വിഭാഗം - 5

17:41
  • وَلَقَدْ صَرَّفْنَا فِى هَـٰذَا ٱلْقُرْءَانِ لِيَذَّكَّرُوا۟ وَمَا يَزِيدُهُمْ إِلَّا نُفُورًا ﴾٤١﴿
  • അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി തീര്‍ച്ചയായും, ഈ ക്വുര്‍ആനില്‍ നാം (കാര്യങ്ങള്‍) വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. അതവര്‍ക്കു വിരണ്ടോട്ടമല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല താനും!
  • وَلَقَدْ തീര്‍ച്ചയായും ഉണ്ട് صَرَّفْنَا വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട് فِيهَٰذَاالْقُرْآنِ ഈ ക്വുര്‍ആനില്‍ لِيَذَّكَّرُوا അവര്‍ഉറ്റാലോചിക്കുവാന്‍ വേണ്ടി وَمَايَزِيدُ അതുവര്‍ദ്ധിപ്പിക്കുന്നുമില്ല هُمْ അവര്‍ക്ക് إِلَّانُفُورًا വിരണ്ടോട്ടമല്ലാതെ

ക്വുര്‍ആന്‍ കാര്യങ്ങളെ വേണ്ടതുപോലെ വിവരിച്ചുകൊടുക്കാത്തതുകൊണ്ടല്ല അവര്‍ വിശ്വസിക്കാതിരിക്കുന്നത്. ഉറ്റാലോചിക്കുന്നവര്‍ക്ക് ശരിക്കും മനസ്സിലാക്കുവാന്‍ സാധിക്കുമാറ് എല്ലാ കാര്യങ്ങളും തിരിച്ചും മറിച്ചും ആവര്‍ത്തിച്ചു ഈ ക്വുര്‍ആനില്‍ വിവരിക്കുകതന്നെ ചെയ്തിട്ടുണ്ട്. പക്ഷേ, ആലോചിക്കുവാനും, ചിന്തിക്കുവാനും ഒരുക്കമില്ലാതെ വിരണ്ടോടുകയേ അവര്‍ ചെയ്യുന്നുള്ളു.

17:42
  • قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌ كَمَا يَقُولُونَ إِذًا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًا ﴾٤٢﴿
  • (നബിയേ) പറയുക: അവര്‍ (ഈ) പറയുന്നതു പോലെ അവനോടൊപ്പം (വേറെ) വല്ല ആരാധ്യരും ഉണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ - സിംഹാസനാധിപന്റെ അടുക്കലേക്ക് അവര്‍ വല്ല മാര്‍ഗ്ഗവും തേടുക തന്നെ ചെയ്യുമായിരുന്നു.
  • قُل പറയുക لَّوْكَانَ ഉണ്ടായിരുന്നെങ്കില്‍ مَعَهُ അവനോടൊപ്പം (കൂടെ) آلِهَةٌവല്ല ആരാധ്യരും كَمَايَقُولُونَ അവര്‍ പറയുന്നതുപോലെ إِذًاഎന്നാല്‍, അപ്പോള്‍ لَّابْتَغَوْا അവര്‍ തേടുക (അന്വേഷിക്കുക) തന്നെചെയ്യും إِلَىٰذِىٱلْعَرْشِ അര്‍ശിന്റെ ഉടയവനിലേക്കു (സിംഹാസനാധിപനിലേക്കു) سَبِيلًا ഒരു മാര്‍ഗ്ഗം, വല്ലവഴിയും
17:43
  • سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يَقُولُونَ عُلُوًّا كَبِيرًا ﴾٤٣﴿
  • അവന്‍ മഹാപരിശുദ്ധന്‍! അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ അവന്‍ ഉന്നതനാകുന്നു, വമ്പിച്ച ഉന്നതി.
  • سُبْحَانَهُ അവന്‍ മഹാപരിശുദ്ധന്‍, അവനെ സ്തോത്രം ചെയ്യുന്നു وَتَعَالَىٰ അവന്‍ വളരെ ഉന്നതനാകുന്നു, മേലെയുമായിരിക്കുന്നു عَمَّا يَقُولُونَ അവര്‍ പറയുന്നതിനേക്കാള്‍ عُلُوًّا ഒരു ഉന്നതി, മേന്‍മ كَبِيرًا വലുതായ, വമ്പിച്ച.

ഏതു വസ്തുക്കളെ ദൈവമാക്കി ആരാധിച്ചുവരുന്നവരും ആ വസ്തുക്കളെ സാക്ഷാല്‍ സൃഷ്ടാക്കളായോ, ലോകത്തിന്റെ സര്‍വ്വാധികാരികളായ കൈകാര്യകര്‍ത്താക്കളായോ ഗണിക്കുന്നില്ല. അല്ലാഹുവിങ്കലേക്കുള്ള ശുപാര്‍ശക്കാരും, അവന്റെ സാമീപ്യം സിദ്ധിക്കുവാനുള്ള മദ്ധ്യസ്ഥന്‍മാരുമായേ അവയെ കണക്കാക്കുന്നുള്ളു. എന്നിരിക്കെ, അവയെല്ലാം ആരാധ്യവസ്തുക്കളാണെന്നു സങ്കല്‍പിച്ചാല്‍ തന്നെയും അവയൊക്കെ സര്‍വ്വാധിനാഥനായ അല്ലാഹുവിന്റെ സഹായവും സാമീപ്യവും ആവശ്യമുള്ളവരും അവനെ ആശ്രയിക്കേണ്ടുന്നവരുമാണല്ലോ. അപ്പോള്‍, അല്ലാഹുവിനെ ആശ്രയിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത അവയെ ആരാധിക്കുന്നതിന് എന്താണര്‍ത്ഥം?! അല്ലാഹുവിനെ മാത്രം ആരാധിച്ചുകൊണ്ട് അവന്റെ സഹായവും സാമീപ്യവും നേര്‍ക്കുനേരെ അങ്ങു തേടുകയല്ലേ ഇവര്‍ ചെയ്യേണ്ടത്?! തങ്ങളുടെ ആരാധ്യവസ്തുക്കള്‍ക്ക് അല്ലാഹുവിങ്കല്‍ ഉണ്ടെന്ന്‍ ഇവര്‍ വാദിച്ചുവരുന്ന എല്ലാ സങ്കല്‍പങ്ങളില്‍ നിന്നും എത്രയോ പരിശുദ്ധനും ഉന്നതനുമത്രെ അല്ലാഹു എന്നു സാരം.

17:44
  • تُسَبِّحُ لَهُ ٱلسَّمَـٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًا ﴾٤٤﴿
  • ഏഴു ആകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും അവനു 'തസ്ബീഹു' [സ്തോത്രകീര്‍ത്തനം] ചെയ്യുന്നു.
    ഒരു വസ്തുവും തന്നെ, അവനെ സ്തുതിച്ചുകൊണ്ടു അവന് 'തസ്ബീഹു' [സ്തോത്രകീര്‍ത്തനം] ചെയ്യാതെയില്ല. എങ്കിലും, അവരുടെ 'തസ്ബീഹു' നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല. നിശ്ചയമായും, അവന്‍ സഹനശീലനും, വളരെ പൊറുക്കുന്നവനുമാകുന്നു.
  • تُسَبِّحُ തസ്ബീഹു (സ്തോത്രകീര്‍ത്തനം) ചെയ്യുന്നു لَهُ അവനു السَّمَاوَاتُ ആകാശങ്ങള്‍ السَّبْعُ ഏഴു وَالْأَرْضُ ഭൂമിയും وَمَن فِيهِنَّ അവയിലുള്ളവരും وَإِن ഇല്ല, ഇല്ലതാനും مِّن شَيْءٍ ഒരു വസ്തുവും തന്നെ إِلَّا يُسَبِّحُ തസ്ബീഹു ചെയ്യാതെ, സ്തോത്രകീര്‍ത്തനം നടത്താതെ بِحَمْدِهِ അവനെ സ്തുതിച്ചുകൊണ്ടു وَلَٰكِن എങ്കിലും لَّا تَفْقَهُونَ നിങ്ങള്‍ക്കു മനസ്സിലാവില്ല تَسْبِيحَهُمْ അവരുടെ തസ്ബീഹു إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു حَلِيمًا സഹനശീലന്‍ غَفُورًا വളരെ പൊറുക്കുന്നവന്‍.

ആകാശഭൂമികളും അവയിലുള്ള സകല വസ്തുക്കളും അല്ലാഹുവിനെ സ്തുതിക്കുകയും, അവന് സ്തോത്രകീര്‍ത്തനം നടത്തുകയും ചെയ്തുവരുന്നുണ്ടെന്നും,  പക്ഷേ, മനുഷ്യരായ നിങ്ങള്‍ക്കതു ഗ്രഹിക്കുവാന്‍ കഴിയുകയില്ലെന്നും അല്ലാഹു ഈ വചനത്തില്‍ സ്പഷ്ടമായി പ്രസ്താവിച്ചിരിക്കുന്നു. ഓരോ വസ്തുവിന്റെയും സ്തോത്രകീര്‍ത്തനരൂപത്തെപ്പറ്റി ഗ്രഹിക്കുവാന്‍ കഴിയാത്ത സ്ഥിതിക്ക് ഇനി അതിന്റേത് ഇന്നിന്നപ്രകാരത്തിലായിരിക്കുമെന്ന് ആര്‍ക്കും അഭിപ്രായം പറയുവാന്‍ നിവൃത്തിയില്ല. അല്ലാഹുവിന്റെ മഹത്വത്തിനും ഏകത്വത്തിനും അവ സാക്ഷ്യം വഹിക്കുന്നുവെന്നോ, ഓരോ വസ്തുവും ചില പ്രകൃതിനിയമങ്ങള്‍ക്ക് വിധേയമായിരിക്കയാണെന്നോ അതിനു വ്യാഖ്യാനം നല്‍കി തൃപ്തി അടയുന്നതും ശരിയല്ല. ഓരോ വസ്തുവും അതതില്‍ നിന്നു അല്ലാഹു ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ഹംദും തസ്ബീഹും (സ്തുതിയും സ്തോത്രകീര്‍ത്തനവും) നടത്തുന്നുവെന്നും, ബുദ്ധിജീവികളുടെയെന്നപോലെത്തന്നെ, അല്ലാത്തവയുടെയും ഹംദും, തസ്ബീഹും അതിനോട് യോജിക്കുന്ന വിധത്തിലായിരിക്കുമെന്നും, ബുദ്ധിജീവികളുടെ ഹംദു – തസ്ബീഹുകളില്‍ ഇഷ്ടാനുസരണമുള്ളതും ഇഷ്ടാനുസരണമല്ലാത്തതും കൂടിയുണ്ടാവാമെന്നും നമുക്ക് മൊത്തത്തില്‍ മനസ്സിലാക്കാവുന്നതാണ്.

രാവും പകലും മലക്കുകള്‍ അല്ലാഹുവിന് തസ്ബീഹു നടത്തുന്നു (21:20); പര്‍വ്വതങ്ങളും പറവകളും തസ്ബീഹു നടത്തുന്നു (21:79), ഇഷ്ടാനുസരണമോ, നിര്‍ബ്ബന്ധപൂര്‍വ്വമോ ആകാശ ഭൂമികളിലുള്ളവര്‍ അല്ലാഹുവിന് സുജൂദു ചെയ്യുന്നു; രാവിലെയും, വൈകുന്നേരവും അവരുടെ നിഴലുകളും ചെയ്യുന്നു (13:15). ആകാശഭൂമികളിലുള്ള എല്ലാ ജീവികളും, മലക്കുകളും സുജൂദു ചെയ്യുന്നു. (16:49) എന്നിങ്ങിനെ പല പ്രസ്താവനകളും ക്വുര്‍ആനില്‍ കാണാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ചു ഭക്ഷണം കഴിച്ചപ്പോള്‍ ഭക്ഷണം തസ്ബീഹ് നടത്തുന്നത് സഹാബികള്‍ കേള്‍ക്കയുണ്ടായെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് പ്രസംഗിക്കുവാന്‍ ഒരു ‘മിമ്പര്‍’ (പ്രസംഗപീഠം) ഉണ്ടാക്കിയപ്പോള്‍ അതുവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചാരിനിന്ന് പ്രസംഗിക്കാറുണ്ടായിരുന്ന ഒരു ഈന്തത്തടി തേങ്ങിക്കരയുകയുണ്ടായെന്നും, മക്കായില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഒരു കല്ലു സലാം പറഞ്ഞിരുന്നുവെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കൈയില്‍ വെച്ച് ചരല്‍കല്ല് തസ്ബീഹ് ചെയ്യുകയുണ്ടായെന്നും മറ്റും പ്രബലങ്ങളായ ഹദീഥുകളിലും വന്നിട്ടുണ്ട്. ഓരോ ജീവവര്‍ഗ്ഗത്തിനും അതിന്റേതായ ചില പ്രത്യേക ഗ്രഹണശക്തികളുണ്ടെന്നും ചില പ്രത്യേക ശബ്ദങ്ങളോ ചേഷ്ടകളോ വഴി അവയുടെ ഇംഗിതങ്ങള്‍ അവ കാണിക്കാറുണ്ടെന്നും ഇന്നത്തെ ജന്തുശാസ്ത്രജ്ഞന്‍മാര്‍ സിദ്ധാന്തിക്കുകയും ചെയ്യുന്നു. അത്രയുമല്ല, സസ്യങ്ങള്‍ക്ക് ഗാനാലാപങ്ങള്‍ മൂലം ചില പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ടെന്നുപോലും ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ പല വസ്തുക്കളിലും മുമ്പ് മനുഷ്യര്‍ക്ക് അജ്ഞാതവും, ദുരൂഹവുമായിരുന്ന പല രഹസ്യങ്ങളും അടങ്ങിയിട്ടുള്ളതായി ഇതിനകം കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. മേലിലും കൂടുതല്‍ കണ്ടുപിടിക്കപ്പെടുകയും ചെയ്തേക്കാം. എങ്കിലും എല്ലാ വസ്തുക്കളിലും അല്ലാഹു നിക്ഷേപിച്ചുവെച്ചിട്ടുള്ള രഹസ്യങ്ങള്‍ പരിപൂര്‍ണ്ണമായി അറിയുവാന്‍ മനുഷ്യര്‍ക്കോ മനുഷ്യശാസ്ത്രങ്ങള്‍ക്കോ കഴിയുകയില്ലെന്നു തീര്‍ത്തും പറയാം. മനുഷ്യരെ അഭിമുഖീകരിച്ചുകൊണ്ട് താഴെ 85-ാം വചനത്തില്‍ അല്ലാഹു പറയുന്നു: وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا (അറിവില്‍നിന്നു അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല) ലോകാവസാനംവരെ മനുഷ്യര്‍ക്ക് ലഭിക്കുന്ന അറിവുകളെല്ലാം ഈ ‘അല്‍പമായ അറിവിന്റെ പരിധിയില്‍ ഒതുങ്ങിനില്‍ക്കുന്നതാകുന്നു. ആ പരിധിക്കുപുറമെയുള്ളതത്രെ ഈ തസ്ബീഹും, ഹംദും, സുജൂദ്ദുമൊക്കെ. والله أعلم

മറ്റു പല സ്ഥലങ്ങളിലുമെന്നപോലെ ‘ഏഴു ആകാശങ്ങള്‍’ എന്നു അല്ലാഹു ഇവിടെയും പറഞ്ഞിരിക്കുന്നു. ഈ ഏഴിനെപ്പറ്റി മുമ്പും പിമ്പുമുള്ള സൂറത്തുകളില്‍ ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ നാം വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണ്.

17:45
  • وَإِذَا قَرَأْتَ ٱلْقُرْءَانَ جَعَلْنَا بَيْنَكَ وَبَيْنَ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ حِجَابًا مَّسْتُورًا ﴾٤٥﴿
  • (നബിയേ) നീ ക്വുര്‍ആന്‍ വായിക്കുന്നതായാല്‍, നിന്റെയും, പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ മറക്കപ്പെട്ട [ദൃശ്യമല്ലാത്ത] ഒരു മറയെ നാം ഏര്‍പ്പെടുത്തുന്നതാണ്.
  • وَإِذَا قَرَأْتَ നീ വായിച്ചാല്‍, ഓതിയാല്‍ الْقُرْآنَ ക്വുര്‍ആന്‍ جَعَلْنَا നാം ആക്കും, ഏര്‍പ്പെടുത്തുന്നതാണ് بَيْنَكَ നിന്റെ ഇടയില്‍ وَبَيْنَ الَّذِينَ യാതൊരുവരുടെ ഇടയിലും لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല بِالْآخِرَةِ പരലോകത്തില്‍ حِجَابًا ഒരു മറ مَّسْتُورًا മറക്കപ്പെട്ടതായ

17:46
  • وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۚ وَإِذَا ذَكَرْتَ رَبَّكَ فِى ٱلْقُرْءَانِ وَحْدَهُۥ وَلَّوْا۟ عَلَىٰٓ أَدْبَـٰرِهِمْ نُفُورًا ﴾٤٦﴿
  • അതു ഗ്രഹിക്കുന്നതിനു (തടസ്സമായി) അവരുടെ ഹൃദയങ്ങളുടെ മേല്‍ നാം ചില മൂടികളും, അവരുടെ കാതുകളില്‍ ഒരു (തരം) ഭാരവും നാം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണ്. ക്വുര്‍ആനില്‍ നിന്റെ റബ്ബിനെ (കുറിച്ച്) മാത്രം നീ പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് തങ്ങളുടെ പിന്‍പുറങ്ങളിലായി തിരിഞ്ഞു പോകുന്നതാണ്.
  • وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്യും عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങളുടെ മേല്‍ أَكِنَّةً ചില മൂടികളെ أَن يَفْقَهُوهُ അവരതിനെ ഗ്രഹിക്കുന്നതിനു (തടസ്സമായി) وَفِي آذَانِهِمْ അവരുടെ കാതു(ചെവി)കളിലും وَقْرًا ഒരു ഭാരം, കട്ടി وَإِذَا ذَكَرْتَ നീ പ്രസ്താവിച്ചാല്‍ رَبَّكَ നിന്റെ റബ്ബിനെ فِي الْقُرْآنِ ക്വുര്‍ആനില്‍ وَحْدَهُ അവനെ മാത്രം, ഏകനായി وَلَّوْا അവര്‍ തിരിഞ്ഞുപോകുന്നതാണ് عَلَىٰ أَدْبَارِهِمْ അവരുടെ പിന്‍പുറങ്ങളിലായി (പിന്നോക്കം) نُفُورًا വിരണ്ടോട്ടമായി, വിറളിയെടുത്ത്, അറച്ച്

പരലോകത്തില്‍ വിശ്വാസമില്ലാത്ത ആ അവിശ്വാസികള്‍ ക്വുര്‍ആന്‍ കേട്ടാല്‍ അതിലേക്കു ശ്രദ്ധിക്കുകയോ, ചെവികൊടുക്കുകയോ ചെയ്യാത്തവിധം അവര്‍ക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുമിടയില്‍ അദൃശ്യമായ ഒരുതരം മറ അല്ലാഹു ഏര്‍പ്പെടുത്തും. അഥവാ അവരുടെ അവിശ്വാസം അതിനു അവര്‍ക്കു തടസ്സ്മായിരിക്കും. അതുകൊണ്ടു അവര്‍ അതിലേക്കു ശ്രദ്ധകൊടുക്കുകയില്ല. അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്നതു അവര്‍ക്കു വമ്പിച്ച വെറുപ്പാകുന്നു. അതു കേള്‍ക്കുമ്പോഴേക്കും അവര്‍ വിറളിപിടിച്ചു പിന്നോക്കം തിരിഞ്ഞോടുകയാണു ചെയ്യുക എന്നു സാരം. മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നു: “അല്ലാഹുവിനെക്കുറിച്ച് മാത്രം പ്രസ്താവിക്കപ്പെട്ടാല്‍, പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അറച്ചു ചുളുങ്ങുന്നതാണ്. അവനു പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാല്‍, അപ്പോള്‍ അവരതാ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ്!” (സുമര്‍: 45).

17:47
  • نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِۦٓ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰٓ إِذْ يَقُولُ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ﴾٤٧﴿
  • അവര്‍ നിന്നിലേക്കു (ശ്രദ്ധിച്ചു) ചെവികൊടുക്കുമ്പോള്‍, അവര്‍ യാതൊന്നിനെപ്പറ്റി ചെവികൊടുക്കുന്നുവോ അതിനെക്കുറിച്ചു നാം നല്ലവണ്ണം അറിയുന്നവനാണ്; അവര്‍ സ്വകാര്യം പറയുന്നവരായിരിക്കുമ്പോഴും - അതായതു, 'മാരണം ബാധിച്ച ഒരു പുരുഷനെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല' എന്ന് അവര്‍ പറയുന്ന സന്ദര്‍ഭം - (നാം നല്ലവണ്ണം അറിയുന്നവനാണ്).
  • نَّحْنُ أَعْلَمُ നാം ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി, ഏതൊന്നു നിമിത്തം (എന്നു) يَسْتَمِعُونَ അവര്‍ ചെവികൊടുക്കുന്നു بِهِ അതുകൊണ്ടു, അതുനിമിത്തം, അതിനെപ്പറ്റി إِذْ يَسْتَمِعُونَ അവര്‍ ചെവികൊടുക്കുമ്പോള്‍ (ശ്രദ്ധിച്ചു കേള്‍ക്കുന്ന സന്ദര്‍ഭം) إِلَيْكَ നിന്നിലേക്കു وَإِذْ هُمْ അവരായിരിക്കുമ്പോഴും, അവരാകുന്ന സന്ദര്‍ഭവും نَجْوَىٰ സ്വകാര്യം (രഹസ്യം) പറയുന്നവര്‍ إِذْ يَقُولُ അതായതു പറയുമ്പോള്‍ الظَّالِمُونَ അക്രമികള്‍ إِن تَتَّبِعُونَ നിങ്ങള്‍ പിന്‍പറ്റുന്നില്ല (എന്നു) إِلَّا رَجُلًا ഒരു പുരുഷനെയല്ലാതെ مَّسْحُورًا മാരണം ചെയ്യപ്പെട്ട (ബാധിച്ച)

17:48
  • ٱنظُرْ كَيْفَ ضَرَبُوا۟ لَكَ ٱلْأَمْثَالَ فَضَلُّوا۟ فَلَا يَسْتَطِيعُونَ سَبِيلًا ﴾٤٨﴿
  • (നബിയേ) നോക്കൂ: എങ്ങിനെയാണ് അവര്‍ നിനക്കു ഉപമകള്‍ വിവരിച്ചതെന്നു! അങ്ങനെ, അവര്‍ വഴിപിഴച്ചുപോയിരിക്കുന്നു; എനി, അവര്‍ക്കു ഒരു മാര്‍ഗ്ഗവും (പ്രാപിക്കുക) സാധ്യമാകുകയില്ല.
  • انظُرْ നോക്കുക كَيْفَضَرَبُوا അവര്‍ എങ്ങിനെ ആക്കി (വിവരിച്ചു) لَكَ നിനക്കു, തനിക്കു الْأَمْثَالَ ഉപമകളെ فَضَلُّوا അങ്ങനെ അവര്‍വഴിപിഴച്ചു فَلَايَسْتَطِيعُونَ എനി അവര്‍ക്കു സാധിക്കുകയില്ല سَبِيلًا ഒരു മാര്‍ഗ്ഗവും

മുശ്രിക്കുകള്‍ ചിലപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്വുര്‍ആന്‍ ഓതുന്നതു രഹസ്യമായി ചെവിയോര്‍ത്തു കൊണ്ടിരിക്കും. കാര്യം ഗ്രഹിക്കുവാനോ, സത്യം മനസ്സിലാക്കുവാനോ വേണ്ടിയല്ല. പരിഹാസത്തിനും, നിഷേധത്തിനും വല്ല മാര്‍ഗ്ഗവും കണ്ടെത്തുവാന്‍ വേണ്ടി മാത്രം. പിന്നീട്, ഇവനു ആരോ മാരണം ചെയ്തിരിക്കുകയാണു, ഇവന്റെ ബുദ്ധി ഭ്രമിച്ചുപോയിരിക്കുന്നു. ഇവനെ പിന്‍പറ്റുന്നതിന്റെ അര്‍ത്ഥം ഭ്രാന്തനെ പിന്‍പറ്റുക എന്നാണ് എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുകയും ചെയ്യും. അവരുടെ ഈ ഗൂഢപ്രവര്‍ത്തനങ്ങളും, അതിനു അവരെ പ്രേരിപ്പിക്കുന്ന കാരണങ്ങളുമൊക്കെ അല്ലാഹുവിനു നന്നായറിയാം എന്നത്രെ ആദ്യത്തെ വചനത്തില്‍ പറഞ്ഞതിന്റെ സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപ്പറ്റി മാരണം ബാധിച്ചവന്‍, ഗണിതക്കാരന്‍, ഭ്രാന്തന്‍, മാരണക്കാരന്‍, കവി എന്നിങ്ങിനെ പലതും അവര്‍ പറയാറുള്ളതിനെപ്പറ്റിയാണ് രണ്ടാമത്തെ വചനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

17:49
  • وَقَالُوٓا۟ أَءِذَا كُنَّا عِظَـٰمًا وَرُفَـٰتًا أَءِنَّا لَمَبْعُوثُونَ خَلْقًا جَدِيدًا ﴾٤٩﴿
  • അവര്‍ പറയുകയാണു: "നാം എല്ലുകളും തുരുമ്പുകളും ആയിത്തീര്‍ന്നിട്ടാണോ?- നിശ്ചയമായും നാം, ഒരു പുതിയ സൃഷ്ടിയായി (വീണ്ടും) എഴുന്നേല്‍പിക്കപ്പെടുന്നവരാകുന്നു?!"
  • وَقَالُوا അവര്‍ പറയുകയാണു, പറയുകയും ചെയ്യുന്നു أَإِذَا كُنَّا നാം ആയിത്തീര്‍ന്നിട്ടാണോ عِظَامًا എല്ലുകള്‍ وَرُفَاتًا തുരുമ്പും أَإِنَّا നമ്മളോ, നിശ്ചയമായും നാമോ لَمَبْعُوثُونَ എഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍ (തന്നെ ആകുന്നതു) خَلْقًا ഒരു സൃഷ്ടിയായി جَدِيدًا പുതുതായ
17:50
  • قُلْ كُونُوا۟ حِجَارَةً أَوْ حَدِيدًا ﴾٥٠﴿
  • പറയുക: "നിങ്ങള്‍ കല്ലോ, ഇരുമ്പോ ആയിക്കൊള്ളുക;-
  • قُلْ പറയുക كُونُوا നിങ്ങളായിരിക്കുക حِجَارَةً കല്ലു أَوْ حَدِيدًا അല്ലെങ്കില്‍ ഇരുമ്പു
17:51
  • أَوْ خَلْقًا مِّمَّا يَكْبُرُ فِى صُدُورِكُمْ ۚ فَسَيَقُولُونَ مَن يُعِيدُنَا ۖ قُلِ ٱلَّذِى فَطَرَكُمْ أَوَّلَ مَرَّةٍ ۚ فَسَيُنْغِضُونَ إِلَيْكَ رُءُوسَهُمْ وَيَقُولُونَ مَتَىٰ هُوَ ۖ قُلْ عَسَىٰٓ أَن يَكُونَ قَرِيبًا ﴾٥١﴿
  • അല്ലെങ്കില്‍ നിങ്ങളുടെ നെഞ്ചു[ഹൃദയം]കളില്‍ വലുതായിത്തോന്നുന്ന (മറ്റു) വല്ല സൃഷ്ടിയോ (ആയിക്കൊള്ളുക). [നിങ്ങള്‍ എന്തുതന്നെ ആയിരുന്നാലും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടാതിരിക്കുകയില്ല]. അപ്പോള്‍, (വഴിയെ) അവര്‍ പറഞ്ഞേക്കും: "ആരാണ് നമ്മെ മട(ക്കി സൃഷ്ടി)ക്കുക?!" പറയുക: "ഒന്നാം പ്രാവശ്യം നിങ്ങളെ സൃഷ്ടിച്ചവന്‍ (തന്നെ)." അപ്പോള്‍, നിന്റെ നേരെ അവര്‍ തങ്ങളുടെ തലയാട്ടിയേക്കും; അവര്‍ പറയുകയും ചെയ്യും: "എപ്പോഴായിരിക്കും അതു?!"
    പറയുക: "അതു അടുത്ത് (തന്നെ) ആയേക്കാവുന്നതാണ്."
  • أَوْ خَلْقًا അല്ലെങ്കില്‍ ഒരു സൃഷ്ടി, വല്ല സൃഷ്ടിയും مِّمَّا يَكْبُرُ വലുതായിരിക്കുന്ന (വലുതായി തോന്നുന്ന) فِي صُدُورِكُمْ നിങ്ങളുടെ നെഞ്ചു (ഹൃദയം) കളില്‍ فَسَيَقُولُونَ അപ്പോള്‍ (എന്നാല്‍) അവര്‍ വഴിയെ പറഞ്ഞേക്കും مَن يُعِيدُنَا നമ്മെ ആര്‍ മടക്കും, ആര്‍ നമ്മെ ആവര്‍ത്തിച്ചുണ്ടാക്കും قُلِ പറയുക الَّذِي فَطَرَكُمْ നിങ്ങള്‍ക്കു പ്രകൃതം നല്‍കിയ (നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയ)വന്‍ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം فَسَيُنْغِضُونَ അപ്പോള്‍ (എന്നാല്‍) അവര്‍ ആട്ടും, ഇളക്കും إِلَيْكَ നിന്റെ നേരെ, നിന്നിലേക്കു رُءُوسَهُمْ അവരുടെ തലകളെ وَيَقُولُونَ അവര്‍ പറയുകയും ചെയ്യും مَتَىٰ هُوَ എപ്പോഴാണ് അത് قُلْ പറയുക عَسَىٰ ആയേക്കാം أَن يَكُونَ അതായിരിക്കുക قَرِيبًا അടുത്ത്, സമീപത്തില്‍
17:52
  • يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِۦ وَتَظُنُّونَ إِن لَّبِثْتُمْ إِلَّا قَلِيلًا ﴾٥٢﴿
  • (അതെ) അവന്‍ നിങ്ങളെ വിളിക്കുകയും, അപ്പോള്‍, അവനെ സ്തുതിച്ചുകൊണ്ട് നിങ്ങള്‍ (ആ വിളിക്ക്) ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം; നിങ്ങള്‍ അല്‍പമല്ലാതെ താമസിക്കുകയുണ്ടായിട്ടില്ലെന്നു നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.
  • يَوْمَ يَدْعُوكُمْ നിങ്ങളെ അവന്‍ വിളിക്കുന്ന ദിവസം فَتَسْتَجِيبُونَ അപ്പോള്‍ നിങ്ങള്‍ ഉത്തരം നല്‍കും (നല്‍കുന്ന) بِحَمْدِهِ അവനെ സ്തുതിച്ചുകൊണ്ടു, അവന്റെ സ്തുതിയോടെ وَتَظُنُّونَ നിങ്ങള്‍ വിചാരിക്കുക (ധരിക്കുക - കരുതുക)യും ചെയ്യും إِن لَّبِثْتُمْ നിങ്ങള്‍ താമസിച്ചിട്ടില്ല (എന്നു) إِلَّا قَلِيلًا അല്‍പമല്ലാതെ, കുറച്ചൊഴികെ

പുനരുത്ഥാനത്തെയും, പരലോകത്തെയും നിഷേധിക്കുന്ന അവര്‍ പരിഹാസത്തോടും ആശ്ചര്യത്തോടും കൂടി ചോദിക്കുന്ന ചില ചോദ്യങ്ങളും, മറുപടികളുമാണ് അല്ലാഹു ചൂണ്ടിക്കാണിക്കുന്നത്. മരണശേഷം എല്ലും തുരുമ്പുമായി നശിച്ചു മണ്ണോടു കലര്‍ന്ന ശേഷം മനുഷ്യര്‍ രണ്ടാമതു ജീവിപ്പിക്കപ്പെടുമെന്നാണോ നിങ്ങള്‍ പറയുന്നത്? ഇതാണ് ഒന്നാമത്തെ ചോദ്യം. ഒരിക്കല്‍ ജീവനുണ്ടായിരുന്ന വസ്തുക്കളാണല്ലോ ആ എല്ലും തുരുമ്പുമൊക്കെ. എന്നാല്‍ ജീവന്റെ പ്രവേശനം ഉണ്ടായിട്ടില്ലാത്ത കരിങ്കല്ലോ, ഇരുമ്പോ, അല്ലെങ്കില്‍ നിങ്ങളുടെ മനസ്സില്‍ അതിനേക്കാള്‍ വിദൂരമായിത്തോന്നുന്ന വേറെ ഏതെങ്കിലും വസ്തുവോ തന്നെ ആയിത്തീര്‍ന്നാലും അതു സംഭവിക്കാതിരിക്കയില്ല എന്നാണതിന് നല്‍കിയ മറുപടി. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, ഇന്നിന്ന തരത്തില്‍പെട്ട വസ്തുക്കള്‍ക്കേ ജീവന്‍ നല്‍കുവാന്‍ സാധിക്കുകയുള്ളുവെന്നില്ല. എല്ലാം അവന്റെ അടുക്കല്‍ ആ വിഷയത്തില്‍ ഒരുപോലെയാണ് എന്നു സാരം. ശരി, എന്നാല്‍, ആരാണു രണ്ടാമതു ജീവിപ്പിക്കുന്നവന്‍? അഥവാ ആര്‍ക്കാണതിനു കഴിയുക? ഇതാണ് അടുത്ത ചോദ്യം. നിങ്ങളെ ആദ്യം സൃഷ്ടിച്ചുണ്ടാക്കിയവന്‍ ആരോ അവന്‍ തന്നെ എന്നാണതിനുള്ള മറുപടി. ശുദ്ധ ശൂന്യതയില്‍ നിന്നു ആദ്യമായുണ്ടാക്കിയവന് അവശിഷ്ടങ്ങളില്‍ നിന്നു രണ്ടാമതും സൃഷ്ടിക്കുവാന്‍ കഴിയാതെ വരുമോ? അഥവാ അതല്ലേ കൂടുതല്‍ എളുപ്പമായത്? എന്നു സാരം.

ഇതു ഒരു വായടപ്പന്‍ മറുപടി തന്നെയാണെങ്കിലും ന്യായത്തില്‍ മുട്ടിയതുകൊണ്ട് സത്യനിഷേധികളുണ്ടോ അടങ്ങുന്നു? അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നേരെ തലയാട്ടി പരിഹസിച്ചുകൊണ്ടു ചോദിക്കും: എന്നാല്‍ എപ്പോഴായിരിക്കും അതു സംഭവിക്കുക? പുനരുത്ഥാനത്തിന്റെ സമയമാകട്ടെ, ആര്‍ക്കും അല്ലാഹു അറിയിച്ചു കൊടുക്കാത്ത ഒരു പരമരഹസ്യമാണത്. അതുകൊണ്ടു മറുപടിയില്‍ അതിന്റെ സമയം ഇന്നതാണെന്നു പറയാതെ, ഒരു പക്ഷേ അടുത്തുതന്നെ ആയേക്കാം എന്നുമാത്രം പറഞ്ഞു മതിയാക്കിയിരിക്കുകയാണ്. വരാനിരിക്കുന്നതെല്ലാം സമീപിച്ചുകൊണ്ടേ ഇരിക്കുകയാണല്ലോ. എപ്പോഴാണത് സംഭവിക്കുക എന്നല്ല നിങ്ങള്‍ ആരായേണ്ടത്: ആ സമയം വരുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ചെല്ലുക തന്നെ വേണ്ടിവരും; ആ ജീവിതത്തെ അപേക്ഷിച്ചു ഈ ജീവിതം വളരെ തുച്ഛമായിരിക്കും; അതുകൊണ്ടു അപ്പോഴേക്കും വേണ്ടുന്ന മുന്‍കരുതലുകള്‍ എടുക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. എന്നുകൂടി അതോടൊപ്പം സൂചിപ്പിക്കുകയും ചെയ്യുന്നു.

വിഭാഗം - 6

17:53
  • وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ ۚ إِنَّ ٱلشَّيْطَـٰنَ يَنزَغُ بَيْنَهُمْ ۚ إِنَّ ٱلشَّيْطَـٰنَ كَانَ لِلْإِنسَـٰنِ عَدُوًّا مُّبِينًا ﴾٥٣﴿
  • (നബിയേ) എന്റെ അടിയാന്മാരോടു പറയുകയും ചെയ്യുക: "കൂടുതല്‍ നന്നായുള്ളതേതോ അതു [ആ വാക്കു] അവര്‍ പറഞ്ഞുകൊള്ളട്ടെ' എന്ന്. (കാരണം) നിശ്ചയമായും, പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നതാണ്. നിശ്ചയമായും, പിശാച് മനുഷ്യനു സ്പഷ്ടമായ ഒരു ശത്രുവാകുന്നു.
  • وَقُل പറയുകയും ചെയ്യുക لِّعِبَادِي എന്റെ അടിയാന്‍മാരോടു يَقُولُوا അവര്‍പറയട്ടെ الَّتِي യാതൊന്നു, ഏതോ ഒന്നു هِيَ അത് أَحْسَنُ കൂടുതല്‍ (ഏറ്റം) നല്ലതാണ് إِنَّ الشَّيْطَانَ നിശ്ചയമായും പിശാച് يَنزَغُ ഇളക്കിവിടും, തോണ്ടിവിടും بَيْنَهُمْ അവര്‍ക്കിടയില്‍ إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു كَانَ ആകുന്നു, ആയിരിക്കുന്നു لِلْإِنسَانِ മനുഷ്യനു عَدُوًّا ശത്രു مُّبِينًا സ്പഷ്ടമായ, വ്യക്തമായ, തനി

സത്യവിശ്വാസികള്‍ തമ്മതമ്മിലും, മറ്റുള്ളവരോടും സംഭാഷണങ്ങളില്‍ കഴിയുന്നത്ര നല്ലവാക്കും ശൈലിയും ഉപയോഗിക്കണമെന്നു അവരെ ഉപദേശിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു അല്ലാഹു കല്‍പിക്കുന്നു. അല്ലാത്തപക്ഷം അവര്‍ക്കിടയില്‍ എന്തെങ്കിലും കുഴപ്പങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടാകത്തക്കവണ്ണം നിങ്ങളെ അന്യോന്യം ഇളക്കിവിടുവാന്‍ പിശാച് നിങ്ങളുടെ സംസാരത്തെ ഉപയോഗപ്പെടുത്തും. അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാണ്. അതുകൊണ്ടു അതിനു ഇടവരുത്താതെ സൂക്ഷിക്കണം, എന്നിങ്ങനെ സത്യവിശ്വാസികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘നിങ്ങളില്‍ ഒരാള്‍ തന്റെ സഹോദരനു നേരെ ആയുധംകൊണ്ടു ആംഗ്യം കാണിക്കരുത്. കാരണം, നിങ്ങള്‍ ഒരാള്‍ക്കു അറിയുകയില്ല; പിശാചു അവന്റെ കൈക്ക് കുഴപ്പം ഇളക്കിവിട്ടേക്കാമെന്ന്. അങ്ങനെ, അവന്‍ നരകക്കുണ്ടില്‍ വീണേക്കും.’ (അ;ബു;മു).

17:54
  • رَّبُّكُمْ أَعْلَمُ بِكُمْ ۖ إِن يَشَأْ يَرْحَمْكُمْ أَوْ إِن يَشَأْ يُعَذِّبْكُمْ ۚ وَمَآ أَرْسَلْنَـٰكَ عَلَيْهِمْ وَكِيلًا ﴾٥٤﴿
  • നിങ്ങളുടെ റബ്ബ് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം, അവന്‍ നിങ്ങള്‍ക്കു കരുണ ചെയ്യും; അല്ലെങ്കില്‍ - അവന്‍ ഉദ്ദേശിക്കുന്നപക്ഷം - അവന്‍ നിങ്ങളെ ശിക്ഷിക്കും. (നബിയേ) നിന്നെ നാം അവരുടെ മേല്‍ (അധികാരം) ഏല്‍പിക്കപ്പെട്ടവനായി അയച്ചിട്ടില്ലതാനും.
  • رَّبُّكُمْ നിങ്ങളുടെ റബ്ബ് أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِكُمْ നിങ്ങളെപ്പറ്റി إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يَرْحَمْكُمْ നിങ്ങള്‍ക്കവന്‍ കരുണ ചെയ്യും أَوْ അല്ലെങ്കില്‍, അല്ലാത്ത പക്ഷം إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يُعَذِّبْكُمْ നിങ്ങളെ അവന്‍ ശിക്ഷിക്കും وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ലതാനും عَلَيْهِمْ അവരുടെ മേല്‍ وَكِيلًا ഏല്‍പിക്കപ്പെട്ടവനായി

17:55
  • وَرَبُّكَ أَعْلَمُ بِمَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۗ وَلَقَدْ فَضَّلْنَا بَعْضَ ٱلنَّبِيِّـۧنَ عَلَىٰ بَعْضٍ ۖ وَءَاتَيْنَا دَاوُۥدَ زَبُورًا ﴾٥٥﴿
  • നിന്റെ റബ്ബ് ആകാശങ്ങളിലും, ഭൂമിയിലുമുള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനുമത്രെ. നബിമാരില്‍ ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠമാക്കുകയും ചെയ്തിട്ടുണ്ട്. ദാവൂദിനു നാം 'സബൂര്‍' [എട്] നല്‍കുകയും ചെയ്തിരിക്കുന്നു.
  • وَرَبُّكَ നിന്റെ റബ്ബു أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ് بِمَن യാതൊരുവരെപ്പറ്റി فِي السَّمَاوَاتِ ആകാശങ്ങളിലുള്ള وَالْأَرْضِ ഭൂമിയിലും وَلَقَدْ فَضَّلْنَا നാം തീര്‍ച്ചയായും ശ്രേഷ്ഠമാക്കിയിട്ടുണ്ട് بَعْضَ ചിലരെ النَّبِيِّينَ നബിമാരില്‍ عَلَىٰ بَعْضٍ ചിലരെക്കാള്‍ وَآتَيْنَا നാം നല്‍കുകയും ചെയ്തിരിക്കുന്നു دَاوُودَ ദാവൂദിനു زَبُورًا സബൂര്‍ (ഏട്)

നിങ്ങളില്‍ സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരും, ദുര്‍മ്മാര്‍ഗ്ഗികളായിത്തീരുന്നവരും ആരാണ്? പിശാചിന്റെ കെണിയില്‍ അകപ്പെടുന്നവരും, അല്ലാത്തവരും ആരാണ്? എന്നൊക്കെയുള്ള വിവരം സവിശദം അല്ലാഹുവിനറിയാം. ആ അടിസ്ഥാനത്തില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു കാരുണ്യവും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ശിക്ഷയും അവന്‍ നല്‍കുന്നുവെന്നല്ലാതെ, ഇന്നിന്നവര്‍ക്കു കാരുണ്യവും, ഇന്നിന്നവര്‍ക്കു ശിക്ഷയും ലഭിക്കുവാന്‍ അര്‍ഹരാണെന്നു തീരുമാനിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. നിങ്ങളെ സംബന്ധിച്ചിടത്തോളം, കാരുണ്യത്തിന്റെ മാര്‍ഗ്ഗം പിന്‍പറ്റുകയും, ശിക്ഷയുടെ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാതിരിക്കയുമാണ്‌ നിങ്ങളുടെ കടമ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്കു വേണ്ടതു ഉപദേശിക്കുകയല്ലാതെ, നിങ്ങളുടെ നന്മതിന്മകളുടെ ഉത്തവരാദിത്വമോ, നിങ്ങളെയൊക്കെ നേര്‍വഴിയിലാക്കുവാനുള്ള ചുമതലയോ, അധികാരമോ അദ്ദേഹത്തിനില്ല. നിങ്ങളെക്കുറിച്ചു മാത്രമല്ല, ആകാശഭൂമികളിലുള്ള എല്ലാവരെപ്പറ്റിയും നല്ലപോലെ അറിയുന്നവനാണ് അല്ലാഹു. അവരില്‍ ഉല്‍കൃഷ്ടരും, ഉന്നതന്‍മാരും ആരാണ് എന്നൊക്കെ അവനറിയാം. ആ അടിസ്ഥാനത്തിലാണു നബിമാരില്‍ ചിലര്‍ക്കു ചിലരെക്കാള്‍ ശ്രേഷ്ഠസ്ഥാനങ്ങള്‍ അവന്‍ നല്‍കിയിരിക്കുന്നതും. അതിനൊരു ഉദാഹരണമാണ് ദാവൂദ് നബിعليه الصلاة والسلامക്ക് ‘സബൂര്‍’ നല്‍കിയത്. അതുപോലെ മുഹമ്മദ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّم) ക്ക് നല്‍കപ്പെട്ട ഗ്രന്ഥമാണ് ക്വുര്‍ആനും എന്നൊക്കെയാണ് ഈ വചനങ്ങളിലടങ്ങിയ ആശയങ്ങള്‍.

زَبُور (സബൂര്‍) എന്ന വാക്കിനു ‘ഗ്രന്ഥം’, അഥവാ ‘ഏട്’ എന്നര്‍ത്ഥം. ദാവൂദ് (عليه الصلاة والسلام) നബിക്ക് നല്‍കപ്പെട്ട വേദഗ്രന്ഥത്തെ പ്രത്യേകം ഉദ്ദേശിച്ചും ‘സബൂര്‍’ എന്നു പറയപ്പെടാറുണ്ട്. ‘സങ്കീര്‍ത്തനങ്ങള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ആ പുസ്തകമാണ് അതെന്നാണ്‌ സാധാരണമായി പറയപ്പെടുന്നത്. എങ്കിലും ബൈബ്ലില്‍ ഇന്നു നിലവിലുള്ള സങ്കീര്‍ത്തന പുസ്തകത്തില്‍ അതിന്റെ ഏതാനും ഭാഗങ്ങള്‍ അടങ്ങിയിരിക്കാമെങ്കിലും അതുതന്നെയാണു യഥാര്‍ത്ഥ സബൂര്‍ എന്നു പറയുവാന്‍ നിവൃത്തിയില്ല. കാരണം, അല്ലാഹുവിങ്കല്‍ നിന്നുള്ളതായിരിക്കുവാന്‍ തരമില്ലാത്ത പലതും അതില്‍ അടങ്ങിയിരിക്കുന്നതായി കാണാം.

വേദഗ്രന്ഥത്തിന്റെ പാരായണത്തിലും, അല്ലാഹുവിന്റെ സ്തോത്രകീര്‍ത്തനങ്ങളടങ്ങുന്ന സംഗീതാലാപനങ്ങളിലും ദാവൂദ് عليه الصلاة والسلام നബിക്കു ചില സവിശേഷതകള്‍ ഉണ്ടായിരുന്നതായി ക്വുര്‍ആനില്‍നിന്നും ഹദീഥില്‍നിന്നും വ്യക്തമാണ്. അദ്ദേഹത്തോടൊപ്പം മലകളും, പറവകളും തസ്ബീഹു ചെയ്തിരുന്നതായി 21:79 ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ബുഖാരീ (رحمه الله) ഉദ്ധരിച്ച ഒരു നബി വചനത്തില്‍ ഇങ്ങിനെയും കാണാം: “ദാവൂദിനു ക്വുര്‍ആന്‍ (പാരായണഗ്രന്ഥം) ലഘുവാക്കപ്പെട്ടിരുന്നു. (*). അദ്ദേഹം തന്റെ മൃഗത്തിന് ജീനി ഇടുവാന്‍ കല്‍പ്പിച്ചിട്ട് അതു തീരും മുമ്പായി അദ്ദേഹം അതു ഓതിത്തീര്‍ക്കുമായിരുന്നു.” അദ്ദേഹത്തിന്റെ ഈ സവിശേഷതകളെ മുന്‍നിറുത്തിയായിരിക്കാം അദ്ദേഹത്തിനു സബൂര്‍ നല്‍കപ്പെട്ടതു ഇവിടെ പ്രത്യേകം പറഞ്ഞിരിക്കുന്നത്. الله أعلم ഒരു മഹാരാജാവും, പ്രവാചകവര്യനും എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ പല പ്രത്യേകതകളും ക്വുര്‍ആനില്‍ പലേടത്തുമായി അല്ലാഹു എടുത്തുപറഞ്ഞിട്ടുണ്ടുതാനും.


(*). ഈ ഹദീഥില്‍ ‘ക്വുര്‍ആന്‍’ എന്നു പറഞ്ഞതു ‘സബൂറി’നെ ഉദ്ദേശിച്ചാകുന്നു. ‘ക്വുര്‍ആന്‍’ എന്ന വാക്കിന്റെ അര്‍ത്ഥത്തെയും പ്രയോഗത്തെയും സംബന്ധിച്ചു സൂ: റഅ്ദു: 31-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചതില്‍ നിന്നു ഇതിന്റെ കാരണം മനസ്സിലാകുന്നതാണ്.


 

17:56
  • قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِهِۦ فَلَا يَمْلِكُونَ كَشْفَ ٱلضُّرِّ عَنكُمْ وَلَا تَحْوِيلًا ﴾٥٦﴿
  • പറയുക: 'അവനു [അല്ലാഹുവിനു] പുറമെ നിങ്ങള്‍ (ദൈവങ്ങളെന്നു) വാദിച്ചവരെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊള്ളുവിന്‍; - എന്നാല്‍, നിങ്ങളില്‍ നിന്നു ഉപദ്രവത്തെ (നീക്കി) തുറവിയാക്കുവാനാകട്ടെ, സ്ഥിതിമാറ്റം വരുത്തുവാനാകട്ടെ, അവര്‍ക്കു സാധ്യമാകുന്നതല്ല.
  • قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍ الَّذِينَ യാതൊരുവരെ زَعَمْتُم നിങ്ങള്‍ വാദിച്ച, ജല്‍പിച്ച مِّن دُونِهِ അവനു പുറമെ, അവനെക്കൂടാതെ فَلَا يَمْلِكُونَ എന്നാല്‍ അവര്‍ സ്വാധീനമാക്കുകയില്ല (അവര്‍ക്കു സാധിക്കുകയില്ല) كَشْفَ തുറവിയാക്കല്‍, നീക്കുവാന്‍ الضُّرِّ ഉപദ്രവത്തെ عَنكُمْ നിങ്ങളില്‍ നിന്നു وَلَا تَحْوِيلًا (സ്ഥിതി) മാറ്റം വരുത്തുവാനുമില്ല
17:57
  • أُو۟لَـٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا ﴾٥٧﴿
  • അവര്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരായ അക്കൂട്ടര്‍,- തങ്ങളുടെ റബ്ബിങ്കലേക്കു സമീപനമാര്‍ഗ്ഗം തേടിക്കൊണ്ടിരിക്കുന്നു; അതായതു, അവരില്‍ അധികം അടുത്തവരേതോ അവര്‍ (തന്നെ). അവര്‍ അവന്റെ കാരുണ്യം അഭിലഷിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിശ്ചയമായും, നിന്റെ റബ്ബിന്റെ ശിക്ഷ (ജാഗ്രതയോടെ) സൂക്ഷിക്കപ്പെടേണ്ടതാകുന്നു.
  • أُولَـٰئِكَഅക്കൂട്ടര്‍ الَّذِينَ يَدْعُونَ അവര്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വരായ يَبْتَغُونَ അവര്‍ തേടുന്നു, അന്വേഷിക്കുന്നു إِلَىٰ رَبِّهِمُ അവരുടെ റബ്ബിങ്കലേക്കു الْوَسِيلَةَ സമീപനമാര്‍ഗ്ഗം (മാദ്ധ്യമം) أَيُّهُمْ അവരില്‍ ഏതോ (അവര്‍) أَقْرَبُ ഏറ്റവും അടുത്തവര്‍ وَيَرْجُونَ അവര്‍ അഭിലഷിക്കുക (ആശിക്കുക - പ്രതീക്ഷിക്കുക)യും ചെയ്യുന്നു رَحْمَتَهُ അവന്റെ കാരുണ്യം وَيَخَافُونَ അവര്‍ ഭയപ്പെടുകയും ചെയ്യുന്നു عَذَابَهُ അവന്റെ ശിക്ഷയെ إِنَّ عَذَابَ നിശ്ചയമായും ശിക്ഷ رَبِّكَ നിന്റെ റബ്ബിന്റെ كَانَ ആകുന്നു, ആയിരിക്കുന്നു مَحْذُورًا ജാഗ്രതവെക്കപ്പെടേണ്ടത് (സൂക്ഷിക്കപ്പെടേണ്ടത് - കരുതിയിരിക്കേണ്ടത്)

അല്ലാഹുവിനെ ആരാധിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ടു അവന്റെ സാമീപ്യം സിദ്ധിക്കുവാന്‍ തക്ക അര്‍ഹത തങ്ങള്‍ക്കില്ലെന്നും, അതുകൊണ്ടാണ് അവന്റെ സാമീപ്യം സിദ്ധിച്ചവരെ തങ്ങള്‍ വിളിച്ചും ആരാധിച്ചും വരുന്നതെന്ന് മുശ്രിക്കുകള്‍ വാദിക്കുന്നതിന്റെ ഖണ്ഡനമാണിത്. നിങ്ങള്‍ ആരാധ്യ ദൈവങ്ങളായി സങ്കല്‍പിച്ചുവരുന്ന ഏതൊന്നിനെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാലും യാതൊരു ഫലവും നിങ്ങള്‍ക്കു ലഭിക്കുവാന്‍ പോകുന്നില്ല. നിങ്ങളുടെ വല്ല വിഷമതകളും നീക്കുവാനോ, അതില്‍ വല്ല മാറ്റവും വരുത്തുവാനോ, അവര്‍ക്കു സാധ്യമല്ല. എന്നിങ്ങിനെ ആദ്യം ഓര്‍മ്മപ്പെടുത്തിയശേഷം, ആരാധ്യ ദൈവങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി എന്താണെന്ന് അവരെ അറിയിക്കുന്നു. അതായത്: ആ ആരാധ്യവസ്തുക്കളില്‍ അല്ലാഹുവിനോടു ഏറ്റവും അടുത്തവരായ ആളുകള്‍ – മലക്കുകള്‍, പ്രവാചകന്‍മാര്‍ മുതലായവര്‍ – പോലും അവന്റെ സാമീപ്യവും പ്രീതിയും തേടിക്കൊണ്ടിരിക്കുന്നവരും, അവന്റെ കാരുണ്യം ആശിച്ചുകൊണ്ടിരിക്കുന്നവരുമാകുന്നു. അവന്റെ ശിക്ഷയെപ്പറ്റി എല്ലാവരും സദാജാഗരൂകരായിരിക്കേണ്ടതുള്ളതുകൊണ്ട് അവര്‍ അതിനെപ്പറ്റി വളരെ ഭയപ്പാടോടുകൂടിയിരിക്കുന്നവരുമാകുന്നു. അല്ലാഹുവിനോടു വളരെ അടുത്ത ആളുകളുടെ സ്ഥിതി തന്നെ ഇതാണെങ്കില്‍, മറ്റുള്ള ആരാധ്യവസ്തുക്കളുടെ സ്ഥിതി എന്താണെന്ന് പിന്നെ പറയേണ്ടുന്ന ആവശ്യമില്ലല്ലോ, വാസ്തവം ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയും വിളിച്ചു പ്രാര്‍ത്ഥിച്ചതുകൊണ്ടോ, ആരാധിച്ചതുകൊണ്ടോ അല്ലാഹുവിന്റെ സാമീപ്യവും കാരുണ്യവും മറ്റുള്ളവര്‍ക്ക് നേടിക്കൊടുക്കുവാന്‍ അവര്‍ക്കു എങ്ങിനെ കഴിയും?!

وَسِيلَة (വസീല) എന്ന വാക്കിനു സമീപനമാര്‍ഗ്ഗം – അഥവാ ഉദ്ദിഷ്ട കാര്യത്തിലേക്ക് എത്തിച്ചേരുവാനുള്ള മാര്‍ഗ്ഗം (ما يتوسل به الى المقصود) എന്നാണു വാക്കര്‍ത്ഥം. അല്ലാഹുവിങ്കലേക്കു സമീപനമാര്‍ഗ്ഗം തേടുക എന്നു പറഞ്ഞതിന്റെ അര്‍ത്ഥം സല്‍ക്കര്‍മ്മങ്ങള്‍ വഴി അവന്റെ സാമീപ്യം സിദ്ധിക്കുവാന്‍ യത്നിക്കുക എന്നാണെന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ലാത്തതാകുന്നു. (സൂ: മാഇദഃ 38-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നല്കിയ വിവരണം ഓര്‍ക്കുക.)

17:58
  • وَإِن مِّن قَرْيَةٍ إِلَّا نَحْنُ مُهْلِكُوهَا قَبْلَ يَوْمِ ٱلْقِيَـٰمَةِ أَوْ مُعَذِّبُوهَا عَذَابًا شَدِيدًا ۚ كَانَ ذَٰلِكَ فِى ٱلْكِتَـٰبِ مَسْطُورًا ﴾٥٨﴿
  • ഒരു രാജ്യവും (തന്നെ ഇല്ല,) ക്വിയാമത്തുനാളിനു മുമ്പ് നാം അതിനെ (അതിലെ നിവാസികളെ) നശിപ്പിക്കുന്നവരോ, അല്ലെങ്കില്‍ അതിനെ കഠിനമായ വല്ല ശിക്ഷയും ശിക്ഷിക്കുന്നവരോ ആയിരിക്കാതെ. അതു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമായിരിക്കുന്നു.
  • وَإِنمِّنقَرْيَةٍ ഒരു രാജ്യവും ഇല്ല إِلَّانَحْنُ നാം അല്ലാതെ مُهْلِكُوهَاഅതിനെ നശിപ്പിക്കുന്നവര്‍ قَبْلَيَوْمِ ദിവസത്തിനു മുമ്പ് الْقِيَامَةِക്വിയാമത്തിന്റെ أَوْمُعَذِّبُوهَا അല്ലെങ്കില്‍ അതിനെ ശിക്ഷിക്കുന്നവര്‍عَذَابًا ശിക്ഷ, വല്ല ശിക്ഷയും شَدِيدًا കഠിനമായ كَانَذَٰلِكَആയിരിക്കുന്നു فِيالْكِتَابِ ഗ്രന്ഥത്തില്‍, രേഖയില്‍ مَسْطُورًاരേഖപ്പെടുത്ത (എഴുതപ്പെട്ട)ത്

ക്വിയാമത്തുനാളില്‍, സകല രാജ്യങ്ങളും അവയിലെ വസ്തുക്കളും നശിച്ചുപോകുമെന്നുള്ളതു തീര്‍ച്ചയാണ്. എന്നാല്‍, അതിനുമുമ്പുതന്നെ, ഒരു നാട്ടിലെ ജനങ്ങള്‍ അവിശ്വാസത്തിലും തോന്നിയവാസത്തിലും അതിരുകവിയുമ്പോള്‍, ആ ജനതയെ നിശ്ശേഷം നശിപ്പിക്കുകയോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള വല്ല കഠിനശിക്ഷയും അവര്‍ക്കു നല്‍കുകയോ അല്ലാഹു ചെയ്യാതിരിക്കുകയില്ല. ഇക്കാര്യം അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന ഗ്രന്ഥത്തില്‍ – ‘ലൗഹുല്‍മഹ്ഫൂദ്വി’ല്‍ – മുമ്പേ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു എന്ന് സാരം. ‘കഠിനമായ ശിക്ഷ’ എന്ന് പറഞ്ഞതില്‍, യുദ്ധം, കലഹം, കൊടുങ്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം ആദിയായവയെല്ലാം ഉള്‍പ്പെടുന്നതാകുന്നു. الله أعلم

ജനങ്ങള്‍ ധിക്കാരത്തില്‍ മുഴുകുമ്പോള്‍, ഇഹത്തില്‍ വെച്ചുതന്നെ അവരുടെമേല്‍ ചില ശിക്ഷാ നടപടികള്‍ എടുക്കുമെന്നത്രെ അല്ലാഹു പറയുന്നത്. അല്ലാതെ, രാജ്യത്തുള്ളവര്‍ നിര്‍ദ്ദോഷികളായിരുന്നാല്‍പോലും എല്ലാ രാജ്യത്തെയും നശിപ്പിക്കുകയോ, പൊതുശിക്ഷക്ക് വിധേയമാക്കുകയോ ചെയ്യുമെന്നല്ല ഈ വചനത്തില്‍ പറഞ്ഞതിന്റെ താല്‍പര്യം. അല്ലാഹു പറയുന്നു:

وَمَا كُنَّا مُهْلِكِي الْقُرَىٰ إِلَّا وَأَهْلُهَا ظَالِمُونَ : – القصص٥٩

(രാജ്യക്കാര്‍ അക്രമികളായിരിക്കവെയല്ലാതെ നാം അവയെ നശിപ്പിക്കുന്നവരല്ല. (28:59).

നശിപ്പിക്കപ്പെട്ട സമുദായങ്ങളെക്കുറിച്ച് അല്ലാഹു പറയുന്നു:

 101 وَمَاظَلَمْنَاهُمْوَلَـٰكِنظَلَمُواأَنفُسَهُمْ – هود

(നാം അവരോടു അക്രമം ചെയ്തിട്ടില്ല. എങ്കിലും അവര്‍ അവരോടുതന്നെ അക്രമം പ്രവര്‍ത്തിച്ചു. (11:101).

17:59
  • وَمَا مَنَعَنَآ أَن نُّرْسِلَ بِٱلْـَٔايَـٰتِ إِلَّآ أَن كَذَّبَ بِهَا ٱلْأَوَّلُونَ ۚ وَءَاتَيْنَا ثَمُودَ ٱلنَّاقَةَ مُبْصِرَةً فَظَلَمُوا۟ بِهَا ۚ وَمَا نُرْسِلُ بِٱلْـَٔايَـٰتِ إِلَّا تَخْوِيفًا ﴾٥٩﴿
  • ദൃഷ്ടാന്തങ്ങളെ അയക്കുന്നതിനു നമ്മെ മുടക്കം ചെയ്തിട്ടില്ല; പൂര്‍വ്വികന്‍മാര്‍ അവയെ വ്യാജമാക്കിയെന്നതല്ലാതെ. ഥമൂദ് (ഗോത്രത്തി)നു നാം ഒട്ടകത്തെ കണ്ടറിയത്തക്കവിധം [പ്രത്യക്ഷദൃഷ്ടാന്തമായി] നല്‍കി; എന്നിട്ട് അതു സംബന്ധിച്ച് അവര്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്തുവാനായിട്ടല്ലാതെ, നാം ദൃഷ്ടാന്തങ്ങളെ അയക്കുന്നില്ലതാനും.
  • وَمَا مَنَعَنَا നമ്മെ മുടക്കി (നമുക്കു തടസ്സമാ)യിട്ടില്ല أَن نُّرْسِلَ നാം അയക്കുന്നതിനു بِالْآيَاتِ ദൃഷ്ടാന്തങ്ങളെ, ദൃഷ്ടാന്തങ്ങളുമായി إِلَّا أَن كَذَّبَ വ്യാജമാക്കിയതല്ലാതെ بِهَا അവയെ الْأَوَّلُونَ ആദ്യത്തേവര്‍, പൂര്‍വ്വികന്‍മാര്‍ وَآتَيْنَا നാം നല്‍കി, നല്‍കുകയും ചെയ്തു ثَمُودَ ഥമൂദിനു النَّاقَةَ ഒട്ടകത്തെ مُبْصِرَةً കാണത്തക്കതായി (പ്രത്യക്ഷ ദൃഷ്ടാന്തമായിട്ടു) فَظَلَمُوا എന്നിട്ടവര്‍ അക്രമം പ്രവര്‍ത്തിച്ചു بِهَا അതുനിമിത്തം, അതു സംബന്ധിച്ചു وَمَا نُرْسِلُ നാം അയക്കുന്നില്ല, അയക്കാറില്ല بِالْآيَاتِ ദൃഷ്ടാന്തങ്ങളെ إِلَّا تَخْوِيفًا ഭയപ്പെടുത്തുന്നതിനല്ലാതെ

ഇമാം അഹ്മദ്, നസാഈ, ഇബ്നുജരീര്‍, ത്വബ്റാനി, ഹാകിം, ബസ്സാര്‍, (رحمهم الله) മുതലായവര്‍ ഇബ്നുഅബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: “മക്കാ നിവാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സ്വഫാ എന്ന കുന്ന് (جبل صفا) സ്വര്‍ണ്ണമാക്കി കൊടുക്കണമെന്നും, അവരില്‍ നിന്നു (മക്കായിലെ) മലകള്‍ നീക്കം ചെയ്തു കൃഷിചെയ്യുമാറാക്കിക്കൊടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യോടു പറയപ്പെട്ടു: “വേണമെങ്കില്‍ അവര്‍ക്കു സാവകാശം നല്‍കാം. (അവര്‍ക്ക് തല്‍ക്കാലം ഒഴിവ് നല്‍കാം.) അവര്‍ ചോദിച്ചതുതന്നെ വേണമെങ്കില്‍ അതും ചെയ്യാം. എന്നിട്ട് അവര്‍ അവിശ്വസിക്കുന്നപക്ഷം അവരുടെ മുമ്പുണ്ടായിരുന്ന സമുദായങ്ങള്‍ നശിപ്പിക്കപ്പെട്ടതുപോലെ അവര്‍ നശിപ്പിക്കപ്പെടും. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: (വേണ്ടാ) എന്നാല്‍ ഞാന്‍ അവര്‍ക്ക് സാവകാശം നല്‍കിക്കൊള്ളാം. ഈ അവസരത്തില്‍ ….. وَمَا مَنَعَنَا أَن نُّرْسِلَ بِالْآيَاتِ എന്നുള്ള (ഈ) വചനം അല്ലാഹു അവതരിപ്പിച്ചു. ഇബ്നു അബ്ബാസ് رَضِيَ اللهُ تَعَالَى عَنْهُല്‍ നിന്ന് തന്നെ വേറൊരു മാര്‍ഗ്ഗത്തിലൂടെ ഇങ്ങിനെയും നിവേദനം വന്നിട്ടുണ്ട്: സ്വാലിഹ് (عليه الصلاة والسلام) നബിയും (മറ്റു) നബിമാരും കൊണ്ടുവന്നതുപോലെ, താന്‍ ഞങ്ങള്‍ക്കൊരു ദൃഷ്ടാന്തം കൊണ്ടുവന്നെങ്കില്‍! എന്നു ജനങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറഞ്ഞു. അപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: നിങ്ങള്‍ക്കു വേണമെന്നുണ്ടെങ്കില്‍ ഞാന്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കാം. അവന്‍ അതു ഇറക്കിയിട്ടു നിങ്ങള്‍ അനുസരണക്കേടു കാണിച്ചാല്‍ നിങ്ങള്‍ നാശമടയും. അപ്പോള്‍, അവര്‍ പറഞ്ഞു: ഞങ്ങള്‍ അതു ആവശ്യപ്പെടുന്നില്ല.’ (അ; ബ). ഏതാണ്ടു ഈ സ്വഭാവത്തിലുള്ള രിവായത്തുകള്‍ വേറെയും കാണാം.

മേലുദ്ധരിച്ചതില്‍ നിന്ന് ഈ വചനത്തിന്റെ താല്‍പര്യം വ്യക്തമായി മനസ്സിലാക്കാം. അതായത്, ഈ അവിശ്വാസികള്‍ ആവശ്യപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ – അവര്‍ കെട്ടിച്ചോദിക്കുന്നതോ, സ്വാലിഹുനബി (عليه السلام), മൂസാനബി (عليه السلام) മുതലായവര്‍ക്കു നല്‍കപ്പെട്ടതുപോലെയുള്ളതോ ആയ പ്രത്യക്ഷ ദൃഷ്ടാന്തങ്ങള്‍ – നാം അവര്‍ക്കു അയച്ചുകൊടുക്കാത്തതിന്റെ കാരണം ഇതാണ്: മുന്‍സമുദായങ്ങള്‍ക്കു അത്തരം ദൃഷ്ടാന്തങ്ങള്‍ അയച്ചുകൊടുത്തിട്ട് അവര്‍ അവയെ വ്യാജമാക്കുകയും, അങ്ങനെ അവര്‍ നാശത്തിനു വിധേയരാകുകയുമാണു ചെയ്തത്. അതുപോലെ, ഈ സമുദായത്തിനും നാശം സംഭവിക്കുവാന്‍ ഇടവരരുതെന്നുദ്ദേശിച്ചാണ്. മുന്‍ സമുദായങ്ങള്‍ അവര്‍ക്കു നല്‍കപ്പെട്ട പ്രത്യക്ഷ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് സ്വാലിഹു (عليه السلام) നബിയുടെ സമുദായമായ ഥമൂദുഗോത്രത്തിനു നല്‍കിയിരുന്ന ഒട്ടകത്തിന്റെ ദൃഷ്ടാന്തം. അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ആ പ്രത്യക്ഷദൃഷ്ടാന്തം അവര്‍ക്കു നല്‍കിയത്. അവര്‍ ആ ദൃഷ്ടാന്തത്തെ നിഷേധിക്കുകയും, ആ ഒട്ടകത്തെ അക്രമിക്കുകയുമാണുണ്ടായത്. അതുമൂലം അവര്‍ പൊതുശിക്ഷക്കു വിധേയരാകുകയും ചെയ്തു. ഥമൂദു ഗോത്രത്തിന്റെ ഒട്ടകത്തെപ്പറ്റി പലപ്പോഴും ക്വുര്‍ആനില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുക്കുന്നതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ക്കു ഭയപ്പാടുണ്ടാക്കുകയല്ലാതെ മറ്റൊന്നുമല്ലെന്നു അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അഥവാ സത്യത്തിന്റെ സ്ഥാപനത്തിനു വേണ്ടിയോ, നിര്‍ബ്ബന്ധ പൂര്‍വ്വം ജനങ്ങളെ വിശ്വസിപ്പിക്കുകയോ അല്ല – അല്ലാഹുവിനെക്കുറിച്ചു ഭയവും ബോധവും ഉണ്ടായിത്തീരുകയും, അങ്ങിനെ, സത്യത്തിലേക്കു മടങ്ങുവാന്‍ പ്രേരണ ലഭിക്കുകയുമാണു – ദൃഷ്ടാന്തം കൊണ്ടുദ്ദേശ്യം. താഴെ ഉദ്ധരിക്കുന്ന ഹദീഥില്‍നിന്നു ഇതു കൂടുതല്‍ വ്യക്തമാകുന്നതാണ്. അതായത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പുത്രന്‍ ഇബ്രാഹീം എന്ന കുട്ടി ചരമമടഞ്ഞ ദിവസം സൂര്യഗ്രഹണമുണ്ടായി. അതു കുട്ടിയുടെ മരണം നിമിത്തമാണെന്നു ചിലര്‍ പറഞ്ഞു. ആ അവസരത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “നിശ്ചയമായും, സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ട രണ്ടു ദൃഷ്ടാന്തങ്ങളാകുന്നു. ഒരാളുടെയും മരണം നിമിത്തമോ, ജീവിതം നിമിത്തമോ അവക്കു ഗ്രഹണം ബാധിക്കുകയില്ല. എങ്കിലും അതു രണ്ടും മുഖേന അല്ലാഹു അവന്റെ അടിയാന്‍മാരെ ഭയപ്പെടുത്തുന്നു. അതിനാല്‍, അതു (ഗ്രഹണം) നിങ്ങള്‍ കണ്ടാല്‍, അവന്റെ സ്മരണയിലേക്കും, പ്രാര്‍ത്ഥനയിലേക്കും, പാപമോചനം തേടുന്നതിലേക്കും നിങ്ങള്‍ അഭയം പ്രാപിച്ചുകൊള്ളുവിന്‍.’ പിന്നീടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “മുഹമ്മദിന്റെ സമുദായമേ, അല്ലാഹുവിനെത്തന്നെ സത്യം! എനിക്കറിയാവുന്നത് നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍, നിങ്ങള്‍ അല്‍പം (മാത്രം) ചിരിക്കുകയും, ധാരാളം കരയുകയും ചെയ്തേക്കുമായിരുന്നു.’ (ബു; മു).

17:60
  • وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِ ۚ وَمَا جَعَلْنَا ٱلرُّءْيَا ٱلَّتِىٓ أَرَيْنَـٰكَ إِلَّا فِتْنَةً لِّلنَّاسِ وَٱلشَّجَرَةَ ٱلْمَلْعُونَةَ فِى ٱلْقُرْءَانِ ۚ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَـٰنًا كَبِيرًا ﴾٦٠﴿
  • 'നിശ്ചയമായും, നിന്റെ റബ്ബ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു' എന്നു നാം നിന്നോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). നിനക്കു നാം കാണിച്ചുതന്നതായ (ആ) കാഴ്ചയെ മനുഷ്യര്‍ക്കു ഒരു പരീക്ഷണമായിട്ടല്ലാതെ നാം ആക്കിയിട്ടില്ല. ക്വുര്‍ആനിലെ (ആ) ശപിക്കപ്പെട്ട വൃക്ഷത്തെയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു). നാം അവരെ ഭയപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു; എന്നാല്‍ അതവര്‍ക്കു വലുതായ അതിരുകവിയലിനെ [ധിക്കാരത്തെ] യല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല.
  • وَإِذْ قُلْنَا നാം പറഞ്ഞ സന്ദര്‍ഭം لَكَ നിന്നോടു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് أَحَاطَ വലയം ചെയ്തിരിക്കുന്നു, ചൂഴ്ന്നിരിക്കുന്നു بِالنَّاسِ മനുഷ്യരെ, മനുഷ്യരില്‍ وَمَا جَعَلْنَا നാം ആക്കിയിട്ടുമില്ല الرُّؤْيَا കാഴ്ച്ചയെ الَّتِي أَرَيْنَاكَ നിനക്കു നാം കാണിച്ചു (കാട്ടി) തന്ന إِلَّا فِتْنَةً ഒരു പരീക്ഷണമല്ലാതെ لِّلنَّاسِ മനുഷ്യര്‍ക്ക് وَالشَّجَرَةَ വൃക്ഷ(മര) ത്തെയും الْمَلْعُونَةَ ശപിക്കപ്പെട്ട فِي الْقُرْآنِ ക്വുര്‍ആനില്‍ (ഉള്ള) وَنُخَوِّفُهُمْ നാം അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു فَمَا يَزِيدُ എന്നാല്‍ (എന്നിട്ടും) അതു വര്‍ദ്ധിപ്പിക്കുന്നില്ല هُمْ അവര്‍ക്കു إِلَّا طُغْيَانًا അതിരുവിടല്‍ (ധിക്കാരം) അല്ലാതെ كَبِيرًا വലുതായ

നാലു വാക്യങ്ങളടങ്ങിയ ഈ വചനത്തില്‍ അല്ലാഹു പ്രസ്‌താവിച്ച കാര്യങ്ങള്‍ ഇങ്ങിനെ മനസ്സിലാക്കാം:

(1) മനുഷ്യരെ അല്ലാഹു വലയം ചെയ്‌തിരിക്കുന്നുവെന്ന്‌ അറിയിച്ചുകൊണ്ട്‌ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ക്ക്‌ അല്ലാഹു മനസ്സമാധാനവും ധൈര്യവും നല്‍കുന്നു. അതായത്‌, അല്ലാഹുവിന്റെ അധികാരനിയന്ത്രണങ്ങളുടെ വലയത്തിലാണ്‌ മനുഷ്യരുള്ളത്‌. ആ വലയം ലംഘിച്ച് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യെ ദ്രോഹിക്കുവാനോ, പ്രബോധന കൃത്യത്തിന്‌ തടസ്സം വരുത്തുവാനോ അവര്‍ക്ക്‌ കഴിയുകയില്ല. അതുകൊണ്ട്‌ ആ കൃത്യം ശരിക്കു നിര്‍വഹിച്ചുകൊണ്ടേയിരിക്കണമെന്ന്‌ അല്ലാഹു നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ക്ക്‌ അറിയിച്ചിട്ടുണ്ട്‌ എന്നു സാരം. സൂ: മാഇദഃയില്‍ അല്ലാഹു പറയുന്നു: وَاللَّـهُ يَعْصِمُكَ مِنَ النَّاسِ (അല്ലാഹു മനുഷ്യരില്‍നിന്ന്‌ നിന്നെ കാത്തുരക്ഷിക്കുന്നതാണ്‌).

(2) നബി صَلَّى اللَّهُ عَلَيْهِ وَسَلَّم ക്ക്‌ അല്ലാഹു കാണിച്ചുകൊടുത്ത ആ കാഴ്‌ച ജനങ്ങള്‍ക്ക്‌ ഒരു പരീക്ഷണം മാത്രമായിരുന്നു. അഥവാ വിശ്വാസികളുടെ വിശ്വാസം വര്‍ദ്ധിക്കുവാനും, അവിശ്വാസികളുടെ നിഷേധം കൂടുതല്‍ മൂര്‍ഛിക്കുവാനും അതുകാരണമാകുമെന്നു സാരം.

الرُّؤْيَا الَّتِي أَرَيْنَاكَ (നിനക്ക്‌ നാം കാണിച്ചുതന്ന ആ കാഴ്‌ച) കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌ എന്താണെന്നുള്ളതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ടുമൂന്നു അഭിപ്രായങ്ങള്‍ കാണാം. അവയില്‍ വെച്ചു കൂടുതല്‍ സ്വീകാര്യമായ അഭിപ്രായം ഈ സൂറത്തിലെ 1-ാം വചനത്തില്‍ പ്രസ്‌താവിക്കപ്പെട്ട `ഇസ്‌റാഇ’ന്റെ യാത്രയില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ക്ക്‌ അല്ലാഹു കാട്ടിക്കൊടുത്ത അത്ഭുതദൃഷ്‌ടാന്തങ്ങളാണുദ്ദേശ്യം എന്നുള്ളതാകുന്നു. ആ വാര്‍ത്ത സത്യവിശ്വാസികള്‍ക്ക്‌ വിശ്വാസദാര്‍ഢ്യത്തിനും, അവിശ്വാസികള്‍ക്ക്‌ നിഷേധ വര്‍ദ്ധനവിനും കാരണമായിട്ടുണ്ടെന്നു പറയേണ്ടതില്ലല്ലോ. ഈ വാക്യത്തിലെ `കാഴ്‌ച’ (الرُّؤْيَا) കൊണ്ടുദ്ദേശ്യം, `ഇസ്‌റാഇ’ന്റെ രാത്രിയില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ക്ക്‌ കണ്‍ കാഴ്‌ചയായി കാണിക്കപ്പെട്ട കാഴ്‌ചയാണെന്നും, ‘ശപിക്കപ്പെട്ട വൃക്ഷം’ (الشَّجَرَةَالْمَلْعُونَةَ) കൊണ്ടുദ്ദേശ്യം ‘സഖ്-ഖൂം’ (الزقوم) വൃക്ഷവുമാണെന്നും ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്‌താവിച്ചതായി അഹ്‌മദ്‌, ബുഖാരി (رحمة الله عليهما) മുതലായവര്‍ രേഖപ്പെടുത്തിയിരിക്കുന്നു. വ്യാഖ്യാതാക്കളില്‍ അധികഭാഗവും സ്വീകരിച്ചിട്ടുള്ളതും ഈ അഭിപ്രായം തന്നെയാകുന്നു. (*)


(*) الرُّؤْيَا എന്ന വാക്ക് സ്വപ്നക്കാഴ്ചയിലാണ് കൂടുതല്‍ ഉപയോഗിക്കപ്പെടാറുള്ളതെങ്കിലും കണ്ണുകൊണ്ടുള്ള കാഴ്ച്ചയെ ഉദ്ദേശിച്ചും അത് ഉപയോഗിക്കപ്പെടാറുണ്ടെന്നും, ‘ഇസ്രാഉം, മിഅ്റാജും’ സ്വപ്നത്തിലായിരുന്നുവെന്ന വാദക്കാര്‍ ഈ വാക്ക് തങ്ങള്‍ക്ക് തെളിവായി എടുത്തു കാണിക്കാറുണ്ടെന്നും, അത് ശരിയല്ലെന്നും 1-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു.


(3) ക്വുര്‍ആനില്‍ ശപിക്കപ്പെട്ട വൃക്ഷത്തെയും അല്ലാഹു ഒരു പരീക്ഷണമാക്കിയിരിക്കുന്നു. അതായത്‌: നരകത്തില്‍ ‘സഖ്=ഖൂം’ എന്ന ഒരു വൃക്ഷമുണ്ടെന്നും അത്‌ പാപികളുടെ ഭക്ഷണമാണെന്നും അതും അവരുടെ ശിക്ഷാവകുപ്പുകളില്‍പെട്ട ഒന്നാണെന്നും അല്ലാഹു ക്വുര്‍ആനില്‍ (സ്വാഫ്‌ഫാത്ത്‌, ദുഖാന്‍, വാക്വിഅഃ എന്നീ സൂറത്തുകളില്‍) പ്രസ്‌താവിച്ചിരിക്കുന്നു. ഈ വൃക്ഷത്തെപ്പറ്റി കേട്ടപ്പോള്‍, `നരകം കല്ലുകള്‍ പോലും കരിച്ചുകളയുമെന്ന്‌ മുഹമ്മദ്‌ പറയുന്നു, അതേ സമയത്ത്‌ അതില്‍ വൃക്ഷങ്ങളുണ്ടെന്നും അവന്‍ പറയുന്നു. തീയില്‍ കരിഞ്ഞുപോകുന്ന വൃക്ഷം തീയില്‍ എങ്ങനെ മുളച്ചുണ്ടാകും? എന്നും മറ്റും പറഞ്ഞു അബൂജഹ്‌ല്‍ മുതലായ മുശ്‌രിക്കുകള്‍ പരിഹസിക്കുകയുണ്ടായി. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നരകത്തെക്കുറിച്ചു‌ അതവര്‍ക്ക്‌ കൂടുതല്‍ ഭയപ്പാടുളവാക്കുകയേ ചെയ്‌തുള്ളൂതാനും. ഇതിനെപ്പറ്റിയാണ്‌ ക്വുര്‍ആനില്‍ ശപിക്കപ്പെട്ട ആ വൃക്ഷത്തെയും ഒരു പരീക്ഷണമാക്കിയിരിക്കുന്നുവെന്ന്‌ പറഞ്ഞത്‌. ശപിക്കപ്പെട്ട വൃക്ഷം എന്ന്‌ പറഞ്ഞത്‌ ‘സഖ്-ഖൂ’മിനെപ്പറ്റിയാണെന്ന്‌ ഇബ്‌നു അബ്ബാസ്‌ (റ) പ്രസ്‌താവിച്ചത്‌ മുമ്പ്‌ ഉദ്ധരിച്ചുവല്ലോ. സ്വര്‍ഗത്തിലെയും നരകത്തിലെയും വസ്‌തുക്കള്‍ക്ക്‌ ഭൗതികവസ്‌തുക്കളുമായി നാമമാത്ര സാമ്യമേ ഉള്ളൂ. മനുഷ്യര്‍ക്ക്‌ പരിചിതമായ പേരുകളിലും വാക്കുകളിലുമല്ലാതെ അവയെക്കുറിച്ച്‌ വിവരിക്കുവാന്‍ നിവൃത്തിയില്ലല്ലോ. ഭൗതികവസ്‌തുക്കളില്‍ തന്നെ തീയില്‍ കരിഞ്ഞുപോകാത്ത ചിലതുണ്ടെന്നും, ചില വൃക്ഷങ്ങളില്‍ നിന്ന്‌ തീ ഉല്‌പാദിപ്പിക്കപ്പെടാമെന്നും ആലോചിക്കുമ്പോള്‍ നരകാഗ്നിയില്‍ വൃക്ഷം വളരുവാനുള്ള സാധ്യതയില്‍ സംശയത്തിന്നവകാശമില്ല. അത്രയുമല്ല, സസ്യവര്‍ഗ്ഗങ്ങളിലും ജലത്തിലുമെല്ലാം അഗ്നിയുടെ അംശം കൂടി അടങ്ങിയിട്ടുണ്ടെന്നുള്ളത് ആധുനിക ശാസ്‌ത്രം തെളിയിച്ചുകഴിഞ്ഞതാണ്‌.

(4) മനുഷ്യരെ അല്ലാഹു ഭയപ്പെടുത്തിക്കൊണ്ടിരുന്നിട്ടും അവര്‍ക്ക്‌ വലിയ അതിരു കവിയലും ധിക്കാരവും വര്‍ദ്ധിക്കുകയാണ്‌ ചെയ്യുന്നത്‌. അതായതു, താക്കീതുകള്‍ ദൃഷ്‌ടാന്തങ്ങള്‍ മുതലായവ മനുഷ്യര്‍ക്ക്‌ ഭയപ്പാടുണ്ടാക്കുവാനും, അങ്ങനെ അവര്‍ മാനസാന്തരപ്പെട്ടു നന്നായിത്തീരുവാനും വേണ്ടിയാണ്‌ നല്‍കിവരുന്നത്‌. എന്നാല്‍, അവിശ്വാസികള്‍ അതുകൊണ്ടൊന്നും ഭയപ്പെടുകയോ, മാനസാന്തരപ്പെടുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല, അവരുടെ നിഷേധവും പരിഹാസവും വര്‍ദ്ധിക്കുകയാണ്‌ ചെയ്തു കൊണ്ടിരിക്കുന്നത് എന്നു സാരം.