വിഭാഗം - 5

4:26
 • يُرِيدُ ٱللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ ٱلَّذِينَ مِن قَبْلِكُمْ وَيَتُوبَ عَلَيْكُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٢٦﴿
 • നിങ്ങള്‍ക്ക് (നിങ്ങളുടെ നടപടിക്രമങ്ങള്‍) വിവരിച്ചു തരുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു; നിങ്ങളുടെ മുമ്പുണ്ടായിരുന്നവരുടെ ചര്യകളെ നിങ്ങള്‍ക്ക് കാട്ടിത്തരുവാനും, നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും (അവന്‍ ഉദ്ദേശിക്കുന്നു). അല്ലാഹു സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു.
 • يُرِيدُ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നു لِيُبَيِّنَ لَكُمْ നിങ്ങള്‍ക്കവന്‍ വിവരിച്ചു തരുവാന്‍ وَيَهْدِيَكُمْ നിങ്ങള്‍ക്കു കാട്ടി (മാര്‍ഗദര്‍ശനം) തരുവാനും سُنَنَ الَّذِينَ യാതൊരു കൂട്ടരുടെ ചര്യ (നടപടി)കളെ مِن قَبْلِكُمْ നിങ്ങളുടെ മുമ്പുള്ള وَيَتُوبَ പശ്ചാത്താപം സ്വീകരിക്കുവാനും عَلَيْكُمْ നിങ്ങളുടെ وَاللَّهُ عَلِيمٌ അല്ലാഹു സര്‍വ്വജ്ഞനാണ് حَكِيمٌ അഗാധജ്ഞനാണ്
4:27
 • وَٱللَّهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ ٱلَّذِينَ يَتَّبِعُونَ ٱلشَّهَوَٰتِ أَن تَمِيلُوا۟ مَيْلًا عَظِيمًا ﴾٢٧﴿
 • അല്ലാഹു, നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; ഇച്ഛകളെ പിന്‍പറ്റി കൊണ്ടിരിക്കുന്നവര്‍, നിങ്ങള്‍ (നേര്‍മാര്‍ഗം വിട്ടു) വമ്പിച്ച തോതില്‍ തെറ്റിപ്പോകുവാനും ഉദ്ദേശിക്കുന്നു.
 • وَاللَّه അല്ലാഹുവാകട്ടെ يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يَتُوبَ മടക്കം (പശ്ചാത്താപം) സ്വീകരിക്കുവാന്‍ عَلَيْكُمْ നിങ്ങളുടെ وَيُرِيدُ ഉദ്ദേശിക്കുകയും ചെയ്യുന്നു الَّذِينَ يَتَّبِعُونَ പിന്‍പറ്റിവരുന്നവര്‍ الشَّهَوَاتِ ഇച്ഛകളെ أَن تَمِيلُوا നിങ്ങള്‍ തെറ്റി (ചരിഞ്ഞു - മറിഞ്ഞു) പോകുവാന്‍ مَيْلًا തെറ്റല്‍, മറിയല്‍ عَظِيمًا വമ്പിച്ചതായ
4:28
 • يُرِيدُ ٱللَّهُ أَن يُخَفِّفَ عَنكُمْ ۚ وَخُلِقَ ٱلْإِنسَـٰنُ ضَعِيفًا ﴾٢٨﴿
 • നിങ്ങള്‍ക്ക് ലഘുവാക്കിത്തരുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. ബലഹീനനായിട്ടത്രെ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും.
 • يُرِيدُ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നു أَن يُخَفِّفَ ലഘുവാക്കിത്തരുവാന്‍ عَنكُمْ നിങ്ങള്‍ക്ക് وَخُلِقَ സൃഷ്ടിക്ക പ്പെട്ടിരിക്കുന്നു الْإِنسَانُ മനുഷ്യന്‍ ضَعِيفًا ബലഹീനനായി

സാരം ഇങ്ങിനെ ഗ്രഹിക്കാം:- സാന്മാര്‍ഗികമായി നിങ്ങള്‍ അനുഷ്ഠിച്ചു പോരേണ്ടുന്ന നടപടി ക്രമങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്കു വിവരിച്ചു തരുക, മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും സച്ചരിതങ്ങളെ നിങ്ങള്‍ അനുകരിക്കുമാറാക്കുക, ദുര്‍വൃത്തികളില്‍ നിന്നും പാപങ്ങളില്‍ നിന്നും നിങ്ങളെ വിമുക്തരാക്കുക, അങ്ങനെ, അല്ലാഹുവിന്റെ മാപ്പിനും അനുഗ്രഹത്തിനും നിങ്ങളെ പാത്രീഭൂതരാക്കുക. ഇതൊക്കെയാണ് ഇങ്ങിനെയുള്ള നിയമ നിര്‍ദ്ദേശങ്ങള്‍ വിവരിച്ചു തരുന്നതു മുഖേന അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങളുടെ നന്മക്കും ഗുണത്തിനും ഉപയുക്തമായ മാര്‍ഗം ഏതാണെന്ന് കൂടുതല്‍ അറിയുക അല്ലാഹുവിനാണല്ലോ. നിങ്ങള്‍ പാപങ്ങളില്‍ നിന്ന് വിമുക്തരായിരിക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. അതേ സമയത്ത് നിങ്ങള്‍ നേര്‍മാര്‍ഗത്തില്‍നിന്ന് നിശ്ശേഷം പിഴച്ചുകാണണമെന്നാണ് ദേഹേച്ഛകളുടെ അടിമകളായ പിശാചിന്‍റെ ആള്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവരുടെ ദുഷ്‌പ്രേരണകള്‍ക്കും. പ്രകോപനങ്ങള്‍ക്കും നിങ്ങള്‍ വില കല്‍പിക്കരുത്. മനുഷ്യന്‍ ഉല്‍കൃഷ്ട സൃഷ്ടി തന്നെ. അതേ സമയത്ത് അവന്ന് പല ദൗര്‍ബല്യങ്ങളുമുണ്ട്. അവന്‍റെ വികാരങ്ങളെ മുഴുവന്‍ അടക്കിയൊതുക്കി വെക്കുവാന്‍ അവനു സാധിക്കയില്ല. ഈ ദൗര്‍ബല്യം കണക്കിലെടുത്തുകൊണ്ട് പ്രായോഗികവും ലാഘവപ്രദവുമായ നടപടി ക്രമങ്ങളാണ് അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. അക്കൂട്ടത്തില്‍ ഒന്നത്രെ സ്വതന്ത്രകളെ വിവാഹം കഴിക്കുവാന്‍ സാധിക്കാത്തപക്ഷം അടിമകളെ വിവാഹം കഴിക്കാമെന്നു നിശ്ചയിച്ചതും.

4:29
 • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَـٰطِلِ إِلَّآ أَن تَكُونَ تِجَـٰرَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوٓا۟ أَنفُسَكُمْ ۚ إِنَّ ٱللَّهَ كَانَ بِكُمْ رَحِيمًا ﴾٢٩﴿
 • ഹേ വിശ്വസിച്ചവരേ, നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ക്കിടയില്‍ [തമ്മ തമ്മില്‍] അന്യായമായി നിങ്ങള്‍ തിന്നരുത്; നിങ്ങളില്‍നിന്നും അന്യോന്യം തൃപ്തിയോടെയുള്ള വല്ല കച്ചവടവും ആയാലൊഴികെ. [അതിനു വിരോധമില്ല] നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലുകയും ചെയ്യ രുത്. നിശ്ചയമായും അല്ലാഹു, നിങ്ങളെക്കുറിച്ചു കരുണയുള്ളവനാകുന്നു.
 • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا تَأْكُلُوا നിങ്ങള്‍ തിന്നരുത് أَمْوَالَكُم നിങ്ങളുടെ സ്വത്തുക്കള്‍ بَيْنَكُم നിങ്ങള്‍ക്കിടയില്‍, നിങ്ങള്‍ തമ്മില്‍ بِالْبَاطِلِ അന്യായമായി, ന്യായമല്ലാത്ത വഴിക്ക് إِلَّا أَن تَكُونَ അത് ആയാലൊഴികെ تِجَارَةً കച്ചവടം, വല്ല കച്ചവടവും عَن تَرَاضٍ അന്യോന്യം തൃപ്തിയോടെ مِّنكُمْ നിങ്ങളില്‍ നിന്ന് وَلَا تَقْتُلُوا നിങ്ങള്‍ കൊല്ലുക (വധിക്കുക)യും ചെയ്യരുത് أَنفُسَكُمْ നിങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങളെ (നിങ്ങളെത്തന്നെ) إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു بِكُمْ رَحِيمًا നിങ്ങളെപ്പറ്റി കരുണ (കൃപ) യുള്ളവന്‍
4:30
 • وَمَن يَفْعَلْ ذَٰلِكَ عُدْوَٰنًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا ﴾٣٠﴿
 • ആരെങ്കിലും അതിക്രമമായും, അക്രമമായും അങ്ങനെ ചെയ്യുന്ന പക്ഷം, നാം അവനെ വഴിയെ അഗ്നിയില്‍ [നരകത്തില്‍] കടത്തി എരിയിക്കുന്നതാണ്. അത്, അല്ലാഹുവിന്‍റെ മേല്‍ ഒരു എളുപ്പമുള്ള കാര്യമാകുന്നു.
 • وَمَن يَفْعَلْ ആരെങ്കിലും ചെയ്യുന്നപക്ഷം ذَٰلِكَ അത് (അങ്ങനെ) عُدْوَانًا അതിക്രമമായി, ക്രമം തെറ്റലായിട്ട് وَظُلْمًا അക്രമമായും فَسَوْفَ എന്നാല്‍ വഴിയെ نُصْلِيهِ അവനെ നാം കടത്തി എരിയിക്കും نَارًا തീയില്‍, അഗ്നിയില്‍ وَكَانَ ذَٰلِكَ അതാകുന്നു, ആയിരിക്കുന്നു عَلَى اللَّهِ അല്ലാഹുവിന്‍റെമേല്‍ يَسِيرًا ഒരു നിസ്സാരമായത്, എളുപ്പമുള്ളത്

അനാഥകളെയും, സ്ത്രീകളെയും സംബന്ധിച്ചും, അനന്തരാവ കാശത്തെയും വിവാഹ ത്തെയും സംബന്ധിച്ചും മറ്റും പല കാര്യങ്ങളും വിവരിച്ചശേഷം, ധനപരമായ തുറയില്‍ മനുഷ്യന്‍ അനുസരിക്കേണ്ടുന്ന ചില കാര്യങ്ങള്‍ വിവരിക്കുകയാണ്. പലിശ ഇടപാടുകള്‍, കൃത്രിമ വില്‍പനകള്‍, ചൂതാട്ടം, പന്തയം, ഷോടതി, മായം ചേര്‍ക്കല്‍ ആദിയായ നിയമാനുസൃതമല്ലാത്ത എല്ലാ മാര്‍ഗങ്ങളിലൂടെയും ധനം കരസ്ഥമാക്കുന്നതിനെ അല്ലാഹു നിരോധിക്കുന്നു. പരസ്പരം തൃപ്തിപ്പെട്ടുകൊണ്ടു ചെയ്യുന്നതും അതോടു കൂടി നിയമ വിരോധമില്ലാത്തതുമായ എല്ലാ ക്രയവിക്രയങ്ങളും അനുവദിക്കുകയും ചെയ്യുന്നു. അല്ലാഹു അനുവദിക്കാത്ത ഒരു ഇടപാട് നടക്കുമ്പോള്‍ ഇടപാടുകാരുടെ തൃപ്തിയുടെ പേരില്‍ അത് അനുവദനീയമാകുകയില്ല. അനുവദനീയമായ കൊള്ളക്കൊടുക്കലുകളില്‍ ഇരുഭാഗക്കാരുടെയും തൃപ്തിയുണ്ടായിരിക്കല്‍ ആവശ്യമാകുന്നു.

ഇടപാടുകാരുടെ തൃപ്തിയുടെ സാക്ഷാല്‍ക്കരണം സാധിക്കുവാന്‍ വേണ്ടിയാണ് ഇടപാടുകളില്‍ രണ്ടു തരം خِيَار (അഭിപ്രായ സ്വാതന്ത്ര്യം) ഇസ്‌ലാമില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്.

(1) ഇടപാട് നടക്കുന്ന സദസ്സില്‍ നിന്ന് പിരിഞ്ഞു പോകും മുമ്പ് ഇടപാട് ഉറപ്പിക്കുവാനും, വേെന്നുവെക്കുവാനുമുള്ള സ്വാതന്ത്ര്യം. ഇത് خِيَا رالمَجْلِس (സദസ്സിലെ സ്വാതന്ത്ര്യം) എന്ന പേരില്‍ അറിയപ്പെടുന്നു.

(2) സദസ്സില്‍ നിന്ന് പിരിഞ്ഞശേഷവും രണ്ടിലൊന്ന് – ഇടപാട് ഉറപ്പിക്കലോ തള്ളിക്കളയലോ – ചെയ്‌വാന്‍ പരസ്പരം അവധി വെച്ചുകൊണ്ടുള്ള സ്വാതന്ത്ര്യം. ഇത് خِيَار الشرط (നിബന്ധന വെച്ചുകൊണ്ടുള്ള സ്വാതന്ത്ര്യം) എന്ന പേരിലും അറിയപ്പെടുന്നു. ഈ خيَار മൂന്നു ദിവസംവരെ മാത്രമേ പാടുള്ളൂ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘വില്‍ക്കുന്നവനും വാങ്ങുന്നവനും അവര്‍(സ്ഥലം വിട്ടു)പിരിഞ്ഞു പോകാത്തപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഇടപാടായിരുന്നാലൊഴികെ. ഒരാള്‍ ഇടപാട് ഒഴിഞ്ഞു കളയുമെന്നു ഭയന്ന് മറ്റേയാള്‍ അവനെ (വേഗം) വിട്ടുപിരിയുവാന്‍ പാടുള്ളതല്ല.’ (അ; ദാ; തി; ന.) വിശദവിവരം ഹദീഥിന്റെയും, ഫിക്വ്ഹിന്‍റെയും ഗ്രന്ഥങ്ങളില്‍നിന്നറിയേണ്ടതാകുന്നു.

لا تَقْتُلُوا أَنفُسَكمْ (നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങളെ – നിങ്ങളെത്തന്നെ – കൊല്ലരുത്) എന്ന് ഇവിടെ പറഞ്ഞതിന്‍റെ ഉദ്ദേശ്യം മൂന്നു പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്.

(1) നിങ്ങള്‍ തമ്മതമ്മില്‍ കൊല ചെയ്യരുതെന്ന്. മിക്ക വ്യാഖ്യാതാക്കളും ഇതാണ് സ്വീകരിച്ചിരിക്കുന്നത്. സത്യവിശ്വാസികളെല്ലാം ഒരു ശരീരാംശങ്ങളെപ്പോലെയാണല്ലോ. അപ്പോള്‍, ഒരാള്‍ കൊല്ലപ്പെടുന്ന പക്ഷം അത് സ്വന്തം ശരീരത്തെത്ത ന്നെ ബാധിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ‘നിങ്ങളെത്തന്നെ കൊല്ലരുത്’ എന്ന വാക്കിലെ സൂചന.

(2) പാപങ്ങളും അക്രമങ്ങളും പ്രവര്‍ത്തിക്കുക വഴി നിങ്ങള്‍ നിങ്ങളെ സ്വയം കൊല്ലരുത്. അഥവാ നിങ്ങളുടെ നാശത്തിനു നിങ്ങള്‍തന്നെ വഴിയൊരുക്കരുത്.

(3) ആത്മഹത്യ ചെയ്‌തോ, മരണത്തിനു ഹേതുവാകുന്ന കാര്യങ്ങള്‍ ചെയ്‌തോ നിങ്ങള്‍ നിങ്ങളെത്തന്നെ നശിപ്പിക്കരുത്. ഈ മൂന്ന് ഉദ്ദേശ്യങ്ങളും വരുവാന്‍ സാധ്യതയുള്ള ഒരു വാക്യം തന്നെയാണത്.

ഒരു യാത്രയില്‍ അംറുബ്നുല്‍ ആസ്വ് (റ) തനിക്കു ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചപ്പോള്‍, തണുപ്പു സഹിക്കവയ്യാത്ത കാരണത്താല്‍ കുളിക്കുന്നതിനു പകരം ‘തയമ്മും’ കൊണ്ടു മതിയാക്കി. ചില സ്വഹാബികള്‍ ഈ വിവരം നബി (صلى الله عليه وسلم)യെ അറിയിച്ചു. തിരുമേനി അംറ് (റ) നെ ചോദ്യം ചെയ്തപ്പോള്‍, ‘അല്ലാഹുവിന്‍റെ റസൂലേ, തണുപ്പു എന്നെ കൊന്നുകളയുമെന്നു ഞാന്‍ ഭയപ്പെട്ടു; لَا تَقْتُلُوا أَنفُسَكُمْ (നിങ്ങള്‍ നിങ്ങളെത്തന്നെ കൊല്ലരുത്) എന്ന് അല്ലാഹു പറഞ്ഞിട്ടുമുണ്ടല്ലോ’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഇത് കേട്ടപ്പോള്‍ നബി (صلى الله عليه وسلم) ആക്ഷേപമൊന്നും പറയാതെ മൗനമവലംബിക്കുകയാണ് ചെയ്തത്. ഈ സംഭവം അഹ്മദ്, അബൂദാവൂദ് (റ) മുതലായവര്‍ ഉദ്ധരിച്ചതാണ്. ആത്മഹത്യ ചെയ്യുന്നവന് സ്വര്‍ഗം ലഭിക്കുകയില്ലെന്നും മറ്റും പ്രസ്താവിച്ചുകൊണ്ടുള്ള പല ഹദീഥുകളും പ്രസ്താവ്യമാകുന്നു. മനുഷ്യരുടെ ധനവും ദേഹവും സുരക്ഷിതമായിരിക്കുവാനുള്ള ഇത്തരം നിരോധങ്ങളും ശാസനകളും അല്ലാഹു നല്‍കിക്കൊണ്ടിരിക്കുന്നത് അല്ലാഹുവിനു നിങ്ങളുടെ നേരെയുള്ള കാരുണ്യവും കൃപയും കൊണ്ടാണ് എന്നത്രെ അവസാനവാക്യം (إِنَّ اللَّهَ كَانَ بِكُمْ رَحِيمًا) ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 28-ാം വചനത്തിന്‍റെ അവസാനത്തില്‍ മനുഷ്യന്‍ ദുര്‍ബ്ബലനായി സൃഷ്ടി ക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞുവല്ലോ. ആ ദൗര്‍ബ്ബല്യം കണക്കിലെടുത്തുകൊണ്ട് അല്ലാഹു അവനോട് കാണിക്കുന്ന കാരുണ്യത്തിന്‍റെ ഒരു മഹത്തായ ഉദാഹരണം അടുത്ത വചനത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നത് നോക്കുക:-

4:31
 • إِن تَجْتَنِبُوا۟ كَبَآئِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّـَٔاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا ﴾٣١﴿
 • നിങ്ങളോട് വിരോധിക്കപ്പെടുന്നവയിലെ വന്‍കാര്യങ്ങള്‍ [മഹാ പാപങ്ങള്‍] നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം, നിങ്ങളുടെ തിന്മകളെ നിങ്ങ ളില്‍ നിന്നു നാം മൂടി വെ(ച്ചു മാപ്പാ)ക്കുന്നതാണ്; നിങ്ങളെ മാന്യമായ ഒരു പ്രവേശനസ്ഥാനത്തു നാം പ്രവേശിപ്പിക്കുന്നതുമാണ്.
 • إِن تَجْتَنِبُوا നിങ്ങള്‍ വിട്ടകലുന്ന (വര്‍ജ്ജിക്കുന്ന) പക്ഷം كَبَائِرَ വന്‍ കാര്യങ്ങളെ (വന്‍ കുറ്റങ്ങളെ) مَا تُنْهَوْنَ നിങ്ങളോടു വിരോധിക്കപ്പെടുന്നതിലെ عَنْهُ അതിനെപ്പറ്റി نُكَفِّرْ عَنكُمْ നിങ്ങള്‍ക്ക് (നിങ്ങളില്‍ നിന്ന്) നാം മൂടിവെക്കും, മറച്ചുകളയും سَيِّئَاتِكُمْ നിങ്ങളുടെ തിന്മകള്‍, ദോഷങ്ങള്‍ وَنُدْخِلْكُم നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യും مُّدْخَلًا ഒരു പ്രവേശന സ്ഥാനത്ത്, ഒരു പ്രവേശിപ്പിക്കല്‍ كَرِيمًا മാന്യമായ, ഉദാരമായ

സത്യവിശ്വാസികള്‍ക്ക് വളരെയധികം ആശ നല്‍കുന്ന ഒരു വാഗ്ദാനമാണ് ഈ വചനം. മനുഷ്യന്‍ ഒരു വശത്തിലൂടെ ഉല്‍കൃഷ്ട സൃഷ്ടിയാണെങ്കിലും മറ്റൊരു വശത്തിലൂടെ ദുര്‍ബ്ബലനുമാണല്ലോ. അവന്‍റെ രക്ഷക്കും മോക്ഷത്തിനും ഹാനികരമായ എല്ലാ കാര്യങ്ങളെയും അല്ലാഹു അവന് വിവരിച്ചു കൊടുക്കുകയും, അവയില്‍ നിന്ന് അവനെ വിലക്കുകയും ചെയ്തിട്ടുണ്ട്. അവന്‍റെ ദൗര്‍ബ്ബല്യം നിമിത്തം ആ വിലക്കപ്പെട്ട കാര്യങ്ങളില്‍ നിന്നും പരിപൂര്‍ണമായി വിമുക്തരായിരിക്കുന്നവര്‍ വളരെ വിരളമായേ ഉണ്ടാകൂ. അതുകൊണ്ട് പരമകാരുണികനും, മനുഷ്യരെപ്പറ്റി മനുഷ്യരെക്കാള്‍ അറിയുന്ന രക്ഷിതാവുമായ അല്ലാഹു അവന് നല്‍കുന്ന അതിമഹത്തായ ഒരു ഔദാര്യമത്രെ ഈ വചനത്തില്‍ കാണുന്നത്. വിരോധിക്കപ്പെട്ട മുഴുവന്‍ പാപങ്ങളും അവര്‍ വര്‍ജ്ജിക്കുന്നില്ലെങ്കില്‍, അവയിലുള്ള വന്‍കാര്യങ്ങളാകുന്ന മഹാപാപങ്ങളെങ്കിലും വര്‍ജ്ജിക്കുന്ന പക്ഷം, ചെറിയതരം പാപങ്ങളെ അല്ലാഹു അവരില്‍ നിന്നു മൂടിവെച്ചു മാപ്പാക്കിക്കൊടുക്കും എന്നുള്ളതാണത്. അത്രയുമല്ല, അവരെ മാന്യമായ ഒരു സ്ഥാനത്ത് പ്രവേശിപ്പിച്ചു ആദരിക്കുമെന്നുകൂടി വാഗ്ദാനം ചെയ്യുന്നു. ഈ മാന്യസ്ഥാനം കൊണ്ടുദ്ദേശ്യമാകട്ടെ, സ്വര്‍ഗമ ല്ലാതെ മറ്റൊന്നുമല്ലതാനും. അല്ലാഹുവിന് സദാസമയത്തും നാം പ്രത്യേകം നന്ദി കാണിക്കുവാന്‍ കടപ്പെട്ട ഒരു മഹാനുഗ്രഹമാണിതെന്ന് പറയേണ്ടതില്ലല്ലോ.

എന്നാല്‍, മഹാപാപങ്ങള്‍ (الكبَائِر) ഏതൊക്കെയാണ്? ഇതിനു ക്ലിപ്തമായ ഒരു ഉത്തരം പറയത്തക്ക വ്യക്തമായ തെളിവുകളൊന്നും ക്വുര്‍ആനിലോ ഹദീഥിലോ കാണുന്നില്ല. ഏതാനും ചില നിര്‍വ്വചനങ്ങള്‍ ചില മഹാന്‍മാരുടെ പ്രസ്താവനകളില്‍ കാണാമെന്നു മാത്രം. അവ പരിശോധിക്കുമ്പോള്‍ നമുക്ക് ഏതാണ്ട് ഇങ്ങിനെ മനസ്സിലാക്കുവാന്‍ കഴിയും. കഠിനമായ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യപ്പെട്ട കാര്യങ്ങള്‍, അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്കു കാരണമാകുമെന്ന് പ്രസ്താവിക്കപ്പെട്ട കാര്യങ്ങള്‍, കര്‍ശനമായ ഭാഷയില്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍, ഇഹത്തില്‍ വെച്ചുതന്നെ ശിക്ഷാ നടപടികള്‍ക്കു വിധേയമാകുന്ന കാര്യങ്ങള്‍ മുതലായവയും, അല്ലാഹുവിന്‍റെ മഹത്വത്തെയോ അധികാരാവകാശങ്ങളെയോ ധിക്കരിക്കുന്ന തരത്തിലുള്ളവയും, സമുദായ മദ്ധ്യെ സമാധാന ഭംഗമുണ്ടാക്കുന്നവയും, തമ്മതമ്മില്‍ പാലിക്കേണ്ടുന്ന ചാര്‍ച്ചാ ബന്ധങ്ങളെ ലംഘിക്കുന്നവയുമായ എല്ലാ പാപങ്ങളും വന്‍കുറ്റങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ്.

പ്രബലമായ ചില ഹദീഥുകളില്‍ ഏഴു മഹാപാപങ്ങളെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എടുത്തു പറഞ്ഞിട്ടുള്ളത് പ്രസിദ്ധമാകുന്നു . ‘വിനാശകരങ്ങളായ ഏഴു പാപങ്ങളെ (السبع الموبقات) നിങ്ങള്‍ വര്‍ജ്ജിക്കുവിന്‍’ എന്നു നബി (صلى الله عليه وسلم) പറഞ്ഞപ്പോള്‍, ‘ഏതാണവ’? എന്നു ചില സ്വഹാബികള്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ തിരുമേനി പറഞ്ഞു: ”അല്ലാഹുവിനോട് പങ്കുചേര്‍ക്കലും, അല്ലാഹു നിരോധിച്ചിട്ടുള്ള ആത്മാവിനെ (ആളെ) ന്യായപ്രകാരമല്ലാതെ വധിക്കലും, സിഹ്‌റും (ആഭിചാരവും), പലിശ തിന്നലും, അനാഥയുടെ സ്വത്തു തിന്നലും, യുദ്ധത്തിരക്കുള്ള (ശത്രുക്കളുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന) ദിവസം പിന്‍തിരിഞ്ഞു പോകലും, സത്യവിശ്വാസിനികളും ദുര്‍വൃത്തികളറിയാത്തവരുമായ സ്ത്രീകളെക്കുറിച്ചു വ്യഭിചാരാരോപണം ചെയ്യലുമാകുന്നു.” ഈ നബി വചനം ബുഖാരി, മുസ്‌ലിം (റ) തുടങ്ങിയ ഹദീഥ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയി ട്ടുള്ളതാണ്. ബുഖാരിയും, മുസ്‌ലിമും (റ) മറ്റു പലരും നിവേദനം ചെയ്തിട്ടുള്ള വേറെ ചില ഹദീഥുകളില്‍, മഹാപാപങ്ങളായി വേറെയും ചില കാര്യങ്ങള്‍ എണ്ണിക്കാണാം. മാതാപിതാക്കളെ വെറുപ്പിക്കുക, അവരെ ശപിക്കുക, കള്ളസാക്ഷ്യം പറയുക, കള്ളസത്യം ചെയ്യുക മുതലായവ അതില്‍ ഉള്‍പെടുന്നു. അപ്പോള്‍, മഹാപാപങ്ങള്‍ ഇന്നിന്നവ മാത്രമാണെന്ന് നബി (صلى الله عليه وسلم)യും തിട്ടപ്പെടുത്തിപ്പറഞ്ഞിട്ടില്ലെന്നും, സന്ദര്‍ഭോചിതം അവയില്‍ പ്രധാന പ്പെട്ട ചിലവ ചൂണ്ടിക്കാട്ടുകയാണ് അവിടുന്ന് ചെയ്തിരിക്കുന്നതെന്നും ഇതില്‍നിന്നു മനസ്സിലാക്കാമല്ലോ. ക്വുര്‍ആന്‍റെയും നബി വചനങ്ങളുടെയും വെളിച്ചത്തില്‍ പരിശോധിച്ചാല്‍, മഹാപാപങ്ങള്‍ എഴുപതും അതിലധികവും കാണുമെന്നു മുന്‍ഗാമികളായ ചില പണ്ഡിതന്മാര്‍ പ്രസ്താവിച്ചു കാണുന്നു.

ഈ വിഷയത്തില്‍, ഇബ്‌നു അബ്ബാസ് (റ) പ്രസ്താവിച്ചതായി വന്നിട്ടുള്ള പല രിവായത്തുകളില്‍ ഇബ്‌നുജരീര്‍ (റ), ഇബ്‌നു അബീഹാതിം (റ) മുതലായവര്‍ ഉദ്ധരിച്ച ഒരു രിവായത്ത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ആ രിവായത്തിന്‍റെ സാരം ഇതാണ്: ”മഹാപാപങ്ങള്‍ ഏതൊക്കെയാണ്? അവ ഏഴെണ്ണമാണോ?” എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: ”അത് ഏഴിനെക്കാള്‍ അടുപ്പം എഴുനൂറിനോടാണ്. എങ്കിലും പാപമോചനം തേടുന്നതോടുകൂടി മഹാപാപം ഇല്ല. പതിവാക്കുന്നതോടു കൂടി നിസ്സാര പാപവും ഇല്ല.” പാപങ്ങള്‍ എത്ര വമ്പിച്ചതായാലും അവയില്‍ നിന്ന് വേണ്ടതുപോലെ ഖേദിച്ചു മടങ്ങുകയും, അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുന്ന പക്ഷം അല്ലാഹു അത് പൊറുത്തു കൊടുത്തേക്കുമെന്നും, അവ എത്ര നിസ്സാരമായാലും ഖേദിച്ചു മടങ്ങാതെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നപക്ഷം അവ വമ്പിച്ച പാപങ്ങളായി കലാശിക്കുമെന്നുമാണ് ഇബ്‌നു അബ്ബാസ് (റ) ചൂണ്ടിക്കാട്ടുന്നത്. ഇന്നതെല്ലാം വന്‍കുറ്റങ്ങളും, ഇന്നതെല്ലാം ചെറിയ കുറ്റങ്ങളുമാണെന്ന് നിര്‍ണയിച്ചു പറയുക സാധ്യമല്ലെന്ന് ഇതില്‍ നിന്നെല്ലാം സ്പഷ്ടമാണല്ലോ. വമ്പിച്ച പാപങ്ങള്‍ വര്‍ജ്ജിക്കുകയും ചെറിയ പാപങ്ങളില്‍ നിന്ന് പശ്ചാത്തപിക്കുകയും ചെയ്യുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ, ആമീന്‍.

4:32
 • وَلَا تَتَمَنَّوْا۟ مَا فَضَّلَ ٱللَّهُ بِهِۦ بَعْضَكُمْ عَلَىٰ بَعْضٍ ۚ لِّلرِّجَالِ نَصِيبٌ مِّمَّا ٱكْتَسَبُوا۟ ۖ وَلِلنِّسَآءِ نَصِيبٌ مِّمَّا ٱكْتَسَبْنَ ۚ وَسْـَٔلُوا۟ ٱللَّهَ مِن فَضْلِهِۦٓ ۗ إِنَّ ٱللَّهَ كَانَ بِكُلِّ شَىْءٍ عَلِيمًا ﴾٣٢﴿
 • നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠത നല്‍കി (അഥവാ അനുഗ്രഹം ചെയ്തു) കൊടുത്തിട്ടുള്ളതിനെ നിങ്ങള്‍ കൊതിക്കരുത്. പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചുണ്ടാക്കിയതില്‍ നിന്ന് ഓഹരിയുണ്ടായിരിക്കും; സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചുണ്ടാ ക്കിയതില്‍ നിന്നും ഓഹരിയുണ്ടായിരിക്കും. അല്ലാഹുവിനോട് അവന്‍റെ അനുഗ്രഹത്തില്‍ (അഥവാ ഔദാര്യത്തില്‍) നിന്നും നിങ്ങള്‍ ചോദിക്കു കയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു, എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനാകുന്നു.
 • وَلَا تَتَمَنَّوْا നിങ്ങള്‍ കൊതിക്കരുത്, വ്യാമോഹിക്കരുത് مَا فَضَّلَ ശ്രേഷ്ഠമാക്കിയതിനെ, അനുഗ്രഹം (ഔദാര്യം) നല്‍കിയതിന് اللَّهُ അല്ലാഹു بِهِ അത് മുഖേന, അതിനെ بَعْضَكُمْ നിങ്ങളില്‍ ചിലര്‍ക്ക്, ചിലരെ عَلَىٰ بَعْضٍ ചിലരെക്കാള്‍ لِّلرِّجَالِ പുരുഷന്മാര്‍ക്കുണ്ട് نَصِيبٌ ഓഹരി, പങ്ക് مِّمَّا اكْتَسَبُوا അവര്‍ സമ്പാദിച്ചു (ചെയ്തു)ണ്ടാക്കിയതില്‍ നിന്ന് وَلِلنِّسَاءِ സ്ത്രീകള്‍ക്കുമുണ്ട് نَصِيبٌ ഓഹരി, പങ്ക് مَّا اكْتَسَبْنَ അവര്‍ ചെയ്തു (സമ്പാദിച്ചു)ണ്ടാക്കിയതില്‍ നിന്ന് مِّمَّا اكْتَسَبْنَ ചോദിക്കുകയും ചെയ്യുവിന്‍ وَاسْأَلُوا اللَّهَ അല്ലാഹുവിനോട് مِن فَضْلِهِ അവന്‍റെ അനുഗ്രഹ (ഔദാര്യ)ത്തില്‍ നിന്ന്, ദയയില്‍നിന്ന് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു, ആയിരിക്കുന്നു بِكُلِّ شَيْءٍ എല്ലാകാര്യത്തെ (വസ്തുവെ)ക്കുറിച്ചും عَلِيمًا അറിയുന്നവന്‍

അന്യരുടെ ജീവനും സ്വത്തും അക്രമിക്കുന്നതിനെപ്പറ്റി പ്രസ്താവിച്ചശേഷം, അത്തരം അനീതികള്‍ക്കു കാരണമായിത്തീരുന്ന ദുര്‍മോഹങ്ങള്‍ പോലും ഉപേക്ഷിക്കണമെന്ന് അല്ലാഹു ഉപദേശിക്കുന്നു. ധനം, സുഖസൗകര്യങ്ങള്‍, സ്ഥാനമാനങ്ങള്‍, പ്രകൃതി വിശേഷതകള്‍, സ്വഭാവഗുണങ്ങള്‍ എന്നിങ്ങിനെ പലതിലും ചിലര്‍ക്ക് മറ്റുള്ളവരെക്കാള്‍ അല്ലാഹു ശ്രേഷ്ഠത നല്‍കിയിരിക്കുമല്ലോ. ആ വക ഗുണങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന് വ്യാമോഹിക്കുകയും, അതില്‍ അസൂയപ്പെടുകയും ചെയ്യരുത്. പുരുഷന്മാരാ യാലും സ്ത്രീകളായാലും അവരവര്‍ ചെയ്തു സമ്പാദിക്കുന്ന കര്‍മങ്ങളും, അദ്ധ്വാന ങ്ങളും അനുസരിച്ചുള്ള നേട്ടവും പ്രതിഫലവും എല്ലാവര്‍ക്കും ലഭിക്കും. പുരുഷ ന്മാര്‍ക്കും സ്ത്രീകള്‍ക്കും അവരവരുടെതായ ചില പ്രത്യേകതകളുണ്ടായിരിക്കും. അതനുസരിച്ചു ഇരുകൂട്ടരും വര്‍ത്തിക്കുകയല്ലാതെ അന്യരുടെ നേട്ടങ്ങളില്‍ വ്യാമോഹിച്ചിട്ടു കാര്യമില്ല. മറ്റുള്ളവര്‍ക്കുള്ള നന്മകള്‍ തങ്ങള്‍ക്കും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും, അതിനുവേണ്ടി യത്‌നിക്കുകയും, അതോടുകൂടി അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും തങ്ങളില്‍ വര്‍ഷിച്ചു കൊണ്ടിരിക്കുവാന്‍ അവനോട് പ്രാര്‍ഥിക്കുകയുമാണ് വേത്. ആര്‍ക്കെല്ലാമാണ്, എന്തെല്ലാമാണ്, എപ്പോഴൊക്കെയാണ് നല്‍കേത്; അല്ലെങ്കില്‍ നല്‍കാതിരിക്കേണ്ടത് എന്നൊക്കെ അല്ലാഹുവിനു ശരിക്കും അറിയാം എന്നിപ്രകാരമാണ് മൊത്തത്തില്‍ ഈ വചനത്തിന്‍റെ സാരം.

‘രണ്ടുകൂട്ടരില്‍ – അതായത്, അല്ലാഹു ധനം നല്‍കിയിട്ട് അത് വേണ്ടപ്പെട്ട വിഷയത്തില്‍ ചിലവഴിച്ചു തീര്‍ക്കുന്നവനിലും, അവന്‍ വിജ്ഞാനം നല്‍കിയിട്ട് അതുപ്രകാരം വിധിക്കുകയും അത് (മറ്റുള്ളവര്‍ക്ക്) പഠിപ്പിക്കുകയും ചെയ്യുന്നവനിലും – അല്ലാതെ അസൂയയില്ല.’ എന്ന് നബി തിരുമേനി (صلى الله عليه وسلم) അരുളിച്ചെയ്തതായി ബുഖാരി, മുസ്‌ലിം (റ) തുടങ്ങിയവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ നബി വചനവും ഈ ക്വുര്‍ആന്‍ വചനവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നു പ്രത്യക്ഷത്തില്‍ തോന്നിയേക്കാം. വാസ്തവ ത്തില്‍ പൊരുത്തക്കേടൊന്നുമില്ല തന്നെ. പ്രസ്തുത രണ്ടു കൂട്ടരെപ്പോലെയുള്ള ആ ഭാഗ്യം തങ്ങള്‍ക്കും ഉണ്ടാവാനുള്ള ആഗ്രഹമുണ്ടായിരിക്കണമെന്നും, ധനവും വിജ്ഞാനവും ലഭിക്കുമ്പോള്‍ അവരെപ്പോലെ പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധതയുണ്ടായിരിക്കണമെന്നുമാണ് നബി (صلى الله عليه وسلم) പറഞ്ഞതിന്‍റെ താല്‍പര്യം. ‘അസൂയ (حَسَد)’ എന്നപദം ഇവിടെ കേവലം ഒരു അലങ്കാരപ്രയോഗം മാത്രമാകുന്നു. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന നന്മയില്‍ വെറുപ്പ് തോന്നുകയും, അത് തനിക്കാണ് വേണ്ടതെന്ന് വ്യാമോഹിക്കുകയും ചെയ്യുക എന്ന അര്‍ത്ഥത്തിലുള്ള അസൂയയല്ല – മറിച്ച് അതുപോലെയുള്ള സല്‍ഗുണങ്ങള്‍ തനിക്കും ഉണ്ടായിരിക്കണമെന്നുള്ള ആഗ്രഹമാണ് – ഈ ഹദീഥില്‍ പറഞ്ഞ അസൂയകൊണ്ട് വിവക്ഷ.

4:33
 • وَلِكُلٍّ جَعَلْنَا مَوَٰلِىَ مِمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ ۚ وَٱلَّذِينَ عَقَدَتْ أَيْمَـٰنُكُمْ فَـَٔاتُوهُمْ نَصِيبَهُمْ ۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ شَهِيدًا ﴾٣٣﴿
 • എല്ലാവര്‍ക്കും (തന്നെ, തങ്ങ ളുടെ) മാതാപിതാക്കളും, അടുത്ത കുടുംബങ്ങളും വിട്ടേച്ചു പോയതിനു [സ്വത്തിനു] നാം ബന്ധപ്പെട്ടവരെ [അവകാശികളെ] ഏര്‍പ്പെടുത്തിയിരി ക്കുന്നു. നിങ്ങളുടെ സത്യങ്ങള്‍ (അഥവാ വലങ്കൈകള്‍) ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്ക് അവരുടെ ഓഹരി നിങ്ങള്‍ കൊടുത്തു കൊള്ളുവിന്‍. നിശ്ചയമായും അല്ലാഹു, എല്ലാ കാര്യത്തിനും (ദൃക്) സാക്ഷിയാകുന്നു.
 • وَلِكُلٍّ എല്ലാവര്‍ക്കും, എല്ലാറ്റിനും جَعَلْنَا നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു مَوَالِيَ ബന്ധപ്പെട്ടവരെ (അവകാശികളെ) مِمَّا تَرَكَ വിട്ടുപോയതിന്, വിട്ടുപോയതില്‍ നിന്ന് الْوَالِدَانِ മാതാപിതാക്കള്‍ وَالْأَقْرَبُونَ അടുത്ത കുടുംബങ്ങളും (അധികം അടുത്ത ബന്ധുക്കളും) وَالَّذِينَ യാതൊരുകൂട്ടര്‍ عَقَدَتْ കെട്ടിയിരിക്കുന്നു, ഉറപ്പിച്ചു, സ്ഥാപിച്ചു(വോ) أَيْمَانُكُمْ നിങ്ങളുടെ സത്യങ്ങള്‍, വലങ്കൈകള്‍ فَآتُوهُمْ എന്നാലവര്‍ക്ക് നിങ്ങള്‍ കൊടുക്കുവിന്‍ نَصِيبَهُمْ അവരുടെ ഓഹരി إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു, ആയിരിക്കുന്നു عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിനും, വസ്തുവിന്‍റെമേലും شَهِيدًا സാക്ഷി (ദൃക്‌സാക്ഷി)

ഈ വചനത്തിലെ വാക്കുകളെയും, പ്രയോഗങ്ങളെയും, വ്യാകരണ നിയമങ്ങളെയും, ബന്ധപ്പെട്ട ചില രിവായത്തുകളെയും അടിസ്ഥാനമാക്കി ഒന്നിലധികം രൂപത്തില്‍ ഇതിന് അര്‍ത്ഥവ്യാഖ്യാനം നല്‍കപ്പെട്ടു കാണാം. കൂടുതല്‍ പ്രസക്തമായത് മാത്രം ചുവടെ ഉദ്ധരിക്കുന്നു. അതിനു മുമ്പായി ഇതിലെ ചില പദങ്ങളെക്കുറിച്ചു സാമാന്യം അറിയുന്നത് നന്നായിരിക്കും.

مَوَاليِ (മവാലീ) എന്ന വാക്കിന്‍റെ ഏകവചനം مَوَاليَ (മൗലാ) എന്നാകുന്നു. ഏതെങ്കിലും നിലക്ക് പരസ്പരം അണഞ്ഞ ബന്ധമുള്ളവര്‍ക്കെല്ലാം ഇത് ഉപയോഗിക്കപ്പെടും. ഉദാഹരണമായി: അടിമ, യജമാനന്‍, അടിമത്തത്തില്‍ നിന്നു മോചിപ്പിച്ച ആള്‍, അതില്‍നിന്നു മോചിപ്പിക്കപ്പെട്ടവന്‍, അയല്‍ക്കാരന്‍, ഉടമസ്ഥന്‍, സഖ്യ ബന്ധമുള്ളവന്‍, ആദര്‍ശ ബന്ധു, അടുത്ത ചങ്ങാതി, അടുത്ത കുടുംബമുള്ളവന്‍ എന്നിവര്‍ക്കെല്ലാം ആ വാക്ക് ഉപയോഗിക്കാറുണ്ട്. അനന്തരസ്വത്തിന്‍റെ അവകാശികള്‍ പൊതുവിലാണ് ഇവിടെ അതുകൊണ്ടു വിവക്ഷ എന്നും, കുടുംബ ബന്ധം കൊണ്ട് കൂടുതല്‍ അടുപ്പമുള്ള അവകാശികളായ ‘അസ്വബ’: (الصَبَة)ക്കാര്‍ പ്രത്യേകമാണ് വിവക്ഷ എന്നും രണ്ടു അഭിപ്രായങ്ങളുണ്ട്.

يَمِين (യമീന്‍) എന്ന വാക്കിന്‍റെ ബഹുവചനമാണ് اَيْمَان (അയ്മാന്‍). ഇതു സത്യം – ശപഥം – എന്ന അര്‍ഥത്തിലും, വലങ്കൈ എന്ന അര്‍ഥത്തിലും സാധാരണ ഉപയോഗിക്കപ്പെടും. സഖ്യം, സന്ധി, ഉടമ്പടി പോലെയുള്ള പ്രധാന കരാറു വ്യവസ്ഥകള്‍ ഉറപ്പിക്കുമ്പോള്‍ അത് അന്യോന്യം കൈ (വലങ്കൈ) പിടിച്ചുകൊണ്ടും ശപഥ വാക്യങ്ങള്‍ മുഖേന ഉറപ്പിച്ചുകൊണ്ടുമാണല്ലോ നടക്കുക. ആ നിലക്ക് ‘യമീനി’ന്‍റെ വാക്കര്‍ഥം രണ്ടില്‍ ഏത് സ്വീകരിച്ചാലും ശരി, അത്തരം കരാറുകളും വ്യവസ്ഥകളും സ്ഥാപിക്കുന്നതിന് عَقد اليَمِين എന്നു പറയാവുന്നതാണ്. ഇതനുസരിച്ച് عَقَدَتْ أَيْمَانُكُمْ (നിങ്ങളുടെ സത്യങ്ങള്‍ – വലങ്കൈകള്‍ – സ്ഥാപിച്ചു) എന്നു പറഞ്ഞത് സഖ്യ ഉടമ്പടിയെ ഉദ്ദേശിച്ചാണെന്നത്രെ അധിക വ്യാഖ്യാതാക്കളുടെയും അഭിപ്രായം. വിവാഹ ഇടപാടിനെ ഉദ്ദേശിച്ചാണെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്.

കൂടാതെ, ഈ ആയത്തിലെ ഒന്നാമത്തെ വാക്യം وَالأَقْرَبُونَ എന്നിടത്ത് അവസാനിക്കുന്നതായും, وَالَّذِينَ മുതല്‍ نَصِيبَهُمْ വരെയുള്ള ഭാഗം രണ്ടാമതൊരു വാക്യമായുമാണ് മിക്കവരും കണക്കാക്കുന്നത്. ഇതനുസരിച്ചാണ് وَالأَقْرَبُونَ എന്നിടത്ത് ‘വക്വ്ഫ്’ (നിറുത്തിവായന) ചെയ്തു വരുന്നതും. പരിഭാഷയില്‍ നാം സ്വീകരിച്ചിരിക്കുന്നതും ഇപ്രകാരമാകുന്നു. ആദ്യം മുതല്‍ نَصِيبَهُمْ വരെയുള്ളതെല്ലാം ചേര്‍ന്ന് ഒരേ വാക്യമായും ചില വ്യാഖ്യാതാക്കള്‍ കണക്കാക്കി വരുന്നു. ഇതനുസരിച്ച് അതിന് ഇങ്ങിനെ അര്‍ഥം നല്‍കാവുന്നതാണ്: ‘മാതാപിതാക്കളും അടുത്ത കുടുംബങ്ങളും നിങ്ങളുടെ വലങ്കൈകള്‍ – സത്യങ്ങള്‍ – ബന്ധം സ്ഥാപിച്ചിട്ടുള്ളവരും വിട്ടുപോയ സ്വത്തിന് എല്ലാവര്‍ക്കും നാം ബന്ധപ്പെട്ടവരെ – അവകാശികളെ – ഏര്‍പ്പെടുത്തിയിരിക്കുന്നു.’ എനി നമുക്ക്, മേല്‍സൂചിപ്പിച്ച പ്രസക്ത വ്യാഖ്യാനങ്ങളുടെ ചുരുക്കം മനസ്സിലാക്കാം:-

وَالَّذِينَ മുതല്‍ക്കുള്ളത് ഒരു വാക്യവും അതിന്‍റെ മുമ്പുള്ളത് വേറൊരു വാക്യവുമാണെന്ന അഭിപ്രായക്കാര്‍ ആയത്തിന് രണ്ടു തരത്തില്‍ വ്യാഖ്യാനം നല്‍കാറുണ്ട്:

(1) ആദ്യത്തെ വാക്യത്തിന്‍റെ സാരം, മാതാപിതാക്കളും അടുത്ത കുടുംബങ്ങളും മരണപ്പെട്ടു പോകുമ്പോള്‍ അവര്‍ വിട്ടേച്ചു പോകുന്ന സ്വത്തിനു എല്ലാവര്‍ക്കും തന്നെ അല്ലാഹു നിശ്ചിത അവകാശികളെ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും രണ്ടാമത്തെ വാക്യത്തിന്‍റെ സാരം, നിങ്ങളുമായി സഖ്യ ബന്ധം നിലവിലുള്ളവര്‍ക്ക് ആ സഖ്യ ബന്ധമനുരിച്ച് നിങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കേണ്ടതുള്ള ബാധ്യതകളില്‍ സ്വത്തവകാശമല്ലാത്ത എല്ലാ ബാധ്യതകളും നിങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കണം എന്നും, മദീനാ ഹിജ്‌റഃയെത്തുടര്‍ന്നു മുഹാജിറുകളുടെയും അന്‍സ്വാരികളുടെയും ഇടക്ക് നബി (صلى الله عليه وسلم) സ്ഥാപിച്ചിരുന്ന സാഹോദര്യ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ അന്യോന്യം സ്വത്തവകാശം നല്‍കി വന്നിരുന്നതിനെയും, ജാഹിലിയ്യാ കാലത്ത് അന്യോന്യം സ്വത്തവകാശം വകവെച്ചുകൊണ്ട് അറബികളില്‍ പതിവുണ്ടായിരുന്ന സഖ്യ ബന്ധങ്ങളെയും നിറുത്തല്‍ ചെയ്യലും, ഇസ്‌ലാമിലെ അനന്തരാവകാശ നിയമവ്യവസ്ഥപ്രകാരമുള്ള അവകാശികള്‍ക്കു മാത്രമേ മേലില്‍ സ്വത്തവകാശമുള്ളൂവെന്ന് സ്ഥാപിക്കലുമാണ് ഈ വചനം ചെയ്യുന്നത് എന്നത്രെ ഈ വ്യാഖ്യാനത്തിന്‍റെ താല്‍പര്യം.

(2) ഒന്നാമത്തെ വാക്യത്തിന്‍റെ സാരം, മാതാപിതാക്കളും അടുത്ത കുടുംബങ്ങളും വിട്ടുപോയ സ്വത്തിന് എല്ലാവര്‍ക്കും തന്നെ അടുത്ത കുടുംബ ബന്ധമുള്ള – അസ്വബക്കാരായി അറിയപ്പെടുന്ന – അവകാശികളെ നിശ്ചയിച്ചിട്ടുണ്ട് എന്നും, രണ്ടാം വാക്യത്തിന്‍റെ സാരം, വിവാഹ ബന്ധം സ്ഥാപിതമായിട്ടുള്ളവര്‍ക്ക് – ഭാര്യാഭര്‍ത്താക്കള്‍ക്ക് – അവരുടെ നിശ്ചിത ഓഹരി കൊടുക്കണമെന്നും ആകുന്നു. അതായത് ഭാര്യാ ഭര്‍ത്താക്കളുടെ നിശ്ചിത ഓഹരികള്‍ (ഭര്‍ത്താവാണെങ്കില്‍ പകുതിയും; നാലിലൊന്നും; ഭാര്യയാണെങ്കില്‍ ഭര്‍ത്താവിന്‍റെ പകുതിയും), മാത്രം നല്‍കുകയും ബാക്കിയെല്ലാം ആ അടുത്ത അവകാശികള്‍ക്ക് – അസ്വബക്കാര്‍ക്ക് – കൊടുക്കുകയുമാണ് വേണ്ടതെന്നു താല്‍പര്യം.

ആയത്തിന്‍റെ ആദ്യം മുതല്‍ نَصِيبَهُمْ വരെയുള്ളതെല്ലാം ചേര്‍ന്നു ഒരേ വാക്യമാണെന്ന അഭിപ്രായമനുസരിച്ച് അതിന്‍റെ സാരം ഇങ്ങിനെയായിരിക്കും: മാതാപിതാക്കളും, അടുത്ത കുടുംബങ്ങളും, വിവാഹ ബന്ധം സ്ഥാപിതമായവരും – അഥവാ ഭാര്യാ ഭര്‍ത്താക്കളും – വിട്ടുപോയ സ്വത്തിന് അല്ലാഹു നിശ്ചിത അവകാശികളെ എല്ലാവര്‍ക്കും ഏര്‍പ്പെടുത്തി വെച്ചിരിക്കുന്നു. അഥവാ ആ അവകാശികള്‍ക്ക് മാത്രമേ മേലില്‍ അനന്തരാവകാശമുള്ളൂ. ആ അവകാശികള്‍ ഓരോരുത്തര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഓഹരി നല്‍കേണ്ടതാണ്. മേല്‍ക്കണ്ടതല്ലാത്ത ചില വ്യാഖ്യാനങ്ങളും ബന്ധപ്പെട്ട ചില വിശദീകരണങ്ങളും ഇവിടെ കാണാമെങ്കിലും അതിലേക്കു പ്രവേശിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല.

വിഭാഗം - 6

4:34
 • ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنفَقُوا۟ مِنْ أَمْوَٰلِهِمْ ۚ فَٱلصَّـٰلِحَـٰتُ قَـٰنِتَـٰتٌ حَـٰفِظَـٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ ۚ وَٱلَّـٰتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا۟ عَلَيْهِنَّ سَبِيلًا ۗ إِنَّ ٱللَّهَ كَانَ عَلِيًّا كَبِيرًا ﴾٣٤﴿
 • പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ (കാര്യം) നടത്തിപ്പുകാരാണ്; അവരില്‍ [മനുഷ്യരില്‍] ചിലരെ ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നതു കൊണ്ടും, അവര്‍ [പുരുഷന്മാര്‍] തങ്ങളുടെ സ്വത്തുക്കളില്‍ നിന്ന് ചിലവഴിക്കുന്നതു കൊണ്ടും. [ഇതാണതിനു കാരണം] എന്നാല്‍, സദ്‌വൃത്തകളായുള്ളവര്‍ അനുസരണമുള്ളവരും, അല്ലാഹു കാത്തു സൂക്ഷിച്ചപ്രകാരം അസാന്നിധ്യത്തില്‍ കാത്തു സൂക്ഷിക്കുന്നവരുമാകുന്നു. യാതൊരു സ്ത്രീകളുടെ പിണക്കം [അനുസരണക്കേട്] നിങ്ങള്‍ ഭയപ്പെടുന്നുവോ, അവര്‍ക്ക് നിങ്ങള്‍ സദുപദേശം നല്‍കുകയും, കിടപ്പു സ്ഥാനങ്ങളില്‍ അവരെ വെടിയുകയും, അവരെ അടിക്കുകയും ചെയ്തു കൊള്ളുവിന്‍. എന്നിട്ട്, അവര്‍ നിങ്ങളെ അനുസരിച്ചുവെങ്കില്‍ (പിന്നെ) അവര്‍ക്കെതിരില്‍ നിങ്ങള്‍ ഒരു മാര്‍ഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും, വലിയവനുമാകുന്നു.
 • الرِّجَالُ പുരുഷന്മാര്‍ قَوَّامُونَ നിലകൊള്ളുന്നവരാണ്, നടത്തിപ്പുകാരാണ്, അധികാരസ്ഥന്മാരാണ്, രക്ഷകന്മാരാണ് عَلَى النِّسَاءِ സ്ത്രീകളില്‍, സ്ത്രീകളുടെ മേല്‍ بِمَا فَضَّلَ ശ്രേഷ്ഠമാക്കിയതുകൊണ്ട്, മെച്ചപ്പെടുത്തിയതിനാല്‍ اللَّهُ അല്ലാഹു بَعْضَهُمْ അവരില്‍ ചിലരെ عَلَىٰ بَعْضٍ ചിലരെക്കാള്‍ وَبِمَا أَنفَقُوا അവര്‍ ചിലവഴിക്കുന്നതു കൊണ്ടും مِنْ أَمْوَالِهِمْ അവരുടെ സ്വത്തുക്കളില്‍ നിന്ന് فَالصَّالِحَاتُ എന്നാല്‍ സദ്‌വൃത്തകളായവര്‍, നല്ല സ്ത്രീകള്‍, കൊള്ളാവുന്നവര്‍ قَانِتَاتٌ അനുസരണം (ഒതുക്കം - അച്ചടക്കം) ഉള്ളവരാണ് حَافِظَاتٌ കാക്കുന്ന (സൂക്ഷിക്കുന്ന)വരാണ് لِّلْغَيْبِ അസാന്നിദ്ധ്യത്തെ (അഭാവാവസ്ഥയില്‍) بِمَا حَفِظَ اللَّهُ അല്ലാഹു (കാത്തു) സൂക്ഷിച്ചപ്രകാരം, കാത്തതുകൊണ്ട് وَاللَّاتِي യാതൊരു സ്ത്രീകള്‍ تَخَافُونَ നിങ്ങള്‍ ഭയപ്പെടും, ഭയപ്പെടുന്ന نُشُوزَهُنَّ അവരുടെ പിണക്കത്തെ, അനുസരണക്കേട് فَعِظُوهُنَّ അവര്‍ക്ക് നിങ്ങള്‍ സദുപദേശം ചെയ്യുവിന്‍ وَاهْجُرُوهُنَّ അവരെ നിങ്ങള്‍ വെടിയുകയും ചെയ്യുവിന്‍ فِي الْمَضَاجِعِ കിടപ്പു സ്ഥാനങ്ങളില്‍ وَاضْرِبُوهُنَّ അവരെ നിങ്ങള്‍ അടിക്കുകയും ചെയ്യുവിന്‍ فَإِنْ أَطَعْنَكُمْ എന്നിട്ടു (എന്നാല്‍) അവര്‍ നിങ്ങളെഅനുസരിച്ചെങ്കില്‍, വഴിപ്പെട്ടാല്‍ فَلَا تَبْغُوا എന്നാല്‍ നിങ്ങള്‍ തേടേണ്ട, അന്വേഷിക്കരുത് عَلَيْهِنَّ അവരുടെ മേല്‍, അവര്‍ക്കെതിരെ سَبِيلًا ഒരു മാര്‍ഗം, വഴി إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ عَلِيًّا അവന്‍ ഉന്നതനാകുന്നു, മേലെയുള്ളവനാണ് كَبِيرًا വലിയവന്‍, മഹാനായ
4:35
 • وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَٱبْعَثُوا۟ حَكَمًا مِّنْ أَهْلِهِۦ وَحَكَمًا مِّنْ أَهْلِهَآ إِن يُرِيدَآ إِصْلَـٰحًا يُوَفِّقِ ٱللَّهُ بَيْنَهُمَآ ۗ إِنَّ ٱللَّهَ كَانَ عَلِيمًا خَبِيرًا ﴾٣٥﴿
 • അവര്‍ രണ്ടു പേര്‍ക്കുമിടയില്‍ നിങ്ങള്‍ പിളര്‍പ്പു [ഛിദ്രം] ഭയപ്പെട്ടുവെങ്കിലോ, അപ്പോള്‍, അവന്‍റെ ആള്‍ക്കാരില്‍ നിന്ന് ഒരു വിധി കര്‍ത്താവിനെ [മദ്ധ്യസ്ഥനെ]യും, അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു വിധികര്‍ത്താവിനെ [മദ്ധ്യസ്ഥനെ]യും നിങ്ങള്‍ നിയോഗിക്കുവിന്‍. ഇരുകൂട്ടരും (അവര്‍ക്കിടയില്‍) നന്നാക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം, രണ്ടു പേര്‍ക്കുമിടയില്‍ അല്ലാഹു യോജിപ്പുണ്ടാക്കുന്നതാണ്. നിശ്ചയമായും അല്ലാഹു, സര്‍വ്വജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു.
 • وَإِنْ خِفْتُمْ = നിങ്ങള്‍ ഭയന്നുവെങ്കില്‍ شِقَاقَ = പിളര്‍പ്പ്, ഛിദ്രം, ഭിന്നിപ്പ് بَيْنِهِمَا = അവര്‍ രണ്ടുപേര്‍ക്കുമിടയില്‍ فَابْعَثُوا = എന്നാല്‍ നിങ്ങള്‍ എഴുന്നേല്‍പിക്കുവിന്‍, അയ ക്കുക, നിയോഗിക്കുക حَكَمًا = ഒരു വിധികര്‍ത്താവിനെ (മദ്ധ്യസ്ഥനെ) مِّنْ أَهْلِهِ = അവന്‍റെ ആള്‍ക്കാരി(കൂട്ടക്കാരി)ല്‍ നിന്ന് وَحَكَمًا = ഒരു വിധി കര്‍ത്താവിനെയും مِّنْ أَهْلِهَا = അവളുടെ ആള്‍ക്കാരില്‍ നിന്ന് إِن يُرِيدَا = അവര്‍ രണ്ടാളും ഉദ്ദേശിക്കുന്നപക്ഷം إِصْلَاحًا = നന്നാക്കല്‍, നന്മവരുത്തല്‍ يُوَفِّقِ = ഒപ്പിക്കും, യോജിപ്പുവരുത്തും اللَّهُ = അല്ലാഹു بَيْنَهُمَا = അവര്‍ രണ്ടാള്‍ക്കിടയില്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു كَانَ عَلِيمًا = അറിയുന്നവനാകുന്നു, സര്‍വ്വജ്ഞനാണ് خَبِيرًا = സൂക്ഷ്മജ്ഞാനി

വൈവാഹിക ജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ അനുവര്‍ത്തിക്കപ്പെടേണ്ടുന്ന ചില പ്രധാന സംഗതികളാണ് ഈ വചനങ്ങളില്‍ അല്ലാഹു അറിയിക്കുന്നത്. അവ ശരിക്കും അംഗീകരിക്കുന്ന പക്ഷം, ഭാര്യാഭര്‍ത്താക്കള്‍ തമ്മില്‍ വഴക്കും വക്കാ ണവും ഉണ്ടാകുക ദുര്‍ല്ലഭമായിരിക്കും. ഉണ്ടായാല്‍ അത് പരിഹരിക്കപ്പെടുകയും ചെയ്യും. ഈ വചനങ്ങളിലടങ്ങിയ ആശയങ്ങള്‍ ഇങ്ങിനെ സംഗ്രഹിക്കാം:-

(1) സ്ത്രീകളുടെ മേലധികാരവും മേല്‍നോട്ടവും പുരുഷന്മാര്‍ക്കാണുള്ളത്. ഒന്നിലധികം ആളുകള്‍ക്ക് പങ്കുള്ള ഏതൊരു രംഗത്തും അതിന് ആധികാരികമായ ഒരു മേല്‍നോട്ടക്കാരനില്ലാത്ത പക്ഷം അവിടെ കുഴപ്പവും വ്യവസ്ഥയില്ലായ്മയും നടമാടുന്നതാണ്. ഗാര്‍ഹിക ജീവിതത്തില്‍ ഇതിന്‍റെ ആവശ്യം കൂടുതലായി കാണാം. ‘നാഥനില്ലാത്ത വീടുപോലെ’ എന്നൊരു പഴഞ്ചൊല്ലുപോലുമുണ്ടായത് അത്‌കൊണ്ടാകുന്നു. ഇവിടെ ആ ആധികാരിക സ്ഥാനം പുരുഷനാണുള്ളത് എന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. പ്രകൃത്യാ ഉള്ളതും, സ്വാഭാവികമായുണ്ടാകുന്നതുമായ ഓരോ കാരണങ്ങളും അതിന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. രണ്ടില്‍ ഓരോന്നും തന്നെ, ആ സ്ഥാനത്തിനുള്ള അര്‍ഹത സ്ത്രീകള്‍ക്കല്ല ഉള്ളതെന്ന് കാണിക്കുന്നവ യാകുന്നു. 1-ാമത്തേത്, ഒരു കൂട്ടര്‍ക്ക് മറ്റേ കൂട്ടരെക്കാള്‍ – അതെ, പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ – അല്ലാഹു നല്‍കിയി (مَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ). അതായത്, ശാരീരികവും മാനസി കവുമായി പുരുഷനുള്ള സവിശേഷത, വ്യക്തികളെ എടുത്തു പരിശോധിക്കുമ്പോള്‍ ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ചില സ്ത്രീകള്‍ ചില പുരുഷന്മാരെ കവച്ചുവെക്കുന്നവരുണ്ടാകാമെങ്കിലും രണ്ട് വര്‍ഗമെന്ന നിലക്ക് നോക്കുമ്പോള്‍, പുരുഷനാണ് ഇതില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് നിഷ്പക്ഷ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് സ്ത്രീകളില്‍ നിന്ന് പ്രവാചകന്മാരെ അല്ലാഹു നിയോഗിക്കാത്തതും, ‘ഭരണാധികാരം സ്ത്രീയെ ഏല്‍പിച്ച ജനത വിജയിക്കുകയില്ല.’ എന്നു ബുഖാരി (റ) ഉദ്ധരിച്ച ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നതും. 2-ാമത്തേത്, പുരുഷന്മാരാണ് സ്ത്രീകള്‍ക്ക്‌വേണ്ടി ധനം ചിലവഴിക്കു ന്നതെന്ന വസ്തുതയാകുന്നു (بِمَا أَنفَقُوا مِنْ أَمْوَالِهِمْۚ). സ്ത്രീകളുടെ മഹ്ര്‍, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയ ചിലവുകളെല്ലാം വഹിക്കുന്നത് പുരുഷന്മാരാണല്ലോ. ഇതും പുരുഷന്മാരെ സ്ത്രീകളുടെ മേലുള്ള നേതൃത്വത്തിന് സ്വാഭാവികമായും അര്‍ഹരാക്കുന്നു.

സ്ത്രീകളുടെ നേതൃത്വം പുരുഷന്മാര്‍ക്കാണെന്ന് പറഞ്ഞതുകൊണ്ട് – ആധുനികതയുടെ ചിത്തഭ്രമം പിടിപെട്ടവര്‍ കരുതാറുള്ളതുപോലെ – സ്ത്രീകള്‍ക്ക് ഇസ്‌ലാം സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ലെന്നോ, അവര്‍ പുരുഷന്മാരുടെ അടിമക ളായിരിക്കുവാനാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നതെന്നോ ആരും തെറ്റിദ്ധരിക്കേണ്ടതില്ല. സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള അവകാശങ്ങളെ ഒറ്റ വാക്യത്തില്‍ കണക്കുതീര്‍ത്തു വിവരിച്ചു കൊണ്ട് അല്ലാഹു പറയുന്നു:

(وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ – البقرة)

(അവരുടെ – സ്ത്രീകളുടെ – മേല്‍ ബാധ്യതയുള്ളത്‌ പോലെ സദാചാരമര്യാദപ്രകാരം അവരോടും ബാധ്യതയുണ്ട്. പുരുഷന്മാര്‍ക്ക് അവരെക്കാള്‍ ഒരു പദവിയുണ്ട്താനും. 2:228) കൂടുതല്‍ വിവരം അവിടെ കഴിഞ്ഞു പോയിട്ടുള്ളത്‌ കൊണ്ട് ഇവിടെ വിവരിക്കുന്നില്ല. ആ പദവിയുടെ വിശദീകരണം മാത്രമാണ് ഈ വചനത്തില്‍ കാണുന്നത്. ഈ വചനം അവതരിച്ച സന്ദര്‍ഭം കൂടി അറിയുന്നത് നന്നായിരിക്കും.

ഒരു പുരുഷന്‍ തന്‍റെ മകളെയും കൂട്ടിക്കൊണ്ട് നബി (صلى الله عليه وسلم)യുടെ അടുക്കല്‍ വന്ന് അവളെ അവളുടെ ഭര്‍ത്താവ് തല്ലിയതായി കേസ് പറയുകയുണ്ടായി. അത് പാടില്ലാത്തതാണെന്നും, അതിന് പ്രതികാരം ചെയ്യാമെന്നും നബി (صلى الله عليه وسلم) പറഞ്ഞു. ഈ അവസരത്തിലാണിത് അവതരിച്ചതെന്ന് ഇബ്‌നു ജരീര്‍ (റ) മുതലായ ചിലര്‍ പല മാര്‍ഗങ്ങളിലൂടെ നിവേദനം ചെയ്തിരിക്കുന്നു. ചില രിവായത്തുകളില്‍ ആ സ്ത്രീ അവളുടെ ഭര്‍ത്താവുമായി പിണങ്ങിയത്‌ കൊണ്ടാണ് അവന്‍ അടിച്ചതെന്നും, മറ്റു ചില രിവായത്തുകളില്‍, ഈ വചനം അവതരിച്ചപ്പോള്‍ നബി (صلى الله عليه وسلم): ‘ഞാന്‍ ഒരു കാര്യം ഉദ്ദേശിച്ചു; അല്ലാഹു മറ്റൊന്നും ഉദ്ദേശിച്ചു’ എന്ന് പറഞ്ഞതായും വന്നിരിക്കുന്നു.

(2) അല്ലാഹുവിനെ അനുസരിച്ചുകൊണ്ടും, ഭര്‍ത്താവുമായി അടക്കത്തിലും ഒതുക്കത്തിലും വര്‍ത്തിച്ചുകൊണ്ടുമിരിക്കുക, അവന്‍റെ അഭാവത്തില്‍ അവന്‍റെ സ്വത്ത്, മാനം, മക്കള്‍ മുതലായവയും, അവള്‍ക്കോ അവന്നോ അപകീര്‍ത്തിയുണ്ടാക്കുന്ന കാര്യങ്ങളും കാത്തുസൂക്ഷിക്കുക; ഇതാണ് നല്ലവരും സദ്‌വൃത്തകളുമായ സ്ത്രീകളുടെ ലക്ഷണങ്ങള്‍. ‘സദ്‌വൃത്തകളായ സ്ത്രീകള്‍ അനുസരണമുള്ളവരും അസാന്നിദ്ധ്യാവസ്ഥയില്‍ കാത്തു സൂക്ഷിക്കുന്നവരുമായിരിക്കും’ എന്ന വാക്യത്തിന്‍റെ താല്‍പര്യം അതാകുന്നു. വിവാഹം മുഖേന തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കുവാനും, ജീവിതാവശ്യങ്ങള്‍ നിറവേറ്റുവാനുമുള്ള മാര്‍ഗം സിദ്ധിച്ചിരിക്കുന്നതും, തങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുവാന്‍ ഭര്‍ത്താക്കളോട് കല്‍പിക്കപ്പെട്ടിരിക്കുന്നതും സൂചിപ്പിച്ചു കൊണ്ടാണ് بِمَا حَفِظَ ا للهُ (അല്ലാഹു കാത്തുരക്ഷിച്ച പ്രകാരം) എന്ന് പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ഗുണത്തിനു വേണ്ടി അല്ലാഹു ഇതെല്ലാം ചെയ്തുകൊടുത്തിരിക്കകൊണ്ട് ഭര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ മാത്രമല്ല – അവരുടെ അസാന്നിധ്യത്തിലും – മേല്‍ പറഞ്ഞ കാര്യങ്ങള്‍ സൂക്ഷിക്കുവാന്‍ അവര്‍ ബാധ്യസ്ഥരാണ് എന്ന് സാരം. അബൂഹുറയ്‌റഃ (റ)യില്‍ നിന്ന് ഇബ്‌നുജരീറും, ബൈഹക്വീ (റ) മുതലായവരും ഉദ്ധരിക്കുന്നു: നബി (صلى الله عليه وسلم) പറഞ്ഞു: ‘സ്ത്രീകളില്‍വെച്ച് ഉത്തമയായവള്‍ (ഇങ്ങിനെയുള്ള) ഒരു സ്ത്രീയാണ്: നീ അവളെ നോക്കിയാല്‍ അവള്‍ നിന്നെ സന്തോഷപ്പെടുത്തും, നീ അവളോട് കല്‍പിച്ചാല്‍ അവള്‍ നിന്നെ അനുസരിക്കും, നീ അവളില്‍ നിന്ന് (വിട്ട്) മറഞ്ഞുപോയാല്‍ നിന്‍റെ സ്വത്തിന്‍റെ കാര്യത്തിലും അവളുടെ ദേഹത്തിന്‍റെ കാര്യത്തിലും അവള്‍ നിന്നെ കാത്തുസൂക്ഷിക്കും. പിന്നീട് തിരുമേനി (صلى الله عليه وسلم) (സൂറത്ത് നിസാഉ് : 34, 35) ഈ ക്വുര്‍ആന്‍ വചനം ഓതുകയും ചെയ്തു.

(3) ഭാര്യ, ഭര്‍ത്താവിന്‍റെ ഇഷ്ടത്തിനും ശാസനകള്‍ക്കും വഴങ്ങാതെ അനുസരണക്കേടും പിണക്കവും കാണിക്കുന്നപക്ഷം, ആദ്യം അതിന്‍റെ ഭവിഷ്യല്‍ഫലങ്ങളെക്കുറിച്ചും മറ്റും അവന്‍ അവള്‍ക്ക് നല്ല ഉപദേശങ്ങള്‍ കൊടുത്തുനോക്കണം. അത് ഫലിക്കുന്നില്ലെങ്കില്‍ ശയനവേളയില്‍ അവനോടൊപ്പം അവളെ ശയിക്കുവാന്‍ അനുവദി ക്കാതെ അകറ്റി നിറുത്താം. അത്‌കൊണ്ടും പിണക്ക് തീരുന്നില്ലെങ്കില്‍ അവന് അവളെ ഒരു ശിക്ഷണമെന്ന നിലക്ക് അടിക്കുകയും ചെയ്യാം. പരുക്ക് പറ്റാത്ത വിധത്തിലുള്ള അടിയേ പാടുള്ളൂവെന്ന് താഴെ ഉദ്ധരിക്കുന്ന ഹദീഥില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇവയില്‍ ഏതെങ്കിലും ഒന്നുകൊണ്ട് അവളുടെ പിണക്കവും വഴക്കും അവസാനി പ്പിച്ച് അവള്‍ അനുസരണത്തിലേക്ക് വന്നാല്‍, പിന്നീട് യാതൊരു നടപടിയും അവള്‍ക്കെതിരെ സ്വീകരിച്ചുകൂടാ. അഥവാ എവിടെവെച്ചു അതവസാനിച്ചുവോ അവിടെവെച്ചു തന്നെ അതിനെതിരെയുള്ള നടപടിയും അവസാനിപ്പിക്കണം. അതിനെ തുടര്‍ന്ന് ചീത്ത പറയുക, ഭിഷണിപ്പെടുത്തുക, പെരുമാറ്റം കുടുസ്സാക്കിത്തീര്‍ക്കുക മുതലായതൊന്നും ചെയ്തുകൂടാ, എന്നൊക്കെയാണ്; എന്നിട്ട് അവര്‍ നിങ്ങളെ അനുസരിച്ചെങ്കില്‍ അവര്‍ക്കെതിരെ ഒരു മാര്‍ഗവും നിങ്ങള്‍ തേടരുത് എന്ന് പറഞ്ഞതിന്‍റെ സാരം.

ഇത്രയെല്ലാം വിശദീകരിച്ചു വിവരിച്ചതിന് ശേഷം. സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, കാരണം കൂടാതെ കയര്‍ക്കുക, നിസ്സാര കാര്യത്തിനു വേണ്ടി അടിക്കുക, അവര്‍ക്ക് നല്‍കേണ്ടുന്ന ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക മുതലായ ദുഃസ്സമ്പ്രദായങ്ങളെക്കുറിച്ച് അല്ലാഹു പുരുഷന്മാരെ താക്കീത് ചെയ്യുന്നു. ‘നിശ്ചയമായും അല്ലാഹു ഉന്നതനും വലിയവനുമാകുന്നു’. പുരുഷന് സ്ത്രീയുടെ മേലുള്ള നിയന്ത്രണാധികാരം അവന്‍ ദുരുപയോഗപ്പെടുത്തുന്ന പക്ഷം, അവന്‍റെ മേല്‍ തക്ക നടപടിയെടുക്കുവാന്‍ അല്ലാഹു തയ്യാറുണ്ടെന്ന് അവന്‍ ഓര്‍ത്തിരിക്കണമെന്നാണ് ഈ വാക്യത്തിലെ സൂചന. ഇപ്പറഞ്ഞതെല്ലാം സ്ത്രീയുടെ മേലധികാരം പുരുഷനാണെന്നുള്ള അടിസ്ഥാനത്തില്‍ – പിണക്കവും അനുസരണക്കേടും സ്ത്രീയുടെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ – അനുവര്‍ത്തിക്കേണ്ടുന്ന മാര്‍ഗങ്ങളാണ്. എനി, പുരുഷന്‍റെ ഭാഗത്തു നിന്നാണ് പിണക്കം സംഭവിക്കുന്നതെങ്കില്‍, അതിനുള്ള മാര്‍ഗമോ? ഇതിനെപ്പറ്റി താഴെ 128-ാം വചനത്തില്‍ പ്രസ്താവിക്കുന്നുണ്ട്. അവിടെവെച്ചു കാണാം. إِن شَاءَ اللَّهُ അതല്ല, രണ്ടുഭാഗത്തുനിന്നും കക്ഷിവഴക്കുണ്ടായെങ്കിലോ? അതാണ് രണ്ടാമത്തെ വചനത്തിലെ വിഷയം. അതായത്:-

(4) ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ പക്ഷത്തുനിന്നു മാത്രമല്ലാതെ രണ്ടു പക്ഷത്തുനിന്നുമായി തമ്മില്‍ വഴക്കും ഛിദ്രവും ഉണ്ടാകുന്നുവെങ്കില്‍, അതിനുള്ള പരിഹാര മാര്‍ഗം, രണ്ടു പക്ഷത്തുനിന്നുമുള്ള മദ്ധ്യസ്ഥന്മാര്‍ മുഖേന തീര്‍പ്പുണ്ടാക്കലാണ്. ഓരോ പക്ഷത്തുനിന്നും അവര്‍ക്ക് നന്നായിത്തോന്നുന്ന മദ്ധ്യസ്ഥന്മാരെ നിയോഗിക്കണം. അവര്‍ ഓരോ ഭാഗത്തുമുള്ള തെറ്റുകുറ്റങ്ങള്‍ പരിശോധിച്ചു കൂടുതല്‍ യുക്തവും പ്രായോഗികവുമായ തീരുമാനമുണ്ടാക്കണം. അതവരുടെ ബാദ്ധ്യതയുമാകുന്നു. അവരുടെ തീരുമാനം സ്വീകരിക്കുവാന്‍ ഇരുകൂട്ടരും ബാദ്ധ്യസ്ഥരുമായിരിക്കും. ഒരു വിധത്തിലും യോജിപ്പിച്ചു സന്ധിയാക്കുവാന്‍ മാര്‍ഗം കാണാത്തപ്പോള്‍ മാത്രമേ വിവാഹ ബന്ധം വേര്‍പെടുത്തുവാനുള്ള തീരുമാനം ഉണ്ടാകാവൂ. രണ്ടു കൂട്ടരും തമ്മില്‍ നന്നായിത്തീരണമെന്ന് മദ്ധ്യസ്ഥന്മാര്‍ ആത്മാര്‍ത്ഥമായി ഉദ്ദേശിക്കുന്നപക്ഷം, അവര്‍ക്കിടയില്‍ യോജിപ്പ് വരുത്തുവാനുള്ള മാര്‍ഗം അല്ലാഹു തുറന്നുകൊടുക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ഇത് മദ്ധ്യസ്ഥന്മാര്‍ പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുണ്ട്.

അല്ലാഹുവിന്‍റെ നിയമ നിര്‍ദ്ദേശങ്ങളാണ് എപ്പോഴും പ്രായോഗികവും, വിജയപ്രദവുമായിരിക്കുക, അതായിരിക്കും ശുഭകരമായി പര്യവസാനിക്കുക, മനുഷ്യരുടെ അവസ്ഥാ വിശേഷങ്ങളെപ്പറ്റിയും അവക്ക് അനുയോജ്യമായ പോംവഴികളെപ്പറ്റിയും അല്ലാഹുവിനാണ് ഏറ്റവും അറിയുക എന്നൊക്കെ ഉണര്‍ത്തിക്കൊണ്ടാണ് അല്ലാഹു ഈ വിഷയം അവസാനിപ്പിക്കുന്നത്. അതെ, إِنَّ الَّلهَ كَانَ عَلِيمًاخَبِيرًا (നിശ്ചയമായും, അല്ലാഹു സര്‍വ്വജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു). മേല്‍ പ്രസ്താവിച്ച വിഷയങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം ലഭിക്കുവാന്‍ ഉതകുന്ന പല നബി വചനങ്ങളും ഉദ്ധരിക്കുവാനുണ്ട്. ഉദാഹരണാര്‍ത്ഥം ചിലത് നമുക്ക് ഇവിടെ ഓര്‍മിക്കാം:

നബി (صلى الله عليه وسلم) പറയുന്നു:-

(1) ‘നിങ്ങളില്‍ ഒരാളും തന്നെ, അടിമകളെ അടിക്കുന്ന പ്രകാരം തന്‍റെ ഭാര്യയെ അടിക്കരുത്. പിന്നീട് (ആ) ദിവസത്തിന്‍റെ അവസാനത്തില്‍ അവന്‍ അവളോടൊപ്പം ശയിച്ചേക്കുമല്ലോ.’ (ബു;മു.)

(2) ‘ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ തന്‍റെ വിരിപ്പിലേക്ക് വിളിച്ചിട്ട് അവള്‍ വിസമ്മതിക്കുന്ന പക്ഷം, നേരം പുലരുന്നതുവരെയും മലക്കുകള്‍ അവളെ ശപിക്കുന്നതാണ്.’ (ബു;മു.)

(3) ‘ഏതൊരു സ്ത്രീയുടെ ഭര്‍ത്താവ് അവളെപ്പറ്റി തൃപ്തിപ്പെട്ടവനായും കൊണ്ട് മരണമടയുന്നുവോ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്.’ (തി.)

(4) ‘(ഒരാള്‍ക്ക് അയാളുടെ ഭാര്യയോടുള്ള കടമയെപ്പറ്റി ചോദിക്കപ്പെട്ടതിന് മറുപടിയായി) നീ ഭക്ഷണം കഴിച്ചാല്‍, അവള്‍ക്കും ഭക്ഷണം നല്‍കുക; നീ വസ്ത്രം ധരിച്ചാല്‍, അവള്‍ക്കും വസ്ത്രം നല്‍കുക; മുഖത്തടിക്കാതിരിക്കുക; (വാക്കുകൊണ്ടോ മറ്റോ) ചീത്തപ്പെടുത്താതിരിക്കുക; (വേണ്ടിവരുമ്പോള്‍) വീട്ടിനുള്ളില്‍ വെച്ചല്ലാതെ (അവളെ) വെടിഞ്ഞു നില്‍ക്കാതിരിക്കുക – അഥവാ തെറ്റി നില്‍ക്കാതിരിക്കുക.’ (അ;ദാ;ജ)

(5) ‘സത്യവിശ്വാസികളില്‍ ഏറ്റവും വിശ്വാസം പൂര്‍ത്തിയായവന്‍ അവരില്‍വെച്ച് ഏറ്റവും സ്വഭാവം നല്ലവനാകുന്നു. നിങ്ങളില്‍വെച്ച് ഉത്തമന്‍മാര്‍ തങ്ങളുടെ സ്ത്രീകളോട് ഉത്തമന്മാരായുള്ളവരാണ്.’ (തി.)

(6) (പേര്‍ഷ്യന്‍ രാജാക്കളുടെ മുമ്പില്‍ അവരുടെ പ്രജകള്‍ സുജൂദ് ചെയ്യുന്നത്‌പോലെ, തിരുമേനിയുടെ മുമ്പില്‍ തങ്ങള്‍ക്കും സുജൂദ് ചെയ്തുകൂടേ? എന്ന് ചിലര്‍ ചോദിച്ചതിനു മറുപടിയായി). ‘ഒരാള്‍ ഒരാള്‍ക്ക്, സുജൂദ് ചെയ്‌വാന്‍ ഞാന്‍ കല്പിക്കുമായിരുന്നെങ്കില്‍ സ്ത്രീകള്‍ ഭര്‍ത്താക്കള്‍ക്ക് സുജൂദ് ചെയ്‌വാന്‍ ഞാന്‍ കല്പിക്കുമായി രുന്നു.’ (അ; ദാ)

(7) (ഹജ്ജത്തുല്‍ വിദാഇലെ പ്രസിദ്ധ പ്രസംഗത്തില്‍) ‘സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. കാരണം അവര്‍ നിങ്ങളുടെ ബന്ധത്തിലുള്ളവരാണ്. നിങ്ങളുടെ വിരുപ്പില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്തവരെ ചവിട്ടുവാന്‍ അനുവദിക്കാതിരിക്കേണ്ടുന്ന കടമ അവര്‍ക്ക് നിങ്ങളോടുണ്ട്. അതവര്‍ ചെയ്താല്‍ നിങ്ങളവരെ പരിക്കു (മുറിവോ ചതവോ) പറ്റാത്ത അടി അടിച്ചു കൊള്ളുക. മര്യാദപ്രകാരം അവരുടെ ഭക്ഷണവും വസ്ത്രവും അവര്‍ക്ക് നല്‍കേതുണ്ട്.’ (മു.)

4:36
 • وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا وَبِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَـٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا ﴾٣٦﴿
 • നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കുകയും ചെയ്യരുത്. മാതാപിതാക്കളോട് നന്മ പ്രവര്‍ത്തിക്കുകയും (ചെയ്യുവിന്‍). അടുത്ത ബന്ധമുള്ളവരോടും, അനാഥകളോടും, സാധുക്കളോടും, അടുത്ത ബന്ധമുള്ള അയല്‍ക്കാരനോടും, അകന്ന അയല്‍ക്കാരനോടും, പാര്‍ശ്വത്തുള്ള കൂട്ടുകാരനോടും, വഴിക്കാരനോടും, നിങ്ങളുടെ വലൈ ങ്കകള്‍ ഉടമപ്പെടുത്തിയവരോടും (നന്മ പ്രവര്‍ത്തിക്കുവിന്‍). നിശ്ചയമായും, പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ളവനെ അല്ലാഹു സ്‌നേഹിക്കുകയില്ല:-
 • وَاعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ اللَّهَ അല്ലാഹുവിനെ وَلَا تُشْرِكُوا നിങ്ങള്‍ പങ്കുചേര്‍ക്കുകയും അരുത് بِهِ അവനോട്, അവനില്‍ شَيْئًا യാതൊന്നും وَبِالْوَالِدَيْنِ മാതാപിതാക്കളോട് إِحْسَانًا നന്മ പ്രവര്‍ത്തിക്കലും (ചെയ്‌വിന്‍) وَبِذِي الْقُرْبَىٰ അടുത്ത ബന്ധമുള്ളവരോടും وَالْيَتَامَىٰ അനാഥകളോടും وَالْمَسَاكِينِ സാധുക്ക (പാവങ്ങ)ളോടും وَالْجَارِ അയല്‍ക്കാരനോടും ذِي الْقُرْبَىٰ അടുത്ത ബന്ധമുള്ള وَالْجَارِ الْجُنُبِ അകന്ന (വിട്ട) അയല്‍ക്കാരനോടും وَالصَّاحِبِ ചങ്ങാതി, കൂട്ടുകാരനോടും بِالْجَنبِ അരികെയുള്ള, പാര്‍ശ്വത്തുള്ള وَابْنِ السَّبِيلِ വഴിക്കാരനോടും وَمَا مَلَكَتْ ഉടമപ്പെടുത്തിയവരോടും أَيْمَانُكُمْ നിങ്ങളുടെ വലങ്കൈകള്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ സ്‌നേഹിക്കയില്ല, ഇഷ്ടപ്പെടുകയില്ല مَن كَانَ ആയിട്ടുള്ളവനെ مُخْتَالًا പൊങ്ങച്ചക്കാരന്‍, പത്രാസുകാരന്‍, പെരുമ നടിക്കുന്നവന്‍ فَخُورًا ദുരഭിമാനിയായ, അഹങ്കാരി
4:37
 • ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَيَكْتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَأَعْتَدْنَا لِلْكَـٰفِرِينَ عَذَابًا مُّهِينًا ﴾٣٧﴿
 • അതായത്, യാതൊരുകൂട്ടര്‍: തങ്ങള്‍ പിശുക്ക് കാണിക്കുകയും, മനുഷ്യരോട് പിശുക്ക് കാണിക്കുവാന്‍ കല്‍പിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നും തങ്ങള്‍ക്ക് അവന്‍ നല്‍കിയതിനെ മറച്ചുവെക്കുകയും ചെയ്യുന്ന (കൂട്ടര്‍). അവിശ്വാസികള്‍ക്ക് (അഥവാ നന്ദികെട്ടവര്‍ക്ക്) നിന്ദാവഹമായ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
 • الَّذِينَ യാതൊരുകൂട്ടര്‍ يَبْخَلُونَ പിശുക്കു കാട്ടുന്ന, അവര്‍ ലുബ്ധത കാണിക്കും وَيَأْمُرُونَ അവര്‍ കല്പിക്കുക (ഉപദേശിക്കുക)യും النَّاسَ മനുഷ്യരോട് بِالْبُخْلِ പിശുക്കിന്, ലുബ്ധതക്ക് وَيَكْتُمُونَ അവര്‍ മറച്ചു (മൂടി)വെക്കുകയും مَا آتَاهُمُ اللَّهُ അവര്‍ക്ക് അല്ലാഹു നല്‍കിയതിനെ مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്, ദയവിനാല്‍ وَأَعْتَدْنَا നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്ക്, നന്ദികെട്ടവര്‍ക്ക് عَذَابًا مُّهِينًا നിന്ദാകരമായ (അപമാനിക്കുന്ന, നിസ്സാരമാക്കുന്ന) ശിക്ഷ

മനുഷ്യന്‍റെ കടമകളില്‍വെച്ച് പരമപ്രധാനമായത് അവന്‍റെ സ്രഷ്ടാവും, രക്ഷിതാവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മറ്റൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുകയാണല്ലോ. അഥവാ തൗഹീദ്. അല്ലാഹുവിനോടുള്ള കടമ കഴിച്ചാല്‍ പിന്നീട് മനുഷ്യന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അവന്‍റെ മാതാപിതാ ക്കളോടാണ്. അതുകൊണ്ട് അല്ലാഹുവിനോടുള്ള കടമയെക്കുറിച്ചു പറഞ്ഞ ഉടനെ അതോട് ചേര്‍ത്തു കൊണ്ട് മാതാപിതാക്കള്‍ക്ക് നന്മചെയ്യുവാന്‍ കല്പിക്കുന്നു. തൗഹീദിനെപ്പറ്റി പ്രസ്താവിക്കുന്നതോടൊപ്പം മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്ന കാര്യം കൂടി ഉണര്‍ത്തുന്നത് ക്വുര്‍ആനില്‍ ഇവിടെ മാത്രമല്ല – വേറെ സ്ഥലങ്ങളിലും – കാണാം. (2:83; 17:23; 31:14 നോക്കുക). മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുകയും, അവരെ വെറുപ്പിക്കാതിരിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് അനേകം ക്വുര്‍ആന്‍ വചനങ്ങളിലും, നബിവചനങ്ങളിലുമായി അല്ലാഹുവും, അവന്‍റെ റസൂലും, വളരെയധികം ഊന്നിപ്പറഞ്ഞിട്ടുള്ളത് പൊതുവെ അറിയപ്പെട്ടതുമാണ്. അവര്‍ക്ക് വേണ്ടുന്ന എല്ലാവിധ സഹായ സഹകരണങ്ങളും സേവനങ്ങളും നല്‍കുക, അവരുടെ ഉദ്ദിഷ്ടങ്ങള്‍ സാധിപ്പിച്ചുകൊടുക്കുക, അവര്‍ക്ക് അനിഷ്ടമായതൊന്നും ചെയ്യാതിരിക്കുക, അവരോട് ബഹുമാനത്തിലും, മര്യാദയിലും പെരുമാറുക, നല്ല വാക്കുകള്‍ മാത്രം പറയുക മുതലായവയാണ് മക്കള്‍ മാതാപിതാക്കളോട് ചെയ്യേണ്ടുന്ന കടമകള്‍ എന്ന് മൊത്തത്തില്‍ പറയാം. മാതാപിതാക്കളെക്കുറിച്ച് പറഞ്ഞശേഷം, പിന്നീട് മനുഷ്യന് മുഖ്യമായും കടപ്പാടുള്ള മറ്റുള്ളവര്‍ക്കും നന്മ ചെയ്യുവാന്‍ കല്‍പിക്കുകയും അവരില്‍ പ്രധാനപ്പെട്ടവര്‍ ആരൊക്കെ യാണെന്ന് എടുത്തു പറയുകയും ചെയ്തിരിക്കുന്നു. അതായത്:

(1) അടുത്ത ബന്ധമുള്ള കുടുംബങ്ങള്‍: കുടുംബങ്ങളോട് നന്മ ചെയ്യുകയെന്നത് കേവലം ഒരു ധര്‍മം മാത്രമല്ല, കുടുംബ ബന്ധം പാലിക്കല്‍ കൂടിയാകുന്നു. സ്വന്തം സഹോദര സഹോദരികള്‍, മാതാപിതാക്കളുടെ സഹോദര സഹോദരികള്‍, അവരുടെ മക്കള്‍ മുതലായവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

(2) അനാഥകള്‍: ഇവരെപ്പറ്റി ഈ സൂറത്തിലും മറ്റു പലേടത്തുമായി ക്വുര്‍ആനിലും, പല ഹദീഥുകളിലും ഊന്നിപ്പറയപ്പെട്ടിട്ടുള്ളത് പ്രസിദ്ധമാണ്.

(3) സാധുക്കള്‍: അഥവാ അത്യാവശ്യങ്ങള്‍ കഴിച്ചുകൂട്ടുവാന്‍ ഗതിയില്ലാത്ത പാവങ്ങള്‍.

(4) അടുത്ത ബന്ധമുള്ള അയല്‍ക്കാര്‍: അഥവാ അയല്‍പക്കത്തിനുപുറമെ, കുടുംബ ബന്ധം, മത ബന്ധം ആദിയായവകൊണ്ടോ, വീടിന്‍റെ അടുപ്പംകൊണ്ടോ കൂടുതല്‍ അണവുള്ളവര്‍.

(5) അകന്ന അയല്‍ക്കാര്‍: മേല്‍പറഞ്ഞ പ്രത്യേക ബന്ധമില്ലാത്തവരും, അടുത്ത വീട്ടുകാരല്ലാത്ത അയല്‍വാസികളും ഇതില്‍ ഉള്‍പ്പെടുന്നു.

അയല്‍പക്ക മര്യാദകളെക്കുറിച്ച് വളരെ ഹദീഥുകള്‍ കാണാവുന്നതാണ്. ‘അല്ലാഹുവിലും അന്ത്യദിനത്തിലും ആര്‍ വിശ്വസിക്കുന്നുവോ അവന്‍ അയല്‍ക്കാരന് നന്മ ചെയ്തു കൊള്ളട്ടെ.’ എന്നാണ് നബി (صلى الله عليه وسلم) ഒരു ഹദീഥില്‍ പറഞ്ഞിരിക്കുന്നത്. (ബു;മു). ഈ ഒരൊറ്റ ഹദീഥില്‍നിന്ന് തന്നെ അയല്‍പക്കമര്യാദകള്‍ക്ക് ഇസ്‌ലാം കല്‍പിച്ച പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. അയല്‍ക്കാരനായ ഒരു യഹൂദിയുടെ മകന്‍ രോഗത്തില്‍ കിടന്നപ്പോള്‍ നബി (صلى الله عليه وسلم) രോഗം സന്ദര്‍ശിക്കവാന്‍ പോവുകയുണ്ടായി. ‘സ്വത്തവകാശം പോലും നല്‍കിയേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുമാറ് അയല്‍ക്കാരന്‍റെ കാര്യത്തില്‍ ജിബ്‌രീല്‍(അ) എന്നോട് വസ്വിയ്യത്ത് ചെയ്തു കൊണ്ടിരുന്നു’ വെന്നു നബി (صلى الله عليه وسلم) പ്രസ്താവിച്ചത് ഞാന്‍ കേട്ടുവെന്ന് ഇബ്‌നുഉമര്‍ (റ) പറയുന്നു. (ബു;മു). ഇക്കാരണ ത്താല്‍, അദ്ദേഹത്തിന്‍റെ വീട്ടില്‍ ആടിനെ അറുത്തപ്പോള്‍, തന്‍റെ അയല്‍ക്കാരനായ യഹൂദിക്ക് അതില്‍നിന്ന് കൊടുത്തയക്കുവാന്‍ അദ്ദേഹം ഭൃത്യന്മാരോട് ആവര്‍ത്തിച്ചാവ ശ്യപ്പെട്ടതായും രിവായത്ത് ചെയ്യപ്പെടുന്നു. അക്കാലത്ത് മുസ്‌ലിംകളും യഹൂദികളും തമ്മിലുണ്ടായിരുന്ന അകല്‍ച്ചകൂടി കണക്കിലെടുക്കുമ്പോള്‍ അയല്‍പക്ക ബന്ധത്തിനു നബി (صلى الله عليه وسلم)യും സ്വഹാബികളും കല്‍പിച്ചിരുന്ന ഗൗരവം മനസ്സിലാക്കാവുന്നതാണ്. ഒരു കറി പാകം ചെയ്യുമ്പോള്‍ അതില്‍ വെള്ളം അധികരിപ്പിച്ചിട്ടെങ്കിലും അയല്‍ക്കാരെ ഗൗനിക്കണമെന്നുള്ള ഒരു ഹദീഥ് മുസ്‌ലിമും (റ), രണ്ടു അയല്‍ക്കാരുണ്ടായിരുന്നാല്‍, അവരില്‍ ആരുടെ വാതിലാണോ കൂടുതല്‍ അടുത്തത് എങ്കില്‍ അവന് മുന്‍ഗണന നല്‍കണമെന്നുള്ള ഒരു ഹദീഥ് അഹ്മദും, ബുഖാരിയും (റ) ഉദ്ധരിച്ചിരിക്കുന്നു.

അയല്‍പക്കക്കാരോടുള്ള കടപ്പാടില്‍ മുസ്‌ലിമും അമുസ്‌ലിമും വ്യത്യാസമില്ല. അയല്‍വാസി മുസ്‌ലിമും ബന്ധുവും കൂടിയായിരിക്കമ്പോള്‍ ആ കടപ്പാട് കൂടുതല്‍ ശക്തമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതുമില്ല.

(6) പാര്‍ശ്വത്തുള്ള കൂട്ടുകാരന്‍: യാത്ര, തൊഴില്‍ മുതലായവയില്‍ പരസ്പരം ബന്ധപ്പെട്ടു കഴിയുന്ന എല്ലാ കൂട്ടുകാരും സ്‌നേഹിതന്മാരും ഇതില്‍ ഉള്‍പ്പെടുന്നു.

(7) വഴിക്കാരന്‍: നാടുവിട്ടു അവലംബമില്ലാതായ യാത്രക്കാര്‍, അതിഥികളായി വന്നവര്‍, സദുദ്ദേശത്തോടുകൂടിയ ദേശസഞ്ചാരികള്‍ എന്നിവരൊക്കെ ഇതില്‍ ഉള്‍പെടുന്നു.

(8) വലങ്കൈ ഉടമപ്പെടുത്തിയവര്‍: അഥവാ അടിമകള്‍. നബി തിരുമേനി (صلى الله عليه وسلم) ഒരു ഹദീഥില്‍ അടിമകെളപ്പറ്റി ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘അവര്‍ നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ വേലക്കാരുമാകുന്നു. അല്ലാഹു അവരെ നിങ്ങളുടെ അധി കാരത്തിന്‍കീഴിലാക്കിയിരിക്കുകയാണ്. അതുകൊണ്ട് ആരുടെയെങ്കിലും സഹോദരന്‍ അവന്‍റെ അധികാരത്തിന്‍കീഴിലുണ്ടെങ്കില്‍, അവന്‍ തിന്നുന്നതില്‍നിന്ന് അവനു ഭക്ഷണം നല്‍കുകയും, അവന്‍ ഉടുക്കുന്നതില്‍നിന്ന് അവന് ഉടുക്കുവാന്‍ കൊടുക്കുകയും ചെയ്തുകൊള്ളട്ടെ.’ (ബു;മു). മറ്റൊരു നബിവചനം ഇങ്ങിനെയാണ്: ‘നിങ്ങളില്‍ ഒരാളുടെ അടുക്കല്‍ അവന്‍റെ വേലക്കാരന്‍ ഭക്ഷണവും കൊണ്ടുവന്നാല്‍, അവനെ തന്‍റെ ഒന്നിച്ചിരുത്തുന്നില്ലെങ്കില്‍ അവന്‍ അതില്‍ നിന്ന് ഒരു പിടിയോ, രണ്ടു പിടിയോ അവന് നല്‍കണം. അവനാണല്ലോ അതിന്‍റെ ചൂടും അദ്ധ്വാനവും (പാകം ചെയ്യാനുള്ള ബുദ്ധിമുട്ട്) അനുഭവിച്ചവന്‍.’ (ബു;മു.). മരണം ആസന്നമായിരുന്ന അവസരത്തില്‍പോലും നമസ്‌കാരത്തെക്കുറിച്ചും, അടിമകളെക്കുറിച്ചുമായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രധാനമായി വസ്വി യ്യത്ത് ചെയ്തുകൊണ്ടിരുന്നതെന്ന് അനസ് (റ) പ്രസ്താവിച്ചിരിക്കുന്നു. (അ; ബ.)

മേല്‍ പ്രസ്താവിച്ചവര്‍ക്കെല്ലാം നന്മ ചെയ്യണമെന്നല്ലാതെ, ആ നന്മ ഏതെല്ലാം പ്രകാരത്തിലായിരിക്കണമെന്ന് അല്ലാഹു വിശദീകരിച്ചു പറഞ്ഞിട്ടില്ല. അതിന്‍റെ ആവശ്യവുമില്ല. ഓരോ കൂട്ടര്‍ക്കും അവരവരുടെ സ്ഥിതിഗതികള്‍ക്കും, ആവശ്യങ്ങള്‍ക്കും സന്ദര്‍ഭത്തിനും അനുസരിച്ച് വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, ശരീരം കൊണ്ടും, ധനംകൊണ്ടും കഴിവുപോലെ സഹായിക്കലാണ് ഉദ്ദേശ്യമെന്ന് പറയേണ്ടതില്ല. ഈ വിഷയത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ ഏത് തരക്കാരായിരിക്കുമെന്ന് പരിശോധിച്ചാല്‍, ചിലദുര്‍ഗുണങ്ങള്‍ ഒത്തിണങ്ങിയ ആളുകളായിരിക്കും അവരെന്ന് കാണാവുന്നതാണ്. അതെ, പൊങ്ങച്ചവും, അഹങ്കാരവും, പിശുക്കും! ഔദാര്യമനഃസ്ഥിതി, വിനയം, സഹതാപം, സാധുദയ ആദിയായവയില്‍നിന്നാണ് മറ്റുള്ളവര്‍ക്ക് നന്മ ചെയ്‌വാന്‍ പ്രേരണയുണ്ടാകുന്നത്. ഗര്‍വ്വിഷ്ടന്‍മാര്‍ക്കും, അഹങ്കാരുദ്ധികള്‍ക്കും, ലുബ്ധശീലന്‍മാര്‍ക്കും ഈ ഗുണങ്ങള്‍ ഉണ്ടാവാന്‍ തരമില്ലല്ലോ. ഈ ദുര്‍ഗുണങ്ങള്‍ മറ്റൊരു ദുര്‍ഗു ണത്തിലേക്കും അവരെ നയിക്കുന്നു. അതായത്, മറ്റുള്ളവരും തങ്ങളെപ്പോലെ ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാതിരിക്കുന്നതിലായിരിക്കും അവര്‍ക്ക് താല്‍പര്യം. അങ്ങനെ, മറ്റുള്ളവര്‍ നല്ല വിഷയങ്ങളില്‍ ധനം ചിലവഴിക്കുന്നതിനെ അവര്‍ വിമര്‍ശിക്കുകയും, അവരെ പിന്തിരിപ്പിക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യും. തങ്ങള്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള ധനം മുതലായ അനുഗ്രഹങ്ങളെ കഴിയുന്നത്ര പുറത്തറിയിക്കാതെ മറച്ചുവെക്കലും, ഇത്തരക്കാരുടെ പതിവായിരിക്കും. ഇതാകട്ടെ, അല്ലാഹുവിന്‍റെ നേരെയുള്ള നന്ദിയില്ലായ്മയും, അവന്‍റെ അനുഗ്രഹത്തെ അവഗണിക്കലും, അവനിലുള്ള വിശ്വാസക്കുറവുമാകുന്നു. അതുകൊണ്ട് അവര്‍ക്ക് അല്ലാഹു നല്‍കുവാന്‍ പോകുന്ന ശിക്ഷയും അവരെ അങ്ങേയറ്റം നിന്ദിക്കുന്നതും അപമാനിക്കുന്നതുമായിരിക്കും. (وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُّهِينًا)

ഇബ്‌നു മസ്ഊദ് (റ) പറയുകയാണ്: ‘ഒരു അണുത്തൂക്കം അഹംഭാവം ഹൃദയത്തിലു ള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല’ എന്ന് റസൂല്‍ (صلى الله عليه وسلم) പറഞ്ഞു. അപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘ഒരുത്തന്‍ തന്‍റെ വസ്ത്രം നല്ലതായിരിക്കുവാനും, ചെരിപ്പ് നല്ലതായിരിക്കുവാനും ഇഷ്ടപ്പെടുന്നു (ഇത് അഹംഭാവമാകുമോ?)’ അപ്പോള്‍ തിരുമേനി പറഞ്ഞു: ‘നിശ്ചയമായും അല്ലാഹു സുന്ദരനാകുന്നു. അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. അഹംഭാവം എന്നാല്‍, യഥാര്‍ത്ഥത്തെ ധിക്കരിക്കലും. ജനങ്ങളെ അവഗണിക്കലുമാകുന്നു.’ (ബു;മു.) ഒരു ഹദീഥില്‍ നബി (صلى الله عليه وسلم) പറയുന്നു: ‘അല്ലാഹു അവന്‍റെ അടിയാനു ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹത്തിന്‍റെ അടയാളം അവനില്‍ പ്രത്യക്ഷപ്പെട്ടു കാണുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു.’ (തി.) പിശുക്ക്, ഗര്‍വ്വ്, അഹങ്കാരം, നന്ദികേട് ആദിയായ ദുര്‍ഗുണങ്ങളെ ആക്ഷേപിച്ചുകൊണ്ടുള്ള അനേകം ക്വുര്‍ആന്‍ വാക്യങ്ങളും, നബിവാ ക്യങ്ങളും പ്രസിദ്ധമാണ്.

4:38
 • وَٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُونَ بِٱللَّهِ وَلَا بِٱلْيَوْمِ ٱلْـَٔاخِرِ ۗ وَمَن يَكُنِ ٱلشَّيْطَـٰنُ لَهُۥ قَرِينًا فَسَآءَ قَرِينًا ﴾٣٨﴿
 • യാതൊരു കൂട്ടരും: തങ്ങളുടെ സ്വത്തുക്കള്‍ മനുഷ്യരെ കാണി ക്കുവാനായി അവര്‍ ചിലവഴിക്കും; അല്ലാഹുവിലാകട്ടെ, അന്ത്യനാളിലാ കട്ടെ, അവര്‍ വിശ്വസിക്കുന്നുമില്ല. [ഇങ്ങനെയുള്ളവരെയും അല്ലാഹു സ്‌നേഹിക്കുകയില്ല.] ആര്‍ക്കെങ്കിലും പിശാച് കൂട്ടാളിയാ കുന്നുവെങ്കില്‍, അവന്‍ വളരെ മോശപ്പെട്ട കൂട്ടാളിയത്രെ!
 • وَالَّذِينَ യാതൊരുകൂട്ടരും يُنفِقُونَ അവര്‍ ചിലവു ചെയ്യും أَمْوَالَهُمْ അവരുടെ സ്വത്തുക്കളെ رِئَاءَ കാണിക്കുവാനായി النَّاسِ മനുഷ്യരെ وَلَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നുമില്ല بِاللَّهِ അല്ലാഹുവില്‍ وَلَا بِالْيَوْمِ ദിവസത്തിലുമില്ല الْآخِرِ അവസാനത്തെ, അന്ത്യ وَمَن ആര്‍, യാതൊരുവന്‍ يَكُنِ ആയിരുന്നു(വോ) الشَّيْطَانُ പിശാച് لَهُ അവന് قَرِينًا കൂട്ടാളി, ഇണ فَسَاءَ എന്നാല്‍ അവന്‍ വളരെ (എത്രയോ) മോശപ്പെട്ടു قَرِينًا ഇണ, കൂട്ടാളിയാല്‍

പിശുക്കും, അതുമായി ബന്ധപ്പെട്ട ദുര്‍ഗുണങ്ങളും കാരണമായി മറ്റുള്ളവര്‍ക്ക് നന്മ ചെയ്‌വാന്‍ തയ്യാറാകാത്തവരെപ്പറ്റി പ്രസ്താവിച്ച ശേഷം, നേരെമറിച്ചു ധനം ചിലവഴി ക്കുവാന്‍ മടി കാട്ടാതിരിക്കുകയും, ചിലവഴിക്കുന്നതിന്‍റെ ലക്ഷ്യം – അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമോ, പരലോകത്തുവെച്ചുള്ള രക്ഷയോ ആയിരിക്കാതെ – ജനങ്ങള്‍ക്കിടയില്‍ പേരും പ്രശസ്തിയും ലഭിക്കണമെന്നുള്ളതായിരിക്കുകയും ചെയ്യുന്ന വരെപ്പറ്റി പ്രസ്താവിക്കുന്നു. ഇവരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ലെന്നും, അവരുടെ കൂട്ടാളി പിശാചാണെന്നും, പിശാച് കൂട്ടാളിയായിത്തീര്‍ന്നാല്‍ അതിന്‍റെ അനന്തരഫലം അങ്ങേഅറ്റം അപകടകരമായിരിക്കുമെന്നും അവരെ താക്കീതും ചെയ്യുന്നു. അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസത്തിന്‍റെ അഭാവമോ, പോരായ്മയോ നിമിത്തമാണല്ലോ ചിലവഴിക്കുന്നതിന്‍റെ ലക്ഷ്യം ഭൗതികമായിത്തീരുന്നത്. ഇതിനുള്ള പ്രേരണ ലഭിക്കുന്നതോ പിശാചില്‍ നിന്നാണുതാനും. പിശാചാകട്ടെ, മനുഷ്യനെ വഴി പിഴപ്പിക്കുകയും, നരകശിക്ഷയിലേക്ക് നയിക്കുകയുമാണ് ചെയ്യുക. (22:4)

ജനദൃഷ്ടിയില്‍ വെച്ച് സല്‍കാര്യങ്ങള്‍ ചെയ്തു കീര്‍ത്തി നേടുവാന്‍ ഉദ്ദേശിക്കു ന്നവരുടെ കര്‍മങ്ങള്‍ – അവ സ്വതവേ പുണ്യകര്‍മങ്ങളായിരുന്നാലും ശരി – അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്നും, അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ചുകൊണ്ടുള്ള കര്‍മങ്ങള്‍ മാത്രമേ അവന്‍റെ അടുക്കല്‍ വിലയുള്ളതാകുകയുള്ളൂവെന്നും അല്ലാഹു അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഒരു ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു: നബി (صلى الله عليه وسلم) പറഞ്ഞു: ‘നിങ്ങളെപ്പറ്റി ഞാന്‍ ഭയപ്പെടുന്നവയില്‍ വെച്ച് ഏറ്റവും ഭയാനകമായത് ചെറിയ ശിര്‍ക്കാകുന്നു.’ ഏതാണ് ചെറിയ ശിര്‍ക്ക് എന്നു ചോദിക്കപ്പെട്ടു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കലാണ്.’ (അ.) ‘ഇഹത്തില്‍വെച്ച് ഏതൊരു കൂട്ടരെ കാണിക്കുവാന്‍വേണ്ടി നിങ്ങള്‍ ചെയ്തിരുന്നുവോ അവരുടെ അടുക്കല്‍ ചെന്നേക്കുവിന്‍; എന്നിട്ട് അവരുടെ അടുക്കല്‍വെച്ച് വല്ല പ്രതിഫലവും ഗുണവും കിട്ടുവാനുണ്ടോ എന്നു നോക്കുവിന്‍.’ എന്ന് ക്വിയാമത്ത് നാളില്‍ അവരോട് അല്ലാഹു പറയുമെന്നുകൂടി ബൈഹക്വീ (റ)യുടെ രിവായത്തില്‍ വന്നിരിക്കുന്നു.

4:39
 • وَمَاذَا عَلَيْهِمْ لَوْ ءَامَنُوا۟ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَأَنفَقُوا۟ مِمَّا رَزَقَهُمُ ٱللَّهُ ۚ وَكَانَ ٱللَّهُ بِهِمْ عَلِيمًا ﴾٣٩﴿
 • എന്താണ് അവര്‍ക്ക് (ദോഷം) ഉള്ളത്? അവര്‍ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുകയും, അല്ലാഹു തങ്ങള്‍ക്ക് നല്‍കിയ തില്‍നിന്ന് ചിലവഴിക്കുകയും ചെയ്തിരുന്നാല്‍! അവരെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നുതാനും.
 • وَمَاذَا എന്താണ് عَلَيْهِمْ അവരുടെ മേല്‍ (അവര്‍ക്ക് ദോഷം) ഉള്ളത് لَوْ آمَنُوا അവര്‍ വിശ്വസിച്ചിരുന്നെങ്കില്‍ بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَأَنفَقُوا അവര്‍ ചിലവഴിക്കുകയും مِمَّا رَزَقَهُمُ അവര്‍ക്കു നല്‍കിയതില്‍നിന്ന് اللَّهُ അല്ലാഹു وَكَانَ اللَّهُ അല്ലാഹു ആകുന്നു بِهِمْ അവരെപ്പറ്റി عَلِيمًا അറിയുന്നവന്‍

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചുകൊണ്ടും, അന്നത്തെ ദിവസം അവന്‍റെ പക്കല്‍നിന്നുള്ള പ്രതിഫലം ഉദ്ദേശിച്ചുകൊണ്ടുമാണ് അവര്‍ – ജനങ്ങളെ കാണിക്കുവാന്‍വേണ്ടി ധനം ചിലവഴിക്കുന്നവര്‍ – ചിലവഴിച്ചിരുന്നതെങ്കില്‍, അവര്‍ക്ക് യാതൊരു ദോഷവും ഭവിക്കുവാനില്ല. അവര്‍ ചെയ്യുന്നതൊന്നും അല്ലാഹു അറിയാതെ പോകയുമില്ല. അവനാകട്ടെ, ഒട്ടും അക്രമവും അനീതിയും ചെയ്യുന്നവനുമല്ല. ഒരു നന്മ – അതെത്ര നിസ്സാരമായിരുന്നാലും – അവന്‍ അതിനെ ഇരട്ടിപ്പിച്ചു വലുതാക്കിക്കൊണ്ടായിരിക്കും അതിന് പ്രതിഫലം നല്‍കുക. കൂടാതെ, അവന്‍റെ ഔദാര്യമായി സ്വന്തം വക വമ്പിച്ച പ്രതിഫലങ്ങള്‍ വേറെയും നല്‍കുന്നതാണ്. (2:245 മുതലായ സ്ഥലങ്ങളില്‍ വിവരിച്ചത് ഓര്‍ക്കുക) അല്ലാഹു പറയുന്നു:

4:40
 • إِنَّ ٱللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَـٰعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا ﴾٤٠﴿
 • നിശ്ചയമായും അല്ലാഹു, ഒരു അണുത്തൂക്കം [ഒട്ടും] അക്രമം ചെയ്കയില്ല. അതൊരു നന്മയായിരുന്നാല്‍ അവന്‍ അതിനെ ഇരട്ടിപ്പിക്കുന്നതാണ്; അവന്‍റെ അടുക്കല്‍ നിന്ന് (അവന്‍റെ വകയായി) വമ്പിച്ചതായ പ്രതിഫലം അവന്‍ കൊടുക്കുകയും ചെയ്യും.
 • إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يَظْلِمُ അക്രമം ചെയ്കയില്ല مِثْقَالَ ذَرَّةٍ ഒരണുത്തൂക്കം, അണു അളവ് وَإِن تَكُ അതായിരുന്നാല്‍ حَسَنَةً നന്മ, നല്ല കാര്യം يُضَاعِفْهَا അതിനെ അവന്‍ ഇരട്ടിപ്പിക്കും وَيُؤْتِ അവന്‍ കൊടുക്കുകയും ചെയ്യും مِن لَّدُنْهُ അവന്‍റെ അടുക്കല്‍ നിന്ന് (അവന്‍റെ വക) أَجْرًا عَظِيمًا വമ്പിച്ച കൂലി (പ്രതിഫലം)
4:41
 • فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍۭ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَـٰٓؤُلَآءِ شَهِيدًا ﴾٤١﴿
 • എന്നാല്‍, എല്ലാ സമുദായത്തില്‍നിന്നും നാം ഒരു സാക്ഷിയെ കൊണ്ടു വരുകയും, ഇക്കൂട്ടരുടെ മേല്‍ സാക്ഷിയായി നിന്നെ നാം കൊണ്ടു വരുകയും ചെയ്യുമ്പോള്‍ എങ്ങിനെയിരിക്കും (ഇവരുടെ സ്ഥിതി)?!
 • فَكَيْفَ എന്നാല്‍ എങ്ങിനെ(യിരിക്കും) إِذَا جِئْنَا നാം വന്നാല്‍ مِن كُلِّ أُمَّةٍ എല്ലാ സമുദായത്തില്‍നിന്നും بِشَهِيدٍ ഒരു സാക്ഷിയെക്കൊണ്ട് وَجِئْنَا بِكَ നാം നിന്നെ കൊണ്ടുവരുകയും عَلَىٰ هَٰؤُلَاءِ ഇക്കൂട്ടരുടെമേല്‍ شَهِيدًا സാക്ഷിയായി
4:42
 • يَوْمَئِذٍ يَوَدُّ ٱلَّذِينَ كَفَرُوا۟ وَعَصَوُا۟ ٱلرَّسُولَ لَوْ تُسَوَّىٰ بِهِمُ ٱلْأَرْضُ وَلَا يَكْتُمُونَ ٱللَّهَ حَدِيثًا ﴾٤٢﴿
 • അന്നത്തെ ദിവസം, അവിശ്വസിക്കുകയും റസൂലിനോട് അനുസരണക്കേട് കാണിക്കുകയും ചെയ്തവര്‍ ആഗ്രഹിച്ചു പോകും, തങ്ങളെയും കൊണ്ട് ഭൂമി സമനിരപ്പാക്കപ്പെട്ടിരുന്നെങ്കില്‍ (നന്നായേനേ) എന്ന്! അവര്‍ അല്ലാഹുവിനോട് ഒരു വര്‍ത്തമാനവും ഒളിച്ചു വെക്കുകയുമില്ല.
 • يَوْمَئِذٍ ആ ദിവസം, അന്ന് يَوَدُّ ആഗ്രഹിക്കും, മോഹിക്കും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَعَصَوُا എതിരു പ്രവര്‍ത്തിക്കുക (അനുസരണക്കേട് കാണിക്കുക)യും ചെയ്ത الرَّسُولَ റസൂലിന്, റസൂലിനോട് لَوْ تُسَوَّىٰ (സമ) നിരപ്പാക്കപ്പെട്ടിരുന്നെങ്കില്‍ بِهِمُ തങ്ങളെയും കൊണ്ട് الْأَرْضُ ഭൂമി وَلَا يَكْتُمُونَ അവര്‍ മറച്ചു (മൂടി - ഒളിച്ചു) വെക്കുകയുമില്ല اللَّهَ അല്ലാഹുവിനോട് حَدِيثًا ഒരു വര്‍ത്തമാനവും, വിഷയവും

സാരം: ഓരോ സമുദായവും അനുഷ്ഠിക്കുകയും, പിന്‍പറ്റുകയും ചെയ്യേണ്ടുന്ന മാര്‍ഗവും നടപടിക്രമവും അവരവര്‍ക്കു വേണ്ടതുപോലെ പ്രബോധനം ചെയ്തിട്ടുണ്ടെന്ന് അതത് സമുദായത്തിലെ പ്രവാചകന്മാര്‍ ‘മഹ്ശറി’ല്‍ വെച്ചു അല്ലാഹുവിന്‍റെ മുമ്പില്‍ സാക്ഷ്യപ്പെടുത്തും. ഈ സമുദായത്തിന്‍റെ മേല്‍ സാക്ഷിയായി നബി തിരുമേനി (صلى الله عليه وسلم)യും വരുന്നതാണ്. ആ അവസരത്തില്‍ ഇവരുടെ – അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാതിരിക്കുകയും, ലോകരെ ബോധ്യപ്പെടുത്തുവാന്‍വേണ്ടി ധനം ചിലവഴിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുന്നതില്‍ പിശുക്ക് കാണിക്കുകയും ചെയ്യുന്നവരുടെ – സ്ഥിതി എന്തായിരിക്കുമെന്ന് ഇവര്‍ ആലോചിക്കുന്നില്ലേ? റസൂലിന്‍റെ പ്രബോധനങ്ങള്‍ക്ക് ചെവികൊടുക്കാതിരുന്ന ഇവര്‍ക്ക് അവിടെ തങ്ങള്‍ക്ക് രക്ഷയില്ലെന്നു ബോധ്യപ്പെടും. യാതൊരു രക്ഷാമാര്‍ഗവും അവര്‍ കാണുകയില്ല. ‘അയ്യോ! ഇതിനൊന്നും ഇടവരാതിരിക്കത്തക്കവണ്ണം ഞങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഭൂമി സമ നിരപ്പാക്കപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായേനേ!’ എന്നിങ്ങനെ അവര്‍ അന്നേരം കൊതിച്ചുപോകും. അതെ, സൂറത്തുന്നബഇല്‍ പറഞ്ഞതുപോലെ ‘ഞാന്‍ മണ്ണായിത്തീര്‍ന്നെങ്കില്‍ നന്നായേനേ! (يَا لَيْتَنِي كُنتُ تُرَابًا)’ എന്ന് ഓരോ അവിശ്വാസിയും പറഞ്ഞുപോകും. അന്നത്തെ ദിവസം, അവരുടെ ദുഷ്‌ചെയ്തികളും, രഹസ്യങ്ങളും ഒന്നും തന്നെ അല്ലാഹുവിന്‍റെ മുമ്പില്‍ മറച്ചുവെക്കുവാനോ, അങ്ങിനെ രക്ഷപ്പെടുവാനോ, അവര്‍ക്ക് കഴിയുകയില്ല.

മഹ്ശറില്‍വെച്ച് മുശ്‌രിക്കുകള്‍ ‘ഞങ്ങള്‍ ശിര്‍ക്ക് ചെയ്യുന്നവരായിരുന്നില്ലെ’ന്നു സത്യം ചെയ്തു പറയുമെന്നു സൂറഃ അന്‍ആം 23ല്‍ വരുന്നുണ്ട്. ‘അവര്‍ അല്ലാഹുവിനോട് ഒരു വര്‍ത്തമാനവും ഒളിച്ചുവെക്കുകയില്ല’ എന്ന് ഇവിടെ പ്രസ്താവിച്ചതും അതും തമ്മില്‍ വിയോജിപ്പുണ്ടല്ലോ എന്ന് ചോദിക്കപ്പെട്ടതിന് ഇബ്‌നു അബ്ബാസ് (റ) ഇപ്രകാരം മറുപടി നല്‍കിയതായി ഇബ്‌നു ജരീര്‍ (റ) മുതലായവര്‍ ഉദ്ധരിച്ചിരിക്കുന്നു: ‘അതെ, ക്വിയാമത്ത് നാളില്‍ ശിര്‍ക്കാകുന്ന കുറ്റം തീരേ പൊറുക്കപ്പെടുകയില്ലെന്നും, മറ്റുള്ള കുറ്റങ്ങ ള്‍ അല്ലാഹു പൊറുത്തുകൊടുക്കുവാന്‍ ഇടയുണ്ടെന്നും കാണുമ്പോള്‍, തങ്ങള്‍ക്ക് പൊറുത്തു കിട്ടിയെങ്കിലോ എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ മുശ്‌രിക്കുകളായിരുന്നില്ലെന്ന് അവര്‍ സത്യം ചെയ്യുന്നത്. അപ്പോള്‍ (36:65ല്‍ കാണുന്നതു പോലെ) അല്ലാഹു അവരുടെ വായക്കു മുദ്രവെക്കും. എന്നിട്ട് അവരുടെ കൈകാലുകള്‍ അവര്‍ പ്രവര്‍ത്തി ച്ചതെല്ലാം തുറന്നു സംസാരിക്കും. അപ്പോഴാണ് ‘തങ്ങളുമായി ഭൂമി സമനിരപ്പാക്കപ്പെട്ടെങ്കില്‍ നന്നായേനേ!’ എന്ന് അവര്‍ ആഗ്രഹിക്കുകയും, അല്ലാഹുവിനോട് ഒരു വര്‍ത്തമാനവും അവര്‍ ഒളിച്ചുവെക്കാതിരിക്കുകയും ചെയ്യുന്നത്.’

ഇബ്‌നു മസ്ഊദ് (റ) പറഞ്ഞതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘എനിക്ക് താങ്കള്‍ ക്വുര്‍ആന്‍ ഓതിക്കേള്‍പ്പിക്കണ’മെന്ന് നബി (صلى الله عليه وسلم) എന്നോട് പറയുകയുണ്ടായി. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, ക്വുര്‍ആന്‍ അവതരിച്ചത് അങ്ങേക്കായിരിക്കെ ഞാന്‍ അങ്ങേക്ക് ഓതിത്തരികയോ?! തിരുമേനി പറഞ്ഞു: ‘അതെ, ഞാനല്ലാതെ മറ്റൊരാളില്‍ നിന്ന് അത് കേള്‍ക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു’. അങ്ങനെ, ഞാന്‍ സൂറത്തുന്നിസാഅ് ഓതി فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدً  (എല്ലാ സമുദായത്തില്‍ നിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരുകയും, ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെ കൊണ്ടുവരുകയും ചെയ്താല്‍ എങ്ങിനെയിരിക്കും?!) എന്ന ആയ ത്തിങ്കല്‍ എത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എനി, ഇപ്പോള്‍ മതി!’ തിരുമേനിയുടെ രണ്ടു കണ്ണുകളും കണ്ണുനീര്‍ ഒഴുക്കുന്നുണ്ടായിരുന്നു.’ (അ;ബു;തി;ന.) ഒരു കുറ്റവാളിയോ, പ്രതിയോ അല്ലാതെ, കേവലം സാക്ഷിയെന്ന നിലക്കാണെങ്കിലും രാജാധിരാജനായ അല്ലാഹുവിന്‍റെ കോടതിയില്‍ മൊഴി കൊടുക്കേണ്ടിവരുന്ന ആ ഘട്ടത്തിന്‍റെ ഗൗരവം ഓര്‍ത്തു നബി (صلى الله عليه وسلم) ഇഹത്തില്‍വെച്ചു ഇത്രയും നടുങ്ങിപ്പോകുമ്പോള്‍, അവിടുത്തെ സാക്ഷ്യമനുസരിച്ച് കുറ്റപത്രം തയ്യാറാക്കപ്പെടുകയും, നരകശിക്ഷക്ക് വിധേയരായിത്തീരുകയും ചെയ്യുന്ന ദുര്‍ഭാഗ്യവാന്‍മാരുടെ സ്ഥിതി അവിടെ എന്തായിരിക്കും?! അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ, ആമീന്‍.