചാ ബന്ധമുള്ള മറ്റൊരു സ്ത്രീയും ഒരുമിച്ചു കൂടുന്നതിനാലും ഉണ്ടായിത്തീരുന്നതാണ്. ഈ തത്വത്തെ ആസ്പദമാക്കിക്കൊണ്ടുതന്നെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു വിരോധിച്ചിരിക്കുന്നതും. ഈ വിരോധത്തിനു പണ്ഡിതന്മാര്‍ ഒരു അതിര്‍ത്തി നിര്‍ണയിക്കാറുള്ളത്, രണ്ടു സ്ത്രീകളില്‍ ഒരുവള്‍ ആണായി സങ്കല്‍പിക്കുന്നപക്ഷം, അവര്‍ തമ്മില്‍ വിവാഹം പാടില്ലെങ്കില്‍ അവര്‍ രണ്ടു പേരെയും ഒരാളുടെ വിവാഹത്തില്‍ ഒരുമിച്ചു കൂട്ടുവാനും പാടില്ല എന്നാകുന്നു. അല്ലാഹു തുടര്‍ന്നു പറയുന്നു:-

ജുസ്ഉ് -5

4:24
  • وَٱلْمُحْصَنَـٰتُ مِنَ ٱلنِّسَآءِ إِلَّا مَا مَلَكَتْ أَيْمَـٰنُكُمْ ۖ كِتَـٰبَ ٱللَّهِ عَلَيْكُمْ ۚ وَأُحِلَّ لَكُم مَّا وَرَآءَ ذَٰلِكُمْ أَن تَبْتَغُوا۟ بِأَمْوَٰلِكُم مُّحْصِنِينَ غَيْرَ مُسَـٰفِحِينَ ۚ فَمَا ٱسْتَمْتَعْتُم بِهِۦ مِنْهُنَّ فَـَٔاتُوهُنَّ أُجُورَهُنَّ فَرِيضَةً ۚ وَلَا جُنَاحَ عَلَيْكُمْ فِيمَا تَرَٰضَيْتُم بِهِۦ مِنۢ بَعْدِ ٱلْفَرِيضَةِ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا ﴾٢٤﴿
  • 'സ്ത്രീകളില്‍ നിന്നും പാതിവ്രത്യം സിദ്ധിച്ച [വിവാഹിതരായ] വരും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു), - നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെ ടുത്തിയവരൊഴികെ. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ നിയമനം! [അവന്‍ നിയമിച്ചതാണിതെല്ലാം.] അ(പ്പറഞ്ഞ)തിനപ്പുറമുള്ളത് നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെടു കയും ചെയ്തിരിക്കുന്നു; (അതെ) വിടന്മാരല്ലാത്ത നില യില്‍ - ചാരിത്ര്യം സൂക്ഷിക്കുന്നവരായ നിലയില്‍ - നിങ്ങളുടെ ധനം കൊണ്ട് നിങ്ങള്‍ (സ്ത്രീകളെ) തേടിയെടുക്കുവാന്‍ (വേണ്ടി). [അതിനാണ് അങ്ങനെ അനുവദിച്ചിരിക്കുന്നത്.] അങ്ങനെ അവരില്‍ നിന്ന് യാതൊരുവരെക്കൊണ്ടു നിങ്ങള്‍ ഉപയോഗമെടു ത്തുവോ അവര്‍ക്ക് നിങ്ങള്‍ അവരുടെ പ്രതിഫല [വിവാഹമൂല്യ]ങ്ങള്‍ ഒരു നിശ്ചിത ബാധ്യതയായി [നിര്‍ബന്ധ പൂര്‍വ്വം] കൊടുക്കുവിന്‍. (ആ) ബാധ്യതാ നിശ്ചയത്തിന് ശേഷം, നിങ്ങള്‍ പരസ്പരം യാതൊന്നുകൊണ്ട് തൃപ്തിപ്പെട്ടുവോ അതില്‍ നിങ്ങളുടെ മേല്‍ കുറ്റമില്ലതാനും. നിശ്ചയമായും അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
  • وَالْمُحْصَنَاتُ പാതിവ്രത്യം സിദ്ധിച്ച (പതിവ്രതകളായ)വരും مِنَ النِّسَاءِ സ്ത്രീകളില്‍നിന്ന് إِلَّا مَا യാതൊന്നു (യാതൊരുവര്‍) ഒഴികെ مَلَكَتْ ഉടമപ്പെടുത്തിയ, അധീനമാക്കിയ أَيْمَانُكُمْ നിങ്ങളുടെ വലങ്കൈകള്‍ كِتَابَ اللَّهِ അല്ലാഹുവിന്‍റെ നിയമം, നിശ്ചയം, നിര്‍ബ്ബന്ധം, രേഖപ്പെടുത്തല്‍ عَلَيْكُمْ നിങ്ങളുടെ മേല്‍ وَأُحِلَّ അനുവദ നീയമാക്കപ്പെടുകയും ചെയ്തിരിക്കുന്നു لَكُم നിങ്ങള്‍ക്ക് مَّا وَرَاءَ അപ്പുറമുള്ളത് ذَٰلِكُمْ അതിന്‍റെ أَن تَبْتَغُوا നിങ്ങള്‍ തേടിയെടുക്കുവാന്‍ بِأَمْوَالِكُم നിങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട് مُّحْصِنِينَ ചാരിത്ര്യം സൂക്ഷിക്കുന്ന (ചാരിത്ര്യശുദ്ധിയുള്ള)വരായി غَيْرَ مُسَافِحِينَ വിടുവൃത്തി ചെയ്യുന്നവരല്ലാതെ فَمَا അങ്ങനെ (എന്നാല്‍) യാതൊന്ന് (യാതൊരുവര്‍) اسْتَمْتَعْتُم നിങ്ങള്‍ ഉപയോഗമെടുത്തു, അനുഭവിച്ചു, സുഖമെടുത്തു بِهِ അതിനെ (അവരെ) مِنْهُنَّ അവരില്‍നിന്ന് فَآتُوهُنَّ എന്നാല വര്‍ക്ക് നിങ്ങള്‍ കൊടുക്കുവിന്‍ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങള്‍ فَرِيضَةً നിശ്ചിത ബാദ്ധ്യതയായി നിര്‍ബ്ബന്ധകടമായി وَلَا جُنَاحَ തെറ്റുമില്ല, തെറ്റില്ലതാനും عَلَيْكُمْ നിങ്ങളുടെമേല്‍ فِيمَا യാതൊന്നില്‍ تَرَاضَيْتُم നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ടു بِهِ അതുകൊണ്ട്, അതിനെ مِن بَعْدِ ശേഷം, പിന്നീട് الْفَرِيضَةِ (ബാധ്യത) നിശ്ചയത്തിന്നു, നിര്‍ണയത്തിന്‍റെ إِنَّ اللَّهَ كَانَ നിശ്ചയമായും അല്ലാഹു ആകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍

‘കാക്കുക, തടുക്കുക, സൂക്ഷിക്കുക’ എന്നൊക്കെ ഭാഷാര്‍ഥംവരുന്ന اِحْصَان (ഇഹ്‌സ്വാന്‍) എന്ന മൂലത്തില്‍ നിന്നുല്‍ഭവിക്കുന്ന വിശേഷണ നാമങ്ങളാണ് مُحْصَنَة (മുഹ്‌സ്വനത്ത്), مُحْصِنْ (മുഹ്‌സ്വിന്‍) എന്നീ പദങ്ങള്‍. ആദ്യത്തെത് കര്‍മരൂപത്തിലുള്ള സ്ത്രീലിംഗവും രണ്ടാമത്തേത് കര്‍ത്തൃരൂപത്തിലുള്ള പുല്ലിംഗവും ആകുന്നു. ഈ വച നത്തില്‍ കാണുന്ന الْمُحْصَنَات എന്ന വാക്ക് ഒന്നാമത്തെതിന്‍റെയും مُحْصِنِين എന്ന വാക്ക് രണ്ടാമത്തേതിന്‍റെയും ബഹുവചനമാകുന്നു. പ്രസ്തുത ധാത്വര്‍ഥങ്ങളെ കണക്കിലെടുത്തുകൊണ്ടാണ് കോട്ടക്ക് حِصْنْ എന്നും, ചുറ്റു പുറവും ഭിത്തിമതില്‍ കെട്ടി രക്ഷിക്കപ്പെട്ട രാജ്യത്തിന് بلدٌ حَصِين എന്നും മറ്റും പറയപ്പെടുന്നത്. ദുര്‍വൃത്തിയിലും, അപമാനത്തിലും അകപ്പെടുന്നത് കാത്തുസൂക്ഷിക്കുക – അഥവാ പാതിവ്രത്യവും, ചാരിത്ര്യ ശുദ്ധിയും സംരക്ഷിക്കുക – എന്ന അര്‍ഥത്തിലാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ വാക്കുകള്‍ ഉപയോഗിച്ചു വരുന്നത്. ഭാഷാര്‍ത്ഥം പരിഗണിക്കപ്പെടുന്നതോടൊപ്പം തന്നെ സന്ദര്‍ഭമനുസരിച്ചു ആ പദങ്ങള്‍ കൊണ്ടുള്ള വിവക്ഷയില്‍ വ്യത്യാസം വരാവു ന്നതാണ്. ഇമാം റാസീ(റ) മുതലായവര്‍ ചൂണ്ടിക്കാട്ടിയതുപോലെ, ക്വുര്‍ആനില്‍ ഒന്നിലധികം ഉദ്ദേശ്യത്തില്‍ اِحْصَانْ എന്ന് ഉപയോഗിച്ചിരിക്കുന്നതു കാണാം.
ഉദാഹരണമായി:-

(1) സ്വാതന്ത്ര്യത്തെ ഉദ്ദേശിച്ച്: അടുത്ത വചനത്തിലും, 24:4 ലും കാണുന്ന الْمُحْصَنَات കൊണ്ടുദ്ദേശ്യം സ്വതന്ത്രകളായ സ്ത്രീകള്‍ എന്നാകുന്നു.

(2) ചാരിത്ര്യശുദ്ധിയെ – അഥവാ പാതിവ്രത്യത്തെ – ഉദ്ദേശിച്ച്: ഈ വചന ത്തിലെ مُحْصِنِين യും, അടുത്തതിലെ مُحْصنَات ഉം ചാരിത്ര്യം സൂക്ഷിക്കുന്ന പുരുഷന്മാരെയും ചാരിത്ര്യം സൂക്ഷിക്കപ്പെട്ട സ്ത്രീകളെയും ഉദ്ദേശിച്ചാകുന്നു.

(3) വിവാഹിതരാകുന്നതിനെ ഉദ്ദേശിച്ച്: ഈ വചനത്തില്‍ കാണുന്ന وَالْمُحْصَنَاتُ കൊണ്ടുദ്ദേശ്യം വിവാഹിതരായ സ്ത്രീകളാകുന്നു. കഴിഞ്ഞ വചനത്തില്‍ വിവരിച്ചവര്‍ക്ക് പുറമെ, ഒരു വിവാഹത്തിലിരിക്കുന്ന സ്ത്രീകളെ മറ്റൊരാള്‍ക്ക് വിവാഹം കഴിക്കലും നിഷിദ്ധമാണ് എന്നര്‍ത്ഥം. കാരണം, ആദ്യത്തെ രണ്ടര്‍ത്ഥങ്ങളിലുള്ളവരെ – സ്വതന്ത്രകളെയും, ചാരിത്ര്യ ശുദ്ധിയുള്ളവരെയും – വിവാഹം കഴിക്കുന്നതിനു യാതൊരു വിരോധവുമില്ലെന്ന് സ്പഷ്ടമാണല്ലോ. സ്വാതന്ത്ര്യം മൂലം അടിമത്തത്തിന്‍റെ പോരായ്മകളില്‍നിന്നും, ചാരിത്ര്യ ശുദ്ധിയും വിവാഹവും മൂലം ദുര്‍ന്നടപ്പുകളില്‍നിന്നും അപമാനങ്ങളില്‍നിന്നും സംരക്ഷണം ലഭിക്കുന്നതില്‍നിന്നാണ് ഈ ഉദ്ദേശ്യാര്‍ത്ഥങ്ങള്‍ ഉല്‍ഭവിക്കുന്നത്. مُحْصِنْ എന്ന വാക്കിന് ‘സ്വതന്ത്രന്‍. വിവാഹിതന്‍, ചാരിത്ര്യ ശുദ്ധന്‍, എന്നൊക്കെ സന്ദര്‍ഭോചിതം അര്‍ത്ഥവ്യത്യാസം വരുന്നതിന്‍റെ കാരണവും, പശ്ചാത്തലവും മനസ്സിലാക്കുവാന്‍ വേണ്ടിയാണിത് ഇത്രയും വിവരിച്ചത്. ഇവിടെ മാത്രമല്ല, ചിലപ്പോഴെല്ലാം ഈ വിവരണം ഓര്‍മയിലുണ്ടായിരിക്കുന്നത് നന്നായിരിക്കും.

എനി, നമുക്ക് ഈ വചനത്തില്‍ പ്രസ്താവിക്കപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധിക്കാം. കഴിഞ്ഞ വചനത്തില്‍ പ്രത്യേക കാരണങ്ങളാല്‍ വിവാഹം നിഷിദ്ധമാക്കപ്പെട്ട സ്ത്രീകള്‍ ആരൊക്കെയാണെന്ന് വിവരിച്ചു. അതിലൊന്നും ഉള്‍പെടാത്തവരാണെങ്കിലും അന്യരുടെ വിവാഹ ബന്ധത്തില്‍ ഇരിക്കുന്നവരെന്ന കാരണത്താല്‍ നിഷിദ്ധമാക്കപ്പെട്ടവരെക്കുറിച്ചാണ് وَالْمُحْصَنَاتُ مِنَ النِّسَاء (സ്ത്രീകളില്‍നിന്നും പാതിവ്രത്യം സിദ്ധിച്ചവരും) എന്ന് പറഞ്ഞിരിക്കുന്നത്. വിവാഹിതര്‍ എന്ന ഉദ്ദേശ്യത്തിലാണ് ഈ വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്ന് മുമ്പ് ചൂണ്ടിക്കാണിച്ചുവല്ലോ. വിവാഹിതരെ വിവാഹം കഴിച്ചുകൂടാ എന്ന് പറഞ്ഞതില്‍നിന്ന് ഒരു കൂട്ടരെ ഒഴിവാക്കേണ്ടതായുണ്ട്. ഇസ്‌ലാമിന്‍റെ ശത്രുക്കളുമായുള്ള യുദ്ധത്തില്‍ ബന്ധനസ്ഥരായി പിടിക്കപ്പെട്ട സ്ത്രീകളാണത്. അവര്‍ വിവാഹിതരായിരുന്നാലും ശത്രുനാട്ടി (‘ദാറുല്‍ ഹര്‍ബി’)ലുള്ള അവരുടെ ഭര്‍ത്താക്കളും അവരും തമ്മിലുള്ള വിവാഹ ബന്ധം അതോടെ ദുര്‍ബലപ്പെട്ടുപോകുന്നു. ഇരുകൂട്ടരും തമ്മില്‍ പിന്നീട് വിവാഹ ബന്ധം തുടരുവാനും സാധ്യമാകുന്നതല്ല. ബന്ധനസ്ഥരാക്ക പ്പെട്ടവരെ സേനാനികള്‍ക്കിടയില്‍ അധികൃതമായി ഭാഗിച്ചു കിട്ടിയശേഷം, അവര്‍ക്ക് ഗര്‍ഭമില്ലെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അവരെ സമീപിക്കുവാന്‍ പാടുള്ളൂ. വേണമെങ്കില്‍ അവരെ വിവാഹം കഴിച്ചു ഭാര്യമാരായി സ്വീകരിക്കുകയോ, അടിമകളായിവെക്കുകയോ, അന്യര്‍ക്കു വിവാഹം കഴിച്ചു കൊടുക്കുകയോ ചെയ്യാവുന്നതാണ്. ഈ സ്ത്രീകളെ പ്പറ്റിയാണ് إِلاَّ مَا مَلَكت أَيْمَانُكمْ (നിങ്ങളുടെ വലം കൈകള്‍ ഉടമപ്പെടുത്തിയവരൊഴികെ) എന്നു പറഞ്ഞത്.

ഔത്വാസ് (اوطاس) യുദ്ധത്തില്‍ ബന്ധനസ്ഥരായ സ്ത്രീകളില്‍ വിവാഹിതരായിരു ന്നവരോട് – അവര്‍ക്ക് ഭര്‍ത്താക്കളുണ്ടായിരിക്കെ – ബന്ധത്തിലേര്‍പ്പെടുവാന്‍ സ്വഹാബികള്‍ക്ക് വൈമനസ്യം ഉണ്ടായെന്നും, ഇതിനെപ്പറ്റി അവര്‍ റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിച്ചുവെന്നും, ആ സന്ദര്‍ഭത്തില്‍ ഈ വചനം അവതരിച്ചുവെന്നും പല മാര്‍ഗങ്ങളിലൂടെയും ഹദീഥില്‍ വന്നിരിക്കുന്നു. (അ; മു; തി; ന) ഈ സ്ത്രീകളുടെ വിവാഹത്തില്‍ നിന്ന് ജനിക്കുന്ന കുട്ടികള്‍ സ്വതന്ത്രരായിരിക്കുന്നതും, ഈ സ്ത്രീകള്‍ അവരുടെ യജമാനന്‍റെയോ ഭര്‍ത്താവിന്‍റെയോ മരണത്തോടു കൂടി – അതിന് മുമ്പ് അവര്‍ സ്വതന്ത്രരാക്കപ്പെട്ടു കഴിഞ്ഞിട്ടില്ലെങ്കില്‍ – താനേ സ്വതന്ത്രരായിത്തീരുന്നതുമാണെന്ന് 4-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. [ملك اليَمِين വലങ്കൈയിന്‍റെ ഉടമസ്ഥത – എന്ന പ്രയോഗത്തെപ്പറ്റി സൂ: മുഅ്മിനൂന്‍ 6-ാം വചനത്തിന്‍റെ അനുബന്ധ വ്യാഖ്യാനക്കുറിപ്പിലും, അടിമകളെ സംബന്ധിച്ച ഇസ്‌ലാമിക നിലപാടിനെപ്പറ്റി സൂ: അഹ്‌സാബിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിലും, 47:4ന്‍റെ വ്യാഖ്യാനത്തിലും വിവരിച്ചത് നോക്കുക].

വിവാഹം ചെയ്‌വാന്‍ പാടില്ലാത്ത സ്ത്രീകളെ വിവരിച്ച ശേഷം നിങ്ങളുടെ മേല്‍ അല്ലാഹു നിയമിച്ച നിയമമാണിത് (كِتَابَ الَّلهِ عَلَيْكمْ) എന്ന് പറഞ്ഞുകൊണ്ട് ഇതില്‍ ആര്‍ക്കും ഭേദഗതി വരുത്തുവാന്‍ അധികാരമില്ലെന്നും, ഇപ്പറഞ്ഞതിന് പുറമെയുള്ളവര്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു (وَأُحِلَّ لَكُمْ مَّا وَرَاء ذَلِكُمْ) എന്ന് പറഞ്ഞുകൊണ്ട് മറ്റുള്ള സ്ത്രീകളില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നത് എന്തിനുവേണ്ടിയാണെന്നും, അത് ഉപയോഗപ്പടുത്തുന്നതില്‍ ഗൗനിക്കപ്പെടേണ്ടത് എന്താണെന്നും കൂടി അല്ലാഹു ഓര്‍മിപ്പിച്ചിരിക്കുന്നു. അതാണ് أَن تَبْتَغُوا بِأَمْوَالِكُم (വേശ്യാവൃത്തരല്ലാതെ ചാരിത്ര്യം സൂക്ഷിക്കുന്നവരായ നിലയില്‍ നിങ്ങളുടെ ധനം കൊണ്ട് നിങ്ങള്‍ സ്ത്രീകളെ അന്വേഷിച്ചു പിടിക്കുവാന്‍) എന്ന വാക്യത്തില്‍ കാണുന്നത്. വിവാഹം കഴിക്കേണമെങ്കില്‍ സ്ത്രീകളുടെ സ്ഥിതി ക്കനുസരിച്ചു മഹ്ര്‍ നല്‍കണം. പിന്നീട് അവരുടെ ചിലവുകള്‍ വഹിക്കുകയും വേണം. നിയമാനുസൃതമായ വിവാഹം കഴിക്കാതെ അവിഹിതമാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോഴും ധനം വ്യയം ചെയ്യേണ്ടി വരും. അതുകൊണ്ട് നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ അപമാനവും, അപകടവുമായ ദുര്‍വൃത്തികളില്‍ ചെന്ന് പതിക്കരുത്. നിങ്ങളുടെ ചാരിത്ര്യശുദ്ധിയും, സാന്മാര്‍ഗികമായ മാനമര്യാദയും നിലനിറുത്തിപ്പോരുമാറ് നിങ്ങളുടെ ധനം നിങ്ങള്‍ ഉപയോഗപ്പെടുത്തേതാണ്. അതിനു ഉതകുന്ന വിധത്തിലുള്ള സ്ത്രീകളെ നിങ്ങള്‍ അന്വേഷിച്ചു പിടിച്ച് അവരുമായി പരിണയിക്കുകയാണ് നിങ്ങള്‍ക്ക് നല്ലത്. അതിനു വേണ്ടിയാണ് നിങ്ങള്‍ക്ക് വിവാഹം അനുവദിച്ചു തന്നിരിക്കുന്നത് എന്നൊക്കെയാണ് അതിലടങ്ങിയ സൂചനകള്‍. നിയമങ്ങള്‍ എടുത്തു പറഞ്ഞു മതിയാക്കാതെ, അതിലട ങ്ങിയ യുക്തിരഹസ്യങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും കൂടി ചൂണ്ടിക്കാട്ടുക ക്വുര്‍ആന്‍റെ പതിവാണല്ലോ. (അതിനപ്പുറമുള്ള സ്ത്രീകള്‍ مَّا وَرَاءَ ذَٰلِكُمْ എന്ന വാക്കിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി താഴെ വിവരിക്കുന്നുണ്ട്).

… فَمَا اسْتَمْتَعْتُم بِهِ مِنْهُنَّ (അവരില്‍ നിന്നും നിങ്ങള്‍ യാതൊരുവരെക്കൊണ്ട് ഉപയോഗമെടുത്തുവോ അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ ഒരു നിശ്ചിത ബാധ്യതയായി നിങ്ങള്‍ കൊടുക്കണം). എന്ന് പറഞ്ഞുകൊണ്ട് മഹ്‌റിന്‍റെ കാര്യം അല്ലാഹു പ്രത്യേകം ഓര്‍മിപ്പിക്കുന്നു. പ്രതിഫലങ്ങള്‍ (اجور) കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടത് മഹ്‌റാണ്. അവരില്‍ നിന്നും ഉപയോഗപ്പെടുത്തുന്ന സുഖങ്ങളുടെ പേരില്‍ അവര്‍ക്ക് നല്‍കപ്പെടുന്ന ഒരു പാരിതോഷികമാണല്ലോ മഹ്ര്‍. അതാണതിന് പ്രതിഫലം എന്നു പറയുവാന്‍ കാരണം. നിങ്ങളുടെ ചാരിത്ര്യശുദ്ധി സൂക്ഷിക്കുവാന്‍ വേണ്ടി നിങ്ങള്‍ ഉപയോ ഗപ്പെടുത്തുന്നവര്‍ക്ക് ആ പാരിതോഷികം നല്‍കുന്നതില്‍ അമാന്തം വരുത്തുന്നത് ഒട്ടും ഭൂഷണമല്ല. അത് കൊടുത്തു തീര്‍ക്കല്‍ നിങ്ങളുടെ ഒഴിച്ചുകൂടാത്ത ഒരു കടമയാണ് എന്ന് സാരം.

മഹ്‌റിന്‍റെ കാര്യം വളരെ പ്രധാനപ്പെട്ടതാണെങ്കിലും മഹ്ര്‍ തിട്ടപ്പെടുത്തി നിശ്ചയിച്ചു കഴിഞ്ഞശേഷം ഇരുകൂട്ടരും പരസ്പരം തൃപ്തിപ്പെട്ടുകൊണ്ട് അതില്‍ വല്ല വിട്ടുവീഴ്ചയും ചെയ്യുന്ന പക്ഷം അതില്‍ യാതൊരു തെറ്റുമില്ല. ഭാര്യ അതിന്‍റെ ഏതാനും ഭാഗമോ, മുഴുവന്‍ തന്നെയോ ഭര്‍ത്താവിന് സന്തോഷപൂര്‍വ്വം ഒഴിവാക്കിക്കൊടുത്താല്‍ അവന്‍ പിന്നീട് അതു കൊടുക്കേണ്ടതില്ല. നിശ്ചയിച്ചതിനെക്കാള്‍ കൂടുതലായി വല്ലതും കൂട്ടിക്കൊടുത്താല്‍ ഭാര്യക്ക് അത് സ്വീകരിക്കുന്നതിനും വിരോധമില്ല. എന്നൊക്കെയാണ് …. وَلَا جُنَاحَ عَلَيْكُمْ (നിര്‍ണയം ചെയ്തതിനുശേഷം നിങ്ങള്‍ പരസ്പരം തൃപ്തിപ്പെട്ടു കൊടുക്കുന്നതില്‍ നിങ്ങള്‍ക്ക് തെറ്റില്ല) എന്ന വാക്യത്തിന്‍റെ സാരം. ഭാര്യമാരുടെ ഭാഗത്തുനിന്നു മഹ്‌റില്‍ വല്ലതും വിട്ടുകൊടുക്കുന്ന പക്ഷം അത് സ്വീകരിക്കാമെന്നാണ് മുമ്പ് 4-ാം വചനത്തില്‍ പ്രസ്താവിച്ചത്. ഇവിടെയാകട്ടെ, വിട്ടുവീഴ്ച രണ്ട് ഭാഗത്തു നിന്നും ആവാമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്‍ബക്വറഃ : 237 ലും ഈ സംഗതിയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. പക്ഷേ, ഭര്‍ത്താവിന്‍റെ ഭാഗത്തുനിന്നാണ് കൂടുതല്‍ ഔദാര്യം പ്രകടമാകേണ്ടത് എന്നുകൂടി അവിടെ അല്ലാഹു പ്രത്യേകം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ വചനം അല്ലാഹു അവസാനിപ്പിക്കുന്നത് إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا (നിശ്ചയമായും, അല്ലാഹു സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു) എന്ന് പറഞ്ഞുകൊണ്ടാണ്. ഈ നിയമ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത് അല്ലാഹുവാണ്, അവന്‍ സര്‍വ്വജ്ഞനും അഗാധജ്ഞനുമാണ്, എന്നിരിക്കെ, നിങ്ങളുടെ ഇഹപര നന്മകള്‍ക്ക് ഉപയുക്തവും പ്രായോഗികവുമായ അനുഷ്ഠാന മാര്‍ഗം ഏതാണെന്ന് നിങ്ങളെക്കാള്‍ അറിയുക അവന്നാണ്, ഈ നിയമ പരിധികളെ നിങ്ങള്‍ ലംഘിക്കുന്ന പക്ഷം അത് നിങ്ങള്‍ക്ക് തന്നെ ദോഷം വരുത്തും എന്നൊക്കെയാണ് ഈ വാക്യത്തിലടങ്ങിയ ചില സൂചനകള്‍.

കഴിഞ്ഞ 22, 23, 24 വചനങ്ങളിലായി വിവാഹം നിഷിദ്ധമാക്കപ്പെട്ട പല സ്ത്രീകളെക്കുറിച്ചും പ്രസ്താവിച്ച ശേഷം അല്ലാഹു പറയുന്നു: وَأُحِلَّ لَكُم مَّا وَرَاءَ ذَٰلِكُمْ (അതിനു – മേല്‍പറഞ്ഞതിന് – അപ്പുറമുള്ളവര്‍ നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു.) അപ്പോള്‍, കുടുംബ ബന്ധം മൂലം നിഷിദ്ധമാകുന്ന സ്ത്രീകളെല്ലാം മുല കുടി ബന്ധം മൂലവും നിഷിദ്ധമാകുമെന്നും, രണ്ട് സഹോദരികളെ ഒരുമിച്ചു കൂട്ടുന്നതുപോലെ, ഒരു സ്ത്രീയെയും അവളുടെ അമ്മായി പോലെയുള്ളവരെയും ഒരുമിച്ചു കൂട്ടുന്നതും നിഷിദ്ധമാണെന്നും മറ്റും ഹദീഥുകളില്‍ വന്നിട്ടുള്ളത് ഇതിന് എതിരാവുകയില്ലേ എന്ന് വല്ലവര്‍ക്കും സംശയം തോന്നിയേക്കാം. ഈ സംശയ സാധ്യതയെ ചൂഷണം ചെയ്തുകൊണ്ടും, പൊക്കിക്കാണിച്ചുകൊണ്ടും തല്‍പരകക്ഷിക്കാരായ ചില ആളുകള്‍ ആ ഹദീഥുകള്‍ ക്വുര്‍ആന്‍റെ പ്രസ്താവനക്ക് നിരക്കാത്തവയാണെന്ന് വരുത്തിത്തീര്‍ക്കുകയും, ഹദീഥിന്‍റെ പ്രാമാണ്യതയെപ്പോലും ചോദ്യം ചെയ്യുന്നതിനുള്ള ഒരായുധമാക്കി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ട്. പ്രസ്തുത സംശയത്തിനുള്ള മറുപടി താഴെ വിവരിക്കുന്നതില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്:-

വിവാഹം നിഷിദ്ധമാക്കപ്പെട്ട മുഴുവന്‍ സ്ത്രീകളെയും ഈ വചനങ്ങളില്‍ വിശദമായി വിവരിക്കുകയല്ല അല്ലാഹു ചെയ്തിരിക്കുന്നത്. മുശ്‌രിക്കുകളായ സ്ത്രീകളെ വിവാഹം ചെയ്‌വാന്‍ പാടില്ലെന്ന് അല്‍ബക്വറഃ 221 ലും, ഭാര്യയെ മൂന്നു പ്രാവശ്യം ത്വലാക്വ് (വിവാഹമോചനം) നടത്തിയവന് അവളെ മറ്റൊരാള്‍ വിവാഹം കഴിച്ചാലല്ലാതെ വിവാഹം കഴിച്ചുകൂടാ എന്ന് അല്‍ബക്വറഃ 230ലും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അവരെപ്പറ്റി അവിടെ പ്രസ്താവിച്ചത് കൊണ്ട് മതിയാക്കുകയും, ഇവിടെ അവരെപ്പറ്റി പ്രസ്താവിക്കാതിരിക്കുകയും ചെയ്തതില്‍നിന്നുതന്നെ ഈ സംഗതി മനസ്സിലാക്കാം. കുടുംബ ബന്ധം, മുലകുടി ബന്ധം, വിവാഹ  ബന്ധം എന്നിവ നിമിത്തം വിവാഹം ചെയ്‌വാന്‍ പാടില്ലാത്ത സ്ത്രീകളില്‍ പലരെക്കുറിച്ചും വ്യക്തമായി പ്രസ്താവിക്കുകയും, മറ്റുള്ളവരെക്കുറിച്ചു – വാക്കുകളില്‍ നിന്നോ, യുക്തിതത്വങ്ങളില്‍നിന്നോ മനസ്സിലാക്കാവുന്നതുകൊണ്ട് – വ്യക്തമായി പ്രസ്താവിക്കാതിരിക്കുകയുമാണ് ഈ വചനങ്ങളില്‍ ചെയ്തിരിക്കുന്നത്. വ്യക്തമായി പ്രസ്താവിക്കപ്പെടാത്തവരെക്കുറിച്ചാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമുക്ക് ഹദീഥുകളില്‍ വിവരിച്ചു തന്നിരിക്കുന്നതും.

സ്വന്തം മാതാക്കളെപ്പോലെത്തന്നെ, മാതാപിതാക്കളുടെ മാതാക്കളെ (ഉമ്മാമ്മമാരെ) യും വിവാഹം ചെയ്തുകൂടാ എന്നും, സ്വന്തം പുത്രിമാരെപ്പോലെത്തന്നെ, മക്കളുടെ പുത്രിമാരെയും വിവാഹം ചെയ്തുകൂടാ എന്നുമുള്ളതില്‍ ആര്‍ക്കും തര്‍ക്കമില്ല. മാതാപിതാക്കളുടെ മാതാക്കളെ ‘മാതാക്കളി’ലും, മക്കളുടെ പുത്രിമാരെ ‘പുത്രിമാരി’ലും ഉള്‍പ്പെടുത്തി മൊത്തത്തില്‍ മാതാക്കള്‍ (أمَُّهَاتِ) എന്നും, പുത്രികള്‍ (بَنَاتِ) എന്നും പറഞ്ഞുമതിയാക്കിയിരിക്കുകയാണ്. ഇതുപോലെത്തന്നെ, സഹോദര സഹോദരികളില്‍ മാതാവും പിതാവും ഒത്തവരും, പിതാവോ മാതാവോ ഒത്തവരും ഉള്‍പ്പെടുമെന്നതിലും സംശയമില്ല. ഇവിടെയും ‘സഹോദരികള്‍, സഹോദരന്‍, സഹോദരി’ (اخوات، اخ، اخت) എന്നൊക്കെ സാമാന്യമായി പറഞ്ഞു മതിയാക്കിയിരിക്കുകയാണ്. ഇതെല്ലാം ക്വുര്‍ആന്‍ ഉപയോഗിച്ചവാക്കുകളില്‍ നിന്നു മനസ്സിലാക്കാവുന്നതുമാണ്. മുലകുടി ബന്ധത്തിലുള്ള മാതാക്കളെയും സഹോദരികളെയും കുറിച്ചു പ്രസ്താവിച്ചപ്പോള്‍, മുലകുടിക്കുന്ന കുട്ടിക്കും അവര്‍ക്കുമിടയില്‍ ആ ബന്ധം സുസ്ഥാപിതമാകുന്നതുപോലെ അത് മറ്റുള്ള വര്‍ക്കിടയിലും സ്ഥാപിതമാകുക അനിവാര്യമാണെന്നു സൂചിപ്പിക്കുന്നു. وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ (നിങ്ങള്‍ക്ക് മുല തന്ന നിങ്ങളുടെ മാതാക്കള്‍) എന്നും وَأَخَوَاتُكُم مِّنَ الرَّضَاعَةِ (മുലകുടി ബന്ധത്താലുള്ള നിങ്ങളുടെ സഹോദരികള്‍) എന്നും വിശേഷിപ്പിച്ചുകൊണ്ടാണത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് മുല തന്ന സ്ത്രീകളും അവരുടെ പുത്രിമാരും എന്ന് പറഞ്ഞാല്‍ മതിയാകുമായിരുന്നുവല്ലോ. രണ്ടു സഹോദരികളെ വിവാഹത്തില്‍ ഒരുമിച്ചു കൂട്ടുന്നതിനെ നിരോധിച്ചതില്‍ അടങ്ങിയ തത്വം ഒരു സ്ത്രീയെയും അവളുടെ മാതാവ്, അമ്മായി മുതലായവരെയും ഒരുമിച്ചു കൂട്ടുമ്പോഴും ഉണ്ടാകുമെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. എന്നാല്‍, സൂചനകളും യുക്തി തത്വങ്ങളും മനസ്സിലാക്കുന്നതില്‍ എല്ലാവരും ഒരേ നിലവാരമുള്ളവരായിരിക്കയില്ലല്ലോ. അതുകൊണ്ട് അത്തരം സംഗതികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തന്നെ സമുദായത്തിനു വിവരിച്ചു കൊടുത്തിരിക്കുകയാണ്. ‘നിനക്ക് ഈ പ്രമാണം നാം അവതരിപ്പിച്ചത് അവര്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളത് നീ അവര്‍ക്ക് വിവരിച്ചു കൊടുക്കുവാന്‍ വേണ്ടിയാകുന്നു.’ (16:44) എന്ന് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പറഞ്ഞിട്ടുമുണ്ടല്ലോ. മേല്‍ വിവരിച്ച വസ്തുതകളിലേക്കുള്ള ഒരു വിരല്‍ചൂണ്ടലായിട്ടാണ് ‘ആ സ്ത്രീകള്‍ക്കപ്പുറമുള്ളവര്‍ (مَّاوَرَاء هُنّ)’ എന്ന് പറയാതെ ‘ആ പറഞ്ഞതിനപ്പുറമുള്ളവര്‍ مَّا وَرَاءَ ذَٰلِكُمْ എന്നു ആ വാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചു കാണാം. والّله اعلم

4:25
  • وَمَن لَّمْ يَسْتَطِعْ مِنكُمْ طَوْلًا أَن يَنكِحَ ٱلْمُحْصَنَـٰتِ ٱلْمُؤْمِنَـٰتِ فَمِن مَّا مَلَكَتْ أَيْمَـٰنُكُم مِّن فَتَيَـٰتِكُمُ ٱلْمُؤْمِنَـٰتِ ۚ وَٱللَّهُ أَعْلَمُ بِإِيمَـٰنِكُم ۚ بَعْضُكُم مِّنۢ بَعْضٍ ۚ فَٱنكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَءَاتُوهُنَّ أُجُورَهُنَّ بِٱلْمَعْرُوفِ مُحْصَنَـٰتٍ غَيْرَ مُسَـٰفِحَـٰتٍ وَلَا مُتَّخِذَٰتِ أَخْدَانٍ ۚ فَإِذَآ أُحْصِنَّ فَإِنْ أَتَيْنَ بِفَـٰحِشَةٍ فَعَلَيْهِنَّ نِصْفُ مَا عَلَى ٱلْمُحْصَنَـٰتِ مِنَ ٱلْعَذَابِ ۚ ذَٰلِكَ لِمَنْ خَشِىَ ٱلْعَنَتَ مِنكُمْ ۚ وَأَن تَصْبِرُوا۟ خَيْرٌ لَّكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٢٥﴿
  • നിങ്ങളില്‍നിന്നു വല്ലവര്‍ക്കും സത്യവിശ്വാസിനികളായ ചാരിത്ര്യവതികളെ [സ്വതന്ത്ര സ്ത്രീകളെ] വിവാഹം കഴിക്കുന്നതിനു(ള്ളധന) ശേഷി സാദ്ധ്യമാകാത്തപക്ഷം, അപ്പോള്‍ - സത്യവിശ്വാസിനികളായ നിങ്ങളുടെ വാലിയക്കാരികളില്‍ നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരില്‍ നിന്നു (വിവാഹം കഴി ച്ചുകൊള്ളുക). നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനുമാകുന്നു. നിങ്ങളില്‍ ചിലര്‍ ചിലരില്‍നിന്നുള്ളവരത്രെ. [എല്ലാവരും പരസ്പരം സഹോദരങ്ങളാണല്ലോ.] ആകയാല്‍, അവരുടെ ആള്‍ക്കാരുടെ [കൈകാര്യക്കാരുടെ] സമ്മതപ്രകാരം നിങ്ങളവരെ വിവാഹം കഴിച്ചുകൊള്ളുക. (സദാചാര) മര്യാദപ്രകാരം അവരുടെ പ്രതിഫലങ്ങള്‍ [മഹ്‌റുകള്‍] അവര്‍ക്ക് നല്‍കുകയും ചെയ്യുവിന്‍. (അതെ) വേശ്യാവൃത്തരല്ലാത്തവരും, (രഹസ്യ) വേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ ചാരിത്ര്യശുദ്ധകളായ നിലയില്‍ (അവരെ വിവാഹം കഴിച്ചേക്കുക). അങ്ങനെ, അവര്‍ക്ക് ചാരിത്ര്യസംരക്ഷണം ലഭിച്ചിട്ടു [വിവാഹം കഴിഞ്ഞിട്ടു പിന്നെ] അവര്‍ വല്ല നീചവൃ ത്തിയും കൊണ്ടു വന്നു [ചെയ്തു] വെങ്കില്‍, അപ്പോള്‍ - ചാരിത്ര്യ ശുദ്ധകളായ [സ്വതന്ത്ര] സ്ത്രീകളുടെ മേലുണ്ടാകുന്ന ശിക്ഷയുടെ പകുതി അവരുടെ മേല്‍ ഉണ്ടായിരിക്കും. അതു [അടിമകളെ വിവാഹം ചെയ്യാമെന്നുള്ളത്] നിങ്ങളില്‍ അസഹ്യതയെ ഭയപ്പെട്ടവര്‍ക്കാകുന്നു. നിങ്ങള്‍ ക്ഷമിക്കുന്നതാവട്ടെ, നിങ്ങള്‍ക്കു (കൂടുതല്‍) ഉത്തമവുമത്രെ. അല്ലാഹു, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • وَمَن വല്ലവരും, ആര്‍ لَّمْ يَسْتَطِعْ അവനു സാദ്ധ്യമായില്ല (എങ്കില്‍) مِنكُمْ നിങ്ങളില്‍ നിന്ന് طَوْلًا ശേഷിക്കു, ശേഷിയാല്‍, പ്രാപ്തിയാല്‍ (ധനത്താല്‍) أَن يَنكِحَ അവന്‍ വിവാഹം കഴിക്കുവാന്‍ الْمُحْصَنَاتِ ചാരിത്ര്യവതികളെ (സ്വതന്ത്രകളെ) الْمُؤْمِنَاتِ സത്യവിശ്വാസിനികളായ فَمِن مَّا مَلَكَتْ എന്നാല്‍ (അപ്പോള്‍) ഉടമപ്പെടുത്തിയവരില്‍ നിന്ന് أَيْمَانُكُم നിങ്ങളുടെ വലംകൈകള്‍ مِّن فَتَيَاتِكُمُ നിങ്ങളുടെ വാലിയക്കാരി(ദാസി)കളില്‍ നിന്ന് الْمُؤْمِنَاتِ സത്യവിശ്വാസിനികളായ وَاللَّهُ അല്ലാഹുവാകട്ടെ أَعْلَمُ ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് بِإِيمَانِكُم നിങ്ങളുടെ വിശ്വാസത്തെപ്പറ്റി بَعْضُكُم നിങ്ങളില്‍ ചിലര്‍ مِّن بَعْضٍ ചിലരില്‍ നിന്നാണ്, ചിലരില്‍ പെട്ടവരാണ് فَانكِحُوهُنَّ ആകയാല്‍(അപ്പോള്‍) അവരെ നിങ്ങള്‍ വിവാഹം കഴിക്കുവിന്‍ بِإِذْنِ സമ്മത പ്രകാരം, അനുവാദത്തോടെ أَهْلِهِنَّ അവരുടെ ആള്‍ക്കാരുടെ, വീട്ടുകാരുടെ وَآتُوهُنَّ അവര്‍ക്കു നിങ്ങള്‍ നല്‍കുകയും ചെയ്യുവിന്‍ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങള്‍ بِالْمَعْرُوفِ മര്യാദ(സദാചാര) പ്രകാരം مُحْصَنَاتٍ ചാരിത്ര്യ ശുദ്ധകളായ നിലയില്‍ غَيْرَ مُسَافِحَاتٍ വേശ്യാവൃത്തരല്ലാത്ത وَلَا مُتَّخِذَاتِ ഉണ്ടാക്കാത്തവരെ, സ്വീകരിക്കുന്നവരുമല്ലാത്ത أَخْدَانٍ (സ്വകാര്യ) വേഴ്ചക്കാരെ, (രഹസ്യ) തോഴന്‍മാരെ (ജാരന്‍മാരെ) فَإِذَا أُحْصِنَّ അങ്ങനെ (എനി - എന്നാല്‍) അവര്‍ക്കു ചാരിത്ര്യ സംരക്ഷണം ലഭിച്ചാല്‍ فَإِنْ أَتَيْنَ എന്നിട്ടു അവര്‍ വന്നുവെങ്കില്‍ (ചെയ്താല്‍) بِفَاحِشَةٍ വല്ല നീചവൃത്തിയും കൊണ്ട് فَعَلَيْهِنَّ എന്നാലവരുടെ മേലുണ്ടായിരിക്കും نِصْفُ യാതൊന്നിന്‍റെ പകുതി مَا عَلَى الْمُحْصَنَاتِ ചാരിത്ര്യശുദ്ധി ലഭിച്ചവരുടെമേലുള്ള مِنَ الْعَذَابِ ശിക്ഷയില്‍നിന്ന് ذَٰلِكَ അത് لِمَنْ خَشِيَ ഭയപ്പെട്ട(പേടിച്ച)വര്‍ക്കാണ് الْعَنَتَ അസഹ്യത, കാഠിന്യത مِنكُمْ നിങ്ങളില്‍നിന്ന് وَأَن تَصْبِرُوا നിങ്ങള്‍ ക്ഷമിക്കുന്നതാവട്ടെ خَيْرٌ لَّكُمْ നിങ്ങള്‍ക്ക് ഉത്തമമാണ് وَاللَّهُ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

اِحْصَان എന്ന മൂലത്തില്‍നിന്നുള്ള مُحْصنَات ന്‍റെ അര്‍ത്ഥങ്ങളെ സംബന്ധിച്ചു കഴിഞ്ഞ വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചുവല്ലോ. ഈ വചനത്തില്‍ ആദ്യത്തെ ആ വാക്ക് സ്വതന്ത്രകളായ സ്ത്രീകള്‍ എന്ന ഉദ്ദേശ്യത്തിലും, രണ്ടാമത്തേത് പതിവ്രതകളായ സ്ത്രീകള്‍ എന്ന ഉദ്ദേശ്യത്തിലുമാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ആദ്യത്തേതിനെത്തുടര്‍ന്ന് അടിമസ്ത്രീകളെ വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞതില്‍ നിന്നും, രണ്ടാമത്തേതിന്‍റെ വിവരണമെന്നോണം നീചവൃത്തിയും രഹസ്യവേഴ്ചയും നടത്താത്തവര്‍ എന്നു വിശേഷിപ്പിച്ചതില്‍നിന്നും ഈ വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ വ്യക്തമാണ്. ‘ചെറുപ്പക്കാരി, യുവതി, ദാസി, വാലിയക്കാരി, അടിമസ്ത്രീ’ എന്നൊക്കെയുള്ള അര്‍ഥങ്ങളില്‍ വരുന്ന فتاة ന്റെ ബഹുവചനമാണ് فَتَيَات (ഫതയാത്ത്) എന്ന പദം. ‘നിങ്ങളുടെ വാലിയക്കാരികള്‍ (فَتَيَاتِكُمْ)’ എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, സത്യവിശ്വാസിനികളായ നിങ്ങളുടെ കൂട്ടത്തില്‍ വര്‍ത്തിച്ചു വരുന്ന അടിമ സ്ത്രീകള്‍ എന്നത്രെ.

സ്വതന്ത്രകളായ സ്ത്രീകളെ വിവാഹം ചെയ്യുമ്പോള്‍, അടിമസ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ മഹ്ര്‍ നല്‍കേണ്ടി വരുമേല്ലാ. മറ്റുള്ള ബാധ്യതകളും അങ്ങിനെത്തന്നെ. ആകയാല്‍ സ്വതന്ത്രകളെ വിവാഹം കഴിക്കത്തക്ക ധനപരമായ കഴിവില്ലാതിരിക്കുകയും, വിവാഹം അത്യാവശ്യമായിത്തീരുകയും ചെയ്യുന്നവര്‍ക്ക് സത്യവിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം കഴിക്കാമെന്ന് അല്ലാഹു അറിയിക്കുന്നു. തുടര്‍ന്നുകൊണ്ട് നിങ്ങളുടെ വിശ്വാസ ത്തെപ്പറ്റി അല്ലാഹുവിന് നല്ലവണ്ണം അറിയുമെന്നും, നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുള്ളവരാണല്ലോ എന്നും പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. വെളിയില്‍ സത്യവിശ്വാസമുള്ളവരാണെന്നു ബോധ്യം വന്നാല്‍ മതി, യഥാര്‍ത്ഥാവസ്ഥ അല്ലാഹുവിന്നേ അറിയുകയുള്ളൂ. കുലീനതയെയും കുടുംബമാഹാത്മ്യത്തെയുംകാള്‍ സത്യവിശ്വാസത്തിനാണ് വില കല്‍പിക്കേണ്ടത്. അടിമകളില്‍തന്നെ സ്വതന്ത്രരെക്കാള്‍ വിശ്വാസമുള്ളവരുണ്ടായിരിക്കാം. സംഗതിവശാല്‍ നിങ്ങളില്‍ ചിലര്‍ സ്വതന്ത്രരും ചിലര്‍ അടിമകളും ആയിപ്പോയി എന്നല്ലാതെ മനുഷ്യത്വത്തിലും സത്യവിശ്വാസത്തിലും എല്ലാവരും സമന്മാരും എല്ലാവരും സഹോദരങ്ങളുമാണ്, എന്നിങ്ങനെയുള്ള പല സൂചനകളുമാണ് ആ വാക്കുകളിലുള്ളത്.

അടിമസ്ത്രീകളെ വിവാഹം കഴിക്കുന്നത് അവരുടെ കൈകാര്യക്കാരായ ആളുകളുടെ – അവരുടെ യജമാനന്മാരുടെ – സമ്മതത്തോടു കൂടിയായിരിക്കണമെന്നും, പരിതഃസ്ഥിതികളും കാലദേശ സമ്പ്രദായങ്ങളും അനുസരിച്ച് മര്യാദക്കുള്ള മഹ്ര്‍ അവര്‍ക്കും കൊടുക്കണമെന്നും അല്ലാഹു അറിയിക്കുന്നു. കൂടാതെ, ചാരിത്ര്യം സൂക്ഷിക്കുന്നവരും, രഹസ്യമായോ പരസ്യമായോ വ്യഭിചാരവൃത്തികളില്‍ ഏര്‍പ്പെടാത്തവരുമായിരിക്കുവാന്‍ സൂക്ഷിക്കേണമെന്നുകൂടി ഉണര്‍ത്തുന്നു. ഇക്കാര്യം എല്ലാ വിവാഹത്തിലും ആലോചിക്കേണ്ടതാണെങ്കിലും അടിമ സ്ത്രീകളെ സംബന്ധിച്ചിടത്തോളം – സ്വതന്ത്രകളായ സ്ത്രീകളെ അപേക്ഷിച്ച് – മാന്യതയും ചാരിത്ര്യവും പാലിക്കുന്നതില്‍ അവര്‍ പിന്നോക്കമായിരിക്കുവാന്‍ ഇടയുള്ളതുകൊണ്ട് പ്രത്യേകം ഉണര്‍ത്തിയതായിരിക്കും. الّله اعلم

മേല്‍കണ്ട ഉപാധികളെല്ലാം ഗൗനിച്ചുകൊണ്ടുതന്നെ വിവാഹം നടന്നാലും ചിലപ്പോള്‍ ആ ഭാര്യമാരില്‍നിന്നു വല്ല നീചവൃത്തികളും ഉണ്ടായിക്കൂടാ എന്നില്ലല്ലോ. അങ്ങിനെ വല്ലതും സംഭവിച്ചാല്‍ നിയമപ്രകാരം അവരെ ശിക്ഷിക്കേണ്ടതാണ്. പക്ഷേ, സ്വതന്ത്രകളായ സ്ത്രീകള്‍ക്ക് നിയമിക്കപ്പെട്ട ശിക്ഷയുടെ പകുതി ശിക്ഷയേ അവര്‍ക്ക് നല്‍കേണ്ടതുള്ളൂവെന്നും അല്ലാഹു കല്‍പിക്കുന്നു. ഉന്നതരും മാന്യരുമായ ആളുകള്‍ക്ക് ശിക്ഷകളില്‍ ലഘൂകരണം നല്‍കലും, സാധാരണക്കാരും താഴേകിടയിലുള്ളവരുമായ ആളുകള്‍ക്ക് അതില്‍ കാഠിന്യം കൂട്ടലുമാണല്ലോ ജനമദ്ധ്യെ പൊതുവെയുള്ള സമ്പ്രദായം. ഇസ്‌ലാമിന്‍റെ വീക്ഷണഗതി മറിച്ചാണുള്ളതെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. ശിക്ഷയുടെ പകുതി കൃത്യമായി കണക്കാക്കപ്പെടുവാന്‍ സാദ്ധ്യമല്ലാത്ത ശിക്ഷാ നിയമങ്ങളില്‍ ഭരണാധിപന്മാരുടെയും, ന്യായാധിപന്മാരുടെയും തീരുമാനമനുസരിച്ചു ചെയ്യാവുന്നതാണെന്നത്രെ പണ്ഡിതാഭിപ്രായം.

സ്വതന്ത്രകളെ വിവാഹം ചെയ്‌വാന്‍ കഴിവില്ലാതിരിക്കുന്നതിനുപുറമെ, ഒരു വിവാഹം കഴിക്കാതിരുന്നാല്‍ ചാരിത്ര്യം പാലിക്കുവാന്‍ കഴിയാതെ ദുര്‍വൃത്തികള്‍ക്കു വശംവദരായിത്തീര്‍ന്നേക്കുമെന്നു ഭയപ്പെടുകയും ചെയ്യുന്നവര്‍ക്കു മാത്രമേ അടിമകളെ വിവാഹം കഴിച്ചുകൂടൂ എന്നു അല്ലാഹു അവസാനം പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. (ذَلِكَ لِمَنْ خشِيَ الْعَنَتَ مِنْكُمْ) അതോടൊപ്പം തന്നെ, കഴിവതും ക്ഷമിക്കുകയും, അങ്ങനെ അടിമവിവാഹം ഒഴിവാക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ നല്ലത് എന്നു കൂടി ഉണര്‍ത്തുന്നു. ഒരു പക്ഷേ, കുറെ കഴിയുമ്പോള്‍ സ്വതന്ത്രകളെത്തന്നെ വിവാഹം ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാവാമല്ലോ. അന്യരുടെ ഉടമസ്ഥതയിലുള്ള അടിമകളെ വിവാഹം കഴിക്കുന്നത് മാന്യതക്കും അന്തസ്സിനും യോജിച്ചതുമല്ല. അവരില്‍ ജനിക്കുന്ന കുട്ടികള്‍ അടിമകളുമായിരിക്കും. ഇതെല്ലാം കാരണമായിട്ടാണ് ഈ വിഷയത്തെ ഇത്ര ശക്തിയായി അല്ലാഹു നിരുല്‍സാഹപ്പെടുത്തുന്നത്.