സൂറത്ത് യൂസുഫ് : 07-20
വിഭാഗം - 2
- لَّقَدْ كَانَ فِى يُوسُفَ وَإِخْوَتِهِۦٓ ءَايَـٰتٌ لِّلسَّآئِلِينَ ﴾٧﴿
- തീര്‍ച്ചയായും, യൂസുഫിലും, അദ്ദേഹത്തിന്റെ സഹോദരന്‍മാരിലും ചോദി(ച്ചന്വേഷി)ക്കുന്നവര്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ടായിട്ടുണ്ട്.
- لَقَدْ كَانَ - തീര്‍ച്ചയായും ഉണ്ടായിട്ടുണ്ടു, ഉണ്ടായിരുന്നു فِي يُوسُفَ - യൂസുഫിലും وَإِخْوَتِهِ - അദ്ദേഹത്തിന്റെ സഹോദരന്മാരിലും آيَاتٌ - പല ദൃഷ്ടാന്തങ്ങള്‍ لِلسَّائِلِينَ - ചോദിക്കുന്ന (അന്വേഷിക്കുന്ന) വര്‍ക്കു
അസൂയ മുതലായ ദുസ്വഭാവങ്ങള്‍ മൂലം ഏര്‍പ്പെടാവുന്ന ഭവിഷ്യത്തുകള്‍, നിഷ്കളങ്കത, ക്ഷമ മുതലായ സല്‍സ്വഭാവങ്ങള്‍ മൂലം ലഭിക്കുന്ന നേട്ടങ്ങള്‍, മാതാപിതാക്കള്‍ക്ക് മക്കള്‍ മൂലം അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍, മാതാപിതാക്കളുടെ ഉപദേശം മക്കള്‍ക്കു ആദ്യം സ്വീകാര്യമായി തോന്നാതിരുന്ന ശേഷം പിന്നീടു അനുഭവം കൊണ്ടു ബോധ്യപ്പെടുന്നതിന്റെ ഉദാഹരണങ്ങള്‍, പരീക്ഷണങ്ങളില്‍ ക്ഷമാപൂര്‍വ്വം കാര്യങ്ങള്‍ അല്ലാഹുവില്‍ അര്‍പ്പിക്കുന്നതിന്റെ സല്‍ഫലങ്ങള്‍, അല്ലാഹു ഈ ലോകത്തു നടപ്പില്‍ വരുത്തുവാന്‍ പോകുന്ന കാര്യങ്ങള്‍ക്കു അവന്‍ കാരണങ്ങള്‍ ശരിപ്പെടുത്തി കളമൊരുക്കുന്നതിന്റെ ഉദാഹരണങ്ങള്‍ എന്നിങ്ങിനെ എത്രയോ പാഠങ്ങള്‍ അന്വേഷണ ബുദ്ധിയുള്ളവര്‍ക്കു ഈ കഥയില്‍ നിന്നു മനസ്സിലാക്കുവാന്‍ കഴിയുന്നതാണ് . والله الموفق
- إِذْ قَالُوا۟ لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰٓ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِى ضَلَـٰلٍ مُّبِينٍ ﴾٨﴿
- (അതെ) അവര്‍ (തമ്മില്‍) പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'നാം ഒരു (ശക്തമായ) സംഘമുണ്ടായിരുന്നിട്ടും യൂസുഫും അവന്റെ സഹോദരനും തന്നെയാണു നമ്മുടെ പിതാവിനു നമ്മെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നിശ്ചയമായും, നമ്മുടെ പിതാവ് സ്പഷ്ടമായ ഒരു വഴിപിഴവില്‍ തന്നെയാണ്.
- إِذْ قَالُوا അവര്‍ പറഞ്ഞ സന്ദര്‍ഭം لَيُوسُفُ യൂസുഫ് തന്നെ وَأَخُوهُ അവന്റെ സഹോദരനും أَحَبُّ അധികം ഇഷ്ടപ്പെട്ട(വര്‍)തു إِلَىٰ أَبِينَا നമ്മുടെ ബാപ്പാക്കു مِنَّا നമ്മെക്കാള്‍ وَنَحْنُ ഞങ്ങളാകട്ടെ, നാം عُصْبَةٌ ഒരു സംഘമാണു, കൂട്ടമുണ്ടു (എന്നിട്ടും) إِنَّ أَبَانَا നിശ്ചയമായും നമ്മുടെ പിതാവു لَفِي ضَلَالٍ ഒരു വഴിപിഴവില്‍ തന്നെ مُبِينٍ പ്രത്യക്ഷമായ
‘അവന്റെ സഹോദരന്‍’ എന്നു പറഞ്ഞതു ബിന്‍യാമിനെ ഉദ്ദേശിച്ചാകുന്നു. അവരുടെ അസൂയ വളരെ ശക്തമായിരുന്നുവെന്നു ഇതില്‍ നിന്നു വ്യക്തമാണല്ലോ. അവര്‍ തുടര്‍ന്നു പറയുന്നതു നോക്കുക :
- ٱقْتُلُوا۟ يُوسُفَ أَوِ ٱطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا۟ مِنۢ بَعْدِهِۦ قَوْمًا صَـٰلِحِينَ ﴾٩﴿
- നിങ്ങള്‍ യൂസുഫിനെ കൊലപ്പെടുത്തണം. അല്ലെങ്കില്‍ അവനെ വല്ല ഭൂമിയിലും (കൊണ്ടുപോയി) ഇട്ടേക്കണം; (എന്നാല്‍) നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങള്‍ക്കു ഒഴിവായിക്കിട്ടും; അതിനുശേഷം, നിങ്ങള്‍ നല്ല ജനമായിത്തീരുകയും ചെയ്യാം'.
- اقْتُلُوا നിങ്ങള്‍ കൊല്ലുവിന്‍, വധിക്കണം يُوسُفَ യൂസുഫിനെ أَوِ اطْرَحُوهُ അല്ലെങ്കില്‍ അവനെ ഇടുവിന്‍ أَرْضًا വല്ല ഭൂമിയിലും يَخْلُ എന്നാല്‍ ഒഴിവായിത്തീരും (ഒഴിഞ്ഞുകിട്ടും) لَكُمْ നിങ്ങള്‍ക്കു وَجْهُ മുഖം أَبِيكُمْ നിങ്ങളുടെ പിതാവിന്റെ وَتَكُونُوا നിങ്ങളായിരിക്കയും ചെയ്യും, ആയിരിക്കും ചെയ്യാം مِنْ بَعْدِهِ അതിനുശേഷം, അവന്റെ പിന്നീട് قَوْمًا ഒരു ജനം (ആളുകള്‍) صَالِحِينَ നല്ലവരായ
ഏതെങ്കിലും വിധേന യൂസുഫിന്റെ കഥ കഴിക്കുക, അല്ലെങ്കില്‍ പിതാവിങ്കലേക്കു തിരിച്ചുവരാത്തവണ്ണം വല്ല വിദൂരസ്ഥലത്തും കൊണ്ടുപോയി അവനെ നാടുകടത്തി വിടുക. രണ്ടിലൊന്നു ചെയ്‌താല്‍, ആദ്യം പിതാവിനു കുറേയൊക്കെ മനോവേദനയും ബുദ്ധിമുട്ടും അനുഭവപ്പെടുമെങ്കിലും കുറച്ചു കഴിയുമ്പോള്‍ അതൊക്കെ ശരിപ്പെട്ടുകൊള്ളും. അങ്ങിനെ, പിതാവിന്റെ സ്നേഹവും മുഖവും നമ്മോടായിത്തീരുന്നതാണ്. തല്‍ക്കാലം ഇങ്ങിനെ ഒരു അപരാധം നാം പ്രവര്‍ത്തിച്ചാലും പിന്നീടു ഖേദിച്ചുമടങ്ങി നമുക്കു നല്ലവരായിത്തീരുകയും ചെയ്യാമല്ലോ. എന്നൊക്കെയാണു അവര്‍ തമ്മില്‍ പറഞ്ഞതിന്റെ താല്‍പര്യം. പിതാവിനു യൂസുഫിനോടും ബിന്‍യാമീനോടുമാണു അവരെക്കാള്‍ സ്നേഹമുള്ളതെങ്കിലും, യൂസുഫിനോടാണ് ഏറ്റവുമധികം സ്നേഹമുള്ളതെന്നും, അതുകൊണ്ടാണു യൂസുഫിനെക്കുറിച്ചു അവര്‍ ഇങ്ങനെ അഭിപ്രായപ്പെടുവാന്‍ കാരണമെന്നും അവരുടെ പ്രസ്താവന കൊണ്ടു മനസ്സിലാകുന്നു.
- قَالَ قَآئِلٌ مِّنْهُمْ لَا تَقْتُلُوا۟ يُوسُفَ وَأَلْقُوهُ فِى غَيَـٰبَتِ ٱلْجُبِّ يَلْتَقِطْهُ بَعْضُ ٱلسَّيَّارَةِ إِن كُنتُمْ فَـٰعِلِينَ ﴾١٠﴿
- അവരില്‍ നിന്ന്‍ ഒരു വക്താവ് പറഞ്ഞു : നിങ്ങള്‍ യൂസുഫിനെ കൊലപ്പെടുത്തരുത്; അവനെ (ഒരു) കിണറ്റിന്റെ അഗാധതയില്‍ ഇട്ടേക്കുകയും ചെയ്യുക; (ഏതെങ്കിലും) ചില യാത്രാസംഘം അവനെ കണ്ടെടുത്തു (കൊണ്ടുപോയി) കൊള്ളും, നിങ്ങള്‍ ചെയ്യുന്നവരാണെങ്കില്‍. [ചെയ്തേ തീരുവെങ്കില്‍ അത്ര ചെയ്‌താല്‍ മതി.]
- قَالَ പറഞ്ഞു قَائِلٌ പറയുന്നവന്‍, ഒരു വക്താവ് مِنْهُمْ അവരില്‍നിന്നു لَا تَقْتُلُوا നിങ്ങള്‍ കൊല്ലരുത്, വധിക്കരുത് يُوسُفَ യൂസുഫിനെ وَأَلْقُوهُ അവനെ ഇട്ടേക്കുവിന്‍ فِي غَيَابَتِ മറവില്‍, കുണ്ടില്‍, അഗാധതയില്‍, ആഴത്തില്‍, ഇരുട്ടില്‍ الْجُبِّ കിണറ്റിന്റെ, ആഴക്കുഴിയുടെ يَلْتَقِطْهُ അവനെ കണ്ടെടുത്തുകൊള്ളും بَعْضُ السَّيَّارَةِ യാത്ര സംഘക്കാരില്‍ ചിലര്‍ إِنْ كُنْتُمْ നിങ്ങളാണെങ്കില്‍ فَاعِلِينَ ചെയ്യുന്നവര്‍, പ്രവര്‍ത്തിക്കുന്നവര്‍
സഹോദരന്മാര്‍ എല്ലാവരും അസൂയാലുക്കലാണെങ്കിലും അവരില്‍ ചിലര്‍ക്ക് ദയ തോന്നി. യൂസുഫ് (അ) നോട് കൃപ തോന്നിയ ഈ വക്താവിന്റെ പേര്‍ അല്ലാഹു പറഞ്ഞിട്ടില്ല. പേരറിഞ്ഞതുകൊണ്ടു പ്രത്യേക പ്രയോജനമില്ലതാനും. അദ്ദേഹത്തെ രക്ഷപ്പെടുത്തണമെന്നുദ്ദേശിച്ചുകൊണ്ട് രൂബേന്‍ (റൂബീന്‍) എന്ന സഹോദരന്‍ അവനെ കൊലപ്പെടുത്തരുതെന്നും, അവന്റെ മേല്‍ കൈവെക്കാതെ മരുഭൂമിയിലെ കുഴിയില്‍ ഇടുവിന്‍ എന്നും പറഞ്ഞതായും, കിണറ്റിലിട്ടശേഷം യഹൂദാ എന്ന സഹോദരന്‍: നാം നമ്മുടെ സഹോദരനെ കൊന്നിട്ടെന്തു പ്രയോജനം ? അവനെ നാം യാത്രാക്കൂട്ടത്തിനു വില്‍ക്കുക എന്നു പറഞ്ഞതായും ബൈബിളില്‍ പറഞ്ഞിരിക്കുന്നു. ഇതായിരിക്കാം ഈ വക്താവു റൂബീനായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗവും, യഹൂദായിരുന്നുവെന്നു വേറൊരു വിഭാഗവും പറയുവാന്‍ കാരണം.
الْجُبِّ (ജുബ്ബ്) എന്നാല്‍, പടുത്തുയര്‍ത്തുകയോ, മതില്‍ കെട്ടുകയോ ചെയ്യാത്ത കുഴിക്കിണര്‍ എന്നാണര്‍ത്ഥം. ‘വെള്ളമില്ലാത്ത പൊട്ടക്കുഴി’ യായിരുന്നു അതെന്നാണു ബൈബിളില്‍ പറയുന്നത്. (ഉല്‍പഃ 37ല്‍ 24) പക്ഷേ, താഴെ 19ആം വചനത്തില്‍നിന്നു അതു വെള്ളമുള്ള കിണറായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ടു താനും. സഹോദരന്മാര്‍ തങ്ങളുടെ ഗൂഢാലോചന നടപ്പില്‍ വരുത്തുവാന്‍ ഇങ്ങിനെ ഒരു സൂത്രം പ്രായോഗിച്ചു :-
- قَالُوا۟ يَـٰٓأَبَانَا مَا لَكَ لَا تَأْمَ۫نَّا عَلَىٰ يُوسُفَ وَإِنَّا لَهُۥ لَنَـٰصِحُونَ ﴾١١﴿
- അവര്‍ പറഞ്ഞു : 'ഞങ്ങളുടെ ബാപ്പാ, നിങ്ങള്‍ക്കെന്താണ് - യൂസുഫിനെപ്പറ്റി നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല? ഞങ്ങള്‍ അവനു ഗുണകാംക്ഷികള്‍ തന്നെയാണുതാനും. (-എന്നിട്ടും) !
- قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ പിതാവേ, ബാപ്പാ مَا لَكَ നിങ്ങള്‍ക്കെന്താണു لَا تَأْمَنَّا ന്നിങ്ങള്‍ ഞങ്ങളെ വിശ്വാസിക്കുന്നില്ല عَلَىٰ يُوسُفَ യൂസുഫിനെപ്പറ്റി وَإِنَّا ഞങ്ങളാകട്ടെ لَهُ അവനു (അവന്റെ) لَنَاصِحُونَ ഗുണകാംക്ഷികള്‍ തന്നെയാണ്.
- أَرْسِلْهُ مَعَنَا غَدًا يَرْتَعْ وَيَلْعَبْ وَإِنَّا لَهُۥ لَحَـٰفِظُونَ ﴾١٢﴿
- 'നാളെ അവനെ ഞങ്ങളുടെ കൂടെ അയച്ചുതരുക, അവന്‍ (തിന്നും കുടിച്ചും) സുഖിച്ചു നടക്കുകയും, കളിക്കുകയും ചെയ്യട്ടെ, നിശ്ചയമായും, ഞങ്ങള്‍ അവനെ കാ(ത്തു രക്ഷി) ക്കുന്നവരുമാകുന്നു.'
- أَرْسِلْهُ അവനെ അയക്കുക مَعَنَا ഞങ്ങളുടെ കൂടെ غَدًا നാളെ يَرْتَعْ അവന്‍ മേഞ്ഞ് (തിന്നും കുടിച്ചും സ്വതന്ത്രമായി) നടന്നുകൊള്ളട്ടെ وَيَلْعَبْ കളിക്കുകയും ചെയ്യട്ടെ وَإِنَّا لَهُ നിശ്ചയമായും ഞങ്ങള്‍ അവനെ لَحَافِظُونَ കാക്കുന്നു (സൂക്ഷിക്കുന്ന)വര്‍ തന്നെയാണ്
മരുഭൂമിയില്‍ പോയി ആടുകളെ മേക്കല്‍ പതിവായിരുന്ന ആ സഹോദരന്മാരോടൊന്നിച്ചു യൂസുഫിനെ വിട്ടയക്കുവാന്‍ യഅ്ഖൂബ് (അ)നു ഭയമായിരുന്നുവെന്നും, അതുകൊണ്ടു അദ്ദേഹത്തെ അവരോടൊപ്പം പോകുവാന്‍ അനുവദിക്കാറുണ്ടായിരുന്നില്ലെന്നും, അവരുടെ വാക്കുകളില്‍ നിന്നു മനസ്സിലാക്കാം. അതുകൊണ്ടുതന്നെയാണു യൂസുഫിന്റെ വലിയ ഗുണകാംക്ഷികളായി അവര്‍ അഭിനയിച്ചതും, അവന്‍ ഞങ്ങളുടെ അനുജനല്ലേ, ഞങ്ങളുടെ ഒന്നിച്ചു മരുഭൂമിയില്‍ വന്നു പഴവര്‍ഗ്ഗങ്ങളും മറ്റും തിന്നും, വെള്ളം കുടിച്ചും, ഓടിച്ചാടി നടന്നും ആനന്ദംകൊള്ളുവാന്‍ അവനും ആഗ്രഹമുണ്ടാകുമല്ലോ. അതിനൊരവസരം നാളെത്തന്നെയുണ്ടാക്കിത്തരണം; ഞങ്ങള്‍ അവന്റെ ഗുണകാംക്ഷികളാകകൊണ്ടു അവനു വല്ല അപകടവും വരുന്നതു ഞങ്ങള്‍ തികച്ചും കാത്തു സൂക്ഷിക്കുകതന്നെ ചെയ്യും എന്നൊക്കെ അവര്‍ പിതാവിനെ ധരിപ്പിച്ചു. എന്നിട്ടും പിതാവിനു അവരെക്കുറിച്ചു വിശ്വാസം വരുന്നില്ല. അദ്ദേഹം ഒഴികഴിവു പറഞ്ഞുനോക്കി.
- قَالَ إِنِّى لَيَحْزُنُنِىٓ أَن تَذْهَبُوا۟ بِهِۦ وَأَخَافُ أَن يَأْكُلَهُ ٱلذِّئْبُ وَأَنتُمْ عَنْهُ غَـٰفِلُونَ ﴾١٣﴿
- അദ്ദേഹം പറഞ്ഞു; 'നിശ്ചയമായും ഞാന്‍, അവനെ നിങ്ങള്‍ കൊണ്ടുപോകുന്നതു എന്നെ വ്യസനിപ്പിക്കുക തന്നെ ചെയ്യുന്നു; നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ, അവനെ ചെന്നായ (പിടിച്ചു) തിന്നുന്നതിനെ ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു.'
- قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ لَيَحْزُنُنِي എന്നെ വ്യസനിപ്പിക്കുകതന്നെ ചെയ്യുന്നു أَنْ تَذْهَبُوا നിങ്ങള്‍ പോകുന്നതു بِهِ അവനെ കൊണ്ടു وَأَخَافُ ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു. أَنْ يَأْكُلَهُ അവനെ തിന്നുന്നതു الذِّئْبُ ചെന്നായ وَأَنْتُمْ നിങ്ങളായിരിക്കെ عَنْهُ അവനെപ്പറ്റി غَافِلُونَ അശ്രദ്ധര്‍
- قَالُوا۟ لَئِنْ أَكَلَهُ ٱلذِّئْبُ وَنَحْنُ عُصْبَةٌ إِنَّآ إِذًا لَّخَـٰسِرُونَ ﴾١٤﴿
- അവര്‍ പറഞ്ഞു : 'ഞങ്ങള്‍ ഒരു (ശക്തമായ) സംഘം ഉണ്ടായിട്ടും അവനെ ചെന്നായ (പിടിച്ചു) തിന്നുവെങ്കില്‍, നിശ്ചയമായും, അപ്പോള്‍, ഞങ്ങള്‍ നഷ്ടക്കാര്‍
തന്നെയാണല്ലോ.' - قَالُوا അവര്‍ പറഞ്ഞു لَئِنْ أَكَلَهُ അവനെ തിന്നുവെങ്കില്‍ الذِّئْبُ ചെന്നായ وَنَحْنُ ഞങ്ങള്‍ ആയി (ഉണ്ടായി)രിക്കെ عُصْبَةٌ ഒരു സംഘം, കൂട്ടം إِنَّا إِذًا എന്നാല്‍ (അപ്പോള്‍) നിശ്ചയമായും ഞങ്ങള്‍ لَخَاسِرُونَ നഷ്ടക്കാര്‍ തന്നെ
യൂസുഫ് (അ)നെ അവരോടൊപ്പം പറഞ്ഞയക്കാതിരിക്കുവാനുള്ള കാരണം പിതാവു വിവരിച്ചു. എന്നാല്‍, തങ്ങള്‍ ചെയ്‌വാന്‍ പോകുന്ന കടുംകൈ ചെയ്തശേഷം അതില്‍ നിന്നു പിതാവിനോട് ഒഴികഴിവുപറഞ്ഞു കഴിച്ചിലാകുവാനുള്ള മാര്‍ഗ്ഗം പിതാവിന്റെ വാക്കുകളില്‍ നിന്നു തന്നെ അവര്‍ക്കു കിട്ടി. അതേ ഒഴികഴിവു തന്നെയാണവര്‍ പിന്നീടു പറഞ്ഞതെന്നു 17ആം വചനത്തില്‍ കാണാവുന്നതാണ്.
ഞങ്ങള്‍ ശക്തമായ ഒരു സംഘം ആളുകളുണ്ട്; ഞങ്ങള്‍ അവനെ ശരിക്കു കാത്തുസൂക്ഷിക്കുകയും ചെയ്യും; എന്നിരിക്കെ, അവനെ ചെന്നായ പിടിക്കുമെന്നു ഭയപ്പെടേണ്ടതില്ല; എനി, അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതില്‍ ഞങ്ങളും വമ്പിച്ച നഷ്ടക്കാരായിരിക്കുമല്ലോ. അതു കൊണ്ടു അവനെ രക്ഷിക്കുവാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും, അവന്റെ കാര്യത്തില്‍ ഞങ്ങളെ വിശ്വസിക്കാതിരിക്കുവാന്‍ ഒരു കാരണവുമില്ലെന്നും അവര്‍ സമര്‍ത്ഥിച്ചു. അങ്ങനെ ആദ്യം വളരെ മടിച്ചുവെങ്കിലും അവസാനം യൂസുഫ് (അ)നെ അവരൊന്നിച്ചു അയച്ചുകൊടുക്കുവാന്‍ തന്നെ അദ്ദേഹം സമ്മതിച്ചു. ബൈബിളില്‍ ഈ ഭാഗം വിവരിച്ചിരിക്കുന്നതു നേരെ മറിച്ചാണ്. സഹോദരന്മാര്‍ അപ്പന്റെ ആടുകളെ മേയ്ക്കാന്‍ ശൈഖേമി (شكيم)ലേക്കു പോയിരുന്നു; അവരുടെ സുഖവിവരം പോയി അറിഞ്ഞുവരുവാന്‍വേണ്ടി യോസഫിനെ അവരുടെ അടുക്കലേക്കയച്ചു; അവന്‍ ചെല്ലുന്നതു കണ്ടപ്പോള്‍ സ്വപ്‌നക്കാരന്‍ വരുന്നുണ്ടെന്നും മറ്റും പറഞ്ഞു സഹോദരന്മാര്‍ പരിഹസിച്ചു; അവിടെവെച്ചാണ് അവനെ കൊല്ലണമെന്നും പൊട്ടക്കുഴിയിലിട്ടാല്‍ മതിയെന്നും മറ്റുമുള്ള സംഭാഷണങ്ങള്‍ നടന്നത് എന്നൊക്കെയാണ് അതില്‍ പറയുന്നത്. (ഉല്‍പഃ 37ല്‍ 12-25) ബൈബിളിലെ പ്രസ്താവനകള്‍ യഥാര്‍ത്ഥമായി ഗണിക്കുവാന്‍ നിവൃത്തിയില്ലെന്നുള്ളതിനു ഒരു തെളിവാണിതും.
- فَلَمَّا ذَهَبُوا۟ بِهِۦ وَأَجْمَعُوٓا۟ أَن يَجْعَلُوهُ فِى غَيَـٰبَتِ ٱلْجُبِّ ۚ وَأَوْحَيْنَآ إِلَيْهِ لَتُنَبِّئَنَّهُم بِأَمْرِهِمْ هَـٰذَا وَهُمْ لَا يَشْعُرُونَ ﴾١٥﴿
- അങ്ങനെ, അവര്‍ അദ്ദേഹത്തെ കൊണ്ടുപോകുകയും, അദ്ദേഹത്തെ കിണറ്റിന്റെ അഗാധതയിലാക്കുവാന്‍ അവര്‍ ഏകോപി(ച്ചുറപ്പി) ക്കുകയും ചെയ്തപ്പോള്‍...! [അതവര്‍ നടപ്പില്‍ വരുത്തുക തന്നെ ചെയ്തു] നാം അദ്ദേഹത്തിന് ബോധനം നല്‍ക്കുകയും ചെയ്തു: 'അവരുടെ ഈ കാര്യത്തെ [ചെയ്തിയെ]പ്പറ്റി നീ അവരെ
(ഒരിക്കല്‍) ബോധപ്പെടുത്തുക തന്നെ ചെയ്യുമെന്നു, അവരാകട്ടെ, അറിയുകയുമില്ല.' - فَلَمَّا ذَهَبُوا അങ്ങനെ (എന്നിട്ടു) അവര്‍ പോയപ്പോള്‍ بِهِ അവനെയും കൊണ്ടു وَأَجْمَعُوا അവര്‍ ഏകോപിക്കുക (തീര്‍ച്ചപ്പെടുത്തുക)യും أَنْ يَجْعَلُوهُ അദ്ദേഹത്തെ അവര്‍ ആകുവാന്‍ فِي غَيَابَتِ അടി (അഗാധത)യില്‍ الْجُبِّ കിണറ്റിന്റെ, ആഴക്കുഴിയുടെ وَأَوْحَيْنَا നാം വഹ് യു (ബോധനം) നല്‍കുകയും ചെയ്തു إِلَيْهِ അദ്ദേഹത്തിനു لَتُنَبِّئَنَّهُمْ നിശ്ചയമായും നീ അവരെ ബോധപ്പെടുത്തുമെന്നു بِأَمْرِهِمْ അവരുടെ കാര്യ(വിഷയത്തെ)പ്പറ്റി هَٰذَا ഈ وَهُمْ അവരാകട്ടെ, അവരായിരിക്കെ لَا يَشْعُرُونَ അറിയുകയില്ല, അറിയാതെ
സഹോദരന്മാര്‍ ഏകോപിച്ച് അദ്ദേഹത്തെ കിണറ്റിലിട്ട് കൃതാര്‍ത്ഥരായി. പക്ഷേ, അല്ലാഹു യൂസുഫ് (അ)നെ ആശ്വസിപ്പിച്ചു. അവരുടെ ഈ അക്രമത്തെക്കുറിച്ചു അവരെ ബോധവാന്‍മാരാക്കുന്ന ഒരവസരം വഴിയെ വന്നെത്തുമെന്നു അദ്ദേഹത്തെ അറിയിച്ചു. മൂസാ (അ) നബിയെ പ്രസവിച്ചപ്പോള്‍, ഫിര്‍ഔന്റെ ആള്‍ക്കാര്‍ കുട്ടിയെ അറുത്തു കൊല്ലുമെന്നു ഭയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ മാതാവിനു കുട്ടിയെ പെട്ടിയിലാക്കി നദിയിലിടണമെന്നും, കുട്ടിയെ തനിക്കു തന്നെ തിരിച്ചു കിട്ടുമെന്നും അല്ലാഹു തോന്നിപ്പിച്ചതിനെ (28:7 ല്‍) പറ്റി പ്രസ്താവിച്ചപ്പോള്‍, ‘നാം മൂസായുടെ മാതാവിനു ബോധനം നല്‍കി (وأوحينا إلى أم موسى)’ എന്നു പറഞ്ഞിരിക്കുന്നതുപോലെ, യൂസുഫി (അ)നും അപ്രകാരം തോന്നിപ്പിച്ചു എന്നായിരിക്കും واوحينا اليه (അദ്ദേഹത്തിനു നാം ബോധനം നല്‍കി) എന്ന വാക്കിന്റെ സാരം. الله أعلم
وهم لَا يَشْعُرُونَ (അവരാകട്ടെ, അറിയുകയുമില്ല) എന്ന വാക്യം لَتُنَبِّئَنَّهُمْ (നീ അവരെ ബോധപ്പെടുത്തുക തന്നെ ചെയ്യും) എന്ന ക്രിയയോടു ബന്ധപ്പെട്ടതായിരിക്കുവാനാണു കൂടുതല്‍ സാധ്യത കാണുന്നത്. നീ ആരാണെന്നും, നിന്റെ സ്ഥിതിഗതികളെന്താണെന്നും മറ്റും അവര്‍ക്കറിഞ്ഞു കൂടാത്ത ഒരവസരത്തില്‍ അവരുടെ ഈ ചെയ്തികളെപ്പറ്റി അവരെ ഓര്‍മ്മപ്പിക്കുമെന്നായിരിക്കും അപ്പോള്‍ അതിന്റെ താല്‍പര്യം. ഈജിപ്തില്‍ വെച്ചു പിന്നീടു അതു സംഭവിച്ചതായി 58, 59 വചനങ്ങളില്‍ താഴെ വരുന്നുമുണ്ട്. وَأَوْحَيْنَا إِلَيْهِ (അദ്ദേഹത്തിനു നാം ബോധനം നല്‍കി) എന്ന ക്രിയയോടു ബന്ധപ്പെട്ടതായിരിക്കുവാനും സാധ്യതയുണ്ട്. അദ്ദേഹത്തെ അവര്‍ കിണറ്റിലിട്ട ശേഷം അദ്ദേഹത്തെ ആശ്വസിപ്പിച്ചും സന്തോഷിപ്പിച്ചും കൊണ്ട് അദ്ദേഹത്തിനു അല്ലാഹു ബോധനം നല്‍കിയ കഥയൊന്നും അവര്‍ക്കറിഞ്ഞുകൂടായിരുന്നുവെന്നായിരിക്കും അപ്പോള്‍ അതിന്റെ സാരം.
- وَجَآءُوٓ أَبَاهُمْ عِشَآءً يَبْكُونَ ﴾١٦﴿
- അവര്‍ വൈകുന്നേരം (സന്ധ്യമയങ്ങുമ്പോള്‍) അവരുടെ പിതാവിന്റെ അടുക്കല്‍ കരഞ്ഞും കൊണ്ടു വരുകയും ചെയ്തു.
- وَجَاءُوا അവര്‍ വരുകയും ചെയ്തു أَبَاهُمْ അവരുടെ പിതാവിങ്കല്‍ عِشَاءً വൈകുന്നേരം, സന്ധ്യ മയങ്ങുന്നേരം يَبْكُونَ അവര്‍ കരഞ്ഞുംകൊണ്ടു
- قَالُوا۟ يَـٰٓأَبَانَآ إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِندَ مَتَـٰعِنَا فَأَكَلَهُ ٱلذِّئْبُ ۖ وَمَآ أَنتَ بِمُؤْمِنٍ لَّنَا وَلَوْ كُنَّا صَـٰدِقِينَ ﴾١٧﴿
- അവര്‍ പറഞ്ഞു : 'ഞങ്ങളുടെ ബാപ്പാ, ഞങ്ങള്‍ മത്സരിച്ചോടിക്കൊണ്ടുപോയി; യൂസുഫിനെ ഞങ്ങളുടെ സാമാനത്തിങ്കല്‍ ഞങ്ങള്‍ വിട്ടേക്കുകയും ചെയ്തു; അങ്ങനെ, അവനെ ചെന്നായ (പിടിച്ചു) തിന്നു കളഞ്ഞു! ഞങ്ങള്‍ സത്യം പറയുന്നവരായിരുന്നാലും നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നവനല്ലതാനും.
[എന്തുചെയ്യാനാണ്?!]' - قَالُوا അവര്‍ പറഞ്ഞു يَا أَبَانَا ഞങ്ങളുടെ ബാപ്പാ, പിതാവേ إِنَّا ذَهَبْنَا ഞങ്ങള്‍ പോയി نَسْتَبِقُ മുന്നില്‍ കടക്കുവാന്‍ ശ്രമിച്ചു (മത്സരിച്ചു) കൊണ്ടു وَتَرَكْنَا ഞങ്ങള്‍ വിടുക (ഉപേക്ഷിക്കുകയും) ചെയ്തു يُوسُفَ യൂസുഫിനെ عِنْدَ مَتَاعِنَا ഞങ്ങളുടെ സാമാനത്തിന്റെ (വിഭവങ്ങളുടെ) അടുക്കല്‍ فَأَكَلَهُ അപ്പോള്‍ (അങ്ങനെ) അവനെ തിന്നു الذِّئْبُ ചെന്നായ وَمَا أَنْتَ നിങ്ങളല്ലതാനും بِمُؤْمِنٍ വിശ്വസിക്കുന്നവനേ لَنَا ഞങ്ങളെ وَلَوْ كُنَّا ഞങ്ങള്‍ ആയിരിന്നാലും صَادِقِينَ സത്യം പറയുന്നവര്‍, സത്യവാന്‍മാര്‍
- وَجَآءُو عَلَىٰ قَمِيصِهِۦ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَٱللَّهُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ ﴾١٨﴿
- അവര്‍ അദ്ദേഹത്തിന്റെ [യൂസുഫിന്റെ] കുപ്പായത്തിന്‍മേല്‍ ഒരു കള്ളച്ചോര കൊണ്ടുവരികയും ചെയ്തു. അദ്ദേഹം [പിതാവു] പറഞ്ഞു: '(അതൊന്നുമല്ല,) പക്ഷേ, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്കു (എന്തോ) ഒരു കാര്യം ഭംഗിയാക്കിത്തന്നിരിക്കുന്നു. [അതു നിങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കയാണ്] എനി, ഭംഗിയായ ക്ഷമ! [അതേ
മാര്‍ഗ്ഗമുള്ളൂ] നിങ്ങള്‍ (ഈ) വിവരിക്കുന്നതിനെപ്പറ്റി സഹായമപേക്ഷിക്കപ്പെടുന്നവന്‍ അല്ലാഹുവത്രെ.' - وَجَاءُوا അവര്‍ വരുകയും ചെയ്തു عَلَىٰ قَمِيصِهِ അദ്ദേഹത്തിന്റെ കുപ്പായത്തിന്‍മേല്‍ بِدَمٍ ഒരു രക്തവും (ചോരയും) കൊണ്ടു كَذِبٍ വ്യാജമായ, കളവായ قَالَ അദ്ദേഹം പറഞ്ഞു بَلْ പക്ഷെ, എന്നാല്‍, എങ്കിലും سَوَّلَتْ ഭംഗിയാക്കി (തോന്നിച്ചു) തന്നിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു أَنْفُسُكُمْ നിങ്ങളുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) أَمْرًا ഒരു കാര്യം فَصَبْرٌ എനി ക്ഷമ جَمِيلٌ ഭംഗിയായ (നല്ലതായ) وَاللَّهُ അല്ലാഹുവത്രെ الْمُسْتَعَانُ സഹായമര്‍ത്ഥിക്കപ്പെടുന്നവന്‍ عَلَىٰ مَا تَصِفُونَ നിങ്ങള്‍ വിവരിക്കുന്ന (വര്‍ണ്ണിക്കുന്ന)തിനെ പറ്റി
തങ്ങള്‍ക്കു പിന്നീട് പറയുവാനുള്ള ഒഴികഴിവു പിതാവിന്റെ വാക്കില്‍നിന്ന്‍ മുമ്പു ലഭിച്ചിരുന്നതിനെ അവര്‍ തികച്ചും ഉപയോഗപ്പെടുത്തി. എല്ലാവരും കൂടി യൂസുഫ് (അ)നെ കിണറ്റിലിട്ട ശേഷം, വൈകുന്നേരം ഇരുട്ടുമൂടാന്‍ പോകുന്ന സമയത്തു പിതാവിന്റെ അടുക്കല്‍ അവര്‍ തിരിച്ചെത്തി. കരച്ചിലും പറച്ചിലുമായി. ഞങ്ങള്‍ അമ്പെയ്തും മറ്റും മരുഭൂമിയില്‍ ഓടിനടന്ന്‍ അവനില്‍ നിന്നും അകന്നുപോയി. അവന്‍ ചെറുപ്പമായതുകൊണ്ടു അവനു ഞങ്ങളെപ്പോലെ ഓടാനും, ചാടാനും കഴിവില്ലല്ലോ എന്നു വെച്ച് ഞങ്ങളുടെ ഭക്ഷവസ്ത്രാദി സാധനങ്ങള്‍ വെച്ചിരുന്ന സ്ഥലത്തു അവനെ നിറുത്തിയിരിക്കയായിരുന്നു. ഞങ്ങള്‍ മടങ്ങി വന്നുനോക്കുമ്പോള്‍ അവനെ ചെന്നായ പിടിച്ചു കഴിഞ്ഞിരിക്കുന്നു! ഇങ്ങനെയാണ് സംഭവിച്ചത്. മുമ്പേ അവന്റെ കാര്യത്തില്‍ ഞങ്ങളെ വിശ്വസിക്കാത്ത നിങ്ങള്‍ക്കു ഈ സത്യവും വിശ്വാസ്യമാകുകയില്ല, എന്തുചെയ്യും?! ഇതാ നോക്കൂ : അവന്റെ രക്തം പുരണ്ട കുപ്പായം! എന്നൊക്കെ പറഞ്ഞുകൊണ്ട് അവര്‍ കുപ്പായം പിതാവിന്റെ മുമ്പില്‍ തെളിവിനു സമര്‍പ്പിച്ചു.ചെന്നായ പിടിച്ചപ്പോള്‍ യൂസുഫില്‍നിന്നൊഴുകിയ രക്തമാണതെന്നു കാണിക്കുവാന്‍ വേണ്ടി ഏതോ ഒരു കള്ള രക്തം അതിന്‍മേല്‍ അവര്‍ പുരട്ടികൊണ്ടും വന്നിരുന്നു. പക്ഷെ പലരും പറഞ്ഞു കാണുന്നതുപോലെ – ചെന്നായ പിടിക്കുമ്പോള്‍ കുപ്പായം മാന്തികീറാതിരിക്കയില്ലെന്ന വസ്തുത അവരുടെ ധാരണയില്‍ പെട്ടില്ല. ചോരപുരണ്ടതല്ലാതെ കുപ്പായത്തിനു കീറലൊന്നും പറ്റിയിരുന്നില്ല.
അവര്‍ പറഞ്ഞതെല്ലാം വ്യാജമാണെന്നും, എന്തോ ഒരപകടം അവര്‍ യൂസുഫിനെക്കൊണ്ടു ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും യഅ്ഖൂബ് (അ) നബിക്ക് ബോധ്യമായി. എങ്കിലും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നു അദ്ദേഹത്തിനു അറിഞ്ഞുകൂടാ. മറഞ്ഞകാര്യം ആര്‍ക്കും അറിയുകയില്ലല്ലോ. 83ആം വചനത്തില്‍ കാണാവുന്നതുപോലെ, ഒരിക്കല്‍ യഥാര്‍ത്ഥം പുലരുമെന്നും, യൂസുഫിനു നല്ലൊരു ഭാവി അല്ലാഹു നല്‍കുമെന്നുമുള്ള സല്‍പ്രതീക്ഷ അദ്ദേഹത്തിനു അപ്പോഴും ഉണ്ടായിരുന്നു. സംഭവിച്ചതെന്താണെന്നു അറിയാതിരിക്കെ, എനി ഭംഗിയായി ക്ഷമിക്കുകയും – അസ്വാസ്ഥ്യവും പൊറുതികേടും കാണിക്കാതെ സംയമനം പാലിച്ചുകൊണ്ടിരിക്കുകയും – എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചുകൊണ്ടു അവനോടു സഹായം തേടുകയുമല്ലാതെ മറ്റു പോംവഴികളൊന്നുമില്ലെന്നു അദ്ദേഹം സമാധാനിച്ചു. കിണറ്റിലിട്ട ശേഷമുണ്ടായ കഥ അല്ലാഹു വിവരിക്കുന്നു :-
- وَجَآءَتْ سَيَّارَةٌ فَأَرْسَلُوا۟ وَارِدَهُمْ فَأَدْلَىٰ دَلْوَهُۥ ۖ قَالَ يَـٰبُشْرَىٰ هَـٰذَا غُلَـٰمٌ ۚ وَأَسَرُّوهُ بِضَـٰعَةً ۚ وَٱللَّهُ عَلِيمٌۢ بِمَا يَعْمَلُونَ ﴾١٩﴿
- ഒരു യാത്രാസംഘം വന്നു ; എന്നിട്ട് അവരുടെ വെള്ളംകോരിയെ അവര്‍ (വെള്ളത്തിനു) അയച്ചു: അവന്‍ അവന്റെ തോട്ടി (കിണറ്റില്‍) ഇറക്കി. അവന്‍ പറഞ്ഞു: സന്തോഷമേ! ഇതാ, ഒരു ബാലന്‍!!' അവര്‍ അദ്ദേഹത്തെ (എടുത്തു) ഒരു (കച്ചവട) ചരക്കായി ഒളിച്ചുവെക്കുകയും ചെയ്തു. അല്ലാഹുവാകട്ടെ, അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനുമാണ്.
- وَجَاءَتْ - വന്നു سَيَّارَةٌ - ഒരു യാത്രാ സംഘം فَأَرْسَلُوا - എന്നിട്ടവര്‍ അയച്ചു وَارِدَهُمْ - അവരുടെ (വക) വെള്ളത്തിന്നു പോകുന്നവനെ فَأَدْلَىٰ - എന്നിട്ടവന്‍ താഴ്ത്തി, ഇറക്കി دَلْوَهُ - അവന്റെ തോട്ടി قَالَ - അവന്‍ പറഞ്ഞു يَا بُشْرَىٰ - സന്തോഷമേ هَٰذَا غُلَامٌ - ഇതാ ഒരു ബാലന്‍, ആണ്‍കുട്ടി وَأَسَرُّوهُ - അവര്‍ അദ്ദേഹത്തെ രഹസ്യമാക്കി (ഒളിച്ചു - സ്വകാര്യമാക്കി) വെക്കുകയും ചെയ്തു بِضَاعَةً - ഒരു ചരക്കായി وَاللَّهُ - അല്ലാഹുവാകട്ടെ عَلِيمٌ - അറിയുന്നവനാണു بِمَا يَعْمَلُونَ - അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
- وَشَرَوْهُ بِثَمَنٍۭ بَخْسٍ دَرَٰهِمَ مَعْدُودَةٍ وَكَانُوا۟ فِيهِ مِنَ ٱلزَّٰهِدِينَ ﴾٢٠﴿
- അവര്‍ അദ്ദേഹത്തെ ഒരു നിസ്സാര വിലക്കു - എണ്ണിക്കണക്കാക്കപ്പെട്ട [അല്‍പമായ] വെള്ളിപ്പണത്തിനു - വില്‍ക്കുകയും ചെയ്തു. അവര്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരില്‍ പെട്ടവരായിരുന്നു താനും.
- وَشَرَوْهُ - അവര്‍ അദ്ദേഹത്തെ വിറ്റു بِثَمَنٍ - ഒരു വിലക്കു بَخْسٍ - നിസ്സാരമായ, തുച്ഛമായ دَرَاهِمَ - അതായതു ദിര്‍ഹമു (വെള്ളിപ്പണം)കള്‍ക്കു مَعْدُودَةٍ - എണ്ണിക്കണക്കാക്കപ്പെട്ട وَكَانُوا - അവരായിരുന്നുതാനും فِيهِ - അദ്ദേഹത്തി (ന്റെ കാര്യത്തി)ല്‍ مِنَ الزَّاهِدِينَ - ത്യാഗികളില്‍ (താല്‍പര്യമില്ലാത്ത - ആവശ്യമില്ലാത്തവരില്‍) പെട്ടവര്‍
ആ വഴിക്കു വന്ന ഒരു യാത്രാസംഘം അവര്‍ക്കു വെള്ളം കൊണ്ടുവരുവാന്‍ നിയോഗിക്കപ്പെട്ടിരുന്ന ആളെ വെള്ളത്തിനയച്ചു. അവന്‍ ആ കിണറ്റില്‍നിന്നു വെള്ളമെടുക്കുവാന്‍ വെള്ളത്തൊട്ടി കിണറ്റിലിറക്കി, യൂസുഫ് (അ) അതിന്‍മേല്‍ പിടികൂടി. അതുകണ്ട് വെള്ളക്കാരന് അല്‍ഭുതവും സന്തോഷവുമായി. ഹാ! സന്തോഷം! ഇതാ ഒരു പയ്യന്‍! എന്നു വിളിച്ചു പറഞ്ഞു : അദ്ദേഹത്തെ കിണറ്റില്‍ നിന്നു കയറ്റി വിട്ടയക്കാതെ, ഒരു കച്ചവടച്ചരക്കാക്കി – അടിമായി – ഒളിച്ചുവെക്കുകയാണവര്‍ ചെയ്തത്. പിന്നീട് വളരെ തുച്ഛം വിലക്കു വില്‍ക്കുകയും ചെയ്തു. അദ്ദേഹത്തെ വിറ്റവര്‍ക്കു അദ്ദേഹത്തില്‍ പ്രത്യേക താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണവര്‍ തുച്ഛം വിലക്കു വിറ്റത്. ഇതെല്ലാം അല്ലാഹു അറിഞ്ഞും കണ്ടും കൊണ്ടു തന്നെയാണു നടന്നത്. അതിലൊക്കെ അവന്‍ ചില യുക്തികളും പരിപാടികളും കണ്ടുവെച്ചിട്ടുണ്ടായിരുന്നു എന്നൊക്കെയാണു ഈ വചനങ്ങളില്‍ പറഞ്ഞതിന്റെ സാരം.
‘ദിര്‍ഹം’ (വെള്ളിപ്പണം) നാല്‍പതുവരെ എണ്ണം കൊണ്ടും, നാല്‍പതു മുതല്‍ തൂക്കം കൊണ്ടുമായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. അതുകൊണ്ട് അല്‍പം ദിര്‍ഹമുകള്‍ എന്ന അര്‍ത്ഥത്തില്‍ مَعْدُودَةٍ (എണ്ണി കണക്കാക്കപ്പെട്ടതു) എന്നു പറയപ്പെടുന്നു. ഇതില്‍നിന്നു നാല്‍പതില്‍ താഴെയുള്ള വെള്ളിപ്പണത്തിനാണു അദ്ദേഹത്തെ വിറ്റതെന്നു മനസ്സിലാക്കാവുന്നതാണ്. ഇരുപതെന്നും, പന്ത്രണ്ടെന്നുമൊക്കെ പറയപ്പെട്ടിട്ടുണ്ട്. സംഖ്യ കൃത്യമായി അറിഞ്ഞതു കൊണ്ടു പ്രത്യേക പ്രയോജനമൊന്നുമില്ലല്ലോ.
أَسَرُّوهُ بِضَاعَةً (അദ്ദേഹത്തെ അവര്‍ ഒരു ചരക്കായി ഒളിച്ചുവെച്ചു) എന്നും شَرَوْهُ (അവര്‍ അദ്ദേഹത്തെ വിറ്റു, എന്നുമുള്ള ക്രിയയുടെ കര്‍ത്താക്കള്‍ – അഥവാ ഒളിച്ചുവെച്ചതും, വില്‍പന നടത്തിയതും – ആരാണെന്നുള്ളതില്‍ രണ്ടഭിപ്രായമുണ്ട് : അതായതു രണ്ടും കച്ചവടസംഘമാണെന്നും അതല്ല, യൂസുഫ് (അ)ന്റെ സഹോദരന്‍മാരാണെന്നും. ഒന്നാമത്തെ അഭിപ്രായമാണു അധിക വ്യാഖ്യാതാക്കളും സ്വീകരിച്ചു കാണുന്നത്. സന്ദര്‍ഭത്തോടും ആയത്തിലെ വാചകത്തോടും യോജിച്ചതും അതത്രെ. ഇതനുസരിച്ചു അതിന്റെ വിശദീകരണം ഇപ്രകാരമായിരിക്കും : കച്ചവട സംഘം കിണറ്റില്‍ നിന്നു യൂസുഫു (അ)നെ കണ്ടെടുത്ത ഉടനെ – അദ്ദേഹത്തെ വിട്ടയക്കുകയോ അദ്ദേഹത്തെപ്പറ്റി ഒരന്വേഷണം നടത്തുകയോ ചെയ്യാതെ – ഒരടിമച്ചരക്കായി ഒളിച്ചുവെച്ചു. മദ്‍യനില്‍ നിന്നു ഈജിപ്തിലേക്കു പോകുകയായിരുന്ന അവര്‍ അദ്ദേഹത്തെ അവിടെകൊണ്ടുപോയി തുച്ഛം വിലക്കു വിറ്റു. വലിയ ഒരു സംഖ്യക്കു വില്‍ക്കണമെന്നുള്ള താല്‍പര്യമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. കച്ചവടസംഘം കിണറ്റില്‍ നിന്നെടുത്ത ഉടനെ ആരും അറിയാതെ ഒളിച്ചുകൊണ്ടുപോയതായിരുന്നാലും, സഹോദരന്‍മാരില്‍ നിന്നു വിലക്കുവാങ്ങി കൊണ്ടുപോയതായിരുന്നാലും – രണ്ടായാലും ശരി – അവസാനം അവര്‍ അദ്ദേഹത്തെ ഈജിപ്തില്‍ കൊണ്ടുചെന്നു വില്‍ക്കുക തന്നെ ചെയ്തു.