വിഭാഗം - 16

3:149
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ ٱلَّذِينَ كَفَرُوا۟ يَرُدُّوكُمْ عَلَىٰٓ أَعْقَـٰبِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ ﴾١٤٩﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അവിശ്വസിച്ചവരെ അനുസരിക്കുന്ന പക്ഷം, അവര്‍ നിങ്ങളുടെ മടമ്പുകാലുകളില്‍ നിങ്ങളെ (പുറകോട്ട്) മടക്കിക്കളയും; അങ്ങനെ, നിങ്ങള്‍ നഷ്ടപ്പെട്ടവരായി മാറിപ്പോയേക്കും.
  • ا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِن تُطِيعُوا നിങ്ങള്‍ അനുസരിക്കുന്ന പക്ഷം الَّذِينَ كَفَرُوا അവിശ്വസിച്ചവരെ يَرُدُّوكُمْ അവര്‍ നിങ്ങളെ മടക്കും, തള്ളിവിടും عَلَىٰ أَعْقَابِكُمْ നിങ്ങളുടെ മടമ്പുകാലുകളില്‍ (പിന്നോക്കം) فَتَنقَلِبُوا അങ്ങനെ (അപ്പോള്‍) നിങ്ങള്‍ മറിയും, മാറും, മടങ്ങും خَاسِرِينَ നഷ്ടപ്പെട്ടവരായി
3:150
  • بَلِ ٱللَّهُ مَوْلَىٰكُمْ ۖ وَهُوَ خَيْرُ ٱلنَّـٰصِرِينَ ﴾١٥٠﴿
  • പക്ഷേ, അല്ലാഹുവത്രെ നിങ്ങളുടെ യജമാനന്‍. അവന്‍ സഹായികളില്‍വെച്ച് ഉത്തമനുമാകുന്നു.
  • بَلِ اللَّهُ എങ്കിലും (പക്ഷേ- എന്നാല്‍) അല്ലാഹു مَوْلَاكُمْ നിങ്ങളുടെ യജമാനനാകുന്നു وَهُوَ അവനാകട്ടെ خَيْرُ النَّاصِرِينَ സഹായികളില്‍ ഉത്തമനാണ്
3:151
  • سَنُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ بِمَآ أَشْرَكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًا ۖ وَمَأْوَىٰهُمُ ٱلنَّارُ ۚ وَبِئْسَ مَثْوَى ٱلظَّـٰلِمِينَ ﴾١٥١﴿
  • അവിശ്വസിച്ചവരുടെ ഹൃദയങ്ങളില്‍ നാം വഴിയെ ഭീതി ഇട്ടുകൊടുക്കുന്നതാണ്; അല്ലാഹു യാതൊരു (അധികൃത) രേഖയും അവതരിപ്പിച്ചിട്ടില്ലാത്തതിനെ അവര്‍ അവനോട് പങ്ക് ചേര്‍ത്തത് നിമിത്തം. അവരുടെ സങ്കേത സ്ഥാനം നരകവുമാകുന്നു. (ആ) അക്രമികളുടെ പാര്‍പ്പിടം എത്രയോ ചീത്ത!
  • سَنُلْقِي നാം വഴിയെ ഇട്ടുകളയും فِي قُلُوبِ ഹൃദയങ്ങളില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ الرُّعْبَ ഭീതി, നടുക്കം بِمَا أَشْرَكُوا അവര്‍ പങ്കുചേര്‍ത്തത് നിമിത്തം بِاللَّهِ അല്ലാഹുവില്‍, അല്ലാഹുവിനോട് مَا لَمْ يُنَزِّلْ അവന്‍ അവതരിപ്പിക്കാത്തതിനെ بِهِ അതിന്, അതിനെപ്പറ്റി سُلْطَانًا ഒരു (അധികൃത) രേഖയും, പ്രമാണവും, ആധാരവും وَمَأْوَاهُمُ അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം النَّارُ നരകമാകുന്നു وَبِئْسَ എത്രയോ ചീത്ത مَثْوَى പാര്‍പ്പിടം الظَّالِمِينَ അക്രമികളുടെ

പ്രവാചകന്‍മാരുടെ കാല്‍പാടുകളില്‍ ഉറച്ചുനിന്ന സത്യവിശ്വാസികളെ മാതൃകയാക്കണമെന്ന് ഉപദേശിച്ചശേഷം, അവിശ്വാസികളെ അനുസരിക്കുകയും അവരെ കൈകാര്യക്കാരാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് താക്കീത് ചെയ്യുകയാണ്. അവരെ അനുസരിച്ചാല്‍ അവര്‍ നിങ്ങളെ ശിര്‍ക്കിന്റെ മതത്തിലേക്കുതന്നെ മടക്കുകയും, നിങ്ങള്‍ സര്‍വ്വവും നഷ്ടപ്പെട്ടവരായിത്തീരുകയും ചെയ്യുമെന്നും, നിങ്ങളുടെ യജമാനന്‍ അല്ലാഹുവാണ് -അവനാണ് നിങ്ങളുടെ ഏറ്റവും നല്ല സഹായി- എന്നും, അവനെ അനുസരിക്കുകയാണ് നിങ്ങളുടെ ബാദ്ധ്യതയെന്നും ഉണര്‍ത്തുകയും ചെയ്യുന്നു.

ഉഹ്ദില്‍ മുസ്‌ലിംകള്‍ക്ക് പറ്റിയ പരാജയത്തെ ചൂഷണം ചെയ്തുകൊണ്ട് യഹൂദി കളും കപടവിശ്വാസികളും അവരില്‍ ആശയക്കുഴപ്പവും സംശയവും ഉണ്ടാക്കുവാന്‍ ശ്രമം നടത്തുകയുണ്ടായി. അവരെ അനുസരിച്ചാല്‍ നിങ്ങള്‍ കഷ്ടത്തിലാകും എന്ന താക്കീതാണ്ഇതില്‍ അടങ്ങിയിരിക്കുന്നത്. തുടര്‍ന്നു കൊണ്ട് ‌സത്യവിശ്വാസികള്‍ക്ക് ഇങ്ങനെ ഒരു സന്തോഷ വാര്‍ത്തയും. തല്‍ക്കാലം ഈ അവിശ്വാസികള്‍ക്ക് ദുരഭിമാനത്തിന് ഒരവസരം സിദ്ധിച്ചുവെങ്കിലും അത് സ്ഥിരമല്ല. അടുത്ത ഭാവിയില്‍തന്നെ സ്ഥിതി നേരെ മറിഞ്ഞുതിരിച്ചടിക്കും. അവരുടെ ഹൃദയങ്ങള്‍ ഭീതി കൊണ്ട് നിറയും. കാരണം, യാതൊരു പ്രമാണമോ ന്യായമോ ഇല്ലാതെ അല്ലാഹുവല്ലാത്ത വസ്തുക്കളെ ആരാധിച്ചുവരുന്ന അവരെ ആ വസ്തുക്കളൊന്നും സഹായിക്കുകയില്ല. അല്ലാഹുവിന്‍റെ സഹായം അവര്‍ക്കൊട്ട് ലഭിക്കുകയുമില്ല. നരകമായിരിക്കും അവരുടെ പ്രാപ്യസ്ഥാനം. അതു കൊണ്ട് സത്യവിശ്വാസികളായ നിങ്ങള്‍ അവരെക്കുറിച്ച് ഭീതിയിലും വിചാരത്തിലും ആകേണ്ടതില്ല.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ജാബിര്‍ (رضي الله عنه) ഉദ്ധരിക്കുന്നു: ‘എന്റെ മുമ്പുള്ള പ്രവാചകന്‍മാരില്‍ ഒരാള്‍ക്കും നല്‍കപ്പെടാത്ത അഞ്ച് കാര്യങ്ങള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഒരു മാസത്തെ വഴി അകലത്തോളം (എന്നെക്കുറിച്ച് ശത്രുക്കള്‍ക്കുണ്ടാകുന്ന) ഭീതികൊണ്ട് എനിക്ക് സഹായം നല്‍കപ്പെട്ടിരിക്കുന്നു. ഭൂമി (എല്ലായിടവും) എനിക്ക് നമസ്‌ക്കാര സ്ഥലവും ശുദ്ധീകരണ വസ്തുവും ആക്കപ്പെട്ടിരിക്കുന്നു. ‘ഗനീമത്ത്’ സ്വത്തുക്കള്‍ എനിക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു. എനിക്ക് ‘ശഫാഅത്ത്’ (പരലോകത്തുവെച്ച് ശുപാര്‍ശ ചെയ്യുവാനുള്ള അനുമതി) നല്‍കപ്പെട്ടിരിക്കുന്നു. (മറ്റുള്ള) നബിമാര്‍ അവരുടെ ജനതയിലേക്ക് മാത്രമായിരുന്നു നിയോഗിക്കപ്പെട്ടിരിക്കുന്നത്; ഞാന്‍ മനുഷ്യരിലേക്കെല്ലാം തന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നു.’ (ബു; മു.) ഒരു മാസത്തെ യാത്രാദൂരം വരെയുള്ള ശത്രുക്കള്‍ക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും അനുയായികളെയും കുറിച്ച് ഭീതിയും ഭയവും ഉണ്ടായിരുന്നുവെന്നും, ഇത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പ്രത്യേകതകളില്‍ ഒന്നാണെന്നും സാരം. ചരിത്ര താളുകള്‍ ഇതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ഈ തിരുവചനത്തിന്‍റെ പുലര്‍ച്ചതന്നെയാണത്.

3:152
  • وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُۥٓ إِذْ تَحُسُّونَهُم بِإِذْنِهِۦ ۖ حَتَّىٰٓ إِذَا فَشِلْتُمْ وَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَعَصَيْتُم مِّنۢ بَعْدِ مَآ أَرَىٰكُم مَّا تُحِبُّونَ ۚ مِنكُم مَّن يُرِيدُ ٱلدُّنْيَا وَمِنكُم مَّن يُرِيدُ ٱلْـَٔاخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۖ وَلَقَدْ عَفَا عَنكُمْ ۗ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ ﴾١٥٢﴿
  • അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങള്‍ അവരെ കൊന്ന് നശിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍, തീര്‍ച്ചയായും അവന്‍ തന്‍റെ വാഗ്ദാനം നിങ്ങളോട് (പാലിച്ച്) സത്യമാക്കിയിട്ടുണ്ട്. അങ്ങനെ, നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യത്തില്‍ അന്യോന്യം പിണങ്ങുകയും [ഭിന്നിക്കുക]യും, നിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന കാര്യം നിങ്ങള്‍ക്ക് അവന്‍ (അനുഭവത്തില്‍) കാട്ടിത്തന്ന ശേഷം നിങ്ങള്‍ അനുസരണക്കേട് ചെയ്യുകയും ചെയ്തപ്പോള്‍....! [അതെ, അപ്പോഴാണ് സഹായം ലഭിക്കാതായത്.] നിങ്ങളില്‍ ഇഹലോകത്തെ ഉദ്ദേശിക്കുന്നവരുണ്ട്; നിങ്ങളില്‍ പരലോകത്തെ ഉദ്ദേശിക്കുന്നവ രുമുണ്ട്. പിന്നെ നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടി അവരില്‍ നിന്ന് നിങ്ങളെ അവന്‍ [അല്ലാഹു] തിരിച്ചുവിട്ടു. അവന്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കുകതന്നെ ചെയ്തിട്ടുമുണ്ട്. അല്ലാഹു, സത്യവിശ്വാസികളുടെ മേല്‍ അനുഗ്രഹം (അഥവാ ഔദാര്യം) ഉള്ളവനത്രെ.
  • وَلَقَدْ صَدَقَكُمُ നിങ്ങള്‍ക്ക് സത്യമാക്കുകയുണ്ടായി اللَّهُ അല്ലാഹു وَعْدَهُ അവന്‍റെ വാഗ്ദാനം, വാഗ്ദത്തം إِذْ تَحُسُّونَهُم നിങ്ങള്‍ അവരെ കൊന്ന് നശിപ്പിക്കുമ്പോള്‍ بِإِذْنِهِ അവന്‍റെ അനുമതി പ്രകാരം حَتَّىٰ അങ്ങനെ إِذَا فَشِلْتُمْ നിങ്ങള്‍ ഭീരുത്വം കാണിച്ചപ്പോള്‍ وَتَنَازَعْتُمْ നിങ്ങള്‍ അന്യോന്യം പിണങ്ങുക (വഴക്കിടുക- തര്‍ക്കിക്കുക- ഭിന്നിക്കുക)യും فِي الْأَمْرِ കാര്യത്തില്‍ وَعَصَيْتُم നിങ്ങള്‍ അനുസരണക്കേട് ചെയ്കയും مِّن بَعْدِ ശേഷം مَا أَرَاكُم അവന്‍ നിങ്ങള്‍ക്ക് കാട്ടിത്തന്നതിന്‍റെ مَّا تُحِبُّونَ നിങ്ങള്‍ ഇഷ്ടപ്പെടുന്നതിനെ (കാര്യത്തെ) مِنكُم നിങ്ങളിലുണ്ട് ചിലര്‍ مَّن يُرِيدُ ഉദ്ദേശിക്കുന്നു الدُّنْيَا ഇഹലോകം وَمِنكُم നിങ്ങളിലുണ്ട് مَّن يُرِيدُ ഉദ്ദേശിക്കുന്നവര്‍ الْآخِرَةَ പരലോകത്തെ ثُمَّ صَرَفَكُمْ പിന്നെ അവന്‍ നിങ്ങളെ തിരിച്ചുവിട്ടു عَنْهُمْ അവരില്‍ നിന്ന് لِيَبْتَلِيَكُمْ നിങ്ങളെ അവന്‍ പരീക്ഷിക്കുവാന്‍ وَلَقَدْ عَفَا അവന്‍ മാപ്പ് നല്‍കുക തന്നെ ചെയ്തിട്ടുണ്ട് عَنكُمْ നിങ്ങള്‍ക്ക് وَاللَّهُ അല്ലാഹു ذُو فَضْلٍ അനുഗ്രഹം (ദയവ്- ഔദാര്യം) ഉള്ളവനാണ് عَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെ മേല്‍
3:153
  • إِذْ تُصْعِدُونَ وَلَا تَلْوُۥنَ عَلَىٰٓ أَحَدٍ وَٱلرَّسُولُ يَدْعُوكُمْ فِىٓ أُخْرَىٰكُمْ فَأَثَـٰبَكُمْ غَمًّۢا بِغَمٍّ لِّكَيْلَا تَحْزَنُوا۟ عَلَىٰ مَا فَاتَكُمْ وَلَا مَآ أَصَـٰبَكُمْ ۗ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ ﴾١٥٣﴿
  • (അതെ) നിങ്ങള്‍ ഒരാളെയും തിരിഞ്ഞു നോക്കാതെ, ഓടിക്കയറിപ്പോയിരുന്ന സന്ദര്‍ഭം! റസൂലാകട്ടെ, നിങ്ങളുടെ പിന്‍വശത്ത് നിന്ന് നിങ്ങളെ വിളിക്കുകയും ചെയ്തിരുന്നു. അങ്ങനെ, അവന്‍ നിങ്ങള്‍ക്ക് ദുഃഖം പ്രതി ഫലമാക്കി [പകരമാക്കി]ത്തന്നു. നിങ്ങള്‍ക്ക് (കിട്ടാതെ) പാഴായിപ്പോയതിന്‍റെ പേരിലാകട്ടെ, നിങ്ങള്‍ക്ക് (ആപത്ത്) ബാധിച്ച തിന്‍റെ പേരിലാകട്ടെ, നിങ്ങള്‍ വ്യസനപ്പെടാതിരിക്കുവാന്‍വേണ്ടിയാണ് (അത്). അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനത്രെ.
  • ذْ تُصْعِدُونَ നിങ്ങള്‍ കയറിപ്പോകു (ഓടിപ്പോകു)മ്പോള്‍ وَلَا تَلْوُونَ നിങ്ങള്‍ വളഞ്ഞുപോകു (തിരിഞ്ഞുനോക്കു)ന്നുമില്ല عَلَىٰ أَحَدٍ ഒരാളെയും وَالرَّسُولُ റസൂലാകട്ടെ يَدْعُوكُمْ നിങ്ങളെ വിളിക്കുന്നു فِي أُخْرَاكُمْ നിങ്ങളുടെ പിന്‍വശത്തില്‍ فَأَثَابَكُمْ അങ്ങനെ അവന്‍ നിങ്ങള്‍ക്ക് പ്രതിഫലമാക്കി (പകരമാക്കി) غَمًّا ദുഃഖത്തെ بِغَمٍّ ദുഃഖത്തോടെ لِّكَيْلَا ഇല്ലാതിരിക്കുവാന്‍ വേണ്ടി تَحْزَنُوا നിങ്ങള്‍ വ്യസനപ്പെടുക عَلَىٰ مَا فَاتَكُمْ നിങ്ങള്‍ പാഴായിപ്പോയതിനെപ്പറ്റി وَلَا مَا യാതൊന്നിനെപ്പറ്റിയും أَصَابَكُمْ നിങ്ങള്‍ക്ക് ബാധിച്ചു وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

യുദ്ധത്തിന്‍റെ ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് വമ്പിച്ച വിജയമായിരുന്നു. മുശ്‌രിക്കുകളുടെ കൊടിവാഹകന്‍മാര്‍ കൊല്ലപ്പെടുകയും, അവര്‍ സ്ഥലം വിട്ടോടുവാന്‍ തുടങ്ങുകയും ചെയ്തു. നിങ്ങള്‍ അവരെ കൊന്ന് നശിപ്പിക്കുമ്പോള്‍ അല്ലാഹു അവന്‍റെ വാഗ്ദാനം നിങ്ങള്‍ക്ക് സത്യമാക്കി എന്നു പറഞ്ഞത് ഇതിനെപ്പറ്റിയാകുന്നു. ശത്രുക്കളുടെ തിരിഞ്ഞോട്ടം കാരണം യുദ്ധക്കളം ഒഴിവായിക്കൊണ്ടിരുന്ന അവസരം നോക്കി മുസ്‌ലിംകളില്‍ പലരും അവര്‍ ഇട്ടേച്ചുപോയ ആയുധങ്ങളും മറ്റും ശേഖരിക്കുന്നതില്‍ വ്യാപൃതരായി. ഇത് കണ്ടപ്പോള്‍, മലമുകളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിറുത്തിയിട്ടുണ്ടായിരുന്ന അമ്പൈത്തുകാര്‍ -അവരുടെ തലവനും അല്‍പം ചില വ്യക്തികളും ഒഴിച്ച്- യുദ്ധക്കളത്തിലേക്ക് ഇറങ്ങിവന്ന് ധനം ശേഖരിക്കുന്നതില്‍ പങ്ക് ചേര്‍ന്നു. യുദ്ധം അവസാനിച്ചുവെന്നും, ശത്രുക്കള്‍ പരാജയപ്പെട്ടുവെന്നുമാണ് അവര്‍ ധരിച്ചത്. എന്തുതന്നെ സംഭവിച്ചാലും സമ്മതം കൂടാതെ സ്ഥലം വിടരുതെന്ന് അവരോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിച്ചിരുന്നത് അവര്‍ കണക്കിലെടുത്തതുമില്ല. ഇതാണ് ആപത്തുകള്‍ക്കെല്ലാം വഴിവെച്ചത്. അഥവാ ഈ വിടവ് ശത്രുക്കള്‍ ശരിക്കും ഉപയോഗപ്പെടുത്തിയതാണ് അവര്‍ വീണ്ടും ആഞ്ഞടിക്കുവാനും മുസ്‌ലിംകള്‍ക്ക് ആപത്തുകള്‍ ബാധിക്കുവാനും കാരണമായത്. നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, അന്യോന്യം ഭിന്നിക്കുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം കാട്ടിത്തന്നിട്ട് പിന്നെയും അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോള്‍… എന്ന് പറഞ്ഞത് ഈ രംഗത്തെക്കുറിച്ചാകുന്നു. അതെ, ധീരത കൈവെടിഞ്ഞ് ഭീരുത്വം കാണിക്കുകയും, യോജിപ്പ് കൈവെടിഞ്ഞ് ഭിന്നിക്കുകയും, അനുസരണം കൈവെടിഞ്ഞ് അനുസരണക്കേട് കാണിക്കുകയും ചെയ്തു. ഇതെല്ലാം സംഭവിച്ചത് ആദ്യത്തെ വിജയത്തിനുശേഷമാണല്ലോ. ഇതോടെ, അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായം നിലക്കുകയും സംഭവിക്കേണ്ടതെല്ലാം സംഭവിക്കുകയും ചെയ്തുവെന്ന് സാരം.

അന്യോന്യം പിണങ്ങി -അഥവാ ഭിന്നിച്ചു- എന്നും, അനുസരണക്കേട് കാണിച്ചുവെന്നും പറഞ്ഞത് അമ്പൈത്തുകാരെ സംബന്ധിച്ചാണെന്ന് മേല്‍പറഞ്ഞതില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കല്‍പനക്കും, അവരുടെ നേതാവിന്‍റെ കല്‍പനക്കും അവര്‍ എതിര് പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. എനി ഇവിടെ എന്തിന് നില്‍ക്കണ മെന്നും മറ്റും പറഞ്ഞ് അവര്‍ തര്‍ക്കം നടത്തുകയും ചെയ്തു. അമ്പൈത്തുകാര്‍ സ്ഥലം വിട്ടത് ധനം ശേഖരിക്കുവാന്‍ വേണ്ടിയായിരുന്നുവല്ലോ. യുദ്ധക്കളത്തിലുണ്ടായിരുന്ന പലരും അതില്‍ വ്യാപൃതരായി. എന്നാല്‍, സ്വഹാബികള്‍ എല്ലാവരും അതില്‍ പങ്കെടുത്തിരുന്നില്ല. അതാണ് നിങ്ങളില്‍ ഇഹലോകത്തെ ഉദ്ദേശിക്കുന്നവരും പരലോകത്തെ ഉദ്ദേശിക്കുന്നവരും ഉണ്ട് എന്ന് അല്ലാഹു പറഞ്ഞത്. ഇബ്‌നു മസ്ഊദ് (رضي الله عنه) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്വഹാബികളില്‍ ആരെങ്കിലും ഇഹലോകത്തെ ഉദ്ദേശിക്കുന്നവരുണ്ടെന്ന് ഉഹ്ദ് സംഭവത്തില്‍ ഞങ്ങളെപ്പറ്റി ഈ വചനം അവതരിക്കുന്നതുവരേക്കും ഞാന്‍ വിചാരിച്ചിരുന്നില്ല.

ഇങ്ങനെ പല പാകപ്പിഴവുകളും സ്വഹാബികളില്‍ വന്നുപോയി. അത് നിമിത്തം അവര്‍ വളരെയേറെ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുകയും ചെയ്തു. രണ്ടാമത്തെ അക്രമണത്തില്‍ ശത്രുക്കള്‍ക്ക് വേണമെങ്കില്‍ മുസ്‌ലിംകളെ നശിപ്പിക്കുവാന്‍ കഴിയത്തക്ക സാഹചര്യമുണ്ടായിരുന്നെങ്കിലും അത് ഉപയോഗപ്പെടുത്താതെ അവര്‍ വേഗം വിജയഭേരി മുഴുക്കി സ്ഥലം വിടുകയാണ് ചെയ്തത്. ഇത് അല്ലാഹു മുസ്‌ലിംകള്‍ക്ക് ചെയ്തുകൊടുത്ത വലിയൊരു അനുഗ്രഹമത്രെ. ഇതിനെപ്പറ്റിയാണ് പിന്നീട് നിങ്ങളെ അവന്‍ അവരില്‍ നിന്ന് തിരിച്ചുവിട്ടു (ثُمَّ صَرَفَكُمْ عَنْهُمْ) എന്ന് പറഞ്ഞത്. ഇതെല്ലാം നിങ്ങളെ പരീക്ഷണം ചെയ്യാന്‍ വേണ്ടിയാണ്, അതുകൊണ്ട് മേലില്‍ ഈ സംഭവത്തില്‍ നിന്ന് നിങ്ങള്‍ പാഠം പഠിക്കേണ്ടതുണ്ട്, ഇപ്രാവശ്യം സംഭവിച്ചത് അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു. മേലില്‍ ഇങ്ങനെ ആവര്‍ത്തിക്കരുത്, നിങ്ങള്‍ സത്യവിശ്വാസികളാണല്ലോ, സത്യവിശ്വാസികള്‍ക്ക് വളരെ ഔദാര്യം ചെയ്യുന്നവനാണ് അല്ലാഹു, അതുകൊണ്ടാണ് നിങ്ങള്‍ക്ക് അവന്‍ മാപ്പ് നല്‍കുന്നതും ശിക്ഷാ നടപടിയൊന്നും എടുക്കാതിരിക്കുന്നതും. എന്നൊക്കെയാണ് തുടര്‍ന്നുള്ള വാക്യങ്ങളില്‍ അറിയിക്കുന്നത്.

അനന്തരം, സംഭവഗതികള്‍ മൂര്‍ദ്ധന്യത്തിലെത്തിയ ഘട്ടത്തെ 153-ാം വചനത്തില്‍ അനുസ്മരിപ്പിക്കുന്നു. അവിചാരിതവും അപ്രതീക്ഷിതവുമായ ശത്രുക്കളുടെ തിരിച്ചുവരവും പുനരാക്രമണവും കതോടുകൂടി മുസ്‌ലിംകള്‍ ഭയവിഹ്വലരായി. എന്ത് ചെയ്യണമെന്നറിയാതായി. ചിലര്‍ നേരെ മദീനായിലേക്ക് ഓടി. ചിലര്‍ എങ്ങോട്ടെന്നില്ലാതെ സ്ഥലം വിട്ടുകളഞ്ഞു. ചിലര്‍ മലയിലൂടെ മേല്‍പോട്ട് കയറി. ഈ സമയത്ത് റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വസ്ഥാനം തെറ്റാതെ ഉറച്ചുനില്‍ക്കുകയായിരുന്നു. അല്ലാഹുവിന്‍റെ അടിയാന്‍മാരേ, ഇങ്ങോട്ടുവരുവിന്‍! (‘ഇലയ്യ ഇബാദല്ലാഹ്) (إِلَى عِبَادُ للهِ)’ എന്ന് തിരുമേനി പിന്നില്‍നിന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ജീവനും കൊണ്ടോടുന്ന അവര്‍ എങ്ങും തിരിഞ്ഞുനോക്കുന്നില്ല. നെട്ടോട്ടം തന്നെ. ഇതിനിടെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊല്ലപ്പെട്ടുവെന്ന ഒരു കള്ളവാര്‍ത്തയും! ഭാവിയെന്താണെന്ന് എത്തും പിടിയുമില്ല. പോരെങ്കില്‍, ശത്രുക്കള്‍ നേരെ മദീനായില്‍ കടന്ന് വീടുകളും കുടുംബങ്ങളുമെല്ലാം നശിപ്പിച്ചേക്കുമോ എന്ന ഭയവും! ആകപ്പാടെ ദുഃഖത്തിലൂടെ ദുഃഖം! ദുരിതത്തോടെ ദുരിതം! ഇതെല്ലാം സംഭവിച്ചത് അവരുടെ സ്വന്തം പ്രവൃത്തിമൂലം തന്നെ. അതേ സമയത്ത് അതില്‍ ചില രഹസ്യങ്ങളും അടങ്ങിയിട്ടുണ്ടുതാനും. അതെ, ആപത്തുകളില്‍ ക്ഷമയും സഹനവും കൈക്കൊള്ളുവാന്‍ സത്യവിശ്വാസികളെ അല്ലാഹു അതുമൂലം പരിശീലിപ്പിക്കുകയായിരുന്നു. എന്തുതന്നെ സംഭവിച്ചാലും, നഷ്ടപ്പെട്ടാലും മേലില്‍ അതിലൊന്നും അവര്‍ വ്യസനിക്കുകയോ, വേദനിക്കുകയോ ചെയ്യരുത്. അതിന് തക്കവണ്ണം അവരുടെ വിശ്വാസം സര്‍ദൃഢമാകുകയും, അവരുടെ മനക്കരുത്ത് ശക്തിപ്പെടുകയും വേണം. (لِّكَيْلَا تَحْزَنُوا….) എല്ലാവരുടെയും എല്ലാ പ്രവൃത്തികളും, അവക്ക് പ്രേരകമാകുന്ന ചേതോവികാരങ്ങളുമെല്ലാം ശരിക്കും സസൂക്ഷ്മവും അറിയുന്നവനാണല്ലോ അല്ലാഹു. (وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ)

3:154
  • ثُمَّ أَنزَلَ عَلَيْكُم مِّنۢ بَعْدِ ٱلْغَمِّ أَمَنَةً نُّعَاسًا يَغْشَىٰ طَآئِفَةً مِّنكُمْ ۖ وَطَآئِفَةٌ قَدْ أَهَمَّتْهُمْ أَنفُسُهُمْ يَظُنُّونَ بِٱللَّهِ غَيْرَ ٱلْحَقِّ ظَنَّ ٱلْجَـٰهِلِيَّةِ ۖ يَقُولُونَ هَل لَّنَا مِنَ ٱلْأَمْرِ مِن شَىْءٍ ۗ قُلْ إِنَّ ٱلْأَمْرَ كُلَّهُۥ لِلَّهِ ۗ يُخْفُونَ فِىٓ أَنفُسِهِم مَّا لَا يُبْدُونَ لَكَ ۖ يَقُولُونَ لَوْ كَانَ لَنَا مِنَ ٱلْأَمْرِ شَىْءٌ مَّا قُتِلْنَا هَـٰهُنَا ۗ قُل لَّوْ كُنتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ ۖ وَلِيَبْتَلِىَ ٱللَّهُ مَا فِى صُدُورِكُمْ وَلِيُمَحِّصَ مَا فِى قُلُوبِكُمْ ۗ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾١٥٤﴿
  • പിന്നീട് (ആ) ദുഃഖത്തിന് ശേഷം, അവന്‍ [അല്ലാഹു] നിങ്ങളില്‍ ഒരു നിര്‍ഭയത -(അതായത്) ഒരു നിദ്രാമയക്കം- ഇറക്കിത്തന്നു. നിങ്ങളില്‍ നിന്ന് ഒരു വിഭാഗത്തെ അത് ആവരണം ചെയ്തിരുന്നു; ഒരു വിഭാഗമാകട്ടെ, അവരുടെ സ്വന്ത (കാര്യ) ങ്ങള്‍ അവരെ അസ്വസ്ഥമാക്കിക്കളഞ്ഞു; അല്ലാഹുവിനെപ്പറ്റി അവര്‍ ന്യായമല്ലാത്തത് -(അതെ) 'ജാഹിലിയ്യത്തിന്‍റെ [അജ്ഞാനകാലത്തെ] വിചാരം- വിചാരിച്ചുകൊണ്ട്. അവര്‍ പറയുന്നു: 'കാര്യത്തില്‍ നിന്ന് വല്ലതും (ഒരു പങ്ക്) നമുക്കുണ്ടോ?!' (നബിയേ) പറയുക: 'നിശ്ചയമായും, കാര്യമെല്ലാം (തന്നെ) അല്ലാഹുവിനാണു(ള്ളത്). നിന്നോട് അവര്‍ വെളിപ്പെടുത്താത്ത (ചില)ത് അവര്‍ തങ്ങളുടെ മനസ്സുകളില്‍ ഒളിച്ചുവെക്കുന്നു. അവര്‍ പറയുന്നു: 'കാര്യത്തില്‍ നിന്ന് വല്ലതും (ഒരു പങ്ക്) നമുക്കുണ്ടായിരുന്നെ ങ്കില്‍, നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല'. പറയുക: 'നിങ്ങള്‍ നിങ്ങളുടെ വീടുകളിലായിരുന്നാലും യാതൊരുവരുടെ മേല്‍ കൊലവിധിക്ക് [നിശ്ചയിക്ക]പ്പെട്ടിരിക്കുന്നുവോ അവര്‍, തങ്ങളുടെ കിടപ്പ് സ്ഥാനം [മരിച്ചു വീഴുന്ന സ്ഥല]ങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ട് വരുകതന്നെ ചെയ്യുന്നതാണ്.' (മാത്രമല്ല ) നിങ്ങളുടെ നെഞ്ച് [മനസ്സു]കളിലുള്ളത് അല്ലാഹു പരീക്ഷിക്കുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരണം ചെയ്യാന്‍ വേണ്ടിയും (കൂടിയാണതൊക്കെ ചെയ്തത്). അല്ലാഹുവാകട്ടെ, നെഞ്ച് [മനസ്സു]കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു.
  • ثُمَّ أَنزَلَ പിന്നെ അവന്‍ ഇറക്കി عَلَيْكُم നിങ്ങളുടെമേല്‍ مِّن بَعْدِ الْغَمِّ ദുഃഖത്തിന് ശേഷം أَمَنَةً ഒരു നിര്‍ഭയത, മനഃശാന്തി نُّعَاسًا അതായത് ഒരു നിദ്രാമയക്കം يَغْشَىٰ അത് മൂടിയിരുന്നു, ആവരണം ചെയ്തിരുന്നു طَائِفَةً ഒരു വിഭാഗത്തെ مِّنكُمْ നിങ്ങളില്‍ നിന്ന് وَطَائِفَةٌ ഒരു വിഭാഗമാകട്ടെ قَدْ أَهَمَّتْهُمْ അവരെ വിചാരത്തിലാക്കിയിട്ടുണ്ട്, അസ്വസ്ഥമാക്കിക്കളയുകയും ചെയ്തു أَنفُسُهُمْ അവരുടെ സ്വന്തങ്ങള്‍, ദേഹങ്ങള്‍ يَظُنُّونَ അവര്‍ വിചാരിച്ചുകൊണ്ട് بِاللَّهِ അല്ലാഹുവിനെ കുറിച്ച് غَيْرَ الْحَقِّ ന്യായം, (യഥാര്‍ത്ഥം) അല്ലാത്തത് ظَنَّ الْجَاهِلِيَّةِ ജാഹിലിയ്യത്തിന്‍റെ വിചാരം يَقُولُونَ അവര്‍ പറയുന്നു هَل لَّنَا നമുക്കുണ്ടോ مِنَ الْأَمْرِ കാര്യത്തില്‍ നിന്ന്, കാര്യത്തെ സംബന്ധിച്ച് مِن شَيْءٍ വല്ലതും, വല്ല വസ്തുവും قُلْ പറയുക إِنَّ الْأَمْرَ നിശ്ചയമായും കാര്യം كُلَّهُ അതെല്ലാം لِلَّهِ അല്ലാഹുവിനാണ് (ഉള്ളത്) يُخْفُونَ അവര്‍ മറച്ച് (ഒളിച്ചു)വെക്കുന്നു فِي أَنفُسِهِم അവരുടെ സ്വന്തങ്ങളില്‍ (മനസ്സില്‍) مَّا لَا يُبْدُونَ അവര്‍, വെളിവാക്കാത്തത്, വ്യക്തമാക്കാത്ത ചിലത് لَكَ നിന്നോട്, നിനക്ക് يَقُولُونَ അവര്‍ പറയുന്നു لَوْ كَانَ ഉണ്ടായിരുന്നെങ്കില്‍ لَنَا നമുക്ക് مِنَ الْأَمْرِ കാര്യത്തില്‍ നിന്ന് شَيْءٌ വല്ലതും, വല്ല വസ്തുവും مَّا قُتِلْنَا നാം കൊല്ലപ്പെടുമായിരുന്നില്ല هَاهُنَا ഇവിടെ വെച്ച് قُل നീ പറയുക لَّوْ كُنتُمْ നിങ്ങള്‍ ആയിരുന്നെങ്കില്‍, ആയിരുന്നാലും فِي بُيُوتِكُمْ നിങ്ങളുടെ വീടുകളില്‍ لَبَرَزَ വെളിക്ക് വരുക (പ്രത്യക്ഷപ്പെടുക- പുറത്ത് വരുക)തന്നെ ചെയ്യും الَّذِينَ യാതൊരു കൂട്ടര്‍ كُتِبَ عَلَيْهِمُ അവരുടെ മേല്‍ നിശ്ചയിക്ക (വിധിക്ക്- രേഖപ്പെടുത്ത) പ്പെട്ടിരിക്കുന്നു الْقَتْلُ കൊല, കൊല്ലപ്പെടല്‍ إِلَىٰ مَضَاجِعِهِمْ അവരുടെ കിടപ്പ് സ്ഥാനങ്ങളിലേക്ക് وَلِيَبْتَلِيَ പരീക്ഷിക്കുവാന്‍ വേണ്ടിയും اللَّهُ അല്ലാഹു مَا فِي صُدُورِكُمْ നിങ്ങളുടെ നെഞ്ചു(ഹൃദയം- മനസ്സു)കളിലുള്ളത് وَلِيُمَحِّصَ ശുദ്ധീകരിച്ചെടുക്കുവാനും مَا فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് وَاللَّهُ അല്ലാഹുവാകട്ടെ, അല്ലാഹു عَلِيمٌ അറിയുന്നവനാണ് بِذَاتِ الصُّدُورِ നെഞ്ചു(ഹൃദയം - മനസ്സു)കളിലുള്ളത്

ഉഹ്ദില്‍ സ്വഹാബികള്‍ വളരെയേറെ ക്ലേശവും കഷ്ടപ്പാടുകളും അനുഭവിക്കേണ്ടി വന്നെങ്കിലും പിന്നീട് യുദ്ധക്കളത്തില്‍ വെച്ചുതന്നെ- അല്ലാഹു അവര്‍ക്ക് ശാന്തിയും മനഃസ്സമാധാനവും നല്‍കി. തങ്ങള്‍ക്ക് ഒന്നും ബാധിച്ചിട്ടില്ലാത്തപോലെ അവരുടെ ഹൃദയങ്ങള്‍ക്ക് സ്വസ്ഥത ലഭിച്ചു. അതെ, അന്നേരം അല്ലാഹു അവര്‍ക്ക് അത്യല്‍ഭുതകരമായ ഒരു നിദ്രാമയക്കം ഇട്ടുകൊടുത്തു. അതോടെ കഴിഞ്ഞ ആപത്തുകളെക്കുറിച്ചുള്ള വ്യാകുലചിന്ത അവരില്‍ നിന്നും നീങ്ങിപ്പോയി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും അല്‍പം ചില സ്വഹാബികളും ഒറ്റപ്പെടുകയും, ശത്രുക്കള്‍ അവരുടെ ഏറ്റവും വീറോടുകൂടിയ ആക്രമണങ്ങള്‍ നടത്തുകയും ഉണ്ടായപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ രക്ഷക്കുവേണ്ടി സ്വജീവനെപ്പോലും വക വെക്കാതെ ശത്രുക്കളെ ചെറുത്ത് നിന്നവരില്‍ ഒരാളായിരുന്നു അബൂത്വല്‍ഹത്തുല്‍ അന്‍സ്വാരീ (റ). അദ്ദേഹം പറയുകയാണ്: ‘ഉഹ്ദില്‍ ഞങ്ങളുടെ അണികളില്‍ നില്‍ക്കെത്തന്നെ, ഞങ്ങള്‍ക്ക് നിദ്രാ മയക്കം ബാധിക്കുകയുണ്ടായി. അന്ന് ആ മയക്കം ബാധിച്ചവരില്‍ ഒരാളായിരുന്നു ഞാനും. എന്‍റെ വാള്‍ എന്‍റെ കയ്യില്‍ നിന്ന് വീഴുകയും, ഞാന്‍ അത് കയ്യിലെടുക്കുകയും ചെയ്തുകൊണ്ടിരുന്നു.’ ബുഖാരി, മുസ്‌ലിം (رحمهما الله) മുതലായ പലരും നിവേദനം ചെയ്തതാണിത്. ചില നിവേദനങ്ങളില്‍ ‘മയക്കം നിമിത്തം ഒരാളും തന്നെ എന്‍റെ തല തന്റെ പരിചയുടെ താഴേക്ക് ചരിയാതിരുന്നിട്ടില്ല’ എന്നു കൂടി അദ്ദേഹം പറഞ്ഞതായി വന്നിട്ടുണ്ട്. ഈ ഘട്ടത്തില്‍, ഇങ്ങനെ ഒരു ഉറക്കത്തിന്‍റെ മയക്കം സംഭവിച്ചത് അല്ലാഹുവില്‍ നിന്നും അവര്‍ക്ക് സിദ്ധിച്ച ഒരു അസാധാരണ അനുഗ്രഹം തന്നെയാണെന്ന് തീര്‍ച്ച. എന്നാല്‍, ആത്മീയദൃഷ്ടി നഷ്ടപ്പെട്ട ചില യുക്തി വാദക്കാര്‍ ഈ മയക്കത്തെ (نعاسا എന്ന വാക്കിനെ) ഒരു ഉപമാലങ്കാരമായി മാത്രം ചിത്രീ കരിച്ച് കാണുന്നതില്‍ നമുക്ക് അത്ഭുതം തോന്നുന്നില്ല. കാരണം, അവരുടെ യുക്തിക്ക് ദഹിക്കാത്തതാണല്ലോ അത്.

ഈ മയക്കം മുസ്‌ലിം പക്ഷത്തുള്ള എല്ലാവരെയും ബാധിച്ചിരുന്നില്ല. വിശ്വാസത്തില്‍ കപടവും കളങ്കവും തീണ്ടാത്ത സത്യവിശ്വാസികള്‍ക്ക് മാത്രമേ അത് ബാധിച്ചിരുന്നുള്ളൂ. അതുകൊണ്ടാണ് ‘നിങ്ങളില്‍ നിന്ന് ഒരു വിഭാഗത്തെ അത് ആവരണം ചെയ്തിരുന്നു’വെന്ന് അല്ലാഹു പറഞ്ഞത്. മയക്കവും, അതുവഴി ലഭിച്ച മനഃശ്ശാന്തിയും അനുഭ വപ്പെടാതിരുന്ന വിഭാഗക്കാര്‍ കപടവിശ്വാസികളായിരുന്നുവെന്ന് അവരെക്കുറിച്ചുള്ള വിവരണത്തില്‍ നിന്ന് സ്പഷ്ടമാണ്. അവര്‍ക്ക് മനഃസ്സമാധാനത്തിനുപകരം, അസ്വാസ്ഥ്യവും പരിഭ്രമവുമായിരുന്നു ഉണ്ടായത്. സ്വന്തം കാര്യത്തെക്കുറിച്ചല്ലാതെ, ഇസ്‌ലാമിനെപ്പറ്റിയോ, നബിയെപ്പറ്റിയോ, സത്യവിശ്വാസികളെപ്പറ്റിയോ അവര്‍ക്ക് വിചാരമില്ല. ഇസ്‌ലാം അതോടെ പൊളിഞ്ഞു തറപറ്റിപ്പോയി, എനി അതിന് നിലനില്‍പ്പില്ല, മുസ്‌ലിംകള്‍ക്ക് വിജയമുണ്ടെന്ന അല്ലാഹുവിന്റെ വാഗ്ദാനം പാലിക്കപ്പെട്ടില്ല എന്നിത്യാദി ധാരണകളാണ് അവരുടെ മനസ്സിലുള്ളത്. അതേ, ജാഹിലിയ്യാകാലത്തെ വിചാര ങ്ങളും ചിന്താ ഗതികളും തന്നെ. ‘നമ്മള്‍ പറഞ്ഞതൊന്നും മുഹമ്മദ് കേട്ടില്ല. കാര്യങ്ങളുടെ നടത്തിപ്പില്‍ നമുക്കുണ്ടോ വല്ല പങ്കും?! ഉണ്ടെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. നമ്മുടെ ആളുകള്‍ ഇങ്ങനെ വധിക്കപ്പെടുകയുമുണ്ടാകുമായിരുന്നില്ല.’ എന്നിങ്ങനെ പലതും പറഞ്ഞുകൊണ്ടിരുന്നു. അവരുടെ മനസ്സിരുപ്പില്‍ ചിലത് മാത്രമാണത്. അതിന് അല്ലാഹു അവര്‍ക്ക് നല്‍കുന്ന മറുപടിയുടെ സാരം ഇതാണ്: കാര്യങ്ങളൊക്കെ അല്ലാഹുവിനാണുള്ളത്. എല്ലാം അവന്റെ അധികാരവും നിയന്ത്രണവും ഉദ്ദേശവും അനുസരിച്ചുമാത്രം നടക്കുന്നു. മരണത്തിന്‍റെ കാര്യവും ഇതില്‍ നിന്ന് ഒഴിവല്ല. ഇന്ന ആള്‍ ഇന്ന സ്ഥലത്ത് ഇന്നപ്പോള്‍ കൊല്ലപ്പെടുമെന്ന് അവന്‍ നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്. അതുപോലെ സംഭവിക്കാതിരിക്കുകയില്ല. പുറത്തിറങ്ങാതെ വീട്ടില്‍ അടച്ചിരിക്കുന്നവര്‍ പോലും ആ സമയത്തും സ്ഥലത്തും വെളിക്കുവന്ന് അവര്‍ കൊല്ലപ്പെടാതിരിക്കുകയില്ല. കൂടാതെ നിങ്ങളിലുള്ള കപടന്‍മാരേയും, വഞ്ചകന്‍മാരെയും വേര്‍തിരിച്ചു കാണിക്കുവാനുള്ള ഒരുപരീക്ഷണവും ശുദ്ധീകരണവും കൂടിയാണിതൊക്കെ.

3:155
  • إِنَّ ٱلَّذِينَ تَوَلَّوْا۟ مِنكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ إِنَّمَا ٱسْتَزَلَّهُمُ ٱلشَّيْطَـٰنُ بِبَعْضِ مَا كَسَبُوا۟ ۖ وَلَقَدْ عَفَا ٱللَّهُ عَنْهُمْ ۗ إِنَّ ٱللَّهَ غَفُورٌ حَلِيمٌ ﴾١٥٥﴿
  • നിശ്ചയമായും, രണ്ട് സംഘങ്ങള്‍ (പരസ്പരം) കൂട്ടിമുട്ടിയ ദിവസം നിങ്ങളില്‍ നിന്ന് (പിന്‍)തിരിഞ്ഞുപോയവര്‍ അവര്‍ ചെയ്തുവെച്ചതില്‍ ചിലത് നിമിത്തം, പിശാച് അവരെ വഴി തെറ്റിക്കുവാന്‍ ശ്രമിച്ചത് മാത്രമാകുന്നു . തീര്‍ച്ചയായും, അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനാണ്; സഹനശീലനാണ്.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ تَوَلَّوْا അവര്‍ തിരിഞ്ഞുകളഞ്ഞു مِنكُمْ നിങ്ങളില്‍ നിന്ന് يَوْمَ الْتَقَى കണ്ടുമുട്ടിയ (കൂട്ടിമുട്ടിയ) ദിവസം الْجَمْعَانِ രണ്ട് സംഘങ്ങള്‍ إِنَّمَا اسْتَزَلَّهُمُ അവരെ വഴി തെറ്റിക്കുവാന്‍ (കാലിടറിക്കുവാന്‍) ശ്രമിച്ചിരിക്കയാണ് الشَّيْطَانُ പിശാച് بِبَعْضِ ചിലത് നിമിത്തം مَا كَسَبُوا അവര്‍ സമ്പാദിച്ച وَلَقَدْ عَفَا തീര്‍ച്ചയായും മാപ്പ് ചെയ്തിട്ടുണ്ട് اللَّهُ അല്ലാഹു عَنْهُمْ അവര്‍ക്ക്, അവരെപ്പറ്റി إِنَّ اللَّهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് حَلِيمٌ സഹനശീലനാണ്

മുസ്‌ലിംസംഘവും, ശത്രുസംഘവും തമ്മില്‍ യുദ്ധം നടക്കുമ്പോള്‍, ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ വീരമരണം (‘ശഹാദത്ത്’) എന്നുറച്ച് നില്‍ക്കേണ്ടവരാണ് മുസ്‌ലിംകള്‍. ഉഹ്ദില്‍വെച്ച് മുസ്‌ലിംകളില്‍ പലരും പിന്‍തിരിഞ്ഞുപോയി പരാജയം വരിച്ചതും, ചിലര്‍ സ്ഥലം വിട്ടോടിപ്പോയതുമെല്ലാം പിശാചിന്‍റെ കെണിയില്‍ അവര്‍ അകപ്പെട്ടതുകൊണ്ടാണ്. അതിനുള്ള ഹേതു അവരില്‍നിന്നുതന്നെ ഉണ്ടായ തെറ്റുകുറ്റങ്ങളാകുന്നു എന്ന് അല്ലാഹു മുസ്‌ലിംകളെ വീണ്ടും ഓര്‍മിപ്പിക്കുന്നു. ഏതായാലും, കഴിഞ്ഞുപോയ ആ തെറ്റുകളില്‍ അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നുവെന്നുകൂടി അതോടൊപ്പം അവരെ സമാധാനിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു വളരെ പൊറുക്കു ന്നവനും, വളരെ സഹനശീലമുള്ളവനുമാണല്ലോ.

വിഭാഗം - 17

3:156
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ كَفَرُوا۟ وَقَالُوا۟ لِإِخْوَٰنِهِمْ إِذَا ضَرَبُوا۟ فِى ٱلْأَرْضِ أَوْ كَانُوا۟ غُزًّى لَّوْ كَانُوا۟ عِندَنَا مَا مَاتُوا۟ وَمَا قُتِلُوا۟ لِيَجْعَلَ ٱللَّهُ ذَٰلِكَ حَسْرَةً فِى قُلُوبِهِمْ ۗ وَٱللَّهُ يُحْىِۦ وَيُمِيتُ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴾١٥٦﴿
  • ഹേ, വിശ്വസിച്ചവരേ, അവിശ്വസിക്കുകയും, തങ്ങളുടെ സഹോദരങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുകയോ, അല്ലെങ്കില്‍ പടയെടുത്ത് പോകുന്നവരായിരിക്കുകയോ ചെയ്താല്‍ അവരെക്കുറിച്ച് (ഇങ്ങ നെ) പറയുകയും ചെയ്യുന്നവരെപ്പോലെ നിങ്ങള്‍ ആയിരിക്കരുത്: 'അവര്‍ നമ്മുടെ അടുക്കലായിരുന്നുവെങ്കില്‍ അവര്‍ മരണപ്പെടുമായിരുന്നില്ല; അവര്‍ കൊല്ലപ്പെടുകയും ചെയ്യുമായിരുന്നില്ല.' അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു അതൊരു ഖേദമാക്കിത്തീര്‍ക്കുവാനായിട്ട്. [അതാണിതിന്‍റെ അനന്തരഫലം.] അല്ലാഹു (തന്നെ) ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനുമത്രെ.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا تَكُونُوا നിങ്ങള്‍ ആയിരിക്കരുത് كَالَّذِينَ യാതൊരുകൂട്ടരെപ്പോലെ كَفَرُوا അവര്‍ അവിശ്വസിച്ചു وَقَالُوا അവര്‍ പറയുകയും ചെയ്തു لِإِخْوَانِهِمْ അവരുടെ സഹോദരങ്ങളെക്കുറിച്ച് إِذَا ضَرَبُوا അവര്‍ സഞ്ചരിച്ചാല്‍ فِي الْأَرْضِ ഭൂമിയില്‍ أَوْ كَانُوا അല്ലെങ്കില്‍ അവരായിരുന്നാല്‍ غُزًّى പടയെടുക്കുന്നവര്‍ لَّوْ كَانُوا അവരായിരുന്നുവെങ്കില്‍ عِندَنَا നമ്മുടെ അടുക്കല്‍ مَا مَاتُوا അവര്‍ മരണപ്പെടുകയില്ലായിരുന്നു وَمَا قُتِلُوا അവര്‍ കൊല്ലപ്പെടുകയുമില്ലായിരുന്നു لِيَجْعَلَ ആക്കിത്തീര്‍ക്കുവാന്‍ വേണ്ടി اللَّهُ അല്ലാഹു ذَٰلِكَ അതിനെ حَسْرَةً ഒരു ഖേദം فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍ وَاللَّهُ അല്ലാഹു يُحْيِي ജീവിപ്പിക്കുന്നു وَيُمِيتُ മരണപ്പെടുത്തുകയും ചെയ്യുന്നു وَاللَّهُ അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനുമാകുന്നു
3:157
  • وَلَئِن قُتِلْتُمْ فِى سَبِيلِ ٱللَّهِ أَوْ مُتُّمْ لَمَغْفِرَةٌ مِّنَ ٱللَّهِ وَرَحْمَةٌ خَيْرٌ مِّمَّا يَجْمَعُونَ ﴾١٥٧﴿
  • അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ കൊല്ലപ്പെടുകയോ, അല്ലെങ്കില്‍ മരണപ്പെടുകയോ ചെയ്തുവെങ്കിലോ, അല്ലാഹുവിങ്കല്‍ നിന്നു(ണ്ടാകുന്ന) പാപമോചനവും, കാരുണ്യവും അവര്‍ ശേഖരിച്ച് കൂട്ടുന്നതിനെക്കാള്‍ ഉത്തമം തന്നെയാകുന്നു.
  • وَلَئِن قُتِلْتُمْ നിങ്ങള്‍ കൊല്ലപ്പെട്ടുവെങ്കില്‍ فِي سَبِيلِ اللَّهِ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ أَوْ مُتُّمْ അല്ലെങ്കില്‍ നിങ്ങള്‍ മരണപ്പെട്ടെങ്കില്‍ لَمَغْفِرَةٌ തീര്‍ച്ചയായും പാപമോചനം مِّنَ اللَّهِ അല്ലാഹുവില്‍ നിന്ന് وَرَحْمَةٌ കാരുണ്യവും خَيْرٌ ഉത്തമമാണ് നല്ലതാണ് مِّمَّا يَجْمَعُونَ അവര്‍ ശേഖരിക്കുന്ന (ഒരുമിച്ച് കൂട്ടുന്ന)തിനേക്കാള്‍
3:158
  • وَلَئِن مُّتُّمْ أَوْ قُتِلْتُمْ لَإِلَى ٱللَّهِ تُحْشَرُونَ ﴾١٥٨﴿
  • നിങ്ങള്‍ മരണെപ്പെടുകയോ, അല്ലെങ്കില്‍ കൊല്ലപ്പെടുകയോ ചെയ്തുവെങ്കില്‍, നിങ്ങള്‍ അല്ലാഹുവിങ്കലേക്കുതന്നെ ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുന്നു.
  • وَلَئِن مُّتُّمْ നിങ്ങള്‍ മരണപ്പെട്ടുവെങ്കിലോ أَوْ قُتِلْتُمْ അല്ലെങ്കില്‍ കൊല്ലപ്പെട്ടുവെങ്കിലോ لَإِلَى اللَّهِ അല്ലാഹുവിങ്കലേക്കുതന്നെ تُحْشَرُونَ നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടുന്നു

അല്ലാഹുവിന്‍റെ വിധി നിശ്ചയങ്ങളിലും, അവന്റെ ഉദ്ദേശമനുസരിച്ച് മാത്രമേ എല്ലാം സംഭവിക്കുകയുള്ളൂവെന്നതിലും വിശ്വാസമില്ലാത്തവരാണല്ലോ അവിശ്വാസികള്‍. അതുകൊണ്ട് തങ്ങളുടെ സുഹൃത്തുക്കളോ ബന്ധപ്പെട്ടവരോ വല്ല യാത്രകളിലും വെച്ച് മരണപ്പെടുകയൊ, വല്ല യുദ്ധത്തിലും, ശത്രുക്കളാല്‍ കൊല്ലപ്പെടുകയൊ ചെയ്യുമ്പോള്‍ ‘ഹാ! അവന്‍ ഇവിടെത്തന്നെ ആയിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല!’ എന്നും മറ്റും അവര്‍ പറഞ്ഞേക്കും. അല്ലാഹു കണക്കാക്കുന്നതാണ് ജീവിതവും മരണവും, അവര്‍ വീടുവിട്ടുപോകാതിരുന്നാല്‍ തന്നെയും നിശ്ചിത സമയത്ത് മരണം പിടിപെടുക തന്നെ ചെയ്യും എന്നൊന്നും അവര്‍ക്കറിഞ്ഞുകൂടല്ലോ. വീട് വിട്ടുപോയിരുന്നെങ്കില്‍ അവര്‍ കുറേകാലം കൂടി ജീവിക്കുമെന്നായിരിക്കും അവരുടെ ധാരണ. അങ്ങനെ, മരണപ്പെട്ടവര്‍ അകാല മരണമടഞ്ഞതിലും, അതിന്ന് ഇടയാകുമാറ് വീടുവിട്ട് പോയതിലും അവര്‍ വളരെ ഖേദത്തിലും വിലാപത്തിലുമായിത്തീരും. നേരെ മറിച്ച് എല്ലാ കാര്യവും അല്ലാഹുവിന്‍റെ നിശ്ചയ്രപകാരം നടക്കുന്നതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിലൊന്നും ഖേദത്തിനോ വിലാപത്തിനോ അവകാശമില്ല; അതവര്‍ക്ക് യോജിച്ചതുമല്ല; ആ സ്ഥിതിക്ക് ഉഹ്ദിലോ മറ്റോ തങ്ങളുടെ സ്വന്തക്കാരോ, ഇഷ്ടക്കാരോ നഷ്ടപ്പെട്ടതിന്റെ പേരില്‍ അത്തരം വിചാരങ്ങളോ വാക്കുകളോ സത്യവിശ്വാസികളില്‍ ഉണ്ടായിക്കൂടാത്തതാണ്. എന്നൊക്കെ അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുന്നു. ഇങ്ങനെയുള്ള ധാരണകളും വാക്കുകളും ചില മുസ്‌ലിം സാമാന്യ ജനങ്ങളിലും പ്രകടമാകാറുണ്ട്. ഈ 156-ാം വചനം അങ്ങനെയുള്ളവര്‍ പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു.

മരണം സംഭവിക്കുന്നത് സ്വാഭാവിക രൂപത്തിലായാലും, കൊലപോലെയുള്ള കാരണങ്ങള്‍ കൊണ്ടായാലും ശരി -അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വെച്ചായിരിക്കുന്ന പക്ഷം- അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുവാനിരിക്കുന്ന പാപപൊറുതിയും, കാരുണ്യവുമായിരിക്കും ഈ ലോകത്തുവെച്ച് സമ്പാദിക്കാവുന്ന സര്‍വ്വത്തെക്കാളും ഉത്തമമായിരിക്കുക. അതുകൊണ്ട് മരണപ്പെടുന്നത് അല്ലാഹുവിന്‍റെ മാര്‍ഗത്തിലായിരിക്കുകയെന്നത് ഒരു ഭാഗ്യമായി മാത്രമേ കരുതിക്കൂടൂ. ആര്‍, എങ്ങനെ, എപ്പോള്‍ മരണപ്പെട്ടാലും മട ങ്ങിയെത്തുന്നത് എല്ലാവരും അല്ലാഹുവിന്‍റെ അടുക്കലേക്ക് തന്നെ. അപ്പോള്‍, ഓരോരുത്തന്‍റെയും സ്ഥിതിഗതികള്‍ പരിശോധിച്ച് തക്ക നടപടി അവന്‍ ഓരോരുത്തന്‍റെ പേരിലും എടുക്കുകയും ചെയ്യും. എന്നൊക്കെയാണ് പിന്നീട് പറഞ്ഞതിന്റെ സാരം.

3:159
  • فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ ﴾١٥٩﴿
  • (നീയേ) എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നിമിത്തം നീ അവരോട് സൗമ്യമായിരിക്കുന്നു. [സൗമ്യമായിവര്‍ത്തിക്കുന്നു.] നീ ഒരു പരുഷ സ്വഭാവിയും, കഠിന ഹൃദയനുമായിരുന്നെങ്കില്‍, അവര്‍ നിന്റെ ചുറ്റുപാടില്‍ നിന്ന് വേറിട്ടുപോകുക തന്നെ ചെയ്യുമായിരുന്നു. ആകയാല്‍, നീ അവര്‍ക്ക് മാപ്പ് നല്‍കുകയും, അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്തുകൊള്ളുക. കാര്യത്തില്‍, അവരോട് നീ കൂടിയാലോചന നടത്തുകയും ചെയ്യുക. എന്നിട്ട്, നീ (വല്ലതും) തീര്‍ച്ചപ്പെടുത്തിയാല്‍, നീ അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിച്ച് കൊള്ളുക. നിശ്ചയമായും അല്ലാഹു, ഭരമേല്‍പിക്കുന്നവരെ സ്‌നേഹിക്കുന്നു.
  • فَبِمَا رَحْمَةٍ എന്തോ ഒരു (വലിയ) കാരുണ്യംകൊണ്ട് مِّنَ اللَّهِ അല്ലാഹുവിങ്കല്‍ നിന്ന് لِنتَ നീ മാര്‍ദ്ദവമായിരിക്കുന്നു, സൗമ്യമായിരിക്കുന്നു لَهُمْ അവരോട് وَلَوْ كُنتَ നീ ആയിരുന്നുവെങ്കില്‍ فَظًّا പരുഷ സ്വഭാവി, ദുഷ്ടസ്വഭാവി غَلِيظَ الْقَلْبِ കഠിനഹൃദയന്‍ لَانفَضُّوا അവര്‍ വേറിട്ട് പോകതന്നെ ചെയ്യുമായിരുന്നു مِنْ حَوْلِكَ നിന്‍റെ ചുറ്റുപാടില്‍ നിന്ന് فَاعْفُ عَنْهُمْ ആകയാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കുക وَاسْتَغْفِرْ പാപമോചനം തേടുകയും ചെയ്യുക لَهُمْ അവര്‍ക്കുവേണ്ടി وَشَاوِرْهُمْ അവരോട് കൂടിയാലോചന നടത്തുകയും ചെയ്യുക فِي الْأَمْرِ കാര്യത്തില്‍ فَإِذَا عَزَمْتَ അങ്ങനെ (എന്നിട്ട്) നീ തീര്‍ച്ചപ്പെടുത്തിയാല്‍ فَتَوَكَّلْ അപ്പോള്‍ ഭരമേല്‍പിക്കുക عَلَى اللَّهِ അല്ലാഹുവിന്‍റെ മേല്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു يُحِبُّ സ്‌നേഹിക്കുന്നു الْمُتَوَكِّلِينَ ഭരമേല്‍പിക്കുന്നവരെ
3:160
  • إِن يَنصُرْكُمُ ٱللَّهُ فَلَا غَالِبَ لَكُمْ ۖ وَإِن يَخْذُلْكُمْ فَمَن ذَا ٱلَّذِى يَنصُرُكُم مِّنۢ بَعْدِهِۦ ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴾١٦٠﴿
  • നിങ്ങളെ, അല്ലാഹു സഹായിക്കുന്ന പക്ഷം, നിങ്ങളെ ജയിക്കുന്ന ഒരാളുമില്ല. അവന്‍ നിങ്ങളെ (സഹായിക്കാതെ) കൈവെടിയുന്നുവെങ്കിലോ, എന്നാല്‍ (പിന്നെ) അവന് പുറമെ നിങ്ങളെ സഹായിക്കുന്നതായ ഒരാള്‍ ആരാണുള്ളത്! അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍!
  • إِن يَنصُرْكُمُ നിങ്ങളെ സഹായിക്കുന്ന പക്ഷം اللَّهُ അല്ലാഹു فَلَا غَالِبَ എന്നാല്‍ ജയിക്കുന്നവനില്ല, മികച്ചുനില്‍ക്കുന്നവനേയില്ല لَكُمْ നിങ്ങളെ, നിങ്ങളോട് وَإِن يَخْذُلْكُمْ അവന്‍ നിങ്ങളെ കൈവെടിഞ്ഞാലോ فَمَن ذَا എന്നാല്‍ ആരാണിത് (ആരുണ്ട്) الَّذِي يَنصُرُكُم നിങ്ങളെ സഹായിക്കുന്നവന്‍ مِّن بَعْدِهِ അവനുശേഷം (അവന് പുറമെ) وَعَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ (തന്നെ) فَلْيَتَوَكَّلِ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍

ഉഹ്ദില്‍വെച്ച് സ്വഹാബികളില്‍ പല പാകപ്പിഴവുകളും അനുസരണക്കേടും വന്നുപോയി. അതുനിമിത്തം പല അത്യാഹിതങ്ങളും അനുഭവപ്പെടുകയും ചെയ്തു. എന്നിട്ടുപോലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് പരുഷമായോ, കഠിനമായോ പെരുമാറുകയുണ്ടായില്ല. വളരെ മയത്തിലും സൗമ്യത്തിലുമാണ് പെരുമാറിയത്. അവരുടെ നേതാവും മേലധികാരിയുമെന്ന നിലക്ക് അധികാര സ്വരത്തിലും ആക്ഷേപസ്വരത്തിലും അവിടുന്ന് പെരുമാറിയിരുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍, സ്വഹാബികളില്‍ അത് മടുപ്പും വെറുപ്പും ഉളവാക്കുകയും അവര്‍ നബിയില്‍ നിന്നും അകന്നുനില്‍ക്കുവാന്‍ കാരണമാകുകയും ചെയ്യുമായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഈ ഉല്‍കൃഷ്ട സ്വഭാവത്തെപ്പറ്റി അല്ലാഹു പ്രശംസിക്കുകയാണ്. ഇതര നേതാക്കള്‍ക്ക് പ്രാപിക്കുവാന്‍ കഴിയാത്ത ഒരു പദവിയാണല്ലോ ഇത്. ഇത്രയും മഹത്തായ ഒരു സ്വഭാവഗുണം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ ഉണ്ടായിത്തീര്‍ന്നത് അല്ലാഹു അവന്റെ മഹത്തായ കാരുണ്യം നിമിത്തം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കും, സത്യവിശ്വാസികള്‍ക്കും നല്‍കിയ ഒരു വലിയ അനുഗ്രഹമാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ചര്യാചരിത്രങ്ങളെപ്പറ്റി അല്‍പമെങ്കിലും പരിചയപ്പെടുവാന്‍ ഭാഗ്യമുണ്ടായവര്‍ക്ക് തിരുമേനിയുടെ അനിതരസാധാരണമായ സ്വഭാവ വൈശിഷ്ട്യങ്ങളെപ്പറ്റി ഏറെക്കുറെ മനസ്സിലാക്കുവാന്‍ സാധിക്കാതിരിക്കയില്ല. ഒന്നിലധികം സ്ഥലങ്ങളില്‍ തിരുമേനിയുടെ ഉല്‍കൃഷ്ട സ്വഭാവങ്ങളെക്കുറിച്ച് അല്ലാഹു ക്വുര്‍ആനില്‍ പ്രശംസിച്ചത് കാണാവുന്നതാണ്. ‘ഉല്‍കൃഷ്ട സ്വഭാവങ്ങളെ പൂര്‍ത്തിയാക്കുവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.’ എന്ന് തിരുമേനി അരുളിച്ചെയ്തിട്ടുള്ളതും പ്രസ്താവ്യമാകുന്നു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങേയറ്റം സൗമ്യശീലനും, നയത്തോടും മയത്തോടും കൂടി പെരുമാറുന്നവനുമായിരുന്നുവെന്നത് കൊണ്ട് അവിടുന്ന് ഒരിക്കലും ധീരമായി പെരുമാറുകയില്ലെന്നോ, എന്ത് കണ്ടാലും കണ്ണടക്കുകതന്നെ ചെയ്യുമെന്നോ അര്‍ത്ഥമില്ല. സൗമ്യം വേണ്ടിടത്ത് സൗമ്യത്തിലും, ധീരത വേണ്ടിടത്ത് ധീരതയിലും തിരുമേനി നിസ്തുലനായിരുന്നു. തിരുമേനിയുടെ ചരിത്രത്തില്‍ ഓരോന്നിനും ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. ഉഹ്ദ് സംഭവത്തില്‍ തന്നെ ഇതിന് പല ഉദാഹരണങ്ങളുണ്ട്. ഇവിടെ അത് വിവരിക്കുന്ന സന്ദര്‍ഭമല്ലല്ലോ. തിരുമേനിയുടെ സൗമ്യമായ ശീല സ്വഭാവത്തിന്‍റെ അനുഗുണമെന്നോണം രണ്ടു മൂന്ന് കാര്യങ്ങള്‍ അല്ലാഹു അവിടത്തോട് ഉപദേശിക്കുന്നു:

(1) അവര്‍ക്ക് മാപ്പ് നല്‍കണമെന്ന്. അല്ലാഹുവിനോടുള്ള കടപ്പാടുകളില്‍ അവരുടെ പക്കല്‍ വന്നുപോയ തെറ്റ് അല്ലാഹു മാപ്പ് ചെയ്ത് കൊടുത്തിട്ടുണ്ടെന്ന് മുമ്പ് (155ല്‍) പറഞ്ഞുവല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടുള്ള കടപ്പാടുകളില്‍ അവരുടെ പക്കല്‍ വന്നുപോയ വീഴ്ച നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും മാപ്പാക്കണമെന്നാണ് ഇതിന്‍റെ സാരം. ഈ കല്‍പന ഒരു പൊതു കല്‍പനയാണെങ്കിലും ഉഹ്ദുമായി ബന്ധപ്പെട്ട വിഷയങ്ങളെ വിശേഷിച്ചും ഉദ്ദേശിച്ചുകൊണ്ടുള്ള താണെന്ന് പറയേണ്ടതില്ല.

(2) അവര്‍ക്കുവേണ്ടി പാപമോചനം തേടണമെന്ന്. നബിമാര്‍ അവരുടെ അനുയായികള്‍ക്ക് വേണ്ടി ചെയ്യുന്ന പ്രാര്‍ത്ഥന അല്ലാഹുവിങ്കല്‍ കൂടുതല്‍ സ്വീകാര്യമായിരിക്കുന്നതാണ്. കപട വിശ്വാസികളുടെ ചില ദുഷിച്ച സ്വഭാവങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യെ ഒരിടത്ത് അല്ലാഹു പറയുന്നു: ‘അവര്‍ അവരോടുതന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍, അവര്‍ നിന്‍റെ അടുക്കല്‍ വരുകയും, എന്നിട്ട് അവര്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍, വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണാനിധിയായും അല്ലാഹു വിനെ അവര്‍ക്ക് കണ്ടെത്താമായിരുന്നു.’ (4: 64.)

(3) കാര്യങ്ങളില്‍ അവരുമായി കൂടിയാലോചന നടത്തണമെന്ന്, ഒരു വിഷയത്തില്‍ ഒരാള്‍ മറ്റൊരാളുമായി കൂടിയാലോചന നടത്തുമ്പോള്‍, അക്കാര്യത്തില്‍ അയാളുടെ അഭിപ്രായം കൂടി അറിയുവാന്‍ സാധിക്കുന്നതിന് പുറമെ, അയാള്‍ക്കൊരു മാന്യസ്ഥാനം കല്‍പിക്കല്‍ കൂടി അതുമുഖേന ഉണ്ടായിത്തീരുന്നു. ആ സ്ഥിതിക്ക് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് കൂടിയാലോചിക്കുന്നത് അവരുടെ മനസ്സിന് കൂടുതല്‍ അടുപ്പവും, ഇണക്കവും, അനുസരണ സന്നദ്ധതയും ഉളവാക്കുമല്ലോ. യുദ്ധം പോലെയുള്ള പൊതുകാര്യങ്ങള്‍, നയതന്ത്രപരമായ കാര്യങ്ങള്‍, ഭരണകാര്യങ്ങള്‍, ലൗകിക വിഷയങ്ങള്‍ മുതലായ കാര്യ ങ്ങളാണ് ഇവിടെ ഉദ്ദേശ്യം. അഥവാ, മതകാര്യങ്ങളില്‍ -അവ എങ്ങനെ വേണമെന്നതില്‍- ആരുടെയും അഭിപ്രായം ആരായേണ്ടതില്ല. അതില്‍ അല്ലാഹുവും, അവന്‍റെ റസൂലും എടുക്കുന്ന തീരുമാനത്തിന് മാത്രമേ സ്ഥാനമുള്ളൂ. അതുപോലെത്തന്നെ, മേല്‍ സൂചിപ്പിച്ച ഏതെങ്കിലും ഒരു വിഷയത്തില്‍ അത് ഇന്നേ പാലെ ആയിരിക്കണമെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വഹ്‌യ് ലഭിച്ചുകഴിഞ്ഞാല്‍, ആ കാര്യത്തിലും പിന്നെ അന്യരുടെ അഭിപ്രായം ആരായുവാനില്ല.

അല്ലാഹുവിങ്കല്‍ നിന്ന് വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കുന്ന നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടുപോലും കാര്യങ്ങളില്‍ മറ്റുള്ളവരുമായി കൂടിയാലോചന നടത്തുവാന്‍ കല്‍പിക്കപ്പെടുമ്പോള്‍, കേവലം പ്രവാചകന്‍മാരല്ലാത്ത നേതാക്കളും, ഭരണകര്‍ത്താക്കളുമൊക്കെ അവരുടെ കീഴിലുള്ളവരുമായി കൂടിയാലോചന നടത്തുന്നതിന്‍റെ ആവശ്യകത എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതാണ്. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് പാത്രങ്ങളായിത്തീരുന്ന സത്യവിശ്വാസികളുടെ ചില ഗുണങ്ങള്‍ വിവരിക്കുന്നതിനിടയില്‍ സൂ: ശൂറായില്‍ അല്ലാഹു പറയുന്നു: وَأَمْرُهُمْ شُورَى بَيْنَهُمْ (അവരുടെ കാര്യം അവര്‍ക്കിടയില്‍ കൂടി ആലോചിക്കപ്പെടുന്നതുമായിരിക്കും (ശൂറാ: 38) തിര്‍മദീ (رحمه الله) ഉദ്ധരിച്ച ഒരു ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു: നിങ്ങളുടെ അധികാരസ്ഥന്‍മാര്‍ നിങ്ങളിലുള്ള ഉത്തമന്‍മാരും, നിങ്ങളുടെ ധനികന്‍മാര്‍ നിങ്ങളില്‍ കയ്യയവുള്ളവരും, നിങ്ങളുടെ കാര്യങ്ങള്‍ നിങ്ങള്‍ക്കിടയില്‍ കൂടി ആലോചന നടത്തപ്പെടുന്നവരും ആയിരുന്നാല്‍, നിങ്ങള്‍ക്ക് ഭൂമിയുടെ ഉള്‍ഭാഗത്തെക്കാള്‍ (മരണപ്പെടുന്നതിനെക്കാള്‍) അതിന്‍റെ ഉപരിഭാഗം (ജീവിതം) ഉത്തമമായിരിക്കുന്നതാണ്…. കൂടുതല്‍ വിശദീകരണം സൂ: ശുറായില്‍ കാണാം.

മറ്റുള്ളവരോട് കൂടിയാലോചന നടത്തണമെന്ന് പറഞ്ഞതുകൊണ്ട് ആലോചിക്ക പ്പെടുന്നവരുടെ അഭിപ്രായങ്ങളെ നിരുപാധികം സ്വീകരിക്കേതുണ്ടെന്നു ഉദ്ദേശ്യമില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷം അവയില്‍ കൂടുതല്‍ യുക്തവും ന്യായവുമായതും, കൂടുതല്‍ പ്രായോഗികമായതും തിരഞ്ഞെടുക്കുവാനും തീരുമാനത്തില്‍ അവര്‍ക്ക് യോജിപ്പും തൃപ്തിയും ഉണ്ടാക്കിത്തീര്‍ക്കുവാനും വേണ്ടിയാണത്. ഈ വചനം അവതരിക്കുന്നതിന് മുമ്പ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളുമായി കാര്യങ്ങളില്‍ കൂടിയാലോചന നടത്തുക പതിവുണ്ടായിരുന്നില്ലെന്ന് ഈ വചനത്തില്‍ നിന്ന് ധരിച്ചുകൂടാത്തതാണ്. മുമ്പും പിമ്പും തിരുമേനിയുടെ ഒരു ഗുണമായിരുന്നു അതെന്ന വസ്തുത ചരിത്ര പ്രസിദ്ധമാണ്. ബദ്ര്‍ യുദ്ധത്തിലും, ഖന്‍ദക്വ് യുദ്ധത്തിലും, ഹുദൈിയ്യാ സംഭവത്തിലുമൊക്കെ പല വിഷയകമായും തിരുമേനി സ്വഹാബികളുമായി കൂടിയാലോചന നടത്തിയത് പ്രസിദ്ധമത്രെ. വേണ്ടാ, ഉഹ്ദു സംഭവത്തില്‍ തന്നെയും അതിന്‍റെ ഉദാഹരണം നാം കണ്ടുവല്ലോ. ഒരു പുതിയ കല്‍പനയെന്ന നിലക്കല്ല -നബിയുടെ ആ ഉല്‍കൃഷ്ട സ്വഭാവത്തെ പ്രശംസിക്കുകയും, മേലിലും തിരുമേനി അതില്‍ ജനങ്ങള്‍ക്ക് മാതൃക കാണിച്ചുകൊണ്ടിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുക എന്നുള്ള നിലക്കാണ്- ഈ കല്‍പ നയുള്ളത്.

കൂടിയാലോചന നടത്തിയശേഷം, കാര്യം എങ്ങനെ വേണമെന്ന് തീരുമാനമെടുത്തു കഴിഞ്ഞാല്‍ അതങ്ങ് നടത്തിക്കൊള്ളണം എന്ന് പറയാതെ, അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളുക (فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ) എന്നത്രെ അല്ലാഹു പറഞ്ഞത്. തീരുമാനമെടുത്തത് ഏതടിസ്ഥാനത്തിലായിരുന്നാലും ശരി, അത് നടപ്പിലാക്കുവാനും, അതിന്‍റെ പര്യവസാനം നന്നായിരിക്കുവാനും അല്ലാഹുവിന്റെ സഹായം അനിവാര്യമാണല്ലോ. അതുകൊണ്ട് അവന്‍റെ സഹായത്തില്‍ വിശ്വസിച്ചും, അത് പ്രതീക്ഷിച്ചും അപേക്ഷിച്ചും കൊണ്ടായിരിക്കണം മുന്നോട്ട് നീങ്ങുന്നത് എന്നാണത് കാണിക്കുന്നത്. അതോടുകൂടി, ‘തവക്കുല്‍ ചെയ്യാത്തവര്‍ക്ക് അവന്‍റെ സഹായം പ്രതീക്ഷിച്ചുകൂടാ എന്നും സൂചിപ്പിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ, ‘സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെമേല്‍ തവക്കുല്‍ ചെയ്തുകൊള്ളട്ടെ’ എന്ന് പിന്നെയും ആവര്‍ത്തിച്ചുണര്‍ത്തുന്നു. അല്ലാഹുവിന് അവന്‍റെ അടിയാന്‍മാരുടെ നന്മയിലുള്ള താല്‍പര്യം എത്ര മഹത്തരം!

3:161
  • وَمَا كَانَ لِنَبِىٍّ أَن يَغُلَّ ۚ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَـٰمَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴾١٦١﴿
  • ഒരു പ്രവാചകനും (തന്നെ) വഞ്ചിച്ചെടുക്കല്‍ പാടില്ലാത്തതാണ്. ആര്‍ വഞ്ചിച്ചെടുക്കുന്നുവോ അവന്‍, താന്‍ വഞ്ചിച്ചെടുത്തതുമായി ക്വിയാമത്തുനാളില്‍ വരുന്നതാണ്. പിന്നീട് എല്ലാ (ഓരോ) വ്യക്തിയും സമ്പാദിച്ചുവെച്ചത് അതിന് നിറവേറ്റിക്കൊടുക്കപ്പെടും; അവരാകട്ടെ, അക്രമിക്കപ്പെടുകയില്ല താനും.
  • وَمَا كَانَ ഉണ്ടാകയില്ല, പാടില്ല, ഉണ്ടാകാവതല്ല لِنَبِيٍّ ഒരു നബിക്കും أَن يَغُلَّ അദ്ദേഹം വഞ്ചിച്ചെടുക്കല്‍ وَمَن يَغْلُلْ ആര്‍ വഞ്ചിച്ചെടുക്കുന്നുവോ يَأْتِ അവന്‍ വരും بِمَا غَلَّ അവന്‍ വഞ്ചിച്ചെടുത്തതുമായി يَوْمَ الْقِيَامَةِ ക്വിയാമത്ത് നാളില്‍ ثُمَّ تُوَفَّىٰ പിന്നീട് നിറവേറ്റിക്കൊടുക്കപ്പെടും, പൂര്‍ണമായി നല്‍കപ്പെടും كُلُّ نَفْسٍ എല്ലാ ആത്മാവിനും, ആള്‍ക്കും, വ്യക്തിക്കും مَّا كَسَبَتْ അത് സമ്പാദിച്ചത് وَهُمْ അവരാകട്ടെ لَا يُظْلَمُونَ അക്രമി [അനീതി]ക്കപ്പെടുകയില്‍
3:162
  • أَفَمَنِ ٱتَّبَعَ رِضْوَٰنَ ٱللَّهِ كَمَنۢ بَآءَ بِسَخَطٍ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ ۚ وَبِئْسَ ٱلْمَصِيرُ ﴾١٦٢﴿
  • അപ്പോള്‍, അല്ലാഹുവിന്‍റെ പ്രീതിയെ പിന്‍പറ്റിയവന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് [കോപം നേടിക്കൊണ്ട്] മടങ്ങുകയും, തന്‍റെ സങ്കേത സ്ഥാനം 'ജഹന്നം' [നരകം] ആകുകയും ചെയ്ത ഒരുവനെപ്പോലെയാണോ! (ആ) പര്യവസാന സ്ഥലം എത്രയോ ചീത്ത!
  • أَفَمَنِ അപ്പോള്‍ (എന്നാല്‍) യാതൊരുവനോ اتَّبَعَ പിന്‍പറ്റിയ رِضْوَانَ اللَّهِ അല്ലാഹുവിന്‍റെ പ്രീതിയെ كَمَن بَاءَ മടങ്ങിയ(നേടിയ)വനെപ്പോലെ بِسَخَطٍ ക്രോധവുമായി مِّنَ اللَّهِ അല്ലാഹുവില്‍ നിന്ന് وَمَأْوَاهُ അവന്‍റെ സങ്കേതസ്ഥാനമാകട്ടെ, പ്രാപ്യസ്ഥാനം جَهَنَّمُ ജഹന്നമാകുന്നു وَبِئْسَ എത്രയോ ചീത്ത الْمَصِيرُ (ആ) പര്യവസാന സ്ഥലം, ചെന്നു ചേരുന്ന സ്ഥാനം
3:163
  • هُمْ دَرَجَـٰتٌ عِندَ ٱللَّهِ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ ﴾١٦٣﴿
  • അവര്‍, അല്ലാഹുവിന്‍റെ അടുക്കല്‍ പല(തരം) പദവികള്‍ (ഉള്ളവര്‍) ആകുന്നു. അല്ലാഹുവാകട്ടെ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനുമാകുന്നു.
  • هُمْ دَرَجَاتٌ പല പദവികളാണ്, പടികളാകുന്നു عِندَ اللَّهِ അല്ലാഹുവിന്‍റെ അടുക്കല്‍ وَاللَّهُ അല്ലാഹുവാകട്ടെ بَصِيرٌ കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

غلُول (ഗുലൂല്‍) എന്ന ധാതുവില്‍ നിന്നുള്ളതാണ് غَلَّ ،يغل (ഗല്ല, യഗുല്ലു) എന്നീ ക്രിയാരൂപങ്ങള്‍ വഞ്ചിച്ചെടുക്കുക, കബളിപ്പിക്കുക, ചതിക്കുക എന്നൊക്കെയാണതിന്‍റെ അര്‍ത്ഥം. യുദ്ധത്തില്‍ ശത്രുപക്ഷത്തുനിന്ന് കിട്ടുന്ന ‘ഗനീമത്ത്’ സ്വത്തുക്കളില്‍ നിന്ന് കബളിപ്പിച്ചെടുക്കുന്നതിലാണ് അധികവും ഉപയോഗമെങ്കിലും പൊതുസ്വത്തില്‍ നിന്നോ, അന്യന്‍റെ അവകാശത്തില്‍ നിന്നോ കബളിപ്പിച്ചെടുക്കുന്നതിലും അത് ഉപയോഗിക്കപ്പെടുക പതിവാണ്. പൊതുസ്വത്തായാലും ശരി, വ്യക്തികള്‍ക്കവകാശപ്പെട്ട സ്വത്തായാലും ശരി, വഞ്ചിച്ചെടുക്കല്‍ കടുത്ത അക്രമവും മഹാപാപവുമാകുന്നു. എന്നിരിക്കെ, ഒരു പ്രവാചകനും അതൊരിക്കലും ചെയ്കയില്ല. ചെയ്യാവതുമല്ല. എനി, ആരെങ്കിലും -അത് ഒരു പ്രവാചകന്‍ തന്നെ ആയിരുന്നാലും ശരി- വല്ലതും വഞ്ചിച്ചെടുക്കുന്ന പക്ഷം ആ വഞ്ചിച്ചെടുത്ത വസ്തുവും കൊണ്ടായിരിക്കും ക്വിയാമത്തുനാളില്‍ അവന്‍ വരുക. അങ്ങനെ, ആരും അറിയാതെ സ്വകാര്യമായി ചെയ്ത ആ കൃത്യം നിമിത്തം മഹ്ശറയിലെ മഹാസദസ്സില്‍ വെച്ച് അവന്‍ അങ്ങേ അറ്റം വഷളാക്കപ്പെടുന്നു. മാത്രമല്ല, അതിനുള്ള ശിക്ഷ അവന് കണക്കുതീര്‍ത്ത് നല്‍കപ്പെടുകയും ചെയ്യും. പക്ഷേ, കുറ്റത്തില്‍ കവിഞ്ഞ ശിക്ഷ നല്‍കിയോ മറ്റോ അവനോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ലതാനും. എന്നൊക്കെയാണ് ആദ്യവചനത്തിന്‍റെ താല്‍പര്യം.

ഈ വചനത്തിന്‍റെ അവതരണ സന്ദര്‍ഭമെന്ന നിലക്ക് രണ്ടു തരം രിവായത്തുകള്‍ കാണാം:

(1) ഉഹ്ദില്‍ ശത്രുക്കള്‍ ആദ്യം പരാജയപ്പെട്ട് ഓടിയ അവസരത്തില്‍ യുദ്ധക്കളത്തിലുണ്ടായിരുന്ന മുസ്‌ലിംകള്‍ അവര്‍ വിട്ടേച്ചുപോയ സാധനങ്ങള്‍ ശേഖരിക്കുന്നത് കണ്ടപ്പോഴാണല്ലോ മലമുകളില്‍ നിന്നിരുന്ന വില്ലാളികള്‍ അതുകണ്ട് സ്ഥലം വിട്ടിറങ്ങിപ്പോന്നതും, ശേഖരണത്തില്‍ പങ്കെടുത്തതും. അവരവര്‍ ശേഖരിക്കുന്ന വസ്തുക്കള്‍ അവരവര്‍ക്ക് തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിട്ടുകൊടുത്തേക്കുകയോ, ഗനീമത്ത് സ്വത്തുക്കള്‍ എല്ലാവര്‍ക്കും ഒരുപോലെ വീതിച്ച് കൊടുക്കാതിരിക്കുകയോ ചെയ്‌തേക്കാം: അതുകൊണ്ട് നാമും പോയി നമുക്ക് കിട്ടിയത് ശേഖരിക്കുക എന്ന് തമ്മതമ്മില്‍ പറഞ്ഞുകൊണ്ടായിരുന്നു അവര്‍ മല വിട്ടിറങ്ങിപ്പോന്നത്. പിന്നീട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് സ്ഥലം വിടുവാനുള്ള കാരണം ചോദിച്ചപ്പോള്‍ അത് തുറന്ന് പറയുവാന്‍ അവര്‍ മടിക്കുകയും ചെയ്തു. അപ്പോള്‍ തിരുമേനി അവരോടു ഇങ്ങിനെ പറയുകയുണ്ടായി: ‘അതല്ല, നാം വഞ്ചിക്കുമെന്നും, നാം ശരിക്ക് വീതിച്ച് കൊടുക്കുകയില്ലെന്നുമാണ് നിങ്ങള്‍ ധരിച്ചത്. ഈയവസരത്തിലാണ് ഈ വചനം അവതരിച്ചത് എന്നത്രെ ചില രിവായത്തുകളില്‍ കാണുന്നത്. ഉഹ്ദ്‌യുദ്ധ സംബന്ധമായ കാര്യങ്ങളാണ് ഈ വചനങ്ങളിലെ പരാമര്‍ശ വിഷയമെന്ന നിലക്ക് ഈ രിവായത്തിനാണ് കൂടുതല്‍ യോജിപ്പ് കാണുന്നത്.

(2) ബദ്ര്‍ യുദ്ധത്തില്‍ ശത്രുക്കളില്‍ നിന്ന് കിട്ടിയിരുന്ന ഒരു ചുവന്ന പുതപ്പ് കാണാതായി. അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തനിക്കായി എടുത്തുവെച്ചതായിരിക്കുമെന്ന് ചില കപടവിശ്വാസികള്‍ പറഞ്ഞു. ഇത് സംബന്ധിച്ചാണ് ഈ വചനത്തിന്‍റെ അവതരണമുണ്ടായത് എന്നാണ് രണ്ടാമത്തെ രിവായത്ത്. നിവേദനമാര്‍ഗം നോക്കുമ്പോള്‍ ഇതിനാണ് കൂടുതല്‍ ബലം കാണുന്നത്. രണ്ടില്‍ ഏതായാലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘ഗനീമത്ത്’ സ്വത്തുക്കള്‍ ശരിക്ക് കൈകാര്യം ചെയ്യുകയില്ലെന്നോ, നീതിപൂര്‍വ്വം എല്ലാവര്‍ക്കും ഭാഗിച്ചുകൊടുക്കുകയില്ലെന്നോ ആരും സംശയിച്ചുകൂടാ; ഒരു പ്രവാചകനും അങ്ങിനെ ചെയ്കയില്ല എന്നാണ് ആയത്തിന്‍റെ താല്‍പര്യം.

يَغُلُّ (യഗുല്ലു) എന്നതിന്‍റെ സ്ഥാനത്ത് يُغَلَّ (യുഗല്ല) എന്നും വായിക്കപ്പെട്ടിട്ടുണ്ട്. ‘ഒരു പ്രവാചകനും വഞ്ചിക്കപ്പെടുവാന്‍ പാടില്ല’ -അഥവാ, പ്രവാചകനെ കബളിപ്പിച്ചുകൊണ്ട് ആര്‍ക്കും ഒന്നും ചെയ്യാന്‍ പാടില്ല എന്നായിരിക്കും അപ്പോള്‍ അര്‍ത്ഥം. ഒരു പ്രവാചകനെയും വഞ്ചിച്ചെടുക്കുന്ന ആളായി ധരിക്കുവാന്‍ പാടില്ല എന്ന അര്‍ത്ഥത്തിലും ഈ വായന വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഏതായാലും ഉദ്ദേശ്യം എല്ലാറ്റിനും വ്യക്തം തന്നെ. അല്ലാഹുവിന്‍റെ പ്രീതിയെ ഉന്നം വെച്ചും, പ്രീതി ലഭിക്കുന്ന മാര്‍ഗം പിന്‍പറ്റിയും കൊണ്ട് അവന്‍റെ പ്രീതിക്ക് പാത്രമായ ആളുകളും, അവന്‍റെ കോപത്തിന് കാരണമാകുന്ന വഞ്ച നപോലുള്ള ദുഷിച്ച മാര്‍ഗം പിന്‍പറ്റിക്കൊണ്ട് അവന്‍റെ കോപം മാത്രം സമ്പാദിച്ച ആളുകളും ഒരു പോലെയല്ല. ഒന്നാമത്തെ വിഭാഗക്കാര്‍ സ്വര്‍ഗീയാനുഗ്രഹങ്ങള്‍ക്കും മറ്റേ വിഭാഗക്കാര്‍ നരക ശിക്ഷക്കും അര്‍ഹരായിരിക്കും. പക്ഷേ, ഓരോ വിഭാഗക്കാരിലും തന്നെ, അവരവര്‍ സ്വീകരിച്ചുപോന്ന നിലപാട നുസരിച്ച് ഓരോരുത്തരും തമ്മില്‍ സ്ഥാനത്തിലും പദവികളിലും വ്യത്യാസമുണ്ടായിരിക്കും. എന്നൊക്കെയാണ് തുടര്‍ന്നുള്ള വച നങ്ങളുടെ സാരം.

വഞ്ചനയെക്കുറിച്ച് വന്നിട്ടുള്ള ക്വുര്‍ആന്‍ വചനങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വചനങ്ങളും ധാരാളമാണ്. ഉദാഹരണാര്‍ത്ഥം ചില നബി വചനങ്ങള്‍ നമുക്കിവിടെ സ്മരിക്കാം:

(1) അബൂഹുമൈദിസ്സാഇദീ (റ) പറയുകയാണ്: ‘അസ്ദു (اَزَد) ഗോത്രക്കാരനായ ഒരാളെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  സദക്വഃ (സകാത്ത്) പിരിച്ചെടുക്കുന്ന ജോലിക്ക് നിശ്ചയിച്ചയച്ചു. അയാള്‍ വന്നപ്പോള്‍ ‘ഇത് നിങ്ങള്‍ക്കുള്ളതാണ്, ഇത് എനിക്ക് ‘ഹദ്‌യ’ (സമ്മാനം) ലഭി ച്ചതാണ്’ എന്ന് പറയുകയുണ്ടായി. അപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  മിമ്പറില്‍ (പ്രസംഗ പീഠത്തില്‍) കയറി ഇങ്ങനെ പറഞ്ഞു: ‘ചില ജോലിക്കാരുടെ സ്ഥിതിയെന്താണ്?! അയാളെ നാം ഒരു ജോലിക്ക് നിയമിക്കുന്നു. എന്നിട്ട് അയാള്‍ പറയുന്നു: ഇത് നിങ്ങള്‍ക്കുള്ളതാണ്, ഇത് എനിക്ക് ഹദ്‌യ കിട്ടിയതാണ് എന്ന്. അയാള്‍ അയാളുടെ പിതാവിന്‍റെയും മാതാവിന്‍റെയും വീട്ടില്‍ ഇരിക്കവെ അയാള്‍ക്ക് ഹദ്‌യ കിട്ടുന്നുണ്ടോ, ഇല്ലേ എന്ന് നോക്കരുതോ?: മുഹമ്മദിന്‍റെ ആത്മാവ് യാതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെയാണ് (സത്യം)! നിങ്ങളില്‍ ആരും തന്നെ അങ്ങനെ വല്ലതും കൊണ്ടുവരുന്നതായാല്‍, അതവന്‍റെ പിരടിയില്‍ വഹിച്ചുകൊണ്ട് ക്വിയാമത്ത് നാളില്‍ അവന്‍ വരാതിരിക്കയില്ല. ഒട്ടകമാണെങ്കില്‍ അതിന് അലര്‍ച്ചയും, പശുവാണെങ്കില്‍ അതിന് അകറിച്ചയും, ആടാണെങ്കില്‍ അതിന് കരച്ചിലും (*) ഉണ്ടായിരിക്കും.’ പിന്നീട് തിരുമേനി, കൈ രണ്ടും കക്ഷ ത്തിന്‍റെ നിറം കാണുമാറ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവേ! ഞാന്‍ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുത്തുവോ?!’ (അ; ബു; മു.) തിരുമേനി തന്‍റെ ചുമതല നിര്‍വ്വഹിച്ചുവെന്ന് അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തി എന്ന് സാരം. وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ الْقِيَامَةِ (ആര്‍ വഞ്ചിച്ചെടുക്കുന്നുവോ അവന്‍, താന്‍ വഞ്ചിച്ചെടുത്തതും കൊണ്ട് ക്വിയാമത്തുനാളില്‍ വരുന്നതാണ്.) എന്ന വാക്യത്തിന് ഒരു വിശദീകരണം കൂടിയാണ് ഈ ഹദീഥ്. വഞ്ചിച്ചെടുത്ത അതേ വസ്തുക്കളും പേറിക്കൊണ്ടായിരിക്കും വഞ്ചകന്‍മാര്‍ ക്വിയാമത്തുനാളില്‍ മഹ്ശറില്‍ വരുക എന്നാണതിന്‍റെ അര്‍ത്ഥമെന്ന് ഈ ഹദീഥില്‍ നിന്ന് സ്പഷ്ടമാണ്.


(*) ഓരോന്നും അതതിന്‍റെ നിലവിളി ശബ്ദം പുറപ്പെടുവിക്കുമെന്നുദ്ദേശ്യം.


(2) അബൂഹുറയ്‌റഃ (رضي الله عنه)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീഥിന്‍റെ സാരമിതാണ്: ഒരു ദിവസം പ്രസംഗത്തില്‍ റസൂല്‍  (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  വഞ്ചിച്ചെടുക്കുന്നവരെപ്പറ്റി വളരെ കഠിനമായി സംസാരിക്കുകയുണ്ടായി. പിന്നീട് പറഞ്ഞു: ‘നിങ്ങളിലൊരാള്‍ അവന്‍റെ പിരടിയില്‍ അലറി ശബ്ദിച്ചുകൊണ്ടിരിക്കുന്ന ഒട്ടകത്തെയോ, മറ്റേതെങ്കിലും മൃഗത്തെയോ വഹിച്ചുകൊണ്ട് ക്വിയാമത്തുനാളില്‍ വരുന്നത് ഞാന്‍ കാണാതിരിക്കട്ടെ! എന്നിട്ട് അവന്‍ പറഞ്ഞേക്കും: അല്ലാഹുവിന്‍റെ റസൂലേ, എന്നെ സഹായിക്കണേ എന്ന്! ഞാന്‍ പറയും: ‘നിനക്ക് അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും തടയുവാന്‍ എനിക്ക് കഴിവില്ല. ഞാന്‍ (വിവരം മുമ്പേ) എത്തിച്ച് കഴിഞ്ഞിട്ടുണ്ട്.’ (അ; ബു; മു.)

(3) അദിയ്യുബ്നുഉമൈറഃ (عدى بن عميرة الكندى  رض) പറയുന്നു: റസൂല്‍ പറഞ്ഞു: ‘ഹേ, മനുഷ്യരേ, നിങ്ങളില്‍ ആരെങ്കിലും നമുക്കുവേണ്ടി ഒരു ജോലി ചെയ്തിട്ട് അതില്‍ നിന്ന് ഒരു സൂചിയോ, അതിന് മീതെയുള്ള (അതിനെക്കാള്‍ വലിയ) വല്ലതുമോ ഒളിച്ചുവെക്കുന്നപക്ഷം, അത് വഞ്ചനയാകുന്നു. അവന്‍ അതും കൊണ്ട് ക്വിയാമത്തുനാളില്‍ വരും.’ അപ്പോള്‍, അന്‍സ്വാരികളില്‍ പെട്ട കറുത്ത ഒരു പുരുഷന്‍- അത് സഅ്ദുബ്‌നുഉണ്ടാദഃ (رضي الله عنه) ആയിരുന്നു- എഴുന്നേറ്റ് നിന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അവിടുത്തെ ഉദ്യോഗം എന്നില്‍ നിന്ന് അവിടുന്ന് (തിരിച്ച്) ഏറ്റുവാങ്ങിയാലും!’ തിരുമേനി ചോദിച്ചു: ‘അതെന്താ?’ അദ്ദേഹം പറഞ്ഞു: ‘അവിടുന്ന് ഇന്നിന്ന് പ്രകാരം പറയുന്നത് ഞാന്‍ കേട്ടു. (അതുതന്നെ)’ അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ഞാനത് ഇപ്പോഴും പറയുന്നു. നാം ഒരാളെ ഒരു ജോലിയില്‍ ഏല്‍പിച്ചാല്‍, അയാള്‍ അതില്‍ (അതു വഴി ലഭിക്കുന്നതില്‍) ചെറുതും വലുതുമെല്ലാം (രംഗത്ത്) കൊണ്ടുവരണം. അതില്‍ നിന്ന് അവന് കൊടുക്കപ്പെടുന്നത് അവന് സ്വീകരിക്കാം. അവനോട് വിരോധിക്കപ്പെട്ടതില്‍ നിന്ന് അവന്‍ ഒഴിഞ്ഞ് നില്‍ക്കുകയും വേണം.’ (അ; മു; ദാ.) ഈ ക്വുര്‍ആന്‍ വചനവും അതിന്‍റെ അടിസ്ഥാനത്തിലുള്ള നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഉപദേശങ്ങളും അനുസരിച്ചുകൊണ്ട് സ്വഹാബികള്‍ കാണിച്ചിരുന്ന സത്യസന്ധതക്ക് ഇണ കാണാത്ത എത്രയോ ഉദാഹരണങ്ങള്‍ സ്വഹാബികളുടെ ചരിത്രങ്ങളില്‍ കാണാവുന്നതാണ്.

3:164
  • لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍ مُّبِينٍ ﴾١٦٤﴿
  • തീര്‍ച്ചയായും, സത്യവിശ്വാസികളില്‍ അവരില്‍ നിന്നുതന്നെ യുള്ള ഒരു റസൂലിനെ നിയോഗിച്ചിരിക്കയാല്‍, അല്ലാഹു അവര്‍ക്ക് (വലിയ) ദാക്ഷിണ്യം ചെയ്തിട്ടുണ്ട്; അവന്റെ 'ആയത്ത്' [ലക്ഷ്യം]കള്‍ അദ്ദേഹം അവര്‍ക്ക് ഓതിക്കൊടുക്കുകയും, അവരെ സംസ്‌കരിക്കുക യും, അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു റസൂലിനെ). നിശ്ചയമായും, മുമ്പ് അവര്‍ വ്യക്തമായ വഴിപിഴവില്‍ തന്നെയായിരുന്നു.
  • لَقَدْ തീര്‍ച്ചയായും ഉണ്ട് مَنَّ اللَّهُ അല്ലാഹു ദാക്ഷിണ്യം (കനപ്പെട്ട അനുഗ്രഹം) ചെയ്തി(ട്ടുണ്ട്) عَلَى الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക് إِذْ بَعَثَ അവന്‍ അയച്ചതിനാല്‍, നിയോഗിച്ച സ്ഥിതിക്ക് فِيهِمْ അവരില്‍ رَسُولًا ഒരു ദൂതനെ مِّنْ أَنفُسِهِمْ അവരില്‍നിന്ന് തന്നെ, അവരുടെ സ്വന്തങ്ങളില്‍ നിന്നായി يَتْلُو عَلَيْهِمْ അവര്‍ക്ക് അദ്ദേഹം ഓതിക്കൊടുക്കും آيَاتِهِ അവന്‍റെ ആയത്തുകളെ وَيُزَكِّيهِمْ അവരെ സംസ്‌കരിക്കുകയും ചെയ്യും وَيُعَلِّمُهُمُ അവരെ പഠിപ്പിക്കുകയും الْكِتَابَ (വേദ)ഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും وَإِن كَانُوا നിശ്ചയമായും അവരായിരുന്നു مِن قَبْلُ മുമ്പ്, മുമ്പ് മുതല്‍ക്കേ لَفِي ضَلَالٍ വഴിപിഴവില്‍ തന്നെ مُّبِينٍ വ്യക്തമായ, പ്രത്യക്ഷമായ

ചിരകാലമായി ദുര്‍മാര്‍ഗത്തില്‍ പതിച്ച് നട്ടം തിരിഞ്ഞ ശേഷം, സന്മാര്‍ഗ നിരതരായി ജീവിക്കുമാറുള്ള തത്വോപദേശങ്ങളും, മാര്‍ഗനിര്‍ദ്ദേശങ്ങളും അല്ലാഹുവിങ്കല്‍ നിന്ന് എത്തിച്ചുകൊടുത്ത് കൊണ്ടിരിക്കുന്ന -ചോദിച്ചറിയുവാനും, മാതൃകയാക്കുവാനും അടുത്ത് പെരുമാറുവാനും വളരെ സൗകര്യപ്രദമായ- തങ്ങളുടെ ഇടയില്‍ ജനിച്ച് തങ്ങളോടൊപ്പം തന്നെ ജീവിച്ചുവരുന്ന- ഒരു റസൂലിനെ നിയോഗിച്ച് കൊടുക്കുക വഴി സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ച മഹാഭാഗ്യത്തെപ്പറ്റി അവരെ അനുസ്മരിപ്പിക്കുകയാണ്. ഈ വചനത്തിലടങ്ങിയ ആശയങ്ങളെ സൂ:ബക്വറഃ 129ന്റെ വ്യാഖ്യാനത്തില്‍ മുമ്പ് വിവരിച്ച് കഴിഞ്ഞിട്ടുണ്ട്. സൂ: ജുമുഅഃയില്‍ കൂടുതല്‍ വിശദീകരണം കാണാം.

3:165
  • أَوَلَمَّآ أَصَـٰبَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١٦٥﴿
  • നിങ്ങള്‍ക്ക് ഒരു വിപത്ത് ബാധിച്ചപ്പോഴേക്കും, അതിന്റെ രണ്ടത്ര നിങ്ങള്‍ (അങ്ങോട്ടും) ബാധിപ്പിച്ചിട്ടുണ്ട് നിങ്ങള്‍ പറയുകയോ: 'ഇതെങ്ങിനെയാണ് (സംഭവിച്ചത്)?' എന്ന്! (നബിയേ) പറയുക: 'അത് നിങ്ങളുടെ തന്നെ അടുക്കല്‍ നിന്നാകുന്നു. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.'
  • أَوَلَمَّا أَصَابَتْكُم നിങ്ങള്‍ക്ക് ബാധിച്ചപ്പോഴേക്കോ, ബാധിച്ച പ്പോഴോ مُّصِيبَةٌ ഒരു ബാധ (വിപത്ത്) قَدْ أَصَبْتُم നിങ്ങള്‍ക്ക് ബാധിപ്പിച്ചിട്ടുണ്ട് مِّثْلَيْهَا അതിന്‍റെ രണ്ടത്ര (ഇരട്ടി) قُلْتُمْ നിങ്ങള്‍ പറയുകയോ, പറഞ്ഞു(വോ) أَنَّىٰ هَٰذَا ഇതെങ്ങിനെയാണ് قُلْ هُوَ നീ പറയുക അത് مِنْ عِندِ അടുക്കല്‍ നിന്നാണ് أَنفُسِكُمْ നിങ്ങളുടെ തന്നെ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്
3:166
  • وَمَآ أَصَـٰبَكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ فَبِإِذْنِ ٱللَّهِ وَلِيَعْلَمَ ٱلْمُؤْمِنِينَ ﴾١٦٦﴿
  • രണ്ട് സംഘങ്ങള്‍ കൂട്ടിമുട്ടിയ (ആ) ദിവസം നിങ്ങള്‍ക്ക് ബാധിച്ചത് (ഒക്കെയും) അല്ലാഹുവിന്‍റെ അനുമതി പ്രകാരമാകുന്നു. അവന്‍ സത്യവിശ്വാസികളെ (വേര്‍തിരിച്ച്) അറിയുവാന്‍ വേണ്ടിയുമാകുന്നു;
  • وَمَا أَصَابَكُمْ നിങ്ങള്‍ക്ക് ബാധിച്ചത് يَوْمَ الْتَقَى കണ്ടുമുട്ടിയ ദിവസം الْجَمْعَانِ രണ്ട് സംഘങ്ങള്‍ فَبِإِذْنِ اللَّهِ അല്ലാഹുവിന്‍റെ സമ്മതം കൊണ്ടാണ് وَلِيَعْلَمَ അവന്‍ അറിയുവാന്‍ വേണ്ടിയും الْمُؤْمِنِينَ സത്യവിശ്വാസികളെ
3:167
  • وَلِيَعْلَمَ ٱلَّذِينَ نَافَقُوا۟ ۚ وَقِيلَ لَهُمْ تَعَالَوْا۟ قَـٰتِلُوا۟ فِى سَبِيلِ ٱللَّهِ أَوِ ٱدْفَعُوا۟ ۖ قَالُوا۟ لَوْ نَعْلَمُ قِتَالًا لَّٱتَّبَعْنَـٰكُمْ ۗ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَـٰنِ ۚ يَقُولُونَ بِأَفْوَٰهِهِم مَّا لَيْسَ فِى قُلُوبِهِمْ ۗ وَٱللَّهُ أَعْلَمُ بِمَا يَكْتُمُونَ ﴾١٦٧﴿
  • കാപട്യം കാണിച്ചവരെ (വേര്‍തിരിച്ച്) അറിയുവാന്‍ വേണ്ടിയും. അവരോട് [ആ കപടന്‍മാരോട്] പറയപ്പെട്ടു: 'വരുവിന്‍, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവിന്‍, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുവിന്‍' അവര്‍ പറഞ്ഞു: 'ഒരു യുദ്ധം (ഉണ്ടാകുമെന്ന്) ഞങ്ങള്‍' അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളെ പിന്‍തുടരുക തന്നെ ചെയ്യുമായിരുന്നു.' സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ -അന്നത്തെ ദിവസം- അവര്‍ അവിശ്വാസത്തോട് കൂടുതല്‍ അടുത്തവരാകുന്നു. തങ്ങളുടെ ഹൃദയങ്ങളില്‍ ഇല്ലാത്തത് അവര്‍ തങ്ങളുടെ വായകൊണ്ട് പറയുന്നു. അല്ലാഹുവാകട്ടെ, അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി കൂടുതല്‍ അറിയുന്നവനുമാണ്.
  • وَلِيَعْلَمَ അവന്‍ അറിയുവാനും الَّذِينَ نَافَقُوا കാപട്യം കാണിച്ചവരെ وَقِيلَ പറയപ്പെട്ടു لَهُمْ അവരോട് تَعَالَوْا നിങ്ങള്‍ വരുവിന്‍ قَاتِلُوا യുദ്ധം ചെയ്യുവിന്‍ فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أَوِ ادْفَعُوا അല്ലെങ്കില്‍ തടുക്കു (ചെറുക്കു)വിന്‍ قَالُوا അവര്‍ പറഞ്ഞു لَوْ نَعْلَمُ ഞങ്ങള്‍ക്കറിയുന്നപക്ഷം قِتَالًا ഒരു യുദ്ധത്തെ لَّاتَّبَعْنَاكُمْ ഞങ്ങള്‍ നിങ്ങളെ പിന്‍തുടരുകതന്നെ ചെയ്യുമായിരുന്നു هُمْ അവര്‍ لِلْكُفْرِ അവിശ്വാസത്തോട് يَوْمَئِذٍ അന്നത്തെ ദിവസം أَقْرَبُ ഏറ്റം (അധികം) അടുത്തവരാണ് مِنْهُمْ അവരെ (അവര്‍ അടുത്തതിനെ)ക്കാള്‍ لِلْإِيمَانِ സത്യവിശ്വാസത്തോട് يَقُولُونَ അവര്‍ പറയുന്നു بِأَفْوَاهِهِم അവരുടെ വായകള്‍കൊണ്ട് مَّا لَيْسَ ഇല്ലാത്തത് فِي قُلُوبِهِمْ തങ്ങളുടെ ഹൃദയങ്ങളില്‍ وَاللَّهُ അല്ലാഹുവാകട്ടെ أَعْلَمُ ഏറ്റവും അറിയുന്നവനാണ് بِمَا يَكْتُمُونَ അവര്‍ ഒളിച്ചുവെക്കുന്നതിനെപ്പറ്റി
3:168
  • ٱلَّذِينَ قَالُوا۟ لِإِخْوَٰنِهِمْ وَقَعَدُوا۟ لَوْ أَطَاعُونَا مَا قُتِلُوا۟ ۗ قُلْ فَٱدْرَءُوا۟ عَنْ أَنفُسِكُمُ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ ﴾١٦٨﴿
  • (യുദ്ധത്തില്‍ സംബന്ധിക്കാതെ) ഇരുന്നുംകൊണ്ട് തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് (ഇങ്ങനെ) പറഞ്ഞവരാണ് (അവര്‍): 'അവര്‍ നമ്മെ അനുസരിച്ചെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല.' (നബിയേ) പറയുക: 'എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ദേഹങ്ങളെ സംബന്ധിച്ച് മരണത്തെ (ഒന്ന്) തടുക്കുവിന്‍, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍! [അതൊന്ന് കാണാമല്ലോ]'
  • الَّذِينَ قَالُوا പറഞ്ഞവരാണ് അവര്‍ لِإِخْوَانِهِمْ തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് وَقَعَدُوا അവര്‍ ഇരിക്കുകയും ചെയ്തു لَوْ أَطَاعُونَا അവര്‍ നമ്മെ അനുസരിച്ചെങ്കില്‍ مَا قُتِلُوا അവര്‍ കൊല്ലപ്പെടുമായിരുന്നില്ല قُلْ നീ പറയുക فَادْرَءُوا എന്നാല്‍ നിങ്ങള്‍ തടുക്കുവിന്‍ عَنْ أَنفُسِكُمُ നിങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) സംബന്ധിച്ച് الْمَوْتَ മരണത്തെ إِن كُنتُمْ നിങ്ങള്‍ ആണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍ സത്യവാന്‍മാര്‍

ഉഹ്ദില്‍ വെച്ച് മുസ്‌ലിംകള്‍ക്ക് വമ്പിച്ച കഷ്ടനഷ്ടങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചില സാധാരണക്കാര്‍ പറയുകയുണ്ടായി: നാം അല്ലാഹുവിന് വേണ്ടി യുദ്ധം ചെയ്യുന്നു. അല്ലാഹു നമ്മെ സഹായിക്കുമെന്ന വാഗ്ദാനവും ചെയ്തിരിക്കുന്നു. നമ്മുടെ കൂടെ അവന്‍റെ റസൂലും ഉണ്ട്. അവിശ്വാസികളാണെങ്കില്‍ അല്ലാഹുവിന് എതിരായിട്ടാണ് യുദ്ധം ചെയ്യുന്നത്. എന്നിരിക്കെ, എന്താണിങ്ങനെ സംഭവിച്ചത്?! എന്നൊക്കെ. ഇതിന് അല്ലാഹു മറുപടി നല്‍കുന്നു. മറുപടിയുടെ സാരം ഇങ്ങനെ വിവരിക്കാം: നിങ്ങള്‍ക്ക് കുറേ ആപത്തുകള്‍ പിണഞ്ഞത് ശരി തന്നെ. മുമ്പ് ഇത്രയൊന്നും ശക്തിയും ഒരുക്കവും ഇല്ലാതിരുന്ന അവസരത്തില്‍ ബദ്‌റില്‍വെച്ച് ഇതിന്‍റെ ഇരട്ടി ആപത്തുകള്‍ നിങ്ങള്‍ അവിശ്വാസികള്‍ക്ക് വരുത്തുകയുണ്ടായല്ലോ. അവരുടെ നെടുംതൂണുകളായ എഴുപതുപേര്‍ കൊല്ലപ്പെടുകയും, അത്രയും പേര്‍ ബന്ധനസ്ഥരാകുകയും ഉണ്ടായി. അവരെ നിങ്ങള്‍ ദയനീയമായി പിന്നോട്ടോടിച്ചു. ഇപ്പോള്‍, അതിന്‍റെ പകുതി ആപത്തേ നിങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ളൂ. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന് പറഞ്ഞ് നിങ്ങള്‍ ആശ്ചര്യപ്പെടുന്നു. യഥാര്‍ത്ഥത്തില്‍, ഇങ്ങനെ സംഭവിക്കുവാനുള്ള കാരണങ്ങള്‍ നിങ്ങളില്‍ നിന്നുതന്നെ ഉണ്ടായതാണ്. മദീനായില്‍ നിന്ന് വെളിയില്‍ പോയി യുദ്ധത്തിനിറങ്ങുവാന്‍ നിങ്ങള്‍ റസൂലിനെ നിര്‍ബന്ധിതനാക്കി. അണി വിട്ടുപോകാതെ സധീരം ഉറച്ച് നില്‍ക്കണമെന്ന കല്‍പന നിങ്ങള്‍ അവഗണിച്ചു. യുദ്ധം കലാശിക്കും മുമ്പായി നിങ്ങള്‍ ‘ഗനീമത്ത്’ സ്വത്തുക്കള്‍ ശേഖരിക്കുന്നതില്‍ വ്യാപൃതരായി. മലയില്‍ നിറുത്തിയ വില്ലാളികള്‍ കല്‍പന ലംഘിച്ച് സ്ഥലം വിട്ടുപോന്നു. ഇങ്ങനെ പലതുമാണതിന് കാരണമായിത്തീര്‍ന്നത്. അല്ലാഹുവിന് എന്ത് ചെയ്യുവാനും കഴിവുണ്ട്. സന്ദര്‍ഭമനുസരിച്ച് വേണ്ടത് അവന്‍ ചെയ്യും. അതില്‍ ചോദ്യം ചെയ്യപ്പെടാവതല്ല. മാത്രമല്ല, ഇങ്ങനെ സംഭവിച്ചതില്‍ ചില യുക്തി രഹസ്യങ്ങള്‍ കൂടി അല്ലാഹു കണ്ടുവെച്ചിട്ടുണ്ട്. എന്തു സംഭവിച്ചാലും കാല്‍ പതറാതെ സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ ആരൊക്കെ യാണ്, വിശ്വാസികളെന്ന് നടിച്ച് നടക്കുന്ന പിന്‍തിരിപ്പന്‍മാരും കപടന്‍മാരും ആരൊക്കെയാണ് എന്ന് പ്രത്യക്ഷത്തില്‍ വേര്‍തിരിഞ്ഞ് കാണുന്നത് ആവശ്യമാണ്. അതിന് വേണ്ടിയും കൂടിയാണിത്. അതിപ്പോള്‍ വ്യക്തമാകുകയും ചെയ്തുവല്ലോ.

അബ്ദുല്ലാഹിബ്‌നു ഉബയ്യിന്‍റെ നേതൃത്വത്തില്‍ മുന്നൂറ് കപടവിശ്വാസികള്‍ വഴിയില്‍ നിന്ന് മടങ്ങുകയുണ്ടായല്ലോ. അവരെ മടക്കി വിളിച്ചുകൊണ്ട് വരുവാനുള്ള ഒരു ശ്രമം ചില സ്വഹാബികള്‍ നടത്തുകയുണ്ടായി. ഒന്നുകില്‍ നിങ്ങള്‍ വന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ച് യുദ്ധം ചെയ്യുക, അല്ലെങ്കില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യുക. രണ്ടിലൊന്ന് ചെയ്യണം എന്ന് അവര്‍ പറഞ്ഞുനോക്കി. യുദ്ധത്തില്‍ സംബന്ധിക്കുന്നില്ലാത്തപക്ഷം, മുസ്‌ലിംകളുടെ ഭാഗത്ത് ആളെ കാട്ടുകയെങ്കിലും ചെയ്താല്‍ അത് ശത്രുക്കളില്‍ ധൈര്യക്ഷയം വരുത്തുവാന്‍ ഉതകുമല്ലോ. ഒരു പക്ഷേ, ശത്രുക്കള്‍ മദീനായുടെ ഉള്ളില്‍ പ്രവേശിച്ച് നാട്ടുകാരെയും അബലകളെയും അക്രമിച്ചു കൂടായ്കയുമില്ല. അങ്ങനെ സംഭവിച്ചാല്‍ ഈ കപട വിശ്വാസികളുടെ തന്നെ കുടുംബങ്ങള്‍ക്കും നാശത്തില്‍ നിന്ന് ഒഴിവ് കിട്ടുകയില്ല. അതുകൊണ്ട് സജീവമായിട്ടല്ലെങ്കില്‍, പ്രത്യക്ഷത്തിലെങ്കിലും നിങ്ങള്‍ മുസ്‌ലിംകളുടെ കൂടെ നില്‍ക്കണം എന്നൊക്കെ അവര്‍ ഉപദേശിച്ചു. കപടവിശ്വാസികള്‍ ഇതിന് നല്‍കിയ മറുപടി ഇതായിരുന്നു: ‘ഒരു യുദ്ധം ഉണ്ടാകുമെന്ന് നമുക്ക് തോന്നുന്നില്ല. അഥവാ ഉണ്ടാകുന്ന പക്ഷം, ഞങ്ങള്‍ നിങ്ങളെ ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കുകയില്ല. അപ്പോള്‍ നിങ്ങളൊന്നിച്ച് ഞങ്ങളും ചേര്‍ന്നുകൊള്ളാം. ഇത് കേവലം ഒരു തട്ടിപ്പും പരിഹാസവും മാത്രമാണെന്ന് പറയേണ്ടതില്ലല്ലോ.

കഴിഞ്ഞ തവണ ബദ്‌റില്‍ വെച്ച് തങ്ങള്‍ക്ക് പിണഞ്ഞ തീരാനഷ്ടത്തിന് പകരം വീട്ടുവാന്‍ ഒരുങ്ങിവന്ന ഒരു വമ്പിച്ച സൈന്യം. എണ്ണം കൊണ്ടും വണ്ണം കൊണ്ടും കുറവായ മുസ്‌ലിംകളോട് ഏറ്റുമുട്ടാതെ അവര്‍ വെറുതെയങ്ങ് മടങ്ങിപ്പോകുകയില്ലെന്ന് ആ കപടവിശ്വാസികള്‍ക്ക് ശരിക്കും അറിയാം. ഇതേവരെ മുസ്‌ലിംകളിലൂടെ ഇസ്‌ലാമികവേഷം അഭിനയിച്ചു കഴിഞ്ഞുകൂടിയിരുന്ന അവരുടെ യഥാര്‍ത്ഥ ഉള്ളിലിരുപ്പ് ഇപ്പോഴാണ് പ്രത്യക്ഷത്തില്‍ പ്രകടമാകുന്നത്. അതിനെപ്പറ്റിയാണ് ‘സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ അവിശ്വാസത്തോടാണ് അവര്‍ക്ക് അന്ന് കൂടുതല്‍ അടുപ്പമുള്ളത്’ എന്നും, അവരുടെ ഹൃദയങ്ങളില്‍ ഇല്ലാത്തത് അവര്‍ വായകൊണ്ട് പറയുന്നു എന്നും അല്ലാഹു പറഞ്ഞത്. ഇബ്‌നുകഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, മനുഷ്യന്‍റെ സ്ഥിതി ഗതികള്‍ക്കനുസരിച്ച് അവന്‍റെ നിലപാടില്‍ മാറ്റം സംഭവിക്കുമെന്നും, അങ്ങനെ ചിലപ്പോള്‍ സത്യവിശ്വാസത്തോടും, മറ്റ് ചിലപ്പോള്‍ അവിശ്വാസത്തോടും അവന് അടുപ്പം കൂടുതലായും കുറവായുമിരിക്കുമെന്നും മഹാന്‍മാര്‍ ….هُمْ لِلْكُفْرِ يَوْمَئِذٍ ഭ? എന്ന വാക്യത്തില്‍ നിന്ന് മനസ്സിലാക്കിയിരിക്കുന്നു.

യുദ്ധത്തില്‍ പലരും രക്തസാക്ഷികളായി മരണപ്പെടേണ്ടി വന്നത് അവര്‍ തങ്ങളുടെ വാക്ക് കേള്‍ക്കാതെ യുദ്ധത്തിന്നിറങ്ങിയതു കൊണ്ടാണെന്നും കപടവിശ്വാസികള്‍ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍, യുദ്ധത്തിലൊന്നും പങ്കെടുക്കാതെ അവര്‍ വീട്ടില്‍ അടഞ്ഞിരുന്ന് മരണത്തില്‍ നിന്നൊന്ന് രക്ഷപ്പെടട്ടെ, അതൊന്ന് കാണാമല്ലോ എന്ന് അവരോട് പറയുവാന്‍ നബിയോട് അല്ലാഹു കല്‍പിക്കുന്നു. അതെ- 154-ാം വചനത്തില്‍ പറഞ്ഞതുപോലെ- മരണം അല്ലാഹു കണക്കാക്കിയതാണ്. അതിന്‍റെ സമയം വന്നാല്‍ അത് സംഭവിക്കുകതന്നെ ചെയ്യും. ഇതാണ് യഥാര്‍ത്ഥത്തിലുള്ളതെന്ന് താല്‍പര്യം. ഏതായാലും കുറേപേര്‍ മരണപ്പെട്ടുപോയല്ലോ, അത് നികത്താനാവാത്ത നഷ്ടം തന്നെയല്ലേ? എന്ന് ചോദിക്കപ്പെടാം. അതിനുള്ള ഉത്തരം അടുത്ത വചനത്തില്‍ നിന്നറിയാം. അല്ലാഹു പറയുന്നു:-

3:169
  • وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ ﴾١٦٩﴿
  • അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ (അവര്‍) മരണപ്പെട്ടവരാണെന്ന് തീര്‍ച്ചയായും നീ ഗണിക്കരുത്. എന്നാല്‍, തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ് (അവര്‍). അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു;
  • وَلَا تَحْسَبَنَّ തീര്‍ച്ചയായും നീ ഗണിക്കരുത്, വിചാരിക്കരുത് الَّذِينَ قُتِلُوا കൊല്ലപ്പെട്ടവരെ فِي سَبِيلِ اللَّهِ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ أَمْوَاتًا മരിച്ചവരായി, മരണപ്പെട്ടവരെന്ന് بَلْ أَحْيَاءٌ എന്നാല്‍ ജീവിച്ചിരിക്കുന്നവരാണ് عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ يُرْزَقُونَ അവര്‍ക്ക് ആഹാരം (ഉപജീവനം) നല്‍കപ്പെടുന്നു
3:170
  • فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُوا۟ بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾١٧٠﴿
  • അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്നും (അഥവാ ഔദാര്യം നിമിത്തം) അവര്‍ക്ക് കൊടുത്തിട്ടുള്ളതില്‍ സന്തുഷ്ടരായിക്കൊണ്ട്. അവരുടെ പിന്നില്‍ (ഉള്ളവരില്‍) നിന്ന് അവരോട് (വന്ന്) ചേര്‍ന്നിട്ടില്ലാത്തവരെക്കുറിച്ച് അവര്‍ സന്തോഷമടയുകയും ചെയ്യുന്നു, അവരുടെമേല്‍ യാതൊരു ഭയവുമില്ല, അവര്‍ വ്യസനിക്കുകയും ചെയ്കയില്ല എന്ന്.
  • فَرِحِينَ സന്തുഷ്ടരായിക്കൊണ്ട് بِمَا آتَاهُمُ അവര്‍ക്ക് നല്‍കിയതില്‍ اللَّهُ അല്ലാഹു مِن فَضْلِهِ അവന്റെ അനുഗ്രഹത്തില്‍ നിന്ന്, ഔദാര്യം നിമിത്തം وَيَسْتَبْشِرُونَ അവര്‍ സന്തോഷമടയുക (ശുഭാപ്തി വിശ്വാസമടയുക)യും ചെയ്യും بِالَّذِينَ لَمْ يَلْحَقُوا (വന്ന്) ചേര്‍ന്നിട്ടില്ലാത്തവരെപ്പറ്റി بِهِم അവരോട്, അവരുമായി مِّنْ خَلْفِهِمْ അവരുടെ പിന്നില്‍ നിന്ന്, പിന്നാലെ (യുള്ളവരില്‍) നിന്ന് أَلَّا خَوْفٌ ഒരു ഭയവുമില്ലെന്ന് عَلَيْهِمْ അവരുടെ മേല്‍ وَلَا هُمْ അവരില്ല എന്നും يَحْزَنُونَ വ്യസനപ്പെടുക
3:171
  • يَسْتَبْشِرُونَ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ وَأَنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُؤْمِنِينَ ﴾١٧١﴿
  • അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷ മടയുന്നു. അല്ലാഹു സത്യവിശ്വാസികളുടെ പ്രതിഫലം പാഴാക്കുകയില്ലെന്നും (സന്തോഷമടയുന്നു).
  • يَسْتَبْشِرُونَ അവര്‍ സന്തോഷമടയുന്നു بِنِعْمَةٍ ഒരു (മഹത്തായ) അനുഗ്രഹം കൊണ്ട് مِّنَ اللَّهِ അല്ലാഹുവില്‍ നിന്ന് وَفَضْلٍ ഔദാര്യവും, അനുഗ്രഹവും, പുണ്യവും وَأَنَّ اللَّهَ അല്ലാഹു ആണെന്നും لَا يُضِيعُ പാഴാക്കുക (വൃഥാവിലാക്കുക)യില്ല (എന്നും) أَجْرَ പ്രതിഫലം الْمُؤْمِنِينَ സത്യവിശ്വാസികളുടെ

ഉഹ്ദ് യുദ്ധത്തില്‍ ശഹീദായ (രക്തസാക്ഷിയായി മരണപ്പെട്ട)വരുടെ കാര്യത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചിരിക്കുന്നതെന്നത്രെ ഭൂരിഭാഗം ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത്. സന്ദര്‍ഭം നോക്കുമ്പോഴും അത് ശരിയായിരിക്കുവാനാണ് ന്യായം. അവതരണഹേതു ഏതായിരുന്നാലും എല്ലാ ശുഹദാക്കളെക്കുറിച്ചും പൊതുവായിട്ടാണ് അല്ലാഹു ഈ വചനങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. സൂറത്തുല്‍ ബക്വറഃ: 154ല്‍, ശുഹദാക്കളെപ്പറ്റി അവര്‍ മരണപ്പെട്ടവരാണെന്ന് പറയരുതെന്നും, അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണെന്നും, പക്ഷേ, നിങ്ങള്‍ക്കത് ഗ്രഹിക്കുവാന്‍ കഴിയുകയില്ലെന്നുമായിരുന്നു പ്രസ്താവിച്ചത്. ഇവിടെ അവരുടെ ജീവിതത്തെ അല്‍പമൊന്ന് വിശദീകരിച്ചിട്ടുണ്ട്. അവിടെ അതിന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ച കാര്യങ്ങള്‍ ഇവിടെയും ഓര്‍ക്കുന്നത് നന്നായിരിക്കും.

ചില അടയാളങ്ങള്‍ വഴി ജീവിതത്തെയും, മരണത്തെയും കുറിച്ച് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നുവെന്നല്ലാതെ, ജീവന്‍ എന്നാലെന്താണെന്നോ, മരണം എന്നാലെന്താണെന്നോ സൂക്ഷ്മവും വസ്തുനിഷ്ഠവുമായി നിര്‍വ്വചിക്കുവാന്‍ പണ്ഡിതന്‍മാര്‍ക്കോ, ശാസ്ത്രജ്ഞന്‍മാര്‍ക്കോ നാളിതുവരെ കഴിഞ്ഞിട്ടില്ല. ചിലര്‍ക്ക് ചില അഭിപ്രായങ്ങളുണ്ടെന്ന് മാത്രം. ഭാവിയില്‍ കഴിഞ്ഞേക്കുമെന്ന നിഗമനത്തില്‍ ശാസ്ത്രം അതിന്ന് പാടുപെട്ടുകൊണ്ടുമിരിക്കുകയാണ്. പക്ഷേ, അത് രണ്ടും അല്ലാഹുവിന്‍റെ രഹസ്യങ്ങളില്‍ ഒന്നായിത്തന്നെ അവശേഷിക്കുന്നതാണ്. ഏതായാലും, ആ ഭൗതിക ജീവിതത്തിന്‍റെ അന്ത്യം കുറിക്കുന്ന മരണത്തിനുശേഷം, പുനരുദ്ധാരണത്തിന് മുമ്പുള്ള ഇടക്കാലത്ത് സുഖദുഃഖങ്ങള്‍ അനുഭവിക്കത്തക്ക ഒരു തരം ആത്മീയ ജീവിതം മനുഷ്യനുണ്ടെന്ന് ക്വുര്‍ആന്‍ കൊണ്ടും ഹദീഥ് കൊണ്ടും ഖണ്ഡിതമായി അറിയപ്പെട്ടതാണ്. ശാസ്ത്രത്തിനോ ബുദ്ധിക്കോ അതിനെപ്പറ്റി ഗവേഷണം ചെയ്യുവാനും പരീക്ഷണം നടത്തുവാനും സാധ്യമല്ല. ബുദ്ധി അതിനെ അസംഭവ്യമാക്കുന്നില്ലതാനും. ഈ ജീവിത ത്തിനാണ് ‘ബര്‍സഖി’ (بَرْزَخ)ലെ ജീവിതമെന്നും, ക്വബ്‌റി (قَبَر)ലെ ജീവിതമെന്നും പറയപ്പെടുന്നത്. സുഖദുഃഖങ്ങളില്‍ വ്യത്യസ്തമായിരിക്കുമെങ്കിലും ആരും തന്നെ അതില്‍നിന്ന് ഒഴിവാകുന്നതല്ല. എന്നാല്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷികളായി മരണപ്പെടുന്നവര്‍ക്കുണ്ടെന്ന് അല്ലാഹു പ്രസ്താവിച്ച ആ ജീവിതം കൊണ്ടുദ്ദേശ്യം ഇപ്പറഞ്ഞ അതേരീതിയിലുള്ള ഒരു ജീവിതമായിരിക്കുവാന്‍ നിവൃത്തിയില്ല. അത് അവര്‍ക്ക് പ്രത്യേകമായി നല്‍കപ്പെടുന്നതും, മറ്റുള്ള സത്യവിശ്വാസികളുടേതിനേക്കാള്‍ ഉന്നതനിലവാരത്തിലുള്ളതുമായ ഒരു ജീവിതമായിരിക്കുവാനേ തരമുള്ളൂ. അല്ലാത്ത പക്ഷം, ഈ വചനങ്ങളിലെ പ്രസ്താവനകള്‍ക്ക് വിശേഷിച്ച് അര്‍ത്ഥമൊന്നും ഉണ്ടായിരിക്കയില്ലല്ലോ. പക്ഷേ, അല്‍ബക്വറഃയിലെ ആയത്തില്‍ കണ്ടതുപോലെ, ആ ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് വ്യക്തമായൊന്നും അനുമാനിക്കുവാന്‍ സാധിക്കുകയില്ല. അതിനെപ്പറ്റി അല്ലാഹുവും, റസൂലും പറഞ്ഞുതന്നത് മാത്രമേ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയൂ.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വെച്ച് കൊല്ലപ്പെടുന്ന രക്തസാക്ഷികളെപ്പറ്റി താഴെ കാണുന്ന കാര്യങ്ങളാണ് അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞത്:

(1) അവര്‍ മരണപ്പെട്ടവരാണെന്ന് ഗണിക്കേണ്ട -അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്- എന്ന്. അവര്‍ കൊല്ലപ്പെടുന്നതോടെ, നമുക്ക് സുപരിചിതമായ ആ മരണം അവര്‍ക്ക് ബാധിച്ചിട്ടുണ്ടെന്നും, നമുക്ക് സുപരിചിതമായ ആ ജീവിതം അവര്‍ക്ക് അവസാനിച്ചുകഴിഞ്ഞുവെന്നും തീര്‍ച്ചതന്നെ. അപ്പോള്‍ അവര്‍ ജീവിച്ചിരിക്കുന്നവരാണെന്നും അല്ലാഹു പറയുന്ന ആ ജീവിതം നമുക്ക് പരിചിതമായ ഭൗതിക ജീവിതമല്ല- പ്രത്യേക അര്‍ത്ഥത്തിലുള്ള ഒരു തരം ജീവിതമാണ്- എന്ന് സ്പഷ്ടമാകുന്നു.

(2) അവര്‍ക്ക് ഉപജീവനം -അഥവാ ആഹാരം- നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു. ആ പ്രത്യേക ജീവിതത്തോട് യോജിച്ച ഒരു ആഹാര സമ്പ്രദായമായിരിക്കും അതെന്ന് മാത്രമേ ഇതിനെപ്പറ്റിയും നമുക്ക് പറയുവാന്‍ സാധിക്കുകയുള്ളൂ. അതും അവര്‍ക്ക് ലഭിക്കുന്ന ഒരു അനുഗ്രഹമായിട്ടാണ് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ഉപജീവനം നല്‍കപ്പെടുമെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം അവര്‍ക്ക് പല അനുഗ്രഹങ്ങളും ലഭിക്കുമെന്നാണെന്ന് ചിലര്‍ പറയാറുളളത് ക്വുര്‍ആന്‍റെയും നബി വചനങ്ങളുടെയും വ്യക്തമായ പ്രസ്താവനകള്‍ക്ക് നിരക്കാത്തതാകുന്നു.

(3) അവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ കൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. ഉപജീവനം നല്‍കപ്പെടുന്നതിന് പുറമെ വേറെയും പല അനുഭവങ്ങളും അവര്‍ക്ക് സിദ്ധിക്കുമെന്നാണ് ഇതിലെ സൂചന.

(4) അവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍കൊണ്ട് സന്തോഷഭരിതരാവുക മാത്രമല്ല അവര്‍ ചെയ്യുന്നത്; തങ്ങളുടെ കൂട്ടത്തിലേക്ക് ഭാവിയില്‍ വന്നുചേരുവാനിരിക്കുന്ന -രക്തസാക്ഷികളാകുന്ന- തങ്ങളുടെ സഹോദരങ്ങള്‍ക്ക് അവിടെ ലഭിച്ചേക്കുന്ന അനുഗ്രഹങ്ങള്‍ കണ്ടും അവര്‍ വളരെ സന്തോഷം കൊള്ളുന്നതായിരിക്കും. അതെ, തങ്ങളെക്കുറിച്ച് മാത്രമല്ല, തങ്ങളുടെ ശേഷം വന്നെത്തുവാനിരിക്കുന്ന സഹോദരങ്ങളെക്കുറിച്ചും അവര്‍ക്ക് താല്‍പര്യമുണ്ടായിരിക്കും.

(5) അല്ലാഹുവിങ്കല്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചതും, ലഭിക്കുന്നതുമായ ഔദാര്യങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും പുറമെ, അവരെ പുളകം കൊള്ളിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. സത്യവിശ്വാസികള്‍ക്ക്- അവര്‍ രക്തസാക്ഷികളാകട്ടെ, അല്ലാത്തവരാകട്ടെ- പൊതുവെ ലഭിക്കുവാനിരിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളിലും, അവരുടെ മരണശേഷം അവയൊന്നും നഷ്ടപ്പെടാതെ അവര്‍ക്ക് സിദ്ധിക്കുമല്ലോ എന്നുള്ളതിലും അവര്‍ സന്തോഷിച്ചുകൊണ്ടിരിക്കും.

ഈ വചനങ്ങളുടെ ആശയങ്ങളിലേക്ക് വെളിച്ചം തരുന്ന പല നബി വചനങ്ങളും ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. അവയില്‍ ചിലത് മാത്രം നമുക്കിവിടെ ഓര്‍മിക്കാവുന്നതാണ്:

1. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി അനസ് (റ) ഉദ്ധരിക്കുന്നു: ‘മരണപ്പെട്ടുപോയിട്ട് അല്ലാഹുവിങ്കല്‍ നിന്ന് നന്മ ലഭിക്കുന്ന ഒരാത്മാവിനും തന്നെ, ഇഹലോകത്തേക്ക് മടങ്ങി വരുന്നത് സന്തോഷമായിരിക്കയില്ല- ശഹീദ് ഒഴികെ. അവന്‍ ശഹാദത്തിന്‍റെ (രക്തസാക്ഷിയായി മരിക്കുന്നതിന്‍റെ) ശ്രേഷ്ഠത കണ്ടനുഭവിക്കുന്നതുകൊണ്ട് അവന്‍ ഇഹലോകത്തേക്ക് മടങ്ങിവന്ന് മറ്റൊരു പ്രാവശ്യം കൂടി കൊല്ലപ്പെടുന്നത് അവന് സന്തോഷകരമായിരിക്കും’. (അ;മു.)

2. ജാബിര്‍ (رضي الله عنه) പറയുകയാണ്: എന്‍റെ പിതാവ് ഉഹ്ദുയുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍, ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുകയും, അദ്ദേഹത്തിന്‍റെ മുഖത്തുനിന്ന് തുണി നീക്കിക്കൊണ്ടിരിക്കുകയും ചെയ്യുകയായി. സ്വഹാബികള്‍ എന്നെ വിലക്കിക്കൊണ്ടിരുന്നു. റസൂല്‍ വിലക്കുകയുണ്ടായില്ല. അവിടുന്ന് പറഞ്ഞു: ‘കരയേണ്ട, അദ്ദേഹം ഉയര്‍ത്തപ്പെടുന്നത് (അദ്ദേഹത്തിന്‍റെ ജനാസ: എടുക്കപ്പെടുന്നത്) വരെ മലക്കുകള്‍ അവരുടെ ചിറകുകളാല്‍ അദ്ദേഹത്തിന് തണലേകിക്കൊണ്ടിരിക്കുന്നു.’ (ബു; മു; ന.)

3. ഇബ്‌നു അബ്ബാസ് (رضي الله عنه) പറയുന്നു: റസൂല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഉഹ്ദിന്‍റെ ദിവസം നിങ്ങളുടെ സഹോദരങ്ങള്‍ക്ക് ആപത്ത് പിണഞ്ഞപ്പോള്‍, അവരുടെ ആത്മാക്കളെ അല്ലാഹു പച്ച വര്‍ണമുള്ള ചില പക്ഷികളുടെ ഉള്ളങ്ങളിലാക്കിയിരിക്കുന്നു. അവ സ്വര്‍ഗത്തിലെ അരുവികളില്‍ നിന്ന് വെള്ളം കുടിക്കുന്നു. അതിലെ ഫലങ്ങളില്‍നിന്ന് തിന്നുകയും ചെയ്യുന്നു. ‘അര്‍ശി’ന്‍റെ തണലിലുള്ള സ്വര്‍ണക്കിനാദി (വിളക്കു)കളില്‍ അവ ചെന്നുകൂടുകയും ചെയ്യുന്നു. അങ്ങനെ, അവര്‍ തങ്ങളുടെ ഭക്ഷണപാനീയങ്ങള്‍ മെച്ചവും വിശ്രമസ്ഥാനത്തിന്‍റെ മെച്ചവും കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു ചെയ്തുതന്നത് ഞങ്ങളുടെ സഹോദരങ്ങള്‍ കണ്ടെങ്കില്‍ എത്ര നന്നായേനെ! എന്നാലവര്‍ സമരത്തില്‍ താല്‍പര്യക്കുറവ് കാണിക്കാതെയും, യുദ്ധത്തിന് മടിക്കാതെയും ഇരുന്നേനെ! അപ്പോള്‍, അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഇത് (ഈ വിവരം) അവര്‍ക്ക് എത്തിച്ചുകൊടുത്തുകൊള്ളാം. അങ്ങനെ, അല്ലാഹു ഈ (169 – 171) വചനങ്ങള്‍ അവതരിപ്പിച്ചു.’ (അ; ദാ; ഹാ; ഇബ്‌നുജരീര്‍)

4. ഇബ്‌നു അബ്ബാസ് (رضي الله عنه)ല്‍ നിന്ന് അഹ്മദും, ഇബ്‌നുജരീറും (رضي الله عنه) നിവേദനം ചെയ്ത ഒരു ഹദീഥില്‍, ശുഹദാക്കള്‍ക്ക് അവരുടെ ആഹാരം സ്വര്‍ഗത്തില്‍ നിന്ന് രാവിലെയും വൈകുന്നേരവും ലഭിക്കുന്നതാണ് എന്നും വന്നിരിക്കുന്നു.