വിഭാഗം - 7

ആദം നബി (عليه الصلاة والسلام) യെ സൃഷ്ടിച്ചപ്പോള്‍, മലക്കുകളോട് അദ്ദേഹത്തിന് സുജൂദ് ചെയ്യാന്‍ കല്‍പിക്കുകയും ശപിക്കപ്പെട്ട ഇബ്ലീസ്‌ മാത്രം സൂജൂദ് ചെയ്യാതിരിക്കുകയും ചെയ്ത സംഭവവും, അതുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുമാണ് തുടര്‍ന്നുള്ള ചില വചനങ്ങളില്‍ പ്രസ്താവിക്കപ്പെടുന്നത്. ഈ വിഷയകമായി മുകളില്‍ അല്‍ബക്വറഃ, അഅ്റാഫ്, ഹിജ്ര്‍ എന്നീ സൂറത്തുകളിലും, താഴെ അല്‍കഹ്ഫ്‌, ത്വാഹ, സ്വാദ് എന്നീ സൂറത്തുകളിലും വിവരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് വിഷയം ഇവിടെ അധികമൊന്നും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല. മനുഷ്യന്റെ ജന്മശത്രുവും, ആജീവനാന്ത ശത്രുവുമാണ് ഇബ്ലീസും അവന്റെ സൈന്യങ്ങളുമെന്നും, അവന്‍ മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ പ്രതിജ്ഞയെടുത്തവനും, പലതരം ദുരുപദേശങ്ങളും ഗൂഢതന്ത്രങ്ങളും അതിനായി അവന്‍ ഉപയോഗിക്കുമെന്നും അതുകൊണ്ട് മനുഷ്യന്‍ അവനെ സദാ സൂക്ഷിച്ചുകൊണ്ടിരിക്കണമെന്നും ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കുവാനാണ് ഈ വിഷയം അല്ലാഹു പലേടത്തും ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതെന്ന് നാം പ്രത്യേകം മനസ്സിരുത്തേണ്ടിയിരിക്കുന്നു. പിശാചിന്റെ ദുഷ്പ്രേരണകളില്‍ നിന്നു അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

17:61
 • وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ قَالَ ءَأَسْجُدُ لِمَنْ خَلَقْتَ طِينًا ﴾٦١﴿
 • 'നിങ്ങള്‍ ആദമിനു 'സുജൂദു' ചെയ്യുവിന്‍' എന്നു മലക്കുകളോടു നാം പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അപ്പോള്‍, അവര്‍ 'സുജൂദു' ചെയ്തു - ഇബ്ലീസ്‌ ഒഴികെ. അവന്‍ പറഞ്ഞു: 'നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവനു ഞാന്‍ 'സുജൂദു' ചെയ്യുകയോ?!'
 • وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം لِلْمَلَائِكَةِ മലക്കുകളോടു اسْجُدُوا സുജൂദു ചെയ്യുവിന്‍ لِآدَمَ ആദമിനു فَسَجَدُوا എന്നിട്ടു (അപ്പോള്‍), അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ قَالَ അവന്‍ പറഞ്ഞു أَأَسْجُدُ ഞാന്‍ സുജൂദു ചെയ്യുകയോ, ചെയ്യുമോ لِمَنْ خَلَقْتَ നീ സൃഷ്ടിച്ചവനു طِينًا കളിമണ്ണാല്‍
17:62
 • قَالَ أَرَءَيْتَكَ هَـٰذَا ٱلَّذِى كَرَّمْتَ عَلَىَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَأَحْتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلًا ﴾٦٢﴿
 • അവന്‍ പറഞ്ഞു: 'കണ്ടുവോ, ഇവനോ എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ളവന്‍? (ഒന്നു പറഞ്ഞു തരൂ)! തീര്‍ച്ചയായും, ക്വിയാമത്തുനാള്‍വരെ നീ എന്നെ (ഒഴിവാക്കി) പിന്തിച്ചുവെങ്കില്‍, ഇവന്റെ സന്തതികളെ അല്‍പം ഒഴിച്ച് (ബാക്കിയെല്ലാം) ഞാന്‍ അടക്കി ഒതുക്കുകതന്നെ ചെയ്യും.
 • قَالَ അവന്‍ പറഞ്ഞു أَرَأَيْتَكَ നീ കണ്ടുവോ (പറഞ്ഞു തരുക) هَـٰذَا الَّذِي ഈയൊരുവനെ, യാതൊരുവന്‍ ഇവനോ كَرَّمْتَ നീ ആദരിച്ചു عَلَيَّ എന്നെക്കാള്‍ لَئِنْ أَخَّرْتَنِ തീര്‍ച്ചയായും എന്നെ നീ പിന്തിച്ചു (ഒഴിവാക്കിത്തന്നു) വെങ്കില്‍ إِلَىٰ يَوْمِ നാള്‍വരേക്ക് الْقِيَامَةِ ക്വിയാമത്തിന്റെ لَأَحْتَنِكَنَّ ഞാന്‍ അടക്കി ഒടുക്കും (ഒതുക്കും), അധികാരം നടത്തും, പറ്റെ നശിപ്പിക്കും ذُرِّيَّتَهُ അവന്റെ സന്തതികളെ إِلَّا قَلِيلًا അല്‍പമൊഴികെ, കുറച്ചല്ലാതെ
17:63
 • قَالَ ٱذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَآؤُكُمْ جَزَآءً مَّوْفُورًا ﴾٦٣﴿
 • അവന്‍ [അല്ലാഹു] പറഞ്ഞു: 'നീ പോയിക്കൊള്ളുക. എന്നാല്‍, അവരില്‍നിന്നു നിന്നെ ആര്‍ പിന്തുടര്‍ന്നുവോ, അപ്പോള്‍ നിശ്ചയമായും, 'ജഹന്നം' [നരകം] നിങ്ങളുടെ പ്രതിഫലമായിരിക്കും; (അതെ) പൂര്‍ണ്ണമാക്കപ്പെട്ട പ്രതിഫലം!
 • قَالَ അവന്‍ പറഞ്ഞു اذْهَبْ നീ പോകുക فَمَن എന്നാല്‍ ആര്‍, വല്ലവനും تَبِعَكَ നിന്നെ തുടര്‍ന്ന്, നിന്നെ പിന്തുടര്‍ന്നുവോ مِنْهُمْ അവരില്‍നിന്നു فَإِنَّ എന്നാല്‍ നിശ്ചയമായും جَهَنَّمَ ജഹന്നം, നരകം جَزَاؤُكُمْ നിങ്ങളുടെ പ്രതിഫലമാകുന്നു جَزَاءً ഒരു പ്രതിഫലം مَّوْفُورًا നിറവേറ്റിക്കൊടുക്കപ്പെട്ട, പൂര്‍ത്തിയാക്കപ്പെട്ട (പൂര്‍ണ്ണമായ)
17:64
 • وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَـٰدِ وَعِدْهُمْ ۚ وَمَا يَعِدُهُمُ ٱلشَّيْطَـٰنُ إِلَّا غُرُورًا ﴾٦٤﴿
 • 'നിന്റെ ശബ്ദം [ക്ഷണം] കൊണ്ട് അവരില്‍ നിന്നും നിനക്കു സാധ്യമായവരെ നീ ഇളക്കിവിട്ടേക്കുകയും ചെയ്തുകൊള്ളുക; അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും, നിന്റെ കാലാള്‍പടയെയും നീ വിളിച്ച് കൂട്ടിക്കൊള്ളുകയും ചെയ്യുക; സ്വത്തുക്കളിലും, മക്കളിലും അവരുമായി നീ പങ്കുചേരുകയും ചെയ്യുക; അവരോടു നീ വാഗ്ദാനവും ചെയ്തുകൊള്ളുക.' വഞ്ചനയല്ലാതെ പിശാചു അവരോടു വാഗ്ദാനം ചെയ്കയില്ലതാനും.
 • وَاسْتَفْزِزْ നീ ഇളക്കിവിടുകയും ചെയ്യുക مَنِ اسْتَطَعْتَ നിനക്കു സാധിച്ചവരെ مِنْهُم അവരില്‍ നിന്നു بِصَوْتِكَ നിന്റെ ശബ്ദം കൊണ്ട് وَأَجْلِبْ വിളിച്ചു കൂട്ടുക (ഒച്ചപ്പാടുണ്ടാക്കുക - ശേഖരിച്ചു കൂട്ടുക)യും ചെയ്യുക عَلَيْهِم അവര്‍ക്കെതിരെ, അവരുടെമേല്‍ (എതിരായി) بِخَيْلِكَ നിന്റെ കുതിര (പ്പട്ടാളം) കൊണ്ട്, കുതിരപ്പടയെ وَرَجِلِكَ നിന്റെ കാലാള്‍ (പട്ടാളം) കൊണ്ടും, കാലാള്‍പ്പടയെയും وَشَارِكْهُمْ അവരോട് നീ പങ്കുചേരുകയും ചെയ്യുക فِي الْأَمْوَالِ സ്വത്തുക്കളില്‍ وَالْأَوْلَادِ മക്കളിലും وَعِدْهُمْ അവരോടു നീ വാഗ്ദാനവും ചെയ്യുക وَمَا يَعِدُهُمُ അവരോടു വാഗ്ദാനം ചെയ്കയില്ലതാനും الشَّيْطَانُ പിശാചു إِلَّا غُرُورًا വഞ്ചന (കൃത്രിമം) അല്ലാതെ

17:65
 • إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌ ۚ وَكَفَىٰ بِرَبِّكَ وَكِيلًا ﴾٦٥﴿
 • 'നിശ്ചയമായും, എന്റെ അടിയാന്‍മാര്‍ - അവരുടെ മേല്‍ നിനക്ക് ഒരധികാരശക്തിയുമില്ല.' (കാര്യങ്ങള്‍) ഭരമേല്‍പിക്കപ്പെടുന്നവനായി നിന്റെ റബ്ബുതന്നെ മതിതാനും!
 • إِنَّ عِبَادِي നിശ്ചയമായും എന്റെ അടിയാന്‍മാര്‍ لَيْسَ لَكَ നിനക്കില്ല عَلَيْهِمْ അവരുടെമേല്‍, അവര്‍ക്കെതിരെ سُلْطَانٌ ഒരുഅധികാരവും, അധികാരശക്തി وَكَفَىٰ മതിതാനും بِرَبِّكَ നിന്റെ റബ്ബ് (തന്നെ) وَكِيلًا ഭരമേല്‍പിക്കപ്പെടുന്നവനായി (ഉത്തരവാദപ്പെട്ടവനായി)

62-ാം വചനത്തില്‍ إِلَّا قَلِيلًا (അല്‍പം ആളുകളൊഴികെ) എന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ അടിയാന്‍മാരായ ആളുകളാണെന്നു 65-ാം വചനത്തില്‍ നിന്നു മനസ്സിലാക്കാം. അതായത് പിശാചിന്റെ ഇംഗിതങ്ങള്‍ക്കു അടിമപ്പെടുവാന്‍ കൂട്ടാക്കാത്ത സജ്ജനങ്ങളോടു അവന്റെ അധികാരശക്തിയോ കുസൃതിയോ വിലപ്പോകുകയില്ലെന്നു താല്‍പര്യം. ‘നിഷ്കളങ്കരായ നിന്റെ അടിയാന്‍മാരൊഴിച്ചു ബാക്കിയുള്ളവരെയാണു ഞാന്‍ വഴിപിഴപ്പിക്കുക’ എന്നു ഇബ്ലീസും, ‘നിന്നെ പിന്‍പറ്റിയ വഴികെട്ടവരുടെ മേലല്ലാതെ നിനക്കൊരു അധികാരശക്തിയുമില്ല’ എന്നു അല്ലാഹുവും പറഞ്ഞതായി സൂ: ഹിജ്ര്‍ 40, 42 വചനങ്ങളില്‍ പ്രസ്താവിച്ചതും ഈ നല്ല അടിയാന്മാരെക്കുറിച്ചു തന്നെ. മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ നിനക്കു കഴിയുന്ന എല്ലാ മാര്‍ഗ്ഗങ്ങളും നിര്‍വിഘ്നം നടത്തുവാന്‍ നിനക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നീ എന്തു തന്നെ പ്രയോഗിച്ചാലും എന്റെ നിഷ്ക്കളങ്കരായ നല്ല അടിയാന്‍മാരെ വശീകരിക്കുവാനും, വഴിപിഴപ്പിക്കുവാനും നിനക്കു സാധ്യമാകുന്നതല്ല. നിന്റെ ദുഷ്പ്രേരണകള്‍ക്കു അടിമപ്പെടുന്നവരെ മാത്രമേ നിന്റെ കെണിയില്‍ പെടുത്തുവാന്‍ നിനക്കു കഴിയുകയുള്ളു, എന്നത്രെ ഇബ്ലീസിനോടു അല്ലാഹു പറഞ്ഞതിന്റെ ചുരുക്കം. ഇബ്ലീസിന്റെ ശബ്ദകോലാഹലങ്ങളും, കാലദേശങ്ങള്‍ക്കനുസരിച്ച പരിഷ്കൃതങ്ങളായ പ്രചരണ പരിപാടികള്‍കൊണ്ടു അന്തരീക്ഷം മുറ്റിനില്‍ക്കുന്ന ഇക്കാലത്തു – അവന്റെ വക്താക്കളും, സഹകാരികളും, അനുയായികളുമായ ജനക്കൂട്ടം ധാരാളക്കണക്കില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തു – അവന്റെ ശബ്ദത്തെയും, കുതിരപ്പടയെയും, കാലാള്‍പ്പടയെയും കുറിച്ചു വിശേഷിച്ചൊന്നും പറയേണ്ടുന്ന ആവശ്യമില്ല. അല്‍പം സത്യവിശ്വാസവും നിഷ്കളങ്ക ബുദ്ധിയുമുള്ള ഏവര്‍ക്കും ഊഹിച്ചറിയാവുന്നതാണ്.

ധനത്തിന്റെ സമ്പാദനം, വിനിയോഗം, ക്രയവിക്രയം, മക്കളുടെ പരിപാലനം, പരിശീലനം, ശിക്ഷണം, പഠനം ആദിയായ തുറകളിലെല്ലാം അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്കും പ്രീതിക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുമാറ്‌ മനുഷ്യരില്‍ ദുഷ്‌പ്രേരണയും സ്വാധീനവും ചെലുത്തുക എന്നത്രെ, മനുഷ്യരുടെ സ്വത്തുക്കളിലും മക്കളിലും പങ്കുചേര്‍ന്നുകൊള്ളുക എന്ന്‌ പറഞ്ഞതിന്റെ താല്‍പര്യം. (കൂടുതല്‍ വിവരം സൂ: നിസാഉ്‌: 118-120 വചനങ്ങളിലും വ്യാഖ്യാനത്തിലും കാണുക) പിശാചിനു മനുഷ്യരെ വഴിപിഴപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ സുലഭമാണെങ്കിലും അതില്‍നിന്നെല്ലാം രക്ഷ പ്രാപിക്കുവാനുള്ള ഏക മാര്‍ഗവും കൂടി وَكَفَىٰ بِاللَّهِ وَكِيلًا (ഭരമേല്‍പിക്കപ്പെടുന്നവനായി അല്ലാഹു തന്നെ മതി) എന്ന വാക്യത്തിലൂടെ അല്ലാഹു സൂചിപ്പിച്ചിരിക്കുന്നു. അതെ, പിശാചിനെ കൈകാര്യകര്‍ത്താവാക്കാതെ, അല്ലാഹുവില്‍ മാത്രം എല്ലാം അര്‍പ്പിക്കുകയും, അവന്റെ കൈകാര്യങ്ങള്‍ക്കു വിധേയമായി നിലകൊള്ളുകയും ചെയ്യുന്നപക്ഷം, പിശാചിന്റെ വലയില്‍ അകപ്പെടാതെ രക്ഷപ്പെടാം എന്നത്രെ ആ സൂചന.

17:66
 • رَّبُّكُمُ ٱلَّذِى يُزْجِى لَكُمُ ٱلْفُلْكَ فِى ٱلْبَحْرِ لِتَبْتَغُوا۟ مِن فَضْلِهِۦٓ ۚ إِنَّهُۥ كَانَ بِكُمْ رَحِيمًا ﴾٦٦﴿
 • നിങ്ങളുടെ റബ്ബ്‌ നിങ്ങള്‍ക്കുവേണ്ടി സമുദ്രത്തില്‍ കപ്പലിനെ ചലിപ്പിച്ചുതരുന്നവനത്രെ; അവന്റെ അനുഗ്രഹത്തില്‍നിന്നും നിങ്ങള്‍ തേടുവാന്‍വേണ്ടി. നിശ്ചയമായും അവന്‍, നിങ്ങളില്‍ കരുണയുള്ളവനാകുന്നു.
 • رَّبُّكُمُ നിങ്ങളുടെ റബ്ബ്‌ الَّذِي يُزْجِي ഇളക്കി (ചലിപ്പിച്ചു) വിടുന്ന (തെളിക്കുന്ന) വനത്രെ لَكُمُ നിങ്ങള്‍ക്കുവേണ്ടി الْفُلْكَ കപ്പലിനെ فِي الْبَحْرِ സമുദ്രത്തില്‍ لِتَبْتَغُوا നിങ്ങള്‍ തേടു(അന്വേഷിക്കു)വാന്‍ വേണ്ടി مِن فَضْلِهِ അവന്റെ ദയവില്‍ (അനുഗ്രഹത്തില്‍) നിന്നു إِنَّهُ كَانَ നിശ്ചയമായും അവന്‍ ആകുന്നു بِكُمْ നിങ്ങളില്‍, നിങ്ങളെപ്പറ്റി, നിങ്ങളോടു رَحِيمًا കരുണയുള്ളവന്‍
17:67
 • وَإِذَا مَسَّكُمُ ٱلضُّرُّ فِى ٱلْبَحْرِ ضَلَّ مَن تَدْعُونَ إِلَّآ إِيَّاهُ ۖ فَلَمَّا نَجَّىٰكُمْ إِلَى ٱلْبَرِّ أَعْرَضْتُمْ ۚ وَكَانَ ٱلْإِنسَـٰنُ كَفُورًا ﴾٦٧﴿
 • സമുദ്രത്തില്‍വെച്ച്‌ നിങ്ങള്‍ക്കു ഉപദ്രവം ബാധിച്ചാല്‍ നിങ്ങള്‍ വിളി (ച്ചു പ്രാര്‍ഥി)ക്കുന്നവര്‍ (നിങ്ങളുടെ മനസ്സുകളില്‍ നിന്നു) അപ്രത്യക്ഷമാകും- അവന്‍ (മാത്രം) ഒഴികെ. എന്നാല്‍, അവന്‍ നിങ്ങളെ കരയിലേക്കു രക്ഷപ്പെടുത്തുമ്പോള്‍, നിങ്ങള്‍ തിരിഞ്ഞു കളയുകയായി! മനുഷ്യന്‍ നന്ദികെട്ടവനാകുന്നുതാനും!
 • وَإِذَا مَسَّكُمُ നിങ്ങളെ സ്പര്‍ശി(ബാധി)ച്ചാല്‍ الضُّرُّ ഉപദ്രവം, കഷ്ടത فِي الْبَحْرِ സമുദ്രത്തില്‍ ضَلَّ വഴിതെറ്റി (മറഞ്ഞു - അപ്രത്യക്ഷമായി) പോകും مَن تَدْعُونَ നിങ്ങള്‍ വിളിക്കുന്ന (പ്രാർത്ഥിക്കുന്ന)വര്‍ إِلَّا إِيَّاهُ അവന്‍ ഒഴികെ فَلَمَّا نَجَّاكُمْ എന്നാലവന്‍ നിങ്ങളെ രക്ഷപ്പെടുത്തുമ്പോള്‍ إِلَى الْبَرِّ കരയിലേക്കു أَعْرَضْتُمْ നിങ്ങള്‍ തിരിഞ്ഞു (അവഗണിച്ചു) കളയുന്നതാണ് وَكَانَ الْإِنسَانُ മനുഷ്യന്‍ ആകുന്നു كَفُورًا നന്ദികെട്ടവന്‍

മനുഷ്യര്‍ക്കു ഉപജീവന മാര്‍ഗങ്ങള്‍ അന്വേഷിക്കുവാനും സമ്പാദിക്കുവാനും വേണ്ടി സമുദ്രത്തിലൂടെ കപ്പല്‍ യാത്ര നടത്തുവാനുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചു തന്നിട്ടുള്ളവന്‍ ആരാണോ അവനാണു നിങ്ങളുടെ റബ്ബ്‌ എന്നു അല്ലാഹു ഉണര്‍ത്തുന്നു. അഥവാ ഈ ഒരു കാര്യത്തെപ്പറ്റി ചിന്തിച്ചാല്‍ തന്നെ അവനാണ്‌ നിങ്ങളുടെ ഏക റബ്ബ്‌ എന്നും, അതു അവന്‍ നിങ്ങള്‍ക്കു ചെയ്‌തു തന്ന വമ്പിച്ച ഒരനുഗ്രഹമാണെന്നും നിങ്ങള്‍ക്കു വ്യക്തമാകുമെന്നു് താല്‍പര്യം. പക്ഷെ, അനുഗ്രഹത്തിനു സദാ നന്ദി ചെയ്‌വാന്‍ കടപ്പെട്ട മനുഷ്യന്‍ നന്ദിക്കു പകരം നന്ദികേടു കാണിക്കുകയാണു ചെയ്യുന്നതെന്നും തുടര്‍ന്നുകൊണ്ടു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതായത്‌ സമുദ്രത്തില്‍വെച്ച്‌ കാറ്റും കോളുംപോലെയുള്ള വല്ല അത്യാപത്തുകളും നേരിടുമ്പോള്‍, ബഹുദൈവവിശ്വാസികളായ ആളുകള്‍ തങ്ങളുടെ ദൈവങ്ങളെയും, ആരാധ്യന്‍മാരെയുമെല്ലാം മറന്നുകളയുന്നു. എന്നിട്ട്‌ അല്ലാഹുവിനെ മാത്രം വിളിച്ച് രക്ഷക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആപത്തില്‍ നിന്നു രക്ഷപ്പെട്ടു കഴിഞ്ഞാലാകട്ടെ, വീണ്ടും പഴയ നില തന്നെ തുടരുകയും ചെയ്യും. ഇതെത്രമാത്രം കടുത്ത നന്ദികേടാണെന്നു ആലോചിച്ചുനോക്കുക! ഇത്തരം നന്ദികെട്ട മനുഷ്യരെ അഭിമുഖീകരിച്ചുകൊണ്ടു അല്ലാഹു പറയുന്നു:-

17:68
 • أَفَأَمِنتُمْ أَن يَخْسِفَ بِكُمْ جَانِبَ ٱلْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِبًا ثُمَّ لَا تَجِدُوا۟ لَكُمْ وَكِيلًا ﴾٦٨﴿
 • അപ്പോള്‍ (ഹേ, കൂട്ടരേ,) നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? കരയുടെ ഭാഗത്തു നിങ്ങളെ അവന്‍ ആഴ്‌ത്തിക്കളയുന്നതിനെ! അല്ലെങ്കില്‍, നിങ്ങളുടെമേല്‍ വല്ല ചരല്‍മഴയും അവന്‍ അയക്കുന്നതിനെ! പിന്നെ നിങ്ങള്‍ക്കു (കാര്യങ്ങള്‍) ഭരമേല്‌പിക്കപ്പെടുന്ന ഒരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും (ചെയ്യുന്നതിനെ)!
 • أَفَأَمِنتُمْ അപ്പോള്‍ നിങ്ങള്‍ നിര്‍ഭയരായിരിക്കുന്നുവോ أَن يَخْسِفَ അവന്‍ ആഴ്‌ത്തിക്കളയുന്നതിനെ بِكُمْ നിങ്ങളെ, നിങ്ങളെയും കൊണ്ട് جَانِبَ ഭാഗത്ത്‌, ഭാഗത്തെ الْبَرِّ കരയുടെ أَوْ يُرْسِلَ അല്ലെങ്കില്‍ അയക്കുന്നതിനെ عَلَيْكُمْ നിങ്ങളില്‍, നിങ്ങളുടെമേല്‍ حَاصِبًا വല്ല ചരല്‍ വര്‍ഷവും, ഒരു ചരല്‍മഴ, കൊടുങ്കാറ്റ് ثُمَّ പിന്നെ لَا تَجِدُوا നിങ്ങള്‍ കണ്ടെത്താതെയും لَكُمْ നിങ്ങള്‍ക്ക്‌ وَكِيلًا ഭരമേൽപിക്കപ്പെടുന്നവനെ (ഏറ്റെടുക്കുന്നവനെ)
17:69
 • أَمْ أَمِنتُمْ أَن يُعِيدَكُمْ فِيهِ تَارَةً أُخْرَىٰ فَيُرْسِلَ عَلَيْكُمْ قَاصِفًا مِّنَ ٱلرِّيحِ فَيُغْرِقَكُم بِمَا كَفَرْتُمْ ۙ ثُمَّ لَا تَجِدُوا۟ لَكُمْ عَلَيْنَا بِهِۦ تَبِيعًا ﴾٦٩﴿
 • അതല്ല, നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അതില്‍ [സമുദ്രത്തില്‍] മറ്റൊരു പ്രാവശ്യം നിങ്ങളെ (വീണ്ടും) മട(ക്കി എത്തി)ക്കുന്നതിനെ! എന്നിട്ട്‌ ഒരു (ശക്തിയായ) കൊടുങ്കാറ്റ്‌ നിങ്ങളുടെമേല്‍ അവന്‍ അയച്ച് നിങ്ങള്‍ നന്ദികേട്‌ കാണിച്ചതിന്നു നിങ്ങളെ മുക്കിക്കൊന്നു കളയുന്നതിനെ! പിന്നെ നിങ്ങള്‍, നമുക്കെതിരില്‍ അതിനെപ്പറ്റി (നടപടി എടുക്കുവാന്‍) പിന്നാലെ കൂടുന്ന ഒരാളെയും നിങ്ങള്‍ക്ക്‌ കണ്ടെത്താതിരിക്കുകയും (ചെയ്യുന്നതിനെ)!
 • أَمْ അതോ, അതല്ല, അല്ലാത്തപക്ഷം أَمِنتُمْ നിങ്ങള്‍ നിര്‍ഭയരായോ أَن يُعِيدَكُمْ അവന്‍ നിങ്ങളെ മടക്കുന്ന (ആവര്‍ത്തിക്കുന്ന) തിനെ فِيهِ അതില്‍ تَارَةً പ്രാവശ്യം أُخْرَىٰ വേറെ, മറ്റു فَيُرْسِلَ എന്നിട്ട്‌ അയക്കുകയും عَلَيْكُمْ നിങ്ങളുടെമേല്‍ قَاصِفًا ഒരു കഠോരമായത്, രൂക്ഷമായത് مِّنَ الرِّيحِ കാറ്റില്‍ നിന്ന് فَيُغْرِقَكُم എന്നിട്ട് നിങ്ങളെ മുക്കി നശിപ്പിക്കുക بِمَا كَفَرْتُمْ നിങ്ങള്‍ അവിശ്വസിച്ച (നന്ദികേട്‌ കാണിച്ച) തിനു (പകരം) ثُمَّ لَا تَجِدُوا പിന്നെ നിങ്ങള്‍ കണ്ടെത്താതെയും لَكُمْ നിങ്ങള്‍ക്ക്‌ عَلَيْنَا നമ്മുടെമേല്‍, നമുക്കെതിരെ بِهِ അതിനെപ്പറ്റി, അതിന് تَبِيعًا പിന്നാലെ കൂടുന്ന ഒരാളെയും

സാരം:-മേല്‍ സൂചിപ്പിച്ച പ്രകാരം ആപത്തുകളില്‍നിന്നു രക്ഷപ്പെട്ട് കരയില്‍ എത്തിച്ചേര്‍ന്നാല്‍ വീണ്ടും പഴയ ശിര്‍ക്കിലേക്കുതന്നെ മടങ്ങുകയാണല്ലോ നിങ്ങള്‍ ചെയ്യുന്നത്‌. അപ്പോള്‍, വീണ്ടും മേലില്‍ അങ്ങിനെയുള്ള ആപത്തുകളിലൊന്നും പെടുത്തുവാന്‍ അല്ലാഹുവിനു കഴിയുകയില്ലെന്നാണോ നിങ്ങളുടെ വിചാരം?! ഉദാഹരണമായി: കരയില്‍ എത്തിയശേഷം നിങ്ങളെ ഭൂമിയില്‍ ആഴ്‌ത്തിക്കളയുക, അല്ലെങ്കില്‍, നിങ്ങളില്‍ വല്ല ചരല്‍മഴയും വര്‍ഷിപ്പിച്ചു നശിപ്പിക്കുക, അല്ലെങ്കില്‍ എനിയും ഒരു തവണ നിങ്ങളെ സമുദ്രത്തിലേക്കു തിരിച്ചുവരുത്തി വീണ്ടും ഒരു കൊടുങ്കാറ്റയച്ച് നിങ്ങളുടെ നന്ദികേടിനു പകരം നിങ്ങളെ മുക്കിക്കൊല്ലുക മുതലായവയൊന്നും സംഭവിക്കുകയില്ലെന്നും, മേലില്‍ അങ്ങിനെയൊന്നും നിങ്ങള്‍ക്കു ഭയപ്പെടാനില്ലെന്നുമാണോ നിങ്ങള്‍ കരുതുന്നത്‌?! അങ്ങിനെ വല്ലതും സംഭവിക്കുന്നപക്ഷം, നിങ്ങളുടെ കാര്യം ഏറ്റെടുക്കുവാനോ നിങ്ങളെ സഹായിക്കുവാനോ ആരും ഉണ്ടായിരിക്കയില്ല. അതിന്റെ പേരില്‍ അല്ലാഹുവിനെതിരെ വല്ല അനന്തര നടപടിയും എടുക്കുവാനും നിങ്ങള്‍ക്കു ആരെയും കിട്ടുകയില്ല.

മക്കാവിജയത്തില്‍ ക്വുറൈശികള്‍ ഇസ്‌ലാമിനു കീഴൊതുങ്ങിയ അവസരത്തില്‍ ഇക്‌രിമത്തുബ്‌നു അബീജഹ്‌ല്‍ (رَضِيَ اللهُ تَعَالَى عَنْهُ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍നിന്നു ഓടി രക്ഷപ്പെടുവാന്‍വേണ്ടി ഒരു കപ്പലില്‍ കയറി അബീസീനിയയിലേക്കു യാത്രയായി. സമുദ്രത്തില്‍വെച്ചു കപ്പല്‍ ഒരു കൊടുങ്കാറ്റിലും കോളിലും അകപ്പെട്ടു. ഈ സമയത്ത്‌ അല്ലാഹുവിനോടുമാത്രം പ്രാര്‍ത്ഥിക്കുന്നതു കൊണ്ടല്ലാതെ ഫലമില്ലെന്നു കപ്പലിലുള്ളവര്‍ തമ്മതമ്മില്‍ പറഞ്ഞു. ഇതു കേട്ടപ്പോള്‍, സമുദ്രത്തില്‍ രക്ഷനല്‍കുവാന്‍ അല്ലാഹു മാത്രമാണുള്ളതെങ്കില്‍, കരയിലും അങ്ങിനെ തന്നെ ആയിരിക്കുവാനേ നിവൃത്തിയുള്ളൂവെന്ന്‌ ഇക്‌രിമഃ (رَضِيَ اللهُ تَعَالَى عَنْهُ) യുടെ ഹൃദയം അദ്ദേഹത്തോട്‌ മന്ത്രിച്ചു. അദ്ദേഹം സ്വയം പറഞ്ഞു: `അല്ലാഹുവേ! ഈ ആപത്തില്‍ നിന്ന്‌ നീ എന്നെ രക്ഷപ്പെടുത്തിത്തന്നാല്‍, നിശ്ചയമായും ഞാന്‍, മുഹമ്മദിന്റെ അടുക്കല്‍ ചെന്നു എന്റെ കൈ അദ്ദേഹത്തിന്റെ കൈയില്‍ വെക്കുമെന്ന്‌ (ഇസ്‌ലാമിന്റെ പ്രതിജ്ഞ ചെയ്യുമെന്നു) ഞാനിതാ കരാര്‍ ചെയ്യുന്നു.’ പ്രസ്‌തുത ആപത്തില്‍ നിന്ന്‌ രക്ഷ കിട്ടിയപ്പോള്‍, അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കലേക്ക്‌ മടങ്ങി വന്നു മുസ്‌ലിമാകുകയും ചെയ്‌തു. ഇസ്‌ലാമിനുവേണ്ടി വളരെ ധീരമായ സേവനങ്ങള്‍ അനുഷ്‌ഠിച്ച ഒരു യുവസ്വഹാബിയായിത്തീര്‍ന്നു ഇക്‌രിമഃ (റ).

17:70
 • وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَـٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ﴾٧٠﴿
 • തീര്‍ച്ചയായും, ആദമിന്റെ സന്തതികളെ (മനുഷ്യരെ) നാം ആദരിച്ചിട്ടുണ്ട്‌; കരയിലും കടലിലും അവരെ നാം [വാഹനം] കയറ്റുകയും ചെയ്‌തിരിക്കുന്നു; നല്ല [വിശിഷ്‌ട] വസ്‌തുക്കളില്‍ നിന്നും അവര്‍ക്കു നാം ആഹാരം നല്‍കുകയും ചെയ്‌തിരിക്കുന്നു; നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും ഒരു വലിയ ശ്രേഷ്‌ഠത അവര്‍ക്ക്‌ നാം നല്‍കുകയും ചെയ്‌തിരിക്കുന്നു.
 • وَلَقَدْ തീര്‍ച്ചയായും ഉണ്ട് كَرَّمْنَا നാം ആദരിക്കുക - മാനിക്കുക (ഉണ്ടായിട്ടുണ്ടു) بَنِي آدَمَ ആദമിന്റെ മക്കളെ وَحَمَلْنَاهُمْ നാം വഹിക്ക (കയറ്റുക) യും ചെയ്‌തിരിക്കുന്നു അവരെ فِي الْبَرِّ കരയില്‍ وَالْبَحْرِ കടലി(സമുദ്രത്തി)ലും وَرَزَقْنَاهُم അവര്‍ക്കു നാം (ആഹാരം - ഉപജീവനം) നല്‍കുകയും ചെയ്‌തിരിക്കുന്നു مِّنَ الطَّيِّبَاتِ നല്ല (വിശിഷ്‌ട) വസ്‌തുക്കളില്‍ നിന്നു وَفَضَّلْنَاهُمْ അവരെ നാം ശ്രേഷ്‌ഠരാക്കുക (മെച്ചപ്പെടുത്തുക) യും ചെയ്‌തിരിക്കുന്നു عَلَىٰ كَثِيرٍ പലരെയും (മിക്കവരെയും, അധികത്തെയും) കാള്‍ مِّمَّنْ خَلَقْنَا നാം സൃഷ്‌ടിച്ചവരില്‍ നിന്നു تَفْضِيلًا ഒരു ശ്രേഷ്‌ഠമാക്കല്‍, മെച്ചപ്പെടുത്തല്‍

ആദം സന്തതികളാകുന്ന മനുഷ്യവര്‍ഗത്തിനു അല്ലാഹു ചെയ്‌തുകൊടുത്തിട്ടുള്ള ചില പ്രത്യേകാനുഗ്രഹങ്ങളെക്കുറിച്ചാണ്‌ പ്രസ്‌താവിക്കുന്നത്‌:

(1) അവരെ നാം ആദരിച്ചിരിക്കുന്നുവെന്ന്‌, ഇതരജീവികളില്‍ നിന്നും വ്യത്യസ്‌തമായി മനുഷ്യര്‍ക്കു പ്രകൃത്യാ ലഭിച്ചിട്ടുള്ള എല്ലാ വിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇരു കാലുകളില്‍ നിവര്‍ന്ന്‌ നില്‍ക്കുകയും നടക്കുകയും ചെയ്യുന്ന ശരീരപ്രകൃതി, കാര്യങ്ങള്‍ ഗ്രഹിച്ചറിയുവാനുള്ള വിവേചനശക്തി, പഞ്ചേന്ദ്രിയങ്ങള്‍ മുഖേന കാര്യങ്ങളെ വിലയിരുത്തുവാനുള്ള ഗ്രഹണശക്തി, ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാനുള്ള കഴിവ്‌, ഇതര ജീവികളെ അടക്കിഭരിക്കുവാനുള്ള പ്രാപ്‌തി, ഭൂവിഭവങ്ങളെ ചൂഷണം ചെയ്യുവാനുള്ള സാമര്‍ത്ഥ്യം, കൈകൊണ്ടു ഭക്ഷണപദാര്‍ത്ഥങ്ങള്‍ എടുത്തുതിന്നുവാനുള്ള കഴിവ്‌, ഇതരജീവികള്‍ക്കൊന്നും സാധ്യമല്ലാത്ത എത്രയോ കാര്യങ്ങള്‍ ചെയ്‌വാന്‍ സാധിക്കുമാറുള്ള ശരീരഘടന, വേഷഭൂഷാദി അലങ്കാരങ്ങളും സൗന്ദര്യവിഭവങ്ങളും ആസ്വദിക്കുവാനുള്ള വാസനയും കഴിവും, വിവിധ ജീവിതമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുവാനുള്ള സാമര്‍ത്ഥ്യം, എഴുത്തും വായനയും ശീലിക്കുവാനും ഉപയോഗപ്പെടുത്തുവാനുമുള്ള സാധ്യത, സംസാര ശേഷി എന്നിത്യാദി എത്രയോ കാര്യങ്ങള്‍ ഇതിനു ഉദാഹരണങ്ങളാകുന്നു.

(2) കരയിലും, കടലിലും അവരെ നാം വഹിച്ചു -അഥവാ വാഹനത്തില്‍ കയറ്റി – കൊണ്ടുപോയിരിക്കുന്നുവെന്നു്. വായുവിലൂടെയും, ശൂന്യാകാശത്തിലൂടെയും മനുഷ്യന്‍ സഞ്ചരിക്കുന്ന പതിവു മുന്‍കാലത്തില്ലാത്തതു കൊണ്ടു അതു രണ്ടിനെക്കുറിച്ചും പ്രത്യേകം എടുത്തു പറയപ്പെട്ടില്ലെങ്കിലും അതതു കാലത്തു മനുഷ്യനു യഥേഷ്‌ടം സഞ്ചാരം ചെയ്‌വാനുതകുന്ന വിവിധതരം വാഹനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുകയും ആ വാഹനങ്ങള്‍ വഴി സഞ്ചരിക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്‌തിട്ടുള്ളതിനെയാണിതു സൂചിപ്പിക്കുന്നത്‌. വാഹനങ്ങള്‍ ജീവജന്തുക്കളായിരുന്നാലും, മനുഷ്യനിര്‍മിത വസ്‌തുക്കളായിരുന്നാലും അവയെ അവനു വിധേയമാക്കിക്കൊടുത്തതും, നിര്‍മാണത്തിനു വേണ്ടുന്ന സാധനസാമഗ്രികളും, സംവിധാനങ്ങളും ശരിപ്പെടുത്തിക്കൊടുക്കുന്നതും അല്ലാഹുവാണല്ലോ.

(3) നല്ല വിശിഷ്‌ടമായ ആഹാരവസ്‌തുക്കളെ നാം അവര്‍ക്കു നല്‍കിയിരിക്കുന്നുവെന്ന്‌- ഹൃദ്യവും, രുചികരവും, പോഷകകരവുമായ എല്ലാ ഭക്ഷ്യപദാര്‍ഥങ്ങളും, ധാന്യങ്ങള്‍, ഫലങ്ങള്‍, മല്‍സ്യമാംസങ്ങള്‍ തുടങ്ങിയ എല്ലാ ഭക്ഷ്യവിഭവങ്ങളും الطَّيِّبَات (നല്ല വിശിഷ്‌ട വസ്‌തുക്കള്‍) എന്ന വാക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

(4) നാം സൃഷ്‌ടിച്ച വസ്‌തുക്കളില്‍ മിക്കതിനെക്കാളും അവരെ നാം ശ്രേഷ്‌ഠമാക്കിവെച്ചിരിക്കുന്നുവെന്ന്‌. മേല്‍വിവരിച്ചതുപോലെയുള്ള പ്രകൃതിവിശേഷങ്ങൾക്കു പുറമെ, ഐഹിക ജീവിതത്തില്‍വെച്ച്‌ ബുദ്ധിയും, അറിവും, പരിചയവും ഉപയോഗപ്പെടുത്തിക്കൊണ്ടു പുരോഗമനപരവും, സാന്‍മാര്‍ഗ്ഗികവുമായ ജീവിതം നയിക്കുവാനും, ആത്മീയ പുരോഗതി നേടി പാരത്രിക മോക്ഷം ലഭിക്കുവാനും മനുഷ്യനു സാധ്യമാക്കിയിരിക്കുന്നതും മനുഷ്യന്റെ വിശേഷത തന്നെ.

എല്ലാവിധ സൃഷ്‌ടികളിലും വെച്ച്‌ ശ്രേഷ്‌ഠനാണു മനുഷ്യന്‍ എന്നു പലരും പ്രസ്‌താവിച്ചു കാണാറുണ്ട്‌. പുരോഗമനവാദികളെന്ന്‌ അഭിമാനിക്കുന്ന ചിലരില്‍ ഈ ധാരണ കുറേക്കൂടി ശക്തമായിട്ടാണ്‌ കാണപ്പെടുന്നത്‌. അങ്ങിനെയുള്ള ചില വ്യക്തികള്‍ മനുഷ്യസൃഷ്‌ടിയുടെ മഹത്വങ്ങള്‍ വിവരിക്കുന്നതു കണ്ടാല്‍, മനുഷ്യന്‍ പുരോഗമിച്ച് പുരോഗമിച്ച് അല്ലാഹുവിന്റെ ഉന്നതപദവിവരേക്കും എത്തിച്ചേര്‍ന്നേക്കുമെന്നു (تعالى الله عن ذلك) തോന്നിപ്പോകും! (تعالى الله عن ذلك) അതേ സമയത്ത്‌ മലക്കുകളെപ്പറ്റി ഇവര്‍ വര്‍ണിക്കുന്നത്‌ കാണുമ്പോള്‍, അവര്‍ കേവലം യന്ത്രസമാനമായ ചില ജീവികളാണെന്നും തോന്നിപ്പോകുന്നു!

മറ്റൊരു വിഷയത്തെപ്പറ്റി പ്രസ്‌താവിച്ചുകൊണ്ടിരിക്കെ- സന്ദര്‍ഭവശാല്‍- മനുഷ്യന്റെ ശ്രേഷ്‌ഠതയെ സംബന്ധിച്ച്‌ ചില സൂചനകള്‍ നല്‍കുകയല്ല അല്ലാഹു ഈ വചനം മുഖേന ചെയ്‌തിരിക്കുന്നത്‌. ഈ വചനത്തിന്റെ ഇതിവൃത്തം തന്നെ മനുഷ്യന്റെ ശ്രേഷ്‌ഠത വിവരിക്കലത്രെ. ഇതോര്‍ത്തുകൊണ്ട്‌ …وَلَقَدْ كَرَّمْنَا بَنِي آدَمَ (നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍നിന്നു മിക്കവരെക്കാളും നാം അവരെ- മനുഷ്യരെ- ശ്രേഷ്‌ഠമാക്കിയിരിക്കുന്നു) എന്ന വാക്യം ഒന്ന്‌ പരിശോധിച്ചുനോക്കുക. നാം സൃഷ്‌ടിച്ചവരെക്കാള്‍ ശ്രേഷ്‌ഠരാക്കി’ എന്നോ മറ്റോ പറയാതെ, ‘നാം സൃഷ്‌ടിച്ചവരില്‍ മിക്കവരെക്കാളും ശ്രേഷ്‌ഠരാക്കി’ എന്നേ അല്ലാഹു പറഞ്ഞിട്ടുള്ളൂ. അപ്പോള്‍, മനുഷ്യന്റെ അത്രയോ, അല്ലെങ്കില്‍ അവനെക്കാള്‍ അധികമോ ശ്രേഷ്‌ഠതയുള്ള മറ്റു വല്ല സൃഷ്‌ടികളും ഉണ്ടാവാം-അഥവാ ഉണ്ടായിരിക്കും-എന്നാണല്ലോ ഇതില്‍നിന്നു വ്യക്തമാകുന്നത്‌. പക്ഷേ, ആ സൃഷ്‌ടി ആരാണെന്നോ, ഏതാണെന്നോ അല്ലാഹു വ്യക്തമാക്കിയിട്ടില്ല. നമ്മുടെ അറിവില്‍ പെട്ടിടത്തോളം മനുഷ്യനു പുറമെ, ജിന്നുകളും മലക്കുകളും എന്നിങ്ങനെ രണ്ടു സമുദായമാണ്‌ ബുദ്ധിജീവികളായി വേറെയുള്ളത്‌. എങ്കിലും, ഈ രണ്ടു വര്‍ഗ്ഗമല്ലാതെ വേറെയും വല്ല ബുദ്ധിവര്‍ഗവും ഉണ്ടായിക്കൂടാ എന്നില്ലല്ലോ. ആ രണ്ടു സമുദായത്തെക്കുറിച്ചും വേണ്ടത്ര നമുക്കറിയുകയുമില്ലതാനും.

അല്ലാഹു പറയുന്നു:

وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ

(നിന്റെ റബ്ബിന്റെ സൈന്യങ്ങളെ അവനല്ലാതെ അറിയുകയില്ല. (74:31)

وَيَخْلُقُ مَا لَا تَعْلَمُونَ

(നിങ്ങള്‍ അറിയാത്തത്‌ അവന്‍ സൃഷ്‌ടിക്കുകയും ചെയ്യും. (16:8).

يَخْلُقُ اللَّـهُ مَا يَشَاءُ

(അല്ലാഹു ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്‌ടിക്കുന്നു. (24:45).

يَزِيدُ فِي الْخَلْقِ مَا يَشَاءُ

(സൃഷ്‌ടിയില്‍ അവന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ വര്‍ധിപ്പിക്കുന്നു. (35:1).

وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ

(അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണ്‌ ആകാശങ്ങളെയും, ഭൂമിയെയും അവ രണ്ടിലും ജീവിയായി അവന്‍ വിതരണം ചെയ്‌തിട്ടുള്ളതിനെയും സൃഷ്‌ടിച്ചത്‌ 42:29).

അപ്പോള്‍, ആകാശങ്ങളില്‍ മലക്കുകളല്ലാത്തതും, നമുക്കറിഞ്ഞുകൂടാത്തതുമായ വേറെയും ജീവവര്‍ഗ്ഗം ഉണ്ടായിരിക്കുവാന്‍ സാധ്യതയുണ്ടെന്നു ഇതൊക്കെ സൂചിപ്പിക്കുന്നു. ആകാശങ്ങളിലുള്ളവരെപ്പറ്റി പൊതുവെ മലക്കുകള്‍ എന്ന്‌ പറയപ്പെടുമെന്നു വന്നാലും അവരില്‍ പലതരക്കാരും പല പദവിക്കാരും ഉണ്ടെന്നുള്ളതും അനിഷേധ്യമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സര്‍വസൃഷ്‌ടികളെക്കാളും ശ്രേഷ്‌ഠരാണ്‌ മനുഷ്യരെന്ന്‌ അല്ലാഹു പറഞ്ഞിട്ടില്ല. മനുഷ്യനെപ്പോലെയോ അതിലധികമോ ശ്രേഷ്‌ഠതയുള്ള വേറെയും സൃഷ്‌ടികളുണ്ടാവാമെന്നാണ്‌ ഈ വാക്യത്തില്‍ നിന്നു സ്‌പഷ്‌ടമാകുന്നതും. ഈ സൃഷ്‌ടികള്‍ ഒരു പക്ഷെ, മലക്കുകളല്ലാത്ത വേറെ വല്ല കൂട്ടരുമാവാം. അല്ലെങ്കില്‍ മലക്കുകളുടെ വര്‍ഗമോ, അവരില്‍പെട്ട ഏതെങ്കിലും വിഭാഗമോ ആയിരിക്കാവുന്നതാണ്‌. അല്ലാഹുവിന്നറിയാം. والله أعلم بالصواب

വിഭാഗം - 8

17:71
 • يَوْمَ نَدْعُوا۟ كُلَّ أُنَاسٍۭ بِإِمَـٰمِهِمْ ۖ فَمَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ فَأُو۟لَـٰٓئِكَ يَقْرَءُونَ كِتَـٰبَهُمْ وَلَا يُظْلَمُونَ فَتِيلًا ﴾٧١﴿
 • എല്ലാ മനുഷ്യരെയും അവരുടെ നേതാവുസഹിതം നാം വിളിക്കുന്ന ദിവസം (ഓര്‍ക്കുക). അപ്പോള്‍, ആര്‍ക്കു തന്റെ (രേഖാ) ഗ്രന്ഥം തന്റെ വലം കയ്യില്‍ നല്‍കപ്പെടുന്നുവോ അക്കൂട്ടര്‍ അവരുടെ (രേഖാ) ഗ്രന്ഥം വായിക്കുന്നതാണ്‌. അവര്‍ ഒരു തരിമ്പും (ഒട്ടും) അനീതി ചെയ്യപ്പെടുകയുമില്ല.
 • يَوْمَ ദിവസം نَدْعُوا۟ നാം വിളിക്കുന്ന كُلَّ أُنَاسٍ എല്ലാമനുഷ്യരെയും بِإِمَامِهِمْ അവരുടെ മുമ്പന്‍ (നേതാവു) സഹിതം فَمَنْ അപ്പോള്‍ ആര്‍ أُوتِيَ നല്‍കപ്പെട്ടു كِتَابَهُ അവന്റെ ഗ്രന്ഥം بِيَمِينِهِ തന്റെ വലങ്കയ്യില്‍ فَأُولَـٰئِكَ എന്നാല്‍ ആ കൂട്ടര്‍, അവര്‍ يَقْرَءُونَ വായിക്കും, വായിച്ചുകൊണ്ടിരിക്കും كِتَابَهُمْ അവരുടെ ഗ്രന്ഥം وَلَا يُظْلَمُونَ അവര്‍ അനീതി (അവര്‍ അക്രമം) ചെയ്യപ്പെടുകയുമില്ല فَتِيلًا ഒരു ആരോളം (തരിമ്പും - ഒട്ടും)

17:72
 • وَمَن كَانَ فِى هَـٰذِهِۦٓ أَعْمَىٰ فَهُوَ فِى ٱلْـَٔاخِرَةِ أَعْمَىٰ وَأَضَلُّ سَبِيلًا ﴾٧٢﴿
 • ഇവിടത്തില്‍ (ഇഹത്തില്‍) ആര്‍ അന്ധനായിരുന്നുവോ അവന്‍ പരത്തിലും അന്ധനായിരിക്കും; ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.
 • وَمَن كَانَ ആര്‍ ആയിരുന്നാല്‍ فِي هَـٰذِهِ ഇതില്‍ (ഇവിടത്തില്‍) أَعْمَىٰ അന്ധന്‍ فَهُوَ എന്നാലവന്‍ فِي الْآخِرَةِ പരലോകത്തിൽ أَعْمَىٰ അന്ധനായിരിക്കും وَأَضَلُّ ഏറ്റം (കൂടുതല്‍) പിഴച്ചവനും سَبِيلًا വഴി

إِمَام (ഇമാമ്‌) എന്ന വാക്കിനാണ്‌ ‘നേതാവ്‌’ എന്നര്‍ത്ഥം കല്‍പിച്ചത്‌. ‘മുമ്പില്‍ നിലകൊള്ളുന്നത്‌, പിന്‍പറ്റപ്പെടുന്നത്‌, മാതൃക, തുറന്ന വഴി’ എന്നൊക്കെ അതിനു അര്‍ത്ഥങ്ങള്‍ വരും. ഇവിടെ ‘അവരുടെ നേതാവ്‌’ കൊണ്ടുദ്ദേശിക്കപ്പെടുന്നത്‌ ഓരോ മനുഷ്യസമൂഹവും തങ്ങള്‍ക്കു മാതൃകയായി സ്വീകരിച്ചുവന്നിരുന്ന നേതാക്കളാണെന്നും, അവരുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഗ്രന്ഥരേഖകളാണെന്നും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. രണ്ടു വ്യാഖ്യാനങ്ങളും തമ്മില്‍ എതിരില്ലതാനും. ഓരോ സമൂഹത്തിനുമുള്ള നബിമാരെയും സാക്ഷികളെയും കര്‍മരേഖകളെയും മഹ്‌ശറില്‍ ഹാജരാക്കുമെന്നു ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌. (സൂ: സുമര്‍: 69ഉം മറ്റും നോക്കുക). വലങ്കയ്യില്‍ ഗ്രന്ഥം നല്‍കപ്പെടുക സജ്ജനങ്ങള്‍ക്കും, ഇടങ്കയ്യില്‍ ഗ്രന്ഥം നല്‍കപ്പെടുക ദുര്‍ജ്ജനങ്ങള്‍ക്കുമായിരിക്കും. സജ്ജനങ്ങള്‍ അവരുടെ ഗ്രന്ഥം കയ്യില്‍ കിട്ടുമ്പോള്‍, തങ്ങളുടെ സല്‍ക്കര്‍മ്മങ്ങള്‍ മുഴുവനും അതില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്‌ കണ്ട് സന്തോഷിക്കുകയും, സാവേശം അത്‌ വായിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇടങ്കയ്യില്‍ നല്‍കപ്പെട്ടവരാകട്ടെ, ‘അത്‌ കയ്യില്‍ കിട്ടാതിരുന്നെങ്കില്‍ നന്നായേനെ!’ എന്നു കൊതിച്ചുപോകും. (സൂറഃ അല്‍ഹാഖ്-ഖ്വഃ 19, 20, 25, 26, 27 നോക്കുക.)

സജ്ജനങ്ങള്‍ സന്തോഷപൂര്‍വം അത്‌ വായിക്കുന്നതിനെപ്പറ്റിയാണ്‌ ‘അവര്‍ അവരുടെ ഗ്രന്ഥം വായിക്കും’ എന്നു ഇവിടെ പറഞ്ഞത്‌. അവരുടെ ഏതെങ്കിലും ഒരു കര്‍മ്മം അതില്‍ രേഖപ്പെടുത്താതെയോ, ഏതെങ്കിലും കര്‍മ്മത്തിന്‌ തക്ക പ്രതിഫലം നല്‍കപ്പെടാതെയോ വരുകയില്ല എന്നത്രെ ‘അവരോട്‌ തരിമ്പു പോലും അനീതി ചെയ്യപ്പെടുകയില്ല’ എന്ന്‌ പറഞ്ഞതിന്റെ താല്‍പര്യം. فَتِيلًا (ഫതീലന്‍) എന്ന വാക്കിനാണ്‌ ‘ഒരു തരിമ്പും- അഥവാ ഒട്ടും’ എന്നു നാം അര്‍ത്ഥം നല്‍കിയിരിക്കുന്നത്‌. ഈ വാക്കിന്റെ അര്‍ത്ഥത്തെയും ഉദ്ദേശ്യത്തെയും കുറിച്ചു സൂറഃ നിസാഉ്‌ 49 ന്റെ വ്യാഖ്യാനത്തില്‍ മുമ്പ്‌ വിവരിച്ചിട്ടുണ്ട്‌.

72-ാം വചനത്തിന്റെ സാരം ഇതാണ്‌: നേര്‍മ്മാര്‍ഗം അന്വേഷിക്കുക, ദൃഷ്‌ടാന്തങ്ങളെപ്പറ്റി ചിന്തിക്കുക, ഉപദേശങ്ങള്‍ സ്വീകരിക്കുക എന്നിവയൊന്നും ചെയ്യാതെ, ഈ ലോകത്ത്‌ അന്ധരായി കഴിഞ്ഞുകൂടിയവര്‍ പരലോകത്ത്‌ യാതൊരു രക്ഷാമാര്‍ഗ്ഗവും കാണാതെ അന്ധരായിത്തന്നെ കഴിയേണ്ടിവരും. ഏറ്റവും പിഴച്ചവരും ഏറ്റവും നഷ്‌ടം പിടിപെട്ടവരുമായിരിക്കും അവര്‍. സൂറത്തുല്‍ ഹജ്ജ്‌ 46-ല്‍ അല്ലാഹു പറയുന്നു:

فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَـٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ

(സാരം: കണ്ണുകള്‍ക്കല്ല അന്ധത ബാധിക്കുന്നത്‌. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങള്‍ക്കാണ്‌ അന്ധത ബാധിക്കുന്നത്‌).

17:73
 • وَإِن كَادُوا۟ لَيَفْتِنُونَكَ عَنِ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ لِتَفْتَرِىَ عَلَيْنَا غَيْرَهُۥ ۖ وَإِذًا لَّٱتَّخَذُوكَ خَلِيلًا ﴾٧٣﴿
 • (നബിയേ) നിശ്ചയമായും, നിനക്കു നാം 'വഹ്‌യ്‌' (സന്ദേശം) നല്‍കിയിട്ടുള്ളതില്‍ നിന്നു അവര്‍ നിന്നെ (തെറ്റിച്ചു) കുഴപ്പത്തിലാക്കുമാറായിരിക്കുന്നു; ഇതല്ലാത്തതു (വല്ലതും) നമ്മുടെ പേരില്‍ നീ കെട്ടിച്ചമക്കുവാന്‍ വേണ്ടി. എന്നാല്‍ (അപ്പോള്‍) അവര്‍ നിന്നെ ഒരു ചങ്ങാതിയാക്കുകതന്നെ ചെയ്യുന്നതുമാണ്‌.
 • وَإِن كَادُوا നിശ്ചയമായും അവരാകാറായിരിക്കുന്നു, ആകുമാറായി لَيَفْتِنُونَكَ നിന്നെ കുഴപ്പത്തിലാക്കുക തന്നെ عَنِ الَّذِي യാതൊന്നില്‍ നിന്നു أَوْحَيْنَا നാം വഹ്‌യു നല്‍കിയ إِلَيْكَ നിനക്കു, നിന്നിലേക്ക്‌ لِتَفْتَرِيَ നീ കെട്ടിച്ചമക്കു (കെട്ടിപ്പറയു)വാന്‍ عَلَيْنَا നമ്മുടെ പേരില്‍ غَيْرَهُ ഇതല്ലാ (അതല്ലാ) ത്തതിനെ وَإِذًا لَّاتَّخَذُوكَ അപ്പോള്‍, അന്നേരം എന്നാല്‍ لَّٱتَّخَذُوكَ അവര്‍ നിന്നെ ആക്കുകതന്നെ ചെയ്യുന്നതാണ്‌ خَلِيلًا ഒരു ചങ്ങാതി, സുഹൃത്ത്
17:74
 • وَلَوْلَآ أَن ثَبَّتْنَـٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْـًٔا قَلِيلًا ﴾٧٤﴿
 • നിന്നെ നാം ഉറപ്പിച്ചു നിറുത്തിയിട്ടില്ലായിരുന്നെങ്കില്‍; തീര്‍ച്ചയായും, നീ അവരിലേക്കു അല്‌പമൊന്ന്‌ ചാഞ്ഞു പോയേക്കുകതന്നെ ചെയ്യുമായിരുന്നു.
 • وَلَوْلَا ഇല്ലായിരുന്നെങ്കില്‍ أَن ثَبَّتْنَاكَ നിന്നെ നാം ഉറപ്പിച്ചു നിറുത്തല്‍ لَقَدْ كِدتَّ തീര്‍ച്ചയായും നീ ആയേക്കും (ആകുമാറാകുന്നതാണ്) تَرْكَنُ നീ ചായുക, ചെരിയുക إِلَيْهِمْ അവരിലേക്കു شَيْئًا قَلِيلًا കുറഞ്ഞ വസ്തു (അല്‍പമൊന്നു - കുറച്ചൊന്നു)
17:75
 • إِذًا لَّأَذَقْنَـٰكَ ضِعْفَ ٱلْحَيَوٰةِ وَضِعْفَ ٱلْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا ﴾٧٥﴿
 • എന്നാല്‍ (ചാഞ്ഞുപോയാല്‍) നിനക്കു നാം (ഈ) ജീവിതത്തിലെ ഇരട്ടി (ശിക്ഷ)യും മരണത്തിലെ ഇരട്ടി (ശിക്ഷ) യും ആസ്വദിപ്പിക്കുകതന്നെ ചെയ്യുന്നതാണ്‌. പിന്നെ, നമുക്കെതിരില്‍ ഒരു സഹായകനെയും നീ കണ്ടെത്തുകയുമില്ല.
 • إِذًا എന്നാല്‍, അപ്പോള്‍ لَّأَذَقْنَاكَ നിനക്കു (നിന്നെ) നാം ആസ്വദി (അനുഭവി) പ്പിക്കുക തന്നെ ചെയ്യും ضِعْفَ ഇരട്ടി الْحَيَاةِ ജീവിതത്തിന്റെ (ലെ) وَضِعْفَ ഇരട്ടിയും الْمَمَاتِ മരണത്തിന്റെ (ലെ) ثُمَّ പിന്നെ لَا تَجِدُ നീ കണ്ടെത്തുക (നിനക്കു കിട്ടുക)യില്ല لَكَ നിനക്കു عَلَيْنَا നമുക്കെതിരെ نَصِيرًا ഒരു സഹായകനെയും

തൗഹീദിന്റെ പ്രബോധനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വല്ല അയവോ വിട്ടുവീഴ്‌ചയോ കാണിക്കുന്നപക്ഷം, തങ്ങള്‍ക്ക്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായുള്ള വൈരം അവസാനിപ്പിക്കുകയും, അനുഭാവത്തില്‍ വര്‍ത്തിക്കുകയും ചെയ്യാമെന്ന്‌ മുശ്‌രിക്കുകള്‍ ആഗ്രഹിച്ചിരുന്നു. അതിനായി അവര്‍ ചില ഉപായങ്ങള്‍ പ്രയോഗിക്കുകയും ചിലപ്പോള്‍ ചില ഉപാധികള്‍ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. അവരുടെ സമ്മര്‍ദത്തിന്റെ ശക്തിയും അവര്‍ സത്യവിശ്വാസം സ്വീകരിക്കുന്നതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കുള്ള അതീവ താല്‍പര്യവും നോക്കുമ്പോള്‍, അവരുടെ ആവശ്യത്തിന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കുറച്ചെങ്കിലും വഴങ്ങിക്കൊടുക്കുവാന്‍ തയ്യാറാകുവാന്‍ എളുപ്പമാണ്‌. പക്ഷേ, അങ്ങിനെ ഒരിക്കലും സംഭവിക്കുകയുണ്ടായിട്ടില്ല. കാരണം, സത്യത്തിന്റെ നേര്‍രേഖയില്‍ നിന്ന്‌ അണുപോലും തെറ്റാതെ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സ്ഥിരപ്പെടുത്തി ഉറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്‌. അതില്ലായിരുന്നുവെങ്കില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വാഭാവികമായും അവരുടെ നേരെ അല്‍പമൊന്നു ചാഞ്ഞുപോകുമായിരുന്നു. എനി, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക്‌ അങ്ങിനെ ഒരു ചായ്‌വുണ്ടായെന്നു സങ്കല്‍പിക്കുക. എന്നാലത്‌ അല്ലാഹു ഒരിക്കലും അവഗണിക്കുവാന്‍ പോകുന്നില്ല. അതിന്റെ പേരില്‍ ഇഹത്തിലും പരത്തിലും അല്ലാഹു ഇരട്ടിക്കണക്കില്‍ അതിനു ശിക്ഷ നല്‍കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ ശിക്ഷക്ക്‌ വിധേയമായാലാകട്ടെ, അതില്‍ നിന്നു രക്ഷ നല്‍കുവാന്‍ ഒരാള്‍ക്കും സാധ്യമാകുന്നതുമല്ല എന്നൊക്കെയാണ്‌ ഈ വചനങ്ങളില്‍ പറഞ്ഞതിന്റെ ചുരുക്കം.

താഴെ പറയുന്ന സംഗതികള്‍ ഈ വചനങ്ങളില്‍ നിന്നു മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്‌.
(1) എത്ര ഉന്നതനിലവാരത്തിലുള്ള ആളായാലും അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രത്യേക കാവല്‍ ഇല്ലാത്തപക്ഷം, സമ്മര്‍ദ്ദങ്ങളുടെ പ്രവാഹം നിമിത്തം മനുഷ്യന്‍ അബദ്ധത്തില്‍ പതിച്ചേക്കുവാന്‍ ഇടയുണ്ട്‌. ഈ വചനം അവതരിച്ചപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രാര്‍ത്ഥിച്ചതായി ക്വത്താദഃ (رَضِيَ اللهُ تَعَالَى عَنْهُ) യില്‍ നിന്ന്‌ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: اللَّهُمَّ لاَ تَكِلْنِى إِلَى نَفْسِى طَرْفَةَ عَيْنٍ സാരം: അല്ലാഹുവേ, ഒരു കണ്ണിമവെട്ടുന്ന നേരം പോലും നീ എന്നെ എന്നിലേക്ക്‌ തന്നെ ഭരമേല്‍പിച്ചു വിടരുതേ!) അഥവാ എന്റെ എല്ലാ കാര്യവും എല്ലായ്‌പ്പോഴും നീ തന്നെ ഏറ്റെടുത്തു നല്ല നിലയിലാക്കിത്തരണേ എന്നുദ്ദേശ്യം.

(2). ഒരാളുടെ ഉന്നത പദവിയോ, ഉല്‍കൃഷ്‌ട സ്ഥാനമോ നിമിത്തം അയാള്‍ ചെയ്യുന്ന തെറ്റുകുറ്റങ്ങളുടെ ശിക്ഷയില്‍ നിന്നു അയാള്‍ക്ക്‌ ഒഴിവു കിട്ടുകയില്ല. പ്രവാചകന്‍മാര്‍ പാപമുക്തരാണ്‌. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയാകട്ടെ, അവരില്‍ വെച്ച്‌ ഏറ്റവും ശ്രേഷ്‌ഠനും. എന്നിട്ടുപോലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു പറയുന്നു: നീ അങ്ങിനെ ചെയ്‌തുപോയാല്‍ നിനക്കു ഈ ജീവിതത്തിലും മരണത്തിലും – അഥവാ മരണശേഷവും – ഇരട്ടിശിക്ഷ അനുഭവിപ്പിക്കുമെന്ന്‌. മറ്റൊരു സ്ഥലത്ത്‌ പറയുന്നു: ‘നീയെങ്ങാനും ശിര്‍ക്ക്‌ പ്രവര്‍ത്തിച്ചെങ്കില്‍, നിശ്ചയമായും, നിന്റെ കര്‍മം നിഷ്‌ഫലമാകുകയും, നീ നഷ്‌ടക്കാരില്‍ പെട്ടുപോകുകയും തന്നെ ചെയ്യും’. (സുമര്‍ 65). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടും പ്രവാചകന്‍മാരോടുമുള്ള ഇത്തരം കനത്ത താക്കീതുകളുടെയും ഉന്നം പ്രധാനമായും അവരുടെ സമുദായങ്ങളായിരിക്കുന്നതാണ്‌.

(3) ഉന്നതന്‍മാരായ ആളുകളില്‍ നിന്നുണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ക്ക്‌ സാധാരണക്കാരുടേതിനെക്കാള്‍ കവിഞ്ഞ തോതിലായിരിക്കും ശിക്ഷ നല്‍കപ്പെടുകയെന്നു ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നു. ഇതനുസരിച്ചാണ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്‌നിമാരോട്‌ ഇങ്ങിനെ പറഞ്ഞത്‌:

يَا نِسَاءَ النَّبِيِّ مَن يَأْتِ مِنكُنَّ بِفَاحِشَةٍ مُّبَيِّنَةٍ يُضَاعَفْ لَهَا الْعَذَابُ ضِعْفَيْنِ ۚ وَكَانَ ذَٰلِكَ عَلَى اللَّـهِ يَسِيرً

(നബിയുടെ പത്‌നിമാരേ, നിങ്ങളില്‍ നിന്നു ആരെങ്കിലും വ്യക്തമായ വല്ല നീചവൃത്തിയും കൊണ്ടുവരുന്ന പക്ഷം, അവള്‍ക്ക്‌ രണ്ടിരട്ടിയായി ശിക്ഷ ഇരട്ടിച്ചുകൊടുക്കപ്പെടുന്നതാണ്‌. അത്‌ അല്ലാഹുവിന്റെ അടുക്കല്‍ ഒരു നിസ്സാരമായ കാര്യമാകുന്നു. (അഹ്‌സാബ്‌: 30)

17:76
 • وَإِن كَادُوا۟ لَيَسْتَفِزُّونَكَ مِنَ ٱلْأَرْضِ لِيُخْرِجُوكَ مِنْهَا ۖ وَإِذًا لَّا يَلْبَثُونَ خِلَـٰفَكَ إِلَّا قَلِيلًا ﴾٧٦﴿
 • നിശ്ചയമായും, അവര്‍ നിന്നെ ഭൂമിയില്‍ (നാട്ടില്‍) നിന്ന്‌ മിരട്ടി വിടുമാറായിരിക്കുന്നു; നിന്നെ അതില്‍നിന്നും പുറത്താക്കുവാന്‍ വേണ്ടി. എന്നാല്‍, (അപ്പോള്‍) നിന്റെ പിന്നീട്‌ അവര്‍ അല്‍പമല്ലാതെ (അവിടെ) താമസിക്കുകയില്ലതാനും.
 • وَإِن كَادُوا നിശ്ചയമായും അവര്‍ ആകാറായിരിക്കുന്നു لَيَسْتَفِزُّونَكَ നിന്നെ ഇളക്കി (മിരട്ടി) വിടുക തന്നെ ചെയ്യുക مِنَ الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) നിന്നു لِيُخْرِجُوكَ നിന്നെ പുറത്താക്കുവാന്‍വേണ്ടി مِنْهَا അതില്‍ (അവിടെ) നിന്നു وَإِذًا എന്നാല്‍, അപ്പോള്‍ لَّا يَلْبَثُونَ അവര്‍ താമസിക്കുക (കഴിഞ്ഞുകൂടുക)യില്ല خِلَافَكَ നിന്റെ പിന്നീടു, നിനക്കെതിരില്‍ [خَلْفَكَ നിന്റെ പിന്നില്‍] إِلَّا قَلِيلًا അല്‍പം (കുറച്ച്) അല്ലാതെ
17:77
 • سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا ۖ وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا ﴾٧٧﴿
 • (അതെ) നമ്മുടെ റസൂലുകളില്‍നിന്ന്‌ നിന്റെ മുമ്പ്‌ നാം അയക്കുകയുണ്ടായിട്ടുള്ളവരുടെ (കാര്യത്തിലുണ്ടായ) നടപടിച്ചട്ടം! നമ്മുടെ നടപടിച്ചട്ടത്തിന്‌ ഒരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.
 • سُنَّةَ നടപടിച്ചട്ടം, പതിവു مَن യാതൊരുവരുടെ قَدْ أَرْسَلْنَا നാം അയക്കുകയുണ്ടായ قَبْلَكَ നിന്റെ മുമ്പ്‌ مِن رُّسُلِنَا നമ്മുടെ റസൂലുകളില്‍നിന്നു وَلَا تَجِدُ നീ കണ്ടെത്തുകയുമില്ല لِسُنَّتِنَا നമ്മുടെ നടപടിച്ചട്ടത്തിനു تَحْوِيلًا ഒരു സ്ഥിതിമാറ്റം (ഭേദഗതി) വരുത്തല്‍

خِلَافَكَ എന്ന വാക്കിനു ‘നിന്റെ പിന്നീടു’ എന്നും ‘നിനക്കെതിരില്‍’ എന്നും അര്‍ത്ഥമാകാവുന്നതാണ്. خَلْفَكَ ഖല്‍ഫക (‘നിന്റെ പിന്നില്‍’) എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. ഒരേ സാരത്തില്‍ തന്നെയാണു രണ്ടും കലാശിക്കുന്നത്.

കുതന്ത്രങ്ങളും ഉപദ്രവങ്ങളും വഴി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ മക്കയില്‍നിന്നു പുറത്താക്കി സ്വൈരം കൊളളുവാൻ മുശ്‌രിക്കുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന യത്‌നങ്ങളെക്കുറിച്ചാണ്‌ പ്രസ്‌താവിക്കുന്നത്‌. രാജ്യം ത്യജിച്ചുപോകുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ നിര്‍ബന്ധിതനാക്കുമാറുള്ള ശ്രമങ്ങള്‍ പലതും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. ഇതുവരെ അവര്‍ക്കതിനു കഴിഞ്ഞിട്ടില്ല. അങ്ങിനെ സംഭവിച്ചാലാകട്ടെ, അവര്‍ക്കതുകൊണ്ടു രക്ഷ കിട്ടുവാന്‍ പോകുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ബഹിഷ്‌കൃതനായിക്കഴിഞ്ഞാല്‍, പിന്നീടവര്‍ക്കു അധികമൊന്നും അവിടെ സമാധാനത്തോടിരിക്കുവാന്‍ സാധിക്കുകയില്ല. മുന്‍പ്രവാചകന്‍മാരുടെ ചരിത്രത്തിലും അല്ലാഹു സ്വീകരിച്ചുവന്ന ഒരു നടപടിച്ചട്ടമാണ്‌, അവരുടെ ജനത അവരെ ബഹിഷ്‌ക്കരിച്ചാല്‍ പിന്നെ അവര്‍ ശിക്ഷക്കു വിധേയരാകുമെന്നുള്ളത്‌. ഇവരുടെ ഗതിയും അതുതന്നെയായിരിക്കും. ആ ചട്ടത്തില്‍ ഭേദഗതിയൊന്നും ഉണ്ടാവാന്‍ പോകുന്നില്ല എന്നു സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹിജ്‌റഃ പോയി രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ബദ്‌റില്‍വെച്ച്‌ അവരിലുള്ള നെടും തൂണുകളായിരുന്ന എഴുപതുപേര്‍ കൊല്ലപ്പെടുകയും, എഴുപതുപേര്‍ ബന്ധനസ്ഥരാകുകയും ചെയ്‌തു. നട്ടെല്ലൊടിഞ്ഞ അവര്‍ പല ഏറ്റുമുട്ടലുകള്‍ക്കുശേഷം, അധികം താമസിയാതെ മുഴുവന്‍ ഇസ്‌ലാമിനു കീഴൊതുങ്ങേണ്ടി വരുകയും ചെയ്യും.