സൂറതുന്നിസാഉ് : 88 – 104
വിഭാഗം - 12
- فَمَا لَكُمْ فِى ٱلْمُنَـٰفِقِينَ فِئَتَيْنِ وَٱللَّهُ أَرْكَسَهُم بِمَا كَسَبُوٓا۟ ۚ أَتُرِيدُونَ أَن تَهْدُوا۟ مَنْ أَضَلَّ ٱللَّهُ ۖ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُۥ سَبِيلًا ﴾٨٨﴿
- അപ്പോള്‍, കപടവിശ്വാസികളുടെ കാര്യത്തില്‍ (നിങ്ങള്‍) രണ്ടു കക്ഷികളാകുവാന്‍ നിങ്ങള്‍ക്കെന്താണ്? അവര്‍ (ചെയ്തത്) സമ്പാദിച്ചത് നിമിത്തം അല്ലാഹു അവരെ (പൂര്‍വ്വസ്ഥിതിയിലേക്ക്) മറിച്ചിട്ടിരിക്കെ? അല്ലാഹു വഴിപിഴവിലാക്കിയവരെ നിങ്ങള്‍ നേര്‍മാര്‍ഗത്തിലാക്കുവാന്‍ ഉദ്ദേശിക്കുന്നുവോ?! യാതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവന് (പിന്നെ) നീ ഒരു മാര്‍ഗവും കണ്ടെത്തുകയേ ഇല്ല.
- فَمَا لَكُمْ അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ക്ക് എന്താണ് فِي الْمُنَافِقِينَ കപടവിശ്വാസികളില്‍, മുനാഫിക്വുകളെപ്പറ്റി فِئَتَيْنِ രണ്ട് കക്ഷികളായിട്ട്, രണ്ട് സംഘം (ആകുവാന്‍) وَاللَّهُ അല്ലാഹുവാകട്ടെ أَرْكَسَهُم അവരെ (കുത്തനെ) മറിച്ചിട്ടിരിക്കുന്നു, (മുന്‍സ്ഥിതിയിലേക്ക്) തള്ളിയിരിക്കുന്നു بِمَا كَسَبُوا അവര്‍ സമ്പാദിച്ച (ചെയ്തുവെച്ച)ത് നിമിത്തം أَتُرِيدُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ, ഉദ്ദേശിക്കുകയോ أَن تَهْدُوا നിങ്ങള്‍ നേര്‍മാര്‍ഗത്തിലാക്കുവാന്‍, വഴി കാട്ടുവാന്‍ مَنْ أَضَلَّ വഴിപിഴവിലാക്കിയവരെ(വനെ) اللَّهُ അല്ലാഹു وَمَن يُضْلِلِ യാതൊരുവനെ (ആരെ) വഴിപിഴവിലാക്കുന്നുവോ اللَّهُ അല്ലാഹു فَلَن تَجِدَ എന്നാല്‍ നീ കണ്ടെത്തുകയേ ഇല്ല لَهُ അവന് سَبِيلًا ഒരു മാര്‍ഗം
പ്രത്യക്ഷത്തില്‍ ഇസ്‌ലാമിനെ അംഗീകരിച്ചു മുസ്‌ലിംകളായി അഭിനയിക്കുകയും, അതേ സമയത്ത് മുശ്‌രിക്കുകളായ സ്വജനങ്ങളെ വിട്ടു ഹിജ്‌റഃപോരുവാന്‍ തയ്യാറില്ലാതെ അവരുമായി കലര്‍ന്ന് ജീവിക്കുകയും ചെയ്തിരുന്ന കുറേ ആളുകളുണ്ടായിരുന്നു. പുറമെ മുസ്‌ലിംകളായി ചമയുകയും അവരോട് സ്‌നേഹബന്ധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതുകൊണ്ട് അവര്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ തന്നെയാണെന്നും, മുസ്‌ലിംകളോടെന്നപോലെ അവരോടും പെരുമാറണമെന്നും ആയിരുന്നു സ്വഹാബികളില്‍ ഒരു വിഭാഗത്തിന്‍റെ പക്ഷം. പ്രത്യക്ഷത്തില്‍ മുസ്‌ലിംകളാണെങ്കില്‍ തന്നെയും മുശ്‌രിക്കുകളെ കൈവെടിയുവാന്‍ ഒരുക്കമില്ലാതിരിക്കുകയും, അവരുടെ പ്രവര്‍ത്തനങ്ങളിലെല്ലാം ഏറെക്കുറെ ഭാഗഭാക്കാകുകയും ചെയ്തിരുന്നതുകൊണ്ട് അവര്‍ തനി കപടന്‍മാരാണെന്നും, അവിശ്വാസികളോടെന്ന പോലെ അവരോടും പെരുമാറണമെന്നും ആയിരുന്നു മറ്റൊരു പക്ഷത്തിന്‍റെ അഭിപ്രായം. ഈ രണ്ടാമത്തെ അഭിപ്രായക്കാരെയാണ് അല്ലാഹു ശരിവെക്കുന്നതെന്ന് ഈ വചനത്തില്‍ നിന്നും അടുത്ത വചനങ്ങളില്‍നിന്നും സ്പഷ്ടമാകുന്നു. അവര്‍ ഇസ്‌ലാമിനെ അംഗീകരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്നീടുള്ള അവരുടെ ചെയ്തികള്‍ നിമിത്തം അവര്‍ പഴയ ശിര്‍ക്കിലേക്കു തന്നെ തലകുത്തനെ മറിഞ്ഞു പോകുകയും, സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുപോകുകയും ചെയ്തിരിക്കുകയാണ്. എന്നിരിക്കെ, അവരെ സന്മാര്‍ഗികളും നല്ലവരുമായി ഗണിക്കുവാന്‍ എന്തു ന്യായമാണുള്ളത്? എന്നത്രെ അല്ലാഹു ചോദിക്കുന്നത്.
അല്ലാഹു വഴിപിഴവിലാക്കി; അല്ലാഹു പൂര്‍വ്വസ്ഥിതിയിലേക്ക് മറിച്ചിട്ടു; അല്ലാഹു ഹൃദയത്തിന് മുദ്രവെച്ചു എന്നിങ്ങിനെയുള്ള പ്രയോഗങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് സൂ: ഫാതിഹഃയില്‍ ‘ഹിദായത്തി’ന്‍റെ വിവരണത്തിലും, അല്‍ബക്വറഃ 7-ാം വചനം മുതലായവയടെ വ്യാഖ്യാനത്തിലും മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ‘അവര്‍ വഴിപിഴച്ചു പോയി , അവര്‍ പൂര്‍വ്വസ്ഥിതിയിലേക്കു മടങ്ങി, അവരുടെ ഹൃദയത്തിലേക്ക് വേണ്ടതൊന്നും കടക്കാതായിത്തീര്‍ന്നു’ എന്നൊക്കെയുള്ള അര്‍ഥത്തിലാണ് അവ കലാശിക്കുന്നത്. കാരണങ്ങള്‍ അവരില്‍ നിന്നാണെങ്കിലും എല്ലാം അല്ലാഹുവിന്‍റെ സൃഷ്ടിയാണല്ലോ. മേല്‍ പ്രസ്താവിച്ച കപടവിശ്വാസികളുടെ യഥാര്‍ഥ സ്ഥിതിയും അവരോട് സ്വീകരിക്കപ്പെടേുന്ന നയം എന്താണെന്നും അടുത്തവചനങ്ങളില്‍ അല്ലാഹു വിവരിക്കുന്നു:-
- وَدُّوا۟ لَوْ تَكْفُرُونَ كَمَا كَفَرُوا۟ فَتَكُونُونَ سَوَآءً ۖ فَلَا تَتَّخِذُوا۟ مِنْهُمْ أَوْلِيَآءَ حَتَّىٰ يُهَاجِرُوا۟ فِى سَبِيلِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ ۖ وَلَا تَتَّخِذُوا۟ مِنْهُمْ وَلِيًّا وَلَا نَصِيرًا ﴾٨٩﴿
- അവര്‍ അവിശ്വസിച്ചതുപോലെ, നിങ്ങളും അവിശ്വസിക്കുകയും, അങ്ങിനെ നിങ്ങള്‍ (ഇരുകൂട്ടരും) സമമായിരിക്കുകയും ചെയ്തിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) എന്ന് അവര്‍ ആഗ്രഹിക്കുകയാണ്. അതിനാല്‍, അവരില്‍ നിന്ന് നിങ്ങള്‍ (ബന്ധു) മിത്രങ്ങളെ സ്വീകരിക്കരുത്, അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ 'ഹിജ്‌റഃ' [രാജ്യം ത്യജിച്ചു] പോകുന്നത് വരേക്കും. ഇനി, അവര്‍ തിരിഞ്ഞു കളയുകയാണെങ്കില്‍, നിങ്ങള്‍ അവരെ പിടിക്കുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച് കൊലപ്പെടുത്തുകയും ചെയ്യുവിന്‍. അവരില്‍ നിന്നും ഒരു ബന്ധു മിത്രത്തെയാകട്ടെ. സഹായകനെയാകട്ടെ നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യരുത്.
- وَدُّوا അവര്‍ ആഗ്രഹിക്കുകയാണ്, കൊതിച്ചിരിക്കുന്നു لَوْ تَكْفُرُونَ നിങ്ങള്‍ അവിശ്വസിച്ചിരുന്നുവെങ്കില്‍ (എന്ന്) كَمَا كَفَرُوا അവര്‍ അവിശ്വസിച്ചതുപോലെ فَتَكُونُونَ അങ്ങിനെ നിങ്ങള്‍ ആയിരിക്കുകയും سَوَاءً സമം, ഒരുപോലെ فَلَا تَتَّخِذُوا അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത്, സ്വീകരിക്കരുത് مِنْهُمْ അവരില്‍ നിന്ന് أَوْلِيَاءَ മിത്രങ്ങളെ, ബന്ധുക്കളെ حَتَّىٰ يُهَاجِرُوا അവര്‍ ഹിജ്‌റഃ പോകുന്നതുവരെ فِي سَبِيلِ മാര്‍ഗത്തില്‍ اللَّهِ അല്ലാഹുവിന്‍റെ فَإِن تَوَلَّوْا എനി അവര്‍ തിരിഞ്ഞു കളഞ്ഞെങ്കില്‍ فَخُذُوهُمْ എന്നാലവരെ നിങ്ങള്‍ പിടിക്കുവിന്‍ وَاقْتُلُوهُمْ അവരെ നിങ്ങള്‍ കൊല്ലുകയും ചെയ്യുവിന്‍ حَيْثُ وَجَدتُّمُوهُمْ നിങ്ങളവരെ കണ്ടുമുട്ടിയേടത്ത് (കിട്ടിയേടത്ത്)വെച്ച് وَلَا تَتَّخِذُوا നിങ്ങള്‍ സ്വീകരിക്കുകയും അരുത് مِنْهُمْ അവരില്‍ നിന്ന് وَلِيًّا ഒരു ബന്ധുവിനെയും, ഒരു മിത്രത്തെ وَلَا نَصِيرًا ഒരു സഹായകനെയും അരുത്
- إِلَّا ٱلَّذِينَ يَصِلُونَ إِلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌ أَوْ جَآءُوكُمْ حَصِرَتْ صُدُورُهُمْ أَن يُقَـٰتِلُوكُمْ أَوْ يُقَـٰتِلُوا۟ قَوْمَهُمْ ۚ وَلَوْ شَآءَ ٱللَّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَـٰتَلُوكُمْ ۚ فَإِنِ ٱعْتَزَلُوكُمْ فَلَمْ يُقَـٰتِلُوكُمْ وَأَلْقَوْا۟ إِلَيْكُمُ ٱلسَّلَمَ فَمَا جَعَلَ ٱللَّهُ لَكُمْ عَلَيْهِمْ سَبِيلًا ﴾٩٠﴿
- (അതെ) നിങ്ങള്‍ക്കും തങ്ങള്‍ക്കുമിടയില്‍ വല്ല ഉടമ്പടിയും ഉള്ളതായ ഒരു ജനതയോട് ചേര്‍ന്ന് (ബന്ധപ്പെട്ട്) നില്‍ക്കുന്നവരൊഴികെ; അല്ലെങ്കില്‍, നിങ്ങളുമായി യുദ്ധം ചെയ്യുകയോ, തങ്ങളുടെ ജനതയുമായി യുദ്ധം ചെയ്യുകയോ ചെയ്‌വാന്‍ (വിഷമിച്ച്) തങ്ങളുടെ മനസ്സിടുങ്ങിയ നിലയില്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടുള്ള(വര്‍ ഒഴികെ). അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങള്‍ക്കെതിരെ (ശക്തിനല്‍കി) അവരെ അവന്‍ അധികാരപ്പെടുത്തുകയും, അങ്ങനെ, അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും തന്നെ ചെയ്യുമായിരുന്നു. എന്നാല്‍, അവര്‍ നിങ്ങളെ വിട്ടുനിന്നു നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളോട് സമാധാനം പ്രകടിപ്പിക്കുക [സന്ധിക്കു ഒരുങ്ങുക]യും ചെയ്തുവെങ്കില്‍. അപ്പോള്‍, അവരുടെ മേല്‍ നിങ്ങള്‍ക്ക് അല്ലാഹു ഒരു മാര്‍ഗവും ഉണ്ടാക്കിത്തന്നിട്ടില്ല.
- إِلَّا الَّذِينَ യാതൊരുവരൊഴികെ يَصِلُونَ അവര്‍ ചേരുന്നു, ബന്ധപ്പെടുന്നു إِلَىٰ قَوْمٍ ഒരു ജനതയിലേക്ക് بَيْنَكُمْ നിങ്ങള്‍ക്കിടയിലുണ്ട് وَبَيْنَهُم അവര്‍ക്കിടയിലുമുണ്ട് مِّيثَاقٌ വല്ല ഉറപ്പും, കരാറും, ഉടമ്പടിയും أَوْ جَاءُوكُمْ അല്ലെങ്കില്‍ അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നു حَصِرَتْ ഇടുങ്ങിയ നിലയില്‍ صُدُورُهُمْ അവരുടെ നെഞ്ചുകള്‍ (മനസ്സ്) أَن يُقَاتِلُوكُمْ അവര്‍ നിങ്ങളുമായി (നിങ്ങളോട്) യുദ്ധം ചെയ്‌വാന്‍ أَوْ يُقَاتِلُوا അല്ലെങ്കില്‍ അവര്‍ യുദ്ധം ചെയ്‌വാന്‍ قَوْمَهُمْ അവരുടെ (തങ്ങളുടെ) ജനതയോട് وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ അല്ലാഹു لَسَلَّطَهُمْ അവരെ അധികാരപ്പെടുത്തുക (നിയോഗിക്കുക) തന്നെ ചെയ്തിരുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ فَلَقَاتَلُوكُمْ അങ്ങനെ (എന്നിട്ട്) അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുക തന്നെ ചെയ്തിരുന്നു فَإِنِ اعْتَزَلُوكُمْ എന്നാല്‍ അവര്‍ നിങ്ങളെ വിട്ടു നിന്നാല്‍, ഒഴിഞ്ഞു നിന്നെങ്കില്‍ فَلَمْ يُقَاتِلُوكُمْ എന്നിട്ട് നിങ്ങളോടവര്‍ യുദ്ധം ചെയ്തില്ല وَأَلْقَوْا അവര്‍ ഇടുക (പ്രകടിപ്പിക്കുക - കാണിക്കുക)യും ചെയ്തു إِلَيْكُمُ നിങ്ങളിലേക്ക്, നിങ്ങളോട് السَّلَمَ സമാധാനം, ഒതുക്കം, ശാന്തത, സലാം فَمَا جَعَلَ എന്നാല്‍ ആക്കിയിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല اللَّهُ അല്ലാഹു لَكُمْ عَلَيْهِمْ നിങ്ങള്‍ക്ക് അവരുടെ മേല്‍ سَبِيلًا ഒരു മാര്‍ഗം, വഴിയും
കഴിഞ്ഞ വചനത്തില്‍ പ്രസ്താവിക്കപ്പെട്ട ആ കപട വിശ്വാസികളെ സംബന്ധിച്ച് ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടിയ സംഗതികള്‍ ഇങ്ങനെ സംഗ്രഹിക്കാം:
(1) അവര്‍ യഥാര്‍ഥത്തില്‍ സത്യവിശ്വാസികളല്ല. അവിശ്വാസികള്‍ തന്നെയാണ്. നിങ്ങളും കൂടി അവരെപ്പോലെ അവിശ്വാസികളായിത്തീരുവാനാണ് അവര്‍ ആഗ്രഹിക്കുന്നതും. അതുകൊണ്ട് അവരോട് മൈത്രിയും സ്‌നേഹബന്ധവും പുലര്‍ത്തിക്കൂടാ.
(2) അവര്‍ മുസ്‌ലിംകളാണെങ്കില്‍ അവര്‍ ഹിജ്‌റഃ പോരേണ്ടതായിരുന്നു. എനി അവര്‍ ‘ദാറുല്‍ഹര്‍ബി’ (ശത്രുനാട്ടി)ല്‍ നിന്ന് മദീനായിലേക്ക് ഹിജ്‌റഃ വരുന്നപക്ഷം അപ്പോള്‍ അവരെ മുസ്‌ലിംകളായി കരുതാവുന്നതുമാണ്.
(3) ഹിജ്‌റഃ പോരാന്‍ വിസമ്മതിക്കുന്ന പക്ഷം, അവര്‍ അവിശ്വാസികളും ശത്രുക്കളുമായിത്തന്നെ കരുതണം. മക്കാ മുശ്‌രിക്കുകളോടെന്ന പോലെ അവരോടും യുദ്ധ നടപടികള്‍ സ്വീകരിക്കണം. അതെ, മുസ്‌ലിംകളോട് യുദ്ധം പ്രഖ്യാപിച്ച മുശ്‌രിക്കുകളെ തക്കം കിട്ടിയേടത്തുവെച്ച് ബന്ധനത്തിലാക്കുകയോ, കൊലപ്പെടുത്തുകയോ ചെയ്യേതാണ്ടണ്. അത്‌പോലെ ഇവരോടും അതേനയം സ്വീകരിക്കേണ്ടിയിരിക്കുന്നു. അവരുമായി എന്തെങ്കിലും കൂട്ടുകെട്ടോ, അവരുടെ സഹായം സ്വീകരിക്കലോ പാടില്ലാത്തതാകുന്നു.
ഒരു കാര്യം ഇവിടെ ഓര്‍ക്കുന്നത് നന്ന്. മുസ്‌ലിംകള്‍ക്ക് അക്കാലത്ത് മദീനായില്‍ മാത്രമേ മതസ്വാതന്ത്ര്യവും, സ്വൈരജീവിതവും ലഭിച്ചിട്ടുള്ളൂ. ചുറ്റുപാടും – മക്കയില്‍ പ്രത്യേകിച്ചും – ശത്രുക്കള്‍ ഇസ്‌ലാമിനെ നശിപ്പിക്കുവാന്‍ തക്കം പാര്‍ത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇസ്‌ലാമിനെ ആശ്‌ളേഷിക്കുന്നവര്‍ ശത്രുജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടുന്നത് പല നിലക്കും അപകടമായിരുന്നു. അതുകൊണ്ട് ഹിജ്‌റഃക്ക് കഴിവുള്ള എല്ലാ സത്യവിശ്വാസികളും മദീനായിലേക്ക് ഹിജ്‌റഃ പോകല്‍ അന്നത്തെ പരിതഃസ്ഥിതിയില്‍ നിര്‍ബ്ബന്ധമായിരുന്നു. (ആഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാത്തവര്‍ അതില്‍നിന്ന് ഒഴിവാണെന്ന് 98-ാം വചനത്തില്‍ വരുന്നുണ്ട്.) പിന്നീട് മക്കാവിജയം ഉണ്ടാകുകയും, അറേബ്യ ഉപദ്വീപ് മിക്കവാറും മുസ്‌ലിം രാജ്യമായി മാറുകയും ചെയ്തതോടെ ഹിജ്‌റഃയുടെ നിര്‍ബ്ബന്ധം ഇല്ലാതായിത്തീര്‍ന്നു. മക്കാ വിജയ ദിവസം നബി (صلّى الله عليه وسلّم) പറഞ്ഞു: ‘വിജയത്തിനുശേഷം ഹിജ്‌റഃ ഇല്ല. എങ്കിലും ‘ജിഹാദും, നിയ്യത്ത്’ (സമരവും സമരോദ്ദേശ്യവു)മാണുള്ളത്. യുദ്ധത്തിന് പുറപ്പെടുവാന്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ യുദ്ധത്തിന് പുറപ്പെടുവിന്‍.’ (ബു;മു.)
(4) എന്നാല്‍, മുസ്‌ലിംകളുമായി സന്ധിയിലോ സഖ്യത്തിലോ നിലകൊള്ളുന്ന ഏതെങ്കിലും ജനതയില്‍ പെട്ടവരോ, അവരുടെ അടുക്കല്‍ അഭയം തേടിച്ചെന്നവരോ, അതുമല്ലെങ്കില്‍, മുസ്‌ലിംകളോടും സ്വന്തം ജനങ്ങളായ മുശ്‌രിക്കുകളോടും യുദ്ധം ചെയ്‌വാന്‍ മടിച്ചുകൊണ്ട് ധര്‍മസങ്കടത്തില്‍ കഴിയുന്നവരോ ആണെങ്കില്‍, അവരെ ശത്രുക്കളായി ഗണിച്ചു മുശ്‌രിക്കുകളോടെന്നോണം പെരുമാറിക്കൂടാത്തതാകുന്നു. അവര്‍, സത്യവിശ്വാസികള്‍ക്കെതിരില്‍ ശക്തി സംഭരിക്കാതിരുന്നത് അല്ലാഹുവിന്‍റെ ഒരു അനുഗ്രഹമാണ് എന്ന് കരുതിയാല്‍ മതി.
(5) ശത്രുനാട്ടില്‍ നിന്ന് ഹിജ്‌റഃ പോരാതിരുന്നെങ്കിലും മുസ്‌ലിംകളോട് – ശത്രുക്കളൊന്നിച്ചോ ഒറ്റക്കോ – യുദ്ധം ചെയ്യാതെ ഒഴിഞ്ഞു നില്‍ക്കുകയും, മുസ്‌ലിംകളുമായി സമാധാനത്തിലും മമതയിലും വര്‍ത്തിക്കുകയും ചെയ്യുന്നവരായിരുന്നാലും അവരുടെമേല്‍ നടപടിയൊന്നും എടുത്തു കൂടാത്തതാണ്. അതെ, അവരെ കൊലചെയ്‌വാനോ, പിടിച്ചു ബന്ധനത്തിലാക്കുവാനോ പാടില്ല.
- سَتَجِدُونَ ءَاخَرِينَ يُرِيدُونَ أَن يَأْمَنُوكُمْ وَيَأْمَنُوا۟ قَوْمَهُمْ كُلَّ مَا رُدُّوٓا۟ إِلَى ٱلْفِتْنَةِ أُرْكِسُوا۟ فِيهَا ۚ فَإِن لَّمْ يَعْتَزِلُوكُمْ وَيُلْقُوٓا۟ إِلَيْكُمُ ٱلسَّلَمَ وَيَكُفُّوٓا۟ أَيْدِيَهُمْ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ ۚ وَأُو۟لَـٰٓئِكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطَـٰنًا مُّبِينًا ﴾٩١﴿
- വേറെ ചിലരെ നിങ്ങള്‍ കണ്ടെത്തിയേക്കും: നിങ്ങളെക്കുറിച്ച്, നിര്‍ഭയരായിരിക്കുവാനും തങ്ങളുടെ ജനതയെക്കുറിച്ച് നിര്‍ഭയരാ യിരിക്കുവാനും അവര്‍ ഉദ്ദേശിക്കുന്നു. അവര്‍ കുഴപ്പത്തിലേക്ക് തിരിക്കപ്പെടുമ്പോഴെല്ലാം അതില്‍ അവര്‍ (സ്വയം) മറിഞ്ഞു വീഴുന്നു. എന്നാല്‍, അവര്‍ നിങ്ങളെവിട്ടു നില്‍ക്കുകയും, നിങ്ങളോട് സമാധാനം പ്രകടിപ്പിക്കുകയും, അവരുടെ കൈകളെ (യുദ്ധം ചെയ്യാതെ) തടഞ്ഞു വെക്കുകയും ചെയ്യുന്നില്ലെങ്കില്‍, അവരെ കണ്ടു മുട്ടുന്നേടത്തുവെച്ച് നിങ്ങള്‍ പിടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുവിന്‍. (അങ്ങിനെയുള്ള) അക്കൂട്ടര്‍ - അവരുടെ മേല്‍ നിങ്ങള്‍ക്ക് നാം വ്യക്തമായ ഒരധികാരം (അഥവാ ന്യായം) ഉണ്ടാക്കിത്തന്നിരിക്കുന്നു.
- سَتَجِدُونَ നിങ്ങള്‍ വഴിയെ കണ്ടുമുട്ടും, കേക്കും آخَرِينَ വേറെ ചിലരെ يُرِيدُونَ അവര്‍ ഉദ്ദേശിക്കും, ഉദ്ദേശിക്കുന്നു أَن يَأْمَنُوكُمْ നിങ്ങളെ(ക്കുറിച്ച്) അവര്‍ നിര്‍ഭയരായിരിക്കുവാന്‍ وَيَأْمَنُوا അവര്‍ നിര്‍ഭയരായിരിക്കുവാനും قَوْمَهُمْ തങ്ങളുടെ ജനതയെ (ക്കുറിച്ച്) كُلَّ مَا رُدُّوا അവര്‍ മടക്ക(ആക്ക)പ്പെടുമ്പോഴെല്ലാം, തിരിക്കപ്പെടുമ്പോഴൊക്കെ إِلَى الْفِتْنَةِ കുഴപ്പത്തിലേക്ക് أُرْكِسُوا അവര്‍(കുത്തനെ) മറിച്ചിടപ്പെടും (മറിഞ്ഞു വീഴും) فِيهَا അതില്‍ فَإِن لَّمْ يَعْتَزِلُوكُمْ എന്നാല്‍ അവര്‍ നിങ്ങളെ വിട്ടു(അകന്നു) നിന്നില്ലെങ്കില്‍ وَيُلْقُوا إِلَيْكُمُ നിങ്ങള്‍ക്ക് ഇട്ടുതരുക (നിങ്ങളോട് പ്രകടിപ്പിക്കുക)യും السَّلَمَ സമാധാനം, ഒതുക്കം وَيَكُفُّوا അവര്‍ തടഞ്ഞുവെക്കുകയും, (നിറുത്തല്‍ചെയ്കയും) أَيْدِيَهُمْ അവരുടെ കൈകളെ فَخُذُوهُمْ എന്നാലവരെ നിങ്ങള്‍ പിടിച്ചുകൊള്ളുവിന്‍ وَاقْتُلُوهُمْ അവരെ നിങ്ങള്‍ കൊലപ്പെടുത്തുകയും ചെയ്യുവിന്‍ حَيْثُ ثَقِفْتُمُوهُمْ അവരെ നിങ്ങള്‍ കണ്ടുമുട്ടിയേടത്ത്, കണ്ടുകിട്ടിയ സ്ഥലത്തുവെച്ച് وَأُولَٰئِكُمْ അക്കൂട്ടര്‍ جَعَلْنَا നാം ഉണ്ടാക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു لَكُمْ നിങ്ങള്‍ക്ക് عَلَيْهِمْ അവരുടെ മേല്‍ سُلْطَانًا ഒരു അധികാരം, ന്യായം مُّبِينًا വ്യക്തമായ, സ്പഷ്ടമായ
മുമ്പ് വിവരിച്ച കപട വിശ്വാസികളില്‍ ചില തരക്കാരെക്കുറിച്ച് തന്നെയാണ് ഈ വചനത്തിലെയും പരാമര്‍ശം. നാമമാത്രമാണെങ്കിലും ഇസ്‌ലാമിനെ അംഗീകരിച്ചു കൊണ്ട് മുസ്‌ലിംകളോടും, മുശ്‌രിക്കുകളായ സ്വജനങ്ങളോടും സംഘട്ടനം കൂടാതെ കഴിയണമെന്ന് ആഗ്രഹിക്കുന്നവരെപ്പറ്റിയാണ് മുമ്പ് പറഞ്ഞത്. ഇവരുടെ സ്ഥിതി അതില്‍ നിന്ന് വ്യത്യസ്തമാണ്. വേണ്ടപ്പോള്‍ മുസ്‌ലിംകളായി അഭിനയിക്കാറുണ്ടെങ്കിലും സ്വജനങ്ങളുടെ ശിര്‍ക്കുപരമായ കുഴപ്പ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സഹകരിച്ചും പങ്ക് വഹിച്ചും വരുന്നു. അത്തരം കുഴപ്പങ്ങളില്‍ പങ്കു ചേരുവാന്‍ പ്രേരണ ലഭിക്കുമ്പോഴേക്കും അതിലേക്കവര്‍ സ്വയം മറിഞ്ഞു വീഴുകയായി. അങ്ങനെ, ഇരു ഭാഗത്തും തങ്ങള്‍ക്ക് അഭയം ലഭിക്കുവാന്‍വേണ്ടിയുള്ള ഇരുമുഖ നയമായിരിക്കും ഇവര്‍ക്കുള്ളത്. ഈ നിലമാറ്റി മുസ്‌ലിംകള്‍ക്കെതിരെയുള്ള സംരംഭങ്ങളിലൊന്നും ഭാഗഭാക്കാകാതെ സമാധാനത്തിലും ഒതുക്കത്തിലും നില്‍ക്കാത്ത കാലത്തോളം ഇവരെയും പ്രത്യക്ഷ ശത്രുക്കളായി കണക്കാക്കണമെന്നും, തക്കം കിട്ടുമ്പോള്‍ അവരെ പിടിച്ചു ബന്ധനത്തിലാക്കുകയോ കൊല്ലുകയോ വേണമെന്നും, അതിന് തികച്ചും ന്യായവും അവകാശവുമുണ്ടെന്നും അല്ലാഹു അറിയിക്കുന്നു.
എത്ര വ്യക്തവും, യുക്തവും, വിശദവുമായ രൂപത്തിലാണ് സത്യവിശ്വാസികളെ അല്ലാഹു ഉപദേശിക്കുന്നതും, ശത്രുക്കളോട് അനുവര്‍ത്തിക്കേണ്ടുന്ന നയപരിപാടികളും സമരമുറകളും അവരെ പഠിപ്പിക്കുന്നതുമെന്നു നോക്കുക! അതേ സമയം തന്നെ ശത്രുവിഭാഗക്കാരുടെ മനഃശ്ശാസ്ത്രപരമായ തരംതിരിവുകളെയും, അതത് വിഭാഗക്കാരോട് സ്വീകരിക്കേണ്ടുന്ന നടപടികളും എത്ര യുക്തമായും, നീതിന്യായത്തോടുകൂടിയുമാണ് അല്ലാഹു വിവരിക്കുന്നതെന്നും നോക്കുക! الله أكبر
വിഭാഗം - 13
- وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَـًٔا ۚ وَمَن قَتَلَ مُؤْمِنًا خَطَـًٔا فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦٓ إِلَّآ أَن يَصَّدَّقُوا۟ ۚ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ وَإِن كَانَ مِن قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌ فَدِيَةٌ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِّنَ ٱللَّهِ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ﴾٩٢﴿
- ഒരു സത്യവിശ്വാസിക്കും (തന്നെ) അബദ്ധമായിട്ടല്ലാതെ, ഒരു സത്യവിശ്വാസിയെ അവന്‍ കൊലപ്പെടുത്തുക ഉണ്ടാകാവതല്ല. [ഉണ്ടാവാന്‍ പാടില്ല.] ആരെങ്കിലും ഒരു സത്യവിശ്വാസിയെ അബദ്ധമായി കൊലപ്പെടുത്തിയാലാകട്ടെ, അപ്പോള്‍ ഒരു സത്യവിശ്വാസിയായ അടിമയെ സ്വതന്ത്രമാക്കലും, അവന്‍റെ [കൊല്ലപ്പെട്ടവന്‍റെ] ആള്‍ക്കാ ര്‍ക്ക് ഏല്‍പിച്ചുകൊടുക്കപ്പെടുന്ന ഒരു തെണ്ടവും [നഷ്ടപരിഹാരവും] ആകുന്നു (വേണ്ടത്); അവര്‍ (വിട്ടുകൊടുത്ത്) സൗജന്യമാക്കുന്നതായാലൊഴികെ. എനി (കൊല്ലപ്പെട്ട) അവന്‍, നിങ്ങളുടെ ശത്രുവായ ഒരു ജനതയില്‍ പെട്ടവനാണ്, അവനാകട്ടെ സത്യവിശ്വാസിയുമാണ് എങ്കില്‍, അപ്പോള്‍, സത്യവിശ്വാസിയായ ഒരു അടിമയെ സ്വതന്ത്രമാക്കലാണ് (വേണ്ടത്). അവന്‍, നിങ്ങള്‍ക്കും തങ്ങള്‍ക്കു മിടയില്‍ വല്ല ഉടമ്പടിയുമുള്ളതായ ഒരു ജനതയില്‍ പെട്ടവനാണെങ്കി ലാകട്ടെ, അപ്പോള്‍, അവന്‍റെ ആള്‍ക്കാര്‍ക്ക് ഏല്‍പിച്ചുകൊടു ക്കപ്പെടുന്ന ഒരു തെണ്ടവും [നഷ്ട പരിഹാരവും], ഒരു സത്യവിശ്വാസിയായ അടിമയെ സ്വതന്ത്രമാക്കലുമാണ് (വേണ്ടത്). എനി, വല്ലവര്‍ക്കും അത് (സാധിച്ചു )കിട്ടിയില്ലെങ്കില്‍, തുടര്‍ച്ചയായി രണ്ട് മാസത്തെ നോമ്പാകുന്നു (വേണ്ടത്); (അതെ) അല്ലാഹുവിങ്കല്‍ നിന്ന് (നിശ്ചയിക്കപ്പെട്ടിട്ടു)ള്ള പശ്ചാത്താപമായിട്ട്. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
- وَمَا كَانَ ആയിക്കൂടാ, ആകാവതല്ല, ഉണ്ടായിക്കൂടാ, പാടില്ല لِمُؤْمِنٍ ഒരു സത്യവിശ്വാസിക്കും أَن يَقْتُلَ അവന്‍ കൊലചെയ്യല്‍, വധിക്കല്‍ مُؤْمِنًا ഒരു സത്യവിശ്വാസിയെ إِلَّا خَطَأً അബദ്ധമാ (പിഴവാ)യിട്ടൊഴികെ وَمَن قَتَلَ വല്ലവനും (ആരെങ്കിലും) കൊന്നാല്‍ مُؤْمِنًا ഒരു സത്യവിശ്വാസിയെ خَطَأً അബദ്ധമായി فَتَحْرِيرُ എന്നാല്‍ സ്വതന്ത്രമാക്കലാണ് رَقَبَةٍ ഒരു പിരടിയെ (അടിമയെ) مُّؤْمِنَةٍ സത്യവിശ്വാസിയായ وَدِيَةٌ ഒരു തെണ്ട (നഷ്ടപരിഹാരം)വും مُّسَلَّمَةٌ ഏൽപിച്ചു (വിട്ടു) കൊടുക്കപ്പെടുന്ന إِلَىٰ أَهْلِهِ അവന്‍റെ ആള്‍ക്കാരിലേക്ക്, കുടുംബത്തിന് إِلَّا أَن يَصَّدَّقُوا അവര്‍ ധര്‍മം (സൗജന്യം) ആക്കിയാലൊഴികെ فَإِن كَانَ എനി അവനായിരുന്നെങ്കില്‍ مِن قَوْمٍ ഒരു ജനതയില്‍ നിന്നു(ള്ളവന്‍) عَدُوٍّ لَّكُمْ നിങ്ങള്‍ക്ക് ശത്രുവായ وَهُوَ مُؤْمِنٌ അവനാകട്ടെ സത്യവിശ്വാസിയുമാണ് فَتَحْرِيرُ എന്നാല്‍ സ്വതന്ത്രമാക്കലാണ് رَقَبَةٍ ഒരു പിരടി (അടിമ)യെ مُّؤْمِنَةٍ സത്യവിശ്വാസിയായ وَإِن كَانَ അവനായിരുന്നാലാകട്ടെ مِن قَوْمٍ ഒരു ജനതയില്‍പെട്ട(വന്‍) بَيْنَكُمْ وَبَيْنَهُم നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട് مِّيثَاقٌ കരാര്‍ ഉടമ്പടി فَدِيَةٌ എന്നാല്‍ തെണ്ടം مُّسَلَّمَةٌ ഏല്‍പിച്ചു കൊടുക്കപ്പെടുന്ന إِلَىٰ أَهْلِهِ അവന്‍റെ ആള്‍ക്കാര്‍ക്ക്, കുടുംബത്തിലേക്ക് وَتَحْرِيرُ رَقَبَةٍ ഒരടിമയെ സ്വതന്ത്രമാക്കലും مُّؤْمِنَةٍ സത്യവിശ്വാസിയായ فَمَن لَّمْ يَجِدْ എനി ആര്‍ക്ക് കിട്ടിയില്ലയോ, വല്ലവനും എത്തിക്കാതിരുന്നാല്‍ فَصِيَامُ എന്നാല്‍ നോമ്പ് നോല്‍ക്കല്‍ شَهْرَيْنِ രണ്ട് മാസത്തെ مُتَتَابِعَيْنِ തുടര്‍ച്ചയായി (രണ്ട്) تَوْبَةً പശ്ചാത്താപമായിട്ട്, (ഖേദിച്ചു) മടക്കമായിട്ട് مِّنَ اللَّهِ അല്ലാഹുവില്‍ നിന്ന് (നിശ്ചയിച്ച) وَكَانَ اللَّهُ അല്ലാഹു ആകുന്നു عَلِيمًا അറിയുന്നവന്‍ حَكِيمًا അഗാധജ്ഞന്‍, യുക്തിമാന്‍
- وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَآؤُهُۥ جَهَنَّمُ خَـٰلِدًا فِيهَا وَغَضِبَ ٱللَّهُ عَلَيْهِ وَلَعَنَهُۥ وَأَعَدَّ لَهُۥ عَذَابًا عَظِيمًا ﴾٩٣﴿
- ആരെങ്കിലും ഒരു സത്യവിശ്വാസിയെ കല്‍പിച്ചു കൂട്ടി കൊലപ്പെടുത്തുന്ന പക്ഷം, അവന്‍റെ പ്രതിഫലം, 'ജഹന്നം' [നരകം] ആകുന്നു - അതില്‍ (അവന്‍) നിത്യവാസിയായിക്കൊണ്ട്; അവന്‍റെ മേല്‍ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്യുന്നതാണ് ; അവന്ന്‌വമ്പിച്ച ശിക്ഷ അവന്‍ (അല്ലാഹു) ഒരുക്കിവെക്കുകയും ചെയ്യുന്നതാണ്.
- وَمَن يَقْتُلْ ആര്‍ കൊല്ലുന്നുവോ, വല്ലവനും കൊന്നാല്‍ مُؤْمِنًا ഒരു സത്യവിശ്വാസിയെ مُّتَعَمِّدًا കല്‍പിച്ചു കൂട്ടി, കരുതിക്കൂട്ടി فَجَزَاؤُهُ എന്നാലവന്‍റെ പ്രതിഫലം جَهَنَّمُ ജഹന്നമാണ്, നരകമാകുന്നു خَالِدًا നിത്യ (സ്ഥിര)വാസിയായിക്കൊണ്ട് فِيهَا അതില്‍ وَغَضِبَ اللَّهُ അല്ലാഹു കോപിക്കുകയും ചെയ്യും عَلَيْهِ അവന്‍റെമേല്‍ وَلَعَنَهُ അവനെ അവന്‍ ശപിക്കുകയും ചെയ്യും وَأَعَدَّ لَهُ അവന്ന് അവന്‍ ഒരുക്കിവെക്കുകയും ചെയ്യും عَذَابًا ശിക്ഷ عَظِيمًا വമ്പിച്ചതായ
ഇസ്‌ലാമിന്‍റെ ശത്രുക്കളുടെയും, അവരോട് ബന്ധപ്പെട്ടു കഴിയുന്ന കപടവിശ്വാസികളുടെയും നേരെ സ്വീകരിക്കേണ്ടുന്ന നടപടികളെക്കുറിച്ച് പലതും വിവരിച്ചശേഷം, സത്യവിശ്വാസികളെയോ, അവരോട് സഖ്യബന്ധമുള്ളവരെയോ കൊല ചെയ്യുന്നത് സംബന്ധിച്ച നിയമങ്ങള്‍ അല്ലാഹു വിവരിക്കുന്നു:-
അബദ്ധം പിണഞ്ഞാലല്ലാതെ ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ കൊലപ്പെടുത്തുകയെന്ന സംഭവമേ ഉണ്ടായിക്കൂടാത്തതാണ് എന്ന മുഖവുരയോടുകൂടിയാണ് അല്ലാഹു വിഷയം ആരംഭിക്കുന്നത്. തുടര്‍ന്നു കൊണ്ട് കൊലപാതകം പല വകുപ്പുകളാക്കി തരംതിരിക്കുകയും ഓരോന്നിനെയും സംബന്ധിച്ച വിധികള്‍ വിവരിക്കുകയും ചെയ്തിരിക്കുന്നു. അതിങ്ങിനെ സംഗ്രഹിക്കാം:-
(1) ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ അബദ്ധത്തില്‍ കൊലചെയ്യുക. അത് നിമിത്തം രണ്ട് കാര്യങ്ങള്‍ ഘാതകന്‍റെ മേല്‍ നിര്‍ബ്ബന്ധമാകുന്നു.
ഒന്ന്: സത്യവിശ്വാസിയായ ഒരു അടിമയെ സ്വതന്ത്രമാക്കി മോചിപ്പിക്കല്‍. ഒരു സത്യവിശ്വാസി അവന്‍റെ കൈക്ക് നഷ്ടപ്പെട്ട സ്ഥിതിക്ക് മറ്റൊരു സത്യവിശ്വാസിയുടെ അടിമത്തത്തില്‍നിന്ന് അവനെ മോചിപ്പിക്കുന്നത് വളരെ അനുയോജ്യമാണല്ലോ, رَقَبَة (റക്വബത്ത്) എന്നാണ് അല്ലാഹു ഉപയോഗിച്ച വാക്ക്. ഒരു ആള്‍ എന്ന അര്‍ഥത്തില്‍ ‘ഒരു തല’ എന്ന് മലയാളത്തില്‍ പറയാറുള്ളത്‌പോലെ, അറബിയില്‍ ചിലപ്പോള്‍ رَأسٌ (തല) എന്നും, ചിലപ്പോള്‍ رَقَبَة (പിരടി) എന്നും ഉപയോഗിക്കാറുണ്ട്. പക്ഷേ, അടിമകളെ – അവര്‍ ആണോ പെണ്ണോ, ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ – ഉദ്ദേശിച്ചാണ് അധികവും رَقَبَة ന്‍റെ ഉപയോഗം. എന്നാലും ആ അടിമ സത്യവിശ്വാസിയായിരിക്കണമെന്ന് നിബന്ധനയുള്ളത് കൊണ്ട് ഇസ്‌ലാമിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാത്ത ചെറിയ കുട്ടികളായാല്‍ പോരാ എന്നു ഇവിടെ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
രണ്ടാമതായി: കൊല്ലപ്പെട്ടവന്‍റെ അവകാശികള്‍ക്ക് അവരുടെ നഷ്ടപരിഹാരമായി ഒരു തെണ്ടവും കൊടുത്തു തീര്‍ക്കണം. നൂറു ഒട്ടകമാണ് ഒരാള്‍ക്ക് തെണ്ടം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഒട്ടകം കിട്ടാത്തപ്പോള്‍ അതിന് പകരം ആടുമാടുകളോ പണമോ ആകാവുന്നതാണ്. (വിശദവിവരങ്ങള്‍ക്ക് ഹദീഥ് ഗ്രന്ഥങ്ങളും ഫിക്വ്ഹ് ഗ്രന്ഥങ്ങളും നോക്കേണ്ടതാകുന്നു). ഈ തെണ്ടം കൊല്ലപ്പെട്ടവന്‍റെ അവകാശികള്‍ക്കുള്ളതാകകൊണ്ട് വേണമെങ്കില്‍ ഘാതകന് വിട്ടുവീഴ്ച ചെയ്തുകൊടുക്കുവാന്‍ അവര്‍ക്ക് അവകാശമുണ്ട്. അവര്‍ സ്വയം അത് ഒഴിവാക്കിക്കൊടുക്കുന്ന പക്ഷം, അവന്‍ തെണ്ടം നല്‍കേണ്ടതില്ല. എന്നാലും അടിമയെ മോചിപ്പിക്കുന്നതില്‍ നിന്നു ഒഴിവില്ല.
കല്‍പിച്ചുകൂട്ടി ഒരു സത്യവിശ്വാസിയെ കൊലപ്പെടുത്തുന്നതിനുള്ള ശിക്ഷാനിയമം പകരം പ്രതിക്രിയ ചെയ്യലാണെന്ന് അല്‍ബക്വറഃ : 178ല്‍ മുമ്പ് പ്രസ്താവിച്ചിട്ടുണ്ട്. ആ പാതകത്തിന്‍റെ ഗൗരവത്തെപ്പറ്റി ഇവിടെ 93-ാം വചനത്തില്‍ തുടര്‍ന്നു വിവരിക്കുന്നുമുണ്ട്.
(2) കൊല്ലപ്പെട്ടവന്‍ സത്യവിശ്വാസി തന്നെയാണെങ്കിലും മുസ്‌ലിംകളുമായി സമരത്തിലും ശത്രുതയിലും കഴിയുന്ന ജനങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഹിജ്‌റഃപോകാതെ അവര്‍ക്കിടയില്‍ തന്നെ താമസിക്കുന്ന ആളായിരിക്കുക. അപ്പോള്‍ കൊലക്ക് പ്രായശ്ചിത്തമായി സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയാണ് വേണ്ടത്. അവകാശികള്‍ ശത്രുവിഭാഗക്കാരും, കൊല്ലപ്പെട്ടവന്‍ അവരില്‍ നിന്ന് വേറിട്ട് പോരാത്തവനുമായ സ്ഥിതിക്ക് ഇവിടെ തെണ്ടത്തിന്‍റെ ആവശ്യമില്ല. തെണ്ടം കൊടുക്കുന്ന പക്ഷം അതു ശത്രുക്കള്‍ക്ക് സഹായം നല്‍കലായിരിക്കുമല്ലോ. ഇസ്‌ലാമിനെ യഥാര്‍ഥത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ തന്നെയും ശത്രുക്കളുടെ ഇടയില്‍ അവരോട് കൂടിയാടി കഴിയുന്നവരാകകൊണ്ട് അത്തരക്കാരെ ശരിക്ക് മനസ്സിലാക്കുവാന്‍ പ്രയാസമായിരിക്കും. ഇതിനൊരു ഉദാഹരണമാണ് അയ്യാശ് (عياش رض)ന്‍റെ കഥ. അതായത് , അബൂജഹ്‌ലിന്‍റെ ഉമ്മയൊത്ത സഹോദരനായ അദ്ദേഹം മുസ്‌ലിമാകുകയും ഹിജ്‌റഃ പോകുകയും ചെയ്തു. അദ്ദേഹം മുസ്‌ലിമായ കാരണത്താല്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചവശനാക്കിയിരുന്ന ഒരാളെ പിന്നീട് കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം വധിച്ചു കളഞ്ഞു. വാസ്തവത്തില്‍, ആ മനുഷ്യന്‍ ഇസ്‌ലാമില്‍ വിശ്വസിച്ചു ഹിജ്‌റഃക്ക് പുറപ്പെട്ടതായിരുന്നു. അയ്യാശ് (റ) ആ വിവരം അറിഞ്ഞിരുന്നതുമില്ല. ഇങ്ങിനെയുള്ള അബദ്ധ സംഭവങ്ങളിലാണ് ഈ വിധി.
(3) മുസ്‌ലിംകളുമായി സന്ധി നിലവിലുള്ള ജനങ്ങളില്‍പെട്ട ഒരാളാണ് അബദ്ധത്തില്‍ കൊല്ലപ്പെട്ടതെങ്കില്‍ തെണ്ടം കൊടുക്കുകയും അടിമയെ മോചിപ്പിക്കുകയും വേണം. കൊല്ലപ്പെട്ടവന്‍ മുസ്‌ലിമായാലും അല്ലെങ്കിലും വ്യത്യാസമില്ലെന്നാണ് ക്വുര്‍ആനിന്‍റെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായവും അതാകുന്നു.
(4) കഴിവില്ലായ്മ കൊണ്ടോ, കിട്ടായ്കകൊണ്ടോ അടിമയെ സ്വതന്ത്രമാക്കുവാന്‍ സാധിക്കാതെ വരുന്ന പക്ഷം ഘാതകന്‍ തുടര്‍ച്ചയായി രണ്ട് മാസം നോമ്പ് പിടിക്കല്‍ നിര്‍ബന്ധമാകുന്നു. തുടര്‍ച്ചയായി വേണമെന്ന് നിബന്ധനയുള്ളതുകൊണ്ട് ഇടക്കുവെച്ച് നോമ്പ് മുറിച്ചാല്‍ വീണ്ടും രണ്ടുമാസം നോല്‍ക്കേണ്ടി വരുന്നതാണ്.
കൊലപാതകത്തിന്‍റെ ഐഹിക ശിക്ഷാനടപടികളാണല്ലോ തെണ്ടവും, അടിമയെ മോചിപ്പിക്കലും. ഒരു ജീവനെ നഷ്ടപ്പെടുത്തിയതിന്‍റെ സ്ഥാനത്ത് മറ്റൊര് ജീവനെ അടിമത്ത്വത്തില്‍നിന്ന് മോചിപ്പിക്കുക, മുസ്‌ലിംകളില്‍ നിലവിലുള്ള അടിമകളെ അവസരം കിട്ടുമ്പോഴൊക്കെ സ്വതന്ത്രരാക്കിത്തീര്‍ക്കുക, അബദ്ധത്തിലായാലും ചെയ്തുപോയ തെറ്റിനൊര് പ്രായശ്ചിത്തം നല്‍കുക എന്നൊക്കെയാണ് അടിമയെ മോചിപ്പിക്കുവാന്‍ നിശ്ചയിച്ചതില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങള്‍. ഇത് ഘാതകന്‍റെ സ്വന്തം സ്വത്തില്‍നിന്ന് നിര്‍വ്വഹിക്കേണ്ടതുമാകുന്നു. അതുകൊണ്ടാണ് അതിന് സാധിക്കാത്ത പക്ഷം പകരം നോമ്പുനോല്‍ക്കുവാനും കല്‍പിച്ചത്. കൊല്ലപ്പെട്ടവന്‍റെ കുടുംബങ്ങള്‍ക്ക് നല്‍കപ്പെടേുന്ന ഒരു നഷ്ടപരിഹാരമാണ് തെണ്ടം. അതാകട്ടെ, കേവലം ഭാരിച്ച ഒരു ബാധ്യതയുമാണ്. അതുകൊണ്ട് തെണ്ടത്തിനുള്ള വക ഘാതകന്‍റെ സ്വന്തം സ്വത്തില്‍ നിന്നല്ല – അവന്‍റെ അടുത്ത അവകാശികളി (عصبة)ല്‍ നിന്നാണ് – ഈടാക്കേണ്ടതെന്ന് നബി (صلّى الله عليه وسلّم)യുടെ സുന്നത്തില്‍ നിന്ന് അറിയപ്പെട്ടിരിക്കുന്നു. അവകാശികള്‍ക്ക് കഴിയാതെ വന്നാല്‍ പൊതുഖജനാവില്‍ (ബൈത്തുല്‍മാലി)ല്‍ നിന്നായിരിക്കണം. അതും സാധ്യമല്ലാത്തപ്പോള്‍ മാത്രമേ ഘാതകന്‍റെ സ്വത്തില്‍നിന്നു നല്‍കപ്പെടേണ്ടതുള്ളൂ. (വിശദവിവരങ്ങള്‍ക്ക് ഹദീഥ് ഗ്രന്ഥങ്ങളും ഫിക്വ്ഹ് ഗ്രന്ഥങ്ങളും ആശ്രയിക്കേണ്ടതാണ്).
സത്യവിശ്വാസികളെ അബദ്ധത്തില്‍ കൊലചെയ്യുന്നതിനെപ്പറ്റിയാണ് ഇതുവരെ പ്രസ്താവിച്ചത്. കല്‍പിച്ചുകൂട്ടി സത്യവിശ്വാസിയെ കൊലചെയ്താല്‍, പകരം കൊല്ലലാണ് ശിക്ഷയെന്നും, കൊല്ലപ്പെട്ടവന്‍റെ അവകാശികള്‍ പ്രതിക്കൊല ഒഴിവാക്കിക്കൊടുക്കുന്നപക്ഷം, തെണ്ടം മതിയെന്നും സൂറത്തുല്‍ ബക്വറഃയില്‍ മുമ്പ് കണ്ടുവല്ലോ. എന്നാല്‍, കല്‍പിച്ചുകൂട്ടി സത്യവിശ്വാസിയെ കൊലപ്പെടുത്തുന്നത് എത്ര കണ്ട് ഭയങ്കരവും ക്രൂരവുമായിട്ടാണ് അല്ലാഹു കണക്കാക്കിയിരിക്കുന്നതെന്ന് 98-ാം വചനം ഒരാവര്‍ത്തി വായിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. അവന്‍റെ പ്രതിഫലം ശാശ്വതമായ നരകശിക്ഷയാണ്, അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും അവന്‍ പാത്രമാകും, അവന് വമ്പിച്ച തോതിലുള്ള ശിക്ഷയും ഉണ്ടാകും എന്നൊക്കെയാണ് അല്ലാഹു അതില്‍ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നത് . വാസ്തവത്തില്‍ ഇപ്പറഞ്ഞവയില്‍ ഏതെങ്കിലും ഒരു താക്കീതുകൊണ്ടുതന്നെ ഈ പാപത്തിന്‍റെ ഗൗരവം മനസ്സിലാക്കാം. എന്നിരിക്കെ, എല്ലാം കൂടിയാകുമ്പോഴത്തെ സ്ഥിതിയൊന്ന് ആലോചിച്ചു നോക്കുക! ഈ താക്കീതുകളും മറ്റും കണക്കിലെടുത്തുകൊണ്ടാണ് സത്യവിശ്വാസിയെ കല്‍പ്പിച്ചുകൂട്ടി കൊല ചെയ്തവന് തൗബയില്ല (അവന്‍റെ പശ്ചാതാപം സ്വീകരിക്കപ്പെടുകയില്ല) എന്ന് ഇബ്‌നു അബ്ബാസ് (റ) മുതലായവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എങ്കിലും മറ്റു പല തെളിവുകളും കൂടി പരിഗണിച്ചുകൊണ്ട് അവന്‍ ഖേദിച്ചു മടങ്ങിയാല്‍ അല്ലാഹു പൊറുത്തു കൊടുത്തു കൂടായ്കയില്ലെന്നത്രെ ഭൂരിപക്ഷാഭിപ്രായം. ഇരുഭാഗക്കാര്‍ക്കുമുള്ള തെളിവുകളും ന്യായങ്ങളും മറ്റേ ഭാഗക്കാര്‍ക്കുള്ള മറുപടിയും ഇവിടെ വിശദീകരിക്കുന്നില്ല. ഏതായാലും ശിര്‍ക്കും, കുഫ്‌റും കഴിച്ചാല്‍, പാപങ്ങളില്‍വെച്ച് ഏറ്റവും കടുത്തപാപം, ന്യായമായ കാരണം കൂടാതെ കല്‍പിച്ചുകൂട്ടി ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ കൊലപ്പെടുത്തലാണെന്നുള്ളതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. ക്വുര്‍ആനില്‍നിന്നും നബിവചനങ്ങളില്‍ നിന്നും സംശയരഹിതമായി അറിയപ്പെട്ടതുമാണത്.
- يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا ضَرَبْتُمْ فِى سَبِيلِ ٱللَّهِ فَتَبَيَّنُوا۟ وَلَا تَقُولُوا۟ لِمَنْ أَلْقَىٰٓ إِلَيْكُمُ ٱلسَّلَـٰمَ لَسْتَ مُؤْمِنًا تَبْتَغُونَ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَا فَعِندَ ٱللَّهِ مَغَانِمُ كَثِيرَةٌ ۚ كَذَٰلِكَ كُنتُم مِّن قَبْلُ فَمَنَّ ٱللَّهُ عَلَيْكُمْ فَتَبَيَّنُوٓا۟ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا ﴾٩٤﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (സമരത്തിനായി) യാത്രപോയാല്‍, നിങ്ങള്‍ (കാര്യം) വ്യക്തമായി മനസിലാക്കിക്കൊള്ളുവിന്‍ ; നിങ്ങളോട് 'സലാം' [സമാധാനം] പ്രകടിപ്പിച്ചവനോട് 'നീ സത്യവിശ്വാസിയല്ല' എന്ന് നിങ്ങള്‍ പറയുകയും ചെയ്യരുത്; നിങ്ങള്‍ ഐഹിക ജീവിത്തിന്‍റെ വിഭവം തേടിക്കൊണ്ട്. എന്നാല്‍, അല്ലാഹുവിന്‍റെ അടുക്കല്‍ വളരെ 'ഗനീമത്ത്' [ഭാഗമായി ലഭിക്കുന്ന വസ്തു]കള്‍ ഉണ്ട്. മുമ്പ് നിങ്ങള്‍ അപ്രകാരം തന്നെയായിരുന്നു; എന്നിട്ട് അല്ലാഹു നിങ്ങളില്‍ ദാക്ഷിണ്യം ചെയ്തിരിക്കുകയാണ്; അതിനാല്‍, നിങ്ങള്‍ വ്യക്തമായി (അന്വേഷിച്ച്) മനസ്സിലാക്കുവിന്‍. നിശ്ചയമായും അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മജ്ഞനാകുന്നു.
- يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا ضَرَبْتُمْ നിങ്ങള്‍ യാത്രപോയാല്‍ فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ فَتَبَيَّنُوا നിങ്ങള്‍ വ്യക്തത തേടുവിന്‍, വ്യക്തമായി മനസ്സിലാക്കുവിന്‍ وَلَا تَقُولُوا നിങ്ങള്‍ പറയുകയും അരുത് لِمَنْ أَلْقَىٰ ഇട്ടുതന്ന (പ്രകടിപ്പിച്ച)വനോട് إِلَيْكُمُ നിങ്ങളിലേക്ക്, നിങ്ങളോട് السَّلَامَ സലാമിനെ, സമാധാനം لَسْتَ നീ അല്ല (എന്ന്) مُؤْمِنًا സത്യവിശ്വാസി تَبْتَغُونَ നിങ്ങള്‍ തേടിക്കൊണ്ട് عَرَضَ വിഭവം , സാമഗ്രികള്‍, ഉപകരണം الْحَيَاةِ الدُّنْيَا ഐഹിക (ഇഹത്തിലെ) ജീവിതത്തിന്‍റെ فَعِندَ اللَّهِ എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കലുണ്ട് مَغَانِمُ ഗനീമത്തുകള്‍, യുദ്ധമുതലുകള്‍, ഭാഗ്യത്തില്‍ ലഭിക്കുന്നവ كَثِيرَةٌ വളരെ, അധികം كَذَٰلِكَ അപ്രകാരം, അതുപോലെ (തന്നെ) كُنتُم നിങ്ങള്‍ ആയിരുന്നു مِّن قَبْلُ മുമ്പ് فَمَنَّ اللَّهُ എന്നിട്ട് അല്ലാഹു ദാക്ഷിണ്യം (നന്മ - ഗുണം) ചെയ്തിരിക്കുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ فَتَبَيَّنُوا അതിനാല്‍ നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കുവിന്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرًا സൂക്ഷ്മജ്ഞാനി
ضَرَبَ (ദ്വറബ) എന്ന ക്രിയക്ക് ‘അടിച്ചു, വെട്ടി’ എന്നൊക്കെയാണ് സാധാരണ ഗതിയില്‍ അര്‍ഥം. അതിനോട് ബന്ധപ്പെട്ടു നില്‍ക്കുന്ന അവ്യയങ്ങളുടെയും നാമങ്ങളുടെയും വ്യത്യാസമനുസരിച്ച് അതിന് വേറെയും പല അര്‍ഥങ്ങളും വരുന്നതാണ്. അതിനൊരു ഉദാഹരണമാണ് ഈ വചനത്തില്‍ കാണുന്നത്. ‘സഞ്ചരിച്ചു’ അഥവാ യാത്രപോയി എന്ന അര്‍ഥത്തിലാണ് ഇവിടെ അതുള്ളത് السَلاَمഎന്നതിന്‍റെ സ്ഥാനത്ത് ഇവിടെ السَلم എന്നും വായനയുണ്ട്. രണ്ടായാലും സമാധാനം, കീഴൊതുക്കം, അഭിവാദ്യ വാക്യമായ ‘സലാം’ എന്നൊക്കെ അതിന് അര്‍ഥം കല്‍പിക്കപ്പെട്ടിരിക്കുന്നു. സലാം മുഖേനയോ, തൗഹീദിന്‍റെ വാക്യം മുഖേനയോ മറ്റോ ഇസ്‌ലാമിന്‍റെ അടയാളവും, സമാധാന നിലപാടും പ്രകടിപ്പിക്കുക എന്നാണിവിടെ ഉദ്ദേശ്യം. مَغَنم എന്ന പദത്തിന്‍റെ ബഹുവചനമാണ് مَغَانِمْ ‘ഭാഗ്യം, അദ്ധ്വാനം കൂടാതെ ഭാഗ്യത്തില്‍ ലഭിക്കുന്ന വിഭവം, യുദ്ധത്തില്‍ ശത്രുക്കളില്‍ നിന്ന് ലഭിക്കുന്ന വസ്തു’ എന്നൊക്കെ അതിനര്‍ഥം വരും. ഇതേ അര്‍ഥങ്ങള്‍ വരുന്ന മറ്റൊരു വാക്കാണ് غنيمة ഉം അതിന്‍റെ ബഹുവചനമായ غنائم ഉം. യുദ്ധത്തില്‍ ലഭിക്കുന്ന ധനത്തിനാണ് സാധാരണ ഈ വാക്കുകള്‍ ഉപയോഗിക്കാറുള്ളത്.
അറബികള്‍ ഇസ്‌ലാമിന്‍റെ കൊടിക്കൂറയില്‍ അണിനിരന്നു കഴിയുന്നതിനു മുമ്പ് ശത്രു രാജ്യങ്ങളില്‍ അവിടവിടെയായി ഇസ്‌ലാമില്‍ വിശ്വസിച്ചിരുന്ന ചില ഒറ്റപ്പെട്ട വ്യക്തികള്‍ ഉണ്ടായിരുന്നു. മുസ്‌ലിംകള്‍ ശത്രുനാട്ടിലേക്ക് പടയെടുക്കുമ്പോള്‍ അങ്ങിനെയുള്ളവരെ തിരിച്ചറിയുവാന്‍ പ്രത്യക്ഷ ലക്ഷണങ്ങളൊന്നും ഉണ്ടായിരിക്കയില്ല. അതുകൊണ്ട് അങ്ങിനെയുള്ള വ്യക്തികള്‍ മുസ്‌ലികളുടെ ദൃഷ്ടിയില്‍പെടുമ്പോള്‍ അവരെ ശത്രുവിഭാഗക്കാരായി ഗണിക്കുകയും, അവര്‍ വാളിന്നിരയാകുവാന്‍ ഹേതുവാകുകയും ചെയ്യുക സ്വാഭാവികമാണല്ലോ. താന്‍ മുസ്‌ലിമാണെന്ന് കാണിക്കുന്ന വല്ല വാക്കുകളും അവര്‍ പറഞ്ഞാല്‍ തന്നെയും അത് തല്‍ക്കാല രക്ഷക്കുവേണ്ടിയുള്ള ഒരു ഉപായമാണെന്ന് കരുതപ്പെട്ടേക്കുകയും ചെയ്യും. ഇങ്ങിനെയുള്ള അല്‍പം ചില സംഭവങ്ങള്‍ നടക്കുകയും ഉണ്ടായി. അതുകൊണ്ട് മേലില്‍ അത്തരം അനിഷ്ട സംഭവങ്ങള്‍ നേരിടാതിരിക്കുവാന്‍ സൂക്ഷിക്കണമെന്നും, വാസ്തവം വ്യക്തമാകാതെ അബദ്ധം പ്രവര്‍ത്തിച്ചു ഖേദിക്കുവാന്‍ ഇടവരുത്തരുതെന്നും സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുന്നു.
ഈ വചനത്തിന്‍റെ അവതരണ കാരണം സംബന്ധിച്ച് പല രിവായത്തുകളും കാണാം. അവയില്‍ ഒന്ന് ഇങ്ങിനെയാണ്: ഒരു മുസ്‌ലിം സേനാസംഘം അവരുടെ യാത്രയില്‍ ഒരാളെ കണ്ടുമുട്ടി. കൂടെ കുറച്ച് ആടുകളും ഉണ്ടായിരുന്നു. അയാള്‍ അവര്‍ക്ക് സലാം പറഞ്ഞു. അതൊരു തല്‍ക്കാല അടവാണെന്ന് അവര്‍ കരുതി. അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയും, ആടുകളെ കൈവശപ്പെടുത്തുകയും ചെയ്തു. (ബു.) മറ്റൊന്ന് ഇതാണ്: മിക്വ്ദാദുബ്‌നുല്‍ അസ്‌വദ് (റ) ഉള്‍പ്പെട്ടിരുന്ന ഒരു സൈന്യ സംഘം ശത്രുക്കളുടെ അടുക്കല്‍ ചെന്നപ്പോള്‍ ശത്രുക്കള്‍ അവിടവിടെ ചിന്നിച്ചിതറിപ്പോയി. ഒരാള്‍ സ്ഥലത്ത് ബാക്കിയായി. ആയാള്‍ക്ക് കുറേ സ്വത്തും ഉണ്ടായിരുന്നു. താന്‍ ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന് സാക്ഷ്യം വഹിക്കുന്നതായി അയാള്‍ പറഞ്ഞു: മിക്വ്ദാദ് (റ)ന് അത് വിശ്വാസമായില്ല. അദ്ദേഹം അയാളെ കൊല ചെയ്തു. വിവരം നബി (صلّى الله عليه وسلّم) അറിഞ്ഞപ്പോള്‍ ‘ലാഇലാഹ ഇല്ലല്ലാഹു കൊണ്ട് താന്‍ നാളെ എന്തു ചെയ്യും?’ എന്ന് പറഞ്ഞുകൊണ്ട് മിക്വ്ദാദ് (റ) നെ ആക്ഷേപിക്കുകയുണ്ടായി. (ബസ്സാര്‍, ത്വബ്‌റാനീ) ചുരുക്കത്തില്‍, ഇങ്ങിനെയുള്ള ചില സംഭവങ്ങളാണ് ഈ വചനത്തിന്‍റെ അവതരണ ഹേതുവെന്ന് സാമാന്യമായി പറയാം.
ഒരാളുടെ ബാഹ്യനിലകൊണ്ട് തൃപ്തിപ്പെടാതെ, അവനെ കൊലപ്പെടുത്തുന്നത് മുഖേന നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടം കേവലം നശ്വരമായ അല്‍പം ഭൗതിക വിഭവം മാത്രമാണ്. അല്ലാഹുവിന്‍റെ അടുക്കല്‍ കണക്കറ്റ വസ്തു വിഭവങ്ങളും അനുഗ്രഹങ്ങളും ഇരിപ്പുണ്ട്. മറ്റവസരത്തില്‍ അതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുവാനുള്ള അവസരം അവന്‍ ഉണ്ടാക്കിത്തന്നേക്കും. അതുകൊണ്ട് ഇത്തരം അതിക്രമത്തിന് മുതിരരുത്. നിങ്ങളുടെ തന്നെ പൂര്‍വ്വസ്ഥിതി ഒന്നാലോചിച്ചു നോക്കുക. നിങ്ങളും മുമ്പ് ആ വ്യക്തികളെപ്പോലെ അവിശ്വാസികളായിരുന്നു. പിന്നീട് നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചപ്പോള്‍ അത് പരസ്യപ്പെടുത്തുവാന്‍ ധൈര്യപ്പെടാത്ത അവസ്ഥ നിങ്ങള്‍ക്കും കഴിഞ്ഞു പോയിട്ടുണ്ട്. അല്ലാഹുവിന്‍റെ ദയാദാക്ഷിണ്യം കൊണ്ട് നിങ്ങളുടെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടിരിക്കുന്നുവെന്ന് മാത്രം. അതേ സ്ഥിതിയില്‍ കഴിയുന്നവരെയാണ് നിങ്ങള്‍ കയ്യേറ്റം ചെയ്യുന്നതെന്നു നിങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. മേലില്‍ അങ്ങിനെയുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ നിങ്ങള്‍ നല്ല പോലെ സൂക്ഷിക്കേണ്ടതാണ്.’ താന്‍ മുസ്‌ലിമാണെന്ന് കാണിക്കുന്ന ഒരാളെപ്പറ്റി വ്യക്തമായ തെളിവ് കൂടാതെ ‘അല്ല’ എന്ന് വിധി കല്‍പിക്കുവാന്‍ പാടില്ല എന്നൊക്കെയാണ് അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം. നിങ്ങളുടെ സകല പ്രവര്‍ത്തനങ്ങളും അല്ലാഹു ശരിക്കും, സൂക്ഷ്മമായും അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്ന് അവസാനം ഒരു താക്കീത് നല്‍കിയിരിക്കുന്നു.
- لَّا يَسْتَوِى ٱلْقَـٰعِدُونَ مِنَ ٱلْمُؤْمِنِينَ غَيْرُ أُو۟لِى ٱلضَّرَرِ وَٱلْمُجَـٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۚ فَضَّلَ ٱللَّهُ ٱلْمُجَـٰهِدِينَ بِأَمْوَٰلِهِمْ وَأَنفُسِهِمْ عَلَى ٱلْقَـٰعِدِينَ دَرَجَةً ۚ وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَفَضَّلَ ٱللَّهُ ٱلْمُجَـٰهِدِينَ عَلَى ٱلْقَـٰعِدِينَ أَجْرًا عَظِيمًا ﴾٩٥﴿
- സത്യവിശ്വാസികളില്‍ നിന്ന് ബുദ്ധിമുട്ടുള്ളവരല്ലാത്ത (അടങ്ങി) ഇരിക്കുന്നവരും, തങ്ങളുടെ സ്വത്തുക്കളും ദേഹങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും സമമാവുകയില്ല. തങ്ങളുടെ സ്വത്തുക്കളും, ദേഹങ്ങളുംകൊണ്ട് സമരം ചെയ്യുന്നവരെ (അടങ്ങി) ഇരിക്കുന്നവരെക്കാള്‍ അല്ലാഹു പദവിയാല്‍ ശ്രേഷ്ഠ രാക്കിയിരിക്കുന്നു . എല്ലാവരോടും (തന്നെ) അല്ലാഹു ഏറ്റവും നല്ലത്(നല്‍കുമെന്ന്) വാഗ്ദാനം ചെയ്കയും ചെയ്തിരിക്കുന്നു. സമരം ചെയ്യുന്നവരെ (അടങ്ങി) ഇരിക്കുന്നവരെക്കാള്‍ വമ്പിച്ച പ്രതി ഫലത്താല്‍ അല്ലാഹു ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു.
- لَّا يَسْتَوِي സമമാകുക (ഒപ്പമാകുക)യില്ല الْقَاعِدُونَ (അടങ്ങി - മുടങ്ങി) ഇരിക്കുന്നവര്‍, ഇരുപ്പിലായവര്‍ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്ന് غَيْرُ അല്ലാതെ, ഒഴികെയുള്ള أُولِي الضَّرَرِ ബുദ്ധിമുട്ട് (വിഷമം) ഉള്ളവര്‍ وَالْمُجَاهِدُونَ സമരം ചെയ്യുന്നവരും فِي سَبِيلِ മാര്‍ഗത്തില്‍ اللَّهِ അല്ലാഹുവിന്‍റെ بِأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കള്‍കൊണ്ട് وَأَنفُسِهِمْ തങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) കൊണ്ടും فَضَّلَ اللَّهُ അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നു الْمُجَاهِدِينَ സമരം ചെയ്യുന്നവരെ بِأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കള്‍ കൊണ്ട് وَأَنفُسِهِمْ തങ്ങളുടെ ദേഹങ്ങളും عَلَى الْقَاعِدِينَ (അടങ്ങി) ഇരിക്കുന്ന (ഇരുപ്പിലായ)വരെക്കാള്‍ دَرَجَةً പദവിയാല്‍, പദവിയില്‍ وَكُلًّا എല്ലാവരോടും وَعَدَ اللَّهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الْحُسْنَىٰ ഏറ്റവും നല്ലത് وَفَضَّلَ اللَّهُ അല്ലാഹു ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു الْمُجَاهِدِينَ സമരം ചെയ്യുന്നവരെ عَلَى الْقَاعِدِينَ (അടങ്ങി) ഇരിക്കുന്നവരെക്കാള്‍ أَجْرًا പ്രതിഫലത്തില്‍, കൂലിയാല്‍ عَظِيمًا വമ്പിച്ച
- دَرَجَـٰتٍ مِّنْهُ وَمَغْفِرَةً وَرَحْمَةً ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾٩٦﴿
- (അതെ) അവങ്കല്‍ നിന്നുള്ള പല പദവികളും, പാപമോചനവും, കാരുണ്യവും! അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
- دَرَجَاتٍ അതായത് പല പദവികള്‍ مِّنْهُ അവങ്കല്‍നിന്നുള്ള وَمَغْفِرَةً പാപമോചനവും, പൊറുതിയും وَرَحْمَةً കാരുണ്യവും وَكَانَ اللَّهُ അല്ലാഹു ആകുന്നുതാനും غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി
രോഗം, അംഗവൈകല്യം മുതലായ ബുദ്ധിമുട്ടുകളൊന്നും കൂടാതെത്തന്നെ ദീനിനുവേണ്ടിയുള്ള ധര്‍മസമരങ്ങളില്‍ പങ്കെടുക്കാതെ വീട്ടില്‍ അടങ്ങിയിരിക്കുന്ന ആളുകളും, ദേഹംകൊണ്ടും ധനംകൊണ്ടും സമരത്തിനിറങ്ങുന്നവരും ഒരു പോലെയല്ല, എല്ലാവര്‍ക്കും അവരവരുടെ സല്‍ക്കര്‍മങ്ങള്‍ക്കനുസരിച്ച് ഏറ്റവും നല്ല പ്രതിഫലങ്ങള്‍ നല്‍കുക തന്നെ ചെയ്യുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏതെങ്കിലും സമരശാലികള്‍ക്ക് മറ്റേവര്‍ക്കില്ലാത്ത വളരെ ശ്രേഷ്ഠതകളും സ്ഥാനപദവികളും അല്ലാഹു നല്‍കുന്നതാണ് എന്നത്രെ ഈ വചനങ്ങളുടെ രത്‌നച്ചുരുക്കം. യുദ്ധംപോലെയുള്ള ധര്‍മസമരങ്ങള്‍ നടത്തുവാന്‍ സത്യവിശ്വാസികള്‍ക്ക് ഉല്‍സാഹവും ആവേശവും നല്‍കുകയാണ് അല്ലാഹു ചെയ്യുന്നത്. രോഗം മുതലായ വിഷമങ്ങളുള്ളവര്‍ യുദ്ധത്തിലും മറ്റും പങ്കെടുക്കാതിരിക്കുന്നതിന് ഒഴികഴിവുള്ളവരാണ്. അതുകൊണ്ടാണ് അങ്ങിനെയുള്ള ബുദ്ധമുട്ടില്ലാത്തവര്‍ (غَيْرُ أُولِي الضَّرَرِ) എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.
അംഗീകൃതമായ ഒഴികഴിവുകളില്ലാത്ത എല്ലാ വ്യക്തികളും യുദ്ധത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ബ്ബന്ധമില്ലാതിരുന്ന – യുദ്ധം ഒരു പൊതു നിര്‍ബ്ബന്ധമായിരിക്കുകയും, ഏതാനും ആളുകള്‍ അതിന് സന്നദ്ധരായാല്‍ മതിയാകുകയും ചെയ്യുമായിരുന്ന – അവസരത്തില്‍ യുദ്ധത്തിന് പോകാതെ അടങ്ങിയിരുന്നവരെപ്പറ്റിയാണ് ഈ പ്രസ്താവന. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തവരെയും, പങ്കെടുക്കാത്തവരെയും സംബന്ധിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിക്കുന്നതെന്ന് ഇബ്‌നു അബ്ബാസ് (റ) പറഞ്ഞതായി ബുഖാരി (റ) ഉദ്ധരിച്ചു കാണാം. നേരെ മറിച്ച് യുദ്ധത്തില്‍ പങ്കെടുക്കല്‍ നിര്‍ബ്ബന്ധമായിട്ടുള്ള വ്യക്തികള്‍ തക്കതായ കാരണം കൂടാതെ ഒഴിഞ്ഞുമാറുകയും, ഒഴികഴിവുകള്‍ പറയുകയും ചെയ്യുന്നതിനെപ്പറ്റി വളരെ ശക്തമായ ഭാഷയില്‍ അല്ലാഹു ആക്ഷേപിച്ചിരിക്കുന്നത് സൂറത്തുത്തൗബയില്‍വെച്ച് കാണാവുന്നതാണ്. മുടങ്ങി ഇരുന്നവരെപ്പറ്റി ആക്ഷേപമൊന്നും പറയാതെ രണ്ടുകൂട്ടര്‍ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, യുദ്ധത്തില്‍ പങ്കെടുത്തവരെപ്പറ്റി അവര്‍ക്ക് കൂടുതല്‍ ശ്രേഷ്ഠത നല്‍കുന്നതാണെന്ന് പറഞ്ഞതില്‍ നിന്ന് തന്നെ ഇത് മനസ്സിലാക്കാമല്ലോ.
സത്യത്തിനും, ന്യായമായ അവകാശങ്ങള്‍ക്കും വേണ്ടി നടത്തപ്പെടുന്ന എല്ലാസമരങ്ങള്‍ക്കും جِهَاد (ജിഹാദ്) എന്നും, സമരം നടത്തുന്നവന് مجاهد (മുജാഹിദ്) എന്നും പറയുന്നു. സമരങ്ങളില്‍വെച്ച് ഏറ്റവും മുഖ്യമായത് ശത്രുക്കളുമായുള്ള യുദ്ധം തന്നെ. ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതും അതുതന്നെ. ഇമാം ഇബ്‌നു തൈമിയ്യ (റ) ‘ജിഹാദി’നു ഇങ്ങിനെ നിര്‍വ്വചനം നല്‍കിയിരിക്കുന്നു: ‘ജിഹാദ് എന്നാല്‍ അല്ലാഹുവിന് ഇഷ്ടപ്പെട്ട വിഷയം സാധിക്കുന്നതിലും, അല്ലാഹുവിന് വെറുപ്പായ കാര്യങ്ങളെ തടയുന്നതിലും കഴിവ് – സ്വാധീനത്തിലുള്ള എല്ലാവിധ കഴിവുകളും – വിനിയോഗിക്കുക എന്നത്രെ.’ (*) അപ്പോള്‍ ജിഹാദിന്‍റെ വൃത്തം വളരെ വിശാലമാണെന്ന് വ്യക്തമാണ്. ഇമാം റാഗിബ് (റ) അതിന് നല്‍കിയ നിര്‍വ്വചനം ഇങ്ങിനെയാകുന്നു: ‘ശത്രുവെ ചെറുക്കുന്നതില്‍ കഴിവ് മുഴുവന്‍ ഉപയോഗിക്കുക (استفراغ الوسع فى مدافعة العدو)’ തുടര്‍ന്നുകൊണ്ട് പ്രത്യക്ഷ ശത്രുവിനോടുള്ള ജിഹാദ്, പിശാചിനോടുള്ള ജിഹാദ്, സ്വന്തം ദേഹത്തോടുള്ള ജിഹാദ് എന്നിങ്ങിനെ മൂന്നുതരം ജിഹാദുണ്ടെന്നും കൈകൊണ്ടും നാവുകൊണ്ടും, ജിഹാദുണ്ടാകുമെന്നും അദ്ദേഹം ക്വുര്‍ആന്‍ വചനവും നബിവചനവും ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ രണ്ട് മഹാന്‍മാരുടെയും നിര്‍വ്വചനങ്ങള്‍ ഒരേ ആശയത്തില്‍തന്നെ കലാശിക്കുന്നതായി കാണാം.
(*) العبودية لابن تيمية رحمه الله – ص ٤٦
വിഭാഗം - 14
- إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ قَالُوا۟ فِيمَ كُنتُمْ ۖ قَالُوا۟ كُنَّا مُسْتَضْعَفِينَ فِى ٱلْأَرْضِ ۚ قَالُوٓا۟ أَلَمْ تَكُنْ أَرْضُ ٱللَّهِ وَٰسِعَةً فَتُهَاجِرُوا۟ فِيهَا ۚ فَأُو۟لَـٰٓئِكَ مَأْوَىٰهُمْ جَهَنَّمُ ۖ وَسَآءَتْ مَصِيرًا ﴾٩٧﴿
- നിശ്ചയമായും, തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കുന്നവരായ നിലയില്‍ മലക്കുകള്‍ യാതൊരു കൂട്ടരെ (മരണപ്പെടുത്തി) പിടിച്ചെടുക്കുന്നുവോ, (അവരോട്) അവര്‍ [മലക്കുകള്‍] പറയും; 'നിങ്ങള്‍ എന്തിലായിരുന്നു (നിലകൊണ്ടിരു ന്നത്)?' അവര്‍ [അക്രമം പ്രവര്‍ത്തിച്ചവര്‍] പറയും: 'ഞങ്ങള്‍ ഭൂമിയില്‍ ദുര്‍ബ്ബലരായിരുന്നു.' അവര്‍ [മലക്കുകള്‍] പറയും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായതായിരുന്നില്ലേ - അതില്‍ നിങ്ങള്‍ക്ക് 'ഹിജ്‌റഃ' [പലായനം] ചെയ്യാമായിരുന്നുവല്ലോ?!' അക്കൂട്ടര്‍, അവരുടെ സങ്കേതം 'ജഹന്നം' [നരകം] ആകുന്നു. അത് വളരെ മോശപ്പെട്ട പര്യവസാനവും!
- إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ تَوَفَّاهُمُ അവരെ (പൂര്‍ണമായി) പിടിച്ചെടുക്കും الْمَلَائِكَةُ മലക്കുകള്‍ ظَالِمِي അക്രമം ചെയ്യുന്നവരായ സ്ഥിതിയില്‍ أَنفُسِهِمْ തങ്ങളുടെ ആത്മാക്കളോട്, തങ്ങളോട് തന്നെ قَالُوا അവര്‍ പറയും فِيمَ എന്തില്‍ كُنتُمْ നിങ്ങളായിരുന്നു قَالُوا كُنَّا അവര്‍ പറയും ഞങ്ങളായിരുന്നു مُسْتَضْعَفِينَ ബലഹീനരാക്കപ്പെട്ടവര്‍, ദുര്‍ബ്ബലര്‍ فِي الْأَرْضِ ഭൂമിയില്‍ قَالُوا അവര്‍ പറയും أَلَمْ تَكُنْ ആയിരുന്നില്ലേ أَرْضُ اللَّهِ അല്ലാഹുവിന്‍റെ ഭൂമി وَاسِعَةً വിശാലമായത് فَتُهَاجِرُوا അപ്പോള്‍ നിങ്ങള്‍(ക്കു) ഹിജ്‌റഃ പോകാമായിരുന്നു فِيهَا അതില്‍ فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ مَأْوَاهُمْ അവരുടെ സങ്കേതം, ചെന്നെത്തുന്ന സ്ഥലം جَهَنَّمُ നരകമാണ് وَسَاءَتْ مَصِيرًا അത് വളരെ (എത്രയോ) മോശപ്പെട്ടതുമാകുന്നു
- إِلَّا ٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا ﴾٩٨﴿
- പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമാകുന്ന ദുര്‍ബ്ബലര്‍ ഒഴികെ, വല്ല ഉപായത്തിന്നും, സാധ്യമാകുകയാകട്ടെ, വല്ല(രക്ഷാ) മാര്‍ഗവും കു കിട്ടുകയാകട്ടെ ഇല്ലാത്ത വിധം (ദുര്‍ബ്ബലരായവരൊഴികെ)
- إِلَّا الْمُسْتَضْعَفِينَ ദുര്‍ബ്ബലരൊഴികെ, ബലഹീനരാക്കപ്പെട്ടവരല്ലാതെ مِنَ الرِّجَالِ പുരുഷന്മാരാകുന്ന, പുരുഷന്മാരില്‍ നിന്ന് وَالنِّسَاءِ സ്ത്രീകളും وَالْوِلْدَانِ കുട്ടികളും لَا يَسْتَطِيعُونَ അവര്‍ക്ക് സാധിക്കുകയില്ല, സാധിക്കാത്ത വിധത്തില്‍ حِيلَةً ഒരു ഉപായത്തിനും, വല്ല കൗശലത്തിനും وَلَا يَهْتَدُونَ അവര്‍ വഴികാണുകയുമില്ല (കണ്ടെത്തുകയുമില്ല) سَبِيلًا ഒരു മാര്‍ഗവും, വഴിയും
- فَأُو۟لَـٰٓئِكَ عَسَى ٱللَّهُ أَن يَعْفُوَ عَنْهُمْ ۚ وَكَانَ ٱللَّهُ عَفُوًّا غَفُورًا ﴾٩٩﴿
- എന്നാല്‍, അക്കൂട്ടര്‍ - അവര്‍ക്ക് അല്ലാഹു മാപ്പുചെയ്യു മാറായേക്കുന്നതാണ്. അല്ലാഹു വളരെ മാപ്പു നല്‍കുന്നവനും, വളരെ പൊറുക്കുന്നവനുമാകുന്നു.
- فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ عَسَى اللَّهُ അല്ലാഹു ആയേക്കാം أَن يَعْفُوَ അവന്‍ മാപ്പ് നല്‍കുവാന്‍ عَنْهُمْ അവര്‍ക്ക് وَكَانَ اللَّهُ അല്ലാഹു ആകുന്നുതാനും عَفُوًّا വളരെ മാപ്പ് ചെയ്യുന്നവന്‍ غَفُورًا വളരെ പൊറുക്കുന്നവന്‍
സമരത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ അടങ്ങിയിരിക്കുന്നവരെപ്പറ്റി പ്രസ്താവിച്ച ശേഷം, ശിര്‍ക്കിന്‍റെ നാട്ടില്‍ നിന്ന് ഹിജ്‌റഃ പോകാതെ ശത്രുക്കളുടെ ഇടയില്‍ ചടഞ്ഞു കൂടിയ മുസ്‌ലിംകളെക്കുറിച്ച് പ്രസ്താവിക്കുകയാണ്. ഇസ്‌ലാമിനെ അംഗീകരിച്ച ശേഷം നാടും വീടും വിടുവാനുള്ള മടി നിമിത്തം, മുശ്‌രിക്കുകളുടെ അറപ്പും വെറുപ്പും സമ്പാദിക്കാതിരിക്കുവാന്‍ വേണ്ടി വിശ്വാസം മൂടിവെക്കുകയും, മതാനുഷ്ഠാനങ്ങളില്‍ വീഴ്ച വരുത്തുകയും ചെയ്തുകൊണ്ടിരുന്ന ഏതാനും ആളുകള്‍ മക്കയിലുണ്ടായിരുന്നു. മുശ്‌രിക്കുകളുടെ ഇംഗിതങ്ങള്‍ക്ക് പലപ്പോഴും അവര്‍ വഴങ്ങിക്കൊടുക്കേണ്ടതായി വരും. തങ്ങള്‍ ശത്രുനാട്ടിലായതുകൊണ്ട് ആ നയം ആവശ്യമാണെന്ന് അവര്‍ പറയുകയും ചെയ്യും. മദീനാ ഹിജ്‌റഃക്ക് ശേഷം അവിടെ സ്വൈരമായ ഇസ്‌ലാമിക ജീവിതത്തിന സൗകര്യം ഉണ്ടായതോടുകൂടി, മുസ്‌ലിംകളെല്ലാം മദീനായിലേക്ക് ഹിജ്‌റഃ പോകല്‍ നിര്‍ബ്ബന്ധമായിരുന്നു. എന്നാല്‍, മതജീവിതത്തിന്‍റെ സുരക്ഷിതത്വത്തിനും, ഇസ്‌ലാമിന്‍റെ ഗുണത്തിനും വേണ്ടി ഐഹിക താല്‍പര്യങ്ങള്‍ ത്യജിക്കുവാന്‍ മേല്‍പറഞ്ഞവര്‍ സന്നദ്ധരായിരുന്നില്ല. അവരെക്കുറിച്ചാണ് ഈ വചനത്തിലെ പരാമര്‍ശം.
ഇബ്‌നുജരീര്‍, ഇബ്‌നുല്‍ മുന്‍ദിര്‍, ഇബ്‌നുഅബീഹാതിം, ബൈഹക്വീ (റ) എന്നിവര്‍ ഇബ്‌നു അബ്ബാസ് (റ) പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു; ‘മക്കാനിവാസികളില്‍ കുറേ ആളുകള്‍ ഇസ്‌ലാമില്‍ വിശ്വസിച്ചിരുന്നു. അവര്‍ ഇസ്‌ലാമിനെ നിസ്സാരമായി ഗണിച്ചുപോന്നു. അങ്ങനെ, മുശ്‌രിക്കുകള്‍ ബദ്ര്‍ യുദ്ധത്തില്‍ അവരെയും കൂടെ കൊണ്ടുവന്നു. ചിലര്‍ക്ക് യുദ്ധത്തില്‍ പരിക്ക് പറ്റുകയും ചിലര്‍ കൊല്ലപ്പെടുകയും ഉണ്ടായി. അപ്പോള്‍, മുസ്‌ലിംകള്‍ പറഞ്ഞു: നമ്മുടെ ഈ സഹോദരന്മാര്‍ മുസ്‌ലിംകളായിരുന്നു. അവരെ ശത്രുക്കള്‍ നിര്‍ബ്ബന്ധിച്ചു കൊണ്ടുപോന്നതാണ്. അങ്ങനെ, അവര്‍ അവര്‍ക്ക് പാപമോചനം തേടി. ഇവരുടെ വിഷയത്തില്‍ إِنَّ الَّذِينَ تَوَفَّاهُمُ الْمَلائِكَةُ എന്ന (ഈ) വചനം അവതരിച്ചു . ഈ വിവരവും, അങ്ങിനെയുള്ള അവര്‍ക്ക് (ഹിജ്‌റഃ പോരാത്തവര്‍ക്ക്) ഒഴികഴിവില്ലെന്നും മക്കയില്‍ ബാക്കിയുള്ള ആളുകള്‍ക്ക് അവര്‍ എഴുതി. അങ്ങനെ അവര്‍ (ഹിജ്‌റഃ) പുറപ്പെട്ടു. മുശ്‌രിക്കുകള്‍ അവരുടെ പിന്നാലെ കൂടി അവരെ കുഴപ്പത്തിലാക്കി. അവരെപ്പറ്റി وَمِنَ النَّاسِ مَن يقولُ آمنَّا……. (അല്ലാഹുവില്‍) ഞങ്ങള്‍ വിശ്വസിച്ചു എന്ന് പറയുകയും, എന്നിട്ട് അല്ലാഹുവിന്‍റെ വിഷയത്തില്‍ വല്ല ഉപദ്രവവും ബാധിച്ചാല്‍. ജനങ്ങളുടെ കുഴപ്പത്തെ അല്ലാഹുവിന്‍റെ ശിക്ഷയെന്നോണമാക്കിത്തീര്‍ക്കുകയും ചെയ്യുന്ന ചിലര്‍ മനുഷ്യരിലുണ്ട്….. (അന്‍കബൂത്ത് : 10) എന്ന വചനം അവതരിച്ചു. (*) ഈ വിവരവും മുസ്‌ലിംകള്‍ അവര്‍ക്കെഴുതി. അപ്പോള്‍ അവര്‍ വ്യസനിക്കുകയും, തങ്ങള്‍ക്ക് ഗുണം ലഭിക്കുവാന്‍ ഒരു മാര്‍ഗവുമില്ലെന്ന് നിരാശപ്പെടുകയും ചെയ്തു. അനന്തരം അവരെ പ്പറ്റി … ثُمَّ إِنَّ رَبَّكَ لِلَّذِين هَاجرُوا ( പിന്നെ നിന്‍റെ റബ്ബ് – കുഴപ്പത്തിലകപ്പെട്ട ശേഷം ഹിജ്‌റഃ പോകുകയും, പിന്നീട് സമരം ചെയ്യുകയും ക്ഷമിക്കുകയും ചെയ്തവര്‍ക്ക് – അതിന്‍റെ ശേഷം പൊറുത്തു കൊടുക്കുന്നവനും കരുണാനിധിയുമാണ്. (നഹ്ല്‍ : 110) എന്ന വചനം അവതരിച്ചു. (**) അപ്പോള്‍, ഈ വിവരവും, അവര്‍ക്ക് രക്ഷാമാര്‍ഗമുണ്ട് – അത്‌കൊണ്ട് പുറപ്പെട്ടുകൊള്ളുക – എന്നും മുസ്‌ലിംകള്‍ വീണ്ടും അവര്‍ക്കെഴുതി. അങ്ങനെ, അവര്‍ (മദീനയിലേക്ക്) പുറപ്പെട്ടു. അപ്പോള്‍, മുശ്‌രിക്കുകള്‍ അവരെ പിടി കൂടി അവരുമായി ഏറ്റുമുട്ടി. അതില്‍ ചിലര്‍ കൊല്ലപ്പെട്ടു.
(*) സൂറഃ അന്‍കബൂത്ത് മക്കീ സൂറത്തുകളില്‍ പെട്ടതാണെങ്കിലും അതിലെ ആദ്യത്തെ പതിനൊന്ന് വചനങ്ങള്‍ മദനീയാണെന്ന അഭിപ്രായത്തിന് ഈ രിവായത്ത് ബലം നല്‍കുന്നു.
(**) ഈ വചനവും, സൂറഃ നഹ്‌ലിലെ മറ്റു ചില വചനങ്ങളും മദനീയാണെന്നും അഭിപ്രായമുണ്ട്.
ഇബ്‌നു അബ്ബാസ് (റ) ല്‍ നിന്ന് ഇക്‌രിമഃ (റ) വഴി ബുഖാരി (റ) ഉദ്ധരിച്ച ഒരു നിവേദനത്തില്‍ ഇപ്രകാരവും കാണാം: ‘മുസ്‌ലിംകളായ ചില ആളുകള്‍ മുശ്‌രിക്കുകളൊന്നിച്ചുണ്ടായിരുന്നു. റസൂല്‍ തിരുമേനി (صلّى الله عليه وسلّم) ക്കെതിരില്‍ തങ്ങളുടെ സംഘം അധികമുണ്ടെന്ന് തോന്നിപ്പിക്കുവാനായിരുന്നു അവര്‍ (മുശ്‌രിക്കുകള്‍) ഉദ്ദേശിച്ചിരുന്നത്. അങ്ങനെ, (യുദ്ധത്തില്‍ വെച്ച്) അമ്പ് എയ്യപ്പെടുമ്പോള്‍ ചിലര്‍ക്ക് അത് പറ്റി കൊല്ലപ്പെടുകയോ, ചിലര്‍ക്ക് വെട്ടുപറ്റി കൊല്ലപ്പെടുകയോ ചെയ്തിരുന്നു. അപ്പോള്‍, അല്ലാഹു إِنَّ الَّذينَ تَوَفَّاهُمْ الْمَلائِكَة എന്ന (ഈ) വചനം അവതരിപ്പിച്ചു. അവതരണത്തിന് ഹേതു ഭൂതര്‍ ആരായിരുന്നാലും ആയത്തിലെ വിധി മേല്‍ കണ്ടതുപോലെയുള്ള എല്ലാവര്‍ക്കും ബാധകമാണ്. അതായത്, മതസ്വാതന്ത്ര്യം ഇല്ലാതിരിക്കുകയും, ശത്രുക്കളുടെ ഹിതങ്ങള്‍ക്ക് വേണ്ടി മതമൂല്യങ്ങളും നിയമങ്ങളും അഗണ്യമാക്കേണ്ടിവരുകയും, സ്വൈരമായി ഇസ്‌ലാമിക ജീവിതം നയിക്കുവാനുള്ള മാര്‍ഗമുണ്ടായിരുന്നിട്ടുപോലും അതിന് തുനിയാതെ ഐഹിക സുഖസൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നവരെ യെല്ലാം ബാധിക്കുന്നതാണ് ഈ വചനം.
ഈ വചനത്തില്‍ പ്രസ്താവിച്ചതിന്‍റെ താല്‍പര്യം ഇങ്ങിനെ മനസ്സിലാക്കാം: ശത്രുരാ ജ്യമായ ‘ദാറുല്‍ ഹര്‍ബി’ ല്‍ താമസിക്കുകയും, ഇസ്‌ലാമിന്‍റെ നാടായ ‘ദാറുല്‍ ഇസ്‌ലാമി’ലേക്ക് ഹിജ്‌റഃ പോരുവാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുക വഴി സ്വന്തം ദേഹങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവര്‍ അതേ അവസ്ഥയില്‍ മരണമടയുന്നപക്ഷം, അവരുടെ ആത്മാക്കളെ പിടിച്ചെടുക്കുന്ന മലക്കുകള്‍ അവരോട്: നിങ്ങള്‍ എന്തവസ്ഥയിലായിരുന്നു – നിങ്ങളുടെ മതകാര്യങ്ങള്‍ നിങ്ങളെങ്ങിനെ കൈകാര്യം ചെയ്തു – നിങ്ങള്‍ ഏത് കക്ഷിയിലായിരുന്നു – എന്നിങ്ങിനെ ആക്ഷേപി ക്കുകയും ഭല്‍ത്സിക്കുകയും ചെയ്യും. ഞങ്ങള്‍ ദുര്‍ബ്ബലരായിരുന്നു – ഞങ്ങള്‍ക്ക് മത നിഷ്ഠ പാലിക്കുവാന്‍ തക്ക ശക്തിയും പ്രതാപവുമില്ലായിരുന്നു – ഞങ്ങള്‍ ശത്രുക്കള്‍ക്ക് വഴങ്ങിക്കഴിയേണ്ടിവന്നു – എന്നൊക്കെയായിരിക്കും അവരുടെ മറുപടി. അപ്പോള്‍ അല്ലാഹുവിന്‍റെ ഭൂമി വിശാലമായതായിരുന്നില്ലേ – നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നാട്ടിലേക്ക് പോകാമായിരുന്നില്ലേ – എന്തുകൊണ്ട് ശത്രുക്കളുടെ ഇടയില്‍ തന്നെ ചുറ്റിപ്പറ്റിക്കൂടി? എന്നൊക്കെ പറഞ്ഞു മലക്കുകള്‍ അവരെ ഖണ്ഡിക്കും. ഇങ്ങിനെയുള്ളവരുടെ ഒഴികഴിവുകള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല. അവര്‍ക്ക് അല്ലാഹു നരകശിക്ഷ നല്‍കുകതന്നെ ചെയ്യും. പക്ഷേ, ഹിജ്‌റഃ പോകാത്ത എല്ലാവരും ഇതില്‍ ഉള്‍പ്പെടുകയില്ല. ചിലര്‍ അതിന് തികച്ചും നിര്‍ബ്ബന്ധിതരായിരിക്കും. അതായത് രോഗം, വാര്‍ദ്ധക്യം മുതലായ ദൗര്‍ബ്ബല്യങ്ങളുള്ള പുരുഷന്മാര്‍, അബലകളായ സ്ത്രീകള്‍, കുട്ടികള്‍ എന്നിങ്ങിനെ ഉപായം പ്രയോഗിച്ചോ, സാമര്‍ഥ്യം കൊണ്ടോ, ശക്തി ഉപയോഗിച്ചോ രക്ഷപ്പെടുവാന്‍ കഴിയാത്ത പാവങ്ങള്‍ ഇതില്‍ നിന്ന് ഒഴിവായിരിക്കും. ഇങ്ങിനെയുള്ളവര്‍ക്ക് അല്ലാഹു മാപ്പ് നല്‍കുന്നതാണ്.
- وَمَن يُهَاجِرْ فِى سَبِيلِ ٱللَّهِ يَجِدْ فِى ٱلْأَرْضِ مُرَٰغَمًا كَثِيرًا وَسَعَةً ۚ وَمَن يَخْرُجْ مِنۢ بَيْتِهِۦ مُهَاجِرًا إِلَى ٱللَّهِ وَرَسُولِهِۦ ثُمَّ يُدْرِكْهُ ٱلْمَوْتُ فَقَدْ وَقَعَ أَجْرُهُۥ عَلَى ٱللَّهِ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾١٠٠﴿
- ആരെങ്കിലും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ 'ഹിജ്‌റഃ ' [സ്വദേശം വിട്ടേച്ചു] പോകുന്ന പക്ഷം, അവന്‍ ഭൂമിയില്‍ ധാരാളം ആശ്രയസ്ഥാനവും, വിശാലതയും കണ്ടെത്തുന്നതാണ്. ആരെങ്കിലും തന്‍റെ വീട്ടില്‍ നിന്ന് അല്ലാഹുവിങ്കലേക്കും അവന്‍റെ റസൂലിലേക്കും 'ഹിജ്‌റഃ' പോകുന്നവ നായി പുറപ്പെടുകയും, (എന്നിട്ട്) പിന്നീടവനു മരണം പിടിപെടുകയും ചെയ്യുന്നപക്ഷം, തീര്‍ച്ചയായും, അവന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ മേല്‍ (ബാധകമായി) സ്ഥിരപ്പെട്ടു. അല്ലാഹു വളരെ പൊറുക്കുന്നവ നും, കരുണാനിധിയുമാകുന്നു.
- وَمَن يُهَاجِرْ വല്ലവരും ഹിജ്‌റഃ പോകുന്നപക്ഷം فِي سَبِيلِ മാര്‍ഗത്തില്‍ اللَّهِ അല്ലാഹുവിന്‍റെ يَجِدْ അവന്‍ കണ്ടെത്തും, എത്തിക്കും, അവനുകിട്ടും فِي الْأَرْضِ ഭൂമിയില്‍ مُرَاغَمًا ആശ്രയം, ആശ്രയ സ്ഥാനം, വിശാല സ്ഥാനം, വിഹാര സ്ഥാനം كَثِيرًا വിശാലതയും وَسَعَةً വളരെ, ധാരാളം وَمَن يَخْرُجْ ആരെങ്കിലും പുറപ്പെടുന്നതായാല്‍ مِن بَيْتِهِ തന്‍റെ വീട്ടില്‍ നിന്ന് مُهَاجِرًا ഹിജ്‌റഃ പോകുന്നവനായിട്ട് إِلَى اللَّهِ അല്ലാഹുവിങ്കലേക്ക് وَرَسُولِهِ അവന്‍റെ റസൂലിലേക്കും ثُمَّ പിന്നീട്, പിന്നെ يُدْرِكْهُ അവന് പിടിപെടുക (കണ്ടെത്തുക)യും الْمَوْتُ മരണംفَقَدْ وَقَعَ എന്നാല്‍ തീര്‍ച്ചയായും സംഭവിച്ചു, ഉണ്ടായി (സ്ഥിരപ്പെട്ടു) أَجْرُهُ അവന്‍റെ പ്രതിഫലം عَلَى اللَّهِ അല്ലാഹുവിന്‍റെ മേല്‍ وَكَانَ اللَّهُ അല്ലാഹു ആകുന്നുതാനും غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി
ശിര്‍ക്കിന്‍റെ നാട്ടില്‍ നിന്ന് ഹിജ്‌റഃ പോകുവാന്‍ മടിക്കുന്നവര്‍ വിചാരിക്കുന്നതു പോലെയല്ല കാര്യം. അല്ലാഹുവിന്‍റെ ദീനിന്‍റെ നന്മയെ ലക്ഷ്യം വെച്ച് സ്വദേശം ത്യജിച്ചു പോകുന്നവര്‍ ജീവിക്കുവാന്‍ സൗകര്യമില്ലാതെ കഷ്ടപ്പെടേണ്ടതായി വരികയില്ല . ശത്രുക്കളുടെ അഭീഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുകൊണ്ട് സുഖമായി കഴിഞ്ഞു കൂടത്തക്ക ഇടവും സൗകര്യവും ഭൂമിയില്‍ ധാരാളമുണ്ട്. മാത്രമല്ല, അല്ലാഹുവിന്‍റെ കല്‍പനകള്‍ പാലിച്ചും അവന്‍റെ പ്രതിഫലം മോഹിച്ചുകൊണ്ടും, റസൂലിന്‍റെ സഹവാസത്തിലും സാമീപ്യത്തിലും താല്‍പര്യം വെച്ചുകൊണ്ടും സ്വദേശം വിട്ട് പുറപ്പെട്ടശേഷം, ഉദ്ദിഷ്ട സ്ഥാനത്ത് എത്തും മുമ്പായി വല്ലവരും മരണപ്പെട്ടാലും അല്ലാഹു അവര്‍ക്ക് വമ്പിച്ച പ്രതിഫലം നല്‍കാതിരിക്കുകയില്ല. യഥാസ്ഥാനത്ത് എത്താത്തതു കൊണ്ട് അവര്‍ക്കു നഷ്ടമൊന്നും വരാനില്ല. കഴിഞ്ഞുപോയ തെറ്റ് അല്ലാഹു പൊറുത്തുകൊടുക്കുകയും അവരുടെ നേരെ കരുണ കാണിക്കുകയും ചെയ്യും. എന്നൊക്കെയാണ് ഈ വചനത്തില്‍ പറഞ്ഞതിന്‍റെ സാരം.
ഉമര്‍ (റ) നിവേദനം ചെയ്ത ഒരു പ്രസിദ്ധ ഹദീഥില്‍ നബി (صلّى الله عليه وسلّم) പറയുന്നു:- ‘നിശ്ചയമായും കര്‍മങ്ങള്‍, ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചു മാത്രമായിരിക്കും. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതു തന്നെയാണുണ്ടായിരിക്കുക. എന്നുവെച്ചാല്‍, ഒരുവന്‍റെ ഹിജ്‌റഃ അല്ലാഹുവിങ്കലേക്കും അവന്‍റെ റസൂലിലേക്കും ആയിരുന്നാല്‍, അവന്‍റെ ഹിജ്‌റഃ അല്ലാഹുവി ലേക്കും റസൂലിലേക്കും തന്നെ. ഒരുവന്‍റെ ഹിജ്‌റഃ ദുന്‍യാവിലേക്ക് (ഐഹിക കാര്യങ്ങള്‍ക്ക് വേണ്ടി) ആയിരുന്നാല്‍ അവന് അത് കിട്ടും. അല്ലെങ്കില്‍ ഒരു സ്ത്രീയിലേക്കായിരുന്നാല്‍ അവന്‍ അവളെ വിവാഹം കഴിക്കും. അപ്പോള്‍, അവന്‍റെ ഹിജ്‌റഃ അവന്‍ ഏതൊന്നിലേക്ക് ഹിജ്‌റഃ പോകുന്നുവോ അതിലേക്കുതന്നെ.’ (ബു; മു.) അല്ലാഹുവില്‍ നിന്ന് ഉദ്ധരിച്ചുകൊണ്ട് നബി (صلّى الله عليه وسلّم) പ്രസ്താവിച്ചതും, ഇബ്‌നുഅബ്ബാസ് (റ) നിവേദനം ചെയ്തതുമായ ഒരു ഹദീഥിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു:- ‘എല്ലാ നന്മയും തിന്മയും (നല്ലതും ചീത്തയും) അല്ലാഹു രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഒരാള്‍ ഒരു നന്മ ചെയ്യാന്‍ ഉദ്ദേശിച്ചു, എന്നിട്ടത് ചെയ്തില്ല എന്നാല്‍ അത് പൂര്‍ണമായ ഒരു നന്മയായി അവന്‍ രേഖപ്പെടുത്തും. ഒരു നന്മ ചെയ്‌വാന്‍ ഉദ്ദേശിക്കുകയും അത് ചെയ്കയും ചെയ്താല്‍, അതു പത്ത് നന്മകളായും, എഴുനൂറുവരെയും അതിലധികവും ഇരട്ടികളായും രേഖപ്പെടുത്തും. ഒരാള്‍ ഒരു തിന്മ ചെയ്‌വാന്‍ ഉദ്ദേശിച്ചു, എന്നിട്ടത് ചെയ്തില്ല. എന്നാല്‍ അതൊരു പൂര്‍ണ നന്മയായി അവന്‍ രേഖപ്പെടുത്തും. ഒരു തിന്മ ചെയ്‌വാന്‍ ഉദ്ദേശിച്ചു. എന്നിട്ടതു ചെയ്കയും ചെയ്തു. എന്നാല്‍ അത് ഒരു തിന്മയായി (മാത്രം) രേഖപ്പെടുത്തും.’ (ബു; മു.) ഹിജ്‌റഃ അടക്കമുള്ള എല്ലാ കര്‍മങ്ങളുടെയും ഫലം അവകൊണ്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് ഈ വചനങ്ങള്‍ മുഖേന നബി (صلّى الله عليه وسلّم) പഠിപ്പി ച്ചുതരുന്നു.
ഈ വചനത്തിലെ ആശയത്തിലേക്ക് കൂടുതല്‍ വെളിച്ചം നല്‍കുന്ന ഒരു സംഭവം നബി ഉദ്ധരിച്ചത് ഇവിടെ സ്മരണീയമാകുന്നു. സംഭവത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘മുന്‍കാലത്ത് തൊണ്ണൂറ്റൊമ്പത് പേരെ കൊലപ്പെടുത്തിയിരുന്ന ഒരു മനുഷ്യന്‍ ഒരു വലിയ പുരോഹിതന്‍റെ അടുക്കല്‍ ചെന്നു, തനിക്ക് തൗബയുണ്ടോ (താന്‍ പശ്ചാത്തപിച്ചു മടങ്ങിയാല്‍ അത് സ്വീകരിക്കപ്പെടുമോ)? എന്നു ചോദിച്ചു. ‘ഇല്ല’ എന്നായിരുന്നു പുരോഹിതന്‍റെ മറുപടി. ഇതു കേട്ടു ക്ഷുഭിതനായ ആ മനുഷ്യന്‍ ആ പുരോഹിതനെയും കൊന്നു നൂറുകൊല പൂര്‍ത്തിയാക്കി. പിന്നീട് ഒരു വലിയ പണ്ഡിതന്‍റെ അടുക്കല്‍ ചെന്നു. തനിക്ക് തൗബയുണ്ടോ? എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഉണ്ട്. ആരാണ് തൗബ മുടക്കുക?! താന്‍ ഇന്ന രാജ്യത്തേക്ക് പോയിക്കൊള്ളുക. അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആളുകളുണ്ട്. അവരോടൊപ്പം അല്ലാഹുവിനെ ആരാ ധിക്കുക. തന്‍റെ രാജ്യത്തേക്ക് എനി താന്‍ മടങ്ങരുത്. അത് ദുഷിച്ച രാജ്യമാണ്.’ അങ്ങനെ, ആ മനുഷ്യന്‍ പകുതി വഴി പോയപ്പോഴേക്കും അദ്ദേഹത്തിന് മരണം പിടിപെട്ടു. ഇദ്ദേഹത്തിന്‍റെ കാര്യത്തില്‍ റഹ്മത്തിന്‍റെ (കാരുണ്യത്തിന്‍റെ) മലക്കുകളും, ശിക്ഷയുടെ മലക്കുകളും തമ്മില്‍ – അദ്ദേഹം തങ്ങളുടെ ആളാണ് എന്ന് – തര്‍ക്കമായി. അതായത് അദ്ദേഹം മനസ്സുകൊണ്ട് ഖേദിച്ചു മടങ്ങിയിട്ടുണ്ടെന്ന് റഹ്മത്തിന്‍റെ പക്ഷക്കാരും, ഒരു നന്മയും ചെയ്തിട്ടില്ലാത്ത ആളാണെന്ന് ശിക്ഷയുടെ പക്ഷക്കാരും! ആ മനുഷ്യന്‍ ഉപേക്ഷിച്ചുപോന്ന നാട്ടിലേക്കും, ഉദ്ദേശിച്ചു പോകുന്ന നാട്ടിലേക്കും അവിടെ നിന്നുള്ള അകലം നോക്കുവാന്‍ മലക്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കപ്പെട്ടു. നോക്കുമ്പോള്‍, അദ്ദേഹം പോകുവാനുദ്ദേശിക്കുന്ന നാട്ടിലേക്ക് ഒരു ചാണ്‍ അടുപ്പം കൂടുതലുണ്ടായിരുന്നു. അങ്ങനെ, റഹ്മത്തിന്‍റെ മലക്കുകള്‍ അദ്ദേഹത്തെ ഏറ്റെടുത്തു.’ (ബു: മു.)
ഈ ഹദീഥ് കുറേ അതിശയോക്തി കലര്‍ന്നതാണെന്നും, ന്യായയുക്തമല്ലെന്നും ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. വാസ്തവത്തില്‍, നമ്മുടെ മുമ്പിലുള്ള ഈ ക്വുര്‍ആന്‍ വചനവും ഇതവതരിച്ച സന്ദര്‍ഭം മുതലായവയും, അതോടൊപ്പം സല്‍ക്കര്‍മങ്ങള്‍ക്കും സദുദ്ദേശ്യങ്ങള്‍ക്കും അല്ലാഹു നല്‍കുന്ന പ്രോത്സാഹന വാഗ്ദാനങ്ങളും മനസ്സിരുത്തുന്നവര്‍ക്ക് ഇതുപോലെയുള്ള സംഭവങ്ങളില്‍ അതിശയോക്തിയോ, ന്യായക്കുറവോ ഒന്നും തോന്നുകയില്ല തന്നെ.
വിഭാഗം - 15
- وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ إِنْ خِفْتُمْ أَن يَفْتِنَكُمُ ٱلَّذِينَ كَفَرُوٓا۟ ۚ إِنَّ ٱلْكَـٰفِرِينَ كَانُوا۟ لَكُمْ عَدُوًّا مُّبِينًا ﴾١٠١﴿
- (സത്യ വിശ്വാസികളേ)നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുന്നതായാല്‍ നിങ്ങള്‍ നമസ്‌കാര ത്തില്‍ നിന്ന് (കുറച്ച്) ചുരുക്കുന്നതിന് നിങ്ങളുടെമേല്‍ തെറ്റില്ല; അവിശ്വസിച്ചവര്‍ നിങ്ങളെ കുഴപ്പത്തിലാക്കുന്നത് നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍. നിശ്ചയമായും, അവിശ്വാസികള്‍ നിങ്ങള്‍ക്ക് പ്രത്യക്ഷമായ ശത്രുവാകുന്നു.
- وَإِذَا ضَرَبْتُمْ നിങ്ങള്‍ യാത്രപോയാല്‍ فِي الْأَرْضِ ഭൂമിയില്‍, ഭൂമിയിലൂടെ فَلَيْسَ عَلَيْكُمْ എന്നാല്‍ നിങ്ങളുടെമേല്‍ ഇല്ല جُنَاحٌ തെറ്റ്, ഒരു തെറ്റും أَن تَقْصُرُوا നിങ്ങള്‍ ചുരുക്കുന്നതിന് مِنَ الصَّلَاةِ നമസ്‌കാരത്തില്‍ നിന്ന് إِنْ خِفْتُمْ നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍ أَن يَفْتِنَكُمُ നിങ്ങളെ കുഴപ്പത്തിലാക്കുന്നത് الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنَّ الْكَافِرِينَ നിശ്ചയമായും അവിശ്വാസികള്‍ كَانُوا അവരാകുന്നു, ആയിരിക്കുന്നു لَكُمْ നിങ്ങള്‍ക്ക് عَدُوًّا ശത്രു مُّبِينًا സ്പഷ്ടമായ, പ്രത്യക്ഷമായ
യുദ്ധം, ഹിജ്‌റഃ എന്നിവയെക്കുറിച്ച് പലതും പ്രസ്താവിച്ചു. രണ്ടാവശ്യാര്‍ഥവും യാത്രകള്‍ ചെയ്യേണ്ടതുല്ലോ. അങ്ങിനെയുള്ള യാത്രകളില്‍, ഒരു മുസ്‌ലിമിന് ഒരിക്കലും ഒഴിച്ചുകൂടാത്തതായ അഞ്ചു നിര്‍ബ്ബന്ധ നമസ്‌കാരങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കുവാന്‍ പ്രയാസമായതുകൊണ്ട് അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ ഈ വചനത്തിലും അടുത്ത വചനത്തിലുമായി അല്ലാഹു വിവരിക്കുന്നു.
قَصْر (ക്വസ്വ്ര്‍) എന്നാല്‍ ‘ചുരുക്കുക’ എന്നര്‍ത്ഥം. നമസ്‌കാരം ചുരുക്കി നമസ്‌കരിക്കലാണ് ഇവിടെ വിവക്ഷ. ക്വസ്വ്ര്‍ രണ്ടുവിധത്തിലുണ്ട്:
(1) നമസ്‌കാരത്തില്‍ റക്അത്തുകളുടെ എണ്ണം കുറച്ചും, ക്വിബ്‌ലക്ക് തിരിയാതെയും, റുകൂഉ് സുജൂദ് മുതലായവ പൂര്‍ത്തിയാക്കാതെയും, നടന്നും ഓടിയും കൊണ്ടും എന്നിങ്ങനെ സാധാരണരൂപത്തില്‍ നിന്നും വ്യത്യസ്തമായ പല കുറവുകളും വരുത്തി ക്കൊണ്ടും ചെയ്യുന്നത്. ഇതിനെപ്പറ്റി തുടര്‍ന്നുള്ള വചനങ്ങളില്‍ വിവരിക്കുന്നുണ്ട്. صلوة الخوف (ഭയപ്പെട്ടുകൊണ്ടുള്ള നമസ്‌കാരം) അഥവാ ഭയപ്പാടിന്‍റെ അവസരത്തിലുള്ള നമസ്‌കാരം എന്ന പേരിലാണ് ഇത് സാധാരണ അറിയപ്പെടുന്നത്.
(2) നാലു റക്അത്തുള്ള നമസ്‌കാരം രണ്ട് റക്അത്ത് മാത്രം നമസ്‌കരിക്കുക. ഇത് ഒന്നാമത്തേതില്‍ ഉള്‍പെടുന്ന ഒരു പ്രത്യേക ഇനം തന്നെയാണെന്ന് പറയാമെങ്കിലും قَصْر (ചുരുക്കി നമസ്‌കരിക്കല്‍) എന്ന പേരില്‍ അറിയപ്പെടുന്നതും, യാത്രകളില്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഇതാകുന്നു. ഭയാവ സ്ഥയിലുള്ള ആദ്യത്തെ ക്വസ്വ്ര്‍ ക്വുര്‍ആന്‍ കൊണ്ടും, സമാധാനാവസ്ഥയിലുള്ള രണ്ടാമത്തെ ക്വസ്വ്ര്‍ നബി (صلّى الله عليه وسلّم)യുടെ സുന്നത്ത് കൊണ്ടും സ്ഥാപിതമായതാണ്. ‘യാത്രയിലെ ക്വസ്വ്ര്‍ നമസ്‌കാരം അല്ലാഹുവിന്‍റെ കിതാബില്‍ കാണുന്നില്ലല്ലോ, ഭയത്തിന്‍റെ നമസ്‌കാരം മാത്രമാണല്ലോ അതില്‍ കാണുന്നത്?’ എന്ന് ഇബ്‌നു ഉമര്‍ (റ)നോട് ചോദിക്കപ്പെട്ടപ്പോള്‍, അദ്ദേഹം ഇങ്ങിനെ ഉത്തരം പറഞ്ഞു: ‘സഹോദരപുത്രാ, അല്ലാഹു മുഹമ്മദ് നബി (സ.അ) യെ റസൂലായി അയച്ച അവസരത്തില്‍ നമുക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു. ഇപ്പോള്‍, റസൂല്‍ (സ.അ) എപ്രകാരം ചെയ്യുന്നതായി നാം കാണുന്നുവോ അതുപോലെ നാമും ചെയ്തുവരുന്നുവെന്ന് മാത്രം. യാത്രയില്‍ ക്വസ്വ്‌റാക്കല്‍ റസൂല്‍ (സ.അ) നടപ്പില്‍ വരുത്തിയ ഒരു സുന്നത്താകുന്നു.” (ന; ജ; ബ; ഇബ്‌നു ഹിബ്ബാന്‍)
‘ഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ നമസ്‌കാരം ക്വസ്വ്‌റാക്കുന്നതിന് തെറ്റില്ല’ എന്നാണ് അല്ലാഹു പറഞ്ഞത്. അപ്പോള്‍, യാത്ര എത്ര കണ്ട് ദൂരമുള്ളതായിരിക്കണമെന്നും, ക്വസ്വ്‌റാക്കണമെന്നു പറയാതെ തെറ്റില്ല എന്നു പറഞ്ഞ് മതിയാക്കിയ സ്ഥിതിക്ക് അത് ഉപേക്ഷിക്കുന്നതല്ലേ നല്ലതെന്നും സംശയിക്കപ്പെടാവുന്നതാണ്. യാത്രാദൂരത്തെ സംബന്ധിച്ചിടത്തോളം, ഇത്ര ദൂരം ഉണ്ടെങ്കിലേ യാത്രയിലെ ക്വസ്വ്ര്‍ പാടുള്ളുവെന്ന് നിര്‍ണയിക്കുവാന്‍ തക്ക ഒരു തെളിവ് നബി (صلّى الله عليه وسلّم)യുടെ സുന്നത്തില്‍ കാണുന്നില്ല. ചില രിവായത്തുകളും മറ്റും പരിശോധിക്കുമ്പോള്‍ യാത്രയുടെ ദൂരം പരിഗണിക്കപ്പെടേണ്ടതുണ്ടെന്നുവരുന്നതുകൊണ്ട് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ട്. അത് കേവലം സ്വാഭാവികവുമാണ്. എല്ലാം കൂടി പരിശോധിച്ചാല്‍ – പല മഹാന്മാരും പ്രസ്താവിക്കുന്നതുപോലെ – ഒരു നിശ്ചിത ദൂരം നിര്‍ണയിക്കുവാനില്ല എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍, സാധാരണ ഗതിയില്‍ ഒരു യാത്രയെന്ന് വിശേഷിപ്പിക്കപ്പെടുമാറുള്ള ദൂരമുണ്ടെങ്കിലേ ക്വസ്വ്‌റാക്കുവാന്‍ പാടുള്ളുവെന്നും, അടുത്തടുത്ത സ്ഥലങ്ങളിലേക്കും, നിത്യാവശ്യങ്ങള്‍ക്കുമുള്ള പോക്കുവരവുകളിലും ക്വസ്വ്ര്‍ പാടില്ല എന്നും തീര്‍ച്ചയാണുതാനും. والله أعلم
മേല്‍ സൂചിപ്പിച്ച അഭിപ്രായങ്ങളും അവയുടെ തെളിവുകളുമെല്ലാം വിവരിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ക്വയ്യിം (റ) പറയുന്നു: ‘നബി (صلّى الله عليه وسلّم) തന്‍റെ സമുദായത്തിന് നമസ്‌കാരം ക്വസ്വ്‌റാക്കുവാനും, നോമ്പ് ഉപേക്ഷിക്കുവാനും ഒരു നിശ്ചിത വഴി ദൂരം നിര്‍ണയിച്ചു കൊടുത്തിട്ടില്ല. അവര്‍ക്കത് നിരുപാധികം വിട്ടുകൊടുത്തിരിക്കുകയാണ്. തയമ്മുമിന്‍റെ കാര്യവും അങ്ങിനെത്തന്നെ. എന്നാല്‍, ഒരു ദിവസത്തെയും രണ്ട് ദിവസത്തെയും, മൂന്ന് ദിവസത്തെയും യാത്ര എന്നൊക്കെ നിര്‍ണയിച്ചുകൊണ്ടുള്ള രിവായത്തുകളാകട്ടെ, ഒന്നും ബലവത്തായി സ്ഥിരപ്പെട്ടിട്ടില്ല.’ (زاد المعاد) ‘ക്വസ്വ്‌റാക്കുന്നതിന് തെറ്റില്ല’ (ليس عليكم جناح) എന്ന വാക്കില്‍ നിന്ന് അത് ചെയ്യുകയും, ചെയ്യാതിരിക്കുകയും ആവാമെന്നേ വരുന്നുള്ളൂ. എങ്കിലും യാത്രകളിലെല്ലാം തന്നെ നമസ്‌കാരം ക്വസ്വ്‌റാക്കലായിരുന്നു നബി (صلّى الله عليه وسلّم)യുടെ പതിവെന്ന് പല ഹദീഥുകളില്‍ നിന്നും അറിയപ്പെട്ടതാകുന്നു. യാത്രകളില്‍ നാല് റക്അത്ത് നബി (صلّى الله عليه وسلّم) പൂര്‍ത്തിയാക്കിയതായി തെളിഞ്ഞിട്ടുമില്ല. അതുകൊണ്ട് യാത്രകളില്‍ ക്വസ്വ്‌റ് നിര്‍ബന്ധമാണെന്നു പോലും പല മഹാന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. നിര്‍ബ്ബന്ധമില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഏതായാലും ക്വസ്വ്‌റാക്കലാണ് ഉത്തമമെന്നതില്‍ സംശയമില്ല. എന്നാല്‍ ‘നിങ്ങള്‍ക്ക് കുറ്റമില്ല’ എന്ന വാക്യത്തിലടങ്ങിയ സൂചനയെന്തായിരിക്കും? ഹജ്ജിലും, ഉംറയിലും സ്വഫാ – മര്‍വക്കിടയിലുള്ള ഓട്ടം നിര്‍ബ്ബന്ധമായിരുന്നിട്ടുകൂടി – സ്വഹാബികള്‍ക്ക് നേരിട്ട ചില സംശയങ്ങള്‍ നിമിത്തം – അതിനെക്കുറിച്ച് പ്രസ്താവിച്ചപ്പോഴും ‘തെറ്റില്ല’ എന്നാണ് അല്ലാഹു (അല്‍ ബക്വറഃ : 158ല്‍) പറഞ്ഞത്. അതുപോലെ, വളരെ പ്രാധാന്യം അര്‍ഹിക്കുന്ന നമസ്‌കാരത്തിന്‍റെ രൂപത്തില്‍ വല്ല കുറവും വരുത്തുന്ന വിഷയത്തിലും പലര്‍ക്കും സംശയം തോന്നുവാന്‍ അവകാശമുണ്ടല്ലോ. അതുകൊണ്ടായിരിക്കണം ഇവിടെയും അങ്ങിനെ പ്രയോഗിച്ചത്. الله أعلم
യഅ്‌ലബ്‌നു ഉമയ്യ (റ) പറയുകയാണ്: ജനങ്ങള്‍ (ശത്രുക്കളില്‍ നിന്ന്) നിര്‍ഭയരായിത്തീര്‍ന്നിട്ടുള്ള സ്ഥിതിക്ക് ‘അവിശ്വസിച്ചവര്‍ നിങ്ങളെ കുഴപ്പത്തിലാക്കുന്നത് ഭയപ്പെട്ടാല്‍ നിങ്ങള്‍ക്ക് നമസ്‌കാരം ക്വസ്വ്‌റാക്കുന്നതിന് തെറ്റില്ല’ എന്ന വചനത്തിന്‍റെ താല്‍പ ര്യത്തെക്കുറിച്ച് ഞാന്‍ ഉമര്‍ (റ)നോട് ചോദിച്ചു. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ‘തനിക്ക് ആശ്ചര്യം (സംശയം) തോന്നിയപോലെ എനിക്കും തോന്നിയിട്ടുണ്ട്. അങ്ങനെ ഞാന്‍ റസൂല്‍ തിരുമേനി (صلّى الله عليه وسلّم)യോട് അതിനെപ്പറ്റി ചോദിച്ചു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘അത് അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഒരു സ്വദക്വഃയാണ് (ദാനമാണ്). അവന്‍റെ സ്വദക്വഃ നിങ്ങള്‍ സ്വീകരിച്ചു കൊള്ളുവിന്‍. ‘അഹ്മദ്, മുസ്‌ലിം (റ) മുതലായ പലരും ഉദ്ധരിച്ചതാണ് ഈ ഹദീഥ്. അല്ലാഹു തന്നെ ചൂണ്ടിക്കാട്ടിയതുപോലെ, ശത്രുക്കള്‍ തക്കം പാര്‍ത്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ക്വസ്വ്ര്‍ അനുവദിക്കപ്പെട്ടതെങ്കിലും പിന്നീട് ആ അനുവാദം യാത്രകളിലെല്ലാം തുടര്‍ന്നു ഉപയോഗപ്പെടുത്തിക്കൊള്ളുവാന്‍ അല്ലാഹു സമുദായത്തിന് നല്‍കിയ ഒരു ഔദാര്യമാണത് എന്നത്രെ നബി (സ.അ) പറഞ്ഞതിന്‍റെ സാരം. ഇപ്പറഞ്ഞത് മുകളില്‍ കണ്ട രണ്ടാമത്തെ ഇനത്തിലുള്ള ക്വസ്വ്‌റിനെപ്പറ്റിയാണ് – ഒന്നാമത്തെ ക്വസ്വ്‌റിനെപ്പറ്റിയല്ല – എന്ന് അടുത്ത വചനത്തില്‍ നിന്ന് മനസ്സലാക്കാം.
ക്വസ്വ്‌റിന്‍റെയും, അത് സംബന്ധമായ നിയമങ്ങളുടെയും വിശദവിവരങ്ങളും, അതിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇവിടെ സ്പര്‍ശിക്കേണ്ടതില്ല. കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ഹദീഥ് വ്യാഖ്യാനങ്ങളും ഫിക്വ്ഹ് ഗ്രന്ഥങ്ങളും നോക്കേണ്ടതാണ്.
- وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ ٱلصَّلَوٰةَ فَلْتَقُمْ طَآئِفَةٌ مِّنْهُم مَّعَكَ وَلْيَأْخُذُوٓا۟ أَسْلِحَتَهُمْ فَإِذَا سَجَدُوا۟ فَلْيَكُونُوا۟ مِن وَرَآئِكُمْ وَلْتَأْتِ طَآئِفَةٌ أُخْرَىٰ لَمْ يُصَلُّوا۟ فَلْيُصَلُّوا۟ مَعَكَ وَلْيَأْخُذُوا۟ حِذْرَهُمْ وَأَسْلِحَتَهُمْ ۗ وَدَّ ٱلَّذِينَ كَفَرُوا۟ لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُم مَّيْلَةً وَٰحِدَةً ۚ وَلَا جُنَاحَ عَلَيْكُمْ إِن كَانَ بِكُمْ أَذًى مِّن مَّطَرٍ أَوْ كُنتُم مَّرْضَىٰٓ أَن تَضَعُوٓا۟ أَسْلِحَتَكُمْ ۖ وَخُذُوا۟ حِذْرَكُمْ ۗ إِنَّ ٱللَّهَ أَعَدَّ لِلْكَـٰفِرِينَ عَذَابًا مُّهِينًا ﴾١٠٢﴿
- (നബിയേ) നീ അവരില്‍ ഉണ്ടായിരിക്കുകയും, എന്നിട്ട് അവര്‍ക്ക് നമസ്‌കാരം നില നിറുത്തി [നടത്തി] ക്കൊടുക്കുകയും ചെയ്താല്‍, അവരില്‍ നിന്ന് ഒരു വിഭാഗം നിന്‍റെ കൂടെ (നമസ്‌കാരത്തിന്) നിന്നു കൊള്ളട്ടെ; അവര്‍ തങ്ങളുടെ ആയുധങ്ങള്‍ എടുത്ത് കൊള്ളുകയും ചെയ്യട്ടെ. അങ്ങനെ, അവര്‍ 'സുജൂദ്' ചെയ്താല്‍ അവര്‍ നിങ്ങളുടെ പിന്‍പുറത്തായിരിക്കട്ടെ. നമസ്‌കരിച്ചിട്ടില്ലാത്ത മറ്റൊരു വിഭാഗം (നിന്‍റെകൂടെ) വരുകയും ചെയ്യട്ടെ; എന്നിട്ട് അവര്‍ നിന്‍റെ കൂടെ നമസ്‌കരിച്ചുകൊള്ളട്ടെ; അവര്‍ തങ്ങളുടെ ജാഗ്രതയും, തങ്ങളുടെ ആയുധങ്ങളും എടുത്ത് കൊള്ളുകയും ചെയ്യട്ടെ. നിങ്ങള്‍ നിങ്ങളുടെ ആയുധങ്ങളെയും, നിങ്ങളുടെ സാമഗ്രികളെയും സംബന്ധിച്ചു ശ്രദ്ധ വിട്ടിരുന്നെങ്കില്‍ (കൊള്ളാം) എന്ന് (ആ) അവിശ്വസിച്ചവര്‍ മോഹിക്കുകയാണ്; എന്നാലവര്‍ക്ക് നിങ്ങളുടെമേല്‍ (പെട്ടെന്നു) ഒരൊറ്റ ആഞ്ഞടിനടത്താമായിരുന്നു (വല്ലോ)! നിങ്ങള്‍ക്ക് മഴ നിമിത്തം വല്ല ശല്യവും ഉണ്ടായിരിക്കുകയോ, അല്ലെങ്കില്‍ നിങ്ങള്‍ രോഗികളായിരിക്കുകയോ ചെയ്‌തെങ്കില്‍, നിങ്ങളുടെ മേല്‍ തെറ്റുമില്ല, നിങ്ങളുടെ ആയുധങ്ങള്‍ (ഇറക്കി) വെക്കുന്നതിന്. (എന്നാലും) നിങ്ങള്‍ നിങ്ങളുടെ ജാഗ്രത സ്വീകരിക്കുകയും ചെയ്യണം. [അതില്‍ വീഴ്ച വരുത്തിക്കൂടാ.] നിശ്ചയമായും, അവിശ്വാസികള്‍ക്ക് അല്ലാഹു നിന്ദാകരമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു.
- وَإِذَا كُنتَ നീ ആയിരുന്നാല്‍, ഉണ്ടായിരുന്നാല്‍ فِيهِمْ അവരില്‍ فَأَقَمْتَ എന്നിട്ടു നീ നിലനിറുത്തുക (നടത്തുക)യും لَهُمُ അവര്‍ക്ക്, അവര്‍ക്ക് വേണ്ടി الصَّلَاةَ നമസ്‌കാരം فَلْتَقُمْ എന്നാല്‍ നില്‍ക്കട്ടെ طَائِفَةٌ مِّنْهُم അവരില്‍ നിന്ന് ഒരു വിഭാഗം, ഒരു കൂട്ടര്‍ مَّعَكَ നിന്‍റെ കൂടെ, ഒപ്പം وَلْيَأْخُذُوا അവര്‍ എടുക്കുകയും ചെയ്യട്ടെ أَسْلِحَتَهُمْ അവരുടെ ആയുധങ്ങള്‍ فَإِذَا سَجَدُوا എന്നിട്ട് അവര്‍ സുജൂദ് ചെയ്താല്‍ فَلْيَكُونُوا അവര്‍ ആയിക്കൊള്ളട്ടെ, ആയിരിക്കട്ടെ مِن وَرَائِكُمْ നിങ്ങളുടെ പിന്‍പുറത്തിലൂടെ وَلْتَأْتِ വരുകയും ചെയ്യട്ടെ, വന്നും കൊള്ളട്ടെ طَائِفَةٌ ഒരു വിഭാഗം أُخْرَىٰ വേറെ, മറ്റൊരു لَمْ يُصَلُّوا നമസ്‌കരിച്ചിട്ടില്ലാത്ത, അവര്‍ നമസ്‌കരിച്ചിട്ടില്ല فَلْيُصَلُّوا എന്നിട്ടവര്‍ നമസ്‌കരിക്കട്ടെ مَعَكَ നിന്‍റെ കൂടെ وَلْيَأْخُذُوا അവര്‍ എടുത്തും (സ്വീകരിച്ചും) കൊള്ളട്ടെ حِذْرَهُمْ അവരുടെ ജാഗ്രത, സൂക്ഷ്മത, കാവല്‍ وَأَسْلِحَتَهُمْ അവരുടെ ആയുധങ്ങളും وَدَّ കൊതിക്കുകയാണ്, മോഹിച്ചു, ആഗ്രഹിച്ചു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْ تَغْفُلُونَ നിങ്ങള്‍ ശ്രദ്ധ വിട്ടിരുന്നെങ്കില്‍, അശ്രദ്ധരായാല്‍ കൊള്ളാം (എന്ന്) عَنْ أَسْلِحَتِكُمْ നിങ്ങളുടെ ആയുധങ്ങളെപ്പറ്റി وَأَمْتِعَتِكُمْ നിങ്ങളുടെ സാമഗ്രികളെയും, ഉപകരണങ്ങളെയും فَيَمِيلُونَ എന്നാല്‍ (അപ്പോള്‍ - അങ്ങനെ) അവര്‍ ആഞ്ഞു വീഴുകയും, ആഞ്ഞടിക്കാം, മറിഞ്ഞു വീഴാം, മറിയുവാന്‍ عَلَيْكُم നിങ്ങളുടെമേല്‍, നിങ്ങളില്‍ مَّيْلَةً ഒരു ആഞ്ഞടി, മറിയല്‍ وَاحِدَةً ഒരു, ഏക وَلَا جُنَاحَ തെറ്റില്ലതാനും, കുറ്റവുമില്ല عَلَيْكُمْ നിങ്ങളുടെ മേല്‍ إِن كَانَ بِكُمْ നിങ്ങളില്‍ ഉണ്ടായെങ്കില്‍ أَذًى വല്ല ശല്യവും, ഉപദ്രവം مِّن مَّطَرٍ മഴയാല്‍, മഴ നിമിത്തം أَوْ كُنتُم അല്ലെങ്കില്‍ നിങ്ങള്‍ ആയിരുന്നു (എങ്കില്‍) مَّرْضَىٰ രോഗികള്‍ أَن تَضَعُوا നിങ്ങള്‍ വെക്കുന്നതിനു, താഴെ വെക്കുന്നതിന് أَسْلِحَتَكُمْ നിങ്ങളുടെ ആയുധങ്ങള്‍ وَخُذُوا നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)യും ചെയ്‌വിന്‍ حِذْرَكُمْ നിങ്ങളുടെ ജാഗ്രത, സൂക്ഷ്മത إِنَّ اللَّهَ നിശ്ചയമായും അല്ലാഹു أَعَدَّ ഒരുക്കി വെച്ചിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്ക് عَذَابًا ശിക്ഷ مُّهِينًا നിന്ദാകരമായ, അപമാനിക്കുന്ന
- فَإِذَا قَضَيْتُمُ ٱلصَّلَوٰةَ فَٱذْكُرُوا۟ ٱللَّهَ قِيَـٰمًا وَقُعُودًا وَعَلَىٰ جُنُوبِكُمْ ۚ فَإِذَا ٱطْمَأْنَنتُمْ فَأَقِيمُوا۟ ٱلصَّلَوٰةَ ۚ إِنَّ ٱلصَّلَوٰةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَـٰبًا مَّوْقُوتًا ﴾١٠٣﴿
- അങ്ങനെ, നിങ്ങള്‍ നമസ്‌കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍, നില്‍ക്കുന്നവരായും, ഇരിക്കുന്നവരായും, നിങ്ങളുടെ പാര്‍ശ്വങ്ങളിലായും [കിടക്കുന്ന വരായും] കൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ ഓര്‍മിക്കുവിന്‍. എനി, നിങ്ങള്‍ക്ക് സമാധാനമായാല്‍ നിങ്ങള്‍ നമസ്‌കാരം (മുറക്ക്) നിലനിറുത്തുവിന്‍. (കാരണം) നിശ്ചയമായും നമസ്‌കാരം, സത്യവിശ്വാസികളുടെ മേല്‍ സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ(നിയമ)മാകുന്നു.
- فَإِذَا قَضَيْتُمُ അങ്ങനെ നിങ്ങള്‍ നിര്‍വ്വഹിച്ചാല്‍, ചെയ്തുതീര്‍ത്താല്‍ الصَّلَاةَ നമസ്‌കാരം فَاذْكُرُوا നിങ്ങള്‍ ഓര്‍മിക്കുവിന്‍, ധ്യാനിക്കുവിന്‍ اللَّهَ അല്ലാഹുവിനെ قِيَامًا നില്‍ക്കുന്നവരായിട്ട് وَقُعُودًا ഇരിക്കുന്നവരായും وَعَلَىٰ جُنُوبِكُمْ നിങ്ങളുടെ പാര്‍ശ്വ (ഭാഗ)ങ്ങളിലായും فَإِذَا اطْمَأْنَنتُمْ എന്നിട്ട് (എനി - അപ്പോള്‍) നിങ്ങള്‍ക്ക് സമാധാനമായെങ്കില്‍ (മനസ്സൊതുങ്ങിയെങ്കില്‍) فَأَقِيمُوا അപ്പോള്‍ നിങ്ങള്‍ നിലനിറുത്തുവിന്‍ الصَّلَاةَ നമസ്‌കാരം إِنَّ الصَّلَاةَ നിശ്ചയമായും നമസ്‌കാരം كَانَتْ ആയിരിക്കുന്നു, ആകുന്നു عَلَى الْمُؤْمِنِينَ സത്യവിശ്വസികളുടെ മേല്‍ كِتَابًا നിയമം, നിശ്ചയം, നിര്‍ബ്ബന്ധം مَّوْقُوتًا സമയം നിശ്ചയിക്കപ്പെട്ട, നിര്‍ണയം ചെയ്യപ്പെട്ടതായ
ഈ വചനങ്ങളില്‍ പല നിയമങ്ങളും ഉപദേശങ്ങളും അടങ്ങിയിരിക്കുന്നു. നബി (صلّى الله عليه وسلّم)യെ അഭിമുഖീകരിച്ചുകൊണ്ട് ‘നീ അവരില്‍ ഉണ്ടായിരിക്കുകയും, അവര്‍ക്ക് നമസ്‌കാരം നടത്തുകയും ചെയ്താല്‍ എന്ന് പറഞ്ഞതില്‍ നിന്ന് സൈന്യനായകന്മാരാണ് നമസ്‌കാരത്തില്‍ സൈന്യത്തിന് നേതൃത്വം നല്‍കേണ്ടത് (ഇമാമായിരിക്കേണ്ടത്) എന്നും, യുദ്ധവേളയില്‍ പോലും ജമാഅത്തായിട്ടാണ് നമസ്‌കരിക്കേണ്ടതെന്നും, ആവശ്യമെന്ന് കാണുമ്പോള്‍ തുടര്‍ന്നു പറഞ്ഞതു പോലെയുള്ള ഭയത്തിന്‍റെ നമസ്‌കാരത്തിന് ഏര്‍പ്പാട് ചെയ്യേണ്ടത് സേനാനായകന്മാരാണെന്നും മനസ്സിലാക്കാം. ഭയത്തിന്‍റെ നമസ്‌കാരത്തി (صَلاَةُ الخَوْف) ന്‍റെ പ്രധാന വശങ്ങളാണ് അല്ലാഹു ഇവിടെ വിവരിച്ചിരിക്കുന്നത്. അതിന്‍റെ വിശദീകരണങ്ങള്‍ നബി (صلّى الله عليه وسلّم)യുടെ സുന്നത്തില്‍ നിന്നാണ് മനസ്സിലാക്കുവാന്‍ കഴിയുക. ശത്രുക്കളുമായി യുദ്ധക്കളത്തില്‍ വെച്ചു ഏറ്റുമുട്ടലുകള്‍ നടന്നു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സ്വീകരിക്കേണ്ടുന്ന രൂപമല്ല ഈ വചനങ്ങളില്‍ വിവരിച്ചിരിക്കുന്നത്. ഇരുചേരികളും തമ്മില്‍ കൂട്ടിമുട്ടി ആയുധ സംഘട്ടനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സൈന്യത്തെ രണ്ടോ അധികമോ ഭാഗമാക്കി ഭാഗിച്ചു നിറുത്തി ഓരോ ഭാഗത്തെയും ചേര്‍ത്ത് ഓരോ റക്അത്തായി നമസ്‌കരിക്കുവാന്‍ സൗകര്യമുണ്ടായിരിക്കുകയില്ലല്ലോ. അങ്ങിനെയുള്ള ദുര്‍ഘട ഘട്ടങ്ങളില്‍ – അത് യുദ്ധത്തില്‍ വെച്ചായാലും അല്ലെങ്കിലും – ഓരോരുത്തരും അവനവനു സാധിക്കുന്ന പ്രകാരം കാല്‍നടയായോ വാഹനപ്പുറത്തായോ നടന്നുകൊണ്ടും, റുകൂഅ് – സുജൂദ് മുതലായവ പൂര്‍ത്തിയാക്കാതെയും നമസ്‌കരിച്ചാല്‍ മതിയാകുമെന്ന് സൂറത്തുല്‍ ബക്വറഃ 239-ാം വചനത്തില്‍ പ്രസ്താവിച്ചിട്ടുള്ളതാണ്.
യുദ്ധാവസരത്തില്‍ അനുഷ്ഠിക്കേണ്ടുന്ന صَلاَةُ الخَوْف (ഭയപ്പെട്ടുകൊണ്ടുള്ള നമസ്‌കാരത്തി)ന്‍റെ രൂപം ഇവിടെ അല്ലാഹു വിവരിച്ചതിന്‍റെ സാരം ഇതാണ്: സൈന്യത്തെ രണ്ടായി വിഭജിച്ചു ഒരു വിഭാഗത്തെയും കൂട്ടി നബി (صلّى الله عليه وسلّم) നമസ്‌കാരം ആരംഭിക്കുക. സുജൂദ് കഴിഞ്ഞാല്‍ ആ വിഭാഗക്കാര്‍ പിന്നോട്ടുമാറി ശത്രുക്കളെ അഭിമുഖീകരിച്ചു നില്‍ക്കുക. അതോടെ മറ്റേ വിഭാഗം മുമ്പോട്ട് വന്ന് അവര്‍ നബി (صلّى الله عليه وسلّم) യോടൊപ്പം ഒരു റക്അത്ത് നമസ്‌കരിക്കുക. എന്നാല്‍ ഓരോ വിഭാഗവും നബി (صلّى الله عليه وسلّم) യൊന്നിച്ചു എത്ര റക്അത്ത് നമസ്‌കരിക്കണം? ബാക്കി റക്അത്തുകള്‍ അവര്‍ എങ്ങിനെ പൂര്‍ത്തിയാക്കണം? എന്നൊന്നും വിശദീകരിക്കപ്പെട്ടില്ല. എങ്കിലും, നബി (صلّى الله عليه وسلّم)യൊന്നിച്ചു ഓരോ വിഭാഗക്കാരും ഓരോ റക്അത്ത് നമസ്‌കരിക്കണമെന്നും, ബാക്കിയുള്ള റക്അത്തുകള്‍ സൗകര്യം പോലെ സൈന്യം ഒറ്റയായോ, കൂട്ടായോ, നബി (صلّى الله عليه وسلّم) യോടൊപ്പം ഊഴം വെച്ചോ പൂര്‍ത്തിയാക്കാമെന്നുമാണ് ഇതില്‍നിന്ന് വരുന്നത്. الله أعلم
ഹദീഥുകള്‍ പരിശോധിക്കുമ്പോള്‍, ഭയപ്പാടിന്‍റെ നമസ്‌കാരം നബി (صلّى الله عليه وسلّم) ഒന്നിലധികം രൂപത്തില്‍ ചെയ്തിട്ടുള്ളതായി കാണാം. അവയില്‍ ചിലതിന് മുന്‍ഗണന നല്‍കിക്കൊണ്ട് ആ രൂപമാണ് കൂടുതല്‍ ശരിയായതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. അതാത് അവസരത്തിലെ പരിതഃസ്ഥിതികള്‍ കണക്കിലെടുത്തുകൊണ്ട് കൂടുതല്‍ അനുയോജ്യമായ രൂപം ഏതോ അതായിരുന്നു തിരുമേനി സ്വീകരിച്ചിരുന്നതെന്നും, എല്ലായ്‌പോഴും ഒരു പ്രത്യേക രൂപത്തില്‍ മാത്രമായിരുന്നില്ല നബി (صلّى الله عليه وسلّم) അത് നടപ്പില്‍ വരുത്തിയിരുന്നതെന്നതുമാണ് വാസ്തവം. മുസ്‌ലിം സൈന്യവും ശത്രുസൈന്യവും എണ്ണത്തിലുള്ള താരതമ്യം, ഇരുകൂട്ടരും നിലകൊള്ളുന്ന സ്ഥാനങ്ങളുടെ പ്രത്യേകത, നിര്‍വ്വഹിക്കപ്പെടുന്ന നമസ്‌കാരത്തിന്‍റെ റക്അത്തുകളുടെ എണ്ണം, സംഘട്ടനങ്ങളുടെ സ്വഭാവം മുതലായവയും, യുദ്ധക്കളത്തില്‍ അണികള്‍ അന്യോന്യം ഏറ്റുമുട്ടി സംഘട്ടനം ആരംഭിച്ചിട്ടുണ്ടോ ഇല്ലേ എന്ന വസ്തുതയുമൊക്കെ കണക്കിലെടുക്കുമ്പോള്‍, ഒരേ രൂപം എല്ലായ്‌പോഴും പ്രായോഗികമായിരിക്കയില്ലല്ലോ. നബി (صلّى الله عليه وسلّم) സ്വീകരിച്ച രൂപങ്ങള്‍ എല്ലാം തന്നെ, അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടിയ മൂലരൂപത്തില്‍ നിന്നും പുറത്തുപോകുന്നില്ലെന്നും, വിശദാംശങ്ങളില്‍ മാത്രം സന്ദര്‍ഭത്തിനൊത്ത മാറ്റങ്ങള്‍ സ്വീകരിക്കുകയാണ് അവിടുന്ന് ചെയ്തിട്ടുള്ളതെന്നും കാണാവുന്നതാകുന്നു. വിശദമായി അറിയുവാന്‍ യഥാസ്ഥാനങ്ങളെ അവലംബിക്കേണ്ടതാണ്.
ഇതരഗ്രന്ഥങ്ങളില്‍ കാണാറുള്ളത് പോലെ. നിയമങ്ങള്‍ വിവരിക്കുമ്പോള്‍ അവ മാത്രം വിവരിച്ചുമതിയാക്കുന്ന പതിവ് ക്വുര്‍ആന്‍ സ്വീകരിക്കാറില്ല. നിയമത്തിന് ആസ്പദമായ തത്വങ്ങള്‍, അവയിലടങ്ങിയ യുക്തികള്‍, അവയുടെ നിര്‍വ്വഹണത്തില്‍ അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ എന്നിവ കൂടി ചൂണ്ടിക്കാട്ടുക പതിവാകുന്നു. ഈ വചനങ്ങ ളില്‍ ഇതിന് പല ഉദാഹരണങ്ങളും കാണാം. നോക്കുക:-
(1) ആദ്യത്തെ വിഭാഗക്കാര്‍ നബി (صلّى الله عليه وسلّم)യൊന്നിച്ചു നമസ്‌കരിക്കണമെന്ന് പറഞ്ഞതോടൊപ്പം അവര്‍ അവരുടെ യുദ്ധായുധങ്ങള്‍ കയ്യിലെടുക്കണം. (وَلْيَأْخُذُوا أَسْلِحَتهُمْ) എന്ന് ഉപദേശിച്ചിരിക്കുന്നു. നമസ്‌കാരത്തിലായിതുകൊണ്ട് ആയുധം ധരിച്ചുകൂടാ എന്നു കരുതരുത്. വേണ്ടിവന്നാല്‍ നമസ്‌കാരത്തിലും ആക്രമണം നടത്തുവാന്‍ സാധിക്കണം, ആയുധം എടുക്കാതെ നമസ്‌കാരത്തിന് നിന്നാല്‍ ശത്രുക്കള്‍ ആ തക്കം ഉപയോഗപ്പെ ടുത്തുവാന്‍ ശ്രമിക്കും എന്നൊക്കെയാണിത് സൂചിപ്പിക്കുന്നത്.
(2) രണ്ടാമത്തെ വിഭാഗക്കാര്‍ നമസ്‌കാരത്തില്‍ പ്രവേശിക്കുമ്പോഴും ആയുധം കയ്യിലെടുക്കണമെന്ന് വീണ്ടും ഉപദേശിക്കുന്നു. ഒന്നാമത്തെ വിഭാഗത്തെയും കൂട്ടി നബി (صلّى الله عليه وسلّم) നമസ്‌കാരം ആരംഭിക്കുന്നത് ശത്രുക്കള്‍ മുന്‍കൂട്ടി പ്രതീക്ഷിക്കുന്നുണ്ടാവാന്‍ മിക്കവാറും അവകാശമില്ല. നമസ്‌കാരം ആരംഭിച്ചു കഴിഞ്ഞാല്‍, അവര്‍ മുസ്‌ലിംകളുടെ ചലനങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന് തീര്‍ച്ചയാണ്. അതുകൊണ്ട് ആയുധങ്ങള്‍ ധരിച്ചു കൊള്ളണമെന്ന് പറഞ്ഞു മതിയാക്കാതെ, അവര്‍ ജാഗ്രത പാലിക്കുകയും വേണം (وَلْيَأْخُذُوا حِذْرَهُمْ) എന്നുകൂടി ഉണര്‍ത്തിയിരിക്കുന്നു. ജാഗ്രത വേണമെന്ന് പറയുവാനുള്ള കാരണവും വ്യക്തമാക്കിയിരിക്കുന്നു. അതായത്, നിങ്ങളുടെ ആയുധങ്ങളെയും സാധനസാമഗ്രികളെയും കുറിച്ച് നിങ്ങള്‍ ശ്രദ്ധ വിട്ടാല്‍ തരക്കേടില്ല – എന്നാലവര്‍ക്ക് നിങ്ങളുടെ നേരെ വമ്പിച്ച ഒരു ആഞ്ഞടി നടത്താം – എന്നാണവര്‍ ആഗ്രഹിക്കുന്നത്. സത്യവിശ്വാസികളുടെ നേരെ അല്ലാഹുവിനുള്ള സ്‌നേഹവും കരുണയുമാണ് ഇതെല്ലാം കുറിക്കുന്നത്.
(3) എന്നാല്‍, വാള്‍, കുന്തം, അമ്പ്, അങ്കി മുതലായവ ധരിച്ചുകൊണ്ട് നമസ്‌കരിക്കുന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. നമസ്‌കാരത്തില്‍ ആയുധങ്ങള്‍ ധരിക്കണമെന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍ ഒഴിച്ചുകൂടാത്ത ഒരു നിര്‍ബന്ധ കല്‍പനയാണതെന്ന് തോന്നുവാനും ഇടയുണ്ട്. അതുകൊണ്ട് മഴ, രോഗം മുതലായ വിഷമങ്ങളുള്ളപ്പോള്‍ ആയുധങ്ങള്‍ ധരിച്ചുകൊള്ളണമെന്നില്ല (وَلا جُنَا ح عَلَيْكُمْ إِنْ كَانَ بِكُمْ أَذًى….) എന്ന് പ്രസ്താവിക്കുന്നു. എന്നാലും ശത്രുക്കളെക്കുറിച്ചുള്ള ജാഗ്രത കൈവിടരുത്. (وَلْيَأْخُذُوا حِذْرَهُمْ) എന്ന കാര്യം പ്രത്യേകം ഓര്‍മിപ്പിച്ചിരിക്കുന്നു.
(4) സത്യവിശ്വാസികളോട് അല്ലാഹുവിന് വളരെ സ്‌നേഹവും കൃപയുമാണുള്ളത്. അവിശ്വാസികളോട് അങ്ങേഅറ്റം വെറുപ്പും കോപവുമാണുള്ളത്. എന്നിരിക്കെ, എന്തുകൊണ്ട് അല്ലാഹുവിന് അവിശ്വാസികളെ പരാജയപ്പെടുത്തി ഒതുക്കിക്കൂടാ? എന്ന് ആരും ശങ്കിക്കേണ്ടതില്ല. അല്ലാഹു അവര്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. (إِنَّ الَّلهَ أَعَدَّ لِلْكافِرِينَ…..) അതെ, ഇഹത്തില്‍ അവര്‍ ക്രമേണ നിന്ദ്യമായി പരാജയപ്പെടുകയും, പരത്തില്‍ അപമാനകരമായ ശിക്ഷ അനുഭവിക്കേണ്ടിവരുകയും ചെയ്യും എന്ന് പറഞ്ഞു സത്യവിശ്വാസികളെ സമാധാനിപ്പിക്കുന്നു.
(5) പിന്നീട്, മേല്‍ വിവരിച്ച പ്രകാരം നമസ്‌കാരം നിര്‍വ്വഹിച്ചു കഴിഞ്ഞ ശേഷവും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൈവിട്ടുകൂടാ എന്നും, സന്ദര്‍ഭമനുസരിച്ച് നിന്നോ ഇരുന്നോ കിടന്നോ എങ്ങിനെയായാലും അല്ലാഹുവിനെ ഓര്‍ത്തുകൊണ്ടിരിക്കണം (……..فَإِذَا قَضَيْتُمُ الصَّلاةَ) എന്നും ഉണര്‍ത്തിയിരിക്കുന്നു.
(6) യുദ്ധം കഴിഞ്ഞു ഭയപ്പാട് നീങ്ങിപ്പോകുകയും, സ്ഥിതി ശാന്തമാകുകയും ചെയ്താല്‍ പിന്നീട് പതിവ് പ്രകാരം നമസ്‌കാരം അതിന്‍റെ മുറപ്രകാരം തന്നെ അനുഷ്ഠിച്ചുപോരണം (فَإِذَا اطْمَأْنَنْتُمْ فَأَقِيمُوا) എന്നും പ്രസ്താവിക്കുന്നു. അതായത് ജമാഅത്തായും, ഘടകങ്ങളും നിബന്ധനകളും മര്യാദകളുമെല്ലാം യഥാരൂപത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടും തന്നെ ചെയ്തുപോരണമെന്ന്.
(7) നമസ്‌കാരത്തിന്‍റെ കാര്യം – യുദ്ധത്തില്‍ പോലും ഒഴിവില്ലാത്തവിധം – ഇത്രയും കര്‍ശനമായി പ്രസ്താവിക്കുവാന്‍ കാരണം, അത് സത്യവിശ്വാസികള്‍ക്ക് ഒഴിവാക്കുവാന്‍ പാടില്ലാത്തവണ്ണം സമയനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു നിര്‍ബ്ബന്ധ നിയമമാണ് (إِنَّ الصَّلاةَ كَانَتْ) എന്നും പ്രത്യേകം എടുത്ത് കാണിച്ചിരിക്കുന്നു. സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞാല്‍ അനുഷ്ഠാനപരമായി സ്വീകരിക്കേണ്ടുന്ന കര്‍മങ്ങളില്‍ അതി പ്രധാനമായതാണല്ലോ നമസ്‌കാരം. ഓരോ മുസ്‌ലിമും വളരെ ഗൗരവപൂര്‍വ്വം ഓര്‍മിച്ചിരിക്കേണ്ടുന്ന ഒരു വാക്യമാണിത്. യുദ്ധത്തില്‍ പോലും നമസ്‌കാരം സമയം തെറ്റിക്കാതെ ചെയ്യേതുണ്ടെന്നും, സാധാരണ നിലയില്‍ നിന്ന് കുറെയെല്ലാം വിട്ടുവീഴ്ചകള്‍ അനുവദിച്ചുകൊണ്ടാണെങ്കിലും ജമാഅത്തായിത്തന്നെ അത് നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും പറഞ്ഞതിനെത്തുടര്‍ന്നാണ് ഈ വാക്യം അല്ലാഹു പറഞ്ഞിട്ടുള്ളതെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.
ഇബ്‌നു മസ്ഊദ് (റ) പറയുകയാണ്: ‘കര്‍മങ്ങളില്‍ വെച്ച് അല്ലാഹുവിങ്കലേക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്?’ എന്ന് ഞാന്‍ നബി തിരുമേനി (صلّى الله عليه وسلّم)യോട് ചോദിച്ചു: തിരുമേനി പറഞ്ഞു: ‘നമസ്‌കാരം അതിന്‍റെ സമയത്തിന് നമസ്‌കരിക്കലാണ്.’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ തിരുമേനി പറഞ്ഞു: ‘മാതാപിതാക്കള്‍ക്ക് നന്മ ചെയ്യലാണ്.’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യലാണ്.’ ഇബ്‌നു മസ്ഊദ് (റ) പറയുകയാണ്: ‘ഇക്കാര്യങ്ങള്‍ എനിക്ക് അവിടുന്ന് പറഞ്ഞുതന്നു. ഞാന്‍ കൂടുതല്‍ ചോദിച്ചിരുന്നുവെങ്കില്‍ തിരുമേനി എനിക്ക് കൂടുതല്‍ പറഞ്ഞു തരുമായിരുന്നു.’ (ബു; മു.) ജാബിര്‍ (റ) പറയുന്നു: റസൂല്‍ (صلّى الله عليه وسلّم) പറഞ്ഞു: ‘ഒരടിയാന്‍റെയും കുഫ്‌റിന്‍റെയും (അവിശ്വാസത്തിന്‍റെയും) ഇടക്കുള്ളത് നമസ്‌കാരം ഉപേക്ഷിക്കലാണ്.’ (മു). ഇസ്‌ലാമിനും കുഫ്‌റിനും ഇടക്കുള്ള അതിരു വരമ്പാണ് നമസ്‌കാരം. അഥവാ അത് ഉപേക്ഷിക്കുന്നത് കുഫ്‌റാണെന്ന് സാരം. ബുറൈദ (റ) പറയുന്നു: ‘റസൂല്‍ (صلّى الله عليه وسلّم) പറഞ്ഞു: നമ്മുടെയും അവരുടെയും (മറ്റുള്ളവരുടെയും) ഇടക്കുള്ള ഉടമ്പടി നമസ്‌കാരമാകുന്നു. ആര്‍ അത് ഉപേക്ഷിച്ചുവോ അവന്‍ അവിശ്വാസിയായി.’ (അ; തി; ന; ജ.) അബ്ദുല്ലാഹിബ്‌നു ശക്വീക്വ് (റ) പറയുന്നു: ‘കര്‍മങ്ങളില്‍പെട്ട യാതൊന്നും തന്നെ ഉപേക്ഷിക്കുന്നത് കുഫ്‌റാണെന്ന് നബി (صلّى الله عليه وسلّم) യുടെ സഹാബികള്‍ അഭിപ്രായപ്പെട്ടിരുന്നില്ല – നമസ്‌കാരം അല്ലാതെ.’ (തി.)
- وَلَا تَهِنُوا۟ فِى ٱبْتِغَآءِ ٱلْقَوْمِ ۖ إِن تَكُونُوا۟ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ ۖ وَتَرْجُونَ مِنَ ٱللَّهِ مَا لَا يَرْجُونَ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ﴾١٠٤﴿
- (ആ) ജനതയെ തേടിപ്പിടി ക്കുന്നതില്‍ നിങ്ങള്‍ ബലഹീനരാകരുത്. നിങ്ങള്‍ വേദന അനുഭ വിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നതുപോലെ നിശ്ചയമായും അവരും വേദന അനു ഭവിച്ചുകൊണ്ടിരിക്കുന്നു. (കൂടാതെ) അവര്‍ പ്രതീക്ഷിക്കുന്നില്ലാത്ത (ചില)ത് അല്ലാഹുവില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
- وَلَا تَهِنُوا നിങ്ങള്‍ ദുര്‍ബ്ബലരാകരുത് فِي ابْتِغَاءِ അന്വേഷി(ച്ചു പിടി)ക്കുന്നതില്‍ الْقَوْمِ (ആ) ജനതയെ إِن تَكُونُوا നിങ്ങളാകുന്നുവെങ്കില്‍ تَأْلَمُونَ നിങ്ങള്‍ വേദനപ്പെടുന്നു(വേദന അനുഭവിക്കുന്നു) فَإِنَّهُمْ എന്നാല്‍ നിശ്ചയമായും അവര്‍ يَأْلَمُونَ അവര്‍ വേദന അനുഭവിക്കുന്നു. അവര്‍ക്ക് വേദനയുണ്ടാകുന്നു كَمَا تَأْلَمُونَ നിങ്ങള്‍ വേദനപ്പെടുന്ന (അനുഭവിക്കുന്ന)തു പോലെ وَتَرْجُونَ നിങ്ങള്‍ പ്രതീക്ഷിക്കുക (അഭിലഷിക്കുക)യും ചെയ്യുന്നു مِنَ اللَّهِ അല്ലാഹുവില്‍ നിന്ന് مَا لَا يَرْجُونَ അവര്‍ പ്രതീക്ഷിക്കാത്തത് وَكَانَ اللَّهُ അല്ലാഹുവാകുന്നു عَلِيمًا അറിയുന്നവന്‍ حَكِيمًا അഗാധജ്ഞാനി, യുക്തിമാന്‍
സത്യദീനിനെ ഉന്മൂലനം ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയ മുശ്‌രിക്കുകളാകുന്ന ശത്രുക്കള്‍ യുദ്ധകാഹളം മുഴക്കുമ്പോള്‍ അവരെ നേരിട്ടാല്‍ മാത്രം പോരാ, അവരെ കഴിയുന്നത്ര തേടിപ്പിടിച്ചു നശിപ്പിക്കുവാന്‍ ശ്രമിക്കേണ്ടതുമുണ്ട്. അതില്‍ ഭീരുത്വമോ, ദൗര്‍ബ്ബല്യമോ നിങ്ങള്‍ക്കുണ്ടാവാന്‍ പാടില്ല. ക്ഷമയോടും, വീറോടും കൂടി അതില്‍ നിങ്ങള്‍ ബദ്ധശ്രദ്ധരായിരിക്കണം. അവരെ നേരിടുന്നതുമൂലം നിങ്ങള്‍ക്ക് പല കഷ്ടനഷ്ടങ്ങളും പരിക്കുകളുമൊക്കെ അനുഭവപ്പെടുന്നുണ്ടാകും. അതിന്‍റെ പേരില്‍ നിങ്ങള്‍ പിന്നോക്കം നിന്നുകൂടാ. നിങ്ങളെപ്പോലെത്തന്നെ അവര്‍ക്കും അതൊക്കെ അനുഭവപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കണം. എന്നാല്‍, അവര്‍ക്കില്ലാത്ത ഒരു വിശേഷത നിങ്ങള്‍ക്കുണ്ട്. ഇഹത്തിലും പരത്തിലും അല്ലാഹുവിങ്കല്‍നിന്നുള്ള പല അനുഗ്രഹങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് നിങ്ങള്‍. അവര്‍ക്ക് ആ പ്രതീക്ഷയില്ല. ആ നിലക്ക് അവരെക്കാള്‍ ക്ഷമയും, ചൊടിയും, ചുണയും നിങ്ങള്‍ക്കുണ്ടായിരിക്കേണ്ടതുണ്ടല്ലോ എന്ന് താല്‍പര്യം.