വിഭാഗം - 9

12:69
 • وَلَمَّا دَخَلُوا۟ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيْهِ أَخَاهُ ۖ قَالَ إِنِّىٓ أَنَا۠ أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا۟ يَعْمَلُونَ ﴾٦٩﴿
 • അവര്‍ [സഹോദരന്‍മാര്‍] യൂസുഫിന്‍റെ അടുക്കല്‍ പ്രവേശിച്ചപ്പോള്‍, അദ്ദേഹം [യൂസുഫ്] തന്‍റെ സഹോദരനെ തന്നിലേക്കു അണച്ചുകൂട്ടി; അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും, ഞാന്‍ നിന്‍റെ സഹോദരന്‍തന്നെ. ആകയാല്‍, അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി നീ സങ്കടപ്പെടേണ്ട.'
 • وَلَمَّا دَخَلُوا അവര്‍ പ്രവേശിച്ചപ്പോള്‍ عَلَىٰ يُوسُفَ യൂസുഫിന്‍റെ അടുക്കല്‍ آوَىٰ إِلَيْهِ അദ്ദേഹം തന്നിലേക്കു കൂട്ടിച്ചേര്‍ത്തു, അണച്ചുകൂട്ടി أَخَاهُ തന്‍റെ സഹോദരനെ قَالَ അദ്ദേഹം പറഞ്ഞു إِنِّي أَنَا നിശ്ചയമായും ഞാന്‍ (തന്നെ) أَخُوكَ നിന്‍റെ സഹോദരന്‍ فَلَا تَبْتَئِسْ അതിനാല്‍ നീ സങ്കടപ്പെടേണ്ട بِمَا كَانُوا അവര്‍ ആയിരിക്കുന്നതിനെപ്പറ്റി يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.

സഹോദരന്‍മാര്‍ക്കിടയില്‍നിന്നു ബിന്‍യാമീനെ അദ്ദേഹം പ്രത്യേകം ആശ്ലേഷിച്ചു – ഞാനാണു നിന്‍റെ ജ്യേഷ്ഠന്‍ യൂസുഫ്, അവര്‍ നമ്മോടു സ്വീകരിച്ചു വന്ന ചിറ്റമ്മനയത്തെക്കുറിച്ചും മറ്റും എനി വ്യസനിക്കേണ്ടതില്ല എന്നൊക്കെ സ്വകാര്യമായി അറിയിച്ചുകൊടുത്തു. ഒരു പക്ഷേ – ഇബ്നുകഥീര്‍ (റ) പ്രസ്താവിച്ചതുപോലെ – നിന്നെ ഇവിടെ എന്‍റെ അടുക്കല്‍ തന്നെ നിറുത്തുവാനും അവരുടെ ഒന്നിച്ചു തിരിച്ചയക്കാതിരിക്കുവാനും (അടുത്ത വചനത്തില്‍ കാണുന്നതുപോലുള്ള) വല്ല സൂത്രമാര്‍ഗ്ഗങ്ങളും ഞാന്‍ വഴിയെ സ്വീകരിക്കുമെന്നുള്ള രഹസ്യവും അദ്ദേഹം ബിന്‍യാമീനെ അറിയിച്ചിരിക്കാം. അത് സ്വാഭാവികമാണല്ലോ.

12:70
 • فَلَمَّا جَهَّزَهُم بِجَهَازِهِمْ جَعَلَ ٱلسِّقَايَةَ فِى رَحْلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا ٱلْعِيرُ إِنَّكُمْ لَسَـٰرِقُونَ ﴾٧٠﴿
 • എന്നിട്ട് അവരുടെ ഒരുക്കുസാമാനവുമായി അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍, അദ്ദേഹം പാനപാത്രം തന്‍റെ സഹോദരന്‍റെ യാത്രാസാമാനത്തില്‍ ആക്കി, പിന്നെ, ഒരാള്‍ വിളിച്ചുപറഞ്ഞു: 'ഹേ, വാഹനസംഘമേ, നിശ്ചയമായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്!'
 • فَلَمَّا جَهَّزَهُم എന്നിട്ടു അവരെ അദ്ദേഹം ഒരുക്കി അയച്ചപ്പോള്‍ بِجَهَازِهِمْ ഒരുക്കുസാമാനം جَعَلَ അദ്ദേഹം ആക്കി السِّقَايَةَ വെള്ളപ്പാത്രം, പാനപാത്രം فِي رَحْلِ യാത്രാസാമാനത്തില്‍ أَخِيهِ തന്‍റെ സഹോദരന്‍റെ ثُمَّ أَذَّنَ പിന്നെ അറിയിപ്പു നല്‍കി, പ്രഖ്യാപിച്ചു (വിളിച്ചു പറഞ്ഞു) مُؤَذِّنٌ ഒരു വിളിച്ചു പറയുന്നവന്‍ (ഒരാള്‍) أَيَّتُهَا الْعِيرُ ഹേ യാത്രാ സംഘമേ, ഒട്ടക സംഘമേ إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَسَارِقُونَ മോഷ്ടാക്കള്‍ തന്നെ.
12:71
 • قَالُوا۟ وَأَقْبَلُوا۟ عَلَيْهِم مَّاذَا تَفْقِدُونَ ﴾٧١﴿
 • അവര്‍ അവരുടെ [വിളിച്ചുപറയുന്നവരുടെ] നേരെ തിരിഞ്ഞുനിന്ന് പറഞ്ഞു: 'എന്താണ് നിങ്ങള്‍ക്കു കാണാതായിരിക്കുന്നത്?'
 • قَالُوا അവര്‍ പറഞ്ഞു وَأَقْبَلُوا അവര്‍ മുന്നിടുകയും ചെയ്തു (തിരിഞ്ഞു) عَلَيْهِم അവരുടെ നേരെ مَّاذَا എന്തൊന്നാണു تَفْقِدُونَ നിങ്ങള്‍ നഷ്ടപ്പെടുന്നതു, നിങ്ങള്‍ക്കു കാണാതാകുന്നത്.
12:72
 • قَالُوا۟ نَفْقِدُ صُوَاعَ ٱلْمَلِكِ وَلِمَن جَآءَ بِهِۦ حِمْلُ بَعِيرٍ وَأَنَا۠ بِهِۦ زَعِيمٌ ﴾٧٢﴿
 • അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്കു രാജാവിന്‍റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അതു കൊണ്ടുവ(ന്നുത)രുന്നവനു ഒരു ഒട്ടകത്തിന്‍റെ ചുമടു (ധാന്യം സമ്മാനം) ഉണ്ട്. ഞാന്‍ അതിനു ഉത്തരവാദപ്പെട്ടവനുമാകുന്നു. [അക്കാര്യം ഞാന്‍ എല്‍ക്കാം]'.
 • قَالُوا അവര്‍ പറഞ്ഞു نَفْقِدُ ഞങ്ങള്‍ നഷ്ടപ്പെടുന്നു, കാണാതാവുന്നു صُوَاعَ അളവുപാത്രം, അളവുകോപ്പ الْمَلِكِ രാജാവിന്‍റെ وَلِمَن جَاءَ بِهِ അതു കൊണ്ടുവന്നവര്‍ക്കുണ്ടു حِمْلُ ചുമടു, ഏറ്റുന്നതു بَعِيرٍ ഒരൊട്ടകത്തിന്‍റെ وَأَنَا ഞാന്‍ بِهِ അതിനെപ്പറ്റി, അതിനു زَعِيمٌ ഏല്‍ക്കുന്നവനാണു, ഉത്തരവാദിയാണ്.

سِقَايَة (സിഖായത്ത്) എന്ന വാക്കു വെള്ളം കുടിക്കാറുള്ള സ്ഥാനത്തിനും, അതു കൊണ്ടുപോകുകയോ കുടിക്കുകയോ ചെയ്യുന്ന പാത്രത്തിനും ഉപയോഗിക്കപ്പെടും. صُوَاع (സ്വുവാഉ്) എന്നതിന്‍റെ സ്ഥാനത്തു صاع (സ്വാഉ്) എന്നും വായിക്കപ്പെട്ടിട്ടുണ്ടു. രണ്ടായാലും ഇടങ്ങഴി, അല്ലെങ്കില്‍ നാഴിപോലെ അളവിനു ഉപയോഗിക്കുന്ന ഒരു പാത്രമാണത്. ഈ രണ്ടു വാക്കും ഒരേ പാത്രത്തെത്തന്നെ ഉദ്ദേശിച്ചു പറയുവാന്‍ കാരണം, വെള്ളം കുടിക്കുവാനും വിലപിടിച്ച ധാന്യങ്ങള്‍ അളക്കുവാനും അതു ഉപയോഗിക്കപ്പെട്ടിരുന്നതാണെന്നും, അളവു പാത്രത്തിന്‍റെ രൂപത്തില്‍ ഉണ്ടാക്കപ്പെട്ട പാനപാത്രമായിരുന്നതാണെന്നും പറയപ്പെടുന്നു. അതൊരു വെള്ളിക്കോപ്പയായിരുന്നുവെന്നും പറയപ്പെടുന്നു. الله أعلم . ഏതായാലും രാജാവിന്‍റെ പാത്രമായതുകൊണ്ടു അതൊരു വിശേഷതരം പാത്രമായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളു.

താന്‍ യൂസുഫാണെന്ന രഹസ്യം ബിന്‍യാമീനെ സ്വകാര്യമായി അറിയിച്ചതല്ലാതെ മറ്റുള്ള സഹോദരന്‍മാരെ അദ്ദേഹം അറിയിച്ചിട്ടില്ല. അവരില്‍നിന്ന് മൂടിവെച്ചിരിക്കുകയാണത്. ആ സ്ഥിതിക്കു ബിന്‍യാമീനെ അവരൊന്നിച്ചു വിട്ടയക്കുകയില്ലെന്നു പറയുവാന്‍ ന്യായമില്ല. അതുകൊണ്ടു ബിന്‍യാമീനെ അവര്‍ സ്വയം വിട്ടുകൊടുക്കുമാറുള്ള ഒരു സൂത്രം അദ്ദേഹം പ്രയോഗിച്ചു. അവരുടെ ധാന്യക്കെട്ടുകള്‍ കെട്ടിത്തയ്യാറാക്കിക്കൊടുത്തപ്പോള്‍ അവരറിയാതെ ബിന്‍യാമീന്‍റെ കെട്ടില്‍ രാജാവിന്‍റെ പാനപാത്രവും ഇട്ടു കെട്ടുവാന്‍ ഏര്‍പ്പാടുചെയ്തു. സഹോദരന്‍മാര്‍ സ്ഥലം വിട്ടപ്പോഴേക്കും പിന്നാലെ ആള്‍ചെന്ന് – അല്ലാഹു പറഞ്ഞപ്രകാരം – അവരോടു വിളിച്ചുപറഞ്ഞു. പാനപാത്രം ബിന്‍യാമീന്‍റെ കെട്ടില്‍ ഇട്ടതു അറിയാതെ, അവര്‍ സ്ഥലം വിട്ട ഉടനെ ആ പാത്രം യഥാസ്ഥാനത്ത് കാണാതെവന്നപ്പോള്‍ വല്ല ഉദ്യോഗസ്ഥന്‍മാരും സ്വന്തം നിലക്കു വേഗം പോയിവിളിച്ചു പറഞ്ഞതാണോ? അതല്ല, അവര്‍ യഥാര്‍ത്ഥം അറിഞ്ഞുകൊണ്ടുതന്നെ യൂസുഫ് (അ) ന്‍റെ കല്‍പനയനുസരിച്ചു വിളിച്ചുപറഞ്ഞതാണോ? രണ്ടിനും സാദ്ധ്യതയുണ്ടെന്നും, കൂടുതല്‍ സാധ്യത കാണുന്നതു ആദ്യം പറഞ്ഞപ്രകാരമായിരിക്കുവാനാണെന്നും റാസീ (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. വിളിച്ചുപറഞ്ഞ ആള്‍ അവരോടു നിങ്ങള്‍ മോഷ്ടാക്കളാണ് (إِنَّكُمْ لَسَارِقُونَ) എന്ന് പറഞ്ഞതാണ് അദ്ദേഹം അതിനു കാരണം പറയുന്നത്. പക്ഷേ, മറ്റൊരു സംഗതികൂടി ആലോചിക്കേണ്ടതുണ്ട്. കാണാതായ പാത്രം ആര്‍ തരുന്നുവോ അവര്‍ക്കു ഒരൊട്ടകത്തിനു വഹിക്കാവുന്നത്ര ധാന്യം സമ്മാനം കൊടുക്കാമെന്നും, അതിനു ഞാന്‍ ഉത്തരവാദിയാണെന്നും കൂടി അയാള്‍ വിളിച്ചു പറയുന്നു. ഈ സമ്മാനം അന്നത്തെ പരിതസ്ഥിതിക്ക് വളരെ വിലപിടിച്ചതാണെന്നും, അധികൃതമായ സമ്മതം ലഭിക്കാതെ അയാള്‍ അത് ഏറ്റുപറയുവാന്‍ പ്രയാസമാണെന്നും ഓര്‍ക്കേണ്ടതുണ്ട്. ഈ നിലക്ക് നോക്കുമ്പോള്‍, ആ വിളിച്ചുപറഞ്ഞത് യൂസുഫ് (അ) ന്‍റെ അറിവോടെയും, ആവശ്യപ്രകാരവും ആയിരിക്കുവാനാണ് ന്യായം കാണുന്നത്. അല്ലാത്തപക്ഷം അവര്‍ മോഷ്ടാക്കളാണെന്നു തെളിഞ്ഞാല്‍ അവരുടെമേല്‍ നടപടി എടുക്കുമെന്നല്ലാതെ, അവര്‍ക്ക് ഇനാം നല്‍കുമെന്നു പറയുവാന്‍ ന്യായം കാണുന്നില്ല, വാസ്തവം അല്ലാഹുവിനറിയാം.

വിളിച്ചു പറഞ്ഞത് യൂസുഫ് (അ) ന്‍റെ അറിവോടെത്തന്നെയായിരുന്നാലും ‘നിങ്ങള്‍ മോഷ്ടാക്കളാണ്’ എന്ന പ്രയോഗം അതിന്‍റെ സാക്ഷാല്‍ അര്‍ത്ഥത്തിലല്ലെന്നും, ബാഹ്യാവസ്ഥയെ അടിസ്ഥാനമാക്കി സൂത്രത്തില്‍ ഉപയോഗിച്ച വാക്കാണെന്നും കരുതുവാനേയുള്ളു. അദ്ദേഹം അറിഞ്ഞുകൊണ്ടു തന്നെയാണല്ലോ പാനപാത്രം ബിന്‍യാമീന്‍റെ കെട്ടിലാക്കിയത്. എന്നിട്ട് 76-ാം വചനത്തില്‍ പറയുന്നത് പോലെ – ആദ്യം മറ്റുള്ളവരുടെ കെട്ടുകളെല്ലാം പരിശോധിച്ചശേഷം മാത്രമാണ് അദ്ദേഹം ബിന്‍യാമീന്‍റെ കെട്ടുപരിശോധിക്കുന്നതും. ഇതൊരു തന്ത്രമായിരുന്നുവെന്നു അല്ലാഹു തന്നെ അവിടെ പറയുന്നുമുണ്ട്. ഇങ്ങിനെയൊരു സൂത്രം പ്രയോഗിച്ചത് കേവലം ഒരു വഞ്ചനയായോ, വഞ്ചിക്കുവാന്‍വേണ്ടിയോ അല്ലെന്നു പ്രത്യേകം പറയേണ്ടതില്ല. അസൂയ നിമിത്തം അദ്ദേഹത്തെ കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും, കിണറ്റിലെറിയുകയും, അടിമയാക്കിത്തീരുക്കുകയും, എന്നിട്ട് ചെന്നായ പിടിച്ചുവെന്നു ഉപായം പറയുകയും, ഇക്കാലംവരെ അക്കാര്യം മൂടിവെച്ചുകൊണ്ടിരിക്കുകയും ചെയ്ത അവരോട് വളരെ ഉദാരവും മാന്യവുമായ നിലക്ക് പെരുമാറിക്കൊണ്ടിരുന്നശേഷം അവരെ ചിന്തിപ്പിക്കുവാനും അവര്‍ക്കൊരു പാഠം പഠിപ്പിക്കുവാനും വേണ്ടി, ഇങ്ങിനെ ഒരു തന്ത്രം പ്രയോഗിച്ചത് ഒരിക്കലും ഒരു വഞ്ചനയാകുന്നില്ല. ഭാവിയില്‍ അതവരുടെ തന്നെയും നന്മയിലാണ് കലാശിക്കുന്നതും. വിളിച്ചു പറഞ്ഞ ആളോടു അവരുടെ മറുപടി ഇതായിരുന്നു:-

12:73
 • قَالُوا۟ تَٱللَّهِ لَقَدْ عَلِمْتُم مَّا جِئْنَا لِنُفْسِدَ فِى ٱلْأَرْضِ وَمَا كُنَّا سَـٰرِقِينَ ﴾٧٣﴿
 • അവര്‍ പറഞ്ഞു: 'അല്ലാഹു തന്നെയാണ (സത്യം)! ഞങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാന്‍ വന്നിട്ടില്ലെന്നു തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമല്ലോ; ഞങ്ങള്‍ മോഷ്ടാക്കളായിരുന്നിട്ടുമില്ല.'
 • قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ (സത്യം) لَقَدْ عَلِمْتُم തീര്‍ച്ചയായും നിങ്ങളറിഞ്ഞിട്ടുണ്ട് مَّا جِئْنَا ഞങ്ങള്‍ വന്നിട്ടില്ലെന്നു لِنُفْسِدَ ഞങ്ങള്‍ കുഴപ്പം (നാശം) ഉണ്ടാക്കുവാന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَمَا كُنَّا ഞങ്ങളായിരുന്നിട്ടുമില്ല سَارِقِينَ മോഷ്ടാക്കള്‍.

12:74
 • قَالُوا۟ فَمَا جَزَٰٓؤُهُۥٓ إِن كُنتُمْ كَـٰذِبِينَ ﴾٧٤﴿
 • അവര്‍ [വിളിച്ചു പറയുന്നവര്‍] പറഞ്ഞു: 'എന്നാല്‍, നിങ്ങള്‍ കളവു പറയുന്നവരാണെങ്കില്‍ അതിന്‍റെ പ്രതിഫലം [ശിക്ഷ] എന്താണ്?'
 • قَالُوا അവര്‍ പറഞ്ഞു فَمَا എന്നാലെന്താണു جَزَاؤُهُ അതിന്‍റെ പ്രതിഫലം إِن كُنتُمْ നിങ്ങളാണെങ്കില്‍ كَاذِبِينَ കളവ് (വ്യാജം) പറയുന്നവര്‍.
12:75
 • قَالُوا۟ جَزَٰٓؤُهُۥ مَن وُجِدَ فِى رَحْلِهِۦ فَهُوَ جَزَٰٓؤُهُۥ ۚ كَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ ﴾٧٥﴿
 • അവര്‍ പറഞ്ഞു: 'അതിന്‍റെ പ്രതിഫലം, ഏതൊരുവന്‍റെ യാത്രാസാമാനത്തില്‍ അതു കാണപ്പെട്ടുവോ അവന്‍ തന്നെ അതിന്‍റെ പ്രതിഫലം. [അവനെ നിങ്ങള്‍ക്കു പിടിച്ചുവെക്കാം,] അപ്രകാരമത്രെ, ഞങ്ങള്‍ അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്.'
 • قَالُوا അവര്‍ പറഞ്ഞു جَزَاؤُهُ അതിന്‍റെ പ്രതിഫലം مَن ആര്‍, ഏതൊരുവന്‍ وُجِدَ കാണപ്പെട്ടു, അതു കണ്ടുകിട്ടി فِي رَحْلِهِ അവന്‍റെ യാത്രാ സാമാനത്തില്‍ فَهُوَ എന്നാലവന്‍ جَزَاؤُهُ അതിന്‍റെ പ്രതിഫലമാണു كَذَٰلِكَ അപ്രകാരമത്രെ, അതുപോലെ نَجْزِي ഞങ്ങള്‍ പ്രതിഫലം നല്‍കുന്നതു (നല്‍കുന്നു) الظَّالِمِينَ അക്രമികള്‍ക്ക്.

തങ്ങളില്‍പെട്ട ആരെങ്കിലും ആ പാനപാത്രം എടുത്തുകൊണ്ടു പോന്നിരിക്കാമെന്നു അവര്‍ക്ക് ഊഹിക്കാന്‍ കാരണമുണ്ടായിരുന്നില്ല. അതുകൊണ്ടു ആ ആരോപണം അവര്‍ നിഷേധിച്ചു. ഞങ്ങളുമായി പരിചയപ്പെട്ടേടത്തോളം ഞങ്ങള്‍ കുഴപ്പക്കാരും അക്രമികളുമല്ലെന്നു നിങ്ങള്‍ക്കറിയുവാന്‍ കഴിഞ്ഞിട്ടുണ്ടല്ലോ. മോഷണകൃത്യം നടത്തുന്ന സമ്പ്രദായക്കാരല്ല ഞങ്ങള്‍. അഥവാ പ്രവാചകന്‍മാരുടെ പാരമ്പര്യം നിലനിറുത്തിപ്പോരുന്നവരാണ് ഞങ്ങള്‍ എന്നൊക്കെ അവര്‍ പറഞ്ഞുനോക്കി. ആരോപണം ഉന്നയിച്ചവര്‍ അതുകൊണ്ടൊന്നും തൃപ്തിപ്പെട്ടില്ല. നിങ്ങള്‍ പറയുന്നത് സത്യമല്ലെന്നു തെളിഞ്ഞാല്‍ എന്തുവേണം എന്നായി. ആര്‍ മോഷണം ചെയ്തതായിക്കണ്ടുവോ അയാളെ നിങ്ങള്‍ക്കു വിട്ടുതരാം. ഇതായിരുന്നു മറുപടി.

ഇബ്രാഹീം (അ) നബിയുടെ ശരീഅത്തു (നിയമനടപടി) പ്രകാരം മോഷ്ടാവിന്‍റെ ശിക്ഷ, മോഷ്ടിക്കപ്പെട്ട സ്വത്തിന്‍റെ ഉടമസ്ഥനു അവനെ വിട്ടുകൊടുക്കലായിരുന്നുവെന്നും, ഒരു നിശ്ചിതകാലം അവന്‍റെ ബന്ധനത്തിലോ, അടിമത്തത്തിലോ അവന്‍ കഴിഞ്ഞുകൂടേണ്ടിയിരുന്നുവെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. അതുകൊണ്ടാണ് അവര്‍ അങ്ങിനെ മറുപടി പറഞ്ഞതെന്നും, ‘ഞങ്ങള്‍ അക്രമികള്‍ക്കു അപ്രകാരമാണ് പ്രതിഫലം നല്‍കുക’ എന്നു അവര്‍ പറയുവാന്‍ കാരണം അതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത വചനത്തില്‍ ……مَا كَانَ لِيَأْخُذَ أَخَاهُ …. (രാജാവിന്‍റെ നിയമ നടപടി പ്രകാരം അദ്ദേഹത്തിനു തന്‍റെ സഹോദരനെ പിടിച്ചുവെക്കുവാന്‍ നിവൃത്തിയുണ്ടായിരുന്നില്ല) എന്ന വാക്യം അതിനു പിന്‍ബലവും നല്‍കുന്നു. ഇതു ശരിയാണെങ്കില്‍, പിന്നെ അവിടെ മറ്റൊരഭിപ്രായത്തിനു സ്ഥാനമില്ല. ശരിയല്ലെന്നുവന്നാല്‍, തങ്ങളുടെ കൂട്ടത്തില്‍ ആരും ആ പാത്രം എടുത്തിരിക്കുകയില്ലെന്നു അവര്‍ക്ക് വിശ്വാസമുള്ളതുകൊണ്ട് വല്ലവനും അങ്ങിനെ ചെയ്തിട്ടുണ്ടെന്നു തെളിയുന്നപക്ഷം, അവന്‍റെ മേല്‍ വേണ്ടുന്ന ശിക്ഷാനടപടി എടുക്കുവാന്‍ അവനെ ഞങ്ങള്‍ നിങ്ങള്‍ക്ക് വിട്ടുതരാം എന്ന അര്‍ത്ഥത്തിലും ആയിരിക്കാം ആ മറുപടി. الله أعلم . മാത്രമല്ല, അറിഞ്ഞുകൊണ്ടുതന്നെ യൂസുഫ് (അ) പാനപാത്രം ബിന്‍യാമീന്‍റെ കെട്ടില്‍ ഒളിച്ചുവെച്ചത് സഹോദരന്‍മാരില്‍നിന്നു അനുജനെ വിട്ടുകിട്ടുവാനുള്ള സൂത്രമായിരുന്നുവല്ലോ. ആ സ്ഥിതിക്കു അവരില്‍നിന്നു അങ്ങിനെയുള്ള ഒരു മറുപടി കിട്ടുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിരിക്കുവാനാണ് കാരണം കാണുന്നത്. ഒടുവില്‍ കലാശിച്ചതും അതുതന്നെ. എനി എല്ലാവരുടെയും ഭാണ്ഡങ്ങള്‍ അഴിച്ചു പരിശോധിക്കുവാനാണുള്ളത്.

12:76
 • فَبَدَأَ بِأَوْعِيَتِهِمْ قَبْلَ وِعَآءِ أَخِيهِ ثُمَّ ٱسْتَخْرَجَهَا مِن وِعَآءِ أَخِيهِ ۚ كَذَٰلِكَ كِدْنَا لِيُوسُفَ ۖ مَا كَانَ لِيَأْخُذَ أَخَاهُ فِى دِينِ ٱلْمَلِكِ إِلَّآ أَن يَشَآءَ ٱللَّهُ ۚ نَرْفَعُ دَرَجَـٰتٍ مَّن نَّشَآءُ ۗ وَفَوْقَ كُلِّ ذِى عِلْمٍ عَلِيمٌ ﴾٧٦﴿
 • എന്നിട്ട്, അദ്ദേഹത്തിന്‍റെ സഹോദരന്‍റെ സഞ്ചിക്കുമുമ്പ് അവരുടെ സഞ്ചികളെക്കൊണ്ട് അദ്ദേഹം (പരിശോധന) തുടങ്ങി. പിന്നീടു (ഒടുക്കം) തന്‍റെ സഹോദരന്‍റെ സഞ്ചിയില്‍ നിന്നു അതു [പാനപാത്രം] അദ്ദേഹം പുറത്തെടുത്തു. അപ്രകാരം, യൂസുഫിനുവേണ്ടി നാം [അല്ലാഹു] തന്ത്രം പ്രയോഗിച്ചു (കൊടുത്തു). രാജാവിന്‍റെ മത (നിയമ) നടപടിപ്രകാരം അദ്ദേഹത്തിനു തന്‍റെ സഹോദരനെ പിടി(ച്ചു വെ) ക്കുവാന്‍ നിവൃത്തിയുണ്ടായിരുന്നില്ല; - അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ.

  നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. എല്ലാ അറിവുള്ളവന്‍റെയും മീതെ ഒരു അറിയുന്നവനുണ്ട്.
 • فَبَدَأَ എന്നിട്ടു (അങ്ങനെ - എന്നാല്‍) അദ്ദേഹം തുടങ്ങി, ആരംഭിച്ചു بِأَوْعِيَتِهِمْ അവരുടെ സഞ്ചി (ചരക്കു - പാത്രം - പൊതി)കള്‍ക്കൊണ്ടു قَبْلَ وِعَاءِ സഞ്ചിയുടെ മുമ്പു أَخِيهِ തന്‍റെ സഹോദരന്‍റെ ثُمَّ പിന്നീടു اسْتَخْرَجَهَا അതിനെ അദ്ദേഹം പുറത്തെടുത്തു, പുറത്തുകൊണ്ടുവന്നു مِن وِعَاءِ സഞ്ചിയില്‍ നിന്നു أَخِيهِ തന്‍റെ സഹോദരന്‍റെ كَذَٰلِكَ അപ്രകാരം كِدْنَا നാം തന്ത്രം പ്രയോഗിച്ചു لِيُوسُفَ യൂസുഫിനു വേണ്ടി مَا كَانَ ആകുകയില്ല (നിവൃത്തിയില്ല) لِيَأْخُذَ അദ്ദേഹം പിടിക്കുവാന്‍, എടുക്കുവാന്‍ أَخَاهُ തന്‍റെ സഹോദരനെ فِي دِينِ മത (നിയമ) നടപടിയില്‍ (നടപടി പ്രകാരം) الْمَلِكِ രാജാവിന്‍റെ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു نَرْفَعُ നാം ഉയര്‍ത്തുന്നു دَرَجَاتٍ പല പദവി(പടി)കള്‍ مَّن نَّشَاءُ നാം ഉദ്ദേശിക്കുന്നവരെ وَفَوْقَ മീതെയുണ്ടു كُلِّ ذِي عِلْمٍ എല്ലാ അറിവുള്ളവന്‍റെയും عَلِيمٌ ഒരു അറിയുന്നവന്‍.

എല്ലാ ജ്ഞാനികള്‍ക്കും ഉപരിയായ സര്‍വ്വജ്ഞനായ അല്ലാഹു ഉണ്ടെന്നും, അറിവുള്ള ഏതൊരുവനായാലും അവനെക്കാള്‍ അറിയുന്ന വേറൊരാള്‍ ഉണ്ടായിരിക്കുകയും ഒടുക്കം അതു അല്ലാഹുവില്‍ ചെന്നവസാനിക്കുകയും ചെയ്യുമെന്നും – ഇങ്ങിനെ രണ്ടുപ്രകാരത്തില്‍ – ഈ ഒടുവിലത്തെ വാക്യത്തിനു സാരം കല്‍പിക്കപ്പെട്ടിട്ടുണ്ട്. രണ്ടിന്‍റെയും കലാശം ഒരേ തത്വത്തിലേക്കു തന്നെ.

12:77
 • قَالُوٓا۟ إِن يَسْرِقْ فَقَدْ سَرَقَ أَخٌ لَّهُۥ مِن قَبْلُ ۚ فَأَسَرَّهَا يُوسُفُ فِى نَفْسِهِۦ وَلَمْ يُبْدِهَا لَهُمْ ۚ قَالَ أَنتُمْ شَرٌّ مَّكَانًا ۖ وَٱللَّهُ أَعْلَمُ بِمَا تَصِفُونَ ﴾٧٧﴿
 • അവര്‍ [സഹോദരന്‍മാര്‍] പറഞ്ഞു: 'അവന്‍ മോഷ്ടിക്കുന്നെങ്കില്‍, മുമ്പ് അവന്‍റെ ഒരു സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്.' എന്നാല്‍, യൂസുഫ് അതു തന്‍റെ മനസ്സില്‍ രഹസ്യമാക്കിവെച്ച്; അതിനെ (ക്കുറിച്ച്) അവരോടു (ഒന്നും) വെളിവാക്കിയതുമില്ല.

  അദ്ദേഹം (സ്വയം) പറഞ്ഞു: 'നിങ്ങള്‍ ഒരു മോശപ്പെട്ട സ്ഥാനക്കാരാകുന്നു. [നിങ്ങളുടെ നിലപാടു വളരെ മോശം!] അല്ലാഹു, നിങ്ങള്‍ (ഈ) വിശേഷിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്.'
 • قَالُوا അവര്‍ പറഞ്ഞു إِن يَسْرِقْ അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ فَقَدْ سَرَقَ മോഷ്ടിച്ചിട്ടുണ്ട് أَخٌ لَّهُ അവന്‍റെ ഒരു സഹോദരന്‍ مِن قَبْلُ മുമ്പു فَأَسَرَّهَا അപ്പോള്‍ അതിനെ സ്വകര്യമാക്കി (മറച്ചു) വെച്ചു يُوسُفُ യൂസുഫ് فِي نَفْسِهِ തന്‍റെ മനസ്സില്‍ وَلَمْ يُبْدِهَا അതിനെ വെളിപ്പെടുത്തിയതുമില്ല لَهُمْ അവരോടു قَالَ അദ്ദേഹം പറഞ്ഞു أَنتُمْ നിങ്ങള്‍ شَرٌّ മോശ (ചീത്ത)പ്പെട്ടവരാണു مَّكَانًا സ്ഥാനം, നിലപാടു وَاللَّـهُ അല്ലാഹു أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണു بِمَا تَصِفُونَ നിങ്ങള്‍ വിശേഷിപ്പി (വിവരി - വര്‍ണ്ണി) ക്കുന്നതിനെപ്പറ്റി.

സഹോദരന്‍മാരുടെ സാമാനങ്ങള്‍ പരിശോധിക്കുന്ന കാര്യം യൂസുഫ് (അ) തന്നെ നടത്തി. ആദ്യം തന്നെ ബിന്‍യാമീന്‍റെ സാമാനം പരിശോധിക്കുന്ന പക്ഷം അതു സംശയത്തിനിടയാകുമെന്നുവെച്ച് മറ്റുള്ളവരുടേതെല്ലാം ആദ്യം അഴിച്ചുപരിശോധിച്ചു; അവസാനം ബിന്‍യാമീന്‍റേതും. പാനപാത്രം അതില്‍നിന്നു കണ്ടെടുത്തതോടുകൂടി അവര്‍ക്കു അപമാനവും കോപവും പിടിപെട്ടുവെന്നു പറയേണ്ടതിലല്ലോ. അവന്‍ മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ആശ്ചര്യപ്പെടുവാനില്ല; അവന്‍റെ ഉമ്മയില്‍നിന്നുള്ള ഒരു സഹോദരന്‍ അവന്നുണ്ടായിരുന്നു. അവനും മുമ്പു മോഷണം നടത്തുകയുണ്ടായിട്ടുണ്ട് എന്നുപറഞ്ഞു അവര്‍ ബിന്‍യാമീനെ തരം താഴ്ത്തി. അവര്‍ രണ്ടാളും അത്തരക്കാരാണെങ്കിലും ഞങ്ങള്‍ അങ്ങിനെയുള്ളവരല്ലെന്നു അവര്‍ ധ്വനിപ്പിച്ചു. ഒരു സഹോദരന്‍ എന്നു പറഞ്ഞതു യൂസുഫു (അ) നെ ഉദ്ദേശിച്ചാണെന്നു വ്യക്തമാണല്ലോ. താന്‍ യൂസുഫാണെന്നു അവരെ അറിയിച്ചിട്ടില്ല; ആ സ്ഥിതിക്കു ആ വിഷയത്തെപ്പറ്റി അദ്ദേഹം വിശേഷിച്ചൊന്നും മറുപടി പറഞ്ഞില്ല. ‘അതിരിക്കട്ടെ, നിങ്ങളുടെ സ്ഥിതി വളരെ മോശംതന്നെ; നിങ്ങള്‍ ആ പറഞ്ഞതിന്‍റെ യഥാര്‍ത്ഥാവസ്ഥ അല്ലാഹുവിനറിയാം’ എന്നു സ്വയം പറഞ്ഞതേയുള്ളു.

ഇവന്‍ മോഷ്ടിച്ചെങ്കില്‍ ഇവന്‍റെ ഒരു സഹോദരനും മുമ്പു മോഷ്ടിച്ചിട്ടുണ്ടു എന്നു അവര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍, യൂസുഫ് (അ) ന്‍റെ പേരില്‍ ചുമത്തപ്പെട്ട ഒരു മോഷണക്കേസ്സു കണ്ടുപിടിക്കുവാന്‍ പലരും ശ്രമിച്ചിട്ടുണ്ടു. അങ്ങനെ, അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തു കുടുംബത്തില്‍പെട്ട ആരുടെയോ ഒരു വിഗ്രഹം അവരറിയാതെ അദ്ദേഹം എടുത്തുകൊണ്ടുപോരുകയുണ്ടായിട്ടുണ്ടെന്നും മറ്റും ചിലര്‍ പ്രസ്താവിച്ചു കാണുന്നു. വിശ്വസനീയമായ തെളിവുകളൊന്നും ഇല്ലാത്ത സ്ഥിതിക്കു അതു സ്വീകരിക്കുവാന്‍ നിവൃത്തിയില്ല. ചില മഹാന്‍മാര്‍ പറയുന്നതുപോലെ, അപമാനത്തിനു തെല്ലൊരു ആശ്വാസം കണ്ടെത്തുവാന്‍വേണ്ടി അവര്‍ അതു വെറുതെയങ്ങു പറഞ്ഞതായിരിക്കുവാന്‍ തികച്ചും സാദ്ധ്യതയുണ്ടുതാനും. അതുവരെയുള്ള അവരുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അതില്‍ ഒരു അസാംഗത്യവും കാണുന്നില്ലതാനും.

ബിന്‍യാമീന്‍റെ സാമാനത്തില്‍ പാനപാത്രം ഇടുവാന്‍ തോന്നിപ്പിച്ചതു, സഹോദരന്‍മാര്‍ സംഗതി അറിയാത്ത വിധത്തില്‍ അതു ബിന്‍യാമീന്‍റെ സാമാനങ്ങളില്‍നിന്നു കണ്ടെടുക്കുവാന്‍ അവസരം ലഭിച്ചതു, മോഷ്ടിച്ചവനെ നിങ്ങള്‍ക്കു വിട്ടുതരാമെന്നു സഹോദരന്‍മാര്‍ പറഞ്ഞതു, അങ്ങിനെ അവരുടെ വാക്കനുസരിച്ചുതന്നെ ബിന്‍യാമീനെ തന്‍റെകൂടെ നിറുത്തുവാന്‍ സാധിച്ചതു – ഇതെല്ലാം യൂസുഫ് (അ) നു വേണ്ടി അല്ലാഹു നടത്തിയ ചില തന്ത്രങ്ങളാണെന്നും, അങ്ങിനെ ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍, ആ നാട്ടിലെ രാജകീയ നിയമ നടപടിയനുസരിച്ചു അനുജനെ അവിടെ തടഞ്ഞുനിറുത്തുവാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ലെന്നും, അതുകൊണ്ടാണു അങ്ങിനെ ചെയ്തതെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. (….كَذَٰلِكَ كِدْنَا لِيُوسُفَ ۖ مَا كَانَ لِيَأْخُذَ أَخَاهُ …) വല്ല കാര്യവും സാധിപ്പിക്കുവാന്‍വേണ്ടി തുറന്നമാര്‍ഗ്ഗത്തിലൂടെയല്ലാതെ കൗശലവും ഉപായവും പ്രയോഗിക്കുന്നതിനാണ് كَيْد (കൈദ്) എന്നുപറയപ്പെടുന്നതു. ഇമാം റാഗിബു (റ) പറയുന്നു: ‘കൈദ്’ എന്നാല്‍ ഒരുതരം കൗശലപ്രയോഗമാണു. അതു ആക്ഷേപാര്‍ഹാവും, പ്രശംസാര്‍ഹവുമായിരിക്കാറുണ്ട്. അധികവും ആക്ഷേപാര്‍ഹമായതിലാണ് അതു ഉപയോഗിക്കപ്പെടാറെങ്കിലും ശരി. (*). അപ്പോള്‍, തന്ത്രം പ്രയോഗിച്ചുവെന്നു പറയുന്നിടത്തെല്ലാം അതു ആക്ഷേപാര്‍ഹമായ തന്ത്രമായിരിക്കുമെന്നോ, അക്രമമായിരിക്കുമെന്നോ കരുതിക്കൂടാത്തതാണ്. പ്രയോഗിച്ച സന്ദര്‍ഭവും രൂപവും നോക്കിയിട്ടു വേണം നല്ലതോ ചീത്തയോ എന്നു വിലയിരുത്തുവാന്‍. യൂസുഫ് (അ) ന്‍റെ സഹോദരന്‍മാര്‍ ഇക്കാലമത്രയും അദ്ദേഹത്തോടും ബിന്‍യാമീനോടും അനുവര്‍ത്തിച്ചുവന്ന നയങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ടു നോക്കുമ്പോള്‍ അവരോടു അനുവര്‍ത്തിക്കപ്പെട്ട പ്രസ്തുത നയങ്ങള്‍ മുഴുവനും നീതീകരിക്കപ്പെടാവുന്നതേയുള്ളുവെന്നും, ഒന്നും തന്നെ വഞ്ചനയോ അക്രമമോ അല്ലെന്നും കാണാവുന്നതാണ്.

————

(*).نص عبارته : الكيد ضرب من الاحتبال وقد يكون مذموما وممدوحا وان كان يستعمل في المذموم اكثر ه – المفردات

————

മുമ്പാരും പറഞ്ഞു കാണാത്ത പുത്തന്‍ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിക്കാറുള്ള ചിലര്‍ ഇവിടെ പ്രസ്താവിച്ചു കാണുന്ന ചില വാക്യങ്ങള്‍ വായിക്കുമ്പോള്‍, അത്ഭുതവും അനുകമ്പയും തോന്നിപ്പോകുന്നു. അവര്‍ പറയുകയാണു: ‘ഒരു സമ്മാനവും സ്മാരകവുമായി മറ്റുള്ളവര്‍ അറിയാതെ, ആ കോപ്പ യൂസുഫ് (അ) സഹോദരന്‍റെ ചാക്കിലിട്ടു. കൊട്ടാര ജോലിക്കാര്‍ കുറെകഴിഞ്ഞപ്പോള്‍ കോപ്പ കാണുന്നില്ല. ഒടുവില്‍ ഇവരെ പിടികൂടി. കണ്ടുകിട്ടിയപ്പോള്‍ മറ്റു സഹോദരന്‍മാരെ ഓര്‍ത്ത് യൂസുഫ് (അ) നു കള്ളി പറയുവാന്‍ നിവൃത്തിയുമില്ല. അദ്ദേഹം വിഷമിച്ചു. പക്ഷെ, പ്രതീക്ഷിക്കാത്ത ഒരു നേട്ടമുണ്ടായി. സഹോദരനെ തനിക്കു വിട്ടുകിട്ടി. ഇതാണു ‘യൂസുഫിനുവേണ്ടി നാം ഗൂഢതന്ത്രം പ്രയോഗിച്ചു.’ എന്നു അല്ലാഹു പറഞ്ഞത്. അല്ലാതെ, യൂസുഫ് (അ) വഞ്ചനാരൂപത്തില്‍ കോപ്പ ചാക്കിലിടുക, എന്നിട്ടു നിങ്ങള്‍ കള്ളന്‍മാരാണെന്നു പറയുക. ഒടുക്കം അദ്ദേഹം ചെയ്ത കുറ്റത്തിനു അവരെ ശിക്ഷിക്കുക ഇതൊന്നും ഒരു നബിയുടെ പക്കല്‍നിന്നും സംഭവ്യമല്ല.’ ഇതാണവരുടെ വാക്ക്.

അല്ലാഹു പറഞ്ഞ വാക്യങ്ങളുടെ നേര്‍ക്കുനേരെയുള്ള താല്‍പര്യങ്ങള്‍ക്കും, ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പ്രസ്താവനകള്‍ക്കും വിരുദ്ധമായി ഇങ്ങിനെയൊരു പുതിയ അഭിപ്രായപ്രകടനത്തിനു ഇവരെ പ്രേരിപ്പിച്ചതു രണ്ടു കാര്യങ്ങളാണെന്നു ആ പ്രസ്താവനയില്‍നിന്നു വ്യക്തമാണ്. (1). യൂസുഫ് (അ) നബി വഞ്ചനാപരമായ ചില ഗൂഢതന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണു പൊതുവെ ജനങ്ങള്‍ ധരിച്ചുവശായിട്ടുള്ളതെന്നു ഇവര്‍ കരുതി. അതുകൊണ്ടു ആ ധാരണ നീക്കം ചെയ്യുക. (2). യൂസുഫ് (അ) നബിയുടെ പ്രവാചകത്വ പദവിക്കു യോജിക്കുന്നതെന്നു ഇവര്‍ക്കു തോന്നിയ രൂപത്തിലുള്ള ഒരുപുതിയ വ്യാഖ്യാനം അവതരിപ്പിക്കുവാനുള്ള മോഹം. ഈ രണ്ടു വിഷയത്തിലും പരാജയപ്പെടുകയാണു വാസ്തവത്തില്‍ ഇവര്‍ ചെയ്തിട്ടുള്ളതെന്നു താഴെ കാണുന്ന വസ്തുതകളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്:-

(1). ബിന്‍യാമീനു ഒരു സമ്മാനവും സ്മാരകവുമായിട്ടാണു ആ പാത്രം ആരും അറിയാതെ അദ്ദേഹത്തിന്‍റെ ചാക്കില്‍ യൂസുഫ് (അ) ഇട്ടതെന്നാണല്ലോ ഇവര്‍ പറയുന്നതു – അതൊരു സമ്മാനമോ സ്മാരകമോ ആയിരുന്നുവെന്നു ഇവര്‍ സ്വയം സങ്കല്‍പിച്ചുണ്ടാക്കിയെന്നല്ലാതെ അതു ശരിവെക്കുന്ന നേരിയ ഒരു സൂചനപോലും ഖുര്‍ആനിലോ മറ്റോ ഇല്ല. ഉണ്ടെങ്കില്‍ ഇവരതു പൊക്കിക്കാട്ടുകയും ചെയ്യുമായിരുന്നു. നേരെമറിച്ചു ബിന്‍യാമീനെ സഹോദരന്‍മാര്‍ സ്വയം അവിടെ വിട്ടുപോകുവാന്‍ കാരണമാക്കുന്ന ഒരു സൂത്രമായിരുന്നു അതെന്നു നിഷ്പക്ഷമായി ഖുര്‍ആന്‍റെ പ്രസ്താവനകള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കുകയും ചെയ്യാം. രാജാവിന്‍റെ പാത്രമായിരുന്നു അതെന്നു അല്ലാഹു പറയുന്നു. എന്നിരിക്കെ, രാജാവിന്‍റെ സമ്മതം വാങ്ങാതെ അതു അനുജനു യൂസുഫ് (അ) എങ്ങിനെ സമ്മാനമായി കൊടുക്കും? സമ്മതം വാങ്ങിയിരുന്നുവെന്നു വെക്കുക. എന്നാലും ഒരു സമ്മാനം – അല്ലെങ്കില്‍ ഒരു സ്മാരകം – എന്ന നിലക്കാണു അദ്ദേഹം ആ പാത്രം ചാക്കില്‍വെച്ചതെങ്കില്‍, ചുരുങ്ങിയപക്ഷം ആ വിവരം ബിന്‍യാമീനെയെങ്കിലും അറിയിക്കേണ്ടതായിരുന്നു. അതദ്ദേഹം ചെയ്തില്ല. ആരും അറിയാതെ ചാക്കില്‍ നിക്ഷേപിച്ചുവെന്നിരിക്കട്ടെ, കൊട്ടാര ജോലിക്കാര്‍ തന്‍റെ സഹോദരന്‍മാരെ മോഷ്ടാക്കളാണെന്നു ആക്ഷേപിച്ചപ്പോഴെങ്കിലും അതിനെപ്പറ്റി അവരെ ആക്ഷേപിക്കുവാനില്ലെന്നും അതു ഞാന്‍ അവരില്‍ ഒരാള്‍ക്കു സമ്മാനമായി കൊടുത്തതാണെന്നും അദ്ദേഹം പറയേണ്ടതല്ലേ? കാരണവശാല്‍ അതും പറഞ്ഞില്ലെന്നുവെക്കുക. എന്നാല്‍, അതു കണ്ടുകിട്ടിയപ്പോഴെങ്കിലും യഥാര്‍ത്ഥം വെളിവാക്കേണ്ടതല്ലേ?

(2). അനുജനെ വിട്ടുകിട്ടുവാനുള്ള ഒരു സൂത്രമായിട്ടാണു പാത്രം അനുജന്‍റെ സാമാനത്തില്‍ ആരും അറിയാതെ അദ്ദേഹം വെച്ചതെങ്കില്‍ അതൊരു വഞ്ചനയാണെന്നും അതു യൂസുഫ് (അ) നബിയില്‍ നിന്നും ഉണ്ടാകാവതല്ലെന്നുമാണല്ലോ ഇവരുടെ വാദം. ഇതൊരു വഞ്ചനയാണെങ്കില്‍, അതുവരെയും താന്‍ യൂസുഫാണെന്നു പറയുവാന്‍ മടിച്ചതും ബിന്‍യാമീനോടു മാത്രം സ്വകാര്യമായി അതു പറഞ്ഞതും, അനുജന്‍റെ സാമാനത്തില്‍ നിന്നു പാത്രം കിട്ടിയപ്പോള്‍ അതു ഞാന്‍ അതില്‍ വെച്ചതാണെന്നു വ്യക്തമാക്കാതിരുന്നതും, ബിന്‍യാമീന്‍ അതെടുത്തുകൊണ്ടുപോയതാണെന്നുള്ള പേരില്‍ ബിന്‍യാമീനെ അവിടെ പിടിച്ചുവെച്ചതും, കൊട്ടാരജോലിക്കാരോടുപോലും ‘കള്ളി’ പറയാതിരുന്നതുമൊക്കെ വഞ്ചനകളായി എന്തുകൊണ്ടിവര്‍ എണ്ണിയില്ല? ഇവര്‍ പറയുംപോലെ, ആരും അറിയാതെ പാത്രം ഒരു സമ്മാനമായി യൂസുഫ് (അ) ചാക്കില്‍ വെച്ചതായിരുന്നുവെന്നു വെക്കുക. എന്നിട്ടു അതേ പാത്രം താനാണു ബിന്‍യാമീന്‍റെ സാമാനത്തില്‍ വെച്ചതെന്നറിയാവുന്ന അദ്ദേഹം ആദ്യമേ ബിന്‍യാമീന്‍റെ സാമാനം പരിശോധികാതെ മറ്റു സഹോദരന്‍മാരുടെ സാമാനങ്ങള്‍ ആദ്യമായി പരിശോധിച്ചതു ഇവരുടെ ദൃഷ്ടിയില്‍ എന്തുകൊണ്ടു വഞ്ചനയായില്ല? മാത്രമല്ല, അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ അവന്‍റെ ഒരു സഹോദരനും മോഷ്ടിചിട്ടുണ്ടു (…. إِن يَسْرِقْ فَقَدْ سَرَقَ) എന്നു സഹോദരന്‍മാര്‍ പറഞ്ഞ വാക്കു അദ്ദേഹം സമ്മതിച്ചു വാസ്തവമാക്കിയെന്നും വരുന്നു. കാരണം, രാജാവിന്‍റെ പാനപാത്രമാണല്ലോ ആരും അറിയാതെ അദ്ദേഹം അനുജനു സമ്മാനം നല്‍കുന്നതും അവന്‍റെ ചാക്കിലിട്ടതും. ദുര്‍വ്യാഖ്യാനത്തിനും വേണ്ടേ ഒരതിര്.?!

(3). പക്ഷേ, യൂസുഫ് (അ) പ്രതീക്ഷിക്കാത്ത ഒരു നേട്ടം അദ്ദേഹത്തിനുണ്ടായി, സഹോദരനെ തനിക്കു വിട്ടുകിട്ടി എന്നാണല്ലോ ഇവര്‍ പറയുന്നത്. ഇത് അല്ലാഹു പറഞ്ഞതിനു നേരെ വിരുദ്ധമാണെന്നുള്ളതില്‍ സംശയമില്ല. ആദ്യം സഹോദരന്‍മാരുടെ സഞ്ചികള്‍ പരിശോധിക്കുവാന്‍ അദ്ദേഹം തുടങ്ങിയെന്നും, പിന്നീടു പാത്രം സഹോദരന്‍റെ (ബിന്‍യാമീന്‍റെ) സഞ്ചിയില്‍ നിന്ന് പുറത്തെടുത്തുവെന്നും പറഞ്ഞതിനെ തുടര്‍ന്ന് ‘അപ്രകാരം യൂസുഫിനുവേണ്ടി നാം തന്ത്രം പ്രയോഗിച്ചു’വെന്നും ‘രാജാവിന്‍റെ നിയമനടപടി പ്രകാരം അദ്ദേഹത്തിനു തന്‍റെ സഹോദരനെ പിടിച്ചുവെക്കുവാന്‍ നിവൃത്തിയുണ്ടായിരുന്നില്ല’ എന്നും 76-ാം വചനത്തില്‍ പറഞ്ഞു. താഴെ കാണുന്നതുപോലെ ‘അവന്നൊരു വൃദ്ധനായ പിതാവുണ്ട്. അതുകൊണ്ട് അവനു പകരം ഞങ്ങളില്‍ ഒരാളെ അവന്‍റെ സ്ഥാനത്തു പിടിച്ചുവെക്കണം’ എന്ന് സഹോദരന്‍മാര്‍ അപേക്ഷിച്ചപ്പോള്‍, ‘ഞങ്ങളുടെ ഉപകരണം ആരുടെ അടുക്കല്‍ ഞങ്ങള്‍ കണ്ടെത്തിയോ അവനെയല്ലാതെ പിടിച്ചുവെക്കുവാന്‍ പാടില്ലെന്നും, പിടിച്ചുവെക്കുന്നപക്ഷം ഞങ്ങള്‍ അക്രമികളായിരിക്കു’മെന്നുമാണ് യൂസുഫ് (അ) പറഞ്ഞതെന്നു അടുത്ത വചനത്തിലും പറയുന്നു. അടുത്ത വചനം മുതല്‍ 82 വരെയുള്ള വചനങ്ങള്‍ ഒന്നു വായിച്ചു നോക്കുക. സഹോദരന്‍മാര്‍ എത്ര മനോവേദനയോടെയാണ് അനുജനെ അവിടെ വിട്ടുപോകുന്നതെന്നു അതില്‍ നിന്നു ആര്‍ക്കും വ്യക്തമാകും. ഇതെല്ലാമായിട്ടും അനുജനെ വിട്ടുകിട്ടുവാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ലെന്നും, പ്രതീക്ഷിക്കാതെ കിട്ടിയ നേട്ടമാണെന്നും ഇവര്‍ക്കല്ലാതെ പറയുവാന്‍ കഴിയുമോ?! മനസ്സാക്ഷിയുള്ളവര്‍ ചിന്തിച്ചു നോക്കുക!

كيد (കൈദ്) എന്ന വാക്കിനു അര്‍ത്ഥം കല്‍പിച്ചതില്‍ വന്ന അബദ്ധത്തിനു പുറമെ, വിഷയത്തിന്‍റെ മുഴുവന്‍ വശവും ആലോചിക്കാതെ ഒരു വശം മാത്രം ചിന്തിച്ചതില്‍ നിന്നും, പ്രാവചകന്‍മാരുടെ സ്ഥാനം തങ്ങളെപ്പോലെ മറ്റുള്ളവരാരും മനസ്സിലാക്കീട്ടില്ലെന്ന ഭാവത്തില്‍നിന്നും, പുത്തന്‍ അഭിപ്രായങ്ങള്‍ ഇറക്കുമതി ചെയ്‌വാനുള്ള വാഞ്ഛയില്‍ നിന്നും കൂടി ഉരുത്തിരിഞ്ഞതാണ് വാസ്തവത്തില്‍ ഈ അഭിപ്രായം. പക്ഷേ, വെളുക്കുവാന്‍ തേച്ചത് പാണ്ടായിട്ടാണ് ഭവിച്ചത്. നന്‍മയെന്നു തോന്നിയ ഒരു കാര്യത്തിനുവേണ്ടി ഒന്നിലധികം തിന്‍മകള്‍ വരുത്തിവെക്കുകയാണ് അവസാനം ഉണ്ടായത്. കാര്യങ്ങളെ വസ്തുനിഷ്ഠമായും, സത്യത്തെ സത്യമായും, അസത്യത്തെ അസത്യമായും മനസ്സിലാക്കുവാന്‍ അല്ലാഹു നമുക്കെല്ലാം തൗഫീഖു നല്‍കട്ടെ. آمين

12:78
 • قَالُوا۟ يَـٰٓأَيُّهَا ٱلْعَزِيزُ إِنَّ لَهُۥٓ أَبًا شَيْخًا كَبِيرًا فَخُذْ أَحَدَنَا مَكَانَهُۥٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ ﴾٧٨﴿
 • അവര്‍ [സഹോദരന്‍മാര്‍] പറഞ്ഞു: 'ഹേ, 'അസീസേ! അവനു വലിയ വൃദ്ധനായ ഒരു പിതാവുണ്ട്; ആകയാല്‍, ഞങ്ങളില്‍ ഒരാളെ അവന്‍റെ സ്ഥാനത്തു പിടി(ച്ചു വെ)ച്ചാലും! നിശ്ചയമായും, അങ്ങയെ സല്‍ഗുണവാന്‍മാരില്‍ പെട്ടവനായി ഞങ്ങള്‍ കാണുന്നു'.
 • قَالُوا അവര്‍ പറഞ്ഞു يَا أَيُّهَا الْعَزِيزُ ഹേ, അസീസേ إِنَّ لَهُ നിശ്ചയമായും അവന്നുണ്ടു أَبًا ഒരു പിതാവു, ബാപ്പ شَيْخًا വൃദ്ധനായ, വയോധികനായ كَبِيرًا വലിയ فَخُذْ അതിനാല്‍ സ്വീകരിക്കണം, പിടിക്കുക أَحَدَنَا ഞങ്ങളില്‍ ഒരാളെ مَكَانَهُ അവന്‍റെ സ്ഥാനത്തു إِنَّا نَرَاكَ നിശ്ചയമായും ഞങ്ങള്‍ താങ്കളെ കാണുന്നു مِنَ الْمُحْسِنِينَ നന്‍മ ചെയ്യുന്നവരില്‍ (സല്‍ഗുണവാന്‍മാരില്‍) പെട്ട (വനായി).
12:79
 • قَالَ مَعَاذَ ٱللَّهِ أَن نَّأْخُذَ إِلَّا مَن وَجَدْنَا مَتَـٰعَنَا عِندَهُۥٓ إِنَّآ إِذًا لَّظَـٰلِمُونَ ﴾٧٩﴿
 • അദ്ദേഹം പറഞ്ഞു: 'ഞങ്ങളുടെ ഉപകരണം ആരുടെ അടുക്കല്‍ ഞങ്ങള്‍ കണ്ടെത്തിയോ അവനെയല്ലാതെ പിടി(ച്ചു വെ)ക്കുന്നതിനെക്കുറിച്ച് അല്ലാഹുവില്‍ ശരണം (തേടുന്നു)! അപ്പോള്‍, [അങ്ങനെ ചെയ്‌താല്‍] നിശ്ചയമായും ഞങ്ങള്‍ അക്രമികള്‍തന്നെയായിരിക്കും.'
 • قَالَ അദ്ദേഹം പറഞ്ഞു مَعَاذَ اللَّـهِ അല്ലാഹുവില്‍ ശരണം (അല്ലാഹുവിന്‍റെ കാവല്‍) أَن نَّأْخُذَ ഞങ്ങള്‍ പിടിക്കുന്ന (എടുക്കുന്ന)തിനെക്കുറിച്ചു إِلَّا مَن യതൊരുവനെയല്ലാതെ وَجَدْنَا ഞങ്ങള്‍ കണ്ടെത്തി مَتَاعَنَا ഞങ്ങളുടെ ഉപകരണം (സാധനം) عِندَهُ തന്‍റെ അടുക്കല്‍ إِنَّا إِذًا അപ്പോള്‍ നിശ്ചയമായും ഞങ്ങള്‍ لَّظَالِمُونَ അക്രമികള്‍ തന്നെ.

അവരുടെ സാമാനത്തില്‍ നിന്നാണു പാത്രം കണ്ടുകിട്ടുന്നതെങ്കില്‍ അയാളെ വിട്ടുതരാമെന്നു അവര്‍ ആദ്യം പറഞ്ഞുവെങ്കിലും ബിന്‍യാമീനെയാണ് വിട്ടുകൊടുക്കേണ്ടതെന്നു വന്നപ്പോള്‍ അവര്‍ ധര്‍മ്മസങ്കടത്തിലായി. അവനെ കൂടാതെ പിതാവിന്‍റെ അടുക്കല്‍ ചെന്നാലുള്ള കഥ അവര്‍ ഓര്‍ത്തു. അതുകൊണ്ടു അവനു വളരെ വൃദ്ധനായ ഒരു പിതാവുണ്ടെന്നും. അവനെക്കൂടാതെ മടങ്ങിച്ചെന്നാല്‍ അദ്ദേഹം വലിയ സങ്കടത്തില്‍ അകപ്പെടുമെന്നും, അതുകൊണ്ടു ഞങ്ങളില്‍ ആരെയെങ്കിലും പകരം സ്വീകരിച്ചിട്ടെങ്കിലും അവനെ വിട്ടുതരണമെന്നും അവര്‍ യൂസുഫ് (അ) നോടു വിനയപൂര്‍വ്വം അപേക്ഷിച്ചു. അങ്ങനെ ചെയ്യുന്നതു അനീതിയാണെന്നും, അതു ഞങ്ങള്‍ ചെയ്കയില്ലെന്നും യൂസുഫ് (അ) പറഞ്ഞു. പാനപാത്രം കിട്ടിയശേഷമുള്ള ഈ രംഗം ബൈബ്ള്‍ ഇങ്ങിനെ ഉദ്ധരിക്കുന്നു: യെഹൂദയും, സഹോദരന്‍മാരും യോസേഫിന്‍റെ വീട്ടില്‍ ചെന്നു. അവര്‍ സാഷ്ടാംഗം വീണു. അവരോടു: നിങ്ങള്‍ ഈ ചെയ്തതെന്ത്? …..അതിന്നു യെഹൂദാ: ഞങ്ങള്‍ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? …ഇതാ, ഞങ്ങള്‍ യജമാനന്നു അടിമകള്‍. ഞങ്ങളും ആരുടെ കയ്യില്‍ പാത്രം കണ്ടുവോ അവനും തന്നെ. അതിന്നു അവന്‍ (യോസേഫ്): അങ്ങിനെ ഞാന്‍ ചെയ്കയില്ല. ആരുടെ പക്കല്‍ പാത്രം കണ്ടുവോ അവന്‍തന്നെ എനിക്കു അടിമയായിരിക്കും.,….. എന്നു പറഞ്ഞു. (ഉല്‍പ: അ: 44ല്‍ 14 – 17.).

الْعَزِيزُ (അസീസു) എന്ന വാക്കിന്‍റെ അര്‍ത്ഥവും, ഉന്നതസ്ഥാനത്തിരിക്കുന്നവരെ സംബോധനം ചെയ്‌വാന്‍ ഉപയോഗിക്കുന്ന ഒരു വാക്കാണതെന്നും 30-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ മുമ്പുവിവരിച്ചിട്ടുണ്ട്.

വിഭാഗം - 10

12:80
 • فَلَمَّا ٱسْتَيْـَٔسُوا۟ مِنْهُ خَلَصُوا۟ نَجِيًّا ۖ قَالَ كَبِيرُهُمْ أَلَمْ تَعْلَمُوٓا۟ أَنَّ أَبَاكُمْ قَدْ أَخَذَ عَلَيْكُم مَّوْثِقًا مِّنَ ٱللَّهِ وَمِن قَبْلُ مَا فَرَّطتُمْ فِى يُوسُفَ ۖ فَلَنْ أَبْرَحَ ٱلْأَرْضَ حَتَّىٰ يَأْذَنَ لِىٓ أَبِىٓ أَوْ يَحْكُمَ ٱللَّهُ لِى ۖ وَهُوَ خَيْرُ ٱلْحَـٰكِمِينَ ﴾٨٠﴿
 • അങ്ങനെ, അവനെക്കുറിച്ചു അവര്‍ നിരാശയടഞ്ഞപ്പോള്‍, അവര്‍ സ്വകാര്യം പറയുന്നവരായി തനിച്ചുപോയി. അവരില്‍ വലിയവന്‍ പറഞ്ഞു: 'നിങ്ങള്‍ക്കറിഞ്ഞുകൂടേ, നിങ്ങളുടെ പിതാവു നിങ്ങളോട് അല്ലാഹുവിങ്കല്‍നിന്നും ഒരുറപ്പു വാങ്ങീട്ടുണ്ടെന്നു?! മുമ്പ് യൂസുഫി(ന്‍റെ വിഷയത്തി)ല്‍ നിങ്ങള്‍ വീഴ്ചചെയ്തിട്ടുള്ളതും (അറിഞ്ഞുകൂടേ)?! എന്നാല്‍, എന്‍റെ പിതാവു എനിക്കു അനുവാദം നല്‍കുകയോ, അല്ലാഹു എനിക്കു (വല്ല പരിഹാരവും) വിധിച്ചുതരുകയോ ചെയ്യുന്നതുവരേക്കും ഞാന്‍ (ഈ) ഭൂമി വിട്ടുപോരുന്നതേയല്ല. അവന്‍ വിധികര്‍ത്താക്കളില്‍ ഏറ്റം ഉത്തമനാണുതാനും.
 • فَلَمَّا اسْتَيْأَسُوا അങ്ങനെ അവര്‍ നിരാശ അടഞ്ഞ (ആശ നഷ്ടപ്പട്ട)പ്പോള്‍ مِنْهُ അവനെക്കുറിച്ചു خَلَصُوا അവര്‍ തനിച്ചുപോയി, ഒഴിഞ്ഞുനിന്നു نَجِيًّا സ്വാകര്യം പറയുന്നവരായി قَالَ പറഞ്ഞു كَبِيرُهُمْ അവരില്‍ വലിയവന്‍ أَلَمْ تَعْلَمُوا നിങ്ങള്‍ക്കറിഞ്ഞുകൂടേ أَنَّ أَبَاكُمْ നിങ്ങളുടെ പിതാവു എന്നു قَدْ أَخَذَ വാങ്ങിയിട്ടുണ്ടു (എന്നു) عَلَيْكُم നിങ്ങളോടു, നിങ്ങള്‍ക്കെതിരില്‍ مَّوْثِقًا ഒരു ഉറപ്പു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നു وَمِن قَبْلُ മുമ്പും مَا فَرَّطتُمْ നിങ്ങള്‍ വീഴ്ച വരുത്തിയതു فِي يُوسُفَ യൂസുഫിനെപ്പറ്റി, യൂസുഫിന്‍റെ കാര്യത്തില്‍ فَلَنْ أَبْرَحَ എന്നാല്‍ (അതിനാല്‍) ഞാന്‍ വിടുകയേ ഇല്ല الْأَرْضَ (ഈ) ഭൂമി, നാടു حَتَّىٰ يَأْذَنَ അനുവാദം തരുന്നതുവരെ لِي أَبِي എനിക്കു എന്‍റെ ബാപ്പ أَوْ يَحْكُمَ അല്ലെങ്കില്‍ വിധിച്ചു തരുന്നതു اللَّـهُ لِي അല്ലാഹു എനിക്കു وَهُوَ അവനാകട്ടെ خَيْرُ ഉത്തമനാണു, ഏറ്റം നല്ലവനാണു الْحَاكِمِينَ വിധികര്‍ത്താക്കളില്‍.

12:81
 • ٱرْجِعُوٓا۟ إِلَىٰٓ أَبِيكُمْ فَقُولُوا۟ يَـٰٓأَبَانَآ إِنَّ ٱبْنَكَ سَرَقَ وَمَا شَهِدْنَآ إِلَّا بِمَا عَلِمْنَا وَمَا كُنَّا لِلْغَيْبِ حَـٰفِظِينَ ﴾٨١﴿
 • 'നിങ്ങള്‍ നിങ്ങളുടെ പിതാവിങ്കലേക്കു മടങ്ങിചെല്ലുവിന്‍; എന്നിട്ട് (അദ്ദേഹത്തോടു) പറയുവിന്‍: 'ഞങ്ങളുടെ പിതാവേ, നിങ്ങളുടെ മകന്‍ മോഷ്ടിച്ചു. ഞങ്ങള്‍ അറിഞ്ഞതിനനുസരിച്ചല്ലാതെ ഞങ്ങള്‍ സാക്ഷ്യം പറഞ്ഞതുമില്ല. ഞങ്ങള്‍ അദൃശ്യകാര്യത്തെ അറിഞ്ഞവരല്ലതാനും.'
 • ارْجِعُوا നിങ്ങള്‍ മടങ്ങുവിന്‍ إِلَىٰ أَبِيكُمْ നിങ്ങളുടെ പിതാവിങ്കലേക്കു فَقُولُوا എന്നിട്ടു പറയുവിന്‍ يَا أَبَانَا ഞങ്ങളുടെ പിതാവേ إِنَّ ابْنَكَ നിശ്ചയമായും നിങ്ങളുടെ മേല്‍ سَرَقَ മോഷ്ടിച്ചു, കട്ടു وَمَا شَهِدْنَا ഞങ്ങള്‍ സാക്ഷ്യം പറഞ്ഞതുമില്ല إِلَّا بِمَا യാതൊന്നനുസരിച്ചല്ലാതെ عَلِمْنَا ഞങ്ങള്‍ അറിഞ്ഞു وَمَا كُنَّا ഞങ്ങളായിട്ടുമില്ല, അല്ലതാനും لِلْغَيْبِ അദൃശ്യകാര്യത്തെ, മറഞ്ഞകാര്യത്തെ حَافِظِينَ പഠിച്ചവര്‍, അറിഞ്ഞവര്‍, സൂക്ഷിക്കുന്നവര്‍.
12:82
 • وَسْـَٔلِ ٱلْقَرْيَةَ ٱلَّتِى كُنَّا فِيهَا وَٱلْعِيرَ ٱلَّتِىٓ أَقْبَلْنَا فِيهَا ۖ وَإِنَّا لَصَـٰدِقُونَ ﴾٨٢﴿
 • 'ഞങ്ങള്‍ ആയിരുന്ന [പോയിരുന്ന]തായ രാജ്യത്തോടും [രാജ്യക്കാരോടും] ഞങ്ങള്‍ (അവിടെനിന്നു) മുന്നിട്ടുവന്നതായ വാഹനസംഘത്തോടും നിങ്ങള്‍ ചോദി(ച്ചു നോ)ക്കുകയും ചെയ്യുക. ഞങ്ങള്‍ സത്യം പറയുന്നവര്‍ തന്നെയാണ്.'
 • وَاسْأَلِ ചോദിക്കുകയും ചെയ്യുക الْقَرْيَةَ الَّتِي യാതൊരു രാജ്യത്തോട് كُنَّا ഞങ്ങളായിരുന്നു فِيهَا അതില്‍ وَالْعِيرَ الَّتِي യാതൊരു വാഹനസംഘത്തോടും أَقْبَلْنَا فِيهَا അതിലായി ഞങ്ങള്‍ മുന്നിട്ടു വന്നിരിക്കുന്നു وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍ തന്നെ.

ബിന്‍യാമീനെ ഒഴിവാക്കിക്കിട്ടുവാനുള്ള അപേക്ഷയും ശ്രമവും ഫലിക്കാതായപ്പോള്‍ സഹോദരന്‍മാര്‍ നിരാശരായി. എനി എന്തുവേണമെന്നു അവര്‍ സ്വകാര്യമായി കൂടി ആലോചന നടത്തി. അവരില്‍ മൂത്ത ആള്‍ – ഇതു റൂബീനാണെന്നു പറയപ്പെടുന്നു – ബിന്‍യാമീന്‍ കൂടിയില്ലാതെ താന്‍ പിതാവിന്‍റെ അടുക്കലേക്കു വരികയില്ലെന്നും, പിതാവിന്‍റെ പ്രത്യേക സമ്മതം ലഭിക്കുകയോ ഈ വിഷയത്തില്‍ അല്ലാഹു വല്ല പ്രത്യേക പരിഹാരം ഉണ്ടാക്കിത്തരുകയോ ചെയ്യാതെ ഞാന്‍ സ്ഥലം വിടുകയില്ലെന്നും തീര്‍ത്തു പറഞ്ഞു. എനി ചെയ്യുവാനുള്ളതു ഇതാണു: നിങ്ങള്‍ പിതാവിന്‍റെ അടുക്കലേക്കു തിരിച്ചു പോകുക. എന്നിട്ടു ഉണ്ടായ സംഭവങ്ങള്‍ വിവരിച്ചു കൊടുക്കുക. ബിന്‍യാമീന്‍ മോഷ്ടിച്ചു, ഞങ്ങള്‍ കണ്ടറിഞ്ഞതാണത്. അതിനപ്പുറം ഞങ്ങളൊന്നും തെളിവു നല്‍കുവാന്‍ തുനിഞ്ഞില്ല. യഥാര്‍ത്ഥം അല്ലാഹുവിനറിയാം, മറഞ്ഞകാര്യം ഞങ്ങള്‍ക്കറിയുകയില്ലല്ലോ. ഇതാണു വാസ്തവത്തിലുണ്ടായത്. അങ്ങനെ അസീസും കൂട്ടരും ബിന്‍യാമീനെ അവിടെ പിടിച്ചുവെച്ചു കളഞ്ഞു. വേണമെങ്കില്‍ ആ നാട്ടുകാരോടും, ഞങ്ങളുടെ യാത്രാസംഘത്തിലുണ്ടായിരുന്ന ആളുകളോടും നിങ്ങള്‍ അന്വേഷിച്ചു നോക്കുവിന്‍. അവര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയാണിത്. എന്നൊക്കെ പിതാവിനോടു പറയുക. അല്ലാതെന്തു ചെയ്യും?

അങ്ങനെ, അവസാനം ബാക്കിയുള്ള ഒമ്പത് പേരും കൂടി പിതാവിങ്കല്‍ മടങ്ങിച്ചെന്നു അപ്രകാരമെല്ലാം പറഞ്ഞുനോക്കി. പക്ഷെ, പിതാവിനുണ്ടോ അതു അപ്പടി വിശ്വസിക്കുവാന്‍ കഴിയുന്നു? അവര്‍ യൂസുഫ് (അ) നോട് അനുവര്‍ത്തിച്ച ചെയ്തികളൊക്കെ അദ്ദേഹത്തിന് എങ്ങിനെ മറക്കുവാന്‍ കഴിയും? യഥാര്‍ത്ഥം എന്താണെന്ന് അറിയുകയില്ലെങ്കിലും എന്തോ ചിലതൊക്കെ സംഭവിച്ചിട്ടുണ്ടെന്നു അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം നിരാശപ്പെട്ടില്ല.

12:83
 • قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ عَسَى ٱللَّهُ أَن يَأْتِيَنِى بِهِمْ جَمِيعًا ۚ إِنَّهُۥ هُوَ ٱلْعَلِيمُ ٱلْحَكِيمُ ﴾٨٣﴿
 • അദ്ദേഹം [പിതാവു] പറഞ്ഞു: (അതൊന്നുമല്ല) പക്ഷെ, നിങ്ങള്‍ക്കു നിങ്ങളുടെ മനസ്സുകള്‍ (എന്തോ) ഒരു കാര്യം ഭംഗിയാക്കിക്കാട്ടിയിരിക്കുന്നു. [അതു നിങ്ങള്‍ ചെയ്തിരിക്കാം] എനി, ഭംഗിയായ ക്ഷമ! [അതേ മാര്‍ഗ്ഗമുള്ളു].

  അവരെ എല്ലാവരെയും (തന്നെ) അല്ലാഹു എനിക്കു കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. നിശ്ചയമായും, അവന്‍ തന്നെയാണു സര്‍വ്വജ്ഞനും, അഗാധജ്ഞനുമായുള്ളവന്‍.'
 • قَالَ അദ്ദേഹം പറഞ്ഞു بَلْ പക്ഷേ, എങ്കിലും سَوَّلَتْ لَكُمْ നിങ്ങള്‍ക്കു ഭംഗിയാക്കി തന്നു أَنفُسُكُمْ നിങ്ങളുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) أَمْرًا ഒരു കാര്യം فَصَبْرٌ എനി (അതുകൊണ്ടു) ക്ഷമ, ക്ഷമിക്കുക جَمِيلٌ ഭംഗിയായ عَسَى اللَّـهُ അല്ലാഹു ആയേക്കാം أَن يَأْتِيَنِي എനിക്കു വരുക, നല്‍കുവാന്‍ بِهِمْ അവരെക്കൊണ്ടു, അവരെ جَمِيعًا എല്ലാം, മുഴുവനും إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْعَلِيمُ (എല്ലാം) അറിയുന്നവന്‍, സര്‍വ്വജ്ഞന്‍ الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍.
12:84
 • وَتَوَلَّىٰ عَنْهُمْ وَقَالَ يَـٰٓأَسَفَىٰ عَلَىٰ يُوسُفَ وَٱبْيَضَّتْ عَيْنَاهُ مِنَ ٱلْحُزْنِ فَهُوَ كَظِيمٌ ﴾٨٤﴿
 • അദ്ദേഹം അവരില്‍നിന്നും വിട്ടുമാറുകയും, 'യൂസുഫിന്‍റെ പേരിലുള്ള എന്‍റെ സങ്കടമേ!' എന്നു പറയുകയും ചെയ്തു. വ്യസനംനിമിത്തം അദ്ദേഹത്തിന്‍റെ രണ്ടു കണ്ണുകള്‍ വെളുക്കുകയും ചെയ്തു. അങ്ങനെ, അദ്ദേഹം (വ്യസനവും കോപവും മനസ്സില്‍) ഒതുക്കിവെക്കുന്നവനായിരുന്നു.
 • وَتَوَلَّىٰ അദ്ദേഹം വിട്ടുമാറുകയും ചെയ്തു عَنْهُمْ അവരില്‍നിന്ന് وَقَالَ പറയുകയും ചെയ്തു يَا أَسَفَىٰ എന്‍റെ സങ്കടമേ, വിഷാദമേ, വ്യസനമേ عَلَىٰ يُوسُفَ യൂസുഫിന്‍റെ പേരില്‍, യൂസുഫിനെപ്പറ്റി وَابْيَضَّتْ വെളുക്കുകയും ചെയ്തു عَيْنَاهُ അദ്ദേഹത്തിന്‍റെ ഇരുകണ്ണുകള്‍ مِنَ الْحُزْنِ വ്യസനത്താല്‍ فَهُوَ എന്നിട്ടദ്ദേഹം كَظِيمٌ (കോപം) ഒതുക്കിവെച്ചവന്‍, (വ്യസനം) നിറഞ്ഞവന്‍, (കോപം കൊണ്ടോ, വ്യസനം കൊണ്ടോ) വിങ്ങിയവന്‍ (ആകുന്നു).

മുമ്പു യൂസുഫ് (അ) നെ കിണറ്റിലിട്ടശേഷം അവനെ ചെന്നായ പിടിച്ചുവെന്നു അവര്‍ പറഞ്ഞപ്പോള്‍ യഅ്ഖൂബ് (അ) അവരോട് : ‘പക്ഷെ, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്കു എന്തോ ഒരു കാര്യം ഭംഗിയാക്കിത്തന്നിരിക്കുന്നു. എനി ഭംഗിയായി ക്ഷമിക്കുക!’ എന്നു പറഞ്ഞതായി 18-ാം വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. അതേവാക്കു തന്നെ ആ മഹാന്‍ ഇപ്പോഴും പറയുന്നു. ‘നിങ്ങള്‍ വിവരിച്ചു പറയുന്ന വിഷയത്തില്‍ സഹായം തേടപ്പെടുവാനുള്ളതു അല്ലാഹുവാണ്’. എന്നായിരുന്നു അവിടെ അദ്ദേഹത്തിന്‍റെ അടുത്തവാക്ക്. ഇവിടെയാകട്ടെ, ‘അവരെ മുഴുവനും അല്ലാഹു എനിക്കു കൊണ്ടുവന്നു തന്നേക്കും.’ എന്നാണദ്ദേഹം തുടര്‍ന്നു പറഞ്ഞത്. അഥവാ ബിന്‍യാമീനെ മാത്രമല്ല, മുമ്പു ചെന്നായ പിടിച്ചു തിന്നുവെന്നു നിങ്ങള്‍ പറഞ്ഞ യൂസുഫിനെയും, ഈജിപ്തില്‍ നിന്നുപോരുവാന്‍ മടിച്ചുനിന്ന മൂത്ത മകനെയുമെല്ലാം തന്നെ തനിക്കു തിരിച്ചു കിട്ടുമെന്നുള്ള അദ്ദേഹത്തിന്‍റെ സുപ്രതീക്ഷ അദ്ദേഹം വ്യക്തമാക്കി. മക്കളോടു കയര്‍ക്കുകയോ ക്ഷുഭിതനാകുകയോ ചെയ്തില്ല.

കൊല്ലങ്ങളായി യൂസുഫിനെ സംബന്ധിച്ചു നിലവിലുള്ള വ്യസനഭാരം ഇപ്പോള്‍ – മറ്റേ രണ്ടു മക്കളുടെയും തിരോധാനം കൂടിയായപ്പോള്‍ – വീണ്ടും വര്‍ദ്ധിച്ചു. അവരില്‍ നിന്നും വിട്ടുമാറി യൂസുഫിനെക്കുറിച്ചു വിലപിച്ചും അല്ലാഹുവോടു സങ്കടപ്പെട്ടും കൊണ്ടിരിക്കുകയായി. വ്യസനാധിക്യം നിമിത്തം കരഞ്ഞു കരഞ്ഞു കണ്ണുകള്‍ രണ്ടും വെള്ളനിറമായി മാറി. കണ്ണിന്‍റെ കാഴ്ച്ചപോലും നഷ്ടപ്പെട്ടിരുന്നുവെന്നാണു 93ഉം 96ഉം വചനങ്ങളില്‍ നിന്നു മനസ്സിലാകുന്നത്‌. അല്ലാഹുവിനറിയാം. ഏതായാലും ഇവരോടുള്ള കോപവും, മറ്റേവരെക്കുറിച്ചുള്ള വ്യസനവും കൊണ്ടു ഹൃദയം നിറഞ്ഞിരിക്കയാണെങ്കിലും അതൊക്കെ പുറത്തറിയിക്കാതെ മനസ്സില്‍ അടക്കി ഒതുക്കിക്കഴിഞ്ഞു കൂടി. അദ്ദേഹത്തിന്‍റെ വ്യസനവും, ക്ഷമയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ അദ്ദേഹത്തിനുള്ള വിശ്വാസവും, ശുഭപ്രതീക്ഷയും എത്രത്തോളം ശക്തിമത്തായിരുന്നുവെന്നു അടുത്ത വചനങ്ങളില്‍നിന്നു കൂടുതല്‍ വ്യക്തമാകുന്നതാണ്.

ആപത്തും കഷ്ടപ്പാടും നേരിടുമ്പോള്‍ വ്യസനപ്പെടുകയും, കരച്ചില്‍ വരുകയും ചെയ്യുന്നതു മനുഷ്യപ്രകൃതിയാകുന്നു. അതില്‍ ആക്ഷേപിക്കുവാനില്ല. മനുഷ്യപ്രകൃതിയില്‍ നിന്നു പ്രവാചകന്‍മാരും ഒഴിവാകുന്നില്ല. പക്ഷേ, ക്ഷമകേടു കാണിക്കുക, വേവലാതിപ്പെട്ടുകൊണ്ടിരിക്കുക, നിരാശപെടുക, വ്യസനഗോഷ്ടികള്‍ പ്രകടമാക്കുക, വികാരപ്പെടുക, അല്ലാഹുവിനോടല്ലാതെ സൃഷ്ടികളോടു സങ്കടപ്പെട്ടുകൊണ്ടിരിക്കുക ഇതൊക്കെയാണു ആക്ഷേപാര്‍ഹമായിട്ടുള്ളത്‌. ഇതൊന്നും പ്രവാചകന്‍മാരില്‍ നിന്നുണ്ടാവുകയില്ലതാനും. നബി (സ്വ) തിരുമേനിയുടെ പുത്രന്‍ ഇബ്രാഹീം അന്തരിച്ചപ്പോള്‍ തിരുമേനി (സ്വ) കരയുകയും ഇങ്ങിനെ പറയുകയുമുണ്ടായി: ‘കണ്ണുകള്‍ കണ്ണു നീരൊഴുക്കും. ഹൃദയം വ്യസനപ്പെടുകയും ചെയ്യും. നമ്മുടെ റബ്ബു തൃപ്തിപ്പെടുന്നതല്ലാതെ ഞങ്ങള്‍ പറയുകയില്ല. ഇബ്രാഹീമേ! നിന്‍റെ വേര്‍പാടുനിമിത്തം ഞങ്ങള്‍ വ്യസനപ്പെട്ടവര്‍ തന്നെയാകുന്നു.’ (ബു; മു). പിതാവിന്‍റെ അപാരമായ വ്യസനവും ദുഃഖവും കണ്ടപ്പോള്‍ മക്കള്‍ക്കും അനുതാപവും അനുകമ്പയും തോന്നി.

12:85
 • قَالُوا۟ تَٱللَّهِ تَفْتَؤُا۟ تَذْكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوْ تَكُونَ مِنَ ٱلْهَـٰلِكِينَ ﴾٨٥﴿
 • അവര്‍ [മക്കള്‍] പറഞ്ഞു: 'അല്ലാഹുവിനെത്തന്നെയാണ (സത്യം)! നിങ്ങള്‍ യൂസുഫിനെ ഓര്‍ത്തുകൊണ്ടേയിരിക്കും; നിങ്ങള്‍ മരിക്കാറായിത്തീരുകയോ, അല്ലെങ്കില്‍ (മരിച്ച്) നാശമടയുന്നവരില്‍ പെട്ടവനായിത്തീരുകയോ ചെയ്യുന്നതുവരെ.'
 • قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ (സത്യം) تَفْتَأُ നിങ്ങള്‍ ആയിക്കൊണ്ടിരിക്കും تَذْكُرُ നിങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടു يُوسُفَ യൂസുഫിനെ حَتَّىٰ تَكُونَ നിങ്ങള്‍ ആയിത്തീരുന്നതുവരെ حَرَضًا മരിക്കാറായവന്‍, ജീവശ്ശവം أَوْ تَكُونَ അല്ലെങ്കില്‍ ആയിരിക്കുന്നതു مِنَ الْهَالِكِينَ നാശമടഞ്ഞവരില്‍പെട്ട(വന്‍).
12:86
 • قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ ﴾٨٦﴿
 • അദ്ദേഹം [പിതാവു] പറഞ്ഞു: 'എന്‍റെ വേവലാതിയും, എന്‍റെ വ്യസനവും (സംബന്ധിച്ചു) ഞാന്‍ അല്ലാഹുവിങ്കലേക്കു മാത്രമാണു പരാതിപ്പെടുന്നത്. നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതു (ചിലതൊക്കെ) അല്ലാഹുവിങ്കല്‍ നിന്ന് എനിക്കറിയുകയും ചെയ്യും.'
 • قَالَ അദ്ദേഹം പറഞ്ഞു إِنَّمَا أَشْكُو ഞാന്‍ പരാതിപ്പെടുക (സങ്കടപ്പെടുക) മാത്രം ചെയ്യുന്നു بَثِّي എന്‍റെ വേവലാതി وَحُزْنِي എന്‍റെ വ്യസനവും إِلَى اللَّـهِ അല്ലാഹുവിലേക്കു (മാത്രം) وَأَعْلَمُ ഞാന്‍ അറിയുകയും ചെയ്യുന്നു, എനിക്കറിയാം مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مَا لَا تَعْلَمُونَ നിങ്ങള്‍(ക്കു) അറിയാത്തതു.

യഅ്ഖൂബ്‌ (അ) പരിചയസമ്പന്നനായ ഒരു വയോധികന്‍ മാത്രമല്ല, ഒരു പ്രവാചകവര്യനും കൂടിയാണല്ലോ. വഹ്-യു മൂലം മറ്റുള്ളവര്‍ക്കു ലഭിക്കാത്ത പല വിവരങ്ങളും അദ്ദേഹത്തിനു വഹ്-യു മൂലം ലഭിക്കുന്നു. യൂസുഫ് (അ) ന്‍റെ സ്വപ്നത്തിന്‍റെ പുലര്‍ച്ചയില്‍ അദ്ദേഹത്തിനു സംശയമില്ല. അതു പുലരുന്നതു ഏതു വിധത്തിലായിരിക്കും, എപ്പോഴായിരിക്കും എന്നുമാത്രമേ നിശ്ചയമില്ലായ്കയുള്ളു. ബിന്‍യാമീന്‍ മോഷ്ടിച്ചിരിക്കുവാന്‍ ഇടയില്ലെന്നും അദ്ദേഹത്തിനറിയാം. അതുകൊണ്ട് അനുനിമിഷം അദ്ദേഹം അല്ലാഹുവിന്‍റെ കാരുണ്യവും സ്വപ്നത്തിന്‍റെ പുലര്‍ച്ചയും കാത്തുകൊണ്ടിരിക്കുകയാണ്. അങ്ങനെ, അദ്ദേഹം മക്കളോടു പറഞ്ഞു:

12:87
 • يَـٰبَنِىَّ ٱذْهَبُوا۟ فَتَحَسَّسُوا۟ مِن يُوسُفَ وَأَخِيهِ وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَـٰفِرُونَ ﴾٨٧﴿
 • 'എന്‍റെ മക്കളേ, നിങ്ങള്‍പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ചു (വിവരം) അന്വേഷിച്ചു നോക്കുവിന്‍. അല്ലാഹുവിന്‍റെ (പക്കല്‍നിന്നുള്ള) ആശ്വാസത്തെക്കുറിച്ചു നിങ്ങള്‍ നിരാശപ്പെടുകയും ചെയ്യരുത്.

  നിശ്ചയമായും കാര്യം: അല്ലാഹുവിന്‍റെ (പക്കല്‍നിന്നുള്ള) ആശ്വാസത്തെപ്പറ്റി അവിശ്വാസികളായ ജനങ്ങളല്ലാതെ നിരാശപ്പെടുകയില്ല.'
 • يَا بَنِيَّ എന്‍റെ മക്കളേ, പുത്രന്‍മാരേ اذْهَبُوا നിങ്ങള്‍ പോകുവിന്‍ فَتَحَسَّسُوا എന്നിട്ടു അന്വേഷിച്ചറിയുവിന്‍ مِن يُوسُفَ യൂസുഫിനെപ്പറ്റി وَأَخِيهِ അവന്‍റെ സഹോദരനെയും وَلَا تَيْأَسُوا നിങ്ങള്‍ നിരാശപ്പെടുകയും അരുതു مِن رَّوْحِ ആശ്വാസത്തെ (തുറവിയെ) ക്കുറിച്ചു اللَّـهِ അല്ലാഹുവിന്‍റെ إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يَيْأَسُ നിരാശപ്പെടുകയില്ല, ആശ മുറിയുകയില്ല مِن رَّوْحِ ആശ്വാസത്തെക്കുറിച്ചു اللَّـهِ അല്ലാഹുവിന്‍റെ إِلَّا الْقَوْمُ ജനങ്ങളല്ലാതെ الْكَافِرُونَ അവിശ്വാസികളായ.

യൂസുഫ് (അ) നെയും സഹോദരനെയും സംബന്ധിച്ചു അന്വേഷണം നടത്തി നോക്കണമെന്ന് മക്കളോടു പറഞ്ഞപ്പോള്‍ അദ്ദേഹം അവര്‍ക്കു നല്‍കിയ ഈ ഉപദേശം ഓരോ സത്യവിശ്വാസിയും സദാ ഓര്‍മ്മിച്ചിരിക്കേണ്ടതാകുന്നു. എന്തു വിഷമത്തില്‍ അകപ്പെട്ടാലും അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസവും കാരുണ്യവും ലഭിക്കാതിരിക്കയില്ലെന്ന സല്‍പ്രതീക്ഷയോടുകൂടിയിരിക്കേണ്ടതുണ്ടെന്നും, നിരാശ ഒരിക്കലും സത്യവിശ്വാസിക്കു യോജിച്ചതല്ലെന്നും ആ വാക്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മലക്കുകള്‍ വന്ന് താങ്കള്‍ക്കൊരു മകനുണ്ടാകുവാന്‍ പോകുന്നുവെന്നും, വാര്‍ദ്ധക്യം പ്രാപിച്ചതുകൊണ്ടു നിരാശപ്പെടേണ്ടതില്ലെന്നും സന്തോഷവാര്‍ത്ത അറിയിച്ചപ്പോള്‍ ഇബ്രാഹീം (അ) നബി പറഞ്ഞതിങ്ങിനെയായിരുന്നു: ‘വഴിപിഴച്ചവരല്ലാതെ ആരാണു അല്ലാഹുവിന്‍റെ കാരുണ്യത്തെക്കുറിച്ചു ആശ മുറിയുക?!’ (15:56). അല്ലാഹു അരുളിച്ചെയ്തതായി നബി (സ്വ) ഉദ്ധരിച്ചതും, ബുഖാരീയും മുസ്‌ലിമും (റ) രേഖപ്പെടുത്തിയതുമായ ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: أَنَا عِنْدَ ظَنِّ عَبْدِي بِي (സാരം: എന്‍റെ അടിയാന്‍ എന്നെപ്പറ്റി ധരിച്ചുകൊണ്ടിരിക്കുന്നതനുസരിച്ചായിരിക്കും ഞാന്‍ നിലകൊള്ളുന്നത്). അല്ലാഹുവിന്‍റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും വിശ്വാസവും എത്രത്തോളമുണ്ടോ അത്രത്തോളമായിരിക്കും അവന്‍റെ കാരുണ്യം ലഭിക്കുക എന്നു താല്‍പര്യം. യഅ്ഖൂബ്‌ നബിയുടെ ചരിത്രം തന്നെ ഇതിനു ഏറ്റവും വലിയൊരു ഉദാഹരണമാണല്ലോ.

ഈജിപ്തില്‍ മുമ്പും രണ്ടുപ്രാവശ്യം പോയിവന്ന മക്കളെ വിളിച്ചു വീണ്ടും ഈജിപ്തിലേക്കു പോകണമെന്നും, അവിടെ നിന്നു ധാന്യം വാങ്ങി വരുന്നതോടൊപ്പം യൂസുഫിനെയും സഹോദരനെയും കുറിച്ച് അന്വേഷണം നടത്തണമെന്നും യഅ്ഖൂബ്‌ (അ) കല്‍പിച്ചു. അങ്ങനെ മൂന്നാമതും അവര്‍ ഈജിപ്തിലേക്കു പുറപ്പെട്ടു. ധാന്യത്തിനു വിലയായി നല്‍കുവാനുള്ള ദ്രവ്യങ്ങളും അവര്‍ കൊണ്ടുപോയിരുന്നു.

12:88
 • فَلَمَّا دَخَلُوا۟ عَلَيْهِ قَالُوا۟ يَـٰٓأَيُّهَا ٱلْعَزِيزُ مَسَّنَا وَأَهْلَنَا ٱلضُّرُّ وَجِئْنَا بِبِضَـٰعَةٍ مُّزْجَىٰةٍ فَأَوْفِ لَنَا ٱلْكَيْلَ وَتَصَدَّقْ عَلَيْنَآ ۖ إِنَّ ٱللَّهَ يَجْزِى ٱلْمُتَصَدِّقِينَ ﴾٨٨﴿
 • അങ്ങനെ, അവര്‍ അദ്ദേഹത്തിന്‍റെ [യൂസുഫിന്‍റെ] അടുക്കല്‍ പ്രവേശിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'ഹേ, 'അസീസേ'! ഞങ്ങളെയും, ഞങ്ങളുടെ കുടുംബത്തെയും ദുരിതം ബാധിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരു താണതരത്തിലുള്ള (അല്‍പം) ചരക്കുമായി വരുകയും ചെയ്തിരിക്കുകയാണ്. അതിനാല്‍, അങ്ങുന്ന് ഞങ്ങള്‍ക്ക് (ധാന്യം) അളവു പൂര്‍ത്തിയാക്കിത്തരുകയും, ഞങ്ങള്‍ക്കു ധര്‍മ്മം നല്‍കുകയും ചെയ്യേണമേ!
  നിശ്ചയമായും, ധര്‍മ്മം നല്‍കുന്നവര്‍ക്കു അല്ലാഹു പ്രതിഫലം കൊടുക്കുന്നതാണ്.'
 • فَلَمَّا دَخَلُوا അങ്ങനെ അവര്‍ പ്രവേശിച്ചപ്പോള്‍ عَلَيْهِ അദ്ദേഹത്തിന്‍റെ അടുക്കല്‍ قَالُوا അവര്‍ പറഞ്ഞു يَا أَيُّهَا الْعَزِيزُ ഹേ, അസീസേ مَسَّنَا ഞങ്ങളെ ബാധിച്ചിരിക്കുന്നു, സ്പര്‍ശിച്ചു وَأَهْلَنَا ഞങ്ങളുടെ കുടുംബത്തെ (ആള്‍ക്കാരെ)യും الضُّرُّ ദുരിതം, വിഷമം, ഉപദ്രവം, ബുദ്ധിമുട്ടു وَجِئْنَا ഞങ്ങള്‍ വരുകയും ചെയ്തിരിക്കുന്നു, വന്നിരിക്കുകയാണ് بِبِضَاعَةٍ ഒരു ചരക്കു (സാമാന ദ്രവ്യവു)മായി مُّزْجَاةٍ താണ തരത്തിലുള്ള, ചിലവാകാത്ത, പോരായ്മയുള്ള فَأَوْفِ അതിനാല്‍ പൂര്‍ത്തിയാക്കിത്തരണം لَنَا ഞങ്ങള്‍ക്കു الْكَيْلَ അളവു وَتَصَدَّقْ ധര്‍മ്മം ചെയ്യുകയും ചെയ്യണം عَلَيْنَا ഞങ്ങള്‍ക്കു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَجْزِي പ്രതിഫലം നല്‍കും الْمُتَصَدِّقِينَ ധര്‍മ്മം (ദാനം) ചെയ്യുന്നവര്‍ക്കു.

ക്ഷാമകാലം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ക്കു പഞ്ഞവും ജനങ്ങള്‍ക്കു ദുരിതവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുമല്ലോ. അതോടുകൂടി കഴിഞ്ഞ പ്രാവശ്യത്തെ അനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ടും കൂടിയായിരിക്കാം ഈ പ്രാവശ്യം, അവര്‍ അസീസിന്‍റെ – യൂസുഫ് (അ) ന്‍റെ – മുമ്പില്‍ പൂര്‍വ്വാധികം താഴ്മയോടെ അദ്ദേഹത്തിന്‍റെ ഔദാര്യത്തിന് അപേക്ഷിക്കുന്നത്. തങ്ങളും തങ്ങളുടെ കൂട്ടുകുടുംബങ്ങളും വളരെ ബുദ്ധിമുട്ടിലാണുള്ളതെന്നും വിലപിടിപ്പുള്ള സാധനങ്ങളൊന്നും ധാന്യത്തിന്‍റെ വിലയായി നല്‍കുവാന്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നും താണ നിലവാരത്തിലുള്ള ഏതാനും വസ്തുക്കള്‍ മാത്രമേ തങ്ങള്‍ക്കു കൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും അവര്‍ ഉണര്‍ത്തി. പതിവുപോലെ ഈ പ്രാവശ്യം ധാന്യം പൂര്‍ത്തിയായ അളവില്‍ തന്നെ നല്‍കണമെന്നും, അതിനു പുറമെ ഇവിടുത്തെ വകയായി കുറേ സൗജന്യം കൂടി നല്‍കേണമെന്നും അപേക്ഷിക്കുകയും ചെയ്തു.

വിനയപൂര്‍വ്വമുള്ള ഈ അപേക്ഷ കേട്ടപ്പോള്‍, പിതാവിന്‍റെയും കുടുംബത്തിന്‍റെയും ദയനീയാവസ്ഥയും തന്‍റെയും സഹോദരന്‍റെയും തിരോധാനത്തില്‍ പിതാവു അനുഭവിച്ചുകൊണ്ടിരിക്കുന്ന മനോവേദനയും യൂസുഫ് (അ) ഓര്‍ത്തിരിക്കും. അതുകൊണ്ടായിരിക്കാം, കഴിഞ്ഞ രണ്ടു പ്രാവശ്യങ്ങളും തന്നെ സംബന്ധിച്ചുള്ള രഹസ്യം അറിയിക്കാതെ മൂടിവെച്ച അദ്ദേഹം ഇക്കുറി ആ രഹസ്യം മറച്ചുവെക്കുവാന്‍ ശ്രമിച്ചു കാണാത്തതും, സ്വയം പരിചയപ്പെടുത്തുമാറ് താഴെ കാണുന്ന ചോദ്യം അവരുടെ മുമ്പില്‍ വെച്ചതും. والله أعلم

12:89
 • قَالَ هَلْ عَلِمْتُم مَّا فَعَلْتُم بِيُوسُفَ وَأَخِيهِ إِذْ أَنتُمْ جَـٰهِلُونَ ﴾٨٩﴿
 • അദ്ദേഹം പറഞ്ഞു: 'യൂസുഫിനെയും, അവന്‍റെ സഹോദരനെയും കൊണ്ടു നിങ്ങള്‍ ചെയ്തതു നിങ്ങള്‍ക്കറിയാമോ? - നിങ്ങള്‍ വിവരമില്ലാത്തവരായിരിക്കെ!'
 • قَالَ അദ്ദേഹം പറഞ്ഞു هَلْ عَلِمْتُم നിങ്ങള്‍ക്കറിയാമോ مَّا فَعَلْتُم നിങ്ങള്‍ ചെയ്തതു بِيُوسُفَ യൂസുഫിനെക്കൊണ്ടു وَأَخِيهِ അവന്‍റെ സഹോദരനെയും إِذْ أَنتُمْ നിങ്ങളായിരിക്കെ, ആയിരുന്നപ്പോള്‍ جَاهِلُونَ വിവരമില്ലാത്തവര്‍, വിഡ്ഢികള്‍.
12:90
 • قَالُوٓا۟ أَءِنَّكَ لَأَنتَ يُوسُفُ ۖ قَالَ أَنَا۠ يُوسُفُ وَهَـٰذَآ أَخِى ۖ قَدْ مَنَّ ٱللَّهُ عَلَيْنَآ ۖ إِنَّهُۥ مَن يَتَّقِ وَيَصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ ﴾٩٠﴿
 • അവര്‍ പറഞ്ഞു: 'നീ തന്നെയാണോ യൂസുഫ്?!' അദ്ദേഹം പറഞ്ഞു: '(അതെ) ഞാന്‍ യൂസുഫും, ഇതു എന്‍റെ സഹോദരനുമാണ്. തീര്‍ച്ചയായും, അല്ലാഹു ഞങ്ങള്‍ക്കു ഗുണം ചെയ്തുതന്നിരിക്കുന്നു.

  'നിശ്ചയമായും, കാര്യം: ആരെങ്കിലും സൂക്ഷ്മത പാലിക്കുകയും, ക്ഷമിക്കുകയും ചെയ്യുന്നപക്ഷം, നിശ്ചയമായും (ആ) സല്‍ഗുണവാന്‍മാരുടെ പ്രതിഫലം അല്ലാഹു പാഴാക്കിക്കളയുകയില്ല.'
 • قَالُوا അവര്‍ പറഞ്ഞു أَإِنَّكَ നീയാണോ, നിശ്ചയമായും നിങ്ങളോ لَأَنتَ നീ (നിങ്ങള്‍) തന്നെ(യോ) يُوسُفُ യൂസുഫ് قَالَ അദ്ദേഹം പറഞ്ഞു أَنَا يُوسُفُ ഞാന്‍ യൂസുഫാണ് وَهَـٰذَا أَخِي ഇതു എന്‍റെ സഹോദരനും قَدْ مَنَّ തീര്‍ച്ചയായും ദാക്ഷിണ്യം ചെയ്തു, ഗുണം ചെയ്തു തന്നിട്ടുണ്ടു اللَّـهُ അല്ലാഹു عَلَيْنَا ഞങ്ങള്‍ക്കു, ഞങ്ങളില്‍ إِنَّهُ നിശ്ചയമായും അതു (കാര്യം) مَن يَتَّقِ ആരെങ്കിലും സൂക്ഷ്മത പാലിക്കുന്ന പക്ഷം وَيَصْبِرْ ക്ഷമിക്കുകയും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يُضِيعُ പാഴാക്കുകയില്ല أَجْرَ പ്രതിഫലത്തെ الْمُحْسِنِينَ സല്‍ഗുണവാന്‍മാരുടെ, നന്‍മചെയ്യുന്നവരുടെ.

തന്നെ സംബന്ധിച്ചും സഹോദരനെ സംബന്ധിച്ചും, അവര്‍ മുമ്പുചെയ്തിരുന്ന അവിവേകങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ചോദ്യത്തില്‍നിന്നു അവര്‍ക്ക് കാര്യം ഏതാണ്ട് മനസ്സിലായി. നിങ്ങള്‍ തന്നെയാണോ യൂസുഫ്? എന്നു ചോദിച്ചുകൊണ്ടു സംഗതി ഉറപ്പുവരുത്തുകയും ചെയ്തു. യൂസുഫ് (അ) നബി യഥാര്‍ത്ഥം തുറന്നു പറയുകതന്നെ ചെയ്തു.

യൂസുഫു (അ) തന്നെക്കുറിച്ചു അറിയിച്ചതു സഹോദരന്‍മാര്‍ ഈജിപ്തില്‍ മൂന്നാമതു ചെന്നപ്പോഴാണെന്നു ഖുര്‍ആന്‍റെ പ്രസ്താവനകളില്‍നിന്നു വ്യക്തമാണല്ലോ. എന്നാല്‍, ബൈബ്ലിലെ വിവരണപ്രകാരം ഇതു അവര്‍ രണ്ടാമത്തെ പ്രാവശ്യം ചെന്നപ്പോഴാണുണ്ടായതു എന്നാകുന്നു. മൂന്നാമത്തെ യാത്രയെക്കുറിച്ചും, താഴെ 93-96 വചനങ്ങളില്‍ കാണാവുന്ന പ്രകാരം യൂസുഫു (അ) തന്‍റെ കുപ്പായം പിതാവിനു കൊടുത്തയച്ചതിനെക്കുറിച്ചും ബൈബ്ലില്‍ പ്രസ്താവിച്ചു കാണുന്നില്ല. രണ്ടാമത്തെ യാത്രയില്‍ ബിന്‍യാമീന്‍റെ സാമാനത്തില്‍നിന്നു പാനപാത്രം കണ്ടെടുത്ത ശേഷം, ബിന്‍യാമീനെ വിട്ടയക്കുവാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ സഹോദരന്‍മാരുടെ സംസാരത്തില്‍നിന്നു യൂസുഫു (അ) നു വളരെ അലിവുതോന്നിയെന്നും, ആ അവസരത്തില്‍ അദ്ദേഹം തന്നെപ്പറ്റി അറിയിക്കുകയാണു ചെയ്തതെന്നുമാണു അതില്‍ കാണുന്നത്. പിതാവിനെ കൂട്ടിക്കൊണ്ടുവരുവാനുള്ള യാത്രച്ചിലവുകളും ചില സമ്മാനങ്ങളും അവരുടെ പക്കല്‍ അയച്ചതായും അതു പ്രസ്താവിച്ചിരിക്കുന്നു. (ഉല്‍പ്പത്തി: അ: 44,45 നോക്കുക). ഇതില്‍ ഖുര്‍ആന്‍റെ വിവരണമാണു കൂടുതല്‍ വസ്തുനിഷ്ഠമെന്നു പറയേണ്ടതില്ലല്ലോ. യൂസുഫു (അ) നബിയുടെ ഈ തുറന്നമറുപടി അവരെ എത്രമാത്രം സ്തംഭിപ്പിക്കുകയും, പരിഭ്രമത്തിലാഴ്ത്തുകയും ചെയ്തിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളു.

12:91
 • قَالُوا۟ تَٱللَّهِ لَقَدْ ءَاثَرَكَ ٱللَّهُ عَلَيْنَا وَإِن كُنَّا لَخَـٰطِـِٔينَ ﴾٩١﴿
 • അവര്‍ പറഞ്ഞു: 'അല്ലാഹുവിനെത്തന്നെയാണ (സത്യം)! തീര്‍ച്ചയായും, അല്ലാഹു ഞങ്ങളെക്കാള്‍ നിന്നെ (ശ്രേഷ്ഠനാക്കി) തിരഞ്ഞെടുത്തിട്ടുണ്ട്. നിശ്ചയമായും, ഞങ്ങള്‍ തെറ്റു ചെയ്തവര്‍ തന്നെ ആയിരിക്കുന്നു.'
 • قَالُوا അവര്‍ പറഞ്ഞു تَاللَّـهِ അല്ലാഹുവിനെത്തന്നെയാണ لَقَدْ آثَرَكَ തീര്‍ച്ചയായും നിന്നെ തിരഞ്ഞെടുത്തിട്ടുണ്ടു, പ്രത്യേകപ്പെടുത്തി اللَّـهُ അല്ലാഹു عَلَيْنَا ഞങ്ങളെക്കാള്‍ وَإِن كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു لَخَاطِئِينَ തെറ്റു (അബദ്ധം) ചെയ്തവര്‍ തന്നെ.
12:92
 • قَالَ لَا تَثْرِيبَ عَلَيْكُمُ ٱلْيَوْمَ ۖ يَغْفِرُ ٱللَّهُ لَكُمْ ۖ وَهُوَ أَرْحَمُ ٱلرَّٰحِمِينَ ﴾٩٢﴿
 • അദ്ദേഹം പറഞ്ഞു: 'ഇന്നു നിങ്ങളുടെ മേല്‍ യാതൊരധിക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്കു പൊറുത്തു തരുമാറാകട്ടെ (അഥവാ പൊറുത്തുതരും). അവന്‍ കരുണ ചെയ്യുന്നവരില്‍ ഏറ്റം കരുണ ചെയ്യുന്നവനുമാണ്.'
 • قَالَ അദ്ദേഹം പറഞ്ഞു لَا تَثْرِيبَ അധിക്ഷേപം (കുറ്റപ്പെടുത്തല്‍ - ചീത്തപ്പെടുത്തല്‍) ഇല്ല عَلَيْكُمُ നിങ്ങളുടെ മേല്‍, നിങ്ങളെപ്പറ്റി الْيَوْمَ ഇന്നു يَغْفِرُ പൊറുക്കും, പൊറുക്കട്ടെ اللَّـهُ അല്ലാഹു لَكُمْ നിങ്ങള്‍ക്ക് وَهُوَ അവനാകട്ടെ أَرْحَمُ അധികം കരുണ ചെയ്യുന്നവനാണു الرَّاحِمِينَ കരുണചെയ്യുന്നവരില്‍.

സഹോദരന്‍മാര്‍ കുറ്റം സമ്മതിക്കലും, വിനയം കാണിക്കലും ഈ സന്ദര്‍ഭത്തില്‍ സ്വാഭാവികമാണ്. എന്നാല്‍, യൂസുഫു (അ) നബിയുടെ മറുപടി നോക്കുക! അദ്ദേഹത്തിന്‍റെ ഹൃദയവിശാലതയും, പരിശുദ്ധ മനസ്കതയും എത്ര മഹത്തരം! അവരെപ്പറ്റി ആക്ഷേപത്തിന്‍റെ ഒരു വാക്കു പോലും പറഞ്ഞില്ലെന്നു മാത്രമല്ല, അവര്‍ക്കു പാപമോചനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കു അനുഗ്രഹം നേരുകയും ചെയ്യുന്നു! അദ്ദേഹം അവരോടു ഇങ്ങിനെ തുടര്‍ന്നു പറഞ്ഞു:-

12:93
 • ٱذْهَبُوا۟ بِقَمِيصِى هَـٰذَا فَأَلْقُوهُ عَلَىٰ وَجْهِ أَبِى يَأْتِ بَصِيرًا وَأْتُونِى بِأَهْلِكُمْ أَجْمَعِينَ ﴾٩٣﴿
 • 'നിങ്ങള്‍ എന്‍റെ ഈ കുപ്പായവും കൊണ്ടുപോയി അതു എന്‍റെ പിതാവിന്‍റെ മുഖത്തു ഇട്ടു കൊടുക്കുക, അദ്ദേഹം കാഴ്ചയുള്ളവനായി വരും. നിങ്ങളുടെ കുടുംബത്തെ മുഴുവനും എന്‍റെ അടുക്കല്‍ കൊണ്ടുവരുകയും ചെയ്യുവിന്‍.'
 • اذْهَبُوا നിങ്ങള്‍ പോകുവിന്‍ بِقَمِيصِي എന്‍റെ കുപ്പായവുമായി هَـٰذَا ഈ فَأَلْقُوهُ എന്നിട്ടതു ഇടുവിന്‍ عَلَىٰ وَجْهِ മുഖത്തു أَبِي എന്‍റെ പിതാവിന്‍റെ يَأْتِ അദ്ദേഹം വരും بَصِيرًا കാഴ്ചയുള്ളവനായി وَأْتُونِي എന്‍റെ അടുക്കല്‍ വരുകയും ചെയ്യുവിന്‍ بِأَهْلِكُمْ നിങ്ങളുടെ കുടുംബത്തെക്കൊണ്ടു أَجْمَعِينَ മുഴുവന്‍, എല്ലാം.

യൂസുഫു(അ)നെപ്പറ്റി വ്യസനിച്ചും കരഞ്ഞും കൊണ്ടിരുന്നതിന്‍റെ ഫലമായി യഅ്ഖൂബ്‌ (അ) നബിയുടെ കണ്ണുകള്‍ തനിവെള്ളയായിത്തീര്‍ന്നുവെന്നു 84-ാം വചനത്തില്‍ കണ്ടുവല്ലോ. അങ്ങനെ അദ്ദേഹത്തിന്‍റെ കാഴ്ചയും നഷ്ടപ്പെട്ടിരുന്നു. ഈ വിവരം സഹോദരന്‍മാരുമായുള്ള സംസാരത്തില്‍നിന്നു യൂസുഫു (അ) അറിഞ്ഞു. അതുകൊണ്ടു എന്‍റെ ഈ കുപ്പായം നിങ്ങള്‍ കൊണ്ടുപോയി പിതാവിന്‍റെ മുഖത്തിട്ടു കൊടുക്കണമെന്നും, അപ്പോള്‍ അദ്ദേഹത്തിന്‍റെ വ്യസനമെല്ലാം നീങ്ങി മനസ്സിനു ആനന്ദവും കണ്ണിനു കുളിര്‍മ്മയും ലഭിക്കുമെന്നും, കണ്ണിന്‍റെ കാഴ്ച മടങ്ങിക്കിട്ടുമെന്നും അദ്ദേഹം സഹോദരന്‍മാരെ അറിയിക്കുകയാണ്. പിതാവടക്കമുള്ള അവരുടെ കുടുംബങ്ങളെ മുഴുവനും ഈജിപ്തിലേക്കു കൊണ്ടുചെല്ലുവാന്‍ കല്‍പിക്കുകയും ചെയ്തു.