വിഭാഗം - 3

17:23
 • وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴾٢٣﴿
 • നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും. അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു 'പ്ഫെ!' (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.
 • وَقَضَىٰ തീരുമാനിച്ചിരിക്കുന്നു (കല്‍പിച്ചിരിക്കുന്നു), വിധിച്ചു رَبُّكَ നിന്റെ റബ്ബു أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا إِيَّاهُ അവനെയല്ലാതെ وَبِالْوَالِدَيْنِ മാതാപിതാക്കളോടു إِحْسَانًا നന്മചെയ്‌വാനും, നന്‍മ പ്രവര്‍ത്തിക്കുകയും (വേണമെന്നു) إِمَّا يَبْلُغَنَّ പ്രാപിച്ചേക്കുന്ന പക്ഷം عِندَكَ നിന്റെ അടുക്കല്‍ الْكِبَرَ വാര്‍ദ്ധക്യം أَحَدُهُمَا ആ രണ്ടിലൊരാള്‍ أَوْ كِلَاهُمَا അല്ലെങ്കില്‍ അവര്‍ രണ്ടാളും فَلَا تَقُل എന്നാല്‍ നീ പറയരുതു لَّهُمَا അവര്‍ രണ്ടാളോടു أُفٍّ പ്ഫെ!, ച് ഛെ! (എന്നു) وَلَا تَنْهَرْهُمَا അവരോടു കയര്‍ക്കുക (അധിക്ഷേപിക്കുക)യും ചെയ്യരുത് وَقُل പറയുകയും ചെയ്യുക لَّهُمَا അവര്‍ രണ്ടാളോടും قَوْلًا വാക്കു, പറയല്‍ كَرِيمًا മാന്യമായ, ആദരവുള്ള

17:24
 • وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا ﴾٢٤﴿
 • കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്.
 • وَاخْفِضْ താഴ്ത്തുകയും ചെയ്യുക لَهُمَا അവര്‍ക്കു جَنَاحَ ചിറകു, പക്ഷം الذُّلِّ എളിമയുടെ, താഴ്മയാകുന്ന مِنَ الرَّحْمَةِ കാരുണ്യത്താല്‍, കരുണ നിമിത്തം وَقُل നീ പറയുകയും ചെയ്യുക رَّبِّ എന്റെ റബ്ബേ ارْحَمْهُمَا അവര്‍ രണ്ടാളോടും (രണ്ടാള്‍ക്കും) നീ കരുണ ചെയ്യണേ كَمَا رَبَّيَانِي രണ്ടുപേരും എന്നെ വളര്‍ത്തിയ (പരിപാലിച്ച)തു പോലെ صَغِيرًا ചെറുപ്പമായിരിക്കെ (ചെറുപ്പത്തില്‍)

ഈ വചനങ്ങളിലും, തുടര്‍ന്നുള്ള ചില വചനങ്ങളിലും ‘നീ’ എന്നും ‘നിന്റെ’ എന്നും പോലെയുള്ള സംബോധനകള്‍ പ്രത്യക്ഷത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടുള്ളവയാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവ സമുദായത്തെ മുഴുവനും ഉദ്ദേശിച്ചുകൊണ്ടുള്ളതാകുന്നു പ്രസംഗവേളകളില്‍ സദസ്യരെ മുഴുവനും ഉന്നംവെച്ചുകൊണ്ട് ‘സഹോദരാ’ എന്നും മറ്റും ഏകവചന രൂപത്തില്‍ സംബോധനചെയ്യാറുണ്ടല്ലോ.

യാതൊരു വിട്ടുവീഴ്ചയും കൂടാതെ രണ്ടു കാര്യങ്ങള്‍ അല്ലാഹു തീരുമാനിച്ചുറപ്പിച്ചു വെച്ചിരിക്കുന്നുവെന്നറിയിച്ചുകൊണ്ടാണ് ആദ്യത്തെ രണ്ടു കല്‍പനകളും അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

(1). അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്ന്. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശേഷിച്ചൊന്നും വിവരിക്കേണ്ട ആവശ്യമില്ല.

(2). മാതാപിതാക്കളോടു നന്മചെയ്യണമെന്ന്. മനുഷ്യന്റെ ജന്മത്തിനു കാരണക്കാരും, അവന്‍ ജീവിക്കുവാന്‍ സ്വയംപര്യാപ്തനായിത്തീരുന്നതുവരെ കണക്കറ്റ കഷ്ടനഷ്ടങ്ങള്‍ സഹിച്ചുകൊണ്ട് അവനെ പരിപാലിച്ചു വളര്‍ത്തിപോന്നവരും അവരാണല്ലോ. അല്ലാഹുവിനോടു മനുഷ്യനുള്ള ഏറ്റവും മഹത്തായ കടമയെക്കുറിച്ചു പ്രസ്താവിച്ച ഉടനെത്തന്നെ – അതോടുചേര്‍ത്തുകൊണ്ടു – മാതാപിതാക്കളോടു മക്കള്‍ നിറവെറ്റേണ്ടുന്ന കടമയെക്കുറിച്ചു പ്രസ്താവിച്ചതില്‍ നിന്നു അവരോടുള്ള കടമകള്‍ക്കു അല്ലാഹു കല്‍പിച്ച പ്രധാന്യം എത്ര വമ്പിച്ചതാണെന്നു മനസ്സിലാക്കാവുന്നതാണ്. ഇവിടെ മാത്രമല്ല, വേറെ പല വചനങ്ങളിലും ഈ രണ്ടു കാര്യങ്ങളും ഇതുപോലെ അല്ലാഹു കൂട്ടിച്ചേര്‍ത്തു പ്രസ്താവിച്ചിരിക്കുന്നത് കാണാം ചില സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ വക ഒരു വസ്വിയത്തുകൂടിയായിട്ടാണ് മാതാപിതാക്കള്‍ക്കു നന്‍മചെയ്യുന്ന കാര്യം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. (അങ്കബൂത്ത് 8; ലുഖ്മാന്‍ 14; അഹ്ഖാഫ് 15 എന്നിവിടങ്ങളില്‍ നോക്കുക).

മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നു കല്‍പിച്ചു മതിയാക്കാതെ, അതിനൊരു രൂപരേഖയൊന്നോണം തുടര്‍ന്നുവിവരിക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ നല്‍കിയ ആ വിവരണങ്ങള്‍ ഇവയാകുന്നു:-

(1). മാതാവോ, പിതാവോ, അല്ലെങ്കില്‍ രണ്ടാളുമോ വാര്‍ദ്ധക്യം പ്രാപിക്കുന്നപക്ഷം, മക്കള്‍ അവരോടു ‘പ്ഫെ! ച് ഛെ!’ എന്നിങ്ങനെയുള്ള അറപ്പിന്റെയും വെറുപ്പിന്റെയും വാക്കുകള്‍ പറഞ്ഞുകൂടാ. എക്കാലത്തും അവരോടു അനുവര്‍ത്തിക്കപ്പെടേണ്ടുന്ന ഒരു കടമതന്നെയാണ് ഇത്. എങ്കിലും പ്രായാധിക്യം നേരിടുമ്പോള്‍ അവരുടെ വാക്കിലും പെരുമാറ്റത്തിലുമൊക്കെ ചെറുപ്പക്കാരായ മക്കള്‍ക്കു രുചിക്കാത്ത പലതും കൂടുതല്‍ അനുഭവപ്പെടുക സ്വാഭാവികമായിരിക്കും. അതുകൊണ്ടാണ് പ്രായാധിക്യം വരുമ്പോഴത്തെ കാര്യം പ്രത്യേകം അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നത്.

(2). അവരോടു കയര്‍ത്തു സംസാരിക്കുകയോ, പരുഷവാക്കുകള്‍ പറയുകയോ ചെയ്യരുത്.

(3). അതും പോരാ, അവരോടു സംസാരിക്കുന്നതു മാന്യമായ വാക്കുകളിലായിരിക്കുക കൂടി വേണം. അഥവാ, അച്ചടക്കവും, മര്യാദയും, ബഹുമാനവും പ്രകടമാവുന്ന വാക്കുകളായിരിക്കണം ഉപയോഗിക്കുന്നത്. ഈ ‘മാന്യമായ വാക്കു’ (قَوْلًا كَرِيمًا) കൊണ്ടു എന്താണുദ്ദേശ്യമെന്നു ചോദിക്കപ്പെട്ടപ്പോള്‍, സഈദുബ്നുല്‍ മുസയ്യബ് (رحمه الله) ഇപ്രകാരം മറുപടി പറഞ്ഞതായി ഇബ്നു ജരീര്‍ (رحمه الله) നിവേദനം ചെയ്തിരിക്കുന്നു: قَوْلُ الْعَبْدِ الْمُذْنِبِ لِلسَّيِّدِ الْفَظِّ (പാപം ചെയ്ത അടിമ കഠിന സ്വഭാവിയായ യജമാനനോടു പറയും പ്രകാരമുള്ള വാക്ക്). അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമാണല്ലോ ശിര്‍ക്ക്. ആ ശിര്‍ക്ക് ചെയ്‌വാന്‍ വല്ല മാതാപിതാക്കളും മക്കളോട് നിര്‍ബ്ബന്ധം ചെലുത്തിയാല്‍ ആ വിഷയത്തില്‍ അവരെ അനുസരിക്കരുതെന്നു കല്‍പിച്ചതോടൊപ്പം തന്നെ, സൂറത്തു ലുഖ്മാനില്‍ അവരോടു ഇഹത്തില്‍ സദാചാരമനുസരിച്ചു – നല്ല നിലയില്‍ – സഹവസിക്കുകയും വേണം (وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا) എന്നുകൂടി അല്ലാഹു കല്‍പിച്ചിരിക്കുന്നു.

(4). അവര്‍ക്കു എളിമയാകുന്ന ചിറകു താഴ്ത്തിക്കൊടുക്കണം. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹവാത്സല്യം നിമിത്തം അതിന്റെ ചിറകുവിടര്‍ത്തി താഴ്ത്തിക്കൊടുത്തുകൊണ്ടു അതിനുള്ളില്‍ അവയെ അണച്ചുകൂട്ടാറുള്ളതിനോടു ഉപമിച്ചുകൊണ്ടുള്ള ഒരു അലങ്കാരപ്രയോഗമാണ് ‘ചിറകു താഴ്ത്തല്‍’ (خفض الجناح). ഒരുകാലത്തു സ്നേഹവാത്സല്യത്തോടുകൂടി അവര്‍ ഇങ്ങോട്ടു പെരുമാറിയപോലെ, ഇപ്പോള്‍ അവരോടങ്ങോട്ട് താഴ്മയോടും വിനയത്തോടും പെരുമാറണമെന്നു താല്‍പര്യം. ഇതു കേവലം ഒരു പ്രകടനമോ, അഭിനയമോ ആയിക്കൂടാ – അവരുടെ നേരെയുള്ള കാരുണ്യത്തില്‍നിന്നും കൃപയില്‍നിന്നും ഉടലെടുത്തതായിരിക്കുകയും വേണം എന്നുകൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അതാണു مِنَ الرَّحْمَةِ (കാരുണ്യം നിമിത്തം) എന്ന വാക്കു സൂചിപ്പിക്കുന്നത്.

(5). അവര്‍ക്കുവേണ്ടി رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (എന്റെ റബ്ബേ, അവര്‍ രണ്ടാളും എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയുണ്ടാക്കിയതുപോലെ നീ അവരോടു കരുണ ചെയ്യേണമേ!) എന്നു പ്രാര്‍ത്ഥിക്കണം. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നോ മറ്റോ പറഞ്ഞുമതിയാക്കാതെ, പ്രാര്‍ത്ഥിക്കേണ്ട മാതൃകകൂടി അല്ലാഹു കാണിച്ചു തന്നിരിക്കുകയാണ്. ചെറുപ്പക്കാലത്തു എന്നെ വളര്‍ത്തിയുണ്ടാക്കുവാന്‍ അവര്‍ വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ അവരോടുള്ള എന്റെ കടപ്പാടു വേണ്ടതുപോലെ നിര്‍വ്വഹിക്കുവാന്‍ എനിക്ക് സാധ്യമല്ല. അതുകൊണ്ട് അതിന്റെ പേരില്‍ നീ തന്നെ നിന്റെ കാരുണ്യം അവരില്‍ ചൊരിയേണമേ! എന്നാണാ പ്രാര്‍ത്ഥനയുടെ താല്‍പര്യം.

മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, അവരുടെ മരണശേഷവും മക്കള്‍ക്കു അവരോടു ചില കടപ്പാടുകളുണ്ട്. അവയില്‍ ഒന്നത്രെ അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. ‘എന്റെ മാതാപിതാക്കള്‍ മരണപ്പെട്ടശേഷം അവര്‍ക്കു ഞാന്‍ ചെയ്യേണ്ടുന്ന വല്ല പുണ്യവും എന്റെ മേല്‍ ബാക്കിയുണ്ടോ?’ എന്നു ഒരാള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചോദിച്ചു. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ മറുപടി പറയുകയുണ്ടായി: ‘ഉണ്ട്. നാലു കാര്യങ്ങളുണ്ട്. അവരുടെ പേരില്‍ (ജനാസഃ) നമസ്കരിക്കുകയും അവര്‍ക്കു പാപമോചനം തേടുകയും ചെയ്യലും, അവരുടെ വാഗ്ദത്തം നടപ്പിലാക്കലും, അവരുടെ ചങ്ങാതിമാരെ ആദരിക്കലും, അവര്‍ മുഖാന്തിരം മാത്രമുണ്ടാകുന്ന രക്തബന്ധം (കുടുംബബന്ധം) പാലിക്കലും. ഇവയാണു അവരുടെ മരണശേഷം അവരോടു ചെയ്യേണ്ടുന്ന പുണ്യത്തില്‍ നിന്റെമേല്‍ ബാക്കിയുള്ളത്.’ (അ; ദാ; ജ). ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഒരിക്കല്‍ മക്കായിലെ ഒരു തെരുവീഥിയില്‍വെച്ചു ഒരു ‘അഅ്റാബി’യെ (ഗ്രാമീണനെ) കണ്ടപ്പോള്‍, അദ്ദേഹത്തിനു സലാം ചൊല്ലി വാഹനപ്പുറത്തു നിന്നിറങ്ങി. അദ്ദേഹത്തെ അതിന്‍മേല്‍ ഒന്നിച്ചിരുത്തുകയും, തന്റെ തലപ്പാവ് അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. ഇബ്നുദീനാര്‍ (റ) പറയുകയാണ്‌: “ഈ അഅ്റാബികള്‍ക്ക് അല്‍പം കൊടുത്താലും അവര്‍ തൃപ്തിപ്പെടുമല്ലോ” എന്ന് ഞങ്ങള്‍ അപ്പോള്‍ ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നോടു പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “ഇയാളുടെ പിതാവു (എന്റെ പിതാവായ) ഉമറിന്റെ ഒരു ഇഷ്ടക്കാരനായിരുന്നു. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുമുണ്ട്. “പുണ്യത്തില്‍വെച്ചു വളരെ നല്ല ഒരു പുണ്യമാണു പിതാവു പിന്നിട്ടുപോയ ശേഷം അദ്ദേഹത്തിന്റെ ഇഷ്ടക്കാരോടു ബന്ധം ചേര്‍ക്കുന്നത്.” (മു.).

മാതാപിതാക്കള്‍ക്ക് നന്മ ചെയ്യലും, അവരോടുള്ള കടപ്പാടുകളും സംബന്ധിച്ച് പല ക്വുര്‍ആന്‍ വചനങ്ങളും നിലവിലുള്ളതിനു പുറമെ, ധാരാളം ഹദീഥുകളും കാണാവുന്നതാകുന്നു. ഓര്‍മ്മക്കായി, ചുരുക്കം ചിലത് ഇവിടെ ഉദ്ധരിക്കാം.

1. ഇബ്നുമസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയാണ്‌: “അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മം ഏതാണ്?” എന്ന് ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് ചോദിച്ചു അവിടുന്ന് പറഞ്ഞു: “നമസ്കാരം അതിന്റെ സമയത്ത് ചെയ്യലാണ്.” ഞാന്‍ ചോദിച്ചു: “പിന്നെ ഏതാണ്?” അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലാണ്.” (ബു. മു).

2. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: മാതാപിതാക്കളെ (അന്യരുടെ) അടിമകളായി കണ്ടിട്ട് അവരെ വിലകൊടുത്തു വാങ്ങി മോചിപ്പിച്ചാലല്ലാതെ ഒരു സന്താനത്തിന് അവരോട് പ്രത്യുപകാരം ചെയ്യാന്‍ സാധിക്കുന്നതല്ല.” (മു.).

3. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അദ്ദേഹം വീണ്ടും ഉദ്ധരിക്കുന്നു: “തന്റെ മാതാപിതാക്കളെ – ഒരാളെയോ രണ്ടാളെയും തന്നെയോ – (അവരുടെ) വാര്‍ദ്ധക്യകാലത്ത് തനിക്ക് കിട്ടിയിട്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍ നിന്ദ്യനാണ്! നിന്ദ്യനാണ്! നിന്ദ്യനാണ്!” (മു.).

4. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബ്ദുല്ലാഹിബ്നുഅംറിബ്നില്‍ ആസ്വ് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: “മഹാപാപങ്ങള്‍ എന്നാല്‍, അല്ലാഹുവിനോടു പങ്ക് ചേര്‍ക്കലും, മാതാപിതാക്കളെ വെറുപ്പിക്കലും, ആളെ കൊലപ്പെടുത്തലും, കള്ളസത്യം ചെയ്യലുമാകുന്നു.” (ബു; മു.). പിതാക്കളെക്കാള്‍ മാതാക്കളോടാണ് മക്കള്‍ക്ക് കൂടുതല്‍ കടപ്പാടുള്ളതെന്നും ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും, നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാകുന്നു. ഗര്‍ഭകാലത്തും പ്രസവിച്ചശേഷം മുലകുടി കഴിഞ്ഞു പിരിയുന്നതുവരെയും മക്കള്‍ക്കുവേണ്ടി ഏറ്റവുമധികം ബുദ്ധിമുട്ടും കഷ്ടപ്പാടും അനുഭവിക്കുന്നത് മാതാക്കളാണല്ലോ. സൂ: ലുഖ്മാനിലെ ആയത്തില്‍ അല്ലാഹു ഇക്കാര്യം എടുത്തു പറഞ്ഞിരിക്കുന്നത് കാണാം.

സത്യവിശ്വാസികളായ ആളുകള്‍ തങ്ങളുടെ മാതാപിതാക്കളോടു എത്രമാത്രം സൗമ്യത്തിലും മയത്തിലും പെരുമാറേണ്ടതുണ്ടെന്നുള്ളതു ഇതില്‍ നിന്നൊക്കെ നല്ലപോലെ മനസ്സിലാക്കാം. ധാര്‍മ്മിക മൂല്യങ്ങളും, മാനുഷിക ഗുണങ്ങളും ഓരോന്നോരോന്നായി ചവിട്ടിമെതിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് – മീതെയുള്ളവരോടു ബഹുമാനവും സമന്‍മാരോട് സ്നേഹവും താഴെയുള്ളവരോട് കൃപയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് – മാതാപിതാക്കളോട് മക്കള്‍ക്ക് പ്രത്യേക കടമകളൊന്നുമില്ലെന്നും, അവര്‍ നിമിത്തമാണ് നാം ഈ ജീവിതക്ലേശങ്ങള്‍ അനുഭവിക്കാന്‍ ഇടയായതെന്നും തുറന്നാക്ഷേപിക്കുവാന്‍ പോലും ചില മനുഷ്യരൂപികള്‍ ധൈര്യപ്പെടുന്ന ഈ കാലത്ത് – ക്വുര്‍ആനിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹദീഥിലും വിശ്വാസമുള്ള ഓരോ മുസ്‌ലിമും ഈ തുറയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു, പക്ഷേ അനുഭവം വെച്ചുനോക്കുമ്പോള്‍, കുറെയൊക്കെ അറിവും പഠിപ്പുമുള്ളവരില്‍ പോലും വൃദ്ധരായ മാതാപിതാക്കളുടെ നേരെ അനാദരവും, അലംഭാവനയവും കാണിക്കുന്നവര്‍ ധാരാളമുണ്ടെന്നുള്ളതു വളരെ ഖേദകരവും ലജ്ജാവഹവുമത്രെ! അല്ലാഹുവില്‍ ശരണം! അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ. ആമീന്‍. അല്ലാഹു പറയുന്നു:

17:25
 • رَّبُّكُمْ أَعْلَمُ بِمَا فِى نُفُوسِكُمْ ۚ إِن تَكُونُوا۟ صَـٰلِحِينَ فَإِنَّهُۥ كَانَ لِلْأَوَّٰبِينَ غَفُورًا ﴾٢٥﴿
 • നിങ്ങളുടെ റബ്ബ് നിങ്ങളുടെ മനസ്സുകളിലുള്ളതിനെപ്പറ്റി ഏറ്റവും അറിയുന്നവനാണ്; നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം, അവന്‍ (മനസാ ഖേദിച്ചു) മടങ്ങുന്നവര്‍ക്കു വളരെ പൊറുക്കുന്നവനാകുന്നു.
 • رَّبُّكُمْ നിങ്ങളുടെ റബ്ബു أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി فِي نُفُوسِكُمْ നിങ്ങളുടെ സ്വന്തം (മനസ്സു)കളില്‍ إِن تَكُونُوا നിങ്ങളായിരിക്കുന്ന പക്ഷം صَالِحِينَ നല്ലവര്‍, സദ്‌വൃത്തര്‍ فَإِنَّهُ كَانَ എന്നാല്‍ അവനാകുന്നു لِلْأَوَّابِينَ (മനസാ) മടക്കുമുള്ളവര്‍ക്കു غَفُورًا വളരെ പൊറുക്കുന്നവന്‍

മനുഷ്യമനസ്സുകളിലെ വിചാര വികാരങ്ങളും, ഉദ്ദേശ്യലക്ഷ്യങ്ങളുമൊക്കെ മനുഷ്യനെക്കാള്‍ അറിയുന്നവനാണ് അല്ലാഹു. അതനുസരിച്ചായിരിക്കും അവന്റെ ചെയ്തികളെ അവന്‍ വിലയിരുത്തുക. മനുഷ്യന്‍ സല്‍ക്കര്‍മ്മങ്ങള്‍ മുഖേന നല്ലവനായിത്തീരുന്നപക്ഷം – സ്വന്തം പാകപ്പിഴവുകളെയും, തെറ്റുകുറ്റങ്ങളെയും സംബന്ധിച്ച് ഖേദവും പശ്ചാത്താപവുമുണ്ടായിരിക്കുക അതിന്റെ അനിവാര്യ ഫലവുമാണ്‌ – അതിന്റെ വീഴ്ചകളും കുറ്റങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുക തന്നെ ചെയ്യും എന്നു സാരം.

ഇപ്പറഞ്ഞതു ഒരു പൊതുതത്വമെന്ന നിലക്കാണെങ്കിലും – സന്ദര്‍ഭം നോക്കുമ്പോള്‍ – ഇതില്‍ ചില സൂചനകള്‍ അടങ്ങിയിട്ടുണ്ടെന്നു കാണാവുന്നതാണ്.

(1). മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലും നയത്തിലും നിങ്ങളുടെ യഥാര്‍ത്ഥ മനഃസ്ഥിതി എന്താണെന്നു അല്ലാഹുവിനു നല്ലപോലെ അറിയാം. അതുകൊണ്ട് ഹൃദയം തീണ്ടാത്ത ബാഹ്യപ്രകടനങ്ങളൊന്നും അവന്റെ അടുക്കല്‍ സ്വീകാര്യമായിരിക്കയില്ലെന്നു ഓര്‍ക്കേണ്ടതാകുന്നു.

(2). സദുദ്ദേശ്യത്തോടു കൂടിയും, ആത്മാര്‍ഥതയോടുകൂടിയും നിങ്ങളാല്‍ കഴിയുന്നവിധം നല്ല നിലക്ക് നിങ്ങള്‍ അവരോടു പെരുമാറുന്നതായാല്‍, നിങ്ങള്‍ അറിയാതെയോ നിങ്ങള്‍ക്കു കഴിയാതെയോ വരുന്ന പോരായ്മകളെ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരും.

മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചു പ്രസ്താവിച്ചശേഷം, അവര്‍ക്കു പുറമെയുള്ള അടുത്ത ബന്ധുക്കളോടും മറ്റും പാലിക്കേണ്ടുന്ന കടമകളെപ്പറ്റി പ്രസ്താവിക്കുന്നു:-

17:26
 • وَءَاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ وَلَا تُبَذِّرْ تَبْذِيرًا ﴾٢٦﴿
 • അടുത്ത (കുടുംബ) ബന്ധമുള്ളവനു അവന്റെ അവകാശം നീ നല്‍കുകയും ചെയ്യുക; സാധുവിനും, വഴിപോക്കനും (അവരുടെ അവകാശവും), (ദുര്‍വ്യയമായി) വിതറിക്കളയുകയും ചെയ്യരുത്.
 • وَآتِ നല്‍കുകയും ചെയ്യുക ذَا الْقُرْبَىٰ അടുത്ത ബന്ധമുള്ളവനു حَقَّهُ അവന്റെ അവകാശം, അവന്റെ (അവനോടുള്ള) കടമ وَالْمِسْكِينَ സാധുവിന്നും, പാവപ്പെട്ടവനും وَابْنَ السَّبِيلِ വഴിപോക്കനും وَلَا تُبَذِّرْ വിതറുക (വിതക്കുക - ധൂര്‍ത്തടിക്കുക - ദുര്‍വ്യയം ചെയ്യുക)യും അരുതു تَبْذِيرًا ഒരു വിതറല്‍, ധൂര്‍ത്തടി, ദുര്‍വ്യയം
17:27
 • إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَـٰطِينِ ۖ وَكَانَ ٱلشَّيْطَـٰنُ لِرَبِّهِۦ كَفُورًا ﴾٢٧﴿
 • നിശ്ചയമായും (ദുര്‍വ്യയമായി) വിതറുന്നവര്‍ പിശാചുക്കളുടെ സഹോദരന്‍മാരായിരിക്കുന്നതാണ്. പിശാച് അവന്റെ റബ്ബിനോട് വളരെ നന്ദികെട്ടവനാകുന്നുതാനും.
 • إِنَّ الْمُبَذِّرِينَ നിശ്ചയമായും വിതറുന്ന (ദുര്‍വ്യയം ചെയ്യുന്ന)വര്‍ كَانُوا ആയിരിക്കുന്നു إِخْوَانَ സഹോദരന്മാര്‍ الشَّيَاطِينِ പിശാചുക്കളുടെ وَكَانَ ആകുന്നു (ആയിരിക്കുന്നു) താനും الشَّيْطَانُ പിശാചു لِرَبِّهِ തന്റെ റബ്ബിനു كَفُورًا നന്ദികെട്ടവന്‍
17:28
 • وَإِمَّا تُعْرِضَنَّ عَنْهُمُ ٱبْتِغَآءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًا مَّيْسُورًا ﴾٢٨﴿
 • നിന്റെ റബ്ബിങ്കല്‍നിന്നും നീ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന വല്ല കാരുണ്യത്തെയും ആഗ്രഹിച്ചതിനാല്‍, നീ അവരില്‍നിന്നു (വല്ലപ്പോഴും) തിരിഞ്ഞുകളയുന്ന പക്ഷം, അവരോടു എളുപ്പമുള്ള (സൗമ്യതയുള്ള) വാക്കു പറഞ്ഞുകൊള്ളുക.
 • وَإِمَّا تُعْرِضَنَّ നീ എങ്ങാനും (വല്ലപ്പോഴും) തിരിഞ്ഞു (അവഗണിച്ചു) കളയുന്ന പക്ഷം عَنْهُمُ അവരെപ്പറ്റി, അവരില്‍ നിന്നു ابْتِغَاءَ ആഗ്രഹിച്ചു (തേടി)ക്കൊണ്ടു رَحْمَةٍ വല്ല കാരുണ്യവും (അനുഗ്രഹവും) مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നു تَرْجُوهَا നീ അതു പ്രതീക്ഷിച്ചു (അഭിലഷിച്ചു) കൊണ്ടിരിക്കുന്നു فَقُل എന്നാല്‍ പറയുക لَّهُمْ അവരോടു قَوْلًا വാക്കു مَّيْسُورًا എളുപ്പമുള്ള (ലഘുവായ - സൗകര്യപ്പെട്ട - സൗമ്യതയുള്ള)

حَقّ (കടമ – അഥവാ അവകാശം) എന്നതില്‍ ധനപരമായും, സ്വഭാവ സംബന്ധമായും പാലിക്കപ്പപെടേണ്ടുന്ന എല്ലാ ബാധ്യതകളും ഉള്‍പ്പെടുന്നു. എങ്കിലും തുടര്‍ന്നുള്ള വാക്യങ്ങളില്‍നിന്ന് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു ധനപരമായ ബാധ്യത നിറവേറ്റലാണെന്നു മനസ്സിലാകുന്നു. ആവശ്യത്തില്‍ കവിഞ്ഞു ചിലവഴിക്കുക, അനാവശ്യ വിഷയങ്ങളില്‍ ചിലവഴിക്കുക, അനുവദനീയമല്ലാത്ത വിഷയത്തില്‍ വിനിയോഗിക്കുക – ഇതെല്ലാം ധനം ധൂര്‍ത്തടിക്കലാകുന്നു. ധൂര്‍ത്തടിക്കല്‍ തനി പൈശാചിക സ്വഭാവമാണെന്നും, അല്ലാഹുവിനോടുള്ള നന്ദികേടും, ധിക്കാരവുമാണെന്നും അല്ലാഹു താക്കീതു ചെയ്യുന്നു. തല്‍ക്കാലം കയ്യിലൊന്നുമില്ല, എന്നാലും അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടു താമസിയാതെ വല്ലതും ലഭിച്ചേക്കുമെന്നു പ്രതീക്ഷയുമുണ്ട്‌. കിട്ടിയാല്‍ അതില്‍നിന്നു ചിലവഴിക്കുവാന്‍ സന്നദ്ധതയുമുണ്ട്. ഇങ്ങിനെയുള്ള അവസരങ്ങളില്‍ മേല്‍പറഞ്ഞവര്‍ സമീപിച്ചാല്‍ അവരോടു നല്ല വാക്കുകള്‍ പറഞ്ഞ് തൃപ്തിപ്പെടുത്തണം – മുറുമുറുപ്പും വെറുപ്പും ഉണ്ടായിത്തീരരുതു – എന്നുകൂടി കല്‍പിക്കുന്നു.

17:29
 • وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا ﴾٢٩﴿
 • നിന്റെ കൈ നിന്റെ പിരടിയിലേക്ക് കൂട്ടി ബന്ധിക്കപ്പെട്ടതാക്കുകയും ചെയ്യരുത്; അതിനെ നീ മുഴുവന്‍ (അങ്ങ്) നീട്ടിവിടുകയും അരുത്; എന്നാല്‍, നീ കുറ്റപ്പെടുത്തപ്പെട്ടവനായും, (വലഞ്ഞ്) ഖേദപ്പെട്ടവനായും ഇരിക്കേണ്ടിവരും.
 • وَلَا تَجْعَلْ ആക്കുകയും ചെയ്യരുത് يَدَكَ നിന്റെ കൈ مَغْلُولَةً ബന്ധിക്കപ്പെട്ടതു إِلَىٰ عُنُقِكَ നിന്റെ പിരടിയിലേക്കു وَلَا تَبْسُطْهَا അതിനെ വിരുത്തുക (നീട്ടുക)യും ചെയ്യരുതു كُلَّ الْبَسْطِ മുഴുവന്‍ വിരുത്തല്‍ (നീട്ടല്‍) فَتَقْعُدَ എന്നാല്‍ നീ ഇരിക്കും (ഇരിക്കേണ്ടി വരും) مَلُومًا കുറ്റപ്പെടുത്ത (ആക്ഷേപിക്കപ്പെട്ട) വനായി مَّحْسُورًا ഖേദപ്പെട്ടവനായി, കഷ്ടപ്പെട്ടവനായി
17:30
 • إِنَّ رَبَّكَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًا ﴾٣٠﴿
 • നിശ്ചയമായും അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഉപജീവനം (അഥവാ ആഹാരം) വിശാലമാക്കുകയും, കണക്കാ(ക്കി കുടുസ്സാ)ക്കുകയും ചെയ്യുന്നു. നിശ്ചയമായും അവന്‍, തന്റെ അടിയാന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞനും, കണ്ടറിയുന്നവനുമാകുന്നു.
 • إِنَّ رَبَّكَ നിശ്ചയമായും അല്ലാഹു يَبْسُطُ നീട്ടും, വിരുത്തും (വിശാലമാക്കും) الرِّزْقَ ആഹാരം, ഉപജീവനം لِمَنيَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്وَيَقْدِرُ കണക്കാ (കുടുസ്സാ) ക്കുകയും ചെയ്യും إِنَّهُ നിശ്ചയമായുംഅവന്‍ كَانَ ആകുന്നു بِعِبَادِهِഅവന്റെ അടിയാന്‍മാരെപ്പറ്റി خَبِيرًا സൂക്ഷ്മജ്ഞന്‍ بَصِيرًا കണ്ടറിയുന്നവന്‍

ആവശ്യത്തിനുപോലും ചിലവഴിക്കാതെ പിശുക്കുപിടിക്കരുതെന്നത്രെ, കൈ പിരടിയിലേക്കു ബന്ധിക്കപ്പെട്ടതാക്കരുത് എന്നു പറഞ്ഞതിന്റെ താല്‍പര്യം. ആവശ്യവും കഴിവും നോക്കാതെ അമിതവ്യയം ചെയ്യരുതെന്നത്രെ കൈ മുഴുവനും അങ്ങു നീട്ടരുത് എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം. സ്വന്താവശ്യങ്ങള്‍ക്കു വേണ്ടിയാകട്ടെ, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയാകട്ടെ ധനം ചിലവഴിക്കുമ്പോള്‍ അതില്‍ മിതത്വം പാലിക്കല്‍ നിര്‍ബ്ബന്ധമാണെന്നു സാരം. പിശുക്കു പിടിക്കുന്നവന്‍ – അല്ലാഹുവിന്റെയും ജനങ്ങളുടെയും അടുക്കല്‍ ആക്ഷേപവിധേയനും, അമിതവ്യയം ചെയ്യുന്നവന്‍ ഉള്ളത് നഷ്ടപ്പെട്ട് ഖേദക്കാരനും ആയിത്തീരുമെന്നു അല്ലാഹു താക്കീതു ചെയ്യുന്നു. തുടര്‍ന്നുകൊണ്ട് ജീവിത സൗകര്യങ്ങള്‍ ചിലര്‍ക്കു വിശാലമായും, ചിലര്‍ക്കു പരിമിതമായും നല്‍കപ്പെടുന്നതു അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചാണെന്നും, ആര്‍ക്കു അധികം നല്‍കണം, ആര്‍ക്കു കുറച്ചു കൊടുക്കണം എന്നൊക്കെ അവനു ശരിക്കും കൃത്യമായും അറിയാമെന്നും ഓര്‍മ്മിപ്പിച്ചിരിക്കുന്നു.

ക്വുര്‍ആനിലും ഹദീഥിലും വളരെ നിഷ്കര്‍ഷമായി ഉപദേശിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമത്രെ മിതവ്യയം. വിളവെടുപ്പു നടത്തുമ്പോള്‍ അതില്‍ നിന്നു കൊടുത്തുതീര്‍ക്കേണ്ടുന്ന കടമ തീര്‍ക്കണമെന്നു കല്‍പിച്ചതിനെത്തുടര്‍ന്ന് അല്ലാഹു പറയുന്നു:

وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ : الأنعام

(അമിതമാക്കുകയും അരുത്, അമിതമാക്കുന്നവരെ അവന്‍ – അല്ലാഹു ഇഷ്ടപ്പെടുകയില്ല. 6:141). മറ്റൊരു സ്ഥലത്തു പറയുന്നു:

وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ : الأعراف

(തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. അമിതമാക്കുകയും ചെയ്യരുത്. അവന്‍ അമിതമാക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. 7:31). സജ്ജനങ്ങളുടെ സല്‍ഗുണങ്ങളെ വിവരിക്കുന്ന മദ്ധ്യെ സൂ: ഫുര്‍ഖാനില്‍ പറയുന്നു:

وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا: الفرقان ٦٧

(സാരം: ചിലവഴിക്കുമ്പോള്‍ അമിതവ്യയം ചെയ്യുകയാകട്ടെ, പിശുക്കു കാണിക്കുകയാകട്ടെ ചെയ്യാതെ അതിനിടയില്‍ അതു മിതമായ നിലക്കായിരിക്കുന്നവരും). അഹ്മദു (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: “മിതവ്യയം പാലിച്ചവനു ദാരിദ്ര്യം പിണയുകയില്ല.” ബൈഹഖി (رحمه الله) ഉദ്ധരിച്ച ഒരു ഹദീഥില്‍, ‘മിതത്വം പാലിക്കല്‍ ഉപജീവനമാര്‍ഗ്ഗത്തിന്റെ പകുതിയാകുന്നു” എന്നും വന്നിരിക്കുന്നു.

വിഭാഗം - 4

17:31
 • وَلَا تَقْتُلُوٓا۟ أَوْلَـٰدَكُمْ خَشْيَةَ إِمْلَـٰقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيرًا ﴾٣١﴿
 • ദാരിദ്ര്യത്തെഭയന്ന് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലുകയും ചെയ്യരുത്. നാമത്രെ, അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം (ആഹാരം) നല്‍കുന്നത്. നിശ്ചയമായും, അവരെ കൊല്ലല്‍ ഭീമമായ ഒരു തെറ്റാകുന്നു.
 • وَلَا تَقْتُلُوا നിങ്ങള്‍ കൊള്ളുക (വധിക്കുക) യും ചെയ്യരുത് أَوْلَادَكُمْ നിങ്ങളുടെ കുട്ടികളെ خَشْيَةَ ഭയന്നതിനാല്‍ إِمْلَاقٍ ദാരിദ്ര്യത്തെ, വലയുന്നതിനെ نَّحْنُ നാം (തന്നെ), നാമത്രെ نَرْزُقُهُمْ അവര്‍ക്കു ആഹാരം (ഉപജീവനം) നല്‍കുന്നത് وَإِيَّاكُمْ നിങ്ങള്‍ക്കും إِنَّ قَتْلَهُمْ നിശ്ചയമായും അവരെ കൊല്ലല്‍ كَانَ ആകുന്നു خِطْئًا ഒരു തെറ്റു, കുറ്റം كَبِيرًا വലിയ, ഭീമമായ

ഉപജീവനമാര്‍ഗ്ഗം വിശാലമാക്കുന്നതും, കുടുസ്സാക്കുന്നതും അല്ലാഹുവാണെന്നു കഴിഞ്ഞ വചനത്തില്‍ പറഞ്ഞുവല്ലോ. തുടര്‍ന്നുകൊണ്ട് ഈ വചനത്തില്‍, പെണ്‍മക്കള്‍ ജനിക്കുന്നതു ദാരിദ്ര്യത്തിനു കാരണമാകാമെന്നു കരുതി സ്വന്തം മക്കളെ കൊന്നുകളയുന്ന മുന്‍കാല അറബികളുടെ പതിവിനെ നിരോധിക്കുകയും ആക്ഷേപിക്കുകയുമാണ് അല്ലാഹു ചെയ്യുന്നത്. ആ കുട്ടികള്‍ ബാക്കിയായാല്‍ അവര്‍ക്കു ആഹാരത്തിനു വഴിയുണ്ടാക്കുന്നതു നിങ്ങളല്ല, അവര്‍ക്കും നിങ്ങള്‍ക്കു തന്നെയും ആഹാരം നല്‍കുന്നത് നാമാണ്, എന്നിരിക്കെ ദാരിദ്ര്യത്തിന്റെ പേരില്‍ അവരെ കൊല്ലുന്നതിന് അര്‍ത്ഥമില്ല, അതു വളരെ വമ്പിച്ച ഒരു അപരാധമാണു എന്നു താക്കീതും നല്‍കുന്നു. ദാരിദ്ര്യത്തിന്റെ പേരില്‍ മക്കളെ കൊല്ലുന്നതിനെ സൂ: അന്‍ആം 151-ാം വചനത്തിലും വിരോധിച്ചിരിക്കുന്നത് നാം കണ്ടു. പക്ഷേ, അവിടെ നിലവിലുള്ള ദാരിദ്ര്യം നിമിത്തം (مِنْ إِمْلَاقٍ) കൊല്ലരുത് എന്നായിരുന്നു പറഞ്ഞത്. ഇവിടെ ദാരിദ്ര്യം ഉണ്ടാകുമെന്ന ഭയം നിമിത്തം (خَشْيَةَ إِمْلَاقٍ) കൊല്ലരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഈ വിരോധത്തെത്തുടര്‍ന്ന് അവിടെ نَّحْنُ نَرْزُقُهُمْ وَإِيَّاهُمْ (നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്) എന്ന്, ഇവിടെ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ (അവര്‍ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്) എന്നും പറഞ്ഞിരിക്കുന്നു. വിശ്വാസവും ചിന്താശക്തിയും ഉള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടുന്ന രണ്ട് വാക്യങ്ങളാണിവ.

ശിര്‍ക്ക് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വമ്പിച്ച പാപമാണു മനുഷ്യവധം. അതു നിര്‍ദ്ദോഷിയും, പാവവുമായ സ്വന്തം കുഞ്ഞിനെ കൂടിയാകുമ്പോള്‍ ആ പാപം കൂടുതല്‍ കൂടുതല്‍ ഗൗരവപ്പെട്ടതായിത്തീരുന്നു. കൊലപ്പെടുത്തുവാനുള്ള കാരണം ദാരിദ്ര്യഭയം കൂടിയാകുമ്പോള്‍ അപരാധത്തിന്റെ കാഠിന്യം വീണ്ടും കൂടിപ്പോകുന്നു. ആഹാരത്തിന്റെ കാര്യം മുഴുവനും തങ്ങളുടെ കയ്യിലും നിയന്ത്രണത്തിലുമാണെന്നുള്ള തെറ്റായ ധാരണ – അല്ല, അഹങ്കാരം – ആണല്ലോ ഇതിന്റെ പിന്നിലുള്ളത്. അടുത്ത രണ്ടാമത്തെ വചനത്തില്‍ മനുഷ്യവധത്തെപ്പറ്റി പ്രത്യേകം വിരോധിക്കുന്നുണ്ട്. സൂ: അന്‍ആമിലാകട്ടെ, അതേ ആയത്തില്‍ തന്നെ അതു വിരോധിച്ചിരിക്കുന്നതു കാണാം. അപ്പോള്‍, പൊതുവായ ആ നിരോധത്തില്‍ ഉള്‍പ്പെടുത്താതെ, ദാരിദ്ര്യത്തിന്റെ പേരില്‍ മക്കളെ കൊല്ലുന്നതിനെപ്പറ്റി പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നതും ആ അപരാധത്തിന്റെ ഗൗരവംകൊണ്ടുതന്നെ.

നമ്മുടെ രാജ്യമടക്കം ‘പരിഷ്കൃത രാജ്യ’ങ്ങളെന്നു അഭിമാനിക്കുന്ന പല രാജ്യങ്ങളിലും – ചില സങ്കല്‍പക്കണക്കുകളെ അടിസ്ഥാനമാക്കി – അടുത്ത ഭാവിയില്‍ ഉണ്ടായേക്കുമെന്ന് അനുമാനിക്കപ്പെടുന്ന ദാരിദ്ര്യത്തിന്റെ പേരില്‍ നടപ്പില്‍ വരുത്തപ്പെടുന്ന സന്താന നിയന്ത്രണത്തിനും, ആ ആവശ്യാര്‍ത്ഥം അംഗീകരിക്കപ്പെട്ടുവരുന്ന ലജ്ജാവഹവും സംസ്കാരശൂന്യവുമായ പല സംരംഭങ്ങള്‍ക്കും ഇസ്‌ലാമിക ദൃഷ്ട്യാ എന്തായിരിക്കും സ്ഥാനമുള്ളതെന്നു ആലോചിച്ചു നോക്കുക! അതിനു സന്താനഹത്യയെന്നു പേര്‍ പറയാതെ, മറ്റെന്തെങ്കിലും അഭികാമ്യമായ പേരുകള്‍ നല്‍കി തൃപ്തി അടയുന്നത് കൊണ്ടോ, ജനിച്ചശേഷം കൊല ചെയ്യുന്നില്ലല്ലോ എന്ന സമര്‍ത്ഥനം കൊണ്ടോ അല്ലാഹുവിന്റെ മുമ്പില്‍ ഒരിക്കലും അതിനു ന്യായീകരണം ഉണ്ടാവാന്‍ പോകുന്നില്ല. ‘ദാരിദ്ര്യം നിമിത്ത’വും, ‘ദാരിദ്ര്യത്തെ ഭയന്നും’ കൊല ചെയ്യരുതെന്നും, ‘നിങ്ങള്‍ക്കും അവര്‍ക്കും’, ‘അവര്‍ക്കും നിങ്ങള്‍ക്കും’ ഞാനാണു ആഹാരം നല്‍കുന്നതെന്നുമുള്ള അല്ലാഹുവിന്റെ വാക്കുകള്‍ ശരിക്കും വിലയിരുത്തിക്കൊണ്ടു ആലോചിക്കുന്നവര്‍ക്കു ഇതില്‍ സംശയത്തിനവകാശമില്ല. ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തെ പതിവിനെ ആസ്പദമാക്കി ‘കൊലപ്പെടുത്തരുത്’ എന്ന വാക്കാണ്‌ അല്ലാഹു ഉപയോഗിച്ചിട്ടുള്ളത്. ആ നിരോധത്തിനു ആധാരമായി അല്ലാഹു ചൂണ്ടിക്കാട്ടിയ അതേ കാരണങ്ങള്‍ ഇന്നത്തെ സന്താന നിയന്ത്രണത്തിലും കാണാവുന്നതാണ്. സന്താന നിയന്ത്രണം നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കിയ ചില പരിഷ്കൃത രാജ്യങ്ങളില്‍ ജനസംഖ്യ കുറയുകയും പില്‍ക്കാലത്ത് കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി വരുന്നതും ഇത്തരുണത്തില്‍ സ്മരണീയമാണ്.

ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറയുന്നു: പാപത്തില്‍ വെച്ച് ഏറ്റവും വമ്പിച്ചതു ഏതാണെന്നു ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘നിന്നെ സൃഷ്ടിച്ചതു അല്ലാഹുവായിരിക്കെ, അവനു നീ സമന്‍മാരെ ഏര്‍പ്പെടുത്തലാകുന്നു.’ പിന്നെ ഏതെന്നു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘നിന്റെ സന്താനം നിന്നോടൊപ്പം ഭക്ഷണം കഴിക്കുമെന്നു ഭയന്ന് – അതിനെ നീ കൊല്ലലാകുന്നു.’ പിന്നെ ഏതാണെന്നു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘നിന്റെ അയല്‍ക്കാരന്റെ പത്നിയെ നീ വ്യഭിചിരിക്കുകയാണ്.’ (ബു. മു). സൂഃ അന്‍ആമിലെ ആയത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ച സംഗതികള്‍ ഇവിടെയും ഓര്‍മ്മിക്കുക.

17:32
 • وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَـٰحِشَةً وَسَآءَ سَبِيلًا ﴾٣٢﴿
 • നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കുകയും ചെയ്യരുത്. നിശ്ചയമായും അത് ഒരു നീചവൃത്തിയാകുന്നു; വളരെ ദുഷിച്ച മാര്‍ഗ്ഗവുമാണ്.
 • وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുക [അടുക്കുക]യും ചെയ്യരുത് الزِّنَا വ്യഭിചാരത്തെ إِنَّهُ كَانَ നിശ്ചയമായും അതാകുന്നു فَاحِشَةً ഒരു നീചവൃത്തി وَسَاءَ അതു വളരെ ദുഷിച്ചതുമാണ് سَبِيلًا മാര്‍ഗ്ഗം, വഴി

വ്യഭിച്ചരിക്കരുത് എന്നു പറയാതെ, അതിനെ സമീപികരുതെന്നത്രെ അല്ലാഹു പറഞ്ഞവാക്ക് വളരെ ശ്രദ്ധേയമാണിത്. വ്യഭിചാരത്തിലേക്കു നയിക്കുന്നതോ, അതിനു വഴിവെക്കുന്നതോ ആയ എല്ലാ കാര്യവും വര്‍ജ്ജിക്കണമെന്നാണിതിന്റെ താല്‍പര്യം. അന്യ സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ നോക്കുന്നതും, കൂടിക്കലരുന്നതുമൊക്കെ ഇസ്‌ലാമില്‍ വിരോധിക്കപ്പെട്ടിരിക്കുന്നതും അതുകൊണ്ടു തന്നെയാകുന്നു. അനിയന്ത്രിതമായ സ്ത്രീപുരുഷ സമ്പര്‍ക്കങ്ങള്‍ക്കും പ്രേമപ്രകടനങ്ങള്‍ക്കും പരിഷ്കാരത്തിന്റെയും, പുരോഗമനത്തിന്റെയും പേരു നല്‍കി പ്രോത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്ന ഈ കാലത്തു വ്യഭിചാരം ഒരു വന്‍കുറ്റമായി ഗണിക്കപ്പെടാതിരിക്കുക സ്വാഭാവികമാണ്. പക്ഷേ, കാലദേശങ്ങളുടെയോ, ജനാഭിലാഷങ്ങളുടെയോ വ്യത്യാസം കൂടാതെ എക്കാലത്തും വ്യഭിചാരം വളരെ നീചവും നിന്ദ്യവുമായ ഒരു മഹാപാപമായിട്ടാണ് അല്ലാഹു കണക്കാക്കുന്നത്.

ഈ വചനത്തിലും, അടുത്ത ചില വചനങ്ങളിലും പ്രസ്താവിക്കപ്പെട്ട എല്ലാ വിഷയങ്ങളെപ്പറ്റിയും, കഴിഞ്ഞ സൂറത്തുകളിലും, താഴെ സൂറത്തുകളിലുമായി കൂടുതല്‍ വിവരങ്ങള്‍ കാണാവുന്നതുകൊണ്ടു ഇവ ഓരോന്നിനെയും പറ്റി കൂടുതലൊന്നും വിവരിക്കുന്നില്ല.

17:33
 • وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَـٰنًا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًا ﴾٣٣﴿
 • അല്ലാഹു (കൊല) നിഷിദ്ധമാക്കിയ (അഥവാ പരിപാവനമാക്കിയ) ദേഹത്തെ (ആളെ) ന്യായപ്രകാരമല്ലാതെ നിങ്ങള്‍ കൊല്ലുകയും ചെയ്യരുത്. അക്രമിക്കപ്പെട്ടവനായ നിലയില്‍ ആരെങ്കിലും കൊല്ലപ്പെടുന്നപക്ഷം, അവന്റെ കൈകാര്യക്കാരനു നാം ഒരധികാരം ഏര്‍പ്പെടുത്തിക്കൊടുത്തിട്ടുണ്ട്. എന്നാലവന്‍ കൊലയില്‍ അതിരു കവിഞ്ഞു പോകരുത്. നിശ്ചയമായും, അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.
 • وَلَا تَقْتُلُوا നിങ്ങള്‍ കൊല്ലുകയും ചെയരുത് النَّفْسَ ദേഹത്തെ, ആത്മാവിനെ الَّتِي حَرَّمَ നിഷിദ്ധമാക്കിയയതായ, പരിപാവനമാക്കിയ اللَّهُ അല്ലാഹു إِلَّا بِالْحَقِّ ന്യായ (മുറ - അവകാശ) പ്രകാരമല്ലാതെ وَمَن قُتِلَ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ مَظْلُومًا അക്രമിക്കപ്പെട്ടവനായിക്കൊണ്ട് فَقَدْ جَعَلْنَا എന്നാല്‍ തീര്‍ച്ചയായും നാം ആക്കി (ഏര്‍പ്പെടുത്തി) യിട്ടുണ്ട് لِوَلِيِّهِ അവന്റെ കൈകാര്യക്കാരന്, ബന്ധുവിന് سُلْطَانًا ഒരു അധികാരം, ശക്തി فَلَا يُسْرِف എന്നാലവന്‍ അമിതമാക്കരുത് فِّي الْقَتْلِ കൊലയില്‍ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു مَنصُورًا സഹായിക്കപ്പെടുന്നവന്‍

കൊലക്കുപകരം കൊലയായോ, കൊലശിക്ഷ വിധിക്കപ്പെട്ട കുറ്റങ്ങള്‍ക്കു ശിക്ഷയായോ അല്ലാതെ മറ്റുതരത്തിലുള്ള കൊലകളൊന്നും പാടില്ലെന്നാണു إِلَّا بِالْحَقِّ (ന്യായപ്രകാരമല്ലാതെ) എന്നു പറഞ്ഞതിന്റെ താല്‍പര്യമെന്നു സൂ: അന്‍ആം 151-ാം വചനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ന്യായപ്രകാരമല്ലാതെ അക്രമമായി ആരെങ്കിലും കൊല്ലപ്പെടുന്നതായാല്‍ അയാളുടെ അടുത്ത ബന്ധുക്കള്‍ക്കു പ്രതികാര നടപടി എടുക്കുവാന്‍ അധികാരമുണ്ടെന്നും, ആ അധികാരം ദുരുപയോഗപ്പെടുത്തി നിരപരാധികളെ കയ്യേറ്റം ചെയ്തോ, പ്രതികാരത്തിന്റെ രൂപത്തില്‍ കാഠിന്യം കൂട്ടിയോ മറ്റോ അതിരുകവിഞ്ഞുപോകുവാന്‍ പാടില്ലെന്നും അല്ലാഹു അറിയിക്കുന്നു. വിശദീകരണം സൂ: അല്‍ബഖറ 178ലും നിസാഉ് 92, 93’ലും, മാഇദ 32ലും മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്‌. إِنَّهُ كَانَ مَنصُورًا (നിശ്ചയമായും അവന്‍ സഹായിക്കപ്പെട്ടവനാകുന്നു) എന്നു പറഞ്ഞതു കൊല്ലപ്പെട്ടവനെ ഉദ്ദേശിച്ചും, അവന്റെ കൈകാര്യക്കാരനെ ഉദ്ദേശിച്ചും ആകാവുന്നതാണ്. തത്വത്തില്‍ രണ്ടും ഒരുപോലെത്തന്നെ. വധിക്കപ്പെട്ടവന്റെ ഭാഗത്തിനാണു – അന്യായമായി വധിച്ചവന്റെ ഭാഗത്തിനല്ല – സഹായം നല്‍കപ്പേടെണ്ടതെന്നു വ്യക്തമാണല്ലോ.

17:34
 • وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۚ وَأَوْفُوا۟ بِٱلْعَهْدِ ۖ إِنَّ ٱلْعَهْدَ كَانَ مَسْـُٔولًا ﴾٣٤﴿
 • ഏറ്റവും നല്ലതേതോ അതനുസരിച്ചല്ലാതെ അനാഥയുടെ സ്വത്തിനെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്; അവന്‍ അവന്റെ ശക്തി (പ്രായപൂര്‍ത്തി) പ്രാപിക്കുന്നതുവരെ. നിങ്ങള്‍ കരാറ് നിറവേറ്റുകയും ചെയ്യുവിന്‍. നിശ്ചയമായും കരാര്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
 • وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത് مَالَ സ്വത്തിനെ الْيَتِيمِ അനാഥയുടെ إِلَّا بِالَّتِي യാതൊന്നനുസരിച്ചല്ലാതെ هِيَ അതു أَحْسَنُ ഏറ്റം (കൂടുതല്‍) നല്ലതാണ് حَتَّىٰ يَبْلُغَ അവന്‍ എത്തുന്ന (പ്രാപിക്കുന്ന)തുവരെ أَشُدَّهُ അവന്റെ ശക്തി (പ്രായപൂര്‍ത്തി) وَأَوْفُوا നിറവേറ്റുക (പൂര്‍ത്തിയാക്കുക)യും ചെയ്‍വിന്‍ بِالْعَهْدِ കരാറിനെ, ഉടമ്പടിയെ إِنَّ الْعَهْدَ നിശ്ചയമായും കരാര്‍ كَانَ ആകുന്നു مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നത്
17:35
 • وَأَوْفُوا۟ ٱلْكَيْلَ إِذَا كِلْتُمْ وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴾٣٥﴿
 • നിങ്ങള്‍ അള(ന്നു കൊടു)ക്കുമ്പോള്‍ അളവു പൂര്‍ത്തിയാക്കുകയും ചെയ്യുവിന്‍. (കൃത്രിമമില്ലാതെ) ചൊവ്വിനു നിലകൊള്ളുന്ന തുലാസ്സുകൊണ്ടു തൂ(ക്കിക്കൊടു)ക്കുകയും ചെയ്യുവിന്‍. അതു കൂടുതല്‍ ഗുണ(കര)വും, ഏറ്റവും നല്ല പര്യവസാനമുള്ളതുമാണ്.
 • وَأَوْفُوا നിറവേറ്റുക (പൂര്‍ത്തിയാക്കുക)യും ചെയ്‍വിന്‍ الْكَيْلَ അളത്തം إِذَا كِلْتُمْ നിങ്ങള്‍ അളന്നാല്‍ وَزِنُوا തൂക്കുകയും ചെയ്യുക بِالْقِسْطَاسِ തുലാസുകൊണ്ടു الْمُسْتَقِيمِ ചൊവ്വായ, നേരെയുള്ള ذَٰلِكَ അതു خَيْرٌ ഗുണമാണ്, കൂടുതല്‍ നന്മയാണ് وَأَحْسَنُ ഏറ്റം (അധികം) تَأْوِيلًا നല്ലതുമാണ് പര്യവസാനം

ഏറ്റവും നല്ല മാര്‍ഗ്ഗത്തിലൂടെയല്ലാതെ അനാഥയുടെ സ്വത്തിനെ സമീപിക്കരുതു എന്നു പറഞ്ഞതിന്റെ താല്‍പര്യം സൂ: അന്‍ആം 152ന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. കരാറുകള്‍ പാലിച്ചുവോ, അതിലെ നിശ്ചയങ്ങള്‍ നിറവേറ്റിയോ എന്നൊക്കെ അല്ലാഹു ചോദ്യം ചെയ്യുമെന്നത്രെ കരാറ് ചോദ്യം ചെയ്യപ്പെടുമെന്ന് പറഞ്ഞതിന്റെ സാരം. അളത്തത്തിലും തൂക്കത്തിലും കൃത്രിമം നടത്തി വല്ലതും വഞ്ചിക്കപ്പെടുന്നപക്ഷം, തല്‍ക്കാലം അതൊരു നേട്ടമായി തോന്നാമെങ്കിലും അതിന്റെ ഭാവി നഷ്ടത്തിലാണു കലാശിക്കുകയെന്നും, രണ്ടിലും കൃത്യം പാലിക്കുന്നതു മൂലം ഇഹത്തിലും പരത്തിലും പല നന്മയും അഭിവൃദ്ധിയും ഉണ്ടായിത്തീരുമെന്നുമാണ് അവസാനം പറഞ്ഞതിന്റെ താല്‍പര്യം.

17:36
 • وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَـٰٓئِكَ كَانَ عَنْهُ مَسْـُٔولًا ﴾٣٦﴿
 • നിനക്കു അറിവില്ലാത്തതിനെ നീ പിന്തുടരുകയും ചെയ്യരുത്. നിശ്ചയമായും, കേള്‍വിയും, കാഴ്ചയും, ഹൃദയവും, അവ എല്ലാം തന്നെ, അ(താ)തിനെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
 • وَلَا تَقْفُ നീ പിന്തുടരുകയും ചെയ്യരുത് مَا لَيْسَ ഇല്ലാത്തതിനെ لَكَ بِهِ നിനക്കു അതിനെപ്പറ്റി عِلْمٌ ഒരറിവും, അറിവ് إِنَّ السَّمْعَ നിശ്ചയമായും കേള്‍വി وَالْبَصَرَ കാഴ്ചയും وَالْفُؤَادَ ഹൃദയവും كُلُّ أُولَٰئِكَ അക്കൂട്ടരെല്ലാം (അവയെല്ലാം) كَانَ ആകുന്നു عَنْهُ അതിനെപ്പറ്റി مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നത്

ശരിയായ അറിവു ലഭിക്കാതെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതും, ഊഹത്തെയും ധാരണയെയും അടിസ്ഥാനമാക്കി കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതും ഈ വചനംമൂലം അല്ലാഹു വിരോധിക്കുന്നു. വളരെ ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒരു തത്വമാണിത്. ഊഹം പലപ്പോഴും തെറ്റായിരിക്കും. അല്ലാഹു പറയുന്നു:

اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ

(ഊഹത്തില്‍ മിക്കതിനെയും നിങ്ങള്‍ വര്‍ജ്ജിക്കുവിന്‍. നിശ്ചയമായും, ഊഹത്തില്‍ ചിലതു കുറ്റകരമായിരിക്കും. (49:12).

വീണ്ടും പറയുന്നു:

وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا

(നിശ്ചയമായും, ഊഹം യഥാര്‍ത്ഥത്തെ സംബന്ധിച്ചു ഒട്ടും ഉപകരിക്കുകയില്ല. (53:28). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:

إَيَّاكُمْ وَالظًّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ

(നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുവിന്‍. കാരണം ഊഹം വര്‍ത്തമാനത്തില്‍വെച്ച് ഏറ്റം കളവായതാകുന്നു. (ബു). വേറൊരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: بِئْسَ مَطِيَّةُ الرَّجُلِ زَعَمُوا (‘ആളുകള്‍ പറയുന്നു’ വെന്നുള്ളതു മനുഷ്യന്റെ വളരെ ദുഷിച്ച വാഹനമാകുന്നു (ദാ).). അതായത്, തക്കതായ അറിവു കൂടാതെ, കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കി വല്ലതും പറയുകയും, ‘ആളുകള്‍ അങ്ങിനെ പറയുന്നു’വെന്നും മറ്റും പറഞ്ഞു ഉത്തരവാദിത്വം അന്യരുടെമേല്‍വെച്ചു കെട്ടുകയും ചെയ്യുന്നതു വളരെ ദുഷിച്ച സമ്പ്രദായമാണെന്നു സാരം.

കാതുകൊണ്ടു കേട്ടും, കണ്ണുകൊണ്ടു കണ്ടും, ഹൃദയം കൊണ്ടു ചിന്തിച്ചും ഇങ്ങിനെ മൂന്നു വിധത്തിലാണല്ലോ കാര്യങ്ങളെപ്പറ്റി ശരിയായ അറിവു സമ്പാദിക്കുക. അതതിനെ ഉപയോഗിക്കേണ്ട പ്രകാരം ഉപയോഗിച്ചുവോ ഇല്ലേ, എന്തില്ലെല്ലാമാണു ഉപയോഗിച്ചതു എന്നിത്യാദി സംഗതികളെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് അല്ലാഹു താകീതു ചെയ്യുന്നു. ഈ ചോദ്യംചെയ്യപ്പെടല്‍ ഒരര്‍ത്ഥത്തില്‍ ഇവിടെവെച്ചുതന്നെ ഉണ്ടാവാമെങ്കിലും, യഥാര്‍ത്ഥത്തില്‍ അതു നടക്കുക പരലോകത്തുവെച്ചായിരിക്കും. അതെ, നാവും, കയ്യും, കാലുമെല്ലാം സാക്ഷ്യം വഹിക്കുന്ന ആ ദിവസത്തില്‍.

يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم : سورة النو:٢٤

എന്നാല്‍, മുഴുവന്‍ കാര്യങ്ങളിലും മനുഷ്യനു ശരിയായ അറിവു – അഥവാ ഉറപ്പായ വിവരം – സാധ്യമല്ലെന്നും, ഉറപ്പായ അറിവു ലഭിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്ത പല കാര്യങ്ങളുമുണ്ടെന്നും തീര്‍ച്ചയാണ്. അപ്പോള്‍, ഉറപ്പായ അറിവു ലഭിക്കുവാന്‍ സാദ്ധ്യമാകുന്ന വിഷയങ്ങളെപ്പറ്റിയാണ്‌ ഇവിടെ പ്രസ്താവിക്കുന്നതെന്നു വ്യക്തമാകുന്നു. അതുകൊണ്ടാണ്, മൗലികമായതും, വിശ്വാസപരമായതുമായ കാര്യങ്ങളിലും, സ്പഷ്ടമായ തെളിവുകളുള്ള വിഷയങ്ങളിലും يَقِين (ഉറപ്പായ അറിവു) ഉണ്ടായിരിക്കല്‍ നിര്‍ബ്ബന്ധമാണെന്നും, ഭിന്നാഭിപ്രായത്തിനു സാധ്യതയുള്ള ശാഖാപരവും, അനുഷ്ഠാനപരവുമായ വിഷയങ്ങളില്‍ ഉറപ്പായ അറിവുണ്ടായിരിക്കല്‍ നിര്‍ബ്ബന്ധമില്ലെന്നും പണ്ഡിതന്‍മാര്‍ പറയുന്നത്. ഇതുസംബന്ധിച്ച വിശദവിവരങ്ങളുടെ സ്ഥാനം ‘ഉസ്വൂലി’ന്റെ (മതനിദാന ശാസ്ത്രങ്ങളുടെ) ഗ്രന്ഥങ്ങളാകുന്നു.

17:37
 • وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ ٱلْأَرْضَ وَلَن تَبْلُغَ ٱلْجِبَالَ طُولًا ﴾٣٧﴿
 • നീ ഭൂമിയിലൂടെ അഹന്ത കാട്ടി നടക്കുകയും ചെയ്യരുത്. നിശ്ചയമായും നീ, ഭൂമിയെ (കീറി) പിളര്‍ക്കുകയില്ല തന്നെ; നീളത്തില്‍ നീ മലകളോളം എത്തുകയുമില്ല തന്നെ.
 • وَلَا تَمْشِ നീ നടക്കുകയും ചെയ്യരുതു فِي الْأَرْضِ ഭൂമിയില്‍ مَرَحًا അഹന്തയായി إِنَّكَ നിശ്ചയമായും നീ لَن تَخْرِقَ നീ കീറുക (പിളര്‍ക്കുക - ചിന്തുക) യേ ഇല്ല الْأَرْضَ ഭൂമിയെ وَلَن تَبْلُغَ നീ എത്തുകയുമില്ലതന്നെ الْجِبَالَ പര്‍വ്വതങ്ങളോളം طُولًا നീളത്തില്‍, നീളംകൊണ്ടു

നടത്തത്തിലും പെരുമാറ്റത്തിലും അഹന്തയും അഹങ്കാരവും പ്രകടിപ്പിക്കുന്നതിനെ അല്ലാഹു വളരെ ഗൗരവപൂര്‍വ്വം വിരോധിക്കുന്നു. നീ എത്രതന്നെ അഹന്ത കാണിച്ചാലും ഭൂമിയെ പിളര്‍ക്കുവാനോ, വലുപ്പംകൊണ്ടു മലകളോളം എത്തുവാനോ നിനക്കു സാദ്ധ്യമല്ലെന്നു അത്തരക്കാരെ പരിഹസിക്കുകയും ചെയ്യുന്നു. അവരോടു അല്ലാഹുവിനുള്ള കടുത്ത വെറുപ്പാണിതു കാണിക്കുന്നത്. ഒരു ഹദീഥില്‍ ഇപ്രകാരം വന്നിട്ടുള്ളതായി ഇബ്നുകഥീര്‍ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു: “അല്ലാഹുവിനു ആരെങ്കിലും താഴ്മകാണിച്ചാല്‍, അല്ലാഹു അവനെ ഉയര്‍ത്തുന്നതാണ്. അവന്‍ തന്റെ മനസ്സില്‍ നിസ്സാരനും, ജനങ്ങളുടെ അടുക്കല്‍ വലിയവനുമായിരിക്കും. ആരെങ്കിലും ഗര്‍വ്വു നടിച്ചാല്‍, അല്ലാഹു അവനെ താഴ്ത്തുന്നതാണ്. അവന്‍ തന്റെ മനസ്സില്‍ വലിയവനും, ജനങ്ങളുടെ അടുക്കല്‍ നിസ്സാരനുമായിരിക്കും. എത്രത്തോളമെന്നാല്‍, അവന്‍ അവരുടെ അടുക്കല്‍ നായയെക്കാളും പന്നിയെക്കാളും നിസ്സാരനായിരിക്കും.”

17:38
 • كُلُّ ذَٰلِكَ كَانَ سَيِّئُهُۥ عِندَ رَبِّكَ مَكْرُوهًا ﴾٣٨﴿
 • (മേല്‍പറഞ്ഞ) അതെല്ലാം (തന്നെ), അതിലെ ദുഷിച്ചതു (ഒക്കെയും) നിന്റെ റബ്ബിന്റെ അടുക്കല്‍ വെറുക്കപ്പെട്ടതാകുന്നു.
 • كُلُّ ذَٰلِكَ അതെല്ലാം كَانَ ആകുന്നു سَيِّئُهُ അതില്‍ ദുഷിച്ചതു عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ مَكْرُوهًا വെറുക്കപ്പെട്ടതു
17:39
 • ذَٰلِكَ مِمَّآ أَوْحَىٰٓ إِلَيْكَ رَبُّكَ مِنَ ٱلْحِكْمَةِ ۗ وَلَا تَجْعَلْ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتُلْقَىٰ فِى جَهَنَّمَ مَلُومًا مَّدْحُورًا ﴾٣٩﴿
 • അതു (ഒക്കെയും) നിന്റെ റബ്ബ് വിജ്ഞാനമായി നിനക്കു 'വഹ്‌യു' [സന്ദേശം] നല്‍കിയതില്‍ പെട്ടതാകുന്നു. അല്ലാഹുവിനോടുകൂടി വേറെ ഒരു ആരാധ്യനെയും നീ ഏര്‍പ്പെടുത്തുകയും ചെയ്യരുത്: എന്നാല്‍, കുറ്റപ്പെടുത്തപ്പെട്ടവനായും, ആട്ടപ്പെട്ടവനായും കൊണ്ട് നീ 'ജഹന്നമി'ല്‍ [നരകത്തില്‍] ഇടപ്പെടും.
 • ذَٰلِكَ അതു مِمَّا أَوْحَىٰ വഹ്‌യു നല്‍കിയതില്‍ പെട്ടതാണ് إِلَيْكَ നിനക്കു, നിന്നിലേക്ക്‌ رَبُّكَ നിന്റെ റബ്ബു مِنَ الْحِكْمَةِ വിജ്ഞാനത്തില്‍ (തത്വത്തില്‍) നിന്നു وَلَا تَجْعَلْ നീ ആക്കുക (ഏര്‍പ്പെടുത്തുക)യും അരുത് مَعَ اللَّهِ അല്ലാഹുവിന്റെ കൂടെ (ഒപ്പം) إِلَٰهًا ആരാധ്യനെ, ദൈവത്തെ آخَرَ വേറെ فَتُلْقَىٰ എന്നാല്‍ നീ ഇടപ്പെടും فِي جَهَنَّمَ ജഹന്നമില്‍ مَلُومًا കുറ്റപ്പെടുത്ത (ആക്ഷേപിക്ക) പ്പെട്ടവനായി مَّدْحُورًا ആട്ടപ്പെട്ടവനായി

23-ാം വചനത്തില്‍ അല്ലാഹുവിനെയല്ലാതെ ആരെയും ആരാധിക്കരുതു എന്നു തുടങ്ങി ഇതേവരെയായി പല ഉപദേശ നിര്‍ദ്ദേശങ്ങളും, വിധിവിലക്കുകളും അല്ലാഹു നല്‍കുകയുണ്ടായി. അവയിലേക്ക് ചൂണ്ടിക്കൊണ്ട് അല്ലാഹു ഉണര്‍ത്തുകയാണ്: അവയില്‍ ചെയ്യരുതാത്തതും വിലക്കപ്പെട്ടതുമായ കാര്യങ്ങളെല്ലാം അല്ലാഹു ഇഷ്ടപ്പെടാത്തതും അവന്‍ വെറുക്കുന്നതുമായ കാര്യങ്ങളാണ്; അതുകൊണ്ടാണവന്‍ അവ വിരോധിച്ചത്; ആകയാല്‍ അവയൊന്നും ചെയ്തു അല്ലാഹുവിന്റെ വെറുപ്പു സമ്പാദിക്കരുത് എന്നൊക്കെ. അനന്തരം, മേല്‍പറഞ്ഞ കാര്യങ്ങള്‍ മുഴുവനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖാന്തരം ജനങ്ങള്‍ക്കുവേണ്ടി അല്ലാഹു അറിയിച്ചു തരുന്ന തത്വവിജ്ഞാനങ്ങളാണെന്നു വീണ്ടും ഉണര്‍ത്തിയിരിക്കുന്നു. ഏറ്റവും ആദ്യമായി പ്രസ്താവിച്ച കാര്യം – അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതു എന്നുള്ള ഏറ്റവും മൗലികപ്രധാനമായ ഉപദേശം – അവസാനം ഒരു വട്ടംകൂടി ഓര്‍മ്മിപ്പിക്കുകയും, ഈ ഉപദേശം വിലവെക്കാത്തപക്ഷം, കാരുണ്യത്തിന്റെയും അനുഭാവത്തിന്റെയും കണികപോലും ലഭിക്കാതെ കാലാകാല നരകശിക്ഷ അനുഭവിക്കേണ്ടി വരുമെന്നു താകീതു ചെയ്കയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ കല്‍പനകള്‍ മുഴുവനും കഴിവതും അനുസരിക്കുകയും, അവന്റെ വിരോധങ്ങള്‍ മുഴുവനും വര്‍ജ്ജിക്കുകയും ചെയ്‌വാന്‍ അവന്‍ നമുക്കു തൗഫീഖു നല്‍കട്ടെ. ആമീന്‍.

17:40
 • أَفَأَصْفَىٰكُمْ رَبُّكُم بِٱلْبَنِينَ وَٱتَّخَذَ مِنَ ٱلْمَلَـٰٓئِكَةِ إِنَـٰثًا ۚ إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا ﴾٤٠﴿
 • എന്നാല്‍, (ഹേ, മുശ്രിക്കുകളേ,) നിങ്ങളുടെ റബ്ബ് ആണ്‍മക്കളെക്കൊണ്ടു നിങ്ങളെ പ്രത്യേകപ്പെടുത്തുകയും, മലക്കുകളില്‍ നിന്നു പെണ്ണുങ്ങളെ [പെണ്‍മക്കളെ] അവന്‍ സ്വീകരിച്ചുവെച്ചിരിക്കുകയുമാണോ?! നിശ്ചയമായും, വമ്പിച്ച ഒരു വാക്കുതന്നെയാണ് നിങ്ങള്‍ പറയുന്നത്!
 • أَفَأَصْفَاكُمْ എന്നാല്‍ (അപ്പോള്‍) നിങ്ങളെ തിരഞ്ഞു (തെളിയിച്ചു പ്രത്യേകപ്പെടുത്തി) വെച്ചിരിക്കയാണോ رَبُّكُم നിങ്ങളുടെ റബ്ബ് بِالْبَنِينَ ആണ്‍മക്കളെ (പുത്രന്‍മാരെ) ക്കൊണ്ട് وَاتَّخَذَ അവന്‍ ആക്കി (ഉണ്ടാക്കി - സ്വീകരിച്ചു)വെച്ചിരിക്കുകയും مِنَالْمَلَائِكَةِ മലക്കുകളില്‍ നിന്ന് إِنَاثًا പെണ്ണുങ്ങളെ إِنَّ നീശ്ചയമായും كُمْ നിങ്ങള്‍ لَتَقُولُونَ പറയുകതന്നെ ചെയ്യുന്നു قَوْلًا ഒരു വാക്ക് عَظِيمًا വമ്പിച്ചതായ

മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് ജല്‍പിച്ചുകൊണ്ട് അവരെ ആരാധ്യദൈവങ്ങളാക്കി വെച്ചിരുന്ന മുശ്രിക്കുകളോടാണ് ഈ ചോദ്യം. നിങ്ങള്‍ പറഞ്ഞ പ്രകാരമാണെങ്കില്‍, മക്കളുടെ കൂട്ടത്തില്‍ കൂടുതല്‍ ശ്രേഷ്ഠത കല്‍പിക്കപ്പെടുന്ന ആണ്‍മക്കളെ അല്ലാഹു നിങ്ങള്‍ക്കായി നീക്കിവെക്കുകയും, താണതരക്കാരായി ഗണിക്കപ്പെട്ടു വരുന്ന പെണ്‍മക്കളെ അവന്‍ എടുത്തിരിക്കുകയും ചെയ്തിരിക്കുന്നുവെന്നാണല്ലോ അതിന്റെ അര്‍ത്ഥം. ഇതൊട്ടും നീതിയായില്ല. കളവ് പറയുന്നതിലും വേണ്ടേ അല്‍പമെങ്കിലും നീതി?! എന്ന് സാരം.

﴾أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ ﴿٢١﴾ تِلْكَ إِذًا قِسْمَةٌ ضِيزَىٰ ﴿٢٢

(നിങ്ങള്‍ക്ക് ആണും അവനു പെണ്ണുമാണോ? അങ്ങിനെയാണെങ്കില്‍ അത് നീതികെട്ട ഒരു വിഭജനമാകുന്നു. (സൂറ: അന്നജ്മ് : 21, 22). മറ്റുള്ള ശിര്‍ക്കിന്റെ വാദങ്ങളെ അപേക്ഷിച്ചു വളരെ കടുത്തതും നികൃഷ്ടവുമായതുമായ ഒരു വാദമാണിത്‌. അല്ലാഹുവിനെ സൃഷ്ടിസമാനമാക്കി താഴ്ത്തുക, അവന്റെ അവകാശം മറ്റുള്ളവര്‍ക്കും വകവെച്ചുകൊടുക്കുക, മലക്കുകളെ സ്ത്രീകളാക്കി സങ്കല്‍പിക്കുക, എന്നിട്ട് ഇല്ലാത്ത ആ സ്ത്രീകളെ അല്ലാഹുവിന്റെ മക്കളാക്കുകയും അവരെ ആരാധ്യരാക്കുകയും ചെയ്യുക. ഇങ്ങിനെ പലതും. അതേ സമയത്ത് അവര്‍ക്കൊരു പെണ്‍കുട്ടിയുണ്ടായിത്തീര്‍ന്നാലോ? അങ്ങേയറ്റം വെറുപ്പും ലജ്ജയും. ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടാണ് അവരോട് ‘നിങ്ങള്‍ വമ്പിച്ച ഒരു വാക്കുതന്നെയാണ് പറയുന്നത്’ (إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا) എന്നു അല്ലാഹു പറയുന്നത്.