വിഭാഗം - 7

12:50
 • وَقَالَ ٱلْمَلِكُ ٱئْتُونِى بِهِۦ ۖ فَلَمَّا جَآءَهُ ٱلرَّسُولُ قَالَ ٱرْجِعْ إِلَىٰ رَبِّكَ فَسْـَٔلْهُ مَا بَالُ ٱلنِّسْوَةِ ٱلَّـٰتِى قَطَّعْنَ أَيْدِيَهُنَّ ۚ إِنَّ رَبِّى بِكَيْدِهِنَّ عَلِيمٌ ﴾٥٠﴿
 • രാജാവു പറയുകയും ചെയ്തു: 'അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍.' അങ്ങനെ, അദ്ദേഹത്തിന്‍റെ അടുക്കല്‍ (രാജാവിന്‍റെ) ദൂതന്‍ വന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: 'നീ നിന്‍റെ യജമാനന്‍റെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; എന്നിട്ടദ്ദേഹത്തോടു ചോദി(ച്ചു നോ)ക്കുക: തങ്ങളുടെ കൈകള്‍ മുറിപ്പെടുത്തിയ (ആ) സ്ത്രീകളുടെ നിലപാടെന്താണെന്ന്?! നിശ്ചയമായും, എന്‍റെ റബ്ബ് അവരുടെ തന്ത്രത്തെപ്പറ്റി അറിയുന്നവനാണ്.'
 • وَقَالَ പറയുകയും ചെയ്തു الْمَلِكُ രാജാവു ائْتُونِي എന്‍റെ അടുക്കല്‍ വരുവിന്‍ بِهِ അവനെക്കൊണ്ട് فَلَمَّا جَاءَهُ അങ്ങനെ അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നപ്പോള്‍ الرَّسُولُ ദൂതന്‍ قَالَ അദ്ദേഹം പറഞ്ഞു ارْجِعْ നീ മടങ്ങുക إِلَىٰ رَبِّكَ നിന്‍റെ യജമാനനിലേക്കു فَاسْأَلْهُ എന്നിട്ടദ്ദേഹത്തോടു ചോദിക്കുക مَا بَالُ നിലപാടു (സ്ഥിതി) എന്താണു النِّسْوَةِ സ്ത്രീകളുടെ اللَّاتِي قَطَّعْنَ മുറിപ്പെടുത്തിയ أَيْدِيَهُنَّ അവരുടെ കൈകളെ إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു بِكَيْدِهِنَّ അവരുടെ തന്ത്രത്തെ (ഉപായത്തെ)പ്പറ്റി عَلِيمٌ അറിയുന്നവനാണ്.

യൂസുഫ് (അ) നെ വിളിച്ചുകൊണ്ടുവരാന്‍ രാജാവു ദൂതനെ അയച്ചു. ദൂതന്‍ വന്ന മാത്രയില്‍തന്നെ തടവില്‍ നിന്നു പുറത്തുപോരാന്‍ അദ്ദേഹം തയ്യാറില്ലായിരുന്നു. ഒരു സംശയിക്കപ്പെട്ട കേടിയായിക്കൊണ്ടു രാജസന്നിധിയില്‍ ചെല്ലാതെ, തന്‍റെ യഥാര്‍ത്ഥസ്ഥിതി രാജാവു അറിഞ്ഞുകൊണ്ടായിരിക്കണം അതെന്നു അദ്ദേഹം ആഗ്രഹിച്ചു. മുമ്പ് തന്‍റെ കാരണത്താല്‍ കൈകള്‍ മുറിപ്പെടുത്തുകയും, അതിനെത്തുടര്‍ന്നു അസീസിന്‍റെ ഭാര്യക്കു പിന്തുണ നല്‍കുകയും ചെയ്തിരുന്ന ആ സ്ത്രീകളുമായി ഒരു സത്യാന്വേഷണം നടത്തി തന്‍റെ നിരപരാധിത്വവും പരിശുദ്ധിയും പരസ്യമായി രാജാവിനും മറ്റും ബോധ്യപ്പെട്ട ശേഷമേ താന്‍ പുറത്തുപോകേണ്ടതുള്ളുവെന്നു അദ്ദേഹം നിശ്ചയിച്ചു. അദ്ദേഹത്തിന്‍റെ മാന്യതയും, ധീരതയും ദൃഢമനസ്കതയും ഇതില്‍നിന്നു വ്യക്തമാണ്. നബി (സ്വ) ഒരു ഹദീസില്‍ അതിങ്ങിനെ ചൂണ്ടിക്കാട്ടിയിരിക്കുന്നു: ‘യൂസുഫ് താമസിച്ചത്ര കാലം ഞാന്‍ തടവില്‍ താമസിച്ചിരുന്നുവെങ്കില്‍, ആ വിളിക്കുവാന്‍ ചെന്നവന്‍റെ ക്ഷണം ഞാന്‍ സ്വീകരിക്കുമായിരുന്നു.’ (ബു; മു. മുതലായവര്‍). രാജാവു അന്വേഷണം നടത്തി.

12:51
 • قَالَ مَا خَطْبُكُنَّ إِذْ رَٰوَدتُّنَّ يُوسُفَ عَن نَّفْسِهِۦ ۚ قُلْنَ حَـٰشَ لِلَّهِ مَا عَلِمْنَا عَلَيْهِ مِن سُوٓءٍ ۚ قَالَتِ ٱمْرَأَتُ ٱلْعَزِيزِ ٱلْـَٔـٰنَ حَصْحَصَ ٱلْحَقُّ أَنَا۠ رَٰوَدتُّهُۥ عَن نَّفْسِهِۦ وَإِنَّهُۥ لَمِنَ ٱلصَّـٰدِقِينَ ﴾٥١﴿
 • അദ്ദേഹം [രാജാവു] പറഞ്ഞു: '(സ്ത്രീകളേ) നിങ്ങള്‍ യൂസുഫിനോടു വശീകരണ ശ്രമം നടത്തിയപ്പോള്‍ (ഉണ്ടായ) നിങ്ങളുടെ വിശേഷമെന്ത്?' അവര്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു! അവനെപ്പറ്റി യാതൊരു തിന്‍മയും ഞങ്ങള്‍ അറിഞ്ഞിട്ടില്ല.
  അസീസിന്‍റെ സ്ത്രീ [ഭാര്യ] പറഞ്ഞു: 'ഇപ്പോള്‍, യഥാര്‍ത്ഥം വെളിവായിരിക്കുന്നു; ഞാനത്രെ അവനോടു വശീകരണ ശ്രമം നടത്തിയത്. അവന്‍ സത്യവാന്‍മാരില്‍പെട്ടവന്‍ തന്നെയാണു താനും.'
 • قَالَ അദ്ദേഹം പറഞ്ഞു خَطْبُكُنَّ مَا നിങ്ങളുടെ വിശേഷ (കാര്യം) എന്താണു إِذْ رَاوَدتُّنَّ നിങ്ങള്‍ വശീകരണ ശ്രമം നടത്തിയപ്പോള്‍ يُوسُفَ യൂസുഫിനോടു عَن نَّفْسِهِ അവനുവേണ്ടി (അവനെ വശപ്പെടുത്താന്‍) قُلْنَ അവര്‍ പറഞ്ഞു حَاشَ لِلَّـهِ അല്ലാഹുവിന്‍റെ പരിശുദ്ധി (വാഴ്ത്തുന്നു) مَا عَلِمْنَا ഞങ്ങള്‍ അറിഞ്ഞിട്ടില്ല عَلَيْهِ അദ്ദേഹത്തെപ്പറ്റി مِن سُوءٍ ഒരു തിന്മയും قَالَتِ പറഞ്ഞു امْرَأَتُ (സ്ത്രീ) ഭാര്യ الْعَزِيزِ അസീസിന്‍റെ الْآنَ ഇപ്പോള്‍ حَصْحَصَ വെളിപ്പെട്ടു, വ്യക്തമായി الْحَقُّ യഥാര്‍ത്ഥം أَنَا ഞാന്‍ (തന്നെ) رَاوَدتُّهُ അവനോടു വശീകരണശ്രമം നടത്തി عَن نَّفْسِهِ അവനുവേണ്ടി وَإِنَّهُ നിശ്ചയമായും അവന്‍ لَمِنَ الصَّادِقِينَ സത്യവാന്‍മാരില്‍ പെട്ട(വന്‍) തന്നെ.
12:52
 • ذَٰلِكَ لِيَعْلَمَ أَنِّى لَمْ أَخُنْهُ بِٱلْغَيْبِ وَأَنَّ ٱللَّهَ لَا يَهْدِى كَيْدَ ٱلْخَآئِنِينَ ﴾٥٢﴿
 • 'അതു [അങ്ങിനെ പറഞ്ഞതു] അവനെ (അവന്‍റെ) അഭാവത്തില്‍ ഞാന്‍ വഞ്ചിച്ചിട്ടില്ലെന്നു അവന്‍ അറിയുവാന്‍ വേണ്ടിയാകുന്നു; വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ലെന്നുള്ളതിനാലുമാകുന്നു.
 • ذَٰلِكَ അതു لِيَعْلَمَ അവന്‍ (അദ്ദേഹം) അറിയുവാന്‍ വേണ്ടിയാകുന്നു أَنِّي ഞാന്‍ എന്നു لَمْ أَخُنْهُ അദ്ദേഹത്തെ (അവനെ) ഞാന്‍ വഞ്ചി(ചതി)ച്ചിട്ടില്ല (എന്നു) بِالْغَيْبِ അഭാവത്തില്‍, മറവില്‍ وَأَنَّ اللَّـهَ അല്ലാഹു എന്നതിനാലും لَا يَهْدِي അവന്‍ നേര്‍വഴിക്കാക്കുകയില്ല (എന്നതിനാലും) كَيْدَ തന്ത്രത്തെ, ഉപായം الْخَائِنِينَ ചതിയന്‍മാരുടെ, വഞ്ചകരുടെ.

ജുസ്ഉ് - 13

12:53
 • وَمَآ أُبَرِّئُ نَفْسِىٓ ۚ إِنَّ ٱلنَّفْسَ لَأَمَّارَةٌۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ إِنَّ رَبِّى غَفُورٌ رَّحِيمٌ ﴾٥٣﴿
 • 'എന്‍റെ സ്വന്തത്തെ (അഥവാ മനസ്സിനെ) ഞാന്‍ (നിരപരാധിയാക്കി) ഒഴിവാക്കുന്നുമില്ല. നിശ്ചയമായും മനസ്സ് തിന്‍മകൊണ്ടു ഉപദേശിക്കുന്ന [തിന്‍മക്കു പ്രേരിപ്പിക്കുന്ന]തു തന്നെയാണ്, എന്‍റെ റബ്ബ് കരുണചെയ്തവനൊഴികെ. നിശ്ചയമായും, എന്‍റെ റബ്ബ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.'
 • وَمَا أُبَرِّئُ ഞാന്‍ ഒഴിവാക്കുന്നില്ല (നിരപരാധിയാക്കുന്നില്ല) نَفْسِي എന്‍റെ സ്വന്തത്തെ, ആത്മാവിനെ, മനസ്സിനെ إِنَّ النَّفْسَ നിശ്ചയമായും മനസ്സു لَأَمَّارَةٌ (വളരെ) ഉപദേശിക്കുന്ന (പ്രേരിപ്പിക്കുന്ന)തു തന്നെ بِالسُّوءِ തിന്‍മകൊണ്ടു, തിന്‍മയെപ്പറ്റി إِلَّا مَا رَحِمَ കരുണചെയ്തതു (ചെയ്‌തവ) ഒഴികെ رَبِّي എന്‍റെ റബ്ബു إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു غَفُورٌ വളരെ പൊറുക്കുന്നവനാണു رَّحِيمٌ കരുണാനിധിയാണു.

അസീസിന്‍റെ ഭാര്യ നിങ്ങളെ വിരുന്നു സല്‍കരിച്ചതു മുതല്‍ നിങ്ങള്‍ യൂസുഫിനു നേരെ പ്രേമം പുലര്‍ത്തിക്കൊണ്ടിരുന്നുവല്ലോ. എന്നാല്‍, അവന്‍റെ ഭാഗത്തുനിന്നു നിങ്ങളിലേക്കു വല്ല ചായ്‌വും ഉള്ളതായി നിങ്ങള്‍ കാണുകയുണ്ടായോ? അവനെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? എന്നൊക്കെ രാജാവു സ്ത്രീകളോടു അന്വേഷിച്ചു. ഞങ്ങള്‍ അറിഞ്ഞിടത്തോളം അവനെ സംബന്ധിച്ചു ഒരു ദൂഷ്യവും പറയുവാനില്ല എന്നായിരുന്നു അവരുടെ മറുപടി. ഇത്രയുമായപ്പോള്‍ അസീസിന്‍റെ ഭാര്യയും സത്യം തുറന്നുപറഞ്ഞു. ഇതേവരെ സംഗതി മൂടപ്പെട്ടുകിടക്കുകയായിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥം വെളിക്കുവന്നിരിക്കയാണ്, യഥാര്‍ത്ഥത്തില്‍ അവനല്ല – ഞാന്‍തന്നെയാണു – പ്രേമാപേക്ഷ നടത്തിയത്. അവന്‍റെ ഭാഗത്താണു സത്യമുള്ളതു എന്നിങ്ങിനെ അവളും മൊഴികൊടുത്തു. യൂസുഫ് കേവലം ഒരു സാധാരണക്കാരനല്ലെന്നു എല്ലാവ൪ക്കും ബോധ്യമായി.

52ഉം 53ഉം വചനങ്ങളിലെ വാചകങ്ങള്‍ അസീസിന്‍റെ ഭാര്യയുടെ പ്രസ്താവനയുടെ തുടര്‍ച്ചയാണെന്നത്രെ വാചകങ്ങളുടെ ഘടനക്രമത്തില്‍ നിന്നു മനസ്സിലാകുന്നത്. വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗത്തിന്‍റെ അഭിപ്രായവും അതാണ്‌. അതേസമയം, ആ വാചകങ്ങളിലടങ്ങിയ ആശയങ്ങള്‍ നോക്കുമ്പോള്‍, അവ യൂസുഫ് (അ) ന്‍റെ വാചകങ്ങളായിരിക്കുവാനാണു കൂടുതല്‍ സാധ്യത കാണുന്നതെന്ന നിഗമനത്തില്‍ അധിക വ്യാഖ്യാതാക്കളും അവ അദ്ദേഹത്തിന്‍റെ പ്രസ്താവനയാണെന്നും അഭിപ്രായപ്പെടുന്നു. അസീസിന്‍റെ ഭാര്യയുടെ വാചകങ്ങളാണെന്നു വെക്കുമ്പോള്‍ …..ذَٰلِكَ لِيَعْلَمَ (അദ്ദേഹത്തിന്‍റെ അഭാവത്തില്‍ അദ്ദേഹത്തെ ഞാന്‍ വഞ്ചിച്ചിട്ടില്ലെന്നു അറിയുവാന്‍ വേണ്ടിയാണു അത്) എന്ന വാക്യത്തിന്‍റെ സാരം രണ്ടുപ്രകാരത്തില്‍ വരാം. (1). അദ്ദേഹത്തെ – അഥവാ എന്‍റെ ഭര്‍ത്താവായ അസീസിനെ – അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ഞാന്‍ വഞ്ചിക്കുകയുണ്ടായിട്ടില്ല. ഞാന്‍ യൂസുഫിനെ മോഹിച്ചതും, പിടികൂടിയതും ശരിതന്നെ. അവന്‍ അതിനു വിസമ്മതിക്കുകയാണുണ്ടായത്. അതുകൊണ്ടു അതിനപ്പുറമുള്ള അപരാധം (വ്യഭിചാരം) ഞാന്‍ ചെയ്തിട്ടില്ല. ഈ വസ്തുത അദ്ദേഹം അറിഞ്ഞിരിക്കുവാന്‍ വേണ്ടിയാണു ഞാനിപ്പോള്‍ ഇതെല്ലാം തുറന്നുസമ്മതിച്ചത്. (2). ഞാനിപ്പോള്‍ സത്യം തുറന്നുപറയുവാന്‍ കാരണം, അവന്‍ – യൂസുഫ് – കാരാഗൃഹത്തിലായശേഷം അവന്‍റെ അഭാവത്തില്‍ അവനെപ്പറ്റി ആരോപണങ്ങള്‍ നടത്തി വഞ്ചിച്ചിട്ടില്ലെന്നു അവന്‍ അറിഞ്ഞിരിക്കുവാന്‍വേണ്ടിയാകുന്നു. എനി, ആ വാചകങ്ങള്‍ യൂസുഫ് (അ) ന്‍റേതാണെന്നുവെക്കുമ്പോള്‍, ഈ വാക്യത്തിന്‍റെ താല്‍പര്യം ഇങ്ങിനെയായിരിക്കും: തടവില്‍ നിന്നു എന്നെ ദൂതന്‍ വിളിച്ചപ്പാടെ ഞാന്‍ പുറത്തുപോരാതെ ഈ വിഷയത്തിലെ സത്യാവസ്ഥ അന്വേഷിക്കണമെന്നു ആവശ്യപ്പെടുവാന്‍ കാരണം, എന്‍റെ യജമാനനായ അദ്ദേഹം – അസീസു – വീട്ടിലില്ലാത്തപ്പോള്‍ അദ്ദേഹത്തെ വഞ്ചിച്ചുകൊണ്ടു അദ്ദേഹത്തിന്‍റെ ഭാര്യയുടെ ആവശ്യത്തിനു ഞാന്‍ വഴങ്ങിയിട്ടില്ലെന്ന പരമാര്‍ത്ഥം അദ്ദേഹം അറിയുവാന്‍ വേണ്ടിയാകുന്നു.

‘വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല’ (….أَنَّ اللَّـهَ لَا يَهْدِي) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, അവരുടെ തന്ത്രങ്ങളും ഉപായങ്ങളും വിജയിക്കുകയില്ല; ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍, ഒരു കാരണം കൊണ്ടല്ലെങ്കില്‍ മറ്റൊരു കാരണംകൊണ്ടു അതുപൊളിഞ്ഞു പോകുകയും, അവര്‍ വഷളാകുകയും ചെയ്യും എന്നത്രെ. ‘ഞാന്‍ എന്‍റെ സ്വന്തത്തെ – അഥവാ എന്‍റെ മനസ്സിനെ – ഒഴിവാക്കി പറയുന്നില്ല. മനസ്സു തിന്‍മക്കു പ്രേരണ നല്‍കുന്നതുതന്നെയാണു…..’ (…..وَمَا أُبَرِّئُ نَفْسِي ۚ إِنَّ النَّفْسَ) എന്ന വാക്യത്തിലെ ആശയം ഇപ്രകാരം മനസ്സിലാക്കാം: ഞാന്‍ ഇപ്രകാരം എന്‍റെ നിരപരാധിത്വം സ്ഥാപിക്കുന്നതുകൊണ്ടു എന്‍റെ പക്കല്‍ യാതൊരു തരത്തിലുള്ള തെറ്റുകുറ്റവും വന്നുപോകയില്ലെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. മനുഷ്യ മനസ്സ് ദുഷ്പ്രേരണകള്‍ക്കും, ദുര്‍വികാരണങ്ങള്‍ക്കും വിധേയമാകുന്നതാണല്ലോ. അല്ലാഹുവിന്‍റെ കാരുണ്യംകൊണ്ട് രക്ഷപ്പെടുന്നവര്‍ മാത്രമേ ഇതില്‍നിന്നു ഒഴിവായിരിക്കുകയുള്ളു. ഈ വാക്യം യൂസുഫ് (അ) പറഞ്ഞതായാലും, സുലൈഖാ പറഞ്ഞതായാലും സാരം ഏറെക്കുറെ ഒന്നുതന്നെ.

പ്രസ്തുത വാചകങ്ങള്‍ യൂസുഫ് (അ) ന്‍റെ വാചകങ്ങളാണെന്നുവെക്കുന്ന പക്ഷം, എപ്പോഴാണു അദ്ദേഹം അതു പറഞ്ഞതു എന്ന് ചോദിക്കപ്പെടാം. ഇതിനുള്ള മറുപടി : രാജാവു സ്ത്രീകളെ വിളിച്ചു നടത്തിയ അന്വേഷണ ഫലം ദൂതന്‍ തടവില്‍ ചെന്നു അദ്ദേഹത്തെ അറിയിച്ചപ്പോള്‍ ദൂതനോടു അദ്ദേഹം പറഞ്ഞതായിരിക്കാം. അല്ലെങ്കില്‍, അദ്ദേഹം തടവില്‍ നിന്നു രാജാവിന്‍റെ മുമ്പില്‍ വന്നശേഷം രാജാവിനോടു പറഞ്ഞതുമാവാം. രണ്ടു പ്രകാരത്തിലും പറയപ്പെട്ടിട്ടുണ്ടുതാനും.

52ഉം 53ഉം വചനങ്ങള്‍ സുലൈഖായുടെ വാചകങ്ങളെന്ന നിലക്കു അവക്കു വ്യാഖ്യാനം നല്‍കിയശേഷം ഇബ്നുകഥീര്‍ (റ) ചെയ്ത ഒരു പ്രസ്താവന ശ്രദ്ധേയമാകുന്നു. അതിന്‍റെ ചുരുക്കം ഇതാണ്: ‘ഈ അഭിപ്രായമാണു കൂടുതല്‍ പ്രസിദ്ധമായതും അനുയോജ്യമായതും. മാവറദീ (റ) അദ്ദേഹത്തിന്‍റെ തഫ്സീറില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്. അബുല്‍ അബ്ബാസ് ഇബ്നു തൈമിയ്യ (റ) ഇതിനെ അനുകൂലിക്കുകയും ചെയ്തിരിക്കുന്നു. അതിനെപ്പറ്റി അദ്ദേഹം ഒരു പ്രത്യേക കൃതി തന്നെ രചിക്കുകയും ചെയ്തിരിക്കുന്നു. ആ വാക്യങ്ങള്‍ യൂസുഫ് (അ) ന്‍റെ പ്രസ്താവനയാണെന്നും പറയപ്പെട്ടിട്ടുണ്ട്. അതായതു, ഞാന്‍ ദൂതനെ മടക്കി അയച്ചത് എന്‍റെ നിരപരാധിത്വം രാജാവു അറിയുവാനും, അസീസിന്‍റെ ഭാര്യയുടെ കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ (അസീസിനെ) വഞ്ചിച്ചിട്ടില്ലെന്നു അദ്ദേഹം അറിയുവാനും വേണ്ടിയാണു….. ഈ അഭിപ്രായമല്ലാതെ ഇബ്നു ജരീറും ഇബ്നു അബീഹാത്തിമും (റ) വേറെ അഭിപ്രായം ഉദ്ധരിച്ചിട്ടുമില്ല. ഇതു യൂസുഫ് (അ) പറഞ്ഞതാണെന്നു ഇബ്നു അബ്ബാസ് (റ)ല്‍ നിന്നുള്ള ഒരു രിവായത്തു ഇബ്നു ജരീര്‍ (റ) ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. മുജാഹിദ്, സഈദുബ്നു ജുബൈര്‍, ഇക്രിമ (റ) മുതലായവരും പറയുന്നതു അങ്ങിനെയാണ്. ഒന്നാമത്തെ (സുലൈഖായുടെ പ്രസ്താവനയാണെന്ന) അഭിപ്രായമാണു കൂടുതല്‍ ബലപ്പെട്ടതും കൂടുതല്‍ വ്യക്തതയുള്ളതും. കാരണം, മുന്‍വാചകങ്ങളെല്ലാം രാജാവിന്‍റെ സാന്നിദ്ധ്യത്തില്‍ വെച്ച് അവള്‍ പറഞ്ഞതാണ്. യൂസുഫ് (അ) അപ്പോള്‍ അവിടെ ഇല്ല. അതിനുശേഷമാണു അദ്ദേഹത്തെ രാജാവു വരുത്തിയത്.’ (ه ابن كثير)
രാജാവിനു യൂസുഫ് (അ) ന്‍റെ നിരപരാധിത്വം വ്യക്തമാകുകയും, സ്വപ്നത്തിനു അദ്ദേഹം നല്‍കിയ വ്യാഖ്യാനത്തിന്‍റെ ഗൗരവം മനസ്സിലാകുകയും ചെയ്തപ്പോള്‍ രാജാവിനു അദ്ദേഹത്തിന്‍റെ നേരെ കൂടുതല്‍ മതിപ്പായി.

12:54
 • وَقَالَ ٱلْمَلِكُ ٱئْتُونِى بِهِۦٓ أَسْتَخْلِصْهُ لِنَفْسِى ۖ فَلَمَّا كَلَّمَهُۥ قَالَ إِنَّكَ ٱلْيَوْمَ لَدَيْنَا مَكِينٌ أَمِينٌ ﴾٥٤﴿
 • രാജാവു പറയുകയും ചെയ്തു: 'നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍, അവനെ ഞാന്‍ എനിക്കുവേണ്ടി സ്വന്തമാക്കിവെക്കാം.'

  അങ്ങനെ, അദ്ദേഹത്തോടു സംസാരിച്ചപ്പോള്‍ അദ്ദേഹം [രാജാവു] പറഞ്ഞു: 'നിശ്ചയമായും നീ, നമ്മുടെ അടുക്കല്‍ ഇന്ന് (വളരെ) സ്ഥാനിയും വിശ്വസ്ഥനുമാകുന്നു.'
 • وَقَالَ പറയുകയും ചെയ്തു الْمَلِكُ രാജാവു ائْتُونِي എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍, വരുവിന്‍ بِهِ അവനെ, അവനെക്കൊണ്ട്‌ أَسْتَخْلِصْهُ അവനെ ഞാന്‍ സ്വന്തമാക്കി (പ്രത്യേകമാക്കി - മാത്രമാക്കി) വെക്കാം (വെക്കുന്നു) لِنَفْسِي എന്‍റെ സ്വന്തത്തിനു, എനിക്കു സ്വന്തമായി فَلَمَّا كَلَّمَهُ അങ്ങനെ അദ്ദേഹത്തോടു അദ്ദേഹം സംസാരിച്ചപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു إِنَّكَ നിശ്ചയമായും നീ الْيَوْمَ ഇന്നു لَدَيْنَا നമ്മുടെ അടുക്കല്‍ مَكِينٌ സ്ഥാനിയാണ്, സ്ഥാനക്കാരനാണ് أَمِينٌ വിശ്വസ്ഥനാണു.

12:55
 • قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌ ﴾٥٥﴿
 • അദ്ദേഹം [യൂസുഫ്] പറഞ്ഞു: '(എന്നാല്‍) എന്നെ (ഈ) ഭൂമിയിലെ ഖജനാക്കളുടെമേല്‍ (അധികാരി) ആക്കിത്തരുക; നിശ്ചയമായും ഞാന്‍, (കാത്തു) സൂക്ഷിക്കുന്നവനും, (ശരിക്ക്) അറിയുന്നവനുമാകുന്നു.'
 • قَالَ അദ്ദേഹം പറഞ്ഞു اجْعَلْنِي എന്നെ ആക്കുക عَلَىٰ خَزَائِنِ ഭണ്ഡാര (നിക്ഷേപ)ങ്ങളുടെ മേല്‍ الْأَرْضِ ഭൂമിയിലെ, നാട്ടിന്‍റെ إِنِّي നിശ്ചയമായും ഞാന്‍ حَفِيظٌ കാക്കുന്ന (സൂക്ഷിക്കുന്ന)വനാണു عَلِيمٌ അറിയുന്നവനാണു.

തന്‍റെ സ്വപ്നത്തിനു ലഭിച്ച വ്യാഖ്യാനത്തില്‍ നിന്നും, പാനീയ കാര്യസ്ഥന്‍റെ അഭിപ്രായങ്ങളില്‍ നിന്നും സ്ത്രീകളുമായി നടത്തിയ അന്വേഷണത്തില്‍ നിന്നുമെല്ലാം യൂസുഫ് (അ) ഒരു സാധാരണക്കാരനല്ല. ശുദ്ധനും മാന്യനും യോഗ്യനും തന്നെയാണു എന്നു രാജാവിനു ബോധ്യമായി. അദ്ദേഹത്തെ തനിക്കൊരു ഉപദേഷ്ടാവാക്കാമെന്നു കരുതി. വേഗം വിളിച്ചുകൊണ്ടുവരുവാന്‍ വീണ്ടും ആളയച്ചു. അദ്ദേഹം വന്നശേഷം അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ അദ്ദേഹത്തെപ്പറ്റി രാജാവിനു കൂടുതല്‍ മതിപ്പുണ്ടായി. താന്‍ നമ്മുടെ അടുക്കല്‍ വളരെ ഉന്നത സ്ഥാനമുള്ളവനും തികച്ചും വിശ്വസ്തനുമാണെന്നു വ്യക്തമാക്കുകയും ചെയ്തു. രാജാവിങ്കലുള്ള സ്ഥാന വിശ്വാസങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടു രാജാവിനും ജനങ്ങള്‍ക്കും നാട്ടിനും നന്‍മ വരുത്തുവാന്‍ അദ്ദേഹത്തിനും ആഗ്രഹം തോന്നി. ശരി, അങ്ങിനെയാണെങ്കില്‍, ഈ ഭൂമിയിലെ – ഇന്നാട്ടിലെ – ധനകാര്യം എന്നെ ഏല്‍പ്പിച്ചു തന്നാല്‍ ഞാനതു നന്നായി കൈകാര്യം ചെയ്തുകൊള്ളാം, ആയവ്യയങ്ങളും നടത്തിപ്പുകളും സൂക്ഷ്മതയോടും വിശ്വസ്തതയോടും കൂടി നിര്‍വ്വഹിച്ചുംകൊള്ളാം എന്നും അദ്ദേഹവും അറിയിച്ചു. അങ്ങനെ, യൂസുഫ് (അ) നബി ഈജിപ്തിലെ ധനകാര്യമന്ത്രിയും, രാജാവിന്‍റെ വിശ്വസ്തനായ ഉപദേശകനും, സര്‍വ്വാദരണീയനായ ഒരു ഭരണാധികാരിയുമായിത്തീര്‍ന്നു.

ഈ സന്ദര്‍ഭത്തില്‍ – ഉദ്യോഗങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ബഹളവും മുറവിളിയും കൂട്ടിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു വിശേഷിച്ചും – സത്യവിശ്വാസികള്‍ മനസ്സിരുത്തേണ്ടതുള്ള ചില സംഗതികള്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നതു ആവശ്യമാകുന്നു. സ്ഥാനമാനങ്ങള്‍ക്കും അധികാര പദവികള്‍ക്കും വേണ്ടി ആവശ്യപ്പെടുന്നതു ഒരു അനഭിലഷണീയ സമ്പ്രദായമായിട്ടാണു ഇസ്‌ലാം കണക്കാക്കുന്നത്. ഉദ്യോഗവും പദവിയും ആവശ്യപ്പെട്ടുവരുന്നവര്‍ക്കു അതു നല്‍കാതിരിക്കലായിരുന്നു നബി (സ്വ) യുടെ പതിവ്. അബ്ബൂമൂസാ (റ) പറയുകയാണ്‌ ഞാനും എന്‍റെ പിതൃവ്യ പുത്രന്‍മാരില്‍ രണ്ടുപേരും റസൂല്‍ (സ്വ) തിരുമേനിയുടെ അടുക്കല്‍ പ്രവേശിപ്പിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, അല്ലാഹു അങ്ങയെ കൈകാര്യം ഏല്പിച്ചുതന്നിട്ടുള്ള വല്ലതിലും അവിടുന്നു ഞങ്ങളെ അധികാരപ്പെടുത്തിത്തന്നാലും.’ മറ്റേവനും അതേ പ്രകാരം പറഞ്ഞു. അപ്പോള്‍ തിരുമേനി (സ്വ) പറഞ്ഞു: ‘നിശ്ചയമായും നാം – അല്ലാഹുവിനെത്തന്നെയാണ! – ഈ ജോലി ചോദിച്ചുവരുന്ന ഒരാളെയും അതില്‍ അധികാരപ്പെടുത്തുകയില്ല.’ അതിനു മോഹിക്കുന്ന ഒരാളെയും അധികാരപ്പെടുത്തുകയില്ല.’ (ബു; മു). മറ്റൊരു രിവായത്തിലെ വാചകം ഇങ്ങിനെയാണു: ‘നമ്മുടെ (വക) ഉദ്യോഗത്തെ ഉദ്ദേശിക്കുന്നവര്‍ക്കു നാം ഉദ്യോഗം നല്‍കുന്നതല്ല.’ നബി (സ്വ) പറഞ്ഞതായി അനസ് (റ) ഉദ്ധരിച്ച ഒരു ഹദീസിന്‍റെ സാരം ഇതാണു: ‘ആരെങ്കിലും ന്യായാധിപസ്ഥാനം ആവശ്യപ്പെടുകയോ ചോദിക്കുകയോ ചെയ്‌താല്‍ അതു അവനില്‍ തന്നെ ഏല്പിക്കപ്പെടും. ആരെങ്കിലും അതിനുവേണ്ടി നിര്‍ബ്ബന്ധിതനായാല്‍ അവനെ ചൊവ്വിനു നടത്തുന്ന ഒരു മലക്കിനെ അല്ലാഹു അവനില്‍ ഏര്‍പ്പെടുത്തും.’ (തി; ജ; ദാ). ആവശ്യപ്പെട്ടു അധികാരസ്ഥാനം കൈക്കലാക്കിയവനു അതു ചൊവ്വിനു നടത്തുവാന്‍ അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുള്ള സഹായം ഉണ്ടാവുകയില്ല എന്നു താല്‍പര്യം. ഈ ആശയങ്ങള്‍ അടങ്ങിയ വേറെയും പല ഹദീസുകള്‍ കാണാം.

ഉദ്യോഗം ആവശ്യപ്പെട്ടുവരുന്നവരുടെ ലക്ഷ്യം അല്ലാഹുവിങ്കല്‍ നിന്നുള്ള പുണ്യമോ പൊതു നന്മയോ, ജനസേവനമോ ആയിരിക്കുകയില്ല. അതില്‍നിന്നോ, അതിന്‍റെ പേരിലോ ലഭിക്കുന്ന വരുമാനങ്ങളും, സ്വാധീനം മുതലായ നേട്ടങ്ങളും മാത്രമായിരിക്കും അവരുടെ ലക്‌ഷ്യം. ഇതിന്‍റെ അനന്തരഫലമെന്താണെന്നു ഇക്കാലത്തു ആരെയും പറഞ്ഞു പഠിപ്പിക്കേണ്ടുന്ന ആവശ്യമില്ലല്ലോ. കാലക്രമേണ മനുഷ്യരുടെ വിശ്വാസവും വിശ്വസ്തതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുമെന്നു വിവരിക്കുന്നതും, ഹുദൈഫ (റ) യില്‍നിന്നു നിവേദനം ചെയ്യപ്പെട്ടതുമായ അല്‍പം ദീര്‍ഘിച്ച ഒരു നബിവചനത്തിന്‍റെ അവസാനഭാഗം ഇപ്രകാരമാകുന്നു: ‘……. വിശ്വസ്തത പാലിക്കുന്നവര്‍ ഇല്ലാതായിത്തീരും. അങ്ങനെ, ഇന്നകുടുംബത്തില്‍ വിശ്വസ്തനായ ഒരാളുണ്ടുപോല്‍ എന്നു പറയപ്പെടും, ഒരാളെപ്പറ്റി അയാള്‍ വളരെ ബുദ്ധിമാനും ചിന്തകനുമാണെന്നു പറയപ്പെടും. അയാളുടെ മനസ്സിലാകട്ടെ, കടുകുമണിയോളം വിശ്വാസം ഉണ്ടായിരിക്കുകയുമില്ല.’ (ബു; മു). ഈ നബിവചനത്തിലെ പ്രവചനം ഇന്നു നാം അനുഭവത്തില്‍ കണ്ടു തുടങ്ങിയിരിക്കുകയാണ്. അല്ലാഹു സമുദായത്തെ രക്ഷിക്കട്ടെ. ആമീന്‍.

എന്നാല്‍, യൂസുഫ് (അ) ഈജിപ്തിലെ ധനകാര്യ നേതൃത്വത്തിനുവേണ്ടി രാജാവിനോടു ആവശ്യപ്പെട്ടു ചോദിച്ചുവല്ലോ എന്നു പറയപ്പെടാം. ഒരു സ്വാര്‍ത്ഥമോ കാര്യലാഭമോ അതില്‍നിന്ന് നേടണമെന്ന വിചാരമേ അദ്ദേഹത്തിന്നില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലവും നാട്ടിന്‍റെ നന്‍മയും മാത്രമാണു അദ്ദേഹത്തിന്‍റെ ലക്‌ഷ്യം. അദ്ദേഹം അതിന്‍റെ നിര്‍വ്വഹണത്തില്‍ യാതൊരു ക്രമക്കേടും വരുത്തുകയില്ലെന്നു ഉറപ്പാണ്. വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ അല്ലാഹുവില്‍നിന്നു തനിക്കു ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതോടുകൂടി, ആ അധികാരമേറ്റു ഭാവികാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ അദ്ദേഹം തികച്ചും പ്രാപ്തനും വിശ്വസ്തനുമാണെന്നു രാജാവിന്‍റെ വാക്കി (…..إِنَّكَ الْيَوْمَ لَدَيْنَا)ല്‍ നിന്നുതന്നെ സ്പഷ്ടമാണുതാനും. ചുരുക്കിപ്പറഞ്ഞാല്‍, ഉത്തരവാദപ്പെട്ട ഒരു സ്ഥാനം അലങ്കരിക്കുവാനുള്ള യോഗ്യതയും പ്രാപ്തിയും ഉണ്ടായിരിക്കുക, നിസ്വാര്‍ത്ഥവും സമര്‍ത്ഥവുമായ രീതിയില്‍ അതു നിറവേറ്റുമെന്ന പൂര്‍ണ്ണവിശ്വാസവും അതിനുള്ള സാഹചര്യവും ഉണ്ടായിരിക്കുക. അതു കയ്യാളുവാനും വേണ്ടുന്ന രൂപത്തില്‍ കൈകാര്യം ചെയ്‌വാനും പറ്റിയ നിഷ്കളങ്കരായ ആളുകളെ വേറെ കാണപ്പെടാതെയും ഇരിക്കുക. ഇത്രയും കാര്യങ്ങള്‍ ഒത്തുകൂടിയാല്‍, അധികാരസ്ഥാനങ്ങള്‍ക്കുവേണ്ടി മുന്നോട്ടു വരുകയും, അതു കരസ്ഥമാക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യാം. സ്ഥാനമോഹമോ, ധനസമ്പാദമോ, സ്വാര്‍ത്ഥലാഭങ്ങളോ ഉദ്ദേശിച്ചുകൊണ്ടു അധികാരസ്ഥാനത്തു കയറിപ്പറ്റുന്നവരെക്കൊണ്ടു സമുദായത്തിനും നാട്ടിനും ഉപദ്രവം മാത്രമേ ഉണ്ടാവുകയുള്ളു. നിഷ്കളങ്കവും നിസ്വാര്‍ത്ഥവുമായ സേവനം അവരില്‍നിന്നുണ്ടാവാന്‍ പ്രയാസമായിരിക്കും.

രാജാവിന്‍റെ സ്വപ്നം മുതല്‍ ഇതുവരെ പ്രസ്താവിക്കപ്പെട്ട വിഷയങ്ങള്‍ കുറേ വിശദീകരണ സഹിതം ബൈബ്ലിലും ഉദ്ധരിച്ചിട്ടുണ്ട്. ഖുര്‍ആന്‍റെ പ്രസ്താവനകള്‍ക്കു യോജിച്ചതും, യോജിക്കാത്തതും, അതില്‍സ്പര്‍ശിക്കപ്പെട്ടിട്ടില്ലാത്തതുമായ പല വിവരങ്ങളും അതില്‍ അടങ്ങിയിട്ടുമുണ്ട്. അവസാനം ഇങ്ങിനെ പറയുന്നു: ‘ഫറവോന്‍ യോസേഫിനോടു: ദൈവം ഇതൊക്കെ നിനക്കു വെളിപ്പെടുത്തിത്തന്നതുകൊണ്ടു നിന്നെപ്പോലെ ഒരുത്തനും ഇല്ല. നീ എന്‍റെ ഗൃഹത്തിനു മേധാവിയായിരിക്കും. ജനമെല്ലാം നിന്നെ അനുസരിക്കും. സിംഹാസനം കൊണ്ടുമാത്രം ഞാന്‍ വലിയവനുമായിരിക്കും. ഫറവോന്‍ മുദ്രമോതിരം ഊരി യോസേഫിന്‍റെ കൈക്കു ഇട്ടു ….’ (ഉല്‍പത്തി: അ: 41).

12:56
 • وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَآءُ ۚ نُصِيبُ بِرَحْمَتِنَا مَن نَّشَآءُ ۖ وَلَا نُضِيعُ أَجْرَ ٱلْمُحْسِنِينَ ﴾٥٦﴿
 • അപ്രകാരം, യൂസുഫിനു ഭൂമിയില്‍ നാം സൗകര്യമുണ്ടാക്കിക്കൊടുത്തു, അതില്‍ നിന്നും അദ്ദേഹം ഉദ്ദേശിക്കുന്നേടത്തു അദ്ദേഹത്തിനു താമസിക്കുമാറ്. നമ്മുടെ കാരുണ്യത്തെ നാം ഉദ്ദേശിക്കുന്നവര്‍ക്കു നാം എത്തിക്കുന്നു. സുകൃതവാന്‍മാരുടെ പ്രതിഫലത്തെ നാം പാഴാക്കുകയുമില്ല.
 • وَكَذَٰلِكَ അപ്രകാരം مَكَّنَّا നാം സ്ഥാനം (സൗകര്യം) നല്‍കി لِيُوسُفَ യൂസുഫിനു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) يَتَبَوَّأُ അദ്ദേഹം ചെന്ന് താമസിക്കുമാറ് مِنْهَا അതില്‍നിന്നു حَيْثُ يَشَاءُ അദ്ദേഹം ഉദ്ദേശിക്കുന്നേടത്തു نُصِيبُ നാം ബാധിപ്പിക്കുന്നു, എത്തിക്കും بِرَحْمَتِنَا നമ്മുടെ കാരുണ്യത്തെ مَن نَّشَاءُ നാം ഉദ്ദേശിക്കുന്നവര്‍ക്കു وَلَا نُضِيعُ നാം പാഴാക്കുകയുമില്ല أَجْرَ പ്രതിഫലത്തെ, കൂലി الْمُحْسِنِينَ സല്‍ഗുണം ചെയ്യുന്നവരുടെ, സുകൃതവാന്‍മാരുടെ.
12:57
 • وَلَأَجْرُ ٱلْـَٔاخِرَةِ خَيْرٌ لِّلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ﴾٥٧﴿
 • വിശ്വസിക്കുകയും, സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്തവര്‍ക്കു പരലോകത്തെ പ്രതിഫലം തന്നെ [കൂടുതല്‍] ഉത്തമം.
 • وَلَأَجْرُ പ്രതിഫലംതന്നെ الْآخِرَةِ പരലോകത്തെ خَيْرٌ ഉത്തമം, അധികം നല്ലതു لِّلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് وَكَانُوا അവര്‍ ആയിരുന്നു يَتَّقُونَ സൂക്ഷമത പാലിക്കും.

കിണറ്റില്‍ നിന്നു രക്ഷപ്പെട്ടശേഷം, അസീസിന്‍റെ വീട്ടില്‍ സുഖമായി കഴിയത്തക്ക സൗകര്യം ലഭിച്ചതിനെപ്പറ്റി പ്രസ്താവിച്ച സന്ദര്‍ഭത്തില്‍ ‘അപ്രകാരം യൂസുഫിനു നാം ഭൂമിയില്‍ സൗകര്യം ചെയ്തുകൊടുത്തു’ (….وَكَذَٰلِكَ مَكَّنَّا) എന്നു 21-ാം വചനത്തില്‍ മുമ്പു പറഞ്ഞു. ഇവിടെ ഈജിപ്തിലെ ഭരണനേതൃത്വം അദ്ദേഹത്തിനു കൈവന്നതിനെത്തുടര്‍ന്നും അതേ വാക്കു അല്ലാഹു പറഞ്ഞിരിക്കുന്നു. 21-ാം വചനത്തില്‍ അതോടുച്ചേര്‍ത്തു കൊണ്ടു അദ്ദേഹത്തിനു വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനം പഠിപ്പിക്കുവാന്‍വേണ്ടിയും കൂടിയാണതു (وَلِنُعَلِّمَهُ مِن تَأْوِيلِ الْأَحَادِيثِ) എന്നാണു പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാവിയിലേക്കുള്ള ചില പരിശീലനങ്ങളെയാണതു സൂചിപ്പിക്കുന്നത്. ഇവിടെയാകട്ടെ, ഭൂമിയില്‍ അദ്ദേഹം ഉദ്ദേശിക്കുന്നേടത്തു ചെന്നു താമസിക്കുമാറുള്ള സൗകര്യം ചെയ്തുകൊടുത്തിരിക്കുന്നു (يَتَبَوَّأُ مِنْهَا حَيْثُ يَشَاءُ) എന്നുകൂടി പറഞ്ഞിരിക്കുന്നു. കാരണം, ഇപ്പോള്‍ അദ്ദേഹത്തിനു ഇഷ്ടംപോലെ എവിടെയും പോകാനും വരാനും സ്വാതന്ത്ര്യമുണ്ടല്ലോ. കിണറ്റിന്‍റെ അടിത്തട്ടില്‍ നിന്നു കൊട്ടാരമാളികയിലേക്കു പ്രവേശനം ലഭിച്ചതും, തടവറയില്‍ നിന്നു ഒരു സാമ്രാജ്യത്തിന്‍റെ ഭരണനേതൃത്വത്തിലേക്കു ഉയരുവാന്‍ കഴിഞ്ഞതും അദ്ദേഹത്തിനു അല്ലാഹു നല്‍കിയ അനുഗ്രഹമാണെന്നും, എല്ലാം അവന്‍റെ പരിപാടിയനുസരിച്ചു അവന്‍ നടപ്പില്‍വരുത്തുന്നതാണെന്നുമാണിതു ചൂണ്ടിക്കാട്ടുന്നത്. ഇതൊക്കെ വമ്പിച്ച അനുഗ്രഹം തന്നെയാണെങ്കിലും സത്യവിശ്വാസം സ്വീകരിച്ചുകൊണ്ടു അല്ലാഹുവിന്‍റെ വിധിവിലക്കുകളെ സൂക്ഷിച്ചു പോരുന്നവര്‍ക്കു പരലോകത്തുവെച്ചു ലഭിക്കുന്ന പ്രതിഫലം ഇതിനെക്കാളൊക്കെ ഉത്തമമായതായിരിക്കുമെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.

വിഭാഗം - 8

യൂസുഫ് (അ) ഈജിപ്തിലെ ധനകാര്യമേധാവിയും, ഭരണത്തിന്‍റെ അമരക്കാരനുമായിത്തീര്‍ന്നു. അദ്ദേഹം കൃഷിവ്യവസായങ്ങള്‍ പോഷിപ്പിക്കുകയും ഭരണകൂടത്തിന്‍റെ വരുമാനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ക്ഷേമകരമായ ഏഴു സംവത്സരങ്ങള്‍ പിന്നിട്ടു. അക്കാലങ്ങളില്‍ ലഭിച്ച ധാന്യവിളവുകളില്‍ അത്യാവശ്യമായ ചിലവുകള്‍ കഴിച്ചു ബാക്കിയുള്ളതെല്ലാം മുമ്പേ ആസൂത്രണം ചെയ്യപ്പെട്ട പരിപാടിയനുസരിച്ചു തുടര്‍ന്നുള്ള പഞ്ഞവര്‍ഷങ്ങളിലേക്കായി സൂക്ഷിച്ചുവെച്ചു. ക്ഷാമവും വരള്‍ച്ചയും ഈജിപ്തിനെ മാത്രമല്ല ബാധിച്ചത്. അയല്‍നാടുകളെയും ബാധിച്ചിരുന്നു. കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ ജന്‍മനാടായ കന്‍ആന്‍ (ശാം) പ്രദേശവും ക്ഷാമത്തിന്നിരയായിത്തീര്‍ന്നു. ദൂര രാജ്യങ്ങളില്‍ നിന്നു വിദേശികള്‍ ഈജിപ്തില്‍ വന്നു ധാന്യം വാങ്ങിക്കൊണ്ടുപോകുക പതിവായി. അതനുസരിച്ചു യഅ്ഖൂബ് (അ) നബി തന്‍റെ മക്കളെയും ഈജിപ്തിലേക്കു ധാന്യം വാങ്ങുവാനയച്ചു. ദൂരെ നിന്നു വരുന്നവര്‍ക്കു പൊതുനന്മയെ ഉദ്ദേശിച്ചു ഒരാള്‍ക്കു ഒരു ഒട്ടകച്ചുമടിലധികം ധാന്യം നല്കാറില്ലായിരുന്നു. അതുകൊണ്ടു ബിന്‍യാമീന്‍ ഒഴികെയുള്ള പത്തു മക്കളെയും അദ്ദേഹം അയച്ചിരുന്നു.

12:58
 • وَجَآءَ إِخْوَةُ يُوسُفَ فَدَخَلُوا۟ عَلَيْهِ فَعَرَفَهُمْ وَهُمْ لَهُۥ مُنكِرُونَ ﴾٥٨﴿
 • യൂസുഫിന്‍റെ സഹോദരന്‍മാര്‍ വന്നു അദ്ദേഹത്തിന്‍റെ അടുക്കല്‍ പ്രവേശിച്ചു. അപ്പോള്‍, അദ്ദേഹം അവരെ അറിഞ്ഞു; അവരാകട്ടെ, അദ്ദേഹത്തെ പരിചയമില്ലാത്തവരുമാകുന്നു. [അവര്‍ അദ്ദേഹത്തെ അറിഞ്ഞില്ല].
 • وَجَاءَ വന്നു, വരുകയും ചെയ്തു إِخْوَةُ يُوسُفَ യൂസുഫിന്‍റെ സഹോദരന്‍മാര്‍ فَدَخَلُوا എന്നിട്ടവര്‍ പ്രവേശിച്ചു عَلَيْهِ അദ്ദേഹത്തിന്നടുക്കല്‍ فَعَرَفَهُمْ അപ്പോള്‍ അദ്ദേഹം അവരെ അറിഞ്ഞു (മനസ്സിലാക്കി) وَهُمْ അവരാകട്ടെ لَهُ അദ്ദേഹത്തെ مُنكِرُونَ പരിചയമില്ലാത്തവര്‍ (അറിയാത്തവര്‍).
12:59
 • وَلَمَّا جَهَّزَهُم بِجَهَازِهِمْ قَالَ ٱئْتُونِى بِأَخٍ لَّكُم مِّنْ أَبِيكُمْ ۚ أَلَا تَرَوْنَ أَنِّىٓ أُوفِى ٱلْكَيْلَ وَأَنَا۠ خَيْرُ ٱلْمُنزِلِينَ ﴾٥٩﴿
 • അവരുടെ ഒരുക്കസാമാനവുമായി അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍ (അവരോടു) അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ പിതാവില്‍ നിന്നു നിങ്ങള്‍ക്കുള്ള [നിങ്ങളുടെ ബാപ്പയൊത്ത] സഹോദരനെ നിങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരണം. ഞാന്‍ (ധാന്യത്തിന്‍റെ) അളവു പൂര്‍ത്തിയാക്കിത്തരുമെന്നും, ഞാന്‍ (അതിഥികളെ) സല്‍ക്കരിക്കുന്നവരില്‍ ഉത്തമനാണെന്നും നിങ്ങള്‍ കാണുന്നില്ലേ?!'
 • وَلَمَّا جَهَّزَهُم അദ്ദേഹം അവരെ ഒരുക്കി (യാത്ര) അയച്ചപ്പോള്‍ بِجَهَازِهِمْ അവരുടെ ഒരുക്കു (യാത്രാ) സാമാനവുമായി قَالَ അദ്ദേഹം പറഞ്ഞു ائْتُونِي നിങ്ങള്‍ എന്‍റെ അടുക്കല്‍ വരണം بِأَخٍ لَّكُم നിങ്ങള്‍ക്കുള്ള സഹോദരനെയും കൊണ്ടു مِّنْ أَبِيكُمْ നിങ്ങളുടെ ബാപ്പയില്‍ (പിതാവില്‍) നിന്നു أَلَا تَرَوْنَ നിങ്ങള്‍ കാണുന്നില്ലേ أَنِّي أُوفِي ഞാന്‍ നിറവേറ്റി (പൂര്‍ത്തിയാക്കി) തരുന്നുവെന്നു الْكَيْلَ അളവു وَأَنَا ഞാനാകട്ടെ, ഞാന്‍ (ആകുന്നു) എന്നും خَيْرُ നല്ലവനാണു, ഉത്തമനാണു (എന്നും) الْمُنزِلِينَ (അതിഥികളെ) സല്‍കരിക്കുന്നവരില്‍.
12:60
 • فَإِن لَّمْ تَأْتُونِى بِهِۦ فَلَا كَيْلَ لَكُمْ عِندِى وَلَا تَقْرَبُونِ ﴾٦٠﴿
 • 'എനി, നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരാത്തപക്ഷം, നിങ്ങള്‍ക്കു എന്‍റെ അടുക്കല്‍ എനി (ധാന്യം) അളവില്ല; നിങ്ങള്‍ എന്നെ സമീപിക്കുകയും ചെയ്യരുത്.'
 • فَإِن لَّمْ تَأْتُونِي എനി നിങ്ങള്‍ വന്നില്ലെങ്കില്‍ بِهِ അവനെയും കൊണ്ടു فَلَا كَيْلَ എന്നാല്‍ അളവില്ല لَكُمْ നിങ്ങള്‍ക്കു عِندِي എന്‍റെ അടുക്കല്‍ وَلَا تَقْرَبُونِ നിങ്ങളെന്നെ സമീപിക്കുകയും ചെയ്യരുത്.
12:61
 • قَالُوا۟ سَنُرَٰوِدُ عَنْهُ أَبَاهُ وَإِنَّا لَفَـٰعِلُونَ ﴾٦١﴿
 • അവര്‍ പറഞ്ഞു: 'ഞങ്ങള്‍ അവ(നെകിട്ടുന്നതി)ന്നു വേണ്ടി അവന്‍റെ പിതാവിനോടു ശ്രമം നടത്തിനോക്കാം. നിശ്ചയമായും, ഞങ്ങള്‍ (അതു) ചെയ്യുന്നവര്‍ തന്നെയായിരിക്കും'.
 • قَالُوا അവര്‍ പറഞ്ഞു سَنُرَاوِدُ ഞങ്ങള്‍ ശ്രമം നടത്തി നോക്കാം عَنْهُ അവനുവേണ്ടി أَبَاهُ അവന്‍റെ പിതാവിനോടു وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَفَاعِلُونَ ചെയ്യുന്നവര്‍ തന്നെയാണു.

കന്‍ആനില്‍ നിന്നെത്തിയ യാത്രാ സംഘത്തെ കണ്ടപ്പോള്‍ തന്നെ തന്‍റെ സഹോദരന്‍മാരെ യൂസുഫ് (അ) തിരിച്ചറിഞ്ഞു. അവര്‍ അങ്ങോട്ടറിഞ്ഞിരുന്നില്ല. അദ്ദേഹം അറിയിച്ചതുമില്ല. തമ്മിലുള്ള വേര്‍പാടിനുശേഷം കൊല്ലങ്ങള്‍ പലതും കഴിഞ്ഞു പോയിട്ടുള്ളതിനു പുറമെ, ഇപ്പോഴും യൂസുഫ് ജീവിച്ചിരിപ്പുണ്ടാകുമെന്നും, ഉണ്ടെങ്കില്‍ തന്നെയും അവന്‍ ഇത്ര ഉന്നതമായ ഒരു സ്ഥാനത്തെത്തിയിരിക്കാമെന്നും അവര്‍ ഊഹിച്ചിരിക്കുകയില്ലല്ലോ, ഈജിപ്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന മഹാമനസ്കനായ ഒരു മന്ത്രിയെന്നതിനപ്പുറമൊന്നും അദ്ദേഹത്തെപ്പറ്റി അവര്‍ കരുതുവാന്‍ അവകാശവുമില്ല. യൂസുഫ് (അ) നബിയാകട്ടെ, അറിവും പരിചയവും നടിച്ചതുമില്ല. എങ്കിലും, വളരെ മാന്യമായി സല്‍കരിക്കുകയും, വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തങ്ങള്‍ക്കു വൃദ്ധനായ ഒരു പിതാവുണ്ട്, അദ്ദേഹം ഇന്ന ആളാണ്‌, തങ്ങള്‍ പന്ത്രണ്ട് മക്കളാണുള്ളത്. ഇളയ രണ്ടുപേര്‍ ഒരു മാതാവില്‍ നിന്നുള്ളവരാണു, അവരിലൊരാള്‍ വനാന്തരത്തില്‍ വെച്ച് അപകടത്തില്‍പെട്ടുപോയി, അവന്‍റെ ഇളയ സഹോദരനെ പിതാവു ദൂരെയൊന്നും വിട്ടയക്കാറില്ല. ഇത്യാദി വിവരങ്ങളെല്ലാം സംഭാഷണമദ്ധ്യെ അവര്‍ മന്ത്രിയെ അറിയിച്ചു. അവര്‍ തിരിച്ചുപോകേണ്ട സമയമായപ്പോള്‍, അവര്‍ക്കുള്ള ധാന്യം വളരെ ഉദാരവും മാന്യവുമായ നിലയില്‍ ആതിഥേയനായ അദ്ദേഹം ഒരുക്കിക്കൊടുത്തു.

അവര്‍ പോകാറായപ്പോള്‍, അവര്‍ മുമ്പറിയിച്ചിരുന്ന പ്രകാരം അവര്‍ക്കുള്ള ആ സഹോദരനെക്കൂട്ടിയായിരിക്കണം അടുത്ത പ്രാവശ്യത്തെ വരവു എന്നു കല്‍പ്പിച്ചു. പിതാവു ബിന്‍യാമീനെ അവരൊന്നിച്ചു വേഗമൊന്നും അയച്ചു കൊടുക്കുകയില്ലെന്നു അദ്ദേഹത്തിനു അറിയാമല്ലോ. അതുകൊണ്ടു അക്കാര്യം വളരെ കണിശമായി തന്നെ അദ്ദേഹം ഊന്നിപ്പറഞ്ഞു. നിങ്ങള്‍ക്കു ധാന്യം നല്‍കിയതിലും, നിങ്ങളുടെ ആതിഥ്യം സ്വീകരിച്ചതിലും ഞാന്‍ ചെയ്ത ഉദാരത നിങ്ങള്‍ കണ്ടനുഭവിച്ചുവല്ലോ. അതുകൊണ്ടു എനി വരുമ്പോള്‍ അവനെ കൂട്ടാതെ വരരുത്. നിങ്ങള്‍ പറയുന്നതൊക്കെ നേരാണോ എന്നും അറിയണമല്ലോ. അവനില്ലാതെ വരുകയാണെങ്കില്‍ എനി നിങ്ങള്‍ക്കിവിടെ നിന്നു ധാന്യമേ തരുകയില്ല എന്നൊക്കെ അദ്ദേഹം തീര്‍ത്തുപറഞ്ഞു. പിതാവിനോടു ഞങ്ങള്‍ കഴിവതും അതിനു ശ്രമം നടത്തി നോക്കുകയും കല്‍പനപോലെ ചെയ്യുകയും ചെയ്യാം എന്നു അവര്‍ മറുപടിയും നല്‍കി.

12:62
 • وَقَالَ لِفِتْيَـٰنِهِ ٱجْعَلُوا۟ بِضَـٰعَتَهُمْ فِى رِحَالِهِمْ لَعَلَّهُمْ يَعْرِفُونَهَآ إِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمْ لَعَلَّهُمْ يَرْجِعُونَ ﴾٦٢﴿
 • അദ്ദേഹം തന്‍റെ വാലിയക്കാരോടു (ഇങ്ങിനെ) പറയുകയും ചെയ്തു: 'അവരുടെ ചരക്കു [അവര്‍ ധാന്യം വാങ്ങുവാന്‍ കൊണ്ടുവന്ന വസ്തുക്കള്‍] അവരുടെ യാത്രാസാമാനങ്ങളില്‍ (തന്നെ) ആക്കുവിന്‍. അവര്‍ അവരുടെ കുടുംബത്തിലേക്കു തിരിച്ചെത്തുമ്പോള്‍ അവരതു (കണ്ടു) മനസ്സിലാക്കിയേക്കാം; അവര്‍ (വീണ്ടും) മടങ്ങിവന്നേക്കാം.'
 • وَقَالَ അദ്ദേഹം പറയുകയും ചെയ്തു لِفِتْيَانِهِ അദ്ദേഹത്തിന്‍റെ വാലിയക്കാരോടു, ഭൃത്യന്‍മാരോടു اجْعَلُوا നിങ്ങള്‍ ആക്കുവിന്‍ بِضَاعَتَهُمْ അവരുടെ ചരക്കു, സാമാനം فِي رِحَالِهِمْ അവരുടെ വാഹനക്കെട്ടുകളില്‍ (യാത്രാ സാമാനങ്ങളില്‍) لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَعْرِفُونَهَا അതിനെ അറിയുക إِذَا انقَلَبُوا അവര്‍ തിരിഞ്ഞു ചെന്നാല്‍, തിരിച്ചെത്തുമ്പോള്‍ إِلَىٰ أَهْلِهِمْ അവരുടെ കുടുംബത്തിലേക്കു, ആള്‍ക്കാരിലേക്കു لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ يَرْجِعُونَ അവര്‍ മടങ്ങും.

സഹോദരന്‍മാരോടു മേല്‍കണ്ട പ്രകാരം പറഞ്ഞതിനു പുറമെ, അവര്‍ വീണ്ടും വരുവാനുള്ള പ്രോത്സാഹനമെന്ന നിലക്കു അദ്ദേഹം ചെയ്ത ഒരു സൂത്രമായിരുന്നു ഇതു. ധാന്യത്തിന്‍റെ വിലയായി അവര്‍ കൊണ്ടുവന്നിരുന്ന ദ്രവ്യങ്ങള്‍ – അതു പണമായിരുന്നുവെന്നും, ചെരുപ്പു മുതലായ വില്‍പന വസ്തുക്കളായിരുന്നുവെന്നും പറയപ്പെടുന്നു – അവരുടെ ധാന്യക്കെട്ടുകളില്‍ തന്നെ അവരറിയാതെ ഇട്ടുകെട്ടുവാന്‍ അദ്ദേഹം ഭൃത്യന്‍മാരോടു പറഞ്ഞു ഏര്‍പ്പാടു ചെയ്തു. നാട്ടില്‍ തിരിച്ചെത്തി കെട്ടുകളഴിക്കുമ്പോള്‍ അതവര്‍ കാണുകയും, വീണ്ടും വരുവാന്‍ അതവര്‍ക്കു ആവേശമുണ്ടാക്കുകയും  ചെയ്യുമല്ലോ. ഈ രംഗവും ബൈബിളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. അല്‍പം ഏറ്റക്കുറവോടെയാണെന്നു മാത്രം.

12:63
 • فَلَمَّا رَجَعُوٓا۟ إِلَىٰٓ أَبِيهِمْ قَالُوا۟ يَـٰٓأَبَانَا مُنِعَ مِنَّا ٱلْكَيْلُ فَأَرْسِلْ مَعَنَآ أَخَانَا نَكْتَلْ وَإِنَّا لَهُۥ لَحَـٰفِظُونَ ﴾٦٣﴿
 • അങ്ങനെ, അവര്‍ തങ്ങളുടെ പിതാവിങ്കലേക്കു മടങ്ങിച്ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങളുടെ പിതാവേ, ഞങ്ങളെ സംബന്ധിച്ചു (മേലില്‍ ധാന്യം) അളവു മുടക്കം ചെയ്യപ്പെട്ടിരിക്കുന്നു; ആകയാല്‍, ഞങ്ങളുടെകൂടെ ഞങ്ങളുടെ സഹോദരനെ അയച്ചു തരണം - എന്നാല്‍ ഞങ്ങള്‍ക്കു അളന്നു കിട്ടും. നിശ്ചയമായും, ഞങ്ങള്‍ അവനെ കാ(ത്തു സൂക്ഷി)ക്കുന്നവരുമായിരിക്കും.'
 • فَلَمَّا رَجَعُوا അങ്ങനെ (എന്നിട്ടു) അവര്‍ മടങ്ങിയപ്പോള്‍ إِلَىٰ أَبِيهِمْ അവരുട ബാപ്പയുടെ (പിതാവിന്‍റെ) അടുത്തേക്കു قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ പിതാവേ, ബാപ്പാ مُنِعَ مِنَّا ഞങ്ങളെപ്പറ്റി (ഞങ്ങള്‍ക്കു) മുടക്കപ്പെട്ടിരിക്കുന്നു الْكَيْلُ അളവു فَأَرْسِلْ അതിനാല്‍ അയച്ചു തരണം مَعَنَا ഞങ്ങളോടൊപ്പം أَخَانَا ഞങ്ങളുടെ സഹോദരനെ نَكْتَلْ ഞങ്ങള്‍ അളന്നു വാങ്ങാം, ഞങ്ങള്‍ക്കു അളവു കിട്ടും وَإِنَّا لَهُ നിശ്ചയമായും ഞങ്ങള്‍ അവനെ لَحَافِظُونَ കാക്കുന്ന(സൂക്ഷിക്കുന്ന)വര്‍ തന്നെ.

12:64
 • قَالَ هَلْ ءَامَنُكُمْ عَلَيْهِ إِلَّا كَمَآ أَمِنتُكُمْ عَلَىٰٓ أَخِيهِ مِن قَبْلُ ۖ فَٱللَّهُ خَيْرٌ حَـٰفِظًا ۖ وَهُوَ أَرْحَمُ ٱلرَّٰحِمِينَ ﴾٦٤﴿
 • അദ്ദേഹം [പിതാവു] പറഞ്ഞു: 'മുമ്പ് അവന്‍റെ സഹോദരനെപ്പറ്റി നിങ്ങളെ ഞാന്‍ വിശ്വസിച്ചതുപോലെയല്ലാതെ അവനെപ്പറ്റി ഞാന്‍ നിങ്ങളെ വിശ്വസിക്കുമോ?! എന്നാല്‍, കാ(ത്തു രക്ഷി)ക്കുന്നവനായി അല്ലാഹു ഏറ്റം ഉത്തമനത്രെ; അവന്‍ കരുണ ചെയ്യുന്നവരില്‍വെച്ചു ഏറ്റം കരുണചെയ്യുന്നവനുമത്രെ.'
 • قَالَ അദ്ദേഹം പറഞ്ഞു هَلْ آمَنُكُمْ ഞാന്‍ നിങ്ങളെ വിശ്വസിക്കുമോ, എനിക്കു വിശ്വസിക്കാമോ عَلَيْهِ അവനെപ്പറ്റി إِلَّا അല്ലാതെ كَمَا أَمِنتُكُمْ നിങ്ങളെ ഞാന്‍ വിശ്വസിച്ചപോലെ عَلَىٰ أَخِيهِ അവന്‍റെ സഹോദരനെപ്പറ്റി مِن قَبْلُ മുമ്പു فَاللَّـهُ എന്നാല്‍ അല്ലാഹു خَيْرٌ (ഏറ്റം) ഉത്തമനാണു حَافِظًا കാക്കുന്നവനായി وَهُوَ أَرْحَمُ അവന്‍ അധികം കരുണ ചെയ്യുന്നവനാണു الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍.

അവര്‍ പിതാവിന്‍റെ അടുക്കല്‍ മടങ്ങിച്ചെന്നു വിവരങ്ങള്‍ പറഞ്ഞു. പ്രത്യേകിച്ചും സഹോദരന്‍റെ – ബിന്‍യാമീന്‍റെ – കാര്യം ഉണര്‍ത്തി. അടുത്ത യാത്രയില്‍ അവനെയും കൂട്ടി ചെന്നാലല്ലാതെ ധാന്യം അളന്നു തരികയില്ലെന്നു ഈജിപ്തിലെ മന്ത്രി പറഞ്ഞ വിവരം ധരിപ്പിച്ചു. അവനെ തങ്ങളോടൊപ്പം അയച്ചുതരണമെന്നപേക്ഷിക്കുകയും, ഞങ്ങളവനെ ശരിക്കും കാത്തുസൂക്ഷിച്ചുകൊള്ളാമെന്നു ഉറപ്പിച്ചു പറയുകയും ചെയ്തു. പക്ഷേ, അദ്ദേഹം അവരെ എങ്ങിനെ വിശ്വസിക്കും? 12-ാം വചനത്തില്‍ കണ്ടതുപോലെ, മുമ്പ് യൂസുഫ് (അ) നെ മേച്ചില്‍സ്ഥലത്തേക്കു കൊണ്ടുപോകാന്‍ സമ്മതം ചോദിച്ചപ്പോഴും ഞങ്ങളവനെ കാത്തുരക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞാണല്ലോ അവര്‍ കൊണ്ടുപോയത്. എന്നിട്ടുണ്ടായ അനുഭവത്തിന്‍റെ വേദന സഹിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. നിങ്ങളുടെ വാക്കു എനിക്കു വിശ്വാസമില്ലെങ്കിലും അല്ലാഹുവിന്‍റെ കാവലിലും കാരുണ്യത്തിലും എനിക്കു തികച്ചും വിശ്വാസമുണ്ടെന്നു പറഞ്ഞു അടുത്ത പ്രാവശ്യം ബിന്‍യാമിനെയും അയക്കാമെന്നു യഅ്ഖൂബ് (അ) നബി അവര്‍ക്ക് സൂചന നല്‍കി. യൂസുഫ് (അ) നെപ്പറ്റി അദ്ദേഹം നിരാശപ്പെട്ട് കഴിഞ്ഞിട്ടില്ലെന്നു ഇതില്‍നിന്നു മനസ്സിലാക്കാം. 87-ാം വചനത്തില്‍നിന്നു അത് കൂടുതല്‍ വ്യക്തവുമാണ്. യൂസുഫ് (അ) കണ്ടിരുന്ന ആ സ്വപ്നത്തിന്‍റെ പൊരുള്‍ നിവൃത്തിയാകേണ്ടതുണ്ടല്ലോ.

12:65
 • وَلَمَّا فَتَحُوا۟ مَتَـٰعَهُمْ وَجَدُوا۟ بِضَـٰعَتَهُمْ رُدَّتْ إِلَيْهِمْ ۖ قَالُوا۟ يَـٰٓأَبَانَا مَا نَبْغِى ۖ هَـٰذِهِۦ بِضَـٰعَتُنَا رُدَّتْ إِلَيْنَا ۖ وَنَمِيرُ أَهْلَنَا وَنَحْفَظُ أَخَانَا وَنَزْدَادُ كَيْلَ بَعِيرٍ ۖ ذَٰلِكَ كَيْلٌ يَسِيرٌ ﴾٦٥﴿
 • അവര്‍ അവരുടെ സാമാനം തുറന്നപ്പോള്‍, അവരുടെ [അവര്‍ കൊണ്ടുപോയിരുന്ന] ചരക്കു തങ്ങള്‍ക്കു (തന്നെ) മടക്കപ്പെട്ടതായി അവര്‍ കണ്ടെത്തി.

  അവര്‍ പറഞ്ഞു: 'ഞങ്ങളുടെ പിതാവേ, നാം (എനി) എന്താവശ്യപ്പെടാനാണ്?- ഇതാ! നമ്മുടെ ചരക്കു നമുക്കു (തന്നെ) മടക്കപ്പെട്ടിരിക്കുന്നു! ഞങ്ങള്‍ നമ്മുടെ കുടുംബത്തിനു (മേലിലും) ആഹാരം കൊണ്ടുവരുകയും, ഞങ്ങളുടെ സഹോദരനെ കാ(ത്തുസൂക്ഷി)ക്കുകയും ചെയ്യുന്നതാണ്. (കൂടാതെ) ഒരു ഒട്ടകത്തിന്‍റെ അളവു (ധാന്യം) ഞങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുകയും ചെയ്യും. അതൊരു നിസ്സാരമായ അളവാകുന്നു (വല്ലോ).'
 • وَلَمَّا فَتَحُوا അവര്‍ തുറന്നപ്പോള്‍ مَتَاعَهُمْ അവരുടെ സാമാനം, ചരക്കു وَجَدُوا അവര്‍ കണ്ടെത്തി بِضَاعَتَهُم അവരുടെ ചരക്കു (ദ്രവ്യം) رُدَّتْ മടക്ക(തിരിച്ചു കൊടുക്ക)പ്പെട്ടതായി إِلَيْهِمْ അവരിലേക്കു قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ പിതാവേ مَا نَبْغِي നാം എന്തു ആവശ്യപ്പെടുന്നു, (നമുക്കു എന്തു വേണം) هَـٰذِهِ ഇതാ بِضَاعَتُنَا നമ്മുടെ ചരക്കു (ദ്രവ്യം) رُدَّتْ മടക്കപ്പെട്ടിരിക്കുന്നു إِلَيْنَا നമ്മിലേക്കു وَنَمِيرُ ഞങ്ങള്‍ ആഹാരം കൊണ്ടുവരുന്നതുമാണു أَهْلَنَا നമ്മുടെ കുടുംബത്തിനു وَنَحْفَظُ ഞങ്ങള്‍ കാക്കുക(സൂക്ഷിക്കുക)യും ചെയ്യും أَخَانَا ഞങ്ങളുടെ സഹോദരനെ وَنَزْدَادُ ഞങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുകയും ചെയ്യും كَيْلَ അളവു بَعِيرٍ ഒരൊട്ടകത്തിന്‍റെ ذَٰلِكَ അതു كَيْلٌ ഒരളവാകുന്നു يَسِيرٌ കുറഞ്ഞ, നിസ്സാര, സ്വല്‍പം.
12:66
 • قَالَ لَنْ أُرْسِلَهُۥ مَعَكُمْ حَتَّىٰ تُؤْتُونِ مَوْثِقًا مِّنَ ٱللَّهِ لَتَأْتُنَّنِى بِهِۦٓ إِلَّآ أَن يُحَاطَ بِكُمْ ۖ فَلَمَّآ ءَاتَوْهُ مَوْثِقَهُمْ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌ ﴾٦٦﴿
 • അദ്ദേഹം പറഞ്ഞു: 'അവനെ നിങ്ങളോടൊപ്പം ഞാന്‍ അയക്കുകയില്ല തന്നെ, തീര്‍ച്ചയായും അവനെ നിങ്ങള്‍ എനിക്കു കൊണ്ടുവന്നു തരുമെന്നു അല്ലാഹുവിങ്കല്‍ നിന്നും (സ്വീകാര്യമായ) ഒരു ഉറപ്പു നിങ്ങളെനിക്കു നല്‍കുന്നതുവരെയും; നിങ്ങള്‍ (ആപത്തുകളാല്‍) വലയം ചെയ്യപ്പെടുന്നതായാലല്ലാതെ'.

  അങ്ങനെ, അവര്‍ അദ്ദേഹത്തിനു തങ്ങളുടെ ഉറപ്പു നല്‍കിയപ്പോള്‍, അദ്ദേഹം പറഞ്ഞു: 'നാം (ഈ) പറയുന്നതിനു അല്ലാഹു (സാക്ഷ്യം) ഭരമേല്‍പിക്കപ്പെട്ടവനാകുന്നു.'
 • قَالَ അദ്ദേഹം പറഞ്ഞു لَنْ أُرْسِلَهُ അവനെ ഞാന്‍ അയക്കുകയില്ല തന്നെ مَعَكُم ْ നിങ്ങളോടൊപ്പം حَتَّىٰ تُؤْتُونِ നിങ്ങള്‍ എനിക്കു നല്‍കുന്നതുവരെ (നല്‍കാതെ) مَوْثِقًا ഒരു ഉറപ്പു, കരാറു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നുള്ള لَتَأْتُنَّنِي തീര്‍ച്ചയായും നിങ്ങള്‍ എന്‍റെ അടുക്കല്‍ വരു(തരു)മെന്നു بِهِ അവനെക്കൊണ്ടു, അവനെ إِلَّا أَن يُحَاطَ വലയം ചെയ്യപ്പെട്ടാലൊഴികെ بِكُمْ നിങ്ങള്‍ فَلَمَّا آتَوْهُ അങ്ങനെ അവര്‍ അദ്ദേഹത്തിനു നല്‍കിയപ്പോള്‍ مَوْثِقَهُمْ അവരുടെ ഉറപ്പു قَالَ അദ്ദേഹം പറഞ്ഞു اللَّـهُ അല്ലാഹു عَلَىٰ مَا نَقُولُ നാം പറയുന്നതിന്‍റെമേല്‍ وَكِيلٌ ഭരമേല്‍പിക്കപ്പെട്ടവനാണ്.

മടക്കയാത്രയില്‍ കൊണ്ടുപോന്ന ഭാണ്ഡങ്ങള്‍ അഴിച്ചു നോക്കുമ്പോഴാണ് തങ്ങള്‍ ധാന്യം വാങ്ങുവാന്‍ അങ്ങോട്ടു കൊണ്ടുപോയിരുന്ന ദ്രവ്യങ്ങള്‍ അവയില്‍തന്നെ ഇട്ടുകെട്ടിയിരുന്നതായി അവര്‍ കണ്ടത്. അവിടെ വെച്ച് അവര്‍ക്കു ലഭിച്ച മാന്യമായ സ്വീകരണങ്ങള്‍ക്കു പുറമെ ഇതുംകൂടി കണ്ടപ്പോള്‍ അവര്‍ക്കു ആശ്ചര്യവും ആഹ്ലാദവുമായി. സഹോദരനെ അയച്ചുകൊടുക്കുന്നതിനു പിതാവിന്‍റെമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിനോക്കുവാന്‍ അത് അവര്‍ക്ക് സഹായമാകുകയും ചെയ്തു. ഇതാ! ഇതിലധികം എന്തുവേണം? ഞങ്ങളെ ആദരിക്കുകയും, വളരെ മെച്ചപ്പെട്ട നിലയില്‍ ധാന്യം നല്‍കുകയും ചെയ്തതു കൂടാതെ, ഇപ്പോഴിതാ നമ്മുടെ ദ്രവ്യങ്ങളും നമുക്കു തിരിച്ചുകിട്ടിയിരിക്കുന്നു! ഇതുപോലെ, മേലിലും നമുക്കു ആഹാരം കൊണ്ടുവരാം. സഹോദരനെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരുകയും ചെയ്തുകൊള്ളാം. അവനും കൂടിയുണ്ടായാല്‍ ഒരു ഒട്ടക ചുമടുകൂടി വര്‍ദ്ധിച്ചു കിട്ടുമല്ലോ. നമ്മുടെ ആവശ്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഈ കിട്ടിയതുകൊണ്ടു നമ്മുടെ ആവശ്യം നിറവേറുകയില്ലല്ലോ. എന്നൊക്കെ പറഞ്ഞു സഹോദരന്‍റെ കാര്യത്തില്‍ അവര്‍ വീണ്ടും പിതാവിനെ തിരക്കുകയായി.

പക്ഷേ, പിതാവു അതുകൊണ്ടൊന്നും തൃപ്തിയടഞ്ഞില്ല. നിങ്ങള്‍ക്കു തടുക്കുവാന്‍ കഴിയാത്ത വല്ല ആപത്തും വന്നു വലയം ചെയ്യാത്തപക്ഷം, അവനെ സുരക്ഷിതനായി മടക്കിക്കൊണ്ടുവരുമെന്ന് അല്ലാഹുവിനെ മുന്‍നിറുത്തി നിങ്ങള്‍ സത്യം ചെയ്തു ഉറപ്പു തന്നല്ലാതെ അവനെ ഞാന്‍ വിട്ടുതരികയില്ലെന്നു അദ്ദേഹം തീര്‍ത്തുപറഞ്ഞു. അതവര്‍ സ്വീകരിക്കുകയും, ചെയ്തു. അങ്ങനെ, അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുകയും, അവനില്‍ ഭരമേല്‍പിക്കുകയും ചെയ്തുകൊണ്ട് യഅ്ഖൂബ്
(അ) അവരോടൊപ്പം ബിന്‍യാമീനും അടുത്ത പ്രാവശ്യം പോയിക്കൊള്ളുവാന്‍ സമ്മതിച്ചു. ഞങ്ങള്‍ക്കു ഒരൊട്ടകത്തിന്‍റെ അളവു കൂടുതല്‍ ലഭിക്കും (نَزْدَادُ كَيْلَ بَعِيرٍ) എന്ന വാക്യത്തില്‍ നിന്നു ഒട്ടകമായിരുന്നു അവരുടെ വാഹനമെന്നും, ഒരാള്‍ക്കു ഒരൊട്ടകം ചുമക്കുന്ന ധാന്യമായിരുന്നു ഈജിപ്തില്‍ നിന്നു ലഭിച്ചിരുന്നതെന്നും മനസ്സിലാക്കാം.

12:67
 • وَقَالَ يَـٰبَنِىَّ لَا تَدْخُلُوا۟ مِنۢ بَابٍ وَٰحِدٍ وَٱدْخُلُوا۟ مِنْ أَبْوَٰبٍ مُّتَفَرِّقَةٍ ۖ وَمَآ أُغْنِى عَنكُم مِّنَ ٱللَّهِ مِن شَىْءٍ ۖ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ ﴾٦٧﴿
 • അദ്ദേഹം പറയുകയും ചെയ്തു: 'എന്‍റെ മക്കളേ, നിങ്ങള്‍ ഒരേ (പടി) വാതിലില്‍കൂടി പ്രവേശിക്കരുത്; ഭിന്നമായ (പല) വാതിലുകളിലൂടെ പ്രവേശിക്കുവിന്‍.

  'അല്ലാഹുവിങ്കല്‍നിന്നു (ഉണ്ടാകുന്ന) യാതൊന്നിനെയും നിങ്ങളില്‍ നിന്നു ഞാന്‍ തടുക്കുകയില്ല താനും. വിധി അല്ലാഹുവിനല്ലാതെ (ആര്‍ക്കും) ഇല്ല. അവന്‍റെ മേല്‍ ഞാന്‍ (കാര്യങ്ങള്‍) ഭരമേല്‍പിച്ചിരിക്കുന്നു; ഭരമേല്‍പിക്കുന്നവര്‍ അവന്‍റെ മേല്‍തന്നെ ഭരമേല്‍പിച്ചുകൊള്ളട്ടെ.'
 • وَقَالَ അദ്ദേഹം പറയുകയും ചെയ്തു يَا بَنِيَّ എന്‍റെ പുത്രന്‍മാരേ (മക്കളേ) لَا تَدْخُلُوا നിങ്ങള്‍ പ്രവേശിക്കരുത് مِن بَابٍ വാതിലില്‍ (കവാടത്തില്‍) കൂടി وَاحِدٍ ഒരേ وَادْخُلُوا പ്രവേശിക്കുകയും ചെയ്‍വിന്‍ مِنْ أَبْوَابٍ വാതിലുകളില്‍കൂടി مُّتَفَرِّقَةٍ ഭിന്നമായ, വ്യത്യസ്തമായ وَمَا أُغْنِي ഞാന്‍ ധന്യമാക്കുക (തടുക്കുക)യുമില്ല عَنكُم നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു مِن شَيْءٍ യാതൊന്നിനെയും إِنِ الْحُكْمُ വിധിഇല്ല إِلَّا لِلَّـهِ അല്ലാഹുവിന്നല്ലാതെ عَلَيْهِ അവന്‍റെമേല്‍ تَوَكَّلْتُ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു وَعَلَيْهِ അവന്‍റെ മേല്‍ തന്നെ فَلْيَتَوَكَّلِ ഭരമേല്‍പിച്ചു കൊള്ളട്ടെ الْمُتَوَكِّلُونَ ഭരമേല്‍പിക്കുന്നവര്‍.
12:68
 • وَلَمَّا دَخَلُوا۟ مِنْ حَيْثُ أَمَرَهُمْ أَبُوهُم مَّا كَانَ يُغْنِى عَنْهُم مِّنَ ٱللَّهِ مِن شَىْءٍ إِلَّا حَاجَةً فِى نَفْسِ يَعْقُوبَ قَضَىٰهَا ۚ وَإِنَّهُۥ لَذُو عِلْمٍ لِّمَا عَلَّمْنَـٰهُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٦٨﴿
 • അവരുടെ പിതാവു അവരോടു കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍, അല്ലാഹുവിങ്കല്‍നിന്നു (ഉണ്ടാകുന്ന) യാതൊന്നിനെയും അദ്ദേഹം തടുത്തിരുന്നില്ല; യഅ്ഖൂബിന്‍റെ മനസ്സിലുള്ള ഒരാവശ്യം അതദ്ദേഹം നിര്‍വ്വഹിച്ചു - എന്നൊഴികെ [അത്രമാത്രം]. അദ്ദേഹത്തിന് നാം പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍, അദ്ദേഹം ഒരറിവുള്ളവന്‍ തന്നെയാകുന്നുതാനും. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
 • وَلَمَّا دَخَلُوا അവര്‍ പ്രവേശിച്ചപ്പോള്‍ مِنْ حَيْثُ വിധത്തില്‍, ഭാഗത്തൂടെ أَمَرَهُمْ അവരോടു കല്‍പിച്ചു أَبُوهُم അവരുടെ പിതാവു مَّا كَانَ അദ്ദേഹമായിരുന്നില്ല, അതായിരുന്നില്ല يُغْنِي ധന്യമാക്കു(തടുക്കു)ക عَنْهُم അവരില്‍നിന്നു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു مِن شَيْءٍ യാതൊന്നിനെയും إِلَّا حَاجَةً ഒരാവശ്യം ഒഴികെ فِي نَفْسِ സ്വന്തത്തി( മനസ്സി)ലുള്ള يَعْقُوبَ യഅ്ഖൂബിന്‍റെ قَضَاهَا അതദ്ദേഹം തീര്‍ത്തു (നിര്‍വ്വഹിച്ചു) وَإِنَّهُ അദ്ദേഹമാകട്ടെ لَذُو عِلْمٍ ഒരറിവുള്ളവന്‍ തന്നെ لِّمَا عَلَّمْنَاهُ നാം അദ്ദേഹത്തിനു പഠിപ്പിച്ചു കൊടുത്തതിനാല്‍ وَلَـٰكِنَّ എങ്കിലും, പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല.

മക്കള്‍ പുറപ്പെട്ടു പോകുമ്പോള്‍, താഴെ വിവരിക്കുന്നതുപോലുള്ള എന്തോ ഒരു ഉദ്ദേശ്യം കരുതിക്കൊണ്ട് നിങ്ങള്‍ – ഈജിപ്തില്‍ – അല്ലെങ്കില്‍ രാജസന്നിധിയില്‍ – പ്രവേശിക്കുന്നതു ഒരേ പ്രവേശനമാര്‍ഗ്ഗത്തിലൂടെയായിരിക്കരുതെന്നും, പല മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കണമെന്നും യഅ്ഖൂബ് (അ) അവരെ ഉപദേശിച്ചു. അതോടൊപ്പം തന്നെ, അല്ലാഹുവിന്‍റെ ഭാഗത്തു നിന്നും വല്ല ദോഷവും നിങ്ങള്‍ക്കു സംഭവിക്കുന്നതു തടുക്കുവാന്‍ ആ ഉപദേശം ഉപകരിക്കുകയില്ലെന്നും, എല്ലാം അല്ലാഹുവിന്‍റെ വിധിയും കല്‍പനയും അനുസരിച്ചു തന്നെ നടക്കുമെന്നും, അതുകൊണ്ട് അവനില്‍ ഭരമേല്‍പിക്കുകയാണ് എല്ലാറ്റിലുംവെച്ച് വലിയ പരിഹാര മാര്‍ഗ്ഗമെന്നും ഉണര്‍ത്തുകയും ചെയ്തു. അങ്ങനെ, പിതാവിന്‍റെ ഉപദേശപ്രകാരം തന്നെ അവരവിടെ പ്രവേശിക്കുകയും ചെയ്തു. എങ്കിലും അല്ലാഹു അവരില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ (താഴെ വചനങ്ങളില്‍ കാണാവുന്ന വിധം) സംഭവിക്കുക തന്നെ ചെയ്തു. അതെ, യഅ്ഖൂബ് (അ) മനസ്സില്‍ കരുതിയിരുന്ന ഒരാവശ്യം അദ്ദേഹം നിര്‍വ്വഹിച്ചുവെന്നല്ലാതെ അതുകൊണ്ട് പ്രത്യേകം പ്രയോജനമൊന്നും ഉണ്ടായില്ല. ഇപ്പറഞ്ഞതുകൊണ്ടു അദ്ദേഹം ഒരു വിവരമില്ലാത്ത ആളാണെന്നു ധരിക്കേണ്ടതില്ല. അദ്ദേഹത്തിനു അല്ലാഹു പലതും പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം വിവരമുള്ള ഒരാള്‍ തന്നെയാണ്. ഇങ്ങനെയുള്ള യഥാര്‍ത്ഥ്യങ്ങളെപ്പറ്റി അറിയാത്തവരാണു മനുഷ്യരില്‍ അധികഭാഗവും. ഇതൊക്കെയാണു ഈ വചനങ്ങളില്‍ പ്രസ്താവിച്ചതിന്‍റെ ചുരുക്കം.

യഅ്ഖൂബ് (അ) മക്കള്‍ക്കു നല്‍കിയ ആ ഉപദേശത്തെപ്പറ്റി അല്ലാഹു അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല. അതില്‍നിന്നു തോന്നിയേക്കുവാനിടയുള്ള ഒരു തെറ്റിദ്ധാരണയെ നീക്കം ചെയ്യുകയും, അതോടുകൂടി, അദ്ദേഹം ഒരു വിവരമുള്ള ആള്‍തന്നെയാണെന്നു പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്. ഒരേ വാതിലില്‍കൂടി പ്രവേശിക്കരുതെന്നു ആ പ്രവാചകവര്യന്‍ അവരെ ഉപദേശിക്കുമ്പോള്‍, അവരില്‍ സംഭവിക്കുവാന്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള വല്ല അനിഷ്ടങ്ങള്‍ക്കും ആ ഉപദേശം പരിഹാരമുണ്ടാക്കുമെന്നോ, അങ്ങിനെ അവ സംഭവിക്കാതിരിക്കുമെന്നോ അദ്ദേഹം കരുതിയതായി തെറ്റിദ്ധരിക്കപ്പെടാം. അല്ലെങ്കില്‍, അല്ലാഹുവിന്‍റെ നിശ്ചയങ്ങളില്‍നിന്നു അത്തരം സംഗതികള്‍മൂലം ഒഴിവാകുവാന്‍ സാധിച്ചേക്കുമെന്നു വല്ലവരും കരുതിയേക്കാം. ഈ ധാരണകളെ നീക്കം ചെയ്യാനാണു യഅ്ഖൂബിന്‍റെ മനസ്സിലുള്ള ഒരാവശ്യം അദ്ദേഹം നിറവേറ്റിയെന്നേയുള്ളുവെന്നും മറ്റും (إِلَّا حَاجَةً فِي نَفْسِ يَعْقُوبَ قَضَاهَا ) അല്ലാഹു തുടര്‍ന്നു പറഞ്ഞത്. എന്നല്ലാതെ, വല്ല അനിഷ്ട സംഭവങ്ങളില്‍നിന്നും ഒഴിവാകുവാനുള്ള മുന്‍കരുതലെന്ന നിലക്കു അത്തരം കാര്യങ്ങളൊന്നും ആരും ചെയ്തുകൂടാ എന്നല്ല ഇതിന്‍റെ അര്‍ത്ഥം. ബാഹ്യമായ മുന്‍കരുതലുകള്‍ കൊണ്ടൊന്നും അല്ലാഹു നിശ്ചയിച്ച കാര്യങ്ങള്‍ അവന്‍ ഉദ്ദേശിച്ചപ്പോലെ നടക്കാതിരിക്കുകയില്ലെന്നും, എല്ലാറ്റിലും ഉപരിയായി അവന്‍റെമേല്‍ ‘തവക്കുല്‍’ (ഭരമേല്‍പിക്കല്‍) ചെയ്യുകയാണു ആവശ്യമെന്നും ചൂണ്ടിക്കാട്ടുകയാണു ആ വാക്യങ്ങള്‍ ചെയ്യുന്നത്. ഈ യാഥാര്‍ത്ഥ്യം യഅ്ഖൂബ് (അ) തന്‍റെ ഉപദേശത്തോടൊപ്പം തന്നെ മക്കളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിട്ടുണ്ടു താനും….. …..وَمَا أُغْنِي عَنكُم (അല്ലാഹുവില്‍ നിന്നുണ്ടാകുന്ന യാതൊന്നും ഞാന്‍ നിങ്ങളില്‍നിന്നു തടുക്കുന്നതുമല്ല) എന്നു തുടങ്ങി 67-ാം വചനത്തിന്‍റെ അവസാനംവരെയുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ നോക്കുക.

ഒരേ വാതിലില്‍കൂടി പ്രവേശിക്കരുതെന്നു യഅ്ഖൂബ് (അ) മക്കളെ ഉപദേശിച്ചതിന്‍റെ ആവശ്യമെന്തായിരുന്നു? ഇതു സംബന്ധിച്ചു ഒന്നിലധികം അഭിപ്രായങ്ങള്‍ നിലവിലുണ്ടു. (1). യഅ്ഖൂബ് (അ) നബിയുടെ മനസ്സിലുള്ള എന്തോ ഒരാവശ്യം നിര്‍വ്വഹിച്ചുവെന്നേയുളളു. إِلَّا حَاجَةً فِي نَفْسِ يَعْقُوبَ قَضَاهَا എന്നു പറഞ്ഞുകൊണ്ടു ആ ആവശ്യത്തെ അല്ലാഹു അവ്യക്തമാക്കിവെച്ചിരിക്കുന്ന സ്ഥിതിക്കു ആ ആവശ്യമെന്തായിരുന്നുവെന്നു നാം ചുഴിഞ്ഞുനോക്കേണ്ടതില്ല. ഖുര്‍ആനില്‍നിന്നോ, നബിവാക്യങ്ങളില്‍നിന്നോ അതിനെ നിര്‍ണ്ണയിക്കുന്നതിനു മതിയായ തെളിവുകളും നമുക്കില്ല. ഈ അഭിപ്രായമാണു കൂടുതല്‍ സുരക്ഷിതമായുള്ളതെന്നുള്ളതില്‍ സംശയമില്ല. (2). സൗന്ദര്യവും, പ്രഭാവവും മുറ്റി നില്‍ക്കുന്ന ഒരു സംഘം ആളുകള്‍ – അതും ഒരേ പിതാവിന്‍റെ മക്കള്‍ – ഒരേ വഴിക്കു പ്രവേശിക്കുമ്പോള്‍ അതു കണ്ണേറു (കരിങ്കണ്ണു) ബാധിക്കുവാന്‍ കാരണമായേക്കും. അതില്‍നിന്നു ഒഴിവാകുവാന്‍ വേണ്ടിയായിരുന്നു അതു. ഇബ്നുഅബ്ബാസ്‌, മുഹമ്മദുബ്നു കഅ്ബ്, മുജാഹിദു, ള്വഹ്-ഹാക്ക്, ഖത്താദ, സുദ്ദീ (റ) മുതലായവരില്‍നിന്നു ഇതു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ സ്വീകരിച്ചു കാണുന്നത് ഇതാകുന്നു. (കണ്ണേറിനെ ഭയന്നാണ് യഅ്ഖൂബ് നബി (അ) അങ്ങിനെ പറഞ്ഞതെന്നുള്ളതിനു തെളിവുകാണുന്നില്ലെങ്കിലും കണ്ണേറു സ്ഥാപിക്കുന്ന ബലപ്പെട്ട ഹദീസുകള്‍ കാണാവുന്നതാണ്). (3). അങ്ങിനെയുള്ള ഒരു കൂട്ടം ആളുകളെ പെട്ടെന്നു ഒന്നിച്ചു കാണുമ്പോള്‍, അവരെപ്പറ്റി പല സംശയങ്ങളും ജനങ്ങള്‍ക്കു തോന്നുവാന്‍ ഇടയുള്ളതുകൊണ്ടാണത്.