ആലു ഇംറാൻ (ഇംറാൻ കുടുംബം)

മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 200 – വിഭാഗം (റുകൂഉ്) 20

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

ഈ സൂറത്തില്‍ ഇംറാന്‍ കുടുംബത്തെപ്പറ്റി പ്രസ്താവിക്കപ്പെട്ടിട്ടുള്ളതു കൊണ്ട് ഇതിന് സൂറത്തു ആലു ഇംറാന്‍ (ഇംറാന്‍ കുടുംബം) എന്നു പറയപ്പെടുന്നു. ഈ സൂറത്തിന്‍റെ ശ്രേഷ്ഠതകള്‍ ഉള്‍ക്കൊള്ളുന്ന ചില ഹദീഥുകള്‍ സൂറത്തുല്‍ ബക്വറഃയുടെ ആരംഭത്തില്‍ മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്. യഹൂദികളെയും ഇസ്‌റാഈല്യരെയും പരാമര്‍ശിച്ചു കൊണ്ട് അല്‍ബക്വറഃയില്‍ വളരെ കാര്യങ്ങള്‍ വിവരിക്കുകയുണ്ടായല്ലോ. അതുപോലെ, ആ സൂറത്തില്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചും കുറെയധികം പ്രസ്താവനകള്‍ അടങ്ങിയിരിക്കുന്നു. ഹിജ്‌റഃ ഒബ്ബതാം കൊല്ലത്തില്‍ നജ്‌റാന്‍ (*) ദേശക്കാരായ ഒരു ക്രിസ്തീയ നിവേദക സംഘം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്ന സംഭവത്തെത്തുടര്‍ന്നാണ് ഈ സൂറത്തിന്‍റെ ആദ്യം മുതല്‍ക്കുള്ള എണ്‍പതില്‍പരം വചനങ്ങള്‍ അവതരിച്ചത് എന്നത്രെ പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നത്. ആ വചനങ്ങളില്‍ അടങ്ങിയ ചില ആശയങ്ങള്‍ മനസ്സിലാക്കുന്നതിന് ആ സംഭവത്തെ പറ്റി അറിയുന്നത് പ്രയോജനകരമായിരിക്കും. ഇസ്‌ലാം ചരിത്ര ഗ്രന്ഥങ്ങളിലും ചില ഹദീഥ് ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ള പ്രസ്തുത സംഭവത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു:-

അറുപത് പേരടങ്ങിയ ഒരു ക്രിസ്തീയ സംഘമായിരുന്നു അത്. അവരുടെ പ്രസിദ്ധ നേതാക്കളും പണ്ഡിതന്മാരുമായ പതിനാലു പേരടങ്ങിയ ഒരു നേതൃസംഘം അതിലുണ്ടായിരുന്നു. ‘അസ്വർ’ നമസ്‌കാരം കഴിഞ്ഞ ഉടനെയായിരുന്നു അവര്‍ മദീനാ പള്ളിയില്‍ പ്രവേശിച്ചത്. അവരുടെ നമസ്‌കാരത്തിന്‍റെ (പ്രാര്‍ത്ഥനാ കര്‍മത്തിന്‍റെ) സമയമായപ്പോള്‍ പള്ളിയില്‍വെച്ചു തന്നെ അത് നിര്‍വ്വഹിച്ചുകൊള്ളുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവര്‍ക്ക് അനുമതി നല്‍കി. അവര്‍ അവരുടെ പതിവ് പ്രകാരം കിഴക്കോട്ട് തിരിഞ്ഞുകൊണ്ട് അത് നിര്‍വ്വഹിച്ചു. കൂട്ടത്തില്‍ ഏറ്റവും വലിയ നേതാക്കളായിരുന്ന മൂന്ന് പേര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി സംഭാഷണം നടത്തി. ഈസാ (عليه السلام) ദൈവമാണെന്നും, ദൈവ പുത്രനാണെന്നും, പിതാവ്, മാതാവ് (**) പുത്രന്‍ എന്നീ മൂന്നും ചേര്‍ന്നതാണ് ദൈവമെന്നുമുള്ള പരസ്പര വിരുദ്ധങ്ങളായ ക്രിസ്തീയ വിശ്വാസങ്ങളെ കുറിച്ചും സംസാരം നടന്നു.


(*) ഹിജാസിനും യമനിനും ഇടയിലുള്ള ഒരു രാജ്യം
(**) ക്രിസ്ത്യാനികളുടെ ത്രിയേകത്വ സിദ്ധാന്തത്തില്‍ ഇക്കാലത്ത് മാതാവിനു (മര്‍യം ബീവിക്ക്) സ്ഥാനമില്ല. പകരം പരിശുദ്ധാത്മാവിനെയാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെപ്പറ്റി സന്ദര്‍ഭോചിതം പിന്നീട് വിവരിക്കുന്നതാണ്. إِن شَاءَ اللَّهُ


മരണപ്പെട്ടവരെ ജീവിപ്പിക്കുക മുതലായ ചില അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ഈസാ നബി (عليه السلام) കൈക്ക് വെളിപ്പെട്ടിരുന്നത് അദ്ദേഹം ദൈവമായത് കൊണ്ടാണെന്നും അദ്ദേഹം ജനിച്ചത് പിതാവില്ലാതെ ആയിരുന്നത് അദ്ദേഹം ദൈവ പുത്രനായത് കൊണ്ടാണെന്നും, വേദഗ്രന്ഥങ്ങളില്‍ ‘ഞാന്‍ സൃഷ്ടിച്ചു, ഞാന്‍ കൽപിച്ചു ‘എന്നിങ്ങനെ ഏകവചന രൂപത്തില്‍ പറയേണ്ടുന്ന സ്ഥാനത്ത് നാം സൃഷ്ടിച്ചു, നാം കല്‍പിച്ചു എന്നും മറ്റും ബഹുവചന രൂപത്തില്‍ പറയുന്നത് ദൈവം ഒന്നിലധികം പേരുള്ളതു കൊണ്ടാണെന്നും മറ്റും അവര്‍ സമര്‍ത്ഥിക്കുകയുണ്ടായി (*). അവരുടെ വാദങ്ങളെയും ന്യായങ്ങളെയും ഖണ്ഡിച്ചു കൊണ്ട് ക്വുര്‍ആന്‍ അവതരിക്കുകയും അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഉത്തരത്തില്‍ മുട്ടുകയും ചെയ്തു. അവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ഞങ്ങള്‍ മുമ്പേ മുസ്‌ലിംകളായി കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ വാദിച്ചു. അല്ലാഹുവിന് സന്താനങ്ങള്‍ ഉണ്ടെന്ന വാദം, പന്നി മാംസം ഭുജിക്കല്‍, കുരിശാരാധന മുതലായവ നിങ്ങള്‍ നടത്തി വരുന്ന സ്ഥിതിക്ക് നിങ്ങള്‍ ഇസ്‌ലാം അംഗീകരിച്ചിട്ടില്ലെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞു. സത്യം മനസ്സിലായിട്ടും അതിലേക്ക് മടങ്ങി വരാന്‍ തയ്യാറാകാതിരുന്ന അവരെ താഴെ 61-ാം വചനത്തില്‍ കാണാവുന്നത് പോലെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘മുബാഹല’ക്കു (പരസ്പര ശാപ പ്രാര്‍ത്ഥന നടത്തുന്നതിന്) ആഹ്വാനം ചെയ്തു. അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. അവസാനം കപ്പം കൊടുത്തുകൊള്ളാമെന്ന് കരാര്‍ ചെയ്തുകൊണ്ട് അവര്‍ മടങ്ങിപ്പോയി. അവരുടെ ഇടയിലുണ്ടായിരുന്ന ചില അഭ്യന്തര വഴക്കുകളില്‍ തീരുമാനമെടുക്കുവാന്‍ പറ്റിയ വിശ്വസ്തനായ ഒരാളെ തങ്ങളൊന്നിച്ചു അയച്ചു തരണമെന്ന അവരുടെ അപേക്ഷ പ്രകാരം ‘സമുദായത്തിലെ വിശ്വസ്തന്‍ (امين الامة) എന്ന കീര്‍ത്തിനാമത്തില്‍ അറിയപ്പെടുന്ന അബൂഉബൈദഃ (റ)യെ അവരൊന്നിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അയച്ചു കൊടുക്കുകയും ചെയ്തു. ഇതാണ് സംഭവത്തിന്‍റെ ചുരുക്കം.

ക്രിസ്ത്യാനികളെയും അവരുടെ വാദങ്ങളെയും പരാമര്‍ശിച്ചു കൊണ്ടാണ് ഈ സൂറത്തിലെ ഏതാനും വചനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന സ്ഥിതിക്ക് ക്രിസ്തീയ വിശ്വാസാചാരങ്ങളില്‍ പലതിനെയും ഈ സൂറത്തില്‍ ഖണ്ഡിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത് കാണാം. അതേ സമയത്ത് തത്തുല്യങ്ങളായ മറ്റു പല അബദ്ധ വിശ്വാസാചാരങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്ന രീതിയിലാണ് അവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. വേറൊരു വസ്തുത കൂടി ഓര്‍മിക്കുന്നത് നന്ന്: ആദ്യത്തെ 80ല്‍ പരം വചനങ്ങള്‍ മേല്‍ പ്രസ്താവിച്ച നജ്‌റാന്‍ നിവേദക സംഘത്തിന്‍റെ സംഭവത്തെത്തുടര്‍ന്ന് അവതരിപ്പിച്ചവയാണെന്ന് പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും മൊത്തത്തില്‍ പറയുന്നുണ്ടെങ്കിലും അവയില്‍ ചില വചനങ്ങളിലെ വിഷയവും സംസാര ശൈലിയും പരിശോധിക്കുമ്പോള്‍, അവ അതിനു മുമ്പ്തന്നെ അവതരിപ്പിച്ചിരിക്കുന്നവയാണെന്നാണ് മനസ്സിലാകുന്നത്. ബദ്ര്‍ യുദ്ധത്തെ സംബന്ധിക്കുന്ന 13-ാം വചനം ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രസ്തുത 80ല്‍ പെട്ട ചില വചനങ്ങളുടെ അവതരണം നജ്‌റാന്‍ സംഘത്തിന്‍റെ വരവിനെ തുടര്‍ന്നുണ്ടായതല്ലെന്ന് കാണിക്കുന്ന ചില രിവായത്തുകള്‍ നിലവിലുണ്ട് താനും. ആ സ്ഥിതിക്ക് 80 ആയത്തുകള്‍ നജ്‌റാന്‍കാരെ സംബന്ധിച്ചാണെന്നുള്ള രിവായത്തുകളെ ആസ്പദമാക്കി അത് ഉറപ്പിച്ചു പറയുവാന്‍ നിവൃത്തിയില്ല. അതിനാല്‍ ആ 80ല്‍ മിക്കവാറും വചനങ്ങള്‍ അവരെ സംബന്ധിച്ചും, മറ്റു ചിലത് വേറെ അവസരങ്ങളിലും അവതരിച്ചതായിരിക്കുമെന്ന് കരുതുവാനാണ് ന്യായം. الله أعلم


(*) ഇത്തരം ക്രിസ്തീയ വാദങ്ങളെല്ലാം- കാലോചിതമായ ചില പൊടിപ്പും തൊങ്ങലും സഹിതമാണെങ്കിലും – ഇന്നും പാതിരിമാര്‍ക്കിടയില്‍ സാധാരണമാകുന്നു

3:1
  • الٓمٓ ﴾١﴿
  • അലിഫ്-ലാം-മീം
  • الم അലിഫ്-ലാം-മീം
3:2
  • ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ﴾٢﴿
  • അല്ലാഹു- അവനല്ലാതെ ആരാധ്യനേയില്ല. (അവന്‍) ജീവത്തായുള്ളവന്‍: സര്‍വ്വനിയന്താവായുള്ളവന്‍.
  • اللَّهُ അല്ലാഹു لَا إِلَٰهَ ആരാധ്യനേയില്ല إِلَّا هُوَ അവനല്ലാതെ الْحَيُّ ജീവത്തായുള്ളവന്‍, ജീവിച്ചിരിക്കുന്നവനായ الْقَيُّومُ സര്‍വ്വനിയന്താവ്, സ്വയം നിലകൊള്ളുന്നവനായ

‘അലിഫ്-ലാം-മീം’ എന്നതുപോലെ ചില സൂറത്തുകളുടെ ആരംഭത്തിലുള്ള കേവലാക്ഷരങ്ങളെകുറിച്ചു സൂറത്തുല്‍ ബക്വറഃയുടെ ആരംഭത്തില്‍ വിവരിച്ചിട്ടുണ്ട്. രണ്ടാമത്തെ വചനത്തിലെ ആശയങ്ങള്‍ അതിലെ 255-ാം വചനമായ ‘ആയത്തുല്‍ കുര്‍സീ’യുടെ വ്യാഖ്യാനത്തിലും വിവരിച്ചിട്ടുണ്ട്. അല്ലാഹുവിനല്ലാതെ വേറെ ആര്‍ക്കും ആരാധ്യനാകുവാന്‍ അവകാശമില്ലെന്നുള്ളതിന് ഒരു കാരണം, അവന്‍ ജീവത്തായുള്ളവനും, സര്‍വ്വ നിയന്താവായുള്ളവനുമാകുന്നുവെന്ന യാഥാര്‍ത്ഥ്യമാണെന്നും നാം അവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നു

3:3
  • نَزَّلَ عَلَيْكَ ٱلْكِتَـٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ ﴾٣﴿
  • (നബിയേ, ഈ) വേദഗ്രന്ഥത്തെ - അതിന്‍റെ മുമ്പിലുള്ളതിനെ സത്യമാക്കി (ശരിവെച്ചു) കൊണ്ട് -യഥാര്‍ത്ഥ പ്രകാരം അവന്‍ നിനക്ക് അവതരിപ്പിച്ചിരിക്കുന്നു. തൗറാത്തും, ഇന്‍ജീലും അവന്‍ അവതരിപ്പിച്ചിരിക്കുന്നു; (ഇതിന്) മുമ്പായി - മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി കൊണ്ട്, (സത്യാ സത്യ) വിവേചനവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു.
  • نَزَّلَ അവന്‍ അവതരിപ്പിച്ചു عَلَيْكَ നിന്‍റെമേല്‍, നിനക്ക് الْكِتَابَ (വേദ) ഗ്രന്ഥം بِالْحَقِّ യഥാര്‍ത്ഥപ്രകാരം, മുറപ്രകാരം مُصَدِّقًا സത്യമായി, സത്യമാക്കി (ശരിവെച്ചു) കൊണ്ട് لِّمَا بَيْنَ يَدَيْهِ അതിന്‍റെ മുമ്പിലുളളതിനെ وَأَنزَلَ അവന്‍ ഇറക്കുകയും ചെയ്തു التَّوْرَاةَ തൗറാത്ത് وَالْإِنجِيلَ ഇന്‍ജീലും مِن قَبْلُ മുമ്പ്, മുമ്പായി هُدًى മാര്‍ഗ ദര്‍ശനമായിട്ട് لِّلنَّاسِ മനുഷ്യര്‍ക്ക് وَأَنزَلَ അവന്‍ ഇറക്കുകയും ചെയ്തിരിക്കുന്നു الْفُرْقَانَ വിവേചനം, വേര്‍തിരിക്കുന്നത്

الْكِتَابَ (വേദഗ്രന്ഥം) കൊണ്ടുദ്ദേശ്യം ക്വുര്‍ആന്‍ തന്നെ. വിശ്വാസ സിദ്ധാന്തങ്ങളിലും, അടിസ്ഥാനപരമായ കാര്യങ്ങളിലും എല്ലാ വേദഗ്രന്ഥങ്ങളും യോജിക്കുന്നത് കൊണ്ട് ക്വുര്‍ആന്‍ അതിന്‍റെ മുമ്പുള്ള ഗ്രന്ഥങ്ങളെ ശരിവെക്കുകയും, അവയുടെ സത്യത സ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് ക്വുര്‍ആനെ വിശേഷിപ്പിച്ചിരിക്കുകയാണ്. മുന്‍വേദഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രസിദ്ധിയുള്ളതും തൗറാത്തും ഇന്‍ജീലുമാണല്ലോ. അവയുടെ അനുയായികളായി രണ്ടു സമുദായങ്ങള്‍ നിലവിലുണ്ട്താനും. അതിനാല്‍ അവരും പ്രത്യേകം എടുത്തു പറയുകയും ചെയ്തിരിക്കുന്നു. സത്യം ഇന്നതെന്നും അസത്യം ഇന്നതെന്നും വേര്‍തിരിച്ചു വിവേചിക്കുക എന്നതത്രെ الْفُرْقَانَ എന്ന വാക്കിന്‍റെ അര്‍ത്ഥം. മുന്‍വേദഗ്രന്ഥങ്ങളെ സത്യമാക്കി ശരിവെക്കുക മാത്രമല്ല ക്വുര്‍ആന്‍ മുഖേന അല്ലാഹു ചെയ്തിരിക്കുന്നത്. സത്യാസത്യങ്ങളും ന്യായാന്യായങ്ങളും അതുമുഖേന വിവേചിച്ചു വിവരിക്കുകകൂടി ചെയ്തിരിക്കുന്നുവെന്ന് താൽപര്യം. യഹൂദികളും ക്രിസ്ത്യാനികളും അവരുടെ പ്രവാചകന്മാരുടെ കാലശേഷം സ്വീകരിച്ചുവന്ന നിലപാട് നോക്കുമ്പോള്‍ തൗറാത്തും ഇന്‍ജീലുമെന്ന രണ്ട് ദൈവീക ഗ്രന്ഥങ്ങള്‍ യഥാര്‍ത്ഥത്തില്‍ മുമ്പ് അവതരിപ്പിക്കപ്പെട്ടിരുന്നോ എന്നു പോലും ലോകത്തിന് മനസ്സിലാക്കുവാന്‍ പ്രയാസമാകുമായിരുന്നു. അവര്‍ പിന്നീട് സ്വീകരിച്ചു പോന്ന സത്യാസത്യങ്ങളെ വിവേചിക്കുക കൂടിയാണ് ക്വുര്‍ആന്‍ ചെയ്യുന്നത്.

തൗറാത്തും ഇന്‍ജീലും കൊണ്ട്- ഇവിടെയും മറ്റെല്ലാ സ്ഥലങ്ങളിലും തന്നെ – വിവക്ഷിക്കപ്പെടുന്നത്; ഇന്ന് നിലവിലുള്ള ബൈബിളും, അതിലെ പഴയ നിയമങ്ങളും പുതിയ നിയമങ്ങളാകുന്ന വിഭാഗങ്ങളുമല്ല. മൂസാ നബി (عليه السلام)ക്ക് അവതരിപ്പിക്കപ്പെട്ട യഥാര്‍ത്ഥ തൗറാത്തും, ഈസാ നബി (عليه السلام)ക്ക് അവതരിപ്പിക്കപ്പെട്ട യഥാര്‍ത്ഥ ഇന്‍ജീലുമാകുന്നു. ഇതു രണ്ടിന്‍റെയും ശരിയായ പകര്‍പ്പ്- ഏറ്റക്കുറവില്ലാത്ത സാക്ഷാല്‍ പകര്‍പ്പ് – ജൂതന്മാരുടെയോ ക്രിസ്ത്യാനികളുടെയോ മറ്റോ കൈവശം ഇല്ല തന്നെ. പക്ഷേ -പല കൂട്ടിച്ചേര്‍ക്കലുകളുടെയും മാറ്റത്തിരുത്തലുകളുടെയും ഇടയില്‍ കൂടി- പഴയ നിയമത്തിലെ പുസ്തകങ്ങളില്‍ സാക്ഷാല്‍ തൗറാത്തിന്‍റെ ഏതെങ്കിലും ഭാഗങ്ങളും, പുതിയ നിയമത്തിലെ പുസ്തകങ്ങളില്‍ സാക്ഷാല്‍ ഇന്‍ജീലിന്‍റെ ഏതെങ്കിലും ഭാഗങ്ങളും ഉണ്ടായിരിക്കുമെന്ന് മാത്രം. ആ ഭാഗങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ണയിക്കുക സാധ്യമല്ല. അവയുടെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചാല്‍, മൂസാ (عليه السلام)ന്‍റെയും ഈസാ (عليه السلام)ന്‍റെയും ശേഷം മതഗ്രന്ഥങ്ങളെന്നോ, ചരിത്രഗ്രന്ഥങ്ങളെന്നോ, ഓര്‍മക്കുറിപ്പുകളെന്നോ, സന്ദേശങ്ങളെന്നോ ഉള്ള നിലക്ക് പലരാല്‍ എഴുതപ്പെട്ടവയാണെന്ന് കാണാവുന്നതാകുന്നു. ചുരുക്കം ചിലതില്‍ അവ എഴുതിയ കര്‍ത്താക്കളുടെ പേരുപോലും കാണാം. മൂസാ നബി (عليه السلام)യുടെ കാലശേഷമുള്ള ചില സംഭവങ്ങള്‍ പഴയ നിയമത്തിലും, ഈസാ നബി (عليه السلام)യുടെ കാലശേഷമുള്ള ചില സംഭവങ്ങള്‍ പുതിയ നിയമത്തിലും കാണാവുന്നതുമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ചില തൽപരകക്ഷികള്‍ പറഞ്ഞുവരുന്നത് പോലെ, ക്വുര്‍ആന്‍ ശരിവെക്കുന്നത് നിലവിലുള്ള ബൈബ്‌ളിലെ പഴയ നിയമങ്ങളാകുന്ന തൗറാത്തിനെയോ പുതിയ നിയമങ്ങളാകുന്ന ഇന്‍ജീലിനെയോ അല്ല. അല്ലാഹു അവതരിപ്പിച്ച യഥാര്‍ത്ഥ തൗറാത്തിനെയും ഇന്‍ജീലിനെയും മാത്രമാകുന്നു.

3:4
  • مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ ٱلْفُرْقَانَ ۗ إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ لَهُمْ عَذَابٌ شَدِيدٌ ۗ وَٱللَّهُ عَزِيزٌ ذُو ٱنتِقَامٍ ﴾٤﴿
  • നിശ്ചയമായും അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം)കളില്‍ അവിശ്വസിച്ചിട്ടുള്ളവര്‍ (ആരോ) അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവാകട്ടെ പ്രതാപശാലിയാണ്; ശിക്ഷാ നടപടി എടുക്കുന്നവനാണ്.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ بِآيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്തുകളില്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ ശിക്ഷ شَدِيدٌ കഠിനമായ وَاللَّهُ അല്ലാഹുവാകട്ടെ عَزِيزٌ പ്രതാപശാലിയാണ് ذُو انتِقَامٍ ശിക്ഷാനടപടി എടുക്കുന്നവനാണ്, പ്രതികാരമെടുക്കുന്നവനാണ്
3:5
  • إِنَّ ٱللَّهَ لَا يَخْفَىٰ عَلَيْهِ شَىْءٌ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ ﴾٥﴿
  • നിശ്ചയമായും അല്ലാഹു - ഭൂമിയിലാകട്ടെ - ആകാശത്തിലാകട്ടെ - യാതൊന്നും അവന്‍റെ മേല്‍ അവ്യക്തമായിരിക്കയില്ല.
  • إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يَخْفَىٰ عَلَيْهِ അവന്‍റെ മേല്‍ അവ്യക്തമാകയില്ല (മറഞ്ഞുപോകുന്നതല്ല) شَيْءٌ ഒരു വസ്തുവും فِي الْأَرْضِ ഭൂമിയില്‍ وَلَا فِي السَّمَاءِ ആകാശത്തിലുമില്ല
3:6
  • هُوَ ٱلَّذِى يُصَوِّرُكُمْ فِى ٱلْأَرْحَامِ كَيْفَ يَشَآءُ ۚ لَآ إِلَـٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٦﴿
  • അവനത്രെ, താന്‍ ഉദ്ദേശിക്കുന്ന പ്രകാരം ഗര്‍ഭാശയങ്ങളില്‍നിങ്ങളെ രൂപപ്പെടുത്തുന്നവന്‍, അവനല്ലാതെ ആരാധ്യനേ ഇല്ല: അഗാധജ്ഞനായ പ്രതാപശാലിയാണ് (അവന്‍)
  • هُوَ الَّذِي يُصَوِّرُكُمْ അവനെത്രെ നിങ്ങളെ രൂപപ്പെടുത്തുന്നവന്‍ فِي الْأَرْحَامِ ഗര്‍ഭാശയങ്ങളില്‍ كَيْفَ يَشَاءُ അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അങ്ങിനെ) لَا إِلَٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍

മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍വെച്ച് ഓരോരുത്തര്‍ക്കും അവരുടെതായ രൂപം നല്‍കി സൃഷ്ടിച്ചുണ്ടാക്കുന്നവന്‍ അല്ലാഹുവല്ലാതെ മറ്റാരുമല്ല. അതാകട്ടെ, അവന്‍ ഉദ്ദേശിക്കുന്ന രൂപത്തിലും സ്വഭാവത്തിലും. അതില്‍ നിങ്ങള്‍ക്കോ, നിങ്ങളുടെ പിതാക്കള്‍ക്കോ, ആരാധ്യന്മാര്‍ക്കോ മറ്റോ യാതൊരു പങ്കുമില്ല. ആരുടെ ഉദ്ദേശ്യത്തിനും അതില്‍ സ്ഥാനമില്ല.

3:7
  • هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَـٰبَ مِنْهُ ءَايَـٰتٌ مُّحْكَمَـٰتٌ هُنَّ أُمُّ ٱلْكِتَـٰبِ وَأُخَرُ مُتَشَـٰبِهَـٰتٌ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَـٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ ﴾٧﴿
  • (നബിയേ) അവനത്രെ, നിന്‍റെ മേല്‍ വേദഗ്രന്ഥം അവതരിപ്പിച്ചവന്‍, 'മുഹക്മായ' [ദൃഢ പ്രധാനമായ] ഒരു തരം 'ആയത്തു' [വചനം] കള്‍ അതില്‍പെട്ടതാകുന്നു. അവ (ആ) ഗ്രന്ഥത്തിന്‍റെ മൂലകേന്ദ്രമത്രെ.'മുതശാ ബിഹായ' [പരസ്പരസാദൃശ്യമുള്ളതായ] മറ്റൊരു വിഭാഗവും അതില്‍ ഉണ്ട്. എന്നാല്‍, തങ്ങളുടെ ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍, കുഴപ്പത്തെ ആഗ്രഹിച്ചും, വ്യാഖ്യാനത്തെ (അഥവാ പൊരുളിനെ) ആഗ്രഹിച്ചും കൊണ്ട് അവര്‍ അതില്‍ നിന്നും പരസപ് രം സാദൃശ്യ മുളളതിന് [മുതശാബിഹാ'യതിനു] പിന്നാലെ കൂടുന്നതാകുന്നു. അതിന്‍റെ വ്യാഖ്യാനം (അഥവാ പൊരുള്‍) അല്ലാഹുവല്ലാതെ അറിയുകയില്ല താനും. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു; 'എല്ലാം നമ്മുടെ റബ്ബിന്‍റെ പക്കല്‍നിന്നുള്ളതാകുന്നു. (സല്‍) ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോ ചിക്കുന്നതല്ലതാനും.
  • هُوَ الَّذِي അവന്‍യാതൊരുവനത്രെ, അവനത്രെ യാതൊരുവന്‍ أَنزَلَ عَلَيْكَ നിന്‍റെ മേല്‍ അവതരിപ്പിച്ച, അവന്‍ ഇറക്കി الْكِتَابَ (വേദ)ഗ്രന്ഥം, ഈ ഗ്രന്ഥത്തെ مِنْهُ അതിലുണ്ട്, അതില്‍പെട്ടതാണ് آيَاتٌ ചില ആയത്തുകള്‍, ഒരു(തരം) ആയത്തു (വചനം) കള്‍ مُّحْكَمَاتٌ ദൃഢപ്രധാനമായ, ബലവത്തായ, നിയമബലമുളള هُنَّ അവ أُمُّ الْكِتَابِ ഗ്രന്ഥത്തിന്‍റെ മൂലമാകുന്നു (കേന്ദ്രമാണ് -മര്‍മപ്രധാനമാണ്- തള്ളയാണ്) وَأُخَرُ വേറെ ചിലതുമുണ്ട്, മറ്റുചിലത് مُتَشَابِهَاتٌ പരസ്പരം സദൃശമായവ, അന്യോന്യം തിരിച്ചറിയാത്തവ فَأَمَّا الَّذِينَ എന്നാല്‍ യാതൊരുകൂട്ടര്‍ فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളിലുള്ള (ഉണ്ട്) زَيْغٌ വക്രത, തെറ്റല്‍ فَيَتَّبِعُونَ അവര്‍ പിന്‍പറ്റും (പിന്നാലെ കൂടും) مَا تَشَابَهَ مِنْهُ അതില്‍നിന്ന് പരസ്പര സാദൃശ്യമായതിനെ ابْتِغَاءَ ആഗ്രഹിച്ചതിനാല്‍ الْفِتْنَةِ കുഴപ്പത്തെ وَابْتِغَاءَ ആഗ്രഹിച്ചുകൊണ്ടും تَأْوِيلِهِ അതിന്‍റെ വ്യാഖ്യാനത്തെ, പൊരുളിനെ, പര്യവസാനത്തെ وَمَا يَعْلَمُ അറിയുകയുമില്ല تَأْوِيلَهُ അതിന്‍റെ വ്യാഖ്യാനം, പൊരുള്‍ إِلَّا اللَّهُ അല്ലാഹുവല്ലാതെ وَالرَّاسِخُونَ അടിയുറച്ചവര്‍, പൂണ്ടുപിടിച്ചവരാകട്ടെ, അടിയുറച്ചവരും فِي الْعِلْمِ അറിവില്‍, ജ്ഞാനത്തില്‍ يَقُولُونَ അവര്‍പറയും آمَنَّا بِهِ ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു كُلٌّ എല്ലാം مِّنْ عِندِ رَبِّنَا നമ്മുടെ (ഞങ്ങളുടെ) റബ്ബിന്‍റെ പക്കല്‍ നിന്നാകുന്നു وَمَا يَذَّكَّرُ ഉറ്റാലോചിക്കുന്നതുമല്ല, ഓര്‍മവെക്കുകയുമില്ല إِلَّا أُولُو الْأَلْبَابِ (സല്‍) ബുദ്ധിമാന്‍മാരല്ലാതെ
3:8
  • رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ ﴾٨﴿
  • (അവര്‍ തുടരും:) 'ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക്‌ നിന്‍റെ അടുക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും, നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്‍.
  • رَبَّنَا ഞങ്ങളുടെ റബ്ബേ لَا تُزِغْ നീ തെറ്റിക്കരുതേ, വക്രമാക്കരുതേ قُلُوبَنَا ഞങ്ങളുടെ ഹൃദയങ്ങളെ بَعْدَ إِذْ هَدَيْتَنَا നീ ഞങ്ങളെ സന്മാര്‍ഗത്തില്‍ ആക്കിയതിനുശേഷം وَهَبْ لَنَا ഞങ്ങള്‍ക്ക് നീ പ്രദാനവും ചെയ്യണേ مِن لَّدُنكَ നിന്‍റെ പക്കല്‍ നിന്ന്, നീന്‍റെ വകയായി رَحْمَةً കാരുണ്യം إِنَّكَ أَنتَ നിശ്ചയമായും നീ തന്നെ الْوَهَّابُ വളരെ പ്രദാനം ചെയ്യുന്നവന്‍, വലിയ ദാനക്കാരന്‍
3:9
  • رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوْمٍ لَّا رَيْبَ فِيهِ ۚ إِنَّ ٱللَّهَ لَا يُخْلِفُ ٱلْمِيعَادَ ﴾٩﴿
  • ഞങ്ങളുടെ റബ്ബേ, നിശ്ചയമായും നീ, യാതൊരു സന്ദേഹവുമില്ലാത്തതായ ഒരു ദിവസത്തേക്ക് മനുഷ്യരെ(യെല്ലാം) ഒരുമിച്ചു കൂട്ടുന്നവനാകുന്നു. നിശ്ചയമായും അല്ലാഹു വാഗ്ദത്ത നിശ്ചയത്തിന് എതിര് പ്രവര്‍ത്തിക്കുകയില്ല
  • رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ جَامِعُ നിശ്ചയമായും നീ ഒരുമിച്ചുകൂട്ടുന്നവനാകുന്നു النَّاسِ മനുഷ്യരെ لِيَوْمٍ ഒരു ദിവസത്തേക്ക് لَّا رَيْبَ യാതൊരു സന്ദേഹവുമില്ല فِيهِ അതില്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يُخْلِفُ അവന്‍ വ്യത്യാസം (എതിര് - ലംഘനം) ചെയ്‌കയില്ല الْمِيعَادَ വാഗ്ദത്ത നിശ്ചയം, നിശ്ചിത അവധി

‘മുഹ്കമും മുതശാബിഹും’ (المحكم والمتشابه) എന്ന തലക്കെട്ടില്‍ മുഖവുരയില്‍ ഒരു അദ്ധ്യായം കൊടുത്തിട്ടുണ്ട്. ഈ 7ാം വചനം ഉദ്ധരിച്ചുകൊണ്ട് അതിന്‍റെ അടിസ്ഥാനത്തില്‍ അവ രണ്ടിനെയും സംബന്ധിച്ചു അവശ്യം അറിഞ്ഞിരിക്കേണ്ട പല വിഷയങ്ങള്‍ അവിടെ വിവരിക്കുകയും ചെയ്തിരിക്കുന്നു. ഈ വചനങ്ങളുടെ വ്യാഖ്യാനത്തില്‍ അവകൂടി ഓര്‍മിക്കുന്നത് നന്നായിരിക്കും. ഈ വചനങ്ങളുടെ സാരം ചുരുക്കത്തില്‍ ഇങ്ങനെ മനസ്സിലാക്കാം:-

ക്വുര്‍ആനാകുന്ന ഈ വേദഗ്രന്ഥം അവതരിപ്പിച്ചത് അല്ലാഹുവാണ്. അതില്‍ ‘മുഹ്കമായ’ വചനങ്ങള്‍ (ايات محكمات) എന്നും മുത്തശാബിഹായ (متشابهات) വചനങ്ങള്‍ എന്നും രണ്ടു തരം വചനങ്ങള്‍ അടങ്ങിയിരിക്കുന്നു. ആദ്യത്തെ വിഭാഗമാണ് ക്വുര്‍ആന്‍റെ മൂലപ്രധാനമായ ഭാഗം. രണ്ടാമത്തെ വിഭാഗത്തിന്‍റെ യഥാര്‍ത്ഥ വ്യാഖ്യാനവും പൊരുളും അല്ലാഹുവിനേ അറിയുകയുള്ളൂ. എന്നാല്‍ വക്ര ഹൃദയരായ ആളുകള്‍ കുഴപ്പമുണ്ടാക്കുവാനും, ദുര്‍വ്യാഖ്യാനം ചെയ്‌വാനും വേണ്ടി ഈ വിഭാഗത്തിന്‍റെ പിന്നാലെ കൂടുന്നതാണ്. അടിപതറാത്ത അറിവുള്ള ആളുകള്‍ ഈ വിഭാഗത്തിന് തങ്ങളുടെവക വ്യാഖ്യാനം നല്‍കുവാനും അതില്‍ ചുഴിഞ്ഞന്വേഷണം നടത്തുവാനും മുതിരുകയില്ല. എല്ലാം അല്ലാഹു അവതരിപ്പിച്ചതും സത്യയാഥാര്‍ത്ഥ്യവുമാണെന്ന് ഉറച്ചു വിശ്വസിക്കുകയും, വിശദാംശങ്ങള്‍ അല്ലാഹുവിലേക്ക് വിട്ടേക്കുകയുമായിരിക്കും അവര്‍ ചെയ്യുക. തങ്ങളുടെ പക്കല്‍ വല്ല വക്രതയും അബദ്ധവും പറ്റിപോകാതിരിക്കുവാനും, അല്ലാഹുവിന്‍റെ കാരുണ്യം ലഭിക്കുവാനും അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

‘മുഹ്കമ് (مُّحْكَمَ)’ എന്ന വാക്കിന് ബലവത്തായത് ദൃഢമാക്കപ്പെട്ടത് യുക്തിമത്തായത്, സുവ്യക്തമായത്, നിയമബലമുള്ളത് എന്നൊക്കെ സന്ദര്‍ഭത്തിനനുസരിച്ച് അര്‍ത്ഥം നല്കാവുന്നതാണ്. ‘മുതശാബിഹ് (مُتَشَابِهَ)’ എന്നാല്‍ പരസ്പര സാദൃശ്യമുള്ളത്, (സാദൃശ്യം നിമിത്തം) വേര്‍തിരിച്ചറിയാത്തത്, അന്യോന്യം തുല്യമായുള്ളത് എന്നിങ്ങനെയും അര്‍ത്ഥമാകുന്നു. ഇവിടെ ‘മുഹ്കമു’കൊണ്ടുള്ള വിവക്ഷയെപ്പറ്റി ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പലരും പല വിധത്തില്‍ വിവരിച്ചു കാണാം. അവയില്‍ കൂടുതല്‍ യുക്തവും അനുയോജ്യവുമായി കാണുന്നതും സൂക്ഷ്മജ്ഞാനികളായ പല മഹാന്മാരും സ്വീകരിച്ചു വരുന്നതുമായ അഭിപ്രായത്തിന്‍റെ ചുരുക്കം ഇതാണ്:- സംശയത്തിനും ആശയകുഴപ്പത്തിനും ഇടമില്ലാത്തവണ്ണം അര്‍ത്ഥവും ആശയവും വ്യക്തമായി മനസ്സിലാകുന്നതെല്ലാം ‘മുഹ്കമും’ അല്ലാത്തവ ‘മുതശാബിഹു’മാകുന്നു. ഈ നിര്‍വ്വചനം വിശദീകരിക്കുമ്പോള്‍ മറ്റുള്ള അഭിപ്രായങ്ങളെല്ലാം ഈ നിര്‍വ്വചനത്തിന്‍റെ വ്യാപ്തിയില്‍ ഒതുങ്ങി നില്‍ക്കുന്നവയോ, അതിന്‍റെ ചില വശങ്ങള്‍ക്കുമാത്രം പ്രാധാന്യം നല്‍കുന്നവയോ ആണെന്നു കാണാവുന്നതാണ്.

ഇമാം റാഗിബ് (റ) അദ്ദേഹത്തിന്‍റെ ക്വുര്‍ആന്‍ നിഘണ്ടുവായ ‘അല്‍മുഫ്‌റദാത്തില്‍’ ഈ രണ്ടു വാക്കുകളെയും വിവരിച്ചുകൊണ്ട് പ്രസ്താവിച്ച ചില വിവരങ്ങള്‍ അറിയുന്നത് നന്നായിരിക്കും. (مُّحْكَمَ) എന്ന മൂലപദത്തെ വിവരിക്കുന്ന മദ്ധ്യെ ഈ (7-ാം) വചനം ചൂണ്ടിക്കാട്ടികൊണ്ട് അദ്ദേഹം പറയുന്നു: ‘മുഹ്കമ്’ എന്നാല്‍, പദത്തെ അപേക്ഷിച്ചു കൊണ്ടാകട്ടെ അര്‍ത്ഥത്തെ അപേക്ഷിച്ചു കൊണ്ടാകട്ടെ യാതൊരു ആശങ്കയും ഏര്‍പ്പെടുവാനില്ലാത്തതാകുന്നു. ‘മുതശാബിഹ്’ പല തരത്തിലുണ്ട്. അതിനെപ്പറ്റി തല്‍സ്ഥാനത്ത് പ്രസ്താവിക്കാം. പിന്നീട് (شبه) എന്ന മൂലപദത്തെപറ്റി സംസാരിക്കുന്ന മദ്ധ്യേ ഈ വാഗ്ദാനം നിറവേറ്റിക്കൊണ്ടു സുദീര്‍ഘമായ ഒരു വിശദീകരണം അദ്ദേഹം നല്‍കിയതായിക്കാണാം. അതിന്‍റെ രത്‌നച്ചുരുക്കം ഇപ്രകാരമാകുന്നു:

‘വാക്കിലോ അര്‍ത്ഥത്തിലോ മറ്റൊന്നിനോട് സാദൃശ്യമുള്ള കാരണത്താല്‍, വ്യാഖ്യാനത്തില്‍ സംശയം കുടുങ്ങുന്ന ഭാഗത്തിനാണ് ക്വുര്‍ആനില്‍ ‘മുതശാബിഹ്’ എന്നു പറയുന്നത് . ക്വുര്‍ആന്‍ വചനങ്ങള്‍ പരിശോധിച്ചാല്‍ അവ മൂന്നു വിധത്തിലായിരിക്കും.
(1) നിരുപാധികം മുഹ്കമായത്.
(2) നിരുപാധികം മുതശാബിഹായത്
(3) ഒരു വശത്തുകൂടെ നോക്കുമ്പോള്‍ മുഹ്കമും, വേറൊരു വശത്തുകൂടെ നോക്കുമ്പോള്‍ മുതശാബിഹുമായത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മുതശാബിഹിനെ മൊത്തത്തില്‍ മൂന്നായി ഭാഗിക്കാം.
(1) പദം നോക്കുമ്പോള്‍ മുതശാബിഹായത്, ഒറ്റവാക്കുകളുടെ അര്‍ത്ഥം സുനിശ്ചിതമല്ലായ്കകൊണ്ടും, വാചക ഘടനയുടെ പ്രത്യേക സ്വഭാവം നിമിത്തവും ഇതുണ്ടാകുന്നു.
(2) ഉദ്ദേശ്യം നോക്കുമ്പോള്‍ മുതശാബിഹായത്. അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങള്‍, ക്വിയാമത്തു നാളിലെ വിവരങ്ങള്‍ ആദിയായവ ഇതില്‍പെട്ടതാകുന്നു. കാരണം, അവ നമ്മുടെ ഊഹത്തിനും, അനുമാനത്തിനും, പരിചയത്തിനും അതീതമാകുന്നു.
(3) പദങ്ങള്‍ നോക്കുമ്പോഴും ഉദ്ദേശ്യം നോക്കുമ്പോഴും മുതശാബിഹായത്. ഇതിനു പല ഉദാഹരണങ്ങളുമുണ്ട്. (ആയത്തിലെ) വിധി പൊതുവായതോ, പ്രത്യേകമായതോ? നിര്‍ബന്ധ രൂപത്തിലുള്ളതോ, ഉപദേശരൂപത്തിലുള്ളതോ? ആദ്യം അവതരിച്ചതോ, പിന്നീട് അവതരിച്ചതോ? വിധി ഏതു സന്ദര്‍ഭത്തിലേക്ക് ബാധകമായതാണ്? വിധിയുടെ ഉപാധികള്‍ എന്തൊക്കെ? എന്നിത്യാദി വിഷയങ്ങളില്‍ നേരിടുന്ന അവ്യക്തതയായിരിക്കും ഇതിനു കാരണം. ഈ വസ്തുതകള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍, മുതശാബിഹിനു ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളെല്ലാം മേല്‍ പ്രസ്താവിച്ചതില്‍ അടങ്ങിയിട്ടുണ്ടെന്നു കാണാം, (من المفردات) താന്‍ ചൂണ്ടികാട്ടിയ പ്രസ്തുത ഓരോ മുതശാബിഹിനും ഇമാം റാഗിബ് (റ) ഉദാഹരണങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. ദൈര്‍ഘ്യഭയം നിമിത്തം നാമതു വിട്ടു കളഞ്ഞിരിക്കുകയാണ്. മുതശാബിഹിന്‍റെ വിശദീകരണത്തില്‍നിന്നു മുഹ്കമിന്‍റെ ഉദ്ദേശ്യവും സ്പഷ്ടമാണല്ലോ. ഇമാം ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവി (റ)യില്‍ നിന്നും മറ്റും ഉദ്ധരിച്ചുകൊണ്ട് മുഖവുരയില്‍ വിവരിച്ചതില്‍ നിന്നും മേല്‍കണ്ട ഉദ്ധരണിയില്‍ നിന്നുമായി മുഹ്കമ് – മുതശാബിഹിനെപ്പറ്റി അത്യാവശ്യ വിവരം ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. (إِن شَاءَ اللَّهُ)

‘മുഹ്കമ്’, മുത്തശാബിഹ്, തഅ്‌വീല്‍ (المهكم والمتشابه والتأويل) എന്നിവയെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ സവിശദം വിവരിച്ചശേഷം സയ്യിദ് റഷീദ് റിദ്വാ (റ) തഫ്‌സീറുല്‍ മനാറില്‍ പ്രസ്താവിച്ചതിന്‍റെ രത്‌നച്ചുരുക്കം കൂടി അറിയുന്നത് സന്ദര്‍ഭോചിതമായിരിക്കും. അതിങ്ങനെ ഉദ്ധരിക്കാം:-

‘ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ (റ) സൂറത്തുല്‍ ഇഖ്‌ലാസ്വിന്‍റെ വ്യാഖ്യാനത്തില്‍ ‘മുതശാബിഹ്’നെയും ‘തഅ്‌വീലി’നെയും കുറിച്ച് സംസാരിച്ച ഭാഗം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതാണ് ഏറ്റവും യാഥാര്‍ത്ഥ്യവും ശരിയുമായ വിവരണമെന്ന് നമുക്ക് ബോധ്യമായിരിക്കുന്നു. അര്‍ത്ഥം ഗ്രാഹ്യമല്ലാത്ത വാക്യം ക്വുര്‍ആനില്‍ ഇല്ലായെന്നും ‘മുതശാബിഹ് ‘കേവലം ആപേക്ഷികമാണ്- ദുര്‍ബലന്മാര്‍ക്കും (സാധാരണക്കാര്‍ക്കും) മുതശാബിഹായിരിക്കുന്നത് അടിയുറച്ച പണ്ഡിതന്മാര്‍ക്ക് മുതശാബിഹായിരിക്കുകയില്ല- എന്നും അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങളുടെയും സ്വര്‍ഗ നരകങ്ങള്‍ മുതലായ അദൃശ്യ ലോകങ്ങളുടെയും യാഥാര്‍ത്ഥ്യം പോലെയുള്ള കാര്യങ്ങളാണ് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ‘തഅ്‌വീല്‍’ (പൊരുള്‍) അറിയാത്തവകൊണ്ട് വിവക്ഷയെന്നും അദ്ദേഹം അതില്‍ സ്ഥാപിച്ചിരിക്കുന്നു. അല്ലാഹുവിന്‍റെ, ‘ക്വുദ്‌റത്ത്’ (കഴിവ്) എങ്ങനെയുള്ളതാണ്’, ‘അര്‍ശിന്‍മേല്‍ അല്ലാഹു ആരോഹണം ചെയ്യുന്നത് എങ്ങനെയാണ് ‘ സ്വര്‍ഗസ്ഥര്‍ക്ക് ലഭിക്കുന്ന അനുഗ്രങ്ങളുടെയും നരകസ്ഥര്‍ക്ക് ലഭിക്കുന്ന ശിക്ഷകളുടെയും യഥാര്‍ത്ഥ രൂപം എങ്ങനെയാണ് എന്നിത്യാദി കാര്യങ്ങളൊന്നും അല്ലാഹുവിനല്ലാതെ അറിയുകയില്ലല്ലോ. (സ്വര്‍ഗക്കാരെപ്പറ്റി) ‘കണ്‍കുളിര്‍മയായികൊണ്ട് അവര്‍ക്കുവേണ്ടി ഗോപ്യമായി സൂക്ഷിച്ചു വെക്കപ്പെട്ടിട്ടുള്ളത് ഒരാള്‍ക്കും അറിയാവുന്നതല്ല’ എന്ന് അല്ലാഹു പറയുന്നു (32:17) നരകത്തിലെ അഗ്നി ഭൂലോകത്തിലെ അഗ്നിപോലെയല്ല. അത് വേറൊരു തരം അഗ്നിയാണ്. സ്വര്‍ഗത്തിലെ പഴങ്ങളും പാലും തേനുമൊക്കെ ഈ ലോകത്ത് നമുക്കു പരിചയപ്പെട്ട പഴങ്ങളും പാലും തേനും അല്ല. അവയും വേറെ തരത്തിലുള്ളവയാകുന്നു.’

മുഹ്കമായ വചനങ്ങളാണ് ഗ്രന്ഥത്തിന്‍റെ – ക്വുര്‍ആന്‍റെ മൂല പ്രധാനമായ ഭാഗം (هن ام الكتاب) എന്നു പറഞ്ഞുവല്ലോ. ക്വുര്‍ആന്‍ പ്രബോധനം ചെയ്യുന്ന സിദ്ധാന്തങ്ങള്‍, വിധിവിലക്കുകള്‍, ഉപദേശനിര്‍ദ്ദേശങ്ങള്‍, ആചാരാനുഷ്ഠാനമുറകള്‍ ആദിയായവയെല്ലാം മുഹ്കമായ വചനങ്ങളിലാണുള്ളത് എന്നത്രെ അതിന്‍റെ താല്‍പര്യം. അപ്പോള്‍, അവയെ അടിസ്ഥാനമാക്കിയും, അവയുടെ ആശയപരിധികള്‍ക്കു പുറത്തുകടക്കാതെയുമുള്ള സമീപനം മാത്രമെ മുതശാബിഹുകളെ സംബന്ധിച്ചിടത്തോളം പാടുള്ളൂ. അതിനപ്പുറം കടന്നു മുതശാബിഹുകളില്‍ മുഴുകുകയോ അവയെ പരതി നോക്കി അവയുടെ ആഴം കണക്കാക്കുവാനും അവക്കു വ്യാഖ്യാന – വിവരണം നല്‍കുവാനും ശ്രമിക്കുന്നത് നന്നല്ല. അത് ഗുണത്തെക്കാളേറെ ദോഷത്തിനു കാരണമാകും. പലപ്പോഴും അപകടത്തില്‍ കലാശിക്കുകയും ചെയ്‌തേക്കും. അതാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത് ….فاماالذين في قلوبهم زيغ (എന്നാല്‍, ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍ കുഴപ്പത്തെ ഉദ്ദേശിച്ചും, വ്യാഖ്യാനത്തെ ഉദ്ദേശിച്ചും കൊണ്ട് അതില്‍ നിന്നുള്ള മുതശാബിഹായവയുടെ പിന്നാലെ കൂടുന്നതാണ്). അതെ, വക്രമനഃസ്ഥിതിക്കാരും, ദുരുദ്ദേശ്യം വെച്ചു പുലര്‍ത്തുന്നവരുമായിരിക്കും അവയില്‍ മുഴുകുക. മതസിദ്ധാന്തങ്ങളിലും സനാതന തത്വങ്ങളിലും, ഇസ്‌ലാമിക നിയമങ്ങളിലും ആശയക്കുഴപ്പവും ഭിന്നിപ്പുമുണ്ടാക്കി കുഴപ്പം സൃഷ്ടിക്കുക, അതിനായി അവയെ ദുര്‍വ്യാഖ്യാനം ചെയ്യുക ഇതായിരിക്കും അതിന്‍റെ ഫലം എന്ന് സാരം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സദുദ്ദേശ്യവും സത്യതല്‍പരതയുമുള്ള നിഷ്‌കളങ്കന്‍മാര്‍ മുതശാബിഹുകളില്‍ മുഴുകി പ്രവേശിക്കുവാനോ, അവയെ വിശകലനം ചെയതു വ്യാഖ്യാനിക്കുവാനോ മുതിരുകയില്ല. ഈ വചനം ഓതി കൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ആഇശഃ (رضي الله عنها)യില്‍ നിന്നു ഇമാം ബുഖാരി (رحمه الله)യും മറ്റും ഇങ്ങിനെ നിവേദനം ചെയ്തിരിക്കുന്നു: അപ്പോള്‍, അതില്‍ -ക്വുര്‍ആനില്‍- നിന്നു മുതശാബിഹായതിന്‍റെ പിന്നാലെ കൂടുന്നവരെ നിങ്ങള്‍ കണ്ടാല്‍, അക്കൂട്ടര്‍ തന്നെയാണ് (ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍ എന്ന്) അല്ലാഹു പേരുവെച്ച കൂട്ടര്‍, അത് കൊണ്ട് നിങ്ങള്‍ അവരെക്കുറിച്ച് ജാഗരൂഗരായിരുന്നു കൊളളണം.

മുതശാബിഹുകളുടെ പിന്നാലെ കൂടലും, അവക്ക് ദുര്‍വ്യാഖ്യാനങ്ങള്‍ കണ്ടുപിടിച്ചു ഇസ്‌ലാമിലെ അംഗീകൃത തത്വങ്ങളെ ചോദ്യം ചെയ്യലും എല്ലാ പിഴച്ച കക്ഷികളിലും കാണപ്പെടുന്ന ഒരു സ്വഭാവമാകുന്നു. ഇതിന് ഉദാഹരണങ്ങള്‍ നിരത്തുന്ന പക്ഷം അതുതന്നെ വലിയ ഒരു ഗ്രന്ഥമായിത്തീരും. ക്വുര്‍ആനിലെ ഏതെങ്കിലും ഒരു വാക്കിനോ, വാക്യത്തിനോ വരാന്‍ സാധ്യതയുള്ള പല അര്‍ത്ഥസാരങ്ങളില്‍ ഒന്നിനെ പൊക്കിപ്പിടിച്ചുകൊണ്ട് അതിനെക്കാള്‍ സ്പഷ്ടമായ രീതിയില്‍ പ്രതിപാദിക്കപ്പെട്ടിട്ടുളള മറ്റു ചില കാര്യങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കുകയും അതിന്‍റെ പേരില്‍ സ്വന്തം താൽപര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന വക്രബുദ്ധികളുടെ പല ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ നാം പലപ്പോഴും ചൂണ്ടിക്കാട്ടാറുള്ളതാണ്.

നജ്‌റാനിലെ ക്രിസ്തീയ നിവേദക സംഘം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് ഈ സൂറത്തിലെ ഏതാനും വചനങ്ങള്‍ അവതരിച്ചതെന്നുള്ള അഭിപ്രായം മുമ്പ് പറഞ്ഞുവല്ലോ. ഈസാ നബി (عليه السلام)യെപ്പറ്റി (4:171ല്‍ കാണാവുന്നത് പോലെ) كلمته…وروح منه (അല്ലാഹുവിന്‍റെ വാക്കും, അവന്‍റെ പക്കല്‍ നിന്നുള്ള ആത്മാവും) എന്ന് ക്വുര്‍ആനില്‍ പറഞ്ഞിട്ടുള്ളതിനെ അദ്ദേഹത്തിന്‍റെ ദൈവത്വം ക്വുര്‍ആന്‍ അംഗീകരിച്ചതാണെന്ന് സമര്‍ത്ഥിക്കുവാന്‍ ആ സംഘത്തിലെ ചിലര്‍ മുതിരുകയുണ്ടായെന്ന് ആ സംഭവം വിവരിക്കുന്ന ചില രിവായത്തുകളില്‍ വന്നിട്ടുള്ളത് പ്രസ്താവ്യമാകുന്നു. വണ്ടാ, ഇന്നു പല ക്രിസ്തീയ പാതിരിമാര്‍ ആ രണ്ടു വാക്കുകളെയും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ക്വുര്‍ആന്‍ ഈസാ (عليه السلام)ന്‍റെ ദിവ്യത്വം അംഗീകരിച്ചിട്ടുണ്ടെന്ന് സമര്‍ത്ഥിക്കാറുണ്ട്. മുസ്‌ലിം ബഹുജനങ്ങളെ ക്രിസ്തീയ മതത്തിലേക്ക് ആകര്‍ഷിക്കുവാന്‍ ഇന്ന് അവര്‍ സ്വീകരിച്ചു വരുന്ന പുതിയ പല സൂത്രങ്ങളില്‍ ഒന്നുമാണത്.,

മുതശാബിഹിന്‍റെ പിന്നാലെ കൂടുന്നതും, അതിന് വ്യാഖ്യാനം തേടുന്നതും ഇത്രയും അപകടകരമാകുവാനുള്ള കാരണം തുടര്‍ന്നുള്ള വാക്യങ്ങളില്‍ നിന്നു മനസ്സിലാക്കാം. അതിനു മുമ്പ് ചില സംഗതികള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

(1) (تَأْوِيلِ) എന്ന വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥം ഒരവസ്ഥയില്‍ നിന്ന് മറ്റൊര വസ്ഥയിലേക്കാക്കിത്തീര്‍ക്കുക (التصير من حالة الى حالة) എന്നാകുന്നു. വ്യാഖ്യാനം, വിവരണം (التفسير والبيان) എന്നിങ്ങനെയും, അന്തസാരം, യഥാര്‍ത്ഥപൊരുള്‍, തത്വം, ലക്ഷ്യം, പര്യവസാനം, വിവരണം എന്നിങ്ങനെയും (الحقيقة العلة والحكمة العاقبة ما يؤل اليه و نحوها) പല അര്‍ത്ഥങ്ങളില്‍ അത് ഉപയോഗിക്കപ്പെടുന്നു. ക്വുര്‍ആനില്‍ തന്നെ ഇതിനെല്ലാം ഉദാഹരണങ്ങളും കാണും. ഇവിടെ ആ വാക്കിന് (വ്യാഖ്യാന വിവരണം എന്ന) അര്‍ത്ഥമാണ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗം സ്വീകരിക്കുന്നത്. മറ്റൊരു വിഭാഗം അന്തസാരം -പൊരുള്‍ മുതലായ അര്‍ത്ഥവും സ്വീകരിക്കുന്നു.

(2) അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങള്‍, പരലോകവാര്‍ത്തകള്‍ എന്നിങ്ങനെ നമ്മുടെ ഊഹത്തിനും പരിചയത്തിനും അതീതമായ കാര്യങ്ങളെക്കുറിക്കുന്ന വാക്യങ്ങളും, അലിഫ്-ലാം-മീം പോലെ ചില സൂറത്തുകളുടെ ആരംഭത്തിലുള്ള കേവലാക്ഷരങ്ങളുമാണ് ചിലരുടെ അഭിപ്രായത്തില്‍ മുതശാബിഹുകള്‍. അവയുടെ യഥാര്‍ത്ഥ പൊരുളും അവയിലടങ്ങിയ അന്തസാരങ്ങളും അല്ലാഹുവിന് മാത്രമാണല്ലോ അറിയുക.

(3) وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ (അതിന്‍റെ വ്യാഖ്യാനം -അഥവാ പൊരുള്‍- അല്ലാഹു അല്ലാതെ അറിയുകയില്ല) എന്നുള്ളത് ഒരു വാചകവും وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ – الخ (അറിവില്‍ അടിയുറച്ച ആളുകള്‍ പറയും….) എന്നുള്ളത് മറ്റൊരു വാചകവുമാണെന്നത്രെ പണ്ഡിതന്മാരില്‍ വലിയൊരു വിഭാഗത്തിന്‍റെ അഭിപ്രായം. അതനുസരിച്ച് ഈ അഭിപ്രായക്കാര്‍ إِلَّا اللَّهُ എന്നിടത്തു വക്വ്ഫ് ചെയ്യുന്നു (നിറുത്തി വായിക്കുന്നു.) (*) പരിഭാഷയില്‍ ഈ അഭിപ്രായമാണ് നാം സ്വീകരിച്ചിരിക്കുന്നത്. മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ وَمَا يَعْلَمُ മുതല്‍ فِي الْعِلْمِ വരെയുള്ളതെല്ലാം ചേര്‍ന്നു ഒരു വാചകമാകുന്നു. അടുത്ത വാചകം يَقُولُونَ മുതല്‍ ആരംഭിക്കുകയും ചെയ്യുന്നു. ഇതനുസരിച്ച് ആ വാചകത്തിന്‍റെ അര്‍ത്ഥം അതിന്‍റെ വ്യാഖ്യാനം അല്ലാഹുവും, അറിവില്‍ അടിയുറച്ചവരുമല്ലാതെ അറിയുകയുമില്ല എന്നായിരിക്കും.(**)


(*) വക്വ്ഫു (الوقف) കളെപ്പറ്റി മുഖവുരയില്‍ വിവരിച്ചിട്ടുണ്ട്.
(**) وَالرَّاسِخُونَ എന്നതിലെ ‘വ’ എന്ന അവ്യയം (الواو) അതിന്‍റെ മുമ്പുള്ള നാമത്തോടു ചേര്‍ത്തുപറയുവാനുള്ളത് (واوالعطف) ആയിരിക്കുവാനും, പുതിയ വാചകത്തിന്‍റെ തുടക്കം കുറിക്കുന്നത് واوالاستيناف ആയിരിക്കുവാനും സാധ്യതയുള്ളതാണ് ഈ അഭിപ്രായങ്ങള്‍ക്ക് കാരണം. 


تَأْوِيلَ (തഅ്‌വീല്‍) എന്നവാക്കിന് ‘യഥാര്‍ത്ഥ പൊരുള്‍ -അഥവാ അന്തസാരം’ എന്ന് അര്‍ത്ഥം കല്‍പിക്കുന്നവരും അല്ലാഹുവിന് മാത്രം അറിയാവുന്ന കാര്യങ്ങളാണ് ‘മുതശാബിഹ്’ കൊണ്ടു വിവക്ഷയെന്ന അഭിപ്രായക്കാരുമാണ് إِلَّا اللَّهُ എന്നിടത്ത് വക്വ്ഫ് ചെയ്യുന്നത്. تَأْوِيلَ ന്നു വ്യാഖ്യാനം, വിവരണം എന്നിങ്ങനെയുള്ള അര്‍ത്ഥം സ്വീകരിക്കുന്നവരും, മുതശാബിഹുകളില്‍ അല്ലാഹുവിനുമാത്രം അറിയാവുന്നതും, അല്ലാഹുവിനും വിജ്ഞാനപടുക്കളായ ആളുകള്‍ക്കും അറിയാവുന്നതും ഉണ്ടാവാമെന്ന അഭിപ്രായക്കാരുമാണ് അവിടെ വക്വ്ഫ് ചെയ്യാതെ يَقُولُونَ മുതല്‍ രണ്ടാമത്തെ വചനം ആരംഭിക്കുന്നത്. രണ്ടഭിപ്രായത്തിന്നും പറയത്തക്ക രേഖകളൊന്നുമില്ല. അത് കൊണ്ടുതന്നെയാണ്- മുഖവുരയില്‍ ചൂണ്ടിക്കാട്ടിയതുപോലെ ശാഹ്‌വലിയുല്ലാഹി (റ) മുതലായവര്‍ മുതശാബിഹായ വചനങ്ങളുടെ ഉദാഹരണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ ഈ വാക്യങ്ങളും ഒരു ഉദാഹരണമായി എടുത്തു കാണിച്ചിരിക്കുന്നതും.

ഒരുവാസ്തവം പ്രത്യേകം ഓര്‍മിച്ചിരിക്കേതുണ്ട്. അറിവില്‍ അടിയുറച്ചവര്‍ وَالرَّاسِخُونَ فِي الْعِلْمِ എന്നും സല്‍ബുദ്ധിമാന്‍മാര്‍ (أُولُو الْأَلْبَابِ) എന്നുമൊക്കെ പറഞ്ഞത് കൊണ്ടുദ്ദേശ്യം -ചിലര്‍ ധരിക്കാറുളളതു പോലെ- മതപരമോ ലൌകികമോ ആയ കുറേ സാങ്കേതിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയവരും, തത്വശാസ്ത്രങ്ങളിലോ ശാസ്ത്രീയ ചിന്തകളിലോ നിപുണന്‍മാരായവരും അല്ല. സത്യവിശ്വാസവും ഭയഭക്തിയും വര്‍ദ്ധിപ്പിക്കുന്ന വിജ്ഞാനങ്ങള്‍ നേടിയവരും അല്ലാഹുവിനെയും പരലോകത്തെയും കുറിച്ച് ബോധവും ചിന്തയുമുള്ളവരുമാണുദ്ദേശ്യം. 8ഉം 9ഉം വചനങ്ങളില്‍ അവരുടെ വാക്കുകളായി അല്ലാഹു ഉദ്ധരിച്ചതില്‍ നിന്നും ബുദ്ധിമാന്‍മാരായ ആളുകളെ പറ്റി താഴെ 190-194 വചനങ്ങളില്‍ പ്രസ്താവിക്കുന്നതില്‍ നിന്നും ഈ സംഗതി വ്യക്തമായി മനസ്സിലാക്കാം. (أُولُو الْأَلْبَابِ) എന്ന വാക്കിലടങ്ങിയ അര്‍ത്ഥസാരങ്ങളെ പറ്റി അല്‍ബക്വറഃ 269 ന്‍റെ വ്യാഖ്യാനത്തില്‍ മുമ്പ് നാം വിവരിച്ചതും ഓര്‍ക്കുക. ഇബ്‌നു അബീഹാതിം (റ) ഉദ്ധരിച്ച ഒരു ഹദീഥിന്‍റെ സാരം ഇപ്രകാരമാകുന്നു. ”ഏതൊരുവന്‍ അവന്‍ സത്യം ചെയ്ത കാര്യം പാലിക്കുകയും, അവന്‍റെ നാവ് സത്യം പറയുകയും, മനസ്സ് ചൊവ്വായതായിരിക്കുകയും, വയറും ഗുഹ്യസ്ഥാനവും മാന്യമായിരിക്കുകയും ചെയ്യുന്നുവോ അവന്‍ അറിവില്‍ അടിയുറച്ച ആളുകളില്‍പെട്ടവനാകുന്നു:’ നാഫിഉബ്‌നു യസീദ് (റ) പറഞ്ഞതായി ഇബ്‌നു മുന്‍ദിര്‍ (റ) ഉദ്ധരിക്കുന്നു: ‘അറിവില്‍ അടിയുറച്ചവര്‍ എന്ന് പറയുന്നത് അല്ലാഹുവിനോട് ഭക്തികാണിക്കുന്ന -അവന്‍റെ പ്രീതിക്കുവേണ്ടി താഴ്മ അര്‍പിക്കുന്ന- മീതെയുള്ളവരോട് അഹങ്കാരം കാണിക്കാത്ത- താഴെയുള്ളവരെ നിസ്സാരമാക്കാത്ത ആളുകള്‍ക്കാകുന്നു.’

എല്ലാവരും ഗ്രഹിക്കേണ്ട വേദ്രഗന്ഥമാണല്ലോ വിശുദ്ധക്വുര്‍ആന്‍. എന്നിരിക്കെ അതിലെ ചില വചനങ്ങളുടെ യഥാര്‍ത്ഥ ആശയം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ലെന്ന് വരുന്നത് യുക്തമല്ല എന്നത്രേ മറ്റേ അഭിപ്രായക്കാരുടെ പ്രധാന ന്യായം. അഥവാ إِلَّا اللَّهُ وَالرَّاسِخُونَ فِي الْعِلْمِ (അല്ലാഹുവും അറിവില്‍ അടിയുറച്ചവരുമല്ലാതെ) എന്ന് ചേര്‍ത്തുവായിക്കുന്നതിന് അവര്‍ മുന്‍ഗണന നല്‍കുവാന്‍ അതാണ് കാരണം. പ്രഥമദൃഷ്ടിയില്‍ ഈ ന്യായം ശരിയായി തോന്നാം. പക്ഷേ, അര്‍ത്ഥം മനസ്സിലാകുന്നതോടൊപ്പം തന്നെ, സാക്ഷാല്‍ പൊരുള്‍ എന്താണെന്നും യാഥാര്‍ത്ഥ്യം എങ്ങിനെയാണെന്നും സൃഷ്ടികള്‍ക്ക് തിട്ടപ്പെടുത്താന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ക്വുര്‍ആനില്‍ ഉണ്ടെന്നതാണ് പരമാര്‍ത്ഥം. കേവലം സ്വാഭാവികവുമാണത്. ക്വുര്‍ആനിലെ പദങ്ങളുടെയും, വാക്യങ്ങളുടെയും ഭാഷാപരമായ അര്‍ത്ഥം പൊതുവില്‍ മനസ്സിലാകുന്നത് തന്നെ; സംശയമില്ല. എന്നാലും- ഭാഷാര്‍ത്ഥവും ബാഹ്യമായ വ്യാഖ്യാനവും അറിഞ്ഞതുകൊണ്ട് – എല്ലാറ്റിന്‍റെയും യഥാര്‍ത്ഥ പൊരുള്‍ ഇന്നതാണെന്ന് വ്യക്തമായി കൊള്ളണമെന്നില്ല. അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങള്‍, പരലോകത്തിലെ അനുഭവങ്ങള്‍, സ്വര്‍ഗനരകങ്ങളെകുറിച്ചുള്ള വിവരണങ്ങള്‍, കര്‍മങ്ങളെ തൂക്കുന്ന തുലാസ് പോലെയുള്ള പലകാര്യങ്ങളും, അല്ലാഹു അര്‍ശിന്‍മേല്‍ ആരോഹണം ചെയ്തിരിക്കുന്നു എന്നത് പോലെയുള്ള പ്രസ്താവനകളും ഇതിന് ഉദാഹരണങ്ങളത്രെ. ഇവയുടെയെല്ലാം യഥാര്‍ത്ഥരൂപം എന്താണ്? എങ്ങനെയാണ്? എന്നൊക്കെ അല്ലാഹുവിനല്ലാതെ ആര്‍ക്കറിയും? അങ്ങിനെയുള്ള കാര്യങ്ങളെ അവയുടെ യഥാരൂപത്തില്‍ വിവരിക്കത്തക്ക വാക്കുകള്‍പോലും മനുഷ്യഭാഷകളില്‍ ഇല്ലെന്നു കൂടി ഓര്‍ക്കേതുണ്ട്.

ഇബ്‌നു അബ്ബാസ് (റ) പറഞ്ഞതായി പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഉദ്ധരിച്ച ചില വാക്കുകള്‍ ഇവിടെ പ്രസ്താവ്യമാകുന്നു. അദ്ദേഹം പറയുന്നു: ‘അറബികള്‍ക്ക് അവരുടെ ഭാഷയിലൂടെ ഗ്രഹിക്കാവുന്നത്, ആര്‍ക്കും അറിയാതിരിക്കുവാന്‍ നിവൃത്തിയില്ലാത്ത മതവിധികള്‍ ഉള്‍ക്കൊള്ളുന്നത്, പണ്ഡിതന്‍മാര്‍ക്ക് മനസ്സിലാകുന്നത്, അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തത് എന്നിങ്ങനെ നാലുവകയാണ് തഫ്‌സീര്‍ (ക്വുര്‍ആന്‍ വ്യാഖ്യാനം)’. അദൃശ്യ കാര്യങ്ങള്‍ അല്ലാഹു അല്ലാതെ അറിയുകയില്ലെന്ന് അല്ലാഹു ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതും തര്‍ക്കമില്ലാത്തതുമാണല്ലോ. അപ്പോള്‍ മേല്‍പറഞ്ഞതു പോലെയുള്ള അദൃശ്യ കാര്യങ്ങളുടെ യഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് മനുഷ്യന് എങ്ങനെ ഗ്രഹിക്കുവാന്‍ കഴിയും! ഇതെല്ലാം കാരണമായിട്ടാണ് ഇബ്‌നു ജരീര്‍ (റ) പോലെയുള്ള മഹാന്മാരായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഭൂരിഭാഗവും ആദ്യത്തെ അഭിപ്രായം (إِلَّا اللَّهُ എന്നിടത്ത് വക്വ്ഫ് ചെയ്തു  وَالرَّاسِخُونَ മുതല്‍ വേറെ വാചകം ആരംഭിക്കണമെന്ന അഭിപ്രായം) സ്വീകരിച്ചിരിക്കുന്നതും. ഇതാണ് ശരിയായിട്ടുള്ളതും. ക്വുര്‍ആന്‍ മുഴുവന്‍ ഭാഗവും മുഹ്കമായിരിക്കാതെ, അതില്‍ ചിലഭാഗം മുതശാബിഹായതിലടങ്ങിയ ചില യുക്തിരഹസ്യങ്ങള്‍ ചില മഹാന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവയില്‍ മിക്കതും തുടര്‍ന്നുള്ള ക്വുര്‍ആന്‍ വാക്യങ്ങളില്‍ തന്നെ കണ്ടെത്താവുന്നതുകൊണ്ട് അതിവിടെ ഉദ്ധരിക്കുന്നില്ല. മുതശാബിഹിന്‍റെ നിര്‍വ്വചനത്തിലും വിശദീകരണത്തിലും മുകളില്‍ കണ്ട ഏതഭിപ്രായം സ്വീകരിച്ചാലും ശരി, അറിവും വിവേകവുമുള്ളവര്‍ക്ക് അത് വിശ്വാസവും ഉറ്റാലോചനയും വര്‍ദ്ധിപ്പിക്കുമെന്ന് തീര്‍ച്ചയാണ്. അതെ, അവര്‍ പറയും آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا (ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു, എല്ലാം നമ്മുടെ റബ്ബില്‍ നിന്നുള്ളത് തന്നെ) وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ (സല്‍ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോചിക്കുകയില്ലതാനും.) അവരുടെ വിശ്വാസത്തിന്‍റെയും ഉറ്റാലോചനയുടെയും ഫലമായി അവര്‍ അവയെ -മുതശാബിഹുകളെ- ദുര്‍വ്യാഖ്യാനം ചെയ്‌വാന്‍ മുതിരുകയില്ല. കാരണം, അവരുടെ ഹൃദയങ്ങളില്‍, യാതൊരു വക്രതയും ഉണ്ടായിരിക്കുകയില്ല. തങ്ങള്‍ക്ക് അല്ലാഹു നല്‍കിയ നേര്‍മാര്‍ഗത്തില്‍ നിന്ന് തങ്ങള്‍ തെറ്റിപ്പോകാതിരിക്കണം. അല്ലാഹുവിന്‍റെ കാരുണ്യത്തിന് തങ്ങള്‍ പാത്രമായിരിക്കണം, ക്വിയാമത്തുനാളില്‍ തങ്ങള്‍ അല്ലാഹുവിന്‍റെ കോപത്തിന് പാത്രമായിത്തീരരുത് എന്നൊക്കെയുമായിരിക്കും അവരുടെ ലക്ഷ്യം. അതെ, അതിനായി അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും.

വിഭാഗം - 2

3:10
  • إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَـٰٓئِكَ هُمْ وَقُودُ ٱلنَّارِ ﴾١٠﴿
  • നിശ്ചയമായും, അവിശ്വസിച്ചവര്‍, അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ മക്കളാകട്ടെ, അല്ലാഹുവിങ്കല്‍നിന്ന് അവര്‍ക്ക് യാതൊന്നും ഉപകരിക്കുകയില്ല തന്നെ. അക്കൂട്ടര്‍ തന്നെയാണ് നരകത്തിന്‍റെ വിറകും.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ لَن تُغْنِيَ ധന്യമാക്കുക (ഉപകരിക്കുക)യില്ല തന്നെ عَنْهُمْ അവര്‍ക്ക് أَمْوَالُهُمْ അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُم അവരുടെ മക്കളും ഇല്ല مِّنَ اللَّهِ അല്ലാഹുവില്‍നിന്ന് شَيْئًا യാതൊന്നും وَأُولَٰئِكَ അക്കൂട്ടര്‍ هُمْ അവര്‍ (തന്നെ) وَقُودُ കത്തിക്കപ്പെടുന്നത് (വിറക്) النَّارِ നരകത്തിന്‍റെ
3:11
  • كَدَأْبِ ءَالِ فِرْعَوْنَ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ وَٱللَّهُ شَدِيدُ ٱلْعِقَابِ ﴾١١﴿
  • (അതെ) ഫിര്‍ഔന്‍റെ കൂട്ടരുടെയും, അവര്‍ക്ക് മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ (ത്തന്നെ), (അതായത്) അവര്‍ നമ്മുടെ ആയത്ത് (ലക്ഷ്യം) കളെ വ്യാജമാക്കി; അപ്പോള്‍, അവരുടെ പാപങ്ങള്‍ നിമിത്തം അവരെ അല്ലാഹു പിടി(ച്ചുശിക്ഷി)ച്ചു. അല്ലാഹുവാകട്ടെ, കഠിനമായി ശിക്ഷാനടപടി എടുക്കുന്നവനാകുന്നു.
  • كَدَأْبِ സമ്പ്രദായംപോലെ آلِ فِرْعَوْنَ ഫിര്‍ഔന്‍റെആള്‍ക്കാരുടെ وَالَّذِينَ യാതൊരു വരുടെയും مِن قَبْلِهِمْ അവര്‍ക്കുമുമ്പുള്ള كَذَّبُوا അവര്‍ വ്യാജമാക്കി بِآيَاتِنَا നമ്മുടെ ആയത്തുകളെ, ലക്ഷ്യങ്ങളെ فَأَخَذَهُمُ اللَّهُ അപ്പോള്‍ (അതിനാല്‍) അല്ലാഹു അവരെ പിടിച്ചു بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം وَاللَّهُ അല്ലാഹുവാകട്ടെ شَدِيدُ കഠിനമായവനാണ് الْعِقَابِ ശിക്ഷാ നടപടി, പ്രതികാര നടപടി
3:12
  • قُل لِّلَّذِينَ كَفَرُوا۟ سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ ٱلْمِهَادُ ﴾١٢﴿
  • (നബിയേ) അവിശ്വസിച്ചവരോട് നീ പറയുക: വഴിയെ നിങ്ങള്‍ ജയിച്ചടക്കപ്പെടുക [പരാജയപ്പെടുക]യും, 'ജഹന്നമി' [നരകത്തി] ലേക്ക് ശേഖരിച്ചുകൊണ്ട് വരപ്പെടുകയും ചെയ്യും. അത് എത്രയോ ചീത്ത വിതാനം!
  • قُل നീ പറയുക لِّلَّذِينَ كَفَرُوا അവിശ്വസിച്ചവരോട് سَتُغْلَبُونَ വഴിയെ നിങ്ങള്‍ ജയിക്കപ്പെടും, പരാജയപ്പെടുത്തപ്പെടും وَتُحْشَرُونَ നിങ്ങള്‍ ശേഖരിക്ക (ഒരുമിച്ചുകൂട്ട)പ്പെടുകയും ചെയ്യും إِلَىٰ جَهَنَّمَ ജഹന്നമിലേക്ക് وَبِئْسَ അത് എത്രയോ (വളരെ) ചീത്ത الْمِهَادُ വിതാനം

അറേബ്യാ ഉപദ്വീപ് മുഴുവന്‍ ഇസ്‌ലാമിന് അധീനപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത അവസരത്തിലാണ് നിങ്ങള്‍ ജയിച്ചടക്കപ്പെടുമെന്നും, അങ്ങിനെ സത്യവിശ്വാസികള്‍ക്കു വിജയം കൈവരുമെന്നും അല്ലാഹു അവിശ്വാസികളെ താക്കീത് ചെയ്യുന്നത്. ഇത് ക്വുര്‍ആനിന്‍റെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സത്യതക്ക് ഒരു നല്ല ദൃഷ്ടാന്തമാകുന്നു. അവിശ്വാസികളുടെ പരാജയത്തിന്‍റെ ആരംഭം കുറിച്ച പ്രസിദ്ധ സംഭവമാണല്ലോ ബദ്ര്‍ യുദ്ധം, അതിനെ ചൂണ്ടിക്കാട്ടി അല്ലാഹു പറയുന്നു:-

3:13
  • قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌ تُقَـٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَـٰرِ ﴾١٣﴿
  • പരസപ് രം കണ്ടു (ഏറ്റു)മുട്ടിയ (ആ) രണ്ടു സംഘങ്ങളില്‍ നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തം ഉണ്ടായിട്ടുണ്ട്. (അതെ) ഒരു കക്ഷി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറ്റൊന്നു അവിശ്വാസികളായുള്ളതും. അവര്‍ [അവിശ്വാസികള്‍] തങ്ങളുടെ രണ്ടത്രയായി കണ്‍കാഴ്ചയില്‍ അവരെ കണ്ടിരുന്നു. അല്ലാഹുവാകട്ടെ അവന്‍ ഉദ്ദേശിക്കുന്നവരെ തന്‍റെ സഹായംകൊണ്ട് ബലപ്പെടുത്തുന്നു. നിശ്ചയമായും അതില്‍ ഉള്‍കാഴ്ചയുള്ളവര്‍ക്ക് ഒരു (വലിയ) ചിന്താപാഠമുണ്ട്
  • قَدْ كَانَ ഉണ്ടായിട്ടുണ്ട് لَكُمْ നിങ്ങള്‍ക്ക് آيَةٌ ഒരു ദൃഷ്ടാന്തം فِي فِئَتَيْنِ രണ്ടു കക്ഷി (സംഘം -കൂട്ടം- വിഭാഗം) കളില്‍ الْتَقَتَا രണ്ടും കണ്ടുമുട്ടി فِئَةٌ ഒരു സംഘം تُقَاتِلُ യുദ്ധം ചെയ്യുന്നു فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَأُخْرَىٰ മറ്റേത് كَافِرَةٌ അവിശ്വസിച്ചതും يَرَوْنَهُم അവര്‍ അവരെ കണ്ടിരുന്നു مِّثْلَيْهِمْ തങ്ങളുടെ രണ്ടത്ര (ഇരട്ടി) رَأْيَ الْعَيْنِ കണ്‍കാഴ്ചയില്‍ وَاللَّهُ يُؤَيِّدُ അല്ലാഹു ബലപ്പെടുത്തുന്നു بِنَصْرِهِ തന്‍റെ സഹായം കൊണ്ടു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَعِبْرَةً ഒരു ചിന്താവിഷയം (പാഠം) لِّأُولِي الْأَبْصَارِ (ഉള്‍) കാഴ്ചയുള്ളവര്‍ക്ക്

യാതൊരു മുന്നൊരുക്കവും കൂടാതെ, അക്കാലത്ത് അറബികള്‍ പതിവായി ഉപയോഗിക്കാറുണ്ടായിരുന്ന വാളുകള്‍ മാത്രം ധരിച്ച മുന്നൂറ്റിപ്പത്തില്‍പരം സത്യവിശ്വാസികളും, കഴിയുന്നത്ര യുദ്ധ സന്നാഹങ്ങളോടും കൂടി തയ്യാറെടുത്ത് വന്നിരുന്ന ആയിരത്തോളം മുശ്‌രിക്കുകളും തമ്മില്‍ നടന്ന ചരിത്ര പ്രസിദ്ധമായ യുദ്ധമത്രെ ബദ്ര്‍ യുദ്ധം. അതില്‍ സത്യവിശ്വാസികള്‍ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ വിജയത്തിലടങ്ങിയ മഹത്തായ ദൃഷ്ടാന്തമാണ് അല്ലാഹു ഓര്‍മിപ്പിക്കുന്നത്. സത്യവിശ്വാസത്താല്‍ പ്രചോദിതരായിക്കൊണ്ട്  അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിനിറങ്ങേണ്ടി വന്ന ആ ചെറു സംഘത്തിന് അവിശ്വാസ ലഹരിയില്‍ ഉന്മത്തരായിക്കൊണ്ട് അവരോടേറ്റുമുട്ടിയ ആ വലിയ സംഘത്തെ അമ്പേ പരാജയപ്പെടുത്തുവാന്‍ കഴിഞ്ഞത് അല്ലാഹുവിന്‍റെ സഹായം കൊണ്ടുമാത്രമാണല്ലോ. മേലിലും സത്യവിശ്വാസികളെ അല്ലാഹു വിജയിപ്പിച്ചു കൊണ്ടിരിക്കുമെന്നും അങ്ങിനെ, സത്യനിഷേധികള്‍ നിശ്ശേഷം പരാജിതരായിത്തീരുമെന്നും ദീര്‍ഘ ദൃഷ്ടിയും തന്റേടവുമുള്ളവര്‍ക്ക് മനസ്സിലാക്കാമല്ലോ എന്നു സാരം.

يَرَوْنَهُم مِّثْلَيْهِمْ رَأْيَ الْعَيْنِ (കണ്‍കാഴചയില്‍ -അഥവാ ബാഹ്യദൃഷ്ടിയില്‍- അവര്‍ അവരെ അവരുടെ രണ്ടത്രയായി കണ്ടിരുന്നു) എന്ന വാക്യത്തിലെ സര്‍വ്വനാമ (ضمير) ങ്ങള്‍കൊണ്ടുള്ള വിവക്ഷയെപ്പറ്റി ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. അവയില്‍ പ്രസക്തങ്ങളായ രണ്ടഭിപ്രായങ്ങള്‍ ഇവയാകുന്നു.

(1) അവിശ്വാസികള്‍ക്ക് സത്യവിശ്വാസികള്‍ തങ്ങളുടെ രണ്ടത്ര -അഥവാ രണ്ടായിരത്തോളം- ഉള്ളതായി ബാഹ്യദൃഷ്ട്യാ തോന്നിയിരുന്നു.

(2) അവിശ്വാസികള്‍ക്ക് സത്യവിശ്വാസികളുടെ യഥാര്‍ത്ഥ എണ്ണത്തിന്‍റെ രണ്ടത്ര അഥവാ അറുനൂറില്‍ പരം ഉള്ളതായി തോന്നിയിരുന്നു. രണ്ടായാലും സത്യവിശ്വാസികളുടെ എണ്ണം യഥാര്‍ത്ഥത്തില്‍ വളരെ കുറവാണെങ്കിലും മുശ്‌രിക്കുകളുടെ കാഴ്ചയില്‍ അവര്‍ അധികമുള്ളതായി തോന്നിയിരുന്നുവെന്ന് സാരമായിരിക്കും.’നിങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍, നിങ്ങളുടെ ദൃഷ്ടിയില്‍ അവരെയും, അവരുടെ ദൃഷ്ടിയില്‍ നിങ്ങളെയും അല്ലാഹു കുറച്ചു കാണിച്ചിരുന്നു.’ എന്ന് സൂ: അന്‍ഫാല്‍ 44ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ചില രിവായത്തുകളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നതു പോലെ, ഇത് രണ്ടും രണ്ടവസരങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതാകുന്നു. മുസ്‌ലിംകള്‍ വളരെ കുറച്ചേയുള്ളൂവെന്നു കരുതി ആവേശപൂര്‍വ്വം അവരെ നേരിടുവാന്‍ മുശ്‌രിക്കുകള്‍ക്കും, മുശ്‌രിക്കുകള്‍ അധികമില്ലെന്നു കരുതി ധൈര്യപൂര്‍വ്വം അവരോട് ഏറ്റുമുട്ടാന്‍ മുസ്‌ലിംകള്‍ക്കും ആദ്യം അല്ലാഹു അങ്ങിനെ തോന്നിപ്പിക്കുകയുണ്ടായി. അതിനെപ്പറ്റിയാണ് അന്‍ഫാലില്‍ പ്രസ്താവിച്ചത്. പിന്നീട് യുദ്ധക്കളത്തില്‍ വെച്ച് ഏറ്റുമുട്ടിയപ്പോള്‍ ശത്രുക്കളുടെ മനോവീര്യം നശിച്ചു പരാജയമടയുവാന്‍ വേണ്ടി മുസ്‌ലിംകള്‍ വളരെ അധികമുള്ളതായി അവരുടെ ദൃഷ്ടിയില്‍ തോന്നി. ഇതിനെപ്പറ്റിയാണ് ഇവിടെ പ്രസ്താവിച്ചത്.

3:14
  • زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلْبَنِينَ وَٱلْقَنَـٰطِيرِ ٱلْمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلْأَنْعَـٰمِ وَٱلْحَرْثِ ۗ ذَٰلِكَ مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱللَّهُ عِندَهُۥ حُسْنُ ٱلْمَـَٔابِ ﴾١٤﴿
  • കാമ്യ വസ്തുക്കളോടുളള പ്രേമം മനുഷ്യർക്ക് അലങ്കാരമായി കാണിക്കപ്പെട്ടിരിക്കുന്നു. (അതെ) സ്ത്രീകളും പുത്രന്‍മാരും, സ്വര്‍ണത്തില്‍ നിന്നും വെള്ളിയില്‍ നിന്നുമായി അട്ടിയിടപ്പെട്ട കൂമ്പാരങ്ങളും, ലക്ഷണമൊത്ത കുതിരകളും (ആടുമാടൊട്ടകങ്ങളാകുന്ന) കാലികളും, കൃഷിയിടങ്ങളുമാകുന്ന (കാമ്യ വസ്തുക്കളോട്). അത് ഐഹിക ജീവിതത്തിന്‍റെ വിഭവമത്രെ. അല്ലാഹുവാകട്ടെ, അവന്‍റെ അടുക്കലാണ് നല്ല മടക്കസ്ഥാനമുള്ളത്.
  • زُيِّنَ ഭംഗി (മോടി) യാക്കപ്പെട്ടു. അലങ്കാരമാ(യി കാണി) ക്കപ്പെട്ടിരിക്കുന്നു لِلنَّاسِ മനുഷ്യര്‍ക്ക് حُبُّ സ്‌നേഹം الشَّهَوَاتِ ഇച്ഛകളെ, ഇച്ഛാവസ്തു (കാമ്യ വസ്തു)ക്കളോട് مِنَ النِّسَاءِ സ്ത്രീകളാകുന്ന, സ്ത്രീകളില്‍ നിന്നുള്ള وَالْبَنِينَ പുത്രന്മാരും وَالْقَنَاطِيرِ കൂമ്പാരങ്ങളും (ധാരാളക്കണക്കിലുള്ള ധനവും) الْمُقَنطَرَةِ അട്ടിയിടപ്പെട്ട, കുന്നുകൂട്ടപ്പെട്ട مِنَ الذَّهَبِ സ്വര്‍ണത്തില്‍ നിന്ന് وَالْفِضَّةِ വെള്ളിയില്‍നിന്നും وَالْخَيْلِ കുതിരയും,കുതിരകളും الْمُسَوَّمَةِ അടയാളമാക്കപ്പെട്ട, ലക്ഷണമൊത്ത وَالْأَنْعَامِ കന്നുകാലികളും وَالْحَرْثِ കൃഷിയും, കൃഷിയിടവും ذَٰلِكَ അത് مَتَاعُ ഉപകരണമാണ്, വിഭവമാകുന്നു الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിന്‍റെ وَاللَّهُ അല്ലാഹുവാകട്ടെ عِندَهُ അവന്‍റെ പക്കലാണ് حُسْنُ الْمَآبِ നല്ല മടക്കസ്ഥാനം
3:15
  • قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ ٱتَّقَوْا۟ عِندَ رَبِّهِمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَأَزْوَٰجٌ مُّطَهَّرَةٌ وَرِضْوَٰنٌ مِّنَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ ﴾١٥﴿
  • പറയുക: 'അതിനെക്കാള്‍ ഉത്തമമായതിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്കു വിവരം നല്‍കട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുണ്ടായിരിക്കും; അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്. പരിശുദ്ധരാക്കപ്പെട്ട ഇണകളും, അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു (മഹത്തായ) പ്രീതിയും (ഉണ്ടായിരിക്കും). അല്ലാഹു അടിയാന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
  • قُلْ നീ പറയുക أَؤُنَبِّئُكُم ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിക്കട്ടയോ بِخَيْرٍ ഉത്തമമായതിനെപ്പറ്റി مِّن ذَٰلِكُمْ അതിനെക്കാള്‍ لِلَّذِينَ اتَّقَوْا സൂക്ഷമത പാലിച്ചവര്‍ക്ക് عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ جَنَّاتٌ സ്വര്‍ഗങ്ങള്‍ تَجْرِي ഒഴുകിക്കൊണ്ടിരിക്കുന്നു مِن تَحْتِهَا അവയുടെ അടിയിലൂടെ الْأَنْهَارُ അരുവികള്‍ خَالِدِينَ സ്ഥിരവാസികളായിട്ട് فِيهَا അവയില്‍ وَأَزْوَاجٌ ഇണകളും مُّطَهَّرَةٌ (പരി)ശുദ്ധമാക്കപ്പെട്ട وَرِضْوَانٌ പ്രീതിയും, ഒരു പ്രീതിയും مِّنَ اللَّهِ അല്ലാഹുവില്‍ നിന്ന് وَاللَّهُ അല്ലാഹു بَصِيرٌ കണ്ടറിയുന്നവനാണ് بِالْعِبَادِ അടിയാന്‍മാരെപ്പറ്റി

قنطار (ക്വിന്‍ത്വാറി) ന്‍റെ ബഹുവചന രൂപമാണ് قَنَاطِيرِ (ക്വനാത്വീര്‍). കൂമ്പാരം, അട്ടി എന്നൊക്കെയാണതിന് അര്‍ത്ഥം. ഏറെക്കുറെ നൂറു റാത്തല്‍ വരുന്ന ഒരു തൂക്ക അളവിനും അത് ഉപയോഗിക്കപ്പെടും. ധാരാളക്കണക്കിലുളള ധനത്തെ ഉദ്ദേശിച്ചും ആ വാക്ക് ഉപയോഗിക്കാറുണ്ട്. ഇവിടെയും അതാണുദ്ദേശ്യം. സ്ത്രീകള്‍ തുടങ്ങി മേല്‍ പറഞ്ഞ വസ്തുക്കളെല്ലാം മനുഷ്യര്‍ക്ക് വളരെ കാര്യമായി തോന്നുന്നവയാണ്. അവയോടുള്ള പ്രേമം തങ്ങള്‍ക്ക് ഒരു അലങ്കാരമായി അവര്‍ കരുതുന്നു. വാസ്തവത്തില്‍ അവയെല്ലാം താല്‍ക്കാലികവും നശ്വരവുമായ ഐഹിക സുഖങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ അവയോടല്ല മനുഷ്യന് പ്രേമമുണ്ടായിരിക്കേണ്ടത്. അവയെക്കാള്‍ എത്രയോ ഉന്നതവും അനശ്വരവുമായ സ്വര്‍ഗീയ അനുഗ്രഹങ്ങളാണ് അല്ലാഹുവിങ്കലുള്ളത്. എല്ലാറ്റിലും ഉപരിയായതത്രെ അല്ലാഹുവിന്‍റെ പ്രീതി. ഇവയോടെല്ലാമാണ് അവന്‍ പ്രേമം കാണിക്കേണ്ടത്. അവക്കു വേണ്ടിയാണ് അവന്‍ പരിശ്രമിക്കേണ്ടതും എന്നു സാരം.

പുത്രകളത്രാദികളും സമ്പത്തുക്കളുമൊന്നും ഉപയോഗപ്പെടുത്തിക്കൂടാ എന്നല്ല ഇപ്പറഞ്ഞതിന്‍റെ താൽപര്യം. അവക്ക് അമിതമായ വില കല്‍പിക്കുക. പരലോകാനുഗ്രഹങ്ങളെക്കാള്‍ മുന്‍ഗണന അവക്ക് നല്‍കുക, അവയില്‍ ശ്രദ്ധപതിപ്പിച്ചും മുഴുകിയും കൊണ്ട് പരലോക കാര്യം വിസ്മരിക്കുക ഇതൊക്കെയാണ് ആക്ഷേപിക്കപ്പെടുന്നത്. കൈവന്ന സുഖങ്ങളില്‍ അല്ലാഹുവിനോട് നന്ദികാണിക്കുകയും അല്ലാഹുവിനെയും പരലോകത്തെയും കുറിച്ചുള്ള ബോധത്തിന് അത് ഉലച്ചില്‍ വരുത്താതിരിക്കുകയും ചെയ്യുന്ന പക്ഷം അവ ദോഷകരമാവുകയില്ല. നേരെ മറിച്ച് ഗുണകരമായിരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു….. قُلْ مَنْ حَرَّمَ زِينَةَ اللَّهِ (പറയുക: അല്ലാഹു അവന്‍റെ അടിയാന്‍മാര്‍ക്കുവേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാരത്തെയും, വിശിഷ്ടമായ ആഹാര വസ്തുക്കളെയും നിഷിദ്ധമാക്കിയതാരാണ്?! (അഅ്‌റാഫ്:32)

ആരെല്ലാമാണ് ഭൗതിക സുഖസൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്, അവയെ ജീവിത ലക്ഷ്യമാക്കുന്നത്, ദുരുപയോഗപ്പെടുത്തുന്നത്, ആരൊക്കെയാണ് അവയെ മിതവും നിയമാനുസൃതവുമായ രീതിയില്‍ കയ്യാളുന്നത്, പരലോകാനുഗ്രഹങ്ങള്‍ക്കും അല്ലാഹുവിന്‍റെ പ്രീതിക്കും അവയെക്കാള്‍ വില കല്‍പിക്കുന്നത് എന്നിത്യാദി കാര്യങ്ങളെല്ലാം അല്ലാഹുവിനു ശരിക്കും അറിയാം. ഓരോരുത്തനും അര്‍ഹിക്കുന്ന പ്രതിഫലം അവന്‍ കൊടുക്കുകയും ചെയ്യും എന്നൊക്കെയാണ് ‘അല്ലാഹു അവന്‍റെ അടിയാന്‍മാരെപ്പറ്റി കണ്ടറിയുന്നവനാണ് ‘എന്ന അവസാന വാക്യം മുഖേന ഉണര്‍ത്തുന്നത്. സ്വര്‍ഗം മുതലായ അനുഗ്രഹങ്ങള്‍ ലഭിക്കുന്നത് സൂക്ഷ്മത പാലിക്കുന്നവര്‍ക്കാണ് എന്ന് പറഞ്ഞുവല്ലോ. സൂക്ഷ്മത പാലിക്കുന്നവരുടെ സ്വഭാവ വിശേഷതകള്‍ അടുത്ത വചനത്തില്‍ വിവരിക്കുന്നു:-

3:16
  • ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ ﴾١٦﴿
  • അതായത്, (ഇങ്ങിനെ) പറയുന്നവര്‍; 'ഞങ്ങളുടെ റബ്ബേ!ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ആകയാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും,ഞങ്ങളെ നരക ശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ!'
  • الَّذِينَ يَقُولُونَ പറയുന്നവര്‍ رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّنَا آمَنَّا നിശ്ചയമായും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു فَاغْفِرْ لَنَا ആകയാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരണേ ذُنُوبَنَا ഞങ്ങളുടെ പാപങ്ങള്‍ وَقِنَا ഞങ്ങളെ നീ കാക്കുകയും വേണമേ عَذَابَ النَّارِ നരക ശിക്ഷയില്‍ നിന്ന്
3:17
  • ٱلصَّـٰبِرِينَ وَٱلصَّـٰدِقِينَ وَٱلْقَـٰنِتِينَ وَٱلْمُنفِقِينَ وَٱلْمُسْتَغْفِرِينَ بِٱلْأَسْحَارِ ﴾١٧﴿
  • (അതെ) ക്ഷമാലുക്കളും, സത്യവാന്മാരും, ഭക്തന്മാരും ചിലവഴിക്കുന്നവരും, നിശാന്ത്യവേളകളില്‍ പാപമോചനം തേടുന്നവരും! [ഇവരാണ് സൂക്ഷ്മത പാലിക്കുന്നവര്‍.]
  • الصَّابِرِينَ ക്ഷമാലുക്കള്‍ وَالصَّادِقِينَ സത്യവാന്മാരും وَالْقَانِتِينَ ഭക്തന്മാരും, ഒതുക്കമുള്ളവരും, അച്ചടക്കമുള്ളവരും وَالْمُنفِقِينَ ചിലവഴിക്കുന്നവരും وَالْمُسْتَغْفِرِينَ പാപമോചനം തേടുന്നവരും بِالْأَسْحَارِ രാത്രിയുടെ അവസാന യാമങ്ങളില്‍

ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, അത്‌ കൊണ്ട് ഞങ്ങള്‍ക്ക് പൊറുത്തു തരുകയും, ശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുതരുകയും ചെയ്യേണമേ എന്ന പ്രാര്‍ത്ഥനയില്‍ -പാപമോചനത്തെയും, ശിക്ഷാമോചനത്തെയും സത്യവിശ്വാസത്തോട് ബന്ധപ്പെടുത്തിപ്പറഞ്ഞതില്‍- മൗലികമായ ഒരു തത്വം അടങ്ങിയിട്ടുണ്ട്. സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് മാത്രമേ പാപമോചനവും രക്ഷയും ലഭിക്കുകയുള്ളൂ. അവര്‍ക്ക് മാത്രമെ അത് രണ്ടിനും അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളൂവെന്നതാണത്. ഇങ്ങിനെയുളള പ്രാര്‍ത്ഥനകള്‍ മുഖേന അല്ലാഹുവിങ്കലേക്ക് വിനയവും താഴ്മയും അര്‍പ്പിക്കുന്നവരാണ് അവരെങ്കില്‍, അവരെ അതിന് പരിപക്വരാക്കിത്തീര്‍ക്കുന്ന ചില സവിശേഷ ഗുണങ്ങളും അവര്‍ക്കുണ്ടായിരിക്കണമല്ലോ. ആ ഗുണങ്ങളത്രെ:

(1) ക്ഷമ: അതായത്, കൽപനാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലും, നിരോധങ്ങള്‍ ഉപേക്ഷിക്കുന്നതിലും നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുക, ആപത്തുകളിലും അനിഷ്ടങ്ങളിലും ക്ഷമ കൈകൊള്ളുക മുതലായവ.

(2) സത്യം: അതായത്, ഉദ്ദേശ്യത്തിലും, പ്രവൃത്തിയിലും, വാക്കിലും സത്യം പാലിക്കുക.

(3) ഭക്തി: അഥവാ വിനയത്തോടും ബഹുമാനത്തോടുംകൂടി അല്ലാഹുവിനെ അനുസരിക്കല്‍.

(4) ചിലവഴിക്കല്‍: നിര്‍ബന്ധമായ ദാനധര്‍മങ്ങളും സല്‍കാര്യങ്ങളില്‍ ഉദാരപൂര്‍വ്വം ധനം വിനിയോഗിക്കലും ഇതില്‍ ഉള്‍പ്പെടുന്നു

(5) പാപമോചന പ്രാര്‍ഥന: രാത്രിയുടെ അവസാനസമയങ്ങളില്‍ പാപമോചനത്തിന് പ്രാര്‍ത്ഥിക്കുക. ഈ സമയം പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന സമയമാണെന്നും, നമസ്‌കാരത്തിനും ദിക്ര്‍ മുതലായ കര്‍മങ്ങള്‍ക്കും കൂടുതല്‍ വിശേഷപ്പെട്ട സമയമാണെന്നും ക്വുര്‍ആനില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും പരക്കെ അറിയപ്പെട്ടതാണ്.

3:18
  • شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَـٰهَ إِلَّا هُوَ وَٱلْمَلَـٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمًۢا بِٱلْقِسْطِ ۚ لَآ إِلَـٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾١٨﴿
  • താനല്ലാതെ ഒരു ആരാധ്യനുമില്ലെന്ന് അല്ലാഹുവും, മലക്കുകളും, അറിവുള്ളവരും സാക്ഷ്യം വഹിച്ചിരിക്കുന്നു;- (അതെ അവന്‍) നീതിമുറ നിലനിര്‍ത്തുന്നവനായിക്കൊണ്ട്. അവനല്ലാതെ ആരാധ്യനേയില്ല;അഗാധജ്ഞനായ പ്രതാപശാലിയത്രെ (അവന്‍).
  • شَهِدَ اللَّهُ അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു أَنَّهُ لَا إِلَٰهَ ഒരു ആരാധ്യനുമില്ലെന്നു إِلَّا هُوَ അവന്‍ (താന്‍) അല്ലാതെ وَالْمَلَائِكَةُ മലക്കുകളും وَأُولُو الْعِلْمِ അറിവുള്ളവരും قَائِمًا നിലകൊള്ളുന്ന (നടത്തുന്ന)വനായും കൊണ്ട് بِالْقِسْطِ നീതിമുറയും കൊണ്ട്. നീതിയെ لَا إِلَٰهَ ഒരാരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ الْعَزِيزُ പ്രതാപശാലി, അജയ്യന്‍ الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍

അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹതയുള്ള ഏക ആരാധ്യന്‍, മറ്റുള്ള ആരാധ്യ വസ്തുക്കളെല്ലാം മിഥ്യകളും അനര്‍ഹങ്ങളുമാകുന്നുവെന്നുള്ള യാഥാര്‍ത്ഥ്യം എത്രയോ ദൃഷ്ടാന്തങ്ങളും, തെളിവുകളും വഴി അല്ലാഹു സ്പഷ്ടമായി സ്ഥാപിച്ചിട്ടുണ്ട്. മലക്കുകളും അറിവുള്ളവരുമെല്ലാം അത് മനസ്സിലാക്കുകയും വിശ്വസിച്ചുറപ്പിക്കുകയും ചെയ്തിരിക്കുന്നു. അഖിലലോക നീതിവ്യവസ്ഥ നിലനിറുത്തി നടത്തിപ്പോരുന്നവന്‍ അവനല്ലാതെ മറ്റാരുമല്ല. അജയ്യനായ പ്രതാപശാലിയും തത്വവിജ്ഞാന സമ്പൂര്‍ണനായ യുക്തിമാനും അവനാണ്. അത്‌കൊണ്ട് ആരാധ്യനായിരിക്കുവാന്‍ അവനു മാത്രമെ അര്‍ഹതയുള്ളൂ എന്നു താല്‍പര്യം. ഈ വചനം ഓതുമ്പോള്‍ ‘റബ്ബേ ഞാനും അതിന് സാക്ഷിയാണ് وأنا على ذلك من الشاهدين يارب എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരുന്നതായി ഹദീഥുകളില്‍ വന്നിട്ടുണ്ട്. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് അറിവുള്ളവരും സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്ന് പറഞ്ഞതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. അല്ലാഹുവിന്‍റെ അസ്തിത്വത്തിനും, ഏകത്വത്തിനും സാക്ഷ്യം വഹിക്കാത്ത ആളുകള്‍ -അവര്‍ മറ്റു ചില വിഷയങ്ങളില്‍ അതീവ യോഗ്യരായിരുന്നാലും- അല്ലാഹുവിന്‍റെ അടുക്കല്‍ കേവലം അജ്ഞരും വിഡ്ഢികളുമായിരിക്കുമെന്നത്രെ അത്.

3:19
  • إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَـٰمُ ۗ وَمَا ٱخْتَلَفَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۗ وَمَن يَكْفُرْ بِـَٔايَـٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ ﴾١٩﴿
  • നിശ്ചയമായും, മതം അല്ലാഹുവിന്‍റെ അടുക്കല്‍ 'ഇസ്‌ലാമാ'കുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ -തങ്ങള്‍ക്കിടയിലുള്ള ധിക്കാരം (അഥവാ) അസൂയനിമിത്തം- തങ്ങള്‍ക്ക് അറിവ്‌ വന്നെത്തിയ ശേഷമല്ലാതെ, ഭിന്നിക്കുകയുണ്ടായിട്ടില്ല. അല്ലാഹുവിന്‍റെ 'ആയത്ത്' (ദൃഷ്ടാന്തം)കളില്‍ ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം ആരെങ്കിലും എന്നാല്‍, (അറിഞ്ഞുകൊള്ളട്ടെ) നിശ്ചയമായും, അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു.
  • إِنَّ الدِّينَ നിശ്ചയമായും മതം عِندَ اللَّهِ അല്ലാഹുവിന്‍റെ അടുക്കല്‍ الْإِسْلَامُ ഇസ്‌ലാമാകുന്നു وَمَا اخْتَلَفَ ഭിന്നിച്ചിട്ടില്ല الَّذِينَ أُوتُوا الْكِتَابَ വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ إِلَّا مِن بَعْدِ ശേഷമായിട്ടല്ലാതെ مَا جَاءَهُمُ അവര്‍ക്കുവന്നതിന്‍റെ الْعِلْمُ അറിവ് بَغْيًا ധിക്കാരമായിട്ട്, അതിക്രമമായി (അസൂയയാല്‍) بَيْنَهُمْ അവര്‍ക്കിടയിലുള്ള وَمَن يَكْفُرْ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം بِآيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്തു (ലക്ഷ്യം, ദൃഷ്ടാന്തം)കളില്‍ فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു سَرِيعُ വേഗമുള്ളവനാകുന്നു الْحِسَابِ വിചാരണ, കണക്കുനോക്കല്‍
3:20
  • فَإِنْ حَآجُّوكَ فَقُلْ أَسْلَمْتُ وَجْهِىَ لِلَّهِ وَمَنِ ٱتَّبَعَنِ ۗ وَقُل لِّلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْأُمِّيِّـۧنَ ءَأَسْلَمْتُمْ ۚ فَإِنْ أَسْلَمُوا۟ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَـٰغُ ۗ وَٱللَّهُ بَصِيرٌۢ بِٱلْعِبَادِ ﴾٢٠﴿
  • എനി, അവര്‍ നിന്നോട് (തര്‍ക്കിച്ച്) ന്യായവാദം നടത്തുകയാണെങ്കില്‍, നീ പറയുക: എന്‍റെ മുഖം ഞാന്‍ അല്ലാഹുവിന് കീഴൊതുക്കിയിരിക്കുന്നു- എന്നെ പിന്‍പറ്റിയവരും (കീഴൊതുക്കിയിരിക്കുന്നു). വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്ത (അഥവാ വേദഗ്രന്ഥം ലഭിച്ചിട്ടില്ലാത്ത) വരോടും 'നിങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നുവോ എന്ന് ചോദിക്കുകയും ചെയ്യുക. എന്നിട്ട് അവര്‍ കീഴൊതുങ്ങിയെങ്കില്‍ അവര്‍ നേര്‍മാര്‍ഗം പ്രാപിച്ചു കഴിഞ്ഞു; അവര്‍ തിരിഞ്ഞു കളഞ്ഞുവെങ്കിലോ നിന്‍റെ മേല്‍ പ്രബോധനം മാത്രമാണ് (ബാധ്യത) ഉള്ളത്. അല്ലാഹു അടിയാന്‍മാരെക്കുറിച്ച് കണ്ടറിയുന്നവനുമാകുന്നു.
  • فَإِنْ حَاجُّوكَ അവര്‍ നിന്നോട് ന്യായവാദം (തര്‍ക്കം) ചെയ്താല്‍ فَقُلْ നീ പറയുക أَسْلَمْتُ ഞാന്‍ കീഴൊതുക്കിയിരിക്കുന്നു وَجْهِيَ എന്‍റെ മുഖം لِلَّهِ അല്ലാഹുവിന് وَمَنِ اتَّبَعَنِ എന്നെ പിന്‍പറ്റിയവരും وَقُل لِّلَّذِينَ നീ പറയുക (ചോദിക്കുക)യും ചെയ്യുക أُوتُوا നല്‍കപ്പെട്ടവരോട് الْكِتَابَ (വേദ) ഗ്രന്ഥം وَالْأُمِّيِّينَ അക്ഷരജ്ഞാനമില്ലാത്ത (വേദഗ്രന്ഥം ലഭിക്കാത്ത)വരോടും أَأَسْلَمْتُمْ നിങ്ങള്‍ കീഴൊതുങ്ങിയോ فَإِنْ أَسْلَمُوا എന്നിട്ടവര്‍ കീഴൊതുങ്ങിയാല്‍ فَقَدِ اهْتَدَوا എന്നാലവര്‍ നേര്‍മാര്‍ഗം പ്രാപിച്ചു وَّإِن تَوَلَّوْا അവര്‍ തിരിഞ്ഞുപോയെങ്കിലോ فَإِنَّمَا عَلَيْكَ എന്നാല്‍ നിന്‍റെ മേല്‍ (ബാദ്ധ്യത) الْبَلَاغُ പ്രബോധനം, എത്തിക്കല്‍ (മാത്രം) ആകുന്നു وَاللَّهُ അല്ലാഹു بَصِيرٌ കണ്ടറിയുന്നവനാണ് بِالْعِبَادِ അടിയാന്മാരെപ്പറ്റി

സൂറത്തുല്‍ ഫാതിഹഃയില്‍ വെച്ച് വിവരിച്ചതുപോലെ, ദീന്‍ (الدِّينَ) എന്ന വാക്കിന് നടപടിക്രമം, ആചാരം, നിയമനടപടി, അനുസരണം, പതിവ്, മതം എന്നിങ്ങനെ സന്ദര്‍ഭോചിതം പല അര്‍ത്ഥവും വരാം. മതം എന്ന അര്‍ത്ഥത്തിലാണ് അത് അധികവും ഉപയോഗിക്കപ്പെടാറുള്ളത്. ഇവിടെയും അതാണ് ഉദ്ദേശ്യം. മതം ഒരു ജീവിത വ്യവസ്ഥ -അഥവാ ജീവിതത്തില്‍ ദൈവ പ്രീതിക്കുവേണ്ടി സ്വീകരിക്കപ്പെടേണ്ടുന്ന നിയമ വ്യവസ്ഥ-യാകുന്നു. പക്ഷേ -ചിലര്‍ ധരിക്കാറുള്ളതുപോലെ- ‘ദീന്‍’ എന്ന വാക്കിന്‍റെ അര്‍ത്ഥമല്ല അത്. കച്ചവടം ഒരു തൊഴിലായതുകൊണ്ട് ‘കച്ചവടം’ എന്ന വാക്കിന്‍റെ അര്‍ത്ഥം തൊഴില്‍ എന്നു വരികയില്ലല്ലോ.

മനുഷ്യാരംഭം തൊട്ട് മനുഷ്യാവസാനം വരെയുള്ള എല്ലാവര്‍ക്കും അല്ലാഹു നിയമിച്ചതും ഒന്നാമത്തെ പ്രവാചകനും ഒന്നാമത്തെ വേദഗ്രന്ഥവും തുടങ്ങി അന്ത്യ പ്രവാചകനും അവസാന വേദഗ്രന്ഥമായ വിശുദ്ധക്വുര്‍ആനും വരെ പ്രബോധനം ചെയ്തുകൊണ്ടിരുന്നതും അല്ലാഹു മനുഷ്യവര്‍ഗത്തിന് തൃപ്തിപ്പെട്ടു കൊടുത്തതുമായ ഏക മതമാണ് ഇസ്‌ലാം. അതിലേക്കു മാത്രമാണ് എക്കാലത്തും അവന്‍ മനുഷ്യരെ ക്ഷണിച്ചിട്ടുള്ളതും ക്ഷണിച്ചുകൊണ്ടിരിക്കുന്നതും. 85-ാം വചനത്തില്‍ വരുന്നതുപോലെ അതല്ലാത്ത മറ്റൊരു മതവും അവങ്കല്‍ സ്വീകാര്യവുമല്ല. എന്നാല്‍ ലഭിക്കുകയും പ്രവാചകന്മാരുടെ അനുയായികളെന്ന പാരമ്പര്യം അവകാശപ്പെടുകയും ചെയ്യുന്ന ചില സമുദായങ്ങള്‍ ഈ സത്യത്തില്‍ നിന്ന് ഭിന്നിച്ചുപോയിട്ടുണ്ട്. അതിനു കാരണം അവര്‍ക്ക് വേണ്ടത്ര അറിവ് ലഭിക്കായ്കയല്ല. അറിവു കിട്ടിയിട്ട് പിന്നെയും അവര്‍ക്കിടയില്‍ ഉണ്ടായിത്തീര്‍ന്ന അസൂയ, പക, വിദ്വേഷം, അതിമോഹം ആദിയായ ധിക്കാര സ്വഭാവങ്ങള്‍ മാത്രമാകുന്നു. വാസ്തവം ഇതാണെങ്കിലും ഈ സത്യത്തിനു വിരുദ്ധമായി ഇസ്‌ലാമിന്‍റെ പരമാടിസ്ഥാനമായ തൗഹീദില്‍പോലും തര്‍ക്കവും ന്യായവാദവും നടത്തുകയാണ് അവര്‍ ചെയ്യുന്നത്. അവരോട് വാദപ്രതിവാദം നടത്തിയിട്ടു കാര്യമില്ല. അത്‌കൊണ്ട് അവരോട് തര്‍ക്കത്തിനു നില്‍ക്കേണ്ടതില്ലെന്നും ഞാനും എന്നെ പിന്‍പറ്റുന്ന സത്യവിശ്വാസികളും അല്ലാഹുവിന്‍റെ ഏകത്വത്തില്‍ വിശ്വസിച്ചു അവനെ മാത്രം ആരാധിച്ചു അവന് കീഴൊതുങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞു ഒഴിവായാല്‍ മതിയെന്നു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുന്നു.

വേദക്കാരായാലും വേദഗ്രന്ഥക്കാരുമായി പരിചയപ്പെട്ടിട്ടില്ലാത്ത നിരക്ഷര കുക്ഷികളായ അറബികളായാലും ശരി, എല്ലാവര്‍ക്കും ഇസ്‌ലാമിന്‍റെ പ്രബോധനം എത്തിക്കുകയും അതിലേക്ക് ക്ഷണിക്കുകയും മാത്രമെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്യേണ്ടതുള്ളൂ. അവരെയെല്ലാം മുസ്‌ലിമാക്കിത്തീര്‍ക്കുക നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ബാധ്യതയല്ല. പ്രബോധനവും ക്ഷണവും ലഭിച്ചിട്ട് പിന്നെയും കീഴൊതുങ്ങാത്തവരുടെ വിചാരണയും തീരുമാനവും അല്ലാഹു നടത്തിക്കൊള്ളും. അതിന് യാതൊരു പ്രയാസവും അവനില്ല. ഓരോരുത്തരുടെയും സ്ഥിതി അവന്‍ കണ്ടും അറിഞ്ഞും കൊണ്ടിരിക്കുന്നു. എന്ന് നബിയെ ഉണര്‍ത്തുകയും ചെയ്യുന്നു. അബൂഹുറയ്‌റഃ (رضي الله عنه) യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘എന്‍റെ ആത്മാവ് യാതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെ സത്യം, ഈ മനുഷ്യ സമുദായത്തില്‍പ്പെട്ട ഏതൊരാളും തന്നെ – അതു യഹൂദിയാകട്ടെ, ക്രിസ്ത്യാനിയാകട്ടെ – എന്നെക്കുറിച്ച് കേള്‍ക്കുകയും ഞാന്‍ യാതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം അവന്‍ നരകക്കാരില്‍ പെട്ടവനാകാതിരിക്കുകയില്ല,’ (മു).

വിഭാഗം - 3

3:21
  • إِنَّ ٱلَّذِينَ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّـۧنَ بِغَيْرِ حَقٍّ وَيَقْتُلُونَ ٱلَّذِينَ يَأْمُرُونَ بِٱلْقِسْطِ مِنَ ٱلنَّاسِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴾٢١﴿
  • നിശ്ചയമായും, യാതൊരുകൂട്ടര്‍: അല്ലാഹുവിന്‍റെ 'ആയത്ത്' [ലക്ഷ്യം] കളില്‍ അവിശ്വസിക്കുകയും, യാതൊരു ന്യായവും കൂടാതെ പ്രവാചകന്മാരെ കൊലപ്പെടുത്തുകയും, -മനുഷ്യരില്‍ നിന്നും നീതി മുറ പാലിക്കുവാന്‍ കല്‍പ്പിക്കുന്നവരെ കൊലപ്പെടുത്തുകയും ചെയ്യുന്നു(വോ)- അവര്‍ക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുക.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ يَكْفُرُونَ അവര്‍ അവിശ്വസിക്കുന്നു بِآيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്തുകളില്‍ وَيَقْتُلُونَ കൊല്ലുകയും النَّبِيِّينَ നബിമാരെ بِغَيْرِ حَقٍّ ഒരു ന്യായവും കൂടാതെ وَيَقْتُلُونَ കൊല്ലുകയും الَّذِينَ യാതൊരുവരെ يَأْمُرُونَ കല്‍പിക്കുന്ന, ഉപദേശിക്കുന്ന بِالْقِسْطِ നീതിമുറയെപ്പറ്റി مِنَ النَّاسِ മനുഷ്യരില്‍ നിന്ന് فَبَشِّرْهُم അവര്‍ക്കു നീ സന്തോഷവാര്‍ത്ത അറിയിക്കുക بِعَذَابٍ ശിക്ഷയെപ്പറ്റി أَلِيمٍ വേദനയേറിയ, വേദനപ്പെട്ട
3:22
  • أُو۟لَـٰٓئِكَ ٱلَّذِينَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ ﴾٢٢﴿
  • അക്കൂട്ടര്‍, ഇഹത്തിലും പരത്തിലും തങ്ങളുടെ കര്‍മങ്ങള്‍ വിഫലമായിപ്പോയവരത്രെ, സഹായികളായി അവര്‍ക്ക് (ഒരാളും തന്നെ) ഇല്ലതാനും
  • أُولَٰئِكَ الَّذِينَ അക്കൂട്ടര്‍ യാതൊരുവരാണ് حَبِطَتْ വിഫലമായിരിക്കുന്നു, പൊളിഞ്ഞുപോയി أَعْمَالُهُمْ അവരുടെ കര്‍മങ്ങള്‍ പ്രവൃത്തികള്‍ فِي الدُّنْيَا ഇഹത്തിലും وَالْآخِرَةِ പരത്തിലും وَمَا لَهُم അവര്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായി (ആരും)

വേദക്കാര്‍ അനുവര്‍ത്തിച്ചു വന്ന ചില ധിക്കാരങ്ങളെയും അഴിമതികളെയും കുറിച്ചാണ് പറയുന്നത്. വേദവാക്യങ്ങളും ദൃഷ്ടാന്തങ്ങളുമാകുന്ന അല്ലാഹുവിന്‍റെ ലക്ഷ്യങ്ങളെ നിഷേധിക്കുക, പ്രവാചകന്മാരെയും മതോപദേഷ്ടാക്കളെയും നിര്‍ദ്ദയം കൊലചെയ്യുക മുതലായവയില്‍ ഒരു നീ പാരമ്പര്യം തന്നെ അവര്‍ക്കുണ്ട്. സൂറത്തുല്‍ ബക്വറഃയില്‍ ഇത് സംബന്ധിച്ചു പല വിവരങ്ങളും നാം കാണുകയുണ്ടായി. ആ പഴയ പാരമ്പര്യത്തില്‍ നിന്ന് അവര്‍ സത്യവിശ്വാസത്തിലേക്ക് മടങ്ങാത്തപക്ഷം അവര്‍ക്ക് അതി കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മാത്രമല്ല, നല്ല കര്‍മങ്ങളായി വല്ലതും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ അവര്‍ക്കതുകൊണ്ടു യാതൊരു പ്രയോജനവും ലഭിക്കുവാനില്ല, അവര്‍ക്ക് യാതൊരു സഹായവും പ്രതീക്ഷിക്കുവാനുമില്ല എന്നൊക്കെ അല്ലാഹു അവരെ താക്കീത് ചെയ്യുന്നു. സത്യവിശ്വാസം സ്വീകരിക്കാത്തപക്ഷം ആ കര്‍മങ്ങള്‍മൂലം ഇഹത്തില്‍ വെച്ചു അവര്‍ വല്ല പ്രശംസക്കോ കീര്‍ത്തിക്കോ, ആനുകൂല്യങ്ങള്‍ക്കോ പാത്രമാകുകയില്ല. പരലോകത്ത് യാതൊരു പുണ്യഫലവും അവര്‍ക്കു ലഭിക്കുന്നതുമല്ല എന്നു സാരം.

ശിക്ഷയെക്കുറിച്ച് ‘താക്കീത് ചെയ്യുക’ എന്നു പറയേണ്ടുന്ന സ്ഥാനത്ത് ‘സന്തോഷവാര്‍ത്ത അറിയിക്കുക’ എന്നു പറഞ്ഞത് പരിഹാസ രൂപത്തിലുള്ള ഒരു അലങ്കാര പ്രയോഗമാകുന്നു. അവര്‍ക്ക് വല്ല സന്തോഷ വാര്‍ത്തയും അറിയിക്കുവാനുണ്ടെങ്കില്‍ അത് ശിക്ഷയെക്കുറിച്ചു മാത്രമാണുള്ളത് എന്നു താല്‍പര്യം.

3:23
  • أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَـٰبِ يُدْعَوْنَ إِلَىٰ كِتَـٰبِ ٱللَّهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُمْ وَهُم مُّعْرِضُونَ ﴾٢٣﴿
  • വേദഗ്രന്ഥത്തില്‍ നിന്നും ഒരു ഓഹരി നല്‍കപ്പെട്ടിട്ടുള്ളവരെ നീ (നോക്കി) കണ്ടില്ലേ? അവര്‍ക്കിടയില്‍ വിധി കല്‍പിക്കുവാനായി അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് അവര്‍ വിളിക്കപ്പെടുന്നു: (എന്നിട്ടു) പിന്നെ, അവരില്‍ നിന്ന് ഒരു കക്ഷി (അതാ) വിമുഖരായും കൊണ്ട്തിരിഞ്ഞു കളയുന്നു!
  • أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരുവരിലേക്ക് أُوتُوا അവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു نَصِيبًا ഒരു ഓഹരി, പങ്ക് مِّنَ الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ നിന്ന് يُدْعَوْنَ അവര്‍ വിളിക്ക(ക്ഷണിക്ക)പ്പെടുന്നു إِلَىٰ كِتَابِ اللَّهِ അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് لِيَحْكُمَ അതുവിധി കല്‍പിക്കുവാന്‍ بَيْنَهُمْ അവര്‍ക്കിടയില്‍ ثُمَّ يَتَوَلَّىٰ എന്നിട്ടു (പിന്നെ) തിരിഞ്ഞു (പിന്മാറി) കളയുന്നു فَرِيقٌ مِّنْهُمْ അവരില്‍ നിന്ന് ഒരുകക്ഷി وَهُم അവര്‍ (ആയിക്കൊണ്ട്) مُّعْرِضُونَ വിമുഖര്‍, അവഗണിക്കുന്നവര്‍
3:24
  • ذَٰلِكَ بِأَنَّهُمْ قَالُوا۟ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًا مَّعْدُودَٰتٍ ۖ وَغَرَّهُمْ فِى دِينِهِم مَّا كَانُوا۟ يَفْتَرُونَ ﴾٢٤﴿
  • 'എണ്ണപ്പെട്ട (അല്‍പം) ചില ദിവസങ്ങളല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുകയേ ഇല്ല' എന്ന് അവര്‍ പറഞ്ഞു വന്നതു നിമിത്തമാകുന്നുഅത്. അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരുന്നത് അവരുടെ മത (കാര്യ)ത്തില്‍ അവരെ വഞ്ചി (തരാ)ക്കുകയും ചെയ്തിരിക്കുന്നു.
  • ذَٰلِكَ അത് بِأَنَّهُمْ قَالُوا അവര്‍ പറഞ്ഞതു കൊണ്ടാണ് لَن تَمَسَّنَا ഞങ്ങളെ സ്പര്‍ശിക്കുകയേ ഇല്ല النَّارُ നരകം إِلَّا أَيَّامًا ചില ദിവസങ്ങളല്ലാതെ مَّعْدُودَاتٍ എണ്ണപ്പെട്ട (നിശ്ചിത) وَغَرَّهُمْ അവരെ വഞ്ചിക്കുകയും ചെയ്തിരിക്കുന്നു فِي دِينِهِم അവരുടെ മതത്തില്‍ مَّا كَانُوا അവര്‍ ആയിരുന്നത് يَفْتَرُونَ കെട്ടിച്ചമച്ചുണ്ടാക്കുക
3:25
  • فَكَيْفَ إِذَا جَمَعْنَـٰهُمْ لِيَوْمٍ لَّا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴾٢٥﴿
  • എന്നാല്‍, യാതൊരു സന്ദേഹവുമില്ലാത്ത ഒരു ദിവസത്തേക്ക് അവരെ നാം ഒരുമിച്ചുകൂട്ടിയാല്‍ എങ്ങിനെയായിരിക്കും (അവരുടെസ്ഥിതി)?! അന്ന് ഓരോ വ്യക്തിക്കും അത് സമ്പാദിച്ചുവെച്ചത് നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും. അവരാകട്ടെ (അവരോട്) അനീതി ചെയ്യപ്പെടുന്നതുമല്ല.
  • فَكَيْفَ അപ്പോള്‍ (എന്നാല്‍) എങ്ങിനെയായിരിക്കും إِذَا جَمَعْنَاهُمْ അവരെ നാം ഒരുമിച്ചു കൂട്ടിയാല്‍ لِيَوْمٍ ഒരു ദിവസത്തിലേക്ക് لَّا رَيْبَ സന്ദേഹമില്ലാത്ത فِيهِ അതില്‍ وَوُفِّيَتْ നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും كُلُّ نَفْسٍ ഓരോ ആത്മാവിനും, ദേഹത്തിനും, വ്യക്തിക്കും مَّا كَسَبَتْ അത് സമ്പാദിച്ചുവെച്ചത് وَهُمْ അവര്‍, അവരാകട്ടെ لَا يُظْلَمُونَ അനീതി (അക്രമം) ചെയ്യപ്പെടുകയില്ല

തൗറാത്തിന്‍റെയും ഇന്‍ജീലിന്‍റെയും അനുയായികളെന്ന് അവകാശപ്പെടുന്ന വേദക്കാര്‍, അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന വിഷയത്തില്‍ അതേ ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ള വിധികളെ സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്. എന്നിട്ടും അതിന് അവരെ ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കാതെ പിന്മാറി കളയുന്നു. ഇത് ശിക്ഷാര്‍ഹവും തെറ്റുമാണെന്ന് അവര്‍ക്കറിയുകയും ചെയ്യാം. ഞങ്ങള്‍ എന്ത് തെറ്റുകുറ്റം ചെയ്താലും കവിഞ്ഞ പക്ഷം നിശ്ചിത ദിവസത്തേക്കുമാത്രമെ ഞങ്ങള്‍ നരക ശിക്ഷ അനുഭവിക്കേണ്ടിവരികയുള്ളൂവെന്നും മറ്റും നേരത്തെത്തന്നെ മതത്തിന്‍റെ പേരില്‍ അവര്‍ സ്വയം കെട്ടിച്ചമച്ചുവെച്ചിട്ടുണ്ട്. കാലാന്തരത്തില്‍ അതൊക്കെ മതതത്വങ്ങളായി അവര്‍ അംഗീകരിച്ചു വഞ്ചിതരാകുകയും ചെയ്തിരിക്കുന്നു; ഇതാണ് കാരണം. ഇത്തരം അന്ധവും അടിസ്ഥാനരഹിതവുമായ ധാരണകള്‍ വെച്ചുകൊണ്ടിരിക്കേണ്ടാ. എല്ലാവരെയും ഒരുമിച്ചുകൂട്ടി ഓരോരുത്തരുടെയും ചെയ്തികള്‍ക്ക് യാതൊരു അനീതിയും കൂടാതെ തക്കതായ നടപടി കൈകൊള്ളുന്ന ഒരു ദിവസം വരാനുണ്ട്, അന്ന് അവര്‍ ഖേദിക്കേണ്ടി വരും. ആ ഖേദം കൊണ്ട് ഒരു പ്രയോജനവും സിദ്ധിക്കുകയുമില്ല. അത് കൊണ്ട് ഇപ്പോള്‍ തന്നെ രക്ഷാമാര്‍ഗം തേടുകയാണ് അവര്‍ക്കു നല്ലത് എന്നൊക്കെ അല്ലാഹു അവരെ താക്കീത് ചെയ്യുന്നു. (അല്‍പ ദിവസമല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയില്ലെന്ന് അവര്‍ പറഞ്ഞതിന്‍റെ താല്‍പര്യം അല്‍ബക്വറഃ 80ലും വ്യാഖ്യാനത്തിലും വിവരിച്ചു കഴിഞ്ഞിട്ടുണ്ട്).

3:26
  • قُلِ ٱللَّهُمَّ مَـٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُ ۖ بِيَدِكَ ٱلْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٢٦﴿
  • (നബിയേ) പറയുക: അല്ലാഹുവേ, രാജാധിപത്യത്തിന്‍റെ ഉടമസ്ഥനേ! നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ രാജാധിപത്യം കൊടുക്കുന്നു; നീ ഉദ്ദേശിക്കുന്നവരില്‍ നിന്നു നീ രാജാധിപത്യം നീക്കിക്കളയുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപത്തിലാക്കുകയും, നീ ഉദ്ദേശിക്കുന്നവരെ നീ നിന്ദ്യതയിലാക്കുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.
  • قُلِ നീ പറയുക اللَّهُمَّ അല്ലാഹുവേ مَالِكَ الْمُلْكِ രാജത്വ (രാജാധിപത്യ)ത്തിന്‍റെ ഉടമസ്ഥനേ تُؤْتِي നീ നല്‍കുന്നു الْمُلْكَ രാജത്വത്തെ مَن تَشَاءُ നീ ഉദ്ദേശിക്കുന്നവര്‍ക്ക് وَتَنزِعُ നീ നീക്കം ചെയ്യുകയും ചെയ്യുന്നു الْمُلْكَ രാജത്വത്തെ مِمَّن تَشَاءُ നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് وَتُعِزُّ നീ പ്രതാപത്തിലാക്കുക (പ്രതാപം നല്‍കുക)യും ചെയ്യുന്നു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ وَتُذِلُّ നീ നിന്ദിക്കുക (നിസ്സാരപ്പെടുത്തുക)യും ചെയ്യുന്നു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ بِيَدِكَ നിന്‍റെ കയ്യിലാണ് الْخَيْرُ ഗുണം إِنَّكَ നിശ്ചയമായും നീ عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിനും قَدِيرٌ കഴിവുള്ളവനാകുന്നു
3:27
  • تُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۖ وَتُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَتُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ ۖ وَتَرْزُقُ مَن تَشَآءُ بِغَيْرِ حِسَابٍ ﴾٢٧﴿
  • നീ രാത്രിയെ പകലില്‍കടത്തുകയും, പകലിനെ രാത്രിയില്‍കടത്തുകയും ചെയ്യുന്നു. നീ ജീവിയെ നിര്‍ജ്ജീവിയില്‍ നിന്ന് പുറത്തു വരുത്തുകയും, നിര്‍ജ്ജീവിയെ ജീവിയില്‍ നിന്ന് പുറത്തുവരുത്തുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ നല്‍കുകയും ചെയ്യുന്നു.
  • تُولِجُ നീ കടത്തുന്നു اللَّيْلَ രാത്രിയെ فِي النَّهَارِ പകലില്‍ وَتُولِجُ നീ കടത്തുകയും ചെയ്യുന്നു النَّهَارَ പകലിനെ فِي اللَّيْلِ രാവില്‍ وَتُخْرِجُ നീ പുറപ്പെടുവിക്കുകയും ചെയ്യുന്നു الْحَيَّ ജീവിയെ مِنَ الْمَيِّتِ നിര്‍ജ്ജീവമായതില്‍ നിന്ന് وَتُخْرِجُ الْمَيِّتَ നിര്‍ജ്ജീവ മായതിനെ നീപുറപ്പെടുവിക്കുന്നു مِنَ الْحَيِّ ജീവനുള്ളതില്‍ നിന്നു وَتَرْزُقُ നീ നല്‍കുകയും ചെയ്യുന്നു, ഉപജീവനം നല്‍കുന്നു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവര്‍ക്ക് بِغَيْرِ حِسَابٍ കണക്കു കൂടാതെ

പ്രവാചകത്വം, പ്രതാപം, രാജത്വം ആദിയായവ തങ്ങളുടെ കുത്തകാവകാശമായി ഗണിക്കുകയും ആഭിജാത്യത്തില്‍ ദുരഭിമാനം കൊള്ളുകയും ചെയ്യുന്നവരാണ് വേദക്കാര്‍. സത്യ നിഷേധത്തിനും ധിക്കാരത്തിനും അവരെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന കാരണവും അതാകുന്നു. അത്തരം വാദങ്ങള്‍ക്കുള്ള ഖണ്ഡനമാണ് ഈ വചനങ്ങള്‍. സത്യവിശ്വാസികള്‍ ദാരിദ്ര്യവും ബുദ്ധിമുട്ടും അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍, അവരുടെ ശത്രുപക്ഷങ്ങള്‍ സുഖാഡംബരങ്ങളിലും പ്രതാപത്തിലും കഴിഞ്ഞുകൂടുന്നു. സത്യവിശ്വാസികളാണ് അല്ലാഹുവിന് ഇഷ്ടപ്പെട്ടവരെങ്കില്‍ അവര്‍ക്കല്ലേ ജീവിത സുഖസൗകര്യങ്ങളും കഴിവും കൂടുതല്‍ ലഭിക്കേണ്ടത്? അവിശ്വാസികളില്‍ നിന്നുണ്ടാകാറുള്ള ചോദ്യത്തിനു മറുപടിയും ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നു.

അല്ലാഹുവിനെ അഭിമുഖീകരിച്ചു കൊണ്ടു ചെയ്യുന്ന പ്രാര്‍ത്ഥനാരൂപത്തിലാണ് ബാഹ്യത്തില്‍ ഈ വചനങ്ങളെങ്കിലും മേല്‍ ചൂണ്ടിക്കാട്ടിയ സംഗതികള്‍ അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നതില്‍ സംശയമില്ല. അതെ,മഹത്തായ ഒരു പ്രാര്‍ത്ഥനയും, തത്വപരമായ കുറെ യാഥാര്‍ത്ഥ്യങ്ങളും ഈ വചനങ്ങള്‍ മുഖേന അല്ലാഹു സത്യവിശ്വാസികളെ പഠിപ്പിക്കുന്നു. ഈ വചനങ്ങള്‍ മുഖേന പ്രാര്‍ത്ഥന ചെയ്താല്‍ ഉത്തരം കിട്ടാതിരിക്കുകയില്ലെന്നു കാണിക്കുന്ന ചില ഹദീഥുകള്‍ ത്വബ്‌റാനി (റ)യും മറ്റും ഉദ്ധരിച്ചിട്ടുളളതും പ്രസ്താവ്യമാണ്.

ഒരു വ്യാഖ്യാനത്തിന്‍റെ സഹായം കൂടാതെതന്നെ ഈ വചനങ്ങളിലെ ആശയം വ്യക്തമാണ്. അവയുടെ രത്‌നച്ചുരുക്കം ഇങ്ങിനെ മനസ്സിലാക്കാം. അല്ലാഹുവേ, എല്ലാ വിധത്തിലുള്ള സ്ഥാനപദവികളും നന്മകളും കനിഞ്ഞേകുന്നതും, അവ എടുത്തുകളയുന്നതും, രാപകലുകളെ നിയന്ത്രിക്കുന്നതും, ജീവികളും നിര്‍ജ്ജീവ വസ്തുക്കളുമാകുന്ന എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നതും നീയാകുന്നു. എല്ലാം നിന്‍റെ മാത്രം ഉടമയിലും നിയന്ത്രണാധികാരത്തിലും ഉള്‍പ്പെട്ടതാകുന്നു. നിന്‍റെ ഉദ്ദേശ്യവും പരിപാടിയും അനുസരിച്ചല്ലാതെ ഒന്നും സംഭവിക്കുകയില്ല. നിന്നെ കൂടാതെ മറ്റാര്‍ക്കും അതിലൊന്നും പങ്കോ അവകാശമോ ഇല്ല. അത് കൊണ്ട് നിന്‍റെ ഔദാര്യവും കൃപാകടാക്ഷവും ഞങ്ങളില്‍ വര്‍ഷിപ്പിക്കേണമേ!

രാത്രിയെ പകലിലും പകലിനെ രാത്രിയിലും കടത്തുക എന്നു പറഞ്ഞതിന്‍റെ സാരം രാത്രി കുറയുമ്പോള്‍ ആ കുറവ് പകലില്‍ വര്‍ദ്ധിപ്പിക്കുകയും, പകല്‍ കുറയുമ്പോള്‍ ആ കുറവ് രാത്രിയില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയെന്നതാകുന്നു. അസ്തമയത്തെതുടര്‍ന്നു പകല്‍ രാത്രിയിലും, പ്രഭാതത്തെതുടര്‍ന്ന് രാത്രി പകലിലും ലയിച്ചു പോകുന്നതിനെ ഉദ്ദേശിച്ചും ആകാവുന്നതാണ്. (ഇതിനെപ്പറ്റി സൂറഃ ഹജ്ജ് 61, ലുക്വ്മാന്‍ 29 മുതലായ സ്ഥലങ്ങളില്‍ വിവരിച്ചത് നോക്കുക) ജീവികളില്‍ നിന്ന് നിര്‍ജ്ജീവ വസ്തുക്കളെയും നിര്‍ജ്ജീവ വസ്തുക്കളില്‍ നിന്ന് ജീവ വസ്തുക്കളെയും ഉണ്ടാക്കുന്നതിനെപ്പറ്റി പ്രത്യേകമൊന്നും പറയേണ്ടതില്ല. ഇന്ദ്രിയത്തില്‍ നിന്ന് മനുഷ്യനും, മനുഷ്യനില്‍ നിന്ന് ഇന്ദ്രിയവും, വിത്തില്‍ നിന്ന് ചെടിയും, ചെടിയില്‍ നിന്ന് വിത്തും, പക്ഷിയില്‍ നിന്ന് മുട്ടയും, മുട്ടയില്‍ നിന്ന് പക്ഷിയും, വളത്തില്‍ നിന്ന് പുഴുവും, പുഴുവില്‍ നിന്ന് വളവും അങ്ങനെ കണക്കറ്റ ഉദാഹരണങ്ങള്‍ നിത്യവും നാം കണ്ടുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം ബാഹ്യമായ ചില കാരണങ്ങള്‍ മനുഷ്യര്‍ക്ക് എണ്ണിപ്പറയാന്‍ സാധിച്ചേക്കുമെങ്കിലും വാസ്തവത്തില്‍ ആ കാരണങ്ങള്‍ക്ക് കാരണവും അവയെ വ്യവസ്ഥചെയ്തു നിയന്ത്രിക്കുന്നതും അല്ലാഹുവാണല്ലോ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുമെന്നും, അവന്‍ ഉദ്ദേശിക്കുന്നവരില്‍നിന്നു അവന്‍ നീക്കിക്കളയുമെന്നും പറഞ്ഞതിന് തന്നെ ഭൂതവര്‍ത്തമാനകാല ചരിത്രം പരിശോധിച്ചാല്‍ – വ്യക്തി വ്യത്യാസമോ, സമൂഹ വ്യത്യാസമോ കൂടാതെ – ധാരാളക്കണക്കില്‍ ഉദാഹരണങ്ങള്‍ കാണാവുന്നതാണ് . നൂറുകണക്കിലും ആയിരക്കണക്കിലും കൊല്ലക്കാലം അതീവ പ്രതാപവും പ്രശസ്തിയും പാരമ്പര്യവുമായി നിലനിന്നു പോന്ന സമൂഹങ്ങള്‍ പെട്ടന്ന് നിന്ദ്യന്മാരില്‍ നിന്ദ്യന്‍മാരും ലോകം മുഴുവന്‍ കീര്‍ത്തിമുദ്രനേടിയ വമ്പന്മാര്‍ പെട്ടന്നു ലോകദൃഷ്ട്യാ അധമന്മാരില്‍ അധമന്‍മാരുമായി മാറുന്നതും, ഇതിനു വിപരീതം സംഭവിക്കുന്നതും എക്കാലത്തും അനുഭവത്തില്‍ കാണാറുള്ള കാഴ്ചകളാണല്ലോ. അതെ, എല്ലാം അല്ലാഹുവിന്‍റെ സൃഷ്ടി. എല്ലാം അവന്‍റെ കല്‍പ്പന. أَلَا لَهُ الْخَلْقُ وَالْأَمْرُ

3:28
  • لَّا يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَـٰفِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ ٱللَّهِ فِى شَىْءٍ إِلَّآ أَن تَتَّقُوا۟ مِنْهُمْ تُقَىٰةً ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَإِلَى ٱللَّهِ ٱلْمَصِيرُ ﴾٢٨﴿
  • സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ അവിശ്വാസികളെ മിത്രങ്ങളാക്കി വെക്കരുത്. ആരെങ്കിലും അത് ചെയ്യുന്ന പക്ഷം, അവന്‍ അല്ലാഹുവിനെ സംബന്ധിച്ച് ഒന്നിലും (തന്നെ) അല്ല; [അവന് അല്ലാഹുവുമായി യാതൊരു പൊരുത്തപ്പാടും ബന്ധവുമില്ല] അവരെക്കുറിച്ച് നിങ്ങള്‍ ഒരു (തരം) സൂക്ഷ്മത പാലിക്കല്‍ എന്നുള്ളതല്ലാതെ. [അതിന്‌ വിരോധമില്ല] അല്ലാഹു അവനെക്കുറിച്ച് തന്നെ (ജാഗരൂകരായിരിക്കണമെന്ന്) നിങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെ തിരിച്ചു വരവ്.
  • لَّا يَتَّخِذِ ആക്കിവെക്കരുത് الْمُؤْمِنُونَ സത്യവിശ്വാസികള്‍ الْكَافِرِينَ അവിശ്വാസികളെ أَوْلِيَاءَ മിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍ مِن دُونِ കൂടാതെ (അല്ലാതെ) الْمُؤْمِنِينَ സത്യവിശ്വാസികളെ وَمَن يَفْعَلْ ആരെങ്കിലും (വല്ലവരും) ചെയ്താല്‍ ذَٰلِكَ അത് (അങ്ങിനെ) فَلَيْسَ എന്നാല്‍ അവനല്ല مِنَ اللَّهِ അല്ലാഹുവിനെ സംബന്ധിച്ച്, അല്ലാഹുവിനോട് فِي شَيْءٍ ഒരു കാര്യത്തിലും (ഒന്നിലും) إِلَّا أَن تَتَّقُوا നിങ്ങള്‍ സൂക്ഷ്മത പാലിക്കല്‍ അല്ലാതെ مِنْهُمْ അവരെക്കുറിച്ച് تُقَاةً ഒരു സൂക്ഷ്മത (കാവല്‍) وَيُحَذِّرُكُمُ നിങ്ങളെതാക്കീത് ചെയ്യുന്നു, ജാഗരൂകരാക്കുന്നു اللَّهُ അല്ലാഹു نَفْسَهُ തന്നെക്കുറിച്ച് തന്നെ وَإِلَى اللَّهِ അല്ലാഹുവിങ്കലേക്കാണ് الْمَصِيرُ തിരിച്ചെത്തല്‍, പര്യവസാനം

അവിശ്വാസികളായ വ്യക്തികളോടോ സംഘങ്ങളോടോ സ്‌നേഹബന്ധം സ്ഥാപിച്ചുകൊണ്ട് സത്യവിശ്വാസികള്‍ അവരെ മിത്രങ്ങളും കൈകാര്യക്കാരുമായി സ്വീകരിക്കുന്നതിനെ അല്ലാഹു കര്‍ശനമായി വിരോധിക്കുന്നു. അങ്ങനെ ചെയ്യുന്നവര്‍ക്ക് അല്ലാഹുവുമായി യാതൊരു ബന്ധവുമില്ല -അഥവാ അല്ലാഹുവില്‍ നിന്ന് അവന് കരുണയും സ്‌നേഹവും പ്രതീക്ഷിക്കുവാനില്ല- എന്ന് കനത്ത താക്കീതും നല്‍കുന്നു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് വല്ല ആപത്തോ അസഹനീയമായ അക്രമമോ മര്‍ദ്ദനങ്ങളോ ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്ന പക്ഷം, അതില്‍ നിന്ന് രക്ഷപ്രാപിക്കാനുള്ള ഒരു കരുതലെന്ന നിലക്ക് പ്രത്യക്ഷത്തില്‍ അവരുമായി മൈത്രിയും സ്‌നേഹബന്ധവും സ്ഥാപിക്കുന്നതിന് വിരോധമില്ലെന്നും അറിയിക്കുന്നു. പക്ഷേ, ആ ബന്ധം പരിധിയില്‍ കവിയുകയോ, ആവശ്യത്തിലധികമായി തീരുകയോ ചെയ്യുന്നത് സൂക്ഷിക്കണമെന്നും അല്ലാത്ത പക്ഷം അല്ലാഹുനടപടി എടുക്കുമെന്നും കൂടി ഓര്‍മിപ്പിക്കുകയും ചെയ്തിരിക്കുന്നു. ശത്രുപക്ഷക്കാരുമായുള്ള അണഞ്ഞ ബന്ധം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദ്രോഹകരമായിത്തീരുമെന്നുള്ളതാണ് ഈ വിഷയത്തില്‍ ഇത്രയും കര്‍ശനമായ താക്കീതിന് കാരണം. മാത്രമല്ല, സ്വന്തം മതത്തിന്‍റെയും സമുദായത്തിന്‍റെയും നന്മക്കു വേണ്ടത്ര വില കല്‍പിക്കുന്നില്ലെന്നും ശത്രുക്കളുടെ നിലപാടുമായി പൊരുത്തപ്പെടുന്നുവെന്നുമാണല്ലോ അവരെ മിത്രങ്ങളായി കരുതുന്നതിന്‍റെ അര്‍ത്ഥം.

അല്ലാഹുപറയുന്നു: ‘ഹേ വിശ്വസിച്ചവരേ, നിങ്ങള്‍ യഹൂദികളെയും ക്രിസ്ത്യാനികളെയും മിത്രങ്ങളാക്കി വെക്കരുത്. അവരില്‍ ചിലര്‍ ചിലരുടെ (അവര്‍ തമ്മതമ്മില്‍) മിത്രങ്ങളത്രെ. നിങ്ങളില്‍നിന്ന് ആരെങ്കിലും അവരെ മിത്രങ്ങളാക്കുന്ന പക്ഷം അവന്‍ അവരില്‍പ്പെട്ടവനായിരിക്കും, (മാഇദഃ :51) ‘അവിശ്വസിച്ചവരില്‍ ചിലര്‍ ചിലരുടെ മിത്രങ്ങളാകുന്നു’ (നിങ്ങള്‍ക്ക് അവര്‍ മിത്രങ്ങളല്ല) അങ്ങിനെ നിങ്ങള്‍ ചെയ്യാത്ത പക്ഷം ഭൂമിയില്‍ കുഴപ്പവും വലിയ നാശവും ഉണ്ടാകുന്നതാണ്’. (അന്‍ഫാല്‍:73) ‘ഹേ വിശ്വസിച്ചവരേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവുമായവരോട് സ്‌നേഹം കാട്ടിക്കൊണ്ട്  അവരെ നിങ്ങള്‍ മിത്രങ്ങളാക്കരുത്……’ (മുംതഹനഃ :1) ഈ വചനത്തിന്‍റെ പൂര്‍ണഭാഗവും വ്യാഖ്യാനവും സുറ: മുംതഹനഃയില്‍ നോക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും: അബുദ്ദര്‍ദാഉ് (رضي الله عنه) പ്രസ്താവിച്ചതായി ഇമാംബുഖാരി (رحمه الله) ഉദ്ധരിക്കുന്നു; ചില ജനങ്ങളുടെ മുഖത്ത് ഞങ്ങള്‍ (ചിരിച്ച്) പല്ലുകാട്ടും. ഞങ്ങളുടെ ഹൃദയങ്ങള്‍ ശപിക്കുന്നുമുണ്ടായിരിക്കും. അതായത് ഞങ്ങളുടെ ശത്രുക്കളില്‍ ചിലരെ കാണുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍ അവരോട് വെറുപ്പും അറപ്പുമായിരിക്കുമെന്ന് സാരം. ഈ വചനത്തില്‍ تقية (സൂക്ഷ്മത കാണിക്കുക) എന്നു പറഞ്ഞതിന്‍റെ വ്യാഖ്യാനമായി ഇബ്‌നു അബ്ബാസി (رضي الله عنه)ല്‍ നിന്ന് ഇമാം ഥൗരി (رحمه الله) മുതലായവര്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: പ്രവൃത്തികൊണ്ടല്ല സൂക്ഷ്മത. നാവ് കൊണ്ട് മാത്രമാണ് സുക്ഷ്മത’ അതായത്, സംസാരത്തിലും പെരുമാറ്റത്തിലും സ്‌നേഹം പ്രകടിപ്പിക്കുകയല്ലാതെ, ഹൃദയം ഇണങ്ങികൊണ്ടുള്ള സ്‌നേഹമോ സ്‌നേഹബന്ധത്തിന്‍റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളോ ഉണ്ടായിക്കൂടാ എന്ന് സാരം. ഗത്യന്തരമില്ലാത്ത ഘട്ടത്തില്‍ ഹൃദയത്തില്‍ സത്യവിശ്വാസം ഉറപ്പിച്ചുകൊണ്ട് കുഫ്‌റിന്‍റെ വല്ല വാക്കുകളും പറയേണ്ടി വന്നാല്‍ അതിന് വിരോധമില്ലെന്ന് (സൂറഃ: നഹ്ല്‍ 106ല്‍) അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാണ്.

മുസ്‌ലിംകളുമായി ശത്രുത വെച്ചുപുലര്‍ത്തി പോരുകയും, തക്കം കിട്ടിയാല്‍ ഉപദ്രവിക്കുവാനും അക്രമിക്കുവാനും വട്ടംകൂട്ടി ക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവിശ്വാസികളെക്കുറിച്ചാണ് മേല്‍ പ്രസ്താവിച്ചതെല്ലാം എന്ന് പ്രത്യേകം ഓര്‍മിച്ചിരിക്കേണ്ടതാകുന്നു. മനസ്സില്‍ ശത്രുത ഒളിച്ചുവെക്കുകയോ പുറമെ പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയോ ചെയ്യാതെ അന്യോന്യം നല്ലനിലയില്‍ വര്‍ത്തിച്ചു പോരുന്ന അവിശ്വാസികളോട് മുസ്‌ലിംകള്‍ അങ്ങോട്ടും സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും തന്നെ വര്‍ത്തിക്കേണ്ടതാകുന്നു. സൂറതുല്‍ മുംതഹനഃ 8, 9 വചനങ്ങളില്‍ അല്ലാഹു ഇക്കാര്യം വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. അമുസ്‌ലിംകളുമായി ഇടപെടുന്നതു സംബന്ധിച്ച് കൂടുതല്‍ വിവരം ആ വചനങ്ങളിലും അവയുടെ വ്യഖ്യാനത്തിലും കാണാവുന്നതാണ്. അവിടെ നോക്കുക.

3:29
  • قُلْ إِن تُخْفُوا۟ مَا فِى صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ ٱللَّهُ ۗ وَيَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٢٩﴿
  • നീ പറയുക! നിങ്ങളുടെ നെഞ്ചു [ഹൃദയം] കളിലുള്ളത് നിങ്ങള്‍മറച്ചു വെച്ചാലും, അല്ലെങ്കില്‍ അത് വെളിവാക്കിയാലും അല്ലാഹു അത് അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
  • قُلْ നീ പറയുക إِن تُخْفُوا നിങ്ങള്‍ മറച്ചുവെച്ചാല്‍ مَا فِي صُدُورِكُمْ നിങ്ങളുടെ നെഞ്ചുകളിലുള്ളത് أَوْ تُبْدُوهُ അല്ലെങ്കില്‍ നിങ്ങളതു വെളിപ്പെടുത്തിയാലും يَعْلَمْهُ അതറിയുന്നതാണ് اللَّهُ അല്ലാഹു وَيَعْلَمُ അവന്‍ അറിയുകയും ചെയ്യും مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَاللَّهُ അല്ലാഹുവാകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്നും قَدِيرٌ കഴിവുള്ളവനാകുന്നു
3:30
  • يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوٓءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدًۢا بَعِيدًا ۗ وَيُحَذِّرُكُمُ ٱللَّهُ نَفْسَهُۥ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ ﴾٣٠﴿
  • എല്ലാ (ഓരോ) ആത്മാവും (തന്നെ), അതു നന്മയായിട്ട് എന്ത്പ്രവര്‍ത്തിച്ചുവോ അതിനെ ഹാജരാക്ക (തയ്യാറാക്ക)പ്പെട്ടതായി അത് കണ്ടെത്തുന്ന ദിവസം! അത് [ഓരോ ആത്മാവും] തിന്മയായിട്ട് എന്ത് പ്രവര്‍ത്തിച്ചുവോ, തന്‍റെയും അതിന്‍റെയും [ആ ആത്മാവിന്‍റെയും ആ തിന്മയുടെയും] ഇടയില്‍ വിദൂരമായ അകലം ഉണ്ടായിരുന്നെങ്കില്‍ (നന്നായേനേ)! എന്ന് അത് കൊതിക്കുകയും ചെയ്യും. അല്ലാഹു അവനെക്കുറിച്ചു തന്നെ (ജാഗരൂകരായിരിക്കണമെന്ന്)നിങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹു അടിയാന്മാരോട് വളരെ ദയയുള്ളവനുമാകുന്നു.
  • يَوْمَ ദിവസം تَجِدُ കണ്ടെത്തുന്ന كُلُّ نَفْسٍ എല്ലാ ആളും, ആത്മാവും, ദേഹവും, വ്യക്തിയും مَّا عَمِلَتْ അത് പ്രവര്‍ത്തിച്ചത് مِنْ خَيْرٍ നന്മയായി مُّحْضَرًا ഹാജരാക്ക (തയ്യാറാക്ക)പ്പെട്ടതായി وَمَا عَمِلَتْ അത് എന്ത് പ്രവര്‍ത്തിച്ചുവോ അത് مِن سُوءٍ തിന്മയായിട്ട് تَوَدُّ അത് കൊതിക്കും لَوْ أَنَّ ഉണ്ടായി (ആയിരുന്നെങ്കില്‍) بَيْنَهَا അതിന്‍റെ(തന്‍റെ) ഇടയില്‍ وَبَيْنَهُ അതിന്‍റെ (തിന്മയുടെ- ആ ദിവസത്തിന്‍റെ)യും ഇടയില്‍ أَمَدًا അകലം بَعِيدًا വിദൂരമായ وَيُحَذِّرُكُمُ നിങ്ങളെ താക്കീതു ചെയ്യുന്നു, ജാഗരൂകരാക്കുന്നു اللَّهُ അല്ലാഹു نَفْسَهُ തന്നെക്കുറിച്ച് തന്നെ وَاللَّهُ അല്ലാഹു رَءُوفٌ വളരെ കനിവുള്ളവനാണ് بِالْعِبَادِ അടിയാന്മാരെപ്പറ്റി, അടിയാന്മാരോട്

വ്യാകരണപരമായി നോക്കുമ്പോള്‍ يَوْمَ تَجِدُ മുതല്‍ مِن سُوءٍ വരെയുള്ളതെല്ലാം ചേര്‍ന്നു ഒരു വാക്യമായും تَوَدُّ മുതല്‍ രണ്ടാമത്തെ വാക്യം ആരംഭിക്കുന്നതായും വരാവുന്നതാണ്. അപ്പോള്‍ ഒന്നാമത്തെ വാക്യത്തിന് ഇങ്ങിനെ അര്‍ത്ഥം പറയാം: ‘എല്ലാ ഓരോ ആത്മാവും -അഥവാ വ്യക്തിയും- നന്മയായിട്ട് എന്ത് പ്രവര്‍ത്തിച്ചുവോ അതും തിന്മയായിട്ട് എന്ത് പ്രവര്‍ത്തിച്ചുവോ അതും ഹാജരാക്കപ്പെട്ടതായി അതു കണ്ടെത്തുന്ന ദിവസം! ഇതു ക്വിയാമത്തു നാളിനെ ഉദ്ദേശിച്ചാണെന്ന് പറയേണ്ടതില്ല. ഇഹത്തില്‍ വെച്ചു ചെയ്ത എല്ലാ നന്‍മതിന്മകളും മുമ്പില്‍ കാണുന്ന ദിവസമാണല്ലോ അത്. രണ്ടാമത്തെ വാക്യത്തിന്‍റെ അര്‍ത്ഥം ഇങ്ങിനെയും പറയാം: ‘അതിനും അതിനുമിടയില്‍ അഥവാ ആത്മാവിനും ആ ദിവസത്തിനുമിടയില്‍ – വിദൂരമായ അകലം ഉണ്ടായിരുന്നെങ്കില്‍ (നന്നായേനേ) എന്ന് കൊതിക്കും’ രണ്ടായാലും തിന്മ പ്രവര്‍ത്തിച്ചവര്‍ ക്വിയാമത്ത് നാളില്‍ അതുമൂലം തീരാ ദുഃഖത്തിലായിത്തീരുമെന്ന് സാരം.