ഇസ്റാഅ്‌ (നിശായാത്ര)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 111 – വിഭാഗം (റുകുഅ്) 12

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

ജുസ്ഉ് - 15

വിഭാഗം - 1

[‘സൂറത്തുല്‍ ബനൂ ഇസ്രാഈല്‍’ എന്നും ‘സൂറത്ത് സുബ്ഹാന’ എന്നും ഈ സൂറത്തിനു പേര് പറയപ്പെടാറുണ്ട്. ഇസ്രാഈല്യരുടെ ചരിത്ര സംഭവങ്ങള്‍ പലതും ഇതില്‍ വിവരിക്കപ്പെട്ടിരിക്കുന്നതില്‍ നിന്നാണ് സൂറത്ത് ബനൂഇസ്രാഈല്‍ എന്ന പേരു വന്നത്. ‘സുബ്ഹാന’ എന്ന പേര്‍ സൂറത്തിന്റെ തുടക്കത്തെയും, ‘ഇസ്രാഉ്’ എന്ന പേര്‍ ആദ്യവചനത്തില്‍ പ്രസ്താവിക്കുന്ന ഇസ്രാഉ് (രാപ്രയാണ) സംഭവത്തെയും സൂചിപ്പിക്കുന്നു. ഇതു മക്കീ സൂറത്തുകളില്‍പെട്ടതായി എണ്ണപ്പെടുന്നുണ്ടെങ്കിലും അവസാനത്തിലെ ഏതാനും ചില വചനങ്ങള്‍ മദീനായില്‍ അവതരിച്ചതാണെന്നും അഭിപ്രായമുണ്ട്. അവ ഇന്നതൊക്കെയാണെന്നുള്ളതില്‍ ഏകോപിച്ച അഭിപ്രായമില്ല.]

എല്ലാ രാത്രിയിലും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ തിരുമേനി സൂറത്തുബനൂഇസ്രാഈലും, സൂറത്തുസുമറും ഓതാറുണ്ടായിരുന്നുവെന്നു ആയിശാ (رضي الله عنها) പ്രസ്താവിച്ചതായി അഹ്മദു, തിര്‍മദീ, നസാഈ (رحمهم الله) മുതലായവര്‍ നിവേദനം ചെയ്തിരിക്കുന്നു.

17:1
  • سُبْحَـٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَـٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَـٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ ﴾١﴿
  • യാതൊരുവന്‍ മഹാപരിശുദ്ധന്‍! തന്റെ അടിയാനെ ഒരു രാത്രിയില്‍ 'മസ്ജിദുല്‍ ഹറാമി'ല്‍ [പവിത്രമായ പള്ളിയില്‍] നിന്നു അവന്‍ രാപ്രയാണം ചെയ്യിച്ചിരിക്കുന്നു, ചുറ്റുപാടും നാം ആശീര്‍വദിച്ചിട്ടുള്ള (അഥവാ അനുഗ്രഹിച്ചിട്ടുള്ള) 'മസ്ജിദുല്‍ അഖ്സ്വാ' [അങ്ങേഅറ്റത്തെ പള്ളി]യിലേക്കു; നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു (ചിലതെല്ലാം) അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കുവാന്‍വേണ്ടി. നിശ്ചയമായും, അവനത്രെ (എല്ലാം) കേള്‍ക്കുന്നവനും, കാണുന്നവനുമായുള്ളവന്‍.
  • سُبْحَانَ മഹാ പരിശുദ്ധന്‍ ഞാന്‍, സ്തോത്രം ചെയ്യുന്നു الَّذِي أَسْرَىٰ രാപ്രയാണം (രാവുയാത്ര) ചെയ്യിച്ചവനെ بِعَبْدِهِ തന്റെ അടിമയെ, അടിയാനെ لَيْلًا ഒരു രാത്രിയില്‍ مِّنَ الْمَسْجِدِ മസ്ജിദില്‍ (പള്ളിയില്‍) നിന്നു الْحَرَامِ ഹറാമായ (അലംഘനീയമായ - പവിത്രമായ) إِلَى الْمَسْجِدِ മസ്ജിദിലേക്കു (പള്ളിയിലേക്കു) الْأَقْصَى അഖ്സായാകുന്ന (അങ്ങേ അറ്റത്തുള്ള) الَّذِي യാതൊരു (പള്ളി) بَارَكْنَا നാം ബര്‍ക്കത്ത് (ആശീര്‍വ്വാദം - അനുഗ്രഹം - ഗുണവര്‍ദ്ധന) ചെയ്തിരിക്കുന്നു حَوْلَهُ അതിന്റെ ചുറ്റുപാടില്‍ لِنُرِيَهُ അദ്ദേഹത്തിനു നാം കാണിച്ചു കൊടുക്കുവാന്‍വേണ്ടി مِنْ آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു إِنَّهُ هُوَ നിശ്ചയമായും അവനത്രെ السَّمِيعُ കേള്‍ക്കുന്നവന്‍ الْبَصِيرُ കാണുന്നവന്‍, കാണുന്നവനായ

[നമ്മുടെ അടിയാന്നു നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നും (ചിലതെല്ലാം) കാണിച്ചു കൊടുക്കുവാന്‍ വേണ്ടി ‘മസ്ജിദുല്‍ ഹറാമി’ല്‍നിന്ന് ഒരു രാത്രിയില്‍ ചുറ്റുപാടും നാം അനുഗ്രഹിച്ചാശീര്‍വദിച്ചിട്ടുള്ള ‘മസ്ജിദുല്‍ അഖ്സ്വാ’യിലേക്കു അദ്ദേഹത്തെ രാപ്രയാണം ചെയ്യിച്ചവന്‍ (അല്ലാഹു) മഹാപരിശുദ്ധന്‍ തന്നെ, അവനത്രെ (എല്ലാം) കേള്‍ക്കുന്നവനും കാണുന്നവനുമായുള്ളവന്‍].

ഒരു രാത്രിയില്‍ മക്കായില്‍നിന്ന് ബൈത്തുല്‍ മുഖദ്ദസിലേക്കും, പിന്നീട് അവിടെനിന്ന് ആകാശത്തേക്കും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത രണ്ടു യാത്രകളില്‍ ഒന്നാമത്തേത് اَلْإِسْرَاء (രാപ്രയാണം – അഥവാ രാവുയാത്ര) എന്നും, രണ്ടാമത്തേത് اَلْمِعْرَاج (ആകാശാരോഹണം – അഥവാ വാനയാത്ര) എന്നുമുള്ള പേരുകളില്‍ പ്രസിദ്ധമാണ്. സാമാന്യമായിട്ടെങ്കിലും അവയെക്കുറിച്ചു അറിയാത്തവര്‍ മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിരിക്കുവാന്‍ പ്രയാസമാണ്. ആകാശാരോഹണത്തെ (മിഅ്റാജി’നെ) സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ സൂറത്തുന്നജ്മ് : 13-18ല്‍ കാണാവുന്നതാണ്. (ആ വചനങ്ങളും അവയുടെ വ്യാഖ്യാനവും നോക്കുക) രാപ്രയാണത്തെ (‘ഇസ്രാഉ്-നെ) ക്കുറിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. പ്രസ്തുത രണ്ടു സംഭവങ്ങളെക്കുറിച്ചും വിശദവിവരം നമുക്ക് ലഭിക്കുന്നത് ഹദീഥുകളില്‍ നിന്നാകുന്നു. ‘ഇസ്രാഉ്’ സംബന്ധിച്ചു ഈ വചനത്തില്‍ അല്ലാഹു പറഞ്ഞ വാക്യങ്ങളെ നമുക്ക് പരിശോധിക്കാം.

سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ (തന്റെ അടിയാനെ രാപ്രയാണം ചെയ്യിച്ചവന്‍ മഹാപരിശുദ്ധന്‍) എന്നുള്ള ‘തസ്ബീഹി’ന്റെ പ്രയോഗം, ആ പ്രയാണം കേവലം സാധാരണപോലെയുള്ള ഒരു യാത്രയല്ലെന്നും, അത്ഭുതകരവും അസാധാരണവുമായ ഒരു യാത്രയായിരുന്നുവെന്നും കാണിക്കുന്നു. سُبْحَانَ (സുബ്ഹാന) എന്ന പദം ഉപയോഗിച്ചുകൊണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്നതായി ക്വുര്‍ആനില്‍ വന്നിട്ടുള്ള സ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ ഈ വസ്തുത മനസ്സിലാക്കാവുന്നതാകുന്നു. أَسْرَىٰ (അസ്റാ) എന്ന ക്രിയയില്‍ നിന്നു തന്നെ ആ യാത്ര രാത്രി കാലത്തായിരുന്നുവെന്നറിയാമെങ്കിലും ഒരു രാത്രിയുടെ ഏതാനും ഭാഗമേ അതിന് എടുത്തിട്ടുള്ളുവെന്നു لَيْلًا (ഒരു രാത്രിയില്‍) എന്ന വാക്കില്‍ നിന്നു മനസ്സിലാക്കാം. യാത്രയുടെ തുടക്കത്തെപ്പറ്റി مِّنَ الْمَسْجِدِ الْحَرَامِ (‘മസ്ജിദുല്‍ ഹറാമില്‍’ നിന്നു) എന്നത്രെ അല്ലാഹു പറഞ്ഞത്.

കഅ്ബയുടെ ചുറ്റുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന പള്ളിക്കാണ് സാധാരണമായി ‘മസ്ജിദുല്‍ഹറാം’ എന്നു പറയാറുള്ളത്. ഹദീഥുകളിലാകട്ടെ, മസ്ജിദുല്‍ ഹറാമില്‍ നിന്നു എന്നും, ഉമ്മുഹാനീ (رضي الله عنها) യുടെ വീട്ടില്‍ നിന്നു എന്നും, ഹിജ്റില്‍ നിന്നു എന്നും രിവായത്തുകള്‍ വ്യത്യസ്ത രൂപത്തില്‍ വന്നിട്ടുണ്ട് താനും. അതുകൊണ്ട് ‘മസ്ജിദുല്‍ ഹറാമു’ കൊണ്ട് ഇവിടെ ഉദ്ദേശിക്കപെട്ടിരിക്കുന്നത് – പല മഹാന്‍മാരും പറയുന്നതുപോലെ, മക്കാഹറമോ, മക്കാരാജ്യമോ ആണെന്ന് കരുതേണ്ടിയിരിക്കുന്നു. മക്കയെയും, മക്ക ഹറമിനെയും ഉദ്ദേശിച്ചു ‘മസ്ജിദുല്‍ ഹറാം’ എന്നു പറയാമെന്നു അല്‍ബക്വറ: 191, 196 എന്നീ വചനങ്ങളില്‍നിന്നു വ്യക്തമാകുന്നുണ്ടുതാനും. ഉമ്മുഹാനീ (رضي الله عنها) യുടെ വീടും മസ്ജിദുല്‍ ഹറാമിന്റെ പരിസരത്തിലായിരുന്നുവെന്നുള്ളതും, ഹിജ്ര്‍ കഅ്ബയുടെ ഒരു ഭാഗമാണെന്നുള്ളതും (*) പ്രസ്താവ്യമാകുന്നു. ഇതും ഹദീഥിന്റെ രിവായത്തുകളുംകൂടി പരിശോധിക്കുമ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഹോദരി ഉമ്മുഹാനീ (رضي الله عنها) യുടെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നേടത്തു നിന്ന് എഴുന്നേറ്റ് മസ്ജിദുല്‍ ഹറാമിലേക്ക് പോയെന്നും, പിന്നീട് ഹിജ്റില്‍വെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയില്‍ (ശരിക്കും ഉറങ്ങി കഴിഞ്ഞിട്ടില്ലാത്ത) അവസ്ഥയിലായിരിക്കുമ്പോഴായിരുന്നു ഇസ്രാഇന്റെ തുടക്കമുണ്ടായതെന്നും, കിടന്നിരുന്ന വിരുപ്പില്‍ തന്നെ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയെന്നും പല മഹാന്‍മാരും ചൂണ്ടിക്കാട്ടുന്നു.


(*) ഇപ്പോഴുള്ള കഅ്ബാ കെട്ടിടത്തിനുള്ളില്‍ പെടുത്താതെ, അതോടു ചേര്‍ത്തു അല്‍പം ഉയരത്തില്‍ മതില്‍ കെട്ടപ്പെട്ടു കിടക്കുന്നതും, സാക്ഷാല്‍ കഅ്ബയുടെ സ്ഥാനം തന്നെ ഉള്ളതുമായ സ്ഥലത്തിനത്രെ ഹിജ്ര്‍ – അഥവാ ഹിജ്ര്‍ ഇസ്മാഈല്‍ – എന്നു പറയപ്പെടുന്നത്.


إِلَى الْمَسْجِدِ الْأَقْصَى (‘മസ്ജിദുല്‍ അഖ്സ്വാ’യിലേക്കു) – അഥവാ ബൈത്തുല്‍ മുഖദ്ദസുവരെ – ആയിരുന്നു ആ യാത്ര. അവിടുന്നങ്ങോട്ടു ഉപരി ലോകത്തേക്കുണ്ടായ യാത്രയാണു ‘മിഅ്റാജ്’. അതിനെക്കുറിച്ചു ഇവിടെ പരാമര്‍ശമൊന്നുമില്ല. ബൈത്തുല്‍ മുഖദ്ദസിലെ പള്ളി മക്കായില്‍നിന്നു വളരെ – അഥവാ അക്കാലത്ത് ഒരു മാസത്തെ യാത്രാദൂരം – അകലെയായതുകൊണ്ടും, അക്കാലത്തു അതിനപ്പുറം പള്ളി ഇല്ലാതിരുന്നതുകൊണ്ടുമാണ് അതിനെ അങ്ങേ അറ്റത്തേതു (الْأَقْصَى) എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. الَّذِي بَارَكْنَا حَوْلَهُ (ചുറ്റുപാടും നാം അനുഗ്രഹിച്ചാശീര്‍വദിച്ചത്‌_ എന്നു അതിനെ വിശേഷിപ്പിച്ചിരിക്കുന്നു. വിവിധതരം കൃഷികളാലും തോട്ടങ്ങളാലും സമൃദ്ധവും അനുഗ്രഹീതവുമത്രെ അന്നും ഇന്നും ആ പ്രദേശങ്ങള്‍. അതോടുകൂടി, ഇബ്രാഹീം (عليه الصلاة والسلام) നബി മുതല്‍ അനേകം പ്രവാചകന്‍മാരുടെയും, അവരുടെ മതപ്രബോധന സംരംഭങ്ങളുടെയും ചരിത്രങ്ങള്‍ക്ക് ചിരകാല സാക്ഷ്യം വഹിക്കുവാനുള്ള ഭാഗ്യവും ആ നാടുകള്‍ക്കു അല്ലാഹു നല്‍കിയിട്ടുണ്ട്. لِنُرِيَهُ مِنْ آيَاتِنَا (നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നും അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കുവാന്‍ വേണ്ടി) ഇതായിരുന്നു ആ പ്രയാണത്തിന്റെ ലക്‌ഷ്യം. ഈ ദൃഷ്ടാന്തങ്ങള്‍ കൊണ്ടുദ്ദേശ്യം എന്താണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. പ്രസ്തുത യാത്രാ വേളയില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ കണ്ടതും, അനുഭവിച്ചതുമായി പ്രബലമായ ഹദീഥുകളില്‍ വന്നിട്ടുള്ള അല്‍ഭുതകരമായ സംഭവങ്ങളും, അവിടുത്തേക്കു സിദ്ധിച്ച അനുഗ്രഹങ്ങളുമായിരിക്കും അതുകൊണ്ടു വിവക്ഷയെന്നു സാമാന്യമായി മനസ്സിലാക്കാവുന്നതാണ്. ഒരു രാത്രിയുടെ ഏതാനും സമയംകൊണ്ടു ഒരു മാസത്തെ വഴി ദൂരമുള്ള സ്ഥലത്തെത്തി മടങ്ങുവാന്‍ കഴിഞ്ഞത്, ചരിത്ര പ്രധാനമായ ബൈത്തുല്‍ മുഖദ്ദസു പള്ളിയും കണ്ടത്, കഴിഞ്ഞുപോയ പല പ്രവാചകന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയത് എന്നിങ്ങിനെ ഹദീഥുകളില്‍ വന്നിട്ടുള്ളതെല്ലാം ആ ദൃഷ്ടാന്തങ്ങളില്‍പെട്ടതാകുന്നു.

തന്റെ അടിയാന്റെ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ – എല്ലാ സ്ഥിതിഗതികളും കേട്ടും കണ്ടും അറിയുന്നവനാണ് അല്ലാഹു, അതുകൊണ്ടു തന്നെയാണു അസാധാരണവും അത്ഭുതകരവുമായ ഈ യാത്രപോലെയുള്ള അനുഗ്രഹങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചതും, ഇങ്ങിനെയുള്ള സൂചനയാണു അവസാനത്തെ വാക്യം. إِنَّهُ هُوَ السَّمِيعُ الْبَصِيرُ (നിശ്ചയമായും അവന്‍ കേട്ടറിയുന്നവനും കണ്ടറിയുന്നവനുമാകുന്നു).


‘ഇസ്രാഉം’, ‘മിഅ്റാജും’. (രാവുയാത്രയും, വാനയാത്രയും)

ഉമര്‍, അലി, ഇബ്നു മസ്ഊദു, അനസ്, അബൂഹുറൈറ, അബൂദര്‍റ്ഃ, ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُم) മുതലായ സ്വഹാബീ പ്രമുഖന്‍മാരില്‍നിന്നും, ഉമ്മുഹാനീ, അസ്മാഉ് (رَضِيَ اللهُ تَعَالَى عَنْهُما) എന്നീ പ്രമുഖ വനിതാ സ്വഹാബികളില്‍ നിന്നുമായി ബുഖാരീ, മുസ്‌ലിം (رحمهما الله) തുടങ്ങിയ ഹദീഥു പണ്ഡിതന്‍മാര്‍ പല മാര്‍ഗ്ഗങ്ങളില്‍കൂടി ഈ വിഷയം സംബന്ധിച്ചു ധാരാളം ഹദീഥുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് ചിലതില്‍ സുദീര്‍ഘമായും, ചിലതില്‍ സംക്ഷിപ്തമായും സംഭവം വിവരിക്കപ്പെട്ടിരിക്കുന്നു. വിശദാംശങ്ങളില്‍ ചില രിവായത്തുകള്‍ തമ്മില്‍ അല്‍പം ചില വ്യത്യാസങ്ങള്‍ കാണപ്പെടുമെങ്കിലും പ്രധാന വശങ്ങളില്‍ അവ തമ്മില്‍ യോജിപ്പു കാണാവുന്നതാണ്. മിക്കവാറും ഹദീഥുകളും രിവായത്തുകളും ഉദ്ധരിച്ചശേഷം ഇബ്നു കഥീര്‍ (رحمه الله) ഇസ്രാഇനെപ്പറ്റി പ്രസ്താവിച്ചതിന്റെ ചുരുക്കം താഴെ കൊടുക്കുന്നു:-

‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉണര്‍ച്ചയിലായിരുന്നപ്പോള്‍ തന്നെ – സ്വപ്നത്തിലല്ല – മക്കയില്‍ നിന്നു ബൈത്തുല്‍ മുഖദ്ദസിലേക്ക് ‘ബുറാക്വി’ന്‍മേല്‍ രാത്രിയില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊണ്ടുപോകപ്പെട്ടു. പള്ളിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ മൃഗത്തെ (ബുറാക്വിനെ) വാതില്‍ക്കല്‍ കെട്ടി. പള്ളിയില്‍ കടന്ന് രണ്ടു റക്അത്തു ‘തഹിയ്യത്ത്’ (*) നമസ്കരിച്ചു. പിന്നീട് ‘മിഅ്റാജ്’ (**) കൊണ്ടുവരപ്പെട്ടു. പല പടികളുള്ള കോണിപോലെയായിരുന്നു അത്. അതിലായി അടുത്ത ആകാശത്തിലേക്കും, മറ്റുള്ള ആകാശത്തിലേക്കും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കയറിപ്പോയി. അതതിലെ പ്രധാനികളായ ആളുകള്‍ (മലക്കുകള്‍) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സ്വീകരിച്ചു. ആകാശങ്ങളിലുണ്ടായിരുന്ന പ്രവാചകന്‍മാര്‍ (***)ക്ക് അവരവരുടെ പദവിക്രമമനുസരിച്ച്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സലാം പറയുകയും ചെയ്‌തു. അങ്ങനെ, ആറാം ആകാശത്തില്‍ ‘കലീമായ’ (അല്ലാഹുവിന്റെ സംസാരം നേരില്‍ കേട്ട പ്രവാചകനായ) മൂസാനബി (عليه الصلاة والسلام)യുടെയും, ഏഴാം ആകാശത്തില്‍ ‘ഖലീലായ (അല്ലാഹുവിന്റെ ഉറ്റ ചങ്ങാതി എന്ന് അല്ലാഹു വിശേഷിപ്പിച്ച) ഇബ്രാഹീം നബി (عليه الصلاة والسلام)യുടെയും അടുക്കല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെന്നു. പിന്നീട് അവിടെ നിന്നും അപ്പുറം കടന്നു അല്ലാഹു കണക്കാക്കുന്ന കാര്യങ്ങളെ രേഖപ്പെടുത്തുന്ന പേനകളുടെ ചലനം കേള്‍ക്കുമാറുള്ള ഒരു മണ്ഡലത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എത്തി. ‘സിദ്റതുല്‍ മുന്‍തഹാ’ (****) എന്ന വൃക്ഷവും കണ്ടു. അതിമഹത്തായ പല കാര്യങ്ങളും കണക്കറ്റ വര്‍ണങ്ങളും, മലക്കുകളും അതിനെ ആവാരണം ചെയ്തിരുന്നു. അവിടെവെച്ച് ജിബ്‌രീല്‍ (عليه الصلاة والسلام) നെ അദ്ദേഹത്തിന്റെ സാക്ഷാല്‍രൂപത്തില്‍ അറുന്നൂറ് ചിറകുകള്‍ സഹിതം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാണുകയുണ്ടായി (*****). ‘ബൈത്തുല്‍മഅ്മൂറും’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കണ്ടു (******). ഭൂമിയിലെ ‘കഅ്ബഃ’ യുടെ സ്ഥാപകനായ ഇബ്രാഹീം നബി (عليه الصلاة والسلام) അതിലേക്ക് പുറംചാരി ഇരിക്കുന്നതായിട്ടാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കണ്ടത്. കാരണം അത് ആകാശത്തിലെ ‘കഅ്ബഃ’യാകുന്നു. ദിവസംതോറും എഴുപതിനായിരം മലക്കുകള്‍ അതില്‍ പ്രവേശിച്ചു ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്നു. അവര്‍ പിന്നീട് ക്വിയാമത്തുനാള്‍വരെ അതിലേക്ക് മടങ്ങിവരുകയില്ല. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വര്‍ഗ്ഗവും നരകവും കണ്ടു. അമ്പതു നേരത്തെ നമസ്കാരം അവിടെ വെച്ചു നിര്‍ബന്ധമാക്കപ്പെട്ടു. അനന്തരം (മൂസാനബിയുടെ ഉപദേശപ്രകാരം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിനോട് അപേക്ഷിച്ചതനുസരിച്ച് എണ്ണം കുറേശ്ശെ ചുരുക്കിക്കൊടുത്തുകൊണ്ട്) അതില്‍ ലഘുത്വം നല്‍കി. അത് അഞ്ച് നേരമാക്കി ഇളവുചെയ്തുകൊടുക്കുകയും ചെയ്തു. നമസ്കാരത്തിന്റെ മഹത്വവും, മനുഷ്യരോട് അല്ലാഹുവിനുള്ള കാരുണ്യവും നിമിത്തമാണത്. പിന്നീട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ബൈത്തുല്‍ മുഖദ്ദസിലേക്ക് ഇറങ്ങിപ്പോരുകയും (അവിടെ വെച്ചു കണ്ട) പ്രവാചകന്‍മാരെയും കൊണ്ട് നമസ്കരിക്കുകയും ചെയ്തു. പിന്നീട്, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ബുറാക്വിന്‍മേല്‍ കയറിക്കൊണ്ട് (നിശാന്ത്യത്തിലെ) ഇരുട്ടത്ത് തന്നെ മക്കായിലേക്ക് മടങ്ങിവരുകയും ചെയ്തു. വാസ്തവം അല്ലാഹുവിനറിയാം. ആ യാത്രയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് പാലും, തേനും മറ്റും കാണിക്കപ്പെട്ടതും അവിടുന്ന് പാല്‍ തിരഞ്ഞെടുത്തതും ബൈത്തുല്‍ മുഖദ്ദസില്‍ വെച്ചാണെന്നും, ആകാശത്തു വെച്ചാണെന്നും (രിവായത്ത്) വന്നിട്ടുണ്ട്. ഒരു പക്ഷേ, രണ്ടിടത്ത് വെച്ചും അത് ഉണ്ടായിരിക്കുവാന്‍ സാധ്യതയുണ്ട്. കാരണം, സന്ദര്‍ശനത്തിന് വരുന്ന ആള്‍ക്ക് നല്‍കപ്പെടുന്ന ഒരു സല്‍ക്കാരം പോലെയുള്ളതാണല്ലോ അത്. അല്ലാഹുവിനറിയാം. [‘ഇബ്നു കഥീറി’ന്റെ പ്രസ്താവന അവസാനിച്ചു.]


(*) പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ അല്ലാഹുവിന്റെ മുമ്പില്‍ ഒരു ഉപചാരമെന്നോണം ചെയ്യപ്പെടേണ്ടുന്ന നമസ്കാരമാണ് തഹിയ്യത്ത്.
(**). കയറിപ്പോകാനുള്ള സാധനം.
(***). ഈ കാഴ്ച്ചയെപ്പറ്റിയും മറ്റും താഴെ വിവരിക്കുന്നുണ്ട്.
(****). സ്വര്‍ഗത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരത്ഭുത മഹാവൃക്ഷമാണ് ‘സിദ്റത്തുല്‍ മുന്‍തഹാ’ (سدرة المنتهى). ഇതിനെപ്പറ്റി സൂറത്തുന്നജ്മ് 14-18ലും ,ഹദീഥുകളിലും വിവരിക്കപ്പെട്ടിരിക്കുന്നു. സൂറത്തുന്നജ്മിന്റെ വ്യാഖ്യാനത്തില്‍ ഇതിനെപ്പറ്റി പ്രസ്താവിച്ചത് നോക്കുക.
(*****). ഇതിനെപ്പറ്റിയും സൂറത്തുന്നജ്മില്‍ പരാമര്‍ശമുണ്ട്.
(******). സദാ പെരുമാറ്റമുള്ള ഭവനം എന്നാണ് ‘ബൈത്തുല്‍ മഅ്മൂര്‍’ എന്ന വാക്കിന്റെ സാരം. തുടര്‍ന്നുള്ള വിവരണത്തില്‍ നിന്ന് ഇതിനെപ്പറ്റി സാമാന്യം ഗ്രഹിക്കാം.


നേരം പുലര്‍ന്നശേഷം, രാത്രിയിലുണ്ടായ അസാധാരണവും അത്യല്‍ഭുതകരവുമായ ഈ സംഭവത്തെക്കുറിച്ചു നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ജനങ്ങളെ അറിയിക്കേണ്ട താമസം, ജനമദ്ധ്യെ അതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ പലതരത്തിലായിരുന്നു. കൈകൊട്ടിച്ചിരിക്കുന്നവര്‍, തലയില്‍ കൈവെച്ച് ആശ്ചര്യം പ്രകടിപ്പിക്കുന്നവര്‍ എന്നിങ്ങിനെ പല രൂപത്തിലും അവര്‍ പരിഹാസത്തിന്റെയും, നിഷേധത്തിന്റെയും പ്രകടനങ്ങള്‍ നടത്തി. ചിലര്‍ അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) അടുക്കലേക്ക് ഓടി വിവരം പറഞ്ഞ് അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞു. ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങിനെ പറഞ്ഞുവോ?, എന്നു മാത്രമേ അദ്ദേഹത്തിന് അറിയേണ്ടതുണ്ടായിരുന്നുള്ളു. ‘അതെ, അദ്ദേഹം അങ്ങിനെ പറഞ്ഞു’ എന്നറിഞ്ഞതോടെ അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: ‘അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സത്യമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു’. അവര്‍ ചോദിച്ചു: ‘ ഒരു രാത്രികൊണ്ടു അവന്‍ ശാമില്‍ പോയി വന്നുവെന്ന് പറഞ്ഞത് താങ്കള്‍ വിശ്വസിക്കുന്നുവോ? അദ്ദേഹം മറുപടി പറഞ്ഞു: ‘അതിനെക്കാള്‍ വിദൂരമായ വിഷയത്തിലും ഞാനദ്ദേഹത്തെ വിശ്വസിക്കും. ആകാശത്തുനിന്നുള്ള വര്‍ത്തമാനത്തില്‍ ഞാനദ്ദേഹത്തെ വിശ്വസിച്ചു വരുന്നു’. ഇതു മുതല്‍ക്കാണ് അദ്ദേഹത്തെപ്പറ്റി ‘സിദ്ദീഖ്’ (الصديق മഹാ സത്യവാന്‍ – അഥവാ സത്യസന്ധന്‍) എന്നു വിളിക്കപ്പെട്ടുവന്നതെന്നു പറയപ്പെടുന്നു.

പിന്നീട്, ബൈത്തുല്‍ മുഖദ്ദസ് നേരില്‍ പോയി കണ്ടിട്ടുള്ളവരുടെ മുമ്പില്‍ വെച്ചു ആ പള്ളിയെപ്പറ്റി പലതും ചോദിച്ചുകൊണ്ട് മുശ്രിക്കുകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ പരീക്ഷണം നടത്തിനോക്കി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിവരണം തികച്ചും ശരിയാണെന്ന് അവര്‍ക്ക് ബോധ്യമായി. ‘ഈ വിവരണമൊക്കെ ശരിതന്നെ. എന്നാല്‍, ഞങ്ങളുടെ ഒരു വര്‍ത്തക സംഘം ശാമിലേക്ക് പോയിട്ടുണ്ട്. അവരുടെ വര്‍ത്തമാനമെന്താണ്?’ ഇതായിരുന്നു അടുത്ത ചോദ്യം. ആ സംഘത്തില്‍ ഇത്ര ആളുകളുണ്ട്; ഇത്ര ഒട്ടകങ്ങളുണ്ട്‌; ഇന്ന ദിവസം അവര്‍ തിരിച്ചെത്തും എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രതിവചിച്ചു. അതുപോലെ അവര്‍ വന്നുചേരുകയും ചെയ്തു. പക്ഷേ, ഇതുകൊണ്ടൊന്നും അവര്‍ വിശ്വസിക്കുവാന്‍ ഒരുക്കമുണ്ടായിരുന്നില്ല. ‘മുഹമ്മദിന്റെ സിഹ്ര്‍ വല്ലാത്ത സിഹ്ര്‍ തന്നെ’ എന്നു പറഞ്ഞ് തടിതപ്പിക്കളയുകയാണ് അവര്‍ ചെയ്തത്.

ബലവത്തായ അനേകം ഹദീഥുകളെ അടിസ്ഥാനമാക്കി ഇസ്രാഇലും മിഅ്റാജിലും നടന്ന പ്രധാന സംഭവങ്ങള്‍ ഇന്നവയാണെന്ന് ഇബ്നു കഥീര്‍ (رحمه الله) ന്റെ മേലുദ്ധരിച്ച പ്രസ്താവനയില്‍ നിന്നു മനസ്സിലായല്ലോ. ഇസ്രാഇന്റെ ലക്‌ഷ്യം ചൂണ്ടിക്കാട്ടിക്കൊണ്ട് لِنُرِيَهُ مِنْ آيَاتِنَا (അദ്ദേഹത്തിനു നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നും കാണിച്ചു കൊടുക്കുവാന്‍ വേണ്ടി) എന്നു അല്ലാഹു പറഞ്ഞതിന്റെ സാരം ഏറെക്കുറെ അതില്‍നിന്നു മനസ്സിലാക്കാവുന്നതാകുന്നു. മിഅ്റാജില്‍ നടന്ന ചില സംഭവങ്ങളെപ്പറ്റി സൂറത്തുന്നജ്മിലെ വചനങ്ങളിലും ഇതുപോലെ അതിന്റെ ലക്ഷ്യത്തെ സൂചിപ്പിച്ചുകൊണ്ട് സൂറത്തുന്നജ്മില്‍ لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ (തീര്‍ച്ചയായും, അദ്ദേഹം തന്റെ റബ്ബിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍നിന്നും കണ്ടിട്ടുണ്ട്) എന്നു പറഞ്ഞുകാണാം. കൂടാതെ, ഹദീഥുകളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ള മേലുദ്ധരിച്ചതില്‍പെട്ട ചില കാര്യങ്ങളും അല്ലാഹു അവിടെ എടുത്തുപറഞ്ഞിരിക്കുന്നു.

യുക്തിവാദക്കാര്‍ക്കും, ക്വുര്‍ആനിലോ, ഹദീഥിലോ കാണപ്പെടുന്ന അസാധാരണ സംഭവങ്ങളെ കഴിവതും സാധാരണവല്‍ക്കരിക്കുന്നതില്‍ താല്‍പര്യമെടുക്കുന്നവര്‍ക്കും ഇസ്രാഇന്റെയും മിഅ്റാജിന്റെയും വിവരണത്തില്‍ പലതും ദഹിക്കാത്തവയുണ്ടായിരിക്കും. അത് സ്വാഭാവികവുമാണ്. നമ്മെ സംബന്ധിച്ചിടത്തോളം അല്ലാഹുവും റസൂലും വ്യക്തമായ ഭാഷയില്‍ പ്രസ്താവിച്ച ഏതു കാര്യവും മുഖവിലക്കു തന്നെ സ്വീകരിക്കുവാന്‍ നാം തയ്യാറാകുന്നു. ഒരു രാത്രികൊണ്ടു മക്കായില്‍ നിന്നു ഒരാള്‍ ബൈത്തുല്‍ മുഖദ്ദസില്‍ പോയി വന്നത്, ഒരു മനുഷ്യന്‍ ആകാശത്തേക്ക് കയറി തിരിച്ചുവന്നത്, മരണപ്പെട്ടുപോയ പ്രവാചകന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തക്കവണ്ണം അവര്‍ക്ക് രൂപം നല്‍കപ്പെട്ടത്‌ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മുടെ അറിവിലും പരിചയത്തിലുമുള്ള പ്രകൃതി നിയമങ്ങള്‍ക്കതീതം തന്നെ. പക്ഷേ, ബുദ്ധിപരമായി നോക്കുമ്പോള്‍ അവയൊന്നും അസംഭവ്യങ്ങളല്ല. അല്ലാഹുവിനെ സംബന്ധിച്ചാണെങ്കില്‍, അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാറ്റം സ്വീകരിക്കാത്ത പ്രകൃതി നിയമം എന്നൊന്നില്ലതാനും. പ്രകൃതിയെന്നു നാം ഏതിനെപ്പറ്റി പറയുന്നുവോ അത്, അല്ലാഹു സാധാരണമായി നടപ്പാക്കിവരുന്ന ചില നടപടി ക്രമങ്ങള്‍ മാത്രമാകുന്നു. നമുക്ക് അതില്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ലെന്നതു ശരി. അല്ലാഹുവിന്, അവന്‍ ഉദ്ദേശിക്കുന്നതെന്തും ചെയ്യാവുന്നതാകുന്നു.

(وَ يَفْعَلُ اللهُ مَا يَشَاءُ).

ഉണര്‍ച്ചയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ശരീരത്തോടുകൂടിത്തന്നെയായിരുന്നു ആ യാത്രയെന്നും, ഉറക്കത്തില്‍ സ്വപ്നരൂപത്തിലായിരുന്നു അതെന്നും രണ്ടഭിപ്രായങ്ങള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ മുമ്പേ നിലവിലുണ്ട്. ആധുനിക കാലത്ത് ഈ രണ്ടാമത്തെ അഭിപ്രായത്തിന് പൂര്‍വ്വാധികം സ്വീകരണവും, പ്രചാരവും കാണുമെങ്കിലും, സഹാബികള്‍തൊട്ട് അടുത്ത കാലംവരെയുള്ള – മുന്‍ഗാമികളും പിന്‍ഗാമികളുമടങ്ങുന്ന – ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും ഒന്നാമത്തെ അഭിപ്രായക്കാരാകുന്നു. ആയിശാ, മുആവിയാ, ഹസന്‍ (رَضِيَ اللهُ تَعَالَى عَنْهُم) എന്നിവര്‍ രണ്ടാമത്തെ അഭിപ്രായക്കാരായിട്ടാണ് അറിയപ്പെടുന്നത്. ഇസ്രാഉ് ശാരീരികവും, മിഅ്റാജു ആത്മീയവും (അഥവാ സ്വപ്നത്തിലും) ആയിരുന്നുവെന്ന മൂന്നാമതൊരു അഭിപ്രായവും നിലവിലുണ്ടെങ്കിലും ആദ്യം പറഞ്ഞ രണ്ടഭിപ്രായങ്ങളും തമ്മില്‍ കൂട്ടിയിണക്കുവാനുള്ള ഒരു ശ്രമമായേ അതു ഗണിക്കേണ്ടതുള്ളൂ.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉണര്‍ന്നിരിക്കുമ്പോള്‍ ശരീരത്തോടും ആത്മാവോടും കൂടിത്തന്നെയായിരുന്നു ആ യാത്രയെന്നു സ്ഥാപിക്കുന്നതിനു താഴെ കാണുന്നവിധം പല തെളിവുകളും ഇബ്നുജരീര്‍, ഇബ്നു കഥീര്‍, റാസീ (رحمهم الله) പോലെയുള്ള പ്രമുഖ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും, ഇമാം അസ്ക്വലാനീ (رحمه الله) പോലെയുള്ള ഹദീഥ് പണ്ഡിതന്‍മാരും അവരുടെ ഗ്രന്ഥങ്ങളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു ഉദാഹരണമായി:-

(1). سُبْحَانَ الَّذِي الخ എന്ന ‘തസ്ബീഹി’ന്റെ വാക്യത്തോടെയാണ് അല്ലാഹു ഇസ്രാഇനെക്കുറിച്ചു പ്രസ്താവിച്ചത്. വമ്പിച്ച കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ മാത്രമാണ് ഇങ്ങിനെയുള്ള തസ്ബീഹിന്റെ രൂപത്തിലുള്ള വാചകങ്ങള്‍ പ്രയോഗിക്കുക പതിവ്. അതുകേവലം ഒരു സ്വപ്നം മാത്രമായിരുന്നുവെങ്കില്‍, ഈ പ്രയോഗത്തിന് ഇവിടെ വിശേഷിച്ച് സ്ഥാനമൊന്നുമില്ല.

(2). അതൊരു സ്വപ്നമായിരുന്നെങ്കില്‍, ക്വറൈശികള്‍ അതിനെ നിഷേധിക്കുവാനോ ഇസ്ലാം സ്വീകരിച്ച ചിലര്‍ സംശയത്തോടെ ചോദ്യം ചെയ്യുവാനോ മുതിരുമായിരുന്നില്ല. അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ആ വാര്‍ത്ത കേട്ട ഉടനെ അത് ശരിവെച്ചതില്‍ ഒരു പ്രത്യേകതയും ഉണ്ടായിരിക്കുവാനും അവകാശമില്ല. അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സത്യസന്ധതക്ക് ഒരു തെളിവായിരിക്കുകയുമില്ല. സ്വപ്നത്തില്‍ ഇതുപോലെയുള്ള പലതും സംഭവിക്കാമെന്നുള്ളതില്‍ വിശേഷബുദ്ധിയുള്ളവരാരും തര്‍ക്കിക്കുകയില്ലല്ലോ.

(3). أَسْرَىٰ بِعَبْدِهِ (തന്റെ അടിയാനെ അവന്‍ രാവുയാത്ര ചെയ്യിച്ചു) എന്നാണ് അല്ലാഹു പറഞ്ഞത്. ആത്മാവിനെ മാത്രം ഉദ്ദേശിച്ചു അടിയാന്‍ (عَبْد) എന്ന് പറയപ്പെടാറില്ല.

(4). ‘ബുറാക്വ്’ എന്ന ഒരു മൃഗത്തിന്റെ പുറത്തായിരുന്നു ആ യാത്രയെന്ന് ഹദീഥുകളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ശരീരത്തിന്നല്ലാതെ – ആത്മാവിന് ഒരു മൃഗത്തിന്‍മേല്‍ സവാരി ചെയ്യേണ്ടുന്ന ആവശ്യമില്ല.

(5). രാവിലെയും, വൈകുന്നേരവും ഓരോ മാസത്തെ വഴിദൂരം സുലൈമാന്‍ (عليه الصلاة والسلام) നബിയെയുംകൊണ്ട് കാറ്റ് ചലിച്ചിരുന്നുവെന്നു 34:12ലും, കണ്ണടച്ചുമിഴിക്കുമ്പോഴേക്കും യമനിലെ രാജ്ഞിയുടെ സിംഹാസനം അവിടെ നിന്നു ശാമില്‍ സുലൈമാന്‍ (عليه الصلاة والسلام) ന്റെ മുമ്പില്‍ കൊണ്ടുവരപ്പെട്ടതായി 27:40ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അപ്പോള്‍ ഒരു രാത്രിയില്‍ ഒരു മാസത്തെ ദൂരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സഞ്ചരിച്ചതില്‍ അസാംഗത്യമൊന്നുമില്ല.

(6). ക്വുര്‍ആനിലും ഹദീഥുകളിലും വന്ന വാക്കുകള്‍ പരിശോധിച്ചാല്‍ നേര്‍ക്കുനേരെ മനസ്സിലാക്കാന്‍ കഴിയുന്നത് ആ യാത്ര ശാരീരികവും ഉണര്‍ച്ചയിലും ആയിരുന്നുവെന്നാകുന്നു. എന്നിരിക്കെ, അതിനെ ആത്മീയമെന്നോ, സ്വപ്നക്കാഴ്ച എന്നോ വ്യാഖ്യാനിക്കുന്നത് ന്യായമല്ല.

(7). സ്വഹാബികളില്‍പെട്ട ചുരുക്കം പേര്‍ അത് ആത്മീയമായിരുന്നുവെന്നോ, സ്വപ്നത്തിലായിരുന്നുവെന്നോ പ്രസ്താവിച്ചിരുന്നാല്‍ തന്നെയും അവരെക്കാള്‍ എത്രയോ അധികം സ്വഹാബികള്‍ അതിന് എതിരായിരിക്കെ ചിലരുടെ മാത്രം പ്രസ്താവന തെളിവായി എടുത്തുകൂടാത്തതാണ്. മാത്രമല്ല, എതിരഭിപ്രായക്കാരായി അറിയപ്പെടുന്ന സ്വഹാബികള്‍ മറ്റുള്ളവരെപ്പോലെ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുമായി അധികകാലം സഹവസിക്കുവാന്‍ സാധിച്ചിട്ടില്ലാത്തവരുമാകുന്നുവെന്നുള്ളത് ശ്രദ്ധേയമാണ്.

ആത്മീയമായിരുന്നു, അഥവാ സ്വപ്നമായിരുന്നു എന്നതിന് പറയപ്പെടാറുള്ള പ്രധാന തെളിവുകള്‍ ഇവയാകുന്നു:

(1). അന്ന് റസൂല്‍ തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَയുടെ ശരീരം കാണപ്പെടാതായിട്ടില്ല എന്ന് ആഇശാ (رضي الله عنها) യുടെ ഒരു പ്രസ്താവന.

(2) അത് സ്വപ്നത്തില്‍ അല്ലാഹു കാണിച്ചുകൊടുത്ത കാഴ്ചയായിരുന്നുവെന്ന മുആവിയഃ (رضي الله عنه) യുടെ പ്രസ്താവന. വാസ്തവത്തില്‍ ഈ രണ്ടു തെളിവുകള്‍ വിമര്‍ശന വിധേയങ്ങളാകുന്നു. കാരണം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആ യാത്ര ഉണ്ടായകാലത്ത് ആഇശഃ (رضي الله عنها) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിയായിട്ടില്ലെന്ന് മാത്രമല്ല, വളരെ ചെറുപ്പവുമായിരുന്നു. മുആവിയഃ (رضي الله عنه) ആകട്ടെ, ആ സംഭവകാലത്ത് മുശ്രിക്കുകളുടെ കൂട്ടത്തിലായിരുന്നു. പിന്നീട് ഏതാനും കൊല്ലങ്ങള്‍ക്ക് ശേഷമാണദ്ദേഹം മുസ്ലിമായതും. ആ സ്ഥിതിക്ക് ആ രണ്ടുപേര്‍ക്കും വിഷയത്തിന്റെ യഥാര്‍ത്ഥ സ്ഥിതിയെപ്പറ്റി ശരിക്ക് അറിയുവാനിടയില്ല. പിന്നീടത് ഏതാനും ചില യുക്തിന്യായങ്ങള്‍ മാത്രമാണ്. അവയെ അതേ നിലവാരത്തിലുള്ള യുക്തിന്യായങ്ങള്‍ കൊണ്ടുതന്നെ വിമര്‍ശിക്കാവുന്നതുമാകുന്നു. والله أعلم

ലോകാവസാനം വരെയുള്ള മനുഷ്യസമുദായത്തിന്റെ റസൂലാണ് നബിതിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ). എക്കാലത്തേക്കും ബാധകവും പക്വവുമായ ഒരു വേദഗ്രന്ഥവും നിയമസംഹിതയുമാണ്‌ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് ജനമദ്ധ്യെ സമര്‍പ്പിക്കുവാനുള്ളതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കാണെങ്കില്‍, വല്ല പാഠശാലയില്‍ നിന്നോ, അന്യരുടെ ശിക്ഷണത്തില്‍ വെച്ചോ മറ്റോ ഒന്നും പഠിച്ചറിയുവാന്‍ സന്ദര്‍ഭം കിട്ടിയിട്ടുമില്ല. വേദഗ്രന്ഥങ്ങളോ, ചരിത്രകൃതികളോ വായിച്ചറിഞ്ഞിട്ടുമില്ല. എഴുത്തും വായനയുംപോലും അറിഞ്ഞുകൂടാ. മനുഷ്യസമുദായമാകട്ടെ, ബുദ്ധിപരവും, ചിന്താപരവും, ശാസ്ത്രപരവുമെല്ലാം തന്നെ വളര്‍ന്നു വളര്‍ന്നുകൊണ്ടുമിരിക്കുന്നു. മനുഷ്യന് ക്രമേണ സിദ്ധിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനമണ്ഡലങ്ങളുടെയും പുരോഗമന സാഹചര്യങ്ങളുടെയും ഫലമായി ഭാവിതലമുറകള്‍ പുതിയ പുതിയ അറിവുകളും അനുഭവങ്ങളും നേടിക്കൊണ്ടിരിക്കുകയാണ്. ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തു ഓര്‍ക്കുവാന്‍പോലും കഴിയാത്ത പല കാര്യങ്ങളും, അന്ന് അസംഭവ്യമാണെന്നു പരക്കെ കരുതപ്പെട്ടിരുന്ന പല കാര്യങ്ങളും ഇന്നു മനുഷ്യജീവിതത്തിലെ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഉദാഹരണമായി: വായുവില്‍ മനുഷ്യന്‍ യഥേഷ്ടം സഞ്ചരിക്കുന്നതിനെപ്പറ്റി മുന്‍കാലത്തു വിഭാവനം ചെയ്‌വാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇന്ന് വായുവിലെ യാത്രയെ അല്ല – വായുമണ്ഡലത്തിനപ്പുറം കടന്നു – ഗോളാന്തര യാത്രകള്‍കൂടി മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്നു. നാളത്തെ കഥ എന്തൊക്കെയായിരിക്കുമെന്നു അല്ലാഹുവിനേ അറിഞ്ഞുകൂടൂ! അപ്പോള്‍, മനുഷ്യസാധാരണമായ പ്രകൃതിയുടെ പരിമിതികളെ കവച്ചുവെക്കുമാറ് ആത്മീയ സവിശേഷതകളാല്‍ അനുഗ്രഹീതരായ പ്രവാചകന്‍മാര്‍ക്കു – വിശേഷിച്ചും പ്രവാചകപ്രഭുവായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു – ഈ ഭൗതിക മണ്ഡലങ്ങള്‍ക്കപ്പുറം സ്ഥിതിചെയ്യുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ സര്‍വ്വശക്തനും, സര്‍വ്വജ്ഞനുമായ അല്ലാഹു വെളിവാക്കിക്കൊടുക്കുകയും, പ്രവാചകന്മാരല്ലാത്ത മനുഷ്യര്‍ക്കു സിദ്ധിക്കാവതല്ലാത്ത ചില സിദ്ധികള്‍ കൊടുക്കുകയും ചെയ്യുന്നതില്‍ യുക്തിവിരുദ്ധമായി എന്താണുള്ളത്?! ഈ ബാഹ്യലോകത്തിനപ്പുറം നമ്മുടെ ഊഹത്തിനും, വിഭാവനത്തിനും അതീതമായ കണക്കറ്റ യാഥാര്‍ത്ഥ്യങ്ങള്‍ നടമാടുന്ന മറ്റൊരു ആത്മീയ ലോകമുണ്ടെന്നു വിശ്വസിക്കുന്നവര്‍ക്കു ഇസ്രാഈലോ, മിഅ്റാജിലോ അസംഗതമായി ഒന്നുമില്ല.

അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുന്നു: وَأَنزَلَ اللَّـهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ اللَّـهِ عَلَيْكَ عَظِيمًا (നിനക്കു അല്ലാഹു വേദഗ്രന്ഥവും വിജ്ഞാനവും ഇറക്കിത്തരുകയും, നിന്നക്കറിയാതിരുന്നതു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹം വമ്പിച്ചതാകുന്നു. (സൂ: നിസാഉ് 113).

17:2
  • وَءَاتَيْنَا مُوسَى ٱلْكِتَـٰبَ وَجَعَلْنَـٰهُ هُدًى لِّبَنِىٓ إِسْرَٰٓءِيلَ أَلَّا تَتَّخِذُوا۟ مِن دُونِى وَكِيلًا ﴾٢﴿
  • മൂസാക്കു നാം (വേദ)ഗ്രന്ഥം നല്‍കിയിരിക്കുന്നു; അതിനെ നാം ഇസ്രാഈല്‍ സന്തതികള്‍ക്കു മാര്‍ഗ്ഗദര്‍ശനമാക്കുകയും ചെയ്തു; എന്നെക്കൂടാതെ (കാര്യങ്ങള്‍) ഭരമേല്‍പിക്കപ്പെടുന്ന ഒരാളെയും നിങ്ങള്‍ ഉണ്ടാക്കിവെക്കരുതെന്നു (കല്‍പിച്ചുകൊണ്ടു);
  • وَآتَيْنَا നാം നല്‍കി مُوسَى മൂസാക്ക് الْكِتَابَ ഗ്രന്ഥം وَجَعَلْنَاهُ അതിനെ നാം ആക്കുകയും ചെയ്തു هُدًى മാര്‍ഗ്ഗദര്‍ശനം لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു أَلَّا تَتَّخِذُوا നിങ്ങള്‍ ആക്കരുതു (സ്വീകരിക്കരുത് - ഏര്‍പ്പെടുത്തരുതു) എന്നു مِن دُونِي എന്നെക്കൂടാതെ, എനിക്കു പുറമെ وَكِيلًا ഒരു ഭരമേല്‍പിക്കപ്പെടുന്നവനെ, കൈകാര്യക്കാരനെ
17:3
  • ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُۥ كَانَ عَبْدًا شَكُورًا ﴾٣﴿
  • നൂഹിന്റെ കൂടെ നാം (കപ്പലില്‍) കയറ്റിയവരുടെ സന്തതികളേ! [നിങ്ങളോടാണു ഇങ്ങിനെ കല്‍പിച്ചത്‌] നിശ്ചയമായും അദ്ദേഹം, വളരെ നന്ദിയുള്ള ഒരു അടിയാനായിരുന്നു.
  • ذُرِّيَّةَ സന്തതികളേ مَنْ حَمَلْنَا നാം വഹിച്ച (കയറ്റിയ)വരുടെ مَعَ نُوحٍ നൂഹിന്റെ ഒപ്പം إِنَّهُ നിശ്ചയമായും അദ്ദേഹം كَانَ ആയിരുന്നു عَبْدًا ഒരു അടിയാന്‍, അടിമ شَكُورًا വളരെ നന്ദിയുള്ള

‘ഇസ്രാഉ്’ എന്ന രാവുയാത്ര മുഖേന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അനുഗ്രഹിച്ചാദരിച്ച സംഭവത്തെത്തുടര്‍ന്ന് മൂസാ (عليه الصلاة والسلام) നബിക്കു തൗറാത്തു നല്‍കി അനുഗ്രഹിച്ച വിവരം ഉണര്‍ത്തുകയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെപ്പറ്റി പ്രസ്താവിച്ചശേഷം, മൂസാ (عليه الصلاة والسلام) നബിയെക്കുറിച്ചു പ്രസ്താവിക്കുക ക്വുര്‍ആനില്‍ പലപ്പോഴും പതിവുള്ളതാകുന്നു. ഒരു വമ്പിച്ച സമുദായത്തെ ഒരു വേദഗ്രന്ഥത്തിന്റെയും നിയമസംഹിതയുടെയും കീഴില്‍ ഏകീകരിച്ചു സമുദ്ധരിക്കുകയെന്ന ഗൗരവമേറിയ ചുമതലാ നിര്‍വഹണത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു മുമ്പ് ഒരു ചരിത്രം സൃഷ്‌ടിച്ച പ്രവാചകവര്യനാണല്ലോ അദ്ദേഹം. പ്രസ്തുത കൃത്യനിര്‍വ്വഹണത്തില്‍ മൂസാ (عليه الصلاة والسلام) നബിയുടെ ചരിത്രത്തില്‍ നിന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു പലതും പഠിക്കുവാനുള്ളതായിരിക്കണം അതിനു കാരണം.

ഇസ്രാഈല്യര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുവാനും, അല്ലാഹു അല്ലാത്ത ആരെയും കൈകാര്യക്കാരാക്കരുതെന്നു കല്‍പിച്ചുകൊണ്ടുമാണു മൂസാ (عليه الصلاة والسلام) ക്ക് വേദഗ്രന്ഥം നല്‍കിയതെന്നു അല്ലാഹു ആദ്യം പറഞ്ഞു. തുടര്‍ന്നുകൊണ്ട് ആ മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കുവാന്‍ ബാധ്യസ്ഥമായ ഒരു പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ് നിങ്ങള്‍ – അഥവാ നൂഹ് (عليه الصلاة والسلام) നബിയുടെ നേതൃത്വത്തില്‍ കപ്പലില്‍ കയറി ജലപ്രളയത്തില്‍ നിന്നു രക്ഷപ്പെട്ട സത്യവിശ്വാസികളുടെ സന്താനപരമ്പരയാണല്ലോ നിങ്ങള്‍ – എന്നു ഇസ്രാഈല്യരെ അനുസ്മരിപ്പിക്കുകയും ചെയ്തിരിക്കുന്നു. നൂഹ് (عليه الصلاة والسلام) നബിയാണെങ്കില്‍, അല്ലാഹുവിനോടു വളരെ കൂറും നന്ദിയും അനുസരണവുമുള്ള ആളായിരുന്നു, ആ മാതൃക നിങ്ങളും പിന്‍പറ്റേണ്ടതാണല്ലോ എന്നും ഓര്‍മ്മിപ്പിചിരിക്കുന്നു. ആ മാതൃകക്കും പാരമ്പര്യത്തിനും എതിരായി ഇസ്രാഈല്യരില്‍ ഉണ്ടായ ചില ചെയ്തികളാണ് അടുത്ത വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്:-

17:4
  • وَقَضَيْنَآ إِلَىٰ بَنِىٓ إِسْرَٰٓءِيلَ فِى ٱلْكِتَـٰبِ لَتُفْسِدُنَّ فِى ٱلْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا ﴾٤﴿
  • ഇസ്രാഈല്‍ സന്തതികള്‍ക്കു (ആ) വേദഗ്രന്ഥത്തില്‍ നാം തീരുമാനി(ച്ചറിയി)ക്കുകയും ചെയ്തു; തീര്‍ച്ചയായും, നിങ്ങള്‍ ഭൂമിയില്‍ രണ്ടുപ്രാവശ്യം കുഴപ്പമുണ്ടാക്കും; തീര്‍ച്ചയായും, നിങ്ങള്‍ വലിയ ഔന്നത്യം (പൊങ്ങച്ചം) കാണിക്കുകയും ചെയ്യും.
  • وَقَضَيْنَا നാം തീരുമാനം നടത്തി (തീരുമാനം അറിയിച്ചു) إِلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളിലേക്കു فِي الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ لَتُفْسِدُنَّ തീര്‍ച്ചയായും നിങ്ങള്‍ കുഴപ്പമുണ്ടാക്കും, നാശമുണ്ടാക്കുകതന്നെ ചെയ്യും فِي الْأَرْضِ ഭൂമിയില്‍ مَرَّتَيْنِ രണ്ടു പ്രാവശ്യം وَلَتَعْلُنَّ നിങ്ങള്‍ ഔന്നത്യം കാണിക്ക (പൊങ്ങച്ചം കാട്ടുക)യും തന്നെ ചെയ്യും عُلُوًّا ഔന്നത്യം (പൊങ്ങച്ചം) كَبِيرًا വലുതായ
17:5
  • فَإِذَا جَآءَ وَعْدُ أُولَىٰهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَآ أُو۟لِى بَأْسٍ شَدِيدٍ فَجَاسُوا۟ خِلَـٰلَ ٱلدِّيَارِ ۚ وَكَانَ وَعْدًا مَّفْعُولًا ﴾٥﴿
  • അങ്ങനെ, ആ രണ്ടില്‍ ആദ്യത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവധി) വന്നാല്‍, നമ്മുടെ കടുത്ത ശൗര്യശാലികളായ ചില അടിയാന്‍മാരെ നാം നിങ്ങളുടെ മേല്‍ നിയോഗിച്ചയക്കുന്നതാണ്; എന്നിട്ടവര്‍ (നിങ്ങളുടെ) വാസസ്ഥലങ്ങള്‍ക്കിടയിലൂടെ തേടിത്തിരിഞ്ഞു നടക്കുന്നതാണ്. അതു പ്രയോഗത്തില്‍ വരുത്തപ്പെടുന്ന ഒരു വാഗ്ദത്തം (തന്നെ) ആയിരുന്നുതാനും.
  • فَإِذَا جَاءَ അങ്ങനെ വന്നാല്‍ وَعْدُ വാഗ്ദത്തം, താക്കീതു أُولَاهُمَا ആ രണ്ടില്‍ ആദ്യത്തേതിന്റെ بَعَثْنَا നാം അയക്കും, എഴുന്നേല്‍പ്പിക്കും (നിയോഗിക്കും) عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ عِبَادًا ചില അടിയാന്‍മാരെ لَّنَا നമ്മുടെ أُولِي ഉള്ളവരായ, ഉടയവരായ بَأْسٍ ശൗര്യം (പരാക്രമ ശക്തി) شَدِيدٍ കഠിനമായ, കടുത്ത فَجَاسُوا എന്നിട്ടവര്‍ തേടിത്തിരഞ്ഞു നടക്കും, നാശവിഹാരം ചെയ്യും, പരതും خِلَالَ ഇടയിലൂടെ الدِّيَارِ വീടു (വസതി - വാസസ്ഥലം) കളുടെ وَكَانَ അതായിരിക്കുന്നു, (ആകുന്നു) താനും وَعْدًا ഒരു വാഗ്ദത്തം مَّفْعُولًا ചെയ്യപ്പെടുന്ന (പ്രയോഗത്തില്‍ വരുത്തപ്പെടുന്ന).
17:6
  • ثُمَّ رَدَدْنَا لَكُمُ ٱلْكَرَّةَ عَلَيْهِمْ وَأَمْدَدْنَـٰكُم بِأَمْوَٰلٍ وَبَنِينَ وَجَعَلْنَـٰكُمْ أَكْثَرَ نَفِيرًا ﴾٦﴿
  • പിന്നീടു, അവര്‍ക്കെതിരില്‍ നിങ്ങള്‍ക്കു നാം ഊക്കു (വിജയം) തിരിച്ചു തന്നു; സ്വത്തുക്കളും, മക്കളും കൊണ്ടു നിങ്ങള്‍ക്കു നാം സഹായം നല്‍കുകയും ചെയ്തു; നിങ്ങളെ നാം വളരെ കൂടുതല്‍ സംഘ (ബല) മുള്ളവരാക്കുകയും ചെയ്തു.
  • ثُمَّ رَدَدْنَا പിന്നെ നാം മടക്കി (തിരിച്ചു) തരുന്നതാണു لَكُمُ നിങ്ങള്‍ക്ക് الْكَرَّةَ എടുത്തുചാട്ടം (ശക്തി - വിജയം) عَلَيْهِمْ അവരുടെമേല്‍ (എതിരെ) وَأَمْدَدْنَاكُم നിങ്ങള്‍ക്ക് നാം സഹായം (പോഷണം) നല്‍കുകയും ചെയ്യും بِأَمْوَالٍ സ്വത്തുക്കള്‍ (ധനം) കൊണ്ടും وَبَنِينَ മക്കളും (കൊണ്ടും) وَجَعَلْنَاكُمْ നിങ്ങളെ നാം ആക്കുകയും ചെയ്യും أَكْثَرَ വളരെ അധികമുള്ളവര്‍ نَفِيرًا സംഘം (കൂട്ടം).

17:7
  • إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَآءَ وَعْدُ ٱلْـَٔاخِرَةِ لِيَسُـۥٓـُٔوا۟ وُجُوهَكُمْ وَلِيَدْخُلُوا۟ ٱلْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا۟ مَا عَلَوْا۟ تَتْبِيرًا ﴾٧﴿
  • നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്ന പക്ഷം, നിങ്ങളുടെ സ്വന്തങ്ങള്‍ക്കു (തന്നെ) നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയാണ് (ചെയ്യുന്നത്). നിങ്ങള്‍ തിന്മ പ്രവര്‍ത്തിക്കുകയാണെങ്കിലാകട്ടെ, അതിന്നായിരിക്കും (അതും). എന്നാല്‍, അവസാനത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവിധി) വന്നാല്‍, നിങ്ങളുടെ മുഖങ്ങളെ അവര്‍ (ശത്രുക്കള്‍) വഷളാക്കുവാനും, ആദ്യ പ്രാവശ്യം അവര്‍ പള്ളിയില്‍ പ്രവേശിച്ചതുപോലെ (വീണ്ടും) അതില്‍ പ്രവേശിപ്പിക്കുവാനും, അവര്‍ ഔന്നത്യം നേടിയതു (ജയിച്ചടക്കിയതു) അവര്‍ ഒരു (കടുത്ത) നശിപ്പിക്കല്‍ നശിപ്പിച്ചു തകര്‍ക്കുവാനും (അവരെ നാം നിയോഗിക്കും).
  • إِنْ أَحْسَنتُمْ നിങ്ങള്‍ക്ക് നന്മ ചെയ്യുന്ന പക്ഷം أَحْسَنتُمْ നിങ്ങള്‍ നന്മ ചെയ്തു (ചെയ്യുന്നു) لِأَنفُسِكُمْ നിങ്ങള്‍ക്കു തന്നെ, നിങ്ങളുടെ സ്വന്തങ്ങള്‍ക്ക് وَإِنْ أَسَأْتُمْ നിങ്ങള്‍ തിന്മ ചെയ്തുവെങ്കിലാകട്ടെ فَلَهَا എന്നാലതിന്നു (തന്നെ), അതിന്നായിരിക്കും فَإِذَا جَاءَ എനി (എന്നാല്‍) വന്നാല്‍ وَعْدُ വാഗ്ദത്തം الْآخِرَةِ അവസാനത്തേതിന്റെ لِيَسُوءُوا അവര്‍ തിന്‍മ (മോശം - വഷളത്വം) ചെയ്‌വാന്‍ വേണ്ടി وُجُوهَكُمْ നിങ്ങളുടെ മുഖങ്ങളെ وَلِيَدْخُلُوا അവര്‍ പ്രവേശിക്കുവാനും الْمَسْجِدَ പള്ളിയില്‍ كَمَا دَخَلُوهُ അവരതില്‍ പ്രവേശിച്ചതുപോലെ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം وَلِيُتَبِّرُوا അവര്‍ നശിപ്പിക്കുവാനും, തകര്‍ക്കുവാനും مَا عَلَوْا അവര്‍ ഔന്നത്യം (മേന്‍മ - വിജയം - ഊക്ക്) നേടിയതിനെ تَتْبِيرًا ഒരു (കടുത്ത) നശിപ്പിക്കല്‍
17:8
  • عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ ۚ وَإِنْ عُدتُّمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَـٰفِرِينَ حَصِيرًا ﴾٨﴿
  • നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്കു കരുണ ചെയ്യുമാറായേക്കാം. നിങ്ങള്‍ (വീണ്ടും) ആവര്‍ത്തിച്ചുവെങ്കില്‍, നാമും ആവര്‍ത്തിക്കുന്നതാണ്. അവിശ്വാസികള്‍ക്ക് 'ജഹന്നമി'നെ (നരകത്തെ) നാം തടങ്ങള്‍ സ്ഥാനമാക്കുകയും ചെയ്തിരിക്കുന്നു.
  • عَسَىٰ ആയേക്കാം رَبُّكُمْ നിങ്ങളുടെ റബ്ബ് أَن يَرْحَمَكُمْ നിങ്ങളോടു (നിങ്ങള്‍ക്കു) കരുണ ചെയ്യുമാറ് وَإِنْ عُدتُّمْ നിങ്ങള്‍ മടങ്ങിയെങ്കിലോ, ആവര്‍ത്തിച്ചാലാകട്ടെ عُدْنَا നാം (നാമും) മടങ്ങുന്നതാണ്, ആവര്‍ത്തിക്കുകയായി وَجَعَلْنَا നാം ആക്കുന്നതുമാണ്, ആക്കുകയും ചെയ്തിരിക്കുന്നു جَهَنَّمَ ജഹന്നമിനെ لِلْكَافِرِينَ അവിശ്വാസികള്‍ക്കു حَصِيرًا തടങ്ങല്‍സ്ഥാനം, ഒരു തടങ്ങല്‍, പായ

മുന്‍കൂട്ടി വേദഗ്രന്ഥം മുഖേന അല്ലാഹു താക്കീതു നല്‍കിയിട്ടും അതിനെ വിലവെക്കാതെ ഇസ്രാഈല്യര്‍ കൈക്കൊണ്ട ചില അഴിമതികളെയും, അതിന്റെ അനന്തരഫലം അവര്‍ അനുഭവിക്കേണ്ടിവന്നതിനെയും സംബന്ധിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. മതകല്‍പനകളെ ലംഘിക്കലും, അക്രമം പ്രവര്‍ത്തിക്കലും ഇസ്രാഈല്യരില്‍ നിത്യസംഭവങ്ങളായിരുന്നു. അവയില്‍ ഏറ്റവും അതിരുകവിഞ്ഞ രണ്ടു അവസരങ്ങളെ (അഥവാ കുഴപ്പങ്ങളെ) പ്പറ്റി അല്ലാഹു അവരെ പ്രത്യേകം താക്കീതുചെയ്തിരുന്നു. ഒന്നാമത്തെ കുഴപ്പത്തിന്റെ ഘട്ടത്തിലായിരുന്നു ശഅ്-യാഉ് (شعياء – عليه الصلاة والسلام) നബി കൊല്ലപ്പെട്ടതെന്നും, അവര്‍ക്ക് നേരിടുവാന്‍ പോകുന്ന ഭവിഷ്യത്തുകളെപ്പറ്റി മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്ന അര്‍മിയാഉ് (عليه الصلاة والسلام) ബന്ധനസ്ഥനാക്കപ്പെട്ടതെന്നും പറയപ്പെടുന്നു. അതുപോലെ, രണ്ടാമത്തെ കുഴപ്പത്തിന്റെ കാലത്താണ് സകരിയ്യാ (عليه الصلاة والسلام) യഹ്-യാ (عليه الصلاة والسلام) എന്നീ നബിമാര്‍ കൊല്ലപ്പെട്ടതെന്നും പറയപ്പെട്ടു കാണുന്നു.

രണ്ടില്‍ ഓരോന്നിന്റെയും ഘട്ടം വന്നപ്പോള്‍, അവര്‍ പിന്‍മാറാത്തപക്ഷം അവര്‍ക്കനുഭവിക്കേണ്ടിവരുന്ന അനുഭവങ്ങളെയും ദുരിതങ്ങളെയും കുറിച്ച് പ്രവാചകന്‍മാര്‍ മുഖേന നേരത്തെ തന്നെ അവര്‍ക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒന്നാം പ്രാവശ്യത്തെക്കുറിച്ചുള്ള താക്കീതാണ് 5-ാം വചനത്തില്‍ കാണുന്നത്. അല്ലാഹു അവന്റെ അടിയാന്‍മാരില്‍ ചിലരെ അവരില്‍ നിയോഗിക്കും, അവര്‍ കനത്ത പരാക്രമശാലികളും ഊക്കന്‍മാരുമായിരിക്കും, അവര്‍ നാട്ടിലൂടെയും പാര്‍പ്പിടങ്ങളിലൂടെയും പരതി നടക്കും എന്നൊക്കെയായിരുന്നു താക്കീതിന്റെ ചുരുക്കം. അഥവാ, കണ്ടതും കിട്ടിയതുമെല്ലാം നശിപ്പിക്കും. തേടിത്തിരിഞ്ഞ് കണ്ടുകിട്ടിയവരെയെല്ലാം കൊല്ലുകയോ ബന്ധനസ്ഥരാക്കുകയോ അടിമകളാക്കുകയോ ചെയ്യും. കൊള്ളയും കവര്‍ച്ചയും നടത്തും. അങ്ങനെ അവരെയും അവരുടെ സര്‍വസ്വവും നശിപ്പിക്കും എന്ന് സാരം. അത് അപ്പടി തന്നെ സംഭവിക്കുകയും ചെയ്തു. ‘ഈ അടിയാന്‍മാര്‍’ ആരായിരുന്നുവെന്നുള്ളതില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ട് മൂന്നഭിപ്രായങ്ങള്‍ കാണപ്പെടുന്നു.

(1).ജാലൂത്ത് (جَالُوت) രാജാവും സൈന്യവുമാണെന്നും,

(2) സന്‍ഹാരീബ് (سَنْحَارِيب) രാജാവും കൂട്ടരുമായിരുന്നുവെന്നും

(3) ബുഖ്തുനസ്വറും (بُخْتَنَصَر) സൈന്യവുമായിരുന്നുവെന്നുമാണ് ആ അഭിപ്രായങ്ങള്‍.

ഇവയില്‍ മൂന്നാമത്തെ അഭിപ്രായത്തിനാണ് കൂടുതല്‍ ന്യായം കാണുന്നത്. الله أعلم. ജാലൂത്തിനെപ്പറ്റി സൂറത്തുല്‍ബക്വറഃയില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇസ്രാഈല്യരുടെ നേരെ പടയെടുക്കുകയും, വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും നിര്‍ദ്ദയം കൊന്നൊടുക്കുകയും ചെയ്ത ഒരു ബാബിലോണ്യന്‍ രാജാവായിരുന്നു സന്‍ഹാരീബ്. (*). ബുഖ്തുനസ്വറും ഒരു ബാബിലോണ്യന്‍ രാജാവായിരുന്നു. ഇയാള്‍ ബൈത്തുല്‍ മുക്വദ്ദസിലെ പള്ളിയും, ഇസ്രാഈല്യരുടെ മതസംസ്കാര ചിഹ്നങ്ങളും, സ്വത്തുക്കളുമെല്ലാം തകര്‍ക്കുകയും അവരെ കൂട്ടത്തോടെ ബന്ധനസ്ഥരാക്കി ബാബിലോണിലേക്ക് കൊണ്ടുപോവുകയും ചെയ്തു. (**). ബാബിലോണ്യരുടെ ആക്രമങ്ങളില്‍ തൗറാത്തിന്റെ പകര്‍പ്പുകളെല്ലാം – സാക്ഷാല്‍ തൗറാത്തുപോലും -അഗ്നിക്കിരയാക്കപ്പെടുകയുണ്ടായി. (പിന്നീട് കുറേ കാലത്തിനുശേഷം സ്വന്തം ഓര്‍മ്മയില്‍ നിന്നും മറ്റുമായിട്ടാണ് ഉസൈര്‍ (عليه الصلاة والسلام) ന്റെ കാലത്ത് അത് പുനര്‍ലേഖനം ചെയ്യപ്പെട്ടത് എന്ന് പറയപ്പെടുന്നു.


(*). ക്രി. മു. 701ല്‍ സന്‍ഹേരീബ് സിരിയാ രാജ്യത്തെ ആക്രമിച്ചു. നാല്‍പത്താറ് കോട്ടകള്‍ പിടിച്ചു. രണ്ടുലക്ഷം ജനങ്ങളെ അടിമകളാക്കി നാട്ടിലേക്ക് കൊണ്ടുപോയി… പിന്നീട് യെരുശലേം പട്ടണത്തെ വളഞ്ഞു. (വേ.പു. നിഘണ്ടു. പേ. 28).

(**). നെബൂഖദ് നേസര്‍ (ബുഖ്തുന്നസ്വര്‍) ക്രി. മു. 604 മുതല്‍ 561 വരെ രാജ്യം ഭരിച്ചു…. യെരുശലേമിനെ വീണ്ടും വന്നു നിരോധിച്ചു. അതിലെ ജനങ്ങളെ ആസകലം ബന്ധനസ്ഥരാക്കി ബാബിലോണ്യായിലേക്ക് കൊണ്ടുപോയി. ശലെമോണ്‍ (സുലൈമാന്‍ നബി) പണിത ദേവാലയത്തെ (ബൈത്തുല്‍ മുക്വദ്ദസ് പള്ളിയെ) ക്രി.മു. 586-ല്‍  ഇവന്‍ നിശ്ശേഷം നശിപ്പിച്ചു. (വേ.പു. നി. പേ. 209, 390).


ഒന്നാമത്തെ പ്രാവശ്യം ഇസ്രാഈല്യര്‍ അനുഭവിക്കേണ്ടി വന്ന ശിക്ഷകൊണ്ടുദ്ദേശ്യം ഈ മൂന്നില്‍ ഏതായിരുന്നാലും ശരി, പിന്നീട് അതിനുശേഷം ക്രമേണ അവരുടെ സ്ഥിതിഗതി മാറി. അവര്‍ നന്നായിത്തീരുകയും അന്യരുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടുകയും ചെയ്തു. രാജ്യവും രാഷ്ട്രവും പുനര്‍നിര്‍മാണം ചെയ്യുവാനും, സംസ്കാരവും പ്രതാപവും നിറഞ്ഞ ഭരണങ്ങള്‍ സ്ഥാപിക്കുവാനും അവര്‍ക്ക് കഴിഞ്ഞു. ജനസംഖ്യയിലും സമ്പല്‍മൃദ്ധിയിലും അവര്‍ മികച്ചു നില്‍ക്കുകയും ചെയ്തു. പല രാജാക്കന്‍മാരും പ്രവാചകന്‍മാരും അവരെ നയിക്കുവാനുമുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ് 6-ാം വചനത്തില്‍ പ്രസ്ഥാവിക്കുനാന്ത്. അവരുടെ സ്വന്തം നിലപാട് നന്നായിത്തീര്‍ന്നപ്പോഴാണ് അവരുടെ ദുഃസ്ഥിതി മാറി നന്മ കൈവന്നതെന്നും മനുഷ്യന്‍ ചെയ്യുന്ന നന്മ തിന്മകളുടെ ഫലം ഇഹത്തിലും പരത്തിലും അവന്‍ അനുഭവിക്കേണ്ടി വരുമെന്നും അതോടൊപ്പം 7-ാം വചനത്തില്‍ ആദ്യവാക്യങ്ങളിൾ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

കാലക്രമത്തിൽ ഇസ്രാഈല്യരുടെ നില വീണ്ടും പഴയപടിയായിത്തീർന്നു. മതമൂല്യങ്ങൾക്കു വിലകൽപിക്കാതായി. ശിർക്കിലും തോന്നിയവാസങ്ങളിലും മുഴുകി. ഈ ഘട്ടത്തെപറ്റിയുള്ള മുന്നറിയിപ്പാണ് 7-ാം വചനത്തിൽ പിന്നീട് പറയുന്നത് എന്നത്രെ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പൊതുവെയുള്ള അഭിപ്രായം. മുമ്പ് നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളില്‍ വരുത്തിത്തീരത്ത അതേമാതിരി നാശനഷ്ടങ്ങളും അക്രമമര്‍ദ്ദനങ്ങളും വീണ്ടും അഴിച്ചുവിടുമാറ് നിങ്ങളില്‍ അല്ലാഹു ശത്രുക്കളെ നിയോഗിക്കുമെന്ന് സാരം. രണ്ടാം പ്രാവശ്യം ഇസ്രാഈല്യര്‍ അനുഭവിക്കേണ്ടി വന്ന യാതനകള്‍ ആരുടെ കൈകൊണ്ടാണ് അനുഭവപ്പെട്ടതെന്നു നിര്‍ണയിച്ചു പറയത്തക്ക തെളിവുകളില്ല. ചില റോമന്‍ കൈസര്‍മാരുടെ കാലത്ത് ഇസ്രാഈല്യര്‍ കണക്കറ്റ അക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നിട്ടുണ്ട്. ജൂദ – ക്രിസ്തീയ ചരിത്രങ്ങളില്‍ ഇവയുടെ നീണ്ട പട്ടിക തന്നെ കാണാം. ഇവയില്‍പെട്ട ഏതെങ്കിലുമായിരിക്കാം ഉദ്ദേശ്യം. അല്ലാഹുവിനറിയാം. ഏതായാലും ഇമാം റാസീ (رحمه الله) മുതലായവര്‍ ചൂണ്ടിക്കാട്ടിയതുപോലെ – ഏതുകാലത്തു, ആരുടെ കൈക്കാണത് സംഭവിച്ചതെന്ന് നിര്‍ണയിച്ചറിയായ്കകൊണ്ട് ഈ വചനങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ മനസ്സിലാക്കുന്നതിന് തടസ്സമൊന്നുമില്ലല്ലോ.

അവസാനം ചില കാര്യങ്ങള്‍ അല്ലാഹു അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരിക്കുന്നു.
(1). عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ (നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് കരുണ ചെയ്തേക്കാം) നിങ്ങളുടെ അക്രമങ്ങള്‍ നിമിത്തം രണ്ടു പ്രാവശ്യം അല്ലാഹുവിന്റെ കോപത്തിന് പാത്രമാകേണ്ടിവന്നാലും അവന്റെ കാരുണ്യത്തെക്കുറിച്ചു നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. നിങ്ങളുടെ സ്ഥിതിഗതികള്‍ നിങ്ങള്‍ നന്നാക്കിത്തീര്‍ത്താല്‍ അവന്റെ കാരുണ്യം നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും എന്നു സാരം. ഈ വാഗ്ദാനം അല്ലാഹു അവരില്‍ പാലിക്കുക തന്നെ ചെയ്തിട്ടുണ്ടെന്നും എല്ലാ നിലക്കും ആ സമുദായം അഭിവൃദ്ധിപ്പെടുകയുണ്ടായിട്ടുണ്ടെന്നും അവരുടെ ചരിത്രം പരിശോധിച്ചാല്‍ അറിയാവുന്നതാണ്.

(2). وَإِنْ عُدتُّمْ عُدْنَا (നിങ്ങള്‍ ആവര്‍ത്തിച്ചാല്‍ നാമും ആവര്‍ത്തിക്കും.) അതായത് പിന്നെയും നിങ്ങളുടെ നില മുമ്പുണ്ടായതുപോലെ വഷളായിത്തീരുന്നപക്ഷം നിങ്ങളുടെമേല്‍ അല്ലാഹു നടപടി എടുക്കുവാന്‍ മടിക്കുകയില്ലെന്ന് താല്‍പര്യം. ഈ മുന്നറിയിപ്പും അവരില്‍ സാക്ഷാല്‍കൃതമാകുകയുണ്ടായി. തൗറാത്തിന്റെയും പ്രവാചകന്മാരുടെയും അദ്ധ്യാപനങ്ങളില്‍ നിന്ന് അകന്നകന്ന് കൊണ്ടിരുന്ന അവര്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി നിയോഗിക്കപ്പെട്ടപ്പോള്‍ തിരുമേനി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയും ഇസ്ലാമിന്റെയും കഠിന ശത്രുക്കളായിത്തീര്‍ന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും ഇസ്ലാമിനുമെതിരില്‍ അവര്‍ സ്വീകരിച്ച നിലപാട് കുപ്രസിദ്ധമാണ്. അതിന്‍ ഫലമായി മുസ്ലിംകളുടെ കൈക്കു പല അവശതകളും അവര്‍ അനുഭവിക്കേണ്ടിവരുകയും ഒടുക്കം അറേബ്യയില്‍ നിന്നു കൂട്ടത്തോടെ അവര്‍ നാടുകടത്തപ്പെടുകയും ചെയ്തു.

ഇസ്ലാമിക ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ മുസ്ലിംകള്‍ക്ക് അധീനപ്പെട്ടുകൊണ്ട് കുറെയൊക്കെ ശാന്തമായി കഴിഞ്ഞുകൂടിയശേഷം ദുസ്വാര്‍ത്ഥങ്ങള്‍മൂലം ഇസ്ലാമിനെതിരെയുള്ള ഗൂഢപ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടുകൊണ്ടേയിരുന്നു. അടുത്തകാലംവരെ അവഹേളിക്കപ്പെട്ട ഒരധമ സമൂഹമായിക്കൊണ്ടല്ലാതെ ലോകത്ത് ജീവിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. നാലു ദശകങ്ങള്‍ക്കപ്പുറം ജര്‍മനിയിലെ സര്‍വാധിപതിയായിരുന്ന ഹിറ്റ്ലറുടെ കൈക്ക് അവര്‍ അനുഭവിക്കേണ്ടി വന്ന കൂട്ടക്കൊലകളുടെയും കഷ്ടതകളുടെയും കഥ പ്രസിദ്ധമാകുന്നു. ഇപ്പോള്‍, ഹിറ്റ്ലറുടെ എതിരാളികളായിരുന്ന വന്‍കോയ്മകളുടെ ഇടപെടല്‍ നിമിത്തം അവരുടെ വകയായി ഫലസ്തീനില്‍ ഒരു ഇസ്രാഈല്‍ രാഷ്ട്രം സ്ഥാപികപ്പെട്ടതോടെ മുസ്ലിംകള്‍ക്കെതിരില്‍ അവരുടെ ധിക്കാരവും വൈരവും പൂര്‍വാധികം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുത ഇന്നാരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഇതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ, ഒരു കൂട്ടരുടെ കൈക്കല്ലെങ്കില്‍ മറ്റൊരു കൈക്ക് അവര്‍ അനുഭവിക്കാതിരിക്കുകയില്ലെന്നുള്ളതില്‍ സംശയമില്ല. ‘നിങ്ങള്‍ ആവര്‍ത്തിച്ചാല്‍ നാമും ആവര്‍ത്തിക്കു’മെന്ന് അല്ലാഹു പറഞ്ഞ വാക്ക് പുലരാതിരിക്കുകയില്ല.

(3). وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا (അവിശ്വാസികള്‍ക്കു നാം ജഹന്നമിനെ തടങ്ങൽ സ്ഥാനമാക്കുകയും ചെയ്തിരിക്കുന്നു). മേല്‍കണ്ടതെല്ലാം ഈ ലോകത്ത് വെച്ചുതന്നെയുള്ള നടപടികളാണ്. ഇതുകൊണ്ട് അവരുടെ മേലുള്ള നടപടി അവസാനിക്കുന്നില്ല. ഇസ്രാഈല്യരായ അവിശ്വാസികളടക്കം എല്ലാ അവിശ്വാസികള്‍ക്കും പരലോകത്ത് നരകമായിരിക്കും ആധാരമെന്ന് സാരം. ഇസ്രാഈല്യരെ അഭിമുഖീകരിച്ചും, അവരുടെ ചരിത്രമെന്ന നിലക്കുമാണ് ഈ വചനങ്ങള്‍ നിലകൊള്ളുന്നതെങ്കിലും, സത്യവിശ്വാസികള്‍ക്ക് അവരുടെ ചരിത്രങ്ങളില്‍ നിന്നു പാഠങ്ങള്‍ പഠിക്കുവാനുണ്ടെന്നു തീര്‍ച്ച. അതിനുവേണ്ടിയാണ് അല്ലാഹു ക്വുര്‍ആനില്‍ ഇത് പ്രസ്താവിച്ചിരിക്കുന്നതും. ഇസ്രാഈല്‍ സമുദായത്തെപ്പോലെ മുസ്ലിം സമുദായം ധിക്കാരത്തില്‍ മുഴുകിയാല്‍ അവരും ഇതുപോലെ ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ ശിക്ഷാനടപടികള്‍ക്ക് പാത്രമാകേണ്ടിവരുമെന്നുള്ളതിന് പുറമെ മറ്റൊരു പാഠംകൂടി നാം ഇതില്‍ നിന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതായത്, ഇസ്രാഈല്യര്‍ക്ക് നേരിട്ട കഷ്ടനഷ്ടങ്ങള്‍ അവരെക്കാള്‍ സത്യവിശ്വാസത്തിലും സന്മാര്‍ഗത്തിലും മികച്ചുനിന്നിരുന്ന മറ്റൊരു സമുദായത്തിന്റെ കൈക്കായിരുന്നില്ല. വിശ്വാസാചാരങ്ങളില്‍ അവരെക്കാള്‍ ദുഷിച്ച ചില സമുദായക്കാരുടെ കൈക്കായിരുന്നു അത്. അതുപോലെ മുസ്ലിം സമുദായം ദുഷിക്കുമ്പോഴും അവരെക്കാള്‍ ദുഷിച്ച മറ്റൊരു കൂട്ടരുടെ കൈക്കാവാം അവര്‍ പരീക്ഷിക്കപ്പെടുന്നതും. ചരിത്രം പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ ഉദാഹരണങ്ങള്‍ പലതും മുസ്‌ലിം സമുദായത്തില്‍ ഇതഃപര്യന്തം കഴിഞ്ഞുപോയിട്ടുണ്ടുതാനും. അല്ലാഹു സമുദായത്തിനു സന്മാര്‍ഗവും തന്റേടവും പ്രദാനം ചെയ്യട്ടെ. ആമീന്‍.

17:9
  • إِنَّ هَـٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًا كَبِيرًا ﴾٩﴿
  • നിശ്ചയമായും ഈ ക്വുര്‍ആന്‍ ഏറ്റവും ചൊവ്വായ (അഥവാ ബലവത്തായ)തിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്നു. സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലുതായ പ്രതിഫലം ഉണ്ടെന്നു അതവരെ സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു;-
  • إِنَّ هَٰذَا നിശ്ചയമായും ഇത് الْقُرْآنَ (ഈ) ക്വുര്‍ആന്‍ يَهْدِي മാര്‍ഗദര്‍ശനം നല്‍കുന്നു, വഴികാട്ടും لِلَّتِي യാതൊന്നിലേക്ക് هِيَ അത് أَقْوَمُ ഏറ്റം ചൊവ്വായതാണ്, കൂടുതല്‍ ബലവത്താണ് وَيُبَشِّرُ അതു സന്തോഷമറിയിക്കുകയും ചെയ്യുന്നു الْمُؤْمِنِينَ സത്യവിശ്വാസികളെ ٱلَّذِينَ يَعْمَلُونَ പ്രവര്‍ത്തിക്കുന്നവരായ الصَّالِحَاتِ സല്‍കര്‍മങ്ങളെ أَنَّ لَهُمْ അവര്‍ക്കുണ്ടെന്ന് أَجْرًا പ്രതിഫലം, കൂലി كَبِيرًا വലിയ
17:10
  • وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ﴾١٠﴿
  • പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവര്‍ക്കു നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നുവെന്നും.
  • وَأَنَّ الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ أَعْتَدْنَا നാം ഒരുക്കിവെച്ചിരിക്കുന്നു (എന്നും) لَهُمْ അവര്‍ക്ക് عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ

വിഭാഗം - 2

17:11
  • وَيَدْعُ ٱلْإِنسَـٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلْخَيْرِ ۖ وَكَانَ ٱلْإِنسَـٰنُ عَجُولًا ﴾١١﴿
  • മനുഷ്യന്‍ ഗുണത്തിനു പ്രാര്‍ത്ഥിക്കുന്ന പ്രകാരം, അവന്‍ ദോഷത്തിനും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഒരു ധൃതി കൂട്ടുന്നവനാകുന്നുതാനും.
  • وَيَدْعُ പ്രാര്‍ത്ഥിക്കുന്ന الْإِنسَانُ മനുഷ്യന്‍ بِالشَّرِّ ദോഷത്തിനു, തിന്മയെക്കുറിച്ചു دُعَاءَهُ അവന്റെ പ്രാര്‍ത്ഥന بِالْخَيْرِ ഗുണത്തിനു, നന്മയെപ്പറ്റി وَكَانَ الْإِنسَانُ മനുഷ്യന്‍ ആകുന്നു (ആയിരിക്കുന്നു) താനും عَجُولًا ധൃതികൂട്ടുന്നവന്‍

മനുഷ്യസഹജമായ ഒരു സ്വഭാവദോഷമാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അനിഷ്ടകരമായ വല്ല കാര്യവും വന്നുഭവിക്കുമ്പോഴേക്കും അവന്‍ അക്ഷമനും വികാരഭരിതനുമായിത്തീരുന്നു. തനിക്കോ, തന്റെ മക്കള്‍, സ്വത്തുക്കള്‍ മുതലായവക്കോ ദോഷകരമായ പ്രാര്‍ത്ഥനകളും ശാപവാക്കുകളും അവനില്‍ നിന്നുണ്ടാകുന്നു. ‘ഞാന്‍ മരിച്ചെങ്കില്‍! ഇവന്‍ നശിച്ചാല്‍ നന്നായിരുന്നു! തുലഞ്ഞു നശിക്കട്ടെ!’ എന്നിത്യാദി പലതും അവന്റെ നന്മക്കുവേണ്ടി ധൃതിപ്പെടുന്ന അതേ രൂപത്തില്‍ അവന്‍ ധൃതികൂട്ടിക്കൊണ്ടിരിക്കും. ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കുവാനോ, ദീര്‍ഘദൃഷ്ടിയോടുകൂടി കാര്യങ്ങളെ വിലയിരുത്തുവാനോ ഭാവിയെക്കുറിച്ചുള്ള സുപ്രതീക്ഷയോടുകൂടിയിരിക്കുവാണോ അവനു കഴിയാതെ പോകുന്നു. പക്ഷേ, അവന്റെ കഥകേടും അക്ഷമയുമെല്ലാം അറിയുന്നവനും, പരമ കാരുണികനുമാണല്ലോ അല്ലാഹു. അതുകൊണ്ട് അത്തരം പ്രാര്‍ത്ഥനകളെ അപ്പടി സ്വീകരിക്കാതെ അല്ലാഹു അവനോട് വിട്ടുവീഴ്ച കാണിക്കുകയാണ് ചെയ്യുന്നത് എന്നു താല്‍പര്യം. അല്ലാഹു പറയുന്നു:

وَلَوْ يُعَجِّلُ اللَّهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُمْ بِالْخَيْرِ لَقُضِيَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ الَّذِينَ لَا يَرْجُونَ لِقَاءَنَا فِي طُغْيَانِهِمْ يَعْمَهُونَ – يونس

(സാരം: മനുഷ്യര്‍ ഗുണത്തിന് ധൃതികാണിക്കുന്ന പ്രകാരം അല്ലാഹു അവര്‍ക്ക് ദോഷത്തെ ധൃതികൂട്ടിക്കൊടുക്കുമായിരുന്നെങ്കില്‍ അവര്‍ക്ക് അവരുടെ അവധി തീരുമാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു. (10:11). ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നിങ്ങളുടെ സ്വന്തങ്ങള്‍ക്കോ, നിങ്ങളുടെ സ്വത്തുക്കള്‍ക്കോ എതിരായി പ്രാര്‍ത്ഥിക്കരുത്. അല്ലാഹു പ്രാര്‍ത്ഥനകള്‍ക്കുത്തരം ചെയ്യുന്ന വല്ല സമയവുമായി അത് ഒത്തുകൂടിയെന്നുവരാം.’ (മു). അഥവാ അതിന് ഇടവരുന്നത് സൂക്ഷിക്കണമെന്നര്‍ത്ഥം.

17:12
  • وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ ۖ فَمَحَوْنَآ ءَايَةَ ٱلَّيْلِ وَجَعَلْنَآ ءَايَةَ ٱلنَّهَارِ مُبْصِرَةً لِّتَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ وَكُلَّ شَىْءٍ فَصَّلْنَـٰهُ تَفْصِيلًا ﴾١٢﴿
  • രാത്രിയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. എന്നാല്‍, രാത്രിയാകുന്ന ദൃഷ്ടാന്തത്തെ നാം മായിച്ചു (ഇരുട്ടിയതാക്കി) വെച്ചു; നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടിയെടുക്കാന്‍ വേണ്ടി പകലാകുന്ന ദൃഷ്ടാന്തത്തെ നാം കാണത്തക്ക (വെളിച്ചമുള്ള)താക്കുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും, കണക്കും അറിയുവാന്‍ വേണ്ടിയും. എല്ലാ കാര്യവും തന്നെ, നാമതു വിസ്തരിച്ച് വിശദീകരിച്ചിരിക്കുന്നു. (ആവശ്യമായതൊന്നും നാം വിവരിക്കാതിരുന്നിട്ടില്ല.).
  • وَجَعَلْنَا നാം ആക്കിയിരിക്കുന്നു اللَّيْلَ രാത്രിയെ وَالنَّهَارَ പകലിനെയും آيَتَيْنِ രണ്ടു ദൃഷ്ടാന്തങ്ങള്‍ فَمَحَوْنَا എന്നാല്‍ (എന്നിട്ടു - അങ്ങനെ) നാം മായിച്ചു آيَةَ اللَّيْلِ രാത്രിയുടെ (രാത്രിയാകുന്ന) ദൃഷ്ടാന്തത്തെ وَجَعَلْنَا നാം ആക്കുകയും ചെയ്തു آيَةَ النَّهَارِ പകലിന്റെ (പകലാകുന്ന) ദൃഷ്ടാന്തത്തെ مُبْصِرَةً കാണത്തക്കതു (കാണാവുന്നതു) لِّتَبْتَغُوا നിങ്ങള്‍ തേടു, (തെടിയെടുക്കു - അന്വേഷിക്കു)വാന്‍വേണ്ടി فَضْلًا അനുഗ്രഹത്തെ, ദയവിനെ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള وَلِتَعْلَمُوا നിങ്ങള്‍ അറിയുവാന്‍ വേണ്ടിയും عَدَدَ എണ്ണം السِّنِينَ കൊല്ലങ്ങളുടെ وَالْحِسَابَ കണക്കും وَكُلَّ شَيْءٍ എല്ലാ കാര്യവും (വസ്തുവും) فَصَّلْنَاهُ നാമതിനെ വിശദീകരിച്ചിരിക്കുന്നു تَفْصِيلًا ഒരു (നല്ല) വിശദീകരണം

ശാന്തത, സ്വസ്ഥത, വിശ്രമം എന്നിവക്കു ഉതകുമാറ് രാത്രിയെ ഇരുട്ടുമയമാക്കിയത്, ഉപജീവന മാര്‍ഗ്ഗങ്ങളും ഉദ്ദിഷ്ടകാര്യങ്ങളും അന്വേഷിച്ചു നേടിയെടുക്കുവാന്‍ സാധിക്കുമാറ് പകലിനെ വെളിച്ചമയമാക്കിയത്, രാവും പകലും മാറി മാറിക്കൊണ്ടു വരുന്നത് എന്നിവയിലൊക്കെ അല്ലാഹുവിന്റെ മഹിതമഹത്വങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും പല ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുന്നു. അതുകൊണ്ടു ഈ വിഷയങ്ങളെക്കുറിച്ച് അല്ലാഹു പലപ്പോഴും ക്വുര്‍ആനില്‍ ഉണര്‍ത്തിക്കാണാം. രാപ്പകലുകളുടെ മാറ്റത്തില്‍ നിന്നാണല്ലോ സമയങ്ങളുടെയും മറ്റും കണക്കുകള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. സൂ: ക്വസ്വസ് 71, 72 വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാണിച്ചതുപോലെ, സദാ സമയവും പകലോ, രാത്രിയോ മാത്രമായിരുന്നാലത്തെ അവസ്ഥയെന്തായിരിക്കും?! ആലോചിച്ചു നോക്കുക!

17:13
  • وَكُلَّ إِنسَـٰنٍ أَلْزَمْنَـٰهُ طَـٰٓئِرَهُۥ فِى عُنُقِهِۦ ۖ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَـٰمَةِ كِتَـٰبًا يَلْقَىٰهُ مَنشُورًا ﴾١٣﴿
  • എല്ലാ മനുഷ്യന്നും തന്നെ, അവന്റെ ശകുനം അവന്റെ കഴുത്തില്‍ നാം ഏര്‍പ്പെടുത്തി (ഉറപ്പിച്ചു) വെച്ചിരിക്കുന്നു.
    ക്വിയാമത്തു നാളില്‍ അവനു ഒരു ഗ്രന്ഥം (രേഖ) നാം വെളിക്കുകൊണ്ടുവരുകയും ചെയ്യും; (തുറന്നു) വിരുത്തപ്പെട്ടതായി അതവന്‍ കണ്ടെത്തുന്നതാണ്.
  • وَكُلَّ إِنسَانٍ എല്ലാ മനുഷ്യനും أَلْزَمْنَاهُ അവനു നാം ഏര്‍പ്പെടുത്തിവെച്ചിരിക്കുന്നു (അനിവാര്യമാക്കി - വേറിടാതാക്കിയിരിക്കുന്നു) طَائِرَهُ അവന്റെ ശകുനം, ലക്ഷണം فِى عُنُقِهِ അവന്റെ കഴുത്തില്‍ وَنُخْرِجُ നാം പുറപ്പെടുവിക്കുക (വെളിക്കു കൊണ്ടുവരുക)യും ചെയ്യും لَهُ അവനു يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ كِتَابًا ഒരു ഗ്രന്ഥം, രേഖ يَلْقَاهُ അതവന്‍ കാണും, കണ്ടെത്തും مَنشُورًا വിരുത്ത (നിവര്‍ത്ത)പ്പെട്ടതായി

17:14
  • ٱقْرَأْ كِتَـٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًا ﴾١٤﴿
  • (പറയപ്പെടും:) 'നിന്റെ ഗ്രന്ഥം നീ വായിച്ചു കൊള്ളുക!-
    നിന്റെ പേരില്‍ കണക്കുനോക്കുന്നവനായി ഇന്ന് നീ തന്നെ മതി!'
  • اقْرَأْ വായിക്കുക كِتَابَكَ നിന്റെ ഗ്രന്ഥം كَفَىٰ മതി بِنَفْسِكَ നീ തന്നെ, നിന്റെ സ്വന്തം الْيَوْمَ ഇന്നു عَلَيْكَ നിന്റെ പേരില്‍ حَسِيبًا കണക്കു നോക്കുന്നവനായി

കൂട്ടില്‍നിന്നു പക്ഷികള്‍ വലത്തോട്ടു പാറിയാല്‍ ശുഭം, ഇടത്തോട്ടു പാറിയാല്‍ അശുഭം എന്നും മറ്റും പക്ഷികളുടെ ചലനം നോക്കി ശകുനം നിശ്ചയിക്കുന്ന ഒരു പതിവു അറബികള്‍ക്കുണ്ടായിരുന്നു. ഇതില്‍ നിന്നു ‘പക്ഷി’ എന്നര്‍ത്ഥമുള്ള طَائِر (ത്വാഇര്‍) എന്ന വാക്ക് ‘ശകുനം’ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെട്ടു വന്നു. ഇവിടെയും ഈ അര്‍ത്ഥമാണു അതിനുള്ളത്. പക്ഷേ, ഇവിടെ പക്ഷിയല്ല – മനുഷ്യകര്‍മ്മങ്ങളാണ് – പക്ഷി (ശകുനം) എന്നതു കൊണ്ടു വിവക്ഷ. ഈ വചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ സാരം ഇപ്രകാരമാകുന്നു:-

ഒരോരുത്തന്റെയും ശകുനം അവന്റെ കഴുത്തില്‍ കെട്ടിത്തൂക്കി വെച്ചിട്ടുള്ള താലിപോലെ അവനോടൊപ്പം തന്നെ സ്ഥിതി ചെയ്യുന്നു. ഒരോരുത്തന്റെയും കര്‍മ്മങ്ങളെ ആശ്രയിച്ചാണു അവന്റെ ശുഭാശുഭ ഫലങ്ങള്‍ നിലകൊള്ളുന്നത്. പക്ഷികളെയോ മറ്റോ ആശ്രയിച്ചല്ല അത്. അതിനു പുറമെ, ക്വിയാമത്തുനാളില്‍ ഒരോരുവന്റെയും സകല കര്‍മ്മങ്ങളും സവിസ്തരം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു രേഖാഗ്രന്ഥം അവന്റെ കയ്യില്‍ കൊടുക്കപ്പെടുകയും ചെയ്യും. അതില്‍ എല്ലാം അവനു വ്യക്തമായി രേഖപ്പെടുത്തി കാണാവുന്നതായിരിക്കും. അതു കാണുമ്പോള്‍, തന്റെ ഗുണദോഷങ്ങളെയും, രക്ഷാശിക്ഷകളെയും, നേട്ടകോട്ടങ്ങളെയും കുറിച്ചു ഓരോരുത്തര്‍ക്കും ശരിക്കും വ്യക്തമാകുന്നതാണ്. പരസഹായമൊന്നും കൂടാതെ, തന്റെ കണക്കു തികച്ചും തനിക്കുതന്നെ പരിശോധിച്ചറിയാം.

17:15
  • مَّنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا ﴾١٥﴿
  • ആര്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചുവോ അവന്‍, തന്റെ സ്വന്തത്തിനു വേണ്ടിത്തന്നെയാണ് നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നത്. ആര്‍ വഴിപിഴച്ചുവോ അവന്‍, അതിനെതിരായിത്തന്നെയാണ് വഴിപിഴക്കുന്നതും. കുറ്റം വഹിക്കുന്ന ഒരു ദേഹവും (അഥവാ ആത്മാവും) മറ്റൊന്നിന്റെ കുറ്റം വഹിക്കുകയില്ല. ഒരു റസൂലിനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നവരായിരിക്കില്ലതാനും.
  • مَّنِ ആര്‍, ആരെങ്കിലും, യാതൊരുവന്‍ اهْتَدَىٰ നേര്‍മാര്‍ഗ്ഗം പ്രാപിച്ചു (എങ്കില്‍) فَإِنَّمَا يَهْتَدِي എന്നാലവന്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നത് لِنَفْسِهِ തനിക്കുവേണ്ടി തന്നെ, തന്റെ സ്വന്തത്തിനുവേണ്ടി മാത്രം وَمَن ആരെങ്കിലും, വല്ലവനും ضَلَّ വഴിപിഴച്ചു (എങ്കില്‍) فَإِنَّمَا يَضِلُّ എന്നാലവന്‍ വഴി പിഴക്കുന്നത് عَلَيْهَا അതിന്റെമേല്‍ (എതിരില്‍) തന്നെ وَلَا تَزِرُ (കുറ്റം) പേറുക (വഹിക്കുക) യില്ല وَازِرَةٌ ഒരു (കുറ്റം) പേറിയ ദേഹം (ആള്‍) وِزْرَ കുറ്റത്തെ, കുറ്റഭാരം أُخْرَىٰ മറ്റേതിന്റെ, മറ്റൊന്നിന്റെ وَمَا كُنَّا നാമായിരിക്കുകയുമില്ല مُعَذِّبِينَ ശിക്ഷിക്കുന്നവര്‍ حَتَّىٰ نَبْعَثَ നാം അയക്കുന്ന (എഴുന്നേല്‍പിക്കുന്ന) തുവരെ رَسُولًا ഒരു റസൂലിനെ

മനുഷ്യരുടെ രക്ഷാശിക്ഷകളില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മൂന്നു അടിസ്ഥാന തത്വങ്ങളാണ് ഈ വചനങ്ങളില്‍ കാണുന്നത്.
(1) ഓരോ ആളുടെയും സല്‍ക്കര്‍മ്മ ദുഷ്കര്‍മ്മങ്ങളുടെ ഫലം ആ ആള്‍ക്ക്‌ തന്നെയായിരിക്കും അനുഭവപ്പെടുക.
(2) ഒരാളുടെ കുറ്റം മറ്റൊരാള്‍ വഹിക്കുകയോ, വഹിക്കേണ്ടി വരുകയോ ഇല്ല. ഈ രണ്ടു വിഷയത്തെപ്പറ്റിയും അല്ലാഹു ഒന്നിലധികം സ്ഥലത്തു പ്രസ്താവിച്ചു കാണാം. 1-ാമത്തേതിനെപ്പറ്റി 10:108; 27:92; 39:41 മുതലായ വചനങ്ങളിലും, 2-ാമത്തേതിനെപ്പറ്റി 6:164; 35:18; 39:7; 53:38 മുതലായ വചനങ്ങളിലും നോക്കുക.
(3) റസൂലുകളെ അയച്ചു നേര്‍മ്മാര്‍ഗവും, ദുര്‍മ്മാര്‍ഗവും വിവരിച്ചുകൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടുകയോ, പ്രവാചകന്‍മാരുടെ അദ്ധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ വഴിപിഴച്ചുപോകുന്നപക്ഷം, അവര്‍ ശിക്ഷാര്‍ഹരായിരിക്കയില്ല എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.

പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു: وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ (ഒരു സമുദായവും അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാതിരുന്നിട്ടില്ല. 35:24) പ്രവാചകന്മാരുമായി നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കള്‍ വഴിയോ, വേദഗ്രന്ഥങ്ങള്‍ വഴിയോ അറിവായാലും മതിയല്ലോ. നരകത്തിന്റെ ആള്‍ക്കാരായിത്തീരുന്ന ഓരോ കൂട്ടം ആളുകളെയും അതില്‍ ഇടപ്പെടുമ്പോള്‍, നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട് നിങ്ങള്‍ക്ക് ഒരു താക്കീതുകാരനും വന്നില്ലേ (أَلَمْ يَأْتِكُمْ نَذِيرٌ) എന്ന് ചോദിക്കുമെന്നും, അപ്പോള്‍ അവര്‍: ഞങ്ങള്‍ക്ക് താക്കീതുകാര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കുകയാണുണ്ടായതെന്നു (بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا) അവര്‍ മറുപടി പറയുമെന്നും സൂറത്തുല്‍ മുല്‍കില്‍ അല്ലാഹു അറിയിച്ചിരിക്കുന്നു.

17:16
  • وَإِذَآ أَرَدْنَآ أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا۟ فِيهَا فَحَقَّ عَلَيْهَا ٱلْقَوْلُ فَدَمَّرْنَـٰهَا تَدْمِيرًا ﴾١٦﴿
  • ഒരു രാജ്യത്തെ നാം നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചാല്‍, അതിലെ സുഖിയന്‍മാരോട് നാം കല്‍പിക്കും (അനുസരിക്കുവാന്‍ കല്‍പ്പന കൊടുക്കും); എന്നിട്ട് അവര്‍ അതില്‍ തോന്നിയവാസം പ്രവര്‍ത്തിക്കും; അങ്ങനെ, അതിന്റെമേല്‍ (ആ) വാക്കു (ന്യായമായി) സ്ഥിരപ്പെടും; അപ്പോള്‍, നാം അതിനെ ഒരു തകര്‍ക്കല്‍ തകര്‍ക്കുന്നതാണ്.
  • وَإِذَا أَرَدْنَا നാം ഉദ്ദേശിച്ചാല്‍ أَن نُّهْلِكَ നാം നശിപ്പിക്കുവാന്‍ قَرْيَةً ഒരു രാജ്യത്തെ, വല്ല രാജ്യത്തെയും أَمَرْنَا നാം കല്‍പിക്കുന്നതാണ് مُتْرَفِيهَا അതിലെ സുഖിയന്‍ (സുഖലോലുപന്‍)മാരോടു فَفَسَقُوا എന്നിട്ട് (അപ്പോള്‍) അവര്‍ തോന്നിയവാസം (തെമ്മാടിത്തം - ധിക്കാരം) പ്രവര്‍ത്തിക്കും فِيهَا അതില്‍ فَحَقَّ അപ്പോള്‍ സ്ഥിരപ്പെടും, ന്യായമാകും, അവകാശപ്പെടും, യഥാര്‍ത്ഥമാകും عَلَيْهَا അതിന്റെ മേല്‍ الْقَوْلُ വാക്കു (ആ പറഞ്ഞതു) فَدَمَّرْنَاهَا അപ്പോള്‍ നാം അതിനെ തകര്‍ക്കും تَدْمِيرًا ഒരു തകര്‍ക്കല്‍

റസൂലുകള്‍ മുഖാന്തരം അല്ലാഹു നല്‍കിയിട്ടുള്ള കല്‍പനകളെ വകവെക്കാതെ ധിക്കരിച്ചുകൊണ്ട് രാജ്യത്തുള്ള നേതാക്കള്‍, മൂപ്പന്‍മാര്‍ തുടങ്ങിയ സുഖലോലുപന്‍മാര്‍ തോന്നിയ വാസത്തിലും, ദുര്‍മ്മാര്‍ഗ്ഗത്തിലും മുഴുകിക്കൊണ്ടിരിക്കും. അങ്ങനെ അവരുടെ നേതൃത്വത്തില്‍ നാട്ടില്‍ ധാര്‍മ്മികമായ അരാജകത്വം നടമാടുകയും അപ്പോള്‍ രാജ്യം ഉന്‍മൂല നാശത്തിന്നു അവകാശപ്പെട്ടതായിത്തീരുകയും ചെയ്യുന്നു. അപ്പോഴാണു അല്ലാഹു അവിടെ ഉന്‍മൂല നാശം വരുത്തുന്നത്. അല്ലാതെ, നാട്ടുകാര്‍ പൊതുവെ നിരപരാധികളായിരിക്കുമ്പോള്‍ ഒരു രാജ്യവും അല്ലാഹു നശിപ്പിക്കാറില്ല, അങ്ങനെ അവനു ഉദ്ദേശവുമില്ല എന്നു സാരം. എവിടെ നോക്കിയാലും തോന്നിയവാസത്തിലും,  സദാചാരലംഘനങ്ങളിലും മുമ്പന്‍മാരായിരിക്കുക അവിടത്തെ സുഖലോലുപന്‍മാരായിരിക്കുമല്ലോ. പൊതുജനങ്ങളും, സാധാരണക്കാരും ക്രമേണ അവരുടെ അഭീഷ്ടങ്ങള്‍ക്കുവഴങ്ങി അവരില്‍ ലയിക്കുകയാണു പതിവ്. അതുകൊണ്ടാണു സുഖിയന്‍മാരുടെ തോന്നിയവാസത്തെപ്പറ്റി എടുത്തു പറയുന്നത്.

17:17
  • وَكَمْ أَهْلَكْنَا مِنَ ٱلْقُرُونِ مِنۢ بَعْدِ نُوحٍ ۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِۦ خَبِيرًۢا بَصِيرًا ﴾١٧﴿
  • നൂഹിനു ശേഷമായി എത്ര (യേറെ) തലമുറകളെയാണ്‌ നാം നശിപ്പിച്ചിരിക്കുന്നത്?! തന്റെ അടിയാന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞനും, കണ്ടറിയുന്നവനുമായി നിന്റെ റബ്ബ് തന്നെ മതിതാനും!
  • وَكَمْ എത്രയാണു, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു مِنَ الْقُرُونِ തലമുറകളില്‍ (കാലക്കാരില്‍) നിന്നു مِن بَعْدِ ശേഷം, ശേഷമായിട്ടു نُوحٍ നൂഹിന്റെ وَكَفَىٰ മതിതാനും بِرَبِّكَ നിന്റെ റബ്ബു (തന്നെ) بِذُنُوبِ പാപങ്ങളെപ്പറ്റി عِبَادِهِ തന്റെ അടിയാന്‍മാരുടെ خَبِيرًا സൂക്ഷ്മജ്ഞാനിയായിട്ടു بَصِيرًا കണ്ടറിയുന്നവനായിട്ടു, കാണുന്നവനായ

നൂഹ് (عليه الصلاة والسلام) നബിയുടെ കാലശേഷം മുതല്‍ ഇതുവരെയായി മേല്‍ പ്രസ്താവിച്ച പ്രകാരം പൊതുശിക്ഷക്കു വിധേയരാകേണ്ടി വന്ന എത്രയോ ജനസമൂഹങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ടു! ഓരോ കൂട്ടരുടെയും തെറ്റുകുറ്റങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും, അതു എത്രമാത്രം കവിഞ്ഞുപോയിരുന്നുവെന്നുമൊക്കെ അല്ലാഹുവിനു ശരിക്കും സൂക്ഷ്മമായും അറിയാം. അതനുസരിച്ചു തന്നെയാണു അവരെ അവന്‍ ശിക്ഷിച്ചതും. അല്ലാതെ ഒരു മൊത്തക്കണക്കിലോ, ഏകദേശ അനുമാനപ്രകാരമോ അല്ല അല്ലാഹു അങ്ങിനെ ചെയ്തതു എന്നു താല്‍പര്യം. അതുപോലെയുള്ള വല്ല പൊതുശിക്ഷക്കും ബാധ്യസ്ഥരായിത്തീര്‍ന്നേക്കാനിടയുണ്ടെന്ന് നിലവിലുള്ള ഈ മുശ്രിക്കുകളും ഓര്‍ത്തുകൊള്ളട്ടെ എന്നുള്ള ഒരു സൂചനകൂടി ഇതില്‍ അടങ്ങിയിരിക്കുന്നു.

17:18
  • مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُۥ جَهَنَّمَ يَصْلَىٰهَا مَذْمُومًا مَّدْحُورًا ﴾١٨﴿
  • ആര്‍ (ഈ) ക്ഷണികമായതിനെ (ഐഹിക ജീവിതത്തെ) ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നുവോ, അതില്‍ അവന് - (അതെ) നാം വേണമെന്നു വെക്കുന്നതു നാം വേഗമാക്കികൊടുക്കുന്നതാണ്; പിന്നെ, അവനു നാം 'ജഹന്നമി'നെ (നരകത്തെ) ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്. അതില്‍ അവന്‍ ആക്ഷേപിക്കപ്പെട്ടവനായും (കാരുണ്യത്തില്‍നിന്നും) ആട്ടപ്പെട്ടവനായും കൊണ്ടുകടന്നെരിയും.
  • مَّن كَانَ ആര്‍ ആയിരുന്നു(വോ), ആരെങ്കിലും, ആയിരുന്നാല്‍ يُرِيدُ ഉദ്ദേശിക്കും الْعَاجِلَةَ ധൃതിയില്‍ തീരുന്നതിനെ, വേഗം കഴിയുന്നത്, ക്ഷണികമായത് عَجَّلْنَا നാം ധൃതിയാക്കി (വേഗമാക്കി) കൊടുക്കും لَهُ അവനു فِيهَا അതില്‍ مَا نَشَاءُ നാം ഉദ്ദേശിക്കുന്നത്, വേണമെന്നു വെക്കുന്നത് لِمَن نُّرِيدُ നാം ഉദ്ദേശിക്കുന്നവര്‍ക്ക് ثُمَّ جَعَلْنَا പിന്നെ നാം ആക്കും (ഏര്‍പ്പെടുത്തും) لَهُ അവനു جَهَنَّمَ ജഹന്നമിനെ يَصْلَاهَا അവന്‍ അതില്‍ ഏരിയും, കടക്കും (കടന്നെരിയും) مَذْمُومًا ആക്ഷേപിക്ക (കുറ്റപ്പെടുത്ത) പ്പെട്ടവനായിട്ടു مَّدْحُورًا ആട്ടപ്പെട്ട (അകറ്റപ്പെട്ട)വനായി

17:19
  • وَمَنْ أَرَادَ ٱلْـَٔاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَـٰٓئِكَ كَانَ سَعْيُهُم مَّشْكُورًا ﴾١٩﴿
  • ആര്‍ പരലോകത്തെ ഉദ്ദേശിച്ചുവോ, അവന്‍ സത്യവിശ്വാസിയായും കൊണ്ട് അതിനുവേണ്ടി അതിന്റെതായ പരിശ്രമം പരിശ്രമിക്കുകയും ചെയ്തു (വോ), എന്നാല്‍ അക്കൂട്ടര്‍ - അവരുടെ പരിശ്രമം നന്ദിപൂര്‍വം സ്വീകരിക്കപ്പെടുന്നതായിരിക്കും.
  • وَمَنْ أَرَادَ ആര്‍ ഉദ്ദേശിച്ചുവോ, ആരെങ്കിലും ഉദ്ദേശിച്ചാല്‍ الْآخِرَةَ പിന്നീടുള്ളതിനെ (പരലോകത്തെ) وَسَعَىٰ لَهَا അതിനുവേണ്ടി പരിശ്രമിക്കുക (യത്നിക്കുക)യും (ചെയ്‌താല്‍) سَعْيَهَا അതിന്റേ(തായ) പരിശ്രമം وَهُوَ അവന്‍, അവനാകട്ടെ مُؤْمِنٌ സത്യവിശ്വാസിയുമാണ് فَأُولَٰئِكَ എന്നാല്‍ ആ കൂട്ടര്‍ كَانَ ആയിരിക്കും سَعْيُهُم അവരുടെ പരിശ്രമം مَّشْكُورًا നന്ദി ചെയ്യപ്പെടുന്ന(നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെടുന്ന)തു
17:20
  • كُلًّا نُّمِدُّ هَـٰٓؤُلَآءِ وَهَـٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ ۚ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا ﴾٢٠﴿
  • എല്ലാവര്‍ക്കും - ഇക്കൂട്ടര്‍ക്കും അക്കൂട്ടര്‍ക്കും (തന്നെ) - നിന്റെ റബ്ബിന്റെ കൊടുതിയില്‍ (ദാനത്തില്‍) നിന്നും നാം അയച്ചു (നീട്ടി) കൊടുക്കുന്നതാണ്. നിന്റെ, റബ്ബിന്റെ കൊടുതി (ദാനം) മുടക്കം ചെയ്യപ്പെടുന്നതായിരിക്കയില്ലതാനും.
  • كُلًّا എല്ലാവര്‍ക്കും نُّمِدُّ നാം അയച്ചുകൊടുക്കും, നീട്ടിക്കൊടുക്കും هَٰؤُلَاءِ ഇക്കൂട്ടര്‍ക്കു, ഇവര്‍ക്കു وَهَٰؤُلَاءِ ഇക്കൂട്ടര്‍ക്കും, അവര്‍ക്കും مِنْ عَطَاءِ കൊടുതിയില്‍ (ദാനത്തില്‍) നിന്നു رَبِّكَ നിന്റെ റബ്ബിന്റെ وَمَا كَانَ ആയിട്ടില്ല, ആയിരിക്കയില്ല عَطَاءُ رَبِّكَ നിന്റെ റബ്ബിന്റെ കൊടുതി مَحْظُورًا മുടക്കപ്പെട്ട(തടയപ്പെട്ട)ത്

ക്ഷണികമായ ഈ ഐഹിക സുഖസൗകര്യങ്ങളെ ലക്ഷ്യം വെക്കുന്നവരില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഇഹത്തില്‍ താനുദ്ദേശിക്കുന്ന ഏതാനും ചില നേട്ടങ്ങള്‍ അല്ലാഹു തല്‍ക്കാലം നല്‍കിയേക്കും. എല്ലാവര്‍ക്കും പൂര്‍ണ്ണമായി ലഭിക്കുകയില്ല. അവരുടെ പര്യവസാനം നരകവുമായിരിക്കും. ശാശ്വതമായ പരലോക സുഖസൗകര്യങ്ങളെ ലക്‌ഷ്യം വെക്കുകയും, അതോടുകൂടി അതിനുവേണ്ടി വിശ്വാസപൂര്‍വ്വം പ്രയത്നം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു സസന്തോഷം സ്വീകരിക്കുകയും, അര്‍ഹമായ പ്രതിഫലം അവര്‍ക്കു നല്‍കുകയും ചെയ്യും. ഉപജീവനമാര്‍ഗ്ഗങ്ങള്‍, ജീവിതാവശ്യങ്ങള്‍ ആദിയായ ഭൗതികാനുഗ്രഹങ്ങളാകട്ടെ, എല്ലാവര്ക്കും അവന്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യും. അതില്‍ രണ്ടുകൂട്ടര്‍ക്കുമിടയില്‍ വ്യത്യാസം കാണിക്കുകയില്ല, എന്നൊക്കെയാണു ഈ വചനങ്ങളില്‍ പറഞ്ഞതിന്റെ ചുരുക്കമെന്നു പറയാം. എന്നാല്‍, അല്ലാഹു ഉപയോഗിച്ച വാക്യങ്ങള്‍ പരിശോധിക്കുന്ന പക്ഷം അതില്‍നിന്നു നമുക്കു പല കാര്യങ്ങളും മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്. ഉദാഹരണമായി:-

(1). ഐഹിക ജീവിതത്തെ ഉദ്ദേശിക്കുന്നവരെക്കുറിച്ചു പറഞ്ഞപ്പോള്‍, പരലോകത്തെ ഉദ്ദേശിക്കുന്നവരെക്കുറിച്ചു പറഞ്ഞതുപോലെ وَسَعَىٰ لَهَا سَعْيَهَا (അതിനുവേണ്ടി അതിന്റേതായ പരിശ്രമം നടത്തി) എന്നോ മറ്റോ ഒരു ഉപാധി പറഞ്ഞിട്ടില്ല. എന്തുകൊണ്ടെന്നാല്‍ പരലോകത്ത് ഗുണം കിട്ടുമെന്ന ലക്ഷ്യത്തോടെയുള്ള എല്ലാ പ്രവര്‍ത്തങ്ങളും ലക്‌ഷ്യം പ്രാപിക്കുകയില്ല. അല്ലാഹുവും റസൂലും നിര്‍ദ്ദേശിച്ച പ്രകാരമുള്ള സല്‍ക്കര്‍മ്മങ്ങളും അനുഷ്ഠാനമുറകളും സ്വീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ദീനില്‍ പുതുതായി നിര്‍മ്മിച്ചുണ്ടാക്കുന്ന ബിദ്അത്തുകള്‍ പ്രവര്‍ത്തിക്കുന്നതിന് പ്രതിഫലം ലഭിക്കുകയില്ലെന്നും അവ തള്ളപ്പെടേണ്ടതാണെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ചുരുക്കത്തില്‍ ജീവിതത്തിന്റെ പരമലക്ഷ്യം പരലോകവിജയമായിരിക്കണം.

(2). എന്നാല്‍ ഐഹിക നേട്ടങ്ങളെ ലക്ഷ്യംവെക്കുവന്നവര്‍ക്കു അവരുടെ ഉദ്ദിഷ്ട കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുമോ? അതുമില്ല. അല്ലാഹു ഉദ്ദേശിക്കുന്നതും അവന്‍ കണക്കാക്കിയതും മാത്രമേ ലഭിക്കുകയുള്ളുതാനും. ആര്‍ക്കൊക്കെ, എന്തൊക്കെയാണ് വേണ്ടത് എന്നുള്ള കാര്യവും അവന്റെ ഉദ്ദേശത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. അതിനപ്പുറം വല്ലതും നേടുവാന്‍ അവര്‍ക്കും സാദ്ധ്യമല്ല.

(3). പരലോകത്തെ ഉന്നംവെക്കുന്നവരുടെ യത്നങ്ങളും കര്‍മ്മങ്ങളും അല്ലാഹു ഒന്നും പാഴാക്കുകയില്ല. എല്ലാം നന്ദിപൂര്‍വ്വം സ്വീകരിക്കുകതന്നെ ചെയ്യും. അഥവാ, അവരുടെ ഓരോ ചലങ്ങള്‍ക്കും ഇരട്ടിക്കണക്കില്‍ പ്രതിഫലം നല്‍കുകയും, അവയെ വളര്‍ത്തി പോഷിപ്പിച്ചുകൊടുക്കുകയും ചെയ്യും.

(4). ജീവിതലക്ഷ്യത്തെ ആസ്പദമാക്കി മനുഷ്യര്‍ മേല്‍ക്കണ്ടപ്രകാരം രണ്ടു തരക്കാരായി വിഭജിക്കപ്പെട്ടുവെങ്കിലും ആഹാരം, ആരോഗ്യം, ധനം, സന്താനം ആദിയായ ഭൗതികമായ അനുഗ്രഹങ്ങളില്‍ ആ വിവേചനം ഉണ്ടായിരിക്കയില്ല. സത്യവിശ്വാസി, അവിശ്വാസി, ഇഹലോക ജീവിതത്തെ ഉന്നം വെച്ചവന്‍ എന്നിങ്ങിനെ വ്യത്യാസമില്ലാതെ അല്ലാഹു എല്ലാവര്‍ക്കും അതു പ്രദാനം ചെയ്യുകതന്നെ ചെയ്യും. പക്ഷേ, വ്യക്തികളെ സംബന്ധിച്ചിടത്തോളം അവയുടെ തോതു വ്യത്യാസപ്പെട്ടിരിക്കുമെന്നുള്ളതിന്റെ മാനദണ്ഡം അല്ലാഹുവിനുമാത്രം അറിയാവുന്ന ഒരു രഹസ്യമത്രെ. അടുത്ത വചനത്തില്‍ ഈ യാഥാര്‍ത്ഥ്യം സൂചിപ്പിക്കപ്പെട്ടിരിക്കുന്നതു കാണാം. അല്ലാഹു പറയുന്നു:-

17:21
  • ٱنظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْـَٔاخِرَةُ أَكْبَرُ دَرَجَـٰتٍ وَأَكْبَرُ تَفْضِيلًا ﴾٢١﴿
  • നോക്കുക; അവരില്‍ (മനുഷ്യരില്‍) ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠമാക്കിയിരിക്കുന്നതു എങ്ങിനെയാണെന്നു! പരലോകമാകട്ടെ, പദവികളില്‍ ഏറ്റം വലുതും, ശ്രേഷ്ഠതയില്‍ ഏറ്റം വലുതും തന്നെയാകുന്നു.
  • انظُرْ നോക്കുക كَيْفَ എങ്ങിനെ, എപ്രകാരമാണു فَضَّلْنَا നാം ശ്രേഷ്ഠമാക്കി (മെച്ചപ്പെടുത്തി) യത് بَعْضَهُمْ അവരില്‍ ചിലരെ عَلَىٰ بَعْضٍ ചിലരെക്കാള്‍ وَلَلْآخِرَةُ പരലോകം തന്നെ أَكْبَرُ ഏറ്റം വലുതു دَرَجَاتٍ പദവികളില്‍, പടികളാല്‍ وَأَكْبَرُ ഏറ്റം വലുതും تَفْضِيلًا ശ്രേഷ്ഠത നല്‍കുന്നതിലും (ശ്രേഷ്ഠതയാലും)

ധനം, ദാരിദ്ര്യം, രോഗം, ആരോഗ്യം, സുഖം, ദുഃഖം, സന്താനലാഭം, സന്താനനഷ്ടം, ജ്ഞാനം, അജ്ഞാനം, ബുദ്ധി, ഭോഷത്തം ആദിയായ അനേകമനേകം ഭൗതികകാര്യങ്ങളില്‍ സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും തമ്മില്‍ പൊതുവെ വ്യത്യാസപ്പെടാറില്ല. പക്ഷേ, രണ്ടു വിഭാഗത്തിലെയും വ്യതികളെ സംബന്ധിച്ചിടത്തോളം വ്യത്യാസങ്ങള്‍ അനുഭവപ്പെടാറുണ്ട്. ചിലപ്പോഴെല്ലാം ഇതിനു – വ്യക്തിപരമോ സാഹചര്യപരമോ ആയ – ബാഹ്യമായ വല്ല കാരണങ്ങളും നമുക്കു കണ്ടെത്തുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഈ ഏറ്റക്കുറവിന്റെ സാക്ഷാല്‍ കാരണം അല്ലാഹുവിനേ അറിഞ്ഞുകൂടൂ. അവന്റെ ഉദ്ദേശത്തെയും, നിയന്ത്രണത്തെയും മാത്രം ആശ്രയിച്ചാണു അതുള്ളതു എന്നു അല്‍പം ആലോചിച്ചാല്‍ കാണാവുന്നതാകുന്നു.

ബുദ്ധിമതികളും, വിദ്യാസമ്പന്നരും, അതിസമര്‍ത്ഥരുമായ ആളുകളെ ദരിദ്രന്‍മാരും രോഗികളുമായി കാണപ്പെടുകയും, മറിച്ച് ഭോഷന്‍മാരും വിഡ്ഢികളും ദുര്‍ബ്ബലരുമായവരെ ആരോഗ്യവാന്‍മാരും, ധനാഡ്യന്‍മാരുമായി കാണപ്പെടുകയും ചെയ്യുന്നതു ദുര്‍ല്ലഭമല്ലല്ലോ. ആവശ്യമായ പോഷകാംശങ്ങള്‍ അടങ്ങിയ ഭക്ഷണക്രമവും ആരോഗ്യശാസ്ത്രവിധികളും മുറതെറ്റാതെ സൂക്ഷിച്ചുപോരുന്ന വ്യക്തികള്‍ക്കു മഹാരോഗം പിടിപെടുന്നതും, താളും തവരയും തിന്നും, വൈദ്യോപദേശങ്ങള്‍ അറിയാതെയും കഴിഞ്ഞുകൂടുന്ന വ്യക്തികള്‍ ആരോഗ്യദൃഢഗാത്രന്‍മാരായി നടക്കുന്നതും അപൂര്‍വ്വമല്ല. അപ്പോള്‍, ഇതിന്റെയെല്ലാം പിന്നില്‍ ഒരു അദൃശ്യമായ നിയന്ത്രണം നടക്കുന്നുവെന്നു സ്പഷ്ടമാണ്. അതു അല്ലാഹുവിന്റേതല്ലാതെ മറ്റാരുടേതുമല്ല. അതാണ്‌ ഈ വചനത്തിലെ ആദ്യത്തെ വാക്യം ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയം സൂ: അന്‍ആം 165; സുഖ്റുഫ്:32 മുതലായ സ്ഥലങ്ങളില്‍ അല്ലാഹു കൂടുതല്‍ വ്യക്തമായി പ്രസ്താവിച്ചു കാണാം.

മേല്‍ പ്രസ്താവിച്ച പ്രകാരം ഐഹിക സുഖസൗകര്യങ്ങളില്‍ ചിലര്‍ ചിലരെക്കാള്‍ കവിഞ്ഞവരും, കുറഞ്ഞവരുമായിരിക്കും, എന്നാല്‍, പരലോകത്തില്‍ ഈ ഏറ്റക്കുറവു ഏറ്റവും അധികം വമ്പിച്ചതോതിലായിരിക്കും ഉണ്ടായിരിക്കുക എന്നത്രെ രണ്ടാമത്തെ വാക്യത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. സജ്ജനങ്ങള്‍ സ്വര്‍ഗ്ഗീയ സുഖസൗകര്യങ്ങളില്‍ നിത്യാനന്ദരായിരിക്കും. ദുര്‍ജ്ജനങ്ങള്‍ നരകീയ കഠിനശിക്ഷകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരുമായിരിക്കും. ഇരുവിഭാഗക്കാരിലുമുള്ള വ്യക്തികളാകട്ടെ, ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ക്കനുസരിച്ച് പദവികളില്‍ വ്യത്യസ്തരുമായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: “അല്ലാഹുവിന്റെ സദ്‌-വൃത്തരായ അടിയാന്‍മാര്‍ക്കു ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരാളുടെ മനസ്സിലും തോന്നിയിട്ടില്ലാത്തതും (ആയ അനുഗ്രഹങ്ങള്‍) അവന്‍ ഒരുക്കിവെച്ചിരിക്കുന്നു.” (ബു.മു). മറ്റൊരു ഹദീഥില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: “ഉന്നതപദവിക്കാരായ ആളുകള്‍ ‘ഇല്ലിയീനി’ല്‍ വസിക്കുന്നവരെ കാണുന്നതു നിങ്ങള്‍ ആകാശത്തിലെ വിദൂര നക്ഷത്രങ്ങളെ കാണുന്നതു പോലെയായിരിക്കും.” (ബു. മു). സ്വര്‍ഗ്ഗവാസികളായ സജ്ജനങ്ങളില്‍ തന്നെയുള്ള പദവി വ്യത്യാസമാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുപോലെ, നരകവാസികള്‍ക്കിടയിലും ശിക്ഷാനുഭവങ്ങളില്‍ വമ്പിച്ച വ്യത്യാസങ്ങളുണ്ടായിരിക്കും.

പരലോകത്തെ ലക്‌ഷ്യംവെച്ചുകൊണ്ട് സത്യവിശ്വാസത്തോടുകൂടി പരലോക നന്മക്കുവേണ്ടി പരിശ്രമിക്കുകയാണു വിജയത്തിനുള്ള മാര്‍ഗ്ഗമെന്നു മുന്‍വചനങ്ങളില്‍ ചൂണ്ടിക്കാട്ടിയല്ലോ. ആ മാര്‍ഗ്ഗം ഏതാണെന്നുള്ളതിനു ഒരു വിശദീകരണമാണു തുടര്‍ന്നുള്ള ഏതാനും വചനങ്ങള്‍. സ്വാഭാവികമായും ഏകദൈവ വിശ്വാസമാണു എല്ലാറ്റിന്റെയും അടിത്തറയെന്നു പറയേണ്ടതില്ല. അല്ലാഹു പറയുന്നു:-

17:22
  • لَّا تَجْعَلْ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتَقْعُدَ مَذْمُومًا مَّخْذُولًا ﴾٢٢﴿
  • അല്ലാഹുവോടുകൂടി വേറെ ഒരു ആരാധ്യനെയും നീ ഏര്‍പ്പെടുത്തരുത്; എന്നാല്‍ (അങ്ങിനെ ചെയ്‌താല്‍), നീ ആക്ഷേപിക്കപ്പെട്ടവനായും, കൈവെടിയപ്പെട്ടവനായും ഇരിക്കേണ്ടിവരും.
  • لَّا تَجْعَلْ നീ ആക്ക (ഉണ്ടാക്ക - ഏര്‍പ്പെടുത്ത) രുത് مَعَ اللَّهِ അല്ലാഹുവിന്റെ കൂടെ إِلَٰهًا آخَرَ വേറെ ആരാധ്യനെ فَتَقْعُدَ എന്നാല്‍ നീ ഇരുന്നുപോകും, ഇരിക്കേണ്ടിവരും مَذْمُومًا ആക്ഷേപിക്കപ്പെട്ടവനായി مَّخْذُولًا കൈവെടിയപ്പെട്ട (സഹായം ലഭിക്കാത്ത) വനായി