സൂറതുന്നിസാഉ് : 1 – 10
നിസാഅ് (സ്ത്രീകൾ)
മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 176 – വിഭാഗം (റുകൂഉ്) 24
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
വിവിധ തുറകളിലായി വളരെയധികം വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഒരു സൂറത്താണിത്. അനന്തരാവകാശനിയമങ്ങള്‍ പോലെയുള്ള ചില വിഷയങ്ങള്‍ ഈ സൂറത്തിന്‍റെ സവിശേഷതയാകുന്നു. ഒന്നാമത്തെ വചനത്തില്‍തന്നെ സ്ത്രീകളെപ്പറ്റി പരാമര്‍ശമുള്ളതിനുപുറമെ, അവരെ സംബന്ധിച്ച പല കാര്യങ്ങളും ഇതില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ സൂറത്തിന് ‘അന്നിസാഉ്’ (സ്ത്രീകള്‍) എന്നു പറയപ്പെടുന്നു. ‘സൂറത്തുന്നിസാഇലെ അഞ്ചു ആയത്തുകള്‍ ഇഹലോകം മുഴുവനെക്കാളും എനിക്ക് ഇഷ്ടപ്പെട്ടതാണ്’ എന്നു പറഞ്ഞുകൊണ്ട് ഇബ്‌നുമസ്ഊദ് (റ) താഴെ കാണുന്ന വചനങ്ങളെ എണ്ണിയതായി ഇബ്‌നുജരീര്‍ (റ) ഉദ്ധരിക്കുന്നു. അതായത്: (1) മഹാപാപങ്ങളെ ഉപേക്ഷിക്കുന്ന പക്ഷം മറ്റു തിന്മകള്‍ക്ക് അല്ലാഹു മാപ്പു നല്‍കുമെ ന്നു കാണിക്കുന്ന 31-ാം വചനവും, (2) അല്ലാഹു അണുവോളം അനീതി ചെയ്കയില്ലെന്നും, ഓരോ നന്മയെയും അവന്‍ ഇരട്ടിപ്പിച്ചു വലുതാക്കുമെന്നും കാണിക്കുന്ന 40-ാം വചനവും. (3, 4) ശിര്‍ക്കല്ലാത്ത പാപങ്ങളെല്ലാം അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുമെന്നു പ്രസ്താവിക്കുന്ന 48 ഉം 116 ഉം വചനങ്ങളും, (5) വല്ല തിന്മയോ, സ്വന്തം ദേഹങ്ങളോട് അക്രമമോ ചെയ്യുന്നവര്‍ പാപമോചനം തേടിയാല്‍ അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുമെന്നു കാണിക്കുന്ന 110-ാം വചനവും, ഹാകിം(റ) ഉദ്ധരിച്ച രിവായത്തില്‍ ഈ അവസാനത്തെ വചനത്തിന്‍റെ സ്ഥാനത്ത് 64-ാം വചനമാണുള്ളത്. കൂടാതെ, ‘സൂറത്തുന്നിസാഇലെ എട്ട് ആയത്തുകള്‍ ഈ സമുദായത്തെ സംബന്ധിച്ചിടത്തോളം ഇഹലോകത്തെക്കാള്‍ ഉത്തമമാണ്’ എന്ന അര്‍ത്ഥത്തില്‍ ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്നു മറ്റൊരു രിവായത്തും ഇബ്‌നുജരീര്‍ (റ) ഉദ്ധരിച്ചിരിക്കുന്നു. മേല്‍കണ്ട അഞ്ചു വചനങ്ങള്‍ക്ക് പുറമെ, 26, 27, 28 എന്നീ വചനങ്ങളും കൂടിയാണ് അതില്‍ അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. ആ വചനങ്ങളെല്ലാം തന്നെ അല്ലാഹുവിന്‍റെ അതിമഹത്തായ അനുഗ്രഹത്തെയും അളവറ്റ കാരുണ്യത്തെയും കുറി ക്കുന്നവയാകുന്നു. അവ മനുഷ്യര്‍ക്ക് വമ്പിച്ച സല്‍പ്രതീക്ഷയും ആവേശവും ജനിപ്പിക്കുന്നവയുമാണ്. ഇതാണീ പ്രസ്താവനകള്‍ക്ക് കാരണം.
- يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَآءً ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِى تَسَآءَلُونَ بِهِۦ وَٱلْأَرْحَامَ ۚ إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا ﴾١﴿
- ഹേ, മനുഷ്യരേ! ഒരേ ആത്മാവില്‍ [ആളില്‍] നിന്നു നിങ്ങളെ സൃഷ്ടിച്ചവനായ നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍; അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും, ആ രണ്ടാളില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും, സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത (റബ്ബിനെ); യാതൊരുവന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ ആ അല്ലാഹുവിനെയും, കുടുംബ ബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിശ്ചയമായും, അല്ലാഹു നിങ്ങളില്‍ മേല്‍നോട്ടം ചെയ്യുന്നവനാകുന്നു.
- يَا أَيُّهَا النَّاسُ ഹേ, മനുഷ്യരേ اتَّقُوا رَبَّكُمُ നിങ്ങളുടെ റബ്ബിനെ (രക്ഷിതാവിനെ) നിങ്ങള്‍ സൂക്ഷിക്കുവിന്‍ الَّذِي خَلَقَكُم നിങ്ങളെ സൃഷ്ടിച്ചവനായ مِّن نَّفْسٍ ഒരു ആത്മാവില്‍ (ദേഹത്തില്‍ - ആളില്‍) നിന്ന് وَاحِدَةٍ ഒരേ, ഒന്നായ وَخَلَقَ സൃഷ്ടിക്കുകയും ചെയ്തു مِنْهَا അതില്‍നിന്നു (തന്നെ) زَوْجَهَا അതിന്‍റെ ഇണയെ (ഭാര്യയെ) وَبَثَّ വ്യാപിപ്പിക്കുക (പരത്തുക - വിതരണം ചെയ്യുക)യും ചെയ്തു مِنْهُمَا അവര്‍ രണ്ടാളില്‍ നിന്നും رِجَالًا പുരുഷന്മാരെ كَثِيرًا വളരെ, ധാരാളം وَنِسَاءً സ്ത്രീകളെയും وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ الَّذِي യാതൊരു അല്ലാഹുവിനെ تَسَاءَلُونَ നിങ്ങളന്യോന്യം ചോദിക്കുന്നു بِهِ അവനെക്കൊണ്ട്, അവന്‍റെ പേരില്‍ وَالْأَرْحَامَ കുടുംബ (രക്ത) ന്ധങ്ങളെയും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു, ആയിരിക്കുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങളില്‍ رَقِيبًا മേല്‍നോട്ടം ചെയ്യുന്നവന്‍
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ (ഹേ, മനുഷ്യരേ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുവിന്‍) എന്ന വാക്യം കൊണ്ട് ആരംഭിക്കുന്ന രണ്ടു സൂറത്തുകളുള്ളതില്‍ ഒന്നാമത്തെതാണിത്. മറ്റേത് സൂറത്തുല്‍ ഹജ്ജുമാകുന്നു. ഇവിടെ തുടര്‍ന്നു വിവരിക്കുന്നത് മനുഷ്യവര്‍ഗത്തിന്‍റെ ഉല്‍ഭവത്തെക്കുറിച്ചാണ്; അവിടെയാകട്ടെ അന്ത്യനാളിനെപ്പറ്റിയുമാകുന്നു. മനുഷ്യരുടെ ഉത്ഭവവും തുടക്കവും നോക്കിയാലും, അവരുടെ ഒടുക്കവും മടക്കവും നോക്കിയാലും അല്ലാഹു അല്ലാതെ അവര്‍ക്ക് വേറെ രക്ഷിതാവില്ലെന്നും, അതു കൊണ്ട് അവനെ സൂക്ഷിക്കല്‍ മനുഷ്യന്‍റെ പ്രകൃത്യാ ഉള്ള കടമ യാണെന്നും ഇത് സൂചിപ്പിക്കുന്നു. خَلَقُ (സൃഷ്ടിക്കല്‍) എന്ന വാക്ക് ശൂന്യതയില്‍ നിന്നു അസ്തിത്വം നല്‍കുക എന്ന അര്‍ത്ഥത്തിലും, ഒരു വസ്തുവില്‍നിന്നു മറ്റൊരു വസ്തുവിനു രൂപം നല്‍കുക എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. خَلَقَ السَّمَاوَاتِ وَالأرْضَ (അവന്‍ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു) എന്നു പറഞ്ഞിരിക്കുന്നത് ആദ്യത്തെ അര്‍ത്ഥത്തിലാകുന്നു. ഇതിനെപ്പറ്റിത്തന്നെ വേറെ സ്ഥലത്തു بَدِيعُ السَّمَلوَاتِ وَالأرْضِ (ആകാശങ്ങളെയും ഭൂമിയെയും നവീനമായുണ്ടാക്കിയവന്‍ – 2:117) എന്നും പറഞ്ഞിരിക്കുന്നതില്‍നിന്ന് ഇതു വ്യക്തമാകുന്നു. ഇവിടെ خَلَقَكُم مِّن نَّفْسٍ وَاحِدَةٍ (നിങ്ങളെ അവര്‍ ഒരേ ആത്മാവില്‍ – ആളില്‍ – നിന്നു സൃഷ്ടിച്ചു) എന്നു പറഞ്ഞത് രണ്ടാമത്തെ അര്‍ത്ഥത്തിലുള്ള സൃഷ്ടിയെ ഉദ്ദേശിച്ചുമാകുന്നു. ഇമാം റാസീ (റ) പ്രസ്താവിച്ചതുപോലെ. ഈ نَّفْس (ആത്മാവു) കൊണ്ടുദ്ദേശ്യം, മനുഷ്യ പിതാവായ ആദം നബി (അ)യാണെന്നുള്ളതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. മനുഷ്യസമുദായത്തെ ആകമാനം ഉള്‍പ്പെടുത്തിക്കൊണ്ട് يَا أَيُّهَا النَّاسُ (ഹേ, മനുഷ്യരേ) എന്ന സംബോധനയോടുകൂടിയാണല്ലോ അല്ലാഹു ഈ വിഷയം ഓര്‍മിപ്പിക്കുന്നത്. മനുഷ്യ സമുദായത്തെ മുഴുവന്‍ ഉദ്ദേശിച്ചുകൊണ്ട് ഇതുപോലെ يَا بَنِي آدَمَ (ആദമിന്‍റെ സന്തതികളേ) എന്നു ക്വുര്‍ആനിലും മറ്റും പറയപ്പെടാറുള്ളതും അതുകൊണ്ടാണ്. മനുഷ്യനു ادمى (ആദം വര്‍ഗത്തില്‍പെട്ടവന്‍) എന്നു പറയപ്പെടുന്നതും അതുകൊണ്ടു തന്നെ. മനുഷ്യരായ നിങ്ങളെ അല്ലാഹു ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിച്ചു രൂപപ്പെടുത്തി എന്നു പറഞ്ഞശേഷം അതെങ്ങിനെ പ്രയോഗത്തില്‍ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ, وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا الخ (അതില്‍നിന്നു തന്നെ അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും, അവര്‍ രണ്ടു പേരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും, സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തു). ഇണകൊണ്ടുദ്ദേശ്യം മനുഷ്യമാതാവായ ഹവ്വാഉ്(അ) ആണെന്നും, സ്ത്രീപുരുഷന്മാരാകുന്ന ഇണകളുടെ സമ്പര്‍ക്കത്തില്‍ നിന്നാണ് മനുഷ്യന്‍ പെറ്റുപെരുകിക്കൊണ്ടിരിക്കുന്നതെന്നും പറയേണ്ടതില്ലല്ലോ.
ആദം നബി (അ)യെ മണ്ണില്‍നിന്നാണ് സൃഷ്ടിച്ചതെന്ന് (3:59 ലും മറ്റും) അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ അദ്ദേഹത്തിന്‍റെ ഉല്‍പത്തിയെപ്പറ്റി ഒന്നും പ്രസ്താവിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഇണയെ സൃഷ്ടിച്ചത് അദ്ദേഹത്തില്‍നിന്നാണെന്നു വ്യക്തമാക്കിയിരിക്കുന്നു. وَخَلَقَ مِنْهَا زَوْجَهَا (ആ ആത്മാവില്‍ നിന്ന് അതിന്‍റെ ഇണയെ സൃഷ്ടിക്കുകയും ചെയ്തു) എന്ന വാക്യത്തിന്‍റെ അര്‍ത്ഥം ആദമാകുന്ന ആ ആത്മാവിന്‍റെ ഇണയെ അതില്‍ നിന്നുതന്നെ സൃഷ്ടിച്ചു രൂപപ്പെടുത്തി എന്നാണല്ലോ. എന്നാല്‍, അദ്ദേഹത്തില്‍നിന്ന് ഇണയെ സൃഷ്ടിച്ചതെങ്ങിനെയാണെന്നു തീര്‍ത്തുപറയത്തക്ക തെളിവു കളൊന്നും ഇല്ല. ആദം(അ)നെ സൃഷ്ടിച്ചപ്പോള്‍ അദ്ദേഹത്തിനുതക്കതായ ഒരു ഇണ ഇല്ലായ്കയാല്‍ അല്ലാഹു അദ്ദേഹത്തിനു ഒരു ഗാഢനിദ്ര നല്‍കിയെന്നും, ഉറങ്ങിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്‍റെ ഒരു വാരിയെല്ലെടുത്ത് ആ എല്ലിനെ ഒരു സ്ത്രീയാക്കി സൃഷ്ടിച്ചുവെന്നുമാണ് ബൈബ്ള്‍ (ഉല്‍പത്തി : 2ല്‍ 21 – 23) പറയുന്നത്. ബൈബ്‌ളിന്‍റെ പ്രസ്താവനയെ ആധാരമാക്കി ഇത് ഉറപ്പിക്കുവാന്‍ വയ്യ. കാരണം, അതിലെ സത്യവും അസത്യവും വേര്‍തിരിച്ചറിയുവാന്‍ നിവൃത്തിയില്ല. എങ്കിലും ഇപ്പറഞ്ഞതില്‍ സത്യമുണ്ടെന്നു തോന്നിക്കുന്ന പ്രബലമായ ഒരു നബിവചനം നിലവിലുണ്ട്. സ്ത്രീകളോട് നല്ലനിലയില്‍ പെരുമാറുവാന്‍ വസ്വിയ്യത്ത് ചെയ്തുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറയുന്നു: (فانهن خلقن من ضلع – رواه الشيخان) (”….കാരണം, അവര്‍ വാരിയെല്ലിനാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” (ബു:മു.) ഈ ഹദീഥിനെ അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത് ആദം(അ)ന്‍റെ വാരിയെല്ലില്‍നിന്നാണ് ഹവ്വാഉ് (അ) സൃഷ്ടിക്കപ്പെട്ടത് എന്നാകുന്നു. ഹദീഥിന്‍റെ വാചകം നേര്‍ക്കുനേരെ നോക്കുമ്പോള്‍ മനസ്സിലാകുന്നതും അങ്ങിനെയാണ്. അതേ സമയം നബി (صلى الله عليه وسلم) അതൊരു ഉപമാലങ്കാര രൂപത്തില്‍ പ്രസ്താവിച്ചതായിരിക്കുവാനും സാധ്യതയുണ്ട്. ഹദീഥിലെ തുടര്‍ന്നുള്ള വാചകങ്ങള്‍ നോക്കുക: وَإِنَّ أَعْوَجَ شَيْءٍ من الضِّلَعِ أَعْلاَهُ ”വാരിയെല്ലില്‍വെച്ച് ഏറ്റവും വളഞ്ഞതു അതില്‍ മേലെയു ള്ളതുമാണ്. അതുകൊണ്ട് അതിനെ ചൊവ്വാക്കി നിര്‍ത്തുവാന്‍ ശ്രമിക്കുന്നപക്ഷം നീ അതുപൊട്ടിക്കേണ്ടിവരും. അതിനെ അതിന്‍റെ പാട്ടിനു വിട്ടേക്കുന്ന പക്ഷം അതു വളഞ്ഞുംകൊണ്ടു തന്നെയിരിക്കും.” ചുരുക്കിപ്പറഞ്ഞാല്‍, വാരിയെല്ലില്‍നിന്നാവട്ടെ, അല്ലാതിരിക്കട്ടെ; ഹവ്വാഇനെ സൃഷ്ടിച്ചതു ആദം (അ) എന്ന ആളില്‍നിന്നാണെന്നു തീര്‍ത്തു പറയാം. വാരിയെല്ലില്‍നിന്നാണെന്നു ഉറപ്പിച്ചു പറയത്തക്ക തെളിവില്ലെങ്കിലും ആ അഭിപ്രായം തെറ്റാണെന്നു വിധി കല്‍പിക്കുവാനും തെളിവുകളൊന്നുമില്ല. والّله اعلم
ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ മറ്റൊരഭിപ്രായമുള്ളത് അബൂമുസ്‌ലിം ഇസ്വ്ഫഹാനീ (റ)യുടേതാകുന്നു. خَلَقَ مِنْهَا زَوْجَهَا എന്ന വാക്യത്തിനു اى من جنسها (അതായതു അതിന്‍റെ വര്‍ഗത്തില്‍നിന്നു) എന്നാണ് അദ്ദേഹം അര്‍ത്ഥമാക്കുന്നത്. അദ്ദേഹം മുന്‍കാലക്കാരായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരാളാണെങ്കിലും അദ്ദേഹത്തിന്‍റെതായ ചില യുക്തി ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഒറ്റപ്പെട്ട പല അഭിപ്രായങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണിത്. ഇക്കാലത്ത് ആധുനികപ്രിയരായ ചിലര്‍ അദ്ദേഹത്തിന്‍റെ ഈ അഭിപ്രായത്തെ അനുകരിക്കുകയും അതിനെ പിന്‍താങ്ങുമാറുള്ള പുതിയ ന്യായങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതും കാണാം. വിമര്‍ശനാര്‍ഹങ്ങളായ ഏതാനും യുക്തിവാദങ്ങളൊഴിച്ചാല്‍ അവര്‍ക്കു പറയുവാനുള്ള പ്രധാന ന്യായം نفس (നഫ്‌സ്) എന്ന വാക്കു جنس (വര്‍ഗം) എന്ന അര്‍ത്ഥത്തില്‍ ക്വുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ടെന്നത്രെ. 30:21, 16:72, 42:11, 9:128, 3:164 മുതലായ സ്ഥലങ്ങള്‍ അതിനു അവര്‍ ഉദാഹ രണങ്ങളായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. പക്ഷേ, താഴെ സൂചിപ്പിക്കുന്നതുപോലെയുള്ള ന്യൂനതകള്‍ ഉള്ളതുകൊണ്ട് ഈ അഭിപ്രായം സ്വീകരിക്കുവാന്‍ വഴി കാണുന്നില്ല.
(1) ഇവര്‍ ചൂണ്ടിക്കാട്ടുന്ന സ്ഥലങ്ങളിലെല്ലാംതന്നെ ഉപയോഗിച്ചിരിക്കുന്നതു نفس (നഫ്‌സ്) എന്ന പദമല്ല. അതിന്‍റെ ബഹുവചനമായ انفس (അന്‍ഫുസ്) എന്നാകുന്നു. ബഹുവചനമായിരിക്കുമ്പോള്‍ ‘വര്‍ഗം’ എന്നര്‍ത്ഥം വരുന്നതുകൊണ്ട് ഏകവചനത്തിന് ആ അര്‍ത്ഥം ഉണ്ടായിക്കൊള്ളണമെന്നില്ല. മാത്രമല്ല, ആ പദത്തിനു അറബി നിഘണ്ടുക്കളില്‍ അങ്ങിനെ ഒരര്‍ത്ഥം കാണുന്നുമില്ല. ഉണ്ടെന്നു സങ്കല്‍പിച്ചാല്‍ തന്നെയും ഏകവചനമായ نفس എന്ന വാക്കിന് വര്‍ഗം എന്നര്‍ത്ഥമാകുമ്പോള്‍ ബഹുവചനമായ انفس നു ‘വര്‍ഗങ്ങള്‍’ എന്നു അര്‍ത്ഥമായിരിക്കണമല്ലോ. ഇവര്‍ ചൂണ്ടിക്കാട്ടിയ ആ അഞ്ചു ഉദാഹരണങ്ങളിലും ‘വര്‍ഗങ്ങള്‍’ എന്നു അര്‍ത്ഥമാക്കുവാന്‍ നിവൃത്തിയില്ലെന്നു തീര്‍ത്തു പറയാം. ‘ആത്മാവ്, ജീവന്‍, ദേഹം, വ്യക്തി, ആള്‍, സ്വന്തം, സ്വയം, താന്‍, മനസ്സ്, രക്തം’ എന്നൊക്കെയാണ് ‘നഫ്‌സി’നു നിഘണ്ടുക്കളില്‍ കാണുന്ന അര്‍ത്ഥങ്ങള്‍. ഈ അര്‍ത്ഥങ്ങളൊന്നും ഇവര്‍ ചൂണ്ടിക്കാട്ടിയ ഉദാഹരണങ്ങളില്‍ യോജിക്കുകയില്ലെന്ന് ആ ഉദാഹരണങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാം. ആദ്യത്തെ മൂന്നു ഉദാഹരണങ്ങളില്‍ നിങ്ങള്‍ക്കു നിങ്ങളുടെ ‘നഫ്‌സു’കളില്‍ നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നു (خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا) എന്നോ, നിങ്ങളുടെ ‘നഫ്‌സു’കളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ ഉണ്ടാക്കിത്തന്നു (جعل لكم من انفسكم الخ) എന്നോ ആണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. നാലാമത്തേതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നഫ്‌സുകളില്‍ നിന്നു ഒരു റസൂല്‍ വന്നിരിക്കുന്നു (جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ) എന്നും, അവസാനത്തെതില്‍ അവരുടെ ‘നഫ്‌സു’കളില്‍നിന്ന് ഒരു റസൂലിനെ അവന്‍ നിയോഗിച്ചിരിക്കുന്നു (بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ) എന്നുമാണ് പറഞ്ഞിരിക്കുന്നത്. മേല്‍കണ്ട അര്‍ത്ഥങ്ങളൊന്നും ഇവിടങ്ങളില്‍ യോജിക്കുകയില്ലെന്നും, അതുകൊണ്ടാണ് ‘നഫസു’കളുടെ സമൂഹമാകുന്ന ‘വര്‍ഗം (جنس)’ എന്നു ഇവിടങ്ങളില്‍ ഉദ്ദേശ്യാര്‍ത്ഥമായി സ്വീകരിക്കപ്പെടുന്നതെന്നും വ്യക്തമാണല്ലോ. ബഹുവചന രൂപത്തിലല്ലാതെ – ഏകവചന രൂപത്തില്‍ – ‘നഫ്‌സ് (نفس) എന്നു വന്നിട്ടുള്ള ഏതെങ്കിലും ക്വുര്‍ആന്‍ വാക്യങ്ങളില്‍ ‘വര്‍ഗം (جنس) എന്ന് അര്‍ത്ഥം നല്‍കേണ്ടതോ, ആ അര്‍ത്ഥം യോജിക്കുന്നതോ ആയ വേറൊരു ഉദാഹരണം കാണുന്നുമില്ല.
(2) അതേ സമയത്ത് മറ്റൊരു വചനത്തില്‍ يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ ”ഹേ മനുഷ്യരേ, നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നും സൃഷ്ടിക്കുകയും, നിങ്ങളെ നാം പല ശാഖകളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു.” (49:13). എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്. മനുഷ്യസമു ദായമായ നിങ്ങള്‍ പല ശാഖകളും ഗോത്രങ്ങളുമാണെങ്കിലും നിങ്ങള്‍ മുഴുവനും ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമാണ് സൃഷ്ടിക്ക പ്പെട്ടിരിക്കുന്നത് എന്നാണല്ലോ ഇതിന്‍റെ അര്‍ത്ഥം. ചുരുക്കിപ്പറ ഞ്ഞാല്‍, മനുഷ്യപിതാവായ ആദം നബി( അ) യില്‍നിന്നും, അദ്ദേഹത്തിന്‍റെ ഇണയും മനുഷ്യമാതാവുമായ ഹവ്വാ(അ)യില്‍ നിന്നുമാണ് മനുഷ്യവര്‍ഗത്തെ അല്ലാഹു സൃഷ്ടിച്ചുണ്ടാക്കി ഇത്രയധികം വര്‍ദ്ധിപ്പിച്ചിരിക്കുന്നത് എന്നുതന്നെയാണ് ഈ രണ്ടു വചനങ്ങളിലും അടങ്ങിയ ആശയം. എല്ലാ ജീവ വര്‍ഗത്തിന്‍റെയും ഇണകള്‍ അതാതു വര്‍ഗത്തില്‍ നിന്നു തന്നെയാണുള്ളത്. അതുപോലെ, മനുഷ്യരുടെയും ഇണകള്‍ മനുഷ്യവര്‍ഗത്തില്‍ പെട്ടവരാണെന്ന വസ്തുത ചൂണ്ടിക്കാട്ടുകയല്ല ഈ രണ്ടു വാക്യങ്ങളും ചെയ്യുന്നതെന്നു താല്‍പര്യം.
‘നഫ്‌സ്’ എന്ന വാക്കിന്ന് ‘വര്‍ഗം’ എന്നര്‍ത്ഥം കല്‍പിച്ചു വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്നവര്‍ വേറെയും ചില ന്യായങ്ങള്‍ പറഞ്ഞു കാണാമെങ്കിലും അവ കേവലം യുക്തി ന്യായങ്ങളാകുന്നു. അതുകൊണ്ട് അവക്കു അതേരൂപത്തിലുള്ള മറുപടി നല്‍കി ദീര്‍ഘി പ്പിക്കുവാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. ഈ വിഷയം വിശ്വാസപരമോ, അനുഷ്ഠാനപരമോ ആയ ഒന്നല്ലെങ്കിലും അബൂമുസ്‌ലിം ഇസ്വ്ഫഹാനീ (റ)യുടെ ഒറ്റപ്പെട്ട ഒരഭിപ്രായത്തെ ഊന്നുവടിയാക്കിക്കൊണ്ട് ക്വുര്‍ആന്‍ വ്യാഖ്യാതാക്കളെ പൊതുവെ വിഡ്ഢികളാക്കുമാറുള്ള ചില പ്രസ്താവനകള്‍ ചിലര്‍ ചെയ്തുകാണുന്നതുകൊണ്ട് ഇത്രയും സംസാരിച്ചുവെന്നേയുള്ളൂ.
മനുഷ്യസമുദായമായ നിങ്ങളെ ഒരേ ആത്മാവില്‍- ആളില്‍- നിന്നു ഉല്‍പാദിപ്പിച്ചു തുടങ്ങുകയും, പിന്നീട് അതില്‍നിന്നും അതിന്‍റെ ഇണയില്‍നിന്നുമായി നിങ്ങളെ പെരുപ്പിച്ചു വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുള്ള നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ സൂക്ഷിക്കണം എന്നു പറഞ്ഞശേഷം, നിങ്ങള്‍ യാതൊരു അല്ലാഹുവിന്‍റെ പേരില്‍-അവനെ മുന്‍നിറുത്തിക്കൊണ്ടു-അന്യോന്യം ചോദിക്കാറുണ്ടോ ആ അല്ലാഹുവിനെ സൂക്ഷിക്കണം (وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ) എന്നു പിന്നെയും പറഞ്ഞിരിക്കുന്നു. നിങ്ങളെ സൃഷ്ടിച്ചു വളര്‍ത്തിക്കൊണ്ടുവരുന്ന രക്ഷിതാവ് അല്ലാഹുവാണെന്നു നിങ്ങള്‍ക്കറിയാം, അതുകൊണ്ടാണല്ലോ നിങ്ങള്‍ പലപ്പോഴും അവനെ മുന്‍നിറുത്തി പരസ്പരം പലതും ആവശ്യപ്പെടുന്നതും ചോദിക്കുന്നതും. ആ നിലക്ക് അല്ലാഹുവിനെ സൂക്ഷിക്കല്‍ നിങ്ങളുടെ പ്രകൃത്യായുള്ള ഒരു കടമയാണെന്നു നിങ്ങള്‍തന്നെ സമ്മതിക്കുന്നുവെന്നാണ് ഇതിലടങ്ങിയ സൂചന. ‘അല്ലാഹുവിന്‍റെ പേരില്‍ ഞാന്‍ അപേക്ഷിക്കുന്നു, അല്ലാഹുവിനെ ഓര്‍ത്ത് ഇന്നിന്നപ്രകാരം ചെയ്തുതരണം, പടച്ചവനെ മുന്‍നിറുത്തിയാണ് ഞാനിതു പറയുന്നത്’ എന്നിങ്ങിനെ മനുഷ്യര്‍ മുന്‍കാലത്തെന്നപോലെ ഇക്കാലത്തും അന്യോന്യം ചോദിക്കലും പറയലും പതിവാണല്ലോ. ദൈവവിശ്വാസികളല്ലാത്തവരില്‍ നിന്നുപോലും കുടുങ്ങിയ അവസരങ്ങളില്‍ ഇങ്ങിനെയുള്ള വാക്കുകള്‍ കേള്‍ക്കുക ദുര്‍ലഭമല്ല.
കുടുംബ ബന്ധം പാലിക്കുന്നതിനും, കുടുംബത്തോട് നല്ല നിലക്കു പെരുമാറുന്നതിനും ഇസ്‌ലാമില്‍ നല്‍കപ്പെട്ട പ്രാധാന്യം മറ്റേതൊരു മതത്തിലും നല്‍കിക്കാണപ്പെടുകയില്ല . അല്ലാഹുവിനെ ആരാധിക്കുവാന്‍ കല്പിക്കുന്നതോടൊപ്പം മാതാപിതാക്കള്‍ക്കു നന്മ ചെയ്‌വാന്‍ ക്വുര്‍ആനില്‍ പലപ്പോഴും ഉപദേശിച്ചു കാണാം. ഹദീഥിലും പലതും കാണാം. ഈ സൂറത്തിലെ തുടര്‍ന്നുള്ള വചനങ്ങളില്‍ അനാഥക്കുട്ടികളെയും, ഗാര്‍ഹികവും കുടുംബപരവുമായ പല കാര്യങ്ങളെയും സംബന്ധിച്ചു വളരെയധികം പ്രസ്താവനകള്‍ വരുന്നുണ്ട്താനും. ആ നിലക്ക് കുടുംബബന്ധങ്ങള്‍ പാലിക്കുന്നതിനെപ്പറ്റി ഒന്നാമത്തെ ഈ വചനത്തില്‍തന്നെ പ്രത്യേകം ഉണര്‍ത്തുന്നത് അനുയോജ്യമായിരിക്കുമല്ലോ. അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുവാന്‍ ഊന്നിപ്പറഞ്ഞതോടു ചേര്‍ത്തുകൊണ്ട് കുടുംബ ബന്ധങ്ങളെയും സൂക്ഷിക്കണം (والار حام) എന്നുകൂടി അല്ലാഹു ഓര്‍മിപ്പിച്ചിരിക്കുകയാണ്. الّله (അല്ലാഹു) എന്ന നാമത്തോടു ചേര്‍ത്തു (عطف) കൊണ്ട് – والار حام (വല്‍ അര്‍ഹാമ) എന്നു അവസാനത്തെ അക്ഷരത്തിനു അകാരം (الفتح) കൊടുത്തുകൊണ്ടുള്ള വായനയെ അടിസ്ഥാനമാക്കിയാണ് മേല്‍കണ്ട പരിഭാഷയും വ്യാഖ്യാനവും സ്വീകരിച്ചിരിക്കുന്നത്. പൊതുവില്‍ അംഗീകരിക്കപ്പെട്ടു വരുന്ന വായനയും അങ്ങിനെത്തന്നെ. എങ്കിലും, ആ അക്ഷരത്തിനു ഇകാരം (الكسر) കൊടുത്തുകൊണ്ട് ‘വല്‍ അര്‍ഹാമി’ എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അത് به (ബിഹി) എന്നതിലെ സര്‍വ്വനാമത്തോടു ചേര്‍ന്നത് (معطوف) ആയിരിക്കും. ഈ വായനപ്രകാരം, ‘യാതൊരു അല്ലാഹുവിന്‍റെ പേരിലും കുടുംബ ബന്ധങ്ങളുടെ പേരിലും നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍’ എന്നായിരിക്കും ആ വാക്യത്തിന്‍റെ അര്‍ത്ഥം. അപ്പോഴും അല്ലാഹുവിന്‍റെ നാമത്തോടു ചേര്‍ത്തു കുടുംബ ബന്ധങ്ങളെപ്പറ്റി ഓര്‍മിപ്പിച്ചതിലടങ്ങിയ തത്വത്തില്‍ മാറ്റം വരുവാനില്ല.
മനുഷ്യ വര്‍ഗത്തിന്‍റെ ഉത്ഭവ ചരിത്രം ഓര്‍മിപ്പിച്ചതില്‍നിന്ന് മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്തതികളായി പിറന്നവരാണെന്നും, എല്ലാവരും ചേര്‍ന്നുള്ള ഒരു വമ്പിച്ച കുടുംബമാണ് വാസ്തവത്തില്‍ മനുഷ്യസമുദായമെന്നും, അതുകൊണ്ട് അവര്‍ പരസ്പരം സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും വര്‍ത്തിക്കേണ്ടതുണ്ടെന്നും വ്യക്തമാണ്. എന്നാല്‍, അല്ലാഹുവിനെ സൂക്ഷിക്കലും കുടുംബ ബന്ധം സൂക്ഷിക്കലും ഒരേ ഉദ്ദേശ്യത്തിലല്ല കലാശിക്കുന്നതെന്നു പ്രത്യേകം പറയേണ്ടുന്ന ആവശ്യമില്ല. അല്ലാഹുവിനെ സൂക്ഷിക്കല്‍ അവന്‍റെ നിയമ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നതുകൊണ്ടും, കുടുംബബന്ധത്തെ സൂക്ഷിക്കല്‍ കുടുംബ ബന്ധമുള്ളവരോടു നന്നായി വര്‍ത്തിക്കുന്ന തുകൊണ്ടുമാണ് സാക്ഷാല്‍കരിക്കപ്പെടുന്നത്. അല്ലാഹുവിനോടും കുടുംബങ്ങളോടുമുള്ള കടമകളെല്ലാം നിങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അല്ലാഹു സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്നും അവസാനം മനുഷ്യരെ ഓര്‍മപ്പെടുത്തുന്നു. إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا
- وَءَاتُوا۟ ٱلْيَتَـٰمَىٰٓ أَمْوَٰلَهُمْ ۖ وَلَا تَتَبَدَّلُوا۟ ٱلْخَبِيثَ بِٱلطَّيِّبِ ۖ وَلَا تَأْكُلُوٓا۟ أَمْوَٰلَهُمْ إِلَىٰٓ أَمْوَٰلِكُمْ ۚ إِنَّهُۥ كَانَ حُوبًا كَبِيرًا ﴾٢﴿
- അനാഥകള്‍ക്കു അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ (വിട്ടു) കൊടുക്കുവിന്‍. നല്ല (ശുദ്ധമായ) തിനു (പകരം) ദുഷിച്ചതിനെ നിങ്ങള്‍ മാറ്റിയെടുക്കുകയും ചെയ്യരുത്. നിങ്ങളുടെ സ്വത്തുക്കളിലേക്ക് (കൂട്ടിച്ചേര്‍ത്ത്) അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ തിന്നുകയും ചെയ്യരുത്. നിശ്ചയമായും അതു വലുതായ ഒരു പാതകമാകുന്നു.
- وَآتُوا നിങ്ങള്‍ കൊടുക്കുവിന്‍ الْيَتَامَىٰ അനാഥകള്‍ക്ക് أَمْوَالَهُمْ അവരുടെ സ്വത്തുക്കള്‍ وَلَا تَتَبَدَّلُوا നിങ്ങള്‍ മാറ്റിയെടുക്കരുത്, പകരമെടുക്കരുത് الْخَبِيثَ ദുഷിച്ചതിനെ, ചീത്തയെ بِالطَّيِّبِ നല്ലതിന്, ശുദ്ധമായതിന് (പകരം) وَلَا تَأْكُلُوا നിങ്ങള്‍ തിന്നുകയും ചെയ്യരുത് أَمْوَالَهُمْ അവരുടെ സ്വത്തുക്കളെ إِلَىٰ أَمْوَالِكُمْ നിങ്ങളുടെ സ്വത്തുക്കളിലേക്ക് (കൂട്ടിച്ചേര്‍ത്തുകൊണ്ട്) إِنَّهُ നിശ്ചയമായും അത് كَانَ അതാകുന്നു حُوبًا പാതകം, പാപം كَبِيرًا വലുതായ
കഴിഞ്ഞ വചനത്തില്‍, അല്ലാഹുവിനെയും കുടുംബ ബന്ധങ്ങളെയും സൂക്ഷിക്കുവാന്‍ കല്‍പിച്ചശേഷം, അതിന്‍റെ വിശദീകരണമെന്നോണം ഈ വചനം മുതല്‍ പല കാര്യങ്ങളെക്കുറിച്ചും അല്ലാഹു വിവരിക്കുന്നു. കൂട്ടത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണല്ലോ അനാഥകളുടെ കാര്യം. അതുകൊണ്ട് അനാഥകളുടെ വിഷയത്തില്‍ സൂക്ഷിക്കേണ്ടുന്ന വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കപ്പെട്ടിരിക്കുകയാണ്. അനാഥകളുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന എല്ലാവരെയും അഭിമുഖീകരിക്കുന്നതാണ് ഇതിലെ കല്‍പനകള്‍. അവര്‍ കുടുംബത്തില്‍ പെട്ടവരായാലും അല്ലെങ്കിലും ശരി. അതതു കുടുംബബങ്ങളിലെ അനാഥകളുടെ കൈകാര്യം മിക്കവാറും ആ കുടുംബത്തിലെ അംഗങ്ങളുടെ കയ്ക്കായിരിക്കുമല്ലോ നടക്കുക. ആ നിലക്ക് അനാഥകളുടെ കുടുംബത്തലവന്‍മാരെയായിരിക്കും ഇത്കൂടുതല്‍ ബാധിക്കുക എന്നുമാത്രം. പിതാക്കള്‍ നഷ്ടപ്പെട്ടുപോയ കുട്ടികള്‍ക്കാണ് يتيم (യത്തീം) എന്നു പറയുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്ക് സാധാരണ ആ പേരു പറയാറില്ല. യത്തീമു (അനാഥ)കളുടെ വിഷയത്തില്‍ മൂന്നു കല്‍പനകളാണ് ഈ വചനത്തിലുള്ളത്:-
(1) അവരുടെ സ്വത്തുക്കള്‍ അവര്‍ക്കു വിട്ടുകൊടുക്കണം. അതായത്; അവര്‍ക്കു പ്രായ പൂര്‍ത്തിയും തന്റേടവും എത്തുമ്പോള്‍ അതുവരെ കൈകാര്യം നടത്തിയിരുന്നവര്‍ അവരുടെ സ്വത്തുക്കള്‍ മടികൂടാതെ അവര്‍ക്കു വിട്ടുകൊടുക്കണമെന്നു സാരം. പ്രായപൂര്‍ത്തിയാകും മുമ്പോ, ധനം കൈകാര്യം ചെയ്യുവാനുള്ള തന്റേടം വരാത്തവര്‍ക്കോ ധനം വിട്ടുകൊടുക്കേണ്ടതില്ലെന്ന് 5, 6 വചനങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയും തന്റേടവും വന്ന ശേഷവും വല്ല പ്രത്യേക കാരണവും നിമിത്തം കുട്ടിക്കു സ്വത്ത് ഏറ്റു വാങ്ങുവാന്‍ പ്രയാസമുണ്ടെങ്കില്‍പോലും അതു വിട്ടുകൊടുത്തേ തീരൂ എന്നില്ല. പക്ഷേ, പിന്നീടുള്ള കൈകാര്യങ്ങള്‍ കുട്ടിയുടെ ഇഷ്ടമനുസരിച്ചും സമ്മതത്തോടുകൂടിയുമായിരിക്കണമെന്നു മാത്രം.
(2) നല്ലതിനു പകരം ദുഷിച്ചതിനെ മാറ്റി എടുക്കരുത്. അതായത്, കുറ്റരഹിതവും സംശുദ്ധവുമായ നല്ലതിന്‍റെ സ്ഥാനത്തു കുറ്റകരവും അശുദ്ധവുമായ ചീത്ത വസ്തുക്കളെ സ്വീകരിക്കരുത്. ഇത് പല പ്രകാരത്തിലും വരാം. ഉദാഹരണമായി അനാഥകളുടെ വക ഉയര്‍ന്നതരം വസ്തുക്കളെ ഇങ്ങോട്ടെടുത്ത് അതിന്‍റെ സ്ഥാനത്ത് അതിനെക്കാള്‍ താഴേക്കിടയിലുള്ളതോ മോശപ്പെട്ടതോ അങ്ങോട്ട് വെക്കുക. അവരുടെ നന്മക്കും അഭിവൃദ്ധിക്കും ഉതകുന്ന വിധത്തിലല്ലാതെ സ്വന്തം താല്‍പര്യത്തിനു യോജിച്ച വിധം കൈകാര്യം നടത്തുക, അവര്‍ക്കു നഷ്ടമായി പരിണമിക്കുന്ന ക്രയവിക്രയങ്ങള്‍ നടത്തുക മുതലായവ.
(3) അവരുടെ സ്വത്തും സ്വന്തം സ്വത്തുക്കളും ഇടകലര്‍ത്തി – സൂക്ഷ്മതയും കൃത്യവും നോക്കാതെ – ഉപയോഗിക്കരുത്. അവരുടെ ധനം ദുര്‍വ്യയം ചെയ്യലും വകമാറി ചിലവഴിക്കലുമാണിത്. എന്നാല്‍, നീതിയും മര്യാദയും തെറ്റാതെ അനാഥകളുമായി കൂട്ടു ജീവിതം നയിക്കുന്നതിനു വിരോധമില്ലെന്നു 2:220 ല്‍ അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതാണ്. (കൂടുതല്‍ വിവരം അവിടെ നോക്കുക) ‘അവരുടെ സ്വത്തുക്കള്‍ ഉപയോഗിക്കരുത്’ എന്നു പറയാതെ ‘തിന്നരുത്’ എന്നു പറഞ്ഞതിലടങ്ങിയ സൂചനയെപ്പറ്റി അല്‍ബക്വറഃയില്‍ മുമ്പ് വിവരിച്ചിട്ടുണ്ട്. അന്യരുടെ സ്വത്തുക്കള്‍ – അതാരുടേതായിരുന്നാലും – നിയമാനുസൃതമല്ലാത്തവിധം ഉപയോഗിക്കുന്നതു എപ്പോഴും നിഷിദ്ധവും കുറ്റവും തന്നെ. അത് അനാഥകളുടേതുകൂടിയാകുമ്പോള്‍ കൂടുതല്‍ കടുത്തതും ഗൗരവ പ്പെട്ടതുമായിത്തീരുന്നു. അതാണ് إِنَّهُ كَانَ حُوبًا كَبِيرًا (നിശ്ചയമായും, അതു വലുതായ പാതകമാകുന്നു) എന്ന വാക്യം കുറിക്കുന്നത്.
- وَإِنْ خِفْتُمْ أَلَّا تُقْسِطُوا۟ فِى ٱلْيَتَـٰمَىٰ فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلَـٰثَ وَرُبَـٰعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا۟ فَوَٰحِدَةً أَوْ مَا مَلَكَتْ أَيْمَـٰنُكُمْ ۚ ذَٰلِكَ أَدْنَىٰٓ أَلَّا تَعُولُوا۟ ﴾٣﴿
- അനാഥകളുടെകാര്യത്തില്‍ നിങ്ങള്‍ നീതിമുറ പാലിക്കുകയില്ലെന്നു നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍, അപ്പോള്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ക്കു നന്നാ (യിത്തോന്നി)യവരെ ഈരണ്ടും, മുമ്മൂന്നും, നന്നാലുമായി നിങ്ങള്‍ വിവാഹം കഴിച്ചുകൊള്ളുവിന്‍. എനി, നിങ്ങള്‍ നീതി പ്രവര്‍ത്തിക്കുകയില്ലെന്നു നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍, അപ്പോള്‍ ഒരുവളെ (മാത്രം വിവാഹം കഴിക്കുക); അല്ലെങ്കില്‍ നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടു ത്തിയവരെ (സ്വീകരിച്ചുകൊള്ളുക). അതു, നിങ്ങള്‍ (ക്രമം) തെറ്റിപ്പോ കാതിരിക്കുവാന്‍ കൂടുതല്‍ യോജിച്ചതത്രെ.
- وَإِنْ خِفْتُمْ നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍ أَلَّا تُقْسِطُوا നിങ്ങള്‍ നീതിമുറ പാലിക്കുകയില്ലെന്ന് فِي الْيَتَامَىٰ അനാഥകളില്‍, അനാഥകളുടെ കാര്യത്തില്‍ فَانكِحُوا എന്നാല്‍ നിങ്ങള്‍ വിവാഹം ചെയ്തുകൊള്ളുവിന്‍ مَا طَابَ നന്നായത് (നന്നായി തോന്നിയത്), തൃപ്തിയായത് لَكُم നിങ്ങള്‍ക്ക് مِّنَ النِّسَاءِ സ്ത്രീകളില്‍ നിന്ന് مَثْنَىٰ ഈരണ്ടു (വീതം) وَثُلَاثَ മുമ്മൂന്നും وَرُبَاعَ നന്നാലും فَإِنْ خِفْتُمْ എനി നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍ أَلَّا تَعْدِلُوا നിങ്ങള്‍ നീതി (മര്യാദ) ചെയ്കയില്ലെന്ന് فَوَاحِدَةً എന്നാല്‍ ഒന്ന്, ഒരുവള്‍ أَوْ مَا مَلَكَتْ അല്ലെങ്കില്‍ ഉടമപ്പെടുത്തിയത് أَيْمَانُكُمْ നിങ്ങളുടെ വലങ്കൈകള്‍ ذَٰلِكَ അതു أَدْنَىٰ കൂടുതല്‍ അടുത്തതാണ് (യോജിച്ചതാണ്) أَلَّا تَعُولُوا നിങ്ങള്‍ തെറ്റിപ്പോകാതിരിക്കുവാന്‍
ഈ വചനത്തിന്‍റെ താല്‍പര്യം ഗ്രഹിക്കുന്നതിന് ഇതവതരിച്ച സന്ദര്‍ഭവും പശ്ചാത്തലവും അറിയുന്നത് ആവശ്യമാകുന്നു. മൂന്നു അഭിപ്രായങ്ങളാണ് പ്രധാനമായും ഇതു സംബന്ധിച്ചുള്ളത്. ഒന്ന് ആഇശഃ (റ)യില്‍ നിന്നും, മറ്റൊന്ന് ഇബ്‌നുഅബ്ബാസ് (റ)ല്‍ നിന്നും, മൂന്നാമത്തേത് സഈദുബ്‌നു ജുബൈര്‍ (റ) മുതലായവരില്‍നിന്നും ഉദ്ധ രിക്കപ്പെട്ടവയാകുന്നു. ആദ്യത്തെ രണ്ടുപേരും പ്രമുഖരായ സ്വഹാബീ പണ്ഡിതന്മാരില്‍പെട്ടവരും, മൂന്നാമത്തെ ആള്‍ പ്രമുഖനായ ഒരു താബിഈ പണ്ഡിതനുമാകുന്നു. ആ നിലക്കും, ഇവരുടെ പ്രസ്താവനകള്‍ ക്വുര്‍ആന്‍റെ വാചകങ്ങളോടു വളരെ യോജിച്ചു കാണുന്നതുകൊണ്ടും മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ മൂന്നഭിപ്രായങ്ങളും അവരുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചു കാണാം. ആപേക്ഷികമായി നോക്കുമ്പോള്‍, ആഇശഃ (റ) പറഞ്ഞ അഭിപ്രായത്തിനാണ് കൂടുതല്‍ പ്രാബല്യം കാണുന്നത്. അതുകൊണ്ടുതന്നെയാണു ഭൂരിഭാഗം പണ്ഡിതന്മാരും അതംഗീകരിക്കുന്നതും.
ആഇശഃ(റ)യുടെ സഹോദരീപുത്രനായ ഉര്‍വ്വത്തുബ്‌നു സുബൈര്‍ (റ)ല്‍ നിന്നു ബുഖാരി, മുസ്‌ലിം (റ) മുതലായ പല ഹദീഥ് പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുള്ള ഹദീഥാണ് ഒന്നാമത്തേത്. അതിന്‍റെ സാരം: ‘ആഇശഃ (റ)യോട് ഈ ക്വുര്‍ആന്‍ വചനത്തെപ്പറ്റി അവരുടെ സഹോദരിയുടെ പുത്രനായ ഉര്‍വ്വത്ത് (റ) ചോദിച്ചു. അവര്‍ ഇങ്ങിനെ മറുപടി പറഞ്ഞു: ‘സഹോദരിപുത്രാ, ഒരു അനാഥപ്പെണ്ണ് അവളുടെ കൈകാര്യകര്‍ത്താവിന്‍റെ അധീനത്തിലുണ്ടായിരിക്കും. ധനത്തില്‍ അവള്‍ക്കും പങ്കുണ്ടായിരിക്കും. അവളുടെ ധനവും സൗന്ദര്യവും അവനെ ആകര്‍ഷിക്കും. അങ്ങനെ, അവളെ വിവാഹം കഴിക്കുവാന്‍ അവന്‍ ഉദ്ദേശിക്കും. മറ്റു സ്ത്രീകള്‍ക്ക് നല്‍കുന്നതു പോലെയുള്ള മഹ്ര്‍ (വിവാഹമൂല്യം) ഒന്നും കൊടുക്കാതെയായിരിക്കും അത്. ഇവരോടു നീതി പാലിക്കുകയും, ഇവര്‍ക്കു ഉയര്‍ന്ന നിലവാരത്തിലുള്ള മഹ്ര്‍ കൊടുക്കുകയും ചെയ്തുകൊണ്ടല്ലാതെ ഇവരെ വിവാഹം ചെയ്യരുതെന്ന് (ഈ വചനം മുഖേന) അല്ലാഹു വിരോധിച്ചിരി ക്കുകയാണ്.’ അവരോട് – കൈകാര്യ കര്‍ത്താക്കളോട് – അനാഥകളല്ലാത്ത മറ്റു സ്ത്രീകളില്‍ നിന്ന് തങ്ങള്‍ക്ക് പറ്റിയവരെ വിവാഹം ചെയ്തുകൊള്ളുവാന്‍ കല്‍പിക്കുകയും ചെയ്തിരിക്കുകയാണ്.” (തുടര്‍ന്നുകൊണ്ട് 127-ാം വചനത്തില്‍, സ്വത്തും സൗന്ദര്യവും കുറവായതുനിമിത്തം അനാഥകളെ വിവാഹം കഴിക്കുവാന്‍മടിക്കുന്നതിനെകുറിച്ചു പ്രസ്താവിക്കുന്നതായും ആഇശഃ(റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതിനെപ്പറ്റി അവിടെ വെച്ചു നമുക്കു സംസാരിക്കാം. (إِن شَاءَ اللَّهُ) ഈ അര്‍ത്ഥത്തിലുള്ള ബലവത്തായ രിവായത്തുകള്‍ വേറെയും വന്നിട്ടുണ്ട്. അധീനത്തിലും ബന്ധത്തിലും പെട്ട അനാഥകളുടെ സ്വത്തോ സൗന്ദര്യമോ ഉന്നം വെച്ചുകൊണ്ട് അവരെ വിവാഹം കഴിക്കുകയും, മഹ്ര്‍ മുതലായ അവരുടെ അവകാശങ്ങളില്‍ അവരോടു അനീതി കാണിക്കുകയും ചെയ്തിരുന്ന പതിവിനെ ഉദ്ദേശിച്ചാണ് وان خفتم ان لا تقسطوا فى اليتامى ”അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ നീതിമുറ പാലിക്കുകയില്ലെന്നു ഭയപ്പെട്ടാല്‍” എന്ന് പറഞ്ഞിരിക്കുന്നത് എന്നത്രെ ആഇശഃ (റ) ചൂണ്ടിക്കാട്ടുന്നത്. അവരുടെ പ്രസ്താവന പ്രകാരം ഈ വചനത്തിന്‍റെ സാരം ഇങ്ങിനെയായിരിക്കും: അങ്ങിനെ അനീതി പ്രവര്‍ത്തിച്ചേക്കുമെന്നു കണ്ടാല്‍, ആ അനാഥകളെ വിവാഹം ചെയ്തു കൂടാത്തതാണ്. അനാഥകളല്ലാത്ത സ്വതന്ത്രരായ സ്ത്രീകളില്‍ നിന്ന് നന്നായി തോന്നുന്ന രണ്ടോ മുന്നോ നാലോ വീതം – ഇഷ്ടംപോലെ – സ്ത്രീകളെ വിവാഹം ചെയ്തു കൊള്ളാം. സ്ത്രീകള്‍ വേറെയും ധാരാളമുണ്ടല്ലോ. എന്നാല്‍, അവിടെയും നീതി പാലിക്കുകയില്ലെന്ന് ആശങ്ക തോന്നുന്ന പക്ഷം, ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്തുകൊള്ളണം. അല്ലാത്തപക്ഷം, ഉടമസ്ഥതയിലുള്ള – അടിമകളായ – സ്ത്രീകളെ സ്വീകരിച്ചു കൊള്ളേണ്ടതാണ്. അതാണ് അക്രമവും, അനീതിയും വന്നു പോകാതിരിക്കുവാനുള്ള നല്ല മാര്‍ഗം. 127-ാം വചനത്തിലെ ചില പരാമര്‍ശങ്ങളും, സ്ത്രീകളുടെ മഹ്ര്‍ കൊടുക്കുന്ന വിഷയത്തില്‍ മടിയും പിശുക്കും കാണിച്ചുകൂടാ എന്ന് അടുത്ത വചനത്തില്‍ വരുന്ന നിര്‍ദ്ദേശവും ഈ വ്യാഖ്യാനത്തിനു പിന്‍ബലം നല്‍കുന്നതായി കാണാം.
ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്നു ഉദ്ധരിക്കപ്പെടുന്നതിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘(ഇസ്‌ലാമിന്നു മുമ്പ്) ജാഹിലിയ്യത്തില്‍, ഒരാള്‍ പത്തോ അതിലധികമോ സ്ത്രീകളെ വിവാഹം ചെയ്യുമായിരുന്നു. അതില്‍ അവര്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. അങ്ങനെ കയ്യിലുള്ള ധനം തീരുമ്പോള്‍, തങ്ങളുടെ അധീനത്തിലുള്ള അനാഥകളുടെ സ്വത്ത് ആ ഭാര്യമാരുടെ ചിലവിലേക്കു ഉപയോഗിക്കും. അതുകൊണ്ട് വിവാഹത്തിനു ഒരു പരിധി നിശ്ചയിക്കുകയാണ് ഈ വചനം ചെയ്യുന്നത്.’ ഇബ്‌നു ജരീര്‍ (റ) മുതലായവര്‍ അദ്ദേഹത്തില്‍ നിന്നു രേഖപ്പെടുത്തിയതിന്‍റെ സാരമാണിത്. ആഇശഃ (റ)യുടെ വ്യാഖ്യാന പ്രകാരം من النساء ‘സ്ത്രീകളില്‍നിന്ന്’ എന്നു പറഞ്ഞത് അനാഥകളല്ലാത്ത സ്ത്രീകളെ ഉദ്ദേശിച്ചാകുന്നു. ഇബ്‌നു അബ്ബാസ് (റ)ന്‍റെ ഈ വ്യാഖ്യാനപ്രകാരം അനാഥകളും അല്ലാത്തവരും അതില്‍ ഉള്‍പ്പെടുന്നു.
സഈദുബ്‌നു ജുബൈര്‍ (റ), ക്വത്താദഃ (റ) മുതലായവരില്‍ നിന്നുള്ള ഉദ്ധരണികളുടെ സാരം ഇതാകുന്നു: ‘അനാഥകളുടെ ധനത്തില്‍ അനീതി പ്രവര്‍ത്തിക്കുന്നത് ജാഹിലിയ്യാ കാലത്തും വെറുക്കപ്പെട്ട കാര്യമായിരുന്നു. പക്ഷേ, മറ്റു സ്ത്രീകളുടെ കാര്യത്തില്‍ അനീതി കാണിക്കുന്നതില്‍ അവര്‍ക്ക് ആ വെറുപ്പുണ്ടായിരുന്നില്ല. ഒരാള്‍ പത്തോ, അധികമോ സ്ത്രീകളെ വിവാഹം കഴിക്കും. അവരോടു നീതി പാലിക്കുകയുമില്ല. അതുകൊണ്ട് അനാഥകളോട് അനീതി കാണിക്കുവാന്‍ നിങ്ങള്‍ക്ക് ഭയമാണെങ്കില്‍, അതുപോലെ മറ്റുള്ള സ്ത്രീകളോടും നിങ്ങള്‍ അനീതി കാണിച്ചുകൂടാ എന്നും, അതുകൊണ്ട് നാലുപേരെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും, അപ്പോഴും നീതി പാലിക്കാനാവില്ലെന്നു കണ്ടാല്‍ ഒന്നുകൊണ്ടുമതിയാക്കണം – അല്ലെങ്കില്‍ അടിമ സ്ത്രീകളെക്കൊണ്ട് മതിയാക്കണം – എന്നും കല്‍പിച്ചിരിക്കുകയാണ്.’ ഇബ്‌നുജരീര്‍, ഇബ്‌നു അബീഹാതിം (റ) മുതലായവര്‍ ഉദ്ധരിച്ചതാണിത്. ഈ വ്യാഖ്യാനത്തിനാണ് ഇബ്‌നു ജരീര്‍(റ) മുന്‍ഗണന നല്‍കിക്കാണുന്നത്. എങ്കിലും ഒന്നാമതായി ഉദ്ധരിച്ച ആഇശഃ (റ) യുടെ വ്യാഖ്യാനമാണ് പല നിലക്കും യുക്തവും കൂടുതല്‍ സ്വീകാര്യവുമായി തോന്നുന്നതും, ഭൂരിഭാഗം പണ്ഡിതന്മാരും സ്വീകരിച്ചു കാണുന്നതും.
ഈ അടുത്ത കാലത്ത് ഒരു പണ്ഡിതന്‍ ഇങ്ങിനെയും ഒരു വ്യാഖ്യാനത്തിനു സാധ്യതയുള്ളതായി പറഞ്ഞു കാണുന്നു: ‘അനാഥകളോട് വേണ്ടത്ര നീതി കാണിക്കാന്‍ നിങ്ങള്‍ക്ക് ആവില്ലെങ്കില്‍, ആ അനാഥകള്‍ ഏതു സ്ത്രീകളോടൊപ്പമാണോ അവരെ വിവാഹം കഴിക്കുക.’ ഇതാണദ്ദേഹത്തിന്‍റെ വാക്ക്. ഇപ്പറഞ്ഞതിന്‍റെ ശരിയായ ഉദ്ദേശ്യമെന്തെന്ന് അദ്ദേഹം വിശദീകരിച്ചു കാണുന്നുമില്ല. ഏതായാലും ആയത്തിന്‍റെ വാചകഘടനയും ഈ പ്രസ്താവനയും തമ്മിലുള്ള പൊരുത്തം നമുക്കു മനസ്സിലാകുന്നില്ല.
വളരെ വിചിത്രമായതും, ഇക്കാലം വരെ ഒരു പണ്ഡിതനും അഭിപ്രായപ്പെട്ടു കാണാത്തതുമായ ഒരു വ്യാഖ്യാനം ആധുനിക തല്‍പരനായ ഒരു പണ്ഡിതന്‍ ഈയിടെ ഈ വചനത്തിനു നല്‍കുകയുണ്ടായിട്ടുണ്ട്: ‘അനാഥകളുടെ പരിപാലനത്തെക്കുറിച്ചു സംസാരിക്കുന്ന സന്ദര്‍ഭമാണിത്, വിവാഹ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്ന സന്ദര്‍ഭമല്ല, അതു നോക്കാത്തതുകൊണ്ടും അനാഥപരിപാലനത്തിനു ഇസ്‌ലാം കല്‍പിക്കുന്ന പ്രാധാന്യം ഓര്‍ക്കാത്തതുകൊണ്ടുമാണ് പലര്‍ക്കും ഇവിടെ അമളി കുടുങ്ങിയത്, തന്‍റെ വ്യാഖ്യാനമാണ് നേര്‍ക്കുനേരെയുള്ള വ്യാഖ്യാനം, ബാക്കിയെല്ലാം വളച്ചു തിരിച്ചു കൊണ്ടുള്ളതാണ് എന്നൊക്കെ തന്‍റെ പാണ്ഡിത്യം സമര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം അവതരിപ്പിച്ച ആ വ്യാഖ്യാനത്തിന്‍റെ ചുരുക്കം ഇങ്ങിനെയാകുന്നു: ‘അനാഥകളുടെ പരിപാലനത്തില്‍ നീതി പാലിക്കുകയില്ലെന്നു ഭയമുണ്ടെങ്കില്‍ നിങ്ങള്‍ക്കു നന്നായി തോന്നിയ – അനാഥ പരിപാലനത്തിനു പ്രാപ്തരായ-സ്ത്രീകളെ ആവശ്യംപോലെ രണ്ടോ മൂന്നോ നാലോ വിവാഹം കഴിച്ചു നിങ്ങളൊന്നിച്ചു താമസിപ്പിച്ചു കൊള്ളണം. ഇവിടെയും നീതി പാലിക്കുകയില്ലെന്നു കണ്ടാല്‍ ഒരു സ്ത്രീയെ മാത്രം വിവാഹം കഴിക്കണം. അതിനു കഴിവില്ലെങ്കില്‍ ഈ ആവശ്യാര്‍ത്ഥം ഒരു അടിമസ്ത്രീയെയെങ്കിലും വിവാഹം കഴിക്കണം.’ വളരെയധികം വലിച്ചു നീട്ടിക്കൊണ്ടു അദ്ദേഹം ചെയ്ത പ്രസ്താവനയുടെ ആകെത്തുകയാണിത്. അഥവാ, അനാഥ പരിപാലനം നിര്‍വ്വഹിക്കുന്നതിന് ഉപയുക്തമായ ഒരു മാര്‍ഗമെന്ന നിലക്കാണ് നാലുവരെ ഭാര്യമാരെ വിവാഹം കഴിക്കാമെന്നും, അല്ലെങ്കില്‍ അടിമ സ്ത്രീയെ വിവാഹം കഴിക്കാമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ ഉദ്ദേശ്യത്തിലല്ലാതെ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുവാന്‍ പാടില്ല എന്നു സാരം. ഈ പുത്തന്‍ വ്യാഖ്യാനത്തെപ്പറ്റി വിധി കല്‍പിക്കുന്നതിനു മുമ്പായി ചില വസ്തുതകള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു:-
(1) അനാഥ പരിപാലനത്തെപ്പറ്റി സംസാരിക്കുന്ന സന്ദര്‍ഭമാണിതെന്നുള്ള വാദം അപ്പടി വകവെക്കുവാന്‍ നിവൃത്തി കാണുന്നില്ല. സൂറത്തിലെ ആദ്യവചനത്തില്‍ അനാ ഥകളെപ്പറ്റി പ്രത്യേകം ഒന്നുംതന്നെ പ്രസ്താവിച്ചിട്ടില്ല. രണ്ടാമത്തെ വചനത്തില്‍ അവരുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ അതിന്‍റെ കൈകാര്യകര്‍ത്താക്കള്‍ അംഗീകരിക്കേണ്ടുന്ന ചില നിര്‍ദ്ദേശങ്ങളാണുള്ളത്. സ്വത്ത് കൈകാര്യം ചെയ്യലും പരി പാലനവും ഒന്നല്ലതാനും. മൂന്നാമത്തെതാണ് ഈ വചനം. തുടര്‍ന്നുള്ള രണ്ടു വചനങ്ങളിലും അനാഥകളെ മാത്രം ബാധിക്കുന്ന വിഷയങ്ങളല്ല ഉള്ളതും. എന്നിരിക്കെ, അനാഥപരിപാലനത്തെക്കുറിച്ചു വിവരിക്കുന്നതാണ് ഇവിടത്തെ സന്ദര്‍ഭം എന്നു പറയുന്നതില്‍ വലിയ കഴമ്പില്ല. എന്നിരുന്നാലും, ക്വുര്‍ആന്‍ വചനങ്ങളുടെ സന്ദര്‍ഭവും, ആശയവും മനസ്സിലാക്കുവാന്‍ ഇവരെക്കാള്‍ സൗകര്യവും, അറിവും, പ്രാപ്തിയും ഉണ്ടായിരുന്ന പ്രമുഖ സ്വഹാബീവര്യന്മാരില്‍നിന്നും, താബിഈ പ്രമുഖന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടതും, ക്വുര്‍ആന്‍ വ്യാഖ്യാന പടുക്കളായ പണ്ഡിതന്മാര്‍ അംഗീകരിച്ചു വരുന്നതുമായ മേല്‍കണ്ട വ്യാഖ്യാനങ്ങള്‍ പരിശോധിച്ചാല്‍ – ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ – അവയെല്ലാം തന്നെ അനാഥകളുടെ കാര്യവുമായി ബന്ധപ്പെട്ടവ തന്നെയാണു താനും.
(2) അനാഥപരിപാലനത്തെക്കുറിച്ചു സംസാരിക്കുന്ന സന്ദര്‍ഭമാണെന്നു മനസ്സിലാക്കാതെ, വിവാഹകാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്ന സന്ദര്‍ഭമാണിതെന്ന് ധരിച്ചതുകൊണ്ടാണ് മുമ്പുള്ളവര്‍ക്കൊക്കെ അമളി പിണഞ്ഞതെന്ന ഇദ്ദേഹത്തിന്‍റെ വാദം കുറച്ച് അമിതമായിപ്പോയി. മുമ്പുള്ള മഹാന്മാരാരും അങ്ങിനെ ധരിച്ചിട്ടില്ലെന്നും, വിവാഹകാര്യവും അനാഥകളുടെ കാര്യവും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചില വ്യാഖ്യാനങ്ങള്‍ മാത്രമാണ് അവര്‍ പറഞ്ഞിട്ടുള്ളതെന്നും അവരുടെ പ്രസ്താവനകളില്‍നിന്നു വ്യക്തമാണ്. വാസ്തവം പറഞ്ഞാല്‍, പുരോഗമനേച്ഛയുടെ പേരിലും, ആധുനിക താല്‍പര്യങ്ങള്‍ക്കൊത്ത വിധത്തിലും ഇസ്‌ലാമിലെ ചില സിദ്ധാന്തങ്ങളെയും നിയമങ്ങളെയും വ്യാഖ്യാനിക്കുവാനുള്ള വെമ്പലില്‍നിന്ന് ഉടലെടുത്തതാണ് ഈ പുതിയ വ്യാഖ്യാനം. അതിനൊരു അടിത്തറയായിക്കൊണ്ടാണ് മുമ്പുള്ളവര്‍ക്കൊന്നും ഈ വചനത്തിന്‍റെ സന്ദര്‍ഭം മനസ്സിലായിട്ടില്ലെന്നും, ഇപ്പോള്‍ തനിക്കാണത് മനസ്സിലാക്കുവാന്‍ കഴിഞ്ഞതെന്നുമുള്ള വാദം. ഏകഭാര്യത്വമാണ് ഇസ്‌ലാമിന്‍റെ അംഗീകൃത നയം. ഒഴിച്ചുകൂടാത്ത അടിയന്തര ഘട്ടങ്ങളില്‍ നാലുവരെ ഭാര്യമാരെ വിവാഹം ചെയ്യാമെന്ന ഒരു ഇളവു അനുവദിക്കപ്പെട്ടിട്ടുണ്ടെന്നു മാത്രം. അതാണെങ്കില്‍ ഭാര്യമാര്‍ക്കിടയില്‍ നീതി പാലിക്കുകയെന്ന – ഇവരുടെ അടുക്കല്‍ മിക്കവാറും മനുഷ്യ സാധ്യമല്ലാത്ത – ഒരു ഉപാധിയോടു കൂടിയാണ്താനും എന്നൊക്കെയാണ് ഇന്നത്തെ ചില ആധുനിക ചിന്താഗതിക്കാര്‍ സമര്‍ത്ഥിക്കാറുള്ളത്. (ഇതിനെപ്പറ്റി വഴിയെ നമുക്ക് നിരൂപണം ചെയ്യാം.) ഇതില്‍ ഒരു പടി കൂടി മുന്നോട്ട് കടന്ന് ഇദ്ദേഹം തന്‍റെ സ്വന്തം വകയായി ഇവിടെ ഒരു ഉപാധികൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. അതായത് ഒന്നിലധികം പേരെ വിവാഹം കഴിക്കണമെങ്കില്‍ അത് അനാഥകളെ പരിപാലിക്കുവാനായിരിക്കുകയും വിവാഹം കഴിക്കപ്പെടുന്ന സ്ത്രീകള്‍ അതിനു പ്രാപ്തരായിരിക്കുകയും വേണമെന്നത്രെ അത്. ഇതെല്ലാം കാണുമ്പോള്‍, അനാഥകളെ പരിപാലിക്കുന്നതിന്‍റെ പ്രാധാന്യം ഇദ്ദേഹത്തിന്മുമ്പ് ആരും മനസ്സിലാക്കിയിരുന്നില്ലെന്നു തോന്നിപ്പോകും! അത്ഭുതം!!
(3) അനാഥ പരിപാലനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു മാത്രമല്ല, ക്വുര്‍ആനിന്‍റെ ഭാഷാസാഹിത്യം, അവതരണ സന്ദര്‍ഭങ്ങള്‍, അതിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍നിന്നോ അവിടുത്തെ ചര്യയില്‍നിന്നോ ലഭിക്കുന്ന വ്യാഖ്യാനങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം ഇവരെക്കാള്‍ അറിയാ വുന്നവരും, സൂക്ഷ്മതയിലും സത്യസന്ധതയിലും ഇവരെ വെല്ലുന്നവരുമായ ആ മുന്‍ഗാമികളായ മഹാന്‍മാര്‍ ഈ വചനത്തിനു നല്‍കുന്ന വ്യാഖ്യാനങ്ങള്‍ വളഞ്ഞുതിരിഞ്ഞതാണെന്നും, തന്‍റെ വ്യാഖ്യാനമാണ് നേര്‍ക്കു നേരെയുള്ളതെന്നുമുള്ള ഇദ്ദേഹ ത്തിന്‍റെ വീരവാദത്തെപ്പറ്റി സല്‍ബുദ്ധിയുള്ളവര്‍ അവര്‍ക്കിഷ്ടമുള്ള വിധി കല്‍പിച്ചുകൊള്ളട്ടെ. ഇവരുടെ ഭാഷയില്‍ ‘നേര്‍ക്കുനേരെയുള്ള’ ഇത്തരം കണ്ടുപിടുത്തങ്ങള്‍ ഇതുപോലെയും ഇതിലപ്പുറവും പലതും കണ്ടു പരിചയിച്ചവര്‍ക്കു ഇതിലൊന്നും പുതുമ തോന്നുകയില്ല. ക്വുര്‍ആന്‍റെ ആശയങ്ങള്‍ യഥാവിധി വിവരിക്കുന്നതിനെക്കാള്‍, സ്വന്തം ആശയങ്ങള്‍ ക്വുര്‍ആന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നതില്‍ താല്‍പര്യം പുലര്‍ത്തുന്നവര്‍ക്ക് ഇങ്ങിനെയൊക്കെ പറയേണ്ടി വന്നേക്കുക സ്വാഭാവികമാണ്.
ഈ വചനത്തിന്‍റെ ആദ്യഭാഗത്തെക്കുറിച്ചാണ് ഇതുവരെ നാം സംസാരിച്ചത്. അവസാന ഭാഗത്തില്‍ നിങ്ങള്‍ നീതി പാലിക്കുകയില്ലെന്നു ഭയപ്പെട്ടാല്‍ ഒരു സ്ത്രീയെമാത്രം വിവാഹം ചെയ്യുകയോ, അല്ലെങ്കില്‍ അടിമസ്ത്രീയെ സ്വീകരിക്കുകയോ വേണം (فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ) എന്നത്രെ അല്ലാഹു പറയുന്നത്. ഭര്‍ത്താവില്‍നിന്നു ഭാര്യക്കു ലഭിക്കുവാനവകാശപ്പെട്ട ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം മുതലായ ആവശ്യങ്ങളും, ഭാര്യാഭര്‍ത്തൃ ബന്ധങ്ങളും നിറവേറ്റുന്നതിലുള്ള നീതിപാലനമാണുദ്ദേശ്യം. കഴിവുകേടുകൊണ്ടോ മറ്റോ അതു പാലിക്കുവാനാവുകയില്ലെന്ന് കണ്ടാല്‍ ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യുന്നതു നിഷിദ്ധവും ശിക്ഷാര്‍ഹവുമാണെന്നു സാരം. വിവാഹത്തിനുശേഷം ഈ വിഷയങ്ങളില്‍ നീതിപാലിക്കപ്പെടു ന്നില്ലെന്നു കണ്ടാല്‍ ഭാര്യമാര്‍ക്ക് ഭരണകര്‍ത്താക്കളെ സമീപിച്ചു പരിഹാരം തേടാവുന്നതുമാകുന്നു. ഒന്നിലധികം വിവാഹം സാധുവാകുന്നതിനു അല്ലാഹു നിശ്ചയിച്ച ഈ ഉപാധി ഗൗനിക്കാതെ ഒന്നിലധികം ഭാര്യമാരെ സ്വീകരിച്ചവരും, വിവാഹത്തിനു ശേഷം ആ കടമ നിര്‍വ്വഹിക്കാതിരിക്കുന്നവരും അതിന്‍റെ തിക്തഫലങ്ങള്‍ ഈ ജീവിതത്തില്‍തന്നെ അനുഭവിച്ചു കൊണ്ടിരിക്കുന്നതും നാം കാണാറുള്ളതാണല്ലോ. പരലോകശിക്ഷ അതിനു പുറമെ വേറെയും! എന്നാല്‍, ഭാര്യമാര്‍ക്കിടയില്‍ നീതി പാലിക്കണമെന്നു പറഞ്ഞതിനു മാനസികമായ ഇണക്കത്തിലും വ്യക്തിപരമായ പ്രേമത്തിലും എല്ലാ ഭാര്യമാരോടും ഒരേ പ്രകാരത്തിലായേ തീരൂ എന്നു നിര്‍ബ്ബന്ധമില്ല. അതു മനുഷ്യ സാധ്യവുമല്ലല്ലോ. അതിലും കഴിയുന്നത്ര സമത്വം പാലിക്കുവാന്‍ ശ്രമിക്കണമെന്നുമാത്രം. അതിലുണ്ടാകുന്ന വ്യത്യാസം മറ്റുള്ള അവകാശങ്ങളില്‍ ഏറ്റക്കുറവു വരുത്തുവാന്‍ കാരണമാ വുകയും അരുത്. ഇതിനെപറ്റി 129-ാം വചനത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നുണ്ട്. ഹദീഥില്‍ നിന്ന് ഇത് വ്യക്തമാണ്. കൂടുതല്‍ വിവരണം യഥാസ്ഥാനത്തുവെച്ചു കാണാം. إِن شَاءَ اللَّهُ
അല്ലാഹു നിശ്ചയിച്ച ഈ ഉപാധി -ഭാര്യമാര്‍ക്കിടയിലുള്ള നീതിപാലനം- സാധിച്ചാല്‍തന്നെയും ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കല്‍ നിന്ദ്യവും, അപരിഷ്‌കൃതവുമായ ഒരു ദുഷിച്ച സമ്പ്രദായമാണെന്ന് ഇക്കാലത്ത് ചിലരൊക്കെ ധരിച്ചുവശായിരിക്കുന്നു. ക്രിസ്തീയാചാരങ്ങളില്‍ നിന്ന് ഉല്‍ഭവിച്ചതും, ഇന്തോ പാശ്ചാത്യന്‍ സംസ്‌കാരങ്ങളിലൂടെ പ്രചാരം സിദ്ധിച്ചതും, അങ്ങിനെ ‘ആധുനിക പരിഷ്‌കൃതാശയങ്ങളു’ടെ പട്ടികയില്‍ സ്ഥിരപ്രതിഷ്ഠ ലഭിച്ചതുമായ ഒരു ആശയമത്രെ അത്. അതിനെതിരില്‍ ആരെങ്കിലും വല്ലതും പറയുന്നത്‌പോലും പഴഞ്ചനും പിന്തിരിപ്പനുമായിത്തീര്‍ന്നിരിക്കുകയാണ് ഇന്ന്. പാശ്ചാ ത്യന്‍സംസ്‌കാര പരിഷ്‌ക്കാരങ്ങളെപ്പറ്റി വാതോരാതെ ആക്ഷേപം പറഞ്ഞുവരുന്ന വര്‍പോലും പ്രവര്‍ത്തന രംഗത്തു അവയെ പൊതുവെ അന്ധമായി അനുകരിക്കുന്നവരാണ്. ഇന്നത്തെ പുരോഗമനാശയക്കാരില്‍ പലരും പ്രസ്തുത ആശയത്തിന് ഇസ്‌ലാമിക ഛായ നല്‍കുവാനും ശ്രമം നടത്താറുണ്ട്. ക്വുര്‍ആനെയും, സുന്നത്തിനെയും കുറിച്ചുവേത്ര ഗ്രഹിക്കായ്കയും, ഇസ്‌ലാമിക വിജ്ഞാനങ്ങളുമായി പരിചയമില്ലായ്മയും നിമിത്തം സാധാരണക്കാരായ പലരും അവരുടെ വാചാല ശൈലികളില്‍ മയങ്ങിപ്പോകുകയും ചെയ്യുന്നു.
ഈ വിഷയകമായി ഇവര്‍ ചെയ്യാറുള്ള പ്രസ്താവനകളുടെ ചുരുക്കം ഇതാണ്: ‘ഇസ്‌ലാമിന്‍റെ നയം ഏക ഭാര്യത്വമാണ്. ബഹുഭാര്യത്വം (*) അതു പാടെ വെറുക്കുന്നു. പക്ഷേ, ഗത്യന്തരമില്ലാത്ത പരിതഃസ്ഥിതി നേരിടുമ്പോള്‍, പരമാവധി നാലുവരെ വിവാഹം കഴിക്കാമെന്ന് ഒരു ഇളവു ക്വുര്‍ആന്‍ നല്‍കിയിട്ടുണ്ട്. അതാകട്ടെ, മിക്കവാറും പ്രാപിക്കുവാന്‍ കഴിയാത്ത ഒരു ഉപാധി-ഭാര്യമാര്‍ക്കിടയില്‍ നീതി പാലിക്കുകയെന്ന നിബന്ധന-യോടു കൂടിയാണുതാനും. അതേ സമയത്തു സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ലെന്നു ക്വുര്‍ആന്‍ തന്നെ (4:129) പ്രസ്താവിക്കുകയും ചെയ്യുന്നു. അപ്പോള്‍, ഫലത്തില്‍ ഏകഭാര്യത്വമാണ് ക്വുര്‍ആന്‍റെ നയം.’ ഇങ്ങിനെയാണ് ഇവരുടെ വാദത്തിന്‍റെ പോക്ക്. ഇവരില്‍തന്നെ ചിലര്‍ ഇങ്ങിനെയും പറഞ്ഞു കാണും; ‘ഏകഭാര്യത്വമാണ് ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ സിദ്ധാന്തം. എന്നാല്‍, അറബികള്‍ക്കിടയില്‍ അനിയന്ത്രിതമായ ബഹുഭാര്യത്വം പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ട് ക്വുര്‍ആന്‍ അതു പെട്ടെന്നു നിഷിദ്ധമാക്കി പ്രസ്താവിച്ചില്ല. തല്‍ക്കാലം ഈ വചനം മുഖേന ചില ഉപാധികളോടുകൂടി അതു നാലില്‍ പരിമിതമാക്കുകയാണ് ചെയ്തത്. അന്നത്തെ പ്രത്യേക ചുറ്റുപാടുകളിലുള്ള അനുമതി മാത്രം, പില്‍ക്കാലത്തേക്കു ആ വിധി ബാധകമല്ല.’ ഈ രണ്ടു വാദങ്ങളും ക്വുര്‍ആന്‍റെയും ഇസ്‌ലാമിന്‍റെയും നേര്‍ക്കുള്ള കയ്യേറ്റമല്ലാതെ മറ്റൊന്നുമല്ല . ഇവയെപ്പറ്റി പ്രമാണങ്ങ ളുടെയും, ചരിത്രത്തിന്‍റെയും, യുക്തിയുടെയും വെളിച്ചത്തിലൂടെ വിശദമായ ഒരു നിരൂപണത്തിനു മുതിരുന്ന പക്ഷം, അതു വളരെ ദീര്‍ഘിച്ചു പോകുന്നതുകൊണ്ടും, പല പണ്ഡിതന്മാരും ഇതിലുള്ള സത്യാവസ്ഥ വിവരിച്ചു കൊണ്ടു പ്രസ്താവനകളും ലിഖിതങ്ങളും പുറപ്പെടുവിച്ചിട്ടുള്ളതുകൊണ്ടും ഇവിടെ അധികമൊന്നും സംസാരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. സാമാന്യം ചില സൂചനകള്‍ മാത്രം നല്‍കാം:-
(*) ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുക എന്നാണു ‘ബഹുഭാര്യത്വം’ കൊണ്ടു വിവക്ഷ. ആ വാക്ക് സൂചിപ്പിക്കുന്നതുപോലെ വളരെയധികം ഭാര്യമാരെ സ്വീകരിക്കല്‍ എന്നു അതിനു അര്‍ത്ഥമില്ല.
(1) ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിക്കല്‍ സ്വതവേ ഒരു ചീത്ത വൃത്തിയാണെന്നു സ്ഥാപിക്കുവാന്‍ മതപ്രമാണങ്ങളില്‍നിന്നോ, പ്രവാചകന്മാരുടെ ചര്യകളില്‍നിന്നോ തെളിവു ലഭിക്കുന്നില്ല. മാത്രമല്ല, ഏകഭാര്യത്വത്തെ പ്രശംസിക്കുകയോ, ബഹുഭാര്യത്വത്തെ ആക്ഷേപിക്കുകയോ ചെയ്യുന്ന ഒരു സൂചനപോലും ക്വുര്‍ആനിലും ഹദീഥിലും കാണുകയില്ല. വല്ലതും ഉണ്ടെങ്കില്‍, ഇക്കൂട്ടര്‍ അതു തേടിപ്പിടിച്ചു കൊണ്ടുവരുമല്ലോ. സഈദുബ്‌നു ജുബൈര്‍ (റ) നോടു ‘താങ്കള്‍ വിവാഹം കഴിച്ചുവോ?’ എന്നു ഇബ്‌നു അബ്ബാസ് (റ) ചോദിക്കയുണ്ടായെന്നും, അദ്ദേഹം ‘ഇല്ല’ എന്നു മറുപടി പറഞ്ഞപ്പോള്‍, ഇബ്‌നു അബ്ബാസ് (റ) ഇപ്രകാരം പറഞ്ഞുവെന്നും, ബുഖാരി (رحمه الله) രേഖപ്പെടുത്തുന്നു: ‘എന്നാല്‍, താങ്കള്‍ വിവാഹം കഴിക്കണം; കാരണം, ഈ സമുദായത്തിലെ ഏറ്റവും ഉത്തമനായ ആള്‍ കൂടുതല്‍ ഭാര്യമാരുള്ള ആളായിരുന്നു.’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ചാണ് ഇബ്‌നു അബ്ബാസ് (റ) ഇപ്പറഞ്ഞത്. ഒന്നിലധികം ഭാര്യമാര്‍ ഉണ്ടായിരിക്കുക എന്നത് കേവലം അനഭിലഷണീയമോ, താണ സ്വഭാവത്തില്‍പ്പെട്ടതോ ആയിരുന്നുവെങ്കില്‍ ഇബ്‌നു അബ്ബാസ് (റ) ഒരിക്കലും അങ്ങനെ പറയുമായിരുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു പ്രത്യേകമായി അല്ലാഹു നല്‍കിയ ഒരു അനുവാദമാണെന്നു സൂറത്തുല്‍ അഹ്‌സാബില്‍ അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഓരോ വിവാഹവും ഓരോ പ്രത്യേക കാരണങ്ങളെ മുന്‍നിറുത്തിയായിരുന്നുവെങ്കിലും, ഒന്നിലധികം ഭാര്യമാരുണ്ടാകുന്നതു യഥാര്‍ത്ഥത്തില്‍ ഒരു ചീത്ത സമ്പ്രദായമായിരുന്നുവെങ്കില്‍, അല്ലാഹു അവന്‍റെ പ്രവാചകന്‍റെ ഒരു പ്രത്യേകതയായി ആ ചീത്ത സമ്പ്രദായം എങ്ങിനെ അനുവദിച്ചു കൊടുക്കും?!
(2) ശാരീരികവും ഗാര്‍ഹികവുമായ സ്ഥിതിഗതികള്‍, സാമൂഹ്യവും നാഗരീകവുമായ ചുറ്റുപാടുകള്‍, ജനസംഖ്യയില്‍ സ്ത്രീകള്‍ കവിഞ്ഞു നില്‍ക്കുന്ന പരിതഃസ്ഥിതികള്‍ എന്നിങ്ങിനെ പലതും പരിഗണിക്കേണ്ടതുണ്ട്. അങ്ങിനെ നോക്കുമ്പോള്‍ ചിലരെങ്കിലും ഏക ഭാര്യാവ്രതം വെടിഞ്ഞു ബഹുഭാര്യത്വം സ്വീകരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ധാര്‍മികവും, കുടുംബപരവും, സദാചാരപരവുമായ വീക്ഷണത്തോടും, പ്രായോഗിക ബുദ്ധിയോടും കൂടി ചിന്തിക്കുമ്പോള്‍ അതിന്‍റെ ആവശ്യകത കൂടുതല്‍ അധികരി ക്കുകയും ചെയ്യുന്നു.
(3) ബഹുഭാര്യത്വത്തെ ഏറ്റവും അപലപിക്കാറുള്ള നാടുകളിലാണ് ധാര്‍മികവും സദാചാരപരവുമായ അരാജകത്വം കൂടുതല്‍ നടമാടുന്നതെന്നുള്ളത് അനിഷേധ്യമായ ഒരു പരമാര്‍ത്ഥമത്രെ. രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കുവാന്‍ നിവൃത്തിയില്ലാത്ത കാര ണത്താല്‍ പരസ്ത്രീകളുമായി വേഴ്ച നടത്തുവാന്‍ നിര്‍ബന്ധിതമാകുകയും, ക്രമേണ മനുഷ്യത്വം നശിച്ച് ജീവിതം മൃഗതുല്യമായിത്തീരുകയും ചെയ്യുന്ന കാഴ്ച അവിടങ്ങളില്‍ ഇന്നു സുലഭമാണ്. പക്ഷേ, ബലാല്‍ക്കാരം നടത്തപ്പെടുന്ന വ്യഭിചാരം മാത്രം കുറ്റകരമായി കണക്കാക്കപ്പെടുകയും, ഉഭയ സമ്മതത്തോടെ നടക്കുന്ന സ്ത്രീപുരുഷ ബന്ധങ്ങള്‍ക്ക് അംഗീകാരം നല്‍കപ്പെടുകയും, പ്രേമം – സ്‌നേഹം – കല മുതലായ മധുരപ്പേരുകളില്‍ നടമാടുന്ന തോന്നിയവാസങ്ങള്‍ പരിഷ്‌കാര ചിഹ്നങ്ങളായി എണ്ണപ്പെടുകയും ചെയ്യുന്ന ഇക്കാലത്തെ പരിതഃസ്ഥിതിയില്‍ ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ സമ്മതിക്കുവാന്‍ വളരെയൊന്നും ആളെകിട്ടിയെന്നു വരികയില്ല. പക്ഷേ, ഒരു നീചവൃത്തിക്കു ജന മദ്ധ്യെ ലഭിക്കുന്ന പ്രചാരംകൊണ്ട് അതു നീചവൃത്തിയല്ലാതാകുന്നതല്ല എന്നു ബുദ്ധിയും മനഃസാക്ഷിയുമുള്ളവര്‍ക്കറിയാം.
(4) ബഹുഭാര്യത്വത്തിനെതിരായതോ, അതിനെ നിയന്ത്രിക്കുന്നതോ ആയ നിയമ ങ്ങളോ ചട്ടങ്ങളോ ഇല്ലാതിരിക്കുകയും, അത് പരക്കെ പ്രചാരത്തിലുണ്ടായിരിക്കുകയും ചെയ്തിരുന്ന ഒരു ചുറ്റുപാടില്‍, അതുമൂലം സമുദായമദ്ധ്യെ സംഭവിച്ചുകൊണ്ടിരുന്ന ദുഷ്ഫലങ്ങള്‍ നിമിത്തം അതിനെ നാലില്‍ പരിമിതമാക്കി നിയന്ത്രിക്കുക മാത്രമാണ് ക്വുര്‍ആന്‍ ചെയ്യുന്നത്. ഏക ഭാര്യത്വം മാത്രം നടപ്പിലുണ്ടായിരുന്ന ചുറ്റുപാടില്‍ ബഹു ഭാര്യത്വത്തിന്‍റെ ഒരു പുതിയ നിയമം കൊണ്ടുവരുകയോ, നിലവിലുണ്ടായിരുന്ന ഒരു വഴക്കത്തെ ഉന്‍മൂലനം ചെയ്യുകയോ അല്ല ക്വുര്‍ആന്‍ ചെയ്തത്. ആ ദുഷ്ഫലങ്ങളില്‍ പ്രധാനമായത് ഭാര്യമാര്‍ക്കിടയില്‍ നീതിപാലിക്കാതിരിക്കല്‍ തന്നെ. അതുണ്ടായേക്കുമെന്ന് ആശങ്ക തോന്നുന്ന പക്ഷം ഒരു ഭാര്യ മാത്രമേ പാടുള്ളൂവെന്നു നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു.
(5) നീതിപാലിക്കുകയില്ലെന്നു ഭയപ്പെടാതിരിക്കണമെന്നു അല്ലാഹു വെച്ച ഉപാധി-ഇക്കൂട്ടര്‍ പറയുന്നപോലെ- ബാഹ്യത്തില്‍ ബഹുഭാര്യത്വം അനുവദിക്കുന്നതോടുകൂടി ഫലത്തില്‍ അതു ഇല്ലാതാക്കുവാന്‍ അല്ലാഹു ചെയ്ത ഒരു സൂത്രമൊന്നുമല്ല. മനുഷ്യനു പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കാത്ത ഒരു സങ്കല്‍പ ഉപാധിയും അല്ല അത്. എല്ലാവിധേനയും പരിപൂര്‍ണമായി നീതി പാലിക്കുക മനുഷ്യ സാധ്യമല്ലെങ്കിലും കഴിയുന്ന വിഷയങ്ങളില്‍ നീതി പാലിക്കണമെന്നേ അല്ലാഹു നിശ്ചയിച്ചിട്ടുള്ളൂ. (ഇതിനെപ്പറ്റി കൂടുതല്‍ വിവരം 129-ാം വചനത്തില്‍ വെച്ചുകാണാം.) ഒരു വാസ്തവം ഇവിടെ വിസ്മരിച്ചു കൂടാ. അല്ലാഹു നിശ്ചയിച്ച ഈ ഉപാധി വകവെക്കാതെ മുസ്‌ലിംകളില്‍ പലരും ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്തുവരുന്നുണ്ട്. വിവാഹത്തിനു ശേഷം ആ ഉപാധി ലംഘിക്കുന്നവരും ധാരാളമുണ്ട്. ഇതു ക്വുര്‍ആന്‍റെയോ ഇസ്‌ലാമിന്‍റെയോ കുറ്റമല്ല. ഇസ്‌ലാമിന്‍റെ നിയമാതിര്‍ത്തികള്‍ പലതും മുസ്‌ലിംകളില്‍ പലരും ഇന്നു ലംഘിച്ചുകൊണ്ടിരിക്കുന്ന കൂട്ടത്തില്‍ ഒന്നത്രെ അത്. അതിന് അവര്‍ അല്ലാഹുവിന്‍റെ മുമ്പില്‍ നിശ്ചയമായും ഉത്തരം പറയേി വരികയും ചെയ്യും.
(6) ക്വുര്‍ആന്‍ അവതരിച്ചകാലത്തെ പരിതഃസ്ഥിതിയില്‍ നിയമം അതായിരുന്നു. ആ പരിതഃസ്ഥിതി ഇന്നില്ലാത്തതുകൊണ്ട് ഇന്നു ബഹുഭാര്യത്വം ആശാസ്യമല്ല എന്നും മറ്റുമുള്ള ജല്‍പനങ്ങളെക്കുറിച്ച് തല്‍ക്കാലം ഇത്രമാത്രമേ പറയുവാനുള്ളൂ: കാലഗതിക്കും, ജനഹിതത്തിനും അനുസരിച്ചു മതമൂല്യങ്ങളും മതനിയമങ്ങളും മാറ്റിക്കൊണ്ടിരിക്കണമെന്ന ഒരു ആഗ്രഹം മാത്രമാണത്. പലിശ, പര്‍ദ്ദ, അനന്തരാവകാശം പോലെയുള്ള വേറെ പല വിഷയങ്ങളിലും ഇവര്‍ ഇതുപോലെ ചിലതൊക്കെ പറയാറുള്ളതാണ്. ഇതുസംബന്ധിച്ച് ഇവിടെ കൂടുതലൊന്നും സംസാരിക്കേണ്ടുന്ന ആവശ്യം തോന്നുന്നില്ല.
(7) ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വം-അതിന്‍റെ നിയമങ്ങളും നിബന്ധനകളും മര്യാദകളും യഥാവിധി പാലിച്ചുകൊണ്ടു-അംഗീകരിക്കപ്പെടുകയും, അതിനു നിയമപരമായോ, നയപരമായോ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന പക്ഷം, ഇന്നു ലോകത്തു നടമാടിക്കൊണ്ടിരിക്കുന്ന ധാര്‍മികവും ലൈംഗികവുമായ അരാജകത്വത്തിന്‍റെ തേര്‍വാഴ്ച തന്നെ അപ്രത്യക്ഷമാകുമായിരുന്നു.
സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കുകയില്ലെന്നു ഭയപ്പെട്ടാല്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുക എന്നു പറഞ്ഞതും, അതില്ലാത്തപ്പോള്‍ ഈ രണ്ടോ മുമ്മൂന്നോ നന്നാലോ ആവാമെന്നു പറഞ്ഞതും സ്വതന്ത്രകളായ സ്ത്രീകളെ സംബന്ധിച്ചാകുന്നു. അതുകൊണ്ടാണ് അതിനുശേഷം, ‘അല്ലെങ്കില്‍ നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടു ത്തിയത്’ എന്നു പറഞ്ഞിരിക്കുന്നത്. അടിമസ്ത്രീകളാണ് ഇതുകൊണ്ടുദ്ദേശ്യം. അടിമസ്ത്രീകളുടെ എണ്ണത്തെക്കുറിച്ചു ഒന്നും പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്കും, ما ملكت ”ഉടമപ്പെടുത്തിയത്” എന്ന വാക്ക് ഒന്നിനും കൂടുതല്‍ എണ്ണത്തിനും ഉപയോഗിക്കാവുന്ന സ്ഥിതിക്കും അടിമസ്ത്രീകളുടെ എണ്ണം നാലില്‍ അധികരിക്കുന്നതിനു വിരോധമില്ലെന്നാണ് മനസ്സിലാകുന്നത്. ചില തല്‍പര കക്ഷികള്‍ പറയുന്നതുപോലെ, ഒരു സ്വതന്ത്ര സ്ത്രീയെപ്പോലും വിവാഹം കഴിക്കുവാന്‍ സാധിക്കാതെ വരുമ്പോള്‍ മാത്രമേ അടിമസ്ത്രീയെ സ്വീകരിച്ചു കൂടൂ എന്നുള്ളതിനു തെളിവില്ല. അടിമ സ്ത്രീകളെ സ്വീകരിക്കല്‍ രണ്ടു പ്രകാരത്തിലുണ്ട്. ഒന്ന്, വിവാഹം മുഖേനതന്നെ. മറ്റൊന്നു, സ്വന്തം ഉടമസ്ഥത യിലുള്ളവരെ സഹധര്‍മിണികളായി സ്വീകരിക്കുക. രണ്ടായാലും അവള്‍ക്ക് അവ നില്‍നിന്നു ഒരുകൂട്ടി ജനിക്കുന്നപക്ഷം അവള്‍ക്കും ‘കുട്ടിയുടെ ഉമ്മ’ (ام ولد) എന്ന സ്ഥാനം ലഭിക്കുന്നു. കുട്ടി സ്വതന്ത്രനുമായിരിക്കും. പിന്നീട് അവളെ വില്‍ക്കുവാന്‍ പാടില്ല. അവന്‍റെ മരണത്തോടെ-അതിനു മുമ്പായി അവള്‍ സ്വതന്ത്രയാക്കപ്പെട്ടിട്ടില്ലെങ്കില്‍ – അവള്‍ താനേ സ്വതന്ത്രയാവുകയും ചെയ്യുന്നു. അങ്ങിനെ നോക്കുമ്പോള്‍, അടിമ സ്ത്രീക്കു സ്വതന്ത്രകളായിത്തീരുവാന്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുള്ള വിവിധ മാര്‍ഗങ്ങളില്‍ ഒരു മാര്‍ഗമത്രെ ഇതും.
[അടിമകളെ വിവാഹം കഴിക്കുകയും, യജമാനന്‍റെ സഹധര്‍മിണിയായി സ്വീകരി ക്കുകയും ചെയ്യുന്നതു സംബന്ധിച്ച വിശദ വിവരങ്ങള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്നും, ഹദീഥ് വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നിന്നും അറിയേണ്ടതാകുന്നു. അല്‍പം ചില വിവരങ്ങള്‍ 24-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ വരുന്നുണ്ട്. ‘വലങ്കൈ ഉടമപ്പെ ടുത്തിയവര്‍’ എന്നു അടിമകളെപ്പറ്റി പറയുവാനുള്ള കാരണവും, ആ പ്രയോഗത്തെ ചില തല്‍പരപ്രിയന്മാര്‍ ദുര്‍വ്യാഖ്യാനം ചെയ്തതിനുള്ള മറുപടിയും സൂ: മുഅ്മിനൂന്‍ 6-ാം വചനത്തിന്‍റെ വ്യാഖ്യാനക്കുറിപ്പില്‍ കാണാവുന്നതാണ്. ഇസ്‌ലാമില്‍ അടിമകള്‍ എന്നു പറയപ്പെടുന്നത് ആര്‍ക്കാണെന്നും, അടിമത്വത്തിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നും സൂ: മുഹമ്മദ് 4-ാം വചനത്തിന്‍റെ വ്യാഖ്യാനത്തിലും കാണാം. ഇസ്‌ലാമില്‍ അടിമത്വം അനുവദിക്കപ്പെട്ടത് സംബന്ധിച്ച് ഇസ്‌ലാമിന്‍റെ ശത്രുക്കളില്‍ നിന്നുണ്ടാകാറുള്ള വിമര്‍ശനങ്ങളെയും അവര്‍ക്കു അരുനില്‍ക്കുന്ന ചില പണ്ഡിതന്മാര്‍ ചെയ്യാറുള്ള ദുര്‍വ്യാഖ്യാനങ്ങളെയും കുറിച്ചു സൂ: അഹ്‌സാബിനുശേഷമുള്ള വ്യാഖ്യാനക്കുറിപ്പിലും വിവരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കു അതാതിടത്തില്‍ നോക്കുക]
ഭാര്യമാര്‍ക്കിടയില്‍ നീതി പാലിക്കുകയില്ലെന്നു ഭയം തോന്നിയാല്‍ ഒരു ഭാര്യയെയോ അടിമസ്ത്രീകളെയോ സ്വീകരിക്കണമെന്നു പറഞ്ഞശേഷം ذلك أدنى ألا تعولوا ”അതു നിങ്ങള്‍ ക്രമം തെറ്റാതിരിക്കുവാന്‍ കൂടുതല്‍ യോജിച്ചതാണ്” എന്നു പറഞ്ഞത് ശ്രദ്ധേയമാകുന്നു. ഈ വാക്യത്തിന് ‘അതു നിങ്ങള്‍ക്ക് പ്രാരാബ്ധം വര്‍ദ്ധിക്കാതിരിക്കുവാന്‍ -ദാരിദ്ര്യം പിണയാതിരിക്കുവാന്‍- കൂടുതല്‍ സൗകര്യമായതാണ്’ എന്നിങ്ങനെയും ഇമാം ശാഫിഈ (رحمه الله) പോലെയുള്ള ചില മഹാന്മാര്‍ അര്‍ത്ഥം കല്‍പിച്ചിട്ടുണ്ട്. രണ്ടായാലും ഒരു സ്വതന്ത്ര സ്ത്രീയെക്കൊണ്ടോ, അല്ലെങ്കില്‍ അടിമസ്ത്രീകളെക്കൊണ്ടോ മതിയാക്കുവാന്‍ കല്‍പിച്ചത് നിങ്ങളുടെ തന്നെ നന്മക്കുവേണ്ടിയാണ് എന്നത്രെ ഇതു മുഖേന അല്ലാഹു ഓര്‍മിപ്പിക്കുന്നത്.
- وَءَاتُوا۟ ٱلنِّسَآءَ صَدُقَـٰتِهِنَّ نِحْلَةً ۚ فَإِن طِبْنَ لَكُمْ عَن شَىْءٍ مِّنْهُ نَفْسًا فَكُلُوهُ هَنِيٓـًٔا مَّرِيٓـًٔا ﴾٤﴿
- സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങളെ [മഹ്‌റുകളെ] നിങ്ങള്‍ പാരിതോഷികമായി (സന്തോഷപ്പെട്ടു) കൊടുക്കുകയും ചെയ്യുവിന്‍. എനി, അതില്‍നിന്നു വല്ലതിനെയും നിങ്ങള്‍ക്കു അവര്‍ മനസ്സു നന്നായി (തൃപ്തിപ്പെട്ട് വിട്ടു) തരുന്ന പക്ഷം, അതു നിങ്ങള്‍ മംഗളമായും, സുഖകരമായും തിന്നു [ഉപയോഗിച്ചു] കൊള്ളുവിന്‍.
- وَآتُوا النِّسَاءَ സ്ത്രീകള്‍ക്ക് നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍ صَدُقَاتِهِنَّ അവരുടെ മഹ്‌റുകള്‍, വിവാഹമൂല്യങ്ങള്‍ نِحْلَةً (ഇഷ്ട - ഔപചാരിക - നിര്‍ബന്ധ) ദാനമായി, പാരിതോഷികമായി فَإِن طِبْنَ എനി അവര്‍ നന്നായാല്‍ (തൃപ്തിപ്പെട്ടാല്‍) لَكُمْ നിങ്ങള്‍ക്ക് عَن شَيْءٍ വല്ലതിനെക്കുറിച്ചും مِّنْهُ അതില്‍ നിന്ന് نَفْسًا മനസ്സ്, മനസാ فَكُلُوهُ എന്നാല്‍ നിങ്ങളത് തിന്നു (ഉപയോഗിച്ചു)കൊള്ളുവിന്‍ هَنِيئًا മംഗളമായി (സേന്താഷപൂര്‍വ്വം) مَّرِيئًا സുഖകരമായി
വിവാഹവേളയില്‍ പുരുഷന്‍ സ്ത്രീക്കു നല്‍കേണ്ടതും, മഹ്ര്‍ (مهر) എന്ന പേരില്‍ അറിയപ്പെടുന്നതുമായ വിവാഹമൂല്യത്തിനു തന്നെയാണ് صدقة (സ്വദുക്വഃ) എന്നും പറയുന്നത്. ചിലപ്പോള്‍ അതിന് صداق (സ്വദാക്വ്) എന്നും പറയാറുണ്ട്. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ മക്കള്‍ക്കോ മറ്റോ നല്‍കപ്പെടാറുള്ള ഇഷ്ടദാനം എന്ന അര്‍ഥത്തിലാണ് نحلة (നിഹ്‌ലത്ത്) എന്നു സാധാരണയായി ഉപയോഗിക്കാറുള്ളത്. ഈ പദത്തിന്റെ ഭാഷാപരമായ പശ്ചാത്തലം കണക്കിലെടുത്തുകൊണ്ട് ഔപചാരികമായ നിര്‍ബ്ബന്ധ ദാനം എന്നും ഇതിനു അര്‍ത്ഥം കല്‍പിക്കപ്പെട്ടിരിക്കുന്നു. അനാഥകളുടെയും, ഭാര്യമാരുടെയും കാര്യത്തില്‍ നീതി പാലിക്കണമെന്ന് കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. അതിനെത്തുടര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങളില്‍ പ്രധാന സ്ഥാനം അര്‍ഹിക്കുന്ന മഹ്‌റിനെക്കുറിച്ച് ഈ വചനത്തില്‍ വിവരിച്ചിരിക്കുകയാണ്.
സ്ത്രീകളുടെ മഹ്ര്‍, സന്തോഷപൂര്‍വ്വം നല്‍കപ്പെടുന്ന ഒരു ഇഷ്ടദാനമെന്നോണം – ഒട്ടും മടിയോ പിശുക്കോ കൂടാതെ – അവര്‍ക്ക് കൊടുത്തുകൊള്ളണമെന്ന് അല്ലാഹു കല്‍പിക്കുന്നു. മഹ്ര്‍ നിശ്ചയിച്ചാല്‍തന്നെയും അതു യഥാസമയത്തും യഥാരൂപത്തിലും കൈവിട്ടു കൊടുക്കുവാന്‍ വൈമനസ്യം കാട്ടുന്ന ഭര്‍ത്താക്കളെയും, അതു സ്ത്രീകള്‍ക്ക് കൈവിട്ടു കൊടുക്കാതെ അടക്കിവെക്കുന്ന കൈകാര്യ കര്‍ത്താക്കളെയും ബാധിക്കുന്ന കല്‍പനയാണിത്. ഈ രണ്ടു സമ്പ്രദായങ്ങളും മുമ്പ് ജാഹിലിയ്യാകാലത്ത് പതിവുണ്ടായിരുന്നതായി ചില രിവായത്തുകളില്‍ കാണുന്നു. ഇന്നും പലരിലും കാണാവുന്ന ഒരു പതിവുമാണത്. ഭാര്യാഭര്‍ത്താക്കളില്‍ ഒരാള്‍ മരണപ്പെട്ടു പിരിയുന്നതുവരേക്കും മഹ്ര്‍ കൊടുത്തു തീര്‍ക്കാതിരിക്കുകയും, മരിച്ച ആളുടെ അനന്തരാവകാശ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ മാത്രം അതിന്റെ കണക്കു പറയുകയും ചെയ്യുന്ന പതിവും, തമ്മില്‍ തെറ്റിപ്പിരിയുമ്പോള്‍ മാത്രം മഹ്‌റിനെപ്പറ്റി ഗൗനിക്കുന്ന പതിവും ഇന്ന് പലരിലും നടപ്പുണ്ട്. ഇതെല്ലാം കുറ്റകരമാണെന്നും, വിവാഹവേളയില്‍ നിശ്ചയിക്കപ്പെട്ട മഹ്ര്‍ സ്ത്രീകളുടെ ഭാഗത്തു നിന്ന് ആവശ്യപ്പെടാതെതന്നെ അവര്‍ക്ക് മനസ്സഴിഞ്ഞു കൊടുത്തു തീര്‍ക്കേണ്ടതാണെന്നും, അവരുടെ പരിപൂര്‍ണ സമ്മതം കൂടാതെ ഭര്‍ത്താവിനോ, കൈകാര്യകര്‍ത്താക്കള്‍ക്കോ (വലിയ്യിനോ) അതു വിനിയോഗിക്കാവുന്നതല്ലെന്നും ഈ വചനത്തില്‍ നിന്നു മനസ്സിലാക്കാം. എന്നാല്‍ – ചില ആളുകള്‍ ധരിക്കാറുള്ള പോലെ – സ്ത്രീയും പുരുഷനും തമ്മില്‍ ഭാര്യാഭര്‍ത്തൃ സമ്പര്‍ക്കം ഉണ്ടാകുന്നതിനു മുമ്പുതന്നെ, അല്ലെങ്കില്‍ വിവാഹകര്‍മം നടക്കുന്ന അതേ സമയത്തു തന്നെ മഹ്ര്‍ മുഴുവനും കൊടുത്തു തീര്‍ക്കല്‍ ഒരു നിര്‍ബ്ബന്ധ നിയമമല്ല. സുറ: അല്‍ബക്വറഃ 236, 237 വചനങ്ങളില്‍ നിന്നും ഇതു മനസ്സിലാക്കാവുന്നതാണ്.
മഹ്ര്‍ കൊടുത്തു തീര്‍ക്കല്‍ വളരെ കര്‍ശനമായ ബാദ്ധ്യതയാണെങ്കിലും സ്ത്രീകള്‍ അവരുടെ സ്വന്തം മനസ്സാലെ അതില്‍നിന്ന് വല്ലതും തൃപ്തിപ്പെട്ട് വിട്ടു കൊടുക്കുകയോ, മടക്കിക്കൊടുക്കുകയോ ചെയ്താല്‍, അതു സ്വീകരിക്കുന്നതില്‍ യാതൊരു വിരോധവുമില്ല, അതില്‍ മടി കരുതേണ്ടതില്ല എന്നും അല്ലാഹു അറിയിക്കുന്നു.
- وَلَا تُؤْتُوا۟ ٱلسُّفَهَآءَ أَمْوَٰلَكُمُ ٱلَّتِى جَعَلَ ٱللَّهُ لَكُمْ قِيَـٰمًا وَٱرْزُقُوهُمْ فِيهَا وَٱكْسُوهُمْ وَقُولُوا۟ لَهُمْ قَوْلًا مَّعْرُوفًا ﴾٥﴿
- അല്ലാഹു നിങ്ങള്‍ക്ക് ഒരു നിലനില്‍പ് (മാര്‍ഗം) ആക്കിത്തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കളെ നിങ്ങള്‍ ഭോഷന്‍മാര്‍ക്ക് (വിട്ടു) കൊടുക്കുകയും ചെയ്യരുത്. അതിലൂടെ [അതുവഴി] നിങ്ങള്‍ അവര്‍ക്ക് ഉപജീവനം നല്‍കുകയും, അവര്‍ക്ക് വസ്ത്രം നല്‍കുകയും ചെയ്യുവിന്‍, അവരോട് മര്യാദപ്പെട്ട (നല്ല) വാക്കു പറയുകയും ചെയ്യുവിന്‍.
- وَلَا تُؤْتُوا നിങ്ങള്‍ കൊടുക്കുകയും ചെയ്യരുത് السُّفَهَاءَ ഭോഷന്മാര്‍ക്ക് أَمْوَالَكُمُ നിങ്ങളുടെ സ്വത്തുക്കള്‍ الَّتِي جَعَلَ ആക്കിയിട്ടുള്ളതായ اللَّهُ അല്ലാഹു لَكُمْ നിങ്ങള്‍ക്ക് قِيَامًا ഒരു നിലനില്‍പ് (നില്‍ക്കുവാനുള്ള ഒരു താങ്ങ്) وَارْزُقُوهُمْ അവര്‍ക്കു നിങ്ങള്‍ ഉപജീവനം (ആഹാരം) നല്‍കുകയും ചെയ്യുവിന്‍ فِيهَا അതിലൂടെ (അതുവഴി - അതില്‍നിന്ന്) وَاكْسُوهُمْ അവര്‍ക്കു വസ്ത്രവും നല്‍കുവിന്‍, ഉടുക്കാനും കൊടുക്കുക وَقُولُوا നിങ്ങള്‍ പറയുകയും ചെയ്യുക لَهُمْ അവരോട് قَوْلًا വാക്ക് مَّعْرُوفًا മര്യാദപ്പെട്ട, സദാചാരപരമായ
- وَٱبْتَلُوا۟ ٱلْيَتَـٰمَىٰ حَتَّىٰٓ إِذَا بَلَغُوا۟ ٱلنِّكَاحَ فَإِنْ ءَانَسْتُم مِّنْهُمْ رُشْدًا فَٱدْفَعُوٓا۟ إِلَيْهِمْ أَمْوَٰلَهُمْ ۖ وَلَا تَأْكُلُوهَآ إِسْرَافًا وَبِدَارًا أَن يَكْبَرُوا۟ ۚ وَمَن كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ وَمَن كَانَ فَقِيرًا فَلْيَأْكُلْ بِٱلْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَٰلَهُمْ فَأَشْهِدُوا۟ عَلَيْهِمْ ۚ وَكَفَىٰ بِٱللَّهِ حَسِيبًا ﴾٦﴿
- അനാഥകളെ നിങ്ങള്‍ പരീക്ഷിച്ചു നോക്കുകയും ചെയ്യുക; അങ്ങനെ, അവര്‍ വിവാഹ (പ്രായ) ത്തിങ്കലെത്തിയാല്‍, (അതെ) എന്നിട്ട് അവരില്‍ നിന്ന് നിങ്ങള്‍ കാര്യബോധം കണ്ടറിഞ്ഞുവെങ്കില്‍ അപ്പോള്‍, അവരുടെ സ്വത്തുക്കള്‍ അവര്‍ക്കു (ഏല്‍പിച്ചു) കൊടുക്കുവിന്‍. അമിതമായും, അവര്‍ വലുതാകുമെന്ന് (കണ്ട്) ധൃതിപ്പെട്ടും നിങ്ങള്‍ അതു തിന്നുകളയരുത്. ആരെങ്കിലും ധനികനായിരുന്നാല്‍ അവന്‍ (അതുപയോഗിക്കാതെ) മാന്യത പാലിച്ചു കൊള്ളട്ടെ. ആരെങ്കിലും ദരിദ്രനായിരുന്നാല്‍, അവന്‍ മര്യാദ പ്രകാരം തിന്നു കൊള്ളട്ടെ. എന്നാല്‍, അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ (ഏല്‍പിച്ചു)കൊടുക്കുമ്പോള്‍, അവരുടെ മേല്‍ നിങ്ങള്‍ (അതിനു) സാക്ഷ്യപ്പെടുത്തിക്കൊള്ളുവിന്‍. കണക്കു നോക്കുന്ന വനായി അല്ലാഹുതന്നെ മതി.
- وَابْتَلُوا നിങ്ങള്‍ പരീക്ഷിക്കുകയും ചെയ്യുക الْيَتَامَىٰ അനാഥകളെ حَتَّىٰ അങ്ങനെ, വരേക്ക് إِذَا بَلَغُوا അവര്‍ എത്തിയാല്‍, പ്രാപിച്ചാല്‍ النِّكَاحَ വിവാഹത്തിങ്കല്‍ فَإِنْ آنَسْتُم എന്നിട്ടു നിങ്ങള്‍ കണ്ടറിഞ്ഞെ (കണ്ടുതൃപ്തിപ്പെട്ടെ)ങ്കില്‍ مِّنْهُمْ അവരില്‍നിന്ന് رُشْدًا തന്റേടം, നേര്‍വഴി, കാര്യബോധം فَادْفَعُوا അപ്പോള്‍ നിങ്ങള്‍ കൊടുക്കുവിന്‍, നീക്കിക്കൊടുക്കണം إِلَيْهِمْ അവര്‍ക്ക്, അവരിലേക്ക് أَمْوَالَهُمْ അവരുടെ സ്വത്തുക്കള്‍ وَلَا تَأْكُلُوهَا അത് (അവ) നിങ്ങള്‍ തിന്നുകയും അരുത് إِسْرَافًا അതിരു കവിച്ചലായിട്ട് وَبِدَارًا ധൃതിപ്പെട്ടും أَن يَكْبَرُوا അവര്‍ വലുതാകുന്നതിനു (വലുതാകുമെന്നതിനാല്‍) وَمَن كَانَ ആരെങ്കിലും ആയിരുന്നാല്‍ غَنِيًّا ധനികന്‍ فَلْيَسْتَعْفِفْ അവന്‍ മാന്യത പാലിക്കട്ടെ وَمَن كَانَ ആരെങ്കിലും ആയിരുന്നാല്‍ فَقِيرًا ദരിദ്രന്‍, ആവശ്യക്കാരന്‍ فَلْيَأْكُلْ എന്നാലവന്‍ തിന്നുകൊള്ളട്ടെ بِالْمَعْرُوفِ മര്യാദ (സദാചാരം - പതിവ്) അനുസരിച്ച് فَإِذَا دَفَعْتُمْ എന്നാല്‍ നിങ്ങള്‍ കൊടുത്താല്‍ (ഏല്‍പിച്ചാല്‍) إِلَيْهِمْ അവര്‍ക്ക് أَمْوَالَهُمْ അവരുടെ സ്വത്തുക്കള്‍ فَأَشْهِدُوا അപ്പോള്‍ നിങ്ങള്‍ സാക്ഷ്യപ്പെടുത്തുവിന്‍ عَلَيْهِمْ അവരുടെമേല്‍ وَكَفَىٰ മതി, മതി താനും بِاللَّهِ അല്ലാഹു (തന്നെ) حَسِيبًا കണക്കുനോക്കുന്നവനായിട്ട്
അനാഥകളുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കണമെന്ന് 2-ാം വചനത്തില്‍ പ്രസ്താവിച്ചു. അതുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളാണ് ഈ വചനങ്ങളിലുള്ളത്.
(1) ഭോഷന്മാരായുള്ളവര്‍ക്ക് സ്വത്ത് കൈവിട്ടു കൊടുത്തുകൂടാ. യഥാര്‍ത്ഥത്തില്‍ സ്വത്ത് അവരുടേതു തന്നെയാണെങ്കിലും അവര്‍ക്കു തന്റേടവും കാര്യബോധവുമില്ലാത്ത പക്ഷം അവര്‍ക്ക് വിട്ടുകൊടുക്കുന്നത് സ്വത്തിന്റെ നാശത്തിനും ദുര്‍വിനിയോഗത്തിനും കാരണമാകുമല്ലോ. അനാഥകളുടെ കാര്യത്തില്‍ മാത്രമല്ല, ഭ്രാന്തന്മാര്‍, കുട്ടികള്‍ മുതലായവരുടെ കാര്യത്തിലും ബാധകമാണ് ഈ വിധി. സ്വത്തിന്റെ ഉടമകള്‍ അവരാണെന്നുവെച്ച് അവര്‍ക്ക് അത് വിട്ടുകൊടുത്തുകൂടാ എന്നുള്ളതിനു കാരണവും അല്ലാഹു സൂചിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാകുന്നു. ‘അവരുടെ സ്വത്തുക്കള്‍ (اموالهم)’ എന്നു പറയാതെ ‘നിങ്ങളുടെ സ്വത്തുക്കള്‍ (اموالكم)’ എന്നു പറഞ്ഞതും, ‘നിങ്ങള്‍ക്ക് അല്ലാഹു ഒരു നിലനില്പാക്കിത്തന്നിട്ടുള്ളത് (الَّتِي جَعَلَ اللَّهُ لَكُمْ قِيَامًا)’ എന്ന് സ്വത്തുക്കളെ വിശേഷിപ്പിച്ചിരിക്കുന്നതും നോക്കുക. സ്വത്തിന്റെ ഉടമസ്ഥത ആരുടെതായാലും അതിന്റെ നാശം മറ്റുള്ളവരെയും ബാധിക്കുന്ന നഷ്ടമാണ്; അതിന്റെ അഭിവൃദ്ധിയില്‍ മറ്റുള്ളവര്‍ക്കും ഗുണവുമുണ്ടായിരിക്കും; അതുകൊണ്ട് അതിനു നാശം ഭവിക്കുന്നതിനെപ്പറ്റി ശ്രദ്ധക്കേണ്ട ചുമതല ഉത്തരവാദപ്പെട്ടവര്‍ക്കുണ്ട്; മനുഷ്യന്റെ ജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളില്‍ ഒന്നാണ് ധനം; അത് കൈകാര്യം ചെയ്യുന്നവര്‍ കാര്യബോ ധമില്ലാത്തവരായിക്കൂടാ എന്നൊക്കെയാണ് ഇതിലടങ്ങിയ സൂചനകള്‍. ഒരാളുടെ ഉടമസ്ഥതയിലുള്ള ധനം ശരിയായ മാര്‍ഗത്തിലൂടെ കൈകാര്യം ചെയ്യപ്പെടുന്ന പക്ഷം- ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ -അതിന്റെ സാക്ഷാല്‍ ഉടമസ്ഥനു പുറമെ വേറെയും പലര്‍ക്കും അതുകൊണ്ടു പ്രയോജനം സിദ്ധിക്കുന്നതാണ്. അതു നശിക്കുന്ന പക്ഷം -ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍- മറ്റു പലര്‍ക്കും അതിന്റെ ദോഷം അനുഭവപ്പെടുകയും ചെയ്യും. അല്‍പം ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകുന്ന ഒരു വസ്തുതയാണിത്. അപ്പോള്‍, ഭോഷന്മാര്‍ക്ക് ധനം കൈവിട്ടുകൊടുക്കുന്നത് അവരോടു മാത്രമല്ല, മറ്റുള്ളവരോടും ചെയ്യുന്ന ഒരു അനീതിയായിത്തീരുമല്ലോ.
(2) ഭോഷന്മാര്‍ക്ക് സ്വത്തുക്കള്‍ ഏല്‍പിച്ചു കൊടുക്കരുതെങ്കിലും അതു വഴി അവരുടെ ആഹാരാദി ഉപജീവനത്തിനുള്ള വകയും, വസ്ത്രം മുതലായ ആവശ്യങ്ങളും സ്വത്തു കൈകാര്യം നടത്തുന്ന ആളുകള്‍ നിര്‍വ്വഹിച്ചു കൊടുക്കണം. ഇതില്‍ രണ്ടു സൂചനകള്‍ കാണാം. ഒന്ന്; അവര്‍ക്ക് സ്വത്തുള്ള സ്ഥിതിക്ക് അവര്‍ക്കുവേണ്ടുന്ന ചിലവുകള്‍ ആ സ്വത്തില്‍നിന്നുതന്നെ ചിലവഴിക്കാവുന്നതാണ്. മറ്റുള്ളവര്‍ അതു വഹിക്കേണ്ടതില്ല. മറ്റൊന്ന്; അവരുടെ സ്വത്തുക്കള്‍ക്ക് തേയ്മാനവും കുറവും ബാധിക്കാത്തവിധം അതിനെ പോഷിപ്പിച്ചു വളര്‍ത്തി അതിന്റെ ആദായത്തില്‍ നിന്നു നികത്തുവാ ന്‍ ശ്രമിക്കേണ്ടതാണ്. ‘അതില്‍നിന്ന് ഉപജീവനവും വസ്ത്രവും നല്‍കണം.’ എന്നു പറയാതെ, ‘അതിലൂടെ – അതുവഴി – ഉപജീവനവും വസ്ത്രവും നല്‍കണം’ എന്നു പറഞ്ഞതില്‍നിന്ന് ഇതു മനസ്സിലാക്കാം. അനാഥകള്‍ക്ക് നന്മയുണ്ടാകുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതാണെന്ന് 2:220 മുതലായ സ്ഥലങ്ങളില്‍ അല്ലാഹു കല്‍പിച്ചിട്ടുമുണ്ടല്ലോ.
(3) അവരോട് നല്ല (മര്യാദ) വാക്കു പറയണം. ഈ കല്‍പന കുറേ വിശാലമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതാണ്. അവരോട് അധികാര സ്വരത്തിലും ഗൗരവത്തിലും പെരുമാറാതിരിക്കുക, സൗമ്യവും സ്‌നേഹവും പ്രകടമാകുന്നവിധം സംസാരിക്കുക, സദുപദേശങ്ങളും സന്ദര്‍ഭോചിതമായ നിര്‍ദ്ദേശങ്ങളും നല്‍കുക, മനസ്സമാധാനവും ആവേശവും തോന്നത്തക്ക വാക്കുകള്‍ പറയുക മുതലായതെല്ലാം ഇതില്‍ ഉള്‍പ്പെടും. യഥാര്‍ത്ഥത്തില്‍ അവര്‍ ഭോഷന്മാരാണെങ്കിലും തങ്ങളുടെ പോരായ്മ മനസ്സിലാക്കുവാന്‍ അവര്‍ പ്രാപ്തരല്ലല്ലോ. അതുകൊണ്ട് ഞങ്ങളുടെ സ്വത്ത് ഞങ്ങളുടെ ഇഷ്ടത്തിനൊത്ത് കൈകാര്യം ചെയ്‌വാന്‍ ഞങ്ങളെ അനുവദിക്കേണ്ടതല്ലെ എന്നും മറ്റും അവര്‍ വിചാരിക്കുകയും, പറയുകയും ചെയ്‌തേക്കാവുന്നതാണ്. ‘ഇതൊക്കെ നിന്റെതാണ്, ഇതിന്റെ അഭിവൃദ്ധിക്ക് ഇന്നിന്ന്ര പകാരം പ്രവര്‍ത്തിക്കുന്നത് ആവശ്യമാണ്, അതിനുവേണ്ടിയാണ് ഞാന്‍ ഇന്നപ്രകാരം ചെയ്യുന്നത്’ എന്നിങ്ങനെയുള്ള സാന്ത്വനവാക്കുകള്‍ മുഖേനയും മറ്റുമായി തങ്ങള്‍ അവരുടെ യഥാര്‍ത്ഥ ഗുണകാംക്ഷികളാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നത് നന്നായിരിക്കും.
(4) അനാഥകള്‍ക്ക് വിവാഹപ്രായം -പ്രായപൂര്‍ത്തി- ആകുമ്പോഴാണ് അവരുടെ സ്വത്ത് വിട്ടുകൊടുക്കേണ്ടത്. എന്നാല്‍, അതു വിട്ടുകൊടുക്കുന്ന പക്ഷം ശരിയായ രൂപത്തില്‍ കൈകാര്യം ചെയ്‌വാനുള്ള പ്രാപ്തിയും തന്റേടവും അവര്‍ക്കുണ്ടോ എന്ന് നേരത്തെക്കൂട്ടിത്തന്നെ പരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതാണ്. അതിനു വേണ്ടുന്ന പരിശീലനവും നല്‍കിക്കൊണ്ടിരിക്കേണ്ടതുണ്ട്. അങ്ങനെ, പ്രായപൂര്‍ത്തി വരുമ്പോഴേക്കും അവര്‍ക്കു അതിനുള്ള പ്രാപ്തിയും കാര്യബോധവും ഉണ്ടെന്ന് കണ്ടറിഞ്ഞാല്‍ മാത്രമേ ധനം വിട്ടുകൊടുക്കേണ്ടതുള്ളൂ. ഇല്ലെന്നാണു പരീക്ഷണത്തില്‍ നിന്നു വ്യക്തമാകുന്നതെങ്കില്‍ സ്വത്തിന്റെ കൈകാര്യം പഴയ പോലെ തുടരുകയും വേണം. പിന്നീട് കുറെ കഴിയുമ്പോള്‍, മുന്‍നില മാറി ആവശ്യമായ കാര്യബോധം വന്നിട്ടുള്ളതായിക്കണ്ടാല്‍ അപ്പോള്‍ വിട്ടുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. ധൂര്‍ത്തടിക്കുക , ദുര്‍വിനിയോഗം നടത്തുക , ദുര്‍വൃത്തികളില്‍ ഉപയോഗപ്പെടുത്തുക, വേണ്ടപ്പെട്ടതിലും ആവശ്യമുള്ളേടത്തും ചിലവഴിക്കാതിരിക്കുക മുതലായവയൊന്നും കൂടാതെ, സ്വത്തിന്റെ ഏറ്റെടുക്കുവാനുള്ള വിവേകമാണ് رشد (തന്റേടം – കാര്യബോധം) കൊണ്ടു വിവക്ഷ. ബുദ്ധിപരമായ പക്വത മാത്രം പോരാ, മതപരമായ തന്റേടം കൂടി വേണ്ടതുണ്ടെന്നാണ് ഇമാം ശാഫിഈ (റ) മുതലായ ചില മഹാന്മാരുടെ അഭിപ്രായം. അഥവാ അതുംകൂടി ആ വാക്കില്‍ ഉള്‍പ്പെടുന്നുവെന്നാണ് അവരുടെ പക്ഷം. വിവേകവും, ബുദ്ധിയും, ധനം കൈകാര്യം ചെയ്യുവാനുള്ള കഴിവും ഉണ്ടായാല്‍ മതി എന്നത്രെ പൊതുവെയുള്ള അഭിപ്രായം. ‘പ്രായപൂര്‍ത്തി വരുക’ എന്നതിന്റെ സ്ഥാനത്ത് ‘വിവാഹത്തിങ്കല്‍ എത്തുക (بلغ النكاح) എന്നാണ് അല്ലാഹു ഉപയോഗിച്ച വാക്ക്. പ്രായപൂര്‍ത്തി വരുമ്പോഴാണല്ലോ സ്വാഭാവികമായും വിവാഹത്തിന്റെ സന്ദര്‍ഭവും, ധനത്തിന്റെ ആവശ്യവും നേരിടുന്നത്. പതിനഞ്ചു വയസ്സ് പൂര്‍ത്തിയാകുക, ഇന്ദ്രിയസ്ഖലനമോ, ആര്‍ത്തവമോ ഉണ്ടാകുക മുതലായവ പ്രായപൂര്‍ത്തി വരുന്നതിന്റെ അടയാളങ്ങളായി ഹദീഥുകളില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്നു.
(5) താഴെ വിവരിക്കുന്ന പ്രകാരം ഒരു മിതമായ തോതില്‍, കൈകാര്യകര്‍ത്താവിനു ആ സ്വത്തില്‍ നിന്ന് ഉപയോഗിക്കുവാന്‍ അനുവാദമുണ്ട് എന്നല്ലാതെ, അമിതമായി വല്ലതും എടുത്തുപറ്റുകയോ ഉപയോഗിക്കുകയോ ചെയ്‌വാനും, അനാഥന്‍ വലുതായി പ്രായപൂര്‍ത്തി വരുമ്പോള്‍ തിരിച്ചേല്‍പിക്കേണ്ടിവരുമല്ലോ എന്നു കരുതി നേരത്തെത്തന്നെ വല്ലതും പാട്ടിലമര്‍ത്തിവെക്കുവാനോ പാടില്ലാത്തതാകുന്നു. അനാഥകളുടെയും, അബലകളുടെയും സ്വത്തുക്കളുടെ മേല്‍നോട്ടം വഹിക്കുന്നവരില്‍ സാധാരണ ഉണ്ടാകാറുള്ള ദോഷങ്ങളാണിതൊക്കെ. അതുകൊണ്ടാണ് അല്ലാഹു ഇക്കാര്യം ഇത്രയും വിശദമായി ഉണര്‍ത്തുന്നത്. എന്നാല്‍, കൈകാര്യം നടത്തുന്നവന് ആ സ്വത്തില്‍നിന്നു എത്രകണ്ടു ഉപയോഗിക്കാം – അല്ലെങ്കില്‍ ഉപയോഗിച്ചുകൂടാ – എന്ന് അല്ലാഹു കണിശമായൊന്നും പ്രസ്താവിച്ചിട്ടില്ല. ധനികനാണെങ്കില്‍ അവന്‍ മാനവും മാന്യതയും പാലിച്ചു കൊള്ളേണ്ടതാണ് (وَمَنْ كَانَ غَنِيًّا فَلْيَسْتَعْفِفْ) എന്നും, ദരിദ്രനാണെങ്കില്‍ അവന്‍ മര്യാദയനുസരിച്ചു തിന്നു – ഉപയോഗിച്ചു – കൊള്ളട്ടെ (وَمَنْ كَانَ فَقِيرًا فَلْيَأْكُلْ بِالْمَعْرُوفِ) എന്നും പറഞ്ഞു മതിയാക്കിയിരിക്കുകയാണ്. ധനികനു തന്റെ ആവശ്യങ്ങള്‍ക്കുള്ള വക തന്റെ പക്കലുണ്ടാകുന്നതുകൊണ്ടും, അനാഥകളുടെ കൈകാര്യം നടത്തുന്നതിന്റെ പേരില്‍ അവരുടെ സ്വത്തില്‍നിന്നു വല്ലതും എടുത്തു പറ്റുന്നത് മാനത്തിനും മര്യാദക്കും യോജിച്ചതല്ലാത്തതുകൊണ്ടും അവന്‍ അതില്‍ നിന്ന് ഒന്നും പറ്റാതിരിക്കുകയാണ് വേണ്ടത്. ദരിദ്രനാകുമ്പോള്‍, തന്റെ അത്യാവശ്യങ്ങള്‍ക്ക് അവന് വേറെ മാര്‍ഗം ഉണ്ടായിരിക്കില്ല. ആ സ്വത്തിന്റെ കൈകാര്യത്തില്‍ അവന്റെ സമയവും അദ്ധ്വാനവും വിനിയോഗിക്കേണ്ടതുമുണ്ട്. അതുകൊണ്ട് സാധാരണ നിലക്ക് വളരെ അത്യാവശ്യമായ തോതില്‍ മാത്രം അവനു അതില്‍നിന്ന് എടുത്തുപയോഗിക്കാം എന്നത്രെ മൊത്തത്തില്‍ ഇപ്പറഞ്ഞതിന്റെ സാരം. ഓരോരുത്തന്റെ ധന്യത, ദാരിദ്ര്യം, അനാഥയുടെ സ്വത്തിന്റെ തോത് ആദിയായവയുടെ ഏറ്റക്കുറവനുസരിച്ചു കൈകാര്യ കര്‍ത്താക്കള്‍ക്ക് ഉപയോഗിക്കാവുന്നതിന്റെ അളവും വ്യത്യാസപ്പെടുമെന്നു പ്രത്യേകം പറയേണ്ടതില്ല.
ഉപയോഗിക്കുക എന്ന അര്‍ത്ഥത്തില്‍ اكل (തിന്നുക) എന്നും, സാധാരണ പതിവു കള്‍ക്കും സദാചാര നടപടികള്‍ക്കും അനുസരിച്ചു മര്യാദയായി ഗണിക്കപ്പെടുന്നത് എന്ന ഉദ്ദേശത്തില്‍ معروف (മര്യാദപ്പെട്ടത്) എന്നും ഉപയോഗിക്കാറുള്ളതിനെപ്പറ്റി മുമ്പ് ഒന്നിലധികം സ്ഥലത്തുവെച്ചു നാം ചൂണ്ടിക്കാട്ടുകയുണ്ടായിട്ടുണ്ട്.
ദരിദ്രനാണെങ്കില്‍ മര്യാദയനുസരിച്ചു ഉപയോഗിക്കാം എന്നു പറഞ്ഞതിന്റെ താല്‍പര്യം പലരും പല പ്രകാരത്തില്‍ വിശദീകരിച്ചു കാണാം. ആ സ്വത്തില്‍നിന്നു അവന്റെ ആവശ്യത്തിന് കടം എടുക്കാം. കഴിവുണ്ടാകുമ്പോള്‍ കൊടുത്തു വീട്ടുകയും വേണം എന്നു ചിലര്‍. വിശപ്പടക്കുവാനും, നഗ്നത മറക്കുവാനും വേണ്ടത് എടുക്കാമെന്നു വേറെ ചിലര്‍. സ്വത്തിന്റെ വരുമാനത്തില്‍നിന്ന് സ്വന്തം ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാം. മൂലധനത്തില്‍ നിന്നു എടുത്തുകൂടാ എന്നു വേറെ ചിലര്‍. മൂലധനത്തില്‍ നിന്നുതന്നെയും അത്യാവശ്യങ്ങള്‍ നിറവേറ്റാം – =അതു മൂലം സ്വത്ത്ക്രമേണ നഷ്ടപ്പെട്ടാലും വിരോധമില്ല- എന്നുവരെ ചിലര്‍ക്കഭിപ്രായമുണ്ട്. ഈ അഭിപ്രായങ്ങളും അവക്ക് ആസ്പദമായ ചില രിവായത്തുകളും ഉദ്ധരിച്ചശേഷം, അനിവാര്യമായ ഘട്ടത്തില്‍ അനാഥയുടെ സ്വത്തില്‍ നിന്നു കടമായി എടുക്കാമെന്ന അഭിപ്രായത്തിനാണ് ഇബ്‌നുജരീര്‍ (റ) മുന്‍ഗണന നല്‍കിയിരിക്കുന്നത്. അനാഥയുടെ സ്വത്തില്‍ അതിന്റെ നന്മയനുസരിച്ചേ കൈകാര്യം ചെയ്‌വാന്‍ പാടുള്ളൂ. കൈകാര്യക്കാരന്‍ ആ സ്വത്തിന്റെ ഉടമസ്ഥനല്ല, അനാഥനായാലും അല്ലെങ്കിലും അന്യന്റെ സ്വത്തില്‍ ക്രമക്കേടുകളൊന്നും വരുത്തുവാന്‍ പാടില്ല എന്നതൊക്കെ തര്‍ക്കമറ്റ കാര്യങ്ങളാണല്ലോ എന്ന് അദ്ദേഹം പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. അവന്റെ അദ്ധ്വാനത്തിന്റെ മര്യാദക്കൂലിയും, അവന്റെ ആവശ്യത്തിന്റെ തോതും നോക്കുമ്പോള്‍ അവയില്‍ ഏതാണ് കുറവെങ്കില്‍ അതവനു ഉപയോഗിക്കാമെന്നാണ് ഫുക്വഹാക്കളുടെ അഭിപ്രായമെന്നും, അവനു കഴിവുണ്ടാകുമ്പോള്‍, അവന്‍ എടുത്തുപയോഗിച്ചത് മടക്കിക്കൊടുക്കേണമോ എന്നതില്‍ രണ്ടഭിപ്രായമുണ്ടെന്നും ചൂണ്ടിക്കാട്ടുക മാത്രമാണ് ഇബ്‌നു കഥീര്‍ (റ) ചെയ്തിരിക്കുന്നത്. മടക്കിക്കൊടുക്കേണ്ടതില്ല എന്ന അഭിപ്രായത്തിനാണ് അദ്ദേഹത്തിന്റെ അടുക്കല്‍ മുന്‍ഗണനയുള്ളത് എന്നത്രെ അദ്ദേഹം അവിടെ ഉദ്ധരിച്ച രിവായത്തുകളില്‍ നിന്നും മറ്റും മനസ്സിലാകുന്നത്. الّله أعلم എല്ലാ അഭിപ്രായങ്ങളും പരിശോധിച്ചാല്‍, അത്യാവശ്യങ്ങള്‍ക്കു വേണ്ടി കഴിയുന്നത്ര ചുരുങ്ങിയ തോതില്‍ അവന് എടുത്തുപയോഗിക്കാം, സ്വത്തിന് നാശം ഭവിക്കാതിരിക്കുവാന്‍ പരമാവധി ശ്രമിക്കുകയും വേണം എന്ന തത്വത്തില്‍ അവയെല്ലാം ഊന്നി നില്‍ക്കുന്നതായി മനസ്സിലാക്കാം.
(6) സ്വത്ത് വിട്ടുകൊടുക്കുമ്പോള്‍ അതിനെ സാക്ഷ്യപ്പെടുത്തേണ്ടതാണ്. പിന്നീട് വല്ല ആരോപണവും വരാതിരിക്കുവാനുള്ള ഒരു മുന്‍ കരുതലാണിത്. സ്വത്ത് സത്യസന്ധമായി കൈകാര്യം ചെയ്യപ്പെട്ടിരുന്നാലും വല്ല ആരോപണവും വരുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടുവാന്‍ രേഖ വേണമല്ലോ. അല്ലാഹുവിന്റെ ഈ നിര്‍ദ്ദേശം പ്രധാനമായും കൈകാര്യക്കാരന്റെ നന്മയെ ഉദ്ദേശിച്ചുകൊണ്ടുള്ളതാകുന്നു. രേഖയും തെളിവും എങ്ങിനെ യായിരുന്നാലും ശരി, കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങിനെയൊക്കെയാണ് കയ്യാളപ്പെട്ടത്, അതില്‍ എത്രക് സത്യവും കൃത്യവും പാലിക്കപ്പെട്ടിട്ടുണ്ട് എന്നും മറ്റും അല്ലാഹുവിനു ശരിക്കും അറിയാം. അതിനെപ്പറ്റി അവന്‍ കണക്ക് ചോദിക്കുകയും ചെയ്യും. അത് ഓര്‍മയിലിരിക്കണം എന്നൊക്കെയാണ് അവസാനം അല്ലാഹു ഓര്‍മിപ്പിക്കുന്നത്. (وَكَفَى بِاللَّهِ حَسِيبًا)
ധനമോഹം തീരെയില്ലാത്ത ശുദ്ധഹൃദയനും, ത്യാഗിവര്യനുമായിരുന്ന ഒരു സ്വഹാബിയായിരുന്നു അബൂദര്‍റ് (റ). അദ്ദേഹത്തോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി: ‘അബൂദര്‍റേ, ഞാന്‍ തന്നെ ഒരു ദുര്‍ബ്ബലനായി കാണുന്നു. എനിക്കു ഞാന്‍ ഇഷ്ടപ്പെടുന്നത് തനിക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. രണ്ടാളുടെമേല്‍ താന്‍ അധികാരമേല്‍ക്കരുത്. ഒരനാഥയുടെ സ്വത്തും താന്‍ കൈകാര്യം ചെയ്യുകയും അരുത്.’ (മു.) അന്യന്റെ – പ്രത്യേകിച്ചും അനാഥകളുടെ – സ്വത്ത് കൈകാര്യം നടത്തുന്നവര്‍ സത്യസന്ധരായാല്‍ മാത്രം പോരാ, വേണ്ടതുപോലെ കൈകാര്യം നടത്തുവാനുള്ള പ്രാപ്തിയും കഴിവും ഉള്ളവര്‍കൂടി ആയിരിക്കണമെന്നാണ് ഇതുവഴി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പഠിപ്പിക്കുന്നത്.
- لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ وَلِلنِّسَآءِ نَصِيبٌ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا ﴾٧﴿
- മാതാപിതാക്കളും, അടുത്ത കുടുംബങ്ങളും വിട്ടേച്ചുപോയതില്‍ [സ്വത്തില്‍] നിന്ന് പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്; മാതാപിതാക്കളും അടുത്ത കുടുംബങ്ങളും വിട്ടേച്ചു പോയതില്‍ [സ്വത്തില്‍] നിന്ന് സ്ത്രീകള്‍ക്കും ഓഹരിയുണ്ട്; അതായത്, അതില്‍ നിന്ന് കുറഞ്ഞതോ, അധികരിച്ചതോ, ആയതില്‍ നിന്നു (എല്ലാം തന്നെ); (അത്) നിര്‍ണയം ചെയ്യപ്പെട്ട ഒരോഹരി.
- لِّلرِّجَالِ പുരുഷന്മാര്‍ക്കുണ്ട് نَصِيبٌ ഓഹരി, വിഹിതം, പങ്ക് مِّمَّا تَرَكَ വിട്ടുപോയ (ഉപേക്ഷിച്ച)തില്‍ നിന്ന് الْوَالِدَانِ മാതാപിതാക്കള്‍ وَالْأَقْرَبُونَ അടുത്ത കുടുംബങ്ങളും وَلِلنِّسَاءِ സ്ത്രീകള്‍ക്കുമുണ്ട് نَصِيبٌ ഓഹരി مِّمَّا تَرَكَ വിട്ടുപോയതില്‍ നിന്ന് الْوَالِدَانِ മാതാപിതാക്കള്‍ وَالْأَقْرَبُونَ അടുത്ത കുടുംബങ്ങളും مِمَّا قَلَّ കുറഞ്ഞതില്‍ നിന്ന് مِنْهُ അതില്‍ നിന്ന് أَوْ كَثُرَ അല്ലെങ്കില്‍ അധികരിച്ച(തില്‍ നിന്ന്) نَصِيبًا ഓഹരി, ഓഹരിയായിട്ട് مَّفْرُوضًا നിര്‍ണയം (നിശ്ചയം - നിര്‍ബ്ബന്ധം) ചെയ്യപ്പെട്ട
അനാഥകളെയും സ്ത്രീകളെയും സംബന്ധിക്കുന്ന ചിലതെല്ലാം പ്രസ്താവിച്ച ശേഷം അനന്തരാവകാശനിയമങ്ങളെക്കുറിച്ചു വിവരിക്കുകയാണ്. വിഷയത്തില്‍ പ്രവേശിക്കും മുമ്പായി അനന്തരാവകാശ വിഷയത്തില്‍ അറിഞ്ഞിരിക്കേണ്ടുന്ന ചില അടിസ്ഥാന തത്വങ്ങള്‍ അല്ലാഹു ഈ വചനം മുഖേന പഠിപ്പിക്കുന്നു. തുടര്‍ന്നുള്ള മൂന്ന് വചനങ്ങളില്‍ ബന്ധപ്പെട്ട മറ്റു ചില നിര്‍ദ്ദേശങ്ങളും നല്കുന്നുണ്ട്. അതിനുശേഷം 11-ാം വചനം മുതല്‍ക്കാണ് വിഷയം വിശദീകരിക്കുന്നത്.
ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറബികള്‍ക്കിടയില്‍ ചില പിന്‍തുടര്‍ച്ചാവ കാശ സമ്പ്രദായങ്ങള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും അക്രമവും അനീതിയും കലര്‍ന്നതായിരുന്നു അവ. പ്രസ്തുത അനീതികളും അക്രമങ്ങളും തുടച്ചുനീക്കി വ്യവസ്ഥിതവും നീതിയുക്തവുമായ ഒരു ദായക നിയമസംഹിത അവതരിപ്പിക്കുകയാണ് ക്വുര്‍ആന്‍ ചെയ്യുന്നത്. അനന്തരാവകാശ നിയമങ്ങള്‍ വിസ്തരിച്ചു വിവരിച്ചതുപോലെ അത്ര വിശദമായി മറ്റു നിയമവശങ്ങളൊന്നും ക്വുര്‍ആനില്‍ വിവരിക്കപ്പെട്ടു കാണുകയില്ല. അനുഷ്ഠാന നിയമങ്ങളെ സംബന്ധിക്കുന്ന വിശദാംശങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭി പ്രായവ്യത്യാസം ഉണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ അഭിപ്രായ വ്യത്യാസം ഏറ്റവും കുറവുള്ള അദ്ധ്യായം അനന്തരാവകാശത്തിന്റെതായിരിക്കുവാനുള്ള കാരണവും അതുതന്നെ. അനന്തര സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകം മനസ്സിരുത്തേണ്ടതും, 11-ാം വചനം വരെയുള്ള വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ചതുമായ തത്വോപദേശങ്ങള്‍ ശരിക്കു ഗ്രഹിക്കുകയും, പാലിക്കുകയും ചെയ്യുന്നതില്‍ സമുദായം വളരെ അലസത കാണിക്കുന്നുവെന്നുള്ളത് വളരെ ഖേദകരമായ ഒരു പരമാര്‍ത്ഥമാകുന്നു. ഈ അലസതയെ കഴിയുന്നത്ര ചൂഷണം ചെയ്തുകൊണ്ടാണ് ‘ പുരോഗമനാശയക്കാരെ’ന്നു സ്വയം അവകാശപ്പെടുന്ന വക്ര മനഃസ്ഥിതിക്കാരായ ചില ആളുകള്‍ ഈ അടുത്തകാലത്ത് ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ച് പുതിയ ചില ആശയക്കുഴപ്പങ്ങള്‍ ഇറക്കുമതി ചെയ്‌വാനിടയായത്. ജാഹിലിയ്യാകാലത്ത് അനന്തര സ്വത്തുക്കളുടെ കൈകാര്യത്തില്‍ നടന്നിരുന്ന മിക്ക അഴിമതികളും ഇന്നു മുസ്‌ലിം സമുദായത്തിലും കടന്നു കൂടിയിട്ടുണ്ടെന്നുള്ളതും ഒരു പരമാര്‍ത്ഥമാണ്. അല്ലാഹു സമുദായത്തിനു തന്റേടം നല്‍കട്ടെ. ആമീന്‍.
അനന്തരാവകാശ ക്രമത്തിന്‍റെ അടിസ്ഥാന തത്വങ്ങളായി ഈ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ച കാര്യങ്ങള്‍ ഇവയാകുന്നു:-
(1) പുരുഷനും സ്ത്രീക്കും – ആണിനും പെണ്ണിനും – സ്വത്തില്‍ നിശ്ചിത അവകാശമുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സ്വത്തവകാശം നല്‍കുക ജാഹിലിയ്യത്തില്‍ പതിവുണ്ടായിരുന്നില്ല. യുദ്ധം ചെയ്‌വാനും നാട്ടിനുവേണ്ടി ചെറുക്കുവാനും കഴിവുള്ളവര്‍ക്കേ സ്വത്ത് വേണ്ടതുള്ളൂ എന്നായിരുന്നു അതിനുള്ള അവരുടെ ന്യായം. ഈ സമ്പ്രദായത്തെ ഖണ്ഡിച്ചുകൊണ്ടാണ് ‘പുരുഷന്മാര്‍ക്കും ഓഹരിയുണ്ട്, സ്ത്രീകള്‍ക്കും ഓഹരിയുണ്ട്, (لِلرِّجَالِ نَصِيبٌ , وَلِلنِّسَاء نَصِيبٌ) എന്ന് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്. സ്ത്രീകളായ അവകാശികള്‍ക്ക് നിയമ പ്രകാരമുള്ള ഓഹരി നല്‍കാതെ തുച്ഛം വല്ലതും കൊടുത്തു തൃപ്തിപ്പെടുത്തി ബാക്കിയെല്ലാം പുരുഷന്മാര്‍ പങ്കിട്ടെടുക്കുന്ന പതിവ് പല കുടുംബങ്ങളിലും ഇക്കാലത്തും കാണാവുന്നതാണ്. അല്ലാഹുവിന്‍റെ നിയമത്തെ ധിക്കരിച്ചുകൊണ്ടുള്ള ഒരു പുതിയ ജാഹിലിയ്യാ സമ്പ്രദായമാണിത്.
(2) സ്വത്തുടമ വിട്ടേച്ചുപോകുന്ന (مِمَّاتَرَكَ) – അയാള്‍ മരണപ്പെടുമ്പോള്‍ ബാക്കിയായി അവശേഷിക്കുന്ന – സ്വത്തിനു മാത്രമാണ് അനന്തരാവകാശനിയമം ബാധകമാകുന്നത്. ഒരാളുടെ മരണത്തിനുമുമ്പ് അയാളുടെ സ്വത്തില്‍ (സകാത്ത്, കടം മുതലായവ യല്ലാതെ) കുടുംബങ്ങള്‍ക്കോ മറ്റോ ഒരു നിശ്ചിത അവകാശം ഒന്നും തന്നെയില്ല. സ്വത്തുടമയുടെ മരണം നിമിത്തം അയാള്‍ വിട്ടേച്ചുപോകുന്ന സ്വത്തില്‍ മാത്രമാണ് അവകാശമുള്ളതെന്ന് വരുമ്പോള്‍, അയാളുടെ മുമ്പ് മരണപ്പെട്ടുപോയ ഒരാള്‍ക്കും – അവര്‍ എത്രതന്നെ അടുത്ത ബന്ധമുള്ളവരായിരുന്നാലും – ആ സ്വത്തിന് അവകാശമില്ലെന്നു സ്പഷ്ടമാണ്. നേരെമറിച്ച് സ്വത്തുടമയുടെ മരണത്തിനുശേഷം ഏതെങ്കിലും ഒരവകാശി മരണപ്പെടുന്നപക്ഷം- അവന്‍ മരിച്ച ഉടനെത്തന്നെ ആയാലും ശരി – അയാളുടെ അവകാശം ഇല്ലാതാകുന്നതുമല്ല. അയാളുടെ ഓഹരി അയാളുടെ അവകാശികള്‍ക്ക് നല്‍കപ്പെടുമെന്നുമാത്രം.
(3) വിട്ടേച്ചുപോയ സ്വത്തിലെല്ലാം നിയമം ബാധകമാകും. നാണയമെന്നോ, അല്ലാ ത്തതെന്നോ, ഇളകുന്ന വസ്തുക്കളെന്നോ, അല്ലാത്തവയെന്നോ മറ്റോ ഉള്ളവ്യത്യാസമൊന്നുമില്ല. അവന്‍ വിട്ടേച്ചുപോയതെന്തോ അതില്‍നിന്ന് (مِمَّاتَرَكَ) എന്നാണല്ലോ അല്ലാഹു പറഞ്ഞ വാക്ക്. ചില സമുദായങ്ങള്‍ക്കിടയിലും ചില കുടുംബങ്ങള്‍ക്കിടയിലും നടപ്പുള്ളതുപോലെ മരണപ്പെട്ടവന്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, ആയുധങ്ങള്‍ മുതലായ ചില പ്രത്യേക ഉപകരണങ്ങള്‍ മൂത്ത മക്കള്‍ക്കും, അദ്ദേഹം താമസി ച്ചിരുന്ന വീട് ഇളയ മക്കള്‍ക്കും അവകാശപ്പെട്ടതാണ് എന്നിങ്ങിനെയുള്ള പ്രത്യേക നിയമങ്ങളൊന്നും ഇസ്‌ലാമിലില്ല. അവകാശികള്‍ പരസ്പരം തൃപ്തിപ്പെട്ട് ഇന്നതു ഇന്ന വര്‍ക്കു വിട്ടുകൊടുക്കാമെന്ന് നിശ്ചയിക്കുന്നതിന് വിരോധമില്ല. ചില സന്ദര്‍ഭങ്ങളില്‍ അത് വളരെ നന്നായിരിക്കുകയും ചെയ്യും.
(4) മരണപ്പെട്ട ആളുടെ മക്കളോ അടുത്ത കുടുംബങ്ങളോ ആയിരിക്കുക എന്നുള്ളതില്‍ നിന്നാണ് സ്വത്തവകാശത്തിനുള്ള അര്‍ഹത ഉല്‍ഭവിക്കുന്നത്. ‘മാതാപിതാക്കളും അടുത്ത കുടുംബങ്ങളും വിട്ടുപോയ സ്വത്തില്‍നിന്ന്’ (مِمَّاتَرَكَ الْوَالِدَانِ وَالأقْرَبُونَ) എന്നു പറഞ്ഞതില്‍നിന്ന് ഇതു മനസ്സിലാക്കാം. ഭാര്യാഭര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം, ചിലരുടെ അഭിപ്രായപ്രകാരം അവരും അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുന്നുവെന്ന് പറയാം. ഇല്ലെങ്കില്‍തന്നെയും, അവകാശികളുടെ കൂട്ടത്തില്‍ ഭാര്യാഭര്‍ത്താക്കളെ പ്രത്യേകം അല്ലാഹു ഉള്‍പ്പെടുത്തിയിട്ടുള്ളതില്‍നിന്ന് ഭാര്യാഭര്‍ത്തൃ ബന്ധവും സ്വത്ത വകാശത്തിനുള്ള അര്‍ഹത നല്‍കുന്നതാണെന്ന് വ്യക്തമാണ്. ഏതായാലും – ചില യുക്തിവാദക്കാരുടെ സംസാരങ്ങളില്‍ പ്രകടമാകുന്നതുപോലെ – ദാരിദ്ര്യത്തിന്‍റെയോ അവശതയുടെയോ കാരണം കൊണ്ടല്ല അനന്തരസ്വത്തില്‍ അവകാശം ലഭിക്കുന്നത്. ദരിദ്രനെന്നോ ധനികനെന്നോ ഉള്ള വ്യത്യാസം അതില്‍ പരിഗണിക്കപ്പെടുന്നില്ല. മരണപ്പെട്ട ആളുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അത്. ദരിദ്രന്മാരെയും പാവങ്ങളെയും ഉദ്ദേശിച്ചുള്ള നിയമനടപടികള്‍ വേറെത്തന്നെ ഇസ്‌ലാമിലുണ്ട്. ചിലതൊക്കെ അടുത്ത വചനങ്ങളില്‍തന്നെ വരുന്നുമുണ്ട്. കൂടുതല്‍ അടുത്ത ബന്ധമുള്ളവര്‍ നിലവിലുള്ളപ്പോള്‍, അവരെക്കാള്‍ അകന്ന ബന്ധമുള്ളവര്‍ക്ക് അവകാശം നഷ്ടപ്പെടുന്നതിലുള്ള തത്വം ഇപ്പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാമല്ലോ. പുത്രനുള്ളപ്പോള്‍ പൗത്രന്നും, സഹോദരനുള്ളപ്പോള്‍ സഹോദരപുത്രന്നും അവകാശമില്ലാതാകുന്നതുമൊക്കെ ഈ അടിസ്ഥാനത്തിലാണ്.
(5) സ്വത്തിന്‍റെ ഏറ്റക്കുറവു പരിഗണനീയമല്ല. വളരെക്കുറച്ചുമാത്രമായാലും ധാരാളക്കണക്കിലുണ്ടായിരുന്നാലും അവകാശത്തിന്‍റെ തോത് ഒരുപോലെത്തന്നെ. مِمَّا قَلَّ مِنْهُ أَوْ كَثُرَ (കുറഞ്ഞതില്‍ നിന്നോ അധികരിച്ചതില്‍ നിന്നോ) എന്നാണല്ലൊ അല്ലാഹു പറഞ്ഞത്. ഭാഗിക്കുവാന്‍ സാധിക്കാത്തവിധം തുച്ഛമായിരുന്നാല്‍ അവകാശികള്‍ വിട്ടുവീഴ്ചയോടെ ഒത്തൊരുമിച്ച് വല്ല തീരുമാനവും ഉണ്ടാക്കാമെന്നല്ലാതെ, അക്കാരണം കൊണ്ട് ആരുടെയും അവകാശം നഷ്ടപ്പെടുകയില്ല. പക്ഷേ, മരണപ്പെട്ടവന്‍റെ കടവും, നിയമാനുസൃതമായ വസ്വിയ്യത്തും കഴിച്ചു ബാക്കി മാത്രമേ അവകാശികള്‍ക്കുള്ളൂ എന്ന് അല്ലാഹുതന്നെ താഴെ സ്പഷ്ടമായി പ്രസ്താവിക്കുന്നുണ്ട്.
(6) ഓരോ അവകാശിക്കുമുള്ള ഓഹരി എത്രയാണെന്ന് അല്ലാഹു നിര്‍ണയിച്ചു കഴിഞ്ഞിട്ടുണ്ട്. അതില്‍ എന്തെങ്കിലും ഭേദഗതിയോ മാറ്റത്തിരുത്തലൊ ചെയ്‌വാന്‍ ആര്‍ക്കും അധികാരമില്ല; അവന്‍ നിശ്ചയിച്ച വിഹിതം ഓരോരുത്തര്‍ക്കും വകവെച്ചുകൊടുക്കല്‍ നിര്‍ബ്ബന്ധമാണ് എന്നത്രെ نَصِيبًا مَّفْرُوضًا (നിര്‍ണയം ചെയ്യപ്പെട്ട ഓഹരി) എന്ന വാക്യത്തിന്റെ താല്‍പര്യം. സ്ത്രീപുരുഷ സമത്വവാദത്തിന്റെ പേരിലൊ ദാരിദ്ര്യത്തിന്റെയും ബുദ്ധിമുട്ടിന്‍റെയും പേരിലോ മറ്റേതെങ്കിലും ന്യായത്തിന്റെ പേരിലൊ അല്ലാഹു നിര്‍ണയിച്ച വിധിയില്‍ മാറ്റം വരുത്തുവാന്‍ വ്യക്തികള്‍ക്കോ ഭരണകൂടത്തിനോ ഒരുകാലത്തും അവകാശമുണ്ടായിരിക്കയില്ല.
- وَإِذَا حَضَرَ ٱلْقِسْمَةَ أُو۟لُوا۟ ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينُ فَٱرْزُقُوهُم مِّنْهُ وَقُولُوا۟ لَهُمْ قَوْلًا مَّعْرُوفًا ﴾٨﴿
- (സ്വത്ത്) ഭാഗം ചെയ്യുന്നിടത്ത് കുടുംബക്കാരും, അനാഥകളും, സാധുക്കളും ഹാജറുണ്ടായാല്‍, അതില്‍ നിന്ന് അവര്‍ക്കു നല്‍കുകയും, അവരോട് (നല്ല) മര്യാദപ്പെട്ട വാക്കു പറയുകയും ചെയ്യുവിന്‍.
- وَإِذَا حَضَرَ ഹാജരായാല്‍, സന്നിഹിതരായാല്‍ الْقِسْمَةَ ഭാഗത്തിങ്കല്‍, ഭാഗിക്കുന്നേടത്ത്, ഓഹരിക്കല്‍ أُولُو الْقُرْبَىٰ കുടുംബക്കാര്‍, കുടുംബബന്ധമുള്ളവര്‍ وَالْيَتَامَىٰ അനാഥകളും وَالْمَسَاكِينُ സാധുക്കളും, പാവങ്ങളും فَارْزُقُوهُم എന്നാലവര്‍ക്ക് നിങ്ങള്‍ കൊടുക്കുവിന്‍ مِّنْهُ അതില്‍ നിന്ന് وَقُولُوا നിങ്ങള്‍ പറയുകയും ചെയ്യുവിന്‍ لَهُمْ അവരോട് قَوْلًا വാക്ക് مَّعْرُوفًا മര്യാദപ്പെട്ട (നല്ല)
- وَلْيَخْشَ ٱلَّذِينَ لَوْ تَرَكُوا۟ مِنْ خَلْفِهِمْ ذُرِّيَّةً ضِعَـٰفًا خَافُوا۟ عَلَيْهِمْ فَلْيَتَّقُوا۟ ٱللَّهَ وَلْيَقُولُوا۟ قَوْلًا سَدِيدًا ﴾٩﴿
- തങ്ങളുടെ പിന്നില്‍ ദുര്‍ബ്ബലരായ സന്താനങ്ങളെ വിട്ടേച്ചു പോയിരുന്നാല്‍ അവരെപ്പറ്റി ഭയപ്പെടുന്നവര്‍ പേടിച്ചുകൊള്ളുകയും ചെയ്യട്ടെ; (അതെ) അപ്പോള്‍ അവര്‍ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളട്ടെ; ചൊവ്വായ വാക്ക് അവര്‍ പറയുകയും ചെയ്യട്ടെ.
- وَلْيَخْشَ പേടിച്ചും കൊള്ളട്ടെ الَّذِينَ യാതൊരു കൂട്ടര്‍ لَوْ تَرَكُوا തങ്ങള്‍ വിട്ടുപോയിരുന്നാല്‍ مِنْ خَلْفِهِمْതങ്ങളുടെ പിന്നില്‍, പിന്നാലെ ذُرِّيَّةً സന്താനങ്ങളെ ضِعَافًا ദുര്‍ബ്ബലരായ, ബലഹീനരായ خَافُوا അവര്‍ ഭയപ്പെടും (ഭയം തോന്നും) عَلَيْهِمْ അവരെപ്പറ്റി فَلْيَتَّقُوا اللَّهَ അപ്പോള്‍ (അതിനാല്‍) അവര്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ وَلْيَقُولُوا അവര്‍ പറയുകയും ചെയ്യട്ടെ قَوْلًا سَدِيدًا ചൊവ്വായ വാക്ക്
- إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَٰلَ ٱلْيَتَـٰمَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا ﴾١٠﴿
- നിശ്ചയമായും, അനാഥകളുടെ സ്വത്തുക്കളെ അക്രമമായി തിന്നുന്നവര്‍, അവരുടെ വയറുകളില്‍ അവര്‍ തിന്നു(നിറക്കു)ന്നത് അഗ്നി മാത്രമാകുന്നു. കത്തിജ്ജ്വലിക്കുന്ന നരകത്തില്‍ വഴിയെ അവര്‍ (കടന്ന്) എരിയുകയും ചെയ്യും.
- إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ يَأْكُلُونَ അവര്‍ തിന്നും أَمْوَالَ സ്വത്തുക്കളെ الْيَتَامَىٰ അനാഥകളുടെ ظُلْمًا അക്രമമായി إِنَّمَا يَأْكُلُونَ അവര്‍ തിന്നുക മാത്രം ചെയ്യുന്നു, തീര്‍ച്ചയായും തിന്നുന്നു فِي بُطُونِهِمْ അവരുടെ വയറുകളില്‍ (നിറയെ) نَارًا അഗ്നി, അഗ്നിമാത്രം وَسَيَصْلَوْنَ വഴിയെ അവര്‍ കടന്നെരിയുകയും ചെയ്യും سَعِيرًا കത്തിജ്ജ്വലിക്കുന്ന നരകത്തില്‍
ഈ മൂന്നു വചനങ്ങളില്‍ ഒന്നാമത്തേത് അനന്തരാവകാശികളെ അഭിമുഖീകരിച്ചുള്ളതാകുന്നു. അനന്തരസ്വത്ത് ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍, നിശ്ചിത അവകാശമൊന്നും ലഭിക്കാത്തവരായ കുടുംബങ്ങളോ, അനാഥകളോ, സാധുക്കളോ ഉണ്ടായിരുന്നാല്‍ അവര്‍ക്ക് അതില്‍ നിന്ന് കുറേശ്ശെ കൊടുത്ത് നല്ല വാക്കും പറഞ്ഞ് സന്തോഷിപ്പിച്ചു വിടണം എന്ന് സാരം. ഭാഗം കഴിയുന്നതിനു മുമ്പ് അവകാശികള്‍ തമ്മില്‍ കൂടിയാലോചിച്ചു മൂലധനത്തില്‍ നിന്നോ, ഭാഗിച്ചെടുത്തു കഴിഞ്ഞ ശേഷം അവരവര്‍ക്കു കിട്ടിയ ഓഹരികളില്‍ നിന്നോ ഈ കടമ നിര്‍വ്വഹിക്കാം. ഇതൊരു നിര്‍ബന്ധ നിയമമല്ലെന്നും, പുണ്യപ്പെട്ട ഒരു ഐച്ഛിക നിയമമാണെന്നുമാണ് പണ്‍ഡിതന്മാരില്‍ ഒരു പക്ഷത്തിന്‍റെ അഭിപ്രായം. അതല്ല, യഥാര്‍ത്ഥത്തില്‍ ഇതൊരു നിര്‍ബന്ധ കല്‍പന തന്നെയാണ് – പക്ഷേ, കാലക്രമേണ ജനങ്ങള്‍ അത് പാലിക്കാതെ ഉദാസീനത കാട്ടിപ്പോരുകയാണ് ചെയ്യുന്നത് – എന്നത്രെ മറ്റൊരു പക്ഷക്കാരുടെ അഭിപ്രായം. ഈ അഭിപ്രായത്തിനാണ് പല നിലക്കും ന്യായം കാണുന്നത്. (അല്ലാഹുവിനറിയാം) ഇന്നത്തെ സ്ഥിതിസമത്വവാ ദത്തിന്‍റെ (സോഷ്യലിസത്തിന്‍റെ) പേരില്‍ ഇസ്‌ലാമിലെ ചില അനന്തരാവകാശ നിയമങ്ങളെ വിമര്‍ശിക്കുന്നവര്‍ ഈ കല്‍പന പ്രത്യേകം ഗൗനിക്കേണ്ടിയിരിക്കുന്നു.
ഈ രണ്ടഭിപ്രായങ്ങളില്‍ ഏതു സ്വീകരിച്ചാലും ശരി, സ്വത്ത് ഭാഗം നടക്കുമ്പോള്‍ മേല്‍പറഞ്ഞവരാരെങ്കിലും നിലവിലുണ്ടെങ്കില്‍ – സ്വത്തിന്‍റെ നിലപാടും, അവകാശികളുടെ പൊതു നിലയും പരിഗണിച്ചുകൊണ്ട് – അവര്‍ക്ക് കുറേശ്ശെയെങ്കിലും കൊടുത്തു സന്തോഷിപ്പിക്കുകയും, ‘അധികമൊന്നും തരാനില്ലാത്തതുകൊണ്ടാണ് കൂടുതല്‍ തരുവാന്‍ കഴിയാത്തത്, ഞങ്ങളും തിടുക്കക്കാര്‍ തന്നെയാണ്’ എന്നിത്യാദി നല്ല വാക്കുകള്‍ പറഞ്ഞു സമാധാനിപ്പിക്കുകയും ചെയ്യേണ്ടതാകുന്നു. അവകാശികള്‍ക്ക് തങ്ങളുടെ യത്‌നം കൂടാതെ ലഭിക്കുന്നതാണല്ലോ അനന്തരാവകാശം. ആ സ്ഥിതിക്ക് അവര്‍ പ്രത്യേക ഔദാര്യം കാണിക്കേണ്ടിയിരിക്കുന്നു. കൃഷിയിടങ്ങളില്‍നിന്നോ, തോട്ടങ്ങള്‍ മുതലായവയില്‍ നിന്നോ വിളവെടുക്കുന്ന അവസരങ്ങളില്‍ ഇതുപോലെ, ബന്ധപ്പെട്ടവരും സാധുക്കളും ഹാജരുണ്ടാകുമ്പോള്‍ അവര്‍ക്കും ഇപ്രകാരം വല്ലതുമൊക്കെ കൊടുത്തു തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വളരെ നല്ലൊരു വഴക്കമത്രെ ഇത്. ഈ വഴക്കത്തില്‍നിന്ന് ഒഴിഞ്ഞു മാറുകയും, തന്ത്രപൂര്‍വ്വം സാധുക്കളെ അറിയിക്കാതെ അവരുടെ കണ്ണുവെട്ടിച്ച് വിളവെടുക്കുവാന്‍ പരിപാടിയിടുകയും ചെയ്ത ഒരു തോട്ടക്കാര്‍ക്കു പിണഞ്ഞ ആപത്തിന്‍റെ കഥ സൂറഃ ക്വലമില്‍ അല്ലാഹു വിവരിച്ചതു കാണാം. അതിവിടെ ഓര്‍ക്കത്തക്കതാകുന്നു.
രണ്ടാമത്തെ വചനത്തിന്‍റെ താല്‍പര്യം ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്. അവയില്‍ ഏതു സ്വീകരിച്ചാലും പ്രധാനമായ ഒരു തത്വമാണതില്‍ അടങ്ങിയിരിക്കുന്നത്.
(1) തങ്ങള്‍ മരണപ്പെട്ടുപോയാല്‍ തങ്ങളുടെ മക്കള്‍ മുതലായ അവകാശികള്‍ ദുര്‍ബ്ബലരും നിസ്സഹായരുമായിപ്പോയേക്കുമെന്ന് ആശങ്കയുള്ളവര്‍ നേരത്തെതന്നെ അക്കാര്യത്തില്‍ മുന്‍കരുതല്‍ എടുത്തിരിക്കേണ്ടതാണ് എന്നത്രെ അവയില്‍ ഒന്ന്. അതായത്, അങ്ങനെയുള്ളവര്‍ സ്വത്തു മുഴുവനുമോ, അതില്‍ നിന്നു കാര്യമായ വല്ല ഭാഗമോ മറ്റു വിഷയങ്ങളില്‍ ചിലവഴിക്കുകയോ, വസ്വിയ്യത്ത് ചെയ്തുവെക്കുകയോ ചെയ്യാതെ അവ കാശികള്‍ക്കുവേണ്ടി കരുതി വെക്കണം എന്നു ചുരുക്കം. സഅ്ദുബ്‌നു അബീവക്ക്വാസ്വ് (റ)ന്‍റെ സംഭവം ഇവിടെ പ്രസ്താവ്യമാകുന്നു. അദ്ദേഹം രോഗത്തിലായിരുന്നപ്പോള്‍ തന്‍റെ ധനത്തില്‍ വലിയൊരു ഭാഗം വസ്വിയ്യത്ത് ചെയ്‌വാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അനുവാദം ചോദിച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു സമ്മതിക്കാതിരിക്കുകയും, അവസാനം കവിഞ്ഞപക്ഷം മൂന്നിലൊന്നുമതി, അതുതന്നെ ധാരാളമാണ് എന്ന് പറയുകയും ഉണ്ടായി. തുടര്‍ന്നുകൊണ്ട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘താങ്കളുടെ അവകാശികളെ ജനങ്ങളോട് കൈകാട്ടുന്ന ദരിദ്രന്മാരായി വിട്ടു പോകുന്നതിനെക്കാള്‍ അവരെ ധനികന്മാരായി വിട്ടു പോകുന്നതാണ് താങ്കള്‍ക്ക് ഉത്തമം.’ (ബുഖാരിയും, മുസ്‌ലിമും രേഖപ്പെടുത്തിയ ഈ ഹദീഥിന്‍റെ പൂര്‍ണരൂപം അല്‍ബക്വറഃ 180 – 182 ന്‍റെ വ്യാഖ്യാനത്തില്‍ മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്.) മരിക്കാറാകുമ്പോള്‍ സ്വത്തിന്‍റെ പ്രധാനഭാഗം വല്ല ധര്‍മവിഷയങ്ങളിലും നീക്കിവെച്ചും, വസ്വിയ്യത്ത് ചെയ്തും അവകാശികളെ അവഗണിക്കുകയും, കബളിപ്പിക്കുകയും ചെയ്യുന്ന പതിവ് പലരിലും കാണാറുണ്ട്. ഇതു ശരിയല്ലെന്നും, കുറ്റകരം കൂടിയാണെന്നും മനസ്സിലാക്കേണ്ടതാകുന്നു.
(2) തങ്ങളുടെ ശേഷം തങ്ങളുടെ സന്താനങ്ങള്‍ അവശരും ദുര്‍ബ്ബലരുമായിത്തീരുന്നതിനെക്കുറിച്ചു ഭയപ്പാടുള്ളവര്‍ അതുപോലെ മറ്റുള്ളവരെപ്പറ്റിയും ഭയപ്പെടേണ്ടതാണ് എന്നത്രെ മറ്റൊരു വ്യാഖ്യാനം. അതായത്; മരണാസന്നരായവരോട് അവരുടെ സന്താനങ്ങള്‍ മുതലായവര്‍ക്കു ദോഷകരമായിത്തീരുന്ന വസ്വിയ്യത്തുകള്‍ ചെയ്യാതിരിക്കുവാന്‍ ഉപദേശിച്ചും മറ്റും അവരുടെ മക്കളുടെ നന്മയില്‍ ശ്രദ്ധ പതിക്കണമെന്നു സാരം.
(3) അനാഥകളുടെ ധനം കൈകാര്യം ചെയ്യുന്ന ആളുകള്‍, തങ്ങളുടെ സ്വന്തം മക്കള്‍ തങ്ങളുടെ കാലശേഷം ദുര്‍ബ്ബലരായി വിഷമം അനുഭവിക്കുവാന്‍ ഇഷ്ടപ്പെടാത്തതുപോലെ, തങ്ങളുടെ കീഴിലുള്ള അനാഥകളുടെ ധനം കൈകാര്യം ചെയ്യുന്നതിലും വളരെ സൂക്ഷ്മത പാലിക്കേണ്ടതാണ്, എന്നിങ്ങനെയാണ് വേറൊരു വ്യാഖ്യാനം. ആയ ത്തിന്‍റെ വാചകവും സന്ദര്‍ഭവും പ്രസ്തുത വ്യാഖ്യാനങ്ങള്‍ക്കെല്ലാം ഉതകുന്നതാണു താനും. ഏതാണ്ട് ഇതുപോലെയുള്ള വേറെയും വ്യാഖ്യാനം ഇല്ലാതില്ല.
മൂന്നാമത്തെ വചനത്തിന്‍റെ ആശയം വ്യക്തമാണ്. അനാഥകളുടെ ധനം ന്യായമല്ലാത്ത രൂപത്തില്‍ എടുത്തു തിന്നുന്നവന്‍ തല്‍ക്കാലം അതുകൊണ്ട് വയറു നിറക്കുന്നുവെങ്കിലും നരകത്തില്‍ കടന്ന് അഗ്നികൊണ്ട് വയറു നിറക്കേണ്ടി വരുന്ന ശിക്ഷ അനുഭവിക്കലായിരിക്കും അതിന്‍റെ ഫലം എന്നു ചുരുക്കം. ഏഴു മഹാപാപങ്ങളെ വിവരിച്ചകൂട്ടത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്ന് എണ്ണിയിരിക്കുന്നത് അനാഥകളുടെ സ്വത്ത് തിന്നലാണെന്ന് ഓര്‍ക്കുമ്പോള്‍ ആ പാതകം എത്ര ഭയങ്കരമാണെന്ന് ഊഹിക്കാമല്ലോ. ഈ താക്കിത് എല്ലാ അവസരത്തിലും ബാധകമായതാണെങ്കിലും അനന്തരാവകാശ നിയമങ്ങളോട് ബന്ധപ്പെടുത്തി പറയുവാന്‍ കാരണം, മേല്‍കണ്ടതുപോലെ സ്വത്തുഭാഗം നടത്തുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ ഓഹരി നല്‍കുന്നതിലും അവരുടെ ധനത്തിന്‍റെ മേല്‍നോട്ടം ഏറ്റെടുക്കുന്നതിലും ക്രമക്കേടുകള്‍ വരുത്തുന്നത് പ്രത്യേകം സൂക്ഷിക്കുവാന്‍ വേണ്ടിയായിരിക്ക الله أعلم