വിഭാഗം - 7

3:64
 • قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ تَعَالَوْا۟ إِلَىٰ كَلِمَةٍ سَوَآءٍۭ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا ٱللَّهَ وَلَا نُشْرِكَ بِهِۦ شَيْـًٔا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَقُولُوا۟ ٱشْهَدُوا۟ بِأَنَّا مُسْلِمُونَ ﴾٦٤﴿
 • (നബിയേ) പറയുക: 'വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്കിലേക്ക് [തത്വത്തിലേക്ക്] വരുവിന്‍; അതായത്: അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും നാം പങ്കുചേര്‍ക്കാതിരിക്കുകയും, നമ്മില്‍ ചിലര്‍ ചിലരെ അല്ലാഹുവിന് പുറമെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക എന്ന് (ഉള്ളതിലേക്ക്).' എന്നിട്ടവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, (അവരോട്) നിങ്ങള്‍ പറഞ്ഞു കൊള്ളുക: ഞങ്ങള്‍ 'മുസ്‌ലിം' കളാണ് [അല്ലാഹുവിന് കീഴൊതുങ്ങിയ വരാണ്] എന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുവിന്‍.'
 • قُلْ നീ പറയുക يَا أَهْلَ الْكِتَابِ വേദക്കാരേ تَعَالَوْا നിങ്ങള്‍ വരുവിന്‍ إِلَىٰ كَلِمَةٍ ഒരു വാക്കിലേക്ക് سَوَاءٍ സമമായ بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَكُمْ നിങ്ങള്‍ക്കിടയിലും أَلَّا نَعْبُدَ നാം ആരാധിക്കുകയില്ലെന്ന് إِلَّا اللَّهَ അല്ലാഹുവിനെയല്ലാതെ وَلَا نُشْرِكَ بِهِ അവനോട് നാം പങ്കു ചേര്‍ക്കുകയില്ല എന്നും شَيْئًا യാതൊന്നിനെയും وَلَا يَتَّخِذَ ആക്കുകയില്ലെന്നും بَعْضُنَا നമ്മില്‍ ചിലര്‍ بَعْضًا ചിലരെ أَرْبَابًا റബ്ബുകള്‍ مِّن دُونِ اللَّهِ അല്ലാഹുവിന് പുറമെ فَإِن تَوَلَّوْا എന്നിട്ട് (എന്നാല്‍) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَقُولُوا നിങ്ങള്‍ പറയുവിന്‍ اشْهَدُوا നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ എന്ന് بِأَنَّا مُسْلِمُونَ ഞങ്ങള്‍ മുസ്‌ലിംകളാകുന്നുവെന്ന്

പ്രവാചകന്‍മാരുടെ അനുയായികളെന്ന പാരമ്പര്യം പുലര്‍ത്തിപ്പോരുന്ന സമുദായങ്ങള്‍ക്കാണ് أَهْلَ الكِتَابِ (വേദക്കാര്‍) എന്ന് പറയുന്നത്. വേദക്കാരായി നിലവിലുള്ളത് യഹൂദികളും ക്രിസ്ത്യാനികളുമാകുന്നു. അല്ലാഹുവിനെയല്ലാതെ ആരാധിക്കുവാന്‍ പാടില്ലെന്നും. അവന് യാതൊരു പങ്കുകാരെയും സമന്‍മാരെയും ഏര്‍പ്പെടുത്തുവാന്‍ പാടില്ലെന്നും പ്രബോധനം ചെയ്യാത്ത ഒരു റസൂലും വേദഗ്രന്ഥവും ഇല്ല. അല്ലാഹു പറയുന്നു:

وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ – ٢٥ سورة الأنبياء

(ഞാനല്ലാതെ ഒരു ഇലാഹുമില്ല, അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കണം എന്ന് വഹ്‌യ് നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല. (അന്‍ബിയാഉ്) അതുകൊണ്ട് വേദക്കാരെല്ലാം ഒരുപോലെ സ്വീകരിക്കുവാന്‍ ബാധ്യസ്ഥരായ ആ അടിസ്ഥാന സിദ്ധാന്തത്തിലേക്ക് അവരെ ക്ഷണിക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുകയാണ്. തൗഹീദാകുന്ന ആ അടിസ്ഥാനത്തില്‍ നിന്ന് വേദക്കാര്‍ ഏറെക്കുറെ വ്യതിചലിച്ചുപോയിട്ടുണ്ടെങ്കിലും തങ്ങള്‍ അതിന്‍റെ ദൗത്യവാഹകന്‍മാരാണെന്നാണ് അവരുടെയെല്ലാം വാദം.

كلمة എന്ന പദത്തിന് ‘വാക്ക്’ എന്നാണര്‍ത്ഥമെങ്കിലും ഒന്നിലധികം വാക്കുകളെയോ, വാക്യങ്ങളെയോ, പ്രഭാഷണങ്ങളെയോ ഉദ്ദേശിച്ചും അത് ഉപയോഗിക്കാറുണ്ട്. മലയാളത്തിലെ ‘വാക്ക്’ എന്ന് പദവും ഇതുപോലെ ഉപയോഗിക്കപ്പെടാറുണ്ടല്ലോ. ഇതനുസരിച്ചാണ് മേല്‍പറഞ്ഞ തത്വങ്ങളെപ്പറ്റി ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ വാക്ക്’ എന്ന് പറഞ്ഞത്. ഈ കല്‍പനയനുസരിച്ച് ക്രിസ്ത്യാനികളെയും, യഹൂദികളെയും- എഴുത്തുമൂലവും അല്ലാതെയും- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പലപ്പോഴും ക്ഷണിക്കുകയുണ്ടായിട്ടുണ്ടെ ന്ന് ഹദീഥുകളിലും, ചരിത്രഗ്രന്ഥങ്ങളിലും കാണാവുന്നതാകുന്നു. റോമാ ചക്രവര്‍ത്തിയായ ഹിറക്വലിയൂസിന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അയച്ച കത്ത് ഇക്കൂട്ടത്തില്‍ പ്രത്യേകം പ്രസ്താവ്യമത്രെ. വേദക്കാരായ എല്ലാവരും സമ്മതിക്കുവാനും യോജിക്കുവാനും ബാധ്യതയുള്ള മൂന്ന് അടിസ്ഥാന തത്വങ്ങളാണ് അല്ലാഹു ഇവിടെ എടുത്ത് പറഞ്ഞിരിക്കുന്നത്. അതായത്:-

(1) അല്ലാഹുവിനെയല്ലാതെ ആരാധിക്കാതിരിക്കുക. ഈ തത്വം ശരിക്കും അംഗീകരിച്ചുകഴിഞ്ഞാല്‍, ആരാധനയുടെ വകുപ്പില്‍പെടുന്നതും, മനസാ വാചാ കര്‍മണാ ഉണ്ടാകുന്നതുമായ ഏതൊരു കാര്യവും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അര്‍പ്പിക്കുക സാധ്യമല്ലാതാകുന്നു.

(2) അവനോട് ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. അവന്‍റെ ഗുണവിശേഷങ്ങളിലാകട്ടെ, അധികാരാവകാശങ്ങളിലാകട്ടെ, പ്രവര്‍ത്തനങ്ങളിലോ സത്തയിലോ ആകട്ടെ ആര്‍ക്കെങ്കിലും വല്ല പങ്കുമുണ്ടെന്ന് വരുത്തുന്ന എല്ലാ വിശ്വാസവും, വാക്കും, പ്രവൃ ത്തിയും അവനോട് പങ്കുചേര്‍ക്കലാകുന്നു. ഇതിനാണ് ശിര്‍ക്ക് എന്ന് പറയപ്പെടുന്നതും.

(3) ചിലര്‍ ചിലരെ റബ്ബുകളാക്കാതിരിക്കുക. അഥവാ അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും റബ്ബിന്‍റെ സ്ഥാനം കല്‍പിക്കാതിരിക്കുക. ‘നമ്മില്‍ ചിലര്‍ ചിലരെ റബ്ബാക്കുക’ എന്ന പ്രയോഗം അര്‍ത്ഥവത്താകുന്നു. മനുഷ്യരെല്ലാം അല്ലാഹുവിന്‍റെ സൃഷ്ടികളും അടിമകളുമായിരിക്കെ, മനുഷ്യരില്‍ ചിലര്‍ ചിലരെ റബ്ബുകളാക്കി വെക്കുന്നതിന് ഒരു ന്യായവും ഇല്ലല്ലോ എന്ന ഒരു സൂചന അതില്‍ അടങ്ങുന്നു. വാസ്തവത്തില്‍ ഇക്കാര്യം ആദ്യത്തെ രണ്ട് തത്വങ്ങളില്‍ ഉള്‍പെട്ടതാണെന്നിരിക്കെ പ്രത്യേകം എടുത്ത് പറഞ്ഞത് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേതുള്ളതുകൊണ്ടാകുന്നു. മനുഷ്യന്‍ മനുഷ്യനെ ആരാധിക്കലും, അല്ലാഹുവിന്‍റെ കല്‍പനക്കെതിരില്‍ മറ്റുള്ളവരുടെ കല്‍പന അനുസരിക്കലും, മനുഷ്യവ്യക്തികളില്‍ ദിവ്യത്വം കല്‍പിക്കലുമൊക്കെ ഓരോ തരത്തിലുള്ള റബ്ബാക്കലത്രെ. എന്നാല്‍, അതിനെക്കാളെല്ലാം നിഗൂഢമായതും, അതിനെക്കാള്‍ ദൂരവ്യാപകമായതുമായ മറ്റൊരു റബ്ബാക്കല്‍ കൂടിയുണ്ട്. അതായത്:-

പണ്ഡിതന്‍മാരെയും, പുരോഹിതന്‍മാരെയും റബ്ബുകളാക്കിവെക്കുക. ഇതിനെപ്പറ്റിയാണ് സൂറത്തുത്തൗബയില്‍ അല്ലാഹു പറഞ്ഞത്:

اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ

(അവര്‍- വേദക്കാര്‍- തങ്ങളുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും റബ്ബുകളാക്കിത്തീര്‍ത്തു (9:31). അദിയ്യുബ്നുഹാതിം (റ) ഇസ്‌ലാമില്‍ വരുന്നതിന് മുമ്പ് ഒരു ക്രിസ്ത്യാനിയായിരുന്നു. ഈ വാക്യത്തെക്കുറിച്ച് അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ അവരെ ആരാധിച്ചു വരുന്നില്ലല്ലോ! (എന്നിരിക്കെ, എന്താണിതിന്‍റെ ഉദ്ദേശ്യം?) ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞു: ‘അവര്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ അനുവദനീയമാക്കിത്തരുകയും, ചിലതിനെ അവര്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിത്തരുകയും, അത് നിങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നില്ലേ?’ അദ്ദേഹം: ‘അതെ’ എന്ന് സമ്മതിച്ചു. തിരുമേനി പറഞ്ഞു: ‘അത് തന്നെയാണ്.’ (തി)

ക്രിസ്തീയ പുരോഹിതന്‍മാര്‍ അപ്പപ്പോള്‍ നിര്‍മിച്ചുണ്ടാക്കുന്ന നിയമങ്ങള്‍ യഥാര്‍ത്ഥ മതനിയമങ്ങളായി ആചരിക്കുന്നത് ഇന്നോളമുള്ള ക്രിസ്ത്യാനികളുടെ പതിവാകുന്നു. എല്ലാവര്‍ക്കും അറിയാവുന്ന ഒരു വസ്തുതയാണിത്. ‘പാതിരി പറഞ്ഞത് നസ്രാണിക്ക് മതം’ എന്നൊരു ശൈലിപോലും ഇതില്‍ നിന്നുണ്ടാ യിരിക്കുന്നു. വേണ്ടാ, മുസ്‌ലിംകളുടെ സ്ഥിതി തന്നെ പരിശോധിച്ച് നോക്കുക! ഏതെങ്കിലും ഒരു പ്രത്യേക പണ്ഡിതനോ മഹാനോ ഒരു വിഷയത്തെപ്പറ്റി വല്ലതും പറയുകയോ അഭിപ്രായപ്പെടുകയോ ചെയ്താല്‍, അത് അല്ലാഹുവിന്‍റെ ക്വുര്‍ആനും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സുന്നത്തിനും എതിരാണെന്ന് വ്യക്തമായിരുന്നാലും അദ്ദേഹം പറഞ്ഞുവെന്ന ഏകകാരണത്താല്‍ അതിനെ മത വിധിയാക്കി അംഗീകരിക്കുന്ന സമ്പ്രദായം മുസ്‌ലിം സമുദായത്തില്‍ പടര്‍ന്ന് പിടി ച്ചിട്ടുള്ള ഒരു മഹാരോഗമാകുന്നു. ഈ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട ഭാഗ്യവാന്‍മാര്‍ വളരെ കുറവാണെന്ന് പറയാം. സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കുവാനോ, ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കുവാനോ യഥാര്‍ത്ഥം മനസ്സിലായാല്‍ അത് സ്വീകരിക്കുവാനോ തയ്യാറില്ലാത്ത ബഹുജനങ്ങളും, അവരെ വഴിപിഴപ്പിച്ചു മുത ലെടുക്കുന്ന പണ്ഡിതന്‍മാരും ഈ ക്വുര്‍ആന്‍ വചനവും നബി വചനവും ഒന്ന് മനസ്സിരുത്തിയെങ്കില്‍! വിവരമില്ലാത്തവര്‍ വിവരമുള്ളവരോട് ചോദിച്ചറിയണം, അവരുടെ വാക്ക് സ്വീകരിക്കണം എന്ന തത്വം ശരി തന്നെ. പക്ഷേ, അന്ധമായ അനുകരണവും, ലക്ഷ്യം മനസ്സിലായാലും പിന്‍മടങ്ങാ തിരിക്കുന്നതുമാണ് ആപത്ത്.

ഈസാ നബി (عليه السلام)യുടെ സ്ഥിതിഗതികള്‍ വിവരിച്ചുകൊണ്ട് വേദക്കാരെ തൗഹീദിലേക്ക് ക്ഷണിക്കുന്ന വിഷയത്തില്‍, ഈ സൂറത്തിലെ ആരംഭം മുതല്‍ക്കുള്ള പ്രസ്താവനകള്‍ അവലോകനം ചെയ്യുന്നപക്ഷം- ഇമാം ബൈള്വാവീ (റ) ചൂണ്ടിക്കാട്ടിയതുപോലെ- വളരെ യുക്തവും ന്യായവുമായ ഒരു നയക്രമമാണ് അല്ലാഹു സ്വീകരിച്ചിരിക്കുന്നതെന്ന് കാണാം. ഈസാ (عليه السلام)ന്‍റെ ഉല്‍ഭവവും, സ്ഥിതിഗതികളും, ദൈവമായിരിക്കുവാനുള്ള അദ്ദേഹത്തിന്‍റെ അനര്‍ഹതയും ആദ്യം വിവരിച്ചു. പിന്നീട്, ക്രിസ്ത്യാനികള്‍ അദ്ദേഹത്തെപ്പറ്റി തങ്ങളുടെ മനസ്സില്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളുടെയും, ആശയക്കുഴപ്പങ്ങളുടെയും പൊള്ളത്തരം തുറന്നുകാട്ടി. അവര്‍ തര്‍ക്കവും പിടിവാശിയും വിടാതായപ്പോള്‍ അവരെ മുബാഹലഃക്ക് വിളിച്ചു. അതില്‍ അവരുടെ മനഃശക്തിക്ക് ക്ഷതം തട്ടിയെങ്കിലും അവര്‍ അതിന് മുന്നോട്ട് വരുന്നില്ലെന്ന് കണ്ടപ്പോള്‍, വളരെ ലഘുവായ ഒരു മാര്‍ഗം അവരുടെ മുമ്പില്‍ വെച്ചുകാട്ടി. അതെ, രണ്ടു കൂട്ടര്‍ക്കും യോജിക്കാവുന്ന ഒരടിസ്ഥാനത്തിലേക്ക് അവരെ ക്ഷണിച്ചു നോക്കി. ദൃഷ്ടാന്തങ്ങളും, ന്യായങ്ങളും താക്കീതുകളും, ഉപദേശങ്ങളും ഒന്നും തന്നെ ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍- അവസാനമായി- ‘ഞങ്ങളിതാ അല്ലാഹുവിന് കീഴൊതുങ്ങിയ മുസ്‌ലിംകളാണെന്ന് സാക്ഷ്യം വഹിച്ചേക്കുക’ എന്ന് പറഞ്ഞ് അവരെ അവരുടെ പാട്ടിന് വിട്ടേക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് കല്‍പിക്കുന്നു. അഥവാ, നിങ്ങള്‍ അവന് കീഴൊതുങ്ങി മുസ്‌ലിംകളാവാതെ അവിശ്വാസികളായി തുടരുവാനാണ് ഉദ്ദേശ്യമെങ്കില്‍, നിങ്ങളങ്ങിനെ ചെയ്തുകൊള്ളൂ, ഞങ്ങളതിന് തയ്യാറില്ല എന്ന് സാരം.

പരസ്പരം ആശയപരമായ അഭിപ്രായ വ്യത്യാസത്തില്‍ കഴിയുന്ന വിഭാഗക്കാര്‍ തമ്മില്‍, എല്ലാവര്‍ക്കും കൂടി യോജിക്കാവുന്നതും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലാത്തതുമായ സനാതന മൂല്യങ്ങളില്‍ ഒത്തൊരുമിച്ചു പോകുന്ന പക്ഷം, കക്ഷികള്‍ തമ്മിലുള്ള അകല്‍ച്ച ക്രമേണ ഇല്ലാതായിത്തീരുവാന്‍ അത് ഉപകരിക്കുമെന്നൊരു പൊതു തത്വം ഈ വചനത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. والله أعلم

3:65
 • يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تُحَآجُّونَ فِىٓ إِبْرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوْرَىٰةُ وَٱلْإِنجِيلُ إِلَّا مِنۢ بَعْدِهِۦٓ ۚ أَفَلَا تَعْقِلُونَ ﴾٦٥﴿
 • വേദക്കാരേ, എന്തിനാണ് നിങ്ങള്‍ ഇബ്‌റാഹീമിന്‍റെ കാര്യത്തില്‍ (തര്‍ക്കിച്ച്) ന്യായവാദം നടത്തുന്നത്? തൗറാത്തും, ഇന്‍ജീലും അദ്ദേഹത്തിന് ശേഷമല്ലാതെ ഇറക്കപ്പെട്ടിട്ടില്ലല്ലോ (എന്നിരിക്കെ)! അപ്പോള്‍, നിങ്ങള്‍ ചിന്തിക്കുന്നില്ലേ?!
 • يَا أَهْلَ الْكِتَابِ വേദക്കാരേ لِمَ تُحَاجُّونَ എന്തിനാണ് നിങ്ങള്‍ ന്യായവാദം (തര്‍ക്കം) നടത്തുന്നത് فِي إِبْرَاهِيمَ ഇബ്‌റാഹീമിനെപ്പറ്റി, ഇബ്‌റാഹീമിന്‍റെ കാര്യത്തില്‍ وَمَا أُنزِلَتِ ഇറക്കപ്പെട്ടിട്ടുമില്ല താനും, ഇറക്കപ്പെടാത്ത സ്ഥിതിക്ക്ا لتَّوْرَاةُ തൌറാത്ത് وَالْإِنجِيلُ ഇന്‍ജീലും إِلَّا مِن بَعْدِهِ അദ്ദേഹത്തിന് ശേഷമല്ലാതെ أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ
3:66
 • هَـٰٓأَنتُمْ هَـٰٓؤُلَآءِ حَـٰجَجْتُمْ فِيمَا لَكُم بِهِۦ عِلْمٌ فَلِمَ تُحَآجُّونَ فِيمَا لَيْسَ لَكُم بِهِۦ عِلْمٌ ۚ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴾٦٦﴿
 • ഹേ, നിങ്ങള്‍ (ഇതാ) ഇങ്ങിനെ യുള്ളവരാകുന്നു: നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തില്‍ നിങ്ങള്‍ (തര്‍ക്കിച്ച്) ന്യായവാദം നടത്തി! എന്നാല്‍, നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യത്തില്‍ എന്തിനാണ് നിങ്ങള്‍ ന്യായവാദം നടത്തിക്കൊണ്ടിരിക്കുന്നത്?! അല്ലാഹു (എല്ലാം) അറിയുന്നു: നിങ്ങള്‍ക്ക് അറിയുകയില്ലതാനും.
 • هَا أَنتُمْ ഹേ (അറിയുക) നിങ്ങള്‍ هَٰؤُلَاءِ ഇങ്ങനെയുള്ള വരാണ് حَاجَجْتُمْ നിങ്ങള്‍ ന്യായവാദം (തര്‍ക്കം) നടത്തി فِيمَا യാതൊരു കാര്യത്തില്‍ لَكُم بِهِ അതിനെപ്പറ്റി നിങ്ങള്‍ക്കുണ്ട് عِلْمٌ അറിവ് فَلِمَ എന്നാല്‍ (അപ്പോള്‍) എന്തിന് تُحَاجُّونَ നിങ്ങള്‍ ന്യായവാദം നടത്തുന്നു فِيمَا لَيْسَ ഇല്ലാത്ത കാര്യത്തില്‍ لَكُم بِهِ നിങ്ങള്‍ക്കതിനെപ്പറ്റി عِلْمٌ അറിവ് وَاللَّهُ يَعْلَمُ അല്ലാഹു അറിയുന്നു وَأَنتُمْ നിങ്ങള്‍ക്കാകട്ടെ لَا تَعْلَمُونَ അറിഞ്ഞുകൂടാ
3:67
 • مَا كَانَ إِبْرَٰهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَـٰكِن كَانَ حَنِيفًا مُّسْلِمًا وَمَا كَانَ مِنَ ٱلْمُشْرِكِينَ ﴾٦٧﴿
 • ഇബ്‌റാഹീം ഒരു യഹൂദിയാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, ആയിരുന്നില്ല. എങ്കിലും, അദ്ദേഹം ഒരു ശുദ്ധ മനസ്‌കനും, 'മുസ്‌ലിമും' [കീഴൊതുങ്ങിയവനും] ആയിരുന്നു: അദ്ദേഹം 'മുശ്‌രിക്ക്' [ബഹുദൈവവിശ്വാസി] കളില്‍പെട്ട വനായിരുന്നതുമില്ല.
 • مَا كَانَ إِبْرَاهِيمُ ഇബ്‌റാഹീം ആയിരുന്നില്ല يَهُودِيًّا യഹൂദി وَلَا نَصْرَانِيًّا ക്രിസ്ത്യാനിയും ആയിരുന്നില്ല وَلَٰكِن كَانَ എങ്കിലും അദ്ദേഹമായിരുന്നു حَنِيفًا ഒരു ഋജുമാനസന്‍ مُّسْلِمًا മുസ്‌ലിമായ, കീഴൊതുങ്ങിയവന്‍ وَمَا كَانَ ആയിരുന്നതുമില്ല مِنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ പെട്ട(വന്‍)

യഹൂദികളും ക്രിസ്ത്യാനികളും ബഹുമാനിച്ചാദരിക്കുന്ന ആളാണല്ലോ ഇബ്‌റാഹീം നബി (عليه السلام). അദ്ദേഹം തങ്ങളുടെ മതക്കാരനും, തങ്ങളുടെ നടപടിക്രമങ്ങള്‍ സ്വീകരിച്ചിരുന്ന ആളുമായിരുന്നുവെന്നാണ് ഇരുകൂട്ടരും വാദിക്കുന്നത്. നജ്‌റാനിലെ ക്രിസ്തീയ നിവേദകസംഘം വന്ന അവസരത്തില്‍, അവരും യഹൂദികളും ചേര്‍ന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍വെച്ച് ഈ വിഷയത്തില്‍ തര്‍ക്കവും വിവാദവും നടത്തുകയുണ്ടായതായി മുഹമ്മദ്ബ്നു ഇസ്ഹാക്വ് (റ) രിവായത്ത് ചെയ്തിരിക്കുന്നു. ഇരുകൂട്ടരും തമ്മിലുള്ള ഈ തര്‍ക്കത്തെക്കുറിച്ചാണ് അല്ലാഹു ഇരുകൂട്ടരെയും ഒരേ സ്വരത്തില്‍ ആക്ഷേപിക്കുന്നത്. തൗറാത്തിന്‍റെ അനുയായികളാണ് യഹൂദികള്‍. ഇന്‍ജീലിന്‍റെ അനുയായികളാണ് ക്രിസ്ത്യാനികള്‍. ഇബ്‌റാഹീം (عليه السلام)ന്‍റെ കാലശേഷം വളരെ കഴിഞ്ഞിട്ടാണ് ആ രണ്ട് ഗ്രന്ഥങ്ങളുടെയും അവതരണം. എന്നിരിക്കെ, രണ്ടു കൂട്ടരുടെ വാദവും പൊള്ളയും നിരര്‍ത്ഥവുമാണെന്ന് സ്പഷ്ടമാണല്ലോ. തങ്ങള്‍ക്കറിയാത്ത വിഷയത്തില്‍ തര്‍ക്കവും ന്യായവാദവും നടത്തുകയെന്ന വിഡ്ഢിത്തമാണ് ഇരുകൂട്ടരും പ്രവര്‍ത്തിക്കുന്നതെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു.

ഇരുകൂട്ടരുടെയും വേദഗ്രന്ഥത്തെയും, പ്രവാചകനെയും സംബന്ധിച്ച വിഷയങ്ങളില്‍ പോലും പരസ്പരം തര്‍ക്കവും വാദവും നടത്തിവരുന്ന പാരമ്പര്യമാണ് അവര്‍ക്കുള്ളത്. ആ തര്‍ക്കങ്ങള്‍ അവര്‍ക്കറിയാവുന്ന വിഷയത്തെക്കുറിച്ചാണെന്ന് പറഞ്ഞേക്കാം. എന്നാല്‍, എത്രയോ കാലം മുമ്പ് കഴിഞ്ഞുപോയ ഇബ്‌റാഹീം നബി (عليه السلام)യെയും അദ്ദേഹത്തിന്‍റെ മാര്‍ഗത്തെയും കുറിച്ച് തര്‍ക്കം നടത്തുന്നതിന് അവര്‍ക്കെന്താണ് അവകാശമുള്ളത്? എന്ന് ചോദിച്ചുകൊണ്ടും, സത്യാവസ്ഥ അല്ലാഹുവിനാണ് അറിയുക- നിങ്ങള്‍ക്കറിയുകയില്ല- എന്ന് ഉണര്‍ത്തിക്കൊണ്ടും അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥനില ഇന്നതായിരുന്നുവെന്ന് അല്ലാഹു വിവരിക്കുന്നു. അതെ, അദ്ദേഹം യഹൂദനോ, ക്രിസ്തീയനോ ആയിരുന്നില്ല, (അറബികളെപ്പോലെ) മുശ്‌രിക്കുകളുടെ കൂട്ടത്തില്‍പെട്ട ആളുമല്ലാ യിരുന്നു. യാതൊരു വക്രമാര്‍ഗവും സ്വീകരിക്കാത്ത ശുദ്ധഹൃദയനും, അല്ലാഹുവില്‍ ശരിക്കും വിശ്വസിച്ചുകൊണ്ട് അവന് പൂര്‍ണമായും കീഴൊതുങ്ങി ജീവിച്ചുവന്ന ഒരു മുസ്‌ലിമുമായിരുന്നു അദ്ദേഹമെന്ന് വ്യക്തമാക്കിയിരിക്കുന്നു. വാസ്തവം ഇതായിരിക്കെ, ഇബ്‌റാഹീം നബി (عليه السلام)യുമായി അടുപ്പ ബന്ധം അവകാശപ്പെടുവാനുള്ള അര്‍ഹത ആര്‍ക്കാണുള്ളതെന്നുകൂടി അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു:-

3:68
 • إِنَّ أَوْلَى ٱلنَّاسِ بِإِبْرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَـٰذَا ٱلنَّبِىُّ وَٱلَّذِينَ ءَامَنُوا۟ ۗ وَٱللَّهُ وَلِىُّ ٱلْمُؤْمِنِينَ ﴾٦٨﴿
 • നിശ്ചയമായും, മനുഷ്യരില്‍ വെച്ച് ഇബ്‌റാഹീമിനോട് കൂടുതല്‍ (അടുപ്പ) ബന്ധമുള്ളവര്‍, അദ്ദേ ഹത്തെ പിന്‍പറ്റിയവരും, ഈ പ്രവാചകനും, വിശ്വസിച്ചിട്ടുള്ളവരും തന്നെയാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരി (അഥവാ സഹായി) യാകുന്നു.
 • إِنَّ أَوْلَى നിശ്ചയമായും കൂടുതല്‍ ബന്ധപ്പെട്ടവര്‍, അധികം അര്‍ഹതയുള്ളവര്‍ النَّاسِ മനുഷ്യരില്‍ بِإِبْرَاهِيمَ ഇബ്‌റാഹീമിനോട്, ഇബ്‌റാഹീമിനെ സംബന്ധിച്ച് لَلَّذِينَ യാതൊരുകൂട്ടര്‍ തന്നെ اتَّبَعُوهُ അദ്ദേഹത്തെ പിന്‍പറ്റിയ وَهَٰذَا النَّبِيُّ ഈ നബിയും وَالَّذِينَ آمَنُوا വിശ്വസിച്ചവരും وَاللَّهُ അല്ലാഹുവാകട്ടെ وَلِيُّ രക്ഷാധികാരി (ബന്ധു- സഹായി- മിത്രം) ആകുന്നു الْمُؤْمِنِينَ സത്യവിശ്വാസികളുടെ

ഇബ്‌റാഹീം (عليه السلام) സ്വീകരിച്ചുവന്ന മാര്‍ഗത്തിലും അദ്ദേഹത്തിന്‍റെ നടപടിക്രമങ്ങളിലും അദ്ദേഹത്തെ മാതൃകയാക്കി പിന്‍പറ്റിപ്പോന്നവരാരോ അവര്‍ക്കേ അദ്ദേഹവുമായുള്ള അടുപ്പവും ബന്ധവും അവകാശപ്പെടുവാന്‍ നിവൃത്തിയുള്ളൂ. അവര്‍ ഏത് കാലക്കാരോ വിഭാഗക്കാരോ ആവട്ടെ; അങ്ങിനെയുള്ളവരത്രെ ഈ പ്രവാചകനായ മുഹമ്മദ് നബിയും, അദ്ദേഹത്തില്‍ വിശ്വസിച്ചിട്ടുള്ള സത്യവിശ്വാസികളും. വേദക്കാരായ നിങ്ങള്‍ ഇരുകൂട്ടരും അദ്ദേഹത്തിന്‍റെ മാര്‍ഗത്തില്‍നിന്ന് ബഹുദൂരം അകന്നുപോയിരിക്കകൊണ്ട് അദ്ദേഹവുമായി നിങ്ങള്‍ക്ക് ബന്ധമില്ലാതായിരിക്കുന്നു എന്ന് താല്‍പര്യം.

3:69
 • وَدَّت طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَـٰبِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ ﴾٦٩﴿
 • (സത്യവിശ്വാസികളെ) വേദക്കാരില്‍ നിന്നുള്ള ഒരു വിഭാഗം (ആളുകള്‍) മോഹിക്കുകയാണ്, നിങ്ങളെ അവര്‍ വഴിപിഴപ്പിച്ചിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) എന്ന്! (വാസ്തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ വഴിപിഴപ്പിക്കുന്നുമില്ല; (അത്) അവര്‍ ഗ്രഹിക്കുന്നുമില്ല.
 • وَدَّت മോഹിക്കയാണ് طَّائِفَةٌ ഒരു വിഭാഗം مِّنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്ന് لَوْ يُضِلُّونَكُمْ അവര്‍ നിങ്ങളെ വഴിപിഴപ്പിച്ചിരുന്നെങ്കില്‍ (എന്ന്) وَمَا يُضِلُّونَ അവര്‍ വഴിപിഴപ്പിക്കുന്നുമില്ല (താനും) إِلَّا أَنفُسَهُمْ തങ്ങളെത്തന്നെ (സ്വന്തങ്ങളെ)യല്ലാതെ وَمَا يَشْعُرُونَ അവര്‍ ഗ്രഹിക്കുന്നുമില്ല, അവര്‍ക്ക് ബോധം വരുന്നുമില്ല
3:70
 • يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَأَنتُمْ تَشْهَدُونَ ﴾٧٠﴿
 • വേദക്കാരേ, അല്ലാഹുവിന്‍റെ 'ആയത്ത്' [ലക്ഷ്യം]കളില്‍, (അവര്‍ക്ക് സത്യ) സാക്ഷ്യം വഹിച്ചുകൊണ്ട് (തന്നെ) നിങ്ങള്‍ അവിശ്വസിക്കുന്നത് എന്തിനാണ്?!
 • يَا أَهْلَ الْكِتَابِ വേദക്കാരേ لِمَ تَكْفُرُونَ എന്തിനാണ് നിങ്ങള്‍ അവിശ്വസിക്കുന്നത് بِآيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്ത് (ലക്ഷ്യം- ദൃഷ്ടാന്തം)കളില്‍ وَأَنتُمْ നിങ്ങളാകട്ടെ تَشْهَدُونَ സാക്ഷ്യം വഹിക്കുന്നു (താനും)
3:71
 • يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَلْبِسُونَ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُونَ ٱلْحَقَّ وَأَنتُمْ تَعْلَمُونَ ﴾٧١﴿
 • വേദക്കാരെ നിങ്ങള്‍ യഥാര്‍ത്ഥത്തെ അയഥാര്‍ത്ഥവുമായി കൂട്ടിക്കലര്‍ത്തുകയും അറിഞ്ഞുംകൊണ്ട് (തന്നെ) യഥാര്‍ത്ഥത്തെ ഒളിച്ചുവെക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്തിനാണ്?!
 • يَا أَهْلَ الْكِتَابِ വേദക്കാരേ لِمَ تَلْبِسُونَ നിങ്ങള്‍ എന്തിനാണ് കൂട്ടിക്കലര്‍ത്തുന്നത് الْحَقَّ യഥാര്‍ത്ഥ (സത്യ)ത്തെ بِالْبَاطِلِ അയഥാര്‍ത്ഥത്തോട് وَتَكْتُمُونَ നിങ്ങള്‍ ഒളിച്ചു (മൂടി)വെക്കുകയും ചെയ്യുന്നു الْحَقَّ യഥാര്‍ത്ഥത്തെ وَأَنتُمْ നിങ്ങളാവട്ടെ تَعْلَمُونَ അറിയുന്നു (താനും)

നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സത്യതക്ക് തെളിവായി അവരുടെ വേദഗ്രന്ഥങ്ങളിലും അറിവിലുമുള്ള ലക്ഷ്യങ്ങളെ മനസ്സിലാക്കി ശരിവെച്ചുകൊണ്ടിരിക്കുകയും, അതോടൊപ്പം അവയെ മൂടിവെക്കുകയും സത്യാസത്യങ്ങളെ കൂട്ടിക്കുഴച്ച് യാഥാര്‍ത്ഥ്യം വ്യക്തമാക്കാതിരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. എന്തിനായിട്ടാണ് ഇത്തരം തോന്നിയ വാസങ്ങള്‍ നിങ്ങള്‍ ചെയ്തുകൊണ്ടി രിക്കുന്നതെന്ന് അവരെ അല്ലാഹു ആക്ഷേപിക്കുകയാണ്.

വിഭാഗം - 8

3:72
 • وَقَالَت طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَـٰبِ ءَامِنُوا۟ بِٱلَّذِىٓ أُنزِلَ عَلَى ٱلَّذِينَ ءَامَنُوا۟ وَجْهَ ٱلنَّهَارِ وَٱكْفُرُوٓا۟ ءَاخِرَهُۥ لَعَلَّهُمْ يَرْجِعُونَ ﴾٧٢﴿
 • വേദക്കാരില്‍ നിന്നുള്ള ഒരു വിഭാഗം (ആളുകള്‍) പറയുകയാണ്: '(ഈ) വിശ്വസിച്ചവരുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍, പകലിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍: അതിന്‍റെ അവസാനത്തില്‍ നിങ്ങള്‍ (അങ്ങ്) അവിശ്വസിക്കുകയും ചെയ്യുവിന്‍. (എന്നാല്‍) അവര്‍ മടങ്ങിയേക്കാം;
 • وَقَالَت പറയുകയും ചെയ്തു, പറയുകയാണ് طَّائِفَةٌ ഒരു വിഭാഗം مِّنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്ന് آمِنُوا നിങ്ങള്‍ വിശ്വസിക്കുവിന്‍ بِالَّذِي أُنزِلَ ഇറക്കപ്പെട്ടതില്‍ عَلَى الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് وَجْهَ النَّهَارِ പകലിന്‍റെ മുഖത്ത് (മുമ്പില്‍- ആരംഭത്തില്‍) وَاكْفُرُوا നിങ്ങള്‍ അവിശ്വസിക്കുകയും ചെയ്യുവിന്‍ آخِرَهُ അതിന്‍റെ അവസാനം لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ അവര്‍ മടങ്ങുക
3:73
 • وَلَا تُؤْمِنُوٓا۟ إِلَّا لِمَن تَبِعَ دِينَكُمْ قُلْ إِنَّ ٱلْهُدَىٰ هُدَى ٱللَّهِ أَن يُؤْتَىٰٓ أَحَدٌ مِّثْلَ مَآ أُوتِيتُمْ أَوْ يُحَآجُّوكُمْ عِندَ رَبِّكُمْ ۗ قُلْ إِنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ ﴾٧٣﴿
 • 'നിങ്ങളുടെ മതത്തെ പിന്‍തുടര്‍ന്നവരെയല്ലാതെ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യരുത്' (നബിയേ) പറയുക: 'നിശ്ചയമായും, അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ, (യഥാര്‍ത്ഥ) മാര്‍ഗദര്‍ശനം. (അതെ) നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെ, (വേറെ) വല്ല ഒരാള്‍ക്കും നല്‍കപ്പെ ടുന്നതിനാല്‍; അല്ലെങ്കില്‍, നിങ്ങളുടെ റബ്ബിങ്കല്‍ വെച്ച് അവര്‍ നിങ്ങളോട് ന്യായവാദം ചെയ്യുമെന്നതിനാല്‍.' പറയുക: 'നിശ്ചയമായും അനുഗ്രഹം അല്ലാഹുവിന്‍റെ കൈവശമത്രെ (ഉള്ളത്.) അവന്‍ ഉദ്ദേശിക്കു ന്നവര്‍ക്ക് അത് അവന്‍ നല്‍കുന്നു. അല്ലാഹു, വിശാലനും, (എല്ലാം) അറിയുന്നവനുമാകുന്നു.
 • وَلَا تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യരുത് إِلَّا لِمَن യാതൊരുവരെയല്ലാതെ تَبِعَ തുടര്‍ന്ന് دِينَكُمْ നിങ്ങളുടെ മതത്തെ قُلْ നീ പറയുക إِنَّ الْهُدَىٰ നിശ്ചയമായും മാര്‍ഗദര്‍ശനം, വഴിചേര്‍ക്കല്‍ هُدَى اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമാണ്, വഴിചേര്‍ക്കലത്രെ أَن يُؤْتَىٰ നല്‍കപ്പെടുന്നതിനാല്‍ أَحَدٌ വല്ല ഒരാള്‍ക്കും مِّثْلَ യാതൊന്നുപോലെ مَا أُوتِيتُمْ അത് നിങ്ങള്‍ക്ക് നല്‍കപ്പെട്ടു أَوْ يُحَاجُّوكُمْ അല്ലെങ്കില്‍ അവര്‍ നിങ്ങളോട് ന്യായവാദം നടത്തുന്നതിനാല്‍ عِندَ رَبِّكُمْ നിങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ قُلْ നീ പറയുക إِنَّ الْفَضْلَ നിശ്ചയമായും അനുഗ്രഹം بِيَدِ اللَّهِ അല്ലാഹുവിന്‍റെ കയ്യിലാണ് يُؤْتِيهِ അതവന്‍ നല്‍കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ അല്ലാഹു وَاسِعٌ വിശാലനാകുന്നു عَلِيمٌ അറിയുന്നവനാണ്
3:74
 • يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۗ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴾٧٤﴿
 • അവന്‍ ഉദ്ദേശിക്കുന്നവരെ തന്‍റെ കാരുണ്യംകൊണ്ട് അവന്‍ പ്രത്യേകപ്പെടുത്തുന്നു. അല്ലാഹു, മഹത്തായ അനുഗ്രഹമുള്ളവനത്രെ.'
 • يَخْتَصُّ അവന്‍ പ്രത്യേകപ്പെടുത്തുന്നു بِرَحْمَتِهِ തന്‍റെ കാരുണ്യംകൊണ്ട്, കാരുണ്യത്തെ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ, ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ അല്ലാഹുവാകട്ടെ ذُو الْفَضْلِ അനുഗ്രഹം ഉള്ളവനാണ് الْعَظِيمِ മഹത്തായ

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടും, സത്യവിശ്വാസികളോടുമുള്ള അസൂയയും, പകയും നിമിത്തം സത്യവിശ്വാസികളെ വഴിതെറ്റിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് വേദക്കാര്‍ നടത്തുന്ന ഒരു കുതന്ത്രം അല്ലാഹു തുറന്ന് കാട്ടുന്നു:-

വേദക്കാര്‍ -യഹൂദികള്‍ വിശേഷിച്ചും- സത്യവിശ്വാസികള്‍ വഴിതെറ്റിക്കാണുവാന്‍ തക്കം പാര്‍ത്തുകൊണ്ടിരിക്കുകയാണ്. അതിനായി അവര്‍ ഗൂഢാസൂത്രണം ചെയ്ത ഒരു പരിപാടിയാണ് 72-ാം വചനത്തില്‍ അല്ലാഹു വെളിപ്പെടുത്തുന്നത്. തങ്ങളില്‍ പെട്ട ചിലരെ ശട്ടംകെട്ടിവെക്കുക; അവര്‍ രാവിലെ ചെന്ന് തങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചുവെന്നുപറഞ്ഞ് മുസ്‌ലിം വേഷമണിയുക; കുറേ നേരം മുസ്‌ലിംകളുമായി ഇടകലര്‍ന്ന ശേഷം, വൈകുന്നേരമാകുമ്പോള്‍ ഇസ്‌ലാമില്‍ നിന്ന് സ്വയം ഭ്രഷ്ടാകുകയും ചെയ്യുക. ‘ഇസ്‌ലാം സത്യമതമെന്ന് ധരിച്ച് ഞങ്ങളതില്‍ പ്രവേശിച്ചു, ഇപ്പോഴല്ലേ അതിന്‍റെ ഉള്ളുകള്ളി മനസ്സിലായത്. അതുകൊണ്ട് ഇതാ ഞങ്ങളതില്‍ നിന്ന് മടങ്ങിപ്പോന്നിരിക്കുന്നു.’ എന്നൊക്കെ അവര്‍ പ്രചരിപ്പിക്കുകയും ചെയ്യുക. ഇത് കാണുമ്പോള്‍, വേദഗ്രന്ഥവുമായി പരിചയമുള്ള ഇവര്‍ ഇങ്ങനെ പറയുന്ന സ്ഥിതിക്ക് ഇത് പരമാര്‍ത്ഥമായിരിക്കുമെന്ന് കരുതി അല്‍പുദ്ധികളും കഥ അറിയാത്തവരുമായ ചില സത്യവിശ്വാസികളെങ്കിലും ഇസ്‌ലാമില്‍ നിന്ന് വിട്ടുപോരുവാന്‍ കാരണമാകുമെന്നും, ഇവരെ ചൂഷണം ചെയ്തുകൊണ്ട് ഇസ്‌ലാമിനെതിരില്‍ ജനമദ്ധ്യെ ആശയക്കുഴപ്പമുണ്ടാക്കാമെന്നുമൊക്കെയാണവരുടെ കണക്കുകൂട്ടല്‍ നിങ്ങള്‍ വിശ്വസിച്ചും ആചരിച്ചും വരുന്ന മത നടപടി കള്‍ക്കെതിരായി ആരെന്ത് പറഞ്ഞാലും ചെയ്താലും നിങ്ങള്‍ അതൊന്നും- നാവുകൊണ്ട് സമ്മതിച്ചാലും- മനസ്സുകൊണ്ട് വിശ്വസിക്കരുതെന്നും ഈ കോമരങ്ങളോട് അവര്‍ പ്രത്യേകം ഉപദേശിക്കുകയും ചെയ്യുമായിരുന്നു.

അവരുടെ ഈ ഗൂഢതന്ത്രം തുറന്നുകാട്ടുക മാത്രമല്ല, അതുകൊണ്ടൊന്നും ഒരു പ്രയോജനവും അവര്‍ക്ക് ലഭിക്കുവാന്‍ പോകുന്നില്ലെന്നും, അസൂയയുടെയും വിഡ്ഢിത്തത്തിന്‍റെയും ഒരു പ്രകടനം മാത്രമാണതെന്നും അവരെ തെര്യപ്പെടുത്തുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുകയും ചെയ്യുന്നു. സന്‍മാര്‍ഗം കാണിച്ചുകൊടുക്കുന്നതും, അത് പ്രാപിക്കുവാനുള്ള ഭാഗ്യം നല്‍കുന്നതും അല്ലാഹുവാണ്. ഇന്നിന്ന വിഭാഗക്കാര്‍ക്കോ സമുദായത്തിനോ മാത്രമേ അനുഗ്രഹം നല്‍കുകയുള്ളൂവെന്ന് ഒരു നിയമവും അവന്‍ വെച്ചിട്ടില്ല. നിങ്ങളെപ്പോലെ കുടില മനസ്‌കനൊന്നുമല്ല അല്ലാഹു. അവന്‍ വളരെ വിശാലനും എല്ലാം അറിയുന്നവനുമാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ അനുഗ്രഹിക്കും. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പ്രത്യേകം കാരുണ്യം ചൊരിഞ്ഞു കൊടുക്കും. ആര്‍ക്കൊക്കെയാണ് അനുഗ്രഹവും കാരുണ്യവും നല്‍കേണ്ടതെന്ന് അവനറിയാം. നിങ്ങള്‍ക്ക് ലഭിച്ചതുപോലെ മറ്റൊരു കൂട്ടര്‍ക്ക് (മുസ്‌ലിംകള്‍ക്ക്) വേദഗ്രന്ഥവും പ്രവാചകനും വന്ന് കിട്ടിയതിലുള്ള നിങ്ങളുടെ അസൂയയാണ് ഇതിന് ഒരു കാരണം. സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ മുമ്പില്‍ ചെല്ലുമ്പോള്‍, അറിഞ്ഞുകൊണ്ടുതന്നെ സത്യത്തെ നിഷേധിച്ചവരാണ് നിങ്ങളെന്ന് വാദിച്ച് നിങ്ങളെ തോല്‍പിക്കുവാന്‍ ഇടവരത്തക്കവണ്ണം അവര്‍ സന്‍മാര്‍ഗം പ്രാപിച്ചവരായിത്തീരരുതെന്നുള്ള നിങ്ങളുടെ വ്യാമോഹമാണ് മറ്റൊരു കാരണം. ഇതാണ് ഇത്തരം നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിച്ചത്. ഇതിലൊന്നും നിങ്ങള്‍ വിജയിക്കുകയില്ലെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക. എന്നൊക്കെ യാണ് അല്ലാഹു തുടര്‍ന്ന് പറഞ്ഞതിന്‍റെ താല്‍പര്യം.

73-ാം വചനത്തിലെ أَن يُؤْتَىٰ أَحَدٌ مِّثْلَ مَا أُوتِيتُمْ أَوْ يُحَاجُّوكُمْ عِندَ رَبِّكُمْ (‘നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലെ’ എന്ന് തുടങ്ങി ‘ന്യായവാദം ചെയ്യുമെന്നതിനാല്‍’ എന്നതുവരെയുള്ള) വാക്യങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് പറയേണ്ടുന്ന മറുപടിയുടെ ഒരു ഭാഗമെന്ന നിലക്കാണ് നാം മുകളില്‍ വിവരിച്ചതും, പരിഭാഷയില്‍ സ്വീകരിച്ചതും ഇത് വേദക്കാരുടെ പ്രസ്താവനയുടെ തുടര്‍ച്ചയായിരിക്കുവാനും, قُلْ إِنَّ الْهُدَىٰ هُدَى اللَّهِ (അല്ലാഹുവിന്‍റെ മാര്‍ഗദ ര്‍ശനമാണ് മാര്‍ഗദര്‍ശനമെന്ന് പറയുക) എന്ന വാക്യം ഇടക്കുവെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിച്ചതായിരിക്കുവാനും സാധ്യതയുണ്ട്. വ്യാഖ്യാതാക്കളില്‍ പലരും ഇങ്ങനെയാണ് സ്വീകരിച്ച് കാണുന്നതും. അപ്പോള്‍, ആ വാക്യങ്ങളുടെ താല്‍പര്യം ഇങ്ങനെ മനസ്സിലാക്കാവുന്നതാണ്: ഇവര്‍ -സത്യവിശ്വാസികള്‍- അവരുടെ മതത്തില്‍ ഉറച്ചുനില്‍ക്കുന്നപക്ഷം, നമുക്ക് ലഭിച്ചതു പോലെ വേദഗ്രന്ഥം മുതലായ അനുഗ്രഹങ്ങള്‍ നമുക്ക് പുറമെ ഇവരെപ്പോലെ യുള്ളവര്‍ക്കും ലഭിച്ചതായി വരും. അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ വെച്ച് നമുക്കെതിരില്‍ ന്യായം സമര്‍പ്പിക്കുവാനും ഇടവരും. അതുകൊണ്ട് അതിന് നാം അവര്‍ക്ക് അവസരം കൊടുക്കാതിരിക്കേണ്ടതുണ്ട്. രണ്ടായാലും ഉദ്ദേശ്യം വ്യക്തമാകുന്നു. വേറെയും ചില അഭിപ്രായങ്ങള്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇവിടെ പ്രസ്താവിച്ച് കാണാം.

3:75
 • وَمِنْ أَهْلِ ٱلْكِتَـٰبِ مَنْ إِن تَأْمَنْهُ بِقِنطَارٍ يُؤَدِّهِۦٓ إِلَيْكَ وَمِنْهُم مَّنْ إِن تَأْمَنْهُ بِدِينَارٍ لَّا يُؤَدِّهِۦٓ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَآئِمًا ۗ ذَٰلِكَ بِأَنَّهُمْ قَالُوا۟ لَيْسَ عَلَيْنَا فِى ٱلْأُمِّيِّـۧنَ سَبِيلٌ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ ﴾٧٥﴿
 • വേദക്കാരിലുണ്ട് ചിലര്‍: ഒരു 'ക്വിന്‍ത്വാറി'നെ [കൂമ്പാരത്തെ] സംബന്ധിച്ച് നീ അവരെ വിശ്വസിച്ചാല്‍ അവര്‍ നിനക്കത് തന്നുതീര്‍ക്കും. അവരിലുണ്ട് (വേറെ) ചിലരും; ഒരു 'ദീനാറിനെ' [പൊന്‍പണത്തെ] സംബന്ധിച്ച് നീ അവരെ വിശ്വസിച്ചാല്‍ -അവരില്‍ [അവരെ തിരക്കിക്കൊണ്ട് നീ നിലകൊള്ളുന്നവനായി രുന്നാലല്ലാതെ- അവര്‍ നിനക്കത് തന്നുതീര്‍ക്കുകയില്ല. '(വേദക്കാരല്ലാത്ത ) നിരക്ഷരജ്ഞരുടെ കാര്യത്തില്‍, ഞങ്ങളുടെ മേല്‍ (ബാധ്യതയുണ്ടാ വാന്‍) ഒരു മാര്‍ഗവുമില്ല, എന്ന് അവര്‍ പറയുന്നത് നിമിത്തമത്രെ അത്. അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ മേല്‍ വ്യാജം പറയുകയും ചെയ്യുന്നു.
 • وَمِنْ أَهْلِ الْكِتَابِ വേദക്കാരിലുണ്ട് مَنْ ചിലര്‍, യാതൊരുവന്‍ إِن تَأْمَنْهُ അവരെ (അവനെ) നീ വിശ്വസിച്ചാല്‍ بِقِنطَارٍ ഒരു ക്വിന്‍ത്വാറിനെ (കൂമ്പാരത്തെ) സംബന്ധിച്ച് يُؤَدِّهِ അതവര്‍ (അവന്‍) വീട്ടിത്തരും إِلَيْكَ നിനക്ക് وَمِنْهُم അവരിലുണ്ട് مَّنْ ചിലര്‍, യാതൊരുവന്‍ إِن تَأْمَنْهُ അവരെ (അവനെ) നീ വിശ്വസിച്ചാല്‍ بِدِينَارٍ ഒരു ദീനാറിനെ (പൊന്‍പണത്തെ)പ്പറ്റി لَّا يُؤَدِّهِ അതവര്‍ (അവന്‍) വീട്ടുകയില്ല إِلَيْكَ നിനക്ക് إِلَّا مَا دُمْتَ നീ ആയിക്കൊണ്ടിരുന്നാലല്ലാതെ عَلَيْهِ അവന്‍റെ മേല്‍ (അവരില്‍) قَائِمًا നിലകൊള്ളുന്നവന്‍ ذَٰلِكَ അത് بِأَنَّهُمْ قَالُوا അവര്‍ പറയുന്നത് നിമിത്തമാണ് لَيْسَ عَلَيْنَا ഞങ്ങളുടെ മേല്‍ ഇല്ല فِي الْأُمِّيِّينَ നിരക്ഷരജ്ഞരില്‍ سَبِيلٌ ഒരു മാര്‍ഗവും وَيَقُولُونَ അവര്‍ പറയുകയും ചെയ്യുന്നു عَلَى اللَّهِ അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ വ്യാജം وَهُمْ يَعْلَمُونَ അവര്‍ അറിഞ്ഞുകൊണ്ട്
3:76
 • بَلَىٰ مَنْ أَوْفَىٰ بِعَهْدِهِۦ وَٱتَّقَىٰ فَإِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ ﴾٧٦﴿
 • അങ്ങനെയല്ല, യാതൊരുവന്‍ തന്‍റെ കരാര്‍ നിറവേറ്റുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തുവോ, എന്നാല്‍, (ആ) സൂക്ഷ്മത പാലിക്കുന്നവരെ നിശ്ചയമായും അല്ലാഹു സ്‌നേഹിക്കും.
 • بَلَىٰ അങ്ങനെയല്ല مَنْ أَوْفَىٰ ആര്‍ നിറവേറ്റിയോ بِعَهْدِهِ തന്‍റെ കരാര്‍, ഉടമ്പടി وَاتَّقَىٰ സൂക്ഷിക്കുകയും ചെയ്തു فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു يُحِبُّ സ്‌നേഹിക്കും, ഇഷ്ടപ്പെടുന്നു الْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവരെ

قِنْطَارٍ ന്‍റെ അര്‍ത്ഥങ്ങളെപ്പറ്റി 14-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. കൂമ്പാരം -വളരെ ധനം- എന്നാണുദ്ദേശ്യം. അക്ഷരജ്ഞാനമില്ലാത്ത -എഴുത്തും വായനയും അറിയാത്ത- ആളുകള്‍ എന്നാണ് أمِّيِّين എന്ന വാക്കിന്‍റെ അര്‍ത്ഥം. വേദഗ്രന്ഥവുമായി പരിചയമില്ലാത്തവരായ അറബികളാണ് ഉദ്ദേശ്യം.

വേദക്കാരുടെ പല ദുഷ്‌ചെയ്തികളും മുമ്പ് പറഞ്ഞുവല്ലോ. എന്നാല്‍, അവരിലുള്ള എല്ലാ വ്യക്തികളും ഒരുപോലെയല്ല . വളരെയധികം ധനം വിശ്വസിച്ചേല്‍പിച്ചാല്‍ പോലും തക്കസമയം മടക്കിത്തരുന്ന നല്ല മനഃസ്ഥിതിക്കാരും അവരിലുണ്ട്. നേരെ മറിച്ച് ഒരു പൊന്‍പണം പോലും വിശ്വസിച്ചു കൊടുത്താല്‍- മടക്കിത്തരണമെന്ന് തിരക്കിക്കൊണ്ടിരിക്കുന്ന പക്ഷം മടക്കിക്കിട്ടിയേക്കുമെന്നല്ലാതെ- തിരിച്ചുതരാന്‍ തയ്യാറില്ലാത്തവര്‍ അതിന് പറയുന്ന ന്യായം ഇതാണ്: വേദക്കാരല്ലാത്തവരോടുള്ള ബാധ്യതകള്‍ നിറവേറ്റണമെന്ന് നിര്‍ബന്ധമൊന്നുമില്ല, അവരുടെ ധനം ഉപയോഗിക്കുന്നത് കേവലം കുറ്റകരമല്ല, സ്വസമുദായത്തില്‍ പെട്ടവരോടുള്ള കടമകള്‍ പാലിക്കലേ നമുക്ക് കടമയുള്ളൂ എന്നൊക്കെ. അല്ലാഹുവിന്‍റെ പേരില്‍ അവര്‍ സ്വയം കെട്ടിപ്പറയുന്ന ഒരു വ്യാജവാദം മാത്രമാണിത്. കരാറു നിശ്ചയങ്ങളും വിശ്വസ്തതയും ആരോടായാലും പാലിക്കേണ്ടതുണ്ട്. കരാറുകള്‍ പാലിക്കുകയും, അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സൂക്ഷിച്ചുപോരുകയും ചെയ്യുന്നവരെയാണ് അല്ലാഹു സ്‌നേഹിക്കുക. അല്ലാത്തവര്‍ക്ക് അവന്‍റെ സ്‌നേഹം ലഭിക്കുകയില്ല. എന്നൊക്കെയാണ് ഈ വചനങ്ങളുടെ സാരം.

സ്വജാതിക്കാരല്ലാത്തവരോട് ഇടപാടുകളില്‍ വിട്ടുവീഴ്ച കാണിക്കേണ്ട തില്ല. അവരോട് പലിശ വാങ്ങുന്നതിനും വിരോധമില്ല. സ്വജാതിക്കാരോട് കടം മുട്ടിച്ച് ചോദിക്കുകയോ പലിശ വാങ്ങുകയോ ചെയ്തുകൂടാ എന്നൊക്കെ യഹൂദികള്‍ പാരമ്പര്യമായി വിശ്വസിച്ചുപോരുന്നു. (ആവര്‍ത്തന പുസ്തകം 15:3, 23:20) അജ്ഞരായ ചില പാമരമുസ്‌ലിംകളിലും ഇത്തരം ചില അന്ധമായ ധാരണകള്‍ കടന്നുകൂടാറുണ്ട്. വാസ്തവത്തില്‍, നീതിയും വിശ്വസ്തതയും പാലിക്കുന്നതില്‍ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വിവേചനമില്ല. ഇബ്‌നുഅീഹാതിം (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥ് കാണുക. അതിന്‍റെ സാരം ഇപ്രകാരമാകുന്നു: ‘നിരക്ഷരജ്ഞരുടെ കാര്യത്തില്‍ ഞങ്ങളുടെമേല്‍ ഒരു ബാദ്ധ്യതയും ഉണ്ടാവാന്‍ മാര്‍ഗമില്ല (لَيْسَ عَلَيْنَا فِي الْأُمِّيِّينَ سَبِيلٌ)’ എന്ന് വേദക്കാര്‍ പറഞ്ഞപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹുവിന്‍റെ ശത്രുക്കള്‍ കളവ് പറയുകയാണ്. ജാഹിലിയ്യത്തിലുണ്ടായിരുന്ന (ഇത്തരം) ഏത് കാര്യവും എന്‍റെ ഈ രണ്ട് കാലടികള്‍ക്കടിയിലാക്കപ്പെടാതെ ഇല്ല. (എല്ലാം തള്ളപ്പെട്ടുപോയിരിക്കുന്നു) അമാനത്ത് (വിശ്വസ്തതയുടെ കാര്യം) ഒഴികെ. അതാകട്ടെ, പുണ്യവാനോടും, ദുഷ്ടനോടും നിര്‍വ്വഹിക്കപ്പെടേ താകുന്നു.’

3:77
 • إِنَّ ٱلَّذِينَ يَشْتَرُونَ بِعَهْدِ ٱللَّهِ وَأَيْمَـٰنِهِمْ ثَمَنًا قَلِيلًا أُو۟لَـٰٓئِكَ لَا خَلَـٰقَ لَهُمْ فِى ٱلْـَٔاخِرَةِ وَلَا يُكَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيْهِمْ يَوْمَ ٱلْقِيَـٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴾٧٧﴿
 • നിശ്ചയമായും, അല്ലാഹുവിനോടുള്ള കരാറിനും [പ്രതിജ്ഞക്കും], തങ്ങളുടെ സത്യ (ശപഥ)ങ്ങള്‍ക്കും തുച്ഛമായ വിലവാങ്ങുന്നവര്‍, അക്കൂട്ടര്‍ അവര്‍ക്ക് പരലോ കത്തില്‍ യാതൊരു ഓഹരിയുമില്ല: ക്വിയാമത്തുനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയുമില്ല: അവരുടെ നേരെ നോക്കുകയില്ല; അവരെ സംസ്‌കരി(ച്ചു നന്നാ)ക്കുകയുമില്ല; അവര്‍ക്ക് വേദനയേറിയ ശിക്ഷ യുമുണ്ടായിരിക്കും
 • إِنَّ الَّذِينَ يَشْتَرُونَ നിശ്ചയമായും വാങ്ങുന്നവര്‍ بِعَهْدِ اللَّهِ അല്ലാഹുവിനോടുള്ള കരാറിന് وَأَيْمَانِهِمْ തങ്ങളുടെ സത്യ (ശപഥ)ങ്ങള്‍ക്കും ثَمَنًا قَلِيلًا തുച്ഛ വില أُولَٰئِكَ അക്കൂട്ടര്‍ لَا خَلَاقَ ഓഹരിയില്ല لَهُمْ അവര്‍ക്ക് فِي الْآخِرَةِ പരലോകത്തില്‍ وَلَا يُكَلِّمُهُمُ اللَّهُ അല്ലാഹു അവരോട് സംസാരിക്കയുമില്ല وَلَا يَنظُرُ നോക്കുകയുമില്ല إِلَيْهِمْ അവരുടെനേരെ يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ وَلَا يُزَكِّيهِمْ അവരെ സംസ്‌ക്കരിക്കയുമില്ല وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ

عَهْدِ الَّله (അല്ലാഹുവിന്‍റെ -അല്ലാഹുവിനോടുള്ള- കരാര്‍) എന്നതിന്‍റെ അര്‍ത്ഥോദ്ദേശ്യങ്ങളെപ്പറ്റി അല്‍ബക്വറഃ : 27-ാം വചനത്തിന്‍റെ വിവരണത്തില്‍ പ്രസ്താവിച്ചത് ഓര്‍ക്കുക. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുക, അവിടുന്ന് കൊണ്ടു വന്ന മാര്‍ഗം പിന്‍പറ്റുക മുതലായവ ചെയ്തുകൊള്ളാമെന്ന നിശ്ചയവും പ്രതിജ്ഞയുമാണിവിടെ പ്രധാനമായും ഉദ്ദേശ്യം അല്ലാഹുവിനോടു ബാധ്യത ഏറ്റിട്ടുള്ള കരാറുകളും ശപഥങ്ങളും നിറവേറ്റാതെ, അതിന് പകരം നിസ്സാരമായ വില -ഐഹികമായ കാര്യലാഭങ്ങള്‍- കൊണ്ട് തൃപ്തിപ്പെടുന്നവര്‍ക്ക് പരലോകത്ത് യാതൊരു നന്മയും രക്ഷയും ലഭിക്കാനില്ലെന്നും, കാരുണ്യത്തിന്‍റെയോ, സ്‌നേഹത്തിന്‍റെയോ, മാപ്പിന്‍റെയോ കണികപോലും അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുകയില്ലെന്നും, അതോടുകൂടി അതികഠിനമായ ശിക്ഷയും അവര്‍ അനുഭവിക്കേണ്ടി വരുമെന്നും അല്ലാഹു താക്കീത് ചെയ്യുന്നു. അവരോട് അല്ലാഹു സംസാരിക്കുകയില്ലെന്നും, അവരുടെ നേരെ നോക്കുകയില്ലെന്നും പറഞ്ഞത് അല്ലാഹുവിന് അവരോടുള്ള അമര്‍ഷത്തിന്‍റെ ഗൗരവമാണ് കുറിക്കുന്നത്.

ഈ തിരുവചനത്തിലെ താക്കീതുമായി ബന്ധമുള്ളതും, അതിന്‍റെ വ്യാപ്തിയില്‍ ഉള്‍പ്പെടുന്നതും, നിത്യജീവിതത്തില്‍ നാം കരുതിക്കൊണ്ടിരിക്കേണ്ടതുമായ പല കാര്യങ്ങളെക്കുറിച്ചും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഒന്നു രണ്ടെണ്ണം ഉദ്ധരിക്കാം:

(1) അബൂദര്‍റ് (റ) പറയുന്നു: റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘മൂന്ന് കൂട്ടരുണ്ട്: അവരോട് ക്വിയാമത്തുനാളില്‍ അല്ലാഹു സംസാരിക്കുകയില്ല, അവരുടെ നേരെ നോക്കുകയുമില്ല, അവരെ സംസ്‌ക്കരിക്കുകയുമില്ല.’ ഞാന്‍ പറഞ്ഞു; ‘അവര്‍ നഷ്ടപ്പെടുകയും അപമാനപ്പെടുകയും ചെയ്തുവല്ലോ! ആരാണവര്‍, റസൂലേ?’ തിരുമേനി ആ വാക്ക് മൂന്നുവട്ടം ആവര്‍ത്തിച്ചിട്ട് പറഞ്ഞു: ‘വസ്ത്രം നിലത്തിഴച്ച് നടക്കുന്നവനും, കള്ളസത്യം വഴി ചരക്ക് ചിലവഴിക്കുന്നവനും, ചെയ്ത ഉപകാരം എടുത്തുപറയുന്നവനും.’ (അ;മു.)

(2) പല സ്വഹാബികളില്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഒരാളുടെ സ്വത്ത് പിടിച്ചെടുക്കുവാന്‍ വേണ്ടി ആരെങ്കിലും കളളസത്യം ചെയ്താല്‍ അല്ലാഹു അവന്‍റെ മേല്‍ കൊപിച്ചവനായിക്കൊണ്ട് അവന്‍ കണ്ടെ ത്തുന്നതാണ്.’ (അ; ബു: മു)

3:78
 • وَإِنَّ مِنْهُمْ لَفَرِيقًا يَلْوُۥنَ أَلْسِنَتَهُم بِٱلْكِتَـٰبِ لِتَحْسَبُوهُ مِنَ ٱلْكِتَـٰبِ وَمَا هُوَ مِنَ ٱلْكِتَـٰبِ وَيَقُولُونَ هُوَ مِنْ عِندِ ٱللَّهِ وَمَا هُوَ مِنْ عِندِ ٱللَّهِ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ ﴾٧٨﴿
 • നിശ്ചയമായും, അവരില്‍ തന്നെ (വേറെ) ഒരു കക്ഷിയുമുണ്ട്: വേദഗ്രന്ഥത്തി(ന്‍റെ വായനയി)ല്‍ തങ്ങളുടെ നാവുകളെ അവര്‍ വളച്ചു തിരിക്കും, അത് വേദഗ്രന്ഥത്തില്‍ പെട്ടതെന്ന് നിങ്ങള്‍ ഗണിക്കുവാന്‍ വേണ്ടി. അത് വേദഗ്രന്ഥത്തില്‍ പെട്ട തല്ലതാനും, 'അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്' എന്ന് അവര്‍ പറയുകയും ചെയ്യും. അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതല്ലതാനും. അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ പേരില്‍ വ്യാജം പറയുകയും ചെയ്യുന്നു.
 • وَإِنَّ مِنْهُمْ നിശ്ചയമായും അവരിലുണ്ട് لَفَرِيقًا ഒരു കക്ഷി (സംഘം- വിഭാഗം) തന്നെ يَلْوُونَ അവര്‍ വളച്ച് തിരിക്കും, ചുരുട്ടുന്നു أَلْسِنَتَهُم അവരുടെ നാവുകളെ بِالْكِتَابِ വേദഗ്രന്ഥത്തില്‍, ഗ്രന്ഥത്തെ സംബന്ധിച്ച് لِتَحْسَبُوهُ നിങ്ങളതിനെ ഗണിക്കു(വിചാരിക്കു)വാന്‍ വേണ്ടി مِنَ الْكِتَابِ വേദഗ്രന്ഥത്തില്‍ പെട്ടതായി وَمَا هُوَ അതല്ലതാനും مِنَ الْكِتَابِ വേദ്രഗന്ഥത്തില്‍ പെട്ടത് وَيَقُولُونَ അവര്‍ പറയുകയും ചെയ്യും هُوَ അത് مِنْ عِندِ اللَّهِ അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ് (എന്ന്) وَمَا هُوَ അതല്ല താനും مِنْ عِندِ اللَّهِ അല്ലാഹുവിന്‍റെ പക്കല്‍നിന്ന് وَيَقُولُونَ അവര്‍ പറയുകയും ചെയ്യും عَلَى اللَّهِ അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ വ്യാജം, അസത്യം وَهُمْ يَعْلَمُونَ അവര്‍ അറിഞ്ഞുകൊണ്ട്

യഹൂദി പണ്ഡിതന്‍മാര്‍ വേദഗ്രന്ഥത്തില്‍ നടത്താറുള്ള ഒരു കടുത്ത വഞ്ചനയെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. വേദഗ്രന്ഥം വായിച്ചുകേള്‍പ്പിക്കുമ്പോള്‍, തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് അര്‍ത്ഥം വരത്തക്കവണ്ണം അക്ഷരങ്ങളും പദങ്ങളും മാറ്റിമറിച്ചോ, സ്ഥാനം തെറ്റിച്ചോ, അതില്‍ ഏറ്റക്കുറവ് വരുത്തിയോ വായിക്കുക. വിവരമില്ലാത്ത ആളുകള്‍ അതെല്ലാം വേദവാക്യങ്ങളാണെന്ന് ധരിക്കുമല്ലോ. അവരുടെ ലക്ഷ്യവും അതു തന്നെ. തങ്ങള്‍ വായിക്കുന്നതെല്ലാം വേദഗ്രന്ഥത്തിന്‍റെ പ്രസ്താവനകളും, അല്ലാഹു അവതരിപ്പിച്ചതുമാണെന്ന നിലക്കായിരിക്കും അവര്‍ വായന ചെയ്യുന്നതും. ഇത് വ്യാഖ്യാനത്തിലോ അഭിപ്രായത്തിലോ ഉണ്ടാകുന്ന അബദ്ധമല്ലെന്നും, അല്ലാഹുവിന്‍റെ പേരില്‍ തനി കള്ളം കെട്ടിപ്പറയലാണെന്നും പറയേണ്ടതില്ലല്ലോ.

ഏതാണ്ട് ഇതുപോലെയുള്ള ചില കൃത്രിമങ്ങള്‍ വക്രതാല്‍പര്യക്കാരായ ചില മുസ്‌ലിം പണ്ഡിതന്‍മാരിലും ചിലപ്പോള്‍ കാണാറുള്ളതാണ്. ക്വുര്‍ആന്‍റെ അക്ഷരങ്ങളോ പദങ്ങളോ മാറ്റിമറിക്കാറില്ല. അതൊട്ട് സാധ്യവുമല്ല. ക്വുര്‍ആന്‍റെ അര്‍ത്ഥം അറിയാത്തവര്‍ക്ക് പോലും അതിലെ വാക്കുകള്‍ സുനിശ്ചിതമായി അറിയാവുന്നതാണല്ലോ. അതുകൊണ്ട് തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് യോജിക്കുന്ന വിധത്തില്‍ അതിലെ വാക്കുകള്‍ക്കോ, വാക്യങ്ങള്‍ക്കോ അര്‍ത്ഥവ്യാഖ്യാനം നല്‍കുകയും, എന്നിട്ട് അതൊക്കെ ക്വുര്‍ആന്‍റെ പ്രസ്താവനകളായി സമര്‍ത്ഥിക്കുകയാണവര്‍ ചെയ്യുക. വേദക്കാരുടെ ചില അഴിമതികളെപ്പറ്റി പറയുന്ന കൂട്ടത്തില്‍, സ്വന്തം കൈകൊണ്ട് ഗ്രന്ഥം എഴുതുകയും, എന്നിട്ട് തുച്ഛമായ കാര്യലാഭത്തിന് വേണ്ടി അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതായി പ്രസ്താവിക്കുകയും ചെയ്യുന്നവരെക്കുറിച്ച് സൂ: അല്‍ബക്വറഃ 79ല്‍ കഴിഞ്ഞുപോയ കഠിനമായ താക്കീത് ഇങ്ങനെയുള്ളവരും ഭയപ്പെടേണ്ടതാകുന്നു.

3:79
 • مَا كَانَ لِبَشَرٍ أَن يُؤْتِيَهُ ٱللَّهُ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا۟ عِبَادًا لِّى مِن دُونِ ٱللَّهِ وَلَـٰكِن كُونُوا۟ رَبَّـٰنِيِّـۧنَ بِمَا كُنتُمْ تُعَلِّمُونَ ٱلْكِتَـٰبَ وَبِمَا كُنتُمْ تَدْرُسُونَ ﴾٧٩﴿
 • ഒരു മനുഷ്യനും (തന്നെ) ഉണ്ടാകുകയില്ല, അല്ലാഹു അദ്ദേഹ ത്തിന് വേദഗ്രന്ഥവും, വിധികര്‍ത്തൃ ത്വവും (അഥവാ വിജ്ഞാനവും) പ്രവാചകത്വവും നല്‍കുക: പിന്നീട് അദ്ദേഹം മനുഷ്യരോട്: 'നിങ്ങള്‍ അല്ലാഹുവിനല്ലാതെ -എനിക്ക്- അടിയാന്‍മാരായിരിക്കുവിന്‍' എന്ന് പറയുകയും ചെയ്യുക. ഇത് രണ്ടും കൂടി ഒരിക്കലും സംഭവിക്കുകയില്ല.] എങ്കിലും 'നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ച് വരുന്നതു കൊണ്ടും, നിങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നതു കൊണ്ടും നിങ്ങള്‍ 'റബ്ബാനികള്‍' [മതോപദേഷ്ടാക്കള്‍] ആയിത്തീരുവീന്‍' എന്നായിരിക്കും (അദ്ദേഹം പറയുക).
 • مَا كَانَ ഉണ്ടാവുകയില്ല, ഉണ്ടാകാവതല്ല لِبَشَرٍ ഒരു മനുഷ്യനും أَن يُؤْتِيَهُ അവന് നല്‍കുക اللَّهُ അല്ലാഹു الْكِتَابَ ഗ്രന്ഥം وَالْحُكْمَ വിജ്ഞാനവും, വിധിയും (അധികാരവും) وَالنُّبُوَّةَ പ്രവാചകത്വവും ثُمَّ يَقُولَ പിന്നീട് അദ്ദേഹം പറയുക لِلنَّاسِ മനുഷ്യരോട് كُونُوا നിങ്ങളായിരിക്കുവിന്‍ عِبَادًا لِّي എനിക്ക് (എന്‍റെ) അടിയാന്‍മാര്‍ مِن دُونِ اللَّهِ അല്ലാഹുവിനെ കൂടാതെ (അല്ലാഹുവിന്നല്ലാതെ) وَلَٰكِن എങ്കിലും (പറയും) كُونُوا നിങ്ങളായിരിക്കുവിന്‍ رَبَّانِيِّينَ റബ്ബാനികള്‍ بِمَا كُنتُمْ നിങ്ങളായിരിക്കുന്നതു കൊണ്ട് تُعَلِّمُونَ നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു الْكِتَابَ വേദഗ്രന്ഥം وَبِمَا كُنتُمْ നിങ്ങളായിരിക്കുന്നതു കൊണ്ടും تَدْرُسُونَ പഠിച്ചുകൊണ്ടിരിക്കുന്നു
3:80
 • وَلَا يَأْمُرَكُمْ أَن تَتَّخِذُوا۟ ٱلْمَلَـٰٓئِكَةَ وَٱلنَّبِيِّـۧنَ أَرْبَابًا ۗ أَيَأْمُرُكُم بِٱلْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ ﴾٨٠﴿
 • നിങ്ങള്‍ മലക്കുകളെയും, നബിമാരെയും റബ്ബുകളായി സ്വീകരിക്കുവാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയും (ഉണ്ടാകുക) ഇല്ല. നിങ്ങള്‍ മുസ്‌ലിംകള്‍ [അല്ലാഹുവിന് കീഴൊതുങ്ങിയവര്‍] ആയിട്ടുള്ളതിന് ശേഷം, നിങ്ങളോട് അവിശ്വാസത്തിന് അദ്ദേഹം കല്‍പിക്കുകയോ?!
 • وَلَا يَأْمُرَكُمْ അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയും (ഉണ്ടാകുക) ഇല്ല أَن تَتَّخِذُوا നിങ്ങള്‍ സ്വീകരിക്കുവാന്‍ الْمَلَائِكَةَ മലക്കുകളെ وَالنَّبِيِّينَ നബിമാരെയും أَرْبَابًا റബ്ബുകളായി أَيَأْمُرُكُم അദ്ദേഹം നിങ്ങളോട് കല്‍പിക്കുകയോ بِالْكُفْرِ അവിശ്വാസത്തിന് بَعْدَ إِذْ أَنتُم നിങ്ങള്‍ ആയതിനുശേഷം مُّسْلِمُونَ മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍)

عَبْد (അബ്ദ്) എന്ന വാക്കിന്‍റെ ബഹുവചനമാണ് عِبَاد (ഇബാദ്). ഉടമയായ ‘അടിമ’ എന്ന  അര്‍ത്ഥത്തിലും ആരാധകനായ ‘അടിയാന്‍’ എന്ന അര്‍ത്ഥത്തിലും അത് ഉപ യോഗിക്കപ്പെടും. ആദ്യത്തെ  അര്‍ത്ഥത്തിലാകുമ്പോള്‍- ഇമാം റാഗിബ് (റ) ചൂണ്ടിക്കാണിച്ചപോലെ عَبِيد (അബീദ്) എന്നും രണ്ടാമത്തെ  അര്‍ത്ഥത്തിലായിരിക്കുമ്പോള്‍ عِبَاد (ഇബാദ്) എന്നും ബഹുവചനം വരുന്നതാണ്. رَبَانِى (റബ്ബാനിയ്യ്) എന്നതിന്‍റെ ബഹുവചനമാണ് رَباَنِيُون (റബ്ബാനിയ്യൂന). ‘വേദവിജ്ഞാനി, മതനേതാവ്, മതോപദേഷ്ടാവ്, ഭരണനേതാവ്, ദിവ്യ പുരുഷന്‍’ എന്നൊക്കെ അര്‍ത്ഥം പറയാവുന്ന വിധത്തില്‍ ഇതിന് വിവക്ഷ നല്‍കപ്പെട്ട് കാണാം. ഇതിലെ മൂലശ്ദമായ رَب (റബ്ബ്) എന്ന വാക്കിന് ഭാഷയില്‍ ‘വളര്‍ത്തുന്നവന്‍, പരിപാലകന്‍, നാഥന്‍, പരിശീലനം നല്‍കുന്നവന്‍, യജമാനന്‍’ എന്നൊക്കെ അര്‍ത്ഥങ്ങള്‍ വരുന്നതിനെയും, അല്ലാഹുവിന്‍റെ നാമവിശേഷണമായി അത് ഉപയോഗിക്കപ്പെടാറുള്ളതിനെയും ആസ്പദമാക്കിയാണ് മേല്‍ പറഞ്ഞ അര്‍ത്ഥങ്ങളെല്ലാം അതിന് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ‘റബ്ബാനീ’കളായിരിക്കണമെന്ന്  പറയുന്നതിനുള്ള കാരണമായി ഇവിടെ പ്രസ്താവിച്ചത്  ‘നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തുവരുന്നു’ (بِمَا كُنتُمْ تُعَلِّمُونَ) എന്നാണല്ലോ. അതുകൊണ്ട് വേദവിജ്ഞാനങ്ങള്‍ അറിഞ്ഞും ഉപദേശിച്ചും വരുന്ന മതോപദേഷ്ടാക്കളും, മതവിജ്ഞാനി കളുമാണ് ഇവിടെ ഉദ്ദേശ്യമെന്ന് കരുതാവുന്നതാകുന്നു. ഈ  വാക്ക് സാക്ഷാല്‍ അറബിവാക്കാണെന്നും, അതല്ല, അബ്‌റാനീ (ഹിബ്രു) വാക്കാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്. ഏതായാലും ശബ്ദത്തിലും അര്‍ത്ഥത്തിലും ഇതിനോട് സാമ്യമുള്ള രൂപത്തില്‍ ചില വാക്കുകള്‍ ബൈബ്‌ളില്‍ പലേടത്തും ഉപയോഗിച്ചിരിക്കുന്നത് കാണാം. അതുകൊണ്ട് വേദക്കാര്‍ക്കിടയില്‍ മുമ്പേ സുപരിചിതമായിരുന്ന ഒരു വാക്കാണെന്നുള്ളതില്‍ സംശയമില്ല. (*)


(*) ബൈബ്‌ളിലെ പല വാക്യങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ട്  വേദപുസ്തക നിഘണ്ടുവില്‍ ‘റബ്ബി’ എന്ന ശീര്‍ഷകത്തില്‍  പറയുന്നു: റബ്ബി എന്ന എബ്രായ (അബ്രാനി) പദത്തിന് എന്‍റെ കര്‍ത്താവേ എന്നര്‍ത്ഥം. ‘റബ്ബ്’ എന്ന് പദത്തിന് വലിയവന്‍ എന്ന അര്‍ത്ഥമാകയാല്‍ അത് വലിയ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഉപയോഗിക്കപ്പെടും…. പിന്നീട് ഇത് വേദശാസ്ത്ര  വിദഗ്ധന്‍മാരായ ശാസ്ത്രിമാര്‍ക്ക് സവിശേഷമായി ഉപയോഗിക്കപ്പെട്ടു,’ ‘റബ്ബാനീ’ എന്ന ശീര്‍ഷകത്തില്‍ വീണ്ടും പറയുന്നു: ‘എബ്രായ ഭാഷയിലെ ‘റബ്ബി’ എന്ന പദത്തെ ആരാമ്യ (ആറാമീ) ഭാഷ സംസാരിക്കുന്നവര്‍ ‘റബ്ബൂന എന്നുപറയും. ഇതിന് എന്‍റെ കര്‍ത്താവേ എന്നര്‍ത്ഥം. ഈ പദം ശാസ്ത്രിമാരെ അഭിസംബോധന ചെയ്യുന്നതിനായി ഉപയോഗിക്കപ്പെട്ടു.


ആശയത്തിന്‍റെ സാരം ചുരുക്കത്തില്‍ ഇങ്ങനെ മനസ്സിലാക്കാം: വേദഗ്രന്ഥവും വിജ്ഞാനവും- വേദനിയമങ്ങളനുസരിച്ചുള്ള വിധി കര്‍ത്തൃത്വവും- പ്രവാചകത്വവും ലഭിച്ച ഒരു മനുഷ്യന്‍, നിങ്ങള്‍ എന്നെ ആരാധിക്കുന്ന അടിയാന്‍മാരായിരിക്കണമെന്ന് ജനങ്ങളോട് ഒരിക്കലും പറയുവാന്‍ പാടുള്ളതല്ല. അങ്ങനെ സംഭവിക്കുകയുമില്ല. നേരെ മറിച്ച് വേദഗ്രന്ഥം പഠിച്ചറിഞ്ഞും, മറ്റുള്ളവരെ ഉപദേശിച്ചും, പഠിപ്പിച്ചും, അല്ലാഹുവിനെ ആരാധിച്ചും, അനുസരിച്ചും കൊണ്ടിരിക്കുന്ന വേദവിജ്ഞാനികളായിത്തീരണം എന്നേ അവര്‍ പറയുകയുള്ളൂ. അതുപോലെത്തന്നെ, അല്ലാഹുവിനെ മാത്രമല്ലാതെ -മലക്കുകളെയോ നബിമാരെയോ- റബ്ബുകളായി സ്വീകരിക്കുവാനും അങ്ങനെയുള്ള ആരും കല്‍പിക്കുകയില്ല. തൗഹീദിന്‍റെ സ്ഥാപനത്തിനും പ്രചരണത്തിനും വേണ്ടി നിയോഗിക്കപ്പെട്ടവരാണ് പ്രവാചകന്‍മാര്‍. അവരുടെ  പ്രബോധനമനുസരിച്ച് നിങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ട മുസ്‌ലിംകളായി കഴിഞ്ഞശേഷം, പിന്നീട് അതിന് കടകവിരുദ്ധമായ  കുഫ്‌റിനും ശിര്‍ക്കിനും (അവിശ്വാസത്തിനും ബഹുദൈവ വിശ്വാസത്തിനും) അവരെങ്ങനെ ഉപദേശിക്കും?! നിങ്ങളുടെ  സ്ഥിതിഗതികള്‍ കണ്ടാല്‍ അങ്ങനെയാണല്ലോ തോന്നുക. വാസ്തവത്തില്‍ അതൊന്നും സംഭവിക്കുവാന്‍ പോകുന്നില്ല.

ഈസാ നബി (عليه السلام)യുടെ അനുയായികളെന്ന് വാദിക്കുന്ന ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ റബ്ബായി ഗണിക്കുകയും ആരാധിച്ചുവരുകയും ചെയ്യുന്നതിനെ പ്രത്യേകിച്ചും, പ്രവാചകന്‍മാരുടെ അനുയായികെളന്ന് വാദിച്ചുകൊണ്ട് അല്ലാഹു അല്ലാത്തവര്‍ക്ക് ദിവ്യത്വം കല്‍പിക്കുകയും അവര്‍ക്ക് ആരാധനകള്‍ നടത്തുകയും ചെയ്യുന്ന എല്ലാവരേയും പൊതുവായും ആക്ഷേപിച്ചു കൊണ്ടുള്ളതാണ് ഈ വചനങ്ങള്‍. അല്ലാഹുവിനും മനുഷ്യര്‍ക്കുമിടയിലുള്ള മദ്ധ്യവര്‍ത്തികളും ദൂതന്‍മാരുമാണല്ലോ പ്രവാചകന്‍മാരും മലക്കുകളും. അവര്‍ക്കുപോലും ദിവ്യസ്ഥാനം കല്‍പിക്കപ്പെടുവാനും ആരാധനകളര്‍പ്പിക്കപ്പെടുവാനും പാടില്ലെങ്കില്‍, പ്രവാചകന്‍മാരുടെ അനുയായികളായ  പണ്ഡിതന്‍മാര്‍, പുരോഹിതന്‍മാര്‍, ശൈഖന്‍മാര്‍, മഹാന്‍മാര്‍ തുടങ്ങിയ ആര്‍ക്കെങ്കിലും- അവര്‍ എത്ര  ഉന്നതപദവിക്കാരായാലും ശരി- ദിവ്യത്വപദവി നല്‍കി റബ്ബുകളാക്കുവാന്‍ പാടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. റബ്ബുകളാക്കുക എന്നതിന്‍റെ താല്‍പര്യം പ്രത്യക്ഷത്തില്‍ അവര്‍ക്ക് ആരാധനകളര്‍പ്പിക്കുകയെന്നോ, അല്ലാഹുവിന്‍റെ അധികാരാവകാശ ഗുണവിശേഷങ്ങളില്‍പെട്ട വല്ലതും അവര്‍ക്കും വകവെച്ചുകൊടുക്കുകയെന്നോ മാത്രമല്ല. അല്ലാഹുവിന്‍റെ വിധിവിലക്കുകളെന്നോണം മറ്റുള്ളവരുടെ വിധിവിലക്കുകള്‍ക്ക് മതത്തില്‍ സ്ഥാനം കല്‍പിക്കലും അവരെ റബ്ബാക്കലാണെന്ന് 64-ാം വചനത്തില്‍ നിന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുള്ളതാണ്.

വിഭാഗം - 9

3:81
 • وَإِذْ أَخَذَ ٱللَّهُ مِيثَـٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيْتُكُم مِّن كِتَـٰبٍ وَحِكْمَةٍ ثُمَّ جَآءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِۦ وَلَتَنصُرُنَّهُۥ ۚ قَالَ ءَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِى ۖ قَالُوٓا۟ أَقْرَرْنَا ۚ قَالَ فَٱشْهَدُوا۟ وَأَنَا۠ مَعَكُم مِّنَ ٱلشَّـٰهِدِينَ ﴾٨١﴿
 • അല്ലാഹു പ്രവാചകന്‍മാരുടെ ഉറപ്പു വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): വേദഗ്രന്ഥമായും, വിജ്ഞാനമായും ഞാന്‍ നിങ്ങള്‍ക്ക് വല്ലതും നല്‍കുകയും: പിന്നീടു നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കുന്ന ഒരു റസൂല്‍ നിങ്ങളില്‍ വരുകയും ചെയ്താല്‍, തീര്‍ച്ചയായും, നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുമെന്ന്. അവന്‍ (അവരോട്) പറഞ്ഞു: 'നിങ്ങള്‍ (ഏറ്റു) സമ്മതിക്കുകയും. അതിനെക്കുറിച്ച് എന്‍റെ ബാധ്യത [എന്നോടുള്ള കരാറിന്‍റെ ബാധ്യത] നിങ്ങള്‍ (ഏറ്റ്) എടുക്കുകയും ചെയ്തുവോ?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ (ഏറ്റു) സമ്മതിച്ചിരിക്കു ന്നു.' അവന്‍ പറഞ്ഞു: 'എന്നാല്‍, നിങ്ങള്‍ (അതിന്) സാക്ഷ്യം വഹി ക്കുവിന്‍. ഞാനും നിങ്ങളോടൊപ്പം സാക്ഷികളില്‍പെട്ടവനാകുന്നു.'
 • وَإِذْ أَخَذَ വാങ്ങിയ സന്ദര്‍ഭം اللَّهُ അല്ലാഹു مِيثَاقَ ഉറപ്പ്, ഉടമ്പടി, കരാര്‍ النَّبِيِّينَ നബിമാരുടെ لَمَا آتَيْتُكُم തീര്‍ച്ചയായും നിങ്ങള്‍ക്ക് ഞാന്‍ വല്ലതും നല്‍കിയാല്‍ مِّن كِتَابٍ വേദഗ്രന്ഥമായി وَحِكْمَةٍ വിജ്ഞാനമായും ثُمَّ جَاءَكُمْ പിന്നീട് നിങ്ങള്‍ക്ക് വന്നു رَسُولٌ വല്ല ദൂതനും مُّصَدِّقٌ സത്യമാക്കുന്ന لِّمَا مَعَكُمْ നിങ്ങളുടെ കൂടെയുള്ളതിനെ لَتُؤْمِنُنَّ بِهِ തീര്‍ച്ചയായും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കും, വിശ്വസിക്കുക തന്നെ വേണം (എന്ന്) وَلَتَنصُرُنَّهُ അദ്ദേഹത്തെ തീര്‍ച്ചയായും സഹായിക്കുകയും ചെയ്യും (ചെയ്യണം) قَالَ അവന്‍ പറഞ്ഞു أَأَقْرَرْتُمْ നിങ്ങള്‍ സമ്മതിച്ച് (ഉറച്ച് പറഞ്ഞു. ഏറ്റ് പറഞ്ഞു)വോ وَأَخَذْتُمْ നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)യും ചെയ്തു(വോ) عَلَىٰ ذَٰلِكُمْ അതിനെക്കുറിച്ച്, അതിന്‍റെ പേരില്‍ إِصْرِي എന്‍റെ (എന്നോടുള്ള) ബാധ്യത (കരാര്‍, ഭാരം) قَالُوا അവര്‍ പറഞ്ഞു أَقْرَرْنَا ഞങ്ങള്‍ സമ്മതിച്ചു ഉറച്ചു പറഞ്ഞു قَالَ അവന്‍ പറഞ്ഞു فَاشْهَدُوا എന്നാല്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ وَأَنَا مَعَكُم ഞാനും നിങ്ങളുടെകൂടെ مِّنَ الشَّاهِدِينَ സാക്ഷികളിലുണ്ട്
3:82
 • فَمَن تَوَلَّىٰ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ ﴾٨٢﴿
 • എന്നിരിക്കെ, അതിനുശേഷം ആരെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍, അക്കൂട്ടര്‍ തന്നെയാണ് തോന്നിയവാസികള്‍.
 • فَمَن تَوَلَّىٰ എന്നിരിക്കെ ആരെങ്കിലും തിരിഞ്ഞു കളഞ്ഞാല്‍ بَعْدَ ذَٰلِكَ അതിനുശേഷം فَأُولَٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെ الْفَاسِقُونَ തോന്നിയവാസികള്‍

അല്ലാഹുവിങ്കല്‍ നിന്ന് വേദഗ്രന്ഥവും, വിജ്ഞാനബോധനങ്ങളും ലഭിച്ചിട്ടുള്ള ഏതൊരു പ്രവാചകനും തന്നെ, അദ്ദേഹത്തിന് ലഭിച്ച മാര്‍ഗദര്‍ശനങ്ങളെയും തത്വസിദ്ധാന്തങ്ങളെയും ശരിവെച്ച് കൊണ്ട് പിന്നീട് വേറൊരു റസൂല്‍ വരുന്ന പക്ഷം, ആ റസൂലില്‍ വിശ്വസിക്കലും, അദ്ദേഹത്തിന്‍റെ പ്രബോധനത്തില്‍ അദ്ദേഹത്തിന് സഹായ സഹകരണം നല്‍കലും നിര്‍ബ്ബന്ധമാകുന്നു. എല്ലാ റസൂലുകളുടെയും മൗലികമായ ദൗത്യ സിദ്ധാന്തങ്ങള്‍ ഒന്നായിരിക്കുന്നതുകൊണ്ട് ഒരാളുടെ ദൗത്യം മറ്റെയാളുടേതിനോട് ഒരിക്കലും എതിരായിരിക്കുകയില്ലല്ലോ. ഇപ്രകാരം ചെയ്തുകൊള്ളാമെന്ന് എല്ലാ പ്രവാചകന്മാരോടും അല്ലാഹു ഉറപ്പുമേടിക്കുകയും. എല്ലാവരും അത് തങ്ങളുടെ ബാധ്യതയായി ഏറ്റ് പറഞ്ഞ് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നബിമാര്‍ക്കുപോലും ഒഴിച്ചുകൂടാത്ത ഗൗരവമേറിയ ഈ ബാധ്യത അവരുടെ സമുദായങ്ങള്‍ക്കും ബാധകമാണെന്ന് വിശിഷ്യാ പറയേണ്ടതില്ല. എന്നിരിക്കെ, ഞങ്ങള്‍ ഞങ്ങളുടെ നബിയിലും, ഞങ്ങളുടെ ഗ്രന്ഥത്തിലും മാത്രമേ വിശ്വസിക്കുകയുള്ളൂ – വിശ്വസിക്കേണ്ടതുള്ളൂ – എന്നുപറയുവാന്‍ വേദക്കാരായ ഒരു സമുദായത്തിനും അവകാശമില്ലാത്തതാകുന്നു. അങ്ങിനെ ചെയ്യുന്നത് ധിക്കാരവും തോന്നിയവാസവുമാണ്. എന്ന് സാരം.

നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവസാനത്തെ പ്രവാചകനാകയാല്‍ തിരുമേനിയുടെ കാലത്തോ അതിനുശേഷമോ വേറൊരു റസൂല്‍ വരുവാനില്ലാത്തതുകൊണ്ട് ഈ ബാധ്യതയില്‍ നിന്ന് തിരുമേനി സ്വാഭാവികമായും ഒഴിവാകുന്നു. എന്നാല്‍, തിരുമേനിയുടെ മുമ്പുള്ള ഏതൊരു പ്രവാചകന്‍റെ അനുയായികളായി നിലകൊള്ളുന്നവരും തിരുമേനിയില്‍ വിശ്വസിക്കലും, തിരുമേനിയെ പിന്‍പറ്റലും നിര്‍ബ്ബന്ധമാണുതാനും. വേദക്കാരായ സമുദായങ്ങളെ പ്രത്യേകം ഉദ്ദേശിച്ചു കൊണ്ടാണ് ഈ കരാറിനെപ്പറ്റി അല്ലാഹു പ്രസ്താവിക്കുന്നത്. ഈ കരാറിന്‍റെ അടിസ്ഥാനത്തിലാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു ഹദീഥില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നതും: ‘നിങ്ങളില്‍ മൂസാ (عليه السلام) ഉണ്ടായിരിക്കുകയും, എന്നിട്ട് അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുകയും, എന്നെ വിട്ടേക്കുകയും ചെയ്തിരുന്നുവെങ്കില്‍ നിങ്ങള്‍ വഴിപിഴക്കുകതന്നെ ചെയ്യുമായിരുന്നു’. അബൂയഅ്‌ലാ (റ)യുടെ ഒരു ഹദീഥിലെ വാചകം ഇങ്ങിനെയാകുന്നു; ‘മൂസാ (عليه السلام) നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍, അദ്ദേഹത്തിന് എന്നെ പിന്‍പറ്റുകയല്ലാതെ നിവൃത്തിയുണ്ടാകുമായിരുന്നില്ല.’

3:83
 • أَفَغَيْرَ دِينِ ٱللَّهِ يَبْغُونَ وَلَهُۥٓ أَسْلَمَ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ ﴾٨٣﴿
 • അപ്പോള്‍, അല്ലാഹുവിന്‍റെ മതമല്ലാത്തതിനെ [മറ്റൊരു മതത്തെ]യാണോ അവര്‍ ആവശ്യപ്പെടുന്നത്? അവന് ആകാശഭൂമികളിലുള്ളവര്‍ (എല്ലാം) - അനുസരണ പൂര്‍വമോ, നിര്‍ബന്ധ പൂര്‍വമോ - കീഴൊ തുങ്ങുകയും ചെയ്തിരിക്കുന്നു (എന്നിരിക്കെ)!- അവനിലേക്കുതന്നെ അവര്‍ മടക്ക പ്പെടുകയും ചെയ്യുന്നു (എന്നുമിരിക്കെ)!
 • أَفَغَيْرَ അപ്പോള്‍ അല്ലാത്തതിനെയോ دِينِ اللَّهِ അല്ലാഹുവിന്‍റെ മതം يَبْغُونَ ആവശ്യപ്പെടുന്നു وَلَهُ അവന് (തന്നെ) أَسْلَمَ കീഴൊതുങ്ങിയിരിക്കുന്നു مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും طَوْعًا അനുസരണപൂര്‍വ്വം (ഇഷ്ടത്തോടെ) وَكَرْهًا നിര്‍ബ്ബന്ധ പൂര്‍വ്വവും, അനിഷ്ടമായും وَإِلَيْهِ അവങ്കലേക്ക് തന്നെ يُرْجَعُونَ അവര്‍ മടക്കപ്പെടുകയും ചെയ്യുന്നു
3:84
 • قُلْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيْنَا وَمَآ أُنزِلَ عَلَىٰٓ إِبْرَٰهِيمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ ﴾٨٤﴿
 • (നബിയേ)പറയുക: 'ഞങ്ങള്‍ അല്ലാഹുവിലും, ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു; (മാത്രമല്ല) ഇബ്‌റാഹീമിന്‍റെയും, ഇസ്മാഈലിന്‍റെയും, ഇസ്ഹാക്വിന്‍റെയും, യഅ്ക്വൂബിന്‍റെയും, 'സിബ്ത്ത്വ്' [സന്തതി]കളുടെയും മേല്‍ ഇറക്കപ്പെട്ടിട്ടുള്ളതിലും, മൂസാക്കും, ഈസാക്കും, (മറ്റു) നബിമാര്‍ക്കും തങ്ങളുടെ റബ്ബിങ്കല്‍നിന്ന് നല്‍കപ്പെട്ടിട്ടുള്ളതിലും (വിശ്വസിച്ചിരിക്കുന്നു). (അതെ) അവരില്‍ ഒരാളുടെ ഇടക്കും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല; ഞങ്ങളാവട്ടെ, അവന് [അല്ലാഹുവിന് കീഴൊതുങ്ങിയ] മുസ്‌ലിംകളുമാകുന്നു.
 • قُلْ നീ പറയുക آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِاللَّهِ അല്ലാഹുവില്‍ وَمَا أُنزِلَ ഇറക്കപ്പെട്ടതിലും عَلَيْنَا ഞങ്ങള്‍ക്ക് وَمَا أُنزِلَ ഇറക്കപ്പെട്ടതിലും عَلَىٰ إِبْرَاهِيمَ ഇബ്‌റാഹീമിന് وَإِسْمَاعِيلَ ഇസ്മാഈലിനും وَإِسْحَاقَ ഇസ്ഹാക്വിനും وَيَعْقُوبَ യഅ്ക്വൂബിനും وَالْأَسْبَاطِ സന്തതികള്‍ക്കും وَمَا أُوتِيَ നല്‍കപ്പെട്ടതിലും مُوسَىٰ وَعِيسَىٰ മൂസാക്കും ഈസാക്കും وَالنَّبِيُّونَ നബിമാര്‍ക്കും مِن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് لَا نُفَرِّقُ ഞങ്ങള്‍ വ്യത്യാസം ചെയ്കയില്ല بَيْنَ أَحَدٍ ഒരാള്‍ക്കിടയിലും مِّنْهُمْ അവരില്‍നിന്ന് وَنَحْنُ ഞങ്ങള്‍, ഞങ്ങളാകട്ടെ لَهُ അവന് مُسْلِمُونَ മുസ്‌ലിംകളാണ്, കീഴൊതുങ്ങിയവ രാണ്

എല്ലാ പ്രവാചകന്മാരാലും പ്രബോധനം ചെയ്യപ്പെട്ട മതം അല്ലാഹുവിന്‍റെ മതമായ (ഇസ്‌ലാമാകുന്ന) ഒരേ ഒരു മതമാകുന്നു. അതിനും പുറമെ, മനുഷ്യരടക്കം ആകാശ ഭൂമികളിലുള്ളവരെല്ലാം തന്നെ അല്ലാഹു നിശ്ചയിച്ചു വെച്ച നിയമ വ്യവസ്ഥകള്‍ക്ക് വിധേ യരായിക്കൊണ്ടാണ് നിലകൊള്ളുന്നതും. ഇഷ്ടപ്രകാരമായാലും ശരി നിര്‍ബ്ബന്ധിതമായിട്ടായാലും ശരി, ആ നിയമവ്യവസ്ഥക്ക് കീഴൊതുങ്ങുകയല്ലാതെ ഒരാള്‍ക്കും ഗത്യന്തരമില്ല . അവസാനം എല്ലാവരും മടങ്ങിച്ചെന്നു പര്യവസാനിക്കുന്നതും അവങ്കലേക്ക് തന്നെ. എന്നിരിക്കെ, അല്ലാഹു നിയമിച്ചതും കൽപിച്ചതുമല്ലാത്ത മറ്റേതെങ്കിലും മതം സ്വീകരിക്കണമെന്നാണോ അവരുടെ ആവശ്യം?! എങ്കില്‍ അതൊരിക്കലും സ്വീകാര്യമല്ല. ഇതാണ് ആദ്യത്തെ വചനത്തിലെ ആശയം. രണ്ടാമത്തെ വചനത്തില്‍ ഈ ആശയം ഒന്നുകൂടി ശക്തിപ്പെടുത്തിയിരിക്കുന്നു. അതായത്, എല്ലാ പ്രവാചകന്മാരും കൊണ്ടുവന്നിട്ടുള്ളത് അല്ലാഹുവിന്‍റെതായ ആ മതം തന്നെയാണെന്നും, അതുകൊണ്ട് ചിലരുടെ ദൗത്യത്തില്‍ വിശ്വസിക്കുകയും, ചിലരുടെതില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്‌വാന്‍ സാദ്ധ്യമല്ലെന്നുമുള്ള മൗലിക യാഥാര്‍ഥ്യം സ്വീകരിച്ചവരാണ് ഞങ്ങളെന്ന് പ്രഖ്യാപിക്കുവാന്‍ അല്ലാഹു നബി യോട് കൽപിക്കുന്നു. അടുത്ത വചനത്തില്‍ അര്‍ഥശങ്കക്കു ഇടമില്ലാത്തവണ്ണം ഈ പരമാര്‍ഥം വീണ്ടും ഒന്നുകൂടി സ്പഷ്ടമാക്കുന്നുണ്ട്.

അനുസരണപൂര്‍വ്വമോ നിര്‍ബന്ധ പൂര്‍വ്വമോ ആകാശഭൂമികളിലുള്ളവരെല്ലാം അല്ലാഹുവിന് കീഴൊതുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം. എല്ലാവരും അവന്‍റെ ഭരണ വ്യവസ്ഥകള്‍ക്കും അവന്‍ നിയമിച്ച പ്രകൃതി വ്യവസ്ഥകള്‍ക്കും തികച്ചും വിധേയരായിക്കൊണ്ടല്ലാതെ, അതില്‍നിന്ന് സ്വല്‍പെമങ്കിലും വ്യത്യസ്തമായ രീതിയില്‍ ഒരു മിടിയിടപോലും നിലകൊള്ളുവാന്‍ ആര്‍ക്കും സാധ്യമല്ല എന്നത്രെ. സത്യവിശ്വാസി, അവിശ്വാസി, പ്രകൃതിവാദി, ബഹുദൈവവാദി, ദൈവനിഷേധീ എന്നിങ്ങനെയുള്ള തരവ്യത്യാസങ്ങളോ, മനുഷ്യന്‍, ജിന്നുകള്‍, മലക്കുകള്‍, ജീവജന്തുക്കള്‍, നിര്‍ജ്ജീവ വസ്തുക്കള്‍ എന്നിങ്ങനെയുള്ള വര്‍ഗ വ്യത്യാസമോ കൂടാതെ സകലവസ്തുക്കളും ഈ അര്‍ത്ഥത്തില്‍ അല്ലാഹുവിന് കീഴ്‌പ്പെട്ട വരാകുന്നു. (റഅദ്, 15: ഹാമീം സജദ: 11 മുതലായ സ്ഥലങ്ങളില്‍ കൂടുതല്‍ വിവരം കാണാം) എന്നിരിക്കെ, അവന്‍ കല്‍പിച്ചരുളിയതും, മനുഷ്യന്‍റെ ശാശ്വത നന്മക്ക് നിദാനമായതുമായ അവന്‍റെ മതനിയമങ്ങള്‍ക്ക് കീഴൊതുങ്ങാതിരിക്കുന്നത് നീതിയുക്തമല്ല- അനീതിയും ധിക്കാരവുമാണ് – എന്ന് പറയേണ്ടതില്ലല്ലോ.

പ്രവാചകന്‍മാര്‍ ലക്ഷക്കണക്കില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരില്‍ അറബികളുടെയും, വേദക്കാരുടെയും ഇടയില്‍ പല നിലക്കും കൂടുതല്‍ സുപരിചിതരും ബഹുമാന്യരുമാകക്കൊണ്ടും, ചരിത്രപരവും മതപരവുമായ രംഗങ്ങളില്‍ കൂടുതല്‍ സ്മരണീയരാകൊണ്ടുമാണു ഇബ്‌റാഹീം നബി (عليه السلام) തുടങ്ങിയ ചില നബിമാരുടെ പേരുകള്‍ പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നത്. യഅ്ക്വൂബ് നബി (عليه السلام)യുടെ പന്ത്രണ്ട് സന്താന പരമ്പരകളില്‍ ഉണ്ടായിട്ടുള്ള പ്രവാചകന്‍മാരെ ഉദ്ദേശിച്ചാണ് الأسْبَاطِ (സന്തതികള്‍) എന്ന് പറഞ്ഞിരിക്കുന്നത്. ഇബ്‌റാഹീം നബി (عليه السلام) യെക്കുറിച്ചും മറ്റും പറഞ്ഞപ്പോള്‍ ‘അവരുടെ മേല്‍ ഇറക്കപ്പെട്ടത്’ (مَاأُنْزِلَ) എന്നും, പിന്നീട് മൂസാ, ഈസാ (عليه السلام) എന്നിവരെക്കുറിച്ചും പറഞ്ഞപ്പോള്‍ ‘അവര്‍ക്ക് നല്‍കപ്പെട്ടത്’ (Žمَا أُوتِيَ) എന്നുമാണ് അല്ലാഹു പ്രയോഗിച്ച വാക്കുകള്‍. അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യും സന്ദേശവും ലഭിക്കുന്നതിലും, ഓരോരുത്തരുടെയും സത്യത സ്ഥാപിക്കുവാന്‍ ആവശ്യമായ ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടുന്നതിലും ഏറെക്കുറെ എല്ലാ പ്രവാചകന്‍മാര്‍ക്കും പങ്കുണ്ടായിരിക്കും. എങ്കിലും, മൂസാ നബി (عليه السلام)യുടെ തൗറാത്തും, ഈസാ നബി (عليه السلام)യുടെ ഇന്‍ജീലും പോലെയും, അവരുടെ കൈക്കുവെളിപ്പെട്ട ദിവ്യദൃഷ്ടാന്തങ്ങള്‍ പോലെയും അത്ര പ്രസിദ്ധി മറ്റു പ്രവാചകന്‍മാരുടെ ഗ്രന്ഥങ്ങള്‍ക്കോ, ദൃഷ്ടാന്തങ്ങള്‍ക്കോ സമുദായമദ്ധ്യേ ഉണ്ടായിട്ടില്ല. അതുകൊണ്ടായിരിക്കാം അങ്ങനെ വ്യത്യാസപ്പെടുത്തി പ്രസ്താവിച്ചത്. (അല്ലാഹുവിനറിയാം)

3:85
 • وَمَن يَبْتَغِ غَيْرَ ٱلْإِسْلَـٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ ﴾٨٥﴿
 • ആരെങ്കിലും 'ഇസ്‌ലാം' (മതം) അല്ലാത്തതിനെ മതമായി തേടു ന്നപക്ഷം,- അത് അവനില്‍ നിന്ന് സ്വീകരിക്കപ്പെടുകയില്ലതന്നെ. അവന്‍ പരലോകത്തിലാകട്ടെ, നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.
 • وَمَن يَبْتَغِ ആരെങ്കിലും തേടുന്ന പക്ഷം غَيْرَ الْإِسْلَامِ ഇസ്‌ലാം അല്ലാത്തതിനെ دِينًا മതമായി فَلَن يُقْبَلَ എന്നാല്‍ അത് സ്വീകരിക്കപ്പെടുകയില്ലതന്നെ مِنْهُ അവനില്‍ നിന്ന് وَهُوَ അവന്‍, അവനാകട്ടെ فِي الْآخِرَةِ പരലോകത്തില്‍ مِنَ الْخَاسِرِينَ നഷ്ടക്കാരില്‍ പെട്ടവനായിരിക്കും

പ്രകൃത്യാ മനുഷ്യന്‍ സ്വീകരിക്കുവാന്‍ ബാധ്യസ്ഥനായതും, എല്ലാ പ്രവാചകന്‍മാരും പ്രബോധനം ചെയ്തതും  അല്ലാഹുവിന്‍റെ മതമായ ഏകമതം മാത്രമാണെന്ന് മുന്‍വചനങ്ങളില്‍ പ്രസ്താവിച്ചു. അതുതന്നെയാണ് ഇസ്‌ലാം മതം. إِنَّ الدِّينَ عِنْدَ الَّله اِلإسْلام (നിശ്ചയമായും അല്ലാഹുവിന്‍റെ അടുക്കല്‍ മതം ഇസ്‌ലാമാകുന്നു) എന്ന് 19-ാം വചനത്തിലും പ്രസ്താവിച്ചു. അതുകൊണ്ട് ഇസ്‌ലാമല്ലാത്ത ഏതൊരു മതം ആരുതന്നെ സ്വീകരിക്കുകയോ, ആവശ്യപ്പെടുകയോ ചെയ്താലും അത് അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്നും, അവന്‍ പരലോകത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവനായിരിക്കുമെന്നും യാതൊരു സംശയത്തിനും വ്യാഖ്യാനത്തിനും ഇടമില്ലാത്തവിധം അല്ലാഹു ഈ വചനത്തില്‍ സ്പഷ്ടമാക്കുന്നു.

‘മതം ഏതായാലും വിരോധമില്ല, മനുഷ്യന്‍ നന്നായാല്‍ മതി’ എന്നൊരു പുത്തന്‍ തത്വം- അല്ല, ഉല്‍ബുദ്ധരും ബുദ്ധിജീവികളുമെന്ന് സ്വയം ധരിക്കുന്ന ചിലരില്‍ നിന്ന് കേള്‍ക്കപ്പെടുന്ന മധുരമോഹനമായ ഒരു നിരര്‍ത്ഥസിദ്ധാന്തം- ഇന്ന് ജനമദ്ധ്യേ പ്രചാരത്തിലുണ്ട്. നാമമാത്ര മുസ്‌ലിംകളായ ചിലര്‍ അത് ഏറ്റ് പാടാതെയുമില്ല. ഇസ്‌ലാമിന്‍റെ പ്രാഥമിക തത്വങ്ങളെങ്കിലും അറിയുകയോ, ക്വുര്‍ആനില്‍ അണുവോളമെങ്കിലും വിശ്വാസമുണ്ടായിരിക്കുകയോ ചെയ്യുന്ന ഒരു മുസ്‌ലിമിന്‍റെ മനസ്സില്‍ നിന്നോ, വായിലുടെയോ ആ വാക്ക് പുറപ്പെടാവുന്നതല്ല. അന്യസമുദായങ്ങളുമായി അഭിപ്രായ  വ്യത്യാസം കൂടാതെ ഭൗതികജീവിതത്തില്‍ ഇണങ്ങിക്കഴിയണമെന്നും അവരുടെ സ്‌നേഹം സമ്പാദിക്കണമെന്നും  മാത്രമാണവരുടെ ലക്ഷ്യം. വിശ്വാസാചാരങ്ങളിലും, നടപടിക്രമങ്ങളിലും എന്ത് നിലപാടുതന്നെ സ്വീകരിച്ചാലും വിരോധമില്ല- മറ്റുള്ളവരുടെ ആക്ഷേപത്തിനും എതിര്‍പ്പിനും വിരോധമാകാതിരുന്നാല്‍ മതി- എന്നാണല്ലോ അതിന്‍റെ അര്‍ത്ഥം. വാസ്തവത്തില്‍ ഇവരുടെ അടുക്കല്‍ ‘മത’ത്തിനും ‘നന്നാകലി’നുമുള്ള നിര്‍വ്വചനവും, ആ രണ്ടിനും അല്ലാഹുവും റസൂലും നല്‍കുന്ന നിര്‍വ്വചനവും തമ്മില്‍ നാമമാത്ര ബന്ധം പോലുമില്ല. തീര്‍ച്ച.

3:86
 • كَيْفَ يَهْدِى ٱللَّهُ قَوْمًا كَفَرُوا۟ بَعْدَ إِيمَـٰنِهِمْ وَشَهِدُوٓا۟ أَنَّ ٱلرَّسُولَ حَقٌّ وَجَآءَهُمُ ٱلْبَيِّنَـٰتُ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾٨٦﴿
 • തങ്ങളുടെ വിശ്വാസത്തിന് ശേഷം അവിശ്വസിച്ചതായ ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍മാര്‍ഗത്തിലാക്കും? റസൂല്‍ യഥാര്‍ത്ഥ (സത്യ)വാനാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും, അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടുകയും ചെയ്തിരിക്കുന്നു (എന്നിരിക്കെ)! അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ല താനും.
 • كَيْفَ يَهْدِي എങ്ങനെ നേര്‍മാര്‍ഗത്തിലാക്കും اللَّهُ അല്ലാഹു قَوْمًا ഒരു ജനതയെ كَفَرُوا അവര്‍ അവിശ്വസിച്ചു بَعْدَ إِيمَانِهِمْ അവരുടെ വിശ്വാസത്തിന് ശേഷം وَشَهِدُوا അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു أَنَّ الرَّسُولَ റസൂല്‍ (ആണ്) എന്ന് حَقٌّ സത്യമായവന്‍, യഥാര്‍ത്ഥവാന്‍, അര്‍ഹന്‍ وَجَاءَهُمُ അവര്‍ക്ക് വരുകയും ചെയ്തിരിക്കുന്നു الْبَيِّنَاتُ തെളിവുകള്‍ وَاللَّهُ അല്ലാഹു (വാകട്ടെ) لَا يَهْدِي നേര്‍മാര്‍ഗത്തിലാക്കുകയില്ല (താനും) الْقَوْمَ ജനതയെ الظَّالِمِينَ അക്രമികളായ
3:87
 • أُو۟لَـٰٓئِكَ جَزَآؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ ٱللَّهِ وَٱلْمَلَـٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ ﴾٨٧﴿
 • അക്കൂട്ടര്‍- (അതെ) അവരുടെ പ്രതിഫലം, അല്ലാഹുവിന്‍റെയും, മലക്കുകളുടെയും, മനുഷ്യരുടെയുമെല്ലാം (തന്നെ) ശാപം അവരുടെ മേല്‍ ഉണ്ടായിരിക്കുമെന്നുള്ളതാണ്.
 • أُولَٰئِكَ അക്കൂട്ടര്‍ جَزَاؤُهُمْ അവരുടെ പ്രതിഫലം أَنَّ عَلَيْهِمْ അവരുടെ മേല്‍ ഉണ്ട് (ഉണ്ടായിരിക്കും) എന്നുള്ളതാണ് لَعْنَةَ اللَّهِ അല്ലാഹുവിന്‍റെ ശാപം وَالْمَلَائِكَةِ മലക്കുകളുടെയും وَالنَّاسِ മനുഷ്യരുടെയും أَجْمَعِينَ എല്ലാം
3:88
 • خَـٰلِدِينَ فِيهَا لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ ﴾٨٨﴿
 • അതില്‍ (അവര്‍) സ്ഥിരവാസികളായിക്കൊണ്ട്; ശിക്ഷ അവര്‍ക്ക് ലഘൂകരിക്കപ്പെടുകയില്ല; അവര്‍ക്ക് ഒഴിവ് (അഥവാ പരിഗണന) നല്‍കെപ്പടുകയുമില്ല;-
 • خَالِدِينَ فِيهَا അതില്‍ നിത്യവാസികളായി (ശാശ്വതരായി)ക്കൊണ്ട് لَا يُخَفَّفُ ലഘുവാക്കപ്പെടുകയില്ല عَنْهُمُ അവര്‍ക്ക് الْعَذَابُ ശിക്ഷ وَلَا هُمْ അവര്‍ ഇല്ലതാനും يُنظَرُونَ ഒഴിവ് (താമസം- പരിഗണന) കൊടുക്കപ്പെടുക
3:89
 • إِلَّا ٱلَّذِينَ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٨٩﴿
 • അതിനുശേഷം പശ്ചാത്തപിക്കുകയും, (സല്‍ക്കര്‍മം ചെയ്ത്) നന്നായിത്തീരുകയും ചെയ്തവരൊഴികെ [അവര്‍ക്ക് രക്ഷയുണ്ടായിരിക്കും] എന്നാല്‍, അല്ലാഹു വളരെ പൊറു ക്കുന്നവനും, കരുണാനിധിയുമാകുന്നു
 • إِلَّا الَّذِينَ യാതൊരു കൂട്ടരൊഴികെ تَابُوا അവര്‍ മടങ്ങി مِن بَعْدِ അതിനുശേഷം ذَٰلِكَ وَأَصْلَحُوا അവര്‍ നന്നാക്കുക (നന്നായിത്തീരുക)യും ചെയ്തു فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

വേദഗ്രന്ഥങ്ങള്‍ മുഖേനയും, തെളിവുകള്‍ മുഖേനയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും അവിടുന്ന് കൊണ്ടു വന്നിട്ടുള്ളതിന്‍റെയും സത്യതയില്‍ ബോധ്യവും വിശ്വാസവും ഉണ്ടായിക്കഴി ഞ്ഞിട്ടും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കാതെ അവിശ്വാസികളായിത്തീര്‍ന്ന വേദക്കാരെയും, സത്യവിശ്വാസം സ്വീകരിച്ച് കഴിഞ്ഞശേഷം ഇസ്‌ലാമില്‍നിന്നും ഭ്രഷ്ടായിപ്പോയവരെയും ഉദ്ദേശിച്ചുള്ള കനത്ത താക്കീതാണ് ഈ വചനങ്ങള്‍. അവരുടെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയുമെല്ലാം ശാപമുണ്ടായിരിക്കുമെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം സൂറത്തുല്‍ ബക്വറ: 161 ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട് ഇവിടെ അതാവര്‍ത്തിക്കുന്നില്ല.

3:90
 • إِنَّ ٱلَّذِينَ كَفَرُوا۟ بَعْدَ إِيمَـٰنِهِمْ ثُمَّ ٱزْدَادُوا۟ كُفْرًا لَّن تُقْبَلَ تَوْبَتُهُمْ وَأُو۟لَـٰٓئِكَ هُمُ ٱلضَّآلُّونَ ﴾٩٠﴿
 • നിശ്ചയമായും, തങ്ങളുടെ വിശ്വാസത്തിനുശേഷം അവിശ്വസി ക്കുകയും, പിന്നീട് അവിശ്വാസം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്തവര്‍, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയേ ഇല്ല; അക്കൂട്ടര്‍തന്നെയാണ് വഴിപിഴച്ചവരും.
 • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ بَعْدَ إِيمَانِهِمْ അവരുടെ വിശ്വാസത്തിന് ശേഷം ثُمَّ ازْدَادُوا പിന്നീടവര്‍ക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു كُفْرًا അവിശ്വാസം لَّن تُقْبَلَ സ്വീകരിക്കപ്പെടുകയില്ല തന്നെ تَوْبَتُهُمْ അവരുടെ പശ്ചാത്താപം وَأُولَٰئِكَ അക്കൂട്ടര്‍ തന്നെയാണ് الضَّالُّونَ വഴിപിഴച്ചവര്‍
3:91
 • إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ ٱلْأَرْضِ ذَهَبًا وَلَوِ ٱفْتَدَىٰ بِهِۦٓ ۗ أُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّـٰصِرِينَ ﴾٩١﴿
 • നിശ്ചയമായും, അവിശ്വസിക്കുകയും, തങ്ങള്‍ അവിശ്വാസികളായിക്കൊണ്ട് (തന്നെ) മരണപ്പെടുകയും ചെയ്തവര്‍, അവരില്‍ ഒരാളില്‍നിന്നും ഭൂമി നിറയെ സ്വര്‍ണം സ്വീകരിക്കപ്പെടുകയില്ലതന്നെ- അവനത് തെണ്ടം [പ്രായശ്ചിത്തം] ചെയ്താലും ശരി അക്കൂട്ടര്‍, അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും; അവര്‍ക്ക് സഹായികളായി (ആരും) ഇല്ലതാനും
 • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَمَاتُوا അവര്‍ മരണപ്പെടുകയും ചെയ്തു وَهُمْ كُفَّارٌ അവര്‍ അവിശ്വാസികളായിക്കൊണ്ട് فَلَن يُقْبَلَ സ്വീകരിക്കപ്പെടുകയില്ലതന്നെ مِنْ أَحَدِهِم അവരൊരാളില്‍നിന്നും مِّلْءُ الْأَرْضِ ഭൂമിനിറച്ച് ذَهَبًا സ്വര്‍ണം وَلَوِ افْتَدَىٰ അവന്‍ തെണ്ടം (മോചനമൂല്യം- പ്രായശ്ചിത്തം) നല്‍കിയാലും بِهِ അതിനെ, അതുകൊണ്ട് أُولَٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ وَمَا لَهُم അവര്‍ക്കില്ല താനും مِّن نَّاصِرِينَ സഹായികളായിട്ട് (ആരും)

അവിശ്വാസികളായ ആളുകള്‍ അവിശ്വാസികളായിക്കൊണ്ടു തന്നെ -അതില്‍ നിന്ന് മടങ്ങിയിട്ടില്ലാതെ- മരണമടയുന്നപക്ഷം, അവര്‍ക്ക് പരലോകത്തില്‍ യാതൊരു രക്ഷയുമില്ല; മരണവേളയില്‍ ഖേദം പ്രകടിപ്പിച്ചത് കൊണ്ടോ, വല്ല പ്രായശ്ചിത്തവും മുഖേനയോ, അവിശ്വാസികളായിരിക്കെ അവര്‍ ചെയ്‌തേക്കാവുന്ന ഏതെങ്കിലും നല്ല കാര്യങ്ങള്‍ മുഖേനയോ -ഒന്നും തന്നെ- അവിടെ അവര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുവാനുമില്ല എന്ന് അല്ലാഹു പ്രഖ്യാപനം ചെയ്യുന്നു. ഈ വിഷയം ക്വുര്‍ആനില്‍ പലേടത്തും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ഒരാള്‍ വിശ്വാസിയോ, അവിശ്വാസിയോ, സന്‍മാര്‍ഗിയോ, ദുര്‍മാര്‍ഗിയോ എന്നുള്ളതിന്‍റെ അവസാനത്തെ തീരുമാനം അവന്‍റെ മരണത്തോട് കൂടിയാണ് തിട്ടപ്പെടുന്നതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിചെയ്തിരിക്കുന്നു: ‘ക്വിയാമത്ത് നാളില്‍ നരകക്കാരനായ ഒരാളോട്: ഇതാ നോക്കൂ: ഭൂമിയിലുള്ളതെല്ലാം നിനക്കുള്ളതായിരുന്നാല്‍ (ഇപ്പോള്‍) നീ അത് തെണ്ടമായി കൊടുക്കുമോ എന്ന് ചോദിക്കപ്പെടും. അവന്‍, അതെ, എന്ന് ഉത്തരം പറയും. അപ്പോള്‍, അല്ലാഹു പറയും: നിന്നില്‍നിന്ന് ഇതിനെക്കാള്‍ വളരെ നിസ്സാരമായ കാര്യമായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. നിന്‍റെ പിതാവായ ആദമിന്‍റെ മുതുകില്‍വെച്ച് നീ എന്നോട് ഒന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്ന് ഞാന്‍ നിന്നോട് കരാറുവാങ്ങി. നീ അതിന് വിസമ്മതിച്ച് എന്നോട് പങ്ക് ചേര്‍ക്കുക തന്നെ ചെയ്തു.’ (അ; ബു; മു)