വിഭാഗം - 13

കഴിഞ്ഞ ഏതാനും വചനങ്ങളിലായി ഇസ്‌ലാമിന്‍റെ ശത്രുക്കളുടെ പല സ്ഥിതിഗതികളും വിവരിച്ചു. അവരുമായി മനസ്സിണങ്ങിയ ബന്ധം പുലര്‍ത്തുന്നതിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ച് താക്കീതും ചെയ്തു. അവസാനം, അവരുടെ കുതന്ത്രങ്ങളുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ ലഭിക്കുവാന്‍ ക്ഷമയും സൂക്ഷ്മതയും കൈക്കൊള്ളണമെന്നും ഉണര്‍ത്തുകയും ചെയ്തു. അനന്തരം അതെല്ലാം അനുഭവത്തില്‍ കണ്ടറിയുവാന്‍ മുസ്‌ലിംകള്‍ക്ക് ഇടവന്നതും, ഭാവിയിലേക്ക് പല പാഠങ്ങള്‍ ലഭിച്ചതുമായ ഒരു സംഭവത്തെ- അഥവാ ഉഹ്ദ് യുദ്ധത്തെപ്പറ്റിയാണ് അടുത്ത വചനങ്ങളില്‍ അല്ലാഹു പ്രസ്താവിക്കുന്നത്. തുടര്‍ന്നുള്ള ആ വചനങ്ങളിലെ പരാമര്‍ശങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായകമായിരിക്കുമെന്നതു കൊണ്ട് പ്രസ്തുത യുദ്ധത്തെ സംബന്ധിച്ച് ഒരു സംക്ഷിപ്ത വിവരം മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ഹിജ്‌റഃ രണ്ടാം കൊല്ലത്തില്‍ നടന്ന സുപ്രസിദ്ധമായ ബദ്ര്‍ യുദ്ധത്തില്‍ ക്വുറൈശികളുടെ സൈന്യം, എണ്ണം കൊണ്ടും ആയുധ സജ്ജീകരണങ്ങള്‍കൊണ്ടും മുസ്‌ലിംകളെക്കാള്‍ എത്രയോ വമ്പിച്ചതായിരുന്നു. എന്നിട്ട് അവര്‍ അമ്പേ പരാജയപ്പെടുകയാണുണ്ടായത്. അവരുടെ പ്രധാന നേതാക്കള്‍ പലരും കൊല്ലപ്പെടുകയും പലരും ബന്ധനസ്ഥരാകുകയും ചെയ്തു. ഇതിന് പകരം വീട്ടുവാനായി മൂവ്വായിരത്തോളം വരുന്ന ഒരു വമ്പിച്ച സേന അബൂസുഫ്‌യാന്‍റെ നേതൃത്വത്തില്‍ മദീനായുടെ അടുത്തൊരിടത്ത് വന്നിറങ്ങി. ഹിജ്‌റഃ മൂന്നാം കൊല്ലം ശവ്വാല്‍ മാസം ആദ്യത്തിലായിരുന്നു അത്. വിവരമറി ഞ്ഞപ്പോള്‍, മദീനായുടെ ഉള്ളില്‍വെച്ച് തന്നെ അവരുമായി നേരിടുകയാണോ വേണ്ടത്? അതല്ല, വെളിയില്‍വെച്ച് നേരിടുകയാണോ വേണ്ടത് എന്ന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വഹാബികളുമായി ആലോചന നടത്തി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും പരിചയസമ്പന്നരായ സ്വഹാബികളുടെയും അഭിപ്രായം അവര്‍ മദീനായില്‍ കടന്നുവന്നാല്‍ അവിടെവച്ച് യുദ്ധം ചെയ്യുന്നതാണ് നല്ലതെന്നും, പുറത്ത് ചെന്ന് യുദ്ധം ചെയ്യേണ്ടതില്ലെന്നുമായിരുന്നു. കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യും അതിനോട് യോജിച്ചു.

എന്നാല്‍, ചെറുപ്പക്കാരുടെ -വിശേഷിച്ചും ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതില്‍ ഖേദക്കാരായിരുന്നവരുടെ- അഭിപ്രായം മറിച്ചായിരുന്നു. തിരുമേനിയുടെ പിതൃവ്യന്‍ ഹംസ (റ)യും ഇക്കൂട്ടത്തിലായിരുന്നു. എണ്ണത്തിലും മെയ്ക്കരുത്തിലും കവി ഞ്ഞുനിന്നിരുന്ന ഇവരുടെ ശക്തിയായ ആവശ്യം നിമിത്തം ഒടുവില്‍ ഇവരുടെ അഭിപ്രായം സ്വീകരിക്കപ്പെട്ടു. ശവ്വാല്‍ പത്തിന് വെള്ളിയാഴ്ചത്തെ പ്രസംഗത്തില്‍, ക്ഷമ, ധൈര്യം ആദിയായവയെക്കുറിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പല ഉപദേശങ്ങളും നല്‍കി. അങ്കി മുതലായവ അണിഞ്ഞുകൊണ്ട് ശനിയാഴ്ച നേരത്തെ തിരുമേനി ഒരുങ്ങി വീട്ടില്‍നിന്ന് പുറപ്പെട്ടു. ഇതു കണ്ടപ്പോള്‍, വെളിയില്‍ ചെന്ന് ശത്രുവെ നേരിടണമെന്ന് ശഠിച്ചിരുന്നവരില്‍ ചിലര്‍ക്ക് തങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഇഷ്ടത്തിന് വഴങ്ങാത്തതില്‍ ഖേദം തോന്നുകയും തിരുമേനിയുടെ ഇഷ്ടംപോലെ ചെയ്തുകൊള്ളണമെന്നപേക്ഷിക്കുകയും ഉണ്ടായി. ആയുധം ധരിച്ച് പുറപ്പെട്ട ഒരു പ്രവാചകനും അല്ലാഹു അവന്‍റെ തീരുമാനം നടപ്പാ ക്കുന്നതുവരെ മടങ്ങുവാന്‍ പാടില്ല എന്നായിരുന്നു തിരുമേനിയുടെ മറുപടി.

അങ്ങനെ, ആയിരം സ്വഹാബികളുമായി തിരുമേനി പുറപ്പെട്ടു. ശൗത്വ് (الش وُط) എന്ന സ്ഥലത്തെത്തിയപ്പോള്‍, അബ്ദുല്ലാഹിബ്‌നു ഉബയ്യും മുന്നൂറ് പേരോളം വരുന്ന അനുയാ യികളും പിന്നോക്കം മടങ്ങുകയുണ്ടായി. നമ്മുടെ വാക്ക് കേള്‍ക്കാതെ ചെറുപ്പക്കാരുടെ അഭിപ്രായം സ്വീകരിച്ചാണ് അദ്ദേഹം- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) – പുറപ്പെട്ടത് എന്ന് പറഞ്ഞുകൊണ്ടാണവര്‍ മടങ്ങിയത്. ബാക്കി 700 പേരും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും മുമ്പോട്ട് നീങ്ങി. ഇത്രയും ആളുകളുടെ മടക്കം പലരുടെയും മനസ്സില്‍ കോളിളക്കം ഉണ്ടാക്കിയിരുന്നു. മദീനായില്‍ നിന്ന് ഏതാണ്ട് നാല് നാഴിക ദൂരെ ഉഹ്ദിലെത്തിയപ്പോള്‍, പിന്‍ഭാഗത്ത് ഉഹ്ദ് മലയും, മുന്‍ഭാഗത്ത് ശത്രു സൈന്യവുമായിക്കൊണ്ട് അതിന്‍റെ താഴ്‌വരയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും ഇറങ്ങി. പിന്‍ഭാഗത്തുനിന്ന് മലയിലൂടെ ശത്രുക്കള്‍ വന്ന് ഓര്‍ക്കാപ്പുറത്ത് ആക്രമിക്കുവാന്‍ സാധ്യതയുണ്ടായിരുന്ന ഒരു മര്‍മസ്ഥാനത്ത് അബ്ദുല്ലാഹിബ്‌നു ജുബൈര്‍ (റ)ന്‍റെ നേതൃത്വത്തില്‍ അമ്പത് അമ്പൈത്തുകാരെ തിരുമേനി നിറുത്തുകയും ചെയ്തു. ആ വഴിക്ക് ശത്രുക്കളെ വരുവാന്‍ അനുവദിക്കരുതെന്നും, എന്തുതന്നെ സംഭവിച്ചാലും സമ്മതം കിട്ടാതെ സ്ഥലം വിടരുതെന്നും അവരോട് തിരുമേനി പ്രത്യേകം കല്‍പിക്കുകയും ചെയ്തിരുന്നു. സൈന്യവിഭാഗങ്ങള്‍ക്ക് സ്ഥലനിര്‍ണയം ചെയ്തശേഷം യുദ്ധം ആരംഭിച്ചു.

ആരംഭത്തില്‍ മുസ്‌ലിംകള്‍ക്ക് വിജയവും ശത്രുക്കള്‍ക്ക് പരാജയവും കണ്ട് തുടങ്ങി. ശത്രുക്കള്‍ യുദ്ധക്കളം വിട്ടോടുവാന്‍ തുടങ്ങി. അവര്‍ ഉപേക്ഷിച്ച് പോകുന്ന സാധനങ്ങള്‍ ശേഖരിക്കുവാന്‍ ചിലര്‍ ആ തക്കം ഉപയോഗപ്പെടുത്തകയും ചെയ്തു. ശത്രുക്കള്‍ പിന്‍തിരിഞ്ഞോടുന്നതും, മുസ്‌ലിംകള്‍ ‘ഗനീമത്ത്’ വസ്തുക്കള്‍ ശേഖരിക്കുന്നതും മലയിലുള്ള അമ്പൈത്തുകാര്‍ നോക്കിക്കാണുന്നുണ്ടായിരുന്നു. യുദ്ധം അവസാനിച്ചുവെന്നും, തങ്ങള്‍ക്കും ഗനീമത്ത് ശേഖരണത്തില്‍ പങ്കുകൊള്ളാമെന്നും കരുതി അവര്‍ സ്ഥലംവിട്ടു. തിരുമേനിയുടെ കല്‍പന അവര്‍ വിസ്മരിച്ച് കളഞ്ഞു. അവരുടെ തലവന്‍ ഇബ്‌നു ജുബൈറും (റ) അല്‍പം ചിലരും മാത്രം സ്ഥലം വിടാതെ ഉറച്ചുനിന്നു. പക്ഷേ, ശത്രുപക്ഷത്തിലെ നേതാവായിരുന്ന ഖാലിദു്‌നുല്‍വലീദ് ഈ തക്കം മനസ്സിലാക്കി അത് ഉപയോഗപ്പെടുത്തി. ഒരു കുതിര സൈന്യവ്യൂഹവുമായി അദ്ദേഹം മലയുടെ പിന്നില്‍കൂടി ആ മാര്‍ഗേണ വന്ന് മുസ്‌ലിംകളെ പിന്നില്‍നിന്ന് പുതിയ ഒരു ആക്രമണം നടത്തി. അതോടുകൂടി, യുദ്ധക്കളം വിട്ടോടിയിരുന്ന ശത്രുക്കള്‍ വീണ്ടും തിരിച്ചുവന്ന് മുമ്പിലൂടെയും മുസ്‌ലിംകളെ ആക്രമിക്കുകയായി. നടുവില്‍ പെട്ടുപോയ മുസ്‌ലിംകളില്‍ ഇത് വമ്പിച്ച അമ്പരപ്പും പരിഭ്രമവും ഉളവാക്കി. പലരും അണിവിട്ട് ചിന്നിച്ചിതറി. കുറച്ചാളുകള്‍ മാത്രമേ യുദ്ധക്കളത്തില്‍ പതറാതെ ഉറച്ചുനിന്ന് പോരാടിയുള്ളൂ.

മുസ്‌ലിംകള്‍ക്ക് അങ്കലാപ്പ് വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു കാരണവും ഉണ്ടായി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വധിക്കപ്പെട്ടു എന്നൊരു കിംവദന്തി പരന്നതായിരുന്നു അത്. ഇത് കേട്ടാല്‍ പിന്നെ, ആ അവസരത്തില്‍ സ്വഹാബികളുടെ സ്ഥിതി എന്തായിരിക്കുമെന്നും ഏറെക്കുറെ ഊഹിക്കാമല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാകട്ടെ, സ്ഥലം തെറ്റുകയോ കാലിടറുകയോ മനസ്സ് പതറുകയോ ചെയ്യാതെ സധീരം നിലകൊള്ളുന്നുണ്ടായിരുന്നു. തിരുമേനിയുടെ ചുറ്റുപുറവും ഒരു കോട്ടയെന്നോണം പത്ത് പന്ത്രണ്ട് ധീരസ്വഹാബികള്‍ ശത്രുക്കളുടെ ആയുധങ്ങളും അമ്പുകളും എതിരേറ്റ് സ്വീകരിച്ചുകൊണ്ട് ചെറുത്തുനിന്നിരുന്നു. അവരുടെ ധീരപരാക്രമങ്ങള്‍ ഇണയറ്റതായിരുന്നു. സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ച് നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുവേണ്ടി തങ്ങളുടെ ശരീരങ്ങളെ പരിചകളാക്കി അവരില്‍ ചിലര്‍ക്ക് അറുപതും എഴുപതും മുറിവുകളും ഏറ്റിട്ടുണ്ടായിരുന്നു. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് പരിക്കുകള്‍ ഏല്‍ക്കുകയും അവിടത്തെ പല്ല് മുറിയുകയുമുണ്ടായി. കുറെ കഴിഞ്ഞപ്പോഴാണ് തിരുമേനി ജീവിച്ചിരിപ്പുണ്ടെന്നറിയുവാന്‍ സ്വഹാബികള്‍ക്ക് കഴിഞ്ഞത്. അതോടുകൂടി അവര്‍ക്കുണ്ടാകുന്ന ആശ്വാസം പറയേണ്ടതില്ലല്ലോ. തിരുമേനി മലയില്‍ ഒരിടത്ത് കയറി ‘ഇങ്ങോട്ട് വരിന്‍! ഇങ്ങോട്ട് വരിന്‍!’ എന്ന് വിളിച്ചുകൊണ്ടിരുന്നു. പുതിയൊരു ആവേശത്തോടും ധൈര്യത്തോടും കൂടി സ്വഹാബികള്‍ ചുറ്റും ഓടിക്കൂടി ശത്രുക്കളെ തുരത്തുവാന്‍ തുടങ്ങി. പക്ഷേ, തങ്ങള്‍ക്ക് ആദ്യം കിട്ടിയ വിജയത്തില്‍ ഭേരിയടിച്ചുകൊണ്ട് വേഗം സ്ഥലം വിടുകയാണവര്‍ ചെയ്തത്. ഇത് മുസ്‌ലിംകള്‍ക്ക് അല്ലാഹു ചെയ്തുകൊടുത്ത വമ്പിച്ച ഒരനുഗ്രഹമായിരുന്നു. എനി നമുക്ക് ആയത്തുകളിലേക്ക് പ്രവേശിക്കാം. അല്ലാഹു പറയുന്നു:-

3:121
  • وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ ٱلْمُؤْمِنِينَ مَقَـٰعِدَ لِلْقِتَالِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾١٢١﴿
  • (നബിയേ) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൗകര്യപ്പെടുത്തിക്കൊടുക്കുവാനായി നീ നിന്‍റെ വീട്ടുകാരില്‍ നിന്ന് കാലത്ത് (പുറപ്പെട്ട്) പോയ സന്ദര്‍ഭം (ഓര്‍ക്കുക): അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
  • وَإِذْ غَدَوْتَ നീ രാവിലെ പോയ സന്ദര്‍ഭം مِنْ أَهْلِكَ നിന്‍റെ വീട്ടുകാരില്‍ (കുടുംബത്തില്‍) നിന്ന് تُبَوِّئُ നീ സൗകര്യപ്പെടുത്തി (ശരിപ്പെടുത്തി)ക്കൊണ്ട് الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക് مَقَاعِدَ ഇരിപ്പിടങ്ങള്‍, താവളങ്ങളെ لِلْقِتَالِ യുദ്ധത്തിന് وَاللَّهُ അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്
3:122
  • إِذْ هَمَّت طَّآئِفَتَانِ مِنكُمْ أَن تَفْشَلَا وَٱللَّهُ وَلِيُّهُمَا ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ ﴾١٢٢﴿
  • (അതെ) നിങ്ങളില്‍പെട്ട രണ്ട് വിഭാഗങ്ങള്‍ ഭീരുത്വം കാണിക്കുവാന്‍ ശ്രമിച്ച സന്ദര്‍ഭം; അല്ലാഹുവാകട്ടെ, ആ രണ്ട് കൂട്ടരുടെയും കാര്യകര്‍ത്താവു (അഥവാ സഹായിയു)മാണ്. അല്ലാഹുവിന്‍റെ മേല്‍ (തന്നെ) ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍!
  • ذْ هَمَّت ഉദ്ദേശിച്ച (ശ്രമിച്ച)പ്പോള്‍ طَّائِفَتَانِ രണ്ട് വിഭാഗങ്ങള്‍ مِنكُمْ നിങ്ങളില്‍ നിന്ന് أَن تَفْشَلَا അവ ഭീരുത്വം കാണിക്കുവാന്‍ وَاللَّهُ അല്ലാഹുവാകട്ടെ وَلِيُّهُمَا അവ രണ്ടിന്‍റെയും കാര്യകര്‍ത്താവാകുന്നു (സഹായിയാണ്) وَعَلَى اللَّهِ അല്ലാഹുവിന്‍റെമേല്‍ (തന്നെ) فَلْيَتَوَكَّلِ അപ്പോള്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍

നിങ്ങളില്‍ രണ്ട് വിഭാഗക്കാര്‍ ഭീരുത്വം കാട്ടുവാന്‍ ശ്രമിച്ചു (هَمَّت طَّائِفَتَانِ مِنكُمْ أَن تَفْشَلَا) എന്ന് പറഞ്ഞത് ഖസ്‌റജ് ഗോത്രത്തില്‍പെട്ട ബനൂസലമഃ ശാഖയും, ഔസ് ഗോത്രക്കാരില്‍പെട്ട ബനൂഹാരിഥഃ ശാഖയുമാകുന്നു. മുസ്‌ലിം സൈന്യത്തെ ഇരുവശത്തും പാര്‍ശ്വ സേനകളായി നിറുത്തപ്പെട്ടിരുന്നത് അവരായിരുന്നു. സ്ഥിതിഗതികളുടെ ഗൗരവം നിമിത്തം അവര്‍ക്ക് മനോവീര്യം ക്ഷയിക്കയുണ്ടായെന്ന് സാരം. അവര്‍ കല്‍പിച്ചുകൂട്ടി ചെയ്ത ഒരു അനുസരണക്കേടോ കൊള്ളരുതായ്മയോ, ആയിരുന്നില്ല അതെന്ന് وَاللَّهُ وَلِيُّهُمَا (അല്ലാഹുവാകട്ടെ, അവരുടെ കൈകാര്യ കര്‍ത്താവുമായിരുന്നു) എന്ന വാക്യം സൂചിപ്പിക്കുന്നു. ഭീരുത്വം തോന്നുവാനുള്ള കാരണം മുമ്പ് വിവരിച്ചതില്‍ നിന്ന് ഊഹിക്കാമല്ലോ. ആദ്യത്തെ വചനം ‘അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാണ് (وَاللَّهُ سَمِيعٌ عَلِيمٌ)’ എന്നും, രണ്ടാമത്തെ വചനം ‘സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ മേല്‍ തന്നെ ഭരമേല്‍പിച്ചുകൊള്ളട്ടെ (وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ) എന്നുമുള്ള വാക്യങ്ങളെക്കൊണ്ട് അവസാനിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാകുന്നു. മിക്ക ആയത്തുകളുടെയും അവസാനത്തില്‍, അതത് ആയത്തുകളിലെ ആശയത്തിനും സന്ദര്‍ഭത്തിനും അനുയോജ്യമായ ഇത്തരം സമാപന വാക്യങ്ങള്‍ ഉണ്ടായിരിക്കുന്നത് ക്വുര്‍ആന്‍റെ ഒരു വിശേഷതയാണല്ലോ. ഈ സമാപന വാക്യങ്ങളിലടങ്ങിയ തത്വങ്ങള്‍ സന്ദര്‍ഭം നോക്കി പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു.

അനുസരണം, ധൈര്യം, ക്ഷമ, തവക്കുല്‍ (അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍) ആദിയായവയില്‍ തങ്ങളുടെ പോരായ്മ മനസ്സിലാക്കുവാനും, അത് നികത്തുവാനും ധാരാളം പാഠങ്ങള്‍ അനുഭവത്തിലൂടെ സത്യവിശ്വാസികള്‍ക്ക് ലഭിച്ച ഒരു മഹാസംഭവമായിരുന്നു ഉഹ്ദ് യുദ്ധം. ആള്‍പ്പെരുപ്പമോ, ആയുധ ബലമോ അനുസരിച്ചല്ല -വിശ്വാസവും ധീരതയും അനുസരിച്ചാണ്- സത്യവിശ്വാസികള്‍ക്ക് അല്ലാഹു വിജയം നല്‍കുകയെന്നതിന് മതിയായ ഒരു തെളിവായിരുന്നു ബദ്ര്‍ യുദ്ധം. അതാണ് അടുത്ത വചനം ചൂണ്ടിക്കാട്ടുന്നത്.

3:123
  • وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ ﴾١٢٣﴿
  • നിങ്ങള്‍ എളിയവരായി [ദുര്‍ബ്ബലരായി]രുന്നപ്പോള്‍, അല്ലാഹു നിങ്ങളെ ബദ്‌റില്‍ സഹായിക്കുകയുണ്ടായിട്ടുണ്ട്. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളുവിന്‍- നിങ്ങള്‍ നന്ദി കാണിക്കുമാറായേക്കാം.
  • وَلَقَدْ نَصَرَكُمُ നിങ്ങളെ സഹായിച്ചിട്ടുണ്ടല്ലോ اللَّهُ അല്ലാഹു بِبَدْرٍ ബദ്‌റില്‍വെച്ച് وَأَنتُمْ നിങ്ങളാകട്ടെ أَذِلَّةٌ എളിയവര്‍, നിസ്സാരര്‍ فَاتَّقُوا അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍ اللَّهَ അല്ലാഹുവിനെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَشْكُرُونَ നിങ്ങള്‍ നന്ദി കാണിക്കും
3:124
  • إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَـٰثَةِ ءَالَـٰفٍ مِّنَ ٱلْمَلَـٰٓئِكَةِ مُنزَلِينَ ﴾١٢٤﴿
  • അതായത്, (നബിയേ) നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം: 'മലക്കുകളില്‍ നിന്നും ഇറക്കപ്പെടുന്ന മൂവ്വായിരം (പേരെ) കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് സഹായം നല്‍കുന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ?!
  • إِذْ تَقُولُ നീ പറയുന്ന സന്ദര്‍ഭം لِلْمُؤْمِنِينَ സത്യവിശ്വാസികളോട് أَلَن يَكْفِيَكُمْ നിങ്ങള്‍ക്ക് മതിയാകുകയില്ലേ, പോരേ أَن يُمِدَّكُمْ നിങ്ങള്‍ക്ക് സഹായം നല്‍കല്‍, സഹായ സൈന്യത്തെ അയക്കല്‍ رَبُّكُم നിങ്ങളുടെ റബ്ബ് بِثَلَاثَةِ آلَافٍ മൂവ്വായിരം കൊണ്ട്مِّنَ الْمَلَائِكَةِ മലക്കുകളില്‍ നിന്ന് مُنزَلِينَ ഇറക്കപ്പെടുന്ന, ഇറക്കപ്പെട്ടവരായ
3:125
  • بَلَىٰٓ ۚ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَـٰفٍ مِّنَ ٱلْمَلَـٰٓئِكَةِ مُسَوِّمِينَ ﴾١٢٥﴿
  • 'ഇല്ലാതെ (-മതിയാകും); നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷിക്കുകയും, അവര്‍ [ശത്രുസൈന്യം] ഈ ക്ഷണത്തില്‍ നിങ്ങളുടെ അടുക്കല്‍ വരുകയും ചെയ്യുന്നപക്ഷം, മലക്കു കളില്‍ നിന്നും (പ്രത്യേക) അടയാളം ലഭിച്ച അയ്യായിരം (പേരെ) കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ്.' എന്ന്.
  • بَلَىٰ ഇല്ലാതേ, അതെ إِن تَصْبِرُوا നിങ്ങള്‍ ക്ഷമിക്കുന്ന പക്ഷം وَتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും وَيَأْتُوكُم അവര്‍ നിങ്ങള്‍ക്ക് വരുകയും مِّن فَوْرِهِمْ അവരുടെ ഈ ക്ഷണത്തില്‍ (വേഗത്തില്‍) هَٰذَا يُمْدِدْكُمْ നിങ്ങള്‍ക്ക് സഹായം നല്‍കും رَبُّكُم നിങ്ങളുടെ റബ്ബ് بِخَمْسَةِ آلَافٍ അയ്യായിരം കൊണ്ട് مِّنَ الْمَلَائِكَةِ മലക്കുകളില്‍ നിന്ന് مُسَوِّمِينَ അടയാളം (ചിഹ്നം) വെക്കുന്ന (ലഭിക്കുന്ന, സ്വീകരിക്കുന്ന), അടയാളം വെക്കപ്പെട്ടവരായി, അയച്ചുവിടപ്പെട്ടവരായി

مُسَوِّمِين എന്ന വാക്ക് (വാവി’ന് ‘ഇ’കാരത്തോടും ‘അ’കാരത്തോടും (‘മുസവ്വിമീന്‍’ എന്നും, ‘മുസവ്വമീന്‍’) എന്നും വായിക്കപ്പെട്ടിട്ടുണ്ട്. ഒന്നാമത്തെ വായനപ്രകാരം, ആ മലക്കുകള്‍ തങ്ങള്‍ക്ക് ചില പ്രത്യേക ചിഹ്നങ്ങള്‍ സ്വീകരിച്ചവരായിരിക്കുമെന്നും, രണ്ടാമത്തെ വായനപ്രകാരം അവര്‍ക്ക് പ്രത്യേക ചിഹ്നങ്ങള്‍ നല്‍കപ്പെട്ടവരായിരിക്കുമെന്നും അര്‍ത്ഥമായിരിക്കുന്നതാണ്.

ഹിജ്‌റഃ രണ്ടാം കൊല്ലം റമദ്വാന്‍ പതിനേഴിന് വെള്ളിയാഴ്ച ബദ്ര്‍ യുദ്ധം ഉണ്ടായി. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഒരുങ്ങിവന്ന ഏതാണ്ട് ആയിരത്തോളം വരുന്ന ക്വുറൈശി സേനയും, മുന്നൂറ്റി പതിമൂന്ന് മുസ്‌ലിംകളും തമ്മിലായിരുന്നു അതുണ്ടായത്. മുസ്‌ലിംകളുടെ എണ്ണം കുറവായിരുന്നതിന് പുറമെ, അറബികള്‍ സാധാരണ കൈവശം വെക്കാറുള്ള ചുരുക്കം ചില ആയുധങ്ങളും, രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമേ അവരുടെ കൂടെ ഉണ്ടായിരുന്നുള്ളുതാനും. അങ്ങനെ, എണ്ണത്തിലും ശക്തിയിലുമെല്ലാം ശത്രുക്കളെക്കാള്‍ എത്രയോ കുറഞ്ഞവരായിരുന്നതു കൊണ്ടാണ് അവരെപ്പറ്റി أَذِلَّةٌ (എളിയവര്‍) എന്ന് അല്ലാഹു വിശേഷിപ്പിച്ചത്. നിങ്ങള്‍ എത്ര എളിയ ഒരു സംഘമായിരുന്നിട്ടും നിങ്ങളെ ബദ്‌റില്‍ അല്ലാഹു സഹായിച്ചു വിജയിപ്പിച്ചു. അപ്പോള്‍ എണ്ണം കൊണ്ടോ ആയുധം കൊണ്ടോ അല്ല വിജയം സിദ്ധിക്കുന്നത്. വിജയം അല്ലാഹു വിങ്കല്‍ നിന്ന് മാത്രമാണ് സിദ്ധിക്കുന്നത് (وَمَا النَّصْرُ إِلاَّ مِنْ عِندِ الَّلهِ) അതുകൊണ്ട് ഉഹ്ദില്‍ വന്നതുപോലെയുള്ള പാകപ്പിഴകള്‍ പറ്റാതെ -അല്ലാഹുവിനെ സൂക്ഷിച്ചും അവനില്‍ കാര്യങ്ങള്‍ അര്‍പ്പിച്ചുംകൊണ്ട്- ശത്രുക്കളെ നേരിട്ടാല്‍ നിങ്ങള്‍ക്ക് വിജയം തീര്‍ച്ചയാണ്. അങ്ങനെ, നിങ്ങള്‍ക്ക് സന്തോഷിക്കുകയും, അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കുകയും ചെയ്യാം. ബദ്ര്‍ യുദ്ധം ഇതിനൊരു തെളിവാണല്ലോ. എന്നൊക്കെ 123-ാം വചനത്തില്‍ സത്യവിശ്വാസികളെ അല്ലാഹു ഓര്‍മിപ്പിക്കുന്നു.

അനന്തരം 124-ാം വചനത്തില്‍, ബദ്‌റില്‍ വെച്ച് ആ മഹാവിജയം ലഭിച്ച സന്ദര്‍ഭം വിവരിക്കുന്നു. അതായത് തങ്ങളെക്കാള്‍ വളരെ വമ്പിച്ച ഒരു സൈന്യത്തോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കെ, ശത്രുസൈന്യത്തെ സഹായിക്കുവാന്‍ വീണ്ടും സഹായസൈന്യം വരു ന്നുണ്ടെന്നൊരു വിവരം മുസ്‌ലിംകള്‍ കേള്‍ക്കയുണ്ടായി. ഇതവരെ വിഷമിപ്പിച്ചു. ഈ അവസരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് പറഞ്ഞു: ‘മൂവ്വായിരം മലക്കുകളെ ഇറക്കിക്കൊണ്ട് അല്ലാഹു നിങ്ങളെ സഹായിച്ചാല്‍ പോരേ? അതെ, മതി ! നിങ്ങള്‍ ക്ഷമയും സൂക്ഷ്മതയും സ്വീകരിക്കുകയും, ശത്രുസൈന്യം ക്ഷണത്തില്‍ വന്നെത്തുകയും ചെയ്യുന്നപക്ഷം, പ്രത്യേകം തയ്യാറാക്കിയ അയ്യായിരം മലക്കുകളെക്കൊണ്ട് തന്നെ നിങ്ങളെ അവന്‍ സഹായിക്കും.’ പക്ഷേ, ശത്രുസൈന്യം യുദ്ധത്തില്‍ അമ്പെ പരാജയപ്പെട്ടുവെന്ന വിവരം കിട്ടിയ കാരണത്താല്‍ ആ സഹായ സൈന്യം വരികയുണ്ടായില്ല. അതുകൊണ്ട് അയ്യായിരം മലക്കുകള്‍ ഇറക്കപ്പെട്ടതുമില്ല. ആദ്യം അറിയിച്ച പ്രകാരം മുവ്വായിരം മലക്കുകള്‍ മാത്രമാണ് ഇറക്കപ്പെട്ടത്. എന്നിപ്രകാരമാണ് പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. ഇത് സംബന്ധമായി ചില രിവായത്തുകളും കാണാവുന്നതാണ് ബദ്ര്‍ യുദ്ധത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍, ആയിരം മലക്കുകളെ ഇറക്കി സഹായിക്കുമെന്ന് സൂ: അന്‍ഫാല്‍ 9-ാം വചനത്തില്‍ പറഞ്ഞതും, ഇപ്പറഞ്ഞതും തമ്മില്‍ എതിരില്ലെന്നും, ആദ്യം ആയിരം വാഗ്ദാനം ചെയ്തശേഷം പിന്നീടത് മുവ്വായിരമാക്കി വര്‍ദ്ധി പ്പിച്ചുവെന്നും, ചില ഉപാധികളോടുകൂടി വീണ്ടും അത് അയ്യായിരമാക്കി വര്‍ദ്ധിപ്പിച്ചുവെന്നും, ശത്രുസൈന്യം വന്നെത്തായ്കയാല്‍ ഉപാധി പൂര്‍ത്തിയാകാത്തതുകൊണ്ട് അയ്യായിരം ഇറക്കുകയുണ്ടായില്ല -മുവ്വായിരം മാത്രമാണ് ഇറക്കിയത്- എന്നും ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു. الله أعلم

മേല്‍ പ്രസ്താവിച്ചതില്‍ നിന്ന് 124-ാം വചനത്തിലെ إِذْ تَقُولُ (നീ പറയുന്ന സന്ദര്‍ഭം) എന്ന വാക്ക് 123-ാം വചനവുമായി ബന്ധപ്പെട്ടതാണ്- അഥവാ ബദ്‌റില്‍ മലക്കുകളെ ഇറക്കിയതിനെ സംബന്ധിച്ചാണ്- എന്ന് മനസ്സിലായല്ലോ. ആയത്തിലെ വാചകങ്ങളില്‍ നിന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാകുന്നതും അങ്ങനെത്തന്നെ. വേറെയും ഒരഭിപ്രായം ഇവിടെയുണ്ട്. മലക്കുകളെ ഇറക്കുന്നത് സംബന്ധിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി പ്രസ്താവി ച്ചത് ഉഹ്ദില്‍ വെച്ചായിരുന്നു- ബദ്‌റില്‍ വെച്ചല്ല- എന്നത്രെ ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. ഇവരുടെ അഭിപ്രായത്തില്‍ إِذْ تَقُولُ എന്ന വാക്ക് 121-ാം വചനത്തോടു ബന്ധപ്പെട്ടതാകുന്നു. ഉഹ്ദില്‍ വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതിനെ ഉദ്ധരിച്ചതാണ് അതെന്ന് സാരം. എങ്കിലും ….إِن تَصْبِرُوا وَتَتَّقُوا (നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നപക്ഷം) എന്ന ഉപാധി പൂര്‍ത്തിയാക്കപ്പെടാത്തതു കൊണ്ട് മലക്കുകള്‍ ഉഹ്ദില്‍ ഇറക്കപ്പെടുകയുണ്ടായില്ലെന്ന് ഇവരും പറയുന്നു. പക്ഷേ, അയ്യായിരം ഇറക്കപ്പെട്ടിട്ടില്ല -ആദ്യം പറഞ്ഞ മുവ്വായിരം ഇറക്കപ്പെട്ടിട്ടുണ്ട്- എന്നും, തീരെ ഇറക്കപ്പെട്ടിട്ടില്ല എന്നും ഇവരില്‍ രണ്ടഭിപ്രായക്കാരുണ്ട്. വാസ്തവം അല്ലാഹുവിനറിയാം. ഇത് സംബന്ധമായ അഭിപ്രായങ്ങളും അവയുടെ തെളിവുകളും ഉദ്ധരിച്ച് ദീര്‍ഘിപ്പിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. അവയെപ്പറ്റി സാമാന്യം വിവരിച്ച ശേഷം ഇബ്‌നുജരീര്‍ (റ) ചെയത് പ്രസ്താവന യുടെ സാരം അറിയുന്നത് നന്നായിരിക്കും. അതിങ്ങനെ ഉദ്ധരിക്കാം:-

‘ഇവയില്‍ വെച്ച് വാസ്തവത്തോട് കൂടുതല്‍ അടുപ്പമുള്ള അഭിപ്രായം ഇതാണ്: ‘മുവ്വായിരം മലക്കുകളെക്കൊണ്ട് നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് സഹായം നല്‍കുന്നത് നിങ്ങള്‍ക്ക് മതിയാകുകയില്ലേ’ എന്ന് സത്യവിശ്വാസികളോട് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. അങ്ങനെ, മുവ്വായിരം മലക്കുകളെക്കൊണ്ട് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍, മുവ്വായിരംകൊണ്ടോ, അയ്യായിരംകൊണ്ടോ, അവര്‍ക്ക് സഹായം നല്‍കിയെന്നോ, ഇല്ലെന്നോ ആയത്തില്‍ പ്രസ്താവിച്ചിട്ടില്ല. ഒരു പക്ഷേ, സഹായം നല്‍കിയിരിക്കാം. അല്ലെങ്കില്‍ സഹായം നല്‍കാതിരുന്നിരിക്കാം. തെളിവില്ലാതെ രണ്ടും പറഞ്ഞുകൂടാ. തെളിവുണ്ടെങ്കില്‍ രണ്ടിലൊന്ന് സമ്മതിക്കാമായിരുന്നു. എന്നാല്‍, ബദ്‌റില്‍ ആയിരം മലക്കുകളെക്കൊണ്ട് സഹായം നല്‍കിയെന്ന് ക്വുര്‍ആനില്‍ അറിയിച്ചിട്ടുണ്ട്. അത് സൂ: അന്‍ഫാല്‍ 9-ാം വചനമാണ്. ഉഹ്ദിനെ സംബന്ധിച്ചിടത്തോളം മലക്കുകളെ ഇറക്കിക്കൊണ്ടുള്ള സഹായം നല്‍കല്‍ ഉണ്ടായിട്ടില്ലെന്നാണ് ഉണ്ടെന്നുള്ള അഭിപ്രായത്തെക്കാള്‍ വ്യക്തമായിക്കാണുന്നത്. കാരണം, അങ്ങനെ സഹായം നല്‍കപ്പെട്ടിരുന്നുവെങ്കില്‍ അവര്‍ക്ക് പരാജയം പിണയുകയും, ആപത്തുകള്‍ ബാധിക്കുകയും ചെയ്യുമായിരുന്നില്ല.’ (ابن جرير)

3:126
  • وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِۦ ۗ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴾١٢٦﴿
  • അതിനെ [മലക്കുകളെ ഇറക്കി സഹായം നല്‍കുന്നതിനെ] നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയല്ലാതെ അല്ലാഹു ആക്കിയിട്ടില്ല; നിങ്ങളുടെ ഹൃദയങ്ങള്‍ അതുകൊണ്ട് സമാധാനമടയുവാന്‍ വേണ്ടി യുമാകുന്നു. സഹായമാകട്ടെ, പ്രതാപശാലിയായ അഗാധജ്ഞനായ അല്ലാഹുവിന്‍റെ പക്കല്‍ നിന്നല്ലാതെ (ലഭിക്കുക) ഇല്ലതാനും.
  • وَمَا جَعَلَهُ അതിനെ ആക്കിയിട്ടില്ല اللَّهُ അല്ലാഹു إِلَّا بُشْرَىٰ ഒരു സന്തോഷ വാര്‍ത്തയല്ലാതെ لَكُمْ നിങ്ങള്‍ക്ക് وَلِتَطْمَئِنَّ സമാധാനമടയുവാന്‍ വേണ്ടിയും قُلُوبُكُم നിങ്ങളുടെ ഹൃദയങ്ങള്‍ بِهِ അതുകൊണ്ട് وَمَا النَّصْرُ സഹായം അല്ല താനും إِلَّا مِنْ عِندِ പക്കല്‍ നിന്നല്ലാതെ اللَّهِ അല്ലാഹുവിന്‍റെ الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗാധജ്ഞനായ, യുക്തിമാനായ
3:127
  • لِيَقْطَعَ طَرَفًا مِّنَ ٱلَّذِينَ كَفَرُوٓا۟ أَوْ يَكْبِتَهُمْ فَيَنقَلِبُوا۟ خَآئِبِينَ ﴾١٢٧﴿
  • (അതെ) അവിശ്വസിച്ചവരില്‍ നിന്നുള്ള ഒരു ഭാഗത്തെ മുറി(ച്ചു നശിപ്പി)ക്കുവാന്‍ വേണ്ടിയാണ് (അത്); അല്ലെങ്കില്‍, അവരെ അപമാന പ്പെടുത്തുകയും, അങ്ങനെ അവര്‍ നിരാശരായി (പരാജയപ്പെട്ട്) തിരി ഞ്ഞുപോകുകയും ചെയ്യാന്‍ (വേണ്ടിയാണ്)
  • لِيَقْطَعَ മുറിച്ച് കളയുവാന്‍ വേണ്ടി طَرَفًا ഒരു ഭാഗം, ഒരു തലപ്പ് مِّنَ الَّذِينَ كَفَرُوا അവിശ്വസിച്ചവരില്‍ നിന്ന് أَوْ يَكْبِتَهُمْ അല്ലെങ്കില്‍ അവരെ അപമാനപ്പെടുത്തുക فَيَنقَلِبُوا എന്നിട്ട് അവര്‍ തിരിഞ്ഞുപോകുകയും خَائِبِينَ നിരാശരായി, അപമാനമടഞ്ഞവരായി

സാരം: മലക്കുകളെ ഇറക്കി നിങ്ങള്‍ക്ക് സഹായം നല്‍കുന്നതും, ഈ വിവരം നിങ്ങളെ അറിയിക്കുന്നതുമൊക്കെ നിങ്ങള്‍ക്ക് അതൊരു സന്തോഷവാര്‍ത്തയും അനുമോ ദനവുമായിക്കൊണ്ട് മാത്രമാണ്. അതുവഴി നിങ്ങള്‍ക്ക് മനോവീര്യവും, ധൈര്യവും, ഉന്‍മേഷവും ലഭിക്കുകയും, അങ്ങനെ നിങ്ങള്‍ക്ക് മനഃസമാധാനം ഉണ്ടായിത്തീരുകയും ചെയ്യും. അല്ലാതെ, അവര്‍ മൂലം നിങ്ങള്‍ക്ക് സഹായവും വിജയവും ലഭിക്കുവാന്‍ വേണ്ടിയല്ല. കാരണം, സഹായം അല്ലാഹുവില്‍ നിന്ന് മാത്രം ലഭിക്കുന്നതാണ്. മലക്കുകളെ ഇറക്കിയതുകൊണ്ട് അത് സിദ്ധിക്കണമെന്നില്ല. എണ്ണംകൊണ്ടോ ശക്തികൊണ്ടോ അല്ല നിങ്ങള്‍ക്ക് വിജയം കൈവരുന്നത്. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം, മലക്കുകളെ ഇറക്കാതെയും, യുദ്ധം പോലും നടത്താതെയും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നതാണ്. എന്നാല്‍ പിന്നെ, നിങ്ങള്‍ യുദ്ധം ചെയ്യണമെന്നും, ശത്രുക്കളുമായി ഏറ്റുമുട്ടണമെന്നുമൊക്കെ കല്‍പിക്കുന്നത് എന്തിനാണെന്ന് ചോദിക്കപ്പെടാം. നിങ്ങളുടെ ശത്രുക്കളായ അവിശ്വാസികളില്‍ കുറേ ആളുകള്‍ നശിച്ചും, കുറേ ആളുകള്‍ ബന്ധനത്തിലകപ്പെട്ടും മറ്റുമായി അവരുടെ ശക്തി ക്ഷയിക്കുകയും, അങ്ങനെ അവര്‍ പരാജിതരും നിരാശരുമായിത്തീരുകയും ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടിയാണത്. എന്നല്ലാതെ, അവിശ്വാസികളെ മുഴുവന്‍ കൊന്നൊടുക്കുകയല്ല ഉദ്ദേശ്യം.

ശത്രുക്കളുമായി ഏറ്റുമുട്ടിയാല്‍ സധീരം അവരുമായി നേരിടണമെന്നും മറ്റും ഉപദേശിച്ചുകൊണ്ട് സൂറത്ത് മുഹമ്മദില്‍ അല്ലാഹു പറയുന്നു: ‘അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, അവരില്‍ നിന്ന് അവന്‍ സ്വയം രക്ഷാനടപടി എടുക്കുമായിരുന്നു. എങ്കിലും, നിങ്ങളില്‍ ചിലരെക്കൊണ്ട് പരീക്ഷണം നടത്തുവാന്‍ വേണ്ടിയാണത്.’

(ذَٰلِكَ وَلَوْ يَشَاءُ اللَّهُ لَانتَصَرَ مِنْهُمْ وَلَٰكِن لِّيَبْلُوَ بَعْضَكُم بِبَعْضٍ – سورة  محمد ٤)

ബദ്റില്‍ ആയിരം മലക്കുകളെ ഇറക്കിയ വിവരം പറഞ്ഞതിനെത്തുടര്‍ന്ന് സൂ: അന്‍ഫാലിലും തന്നെ 126-ാം വചനത്തില്‍ പ്രസ്താവിച്ച ഈ സംഗതി അല്ലാഹു ആവര്‍ത്തിച്ചിരിക്കു ന്നത് കാണാം.

ബദ്ര്‍ യുദ്ധമല്ലാത്ത മറ്റ് യുദ്ധങ്ങളിലൊന്നും മലക്കുകള്‍ ശത്രുക്കളുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും, ബദ്‌റില്‍ മലക്കുകള്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നുമാണ് ഭൂരിഭാഗം പണ്ഡിതന്‍മാരുടേയും അഭിപ്രായം. ബദ്‌റില്‍ അവര്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നുള്ളതില്‍, ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ചരിത്ര പണ്ഡിതന്‍മാരും ഏകാഭിപ്രായക്കാരാണെന്നത്രെ ഇമാം റാസീ (رحمه الله) പ്രസ്താവിക്കുന്നത്. ഒരു യാഥാര്‍ത്ഥ്യം ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്. മലക്കുകള്‍ യുദ്ധത്തില്‍ പങ്കെടുത്ത് എന്ന് പറയുമ്പോള്‍, അവരുടെ പ്രവര്‍ത്തനവും ഇടപെടലും മനുഷ്യരുടേതു പോലെത്തന്നെയായിരിക്കുമെന്ന് കണക്കാക്കരുത്. ഈ ലോകത്ത് നടക്കുന്ന പല വിഷയങ്ങളിലും മലക്കുകള്‍ക്ക് ചില കൈകളുണ്ടെന്ന് ക്വുര്‍ആന്‍ കൊണ്ടും ഹദീഥുകൊണ്ടും സംശയാതീതമായി സ്ഥാപിതമായതാണ്. എന്നിരിക്കെ, ‘ഒരു മലക്കുപോരെ ശത്രുക്കളെ ഒന്നാകെ നശിപ്പിക്കുവാന്‍? പിന്നെ, ആയിരക്കണക്കില്‍ മലക്കുകളുടെ ആവശ്യമെന്ത്? മലക്കുകള്‍ യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ മനുഷ്യരുടെ കൈക്കല്ലാതെ ശത്രുക്കള്‍ മരിച്ചുവീഴുന്നത് കാണേണ്ടതല്ലേ? ആയിരം മലക്കുകള്‍ ഇറങ്ങി യുദ്ധം ചെയ്തിട്ടും എഴുപതുപേരല്ലേ കൊല്ലപ്പെട്ടുള്ളൂ.?’ എന്നിത്യാദിയുള്ള ചിലരുടെ ചോദ്യങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല.

മേല്‍ സൂചിപ്പിച്ചതുപോലെയുള്ള ചില യുക്തി ന്യായങ്ങളുടെ അടിസ്ഥാനത്തില്‍, മലക്കുകള്‍ ഇറങ്ങുന്നതിനെയും, യുദ്ധം ചെയ്യുന്നതിനെയും മുന്‍കാലത്ത് പാടെ നിഷേധിച്ച ഒരാളാണ് അബൂബകറില്‍ അസ്വമ്മ്. അദ്ദേഹത്തിന്‍റെ ന്യായവാദങ്ങള്‍ക്കെല്ലാം മറുപടിയും ഖണ്ഡനവും നല്‍കിക്കൊണ്ട് ഇമാം റാസീ (رحمه الله)യും മറ്റും ഇങ്ങനെ പറയുന്നു: ‘ക്വുര്‍ആനെയും, പ്രവാചകത്വത്തെയും നിഷേധിക്കുന്നവര്‍ക്കേ ഇങ്ങനെ പറയുവാന്‍ സാധിക്കുകയുള്ളൂ. ക്വുര്‍ആനും, അനേകം ഹദീഥുകളും വ്യക്തമായി പ്രസ്താവിച്ച ഈ വിഷയം നിഷേധിക്കുവാന്‍ അബൂബകറില്‍ അസ്വമ്മിന് ഒരിക്കലും പാടില്ലായിരുന്നു’ ഇത് സംബന്ധിച്ച് സൂറത്തുല്‍ അന്‍ഫാലില്‍വെച്ച് നമുക്ക് കൂടുതല്‍ സംസാരിക്കാം. إِن شَاءَ اللَّهُ

3:128
  • لَيْسَ لَكَ مِنَ ٱلْأَمْرِ شَىْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَـٰلِمُونَ ﴾١٢٨﴿
  • (നബിയേ) കാര്യത്തില്‍ (അഥവാ അധികാരത്തില്‍) നിനക്ക് യാതൊന്നും (തന്നെ)ഇല്ല. ഒരു പക്ഷേ, അവന്‍ [അല്ലാഹു] അവരുടെ പശ്ചാത്താപം സ്വീകരിക്കുക, അല്ലെങ്കില്‍ അവരെ ശിക്ഷിക്കുക- കാരണം, നിശ്ചയമായും അവര്‍ അക്രമികളാകുന്നു. [എന്നിരിക്കെ, രണ്ടിനും സാദ്ധ്യതയുണ്ട്.]
  • لَيْسَ لَكَ നിനക്കില്ല مِنَ الْأَمْرِ കാര്യത്തില്‍ നിന്ന്, അധികാരത്തില്‍ നിന്ന് شَيْءٌ യാതൊന്നും أَوْ അല്ലെങ്കില്‍ (ഒരു പക്ഷേ) يَتُوبَ അവന്‍ പശ്ചാത്താപം (മടക്കം) സ്വീകരിക്കുക (ഉണ്ടാവാം) عَلَيْهِمْ അവര്‍ക്ക് أَوْ يُعَذِّبَهُمْ അല്ലെങ്കില്‍ അവരെ ശിക്ഷിക്കുകയും (ആവാം) فَإِنَّهُمْ കാരണം നിശ്ചയമായും അവര്‍ ظَالِمُونَ അക്രമികളാകുന്നു
3:129
  • وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ﴾١٢٩﴿
  • അല്ലാഹുവിനുള്ളതാണ്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാ നിധിയുമാകുന്നു.
  • وَلِلَّهِ അല്ലാഹുവിനാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളത് يَغْفِرُ അവന്‍ പൊറുക്കും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيُعَذِّبُ അവന്‍ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّهُ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

ഉഹ്ദ് യുദ്ധത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും സ്വഹാബികള്‍ക്കും ശത്രുക്കളുടെ കൈക്ക് പല അത്യാഹിതങ്ങളും സംഭവിക്കുകയുണ്ടായല്ലോ. അതിനെത്തുടര്‍ന്ന് ശത്രുക്കളില്‍ കൂടുതല്‍ അക്രമം നടത്തിയ ചില മുശ്‌രിക്കുകള്‍ക്കെതിരായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥിക്കുകയോ പ്രാര്‍ത്ഥിക്കുവാന്‍ അല്ലാഹുവിനോട് അനുവാദത്തിന് അപേക്ഷിക്കുകയോ ഉണ്ടായെന്നും, അതോട് ബന്ധപ്പെട്ടുകൊണ്ടാണ് ഈ വചനം അവതരിച്ചതെന്നും ഹദീഥുകളില്‍ വന്നിരിക്കുന്നു. ഇന്നിന്നവര്‍ സന്‍മാര്‍ഗികളാണെന്നും, ദുര്‍മാര്‍ഗികളാണെന്നുമുള്ള തീരുമാനമെടുക്കുവാനോ, വിധി കല്‍പിക്കുവാനോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അധികാരമില്ല. അക്കാര്യം അല്ലാഹുവിന്‍റെ അധികാരാവകാശത്തില്‍ പെട്ടതാണ്. ഒരു പക്ഷേ, അവിശ്വാസിയും ദുര്‍മാര്‍ഗിയുമാണെന്ന് കരുതപ്പെട്ടവന്‍ പിന്നീട് ഖേദിച്ച് മടങ്ങി നന്നാവുകയും അവന്‍റെ മടക്കം അല്ലാഹു സ്വീകരിക്കുകയും ചെയ്‌തെന്നുവരാം. അല്ലെങ്കില്‍ അവര്‍ അക്രമികളായ സ്ഥിതിക്ക് അല്ലാഹു അവരെ ശിക്ഷിക്കുകതന്നെ ചെയ്‌തെന്നും വരാം. ഓരോരുത്തരെക്കുറിച്ചും സൂക്ഷ്മവും അന്തിമവുമായ തീരുമാനം അല്ലാഹുവിങ്കലാണുള്ളത് എന്നൊക്കെയാണ് ഒന്നാമത്തെ വചനത്തിന്‍റെ സാരം. രണ്ടാമത്തെ വചനം ഈ ആശയം ഒന്നുകൂടി ദൃഢപ്പെടുത്തുകയും ചെയ്യുന്നു. മേല്‍ സൂചിപ്പിച്ച പ്രകാരം ഇസ്‌ലാമിന്‍റെ കഠിന വിരോധികളായിരുന്ന ചില വ്യക്തികള്‍ പിന്നീട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുകയും, പ്രധാന സ്വഹാബികളായിത്തീരുകയും അവരെക്കൊണ്ട് ഇസ്‌ലാമിന് വളരെ നേട്ടങ്ങള്‍ ഉണ്ടായിത്തീരുകയും ചെയ്തിട്ടുള്ളത് ഇവിടെ പ്രസ്താവ്യമാകുന്നു. മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَٰكِنَّ اللَّهَ يَهْدِي مَن يَشَاءُ – سورة القصص ٥٦

(നീ ഇഷ്ടപ്പെട്ടവരെ നീ സന്‍മാര്‍ഗത്തിലാക്കുകയില്ല; എങ്കിലും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുന്നു.)

വിഭാഗം - 14

3:130
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوا۟ ٱلرِّبَوٰٓا۟ أَضْعَـٰفًا مُّضَـٰعَفَةً ۖ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ ﴾١٣٠﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ ഇരട്ടിയിരട്ടികളായി പലിശ (മുതല്‍) തിന്നരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَأْكُلُوا നിങ്ങള്‍ തിന്നരുത് (ഉപയോഗിക്കരുത്) الرِّبَا പലിശ أَضْعَافًا ഇരട്ടികളായി مُّضَاعَفَةً ഇരട്ടിയാക്കപ്പെട്ട (ഇരിട്ടിയിര ട്ടിയായി) وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ അല്ലാഹുവിനെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تُفْلِحُونَ നിങ്ങള്‍ വിജയം പ്രാപിക്കുക
3:131
  • وَٱتَّقُوا۟ ٱلنَّارَ ٱلَّتِىٓ أُعِدَّتْ لِلْكَـٰفِرِينَ ﴾١٣١﴿
  • അവിശ്വാസികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതായ നരകത്തെ സൂക്ഷിക്കുകയും ചെയ്യുവിന്‍.
  • وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ النَّارَ നരകത്തെ الَّتِي أُعِدَّتْ ഒരുക്കിവെക്കപ്പെട്ടതായ لِلْكَافِرِينَ അവിശ്വാസികള്‍ക്കുവേണ്ടി

മൗലികമായ പല വിഷയങ്ങളും, യുദ്ധസംബന്ധമായ കുറേ കാര്യങ്ങളും വിവരിച്ച ശേഷം, നിത്യജീവിതത്തില്‍ സത്യവിശ്വാസികള്‍ അറിഞ്ഞും അനുഷ്ഠിച്ചും വരേണ്ടുന്ന ഏതാനും വിധി വിലക്കുകളും, ഉപദേശ നിര്‍ദ്ദേശങ്ങളും അല്ലാഹു നല്‍കുന്നു. വിഷയങ്ങളുടെ ക്രമീകരണത്തിലും, അവ കൈകാര്യം ചെയ്യുന്നതിലും ക്വുര്‍ആന്‍ സ്വീകരിച്ച രീതി ഇതര ഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും, അതിന് അതിന്റേതായ ഒരു പ്രത്യേകരീതിയുണ്ടെന്നും മുഖവുരയില്‍ വിവരിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് ഓരോ ആയത്തും അതിന്‍റെ തൊട്ട ആയത്തും തമ്മില്‍ വിഷയപരമായി പ്രത്യക്ഷത്തില്‍ ഒരു ബന്ധം ഉണ്ടായിക്കൊള്ള ണമെന്നില്ലെന്നും നാം അവിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാലും മൊത്തത്തില്‍ പരിശോധിച്ചാല്‍, ഈ വചനങ്ങളും മുമ്പുള്ള വചനങ്ങളും തമ്മില്‍ വിഷയപരമായി ബന്ധം ഇല്ലായ്കയില്ല താനും. സത്യവിശ്വാസികളും അവരുടെ എതിരാളികളും തമ്മിലുള്ള സംഘട്ടനം സംബന്ധിച്ച പരാമര്‍ശങ്ങളെ തുടര്‍ന്ന് എതിരാളികളില്‍ നിലവിലുള്ള ദോഷഗുണങ്ങള്‍ സത്യവിശ്വാസികളില്‍ ഇല്ലാതാക്കുവാനും, അവരെ ഉത്തമ സമുദായമാക്കി വളര്‍ത്തിയെടുക്കുവാനും വേണ്ടുന്ന മാര്‍ഗങ്ങള്‍ അവര്‍ക്ക് ചൂണ്ടി ക്കാട്ടിക്കൊടുക്കുന്നത് അനുയോജ്യമായിരിക്കുമല്ലോ.

പലിശമുതല്‍ തിന്നുന്നതിനെ- അഥവാ ഉപയോഗിക്കുന്നതിനെക്കുറിച്ച് സത്യവിശ്വാസികളെ ഈ വചനം മുഖേന അല്ലാഹു വിലക്കുന്നു. പലിശയെ സംബന്ധിച്ച് പല വിവരങ്ങളും സൂറത്തുല്‍ ബക്വറഃയില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇവിടെ അധികം വിശദീകരിക്കേണ്ടുന്ന ആവശ്യമില്ല. പ്രത്യേക ഉപാധികളോ വിശേഷണങ്ങളോ ഒന്നും കൂടാതെയാണ് അവിടെ പലിശയെ അല്ലാഹു നിഷിദ്ധമാക്കി പ്രസ്താവിച്ചിരിക്കുന്നത്. ഇവിടെ പലിശ ഉപയോഗിക്കരുതെന്ന് വിലക്കിയപ്പോള്‍ ഇരട്ടിയിരട്ടിയായ നിലയില്‍ തിന്നരുത് لَا تَأْكُلُوا الرِّبَا أَضْعَافًا مُّضَاعَفَةً എന്ന് പറഞ്ഞിരിക്കുകയാണ്. ഇക്കാരണത്താല്‍, ഇരട്ടിക്കണക്കില്‍ വാങ്ങുന്ന പലിശ മാത്രമേ വിരോധിക്കപ്പട്ടിട്ടുള്ളുവെന്നോ, പലിശക്കാരുടെ ഭാഷയിലുള്ള ‘മിതപ്പലിശ’ക്ക് വിരോധമില്ലെന്നോ ഇതിനര്‍ത്ഥമില്ല. നികൃഷ്ടമോ, നീചമോ ആയ ഒരു കാര്യത്തെക്കുറിച്ച് ആക്ഷേപിക്കുകയോ, വിലക്കുകയോ ചെയ്യുമ്പോള്‍ അതിന്‍റെ ദുഷിച്ച ചില വശങ്ങളെ ചൂണ്ടിക്കാട്ടുന്ന വിശേഷണങ്ങള്‍ എടുത്ത് പറഞ്ഞ് അതിന്‍റെ കൊള്ളരുതായ്മ ചൂണ്ടിക്കാട്ടലും, ശ്രോതാക്കള്‍ക്ക് അതിനോട് വെറുപ്പ് തോന്നത്തക്ക ശൈലിയില്‍ അതിനെക്കുറിച്ച്‌ സംസാരിക്കലും സാധാരണ പതിവാണ്. എല്ലാ ഭാഷയിലും സാഹിത്യങ്ങളിലും കാണാവുന്നതാണിത്. അക്കൂട്ടത്തില്‍ പെട്ടതാണ് ‘പലിശ ഉപയോഗിക്കരുത്’ എന്നോ മറ്റോ പറയാതെ ‘പലിശ തിന്നരുത് (لَا تَأْكُلُوا الرِّبَو) എന്ന് ഇവിടെയും, ‘അനാഥകളുടെ സ്വത്തുക്കള്‍ എടുത്ത് ഉപയോഗിക്കരുത്’ എന്ന് പറയുന്നതിന് പകരം ‘അനാഥരുടെ സ്വത്തുക്കള്‍ തിന്നരുത് (وَلا تَأْكُلُو اْ أَمْوَال اليَتامى)’ എന്നുമൊക്ക അല്ലാഹു പറയുന്നതും അതുപോലെയുള്ള ഒരു പ്രയോഗം തന്നെയാണ് ‘ഇരട്ടിയിരട്ടിയായി (أَضْعَافًامُضَاعَفَة)’ എന്ന പ്രയോഗവും, അന്യന്‍റെ ധനം ന്യായം കൂടാതെ മേടിക്കുന്നതും ഉപയോഗിക്കുന്നതും തെറ്റാണ്. അത് അങ്ങോട്ട് കൊടുത്തതിനെക്കാള്‍ ഇരട്ടിക്കണക്കിലാകുന്നത് അതിനെക്കാള്‍ ഭയങ്കരമായ തെറ്റായിത്തീരുന്നു എന്നാണതിലുള്ള സൂചന. സ്വന്തം മക്കളെ കൊല്ലുന്നതിനെപ്പറ്റി ആക്ഷേപിച്ച് പറഞ്ഞപ്പോള്‍ خشية ان يطعم معك (ആ കുട്ടി നിന്‍റെ കൂടെ ഭക്ഷണം കഴിക്കുന്നതിനെ ഭയന്നുകൊണ്ട്) എന്നും, വ്യഭിചാരെത്തക്കുറിച്ച് പറഞ്ഞപ്പോള്‍ ان تزنى حليلة جارك (നിന്‍റെ അയല്‍ക്കാരന്‍റെ ഭാര്യയെ വ്യഭിചാരം ചെയ്യുക) എന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഹദീഥുകളില്‍ വന്നിട്ടുള്ളതും ഈ ഇനത്തില്‍ ഉള്‍പ്പെട്ടത് തന്നെ. കുട്ടി തന്‍റെ കൂടെ ഭക്ഷണം കഴിക്കുമെന്ന ഭയമില്ലാത്തപ്പോള്‍ സ്വന്തം മക്കളെ കൊല്ലാമെന്നോ, അയല്‍ക്കാരന്‍റെ ഭാര്യയല്ലാത്ത സ്ത്രീകളെ വ്യഭിചരിക്കുന്നതിന് വിരോധമില്ലെന്നോ സല്‍ബുദ്ധിയുള്ള ഒരാളും ഇതില്‍ നിന്ന് മനസ്സിലാക്കുകയില്ലല്ലോ.

ബുദ്ധി ജീവികള്‍, ഉല്‍ബുദ്ധര്‍, പുരോഗമനേച്ഛുക്കള്‍’ എന്നൊക്കെ സ്വയം അഹങ്കരിക്കുന്ന ചില ഭൗതിക താല്‍പര്യക്കാരും, ഇസ്‌ലാമിന്‍റെ ഗുണകാംക്ഷികളെന്ന ഭാവേന നയപൂര്‍വ്വം മുസ്‌ലിംകളെ ഇസ്‌ലാമില്‍ നിന്ന് അകറ്റുവാനുള്ള ഗൂഢ പരിപാടിയിട്ട് പ്രവര്‍ത്തിക്കുന്ന ചിലരും ഇസ്‌ലാമില്‍ ‘മിതപ്പലിശ’ക്ക് വിരോധമില്ലെന്നും ‘ഇരട്ടിപ്പലിശ’ മാത്രമാണ് വിരോധിക്കപ്പെട്ടിരിക്കുന്നതെന്നും തട്ടിമൂളിക്കാറുണ്ട്. أَضْعَافًامُضَاعَفَة എന്ന ഈ വാക്ക് അവര്‍ തങ്ങള്‍ക്ക് തെളിവായി പൊക്കിക്കാട്ടുകയും ചെയ്യും. അല്ലാഹുവിന്‍റെ ക്വുര്‍ആനും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്തും ഇസ്‌ലാമിന്‍റെ പ്രമാണമായി അംഗീകരിക്കുന്ന ഒരു വ്യക്തിക്ക് ഇതിനോട് യോജിക്കുക സാദ്ധ്യമല്ല. എന്ന് മാത്രമേ തല്‍ക്കാലം ഇതിനെപ്പറ്റി പറയുന്നുള്ളൂ. സൂറത്തുല്‍ ബക്വറ:യില്‍ പലിശയെക്കുറിച്ച് അല്ലാഹു ഉപയോഗിച്ച വാക്കുകളില്‍ നിന്നും, അവയുടെ വിവരണത്തില്‍ നിന്നും ഈ വാസ്തവം കൂടുതല്‍ വ്യക്തമായിക്കഴിഞ്ഞിട്ടുല്ലോ.

أَضْعَافًامُضَاعَفَة (ഇരട്ടിയിരട്ടിയായ നിലയില്‍) എന്ന് പറയുവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അക്കാലത്ത് അറേബ്യയില്‍ കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്നത് ഇരട്ടി ക്കണക്കില്‍ പലിശ ഈടാക്കുന്ന സമ്പ്രദായമായിരുന്നു. ഒരു സംഖ്യ ഒരവധി നിശ്ചയിച്ചുകൊണ്ട് പലിശക്കുകൊടുക്കുക, അവധിക്ക് മൂലധനവും പലിശയും മടക്കിക്കൊടുത്തില്ലെങ്കില്‍- മിക്കവാറും അതിന് സാദ്ധ്യമല്ലാത്ത നിശ്ചയത്തോടുകൂടിയായിരിക്കും ഇടപാട് നടന്നിരിക്കുക- അതുവരെ കിട്ടേണ്ടുന്ന പലിശ സംഖ്യയും മൂലധനത്തില്‍ കൂട്ടിച്ചേര്‍ക്കുക, പിന്നത്തെ അവധി അവസാനിക്കുമ്പോള്‍ അതുവരെയുള്ള പലിശയും അസ്സല്‍ മുതലാക്കി വീണ്ടും വര്‍ദ്ധിപ്പിക്കുകയും അതിന് പലിശ കൂട്ടുകയും ചെയ്യുക. അങ്ങനെ, അവസരം കിട്ടിയാല്‍ വീണ്ടും വീണ്ടും അപ്രകാരം തന്നെ ചെയ്യുക. അവസാനം, ആദ്യം കൊടുത്ത മൂലധനത്തിന്‍റെ എത്രയോ ഇരട്ടിയായിരിക്കും വസൂലാക്കപ്പെടുന്നത്. ഇതോടെ കടക്കാരന്‍റെ കഥ കഴിയുകയും ചെയ്യും.

ഈ സമ്പ്രദായം ഇന്നും പലിശക്കച്ചവടക്കാര്‍ സ്വീകരിച്ചുവരുന്നതാണ്. ‘പരിഷ്‌കൃത യുഗ’മെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്ത് -അല്ലാഹു വിലക്കിയതിന്‍റെ അടിസ്ഥാനത്തിലല്ലെങ്കിലും- നാട്ടിന്‍റെ സാമ്പത്തിക നയങ്ങള്‍ക്ക് ഉപദ്രവകരമാണതെന്ന കാരണത്താല്‍, പല രാഷ്ട്രങ്ങളും ഈ ഇരട്ടിപ്പലിശാ സമ്പ്രദായത്തില്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മാത്രം. അതേ സമയത്ത് അവരുടെ സാങ്കേതികാര്‍ത്ഥത്തിലുളള മിതപ്പലിശ നിലവിലുള്ള സാമ്പത്തിക നയത്തിന്‍റെ ഒരു അനിവാര്യ ഘടകമെന്നോണം എല്ലാവരും നിലനിറുത്തുകയും ചെയ്യുന്നു.

സത്യവിശ്വാസികളോട് നരകത്തെ സൂക്ഷിക്കണമെന്ന് താക്കീത് ചെയ്തപ്പോള്‍, അത് അവിശ്വാസികള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു (أُعِدَّتْ لِلْكَافِرِينَ) എന്ന് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. നരകം പ്രധാനമായും അവിശ്വാസികളെ ഉദ്ദേശിച്ചാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. എങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സത്യവിശ്യാസികള്‍ക്കും അതിലെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഓര്‍ക്കണം, പലിശപോലുള്ള പാപകൃത്യങ്ങളില്‍ അതിര് കവിഞ്ഞാല്‍ അവിശ്വാസികളുടെ കൂട്ടത്തില്‍ പെട്ട് പോകുന്നത് ഭയെപ്പടേണം എന്നൊക്കെ അതില്‍ സൂചന കാണാം. കൂടാതെ, ഇവിടെയും, അല്‍ബക്വറഃ 24ലും നരകത്തെക്കുറിച്ചും, അടുത്ത 133-ാം വചനത്തിലും സൂറ: ഹദീദ് 21ലും സ്വര്‍ഗെ ത്തക്കുറിച്ചും പറഞ്ഞപ്പോള്‍, അത് ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു (أُعِدَّتْ) എന്ന് പറഞ്ഞിട്ടുള്ളതില്‍ നിന്ന് സ്വര്‍ഗവും നരകവും നേരത്തെത്തന്നെ തയ്യാറാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. ഇതിനെപ്പറ്റി അല്‍ബക്വറഃയില്‍ മുമ്പ് നാം വിവരിച്ചതാണ്.

3:132
  • وَأَطِيعُوا۟ ٱللَّهَ وَٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ ﴾١٣٢﴿
  • നിങ്ങള്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ക്ക് കരുണ ചെയ്യപ്പെട്ടേക്കാം.
  • وَأَطِيعُوا നിങ്ങള്‍ അനുസരിക്കുക (വഴിപ്പെടുക)യും ചെയ്യുവിന്‍ اللَّهَ അല്ലാഹുവെ وَالرَّسُولَ റസൂലിനെയും لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُرْحَمُونَ നിങ്ങള്‍ക്ക് (നിങ്ങളോട്) കരുണ ചെയ്യപ്പെടും
3:133
  • وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَـٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴾١٣٣﴿
  • നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്ക് (അന്യോന്യം) ധൃതികൂട്ടി വരുകയും ചെയ്യുവിന്‍; ഒരു സ്വര്‍ഗത്തിലേക്കും (ധൃതി കൂട്ടുവിന്‍): അതിന്‍റെ വിസ്താരം ആകാശങ്ങളും ഭൂമിയും (കൂടിയ അത്ര) ആകുന്നു; അത് സൂക്ഷ്മത പാലിക്കുന്നവ(രായ ഭയഭക്തന്മാ)ര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു.
  • وَسَارِعُوا നിങ്ങള്‍ (അന്യോന്യം) ധൃതിപ്പെട്ട് വരുകയും (ബദ്ധപ്പാട് കാണിക്കുക- ഉത്സാഹം കാട്ടുകയും) ചെയ്യുവിന്‍ إِلَىٰ مَغْفِرَةٍ പാപമോചനത്തിലേക്ക് مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള وَجَنَّةٍ ഒരു സ്വര്‍ഗത്തിലേക്കും عَرْضُهَا അതിന്‍റെ വിസ്താരം, വീതി السَّمَاوَاتُ ആകാശ ങ്ങളാകുന്നു وَالْأَرْضُ ഭൂമിയും أُعِدَّتْ അത് ഒരുക്ക (തയ്യാറാക്ക)പ്പെട്ടിരിക്കുന്നു لِلْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്

അല്ലാഹുവിനെ അനുസരിക്കുവാന്‍ കല്‍പിക്കുന്നതോടൊപ്പം റസൂലിനെയും അനുസരിക്കണമെന്ന് ക്വുര്‍ആനില്‍ പലേടത്തും പറഞ്ഞത് കാണാം. അല്ലാഹുവിനെ അനുസരിക്കല്‍ സാക്ഷാല്‍കൃത മാകുന്നത് റസൂലിനെ അനുസരിക്കുന്നത് വഴിയാണല്ലോ. കാരണം, അല്ലാഹുവിന്‍റെ എല്ലാ കല്‍പനാ നിര്‍ദ്ദേശങ്ങളും ലഭിക്കുന്നത് റസൂല്‍ മുഖേനയാണ്. അതുകൊണ്ടാണ് مَنْ يُطِع الرَّسُولَ فَقَدْ أَطَاعَ الَّله (റസൂലിനെ ആര്‍ അനുസരിക്കുന്നുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു കഴിഞ്ഞു) എന്ന് മറ്റൊരു സ്ഥലത്ത് (4: 80ല്‍) അല്ലാഹു പറയുന്നത്. ക്വുര്‍ആന്‍ മാത്രമേ മുസ്‌ലിംകള്‍ പ്രമാണമായി അംഗീകരിക്കേണ്ടതുള്ളൂ -നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്തിനെ പ്രമാണമാക്കേണ്ടതില്ല- എന്ന് വാദിക്കുന്ന കക്ഷിക്കാര്‍ ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ച് കളഞ്ഞിരിക്കയാണ്. പലിശ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിരോധിച്ചതിനെത്തുടര്‍ന്നാണല്ലോ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവാന്‍ കല്‍പിച്ചത്. അപ്പോള്‍, പലിശയെ സംബന്ധിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നല്‍കിയിട്ടുള്ള എല്ലാ വിശദീകരണങ്ങളും കല്‍പനകളും സ്വീകരിക്കേതുണ്ടെന്നുള്ള ഒരു പ്രത്യേക സൂചന കൂടി ഇതില്‍ അടങ്ങിയിട്ടുണ്ട് എന്ന് വ്യക്തമത്രെ.

അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചുകൊണ്ട് അല്ലാഹുവിങ്കല്‍ നിന്ന് പാപമോചനം നേടുവാനും, ഞാന്‍ മുമ്പിലാവണം ഞാന്‍ മുമ്പിലാവണം എന്ന വീറോടെ സല്‍കര്‍മങ്ങള്‍ ചെയ്തുകൊണ്ട് ആകാശഭൂമികളോളം വിശാലവിസ്തൃതമായ സ്വര്‍ഗത്തില്‍ അനുഗൃഹീത ജീവിതം നേടുവാനും അല്ലാഹു സത്യവിശ്വാസികളെ ആവേശപ്പെടുത്തുന്നു. കഴിഞ്ഞ വചനത്തില്‍ അവിശ്വാസികള്‍ക്കായി തയ്യാറാക്കപ്പെട്ട നരകത്തില്‍ പ്രവേശിക്കുവാന്‍ ഇടയാകുന്നത് സൂക്ഷിക്കണമെന്ന് കല്‍പിച്ചതുപോലെ, സൂക്ഷ്മത പാലിക്കുന്ന ഭയഭക്തന്‍മാര്‍ക്കു വേണ്ടിയാണ് അത്രയും വിശാലമായ സ്വര്‍ഗം തയ്യാറാ ക്കപ്പെട്ടിരിക്കുന്നതെന്നും, അതുകൊണ്ട് ഭയഭക്തന്‍മാരായി ജീവിച്ചുകൊണ്ട് ആ സ്വര്‍ഗം പ്രാപിക്കുവാന്‍ ഉത്സാഹിക്കണമെന്നും ഉപദേശിച്ചിരിക്കുന്നു. ഏതാണ്ട് ഈ (133-ാം) വചനം പോലെയുള്ള ഒരു വചനം സൂറത്തുല്‍ ഹദീദ് 21ലും കാണാവുന്നതാണ്. കൂടുതല്‍ വിവരണം അവിടെ കാണാം. സ്വര്‍ഗത്തിന് അവകാശികളായിത്തീരുന്ന ഭയഭക്തന്‍മാരുടെ ഗുണങ്ങള്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

3:134
  • ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَـٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ ﴾١٣٤﴿
  • അതായത്, സന്തോഷാവസ്ഥയിലും, കഷ്ടാവസ്ഥയിലും ചിലവഴിക്കുന്നവര്‍, കോപം ഒതുക്കിവെ ക്കുന്നവരും, മനുഷ്യര്‍ക്ക് മാപ്പ് നല്‍കുന്നവരും. അല്ലാഹു, നന്മ പ്രവര്‍ത്തിക്കുന്നവരെ സ്‌നേഹിക്കുന്നതുമാണ്.
  • الَّذِينَ يُنفِقُونَ ചിലവഴിക്കുന്നവര്‍ فِي السَّرَّاءِ സന്തോഷാവസ്ഥയില്‍, സന്തോഷത്തില്‍ وَالضَّرَّاءِ കഷ്ടാവസ്ഥയിലും, സന്താപത്തിലും وَالْكَاظِمِينَ ഒതുക്കി (മൂടി) വെക്കുന്നവരും الْغَيْظَ കോപത്തെ, ക്ലേശം, കഠിന കോപം وَالْعَافِينَ മാപ്പ് നല്‍കുന്നവരും عَنِ النَّاسِ മനുഷ്യര്‍ക്ക്, മനുഷ്യരെപ്പറ്റി وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ يُحِبُّ സ്‌നേഹിക്കുന്നു, ഇഷ്ടപ്പെടും الْمُحْسِنِينَ നന്മ (പുണ്യം) ചെയ്യുന്നവരെ
3:135
  • وَٱلَّذِينَ إِذَا فَعَلُوا۟ فَـٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ ﴾١٣٥﴿
  • യാതൊരു കൂട്ടരും: തങ്ങള്‍ വല്ല നീചകൃത്യവും ചെയ്യുകയോ, അല്ലെങ്കില്‍ തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, അവര്‍ അല്ലാഹുവിനെ ഓര്‍മിക്കുകയും, അങ്ങനെ, തങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നതാണ്;- അല്ലാഹു അല്ലാതെ പാപങ്ങളെ ആര്‍ പൊറുക്കും?!- (മാത്രമല്ല) തങ്ങള്‍ ചെയ്തതില്‍ അറിഞ്ഞുംകൊണ്ട് അവര്‍ ശഠിച്ച് നില്‍ക്കുകയുമില്ല. [ഇങ്ങനെയുള്ളവര്‍ക്കാണ് സ്വര്‍ഗം ഒരുക്കപ്പെട്ടിരിക്കുന്നത്]
  • وَالَّذِينَ യാതൊരു കൂട്ടരും إِذَا فَعَلُوا അവര്‍ ചെയ്താല്‍ فَاحِشَةً വല്ല (ഒരു) നീചകൃത്യം أَوْ ظَلَمُوا അല്ലെങ്കില്‍ അവര്‍ അക്രമം ചെയ്താല്‍ أَنفُسَهُمْ തങ്ങളോട് തന്നെ, സ്വന്തങ്ങളോട് ذَكَرُوا അവര്‍ ഓര്‍മിക്കുന്നതാണ് اللَّهَ അല്ലാഹുവിനെ فَاسْتَغْفَرُوا എന്നിട്ട് (അങ്ങനെ) അവര്‍ പാപമോചനം തേടും لِذُنُوبِهِمْ തങ്ങളുടെ പാപങ്ങള്‍ക്ക് وَمَن يَغْفِرُ ആര്‍ പൊറുക്കും الذُّنُوبَ പാപങ്ങളെ إِلَّا اللَّهُ അല്ലാഹു അല്ലാതെ وَلَمْ يُصِرُّوا അവര്‍ ശഠിച്ചു (വേറിടാതെ) നില്‍ക്കുകയുമില്ല عَلَىٰ مَا فَعَلُوا തങ്ങള്‍ ചെയ്‌തതിൽ وَهُمْ يَعْلَمُونَ അവര്‍ അറിഞ്ഞുകൊണ്ട്
3:136
  • أُو۟لَـٰٓئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَنِعْمَ أَجْرُ ٱلْعَـٰمِلِينَ ﴾١٣٦﴿
  • അക്കൂട്ടര്‍- (അതെ) അവരുടെ പ്രതിഫലം, തങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനവും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടി രിക്കുന്ന സ്വര്‍ഗങ്ങളുമാകുന്നു; അതില്‍ (അവര്‍) നിത്യവാസികളായ നിലയില്‍. പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം എത്ര നല്ലത്!
  • أُولَٰئِكَ അക്കൂട്ടര്‍ جَزَاؤُهُم അവരുടെ പ്രതിഫലം مَّغْفِرَةٌ പാപമോചനമാണ് مِّن رَّبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَجَنَّاتٌ സ്വര്‍ഗങ്ങളും تَجْرِي സഞ്ചരിക്കും, ഒഴുകും مِن تَحْتِهَا അതിന്‍റെ അടിയിലൂടെ الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ സ്ഥിരവാസികളായിക്കൊണ്ട് فِيهَا അതില്‍ وَنِعْمَ എത്രയോ (വളരെ) നല്ലത് أَجْرُ പ്രതിഫലം الْعَامِلِينَ പ്രവര്‍ത്തിക്കുന്നവരുടെ

സ്വര്‍ഗാവകാശികളായ ഭയഭക്തന്‍മാരുടെ മൂന്ന് ഗുണങ്ങളാണ് ആദ്യത്തെ വചനത്തില്‍ പറഞ്ഞിരിക്കുന്നത്.

(1) സന്തോഷാവസ്ഥയിലും, കഷ്ടാവസ്ഥയിലും ധനം ചിലവഴിക്കുക. അതായത്, സുഖദുഃഖമെന്നോ, ക്ഷേമ ക്ഷാമമെന്നോ വ്യത്യാസമില്ലാതെ കഴിവനുസരിച്ചും സന്ദര്‍ഭ മനുസരിച്ചും സല്‍ക്കാര്യങ്ങളില്‍ ചിലവഴിക്കുക. സുഖവും സന്തോഷവുമുള്ളപ്പോള്‍ കുറെയൊക്കെ കയ്യയച്ച് ചിലവഴിക്കുന്നവര്‍പോലും ചിലപ്പോള്‍ വല്ല ദുഃഖമോ ഞെരുക്കമോ നേരിട്ടാല്‍ പിന്നെ, അക്കാരണം കൊണ്ട് പിശുക്കന്‍മാരായി മാറലും, നേരെ മറിച്ച് പിശുക്കന്‍മാരായിക്കഴിയുന്ന ചിലര്‍, വല്ല ആപത്തും കഷ്ടപ്പാടും നേരിടുമ്പോള്‍, മാനസാന്തരം വന്ന് ദാനധര്‍മങ്ങള്‍ ചെയ്യാന്‍ തുനിയലും പതിവുണ്ട്. ഇവര്‍ അങ്ങനെയായിരിക്കയില്ല എന്ന് താല്‍പര്യം. പലിശയെക്കുറിച്ച് പറഞ്ഞപ്പോള്‍, അത് നരകത്തിലേക്ക് നയിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായല്ലോ. സ്വര്‍ഗത്തിലേക്ക് നയിക്കുന്ന ഗുണങ്ങളില്‍ ഒന്നാമത്തെതായി പലിശയുടെ നേരെ വിപരീത സ്വഭാവമായ ദാനധര്‍മങ്ങളെ അല്ലാഹു എണ്ണിയിരിക്കുകയാണ്.

(2) കോപം ഒതുക്കിവെക്കുക. കോപം വരുമ്പോള്‍ അത് മൂര്‍ച്ഛിക്കുവാന്‍ അനുവദിക്കാതെയും വികാരപ്രകടനം നടത്താതെയും സ്വന്തം മനസ്സില്‍ ഒതുക്കി നിറുത്തുക.

(3) ജനങ്ങള്‍ക്ക് മാപ്പ് നല്‍കുക. അതായത്, മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന പാകപ്പിഴവുകളുടെയും, തെറ്റുകുറ്റങ്ങളുടെയും പേരില്‍ പ്രതികാരമോ അക്രമമോ നടത്താതെ വിട്ടുകളയുകയും, അവരോട് പകയും ശത്രുതയും വെച്ച് പുലര്‍ത്താതിരിക്കുകയും ചെയ്യുക.

ഈ മൂന്ന് കാര്യങ്ങളും എടുത്ത് പറഞ്ഞശേഷം, ഇങ്ങനെ നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കും (وَاللَّهُ يُحِبُّ الْمُحْسِنِينَ) എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. അല്ലാഹുവിന്‍റെ സ്‌നേഹം ലഭിക്കുന്നതില്‍ ഉപരിയായി മറ്റെന്ത് ഭാഗ്യമാണ് മനുഷ്യന് ലഭിക്കുവാനുള്ളത്?!

ഈ മൂന്ന് കാര്യങ്ങളെക്കുറിച്ചും ക്വുര്‍ആനില്‍ പലേടത്തും അല്ലാഹു പ്രസ്താവിച്ച് കാണാം. അനേകം ഹദീഥുകളും ഇവയെപ്പറ്റി ഉദ്ധരിക്കുവാനുണ്ട്. ഒന്നാമത്തെതിനെപ്പറ്റി സൂറത്തുല്‍ ബക്വറഃയില്‍ യഥാസ്ഥാനങ്ങളില്‍വെച്ച് നാം പലതും ഉദ്ധരിച്ചിട്ടുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും കാര്യങ്ങളെ സംബന്ധിച്ച ചില ഹദീഥുകള്‍ മാത്രം ഇവിടെ ഉദ്ധരിക്കാം.

(1). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തു: ‘മല്‍പിടുത്തം കൊല്ല ഊക്കനാ(ശക്തനാ)കുന്നത്. പക്ഷേ, ദേഷ്യം വരുമ്പോള്‍ സ്വന്തം മനസ്സിനെ അധീനപ്പെടുത്തുന്നവനത്രെ ഊക്കന്‍.’ (അ; ബു; മു.)

(2) ഒരാള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്ന് തനിക്ക് ഉപദേശം നല്‍കണമെന്നും, തനിക്ക് പഠിക്കുവാനുള്ള സൗകര്യാര്‍ത്ഥം അത് കുറഞ്ഞ വാക്കുകള്‍ മാത്രമായിരിക്കണമെന്നും അപേക്ഷിച്ചു. അദ്ദേഹത്തോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞത് لاَ تغضب (താന്‍ ദേഷ്യപ്പെടരുത്) എന്നായിരുന്നു. അദ്ദേഹം വീണ്ടും വീണ്ടും അപേക്ഷിച്ചു. അപ്പോഴൊക്കെ തിരുമേനി ആ വാക്ക് തന്നെ ആവര്‍ത്തിക്കുകയാണ് ചെയ്തത്. (ബു.) അഹ്മദ് (റ)ന്‍റെ ഒരു നിവേദനത്തില്‍ ഇങ്ങനെകൂടിയുണ്ട്: ‘ആ മനുഷ്യന്‍ പറയുകയാണ്: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് പറഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചു നോക്കി. നോക്കുമ്പോള്‍ ദേഷ്യം എല്ലാ തിന്മകളെയും ഉള്‍പ്പെടുത്തുന്നതാകുന്നു.’

(3) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നിങ്ങളില്‍ ഒരാള്‍ക്ക് നില്‍ക്കുമ്പോള്‍ ദേഷ്യം പിടിച്ചാല്‍ അവന്‍ ഇരുന്നുകൊള്ളട്ടെ; എന്നിട്ട് ദേഷ്യം പോയാല്‍ അങ്ങനെ. ഇല്ലാത്ത പക്ഷം, അവന്‍ കിടന്നുകൊള്ളട്ടെ.’ (അ; ദാ.) ഈ നബി വചനപ്രകാരം അബൂദര്‍റ് (റ) പ്രവര്‍ത്തിച്ച തായും ഹദീഥില്‍ വന്നിരിക്കുന്നു (അ.) നേരെമറിച്ച് കിടത്തത്തില്‍ ദേഷ്യം വന്നാല്‍ എഴുനേറ്റിരിക്കുന്നതും, ഇരുത്തത്തില്‍ ദേഷ്യം വന്നാല്‍ എഴുനേറ്റ് നില്‍ക്കുന്നതും, നിറുത്തത്തില്‍ വന്നാല്‍ നില്‍ക്കുന്ന സ്ഥലം വിടുന്നതുമെല്ലാം തന്നെ ദേഷ്യത്തിന് വളര്‍ച്ച നല്‍കുന്നതുമായിരിക്കും.

(4) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഒരാള്‍ക്ക് അവന്‍റെ കോപം നടപ്പില്‍ വരുത്തുവാന്‍ കഴിവുണ്ടായിട്ടും അത് ഒതുക്കിവെച്ചാല്‍ അല്ലാഹു അവന്‍റെ ഉള്ളില്‍ അഭയവും വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതാണ്.’ (ദാ.)

(5) തിരുമേനി പറഞ്ഞു: ‘ധര്‍മം നിമിത്തം ഒരു ധനവും ചുരുങ്ങിപ്പോവുകയില്ല. മാപ്പ് നിമിത്തം ഒരു അടിയാന്നും വീര്യം (പ്രതാപം) അല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. അല്ലാഹുവിനുവേണ്ടി വല്ലവനും വിനയം കാണിച്ചാല്‍ അല്ലാഹു അവനെ ഉയര്‍ത്തും.’ (മു.)

(6). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ദേഷ്യം പിശാചില്‍ നിന്നാണ്. പിശാചാകട്ടെ, അഗ്നിയാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അഗ്നി വെള്ളം കൊണ്ട് മാത്രമാണ് കെടുക്കപ്പെടുന്നത്. അതി നാല്‍, നിങ്ങളില്‍ ഒരാള്‍ക്ക് ദേഷ്യം പിടിച്ചാല്‍, അപ്പോള്‍ അവന്‍ ‘വുദ്വൂ’ ചെയ്തുകൊള്ളട്ടെ.’ (അ; ദ.)

ഭയഭക്തന്‍മാരുടെ 4-ാമത്തെ ഗുണമായി (രണ്ടാമത്തെ വചനത്തില്‍) പ്രസ്താവിച്ചത്, വല്ല നീചകൃത്യമോ, സ്വന്തം ദേഹത്തോട് തന്നെയുള്ള അക്രമമോ ചെയ്തുപോയാല്‍ അല്ലാഹുവിനെ ഓര്‍മവരികയും, ഉടനെ പാപമോചനം തേടുകയും ചെയ്യുക എന്നത്രെ. അതായത് വല്ല പാപവും ചെയ്തുപോയാല്‍ ഉടനെത്തന്നെ കുറ്റബോധം വരുകയും, അല്ലാഹുവിന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടി വരുമെന്ന ഭയം ജനിക്കുകയും, അങ്ങനെ പശ്ചാത്തപിച്ച് പൊറുക്കലിനപേക്ഷിക്കുകയും ചെയ്യുക. തെറ്റുകുറ്റം വരുക മനുഷ്യസഹജമാകുന്നു. അതേ സമയത്ത് അല്ലാഹുവാകട്ടെ, കാരുണ്യവാനും കരുണാനിധിയുമാണ്. അവന്‍റെ അടിയാന്‍മാരുടെ പക്കല്‍ വരുന്ന തെറ്റുകുറ്റങ്ങള്‍ പൊറുക്കുവാന്‍ വേറെ ആരാണുള്ളത്?! ആരുമില്ലല്ലോ. അതുകൊണ്ട് തെറ്റ് ചെയ്താല്‍ ഉടനെ മടങ്ങി മാപ്പിന്നപേക്ഷിക്കലാണ് മനുഷ്യന്‍റെ കടമ. നേരെ മറിച്ച് കുറ്റം ചെയ്യുകയും, കുറ്റമാണെന്നറിഞ്ഞുകൊണ്ട് അതില്‍ നിന്ന് ഖേദിച്ച് മടങ്ങാതെ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് നന്ദികേടും ധിക്കാരവുമാകുന്നു. അതുകൊണ്ടാണ് ‘അവര്‍ ചെയ്തതില്‍ അവര്‍ അറിഞ്ഞും കൊണ്ട് ശഠിച്ച് നില്‍ക്കുകയുമില്ല (….وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا)’ എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നത്. കുറ്റം ചെയ്തുപോയെങ്കിലും ഉടനെ അതില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നപക്ഷം കുറ്റം പൊറുക്കപ്പെടുമെന്ന് മാത്രമല്ല.’ ആ മടക്കം ഒരു പുണ്യകര്‍മമായിത്തീരുന്നതുമാകുന്നു.

ചെയ്ത കുറ്റത്തില്‍ ശഠിച്ചുനില്‍ക്കാതിരിക്കുക എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം ഒരിക്കല്‍ ചെയ്ത കുറ്റം പിന്നീടൊരിക്കലും ആവര്‍ത്തിക്കാതിരിക്കുക എന്നല്ല. കുറ്റം ആവര്‍ത്തിക്കുന്നതും തെറ്റുതന്നെ. പക്ഷേ, കുറ്റം ആവര്‍ത്തിക്കുമ്പോള്‍ പശ്ചാത്താപവും ആവര്‍ത്തിക്കുന്ന പക്ഷം അത് കുറ്റത്തില്‍ ശഠിച്ച് നില്‍ക്കലായിരിക്കയില്ല. ചെയ്ത കുറ്റത്തില്‍ പശ്ചാത്തപിക്കാതിരിക്കലാണ് ശഠിച്ച് നില്‍ക്കല്‍. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘പാപമോചനം തേടിയവന്‍ ശഠിച്ച് നിന്നിട്ടില്ല. അവന്‍ ഒരു ദിവസം എഴുപത് പ്രാവശ്യം ആവര്‍ത്തിച്ചാലും ശരി.’ (ദാ; തി.) പാപം പലപ്രാവശ്യം ആവര്‍ത്തിച്ചാലും അപ്പോഴൊക്കെ ഖേദിച്ച് മടങ്ങുകയും, അല്ലാഹുവിനോട് പാപമോചനം തേടുകയും വേണം; അല്ലാഹു പൊറുത്തുതരികയില്ലെന്ന് നിരാശപ്പെടരുത് എന്നത്രെ ഹദീഥിന്‍റെ സാരം. മറ്റൊരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നിങ്ങളില്‍ ഒരാളുടെ ഒട്ടകം (വാഹനം) ഒരു മരുഭൂമിയില്‍ വെച്ച് പാഴായി (കാണാതായി) പോയിട്ട് അതിനെ അവന് കണ്ടുകിട്ടുമ്പോഴത്തെ സന്തോഷത്തേക്കാള്‍ അധികമാണ് അല്ലാഹുവിന് അവന്‍റെ അടിയാന്‍ പശ്ചാത്തപിക്കുന്നതിലുള്ള സന്തോഷം.’ (ബു; മു.) പാപം ചെയ്തവന്‍റെ പശ്ചാത്താപത്തെപ്പറ്റി പ്രസ്താവിച്ചപ്പോള്‍ ആ പ്രസ്താവന തീരും മുമ്പ് തന്നെ- ഒരു ഇടവാക്യമായി وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ (അല്ലാഹു അല്ലാതെ ആരാണ് പാപങ്ങള്‍ പൊറുക്കുക?!) എന്ന് അല്ലാഹു ചോദിച്ച ചോദ്യം, ഹാ, ഏത് പാപിക്കാണ് അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ ആശ നല്‍കാത്തത്?! അവനോട് പാപമോചനം തേടുവാന്‍ ആര്‍ക്കാണ് ആവേശം നല്‍കാത്തത്?! അല്ലാഹുവേ! നീ ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്ത് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ!

3:137
  • قَدْ خَلَتْ مِن قَبْلِكُمْ سُنَنٌ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ ﴾١٣٧﴿
  • നിങ്ങളുടെ മുമ്പ് പല നടപടിക്രമങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുവിന്‍, എന്നിട്ട് വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് (ആലോചിച്ച്) നോക്കുവിന്‍.
  • قَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ട് مِن قَبْلِكُمْ നിങ്ങള്‍ക്ക്മുമ്പ് سُنَنٌ പല നടപടിക്രമങ്ങള്‍, സമ്പ്രദായങ്ങള്‍, ചര്യകള്‍ فَسِيرُوا എന്നാല്‍ നിങ്ങള്‍ സഞ്ചരിക്കുവി ന്‍, നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ട് നിങ്ങള്‍ നോക്കുവിന്‍ كَيْفَ كَانَ എങ്ങനെ ആയിരുന്നുവെന്ന് عَاقِبَةُ പര്യവസാനം الْمُكَذِّبِينَ വ്യാജമാക്കിയവരുടെ
3:138
  • هَـٰذَا بَيَانٌ لِّلنَّاسِ وَهُدًى وَمَوْعِظَةٌ لِّلْمُتَّقِينَ ﴾١٣٨﴿
  • ഇത് മനുഷ്യര്‍ക്ക് (പൊതുവെയു)ള്ള ഒരു വിവരണമാകുന്നു; സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് [ഭയഭക്തന്‍മാര്‍ക്ക്] മാര്‍ഗദര്‍ശനവും സദുപദേശവും ആകുന്നു.
  • هَٰذَا بَيَانٌ ഇത് വിവരണമാകുന്നു لِّلنَّاسِ മനുഷ്യര്‍ക്ക് وَهُدًى മാര്‍ഗദര്‍ശനമാകുന്നു وَمَوْعِظَةٌ സദുപദേശവും لِّلْمُتَّقِينَ സൂക്ഷ്മത പാലക്കുന്നവര്‍ക്ക്

പ്രവാചകന്‍മാരും അവരുടെ അനുയായികളും ഒരു ഭാഗത്തും, അവരുടെ എതിരാളി കളായ സത്യനിഷേധികള്‍ മറുഭാഗത്തുമായി എത്രയോ ഏറ്റുമുട്ടലുകള്‍ ഇതിനുമുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. ഭൂമിയിലൂടെ സഞ്ചരിച്ച് മുമ്പ് കഴിഞ്ഞുപോയ ആ സമുദായങ്ങളുടെ പര്യവസാനം എങ്ങിനെയൊക്കെയാണ് സംഭവിച്ചിരുന്നതെന്ന് അന്വേഷിച്ച് നോക്കിയാല്‍ ഇതിന് ധാരാളം തെളിവ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. മനുഷ്യര്‍ക്ക് പൊതുവെ മനസ്സിലാക്കുവാന്‍ വേണ്ടിയാണ് കാര്യങ്ങള്‍ ഇങ്ങനെ വിവരിച്ച് തരുന്നത്. അതേ സമയത്ത് സൂക്ഷ്മത പാലിക്കുന്ന സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ക്കത് മാര്‍ഗദര്‍ശനവും സദുപദേശവും കൂടിയാകുന്നു. അവരാണല്ലോ അത് ഉപയോഗപ്പെടുത്തുന്നവര്‍. എന്ന് സാരം.

3:139
  • وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ ﴾١٣٩﴿
  • നിങ്ങള്‍ അധൈര്യപ്പെടുകയുമരുത്; വ്യസനിക്കുകയുമരുത്. നിങ്ങള്‍ തന്നെയാണ് ഏറ്റവും ഉന്നതന്‍മാര്‍- നിങ്ങള്‍ സത്യവിശ്വാസികളാകുന്നുവെങ്കില്‍!
  • وَلَا تَهِنُوا നിങ്ങള്‍ ദുര്‍ബ്ബലരാവരുത്, അധൈര്യപ്പെടരുത് وَلَا تَحْزَنُوا നിങ്ങള്‍ വ്യസനിക്കുകയുമരുത് وَأَنتُمُ നിങ്ങള്‍ (തന്നെ) الْأَعْلَوْنَ അധികം (ഏറ്റവും) ഉന്നതന്‍മാര്‍ إِن كُنتُم നിങ്ങളാകുന്നുവെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍

വസ്തുത മേല്‍പ്രസ്താവിച്ച മാതിരിയായിരിക്കെ, ഉഹ്ദില്‍ സംഭവിച്ചതുപോലെ താല്‍ക്കാലികമായ വല്ല പരാജയമോ വിഷമങ്ങളോ അനുഭവപ്പെട്ടതിന്‍റെ പേരില്‍, നിങ്ങള്‍ ധൈര്യം നശിച്ചു ദുര്‍ബ്ബലരായിത്തീരുകയോ, അതിനെപ്പറ്റി വ്യസനിച്ചുകൊണ്ടിരിക്കുകയോ ചെയ്യരുത്. നിങ്ങള്‍ യഥാര്‍ത്ഥ സത്യവിശ്വാസികളായിത്തീരുന്ന കാലത്തോളം ഇഹത്തിലും പരത്തിലും ഉന്നത സ്ഥാനം നിങ്ങള്‍ക്കുതന്നെയായിരിക്കും. നിങ്ങളുടെ വിശ്വാസത്തില്‍ ദൗര്‍ബ്ബല്യം വന്നുപോകുന്നതാണ് നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേത്. അത് ബാധിക്കാത്ത പക്ഷം, നിങ്ങള്‍ ഭാവിയെക്കുറിച്ച് ഭയപ്പെടേതില്ല എന്നൊക്കെ സത്യവിശ്വാസികളെ ഉല്‍ബോധിപ്പിക്കുകയാണ്. അല്ലാഹു തുടരുന്നു:-

3:140
  • إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ ٱلْقَوْمَ قَرْحٌ مِّثْلُهُۥ ۚ وَتِلْكَ ٱلْأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ وَلِيَعْلَمَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَتَّخِذَ مِنكُمْ شُهَدَآءَ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ ﴾١٤٠﴿
  • നിങ്ങള്‍ക്ക് വല്ല മുറിവും [പരിക്കും] ബാധിക്കുന്നുവെങ്കില്‍, അതുപോലെയുള്ള മുറിവ് [പരിക്ക്] (ആ) ജനതക്കും ബാധിച്ചിട്ടുണ്ട്. ആ ദിവസങ്ങള്‍- അവയെ മനുഷ്യര്‍ക്കിടയില്‍ നാം കൈമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വസിച്ചവരെ അല്ലാഹു (വേര്‍തിരിച്ച്) അറിയുവാനും, നിങ്ങളില്‍ നിന്ന് സാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കു വാനും വേണ്ടി(യാണത്). അല്ലാഹുവാകട്ടെ, അക്രമികളെ ഇഷ്ടപ്പെടുകയില്ല.
  • إِن يَمْسَسْكُمْ നിങ്ങളെ സ്പര്‍ശിക്കുന്നെങ്കില്‍, നിങ്ങള്‍ക്ക് ബാധിക്കുന്നെങ്കില്‍ قَرْحٌ വല്ല മുറിവും, പരിക്കും فَقَدْ مَسَّ എന്നാല്‍ സ്പര്‍ശിച്ചിട്ടുണ്ട്, ബാധിച്ചിട്ടുണ്ട് الْقَوْمَ (ആ) ജനങ്ങള്‍ക്ക് قَرْحٌ مِّثْلُهُ അതുപോലുള്ള മുറിവ് وَتِلْكَ الْأَيَّامُ ആ നാളുകള്‍, ദിവസങ്ങള്‍ نُدَاوِلُهَا നാമവയെ കൈമാറ്റം ചെയ്യുന്നു بَيْنَ النَّاسِ മനുഷ്യര്‍ക്കിടയില്‍ وَلِيَعْلَمَ اللَّهُ അല്ലാഹു അറിയുവാനും الَّذِينَ آمَنُوا വിശ്വസിച്ചവരെ وَيَتَّخِذَ അവന്‍ ഉണ്ടാക്കു (ഏര്‍പ്പെടുത്തു)വാനും مِنكُمْ നിങ്ങളില്‍ നിന്ന് شُهَدَاءَ സാക്ഷികളെ وَاللَّهُ അല്ലാഹുവാകട്ടെ لَا يُحِبُّ സ്‌നേഹിക്കുക (ഇഷ്ടപ്പെടുക)യില്ല الظَّالِمِينَ അക്രമികളെ
3:141
  • وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَيَمْحَقَ ٱلْكَـٰفِرِينَ ﴾١٤١﴿
  • (കൂടാതെ) വിശ്വസിച്ചവരെ ശുദ്ധീകരിച്ചെടുക്കുവാനും, അവിശ്വാസികളെ [അവരുടെ അഭിവൃദ്ധിയെ] തുടച്ചുകളയുവാനും വേണ്ടിയാണ്.
  • وَلِيُمَحِّصَ ശുദ്ധിയാക്കി എടുക്കുവാനും, തെളിയിച്ചെടുക്കുവാനും اللَّهُ അല്ലാഹു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَيَمْحَقَ (അഭിവൃദ്ധി) മായിക്കുവാനും, നീക്കം ചെയ്യാനും الْكَافِرِينَ അവിശ്വാസികളെ

ഉഹ്ദില്‍ നിങ്ങള്‍ക്ക് വളരെ പരുക്കും ക്ഷതവും ബാധിച്ചിട്ടുണ്ടെങ്കില്‍, ബദ്‌റില്‍ ശത്രുക്കള്‍ക്കും അതുപോലെ ബാധിച്ച് കഴിഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ അങ്ങനെ വല്ലതുമൊക്കെ ബാധിക്കുമ്പോഴേക്കും അതില്‍ ക്ഷമകേടും ധൈര്യക്ഷയവും ഉണ്ടാവരുത്. ജയാപജയങ്ങള്‍ എല്ലാവര്‍ക്കും ബാധിച്ചെന്ന് വരും. അതെല്ലാം കൈകാര്യം ചെയ്യുന്നത് അല്ലാഹുവാണ്. ഒരിക്കല്‍ ഒരു കൂട്ടര്‍ക്ക് ഗുണം കണ്ടേക്കാം. മറ്റൊരിക്കല്‍ മറിച്ചും കാണും ചില ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണ് അല്ലാഹു അങ്ങനെ ചെയ്യുന്നത്. യഥാര്‍ത്ഥവിശ്വാസികളും കപട വിശ്വാസികളും വേര്‍തിരിഞ്ഞു വെളിക്കുവരണം, സത്യത്തിനുവേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ സന്നദ്ധതയുള്ള സത്യസാക്ഷികള്‍ നിങ്ങളില്‍ ഉരുത്തിരിയണം, നിങ്ങളിലുള്ള ദൗര്‍ബല്യവും പോരായ്മയും നീക്കി നിങ്ങളെ ശുദ്ധീകരിച്ചെടുക്കണം, അങ്ങനെ ക്രമേണ അവിശ്വാസികളുടെ ശക്തിയും പ്രതാപവുമെല്ലാം തുടച്ച് നീക്കിക്കളയണം. ഇങ്ങനെ പലതുമാണ് ഈ പരീക്ഷണംകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് എന്ന് സാരം.

وَيَتَّخِذَ مِنكُمْ شُهَدَاءَ (നിങ്ങളില്‍ നിന്ന് സാക്ഷികളെ ഉണ്ടാക്കുക) എന്നതിന് രണ്ട് തരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്:

1. നിങ്ങളില്‍ (നിന്ന്) രക്തസാക്ഷികളെ ഉണ്ടാക്കുക. രക്തസാക്ഷികള്‍ക്ക് അല്ലാഹുവിങ്കല്‍ ലഭിക്കുന്ന സ്ഥാനം വളരെ മഹത്തായതാണല്ലോ. രക്തസാക്ഷികളായവര്‍ക്ക് അവരുടെ മരണശേഷം ലഭിക്കുന്ന മഹാനുഗ്രഹങ്ങള്‍ കാണുമ്പോള്‍, തങ്ങളെ വീണ്ടും വീണ്ടും ജീവിപ്പിച്ചു ശത്രുക്കളാല്‍ കൊല്ലപ്പെടുമാറാക്കിയാല്‍ നന്നായേനെ എന്ന് അവര്‍ കൊതിച്ചുകൊണ്ടിരിക്കുമെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിചെയ്തിട്ടുള്ളത് പ്രസ്താവ്യമാണ്. ഉഹ്ദിലാകട്ടെ, എഴുപത് പേര്‍ രക്തസാക്ഷികളാകുകയും ചെയ്തു.

2. ഇസ്‌ലാമിനുവേണ്ടി എന്ത് ത്യാഗവും വരിക്കുവാന്‍ തക്കവണ്ണം ശുദ്ധീകരിച്ചെടുക്കപ്പെട്ട സത്യസാക്ഷികള്‍- അഥവാ മാതൃകാ പുരുഷന്‍മാര്‍- ഉണ്ടായിത്തീരുക. രണ്ടഭിപ്രായങ്ങളും അവസാനം ഒരേ തത്വത്തില്‍ തന്നെ കലാശിക്കുന്നതാണെന്ന് കാണാം. لِيَعْلَمَ الَّله (അല്ലാഹു അറിയുവാന്‍ വേണ്ടി) എന്ന് 140-ാം വചനത്തിലും, وَلَمَّا يَعْلَمِ الَّله (അല്ലാഹു അറിഞ്ഞിട്ടില്ലാതിരിക്കെ) എന്ന് അടുത്ത താഴെ വചനത്തിലും കാണുന്നതുപോലെയുള്ള പ്രയോഗങ്ങളില്‍ നിന്ന്- ചില യുക്തിവാദക്കാര്‍ സമര്‍ത്ഥിക്കാറുള്ളതുപോലെ- കാര്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് അല്ലാഹുവിന് അവയെപ്പറ്റി അറിയുന്നതല്ലെന്ന് ആരും ധരിച്ച് പോകരുത്. ഭൂത – വര്‍ത്തമാന – ഭാവി കാല വ്യത്യാസം കൂടാതെയും, ചെറുപ്പ വലുപ്പ വ്യത്യാസം കൂടാതെയും സകലകാര്യങ്ങളും അറിയുന്നവനാണ് അല്ലാഹു എന്ന യാഥാര്‍ത്ഥ്യം നിരവധി ക്വുര്‍ആന്‍ വചനങ്ങള്‍കൊണ്ടും, നബി വചനങ്ങള്‍കൊണ്ടും, സംശയാതീതമായി സ്ഥാപിതമായതാകുന്നു. ബുദ്ധിയും യുക്തിയും അതിന്‍റെ അനിവാര്യത വിളിച്ചോതുകയും ചെയ്യുന്നു. അല്ലാഹുവിന് മുന്‍കൂട്ടി അറിയാവുന്ന ആ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും കാണത്തക്കവണ്ണം അനുഭവത്തിലൂടെ വെളിപ്പെ ട്ടുകാണുക എന്നത്രെ ആ വാക്കുകളുടെ താല്‍പര്യം. താഴെ 179-ാം വചനത്തില്‍ നിന്നു തന്നെ ഇത് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്. إِن شَاءَ اللَّهُ

3:142
  • أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَـٰهَدُوا۟ مِنكُمْ وَيَعْلَمَ ٱلصَّـٰبِرِينَ ﴾١٤٢﴿
  • അതല്ല- നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് നിങ്ങള്‍ വിചാരിച്ചുവോ? നിങ്ങളില്‍ നിന്നും സമരം ചെയ്തവരെ അല്ലാഹു (വേര്‍തിരിച്ച്) അറിയുകയും, ക്ഷമാലുക്കളെ (വേര്‍തിരിച്ച്) അറിയുകയും, ചെയ്തിട്ടില്ലാതിരിക്കെ!
  • أَمْ حَسِبْتُمْ അതോ (അതല്ല) നിങ്ങള്‍ വിചാരിച്ചുവോ, ഗണിച്ചുവോ أَن تَدْخُلُوا നിങ്ങള്‍ പ്രവേശിക്കുമെന്ന്, നിങ്ങള്‍ക്ക് കടക്കാമെന്ന് الْجَنَّةَ സ്വര്‍ഗത്തില്‍ وَلَمَّا يَعْلَمِ അറിഞ്ഞിട്ടില്ലാതെ, അറിയാതിരിക്കെ اللَّهُ അല്ലാഹു الَّذِينَ جَاهَدُوا സമരം (ധര്‍മ യുദ്ധം) ചെയ്തവരെ مِنكُمْ നിങ്ങളില്‍ നിന്ന് وَيَعْلَمَ അവന്‍ അറിയുകയും (ചെയ്യാതെ) الصَّابِرِينَ ക്ഷമിക്കുന്നവരെ, ക്ഷമാലുക്കളെ
3:143
  • وَلَقَدْ كُنتُمْ تَمَنَّوْنَ ٱلْمَوْتَ مِن قَبْلِ أَن تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنتُمْ تَنظُرُونَ ﴾١٤٣﴿
  • തീര്‍ച്ചയായും, നിങ്ങള്‍ മരണത്തെ കൊതിച്ചുകൊണ്ടിരുന്നിട്ടുണ്ട് അതിനെ കണ്ടുമുട്ടുന്നതിന് മുമ്പ്. ഇപ്പോള്‍, നിങ്ങളത് (അനുഭവത്തില്‍) നോക്കിക്കൊണ്ട് (തന്നെ) കണ്ടു കഴിഞ്ഞിരിക്കയാണ്.
  • وَلَقَدْ كُنتُمْ തീര്‍ച്ചയായും നിങ്ങള്‍ ആയിരുന്നിട്ടുണ്ട് تَمَنَّوْنَ നിങ്ങള്‍ കൊതിക്കുക الْمَوْتَ മരണത്തെ مِن قَبْلِ മുമ്പ് أَن تَلْقَوْهُ നിങ്ങളതിനെ കണ്ടുമുട്ടുന്നതിന് فَقَدْ رَأَيْتُمُوهُ എന്നാല്‍ നിങ്ങള്‍ അതിനെ കണ്ടിട്ടുണ്ട് وَأَنتُمْ നിങ്ങള്‍ (ആയിക്കൊണ്ട്) تَنظُرُونَ നിങ്ങള്‍ നോക്കും

ദീനിനുവേണ്ടി സമരം ചെയ്യുന്നവരെയും ശത്രുക്കളെ നേരിടുന്നതില്‍ സഹനവും ക്ഷമയും കൈക്കൊള്ളുന്നവരെയും അനുഭവത്തില്‍ വേര്‍തിരിച്ചറിയുവാന്‍ അവസരം ഉണ്ടാക്കുന്നതിന് മുമ്പ് -സത്യവിശ്വാസം സ്വീകരിച്ചുവെന്നതു കൊണ്ടുമാത്രം- നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍, അതുവേണ്ട. (2:214; 29:2 എന്നീ വചനങ്ങളും നോക്കുക.) മുന്‍ സമുദായങ്ങളില്‍ കഴിഞ്ഞതുപോലുള്ള പല പരീക്ഷണങ്ങള്‍ക്കും നിങ്ങളും വിധേയരാകേണ്ടതുണ്ട്. പരീക്ഷണങ്ങളില്‍ സ്ഥൈര്യവും, സഹനവും അവലംബിക്കുന്നവര്‍ക്കേ ഇഹത്തില്‍ വിജയവും, പരത്തില്‍ സ്വര്‍ഗവും ലഭിക്കുകയുള്ളൂ. ശത്രുക്കളുമായി അടരാടി ഇസ്‌ലാമിനുവേണ്ടി വീരമൃത്യു അടയുവാന്‍ വളരെ കൊതിച്ചിരുന്നുവല്ലോ നിങ്ങള്‍. ഇപ്പോള്‍ നിങ്ങളത് അനുഭവത്തില്‍ കണ്ടുകഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് സധീരം അതിനെ നേരിടുവാന്‍ തയ്യാറാകുകയാണ് നിങ്ങള്‍ ചെയ്യേണ്ടത് എന്ന് സാരം. ‘അല്ലാഹു അറിയാത്ത സ്ഥിതിക്ക് (وَلَمَّايَعْلَمِ الَّله) എന്നതിന്‍റെ താല്‍പര്യം കഴിഞ്ഞ വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ പറഞ്ഞത് ഓര്‍ക്കുക.

യുദ്ധം നിയമിക്കപ്പെടുന്നതിന് മുമ്പുതന്നെ, ശത്രുക്കളുടെ മര്‍ദ്ദനവും അക്രമവും നിമിത്തം അവരുമായി ഏറ്റുമുട്ടുവാനുള്ള ആഗ്രഹം സത്യവിശ്വാസികളില്‍ ഉണ്ടായിരുന്നു. (സൂറ: ഹജ്ജ് 39-ാം വചനവും വ്യാഖ്യാനവും നോക്കുക.) ബദ്ര്‍ യുദ്ധം കഴിഞ്ഞ ശേഷം, അതില്‍ പങ്കെടുക്കുവാന്‍ കഴിയാതെ വന്നതില്‍ പലരും ഖേദിച്ചുകൊണ്ടിരിക്കെയാണ് ഉഹ്ദ് സംഭവം ഉണ്ടായത്. ഇതൊക്കെയാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ശത്രുക്കളോടുള്ള പ്രതികാരവാഞ്ഛ മാത്രമല്ല അവരെ അതിന് പ്രേരിപ്പിച്ചിരുന്നത്. ദീനിനുവേണ്ടി ത്യാഗവും, രക്തസാക്ഷ്യവും വരിച്ച് പുണ്യം നേടണമെന്നായിരുന്നു അവരുടെ മോഹം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങനെ അരുള്‍ ചെയ്തിരിക്കുന്നു: ‘ശത്രുവിനെ കണ്ടുമുട്ടുവാന്‍ നിങ്ങള്‍ മോഹിക്കരുത്. അല്ലാഹുവിനോട് (അതില്‍ നിന്ന്) ഒഴിവാക്കിത്തരുവാന്‍ ചോദിച്ചുകൊള്ളണം. ഇനി, നിങ്ങള്‍ അവരുമായി കണ്ടുമുട്ടിയെങ്കിലോ, അപ്പോള്‍ നിങ്ങള്‍ ക്ഷമ കൈക്കൊള്ളണം. നിങ്ങള്‍ അറിഞ്ഞുകൊള്ളുക; സ്വര്‍ഗം വാളുകളുടെ തണലിലാണെന്ന്.’ (ബു; മു.)

വിഭാഗം - 15

3:144
  • وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ ۚ أَفَإِي۟ن مَّاتَ أَوْ قُتِلَ ٱنقَلَبْتُمْ عَلَىٰٓ أَعْقَـٰبِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ ٱللَّهَ شَيْـًٔا ۗ وَسَيَجْزِى ٱللَّهُ ٱلشَّـٰكِرِينَ ﴾١٤٤﴿
  • മുഹമ്മദ് ഒരു റസൂല്‍ [ദൂതന്‍] അല്ലാതെ (മറ്റൊന്നും) അല്ല. അദ്ദേഹത്തിന് മുമ്പ് റസൂലുകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്നിരിക്കെ, അദ്ദേഹം മരണപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മടമ്പ് കാലുകളില്‍ തിരിച്ചു പോകുകയോ! ആരെങ്കിലും തന്‍റെ മടമ്പുകാലുകളില്‍ തിരിച്ചുപോകുന്നപക്ഷം, അവന്‍ അല്ലാഹുവിന് യാതൊന്നും ദ്രോഹം വരുത്തുകയില്ല തന്നെ. നന്ദി കാണിക്കു ന്നവര്‍ക്ക് അല്ലാഹു വഴിയെ പ്രതിഫലം നല്‍കുകയും ചെയ്യും.
  • وَمَا مُحَمَّدٌ മുഹമ്മദല്ല إِلَّا رَسُولٌ ഒരു റസൂലല്ലാതെ قَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ട് مِن قَبْلِهِ അദ്ദേഹത്തിനുമുമ്പ് الرُّسُلُ റസൂലുകള്‍ أَفَإِن مَّاتَ എന്നിരിക്കെ അദ്ദേഹം മരണപ്പെട്ടെങ്കില്‍ أَوْ قُتِلَ അല്ലെങ്കില്‍ കൊല്ലപ്പെട്ടു (വെങ്കില്‍) انقَلَبْتُمْ നിങ്ങള്‍ മാറി (തിരിച്ചു)പ്പോകുക(യോ) عَلَىٰ أَعْقَابِكُمْ നിങ്ങളുടെ മടമ്പുകാലുകളിലായി وَمَن يَنقَلِبْ ആരെങ്കിലും (വല്ലവരും) മാറി (തിരിഞ്ഞു- തിരിച്ചു) പോകുന്ന പക്ഷം عَلَىٰ عَقِبَيْهِ തന്‍റെ (രണ്ട്) മടമ്പുകാലുകളില്‍ فَلَن يَضُرَّ എന്നാലവന്‍ ദ്രോഹം വരുത്തുന്നതേയല്ല اللَّهَ അല്ലാഹുവിന് شَيْئًا യാതൊന്നും, ഒട്ടും وَسَيَجْزِي വഴിയെ പ്രതിഫലം കൊടുക്കുകയും ചെയ്യും اللَّهُ അല്ലാഹു الشَّاكِرِينَ നന്ദി ചെയ്യുന്ന (കാണിക്കുന്ന) വര്‍ക്ക്
3:145
  • وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَـٰبًا مُّؤَجَّلًا ۗ وَمَن يُرِدْ ثَوَابَ ٱلدُّنْيَا نُؤْتِهِۦ مِنْهَا وَمَن يُرِدْ ثَوَابَ ٱلْـَٔاخِرَةِ نُؤْتِهِۦ مِنْهَا ۚ وَسَنَجْزِى ٱلشَّـٰكِرِينَ ﴾١٤٥﴿
  • ഒരു ദേഹത്തിനും [ആള്‍ക്കും] അല്ലാഹുവിന്‍റെ അനുമതിയോടെയല്ലാതെ മരണപ്പെടുവാന്‍ നിവൃത്തിയില്ല; അവധി കുറിക്കപ്പെട്ട ഒരു രേഖയായിട്ട് (അവനത് രേഖപ്പെടു ത്തിയിരിക്കുന്നു). ആരെങ്കിലും ഇഹലോകത്തെ പ്രതിഫലം ഉദ്ദേശിക്കുന്ന പക്ഷം അവന് അതില്‍വെച്ച് നാം നല്‍കുന്നതാണ്. ആരെങ്കിലും പരലോകത്തെ പ്രതിഫലം ഉദ്ദേശിക്കുന്ന പക്ഷം, അവന് അതില്‍ വെച്ച് നാം നല്‍കുന്നതാണ്. നന്ദി കാണിക്കുന്നവര്‍ക്ക് വഴിയെ നാം പ്രതിഫലം കൊടുക്കുകയും ചെയ്യും.
  • وَمَا كَانَ ഉണ്ടാകാവതല്ല (നിവൃത്തിയില്ല- പാടില്ല) لِنَفْسٍ ഒരു ദേഹത്തിനും, വ്യക്തിക്കും أَن تَمُوتَ അത് മരണപ്പെടല്‍ إِلَّا بِإِذْنِ അനുമതിയോടെയല്ലാതെ اللَّهِ അല്ലാഹുവിന്‍റെ كِتَابًا രേഖയായിട്ട്, നിശ്ചയമായി مُّؤَجَّلًا അവധി നിശ്ചയിക്കപ്പെട്ട وَمَن يُرِدْ ആരെങ്കിലും ഉദ്ദേശിക്കുന്നപക്ഷം ثَوَابَ الدُّنْيَا ഇഹത്തിലെ പ്രതിഫലം نُؤْتِهِ അവന് നാം നല്‍കും مِنْهَا അതില്‍ നിന്ന് (അതില്‍വെച്ച്) وَمَن يُرِدْ ആരെങ്കിലും ഉദ്ദേശിക്കുന്നപക്ഷം ثَوَابَ الْآخِرَةِ പരലോകത്തെ പ്രതിഫലം نُؤْتِهِ مِنْهَا അവന് അതില്‍ നിന്ന് (അതില്‍ വെച്ച്) നാം നല്‍കും وَسَنَجْزِي വഴിയെ നാം പ്രതിഫലം കൊടുക്കുകയും ചെയ്യും الشَّاكِرِينَ നന്ദി കാണിക്കുന്നവര്‍ക്ക്

ഉഹ്ദിലെ യുദ്ധരംഗം മൂര്‍ദ്ധന്യത്തില്‍ എത്തിയ അവസരത്തില്‍ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊല്ലപ്പെട്ടുവെന്നൊരു കിംവദന്തി പരക്കുകയുണ്ടായ വിവരം മുമ്പ് പറഞ്ഞുവല്ലോ. ഇത് മുസ്‌ലിംകളില്‍ വലിയ അമ്പരപ്പുണ്ടാക്കി. ‘മുഹമ്മദ് കൊല്ലപ്പെട്ടെങ്കില്‍ ഇനി എന്തിന് യുദ്ധം ചെയ്യണം.’ ‘ഇനി, നമുക്ക് നമ്മുടെ പഴയ മതത്തിലേക്കുതന്നെ മടങ്ങാമല്ലോ’ എന്നൊക്കെ പലരും പറഞ്ഞു. കപടവിശ്വാസികളും, ദുര്‍ബ്ബല വിശ്വാസികളുമായിരിക്കും ഇതിന്‍റെ വക്താക്കള്‍ എന്ന് പറയേണ്ടതില്ല. നേരെമറിച്ച് ‘മുഹമ്മദ് കൊല്ലപ്പെട്ടെങ്കില്‍ വിരോധമില്ല. അദ്ദേഹം നമുക്ക് എത്തിച്ചുതരേണ്ടത് എത്തിച്ചു തന്നിരിക്കുന്നു, നാം നമ്മുടെ മതത്തിനുവേണ്ടി യുദ്ധം ചെയ്യുക’ എന്നും ചിലര്‍ പറഞ്ഞു. പലരും യുദ്ധക്കളം വിട്ടുപോയി. ചുരുക്കിപ്പറഞ്ഞാല്‍, ആ വാര്‍ത്ത മുസ്‌ലിംകളെ പൊതുവില്‍ നിര്‍വീര്യമാക്കുകയും, ഭയത്തിലാഴ്ത്തുകയും ചെയ്തു. ഇതിനെപ്പറ്റിയാണ് അല്ലാഹു പറയുന്നത്.

മുഹമ്മദ് കേവലം അല്ലാഹുവിന്‍റെ ഒരു റസൂല്‍ മാത്രമാണ്. അദ്ദേഹം ദൈവമോ ദൈവപുത്രനോ ഒന്നുമല്ല, എന്നിരിക്കെ, അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം. എന്നാലും നിങ്ങള്‍ മതവും വിശ്വാസവും വിട്ട് പഴയ നിലപാടിലേക്ക് മടങ്ങുകയോ?! ഇത്ര ദുര്‍ബ്ബലമാണോ നിങ്ങളുടെ വിശ്വാസം?! റസൂലുകള്‍ പരലോകം പ്രാപിക്കുകയെന്നത് പുതുമയൊന്നുമല്ല. മുമ്പ് കഴിഞ്ഞ റസൂലുകളാരും ബാക്കിയില്ലല്ലോ. അവരില്‍ ചിലര്‍ കൊല്ലപ്പെടുകയും ഉണ്ടായിട്ടുണ്ട്. റസൂലിന്‍റെ ജീവിതത്തോട് മാത്രം ബന്ധപ്പെട്ടതല്ല സത്യവിശ്വാസം. എനി, കാരണമെന്തായിരുന്നാലും സത്യദീന്‍ വിട്ടേച്ചുകൊണ്ട് പഴയ ശിര്‍ക്കിലേക്കും കുഫ്‌റിലേക്കും വല്ലവരും മടങ്ങിപ്പോകുകയാണെങ്കില്‍, ആ നന്ദികേടിന്‍റെ ഭവിഷ്യത്ത് അവര്‍ അനുഭവിക്കേണ്ടിവരും. അല്ലാഹുവിന് അതുകൊണ്ട് ഒരു ദോഷവും നേരിടുവാനില്ല. ഒരു കാര്യമുണ്ട്. അല്ലാഹു ചെയ്തുകൊടുത്ത സന്‍മാര്‍ഗ ദര്‍ശനം മുതലായ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിച്ചു കൊണ്ടു ആമാര്‍ഗത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് അല്ലാഹു പിന്നീട് വമ്പിച്ച പ്രതിഫലം തീര്‍ച്ചയായും നല്‍കുന്നതാണ്,.

മരണത്തെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തിയുടേയും- പ്രവാചകനെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ല- മരണം ഇന്നപ്പോഴായിരിക്കുമെന്നുള്ള ഒരു നിശ്ചിത അവധി അല്ലാഹു മുമ്പേ കണക്കാക്കിവെച്ചിട്ടുണ്ട്. ആ അവധിക്ക് മുമ്പോ പിമ്പോ അത് സംഭവിക്കുകയില്ല. യുദ്ധം മുതലായ കാരണംകൊണ്ട് അത് നിശ്ചിത സമയത്തിന് മുമ്പ് സംഭവിച്ചേക്കുമെന്നോ, ഓടി രക്ഷപ്പെട്ടതുകൊണ്ട് അതില്‍നിന്ന് രക്ഷപ്പെടാമെന്നോ ആരും ധരിക്കേണ്ടതില്ല. അല്‍പായുസ്സ് ലഭിക്കുന്നതും, ദീര്‍ഘായുസ്സ് ലഭിക്കുന്നതുമെല്ലാം ആ നിശ്ചയമനുസരിച്ച് മാത്രമാകുന്നു. (35: 11) വേറൊരു കാര്യം; യുദ്ധത്തില്‍ പങ്കെടുക്കുക മുതലായ കര്‍മങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം അവരവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ചായിരിക്കും ലഭിക്കുക. ധനം സമ്പാദിക്കുകപോലുള്ള ഐഹികലാഭങ്ങളാണ് വല്ലവരുടെയും ഉദ്ദേശ്യമെങ്കില്‍ ഐഹികമായ നേട്ടങ്ങളായിരിക്കും അവര്‍ക്ക് സിദ്ധിക്കുക. പാരത്രികനേട്ടങ്ങളാണ് വല്ലവരുടെയും ഉദ്ദേശ്യമെങ്കില്‍ അവര്‍ക്ക് ലഭിക്കുന്നത് പാരത്രിക നേട്ടങ്ങളുമായിരിക്കും. നന്ദിയുള്ളവര്‍ക്കാകട്ടെ, കൂടുതല്‍ നല്‍കപ്പെടുകയും ചെയ്യും. എന്നൊക്കെയാണ് ഈ വചനങ്ങളിലടങ്ങിയ ആശയങ്ങള്‍.

റസൂല്‍ തിരുമേനി ചരമം പ്രാപിച്ചപ്പോള്‍, സ്വഹാബികള്‍ സ്തംഭിച്ചുപോകുകയും, ധീരനായ ഉമര്‍ (റ) അടക്കം പലരും തിരുമേനിയുടെ മരണത്തെ നിഷേധിക്കു കയും ഉണ്ടായ സംഭവം പ്രസിദ്ധമാണ്. തല്‍സമയം അവിടെ ഇല്ലായിരുന്ന അബൂബക്ര്‍ (റ) വന്ന് തിരുമേനിയെ നോക്കിക്കണ്ടശേഷം അദ്ദേഹം പറഞ്ഞു: ‘മുഹമ്മദിനെ ആരെങ്കിലും ആരാധിക്കുന്നുവെങ്കില്‍, മുഹമ്മദ് മരണമടഞ്ഞുപോയി. അല്ലാഹുവിനെ ആരെങ്കിലും ആരാധിക്കുന്നുവെങ്കില്‍ അവന്‍ ശേഷിച്ചിരിക്കുന്നു.’ തുടര്‍ന്നുകൊണ്ട് അദ്ദേഹം ഈ (144-ാം) വചനം ഓതുകയും ചെയ്തു. ഇതുകേട്ടപ്പോഴാണ് ഉമര്‍ (റ)നും മറ്റും സുബോധം തിരിച്ചു കിട്ടിയത്. ‘ഈ ആയത്ത് മുമ്പ് കേട്ടിട്ടില്ലാത്തപോലെതോന്നി’ എന്ന് അവര്‍ പറയുകയും ഉണ്ടായി.

قَدْ خَلَتْ مِنْ قَبْلِهِ اِلرُّسُلُ (അദ്ദേഹത്തിന്‍റെ മുമ്പ് റസൂലുകള്‍ കഴിഞ്ഞുപോയിട്ടുണ്ട്) എന്ന വാക്യം ചില സ്ഥാപിത താല്‍പര്യക്കാര്‍ തങ്ങളുടെ ഒരു വക്രവാദത്തിന് തെളിവായി ചൂഷണം ചെയ്യാറുണ്ട്. ഈസാ (عليه السلام) ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ലെന്നും, സാധാരണപോലെ മരണപ്പെട്ടിട്ടുണ്ടെന്നും വാദിക്കുന്നവരാണവര്‍. റസൂല്‍ തിരുമേനിക്ക് മുമ്പുള്ള റസൂലുകളെല്ലാം കാലം കഴിഞ്ഞുപോയി- അഥവാ മരണമടഞ്ഞു കഴിഞ്ഞു- എന്നാണല്ലോ ഈ വാക്യം കുറിക്കുന്നത് എന്ന് അവര്‍ പറയുന്നു. خلا (ഖലാ) എന്ന ക്രിയയുടെ അര്‍ത്ഥം ‘കഴിഞ്ഞുപോയി, തനിച്ചായി, ഒഴി വായി (مضى، ان فرد، فرغ)’ എന്നൊക്കെയാണ്. കാലത്തെ അപേക്ഷിച്ചും സ്ഥലത്തെ അപേക്ഷിച്ചും അത് ഉപയോഗിക്കപ്പെടുമെങ്കിലും ഭൂതകാലത്തെയാണ് അതില്‍ പരിഗണിക്ക പ്പെടുന്നതെന്ന കാരണത്താല്‍ ഭാഷാപണ്ഡിതന്‍മാര്‍ അതിന് ‘കാലം കഴിഞ്ഞുപോയി (مضى، الزمان، وذ ھب)’ എന്നാണ് അര്‍ത്ഥം നല്‍കാറുള്ളതെന്ന് ഇമാം റാഗിബ് (റ) പ്രസ്താവിച്ചിരിക്കുന്നു. അപ്പോള്‍, റസൂലുകള്‍ കാലം കഴിഞ്ഞുപോയി എന്നോ, അല്ലെ ങ്കില്‍ അവര്‍ (ഈ ലോകത്തുനിന്ന്) സ്ഥലം വിട്ടുപോയി എന്നോ അല്ലാതെ, അവര്‍ മര ണപ്പെട്ടുപോയി എന്ന ആ വാക്കിന് അര്‍ത്ഥമില്ലതന്നെ. മരണം മുഖേനയോ ഭൂമിയില്‍നിന്ന് വിട്ടുപോകുന്നത് മുഖേനയോ അത് സംഭവിക്കാം. എനി, മരണപ്പെട്ടു എന്ന് തന്നെയാണ് ആ പദത്തിന് അര്‍ത്ഥമെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍തന്നെയും ‘എല്ലാ റസൂലുകളും’ എന്ന് അല്ലാഹു പറഞ്ഞിട്ടില്ല. മൊത്തത്തില്‍ ‘റസൂലുകള്‍’ (الرُّسُلُ) എന്നേ പറഞ്ഞിട്ടുള്ളൂ. അപ്പോള്‍ ഒന്നോ, ഒന്നിലധികമോ പേര്‍ അതില്‍നിന്നൊഴിവാണെ ങ്കില്‍പോലും അതില്‍ അസാംഗത്യമായി ഒന്നുമില്ല. അതേസമയത്ത് خلا എന്ന വാക്കിന് ‘മരണപ്പെട്ടു’ എന്നര്‍ത്ഥമില്ലെന്ന് ക്വുര്‍ആനില്‍ പലേടത്തും ആ വാക്കാണ് ഉപ യോഗിച്ച സന്ദര്‍ഭം നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതുമാണ്. (ഉദാഹരണം: 2:14,76; 3:119,137) انْقَلِبْ عَلى عَقِبَيْهِ (മടമ്പ് കാലുകളില്‍ തിരിച്ചു പോയി) എന്ന വാക്ക് ‘വന്നപാടെ മടങ്ങി’, ‘വന്ന കാലില്‍ തന്നെ മടങ്ങി’ എന്നൊക്കെ മലയാളത്തില്‍ പറയാറുള്ളതുപോലെ അറബിയിലുള്ള ഒരു പ്രയോഗമാകുന്നു.

3:146
  • وَكَأَيِّن مِّن نَّبِىٍّ قَـٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا۟ لِمَآ أَصَابَهُمْ فِى سَبِيلِ ٱللَّهِ وَمَا ضَعُفُوا۟ وَمَا ٱسْتَكَانُوا۟ ۗ وَٱللَّهُ يُحِبُّ ٱلصَّـٰبِرِينَ ﴾١٤٦﴿
  • എത്രയോ നബിമാരാണ്- അവരോടൊപ്പം ധാരാളം 'റിബ്ബീ'കള്‍ [പുണ്യ പുരുഷന്‍മാര്‍] യുദ്ധം ചെയ്തിട്ടുള്ളത്! എന്നിട്ട്, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ക്ക് (ആപത്ത്) ബാധിച്ചതിനാല്‍ അവര്‍ അധൈര്യപ്പെട്ടിട്ടില്ല; അവര്‍ക്ക് ദൗര്‍ബല്യമുണ്ടായതുമില്ല; അവര്‍ (ശത്രുവിന്) ഒതുങ്ങിക്കൊടുത്തതുമില്ല; അല്ലാഹുവാകട്ടെ, ക്ഷമിക്കുന്ന വരെ സ്‌നേഹിക്കുന്നു.
  • وَكَأَيِّن എത്രയോ مِّن نَّبِيٍّ നബിയായി قَاتَلَ യുദ്ധം ചെയ്തിരിക്കുന്നു مَعَهُ അദ്ദേഹത്തോടൊപ്പം (അവരോടുകൂടി) رِبِّيُّونَ രിബ്ബീകള്‍ (പുണ്യപുരുഷന്‍മാര്‍) كَثِيرٌ വളരെ فَمَا وَهَنُوا എന്നിട്ട് അവര്‍ അധൈര്യപ്പട്ടില്ല لِمَا أَصَابَهُمْ അവര്‍ക്ക് ബാധിച്ചതിനാല്‍ فِي سَبِيلِ മാര്‍ഗത്തില്‍ اللَّهِ അല്ലാഹുവിന്‍റെ وَمَا ضَعُفُوا അവര്‍ ബലഹീനരായതുമില്ല وَمَا اسْتَكَانُوا അവര്‍ ഒതുങ്ങിക്കൊടുത്തതുമില്ല وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ يُحِبُّ അവന്‍ സ്‌നേഹിക്കുന്നു الصَّابِرِينَ ക്ഷമിക്കുന്നവരെ
3:147
  • وَمَا كَانَ قَوْلَهُمْ إِلَّآ أَن قَالُوا۟ رَبَّنَا ٱغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِىٓ أَمْرِنَا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ ﴾١٤٧﴿
  • അവരുടെ വാക്ക് അവര്‍ (ഇങ്ങനെ) പറയലല്ലാതെ (മറ്റൊന്നും) ആയിരുന്നുമില്ല; 'ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളെയും, ഞങ്ങളുടെ കാര്യത്തില്‍ ഞങ്ങളുടെ അതിരു കവിയലിനെയും നീ ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ! ഞങ്ങളുടെ കാലടികളെ (പതറാതെ) ഉറപ്പിച്ച് തരുകയും, അവിശ്വാസികളായ ജനങ്ങളുടെ മേല്‍ ഞങ്ങളെ നീ സഹായിക്കുക യും ചെയ്യേണമേ!'
  • وَمَا كَانَ ആയിരുന്നതുമില്ല قَوْلَهُمْ അവരുടെ വാക്ക് إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ رَبَّنَا ഞങ്ങളുടെ റബ്ബേ اغْفِرْ لَنَا ഞങ്ങള്‍ക്ക് നീ പൊറുത്ത് തരണേ ذُنُوبَنَا ഞങ്ങളുടെ പാപങ്ങള്‍ وَإِسْرَافَنَا ഞങ്ങളുടെ അതിര് കവിയലും فِي أَمْرِنَا ഞങ്ങളുടെ കാര്യത്തില്‍ وَثَبِّتْ നീ സ്ഥിരപ്പെടുത്തുക (ഉറപ്പിക്കുക)യും വേണമേ أَقْدَامَنَا ഞങ്ങളുടെ പാദങ്ങള്‍ وَانصُرْنَا നീ ഞങ്ങളെ സഹായിക്കുകയും വേണമേ عَلَى الْقَوْمِ ജനങ്ങള്‍ക്കെതിരെ الْكَافِرِينَ അവിശ്വാസികളായ
3:148
  • فَـَٔاتَىٰهُمُ ٱللَّهُ ثَوَابَ ٱلدُّنْيَا وَحُسْنَ ثَوَابِ ٱلْـَٔاخِرَةِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ ﴾١٤٨﴿
  • അങ്ങനെ, അല്ലാഹു അവര്‍ക്ക് ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ നല്ല പ്രതിഫലവും നല്‍കി. അല്ലാഹുവാകട്ടെ നന്മ പ്രവര്‍ത്തിക്കുന്നവരെ സ്‌നേഹിക്കുന്നു.
  • فَآتَاهُمُ അങ്ങനെ (അതിനാല്‍- എന്നിട്ട്) അവര്‍ക്ക് നല്‍കി اللَّهُ അല്ലാഹു ثَوَابَ الدُّنْيَا ഇഹത്തിലെ പ്രതിഫലം وَحُسْنَ ثَوَابِ നല്ല പ്രതിഫലവും الْآخِرَةِ പരലോകത്തെ وَاللَّهُ അല്ലാഹുവാകട്ടെ يُحِبُّ ഇഷ്ടപ്പെടുന്നു الْمُحْسِنِينَ നന്മ ചെയ്യുന്നവരെ

ربى (രിബ്ബിയ്യ്) എന്നതിന്‍റെ ബഹുവചനമാണ് رِبِّيُّونَ (രിബ്ബിയ്യൂന്‍). ഏതാണ്ട് 79 -ാം വചനത്തില്‍ കണ്ട ر بانى (റബ്ബാനീ) പോലെയുള്ള ഒരു പദംതന്നെയാണിതും. ‘പുരോഹിതന്‍മാര്‍, വിജ്ഞാനികള്‍, ദിവ്യപുരുഷന്‍മാര്‍, പുണ്യവാന്‍മാര്‍, അനുയായികള്‍’ എന്നിങ്ങനെയും, ‘സംഘങ്ങള്‍’ എന്നും ഇതിന് അര്‍ത്ഥങ്ങള്‍ പറയപ്പെടാറുണ്ട്. അധികാരസ്ഥന്‍മാര്‍ക്ക് ‘റബ്ബാനീ’കള്‍ എന്നും അവരുടെ കീഴ്ജീവനക്കാര്‍ക്ക് ‘രിബ്ബീകള്‍’ എന്നും പറയപ്പെടുമെന്ന് വേറെയും അഭിപ്രായമുണ്ട്. ഏതായാലും, ആയത്തിന്‍റെ താല്‍പര്യം വ്യക്തം തന്നെ.

മുമ്പ് എത്രയോ പ്രവാചകന്‍മാരോടൊപ്പം അവരുടെ അനുയായികളായിരുന്ന ധാരാളക്കണക്കില്‍ നല്ല മനുഷ്യന്‍മാര്‍ സത്യദീനിനുവേണ്ടി ശത്രുക്കളുമായി അടരാടുകയുണ്ടായിട്ടുണ്ട്. ശത്രുക്കളില്‍ നിന്ന് അവര്‍ക്ക് പല അനിഷ്ട സംഭവങ്ങളും നേരിട്ടിട്ടുമുണ്ട്. എന്നിട്ടൊന്നും അവര്‍ അക്ഷമയോ, അധൈര്യമോ, ദൗര്‍ല്യമോ കാണിച്ചിരുന്നില്ല. ശത്രുക്കള്‍ക്ക് കീഴൊതുങ്ങി അടിയറവെച്ചതുമില്ല. തങ്ങളുടെ പാപമോചനത്തിനും, ശത്രുക്കളുടെ മുമ്പില്‍ കാലിടറാതെ ഉറച്ചുനിന്നു വിജയം വരിക്കാനുള്ള സഹായത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും, എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുകയുമാണവര്‍ ചെയ്തത്. അങ്ങനെ, ഇഹത്തില്‍ അവര്‍ക്ക് അല്ലാഹു വിജയവും സമാധാനവും നല്‍കി. പരത്തില്‍ വമ്പിച്ച പ്രതിഫലങ്ങളും നല്‍കി. അവരുടെ മാതൃക നിങ്ങളും സ്വീകരിച്ചുകൊള്ളണം. ക്ഷമാലുക്കളെയും, പുണ്യവാന്‍മാരെയും അല്ലാഹു സഹായിക്കാതിരിക്കുകയുമില്ല എന്ന് നിങ്ങള്‍ ഓര്‍മിക്കണം എന്ന് സാരം.

قَاتَلَ مَعَهُ എന്നതിന്‍റെ സ്ഥാനത്ത് قوتل معه എന്നും വായിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ‘അവരോടൊപ്പം -നബിമാരോടൊപ്പം- വളരെ രിബ്ബീകള്‍ കൊലചെയ്യപ്പെട്ടു’ എന്നായിരിക്കും അര്‍ത്ഥം. ഇതനുസരിച്ച് ആയത്തിന്‍റെ സാരം ഇങ്ങനെ മനസ്സിലാക്കാം: എത്രയോ നബിമാരും, അവരോടൊപ്പം യുദ്ധം ചെയ്ത പുണ്യവാന്‍മാരും യുദ്ധത്തില്‍ മുമ്പ് കൊല്ലപ്പെടുകയുണ്ടായിട്ടുണ്ട്. എന്നിട്ട് ശേഷിച്ച സത്യവിശ്വാസികളായ അവരുടെ അനുയായികള്‍ക്ക് ദൗര്‍ബല്യമോ, ധൈര്യക്ഷയമോ ബാധിക്കാതെ അവര്‍ ഉറച്ചുനിന്നു. അത് നിങ്ങള്‍ക്ക് മാതൃകയായിരിക്കേണ്ടതല്ലേ? മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊല്ലപ്പെട്ടുവെന്നൊരു വാര്‍ത്ത കേള്‍ക്കുകയും, ചിലര്‍ മരണമടയുകയും ചെയ്തപ്പോഴേക്ക് നിങ്ങള്‍ക്ക് ഭീരുത്വം പിണയുകയും, നിങ്ങളുടെ വീര്യം കെട്ട് പോവുകയും ചെയ്തതുപോലെയല്ല പ്രവാചകന്‍മാരുടെ അനുയായികള്‍ ചെയ്യേണ്ടത്. ഇബ്‌നു ജരീര്‍ (റ) മുന്‍ഗണന നല്‍കിക്കാണുന്നത് രണ്ടാമത് പറഞ്ഞ് ഈ വായനക്കാകുന്നു. والله أعلم