യൂസുഫ്
മക്കായില്‍ അവതരിച്ചതു – വചനങ്ങള്‍ 111 – വിഭാഗം (റുകൂഅ്) 12

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

യൂസുഫ് (عليه الصلاة والسلام) നബിയുടെ ചെറുപ്പകാലം മുതല്‍ മരണംവരെയുള്ള ഒരു ചരിത്ര സംക്ഷേപമാണ് ഈ സൂറത്തിലെ ഇതിവൃത്തം. ഒരു ചെറിയ മുഖവുര ഒഴിവാക്കിയാല്‍ ആദ്യംതൊട്ടു നൂറുവരെയുള്ള വചനങ്ങളിലായി അതു നീണ്ടു കിടക്കുന്നു. പല നബിമാരുടേയും ജനതകളുടെയും കഥകളും ചരിത്ര സംഭവങ്ങളും ഖുര്‍ആനില്‍ അല്ലാഹു നമുക്കു വിവരിച്ചു തന്നിട്ടുണ്ട്. അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു വിവരണ രീതിയാണു ഈ സൂറത്തില്‍ അല്ലാഹു സ്വീകരിച്ചിരിക്കുന്നത്. നബിമാരുടെ കഥകളിലധികവും അവരും അവരെ നിഷേധിക്കുന്ന ജനങ്ങളും തമ്മില്‍ നടന്ന സംഭവങ്ങളായിരിക്കും. ഒരേ സംഭവം ഒന്നിലധികം സൂറത്തുകളില്‍ ആവര്‍ത്തിക്കപ്പെടലും, ഓരോ സ്ഥലത്തും മറ്റു സ്ഥലങ്ങളില്‍ സ്പര്‍ശിക്കപ്പെടാത്ത വിശദീകരണങ്ങള്‍ ഉണ്ടായിരിക്കലും പതിവാണ്. ഒരിക്കല്‍ സംക്ഷിപ്‍തമായി വിവരിക്കപ്പെട്ട ഒരു സംഭവം മറ്റൊരിക്കല്‍ വിസ്തരിച്ചു പറയപ്പെട്ടിരിക്കും. ചിലപ്പോള്‍ ഒരു സംഭവത്തിന്റെ വിവരണം ഒരു സ്ഥലത്ത് അതിന്റെ ആരംഭം മുതല്‍ക്കും, മറ്റൊരവസരത്തില്‍ അതിന്റെ ഇടക്കു നിന്നാരംഭിച്ചുമായിരിക്കും കാണുക. ചുരുക്കിപ്പറഞ്ഞാല്‍, പ്രതിപാദ്യ വിഷയങ്ങളിലെന്ന പോലെത്തന്നെ, സംഭവങ്ങളുടെ വിവരണത്തിലും ഖുര്‍ആനു ഖുര്‍ആന്റേതായ ഒരു പ്രത്യേക ശൈലിയാണുള്ളത്. (ഇതു സംബന്ധിച്ചു മുഖവുരയില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്.) വ്യത്യസ്ത രീതിയിലുള്ള അവതരണങ്ങള്‍ നിമിത്തം, ഓരോ സ്ഥലത്തെയും പ്രതിപാദനത്തില്‍ നിന്ന്‍ മറ്റേ സ്ഥലത്തില്ലാത്ത പുതിയ പാഠങ്ങളും സൂചനകളും നമുക്കു ലഭിക്കുന്നു. യൂസുഫ് (عليه الصلاة والسلام) നബിയുടെ ചരിത്രമാകട്ടെ, ഈ സൂറത്തിലല്ലാതെ മറ്റെവിടെയും വിവരിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ബാല്യംതൊട്ട് അവസാനം വരെയുള്ള സംഭവങ്ങള്‍ ക്രമപ്രകാരം വഴിക്കുവഴിയായിത്തന്നെ പരാമര്‍ശിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

എന്നാലും സാധാരണപോലെയുള്ള ഒരു ചരിത്ര ആഖ്യായികയുടെയോ നോവലിന്റെയോ മാതിരിയിലുള്ള പ്രതിപാദന രീതി ഈ സൂറത്തിലും കാണുകയില്ല. ഖുര്‍ആന്റെതായ ഒരു സവിശേഷത ഓരോ വചനത്തിലും കാണാവുന്നതുമാണ്. വാചകങ്ങള്‍ക്കിടയിലൂടേയും, വിഷയങ്ങളുടെ ചിത്രീകരണങ്ങളിലൂടെയും, വചനങ്ങളുടെ സമാപന വാക്യങ്ങളിലൂടെയും ആ ചരിത്ര വശങ്ങളിലടങ്ങിയ പാഠങ്ങളും, സാരോപദേശങ്ങളും ശ്രദ്ധിക്കപ്പെടേണ്ട തത്വ സൂചനകളും അല്‍പം ശ്രദ്ധയോടെ ഉറ്റു നോക്കുന്ന ഏവര്‍ക്കും – അവരവരുടെ കഴിവും ഭാഗ്യവും അനുസരിച്ചു – കണ്ടെത്തുവാന്‍ കഴിയുന്നതാകുന്നു. പല സഹോദരന്‍മാരും ഉള്‍കൊള്ളുന്ന ഒരു ഗൃഹത്തില്‍ മാതാപിതാക്കളുടെ പ്രത്യേക വാത്സല്യത്തിനുപാത്രമായ ബാലന്‍, ഒരു രാജകീയ ഭവനത്തിലെ അടിമ, അനിതരസാധാരണമായ സൗന്ദര്യം കൊണ്ടനുഗ്രഹിക്കപ്പെട്ട യുവാവ്, അക്കാരണം കൊണ്ടുതന്നെ ത്രീവ്രമായ പരീക്ഷണങ്ങള്‍ക്കു വിധേയനാവുകയും സത്യസന്ധതയും ഭയഭക്തിയും കൊണ്ടുമാത്രം അവയിലെല്ലാം വിജയം വരിക്കുകയും ചെയ്ത ചെറുപ്പക്കാരന്‍, നിഷ്കളങ്കതയും ചാരിത്ര ശുദ്ധിയും പരിരക്ഷിക്കുവാന്‍ വേണ്ടി സുഖസൗകര്യങ്ങളെല്ലാം ത്യജിച്ചു കൊല്ലങ്ങളോളം കാരാഗൃഹജീവിതം അനുഭവിക്കേണ്ടിവന്ന ത്യാഗവര്യന്‍, തടവറയില്‍വെച്ചുപോലും സത്യോപദേശം നടത്തിക്കൊണ്ടിരിക്കുകയും, തൗഹീദിലേക്കു ക്ഷണിച്ചുകൊണ്ടിരിക്കുകയും ചെയ്ത പരിഷ്കര്‍ത്താവ്, പ്രവാചകപാരമ്പര്യവും, സത്യമതപ്രബോധന കൃത്യവും പുലര്‍ത്തിക്കൊണ്ട് അവിശ്വാസിയായ രാജാവിന്റെ മന്ത്രിപദം ഏറ്റെടുക്കുകയും, സമര്‍ത്ഥമാംവണ്ണം അതു കൈകാര്യം ചെയ്യുകയും ചെയ്ത വിദഗ്ധനായ ഭരണകര്‍ത്താവ്, തന്നെ കൊലപ്പെടുത്തിയെന്നു വിചാരിച്ചു സംതൃപ്തിയടഞ്ഞ സഹോദരങ്ങള്‍ക്കു മാപ്പുനല്‍കി മാനിക്കുകയും, രാജസിംഹാസനത്തില്‍ വെച്ചു പോലും മാതാപിതാക്കളോടുള്ള ബഹുമാനത്തിനു മാതൃക കാണിക്കുകയും ചെയ്ത മഹാമനസ്കന്‍ എന്നിങ്ങനെ യൂസുഫ് (عليه الصلاة والسلام) നബിയുടെ വിവിധ കാലഘട്ടങ്ങളെ സ്പര്‍ശിച്ചുകൊണ്ടുള്ളതാണു ഈ സൂറത്ത്. ഏറ്റവും താഴേക്കിടയിലുള്ള സാധാരണക്കാരന്‍ മുതല്‍, മേലേക്കിടയിലുള്ള ഭരണാധിപന്‍മാര്‍വരെയുള്ള എല്ലാവര്‍ക്കും അനേകം പാഠങ്ങളും മാതൃകകളും ഈ ചരിത്ര വിവരണത്തില്‍ നിന്നു ലഭിക്കുവാനുണ്ട്. 7ആം വചനത്തിലും, അവസാനത്തിലും അല്ലാഹു തന്നെ ഇക്കാര്യം ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു.

ഈ ചരിത്രം മുന്‍വേദ ഗ്രന്ഥത്തില്‍ – അഥവാ തൗറാത്തില്‍- ഉള്ളതായി അവസാനത്തെ വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ ബൈബിളിലും (ഉല്‍പത്തി : അദ്ധ്യായം 37-50) അതു സവിസ്തരം കാണാവുന്നതുമാണ്. ഖുര്‍ആന്റെ പ്രസ്താവനകള്‍ക്കു യോജിക്കുന്നതും, യോജിക്കാത്തതുമായ ഭാഗങ്ങളും, ഖുര്‍ആനില്‍ സ്പര്‍ശിക്കപ്പെട്ടിട്ടില്ലാത്ത ചില ഭാഗങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. നമ്മുടെ ചില ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന ചില വിശദീകരണങ്ങള്‍ ഇസ്രാഈലി വാര്‍ത്തകളില്‍നിന്നു ഉടലെടുത്തതാണെന്നു ബൈബിള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഖുര്‍ആനോടു എതിരായ പരാമര്‍ശങ്ങള്‍ തിരസ്കരിക്കുന്നതു നിര്‍ബ്ബന്ധമാണെങ്കിലും, രണ്ടും കല്‍പിക്കുവാന്‍ നിവൃത്തിയില്ലാത്ത ഭാഗങ്ങളെപ്പറ്റി മൗനമവലംബിക്കുവാനേ നിവൃത്തിയുള്ളൂ. അറിയുവാന്‍ വേണ്ടി മാത്രം ഉദ്ധരിക്കുക എന്നല്ലാതെ, അവയെ ആധാരമാക്കി ഖുര്‍ആന്റെ പ്രസ്താവനകള്‍ക്കു വ്യാഖ്യാനം നിര്‍ണ്ണയിച്ചു കൂടാത്തതാണ്.

ഇമാം അഹ്മദു (رحمة الله عليه) ഉദ്ധരിക്കുന്നു : തനിക്കു വേദക്കാരില്‍ നിന്നു കിട്ടിയ ഒരു ഗ്രന്ഥവുമായി ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയുടെ അടുക്കല്‍ചെന്നു വായിച്ചു കേള്‍പ്പിച്ചു. തിരുമേനി ദ്വേഷ്യപ്പെട്ടുകൊണ്ടു ഇങ്ങിനെ പറഞ്ഞു : ‘ഖത്ത്വാബിന്റെ മകനേ, നിങ്ങള്‍ അതില്‍ ഭ്രമം പിടിപെട്ടവരാകുന്നുവോ?! എന്റെ ആത്മാവു ഏതൊരുവന്റെ കയ്യിലാണോ അവന്‍ തന്നെ സത്യം! ഞാന്‍ ഇതു (ഖുര്‍ആന്‍) നിങ്ങള്‍ക്കു ശുദ്ധവെള്ളയായ (യാതൊരു കലര്‍പ്പും കൂടാതെ) കൊണ്ടുവന്നിരിക്കുന്നു. നിങ്ങള്‍ അവരോടു (വേദക്കാരോടു) ഒന്നും ചോദിച്ചറിയേണ്ടതില്ല. കാരണം, അവര്‍ വല്ല യഥാര്‍ത്ഥവും നിങ്ങള്‍ക്കു പറഞ്ഞുതരുമ്പോള്‍ നിങ്ങള്‍ അതിനെ വ്യാജമാക്കുകയോ, അല്ലെങ്കില്‍ അയഥാര്‍ത്ഥമായ വല്ലതും പറഞ്ഞുതരുമ്പോള്‍ നിങ്ങളതു സത്യമാക്കുകയോ ചെയ്തേക്കും. എന്റെ ആത്മാവു ഏതൊരുവന്റെ കയ്യിലാണോ അവന്‍ തന്നെ സത്യം! മൂസാ (عليه الصلاة والسلام) ജീവിച്ചിരിക്കുന്നുണ്ടായിരുന്നാല്‍ എന്നെ പിന്‍പറ്റുകയല്ലാതെ അദ്ദേഹത്തിനു നിവൃത്തിയുണ്ടായിരിക്കയില്ല’. ഈ സംഭവം വേറെ മാര്‍ഗ്ഗങ്ങളിലൂടേയും വന്നിട്ടുള്ളതാണ്. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഈ സൂറത്തു പാരായണം ചെയ്യുന്നതു കേട്ട ചില യഹൂദികള്‍, അവരുടെ ഗ്രന്ഥത്തിലുള്ളതുമായി യോജിച്ചു കണ്ടതു കൊണ്ടു ഇസ്‌ലാമിനെ അംഗീകരിക്കുകയുണ്ടായതായി ഇമാം ബൈഹഖീ (رحمة الله عليه) അദ്ദേഹത്തിന്റെ -അ-ദ്ദലാഇല്‍’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതായി ഇബ്നു കഥീര്‍ (رحمة الله عليه) പ്രസ്താവിച്ചിരിക്കുന്നു.

12:1
  • الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ ﴾١﴿
  • 'അലിഫ് - ലാം - റാ'. ഇവ സ്പഷ്ടമായ (വേദ) ഗ്രന്ഥത്തിലെ 'ആയത്തു' [വചനം] കളാകുന്നു.
  • الر - 'അലിഫ് - ലാം - റാ' تِلْكَ - അവ, ഇവ آيَاتُ - ആയത്തു (വചനം - സൂക്തം - ലക്‌ഷ്യം) കളാണു الْكِتَابِ - വേദഗ്രന്ഥത്തിന്റെ الْمُبِينِ - സ്പഷ്ടമായ, വ്യക്തമായ
12:2
  • إِنَّآ أَنزَلْنَـٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ ﴾٢﴿
  • നിശ്ചയമായും, നാം ഇതിനെ ഒരു അറബീ (ഭാഷയിലുള്ള) ഖുര്‍ആനായി [പാരായണ ഗ്രന്ഥമായി] ക്കൊണ്ടു അവതരിപ്പിച്ചിരിക്കുന്നു : നിങ്ങള്‍ ബുദ്ധികൊടു (ത്തു ഗ്രഹി) ക്കുവാന്‍വേണ്ടി
  • إِنَّا أَنْزَلْنَاهُ - നിശ്ചയമായും നാമതു അവതരിപ്പിച്ചിരിക്കുന്നു قُرْآنًا ഒരു പാരായണ ഗ്രന്ഥമായി عَرَبِيًّا - അറബിയിലുള്ളതായ لَعَلَّكُمْ - നിങ്ങളാകുവാന്‍ വേണ്ടി, ആയേക്കാം تَعْقِلُونَ - ബുദ്ധികൊടുക്കുക, ഗ്രഹിക്കുക, ചിന്തിക്കുക

പ്രാരംഭത്തിലെ കേവലാക്ഷരങ്ങളെപ്പറ്റി സൂ : അല്‍ബഖറയുടെ ആരംഭത്തിലും മറ്റും വിവരിച്ചതു ഓര്‍ക്കുക. നബി (സ) അന്ത്യപ്രവാചകനും, ലോകാവസാനം വരെയുള്ള എല്ലാ ജനങ്ങളിലേക്കുമുള്ള റസൂലും തന്നെ. അതേസമയം അവിടുന്നു ജനിച്ചു വളര്‍ന്നതും, പ്രബോധനം നിര്‍വ്വഹിച്ചുകൊണ്ടിരുന്നതുമെല്ലാം അറബികളിലാണല്ലോ. അറബിഭാഷയാകട്ടെ, അക്കാലത്തെ ലോകഭാഷകളില്‍വെച്ച് എല്ലാനിലക്കും മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായിരുന്നു. പ്രവാചകന്റെ ഭാഷയല്ലാത്ത വേറെ ഏതെങ്കിലും ഒരു ഭാഷയില്‍ വേദഗ്രന്ഥം അവതരിക്കുന്നതു അപ്രായോഗികവുമാണല്ലോ. അങ്ങനെ, ഖുര്‍ആന്‍ അറബിഭാഷയിലായിത്തീര്‍ന്നു.
അല്ലാഹു പറയുന്നു :
وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ – سورة ابراهيم
(സാരം : ഒരു റസൂലിനെയും തന്നെ, അദ്ദേഹത്തിന്റെ ജനങ്ങളുടെ ഭാഷയിലായിട്ടല്ലാതെ നാം അയച്ചിട്ടില്ല. അദ്ദേഹം അവര്‍ക്കു വിവരിച്ചു കൊടുക്കുവാന്‍ വേണ്ടിയാണത്. (14:4) (*)


(*) ഖുര്‍ആന്‍ അറബി ഭാഷയിലുള്ളതാണെന്നിരിക്കെ അതു മറ്റു ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെടാമോ എന്നും മറ്റുമുള്ള വിവരങ്ങള്‍ മുഖവുരയില്‍ വിശദമായി വിവരിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു ഇവിടെ അതിനെപ്പറ്റി ഒന്നും സ്പര്‍ശിക്കുന്നില്ല.


‘പാരായണം’ എന്നും, ‘പാരായണഗ്രന്ഥം’ എന്നുമുള്ള രണ്ടര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാറുള്ള വാക്കാണു ‘ഖുര്‍ആന്‍’ (قرآن) ഏറ്റവും അധികം പാരായണം ചെയ്യപ്പെടുന്നതും, ചെയ്യപ്പെടേണ്ടതുമായതുകൊണ്ടു വിശുദ്ധ ഖുര്‍ആന്നു ആ പേര്‍ തികച്ചും അനുയോജ്യമായിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ പേരെന്ന നിലക്കു പറയുമ്പോള്‍ അതില്‍ ال (അല്‍) എന്ന അവ്യയം ചേര്‍ത്തു പ്രത്യേകിപ്പിച്ചുകൊണ്ടു القرآن (അല്‍ ഖുര്‍ആന്‍) എന്നു പറയുന്നു. അവശ്യം ആവശ്യമായ കാര്യങ്ങളെല്ലാം സ്പഷ്ടമായി വിവരിക്കുന്ന വേദഗ്രന്ഥത്തിലെ വചനങ്ങളാണിവയെന്നും, നിങ്ങള്‍ ബുദ്ധികൊടുത്തു ഗ്രഹിക്കുവാന്‍ വേണ്ടിയാണ് അതു അറബിഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നുമുള്ള മുഖവുരക്കുശേഷം, അടുത്ത വചനം മുതല്‍ സൂറത്തിന്റെ ഇതിവൃത്തത്തിലേക്കു പ്രവേശിക്കുന്നു :-

12:3
  • نَحْنُ نَقُصُّ عَلَيْكَ أَحْسَنَ ٱلْقَصَصِ بِمَآ أَوْحَيْنَآ إِلَيْكَ هَـٰذَا ٱلْقُرْءَانَ وَإِن كُنتَ مِن قَبْلِهِۦ لَمِنَ ٱلْغَـٰفِلِينَ ﴾٣﴿
  • ഏറ്റവും നല്ലൊരു കഥാവിവരണം നാം നിനക്ക് വിവരിച്ചുതരുകയാണ്‌ ; ഈ 'ഖുര്‍ആനെ' നാം നിനക്കു 'വഹ് യ്' [സന്ദേശം] നല്‍കിയിരിക്കുന്നതുമൂലം.
    നിശ്ചയമായും, ഇതിനു മുമ്പ് നീ (ഇതിനെപ്പറ്റി അറിയാത്ത) അശ്രദ്ധന്‍മാരില്‍ പെട്ടവന്‍ തന്നെയായിരുന്നു.
  • نَحْنُ - നാം نَقُصُّ - നാം കഥനം ചെയ്യുന്നു, വിവരിക്കുകയാണു عَلَيْكَ - നിനക്കു أَحْسَنَ - ഏറ്റവും നല്ലതിനെ الْقَصَصِ - കഥാവിവരണത്തില്‍ بِمَا أَوْحَيْنَا - നാം വഹ് യു നല്‍കിയതു മൂലം إِلَيْكَ - നിനക്കു, നിന്നിലേക്കു هَٰذَا الْقُرْآنَ - ഈ ഖുര്‍ആനെ وَإِنْ كُنْتَ - നിശ്ചയമായും നീയായിരുന്നു مِنْ قَبْلِهِ - ഇതിനു മുമ്പു لَمِنَ പെട്ട (വന്‍) തന്നെ الْغَافِلِينَ - അശ്രദ്ധരില്‍ (അറിയാത്തവരില്‍)

ഏറ്റവും നല്ലൊരു കഥനം (أَحْسَنَ الْقَصَصِ) എന്നു ഈ കഥയെ വിശേഷിപ്പിച്ചതിലടങ്ങിയ രഹസ്യങ്ങള്‍ പ്രാരംഭത്തില്‍ നാം ചൂണ്ടിക്കാട്ടിയ വിവരങ്ങളില്‍ നിന്നു ഏറെക്കുറെ മനസ്സിലാക്കാമല്ലോ. കുറേ കാലം നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ജനങ്ങള്‍ക്കു ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍, അവര്‍ക്കു വല്ല കഥാവിവരണവും കേട്ടാല്‍ കൊള്ളാമെന്നു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യോടു അവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായെന്നും, ആ അവസരത്തിലാണ് ഈ അദ്ധ്യായം അവതരിച്ചതെന്നും സഅ്ദുബ്നു അബീ വഖ് – ഖാസ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു രിവായത്തു ചെയ്യപ്പെട്ടിരിക്കുന്നു. الله اعلم

ഖുര്‍ആനാകുന്ന ദിവ്യസന്ദേശങ്ങള്‍ നല്‍കുന്ന കൂട്ടത്തില്‍ പെട്ട ഒരു സന്ദേശമാണ് ഈ സൂറത്തു എന്നും, ഇതിലെ ഉള്ളടക്കമായ ചരിത്രകഥയെപ്പറ്റി മുമ്പ് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)ക്കു അറിയാമായിരുന്നില്ലെന്നും പറഞ്ഞതില്‍ നിന്ന്‍ ഈ സൂറത്തു നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യുടെ സത്യതക്കുള്ള ഒരു ദൃഷ്ടാന്തം കൂടിയാണെന്നു മനസ്സിലാക്കാം. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم)ക്കും, അവിടുത്തെ ജനതക്കും അറിഞ്ഞുകൂടാത്ത ഒരു മുന്‍കാലചരിത്രം അവിടുന്നു വിവരിക്കുകയും, മുന്‍ വേദഗ്രന്ഥത്തില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ളതിനോടു അതു യോജിച്ചുവരുകയും ചെയ്യുമ്പോള്‍, അതു അല്ലാഹുവിങ്കല്‍ നിന്നല്ലാതെ ലഭിച്ചതായിരിക്കുകയില്ലെന്നു വ്യക്തമാണല്ലോ. ഈ ആമുഖത്തോടു കൂടി അല്ലാഹു കഥാവിവരണം ആരംഭിക്കുന്നു:-

12:4
  • إِذْ قَالَ يُوسُفُ لِأَبِيهِ يَـٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَـٰجِدِينَ ﴾٤﴿
  • യൂസുഫ് അദ്ദേഹത്തിന്റെ പിതാവിനോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക)! എന്റെ പിതാവേ, ഞാന്‍ പതിനൊന്നു നക്ഷത്രങ്ങളെയും, സൂര്യനെയും, ചന്ദ്രനെയും
    സ്വപ്നം കണ്ടു, അതായതു, എനിക്ക് 'സുജൂദു' ചെയ്യുന്നവരായി അവരെ ഞാന്‍ കണ്ടു.
  • إِذْ قَالَ - പറഞ്ഞ സന്ദര്‍ഭം يُوسُفُ - യൂസുഫ് لِأَبِيهِ - തന്റെ പിതാവിനോട് يَا أَبَتِ - എന്റെ പിതാവേ إِنِّي رَأَيْتُ - നിശ്ചയമായും ഞാന്‍ (സ്വപ്നം) കണ്ടു أَحَدَ عَشَرَ - പതിനൊന്നു كَوْكَبًا - നക്ഷത്രത്തെ وَالشَّمْسَ - സൂര്യനെയും وَالْقَمَرَ - ചന്ദ്രനെയും رَأَيْتُهُمْ - അവരെ ഞാന്‍ കണ്ടു لِي - എനിക്കു سَاجِدِينَ - സുജൂദു ചെയ്യുന്നവരായിട്ടു

رأى (റആ) എന്ന ക്രിയാരൂപത്തിനു ‘കണ്ടു’വെന്നാണു പൊതുവില്‍ അര്‍ത്ഥം. എന്നാല്‍, കണ്ണുകൊണ്ടുള്ള കാഴ്ച  (رؤية) കണ്ടുവെന്നും, ബുദ്ധികൊണ്ടുള്ള കാഴ്ച അഥവാ അഭിപ്രായം (رأى) കണ്ടുവെന്നും, സ്വപ്നകാഴ്ച (رؤيا) കണ്ടുവെന്നും സന്ദര്‍ഭോചിതം അതിനു അര്‍ത്ഥമാറ്റം വരുന്നതാണ്. ഇവിടെ സ്വപ്നക്കാഴ്ചയാണുദ്ദേശ്യം.

യൂസുഫ് (عليه الصلاة والسلام) നബിയെപ്പറ്റി നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم
) തിരുമേനി ഒരിക്കല്‍ ഇങ്ങിനെ പറയുകയുണ്ടായി : ‘മാന്യന്റെ മകനായ, മാന്യന്റെ മകനായ, മാന്യന്റെ മകനായ മാന്യന്‍ – ഇബ്രാഹീമിന്റെ മകന്‍ ഇസ്ഹാഖിന്റെ മകന്‍ യഅ്ഖൂബിന്റെ മകന്‍ യൂസുഫ്’. (അ;ബു.) സ്വപ്നത്തില്‍ കണ്ട പതിനൊന്നു നക്ഷത്രങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്ന പതിനൊന്നു സഹോദരന്‍മാരെയും, സൂര്യനും ചന്ദ്രനും അദ്ധേഹത്തിന്റെ പിതാവിനെയും മാതാവിനെയുമാണ് സൂചിപ്പിക്കുന്നതെന്നും അവരെല്ലാം ഒരു കാലത്ത് അദ്ദേഹത്തിന്റെ മുമ്പില്‍ തലകുനിക്കേണ്ടിവരൂമെന്നുമായിരുന്നു ആ സ്വപ്നത്തിന്റെ പൊരുള്‍. ഈ സ്വപ്നം കാണുന്ന കാലത്തു യൂസുഫ് (عليه الصلاة والسلام) കേവലം ഒരു ബാലന്‍ മാത്രമായിരുന്നുവന്നു വഴിയെ മനസ്സിലാക്കാവുന്നതാകുന്നു. ഉന്നതന്മാരെ സമീപിക്കുമ്പോള്‍, ആദരവിന്റെയും ബഹുമാനത്തിന്റെയും അടയാളമായി തലകുനിക്കലും, കുമ്പിടലും, മുട്ടുകുത്തലുമൊക്കെ അക്കാലങ്ങളില്‍ പതിവുണ്ടായിരുന്നു. ഇങ്ങിനെയുള്ള ഉപചാരങ്ങള്‍ക്കും സുജൂദ് എന്നു പറയപ്പെടാറുണ്ട്. ഇങ്ങിനെയുള്ള ഏതെങ്കിലും വല്ല ഉപചാരകൃത്യങ്ങള്‍ പ്രസ്തുത ഗ്രഹങ്ങള്‍ ചെയ്യുന്നതായി അദ്ദേഹം സ്വപ്നം കണ്ടിരിക്കാം. അതായിരിക്കാം അവരെ സുജൂദ് ചെയ്യുന്നവരായി (ساجدين) കണ്ടുവെന്നു പറഞ്ഞതിന്റെ താല്‍പര്യം. പ്രിയ പുത്രന്റെ സ്വപ്നവാര്‍ത്ത കേട്ടപ്പോള്‍, അതു സഹോദരന്‍മാരെ അറിയിക്കുന്നതു നന്നല്ലെന്നു യഅ്ഖൂബ് (عليه الصلاة والسلام) നബിക്കു മനസ്സിലായി.

12:5
  • قَالَ يَـٰبُنَىَّ لَا تَقْصُصْ رُءْيَاكَ عَلَىٰٓ إِخْوَتِكَ فَيَكِيدُوا۟ لَكَ كَيْدًا ۖ إِنَّ ٱلشَّيْطَـٰنَ لِلْإِنسَـٰنِ عَدُوٌّ مُّبِينٌ ﴾٥﴿
  • അദ്ദേഹം പറഞ്ഞു : 'കുഞ്ഞുമകനേ, നിന്റെ സ്വപ്നം നിന്റെ സഹോദരന്മാര്‍ക്ക് നീ വിവരിച്ചുകൊടുക്കരുത്; എന്നാല്‍, വല്ല തന്ത്രം നിന്നോടു പ്രയോഗിച്ചേക്കും.
    നിശ്ചയമായും, പിശാച് മനുഷ്യനു ഒരു പ്രത്യക്ഷ ശത്രുവാകുന്നു.
  • قَالَ - അദ്ദേഹം പറഞ്ഞു يَا بُنَيَّ - എന്റെ കുഞ്ഞുമോനെ لَا تَقْصُصْ - നീ കഥനം ചെയ്യരുതു, വിവരിക്കരുതു رُؤْيَاكَ - നിന്റെ സ്വപ്നത്തെ عَلَىٰ إِخْوَتِكَ - നിന്റെ സഹോദരന്മാര്‍ക്കു فَيَكِيدُوا - എന്നാല്‍ അവര്‍ തന്ത്രം പ്രയോഗിക്കും لَكَ - നിന്നോടു كَيْدًا - വല്ല തന്ത്രവും إِنَّ الشَّيْطَانَ - നിശ്ചയമായും പിശാചു لِلْإِنْسَانِ - മനുഷ്യനു عَدُوٌّ - ശത്രുവാകുന്നു مُبِينٌ - പ്രത്യക്ഷമായ, സ്പഷ്ടമായ, തനി

12:6
  • وَكَذَٰلِكَ يَجْتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأْوِيلِ ٱلْأَحَادِيثِ وَيُتِمُّ نِعْمَتَهُۥ عَلَيْكَ وَعَلَىٰٓ ءَالِ يَعْقُوبَ كَمَآ أَتَمَّهَا عَلَىٰٓ أَبَوَيْكَ مِن قَبْلُ إِبْرَٰهِيمَ وَإِسْحَـٰقَ ۚ إِنَّ رَبَّكَ عَلِيمٌ حَكِيمٌ ﴾٦﴿
  • 'അപ്രകാരം, നിന്റെ റബ്ബ് നിന്നെ തിരഞ്ഞെടുക്കുന്നതാണ്; നിനക്കു അവന്‍ വര്‍ത്തമാനങ്ങുടെ വ്യാഖ്യാനത്തില്‍ നിന്നും പഠിപ്പിച്ചുതരുകയും ചെയ്യും; നിന്റെ മേലും, യഅ്ഖൂബ് കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹം അവന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും; മുമ്പ് നിന്റെ രണ്ടു പിതാക്കള്‍ ഇബ്രാഹീമിന്റെയും, ഇസ്ഹാഖിന്റെയും മേല്‍ അതിനെ അവന്‍ പൂര്‍ത്തിയാക്കിയതുപോലെ.
    നിശ്ചയമായും, നിന്റെ റബ്ബ് സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു'
  • وَكَذَٰلِكَ - അപ്രകാരം يَجْتَبِيكَ - നിന്നെ തിരഞ്ഞെടുക്കും رَبُّكَ - നിന്റെ റബ്ബു وَيُعَلِّمُكَ - നിനക്കു (നിന്നെ) അവന്‍ പഠിപ്പിക്കുകയും ചെയ്യും مِنْ تَأْوِيلِ - വ്യാഖ്യാനത്തില്‍ (പൊരുളില്‍) നിന്നും الْأَحَادِيثِ - വര്‍ത്തമാനങ്ങളുടെ (സ്വപ്ന) വാര്‍ത്തകളുടെ وَيُتِمُّ - അവന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും نِعْمَتَهُ - അവന്റെ അനുഗ്രഹത്തെ عَلَيْكَ - നിന്റെമേല്‍ وَعَلَىٰ آلِ - കുടുംബത്തിന്റെ മേലും يَعْقُوبَ - യഅ്ഖൂബിന്റെ كَمَا أَتَمَّهَا - അതിനെ അവന്‍ പൂര്‍ത്തിയാക്കിയതുപോലെ عَلَىٰ أَبَوَيْكَ - നിന്റെ രണ്ടു പിതാക്കളുടെമേല്‍ مِنْ قَبْلُ - മുമ്പ് إِبْرَاهِيمَ - ഇബ്രാഹീമിന്റെ وَإِسْحَاقَ - ഇസ്ഹാഖിന്റെയും إِنَّ رَبَّكَ - നിശ്ചയമായും നിന്റെ റബ്ബു عَلِيمٌ - (സര്‍വ്വ) ജ്ഞനാണു حَكِيمٌ - അഗാധജ്ഞന്‍, യുക്തിമാന്‍.

ഈ സ്വപ്നം വിവരം സഹോദരന്മാര്‍ അറിയുന്നപക്ഷം, അവര്‍ക്കു യൂസുഫ് (عليه الصلاة والسلام) നോടു അസൂയ തോന്നിയേക്കുമെന്നും, അങ്ങിനെ അദ്ദേഹത്തിനെതിരായി വല്ല കുതന്ത്രങ്ങളും പ്രവര്‍ത്തിച്ചു അദ്ദേഹത്തെ എന്തെങ്കിലും കെണിയില്‍ അകപ്പെടുത്തിയേക്കുമെന്നും യഅ്ഖൂബ് (عليه الصلاة والسلام) ഭയപ്പെട്ടു. കിട്ടുന്ന അവസരമെല്ലാം അതിസമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയും, സന്ദര്‍ഭത്തിനൊത്ത ദുഷ്പ്രേരണകള്‍ നല്‍കിയും മനുഷ്യനെ വഞ്ചിക്കുക പിശാചിന്റെ പണിയാണല്ലോ. അതുകൊണ്ടു ഈ വിവരം സഹോദരന്മാരെ അറിയിക്കരുതെന്നു അദ്ദേഹം യൂസുഫ് (عليه الصلاة والسلام)നെ വിലക്കി. സ്വപ്നത്തിന്റെ ഒരു സാമാന്യവ്യാഖ്യാനം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. സ്വപ്നത്തില്‍ സൂചനയുള്ളത് പോലെ നിന്റെ റബ്ബ് നിനക്ക് ഉയര്‍ന്ന പദവികള്‍ നല്‍കി നിന്നെ ഉല്‍കൃഷ്ടനാക്കും; സ്വപ്നവാര്‍ത്തകളുടെയും മറ്റും വ്യാഖ്യാന വിജ്ഞാനങ്ങള്‍ നല്‍കി നിന്നെ അവന്‍ അനുഗ്രഹിക്കും; നിന്റെ പിതാമഹന്‍മാരായ ഇബ്രാഹീം (عليه الصلاة والسلام) നബി, ഇസ്ഹാഖ് (عليه الصلاة والسلام) നബി എന്നിവര്‍ക്കു പ്രവാചകത്വം തുടങ്ങിയ അനുഗ്രഹങ്ങള്‍ നല്‍കിയിരുന്നതുപോലെ നിനക്കും അവന്‍ ഉന്നത പദവികള്‍ തന്നനുഗ്രഹിച്ചേക്കും; അങ്ങനെ, നിനക്കു പ്രത്യേകിച്ചും, നിന്റെ പിതൃകുടുംബത്തിനു പൊതുവായും അതു വമ്പിച്ച അനുഗ്രഹമായിത്തീര്‍ന്നേക്കും എന്നൊക്കെ യഅ്ഖൂബ് (عليه الصلاة والسلام) പുത്രനെ മനസ്സിലാക്കി. ആ വന്ദ്യപിതാവിന്റെ പ്രവചനങ്ങളെല്ലാം തന്നെ യഥാര്‍ത്ഥമായി പിന്നീടു പുലര്‍ന്നിട്ടുണ്ടെന്നു താഴെ വചനങ്ങളില്‍ നിന്നു സ്പഷ്ടമാകുന്നതാണ്. 100-ആം വചനത്തില്‍ യൂസുഫ് (عليه الصلاة والسلام) അതു വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നതും കാണാം.

യഅ്ഖൂബ് (عليه الصلاة والسلام) നബിയുടെ മറ്റൊരു പേരാണു ഇസ്രാഈല്‍ എന്നും, അദ്ദേഹത്തിന്റെ പന്ത്രണ്ടു മക്കളുടെ സന്താന പരമ്പരകള്‍ക്കാണ്  ‘ബനൂ ഇസ്രാഈല്‍’ (ഇസ്രാഈല്‍ സന്തതികള്‍) എന്നു പറയുന്നതെന്നും മുമ്പു നാം പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ട്. പന്ത്രണ്ടു മക്കളില്‍ അവസാനത്തെ രണ്ടു മക്കളായിരുന്നു യൂസുഫും, ബിന്‍യാമീനും. ഇവര്‍ രണ്ടാളും ഒരു മാതാവില്‍ നിന്നുള്ളവരായിരുന്നുവെന്നും, ഇവര്‍ രണ്ടാളോടും – പ്രത്യേകിച്ചും യൂസുഫിനോടു, പിതാവിനു കൂടുതല്‍ വാത്സല്യമുണ്ടായിരുന്നുവെന്നും, അതുകൊണ്ടു മൂത്ത പുത്രന്‍മാര്‍ക്ക് അവരുടെ നേരെ അനിഷ്ടം തോന്നിയിരുന്നുവെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞുകാണുന്നു. ബൈബിളിലും അപ്രകാരം കാണാം.

റസൂല്‍ (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി അരുളിച്ചെയ്തതായി അബൂ ഖത്താദഃ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്ഥാവിച്ചിരിക്കുന്നു: ‘നല്ല സ്വപ്നം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. ദുസ്വപ്നം പിശാചില്‍ നിന്നുമാകുന്നു. നിങ്ങളിലാരെങ്കിലും താന്‍ ഇഷ്ടപ്പെടുന്ന സ്വപ്നം കണ്ടാല്‍, അവന്‍ ഇഷ്ടപ്പെടുന്ന ആളോടല്ലാതെ അതിനെക്കുറിച്ചു സംസാരിക്കരുത്. ഒരാള്‍ തനിക്കു അനിഷ്ടമായ സ്വപ്നം കണ്ടാല്‍, അതിന്റെ ദോഷത്തില്‍ നിന്നും, പിശാചിന്റെ ദോഷത്തില്‍ നിന്നും അവന്‍ അല്ലാഹുവിനോടു രക്ഷ തേടിക്കൊള്ളട്ടെ. മൂന്നു പ്രാവശ്യം അവന്‍ തുപ്പുകയും ചെയ്തുകൊള്ളട്ടെ. അതിനെപ്പറ്റി ആരോടും പറയുകയും ചെയ്യരുത്. എന്നാല്‍ അതവനു ഉപദ്രവം വരുത്തുകയില്ല’. (ബു; മു) ജാബിര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ച ഹദീസിലെ വാചകം ഇങ്ങിനെയാണ്; ‘നിങ്ങളിലൊരാള്‍ അവനു അനിഷ്ടകരമായ സ്വപ്നം കണ്ടാല്‍, അവന്‍ തന്റെ ഇടതുഭാഗത്തേക്കു മൂന്നു പ്രാവശ്യം തുപ്പുകയും, മൂന്നു പ്രാവശ്യം പിശാചില്‍നിന്നു അല്ലാഹുവിനോടു രക്ഷ തേടുകയും, അവന്‍ കിടന്നിരുന്ന ഭാഗം മാറി തിരിഞ്ഞുകിടക്കുകയും ചെയ്തുകൊള്ളട്ടെ’. (മു.) പിശാചിനെക്കുറിച്ചുള്ള വെറുപ്പ്‌ പ്രകടിപ്പിക്കുകയാണു തുപ്പല്‍കൊണ്ടുദ്ദേശ്യം. അഥവാ ഉമിനീര്‍ തുപ്പിക്കളയുകയെന്നല്ല.