വിഭാഗം - 4

3:31
  • قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٣١﴿
  • നീ പറയുക: നിങ്ങള്‍അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍; (എന്നാല്‍) അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും, നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
  • قُلْ നീ പറയുക إِن كُنتُمْ നിങ്ങളാകുന്നുവെങ്കില്‍ تُحِبُّونَ اللَّهَ അല്ലാഹുവിനെ സ്‌നേഹിക്കുന്നു (വെങ്കില്‍) فَاتَّبِعُونِي എന്നാല്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍ يُحْبِبْكُمُ اللَّهُ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും وَيَغْفِرْ അവന്‍ പൊറുത്തു തരുകയും ചെയ്യും لَكُمْ നിങ്ങള്‍ക്ക് ذُنُوبَكُمْ നിങ്ങളുടെ പാപങ്ങളെ وَاللَّهُ غَفُورٌ അല്ലാഹു വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയുമാണ്
3:32
  • قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَـٰفِرِينَ ﴾٣٢﴿
  • നീ പറയുക: 'നിങ്ങള്‍അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവിന്‍' എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, നിശ്ചയമായും അല്ലാഹു (ആ) അവിശ്വാസികളെ സ്‌നേഹിക്കുന്നതല്ല.
  • قُلْ നീ പറയുക أَطِيعُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَالرَّسُولَ റസൂലിനെയും فَإِن تَوَلَّوْا എന്നിട്ടവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يُحِبُّ അവന്‍ സ്‌നേഹിക്ക (ഇഷ്ടപ്പെടുക)യില്ല الْكَافِرِينَ അവിശ്വാസികളെ

ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും ഇഷ്ടക്കാരുമാണ് نحن ابناء الله و أحباؤه എന്നു വാദിക്കുന്ന ജൂതരും ക്രിസ്ത്യാനികളുമാകുന്ന വേദക്കാര്‍ അല്ലാഹുവിന്‍റെ സാമീപ്യം സമ്പാദിക്കുവാന്‍ വേണ്ടിയാണെന്ന ഭാവേന- പ്രത്യക്ഷമായോ പരോക്ഷമായോ അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍, ഞങ്ങളാണ് യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ അനുസരിക്കുന്നവരെന്ന് വാദിച്ചുകൊണ്ട്, നബിചര്യകളും, നബിവചനങ്ങളും അവഗണിച്ചു പുറംതള്ളുന്ന ‘അഹ്‌ലുല്‍ ക്വുര്‍ആനികള്‍’ എന്നു പറയപ്പെടുന്നവര്‍, എന്നിങ്ങനെയുള്ളവര്‍ക്കെല്ലാം തക്കതായ ഖണ്ഡനം ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നു. റസൂലിനെ അനുസരിക്കുകയും റസൂലിന്‍റെ മാര്‍ഗം പിന്‍പറ്റുകയും ചെയ്യാത്തവര്‍ അല്ലാഹു ഇഷ്ടപ്പെടാത്ത അവിശ്വാസികളാകുന്നുവെന്നത്രെ അവസാനത്തെ വചനം കാണിക്കുന്നത്. റസൂലിനെ അനുസരിക്കുകയെന്ന കാര്യം ചില ലഘു ബുദ്ധികള്‍ വിചാരിക്കുന്ന പോലെ – കേവലം ഒരു നിസ്സാര വിഷയമൊന്നുമല്ല. മുന്‍കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാരും എല്ലാ റസൂലുകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പിന്‍പറ്റി നടക്കുവാന്‍ ബാധ്യസ്ഥരാകുമായിരുന്നു. അത്രയും ഗൗരവപ്പെട്ടതാണ് ആ വിഷയം. ഇതിനെപ്പറ്റി താഴെ 81-ാം വചനത്തില്‍ കൂടുതല്‍ വിവരം കാണാവുന്നതാണ്. (إِن شَاءَ اللَّهُ)

സൂറത്തുല്‍ ഫാതിഹഃയില്‍വെച്ചു മുമ്പ് വിവരിച്ചതു പോലെ, സ്‌നേഹത്തില്‍ നിന്നാണ് ഭയഭക്തിയുടെയും അനുസരണത്തിന്‍റെയും ബഹുമാനത്തിന്‍റെയും ഉല്‍ഭവം. അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെന്നു വാദിക്കുന്ന ഏവരും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി കാണിച്ചുതന്ന മാര്‍ഗം സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാകുന്നു. അത്‌കൊണ്ടാണ് ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറഞ്ഞത്: ‘ഏതൊരു പ്രകാരത്തിലാണോ നമ്മുടെ കാര്യം, അപ്രകാരമല്ലാത്ത ഒരു പ്രവര്‍ത്തി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതു തള്ളപ്പെട്ടതായിരിക്കും’ (ബു). അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെന്ന വാദം സാക്ഷാല്‍കരിക്കുന്നത് റസൂല്‍ തിരുമേനിയുടെ ചര്യ സ്വീകരിക്കുന്നത് വഴിയാണ്. അങ്ങനെ ചെയ്യുന്നവരെയാണ് അല്ലാഹുവും സ്‌നേഹിക്കുക. മാത്രമല്ല, അവരുടെ പാപങ്ങള്‍ അവന്‍ പൊറുത്തുകൊടുക്കുകകൂടി ചെയ്യും. അല്ലാഹുവിനെ അനുസരിക്കലും റസൂലിനെ അനുസരിക്കലും ഭിന്നമല്ല. രണ്ടും ഒന്നു തന്നെയാകുന്നു. എന്നൊക്കെയാണ് അല്ലാഹു പറഞ്ഞതിന്‍റെ സാരം. വേറൊരിടത്ത് അല്ലാഹു പറയുന്നു: مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ (റസൂലിനെ ആര്‍ അനുസരിക്കുന്നുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. (നിസാഉ് : 80)

3:33
  • إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا وَءَالَ إِبْرَٰهِيمَ وَءَالَ عِمْرَٰنَ عَلَى ٱلْعَـٰلَمِينَ ﴾٣٣﴿
  • നിശ്ചയമായും അല്ലാഹു, ആദമിനെയും, നൂഹിനെയും, ഇബ്‌റാഹീം കുടുംബത്തെയും, ഇംറാന്‍ കുടുംബത്തെയും ലോകരില്‍ (ഉല്‍കൃഷ്ടരാക്കി) തിരഞ്ഞെടുത്തിരിക്കുന്നു;
  • إِنَّ اللَّهَ നിശ്ചയമായും അല്ലാഹു اصْطَفَىٰ തിരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു آدَمَ وَنُوحًا ആദമിനെയും നൂഹിനെയും وَآلَ إِبْرَاهِيمَ ഇബ്‌റാഹീം കുടുംബത്തെയും وَآلَ عِمْرَانَ ഇംറാന്‍ കുടുംബത്തെയും عَلَى الْعَالَمِينَ ലോകരില്‍
3:34
  • ذُرِّيَّةًۢ بَعْضُهَا مِنۢ بَعْضٍ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٣٤﴿
  • (അതെ) ചിലര്‍ (മറ്റു) ചിലരില്‍നിന്നുള്ള സന്തതികളായി കൊണ്ട്. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനാണ്, അറിയുന്നവനാണ്.
  • ذُرِّيَّةً സന്തതികളായി കൊണ്ട് بَعْضُهَا അവയില്‍ ചിലര്‍ مِن بَعْضٍ ചിലരില്‍ നിന്നാകുന്നു وَاللَّهُ سَمِيعٌ അല്ലാഹു കേള്‍ക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്

സൂറത്തിന്‍റെ ആരംഭത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ആദ്യം മുതല്‍ എണ്‍പതില്‍ പരം വചനങ്ങള്‍ മുഴുവനും നജ്‌റാനില്‍ നിന്നു വന്ന ക്രിസ്തീയ നിവേദക സംഘത്തെതുടര്‍ന്ന് അവതരിച്ചതായിരുന്നാലും അല്ലെങ്കിലും ശരി, ഈ വചനങ്ങളിലും തുടര്‍ന്നുളള ഏതാനും വചനങ്ങളിലും പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അടങ്ങിയിരിക്കുന്നത്. മനുഷ്യപിതാവും, ഒന്നാമത്തെ പ്രവാചകനുമാണല്ലോ ആദം നബി (عليه السلام). അദ്ദേഹത്തിന് ശേഷം അറിയപ്പെട്ട ഒന്നാമത്തെ റസൂലാണ് നൂഹ് നബി(അ). അനന്തരം നിയുക്തരായ റസൂലുകളുടെ ചരിത്രത്തില്‍ പല നിലക്കും മഹത്തായ സ്ഥാനപദവികള്‍ ലഭിച്ച പ്രവാചകവര്യനാണ് ഇബ്‌റാഹീം നബി (عليه السلام). അദ്ദേഹത്തിന്‍റെ സന്താന പരമ്പരകളത്രെ ഇസ്‌റാഈല്യരും അറബികളും. ഇസ്‌റാഈല്യരില്‍പെട്ട ഒരു പ്രധാന ശാഖയാണ് ഇംറാന്‍ കുടുംബം (ആലു ഇംറാന്‍) ഇവര്‍ക്കെല്ലാം അതതു കാലത്തുള്ള ഇതര ജനങ്ങളെക്കാള്‍ അല്ലാഹു ശ്രേഷ്ഠത നല്‍കിയിരിക്കുന്നുവെന്നു സാരം.

ഇംറാന്‍ (عمران) എന്നു പറഞ്ഞത് മൂസാ, ഹാറൂന്‍ (അ) എന്നീ നബിമാരുടെ പിതാവായ ഇംറാനാണെന്നും ഇംറാന്‍ കുടുംബം എന്ന വാക്കില്‍ അവര്‍ രണ്ടുപേരും ഉള്‍പ്പെടുമെന്നുമാണ് ചിലരുടെ അഭിപ്രായം. ഈസാ നബി (عليه السلام)യുടെ മാതാവായ മര്‍യം ബീവിയുടെ പിതാവായ ഇംറാനും അദ്ദേഹത്തിന്‍റെ കുടുംബവുമാണ് ഉദ്ദേശ്യമെന്നത്രെ മറ്റൊരു അഭിപ്രായം. തുടര്‍ന്നുള്ള വചനങ്ങളിലെ പ്രധാന പ്രതിപാദ്യവിഷയം ഈസാ (عليه السلام) നെക്കുറിച്ചാണെന്ന വസ്തുതയും ‘ഇംറാന്‍റെ സ്ത്രീ പറഞ്ഞപ്പോള്‍’ എന്നുള്ള അടുത്ത വചനത്തിന്‍റെ തുടക്കവും നോക്കുമ്പോള്‍, ഈ രണ്ടാമത്തെ ആഭിപ്രായത്തിനാണ് മുന്‍ഗണന കാണുന്നത്. ഇംറാന്‍റെ സ്ത്രീ എന്നതിനും ഇംറാന്‍റെ കുടുംബത്തില്‍ പെട്ട ഒരു സ്ത്രീ എന്നാണ് ഒന്നാമത്തെ അഭിപ്രായക്കാര്‍ അര്‍ത്ഥമാക്കുന്നത്. ഇതത്ര നന്നായി തോന്നുന്നില്ല. ഏതായാലും തുടര്‍ന്നുള്ള വചനങ്ങളില്‍ ഈസാ, സക്കരിയ്യ, യഹ്‌യാ (അ) എന്നീ നബിമാരെ കുറിച്ചുള്ള പ്രസ്താവനകള്‍ക്കു ഒരു മുഖവുരയെന്നോണമാണ് ഈ വചനങ്ങള്‍ നിലകൊള്ളുന്നത്. ആദം (عليه السلام) തൊട്ട് ഇംറാന്‍ കുടുംബംവരെയും അതിനു ശേഷവുമുള്ള എല്ലാ ചരിത്രങ്ങളും സവിശദം അല്ലാഹുവിനറിയാമെന്നുള്ള ഒരു സൂചന, അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ് (والله السميع عليم) എന്ന അവസാനത്തെ വാക്യത്തില്‍ ഉള്ളതായി കാണാവുന്നതാണ്. (والله اعلم)

3:35
  • إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ ﴾٣٥﴿
  • ഇംറാന്‍റെ സ്ത്രീ [ഭാര്യ] പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്‍റെ റബ്ബേ എന്‍റെ വയറ്റിലുള്ളതിനെ [ഗര്‍ഭസ്ഥശിശുവെ] സ്വതന്ത്രമാക്കപ്പെട്ടനിലയില്‍ ഞാന്‍ നിനക്ക് (നേര്‍ച്ച) നേര്‍ന്നിരിക്കുന്നു; ആകയാല്‍, നീ എന്നില്‍ നിന്ന് (അത്) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും
  • إِذْ قَالَتِ പറഞ്ഞ സന്ദര്‍ഭം امْرَأَتُ عِمْرَانَ ഇംറാന്‍റെ സ്ത്രീ رَبِّ എന്‍റെ റബ്ബേ إِنِّي نَذَرْتُ നിശ്ചയമായും ഞാന്‍ നേര്‍ന്നിരിക്കുന്നു لَكَ നിനക്ക് مَا فِي بَطْنِي എന്‍റെ വയറ്റിലുള്ളതിനെ مُحَرَّرًا സ്വതന്ത്രമാക്കപ്പെട്ട നിലയില്‍ فَتَقَبَّلْ അതിനാല്‍ നീ സ്വീകരിക്കേണമേ مِنِّي എന്നില്‍ നിന്ന് إِنَّكَ أَنتَ നിശ്ചയമായും, നീ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍

മര്‍യം ബീവി (അ)യുടെ മാതാവാണ് ഇംറാന്‍റെ ഭാര്യ. അവരുടെ പേര്‍ ഹന്ന (حنة)nഎന്നാണറിയപ്പെടുന്നത്. അവര്‍ക്ക് മക്കള്‍ ജനിച്ചിരുന്നില്ല; ഒരു കുട്ടിക്ക് വേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചു. ഗര്‍ഭവതിയായപ്പോള്‍ ഗര്‍ഭസ്ഥശിശു ജനിച്ചാല്‍ അതിനെ ബൈത്തുല്‍ മുക്വദ്ദസിലെ പരിചരണത്തിനും, അവിടെ ആരാധനാകര്‍മങ്ങള്‍ നടത്തുന്നതിനും വേണ്ടി വഴിപാടാക്കുവാന്‍ നേര്‍ച്ചനേര്‍ന്നു; ഗര്‍ഭവതിയായിരുന്നപ്പോള്‍ തന്നെ കുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു. എന്നൊക്കെ പലതും പ്രസ്താവിച്ചു കാണുന്നു. ബൈത്തുല്‍ മുക്വദ്ദസിലെ ശുശ്രുഷക്കു വേണ്ടി ആണ്‍കുട്ടികളെ വഴിപാടാക്കുക അക്കാലത്ത് പതിവുണ്ടായിരുന്നു. അതനുസരിച്ചു ആ മഹതിയും അങ്ങിനെ ചെയ്തു. താന്‍ പ്രസവിക്കുന്ന കുഞ്ഞ് ആണായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കാം. ആണായിത്തീരണമെന്ന ആഗ്രഹവും അവര്‍ക്കുണ്ടായിരിക്കാം, അതുകൊണ്ടായിരിക്കണം പ്രസവിക്കും മുമ്പു തന്നെ അങ്ങിനെ നേര്‍ച്ചയാക്കിയതെന്നാണ് അടുത്ത വചനത്തില്‍ നിന്ന് മനസ്സിലാകുന്നത്. സ്വതന്ത്രമാക്കപ്പെട്ടവനാക്കുക (محررا) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, പള്ളിയുടെ പരിചരണത്തിലും ആരാധനയിലുമല്ലാതെ മറ്റൊന്നിലും ശ്രദ്ധപതിക്കാത്തവനാക്കുക എന്നത്രെ.

3:36
  • فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ ۖ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَـٰنِ ٱلرَّجِيمِ ﴾٣٦﴿
  • എന്നിട്ട് അവള്‍ അതിനെ [ആ പെണ്‍കുട്ടിയെ] പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ റബ്ബേ, ഞാന്‍ അതിനെ പെണ്ണായി പ്രസവിച്ചു(വല്ലോ)!' - അവള്‍ പ്രസവിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ് താനും- 'ആണ് പെണ്ണിനെപ്പോലെ അല്ല(ല്ലോ). ഞാന്‍ അവള്‍ക്ക് 'മര്‍യം' എന്നു പേരു വെച്ചിരിക്കുന്നു; അവള്‍ക്കും, അവളുടെ സന്തതികള്‍ക്കും ആട്ടപ്പെട്ട [ശപിക്കപ്പെട്ട] പിശാചില്‍നിന്ന് ഞാന്‍ നിന്നോട് ശരണം തേടുകയും ചെയ്യുന്നു.'
  • فَلَمَّا وَضَعَتْهَا എന്നിട്ടതിനെ (അവളെ) അവള്‍ പ്രസവിച്ചപ്പോള്‍ قَالَتْ رَبِّ അവള്‍ പറഞ്ഞു എന്‍റെ റബ്ബേ إِنِّي وَضَعْتُهَا നിശ്ചയമായും ഞാന്‍ അതിനെ (അവളെ) പ്രസവിച്ചു أُنثَىٰ പെണ്ണായിട്ട് وَاللَّهُ أَعْلَمُ അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനുമാണ് بِمَا وَضَعَتْ അവള്‍ പ്രസവിച്ചതിനെപ്പറ്റി وَلَيْسَ الذَّكَرُ ആണല്ലതാനും, ആണല്ലല്ലോ كَالْأُنثَىٰ പെണ്ണിനെപ്പോലെ وَإِنِّي നിശ്ചയമായും ഞാന്‍ سَمَّيْتُهَا അവള്‍ക്ക് പേരു വെച്ചിരിക്കുന്നു مَرْيَمَ മര്‍യം എന്ന് وَإِنِّي أُعِيذُهَا ഞാന്‍ അവള്‍ക്കു ശരണം തേടുക (ശരണമാക്കുക)യും ചെയ്യുന്നു بِكَ നിന്നോട്, നിന്നെക്കൊണ്ട് وَذُرِّيَّتَهَا അവളുടെ സന്തതികള്‍ക്കും مِنَ الشَّيْطَانِ പശാചില്‍ നിന്ന് الرَّجِيمِ ആട്ടപ്പെട്ട (ശപിക്കപ്പെട്ട)

ഇംറാന്‍റെ ഭാര്യ പ്രസവിച്ചു നോക്കുമ്പോള്‍, കുട്ടി പ്രതീക്ഷക്കു വിരുദ്ധമായി പെണ്ണായിട്ടാണ് ജനിച്ചത്. ‘ഞാന്‍ പ്രസവിച്ചത് ഒരു പെണ്‍കുട്ടിയായല്ലോ! ഉദ്ദേശിച്ച കാര്യത്തില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു പോലെയല്ലല്ലോ!’ എന്ന് അവര്‍ സങ്കടപ്പെട്ടു. ഗര്‍ഭത്തിലുള്ള കുട്ടിയെ നേര്‍ച്ചനേര്‍ന്ന സ്ഥിതിക്ക് ആണായാലും പെണ്ണായാലും ആ നേര്‍ച്ച നിര്‍വ്വഹിക്കണമല്ലോ. അതവര്‍ നിര്‍വ്വഹിക്കുകയും ചെയ്തു. കുട്ടിക്കു മര്‍യം എന്നു പേരുവെക്കുകയും, മര്‍യമിനും അവരില്‍നിന്നുണ്ടായേക്കാവുന്ന സന്തതികള്‍ക്കും പിശാചിന്‍റെ ഉപദ്രവങ്ങളൊന്നും ബാധിക്കാതിരിക്കാന്‍ അവര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. وَاللَّهُ أَعْلَمُ بِمَا وَضَعَتْ (അവള്‍ പ്രസവിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാകുന്നു) എന്ന വാക്യം ഇടക്കുവെച്ചു അല്ലാഹു പറഞ്ഞതാകുന്നു. പ്രസവിച്ച കുട്ടി ആണോ, പെണോ എന്നും, ഉദ്ദേശിച്ച വിഷയത്തില്‍ കുട്ടിപെണ്ണായതുകൊണ്ടുള്ള വിഷമം എന്തൊക്കെയാണെന്നും അതോടുകൂടി ആപെണ്‍കുട്ടിക്ക് ഭാവിയില്‍ പല ദൃഷ്ടാന്തങ്ങളും സംഭവിക്കാനിരിക്കുന്നുവെന്നുമൊക്കെ അല്ലാഹുവിന് നല്ലതുപോലെ അറിയാം. അതറിഞ്ഞുകൊണ്ടുതന്നെയാണ് അതിനെ പെണ്‍കുട്ടിയാക്കി ജനിപ്പിച്ചതും, എന്നിങ്ങനെയുള്ള സൂചനകള്‍ ആ വാക്യത്തില്‍ അടങ്ങിയിരിക്കുന്നു.

3:37
  • فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنۢبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا ٱلْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَـٰمَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ ٱللَّهِ ۖ إِنَّ ٱللَّهَ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ ﴾٣٧﴿
  • അങ്ങനെ, അവളുടെ റബ്ബ് അവളെ [മര്‍യമിനെ] നല്ലതായ ഒരു സ്വീകരണം സ്വീകരിച്ചു; അവളെ അവന്‍ഒരു നല്ല ഉല്‍പാദനമായി ഉല്‍പാദിപ്പി(ച്ചുവളര്‍ത്തിക്കൊണ്ടിരി)ക്കുകയും ചെയ്തു. അവളെ (സംരക്ഷിക്കുവാന്‍) സക്കരിയ്യാക്കു അവന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയതു. സക്കരിയ്യാ മിഹ്‌റാബില്‍ [പ്രാര്‍ത്ഥനാമണ്ഡപത്തില്‍] അവളുടെ അടുക്കല്‍ പ്രവേശിക്കുമ്പോഴൊക്കെയും അദ്ദേഹം അവളുടെ അടുക്കല്‍ (ചില) ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം പറഞ്ഞു: 'മര്‍യമേ, എവിടെ നിന്നാണ് നിനക്കിതു (കിട്ടിയത്)?' അവള്‍ പറഞ്ഞു; 'അതു അല്ലാഹുവിന്‍റെ പക്കല്‍നിന്നാണ് (ലഭിക്കുന്നത്) നിശ്ചയമായും, അല്ലാഹു അവന്‍ഉദ്ദേശിക്കുന്നവര്‍ക്കു കണക്കില്ലാതെ നല്‍കുന്നതാണ്.
  • فَتَقَبَّلَهَا അങ്ങനെ (എന്നിട്ടു) അവളെ സ്വീകരിച്ചു رَبُّهَا അവളുടെ റബ്ബ് بِقَبُولٍ ഒരു സ്വീകരണം, സ്വീകരണം കൊണ്ട് حَسَنٍ നല്ലതായ وَأَنبَتَهَا അവളെ ഉൽപാദിപ്പിക്കുക (വളര്‍ത്തുക)യും ചെയ്തു نَبَاتًا حَسَنًا നല്ല ഒരു ഉല്‍പാദനമായി, നല്ല വളര്‍ത്തല്‍ وَكَفَّلَهَا അവളെ ഏറ്റെടുപ്പിക്കുക (ഏല്‍പിച്ചുകൊടുക്കുക)യും ചെയ്തു زَكَرِيَّا സക്കരിയ്യാക്ക് كُلَّمَا دَخَلَ പ്രവേശിക്കുമ്പോഴൊക്കെയും عَلَيْهَا അവളുടെ അടുക്കല്‍ زَكَرِيَّا സക്കരിയ്യ الْمِحْرَابَ പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ وَجَدَ അദ്ദേഹം കണ്ടെത്തി عِندَهَا അവളുടെ അടുക്കല്‍ رِزْقًا ആഹാരം قَالَ يَا مَرْيَمُ അദ്ദേഹം പറഞ്ഞു മര്‍യമേ أَنَّىٰ لَكِ എവിടെ നിന്നാണ് (എങ്ങിനെയാണ്) നിനക്ക് هَٰذَا ഇതു قَالَتْ അവള്‍ പറഞ്ഞു هُوَ مِنْ عِندِ اللَّهِ അതു അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു يَرْزُقُ അവന്‍ (ആഹാരം) നല്‍കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു بِغَيْرِ حِسَابٍ ഒരു കണക്കും കൂടാതെ

ആ മഹതിയുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. പിശാചിന്‍റെ ഉപദ്രവത്തില്‍ നിന്ന് മര്‍യം (അ)നെ അവന്‍ കാത്തു സംരക്ഷിക്കുകയും ചെയ്തു. സല്‍സ്വഭാവം, വിശ്വാസദാര്‍ഢ്യം വിജ്ഞാനം, ഭയഭക്തി, അച്ചടക്കം, ചാരിത്ര്യശുദ്ധി ആദിയായ ഗുണങ്ങളോടുകൂടി അല്ലാഹു അവരെ വളര്‍ത്തിക്കൊണ്ടുവന്നു. ഇതിനൊക്കെ സഹായകമാകുമാറ് മര്‍യം (അ)ന്‍റെ സംരക്ഷണ ഉത്തരവാദിത്വം സക്കരിയ്യ (അ)നെ ഏല്‍പ്പിക്കുകയും ചെയ്തു. അഥവാ 44-ാം വചനത്തില്‍ കാണാവുന്നത് പോലെ- മര്‍യമിനെ ഏറ്റടുക്കേണ്ടത് ആരാണെന്ന് തീരുമാനിക്കാന്‍ വേണ്ടി പുരോഹിതന്മാ ര്‍ക്കിടയില്‍ നടന്ന നറുക്കെടുപ്പില്‍ സക്കരിയ്യ നബി(അ)ക്കാണ് നറുക്കുവന്നത്. അദ്ദേഹം ബൈത്തുല്‍ മുക്വദ്ദസിലെ പുരോഹിതന്മാരുടെ തലവനും മര്‍യമിന്‍റെ മാതൃസഹോദരിയുടെ ഭര്‍ത്താവും കൂടിയായിരുന്നു. അങ്ങിനെ അദ്ദേഹത്തിന്‍റെ സംരക്ഷണത്തിലും, പ്രത്യേക പരിഗണനയിലും പുരോഹിതന്മാരുടെ പൊതുവെയുള്ള ലാളനയിലുമായി മര്‍യം വളര്‍ന്നു വന്നു. പള്ളിയിലെ മിഹ്‌റാബില്‍ -പ്രാര്‍ത്ഥനാ മണ്ഡപത്തില്‍- തന്നെയാണ് മര്‍യമിനു സ്ഥലം ഏര്‍പ്പാട് ചെയ്തിരുന്നത്. (*)


(*) പള്ളികളില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമിന് നില്‍ക്കുവാന്‍ വേണ്ടി പ്രത്യേകം ഉണ്ടാക്കപ്പെടുന്ന പ്രത്യേക സ്ഥാനത്തിനാണ് നാം ഇപ്പോള്‍ ‘മിഹ്‌റാബ്’ എന്നു പറഞ്ഞുവരുന്നത്. ഇവിടെ അതല്ല ഉദ്ദേശ്യം. ക്രിസ്തീയ പള്ളികളിലും മറ്റും അവിടത്തെ പുരോഹിതന്മാര്‍ക്കും, പരിചാരകന്മാര്‍ക്കും പ്രാര്‍ത്ഥനാ കര്‍മങ്ങള്‍ നടത്തുവാന്‍ വേണ്ടി പ്രത്യേകം സജ്ജമാക്കപ്പെടുന്നതും, മറ്റു സ്ഥലങ്ങളെക്കാള്‍ അല്‍പം ഉയര്‍ന്നു നില്‍ക്കുന്നതുമായ പ്രാര്‍ത്ഥനാമണ്ഡപമാണ് അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്.


മര്‍യമിനു വേണ്ടുന്ന ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുക, അവരുടെ സ്ഥിതിഗതികള്‍ അന്വേഷിക്കുക, അവര്‍ക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക മുതലായ കാര്യങ്ങള്‍ക്കായി സക്കരിയ്യ (അ) പ്രാര്‍ത്ഥനാമണ്ഡപത്തില്‍ അവരുടെ അടുക്കല്‍ ചെല്ലുക പതിവായിരിക്കുമല്ലോ. ചെല്ലുമ്പോഴൊക്കെയും അവിടെ സാധാരണഗതിയില്‍ ഉണ്ടായിരിക്കാന്‍ അവകാശമില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ അദ്ദേഹം കാണുമായിരുന്നു. അതില്‍ അദ്ദേഹത്തിന് ആശ്ചര്യം തോന്നി മര്‍യമേ, നിനക്കെവിടെ നിന്നാണ് ഇത് കിട്ടുന്നത്? يا مريم اني لك هذا എന്നു അദ്ദേഹം ചോദിച്ചു. ഇത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നു കിട്ടുന്നതാണ്, هو من عند الله എന്നായിരുന്നു അവരുടെ മറുപടി. സക്കരിയ്യ (അ)യെ ആശ്ചര്യപ്പെടുത്തിയ ഈ സംഗതികള്‍ എന്തായിരുന്നു. അത് കിട്ടിയിരുന്ന മാര്‍ഗങ്ങള്‍ ഏതായിരുന്നു? ഇതിനെപ്പറ്റി ക്വുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടതായി കാണുന്നില്ല. പൗരാണിക മഹാന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന് രണ്ട് രിവായത്തുകളാണ് ഇവിടെ എടുത്തുകാണിക്കുവാനുള്ളത്.

(1) മുജാഹിദ്, ഇക്‌രിമ സെയ്ദുബ്‌നുജുബൈര്‍, ഖത്താദഃ, റബീഅ് (റ) മുതലായ പലരില്‍ നിന്നും ഇബ്‌നു ജരീര്‍ (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ ഉദ്ധരിച്ചതും, മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഉദ്ധരിക്കാറുള്ളതുമാകുന്നു. അതിന്‍റെ ചുരുക്കം ഇതാകുന്നു. ഉഷ്ണകാലത്തെ പഴവര്‍ഗങ്ങള്‍ ശൈത്യകാലത്തും, ശൈത്യകാലത്തെ പഴവര്‍ഗങ്ങള്‍ ഉഷ്ണകാലത്തും അദ്ദേഹം മര്‍യമിന്‍റെ അടുത്ത് കണ്ടിരുന്നു.

(2) ‘മറ്റു ചിലര്‍ പറയുന്നു’ എന്നു പറഞ്ഞുകൊണ്ട് ഇബ്‌നു ജരീര്‍ (റ) ഉദ്ധരിച്ചതാണ് രണ്ടാമത്തേത്, അതിങ്ങനെയാണ്: ‘സക്കരിയ്യ (അ) മര്‍യമിന്‍റെ അടുക്കല്‍ മിഹ്‌റാബില്‍ ചെല്ലുമ്പോള്‍, അവരുടെ ഭക്ഷണ ചെലവ് നടത്തിയിരുന്ന ആള്‍ അവര്‍ക്കു കൊടുത്തുവന്നിരുന്നതിനേക്കാള്‍ കൂടുതല്‍ ഭക്ഷണ സാധനം അദ്ദേഹം അവിടെ കണ്ടിരുന്നു. തുടര്‍ന്നു കൊണ്ടു ഇതിനാസ്പദമായി മുഹമ്മദ്ബ്‌നു ഇസ്ഹാക്വ് (റ) ല്‍ നിന്ന് അദ്ദേഹം ഒരു രിവായത്തും ഉദ്ധരിച്ചിട്ടുണ്ട്. അതിന്‍റെ ചുരുക്കം ഇതാകുന്നു. അക്കാലത്ത് വലിയ ഭക്ഷണ ക്ഷാമമുണ്ടായി. സക്കരിയ്യാ നബി(അ)ക്കോ മറ്റോ അവരുടെ ചെലവു നിര്‍വ്വഹിക്കുവാന്‍ കഴിയാതായി. അവസാനം നറുക്കിട്ടു. ജുറൈജ് എന്ന ആള്‍ക്ക് നറുക്ക് വീണു. അദ്ദേഹത്തിന്‍റെ വിഷമം കണ്ടപ്പോള്‍ മര്‍യം (അ) അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. അനന്തരം അദ്ദേഹത്തിന് അന്നന്നത്തെ ആവശ്യങ്ങള്‍ക്കുള്ള വക കിട്ടിക്കൊണ്ടിരുന്നു. ദിവസവും അദ്ദേഹം അതില്‍ നിന്ന് മര്‍യമിനുള്ള വക നല്‍കിക്കൊണ്ടിരുന്നു. അദ്ദേഹം അതുമായി ചെന്നാല്‍ അല്ലാഹു അത് വളര്‍ത്തി വര്‍ദ്ധിപ്പിക്കും. സക്കരിയ്യാ (അ) അവിടെ ചെല്ലുമ്പോള്‍ ജുറൈജ് കൊടുക്കാറുള്ള അളവില്‍ കൂടുതല്‍ സാധനങ്ങള്‍ അവിടെ കണ്ടുകൊണ്ടിരുന്നു. ഈ രണ്ടില്‍ ഏതെങ്കിലും ഒന്നോ അതോ രണ്ടുംതന്നെയോ ശരിയായി വന്നാലും അല്ലെങ്കിലും ശരി ഒരു കാര്യം നമുക്ക് തീര്‍ത്തു പറയാം: സാധാരണഗതിയില്‍ മര്‍യമിനു ലഭിക്കുവന്‍ ഇടയില്ലാത്തതും സക്കരിയ്യ നബി (അ)ക്ക് മനസിലാക്കാന്‍ കഴിയാത്തതുമായ ഏതോ മാര്‍ഗത്തിലൂടെ ലഭിച്ചതായിരിക്കണം ആ ഭക്ഷണസാധനങ്ങള്‍. അതുകൊണ്ടാണദ്ദേഹം ആശ്ചര്യപ്പെട്ടതും ആ ചോദ്യം ചോദിച്ചതും. അവിടെ കണ്ട ഏതോ ഭക്ഷണസാധനത്തെ ചൂണ്ടിക്കൊണ്ട് അതു കൊണ്ടുവന്നു തന്ന മനുഷ്യന്‍ ആരാണെന്നുള്ള ഒരു കേവലാന്വേഷണമായിരുന്നില്ല അദ്ദേഹത്തിന്‍റെ ചോദ്യം. മര്‍യമിന്‍റെ മറുപടിയും തന്നെ, അത് ലഭിച്ച മാര്‍ഗത്തില്‍ ഏതോ ഒരു തരം അസാധരണത്വമുണ്ടെന്നു കാണിക്കുന്നു. അടുത്ത വചനത്തില്‍ നിന്നു മനസ്സിലാക്കുന്നതു പോലെ, മര്‍യമിനെ അല്ലാഹു ഇങ്ങിനെ അസാധാരണമായ ആദരവു ആദരിച്ചു കണ്ടപ്പോഴാണ് അദ്ദേഹം തന്‍റെ ഭാര്യ വന്ധ്യയും, താന്‍ വൃദ്ധനുമായിരുന്നിട്ടുപോലും തനിക്കൊരു സന്താനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും.

….إِنَّ اللَّهَ يَرْزُقُ (അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ നല്‍കുന്നു) എന്ന അവസാനത്തെ വാക്യം, അല്ലാഹുവിന്‍റെ സ്വന്തം വാക്യമായും, മര്‍യമിന്‍റെ മറുപടിയില്‍ പെട്ട വാക്യമായും വരുവാന്‍ സാധ്യതയുണ്ട്. രണ്ടായാലും ഉദ്ദേശ്യം വ്യക്തം തന്നെ. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു സാധനങ്ങള്‍ കണക്കില്ലാതെയങ്ങു വര്‍ദ്ധിപ്പിച്ചു കൊടുക്കുമെന്നു മാത്രമല്ല; മറ്റുള്ളവര്‍ക്ക് ലഭിക്കാത്തതും അവര്‍ക്കു പ്രതീക്ഷക്കവകാശമില്ലാത്തതുമായ മാര്‍ഗത്തിലൂടെ കൊടുക്കുമെന്നുള്ളതും ആ വാക്യത്തിന്‍റെ അര്‍ത്ഥവ്യാപ്തിയില്‍ ഉള്‍പെടുന്നു. മര്‍യമിന്‍റെ വിഷയവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നു:

3:38
  • هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ ﴾٣٨﴿
  • അവിടെവെച്ച് സക്കരിയ്യാ തന്‍റെ റബ്ബിനോട് പ്രാര്‍ത്ഥിച്ചു. (അതെ) അദ്ദേഹം പറഞ്ഞു: 'റബ്ബേ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് [നിന്‍റെ വകയായി] ഒരുവിശിഷ്ട സന്തതിയെ പ്രദാനം ചെയ്യണേ:- നിശ്ചയമായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്ന [സ്വീകരിക്കുന്ന]വനാകുന്നു.
  • هُنَالِكَ അവിടെവെച്ച് (ആ സന്ദര്‍ഭത്തില്‍) دَعَا زَكَرِيَّا സക്കരിയ്യാ പ്രാര്‍ത്ഥിച്ചു, വിളിച്ചു رَبَّهُ തന്‍റെ റബ്ബിനോടു, റബ്ബിനെ قَالَ رَبِّ അദ്ദേഹം പറഞ്ഞു റബ്ബേ هَبْ لِي എനിക്കു പ്രദാനം ചെയ്യണേ مِن لَّدُنكَ നിന്‍റെ അടുക്കല്‍ നിന്നും ذُرِّيَّةً സന്തതിയെ طَيِّبَةً വിശിഷ്ടമായ, പരിശുദ്ധമായ إِنَّكَ നിശ്ചയമായും നീ سَمِيعُ കേള്‍ക്കുന്നവനാണ് الدُّعَاءِ പ്രാര്‍ത്ഥന, വിളി
3:39
  • فَنَادَتْهُ ٱلْمَلَـٰٓئِكَةُ وَهُوَ قَآئِمٌ يُصَلِّى فِى ٱلْمِحْرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًۢا بِكَلِمَةٍ مِّنَ ٱللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ ٱلصَّـٰلِحِينَ ﴾٣٩﴿
  • എന്നിട്ട് അദ്ദേഹം 'മിഹ്‌റാബി'ല്‍ [പ്രാര്‍ത്ഥനാമണ്ഡപത്തില്‍] നമസ്‌കരിച്ചു കൊണ്ടു നില്‍ക്കുകയായി രുന്നപ്പോള്‍അദ്ദേഹത്തെ മലക്കുകള്‍ വിളിച്ചു (പറഞ്ഞു): യഹ്‌യ (എന്ന കുട്ടി)യെ കുറിച്ച് അല്ലാഹു തനിക്ക് സന്തോഷമറിയിക്കുന്നുവെന്ന്' അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു 'വാക്കി' നെ സത്യപ്പെടുത്തുന്നവനും, നേതാവും, ആത്മ നിയന്ത്രകനും, സദ്‌വൃത്തന്മാരില്‍പെ ട്ടപ്രവാചകനുമായിക്കൊണ്ട്.
  • فَنَادَتْهُ എന്നിട്ട് (അപ്പോള്‍) അദ്ദേഹത്തെ വിളിച്ചു الْمَلَائِكَةُ മലക്കുകള്‍ وَهُوَ قَائِمٌ അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ يُصَلِّي നമസ്‌കരിച്ചു കൊണ്ട് فِي الْمِحْرَابِ മിഹ്‌റാബില്‍ أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നു يُبَشِّرُكَ നിനക്കു (തനിക്കു) സന്തോഷമറിയിക്കുന്നു (എന്ന്) بِيَحْيَىٰ യഹ്‌യായെക്കുറിച്ചു مُصَدِّقًا സത്യപ്പെടുത്തുന്നവനായിട്ട് بِكَلِمَةٍ ഒരു വാക്കിനെ مِّنَ اللَّهِ അല്ലാഹുവില്‍ നിന്നുള്ള وَسَيِّدًا നേതാവായും وَحَصُورًا നിയന്ത്രിതനായും (ആത്മനിയന്ത്രകനായും) وَنَبِيًّا പ്രവാചകനായും مِّنَ الصَّالِحِينَ സദ്‌വൃത്തരില്‍പെട്ട

മര്‍യം ബീവി (അ)യുടെ കഥയാണല്ലോ കഴിഞ്ഞ വചനങ്ങളിലെ വിഷയം. അതിന്‍റെ തുടര്‍ന്നുള്ള ഭാഗം 42-ാം വചനം മുതല്‍ താഴെ വിവരിക്കുന്നുണ്ട്. ഇടക്ക് വെച്ച് അതിനോടു പലനിലക്കും ബന്ധപ്പെട്ട സംഭവമെന്ന നിലക്ക് സക്കരിയ്യാ നബി (അ) സന്താനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ആ പ്രാര്‍ത്ഥന സാക്ഷാല്‍കരിക്കപ്പെടുകയും ചെയ്ത സംഭവം വിവരിച്ചിരിക്കുകയാണ്.

അടുത്ത വചനത്തില്‍ പറയുന്നത് പോലെ, സകരിയ്യ (അ) വളരെ വൃദ്ധനായിരിക്കുന്നു. ഭാര്യയാണെങ്കില്‍ പ്രസവിക്കാത്ത ഒരു വന്ധ്യയും. അദ്ദേഹത്തിനൊരു പിന്‍തുടര്‍ച്ചാവകാശി ഇല്ലാത്തതിനാല്‍ അദ്ദേഹം വ്യസനപ്പെട്ടുകൊണ്ടിരിക്കുകയാണ്, കേവലം വൃദ്ധയായ ഒരു മാതാവില്‍നിന്ന് മര്‍യം ജനിച്ചതും, തന്‍റെ സംരക്ഷണത്തിന്‍ കീഴില്‍ വളര്‍ന്ന മര്‍യമിനെ അല്ലാഹു വളരെ വിശിഷ്ടവും പരിശുദ്ധവുമായ നിലപാടില്‍ എത്തിച്ചതും, സാധാരണമല്ലാത്ത ഏതോ മാര്‍ഗത്തിലൂടെ ആഹാരം നല്‍കിയും മറ്റും മര്‍യമിനെ അവന്‍ ആദരിച്ചതും അദ്ദേഹം കണ്ടു. ഇങ്ങിനെയുള്ള അത്ഭുതങ്ങളും ദൃഷ്ടാന്തങ്ങളും സൃഷ്ടിക്കുന്ന അല്ലാഹുവിന് തനിക്കൊരു സന്താനത്തെ പ്രദാനം ചെയ്യാന്‍ ഒട്ടും പ്രയാസമില്ലല്ലോ. ഇതെല്ലാം കണ്ടപ്പോള്‍ തനിക്കും ഒരുസന്താനത്തെ തന്നനുഗ്രഹിക്കുവാന്‍ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ആ സന്താനം ഒരു വിശിഷ്ടനും പരിശുദ്ധനുമായിരിക്കണമേ! എന്നു കൂടി അദ്ദേഹം അപേക്ഷിച്ചു. തന്‍റെ ധനത്തിനോ സ്വത്തുക്കള്‍ക്കോ അവകാശിയായിത്തീരുന്ന ഒരു പിന്തുടര്‍ച്ചക്കാരന്‍ ഉണ്ടായിതീരുകയല്ല അദ്ദേഹത്തിന്‍റെ ആവശ്യം. സത്യദീനിന്‍റെ പ്രബോധനകൃത്യങ്ങള്‍ തന്‍റെ ശേഷം നിര്‍വ്വഹിക്കുമാറുള്ള ഒരു പിന്‍തുടര്‍ച്ചാവകാശി ഉണ്ടായിരിക്കുക യായിരുന്നു അദ്ദേഹത്തിന് വേണ്ടത്. (19:5,6). അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയും അദ്ദേഹം പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആ പ്രാര്‍ത്ഥന സ്വീകരിച്ചുവെന്നുള്ള സന്തോഷവാര്‍ത്ത മലക്കുകള്‍ മുഖാന്തരം അല്ലാഹു അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഉണ്ടാകാന്‍ പോകുന്ന കുട്ടി ആണായിരിക്കുമെന്നും പേര് യഹ്‌യ എന്നായിരിക്കുമെന്നും അറിയിച്ചു (19:7) മാത്രമല്ല, ആ കുട്ടിയുടെ സവിശേഷ ഗുണങ്ങളും മുന്‍കൂട്ടി അറിയിച്ചുകൊടുത്തു.

അതായത്: (1) അദ്ദേഹം അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു വാക്കിനെ സത്യപ്പെടുത്തുന്നവനായിരിക്കും. ‘വാക്ക് ‘ കൊണ്ടുദ്ദേശ്യം ഈസാ നബി (അ)യാകുമെന്നു 45-ാം വചനത്തില്‍നിന്ന് മനസിലാക്കാം. കൂടുതല്‍ വിവരം അവിടെവെച്ച് കാണാവുന്നതാണ്. إِن شَاءَ اللَّهُ ഈസാ (അ) ക്കു പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹത്തില്‍ ഒന്നാമതായി വിശ്വസിച്ച് ആളും അദ്ദേഹത്തിന്‍റെ പ്രബോധന തത്വങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുമായിരുന്നു അദ്ദേഹം. كلمة (വാക്കു) കൊണ്ട് ഇവിടെ വിവക്ഷ വേദഗ്രന്ഥമോ, വഹ്‌യോ (ദിവ്യ സന്ദേശം) ആണെന്ന് അബൂഉബൈദ (റ) നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. കൂടുതല്‍ വാക്കുകളടങ്ങിയ സംസാരത്തിനും كلمة എന്ന് പറയപ്പെടാറുണ്ട് താനും.

(2) അദ്ദേഹം ഒരു നേതാവായിരിക്കും, മതവിജ്ഞാനം, ഉല്‍കൃഷ്ട സ്വഭാവം, ഭയ ഭക്തി മുതലായവയിലെല്ലാം പ്രസിദ്ധനായിരുന്നു അദ്ദേഹം, സമൂദായത്തിലെ മതനേതാവുമായിരുന്നു. അതുകൊണ്ടാണ് ‘സ്‌നാപകനായ യോഹന്നാന്‍’ (*) എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുന്നത്.

(3) ആത്മനിയന്ത്രണമുള്ള ആളായിരിക്കും, കളി വിനോദത്തിലോ, പാപങ്ങളിലോ മാന്യമല്ലാത്ത വിഷയങ്ങളിലോ അദ്ദേഹം ഏര്‍പ്പെട്ടിരുന്നില്ല.

(4) സദ്‌വൃത്തനായ ഒരു പ്രവാചകനായിരിക്കും. ഇത് മറ്റെല്ലാറ്റിനേക്കാളും ഉന്നതമായ യോഗ്യത തന്നെ.


(*) ബൈബ്‌ളില്‍ യോഹന്നാന്‍ സ്‌നാപകന്‍ എന്നും يحيى العهدان എന്നും John Baptist എന്നുമൊക്കെ പറയുന്നത് യഹ്‌യാ നബി (അ) യെക്കുറിച്ചാകുന്നു. ക്രിസ്ത്യാനികളുടെ ‘ജ്ഞാന സ്‌നാന’ത്തെപ്പറ്റി അല്‍ബക്വറ: 138ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. 


‘ആത്മനിയന്ത്രണമുള്ളവന്‍’ എന്നു നാം അര്‍ത്ഥം കല്‍പിച്ചത്  حصور (ഹസ്വൂര്‍) എന്ന വാക്കിനാണ്, സ്ത്രീസമ്പര്‍ക്കം നടത്താത്തവന്‍ എന്നത്രെ പല വ്യാഖ്യാതാക്കളും ഇതിനു അര്‍ത്ഥം കല്പിച്ചിരിക്കുന്നത്. പ്രകൃത്യാ അദ്ദേഹത്തിനു അതിനു കഴിവുണ്ടായിരുന്നില്ല എന്നും ചിലര്‍ പറഞ്ഞു കാണുന്നു. ഇത് ശരിയല്ലെന്നും അദ്ദേഹത്തിന്‍റെ ആത്മനിയന്ത്രണം കൊണ്ടായിരുന്നു അതെന്നും പ്രഗത്ഭരായ പല മഹാന്മാരും തറപ്പിച്ചു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പെട്ട ഒരാളാണ് ക്വാദ്വീഇയാള്വു (റ). അദ്ദേഹത്തിന്‍റെ ശിഫാ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറഞ്ഞതിന്‍റെ സാരം ഇതാണ്. യഹ്‌യാ (അ) സ്ത്രീ സമ്പര്‍ക്കത്തിനു കഴിയാത്ത ആളായിരുന്നുവെന്നു ചിലര്‍ പറയുന്നത് ശരിയല്ല. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളിലും പണ്ഡിതന്‍മാരിലും ഉള്‍പ്പെട്ട പല യോഗ്യന്മാരും അതിനെ ഖണ്ഡിച്ചിട്ടുണ്ട്. അതൊരു പോരായ്മയാണെന്നും,അത് പ്രവാചകന്മാരുടെ സ്ഥാനത്തിനു യോജിച്ചതല്ലെന്നും അവര്‍ വ്യക്തമാക്കിയിരിക്കുന്നു. പാപത്തില്‍നിന്ന് സുരക്ഷിതമായവന്‍ എന്നാണ് حصور കൊണ്ട് വിവക്ഷ.

ശരീരേച്ഛയില്ലാത്തവന്‍ എന്നും സ്ത്രീകളോട് മോഹം കാണിക്കാത്തവന്‍ എന്നും മറ്റും അതിന് അര്‍ത്ഥം പറയപ്പെട്ടിട്ടുണ്ട്. വിവാഹത്തിന് കഴിവില്ലാതിരിക്കുന്നത് ഒരു പോരായ്മയാണെന്നും കഴിവുണ്ടായിട്ടും ആത്മനിയന്ത്രണം സ്വീകരിക്കുന്നതിലാണ് യോഗ്യതയുള്ളതെന്നും ഇതില്‍ നിന്നും മനസ്സിലാക്കാമല്ലോ. എന്നാല്‍ അതിനു കഴിവുണ്ടായിരിക്കുകയും അത് പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരികയും അതിന്‍റെ മര്യാദകളും കടമകളും പാലിക്കുകയും, അതോടുകൂടി അല്ലാഹുവിനോടുള്ള കടമകള്‍ക്ക് അത് മുടക്കം വരുത്താതിരിക്കുകയും ചെയ്യുന്നതാണ് അതിനെക്കാള്‍ ശ്രേഷ്ഠമായ യോഗ്യത. അതാണ് നമ്മുടെ നബി (സ.അ) യുടെ സ്ഥിതി. നബിതിരുമേനിക്കു ഭാര്യമാര്‍ അധികമുണ്ടായിരുന്നിട്ടും അവിടുത്തെ ആരാധനാനുഷ്ഠാന കര്‍മങ്ങള്‍ വര്‍ദ്ധിക്കുകയല്ലാതെ ഉണ്ടായിട്ടില്ല. അവിടുന്ന് ഐഹിക ജീവിതത്തിന് വില കല്‍പിച്ചിരുന്നുമില്ല.’ ക്വാദ്വീഇയാള്വിന്‍റെ ഈ പ്രസ്താവന ഇബ്‌നുക്ഥീര്‍ (റ) ശരിവെക്കുകയും ചെയ്തിരിക്കുന്നു.

3:40
  • قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌ وَقَدْ بَلَغَنِىَ ٱلْكِبَرُ وَٱمْرَأَتِى عَاقِرٌ ۖ قَالَ كَذَٰلِكَ ٱللَّهُ يَفْعَلُ مَا يَشَآءُ ﴾٤٠﴿
  • അദ്ദേഹം പറഞ്ഞു: 'റബ്ബേ,എനിക്കു എങ്ങിനെയാണ് ആണ്‍കുട്ടിയുണ്ടാകുക? എനിക്കു വാര്‍ദ്ധക്യം എത്തിക്കഴിഞ്ഞു; എന്‍റെ സ്ത്രീ(ഭാര്യ) വന്ധ്യയുമാകുന്നു (എന്നിരിക്കെ)!' അവന്‍ (അല്ലാഹു) പറഞ്ഞു :'അപ്രകാരം തന്നെയാണ് (കാര്യം); അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.'
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ أَنَّىٰ يَكُونُ എങ്ങിനെയുണ്ടാകും لِي എനിക്ക് غُلَامٌ ആണ്‍കുട്ടി, ബാലന്‍ وَقَدْ بَلَغَنِيَ എനിക്കു എത്തിയിരിക്കെ, എത്തിയിട്ടുണ്ട് الْكِبَرُ വാര്‍ദ്ധക്യം وَامْرَأَتِي എന്‍റെ സ്ത്രീ (ഭാര്യ)യാകട്ടെ عَاقِرٌ വന്ധ്യയാകുന്നു قَالَ അവന്‍ പറഞ്ഞു كَذَٰلِكَ അപ്രകാരമാണ് اللَّهُ يَفْعَلُ അല്ലാഹു ചെയ്യുന്നതാണ് مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നത്
3:41
  • قَالَ رَبِّ ٱجْعَل لِّىٓ ءَايَةً ۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَـٰثَةَ أَيَّامٍ إِلَّا رَمْزًا ۗ وَٱذْكُر رَّبَّكَ كَثِيرًا وَسَبِّحْ بِٱلْعَشِىِّ وَٱلْإِبْكَـٰرِ ﴾٤١﴿
  • അദ്ദേഹം പറഞ്ഞു: 'റബ്ബേ, എനിക്കു ഒരു അടയാളം ഏര്‍പ്പെടുത്തിത്തരേണമേ!' അവന്‍ പറഞ്ഞു: 'നിന്‍റെ അടയാളം, സൂചനയായിട്ട് (ആംഗ്യം മുഖേന) അല്ലാതെ മൂന്നുദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു നിന്‍റെ റബ്ബിനെ നീ ധാരാളം ഓര്‍മിക്കുകയും, വൈകിട്ടും കാലത്തും സ്‌തോത്ര കീര്‍ത്തനം (തസ്ബീഹ്) ചെയ്യുകയും ചെയ്ത്കൊള്ളുക.'
  • قَالَ رَبِّ അദ്ദേഹം പറഞ്ഞു എന്‍റെ റബ്ബേ اجْعَل لِّي എനിക്കുണ്ടാക്കിത്തരണേ آيَةً ഒരു ദൃഷ്ടാന്തം قَالَ آيَتُكَ അവന്‍ പറഞ്ഞു നിന്‍റെ അടയാളം أَلَّا تُكَلِّمَ നീ സംസാരിക്കാതിരിക്കലാണ് النَّاسَ മനുഷ്യരോട് ثَلَاثَةَ أَيَّامٍ മൂന്ന് ദിവസം إِلَّا رَمْزًا സൂചന (ആംഗ്യം) ആയിട്ടല്ലാതെ وَاذْكُر رَّبَّكَ നീ നിന്‍റെ റബ്ബിനെ സ്മരിക്കുകയും ചെയ്യുക كَثِيرًا വളരെ وَسَبِّحْ തസ്ബീഹും (സ്‌തോത്രകീര്‍ത്തനവും) ചെയ്യുക بِالْعَشِيِّ വൈകുന്നേരം وَالْإِبْكَارِ രാവിലെയും

അല്ലാഹുവിന് എല്ലാ കാര്യത്തിനും കഴിവുണ്ട്. അസാധാരണമായ പല സംഭവങ്ങളും അവന്‍ ഇവിടെ നടപ്പില്‍ വരുത്താറുണ്ട്. അവന്‍ ചെയ്ത വാഗ്ദാനം അവന്‍ നിറവേറ്റാതിരിക്കുകയില്ല എന്നൊക്കെ സക്കരിയ്യാ നബി (عليه السلام)ക്കു നന്നായറിയാം. എന്നാലും ഒരു കിഴവനായിത്തീര്‍ന്ന തനിക്കു വന്ധ്യയും പ്രായം ചെന്നവളുമായ ഒരു ഭാര്യയില്‍ നിന്നു ഒരു കുട്ടി ജനിക്കുന്നത് അത്ഭുതമാണല്ലോ. തനിക്കു ജനിക്കുവാന്‍ പോകുന്ന കുട്ടി ആണ്‍കുട്ടിയായിരിക്കുമെന്നു മലക്കുകളുടെ വാക്കുകളില്‍ നിന്ന് അദ്ദേഹം അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സന്തോഷനിര്‍ഭരവും അത്ഭുതജനകവുമായ ആ സന്ദര്‍ഭത്തില്‍ أَنَّىٰ يَكُونُ لِي غُلَامٌ (എനിക്കെങ്ങിനെ ഒരു ആണ്‍കുട്ടിയുണ്ടാകും) എന്നു അദ്ദേഹം ചോദിച്ചത്. ഒരു പക്ഷേ, തന്‍റെയും ഭാര്യയുടെയും ശരീരപ്രകൃതിയിലോ മറ്റോ വല്ല മാറ്റവും വരുത്തികൊണ്ടായിരിക്കുമോ അത് എന്നും അദ്ദേഹത്തിന് സംശയം തോന്നാമല്ലോ. എന്നാല്‍, അങ്ങനെയുള്ള മാറ്റങ്ങളൊന്നും കൂടാതെതന്നെ അതു സംഭവിക്കുമെന്നും, ഞാന്‍ ഉദ്ദേശിക്കുന്നതെന്തും ഞാന്‍ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു അല്ലാഹുവിന്‍റെ മറുപടി. അദ്ദേഹത്തിനു ആവേശം വര്‍ദ്ധിച്ചു. കുട്ടി എപ്പോള്‍ ജനിക്കുമെന്നുള്ളതിനു നേരത്തെത്തന്നെ ഒരു അടയാളം അറിയിച്ചു തന്നാല്‍ കൊള്ളാമെന്ന് അദ്ദേഹം അപേക്ഷിച്ചു. ജനങ്ങളോട് വല്ല ആംഗ്യവും മുഖേന എന്തെങ്കിലും സൂചന നല്‍കുകയല്ലാതെ, മൂന്ന് ദിവസക്കാലം ആരോടും സംസാരിക്കാതിരിക്കലാണ് അതിന്‍റെ അടയാളമെന്നും, അതുസംഭവിച്ചാല്‍ കുട്ടിയുണ്ടാകുവാന്‍ പോകുന്നുവെന്നു ഉറപ്പിക്കാമെന്നും മറുപടി കിട്ടി. അതോടുകൂടി, അല്ലാഹുവിനെ ധാരാളം സ്മരിച്ചുകൊണ്ടിരിക്കുവാനും, രാവിലെയും വൈകുന്നേരവും സ്‌തോത്രകീര്‍ത്തനങ്ങള്‍ നടത്തുവാനും വിട്ടുപോകരുതെന്നും ഉപദേശിച്ചു. അങ്ങനെ, പ്രാര്‍ത്ഥനാ മണ്ഡപത്തില്‍നിന്നു പുറത്തുവന്നു രാവിലത്തെയും, വൈകുന്നേരത്തെയും സ്‌തോത്രകീര്‍ത്തനങ്ങള്‍ നടത്തിക്കൊള്ളുവാന്‍ അദ്ദേഹം ആംഗ്യം വഴി ജനങ്ങളെ അറിയിക്കുകയുണ്ടായി. (സൂ: മര്‍യം 11 നോക്കുക)

‘സംസാരിക്കാതിരിക്കലാണ് ان لا تكلم എന്നതിന്‍റെ സാരം ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു:

(1) ശാരീരികമായ യാതൊരു തകരാറും ബാധിക്കാതെത്തന്നെ മൂന്ന് ദിവസം സംസാരിക്കുവാന്‍ കഴിയാതിരിക്കുക, നമസ്‌കാരം, തസ് ബീഹു മുതലായവക്ക് തടസ്സം നേരിടുകയില്ലതാനും. സൂറത്തു മര്‍യം 10, 11 വചനങ്ങളില്‍ നിന്നു മനസ്സിലാകുന്നതും, മിക്ക വ്യാഖ്യാതാക്കളും സ്വീകരിച്ചിട്ടുള്ളതും ഈ വ്യാഖ്യാനമാകുന്നു.

(2) തസ്ബീഹ് മുതലായവ ഒഴിച്ച് മറ്റു സംസാരങ്ങള്‍ മൂന്ന് ദിവസം സ്വയം നിറുത്തല്‍ ചെയ്യുക. അങ്ങിനെ ചെയ്താല്‍ അതുമുതല്‍ കുട്ടിയുണ്ടാകുവാന്‍ പോകുന്നതായി കണക്കാക്കാം.

(3) മൂന്നു ദിവസം വ്രതം ആചരിക്കുക, നോമ്പുകാലത്ത് ജനങ്ങളുമായി സംസാരിക്കാതെ മൗനം ആചരിക്കുന്ന സമ്പ്രദായം അക്കാലത്തു പതിവുണ്ടായിരുന്നു. ഏതായാലും ചിലര്‍ പറഞ്ഞു കാണുന്നതുപോലെ, കുട്ടിയെപ്പറ്റി മലക്കുകള്‍ സുവിശേഷം അറിയിച്ചിട്ടു പിന്നെയും അദ്ദേഹം അതിനൊരടയാളം ആവശ്യപ്പെട്ടതിന്‍റെ പേരില്‍ കല്‍പിക്കപ്പെട്ട ഒരു ശിക്ഷയായിരുന്നില്ല അത്. ബൈബ്‌ളിലെ ലൂക്കോസ് (1:20) ചില പ്രസ്താവനകളെ അടിസ്ഥാനമാക്കിയായിരിക്കാം അവര്‍ അങ്ങിനെ പറയുവാന്‍ കാരണം. ഒരു പ്രവാചകനെ സംബന്ധിച്ചേടത്തോളം മലക്കുകളുടെ സുവിശേഷ വാര്‍ത്തകൊണ്ട് തൃപ്തിപ്പെടാതിരിക്കുകയെന്നതു കേവലം സംഭവ്യമല്ല.

യഹ്‌യാ (عليه السلام)ന്‍റെയും ഈസാ (عليه السلام)ന്‍റെയും ജനന സംഭവങ്ങളെക്കുറിച്ച് കുറച്ചധികം വിവരിച്ച മറ്റൊരു അദ്ധ്യായമാണ് സൂറത്തു മര്‍യം. കൂടുതല്‍ വിശദീകരണത്തിനു ആ സൂറത്തും അതിന്‍റെ വ്യാഖ്യാനവും കൂടി നോക്കുന്നത് നന്നായിരിക്കും.

വിഭാഗം - 5

3:42
  • وَإِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ ٱصْطَفَىٰكِ وَطَهَّرَكِ وَٱصْطَفَىٰكِ عَلَىٰ نِسَآءِ ٱلْعَـٰلَمِينَ ﴾٤٢﴿
  • മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): 'മര്‍യമേ, നിശ്ചയമായും അല്ലാഹു, നിന്നെ(വിശിഷ്ടയായി) തിരഞ്ഞെടുക്കുകയും, നിന്നെ ശുദ്ധിയാക്കുകയും ചെയ്തിരിക്കുന്നു: ലോകരിലുള്ള സ്ത്രീകളില്‍ നിന്നെ അവന്‍ (ശ്രേഷ്ഠയായി) തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.
  • وَإِذْ قَالَتِ പറഞ്ഞ സന്ദര്‍ഭവും الْمَلَائِكَةُ മലക്കുകള്‍ يَا مَرْيَمُ മര്‍യമേ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു اصْطَفَاكِ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു وَطَهَّرَكِ നിന്നെ ശുദ്ധിയാക്കുകയും وَاصْطَفَاكِ നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു عَلَىٰ نِسَاءِ സ്ത്രീകളില്‍, സ്ത്രീകളെക്കാള്‍ الْعَالَمِينَ ലോകരിലെ
3:43
  • يَـٰمَرْيَمُ ٱقْنُتِى لِرَبِّكِ وَٱسْجُدِى وَٱرْكَعِى مَعَ ٱلرَّٰكِعِينَ ﴾٤٣﴿
  • 'മര്‍യമേ, നിന്‍റെ റബ്ബിനോട്നീ ഭക്തി കാണിക്കുക: നീ 'സുജൂദ്'[സാഷ്ടാംഗ നമസ്‌കാരം] ചെയ്കയും, 'റുകൂഉ്' [കുമ്പിട്ടു നമസ്‌കാരം] ചെയ്യുന്നവരോടൊപ്പം 'റുകൂഉ്' [കുമ്പിട്ടു നമസ്‌കാരം] ചെയ്കയും ചെയ്തു കൊള്ളുക.
  • يَا مَرْيَمُ മര്‍യമേ اقْنُتِي നീ ഭക്തി (ഒതുക്കം) കാണിക്കുകയും ചെയ്യുക لِرَبِّكِ നിന്‍റെ റബ്ബിന് وَاسْجُدِي നീ സുജൂദും ചെയ്യുക وَارْكَعِي നീ റുകൂഉം ചെയ്യുക مَعَ الرَّاكِعِينَ റുകൂഉ് ചെയ്യുന്നവരോടുകൂടി

മര്‍യം (അ)ന്‍റെ സംഭവം വിവരിക്കുന്ന മദ്ധ്യെ ഇടക്കുവെച്ച് അതുമായി ബന്ധപ്പെട്ടതെന്ന നിലക്ക് സക്കരിയ്യാ നബി (അ)യുടെ ചില വര്‍ത്തമാനങ്ങള്‍ വിവരിച്ചശേഷം വീണ്ടും ആ സംഭവം തുടരുകയാണ്. മര്‍യം ബീവി (അ)ക്കു പ്രവാചകത്വ സ്ഥാനമില്ലെങ്കിലും മലക്കുകള്‍ അവരുടെ അടുക്കല്‍ ചെന്നിരുന്നതായും, അവര്‍ക്ക് പല സന്ദേശങ്ങള്‍ അറിയിച്ചിരുന്നതായും ക്വുര്‍ആന്‍റെ പല പ്രസ്താവനകളില്‍ നിന്നും വ്യക്തമാണ്. മലക്കുകള്‍ അവര്‍ക്ക് രണ്ട് മൂന്ന് അനുമോദന സന്ദേശങ്ങള്‍ നല്‍കിയതായി ഈ വചനത്തില്‍ പ്രസ്താവിക്കുന്നു. അല്ലാഹു അവരെ വിശിഷ്ടയായി തെരഞ്ഞെടു ത്തിരിക്കുന്നുവെന്നും, ശുദ്ധമാക്കിവെച്ചിരിക്കുന്നുവെന്നും, അതായത് ആരാധന, ഭയഭക്തി, സ്വഭാവഗുണം, ത്യാഗം, വിജ്ഞാനം ആദിയായ വിശിഷ്ട ഗുണങ്ങളും, ദുര്‍ഗുണങ്ങളില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നുമുള്ള പരിശുദ്ധിയും നല്‍കി അല്ലാഹു അവരെ ഉയര്‍ത്തിവെച്ചിട്ടുണ്ടെന്ന് സാരം. ലോകത്തുള്ള മറ്റു സ്ത്രീകളെക്കാള്‍ ശ്രേഷ്ഠമായ പദവി നല്‍കി അല്ലാഹു അവരെ അനുഗ്രഹിച്ചിട്ടുണ്ടെന്നും മലക്കുകള്‍ അറിയിച്ചു. അക്കാലത്തുള്ള ഇതര സ്ത്രീകളെക്കാള്‍ ഉന്നതമായ പദവി എന്നാണിതുകൊണ്ട് വിവക്ഷയെന്നത്രെ താഴെ കാണുന്ന ഉദ്ധരണികളില്‍ നിന്നും മനസ്സിലാക്കേണ്ടത്.

ബുഖാരിയും, മുസ്‌ലിമും (റ) ഉദ്ധരിച്ച ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു. ‘ഇംറാന്‍ മകള്‍ മര്‍യം തന്‍റെ (കാലത്തെ) സ്ത്രീകളില്‍ ഉത്തമയും ഖുവൈലിദിന്‍റെ മകള്‍ ഖദീജഃ തന്‍റെ (കാലത്തെ) സ്ത്രീകളില്‍ ഉത്തമയുമാകുന്നു’. തിര്‍മദി (റ) മറ്റും ഉദ്ധരിച്ച ചില ഹദീഥുകളില്‍ ഇവര്‍ രണ്ടാള്‍ക്കു പുറമെ, ഫിര്‍ഔന്‍റെ ഭാര്യയായ ആസിയ, നബി പുത്രിയായ ഫാത്തിമ (റ) എന്നിവരും, വെറെ ചിലതില്‍ ഇവര്‍ നാലുപേര്‍ക്കും പുറമെ, നബി പത്‌നി ആഇശഃ (റ)യും സ്ത്രീകളില്‍വെച്ചു ഉത്തമകളായി എണ്ണപ്പെട്ടുകാണാം. സൂറത്തു തഹ്‌രീമില്‍ സത്യവിശ്വാസിനികളായ രണ്ടു മാതൃകാവനിതകളുടെ പേരെടുത്തു പറഞ്ഞിട്ടുള്ളതില്‍ ഒന്നാമത്തേത് ഫിര്‍ഔന്‍റെ ഭാര്യയെയും, രണ്ടാമത്തേത് മര്‍യമിനെയുമാകുന്നു.

മേല്‍ക്കണ്ട അനുമോദന സന്ദേശങ്ങള്‍ക്ക് പുറമെ, സുജൂദും റുകൂഉം ചെയ്യുവാനും മലക്കുകള്‍ മര്‍യം (അ)യോടു ഉപദേശിക്കുന്നു. മുഖം നിലത്തുവെച്ചുകൊണ്ടുള്ള സാഷ്ടാംഗ നമസ്‌കാരമാണ് സുജൂദ്. കുമ്പിട്ടു കുനിഞ്ഞുകൊണ്ട് ചെയ്യുന്ന നമസ്‌കാരമാണ് റുകൂഉ്. അക്കാലത്തുള്ള നമസ്‌കാരകര്‍മത്തിന്‍റെയും, നിലവിലുള്ള നമസ്‌കാ രത്തിന്‍റെയും അനുഷ്ഠാന കര്‍മങ്ങളില്‍ അല്‍പമൊക്കെ വ്യത്യാസം ഉണ്ടായിരിക്കുമെങ്കിലും, സുജൂദ്, റുകൂഉ്, ക്വിയാം (നിറുത്തം) എന്നിവ അന്നും ഇന്നും നമസ്‌കാരത്തിന്‍റെ പ്രധാന ഘടകം തന്നെ. അത്‌ കൊണ്ടാണ് നമസ്‌കാരത്തെ കുറിച്ച് വിശുദ്ധ ക്വുര്‍ആനിലും ഹദീഥിലും പ്രസ്തുത ഘടകങ്ങളുടെ ഈ മൂന്ന് വാക്കുകളും ഉപയോഗിക്കപ്പെട്ടു കാണുന്നതും. കുമ്പിടുന്നവരോടൊപ്പം കുമ്പിടുവാന്‍ കല്‍പിച്ചതിന്‍റെ താല്‍പര്യം നമസ്‌കരിക്കുന്നവരോടൊപ്പം ചേര്‍ന്ന് ഒന്നിച്ചു നമസ്‌കരിക്കണ മെന്നാണെന്നും, നമസ്‌കാരം നിര്‍വ്വഹിക്കുന്ന സജ്ജനങ്ങളുടെ കൂട്ടത്തില്‍ താനും ഉള്‍പ്പെടേണമെന്നാണെന്നും -ഇങ്ങിനെ രണ്ടു പ്രകാരത്തിലും- വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു:

3:44
  • ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَـٰمَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ ﴾٤٤﴿
  • അത് (ഒക്കെയും) അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു; നാം നിനക്കു അത് 'വഹ്‌യ്'[ദിവ്യസന്ദേശം] നല്‍കുകയാണ്. മര്‍യമിനെ തങ്ങളില്‍ ഏതൊരുവന്‍ ഏറ്റെടുക്കണമെന്ന് അവര്‍ തങ്ങളുടെ പേനകള്‍ (-അഥവാ അമ്പ്കോലുകള്‍ - മുഖേന നറുക്ക്) ഇട്ടപ്പോള്‍, നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ല(ല്ലോ). അവര്‍ തര്‍ക്കം നടത്തിക്കൊണ്ടിരിക്കുമ്പോഴും നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ല.
  • ذَٰلِكَ അത് مِنْ أَنبَاءِ വാര്‍ത്ത (വര്‍ത്തമാനം)കളില്‍ പെട്ടതാണ് الْغَيْبِ അദൃശ്യത്തിന്‍റെ نُوحِيهِ അതിനെ നാം വഹ്‌യ് നല്‍കുന്നു إِلَيْكَ നിനക്ക് وَمَا كُنتَ നീ ഉണ്ടായിരുന്നില്ല لَدَيْهِمْ അവരുടെ അടുക്കല്‍ إِذْ يُلْقُونَ അവര്‍ ഇടുമ്പോള്‍ أَقْلَامَهُمْ അവരുടെ പേനകളെ, അമ്പുകോലുകളെ أَيُّهُمْ അവരില്‍ ഏതൊരുവന്‍ (ആര്‍) يَكْفُلُ ഏറ്റുവാങ്ങും مَرْيَمَ മര്‍യമിനെ وَمَا كُنتَ നീ ഉണ്ടായിരുന്നതുമില്ല لَدَيْهِمْ അവരുടെ അടുക്കല്‍ إِذْ يَخْتَصِمُونَ അവര്‍ തര്‍ക്കിക്കു (കേസുകൂടു)മ്പോള്‍

മര്‍യം (അ) ജനിച്ചശേഷം മാതാവ് തന്‍റെ നേര്‍ച്ച നിറവേറ്റുവാനായി കുട്ടിയെ ബൈത്തുല്‍ മുക്വദ്ദസ്സില്‍ കൊണ്ടുചെന്നപ്പോള്‍, തങ്ങളുടെ നേതാവായിരുന്ന ഇംറാന്‍റെ പുത്രിയായ ആ കുട്ടിയെ ആര്‍ ഏറ്റുവാങ്ങണം എന്നതില്‍ അവിടുത്തെ പുരോഹിത-പരിചാരക വൃത്തങ്ങളില്‍ തര്‍ക്കമായി. അവസാനം അവര്‍ നറുക്കിട്ടു. സക്കരിയ്യാ നബി (അ)ക്കാണ് നറുക്ക് വീണത്. അങ്ങനെ, അദ്ദേഹം അവരെ ഏറ്റുവാങ്ങി. ഈ സംഭവങ്ങളൊന്നും നടന്നപ്പോള്‍ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടെ ഇല്ലല്ലോ. ആസ്ഥിതിക്ക് നബിയെ സംബന്ധിച്ചേടത്തോളം അതെല്ലാം അദൃശ്യവാര്‍ത്തകളാകുന്നു. വഹ്‌യ് മുഖേന അല്ലാഹു അറിയിച്ചതുകൊണ്ട് മാത്രമാണ് നബിക്ക് അതറിയുവാന്‍ കഴിയുന്നത് എന്ന് സാരം. ഈ നറുക്കെടുപ്പിനെക്കുറിച്ച് ബൈബ്‌ളില്‍ ഒന്നും പ്രസ്താവിക്കപ്പെട്ടു കാണുന്നില്ല. വേദക്കാര്‍ക്കിടയില്‍ പരക്കെ അറിയപ്പെടുന്ന ഒരു വിഷയവുമല്ല അത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കാവവട്ടെ, വേദഗ്രന്ഥങ്ങളെപ്പറ്റി പരിചയവുമില്ല. എന്നിരിക്കെ വേദക്കാരുടെ മുമ്പില്‍ വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  ഇത്തരം വര്‍ത്തമാനങ്ങള്‍ പരസ്യമായി പ്രഖ്യാപനം ചെയ്യുമ്പോള്‍ അവര്‍ അതൊന്നും നിഷേധിക്കാതിരുന്നത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സത്യതക്ക് തെളിവാണെന്ന് വ്യക്തം.

വല്ല വിഷയത്തിലും തര്‍ക്കവും ഭിന്നിപ്പും വരുമ്പോള്‍ നറുക്ക് മൂലം തീരുമാനമെടുക്കുന്ന പതിവ് ഇന്നും പരക്കെയുള്ളതാണ്. നറുക്കിടുന്നതിന് പലരും പലമാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. അവയില്‍ ഏതോ ഒരു രൂപം ഉപയോഗിച്ചു കൊണ്ടായിരിക്കും അവര്‍ അവരുടെ പേനകള്‍ -അല്ലെങ്കില്‍ അമ്പുകോലുകള്‍- മുഖേന നറുക്കിട്ടത്. അതെങ്ങിനെയാണ് ഇട്ടതെന്ന് നമുക്ക് അറിഞ്ഞു കൂടാ. എല്ലാവരും അവരവരുടെ വകയായി ഓരോന്ന് ജോര്‍ദാന്‍ നദി نهر الاردن യില്‍ ഇടുകയും, ആരുടേത് വെള്ളത്തില്‍ ഒഴുകി പോകാതെ അവശേഷിച്ചുവോ അയാള്‍ക്ക് നറുക്ക് വീണതായി കണക്കാക്കുക യുമായിരുന്നു ചെയ്യുന്നതെന്ന് ചിലരൊക്കെ പ്രസ്താവിച്ചു കാണുന്നു. (അല്ലാഹുവിനറിയാം).

3:45
  • إِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ ﴾٤٥﴿
  • മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'മര്‍യമേ, നിശ്ചയമായും അല്ലാഹു, അവങ്കല്‍ നിന്നുള്ള ഒരു 'വാക്കി'നെക്കുറിച്ച് നിന്ക്കു സുവിശേഷം അറിയിക്കുന്നു; -അവന്‍റെ പേര്‍, മര്‍യമിന്‍റെ മകന്‍ ഈസാ എന്ന 'മസീഹാ'കുന്നു -ഇഹത്തിലും, പരത്തിലും, പ്രമുഖനായും, സാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനായുംകൊണ്ട്.
  • إِذْ قَالَتِ പറഞ്ഞ സന്ദര്‍ഭം الْمَلَائِكَةُ മലക്കുകള്‍ يَا مَرْيَمُ മര്‍യമേ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു يُبَشِّرُكِ നിനക്ക് സന്തോഷവാര്‍ത്ത (സുവിശേഷം) അറിയിക്കുന്നു بِكَلِمَةٍ ഒരുവാക്ക്‌കൊണ്ട് مِّنْهُ അവങ്കല്‍ നിന്നുള്ള اسْمُهُ അവന്‍റെ (അദ്ദേഹത്തിന്‍റെ) പേര്‍ الْمَسِيحُ മസീഹ് എന്നാകുന്നു عِيسَى ഈസാ (എന്ന) ابْنُ مَرْيَمَ മര്‍യമിന്‍റെ മകന്‍ وَجِيهًا പ്രമുഖനായിക്കൊണ്ട് فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും وَمِنَ الْمُقَرَّبِينَ അടുപ്പിക്കപ്പെട്ട (സാമീപ്യം നല്‍കപ്പെട്ട-അടുപ്പം സിദ്ധിച്ച)വരില്‍ പെട്ട(വനും)
3:46
  • وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا وَمِنَ ٱلصَّـٰلِحِينَ ﴾٤٦﴿
  • തൊട്ടിലിലായിരിക്കുകയും, മദ്ധ്യവയസ്‌കനായ നിലയിലും അവന്‍ മനുഷ്യരോട് സംസാരിക്കുകയും ചെയ്യും; സദ്‌വൃത്തരില്‍പെട്ടവനാകുന്നു (അവന്‍).
  • وَيُكَلِّمُ അദ്ദേഹം (അവന്‍) സംസാരിക്കുകയും ചെയ്യും النَّاسَ മനുഷ്യരോട് فِي الْمَهْدِ തൊട്ടിലില്‍ വെച്ച് وَكَهْلًا മദ്ധ്യവയസ്‌കനായും, യുവാവായും وَمِنَ الصَّالِحِينَ സദ്‌വൃത്തരില്‍പെട്ട(വനും)

39-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ ചൂണ്ടിക്കാട്ടിയപോലെ ‘അല്ലാഹുവിങ്കല്‍ നിന്നുള്ളവാക്ക് (كلمة من الله)’ കൊണ്ടുദ്ദേശ്യം ഈസാ നബി (عليه السلام)യാണെന്നു ഈ വചനത്തില്‍ നിന്നു മനസ്സിലാക്കാം. സാധാരണ പ്രകൃതി നിയമപ്രകാരം മാതാപിതാക്കളുടെ സമ്പര്‍ക്കത്തില്‍ നിന്നാണല്ലോ ശിശുക്കളുടെ ജനനമുണ്ടാകുന്നത്. യഹ്‌യാ (عليه السلام)ന്‍റെ ജനനത്തില്‍ മറ്റൊരു നിലക്കുള്ള അസാധാരണത്വം അടങ്ങിയിട്ടുണ്ടെങ്കിലും ഈ പ്രകൃതി നിയമമനുസരിച്ചു തന്നെയാണ് അദ്ദേഹത്തിന്‍റെയും ജനനമുണ്ടായത്. ഇതിനൊരു അപവാദമായിരുന്നു ഈസാ (عليه السلام)ന്‍റെ ജനനം. അദ്ദേഹം മാതാപിതാക്കളുടെ സമ്പര്‍ക്കത്തില്‍ നിന്നോ, സ്ത്രീ പുരുഷ ബീജസങ്കലനത്തില്‍ നിന്നോ ജനിച്ചതല്ല. അടുത്ത വചനത്തിലും 59-ാം വചനത്തിലും, സൂറത്തു മര്‍യം 35ലും പറയുന്നതുപോലെ, അദ്ദേഹം ഉണ്ടാവണമെന്ന് അല്ലാഹു കല്‍പിച്ചപ്പോള്‍ അദ്ദേഹം ഉണ്ടായി എന്നുമാത്രം. അതിനാല്‍ -അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വാക്കുമൂലം ഉണ്ടായ ആളെന്ന നിലക്ക്- അദ്ദേഹത്തെപ്പറ്റി ‘كلمة الله (അല്ലാഹുവിന്‍റെ വാക്ക്) എന്നും, ‘كلمة من الله (അല്ലാഹുവിങ്കല്‍നിന്നുള്ള വാക്ക്) എന്നും പറയപ്പെടുന്നു. ചിലപ്പോള്‍ അല്ലാഹുവിന്‍റെ വക ആത്മാവ് എന്ന അര്‍ത്ഥത്തില്‍ ‘روح الله എന്നും പറയപ്പെടുന്നു.

അദ്ദേഹത്തെപ്പറ്റി ‘മസീഹ് (المسيح)’ എന്നുപറയുവാനുള്ള കാരണം പലരും പലവിധത്തില്‍ വിവരിച്ചതു കാണാം. അവയില്‍ കൂടുതല്‍ ന്യായയുക്തമായി കാണുന്ന അഭിപ്രായം ഇതാണ്: ‘മശീഹ’ അല്ലെങ്കില്‍ ‘മിശിഹാ’ എന്ന ഹിബ്രു വാക്കിന്‍റെ അറബിശൈലി അനുസരിച്ചുള്ള ഉച്ചാരണമാണ് ‘മസീഹ്’. ആ വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥം അഭിഷേകം ചെയ്യപ്പെട്ടവന്‍- അഥവാ അഭിഷിക്തന്‍- എന്നാകുന്നു. ഇതേ അര്‍ത്ഥത്തിലുള്ള ഒരു യവന (ഗ്രീക്ക്) പദമത്രെ ‘ക്രിസ്തു’ എന്ന വാക്കും. ചിലര്‍ പറഞ്ഞു കാണുന്നതുപോലെ, ഒരു അറബി വാക്കുതന്നെയാണ് ‘മസീഹ്’ എന്നു വെച്ചാലും അതേ അര്‍ത്ഥത്തില്‍ തന്നെയാണ് അപ്പോഴും അതു കലാശിക്കുന്നത്. കാരണം ‘തടവുക’ എന്നര്‍ത്ഥമായ مسح (മസ്ഹ്)ല്‍ നിന്നുള്ളതായിരിക്കും ആ വാക്ക്. ഒരാളെ രാജാവായോ, പുരോഹിതനായോ വാഴിക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ തലയില്‍ ഒരു പ്രത്യേകതരം തൈലം ഒഴിച്ച് തൊട്ടുതടവിക്കൊണ്ടുള്ള ഒരു അഭിഷേക കര്‍മം അക്കാലത്ത് വേദക്കാരില്‍ നടപ്പുണ്ടായിരുന്നു.

ഈസാ (عليه السلام) നെപ്പറ്റി ക്വുര്‍ആനില്‍ ഉപയോഗിച്ച ഈ മൂന്നു വാക്കുകളെയും കുറെ വലിച്ചുനീട്ടി ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ഈസാ നബി (عليه السلام)ക്ക് ക്രിസ്ത്യാനികള്‍ കല്‍പിക്കുന്ന ദിവ്യത്വത്തെ ക്വുര്‍ആനും അനുകൂലിക്കുന്നുവെന്ന് വരുത്തുവാന്‍ ഇപ്പോള്‍ ചില പാതിരിമാര്‍ ഒരു പാഴ്ശ്രമം നടത്താറുണ്ട്. മുസ്‌ലിം പൊതുജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി അടുത്തകാലത്ത് ആസൂത്രണം ചെയ്യപ്പെട്ട ക്രിസ്തീയ കുതന്ത്രങ്ങളില്‍ ഒന്നുമാത്രമാണതും. പ്രാഥമിക ബുദ്ധിയെങ്കിലുമുള്ള ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം ക്രിസ്തുമതത്തിന്‍റെ കൊള്ളരുതായ്മക്കു തെളിവു വര്‍ദ്ധിപ്പിക്കുവാനേ ആ കുതന്ത്രം ഉപയോഗപ്പെടുകയുള്ളൂ.

ഈസാ (عليه السلام) നെക്കുറിച്ച് മലക്കുകള്‍ മര്‍യം ബീവി (അ)ക്കു സുവിശേഷം അറിയിച്ചപ്പോള്‍, ആദ്യം അദ്ദേഹത്തിന്‍റെ ഒരു പ്രത്യേകതയെ കുറിക്കുന്ന വിശേഷണനാമമായി ‘ كلمة من الله അല്ലാഹുവിങ്കല്‍ നിന്നുള്ള വാക്ക്) എന്നുപറഞ്ഞു. അനന്തരം അദ്ദേഹത്തിന്‍റെ പേര് വ്യക്തമാക്കിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഒരു സ്ഥാനപദവിയെ ക്കുറിക്കുന്ന مسيح (അഭിഷിക്തന്‍) എന്നും വിശേഷിപ്പിച്ചു. പീന്നീടാണ് സാക്ഷാല്‍ പേരായ عيسى (ഈസാ) എന്നു പറഞ്ഞത്. പേരുകൊണ്ടും മതിയാക്കാതെ ابن مريم (മര്‍യമിന്‍റെ മകന്‍) എന്നുകൂടി വിശേഷിപ്പിച്ചിരിക്കുന്നു. ഈസാ (അ)യെകുറിച്ചു പറയുമ്പോള്‍, പലപ്പോഴും ക്വുര്‍ആനില്‍ മര്‍യമിന്‍റെമകന്‍ എന്ന ഈ വിശേഷണത്തോടു കൂടിയാണ് പ്രസ്താവിക്കപ്പെടാറുള്ളത്. പിതാവില്ലാതെ- മാതാവില്‍നിന്ന് മാത്രം- ജനിച്ച ആളാണദ്ദേഹമെന്നുള്ളതിന്പുറമെ, ഈ പ്രയോഗത്തില്‍ വേറെയും സൂചന അടങ്ങിയിരിക്കുന്നു. അഥവാ, ദൈവപുത്രന്‍ എന്നുള്ള ക്രിസ്ത്യാനികളുടെ വാദത്തിന്‍റെ യും, യോസേഫിന്‍റെ പുത്രനെന്നും (*) വ്യഭിചാര പുത്രനെന്നുമുള്ള യഹൂദികളുടെ വാദത്തിന്‍റെയും ഖണ്ഡനം കൂടി അതുള്‍ക്കൊള്ളുന്നു. ആദ്ദേഹം ഇഹത്തിലും പരത്തിലും പ്രമുഖനാണെന്നും, അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിച്ച ആളാണെന്നും, സദ്‌വൃത്തരില്‍ പെട്ടവനാണെന്നും പറഞ്ഞതിന്‍റെ സാരം വ്യക്തമാണല്ലോ. തൊട്ടിലില്‍വെച്ചും മധ്യവയസ്‌കനായിരിക്കുമ്പോഴും ജനങ്ങളോട് സംസാരിക്കുമെന്നതിന്‍റെ താല്പര്യം ഒരു ദൃഷ്ടാന്തമെന്ന നിലക്ക് ശൈശവത്തിലും, പ്രവാചകനും ദൈവദൂതനുമെന്ന നിലക്ക് വലുപ്പത്തിലും സംസാരിക്കുമെന്ന് പറഞ്ഞതിന്‍റെ. താല്പര്യം ഒരു ദൃഷ്ടാന്തമെന്ന നിലക്ക് ശൈശവത്തിലും, പ്രവാചനകനും ദൈവ ദൂതനുമെന്ന നിലക്ക വലുപ്പത്തിലും സംസാരിക്കുമെന്നായിരിക്കും. പ്രസവം കഴിഞ്ഞശേഷം കുട്ടിയുമായി മര്‍യം(അ) ജനമദ്ധ്യേ വന്നപ്പോള്‍, ജനങ്ങള്‍ അവരുടെ നേരെ ആക്ഷേപങ്ങള്‍ പുറപ്പെടുവിച്ചുവെന്നും, അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പന പ്രകാരം കുട്ടിയുടെ നേരെ അവര്‍ ചൂണ്ടിക്കാട്ടിയെന്നും, ഞാന്‍ അല്ലാഹുവിന്‍റെ അടിയാനും പ്രവാചകനുമാണെന്നും മറ്റും അദ്ദേഹം അപ്പോള്‍ പറയുകയുണ്ടായെന്നും സൂറത്തു മര്‍യമില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. (മര്‍യം 27-33)


(*) കന്യകയായ മര്‍യമിനെ ദാവീദു വംശജനായ യോസേഫ് വിവാഹം ചെയ്‌വാന്‍ നിശ്ചയിച്ചിരുന്നു. മര്‍യം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചപ്പോള്‍ അദ്ദേഹം വിവാഹം കഴിപ്പാന്‍ മടിച്ചു. പിന്നീട് മര്‍യമിന്‍റെ പരിശുദ്ധത മനസ്സിലായപ്പോള്‍ വിവാഹം ചെയ്തു, മാതാവിനെയും കുട്ടിയെയും കൂട്ടികൊണ്ട് പിതൃസംരക്ഷണങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു എന്നൊക്കെയാണ് ക്രിസ്ത്യാനികളും ബൈബ്‌ളും (മത്തായി അ:1,2) പറയുന്നത്. ഈസാ (അ)നെക്കുറിച്ച് അപവാദങ്ങള്‍ പരത്തുവാന്‍ ജൂതന്മാര്‍ക്ക് ഇത് വളരെ സഹായമായിത്തീര്‍ന്നിട്ടുണ്ട്.

3:47
  • قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ﴾٤٧﴿
  • അവള്‍ (മര്‍യം) പറഞ്ഞു: 'എന്‍റെ റബ്ബേ, എനിക്കെങ്ങനെ കുട്ടിയുണ്ടാകും? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ!' അവന്‍ പറഞ്ഞു: അങ്ങിനെത്തന്നെയാണ് (കാര്യം); അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. (അതെ) അവന്‍ ഒരു കാര്യം തീരുമാനം ചെയ്താല്‍, അതിനോട്' ഉണ്ടാകുക' എന്നു മാത്രം പറയുന്നു; അപ്പോള്‍ അതുണ്ടാകുന്നു.'
  • قَالَتْ അവള്‍ പറഞ്ഞു رَبِّ എന്‍റെ രക്ഷിതാവേ أَنَّىٰ يَكُونُ എങ്ങിനെയുണ്ടാകും لِي എനിക്ക് وَلَدٌ ഒരുകുട്ടി وَلَمْ يَمْسَسْنِي എന്നെ തൊട്ടിട്ടുമില്ലാ بَشَرٌ ഒരു മനുഷ്യന്‍ قَالَ അവന്‍ പറഞ്ഞു كَذَٰلِكِ അപ്രകാരമാണ് اللَّهُ يَخْلُقُ അല്ലാഹു സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നത് إِذَا قَضَىٰ അവന്‍ തീരുമാനിച്ചല്‍ أَمْرًا ഒരു കാര്യം فَإِنَّمَا يَقُولُ എന്നാലവന്‍ പറയുകമാത്രം ചെയ്യും لَهُ അതിനോട്, അതിനെക്കുറിച്ച് كُن ഉണ്ടാകുക എന്ന് فَيَكُونُ അപ്പോഴത് ഉണ്ടാകും

അല്ലാഹുവിന് അവന്‍ ഉദ്ദേശിക്കുന്ന ഏതൊരു കാര്യവും നടപ്പില്‍ വരുത്തുവാന്‍ കഴിയുമെന്ന് സകരിയ്യാ (عليه السلام) നെപ്പോലെത്തന്നെ, മര്‍യം ബീവി (അ)ക്കും അറിയാം. പക്ഷേ ,നിയമാനുസൃതമായ രീതിയിലോ അല്ലാതെയോ പുരുഷ സമ്പര്‍ക്കമുണ്ടായിട്ടില്ലാത്ത ഒരു സ്ത്രീക്കു കുട്ടി ജനിച്ച ഒരു സംഭവം ഇതിന് മുമ്പുണ്ടായിട്ടില്ല. ആ സ്ഥിതിക്കു അവര്‍ക്കതില്‍ അത്ഭുതം തോന്നുകയും, അതെങ്ങിനെയാണെന്നറിയുവാന്‍ ആഗ്രഹമുണ്ടാകുകയും ചെയ്യുക സ്വാഭാവികമാണല്ലോ. ചോദ്യത്തിനു ലഭിച്ച മറുപടിയാകട്ടെ, മര്‍യമിനു മാത്രം ബാധകമായ മറുപടിയായിരുന്നില്ല. കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള എല്ലാ അത്ഭുത സംഭവങ്ങളിലും മനുഷ്യന്‍ മനസ്സിരുത്തേണ്ടുന്ന ഒരു മറുപടിയായിരുന്നു അത്. അതെ, ‘കാര്യം അങ്ങനെയൊക്കെത്തന്നെ. അല്ലാഹു എന്തു ഉദ്ദേശിക്കുന്നുവോ അതവന്‍ സൃഷ്ടിക്കുന്നു. ഏതൊരു കാര്യവും- അതു പ്രകൃതി സാധാരണമാവട്ടെ, അല്ലാത്തതാവട്ടെ-ഉണ്ടാവണമമെന്നു അവന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അതു ഉണ്ടാകണമെന്നു അതിനോട് കല്‍പിക്കുകയേ വേണ്ടൂ. അതുണ്ടായിക്കൊള്ളും.’ ഇതായിരുന്നു മറുപടി.

പ്രകൃതി നിയമങ്ങളെന്നു നാം ധരിച്ചുവരുന്നതും നമുക്ക് സുപരിചിതവുമായ കാര്യകാരണ വ്യവസ്ഥകള്‍ക്കുനിരക്കാത്ത സംഭവങ്ങളൊന്നും സംഭവിക്കുകയില്ലെന്നൊരു ധാരണ മനസ്സില്‍ സ്ഥലം പിടിച്ചു കഴിഞ്ഞ ചിലര്‍ക്ക് ഈസാ (عليه السلام) ന്‍റെ ജനനം പിതാവില്ലാതെയായിരുന്നുവെന്ന് സമ്മതിക്കുവാന്‍ കുറെ മനഃപ്രയാസം അനുഭവപ്പെടുന്നതായി കാണുന്നു. മുസ്‌ലിം സമുദായത്തില്‍പെട്ടവരാകകൊണ്ട് ക്വുര്‍ആന്‍റെ പ്രസ്താവനകളെ പരസ്യമായി നിഷേധിക്കുവാന്‍ അവര്‍ക്ക് ധൈര്യക്ഷയവും! അത്‌കൊണ്ട് പ്രസ്തുത യുക്തിവാദത്തിനു രണ്ടു സമര്‍ത്ഥന മാര്‍ഗങ്ങളാണവര്‍ സ്വീകരിക്കാറുള്ളത്.

(1) യോസേഫ് എന്നുപേരായ ഒരാള്‍ വിവാഹം കഴിപ്പാന്‍ നിശ്ചയിച്ചിരുന്ന കാലത്താണ് മര്‍യം (അ) ഗര്‍ഭിണിയായതെന്ന ബൈബ്‌ളിലെ പ്രസ്താവന അല്‍പം വലിച്ചു നീട്ടിക്കൊണ്ടുള്ള ഒരു വ്യാഖ്യാനം.

(2) ഈസാ (അ) പിതാവില്ലാതെ ജനിച്ച ആളാണെന്ന് ക്വുര്‍ആന്‍ ഖണ്ഡിതമായ ഭാഷയില്‍ പ്രസ്താവിച്ചില്ലെന്ന് തട്ടിമൂളിക്കല്‍, വാസ്തവത്തില്‍, ക്വുര്‍ആനില്‍ വിശ്വസിക്കുകയും , മുസ്‌ലിമെന്നു വാദിക്കുകയും ചെയ്യുന്ന ഒരൊറ്റ വ്യക്തിക്കും ഈ പുതിയ വാദം സ്വീകരിക്കുക സാധ്യമല്ല. അത്രയുമല്ല, അത് ശരിയായേക്കുമോ എന്ന ഒരു നേരിയ സംശയം പോലും തോന്നുവാനവകാശമില്ല. ‘ഈസാക്ക് പിതാവില്ല’ എന്നൊരു വാക്ക് ക്വുര്‍ആനില്‍ പറഞ്ഞിട്ടില്ലെന്നത് ശരിതന്നെ. അതേസമയത്ത് പിതാവില്ലാതെ ജനിച്ച ആളാണദ്ദേഹമെന്ന് പ്രാഥമിക മനുഷ്യബുദ്ധിയെങ്കിലുമുള്ളവര്‍ക്കെല്ലാം മനസ്സിലാ കുമാറുള്ള വാക്കുകളും, പ്രസ്താവനകളും ക്വുര്‍ആനില്‍ നിരവധിയുണ്ടുതാനും. ഈസാ (عليه السلام)ക്കു പിതാവുണ്ടായിരുന്നുവെന്നോ, പിതാവില്‍ നിന്നും മാതാവില്‍ നിന്നുമായി അദ്ദേഹം ജനിച്ചുവെന്നോ സൂചിപ്പിക്കുന്ന- അല്ലെങ്കില്‍ വ്യാഖ്യാനിക്കാവുന്ന- ഒരൊറ്റവാക്കെങ്കിലും ക്വുര്‍ആനില്‍ തൊട്ടുകാണിക്കുവാന്‍ അവരെ നാം ധൈര്യസമേതം വെല്ലുവിളിക്കുന്നു. قل فلاله الحجة البالغه

സക്കരിയ്യാ നബി(അ)യുടെയും, മര്‍യം (അ)ന്‍റെയും കഥകളില്‍, അവര്‍ക്കു സന്താനമുണ്ടാകുവാന്‍ പോകുന്ന സന്തോഷവാര്‍ത്ത അറിയിച്ചതു മലക്കുകളാണ്. അതിനെതുടര്‍ന്ന് അവര്‍ രണ്ടുപേരും ആശ്ചര്യം പ്രകടിപ്പിക്കുന്നതും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതും ‘റബ്ബേ رَبِّ എന്നു വിളിച്ചുകൊണ്ടും അല്ലാഹുവിനെ അഭിമുഖീകരിച്ചുകൊണ്ടുമായിരുന്നു. അഥവാ മലക്കുകളെ അഭിമുഖീകരിച്ചു കൊണ്ടായിരുന്നില്ല. ഈ സംഭവങ്ങളെപ്പറ്റിയും സൂറത്തു മര്‍യമിലെ പ്രസ്താവനകള്‍ പരിശോധിക്കുമ്പോള്‍, സക്കരിയ്യാനബി (അ)ക്കു സുവിശേഷം അറിയിച്ചതു അല്ലാഹുവാണെന്നും, തനിക്കെങ്ങിനെ കുട്ടിയുണ്ടാകുമെന്ന് മര്‍യം (അ) ചോദിച്ചത് മലക്കിനോടായിരുന്നുവെന്നും കാണാവുന്നതാണ്. (മര്‍യം: 7, 20,21) അല്ലാഹുവില്‍ നിന്നുള്ള ദൗത്യം അപ്പടി എത്തിക്കുക മാത്രമാണ് മലക്കുകള്‍ ചെയ്യുന്നത്. അപ്പോള്‍ ആ ദൗത്യനിര്‍വ്വഹണവേളയില്‍ അവര്‍ പറയുന്നതും, അവരോടു പറയപ്പെടുന്നതുമെല്ലാം വാസ്തവത്തില്‍ അല്ലാഹു പറയുന്നതും അല്ലാഹുവിനോട് പറയപ്പെടുന്നതുമായിരിക്കും. ഇതാണ് ഈ വ്യത്യസ്തമായ പ്രസ്താവനകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യം. സകരിയ്യാ നബി(عليه السلام) യുടെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ والله يفعل ما يشاء (അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതു ചെയ്യും) എന്നും, മര്‍യം (അ)ന്‍റെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ والله يخلق ما يشاء (അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കും) എന്നും പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. സക്കരിയ്യാ നബിക്കു (عليه السلام) കുട്ടി ജനിച്ചതിലുള്ള അസാധാരണത്വം, അദ്ദേഹത്തിന്‍റെ വാര്‍ദ്ധക്യത്തിലും ഭാര്യ പ്രസവിക്കാത്ത വന്ധ്യയായിരുന്നതിലുമായിരുന്നു. മര്‍യം (അ)നു കുട്ടി ജനിച്ചതിലുള്ള അസാധാരണത്വമാകട്ടെ, അതിലും ഉപരിയാണ്. പുരുഷന്‍റെ നാമമാത്ര സ്പര്‍ശനം പോലും ഉണ്ടായിട്ടില്ലാത്ത ഒരു സ്ത്രീയില്‍ നിന്നാണ് ആ കുട്ടിയുടെ ജനനം. പക്ഷേ, ഈ കാരണത്താല്‍ ആ കുട്ടി ദൈവമോ, ദൈവപുത്രനോ, ദൈവാംശമോ ഒന്നും തന്നെ ആകുന്നില്ലെന്നും, ആ കുട്ടിയും മറ്റു കുട്ടികളെപോലെ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍പെട്ട ഒരു സൃഷ്ടി മാത്രമാണെന്നും, അല്ലാഹു എന്തു ഉദ്ദേശിക്കുന്നതായാലും അത് അവന് ചെയ്‌വാന്‍ ഒരു പ്രയാസവുമില്ലെന്നുമുള്ള സൂചനകള്‍ രണ്ടാമത്തെ മറുപടിയില്‍ അടങ്ങിയിരിക്കുന്നതായി കാണാം.

യഹ്‌യാ (عليه السلام) ന്‍റെ ജനനത്തെ കുറിച്ച് സക്കരിയ്യാ (عليه السلام) ക്കും, ഈസാ (عليه السلام) യുടെ ജനനത്തെക്കുറിച്ച് മര്‍യം (അ)നും നല്‍കപ്പെട്ട സന്തോഷവാര്‍ത്തകളെ സംബന്ധിച്ച് ലൂക്കോസ് 1-ാംഅദ്ധ്യായത്തില്‍ ബൈബ്ള്‍ ഉദ്ധരിച്ചിരിക്കുന്നു. യഹ്‌യാ (عليه السلام) നെ സംബന്ധിച്ചഭാഗം സൂറത്തു മര്‍യമിന്‍റെ വ്യാഖ്യാനത്തില്‍ യഥാസ്ഥാനത്ത് നാം ഉദ്ധരിച്ചിട്ടുണ്ട്. ഈസാ (عليه السلام) നെ സംബന്ധിച്ച അതിലെ പ്രസ്താവന ഇപ്രകാരമാകുന്നു: ‘ആ നാളുകള്‍ (സെഖര്യാവു മൗനമായിരുന്ന നാളുകള്‍) കഴിഞ്ഞിട്ടു ഭാര്യ എലിശബെത്ത് ഗര്‍ഭം ധരിച്ചു… ആറാം മാസത്തില്‍ ദൈവം ഗബ്രിയേല്‍ ദൂതനെ നസ്‌റേത്ത് എന്ന ഗലീലയില്‍ യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യാമറിയയുടെ അടുക്കല്‍ അയച്ചു. ദൂതന്‍ പറഞ്ഞു: വന്ദനം. കര്‍ത്താവു നിന്നോടു കൂടെയുണ്ട്. അവള്‍ ഭ്രമിച്ചു. ദൂതന്‍: മറിയയേ ഭയപ്പെടേണ്ട. നിനക്ക് ദൈവകൃപ ലഭിച്ചു. നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവന് യേശു (*) എന്ന് പേര്‍ വിളിക്കണം. ‘അത്യുന്നതന്‍റെ പുത്രന്‍’ എന്നു വിളിക്കപ്പെടും, കര്‍ത്താവായ ദൈവം അവന്‍റെ [യേശുവിന്‍റെ] പിതാവായ ദാവീദിന്‍റെ സിംഹാസനം അവനു കൊടുക്കും. യാക്കോബ് ഗൃഹത്തിന് എന്നും രാജാവാകും എന്നും പറഞ്ഞു. മറിയ ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇത് എങ്ങിനെ സംഭവിക്കും? ദൂതന്‍: പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ നിഴലിടും. ആകയാല്‍, ഉത്ഭവിക്കുന്ന വിശുദ്ധ പ്രജ ‘ദൈവപുത്രന്‍’ എന്നു വിളിക്കപ്പെടും. നിന്‍റെ ചാര്‍ച്ചക്കാരി എലിശബെത്തും വാര്‍ദ്ധക്യത്തില്‍ ഗര്‍ഭം ധരിച്ചിരിക്കുന്നു. മച്ചി എന്നു പറഞ്ഞുവന്നവള്‍ക്ക് ഇത് ആറാം മാസം. ദൈവത്തിനു ഒരു കാര്യവും അസാധ്യമല്ലല്ലോ… (ലൂക്കോസ് 1:26- 38)


(*) ഹിബ്രു ഭാഷയിലെ ‘യോശുവാ’ (يسوع) എന്ന വാക്കും, യവന ഭാഷയിലെ ‘യേശു’ എന്ന വാക്കും ഏതാണ്ട് ഒരേ അര്‍ത്ഥത്തില്‍ തന്നെയുള്ളതാകുന്നു.


മര്‍യം (അ) ന് ലഭിച്ച ഈ സുവിശേഷ വാര്‍ത്തയെപ്പറ്റി ബൈബ്‌ളില്‍ ലൂക്കോസ് മാത്രമേ ഉദ്ധരിച്ചു കാണുന്നുള്ളൂ. ലൂക്കോസിന്‍റെ ഈ പ്രസ്താവനയില്‍ കുറെയെല്ലാം ക്വുര്‍ആന്‍റെ പ്രസ്താവനയുമായി യോജിക്കുന്നുവെങ്കിലും ‘അത്യുന്നതന്‍റെ പുത്രന്‍’ ‘ദൈവത്തിന്‍റെ പുത്രന്‍’ എന്നിങ്ങനെയുള്ള സത്യവിരുദ്ധമായ ചിലതും അതില്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതില്‍ സംശയമില്ല. ഇത് ആ ഗ്രന്ഥകര്‍ത്താവിന്‍റെയോ മറ്റോ വക കൂട്ടിച്ചേര്‍ക്കപ്പെട്ടതാ യിരിക്കുവാനെ തരമുള്ളൂ. മറ്റു സുവിശേഷങ്ങളുടെ കര്‍ത്താക്കളാരും ഈ വാക്കുകള്‍ യേശുവിനെക്കുറിച്ച് ഉപയോഗിച്ചിട്ടില്ല. അതുപോലെത്തന്നെ ‘ദാവീദിന്‍റെ സിംഹാസനം അവനു കൊടുക്കു’മെന്നും, അവന്‍ ‘എന്നും രാജാവാകുമെന്നു’ പറഞ്ഞതും ശരിയല്ല. യേശു ഒരു രാജാവായിരുന്നില്ലെന്നും, ദാവീദിന്‍റെ (ദാവൂദ് (عليه السلام)ന്‍റെ) സിംഹാസനം അദ്ദേഹത്തിന് സിദ്ധിച്ചിട്ടില്ലെന്നും പറയേണ്ടതില്ല. ലൂക്കോസാണെങ്കില്‍, യേശുവിന്‍റെ ശിഷ്യനോ, ശിഷ്യന്‍മാരുടെ ശിഷ്യനോ അല്ല. പില്‍ക്കാലത്തു ക്രിസ്തുമതം സ്വീകരിച്ച ഒരാള്‍ മാത്രമാകുന്നു. അപ്പോള്‍ പില്‍ക്കാലത്തു പുതുതായി രൂപം കൊണ്ട ക്രിസ്തീയ വിശ്വാസ സിദ്ധാന്തമനുസരിച്ച് ലൂക്കോസ് തന്‍റെ സ്വന്തം വകയായി യേശുവിന് നല്‍കിയ സ്ഥാന പദവികളാണവയെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ലൂക്കോസിന്‍റെ സുവിശേഷ പുസ്തകത്തിന്‍റെ ആരംഭം തന്നെ ഇങ്ങനെയാണ്: ‘നമ്മുടെ ഇടയില്‍ പൂര്‍ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളുടെ ചരിത്രം ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ട് അതു ക്രമമായി എഴുതുന്നത് നന്നെന്ന് എനിക്കും തോന്നിയിരിക്കുന്നു.’ ഈ മുഖവുര പ്രസ്തുത അനുമാനത്തിന് ശക്തി കൂട്ടുകയും ചെയ്യുന്നു.

ഇടക്കുവെച്ച് മര്‍യം (അ) ന്‍റെ ചോദ്യവും, അതിന്‍റെ ഉത്തരവും ഉദ്ധരിച്ച ശേഷം, മലക്കുകളുടെ സുവിശേഷ വാര്‍ത്തയുടെ ബാക്കി ഭാഗം അല്ലാഹു ഇങ്ങിനെ തുടരുന്നു:-

3:48
  • وَيُعَلِّمُهُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ﴾٤٨﴿
  • 'അവന്‍ [അല്ലാഹു] അവനു[ഈസാക്കു] ഗ്രന്ഥവും, വിജ്ഞാനവും, തൗറാത്തും, ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും;-
  • وَيُعَلِّمُهُ അവന്‍ അവനു പഠിപ്പിക്കുകയും ചെയ്യും الْكِتَابَ ഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും وَالتَّوْرَاةَ തൗറാത്തും وَالْإِنجِيلَ ഇന്‍ജീലും
3:49
  • وَرَسُولًا إِلَىٰ بَنِىٓ إِسْرَٰٓءِيلَ أَنِّى قَدْ جِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ ۖ أَنِّىٓ أَخْلُقُ لَكُم مِّنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًۢا بِإِذْنِ ٱللَّهِ ۖ وَأُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ﴾٤٩﴿
  • 'ഇസ്‌റാഈല്‍ സന്തതികളിലേക്ക് റസൂലായും (അവനെ അയക്കും): നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു ഒരു ദൃഷടാന്തവും കൊണ്ടു ഞാന്‍ നിങ്ങളില്‍വന്നിരിക്കുന്നുവെന്നു (ള്ള ദൗത്യവുമായി); അതായത്, പക്ഷിയുടെ ആകൃതിപോലെ കളിമണ്ണിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് (രൂപം) സൃഷ്ടിച്ചുണ്ടാക്കിത്തരും; എന്നിട്ട് ഞാനതില്‍ ഊതും, അപ്പോള്‍അല്ലാഹുവിന്‍റെ അനുവാദം കൊണ്ട് അത് പക്ഷിയായിത്തീരും. അല്ലാഹുവിന്‍റെ അനുവാദം കൊണ്ട്ജാത്യാന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും ഞാന്‍ സുഖപ്പെടുത്തുകയും, മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെയും, നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതിനെയും കുറിച്ച് ഞാന്‍നിങ്ങള്‍ക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും. നിശ്ചയമായും, അതില്‍നിങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
  • وَرَسُولًا ദൂതനായും إِلَىٰ بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളിലേക്ക് أَنِّي قَدْ جِئْتُكُم ഞാന്‍ നിങ്ങള്‍ക്ക് വന്നിട്ടുണ്ട് എന്ന് بِآيَةٍ ദൃഷ്ടാന്തവും കൊണ്ട് مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് أَنِّي أَخْلُقُ ഞാന്‍ സൃഷ്ടിച്ച് (രൂപപ്പെടുത്തി) ഉണ്ടാക്കുമെന്ന് لَكُم നിങ്ങള്‍ക്ക് مِّنَ الطِّينِ കളിമണ്ണിനാല്‍ كَهَيْئَةِ ആകൃതി (രൂപം ണമാതിരി) പോലെ الطَّيْرِ പക്ഷി (പറവ)യുടെ فَأَنفُخُ എന്നിട്ട് ഞാന്‍ ഊതും فِيهِ അതില്‍ فَيَكُونُ അപ്പോള്‍ അതായിത്തീരും طَيْرًا പക്ഷി بِإِذْنِ اللَّهِ അല്ലാഹുവിന്‍റെ അനുമതി (ഉത്തരവ് - അനുവാദം) കൊണ്ട് وَأُبْرِئُ ഞാന്‍ ഒഴിവാക്കുക (സുഖപ്പെടുത്തുക)യും ചെയ്യും الْأَكْمَهَ ജാത്യാന്ധനെ (പിറവിയിലേ അന്ധനായവനെ) وَالْأَبْرَصَ വെള്ളപ്പാ ണ്ഡുകാരനെയും وَأُحْيِي ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും الْمَوْتَىٰ മരണപ്പെട്ടവരെ بِإِذْنِ اللَّهِ അല്ലാഹുവിന്‍റെ അനുവാദംകൊണ്ട്, ഉത്തരവു പ്രകാരം وَأُنَبِّئُكُم ഞാന്‍ നിങ്ങള്‍ക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും بِمَا تَأْكُلُونَ നിങ്ങള്‍ തിന്നുന്നതിനെപ്പറ്റി وَمَا تَدَّخِرُونَ നിങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും فِي بُيُوتِكُمْ നിങ്ങളുടെ വീടുകളില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً لَّكُمْ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തം إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വാസികള്‍
3:50
  • وَمُصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَلِأُحِلَّ لَكُم بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾٥٠﴿
  • തൗറാത്താകുന്ന എന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നവനായും, നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളതില്‍ ചിലത് നിങ്ങള്‍ക്ക് അനുവദനീയമാക്കിത്തരുവാന്‍ വേണ്ടിയും (ഞാന്‍ വന്നിരിക്കുന്നു). നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് ഞാന്‍ ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
  • وَمُصَدِّقًا സത്യപ്പെടുത്തുന്നവനായും لِّمَا بَيْنَ يَدَيَّ എന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ തൗറാത്താകുന്ന, തൗറാത്തില്‍ നിന്ന് وَلِأُحِلَّ لَكُم നിങ്ങള്‍ക്ക് ഞാന്‍ അനുവദനീയമാക്കുവാനും بَعْضَ الَّذِي യാതൊന്നില്‍ ചിലത് حُرِّمَ عَلَيْكُمْ നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട وَجِئْتُكُم ഞാന്‍ നിങ്ങള്‍ക്ക് വരുകയും ചെയ്തിരിക്കുന്നു بِآيَةٍ ദൃഷ്ടാന്തവുമായി مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് فَاتَّقُوا അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍ اللَّهَ അല്ലാഹുവിനെ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
3:51
  • إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۗ هَـٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٥١﴿
  • 'നിശ്ചയമായും അല്ലാഹു എന്‍റെ റബ്ബും, നിങ്ങളുടെ റബ്ബുമാകുന്നു; അതിനാല്‍ അവനെ നിങ്ങള്‍ആരാധിക്കുവിന്‍. ഇതു നേരെ(ചൊവ്വെ) യുള്ള പാതയാകുന്നു. [ഇതൊക്കെയാണ് എന്‍റെ ദൗത്യം]'
  • نَّ اللَّهَ നിശ്ചയമായും അല്ലാഹു رَبِّي وَرَبُّكُمْ എന്‍റെ റബ്ബും നിങ്ങളുടെ റബ്ബുമാണ് فَاعْبُدُوهُ അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുവിന്‍ هَٰذَا صِرَاطٌ ഇതു പാതയാകുന്നു مُّسْتَقِيمٌ നേരായ, ചൊവ്വായ

തനിക്ക് ജനിക്കുവാന്‍ പോകുന്ന കുട്ടി ഇഹത്തിലും പരത്തിലും ഒരു പ്രമുഖനായിരിക്കും, ശിശുവായിരിക്കുമ്പോഴും മദ്ധ്യവയസ്‌കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കും എന്നും മറ്റും മലക്കുകള്‍ മര്‍യം (അ)യോട് പറഞ്ഞതായി 45,46 വചനങ്ങളില്‍ പ്രസ്താവിച്ചുവല്ലോ. അദ്ദേഹത്തിന് വേദ വിജ്ഞാനങ്ങളും, തത്വവിജ്ഞാനങ്ങളും പഠിപ്പിച്ചു കൊടുക്കുന്നതാണെന്നും, അദ്ദേഹം ഇസ്‌റാഈല്യരിലേക്ക് റസൂലായിരിക്കുമെന്നും ഈ വചനങ്ങളില്‍ അവര്‍ തുടര്‍ന്നറിയിക്കുന്നു. അതോടുകൂടി, അദ്ദേഹത്തിന്‍റെ ‘രിസാലത്തിന്‍റെ’ (ദിവ്യദൗത്യത്തിന്‍റെ) പ്രത്യേക ദൃഷ്ടാന്തങ്ങള്‍ ഇന്നിന്നവയാണെന്നും, പ്രധാന ദൗത്യ വിഷയങ്ങള്‍ എന്താണെന്നും വിവരിച്ചിരിക്കുന്നു.

ഗ്രന്ഥം (الكِتَاب) എന്ന വാക്കില്‍, എല്ലാ വേദഗ്രന്ഥങ്ങളും പൊതുവില്‍ ഉള്‍പ്പെടുന്നു. വേദഗ്രന്ഥങ്ങള്‍ക്കുപുറമെ ലഭിക്കുന്ന വിജ്ഞാനങ്ങളെല്ലാം തത്വവിജ്ഞാനം (الحكمة) എന്ന വാക്കിലും ഉള്‍പ്പെടുന്നു. (ഈ വാക്കിന്‍റെ അര്‍ത്ഥോദ്ദേശ്യങ്ങളെപ്പറ്റി അല്‍ബക്വറ: 129-ാം വചനത്തിന്‍റെ വിവരണത്തില്‍ പ്രസ്താവിച്ചിട്ടുള്ളത് ഓര്‍ക്കുക) ഇസ്‌റാഈല്യര്‍ക്കിടയില്‍ നിലവിലുള്ളതും, മൂസാ നബി (عليه السلام)ക്ക് അവതരിച്ചതുമായ തൗറാത്തുതന്നെയായിരുന്നു ഈസാ (عليه السلام)ന്‍റെ കാലത്തും മതത്തിന്‍റെ നിയമ സംഹിതയായി- ന്യായപ്രമാണമായി – പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നത്. ഈസാ (عليه السلام)ക്കു പ്രത്യേകമായി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാണ് ഇന്‍ജീല്‍ എന്ന സാക്ഷാല്‍ സുവിശേഷം. അത് കൊണ്ട് വേദഗ്രന്ഥങ്ങളെപ്പറ്റി ആദ്യം പൊതുവില്‍ പ്രസ്താവിച്ച ശേഷം, തൗറാത്തിനെയും ഇന്‍ജീലിനെയും പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുകയാണ്. ഈ രണ്ട് വേദഗ്രന്ഥങ്ങളും ഈസാ നബി (عليه السلام)ക്ക് ഹൃദിസ്ഥമായിരുന്നുവെന്ന് പറയപ്പെടുന്നു. ഈസാ (عليه السلام)ക്ക് എഴുത്തും വായനയും അറിയാമായിരുന്നത് കൊണ്ടും, അദ്ദേഹത്തിനു തൗറാത്തും ഇന്‍ജീലും പഠിപ്പിക്കുമെന്ന് പിന്നീട് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കകൊണ്ടും (يعَلِمَهُ الكِتَاب) എന്ന വാക്യത്തിന്‍റെ അര്‍ത്ഥം’അദ്ദേഹത്തിന് എഴുത്ത് പഠിപ്പിക്കും’ ‘എന്നാണ് – വേദഗ്രന്ഥം പഠിപ്പിക്കുമെന്നല്ല- എന്ന് ചില വ്യാഖ്യാതാക്കള്‍ക്ക് അഭിപ്രായമുണ്ട്. ധാത്വര്‍ത്ഥം നോക്കുമ്പോള്‍ അതിനു സാധ്യതയുണ്ട്താനും. ഈസാ (عليه السلام) ഇസ്‌റാഈല്‍ സമുദായത്തിലേക്ക് അയക്കപ്പെട്ട ഒരു റസൂലായിരുന്നുവെന്നും (وَرَسُولًا إِلَىٰ بَنِي إِسْرَائِيلَ) ഈ സുവിശേഷത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. എല്ലാ ജന സമുദായത്തിലും റസൂലായി അയക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വന്ന ശേഷം ഇസ്‌റാഈല്യര്‍ മുഴുവനും തിരുമേനിയെ പിന്‍പറ്റുവാന്‍ ബാധ്യസ്ഥരാണെന്നും ഇത് സൂചിപ്പിക്കുന്നു.

പല മഹാന്മാരും പ്രസ്താവിക്കുന്നത് പോലെ, ഓരോ കാലത്തും നിയോഗിക്കപ്പെടുന്ന റസൂലുകളുടെ സത്യത സ്ഥാപിക്കുന്നതിനുവേണ്ടി അവരുടെ കൈക്ക് അല്ലാഹു വെളിപ്പെടുത്താറുള്ള അമാനുഷിക ദൃഷ്ടാന്തങ്ങള്‍ (‘മുഅ്ജിസത്തുകള്‍’) അതതു കാലത്തെ ജനങ്ങളുടെ വളര്‍ച്ചക്കും, പരിതഃസ്ഥിതികള്‍ക്കും അനുസരിച്ചായിരിക്കും, വെളിപ്പെടുത്തപ്പെടുന്നത്. മൂസാ നബി (عليه السلام)യുടെ കാലം ‘സിഹ്‌റി’നു വളരെ പ്രചാരമുള്ളകാലമായിരുന്നു. അദ്ദേഹത്തിനു നല്‍കപ്പെട്ട പ്രധാന ദൃഷ്ടാന്തങ്ങള്‍ സിഹ്‌റിനെ വെല്ലുന്നവയായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലം സാഹിത്യത്തിനു വളരെ സ്ഥാനം കല്‍പ്പിക്കപ്പെടുന്ന കാലമായിരുന്നു. തിരുമേനിക്കു നല്‍കപ്പെട്ട പ്രധാന ദൃഷ്ടാന്തം സാഹിത്യകാരന്മാരെ വെല്ലുന്ന ക്വുര്‍ആനാകുന്നു. അത് പോലെ, ഈസാ നബി (عليه السلام)യുടെ കാലമാകട്ടെ, തത്വശാസ്ത്രം, വൈദ്യശാസ്ത്രം മുതലായവയില്‍ വളരെ പുരോഗതി പ്രാപിച്ച ഒരു കാലമായിരുന്നു. അത് കൊണ്ട് അദ്ദേഹത്തിനു നല്‍കപ്പെട്ട പ്രത്യേക ദൃഷ്ടാന്തങ്ങള്‍ അങ്ങിനെയുള്ള ശാസ്ത്രീയ കഴിവുകളെയെല്ലാം വെല്ലുമാറുള്ളവയായിരുന്നു. അദ്ദേഹത്തിന്‍റെ ‘മുഅ്ജിസത്തു’കളില്‍ അദ്ദേഹത്തിന്‍റെ പ്രവാചകത്വവും സത്യതയും സ്ഥാപിക്കുകയെന്നതിനുപുറമെ, മറ്റൊരു രഹസ്യം കൂടി അടങ്ങിയിട്ടുണ്ടെന്ന് ആലോചിച്ചാല്‍ കാണാവുന്നതാണ്. പിതാവില്ലാതെയുള്ള അദ്ദേഹത്തിന്‍റെ ജനനത്തില്‍ അസംഭവ്യതയൊന്നുമില്ല എന്നുകൂടി തെളിയിക്കുന്ന തരത്തിലുള്ളതാണവ. സയ്യിദ് ഖുതുബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ, നിര്‍ജ്ജീവ വസ്തുവിന് ജീവന്‍ നല്‍കുക, മരിച്ചവരെ ജീവിപ്പിക്കുക, മറഞ്ഞകാര്യം പറയുക, മുതലായ കാര്യങ്ങള്‍ സൃഷ്ടികളില്‍പെട്ട ഒരാളുടെ കൈക്ക് സംഭവിപ്പിക്കുവാന്‍ കഴിയുന്ന അല്ലാഹുവിന്- മനുഷ്യനെ അളക്കുന്ന മാനദണ്ഡം കൊണ്ട് അല്ലാഹുവിനെയും അളക്കുവാന്‍ ശ്രമിക്കാത്ത പക്ഷം – ആരുടെ കൈക്കു അവന്‍ അവ വെളിപ്പെടുത്തിയോ ആ ആളെ സാധാരണക്കെതിരായി, പിതാവില്ലാതെ ജനിപ്പിക്കു വാനും കഴിയുമെന്നുള്ളതിലുോ വല്ല സംശയവും?! ഈസാ (عليه السلام)ന്‍റെ ‘മുഅ്ജിസത്തു’കളായി ഇവിടെ പ്രസ്താവിക്കപ്പെട്ട കാര്യങ്ങള്‍ ഇവയാകുന്നു:

(1) കളിമണ്ണുകൊണ്ട് പക്ഷികളുടെ ആകൃതിയില്‍ രൂപമുണ്ടാക്കി അതില്‍ അദ്ദേഹം ഊതിയാല്‍ അത് പക്ഷിയായിത്തീരുക,

(2) രോഗം നിമിത്തമോ മറ്റോ അല്ലാതെ, ജനനാല്‍ തന്നെ കാഴ്ചയില്ലാത്തവരായ ജാത്യാന്ധന്മാരെയും, മാറാവ്യാധിയായ വെള്ളപ്പാണ്ടുകാരെയും സുഖപ്പെടുത്തിവിടുക

(3) മരണപ്പെട്ടവരെ ജീവിപ്പിക്കുക

(4) ജനങ്ങള്‍ തിന്നുന്നതും, അവര്‍ വീട്ടില്‍ സൂക്ഷിച്ചുവെക്കുന്നതുമായ വസ്തുക്കളെക്കുറിച്ച് വിവരിക്കുക. അഥവാ അങ്ങിനെയുള്ള മറഞ്ഞ കാര്യങ്ങള്‍ പറയുക.

ഇവയെല്ലാം ചിലപ്പോഴെങ്കിലും അദ്ദേഹത്തിന്‍റെ കൈക്കു സംഭവിച്ചിട്ടുണ്ടാവാമെന്നു നമുക്ക് തീര്‍ത്തുപറയാം. ഇല്ലാത്തപക്ഷം, അവ അദ്ദേഹത്തിന്‍റെ പ്രത്യേക ദൃഷ്ടാന്തങ്ങളായി എണ്ണുന്നതിനു അര്‍ത്ഥമില്ലല്ലോ. ദൃഷ്ടാന്തങ്ങള്‍ പലതും കണ്ടിട്ടു പോലും അദ്ദേഹത്തെ നിഷേധിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുകയാണ് യഹൂദികള്‍ ചെയ്തതെന്ന് പ്രസിദ്ധമാണ്. ബൈബ്‌ളിലെ പുതിയ നിയമ പുസ്തകങ്ങളില്‍ അവയിലെ സത്യാസത്യങ്ങള്‍ തിരിച്ചെടുക്കുവാന്‍ സാധ്യമല്ലെങ്കിലും – അന്ധതയും പാണ്ടും അദ്ദേഹം സുഖപ്പെടുത്തിയ പല സംഭവങ്ങളും, മരിച്ചവരെ ജീവിപ്പിച്ച ചുരുക്കം ചില സംഭവങ്ങളും ഉദ്ധരിച്ചു കാണാവുന്നതാണ്. മുഅ്ജിസത്തുകളെ എണ്ണിപ്പറഞ്ഞശേഷം (إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ) (നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍ നിശ്ചയമായും നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട്.) എന്നു പറഞ്ഞതില്‍ നിന്നു തന്നെ ഇതു വ്യക്തമാണ്. ഇതെല്ലാം എന്‍റെ ദൃഷ്ടാന്തങ്ങളാണെന്ന് അദ്ദേഹം വാദിക്കുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുകയും, അവയൊന്നും സംഭവിച്ചു കാണാതിരിക്കുകയും ചെയ്യുന്ന പക്ഷം, അവ അദ്ദേഹത്തിന്‍റെ സത്യതയേക്കാള്‍ അദ്ദേഹത്തിന്‍റെ അസത്യതക്കാണല്ലോ തെളിവായിത്തീരുക. എന്നാല്‍, മേല്‍പ്രസ്താവിച്ച ദൃഷ്ടാന്തങ്ങളെന്നോണം അദ്ദേഹത്തില്‍ നിന്നു വെളിപ്പെട്ട സംഭവങ്ങള്‍ പലതും ചില രിവായത്തുകളിലും, ബൈബ്‌ളിലും പ്രസ്താവിച്ചു കാണാമെന്നല്ലാതെ ഒന്നിനും വിശ്വാസയോഗ്യമായ തെളിവ് കാണുന്നില്ല.

ചില സംഗതികള്‍ ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്. (قَدْ جِئْتُكُم بِآيَةٍ مِّن رَّبِّكُمْ) (നിങ്ങളുടെ റബ്ബിങ്കല്‍ നിന്നും ഞാന്‍ നിങ്ങള്‍ക്കു ദൃഷ്ടാന്തവുമായി വന്നിരിക്കുന്നു.) എന്നു പറഞ്ഞുകൊണ്ടാണ് ഈസാ (عليه السلام) ആ ദൃഷ്ടാന്തങ്ങളെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. പ്രസ്തുത ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന്‍റെ കൈക്കു വെളിപ്പെടുമെങ്കിലും അവയുടെ യഥാര്‍ത്ഥ കര്‍ത്താവ് അല്ലാഹുവാണെന്നാണിത് കാണിക്കുന്നത്. പിന്നീട് ദൃഷ്ടാന്തങ്ങളെ എണ്ണിപ്പറഞ്ഞപ്പോള്‍ അതെല്ലാം ഞാന്‍ ചെയ്യുന്നത് അല്ലാഹുവിന്‍റെ അനുവാദപ്രകാരം (بِإِذْنِ الَّله) ആകുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും ചെയ്തിരിക്കുന്നു. സൂറത്തുല്‍ മാഇദഃ 110ല്‍ ഈസാ (عليه السلام)നെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു ഇതേ ദൃഷ്ടാന്തങ്ങളെ ക്കുറിച്ച് പ്രസ്താവിച്ചപ്പോള്‍, അവയെല്ലാം നീ ചെയ്യുന്നത് എന്‍റെ അനുവാദപ്രകാരം (بِإِذْنِي) ആണെന്നു അവിടെയും ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നത് കാണാം. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ, അല്ലെങ്കില്‍ മനസ്സിരുത്താതെ, പലര്‍ക്കും അമളിപിണയുകയും, അങ്ങനെ, പ്രവാചകന്മാരും അല്ലാത്തവരുമായ പല മഹാന്മാര്‍ക്കും അവര്‍ ദിവ്യത്വം കല്‍പ്പിക്കുവാന്‍ ഇടയാക്കുകയും ചെയ്തിട്ടുണ്ട്. ആ മഹാത്മാക്കള്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവര്‍ക്കു പല അസാധാരണ സംഭവങ്ങളും വെളിപ്പെടുത്തുവാനും ചില മറഞ്ഞകാര്യങ്ങള്‍ അറിയുവാനും കഴിയുമെന്നും അവര്‍ ധരിച്ചുവശായിരിക്കുന്നു. ഈ ധാരണ നിമിത്തം മുസ്‌ലിം സമുദായത്തില്‍ ശിര്‍ക്കുപരമായ എത്രയോ അന്ധവിശ്വാസങ്ങള്‍ കടന്നുകൂടിയിരിക്കുകയാണ്. ദൃഷ്ടാന്തങ്ങളോടുകൂടി അയക്കപ്പെട്ട പ്രവാചകന്മാര്‍ക്കുപോലും അവര്‍ ഉദ്ദേശിക്കുമ്പോള്‍ ആ ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തുവാന്‍ സാധ്യമല്ലതന്നെ. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവന്‍റെ അനുവാദപ്രകാരം മാത്രമെ അവര്‍ക്കും അതിനു സാധ്യമാകയുള്ളൂ. അല്ലാഹു പറയുന്നു:

(وَمَا كَانَ لِرَسُولٍ أَن يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ)

‘ഒരു റസൂലിനും തന്നെ അല്ലാഹുവിന്‍റെ അനുവാദപ്രകാരമല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാന്‍ ആകുകയില്ല. എല്ലാ അവധിക്കുമുണ്ട് ഓരോ നിയമ നിശ്ചയം.’ (റഅദ്: 38)

ഈസാ (عليه السلام) നിര്‍വ്വഹിക്കേണ്ടതായുള്ള രണ്ടു കാര്യങ്ങളെ അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ പ്രത്യേകം എടുത്തുകാണിച്ചിരിക്കുന്നു: (ഒന്ന്:) തന്‍റെ മുമ്പിലുള്ള തൗറാത്താകുന്ന വേദഗ്രന്ഥത്തെ അദ്ദേഹം സത്യപ്പെടുത്തുന്നതാണ്. അതെ, അദ്ദേഹം തൗറാത്തിന്‍റെ തത്വങ്ങളെ അംഗീകരിക്കുകയും തൗറാത്തിന്‍റെ നിയമ നടപടികളെ പിന്‍പറ്റുകയും അതിനെ പുനര്‍ജീവിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് അവതരിപ്പിച്ച ഇന്‍ജീല്‍ ഒരു പുതിയ നിയമസംഹിതയായിരുന്നില്ല. ഉപദേശങ്ങള്‍, താക്കീതുകള്‍, ഉപമകള്‍ ആദിയായവയാണ് അവയിലെ പ്രധാന ഉള്ളടക്കം. ഇന്‍ജീല്‍ (الإِنْجِيلَ) എന്നവാക്കിനു തന്നെ സുവിശേഷമെന്നാണര്‍ത്ഥം. ഈ വാസ്തവം യേശുവിന്‍റെ വാക്കുകളിലൂടെ ബൈബ്ള്‍ ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു. ‘ഞാന്‍ ന്യായപ്രമാണത്തെ (തൗറാത്തിനെ) യോ, പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല, നിവൃത്തിപ്പാനത്രെ ഞാന്‍ വന്നത്. സത്യമായിട്ട് ഞാന്‍ നിങ്ങളോട് പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്നു ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല’. (മത്തായി, 5,17,18) (മറ്റൊന്ന്:) ഇസ്‌റാഈല്യരുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങളെ അദ്ദേഹം അവര്‍ക്കു അനുവദനീയമാക്കിക്കൊടുക്കും. ഇപ്പറഞ്ഞതിന് രണ്ടു പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെടുന്നു:

(1) പൊതുവില്‍ തൗറാത്തിന്‍റെ നിയമ നടപടി തന്നെയാണ് അദ്ദേഹവും പിന്‍പറ്റുന്നതെങ്കിലും ഇസ്‌റാഈല്യര്‍ക്ക് നിരോധിക്കപ്പെട്ടിരുന്ന ചിലകാര്യങ്ങളുടെ നിരോധം അദ്ദേഹത്തിന്‍റെ കാലത്ത് ‘നസ്ഖ്’ ചെയ്യപ്പെടുക (ദുര്‍ബ്ബലപ്പെടുത്തുക) യുണ്ടായിട്ടുണ്ട്. യഹൂദികള്‍ക്ക് അനുവദനീയമായിരുന്ന ചില വസ്തുക്കള്‍ അവരുടെ അക്രമം നിമിത്തം അവര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടതായി അല്ലാഹു (4:160, 6:146) പ്രസ്താവിച്ചിരിക്കുന്നു. ഇങ്ങിനെയുള്ള വല്ലതും പിന്നീട് ഈസാ (عليه السلام)ന്‍റെ കാലത്തു അവര്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കാം. ഈ അഭിപ്രായത്തെയാണ് ഇബ്‌നു കഥീര്‍ (റ) മുതലായവര്‍ ശരിവെച്ചിരിക്കുന്നത്. അത് പോലെയുള്ള വല്ല നിയമങ്ങളിലും കാലാനുസൃതമായ എന്തെങ്കിലും ചില്ലറമാറ്റങ്ങള്‍ വരുത്തുന്നത് തൗറാത്തിനെ സത്യപ്പെടുത്തുന്നതിന് എതിരാകുന്നില്ലെന്നാണ് അവരുടെ അഭിപ്രായം.

(2) യഥാര്‍ത്ഥത്തില്‍ നിഷിദ്ധമാക്കപ്പെട്ടവയല്ലെങ്കിലും പുരോഹിതന്മാരുടെയോ മറ്റോ ദുര്‍വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും കാരണമായി നിഷിദ്ധങ്ങള്‍ എന്നു കരുതപ്പെട്ടു വന്നിരുന്ന ചില കാര്യങ്ങളുടെ യഥാര്‍ത്ഥ വിധി തുറന്നുകാട്ടും. ഈസാ (عليه السلام) പറഞ്ഞതായി മറ്റൊരു സ്ഥലത്ത് (وَلأُبَيِّنَ لَكمْ بَعْضَ الّذِي تُخْتَلِفُونَ فِيه) (നിങ്ങള്‍ ഭിന്നാഭി പ്രായപ്പെട്ടുക്കൊണ്ടിരിക്കുന്നതില്‍ ചിലതുഞാന്‍ നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുവാനും (സുഖുറുഫ് :63) എന്നു പറഞ്ഞിരിക്കുന്നത് ഈ അഭിപ്രായത്തിനു തെളിവായി ഉദ്ധരിക്കപ്പെടുന്നു. (الله أعلم)

അവസാനം, ‘നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു’വെന്നു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് എല്ലാ പ്രവാചകന്മാരുടെയും ദൗത്യ പ്രധാനമായ മൗലിക തത്വങ്ങള്‍ ഈസാ നബി (അ)യും പ്രഖ്യാപനം ചെയ്യുന്നു. (فَاتَّقُوا اللَّهَ وَأَطِيعُونِ …. صِرَاطٌ مُّسْتَقِيمٌ) അതെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം, എന്നെ അനുസരിക്കണം, എന്‍റെയും നിങ്ങളുടെയും റബ്ബ് അല്ലാഹു തന്നെയാണ്. അവനെ മാത്രം ആരാധിക്കണം, ഇതാണ് നേര്‍ക്കുനേരെയുള്ള മാര്‍ഗം എന്നൊക്കെ. ഈ ഉല്‍ബോധനങ്ങള്‍ക്ക് ക്രിസ്ത്യാനികള്‍ എന്തുതന്നെ വ്യാഖ്യാനം നല്‍കിയാലും ശരി അവരുടെഅംഗീകൃത വേദഗ്രന്ഥങ്ങളായി അവര്‍ സ്വീകരിച്ചു വരുന്ന നിലവിലുള്ള സുവിശേഷങ്ങളില്‍ ഈ പരമാര്‍ത്ഥം ഇന്നും അവിടവിടെയായി ഒളിഞ്ഞുകിടപ്പുണ്ടെന്ന വസ്തുത അവര്‍ക്കുപോലും നിഷേധിപ്പാന്‍ സാധ്യമല്ല. ഉദാഹരണമായി: പിശാചിന്‍റെ ഒരു പരീക്ഷണത്തിന് വിധേയനായ അവസരത്തില്‍ യേശു അവനോട് പറയുകയാണ്: ‘സാത്താനെ, എന്നെ വിട്ടുപോ, നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്‌ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോള്‍ പിശാച് അവനെ വിട്ടുപോയി’ (മത്തായി, 4:10,11) ജൂത പണ്ഡിതന്മാരെ ആക്ഷേപിച്ചുകൊണ്ട് യേശു പറയുന്നു: ‘…. ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. കപട ഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യശയ്യാവു പറഞ്ഞതു ശരി:’ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എങ്കല്‍ നിന്നു ദൂരത്തു അകന്നിരിക്കുന്നു. മനുഷ്യകല്‍പ്പനകളായ ഉപദേശങ്ങളെ ഇവര്‍ ഉപദേശിക്കുന്നത് കൊണ്ട് എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു.’ (മാര്‍ക്കോസ്, 7: 5-7; മത്തായി, 15:7-9)

3:52
  • فَلَمَّآ أَحَسَّ عِيسَىٰ مِنْهُمُ ٱلْكُفْرَ قَالَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشْهَدْ بِأَنَّا مُسْلِمُونَ ﴾٥٢﴿
  • എന്നിട്ട് ഈസാ അവരില്‍ (ഇസ്‌റാഈല്യരില്‍) നിന്നു അവിശ്വാ സത്തെ (അനുഭവത്തില്‍) അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്കുള്ള (മാര്‍ഗത്തില്‍) എന്‍റെ സഹായികള്‍ ആരുണ്ട്?' 'ഹവാരിയ്യുകള്‍' പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിന്‍റെ (മാര്‍ഗത്തില്‍) സഹായികളാകുന്നു; ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ 'മുസ്‌ലിം'കളാകുന്നുവെന്ന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.
  • فَلَمَّا أَحَسَّ എന്നിട്ട് അറിഞ്ഞപ്പോള്‍, അനുഭവിച്ചറിഞ്ഞാരെ عِيسَىٰ ഈസാ مِنْهُمُ അവരില്‍ നിന്ന് الْكُفْرَ അവിശ്വാസം قَالَ അദ്ദേഹം പറഞ്ഞു مَنْ أَنصَارِي എന്‍റെ സഹായികള്‍ ആരാണ് إِلَى اللَّهِ അല്ലാഹുവിങ്കലേക്ക് قَالَ الْحَوَارِيُّونَ ഹവാരിയ്യുകള്‍ പറഞ്ഞു نَحْنُ ഞങ്ങള്‍ أَنصَارُ اللَّهِ അല്ലാഹുവിന്‍റെ സഹായികളാകുന്നു آمَنَّا بِاللَّهِ ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു وَاشْهَدْ താങ്കള്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക بِأَنَّا مُسْلِمُونَ ഞങ്ങള്‍മുസ്‌ലിംകളാണെന്ന്
3:53
  • رَبَّنَآ ءَامَنَّا بِمَآ أَنزَلْتَ وَٱتَّبَعْنَا ٱلرَّسُولَ فَٱكْتُبْنَا مَعَ ٱلشَّـٰهِدِينَ ﴾٥٣﴿
  • 'ഞങ്ങളുടെ റബ്ബേ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ഞങ്ങള്‍ റസൂലിനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നീ ഞങ്ങളെ സാക്ഷ്യം വഹിച്ചവരോടൊപ്പം രേഖപ്പെടുത്തേണമേ!'
  • رَبَّنَا ഞങ്ങളുടെ റബ്ബേ آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِمَا أَنزَلْتَ നീ അവതരിപ്പിച്ചതില്‍ وَاتَّبَعْنَا ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു الرَّسُولَ റസൂലിനെ فَاكْتُبْنَا അതിനാല്‍ ഞങ്ങളെ രേഖപ്പെടുത്തേണമേ مَعَ الشَّاهِدِينَ സാക്ഷ്യം വഹിക്കുന്നവരോടൊപ്പം
3:54
  • وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ ﴾٥٤﴿
  • അവര്‍ [അവിശ്വാസികള്‍] തന്ത്രം പ്രയോഗിച്ചു: അല്ലാഹുവും തന്ത്രം പ്രയോഗിച്ചു അല്ലാഹുവാകട്ടെ, തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു.
  • وَمَكَرُوا അവര്‍ തന്ത്രം പ്രയോഗിക്കുകയും ചെയ്തു وَمَكَرَ اللَّهُ അല്ലാഹുവും തന്ത്രം പ്രയോഗിച്ചു وَاللَّهُ അല്ലാഹുവാകട്ടെ خَيْرُ الْمَاكِرِينَ തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു

സൂ: സ്വഫ്ഫില്‍ അല്ലാഹു പറയുന്നു: ‘ഹേ വിശ്വസിച്ചവരേ, മറിയമിന്‍റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികള്‍ ആരാണ് എന്ന് ഹവാരിയ്യുകളോട് ചോദിച്ചപ്പോള്‍, ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണ് എന്നും ഹവാരിയ്യുകള്‍ പറഞ്ഞതു പോലെ, നിങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളായിത്തീരുവിന്‍. എന്നിട്ട് ഈസ്‌റാഈല്‍ സന്തതികളില്‍ നിന്ന് ഒരു വിഭാഗം വിശ്വസിച്ചു: ഒരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. അപ്പോള്‍ വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുക്കള്‍ക്കെതിരില്‍ നാം ബലം നല്‍കി. അങ്ങിനെ, അവര്‍ (വിജയം നേടി) പ്രത്യക്ഷരായിത്തീര്‍ന്നു. يَا أَيُّهَا الَّذِينَ آمَنُوا كُونُوا أَنْصَارَ الَّلهِ…. الصف ‘ഹവാരിയ്യുകള്‍ (الْحَوَارِيُّونَ) എന്ന പദത്തിന്‍റെ വാക്കര്‍ത്ഥത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. അവര്‍ അലക്കുകാരായിരുന്നുവെന്നും, മത്സ്യവേട്ട നടത്തുന്നവരായിരുന്നു എന്നും പറയപ്പെടുന്നു. ഏതായാലും ‘സഹായികള്‍’ എന്ന ഉദ്ദേശ്യത്തില്‍ ആ വാക്ക് ഉപയോഗിക്കപ്പെടുന്നു. അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളെ ക്ഷണിച്ചപ്പോള്‍, സുബൈര്‍ (റ) വേഗം ആ ക്ഷണനം സ്വീകരിച്ചു. അപ്പോള്‍ തിരുമേനി, ‘എന്‍റെ ഹവാരിയാണ് സുബൈര്‍’ എന്ന് പറയുകയുണ്ടായി. (ബു:മു)

ഈസാ നബി (عليه السلام)യുടെ സത്യോപദേശങ്ങള്‍ സ്വീകരിക്കാതെയും, ദൃഷ്ടാന്തങ്ങള്‍ വകവെക്കാതെയും അദ്ദേഹത്തിന്‍റെ ജനത- ഇസ്‌റാഈല്യര്‍- അവിശ്വാസത്തില്‍ ശഠിച്ചു നിന്നു. അദ്ദേഹത്തിന്‍റെ ദിവ്യദൗത്യം നിഷേധിക്കുക മാത്രമല്ല; അദ്ദേഹത്തിന്‍റെ പേരില്‍ അവര്‍ കള്ളാരോപണങ്ങള്‍ തൊടുത്തുവിടുകയും കൊലപ്പെടുത്തുവാന്‍ ഗൂഢശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതെല്ലാം കണ്ടപ്പോള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എന്നെ സഹായിക്കുവാന്‍ ആരാണു തയ്യാറുള്ളത് (مَنْ أَنصَارِي إِلَى اللَّهِ) എന്നു തന്‍റെ അനുയായികളോട് അദ്ദേഹം ചോദിച്ചു. കുറച്ചാളുകള്‍ മുന്നോട്ടുവന്ന് ഞങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സഹായിക്കുവാന്‍ തയ്യാറാണ് (نَحْنُ أَنصَارُ اللَّهِ) എന്നറിയിച്ചു. അഥവാ അല്ലാഹുവിന്‍റെ മതം പ്രചരിപ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുവാന്‍ തയ്യാറാണെന്ന് താല്‍പര്യം. ഇവരാണ് ‘ഹവാരിയ്യുകള്‍’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവര്‍ പന്ത്രണ്ടു പേരായിരുന്നുവെന്ന് പറയപ്പെടുന്നു. (അല്ലാഹുവിനറിയാം) തങ്ങള്‍ യഥാര്‍ത്ഥ സത്യവിശ്വാസം സ്വീകരിച്ചവരും, അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ക്കു നിരുപാധികം കീഴടങ്ങിയവരും (മുഅ്മിനുകളും മുസ്‌ലിംകളും) ആണെന്നും ഈസാ (عليه السلام)ന്‍റെ മുമ്പില്‍ പ്രഖ്യാപനം ചെയ്യുകയും, റസൂലിനെ പിന്‍പറ്റിയ സത്യസാക്ഷികളില്‍ തങ്ങളെ ഉള്‍പ്പെടുത്തുവാനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തെ നിഷേധിച്ചവരാകട്ടെ -ഇവരാണ് ബഹുഭൂരിഭാഗവും- അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ സത്യ പ്രബോധനങ്ങളെയും നശിപ്പിക്കുവാന്‍ വേണ്ടി പല കുതന്ത്രങ്ങളും അക്രമങ്ങളും നടത്തിപ്പോന്നു. പക്ഷേ, അവര്‍ക്കെതിരായ ചില തന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടു അല്ലാഹു അവരെ പരാജയപ്പെടുത്തിക്കളഞ്ഞു. ഇത്രയും കാര്യങ്ങളാണ് ഈ വചനങ്ങളില്‍ നിന്നു മൊത്തത്തില്‍ മനസ്സിലാക്കാനുള്ളത്.

ഈസാ നബി (عليه السلام)യില്‍ അവിശ്വസിച്ചവര്‍ക്കെതിരെ അല്ലാഹു സ്വീകരിച്ച തന്ത്രങ്ങളെപ്പറ്റി അടുത്ത വചനങ്ങളില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍, അവര്‍ ഈസ (عليه السلام)ക്കെതിരെ പ്രയോഗിച്ച തന്ത്രങ്ങള്‍ എന്തായിരുന്നുവെന്ന് ഇവിടെ പ്രസ്താവിക്കപ്പെട്ടിട്ടില്ലെങ്കിലും ക്വുര്‍ആന്‍റെ പല പ്രസ്താവനകളില്‍ നിന്നും മറ്റുമായി അവ ഏറെക്കുറെ മനസ്സിലാക്കാവുന്നതാകുന്നു. അദ്ദേഹത്തെപ്പറ്റി വ്യഭിചാരപുത്രന്‍, ചെപ്പടിവിദ്യക്കാരന്‍, കള്ളവാദി, രാജ്യദ്രോഹി, മതദ്രോഹി, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും കലഹവുമുണ്ടാക്കുന്നവന്‍ എന്നിങ്ങനെ പലതും ആരോപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ മാതാവിനെപ്പറ്റി വ്യഭിചാരിണി എന്നും മറ്റും പറഞ്ഞുണ്ടാക്കി. ആ പ്രവാചകവര്യന്‍റെ തത്വോപദേശങ്ങളില്‍ ജനങ്ങള്‍ ആകൃഷ്ടരാകുന്നത് കണ്ടപ്പോള്‍, തങ്ങളുടെ പൗരോഹിത്യ താല്‍പര്യങ്ങള്‍ക്കും പാരമ്പര്യാചാരങ്ങള്‍ക്കും അത് മൂലം ഹാനി നേരിടുമെന്ന ഭയവും, അവരുടെ അസൂയയും മാത്രമാണ് ഇതിനൊക്കെ കാരണം. അദ്ദേഹത്തിന് പ്രവാചകത്വവും ദിവ്യദൗത്യവും ലഭിക്കുകയും, അദ്ദേഹം മതപ്രബോധനം ചെയ്തു തുടങ്ങുകയും ചെയ്തതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. മേപ്പടി സംരംഭങ്ങളിലൊന്നും അവര്‍ക്ക് വിജയിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍, എതിര്‍പ്പും കുതന്ത്രങ്ങളും വര്‍ദ്ധിപ്പിച്ചു. അദ്ദേഹത്തെ കൊലപ്പെടുത്തുവാനും ക്രൂശിക്കാനും ശ്രമം നടത്തി. ബൈബ്‌ളിന്‍റെ (യോഹന്നാന്‍, മാര്‍ക്കോസ് മുതലായ സുവിശേഷങ്ങളിലെ) വിവരണങ്ങളനുസരിച്ച് സംഭവത്തിന്‍റെ ചുരുക്കം ഇങ്ങനെയാണ്:-

റോമന്‍ കൈസറുടെ കീഴില്‍ പിലാത്തോസ് രാജാവായിരുന്നു ബൈത്തുല്‍ മുക്വദ്ദസില്‍ ഭരണം നടത്തിയിരുന്നത്. ഈസാ (عليه السلام) നെപ്പറ്റി ആ ദുഷ്ടന്‍മാര്‍ രാജാവിന്‍റെ മുമ്പില്‍ പല ആരോപണങ്ങളും ഉന്നയിച്ചു. അദ്ദേഹം റോമന്‍ ഭരണകൂടത്തിനെതിരെ പ്രചാരവേല നടത്തുകയാണ്. ഞങ്ങള്‍ക്ക് രാജാവായി കൈസര്‍ തന്നെമതി എന്നൊക്കെയായിരുന്നു ആരോപണത്തിന്‍റെ താല്‍പര്യം. കേവലം ഒരു വിഗ്രഹാ രാധകനായ പിലാത്തോസ് അദ്ദേഹത്തെ വിളിപ്പിച്ചു വിചാരണ നടത്തിയതില്‍, ആരോപണങ്ങളൊന്നും ശരിയല്ലെന്നു തെളിഞ്ഞു. ‘അവനെ ക്രൂശിക്കുക’ എന്ന് ആര്‍ത്തു വിളിക്കുകയാണ് അവര്‍ ചെയ്തത്. നിങ്ങളുടെ ന്യായപ്രമാണം (തൗറാത്ത്) അനുസരിച്ചു വേണ്ടത് ചെയ്തുകൊള്ളുക എന്നു പിലാത്തോസ് അവരോട് പറഞ്ഞു. നിയമപ്രകാരം അവനെ കൊല്ലേണ്ടതാണെന്നും, കൊല്ലുവാന്‍ ഞങ്ങള്‍ക്കധികാരമില്ലല്ലോ എന്നുമായിരുന്നു അവരുടെ മറുപടി. അത്രയുമല്ല, അവനെ കൊലപ്പെടുത്താത്ത പക്ഷം താന്‍ (പിലാത്തോസ് രാജാവ്) റോമന്‍ കൈസറുടെ എതിരാളിയാണെന്ന് ഞങ്ങള്‍ കൈസറെ അറിയിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ വധിക്കുന്ന പാപത്തില്‍ നിന്നും ഞാന്‍ ഒഴിവാണെന്നും നിങ്ങള്‍ തന്നെ ആ പാപം ഏല്‍ക്കണമെന്നും അറിയിച്ചുകൊണ്ട് പിലാത്തോസ് അവസാനം യഹൂദികളുടെ ആവശ്യത്തിനു വഴങ്ങിക്കൊടുക്കുവാന്‍ നിര്‍ബന്ധിതനായി . ഈസാ (عليه السلام)ന്‍റെ ശിഷ്യ ഗണങ്ങളില്‍ യൂദാ (യൂദാസ്) എന്നു പേരായ ഒരാള്‍ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുവാന്‍ മുപ്പതു പണം പ്രതിഫലം നിശ്ചയിച്ച് ഏറ്റിട്ടുണ്ടായിരുന്നു. അവന്‍ യഹൂദപുരോഹിതന്മാരെയും പിലാത്തോസിന്‍റെ പട്ടാളക്കാരെയും കൂട്ടി പന്തം കൊളുത്തി രാത്രി ഈസാ (عليه السلام)നെ തിരഞ്ഞുപോയി. അദ്ദേഹവും ഏതാനും ശിഷ്യന്മാരും ഒരു തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. യൂദാ ആംഗ്യം മുഖേന അദ്ദേഹത്തെ കാണിച്ചു കൊടുത്തു. കൂടെയുള്ളവര്‍ അദ്ദേഹത്തെ പിടിച്ചു ബന്ധിക്കുകയും മുള്‍ക്കിരീടം ധരിപ്പിക്കുക മുതലായ പല അക്രമങ്ങളും ചെയ്തുകൊണ്ട് അദ്ദേഹത്തെ കുരിശില്‍ കയറ്റുകയും ചെയ്തു. ഇതാണ് ബൈബ്‌ളില്‍ പറഞ്ഞതിന്‍റെ ചുരുക്കം.

യഥാര്‍ത്ഥത്തില്‍, കുരിശു സംഭവത്തിന്‍റെ പര്യവസാനം മറ്റൊന്നായിരുന്നു. അവര്‍ ഒരാളെ പിടികൂടിയതും, കുരിശില്‍ തറച്ചതും ശരിതന്നെ. പക്ഷെ, ആ ആള്‍ ഈസാ (അ) ആയിരുന്നില്ല. അവരറിയാതെ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണുണ്ടായത്. അതെ, (وَمَكَرُوا وَمَكَرَ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ) (അവര്‍ കുതന്ത്രം പ്രയോഗിച്ചു അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹുവാകട്ടെ, തന്ത്രജ്ഞന്‍മാരില്‍വെച്ച് ഉത്തമനുമാകുന്നു) അടുത്ത വചനത്തില്‍ അല്ലാഹു പ്രയോഗിച്ച തന്ത്രമെന്തെന്ന് വിവരിക്കുന്നു:-

വിഭാഗം - 6

3:55
  • إِذْ قَالَ ٱللَّهُ يَـٰعِيسَىٰٓ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُوا۟ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوْقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۖ ثُمَّ إِلَىَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ ﴾٥٥﴿
  • (അതെ)അല്ലാഹു പറഞ്ഞ സന്ദര്‍ഭം: 'ഈസാ, നിശ്ചയമായും, നിന്നെ ഞാന്‍ പൂര്‍ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അവിശ്വസിച്ചവരില്‍ നിന്നു നിന്നെ (ഞാന്‍) ശുദ്ധമാ ക്കുകയും, നിന്നെ പിന്‍പറ്റിയവരെ ക്വിയാമത്തു നാള്‍ വരേക്കും അവിശ്വസിച്ചവരുടെ മീതെ ആ (ക്കിവെ)ക്കുകയും ചെയ്യുന്നതാണ്. പിന്നീട്, എന്‍റെ അടുക്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങിവരവ് അപ്പോള്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍, നിങ്ങള്‍ക്കിട യില്‍ ഞാന്‍ വിധി കൽപിക്കുന്നതാകുന്നു.
  • إِذْ قَالَ اللَّهُ അല്ലാഹു പറഞ്ഞ സന്ദര്‍ഭം يَا عِيسَىٰ ഈസാ إِنِّي നിശ്ചയമായും ഞാന്‍ مُتَوَفِّيكَ നിന്നെപൂര്‍ണമായെടുക്കുന്ന (പിടിച്ചെടുക്കുന്ന) വനാണ് وَرَافِعُكَ നിന്നെ ഉയര്‍ത്തുന്നവനുമാണ് إِلَيَّ എന്നിലേക്ക് وَمُطَهِّرُكَ നിന്നെ ശുദ്ധമാക്കുന്നവനുമാണ് مِنَ الَّذِينَ كَفَرُوا അവിശ്വസിച്ചവരില്‍ നിന്ന് وَجَاعِلُ ആക്കുന്നവനുമാണ് الَّذِينَ اتَّبَعُوكَ നിന്നെ പിന്‍പറ്റിയവരെ فَوْقَ മീതെ الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ إِلَىٰ يَوْمِ നാള്‍വരെ الْقِيَامَةِ ക്വിയാമത്തിന്‍റെ ثُمَّ إِلَيَّ പിന്നെ എന്‍റെ അടുക്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടക്കം فَأَحْكُمُ അപ്പോള്‍ ഞാന്‍ വിധികല്‍പിക്കും, വിധിക്കും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ فِيمَا യാതൊന്നില്‍ كُنتُمْ فِيهِ അതില്‍ നിങ്ങളായിരുന്നു تَخْتَلِفُونَ നിങ്ങള്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടിരിക്കും
3:56
  • فَأَمَّا ٱلَّذِينَ كَفَرُوا۟ فَأُعَذِّبُهُمْ عَذَابًا شَدِيدًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ ﴾٥٦﴿
  • 'എന്നിട്ട്അപ്പോള്‍, യാതൊരു കൂട്ടര്‍ അവിശ്വസിച്ചുവോ അവരെ ഇഹത്തിലും, പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ ശിക്ഷിക്കും: അവര്‍ക്കു സഹായികളായിട്ട് (ആരും ഉണ്ടാകുക) ഇല്ലതാനും.
  • فَأَمَّا എന്നാലപ്പോള്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ فَأُعَذِّبُهُمْ അവരെ ഞാന്‍ ശിക്ഷിക്കും عَذَابًا شَدِيدًا കഠിനമായ ശിക്ഷ فِي الدُّنْيَا ഇഹത്തില്‍ വെച്ചു وَالْآخِرَةِ പരത്തിലും وَمَا لَهُم അവര്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായിട്ടു (ആരും)
3:57
  • وَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمْ أُجُورَهُمْ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ ﴾٥٧﴿
  • 'എന്നാല്‍, യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്ക് അവന്‍ [അല്ലാഹു] അവരുടെ പ്രതിഫലങ്ങള്‍ പൂര്‍ത്തിയാക്കി കൊടുക്കുകയും ചെയ്യും. അല്ലാഹു അക്രമികളെ സ്‌നേഹിക്കുകയില്ല.'
  • وَأَمَّا الَّذِينَ എന്നാല്‍ യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു فَيُوَفِّيهِمْ അവര്‍ക്കവന്‍ നിറവേറ്റി (പൂര്‍ണമായി) കൊടുക്കും الصَّالِحَاتِ സല്‍കര്‍മങ്ങള്‍ أُجُورَهُمْ അവരുടെ പ്രതിഫലങ്ങള്‍, കൂലി وَاللَّهُ അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുകയില്ല الظَّالِمِينَ അക്രമികളെ

ഈസാ നബി (عليه السلام)യില്‍ അവിശ്വസിച്ചവര്‍ക്കെതിരെ അല്ലാഹുവും തന്ത്രം പ്രയോഗിച്ചുവെന്നു കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. പ്രസ്തുത നടപടി പ്രയോഗത്തില്‍ വരുത്തും മുമ്പ് അതെങ്ങിനെയായിരിക്കുമെന്ന് ഈസാ (عليه السلام)ക്ക് അല്ലാഹു അറിയിച്ച വിവരമാണ് ഈ വചനത്തില്‍ കാണുന്നത്. അതിന്‍റെ സാരം ഇങ്ങിനെ സംഗ്രഹിക്കാം: ആ അവിശ്വാസികള്‍ എന്ത് കുതന്ത്രങ്ങള്‍ പ്രയോഗിച്ചാലും ശരി, അവരുടെ കെണിയില്‍ അകപ്പെടാതെ നിന്നെ (ഈസാ നബിയെ) ഞാന്‍ രക്ഷപ്പെടുത്തും. നിന്നെ ഞാന്‍ അവരില്‍ നിന്ന് പിടിച്ചെടുത്ത് എന്‍റെ അടുക്കലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും. അങ്ങനെ, ആ ദുഷ്ടന്മാരില്‍ നിന്നു നിനക്ക് ഞാന്‍ മോചനം നല്‍കും. നിന്നെ പിന്‍പറ്റിയിട്ടുള്ള സത്യവിശ്വാസികള്‍ക്ക് ക്വിയാമത്തുനാള്‍ വരെ ആ അവിശ്വാസി കളെക്കാള്‍ ഉന്നതസ്ഥാനം നല്‍കിക്കൊണ്ടിരിക്കും. അവസാനം എല്ലാവരും എന്‍റെ അടുക്കല്‍ മടങ്ങിവരുമല്ലോ. അപ്പോഴായിരിക്കും നിങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പുകളെ സംബന്ധിച്ച അന്തിമ തീരുമാനം ഞാന്‍ എടുക്കുക. അവിശ്വാസികള്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കും. അതില്‍ നിന്നു അവരെ സഹായിച്ചു രക്ഷ നല്‍കുവാന്‍ ആര്‍ക്കും സാധ്യമല്ല. സത്യവിശ്വാസവും സല്‍ക്കര്‍മവും സ്വീകരിച്ചവര്‍ക്കുള്ള പ്രതിഫലം ഞാന്‍ പൂര്‍ണമായി നല്‍കി അനുഗ്രഹിക്കുകയും ചെയ്യും. അക്രമികളെ അല്ലാഹു സ്‌നേഹിക്കുക എന്ന പ്രശ്‌നമേ ഇല്ല.

ഈസാ (عليه السلام)നെ കുരിശില്‍ തറച്ച് മൃഗീയമായ രൂപത്തില്‍ വധിക്കുവാനായിരുന്നുവല്ലോ യഹൂദികള്‍ വട്ടംകൂട്ടിയിരുന്നത്. അവരില്‍ നിന്ന് അദ്ദേഹത്തെ അല്ലാഹു രക്ഷിക്കുമെന്ന്; അദ്ദേഹത്തിനു നല്‍കിയ വാഗ്ദാനം അല്ലാഹു എങ്ങനെ പാലിച്ചുവെന്നു മറ്റൊരു സ്ഥലത്ത് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈല്യര്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് പാത്രമാകുവാനുള്ള പലകാരണങ്ങളും എടുത്തു പറയുന്ന കൂട്ടത്തില്‍ അല്ലാഹുവിന്‍റെ റസൂലും മര്‍യമിന്‍റെ മകനുമായ മസീഹു ഈസായെ ഞങ്ങള്‍ കൊലപ്പെടുത്തിയിരിക്കുന്നുവെന്നുള്ള അവരുടെ വാദം ഉദ്ധരിച്ചുകൊണ്ട് സൂറത്തുന്നിസാഇല്‍ അല്ലാഹു പറയുന്നു: അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടില്ല; അദ്ദേഹത്തെ ക്രൂശിച്ചിട്ടുമില്ല. എങ്കിലും അവര്‍ക്കദ്ദേഹം തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. നിശ്ചയമായും ഭിന്നാഭിപ്രായത്തിലായവര്‍, അദ്ദേഹത്തെക്കുറിച്ചു സംശയത്തില്‍ തന്നെയാകുന്നു. അവര്‍ക്ക് അദ്ദേഹത്തെപ്പറ്റി ഊഹത്തെ പിന്‍പറ്റുകയല്ലാതെ ഒരു അറിവുമില്ല. ഉറപ്പായും അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷേ, അല്ലാഹു തന്‍റെ അടുക്കലേക്ക് അദ്ദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്തത് . അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു. (നിസാഉ് : 157, 158) അതെ, അദ്ദേഹത്തെ കുരിശില്‍ തറച്ചു കൊല്ലുവാനുള്ള ഒരുക്കങ്ങളെല്ലാം അവര്‍ ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തെ അവര്‍ക്കു പിടികിട്ടിയില്ല. അദ്ദേഹമെന്നു ധരിച്ച് അദ്ദേഹത്തോടു രൂപ സാദൃശ്യമുള്ള ഒരാളെ പിടിച്ചു ക്രൂശിക്കുകയാണുണ്ടായത്. തങ്ങള്‍ കൊലപ്പെടുത്തിയതു അദ്ദേഹത്തെതന്നെയാണെന്ന് ഉറപ്പിക്കത്തക്ക ഒരു തെളിവോ ഉറപ്പായ അറിവോ അവര്‍ക്കില്ല. അവര്‍ ഊഹിച്ചത് അങ്ങിനെയാണെന്നു മാത്രം. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാകുന്നു. അല്ലാഹു അദ്ദേഹത്തെ അവങ്കലേക്കു ഉയര്‍ത്തിക്കളഞ്ഞു. പിന്നെ എങ്ങനെയാണ് അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തുക?!

യേശുവിനെ തങ്ങള്‍ ക്രൂശിച്ചു കൊലപ്പെടുത്തിയെന്നു അഹങ്കരിക്കുന്ന യഹൂദികള്‍ക്കോ, യഥാര്‍ത്ഥം മനസ്സിലാക്കുവാന്‍ കഴിയാതിരിക്കുകയും, ക്രമേണ ആ സങ്കല്‍പത്തെ അടിസ്ഥാനമാക്കി പുതിയൊരു മതസംഹിത കെട്ടിപ്പടുത്തുണ്ടാക്കുകയും ചെയ്ത ക്രിസ്ത്യാനികള്‍ക്കോ ആ സംഭവത്തിന്‍റെ സാക്ഷാല്‍ രൂപം അറിഞ്ഞൂകൂടാ. അല്ലാഹു പറഞ്ഞതുപോലെ, അവര്‍ കുരിശിലേറ്റിയത് യേശുവിനെത്തന്നെയാണെന്നോ, അവര്‍കൊലപ്പെടുത്തിയത് അദ്ദേഹത്തെത്തന്നെയാണന്നോ അവര്‍ക്ക് ഉറപ്പില്ലെന്നുള്ള യഥാര്‍ത്ഥം ബൈബ്‌ളിന്‍റെ പ്രസ്താവനകളില്‍ നിന്ന് തന്നെ മനസ്സിലാകുന്നതാണ്. അദ്ദേഹത്തെ പിടിച്ചുകൊണ്ട് വന്നവര്‍ അദ്ദേഹത്തെ നേരില്‍ അറിയാത്തവരായിരുന്നു. രാത്രി പന്തം കൊളുത്തികൊണ്ടാണ് അവര്‍ തോട്ടത്തില്‍ അദ്ദേഹത്തെ തിരഞ്ഞു നടന്നത്. വിചാരണ സമയത്ത് യഹൂദികള്‍ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളൂ. യേശുവിനോട് രൂപ സാദൃശ്യമുള്ള ആളുകള്‍ വേറെയും ഉണ്ടായിരുന്നു. യേശുവിന്‍റെ തന്നെയും രൂപം മാറുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നു. ചില മണിക്കൂറുകള്‍ മാത്രമെ അദ്ദേഹം കുരിശില്‍ തറക്കപ്പെട്ടവനായിരുന്നുള്ളൂ. (*) കുരിശില്‍ നിന്നിറക്കിയപ്പോള്‍ മുറിവില്‍ നിന്ന് രക്തം ഒഴുകിയിരുന്നു എന്നിങ്ങനെയുള്ള പല പ്രസ്താവനകളും, അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ എന്ന ശിഷ്യനെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ പരാമര്‍ശങ്ങളും വസ്തുനിഷ്ഠമായി പരിശോധിക്കുന്നവര്‍ക്ക് ഈ വാസ്തവം ബോധ്യമാകും. കൂടുതല്‍ വിശദീകരണത്തിന് മുതിരുന്ന പക്ഷം അത് കുറേ ദീര്‍ഘിച്ചു പോകുന്നതാണ്.


(*) അക്കാലത്ത് നിലവിലുള്ള കുരിശു മരത്തിന്‍റെ രൂപവും, അതില്‍ മനുഷ്യരെ ക്രൂശിക്കുന്ന സമ്പ്രദായവും നോക്കുമ്പോള്‍ കുരിശില്‍ തറക്കപ്പെട്ട ആള്‍ മരണപ്പെടുവാന്‍ രണ്ടു മൂന്നുദിവസം വേണ്ടിവരുമായിരുന്നു.


ദുര്‍വ്യാഖ്യാനവും, മുന്‍വിധിയും യുക്തിവാദവുമൊക്കെ ഒരു ഭാഗത്ത് ഒതുക്കിവെച്ചുകൊണ്ട് ശുദ്ധ മനസ്സോടെ അല്ലാഹു വ്യക്തമായ ഭാഷയില്‍ പ്രസ്താവിച്ചതെന്തും മുഖവിലക്കു സ്വീകരിക്കുവാനുള്ള സന്നദ്ധതയോടെ ഈ ക്വുര്‍ആന്‍ വചനവും, സൂ: നിസാഇല്‍ നിന്ന് മേലുദ്ധരിച്ച വചനവും വായിക്കുന്ന ഒരു മുസ്‌ലിമിന് മറ്റു മനുഷ്യരെപോലെ ഈസാ നബി (عليه السلام) മരിച്ചു മണ്ണടിഞ്ഞു പോയിരിക്കുകയാണെന്നു വിശ്വസിക്കുവാന്‍ കഴിയുകയില്ല. അല്ലാഹു തന്‍റെ അടുക്കലേക്കു അദ്ദേഹത്തെ ഉയര്‍ത്തി (رَفَعَهُ الَّلهُ إِلَيْه) എന്നു പറഞ്ഞതിന്‍റെ അര്‍ത്ഥം അദ്ദേഹത്തിന്‍റെ ആത്മാവിനെ പിടിച്ചുകൊണ്ടുപോയി എന്നാണെന്നോ, അവന്‍റെ അടുക്കല്‍ അദ്ദേഹത്തിനു ഉന്നത പദവി നല്‍കി എന്നാണെന്നോ പറഞ്ഞുതൃപ്തിപ്പെടുവാനും സാധ്യമല്ല. അദ്ദേഹത്തെ അവര്‍കൊലപ്പെടുത്തിയിട്ടില്ല (وَمَا قَتَلُوه) എന്നും, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ല (وَمَا صَلَبُوه) എന്നുമുള്ള വാക്യങ്ങളില്‍ ‘അദ്ദേഹത്തെ’ എന്ന സര്‍വ്വ നാമം (ضَمِير) കൊണ്ടുള്ള വിവക്ഷ എതൊന്നാണോ അതേ വസ്തുതതന്നെയായിരിക്കണമല്ലോ ‘അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കു ഉയര്‍ത്തി’ (رَفَعَهُ الَّلهُ إِلَيْه) എന്ന വാക്യത്തിലെ സര്‍വ്വ നാമം കൊണ്ടുള്ള വിവക്ഷയും വക്രതയില്ലാത്ത ഏതൊരുസാമാന്യ ബുദ്ധിക്കും മനസ്സിലാക്കാവുന്നതാണിത്. ആദ്യത്തെ രണ്ടിലും ജഡവും ആത്മാവും കൂടിയുള്ള ഈസാ നബി (عليه السلام)യാണ് ഉദ്ദേശ്യമെങ്കില്‍ മുന്നാമത്തേതിലും അങ്ങിനെത്തന്നെ. ആദ്യത്തെ രണ്ടിലും ജഡവും ആത്മാവും കൂടിയ ദേഹമാണെന്നും, മൂന്നാമത്തേതില്‍ മാത്രം അദ്ദേഹത്തിന്‍റെ ആത്മാവ് മാത്രമാണെന്നു- അല്ലെങ്കില്‍ ജഡം മാത്രമാണെന്നും- പറയുന്നതിന് നീതീകരണമില്ല. ഭാഷാചട്ടങ്ങള്‍ക്കോ യുക്തിക്കോ അതു യോജിക്കുന്നതുമല്ല.

رَفَعَهُ الَّلهُ إِلَيْه (അല്ലാഹു അവങ്കലേക്ക് അദ്ദേഹത്തെ ഉയര്‍ത്തി) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, അദ്ദേഹത്തിനു അല്ലാഹുവിങ്കല്‍ ഉന്നത പദവി നല്‍കി എന്നാണെന്നുള്ള വാദം, പാമരന്മാരെ പകിട്ടാക്കുവാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ. കാരണം. ഒരു ക്രിയയുമായി ബന്ധപ്പെടുത്തിക്കൊണ്ട്  അതിനു ശേഷം اِلى (ഇലാ) എന്ന അവ്യയം വരുമ്പോള്‍ ആ ക്രിയ സംഭവിക്കുന്ന കാലത്തിന്‍റെയോ, സ്ഥലത്തിന്‍റെയോ അവസാനം കുറിക്കുവാനുള്ളതായിരിക്കും അത്. (يعنى لانتهاء الغاية الزمانية اوالمكانية) ഈ അവ്യയത്തിന് മലയാളത്തില്‍ നാം ‘-ലേക്ക്’ എന്നും ‘വരെ’എന്നും സാധാരണ വിവര്‍ത്തനം നല്‍കാറുള്ളതും ഇതേ അര്‍ത്ഥം ഉദ്ദേശിച്ചു തന്നെയാകുന്നു. അതായത്, അല്ലാഹുവിങ്കലേക്ക് എത്തുന്നതുവരെ അദ്ദേഹത്തെ അവന്‍ ഉയര്‍ത്തിക്കൊണ്ടുപോയി എന്നു സാരം. നമ്മുടെ മുമ്പിലുള്ള ഈ വചനത്തില്‍ رافعك الى (എന്നിലേക്കു ഉയര്‍ത്തുന്നു) എന്നും, സൂറ: നിസാഇലെ വചനത്തില്‍ رَفَعَهُ الَّلهُ إِلَيْه (അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തി) എന്നുമാണല്ലോ ഉള്ളത്. എന്നാല്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തി എന്നു പറഞ്ഞതിന്‍റെ താല്‍പര്യമെന്താണ്; ചോദ്യം ഇതാണ്: ഇനി ആലോചിക്കുവാനുള്ള ത്. ആകാശത്തേക്ക് ഉയര്‍ത്തി എന്നാണതിന്‍റെ താൽപര്യമെന്നത്രെ പണ്ഡിതന്മാരുടെ അടുക്കലുള്ള ബലപ്പെട്ട അഭിപ്രായം. ഏതായാലും മേല്‍പോട്ടു ഉയര്‍ത്തിക്കൊണ്ടുപോയി എന്നതില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായ വ്യത്യാസമില്ല, ഉപരിലോകത്തേക്ക് എന്ന് സാമാന്യമായി പറയാം. എന്നല്ലാതെ, സ്ഥാനം തിട്ടപ്പെടുത്തിപ്പറയുവാന്‍ തക്ക തെളിവുകളില്ല. യഥാര്‍ത്ഥം അല്ലാഹുവിന്നറിയാം.

അല്ലാഹുവിങ്കല്‍ ഉന്നത പദവി നല്‍കുക എന്നുള്ള ഈ പുതിയ അര്‍ത്ഥം കല്‍പിക്കുന്നവര്‍, അതിനെ ന്യായീകരിക്കുവാന്‍ ഇദ്‌രീസ് നബി (عليه السلام)യെപ്പറ്റി സൂറത്തു മര്‍യമില്‍ وَرَفَعْنَاهُ مَكَانًا عَلِيًّا (അദ്ദേഹത്തെ നാം ഉന്നതമായ ഒരു സ്ഥാനത്തു ഉയര്‍ത്തിവെച്ചിരിക്കുന്നു) എന്നു പറഞ്ഞിട്ടുള്ളതിനെ എടുത്തു കാണിക്കാറുണ്ട്. ഇതില്‍ ‘ഇലാ’ (اِلى) എന്ന അവ്യയം ഇല്ലെന്നുമാത്രമല്ല; ഉന്നതമായ ഒരു സ്ഥാനത്ത് എന്നു അല്ലാഹു തന്നെ സ്പഷ്ടമാക്കുകയും ചെയ്തിരിക്കുന്നു. നേരെ മറിച്ച് ഉന്നതമായ ഒരു സ്ഥാനത്തേക്ക് (الى مكان علي) എന്നായിരുന്നു അല്ലാഹു പറഞ്ഞതെങ്കില്‍ മുകളില്‍ പ്രസ്താവിച്ച പ്രകാരം തന്നെയായിരിക്കും ഇവിടെയും ഉദ്ദേശ്യം. നമസ്‌കാരത്തിലെ ഒരു പ്രാര്‍ത്ഥനയില്‍ (എന്നെ ഉയര്‍ത്തണേ) وَارْفَعَنى എന്നുള്ളതും ഇവര്‍ എടുത്ത് കാണിക്കാറുണ്ട്. ഇതിലും (اِلى) എന്ന അവ്യയം ഇല്ലല്ലോ. അറബി ഭാഷയെ സംബന്ധിച്ചു പ്രാഥമിക ജ്ഞാനമെങ്കിലും ഉള്ളവര്‍ക്കറിയാം. ക്രിയകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അവ്യയങ്ങള്‍ക്കനുസരിച്ച് ക്രിയകളുടെ അര്‍ത്ഥത്തില്‍ വ്യത്യാസം നേരിടുമെന്ന്.

‘ക്വാദിയാനികള്‍’ എന്നപേരില്‍ അറിയപ്പെടുന്ന അഹമ്മദീ മതക്കാര്‍ക്ക് അവരുടെ പുതിയ മതാടിസ്ഥാനങ്ങള്‍ കെട്ടിപ്പൊക്കുന്നതിന് ഈസാ (عليه السلام) മരണപ്പെട്ടു പോയിട്ടുണ്ടെന്ന് സ്ഥാപിക്കേണ്ടുന്ന ഗതികേടുള്ളതുകൊണ്ട് അവരും പുരോഗമനവാദികളെന്നു സ്വയം അവകാശപ്പെടുന്ന ചില മുസ്‌ലിം യുക്തിവാദികള്‍ക്ക് അവരുടെ യുക്തിവാദങ്ങള്‍ക്കും ശാസ്ത്രീയ നിഗമനങ്ങള്‍ക്കും നിരക്കായ്കകൊണ്ട് അവരും ഈസാ നബി (عليه السلام)യെ ഉപരിലോകത്തേക്കു അല്ലാഹു ഉയര്‍ത്തിയതിനെ നിഷേധിക്കുന്നവരാകുന്നു. ഈ ക്വുര്‍ആന്‍ വചനങ്ങളെ- കുറെ പാടുപെട്ടാലും -തങ്ങള്‍ക്കു അനുകൂലമായി അവര്‍ വ്യാഖ്യാനിക്കുകയും ചെയ്തുവരുന്നു. അവരുടെ ചില അര്‍ത്ഥ വ്യാഖ്യാനങ്ങളെ സൂചിപ്പിച്ചാണ് നാം മുകളില്‍ ചിലതെല്ലാം സംസാരിച്ചത്. വളരെ കാര്യമായി അവര്‍ കടിച്ചു തൂങ്ങാറുള്ള ഒരു വാക്കാണ് (مُتَوَفِيكَ) (മുതവഫ്ഫീക) എന്നുള്ളത്. ‘നാം നിന്നെ മരണപ്പെടുത്തുന്നതാണ് ‘ എന്നും മറ്റുമാണ് അവര്‍ ഈ വാക്കിനു അര്‍ത്ഥമാക്കുന്നത് . അത്‌കൊണ്ട് ഈ വാക്കിനെപ്പറ്റിയും അല്‍പമൊന്നു ആലോചിക്കേണ്ടിയിരിക്കുന്നു. (تَوَفِّي) (തവഫ്ഫീ) എന്ന ധാതുവില്‍ നിന്നുള്ള കര്‍തൃ നാമം (اسم فاعل) ആണത്. നിറവേറ്റി എടുക്കുക, പൂര്‍ണമായെടുക്കുക, മുഴുവന്‍ എടുക്കുക,’ എന്നൊക്കെയാണ് അതിന്‍റെ സാക്ഷാല്‍ അര്‍ത്ഥം. കടം മുഴുവന്‍ തീര്‍ത്തുവാങ്ങി എന്ന ഉദ്ദേശ്യത്തില്‍ (تَوَفَّى الدِينَ) എന്നു പറയാറുള്ളത് ഈ അര്‍ത്ഥമനുസരിച്ചാകുന്നു. മരണം മനുഷ്യനെ മുഴുവനുമായി പിടിച്ചെടുത്തു പോകുന്നതുകൊണ്ട് മരണത്തെ ഉദ്ദേശിച്ചും, ഉറക്കം കേവലം ഒരു അര്‍ദ്ധമരണമായതുകൊണ്ട് ഉറക്കത്തെ ഉദ്ദേശിച്ചും ഈ വാക്കു ഉപയോഗിക്കാറുണ്ടു താനും. ‘മരണപ്പെട്ടു’ എന്ന ഉദ്ദേശ്യത്തില്‍ ‘കാലം കഴിഞ്ഞു, കാലഗതി പ്രാപിച്ചു, കഥ കഴിഞ്ഞു’ എന്നൊക്കെ മലയാളത്തില്‍ പറയപ്പെടാറുള്ളതുപോലെ ഒരു പ്രയോഗമാണിതും. അഥവാ വാക്കര്‍ത്ഥമോ, ഭാഷാര്‍ത്ഥമോ എന്ന നിലക്കല്ല- സന്ദര്‍ഭത്തിനൊത്ത ഉദ്ദേശ്യാര്‍ത്ഥം എന്ന നിലക്കാണത് എന്നു സാരം. (تَوَفِّي എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങളെയും, പ്രയോഗങ്ങളെയും കുറിച്ച് സുമര്‍: 42, സജദ: 11 എന്നീ വചനങ്ങളുടെ വ്യാഖ്യാനത്തില്‍ കൂടുതല്‍ വിവരിക്കുന്നുണ്ട്.)

മരണവേളയിലും ഉറക്കിലും അല്ലാഹു ആളുകളെ പിടിച്ചെടുക്കുന്നു ( اللهُ يَتَوَفَّى الْأنْفُسَ حِينَ مَوْتِهَا ) എന്ന് സുമര്‍ 42ലും, സ്ത്രീകളുടെ ഇദ്ദഃയെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യെ, അവരെ മരണം പിടിച്ചെടുക്കുന്നതുവരെ (حَتَّى يَتَوَفّاَهُنَّ الْمَوْتُ) എന്നു നിസാഉ് 15 ലും അല്ലാഹു പറഞ്ഞിരിക്കുന്നു. രണ്ടു സ്ഥലത്തും (تَوَفَى) എന്ന വാക്കു തന്നെയാണുള്ളത്. ആ വാക്കിന് ‘മരണപ്പെടുത്തുക’ എന്നു അര്‍ത്ഥം കല്‍പിക്കുന്ന പക്ഷം, ഒന്നാമത്തെ വാക്യത്തിനു ‘മരണവേളയിലും ഉറക്കിലും അല്ലാഹു ആളുകളെ മരണപ്പെടുത്തുന്നു’ എന്നും, രണ്ടാമത്തെ വാക്യത്തിനു ‘അവരെ മരണപ്പെടുത്തുന്നതുവരെ’ എന്നും ആയിരിക്കണമല്ലോ അര്‍ത്ഥം വരുക. ഇതു തികച്ചും നിരര്‍ത്ഥമാണെന്നു പറയേണ്ടതില്ല. ചുരുക്കത്തില്‍, (توَفِّي) എന്ന വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥം ‘മരണപ്പെടുത്തുക’ എന്നോ ‘ജീവിതം അവസാനിപ്പിക്കുക’ എന്നോ അല്ലെന്നു ഇതില്‍ നിന്നൊക്കെ വ്യക്തമാണ്. ശരി; വാസ്തവം ഇതാണെങ്കിലും (انى متوفيك) എന്ന വാക്കിന്‍റെ ഉദ്ദേശ്യാര്‍ത്ഥമെന്ന നിലക്ക് ‘ഞാന്‍ നിന്നെ മരണപ്പെടുത്തുന്നതാണ് എന്ന് എന്തുകൊണ്ട് അതിനു അര്‍ത്ഥമാക്കിക്കൂടാ? എന്നു ചോദിക്കപ്പെട്ടേക്കാം. തുടര്‍ന്നു കൊണ്ട് وَرَافِعُكَ إِلَيَّ (നിന്നെ എന്‍റെ അടുക്കലേക്ക് ഉയര്‍ത്തുന്നതുമാണ്) എന്നു കൂടിപറഞ്ഞിരിക്കകൊണ്ട് ആ ഉദ്ദേശ്യാര്‍ത്ഥം ഇവിടെ കല്‍പിക്കുവാന്‍ നിവൃത്തിയില്ല. ഇതാണിതിനു മറുപടി. കാരണം, മരണപ്പെട്ട ആളെ ഉയര്‍ത്തുന്നത് ഒന്നുകില്‍ അയാളുടെ ജഡത്തെ ഉയര്‍ത്തുകവഴിയോ,ആത്മാവിനെ ഉയര്‍ത്തുകവഴിയോ മാത്രമെ സാദ്ധ്യമാകുകയുള്ളൂ. ഇത് രണ്ടും ശരിയല്ലെന്നു, ജഢവും ആത്മാവും ചേര്‍ന്നുള്ള ഈസാ (عليه السلام)നെ ഉയര്‍ത്തുമെന്നേ അതിന് അര്‍ത്ഥമായിരിക്കുവാന്‍ പാടുള്ളൂവെന്നും നാം മുകളില്‍ ചൂണ്ടിക്കാട്ടിയല്ലോ.

ഈസാ (അ) മരണപ്പെട്ടുപോയിട്ടുണ്ട്- ഉപരിലോകത്തേക്ക് ഉയര്‍ത്തപ്പെടുകയുണ്ടായിട്ടില്ല- എന്നു വാദിക്കുന്നവര്‍, തങ്ങളുടെ ഒരു ഊന്നുവടിയായി ഉപയോഗിക്കാറുള്ള ഒരു ക്വുര്‍ആന്‍ വചനമാണ് ( وَآوَيْنَاهُمَا إِلَى رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ ) (അവര്‍ രണ്ടാള്‍ക്കും- ഈസാക്കും മാതാവിനും- നിവാസ യോഗ്യവും ഒഴുക്കു ജലമുള്ളതുമായ ഒരു മേടു പ്രദേശത്തേക്കു നാം അഭയം നല്‍കി.) എന്ന സൂ: മുഅ്മിനൂനിലെ 50-ാം വചനം. യഹൂദികള്‍ അദ്ദേഹത്തെ കുരിശില്‍ തറച്ചു കൊല്ലാന്‍ വട്ടം കൂട്ടിയപ്പോള്‍, അദ്ദേഹത്തെയും മാതാവിനെയും അവരുടെ ഉപദ്രവം ഏല്‍ക്കാത്ത ഒരുസ്ഥലത്തേക്കു രക്ഷപ്പെടുത്തിയെന്നും, അവിടെ വെച്ച് അദ്ദേഹം മതപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുവെന്നും അങ്ങനെ അവിടെവെച്ച് സ്വാഭാവികമായി മരണം പ്രാപിച്ചുവെന്നുമൊക്കെയാണ് അവര്‍ ആ വചനത്തിനു നല്‍കുന്ന വ്യാഖ്യാനം. ക്വാദിയാനീ (അഹമ്മദീ) മതക്കാരാകട്ടെ, ഇതൊന്നുകൂടി വലിച്ചുനീട്ടി വിശദീകരിച്ചുകൊണ്ട് ആ മേടുപ്രദേശംകൊണ്ട് കാശ്മീര്‍ പ്രദേശമാണെന്നും, അവിടെ ഈസാ (عليه السلام)ന്‍റെ ക്വബ്ര്‍ നിലവിലുണ്ടെന്നും മറ്റും ജല്‍പിച്ചു വരുന്നു. സത്യത്തിന്‍റെ കണികപോലുമില്ലാത്ത ചില കെട്ടുകഥകളും, ദുഃസ്സമര്‍ത്ഥനങ്ങളും മാത്രമാണിതെല്ലാം. ഈസാ (عليه السلام) ശിശുവായിരിക്കുമ്പോള്‍, അന്നവിടെ രാജാവായിരുന്ന ഹിറോദോത്തസ് അദ്ദേഹത്തെ വധിക്കുവാന്‍ നടത്തിയ ഗൂഢശ്രമത്തില്‍ നിന്ന് അദ്ദേഹത്തിനെയും മാതാവിനെയും അല്ലാഹു രക്ഷപ്പെടുത്തിയതിനെ ഉദ്ദേശിച്ചാണ് ആ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ഇക്കൂട്ടര്‍ ജല്‍പിക്കുന്നതുപോലെ, കുരിശു സംഭവത്തില്‍ നിന്നു അദ്ദേഹത്തെ രക്ഷപ്പെടുത്തിയതിനെ സംബന്ധിച്ചല്ലതന്നെ, അതേ വചനത്തില്‍ ആദ്യം (وَجَعَلْنَا ابْنَ مَرْيَمَ وَأمُّهُ آيَة) (മര്‍യമിന്‍റെ മകനെയും, അവന്‍റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തിരിക്കുന്നു.) എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം പിതാവില്ലാതെ ജനിച്ചതിലടങ്ങിയ ദൃഷ്ടാന്തത്തെ ഓര്‍മിപ്പിച്ചശേഷം, അതേ തുടര്‍ന്നാണ് ആ വാക്യം അല്ലാഹു അവിടെ പറഞ്ഞിരിക്കുന്നത്. അപ്പോള്‍, അതോടു ബന്ധപ്പെട്ട ഒരു വിഷയമാണ്- കുരിശു സംഭവത്തോടു ബന്ധപ്പെട്ട ഒരു വിഷയമല്ല. – അതെന്നു വ്യക്തമാണല്ലോ. ബൈബ്‌ളില്‍ കാണുന്നത് പോലെ, കുരിശു സംഭവം നടക്കുന്ന കാലത്ത് അദ്ദേഹത്തിന്‍റെ മാതാവ് മര്‍യം (അ) ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നു വന്നാല്‍ തന്നെയും കുരിശു സംഭവവുമായി ബന്ധപ്പെട്ട ഒരു അഭയം നല്‍കലിനെ ഉദ്ദേശിച്ചാണ് ആ വചനത്തില്‍ പ്രസ്താവിച്ചതെന്ന് തെളിയിക്കുവാന്‍ ഇക്കൂട്ടര്‍ക്കു സാധ്യമല്ലതാനും.

അല്ലാഹു പ്രസ്താവിച്ച ആ മേടു പ്രദേശം (ربوة) ദിമശ്ക്വി (ഡമസ്‌കസി) ലാണെന്നും, ബൈത്തുല്‍ മുക്വദ്ദസിലാണെന്നും, ഫലസ്തീനിലെ റംലയിലാണെന്നും, ഈജിപ്തിലാണെന്നുമൊക്കെ അഭിപ്രായങ്ങള്‍ കാണാം. ഇവിടങ്ങളിലെല്ലാം ഈസാ നബി (عليه السلام)യും മാതാവും താമസിച്ചിട്ടുള്ളതായിരിക്കാം ഇതിനു കാരണം. (അല്ലാഹുവിനറിയാം) ഏതായാലും കാശ്മീരിലാണെന്ന് – കഴിഞ്ഞ ചില ദശവല്‍സരങ്ങളിലായി ക്വാദിയാനി മതക്കാര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതിനുമുമ്പ്- ഒരു പണ്ഡിതനും പറയുകയുണ്ടായിട്ടില്ല. പറയുവാന്‍ ന്യായവുമില്ല. ബൈബ്‌ളിന്‍റെ പ്രസ്താവന ശരിയാണെങ്കില്‍, ആ മേടുപ്രദേശം ഈജിപ്തിലായിരിക്കുമെന്ന് അനുമാനിക്കുവാന്‍ സാധ്യതയുണ്ട്താനും. ബൈബ്ള്‍ പറയുന്നുഃ. ‘കര്‍ത്താവിന്‍റെ ദൂതന്‍ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി. നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയേയും കൂട്ടികൊണ്ട് മിസ്രയീമി (ഈജിപ്തി)ലേക്കു ഓടിപ്പോയി ഞാന്‍ നിന്നോടു പറയും വരെ അവിടെ പാര്‍ക്കുക. ഹെറോദാവു (രാജാവു) ശിശുവിനെ നശിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാന്‍ ഭാവിക്കുന്നു എന്നു പറഞ്ഞു… ഹെറോദാവിന്‍റെ മരണത്തോളം അവന്‍ അവിടെ പാര്‍ത്തു… എന്നാല്‍, ഹെറോദാവു കഴിഞ്ഞുപോയ ശേഷം കര്‍ത്താവിന്‍റെ ദൂതന്‍ മിസ്രയീമില്‍ വെച്ച് യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി. ശിശുവിനു പ്രാണഹാനി വരുത്തുവാന്‍ നോക്കിയവന്‍ മരിച്ചു പോയതു കൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടി യിസ്രായേല്‍ ദേശത്തേക്കു പോക എന്നു പറഞ്ഞു. അവന്‍ അവരേയും കൂട്ടി യിസ്രായേല്‍ ദേശത്തു വന്നു’ (മത്തായി അദ്ധ്യായം : 2ല്‍ 13-22) (യഹൂദന്മാരുടെ രാജാവ് പിറക്കാറായിട്ടുണ്ടെന്നു ജോത്സ്യന്‍മാരില്‍നിന്നു അറിവു കിട്ടിയതനുസരിച്ചാണ് ഹിറോദസ് (ഹെറോദാവ്) രാജാവ് അദ്ദേഹത്തെ തേടിപ്പിടിക്കുവാന്‍ ശ്രമിച്ചതെന്നും, രണ്ടു വയസിനു താഴെയുള്ള ശിശുക്കളെ ഇക്കാരണത്താല്‍ (بيت لحم) ബത്‌ലഹേമില്‍ കൊലപ്പെടുത്തുകയുണ്ടായിട്ടുെന്നും അതില്‍ പ്രസ്താവിച്ചു കാണാം.

إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ എന്ന വാക്യത്തിന്‍റെ വ്യാഖ്യാന വിവരണത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഏതാനും ചില അഭി പ്രായ വ്യത്യാസങ്ങള്‍ കാണാവുന്നതാണെങ്കിലും, ഈസാ നബി (അ) യുടെ ഐഹിക ജീവിതം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ ഉപരിലോകത്തേക്കു അല്ലാഹു ഉയര്‍ത്തിക്കൊണ്ടു പോകുമെന്നാണ് അതിന്‍റെ ഉദ്ദേശ്യമെന്നും, അദ്ദേഹം ഉപരിലോകത്തേക്കു ഉയര്‍ത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നുമുള്ളതില്‍ അവരെല്ലാം ഏകാഭിപ്രായക്കാരാകുന്നു. ബലവത്തായ പല ഹദീഥുകളില്‍ നിന്നും പ്രസിദ്ധമായി അറിയപ്പെടുന്നതുപോലെ, ലോകാവസാനഘട്ടമാകുമ്പോള്‍ അദ്ദേഹം ഭൂമിയില്‍ ഇറങ്ങിവരുമെന്നുള്ളതിലും അവര്‍ക്കിടയില്‍ ഭിന്നിപ്പില്ല. ആരും തന്നെ അദ്ദേഹം ഉപരിലോകത്തേക്കു ഉയര്‍ത്തപ്പെട്ടിട്ടില്ലെന്നോ, മറ്റു മനുഷ്യരെപ്പോലെ അദ്ദേഹവും മരണപ്പെട്ട് ക്വബ്‌റില്‍ അടക്കപ്പെട്ടുപോയിരിക്കുകയാണെന്നോ പറയുന്നില്ല. യേശുക്രിസ്തു ശത്രുക്കളാല്‍ ക്രൂശിക്കപ്പെട്ടുവെന്നും, ശിഷ്യന്മാരില്‍ ഒരാളായ യൂദാസാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തതെന്നും, മൂന്നാം ദിവസമോ മറ്റോ ശവക്കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുകയും ആകാശത്തേക്കുയര്‍ത്തപ്പെടുകയും ചെയ്തുവെന്നുമാണ് ബൈബ്‌ളും ക്രിസ്ത്യാനികളും പറയുന്നത്. പക്ഷേ, കുരിശു സംഭവത്തെയും ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിനേയും സംബന്ധിച്ചു ബൈബ്‌ളിലെ സുവിശേഷങ്ങളും, പ്രസ്താവനകളും പരിശോധിച്ചാല്‍ അവ പരസ്പര വൈരുദ്ധ്യം നിറഞ്ഞതായി കാണാവുന്നതാണ്. അതുകൊണ്ട് അവയെ ആസ്പദമാക്കി ആ സംഭവത്തിനു ഒരു ഐക്യ രൂപം നിര്‍ണയിക്കുവാന്‍ ക്രിസ്ത്യാനികള്‍ക്കു തന്നെയും സാധിക്കാതെയാണിരിക്കുന്നത്.(*)


(*) ഈ വിഷയകമായി വേദപുസ്തക നിഘണ്ടുവില്‍ ഒരു നീണ്ട പ്ര സ്താവന തന്നെ കാണാവുന്നതാണ്. അതിലെ ചില വരികളുടെ ചുരുക്കം ഇപ്രകാരമാകുന്നു. ‘അതിനു ഒന്നാമത്തെ തെളിവു നാലു സുവിശേഷങ്ങളല്ല. അവയിലെ വൃത്താന്തങ്ങളെ ഒത്തുനോക്കി പരിശോധിക്കുന്നവര്‍ അബദ്ധമായ അഭിപ്രായത്തിനു അധീനരാകും. സുവിശേഷങ്ങള്‍ എഴുതപ്പെടുന്നതിന് അനേക സംവത്സരങ്ങള്‍ക്ക് മുമ്പ് യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന് അനേകായിരം (?) പേര്‍ വിശ്വസിക്കുകയും, അതിന്‍റെ പേരില്‍ അവര്‍ മര്‍ദ്ദനത്തിന് വിധേയരാവുകയും ചെയ്തിട്ടുണ്ട്. അതാണ് പ്രധാന തെളിവ്. അതിനെ ആസ്പദമാക്കിയാണ് സുവിശേഷങ്ങളില്‍ പ്രതിപാദിക്ക പ്പെട്ടിരിക്കുന്നത്… ഈ വിഷയത്തില്‍ പ്രധാന തെളിവ് നാലു സുവിശേഷങ്ങളല്ല. ക്രിസ്ത്വബ്ദം 55ാം കൊല്ലത്തില്‍ എഴുതപ്പെട്ട കൊരിന്ത്യര്‍ക്കെഴുതിയ പൗലോസിന്‍റെ ഒന്നാം ലേഖനമാണ് തെളിവ്. ഇവന്‍ ക്രിസ്തുവിന് ശേഷം മുന്നോ നാലോ, ഏഴോ കൊല്ലം കഴിഞ്ഞ് വിശ്വസിച്ച ആളാണ്.’ (വേ. പു. നി. പേജ് 410) ബൈബ്‌ളിലെ പരസ്‌പര വിരുദ്ധമായ പ്രസ്താവനകള്‍ ക്രിസ്ത്യാനികളെ തന്നെ ഒരെത്തും പിടിയും കിട്ടാതെ കുഴക്കിയിരിക്കുകയാണെന്ന് ഇതില്‍ നിന്ന് സ്പഷ്ടമാണല്ലോ. ക്രിസ്തുമതത്തില്‍ നിലവിലുള്ള മിക്ക വിശ്വാസ സിദ്ധാന്തങ്ങളുടെയും കാരണക്കാരന്‍ പൗലോസാണെന്നുള്ളതും പ്രസ്താവ്യമത്രെ. 


ലോകാവസാനകാലത്ത് ഈസാ (عليه السلام) ഭൂമിയില്‍ ഇറങ്ങിവരുമെന്നും, ഇസ്‌ലാമിന്‍റെ നിയമ നടപടികള്‍ക്കനുസരിച്ച് അദ്ദേഹം നീതിന്യായം നടത്തുമെന്നും, ക്രിസ്ത്യാനികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ പല നടപടികളെയും അദ്ദേഹം എതിര്‍ക്കുമെന്നും മറ്റും നബി തിരുമേനി  (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ബുഖാരി, മുസ്‌ലിം (റ) തുടങ്ങിയ മഹാന്മാര്‍ പല മാര്‍ഗങ്ങളിലൂടെ രേഖപ്പെടുത്തിയിട്ടുള്ളതും, പൊതുവെ അറിയപ്പെട്ടതുമാകുന്നു,. ഇതിനെ ബലപ്പെടുത്തുന്ന ചില സൂചനകള്‍ സൂ: നിസാഉ് 159ലും സൂ: സുഖ്‌റുഫ് 61 ലും കാണാവുന്നതുമാകുന്നു. യുക്തി വാദങ്ങളെയോ, കക്ഷി താല്‍പര്യങ്ങളെയോ മുന്‍നിറുത്തി ഈ സത്യത്തിനു നേരെ കണ്ണടക്കുകയും, ഒരു മുന്‍വിധിവെച്ചുകൊണ്ടു ക്വുര്‍ആനെയും നബിവചനങ്ങളെയും വ്യാഖ്യാനിക്കുവാന്‍ മുതിരുകയും ചെയ്യുന്നവര്‍ക്കേ ഇതില്‍ വിയോജിപ്പുണ്ടാകുവാന്‍ അവകാശമുള്ളൂ.

ഈസാ നബി (عليه السلام)ക്കു ക്രിസ്ത്യാനികള്‍ ദിവ്യത്വം കല്‍പിച്ചതിനെയും, അദ്ദേഹത്തെ ആരാധിക്കുന്നതിനെയും ഖണ്ഡിച്ചുകൊണ്ടുള്ളതാണ് ഈ സൂറത്തിലെ പല വചനങ്ങളും. മറ്റു സൂറത്തുകളിലും ഇതുപോലെ പല വചനങ്ങളും കാണാവുന്നതാണ്. അദ്ദേഹത്തിനു ദിവ്യത്വവും ആരാധ്യതയും കല്‍പിക്കപ്പെടുവാന്‍ അവര്‍ പറയുന്ന പ്രധാന ന്യായങ്ങള്‍ മൂന്നെണ്ണമത്രെ:

(1) അദ്ദേഹം പിതാവില്ലാതെ ജനിച്ചത്.

(2) അദ്ദേഹത്തിന്‍റെ കൈക്കു പ്രത്യേകമായി വെളിപ്പെട്ട അമാനുഷിക ദൃഷ്ടാന്തങ്ങള്‍

(3) അദ്ദേഹം കുരിശില്‍ തറച്ചു കൊല്ലപ്പെട്ടശേഷം ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടുവെന്നുള്ളത്.

ഈ മൂന്നില്‍ ഒന്നാമത്തെതിനെയും, രണ്ടാമത്തേതിനെയും ക്വുര്‍ആന്‍ ഒട്ടും നിഷേധിച്ചിട്ടില്ലെന്ന് മാത്രമല്ല; രണ്ടിനെയും സ്ഥാപിക്കുകയും, വിശദീകരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. പക്ഷേ, അതോടൊപ്പം തന്നെ, അക്കാരണങ്ങളാല്‍ അദ്ദേഹം ദൈവമോ ദൈവപുത്രനോ ആകുന്നില്ലെന്നും, അതെല്ലാം അല്ലാഹുവിന്‍റെ കഴിവില്‍പെട്ടതും, അവന്‍റെ പ്രവൃത്തിയുമാണെന്നും ആകയാല്‍ അദ്ദേഹം അല്ലാഹുവിന്‍റെ സൃഷ്ടിയും അടിയാനും അല്ലാതാകുന്നില്ലെന്നും സ്ഥാപിച്ചിരിക്കുന്നു. നേരെ മറിച്ച് ഈ രണ്ടു ന്യായങ്ങളെയും അപ്പാടെ നിഷേധിക്കുകയായിരുന്നു ക്വുര്‍ആന്‍റെ ലക്ഷ്യമെങ്കില്‍ ഇത്രയൊന്നും വിശദീകരണമോ ആവര്‍ത്തനമോ ആവശ്യമില്ലായിരുന്നു. ഒരൊറ്റ പ്രാവശ്യം ഈസായുടെ പിതാവ് ഇന്ന വ്യക്തിയാണെന്നോ, അദ്ദേഹത്തിനു ഒരു പിതാവുണ്ടായിരുന്നുവെന്നോ അങ്ങ് പറഞ്ഞാല്‍ ഒന്നാമത്തെ ന്യായം ഖണ്ഡിക്കുവാന്‍ അതുമാത്രം മതിയായേനെ. അതുപോലെ തന്നെ രണ്ടാമത്തെ ന്യായത്തെ ഖണ്ഡിക്കുവാന്‍ അത്തരം ദൃഷ്ടാന്തങ്ങളൊന്നും അദ്ദേഹം കാണിച്ചിട്ടില്ലെന്നോ, അദ്ദേഹം കാണിച്ച ദൃഷ്ടാന്തങ്ങള്‍ മറ്റു വല്ലതുമായിരുന്നുവെന്നോ ഒരു സൂചന നല്‍കിയാലും മതിയാകുമായിരുന്നു. അതൊന്നും ചെയ്യാതെ ക്രിസ്ത്യാനികളുടെ പ്രസ്തുത ന്യായങ്ങളെ ശരിവെക്കുകയും, അതോടൊപ്പം അദ്ദേഹത്തിന്‍റെ ദിവ്യത്വത്തെ നിഷേധിക്കുകയുമാണ് അല്ലാഹു ചെയ്യുന്നത്.

എന്നാല്‍, മൂന്നാമത്തെ ന്യായത്തെ -ക്രൂശിച്ചു കൊല്ലപ്പെട്ട ശേഷം ഉയര്‍ത്തപ്പെട്ടുവെന്നതിനെ- സംബന്ധിച്ച് അദ്ദേഹം ക്രൂശിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സ്പഷ്ടമാക്കുകയും, ഉയര്‍ത്തപ്പെട്ടതിനെ സ്ഥാപിക്കുകയുമാണ് ക്വുര്‍ആന്‍ ചെയ്തിരിക്കുന്നത്. അതെ, وَمَا قَتَلُوه وَمَا صَلَبُوه (അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല) എന്നു തുറന്ന ഭാഷയില്‍ ആ ന്യായത്തിന്‍റെ ആദ്യത്തെ വശം ഖണ്ഡിക്കുകയും നിഷേധിക്കുകയും ചെയ്തു. ഉയര്‍ത്തപ്പെട്ടുവെന്ന വശത്തെ بَلْ رَفَعَهُ الَّلهُ إِلَيْه (എങ്കിലും അല്ലാഹു അദ്ദേഹത്തെ തന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്) എന്നു പറഞ്ഞ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, കുരിശു സംഭവത്തിന്‍റെ കഥ ഉണ്ടാകുവാനും പ്രചരിക്കുവാനുമുള്ള കാരണം എന്താണെന്നു ചൂണ്ടിക്കാട്ടുക കൂടി ചെയ്തിരിക്കുന്നു. അതെ, وَلَكِنْ شُبِّهَ لَهُمْ (എങ്കിലും അവര്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാതെ പോയിരിക്കുകയാണ്) എന്നും അഥവാ ഈസായാണെന്നു തെറ്റിദ്ധരിച്ചുകൊണ്ട് വേറെ ഒരാളെ അവര്‍ കുരിശില്‍ തറച്ചു കൊലപ്പെടുത്തുകയാണുണ്ടായതെന്നും, കൊല്ലപ്പെട്ട ആള്‍ അദ്ദേഹം തന്നെയാണെന്ന് അവര്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല (مَالَهُمْ بِهِ مِنْ عِلْمٍ) എന്നുമൊക്കെ വിസ്തരിച്ചു പറയുകയും ചെയ്തിരിക്കുന്നു.

എന്നിരിക്കെ, ക്രൂശിച്ചതും കൊലപ്പെടുത്തിയതും സത്യമല്ലാത്തതുപോലെ, ഉപരിലോകത്തേക്കു ഉയര്‍ത്തിയതും സത്യമല്ലായിരുന്നുവെങ്കില്‍- ശത്രുക്കളില്‍ നിന്ന് എങ്ങിനെയോ രക്ഷപ്പെടുകയും പിന്നീട് എല്ലാവരെയും പോലെ മരണമടയുകയും, ആത്മാവ് മാത്രം ഉയര്‍ത്തപ്പെടുകയുമാണ് ഉണ്ടായതെങ്കില്‍- അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല, അല്ലാഹു, അദ്ദേഹത്തെ ഉയര്‍ത്തികൊണ്ടു പോയിട്ടുമില്ല എന്നോ മറ്റോ ആയിരുന്നു പറയേണ്ടിയിരുന്നത്. (അദ്ദേഹത്തെ ഉയര്‍ത്തി) എന്ന വാക്കിന്‍റെ താല്‍പര്യം, മരണശേഷം ആത്മാവിനെ ഉയര്‍ത്തി എന്നാണെന്നു സങ്കല്‍പ്പിക്കുക, അങ്ങനെയാണെങ്കില്‍, ആശയക്കുഴപ്പവും, തെറ്റായ വിശ്വാസവും നീക്കുവാനല്ല- കൂടുതല്‍ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമായിരിക്കും -അത് ഉപയോഗപ്പെടുക.

وَجَاعِلُ الَّذينَ اتَّبَعُوكَ (നിന്നെ പിന്‍പറ്റിയവരെ ക്വിയാമത്തുനാള്‍വരേക്കും നാം അവിശ്വസിച്ചവര്‍ക്കു മീതെയാക്കി വെക്കുന്നതാണ്) എന്നു പറഞ്ഞതിന്‍റെ സാരം രണ്ടു പ്രകാരത്തില്‍ വിവരിക്കപ്പെട്ടു കാണാം. ഓരോ വീക്ഷണത്തിലൂടെയും നോക്കുമ്പോള്‍ രണ്ടും ശരിയായിരിക്കുവാന്‍ ഇടയുണ്ടുതാനും. അവയുടെ ചുരുക്കം ഇതാകുന്നു:

(1) പിന്‍പറ്റിയവര്‍ എന്നു പറഞ്ഞത് ക്രിസ്ത്യാനികളെയും, അവിശ്വസിച്ചവര്‍ എന്നുപറഞ്ഞത് യഹൂദികളെയും ഉദ്ദേശിച്ചാകുന്നു. അദ്ദേഹത്തിനു ശേഷം ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന്‍റെ മാര്‍ഗത്തില്‍ നിന്നു എത്രതന്നെ പിഴച്ചുപോയിട്ടുണ്ടെങ്കിലും- അദ്ദേഹത്തിന്‍റെ അനുയായികളെന്ന പാരമ്പര്യം നിലനിറുത്തിപ്പോരുന്നവരെന്ന നിലക്ക്-ആ സമുദായം യഹൂദികളെ അപേക്ഷിച്ച് ശക്തിയിലും പ്രതാപത്തിലും കവിഞ്ഞു നില്‍ക്കുന്നവരായിരിക്കും.

(2) ഈസാ (عليه السلام)ന്‍റെ കാലത്ത് അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹം സ്വീകരിച്ച സത്യമാര്‍ഗം തെറ്റിപ്പോകാതിരിക്കുകയും ചെയ്ത എല്ലാ സത്യവിശ്വാസികളുമാണ് ‘പിന്‍പറ്റിയവര്‍’ എന്നതുകൊണ്ടുള്ള വിവക്ഷ. അല്ലാത്തവരെല്ലാം അവിശ്വസിച്ചവരും ഇതനുസരിച്ച് അദ്ദേഹത്തെ പിന്‍പറ്റിയവരെ ‘അവിശ്വാസികളുടെ മീതെയാക്കുക’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം. ശക്തിയിലും പ്രതാപത്തിലും മീതെയാക്കുക എന്നല്ല, ന്യായം, സത്യം, തെളിവ്, അല്ലാഹുവിങ്കലുള്ള സ്ഥാനപദവി ആദിയായവയില്‍ അവരെക്കാള്‍ മികച്ചവരാക്കുക എന്നതായിരിക്കും (الله أعلم) മേല്‍ വിവരിച്ച വിഷയങ്ങളെ ചൂണ്ടിക്കൊണ്ടു അടുത്ത വചനത്തില്‍ അല്ലാഹു പറയുന്നു:

3:58
  • ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ ٱلْـَٔايَـٰتِ وَٱلذِّكْرِ ٱلْحَكِيمِ ﴾٥٨﴿
  • (നബിയേ) അത് [മേല്‍ വിവരിച്ചത്] ലക്ഷ്യങ്ങളെയും, യുക്തിമത്തായ ഉല്‍ബോധനവുമായിക്കൊണ്ട് നാം നിനക്ക് ഓതിക്കേള്‍പിക്കുകയാണ്.
  • ذَٰلِكَ അതു نَتْلُوهُ അതുനാം ഓതിതരുന്നു عَلَيْكَ നിനക്ക് مِنَ الْآيَاتِ ആയത്ത് (ദൃഷ്ടാന്തം)കളായിട്ടു وَالذِّكْرِ ഉല്‍ബോധനവും, പ്രസ്താവനയും الْحَكِيمِ യുക്തിമത്തായ

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സത്യതക്കു, ഈസാ (عليه السلام)നെ സംബന്ധിച്ച സത്യാവസ്ഥ വേദക്കാര്‍ മനസ്സിലാക്കുന്നതിന് മതിയായ ലക്ഷ്യങ്ങളും, ക്വുര്‍ആന്‍റെ ഉല്‍ബോധനങ്ങളുമായിക്കൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അല്ലാഹു അവതരിപ്പിച്ചു കൊടുക്കുന്നതാണ് മേല്‍പ്രസ്താവിച്ച വിവരങ്ങളൊക്കെ എന്നു സാരം. ഈസാ (عليه السلام)ന്‍റെ വിഷയത്തിലുള്ള സത്യാവസ്ഥ മുകളില്‍ വിവരിച്ചപോലെ തന്നെയാണെങ്കിലും അദ്ദേഹത്തിന്‍റെ ജനനത്തിലുണ്ടായ പ്രത്യേകത നിമിത്തം, മറ്റു മനുഷ്യര്‍ക്കൊന്നുമുണ്ടായിട്ടില്ലാത്ത ചില പ്രത്യേക സ്ഥാന പദവികള്‍ അദ്ദേഹത്തിനുണ്ടായിരിക്കേണ്ടതല്ലെ എന്നു വല്ലവരും കരുതുന്ന പക്ഷം, അതിനുള്ള മറുപടി അല്ലാഹു നല്‍കുന്നു:-

3:59
  • إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ ﴾٥٩﴿
  • നിശ്ചയമായും. ഈസായുടെ ഉപമ, അല്ലാഹുവിന്‍റെ അടുക്കല്‍ ആദമിന്‍റെ ഉപമ പോലെയാകുന്നു. [അതില്‍ കവിഞ്ഞൊന്നുമില്ല] (അതെ) അവന്‍ അദ്ദേഹത്തെ മണ്ണിനാല്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി); പിന്നീട് അതിനോടു 'ഉണ്ടാകുക' എന്നു പറഞ്ഞു; അപ്പോള്‍ (അതാ) അതുണ്ടാകുന്നു!
  • إِنَّ مَثَلَ നിശ്ചയമായും ഉപമ عِيسَىٰ ഈസായുടെ عِندَ اللَّهِ അല്ലാഹുവിന്‍റെ അടുക്കല്‍ كَمَثَلِ ഉപമപോലെയാകുന്നു آدَمَ ആദമിന്‍റെ خَلَقَهُ അദ്ദേഹത്തെ അവന്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി) مِن تُرَابٍ മണ്ണിനാല്‍, മണ്ണില്‍ നിന്ന് ثُمَّ قَالَ പിന്നെ അവന്‍ പറഞ്ഞു لَهُ അതിനോട് كُن ഉണ്ടാകുക فَيَكُونُ അപ്പോള്‍ അതു (അവന്‍) ഉണ്ടാകുന്നു (ഉണ്ടാകുകയായി)
3:60
  • ٱلْحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلْمُمْتَرِينَ ﴾٦٠﴿
  • യഥാര്‍ത്ഥം, നിന്‍റെ റബ്ബിങ്കല്‍ നിന്നുള്ളതാകുന്നു. ആകയാല്‍, നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരരുത്.
  • الْحَقُّ യഥാര്‍ത്ഥം, സത്യം مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നാകുന്നു فَلَا تَكُن അതിനാല്‍ നീ ആയിരിക്കരുത് مِّنَ الْمُمْتَرِينَ സംശയപ്പെടുന്നവരില്‍

മനുഷ്യ വര്‍ഗത്തിന്‍റെ ആദ്യപിതാവും ഒന്നാമത്തെ മനുഷ്യനുമായ ആദം (عليه السلام) നെ അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയത് പിതാവില്‍നിന്നോ, മാതാവില്‍നിന്നോ അല്ല. ഒരു സ്ത്രീ പുരുഷ സമ്പര്‍ക്കം അതിനു മുമ്പ് ഉണ്ടായിട്ടുമില്ല. മണ്ണില്‍ നിന്നു അല്ലാഹു അദ്ദേഹത്തെ രൂപപ്പെടുത്തിയുണ്ടാക്കി. പിന്നീട് അതിനോടു മനുഷ്യനാവണമെന്നു കല്‍പിച്ചു. അതു മനുഷ്യനായിത്തീര്‍ന്നു. അത്രമാത്രം. ഈസായുടെ ജനനമാണെങ്കില്‍ അതു ഒരു മാതാവില്‍ നിന്നാണ്. ആ സ്ഥിതിക്കു അതിനെക്കാള്‍ എത്രയോ പുതുമയും അത്ഭുതകരവുമാണ് ആദമിന്‍റെ ഉത്ഭവം. എന്നിരിക്കെ, ഈസയെക്കാള്‍ ഉന്നത സ്ഥാനം കല്‍പിക്കേണ്ടത് ആദമിനല്ലേ? അദ്ദേഹത്തിനു ആരും ദിവ്യത്വം കല്‍പിക്കുന്നില്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഈ വിഷയത്തില്‍ സംശയത്തിനോ ആശയ കുഴപ്പത്തിനോ സ്ഥാനമില്ല എന്നുസാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് സംശയിക്കുവാന്‍ ഇടയുള്ളതു കൊണ്ടല്ല; മറിച്ച് മറ്റുള്ളവര്‍ സംശയത്തിന്നധീനരായിത്തീരരുതെന്നുള്ള ഒരു താക്കീതാണിത്.

ആണും പെണ്ണും കൂടാതെ അല്ലാഹു ആദം (عليه السلام) നെ സൃഷ്ടിച്ചു. ഒരു പെണ്ണിലൂടെ അല്ലാതെ ഹവ്വാഉ് (അ) നെയും സൃഷ്ടിച്ചു. ആണിന്‍റെ ബന്ധംകൂടാതെ ഈസാ (عليه السلام) നെയും അവന്‍ സൃഷ്ടിച്ചു. ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായിട്ടാണ് മറ്റുള്ളവരുടെയെല്ലാം സൃഷ്ടി നടന്നുവരുന്നത്. അപ്പോള്‍, അല്ലാഹു എന്ത് ഉദ്ദേശിക്കുന്നുവോ അതു ചെയ്‌വാന്‍ അവനു കഴിവുണ്ടെന്നും, അവനെ സംബന്ധിച്ചിടത്തോളം, മാറ്റം വരുത്തുവാന്‍ പാടില്ലാത്ത പ്രകൃതി നിയമം എന്നൊന്നില്ലെന്ന് സ്പഷ്ടമത്രെ. നാം സാധാരണ കണ്ടു പരിചയിച്ചു വരുന്ന ചില കാര്യകാരണ ബന്ധങ്ങളെ ആസ്പദമാക്കി നാം ഇന്നിന്നതു പ്രകൃതി നിയമമെന്നു കരുതുകയും, അതിനെതിരില്‍ വല്ലതും സംഭവിക്കുന്ന പക്ഷം അതു നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുവെന്നല്ലാതെ, ആ പ്രകൃതി വ്യവസ്ഥയുടെ സ്രഷ്ടാവായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എല്ലാം ഒരുപോലെത്തന്നെ. ഒരു കാര്യം ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിച്ചാല്‍ അതുണ്ടാകണമെന്നു അവന്‍ കല്‍പിക്കുകയേ വേണ്ടൂ. അതങ്ങുണ്ടാകുകയായി അല്ലാഹു തുടരുന്നു:-

3:61
  • فَمَنْ حَآجَّكَ فِيهِ مِنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ فَقُلْ تَعَالَوْا۟ نَدْعُ أَبْنَآءَنَا وَأَبْنَآءَكُمْ وَنِسَآءَنَا وَنِسَآءَكُمْ وَأَنفُسَنَا وَأَنفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَل لَّعْنَتَ ٱللَّهِ عَلَى ٱلْكَـٰذِبِينَ ﴾٦١﴿
  • ഇനി, നിനക്കു അറിവു വന്നുകിട്ടിയശേഷം, അതില്‍ [അദ്ദേഹത്തിന്‍റെ കാര്യത്തില്‍] നിന്നോട് വല്ലവരും (തര്‍ക്കിച്ച്) ന്യായവാദം നടത്തുന്നതായാല്‍, നീ പറയുക: 'വരുവിന്‍, ഞങ്ങളുടെ പുത്രന്മാരെയും, നിങ്ങളുടെ പുത്രന്മാരെയും, ഞങ്ങളുടെ സ്ത്രീകളെയും, നിങ്ങളുടെ സ്ത്രീകളെയും, ഞങ്ങളെത്തന്നെയും നിങ്ങളെത്തന്നെയും നാം വിളിക്കുക: പിന്നെ നാം ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിക്കുക; അങ്ങനെ, അല്ലാഹുവിന്‍റെ ശാപത്തെ നാം വ്യാജം പറയുന്നവരുടെ മേല്‍ ആ(ക്കുവാന്‍ പ്രാര്‍ത്ഥി)ക്കുക'.
  • فَمَنْ എനി (അതിനാല്‍) വല്ലവരും حَاجَّكَ നിന്നോട് ന്യായവാദം ചെയ്താല്‍ فِيهِ അതില്‍, അദ്ദേഹത്തില്‍ مِن بَعْدِ ശേഷമായിട്ട് مَا جَاءَكَ നിനക്ക് വന്നതിന്‍റെمِنَ الْعِلْمِ അറിവില്‍ നിന്നും فَقُلْ അപ്പോള്‍ നീ പറയുക تَعَالَوْا നിങ്ങള്‍ വരുവിന്‍ نَدْعُ നാം വിളിക്കുക أَبْنَاءَنَا ഞങ്ങളുടെ പുത്രന്‍മാരെ وَأَبْنَاءَكُمْ നിങ്ങളുടെ പുത്രന്‍മാരെയും وَنِسَاءَنَا ഞങ്ങളുടെ സ്ത്രീകളെയും وَنِسَاءَكُمْ നിങ്ങളുടെ സ്ത്രീകളെയും وَأَنفُسَنَا ഞങ്ങളുടെ സ്വന്ത(ദേഹ)ങ്ങളെയും وَأَنفُسَكُمْ നിങ്ങളുടെ സ്വന്ത (ദേഹ)ങ്ങളെയും ثُمَّ نَبْتَهِلْ പിന്നെ നാം ഉള്ളഴിഞ്ഞപേക്ഷിക്കുക (നമുക്ക് ഭക്തിയോടെ പ്രാര്‍ത്ഥിക്കാം) فَنَجْعَل അങ്ങനെ നാം ആക്കുക لَّعْنَتَ اللَّهِ അല്ലാഹുവിന്‍റെ ശാപത്തെ عَلَى الْكَاذِبِينَ വ്യാജം പറയുന്നവരുടെ മേല്‍
3:62
  • إِنَّ هَـٰذَا لَهُوَ ٱلْقَصَصُ ٱلْحَقُّ ۚ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ۚ وَإِنَّ ٱللَّهَ لَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٦٢﴿
  • നിശ്ചയമായും, ഇതുതന്നെയാണു യഥാര്‍ത്ഥമായ കഥാവിവരണം. അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനും ഇല്ലതാനും. നിശ്ചയമാ യും, അല്ലാഹു തന്നെയാണ് അഗാധ ജ്ഞനായ പ്രതാപശാലിയും.
  • إِنَّ هَٰذَا നിശ്ചയമായും ഇത് لَهُوَ ഇത് തന്നെയാണ് الْقَصَصُ കഥനം الْحَقُّ യഥാര്‍ത്ഥമായ്വ وَمَا مِنْ إِلَٰهٍ ഒരു ഇലാഹുമില്ല താനും إِلَّا اللَّهُ അല്ലാഹുവല്ലാതെ وَإِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَهُوَ الْعَزِيزُ അവന്‍ തന്നെ പ്രതാപശാലി(യും) الْحَكِيمُ അഗാധജ്ഞനായ
3:63
  • فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ عَلِيمٌۢ بِٱلْمُفْسِدِينَ ﴾٦٣﴿
  • എന്നിട്ട് അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍, നിശ്ചയമായും അല്ലാഹു, നാശകാരികളെപ്പറ്റി അറിയുന്നവനാകുന്നു. [ഇതവര്‍ ഓര്‍ത്തിരിക്കട്ടെ.]
  • فَإِن تَوَلَّوْا എന്നിട്ട് (എനി) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു عَلِيمٌ അറിവുള്ളവനാകുന്നു بِالْمُفْسِدِينَ നാശകാരികളെപ്പറ്റി

ഈസാ നബി (عليه السلام) യുടെ യഥാര്‍ത്ഥ ചരിത്രം ഇന്നിന്ന പ്രകാരമാണെന്നും അദ്ദേഹം ദൈവമോ ദൈവപുത്രനോ, അല്ലെന്നും കഴിഞ്ഞ വചനങ്ങളില്‍ വിശദമായി വിവരിച്ചു. അതില്‍ സംശയത്തിന് എനി വകയില്ലെന്നും ചൂണ്ടിക്കാട്ടി. അതെല്ലാം കേട്ടറിയുകയും അതിനെതിരില്‍ തെളിവുകള്‍ സമര്‍പ്പിക്കുവാന്‍ കഴിയാതിരിക്കുകയും  ചെയ്തിട്ടുപോലും സത്യത്തിലേക്ക് മടങ്ങുവാന്‍ തയ്യാറില്ലാതെ, അവിശ്വാസത്തില്‍തന്നെ ഉറച്ചുനില്‍ക്കുന്ന  ക്രിസ്ത്യാനികളെ- ഒരു അവസാനക്കൈ എന്നോണം- അല്ലാഹു ഒരു ‘മുബാഹലഃ (مباهلة)’ ക്ക് ആഹ്വാനം  ചെയ്യുന്നതാണ് 61-ാം വചനത്തില്‍ കാണുന്നത്. അന്യോന്യം ഉള്ളഴിഞ്ഞ് ശാപപ്രാര്‍ത്ഥന നടത്തുക- അഥവാ രണ്ടു  കൂട്ടരും ഒരുമിച്ചുകൂടി ‘നമ്മില്‍ കള്ളവാദികളായവര്‍ക്ക് അല്ലാഹുവിന്‍റെ ശാപം വരട്ടെ’ എന്ന് എല്ലാവരും  അല്ലാഹുവിനോട് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുക എന്നത്രെ ‘മുബാഹലഃ’ കൊണ്ടുദ്ദേശ്യം.

ഈ സൂറത്തിന്‍റെ ആരംഭം മുതല്‍ ഏറെക്കുറെ എണ്‍പത് വചനങ്ങള്‍- അല്ലെങ്കില്‍ ഏതാനും വചനങ്ങള്‍- നജ്‌റാനില്‍  നിന്നുവന്ന ക്രിസ്തീയ നിവേദക സംഘത്തിന്‍റെ വരവിനെത്തുടര്‍ന്ന് അവതരിച്ചതാണെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവസാനം  അവരെ മുബാഹലഃക്ക് ക്ഷണിക്കുകയുണ്ടായെന്നും, അവര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും, നാം മുമ്പ് കണ്ടുവല്ലോ. ഈ വചനമനുസരിച്ചായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ അതിന് ക്ഷണിച്ച ത്. ആദ്യം അവര്‍ അതിന്  സമ്മതിക്കുകയുണ്ടായി. അലി, ഫാത്തിമ, ഹസന്‍, ഹുസൈന്‍ (റ) എന്നിവരെയും കൂട്ടിക്കൊണ്ട്  നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിശ്ചിത  സമയത്തും സ്ഥലത്തും തയ്യാറായി വന്നു. പക്ഷേ, ക്രിസ്ത്യാനി സംഘം വരുവാന്‍ ധൈര്യപ്പെട്ടില്ല. തല്‍ക്കാലം ചില ഒഴികഴിവുകള്‍ പറഞ്ഞ് പിന്‍മാറുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി ചില സന്ധി നിശ്ചയങ്ങള്‍ ചെയ്ത് തിരിച്ചുപോകുകയുമാണ് അവര്‍ ചെയ്തത്. സംഘത്തിലെ ചില നേതാക്കള്‍ ‘മുബാഹലഃ’ ക്കനുകൂലം പ്രകടിപ്പിച്ചപ്പോള്‍  മറ്റ് ചിലര്‍ അവരോട് ഇങ്ങനെ പറയുകയുണ്ടായി. ‘മുഹമ്മദ് സത്യവാനായ ഒരു പ്രവാചകനാണെന്ന് നിങ്ങള്‍ക്കറിയാം.  ഒരു പ്രവാചകനുമായി ശാപ പ്രാര്‍ത്ഥന (مباهلة) നടത്തുന്ന ജനത നാമാവശേഷമാവാതിരിക്കുകയില്ല.’ അവരെപ്പറ്റി  നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അവര്‍ മുബാഹലഃക്ക് പുറപ്പെട്ടു വന്നിരുന്നെങ്കില്‍ അവരുടെ സ്വത്തും കുടുംബവും ഇല്ലാതെ (എല്ലാം നഷ്ടപ്പെട്ടുകൊണ്ട്) അവര്‍ മടങ്ങുമായിരുന്നു.’ പ്രസ്തുത സംഭവം വിശദമായും സംക്ഷിപ്തമായും പല  മാര്‍ഗങ്ങളില്‍കൂടി ഹദീഥ് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിക്കാണാവുന്നതാണ്.

വാദപ്രതിവാദ വേളകളില്‍ സത്യം വ്യക്തമായി പുലര്‍ന്നാലും, അഹങ്കാരവും പിടിവാശിയും നിമിത്തം പലരും സത്യം  സ്വീകരിക്കുവാന്‍ തയ്യാറാവാതിരിക്കുക പതിവാണ്. ഏത് കടുംകയ്യും, സൂത്രങ്ങളും ഉപയോഗിച്ച് സ്വന്തം നിലയില്‍  അവര്‍ ഉറച്ച് നില്‍ക്കുകയും ചെയ്യും. എന്നാല്‍, സ്വന്തം കുട്ടികളെയും സ്ത്രീകളെയും ഒന്നടങ്കം നാശത്തിലേക്ക്  വലിച്ചിടുവാന്‍ അല്‍പം ബുദ്ധിയുള്ളവരാരും ധൈര്യപ്പെടുകയില്ല. അതുകൊണ്ടായിരിക്കാം അവരെക്കൂടി മുബാഹലഃയില്‍  പങ്കെടുപ്പിക്കാന്‍ കല്‍പിക്കുന്നത്.. الله أعلم സത്യം തങ്ങളുടെ ഭാഗത്താണെന്ന പൂര്‍ണവിശ്വാസമുള്ളവര്‍ക്ക് ഒന്നും ഭയപ്പെടേണ്ടതായിട്ടില്ലതാനും. സത്യം ഇന്നതാണെന്ന് ബോദ്ധ്യപ്പെട്ടിട്ട് പിന്നെയും അത് സ്വീകരി ക്കാതിരിക്കുകയും, മുബാഹലഃയില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നവര്‍ നാശകാരികളും കുഴപ്പക്കാരുമാണെന്നും, അവരെക്കുറിച്ച്  അല്ലാഹുവിന് വേണ്ടതുപോലെ അറിയാമെന്നും, അവരുടെ പേരില്‍ വേണ്ടുന്ന നടപടികള്‍ അവന്‍ വഴിയെ എടുത്തുകൊള്ളുമെന്നുമുള്ള താക്കീതാണ് 63-ാം വചനത്തില്‍ അടങ്ങിയിരിക്കുന്നത്.