വിഭാഗം - 3

12:21
  • وَقَالَ ٱلَّذِى ٱشْتَرَىٰهُ مِن مِّصْرَ لِٱمْرَأَتِهِۦٓ أَكْرِمِى مَثْوَىٰهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًا ۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ وَلِنُعَلِّمَهُۥ مِن تَأْوِيلِ ٱلْأَحَادِيثِ ۚ وَٱللَّهُ غَالِبٌ عَلَىٰٓ أَمْرِهِۦ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٢١﴿
  • മിസ്വ'റില്‍ [ഈജിപ്തില്‍] നിന്നു അദ്ദേഹത്തെ (വിലയ്ക്ക്) വാങ്ങിയവന്‍ തന്റെ സ്ത്രീ [ഭാര്യ]യോടു പറഞ്ഞു : 'ഇവന്റെ (നമ്മുടെ കൂടെയുള്ള) താമസത്തെ നീ മാന്യമാക്കണം; അവന്‍ നമുക്കു പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍, നമുക്കവനെ ഒരു (പോറ്റു) കുട്ടിയാക്കി വെക്കാം.'

    അപ്രകാരം, യൂസുഫിനു ഭൂമിയില്‍ നാം സൗകര്യമുണ്ടാക്കിക്കൊടുത്തു. വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നും അദ്ദേഹത്തിനു നാം പഠിപ്പിക്കുവാന്‍ വേണ്ടിയും (കൂടി) ആകുന്നു (അതു). അല്ലാഹു അവന്റെ കാര്യത്തില്‍ [കാര്യം നടപ്പില്‍ വരുത്തുന്നതില്‍] വിജയിക്കുന്നവനാണു; എങ്കിലും മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.
  • وَقَالَ الَّذِي യാതൊരുവന്‍ പറഞ്ഞു اشْتَرَاهُ അദ്ദേഹത്തെ വാങ്ങിയ مِنْ مِصْرَ മിസ്രില്‍ (ഈജിപ്തി)ല്‍ നിന്നു لِامْرَأَتِهِ തന്റെ സ്ത്രീയോടു, ഭാര്യയോടു أَكْرِمِي നീ ആദരിക്കുക,
    മാന്യമാക്കണം مَثْوَاهُ അവന്റെ താമസം, പാര്‍പ്പിടത്തെ عَسَىٰ ആയേക്കാം أَنْ يَنْفَعَنَا അവന്‍ നമുക്കു പ്രയോജനപ്പെടുക أَوْ نَتَّخِذَهُ അല്ലെങ്കില്‍ നമുക്കവനെ ആക്കാം وَلَدًا ഒരു സന്താനം, കുട്ടി وَكَذَٰلِكَ അപ്രകാരം مَكَّنَّا നാം ഹിതം (സൗകര്യം-സ്ഥാനം-ഇടം) നല്‍കി لِيُوسُفَ യൂസുഫിനു فِي الْأَرْضِ ഭൂമിയില്‍ وَلِنُعَلِّمَهُ അദ്ദേഹത്തിനു നാം
    പഠിപ്പിക്കുവാന്‍വേണ്ടിയും مِنْ تَأْوِيلِ വ്യാഖ്യാനത്തില്‍ (പൊരുളില്‍) നിന്നു الْأَحَادِيثِ വര്‍ത്തമാനങ്ങളുടെ, വിഷയങ്ങളുടെ وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ غَالِبٌ
    ജയിക്കുന്നവനാണു عَلَىٰ أَمْرِهِ അവന്റെ കാര്യത്തില്‍, കാര്യത്തിനു وَلَٰكِنَّ എങ്കിലും, പക്ഷേ أَكْثَرَ അധികവും (അധികമാളും) النَّاسِ മനുഷ്യരില്‍ لَا يَعْلَمُونَ അറിയുകയില്ല,
    അവര്‍ക്കറിഞ്ഞുകൂടാ
12:22
  • وَلَمَّا بَلَغَ أَشُدَّهُۥٓ ءَاتَيْنَـٰهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴾٢٢﴿
  • അദ്ദേഹം തന്റെ പൂര്‍ണ്ണശക്തി [പക്വമായ പ്രായം] പ്രാപിച്ചപ്പോള്‍, അദ്ദേഹത്തിനു നാം വിജ്ഞാനവും, അറിവും നല്‍കി. അപ്രകാരം, സുകൃതം ചെയ്യുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നതാണു.
  • وَلَمَّا بَلَغَ അദ്ദേഹം എത്തിയ (പ്രാപിച്ച)പ്പോള്‍ أَشُدَّهُ അദ്ദേഹത്തിന്റെ പൂര്‍ണ്ണശക്തി കൂടുതല്‍ ബലവത്തായ സ്ഥിതി آتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കി حُكْمًا
    വിജ്ഞാനം, വിധി وَعِلْمًا അറിവും, ജ്ഞാനവും وَكَذَٰلِكَ അപ്രകാരം, അതുപോലെയത്രെ نَجْزِي നാം പ്രതിഫലം കൊടുക്കുന്ന الْمُحْسِنِينَ സുകൃതം (നന്മ-സല്‍ഗുണം) ചെയ്യുന്നവര്‍ക്കു

യൂസുഫ് (അ) നെ വാങ്ങിയ ഈജിപ്തുകാരന്റെ പേര്‍ ഖുര്‍ആനില്‍ പറയപ്പെട്ടിട്ടില്ല. 30ആം വചനത്തില്‍ അയാളെപ്പറ്റി ‘അസീസ്’ (العزيز) എന്ന്‍ വിശേഷിപ്പിച്ചിട്ടുണ്ടെന്ന്‍ മാത്രം. ഇതിന്റെ അര്‍ത്ഥം യഥാസ്ഥാനത്തു വിവരിക്കുന്നുണ്ട്. തുടര്‍ന്നുള്ള പരാമര്‍ശങ്ങളില്‍ നിന്നും അദ്ദേഹം ഈജിപ്തില്‍ വളരെ ഉന്നത പദവിയിലുള്ള ഒരാളായിരുന്നുവെന്നു മനസ്സിലാക്കാം. രാജാവിന്റെ പ്രധാന മന്ത്രിയായിരുന്നുവെന്നും, ധനകാര്യ മേലധികാരിയായിരുന്നുവെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. ബൈബ് ളില്‍ : ‘മിദ്യാന്യര്‍ അവനെ മിസ്രയീമില്‍ ഫറവോന്റെ (രാജാവായ ഫിര്‍ഔന്റെ) ഒരു ഉദ്യോഗസ്ഥനായി അകമ്പടി നായകനായ പോത്തീഫറിന്നു വിറ്റു’ എന്നു പറഞ്ഞിരിക്കുന്നു. (ഉല്‍പഃ 37ല്‍ 35). ഏതായാലും അദ്ദേഹത്തെ വാങ്ങിയ ആള്‍ അദ്ദേഹത്തില്‍ പല ശുഭലക്ഷണങ്ങളുമുള്ളതായി
മനസ്സിലാക്കി. തന്റെ പത്നിയായ ഗൃഹനായികയോട് അതു സൂചിപ്പിക്കുകയും അവനെ ഒരടിമയെപ്പോലെ കണക്കാക്കാതെ മാന്യമായ നിലക്കു വീട്ടില്‍ പാര്‍പ്പിക്കണമെന്നു കല്‍പിക്കുകയും ചെയ്തു. ഈ സ്ത്രീയുടെ പേര്‍ സുലൈഖ (زليخا) എന്നാണ് പരക്കെ അറിയപ്പെടുന്നത്. റാഈല്‍ (راعيل) എന്നായിരുന്നുവെന്നും, റാഈലിന്റെ ഒരു മറു പേരായിരുന്നു സുലൈഖാ എന്നും പറയപ്പെട്ടിട്ടുണ്ട്. اللهُ أعلم

ജീവനാശം വരെയുള്ള കഷ്ടാവസ്ഥകളില്‍ നിന്നെല്ലാം രക്ഷപ്പെടുത്തി യൂസുഫിനെ ഇങ്ങനെ മാന്യമായ ഒരു നിലപാടിലെത്തിച്ചതില്‍ അല്ലാഹു പല യുക്തികളും കണ്ടുവെച്ചിട്ടുണ്ട്; അതുമുഖേന അദ്ദേഹത്തിനു സ്വപ്നവ്യാഖ്യാനം തുടങ്ങിയ വൈജ്ഞാനിക യഥാര്‍ത്ഥ്യങ്ങള്‍ പലതും പഠിക്കുവാനും, പരിചയിക്കുവാനും സൗകര്യമുണ്ടാക്കും; അല്ലാഹു നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്ന കാര്യപരിപാടികളെല്ലാം അവന്‍ ഒരു വിഘ്നവും കൂടാതെ നടപ്പിലാക്കുക തന്നെ ചെയ്യും; പക്ഷെ, മിക്ക ആളുകള്‍ക്കും അതു മനസ്സിലാക്കുവാന്‍ കഴിയുകയില്ല എന്നൊക്കെയാണു ആദ്യത്തെ വചനത്തില്‍ തുടര്‍ന്നു പറഞ്ഞതിന്റെ സാരം. ശാരീരികവും, ബുദ്ധിപരവുമായ പൂര്‍ണ്ണശക്തി പ്രാപിക്കുന്നതിനു മുമ്പു അങ്ങനെ പലതും കഴിഞ്ഞു. പൂര്‍ണ്ണശക്തിയും പക്വതയും പ്രാപിച്ചു കഴിഞ്ഞതോടുകൂടി അദ്ദേഹത്തിനു അറിവ്,
യുക്തിജ്ഞാനം, കാര്യങ്ങളില്‍ തീരുമാനം കാണുവാനുള്ള വൈഭവം ആദിയായവ നല്‍കി അനുഗ്രഹിക്കുകയും ചെയ്തു എന്നൊക്കെയാണു രണ്ടാമത്തെ വചനത്തില്‍ പറഞ്ഞതിന്റെ സാരം.

ശാരീരികവും മാനസികവുമായ പൂര്‍ണത പ്രാപിക്കാന്‍ بلوغ الاشد ഏറെക്കുറെ മുപ്പതിനും നാല്‍പ്പതിനും ഇടക്കുള്ള പ്രായത്തിലായിരിക്കും. ഒരു നിശ്ചിത വയസ്സില്‍ പരിമിതമല്ല അത്‌. ‘അദ്ദേഹത്തിനു വിജ്ഞാനവും അറിവും നല്‍കി’ എന്നു പറഞ്ഞതിന്‍റെ താല്‍പര്യം പ്രവാചകത്വം നല്‍കി എന്നാണെന്നും, മുപ്പതോ മുപ്പത്തിമൂന്നോ വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിനു പ്രവാചകത്വം ലഭിച്ചിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അല്ലാഹുവിനറിയാം. പൂര്‍ണ്ണത പ്രാപിച്ചശേഷം നല്‍കപ്പെട്ട ‘വിജ്ഞാനവും അറിവും’ കൊണ്ട് ഉദ്ദേശിക്കപ്പെട്ടത്‌ പ്രവാചകത്വം ആയിരുന്നാലും അല്ലെങ്കിലും ശരി, അടുത്ത വചനത്തിലും തുടര്‍ന്നുള്ള ഏതാനും വചനങ്ങളിലും പ്രസ്താവിക്കപ്പെട്ട സംഭവങ്ങള്‍ അതിനു മുമ്പു സംഭവിച്ചവയാണെന്നുള്ളതില്‍ സംശയമില്ല. അദ്ദേഹം അസീസിന്‍റെ വീട്ടില്‍ മാന്യമായി ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടായ ഒരു പ്രധാന സംഭവമാണു അടുത്ത വചനത്തില്‍ കാണുന്നത് :-

12:23
  • وَرَٰوَدَتْهُ ٱلَّتِى هُوَ فِى بَيْتِهَا عَن نَّفْسِهِۦ وَغَلَّقَتِ ٱلْأَبْوَٰبَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ ٱللَّهِ ۖ إِنَّهُۥ رَبِّىٓ أَحْسَنَ مَثْوَاىَ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ ﴾٢٣﴿
  • അദ്ദേഹം യാതൊരുവളുടെ വീട്ടിലാണോ അവള്‍ അദ്ദേഹത്തെ വശീകരിക്കുവാന്‍ [അധീനപ്പെടുത്തുവാന്‍] ശ്രമം നടത്തി.
    അവള്‍ വാതിലുകള്‍ (അടച്ചു) പൂട്ടുകയും ചെയ്തു. 'ഇങ്ങോട്ടുവാ!' എന്നു അവള്‍ പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞു : അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവന്‍, എന്‍റെ രക്ഷിതാവാണ്‌; എന്‍റെ താമസം (ഇവിടെ) അവന്‍ നന്നാക്കി തന്നിരിക്കുന്നു നിശ്ചയമായും കാര്യം : അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല.
  • وَرَاوَدَتْهُ അദ്ദേഹത്തോട് വശീകരണശ്രമം നടത്തി (നയത്തില്‍ തന്ത്രം പ്രയോഗിച്ചു) الَّتِي യാതൊരുവള്‍ هُوَ അദ്ദേഹം فِي بَيْتِهَا അവളുടെ വീട്ടിലാണു عَنْ نَفْسِهِ അദ്ദേഹത്തിനുവേണ്ടി (വശീകരണാര്‍ത്ഥം) وَغَلَّقَتِ അവള്‍ (അടച്ചു) പൂട്ടുകയും ചെയ്തു الْأَبْوَابَ വാതിലുകള്‍ وَقَالَتْ അവള്‍ പറയുകയും ചെയ്തു هَيْتَ لَكَ ഇങ്ങോട്ടുവാ, നീ വാ قَالَ അദ്ദേഹം പറഞ്ഞു مَعَاذَ اللَّهِ അല്ലാഹുവില്‍ ശരണം, അല്ലാഹുവിന്‍റെ രക്ഷ إِنَّهُ നിശ്ചയമായും അവന്‍, അദ്ദേഹം رَبِّي എന്‍റെ രക്ഷിതാവാണ്, യജമാനനാണു أَحْسَنَ അവന്‍ (അദ്ദേഹം) നന്നാക്കിയിരിക്കുന്നു مَثْوَايَ എന്റെ താമസത്തെ, പാര്‍പ്പിടം إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الظَّالِمُونَ അക്രമം ചെയ്യുന്നവര്‍

മറ്റൊരാളുടെ ഉദ്ദേശത്തിനെതിരായി അയാളെ സൗമ്യതയിലും നയത്തിലും പാട്ടിലാക്കുവാന്‍ ശ്രമം നടത്തുന്നതിനു مراودة (മുറാവദത്ത്) എന്നു പറയപ്പെടുന്നു. ഇതിന്‍റെ ക്രിയാരൂപമാണ് راود (റാവദ). അതോടൊപ്പം عن (അന്‍) എന്ന അവ്യയം ചേര്‍ത്തുകൊണ്ട് ആരെ വശീകരിക്കുവാനാണോ ശ്രമിക്കുന്നതെങ്കില്‍ അയാളുടെ പേരും പറയപ്പെടും. إِنَّهُ رَبِّي എന്ന വാക്യത്തിനു രണ്ടു പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെടാവുന്നതാണ് : 1. അവന്‍- അതായതു അല്ലാഹു – എന്‍റെ രക്ഷിതാവാണെന്ന്‍, എനിക്കിവിടെ മാന്യമായി കഴിഞ്ഞു കൂടുവാനുള്ള അവസരം അവനാണു ഉണ്ടാക്കിത്തന്നത്. അതുകൊണ്ട് അവന്‍ ഇഷ്ടപ്പെടാത്ത വിഷയത്തില്‍ ഞാന്‍ പ്രവേശിക്കുകയില്ല. 2. അദ്ദേഹം-അതായതു വീട്ടു നായകനും നിങ്ങളുടെ ഭര്‍ത്താവുമായ മാന്യന്‍ – എന്‍റെ രക്ഷിതാവാണ്‌. അഥവാ എന്നെ വാങ്ങിക്കൊണ്ടു വന്നു മാന്യമായ സ്ഥിതിയിലാക്കിയ യജമാനനാണ്. നിങ്ങളുടെ ആവശ്യത്തിനു വഴങ്ങി അദ്ദേഹത്തെ വഞ്ചിക്കുവാന്‍ ഞാന്‍ തയ്യാറില്ല.

12:24
  • وَلَقَدْ هَمَّتْ بِهِۦ ۖ وَهَمَّ بِهَا لَوْلَآ أَن رَّءَا بُرْهَـٰنَ رَبِّهِۦ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ ٱلسُّوٓءَ وَٱلْفَحْشَآءَ ۚ إِنَّهُۥ مِنْ عِبَادِنَا ٱلْمُخْلَصِينَ ﴾٢٤﴿
  • തീര്‍ച്ചയായും, അവള്‍ അദ്ദേഹത്തെക്കുറിച്ച് (ചിലതു) ഉദ്ദേശിക്കുകയുണ്ടായി; അദ്ദേഹം അവളെക്കുറിച്ചും (ചിലതു) ഉദ്ദേശിച്ചു; തന്‍റെ റബ്ബിന്റെ (വക) ദൃഷ്ടാന്തം അദ്ദേഹം കണ്ടിട്ടില്ലായിരുന്നുവെങ്കില്‍...! [അതു സംഭവിക്കുമായിരുന്നു!]
    അപ്രകാരം (ചെയ്തത്), അദ്ദേഹത്തില്‍ നിന്നും നാം തിന്മയും, നീചവൃത്തിയും തിരിച്ചുകളയുവാന്‍ വേണ്ടിയാണ്.
    (കാരണം) നിശ്ചയമായും, അദ്ദേഹം നമ്മുടെ നിഷ്കളങ്കരാക്കപ്പെട്ട അടിയാന്മാരില്‍ പെട്ടവനാകുന്നു.
  • وَلَقَدْ هَمَّتْ അവള്‍ തീര്‍ച്ചയായും കരുതി, ഉദ്ദേശിക്കുകയുണ്ടായി بِهِ അദ്ദേഹത്തെപ്പറ്റി وَهَمَّ അദ്ദേഹവും കരുതി, ഉദ്ദേശിച്ചു بِهَا അവളെപ്പറ്റി لَوْلَا ഇല്ലായിരുന്നുവെങ്കില്‍ أَنْ رَأَىٰ അദ്ദേഹം കണ്ടു (വെന്നതു), കാണല്‍ بُرْهَانَ ദൃഷ്ടാന്തം, തെളിവു رَبِّهِ തന്റെ റബ്ബിന്റെ كَذَٰلِكَ അപ്രകാരം لِنَصْرِفَ നാം തിരിച്ചുകളയുവാന്‍ വേണ്ടിയാണു عَنْهُ അദ്ദേഹത്തില്‍ നിന്നു السُّوءَ തിന്മയെ وَالْفَحْشَاءَ നീചവൃത്തിയെയും إِنَّهُ നിശ്ചയമായും അദ്ദേഹം مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവനാണു الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ട (കറകളഞ്ഞ-സത്തായ) വരായ

هَمَّتْ بِهِ (അവള്‍ അദ്ദേഹത്തെപ്പറ്റി ഉദ്ദേശിച്ചു) എന്നു പറഞ്ഞതിന്റെ താല്‍പര്യം അവള്‍ യൂസുഫുമായി സ്വകാര്യബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ഉദ്യമിച്ചുവെന്നും, അതിനു വിസമ്മതിക്കുന്നപക്ഷം അദ്ദേഹത്തിനെതിരെ പ്രതികാര നടപടി എടുക്കണമെന്നുദ്ദേശിച്ചുവെന്നും ആയിരിക്കാവുന്നതാണ്. وَهَمَّ بِهَا (അദ്ദേഹം അവളെപ്പറ്റിയും ഉദ്ദേശിച്ചു…) എന്നു പറഞ്ഞതിന്റെ താല്‍പര്യം ഒന്നിലധികം പ്രകാരത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. അവയില്‍ പ്രസ്താവയോഗ്യമായതു രണ്ടഭിപ്രായങ്ങളാണ്.(1) അവളുടെ ദുഷ്പെരുമാറ്റത്തിനെതിരെ വല്ല പ്രതികാരവും നടത്തുവാന്‍ അദ്ദേഹവും ഉദ്ദേശിച്ചു. എങ്കിലും അല്ലാഹുവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തം കണ്ടതുകൊണ്ടു അതു ചെയ്‌വാന്‍ ഇടവന്നില്ല. അദ്ദേഹം അവളില്‍ നിന്നു ഒഴിഞ്ഞുമാറുക മാത്രമാണ് ചെയ്തത്. (2) ഇച്ഛാനുസരണമോ താല്‍പര്യപൂര്‍വ്വമോ അല്ലാതെ – മനുഷ്യസഹജമായ സ്വഭാവപ്രകൃതിയനുസരിച്ച് – അദ്ദേഹത്തിന്റെ മനസ്സിലും വികാരവും ചായ് വുമുണ്ടായി. അപ്പോഴേക്കും അദ്ദേഹം അല്ലാഹുവിന്റെ ദൃഷ്ടാന്തം കാണുകയുണ്ടായി. അതുകൊണ്ടു വികാരത്തിനു വഴങ്ങുകയോ ചായ് വ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. സ്വയം ശുദ്ധത പാലിക്കുകയാണു ചെയ്തത്.

ഈ രണ്ടാമത്തെ വ്യാഖ്യാനം യൂസുഫ് (അ)ന്റെ പരിശുദ്ധതയും നിഷ്കളങ്കതയും യോജിച്ചതല്ലെന്ന് പ്രഥമ വീക്ഷണത്തില്‍ ഒരു പക്ഷേ തോന്നിയേക്കാം. വാസ്തവത്തില്‍, അദ്ദേഹത്തിന്റെ നിഷ്കളങ്കതക്കും പരിശുദ്ധതക്കും മകുടം ചാര്‍ത്തുന്ന ഒരു തെളിവായിരിക്കും അതു. ശാരീരികമോ, മാനസികമോ ആയ വിചാരവികാരങ്ങളൊന്നും ഒരാളില്‍ ഇല്ലാതിരിക്കുന്നതു നിമിത്തം അയാള്‍ പാപങ്ങളില്‍നിന്നു ഒഴിഞ്ഞു നില്‍ക്കുന്നതു അയാളുടെ ഒരു ഉല്‍കൃഷ്ടതയായി കണക്കാക്കുവാനില്ല. നേരെമറിച്ച് പ്രകൃതിസഹജമായുണ്ടാകുന്ന വിചാരവികാരങ്ങള്‍ ഉണ്ടായിത്തീരുകയും, അവ പ്രകടമാക്കുകയും പ്രവര്‍ത്തനത്തില്‍ കൊണ്ടുവരുകയും ചെയ് വാനുള്ള അവസരം ലഭിക്കുകയും ചെയ്തിട്ടും -ഭവിഷ്യല്‍ ഫലം ഓര്‍ത്ത് മനപൂര്‍വ്വം-പിന്മാറി നില്‍ക്കുന്നതിലാണു യോഗ്യതയും ഉല്‍കൃഷ്ടതയുമുള്ളത്. ‘ഒരാള്‍ ഒരു തിന്മ ചെയ്യുവാന്‍ ഉദ്ദേശിച്ചിട്ട് അതു പ്രവര്‍ത്തിക്കാത്തപക്ഷം അതവനു ഒരു നന്മയായി രേഖപ്പെടുത്തുന്നതാണ്.’ എന്നു ബുഖാരി, മുസ്‌ലിം(റ) മുതലായവര്‍ രേഖപ്പെടുത്തിയ പ്രസിദ്ധമായ ഒരു ഹദീസില്‍ വന്നിട്ടുള്ളതു പ്രസ്താവ്യമാകുന്നു. ഇമാം സമഖ്ശരീ (റ)യും മറ്റു ചിലരും ശരിവെക്കുന്നതും, ന്യായീകരിക്കുന്നതും ഈ അഭിപ്രായത്തെയാണ്‌. മൂന്നാമത്തെ ഒരഭിപ്രായം ഇബ്നുകഥീര്‍ (റ) ഉദ്ധരിച്ചു കാണാം. അല്ലാഹുവില്‍നിന്നുള്ള ദൃഷ്ടാന്തം അദ്ദേഹം കണ്ടതുകൊണ്ടു അദ്ദേഹം അവളെപ്പറ്റി അങ്ങിനെയൊന്നും ഉദ്ദേശിക്കയുണ്ടായിട്ടില്ല എന്നാണത്. ഇതനുസരിച്ച്  وَهَمَّ بِهَا لَوْلَا أَنْ رَأَىٰ بُرْهَانَ رَبِّهِ എന്നുള്ള വാക്യത്തിനു ഇങ്ങിനെ വിവര്‍ത്തനം നല്‍കാം : ‘തന്റെ റബ്ബിന്റെ ദൃഷ്ടാന്തം അദ്ദേഹം കണ്ടില്ലായിരുന്നുവെങ്കില്‍ അവളെപ്പറ്റി അദ്ദേഹവും ഉദ്ദേശിക്കുമായിരുന്നു.’ ഈ അഭിപ്രായം അറബി വ്യാകരണ നിയമപ്രകാരം ആലോചിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

യൂസുഫ് (അ) കണ്ടുവെന്നു പറഞ്ഞ ആ ദൃഷ്ടാന്തം (بُرْهَانَ) എന്തായിരുന്നു ? പലരും പല പ്രകാരത്തില്‍ അതിനെ വിവരിച്ചിരിക്കുന്നതു കാണാം. ഒന്നിനും പ്രത്യേകം തെളിവുകളില്ല താനും. യൂസുഫ് (അ)ന്റെ മനസ്സില്‍ ആ അവസരത്തില്‍ എന്തോ ചില വിചാരങ്ങള്‍ ഉണ്ടായി. അപ്പോഴേക്കും അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും, ഭവിഷ്യത്തിനെക്കുറിച്ചുള്ള ഭയവും അദ്ദേഹത്തിനുണ്ടായി. അങ്ങനെ, ആ വിചാരത്തില്‍നിന്നു അദ്ദേഹം വിമുക്തനാകുകയും ചെയ്തു എന്നു മൊത്തത്തില്‍ മനസില്ലാക്കാം. ദൃഷ്ടാന്തം വിവരിച്ചുകൊണ്ടുള്ള പല അഭിപ്രായങ്ങളും ഉദ്ധരിച്ചശേഷം ഇബ്നുജരീര്‍ (റ) പറയുകയാണ് : ‘യൂസുഫ്(അ) ഉദ്ദേശിച്ച കാര്യത്തില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുവാന്‍ പ്രചോദനം നല്‍കുമാറ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ട ഒരു ദൃഷ്ടാന്തം അദ്ദേഹം കാണുകയുണ്ടായി. അതു അവയില്‍ ഏതെങ്കിലും ഒന്നായിരിക്കാം, അല്ലാതെയുമായിരിക്കാം. ഒന്നും നിജപെടുത്തുവാന്‍ തക്ക തെളിവില്ല. ഇതാണു വാസ്തവം.’ അപ്രകാരം ചെയ്തതു അദ്ദേഹത്തില്‍നിന്നു തിന്മയും, നീചവൃത്തിയും തിരിച്ചു കളയുവാനാണെന്നും, അദ്ദേഹം നമ്മുടെ നിഷ്കളങ്കരാക്കപ്പെട്ട അടിയാനാണെന്നും (كذلك لنصرف عنه -الاية) അല്ലാഹു പറഞ്ഞതില്‍നിന്നു തന്നെ – അല്‍പം ആലോചിക്കുന്നവര്‍ക്കു – ആ ദൃഷ്ടാന്തം കൊണ്ടുള്ള വിവക്ഷ ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്. إن شاء الله സംഭവത്തിന്റെ തുടര്‍ന്നുള്ള ഭാഗം അടുത്ത വചനത്തില്‍ അല്ലാഹു വിവരിക്കുന്നു:-

12:25
  • وَٱسْتَبَقَا ٱلْبَابَ وَقَدَّتْ قَمِيصَهُۥ مِن دُبُرٍ وَأَلْفَيَا سَيِّدَهَا لَدَا ٱلْبَابِ ۚ قَالَتْ مَا جَزَآءُ مَنْ أَرَادَ بِأَهْلِكَ سُوٓءًا إِلَّآ أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ ﴾٢٥﴿
  • രണ്ടുപേരും വാതില്‍ക്കലേക്കു മത്സരിച്ചോടി; അവള്‍ അദ്ദേഹത്തിന്റെ കുപ്പായം പിന്നില്‍നിന്നു (പിടിച്ച്) കീറുകയും ചെയ്തു.
    അവളുടെ നാഥനെ [ഭര്‍ത്താവിനെ] അവര്‍ വാതില്‍ക്കല്‍ വെച്ചു കണ്ടെത്തുകയും ചെയ്തു.
    (ഉടനെ) അവള്‍ പറഞ്ഞു : 'നിങ്ങളുടെ വീട്ടുകാരെക്കൊണ്ടു തിന്മ (ചെയ്യുവാന്‍) ഉദ്ദേശിച്ചവന്റെ പ്രതിഫലം അല്ല, അവന്‍ തടവിലാക്കപ്പെടുകയോ, അല്ലെങ്കില്‍ വേദനയേറിയ വല്ല ശിക്ഷയോ അല്ലാതെ (മറ്റൊന്നും).'
  • وَاسْتَبَقَا രണ്ടാളും മുന്‍കടന്നു വന്നു, (മത്സരിച്ചോടി) الْبَابَ വാതില്‍ക്കല്‍, വാതില്‍ക്കലേക്കു وَقَدَّتْ അവള്‍ കീറുകയും ചെയ്തു قَمِيصَهُ അദ്ദേഹത്തിന്റെ കുപ്പായം مِنْ دُبُرٍ പിന്നില്‍നിന്നും, പിന്നിലൂടെ وَأَلْفَيَا രണ്ടാളും കണ്ടെത്തുക (കണ്ടുമുട്ടുക)യും ചെയ്തു سَيِّدَهَا അവളുടെ നാഥനെ (യജമാനനെ) لَدَى الْبَابِ വാതില്‍ക്കല്‍വെച്ച്, വാതിലിന്നടുക്കല്‍ قَالَتْ അവള്‍ പറഞ്ഞു مَا جَزَاءُ പ്രതിഫലമല്ല, എന്താണു പ്രതിഫലം مَنْ أَرَادَ ഉദ്ദേശിച്ചവന്റെ بِأَهْلِكَ താങ്കളുടെ വീട്ടുകാരെക്കൊണ്ടു سُوءًا തിന്മയെ إِلَّا أَنْ يُسْجَنَ അവന്‍ തടവിലാക്ക (കാരാഗൃഹത്തിലാക്ക)പ്പെടുകയല്ലാതെ أَوْ عَذَابٌ അല്ലെങ്കില്‍ വല്ല ശിക്ഷയും أَلِيمٌ വേദനയേറിയ

പുറത്തേക്കു കടന്ന് അവളില്‍നിന്നു രക്ഷപ്പെടുവാന്‍ വേണ്ടി യൂസുഫ് (അ) വാതില്‍ക്കലേക്ക് ഓടി. തന്റെ ആവശ്യം സാധിപ്പിക്കാതെ അവനെ വിട്ടുകൂടാ എന്നുവെച്ച് സുലൈഖായും പിന്നാലെ ഒപ്പം ഓടി. അവള്‍ അദ്ദേഹത്തിന്റെ കുപ്പായം പിന്നില്‍നിന്നു പിടിച്ചു വലിച്ചു, അതു കീറി. അപ്പോഴതാ അസീസ്‌ -അവളുടെ ഭര്‍ത്താവ്- വാതില്‍ക്കല്‍! പെട്ടെന്ന് ഒഴികഴിവു പറയാനുള്ള സാമര്‍ത്ഥ്യം സ്ത്രീ സഹജമാണല്ലോ. അവള്‍ യഥാര്‍ത്ഥം മറിച്ചാക്കികൊണ്ടു പറഞ്ഞു : ‘ഇതാ, ഇവന്‍ എന്റെ നേരെ ദുര്‍വൃത്തിക്കായി ശ്രമം നടത്തുന്നു. അതിനുവേണ്ടി എന്നെ പിടിച്ചു വലിക്കുന്നു. ഇവനെ ഒരിക്കലും വെറുതെ വിട്ടുകൂടാ. ഉന്നതനും മാന്യനുമായ നിങ്ങളുടെ പത്നിയെക്കൊണ്ട് നീചവൃത്തി ചെയ്‌വാന്‍ ശ്രമം നടത്തുന്ന ഇവനെ തടവിലിടുകയോ, കഠിനമായി ശിക്ഷിക്കുകയോ ചെയ്യുക തന്നെ വേണം.’ യൂസുഫ് നബി (അ) സത്യാവസ്ഥ വിവരിച്ചു :-

12:26
  • قَالَ هِىَ رَٰوَدَتْنِى عَن نَّفْسِى ۚ وَشَهِدَ شَاهِدٌ مِّنْ أَهْلِهَآ إِن كَانَ قَمِيصُهُۥ قُدَّ مِن قُبُلٍ فَصَدَقَتْ وَهُوَ مِنَ ٱلْكَـٰذِبِينَ ﴾٢٦﴿
  • അദ്ദേഹം [യൂസുഫ്] പറഞ്ഞു : 'അവളത്രെ എന്നെ വശീകരിക്കുവാന്‍ [വശത്താക്കുവാന്‍] ശ്രമം നടത്തിയത്.' അവളുടെ ആള്‍ക്കാരില്‍നിന്നു ഒരാള്‍ (ഇങ്ങിനെ) സാക്ഷ്യം പറയുകയും ചെയ്തു : 'അവന്റെ കുപ്പായം മുന്നില്‍നിന്നു കീറപ്പെട്ടിരിക്കുകയാണെങ്കില്‍, അവള്‍ സത്യം പറഞ്ഞിരിക്കുകയാണു; അവന്‍ കളവു പറയുന്നവരില്‍ പെട്ടവനുമാകുന്നു.
  • قَالَ അദ്ദേഹം പറഞ്ഞു هِيَ അവള്‍, അവളത്രെ رَاوَدَتْنِي എന്നോടു വശീകരണശ്രമം നടത്തി, വശത്താക്കുവാന്‍ ശ്രമം നടത്തിയതു عَنْ نَفْسِي എനിക്കുവേണ്ടി (എന്നെ വശീകരിക്കുവാന്‍) وَشَهِدَ സാക്ഷ്യം പറയുകയും ചെയ്തു شَاهِدٌ ഒരു സാക്ഷി مِنْ أَهْلِهَا അവളുടെ ആള്‍ക്കാരില്‍നിന്നു, വീട്ടുകാരില്‍നിന്നു إِنْ كَانَ ആകന്നുവെങ്കില്‍ قَمِيصُهُ അവന്റെ കുപ്പായം قُدَّ കീറപ്പെട്ടിരിക്കുന്നു (വെങ്കില്‍) مِنْ قُبُلٍ മുന്നില്‍ (മുന്‍ഭാഗത്തു) നിന്നു فَصَدَقَتْ എന്നാല്‍ അവള്‍ സത്യം പറഞ്ഞു وَهُوَ അവനാകട്ടെ مِنَ الْكَاذِبِينَ കളവു (വ്യാജം) പറയുന്നവരില്‍ പെട്ടവന്‍ ആകുന്നു
12:27
  • وَإِن كَانَ قَمِيصُهُۥ قُدَّ مِن دُبُرٍ فَكَذَبَتْ وَهُوَ مِنَ ٱلصَّـٰدِقِينَ ﴾٢٧﴿
  • 'അവന്റെ കുപ്പായം പിന്നില്‍നിന്നു കീറപ്പെട്ടിരിക്കുകയാണെങ്കില്‍, അവള്‍ കളവു പറഞ്ഞിരിക്കുകയുമാണ്; അവന്‍, സത്യം പറയുന്നവരില്‍പ്പെട്ടവനുമാകുന്നു'.
  • وَإِنْ كَانَ ആണെങ്കിലോ قَمِيصُهُ അവന്റെ കുപ്പായം قُدَّ കീറപ്പെട്ടിരിക്കുന്നു مِنْ دُبُرٍ പിന്നില്‍ നിന്നു فَكَذَبَتْ എന്നാല്‍ അവള്‍ കളവു പറഞ്ഞു وَهُوَ അവനാകട്ടെ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍ പെട്ടവാനാണ്
12:28
  • فَلَمَّا رَءَا قَمِيصَهُۥ قُدَّ مِن دُبُرٍ قَالَ إِنَّهُۥ مِن كَيْدِكُنَّ ۖ إِنَّ كَيْدَكُنَّ عَظِيمٌ ﴾٢٨﴿
  • അങ്ങനെ, അദ്ദേഹത്തിന്റെ കുപ്പായം പിന്നില്‍ നിന്നു കീറപ്പെട്ടതായി കണ്ടപ്പോള്‍ അദ്ദേഹം (അവളോടു) പറഞ്ഞു : 'നിശ്ചയമായും ഇതു, (സ്ത്രീകളായ) നിങ്ങളുടെ തന്ത്രത്തില്‍ പെട്ടതാണ്. നിശ്ചയമായും നിങ്ങളുടെ തന്ത്രം വമ്പിച്ചതാകുന്നു'.
  • فَلَمَّا رَأَىٰ അങ്ങനെ (എന്നിട്ടു) അദ്ദേഹം കണ്ടപ്പോള്‍ قَمِيصَهُ അദ്ദേഹത്തിന്റെ കുപ്പായം قُدَّ കീറപ്പെട്ടുവെന്നു, കീറപ്പെട്ടതായി مِنْ دُبُرٍ പിന്നില്‍ നിന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّهُ നിശ്ചയമായും അതു (ഇതു) مِنْ كَيْدِكُنَّ നിങ്ങളുടെ തന്ത്രത്തില്‍ പെട്ടതാണ് إِنَّ كَيْدَكُنَّ നിശ്ചയമായും നിങ്ങളുടെ തന്ത്രം عَظِيمٌ വമ്പിച്ചതാകുന്നു

അനന്തരം രണ്ടാളോടുമായി അദ്ദേഹം പറഞ്ഞു :-

12:29
  • يُوسُفُ أَعْرِضْ عَنْ هَـٰذَا ۚ وَٱسْتَغْفِرِى لِذَنۢبِكِ ۖ إِنَّكِ كُنتِ مِنَ ٱلْخَاطِـِٔينَ ﴾٢٩﴿
  • 'യൂസുഫ്! നീ ഇതിനെപ്പറ്റി അവഗണിച്ചേക്കുക!' '(സുലൈഖാ!) നീ നിന്റെ പാപത്തിനു പാപമോചനം തേടുകയും ചെയ്യുക; നിശ്ചയമായും നീ, തെറ്റുകാരില്‍ പെട്ടവളായിരിക്കുന്നു'.
  • يُوسُفُ യൂസുഫ്, യൂസുഫേ أَعْرِضْ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْ هَٰذَا ഇതിനെപ്പറ്റി وَاسْتَغْفِرِي നീ (സ്ത്രീ) പാപമോചനം തേടുകയും ചെയ്യുക لِذَنْبِكِ നിന്റെ പാപത്തിനുവേണ്ടി إِنَّكِ നിശ്ചയമായും നീ كُنْتِ നീ ആയിരിക്കുന്നു مِنَ الْخَاطِئِينَ തെറ്റുകാരില്‍ (അബദ്ധക്കാരില്‍) പെട്ട(വള്‍)

രണ്ടുപേരുടെയും മൊഴിയില്‍ അവനവന്റെ നിരപരാധിത്വവും മറ്റേയാളുടെ മേലുള്ള ആരോപണവും ഉള്ളതുകൊണ്ടു ഒരാളുടെമേല്‍ കുറ്റം ചുമത്തുവാന്‍ എന്തെങ്കിലും തെളിവ് വേണമല്ലോ. സ്ത്രീയുടെ സ്വന്തക്കാരില്‍ നിന്നുതന്നെ ഒരാള്‍ മുമ്പോട്ടുവന്നു. അവന്‍ അവളെ പിടികൂടുവാന്‍ ചെന്നതാണെങ്കില്‍ കുപ്പായത്തിന്റെ മുന്‍വശവും, അവള്‍ അവനെ പിടികൂടുവാന്‍ ചെന്നതാണെങ്കില്‍ കുപ്പായത്തിന്റെ പിന്‍വശവുമായിരിക്കും കീറിയിരിക്കുക എന്നു പറഞ്ഞു. നിഷ്പക്ഷമായ ഒരു തെളിവ് സമര്‍പ്പണമാണല്ലോ ഇത്. നോക്കുമ്പോള്‍ കുപ്പായം കീറിയിരുന്നതു പിന്‍ഭാഗത്തായിരുന്നു. ഇതില്‍നിന്നു കാര്യം വെളിക്കുവന്നു. അസീസ്‌ അവള്‍ക്കുനേരെ ക്ഷോഭിച്ച് ശണ്ഠ കൂടുവാനോ കയര്‍ക്കുവാണോ മുതിരാതെ വിഷയം കൈകാര്യം ചെയ്തു. ഉപായവും സൂത്രവും പ്രയോഗിച്ചു തടിതപ്പുകയും കുറ്റത്തില്‍നിന്നു ഒഴിവാകുകയും ചെയ്യുന്നത് സ്ത്രീകള്‍ക്കു പൊതുവെയുള്ള ഒരു സ്വഭാവമാണ്. അതില്‍ നിങ്ങള്‍ക്കു വലിയ സാമര്‍ത്ഥ്യം തന്നെയുണ്ട്. അതില്‍പെട്ടതാണിതും എന്നു പറഞ്ഞു കുറ്റം ഭാര്യയുടേതു തന്നെയാണെന്നു സ്ഥാപിച്ചു. മേലില്‍ ഇതിനെത്തുടര്‍ന്നു അനിഷ്ടകരമോ, അപമാനകാരമോ ആയ സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കുവാന്‍വേണ്ടി അവളുടെ പക്കല്‍ വന്നുപോയ ഈ കൃത്യത്തെ കേവലം നിസ്സാരമാക്കി അവഗണിച്ചു കളയണമെന്നു അദ്ദേഹം യൂസുഫ് (അ)നെ ഉപദേശിക്കുകയും ചെയ്തു. അങ്ങനെ, അന്തരീക്ഷം ശാന്തമാക്കിയശേഷം, നിന്റെ പക്കല്‍ തെറ്റുപറ്റിപ്പോയിട്ടുള്ളതു എനി നിഷേധിച്ചിട്ടു കാര്യമില്ല; പാപമോചനം തേടിക്കൊള്ളണം എന്നു ഭാര്യയെയും ഉപദേശിച്ചു.

കേസിനു തുമ്പുണ്ടാക്കുമാറു തെളിവു സമര്‍പ്പിച്ച ആ സാക്ഷി ആരായിരുന്നുവെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. അവളുടെ സ്വന്തക്കാരില്‍പെട്ട ഒരു സാക്ഷി  (شَاهِدٌ مِنْ أَهْلِهَا) എന്നു മാത്രമേ അല്ലാഹു പറയുന്നുള്ളൂ. സ്വന്തത്തില്‍പെട്ടവര്‍ കക്ഷിക്കു ഗുണകരമായിത്തീരുന്ന തെളിവു കൊണ്ടുവരുമ്പോള്‍ അതില്‍ സംശയിക്കപ്പെടാമെങ്കിലും, ദോഷകരമായിത്തീരുന്ന തെളിവു കൊണ്ടുവരുന്നതു കൂടുതല്‍ വിശ്വസനീയമായിരിക്കുമല്ലോ. ഈ വിശേഷണത്തില്‍ ആ സൂചന അടങ്ങിയിരിക്കുന്നതായി കാണാം. ആ സാക്ഷി അവളുടെ വീട്ടിലോ കുടുംബത്തിലോ പെട്ട ആളായിരുന്നുവെന്നും, ഒരു ചെറിയ ശിശുവായിരുന്നുവെന്നും, അല്ലെന്നുമൊക്കെ പറയപ്പെട്ടിട്ടുണ്ട്. ഒന്നിനും തെളിവില്ല താനും. ചെറിയ ശിശുവായിരുന്നുവെന്നു കാണിക്കുന്ന ഒരു ഹദീസു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതു ദുര്‍ബ്ബലമത്രെ.

സാക്ഷ്യം പറഞ്ഞതു ആരായാലും ശരി, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ദുര്‍വൃത്തിക്കു വരുന്നതു സാധാരണയില്‍ കവിഞ്ഞ ഗൗരവം അര്‍ഹിക്കുന്നതാണെന്ന്‍ കൂടി ധ്വനിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങിനെ പെട്ടെന്നു – അല്‍പമായ ഒരാലോചനക്കുപോലും സമയമെടുക്കാതെ – ഉപായം കണ്ടെത്തുന്ന ഈ സ്ത്രീ സഹജസ്വഭാവത്തെപ്പറ്റിയാണ് ‘നിങ്ങളുടെ തന്ത്രം വമ്പിച്ചതുതന്നെ’ എന്നു പറഞ്ഞത്.

അസീസിന്റെ ഭാര്യ യൂസുഫ് (അ)ന്റെ കുപ്പായം കീറിയ സംഭവം ബൈബിള്‍ സ്പര്‍ശിച്ചിട്ടില്ല. അതില്‍ ഈ രംഗം വിവരിച്ചതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു : ‘യോസേഫു കോമളനും മനോഹര രൂപിയുമായിരുന്നു. അതുകൊണ്ട് യജമാനന്റെ ഭാര്യ അവന്റെ മേല്‍ കണ്ണുവെച്ചു. അവന്‍ സമ്മതിക്കാതിരുന്നു. അവള്‍ പലതും പറഞ്ഞു നോക്കി. അവന്‍ അനുസരിച്ചില്ല. ഒരു ദിവസം വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ അവള്‍ അവന്റെ വസ്ത്രം പിടിച്ചു, എന്നോടു കൂടി ശയിക്ക എന്നു പറഞ്ഞു. അവന്‍ വസ്ത്രം അവളുടെ കയ്യില്‍ വിട്ട് പുറത്തേക്കു ഓടി. അവള്‍ വീട്ടിലുള്ളവരോട് : കണ്ടോ, നമ്മെ ഹാസ്യമാക്കാന്‍ അവന്‍ (ഭര്‍ത്താവ്) ഒരു എബ്രയാനെ കൊണ്ടു വന്നിരിക്കുന്നു. അവന്‍ എന്റെ കൂടെ ശയിക്കാന്‍ വന്നു. ഞാന്‍ ഉറക്കെ നിലവിളിച്ചു. അവന്‍ വസ്ത്രം എന്റെ അടുക്കല്‍ ഇട്ടുപോയി. യജമാനന്‍ വന്നപ്പോഴും ആ വണ്ണം തന്നെ പറഞ്ഞു. യജമാനനു കോപം ജ്വലിച്ചു. അവനെ പിടിച്ചു രാജാവിന്റെ കാരാഗൃഹത്തിലാക്കി….’ (ഉല്‍പത്തി 39ല്‍ 7-21) കാരാഗൃഹത്തിലാക്കിയതിനു മുമ്പു നടന്നതും, തുടര്‍ന്നുള്ള വചനങ്ങളില്‍ കാണുന്നതുമായ വിവരങ്ങളൊന്നും ബൈബ്ളില്‍ പ്രസ്താവിക്കപ്പെട്ടിട്ടില്ല.