വിഭാഗം - 9

17:78
 • أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا ﴾٧٨﴿
 • സൂര്യന്‍ (ഉച്ച) തിരിയുമ്പോള്‍ (മുതല്‍) രാത്രി ഇരുട്ടുന്നതുവരെ നീ നമസ്‌കാരം നിലനിറുത്തുക; പ്രഭാത (നമസ്‌കാര)ത്തിലെ [ക്വുര്‍ആന്‍] പാരായണവും [നിലനിറുത്തുക] നിശ്ചയമായും, പ്രഭാത [നമസ്‌കാര] ത്തിലെ [ക്വുര്‍ആന്‍] പാരായണം, സാക്ഷ്യപ്പെടുത്തപ്പെടുന്നതാകുന്നു.
 • أَقِمِ الصَّلَاةَ നമസ്‌കാരം നിലനിറുത്തുക لِدُلُوكِ നീക്കത്തിനു, തിരിയുന്നതിനു (തിരിയുമ്പോള്‍) الشَّمْسِ സൂര്യന്റെ, സൂര്യന്‍ إِلَىٰ غَسَقِ ഇരുട്ടു(ന്നതു)വരെ اللَّيْلِ രാത്രി وَقُرْآنَ പാരായണവും, ക്വുര്‍ആനും الْفَجْرِ പ്രഭാത (നമസ്‌കാര)ത്തിലെ إِنَّ قُرْآنَ നിശ്ചയമായും പാരായണവും, ക്വുര്‍ആന്‍ الْفَجْرِ പ്രഭാതത്തിലെ كَانَ അതാകുന്നു, ആയിരിക്കുന്നു مَشْهُودًا സാക്ഷ്യം വഹിക്കപ്പെടുന്നത്, ഹാജറാക്കപ്പെടുന്നത്
17:79
 • وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا ﴾٧٩﴿
 • രാത്രിയില്‍നിന്നും [തന്നെ, അല്‍പസമയം] അതുമായി നീ 'തഹജ്ജുദ്‌' [ഉറക്കമുണര്‍ന്നുള്ള നമസ്‌കാരം] ചെയ്‌തുകൊള്ളുക; നിനക്കു [നിര്‍ബന്ധത്തിനു പുറകെ] കൂടുതലായുള്ള ഒരു കാര്യം (ഐച്ഛികം) എന്ന നിലക്ക്‌. നിന്റെ റബ്ബ്‌ നിന്നെ സ്‌തുതിക്കപ്പെടുന്നതായ ഒരു സ്ഥാനത്ത്‌ എഴുന്നേല്‍പിച്ചു തന്നേക്കാം.
 • وَمِنَ اللَّيْلِ രാത്രിയില്‍ നിന്നു (തന്നെ) فَتَهَجَّدْ നീ തഹജ്ജുദ്‌ (നമസ്‌കാരം) ചെയ്യുക بِهِ അതുമായി, അതുകൊണ്ട് نَافِلَةً കൂടുതലായുള്ള (അധികമുള്ള) തെന്ന നിലക്കു لَّكَ നിനക്കു عَسَىٰ ആയേക്കാം أَن يَبْعَثَكَ നിന്നെ നിയോഗിക്കുക, എഴുന്നേല്‍പിക്കുക, അയക്കുക رَبُّكَ നിന്റെ റബ്ബ്‌ مَقَامًا ഒരു സ്ഥാനത്തു مَّحْمُودًا സ്‌തുതിക്കപ്പെടുന്നതായ

സ്വുബ്‌ഹ്‌ നമസ്‌കാരത്തെ ഉദ്ദേശിച്ചാണു പ്രഭാതത്തിലെ ക്വുര്‍ആന്‍ പാരായണം (قُرْآنَ الْفَجْرِ) എന്നു പറഞ്ഞിരിക്കുന്നത്‌. നമസ്‌കാര കര്‍മ്മത്തിലെ പ്രധാന ഘടകങ്ങളായ സുജൂദ്‌ (السجود സാഷ്‌ടാംഗം ചെയ്യല്‍), റുകൂഉ്‌ (الركوع കുമ്പിടല്‍), ക്വിയാമു (القيام – നിറുത്തം) എന്നിവപോലെയുള്ള ഒരു പ്രധാന ഘടകം തന്നെയാണ്‌ ക്വുര്‍ആന്‍ പാരായണവും. അതുകൊണ്ട്‌ നമസ്‌കാര കര്‍മ്മത്തെ ഉദ്ദേശിച്ച്‌ ആ മൂന്നു വാക്കുകളും ഉപയോഗിക്കാറുള്ളപോലെ ‘ക്വുര്‍ആന്‍’ (പാരായണം ചെയ്യല്‍) എന്ന വാക്കും ഉപയോഗിക്കപ്പെട്ടിരിക്കുകയാണ്‌. എങ്കിലും സ്വുബ്‌ഹ്‌ നമസ്‌കാരത്തെപ്പറ്റി മാത്രം ആ വാക്കു ഉപയോഗിച്ചതില്‍ – ചില വ്യാഖ്യാതാക്കള്‍ ചൂണ്ടിക്കാട്ടിയതുപോലെ – സ്വുബ്‌ഹ്‌ നമസ്‌കാരത്തില്‍ മറ്റു നമസ്‌കാരങ്ങളെക്കാള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതു നന്നായിരിക്കുമെന്ന ഒരു സൂചന കാണാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ചര്യ പരിശോധിക്കുമ്പോള്‍ അങ്ങിനെത്തന്നെയാണു കാണപ്പെടുന്നതും. ‘തഹജ്ജുദ്‌’ (تَهَجّد) എന്ന വാക്കിനു ഉറക്കില്‍ നിന്നുണരുക എന്നും മറ്റുമാണ്‌ അര്‍ത്ഥം. രാത്രിയില്‍ അല്‍പമെങ്കിലും ഉറങ്ങിയശേഷം എഴുന്നേറ്റ്‌ ചെയ്യപ്പെടുന്ന ഐച്ഛിക നമസ്‌കാരത്തിന്‌ صلاة التهجد (തഹജ്ജുദു നമസ്‌കാരം) എന്നു പറയുവാന്‍ കാരണം ഇതില്‍നിന്നു വ്യക്തമാണ്‌.

ദിനംപ്രതി അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളാണല്ലോ ഇസ്‌ലാമിലുള്ളത്‌. അവയില്‍ ള്വുഹ്‌ര്‍, അസ്വര്‍, മഗ്‌രിബ്‌, ഇശാഅ്‌ എന്നീ നാലും സൂര്യന്‍ ഉച്ചതിരിഞ്ഞത്‌ മുതല്‍ രാത്രി ശരിക്കും ഇരുട്ടുമൂടുന്നതു വരെയുള്ള സമയങ്ങളിലാകുന്നു. ഈ നാലും സമയം തെറ്റാതെ കൃത്യനിഷ്‌ഠയോടുകൂടി നിര്‍വ്വഹിച്ചുപോരണമെന്നും അഞ്ചാമത്തേതായ സ്വുബ്‌ഹു നമസ്‌കാരം പ്രഭാതവേളയില്‍ അനുഷ്‌ഠിച്ചുപോരണമെന്നും അല്ലാഹു കല്‍പിക്കുന്നു. കല്‍പന നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അഭിമുഖീകരിച്ചു കൊണ്ടാണെങ്കിലും എല്ലാവര്‍ക്കും ബാധകമാണെന്ന്‌ പറയേണ്ടതില്ല. പ്രഭാതനമസ്‌കാരം സാക്ഷ്യപ്പെടുത്തപ്പെട്ടതാണ്‌ (مَشْهُودًا) (എന്നു ഓര്‍മിപ്പിച്ചുകൊണ്ട്‌ അതിന്റെ കാര്യം പ്രത്യേകം ഗൗനിക്കപ്പെടേണ്ടതുണ്ടെന്നും ഉണര്‍ത്തിയിരിക്കുന്നു. ആ നമസ്‌കാരത്തിങ്കല്‍ മലക്കുകള്‍ ഒരുമിച്ചു കൂടുകയും, അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്നാണ്‌ ‘അത്‌ സാക്ഷ്യപ്പെടുത്തപ്പെടു’മെന്നു പറഞ്ഞതിന്റെ താല്‍പര്യമെന്നു ഹദീഥുകളില്‍ നിന്നു വ്യക്തമാകുന്നു. മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്‌താവിക്കുന്നതും അതുതന്നെ. സ്വുബ്‌ഹു നമസ്‌കാരവേളയില്‍ രാത്രിയിലെ മലക്കുകളും, പകലിലെ മലക്കുകളും ഒരുമിച്ചു കൂടുന്നതാണെന്നും അതില്‍ അവര്‍ സംബന്ധിക്കുമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഒന്നിലധികം ഹദീഥുകളില്‍ വന്നിട്ടുണ്ട്‌. (അ;ബു; തി;ന) ഉറക്കില്‍നിന്ന്‌ ഉണര്‍ച്ചയിലേക്കും, സ്വസ്ഥതയില്‍ നിന്നു ജോലിത്തിരക്കിലേക്കും, ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കും പോലെയുള്ള പല സ്ഥിതിമാറ്റങ്ങളും അല്ലാഹുവിന്റെ മഹത്വത്തിന്‌ സാക്ഷ്യം വഹിക്കുന്ന സമയമാണ്‌ അതെന്നത്രെ ചില വ്യാഖ്യാതാക്കള്‍ അതിനു നല്‍കുന്ന വ്യാഖ്യാനം. الله أعلم

തഹജ്ജുദ്‌ നമസ്‌കാരത്തിന്റെ പ്രാധാന്യം സംബന്ധിച്ച്‌ പല ക്വുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും കാണാവുന്നതാണ്‌. പുണ്യകര്‍മ്മങ്ങളുടെ കൂട്ടത്തില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു കര്‍മ്മമാണിത്‌. നിര്‍ബന്ധ നമസ്‌കാരങ്ങളെപ്പറ്റി കല്‍പിച്ചശേഷം, രാത്രിയില്‍ തഹജ്ജുദ്‌ നമസ്‌കാരം ചെയ്യണമെന്ന്‌ പ്രത്യേകം എടുത്തുപറഞ്ഞതില്‍നിന്ന്‌ തന്നെ അതിന്റെ പ്രാധാന്യം ഏറെക്കുറെ മനസ്സിലാക്കാമല്ലോ. نَافِلَةً لَّكَ (നിനക്ക്‌ കൂടുതലായുള്ള കാര്യം) എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അഭിമുഖീകരിച്ചു പറഞ്ഞതിന്‌ രണ്ടു പ്രകാരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിരിക്കുന്നു.
(1) നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കും അവിടുത്തെ സമുദായത്തിനും അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക്‌ പുറമെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു ഐച്ഛിക കര്‍മ്മമാണത്‌.
(2) മറ്റുള്ളവര്‍ക്കൊന്നും കൂടാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക്‌ പ്രത്യേകമായി നിശ്ചയിക്കപ്പെട്ട ഒരു നിര്‍ബന്ധ കര്‍മ്മമാണത്‌. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഐച്ഛികവുമായിരിക്കും.

രണ്ടായാലും ശരി, രാത്രിയിലെ ഐച്ഛിക നമസ്‌കാരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വളരെയധികം നിഷ്‌കര്‍ഷ പാലിച്ചിരുന്നുവെന്നും, കാലില്‍ നീര്‌ കെട്ടുമാറ്‌ ദീര്‍ഘനേരം നമസ്‌കരിക്കാറുണ്ടായിരുന്നുവെന്നും ഹദീഥുകളില്‍ നിന്നു അറിയപ്പെട്ടതാകുന്നു. അങ്ങയുടെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തുതന്നിരിക്കെ, ഇത്രയധികം ബുദ്ധിമുട്ടുന്നതു എന്തിനാണെന്ന്‌ ആഇശഃ (رَضِيَ اللهُ تَعَالَى عَنْها) ചോദിച്ചപ്പോള്‍ أَفَلَا أَكُونُ عَبْدًا شكورًا (ആ സ്ഥിതിക്ക്‌ ഞാനൊരു നന്ദിയുള്ള അടിയാനായിരിക്കേണ്ടേ?!) എന്നായിരുന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞത്‌.

നമസ്‌കാരങ്ങളെ നിലനിറുത്തുവാനും, രാത്രിയില്‍ തഹജ്ജുദ്‌ നമസ്‌കരിക്കുവാനും കല്‍പിച്ചതിനെത്തുടര്‍ന്ന്‌ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട്‌ പറയുന്നു: عَسَىٰ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا (നിന്റെ റബ്ബ്‌ സ്‌തുതിക്കപ്പെടുന്നതായ ഒരു സ്ഥാനത്തു നിന്നെ എഴുന്നേല്‍പിച്ചു തന്നേക്കാം.) ‘ഉണ്ടായേക്കാം’ എന്നു അല്ലാഹു പറയുന്ന കാര്യം ഉണ്ടാകുകതന്നെ ചെയ്യുന്നതാണ്‌. മേല്‍പറഞ്ഞ കല്‍പനകള്‍ പാലിക്കുന്നപക്ഷം, എല്ലാവരാലും സ്‌തുതിക്കപ്പെടുന്ന ഒരു ഉന്നത സ്ഥാനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു നല്‍കുമെന്നുള്ള ഒരു വാഗ്‌ദാനവും ആ കല്‍പനകള്‍ പാലിക്കുവാനുള്ള ഒരു പ്രോത്സാഹനവും കൂടിയാണിത്‌. ‘സ്‌തുതിക്കപ്പെടുന്ന സ്ഥാനം’ കൊണ്ടുള്ള വിവക്ഷ എന്താണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. എങ്കിലും മഹ്‌ശര്‍ മഹാസമ്മേളനത്തില്‍ താഴെ കാണുന്നവിധം സൃഷ്‌ടികള്‍ക്കെല്ലാം ആശ്വാസം ലഭിക്കുമാറ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക്‌ ശുപാര്‍ശ ചെയ്‌വാന്‍ അനുവദിച്ചുകൊടുക്കുന്ന ആസ്ഥാനമാണതുകൊണ്ട്‌ വിവക്ഷയെന്നു ഹദീഥുകളില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്‌. ഇബ്‌നുജരീര്‍ (റ) പ്രസ്‌താവിച്ചത് പോലെ, ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അധികമാളുകളുടെ അഭിപ്രായവും അതുതന്നെയാണ്‌.

ലോകാരംഭം മുതല്‍ ലോകാവസാനം വരെയുള്ള സൃഷ്‌ടികളെല്ലാം സമ്മേളിക്കുന്ന അതിമഹത്തായ സദസ്സാണല്ലോ മഹ്‌ശര്‍. അവിടെ വെച്ച്‌ എല്ലാവരും അനിശ്ചിതാവസ്ഥയില്‍ ദീര്‍ഘകാലം ഭയവിഹ്വലരായി കഴിയുമ്പോള്‍, തങ്ങളുടെ വിചാരണ കഴിച്ച് രണ്ടിലൊരു തീരുമാനമെടുത്തു തരുവാന്‍ അല്ലാഹുവിനോട്‌ ശുപാര്‍ശ ചെയ്യണമെന്ന്‌ പ്രവാചക പ്രമുഖന്‍മാരായ പലരോടും ജനങ്ങള്‍ അപേക്ഷിക്കും. ഓരോരുത്തരും ഓരോ കാരണം പറഞ്ഞ് അതില്‍ നിന്ന്‌ ഒഴിവാകും. അവസാനം അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ സമീപിക്കും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിന്റെ അനുമതി പ്രകാരം അതിനായി അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യും. അല്ലാഹു അത്‌ സ്വീകരിച്ച് എല്ലാവരെയും വിചാരണ നടത്തി ഓരോരുത്തരെയും സംബന്ധിച്ച തീരുമാനമെടുക്കുകയും ചെയ്യും. ഇതാണ്‌ പ്രസ്‌തുത ഹദീഥുകളുടെ രത്‌നച്ചുരുക്കം.

സൃഷ്‌ടികളെയെല്ലാം ബാധിക്കുന്നതും, എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതും എല്ലാവരുടെയും സ്‌തുതിക്ക്‌ കാരണമായിത്തീരുന്നതുമായ ശുപാര്‍ശയാണത്‌. الشفاعة الكبرى (ഏറ്റവും മഹത്തായ ശുപാര്‍ശ) എന്ന പേരില്‍ അതറിയപ്പെടുന്നു. ഇതിനെപ്പറ്റി പ്രബലങ്ങളായ-ചെറുതും വലുതുമായ – പല ഹദീഥുകളും നിലവിലുണ്ട്‌. അവയില്‍ കേവലം ചെറുതായ ഒരു ഹദീഥു മാത്രം ഓര്‍മ്മക്കായി ഇവിടെ ഉദ്ധരിക്കാം. ഇബ്‌നുഉമര്‍ (رَضِيَ اللهُ تَعَالَى عَنْهما) ഇപ്രകാരം പ്രസ്‌താവിക്കുന്നു: ‘ക്വിയാമത്തുനാളില്‍, മനുഷ്യര്‍ മുട്ടുകുത്തി വീണവരായിത്തീരും. ഇന്നവരേ, ഇന്നവരേ, ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യണമെന്നു പറഞ്ഞുകൊണ്ട്‌ ഓരോ സമുദായവും അതിന്റെ നബിമാരുടെ പിന്നാലെ കൂടും. അവസാനം ഈ ശുപാര്‍ശ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ ചെന്നവസാനിക്കും. അതാണ്‌ അദ്ദേഹത്തെ സ്‌തുതിക്കപ്പെടുന്ന ഒരു സ്ഥാനത്ത്‌ അല്ലാഹു എഴുന്നേല്‍പിച്ചു കൊടുക്കുന്ന ആ ദിവസം.’ (ബുഖാരി).

‘ബാങ്കുവിളി കേട്ടാല്‍ (അതു കഴിഞ്ഞ ഉടനെ) ഇപ്രകാരം പറയുന്നവര്‍ക്ക്‌ ക്വിയാമത്തുനാളില്‍ എന്റെ ശുപാര്‍ശ ലഭിക്കുന്നതാണ്‌’, എന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്‌തതായി ജാബിര്‍ (رَضِيَ اللهُ تَعَالَى عَنْهُ) വഴി ഇമാം ബുഖാരീ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاةِ الْقَائِمَةِ، آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثَهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ (സാരം: ഈ പരിപൂര്‍ണ്ണമായ വിളിയുടെയും, നിലനിന്നുപോരുന്ന നമസ്‌കാരത്തിന്റെയും അധിപനായ അല്ലാഹുവേ! മുഹമ്മദിന്‌ നീ ‘വസീലത്തും,’ ‘ഫദ്വീലത്തും’ നല്‍കേണമേ! അദ്ദേഹത്തോട്‌ നീ വാഗ്‌ദാനം ചെയ്‌തിട്ടുള്ള സ്‌തുതിക്കപ്പെടുന്ന സ്ഥാനത്തു അദ്ദേഹത്തെ എഴുന്നേല്‍പിച്ചുകൊടുക്കുകയും ചെയ്യേണമേ! ‘വസീലത്ത്‌’ എന്നാല്‍ അല്ലാഹുവിന്റെ സാമീപ്യമാകുന്ന ഉന്നത പദവി എന്നും, ‘ഫദ്വീലത്തു’ എന്നാല്‍ മറ്റുള്ളവര്‍ക്കില്ലാത്ത ശ്രേഷ്‌ഠ പദവി എന്നും സാമാന്യമായി പറയാം. (كما يظهر – فتح البارى).

17:80
 • وَقُل رَّبِّ أَدْخِلْنِى مُدْخَلَ صِدْقٍ وَأَخْرِجْنِى مُخْرَجَ صِدْقٍ وَٱجْعَل لِّى مِن لَّدُنكَ سُلْطَـٰنًا نَّصِيرًا ﴾٨٠﴿
 • [നബിയേ] നീ പറയുകയും ചെയ്യുക: 'എന്റെ റബ്ബേ! എന്നെ നീ സത്യത്തിന്റെതായ പ്രവേശനം പ്രവേശിപ്പിക്കുകയും, സത്യത്തിന്റേതായ പുറപ്പാടു പുറപ്പെടുവിക്കുകയും ചെയ്യേണമേ! നിന്റെ പക്കല്‍നിന്നു എനിക്കു സഹായകമായ ഒരു (അധികൃത) ശക്തിയും നീ ഏര്‍പ്പെടുത്തിത്തരേണമേ!'
 • وَقُل പറയുകയും ചെയ്യുക رَّبِّ റബ്ബേ, രക്ഷിതാവേ أَدْخِلْنِي എന്നെ പ്രവേശിപ്പിക്കണേ مُدْخَلَ പ്രവേശിപ്പിക്കല്‍ (പ്രവേശനം) صِدْقٍ സത്യത്തിന്റെ وَأَخْرِجْنِي എന്നെ പുറപ്പെടുവിക്കുകയും വേണമേ مُخْرَجَ പുറപ്പെടുവിക്കല്‍ (പുറപ്പാട്) صِدْقٍ സത്യത്തിന്റെ وَاجْعَل നീ ആക്കു (ഏര്‍പ്പെടുത്തു)കയും വേണമേ لِّي എനിക്കു مِن لَّدُنكَ നിന്റെ പക്കല്‍നിന്നു سُلْطَانًا ശക്തി, അധികാരം نَّصِيرًا സഹായിക്കുന്ന (സഹായകമായ)

مُدْخَلَ صِدْقٍ എന്ന വാക്കിനു ‘സത്യത്തിന്റെ പ്രവേശിപ്പിക്കല്‍’ എന്നും, مُخْرَجَ صِدْقٍ എന്ന വാക്കിനു ‘സത്യത്തിന്റെ പുറപ്പെടുവിക്കല്‍’ എന്നുമാണ്‌ സാക്ഷാല്‍ വാക്കര്‍ത്ഥം നല്‍കേണ്ടത്‌. ഉദ്ദേശ്യം കൂടുതല്‍ വ്യക്തമായി മനസ്സിലാകുവാന്‍ കൂടുതല്‍ എളുപ്പമെന്ന നിലക്ക്‌ പരിഭാഷയില്‍ കണ്ടപ്രകാരം രണ്ടു വാക്കിനു ഉദ്ദേശാര്‍ത്ഥം കൊണ്ടു മതിയാക്കിയിരിക്കുകയാണ്‌. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട്‌ പ്രാര്‍ത്ഥിക്കുവാന്‍ കല്‍പിച്ച ഈ പ്രാര്‍ത്ഥനയുടെ സാരം ഇങ്ങിനെ മനസ്സിലാക്കാം: ‘ഞാന്‍ വല്ല കാര്യത്തിലും പ്രവേശിക്കുമ്പോള്‍ ആ പ്രവേശനം സത്യത്തിന്റെ പാതയില്‍ അധിഷ്‌ഠിതവും പ്രശംസനീയമായതും ആക്കിത്തരേണമേ! ഞാന്‍ വല്ല കാര്യത്തില്‍നിന്നും വിരമിച്ചു പുറത്തുവരുന്നതും സത്യത്തിന്റെ പാത പിഴക്കാതെ ശുഭകരവും തൃപ്‌തികരവുമായ വിധത്തില്‍ ആക്കിത്തരേണമേ! എന്റെ കൃത്യങ്ങളെല്ലാം വേണ്ടതുപോലെ നിര്‍വ്വഹിക്കുവാനും, അതിനെതിരില്‍ വിലങ്ങടിക്കുന്ന തടസ്സങ്ങളെ അതിജയിക്കുവാനും സഹായകമായ അധികാരശക്തിയും ന്യായബലവും എനിക്കു തന്നരുളേണമേ!’.

ഇന്നിന്ന വിഷയങ്ങളിലുള്ള പ്രവേശനമെന്നും, ഇന്നിന്ന വിഷയങ്ങളില്‍നിന്നുള്ള പുറപ്പാടു എന്നും നിജപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്കു ഏതെങ്കിലും ചില പ്രത്യേക വിഷയങ്ങളെ സംബന്ധിച്ച പ്രവേശനവും പുറപ്പാടുമാണു ഉദ്ദേശ്യമെന്ന് വെച്ച്‌ ഈ പ്രാര്‍ത്ഥനയെ പരിമിതപ്പെടുത്തേണ്ടുന്ന ആവശ്യമില്ല. മദീനയിലേക്കുള്ള പ്രവേശനവും, മക്കായില്‍നിന്നുള്ള പുറപ്പാടും, മരണശേഷം ക്വബ്‌റിലേക്കുള്ള പ്രവേശനവും പിന്നീടു പുനരുത്ഥാന ദിവസം മഹ്‌ശറയിലേക്കുള്ള പുറപ്പാടും അടക്കം ആവശ്യമായ എല്ലാ കാര്യങ്ങളിലേക്കുമുള്ള പ്രവേശനങ്ങളും, എല്ലാ വിഷയങ്ങളില്‍ നിന്നുള്ള പുറപ്പാടുകളും സത്യത്തിന്റെ പാതയിലൂടെ ആക്കിക്കിട്ടുവാനുള്ള പ്രാര്‍ത്ഥനയാണിതെന്നു വെക്കുവാനാണു ന്യായം.

അഹ്‌മദു, തിര്‍മദീ, ഹാകിം, ത്വബ്‌റാനീ (رحمهم الله) തുടങ്ങിയവര്‍ ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്‌താവിച്ചതായി ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായിലായിരുന്നു. പിന്നീടു തിരുമേനിയോടു ഹിജ്‌റഃ പോകുവാന്‍ കല്‍പിക്കപ്പെട്ടു. അപ്പോഴാണു ഈ വചനം അവതരിച്ചതും’. ഈ പ്രസ്‌താവന അടിസ്ഥാനമാക്കിയാണു ഇബ്‌നു ജരീര്‍ (رحمه الله) മുതലായവരും മദീനായിലേക്കുള്ള പ്രവേശനവും, മക്കായില്‍നിന്നുള്ള പുറപ്പാടും, മദീനായില്‍ ചെന്നതിന്നു ശേഷം ശത്രുക്കളെ ജയിച്ചടക്കുവാനുള്ള സഹായശക്തിയുമാണു ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നു അഭിപ്രായപ്പെട്ടിരിക്കുന്നത്‌. അവതരണ സന്ദര്‍ഭം അതായിരുന്നാല്‍ തന്നെയും അക്കാര്യങ്ങള്‍ പ്രത്യേകം അതില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുമെന്നല്ലാതെ, മറ്റുള്ള കാര്യങ്ങളും ഉദ്ദേശിക്കപ്പെടുന്നതിനു അതു തടസ്സമാകുന്നില്ല. മദീനായിലെ പ്രവേശനത്തെയും, മക്കായില്‍നിന്നുള്ള പുറപ്പാടിനെയും, ഇസ്‌ലാമിനു പിന്നീടു ലഭിച്ച ശക്തി പ്രതാപത്തെയും സംബന്ധിച്ചിടത്തോളം നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഈ പ്രാര്‍ത്ഥന തികച്ചും ഫലവത്തായിട്ടുണ്ടെന്നു പറയേണ്ടതില്ലതാനും. അടുത്ത വചനത്തില്‍ അതിലേക്കുള്ള ഒരു സൂചനയും കാണാം.

17:81
 • وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَـٰطِلُ ۚ إِنَّ ٱلْبَـٰطِلَ كَانَ زَهُوقًا ﴾٨١﴿
 • (ഇങ്ങിനെയും) പറയുക: 'യഥാര്‍ത്ഥം (വെളിക്കു) വന്നു; അയഥാര്‍ത്ഥം (നശിച്ചു) നാമാവശേഷമാകുകയും ചെയ്തു.' നിശ്ചയമായും അയഥാര്‍ത്ഥം നാമാവശേഷമാകുന്നതാകുന്നു.
 • وَقُلْ പറയുകയും ചെയ്യുക جَاءَ വന്നു الْحَقُّ യഥാര്‍ത്ഥം وَزَهَقَ നശിച്ചുപോയി, നാമാവശേഷമാകയും ചെയ്തു الْبَاطِلُ അയഥാര്‍ത്ഥം إِنَّ الْبَاطِلَ നിശ്ചയമായും അയഥാര്‍ത്ഥം كَانَ ആകുന്നു زَهُوقًا നശിച്ചു (തേഞ്ഞുമാഞ്ഞു - നാമാവശേഷമായി) പോകുന്നത്

മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം ഒരു അന്ത്യശാസനവും, കനത്ത താക്കീതുമാണതില്‍ അടങ്ങിയിരിക്കുന്നത്. തൗഹീദും, തൗഹീദില്‍ അധിഷ്ഠിതമായ സത്യമാര്‍ഗ്ഗവും ഇതാ പുലര്‍ന്നു കഴിഞ്ഞു. ശിര്‍ക്കും അതിന്റെ അടിസ്ഥാനത്തിലുള്ള ദുര്‍മ്മാര്‍ഗ്ഗവും ഇതാ നശിച്ചു കഴിഞ്ഞു. നിങ്ങള്‍ എത്രതന്നെ എതിരിപ്പും നിഷേധവും കാണിച്ചാലും അതിന്റെ സമയം ഇതാ എത്തിക്കഴിഞ്ഞിരിക്കുന്നു. മിഥ്യയായുള്ളതിനു നിലനില്‍പില്ല. അടുത്ത ഭാവിയില്‍ തന്നെ മുശ്‍രിക്കുകള്‍ ഈ യഥാര്‍ത്ഥം അനുഭവത്തില്‍ കാണുകയും ചെയ്തു. മക്കാ വിജയദിവസം കഅ്ബഃയിലും പരിസരങ്ങളിലും ഉണ്ടായിരുന്ന നൂറു കണക്കിലുള്ള വിഗ്രഹങ്ങളെ കയ്യിലുണ്ടായിരുന്ന ഒരു കൊള്ളിക്കഷ്ണം കൊണ്ടു കുത്തിക്കൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വചനവും, സൂ: സബഇലെ 49-ാം വചനവും ഓതിയിരുന്നതായി ബുഖാരി, മുസ്‌ലിം (رحمهما الله) മുതലയാവര്‍ രേഖപ്പെടുത്തിയിരിക്കുന്നു.

17:82
 • وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّـٰلِمِينَ إِلَّا خَسَارًا ﴾٨٢﴿
 • സത്യവിശ്വാസികള്‍ക്കു ശമനവും, കാരുണ്യവുമായുള്ളതിനെ ക്വുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്കു അതു നഷ്ടപ്പാടല്ലാതെ വര്‍ദ്ധിപ്പിക്കുകയുമില്ല.
 • وَنُنَزِّلُ നാം അവതരിപ്പിക്കുന്നു مِنَ الْقُرْآنِ ക്വുര്‍ആനില്‍ നിന്നായി (ക്വുര്‍ആനിലൂടെ) مَا യാതൊന്ന് هُوَ അത് شِفَاءٌ ശമനം, ആശ്വാസവും وَرَحْمَةٌ കാരുണ്യവും لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക് وَلَا يَزِيدُ അതു വര്‍ദ്ധിപ്പിക്കുകയുമില്ല الظَّالِمِينَ അക്രമികള്‍ക്ക് إِلَّا خَسَارًا നഷ്ടപ്പാടല്ലാതെ

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, സംശയം, ആശയക്കുഴപ്പം, അന്ധവിശ്വാസം, കാപട്യം, വക്രത, അജ്ഞത ആദിയായ മനോരോഗങ്ങള്‍ക്കു ക്വുര്‍ആന്‍ ശമനം നല്‍കുന്നു. അതിന്റെ നിയമനിര്‍ദ്ദേശങ്ങളും സിദ്ധാന്തങ്ങളും വഴി ഐഹികവും പാരത്രികവുമായ കണക്കറ്റ അനുഗ്രഹങ്ങളും അവര്‍ക്കു സിദ്ധിക്കുന്നു. സത്യവിശ്വാസം സ്വീകരിക്കാത്ത അക്രമികളെ സംബന്ധിച്ചിടത്തോളം, അവര്‍ അതിലേക്കു ശ്രദ്ധ കൊടുക്കുകയോ, അതിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാത്തതുകൊണ്ടു പ്രസ്തുത ഗുണങ്ങളൊന്നും അവര്‍ക്കു ലഭിക്കുകയില്ല. മാത്രമല്ല, അവര്‍ക്കതുമൂലം നഷ്ടം വര്‍ദ്ധിക്കുകയേ ചെയ്കയുള്ളുതാനും. കാരണം, ക്വുര്‍ആന്റെ ഓരോ ഭാഗം അവതരിക്കുമ്പോഴും അതിനെ നിഷേധിക്കുകയും എതിര്‍ക്കുകയുമാണല്ലോ അവര്‍ ചെയ്യുന്നത്. അതോടെ അവരുടെ നഷ്ടം വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കും.

17:83
 • وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَـٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ ۖ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَـُٔوسًا ﴾٨٣﴿
 • മനുഷ്യനു നാം അനുഗ്രഹം ചെയ്തു കൊടുത്താല്‍ അവന്‍ (അവഗണിച്ചു) തിരിഞ്ഞുകളയുകയും, (ഊരതിരിച്ച്) അവന്റെ പാര്‍ശ്വവുംകൊണ്ടു അവന്‍ അകന്നു പോകുകയും ചെയ്യും. അവനു ദോഷം ബാധിച്ചാലാവട്ടെ, അവന്‍ വളരെ നിരാശനുമായിരിക്കും.
 • وَإِذَا أَنْعَمْنَا നാം അനുഗ്രഹം ചെയ്താല്‍ عَلَى الْإِنسَانِ മനുഷ്യനു, മനുഷ്യന്റെ മേല്‍ أَعْرَضَ അവന്‍ തിരിഞ്ഞു കളയും وَنَأَىٰ അവന്‍ അകന്നു പോകയും ചെയ്യും بِجَانِبِهِ അവന്റെ പാര്‍ശ്വവുംകൊണ്ടു (അവന്റെ പാട്ടില്‍ - ഊര തിരിച്ച്) وَإِذَا مَسَّهُ അവനെ സ്പര്‍ശി(ബാധി)ച്ചാല്‍ الشَّرُّ ദോഷം, തിന്‍മ كَانَ അവനായിരിക്കും يَئُوسًا തീരെ ആശയറ്റവന്‍
17:84
 • قُلْ كُلٌّ يَعْمَلُ عَلَىٰ شَاكِلَتِهِۦ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَىٰ سَبِيلًا ﴾٨٤﴿
 • പറയുക: 'എല്ലാവരും അവ(രവ)രുടെ സമ്പ്രദായമനുസരിച്ചു പ്രവര്‍ത്തിക്കുന്നു. എന്നാല്‍, നിങ്ങളുടെ റബ്ബ്, മാര്‍ഗ്ഗം കൂടുതല്‍ നേരെയുള്ളവനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.'
 • قُلْ പറയുക كُلٌّ എല്ലാവരും يَعْمَلُ പ്രവര്‍ത്തിക്കുന്നു عَلَىٰ شَاكِلَتِهِ അവന്റെ സമ്പ്രദായത്തില്‍, ആകൃതി (രീതി) അനുസരിച്ച് فَرَبُّكُمْ എന്നാല്‍, നിങ്ങളുടെ റബ്ബു أَعْلَمُ അധികം (നന്നായി) അറിയുന്നവനാണ് بِمَنْ യാതൊരുവനെപ്പറ്റി هُو أَهْدَىَٰ അവന്‍ കൂടുതല്‍ നേര്‍മാര്‍ഗ്ഗി (നേരെയുള്ളവന്‍) ആണ് سَبِيلًا മാര്‍ഗ്ഗം, മാര്‍ഗ്ഗത്താല്‍

നന്‍മയും അനുഗ്രഹവും ലഭിക്കുമ്പോള്‍ നന്ദികാണിക്കാതെ, അവഗണിച്ചുതള്ളലും, അഹങ്കാരപൂര്‍വ്വം ഊര തിരിച്ചു പിന്‍മാറിപ്പോകലും, തിന്‍മയും ഉപദ്രവവും വരുമ്പോള്‍ നിരാശയും അക്ഷമയും കാണിക്കലും മനുഷ്യന്റെ പൊതു സ്വഭാവമാണെന്നു ആദ്യത്തെ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അല്ലാഹു കാത്തുരക്ഷിച്ചവര്‍ക്കേ ഈ സ്വഭാവദൂഷ്യം ബാധിക്കാതെ രക്ഷപ്പെടുകയുള്ളു. മുശ്‍രിക്കുകളടക്കമുള്ള എല്ലാ ദുര്‍ന്നടപ്പുകാര്‍ക്കുമുള്ള ഒരു താക്കീതാണു രണ്ടാമത്തെ വചനത്തിലുള്ളത്. അതായതു, ഓരോരുത്തരും അവരവരുടെ ഹിതവും ആശയാദര്‍ശവും അനുസരിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങളും കര്‍മ്മങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും ഇപ്പോള്‍ അതിനു തടസ്സമൊന്നുമില്ല. പക്ഷേ, ആരാണു കൂടുതല്‍ നല്ല മാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍, ആരാണു മോശപ്പെട്ടവര്‍ എന്നൊക്കെ അല്ലാഹുവിനു ശരിക്കും അറിയാം. അതനുസരിച്ചു ഓരോരുത്തരുടെ മേലും പിന്നീടു അവന്‍ തക്ക നടപടി എടുക്കുകതന്നെ ചെയ്യും എന്നു താല്‍പര്യം.

വിഭാഗം - 10

17:85
 • وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا ﴾٨٥﴿
 • (നബിയേ) നിന്നോടു അവര്‍ ആത്മാവിനെക്കുറിച്ചു ചോദിക്കുന്നു. പറയുക: 'ആത്മാവു എന്റെ റബ്ബിന്റെ കാര്യത്തില്‍ പെട്ടതാണ്; നിങ്ങള്‍ക്കു അറിവില്‍ നിന്നും അല്‍പമല്ലാതെ നൽകപ്പെട്ടിട്ടില്ലതാനും.'
 • وَيَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു, ചോദിക്കും عَنِ الرُّوحِ ആത്മാവിനെപ്പറ്റി قُلِ പറയുക الرُّوحُ ആത്മാവ് مِنْ أَمْرِ കാര്യത്തില്‍പെട്ടതാണ് رَبِّي എന്റെ റബ്ബിന്റെ وَمَا أُوتِيتُم നിങ്ങള്‍ക്കു നൽകപ്പെട്ടിട്ടില്ലതാനും مِّنَ الْعِلْمِ അറിവില്‍ നിന്ന് إِلَّا قَلِيلًا അല്‍പം (കുറച്ച്) അല്ലാതെ

ചില പ്രത്യേക അടയാളങ്ങള്‍ ഒരു വസ്തുവില്‍ കാണപ്പെടുമ്പോള്‍ അതിനു ജീവനുണ്ടെന്നും, അതില്ലാതിരിക്കുമ്പോള്‍ അതിനു ആത്മാവില്ലെന്നും നാം പറയുന്നു. എന്നാല്‍, ആത്മാവ് എന്നാലെന്താണ്? എങ്ങിനെയാണ്? എവിടെ നിന്നു വന്നു? എങ്ങോട്ടു പോകുന്നു? ഇതിനെപ്പറ്റിയെല്ലാം സൂക്ഷ്മവും, ശരിയുമായ അറിവു അല്ലാഹുവിനു മാത്രമേയുള്ളു. ആത്മാവിനു കൃത്യവും ശരിയുമായ ഒരു നിര്‍വ്വചനം നല്‍കുവാന്‍ പോലും മനുഷ്യനു ഇതേവരെ സാധിച്ചിട്ടില്ല. ആ അജ്ഞാത രഹസ്യം കണ്ടെത്തുവാന്‍ വേണ്ടി വിവിധതരത്തിലുള്ള നിരീക്ഷണ പരീക്ഷണങ്ങള്‍ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മുമ്പില്ലാത്ത പല അറിവുകളും അതുമൂലം അവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പക്ഷേ, ഇന്നിന്ന വസ്തു ഇന്നിന്ന പ്രകാരത്തിലായിത്തീരുമ്പോള്‍ ജീവാത്മാവു ഉണ്ടായിത്തീരുന്നുവെന്നതില്‍ കവിഞ്ഞു വല്ലതും പറയുവാനോ, ആത്മാവിനെ സൃഷ്ടിച്ചുണ്ടാക്കുവാനോ, കാണുവാനോ, വസ്തുനിഷ്ഠമായി അപഗ്രഥിക്കുവാനോ ഇന്നേവരെ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. മനുഷ്യന്റെ അറിവും കഴിവും എത്രതന്നെ പുരോഗമിച്ചാലും അതൊക്കെ പദാര്‍ത്ഥലോകവും, ബാഹ്യലോകവുമായി ബന്ധപ്പെട്ടവയായിരിക്കും. ആത്മീയലോകവും, അദൃശ്യലോകവും സംബന്ധിച്ച വിവരങ്ങള്‍ അല്ലാഹുവില്‍ നിന്ന് പ്രവാചകന്‍മാര്‍ മുഖേന മാത്രം ലഭിക്കുന്നവയത്രെ. പദാര്‍ത്ഥ ലോകത്തെയും ബാഹ്യലോകത്തെയും സംബന്ധിച്ചു തന്നെയും മനുഷ്യന്റെ അറിവ് പരിപൂര്‍ണ്ണമാണോ? അതുമല്ല, അറിവു വര്‍ദ്ധിക്കുംതോറും അവന്റെ അജ്ഞതയുടെ ആഴവും പരപ്പും അവനു കൂടുതല്‍ വ്യക്തമാവുകയാണ് ചെയ്യുന്നത്. അതെ, وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا (നിങ്ങള്‍ക്കു അറിവില്‍നിന്നും അല്‍പമല്ലാതെ നല്‍കപ്പെട്ടിട്ടില്ല.) എന്നു മനുഷ്യന്റെ സ്രഷ്ടാവു ഉറപ്പിച്ചു പറഞ്ഞതാണല്ലോ.

الرُّوحُ (റൂഹ്) കൊണ്ടു ഇവിടെ വിവക്ഷ ജിബ്രീല്‍ (عليه الصلاة والسلام) എന്ന മലക്കാണെന്നും, ഈസാ (عليه الصلاة والسلام) നബിയാണെന്നും, ക്വുര്‍ആനാണെന്നും മറ്റും ചിലര്‍ അഭിപ്രായപ്പെട്ടു കാണാം. ക്വുര്‍ആനില്‍ സന്ദര്‍ഭമനുസരിച്ചു ചില സ്ഥലങ്ങളില്‍ പ്രസ്തുത ഉദ്ദേശ്യങ്ങളില്‍ വന്നിട്ടുള്ളതു ശരിയാണ്. പക്ഷേ, പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതും, ഹദീഥിന്റെ പിന്‍ബലമുള്ളതും, ഭൂരിഭാഗം ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നതും ജീവാത്മാവു തന്നെയാണു ഇവിടെ ‘റൂഹ്’ കൊണ്ടു വിവക്ഷ എന്നത്രെ. ബുഖാരിയും, മുസ്‌ലിമും (رحمة الله عليهما) അടക്കം പല മഹാന്‍മാരും ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു:- അദ്ദേഹം പറയുന്നു: “മദീനായില്‍ വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു യഹൂദ സംഘത്തിന്റെ അടുക്കല്‍ കൂടി പോകുമ്പോള്‍ അവരില്‍ ചിലര്‍, അദ്ദേഹത്തോടു റൂഹിനെക്കുറിച്ചു ചോദിച്ചു നോക്കാമെന്നു പറഞ്ഞു.അതു ചോദിക്കേണ്ടതില്ലെന്നും, ചോദിച്ചാല്‍ നിങ്ങള്‍ക്കു ഇഷ്ടകരമല്ലാത്ത മറുപടിയായിരിക്കും ലഭിക്കുകയെന്നും വേറെ ചിലരും പറഞ്ഞു. അവസാനം അവര്‍ ചോദിക്കുക തന്നെ ചെയ്തു. അല്‍പനേരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മൗനമവലംബിച്ചു. അപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വഹ്‌യു വരികയാണെന്നു എനിക്കു മനസ്സിലായി. പിന്നീടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) وَيَسْأَلُونَكَ عَنِ الرُّوحِ… എന്നുള്ള ഈ വചനം ഓതിക്കേള്‍പ്പിച്ചു.’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉത്തരം മുട്ടിച്ചു വിജയഭേരി അടിക്കാമെന്നു കരുതിയ യഹൂദികള്‍ ചോദിച്ച ഈ ചോദ്യത്തില്‍ പറഞ്ഞ ‘റൂഹ്’ കൊണ്ടുദ്ദേശ്യം ജീവാത്മാവല്ലാത്ത മറ്റൊന്നുമായിരിക്കുവാന്‍ തരമില്ലെന്നും, ജീവാത്മാവിനെക്കുറിച്ചു തന്നെയാണു അവര്‍ ചോദിച്ചതെന്നും ഇമാം ഖുര്‍ത്വുബി (رحمه الله) പോലുള്ള ചില മഹാന്‍മാര്‍ ന്യായസഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥലദൈര്‍ഘ്യം ഭയന്നു അതിവിടെ ഉദ്ധരിക്കുന്നില്ല.

17:86
 • وَلَئِن شِئْنَا لَنَذْهَبَنَّ بِٱلَّذِىٓ أَوْحَيْنَآ إِلَيْكَ ثُمَّ لَا تَجِدُ لَكَ بِهِۦ عَلَيْنَا وَكِيلًا ﴾٨٦﴿
 • നാം ഉദ്ദേശിച്ചുവെങ്കില്‍, നിശ്ചയമായും, നിനക്കു നാം വഹ്‌യു (സന്ദേശം) നല്‍കിയിട്ടുള്ളതിനെ നാം കൊണ്ടുപോകുകതന്നെ ചെയ്യുന്നതാണ്; പിന്നെ, നമുക്കെതിരില്‍ അതിനു ഭരമേല്‍പിക്കപ്പെടുന്ന ഒരാളെയും നിനക്കു നീ കണ്ടെത്തുകയില്ല;-
 • وَلَئِن شِئْنَا തീര്‍ച്ചയായും നാം ഉദ്ദേശിച്ചെങ്കില്‍ لَنَذْهَبَنَّ നാം പോകുകതന്നെ ചെയ്യും بِالَّذِي أَوْحَيْنَا നാം വഹ്‌യു (സന്ദേശം) നല്‍കിയതും കൊണ്ട് إِلَيْكَ നിനക്കു ثُمَّ പിന്നെ لَا تَجِدُ لَكَ നീ കണ്ടെത്തുകയില്ല بِهِ അതിനു, അതിനെപ്പറ്റി عَلَيْنَا നമ്മുടെ മേല്‍ (എതിരെ) وَكِيلًا ഒരു ഭരമേല്‍പിക്കപ്പെടുന്ന (ഏറ്റെടുക്കുന്ന)വനെ.
17:87
 • إِلَّا رَحْمَةً مِّن رَّبِّكَ ۚ إِنَّ فَضْلَهُۥ كَانَ عَلَيْكَ كَبِيرًا ﴾٨٧﴿
 • പക്ഷേ, നിന്റെ റബ്ബിങ്കല്‍ നിന്നുള്ള കാരുണ്യമായിട്ടത്രെ (അങ്ങിനെ ചെയ്യാത്തത്). നിശ്ചയമായും, നിന്റെ മേല്‍ അവന്റെ അനുഗ്രഹം (വളരെ) വലുതാകുന്നു.
 • إِلَّا رَحْمَةً പക്ഷെ കാരുണ്യമായിട്ടു, കാരുണ്യമായിട്ടല്ലാതെ مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്നുള്ള إِنَّ فَضْلَهُ നിശ്ചയമായും അവന്റെ ദയവ്, അനുഗ്രഹം, പുണ്യം كَانَ ആകുന്നു عَلَيْكَ നിന്റെ മേല്‍ كَبِيرًا വലിയത്

അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, ജനഹൃദയങ്ങളിലാകട്ടെ, ‘മുസ്വ്‌ഹഫു`കളിലാകട്ടെ അവശേഷിക്കാത്ത വിധം ക്വുര്‍ആനെ മായിച്ചു നീക്കം ചെയ്‌വാന്‍ അവനു കഴിയും. അങ്ങിനെ സംഭവിച്ചാല്‍ അതിനെതിരായ ഒരു നടപടിയും എടുക്കുവാന്‍ സാധിക്കുന്ന ആരും തന്നെ ഇല്ല. എങ്കിലും അല്ലാഹു അവന്റെ കാരുണ്യവും അനുഗ്രഹവും കൊണ്ട്‌ അങ്ങിനെ ചെയ്യുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അതിമഹത്തരമായതാണ്‌. അക്കൂട്ടത്തില്‍ ക്വുര്‍ആനെ ലോകാവസാനം വരെ നിലനിറുത്തുവാനാണ്‌ അവന്‍ ഉദ്ദേശിക്കുന്നത്‌.

17:88
 • قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَـٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا ﴾٨٨﴿
 • (നബിയേ) പറയുക: 'തീര്‍ച്ചയായും, ഈ ക്വുര്‍ആന്‍ പോലെയുള്ളതു കൊണ്ടുവരുവാന്‍ മനുഷ്യരും, ജിന്നുകളും ഒരുമിച്ചു ചേര്‍ന്നാലും, ഇതുപോലെയുള്ളതു അവര്‍ കൊണ്ടുവരുന്നതല്ല; അവരില്‍ ചിലര്‍ ചിലര്‍ക്കു പിന്‍തുണ നല്‍കുന്നവരായിരുന്നാലും ശരി.
 • قُل പറയുക لَّئِنِ തീര്‍ച്ചയായും എങ്കില്‍ اجْتَمَعَتِ ഒരുമിച്ചുകൂടി(യെങ്കില്‍) الْإِنسُ മനുഷ്യര്‍ وَالْجِنُّ ജിന്നുകളും عَلَىٰ أَن يَأْتُوا അവര്‍ വരുവാന്‍ بِمِثْلِ പോലെയുള്ളതുകൊണ്ട് هَٰذَا الْقُرْآنِ ഈ ക്വുര്‍ആന്‍ لَا يَأْتُونَ അവര്‍ വരികയില്ല بِمِثْلِهِ ഇതു (അതു) പോലെയുള്ളതുകൊണ്ട് وَلَوْ كَانَ ആയിരുന്നാലും ശരി بَعْضُهُمْ അവരില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്ക്‌ ظَهِيرًا പിന്‍തുണ (സഹായം) നല്‍കുന്നവര്‍

ക്വുര്‍ആന്റെ അമാനുഷികതയെ സ്ഥാപിക്കുന്ന സുവ്യക്തമായ ഒരു ദൃഷ്‌ടാന്തമാണ്‌ ഈ വചനത്തില്‍ കാണുന്ന പ്രവചനം. മനുഷ്യവര്‍ഗ്ഗവും, ജിന്ന്‌ വര്‍ഗ്ഗവുമാണല്ലോ അല്ലാഹുവിന്റെ നിയമശാസനങ്ങള്‍ക്കു വിധേയരായവര്‍. ഈ രണ്ടു വര്‍ഗ്ഗവും കൂടി ഒത്തൊരുമിച്ച് പരസ്‌പരം സഹായം നല്‍കിക്കൊണ്ടിരുന്നാലും ഈ ക്വുര്‍ആനോടു കിടയൊത്ത ഒരു ഗ്രന്ഥം കൊണ്ടുവരുവാന്‍ സാധിക്കുകയില്ലെന്നു അല്ലാഹു ഖണ്‌ഡിതമായ ഭാഷയില്‍ ഉറപ്പിച്ചുപറയുന്നു. ക്വുര്‍ആന്‍ നിലവിലുള്ള കാലത്തോളം ഈ വെല്ലുവിളി അതില്‍ അവശേഷിക്കുകയും ചെയ്യും. ക്വുര്‍ആന്റെ മുരത്ത ശത്രുക്കളായി ധാരാളം ആളുകളും സമൂഹങ്ങളും ഉണ്ടായിക്കൊണ്ടിരുന്നിട്ടും ഇക്കാലം വരെ ആര്‍ക്കും അതിനു സാധിച്ചിട്ടില്ല. മേലിലും സാധിക്കുകയില്ലെന്നും തീര്‍ച്ച തന്നെ.

ഈ ക്വുര്‍ആന്‍ പോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരുവാനാണു ഈ വചനത്തില്‍ ശത്രുക്കളെ വെല്ലുവിളിച്ചിരിക്കുന്നതെങ്കിലും, ക്വുര്‍ആനിലെ ഏതെങ്കിലും പത്തു സൂറത്തുപോലെയുള്ളതു കൊണ്ടുവന്നാലും മതിയെന്നു 11:13ലും, ഒരു സൂറത്തു പോലെയുള്ളതു കൊണ്ടുവന്നാലും മതിയെന്നു 10:38ലും, 2:23ലും അല്ലാഹു വെല്ലുവിളിക്കുകയുണ്ടായിട്ടുണ്ട്‌. എന്നിട്ടും ഇവയില്‍ ഒന്നിനെ നേരിടുവാന്‍ പോലും ഇന്നോളം ആര്‍ക്കും കഴിഞ്ഞിട്ടില്ല. മേലിലും കഴിയുകയില്ലതാനും. (കൂടുതല്‍ വിവരണം അവിടങ്ങളില്‍ കഴിഞ്ഞുപോയിട്ടുള്ളത്‌ നോക്കുക.)

17:89
 • وَلَقَدْ صَرَّفْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ فَأَبَىٰٓ أَكْثَرُ ٱلنَّاسِ إِلَّا كُفُورًا ﴾٨٩﴿
 • തീര്‍ച്ചയായും, ഈ ക്വുര്‍ആനില്‍ എല്ലാ (വക) ഉപമകളെയും നാം വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്‌. എന്നാല്‍, മനുഷ്യരില്‍ അധികമാളും നന്ദികേടു കാണി(ച്ചു നിഷേധി)ക്കുന്നതിന്നല്ലാതെ വിസമ്മതിച്ചിരിക്കുകയാണ്‌.
 • وَلَقَدْ صَرَّفْنَا തീര്‍ച്ചയായും നാം വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്‌ لِلنَّاسِ മനുഷ്യര്‍ക്കു فِي هَٰذَا الْقُرْآنِ ഈ ക്വുര്‍ആനില്‍ مِن كُلِّ مَثَلٍ എല്ലാ ഉപമകളെയും, എല്ലാ ഉപമയില്‍ നിന്നും فَأَبَىٰ എന്നാല്‍ വിസമ്മതിച്ചു أَكْثَرُ النَّاسِ മനുഷ്യരില്‍ അധികവും إِلَّا كُفُورًا നന്ദികേടിന്നല്ലാതെ
17:90
 • وَقَالُوا۟ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلْأَرْضِ يَنۢبُوعًا ﴾٩٠﴿
 • അവര്‍ പറയുകയും ചെയ്‌തു: 'ഭൂമിയില്‍നിന്നും നീ ഞങ്ങള്‍ക്കു ഒരു ഉറവിടം പൊട്ടി ഒഴുക്കിത്തരുന്നതുവരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല;-
 • وَقَالُوا അവര്‍ പറയുകയും ചെയ്‌തു لَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല لَكَ നിന്നെ حَتَّىٰ تَفْجُرَ നീ പൊട്ടി ഒഴുക്കുന്നതുവരെ لَنَا ഞങ്ങള്‍ക്കു مِنَ الْأَرْضِ ഭൂമിയില്‍നിന്ന് يَنبُوعًا ഒരു ഉറവിടത്തെ
17:91
 • أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ ٱلْأَنْهَـٰرَ خِلَـٰلَهَا تَفْجِيرًا ﴾٩١﴿
 • 'അല്ലെങ്കില്‍, നിനക്കു ഈത്തപ്പനയും, മുന്തിരിയുമായി ഒരു തോട്ടമുണ്ടായിരിക്കുക; എന്നിട്ട്‌ അതിന്റെ ഇടയിലൂടെ നീ അരുവികളെ ഒരു (ശക്തമായ) പൊട്ടി ഒഴുക്കല്‍ ഒഴുക്കുക;-
 • أَوْ تَكُونَ അല്ലെങ്കില്‍ ഉണ്ടാവുക, ഉണ്ടാകുന്നതു(വരെ) لَكَ നിനക്കു جَنَّةٌ ഒരു തോട്ടം مِّن نَّخِيلٍ ഈത്തപ്പനയാല്‍ وَعِنَبٍ മുന്തിരിയാലും فَتُفَجِّرَ എന്നിട്ടു നീ പൊട്ടി ഒഴുക്കുക, ഒഴുക്കുന്നതു (വരെ) الْأَنْهَارَ അരുവി (നദി - തോടു)കളെ خِلَالَهَا അതിന്റെ (അവയുടെ) ഇടയില്‍ تَفْجِيرًا ഒരു (ശക്തമായ) പൊട്ടി ഒഴുക്കല്‍
17:92
 • أَوْ تُسْقِطَ ٱلسَّمَآءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِىَ بِٱللَّهِ وَٱلْمَلَـٰٓئِكَةِ قَبِيلًا ﴾٩٢﴿
 • 'അല്ലെങ്കില്‍, നീ ജല്‍പിച്ചതുപോലെ ഞങ്ങളുടെമേല്‍ നീ ആകാശത്തെ കഷ്‌ണങ്ങളായി വീഴ്‌ത്തുക; അല്ലെങ്കില്‍, അല്ലാഹുവിനെയും, മലക്കുകളെയും നീ അഭിമുഖമായി കൊണ്ടുവരുക;-
 • أَوْ تُسْقِطَ അല്ലെങ്കില്‍ നീ വീഴ്‌ത്തുക, വീഴ്ത്തുന്നതു (വരെ) السَّمَاءَ ആകാശത്തെ كَمَا زَعَمْتَ നാം ജല്‍പിച്ച (വാദിച്ച) പോലെ عَلَيْنَا ഞങ്ങളുടെമേല്‍ كِسَفًا കഷ്‌ണങ്ങളായി أَوْ تَأْتِيَ അല്ലെങ്കില്‍ നീ വരുക, വരുന്നതു (വരെ) بِاللَّهِ അല്ലാഹുവിനെകൊണ്ടു وَالْمَلَائِكَةِ മലക്കുകളെയും قَبِيلًا അഭിമുഖമായി

17:93
 • أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِى ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَـٰبًا نَّقْرَؤُهُۥ ۗ قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًا رَّسُولًا ﴾٩٣﴿
 • 'അല്ലെങ്കില്‍, നിനക്കു തങ്കംകൊണ്ടുള്ള ഒരു വീടുണ്ടായിരിക്കുക; അല്ലെങ്കില്‍, നീ ആകാശത്തിലൂടെ കയറിപ്പോകുക, (ഇവ ഏതെങ്കിലും ഒന്നുണ്ടാവാതെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല.) ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളില്‍ നീ ഇറക്കിത്തരുന്നതുവരെ നിന്റെ കയറിപ്പോക്ക്‌ ഞങ്ങള്‍ വിശ്വസിക്കുകയുമില്ല തന്നെ,'
  (നബിയേ) പറയുക: 'എന്റെ റബ്ബു മഹാ പരിശുദ്ധന്‍! (അവനെ ഞാന്‍ വാഴ്‌ത്തുന്നു.) ഞാന്‍ ഒരു റസൂലായ മനുഷ്യനല്ലാതെ (മറ്റു വല്ലവനും) ആകുന്നുവോ?!'
 • أَوْ يَكُونَ അല്ലെങ്കില്‍ ഉണ്ടായിരിക്കുക, ഉണ്ടാകുന്നതു (വരെ) لَكَ നിനക്കു بَيْتٌ ഒരു വീടു مِّن زُخْرُفٍ തങ്കം (സ്വര്‍ണ്ണം) കൊണ്ടു, തങ്കത്താല്‍ أَوْ تَرْقَىٰ അല്ലെങ്കില്‍ നീ കയറുക, കയറിപ്പോകുന്നതു (വരെ) فِي السَّمَاءِ ആകാശത്തില്‍ وَلَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയുമില്ലതന്നെ لِرُقِيِّكَ നിന്റെ കയറിപ്പോക്കിനെ حَتَّىٰ تُنَزِّلَ നീ ഇറക്കുവോളം (ഇറക്കാതെ) عَلَيْنَا ഞങ്ങളുടെമേല്‍, ഞങ്ങളില്‍ كِتَابًا ഒരു ഗ്രന്ഥം نَّقْرَؤُهُ ഞങ്ങളതിനെ വായിക്കുമാറു (ഞങ്ങള്‍ക്കു വായിക്കാവുന്ന) قُلْ പറയുക سُبْحَانَ മഹാ പരിശുദ്ധന്‍ (ഞാന്‍ വാഴ്ത്തുന്നു) رَبِّي എന്റെ റബ്ബു (റബ്ബിനെ) هَلْ كُنتُ ഞാനാകുന്നുവോ إِلَّا بَشَرًا ഒരു മനുഷ്യനല്ലാതെ رَّسُولًا റസൂലായ, (ദൈവ) ദൂതനായ

സത്യം വേണ്ടതുപോലെ ഗ്രഹിക്കുവാനാവശ്യമായ എല്ലാതരം വിശദീകരണങ്ങളും തെളിവുകളും ഈ ക്വുര്‍ആന്‍ മുഖേന അല്ലാഹു നല്‍കിക്കഴിഞ്ഞിട്ടുണ്ട്‌. എന്നിട്ടും നന്ദിപൂര്‍വം അതു സ്വീകരിക്കുന്നതിനു പകരം, നന്ദികേടും നിഷേധവുമാണു മിക്ക മനുഷ്യരും കൈക്കൊണ്ടിരിക്കുന്നതെന്നും, അതുകൊണ്ടും മതിയാക്കാതെ ധിക്കാരപരമായ കുറേ മുട്ടുചോദ്യങ്ങളും വെല്ലുവിളികളും നടത്തുകയാണു അവര്‍ ചെയ്യുന്നതെന്നും പ്രസ്‌താവിച്ചുകൊണ്ടു ക്വുറൈശീ പ്രമാണികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മുമ്പില്‍ സമര്‍പ്പിച്ച ചില ആവശ്യങ്ങള്‍ അല്ലാഹു വിവരിക്കുന്നു. നീ അല്ലാഹുവിന്റെ ദൂതനാണെന്നും, നീ പ്രബോധനം ചെയ്യുന്ന ഈ ക്വുര്‍ആന്‍ അവന്‍ അവതരിപ്പിച്ചതാണെന്നുമാണല്ലോ നിന്റെ വാദം. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവനു കഴിയാത്ത കാര്യമൊന്നുമില്ല. ആ സ്ഥിതിക്കു ഞങ്ങള്‍ ആവശ്യപ്പെടുന്ന ഈ കാര്യങ്ങളില്‍ ഒന്നെങ്കിലും സംഭവിച്ചു കാണാതെ നിന്റെ വാക്കു ഞങ്ങള്‍ വിശ്വസിക്കുന്ന പ്രശ്നമേ ഇല്ല എന്നത്രെ അവര്‍ പറയുന്നത്‌. അവര്‍ ഉന്നയിച്ച സംഗതികള്‍ ഇവയാണ്‌:-

(1) വെള്ളമില്ലാതെ വരണ്ടു കിടക്കുന്ന ഈ നാട്ടില്‍, ഭൂമിയില്‍ നിന്നൊരു ഉറവിടം പൊട്ടി ഒഴുക്കി വെള്ളത്തിന്റെ ക്ഷാമം വേണ്ടതുപോലെ തീര്‍ത്തു തരുക.

(2) അല്ലെങ്കില്‍, ഈ തരിശായിക്കിടക്കുന്ന നാട്ടില്‍ ഈത്തപ്പനയും മുന്തിരിയും മുറ്റി നില്‍ക്കുന്ന ഫലസമൃദ്ധമായ ഒരു തോട്ടമുണ്ടാക്കി അതിനിടയിലൂടെ അരുവികളും തോടുകളും ഒഴുകുമാറാക്കുക.

(3) അല്ലെങ്കില്‍, ഒരിക്കല്‍ ഈ ലോകം നശിക്കുമെന്നും, അപ്പോള്‍ ആകാശം പൊട്ടിപ്പിളരുമെന്നുമൊക്കെ നീ പറയാറുണ്ടല്ലോ. അതുപോലെ, ഇപ്പോള്‍ തന്നെ ഞങ്ങളുടെ മീതെ ആകാശം തുണ്ടുതുണ്ടായി വീഴ്‌ത്തിക്കാണിക്കുക.

(4) അതുമല്ലെങ്കില്‍, നീ സത്യവാനാണെന്നു സാക്ഷ്യപ്പെടുത്തുമാറ്‌ അല്ലാഹുവിനെയും മലക്കുകളെയും കൂട്ടത്തോടെ ഇങ്ങ്‌ കൊണ്ടുവരിക.

(5) അല്ലെങ്കില്‍, തങ്കത്താല്‍ നിര്‍മ്മിതമായ ഒരു വീട്‌ നിനക്കുണ്ടായിക്കാണുക.

(6) ഇതുമല്ലെങ്കില്‍, നീ ആകാശത്തിലൂടെ ഒന്ന്‌ കയറിപ്പോകുന്നതു കാണുക. പക്ഷേ, വല്ല മായവിദ്യയും കാട്ടി ഞങ്ങളെ കബളിപ്പിച്ചാല്‍ പോരാ. നീ യഥാര്‍ഥത്തില്‍ കയറിപ്പോയിട്ടുണ്ടെന്നു ഉറപ്പു വരുത്തുവാന്‍ വേണ്ടി, ഞങ്ങള്‍ക്കു നേരില്‍ തന്നെ വായിച്ചു ഗ്രഹിക്കുവാന്‍ ഉതകുന്ന വിധം ഒരു ഗ്രന്ഥം നീ അവിടെനിന്നു കൊണ്ടുവരുകകൂടി വേണം. എന്നാലേ അതു ഞങ്ങള്‍ വിശ്വസിക്കൂ.

ഇത്രയും കാര്യങ്ങളില്‍ ഒന്നെങ്കിലും ചെയ്‌തു കാണിക്കാതെ ഞങ്ങള്‍ ഒരിക്കലും നിന്നെ വിശ്വസിക്കുകയില്ലെന്നു ആ ധിക്കാരികള്‍ ശഠിച്ചു പറഞ്ഞു. മലക്കുകളെ ഇറക്കിയാലും, മരണപ്പെട്ടവര്‍ എഴുന്നേറ്റു വന്നു സംസാരിച്ചാലും, എന്നു വേണ്ടാ, എല്ലാ വസ്‌തുക്കളെയും ഒന്നായി ഒരുമിച്ചുകൂട്ടി കാണിച്ചാലും വിശ്വസിക്കുവാന്‍ തയ്യാറില്ലാത്തവരാണവര്‍ എന്ന്‌ 6:111 ല്‍ അല്ലാഹു പ്രസ്‌താവിച്ച ആ ദുര്‍ബുദ്ധികള്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചതിലുണ്ടോ വല്ല ആശ്ചര്യവും?!

സദുദ്ദേശത്തിന്റെയോ സത്യാന്വേഷണത്തിന്റെയോ കണികപോലുമില്ലാതെ, ധിക്കാരത്തില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും മാത്രം ഉടലെടുത്ത ഈ വെല്ലുവിളിക്ക്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു യോടു നല്‍കുവാന്‍ കല്‍പിച്ച മറുപടിയൊന്നു നോക്കുക! هَلْ كُنتُ إِلَّا بَشَرًا رَّسُولًا (ഞാന്‍ റസൂലായ ഒരു മനുഷ്യനല്ലാതെ മറ്റു വല്ലവനുമാണോ?) ഹാ! എന്തൊരു നയത്തിലും മയത്തിലുമുള്ള മറുപടി?! അതോടൊപ്പം വളരെ അര്‍ഥഗര്‍ഭവും, വിശേഷബുദ്ധിയുള്ള ആരെയും ഇരുത്തി ചിന്തിപ്പിക്കുവാന്‍ പോന്നതും! നിങ്ങളുടെ സ്ഥിതി വളരെ അത്ഭുതകരം തന്നെ. ഞാനൊരു റസൂലാണെന്നുള്ളതുകൊണ്ടു ഞാനൊരു മനുഷ്യനല്ലാതാകുമോ? ഒരു മനുഷ്യനു ഇതൊക്കെ ചെയ്യുവാന്‍ എങ്ങനെ കഴിയും? എന്നു സാരം. അമാനുഷിക സംഭവങ്ങള്‍ കാണിക്കുവാനുള്ള കഴിവ്‌ അല്ലാഹുവിന്‌ മാത്രമേ ഉള്ളൂ, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അത്‌ സംഭവിക്കുമെന്നു മാത്രം. നബിയായതുകൊണ്ടോ, റസൂലായതുകൊണ്ടോ മറ്റോ ആര്‍ക്കും അതിനു സാധ്യമല്ല, എന്നത്രെ ഇതിലടങ്ങിയ തത്വം. മുശ്‌രിക്കുകള്‍ തങ്ങളുടെ നിഷേധത്തിനു എടുത്തുപറയാറുള്ള വേറെ ഒരു കാരണവും അതിനുള്ള മറുപടിയുമാണ്‌ അടുത്ത വചനത്തില്‍ കാണുന്നത്‌.