ജുസ്ഉ് - 4

വിഭാഗം - 10

3:92
  • لَن تَنَالُوا۟ ٱلْبِرَّ حَتَّىٰ تُنفِقُوا۟ مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا۟ مِن شَىْءٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ ﴾٩٢﴿
  • (സത്യവിശ്വാസികളേ) നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുന്നതുവരെ നിങ്ങള്‍ പുണ്യം പ്രാപിക്കുകയില്ല തന്നെ. നിങ്ങള്‍ ഏതൊരു വസ്തുവും (തന്നെ) ചിലവഴിക്കുന്നതായാലും, നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാണ്.
  • لَن تَنَالُوا നിങ്ങള്‍ പ്രാപിക്കുകയില്ലതന്നെ الْبِرَّ പുണ്യം حَتَّىٰ تُنفِقُوا നിങ്ങള്‍ ചിലവഴിക്കുന്നതുവരെ مِمَّا تُحِبُّونَ നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് وَمَا تُنفِقُوا നിങ്ങള്‍ എന്ത് ചിലവഴിച്ചാലും مِن شَيْءٍ വല്ലവസ്തുവെയും فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു بِهِ അതിനെപ്പറ്റി عَلِيمٌ അറിയുന്നവനാണ്

അവിശ്വാസികള്‍ -അവര്‍ അവിശ്വാസികളായിരിക്കെ- ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്ന് കഴിഞ്ഞ വചനത്തില്‍ കണ്ടുവല്ലോ. സത്യവിശ്വാസികള്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും -അതെത്ര നിസ്സാരമായിരുന്നാലും- അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കും. എന്നാല്‍ ചിലവഴിക്കുന്നത് പുണ്യകരവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നതുമായിരിക്കേണമെങ്കില്‍, അതെങ്ങിനെയായിരിക്കണമെന്ന് അല്ലാഹു ഈ വചനത്തില്‍ അറിയിക്കുന്നു. അവര്‍ക്ക് ഇഷ്ടകരമായ വസ്തുക്കളില്‍ നിന്നായിരിക്കണം ചിലവഴിക്കുന്നത്. അപ്പോഴേ അത് പുണ്യകര്‍മമായിത്തീരുന്നുള്ളൂ. ഒരു വസ്തു ഇഷ്ടപ്പെട്ടതായിരിക്കുന്നത് അതിന്‍റെ വിലയുടെ ആധിക്യം നിമിത്തമായിക്കൊള്ളണമെന്നില്ല. മറ്റേതെങ്കിലും കാരണം കൊണ്ടുമായിരിക്കാം അത്. അതിനാല്‍, അത്തരം വസ്തുക്കള്‍ക്ക് പകരം അവയെക്കാള്‍ വിലപിടിപ്പുള്ള വസ്തുക്കളെപ്പോലും ചിലവഴിക്കുവാന്‍ അവയുടെ ഉടമസ്ഥന്‍ ചിലവാക്കുന്നപക്ഷം, അയാള്‍ അതിനെക്കാള്‍ പ്രാധാന്യം കല്‍പിക്കുന്നത് അല്ലാഹുവിന്‍റെ പ്രീതിക്കും പ്രതിഫലത്തിനുമാണ് എന്നാണല്ലോ അത് കാണിക്കുന്നത്. ഈ മനഃസ്ഥിതിയാണ് അതിനെ പുണ്യകരമാക്കിത്തീര്‍ക്കുന്നതും. ചിലവഴിക്കുന്ന വസ്തുവോടുള്ള പ്രിയം കൂടും തോറും അത് ചിലവഴിക്കുന്ന തിലുള്ള പുണ്യവും വര്‍ദ്ധിക്കുന്നു. നേരെ മറിച്ച് പ്രിയംകരമല്ലാത്തതും മോശപ്പെട്ടതുമായ വസ്തുക്കളെ ചിലവഴിക്കുവാന്‍ കരുതിവെക്കുന്ന സമ്പ്രദായം നന്നല്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. (ഇതിനെപ്പറ്റി 2: 267ല്‍ പ്രസ്താവിച്ചത് ഓര്‍ക്കുക)

ഈ വചനം അവതരിച്ചപ്പോള്‍, അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്വഹാബികളില്‍ വരുത്തിയ പ്രതികരണങ്ങള്‍ എത്ര വമ്പിച്ചതായിരുന്നുവെന്ന് കാണിക്കുന്ന അല്‍പം ചില ഉദാഹരണങ്ങള്‍ കാണുക:

1. അനസ് (റ) പറയുകയാണ്: അന്‍സ്വാരികളില്‍ വളരെ ധനമുള്ള ആളായിരുന്നു അബൂത്വല്‍ഹത്ത് (റ) (*) അദ്ദേഹത്തിന്‍റെ സ്വത്തുക്കളില്‍ വെച്ച് അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായത് ‘ബൈറുഹാ’ (بَيْرُحاء) എന്ന തോട്ടമായിരുന്നു. പള്ളിയുടെ മുന്‍വശത്തായിരുന്നു അത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതില്‍ പ്രവേശിക്കലും അതിലെ നല്ല ജലം കുടിക്കലും പതിവുണ്ടായിരുന്നു. ……..لَنْ تَنَالوُا എന്ന ഈ വചനം അവതരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍ നിന്ന് ചിലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം ലഭിക്കുകയില്ല എന്ന് അല്ലാഹു പറയുന്നു. എന്‍റെ സ്വത്തില്‍ വെച്ച് എനിക്ക് ഏറ്റം പ്രിയപ്പെട്ടത് ‘ബൈറുഹാ ആകുന്നു. അത് അല്ലാഹുവിന് വേണ്ടിയുള്ള ധര്‍മമാകുന്നു. അല്ലാഹുവിങ്കല്‍ വെച്ച് അതിന്‍റെ പുണ്യവും (പ്രതിഫല) നിക്ഷേപവും ഞാന്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് അല്ലാഹു അങ്ങേക്ക് അഭിപ്രായം തോന്നിച്ച പ്രകാരം അങ്ങുന്ന് അതിനെ (വേണ്ടുന്ന വിഷയത്തില്‍) നിശ്ചയിച്ചു കൊള്ളുക.’ അപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഹ! ഹ! അത് ലാഭകരമായ ധനം! ലാഭകരമായ ധനം! (താങ്കള്‍ പറഞ്ഞത് ഞാന്‍ കേട്ടു. താങ്കള്‍ അത് അടുത്ത കുടുംബങ്ങള്‍ക്ക് വേണ്ടി (ധര്‍മമായി) വെക്കുവാനാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്.’ അബൂത്വല്‍ഹത്ത് (റ) പറഞ്ഞു: ‘ഞാന്‍ അങ്ങനെ ചെയ്തുകൊള്ളാം.’ അങ്ങനെ, അദ്ദേഹം അത് തന്‍റെ അടുത്ത കുടുംബങ്ങള്‍ക്കും, പിതൃവ്യപുത്രന്‍മാര്‍ക്കുമായി ഭാഗിച്ചുകൊടുത്തു. (അ; ബു; മു)


(*) അനസ് (റ)ന്‍റെ മാതാവിനെ അദ്ദേഹം വിവാഹം കഴിച്ചിരുന്നു.


2. ഉമര്‍ (റ)ന് അദ്ദേഹത്തിന്‍റെ സ്വത്തുക്കളില്‍വെച്ച്: കൂടുതല്‍ വീര്യപ്പെട്ടത് ഖൈബറിലെ ‘ഗനീമത്തു’ ഭാഗിച്ചപ്പോള്‍ കിട്ടിയ ഓഹരിയായ ഒരു തോട്ടമായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ആലോചിച്ചശേഷം അതദ്ദേഹം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ‘വക്വ്ഫാ’ക്കി പ്രഖ്യാപിച്ചു. (ബു; മു.)

3. ഈ വചനം അവതരിച്ചപ്പോള്‍, ഇബ്‌നുഉമര്‍ (റ) തന്‍റെ വസ്തുക്കളെപ്പറ്റി ആലോചിച്ച് നോക്കിയതില്‍ റോമാക്കാരിയായ തന്‍റെ ഒരു അടിമ സ്ത്രീയാണ് തനിക്ക് അവയില്‍ കൂടുതല്‍ പ്രിയംകരമായ സ്വത്തായി കണ്ടത്. അദ്ദേഹം അവളെ സ്വതന്ത്രയാക്കി വിട്ടു. അവളെ വീണ്ടും മടക്കി എടുക്കലായിത്തീരുമോ എന്ന ഭയം നിമിത്തം അവളെ വിവാഹം കഴിപ്പാന്‍ പോലും അദ്ദേഹം തുനിഞ്ഞില്ല. (ബസാര്‍)

4. സൈദു്‌നുഹാരിഥ (റ)യുടെ സ്വത്തുക്കളില്‍ അദ്ദേഹത്തിന് ഏറ്റം പ്രിയപ്പെട്ടത് അദ്ദേഹത്തിന്‍റെ കുതിരയായിരുന്നു. അതിനെ അദ്ദേഹം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധര്‍മമാക്കി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് സ്വീകരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്‍റെ പുത്രന്‍ ഉസാമഃ (റ) അതിന്‍റെ പുറത്ത് സവാരിചെയ്യുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  അനുവദിക്കുകയുണ്ടായി. ഇത് കണ്ടപ്പോള്‍ സൈദ് (റ)ന്‍റെ മുഖത്ത് അതില്‍ അനിഷ്ടം പ്രകടമായി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തോട്: ‘താങ്കളുടെ ധര്‍മം അല്ലാഹു സ്വീകരിച്ചിട്ടുണ്ട്. (മകന്‍ സവാരി ചെയ്തതു കൊണ്ട് അതിന് ദോഷം ബാധിക്കുകയില്ല) എന്ന് പറയുകയുണ്ടായി (ഇബ്‌നു അബീഹാതിം)

3:93
  • كُلُّ ٱلطَّعَامِ كَانَ حِلًّا لِّبَنِىٓ إِسْرَٰٓءِيلَ إِلَّا مَا حَرَّمَ إِسْرَٰٓءِيلُ عَلَىٰ نَفْسِهِۦ مِن قَبْلِ أَن تُنَزَّلَ ٱلتَّوْرَىٰةُ ۗ قُلْ فَأْتُوا۟ بِٱلتَّوْرَىٰةِ فَٱتْلُوهَآ إِن كُنتُمْ صَـٰدِقِينَ ﴾٩٣﴿
  • എല്ലാ ഭക്ഷണ (പദാര്‍ത്ഥ)വും ഇസ്‌റാഈല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു;- തൗറാത്ത് അവ തരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്‌റാഈല്‍ അദ്ദേഹത്തിന്‍റെ സ്വന്തം പേരില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ) പറയുക: 'എന്നാല്‍, നിങ്ങള്‍ തൗറാത്ത് കൊണ്ടു വന്ന് അത് (ഒന്ന്) വായിക്കുവിന്‍. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍!
  • كُلُّ الطَّعَامِ എല്ലാ ഭക്ഷണവും كَانَ حِلًّا അനുവദനീയം (ഹലാല്‍) ആയിരുന്നു لِّبَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് إِلَّا مَا حَرَّمَ ഹറാം (നിഷിദ്ധം) ആക്കിയതൊഴികെ إِسْرَائِيلُ ഇസ്‌റാഈല്‍ (യഅ്ക്വൂബ്) عَلَىٰ نَفْسِهِ തന്‍റെ സ്വന്തത്തിന്‍റെ മേല്‍ مِن قَبْلِ മുമ്പായി أَن تُنَزَّلَ അവതരിക്കപ്പെടുന്നതിന്‍റെ التَّوْرَاةُ തൗറാത്ത് قُلْ നീ പറയുക فَأْتُوا എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِالتَّوْرَاةِ തൗറാത്തും കൊണ്ട് فَاتْلُوهَا എന്നിട്ട് അത് നിങ്ങള്‍ പാരായണം ചെയ്യുവിന്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍
3:94
  • فَمَنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ مِنۢ بَعْدِ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴾٩٤﴿
  • എന്നിട്ട് അതിനുശേഷം ആര്‍ അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചുവോ, എന്നാല്‍, അക്കൂ ട്ടര്‍ തന്നെയാണ് അക്രമികള്‍.
  • فَمَنِ افْتَرَىٰ എന്നിട്ട് (എന്നാല്‍) ആര്‍ കെട്ടിച്ചമച്ചുവോ عَلَى اللَّهِ അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ വ്യാജം, കളവ് مِن بَعْدِ ശേഷം ذَٰلِكَ അതിന്‍റെ فَأُولَٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെ الظَّالِمُونَ അക്രമികള്‍
3:95
  • قُلْ صَدَقَ ٱللَّهُ ۗ فَٱتَّبِعُوا۟ مِلَّةَ إِبْرَٰهِيمَ حَنِيفًا وَمَا كَانَ مِنَ ٱلْمُشْرِكِينَ ﴾٩٥﴿
  • (നബിയേ) പറയുക: 'അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു: ആകയാല്‍ ഇബ്‌റാഹീമിന്‍റെ- (അദ്ദേഹം) ശുദ്ധമനസ്‌കനായ നിലയില്‍ (സ്വീകരിച്ച- നടപടി) മാര്‍ഗം നിങ്ങള്‍ പിന്‍പറ്റുവിന്‍. അദ്ദേഹം മുശ്‌രിക്ക് [ബഹു ദൈവവിശ്വാസി]കളില്‍ പെട്ടവനായിരുന്നില്ല താനും.'
  • قُلْ നീ പറയുക صَدَقَ اللَّهُ അല്ലാഹു സത്യം പറഞ്ഞു فَاتَّبِعُوا ആകയാല്‍ നിങ്ങള്‍ പിന്‍പറ്റുവിന്‍ مِلَّةَ മാര്‍ഗത്തെ إِبْرَاهِيمَ ഇബ്‌റാഹീമിന്‍റെ حَنِيفًا ശുദ്ധ (ഋജു) മനസ്‌കനായ നിലയില്‍ وَمَا كَانَ അദ്ദേഹം ആയിരുന്നതുമില്ല مِنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍പെട്ട(വന്‍)

കണ്ടു കിട്ടുന്ന വിടവുകളെല്ലാം ഉപയോഗപ്പെടുത്തി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യേയും ഇസ്‌ലാമിനെയും ആക്ഷേപിക്കുക പതിവാക്കിയവരാണല്ലോ യഹൂദികള്‍. ഇസ്‌റാഈല്യര്‍ നിഷിദ്ധമായി ഗണിച്ചു വന്നിരുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഇസ്‌ലാമില്‍ അനുവദിക്കപ്പെട്ടത് അക്കൂട്ടത്തില്‍ അവര്‍ അതിനൊരു പഴുതാക്കി ഉപയോഗിച്ചു. ഇബ്‌റാഹീം നബി (عليه السلام)യുടെ പിന്‍ഗാമിയും, അദ്ദേഹത്തിന്‍റെ മാര്‍ഗം സ്വീകരിക്കുന്ന ആളുമാണ് മുഹമ്മദ് എന്നല്ലേ അവന്‍ പറയുന്നത്. ഇബ്‌റാഹീം (عليه السلام) മുതല്‍ക്കുള്ള പ്രവാചകന്‍മാര്‍ നിഷിദ്ധമായി അംഗീകരിച്ചിരുന്ന ആ പദാര്‍ത്ഥങ്ങള്‍ മുഹമ്മദിന് എങ്ങനെ അനുവദനീയമാകും? ഇതായി രുന്നു അവരുടെ ആക്ഷേപം. അതിനുള്ള മറുപടിയാണിത്.

ഇസ്‌റാഈലി ഗോത്രങ്ങളുടെ പിതാവും, ഇബ്‌റാഹീം നബി (عليه السلام) യുടെ പൗത്രനുമായ യഅ്ക്വൂബ് നബി (عليه السلام)യാണ് ഇസ്‌റാഈല്‍. അദ്ദേഹത്തിന്‍റെ കാലംവരെ ഇസ്‌റാഈല്യര്‍ക്ക് എല്ലാ ഭക്ഷ്യപദാര്‍ത്ഥങ്ങളും പൊതുവെ അനുവദനീയമായിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ അദ്ദേഹം ചില വസ്തുക്കളെ താന്‍ ഉപയോഗിക്കുകയില്ലെന്ന് വെച്ച് സ്വയം നിഷിദ്ധമാക്കുകയുണ്ടായി. ഇത് മൂസാ നബി (عليه السلام) യുടെയും തൗറാത്തിന്‍റെയും മുമ്പാണെന്ന് പറയേണ്ടതില്ലല്ലോ. യഅ്ക്വൂബ് (عليه السلام) നിഷിദ്ധമാക്കിയവ എന്ന അടിസ്ഥാനത്തില്‍, അദ്ദേഹത്തിന്‍റെ സന്തതികളും ആ വസ്തുക്കളെ നിഷിദ്ധമായി ഗണിച്ചുപോന്നു. അങ്ങനെ, തൗറാത്ത് അവതരിച്ചപ്പോള്‍, ഒന്നുകില്‍- നിസാഉ്, 160ലും, അന്‍ആം, 146ലും കാണാവുന്നതുപോലെ- അവരുടെ അക്രമം നിമിത്തം അവര്‍ക്ക് ചില വസ്തു ക്കള്‍ നിരോധിക്കപ്പെട്ട കൂട്ടത്തില്‍ അവയും അവര്‍ക്ക് നിരോധിക്കപ്പെട്ടു. അല്ലെങ്കില്‍, തൗറാത്തില്‍ അവയെപ്പറ്റി വ്യക്തമായ നിരോധം ഒന്നുമില്ലെങ്കിലും പാരമ്പര്യമായി അവര്‍ സ്വീകരിച്ചു വന്ന ആ നിരോധം തങ്ങളുടെ ഒരു സ്ഥിരം മതനിയമമായി ഇസ്‌റാഈല്യര്‍ ആചരിച്ചുവന്നു (ഇങ്ങിനെ രണ്ടു അഭിപ്രായങ്ങളുണ്ട്). രണ്ടില്‍ ഏതായാലും ആ വസ്തുക്കള്‍ മതദൃഷ്ട്യാ അവര്‍ക്ക് നിരോധിക്കപ്പെട്ടിരുന്നുവെന്ന്- തൗറാത്തില്‍ അവ നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട് എന്ന്- തൗറാത്തില്‍ നിന്ന് തെളിയിക്കുവാന്‍ യഹൂദികള്‍ക്ക് സാദ്ധ്യമല്ല. അതുകൊണ്ടാണ് നിങ്ങള്‍ സത്യവാദികളാണെങ്കില്‍ തൗറാത്ത് കൊണ്ടുവന്ന് വായിക്കുവീന്‍ എന്ന് അവരെ വെല്ലുവിളിക്കുന്നത്.

ഈ വെല്ലുവിളിയെ നേരിടുവാന്‍ അവര്‍ തയ്യാറായിരുന്നുവെങ്കില്‍- ഒന്നാമത്തെ അഭിപ്രായപ്രകാരം- ആക്ഷേപത്തിനിടയായ ആ വസ്തുക്കള്‍ ഇബ്‌റാഹീം (عليه السلام)ന്‍റെ കാലത്ത് നിഷിദ്ധമായിരുന്നില്ലെന്നും, ഇസ്‌റാഈല്യരുടെ ധിക്കാരം കാരണം പിന്നീട് അവരുടെമേല്‍ നിഷിദ്ധമാക്കപ്പെട്ടതാണെന്നും തൗറാത്തില്‍നിന്ന് വ്യക്തമാകും. അപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇബ്‌റാഹീം (ന്‍റെ) മാര്‍ഗം കൈവെടിഞ്ഞുവെന്നുള്ള അവരുടെ വാദം കളവായി പുലരുകയും ചെയ്യും. അല്ലെങ്കില്‍- രണ്ടാമത്തെ അഭിപ്രായപ്രകാരം- ആ വസ്തു ക്കള്‍ നിഷിദ്ധവസ്തുക്കളായി തൗറാത്തില്‍ കാണുകയില്ല . അവ നിഷിദ്ധങ്ങളാണെന്നുള്ള അവരുടെ വാദം അവര്‍ പരമ്പരാഗതമായി അംഗീകരിച്ചു പോന്ന ഒരു സ്വയംകൃത നിയമം മാത്രമാണെന്നും, അതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ആക്ഷേപിക്കുവാന്‍ വകയൊന്നുമില്ലെന്നും വ്യക്തമാവുകയും ചെയ്യും. ഈ രണ്ടാമത്തെ അഭിപ്രായം ബലപ്പെടുന്ന പക്ഷം, ഇവിടെ ഒരു സംശയം വരാം. ബൈബ്‌ളില്‍ (ലേവ്യപുസ്തകം, 11ല്‍ 4-6; ആവര്‍ത്തനം, 14ല്‍ 7) ഒട്ടകം, മുയല്‍ മുതലായ ചിലത് നിഷിദ്ധമാണെന്ന് കാണാമല്ലോ, അത് യഹൂദികള്‍ക്ക് തൗറാത്തില്‍ നിന്ന് വായിച്ചു കേള്‍പ്പിച്ചുകൂടേ? ഇതാണ് സംശയം. തൗറാത്തിന്‍റെ അസ്സല്‍ പതിപ്പില്‍ ഇല്ലാത്തതും, പിന്നീട് പലതും അതില്‍ എഴുതിച്ചേര്‍ക്കപ്പെട്ട കൂട്ടത്തില്‍ പെട്ടതുമാണിത് എന്നത്രെ ഇതിന് മറുപടി. ഇതോ, ഇതുപോലെയുള്ള വല്ല പ്രസ്താവനയോ സാക്ഷാല്‍ തൗറാത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍, ഈ വെല്ലുവിളിക്ക് അവകാശമില്ല. വെല്ലുവിളിച്ചാല്‍ യഹൂദികള്‍ക്ക് തങ്ങളുടെ വാദം തെളിയിക്കുവാന്‍ അത് നല്ല അവസരമാകുകയും ചെയ്‌തേക്കുമായിരുന്നു. പക്ഷേ അവരാരും അതിന് മുതിരാതിരുന്നത്, അക്കാലത്ത് അവരുടെ പക്കലുള്ള തൗറാത്തില്‍ അതില്ലാത്തതുകൊണ്ടാണെന്നും, അത് പിന്നീട് എങ്ങനെയോ അതില്‍ ഉള്‍പ്പെടുത്തപ്പെട്ടതാണെന്നും വ്യക്തമാകുന്നു.

യഅ്ക്വൂബ് നബി (عليه السلام) ഏതെല്ലാം വസ്തുക്കളെയാണ് നിഷിദ്ധമാക്കിയിരുന്നത്, അതിന് കാരണമെന്തായിരുന്നു എന്നൊന്നും പറയത്തക്ക തെളിവ് കാണുന്നില്ല. അദ്ദേഹത്തിനുണ്ടായ ഒരു രോഗത്തെ തുടര്‍ന്ന് അദ്ദേഹം ഒട്ടകത്തിന്‍റെ മാംസവും പാലും നിഷിദ്ധമാക്കിയെന്നും മറ്റുമൊക്കെ ചില രിവായത്തുകളില്‍ കാണുന്നു. (അല്ലാഹുവിനറിയാം) ഏതായാലും തൗറാത്ത് വായിച്ച് തങ്ങളുടെ വാദം സ്ഥാപിക്കുവാന്‍ യഹൂദികള്‍ ധൈര്യപ്പെട്ടില്ല. അവരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, വാദം അല്ലാഹുവിന്‍റെ പേരില്‍ കെട്ടിയുണ്ടാക്കപ്പെട്ട ഒരു വ്യാജമാണെന്നും ഇതില്‍നിന്ന് വ്യക്തമായി. ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരിക്കെ, ഇബ്‌റാഹീം നബി (عليه السلام)യുടെ പാരമ്പര്യം അവകാശപ്പെടുന്ന അവര്‍ ആ ശുദ്ധമനസ്‌കനായിരുന്ന പ്രവാചകവര്യന്‍ സ്വീകരിച്ചിരുന്ന യഥാര്‍ത്ഥ മാര്‍ഗം പിന്‍പറ്റുവാന്‍ ബാധ്യസ്ഥരാണല്ലോ. അതിന് അവരെ ആഹ്വാനം ചെയ്യുന്നതാണ് 95-ാം വചനത്തില്‍ കാണുന്നത്. അതോടൊപ്പം, വേദക്കാരിലോ അറബികളിലോ കടന്നുകൂടിയിട്ടുള്ള ശിര്‍ക്കുകളൊന്നും തീണ്ടാത്ത ഏക ദൈവവിശ്വാസിയായിരുന്നു അദ്ദേഹമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ശാഖാ പരമായ അനുഷ്ഠാന കാര്യങ്ങളെക്കാള്‍ വില കല്‍പിക്കപ്പെടേണ്ടത് ശിര്‍ക്ക്- തൗഹീദുകള്‍ക്കാണെന്ന ഒരു സൂചനയും അതില്‍ കാണാം.

3:96
  • إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًا وَهُدًى لِّلْعَـٰلَمِينَ ﴾٩٦﴿
  • നിശ്ചയമായും, മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടതായ ഒന്നാമത്തെ വീട്, ആശീര്‍വദിക്കപ്പെട്ടതായും, ലോകര്‍ക്ക് മാര്‍ഗദര്‍ശനമായും കൊണ്ട് ബക്കഃ [മക്കഃ]യിലുള്ളത് തന്നെയാകുന്നു.
  • إِنَّ أَوَّلَ നിശ്ചയമായും ഒന്നാമത്തേത് بَيْتٍ വീട് وُضِعَ വെക്കപ്പെട്ട (സ്ഥാപിക്കപ്പെട്ട) لِلنَّاسِ മനുഷ്യര്‍ക്കുവേണ്ടി لَلَّذِي യാതൊന്നു തന്നെ بِبَكَّةَ ബക്ക (മക്ക)യിലുള്ള مُبَارَكًا ആശീര്‍വദിക്കപ്പെട്ട നിലയില്‍, അനുഗ്രഹീതമായിക്കൊണ്ട് وَهُدًى മാര്‍ഗദര്‍ശനവും لِّلْعَالَمِينَ ലോകര്‍ക്ക്
3:97
  • فِيهِ ءَايَـٰتٌۢ بَيِّنَـٰتٌ مَّقَامُ إِبْرَٰهِيمَ ۖ وَمَن دَخَلَهُۥ كَانَ ءَامِنًا ۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَـٰلَمِينَ ﴾٩٧﴿
  • അതില്‍ സുവ്യക്തങ്ങളായ ദൃഷ്ടാന്തങ്ങളുണ്ട്- (വിശിഷ്യ) 'മക്വാമു ഇബ്‌റാഹീം' [ഇബ്‌റാഹീം നിന്ന സ്ഥലം.] അതില്‍ ആര്‍ പ്രവേശിച്ചുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ വീട്ടിങ്കല്‍ 'ഹജ്ജ്' ചെയ്യല്‍ മനുഷ്യര്‍ക്ക് അതിലേക്ക് (ചെന്നെത്തുവാനുള്ള) മാര്‍ഗം സാധിച്ച് കിട്ടിയവര്‍ക്ക്- അല്ലാഹുവിനോട് (ബാധ്യത) ഉണ്ട്. വല്ലവരും അവിശ്വസിക്കുന്ന പക്ഷം, നിശ്ചയമായും അല്ലാഹു. ലോകരെ സംബന്ധിച്ച് അനാശ്രയനാകുന്നു.
  • فِيهِ അതിലുണ്ട് آيَاتٌ ദൃഷ്ടാന്തങ്ങള്‍ بَيِّنَاتٌ വ്യക്തങ്ങളായ مَّقَامُ إِبْرَاهِيمَ ഇബ്‌റാഹീമിന്‍റെ (നിന്ന) സ്ഥലം وَمَن دَخَلَهُ ആര്‍ അതില്‍ കടന്നുവോ كَانَ آمِنًا അവന്‍ നിര്‍ഭയനായി وَلِلَّهِ അല്ലാഹുവിനോടുണ്ട് عَلَى النَّاسِ മനുഷ്യരുടെ മേല്‍ (കടമ- ബാധ്യത) حِجُّ الْبَيْتِ (ആ) വീട്ടിനെ കരുതിച്ചെല്ലല്‍ (ഹജ്ജ്- തീര്‍ത്ഥാടനം- ചെയ്യല്‍) مَنِ اسْتَطَاعَ സാധ്യമായവര്‍ക്ക് إِلَيْهِ അതിലേക്ക് (ചെല്ലുവാന്‍) سَبِيلًا മാര്‍ഗം, മാര്‍ഗത്താല്‍ وَمَن كَفَرَ ആരെങ്കിലും അവിശ്വസിച്ചാല്‍ فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു غَنِيٌّ ധന്യനാണ്, അനാശ്രയനാണ് عَنِ الْعَالَمِينَ ലോകരില്‍ നിന്ന്, ലോകരെ സംബന്ധിച്ച്

വേദക്കാര്‍ തങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രവും പുണ്യസ്ഥലവുമായി അംഗീകരിച്ചു വന്നത് ബൈത്തുല്‍ മുക്വദ്ദസായിരുന്നു. അതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപ്പറ്റി അവര്‍ പുറപ്പെടുവിച്ചിരുന്ന ആക്ഷേപങ്ങളില്‍ ഒന്ന് അവിടുന്ന് കഅ്ബഃയെ ക്വിബ്‌ലഃയും, തീര്‍ത്ഥാടനകേന്ദ്രവുമായി സ്വീകരിച്ചു വരുന്നതായിരുന്നു. താരതമ്യേന ഈ ആക്ഷേപം കുറച്ച് പ്രാധാന്യം അര്‍ഹിക്കുന്നതാകകൊണ്ട് ഇതിന് ഒന്നിലധികം സ്ഥലത്ത് ക്വുര്‍ആനില്‍ മറുപടി പറഞ്ഞു കാണാം. അവയില്‍ ഒന്നത്രെ ഈ സ്ഥലവും. സൂറത്തുല്‍ ബക്വറഃയില്‍ ചിലതെല്ലാം മുമ്പ് കഴിഞ്ഞു പോയിട്ടുമുണ്ട്. ഇബ്‌റാഹീം നബി (عليه السلام) യുടെ കൈക്ക് സ്ഥാപിക്കപ്പെട്ടത് എന്നു മാത്രമല്ല, അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടി ജനങ്ങള്‍ക്കായി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരവും, പല ദൃഷ്ടാന്തങ്ങളും മേന്‍മകളും അടങ്ങിയതുമാണത്. അതുകൊണ്ട് മറ്റെല്ലാ ആരാധാ മന്ദിരങ്ങളേക്കാള്‍ ശ്രേഷ്ഠമായതാണ് അത്. അവിടെ വന്ന് ഹജ്ജ് സംബന്ധമായ ആരാധനാ കര്‍മങ്ങള്‍ ചെയ്യുവാന്‍ സാധിക്കുന്ന എല്ലാവരും അത് നിര്‍വ്വഹിക്കല്‍ അല്ലാഹുവിനോടുള്ള മനുഷ്യരുടെ കടമയാകുന്നു. അവിടെ പ്രവേശിച്ചവര്‍ക്കെല്ലാം അതൊരു അഭയസ്ഥാനവുമാണ്. എന്നിരിക്കെ, വേദക്കാര്‍ വിശേഷിച്ചും അതിനെ തങ്ങളുടെ ആരാധനാകേന്ദ്രമായി അംഗീകരിക്കേണ്ടതുണ്ട്. എന്നൊക്കെയാണ് ചുരുക്കത്തില്‍ ഇവിടെ പറഞ്ഞ മറു പടിയുടെ താല്‍പര്യം. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ തയ്യാറില്ലാത്തവര്‍ അവിശ്വാസികളാണെന്നും. ആര്‍ തന്നെ അവിശ്വസിച്ചാലും അല്ലാഹുവിന് അതുകൊണ്ട് യാതൊരു ദോഷവും ഭവിക്കുവാനില്ലെന്നും ഓര്‍മിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ജനങ്ങള്‍ക്ക് ഒന്നാമതായി സ്ഥാപിക്കപ്പെട്ട ആരാധനാമന്ദിരം ബക്കാ എന്ന (*) മക്കയില്‍ സ്ഥിതിചെയ്യുന്ന കഅ്ബഃയാണെന്ന് പറഞ്ഞതില്‍ നിന്ന് അതിന് മുമ്പ് അങ്ങനെ ആരാധനാ കേന്ദ്രമുണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. ഇബ്‌റാഹീം നബി (عليه السلام)ക്ക് മുമ്പുതന്നെ കഅ്ബഃ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും, കാലക്രമത്തില്‍ അത് നശിച്ചുപോയ ശേഷം അതിന്‍റെ അടിത്തറയില്‍ നിന്ന് വീണ്ടും അതിനെ കെട്ടിപ്പൊക്കി പുനര്‍നിര്‍മാണം ചെയ്യുകയാണദ്ദേഹം ചെയ്തതെന്നുമാണ് പല മഹാന്‍മാരുടെയും അഭിപ്രായം. ഇതിന് പിന്‍ബലമായി പല രിവായത്തുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ മാര്‍ഗങ്ങള്‍ ബലവത്തല്ല. അതേ സമയം, ഈ അഭിപ്രായം ശരിയല്ലെന്ന് തീരുമാനിക്കത്തക്കവിധം ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും വ്യക്തമായ തെളിവുകളും ഇല്ല. അതുകൊണ്ട് വാസ്തവം അല്ലാഹുവിങ്കലേക്ക് വിടുവാനേ നിവൃത്തിയുള്ളൂ. രണ്ടായാലും ഭൂമിയില്‍ അല്ലാഹുവിനെ ആരാധിക്കുവാന്‍ സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ മന്ദിരം കഅ്ബഃയാണെന്നുള്ളതില്‍ സംശയമില്ല. ബൈത്തുല്‍ മുക്വദ്ദസാകട്ടെ, സുലൈമാന്‍ നബി (عليه السلام)യുടെ കാലത്ത് സ്ഥാപിക്കപ്പെട്ടതാകുന്നു. (**) മൂസാ നബി (عليه السلام)ക്ക് ശേഷം നാനൂറോ അഞ്ഞൂറോ കൊല്ലം കഴിഞ്ഞിട്ടായിരുന്നു അത്. ഇബ്‌റാബീം നബി (عليه السلام) യുടെ ശേഷം പല നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് മൂസാ (عليه السلام)ന്‍റെ കാലം. അപ്പോള്‍, ഇബ്‌റാഹീം നബി (عليه السلام)യാല്‍ സ്ഥാപിതമായ കഅ്ബഃയെ തങ്ങളുടെ ആരാധനാകേന്ദ്രമായി അംഗീകരി ക്കുന്നതില്‍ അവര്‍ക്ക് വൈമനസ്യമുണ്ടാവാന്‍ ന്യായമില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതിനെ ക്വിബ്‌ലയായി സ്വീകരിച്ചതിനെ ആക്ഷേപിക്കുവാനും ന്യായമൊന്നുമില്ല.


(*) മക്ക എന്നതിനു പകരം ‘ബക്ക’ എന്നും മുന്‍കാലത്ത് പറയപ്പെട്ടിരുന്നു. 
(**) ബൈബ്‌ളില്‍ ഇതിനെപ്പറ്റി പറയുന്നതിങ്ങനെയാണ്: ‘യിസ്‌റായേല്‍ മക്കള്‍ മിസ്‌റയീം ദേശത്ത് നിന്ന് പുറപ്പെട്ടതിന്‍റെ നാനൂറ്റി എണ്‍പതാം സംവല്‍സരത്തില്‍ യിസ്‌റായേലില്‍ ശാലോമോന്‍റെ വാഴ്ചയുടെ നാലാം ആണ്ടില്‍ അവന്‍, യഹോവയുടെ ആലയം (ബൈത്തുല്‍ മുക്വദ്ദസ്) പണിയുവാന്‍ തുടങ്ങി.’ (1 രാജാക്കള്‍: 6ല്‍ 21) ദാവൂദ് നബി (عليه السلام)യുടെ കാലത്ത് തന്നെ ആരംഭിച്ചുവെന്നും, പിന്നീട് മകന്‍ സുലൈമാന്‍ നബി (عليه السلام)യാണത് പൂര്‍ത്തിയാക്കിയതെന്നും ഒരു അഭിപ്രായം ഉണ്ട്.


ഒന്നാമതായി സ്ഥാപിക്കപ്പെട്ട ആരാധനാമന്ദിരം എന്നത് മാത്രമല്ല കഅ് ബഃയുടെ പ്രാധാന്യം. അത് അല്ലാഹുവിനാല്‍ ആശീര്‍വദിക്കപ്പെട്ടതും- അനുഗ്രഹീതമായതും- ലോകര്‍ക്ക് മാര്‍ഗദര്‍ശന കേന്ദ്രവുമാകുന്നു. (مُبَارَكًا وَهُدًى لِلْعَالَمِين) അവിടെ ആരാധ നാകര്‍മങ്ങള്‍ നടത്തുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് മഹത്തായ അനുഗ്രഹങ്ങളും, വമ്പിച്ച പുണ്യഫലങ്ങളും ലഭിക്കുന്നു. മറ്റു പള്ളികളില്‍ വെച്ച് ചെയ്യുന്നതിനെക്കാള്‍ അനവധി ഇരട്ടി പ്രതിഫലം അവിടെ വെച്ച് ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ലഭിക്കുമെന്ന് നബി വചനങ്ങളില്‍ വന്നിട്ടുള്ളത് സ്മരണീയമാണ്. മുസ്‌ലിം സമുദായത്തിലുണ്ടായ എല്ലാ നന്മകള്‍ക്കുമുള്ള മാര്‍ഗദര്‍ശനം ആരംഭിച്ചത് അവിടെ നിന്നാണല്ലോ. ആ മാര്‍ഗദര്‍ശനം ഒരു പ്രകാര ത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ തുടര്‍ന്നുകൊണ്ടുമിരിക്കുന്നു. അതിന്‍റെ പ്രാധാന്യത്തെയും, പവിത്രതയെയും തെളിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങളും നിലവി ലുണ്ട്. (فِيه آِيَاتٌ بَيِّنَاتٌ) ഇബ്‌റാഹീം (عليه السلام) കഅ്ബഃ നിര്‍മാണം കഴിഞ്ഞിട്ട് പല ആയിരം കൊല്ലങ്ങള്‍ കഴിഞ്ഞു. സമുദായമദ്ധ്യെ അനേകം മാറ്റങ്ങള്‍ കഴിഞ്ഞുപോയി. എന്നിട്ടും അന്നുതൊട്ട് ഇന്നോളം ഇടതടവ് ബാധിക്കാത്ത ആ മന്ദിരം ജനങ്ങളാല്‍ ആദരിക്കപ്പെട്ടും ശുശ്രൂഷിക്കപ്പെട്ടും കൊണ്ടേ ഇരിക്കുന്നതും, അതിനെ നശിപ്പിക്കുവാനൊരുങ്ങി വന്ന ആനപ്പട്ടാളത്തില്‍ നിന്ന് ഒരു അസാധാരണ മാര്‍ഗത്തിലൂടെ അല്ലാഹു അതിനെ രക്ഷപ്പെടുത്തിയതും പോലെയുള്ള പലതും ഇതിന് ഉദാഹരണമത്രെ. ചരിത്രദൃഷ്ട്യാ നോക്കുമ്പോള്‍ സഫാ, മര്‍വാ,മിനാ, സംസം മുതലായവയും ഉദാഹരണ ങ്ങളായി എടുക്കാവുന്നതാണ്.

ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ പ്രത്യേകം എടുത്തുപറയാവുന്നതും, വിശകലനം ചെയ്യുമ്പോള്‍ ഒന്നിലധികം ദൃഷ്ടാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു പ്രത്യക്ഷ ദൃഷ്ടാന്തമത്രെ ‘ഇബ്‌റാഹീം മക്വാം’ (مَقَام إِبْراهِيمَ) ഇതിനെപ്പറ്റി സൂറത്തുല്‍ ബക്വറഃ : 125-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അന്നുതൊട്ട് ഇന്നോളം ആ കല്ല് ഒരു പ്രത്യക്ഷ ദൃഷ്ടാന്തമായിത്തന്നെ അവശേഷിക്കുന്നു. അതുപോലെത്തന്നെ, പണ്ട് കാലം മുതല്‍ക്കേ എല്ലാവരും അംഗീകരിച്ചു വന്ന ഒരു തത്വമാണ് അവിടെ ആര്‍ തന്നെ പ്രവേശിച്ചാലും അവന്‍ നിര്‍ഭയനാണ് (وَمَنْ دَخَلَهُ كَانَ آمِنًا) എന്നുള്ളതും, എത്ര വമ്പിച്ച അക്രമിയോ, കുറ്റവാളിയോ ആയാലും അവിടെ പ്രവേശിച്ചു കഴിഞ്ഞവന് അതൊരു പരിപൂര്‍ണ അഭയസ്ഥാനം തന്നെ. അവന്‍ ഉപദ്രവിക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്കയില്ല. സ്വന്തം മാതാപിതാക്കളെ വെട്ടിക്കൊന്ന ഘാതകനെ അവിടെ വെച്ച് കണ്ടാല്‍, അവന്‍ പുറത്തുകടക്കുന്നത് നോക്കിനില്‍ക്കുവാനേ ഭരണാധികാരികള്‍ക്കുപോലും നിര്‍വ്വാഹമുള്ളൂ. അവിടെവെച്ച് പ്രതികാര നടപടി എടുത്തുകൂടാ. കൂടാതെ, ദൂരദേശങ്ങളില്‍ നിന്ന് കൊല്ലം തോറും ഹജ്ജ് കര്‍മത്തിനായി വരുന്നവര്‍ നിര്‍ഭയരായി വന്നുപോകത്തക്കവണ്ണം ഹജ്ജുമാസത്തിലും അതിന്‍റെ മുമ്പും പിമ്പുമായി ദുല്‍ക്വഅദ്, മുഹര്‍റം എന്നീ മാസങ്ങളിലും മുമ്പ് മുതലേ യുദ്ധം നിരോധിക്കപ്പെട്ടിട്ടുമുണ്ട്. ഇടക്കുവെച്ച് ഉംറഃ കര്‍മം ചെയ്യാന്‍ ചെല്ലുന്നവരുടെ സൗകര്യാര്‍ത്ഥം റജബു മാസവും യുദ്ധം നിരോധിക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം ജാഹിലിയ്യാ കാലത്തും, ഇസ്‌ലാമിലും നിലവിലുള്ള കാര്യങ്ങളത്രെ. മക്കാഹറമില്‍ വെച്ച് ആയുധം ധരിക്കുവാനോ, ജീവികളെ വേട്ടയാടുവാനോ പാടില്ല. വൃക്ഷങ്ങളും ചെടികളും നശിപ്പിക്കുന്നതുപോലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിരിക്കുകയാണ്.

അല്ലാഹുവിനെ ആരാധിക്കുവാന്‍വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ഭവനമെന്ന നിലക്കും, അനുഗ്രഹീതവും മാര്‍ഗദര്‍ശകവും അഭയസ്ഥാനവുമായ കേന്ദ്രമെന്ന നിലക്കും വേദക്കാരടക്കം എല്ലാവരും അതിനെ തങ്ങളുടെ ആരാധനാ കേന്ദ്രവും തീര്‍ത്ഥാടന കേന്ദ്രവുമായി അംഗീകരിക്കുവാന്‍ ബാധ്യസ്ഥരാകുന്നു. അതെ, ആ മന്ദിരത്തില്‍ ചെന്ന് ഹജ്ജ് കര്‍മം നിര്‍വ്വഹിക്കല്‍ അല്ലാഹുവിനോട് ജനങ്ങള്‍ നിര്‍വ്വഹിക്കേണ്ടുന്ന ഒരു ബാദ്ധ്യതയാണ്. (وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ) പക്ഷേ, ഭൂലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന എല്ലാവര്‍ക്കും അതിന് സാദ്ധ്യമായെന്നു വരുകയില്ല. ശാരീരികമായും സാമ്പത്തികമായും ഗതാഗത സംബന്ധമായും മറ്റുമുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കേണ്ടതുണ്ടല്ലോ. അതുകൊണ്ട് അവിടേക്ക് പോയി വരുവാനാവശ്യമായ മാര്‍ഗങ്ങള്‍ക്കുള്ള സാദ്ധ്യത ആര്‍ക്കുണ്ടോ അവര്‍ക്ക് മാത്രമേ അത് നിര്‍ബന്ധമുള്ളൂ. (مَنِ اسْتَطَاعَ إِلَيْهِ سَبِيلًا) കഴിവുള്ളവര്‍ക്കുപോലും കൊല്ലം തോറും ഹജ്ജ് നിര്‍വ്വഹിക്കുന്നത് പ്രയാസകരമാകകൊണ്ട് ആയുഷ്‌കാലത്തില്‍ ഒരു പ്രാവശ്യം മാത്രമേ അത് നിര്‍ബന്ധമായി ചെയ്യേണ്ടതുള്ളൂവെന്ന് നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും പ്രസ്താവിച്ചിരിക്കുന്നു.

മേല്‍ പ്രസ്താവിച്ചതില്‍ നിന്ന് കഅ്ബാ മന്ദിരത്തിനുള്ള പ്രാധാന്യവും, അതിനെ ജനങ്ങള്‍ തങ്ങളുടെ ആരാധനാ കേന്ദ്രവും, തീര്‍ത്ഥാടന സ്ഥാനവുമായി സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയും വ്യക്തമായല്ലോ. അപ്പോള്‍ ഇതംഗീകരിക്കുവാന്‍ ആരെങ്കിലും തയ്യാറില്ലാതിരിക്കുന്നത് തികച്ചും അവിശ്വാസവും സത്യനിഷേധവുമാണെന്ന് പറയേണ്ടതില്ല. ആര്‍ അവിശ്വസിച്ചാലും അതിന്‍റെ ദോഷഫലം അവര്‍ തന്നെ അനുഭവിക്കുമെന്നല്ലാതെ, അല്ലാഹുവിന് അതുകൊണ്ട് ഒരു ദോഷവും ബാധിക്കുവാനില്ല. ലോകരില്‍ ആരുടെയും ആശ്രയം വേണ്ടാത്ത ധന്യനത്രെ അവന്‍. (وَمَن كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ) ലോകരെല്ലാം അവിശ്വാസികളായിരുന്നാലും, ഒരു വ്യക്തിപോലും കഅ്ബഃയുടെ അടുക്കല്‍ ചെന്ന് ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാതായാലും അല്ലാഹുവിന് അതുകൊണ്ട് യാതൊരു കോട്ടവുംകുറവും ബാധിക്കുവാനില്ല എന്ന് സാരം.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറയുകയുണ്ടായി: ‘മനുഷ്യരേ, നിങ്ങളുടെ മേല്‍ അല്ലാഹു ഹജ്ജ് കര്‍മം ‘ഫര്‍ദ്വാ’ക്കി (നിര്‍ബന്ധ നിയമമാക്കി)യിരിക്കുന്നു. അതി നാല്‍ നിങ്ങള്‍ ഹജ്ജ് ചെയ്യണം.’ അപ്പോള്‍, ഒരാള്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ റസൂലേ, എല്ലാ കൊല്ലത്തിലും വേണമോ?’ തിരുമേനി മൗനം അവലംബിച്ചു. അങ്ങനെ, അയാള്‍ മൂന്നുവട്ടം ആവര്‍ത്തിച്ചു ചോദിച്ചു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ഞാന്‍ ‘അതേ’ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അത് (കൊല്ലം തോറും) നിര്‍ബന്ധമാകുമായിരുന്നു. നിങ്ങള്‍ക്കത് സാധ്യമാകാതെ വരുകയും ചെയ്യും.’ പിന്നീട് തിരുമേനി പറഞ്ഞു: ‘ഞാന്‍ നിങ്ങളെ (കൂടുതല്‍ വിശദീകരണം നല്‍കാതെ) വിട്ടേക്കുമ്പോള്‍ നിങ്ങള്‍ (കൂടുതല്‍ ചോദ്യം ചെയ്യാതെ) എന്നെ വിട്ടേക്കുവിന്‍. നിങ്ങളുടെ മുമ്പുള്ളവര്‍ നാശത്തില്‍ പതിച്ചത് അവരുടെ ചോദ്യത്തിന്‍റെ ആധിക്യവും, അവരുടെ നബിമാരോട് അവര്‍ക്കുള്ള അഭിപ്രായ ഭിന്നിപ്പും നിമിത്തമായിരുന്നു. ആകയാല്‍, ഞാന്‍ നിങ്ങളോട് വല്ലതും കല്‍പിച്ചാല്‍, നിങ്ങള്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് കഴിയുന്നത്ര നിര്‍വ്വഹിക്കുവിന്‍. നിങ്ങളോട് ഞാന്‍ വല്ലതിനെക്കുറിച്ചും, വിരോധിച്ചാല്‍ നിങ്ങള്‍ അത് (അപ്പടി) വര്‍ജ്ജിക്കുകയും ചെയ്യുവി ന്‍.’ (ബു; മു) ഹജ്ജിന്‍റെ നിര്‍ബന്ധം ഒരു പ്രാവശ്യമാണുള്ളതെന്നും, കഴിയുന്നത്ര അത് വര്‍ദ്ധിപ്പിക്കുന്നത് വളരെ നല്ലതാണെന്നും ഈ തിരുവചനത്തില്‍ നിന്ന് സ്പഷ്ടമാ ണ്. അബൂഹുറയ്‌റഃ (റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഈ ഹദീഥിലെ ചോദ്യ കര്‍ത്താവ് അക്വ്‌റഉ ബ്നു ഹാബിസ (اَلقرع بن حاَبِس رض) ആയിരുന്നുവെന്ന് ഇബ്‌നു അബ്ബാസ് (റ) ഇതുസംബന്ധിച്ച് നിവേദനം ചെയ്ത വേറൊരു ഹദീഥില്‍ വന്നിരിക്കുന്നു. ആ ഹദീഥില്‍ ‘വല്ലവരും കൂടുതല്‍ (ഹജ്ജ്) ചെയ്താല്‍ അത് ഐഛിക കര്‍മമാണ്’ എന്നുകൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായും ഉണ്ട്. (അ; ന: ദാരിമി) വേറൊരു നബി വചനം അബൂഹുറയ്‌റഃ (റ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ‘ഒരാള്‍ ഹജ്ജ് ചെയ്യുകയും, (അതില്‍) സ്ത്രീ സല്ലാപ മോ തോന്നിയവാസമോ ചെയ്യാതിരിക്കുകയും ചെയ്യുന്ന പക്ഷം, അവന്‍റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തിലെന്നപോലെ (പാപരഹിതനായി) അയാള്‍ മടങ്ങുന്നതാണ്.’ (ബു; മു) അദ്ദേഹം തന്നെ ഉദ്ധരിച്ച വേറൊരു നബി വചനത്തിന്‍റെ സാരം: ഒരു ഉംറഃ (കര്‍മം) അടുത്ത ഉംറഃ വരെയുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായിരിക്കും. പുണ്യപ്പെട്ട (കോട്ടവും പോരായ്മയും ബാധിക്കാത്ത) ഹജ്ജാകട്ടെ, അതിന് സ്വര്‍ഗമല്ലാതെ പ്രതിഫലവുമില്ല.’ (ബു; മു)

വേദക്കാര്‍ കഅ് ബഃയുടെ മഹത്വവും പ്രാധാന്യവും അംഗീകരിക്കുവാന്‍ തയ്യാറാകാ തിരിക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് അംഗീകരിച്ചതിന്‍റെ പേരില്‍ ആക്ഷേപം ഉന്നയിക്കുകയും ചെയ്തതിനെ സൂചിപ്പിച്ചുകൊണ്ടാണല്ലോ ഈ വചനങ്ങളില്‍ കഅ്ബഃയുടെയും ഹജ്ജിന്‍റെയും സ്ഥാനം വിവരിച്ചത്. അവരുടെ അവിശ്വാസമാണതിന് കാരണമെന്ന് ധ്വനിപ്പി ക്കുകയും ചെയ്തു. അടുത്തവചനത്തില്‍ അവരെപ്പറ്റി അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പറയുന്നു:-

3:98
  • قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَٱللَّهُ شَهِيدٌ عَلَىٰ مَا تَعْمَلُونَ ﴾٩٨﴿
  • (നബിയേ) പറയുക: 'വേദക്കാരേ, എന്തിനാണ് നിങ്ങള്‍ അല്ലാഹുവിന്‍റെ 'ആയത്ത്' [ലക്ഷ്യം] കളില്‍ അവിശ്വസിക്കുന്നത്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു (ദൃക്ക്)സാക്ഷിയാണല്ലോ!
  • قُلْ നീ പറയുക يَا أَهْلَ الْكِتَابِ വേദക്കാരേ لِمَ تَكْفُرُونَ നിങ്ങളെന്തിന് അവിശ്വസിക്കുന്നു بِآيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്തുകളില്‍ وَاللَّهُ അല്ലാഹുവാകട്ടെ شَهِيدٌ സാക്ഷിയാണ് عَلَىٰ مَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്
3:99
  • قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لِمَ تَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ تَبْغُونَهَا عِوَجًا وَأَنتُمْ شُهَدَآءُ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ ﴾٩٩﴿
  • പറയുക: 'വേദക്കാരേ, എന്തിനാണ് നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്- അതിന് വക്രതയെ ആഗ്രഹിച്ചു കൊണ്ട്- വിശ്വസിച്ചവരെ തട്ടിക്കളയുന്നത്?- നിങ്ങള്‍ (അതിന്) സാക്ഷികളാണെന്നിരിക്കെ! നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല
  • قُلْ നീ പറയുക يَا أَهْلَ الْكِتَابِ വേദക്കാരേ لِمَ تَصُدُّونَ നിങ്ങള്‍ എന്തിനാണ് തടുക്കുന്നത്, തിരിച്ചുവിടുന്നത് عَن سَبِيلِ മാര്‍ഗത്തില്‍ നിന്ന് اللَّهِ അല്ലാഹുവിന്‍റെ مَنْ آمَنَ വിശ്വസിച്ചവരെ تَبْغُونَهَا അതിന് നിങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് عِوَجًا വക്രത, വളവുണ്ടാക്കുന്നതിനും وَأَنتُمْ നിങ്ങളാകട്ടെ, നിങ്ങള്‍ شُهَدَاءُ സാക്ഷികളാണ് وَمَا اللَّهُ അല്ലാഹു അല്ല താനും بِغَافِلٍ അശ്രദ്ധന്‍ عَمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

വേദ്ര ഗന്ഥം മുഖേനയും പ്രവാചകന്‍മാര്‍ വഴിയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും, ക്വുര്‍ആന്‍റെയും സത്യാവസ്ഥ ശരിക്കും വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. പിന്നെയും അല്ലാഹുവിന്‍റെതായ ആ മാര്‍ഗം വേദക്കാര്‍ സ്വീകരിക്കുന്നില്ല. മാത്രമോ? സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് ആ മാര്‍ഗത്തില്‍ പ്രവേശിച്ചവരെ അതില്‍ നിന്ന് ഏതെങ്കിലും വിധേന തട്ടിത്തിരിക്കുവാന്‍ കഴിയുന്നത്ര ശ്രമം അവര്‍ നടത്തുകയും ചെയ്യുന്നു. അതെല്ലാം അല്ലാഹു കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്നും, അതിന്‍റെ ഭവിഷ്യത്ത് അവര്‍ അനുഭവിക്കേണ്ടിവരുമെന്നും അവരെ താക്കീത് ചെയ്യാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുന്നു. അവരുടെ കെണിയില്‍പെടുന്നത് സൂക്ഷിക്കുവാന്‍ അടുത്ത വചനത്തില്‍ സത്യവിശ്വാസികളെയും ഉണര്‍ത്തുന്നു:-

3:100
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تُطِيعُوا۟ فَرِيقًا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ يَرُدُّوكُم بَعْدَ إِيمَـٰنِكُمْ كَـٰفِرِينَ ﴾١٠٠﴿
  • ഹേ, വിശ്വസിച്ചവരേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാ ഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങളുടെ സത്യവിശ്വാസ (സ്വീകരണ)ത്തിനുശേഷം, അവര്‍ നിങ്ങളെ അവിശ്വാസികളാക്കി മടക്കിയേക്കും. [അത് സൂക്ഷിക്കണം]
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ إِن تُطِيعُوا നിങ്ങള്‍ അനുസരിക്കുന്ന പക്ഷം فَرِيقًا ഒരു വിഭാഗത്തെ, കക്ഷിയെ مِّنَ الَّذِينَ യാതൊരുവരില്‍ നിന്ന് أُوتُوا الْكِتَابَ (വേദ) ഗ്രന്ഥം നല്‍കപ്പെട്ട يَرُدُّوكُم അവര്‍ നിങ്ങളെ മടക്കും بَعْدَ إِيمَانِكُمْ നിങ്ങളുടെ വിശ്വാസത്തിനുശേഷം كَافِرِينَ അവിശ്വാസികള്‍
3:101
  • وَكَيْفَ تَكْفُرُونَ وَأَنتُمْ تُتْلَىٰ عَلَيْكُمْ ءَايَـٰتُ ٱللَّهِ وَفِيكُمْ رَسُولُهُۥ ۗ وَمَن يَعْتَصِم بِٱللَّهِ فَقَدْ هُدِىَ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾١٠١﴿
  • നിങ്ങള്‍ എങ്ങനെ അവിശ്വസിക്കും? നിങ്ങളാകട്ടെ, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ 'ആയത്ത്' [ലക്ഷ്യം] കള്‍ ഓതികേള്‍പ്പിക്കപ്പെട്ടു വരുന്നു; നിങ്ങളില്‍ അവന്‍റെ റസൂലും ഉണ്ട്(എന്നിരിക്കെ)! ആര്‍ അല്ലാഹുവിനെ മുറുകെ പിടിക്കുന്നുവോ അവന്‍ (നേരെ) ചൊവ്വായ പാതയിലേക്ക് നയി ക്കപ്പെട്ടു കഴിഞ്ഞു.
  • وَكَيْفَ تَكْفُرُونَ നിങ്ങള്‍ എങ്ങനെ അവിശ്വസിക്കും وَأَنتُمْ നിങ്ങളാവട്ടെ تُتْلَىٰ عَلَيْكُمْ നിങ്ങള്‍ക്ക് ഓതിത്തരപ്പെടുന്നു آيَاتُ اللَّهِ അല്ലാഹുവിന്‍റെ ആയത്തുകള്‍ وَفِيكُمْ നിങ്ങളിലുണ്ടുതാനും رَسُولُهُ അവന്‍റെ റസൂല്‍ وَمَن വല്ലവരും, ആരെങ്കിലും يَعْتَصِم മുറുകെ പിടിക്കുന്നതായാല്‍ , രക്ഷ പ്രാപിച്ചാല്‍ بِاللَّهِ അല്ലാഹുവിനെ, അല്ലാഹുവിനെ ക്കൊണ്ട് فَقَدْ هُدِيَ എന്നാലവന്‍ നയിക്കപ്പെട്ടു إِلَىٰ صِرَاطٍ പാത (വഴി)യിലേക്ക് مُّسْتَقِيمٍ ചൊവ്വായ

സൂ: അല്‍ബക്വറഃ 109ല്‍ പ്രസ്താവിച്ചതുപോലെ, വേദക്കാരില്‍ പെട്ട പലരും അസൂയ നിമിത്തം, സത്യവിശ്വാസികളില്‍ ആശയക്കുഴ പ്പങ്ങള്‍ ഉണ്ടാക്കി അവരെ ഇസ്‌ലാമില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെയുള്ളവരെ സൂക്ഷിക്കണം, അവരുടെ വാക്കുകള്‍ സ്വീകരിക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ അവിശ്വാസത്തിലേക്ക് തന്നെ മടങ്ങുവാന്‍ കാരണമായിത്തീരും. എന്നൊക്കെ അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുന്നു. നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ വചനങ്ങള്‍ അവതരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവന്‍റെ റസൂല്‍ നിങ്ങളുടെ ഇടയില്‍ ജീവിച്ചിരിപ്പുണ്ട്. അതുകൊണ്ട് സംശയ നിവാരണത്തിനോ, തെളിവുകള്‍ക്കോ, വിശദീകരണങ്ങള്‍ക്കോ മറ്റാരെയും നിങ്ങള്‍ക്ക് ആശ്രയിക്കേണ്ടതായിട്ടില്ല. നിങ്ങള്‍ അല്ലാഹുവിന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ കൈവിടാത്ത കാലത്തോളം നിങ്ങള്‍ നേരായമാര്‍ഗം പിഴച്ചുപോകുകയില്ല. എന്നിങ്ങനെ അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.

ക്വുര്‍ആന്‍ അവതരിച്ച കാലത്തുള്ള സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, അന്ന് അറേബ്യയിലുണ്ടായിരുന്ന വേദക്കാരെ സംബന്ധിച്ചും മാത്രമാണ് ഈ വചനങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതെന്ന് കരുതിക്കൂടാ. വേദക്കാര്‍- ജൂതക്രിസ്ത്യാനികള്‍- മുസ്‌ലിംകളെ വഴിപിഴപ്പിക്കുവാനുള്ള ശ്രമങ്ങള്‍ അന്നുതൊട്ട് ഇന്നോളം നടത്തിക്കൊണ്ടേ ഇരിക്കുന്നുണ്ട്. മുസ്‌ലിംകളെ അവരുടെ മതത്തില്‍ നിന്ന് വ്യതിചലിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് കാലത്തിനൊത്ത ആസൂത്രിത പരിപാടികള്‍ പലതും അവര്‍ സ്വീകരിച്ചും വരുന്നു. മുസ്‌ലിംകളുടെ ഗുണകാംക്ഷികളും, സത്യാന്വേഷികളും, വിജ്ഞാനകുതുകികളുമെന്ന ഭാവേന ഈ ആവശ്യാര്‍ത്ഥം അടുത്തകാലത്തായി അവര്‍ അതിന് സ്വീകരിച്ചുവരുന്ന അതിസമര്‍ത്ഥമായ ഒരു മാര്‍ഗമത്രെ ഓറിയന്റലിസം. പാശ്ചാത്യ രാഷ്ട്രങ്ങളുടെ തണലിലും, അവരുടെ സഹായസഹകരണത്തോടുകൂടിയും പൗരസ്ത്യഭാഷാ സംസ്‌ക്കാര പഠന ഗവേഷണങ്ങളുടെ പേരിലും നടമാടിക്കൊണ്ടിരിക്കുന്ന ഈ സംരംഭത്തിന്‍റെ മുഖ്യോദ്ദേശ്യം ഇസ്‌ലാമിനെയും, ക്വുര്‍ആനെയും, നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും കുറിച്ച് മുസ്‌ലിംകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കലും, ഇസ്‌ലാമികാദ്ധ്യാപനങ്ങളില്‍ നിന്ന് അവരെ അകറ്റലുമാകുന്നു. ക്വുര്‍ആനിലൂടെയും നബിചര്യയിലൂടെയും ഇസ്‌ലാമിനെ മനസ്സിലാക്കുവാനോ, ഇസ്‌ലാമിക വിജ്ഞാനങ്ങളുമായി പരിചയപ്പെടുവാനോ അവസരം ലഭിക്കാതെ, ഓറിയന്റലിസ്റ്റുകളുടെ സാഹിത്യങ്ങളില്‍ നിന്ന് ഇസ്‌ലാമിനെക്കുറിച്ച് വല്ലതും മനസ്സിലാക്കുവാന്‍ ഇടവന്ന അഭ്യസ്തവിദ്യരായ പലര്‍ക്കും അതുവഴി വളരെയധികം തെറ്റിദ്ധാരണകള്‍ ഇസ്‌ലാമിനെപ്പറ്റി ഉണ്ടായിത്തീര്‍ന്നിട്ടുണ്ട്. ഓറിയന്റലിസ്റ്റുകളുടെ സാഹിത്യകൃതികളില്‍ ജൂതപണ്ഡിതന്‍മാര്‍ക്കാണ് കൂടുതല്‍ കയ്യുള്ളതെന്ന സംഗതിയും ശ്രദ്ധേയമാകുന്നു. വേദക്കാരുടെ കുതന്ത്രങ്ങളെപ്പറ്റി സൂക്ഷിക്കുവാനുള്ള അല്ലാഹുവിന്‍റെ കല്‍പനയിലും, അവരില്‍ പലരും സത്യവിശ്വാസികളെ അവിശ്വാസികളാക്കുവാന്‍ ഉദ്ദേശിക്കുന്നവരാണെന്ന താക്കീതിലും ഇവരും ഇവരുടെ കൃതികളും ഉള്‍പ്പെടുമെന്നുള്ളതില്‍ സംശയമില്ല.(*)


(*) ഓറിയന്റലിസ്റ്റുകളെയും, അവരുടെ പഞ്ചസാരയില്‍ പൊതിഞ്ഞ പല വിഷ ബീജങ്ങളെയും സംബന്ധിച്ച് മനസ്സിലാക്കുവാന്‍ السنة ومكانتها فى التشريع الاسلامى للدكتور مصطفى السباعى – رح പോലെയുള്ള ഗ്രന്ഥങ്ങള്‍ ഉപകരിക്കും. (ജ: അമാനി മൗലവി വിവര്‍ത്തനം ചെയ്തിട്ടുള്ള ഈ ബൃഹത് ഗ്രന്ഥം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) പ്രസിദ്ധീകരിച്ചിട്ടുണ്ട്. (പ്രസാ:)

വിഭാഗം - 11

3:102
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴾١٠٢﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം അവനെ സൂക്ഷിക്കുവിന്‍. നിങ്ങള്‍ മുസ്‌ലിംകള്‍ ആയിക്കൊണ്ടല്ലാതെ മരണമടയു കയും ചെയ്യരുത്.
  • ا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ اتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ حَقَّ تُقَاتِهِ അവനെ സൂക്ഷിക്കേണ്ടുന്ന മുറക്ക് وَلَا تَمُوتُنَّ നിങ്ങള്‍ തീര്‍ച്ചയായും മരിക്കരുത് إِلَّا وَأَنتُم നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ مُّسْلِمُونَ മുസ്‌ലിംകള്‍ (കീഴൊതുങ്ങിയവര്‍)
3:103
  • وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَهْتَدُونَ ﴾١٠٣﴿
  • നിങ്ങള്‍ എല്ലാവരും (ഒരുമിച്ചു കൊണ്ട്) അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ ഭിന്നിക്കുകയും അരുത് നിങ്ങളുടെ മേല്‍ അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ (പരസ്പരം) ശത്രുക്കളായിരുന്ന അവസരത്തില്‍, അവന്‍ നിങ്ങളുടെ ഹൃദയ ങ്ങള്‍ക്കിടയില്‍ ഇണക്കിത്തന്നു; അങ്ങനെ, നിങ്ങള്‍ അവന്‍റെ അനു ഗ്രഹം കൊണ്ട് (പരസ്പരം) സഹോദരങ്ങളായിരിക്കുന്നു. നിങ്ങള്‍ അഗ്നിയാകുന്ന (അഥവാ നരകമാകുന്ന) ഒരു (വമ്പിച്ച) കുണ്ടിന്‍റെ വക്കിലായിരുന്നു; എന്നിട്ട് നിങ്ങളെ അതില്‍ നിന്ന് അവന്‍ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരം, അല്ലാഹു അവന്‍റെ 'ആയത്തു' [ലക്ഷ്യം]കള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു- നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം.
  • وَاعْتَصِمُوا നിങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുവിന്‍ بِحَبْلِ اللَّهِ അല്ലാഹുവിന്‍റെ പാശത്തെ جَمِيعًا എല്ലാവരും, ഒരുമിച്ച് وَلَا تَفَرَّقُوا നിങ്ങള്‍ ഭിന്നിക്കുക (ഛിദ്രിക്കുക)യും അരുത് وَاذْكُرُوا നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ نِعْمَتَ اللَّهِ അല്ലാഹുവിന്‍റെ അനുഗ്രഹത്തെ عَلَيْكُمْ നിങ്ങളുടെ മേല്‍ (ചെയ്ത) إِذْ كُنتُمْ നിങ്ങള്‍ ആയിരുന്നപ്പോള്‍ أَعْدَاءً ശത്രുക്കള്‍ فَأَلَّفَ എന്നിട്ടവന്‍ ഇണക്കി بَيْنَ قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ فَأَصْبَحْتُم അങ്ങനെ നിങ്ങള്‍ ആയിരിക്കുന്നു بِنِعْمَتِهِ അവന്‍റെ അനുഗ്രഹം കൊണ്ട് إِخْوَانًا സഹോദരങ്ങള്‍ وَكُنتُمْ നിങ്ങളാകുകയും ചെയ്തിരിക്കുന്നു عَلَىٰ شَفَا വക്കത്ത് حُفْرَةٍ ഒരു കുണ്ടിന്‍റെ, കുഴിയുടെ مِّنَ النَّارِ നരകമാകുന്ന തീയിനാലുള്ള فَأَنقَذَكُم എന്നിട്ടവന്‍ നിങ്ങളെ രക്ഷപ്പെടുത്തി مِّنْهَا അതില്‍ നിന്ന് كَذَٰلِكَ അപ്രകാരം يُبَيِّنُ اللَّهُ അല്ലാഹു വിവരിക്കുന്നു لَكُمْ നിങ്ങള്‍ക്ക് ءَايَـٰتِهِ അവന്‍റെ ആയത്ത് (ലക്ഷ്യം)കളെ لَعَلَّكُمْ تَهْتَدُونَ നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം, നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി

കഴിഞ്ഞ വചനങ്ങളില്‍, വേദക്കാരെക്കുറിച്ചും, അവരെ അഭിമുഖീകരിച്ചും പലതും പ്രസ്താവിച്ചശേഷം, അടുത്ത ചില വചനങ്ങളില്‍ സത്യവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പല ഉപദേശ നിര്‍ദ്ദേശങ്ങളും നല്‍കുന്നു:-

ഇസ്‌ലാമിന്‍റെ ശത്രുക്കളുടെ ഇംഗിതങ്ങള്‍ക്കും ദുരുപദേശങ്ങള്‍ക്കും വഴങ്ങി സത്യമാര്‍ഗ ത്തില്‍ നിന്ന് പിഴച്ചുപോകുന്നത് സൂക്ഷിക്കണമെന്ന് കഴിഞ്ഞ വചനങ്ങളില്‍ സത്യവിശ്വാസികളെ ഉണര്‍ത്തിയശേഷം, അങ്ങനെ പിഴച്ചുപോകാതിരിക്കുവാന്‍ വേണ്ടുന്ന ചില ഉപദേശങ്ങള്‍ അല്ലാഹു അവര്‍ക്ക് നല്‍കുന്നു.

(1) അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം സൂക്ഷിക്കണം. അവന്‍റെ കല്‍പനകള്‍ അനുഷ്ഠിക്കുകയും, അവന്‍റെ നിരോധങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുന്നത് മുഖേനയത്രെ അവനെ സൂക്ഷിക്കല്‍ (തക്വ്‌വാ) ഉണ്ടാകുന്നത്. അവനെ മുറപ്രകാരം സൂക്ഷിക്കുക എന്നതിന് ഒരു വിശദീകരണമെന്ന നിലക്ക് ഇബ്‌നു മസ്ഊദ് (റ) പ്രസ്താവിച്ചതായി ഇബ്‌നുഅബീഹാതീം (റ) മുതലായവര്‍ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ‘അവനോട് അനുസരണക്കേട് കാണിക്കാതെ അവനു വഴിപ്പെടുക അവനെ വിസ്മരിക്കാതെ ഓര്‍മിച്ചു കൊണ്ടിരിക്കുക അവനോട് നന്ദികേട് കാണിക്കാതെ നന്ദി കാണിക്കുക ഇവയാണത്.’ എന്നാല്‍, അല്ലാഹുവിനോടുള്ള കടപ്പാടുകളും, മര്യാദ കളുമെല്ലാം മുറപ്രകാരം കണക്കുതീര്‍ത്തു പൂര്‍ത്തീകരിക്കുക മനുഷ്യസാധ്യമല്ലെന്നും, അവ നിറവേറ്റുന്നതില്‍ എല്ലാവര്‍ക്കും ഒരേ നിലവാരം പുലര്‍ത്തുവാന്‍ കഴിയുകയില്ലെന്നും പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അവനെ മുറപ്രകാരം സൂക്ഷിക്കുക എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം- സൂ: തഗാബുന്‍, 16 ല്‍ പ്രസ്താവിച്ചതുപോലെ- ഓരോരുത്തനും അവനവന്‍റെ കഴിവനുസരിച്ച് സൂക്ഷിക്കുക എന്നാണെന്ന് മൊത്തത്തില്‍ മനസ്സിലാക്കാം. പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്താവിച്ചതും അതാകുന്നു. فَاتَّقُوا الَّله مَااسْتَطَعْتُمْ (നിങ്ങള്‍ക്ക് കഴിയുന്നത്ര അല്ലാഹുവിനെ സൂക്ഷിക്കുവിന്‍) എന്നാണ് അല്ലാഹു അവിടെ ഉപയോഗിച്ച വാക്ക്. ഒരു വ്യക്തിയോടും ആ വ്യക്തിയുടെ കഴിവിനപ്പുറം അല്ലാഹു ശാസിക്കുകയില്ല (لا يُكَلِّفُ الَّله نَفْسًا إِلاَّ وُسْعَهَا) എന്ന് അല്ലാഹു അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചി ട്ടുള്ളതാണല്ലോ.

(2) മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരണപ്പെടരുത്. അഥവാ മരണപ്പെടുമ്പോള്‍ മുസ്‌ലിമല്ലാതിരിക്കത്തക്ക വണ്ണം ഇസ്‌ലാമില്‍ നിന്ന് ഒരിക്കലും അകന്നുപോകാതെ സദാ മുസ്‌ലിംകളായി വര്‍ത്തിക്കണം. ഒരാള്‍ ദീര്‍ഘകാലം മുസ്‌ലിമായി ജീവിച്ചശേഷം അവസാന നിമിഷത്തില്‍ അവിശ്വാസിയായിക്കൊണ്ട് മരണപ്പെട്ടാല്‍ ആ ഇസ്‌ലാംകൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ. മുസ്‌ലിമാകുക യെന്നതുകൊണ്ട് വിവക്ഷ ജാതി മുസ്‌ലിമാകുകയെന്നല്ലതന്നെ. അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍ അനുസരിച്ചുകൊണ്ട് അവന് പൂര്‍ണമായും കീഴൊതുങ്ങുക എന്നത്രെ വിവക്ഷ.

(3) അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിക്കണം. അല്ലാഹുവിന്‍റെ പാശം അഥവാ കയര്‍ (حَبْلِ الَّله) കൊണ്ടുദ്ദേശ്യം പലരും പലവാക്കുകളില്‍ വിവരിച്ചു കാണാം. അല്ലാഹുവിനെ അനുസരിച്ചുകൊള്ളാമെന്നുള്ള ഉടമ്പടി, ക്വുര്‍ആന്‍, ഇസ്‌ലാം, അല്ലാഹുവിനെ അനുസരിക്കല്‍, ഇസ്‌ലാമികമായ ഐക്യം എന്നും മറ്റുമാണത്. ‘അല്ലാഹുവിന്‍റെ കിതാബ് (ക്വുര്‍ആന്‍) ആകാശത്തുനിന്ന് ഭൂമിയിലേക്ക് നീട്ടിയിടപ്പെട്ട ഒരു കയറാണ്.’ എന്ന് ഇബ്‌നു ജരീര്‍ (റ) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍ വന്നിരിക്കുന്നു. ആ നിലക്ക് ക്വുര്‍ആനാണ് ഉദ്ദേശമെന്ന അഭിപ്രായത്തിന് മുന്‍ഗണന നല്‍കപ്പെടാം. എങ്കിലും, ശരിക്ക് പരിശോധിച്ചാല്‍ മറ്റുള്ള അഭിപ്രായങ്ങള്‍ ഇതിന് വിരുദ്ധമാകുന്നില്ലെന്ന് കാണാവുന്നതാണ്. ഇമാംറാസീ (റ) സൂചിപ്പിച്ച പോലെ, വിജയത്തിന്‍റെ യഥാര്‍ത്ഥ മാര്‍ഗത്തിലേക്ക് എത്തിച്ചേരുവാന്‍ ആവശ്യമായതെല്ലാം അല്ലാഹുവിന്‍റെ പാശം തന്നെ എന്ന് പറയാവുന്നതാണ്. ചിലര്‍ അവയില്‍ ചിലത് പറഞ്ഞുവെന്നുമാത്രം.

ആദ്യത്തെ രണ്ട് ഉപദേശങ്ങളില്‍ പ്രസ്താവിക്കപ്പെടാത്ത ഒരു ഉപാധിയോടുകൂടിയാണ് ഈ ഉപദേശം അല്ലാഹു നല്‍കിയിരിക്കുന്നത്. ‘നിങ്ങളെല്ലാവരും (جَمِيعًا) എന്നത്രെ അത്. അല്ലാഹുവിന്‍റെ പാശം മുറുകെ പിടിക്കുന്നതില്‍ ഓരോ വ്യക്തിയും തന്‍റെ കാര്യം മാത്രം ഗൗനിച്ചാല്‍ പോരാ, എല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചും ഉപദേശിച്ചും കൊണ്ടിരിക്കണമെന്നാണത് ധ്വനിപ്പിക്കുന്നത് ഈ ആശയം ഒന്നു കൂടി വ്യക്തമാക്കിക്കൊണ്ട് ‘നിങ്ങള്‍ ഭിന്നിച്ചുപോകരുത് (وَلاتَفَرَّقُوا)’ എന്നുകൂടി പറ ഞ്ഞിരിക്കുന്നു. അഭിപ്രായ ഭിന്നിപ്പുകളും, ആഭ്യന്തര വഴക്കുകളും മുസ്‌ലിം സമുദായ ത്തില്‍ ഇതഃപര്യന്തം ഉണ്ടാക്കിത്തീര്‍ത്തിട്ടുള്ള ആപത്തുകള്‍ ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അല്ലാഹു സത്യവിശ്വാസികളെ നേരത്തെത്തന്നെ താക്കീത് ചെയ്തിട്ടുണ്ട്.

وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ

നിങ്ങള്‍ (അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും അനുസരിക്കുവിന്‍. പരസ്പരം വഴക്കടിക്കുകയും ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം ബാധിക്കുകയും, നിങ്ങളുടെ വാസന (വീര്യം) നശിച്ചുപോവുകയും ചെയ്യും. (അന്‍ഫാല്‍, 46) ഈ വിഷയകമായി പല ആയത്തുകളും ഹദീഥുകളും ഉദ്ധരിക്കുവാനുണ്ട്. അല്ലാഹുവിന്‍റെ ഈ മുന്നറിയിപ്പ് ചെവിക്കൊള്ളാത്തതിന്‍റെ തിക്തഫലം മുസ്‌ലിം സമുദായം പൂര്‍വ്വോപരി അനുഭവിച്ച് വരുന്ന കാല ഘട്ടത്തിലാണ് നാം ഇന്നുള്ളത്. അല്ലാഹു നമ്മെ രക്ഷിക്കട്ടെ ആമീന്‍.

(4) അല്ലാഹു ചെയ്തുതന്ന അനുഗ്രഹം ഓര്‍മിച്ചുകൊണ്ടിരിക്കണം. ലഭിച്ചു കഴിഞ്ഞ അനുഗ്രഹങ്ങളെ ഓര്‍മിക്കുന്നത് അല്ലാഹുവിനോട് നന്ദി കാണിക്കലും, നന്ദികേട് പ്രവര്‍ത്തിക്കാതിരിക്കുവാനുള്ള പ്രേരണയും കൂടുതല്‍ അനുഗ്രഹം സിദ്ധിക്കുവാനുള്ള കാരണവുമായിരിക്കുന്നതാണ്. അല്ലാഹുവിന്‍റെ അനുഗ്രഹം എണ്ണിയാല്‍ ഒടുങ്ങാത്ത വിധം കണക്കറ്റതാണെങ്കിലും ക്വുര്‍ആന്‍ ഒന്നാമതായി അഭിമുഖീകരിക്കുന്ന അന്നത്തെ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒട്ടും വിസ്മരിക്കുവാന്‍ നിവൃത്തിയില്ലാത്തതും, ഭാവിയിലെ സത്യവിശ്വാസികള്‍ക്ക് സ്ഥിരമായ ഒരു ചരിത്ര പാഠമായിരിക്കുവാന്‍ പോന്നതുമായ ഒരു അനുഗ്രഹത്തെയാണ് അല്ലാഹു ഇവിടെ എടുത്ത് പറഞ്ഞിരിക്കുന്നത്. ഇസ്‌ലാമിന്‍റെ ആവിര്‍ഭാവകാലത്ത് അറബി ഗോത്രങ്ങളത്രയും അന്യോന്യം കലഹിച്ചും രക്തം ചിന്തിയും പരസ്പരം ശത്രുക്കളായി കഴിയുകയായിരുന്നു. മദീനാ നിവാസികളായിരുന്ന ഔസു ഗോത്രവും, ഖസ്‌റജ് ഗോത്രവും തമ്മില്‍ വിശേഷിച്ചും, നൂറില്‍പരം കൊല്ലങ്ങളായി കടുകടുത്ത യുദ്ധങ്ങളും കലഹങ്ങളും അവര്‍ക്കിടയില്‍ നിരന്തരം തുടരുകയായിരുന്നു. ഇസ്‌ലാം അവരെയെല്ലാം ഏകോദര സഹോദരങ്ങളാക്കി മാറ്റി. മക്കായില്‍ നിന്ന് മുഹാജിറുകളും അവരും തമ്മിലാകട്ടെ ലോകചരിത്രത്തിന് എവിടെയും ഇണകാണാത്ത വിധത്തിലുള്ള ഒരു കൂട്ട് ജീവിതമാണ് ഉണ്ടായിത്തീര്‍ന്നത്. ഇതിനെപ്പറ്റിയാണ് ‘നിങ്ങള്‍ ശത്രുക്കളായിരുന്നിട്ട് നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ അല്ലാഹു ഇണക്കുകയും, അങ്ങനെ നിങ്ങള്‍ സഹോദരങ്ങളാവുകയും ചെയ്തു’ എന്ന് പറഞ്ഞത്. മാത്രമല്ല, വിഗ്രഹാരാധനവരെയുള്ള എല്ലാ അനാചാര ദുരാചാരങ്ങളിലും, തോന്നിയ വാസങ്ങളിലും മുഴുകി നരകാഗ്നിയില്‍ വീണ് നശിക്കുവാന്‍ പോകുകയുമായിരുന്നു അവരെല്ലാം. നരകത്തിന്‍റെ വക്കിലോളം അവര്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. മരണം ഏത് നിമിഷത്തില്‍ സംഭവിക്കുന്നുവോ അതേ നിമിഷത്തില്‍ അവര്‍ നരകക്കുണ്ടിലേക്ക് മറിഞ്ഞു വീഴുകയായി. ഇതായിരുന്നു അവസ്ഥ. അല്ലാഹു ഇസ്‌ലാമാകുന്ന അനുഗ്രഹം നല്‍കി അവരെ അതില്‍ നിന്ന് രക്ഷപ്പെടുത്തുകയും, സ്വര്‍ഗത്തിന്‍റെ രാജപാതയിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

പ്രസ്തുത ഉപദേശങ്ങള്‍ നല്‍കിക്കഴിഞ്ഞശേഷം, ലക്ഷ്യദൃഷ്ടാന്തങ്ങള്‍ വിവരിച്ചു കൊണ്ട് ഇങ്ങിനെയുള്ള ഉപദേശങ്ങള്‍ ക്വുര്‍ആന്‍ വഴി നിങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ സന്‍മാര്‍ഗനിരതരായിരിക്കുവാന്‍ വേണ്ടിയാണെന്നും, അതിനുവേണ്ടുന്ന ലക്ഷ്യദൃഷ്ടാന്തങ്ങള്‍ ലോഭംകൂടാതെ അല്ലാഹു നിങ്ങള്‍ക്ക് വിവരിച്ചു തരുന്നതാണെന്നും, അതുകൊണ്ട് ആരും നേര്‍വഴി തെറ്റിപ്പോകാതെ സൂക്ഷിക്കണമെന്നും അവസാനം ഉണര്‍ത്തുന്നു (…… كَذَٰلِكَ يُبَيِّنُ اللَّهُ) വീണ്ടും അല്ലാഹു തുടരുന്നു:-

3:104
  • وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾١٠٤﴿
  • (സത്യവിശ്വാസികളെ) നിങ്ങളില്‍ നിന്നും ഉണ്ടായിരിക്കയും ചെയ്യട്ടെ, നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുന്ന ഒരു സമുദായം. (അങ്ങനെയുള്ള ) അക്കൂട്ടര്‍ തന്നെയാണ് വിജയികളും.
  • وَلْتَكُن ഉണ്ടായിരിക്കയും ചെയ്യട്ടെ مِّنكُمْ നിങ്ങളില്‍ നിന്ന്, നിങ്ങളിലൂടെ أُمَّةٌ ഒരു സമുദായം, സമൂഹം يَدْعُونَ അവര്‍ ക്ഷണിക്കും, വിളിക്കും إِلَى الْخَيْرِ നന്മയിലേക്ക്, നല്ലതിലേക്ക് وَيَأْمُرُونَ അവര്‍ കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യും بِالْمَعْرُوفِ സദാചാരത്തിന്, സല്‍കാര്യം കൊണ്ട് وَيَنْهَوْنَ വിരോധിക്കുകയും ചെയ്യും عَنِ الْمُنكَرِ ദുരാചാരത്തെ (ദുഷ്‌കാര്യത്തെ)പ്പറ്റി وَأُولَٰئِكَ هُمُ അക്കൂട്ടര്‍ തന്നെയാണ് الْمُفْلِحُونَ വിജയികള്‍
3:105
  • وَلَا تَكُونُوا۟ كَٱلَّذِينَ تَفَرَّقُوا۟ وَٱخْتَلَفُوا۟ مِنۢ بَعْدِ مَا جَآءَهُمُ ٱلْبَيِّنَـٰتُ ۚ وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ عَظِيمٌ ﴾١٠٥﴿
  • നിങ്ങള്‍ യാതൊരു കൂട്ടരെപ്പോലെ ആയിരിക്കുകയും അരുത്: (വ്യക്തമായ) തെളിവുകള്‍ അവര്‍ക്ക് വന്നതിന് ശേഷം അവര്‍ (പരസ്പരം) ഭിന്നിക്കുകയും, അഭിപ്രായ വ്യത്യാസത്തിലാകുകയും ചെയ്തു. അക്കൂട്ടരാകട്ടെ, അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും;-
  • وَلَا تَكُونُوا നിങ്ങളായിരിക്കയും അരുത് كَالَّذِينَ യാതൊരു കൂട്ടരെപ്പോലെ تَفَرَّقُوا അവര്‍ ഭിന്നിച്ചു, ഛിദ്രിച്ചു وَاخْتَلَفُوا അവര്‍ (അഭിപ്രായ) വ്യത്യാസത്തിലാകുകയും ചെയ്തു مِن بَعْدِ ശേഷമായി مَا جَاءَهُمُ അവര്‍ക്ക് വന്നതിന് الْبَيِّنَاتُ തെളിവുകള്‍ وَأُولَٰئِكَ അക്കൂട്ടരാകട്ടെ لَهُمْ അവര്‍ക്കുണ്ട്, അവര്‍ക്കാണ് عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ
3:106
  • يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا ٱلَّذِينَ ٱسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَـٰنِكُمْ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ ﴾١٠٦﴿
  • (അതെ) ചില മുഖങ്ങള്‍ വെളുക്കുകയും, ചിലമുഖങ്ങള്‍ കറുക്കു കയും ചെയ്യുന്ന ദിവസം! എന്നാല്‍, യാതൊരു കൂട്ടരുടെ മുഖങ്ങള്‍ കറുത്തുവോ അവര്‍,- (അവരോട് പറയപ്പെടും:) 'നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചുവോ?! എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നത് നിമിത്തം നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍.'
  • وْمَ تَبْيَضُّ വെളുക്കുന്ന ദിവസം وُجُوهٌ ചില മുഖങ്ങള്‍ وَتَسْوَدُّ കറുക്കുകയും ചെയ്യും وُجُوهٌ ചില മുഖങ്ങള്‍ فَأَمَّا الَّذِينَ എന്നാല്‍ (അപ്പോള്‍) യാതൊരു കൂട്ടര്‍ اسْوَدَّتْ കറുത്തു وُجُوهُهُمْ അവരുടെ മുഖങ്ങള്‍ أَكَفَرْتُم നിങ്ങള്‍ അവിശ്വസിച്ചുവോ بَعْدَ إِيمَانِكُمْ നിങ്ങളുടെ വിശ്വാസത്തിന്‍റെ ശേഷം فَذُوقُوا എന്നാല്‍ (അതിനാല്‍- എനി) നിങ്ങള്‍ ആസ്വദിക്കുവിന്‍ الْعَذَابَ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതു കൊണ്ട് تَكْفُرُونَ അവിശ്വസിക്കും
3:107
  • وَأَمَّا ٱلَّذِينَ ٱبْيَضَّتْ وُجُوهُهُمْ فَفِى رَحْمَةِ ٱللَّهِ هُمْ فِيهَا خَـٰلِدُونَ ﴾١٠٧﴿
  • എന്നാല്‍, യാതൊരു കൂട്ടരുടെ മുഖങ്ങള്‍ വെളുത്തുവോ അവര്‍, അല്ലാഹുവിന്‍റെ കാരുണ്യത്തിലു മായിരിക്കും. അവരതില്‍ ശ്വാശ്വതന്‍മാരായിരിക്കുന്നതാണ്.
  • وَأَمَّا الَّذِينَ അപ്പോള്‍ (എന്നാല്‍) യാതൊരു കൂട്ടര്‍ ابْيَضَّتْ വെളുത്ത് وُجُوهُهُمْ അവരുടെ മുഖങ്ങള്‍ فَفِي رَحْمَةِ കാരുണ്യ(അനു ഗ്രഹ)ത്തിലായിരിക്കും اللَّهِ അല്ലാഹുവിന്‍റെ هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ ശാശ്വതന്‍മാരായിരിക്കും
3:108
  • تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۗ وَمَا ٱللَّهُ يُرِيدُ ظُلْمًا لِّلْعَـٰلَمِينَ ﴾١٠٨﴿
  • അവ [മേല്‍ പറഞ്ഞതൊക്കെ] അല്ലാഹുവിന്‍റെ ആയത്തു [ലക്ഷ്യം]കളാകുന്നു; യഥാര്‍ത്ഥപ്രകാരം നാം അവ നിനക്ക് ഓതിത്തരികയാണ് അല്ലാഹു, ലോകരോട് യാതൊരു അനീതിയും (ചെയ്യാന്‍) ഉദ്ദേശിക്കുന്നില്ല.
  • تِلْكَ അവ, ഇവ آيَاتُ اللَّهِ അല്ലാഹുവിന്‍റെ ആയത്തുകളാണ് نَتْلُوهَا അവ നാം ഓതിത്തരുന്നു عَلَيْكَ നിനക്ക് بِالْحَقِّ യഥാര്‍ത്ഥ (മുറ) പ്രകാരം وَمَا اللَّهُ يُرِيدُ അല്ലാഹു ഉദ്ദേശിക്കുന്നില്ല ظُلْمًا ഒരനീതിയും, അക്രമത്തെ لِّلْعَالَمِينَ ലോകര്‍ക്ക്, ലോകരോട്
3:109
  • وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ﴾١٠٩﴿
  • അല്ലാഹുവിനുള്ളതത്രെ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം). അല്ലാഹുവിങ്കലേക്ക് തന്നെ കാര്യങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
  • وَلِلَّهِ അല്ലാഹുവിനാണ്, അല്ലാഹുവിന്‍റെതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് (എല്ലാം) وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَإِلَى اللَّهِ അല്ലാഹുവിങ്കലേക്ക് (തന്നെ) تُرْجَعُ മടക്കപ്പെടും, മടക്കപ്പെടുന്നു الْأُمُورُ കാര്യങ്ങള്‍

مَعْرُوفِ (മഅ്‌റൂഫ്) എന്നാല്‍, ‘അറിയപ്പെട്ടത്, പരിചയപ്പെട്ടത്’ എന്നിങ്ങനെയും, مُنْكَر (മുന്‍കര്‍) എന്നാല്‍ ‘വെറുക്കപ്പെട്ടത്, അപരിചിതം’ എന്നിങ്ങനെയും അര്‍ത്ഥമാകുന്നു. ഇമാം റാഗിബ് (റ) പ്രസ്താവിച്ചതു പോലെ ബുദ്ധി മുഖേനയോ, മതം മുഖേനയോ നല്ല കാര്യമായി അറിയപ്പെടുന്നതെല്ലാം ‘മഅ്‌റൂഫും’, രണ്ടിലൊന്ന് മുഖേന വെറു ക്കപ്പെടുന്ന കാര്യമെല്ലാം ‘മുന്‍കറും’ ആകുന്നു. 110-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ ഈ വാക്കുകളെപ്പറ്റി ഇബ്‌നുജരീര്‍ (റ) പ്രസ്താവിച്ചതിന്‍റെ സാരം ഇപ്രകാരമാകുന്നു: ‘മഅ്‌റൂഫിന്‍റെ സാക്ഷാല്‍ വിവക്ഷ സുപരിചിതം എന്നാണ്. ഏതൊരു കാര്യം ചെയ്യുന്നത് നല്ലതും, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ചീത്തയായി ഗണിക്കപ്പെടാത്തതുമാണോ അതെല്ലാം ‘മഅ്‌റൂഫാ’കുന്നു. അല്ലാഹുവിന് വഴിപ്പെടുന്നതിന് ‘മഅ്‌റൂഫ്’ എന്ന് പറയുന്നത് അത് സത്യവിശ്വാസികളുടെ അടുക്കല്‍ അറിയപ്പെട്ടതും വെറുക്കപ്പെടാത്തതുമാകകൊണ്ടാണ്. ‘മുന്‍കറി’ന്‍റെ സാക്ഷാല്‍ വിവക്ഷ അല്ലാഹു വെറുത്തതും, സത്യവിശ്വാസികള്‍ ചീത്തയായി ഗണിക്കുന്നതുമാകുന്നു. അതുകൊണ്ടാണ് അല്ലാഹുവിനോട് അനുസരണക്കേടാകുന്ന കാര്യത്തിനാണ് ‘മുന്‍കര്‍’ എന്നു പറയുന്നത്.’ ചുരുക്കിപ്പറഞ്ഞാല്‍, പൊതുവെ നല്ല കാര്യമായി ഗണിക്കപ്പെടുന്നതെല്ലാം مَعْرُوفِ ലും പൊതുവെ ചീത്തകാര്യമായി ഗണിക്കപ്പെടുന്നതെല്ലാം مُنْكَر ലും ഉള്‍പ്പെടുന്നു. മലയാളത്തില്‍ ‘സദാചാരം, ദുരാചാരം’ എന്നിങ്ങിനെയും, ‘സല്‍കാര്യം, ദുഷ്‌കാര്യം’ എന്നിങ്ങനെയും മറ്റും സന്ദര്‍ഭമനുസരിച്ച് അതിന് വിവര്‍ത്തനം നല്‍കാവുന്നതാണ്. ചില മുഖങ്ങള്‍ വെളുക്കുകയും മറ്റ് ചിലത് കറുക്കുകയും ചെയ്യുന്ന ദിവസം കൊണ്ട് വിവക്ഷ ക്വിയാമത്ത് നാളാകുന്നു. സജ്ജനങ്ങളുടെ മുഖം സന്തോഷാധിക്യത്താല്‍ അന്ന് പ്രസ ന്നവും പ്രകാശമയവുമായിരിക്കുകയും, ദുര്‍ജ്ജനങ്ങളുടെ മുഖം ദുഃഖഭാരവും ഭയാധിക്യവും നിമിത്തം അന്ന് മ്ലാനവും ഇരുണ്ടതുമായിരിക്കുകയും ചെയ്യുമല്ലോ.

സത്യവിശ്വാസികള്‍ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ- മറ്റുള്ളവരെ നന്നാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കുകകൂടി ചെയ്യുന്നത് അവരുടെ കടമയാണ്- എന്നും, അതിനായി അവര്‍ തമ്മതമ്മിലും മറ്റുള്ളവരെയും നല്ലകാര്യങ്ങള്‍ക്കായി ഉപദേശിക്കുകയും, ചീത്ത കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യേതുണ്ടെന്നും അല്ലാഹു കല്‍പിക്കുന്നു. മുസ്‌ലിമായ ഓരോ വ്യക്തിക്കും തന്‍റെ കഴിവനുസരിച്ചും സന്ദര്‍ഭം അനുസരിച്ചും ബാധകമാകുന്നതാണ് ഈ കല്‍പന. അതോടുകൂടി, മതപരമായ മറ്റ് തുറകളിലെന്നപോലെ, ഈ തുറയിലും ഇറങ്ങി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം ഈ സമുദായത്തില്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കേണ്ടതുണ്ടെന്നും അല്ലാഹു കല്‍പിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘നിങ്ങളില്‍ ആരെങ്കിലും ഒരു ദുരാചാരം (വെറുക്കപ്പെട്ട കാര്യം) കാണുന്നപക്ഷം, അവന്‍ തന്‍റെ കൈകൊണ്ട് അത് മാറ്റിക്കൊള്ളട്ടെ. എനി, അതവന് സാധ്യമല്ലെങ്കില്‍ അവന്‍റെ നാവുകൊണ്ട് (പറഞ്ഞ് മാറ്റിക്കൊള്ളട്ടെ). എനി, അതിനും കഴിവില്ലെങ്കില്‍ അവന്‍റെ ഹൃദയംകൊണ്ട് (അതിനെ വെറുത്തുകൊള്ളട്ടെ). അതാവട്ടെ, സത്യവിശ്വാസത്തില്‍ ഏറ്റവും ദുര്‍ബ്ബലമായതുമാകുന്നു.’ (മു.) ഒരു രിവായത്തില്‍ ഇങ്ങനെയും കൂടിയുണ്ട്: ‘അതിനപ്പുറം സത്യവിശ്വാസത്തില്‍ ഒരു കടുകുമണിയളവ് ഇല്ലതാനും.’ ഈ വിഷയത്തിന് ഇസ്‌ലാം കല്‍പിച്ചിട്ടുള്ള ഗൗരവം എത്രത്തോളമാണെന്ന് ഈ തിരുവചനത്തില്‍ നിന്ന് മനസ്സിലാക്കാം. ഇത് സംബന്ധിച്ച് ധാരാളം ക്വുര്‍ആന്‍ വാക്യങ്ങളും നബി വാക്യങ്ങളും ഉദ്ധരിക്കുവാനുണ്ടുതാനും. ഉദാഹരണാര്‍ത്ഥം ചില ഹദീഥുകള്‍ മാത്രം ഇവിടെ ഓര്‍മിക്കുക:-

(1). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്‌നുമസ്ഊദ് (റ) ഉദ്ധരിച്ച ഒരു ഹദീഥിന്‍റെ സാരം: ‘ഇസ്‌റാഈല്‍ സന്തതികള്‍ പാപത്തില്‍ മുഴുകിയപ്പോള്‍ അവരിലുള്ള പണ്ഡിതന്‍മാര്‍ അവരെ വിരോധിച്ചു. അവര്‍ വിരമിച്ചില്ല. എന്നിട്ട് അവര്‍ അവരുമായി ഇരുത്തത്തിലും (സഹവാസത്തിലും) ഭക്ഷണപാനീയങ്ങളിലും സഹകരിക്കുകയായി. അപ്പോള്‍ അവരുടെ ഹൃദയങ്ങളെ അല്ലാഹു തമ്മില്‍ അടിപ്പിച്ചു. (ഛിദ്രിപ്പിച്ചു) ദാവൂദ്, സുലൈമാന്‍, ഈസാ (عليه السلام) എന്നീ നബിമാരുടെ നാവുകളിലൂടെ അവരെ അവന്‍ ശപിക്കുകയും ചെയ്തു…’ (ദാ ; തി.)

(2). അബൂസഈദില്‍ ക്വുദ്‌രീ (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഏറ്റവും വമ്പിച്ച ജിഹാദില്‍ (ധര്‍മ സമരത്തില്‍) പെട്ടതാണ് അക്രമിയായ സുല്‍ത്താന്‍റെ (ഭരണാധിപന്‍റെ) അടുക്കല്‍ ഒരു നീതിയുടെ വാക്ക് പറയല്‍’ (ദാ;തി.)

(3) ഹുദൈഫത്തുബ്നുല്‍ യമാന്‍ (റ) ഉദ്ധരിച്ച ഒരു നബി വചനം: ‘എന്‍റെ ആത്മാവ് യാതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെയാണ സത്യം! നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുകതന്നെ വേണം. അല്ലാത്തപക്ഷം, അല്ലാഹു അവന്‍റെ പക്കല്‍ നിന്നുള്ള വല്ല ശിക്ഷാനടപടിയും നിങ്ങളില്‍ നിയോഗിച്ചെന്നുവരാം. പിന്നീട്, നിങ്ങളവനെ വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്കവന്‍ ഉത്തരം നല്‍കുകയില്ല.’ (അ; തി; ജ.) കൂടുതല്‍ ഹദീഥുകള്‍ ഉദ്ധരിച്ച് ദീര്‍ഘിപ്പിക്കുന്നില്ല. സല്‍കാര്യങ്ങളെക്കൊണ്ട് ഉപദേശിക്കുകയും, ദുഷ്‌കാര്യങ്ങളെപ്പറ്റി വിരോധിക്കുകയും ചെയ്യുന്ന സമുദായത്തിനേ വിജയവും പുരോഗതിയും ഉണ്ടാകുകയുള്ളൂവെന്നും അല്ലാഹു നമ്മെ അല്ലാഹു അറിയിക്കുന്നു.(وَأُولَٰئِكَ هُمُ الْمُفْلِحُونَ)

പ്രവാചകന്‍മാരും, വേദഗ്രന്ഥങ്ങളും മുഖേന വേണ്ടത്ര തെളിവുകള്‍ ലഭിക്കുകയും, സത്യം ശരിക്കും മനസ്സിലായി സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തേ ശഷം, ക്രമേണ ആ സത്യത്തെക്കുറിച്ച് ആശയക്കുഴപ്പങ്ങളും ഭിന്നാഭിപ്രായങ്ങളും ഉടലെടുക്കുകയും, പരസ്പ രം കക്ഷിത്വവും ഛിദ്രവും ഉണ്ടായിത്തീരുകയും ചെയ്തവരാണ് വേദക്കാര്‍. അവരെപ്പോലെ നിങ്ങളും ആയിത്തീരരുതെന്നും അല്ലാഹു സത്യവിശ്വാസികളെ ഉപദേശിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിച്ചില്ല. അന്യോന്യം യോജിപ്പിലും മമതയിലും വര്‍ത്തിച്ചില്ല. പരസ്പരം സദുപദേശം നല്‍കുകയും ദുര്‍വൃ ത്തികളില്‍നിന്ന് തടയുകയും ചെയ്തതുമില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അവര്‍ ഈ വിധം ശോചനീയാവസ്ഥയില്‍ എത്തിച്ചേരുമായിരുന്നില്ല. പരലോക ത്തുവെച്ചാകട്ടെ, അതികഠിനമായ ശിക്ഷയും അപമാനവും മാത്രമാണവര്‍ക്കുള്ളത്. അതുകൊണ്ട് അവരുടേതുപോലെയുള്ള അനുഭവങ്ങള്‍ നിങ്ങളില്‍ ഉണ്ടാവാതിരിക്കുവാനും, നിങ്ങള്‍ ചരിക്കേണ്ടുന്ന മാര്‍ഗം നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാക്കുവാനും വേണ്ടുന്ന എല്ലാ തെളിവുകളും വിശദീകരണവും നാം നിങ്ങള്‍ക്ക് തന്നുകഴിഞ്ഞിട്ടുണ്ട്. ലോകത്ത് ആരോടും യാതൊരു അനീതിയും കാണിക്കുവാന്‍ അല്ലാഹുവിന് ഉദ്ദേശ്യമേയില്ല. അതുകൊണ്ടാണ് ഇത്രയൊക്കെ ആവര്‍ത്തിച്ചും വിവരിച്ചും തരുന്നത്. അഖില വസ്തുക്കളും അല്ലാഹുവിന്‍റെ സൃഷ്ടിയും അടിമയുമത്രെ. എല്ലാം പര്യവസാനിക്കുന്നതും അവങ്കലേക്കുതന്നെ. അപ്പോള്‍, അവന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചരിക്കുവാനും, അവന്‍റെ അനിഷ്ടത്തിനും വെറുപ്പിനും കാരണമായിത്തീരുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരിക്കുവാനും അവന്‍റെ സൃഷ്ടികളെല്ലാം ബാധ്യസ്ഥരാണല്ലോ. എന്നൊക്കെയാണ് 105-109 വചനങ്ങളില്‍ അടങ്ങിയ ആശയത്തിന്‍റെ ചുരുക്കം. الله أعلم

അല്ലാഹുവിന്‍റെ ശക്തിയായ ആ താക്കീത് വേണ്ടത് പോലെ ഓര്‍മിച്ചുവന്ന കാലത്തോളം മുസ്‌ലിം സമുദായം വിജയത്തിലും നന്മയിലും തന്നെയായിരുന്നു. എന്നുമുതല്‍, ആ താക്കീതിന്‍റെ ഗൗരവത്തിന് സമുദായത്തിന്‍റെ മനസ്സില്‍ ഉലവുവന്നുവോ അന്ന് മുതല്‍ – ആ ഉലവിന്‍റെ തോതനുസരിച്ച്- അതിന്‍റെ അനന്തരഫലവും അവരില്‍ പ്രത്യ ക്ഷമായിക്കൊണ്ടിരുന്നു. ഇന്നാകട്ടെ, അത് അതിന്‍റെ അങ്ങേ അറ്റത്തെത്തുകയും, അല്ലാഹു വിന്‍റെ റസൂല്‍ ചെയ്ത പ്രവചനം അക്ഷരം പ്രതി അവരില്‍ പുലരുകയും ചെയ്തിരി ക്കുക യാണ്. അല്ലാഹു സമുദായത്തെ രക്ഷിക്കട്ടെ. ആമീന്‍, നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി മുആവിയ (റ) ഇപ്രകാരം ജനങ്ങളെ അറിയിക്കുകയുണ്ടായി: ‘വേദക്കാര്‍ അവരുടെ മതത്തില്‍ എഴുപത്തിര് കക്ഷികളായി പിരിഞ്ഞു. ഈ സമുദായം വഴിയെ എഴുപത്തിമൂന്ന് മാര്‍ഗക്കാരായി- തല്‍പര കക്ഷികളായി- പിരിഞ്ഞേക്കും. ഒന്നൊഴിച്ച് ബാക്കിയെല്ലാം നരകത്തിലായിരിക്കും. അതത്രെ ‘ജമാഅത്ത്’. (യഥാര്‍ത്ഥ മുസ്‌ലിം സംഘം) എന്‍റെ സമുദായത്തില്‍ വഴിയെ ചില ജനങ്ങള്‍ വെളിക്ക് വരും. പേയ് പിടിപെട്ട ആളില്‍ പേയ് പടര്‍ന്ന് വ്യാപിക്കുന്നതുപോലെ, തന്നിഷ്ടങ്ങള്‍ അവരില്‍ പടര്‍ന്ന് വ്യാപിക്കും. അവന്‍റെ ഒരു ഞരമ്പോ, സന്ധിയോ അത് പ്രവേശിക്കാതെ ബാക്കിയായിരിക്ക യില്ലല്ലോ.’ ഇമാം അഹ്മദ് (റ) നിവേദനം ചെയ്ത ഈ ഹദീഥ് പല മാര്‍ഗങ്ങ ളില്‍കൂടിയും വന്നിട്ടുള്ള ഒരു പ്രസിദ്ധ ഹദീഥത്രെ.

വിഭാഗം - 12

3:110
  • كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَـٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَـٰسِقُونَ ﴾١١٠﴿
  • നിങ്ങള്‍, മനുഷ്യര്‍ക്ക് വേണ്ടി പുറപ്പെടുവിക്കപ്പെട്ട ഏറ്റം ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെ കുറിച്ച് വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ക്കത് ഏറ്റം ഉത്തമമായിരുന്നു. അവരില്‍ (ചിലര്‍) സത്യവിശ്വാസികളുണ്ട്; അവരില്‍ അധികവും തോന്നിയവാസികളത്രെ.
  • كُنتُمْ നിങ്ങളാകുന്നു خَيْرَ أُمَّةٍ ഏറ്റം ഉത്തമ സമുദായം, സമുദായത്തില്‍ ഉത്തമമായത് أُخْرِجَتْ പുറപ്പെടുവിക്കപ്പെട്ടു لِلنَّاسِ മനുഷ്യര്‍ക്കുവേണ്ടി, മനുഷ്യരിലേക്ക് تَأْمُرُونَ നിങ്ങള്‍ കല്‍പിക്കുന്നു بِالْمَعْرُوفِ സദാചാരം കൊണ്ട് وَتَنْهَوْنَ നിങ്ങള്‍ വിരോധിക്കുകയും ചെയ്യുന്നു عَنِ الْمُنكَرِ ദുരാചാരത്തെപ്പറ്റി وَتُؤْمِنُونَ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു بِاللَّهِ അല്ലാഹുവില്‍ وَلَوْ آمَنَ വിശ്വസിച്ചിരുന്നുവെങ്കില്‍ أَهْلُ الْكِتَابِ വേദക്കാര്‍ لَكَانَ അതാകുമായിരുന്നു خَيْرًا ഉത്തമം, ഏറ്റം നല്ലത് لَّهُم അവര്‍ക്ക് مِّنْهُمُ അവരിലുണ്ട് الْمُؤْمِنُونَ സത്യവിശ്വാസികള്‍ وَأَكْثَرُهُمُ അവരില്‍ അധികവും الْفَاسِقُونَ തോന്നിയവാസി (ധിക്കാരി- തെമ്മാടി)കളത്രെ
3:111
  • لَن يَضُرُّوكُمْ إِلَّآ أَذًى ۖ وَإِن يُقَـٰتِلُوكُمْ يُوَلُّوكُمُ ٱلْأَدْبَارَ ثُمَّ لَا يُنصَرُونَ ﴾١١١﴿
  • അവര്‍ വല്ല ശല്യവും (ഉണ്ടാക്കുക) അല്ലാതെ നിങ്ങള്‍ക്ക് ഉപദ്രവം (ഒന്നും) ചെയ്യുകയില്ലതന്നെ. അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുക യാണെങ്കിലോ, അവര്‍ നിങ്ങളോട് പിന്‍ തിരിഞ്ഞുപോകുന്നതുമാണ്. പിന്നെ, അവര്‍ക്ക് സഹായം ലഭിക്കുകയുമില്ല.
  • لَن يَضُرُّوكُمْ അവര്‍ നിങ്ങള്‍ക്ക് ഉപദ്രവം വരുത്തുകയേയില്ല إِلَّا أَذًى ശല്യം (സ്വൈര്യക്കേട്- ലഘുവായ ദ്രോഹം) അല്ലാതെ وَإِن يُقَاتِلُوكُمْ അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കിലോ يُوَلُّوكُمُ അവര്‍ നിങ്ങള്‍ക്ക് തിരിക്കും الْأَدْبَارَ പിന്‍പുറങ്ങളെ ثُمَّ പിന്നെ لَا يُنصَرُونَ അവര്‍ സഹായിക്കപ്പെടുകയില്ല
3:112
  • ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓا۟ إِلَّا بِحَبْلٍ مِّنَ ٱللَّهِ وَحَبْلٍ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍ مِّنَ ٱللَّهِ وَضُرِبَتْ عَلَيْهِمُ ٱلْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَـٰتِ ٱللَّهِ وَيَقْتُلُونَ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ ﴾١١٢﴿
  • അവര്‍ എവിടെത്തന്നെ കാണപ്പെട്ടാലും (ശരി) അവരുടെ മേല്‍ നിന്ദ്യത അടിക്കപ്പെട്ടിരിക്കുന്നു; അല്ലാഹുവിങ്കല്‍ നിന്നുള്ള വല്ല കയറും ജനങ്ങളില്‍ നിന്നുള്ള വല്ല കയറും സഹിതമല്ലാതെ (അവര്‍ക്കതില്‍ നിന്ന് രക്ഷയില്ല) അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. [അതാണവര്‍ക്ക് ലഭിച്ച നേട്ടം.] നിര്‍ഗതിയും (അഥവാ പതിതത്വവും) അവരുടെ മേല്‍ അടിക്കപ്പെട്ടിരിക്കുന്നു. അത്, അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവര്‍ അവിശ്വസിക്കുകയും, ഒരു ന്യായവും കൂടാതെ പ്രവാചകന്‍മാരെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നത് നിമി ത്തമാകുന്നു. (അതെ) അത് അവര്‍ അനുസരണ ക്കേട് ചെയ്തതും, അവര്‍ അതിക്രമം പ്രവര്‍ത്തിച്ചിരുന്നതും നിമിത്തമത്രെ.
  • ضُرِبَتْ അടിക്കപ്പെട്ടിരിക്കുന്നു (ആക്കിവെക്കപ്പെട്ടിരിക്കുന്നു) عَلَيْهِمُ അവരു ടെമേല്‍, അവരില്‍ الذِّلَّةُ നിന്ദ്യത, എളിമത്വം أَيْنَ مَا ثُقِفُوا എവിടെത്തന്നെ അവര്‍ കാണപ്പെട്ടാലും, (എവിടെ വെച്ച് കണ്ടാലും) إِلَّا بِحَبْلٍ വല്ല കയറും കൊണ്ടല്ലാതെ, വല്ല ബന്ധവും നിമിത്തമല്ലാതെ مِّنَ اللَّهِ അല്ലാഹുവിങ്കല്‍ നിന്ന് وَحَبْلٍ കയറും (ബന്ധവും) مِّنَ النَّاسِ മനുഷ്യരില്‍ നിന്ന് وَبَاءُوا അവര്‍ മടങ്ങുകയും ചെയ്തു بِغَضَبٍ കോപവുമായി مِّنَ اللَّهِ അല്ലാഹുവിങ്കല്‍ നിന്ന് وَضُرِبَتْ അടിക്ക (ആക്ക)പ്പെടുകയും ചെയ്തു عَلَيْهِمُ അവരുടെ മേല്‍ الْمَسْكَنَةُ നിര്‍ഗതി, പതിതത്വം ذَٰلِكَ അത് (കാരണം) بِأَنَّهُمْ كَانُوا അവര്‍ ആയിരുന്നതുകൊണ്ടാണ് يَكْفُرُونَ അവിശ്വസിക്കുക بِآيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്ത് (ദൃഷ്ടാന്തം)കളില്‍ وَيَقْتُلُونَ അവര്‍ കൊലപ്പെടുത്തി വരുകയും الْأَنبِيَاءَ പ്രവാചകന്‍മാരെ بِغَيْرِ حَقٍّ ഒരു ന്യായവും (കാര്യവും- അവകാശവും) ഇല്ലാതെ ذَٰلِكَ അത് بِمَا عَصَوا അവര്‍ അനുസരണക്കേട് ചെയ്തതുകൊണ്ടാണ് (നിമിത്തമാണ്) وَّكَانُوا അവരായിരുന്നതും يَعْتَدُونَ അവര്‍ അതിരുവിടുക, അതിക്രമം ചെയ്യുക

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ എന്ന വാക്യത്തിന് പരിഭാഷയില്‍ കണ്ടതുപോലെ ‘നിങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടി പുറപ്പെടുവിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു’ എന്നും, ‘മനുഷ്യരിലേക്ക് വെളിപ്പെടുത്തപ്പെട്ട സമുദായങ്ങളില്‍ വെച്ച് ഉത്തമമായതാണ്’ എന്നും അര്‍ത്ഥം വരാവുന്നതാകുന്നു. ആദ്യത്തേതനുസരിച്ച് നിങ്ങള്‍ ഇതരസമുദായങ്ങള്‍ക്ക് മാതൃകയും നേതൃത്വവും നല്‍കുവാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണെന്നും, രണ്ടാമത്തേതനുസരിച്ച് മനുഷ്യ സമുദായങ്ങളുടെ കൂട്ടത്തില്‍ നിങ്ങളാണ് ഏറ്റവും ശ്രേഷ്ഠവും ഉത്തമവുമായ സമുദായമെന്നും സാരമാകുന്നു. രണ്ടും അവസാനം ഒരേ ആശയത്തില്‍ തന്നെയാണ് കലാശിക്കുന്നതും. സമുദായങ്ങളില്‍ വെച്ച് ഉത്തമമായതും ഇതര സമുദായങ്ങള്‍ക്ക് മാതൃകയാകേണ്ടതും മുസ്‌ലിം സമുദായംതന്നെ. പക്ഷേ, അതിന് അല്ലാഹു ചില ഉപാധികള്‍കൂടി വെച്ചിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമാകുന്നു. അതായത്  ‘നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.’ എന്നുവെച്ചാല്‍, ഈ സവിശേഷതകള്‍ ഉള്ളതുകൊണ്ടാണ് നിങ്ങള്‍ ഉത്തമ സമുദായമായത്, ആ ഗുണങ്ങള്‍ നിങ്ങളില്‍ നിലവിലുള്ളപ്പോഴേ നിങ്ങള്‍ ഉത്തമ സമുദായമായിരിക്കുകയുള്ളൂവെന്ന് താല്‍പര്യം. ഈ വചനം ഓതിക്കൊണ്ട് ഉമര്‍ (റ) ഇപ്രകാരം പറഞ്ഞതായി ക്വത്താദഃ (റ) ഉദ്ധ രിക്കുന്നു: ‘ഹേ, മനുഷ്യരേ, ഇപ്പറഞ്ഞ സമുദായത്തില്‍ ഉള്‍പ്പെടുന്നത് ആര്‍ക്കെങ്കിലും സന്തോഷമാണെങ്കില്‍, അതിന് അല്ലാഹു നിശ്ചയിച്ച നിബന്ധന അവന്‍ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ.’ (ഇബ്‌നുജരീര്‍)

‘നിങ്ങളാണ് ഏറ്റവും ഉത്തമ സമുദായം’ എന്ന് പറഞ്ഞത്- ഇബ്‌നുകഥീര്‍ (റ) മുതലായ മഹാന്‍മാര്‍ പ്രസ്താവിച്ചതു പോലെ- മുസ്‌ലിം സമുദായത്തെ പൊതുവില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വിധിയത്രെ. അഥവാ- ചിലര്‍ അഭിപ്രായപ്പെട്ടതുപോലെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തുള്ള മുസ്‌ലിംകളെ മാത്രം ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞതല്ല. മറ്റ് പ്രവാചകന്‍മാര്‍ക്ക് സിദ്ധിച്ചിട്ടില്ലാത്തതും, നബി (സ.അ) ക്ക് മാത്രം സിദ്ധിച്ചതുമായ ചില പ്രത്യേകതകള്‍ എടുത്തുപറഞ്ഞ കൂട്ടത്തില്‍ وجُعِلَتْ اُمتِى خَير الامم (എന്‍റെ സമുദായം സമുദായങ്ങളില്‍ വെച്ച് ഉത്തമമായതാക്കപ്പെടുകയും ചെയ്തിരിക്കുന്നു) എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  പ്രസ്താവിച്ചതായി ഇമാം അഹ്മദ് (റ) ഉദ്ധരിച്ചിട്ടുള്ളത് പ്രസ്താവ്യമാകുന്നു. ഇതിന് ഉപോല്‍ബലം നല്‍കുന്ന ഹദീഥുകള്‍ വേറെയും ഉണ്ട്. ഇബ്‌നുകഥീര്‍ (റ) അവയില്‍ പലതും ഉദ്ധരിച്ച് കാണാം. എന്നാല്‍ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തും അതിന്‍റെ അടുത്ത കാലങ്ങളിലുമുള്ള സത്യവിശ്വാസികള്‍ മേല്‍പറഞ്ഞതുപോലുള്ള സവിശേഷ തകളില്‍ മുന്നിട്ട് നില്‍ക്കുന്നവരായിരുന്നതുകൊണ്ട് ഉത്തമത്തത്തിന്‍റെ മുന്‍പന്തിയില്‍ അവരാണുള്ളതെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഈ വസ്തുത ഒരു തിരുവചനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. خَيرَ أمتِى قرنى الخ (എന്‍റെ സമുദായ ത്തില്‍ വെച്ച് ഉത്തമം എന്‍റെ കാലക്കാരാണ്. പിന്നീട് അവരോട് അടുത്തുവരുന്നവരും പിന്നീട് അവരോടടുത്ത് വരുന്നവരും പിന്നീട് അവരോടടുത്തവരും) എന്ന് പറഞ്ഞുകൊണ്ട് തിരുമേനി ഇങ്ങനെ തുടര്‍ന്നു: ‘പിന്നെ അവരുടെ ശേഷം ചില ജനങ്ങളുണ്ടായിരിക്കും: അവര്‍ സാക്ഷി പറയും, അവരോട് സാക്ഷ്യത്തിനാവശ്യപ്പെടുകയുമില്ല; അവര്‍ ചതിക്കും, അവര്‍ വിശ്വസിക്കപ്പെടുകയുമില്ല; അവര്‍ നേര്‍ച്ചനേരും, അവര്‍ നിറവേറ്റുകയു മില്ല. അവരില്‍ (സുഖാഡംബര ജീവിതം നിമിത്തം) കൊഴുപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യും. (ബു; മു.) ഒരു രിവായത്തില്‍ ‘അവര്‍ സത്യം ചെയ്യും. അവരോട് സത്യം ചെയ്യാന്‍ ആവശ്യപ്പെടുകയുമില്ല’ എന്നുകൂടിയുണ്ട്.

……وَلَوْ آمَنَ أَهْلُ الْكِتَابِ (വേദക്കാര്‍ വിശ്വസിച്ചിരുന്നെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ നല്ലതായിരുന്നു) എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, തങ്ങള്‍ നബിമാരുടെ പിന്‍ഗാമികളും, വിശ്വാസികളുമാണെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും അവരുടെ വിശ്വാസവും നട പടികളുമെല്ലാം പിഴച്ചുപോയിരിക്കയാണ്; അതുകൊണ്ട് അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ച് യഥാര്‍ത്ഥ സത്യവിശ്വാസികളായിത്തീരുന്ന പക്ഷം അവരും ഈ ഉത്തമ സമുദായത്തില്‍ ഉള്‍പ്പെട്ട ഭാഗ്യവാന്‍മാരായിത്തീരും എന്നാകുന്നു. വേദക്കാര്‍ എന്ന വാക്ക് ഇസ്‌റാഈല്യരെയും അല്ലാത്തവരെയും ഉള്‍പ്പെടുത്തുമെങ്കിലും, താഴെ കാണുന്ന പരാമര്‍ശങ്ങള്‍ വെച്ചുനോക്കുമ്പോള്‍, ഇവിടെ ഇസ്‌റാഈല്യരെ പ്രത്യേകം ഉദ്ദേശിച്ചിരിക്കു ന്നുവെന്നാണ് മനസ്സിലാകുന്നത്. ഏതായാലും, വേദക്കാരെല്ലാം വഴിപിഴച്ചവരും അവിശ്വാസികളുമായിക്കഴിഞ്ഞിട്ടില്ലെന്നും, അവരില്‍ ചുരുക്കം ചിലര്‍ സത്യവിശ്വാസികളായി നല്ലവരുണ്ടെന്നും, അധിക ഭാഗവും പിഴച്ചവര്‍തന്നെയാണെന്നുംകൂടി അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഈ ചുരുക്കം ചിലരില്‍ പെട്ടവരത്രെ അബ്ദുല്ലാഹി്‌നുസലാം (റ) പോലെയുള്ളവര്‍. വേദക്കാര്‍ സത്യവിശ്വാസികളോടും ഇസ്‌ലാമിനോടും അസൂയയും ശത്രുതയും വെച്ച് പുലര്‍ത്തിക്കൊണ്ടാണിരിക്കുന്നതെന്ന് വെച്ച് അവരെ ഭയപ്പെടേ തില്ലെന്നും അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നു. അവര്‍ നിമിത്തം കുറേയൊക്കെ, ശല്യവും സ്വൈര്യക്കേടും ഉണ്ടാവാമെന്നല്ലാതെ മുസ്‌ലിംകള്‍ക്ക് ഉപദ്രവം വരുത്തുവാനുള്ള കഴിവും ധീരതയും അവര്‍ക്കില്ലെന്നും, അവര്‍ യുദ്ധത്തിനുവന്നാല്‍തന്നെ പിന്‍തിരിഞ്ഞോടിക്കളയുകയേ ചെയ്കയുള്ളൂവെന്നും, വിജയം വരിക്കുവാന്‍ അവര്‍ക്ക് സാദ്ധ്യമല്ലെന്നും വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. കൈ്വനുക്വാഉ്, നദ്വീര്‍, ക്വുറൈള്വ: (قين قاع، نضير، قري ظة) എന്നീ യുദ്ധങ്ങള്‍ നടന്നപ്പോള്‍ മദീനായിലെ യഹൂദികളിലും, ഖൈബറില്‍വെച്ച് അവിടുത്തെ യഹൂദികളിലും ഈ പ്രവചനത്തിന്‍റെ പുലര്‍ച്ച മുസ്‌ലിംകള്‍ കാണുകയും ചെയ്തു.

112-ാം വചനത്തില്‍ അവര്‍ എവിടെയായാലും അവരുടെ മേല്‍ നിന്ദ്യത- ഹീനത- അടിക്കപ്പെട്ടിരിക്കുന്നു (ضُرِبَتْ عَلَيْهِمُ الذِّلَّةُ أَيْنَ مَا ثُقِفُوا) എന്നും, അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് മടങ്ങിയിരിക്കുന്നു (وَبَاءُوا بِغَضَبٍ مِّنَ اللَّهِ) എന്നും അവരുടെ മേല്‍ നിര്‍ഗതി അഥവാ പതിതത്വം- അടിക്കപ്പെട്ടിരിക്കുന്നു. (وَضُرِبَتْ عَلَيْهِمُ الْمَسْكَنَةُ) എന്നും, പറഞ്ഞതിന്‍റെ താല്‍പര്യം സൂറത്തുല്‍ ബക്വറഃ : 61-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. സന്ദര്‍ഭം നോക്കുമ്പോള്‍ യഹൂദികളും ക്രിസ്ത്യാനികളും ഉള്‍ക്കൊള്ളുന്ന വേദക്കാരെക്കുറിച്ച് പൊതുവിലുള്ള പ്രസ്താവനയാണ് ഇതെന്ന് തോന്നാമെങ്കിലും അല്‍ബക്വറഃയിലെ വചനത്തില്‍ നിന്ന് യഹൂദികളെ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രസ്താവനയാണിതെന്ന് മനസ്സിലാക്കാവുന്നതാണ്. നിന്ദ്യതയും പതിതത്വവും ഒരിക്കലും അവരെ വേര്‍പിരിയാത്തവിധം അവരുടെ സഹജഗുണങ്ങളായിട്ടുണ്ടെന്നും, അവരുടെ ജീവിതത്തില്‍ അവര്‍ ആകെ നേടിയെടുത്തത് അല്ലാഹുവിന്‍റെ കോപമാണെന്നുമാണ് അവിടെ പറഞ്ഞതിന്‍റെ രത്‌നച്ചുരുക്കം. കൂടുതല്‍ വിവരം അവിടെ നോക്കുക.

നിന്ദ്യതയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവിടെ പ്രസ്താവിച്ചിട്ടില്ലാത്ത ഒരു വസ്തുത ഈ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു: ‘അല്ലാഹുവിങ്കല്‍ നിന്നുള്ള വല്ല കയറും മനുഷ്യരില്‍ നിന്നുള്ള വല്ല കയറും സഹിതമല്ലാതെ (إِلابِحَبْلٍ مِن اَلَّله وَحَبْلٍ مِن اَلنَّاسِ) എന്നത്രെ അത്. അതായത്, അല്ലാഹുവില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള എന്തെങ്കിലും ഒരു പിടുത്തം കിട്ടിയെങ്കിലല്ലാതെ നിന്ദ്യതയില്‍ നിന്ന് അവര്‍ക്ക് ഒരിക്കലും രക്ഷപ്പെടുവാന്‍ സാധ്യമല്ല എന്നാണ് മൊത്തത്തില്‍ ഇതിന്‍റെ താല്‍പര്യം. സത്യവിശ്വാസം സ്വീകരിക്കുക, മുസ്‌ലിംകളുമായി സഖ്യത്തിലോ സന്ധിയിലോ ഏര്‍പ്പെടുക, ഇതര സമുദായങ്ങളുടെയോ, മുസ്‌ലിംകളുടെ ശത്രുക്കളുടെയോ സഖ്യം ലഭിക്കുക മുതലായവയെല്ലാം ഈ പിടി കയറിന് ഉദാഹരണങ്ങളാകാവുന്നതാണ്.

അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് ഇസ്‌റാഈല്യര്‍ ഇത്രയും പാത്രമാകുവാനുളള കാരണങ്ങളായി സൂറത്തുല്‍ ബക്വറഃയിലെ ആ വചനത്തില്‍ പ്രസ്താവിച്ച അതേ കാര ണങ്ങള്‍ തന്നെയാണ് അല്ലാഹു ഇവിടെയും പ്രസ്താവിച്ചിരിക്കുന്നത്. അതായത്, അവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാതെ അവയെ നിഷേധിച്ചു കൊണ്ടിരുന്നതും, യാതൊരു ന്യായവുമില്ലാതെ അല്ലാഹുവിന്‍റെ പ്രവാചകന്‍മാരെ കൊലപ്പെടുത്തിക്കൊണ്ടിരുന്നതും, ഇതിന് അവരെ പ്രേരിപ്പിച്ചതാകട്ടെ, അനുസരണക്കേടും, അതിക്രമവും, ഇതിനെപ്പറ്റിയെല്ലാം ആവശ്യമായ വിശദീകരണം സൂറത്തുല്‍ ബക്വറഃയില്‍ കഴിഞ്ഞുപോയിട്ടുള്ളതു കൊണ്ട് ഇവിടെ കൂടുതല്‍ വിവരിക്കേണ്ടതില്ല.

ഇസ്‌റാഈല്യരുടെ ചരിത്രം പരിശോധിച്ചാല്‍, അവര്‍ എന്നുതൊട്ട് അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നുവോ അന്നുമുതല്‍ അവരില്‍ നിന്ദ്യതയും പതിതത്വവും കുടിയേറുകയും ചെയ്തിട്ടുള്ളതായി വ്യക്തമാകും. ഇസ്‌ലാമിന്‍റെ ആവിര്‍ഭാവത്തിന് മുമ്പും, അതിനുശേഷം ഇന്നോളവും അവരില്‍ പ്രകടമായി കാണാവുന്നതാണത്. ഇസ്‌ലാമിന് മുമ്പ് ഇറാക്വിലെയും, റോമായിലെയും സാമ്രാജ്യ ശക്തികള്‍ക്കടിമപ്പെട്ടും. അവരുടെ മര്‍ദ്ദനമേറ്റും, അവര്‍ക്ക് കപ്പം കൊടുത്തും ദീര്‍ഘകാലം കഴിയേണ്ടി വന്നു. ഇസ്‌ലാമിക ഭരണം നിലവില്‍ വന്നപ്പോള്‍ അതിന്‍റെ കീഴില്‍ കപ്പം കൊടുത്തും, സമാധാന ഉടമ്പടികള്‍ ചെയ്തും ജീവിക്കേണ്ടി വന്നു. മുസ്‌ലിം ഭരണം ചിന്നിച്ചിതറിയ ശേഷവും- പലേടങ്ങളിലും പല രാഷ്ട്രങ്ങളിലുമായി- ഹീനരും, പതിതരുമായിട്ടേ അവര്‍ക്ക് ജീവിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍, മറ്റൊരു കൂട്ടരുടെ ഔദാര്യമോ, സഹായമോ, കൂടാതെ, സ്വന്തം നിലക്ക് മാന്യവും സ്വതന്ത്രവുമായ ഒരു സമുദായമായി നിലകൊള്ളുവാനോ, സ്വന്തമായ ഭരണാധികാരം സ്ഥാപിക്കുവാനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. മുപ്പതില്‍പരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഇസ്‌റാഈല്‍ രാഷ്ട്രം എന്നപേരില്‍ ഫലസ്തീനില്‍ ഒരു രാഷ്ട്രം യഹൂദികള്‍ സ്ഥാപിച്ചിട്ടുള്ളത് ശരിയാണ്. (*) പക്ഷേ, അതിന്‍റെ ഉത്ഭവവും, നിലനില്‍പുമെല്ലാം തന്നെ അമേരിക്ക മുതലായ വന്‍കോയ്മകളുടെ കൈക്കാണുള്ളതെന്ന പരമാര്‍ത്ഥം പരക്കെ അറിയപ്പെട്ടതാണ്. അല്ലാഹുവിന്‍റെയും മനുഷ്യരുടെയും കയറുസഹിതമല്ലാതെ നിന്ദ്യതയില്‍ നിന്ന് അവര്‍ക്ക് രക്ഷയില്ല എന്ന് അല്ലാഹു പ്രസ്താവിച്ചതിന് ഇതൊരു ഉദാഹരണമായി എടുക്കാവുന്നതുമാകുന്നു. പല രാഷ്ട്രങ്ങളും ഇന്നുവരെ അതിനെ ഒരു രാഷ്ട്രമായി അംഗീകരിച്ച് കഴിഞ്ഞിട്ടില്ല. മുസ്‌ലിം രാഷ്ട്രങ്ങള്‍ മുഴുവനും അതിനോട് അങ്ങേ അറ്റം ശത്രുതയിലും വൈരാഗ്യത്തിലുമാണുള്ളതെന്നതിരിക്കട്ടെ, അമുസ്‌ലിം രാഷ്ട്രങ്ങളില്‍ തന്നെ പലതും അതിന്‍റെ നേരെ അനുഭാവത്തിലല്ല കഴിയുന്നതെന്നുള്ളതും ശ്രദ്ധേയമാകുന്നു. പൊതുവെ പറഞ്ഞാല്‍. ഇത്രയും വെറുക്കപ്പെട്ട ഒരു രാഷ്ട്രം ലോകത്ത് മറ്റെവിടെയും കാണപ്പെടുകയില്ലതന്നെ.


(*) കഴിഞ്ഞ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ക്രിസ്ത്വബ്ദം 1947ല്‍ ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ നാടിനെ അറബികള്‍ക്കും യഹൂദികള്‍ക്കുമായി രണ്ടാക്കി വിഭജിച്ചു. 1948 മെയ്മാസത്തില്‍ യഹൂദികളുടെ ഭാഗത്തില്‍ ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിതവുമായി. ലോകത്തില്‍ അവിടവിടെയായി ചിന്നിച്ചിതറിയും, പലേടങ്ങളിലും- വിശേഷിച്ച് നാസികളുടെ കീഴില്‍- മര്‍ദ്ദിതരായും കഴിഞ്ഞു കൂടിയിരുന്ന യഹൂദികളെ ഒന്നിച്ച് കുടിയിരുത്തിക്കൊണ്ടായിരുന്നു അത്. സിയോണിസ്റ്റ് പ്രസ്ഥാനം യുറോപ്യന്‍ നാടുകളില്‍ വരുത്തിയ സ്വാധീനവും, നാസികള്‍ക്കെ തിരെ രാണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത അമേരിക്ക, ഇംഗ്ലണ്ട് മുതലായ വന്‍ ശക്തികളടങ്ങിയ സഖ്യകക്ഷികളുടെ സ്ഥാപിത താല്‍പര്യങ്ങളുമാണ് ഇതിന് കളമൊരുക്കിയത്. അതിന്‍റെ ജനയിതാക്കളായ വന്‍കോയ്മകള്‍ തന്നെ അതിനെ പാലൂട്ടി വളര്‍ത്തിക്കൊണ്ടിരുന്നു. ഇന്നും അവരുടെ സഹായവും അനുഭാവവും തന്നെയാണ് ഇസ്‌റാഈലിനെ നിലനിറുത്തുന്നത്. അറബിരാഷ്ട്രങ്ങളുമായി അനേകം സംഘട്ടനങ്ങള്‍ നടന്നു. ഇപ്പോഴും നടക്കുന്നു. കൂട്ടത്തില്‍ ക്രി. 1967ലും 1973ലും നടന്ന യുദ്ധങ്ങള്‍ പ്രധാനങ്ങളാകുന്നു.


വേറൊരു വശംകൂടി ഓര്‍മിക്കേണ്ടിയിരിക്കുന്നു: ഇസ്‌റാഈല്‍ രാഷ്ട്രമോ, യഹൂദ സമുദായമോ എത്ര ശപിക്കപ്പെട്ടതായിരുന്നാലും, കേവലം വലുപ്പം കൊണ്ടും ജനസം ഖ്യകൊണ്ടും വളരെ ചെറുതായ (*) ആ രാഷ്ട്രത്തെ തുടച്ച് നീക്കുന്നത് പോകട്ടെ, അടക്കി നിറുത്തുവാനും, മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിന്‍റെ നീക്കങ്ങളെ പരാജയെപ്പടുത്തുവാനും ദശക്കണക്കിലുള്ള അറബി മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കോ, അറബികളല്ലാത്ത മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കോ ഇതുവരെയും കഴിഞ്ഞിട്ടില്ല. അടുത്ത കാലത്ത് കഴിഞ്ഞേക്കുമെന്ന പ്രതീക്ഷക്കും വഴികാണുന്നില്ല. അറബി രാഷ്ട്രങ്ങളാണെങ്കില്‍, സമ്പത്തുകൊണ്ടും അഭിവൃദ്ധി കൊണ്ടും എന്നത്തെക്കാളുമധികം മുന്‍പന്തിയിലുമാണ് ഇന്നുള്ളത്. എന്താണതിന് കാരണം? മുസ്‌ലിം രാഷ്ട്രങ്ങളെന്ന നിലക്കാണ് അവ അറിയപ്പെടുന്നതെങ്കിലും യഥാര്‍ത്ഥ ഇസ്‌ലാമിക ചൈതന്യം അവിടങ്ങളില്‍ വിരളമായിരിക്കുന്നു. സമ്പല്‍സമൃദ്ധിയുടെ പെരുപ്പത്തോടൊപ്പം ഇസ്‌ലാമിക ജീവിതത്തില്‍ നിന്നുള്ള അകല്‍ച്ചയും, ഭൗതിക സുഖാഢംബരങ്ങളിലുള്ള താല്‍പര്യവുമാണ് അവിടങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. അറബി രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലവിലുള്ള അനൈക്യവും, പരസ്പര ശത്രുതയും അതിന്‍റെ അനിവാര്യഫലങ്ങളുമാകുന്നു.


(*) രാഷ്ട്രം സ്ഥാപിച്ചശേഷം പലപ്പോഴായി അവര്‍പിടിച്ചടക്കി കയ്യേറിയ സ്ഥല ങ്ങള്‍ ഒഴിവാക്കിയാല്‍, ഒരു ജില്ലയോളം വരുന്ന ആ രാഷ്ട്രത്തില്‍ ആകെയുള്ള ജനസംഖ്യ 25 ലക്ഷത്തില്‍പരം വരും. ഇവരില്‍ രണ്ട് ലക്ഷത്തോളം മുസ്‌ലിംകളും അരലക്ഷത്തോളം ക്രിസ്ത്യാനികളും ഉള്‍പ്പെടുമെന്ന് പറയപ്പെടുന്നു. (24-11-77 ലെ മാതൃഭൂമി ദിനപത്രത്തില്‍ നിന്ന്) 


ഖുലഫാഉര്‍റാശിദിന്‍റെ കാലത്ത് ഇറാക്വ് യുദ്ധങ്ങളിലെ സര്‍വ്വസൈന്യാധിപനും സ്വഹാബീ പ്രമുഖന്മാരില്‍ ഒരാളും, നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അമ്മാമനുമായിരുന്ന സഅ് ദുബ്‌നുഅബീവക്വ്ക്വാസ് (റ)ന് ഖലീഫാ ഉമര്‍ (റ) നല്‍കിയ ചില ഉപദേശങ്ങള്‍ ഓര്‍മിക്കുന്നത് ഇവിടെ സന്ദര്‍ഭോചിതമാകുന്നു. അദ്ദേഹത്തെ പറഞ്ഞയച്ചപ്പോള്‍ അദ്ദേഹേത്താട് ഉമര്‍ (റ) ചെയ്ത വസ്വിയ്യത്തിന്‍റെ സാരം ഇതാണ്: ‘സഅ്‌ദേ, താങ്കള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അമ്മാമനും സ്‌നേഹിതനുമാണെന്നുള്ള കാര്യം താങ്കളെ വഞ്ചിതനാക്കരുത്. തിന്മയെ അല്ലാഹു തിന്മകൊണ്ട് മായിച്ചുകളയുകയില്ല, നന്മകൊണ്ടേ തിന്മയെ മായിക്കുകയുള്ളൂ. അല്ലാഹുവിന് വഴിപ്പെടുന്നത് മുഖേനയല്ലാതെ, അല്ലാഹുവിനും ഒരാള്‍ക്കുമിടയില്‍ കുടുംബന്ധമൊന്നുമില്ല. അല്ലാഹുവിന്‍റെ മതത്തില്‍ എല്ലാവരും സമന്‍മാരാണ്. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  ഏതൊന്ന് കൈവിടാതെ വന്നിരുന്നതായി താങ്കള്‍ കണ്ടുവോ അത് താങ്കളും കൈവിടാതെ മുറുകെ പിടിക്കുക.’ പിന്നീട് സ്അ്ദ് (റ) പോയശേഷം അദ്ദേഹത്തിനയച്ച ഒരു എഴുത്തിലെ ചില വാചകങ്ങള്‍ ഇങ്ങനെയായിരുന്നു: ‘താനും തന്‍റെ ഒന്നിച്ചുള്ളവരും സദാ ‘തക്വ്‌വ’ (ഭയഭക്തി) യുള്ളവരായിരിക്കണം. ശത്രുക്കള്‍ക്കെതിരെയുള്ള ഏറ്റവും വലിയ സന്നാഹവും, ഏറ്റവും വലിയ യുദ്ധതന്ത്രവും അതത്രെ. നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെക്കാളധികം നിങ്ങളെക്കുറിച്ച് തന്നെ ജാഗരൂകരായിരിക്കണം. കാരണം, സൈന്യം ചെയ്യുന്ന പാപങ്ങളെയാണ് അവരുടെ ശത്രുക്കളെക്കാള്‍ ഞാന്‍ ഭയപ്പെടുന്നത്. മുസ്‌ലിംകളുടെ ശത്രുക്കള്‍ അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നതുകൊണ്ട് മാത്രമാണ് അവര്‍ക്കെതിരില്‍ മുസ്‌ലിംകള്‍ക്ക് സഹായം ലഭിക്കുന്നത്. ശത്രുക്കള്‍ അല്ലാഹുവിനോട് അനുസരണയില്ലാത്തപക്ഷം, നമുക്കവരോട് എതിര്‍ക്കുവാന്‍ കഴിവുണ്ടാകയില്ല. കാരണം, നമ്മുടെ എണ്ണം അവരുടെ എണ്ണം പോലെയില്ല. നമ്മുടെ യുദ്ധസന്നാഹങ്ങള്‍ അവരുടെ സന്നാഹം പോലെയുമില്ല. അപ്പോള്‍, പാപത്തില്‍ നാമും അവരെപ്പോലെ ആയിത്തീര്‍ന്നാല്‍, ശക്തിയില്‍ അവര്‍ നമ്മെ കവച്ചുവെക്കും. ഇല്ലെങ്കിലോ, നമ്മുടെ യോഗ്യതകൊണ്ട് നമുക്കവരെ ജയിക്കാം. നമ്മുടെ ശക്തികൊണ്ട് നാം അവരെ ജയിക്കുകയില്ല……’ (*)


  من اتمام الوفاء فى سيرة الخلفاء للشيخ محمد الخض ى بك – رح (*)


നിന്ദ്യാവസ്ഥയില്‍ നിന്ന് വല്ല രക്ഷയും ലഭിക്കുവാന്‍ ഒരു പക്ഷേ അവര്‍ക്ക് സാദ്ധ്യമായേക്കുമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടിയെങ്കിലും, അല്ലാഹുവിന്‍റെ കോപത്തില്‍ നിന്നും, പതിതത്വത്തില്‍നിന്നും ഒരിക്കലെങ്കിലും അവര്‍ക്ക് രക്ഷ കിട്ടുവാന്‍ മാര്‍ഗമുള്ളതായി അല്ലാഹു സൂചിപ്പിച്ചിട്ടില്ല. അല്ലാഹുവിന്‍റെ ശാപകോപത്തിന്‍റെ ഫലം പരലോകത്തുവെച്ച് അവര്‍ അനുഭവിക്കുമെന്ന് തീര്‍ച്ചതന്നെ. ഇഹലോകത്തെ സ്ഥിതി പറയുകയാണെങ്കില്‍, അധമബോധവും, പതിതത്വ മനഃസ്ഥിതിയും യഹൂദരുടെ ഒരു സ്വഭാവ പ്രകൃതിതന്നെയാകുന്നു. വമ്പിച്ച ധനമോഹവും അതിയായ പിശുക്കും അവരുടെ ഒരു വിശേഷതയാണെന്ന് പറയാം. അതുകൊണ്ട് ധനം ചിലവഴിക്കുന്നതിലും സമ്പാദ്യം അനുഭവിക്കുന്നതിലും ധനിക ദരിദ്രവ്യത്യാസം കൂടാതെ അവര്‍ കഴിഞ്ഞുകൂടിയിട്ടുണ്ടോ അവിടെയെല്ലാം ഒരു താണതരം പ്രജകളായല്ലാതെ അവര്‍ ഗണിക്കപ്പെട്ട ചരിത്രമില്ല. അവരുടേതായ ഒരു രാഷ്ട്രം നിലവില്‍ വന്ന ഇക്കാലത്തുപോലും ഒരു സമുദായമെന്ന നിലക്ക് മറ്റുള്ളവരുടെയെല്ലാം എതിര്‍പ്പിനും വെറുപ്പിനും ഇത്രയും പാത്രമായ ഒരു സമൂഹം വേറെ ഇല്ല.

വേദക്കാരെ- പ്രത്യേകിച്ചും ഇസ്‌റാഈല്യരെ- ക്കുറിച്ച് ക്വുര്‍ആനില്‍ ഇങ്ങനെയുള്ള അനേകം പരാമര്‍ശങ്ങളില്‍ നിന്ന് നാം കുറേ ചരിത്ര വിവരങ്ങള്‍ മനഃപാഠമിടുക മാത്രമല്ല ചെയ്യേണ്ടത്. ആ ചരിത്രങ്ങളിലടങ്ങിയ പാഠങ്ങള്‍ മനസ്സിരുത്തുകയും, അവര്‍ക്ക് പിണഞ്ഞ ദോഷങ്ങള്‍ നമുക്ക് വരാതിരിക്കുവാന്‍ നാമത് ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. അല്ലാഹു നമ്മെ അതിന് തുണക്കട്ടെ. ആമീന്‍. അല്ലാഹു പറയുന്നു:-

3:113
  • لَيْسُوا۟ سَوَآءً ۗ مِّنْ أَهْلِ ٱلْكِتَـٰبِ أُمَّةٌ قَآئِمَةٌ يَتْلُونَ ءَايَـٰتِ ٱللَّهِ ءَانَآءَ ٱلَّيْلِ وَهُمْ يَسْجُدُونَ ﴾١١٣﴿
  • അവര്‍ [വേദക്കാര്‍-എല്ലാവരും] സമമല്ല; വേദക്കാരില്‍ ചൊവ്വിന് നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ട്: രാത്രി സമയങ്ങളില്‍ അവര്‍ 'സജൂദ്' [സാഷ്ടാംഗനമസ്‌കാരം] ചെയ്തുകൊണ്ട് അല്ലാഹുവിന്‍റെ 'ആയത്ത്' [വേദവാക്യം] പാരായണം ചെയ്യുന്നു. (ഇങ്ങനെയുള്ള ഒരു സമൂഹം)
  • لَيْسُوا അവരല്ല سَوَاءً സമം, ഒരുപോലെ مِّنْ أَهْلِ الْكِتَابِ വേദക്കാരില്‍ഉണ്ട് أُمَّةٌ ഒരു സമുദായം (സമൂഹം) قَائِمَةٌ നേരെ (ചൊവ്വിന്) നില്‍ക്കുന്ന يَتْلُونَ അവര്‍ പാരായണം ചെയ്യും آيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്തുകളെ آنَاءَ اللَّيْلِ രാത്രി നേരങ്ങളില്‍ وَهُمْ يَسْجُدُونَ അവര്‍ സജൂദ് ചെയ്തുകൊണ്ട്, അവര്‍ സജൂദ് ചെയ്യും
3:114
  • يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَأُو۟لَـٰٓئِكَ مِنَ ٱلصَّـٰلِحِينَ ﴾١١٤﴿
  • അവര്‍ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്നു; അവര്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും, നല്ല കാര്യങ്ങളില്‍ പരസ്പരം ധൃതികൂട്ടികൊണ്ടിരിക്കുകയും ചെയ്യുന്നു. അക്കൂട്ടര്‍ സദ്‌വൃത്തന്‍മാരില്‍പെട്ടവരുമാണ്
  • يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَيَأْمُرُونَ അവര്‍ കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യുന്നു بِالْمَعْرُوفِ സദാചാരം കൊണ്ട് وَيَنْهَوْنَ അവര്‍ വിരോധിക്കയും ചെയ്യുന്നു عَنِ الْمُنكَرِ ദുരാചാര ത്തെക്കുറിച്ച് وَيُسَارِعُونَ അവര്‍ പരസ്പരം ധൃതിപ്പെടുകയും (വാശിപൂര്‍വ്വം ബദ്ധപ്പെടുകയും) ചെയ്യും فِي الْخَيْرَاتِ നല്ല കാര്യങ്ങളില്‍ وَأُولَٰئِكَ അക്കൂട്ടര്‍ مِنَ الصَّالِحِينَ നല്ലവരില്‍ പെട്ടവരുമാണ്
3:115
  • وَمَا يَفْعَلُوا۟ مِنْ خَيْرٍ فَلَن يُكْفَرُوهُ ۗ وَٱللَّهُ عَلِيمٌۢ بِٱلْمُتَّقِينَ ﴾١١٥﴿
  • അവര്‍ നല്ല കാര്യമായി എന്ത് ചെയ്യുന്നതായാലും അതില്‍ അവരോട് നന്ദികേട് ചെയ്യപ്പെടുകയില്ല തന്നെ. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അറിയുന്നവനാകുന്നു.
  • وَمَا يَفْعَلُوا അവര്‍ എന്ത് ചെയ്യുന്നതായാലും مِنْ خَيْرٍ നല്ലതായിട്ട് فَلَن يُكْفَرُوهُ അവരോട് (അവര്‍ക്ക്) അതില്‍ (അതിനോട്) നന്ദികേട് കാണിക്കപ്പെടുന്നതേയല്ല وَاللَّهُ അല്ലാഹു عَلِيمٌ അറിയുന്നവനാണ് بِالْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി

വേദക്കാരെപ്പറ്റി അവര്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് വിധേയരായിരിക്കയാണെന്ന് കഴിഞ്ഞ വചനത്തില്‍ പറഞ്ഞു. എന്നാല്‍, പൊതുവിലുള്ള സ്ഥിതി അതാണെങ്കിലും അവര്‍ മുഴുവനും അങ്ങനെയുള്ളവരല്ലെന്നും അല്‍പം ചിലര്‍ നേര്‍മാര്‍ഗത്തിലും സത്യവിശ്വാസത്തിലും ഉറച്ചുനില്‍ക്കുന്നവരുണ്ടെന്നും ഈ വചനങ്ങളില്‍ അല്ലാഹു അറിയിക്കുന്നു. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മുമ്പും, തിരുമേനിയുടെ കാലത്തും ഇങ്ങനെയുള്ള വര്‍ അവരില്‍ ചുരുക്കം പേരുണ്ടായിരിക്കും. പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തും അതിനു ശേഷമുള്ളവരും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കല്‍ അനിവാര്യമത്രെ, അതുകൊണ്ടാണ് വേദക്കാരില്‍ നിന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ച് ഇസ്‌ലാമിനെ അംഗീകരിച്ച വ്യക്തികളാണ് ഇവരെക്കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് പല വ്യാഖ്യാതാക്കളും പറയുന്നത്. ഇബ്‌നു ഇസ്ഹാക്വ്, ത്വബ്‌റാനീ, ബൈഹക്വീ, ഇബ്‌നു ജരീര്‍ (റ) മുതലായവര്‍ ഇബ്‌നു അബ്ബാസ് (റ) പറഞ്ഞതായി ഉദ്ധരിച്ച ഒരു രിവായത്തിന്‍റെ സാരം ഇപ്രകാരമാകുന്നു: ‘അബ്ദുല്ലാഹിബ്നുസലാം (റ) മുതലായവര്‍ ഇസ്‌ലാമില്‍ പ്രവേശിക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുകയും ചെയ്തപ്പോള്‍, യഹൂദി പണ്ഡിതന്‍മാരും, അവരിലുള്ള അവിശ്വാസികളും പറഞ്ഞു: ഞങ്ങളില്‍ മോശക്കാരായ ആളുകള്‍ മാത്രമാണ് മുഹമ്മദില്‍ വിശ്വസിച്ചത്, അവര്‍ നല്ലവരായിരുന്നുവെങ്കില്‍, അവര്‍ തങ്ങളുടെ പിതാക്കളുടെ മതം വിട്ട് മറ്റൊന്നിലേക്ക് പോകുമായിരുന്നില്ല. അപ്പോഴാണ് ഈ വചനം അവ തരിച്ചത്.’ ഈ വചനങ്ങളില്‍ അല്ലാഹു എടുത്ത് പറഞ്ഞ ഗുണങ്ങളോടുകൂടിയവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വെളിപ്പാടിനുശേഷം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചവരായിരിക്കുവാനേ നിവൃത്തിയുള്ളുവെന്ന് പറയേണ്ടതില്ല.

ഈ സദ്‌വൃത്തരെപ്പറ്റി അല്ലാഹു പ്രശംസിച്ച് പറഞ്ഞ കാര്യങ്ങള്‍:

(1) അവര്‍ സുജൂദ് ചെയ്തുകൊണ്ട് രാത്രി സമയങ്ങളില്‍ അല്ലാഹുവിന്‍റെ ആയത്തുകള്‍ പാരായണം ചെയ്യും. അതായത്, രാത്രി നമസ്‌കരിക്കുകയും നമസ്‌കാരത്തില്‍ ക്വുര്‍ആന്‍ പാരായണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നര്‍ത്ഥം. അപ്പോള്‍, സുജൂദുകൊണ്ടുദ്ദേശ്യം നമസ്‌കാരമായിരിക്കും. നമസ്‌കാരത്തെപ്പറ്റി സുജൂദ് എന്നും, റുകൂഉ് എന്നും ക്വുര്‍ആനില്‍ ഉപയോഗിക്കുക പതിവാണല്ലോ. അതോടുകൂടി സുജൂദില്‍ ക്വുര്‍ ആന്‍ പാരായണം നിയമിക്കപ്പെട്ടിട്ടുമില്ല. അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിക്കുകയും ചെയ്തിട്ടുണ്ട് (وَهُمْ يَسْجُدُونَ) എന്ന വാക്കിന് ‘അവര്‍ സുജൂദ് ചെയ്യുകയും ചെയ്യും’ എന്നും അര്‍ത്ഥം വരാം. ആശയത്തില്‍ വ്യത്യാസമില്ല താനും.

(2) അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. വേദക്കാര്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിലും ശിര്‍ക്ക് കലര്‍ന്നുകൊണ്ട് മാത്രമേ അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുള്ളൂ. അന്ത്യനാളിനെക്കുറിച്ചാകട്ടെ, അവര്‍ക്ക് അവരുടെതായ ചില അര്‍ത്ഥവ്യാഖ്യാനങ്ങളാണുള്ളത്. ക്വുര്‍ആന്‍റെ വ്യക്തമായ വിവരണങ്ങള്‍ക്ക് നിരക്കാത്തതുമാണവ. അതുകൊണ്ട് ഈ ആളുകള്‍ അങ്ങനെയുള്ളവരല്ല അവര്‍ ശരിക്കുള്ള വിശ്വാസം സ്വീകരിച്ചവരാണ്- എന്നാണിതിന്‍റെ താല്‍പര്യം.

(3) അവര്‍ സല്‍ക്കാര്യം കൊണ്ട് ജനങ്ങളെ ഉപദേശിക്കുകയും, ദുഷ്‌കാര്യങ്ങളെക്കുറിച്ച് വിരോധിക്കുകയും ചെയ്യും. സത്യം മൂടിവെക്കുക, ജനഹിതത്തിനും സ്വന്തം താല്‍പര്യത്തിനും ഒപ്പിച്ച് സത്യം വളച്ചുതിരിക്കുക, മറ്റുള്ളവര്‍ എന്തു വേണ്ടാവൃത്തി ചെയ്യു ന്നത് കാലും മൗനം ദീക്ഷിക്കുക മുതലായതൊന്നും അവരുടെ പതിവല്ലെന്ന് സാരം.

(4) അവര്‍ നല്ല കാര്യങ്ങളില്‍ ധൃതിപൂര്‍വ്വം മുന്നേറിക്കൊണ്ടിരിക്കും. വേദക്കാരിലുള്ള ബഹുഭൂരിഭാഗം ഇപ്പറഞ്ഞ ഗുണങ്ങളില്ലാത്തവരാകുന്നു. അതുകൊണ്ടുതന്നെയാണ് അവരെപ്പറ്റി (110-ാം വചനത്തില്‍) ‘അവരില്‍ അധികവും തോന്നിയ വാസികളാണെ’ന്ന് പറഞ്ഞതും. നേരെ മറിച്ച് ഇവരെപ്പറ്റി ‘അവര്‍ സദ്‌വൃത്തന്‍മാരില്‍ പെട്ടവരാണ്’ എന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ, അവര്‍ ചെയ്യുന്ന ഏതൊരു നല്ല കാര്യവും- അതെത്ര നിസ്സാരമായാലും ശരി- അല്ലാഹു പാഴാക്കുകയില്ലെന്നും, നന്ദിപൂര്‍വ്വം സ്വീകരിച്ച് പ്രതിഫലം നല്‍കുന്നതാണെന്നും സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തിരിക്കുന്നു.

3:116
  • إِنَّ ٱلَّذِينَ كَفَرُوا۟ لَن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۚ هُمْ فِيهَا خَـٰلِدُونَ ﴾١١٦﴿
  • നിശ്ചയമായും, അവിശ്വസി ച്ചിട്ടുള്ളവര്‍,- അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ മക്കളാകട്ടെ, അല്ലാഹുവില്‍ നിന്നു(ള്ള ശിക്ഷ) യാതൊന്നും അവര്‍ക്ക് തടുത്ത് കൊടുക്കുന്നതേയല്ല. അക്കൂട്ടര്‍, നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു; അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ لَن تُغْنِيَ ധന്യമാക്കുക (തടുക്കുക)യില്ലതന്നെ عَنْهُمْ അവര്‍ക്ക് أَمْوَالُهُمْ അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُم അവരുടെ മക്കളും (സന്താനങ്ങളും) ഇല്ല مِّنَ اللَّهِ അല്ലാഹുവില്‍ നിന്ന് شَيْئًا യാതൊന്നും ഒട്ടും وَأُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ സ്ഥിരവാസികള്‍ ആകുന്നു
3:117
  • مَثَلُ مَا يُنفِقُونَ فِى هَـٰذِهِ ٱلْحَيَوٰةِ ٱلدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوٓا۟ أَنفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِنْ أَنفُسَهُمْ يَظْلِمُونَ ﴾١١٧﴿
  • ഈ ഐഹികജീവിതത്തില്‍ അവര്‍ ചിലവഴിക്കുന്നതിന്‍റെ ഉപമ, ഒരു കാറ്റിന്‍റെ മാതിരിയാകുന്നു: അതില്‍ അതിശൈത്യമുണ്ട്; തങ്ങളുടെ സ്വന്തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ച ഒരു ജനതയുടെ കൃഷിയിടത്തിന് അത് ബാധിച്ചു; എന്നിട്ട് അതിനെ അത് നശിപ്പിച്ചു കളഞ്ഞു. (ഇങ്ങനെയുള്ള ഒരു കാറ്റിന്‍റെ മാതിരി) അല്ലാഹു അവരോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ലതാനും എങ്കിലും അവര്‍ തങ്ങളുടെ സ്വന്തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കുന്നു.
  • مَثَلُ യാതൊന്നിന്‍റെ ഉപമ, ഉദാഹരണം مَا يُنفِقُونَ അവര്‍ ചിലവഴിക്കുന്ന فِي هَٰذِهِ الْحَيَاةِ ഈ ജീവിതത്തില്‍ الدُّنْيَا ഐഹികമായ كَمَثَلِ ഉപമപോലെയാണ് رِيحٍ ഒരു കാറ്റിന്‍റെ فِيهَا അതിലുണ്ട് صِرٌّ അതിശൈത്യം أَصَابَتْ അത് ബാധിച്ചു حَرْثَ قَوْمٍ ഒരു ജനതയുടെ വിളയ്ക്ക്, വിളയിടത്തിന് ظَلَمُوا അവര്‍ അക്രമം (അനീതി) ചെയ്തിരിക്കുന്നു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളോട് فَأَهْلَكَتْهُ എന്നിട്ടത് അതിനെ നശിപ്പിച്ചു وَمَا ظَلَمَهُمُ അവരെ അക്രമിച്ചിട്ടുമില്ല اللَّهُ അല്ലാഹു وَلَٰكِنْ എങ്കിലും, പക്ഷേ أَنفُسَهُمْ അവരുടെ സ്വന്ത ങ്ങളെ, തങ്ങളെത്തന്നെ يَظْلِمُونَ അവര്‍ അക്രമിക്കുന്നു

അവിശ്വാസികള്‍ക്ക്- അവര്‍ ഏതു തരത്തില്‍ പെട്ടവരാകട്ടെ- അവരുടെ കര്‍മങ്ങള്‍ നിമിത്തം പരലോകത്ത് യാതൊരു പുണ്യവും ലഭിക്കുവാനില്ലെന്ന് അല്ലാഹു ഒന്നിലധികം സ്ഥാനത്ത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവിടെയും അതിനെക്കുറിച്ചാണ് പറയുന്നത്. മനുഷ്യന്‍റെ രക്ഷക്കും പ്രതാപത്തിനും ഈ ലോകത്ത് ഏറ്റവും പ്രധാനമായതാണല്ലോ സ്വത്തും മക്കളും. പരലോകത്ത് അവര്‍ക്ക് അത് രണ്ട് കൊണ്ടും ഉപകാരമൊന്നും ലഭിക്കുവാന്‍ പോകുന്നില്ല. ശാശ്വതമായ നരകശിക്ഷയായിരിക്കും അവര്‍ക്കവിടെ ലഭിക്കുക. എന്നൊക്കെയാണ് ആദ്യത്തെ വചനത്തിന്‍റെ താല്‍പര്യം. അപ്പോള്‍, ഒരു സംശയ ത്തിനവകാശമുണ്ടാകുന്നു: ദാന ധര്‍മാദിനല്ല വിഷയങ്ങളില്‍ അവിശ്വാസികള്‍ ധനം ചിലവഴിക്കാറുല്ലോ. അതിനും പ്രതിഫലമൊന്നും ലഭിക്കുകയില്ലേ? ഈ സംശയത്തി നുള്ള മറുപടിയാണ് ഒരു ഉദാഹരണത്തിലൂടെ രണ്ടാമത്തെ വചനത്തില്‍ അടങ്ങിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങളെ മരവിപ്പിച്ച് നശിപ്പിക്കുന്ന അതിശൈത്യമായ ഒരു കൊടുങ്കാറ്റ് ബാധിച്ചാല്‍ കൃഷിയിടങ്ങളിലെ ഫലം നഷ്ടപ്പെടുന്നത് പോലെയാണ് അവരുടെ ദാന ധര്‍മങ്ങളുടെയും സ്ഥിതി. അഥവാ, അവരുടെ അവിശ്വാസവും അതനുസരിച്ചുള്ള ദുഷ് പ്രവൃത്തികളുമാകുന്ന കൊടുങ്കാറ്റ് അവരുടെ കര്‍മഫലങ്ങളെയും നാശപ്പെടുത്തിക്കളയുമെന്ന് സാരം.

صِرّ (സ്വിര്‍റുന്‍) എന്ന പദത്തിന് ‘അതിശൈത്യം’ എന്നാണ് മിക്കവാറും ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും, ഭാഷാ പണ്ഡിതന്‍മാരും അര്‍ത്ഥം കല്‍പിക്കുന്നത്. അതാണ് നാമും സ്വീകരിച്ചിരിക്കുന്നത്. ‘തീ’ എന്നും ‘വിഷക്കാറ്റ്’ എന്നും അര്‍ത്ഥമാക്കിയവരും ഉണ്ട്. ഉഗ്രമായ കൊടുങ്കാറ്റ് വരുമ്പോള്‍- അത് തീക്കാറ്റോ, വിഷക്കാറ്റോ ഹിമക്കാറ്റോ ഏതായാലും ശരി- അതുമൂലം സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ ഒരുപോലെത്തന്നെയായിരിക്കുമല്ലോ. ഈ ഉപമയില്‍, കൃഷിയിടത്തിന്‍റെ ഉടമകളെപ്പറ്റി قَوْمٍ ظَلَمُواأَنْفُسَهُمْ (തങ്ങളുടെ സ്വന്തങ്ങളോട് അക്രമം ചെയ്ത ജനത) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. അതായത്, അവിശ്വാസവും പാപങ്ങളും വഴി തങ്ങളോട് തന്നെ അനീതി ചെയ്തവര്‍ എന്നുദ്ദേശ്യം. ഈ വിശേഷണം കൂടാതെത്തന്നെ ഈ ഉപമ പൂര്‍ത്തിയാകുമെന്നിരിക്കെ, അതില്‍ ഒരു രഹസ്യം അന്തര്‍ഭവിച്ചിട്ടുള്ളതായി കാണാം. അക്രമികളല്ലാത്ത- സത്യവിശ്വാസി കളായ- വരുടെ വിള കൊടുങ്കാറ്റുകൊണ്ട് നശിക്കുമ്പോള്‍, ഇഹത്തില്‍ അതവര്‍ക്ക് നാശവും നഷ്ടവും വരുത്തുമെങ്കിലും പരലോകത്ത് ആ നാശനഷ്ടങ്ങള്‍ക്ക് പകരം അല്ലാഹു നല്ലതായ പ്രതിഫലം നല്‍കിയേക്കും. അവിശ്വാസികളുടെ വിള നശിച്ചാല്‍ അതവര്‍ക്ക് ഇഹത്തിലും പരത്തിലും നഷ്ടപ്പെട്ടതുതന്നെ. ഈ ഉപമയില്‍ ‘അക്രമം’ കൊണ്ട് വിവക്ഷ, വിളയിറക്കുവാന്‍ പറ്റിയ സ്ഥലം, കാലം മുതലായവ ഗൗനിക്കാതിരിക്കലാണെന്ന് ചിലര്‍ പറഞ്ഞുകാണുന്നു. ഇതിന് ന്യായം കാണുന്നില്ല. കാരണം, അതേ അക്രമം കൊണ്ടുതന്നെ ആ വിള നഷ്ടത്തില്‍ കലാശിക്കുന്നതാണ്. പിന്നെ ഒരു ശൈത്യ ക്കാറ്റിന്‍റെ ആവശ്യം അവിടെയില്ല. മാത്രമല്ല, തങ്ങളുടെ സ്വന്തങ്ങളോട് ചെയ്യുന്ന അക്രമം എന്ന് അതിനെപ്പറ്റി പറയുന്നതും അത്ര അനുയോജ്യമായിത്തോന്നുന്നില്ല. الله أعلم

3:118
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ بِطَانَةً مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا۟ مَا عَنِتُّمْ قَدْ بَدَتِ ٱلْبَغْضَآءُ مِنْ أَفْوَٰهِهِمْ وَمَا تُخْفِى صُدُورُهُمْ أَكْبَرُ ۚ قَدْ بَيَّنَّا لَكُمُ ٱلْـَٔايَـٰتِ ۖ إِن كُنتُمْ تَعْقِلُونَ ﴾١١٨﴿
  • ഹേ, വിശ്വസിച്ചവരേ നിങ്ങള്‍ക്ക് പുറമെ (യുള്ളവരില്‍) നിന്ന് നിങ്ങള്‍ (രഹസ്യം സൂക്ഷിക്കുന്ന) ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്. അവര്‍ നിങ്ങളോട് കുഴപ്പത്തി(ന്‍റെ കാര്യത്തി)ല്‍ വീഴ്ച വരുത്തുന്നതല്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതിന്ന് അവര്‍ ആഗ്രഹിക്കുകയാണ്. അവരുടെ വായകളില്‍ നിന്ന് ഈര്‍ഷ്യത വെളിവായിക്കഴിഞ്ഞിരിക്കുന്നു. അവരുടെ നെഞ്ച് [ഹൃദയം]കള്‍ മറച്ചുവെക്കുന്നതാകട്ടെ, കൂടുതല്‍ വലിയതുമാണ്. തീര്‍ച്ചയായും, (ഇതാ) നാം നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു; നിങ്ങള്‍ ബുദ്ധി കൊടു(ത്തു ചിന്തി)ക്കുന്നുവെങ്കില്‍.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ لَا تَتَّخِذُوا നിങ്ങള്‍ ഉണ്ടാക്കി വെക്കരുത്, സ്വീകരിക്കരുത് بِطَانَةً അകമ്പടി (ഉള്ളുകള്ളി- രഹസ്യബന്ധ)ക്കാരെ مِّن دُونِكُمْ നിങ്ങള്‍ക്ക് പുറമെയുള്ള (നിങ്ങളല്ലാത്ത)വരില്‍ നിന്ന് لَا يَأْلُونَكُمْ അവര്‍ നിങ്ങളോട് (നിങ്ങള്‍ക്ക്) വീഴ്ച (കുറവ്) വരുത്തുകയില്ല خَبَالًا കുഴപ്പത്തില്‍, നാശത്തിന് وَدُّوا അവര്‍ കൊതിക്കുകയാണ് مَا عَنِتُّمْ നിങ്ങള്‍ ബുദ്ധിമുട്ടുന്നതിന്, കഷ്ടപ്പെടുവാന്‍ قَدْ بَدَتِ വെളിവായിക്കഴിഞ്ഞിരിക്കുന്നു الْبَغْضَاءُ ഈര്‍ഷ്യത, വൈരാഗ്യം مِنْ أَفْوَاهِهِمْ അവരുടെ വായകളില്‍ നിന്ന് وَمَا تُخْفِي മറച്ചുവെക്കുന്നതാകട്ടെ صُدُورُهُمْ അവരുടെ നെഞ്ചുകള്‍ أَكْبَرُ കൂടുതല്‍ വലുതുമാണ്, വമ്പിച്ചതാണ് قَدْ بَيَّنَّا നാം വിവരിച്ച് തന്നിട്ടുണ്ട്, തീര്‍ച്ചയായും വിവരിച്ചിരിക്കുന്നു لَكُمُ നിങ്ങള്‍ക്ക് الْآيَاتِ ദൃഷ്ടാന്തങ്ങളെ إِن كُنتُمْ നിങ്ങള്‍ ആണെങ്കില്‍ تَعْقِلُونَ ബുദ്ധികൊടുക്കുന്നു (വെങ്കില്‍)
3:119
  • هَـٰٓأَنتُمْ أُو۟لَآءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِٱلْكِتَـٰبِ كُلِّهِۦ وَإِذَا لَقُوكُمْ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ عَضُّوا۟ عَلَيْكُمُ ٱلْأَنَامِلَ مِنَ ٱلْغَيْظِ ۚ قُلْ مُوتُوا۟ بِغَيْظِكُمْ ۗ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾١١٩﴿
  • ഹാ! നിങ്ങളിതാ ഇങ്ങനെയുള്ളവരാണ്: നിങ്ങള്‍ അവരെ (അങ്ങോട്ട്) സ്‌നേഹിക്കുന്നു; അവര്‍ നിങ്ങളെ (ഇങ്ങോട്ട്) സ്‌നേഹിക്കുന്നുമില്ല. നിങ്ങള്‍ വേദഗ്രന്ഥത്തില്‍ എല്ലാം (തന്നെ) വിശ്വസിക്കുകയും ചെയ്യുന്നു. [അവര്‍ അതും ചെയ്യുന്നില്ല]. നിങ്ങളെ കണ്ടുമുട്ടിയാല്‍ അവര്‍ പറയും: 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്ന്. അവര്‍ (നിങ്ങളെ വിട്ട്) ഒഴിഞ്ഞുപോയാലാകട്ടെ, കോപം നിമിത്തം നിങ്ങളെപ്പറ്റി അവര്‍ വിരല്‍ കടിക്കുകയും ചെയ്യും. (നബിയേ) പറയുക: 'നിങ്ങളുടെ കോപംകൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളുവിന്‍!' നിശ്ചയമായും അല്ലാഹു, നെഞ്ച് [ഹൃദയം]കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു.
  • هَا أَنتُمْ ഹാ നിങ്ങള്‍ أُولَاءِ ഇങ്ങനെയുള്ളവരാണ് تُحِبُّونَهُمْ നിങ്ങളവരെ സ്‌നേഹി ക്കുന്നു وَلَا يُحِبُّونَكُمْ അവര്‍ നിങ്ങളെ സ്‌നേഹിക്കുന്നുമില്ല وَتُؤْمِنُونَ നിങ്ങള്‍ വിശ്വസിക്കയും ചെയ്യുന്നു بِالْكِتَابِ വേദഗ്രന്ഥത്തില്‍ كُلِّهِ അതിലെല്ലാം وَإِذَا لَقُوكُمْ അവര്‍ നിങ്ങളെ കണ്ടുമുട്ടിയാല്‍ قَالُوا അവര്‍ പറയും آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു وَإِذَا خَلَوْا അവര്‍ ഒഴിഞ്ഞു (ഒഴിവായി) പോയാലാകട്ടെ عَضُّوا അവര്‍ കടിക്കും, കടിക്കുകയായി عَلَيْكُمُ നിങ്ങളെപ്പറ്റി, നിങ്ങള്‍ക്കെതിരെ الْأَنَامِلَ വിരല്‍തലപ്പു (വിരലു)കളെ مِنَ الْغَيْظِ കഠിന കോപം നിമിത്തം قُلْ مُوتُوا നീ പറയുക നിങ്ങള്‍ മരിച്ചുകൊള്ളുവിന്‍ بِغَيْظِكُمْ നിങ്ങളുടെ കോപം കൊണ്ട് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണ് بِذَاتِ الصُّدُورِ നെഞ്ചു (മനസ്സു)കളിലുള്ളതിനെപ്പറ്റി
3:120
  • إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا۟ بِهَا ۖ وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌ ﴾١٢٠﴿
  • നിങ്ങളെ വല്ല നന്മയും സ്പര്‍ശിക്കുന്ന പക്ഷം, അതവര്‍ക്ക് വെറുപ്പ് (അഥവാ വ്യസനം) ഉണ്ടാക്കുന്നു; നിങ്ങള്‍ക്ക് വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ, അവരതില്‍ സന്തോഷമടയുകയും ചെയ്യുന്നു. നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം, അവരുടെ തന്ത്രം നിങ്ങള്‍ക്ക് ഒട്ടും ഉപദ്രവം വരുത്തുന്നതുമല്ല. നിശ്ചയമായും അല്ലാഹു, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ (യെല്ലാം) വലയം ചെയ്യുന്നവനാകുന്നു. [അവന് എല്ലാം അറിയാം.]
  • إِن تَمْسَسْكُمْ നിങ്ങളെ സ്പര്‍ശിച്ചെങ്കില്‍, തീണ്ടുന്ന പക്ഷം حَسَنَةٌ വല്ല നന്മയും تَسُؤْهُمْ അതവരെ വെറുപ്പിക്കും (വ്യസനിപ്പിക്കും) وَإِن تُصِبْكُمْ നിങ്ങള്‍ക്ക് ബാധിച്ചുവെങ്കിലാകട്ടെ سَيِّئَةٌ വല്ല തിന്മയും يَفْرَحُوا അവര്‍ പുളകം കൊള്ളും بِهَا അതില്‍, അതിനെപ്പറ്റി وَإِن تَصْبِرُوا നിങ്ങള്‍ ക്ഷമിക്കുന്നപക്ഷം وَتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും (ചെയ്യും) لَا يَضُرُّكُمْ നിങ്ങള്‍ക്ക് ഉപദ്രവം വരുത്തുകയില്ല كَيْدُهُمْ അവരുടെ ഉപായം, കെണി شَيْئًا യാതൊന്നും (ഒട്ടും) إِنَّ اللَّهَ നിശ്ചയമായും അല്ലാഹു بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെ مُحِيطٌ വലയം ചെയ്യുന്ന (സൂക്ഷ്മമായി അറിയുന്ന)വനാണ്. [അവന് എല്ലാം അറിയാം]

പുറമെ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും ظَھَارَة (ള്വിഹാറത്ത്) എന്നും, അതിന്‍റെ വിപരീതമായി ഉള്ളില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് بِطَانَةً (ബിത്വാനത്ത്) എന്നും പറയപ്പെടുന്നു. അഭ്യന്തര കാര്യങ്ങളും രഹസ്യങ്ങളും പരസ്പരം കൈമാറുമാറ് അടുത്തു ബന്ധപ്പെടുന്ന പ്രത്യേകക്കാര്‍, അകമ്പടിക്കാര്‍, അണഞ്ഞ സ്‌നേഹിതന്‍മാര്‍, ഉറ്റവര്‍ എന്നിങ്ങനെയുള്ളവര്‍ക്കും അലങ്കാരരൂപത്തില്‍ بِطَانَةً എന്ന് പറയപ്പെടാറുണ്ട്. ഈ അര്‍ത്ഥത്തിലാണ് ഇവിടെയും അതുള്ളത്. ‘ഖേദിച്ചു’, ‘അത്ഭുതപ്പെട്ടു’ എന്നീ ഉദ്ദേശ്യങ്ങളില്‍ ‘കൈകടിച്ചു’ എന്നും ‘നാക്കടിച്ചു’ എന്നുമൊക്കെ മലയാളത്തില്‍ പറയാറുള്ളതുപോലെ, ‘ഖേദിച്ചു’, ‘കോപിച്ചു’ എന്നീ ഉദ്ദേശ്യങ്ങളില്‍ عض الانَا مل (വിരല്‍ തലപ്പുകള്‍- അഥവാ- വിരല്‍- കടിച്ചു) എന്ന് അറബിയിലും പറയാറുണ്ട്. ഇവിടെ വ്യസനം കൊണ്ടല്ല- കോപം കൊണ്ടാണ്– അതെന്ന് ആയത്തില്‍ നിന്ന് വ്യക്തമാണല്ലോ. ‘കോപം കൊണ്ട് മരിച്ചു കൊള്ളുവിന്‍ (مُوتُوا بِغَيْظِكُمْ)’ എന്ന് ശത്രുക്കളോട് പറയുവാന്‍ കല്‍പിച്ചതിന്‍റെ താല്‍പര്യം, അവരോടുള്ള വെറുപ്പും പ്രതിഷേധവും രേഖപ്പെടുത്തലാകുന്നു. കോപാധിക്യംകൊണ്ട് നിങ്ങള്‍ മരണപ്പെട്ടാലും ശരി, നിങ്ങളുടെ പകപോക്കുവാന്‍ നിങ്ങള്‍ക്ക് സാദ്ധ്യമല്ല എന്ന ഒരു അറിയിപ്പും അതില്‍ അടങ്ങിയിരിക്കുന്നു.

മദീനായിലെ യഹൂദികളും അറബികളും തമ്മില്‍ ജാഹിലിയ്യത്തില്‍ നിലവിലുണ്ടായിരുന്ന പഴയ സഖ്യ ബന്ധങ്ങളും, അയല്‍പക്ക ബന്ധങ്ങളും നിമിത്തം, അതിന്‍റെ തുടര്‍ച്ചയായി ഇസ്‌ലാമിലും ചില മുസ്‌ലിംകളും അവരും തമ്മില്‍ വ്യക്തിപരമായ സ്‌നേഹ ബന്ധം പുലര്‍ത്തിപ്പോന്നിരുന്നു. മുസ്‌ലിംകളുടെ ചില ആഭ്യന്തര രഹസ്യങ്ങള്‍ യഹൂദികള്‍ക്ക് ഇതുവഴി അറിയുവാന്‍ അവസരം ലഭിക്കുക സ്വാഭാവികമാണല്ലോ. യഹൂദികളാവട്ടെ, ആ ബന്ധങ്ങള്‍ ചൂഷണം ചെയ്ത് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കുകയും, അത് മുസ്‌ലിംകളില്‍ കുഴപ്പമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. കൂടാതെ, തല്‍ക്കാലത്തെ നില്‍ക്കപ്പൊറുതിക്കു വേണ്ടി ഇസ്‌ലാമിന്‍റെ വേഷമണിഞ്ഞ ചില കപടവിശ്വാസികളുമായും ചില മുസ്‌ലിംകള്‍ക്ക് അടുത്ത ബന്ധമുണ്ടായിരിക്കും. ഇതിന്‍റെ ഫലവും മേല്‍പറഞ്ഞതുതന്നെ. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, അവര്‍ തുറന്ന മനസ്സോടുകൂടിയവരായിരിക്കും. എതിര്‍പക്ഷങ്ങളുടെ നില അതായിരുന്നില്ല. അല്ലാഹു വ്യക്തമാക്കിയതുപോലെ, അവരുടെ ഹൃദയങ്ങള്‍ വിഷകലുഷിതങ്ങളായിരുന്നു. ഇങ്ങനെയുള്ള ബന്ധങ്ങളുടെയും കൂട്ടുകെട്ടുകളുടെയും ഭവിഷ്യത്ത് വമ്പിച്ചതാണല്ലോ.

അതുകൊണ്ട് സത്യവിശ്വാസികള്‍, അല്ലാത്തവരില്‍ ആരോടും അത്തരം അണഞ്ഞ ബന്ധം സ്ഥാപിക്കുന്നതിനെ ഈ വചനങ്ങളില്‍ അല്ലാഹു നിരോധിക്കുന്നു. അതിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ച് താക്കീത് ചെയ്യുകയും, ഇരുകൂട്ടരുടെയും മനഃസ്ഥിതി പരസ്പര വിരുദ്ധമായിട്ടാണിരിക്കുന്നതെന്ന് തുറന്നുകാണിക്കുകയും ചെയ്തിരിക്കുന്നു. അവതരണ സന്ദര്‍ഭം നോക്കുമ്പോള്‍, യഹൂദികളോടും, കപടവിശ്വാസികളോടും, അണഞ്ഞ ബന്ധം സ്ഥാപിക്കുന്നതിനെയാണ് ഇതില്‍ നിരോധിച്ചിരിക്കുന്നതെന്ന് പറയാം. പക്ഷേ, അല്ലാഹു ഉപയോഗിച്ച വാക്കുകളും, വിശദീകരിച്ച കാരണങ്ങളും നോക്കുമ്പോഴും, മുസ്‌ലിംകള്‍ക്കും അവരുടെ ശത്രുക്കളായി രംഗത്തുള്ള ഇതര സമുദായങ്ങള്‍ക്കുമിടയില്‍ ഇതഃപര്യന്തം കഴിഞ്ഞു പോയിട്ടുള്ള ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ നോക്കുമ്പോഴും, ഒരു പ്രത്യേക സംഭവത്തെ തുടര്‍ന്ന് അവതരിച്ചതായാലും ആയത്തുകളിലടങ്ങിയ വിധി പൊതുവായിരിക്കുമെന്ന ചട്ടം നോക്കുമ്പോഴും ഈ വചനങ്ങള്‍, അന്നത്തെ യഹൂദികളെയും കപട വിശ്വാസികളെയും മാത്രം ഉന്നം വെച്ചുകൊണ്ടുള്ളതല്ലെന്ന് സ്പഷ്ടമാണ്. ശത്രുഭാഗക്കാരുടെ മനസ്സിരിപ്പുകളായി അല്ലാഹു എടുത്തുകാണിച്ച അവസ്ഥാ വിശേഷങ്ങള്‍ ആരിലുണ്ടോ- അവര്‍ ഏത് മതക്കാരോ വിഭാഗക്കാരോ ആകട്ടെ- അവരുമായി ഉള്ള അണഞ്ഞ ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് വിരോധവും ആപല്‍ക്കരവും തന്നെ.

അമുസ്‌ലിംകളുമായി സ്‌നേഹത്തിലും, രജ്ഞിപ്പിലും, മമതയിലും വര്‍ത്തിക്കണം, എല്ലാവരോടും നീതിയും നെറിയും പാലിക്കണം എന്നൊക്കെയുള്ള ഇസ്‌ലാമിക തത്വങ്ങളും ഈ നിരോധവും തമ്മില്‍ യാതൊരു വിയോജിപ്പുമില്ല തന്നെ. രണ്ടും രണ്ടവസ്ഥകളെ ഉദ്ദേശിച്ചാണുള്ളതെന്നും, മുസ്‌ലിംകള്‍ അങ്ങോട്ട് കാണിക്കുന്ന വിശ്വാസ മനഃസ്ഥിതിയും സ്‌നേഹഭാവവും അതേപടി ഇങ്ങോട്ടും പ്രകടിപ്പിക്കുന്നവരെക്കുറിച്ചാണ് ഈ നിരോധമെന്നും, ആ നിരോധം അവഗണിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഭയങ്കരമായിരിക്കുമെന്നും മനസ്സിലാക്കേണ്ടതാകുന്നു. ആയത്തിലെ വാചകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് നോക്കുക. വിശദീകരണമൊന്നും കൂടാതെത്തന്നെ അവ സ്വയം വ്യക്തങ്ങളാകുന്നു. ഈ വിഷയം- ഇത്രയും ഗൗരവത്തോടുകൂടി വിസ്തരിച്ച് പറഞ്ഞശേഷം അല്ലാഹു സത്യവിശ്വാസികളോട് അവസാനം പറഞ്ഞ വാക്ക് പ്രത്യേകം ശ്രദ്ധിക്കുക. ‘നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നപക്ഷം, അവരുടെ തന്ത്രം നിങ്ങള്‍ക്ക് ഒരു ഉപദ്രവവും വരുത്തുകയില്ല. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെ അല്ലാഹു വലയം ചെയ്തുകൊണ്ടിരിക്കുന്നവനാണ്- അഥവാ ശരിക്ക് അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.’

അബൂസഈദില്‍ ഖുദ്‌രീ (റ)യില്‍ നിന്നും മറ്റും ഒന്നിലധികം മാര്‍ഗങ്ങളിലൂടെ വന്നിട്ടുള്ള ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘അല്ലാഹു ഒരു നബിയെ നിയോഗിക്കുകയോ, ഒരു ഖലീഫയാക്കുകയോ ചെയ്യുമ്പോള്‍, അദ്ദേഹത്തിന് രണ്ടു (തരം) ബിത്വാനത്തുകള്‍ ഉണ്ടാകാതിരിക്കുകയില്ല – നന്മ കൊണ്ടു ഉപദേശിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ‘ബിത്വാനത്തും’ തിന്മകൊണ്ട് ഉപദേശിക്കുകയും, അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ‘ബിത്വാനത്തും.’ അല്ലാഹു ആരെ കാത്തുരക്ഷിച്ചുവോ അവരത്രെ രക്ഷപ്പെട്ടവര്‍.’ (ബു;ന) ഇബ്‌നു അബീഹാതിം (റ) ഉദ്ധരിക്കുന്നു: ‘ഉമര്‍ (റ)നോട് പറയപ്പെട്ടു: ഇവിടെ ഹീറ: (*)ക്കാരില്‍പെട്ട ഒരു ചെറുപ്പക്കാരനുണ്ട്. അവന്‍ ഓര്‍മശക്തിയുള്ളവനും എഴുത്തുകാരനുമാണ്. അവനെ അവിടുന്ന് ഒരു എഴുത്തുകാരനായി എടുക്കുന്നത് കൊള്ളാമെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അങ്ങനെ ചെയ്താല്‍സത്യവിശ്വാസികള്‍ക്ക് പുറമെയുള്ളവരില്‍ നിന്ന് ഞാന്‍ ഒരു ‘ബിത്വാനത്തി’നെ സ്വീകരിക്കുകയായിത്തീരും’. ഇത് ഉദ്ധരിച്ച് കൊണ്ട് ഇബ്‌നു കഥീര്‍ (റ) ചൂണ്ടിക്കാട്ടിയതുപോലെ ക്വുര്‍ആന്‍റെ വാക്കും ഉമര്‍ (റ)ന്‍റെ വാക്കും കൂടി നോക്കുമ്പോള്‍, മുസ്‌ലിംകള്‍ക്ക് കപ്പം കൊടുത്തുകൊണ്ട് അവരുടെ കീഴില്‍ ജീവിക്കുന്ന (**) വിമതസ്ഥരെപ്പോലും മുസ്‌ലിംകളുടെ ഉള്ളുകള്ളികള്‍ അറിയുവാന്‍ ഇടവരുന്ന ജോലിയില്‍ നിശ്ചയിക്കുന്നത് പാടില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. ഭരണകൂടത്തിന്‍റെ കീഴില്‍ എഴുത്തുജോലി നടത്തുന്ന ആള്‍, ഭരണപരമായ രഹസ്യങ്ങള്‍ മനസ്സിലാക്കി അത് ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കുവാന്‍ സാധ്യതയുണ്ടല്ലോ.


(*) ഹീറ: (الحيِرَة) ഇറാക്വില്‍പെട്ടതും കൂഫയുടെ അടുത്ത് സ്ഥിതി ചെയ്യുന്നതുമായ ഒരു പ്രദേശം, ഇറാക്വില്‍ ഉമര്‍ (റ)ന്‍റെ കാലത്ത് ഖാലിദു്‌നുല്‍വലീദ് (റ)ന്‍റെ നേതൃത്വത്തില്‍ ആദ്യം ജയിച്ച പ്രദേശം അതായിരുന്നു. പേര്‍സ്യന്‍ ചക്രവര്‍ത്തിയുടെ കീഴിലുള്ള നാട്ട് രാജാക്കളുടെ ഒരു കേന്ദ്രമായിരുന്നു അത്.
 (**) ഹീറ: ജയിച്ചതിനെത്തുടര്‍ന്ന് ആ നാട്ടുകാര്‍ മുസ്‌ലിംകള്‍ക്ക് കപ്പം കൊടുക്കാമെന്ന നിശ്ചയത്തോടെ സന്ധി നടക്കുകയാണുണ്ടായത്.