സൂറത്ത് യൂസുഫ് : 94-111
വിഭാഗം - 11
- وَلَمَّا فَصَلَتِ ٱلْعِيرُ قَالَ أَبُوهُمْ إِنِّى لَأَجِدُ رِيحَ يُوسُفَ ۖ لَوْلَآ أَن تُفَنِّدُونِ ﴾٩٤﴿
- വാഹനസംഘം പിരിഞ്ഞുപോന്നപ്പോള്‍, അവരുടെ പിതാവ് (അടുത്തുള്ളവരോടു) പറഞ്ഞു: 'നിശ്ചയമായും ഞാന്‍, യൂസുഫിന്‍റെ വാസന എനിക്കു ലഭിക്കുന്നു; നിങ്ങളെന്നെ (വാര്‍ദ്ധക്യത്താല്‍) ബുദ്ധിമന്ദിച്ചവനാക്കുകയില്ലാതിരുന്നെങ്കില്‍! [എന്നാല്‍, നിങ്ങള്‍ക്കതു വിശ്വസിക്കാമായിരുന്നു]'.
- وَلَمَّا فَصَلَتِ പിരിഞ്ഞപ്പോള്‍ الْعِيرُ യാത്രാസംഘം قَالَ أَبُوهُمْ അവരുടെ പിതാവു പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ لَأَجِدُ ഞാന്‍ കണ്ടെത്തുന്നു (എനിക്കു കിട്ടുന്നു) رِيحَ വാസന, മണം يُوسُفَ യൂസുഫിന്‍റെ لَوْلَا ഇല്ലാതിരുന്നെങ്കില്‍ أَن تُفَنِّدُونِ എന്നെ നിങ്ങള്‍ ബുദ്ധി മന്ദിച്ചവനാക്കുക, വിഡ്ഢിയാക്കല്‍.
- قَالُوا۟ تَٱللَّهِ إِنَّكَ لَفِى ضَلَـٰلِكَ ٱلْقَدِيمِ ﴾٩٥﴿
- അവര്‍ പറഞ്ഞു: 'അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിശ്ചയമായും, നിങ്ങള്‍ നിങ്ങളുടെ പഴയ വഴി കേടില്‍തന്നെയാണു (ഇപ്പോഴും).'
- قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെ തന്നെയാണ് إِنَّكَ നിശ്ചയമായും നിങ്ങള്‍ لَفِي ضَلَالِكَ നിങ്ങളുടെ വഴിപിഴവില്‍ തന്നെ الْقَدِيمِ പഴയ, മുമ്പേയുള്ള.
وَلَمَّا فَصَلَتِ الْعِيرُ (വാഹനസംഘം പിരിഞ്ഞപ്പോള്‍) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം അവര്‍ ഈജിപ്തില്‍ നിന്നു വിട്ടുപിരിഞ്ഞപ്പോള്‍ എന്നാണെന്നത്രെ മിക്ക വ്യാഖ്യാതാക്കളും പറയുന്നത്. അതുതന്നെയാണു പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതും, കൂടുതല്‍ വ്യക്തമായതും. യാത്രാസംഘത്തില്‍ യൂസുഫു(അ)ന്‍റെ സഹോദരന്‍മാര്‍ക്കു പുറമെ വേറെ നാട്ടുകാരും ഉണ്ടായിരുന്നതുകൊണ്ടു എല്ലാവരുംകൂടി ഈജിപ്തില്‍ നിന്നു പോന്നശേഷം സഹോദരന്‍മാര്‍ അവരുടെ നാട്ടിലേക്കും, മറ്റുള്ളവര്‍ അവരുടെ നാട്ടിലേക്കുമായി വഴിമദ്ധ്യെ വെച്ചു അന്യോന്യം പിരിഞ്ഞപ്പോള്‍ എന്നും ചിലര്‍ അതിനു അര്‍ത്ഥം കല്പിച്ചിട്ടുണ്ട്. രണ്ടായാലും ആ കുപ്പായം തന്‍റെ അടുത്തെത്തും മുമ്പുതന്നെ അതിന്‍റെ വാസന യഅ്ഖൂബ് (അ) നു ലഭിച്ചു. അതു ലഭിച്ചതു കാറ്റു വഴിക്കാകട്ടെ, മറ്റേതെങ്കിലും വഴിക്കാകട്ടെ, അതില്‍ ഒരു അസാധാരണത്വമുണ്ടെന്നു കാണാം. എനിക്കു വാര്‍ദ്ധക്യം പിടിപെട്ടു എന്‍റെ ബുദ്ധി മന്ദിഭവിച്ചിരിക്കുകയാണെന്നു നിങ്ങള്‍ പറയുമായിരിക്കുമെന്നും, അതില്ലാത്തപക്ഷം നിങ്ങള്‍ക്കിതു വിശ്വസിക്കാമെന്നും യഅ്ഖൂബ് (അ) തന്‍റെ അടുത്തുള്ളവരോടു പറയുന്നു. ഇതു കേട്ടപ്പോള്‍, നിങ്ങള്‍ നിങ്ങളുടെ ആ പഴയ വഴിപിഴവില്‍തന്നെയാണ്. അഥവാ യൂസുഫിനെക്കുറിച്ചുള്ള വ്യസനത്തിലും കാത്തിരിപ്പിലും തന്നെയാണ് ഇപ്പോഴുമുള്ളതു എന്നു അടുത്തുള്ളവര്‍ അദ്ദേഹത്തോടും പറയുന്നു. ഇതെല്ലാം കാണിക്കുന്നത് ആ വാസന ലഭിച്ചതില്‍ എന്തോ ഒരു അസാധാരണത്വം ഉണ്ടെന്നാണല്ലോ. അടുത്ത വചനം കൂടി ശ്രദ്ധിക്കുക.
- فَلَمَّآ أَن جَآءَ ٱلْبَشِيرُ أَلْقَىٰهُ عَلَىٰ وَجْهِهِۦ فَٱرْتَدَّ بَصِيرًا ۖ قَالَ أَلَمْ أَقُل لَّكُمْ إِنِّىٓ أَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ ﴾٩٦﴿
- അങ്ങനെ, സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ വരികയുണ്ടായപ്പോള്‍, അയാളതു അദ്ദേഹത്തിന്‍റെ മുഖത്തു ഇട്ടു; അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: 'ഞാന്‍ നിങ്ങളോടു പറഞ്ഞില്ലേ: 'നിശ്ചയമായും, നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതു (ചിലതു) അല്ലാഹുവിങ്കല്‍ നിന്നും എനിക്കറിയാമെന്നു?!'
- فَلَمَّا أَن جَاءَ വരികയുണ്ടായപ്പോള്‍ الْبَشِيرُ സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ أَلْقَاهُ അയാള്‍ അതിനെ ഇട്ടു عَلَىٰ وَجْهِهِ അദ്ദേഹത്തിന്‍റെ മുഖത്തു فَارْتَدَّ അപ്പോള്‍ അദ്ദേഹം മടങ്ങി, മാറി بَصِيرًا കാഴ്ചയുള്ളവനായി قَالَ അദ്ദേഹം പറഞ്ഞു أَلَمْ أَقُل ഞാന്‍ പറഞ്ഞില്ലേ لَّكُمْ നിങ്ങളോട് إِنِّي أَعْلَمُ നിശ്ചയമായും ഞാന്‍ (എനിക്കു) അറിയുമെന്നു مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مَا لَا تَعْلَمُونَ നിങ്ങള്‍ (നിങ്ങള്‍ക്കു) അറിയാത്തത്.
അനുമോദനാര്‍ത്ഥം സന്തോഷകരമായ വിവരം മുന്‍കൂട്ടി അറിയിച്ചുകൊണ്ടുവരുന്ന ആള്‍ക്കാണു بَشِير (സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍) എന്നു പറയുന്നത്. യാത്രാസംഘം വന്നെത്തുന്നതിന്‍റെ മുന്നോടിയായി ഇങ്ങിനെ ഒരാള്‍ മുമ്പില്‍ വേഗം അയക്കപ്പെടും. ഇയാള്‍ വശമായിരുന്നു യൂസുഫ് (അ) കൊടുത്തയച്ച കുപ്പായം അദ്ദേഹം കല്പിച്ചിരിന്നതുപോലെ, അയാള്‍ അതു യഅ്ഖൂബ് (അ) ന്‍റെ മുഖത്തുകൊണ്ടുവന്നു ഇട്ടുകൊടുത്തു. യൂസുഫ് (അ) പറഞ്ഞതുപോലെ, പിതാവിന്‍റെ നഷ്ടപ്പെട്ട കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു. അദ്ദേഹം പ്രതീക്ഷിച്ചിരുന്നതും പറഞ്ഞിരുന്നതും ശരിയായിരുന്നുവെന്നും, അദ്ദേഹത്തിനു ബുദ്ധിമോശം സംഭവിക്കുകയോ തെറ്റു പറ്റുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമായി. 86-ാം വചനത്തില്‍ കണ്ടതുപോലെ, നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങളൊക്കെ എനിക്കറിയാമെന്ന് അവരോട് അദ്ദേഹം മുമ്പേ പറഞ്ഞിരുന്നു. ആ വാക്ക് ഈ സന്ദര്‍ഭത്തില്‍ അവരെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
- قَالُوا۟ يَـٰٓأَبَانَا ٱسْتَغْفِرْ لَنَا ذُنُوبَنَآ إِنَّا كُنَّا خَـٰطِـِٔينَ ﴾٩٧﴿
- അവര്‍ [മക്കള്‍] പറഞ്ഞു: 'ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ പാപങ്ങള്‍ക്കു നിങ്ങള്‍ പാപമോചനം തേടേണമേ! - നിശ്ചയമായും, ഞങ്ങള്‍ തെറ്റു ചെയ്തവരായിരിക്കുന്നു!'
- قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ ബാപ്പാ اسْتَغْفِرْ പാപമോചനം (പൊറുക്കുവാന്‍) തേടണം لَنَا ഞങ്ങള്‍ക്കുവേണ്ടി ذُنُوبَنَا ഞങ്ങളുടെ പാപങ്ങള്‍ക്കു إِنَّا كُنَّا നിശ്ചയമായും ഞങ്ങള്‍ ആയിരിക്കുന്നു خَاطِئِينَ പിഴച്ചവര്‍, തെറ്റുചെയ്തവര്‍.
- قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴾٩٨﴿
- അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്‍റെ റബ്ബിനോടു വഴിയെ പാപമോചനം തേടുന്നതാണ്. നിശ്ചയമായും അവന്‍ തന്നെയാണ് വളരെ പൊറുക്കുന്നവനും കരുണാനിധിയുമായുള്ളവന്‍'.
- قَالَ അദ്ദേഹം പറഞ്ഞു سَوْفَ വഴിയെ, പിറകെ أَسْتَغْفِرُ ഞാന്‍ പാപമോചനം തേടും لَكُمْ നിങ്ങള്‍ക്കുവേണ്ടി رَبِّي എന്‍റെ റബ്ബിനോടു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْغَفُورُ വളരെ പൊറുക്കുന്നവന്‍ الرَّحِيمُ കരുണാനിധി.
തങ്ങളുടെ പക്കല്‍ വന്നുപോയ തെറ്റുകള്‍ അവര്‍ പിതാവിനോടു ഏറ്റു പറയുകയും, തങ്ങളുടെ പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നു അപേക്ഷിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ പ്രാര്‍ത്ഥിക്കാതെ, വഴിയെ ചെയ്തുകൊള്ളാമെന്നു പറഞ്ഞത്, കൂടുതല്‍ ഉപയുക്തമായ വല്ല സന്ദര്‍ഭത്തിലും അതിനായി പ്രത്യേകം പ്രാര്‍ത്ഥന നടത്താമെന്നു കരുതിയായിരിക്കാം. അല്ലാഹുവിനറിയാം. അനന്തരം യൂസുഫ് (അ) പറഞ്ഞേല്‍പിച്ചിരുന്ന പ്രകാരം ആ കുടുംബം മുഴുവനും – യഅ്ഖൂബ് (അ) നബിയും, യൂസുഫ് (അ) ന്‍റെ മാതാവും, എല്ലാ മക്കളും അവരോടു ബന്ധപ്പെട്ടവരും അടങ്ങിയ ആ കുടുംബം മുഴുവനും – ഈജിപ്തിലേക്കു യാത്രയായി. അവരുടെ യാത്രക്കാവശ്യമായ എല്ലാചിലവുകളും സഹോദരന്‍മാരുടെ പക്കല്‍ യൂസുഫ് (അ) കൊടുത്തയച്ചിരുന്നുവെന്നും, യഅ്ഖൂബ് (അ) നബിക്ക് പ്രത്യേകമായി ഫാറോവാ രാജാവിന്‍റെ ഒരു രഥവും അയച്ചിരുന്നുവെന്നും ബൈബ്ല പറയുന്നു. വാസ്തവം അല്ലാഹുവിനറിയാം.
- فَلَمَّا دَخَلُوا۟ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيْهِ أَبَوَيْهِ وَقَالَ ٱدْخُلُوا۟ مِصْرَ إِن شَآءَ ٱللَّهُ ءَامِنِينَ ﴾٩٩﴿
- അങ്ങനെ, അവര്‍ [ആ കുടുംബം] യൂസുഫിന്‍റെ അടുക്കല്‍ പ്രവേശിച്ചപ്പോള്‍, - അദ്ദേഹം തന്‍റെ മാതാപിതാക്കളെ തന്നിലേക്കു അണച്ചുകൂട്ടി (സ്വീകരിച്ചു). അദ്ദേഹം പറയുകയും ചെയ്തു: 'നിങ്ങള്‍, അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, നിര്‍ഭയരായിക്കൊണ്ടു (സമാധാനപൂര്‍വ്വം) മിസ്രില്‍ [ഈജിപ്തില്‍] പ്രവേശിച്ചു കൊള്ളുക.'
- فَلَمَّا دَخَلُوا അങ്ങനെ (എന്നിട്ടു) അവര്‍ പ്രവേശിച്ചപ്പോള്‍ عَلَىٰ يُوسُفَ യൂസുഫില്‍, യൂസുഫിന്‍റെ അടുക്കല്‍ آوَىٰ അദ്ദേഹം അടുപ്പിച്ചു, കൂട്ടിച്ചേര്‍ത്തു, അണച്ചുകൂട്ടി إِلَيْهِ തന്‍റെ അടുക്കലേക്കു أَبَوَيْهِ തന്‍റെ മാതാപിതാക്കളെ وَقَالَ അദ്ദേഹം പറയുകയും ചെയ്തു ادْخُلُوا പ്രവേശിച്ചുകൊള്ളുവിന്‍ مِصْرَ മിസ്രില്‍, ഈജിപ്തില്‍ إِن شَاءَ ഉദ്ദേശിക്കുന്നപക്ഷം اللَّـهُ അല്ലാഹു آمِنِينَ നിര്‍ഭയരായി, സമാധാനപ്പെട്ടുകൊണ്ടു.
- وَرَفَعَ أَبَوَيْهِ عَلَى ٱلْعَرْشِ وَخَرُّوا۟ لَهُۥ سُجَّدًا ۖ وَقَالَ يَـٰٓأَبَتِ هَـٰذَا تَأْوِيلُ رُءْيَـٰىَ مِن قَبْلُ قَدْ جَعَلَهَا رَبِّى حَقًّا ۖ وَقَدْ أَحْسَنَ بِىٓ إِذْ أَخْرَجَنِى مِنَ ٱلسِّجْنِ وَجَآءَ بِكُم مِّنَ ٱلْبَدْوِ مِنۢ بَعْدِ أَن نَّزَغَ ٱلشَّيْطَـٰنُ بَيْنِى وَبَيْنَ إِخْوَتِىٓ ۚ إِنَّ رَبِّى لَطِيفٌ لِّمَا يَشَآءُ ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ ﴾١٠٠﴿
- തന്‍റെ മാതാപിതാക്കളെ അദ്ദേഹം സിംഹാസന [സ്ഥാനപീഠ]ത്തിന്‍മേല്‍ കയറ്റിയിരുത്തുകയും ചെയ്തു. അവര്‍ (എല്ലാം) അദ്ദേഹത്തിനു 'സുജൂദു' [പ്രമാണം] ചെയ്തുകൊണ്ടു വീഴുകയും ചെയ്തു. അദ്ദേഹം പറയുകയും ചെയ്തു: 'എന്‍റെ പിതാവേ, ഇതു എന്‍റെ മുമ്പത്തെ സ്വപ്നത്തിന്‍റെ പുലര്‍ച്ചയാകുന്നു; എന്‍റെ റബ്ബ് അതൊരു യഥാര്‍ത്ഥമാക്കിക്കഴിഞ്ഞു. അവന്‍ എനിക്കു നന്‍മചെയ്യുകയും ചെയ്തിട്ടുണ്ട്: (അതെ) എന്നെ അവന്‍ തടവില്‍ നിന്നു (മോചിപ്പിച്ച്) പുറത്തുകൊണ്ടുവരുകയും, നിങ്ങളെ മരുഭൂമിയില്‍നിന്നു കൊണ്ടുവ(ന്നുത)രുകയും ചെയ്തിരിക്കെ;
എന്‍റെയും, എന്‍റെ സഹോദരന്‍മാരുടെയും ഇടയില്‍ പിശാചു (കുഴപ്പം) ഇളക്കിവിട്ടതിനു ശേഷം. നിശ്ചയമായും, എന്‍റെ റബ്ബ് അവന്‍ ഉദ്ദേശിക്കുന്നതിനെ സൗമ്യമായി ചെയുന്നവനാകുന്നു. നിശ്ചയമായും, അവന്‍തന്നെയാകുന്നു സര്‍വ്വജ്ഞനും അഗാധജ്ഞനുമായുള്ളവന്‍'. - وَرَفَعَ അദ്ദേഹം ഉയര്‍ത്തുക (കയറ്റിയിരുത്തുക)യും أَبَوَيْهِ തന്‍റെ മാതാപിതാക്കളെ عَلَى الْعَرْشِ സിംഹാസന (രാജപീഠ -സ്ഥാനപീഠ)ത്തിന്‍മേല്‍ وَخَرُّوا അവര്‍ വീഴുകയും ചെയ്തു لَهُ അദ്ദേഹത്തിന് سُجَّدًا സുജൂദു (പ്രണാമം - തലകുനിക്കല്‍ - കുനിയല്‍) ചെയ്യുന്നവരായി وَقَالَ പറയുകയും ചെയ്തു يَا أَبَتِ എന്‍റെ ഉപ്പാ, പിതാവേ هَـٰذَا تَأْوِيلُ ഇതു പുലര്‍ച്ചയാണ്, പൊരുളാണ്, വ്യാഖ്യാനമാണ് رُؤْيَايَ എന്‍റെ സ്വപ്നത്തിന്‍റെ مِن قَبْلُ മുമ്പുള്ള, മുമ്പത്തെ قَدْ جَعَلَهَا അതിനെ ആക്കിയിട്ടുണ്ട്, ആക്കിക്കഴിഞ്ഞു رَبِّي എന്‍റെ റബ്ബു حَقًّا യഥാര്‍ത്ഥം, നേര് وَقَدْ أَحْسَنَ അവന്‍ നന്‍മ ചെയ്തിട്ടുമുണ്ടു بِي എന്നില്‍, എനിക്കു إِذْ أَخْرَجَنِي അവന്‍ എന്നെ പുറത്തു കൊണ്ടുവന്നപ്പോള്‍ (വന്നിരിക്കെ) مِنَ السِّجْنِ തടവില്‍ നിന്ന് وَجَاءَ بِكُم നിങ്ങളെ കൊണ്ടുവരുകയും ചെയ്തു مِّنَ الْبَدْوِ മരുഭൂമിയില്‍ നിന്ന് مِن بَعْدِ ശേഷം, പിന്നീടായി أَن نَّزَغَ ഇളക്കിവിട്ടതിനു الشَّيْطَانُ പിശാചു بَيْنِي എന്‍റെ ഇടയില്‍ وَبَيْنَ إِخْوَتِي എന്‍റെ സഹോദരന്‍മാര്‍ക്കിടയിലും إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു لَطِيفٌ സൗമ്യമായി (സൂക്ഷ്മമായി) ചെയ്യുന്നവനാണു لِّمَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതിനെ, ഉദ്ദേശിക്കുന്നകാര്യത്തിനു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْعَلِيمُ സര്‍വ്വജ്ഞന്‍, (എല്ലാം) അറിയുന്നവന്‍ الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍.
യഅ്ഖൂബ് (അ) നബിയും കുടുംബവും ഈജിപ്തില്‍ വന്നെത്തുന്ന ദിവസം ഈജിപ്തുകാര്‍ക്ക് പൊതുവെ ഒരു ഉത്സവ പ്രതീതിയുണ്ടായിരിക്കുമെന്നും, പ്രത്യേകിച്ചു യൂസുഫ് (അ) നബിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്‍റെ സന്തോഷത്തിനു അതിരുണ്ടാവുകയില്ലെന്നും പറയേണ്ടതില്ലല്ലോ. അദ്ദേഹം മാതാപിതാക്കളെ അണച്ചുകൂട്ടി ആലിംഗനം ചെയ്തുകൊണ്ടു സസന്തോഷം സ്വാഗതം നല്‍കുകയും, സമാധാനത്തിന്‍റെ മംഗളാശംസകള്‍ നല്‍കുകയും ചെയ്തു. സ്ഥാനപീഠത്തിന്‍മേല്‍ കയറ്റി ഇരുത്തി മാതാപിതാക്കളെ ബഹുമാനിച്ചു. വന്നവരാകട്ടെ, എല്ലാവരും അദ്ദേഹത്തിനു അന്നത്തെ ആചാരപ്രകാരം തലകുനിച്ചു ഉപചാരമര്‍പ്പിക്കുകയും ചെയ്തു. മുമ്പുതാന്‍ കണ്ടിരുന്ന ആ സ്വപ്നത്തിന്‍റെ – സൂര്യ ചന്ദ്രന്‍മാരും പതിനൊന്ന് നക്ഷത്രങ്ങളും തനിക്കു സുജൂദു ചെയ്തതായി സ്വപ്നം കണ്ടതിന്‍റെ – വ്യാഖ്യാനം യഥാര്‍ത്ഥമായി പുലര്‍ന്നു കഴിഞ്ഞതും, തനിക്കു ഇതിനുമുമ്പ് അല്ലാഹു ചെയ്തു തന്നിട്ടുള്ളതുമായ അനുഗ്രഹങ്ങളെ എടുത്തു പറഞ്ഞു അനുസ്മരിച്ചുകൊണ്ട് അദ്ദേഹം അല്ലാഹുവിന് നന്ദി പ്രകടപ്പിക്കുകയും ചെയ്തു.
‘സുജൂദ്’ കൊണ്ട് ഇവിടെ വിവക്ഷ ആരാധനയുടെ സുജൂദാകുന്ന സാഷ്ടാംഗ നമസ്കാരമല്ല. 4-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ പ്രസ്താവിച്ചതുപോലെ, ഉപചാരത്തിന്‍റെ സുജൂദുകളാകുന്ന തലകുനിക്കല്‍, കുനിഞ്ഞുനില്‍ക്കല്‍, കൈകൂപ്പല്‍, മുട്ടുകുത്തല്‍ പോലെയുള്ള പ്രണാമങ്ങളില്‍ ഏതെങ്കിലും ഒന്നാകുന്നു. ആരാധന അല്ലാഹുവിന്നല്ലാതെ പാടില്ലന്നുള്ളതു എല്ലാ കാലത്തും ഇസ്ലാമിന്‍റെ നീക്കുപോക്കില്ലാത്തതും, സുസ്ഥിരമായതുമായ ഒരു തത്വമത്രെ. സ്വപ്നത്തില്‍ സൂര്യ ചന്ദ്രന്‍മാര്‍ സുജൂദുചെയ്യുന്നതായി കണ്ടതില്‍നിന്നും, ആ സ്വപ്നത്തിന്‍റെ പുലര്‍ച്ചയായി ഈ സുജൂദിനെ എണ്ണിയതില്‍ നിന്നും തന്നെ മനസ്സിലാക്കാവുന്നതാണിത്. സുജൂദിന്‍റെ അര്‍ത്ഥങ്ങളെപ്പറ്റി കൂടുതല്‍ വിവരം അടുത്ത സൂ: 15-ാം വചനത്തില്‍ വെച്ചുകാണാം.
ഇവിടത്തെ സുജൂദിനെപ്പറ്റി ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അതു ആരാധനയുടെ സുജൂദുതന്നെയായിരുന്നുവെന്നു അഭിപ്രായമുള്ളവരും ഇല്ലാതില്ല. പക്ഷെ, സുജൂദ് യൂസുഫ് (അ) നായിരുന്നില്ലെന്നും, തങ്ങള്‍ക്കു ലഭിച്ച മഹത്തായ അനുഗ്രഹത്തിനും സന്തോഷത്തിനും നന്ദിയായിക്കൊണ്ടു അല്ലാഹുവിനു ചെയ്ത നന്ദിയുടെ സുജൂദായി (سجود الشكر) അവര്‍ നിലത്തുവീണുവെന്നുമാണ് അവര്‍ പറയുന്നത്. മാതാപിതാക്കളെ സ്ഥാനപീഠത്തില്‍ കയറ്റി ഇരുത്തി ആദരിച്ചുവെന്നു പറഞ്ഞതിനു ശേഷമാണല്ലോ അവരെല്ലാം അദ്ദേഹത്തിനു സുജൂദ് ചെയ്തുവെന്ന് പറഞ്ഞത്. സ്ഥാനപീഠത്തില്‍ കയറ്റി ആദരിക്കുന്നതിനു മുമ്പല്ലാതെ – അതിനുശേഷം – താഴ്മയുടെ സൂചനയായ സുജൂദും ഉണ്ടാവാന്‍ ന്യായമില്ലെന്നും, മാതാപിതാക്കള്‍ക്കു മക്കള്‍ താഴ്മചെയ്യുകയല്ലാതെ – മാതാപിതാക്കള്‍ മക്കള്‍ക്കു താഴ്മ ചെയ്യല്‍ – അനുയോജ്യമല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, അവര്‍ സുജൂദു ചെയ്തതിനെത്തുടര്‍ന്ന് ഇതു എന്‍റെ സ്വപ്നത്തിന്‍റെ പുലര്‍ച്ചയാണെന്നും, അത് അല്ലാഹു യഥാര്‍ത്ഥമാക്കിയിരിക്കുന്നുവെന്നും യൂസുഫ് (അ) പറഞ്ഞിട്ടുള്ള സ്ഥിതിക്ക് ഒന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ ശക്തവും വ്യക്തവുമായി തോന്നുന്നത്. الله أعلم
അവസാനം യൂസുഫ് (അ) ഇങ്ങിനെ പ്രാര്‍ത്ഥിക്കുകയായി:-
- رَبِّ قَدْ ءَاتَيْتَنِى مِنَ ٱلْمُلْكِ وَعَلَّمْتَنِى مِن تَأْوِيلِ ٱلْأَحَادِيثِ ۚ فَاطِرَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ أَنتَ وَلِىِّۦ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ تَوَفَّنِى مُسْلِمًا وَأَلْحِقْنِى بِٱلصَّـٰلِحِينَ ﴾١٠١﴿
- 'എന്‍റെ റബ്ബേ! നീ എനിക്കു രാജാധികാരത്തില്‍ നിന്നും (കുറെയൊക്കെ) നല്‍കിയിട്ടുണ്ട്; വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും (കുറെയെല്ലാം) നീ എനിക്കു പഠിപ്പിച്ചു തരുകയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവേ! നീ, ഇഹത്തിലും, പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. എന്നെ നീ മുസ്ലിമായി [കീഴൊതുക്കമുള്ളവനായി] മരിപ്പിക്കേണമേ! എന്നെ സജ്ജനങ്ങളില്‍ ചേര്‍ക്കുകയും ചെയ്യേണമേ!'
- رَبِّ എന്‍റെ റബ്ബേ قَدْ آتَيْتَنِي നീ എനിക്കു നല്‍കിയിട്ടുണ്ട് مِنَ الْمُلْكِ രാജാധികാരത്തില്‍നിന്നു وَعَلَّمْتَنِي എനിക്കു നീ പഠിപ്പിക്കുകയും ചെയ്തു مِن تَأْوِيلِ വ്യാഖ്യാനത്തില്‍ നിന്നു الْأَحَادِيثِ വര്‍ത്തമാനങ്ങളുടെ فَاطِرَ സൃഷ്ടിച്ചുണ്ടാക്കിയവനേ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയെയും أَنتَ നീ وَلِيِّي എന്‍റെ രക്ഷാധികാരി (കൈകാര്യക്കാരന്‍) ആകുന്നു فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരലോകത്തിലും تَوَفَّنِي എന്നെ നീ പൂര്‍ണ്ണമായെടുക്കേണമേ (മരിപ്പിക്കണേ) مُسْلِمًا മുസ്ലിമായിക്കൊണ്ടു وَأَلْحِقْنِي എന്നെ ചേര്‍ക്കുകയും ചെയ്യേണമേ بِالصَّالِحِينَ സജ്ജനങ്ങളോടു, സദ്-വൃത്തരില്‍.
രാജാധികാരം കൊണ്ടുദ്ദേശ്യം ഈജിപ്ത്തില്‍ അദ്ദേഹത്തിന് ഭരണകാര്യങ്ങളില്‍ ലഭിച്ച നേതൃത്വംതന്നെ. കിരീടധാരിയായ ഒരു ഫറോവാ (ഫിര്‍ഔന്‍) രാജാവുണ്ടെങ്കിലും ഈജിപ്തിലെ ഭരണം മിക്കവാറും നടന്നിരുന്നത് യൂസുഫ് (അ) നബിയുടെ കൈക്കായിരുന്നു. വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനം എന്നു പറഞ്ഞതില്‍ സ്വപ്നവാര്‍ത്തകള്‍ തുടങ്ങിയ എല്ലാ വാര്‍ത്തകളുടെയും വ്യാഖ്യാനവും പൊരുളും ഉള്‍പ്പെടുന്നു. ഇഹത്തില്‍ വെച്ചു അല്ലാഹു തനിക്ക് നല്‍കിയ നിസ്തുലമായ ഈ അനുഗ്രഹങ്ങളെ എടുത്തു പറഞ്ഞു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അതുപോലെ തന്‍റെ പരലോക ജീവിതവും അനുഗ്രഹീതമാക്കിത്തരേണമെന്നു അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ്. പരലോകജീവിതം അനുഗ്രഹീതമായിരിക്കണമെങ്കില്‍, കാലഗതി പ്രാപിക്കുമ്പോള്‍ മുസ്ലിമായിരിക്കുകയും, സജ്ജനങ്ങളില്‍ ഉള്‍പ്പെടുകയും വേണ്ടതുണ്ട്. ഈ രണ്ട് കാര്യവും സിദ്ധിക്കുകയാണ് ഒരു മനുഷ്യനു ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം. ഇബ്രാഹീം (അ) നബിയെപ്പറ്റി അദ്ദേഹം ഋജുമാനസനായ ഒരു മുസ്ലിമായിരുന്നു (3:67) എന്നും, അദ്ദേഹം പരലോകത്തു സജ്ജനങ്ങളില്‍ പെട്ടവനാണ് (29: 27) എന്നും പ്രശംസിച്ചു പറഞ്ഞിരിക്കുന്നതും അതുകൊണ്ടാകുന്നു. അതുകൊണ്ടു തന്നെയാണ് യൂസുഫ് (അ) നബിയും ആ രണ്ടുകാര്യങ്ങള്‍ക്കും പ്രാര്‍ത്ഥനയില്‍ പ്രത്യേകം അപേക്ഷിച്ചതു.
نَحْنُ نَقُصُّ عَلَيْكَ أَحْسَنَ الْقَصَصِ (നിനക്കു വളരെ നല്ല കഥ വിവരിച്ചു തരുന്നു) എന്നു പറഞ്ഞു കൊണ്ടായിരുന്നു ഈ സംഭവബഹുലമായ ചരിത്രം അല്ലാഹു വിവരിക്കുവാന്‍ തുടങ്ങിയത്. സൂറത്തിന്‍റെ ആരംഭം മുതല്‍ ക്രമമായി വിവരിക്കപ്പെട്ട ആ സംഭവങ്ങളെ ചൂണ്ടിക്കൊണ്ടു അല്ലാഹു പറയുന്നു:-
- ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ ۖ وَمَا كُنتَ لَدَيْهِمْ إِذْ أَجْمَعُوٓا۟ أَمْرَهُمْ وَهُمْ يَمْكُرُونَ ﴾١٠٢﴿
- അതു, അദൃശ്യ വാര്‍ത്തകളില്‍ പെട്ടതാകുന്നു; അതു, നാം നിനക്കു വഹ്-യു [ദിവ്യസന്ദേശം] നല്‍കുകയാണ്. അവര്‍ [യൂസുഫിന്‍റെ സഹോദരന്‍മാര്‍] കുതന്ത്രം പ്രയോഗിച്ചുകൊണ്ട് തങ്ങളുടെ (ഉദ്ദിഷ്ട) കാര്യം യോജിച്ചുറപ്പിച്ചപ്പോള്‍, അവരുടെ അടുക്കല്‍ നീ ഉണ്ടായിരുന്നില്ലല്ലോ.
- ذَٰلِكَ അതു مِنْ أَنبَاءِ വാര്‍ത്തകളില്‍ പെട്ടതാണു الْغَيْبِ അദൃശ്യത്തിന്‍റെ, മറഞ്ഞ نُوحِيهِ അതിനെ നാം വഹ്-യു നല്‍കുന്നു إِلَيْكَ നിനക്ക് وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, ആയിരുന്നില്ല لَدَيْهِمْ അവരുടെ അടുക്കല്‍ إِذْ أَجْمَعُوا അവര്‍ ഏകോപിച്ച (തീര്‍ച്ചപ്പെടുത്തിയ - ഉറപ്പിച്ച)പ്പോള്‍ أَمْرَهُمْ അവരുടെ കാര്യം وَهُمْ അവര്‍, അവരായുംകൊണ്ടു يَمْكُرُونَ അവര്‍ കുതന്ത്രം പ്രയോഗിച്ചു (കൊണ്ടു).
- وَمَآ أَكْثَرُ ٱلنَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ ﴾١٠٣﴿
- മനുഷ്യരില്‍ അധികമാളും - നീ അതിയായി മോഹിച്ചിരുന്നാലും - സത്യവിശ്വാസികളല്ല.
- وَمَا أَكْثَرُ അധികമാളുമല്ല النَّاسِ മനുഷ്യരില്‍ وَلَوْ حَرَصْتَ നീ മോഹിച്ചാലും, നിനക്കു അത്യാഗ്രഹമുണ്ടായാലും مُؤْمِنِينَ സത്യവിശ്വാസികള്‍.
- وَمَا تَسْـَٔلُهُمْ عَلَيْهِ مِنْ أَجْرٍ ۚ إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ ﴾١٠٤﴿
- ഇതിന്‍റെപേരില്‍ അവരോട് നീ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല.
ഇതു ലോകര്‍ക്കു (പൊതുവെ) വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ (മറ്റൊന്നും) അല്ല. - وَمَا تَسْأَلُهُمْ അവരോടു നീ ചോദിക്കുന്നുമില്ല عَلَيْهِ ഇതിന്‍റെ (അതിന്‍റെ) പേരില്‍ مِنْ أَجْرٍ യാതൊരു പ്രതിഫലവും إِنْ هُوَ അതല്ല, ഇതല്ല إِلَّا ذِكْرٌ ഒരു ഉല്‍ബോധനം, സ്മരണ (പ്രസ്താവന) അല്ലാതെ لِّلْعَالَمِينَ ലോകര്‍ക്കു, ലോകര്‍ക്കു വേണ്ടിയുള്ള.
ഒരു ദൃക്ക്-സാക്ഷിയെപ്പോലെ, മേല്‍ വിവരിച്ച ദീര്‍ഘമായ ചരിത്ര സംഭവങ്ങള്‍ സവിശദം വസ്തു നിഷ്ഠമായി നബി (സ്വ) തിരുമേനിക്കു വിവരിക്കുവാന്‍ കഴിഞ്ഞതു അതെല്ലാം അല്ലാഹു വഹ്-യുമൂലം അറിയിച്ചുകൊടുത്തതു കൊണ്ടാകുന്നു. യൂസുഫ് (അ) നബിയെ കിണറ്റില്‍ ഇട്ടേക്കുക മുതലായ ചതിപ്രയോഗങ്ങള്‍ക്കു അദ്ദേഹത്തിന്‍റെ സഹോദരന്‍മാര്‍ ഗൂഢലോചന ചെയ്തു തീരുമാനിച്ചപ്പോഴൊന്നും നബി (സ്വ) അവിടെ ഉണ്ടായിരുന്നില്ല. എന്നാലും അവിടെ ഹാജരുണ്ടായിരുന്നപോലെ ശരിക്കും അതൊക്കെ നബി (സ്വ) വിവരിക്കുകയും ചെയ്യുന്നു. മുന്‍വേദഗ്രന്ഥങ്ങളില്‍നിന്നോ മറ്റോ പഠിച്ചറിയുവാനും അവിടുത്തേക്കു കഴിഞ്ഞിട്ടില്ല. അറബികള്‍ക്കും അതിനെപ്പറ്റി ഒരു വിവരവുമില്ല. അപ്പോള്‍, നബി (സ്വ) യെയും അറബിജനതയെയും സംബന്ധിച്ചിടത്തോളം ഇതെല്ലാം അദൃശ്യ വിവരങ്ങള്‍ തന്നെ. ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നുള്ളതിനു വ്യക്തമായ തെളിവാണല്ലോ ഇതും.
വസ്തുത ഇതാണെങ്കിലും ജനങ്ങളില്‍ അധിക ഭാഗവും ഖുര്‍ആനില്‍ വിശ്വസിക്കുവാന്‍ കൂട്ടാക്കുന്നില്ല. എല്ലാവരും വിശ്വസിച്ചു കാണണമെന്നു നബി (സ്വ)ക്കു അതിയായ ആഗ്രഹമുണ്ടെന്നതു ശരിതന്നെ. പക്ഷേ, അതു പ്രാവര്‍ത്തികമാകുന്നതല്ല. കാരണം, ലക്ഷ്യവും ദൃഷ്ടാന്താവും ഇല്ലാത്തതുകൊണ്ടല്ല – മത്സര ബുദ്ധിയും ദുര്‍വാശിയും മൂലമാണു – അവര്‍ വിശ്വസിക്കാതിരിക്കുന്നത്. അധികമാളുകളും ഇത്തരക്കാരാണുതാനും. ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്നതിന്‍റെ പേരില്‍ നബി (സ്വ) അവരോടു വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അവരുടെ നിഷേധത്തിനു അതൊരു ന്യായമായി എടുത്തു പറയാമായിരുന്നു. അതും ഇല്ല. അതുകൊണ്ടു അല്ലാഹുവില്‍നിന്നു ലഭിക്കുന്ന സന്ദേശങ്ങള്‍ പ്രബോധനം ചെയ്യുകയേ നബി (സ്വ) ചെയ്യേണ്ടതുള്ളു. എല്ലാ മനുഷ്യരുടെയും ഗുണത്തിനുവേണ്ടിയുള്ള ഒരു പ്രമാണമാണു ഈ ഖുര്‍ആന്‍. വിശ്വസിക്കുന്നവര്‍ വിശ്വസിച്ചുകൊള്ളട്ടെ, അല്ലാത്തവര്‍ നിഷേധിച്ചുകൊള്ളട്ടെ. (فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ) പ്രബോധനം ചെയ്യല്‍ മാത്രമേ നബി (സ്വ)ക്കു കടമയുള്ളു. ( إِنْ عَلَيْكَ إِلَّا الْبَلَاغُ) എന്നൊക്കെയാണ് തുടര്‍ന്നു പറഞ്ഞതിലടങ്ങിയ ആശയം.
‘മനുഷ്യരില്‍ അധികമാളുകളും വിശ്വസിക്കുന്നവരല്ല’ എന്നുള്ള 103-ാം വചനത്തിലെ പ്രസ്താവന വളരെ പ്രധാനപ്പെട്ട ഒരു യഥാര്‍ത്ഥമാണു കാണിച്ചു തരുന്നത്. ഭൂരിപക്ഷത്തിന്‍റെയോ, ബഹുഭൂരിഭാഗത്തിന്‍റെയോ അഭിപ്രായമോ, അനുകൂലമോ ആസ്പദമാക്കി സത്യമാര്‍ഗ്ഗവും, സനാതനതത്വങ്ങളും നിര്‍ണ്ണയിക്കുവാന്‍ പാടില്ലെന്നും സത്യത്തിന്‍റെ കക്ഷി എപ്പോഴും ന്യൂനപക്ഷമായിരിക്കുമെന്നുമുള്ളതാണത്. ശിര്‍ക്കു അന്ധവിശ്വാസം, അനാചാരം, ദുര്‍വൃത്തികള്‍ ആദിയായവയിലാകട്ടെ, ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങളുടെ നേരെയുള്ള അവഹേളനങ്ങളിലാകട്ടെ, എക്കാലവും ബഹുഭൂരിപക്ഷത്തിന്‍റെ പിന്‍തുണയും അനുഭാവവും ഉണ്ടായിരിക്കുമെന്നുള്ളതു അനുഭവം കൊണ്ടറിയാവുന്ന ഒരു നഗ്നസത്യമാണല്ലോ.
വിഭാഗം - 12
- وَكَأَيِّن مِّنْ ءَايَةٍ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ ﴾١٠٥﴿
- എത്ര (യേറെ) ദൃഷ്ടാന്തങ്ങളാണ് ആകാശങ്ങളിലും ഭൂമിയിലുമുള്ളത്?! അവര്‍ [മനുഷ്യര്‍] അവയിലൂടെ നടന്നു കൊണ്ടിരിക്കുന്നു; അവരാകട്ടെ, അവയെക്കുറിച്ച് (അവഗണിച്ചു) തിരിഞ്ഞുകളയുന്നവരുമാകുന്നു!
- وَكَأَيِّن എത്രയേറെ (എത്രയോ) ഉണ്ട് مِّنْ آيَةٍ ദൃഷ്ടാന്തമായിട്ടു, ദൃഷ്ടാന്തത്തില്‍നിന്ന് فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും يَمُرُّونَ അവര്‍ നടന്നുകൊണ്ടിരിക്കുന്നു, സഞ്ചരിക്കുന്നു عَلَيْهَا അതിലൂടെ, അവയുടെ അടുക്കലൂടെ وَهُمْ അവരാകട്ടെ, അവര്‍ ആയിക്കൊണ്ടു عَنْهَا അവയെക്കുറിച്ചു, അവയില്‍നിന്നും مُعْرِضُونَ തിരിഞ്ഞുകളയുന്നവരാണു, അവഗണിക്കുന്നവര്‍.
- وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ ﴾١٠٦﴿
- അവരില്‍ അധികമാളുകളും അല്ലാഹുവില്‍ വിശ്വസിക്കുന്നുമില്ല; അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നവരായും കൊണ്ടല്ലാതെ.
- وَمَا يُؤْمِنُ വിശ്വസിക്കുന്നുമില്ല أَكْثَرُهُم അവരിലധികവും, അധികമാളും بِاللَّـهِ അല്ലാഹുവില്‍ إِلَّا وَهُم അവരായിക്കൊണ്ടല്ലാതെمُّشْرِكُونَ മുശ്രിക്കുകള്‍, പങ്കുചേര്‍ക്കുന്നവര്‍.
- أَفَأَمِنُوٓا۟ أَن تَأْتِيَهُمْ غَـٰشِيَةٌ مِّنْ عَذَابِ ٱللَّهِ أَوْ تَأْتِيَهُمُ ٱلسَّاعَةُ بَغْتَةً وَهُمْ لَا يَشْعُرُونَ ﴾١٠٧﴿
- എന്നാല്‍, അല്ലാഹുവിന്‍റെ ശിക്ഷയില്‍നിന്നും മൂടിക്കളയുന്ന വല്ല സംഭവവും അവര്‍ക്കു വന്നെത്തുന്നതിനെക്കുറിച്ച് അവര്‍ (സമാധാനിച്ച്) നിര്‍ഭയരായിരിക്കുകയാണോ?! അല്ലെങ്കില്‍, അവര്‍ അറിയാത്തവിധം പെട്ടെന്ന് അന്ത്യസമയം അവര്‍ക്കു വന്നെത്തുന്നതിനെക്കുറിച്ച്?!
- أَفَأَمِنُوا എന്നാല്‍ (അപ്പോള്‍) അവര്‍ നിര്‍ഭയമായിരിക്കയോ, സമാധാനിച്ചിരിക്കയോ أَن تَأْتِيَهُمْ അവര്‍ക്കു വരുന്നതിനെ غَاشِيَةٌ വല്ല മൂടുന്ന സംഭവവും (പൊതു ആപത്തും) مِّنْ عَذَابِ ശിക്ഷയില്‍നിന്നു اللَّـهِ അല്ലാഹുവിന്‍റെ أَوْ تَأْتِيَهُمُ അല്ലെങ്കില്‍ അവര്‍ക്കുവരുന്നതിനെ السَّاعَةُ അന്ത്യസമയം بَغْتَةً പെട്ടെന്ന്, യാദൃശ്ഛികമായി وَهُمْ അവര്‍ ആയിക്കൊണ്ടു (ആയിരിക്കുന്ന വിധത്തില്‍) لَا يَشْعُرُونَ അവര്‍ അറിയാതെ, ബോധാപ്പെടാതെ.
ഗൗരവമേറിയ ചില സംഗതികളാണു ഈ വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. (1). അല്ലാഹുവിന്‍റെ മഹിത മഹത്വങ്ങള്‍, അധികാരാവകാശങ്ങള്‍, കൈകാര്യ നിയന്ത്രണങ്ങള്‍ ആദിയായവയും, അവയിലെല്ലാമുള്ള അവന്‍റെ ഏകത്വവും വിളിച്ചോതുന്ന എത്രയോ ദൃഷ്ടാന്തങ്ങള്‍ ഈ ആകാശ ഭൂമികളില്‍ നിലവിലുണ്ടു. മനുഷ്യ൪ നിത്യവും അവകണ്ടും അനുഭവിച്ചും പരിചയപ്പെട്ടും കൊണ്ടിരിക്കുന്നു. എന്നിട്ടും അവയെപ്പറ്റി ചിന്തിക്കുവാനോ, അവയിലടങ്ങിയ യുക്തിരഹസ്യങ്ങള്‍ മനസ്സിരുത്തുവാനോ, അവയില്‍ നിന്നു ലഭിക്കുന്ന തെളിവുകള്‍ അംഗീകരിക്കുവാനോ കൂട്ടാക്കാതെ അവയെ അവഗണിച്ചു തള്ളുകയാണവര്‍ ചെയ്യുന്നത്. അല്ലായിരുന്നുവെങ്കില്‍ ആ കണക്കറ്റ ദൃഷ്ടാന്തങ്ങള്‍ നിലവിലുള്ളപ്പോള്‍ അവര്‍ നിഷേധികളും അവിശ്വാസികളുമാകുമായിരുന്നില്ല. (2) അല്ലാഹുവില്‍ വിശ്വസിക്കുന്നവരില്‍ തന്നെ അധികഭാഗം ആളുകളും – ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ – ശിര്‍ക്ക് പുലര്‍ത്തിപ്പോരുന്നവരാകുന്നു. അഥവാ ശിര്‍ക്കു കലരാത്ത ശുദ്ധമായ തൗഹീദില്‍ വിശ്വസിക്കുന്നവര്‍ കുറവായിരിക്കും.
മുസ്‌ലിം സമുദായത്തിലെ സ്ഥിതിതന്നെ ആലോചിച്ചു നോക്കുക! സമുദായമദ്ധ്യെ സ്ഥിര പ്രതിഷ്ഠിതങ്ങളായിത്തീര്‍ന്നിട്ടുള്ളവയും, കാലദേശാന്തരങ്ങളില്‍ പുതുതായി രൂപം കൊണ്ടുവരുന്നവയുമായ എത്രയോ തരം ശിര്‍ക്കുകള്‍ നടമാടിക്കൊണ്ടിരിക്കുന്നു. അവയിലധികവും മതവിശ്വാസാചാരങ്ങളായി ഗണിക്കപ്പെട്ടുവരുകയും ചെയ്യുന്നു. അറിവില്ലാത്ത പാമര ജനങ്ങള്‍ അറിവില്ലായ്മകൊണ്ടോ, പരമ്പരാഗതമായ അനുകരണം നിമിത്തമോ അവയില്‍ മുഴുകിപ്പോകുന്നതു സ്വാഭാവികമാകുന്നു. അവയെ നിഷ്കാസനം ചെയ്‌വാന്‍ ബാധ്യസ്ഥരായ പണ്ഡിതന്‍മാരില്‍ പോലും ഏതെങ്കിലും ന്യായവാദങ്ങളുടെ മറവില്‍ – താല്‍പര്യപൂര്‍വ്വം – അവയെ നിലനിറുത്തുവാന്‍ പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം എല്ലാ കാലത്തും ഉണ്ടെന്നുള്ളതാണു കൂടുതല്‍ ആപത്ത്. വിഗ്രഹങ്ങളെയോ ദേവീ ദേവന്‍മാരെയോ ആരാധിച്ചുവരുന്ന മുശ്രിക്കുകള്‍പോലും – മുന്‍കാലത്തുള്ളവരും ഇക്കാലത്തുള്ളവരുമെന്ന വ്യത്യാസം കൂടാതെ – അല്ലാഹുവില്‍ വിശ്വാസമുള്ളവരാകുന്നു. അതായതു, ലോകസൃഷ്ടാവും, ലോകത്തു നടക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുന്നവനുമായ ഒരു പരമാധികാരശക്തിയില്‍ എല്ലാവരും വിശ്വസിക്കുന്നു. ആ ശക്തിയുടെ നാമത്തിലോ ഗുണഗണ സങ്കല്‍പങ്ങളിലോ വ്യത്യാസം കണ്ടേക്കുമെന്നു മാത്രം. അതോടൊപ്പം തന്നെ. മറ്റുചില വസ്തുക്കളെ ദൈവങ്ങളായി സങ്കല്‍പ്പിക്കുകയും, തദടിസ്ഥാനത്തില്‍ അല്ലാഹുവിനു മാത്രമായ അധികാരാവകാശങ്ങളില്‍ അവയെ അവനോടു പങ്കു ചേര്‍ക്കുകയുമാണവര്‍ ചെയ്യുന്നത്.
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍, അല്ലാഹുവല്ലാത്ത ഒരു വസ്തുവെയും ഒരു മുസ്‌ലിം പ്രത്യക്ഷത്തില്‍ ദൈവമായി അംഗീകരിക്കുകയില്ലെന്നുള്ളതു ശരിയാണെങ്കിലും അല്ലാഹുവിന്‍റെ അധികാരവകാശങ്ങളിലും ഗുണഗണങ്ങളിലും മറ്റുചിലരെ അവനോടു പങ്കുചേര്‍ക്കുന്നതില്‍നിന്നു ഭൂരിഭാഗവും ഒഴിവല്ല എന്നുള്ളതാണു വാസ്തവം. അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും ലക്ഷ്യമാക്കാതെ സൃഷ്ടികളുടെ പ്രീതിക്കും സല്‍പേരിനും വേണ്ടി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക, അല്ലാഹുവല്ലാത്തവരുടെ നാമത്തില്‍ സത്യം ചെയ്യുക, അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി നേര്‍ച്ച നേരുക, പണ്ഡിത പുരോഹിതന്‍മാരുടെ നിയമങ്ങളെ അംഗീകൃത മതനിയമങ്ങളായി സ്വീകരിക്കുക, പുണ്യാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കുക, മന്ത്രവാദങ്ങളും ഉറുക്കു കവചാദികളും ഉപയോഗപ്പെടുത്തുക, പ്രശ്നക്കാരെയും ഗണിതക്കാരെയും സമീപിക്കുക, കാര്യസാധ്യങ്ങള്‍ക്കായി മഹാന്മാരുടെ ഖബ്ര്‍ സ്ഥാനങ്ങളെ ആശ്രയിക്കുക മുതലായ പല കാര്യങ്ങളും ശിര്‍ക്കുകളില്‍പ്പെട്ടതാണെന്നു ഖുര്‍ആന്‍റെ അദ്ധ്യാപനങ്ങളില്‍നിന്നും നബി വചനങ്ങളില്‍നിന്നും അറിയപ്പെട്ടതാണല്ലോ. എന്നിട്ടും മുസ്‌ലിം സമുദായമദ്ധ്യേ ഇത്തരം കാര്യങ്ങള്‍ക്കുള്ള പ്രചാരവും സ്വീകരണവും എത്രമാത്രമാണെന്നു ആരെയും പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അല്ലാഹുവില്‍ ശരണം!
ഇമാം അഹ്മദ് (റ) അബൂമൂസല്‍ അശ്അരീ (അ) യില്‍നിന്ന് ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: നബി (സ്വ) ഒരു പ്രസംഗത്തില്‍ പറഞ്ഞു: ‘മനുഷ്യരേ, നിങ്ങള്‍ ഈ ശിര്‍ക്കിനെ സൂക്ഷിക്കുവിന്‍, കാരണം, അതു ഉറുമ്പു അരിച്ചുവരുന്നതിനെക്കാള്‍ ഗൂഢമായി വന്നുചേരുന്നതാണ്.’ ഇതുകേട്ടപ്പോള്‍, ഒരാള്‍ ചോദിച്ചു: ‘അങ്ങിനെയാണെങ്കില്‍ ഞങ്ങള്‍ അതെങ്ങിനെ സൂക്ഷിക്കും?’ തിരുമേനി (സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഇങ്ങിനെ പറയുവിന്‍ (പ്രാര്‍ത്ഥിക്കുവിന്‍): അല്ലാഹുവേ, ഞങ്ങള്‍ക്കു അറിയാവുന്ന വല്ലതിനെയും നിന്നോടു ഞങ്ങള്‍ പങ്കുചേര്‍ക്കുന്നതിനെക്കുറിച്ചു ഞങ്ങള്‍ നിന്നോടു ശരണം തേടുന്നു. ഞങ്ങള്‍ക്കു അറിയാവതല്ലാത്തതിനെക്കുറിച്ചു ഞങ്ങള്‍ നിന്നോടു പൊറുക്കുവാനപേക്ഷിക്കുകയും ചെയ്യുന്നു.’ (اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نُشْرِكَ بِكَ شَيْئًا نَعْلَمُهُ وَنَسْتَغْفِرُكَ لِمَا لَا نَعْلَمُ). ഈ ഹദീസിലെ ഉള്ളടക്കം അഹ്മദ് (റ) മാത്രമല്ല, മറ്റു ചില ഹദീസുപണ്ഡിതന്‍മാരും വേറെ മാര്‍ഗ്ഗങ്ങളില്‍കൂടി ഉദ്ധരിച്ചിട്ടുള്ളതാണ്. പ്രസ്തുത ചോദ്യകര്‍ത്താവു അബൂബക്കര്‍ (റ) ആയിരുന്നുവെന്നും അവയില്‍ ചിലതില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. വളരെ നിഗൂഢമായ മാര്‍ഗ്ഗങ്ങളില്‍കൂടി മനുഷ്യന്‍ അറിയാതെത്തന്നെ ശിര്‍ക്ക് അവനില്‍ കടന്നുകൂടുമെന്നും, അതിനെക്കുറിച്ചു അവന്‍ സദാ ജാഗരൂകനായിക്കൊണ്ടിരിക്കേണ്ടതുണ്ടെന്നുമാണ് നബി (സ്വ) ഈ വചനം മൂലം മുസ്‌ലിംകളെ ഉല്‍ബോധിപ്പിക്കുന്നത്.
107-ാം വചനത്തില്‍ ശിര്‍ക്കു പ്രവര്‍ത്തിക്കുന്നവര്‍ക്കു കനത്ത ഒരു താക്കീതാണുള്ളത്. അവര്‍ക്കു തടുക്കുവാന്‍ കഴിയാത്ത വമ്പിച്ച വല്ല ശിക്ഷയും ബാധിക്കുകയോ, ഓര്‍ക്കാപ്പുറത്തു ലോകവസാനഘട്ടം വന്നു അവര്‍ അല്ലാഹുവിന്‍റെ മുമ്പില്‍ ഹാജറാക്കപ്പെടുകയോ ചെയ്യുകയില്ലെന്നു അവര്‍ കരുതിയിരിക്കേണ്ട, അങ്ങിനെ വല്ലതും സംഭവിച്ചാല്‍ അവര്‍ക്കു രക്ഷപ്പെടാമെന്നും അവര്‍ കരുതിയിരിക്കേണ്ട എന്നു സാരം. എല്ലാതരം ശിര്‍ക്കുകളില്‍നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. آمين
- قُلْ هَـٰذِهِۦ سَبِيلِىٓ أَدْعُوٓا۟ إِلَى ٱللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِى ۖ وَسُبْحَـٰنَ ٱللَّهِ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ ﴾١٠٨﴿
- (നബിയേ) പറയുക: 'ഇതാ എന്‍റെ മാര്‍ഗ്ഗം; ഞാന്‍ അല്ലാഹുവിലേക്കു ക്ഷണിച്ചു കൊണ്ടിരിക്കുന്നു - (ഉള്‍ക്കാഴ്ച നല്‍കുന്ന ) തെളിവോടെ (ത്തന്നെ);
(അതെ) ഞാനും, എന്നെ പിന്‍പറ്റിയവരും (ക്ഷണിക്കുന്നു). അല്ലാഹു മഹാ പരിശുദ്ധനും! [അവനെ ഞാന്‍ വാഴ്ത്തുകയും ചെയ്യുന്നു] ഞാന്‍ മുശ്രിക്കുകളില്‍ [പങ്കു ചേര്‍ക്കുന്നവരില്‍] പെട്ടവനല്ലതാനും. - قُلْ പറയുക هَـٰذِهِ ഇതു, ഇതാ, ഇതത്രെ سَبِيلِي എന്‍റെ മാര്‍ഗ്ഗം, വഴി أَدْعُو ഞാന്‍ ക്ഷണിക്കുന്നു, വിളിക്കുന്നു إِلَى اللَّـهِ അല്ലാഹുവിലേക്കു عَلَىٰ بَصِيرَةٍ (ഉള്‍ക്കാഴ്ച നല്‍കുന്ന) തെളിവോടെ, തെളിവോടെയാണു أَنَا ഞാന്‍ (ഞാനും) وَمَنِ اتَّبَعَنِي എന്നെ പിന്‍പറ്റിയവരും وَسُبْحَانَ اللَّـهِ അല്ലാഹു പരിശുദ്ധനും, അല്ലാഹുവിനെ ഞാന്‍ വാഴ്ത്തുകയും ചെയ്യുന്നു وَمَا أَنَا ഞാനല്ല താനും مِنَ الْمُشْرِكِينَ ശിര്‍ക്കു (പങ്കുചേര്‍ക്കല്‍) ചെയ്യുന്നവരില്‍ (പെട്ടവന്‍).
വ്യാകരണത്തിലൂടെ നോക്കുമ്പോള്‍ عَلَىٰ بَصِيرَةٍ എന്ന വാക്കു അതിന്‍റെ തൊട്ടുമുമ്പുള്ള വാക്യത്തോടു ചേര്‍ന്നതും, തൊട്ടുപിമ്പുള്ള വാക്യത്തോടു ചേര്‍ന്നതും ആയിരിക്കുവാന്‍ സാധ്യതയുണ്ട്. പരിഭാഷയില്‍ ആദ്യത്തെ സാധ്യതയാണു പരിഗണിക്കപ്പെട്ടിരിക്കുന്നത്. രണ്ടാമത്തേതു പ്രകാരം ‘(ഉള്‍ക്കാഴ്ച നല്‍കുന്ന) തെളിവോടെയാണ് ഞാനും എന്നെ പിന്‍പറ്റിയവരും നിലകൊള്ളുന്നതു’ എന്നും അര്‍ത്ഥം പറയാം. അന്ധമായ നിലക്കോ, വസ്തുനിഷ്ഠമല്ലാത്ത വിധത്തിലോ ഒന്നുമല്ല – ശരിക്കും മനസ്സിലാക്കാവുന്ന തെളിവും രേഖയും മുമ്പില്‍വെച്ചുകൊണ്ടു തന്നെയാണു – ഞാനും എന്നില്‍ വിശ്വസിച്ചു പിന്‍പറ്റിക്കൊണ്ടിരിക്കുന്ന സത്യവിശ്വാസികളും ഈ മാര്‍ഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് എന്നു സാരം.
- وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِم مِّنْ أَهْلِ ٱلْقُرَىٰٓ ۗ أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۗ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌ لِّلَّذِينَ ٱتَّقَوْا۟ ۗ أَفَلَا تَعْقِلُونَ ﴾١٠٩﴿
- രാജ്യക്കാരില്‍നിന്നും നാം 'വഹ്-യു' [ദിവ്യസന്ദേശം] നല്‍കിയിരുന്ന ചില പുരുഷന്‍മാരെയല്ലാതെ, നിനക്കു മുമ്പു നാം (ആരെയും റസൂലായി) അയച്ചിട്ടില്ല.
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ?! അപ്പോള്‍ ഇവരുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു ഇവര്‍ക്കു നോക്കിക്കാണാമല്ലോ. സൂക്ഷ്മത പാലിച്ചവര്‍ക്കു പരലോക ഭവനം തന്നെയാണ് ഉത്തമം. എന്നാല്‍, നിങ്ങള്‍ ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കുന്നില്ലേ?! - وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിന്‍റെ മുമ്പു إِلَّا رِجَالًا ചില പുരുഷന്‍മാരെയല്ലാതെ نُّوحِي നാം വഹ്-യ് നല്‍കിക്കൊണ്ട് إِلَيْهِم അവര്‍ക്കു مِّنْ أَهْلِ ആള്‍ക്കാരില്‍ നിന്നു الْقُرَىٰ രാജ്യങ്ങളിലെ أَفَلَمْ يَسِيرُوا അ(ഇ)വര്‍ നടക്കുന്നില്ലേ, സഞ്ചരിച്ചിട്ടില്ലേ فِي الْأَرْضِ ഭൂമിയില്‍, ഭൂമിയിലൂടെ فَيَنظُرُوا അപ്പോള്‍ (എന്നാല്‍) അവര്‍ക്കു നോക്കാം (കാണാമല്ലോ) كَيْفَ എങ്ങിനെ كَانَ ആയി, ഉണ്ടായി (എന്നു) عَاقِبَةُ പര്യവസാനം, കലാശം الَّذِينَ യതൊരുവരുടെ مِن قَبْلِهِمْ അവരുടെ (ഇവരുടെ) മുമ്പുള്ള وَلَدَارُ ഭവനം (വീടു) തന്നെ الْآخِرَةِ പരലോകത്തെ, പരലോകമാകുന്ന خَيْرٌ ഉത്തമം, അധികം നല്ലതു لِّلَّذِينَ യാതൊരു കൂട്ടര്‍ക്കു اتَّقَوْا സൂക്ഷിച്ച, സൂക്ഷ്മത പാലിച്ച أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടുക്കു(ഗ്രഹിക്കു)ന്നില്ലേ.
അതതു രാജ്യക്കാരില്‍പെട്ടവരും, പുരുഷന്‍മാരുമായ ആളുകളെ മാത്രമേ വഹ്-യ് നല്‍കപ്പെട്ടുകൊണ്ടുള്ള റസൂലുകളായി നിയോഗിക്കുക പതിവുള്ളുവെന്നു അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. മരുഭൂപ്രദേശങ്ങളല്ലാത്ത – നഗരങ്ങളും പട്ടണങ്ങളും അടക്കമുള്ള നാടുകള്‍ക്കാണു الْقُرَىٰ (രാജ്യങ്ങള്‍) എന്നു പറയുന്നത്. സ്വാഭാവികമായും സംസ്കാരത്തിലും പെരുമാറ്റത്തിലുമൊക്കെ അല്‍പം പാരുഷ്യവും ഇണക്കമില്ലായ്മയും ഉള്ളവരായിരിക്കും മരുഭൂവാസികള്‍, അതുകൊണ്ടു മരുഭൂവാസികളായ ആളുകള്‍ക്കു ജനങ്ങളുമായി അടുത്തിടപെട്ടും കൂടിക്കലര്‍ന്നും പ്രബോധനകൃത്യം നിര്‍വ്വഹിക്കുവാന്‍ വിഷമമുണ്ടായിരിക്കും. മലക്കുകളെ റസൂലുകളാക്കി നിയോഗിക്കുന്ന പക്ഷം, അവരുടെ പ്രകൃതി സ്വഭാവങ്ങളില്‍ മാറ്റം വരുത്തി മനുഷ്യരുടെ പ്രകൃതി സ്വഭാവം നല്‍കപ്പെടാത്ത കാലത്തോളം മലക്കും മനുഷ്യനും തമ്മില്‍ നിത്യസമ്പര്‍ക്കം പുലര്‍ത്തുവാന്‍ നിവൃത്തിയില്ലതാനും. എനി, മലക്കിനു മനുഷ്യപ്രകൃതി നല്‍കപ്പെട്ടുവെന്നു സങ്കല്‍പിക്കുക. അപ്പോള്‍ മലക്കു മലക്കല്ലാതായിത്തീരുകയും ചെയ്യുന്നു. സ്ത്രീകളാണെങ്കില്‍, പുരുഷന്‍മാരെ അപേക്ഷിച്ചു ദിവ്യദൗത്യം (രിസാലത്ത്) യഥാവിധി നിര്‍വ്വഹിക്കുവാന്‍ കഴിയാതിരിക്കുമാറ് പ്രകൃത്യാ തന്നെ പല പോരായ്മകളും ഉള്ളവരാകുന്നു. രാജ്യക്കാരില്‍നിന്നുള്ള പുരുഷന്‍മാരെ മാത്രമേ റസൂലുകളായി നിയോഗിക്കപ്പെടാറുള്ളുവെന്നു വെക്കുവാന്‍ കാരണം ഇതൊക്കെയാകുന്നു.
‘നുബുവ്വത്തു’ (പ്രവാചകത്വ)മായി ബന്ധപ്പെട്ടുകൊണ്ടുള്ള ‘രിസാലത്തി’നെ (ദിവ്യദൗത്യത്തെ) ക്കുറിച്ചാണുമേല്‍ പ്രസ്താവിച്ചത്. إِلَّا رِجَالًا نُّوحِي إِلَيْهِم (നാം വഹ്-യ് നല്‍കുന്ന ചില പുരുഷന്‍മാരെയല്ലാതെ) എന്നു പറഞ്ഞത് ഈ വസ്തുതകളെയാണു സൂചിപ്പിക്കുന്നത്. പ്രവാചകത്വം നല്‍കപ്പെടാതെ ചിലപ്പോള്‍ മലക്കുകളും അല്ലാഹുവിന്‍റെ ദൂതന്‍മാരായി അയക്കപ്പെടാറുണ്ട്. അവര്‍ക്കും അറബിഭാഷയില്‍ റസൂലുകള്‍ (رُّسُل) എന്നു തന്നെയാണു പറയപ്പെടുക. അതുപോലെത്തന്നെ, മൂസാ (അ) നബിയുടെ മാതാവിനും, ഈസാ (അ) നബിയുടെ മാതാവിനും ലഭിച്ചതുപോലെയുള്ള ചില വെളിപ്പാടുകളും ദൈവീക സന്ദേശങ്ങളും സ്ത്രീകള്‍ക്കും പ്രവാചകന്‍മാരല്ലാത്ത ആളുകള്‍ക്കും ലഭിച്ചെന്നു വരാം. ഇവരൊന്നും അക്കാരണത്താല്‍ പ്രവാചകന്‍മാരാണെന്നോ, മേല്‍പറഞ്ഞ അര്‍ത്ഥത്തിലുള്ള റസൂലുകളാണെന്നോ വരുന്നില്ല. ‘സ്വകാര്യസന്ദേശം നല്‍കുക, സ്വകാര്യമായി സംസാരിക്കുക, തോന്നിപ്പിക്കുക’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളിലെല്ലാം ഉപയോഗിക്കപ്പെടുന്ന വാക്കാണു ‘വഹ്-യ്’ (وحي). തേനീച്ചക്കു അതിന്‍റെ വിദഗ്ധമായ കൂടുണ്ടാക്കുവാന്‍ തോന്നിപ്പിച്ചു കൊടുത്തതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ وَأَوْحَىٰ رَبُّكَ إِلَى النَّحْلِ (തേനീച്ചക്കു അവന്‍ വഹ്-യ് നല്‍കി) എന്നു സൂ: നഹ്ല്‍ 68ല്‍ പ്രസ്താവിച്ചതു ഈ അര്‍ത്ഥത്തിലാകുന്നു. പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെടുന്ന സാങ്കേതികാര്‍ത്ഥത്തിലുള്ള വഹ്-യിനെപ്പറ്റി സൂ: ശൂറായിലെ 51-ാം വചനത്തില്‍ അല്ലാഹു തന്നെ വിവരിച്ചിട്ടുള്ളതാണ്. (കൂടുതല്‍ വിവരത്തിന്ന് ആ വചനവും അതിന്‍റെ വ്യാഖ്യാനവും കാണുക). ഈ വഹ്-യാണു ഇവിടെ ഉദ്ദേശ്യം.
അങ്ങനെ – മേല്‍പ്രസ്താവിച്ച പ്രകാരം – മുമ്പു പല റസൂലുകളെയും അയച്ചിട്ടു അവരുടെ സമുദായങ്ങള്‍ വിശ്വസിക്കാതിരുന്നതു നിമിത്തം അവര്‍ക്ക് നേരിട്ട ശിക്ഷാനുഭവങ്ങളെപ്പറ്റി ഇവര്‍ക്കു മനസ്സിലാക്കുവാന്‍ ഭൂമിയിലൂടെ അവര്‍ സഞ്ചരിച്ചു നോക്കിയാല്‍മതി. ധാരാളം ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു കണ്ടെത്തുവാന്‍ കഴിയും. പക്ഷെ, ബുദ്ധി ഉപയോഗിച്ചു ചിന്തിക്കുവാനും, കാര്യം ഗ്രഹിക്കുവാനും തയ്യാറുണ്ടായിരിക്കണം എന്നൊക്കെയാണ് തുടര്‍ന്ന് പറഞ്ഞതിന്‍റെ സാരം. എന്നാല്‍, നബി (സ്വ) തിരുമേനിയെ നിഷേധിച്ചതിന്‍റെ പേരില്‍ ഇതുവരെയും തങ്ങള്‍ക്കു ഒരു ശിക്ഷയും അനുഭവപ്പെട്ടിട്ടില്ലല്ലോ എന്നു മക്കാ മുശ്രിക്കുകള്‍ക്കു തോന്നിയേക്കാം. ഇതിനുള്ള മറുപടി അടുത്ത വചനത്തില്‍നിന്നു മനസ്സിലാക്കാം:-
- حَتَّىٰٓ إِذَا ٱسْتَيْـَٔسَ ٱلرُّسُلُ وَظَنُّوٓا۟ أَنَّهُمْ قَدْ كُذِبُوا۟ جَآءَهُمْ نَصْرُنَا فَنُجِّىَ مَن نَّشَآءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ ٱلْقَوْمِ ٱلْمُجْرِمِينَ ﴾١١٠﴿
- അങ്ങനെ, (അവസാനം) റസൂലുകള്‍ നിരാശയടയുകയും, തങ്ങളോടു കളവു പറയപ്പെട്ടുവെന്നു അവര്‍ [ജനങ്ങള്‍] കരുതുകയും ചെയ്തപ്പോള്‍, അവര്‍ക്കു [റസൂലുകള്‍ക്കു] നമ്മുടെ സഹായം വന്നു; അപ്പോള്‍, നാം ഉദ്ദേശിച്ചിരുന്നവര്‍ രക്ഷിക്കപ്പെട്ടു. നമ്മുടെ ശിക്ഷ കുറ്റവാളികളായ ജനങ്ങളില്‍നിന്നു തടുക്കപ്പെടുന്നതുമല്ല.
- حَتَّىٰ (ഇതു) വരെ, അങ്ങനെ (അവസാനം) إِذَا اسْتَيْأَسَ നിരാശയടഞ്ഞപ്പോള്‍ الرُّسُلُ റസൂലുകള്‍ وَظَنُّوا അവര്‍ കരുതുക (വിചാരിക്കുക - ധരിക്കുക)യും أَنَّهُمْ അവര്‍ (ആകുന്നു) എന്നു قَدْ തീര്‍ച്ചയായും كُذِبُوا അവരോടു കളവു (വ്യാജം) പറയപ്പെട്ടു, അവര്‍ കളവാ (വ്യാജമാ)ക്കപ്പെട്ടു (വെന്നു) جَاءَهُمْ അവര്‍ക്കു വന്നു نَصْرُنَا നമ്മുടെ സഹായം فَنُجِّيَ അപ്പോള്‍ രക്ഷിക്കപ്പെട്ടു مَن نَّشَاءُ നാം ഉദ്ദേശിച്ചിരുന്നവര്‍ وَلَا يُرَدُّ തട്ട (തടുക്ക - തിരിക്ക) പ്പെടുകയുമില്ല بَأْسُنَا നമ്മുടെ ശിക്ഷ, ദണ്ഡനം - ശൗര്യം عَنِ الْقَوْمِ ജനങ്ങളില്‍നിന്നു الْمُجْرِمِينَ കുറ്റവാളികളായ
റസൂലുകള്‍ നിരാശയടഞ്ഞു (اسْتَيْأَسَ الرُّسُلُ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം ജനങ്ങള്‍ നിഷേധത്തില്‍ ശഠിച്ചുനിന്നതുകൊണ്ട് അവര്‍ വിശ്വസിക്കുമെന്ന പ്രതീക്ഷ അവര്‍ക്കു ഇല്ലാതായിത്തീര്‍ന്നു എന്നാകുന്നു. وَظَنُّوا أَنَّهُمْ قَدْ كُذِبُوا എന്ന രണ്ടാമത്തെ വാക്യത്തില്‍ كُذِبُوا (കുദിബൂ – അവരോടു കളവു പറയപ്പെട്ടു) എന്നതിന്‍റെ സ്ഥാനത്തു كُذِّبُوا (കുദ്ദിബൂ – അവര്‍ കളവാക്കപ്പെട്ടു) എന്നും വായനുണ്ടു, ഈ വായനാ വ്യത്യാസത്തെയും, ഈ വാക്യത്തിലെ സര്‍വ്വനാമങ്ങള്‍ (الضمائر) കൊണ്ടുള്ള വിവക്ഷകളെ നിര്‍ണ്ണയിക്കുന്നതിലുള്ള ഭിന്നാഭിപ്രായങ്ങളെയും അടിസ്ഥാനപ്പെടുത്തി ആ വാക്യത്തിനു ഒന്നിലധികം പ്രകാരത്തില്‍ അര്‍ത്ഥവ്യാഖ്യാനം നല്‍കപ്പെടാറുണ്ട്. വിശദീകരണ വേളയില്‍ അവ തമ്മില്‍ പരസ്പരം വ്യത്യാസം തോന്നുമെങ്കിലും എല്ലാം ഒരേ ആശയത്തിലേക്കു തന്നെയാണ് അവസാനം കലാശിക്കുന്നതെന്നു അവ പരിശോധിക്കുമ്പോള്‍ കാണാവുന്നതാണ്. അവയില്‍ കൂടുതല്‍ പ്രസക്തമായവ താഴെ പറയുന്നവയാകുന്നു:-
(1). പ്രവാചകന്‍മാര്‍ തങ്ങളോടു പറഞ്ഞതെല്ലാം കളവാണെന്നു അവരുടെ ജനങ്ങള്‍ കരുതുകയും ചെയ്തു. ഇതാണു അധിക വ്യാഖ്യാതാക്കളും സ്വീകരിച്ചതും, ഇബ്നു ജരീര്‍ (റ) ശരിവെച്ചിരിക്കുന്നതും ഇബ്നുഅബ്ബാസ്, ഇബ്നുമസ്ഊദു, സഈദുബ്നു ജുബൈര്‍, ള്വഹ്-ഹാക്ക് (റ) മുതലയവരില്‍നിന്നുള്ള പല രിവായത്തുകളും ഇതിനു തെളിവായി അദ്ദേഹം ഉദ്ധരിക്കുകയും മറ്റുള്ള അഭിപ്രായങ്ങളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. ഇബ്നുകഥീര്‍ (റ) ന്‍റെ ചായ്‌വും ഇതിലേക്കാണെന്നത്രെ മനസ്സിലാകുന്നത്. ഈ അഭിപ്രായപ്രകാരം ظَنُّوا (അവര്‍ കരുതി) എന്നു പറഞ്ഞതു ആ റസൂലുകളുടെ ജനങ്ങള്‍ കരുതി എന്ന ഉദ്ദേശ്യത്തിലായിരിക്കും. പരിഭാഷയില്‍ ഈ അഭിപ്രായമാണു നാമും സ്വീകരിച്ചിരിക്കുന്നത്. (2). തങ്ങള്‍ക്കു വിജയവും അവിശ്വാസികള്‍ക്കു ശിക്ഷയും വേഗമങ്ങു ലഭിക്കുമെന്നു തങ്ങളുടെ മനസ്സുകള്‍ തങ്ങളോടു മന്ത്രിക്കുന്നതു കളവാണെന്നു – അഥവാ അതു ശരിയല്ലെന്നു – റസൂലുകള്‍ക്കു മനസ്സിലായി. ഇതാണു ചിലര്‍ സ്വീകരിച്ചു കാണുന്ന അര്‍ത്ഥവ്യാഖ്യാനം. ഇതനുസരിച്ചു ظَنُّوا (അവര്‍) എന്നു പറഞ്ഞതു റസൂലുകള്‍ കരുതി എന്ന ഉദ്ദേശ്യത്തിലായിരിക്കും. ഈ രണ്ടഭിപ്രായവും كُذِبُوا (അവരോടു കളവു പറയപ്പെട്ടു) എന്ന വായനയെ അടിസ്ഥാനമാക്കിയുള്ളതാണ്. (3). തങ്ങള്‍ കളവാക്കപ്പെട്ടു – അഥവാ ജനങ്ങള്‍ നിഷേധത്തില്‍ ഉറച്ചുകഴിഞ്ഞു – വെന്നു റസൂലുകള്‍ ഉറപ്പായി കരുതി. ഇതു كُذِّبُوا (അവര്‍ കളവാക്കപ്പെട്ടു) എന്ന വായനയെ അടിസ്ഥാനമാക്കിയുള്ളതാകുന്നു.
ഈ വചനത്തിന്‍റെ മൊത്തത്തിലുള്ള ആശയം ഇങ്ങിനെ മനസ്സിലാക്കാവുന്നതാണ്: കഴിഞ്ഞ വചനത്തില്‍ കണ്ടതുപോലെ, പല രാജ്യക്കാരിലും അവരില്‍നിന്നുള്ള ചില പുരുഷന്‍മാരെ അല്ലാഹു റസൂലുകളാക്കി നിശ്ചയിച്ചു. വിശ്വസിച്ചവര്‍ക്കു രക്ഷയും, നിഷേധിച്ചവര്‍ക്കു ശിക്ഷയും അനുഭവപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്കു ശിക്ഷ വരുകയോ, സത്യവിശ്വാസികള്‍ക്കു രക്ഷ ലഭിക്കുകയോ ചെയ്യുന്നതായി കാണുന്നില്ലല്ലോ എന്നു ഈ മുശ്രിക്കുകള്‍ കരുതി സമാധാനിച്ചിരിക്കേണ്ടതില്ല. കഴിഞ്ഞുപോയ ആ പ്രവാചകന്‍മാരുടെ കാലത്തും സംഭവിച്ചതു ഇങ്ങിനെത്തന്നെയായിരുന്നു. അതായതു സത്യനിഷേധികള്‍ നിഷേധത്തില്‍ ശഠിച്ചു നില്‍ക്കുക കാരണം അവര്‍ വിശ്വസിച്ചേക്കുമെന്ന പ്രതീക്ഷ റസൂലുകള്‍ക്കു ഇല്ലാതാകുകയും, അവരുടെ ശിക്ഷയും സത്യവിശ്വാസികളുടെ രക്ഷയും അനുഭവത്തില്‍ വന്നുകാണാതെ മനസ്സു മുട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഘട്ടം എത്തുമ്പോഴാണു അതു സംഭവിക്കാറുള്ളത്. അല്ലാതെ, നിഷേധികള്‍ രംഗത്തു വരുമ്പോഴേക്കും അവര്‍ക്കു ശിക്ഷ അനുഭവപ്പെടുകയോ, റസൂലുകള്‍ക്കും വിശ്വാസികള്‍ക്കും ആദ്യം മുതല്‍ക്കേ വിജയം കൈവരുകയോ ചെയ്യുന്ന പതിവു മുമ്പും ഉണ്ടായിട്ടില്ല. ഏതായാലും ശിക്ഷ വരുമ്പോള്‍ കുറ്റവാളികളായ നിഷേധികള്‍ക്കു അതില്‍നിന്നും ഒഴിവുകിട്ടുകയില്ലെന്നു തീര്‍ച്ചയാണ്.
നിങ്ങളുടെ കഴിഞ്ഞുപോയവരുടെ മാതിരി നിങ്ങള്‍ക്കും സംഭവിക്കാതെ നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാവുകയില്ലെന്നും, മുമ്പുള്ളവര്‍ക്കു കഷ്ടതകളും ബുദ്ധിമുട്ടുകളും ബാധിക്കുക ഉണ്ടായിട്ടുണ്ടെന്നും ഉണര്‍ത്തിയശേഷം, സൂ: ബഖറ: 214ല്‍ അല്ലാഹു പറയുന്നു: …… وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّـهِ (റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും എപ്പോഴായിരിക്കും അല്ലാഹുവിന്‍റെ സഹായം? എന്നു പറയുന്നതുവരെ അവര്‍ കിടിലംകൊള്ളിക്കപ്പെടുകയും ചെയ്തു). അതുപോലെയുള്ള ആശയം ഉള്‍ക്കൊള്ളുന്ന ഒരു വചനം തന്നെയാണിതും. ഈ സൂറത്തു അല്ലാഹു ഇങ്ങിനെ അവസാനിപ്പിക്കുന്നു;-
- لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لِّأُو۟لِى ٱلْأَلْبَـٰبِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَىْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ ﴾١١١﴿
- തീര്‍ച്ചയായും, അവരുടെ [മേല്‍പ്രസ്താവിക്കപ്പെട്ടവരുടെ] കഥാ വിവരണത്തില്‍ (സല്‍) ബുദ്ധിമാന്‍മാര്‍ക്കു ഉറ്റാലോചിക്കുവാനുള്ളതു [ചിന്താപാഠം] ഉണ്ട്. ഇതു [ഖുര്‍ആന്‍] കെട്ടിയുണ്ടാക്കപ്പെടുന്ന ഒരു വര്‍ത്തമാനമല്ല. എങ്കിലും, ഇതിന്‍റെ മുമ്പുള്ളതിന്‍റെ സത്യസാക്ഷീകരണവും (ആവശ്യമായ) എല്ലാ കാര്യത്തിന്‍റെയും വിശദീകരണവുമത്രെ, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമാകുന്നു (അത്).
- لَقَدْ كَانَ തീര്‍ച്ചയായും ഉണ്ടായിരിക്കുന്നു (ഉണ്ട്) فِي قَصَصِهِمْ അവരുടെ കഥാ വിവരണത്തില്‍, കഥനത്തില്‍ عِبْرَةٌ ചിന്താപാഠം, ഉറ്റാലോചിക്കാനുള്ളതു لِّأُولِي الْأَلْبَابِ ബുദ്ധിമാന്‍മാര്‍ക്ക്, സല്‍ ബുദ്ധികളുള്ളവര്‍ക്കു مَا كَانَ ഇതല്ല, അതായിട്ടില്ല حَدِيثًا ഒരു വര്‍ത്തമാനം, വിഷയം يُفْتَرَىٰ കെട്ടിയുണ്ടാക്ക(കെട്ടിച്ചമക്ക)പ്പെടുന്ന وَلَـٰكِن എങ്കിലും, പക്ഷെ تَصْدِيقَ സത്യസാക്ഷീകരണമത്രെ, സത്യപ്പെടുത്തലാണു الَّذِي യാതൊന്നിന്‍റെ, യാതൊന്നിനെ بَيْنَ يَدَيْهِ ഇതി (അതി)ന്‍റെ മുമ്പിലുള്ള وَتَفْصِيلَ വിശദീകരണവും, വിസ്തരിക്കലും كُلِّ شَيْءٍ എല്ലാകാര്യത്തിന്‍റെയും وَهُدًى മാര്‍ഗ്ഗദര്‍ശനവും, വഴി കാട്ടലും وَرَحْمَةً കാരുണ്യവും لِّقَوْمٍ ഒരു ജനതക്കു, ജനങ്ങള്‍ക്കു يُؤْمِنُونَ വിശ്വസിക്കുന്ന.
അല്ലാഹു ഖുര്‍ആനില്‍ വിവരിച്ചുതന്ന ചരിത്ര സംഭവങ്ങളില്‍നിന്നു പാഠം പഠിച്ച് ഉറ്റാലോചിക്കുകയും ഖുര്‍ആന്‍റെ മാര്‍ഗ്ഗദര്‍ശനം യഥാവിധി സ്വീകരിക്കുക വഴി അവന്‍റെ കാരുണ്യത്തിനു അര്‍ഹരായിത്തീരുകയും ചെയ്യുന്ന ബുദ്ധിമാന്‍മാരായ സത്യവിശ്വാസികളില്‍ അവന്‍ നമ്മെയെല്ലാം ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.
والحمد لله أولا وأخر وله المنة والفضل