സൂറത്തുല്‍ ഇസ്രാഉ് : 94-111
വിഭാഗം - 11
- وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰٓ إِلَّآ أَن قَالُوٓا۟ أَبَعَثَ ٱللَّهُ بَشَرًا رَّسُولًا ﴾٩٤﴿
- മനുഷ്യര്‍ക്കു സന്‍മാര്‍ഗ്ഗം വന്നപ്പോള്‍, അവര്‍ (അതില്‍) വിശ്വസിക്കുന്നതിനു അവരെ മുടക്കം ചെയ്തിട്ടില്ല. 'അല്ലാഹു മനുഷ്യനെ ഒരു റസൂലായി നിയോഗി(ച്ചയ)ച്ചിരിക്കുകയോ?' എന്നു അവര്‍ പറഞ്ഞ [വാദിച്ച] തല്ലാതെ!
- وَمَا مَنَعَ മുടക്കിയിട്ടില്ല, തടസ്സപ്പെടുത്തിയിട്ടില്ല النَّاسَ മനുഷ്യരെ أَن يُؤْمِنُوا അവര്‍ വിശ്വസിക്കുന്നതിനു, വിശ്വസിക്കലിനെ إِذْ جَاءَهُمُ അവര്‍ക്കു വന്നപ്പോള്‍ الْهُدَىٰ സന്‍മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ, പറയലല്ലാതെ أَبَعَثَ അയച്ചു (നിയോഗിച്ചു - എഴുന്നേല്‍പിച്ചു)വോ اللَّهُ അല്ലാഹു بَشَرًا ഒരു മനുഷ്യനെ, മനുഷ്യനായി رَّسُولًا റസൂലായി, റസൂലിനെ.
- قُل لَّوْ كَانَ فِى ٱلْأَرْضِ مَلَٰٓئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكًا رَّسُولًا ﴾٩٥﴿
- (നബിയേ) പറയുക: "ഭൂമിയില്‍ (സമാധാനപൂര്‍വ്വം) അടങ്ങിയവരായി നടന്നുകൊണ്ടിരിക്കുന്ന വല്ല മലക്കുകളും ഉണ്ടായിരുന്നുവെങ്കില്‍, അവരില്‍ ആകാശത്തു നിന്നു നാം മലക്കിനെ ഒരു റസൂലായി ഇറക്കുമായിരുന്നു."
- قُل പറയുക لَّوْ كَانَ ഉണ്ടായിരുന്നാല്‍ فِي الْأَرْضِ ഭൂമിയില്‍ مَلَائِكَةٌ മലക്കുകള്‍, വല്ല മലക്കുകളും يَمْشُونَ നടക്കുന്ന مُطْمَئِنِّينَ അടങ്ങിക്കൊണ്ടു, സമാധാനമടഞ്ഞവരായി لَنَزَّلْنَا നാം ഇറക്കുകതന്നെ ചെയ്തിരുന്നു عَلَيْهِم അവരില്‍, അവരുടെ മേല്‍ مِّنَ السَّمَاءِ ആകാശത്തു നിന്നു مَلَكًا മലക്കായിട്ടു, മലക്കിനെ رَّسُولًا ഒരു റസൂലിനെ, റസൂലായി.
അല്ലാഹു അയക്കുന്ന റസൂലുകള്‍ മലക്കുകളായിരിക്കേണ്ടതല്ലേ? എന്തുകൊണ്ട് മനുഷ്യനെ റസൂലായി അയക്കുന്നു? ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ ഞങ്ങള്‍ എങ്ങിനെ പിന്‍പറ്റും? എന്നൊക്കെ പൂര്‍വ്വകാലം മുതല്‍ക്കേ അവിശ്വാസികള്‍ വാദിച്ചുവന്നിരുന്നു. അതുപോലെ മക്കാ മുശ്രിക്കുകളും പറഞ്ഞുവന്നു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍ വിശ്വസിക്കാത്തതിന് അതവര്‍ ഒരു ന്യായമായി എടുത്തുകാണിക്കുകയും ചെയ്തു. ഒന്നാമത്തെ ആയത്തില്‍ പ്രസ്തുതവാദവും, രണ്ടാമത്തെ ആയത്തില്‍ അതിനുള്ള മറുപടിയുമാണ് കാണുന്നത്. മറുപടിയുടെ സാരം ഇതാണ്: ഭൂമിയില്‍ സമാധാനപൂര്‍വ്വം അടങ്ങിഒതുങ്ങിക്കഴിയുകയും മനുഷ്യരെപ്പോലെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന കുറെ മലക്കുകള്‍ ഉണ്ടായിരുന്നുവെങ്കില്‍, ആകാശത്തുനിന്ന് ഒരു മലക്കിനെ അവര്‍ക്ക് റസൂലായി അയക്കുമായിരുന്നു. പക്ഷേ, ഭൂമിയില്‍ അങ്ങിനെയുള്ള മലക്കുകള്‍ ഇല്ലല്ലോ. ഒരു കൂട്ടരിലേക്ക് റസൂലായി നിയോഗിക്കപ്പെടുന്ന ആള്‍ അവരുമായി ഇടപഴകുവാന്‍ പറ്റിയവരായിരിക്കേണ്ടതുണ്ട്. എന്നിരിക്കെ, ആത്മീയ ജീവികളും മനുഷ്യപ്രകൃതിയില്‍ നിന്നു വ്യത്യസ്തരുമായ മലക്കുകളെ മനുഷ്യരിലേക്ക് റസൂലായി അയച്ചിട്ട് എന്തുകാര്യം? അയച്ചാല്‍ തന്നെയും – സൂ: അന്‍ആം: 9ല്‍ അല്ലാഹു ചൂണ്ടിക്കാട്ടിയത് പോലെ – ആ മലക്കിനെ അദ്ദേഹത്തിന്റെ രൂപത്തിലും സ്വഭാവത്തിലുമൊക്കെ മനുഷ്യനാക്കേണ്ടതായും വരും. അപ്പോഴും ഈ ആക്ഷേപവും സംശയം നില നില്‍ക്കുമല്ലോ.
ഭൂമിയില്‍ മലക്കുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്നു പറഞ്ഞുമതിയാക്കാതെ നടന്നുകൊണ്ടിരിക്കുന്നവര്‍ (يَمْشُونَ) എന്നും, സമാധാനപ്പെട്ടു അടങ്ങിക്കൊണ്ടിരിക്കുന്നവര്‍ (مُطْمَئِنِّينَ) എന്നും രണ്ടു ഉപാധികള്‍കൂടി മലക്കുകളെപ്പറ്റി അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാകുന്നു. ഭൂമിയില്‍ ഓരോ ആവശ്യാര്‍ത്ഥം മലക്കുകള്‍ വന്നുപോയും കൊണ്ടിരിക്കുന്നുവെന്നും ഭൂമിയിലെ ചില കാര്യങ്ങളില്‍ മലക്കുകളും ബന്ധപ്പെടാറുണ്ടെന്നും ക്വുര്‍ആന്‍കൊണ്ടും, ഹദീഥുകള്‍കൊണ്ടും സ്ഥാപിതമായതാണ്. എന്നാലും അക്കാരണംകൊണ്ടു മലക്കിനെ റസൂലായി അയക്കുന്നതിന് അര്‍ത്ഥമില്ല. അവരും മനുഷ്യരെപ്പോലെ ഇവിടെ താമസിച്ചു കഴിഞ്ഞുകൂടുന്നുണ്ടെങ്കിലേ അതിന് അര്‍ത്ഥമുള്ളു. എന്നിങ്ങനെയുള്ള സൂചന അതില്‍ കാണാം. മുശ്രിക്കുകള്‍ക്ക് നല്‍കിയ ഈ മറുപടിയുടെ അര്‍ത്ഥവ്യാഖ്യാനങ്ങളെ വളച്ചുതിരിച്ചുകൊണ്ട് ‘ജിന്നു’ എന്നൊരു പ്രത്യേക വര്‍ഗ്ഗമില്ലെന്നും, മനുഷ്യരില്‍ തന്നെയുള്ള ചില വിഭാഗക്കാരാണ് ജിന്നുകളെന്നും വാദിക്കുന്ന ചില പുത്തന്‍ ആശയക്കാര്‍ 95-ാം വചനം തങ്ങള്‍ക്കൊരു തെളിവാക്കുവാന്‍ ഒരു പാഴ്ശ്രമം നടത്തിയിട്ടുണ്ട്. ഇതിനെപ്പറ്റി സൂറത്തുല്‍ ഹിജ്റിനുശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പില്‍ മുമ്പ് വിശദമായി സംസാരിചിട്ടുള്ളതുകൊണ്ടു ഇവിടെ പ്രത്യേകമൊന്നും പ്രസ്താവിക്കുന്നില്ല.
- قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًا ﴾٩٦﴿
- (നബിയേ) പറയുക: "എന്റെയും നിങ്ങളുടെയും ഇടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതി. നിശ്ചയമായും, അവന്‍ അവന്റെ അടിയാന്‍മാരെപ്പറ്റി സൂക്ഷ്മമായറിയുന്നവനും, കണ്ടറിയുന്നവനുമാകുന്നു.
- قُلْ പറയുക كَفَىٰ മതി بِاللَّهِ അല്ലാഹു (തന്നെ) شَهِيدًا സാക്ഷിയായി بَيْنِي എന്റെ ഇടയില്‍ وَبَيْنَكُمْ നിങ്ങളുടെ ഇടയിലും إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു بِعِبَادِهِ അവന്റെ അടിയാന്‍മാരെപ്പറ്റി خَبِيرًا സൂക്ഷ്മമായി അറിയുന്നവന്‍ بَصِيرًا കണ്ടറിയുന്നവന്‍.
- وَمَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُمْ أَوْلِيَآءَ مِن دُونِهِۦ ۖ وَنَحْشُرُهُمْ يَوْمَ ٱلْقِيَٰمَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا ۖ مَّأْوَىٰهُمْ جَهَنَّمُ ۖ كُلَّمَا خَبَتْ زِدْنَٰهُمْ سَعِيرًا ﴾٩٧﴿
- ഏതൊരുവനെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുന്നുവോ അവനത്രെ സന്മാര്‍ഗ്ഗം പ്രാപിക്കുന്നവന്‍. അവന്‍ ഏതൊരുവനെ വഴിപിഴവിലാക്കുന്നുവോ, അവര്‍ക്കു അവനെക്കൂടാതെ യാതൊരു മിത്രങ്ങളെ (അഥവാ രക്ഷാകര്‍ത്താക്കളെ)യും നീ കണ്ടെത്തുന്നതേ അല്ല. (മാത്രമല്ല) ക്വിയാമത്തുനാളില്‍ അവരെ അവരുടെ മുഖങ്ങളിലായി [മുഖം കുത്തി] ക്കൊണ്ടു നാം ഒരുമിച്ചു കൂട്ടുകയും ചെയ്യും; അന്ധന്‍മാരും, ഊമകളും, ബധിരന്‍മാരുമായിക്കൊണ്ട്. അവരുടെ സങ്കേതസ്ഥാനം 'ജഹന്നം' [നരകം] ആകുന്നു. അതു (ജ്വാല) അടങ്ങുമ്പോഴെല്ലാം അവര്‍ക്കു നാം ആളിക്കത്തല്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.
- وَمَن ആര്‍, ഏതൊരുവന്‍ يَهْدِ اللَّهُ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുന്നുവോ فَهُوَ എന്നാലവനത്രെ الْمُهْتَدِ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍ وَمَن ഏതൊരുവന്‍ (ആര്‍) يُضْلِلْ അവന്‍ വഴിപിഴവിലാക്കുന്നുവോ فَلَن تَجِدَ എന്നാല്‍ നീ കണ്ടെത്തുകയില്ലതന്നെ (നിനക്കു ലഭിക്കയേ ഇല്ല) لَهُمْ അവര്‍ക്കു أَوْلِيَاءَ ബന്ധുക്കളെ, ഒരു രക്ഷാകര്‍ത്താക്കളെയും مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ وَنَحْشُرُهُمْ അവരെ നാം ഒരുമിച്ചു കൂട്ടുകയും ചെയ്യും يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ عَلَىٰ وُجُوهِهِمْ അവരുടെ മുഖങ്ങളിലായി عُمْيًا അന്ധന്‍മാരായി وَبُكْمًا ഊമകളായും وَصُمًّا ബധിരന്‍മാരായും مَّأْوَاهُمْ അവരുടെ പ്രാപ്യ(സങ്കേത)സ്ഥാനം جَهَنَّمُ ജഹന്നമാകുന്നു كُلَّمَا خَبَتْ അടങ്ങി (ഒതുങ്ങി)പ്പോകുമ്പോഴെല്ലാം زِدْنَاهُمْ അവര്‍ക്കു നാം വര്‍ദ്ധിപ്പിക്കും سَعِيرًا ജ്വാല, ആളിക്കത്തല്‍.
അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുക എന്നും, അല്ലാഹു വഴിപിഴവിലാക്കുക എന്നും പറഞ്ഞത്തിന്റെ പൊരുള്‍ ഒന്നിലധികം പ്രാവശ്യം മുമ്പ് വിവരിച്ചു കഴിഞ്ഞതാകുന്നു. വേണ്ടപ്പെട്ട കാര്യങ്ങള്‍ കണ്ടും, കേട്ടും, മനസ്സിലാക്കുകയോ, പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യാതെ, സത്യത്തിനും സന്മാര്‍ഗ്ഗത്തിനും കടകവിരുദ്ധമായിട്ടാണല്ലോ സത്യനിഷേധികള്‍ ഈ ലോകത്തു കഴിച്ചുകൂട്ടിയിരുന്നത്. അതുകൊണ്ട് അതിനു തികച്ചും യോജിച്ച ശിക്ഷകള്‍ തന്നെ പരലോകത്തുവെച്ച് അവര്‍ അനുഭവിക്കേണ്ടിവരുമെന്നു അല്ലാഹു താക്കീതു ചെയ്യുന്നു.
ക്വിയാമത്തു നാളില്‍ ക്വബ്റുകളില്‍ നിന്ന് മഹ്ശറിലേക്കു സൃഷ്ടികള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍ ആ കുറ്റവാളികളെ മുഖം കുത്തിക്കൊണ്ടായിരിക്കും ഒരുമിച്ചു കൂട്ടുക എന്നാണ് ഇവിടെ അല്ലാഹു പറഞ്ഞത്. നരകത്തില്‍ വെച്ചും മുഖം കുത്തിക്കൊണ്ടുതന്നെ അവര്‍ വലിച്ചിഴക്കപ്പെടും ( يُسْحَبُونَ فِي النَّارِ عَلَىٰ وُجُوهِهِمْ) എന്ന് സൂറത്തുല്‍ ഖമർ:48ലും അല്ലാഹു പറഞ്ഞിരിക്കുന്നു. “മനുഷ്യര്‍ എങ്ങിനെയാണ് അവരുടെ മുഖങ്ങളില്‍ (മുഖം കുത്തിക്കൊണ്ട്) ഒരുമിച്ചു കൂട്ടപ്പെടുക?” എന്നു ചോദിക്കപ്പെട്ടപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം ഉത്തരം പറഞ്ഞതായി അനസ് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ചിരിക്കുന്നു: “അവരെ അവരുടെ കാലുകളില്‍ നടത്തിയവന്‍, അവരെ അവരുടെ മുഖങ്ങളില്‍ നടത്തുവാനും നിശ്ചയമായും കഴിവുള്ളവനാകുന്നു.” (അ; ബു; മു). അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) വഴി ഉദ്ധരിക്കപ്പെട്ട ഒരു നബിവചനം ഇങ്ങനെയാകുന്നു: “ക്വിയാമത്തുനാളില്‍ മനുഷ്യര്‍ മൂന്നു തരക്കാരായി ഒരുമിച്ചുകൂട്ടപ്പെടും, ഒരു തരക്കാര്‍ കാല്‍നടക്കാര്‍, ഒരുതരക്കാര്‍ വാഹനക്കാര്‍, ഒരു തരക്കാര്‍ തങ്ങളുടെ മുഖങ്ങളിലായി.” (ദാ; തി; ബ; ഇബ്നുജരീര്‍). ഇത്രയും കടുത്ത ശിക്ഷകള്‍ക്ക് അവര്‍ പാത്രമാകുവാന്‍ കാരണം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
- ذَٰلِكَ جَزَآؤُهُم بِأَنَّهُمْ كَفَرُوا۟ بِـَٔايَٰتِنَا وَقَالُوٓا۟ أَءِذَا كُنَّا عِظَٰمًا وَرُفَٰتًا أَءِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا ﴾٩٨﴿
- അതു അവരുടെ പ്രതിഫലമത്രെ; നമ്മുടെ 'ആയത്തു' [ലക്‌ഷ്യം]കളില്‍ അവര്‍ അവിശ്വസിക്കുകയും, അവര്‍ (ഇങ്ങിനെ) പറയുകയും, ചെയ്തതു നിമിത്തം: "നാം എല്ലുകളും തുരുമ്പുമായിരുന്നാലുമോ? നിശ്ചയമായും, നാം ഒരു പുതിയ സൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുന്നവരാണോ!?" എന്ന്.
- ذَٰلِكَ അതു جَزَاؤُهُم അവരുടെ പ്രതിഫലമാണ് بِأَنَّهُمْ അവര്‍ (ആകുന്നു) എന്നുള്ളതു നിമിത്തം كَفَرُوا അവര്‍ അവിശ്വസിച്ചിരിക്കുന്നു (എന്നുള്ളത്) بِآيَاتِنَا നമ്മുടെ ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം - സൂക്തം) കളില്‍ وَقَالُوا അവര്‍ പറയുകയും, ചെയ്തു(വെന്നതും) أَإِذَا كُنَّا നാം ആയാലോ, ആയിട്ടാണോ عِظَامًا എല്ലുകള്‍ وَرُفَاتًا തുരുമ്പും, നുരുമ്പും أَإِنَّا നിശ്ചയമായും നാമോ لَمَبْعُوثُونَ എഴുന്നേല്‍പിക്കപ്പെടുന്നവര്‍ (ആകുന്നതു) خَلْقًا ഒരു സൃഷ്ടിയായി جَدِيدًا പുതിയ.
- ۞ أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ قَادِرٌ عَلَىٰٓ أَن يَخْلُقَ مِثْلَهُمْ وَجَعَلَ لَهُمْ أَجَلًا لَّا رَيْبَ فِيهِ فَأَبَى ٱلظَّٰلِمُونَ إِلَّا كُفُورًا ﴾٩٩﴿
- അവര്‍ക്കു കണ്ടുകൂടേ? - ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചവന്‍, അവരെപ്പോലെയുള്ളവരെ സൃഷ്ടിക്കുവാന്‍ കഴിവുള്ളവനാണെന്നു!- അവര്‍ക്കു അവന്‍ ഒരു അവധി ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു - അതില്‍ സന്ദേഹമേ ഇല്ല. എന്നാല്‍, (ഈ)അക്രമികള്‍ നന്ദികേടു കാണി(ച്ച് നിഷേധി)ക്കുന്നതിനല്ലാതെ വിസമ്മതിച്ചിരിക്കുകയാണ്.
- أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, അവര്‍ക്ക് കണ്ടുകൂടേ أَنَّ اللَّهَ അല്ലാഹു (ആകുന്നു) വെന്നു الَّذِي خَلَقَ സൃഷ്ടിച്ചവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും قَادِرٌ കഴിവുള്ളവനാണു (എന്നു) عَلَىٰ أَن يَخْلُقَ സൃഷ്ടിക്കുവാന്‍ مِثْلَهُمْ അവരെപ്പോലെ(യുള്ളവരെ) وَجَعَلَ അവന്‍ ആക്കുകയും ചെയ്തിരിക്കുന്നു لَهُمْ അവര്‍ക്ക് أَجَلًا ഒരവധി لَّا رَيْبَ സന്ദേഹമേ ഇല്ല, സംശയമില്ലാത്ത فِيهِ അതില്‍ فَأَبَى എന്നാല്‍ വിസമ്മതിച്ചു الظَّالِمُونَ അക്രമികള്‍ إِلَّا كُفُورًا നന്ദികേടിനല്ലാതെ.
സൂറ: മുഅ്മിനില്‍ അല്ലാഹു പറയുന്നു: “ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കല്‍ മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം തന്നെ.” (40:57). സൂ: അഹ്ക്വാഫില്‍ പറയുന്നു: “അവര്‍ക്കു കണ്ടുകൂടേ, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും, അവയെ സൃഷ്ടിച്ചതുകൊണ്ടു ക്ഷീണിക്കാതിരിക്കുകയും ചെയ്തവനായ അല്ലാഹു, മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിയുന്നവന്‍ തന്നെയാണെന്നു?!” (46:33). അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, ചെറുതും വലുതുമെന്നോ, ഒന്നാമത്തെ സൃഷ്ടിപ്പും, രണ്ടാമത്തെ സൃഷിടിപ്പുമെന്നോ വ്യത്യാസമില്ല. എല്ലാം അവന് ഒരുപോലെതന്നെ. എങ്കിലും ഇവരെ സംബന്ധിച്ചിടത്തോളം, ആകാശ ഭൂമികളെ സൃഷ്ടിച്ചുണ്ടാക്കിയവന്നു ഇവരെ പോലുള്ളവരെ സൃഷ്ടിക്കുവാനും, ശൂന്യതയില്‍നിന്നു ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയവനു രണ്ടാമതു ആവര്‍ത്തിച്ചുണ്ടാക്കുവാനും കൂടുതല്‍ എളുപ്പമായിരിക്കുമെന്നു മനസ്സിലാക്കാമല്ലോ. പക്ഷേ, അതിനു ഒരു അവധി അവന്‍ വെച്ചിട്ടുണ്ട്. ആ അവധിയെക്കുറിച്ചു യാതൊരു സന്ദേഹത്തിനും അവകാശമില്ല. അതു വരുമ്പോഴേ രണ്ടാമത്തെ സൃഷ്ടിക്കല്‍ ഉണ്ടാകൂ എന്നുമാത്രം.
- قُل لَّوْ أَنتُمْ تَمْلِكُونَ خَزَآئِنَ رَحْمَةِ رَبِّىٓ إِذًا لَّأَمْسَكْتُمْ خَشْيَةَ ٱلْإِنفَاقِ ۚ وَكَانَ ٱلْإِنسَٰنُ قَتُورًا ﴾١٠٠﴿
- (നബിയേ) പറയുക: "നിങ്ങള്‍ എന്റെ റബ്ബിന്റെ കാരുണ്യത്തിന്റെ ഖജനാക്കളെ അധീനമാക്കിയിരുന്നാല്‍ പോലും എന്നാല്‍ - ചിലവഴിക്കുന്നതിനു ഭയപ്പെട്ട് നിങ്ങള്‍ പിടിച്ചുവെക്കുക തന്നെ ചെയ്യുമായിരുന്നു." മനുഷ്യന്‍ വളരെ പിശുക്കനാകുന്നു.
- قُل പറയുക لَّوْ أَنتُمْ നിങ്ങള്‍ ആയിരുന്നെങ്കില്‍ تَمْلِكُونَ നിങ്ങള്‍ ഉടമയാക്കിയിരുന്നു, അധീനമാക്കിയിരുന്നു (വെങ്കില്‍) خَزَائِنَ ഖജനാക്കളെ, നിക്ഷേപങ്ങളെ, ഭണ്ഡാരങ്ങളെ رَحْمَةِ കാരുണ്യ (അനുഗ്രഹ) ത്തിന്റെ رَبِّي എന്റെ റബ്ബിന്റെ إِذًا എന്നാല്‍, അന്നേരം لَّأَمْسَكْتُمْ നിങ്ങള്‍ പിടിച്ചുവെക്കുക തന്നെ ചെയ്യും خَشْيَةَ ഭയന്നിട്ട്, ഭയത്താല്‍ الْإِنفَاقِ ചിലവഴിക്കല്‍, ചിലവാക്കുന്നതിനെ وَكَانَ ആകുന്നു الْإِنسَانُ മനുഷ്യന്‍ قَتُورًا (വളരെ) പിശുക്കന്‍, ഇറുക്കിപ്പിടിക്കുന്നവന്‍.
സജ്ജന ദുര്‍ജന വ്യത്യാസം കൂടാതെ, കുറഞ്ഞു പോകുമെന്നോ തീര്‍ന്നുപോകുമെന്നോ ഭയപ്പെടാതെ, അല്ലാഹു അവന്റെ കണക്കറ്റ അനുഗ്രഹങ്ങളെ എല്ലാവര്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്നു. അവന്റെ അനുഗ്രഹങ്ങളുടെ നിക്ഷേപ ഭണ്ഡാരങ്ങളത്രയും നിങ്ങളുടെ അധീനത്തിലായിരുന്നുവെങ്കില്‍പോലും അവ തീര്‍ന്നു പോകുമെന്നു ഭയപ്പെട്ടു അവയില്‍നിന്നു ചിലവഴിക്കുവാന്‍ നിങ്ങള്‍ മടിക്കുകതന്നെ ചെയ്തേക്കും. കാരണം, മനുഷ്യന്‍ സ്വതവേ മഹാപിശുക്കനാകുന്നു. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: “അല്ലാഹുവിന്റെ കൈ ഏറ്റവും നിറഞ്ഞതാകുന്നു. യാതൊരു ചിലവും അതില്‍ കുറവുവരുത്തുകയില്ല. രാവും പകലും ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവന്‍ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതു മുതല്‍ അവന്‍ ചിലവഴിച്ചതു നിങ്ങള്‍ കണ്ടോ?! എന്നിട്ട് അവന്റെ വലങ്കൈയിലുള്ളതു നിശ്ചയമായും, ചുരുങ്ങിപ്പോയിട്ടില്ല.” (ബു; മു).
വിഭാഗം - 12
- وَلَقَدْ ءَاتَيْنَا مُوسَىٰ تِسْعَ ءَايَٰتٍۭ بَيِّنَٰتٍ ۖ فَسْـَٔلْ بَنِىٓ إِسْرَٰٓءِيلَ إِذْ جَآءَهُمْ فَقَالَ لَهُۥ فِرْعَوْنُ إِنِّى لَأَظُنُّكَ يَٰمُوسَىٰ مَسْحُورًا ﴾١٠١﴿
- തീര്‍ച്ചയായും, മൂസാക്കു വ്യക്തങ്ങളായ ഒമ്പതു ദൃഷ്ടാന്തങ്ങളെ നാം നല്‍കുകയുണ്ടായി, എന്നാല്‍, ഇസ്രാഈല്‍ സന്തതികളോട് അദ്ദേഹം അവരില്‍ ചെന്ന സന്ദര്‍ഭത്തെക്കുറിച്ച് നീ ചോദി(ച്ചു നോ)ക്കുക. (അതെ) അപ്പോള്‍, ഫിര്‍ഔന്‍ അദ്ദേഹത്തോടു പറഞ്ഞു: "നിശ്ചയമായും, നിന്നെ ഞാന്‍ - മൂസാ - മാരണം പിണഞ്ഞ ഒരുവനാണെന്നു വിചാരിക്കുന്നു."
- وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ട് مُوسَى മൂസാക്ക് تِسْعَ ഒമ്പത് آيَاتٍ ദൃഷ്‌ടാന്തങ്ങള്‍ بَيِّنَاتٍ സുവ്യക്തങ്ങളായ, സ്‌പഷ്‌ടങ്ങളായ فَاسْأَلْ എന്നാല്‍ ചോദിക്കുക (അന്വേഷിക്കുക) بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളോട് إِذْ جَاءَهُمْ അദ്ദേഹം അവരില്‍ ചെന്ന സന്ദര്‍ഭത്തെ فَقَالَ لَهُ അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു فِرْعَوْنُഫിര്‍ഔന്‍ إِنِّي لأظُنُّكَ നിശ്ചയമായും ഞാന്‍ നിന്നെ കരുതുന്നു, വിചാരിക്കുന്നു يَا مُوسَى മൂസാ مَسْحُورًا ഒരു മാരണം ചെയ്യപ്പെട്ട (പിടിപെട്ടവനെന്ന്)
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു മുശ്രിക്കുകള്‍, തങ്ങളാല്‍ കെട്ടിച്ചമക്കപ്പെട്ട ദൃഷ്ടാന്തങ്ങളില്‍ ഏതെങ്കിലും കാട്ടിക്കൊടുക്കുവാന്‍ ആവശ്യപ്പെടുകയുണ്ടായ വിവരം കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ചുവല്ലോ. എന്നാല്‍, മൂസാ (عليه الصلاة والسلام) നബി സ്പഷ്ടമായ ഒമ്പതു പ്രധാന ദൃഷ്ടാന്തങ്ങള്‍ സഹിതം ഫിര്‍ഔന്റെയും ജനതയുടെയും അടുക്കല്‍ ചെല്ലുകയുണ്ടായിട്ടും അവര്‍ വിശ്വസിച്ചില്ല. അനന്തരമുണ്ടായ ചരിത്രങ്ങള്‍ നിലവിലുള്ള ഇസ്രാഈല്യര്‍ക്കും അറിയാവുന്നതാണ്. വേണമെങ്കില്‍ അവരോടു അന്വേഷിച്ചു നോക്കാവുന്നതുമാണ്. ആ ദൃഷ്ടാന്തങ്ങളൊക്കെ നേരില്‍ കണ്ടിട്ടും ഫിര്‍ഔന്‍ മൂസാ (عليه الصلاة والسلام)നെക്കുറിച്ചു പറഞ്ഞതു നീ മാരണത്തില്‍ അകപ്പെട്ടുപോയിരിക്കയാണു – നിന്റെ ബുദ്ധിക്കു എന്തോ ഒരു തകരാറ് പറ്റിയിരിക്കുന്നു – എന്നായിരുന്നു. ഇവര്‍ക്കും അത്തരം ദൃഷ്ടാന്തങ്ങള്‍ കാട്ടിക്കൊടുത്താല്‍ ഉണ്ടാവാന്‍ പോകുന്നതു അതുപോലെത്തന്നെയായിരിക്കും. സദുദ്ദേശത്തോടുകൂടിയല്ല അവര്‍ ദൃഷ്ടാന്തങ്ങള്‍ക്കാവശ്യപ്പെടുന്നത്, എന്നൊക്കെയാണു ഈ വചനത്തിലടങ്ങിയ ആശയം.
മൂസാ (عليه الصلاة والسلام) നബിയുടെ കൈക്ക് ഈജിപ്തില്‍വെച്ചും, പിന്നീടുമായി വെളിപ്പെട്ട അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ ക്വുര്‍ആനില്‍ പലതും വിവരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏതിനെയൊക്കെ ഉദ്ദേശിച്ചാണ് تِسْعَ آيَاتٍ (ഒമ്പത് ദൃഷ്ടാന്തങ്ങള്‍) എന്ന് പറഞ്ഞിരിക്കുന്നതെന്ന് തിട്ടമായി എണ്ണിപ്പറയുക സാദ്ധ്യമല്ല. പക്ഷേ, ഫിര്‍ഔനും കൂട്ടരും സമുദ്രത്തില്‍ മുങ്ങിനശിക്കുന്നതിന് മുമ്പുണ്ടായ ഒമ്പതെണ്ണമാണ് ഇവിടെ ഉദ്ദേശമെന്ന് വ്യക്തമാകുന്നു. ഈ ഒമ്പതെണ്ണം നിജപ്പെടുത്തുന്നതില്‍ അഭിപ്രായവ്യത്യാസം കാണാമെങ്കിലും, കൂടുതല്‍ ബലപ്പെട്ടതും, ക്വുര്‍ആന്റെ പ്രസ്താവനകളോട് കൂടുതല്‍ യോജിക്കുന്നതും ഇവയാണെന്നാകുന്നു: 1ഉം, 2ഉം അദ്ദേഹത്തിന്റെ വടിയും, കൈയും തന്നെ. ഈ രണ്ടിനെയും കുറിച്ച് പ്രസ്താവിച്ചശേഷം അവയെപ്പറ്റി فِي تِسْعِ آيَاتٍ إِلَىٰ فِرْعَوْنَ وَقَوْمِهِ (ഫിര്‍ഔന്റെയും അവന്റെ ജനതയുടെയും അടുക്കലേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്.) എന്നു സൂ: നംല് : 12ല്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു, 3 മുതല്‍ 9 കൂടിയവ സൂ: അഅ്റാഫ് :130, 133ല്‍ പ്രസ്താവിക്കപ്പെട്ട ഏഴു ദൃഷ്ടാന്തങ്ങളാണ്. അതായതു മഴ ഇല്ലായ്മ മൂലമുണ്ടായവരള്‍ച്ച, ഉല്‍പന്നങ്ങളുടെ ദൗര്‍ലഭ്യം, ജലപ്രളയം, വെട്ടുകിളി, പേന്‍, തവള, രക്തം എന്നിവ. ഇവയെപ്പറ്റി വിവരിച്ചതിനുശേഷം അവയെപ്പറ്റി آيَاتٍ مُّفَصَّلَاتٍ (വിശദമാക്കപ്പെട്ട ദൃഷ്ടാന്തങ്ങള്‍) എന്നും അവിടെ അല്ലാഹു പറഞ്ഞിരിക്കുന്നു.
സ്പഷ്ടങ്ങളായ ആ ദൃഷ്ടാന്തങ്ങളെല്ലാം നേരില്‍ കണ്ടറിഞ്ഞിട്ടും ഫിര്‍ഔനില്‍ നിന്നുണ്ടായ പ്രതികരണം ‘മൂസാ, നീ ഒരു മാരണം പിടിപെട്ട ആളായിട്ടാണ് ഞാന്‍ നിന്നെ കരുതുന്നത്’ (إِنِّي لَأَظُنُّكَ يَا مُوسَىٰ مَسْحُورًا) എന്നായിരുന്നു. അതിനു മൂസാ (عليه الصلاة والسلام) നബി പറഞ്ഞ മറുപടി നോക്കുക:
- قَالَ لَقَدْ عَلِمْتَ مَآ أَنزَلَ هَٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ بَصَآئِرَ وَإِنِّى لَأَظُنُّكَ يَٰفِرْعَوْنُ مَثْبُورًا ﴾١٠٢﴿
- അദ്ദേഹം പറഞ്ഞു: "(ഫിര്‍ഔനേ) തീര്‍ച്ചയായും, നീ അറി(ഞ്ഞുകഴി)ഞ്ഞിട്ടുണ്ട്: ഉള്‍ക്കാഴ്ച (നല്‍കുന്ന തെളിവു)കളായിക്കൊണ്ട് ആകാശങ്ങളെയും, ഭൂമിയുടെയും റബ്ബല്ലാതെ (മറ്റാരും) ഇവയെ ഇറക്കിയിട്ടില്ല എന്ന്. നിശ്ചയമായും ഞാന്‍ - ഫിര്‍ഔനേ - നിന്നെ ഒരു നാശം പിണഞ്ഞവനായി വിചാരിക്കുക തന്നെ ചെയ്യുന്നു.
- قَالَ അദ്ദേഹം പറഞ്ഞു لَقَدْ عَلِمْتَ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുണ്ട് مَا أَنزَلَ ഇറക്കിയിട്ടില്ല എന്നു هَٰؤُلَاءِ ഇവയെ إِلَّا رَبُّ റബ്ബല്ലാതെ السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും بَصَائِرَ ഉള്‍ക്കാഴ്ച നല്‍കുന്നവയായി, തെളിവുകളായിട്ടു وَإِنِّي നിശ്ചയമായും ഞാന്, ഞാനാവട്ടെ لَأَظُنُّكَ നിന്നെ ഞാന് കരുതുക തന്നെ ചെയ്യുന്നു يَا فِرْعَوْنُ ഫിര്ഔനേ مَثْبُورًا ആട്ടിവിടപ്പെട്ടവന്, നാശം പിണഞ്ഞവന്
ഈ ദൃഷ്ടാന്തങ്ങളെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നസത്യം നിനക്ക് തികച്ചും ബോദ്ധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാണ്. എന്നിട്ടും, കല്‍പിച്ചുകൂട്ടി നീ നിഷേധത്തില്‍ ശഠിച്ചു നില്‍ക്കുന്നത് നിന്റെ ഔദ്ധത്യം കൊണ്ടുമാത്രമാണ്. അതുകൊണ്ട് നാശത്തിലേക്കാണ് നിന്റെ നീക്കം എന്നു ഞാനിതാ നിന്നെ താക്കീത് ചെയ്യുന്നു എന്നു താല്‍പര്യം.
- فَأَرَادَ أَن يَسْتَفِزَّهُم مِّنَ ٱلْأَرْضِ فَأَغْرَقْنَٰهُ وَمَن مَّعَهُۥ جَمِيعًا ﴾١٠٣﴿
- എന്നാല്‍, അവന്‍ [ഫിര്‍ഔന്‍] അവരെ [ഇസ്രാഈല്യരെ] ഭൂമിയില്‍ [നാട്ടില്‍] നിന്നു മിരട്ടിവിടുവാന്‍ ഉദ്ദേശിക്കയാണു ചെയ്തത്; ആകയാല്‍, അവനെയും അവന്റെ കൂടെയുള്ളവരെയും മുഴുവനും നാം മുക്കിനശിപ്പിച്ചു.
- فَأَرَادَ എന്നാല്‍ അവന്‍ ഉദ്ദേശിച്ചു أَن يَسْتَفِزَّهُم അവരെ ഇളക്കി (മിരട്ടി) വിടുവാന്‍ مِّنَ الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) നിന്നു فَأَغْرَقْنَاهُ അപ്പോള്‍ (അതിനാല്‍) അവനെ നാം മുക്കി (നശിപ്പിച്ചു) وَمَن مَّعَهُ അവന്റെ കൂടെയുള്ളവരെയും جَمِيعًا മുഴുവനും
- وَقُلْنَا مِنۢ بَعْدِهِۦ لِبَنِىٓ إِسْرَٰٓءِيلَ ٱسْكُنُوا۟ ٱلْأَرْضَ فَإِذَا جَآءَ وَعْدُ ٱلْءَاخِرَةِ جِئْنَا بِكُمْ لَفِيفًا ﴾١٠٤﴿
- അവന്റെ (നാശത്തിനു) ശേഷം ഇസ്രാഈല്‍ സന്തതികളോടു നാം പറയുകയും ചെയ്തു: "നിങ്ങള്‍ ഭൂമിയില്‍ [നാട്ടില്‍] താമസിച്ചുകൊള്ളുവിന്‍; അങ്ങനെ, പരലോകത്തിന്റെ വാഗ്ദത്തം (അഥവാ നിശ്ചയം) വന്നാല്‍, നിങ്ങളെ നാം കൂട്ടമായി (ഒരുമിച്ചു) കൊണ്ടുവരുന്നതാണ്."
- وَقُلْنَا നാം പറയുകയും ചെയ്തു مِن بَعْدِهِ അവന്റെ ശേഷം لِبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളോടു اسْكُنُوا നിങ്ങള്‍ പാര്‍ത്തു (താമസിച്ചു) കൊള്ളുവിന്‍ الْأَرْضَ ഭൂമിയില്‍ (നാട്ടില്‍) فَإِذَا جَاءَ അങ്ങനെ (എന്നിട്ടു - എന്നാല്‍) വന്നാല്‍ وَعْدُ വാഗ്ദത്തം, നിശ്ചയം الْآخِرَةِ പരലോകത്തിന്റെ جِئْنَا നാം വരുന്നതാണ് بِكُمْ നിങ്ങളെക്കൊണ്ടു لَفِيفًا കൂട്ടമായിട്ടു, ഒരുമിച്ചു കൂടിയതായി
മര്‍ദ്ദിച്ചും കൊന്നൊടുക്കിയും ഇസ്രാഈല്യരെ ആ നാട്ടില്‍നിന്നു തുരത്തനാണ് ഫിര്‍ഔന്‍ ഉദ്ദേശിച്ചത്. നാം നേരെമറിച്ചും പ്രവര്‍ത്തിച്ചു. അവനെയും അവന്റെ ആള്‍ക്കാരെയും സമുദ്രത്തില്‍ മുക്കിനശിപ്പിച്ചു. ഇസ്രാഈല്യരെ പരിശുദ്ധ ഭൂമിയായ ഫലസ്തീനില്‍ (*) കുടിയിരുത്തി സുഖമായി കഴിയുവാന്‍ ഏര്‍പ്പാടും ചെയ്തു. ക്വിയാമത്തുനാള്‍ വന്നാല്‍, നിങ്ങളും നിങ്ങളുടെ ശത്രുക്കളുമടക്കം എല്ലാവരെയും ഒരുമിച്ചുകൂട്ടുകയും, തക്ക നടപടി എടുക്കുകയും ചെയ്യുമെന്ന് അവരെ തെര്യപ്പെടുത്തുകയും ചെയ്തു എന്നു സാരം.
(*). ഇസ്രാഈല്യര്‍, ഫിര്‍ഔനിനെ സമുദ്രത്തില്‍ മുക്കിയശേഷം ഈജിപ്തില്‍ താമസിച്ചതായി പറയപ്പെടുന്നില്ല.
ഈ സംഭവം ഓര്‍മ്മിപ്പിച്ചതില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും സത്യവിശ്വാസികള്‍ക്കും ശുഭസൂചകമായ ഒരു ഭാവിയുടെ സൂചന അടങ്ങിയിരിക്കുന്നു. ഇസ്രാഈല്യരെ മര്‍ദ്ദിച്ചു തുരത്തുവാന്‍ ഉദ്ദേശിച്ച ഫിര്‍ഔനെയും കൂട്ടരെയും നശിപ്പിക്കുകയും, മര്‍ദ്ദനത്തിന് വിധേയരായവര്‍ക്കു സ്വൈര്യജീവിതവും സ്വാധീനവും നല്‍കി അനുഗ്രഹിക്കുകയും ചെയ്തതുപോലെ, മക്കയിലെ മുശ്രിക്കുകളുടെ മര്‍ദ്ദനങ്ങള്‍ അവസാനിപ്പിച്ച് സത്യവിശ്വാസികള്‍ക്ക് നല്ലൊരു ഭാവി താമസിയാതെ പ്രദാനം ചെയ്യുമെന്നത്രെ സൂചന. ഈ സൂറത്ത് അവതരിച്ച് അധികം താമസിയാതെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും സത്യവിശ്വാസികളെയും മക്കായില്‍നിന്ന് തുരത്തിവിടുവാന്‍ ശത്രുക്കള്‍ വട്ടം കൂട്ടിയപ്പോള്‍ അവര്‍ക്ക് മദീനായില്‍ അല്ലാഹു അഭയം നല്‍കുകയും, പിന്നീടു നാട്ടില്‍ – മക്കായില്‍ തന്നെയും – സ്വൈര്യവും സ്വാധീനവും നല്‍കുകയും ഉണ്ടായല്ലോ.
- وَبِٱلْحَقِّ أَنزَلْنَٰهُ وَبِٱلْحَقِّ نَزَلَ ۗ وَمَآ أَرْسَلْنَٰكَ إِلَّا مُبَشِّرًا وَنَذِيرًا ﴾١٠٥﴿
- യഥാര്‍ത്ഥമനുസരിച്ചുതന്നെ നാം ഇതിനെ [ക്വുര്‍ആനെ] അവതരിപ്പിച്ചിരിക്കുന്നു; യഥാര്‍ത്ഥപ്രകാരം തന്നെ ഇതു അവതരിക്കുകയും ചെയ്തിരിക്കുന്നു. (നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനുമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടുമില്ല.
- وَبِالْحَقِّ യഥാര്‍ത്ഥ പ്രകാരം (യഥാര്‍ത്ഥത്തോടെ) തന്നെ أَنزَلْنَاهُ നാം ഇതിനെ (അതിനെ) അവതരിപ്പിച്ചിരിക്കുന്നു وَبِالْحَقِّ യഥാര്‍ത്ഥ പ്രകാരം (അനുസരിച്ചു) തന്നെ نَزَلَ അതു അവതരിക്കുകയും ചെയ്തിരിക്കുന്നു وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടുമില്ല إِلَّا مُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിട്ടല്ലാതെ وَنَذِيرًا താക്കീതു (മുന്നറിയിപ്പു) കാരനും.
- وَقُرْءَانًا فَرَقْنَٰهُ لِتَقْرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكْثٍ وَنَزَّلْنَٰهُ تَنزِيلًا ﴾١٠٦﴿
- ക്വുര്‍ആനെയാകട്ടെ, നാം അതിനെ വേര്‍തിരി(ച്ചു വിശദീകരി)ക്കുകയും ചെയ്തിരിക്കുന്നു; അതിനെ നീ മനുഷ്യര്‍ക്ക് താമസത്തോടെ [സാവധാനത്തില്‍] ഓതിക്കൊടുക്കുവാന്‍ വേണ്ടി. അതിനെ നാം ഒരു (ക്രമേണയായ) ഇറക്കല്‍ ഇറക്കുകയും ചെയ്തിരിക്കുന്നു.
- وَقُرْآنًا ക്വുര്‍ആനെ, ക്വുര്‍ആനെയാകട്ടെ فَرَقْنَاهُ അതിനെ നാം വേര്‍തിരിച്ചിരിക്കുന്നു, വിവേചി(ച്ചു വിവരി)ച്ചിരിക്കുന്നു لِتَقْرَأَهُ അതിനെ നീ ഓതുവാന്‍ വേണ്ടി عَلَى النَّاسِ മനുഷ്യര്‍ക്ക്, മനുഷ്യരില്‍ عَلَىٰ مُكْثٍ താമസത്തോടെ, സാവധാനത്തില്‍ وَنَزَّلْنَاهُ അതിനെ നാം ഇറക്കുകയും ചെയ്തിരിക്കുന്നു تَنزِيلًا ഒരു (തരം) ഇറക്കല്‍.
فَرَقْنَا (ഫറഖ്നാ) എന്നും فَرَّقْنَا (ഫര്‍-റഖ് നാ) എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. ഒന്നാമത്തേതനുസരിച്ചു ക്വുര്‍ആനില്‍ വേണ്ടപ്പെട്ട എല്ലാ കാര്യങ്ങളും നാം വേര്‍തിരിച്ചു വിശദികരിച്ചിരിക്കുന്നുവെന്നും, രണ്ടാമത്തെതനുസരിച്ച് ക്വുര്‍ആനെ പല ഗഡുക്കളായി പിരിച്ചിരിക്കുന്നു – അഥവാ, കുറേശ്ശെ കുറേശ്ശെയായി അവതരിപ്പിച്ചിരിക്കുന്നു – വെന്നും അര്‍ത്ഥമായിരിക്കുന്നതാണ്.
ക്വുര്‍ആനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കെ, ബന്ധപ്പെട്ട പല കാര്യങ്ങളെപ്പറ്റിയും പരാമര്‍ശിക്കുകയുണ്ടായി. വീണ്ടും ക്വുര്‍ആനിലേക്കു തന്നെ സംസാരഗതി തിരിഞ്ഞു വന്നിരിക്കുകയാണ്. ക്വുര്‍ആനെ അല്ലാഹു അവതരിപ്പിച്ചതും, അതു അവതരിച്ചതും യഥാര്‍ത്ഥ പ്രകാരം തന്നെ, അതായതു സത്യയാഥാര്‍ത്ഥ്യങ്ങള്‍, ന്യായയുക്തങ്ങളായ തെളിവുകള്‍, സുസ്ഥിരങ്ങളായ സനാതന തത്വങ്ങള്‍ എന്നിങ്ങിനെ ആവശ്യമായതെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണു അല്ലാഹു ക്വുര്‍ആനെ അവതരിപ്പിച്ചിരിക്കുന്നത്. യാതൊരു കൃത്രിമമോ, ഏറ്റക്കുറവോ കൂടാതെ യഥാര്‍ത്ഥ രൂപത്തില്‍ സുരക്ഷിതമായിത്തന്നെ അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലേക്കു അവതരിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, അതു ആരെയും അടിച്ചേല്പിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കപ്പെട്ടിട്ടില്ല. അതിന്റെ സന്ദേശങ്ങള്‍ കേള്‍പിക്കുക, അതനുസരിക്കുന്നവര്‍ക്കുണ്ടാകുന്ന സല്‍ഫലങ്ങളെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുക, ധിക്കരിക്കുന്നവര്‍ക്കുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി താക്കീതു നല്‍കുക, ഇതു മാത്രമേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കപ്പെട്ടിട്ടുള്ളു, ഓരോ കാര്യവും സവിശദം വേര്‍തിരിച്ചു വിവരിച്ചുകൊണ്ടാണു അതുള്ളത്. സന്ദര്‍ഭവും, ആവശ്യവും അനുസരിച്ച് ജനങ്ങളെ ഓതിക്കേള്‍പ്പിക്കുവാന്‍ വേണ്ടി കുറേശ്ശെ കുറേശ്ശെ പല ഗഡുക്കളായിട്ടാണ് അതിനെ അവതരിപ്പിച്ചിരിക്കുന്നതും എന്നൊക്കെയാണ് ഈ വചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ സാരം.
- قُلْ ءَامِنُوا۟ بِهِۦٓ أَوْ لَا تُؤْمِنُوٓا۟ ۚ إِنَّ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ مِن قَبْلِهِۦٓ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا ﴾١٠٧﴿
- (നബിയേ) പറയുക: "നിങ്ങള്‍ ഇതില്‍ വിശ്വസിച്ചുകൊള്ളുക, അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക! [രണ്ടായാലും ക്വുര്‍ആണേ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്.] നിശ്ചയമായും, ഇതിനുമുമ്പ് അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍, അവര്‍ക്കതു ഓതിക്കേള്‍പിക്കപ്പെടുന്നതായാല്‍, അവര്‍ താടി കുത്തി 'സുജൂദു' [സാഷ്ടാംഗ നമസ്കാരം] ചെയ്തുകൊണ്ടു നിലംപതിക്കുന്നതാണ്.
- قُلْ പറയുക آمِنُوا വിശ്വസിക്കുവിന്‍ بِهِ ഇതി(അതി)ല്‍ أَوْ لَا تُؤْمِنُوا അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുവിന്‍ إِنَّ നിശ്ചയമായും الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവു مِن قَبْلِهِ ഇതിനു (അതിനു) മുമ്പ് إِذَا يُتْلَىٰ അതു ഓതിക്കേള്‍പിക്ക (ഓതിക്കൊടുക്ക) പ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു يَخِرُّونَ അവര്‍ വീഴും, നിലം പതിക്കും, അടഞ്ഞുവീഴും لِلْأَذْقَانِ താടികളിലേക്ക് (താടി കുത്തി) سُجَّدًا സുജൂദു (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായി.
- وَيَقُولُونَ سُبْحَٰنَ رَبِّنَآ إِن كَانَ وَعْدُ رَبِّنَا لَمَفْعُولًا ﴾١٠٨﴿
- അവര്‍ പറയുകയും ചെയ്യും: "ഞങ്ങളുടെ റബ്ബ് മഹാ പരിശുദ്ധന്‍! [അവനെ ഞങ്ങള്‍ വാഴ്ത്തുന്നു] നിശ്ചയമായും, ഞങ്ങളുടെ റബ്ബിന്റെ വാഗ്ദാനം പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്നതു തന്നെയാകുന്നു.
- وَيَقُولُونَ അവര്‍ പറയുകയും ചെയ്യും سُبْحَانَ മഹാപരിശുദ്ധന്‍ (വാഴ്ത്തുന്നു) رَبِّنَا ഞങ്ങളുടെ റബ്ബ് (റബ്ബിനെ) إِن كَانَ നിശ്ചയമായും ആകുന്നു, ആയിരിക്കുന്നു وَعْدُ വാഗ്ദാനം (നിശ്ചയം) رَبِّنَا ഞങ്ങളുടെ റബ്ബിന്റെ لَمَفْعُولًا ചെയ്യപ്പെടുന്ന (പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്ന)തു തന്നെ.
- وَيَخِرُّونَ لِلْأَذْقَانِ يَبْكُونَ وَيَزِيدُهُمْ خُشُوعًا ۩ ﴾١٠٩﴿
- അവര്‍ കരഞ്ഞുകൊണ്ടു താടികുത്തി നിലംപതിക്കുകയും, അതവര്‍ക്ക് ഭക്തിയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
- وَيَخِرُّونَ അവര്‍ വീഴുക (നിലംപതിക്കുക)യും ചെയ്യും لِلْأَذْقَانِ താടികളിലേക്ക് (താടി കുത്തി) يَبْكُونَ അവര്‍ കരഞ്ഞുകൊണ്ടു وَيَزِيدُهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്യും خُشُوعًا ഭക്തി, ഭയപ്പാട്.
ഓത്തിന്റെ സുജൂദു ചെയ്യേണ്ടുന്ന ആയത്തുകളില്‍ ഒന്നാണിത്. يَخِرُّونَ لِلْأَذْقَانِ എന്ന വാക്കിലെ പദങ്ങള്‍ നോക്കുമ്പോള്‍ ‘താടികളിലേക്കു വീഴും’ എന്നാണെങ്കിലും ‘താടി കുത്തിവീഴും’ എന്നത്രെ അതുകൊണ്ടു വിവക്ഷ.
വേണമെങ്കില്‍ വിശ്വസിച്ചു കൊള്ളുക, അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക – നിങ്ങളുടെ യുക്തം പോലെയാവാം – രണ്ടായാലും അതിന്റെ ഫലം നിങ്ങള്‍ക്കുതന്നെ, നിങ്ങള്‍ വിശ്വസിച്ചില്ലെന്നുവെച്ച് ക്വുര്‍ആനു യാതൊരു ന്യൂനതയും കുറവും ബാധിക്കുവാനില്ല. വിശ്വസിച്ചതുകൊണ്ടു അതിനു ഒരു മേന്‍മയും ലഭിക്കുവാനുമില്ല. വേദഗ്രന്ഥങ്ങളെക്കുറിച്ചു പരിചയം സിദ്ധിക്കാത്ത നിങ്ങള്‍ അതില്‍ വിശ്വസിക്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ വേദഗ്രന്ഥങ്ങളെക്കുറിച്ചു നേരത്തെ ശരിക്കു മനസ്സിലാക്കിയിട്ടുള്ള ആളുകള്‍ക്ക് അതു ഓതിക്കേള്‍ക്കുമ്പോള്‍ അതു സത്യമാണെന്നു ബോദ്ധ്യപ്പെടുകതന്നെ ചെയ്യും. അഥവാ മുന്‍വേദഗ്രന്ഥങ്ങളില്‍ പ്രവചിക്കപ്പെട്ട ആ റസൂലാണിതെന്നും, അദ്ദേഹം മുഖേന അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമാണു ക്വുര്‍ആനെന്നും അവര്‍ക്കു മനസ്സിലാകും. അങ്ങനെ, അതു കേള്‍ക്കുമ്പോള്‍, ഭക്തിവിനയം നിമിത്തം അവര്‍ മുഖംകുത്തി നിലംപതിക്കുകയും, അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്തുകൊണ്ടും കരഞ്ഞുകൊണ്ടും അവനു സാഷ്ടാംഗ നമസ്കാരം ചെയ്യുകയും ചെയ്യും. എന്നൊക്കെ ആ അവിശ്വാസികളോടു പറയുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുന്നു.
ഇതിനു മുമ്പു അറിവു നല്‍കപ്പെട്ടവര്‍ (الَّذِينَ أُوتُوا الْعِلْمَ مِن قَبْلِهِ) എന്ന വാക്കില്‍ വേദക്കാര്‍ മൊത്തത്തില്‍ ഉള്‍പ്പെടുമെങ്കിലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വെളിപ്പാടിനു മുമ്പുതന്നെ, അന്ത്യപ്രവാചകന്‍ വരുന്നുവെന്നും, അദ്ദേഹത്തിന്റെ സ്ഥിതിഗതികള്‍ ഇന്നിന്നപ്രകാരമായിരിക്കുമെന്നും തങ്ങളുടെ വേദഗ്രന്ഥം വഴി വേണ്ടതുപോലെ മനസ്സിലാക്കിവെച്ചിട്ടുള്ള അവരിലെ സത്യവാന്‍മാരാണ് ഇവിടെ ഉദ്ധേശിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാണ്. ക്വുര്‍ആന്‍ കേള്‍ക്കുമ്പോള്‍ ഭയഭക്തി നിമിത്തം അവര്‍ സുജൂദായി താടികുത്തി വീഴുമെന്നു പറഞ്ഞതില്‍ നിന്നു ഇതു സ്പഷ്ടമാണ്. ഇന്നത്തെ ചില ക്രിസ്തീയ പാതിരിമാര്‍ – മുസ്‌ലിം പാമരന്‍മാരെ കബളിപ്പിക്കുവാന്‍ വേണ്ടി അവര്‍ നടത്താറുള്ള പല സൂത്രങ്ങളില്‍ ഒന്നായി – ഇതുപോലെയുള്ള ചില അരമുറി ക്വുര്‍ആന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു – തങ്ങളെപ്പറ്റി ക്വുര്‍ആനില്‍ വളരെ പ്രശംസിച്ചു പറഞ്ഞിട്ടുണ്ടെന്നും, തങ്ങള്‍ സത്യമാര്‍ഗ്ഗത്തിലാണെന്നു ക്വുര്‍ആന്‍ അംഗീകരിച്ചിട്ടുണ്ടെന്നുമൊക്കെ തട്ടിമൂളിക്കാറുണ്ട്. സന്ദര്‍ഭങ്ങളില്‍ നിന്നു അടര്‍ത്തിയെടുത്തും, അവരെക്കുറിച്ചു മറ്റു സ്ഥലങ്ങളില്‍ ക്വുര്‍ആന്‍ അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം വ്യക്തമായി പ്രസ്താവിച്ചിട്ടുള്ള പല യാഥാര്‍ത്ഥ്യങ്ങളുടെയും നേരെ കണ്ണടച്ചുകൊണ്ടുള്ള ഒരു ചെപ്പിടിവിദ്യയത്രെ അത്. അവര്‍ ജല്‍പിക്കുന്നതില്‍ സത്യത്തിന്റെ വല്ല അംശവും ഉണ്ടെങ്കില്‍, ആ തട്ടിമൂളിക്കുന്ന ആളുകള്‍ ആദ്യമായി തങ്ങളെ പ്രശംസിക്കുന്ന ആ ക്വുര്‍ആനില്‍ വിശ്വസിക്കുകയും, അതിനെ അംഗീകരിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്.
അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, ഭക്തിവിനയം പ്രകടിപ്പിക്കലും, കണ്ണുനീരൊഴുക്കി കരയലുമൊക്കെ സദ്‌വൃത്തരായ സജ്ജനങ്ങളുടെ ലക്ഷണമത്രെ. അല്ലാഹുവിന്റെ ആയത്തുകളില്‍ വിശ്വസിക്കുന്നവരുടെ ലക്ഷണങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ഒന്നിലധികം സ്ഥലത്തു ഇക്കാര്യം അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നതു കാണാം. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പ്രസ്താവിച്ചിരിക്കുന്നു: “അല്ലാഹുവിനെ ഭയപ്പെട്ടതു നിമിത്തം കരയുന്ന മനുഷ്യന്‍, (മൃഗത്തിന്റെ) പാല്‍ അകിട്ടിലേക്കു മടങ്ങിപ്പോകുന്നതുവരെ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലെ പൊടിയും, നരകത്തിന്റെ പുകയും ഒരുമിച്ചു കൂടുകയില്ല.” (തി; ന; മു).
- قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَٱبْتَغِ بَيْنَ ذَٰلِكَ سَبِيلًا ﴾١١٠﴿
- (നബിയേ) പറയുക: നിങ്ങള്‍ 'അല്ലാഹു' എന്നു വിളിച്ചുകൊള്ളുക, അല്ലെങ്കില്‍ 'റഹ്മാന്‍' എന്നു വിളിച്ചുകൊള്ളുക. ഏതുതന്നെ, നിങ്ങള്‍ വിളിക്കുന്നതായാലും (നല്ലതുതന്നെ; കാരണം) അവനു ഏറ്റം നല്ല (ഉല്‍കൃഷ്ട) നാമങ്ങളുണ്ട്. നിന്റെ നമസ്കാരത്തെ നീ ഉറക്കെയാക്കരുത്; അതിനെ നീ പതുക്കെയുമാക്കരുത്;- അതിന് (രണ്ടിനും) ഇടയില്‍ ഒരു മാര്‍ഗ്ഗം നീ തേടുകയും ചെയ്യുക.
- قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുക اللَّهَ അല്ലാഹു എന്നു, 'അല്ലാഹു'വിനെ أَوِ ادْعُوا അല്ലെങ്കില്‍ വിളിക്കുക الرَّحْمَٰنَ റഹ്മാന്‍ എന്നു, 'അര്‍റഹ്മാനെ' أَيًّا مَّا ഏതു തന്നെ تَدْعُوا നിങ്ങള്‍ വിളിച്ചാലും, വിളിക്കുന്നുവോ فَلَهُ എന്നാല്‍ അവനുണ്ട് الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍الْحُسْنَىٰ ഏറ്റം നല്ല (അത്യുല്‍കൃഷ്ടമായ) وَلَا تَجْهَرْ നീ ഉച്ചത്തിലാക്കുക (ഉറക്കെയാക്കുക)യും ചെയ്യരുത് بِصَلَاتِكَ നിന്റെ നാമസ്കാരത്തെ وَلَا تُخَافِتْ നീ പതുക്കെയാക്കു (ഒതുക്കു) കയും അരുതു بِهَا അതിനെ وَابْتَغِ തേടുകയും ചെയ്യുക بَيْنَ ذَٰلِكَ അതിനിടയില്‍ سَبِيلًا ഒരു മാര്‍ഗ്ഗം.
രണ്ടു കാര്യങ്ങളാണു ഈ വചനത്തില്‍ അല്ലാഹു പഠിപ്പിക്കുന്നത്.
(1) അല്ലാഹുവിനെ വിളിക്കുമ്പോള്‍ ‘അല്ലാഹു’ എന്നോ ‘റഹ്മാന്‍’ (പരമകാരുണികന്‍) എന്നോ വിളിക്കാം. രണ്ടായാലും നല്ലതുതന്നെ. വേറെയും പല ഉല്‍കൃഷ്ട നാമങ്ങള്‍ അവനുണ്ട്. അവയില്‍ ഏത് നാം ഉപയോഗിക്കുന്നതിനും വിരോധമില്ല.
(2) നമസ്കാരം – അഥവാ അതിലെ ക്വുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന, ദിക്ര്‍ എന്നിവ – അധികം ഉച്ചത്തിലോ, വളരെ പതുക്കെയോ ആയിരിക്കാതെ, രണ്ടിനും മദ്ധ്യേ ഒരു മിതമായ ശബ്ദത്തിലായിരിക്കേണ്ടതാണ്.
ഈ രണ്ട് കാര്യങ്ങളെക്കുറിച്ചും പ്രത്യേകം ഉണര്‍ത്തുവാന്‍ കാരണമായ ചുറ്റുപാടു എന്തായിരുന്നുവെന്നു താഴെ കാണുന്ന ഉദ്ധരണികളില്‍ നിന്നു മനസ്സിലാക്കാവുന്നതാകുന്നു:-
നമസ്കാരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘അല്ലാഹുവേ’ എന്നും, റഹ്മാനേ’ എന്നും (يا الله يارَحْمَٰنَ)പറയുന്നതായി ചില മുശ്രിക്കുകള്‍ കേട്ടു. ഇവന്‍ ഒരു ദൈവത്തെ വിളിക്കുവാന്‍ കല്‍പിക്കുകയും, രണ്ടു ദൈവങ്ങളെ വിളിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ ആക്ഷേപിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്നു ഈ വചനം അവതരിച്ചുവെന്നു ഇബ്നു അബ്ബാസ്, മക്ഹൂല്‍ (رَضِيَ اللهُ تَعَالَى عَنْهُما) എന്നിവരില്‍ നിന്നു ഇബ്നുജരീര്‍ (رحمه الله) മുതലായ പലരും രിവായത്തു ചെയ്തിരിക്കുന്നു. യമാമയില്‍ കള്ളപ്രവാചകനായി പ്രത്യക്ഷപ്പെട്ട മുസൈലമത്തുല്‍ കദ്ദാബിനു رَحْمَٰنُ اليمامة (യമാമഃയിലെ റഹ്മാന്‍) എന്നു പറയപ്പെട്ടിരുന്നതുകൊണ്ടു അവനെയാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘റഹ്മാനേ’ എന്നു വിളിക്കുന്നതെന്നു മുശ്രിക്കുകള്‍ പറഞ്ഞതായും ചില രിവായത്തുകളില്‍ വന്നിരിക്കുന്നു. തൗറാത്തില്‍ റഹ്മാന്‍ (പരമകാരുണികന്‍) എന്നു അല്ലാഹുവിനെക്കുറിച്ചു ധാരാളം പ്രസ്താവിച്ചിട്ടുണ്ടെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആ പേര്‍ വളരെ കുറച്ചേ പറയാറുള്ളൂവെന്നും ചില വേദക്കാര്‍ പറഞ്ഞുവെന്നും, അപ്പോള്‍ ഇതു അവതരിച്ചുവെന്നും ള്വഹ്-ഹാക്ക് (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി വേറെയും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
അഹ്മദു, ബുഖാരി, മുസ്‌ലിം (رحمهم الله) എന്നിവര്‍ ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു: മക്കായില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറഞ്ഞിരുന്ന കാലത്തു (നമസ്കാരം മുതലായവ പരസ്യമായി നടത്തിയിരുന്നിട്ടില്ലാത്ത കാലത്തു) وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا (നിന്റെ നമസ്കാരത്തെ നീ ഉറക്കെയാക്കുകയും, അതിനെ പതുക്കെയാക്കുകയും ചെയ്യേണ്ടാ) എന്നുള്ള ആയത്തു അവതരിച്ചു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഹാബികളോടു കൂടി നമസ്കരിക്കുമ്പോള്‍ ക്വുര്‍ആന്‍ ഉറക്കെ ഓതുമായിരുന്നു. മുശ്രിക്കുകള്‍ അത് കേട്ടപ്പോള്‍, അവര്‍ ക്വുര്‍ആനെയും, അത് അവതരിപ്പിച്ചവനെയും, അത് കൊണ്ടുവന്ന ആളെയും പഴിക്കുകയായി. അപ്പോള്‍, മുശ്രിക്കുകള്‍ ക്വുര്‍ആന്‍ കേട്ട് പഴിക്കുവാന്‍ ഇടയാകുമാറ് നമസ്കാരത്തെ ഉറക്കെയാക്കരുതെന്നും, സഹാബികള്‍ക്കു കേട്ടുപഠിക്കുവാന്‍ കഴിയാതിരിക്കുമാറ് പതുക്കെയാക്കരുതെന്നും, രണ്ടിനുമിടയില്‍ ഒരു മാര്‍ഗ്ഗം സ്വീകരിക്കണമെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറഞ്ഞു. ഇബ്നുസീരിനി (رحمة الله عليه)ല്‍ നിന്നു ഇബ്നു ജരീര്‍ (رحمة الله عليه) ഇങ്ങിനെയും ഉദ്ധരിച്ചിരിക്കുന്നു: അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നമസ്കരിക്കുമ്പോള്‍ ശബ്ദം താഴ്ത്തുമായിരുന്നു. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നമസ്കരിക്കുമ്പോള്‍ ശബ്ദം ഉയര്‍ത്തുകയും ചെയ്തിരുന്നു. താങ്കള്‍ എന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഞാന്‍ എന്റെ റബ്ബുമായി സ്വകാര്യഭാഷണം (അഥവാ കൂടിക്കാഴ്ച) നടത്തുകയാണ്, എന്റെ ആവശ്യം അവന്നറിയാം.” അതു നല്ലത് എന്ന് പറയപ്പെട്ടു. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞാന്‍ പിശാചിനെ ആട്ടുകയും, ഉറങ്ങിത്തൂങ്ങുന്നവരെ ഉണര്‍ത്തുകയും ചെയ്യുകയാണ്.” അത് നല്ലത് എന്ന് പറയപ്പെട്ടു: ….وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا … (നിന്റെ നമസ്കാരത്തെ ഉറക്കെയാക്കരുത്…) എന്നുള്ള വചനം അവതരിച്ചപ്പോള്‍ അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നോട് (ശബ്ദം) അല്‍പം ഉയര്‍ത്തണമെന്നും, ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നോട് അല്‍പം താഴ്ത്തണമെന്നും പറയപ്പെട്ടു.
മേല്‍ കണ്ട ഉദ്ധരണികളില്‍നിന്നു ഈ വചനത്തിലെ രണ്ടു കല്‍പനകളും അവതരിച്ച ചുറ്റുപാടുകള്‍ നമുക്ക് മനസ്സിലാക്കാം. അതായത് (1) മുശ്രിക്കുകള്‍ക്കിടയില്‍ അല്ലാഹുവിനെക്കുറിച്ച് ‘റഹ്മാന്‍’ എന്നു പറയുക പതിവില്ലാതിരുന്നത് കൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘റഹ്മാന്‍’ എന്ന് പറഞ്ഞുകേട്ടപ്പോള്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കെതിരായി ആക്ഷേപത്തിനും ദുഷ്പ്രചാരണത്തിനും അവര്‍ അതൊരു ആയുധമാക്കിയ ചുറ്റുപാടിലായിരുന്നു നിങ്ങള്‍ അല്ലാഹു എന്നോ, റഹ്മാന്‍ എന്നോ വിളിച്ചുകൊള്ളുക എന്ന കല്‍പനയുണ്ടായത്. അല്ലെങ്കില്‍ ‘അല്ലാഹു’ എന്ന നാമത്തിന്റെ അത്രതന്നെ ‘റഹ്മാന്‍’ എന്ന നാമത്തെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥനയിലും മറ്റും ഉപയോഗിക്കുക പതിവില്ലാത്തതിനെപ്പറ്റി യഹൂദികള്‍ പ്രസ്താവിച്ചുകൊണ്ടിരുന്ന ചുറ്റുപാടിലായിരുന്നു. ഒരുപക്ഷേ, ഈരണ്ടും ഒരേ സന്ദര്‍ഭത്തില്‍ തന്നെയായിരുന്നുവെന്നും വരാം. അല്ലാഹുവിനറിയാം. (2) നമസ്കാരത്തിലെ ക്വുര്‍ആന്‍ പാരായാണം ഉച്ചത്തിലും പതുക്കെയും നടത്തപ്പെട്ടിരുന്ന പരിതസ്ഥിതിയില്‍ രണ്ടിലും ചിലനന്മകള്‍ ഉണ്ടെങ്കിലും ഓരോന്നും ചില ദോഷത്തിന് കാരണമായിരുന്നത് കൊണ്ടാണ് നമസ്കാരം ഉറക്കെയും പതുക്കെയും ആക്കാതെ ഒരു മദ്ധ്യനിലകൈക്കൊള്ളണമെന്ന കല്‍പനയുണ്ടായത്.
നിങ്ങള്‍ ഏതു തന്നെ വിളിച്ചാലും അല്ലാഹുവിന് ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍ ഉണ്ട് (أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ) എന്നു പറഞ്ഞതില്‍ നിന്ന് ‘അല്ലാഹു’ എന്നും ‘റഹ്മാന്‍’ എന്നുമല്ലാതെ ഏതു നാമങ്ങളിലും അല്ലാഹുവിനെ വിളിക്കാമെന്നും, എന്നാല്‍ ആ നാമങ്ങള്‍ അവന്റെ ഉല്‍കൃഷ്ട നാമങ്ങളില്‍ പെട്ടതായിരിക്കണമെന്നും മനസ്സിലാക്കാം. സൂ: അഅ്റാഫില്‍ പറയുന്നു: …وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا (അല്ലാഹുവിന് ഏറ്റം നല്ല ഉല്‍കൃഷ്ട നാമങ്ങളുണ്ട്. അവകൊണ്ടു അവനെ വിളിക്കുവിന്‍ അവന്റെ നാമങ്ങളില്‍ ക്രമക്കേടു കാണിക്കുന്നവരെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുവിന്‍. അവര്‍ പ്രവര്‍ത്തിക്കുന്നതിന് അവര്‍ക്ക് വഴിയെ പ്രതിഫലം നല്‍കപ്പെടുന്നതാണ്. (അഅ്റാഫ്:180). അല്ലാഹുവിന്റെ പരിശുദ്ധതക്കും മഹത്വത്തിനും യോജിക്കുന്നതല്ലാത്ത നാമങ്ങളോ വിശേഷണങ്ങളോ അവനെക്കുറിച്ചു ഉപയോഗിക്കുവാന്‍ പാടില്ലെന്നു ഇതില്‍നിന്നു വ്യക്തമാണ്. (ഈ വിഷയകമായി കൂടുതല്‍ വിവരം അഅ്റാഫില്‍ പ്രസ്തുത ആയത്തിന്റെ വിവരണത്തിലും, സൂറത്തുല്‍ഹശ്ര്‍ അവസാനത്തെ വചനത്തിന്റെ വിവരണത്തിലും കാണാം. നമസ്കാരത്തിന്റെ മാത്രമല്ല, നമസ്കാരത്തിന് പുറത്തും തന്നെ എല്ലാ ദിക്റുകളിലും പൊതുവേ ശബ്ദം അധികം ഉയര്‍ത്താതെയും, അധികം താഴ്ത്താതെയും മിതമായ ഒരു നില കൈക്കൊള്ളേണ്ടതാണെന്ന് പല മഹാന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മുമ്പ് ചില സന്ദര്‍ഭങ്ങളില്‍ നാം ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, അല്ലാഹുവിന്റെ ഉല്‍കൃഷ്ടനാമങ്ങളില്‍ ‘അല്ലാഹു’ എന്ന തിരുനാമം കഴിച്ചാല്‍ ഏറ്റവും സ്ഥാനം ക്വുര്‍ആനില്‍ നല്‍കപ്പെട്ടിരിക്കുന്നത് ‘റഹ്മാന്‍’ (പരമകാരുണികന്‍) എന്ന നാമത്തിനാകുന്നു. മറ്റൊരു വിശേഷണവും കൂടാതെ പലപ്പോഴും ആ നാമം സ്വതന്ത്രമായി അല്ലാഹുവിനെക്കുറിച്ച് ക്വുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത് കാണാം. الرَّحْمَـٰنُ ﴿١﴾ عَلَّمَ الْقُرْآنَ ; عِبَادُ الرَّحْمَـٰنِ; وَعَدَ الرَّحْمَـٰنُ എന്നിങ്ങനെയുള്ളവ അതിനു ഉദാഹരണങ്ങളാകുന്നു. അല്ലാഹുവിന്റെ അതിമഹത്തും വിശാലവുമായ കാരുണ്യത്തെയാണല്ലോ അത് കുറിക്കുന്നത്. ഈ നാമം വേദക്കാര്‍ക്കിടയില്‍ സുപരിചിതമായിരുന്നുവെങ്കിലും, അറബി മുശ്രിക്കുകള്‍ക്കിടയില്‍ അല്ലാഹുവിനെക്കുറിച്ച് അതു ഉപയോഗിക്കുക പതിവുണ്ടായിരുന്നില്ല. അതുകൊണ്ടാണ് – സൂ: ഫുര്‍ഖാന്‍ : 60ല്‍ കാണുന്നതുപോലെ, ‘റഹ്മാനിന്നു സുജൂദുചെയ്യുവിന്‍’ എന്നു പറയപ്പെട്ടാല്‍ ‘റഹ്മാന്‍ എന്താണ്’? (وَمَا الرَّحْمَـٰنُ) എന്ന് അവര്‍ ചോദിച്ചിരുന്നതും, ഹുദൈബിയാ സന്ധിപത്രത്തില്‍ .. بِسْمِ اللَّـهِ (ബിസ്മില്ലാഹി….) എന്നു എഴുതുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആവശ്യപ്പെട്ടപ്പോള്‍ “ഞങ്ങള്‍ക്ക് റഹ്മാനും, റഹീമും അറിയുകയില്ല എന്നു അവര്‍ പറഞ്ഞതും, അവരുടെ പതിവ് പ്രകാരം بِسْمِكَ اللَّهُمَّ (ബിസ്മിക -ല്ലാഹുമ്മ) (*) എന്നെഴുതണമെന്നു അവര്‍ ശഠിച്ചതും.
(*). അല്ലാഹുവേ, നിന്റെ നാമത്തില്‍ എന്നര്‍ത്ഥം.
കരുണയില്ലാത്ത ഒരു ക്രൂരനായി മാത്രമേ പൗരാണിക മനുഷ്യര്‍ അല്ലാഹുവിനെക്കുറിച്ചു കരുതിയിരുന്നുള്ളുവെന്നും, അതുകൊണ്ടാണു അവര്‍ അവന്റെ കാരുണ്യത്തെക്കുറിക്കുന്ന ‘റഹ്മാന്‍’ എന്ന നാമത്തെ എതിര്‍ത്തതെന്നും ചില ആളുകള്‍ പ്രസ്താവിച്ചു കാണാറുണ്ട്. പൗരാണിക ജനവിഭാഗങ്ങളില്‍ വല്ലവര്‍ക്കും അങ്ങിനെ ഒരന്ധവിശ്വാസം ഉണ്ടായിരുന്നിരിക്കാമെങ്കിലും, ക്വുര്‍ആന്റെ അവതരണ കാലത്തുള്ളവരില്‍ അങ്ങിനെ വിശ്വാസമുണ്ടായിരുന്നുവെന്നും, അതുകൊണ്ടാണവര്‍ ‘റഹ്മാന്‍’ എന്ന നാമത് എതിര്‍ത്തതെന്നുമുള്ളതിനു തെളിവൊന്നും കാണുന്നില്ല. ഇസ്രാഈല്യരെ സംബന്ധിച്ചിടത്തോളം, അവര്‍ക്കു ആ നാമം മുമ്പേ സുപരിചിതമായിരുന്നുവെന്നു ക്വുര്‍ആനില്‍ നിന്നുതന്നെ മനസ്സിലാക്കാം. ഉദാഹരണമായി: ഹാറൂന്‍ (عليه الصلاة والسلام) നബി ഇസ്രാഈല്യരോടു وَإِنَّ رَبَّكُمُ الرَّحْمَـٰنُ فَاتَّبِعُونِي وَأَطِيعُوا أَمْرِي (നിങ്ങളുടെ റബ്ബ് റഹ്മാനാകുന്നു. അതുകൊണ്ടു എന്റെ കല്‍പന പിന്‍പറ്റുവിന്‍.). എന്നു പറയുകയുണ്ടായി. (ത്വാഹാ: 90). സുലൈമാന്‍ (عليه الصلاة والسلام) നബി ബില്‍ക്വീസിനയച്ച കത്തില്‍ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ എന്ന് എഴുതിയിരിക്കുന്നു. (നംല്:30). إِنِّي نَذَرْتُ لِلرَّحْمَـٰنِ صَوْمًا (ഞാന്‍ റഹ്മാനിന്നു നോമ്പു നോറ്റിരിക്കുന്നു) എന്നു മര്‍യം (عليها الصلاة والسلام) ബീവിയും പറയുകയുണ്ടായി. (മര്‍യം: 26). തൗറാത്തില്‍ റഹ്മാന്‍ എന്നു അല്ലാഹുവിനെക്കുറിച്ചു ധാരാളം പറയുന്നുണ്ടെന്നും, താങ്കള്‍ ആ പേരു പറയല്‍ കുറവാണെന്നും വേദക്കാര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറഞ്ഞതായി ള്വഹ്-ഹാക്ക് (റ)ല്‍ നിന്നുള്ള ഒരു രിവായത്തു നാം അല്‍പം മുമ്പു ഉദ്ധരിചിട്ടുണ്ടല്ലോ. വേദക്കാര്‍ക്കിടയില്‍ ആ പേര്‍ സുപരിചിതമായിരുന്നുവെന്നു ഇതില്‍ നിന്നൊക്കെ വ്യക്തമാണ്. അല്ലാഹു സ്നേഹവും കൃപയുമുള്ളവനാണെന്നു കാണിക്കുന്ന പല വാക്യങ്ങളും നിലവിലുള്ള ബൈബിളിലും കാണാം.
അറബികളെ സംബന്ധിച്ചിടത്തോളം, ‘റഹ്മാന്‍’ എന്നും ‘റഹീം’ എന്നുമുള്ള നാമങ്ങള്‍ അല്ലാഹുവിനെപ്പറ്റി ഉപയോഗിക്കുന്നതിലല്ലാതെ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ അവര്‍ക്കു എതിര്‍പ്പുണ്ടായിരുന്നതായി തെളിയുന്നില്ല. ആ നാം അവര്‍ക്കിടയില്‍ പരക്കെ ഉപയോഗിക്കുക പതിവുണ്ടായിരുന്നില്ലെങ്കില്‍പോലും അതു അവര്‍ക്കു അജ്ഞാതമായിരുന്നില്ലെന്നു സൂ: സുഖ്റുഫ്: 20-ാം വചനത്തില്‍നിന്നു മനസ്സിലാക്കാം. മുശ്രിക്കുകള്‍ മലക്കുകളെ ആരാധിച്ചിരുന്നതിനെ ന്യായീകരിക്കുവാന്‍ വേണ്ടി لَوْ شَاءَ الرَّحْمَـٰنُ مَا عَبَدْنَاهُم റഹ്മാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ അവരെ ആരാധിക്കുമായിരുന്നില്ല എന്നു പറഞ്ഞതായി അല്ലാഹു അവിടെ ഉദ്ധരിച്ചിരിക്കുന്നു. മാത്രമല്ല, വേദക്കാരില്‍ നിന്നു ആ പേര്‍ അവര്‍ കേട്ടുപരിചയിക്കുവാന്‍ തികച്ചും സാധ്യതയുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, അറബികള്‍ക്കിടയില്‍ ആ വാക്കു അല്ലാഹുവിനെപ്പറ്റി ഉപയോഗിക്കുക പതിവില്ലാത്തതും, കിട്ടുന്ന അവസരമെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ എതിര്‍ക്കുന്നതിനും ആക്ഷേപിക്കുന്നതിനും ഉപയോഗപ്പെടുത്തുവാനുള്ള വെമ്പലും നിമിത്തമായിരുന്നു അവര്‍ ‘റഹ്മാന്‍’ എന്ന പ്രയോഗത്തെ ആക്ഷേപിച്ചതു എന്നു പറയുവാനേ ന്യായം കാണുന്നുള്ളു.
ഒരു വസ്തുതകൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. അതായതു, ഓരോ മതക്കാര്‍ക്കും, സമുദായങ്ങള്‍ക്കുമിടയില്‍ അല്ലാഹുവിനെക്കുറിച്ചു അവര്‍ ഉപയോഗിച്ചുവരാറുള്ള ചില പ്രത്യേക നാമവിശേഷണങ്ങള്‍ ഉണ്ടായിരിക്കും. ഉദാഹരണമായി: “അല്ലാഹു, പടച്ചവന്‍, കാരുണ്യവാന്‍” പോലെയുള്ള വാക്കുകള്‍ മുസ്‌ലിംകള്‍ക്കിടയിലും, ‘ഈശ്വരന്‍, കരുണാകരന്‍’ പോലെയുള്ള വാക്കുകള്‍ ഹിന്ദുക്കള്‍ക്കിടയിലും, ‘കര്‍ത്താവു’ എന്നു ക്രിസ്ത്യാനികള്‍ക്കിടയിലുമാണ് അധികം ഉപയോഗം. ആ വാക്കുകളിലടങ്ങിയ ആശയത്തില്‍ പരസ്പരം ഭിന്നിപ്പില്ലെങ്കില്‍തന്നെയും ഒരു കൂട്ടര്‍ പ്രത്യേകം ഉപയോഗിക്കുന്ന വാക്കുകള്‍ മറ്റൊരു കൂട്ടര്‍ക്കു ഉപയോഗിക്കുവാന്‍ വൈമനസ്യമുണ്ടായിരിക്കും. അന്യോന്യം വെറുപ്പിലും വിദ്വേഷത്തിലും കഴിഞ്ഞുകൂടുന്ന പരിതസ്ഥിതികളില്‍ പ്രത്യേകിച്ചും വെറുപ്പു തോന്നുക സ്വാഭാവികമാകുന്നു.
- وَقُلِ ٱلْحَمْدُ لِلَّهِ ٱلَّذِى لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُۥ شَرِيكٌ فِى ٱلْمُلْكِ وَلَمْ يَكُن لَّهُۥ وَلِىٌّ مِّنَ ٱلذُّلِّ ۖ وَكَبِّرْهُ تَكْبِيرًۢا ﴾١١١﴿
- നീ പറയുകയും ചെയ്യുക: "യാതൊരു അല്ലാഹുവിനത്രെ സ്തുതി (മുഴുവനും)! അവന്‍ ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല; രാജാധികാരത്തില്‍ അവനു ഒരു പങ്കാളിയും ഇല്ല; എളിമ [ദൗര്‍ബല്യം] നിമിത്തം അവന് ഒരു ബന്ധുവും ഇല്ല. (അങ്ങിനെയുള്ള അല്ലാഹുവിനത്രെ സ്തുതി) അവനെ നീ ഒരു (പരിപൂര്‍ണ്ണമായ) മഹത്വപ്പെടുത്തല്‍ മഹത്വപ്പെടുത്തുകയും ചെയ്യുക! [അവന്റെ മഹത്വത്തെ പരിപൂര്‍ണ്ണമായി കീര്‍ത്തനം ചെയ്കയും ചെയ്യുക.].
- وَقُلِ പറയുകയും ചെയ്യുക الْحَمْدُ സ്തുതി (മുഴുവന്‍) لِلَّـهِ അല്ലാഹുവിന്നാകുന്നു الَّذِي യാതൊരുവനായ لَمْ يَتَّخِذْ അവന്‍ ഏര്‍പ്പെടുത്തിയിട്ടില്ല (സ്വീകരിച്ചിട്ടില്ല) وَلَدًا സന്താനം وَلَمْ يَكُن ഇല്ലതാനും لَّهُ അവനു شَرِيكٌ ഒരു പങ്കാളി, കൂറുകാരന്‍ فِي الْمُلْكِ രാജത്വ (രാജാധികാര)ത്തില്‍ وَلَمْ يَكُن ഇല്ലതാനും لَّهُ അവനു وَلِيٌّ ഒരു മിത്ര (ബന്ധു - കൈകാര്യകര്‍ത്താ)വും مِّنَ الذُّلِّ നിന്ദ്യത (എളിമ - ദുര്‍ബ്ബലത) നിമിത്തം وَكَبِّرْهُ അവനെ മഹത്വപ്പെടുത്തുക (മഹത്വ കീര്‍ത്തനം ചെയ്യുക)യും ചെയ്യുക تَكْبِيرًا ഒരു മഹത്വപ്പെടുത്തല്‍ (മഹത്വകീര്‍ത്തനം).
‘തസ്ബീഹു’ (സ്തോത്ര കീര്‍ത്തനം) കൊണ്ട് ആരംഭിച്ച ഈ സൂറത്തു ‘ഹംദും’ (സ്തുതി കീര്‍ത്തനവും) ‘തക്ബീറും’ (മഹത്വ കീര്‍ത്തനവും) കൊണ്ടാണ് അല്ലാഹു അവസാനിപ്പിക്കുന്നത്. ഈ രണ്ടിനുമിടയിലായി, തൗഹീദിന്റെ മര്‍മ്മപ്രധാനവും, അവന്റെ മഹത്വത്തിനും പരിശുദ്ധിക്കും നിദാനവുമായിരിക്കുന്ന മൂന്നു യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരിക്കുന്നു.
(1) അവന്‍ ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ലെന്ന്. അഥവാ യഥാര്‍ത്ഥമക്കളോ പോറ്റുമക്കളോ, ദത്തുമക്കളോ അവനില്ല. യഹൂദികള്‍ ഉസൈര്‍ (عليه الصلاة والسلام) നെയും, ക്രിസ്ത്യാനികള്‍ ഈസാ (عليه الصلاة والسلام) നെയും, മുശ്രിക്കുകള്‍ മലക്കുകളെയും അല്ലാഹുവിന്റെ സന്താനങ്ങളാക്കുന്നു. മറ്റു ചില മതക്കാര്‍ വേറെ ചിലരെയും അവന്റെ സന്താനങ്ങളായി ഗണിച്ചു വരുന്നു. ഇങ്ങിനെയുള്ള എല്ലാതരം സന്താന വാദങ്ങളില്‍നിന്നും അവന്‍ പരിശുദ്ധനത്രെ.
(2) രാജാധികാരത്തില്‍ അവനു യാതൊരു പങ്കാളികളുമില്ലെന്ന്. അതെ, അവന്റെ അധികാരാവകാശങ്ങളിലും, കൈകാര്യ നടത്തിപ്പിലും നാമമാത്രമായ ഒരു പങ്ക് പോലും ആര്‍ക്കുമില്ല.
(3) എളിമ നികത്തുവാന്‍ അവനു ഒരു ബന്ധുവുമില്ല. അതായതു,എ വന്റെ ഏതെങ്കിലും ദൗര്‍ബല്യമോ, പോരായ്മയോ കാരണത്താല്‍ അവനു ബന്ധുമിത്രാദികളോ, സഖികളോ, സഹായികളോ ആയി ആരുമില്ല. അതെ,
هو الله الأحد الصمد الذي لم يلد ولم يولد ولم يكن له كفوا أحد
അവന്‍ ഏകനായ അല്ലാഹുവാണു; അവന്‍ സര്‍വ്വാശ്രയനായ യജമാനനാണ്; അവനു സന്താനം ജനിച്ചിട്ടില്ല; അവന്‍ ജനിച്ചുണ്ടായവനുമല്ല; അവനു തുല്യനായി ഒരാളും ഇല്ല.)
يقول افقر الورى الى عفو الله ورحمته محمد بن حسن الامانى: فرغت من تسويد هذه النسخة من تفسير القرآن الكريم من سورة الفاتحة الى آخر سورة الإسراء ليلة الثلثاء الرابعة عشرة من شوال سنة ١٣٩٨ ه الموافق ٧٧/٩/٢٧ م بعد ان كان الشروع فيه ضحى يوم الاحد الثامن من رمضان سنة ١٣٩٥ ه الموافق ٧٥/٩/١٤ م. وقد كان الفراغ من تبييضه ليلة الاحد الثامنة رجب الحرام سنة ١٣٩٩ ه الموافق ١٩٧٩/٦/٢ م – ولله الحمد أولا وآخرا