സൂറതുന്നിസാഉ് : 105 – 126
വിഭാഗം - 16
അന്‍സ്വാരികളിലും യഹൂദികളിലും പെട്ട ചിലര്‍ക്കിടയില്‍ നടന്നതും താഴെ വിവരിക്കുന്നതുമായ ഒരു സംഭവത്തെ പരാമര്‍ശിച്ചു കൊണ്ടുള്ളവയാണ് തുടര്‍ന്നുള്ള ഏതാനും വചനങ്ങള്‍. എന്നാലും അവയിലടങ്ങിയ ഓരോ വാക്യവും, ആശയവും ഓരോ മുസ്ലിമും ഓര്മിച്ചിരിക്കേണ്ടുന്ന പാഠങ്ങളാകുന്നു. ചുരുക്കിയും, വിസ്തരിച്ചും കൊണ്ട് പല മാര്‍ഗങ്ങളില്‍ കൂടി പല മഹാന്മാരും ഉദ്ധരിച്ചതും, ഈ വചനങ്ങളുടെ അവതരണ ഹേതുവായി മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും എണ്ണിവരുന്നതുമായ ആ സംഭവത്തിന്റെ സ്വഭാവം ചുരുക്കത്തില്‍ ഇപ്രകാരമാകുന്നു:- നബി ഒന്നിച്ചുണ്ടായിരുന്ന ഒരു പടയെടുപ്പില്‍ അന്‍സ്വാരികളില്‍പെട്ട ക്വത്താദത്തുബ്നു നുഅ്മാനും, അദ്ദേഹത്തിന്റെ പിതൃവ്യന് രിഫാഅത്തും (റ) പങ്കെടുത്തിരുന്നു. അവരില്‍ ഒരാളുടെ (രിഫാഅത്തിന്റെ) പടയങ്കി കളവുപോയി. ഒരു അന്‍സ്വാരി ഗോത്രമായ ബനൂള്വഫ്ര് (بَنوُ ظَفَر) കാരനായ ഉബൈരിക്വി (اُبَيْرِق) ന്റെ മക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വീട്ടുകാരെ സംബന്ധിച്ച് സംശയം ഉളവായി. അതനുസരിച്ച് അങ്കിയുടെ ഉടമസ്ഥന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ ചെന്ന് ഉബൈരിക്വിന്റെ മകന് ത്വഅ്മത്ത് (طَعَمَة) എന്റെ അങ്കി മോഷ്ടിച്ചിരിക്കുന്നുവെന്ന് പറഞ്ഞു. ചില രിവായത്തുകളില്‍ ഇയാളുടെ പേര് ബശീര്‍ എന്നാണെന്നും, ഇയാള്‍ ഒരു കപട വിശ്വാസിയും മുസ്ലിംകള്‍ക്കെതിരില്‍ കവിതകള്‍ പ്രചരിപ്പിക്കുന്നവനുമായിരുന്നുവെന്നും വന്നിട്ടുണ്ട്. ഏതായാലും യഥാര്‍ഥ മോഷ്ടാവ് വിവരം അറിഞ്ഞപ്പോള്‍, അങ്കിയെടുത്ത് രാത്രി സമയത്ത് സൈദുബ്നുസ്സമീന്‍ എന്ന ഒരു യഹൂദിയുടെ വീട്ടില്‍ കൊണ്ടുപോയിവെച്ചു. (കുറച്ചു ഭക്ഷണസാധനങ്ങളും ആ അങ്കിയും കൂടി അയാളുടെ പക്കല്‍ സൂക്ഷിക്കുവാന്‍ ഏല്പിക്കുകയാണ് ചെയ്തതെന്നും, കൊണ്ട് പോകുമ്പോള്‍ ഭക്ഷണസാധനം ചാക്കില്‍ നിന്ന് വഴി നീളെ ചോര്‍ന്നു പോയിരുന്ന അടയാളം കാണാമായിരുന്നുമെന്നും പറയപ്പെടുന്നു). മോഷ്ടാവ് ആ വിവരം തന്റെ കുടുംബത്തില്‍ ചിലരെ അറിയിച്ചു. അവര്‍ റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ചെന്ന് തങ്ങളുടെ സ്നേഹിതന് (ത്വഅ്മത്ത് അല്ലെങ്കില്‍ ബശീര്‍) നിരപരാധിയാണെന്നും, യഥാര്‍ഥത്തില്‍ അങ്കിമോഷ്ടിച്ചവന് ആ യഹൂദനാണെന്നും, കളവ് മുതല്‍ അവന്റെ അടുക്കല്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നും അറിയിച്ചു. തങ്ങളുടെ സ്നേഹിതന് ഒരു മുസ്ലിമും, മോഷ്ടിച്ചവന് വഞ്ചകനായ ഒരു യഹൂദനുമാകയാല്, സ്നേഹിതന്റെ നിരപരാധിത്വം പരസ്യമായി പ്രഖ്യാപിക്കണമെന്നും അവനുവേണ്ടി തിരുമേനി വാദിക്കണമെന്നും അവര്‍ അപേക്ഷിച്ചു. യഹൂദന് അവന്റെ നിരപരാധിത്വവും, സംഭവത്തിന്റെ യഥാര്‍ഥവും വിവരിക്കുകയും തനിക്കുള്ള തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. കളവ് മുതല്‍ അവന്റെ പക്കല്‍ നിന്ന് കണ്ടുകിട്ടിയതിനെയും അവനെതിരില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകളെയും അടിസ്ഥാനമാക്കി യഹൂദന്റെ വാദം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തള്ളിക്കളയുകയും, ഉബൈരിക്വിന്റെ മകന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ഉണ്ടായി.
യഹൂദന്റെ വീട്ടില്‍ നിന്ന് കളവ് മുതല്‍ കെടുക്കുന്നതിന് മുമ്പ് ക്വത്താദയെയും, അദ്ദേഹത്തിന്റെ പിതൃവ്യന് രിഫാഅത്തിനെയും സംബന്ധിച്ച് അവര്‍ – ഇബ്നു ഉബൈരിക്വിന്റെ കൂട്ടര് – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ആക്ഷേപം സമര്‍പ്പിച്ചിരുന്നു. മുസ്ലിംകളായ തങ്ങളുടെ വീട്ടുകാരെപ്പറ്റി തക്ക തെളിവൊന്നും കൂടാതെ അവര്‍ കളവു കേസ്സു ചുമത്തിയെന്നായിരുന്നു ആക്ഷേപം. ക്വത്താദ (റ) പറയുകയാണ്: ഞാന്‍ റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ചെന്നു സംസാരിച്ചു. അപ്പോള്‍, തെളിവും രേഖയും കൂടാതെ നല്ല ആളുകളായ ഒരു മുസ്ലിം കുടുംബത്തിന്റെ മേല്‍ കളവ് ചുമത്തുകയാണ് താന്‍ ചെയ്യുന്നതെന്ന് തിരുമേനി എന്നോട് പറഞ്ഞു. അയ്യോ! അത് പറയേണ്ടിയിരുന്നില്ലെന്ന് ഖേദിച്ചുകൊണ്ടാണ് ഞാന്‍ മടങ്ങിപ്പോന്നത്. എന്റെ പിതൃവ്യന് രിഫാഅത്ത് (റ) വന്ന് എന്നോട് വിവരം ചോദിച്ചു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞ മറുപടി കേട്ടപ്പോള്‍ അദ്ദേഹം (വ്യസനത്തോടെ) പറഞ്ഞു: لله المستعان (അല്ലാഹുവിനോടാണ് സഹായം തേടുവാനുള്ളത്.) പിന്നീട് അധികം താമസമുണ്ടായില്ല. . . . . إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ മുതല്‍ فَسَوْفَ نُؤْتِيهِ أَجْرًاعَظِيمًا ….. വരെയുള്ള (105 മുതല്‍ 114 കൂടി) വചനങ്ങള്‍ അവതരിച്ചു. ഈ വചനങ്ങള്‍ അവതരിച്ചപ്പോള്‍, തിരുമേനി ആ ആയുധം (അങ്കി) രിഫാഅത്തിന് ഏല്പിച്ചു കൊടുത്തു. ക്വത്താദ (റ) പറയുകയാണ്: ഞാന്‍ പിതൃവ്യന്റെ അടുക്കല്‍ – അദ്ദേഹം വയസ്സ് ചെന്ന് കണ്ണിന് കാഴ്ച ഇല്ലാതായിട്ടുണ്ടായിരുന്നു – ആയുധവും കൊണ്ട് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘സഹോദരപുത്രാ! അത് അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് സംഭാവനയാണ്’ അദ്ദേഹത്തിന്റെ ഇസ്ലാമില്‍ കലര്‍പ്പു കൂടിയിട്ടുണ്ടെന്നായിരുന്നു ഞാന്‍ മുമ്പ് ധരിച്ചിരുന്നത്. ഇപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു: അദ്ദേഹത്തിന്റെ ഇസ്ലാം ശരിയായ ഇസ്ലാം തന്നെയായിരുന്നുവെന്ന്. ഈ ക്വുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചപ്പോള്‍ ഉബൈരിക്വിന്റെ മകന് (യഥാര്‍ഥ മോഷടാവ്) മുശ്രിക്കുകളുടെ കൂട്ടത്തില്‍ ചേര്‍ന്നു. അപ്പോള്‍ അല്ലാഹു …. وَمَن يُشَاقِقِ الرَّسُولَ മുതല്‍ فَقَدْ ضَلَّ ضَلالابَعِيدًا … വരെയുള്ള (115, 116) വചനങ്ങള്‍ അവതരിപ്പിച്ചു. ഇതാണ് സംഭവം.
സയ്യിദുക്വുത്ത്ബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ, ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെന്നുള്ളതിന് മറ്റ് തെളിവുകളില്ലെങ്കില്പോലും മനസ്സിരുത്തി ചിന്തിക്കുന്ന നിഷ്പക്ഷ ബുദ്ധികള്‍ക്ക് ആ യാഥാര്‍ഥ്യം സ്വയം ബോധ്യപ്പെടുവാന്‍ മതിയായതാണ് ഈ വചനങ്ങള്‍. ഒരു സംഭവത്തിന്റെ യഥാര്‍ഥരൂപം വെളിപ്പെടുത്തുമാറുള്ള തെളിവുകള്‍ ഇല്ലാതിരിക്കുകയും, അതിന് എതിരായ തെളിവുകള്‍ ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍, ആ സംഭവത്തിന്റെ ചുരുളുകളില്‍ അജ്ഞാതമായി കിടപ്പുള്ള ഗൂഢരഹസ്യങ്ങളെ – സംഭവത്തിന്റെ പുതുമ നശിക്കും മുമ്പ് തന്നെ – കലവറ കൂടാതെ ഈ വചനങ്ങള്‍ തുറന്ന് കാട്ടുന്നു. ഇത് അദൃശ്യജ്ഞാനിയായ അല്ലാഹുവില്‍ നിന്നായിരിക്കുവാനേ നിവൃത്തിയുള്ളൂ. ക്വുര്‍ആന്റെ ആക്ഷേപങ്ങള്‍ക്ക് മറ്റേതൊരു സമുദായത്തെക്കാളും ഇരയായ ഒരു സമുദായമാണ് യഹൂദികള്‍. മദീനായിലെ യഹൂദികള്‍ വിശേഷിച്ചും. എന്നിട്ടുപോലും ആ യഹൂദന്റെ നിരപരാധിത്വവും, അതോടുകൂടി അന്‍സ്വാരികളായ സ്വഹാബികളുടെ കൂട്ടത്തില്‍പെട്ട ചില വ്യക്തികളുടെ കാപട്യവും, വഞ്ചനയും ഈ വചനങ്ങളില്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇത്ര ശക്തി യുക്തമായ ഭാഷയില്‍ – സ്ഥിതി ഗതികളുടെ മുക്കും മൂലയും അണപ്പിച്ചുകൊണ്ടും, അതോടൊപ്പം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബ ന്ധിച്ച് പോലും ആക്ഷേപ സ്വരത്തിലുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടും – വിശദമായ ഒരു പ്രസ്താവന ഇറക്കുവാന്‍ എല്ലാം സൂക്ഷ്മമായറിയുന്ന അല്ലാഹുവിങ്കല്‍ നിന്നല്ലാതെ സാധ്യതയില്ലതന്നെ. എനി, അല്ലാഹുവിന്റെ പ്രസ്താവനകള്‍ ശ്രദ്ധിക്കുക:-
- إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ لِتَحْكُمَ بَيْنَ ٱلنَّاسِ بِمَآ أَرَىٰكَ ٱللَّهُ ۚ وَلَا تَكُن لِّلْخَآئِنِينَ خَصِيمًا ﴾١٠٥﴿
- (നബിയേ) നിശ്ചയമായും, നാം നിനക്ക് യഥാര്‍ഥ (മുറ) പ്രകാരം വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു; അല്ലാഹു നിനക്ക് കാണിച്ചുതന്ന പ്രകാരം നീ മനുഷ്യര്‍ക്കിടയില്‍ വിധി കല്പിക്കുവാന് വേണ്ടി. നീ വഞ്ചകന്മാര്ക്ക് വേണ്ടി (കക്ഷിപിടിച്ച്) വാദിക്കുന്നവനാവരുത്.
- إِنَّا أَنزَلْنَا നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു إِلَيْكَ നിനക്ക്, നിന്നിലേക്ക് الْكِتَابَ (വേദ) ഗ്രന്ഥം بِالْحَقِّ യഥാര്‍ഥ (മുറ - കാര്യ) പ്രകാരം لِتَحْكُمَ നീ വിധി കല്പിക്കുവാന് വേണ്ടി بَيْنَ النَّاسِ മനുഷ്യര്‍ക്കിടയില്‍ بِمَا أَرَاكَ നിനക്കു കാണിച്ചു തന്നതുകൊണ്ട് (കാട്ടിത്തന്നതനുസരിച്ച് - പ്രകാരം) اللَّهُഅല്ലാഹു وَلَا تَكُن നീ ആകരുത്, ആകുകയും അരുത് لِّلْخَائِنِينَ ചതിക്കുന്നവര്‍ക്ക്, വഞ്ചകന്മാര്ക്ക് വേണ്ടി خَصِيمًا വാദിക്കുന്നവന്, കക്ഷി വാദം ചെയ്യുന്നവന്
- وَٱسْتَغْفِرِ ٱللَّهَ ۖ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا ﴾١٠٦﴿
- അല്ലാഹുവിനോട് നീ പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
- وَاسْتَغْفِرِ നീ പൊറുതി (പാപമോചനം) തേടുകയും ചെയ്യുക اللَّهَ അല്ലാഹുവിനോട് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു, ആയിരിക്കുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി, കരുണയുള്ളവന്‍
- وَلَا تُجَٰدِلْ عَنِ ٱلَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا ﴾١٠٧﴿
- തങ്ങളുടെ സ്വന്തങ്ങളോട് (തന്നെ) വഞ്ചന പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി നീ തര്‍ക്കം നടത്തുകയും ചെയ്യരുത്. നിശ്ചയമായും മഹാവഞ്ചകനും മഹാപാപിയുമായവരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
- وَلَا تُجَادِلْ നീ തര്‍ക്കം നടത്തുകയും ചെയ്യരുത് عَنِ الَّذِينَ യാതൊരു കൂട്ടരെപ്പറ്റി, യാതൊരുവര്‍ക്ക് വേണ്ടി يَخْتَانُونَ വഞ്ചന പ്രവര്‍ത്തിക്കുന്ന أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളോട് (ആത്മാക്കളോട്) തങ്ങളോടുതന്നെ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കയില്ല مَن كَانَ ആയവരെ (വനെ) خَوَّانًا വലിയ (മഹാ) വഞ്ചകന് أَثِيمًا വലിയ (മഹാ)പാപി
- يَسْتَخْفُونَ مِنَ ٱلنَّاسِ وَلَا يَسْتَخْفُونَ مِنَ ٱللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ ٱلْقَوْلِ ۚ وَكَانَ ٱللَّهُ بِمَا يَعْمَلُونَ مُحِيطًا ﴾١٠٨﴿
- അവര്‍ മനുഷ്യരില്‍ നിന്നും മറച്ചു വെക്കുന്നു; അല്ലാഹുവില്‍ നിന്ന് മറച്ചുവെക്കുന്നുമില്ല; അവന് തൃപ്തിപ്പെടാത്തതായ വാക്കുകള്‍ (പറയുവാന്‍) അവര്‍ (ഗൂഢമായി) രാത്രി പരിപാടിയിടുമ്പോള്‍, അവന് അവരുടെ കൂടെയുണ്ട് താനും. (എന്നിട്ടും!) അല്ലാഹു, അവര്‍ പ്രവര്‍ത്തിക്കുന്നതിനെ വലയം ചെയ്യുന്ന [സൂക്ഷ്മമായി അറിയുന്ന]വനുമാകുന്നു.
- يَسْتَخْفُونَ അവര്‍ മറച്ചുവെക്കുന്നു, മറക്കുവാന്‍ ശ്രമിക്കുന്നു مِنَ النَّاسِ മനുഷ്യരില്‍ നിന്ന്, മനുഷ്യരെ സംബന്ധിച്ച് وَلَا يَسْتَخْفُونَ അവര്‍ മറച്ചു വെക്കുന്നുമില്ല مِنَ اللَّهِ അല്ലാഹുവില്‍ നിന്ന് وَهُوَ അവനാകട്ടെ, അവനോ مَعَهُمْ അവരുടെ കൂടെ ഉണ്ട്(താനും) إِذْ يُبَيِّتُونَ അവര്‍ രാപ്പരിപാടി നടത്തുമ്പോള്‍ (രാത്രി നടത്തുന്ന സന്ദര്‍ഭം) مَا لَا يَرْضَىٰ അവന് തൃപ്തിപ്പെടാത്തത് مِنَ الْقَوْلِ വാക്കില്‍ (വാക്കുകളില്‍) നിന്ന്, വാക്കാകുന്ന وَكَانَ اللَّهُ അല്ലാഹു ആകുന്നുതാനും بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെ(പ്പറ്റി) مُحِيطًا വലയം ചെയ്യുന്ന (മുഴുവന്‍ - സൂക്ഷ്മമായി അറിയുന്ന)വന്‍
ബാഹ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, യഥാര്‍ത്ഥ മോഷ്ടാവായ ഉബൈരിക്വിന്റെ മകനെ (ത്വഅ്മത്തിനെ, അല്ലെങ്കില്‍ ബഷീറിനെ) നിരപരാധിയായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രഖ്യാപിച്ചതും, അവന്റെ കക്ഷിയുടെ വാദത്തെ ന്യായീകരിച്ചതും നിയമ ദൃഷ്ട്യാ ഒരു തെറ്റല്ല. ബാഹ്യമായ തെളിവുകള്‍ക്കനുസരിച്ച് വിധി കല്പിക്കുവാനേ മനുഷ്യര്‍ക്ക് നിവൃത്തിയുള്ളൂ. അദൃശ്യ കാര്യങ്ങള്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയുകയില്ലല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും ഇതില്‍ നിന്ന് ഒഴിവല്ല. അതുകൊണ്ടാണ് ഒരു സംഭവത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറഞ്ഞത്: ‘അറിഞ്ഞേക്കുക: ഞാന്‍ ഒരു മനുഷ്യന് തന്നെയാണ്. ഞാന്‍ കേള്‍ക്കുന്നതനുസരിച്ചേ ഞാന്‍ വിധികല്‍പിക്കുകയുള്ളൂ. നിങ്ങളില്‍ ചിലര്‍, ചിലരെക്കാള്‍ തന്റെ ന്യായം വ്യക്തമാക്കിയിട്ടുണ്ടായിരിക്കും. അങ്ങനെ, അവനു ഞാന്‍ ഗുണമായി വിധിച്ചു കൊടുത്തേക്കുകയും ചെയ്യും. ഒരു മുസ്ലിമിന്റെ (യഥാര്‍ഥ) അവകാശം ഞാന്‍ (വേറെ) ആര്‍ക്കെങ്കിലും വിധിച്ചു കൊടുത്താല്‍ (യഥാര്‍ത്ഥത്തില്‍) അത്, നരകത്തില്‍ നിന്നുള്ള ഒരു കഷ്ണമായിരിക്കും. അതവന് ഏറ്റെടുക്കുകയോ, ഉപേക്ഷിക്കുകയോ (ഇഷ്ടംപോലെ) ചെയ്തുകൊള്ളട്ടെ.’ (ബു;മു.)
എന്നിരുന്നാലും നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഉന്നത നിലപാടിനെ അപേക്ഷിച്ച് സംഭ വത്തിന്റെ യഥാര്‍ഥ സ്ഥിതിയെക്കുറിച്ച് തിരുമേനി കുറേ കൂടി സൂക്ഷ്മാന്വേഷണം നടത്തേണ്ടതുണ്ടായിരുന്നുവെന്നുള്ള സൂചനയാണ് وَلاتَكُنْ الخ (നീ വഞ്ചകന്മാര്ക്ക് വേണ്ടി വാദിക്കുന്നവനാവരുത്) എന്നും ….. وَلاتُجَادِلْ عَنِ الَّذينَ (സ്വന്തങ്ങളോട് തന്നെ വഞ്ചന പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി നീ തര്‍ക്കം നടത്തരുത്)എ ന്നുമുള്ള വാക്യങ്ങളില്‍ കാണുന്നത്. പാപമോചനം തേടുവാന്‍ കല്പിച്ചതു ക്വത്താദത്ത് (റ)നോട് തെളിവും രേഖയും കൂടാതെ ഒരു മുസ്ലിം കുടുംബത്തിന്റെ പേരില്‍ കളവ് ആരോപിക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതിനെ ഉദ്ദേശിച്ചാണെന്നാണ് പല വ്യാഖ്യാതാക്കളും പറയുന്നത്. ബാഹ്യാവസ്ഥയനസരിച്ച് ഉബൈരിക്വിന്റെ മകനെ കുറ്റത്തില്‍ നിന്നു ഒഴിവാക്കുവാന്‍ ശ്രമിച്ചതിനെ ഉദ്ദേശിച്ചാണ് പാപമോചനം തേടുവാന്‍ കല്പിച്ചതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. രണ്ടിനെയും ഉദ്ദേശിച്ചായിരിക്കുവാനും സാധ്യതയുണ്ട് താനും. الله أعلم. ഏതായാലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഉന്നത പദവിയനുസരിച്ച് കുറേ കൂടി സൂക്ഷ്മാന്വേഷണം നടത്തേണ്ടതുണ്ടായിരുന്നുവെന്നു മാത്രമേ ഇതില്‍ നിന്നെല്ലാം മന സ്സിലാക്കേണ്ടതുള്ളൂ. അഥവാ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു പാപം ചെയ്തുവെന്ന് ഇതിന് അര്‍ഥമില്ല.
നബിമാര്‍ പാപമോചനം തേടുന്നതും, അവരോട് പാപമോചനം തേടുവാന്‍ അല്ലാഹു കല്പിക്കുന്നതും, അവരുടെ ചില പ്രവൃത്തികളെപ്പറ്റി ആക്ഷേപ രൂപത്തില്‍ സംസാരിക്കുന്നതും അവര്‍ പാപം ചെയ്തതുകൊണ്ടല്ലെന്നും, നബിമാര്‍ പാപങ്ങളില്‍ നിന്ന് രക്ഷിക്കപ്പെട്ടവരാണെന്ന അംഗീകൃത തത്വത്തിന് അതൊന്നും വിരുദ്ധമല്ലെന്നും, അവരുടെ മഹത്തായ നിലപാടിന് അനുയോജ്യമല്ലാത്ത നിസ്സാരങ്ങളായ വല്ല പാകപ്പിഴവുകളെയും മുന്നിറുത്തിയാണതെന്നും മനസ്സിലാക്കേണ്ടതാകുന്നു. കൂടാതെ, അവരുടെ അനുയായികളായ സത്യവിശ്വാസികള്‍ക്ക് അത് ഒരു പാഠവും കൂടിയാണല്ലോ.
വഞ്ചകന്മാര്, സ്വയം വഞ്ചിച്ചവര്‍, മഹാവഞ്ചകരും പാപികളുമായവര്‍ എന്നൊക്കെ വിശേഷിപ്പിച്ചത് മേലുദ്ധരിച്ച സംഭവത്തെ സംബന്ധിച്ചിടത്തോളം ഉബൈരിക്വിന്റെ മകനെയും അവന്റെ ആള്‍ക്കാരെയും ഉദ്ദേശിച്ചാകുന്നുവെങ്കിലും, അത്തരം വഞ്ചനകളും കൃത്രിമ സൂത്രങ്ങളും നടത്തുന്ന എല്ലാവരെയും ഉള്പെടുത്തുന്ന വിധത്തിലാണ് ആ വാക്കുകള്‍ അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. അവതരണഹേതു പ്രത്യേകമായിരു ന്നാലും ആയത്തിന്റെ വിധി പൊതുവാണെന്നുള്ളത് ഒരു അംഗീകൃത തത്വമാണ്. അതുകൊണ്ടാണ് ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ കഥാനായകന്മാരുടെ പേര് വെളിപ്പെടുത്താതെ, അവരെ ഗുണദോഷിക്കുന്ന വിശേഷണങ്ങള്‍ പറഞ്ഞു അല്ലാഹു മതിയാക്കു ന്നതും. ക്വുര്‍ആന്റെ നിയമം എല്ലാ കാലത്തുള്ളവര്‍ക്കും വേണ്ടിയുള്ളതാണല്ലോ. അവരവരുടെ പ്രവര്‍ത്തന ഫലം അവരവര്‍ തന്നെ അനുഭവിക്കുന്നതുകൊണ്ടാണ് തങ്ങളോടുതന്നെ വഞ്ചന നടത്തുന്നവര്‍ എന്നുകൂടി വഞ്ചകന്മാരെപ്പറ്റി പ്രസ്താവിച്ചിരിക്കുന്ന ത്. കളവു മുതല്‍ യഹൂദന്റെ വീട്ടില്‍ കൊണ്ടുപോയി വെക്കുവാനും, വേണ്ടിവരുമ്പോള്‍ അവനെ കുറ്റക്കാരനാക്കി ഒഴിഞ്ഞു മാറുവാനും രാത്രിയില്‍ ഗൂഢാലോചന നടത്തി പരിപാടിയിട്ടതിനെപ്പറ്റിയാണ് അവര്‍ രാപ്പരിപാടി നടത്തിയെന്നും, അവര്‍ മനുഷ്യരില്‍നിന്ന് മറച്ചു വെച്ച് – അല്ലാഹുവില്‍ നിന്ന് മറച്ചുവെച്ചതുമില്ല – എന്നും 108-ാം വചനത്തില്‍ പ്രസ്താവിച്ചത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ കേസ്സ് എത്തുന്നതിന് മുമ്പ് ലബീദ് എന്ന് പേരായ ഒരാളുടെ പേരില്‍ ആ കളവ് ചുമത്തുവാന്‍ അവര്‍ ഒരു ശ്രമം നടത്തുകയുണ്ടായെന്നും, ലബീദ് അതുകേട്ട് ക്ഷോഭിച്ചപ്പോള്‍ അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറിയെന്നും ഈ സംഭവത്തിന്റെ ഒരു രിവായത്തില്‍ വന്നിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം അല്ലാഹു അവരെപ്പറ്റി വിശേഷിപ്പിച്ചു പറഞ്ഞതിന്റെ താല്പര്യം വ്യക്തമാണല്ലോ.
- هَٰٓأَنتُمْ هَٰٓؤُلَآءِ جَٰدَلْتُمْ عَنْهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا فَمَن يُجَٰدِلُ ٱللَّهَ عَنْهُمْ يَوْمَ ٱلْقِيَٰمَةِ أَم مَّن يَكُونُ عَلَيْهِمْ وَكِيلًا ﴾١٠٩﴿
- ഹാ! നിങ്ങള്‍ (ഇതാ) ഇങ്ങിനെയുള്ള കൂട്ടരാണ്; ഐഹിക ജീവിതത്തില്‍ അവര്‍ക്ക് വേണ്ടി നിങ്ങള്‍ തര്‍ക്കം നടത്തി. എന്നാല്‍, ക്വിയാമത്തുനാളില്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് ആരാണ് തര്‍ക്കം നടത്തുക?! അല്ലാത്ത പക്ഷം, ആരാണ് അവരുടെ മേല്‍ (ബാധ്യത) ഏറ്റെടുക്കുന്നവനായിരിക്കുക?!
- هَا أَنتُمْ ഹാ (ഹേ) നിങ്ങള്‍ هَٰؤُلَاءِ(ഇങ്ങിനെയുള്ള) ഇക്കൂട്ടരാണ് جَادَلْتُمْ നിങ്ങള്‍ തര്‍ക്കം നടത്തി عَنْهُمْ അവരെക്കുറിച്ച് (അവര്‍ക്കുവേണ്ടി) فِي الْحَيَاةِ ജീവിതത്തില്‍ الدُّنْيَا ദുന്യാവിന്റെ, ഐഹിക فَمَن يُجَادِلُ എന്നാല്‍ ആര് തര്‍ക്കം നടത്തും, തര്ക്കിക്കുന്നവന് ആര് اللَّهَ അല്ലാഹുവിനോട് عَنْهُمْ അവര്‍ക്കുവേണ്ടി, അവരെപ്പറ്റി يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ أَم مَّن അതല്ലെങ്കില്‍ (അഥവാ) ആരാണ് يَكُونُ ആയിരിക്കുക عَلَيْهِمْ അവര്‍ക്ക്, അവരുടെ മേല്‍ وَكِيلًا കാര്യം ഏല്പിക്കപ്പെടുന്നവന്, വക്കീല്‍, ഭാരവാഹി, ഏല്ക്കുന്നവന്
- وَمَن يَعْمَلْ سُوٓءًا أَوْ يَظْلِمْ نَفْسَهُۥ ثُمَّ يَسْتَغْفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورًا رَّحِيمًا ﴾١١٠﴿
- ആരെങ്കിലും വല്ല തിന്മയും പ്രവര്‍ത്തിക്കുകയോ തന്നോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്യുകയും, പിന്നീടവന് അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുന്നതായാല്‍, അവന് അല്ലാഹുവിനെ വളരെ പൊറുക്കുന്നവനായും, കരുണാനിധിയായും കണ്ടെത്തുന്നതാണ്.
- وَمَن يَعْمَلْ ആരെങ്കിലും (വല്ലവരും, ആര്, യാതൊരുവന്) പ്രവര്‍ത്തിക്കുന്നതായാല്‍ سُوءًا ഒരുതിന്മ, വല്ല തിന്മയും أَوْ يَظْلِمْഅല്ലെങ്കില്‍ അക്രമം ചെയ്താല്‍ نَفْسَهُ തന്റെ സ്വന്തത്തോട്, തന്നോടുതന്നെ ثُمَّ പിന്നെ, അനന്തരം يَسْتَغْفِرِ അവന് പാപമോചനം തേടിയാല്‍ اللَّهَ അല്ലാഹുവിനോട് يَجِدِ اللَّهَ അല്ലാഹുവിനെ അവന് കണ്ടെത്തും غَفُورًا വളരെ പൊറുക്കുന്നവനായി رَّحِيمًا കരുണാനിധിയായി
- وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُۥ عَلَىٰ نَفْسِهِۦ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ﴾١١١﴿
- ആരെങ്കിലും ഒരു കുറ്റം സമ്പാദിച്ചു [പ്രവര്‍ത്തിച്ചു]വെക്കുന്ന പക്ഷം അതു തനിക്കുതന്നെ എതിരായിട്ടത്രെ അവന് സമ്പാദിക്കുന്നത്. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
- وَمَن يَكْسِبْ വല്ലവനും സമ്പാദിച്ചാല്‍, ചെയ്തുവെക്കുന്ന പക്ഷം إِثْمًا ഒരു കുറ്റം, വല്ല പാപവും فَإِنَّمَا يَكْسِبُهُ എന്നാലവന് അതു സമ്പാദിക്കുക (പ്രവര്‍ത്തിക്കുക) തന്നെ ചെയ്യുന്നു عَلَىٰ نَفْسِهِ തന്റെ സ്വന്തം പേരില്‍(ബാധ്യതയായി), തനിക്കെതിരെ وَكَانَ اللَّهُ അല്ലാഹു ആകുന്നു عَلِيمًا (എല്ലാം) അറിയുന്നവന് حَكِيمًا അഗാധജ്ഞന്‍, വിജ്ഞാനി, യുക്തിമാന്‍
- وَمَن يَكْسِبْ خَطِيٓـَٔةً أَوْ إِثْمًا ثُمَّ يَرْمِ بِهِۦ بَرِيٓـًٔا فَقَدِ ٱحْتَمَلَ بُهْتَٰنًا وَإِثْمًا مُّبِينًا ﴾١١٢﴿
- ആരെങ്കിലും വല്ല തെറ്റോ, കുറ്റമോ സമ്പാദി [പ്രവര്‍ത്തി]ക്കുകയും പിന്നീട് അതിനെപ്പറ്റി ഒരു നിരപരാധിയെ [നിരപരാധിയുടെ മേല്‍] ആരോപിക്കുകയും ചെയ്യുന്ന പക്ഷം, തീര്‍ച്ചയായും, അവന് കള്ളാരോപണവും, സ്പഷ്ടമായ കുറ്റവും പേറിപ്പോയി.
- وَمَن يَكْسِبْ വല്ലവനും (ആരെങ്കിലും) സമ്പാദിക്കുന്ന (ചെയ്യുന്ന) പക്ഷം خَطِيئَةً വല്ലതെറ്റും, തെറ്റായത് أَوْ إِثْمًا അല്ലെങ്കില്‍ കുറ്റം, പാപം ثُمَّ يَرْمِ بِهِ പിന്നെ അതുകൊണ്ട് എറിയുക (അതിനെ ആരോപിക്കുക)യും ചെയ്താല്‍ بَرِيئًا ഒരു നിരപരാധിയെ (കുറ്റരഹിതന്റെമേല്‍) فَقَدِ احْتَمَلَഎന്നാല്‍ തീര്‍ച്ചയായും അവന് പേറി, ഏറ്റെടുത്തു بُهْتَانًا ഒരു കള്ളാരോപണം, നുണ وَإِثْمًا مُّبِينًا വ്യക്ത (സ്പഷ്ട)മായ കുറ്റവും (പാപവും)
ഒരു വ്യാഖ്യാനവും കൂടാതെത്തന്നെ ഈ വചനങ്ങളിലെ ആശയം വ്യക്തമാണ്. നിങ്ങള്‍ അവര്‍ക്ക് വേണ്ടി തര്‍ക്കം നടത്തി എന്ന് ആക്ഷേപിച്ചത് പ്രസ്തുത സംഭവത്തില്‍ മോഷ്ടാവായ ത്വഅ്മത്തിനു – അല്ലെങ്കില്‍ ബശീറിനു – വേണ്ടി വാദിച്ചതിനെയും, ഒരു കുറ്റം ചെയ്തുവെച്ചിട്ട് അത് നിരപരാധിയുടെ നേരെ ആരോപിച്ചതായി പറ ഞ്ഞത് ആ കളവു കുറ്റം നിരപരാധിയായ ആ യഹൂദന്റെ മേല്‍ ആരോപിച്ചതിനെയും സൂചിപ്പിക്കുന്നു. മുമ്പ് ചൂണ്ടിക്കാട്ടിയതുപോലെ, ഈ പ്രസ്താവനകളെല്ലാം തന്നെ അതുപോലെ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും ബാധകമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഒരാള്‍ ഒരു തെറ്റോ കുറ്റമോ ചെയ്തിട്ട് പിന്നീടത് നിരപരാധിയായ മറ്റൊരുവന്റെ മേല്‍ ആരോപിക്കുകയോ, ആരോപണത്തിനനുകൂലമായി വാദിക്കുകയോ ചെയ്യുമ്പോള്‍ ആദ്യം ചെയ്ത കുറ്റത്തിനു പുറമെ, മറ്റൊരാളെപ്പറ്റി കള്ളം പറഞ്ഞുണ്ടാക്കിയ കുറ്റവും, അവനെ കുറ്റക്കാരനാക്കി ചിത്രീകരിച്ചതുമൂലം അവന് നേരിടുന്ന എല്ലാ ദോഷങ്ങളുടെയും ഉത്തരവാദിത്വവും അവന് വഹിക്കേണ്ടി വരുന്നതാണ് എന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. ഇന്നത്തെ പൊതുജനങ്ങളില്‍ മുസ്ലിംകളടക്കം പലരും ഈ കഠിനമായ താക്കീതിനു പാത്രമാണെന്നു പറയേണ്ടി വന്നിരിക്കുന്നു. والى الله المشتكى
വിഭാഗം - 17
- وَلَوْلَا فَضْلُ ٱللَّهِ عَلَيْكَ وَرَحْمَتُهُۥ لَهَمَّت طَّآئِفَةٌ مِّنْهُمْ أَن يُضِلُّوكَ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ ۖ وَمَا يَضُرُّونَكَ مِن شَىْءٍ ۚ وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيمًا ﴾١١٣﴿
- (നബിയേ) നിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും, അവന്റെ കാരുണ്യവും ഇല്ലായിരുന്നെങ്കില്‍, അവരില്‍ നിന്നു ഒരു വിഭാഗം (ആളുകള്‍) നിന്നെ വഴിപിഴപ്പിക്കുവാന് തുനിയുക തന്നെ ചെയ്യുമായിരുന്നു. (വാസ്തവത്തില്‍) അവര്‍ അവരെത്തന്നെയല്ലാതെ, വഴിപിഴപ്പിക്കുന്നുമില്ല; അവര്‍ നിനക്ക് യാതൊന്നും തന്നെ ഉപദ്രവം വരുത്തുന്നതുമല്ല. അല്ലാഹു നിനക്ക് വേദഗ്രന്ഥവും, വിജ്ഞാനവും ഇറക്കിത്തരുകയും ചെയ്തിരിക്കുന്നു; നീ അറിയുമായിരുന്നില്ലാത്തത് (പലതും) അവന് നിനക്ക് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹം വമ്പിച്ചതാകുന്നു.
- وَلَوْلَا ഇല്ലായിരുന്നെങ്കില്‍ فَضْلُ اللَّهِ അല്ലാഹുവിന്റെ അനുഗ്രഹം, ഔദാര്യം عَلَيْكَ നിന്റെ മേല്‍, നിനക്ക് وَرَحْمَتُهُ അവന്റെ കാരുണ്യവും لَهَمَّت തുനിയുക (ഉദ്ദേശിക്കുക - ശ്രമിക്കുക) തന്നെ ചെയ്യുമായിരുന്നു طَّائِفَةٌ ഒരു വിഭാഗം, കക്ഷി مِّنْهُمْ അവരില്‍ നിന്ന് أَن يُضِلُّوكَ നിന്നെ അവര്‍ വഴിപിഴപ്പിക്കുവാന് وَمَا يُضِلُّونَ അവര്‍ വഴിപിഴപ്പിക്കുന്നില്ല (പിഴപ്പിക്കുകയില്ല)താനും إِلَّا أَنفُسَهُمْ അവരെത്തന്നെ (സ്വന്തങ്ങളെ)യല്ലാതെ وَمَا يَضُرُّونَكَ അവര്‍ നിന്നെ ഉപദ്രവിക്ക (നിനക്ക് ദ്രോഹം വരുത്തുക)യുമില്ല مِن شَيْءٍ യാതൊന്നും وَأَنزَلَ اللَّهُ അല്ലാഹു ഇറക്കുകയും ചെയ്തിരിക്കുന്നു عَلَيْكَ നിന്റെ മേല്‍ الْكِتَابَ വേദഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും وَعَلَّمَكَ നിന്നെ (നിനക്ക്) പഠിപ്പിക്കുകയും ചെയ്തു مَا لَمْ تَكُن നീ ആയിരുന്നില്ലാത്തത് تَعْلَمُ നീ അറിയുക وَكَانَ ആകുന്നു താനും فَضْلُ اللَّهِ അല്ലാഹുവിന്റെ അനുഗ്രഹം عَلَيْكَ നിന്റെ മേല്‍ عَظِيمًا വമ്പിച്ചത്, മഹത്തായത്
ത്വഅ്മത്തിന്റെ – അല്ലെങ്കില്‍ ബശീറിന്റെ – ആള്ക്കാര് സത്യാവസ്ഥ മൂടിവെച്ചു കള്ളത്തെളിവുകളുണ്ടാക്കി അവന്റെ നിരപരാധിത്വം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖാന്തരം സ്ഥാപിക്കുവാന്‍ നടത്തിയ ശ്രമം അല്ലാഹു പാഴാക്കിക്കളഞ്ഞു. സത്യാവസ്ഥ അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വെളിവാക്കിക്കൊടുക്കുകയും ചെയ്തു. ഇതുപോലെ, സത്യാവസ്ഥ മനസ്സിലാക്കുവാന്‍ കഴിയാത്ത പല സന്ദര്‍ഭങ്ങളിലും വഹ്യ് മൂലം അവയുടെ ഉള്ളുകള്ളി അല്ലാഹു തിരുമേനിക്ക് തുറന്നു കാട്ടിക്കൊടുക്കുകയുണ്ടായിട്ടുണ്ട്. ഇത് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ചെയ്തുകൊടുത്ത പ്രത്യേക അനുഗ്രഹങ്ങളാകുന്നു. അതില്ലായിരുന്നുവെങ്കില്‍, അവരെപ്പോലെ വഞ്ചകരായ ഒരു തരം ആളുകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ നേര്‍മാര്‍ഗം വിട്ടു പിഴപ്പിക്കുവാന്‍ ശ്രമം നടത്തുമായിരുന്നു. അതിനൊന്നും ഇടയാകാത്ത വിധം അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ കാത്തു രക്ഷിച്ചിട്ടുണ്ട്. നേരെ മറിച്ച് അത്തരം കുതന്ത്രങ്ങളുടെ ദുഷ്ഫലം അതിന്റെ കര്‍ത്താക്കള്‍ തന്നെ അനുഭവിക്കേണ്ടിവരും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അല്ലാഹു ചെയ്തു കൊടുത്ത അനുഗ്രഹങ്ങളും കാരുണ്യവും ഇതു മാത്രമല്ല, ഏറ്റവും വമ്പിച്ച അനുഗ്രഹമായ പ്രവാചകത്വവും, അതോടുബന്ധപ്പെട്ട മറ്റു കാര്യങ്ങളും അവന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് നല്‍കിയിട്ടുണ്ട് എന്നൊക്കെയാണ് ഈ വചനത്തില്‍ പ്രസ്താവിച്ചതിന്റെ താല്പര്യം.
വേദഗ്രന്ഥം (الكتاب) കൊണ്ടുദ്ദേശ്യം ക്വുര്‍ആനും, വിജ്ഞാനം (الحكمة) കൊണ്ടുദ്ദേശ്യം സുന്നത്തും തന്നെ. ക്വുര്‍ആനല്ലാത്ത എത്രയോ വിജ്ഞാന സന്ദേശങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വഹ്യ്മൂലം സിദ്ധിച്ചിട്ടുണ്ടല്ലോ. അത്കൊണ്ടാണ് വേദഗ്രന്ഥവും, വിജ്ഞാനവും ഇറക്കിത്തന്നുവെന്ന് പറയുന്നത്.
- ۞ لَّا خَيْرَ فِى كَثِيرٍ مِّن نَّجْوَىٰهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَٰحٍۭ بَيْنَ ٱلنَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ٱبْتِغَآءَ مَرْضَاتِ ٱللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا ﴾١١٤﴿
- അവരുടെ ഗൂഢസംസാര ത്തില്‍ മിക്കതിലും ഒരു ഗുണവുമില്ല; വല്ല ദാനധര്‍മത്തെയോ, (സദാചാര) മര്യാദയെയോ, മനുഷ്യര്‍ക്കിടയില്‍ (സന്ധിയാക്കി) നന്നാക്കുന്നതിനെയോ സംബന്ധിച്ചു കല്പിക്കുന്നവന്റെ (ഗൂഢസംസാരം) ഒഴികെ. അല്ലാഹുവിന്റെ പ്രീതിയെ തേടിക്കൊണ്ട് ആരെങ്കിലും അത് ചെയ്യുന്ന പക്ഷം, എന്നാല്‍, വഴിയെ നാം അവനു വമ്പിച്ച പ്രതിഫലം നല്‍കുന്നതാണ്.
- لَّا خَيْرَ ഒരു ഗുണവുമില്ല, നന്മയേ ഇല്ല فِي كَثِيرٍ മിക്കതിലും, അധികത്തിലും مِّن نَّجْوَاهُمْ അവരുടെ ഗൂഢസംസാരത്തില്‍ (രഹസ്യ ഭാഷണത്തില്‍) നിന്ന് إِلَّا مَنْ ഒരുവന്റെ ഒഴികെ أَمَرَ കല്പിച്ച, ഉപദേശിച്ച بِصَدَقَةٍ വല്ല ധര്‍മവും കൊണ്ട്, ദാനധര്‍മത്തെപ്പറ്റി أَوْ مَعْرُوفٍ അല്ലെങ്കില്‍ വല്ല (സദാചാര) മര്യാദയും أَوْ إِصْلَاحٍ അല്ലെങ്കില്‍ നന്നാക്കിത്തീര്‍ക്കല്‍, സന്ധിയാക്കല്‍ بَيْنَ النَّاسِ മനുഷ്യര്‍ക്കിടയില്‍ وَمَن يَفْعَلْ ആരെങ്കിലും ചെയ്താല്‍, ആര് ചെയ്തുവോ ذَٰلِكَ അത് ابْتِغَاءَ ആഗ്രഹത്താല്‍ مَرْضَاتِ اللَّهِ അല്ലാഹുവിന്റെ പ്രീതി فَسَوْفَ എന്നാല്‍ വഴിയെ نُؤْتِيهِ അവന് നാം നല്‍കും أَجْرًا പ്രതിഫലം عَظِيمًا വമ്പിച്ച
- وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا ﴾١١٥﴿
- ആരെങ്കിലും അവന് സന്മാര്ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം, റസൂലിനോട് (ഭിന്നിച്ച്) ചേരി പിരിയുന്നതായാല്, സത്യവിശ്വാസികളുടെ മാര്ഗമല്ലാത്തതിനെ അവന് പിന്‍പറ്റുകയും (ചെയ്താല്‍). അവന് തിരിഞ്ഞ പ്രകാരം [അതേപാട്ടിന്] അവനെ നാം തിരിച്ചുകളയും, അവനെ 'ജഹന്നമി'ല്‍ [നരകത്തില്‍] കടത്തി എരിയിക്കുകയും ചെയ്യും. അത് എത്രയോ മോശമായ പര്യവസാനം!
- وَمَن ആര്, വല്ലവനും يُشَاقِقِ ചേരി (കക്ഷി) പിരിഞ്ഞു, ഭിന്നിച്ചു നിന്നു (എന്നാല്‍) الرَّسُولَ റസൂലിനോട് مِن بَعْدِ ശേഷമായി مَا تَبَيَّنَ വ്യക്തമായതിന് لَهُ അവന് الْهُدَىٰ സന്മാര്ഗം, നേര്‍വഴി وَيَتَّبِعْ അവന് പിന്‍പറ്റുകയും غَيْرَ سَبِيلِ മാര്ഗമല്ലാത്തതിനെ الْمُؤْمِنِينَ സത്യവിശ്വാസികളുടെ نُوَلِّهِ അവനെ നാം തിരിക്കും مَا تَوَلَّىٰ അവന് തിരിഞ്ഞ പ്രകാരം وَنُصْلِهِ അവനെ നാം കടത്തി എരിയിക്കുകയും ചെയ്യും جَهَنَّمَ ജഹന്നമില് وَسَاءَتْ അത് എത്രയോ (വളരെ) മോശം (ചീത്ത) مَصِيرًا പര്യവസാനം, മടക്കസ്ഥാനം
‘ഗൂഢസംസാരം, രഹസ്യഭാഷണം’ എന്നൊക്കെയാണ് نَجْوَى (നജ്വാ) എന്ന വാക്കിനര്‍ഥം. സംസാരവിഷയം നല്ലതായിരുന്നാലും ചീത്തയായിരുന്നാലും വിരോധമില്ല. എങ്കിലും ചീത്ത കാര്യങ്ങളിലായിരിക്കും മിക്കവാറും അതിന്റെ ഉപയോഗം. സംസാരവിഷയം മറ്റുള്ളവര്‍ അറിയുവാന്‍ കൊള്ളാത്തതായിരിക്കുന്നതുകൊണ്ടാണല്ലോ മിക്കപ്പോഴും അത് ഗൂഢമാക്കേണ്ടി വരുന്നത്. അതുകൊണ്ടാണ് ഗൂഢസംസാരങ്ങളെപ്പറ്റി ചില സന്ദര്‍ഭങ്ങളില്‍ ക്വുര്‍ആന്‍ ആക്ഷേപിച്ചു കാണുന്നതും. എന്നാല്‍, ധര്മവിഷയങ്ങള്, സല്‍ക്കാര്യങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള വഴക്കും ഛിദ്രവും തീര്‍ത്തു നന്നാക്കുവാനുള്ള ശ്രമങ്ങള്‍ എന്നിങ്ങനെയുള്ള വേണ്ടപ്പെട്ട വിഷയങ്ങളിലാണ് രഹസ്യഭാഷണം നടക്കുന്നതെങ്കില്‍ അത് നല്ലകാര്യം തന്നെ. അത് അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിച്ചു കൊണ്ടു കൂടിയായിരിക്കണം. എന്നാലതിന് അല്ലാഹു വമ്പിച്ച പ്രതിഫലം നല്‍കുന്നതാണെന്ന് ആദ്യത്തെ വചനത്തില്‍ വാഗ്ദാനം ചെയ്യുന്നു. ശരിയായ മാര്‍ഗം ഇന്നതാണെന്ന് വ്യക്തമായി മനസ്സിലായിട്ടു പിന്നെയും അതിന് വഴങ്ങാതെ, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോട് ഭിന്നിച്ചു ചേരിതിരിയുകയും, സത്യവിശ്വാസികള്‍ സ്വീകരിക്കുന്നതും സ്വീകരിക്കേണ്ടതുമായ മാര്‍ഗം വിട്ടേച്ച് മറ്റൊരു മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നവരെ തല്ക്കാലം അല്ലാഹു അവരുടെ പാട്ടിന് വിട്ടേക്കും. പിന്നീട് അവരെ നരകത്തിലിട്ട് കഠിനമായി ശിക്ഷിക്കുകയും ചെയ്യുമെന്നുള്ള ശക്തിയായ താക്കീതാണ് രണ്ടാമത്തെ വചനത്തിലുള്ളത്.
ഈ രണ്ടുവചനങ്ങളും ഏതെങ്കിലും പ്രത്യേക വ്യക്തികളെ മാത്രം ബാധിക്കുന്നതല്ല – പൊതുവില്‍ എല്ലാവരെയും ബാധിക്കുന്നതാണ് – എന്ന് സ്പഷ്ടമത്രെ. വാചക ങ്ങളില്‍ നിന്ന് അത് വ്യക്തവുമാണ്. അതേ സമയം, മേല്‍ ഉദ്ധരിച്ച മോഷണക്കേസ്സിലെ ചില വ്യക്തികളെ രണ്ട് വചനങ്ങളിലും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്താനും. ഉബൈരി ക്വിന്റെ മകനും അവന്റെ ആള്‍ക്കാരും ചേര്‍ന്നു അവനെ മോഷണക്കുറ്റത്തില്‍ നിന്നു ഒഴിവാക്കുവാനും, യഹൂദന്റെ മേല്‍ കുറ്റം ചുമത്തുവാനും വേണ്ടി രാത്രി നടത്തിയ ഗൂഢാലോചനയാണ് ആദ്യത്തെ വചനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഗൂഢാലോചന നടപ്പില്‍ വരുത്തുകയും, തല്ക്കാലം അത് ഫലവത്താകുകയും ചെയ്തു അധികം താമസിയാതെത്തന്നെ എല്ലാ രഹസ്യങ്ങളും തുറന്നുകാട്ടിക്കൊണ്ട് ക്വുര്‍ആന്‍ അവതരിച്ചു. ഒരു മുസ്ലിം കുടുംബമായി അറിയപ്പെട്ടിരുന്ന സ്ഥിതിക്ക് ഉബൈരിക്വിന്റെ മക്കള്‍ക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപ്പറ്റി ഏറെക്കുറെ അറിയാവുന്നതിന് പുറമെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും അവിടുന്ന് പ്രബോധനം ചെയ്യുന്ന സന്മാര്ഗത്തിന്റെയും സത്യതക്ക് സ്പഷ്ടമായ ഒരു തെളിവ് അതുവഴി അവര്‍ക്ക് ലഭിക്കുകയും ചെയ്തു. റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുപോലും അറിയുവാന്‍ കഴിയാതിരുന്ന ആ ഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തിയത് അല്ലാഹുവല്ലാതെ മറ്റാരുമല്ലെന്ന് അവര്‍ക്കറിയാമല്ലോ. ആ സ്ഥിതിക്ക് താല്‍ക്കാലത്തെ അപമാനം വകവെക്കാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മുമ്പാകെ ചെന്ന് പശ്ചാത്തപിച്ചു മടങ്ങുകയായിരുന്നു ത്വഅ്മത്ത് – അല്ലെങ്കില്‍ ബശീര്‍ – ചെയ്യേണ്ടിയിരുന്നത്. അതവന് ചെയ്തില്ലെന്ന് മാത്രമല്ല, കൂടുതല്‍ ധിക്കാരം പ്രവര്‍ത്തിക്കുകയാണ് ചെയ്തതും. അവന് നേരെ മക്കായില്‍ ചെന്നു മുശ്രിക്കുകളുടെ കൂട്ടത്തില്‍ ചേര്‍ന്നു. ഇത് സംബന്ധിച്ചാണ് രണ്ടാമത്തെ വചനത്തിലെ സൂചന. മക്കായില്‍ തന്റെ ആതിഥേയരായിരുന്നവരുടെ വസ്തുക്കള്‍ പോലും അവന് മോഷ്ടിച്ചിരുന്നുവെന്നും, അവന്റെ അന്ത്യം വളരെ ദാരുണമായ രൂപത്തിലായിരുന്നു കലാശിച്ചതെന്നും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു. الله أعلم
സന്ദര്‍ഭവശാല്‍ ഇവിടെ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
(1) റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജീവിതകാലത്ത് അവിടുത്തോട് ഭിന്നിപ്പും കക്ഷിത്വവും പ്രകടിപ്പിക്കുകയെന്നതിന്റെ ഉദ്ദേശ്യം വ്യക്തം തന്നെ. അവിടുത്തെ കാലശേഷം അതിന്റെ അര്‍ഥം, അവിടുന്ന് പ്രബോധനം ചെയ്ത തത്വങ്ങള്‍ക്കും, അവിടുന്നു കാണിച്ചുതന്ന നടപടി മാര്‍ഗങ്ങള്‍ക്കും എതിരായ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത്രെ.
(2) ലക്ഷ്യങ്ങളും തെളിവുകളും മുഖേന സത്യം മനസ്സിലായിട്ടും അത് വകവെക്കാത്തവര്‍ നന്നായിത്തീരുവാന്‍ പ്രയാസമാണ്. അവരെ ഉപദേശിക്കുന്നത് നിഷ്ഫലവുമായിരിക്കും. സത്യം മനസ്സിലാക്കാത്തവര്‍ – അത് മനസ്സിലാക്കുവാന്‍ ശ്രമിക്കാത്തതിന്റെ പേരില്‍ അവര്‍ തെറ്റുകാരാണെങ്കിലും – സത്യം മനസ്സിലാകുമ്പോള്‍ നന്നായിത്തീരുമെന്നാശിക്കാം. അവരെ ഉപദേശിക്കുന്നത് ഫലവത്തുമായിരിക്കും.
(3) റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മാര്‍ഗം സ്വീകരിക്കുന്നവരാണല്ലോ സത്യവിശ്വാസികള്‍. അപ്പോള്‍, തിരുമേനിയുമായി ഭിന്നിച്ച വന്‍ സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്പറ്റിയവനാണെന്നും, അല്ലാഹുവിന്റെ താക്കിതിന് ബാധ്യസ്ഥനാണെന്നും പറയേണ്ടതില്ല.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടുള്ള ഭിന്നിപ്പ് – ഇബ്നു കഥീര്‍ (റ) ചൂണ്ടിക്കാട്ടിയതു പോലെ – രണ്ട് പ്രകാരത്തിലായിരിക്കാം.
(1) ക്വുര്‍ആന്റെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്തിന്റെയും വ്യക്തമായ പ്രസ്താവന കള്‍ക്ക് എതിരായിക്കൊണ്ടുള്ളഭിന്നിപ്പ്.
(2) വ്യക്തമായ പ്രസ്താവനകളിലെങ്കിലും ഭിന്നാഭിപ്രായം കൂടാതെ സത്യവിശ്വാസികള്‍ പൊതുവെ അംഗീകരിച്ചും സ്ഥിരപ്പെട്ടും വന്നിട്ടുള്ള വിഷയങ്ങള്‍ക്ക് എതിരായതുകൊണ്ടുള്ള ഭിന്നിപ്പ്. ക്വുര്‍ആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളെ ആധാര മാക്കിയുള്ള കാര്യങ്ങളില്‍ മാത്രമേ മുസ്ലിം സമുദായം പൊതുവെ യോജിക്കുകയുള്ളു വെന്ന് തീര്‍ച്ചയാണ്. ഇബ്നു ഉമറും, ഇബ്നു അബ്ബാസും (റ) നിവേദനം ചെയ്ത ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഈ സമുദായത്തെ അല്ലാഹു ഒരിക്കലും ദുര്‍മാര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുകയില്ല.’ (തി;ബ.)
സമുദായം ഒന്നടങ്കം ദുര്‍മാര്‍ഗത്തില്‍ ഏകോപിക്കുകയില്ലെന്ന് സാരം. ഈ അര്‍ഥത്തിലുള്ള ഹദീഥുകള്‍ വേറെയും കാണാം.
സന്മാര്ഗം വ്യക്തമായി മനസിലായശേഷം കല്‍പ്പിച്ചുകൂട്ടി ദുര്‍മാര്‍ഗം പിന്പറ്റുന്നവനെപ്പറ്റി അവന് തിരിഞ്ഞ പാട്ടില്‍ അല്ലാഹു അവനെ തിരിച്ചുവിടും (نُوَلِّهِ مَا تَوَلَّى) എന്ന് പറഞ്ഞ വാക്യം വളരെ ഗൗരവപ്പെട്ടതും വളരെ അര്ഥഗര്ഭവുമാകുന്നു. അല്ലാഹു അവന് നല്കിയ ബുദ്ധി, അറിവ്, മനസ്സാക്ഷി, ഇച്ഛാസ്വാതന്ത്ര്യം എന്നിവയെല്ലാം ധിക്കാരപൂര്‍വ്വം ദുരുപയോഗപ്പെടുത്തിയവനാണവന്. അതിനാല്‍, നേര്‍മാര്‍ഗം സ്വീകരിച്ചു രക്ഷ പ്രാപിക്കുവാനുള്ള തൗഫീക്വും, സഹായവും അവന് അല്ലാഹുവില്‍നിന്ന് ലഭിക്കുവാന്‍ അവകാശമില്ല. അല്ലാഹു നേര്‍മാര്‍ഗം നല്കാത്തവനെ നേര്‍മാര്‍ഗത്തിലാക്കുവാന്‍ ആര്‍ക്കും സാധ്യമല്ലതാനും.
വിഭാഗം - 18
- إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدْ ضَلَّ ضَلَٰلًۢا بَعِيدًا ﴾١١٦﴿
- നിശ്ചയമായും, അല്ലാഹുവിനോട് പങ്കു ചേര്‍ക്കപ്പെടുന്നതിനെ അവന് പൊറുക്കുകയില്ല; അതിനപ്പുറ മുള്ളതിനെ അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കു കയും ചെയ്യും. ആര് അല്ലാഹുവിനോട് (വല്ലതും) പങ്കു ചേര്‍ക്കുന്നുവോ അവന്, തീര്‍ച്ചയായും വിദൂരമായ ഒരു വഴി പിഴവു പിഴച്ചു പോയി!
- إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يَغْفِرُ അവന് പൊറുക്കുകയില്ല أَن يُشْرَكَ പങ്കുചേര്ക്കപ്പെടുന്നത് (ശിര്‍ക്ക് ചെയ്യല്‍) بِهِ അവനോട്, അവനില്‍ وَيَغْفِرُ അവന് പൊറുക്കുകയും ചെയ്യും مَا دُونَ ഇപ്പുറമുള്ളത്, താഴെയുള്ളത്, പുറമെയുള്ളത് ذَٰلِكَ അതിന്റെ لِمَن يَشَاءُ അവന് ഉദ്ദേശിക്കുന്നവര്‍ക്ക് وَمَن يُشْرِكْ ആരെങ്കിലും പങ്ക് ചേര്‍ക്കുന്ന പക്ഷം بِاللَّهِ അല്ലാഹുവിനോട്, അല്ലാഹുവില്‍ فَقَدْ ضَلَّ എന്നാല്‍ തീര്‍ച്ചയായും അവന് പിഴച്ചു ضَلَالًا ഒരു വഴിപിഴവ് بَعِيدًا വിദൂരമായ
ശിര്‍ക്ക് അല്ലാഹു പൊറുക്കുകയില്ലെന്ന് ഉറപ്പിച്ചു പറയുന്ന ഒരു വചനം ഇതുപോലെ ഈ സൂറത്തില്‍ തന്നെ 48-ാം വചനത്തിലും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. അവിടെ ആവശ്യമായ വ്യാഖ്യാനവും നാം നല്‍കിയിട്ടുണ്ട്. ആകയാല്‍, ഇവിടെ അതാവര്‍ത്തിച്ചു വിവരി ക്കേണ്ടതില്ല. എന്നാല്‍, അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി അവന് വമ്പിച്ച കുറ്റം കെട്ടിച്ചമച്ചുണ്ടാക്കി (فقَدَ افِتَرَى اِثْمًا عَظِيمَا) എന്നാണ് 48-ാം വചനത്തില്‍ തുടര്‍ന്നു പ്രസ്താവിച്ചത്. ഇവിടെ അവന് വിദൂരമായ വഴി പിഴവു പിഴച്ചുപോയി (فَقَدْ ضَلَّ ضَلالابَعِيدًا) എന്നുമാണ് പറഞ്ഞിരിക്കുന്നത്. വേദക്കാരുടെ കെട്ടിച്ചമക്കലിനെയും, മാറ്റി മറിക്കലിനെയും പരാമര്‍ശിച്ചു സംസാരിക്കുന്ന സന്ദര്‍ഭത്തിലാണ് അവിടെ ആ വചനം നിലകൊള്ളുന്നത്. ഇവിടെ ഇബ്നു ഉബൈരിക്വിന്റെ സംഭവം വിവരിച്ചതിനെ തുടര്‍ന്നാണ് ഈ വചനം ഉള്ളത്. അതായിരിക്കാം അവിടെ അങ്ങിനെയും, ഇവിടെ ഇങ്ങിനെയും പറയുവാന്‍ കാരണം. الله أعلم സന്ദര്‍ഭത്തിനനുസരിച്ച സമാപനവാക്യങ്ങള്‍ ക്വുര്‍ആന്റെ പതിവാണല്ലോ. അല്ലാഹു തുടരുന്നു:-
- إِن يَدْعُونَ مِن دُونِهِۦٓ إِلَّآ إِنَٰثًا وَإِن يَدْعُونَ إِلَّا شَيْطَٰنًا مَّرِيدًا ﴾١١٧﴿
- അവന് [അല്ലാഹുവിന്] പുറമെ ചില പെണ്ണുങ്ങളെ [ദേവികളെ] യല്ലാതെ അവര്‍ വിളി(ച്ചു പ്രാര്‍ഥി)ക്കുന്നില്ല; ധിക്കാര ശീലനായ പിശാചിനെയല്ലാതെ അവര്‍ വിളി(ച്ചു പ്രാര്‍ഥി)ക്കുന്നുമില്ല.
- إِن يَدْعُونَ അവര്‍ വിളിക്കുന്നില്ല, പ്രാര്‍ഥിക്കുന്നില്ല مِن دُونِهِ അവന് പുറമെ, അവനെകൂടാതെ إِلَّا إِنَاثًا ചില പെണ്ണുങ്ങളെയല്ലാതെ وَإِن يَدْعُونَ അവര്‍ വിളിക്കുന്നു (പ്രാര്‍ഥിക്കുന്നു)മില്ല إِلَّا شَيْطَانًا പിശാചിനെയല്ലാതെ مَّرِيدًا ധിക്കാരശീലനായ
- لَّعَنَهُ ٱللَّهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا ﴾١١٨﴿
- അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു(അഥവാ ശപിക്കട്ടെ)! അവന് പറയുകയും ചെയ്തിരിക്കുന്നു: 'നിശ്ചയമായും, നിന്റെ അടിയാന്മാരില് നിന്ന് ഒരു നിശ്ചിത ഓഹരി ഞാന്‍ (എനിക്ക്) ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്;
- لَّعَنَهُ അവനെ ശപിച്ചിരിക്കുന്നു, ശപിക്കട്ടെ اللَّهُ അല്ലാഹു وَقَالَ അവന് പറയുകയും ചെയ്തിരിക്കുന്നു لَأَتَّخِذَنَّ തീര്‍ച്ചയായും ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുകതന്നെ ചെയ്യും مِنْ عِبَادِكَ നിന്റെ അടിയാന്മാരില് നിന്ന് نَصِيبًا ഒരു ഓഹരി, പങ്ക് مَّفْرُوضًا നിര്‍ണയം ചെയ്യപ്പെട്ട (നിശ്ചിത)
- وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَءَامُرَنَّهُمْ فَلَيُبَتِّكُنَّ ءَاذَانَ ٱلْأَنْعَٰمِ وَلَءَامُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ ۚ وَمَن يَتَّخِذِ ٱلشَّيْطَٰنَ وَلِيًّا مِّن دُونِ ٱللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا ﴾١١٩﴿
- ഞാനവരെ വഴിപിഴപ്പിക്കുകയും, അവരെ വ്യാമോഹിപ്പിക്കുകയും തന്നെ ചെയ്യും; ഞാന്‍ അവരോട് കല്പിക്കുകയും, അങ്ങനെ അവര്‍ കാലികളുടെ [ആടുമാടൊട്ടകങ്ങളുടെ] കാതുകള്‍ (കീറി) മുറിക്കുകയും തന്നെ ചെയ്യും; ഞാനവരോട് കല്പിക്കുകയും, അങ്ങനെ അവര്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ (വികൃ തമാക്കി) ഭേദഗതി വരുത്തുകയും തന്നെ ചെയ്യും.' ആര് അല്ലാഹുവിന് പുറമെ പിശാചിനെ കാര്യകര്‍ത്താവാക്കി വെക്കുന്നുവോ, തീര്‍ച്ചയായും, അവന് സ്പഷ്ടമായ നഷ്ടം സംഭവിച്ചുപോയി!
- وَلَأُضِلَّنَّهُمْ ഞാനവരെ വഴിപിഴപ്പിക്കുകതന്നെ ചെയ്യും وَلَأُمَنِّيَنَّهُمْ ഞാനവരെ വ്യാമോഹിപ്പിക്കുക (കൊതിപ്പിക്കുക)യും തന്നെ ചെയ്യും وَلَآمُرَنَّهُمْ ഞാനവരോട് കല്പിക്കുകയും തന്നെ ചെയ്യും فَلَيُبَتِّكُنَّ എന്നിട്ടവര്‍ മുറിക്കുക (കീറിപ്പൊളിക്കുക) തന്നെ ചെയ്യും آذَانَ ചെവികളെ الْأَنْعَامِ കാലികളുടെ (ആടുമാടൊട്ടകങ്ങളുടെ) وَلَآمُرَنَّهُمْ അവരോട് ഞാന്‍ കല്പിക്കുകയും തന്നെ ചെയ്യും فَلَيُغَيِّرُنَّ എന്നിട്ടവര്‍ ഭേദഗതി (മാറ്റം) വരുത്തുക തന്നെ ചെയ്യും خَلْقَ اللَّهِ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ, സൃഷ്ടിയെ وَمَن يَتَّخِذِ ആരെങ്കിലും ആക്കിയാല്‍, വല്ലവനും സ്വീകരിക്കുന്നപക്ഷം الشَّيْطَانَ പിശാചിനെ وَلِيًّا കാര്യകര്‍ത്താവായി, ബന്ധുവായി مِّن دُونِ പുറമെ, കൂടാതെ اللَّهِ അല്ലാഹുവിന്, അല്ലാഹുവിനെ فَقَدْ خَسِرَ തീര്‍ച്ചയായും അവന് നഷ്ടപ്പെട്ടു خُسْرَانًا ഒരു നഷ്ടപ്പെടല്‍ مُّبِينًا സ്പഷ്ടമായ
- يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا ﴾١٢٠﴿
- അവന് [പിശാച്] അവരോട് വാഗ്ദാനം ചെയ്യുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നതാണ്. പിശാച് അവരോട് വഞ്ചനയല്ലാതെ (ഒന്നും) വാഗ്ദാനം ചെയ്കയില്ലതാനും.
- يَعِدُهُمْ അവന് അവരോട് വാഗ്ദാനം ചെയ്യും وَيُمَنِّيهِمْ അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യും وَمَا يَعِدُهُمُ അവരോട് വാഗ്ദാനം ചെയ്കയില്ലതാനും الشَّيْطَانُ പിശാച് إِلَّا غُرُورًا വഞ്ചന (കൃത്രിമം) അല്ലാതെ
- أُو۟لَٰٓئِكَ مَأْوَىٰهُمْ جَهَنَّمُ وَلَا يَجِدُونَ عَنْهَا مَحِيصًا ﴾١٢١﴿
- അക്കൂട്ടര്‍ - അവരുടെ സങ്കേതസ്ഥാനം 'ജഹന്നം' [നരകം] ആകുന്നു. അത് വിട്ടേച്ചു ഓടിപ്പോകുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയുമില്ല.
- أُولَٰئِكَ അക്കൂട്ടര്‍ مَأْوَاهُمْ അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം, അഭയസ്ഥാനം جَهَنَّمُ ജഹന്നമാകുന്നു وَلَا يَجِدُونَ അവര്‍ കണ്ടെത്തുക (അവര്‍ക്ക് കിട്ടുക)യുമില്ല عَنْهَا അതിനെ വിട്ട് مَحِيصًا ഓടിപ്പോകുന്ന ഒരു സ്ഥാനം, തെറ്റിപ്പോകാനുള്ള ഇടം
ശിര്‍ക്കിന്റെ ഇനങ്ങളില്‍ മുഖ്യമായത് അല്ലാഹു അല്ലാത്തവരെ ആരാധിക്കലാണല്ലോ. ആരാധനാകര്‍മങ്ങളുടെ സത്തും ജീവനുമാകട്ടെ, പ്രാര്ഥനയുമാകുന്നു. ‘പ്രാര്‍ഥന തന്നെയാണ് ആരാധന’ എന്നും, ‘പ്രാര്‍ഥന ആരാധനയുടെ കാമ്പാകുന്നു’ എന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുള്‍ ചെയ്തിട്ടുള്ളതും പ്രസിദ്ധമാണ്. ബഹുദൈവവിശ്വാസികള്‍ ചില പെണ്ണുങ്ങളെയും, ധിക്കാരിയായ പിശാചിനെയുമല്ലാതെ വിളിച്ചു പ്രാര്‍ഥിക്കുന്നില്ലെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അറേ്യായില് അക്കാലത്തുള്ള മുശ്രിക്കുകളുടെ മാത്രമല്ല, ഇന്ന് നിലവിലുള്ള വിഗ്രഹാരാധകരായ എല്ലാ ബഹുദൈവ വിശ്വാസികളുടെയും സ്ഥിതി ഏറെക്കുറെ ഇതു തന്നെയാകുന്നു. അറബികളിലുള്ള മിക്ക ഗോത്രങ്ങള്‍ക്കും അവരുടെതായ ചില ദേവതകളും, അവയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട വിഗ്രഹങ്ങളും ഉണ്ടായിരുന്നു. ഇന്നും അതുപോലെ, ചില നാട്ടുകാര്‍ക്കും, ചില ജാതിക്കാര്‍ക്കും – ചില കുടുംബങ്ങള്‍ക്കുപോലും – അവരവരുടേതായ പ്രത്യേക ദേവതകളും വിഗ്രഹ ങ്ങളും നിലവിലുണ്ട്. അറബികള്‍ അവരുടെ ദേവതകളെക്കുറിച്ച് മലക്കുകള്‍ എന്ന് പറഞ്ഞു വന്നിരുന്നു. അഥവാ മലക്കുകളുടെ പ്രതിഷ്ഠകളാണ് തങ്ങളുടെ വിഗ്രഹങ്ങളെന്നായിരുന്നു. അവരുടെ സങ്കല്പം.’ലാത്ത, ഉസ്സ, മനാത്ത’ മുതലായ വിഗ്രഹനാമങ്ങള്‍ പോലും സ്ത്രീ നാമങ്ങളായിട്ടാണ് അവര്‍ ഉപയോഗിച്ചു വന്നിരുന്നത്. ഒരു പ്രത്യേക ഗോത്രക്കാരുടെ വിഗ്രഹത്തെക്കുറിച്ച് انثى بنى فلان (ഇന്ന കുടുംബക്കാരുടെ പെണ്ണ്) എന്നും അവര്‍ പറയുക പതിവായിരുന്നു. അറബികളെപ്പോലെ വിഗ്രഹങ്ങളെക്കുറിച്ച് മലക്കുകള്‍ എന്നോ, മലക്കുകളെക്കുറിച്ച് അല്ലാഹുവിന്റെ പെണ്മക്കള് എന്നോ ഇന്നത്തെ വിഗ്രഹാരാധകന്മാരില് പലരും പറയാറില്ല. അതേ സമയത്ത് ‘മലക്കുകള്‍’ എന്നതിന് പകരം ‘ദേവത, ദേവി, ദേവന്, ദിവ്യാവതാരം’ എന്നിത്യാദി പ്രയോഗങ്ങളും സങ്കല്പങ്ങളും എല്ലാവരിലും കാണാവുന്നതാണ്താനും ‘അവര്‍ അല്ലാഹുവിന് പുറമെ പെണ്ണുങ്ങളെയല്ലാതെ വിളിച്ചു പ്രാര്‍ഥിക്കുന്നില്ല, (إِنْ يَدْعُونَ مِنْ دُونِه إِلاإِنَاثًا) എന്ന വാക്യത്തിലെ إِنَاثًا (പെണ്ണുങ്ങള്) കൊണ്ട് വിവക്ഷ നിര്‍ജ്ജീവ വസ്തുക്കളാണെന്ന് കാണി ക്കുന്ന ഒരു രിവായത്ത് ഇബ്നു അബ്ബാസ് (റ)ല്‍ നിന്നും, ജീവനില്ലാത്ത എല്ലാ വസ്തുവും – ഉണങ്ങിയ മരക്കഷ്ണമോ കല്ലോ ആയാലും ശരി – എന്ന് കാണിക്കുന്ന ഒരു രിവായത്ത് ഹസനി (റ)ല്‍ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. (كما فى ابن كثير)
‘ധിക്കാരിയായ പിശാച് (شَيْطَانًا مَّرِيدًا)’ എന്ന് ഇവിടെ പറഞ്ഞത് ഇബ്ലീസിനെ ഉദ്ദേശിച്ചാണെന്ന് തുടര്‍ന്നുള്ള പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നു. സൂ: അഅ്റാഫ് 16; ഹിജ്ര് 39; സ്വാദ് 82 മുതലായ സ്ഥലങ്ങളില്‍ കാണാവുന്നതുപോലെ, ആദം നബി (അ)ക്ക് സുജൂദ് ചെയ്വാന് കൂട്ടാക്കാതിരുന്നതിനെത്തുടര്‍ന്ന് അല്ലാഹുവിന്റെ ശാപകോപത്തിന് പാത്രമായപ്പോള്‍, ആദമിന്റെ മക്കളെ തന്നാല്‍ കഴിയുന്ന വിധം വഴി പിഴപ്പിക്കുവാന്‍ താന്‍ ശ്രമിക്കുമെന്ന് ഇബ്ലീസ് ശപഥം ചെയ്തു പറയുകയുണ്ടായി. ആ ശപഥങ്ങളിലെ ചില ഭാഗങ്ങളാണ് ഇവിടെ 118, 119 വചനങ്ങളില്‍ അല്ലാഹു ഉദ്ധരി ക്കുന്നത്. എന്നാല്‍, ഇബ്ലീസിനെ ആരും വിളിച്ചു പ്രാര്ഥിക്കാറില്ലല്ലോ എന്ന് പറയപ്പെട്ടേക്കാം. അവന്റെ ദുര്മന്ത്രങ്ങള്ക്കും, ദുരുപദേശങ്ങള്‍ക്കും വഴങ്ങിക്കൊണ്ടാണ് എല്ലാ മുശ്രിക്കുകളും അവരവരുടെ ദൈവങ്ങളെ – അവ വിഗ്രഹങ്ങളോ, നക്ഷത്രങ്ങളോ, കല്ലുകളോ, മഹാത്മാക്കളോ, ദേവീദേവന്മാരോ, മറ്റു വല്ലതുമോ ആവട്ടെ – ആരാധിച്ചും വിളിച്ചുപ്രാര്ഥിച്ചും വരുന്നത്. അതാണ് അവര്‍ പിശാചിനെ – ഇബ്ലീസിനെ – യല്ലാതെ വിളിച്ചു പ്രാര്‍ഥിക്കുന്നില്ലെന്ന് പറഞ്ഞതിന്റെ താല്പര്യം. എന്നല്ലാതെ, വിഗ്രഹങ്ങളുടെ മുമ്പില്‍ ആരാധന നടത്തപ്പെടുന്നതുപോലെ ഇബ്ലീസിന്റെ മുമ്പിലും ആരാധന നടത്തപ്പെടുന്നുവെന്നല്ല ഉദ്ദേശ്യം. വിഗ്രഹമോ പ്രതിഷ്ഠയോ കൂടാതെ പിശാചുക്കളെത്തന്നെ ആരാധിക്കുന്ന ചിലരും ഇല്ലാതില്ല താനും. (ഇതിനെപ്പറ്റി സൂ: സബഉ് 41 ഉം, യാസീന്‍ 60 ഉം വചനങ്ങളുടെ വ്യാഖ്യാനത്തില്‍ പ്രസ്താവിച്ചത് നോക്കുക.)
എല്ലാ തരം ശിര്‍ക്കുകളുടെയും പാപങ്ങളുടെയും പിന്നിലുള്ള പ്രചോദനം ഇബ്ലീസില്‍ നിന്നാകകൊണ്ട് അവന്റെ യഥാര്‍ഥ നിലപാടെന്താണെന്ന് അല്ലാഹു പ്രത്യേകം എടുത്തു കാട്ടിയിരിക്കുന്നു. അവന് ധിക്കാരിയാണ് (مَرِيدًا) എന്നും, അവനെ അല്ലാഹു ശപിച്ചിരിക്കുന്നു (لَعَنَه اُلَّله) എന്നും വിശേഷിപ്പിച്ചശേഷം, അവന് മനുഷ്യവര്‍ഗത്തിന്റെ ആജീവനാന്ത ശത്രുവും, അവരെ വഴിപിഴപ്പിക്കുവാന് പ്രതിജ്ഞയെടുത്തവനുമാണെ ന്നും – അവന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുതന്നെ – ഓര്‍മിപ്പിക്കുന്നു. തുടര്‍ന്ന് അവന്റെ വഞ്ചനയില്‍ അകപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇബ്ലീസിനെയും അവന്റെ വര്‍ഗക്കാരായ പിശാചുക്കളെയും സംബന്ധിച്ച് താക്കീത് ചെയ്തുകൊണ്ടുള്ള വളരെയധികം ക്വുര്‍ആന്‍ വചനങ്ങളും നബി വചനങ്ങളും കാണാവുന്നതാണ്. അതിശക്തവും, അതിവിപുലവും, അതിസമര്‍ഥവും, അതോടുകൂടി അദൃശ്യവുമാണ് മനുഷ്യരില്‍ പിശാചിന്റെ ഉപദ്രവം. അതാണതിന് കാരണം. ധിക്കാര പൂര്‍വ്വം അവന് അല്ലാഹുവിനെ അഭിമുഖീകരിച്ചുകൊണ്ട് പറയുന്നത് നോക്കുക:- (……لأتَّخِذَ نَّ مِنْ عِبَادِكَ)
(1) നിന്റെ അടിയാന്മാരില് നിന്ന് ഞാന്‍ ഒരു നിശ്ചിത ഓഹരി ഉണ്ടാക്കി വെക്കുക തന്നെ ചെയ്യും.) അതായത്, എന്റെ ചൊല്പടിക്ക് നിലകൊള്ളുന്ന എന്റെ അനുയായികളായി നിനക്കെതിരില്‍ മനുഷ്യരില്‍ നിന്ന് ഒരു വിഭാഗത്തെ ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുക തന്നെ ചെയ്യുമെന്ന് സാരം. ആ ശപിക്കപ്പെട്ടവന്റെ ദുര്ബോധനങ്ങളില് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വഞ്ചിതരായവരാണ് മനുഷ്യരില്‍ അധിക ഭാഗവുമെന്ന് പറയേണ്ടതില്ല. ‘ആദമിന്റെ മക്കളില്‍ അല്പമൊഴിച്ച് ബാക്കിയുള്ളവരെ ഞാന്‍ താറുമാറാക്കും.’ (17 : 62) എന്നും, ‘നിന്റെ കളങ്കരഹിതരായ അടിയാന്മാരല്ലാത്തവരെ മുഴുവനും ഞാന്‍ വഴിപിഴപ്പിക്കും.’ (38 : 82) എന്നും ഇബ്ലീസ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്.
(2) ………وَلأمَنِّيَنِّهُمْ وَلأضِلَّنَّهُمْ (ഞാനവരെ വഴി പിഴപ്പിക്കുകയും, വ്യാമോഹിപ്പിക്കു കയും തന്നെ ചെയ്യും.) ‘നിന്റെ ചൊവ്വായ പാതയില്‍ ഞാന്‍ അവര്‍ക്കായി ഇരിപ്പുറപ്പിക്കുകയും, എന്നിട്ട് അവരുടെ മുമ്പിലൂടെയും, പിമ്പിലൂടെയും, വലഭാഗത്തിലൂടെയും, ഇടഭാഗത്തിലൂടെയും ഞാന്‍ അവരുടെ അടുക്കല്‍ ചെല്ലും; അവരില്‍ അധികമാളുകളെയും നന്ദിയുള്ളവരായി നീ കാണുകയില്ല.’ (7:16, 17) എന്നും, ‘ഭൂമിയില്‍ ഞാന്‍ അവര്‍ക്ക് അലങ്കാരമാക്കിക്കൊടുക്കും.’ (15 : 39) എന്നും മറ്റും ഇതുപോലെ അവന് വേറെ പലതും തുറന്നു പറഞ്ഞിരിക്കുന്നു. പിശാചിന്റെ വഴിപിഴപ്പിക്കലും, വ്യാമോഹിപ്പിക്കലുമെല്ലാം തന്നെ – വ്യക്തികളുടെയും, കാലദേശ പരിതഃസ്ഥിതികളുടെയും വ്യത്യാസമനുസരിച്ച് – വ്യത്യസ്തങ്ങളായിരിക്കുന്നതാണെന്ന് അടുത്ത വാക്യങ്ങളില്‍ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ്.
(3) …….وَلآمُرَنَّهُمْ فَلَيُبَتِّكُنّ آَذَانَ – الانعام (അവരോട് ഞാന്‍ കല്പിക്കുകയും, അങ്ങനെ അവര്‍ കാലികളുടെ കാതുകള്‍ കീറി മുറിക്കുകയും തന്നെ ചെയ്യും.) അതായത്, അവരോട് ഞാന്‍ പലതും നിര്‍ദ്ദേശിക്കും, അതനുസരിച്ച് കാലികളുടെ കാതുകള്‍ കീറി മുറിക്കുകപോലെയുള്ള തോന്നിയവാസങ്ങള്‍ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമെന്ന് സാരം. വിഗ്രഹങ്ങളുടെ പേരില്‍ ആടുമാടൊട്ടകങ്ങളെ നേര്‍ച്ച വഴിപാടാക്കിവെക്കുക മുശ്രിക്കുകളുടെ പതിവായി പോരുന്നുവല്ലോ. ചില പ്രത്യേക തരം വഴിപാടുകളില്‍ അതിന്റെ ചിഹ്നമായി ഒട്ടകങ്ങളുടെ കാത് കീറി മുറിക്കലും അവരുടെ പതിവായിരുന്നു. അതാണിവിടെ ഒരു ഉദാഹരണമായി അല്ലാഹു എടുത്ത് പറഞ്ഞത്.
(4) وَلآمُرَنَّهُمْ فَلَيُغَيِّرُنّ خَلْقَ الَّلهِ (അവരോട് ഞാന്‍ കല്പിക്കുകയും, അങ്ങനെ അവര്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ ഭേദഗതി വരുത്തുകയും ചെയ്യും.) കുറേ വിപുലമായ അര്‍ഥത്തിലുള്ള ഒരു വാക്കാണിത്. അല്ലാഹു നിശ്ചയിച്ച പ്രകൃതികളില്‍ മാറ്റത്തിരുത്തങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കുകയും, അവയെ അലങ്കോലപ്പെടുത്തുകയും ചെയ്യുന്ന എല്ലാ ഏര്‍പ്പാടുകളും ഇതില്‍ ഉള്‍പെടുന്നുവെന്ന് സാമാന്യമായി പറയാം. മതാദ്ധ്യാപ നങ്ങള്‍ക്കും ധാര്‍മിക മൂല്യങ്ങള്‍ക്കും വിലകല്പിക്കപ്പെടാറില്ലാത്ത ഇക്കാലത്ത് മനുഷ്യര്‍ക്കിടയില്‍ ഇതിന് ധാരാളക്കണക്കില്‍ തന്നെ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. സ്വവര്‍ഗഭോഗം, വന്ധ്യംകരണം, സ്ത്രീകള്‍ പുരുഷവേഷവും പുരുഷന്മാര് സ്ത്രീവേഷവും സ്വീകരിക്കല്‍, ശരീരത്തില്‍ പച്ചകുത്തല്‍, കൃത്രിമച്ചായങ്ങളും ഉപകരണങ്ങളും വഴി ശരീരത്തിന് കൃത്രിമ വേഷമുണ്ടാക്കല് എന്നിങ്ങിനെയുള്ളതെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണെന്ന് നബിവചനങ്ങളില്‍ നിന്നും മറ്റും മനസ്സിലാക്കാവുന്നതാണ്.
പിശാച് ഏത് തരക്കാരനാണെന്ന് അവന്റെ വാക്കുകളിലൂടെത്തന്നെ വിവരിച്ചശേഷം, അല്ലാഹുവിനെ കൈകാര്യ കര്‍ത്താവായി സ്വീകരിക്കാതെ ആ പിശാചിന്റെ ഉപദേശങ്ങള്‍ പിന്‍പറ്റുകവഴി അവനെ കൈകാര്യ കര്‍ത്താവായി സ്വീകരിക്കുന്നതിന്റെ ഭവിഷ്യ ത്തുകളും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ, അത് തീരാനഷ്ടത്തിന് കാരണമാണ്, അവന്റെ വാഗ്ദാനങ്ങള്‍ തനിപൊള്ളയും വഞ്ചനയുമായിരിക്കും, പ്രാപ്യമല്ലാത്ത കാര്യങ്ങളില്‍ വ്യാമോഹിപ്പിക്കുക മാത്രമാണ് അവന് ചെയ്യുക, അതില്‍ വഞ്ചി തരായിക്കഴിഞ്ഞവര്ക്ക് ശാശ്വതമായ നരകശിക്ഷയായിരിക്കും ആധാരം എന്നൊക്കെ.
- وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ سَنُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۖ وَعْدَ ٱللَّهِ حَقًّا ۚ وَمَنْ أَصْدَقُ مِنَ ٱللَّهِ قِيلًا ﴾١٢٢﴿
- വിശ്വസിക്കുകയും , സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗങ്ങളില് വഴിയെ അവരെ നാം പ്രവേശിപ്പിക്കുന്നതാണ്; അതില്‍ എന്നെന്നും (അവര്‍) സ്ഥിരവാസികളായിക്കൊണ്ട്. അല്ലാഹുവിന്റെ വാഗ്ദാനം! (അതെ) യഥാര്‍ഥം!! വാക്കില്‍ അല്ലാഹുവിനെക്കാള്‍ കൂടുതല്‍ സത്യവാന് (വേറെ) ആരാണ്?!
- وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍കര്‍മങ്ങള്‍ سَنُدْخِلُهُمْ വഴിയെ നാം അവരെ പ്രവേശിപ്പിക്കും جَنَّاتٍ സ്വര്ഗങ്ങളില് تَجْرِي ഒഴുകുന്ന مِن تَحْتِهَا അതിന്റെ അടിഭാഗത്തിലൂടെ الْأَنْهَارُ അരുവികള്‍, നദി (പുഴ)കള്‍ خَالِدِينَ സ്ഥിരവാസികളായിക്കൊണ്ട് فِيهَا അതില്‍, അവയില്‍ أَبَدًا എക്കാലവും, എന്നെന്നും وَعْدَ اللَّهِ അല്ലാഹുവിന്റെ വാഗ്ദാനം حَقًّا യഥാര്‍ഥം, യഥാര്‍ഥമായ وَمَنْ ആരാണ്, ആരുണ്ട് أَصْدَقُ അധികം സത്യവാന് مِنَ اللَّهِ അല്ലാഹുവിനെക്കാള്‍ قِيلًا വാക്കില്‍, വാക്കിനാല്‍
പിശാചിനെ കൈകാര്യക്കാരനാക്കാതെ, അല്ലാഹുവിനെ മാത്രം കൈകാര്യക്കാരനായി അംഗീകരിച്ച് സത്യവിശ്വാസവും സല്‍ക്കര്‍മവും സ്വീകരിക്കുന്നവരുടെ നേട്ടങ്ങള്‍ നേരെ മറിച്ചായിരിക്കണം. അതെ, അവര്‍ക്ക് ശാശ്വത നരകശിക്ഷയാണെങ്കില്, ഇവര്‍ക്ക് ശാശ്വതവും സുഖസമ്പൂര്‍ണവുമായ സ്വര്‍ഗീയ ജീവിതമായിരിക്കും ലഭിക്കുക. അവര്‍ കൈകാര്യകര്ത്താവാക്കിയ പിശാച് അവര്‍ക്ക് നല്കിയ വാഗ്ദാനങ്ങളെല്ലാം കളവും കൃത്രിമവുമായിരുന്നുവെങ്കില്, ഇവര്‍ കൈകാര്യകര്‍ത്താവായി സ്വീകരിച്ച അല്ലാഹു അവരോട് നല്കിയ വാഗ്ദാനങ്ങളെല്ലാം തികച്ചും സത്യവും പരമാര്ഥവുമായിരിക്കും.
- لَّيْسَ بِأَمَانِيِّكُمْ وَلَآ أَمَانِىِّ أَهْلِ ٱلْكِتَٰبِ ۗ مَن يَعْمَلْ سُوٓءًا يُجْزَ بِهِۦ وَلَا يَجِدْ لَهُۥ مِن دُونِ ٱللَّهِ وَلِيًّا وَلَا نَصِيرًا ﴾١٢٣﴿
- നിങ്ങളുടെ വ്യാമോഹങ്ങള നുസരിച്ചല്ല; വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല (കാര്യം). ആര് ഒരു തിന്മ പ്രവര്‍ത്തിക്കുന്നുവോ അവന് അതിന് (തക്ക) പ്രതിഫലം നല്കപ്പെടും; അല്ലാഹുവിന് പുറമെ ഒരു കൈകാര്യ കര്‍ത്താവിനെയാകട്ടെ, സഹായകനെയാകട്ടെ, അവന് തനിക്ക് കണ്ടെത്തുകയുമില്ല.
- لَّيْسَ അല്ല بِأَمَانِيِّكُمْ നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല وَلَا أَمَانِيِّ വ്യാമോഹങ്ങളനുസരിച്ചുമല്ല أَهْلِ الْكِتَابِ വേദക്കാരുടെ مَن يَعْمَلْ ആര് പ്രവര്‍ത്തിക്കുന്നുവോ سُوءًا ഒരു തിന്മ, വല്ല ദൂഷ്യവും يُجْزَ بِهِ അവന് അതിന് പ്രതി ഫലം നല്കപ്പെടും وَلَا يَجِدْ അവന് കണ്ടെത്തുകയുമില്ല لَهُ തനിക്ക്, അവന്ന مِن دُونِ اللَّهِ അല്ലാഹുവിന്ന് പുറമെ (കൂടാതെ) وَلِيًّا ഒരു കൈകാര്യകര്‍ത്താവിനെ, ബന്ധുവെ وَلَا نَصِيرًا സഹായകനെയും ഇല്ല
- وَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ نَقِيرًا ﴾١٢٤﴿
- ആണായോ, പെണ്ണായോ ഉള്ള ആരെങ്കിലും താന്‍ സത്യവിശ്വാസി യായും കൊണ്ട് സല്ക്കര്മങ്ങളില് നിന്ന് (വല്ലതും) ചെയ്യുന്ന പക്ഷം, അക്കൂട്ടര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്, അവരോട് ഒട്ടും അനീതി ചെയ്യപ്പെടുകയുമില്ല.
- وَمَن يَعْمَلْ ആരെങ്കിലും പ്രവര്‍ത്തിക്കുന്നതായാല്‍ مِنَ الصَّالِحَاتِ സല്കര്മങ്ങളില് നിന്ന് مِن ذَكَرٍ ആണായിട്ട് أَوْ أُنثَىٰ അല്ലെങ്കില്‍ പെണ്ണായിട്ട് وَهُوَ അയാള്‍, താന്‍ مُؤْمِنٌ സത്യവിശ്വാസിയാണ് (താനും) فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ يَدْخُلُونَ അവര്‍ പ്രവേശിക്കും الْجَنَّةَ സ്വര്‍ഗത്തില്‍ وَلَا يُظْلَمُونَ അവര്‍ (അവരോട്) അനീതി ചെയ്യപ്പെടുകയുമില്ല نَقِيرًا ഒരു കുത്തോളം (ഒട്ടും)
സത്യവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ട് മൗലിക പ്രധാനമായ ഒരു തത്വം അല്ലാഹു ഈ വചനങ്ങളില്‍ അറിയിക്കുന്നു. വിജയവും മോക്ഷവും ഒരു സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ കുത്തകാവകാശമല്ല; മോഹം കൊണ്ടോ വാദം കൊണ്ടോ ലഭിക്കുന്നതുമല്ല. അല്ലാഹുവിന്റെ നിയമ നിര്‍ദ്ദേശങ്ങളും റസൂലുകളുടെ അദ്ധ്യാപനങ്ങളും അനുസരിച്ചുള്ള സത്യവിശ്വാസവും സല്‍ക്കര്‍മവും കൊണ്ടാണത് സിദ്ധിക്കുക. ആണും പെണ്ണുമെന്ന വ്യത്യാസവും അതില്‍ ഇല്ല. ആര് നന്മ ചെയ്തു, ആര് തിന്മ ചെയ്തു എന്നതാണ് കാര്യം. തിന്മയായുള്ളത് എന്തു ചെയ്താലും അതിന്റെ ഫലം അതിന്റെ കര്‍ത്താവ് അനുഭവിക്കും. നന്മയായുള്ളത് എന്ത് ചെയ്താലും യാതൊരു കുറവും കൂടാതെ അതിന്റെ ഫലം അതിന്റെ കര്‍ത്താവും അനുഭവിക്കും. പക്ഷേ, സത്യവിശ്വാസത്തോട് കൂടി ചെയ്യപ്പെടുന്ന നന്മ മാത്രമേ അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കുകയുള്ളൂ. ഇതാണ് ആ തത്വം.
സത്യവിശ്വാസം സ്വീകരിക്കാത്തവരുടെ സല്‍ക്കര്‍മങ്ങള്‍ – അവ സ്വതവേ നോക്കുമ്പോള്‍ നല്ല കര്മങ്ങളായിരുന്നാല് തന്നെയും – അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്ന് ക്വുര്‍ആന്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. ആണായാലും പെണ്ണായാലും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് പറയാതെ وَهُوَ مُؤْمِنٌ (അയാള്‍ സത്യവിശ്വാസിയായിക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍) എന്ന് ഇവിടെയും അക്കാര്യം അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അത്രയുമല്ല, അല്ലാഹുവില്‍ വിശ്വസിക്കു ന്നതിന് പുറമെ, അവന്റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ചു ചെയ്യപ്പെടുന്ന സല്‍ക്കര്‍മങ്ങള്‍ക്ക് മാത്രമേ പരലോകത്ത് വെച്ച് പ്രതിഫലം നല്കപ്പെടുകയുള്ളൂവെന്നും ഐഹികമായ ഏതെങ്കിലും ലക്ഷ്യംവെച്ച് ചെയ്യുന്ന കര്‍മങ്ങള്‍ക്കൊന്നും പ്രതിഫലം ലഭിക്കുകയി ല്ലെന്നും ക്വുര്‍ആനില്‍നിന്നും ഹദീഥില്‍നിന്നും അറിയപ്പെട്ടതാണ്. (فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ) (ഒരു അണുത്തൂക്കം നന്മ ഒരാള്‍ പ്രവര്‍ത്തിച്ചാല്‍ അതവന് കാണും) എന്ന വചനത്തെ വ്യാഖ്യാനിച്ചുകൊണ്ട് സത്യവിശ്വാസം സല്‍ക്കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് ഒരു ഉപാധിയല്ലെന്നും, വിശ്വാസിയാവട്ടെ അവിശ്വാസിയാവട്ടെ ആര് സല്‍ക്കര്‍മം ചെയ്താലും അതിന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നും ചിലര്‍ പറയാറുണ്ട്. ഇത് ശരിയല്ലെന്നും, ക്വുര്‍ആന്റെ സ്പഷ്ടമായ പല പ്രസ്താവനകള്‍ക്കും എതിരാണെന്നും തീര്‍ത്തു പറയാം.
ഞങ്ങളാണ് നിങ്ങളെക്കാള്‍ രക്ഷക്കും വിജയത്തിനും അവകാശപ്പെട്ടവര്‍ എന്ന് മുസ്ലിംകളും വേദക്കാരും തമ്മില്‍ ന്യായവാദം നടക്കുകയുണ്ടായെന്നും, അതിനെത്തുടര്‍ന്നാണ് ഈ വചനങ്ങള്‍ അവതരിച്ചതെന്നും ചില രിവായത്തുകളില്‍ വന്നിട്ടുണ്ട്. എല്ലാ തിന്മകള്ക്കും അതാതിന്റെ പ്രതിഫലം അനുഭവപ്പെടുക തന്നെ ചെയ്യുമെങ്കില്‍ നാം എങ്ങിനെ രക്ഷപ്പെടും? ഒട്ടും തിന്മ ചെയ്യാത്തവര്‍ ആരാണുണ്ടായിരിക്കുക? എന്നൊക്കെ ചില സ്വഹാബികള്‍ ഈ വചനം അവതരിച്ചപ്പോള്‍ ഭയപ്പെട്ടതായും, സത്യവിശ്വാസികള്‍ക്ക് അനുഭവപ്പെട്ടേക്കുന്ന രോഗം, വ്യസനം പോലെയുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കും തന്നെ – അവര്‍ ക്ഷമ കൈക്കൊള്ളുന്നപക്ഷം – അവര്‍ക്ക് സല്ഫലങ്ങള് ലഭിച്ചുകൊണ്ടിരിക്കുമെന്ന് പറഞ്ഞു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ സമാധാനിപ്പിച്ചതായും അഹ്മദ്, മുസ്ലിം, തിര്‍മദി, നസാഈ (റ) മുതലായവര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒന്നിലധികം ഹദീഥുകള്‍ കാണാവുന്നതാകുന്നു. (نَقِيرًا എന്ന പദത്തിന്റെ അര്‍ഥവും പ്രയോഗവും സംബന്ധിച്ച് 49-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുള്ളത് ഓര്‍ക്കുക.)
- وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ وَٱتَّبَعَ مِلَّةَ إِبْرَٰهِيمَ حَنِيفًا ۗ وَٱتَّخَذَ ٱللَّهُ إِبْرَٰهِيمَ خَلِيلًا ﴾١٢٥﴿
- മത (കാര്യത്തില്‍) കൂടുതല്‍ നല്ലവന്‍ ആരാണ്? താന്‍ (നിഷ്കളങ്കം) നന്മ പ്രവര്‍ത്തിക്കുന്നവനായും കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുക [വിട്ടു കൊടുക്കുക]യും. ഋജുമാനസനായ നിലയില്‍ ഇബ്റാഹീമിന്റെ മാര്‍ഗം പിന്‍പറ്റുകയും ചെയ്തിട്ടുള്ള ഒരുവനെക്കാള്‍! ഇബ്റാഹീമിനെ അല്ലാഹു ഒരു (ഉറ്റ) ചങ്ങാതിയായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു
- وَمَنْ أَحْسَنُ അധികം (ഏറ്റവും) നല്ലവന്‍ ആരാണ് دِينًا മതം, മതത്തില്‍, മതത്താല്‍ مِّمَّنْ ഒരുവനെ (യാതൊരുത്തനെ)ക്കാള്‍ أَسْلَمَ വിട്ടുകൊടുത്ത, കീഴ്പെടുത്തിയ, ഏല്പിച്ചുകൊടുത്ത وَجْهَهُ തന്റെ മുഖത്തെ لِلَّهِ അല്ലാഹുവിന്ന് وَهُوَ അവനാകട്ടെ, അവനോ مُحْسِنٌ സല്‍ഗുണവാനാണ്, നന്മ പ്രവര്‍ത്തിക്കുന്ന (നിഷ്കളങ്കമായി ചെയ്യുന്ന)വനുമാണ് وَاتَّبَعَ പിന്‍പറ്റുകയും ചെയ്ത مِلَّةَ മാര്‍ഗത്തെ, നടപടിക്രമം إِبْرَاهِيمَ ഇബ്റാഹീമിന്റെ حَنِيفًا ഋജുമാനസനായിട്ട്, നിഷ്ങ്കളനായ നിലയില്‍ وَاتَّخَذَ اللَّهُ അല്ലാഹു സ്വീകരിക്കുക(ആക്കുക)യും ചെയ്തിരിക്കുന്നു إِبْرَاهِيمَ ഇബ്റാഹീമിനെ خَلِيلًا (ഉറ്റ) ചങ്ങാതി
- وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ مُّحِيطًا ﴾١٢٦﴿
- അല്ലാഹുവിനുള്ളതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (ഒക്കെ) അല്ലാഹു എല്ലാ കാര്യത്തെയും വലയം ചെയ്ത [പൂര്‍ണമായി അറിയുന്ന]വനാകുന്നു.
- وَلِلَّهِ അല്ലാഹുവിന്നാണ്, അല്ലാഹുവിന്നുള്ളതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതും وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَكَانَ اللَّهُ അല്ലാഹു ആകുന്നുതാനും بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ)യും مُّحِيطًا വലയം ചെയ്തവന്, ചുറ്റി പൊതിഞ്ഞവന്
കഴിഞ്ഞ വചനത്തില്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മം പ്രവര്‍ത്തിക്കുക എന്ന് പറഞ്ഞതിന്റെ പ്രാവര്‍ത്തിക രൂപവും വിശദീകരണവുമാണിത് എന്ന് പറയാം. അല്ലാഹുവിന്റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവനെ മാത്രം ആരാധിച്ചുകൊണ്ട് അവന് പരിപൂര്‍ണമായി കീഴ്പെടുക, കലര്‍പ്പുകളൊന്നും തീണ്ടാതെ നിഷ്കളങ്കം സല്‍ക്കര്‍മങ്ങള്‍ ചെയ്യുക. അങ്ങിനെ ഇബ്റാഹീം (عليه السلام) സ്വീകരിച്ചു വന്ന അതേ നടപടി പിന്‍പറ്റുക, ഇതിലധികം നല്ലതായ ഒരു മതനടപടി വേറെയില്ല. ആ മാര്‍ഗം ആര് സ്വീകരിക്കുന്നുവോ അവരാണ് യഥാര്‍ഥ വിജയികളും ഭാഗ്യവാന്മാരും എന്ന് താല്പര്യം.
മുസ്ലിംകളും മുശ്രിക്കുകളും അടക്കമുള്ള അറബികളും, യഹൂദികളും ക്രിസ്ത്യാനികളും അടങ്ങിയ വേദക്കാരും തങ്ങളുടെ വംശപിതാവെന്ന നിലക്കും, പ്രവാചക കുടുംബത്തിലെ പ്രത്യേക സ്ഥാനപതി എന്ന നിലക്കും അഭിമാനപൂര്‍വ്വം ആദരിച്ചു ബഹുമാനിച്ചു വരുന്ന ആളാണല്ലോ ഇബ്റാഹീം നബി (عليه السلام). തങ്ങളാണ് ഇബ്റാഹീം നബി (عليه السلام)യുടെ മാര്‍ഗം പിന്‍പറ്റുന്നവരെന്ന് എല്ലാവരും വാദിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അദ്ദേഹം സ്വീകരിച്ച മാര്‍ഗം ഇന്നതാണെന്ന് സൂചിപ്പിച്ചുകൊണ്ട് അത് പിന്പറ്റിയവരാണ് ഏറ്റവും നല്ല മതനടപടിക്കാര് എന്ന് പറഞ്ഞത്. എല്ലാവരും അംഗീകരിക്കുന്ന ഒരു മഹാനാണദ്ദേഹമെന്ന് മാത്രമല്ല, അദ്ദേഹത്തെ ഒരു ഉറ്റചങ്ങാതിയായി – ഏറ്റവും പ്രിയപ്പെട്ടവനും വളരെ സാമീപ്യം സിദ്ധിച്ചവനുമായി – അല്ലാഹു സ്വീകരിച്ചിട്ടുമുണ്ടെന്നും, അതുകൊണ്ട് ഓരോ കൂട്ടരും തങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ഗത്തിലാണ് നിലകൊള്ളുന്നതെന്ന വാദം യാഥാര്‍ഥ്യമാക്കുവാന്‍ ശ്രമിക്കേണ്ടതാണെന്നും അല്ലാഹു ഉണര്‍ത്തുന്നു. എന്നാല്‍ എല്ലാവരും അല്ലാഹുവിന് പരിപൂര്‍ണമായി കീഴ്പെട്ടു കൊള്ളണമെന്ന് കല്പിക്കുന്നതിനുള്ള അടിസ്ഥാന കാരണമെന്താണ് എന്ന് കൂടി അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതെ, ആകാശഭൂമികളിലുള്ളത് മുഴുവനും അവന്റെതാണ്. എല്ലാം തന്നെ അവന്റെ സൃഷ്ടി. എല്ലാം അവന്റെ ഉടമയില്‍. എല്ലാവരും അവന്റെ അടിമകളും. എന്ത് – എവിടെ – എങ്ങിനെ സ്ഥിതിചെയ്യുന്നുവോ അതത്രയും പൂര്‍ണമായും സൂക്ഷ്മമായും അറിയുന്നവനുമാണവന്‍.